The biography of Prophet Muhammad – Month 3

Admin August 14, 2022 No Comments

The biography of Prophet Muhammad – Month 3

Mahabba Campaign Part-61/365

അംറ് ബിൻ അബസ (റ).
മുത്ത് നബി ﷺ യുടെ പ്രബോധനത്തിന്റെ ആദ്യ ഘട്ടത്തിൽത്തന്നെ ഇസ്‌ലാം സ്വീകരിച്ച പ്രമുഖരിൽ ഒരാളാണ് അംറ് (റ). മക്കയുടെ പുറത്ത് നിന്നുള്ള ഇദ്ദേഹം ഇസ്‌ലാം അംഗീകരിച്ച ആദ്യ വിദേശിയെന്ന വിലാസത്തിനും ഇദ്ദേഹം ഉടമയാണ്. ഇമാം മുസ്‌ലിം (റ) നിവേദനം ചെയ്ത ഹദീസിൽ ഇസ്‌ലാമിലുള്ള നാലിൽ നാലാമൻ എന്ന പ്രയോഗം ഇദ്ദേഹത്തെക്കുറിച്ചും കാണാം.
ഒരേ ദിവസം തന്നെ പലരും ഇസ്‌ലാം സ്വീകരിക്കുമ്പോൾ ഇന്നലെവരെയുള്ള എണ്ണത്തോട് ചേർത്ത് എല്ലാവർക്കും പ്രയോഗിക്കാമല്ലോ ? ഒന്നുകിൽ അങ്ങനെയാവാം; അല്ലെങ്കിൽ, ഓരോരുത്തരും അവരവരുടെ അറിവും ബോധ്യവും അടിസ്ഥാനപ്പെടുത്തി പരിചയപ്പെടുത്തിയതുമാവാം.
അംറ് (റ) ഇസ്‌ലാമിലേക്ക് വരുന്ന സാഹചര്യം അദ്ദേഹം തന്നെ വിവരിച്ചത് അബൂസലാം അൽഹബശി ഉദ്ധരിക്കുന്നുണ്ട്. അദ്ദേഹം പറയുന്നു; “വിഗ്രഹാരാധന അർഥശൂന്യമാണെന്ന ഒരു ചിന്ത നേരത്തെത്തന്നെ എന്റെ മനസ്സിൽ കടന്നു കൂടി. അത് ചിലരോടൊക്കെ പങ്കുവച്ചു. ഒരിക്കൽ ഞാൻ വിഗ്രഹാരാധനയെ നിരസിച്ച് കൊണ്ടു സംസാരിക്കുകയായിരുന്നു. ശ്രോതാക്കളിൽ ഒരാൾ പറഞ്ഞു. ‘താങ്കളുടെ ഈ ആശയം പറയുന്ന ഒരാൾ മക്കയിൽ രംഗ പ്രവേശനം ചെയ്തതായി കേൾക്കുന്നുണ്ട് ‘.
ഞാനുടനെ മക്കയിലേക്ക് തിരിച്ചു. വിഗ്രഹാരാധനയെ എതിർത്ത് കൊണ്ട് രംഗത്ത് വന്ന വ്യക്തിയെ അന്വേഷിച്ചു. അതെ, മുഹമ്മദ് നബി ﷺ. അവിടുന്ന് രഹസ്യമായിക്കഴിയുകയാണ്. രാത്രി മാത്രമെ നേരിൽക്കാണാൻ കഴിയൂ. രാത്രി കഅ്ബ പ്രദക്ഷിണം ചെയ്യാൻ വരും. ഈ വിവരങ്ങൾ എനിക്ക് ലഭിച്ചു. ഞാൻ കഅ്ബയുടെ മേൽ അണിയിച്ചിട്ടുള്ള വസ്ത്രാവരണത്തിനുള്ളിൽ (കിസ്‌വ) കാത്തിരുന്നു. അങ്ങനെയിരിക്കെ, ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്നുച്ചരിച്ചു കൊണ്ട് ഒരാൾ കടന്നു വന്നു. അത് നബി ﷺ യാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. ഞാനടുത്ത് ചെന്നു സംസാരിക്കാൻ തുടങ്ങി. ‘അവിടുന്ന് എന്താകുന്നു ? ‘
നബി ﷺ: ‘ഞാൻ അല്ലാഹുവിന്റെ ദൂതൻ ‘.
ഞാൻ: ‘എന്നു വച്ചാൽ ?’
നബി ﷺ: ‘അല്ലാഹു അവന്റെ സന്ദേശം ജനങ്ങൾക്ക് എത്തിച്ച് കൊടുക്കാൻ എന്നെ നിയോഗിച്ചിരിക്കുന്നു ‘.
ഞാൻ: ‘എന്ത് സന്ദേശവുമായിട്ടാണ് നിയോഗിച്ചിരിക്കുന്നത് ? ‘
നബി ﷺ: ‘അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ. അവനോട് ആരെയും പങ്കു ചേർക്കരുത്. കുടുംബബന്ധങ്ങൾ പുലർത്തണം’.
ഞാൻ: ‘ഇപ്പോൾ ആരൊക്കെയാണ് അവിടുത്തെ അംഗീകരിച്ചത് ? ‘
നബി ﷺ: ‘ഒരു സ്വതന്ത്രനും ഒരടിമയും’.
ഉടനെ ഞാൻ ഉടമ്പടി ചെയ്യാൻ താത്‌പ്പര്യപ്പെട്ടു. അവിടുന്ന് തിരുകരങ്ങൾ നീട്ടി. ഞാൻ സത്യവിശ്വാസത്തിന്റെ കരാർ ചെയ്തു.
ഞാൻ ചോദിച്ചു : ‘അല്ലയോ പ്രവാചകരേ, ഞാൻ അവിടുത്തെ അനുഗമിച്ച് ഇവിടെത്തന്നെ കഴിഞ്ഞോട്ടെ ?’
നബി ﷺ പറഞ്ഞു : ‘വേണ്ട, ഇപ്പോൾ താങ്കൾക്കിവിടെ തുടരാൻ പ്രയാസമായിരിക്കും. ഏറെ ബുദ്ധിമുട്ടുകൾ സഹിക്കേണ്ടിവരും. ഇപ്പോൾ നിങ്ങൾ നിങ്ങളുടെ നാട്ടിലേക്ക് തന്നെ മടങ്ങുക . ഞാൻ പരസ്യമായി രംഗത്ത് വന്ന ശേഷം വീണ്ടും വരുക ‘.
ഞാൻ നാട്ടിലേക്ക് മടങ്ങി. എന്റെ കുടുംബത്തിൽത്തന്നെ എത്തിച്ചേർന്നു. ശരിയായ ഒരു വിശ്വാസിയായി ജീവിച്ചു. മുത്ത് നബി ﷺ യുടെ വിവരങ്ങൾ അന്വേഷിച്ചു കൊണ്ടിരുന്നു.
അങ്ങനെയിരിക്കെ, അവിടുന്ന് മദീനയിലേക്ക് പലായനം ചെയ്ത വിവരമറിഞ്ഞു. മദീനയിൽച്ചെന്ന് നബി ﷺ യെ സന്ദർശിച്ചു. ഞാൻ ചോദിച്ചു, ‘എന്നെ ഓർമയുണ്ടോ അവിടുന്ന് ?’ അപ്പോൾ പറഞ്ഞു : ‘അതേ, താങ്കൾ മക്കയിൽ വന്നിരുന്നല്ലോ എന്നെക്കാണാൻ ‘.
ഞാൻ പറഞ്ഞു : ‘അവിടുത്തേക്ക് ലഭിച്ച കാര്യങ്ങൾ എനിക്ക് പഠിപ്പിച്ചു തന്നാലും ‘.
മുത്ത് നബി ﷺ എനിക്കാവശ്യമായ കാര്യങ്ങൾ പറഞ്ഞു തന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-62/365

