പ്രണയത്തിന്‍റെ മന:ശാസ്ത്രം

Admin February 26, 2020 No Comments

പ്രണയത്തിന്‍റെ മന:ശാസ്ത്രം

പ്രണയം ഒരു പ്രഹേളികയാണ്. മനസ്സിലെ അനിര്‍വചനീയമായ ഒരു വികാരം. ആര്‍ക്കും എങ്ങനെയും ഏത് വീക്ഷണകോണിലൂടെയും പ്രേമത്തെ വിവക്ഷിക്കാം. ഇന്നേവരെ ഏറ്റവുമധികം പ്രമേയമാക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതും ഇന്നും തുടരുന്നതും അനുരാഗമായിരിക്കും.

പ്രണയം തോന്നുക മനുഷ്യസഹജമാണ്. ആരോട്, എന്തിന്, എങ്ങനെ തുടങ്ങിയവയെക്കുറിച്ച് ഇവിടെ ആലോചനയില്ല. ഇംഗ്ലീഷില്‍ Fall in love with  എന്നാണ് പ്രയോഗിക്കാറ്. വിവേക വിചിന്തനരഹിതമായി വികാര വായ്പുകള്‍ക്ക് വിധേയപ്പെട്ട് വീണുപോവുകയാണല്ലോ പലരും. സകലമാന സീമകളും അതിര്‍ വരമ്പുകളും നിയന്ത്രണ രേഖകളും മറികടന്ന് പ്രേമം പരന്നൊഴുകുകയാണ് എങ്ങും. മനുഷ്യന്‍റെ മനോനില ഇങ്ങനെയും താളം തെറ്റുമെന്നതിന്‍റെ നേര്‍സാക്ഷ്യം.

പണ്ടു മുതല്‍കേ പ്രണയമുണ്ട്. സിംഹാസനങ്ങളും സ്വത്തും സ്ഥാനമാനങ്ങളും കുടുംബജീവിതവും വ്യക്തി പ്രഭാവവും സമാധാനന്തരീക്ഷവും ജീവന്‍ പോലും നഷ്ടപ്പെട്ടിട്ടുണ്ട്. വര്‍ത്തമാന സ്ഥിതിയും മോശമല്ല. എന്നാലും വിശ്വമാനവ സമൂഹം പ്രേമബന്ധ(ന)ങ്ങളാല്‍ ഇത്രമാത്രം മാനസിക രോഗാതുരമായി നിഷ്ക്രിയവും നിഷേധാത്മകവു(Negative)മായ വ്യവഹാര വ്യവസ്ഥിതിയില്‍ തളച്ചിടപ്പെടുന്നതും തകരുന്നതുമായ അവസ്ഥ ഭീതിതമാണ്. എന്തിനേറെ പ്രണയത്തിലേര്‍പ്പെടുന്നത് ആത്മാഭിമാനമായും സ്റ്റാറ്റസ് സിംബലായും കീര്‍ത്തിമുദ്രയായും അംഗീകരിക്കപ്പെടുകയാണ്.

സ്നേഹത്തെ  സംബന്ധിച്ച് എണ്ണമറ്റ തിയറികളും പഠനങ്ങളും ഉദ്ധരണികളും വ്യാഖ്യാനങ്ങളും കാണാം. ദാര്‍ശനികമായും മനശാസ്ത്ര പരമായും ശരീര ശാസ്ത്രപരമായും പ്രണയത്തെ വ്യവച്ഛേദിച്ച് അപഗ്രഥിക്കപ്പെട്ടിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ിലെ Geneva University Hospitalse Francesco Bianchi-Demicheli യും അമേരിക്കയിലെ Dartmouth Collegeലെ Scott T Grafton and Stephania Ortigue  എന്നിവര്‍ ചേര്‍ന്ന് തയ്യാറാക്കിയ The power of love on the human brain എന്ന ആധികാരിക പഠനം വേറിട്ടു നില്‍ക്കുന്നു ലണ്ടനിലെ Yale University പുറത്തിറക്കിയ The New Psychology of Love വിശദമായ വായനക്ക് പ്രയോജനപ്രദമാണ്. അമേരിക്കന്‍ സൈക്കോളജിസ്റ്റും സൈക്കോ മെട്രീഷ്യനും Cornell University ഹ്യൂമന്‍ ഡെവലപ്മെന്‍റ് പ്രൊഫസറുമായ Robert Sternberg ന്‍റെ Triangular Theory of Love ശ്രദ്ധേയമാണ്. അദ്ദേഹത്തിന്‍റെ തിയറി പ്രകാരം സ്നേഹത്തിന് മൂന്ന് ഘടകങ്ങളാണുള്ളത് intimacy, passion, commitment. ഒന്നാമത്തേത് വൈകാരികമായ അടുപ്പത്തെയും രണ്ടാമത്തേത് sexual and romantic ആകര്‍ഷണീയതയെയും അവസാനത്തേത് ആത്മാര്‍ത്ഥവും പ്രതിബദ്ധപൂര്‍ണ്ണവുമായ സ്നേഹബന്ധത്തെയും അന്തരവഹിക്കുന്നതായി വ്യക്തമാക്കുന്നു.