ഖാലിദ് ബിൻ സഈദ്(റ):
ഇസ്‌ലാമിലേക്ക് നാലാമത് വന്നയാൾ എന്ന പ്രയോഗം ചരിത്രത്തിൽ പലരെക്കുറിച്ചും കാണാം. അതിലൊരുവനാണ് ‘ഖാലിദ് ബിൻ സഈദ് (റ)’. ഇദ്ദേഹത്തിന്റെ ഇസ്‌ലാം സ്വീകരണത്തിനു പിന്നിൽ അബൂബക്കർ( റ)ന്റെ ഒരിടപെടലുണ്ടായിട്ടുണ്ട്. ഖുറൈശി പ്രമുഖൻ ആസ് ബിൻ ഉമയ്യയുടെ മകനായിരുന്നു ഖാലിദി(റ)ന്റെ പിതാവ് സഈദ്. അതുകൊണ്ട് തന്നെ ഏറെ ആദരിക്കപ്പെടുന്ന വ്യക്തിയായിരുന്നു അദ്ദേഹം. ഖാലിദി (റ)ന്റെ മനം മാറ്റത്തിന് കാരണമായ ഒരു സ്വപ്നത്തെക്കുറിച്ച് ഇങ്ങനെ വായിക്കാം : “ഭീതിതമായ ഒരഗ്നി കുണ്ഠത്തിന് ചാരെയാണ് താനുള്ളത്. പിതാവ് സഈദ്, തന്നെ അതിലേക്ക് തള്ളിയിടാൻ ശ്രമിക്കുന്നു. അപ്പോഴതാ മുഹമ്മദ് ﷺ അരക്കെട്ടിന് പിടിച്ച് അഗ്നിയിൽ നിന്ന് തന്നെ രക്ഷപ്പെടുത്തുന്നു. ഭയപ്പെടുത്തുന്ന ഈ കാഴ്ച ഖാലിദിനെ സ്വാധീനിച്ചു. തന്റെ സ്വപ്നം പ്രിയ സുഹൃത്തായ അബുബക്കറി (റ)നോട് പങ്കുവച്ചു. അബൂബക്കർ(റ) ഇസ്‌ലാം പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസമായിരുന്നു ഈ സംഭാഷണം. അദ്ദേഹം പറഞ്ഞു, അല്ലയോ ഖാലിദ്.. താങ്കൾക്ക് അല്ലാഹു നന്മ വിധിച്ചിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കുന്നു. കാരണം, മുഹമ്മദ് ബിൻ അബ്ദില്ലാഹ് ﷺ പ്രവാചകത്വം പ്രഖ്യാപിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ദൂതനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ എത്രയും വേഗം നബി സവിധത്തിലെത്തുക. പ്രവാചകരുടെ മാർഗം പിൻതുടരുക. നിന്റെ എല്ലാ ഭയങ്ങളിൽ നിന്നും നിനക്ക് രക്ഷ ലഭിക്കും. ഖാലിദ്(റ) ഉടനെ പുറപ്പെട്ടു. തിരുനബി ﷺ യുടെ മഹദ് സന്നിധിയിലെത്തി. ഇസ്‌ലാം സ്വീകരിച്ചു “.
അബൂബക്കർ(റ) കഴിഞ്ഞാൽ, നബി കുടുംബത്തിന് പുറത്തുനിന്ന് ഇസ്‌ലാം സ്വീകരിച്ചയാൾ എന്ന പദവി ഖാലിദ് (റ)നാണ്. അദ്ദേഹത്തിന്റെ ഭാര്യ ‘ഉമൈറ ബിൻത് ഖലഫ് ‘ എന്നവരും ഉടനത്തന്നെ ഇസ്‌ലാമിലേക്ക് വന്നു.