പ്രണയത്തിന് പല ഭാവങ്ങളുണ്ട്. വിഭിന്ന രീതികളുണ്ട്. സമീപന വ്യതിരിക്തതകള്‍ ഓരോന്നിനെയും വേര്‍തിരിച്ച് നിലനിര്‍ത്തുന്നു. മാതാവിന്‍റെ സ്നേഹേം, പിതാവിന്‍റെ സ്നേഹം, ഗുരുവിന്‍റെ സ്നേഹം സഹോദരങ്ങളുടെ സ്നേഹം, ആത്മമിത്രത്തിന്‍റെ സ്നേഹം, അയല്‍ വാസിയുടെ സ്നേഹം എന്നിവയില്‍ നിന്ന് വ്യത്യസ്തമാണ് കാമുകീകാമുകന്മാരുടെ പ്രേമം, ഭാര്യഭര്‍ത്താക്കളുടെ പ്രണയം പോലുള്ളവ. ശരിയായ ദിശയിലൂടെയാകുമ്പോഴേ ഇവ ഓരോന്നിന്‍റെയും ആത്മാവിനെ തൊട്ടറിയാനാകൂ.

മനസ്സിലാക്കല്‍ പ്രേമിക്കലിന്‍റെ മറ്റൊരു രൂപമാണെന്ന് റൊമെയ്ന്‍ റോളണ്ട് ജീന്‍ ക്രിസ്റ്റഫറില്‍ നിരീക്ഷിച്ചതായി വായിക്കാം. മനസ്സിന്‍റെ അഗാധതയില്‍ നിന്നുയിര്‍ കൊള്ളുന്ന ആത്മാര്‍ത്ഥ പ്രണയം യാഥോചിതമാവണം. കളങ്കവും കാപട്യവും താല്‍ക്കാലിക താല്യപര്യവുമില്ലാത്തതായിരിക്കണം. രംഗബോധമില്ലാതെ തുടിതാളങ്ങള്‍ക്കൊത്ത് തുള്ളുകയും നിര്‍ബാധം നിഷ്പന്നമാവുകയും ചെയ്യുന്നത് യഥാര്‍ത്ഥ പ്രേമമല്ല.

ഷേക്സ്പിയറിന്‍റെ കിംഗ് ലിയറില്‍ മക്കളുടെ സ്നേഹത്തിന്‍റെ അളവറിഞ്ഞ് സ്വത്ത് വീതം വെക്കുമ്പോള്‍ ലിയര്‍ രാജാവിന്‍റെ ആദ്യ രണ്ട് പെണ്‍മക്കളും പിതാവിനെ കപട സ്നേഹം ഉള്ളിലൊളിപ്പിച്ച് വല്ലാതെ മുഖസ്തുതി പറയുകയും അങ്ങേയറ്റം പുകഴ്ത്തുകയും ചെയ്തു. അന്നേരം Cordelia എന്ന ഇളയമകള്‍ സ്നേഹപ്രകടനം വാക്കുകളിലൊതുക്കാനാവാതെ പറഞ്ഞു: I cannot heave. My heart into my mouth.i love your majesty. According to my bond, no more nor less.ഹൃദയത്തിലുള്ളത് വാമൊഴിയാക്കാന്‍ എനിക്ക് കഴിയുന്നില്ല. എന്‍റെ കടമപ്രകാരം പ്രഭോ ഞാന്‍ അങ്ങയെ സ്നേഹിക്കുന്നു..കുറവില്ല കൂടുതലുമില്ല. ഭര്‍ത്താവിനെയും മക്കളെയും മറ്റും സ്നേഹിക്കണം ഒപ്പം ഒരു പിതാവിനെ എങ്ങനെയാണോ പരിഗണക്കേണ്ടത് അതു പോലെ കണ്ട് സ്നേഹിക്കണം. ഇവ്വിധം തന്നെയാണ് ഓരോ സ്നേഹലോകവും വേണ്ടത്. മറിച്ചാകുന്നതാണ് പ്രശ്നകരം. ലോകത്ത് നേരിടേണ്ടി വരുന്ന പ്രതിസന്ധിയും വെല്ലുവിളിയും അവിഹിത പ്രണയങ്ങളാണ്.

ഒരു ഭാഗത്ത് പ്രേമത്തിന്‍റെ പേരില്‍ ലക്ഷ്യം മറന്ന് ജീവിതങ്ങള്‍ ഹോമിക്കപ്പെടുന്നു. കുടുംബങ്ങള്‍ കലഹിക്കുന്നു കലാപങ്ങളുണ്ടാക്കുന്നു.കലാലയങ്ങള്‍ക്ക് മികവ് നഷ്ടപ്പെടുന്നു. മറുവശത്ത് ഒരിറ്റ് സ്നേഹത്തിന് വേണ്ടി ഒരായിരം ജډങ്ങള്‍ മനോവേദനയനുഭവിക്കുന്നു.കൊതിക്കുന്നു പുറത്തറിയിക്കാനാവാതെ ഉള്ളകം നീറിപ്പുകയുന്നു. നഷ്ടസ്വപ്നങ്ങളുമായി യാത്രയാവുന്നു. കമല സുരയ്യ ഈ ആശയം ഭംഗിയായി വരികളില്‍ കോറിയിട്ടു. ഔദ്യോഗികവും ഗൗരവതരവുമായ ജീവിതം നയിച്ച് നിത്യം യാത്രയും തിരക്കും മറ്റുമായി കഴിയുന്ന പലരും ആരെങ്കിലും ആത്മാര്‍ത്ഥമായി സനേഹിച്ചില്ലെന്ന് വെമ്പല്‍ കൊള്ളുകയാവുമെന്നവര്‍ എഴുതി.Love me I am not different  from the ones you seem to love.

The ones you seem to love    നിങ്ങള്‍ക്ക് ഇഷ്ടപ്പെടാന്‍ തോന്നുന്നവരില്‍ നിന്ന് വ്യത്യസ്തനല്ല ഞാന്‍ എന്നെയും സ്നേഹിക്കൂ. ഇങ്ങനെ ആത്മഗതം ചെയ്യുന്നവര്‍ ഏറെയുണ്ടാവും.
സിനിമ, സീരിയല്‍, ആല്‍ബം, ഫെയ്സ്ബുക്ക്-ഇന്‍സ്റ്റഗ്രാം പേജുകള്‍, മാഗസിനകള്‍ തുടങ്ങിയവ പ്രണയത്തെ ബൂസ്റ്റ് ചെയ്ത് നെഗറ്റീവ് എനര്‍ജി മനതലങ്ങളിലേക്ക് പടര്‍ത്തുമ്പോള്‍, സ്നേഹം കിട്ടാതെ കുട്ടികളും മാതാപിതാക്കളും വൃദ്ധജനങ്ങളും സംഭ്രാന്തരായും മനോരോഗികളായും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായും മാറിക്കൊണ്ടിരിക്കുന്നത് എത്ര വൈരുദ്ധ്യാത്മകമാണ്. യഥാര്‍ത്ഥ സ്നേഹം അസ്തമിക്കാതിരിക്കട്ടെ

Leave a Reply