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ)വിന്
പ്രാരംഭകാലത്ത് തന്നെ ഇസ്‌ലാം സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു. തുടർന്ന് നബി ﷺ യുടെ സന്തത സഹചാരിയായി ജീവിക്കാൻ അവസരമുണ്ടായി. അബ്ദുല്ലാഹിബിന് മസ്ഊദ് (റ)വിന്റെ ഇസ്‌ലാം സ്വീകരണവുമായിബന്ധപ്പെട്ട സാഹചര്യം ചരിത്രത്തിൽ നിന്ന് നമുക്ക് വായിക്കാം : “ഇമാം അഹ്‌മദ് (റ) ‘മുസ്നദ് ‘ എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്ന നിവേദന പ്രകാരം ഇബ്നു മസ്ഊദ് (റ) തന്നെ പറയുന്നു; എന്റെ കൗമാരകാലത്ത് ഞാൻ ‘ഉഖ്ബത് ബിൻ അബീ മുഐത്വിന്റെ ‘ ആടുകളെ മേയ്ക്കുന്ന ജോലി ചെയ്തിരുന്നു. അതിനിടയിൽ ആടുകളോടൊപ്പം മക്കയിലെ ഒരു മലമ്പ്രദേശത്ത് നിൽക്കുമ്പോൾ രണ്ട് പേർ അവിടേക്ക് ഓടിയെത്തി. മുഹമ്മദ് ﷺ നബിയും അബൂബക്കർ സിദ്ദീഖ് (റ)വുമായിരുന്നു അതെന്ന് പിന്നീട് മനസ്സിലായി. മക്കയിലെ ബഹുദൈവാരാധകരുടെ ശല്യത്തിൽ നിന്ന് രക്ഷപ്പെട്ടു വരികയായിരുന്നു. അവർ എന്നോട് ചോദിച്ചു; ‘ മോനേ.., ഞങ്ങൾക്ക് കുടിക്കാൻ തരാൻ പറ്റുന്ന പാലുണ്ടോ നിന്റെയടുത്ത് ? ‘ ഞാൻ പറഞ്ഞു; ‘ഞാൻ ഈ ആടുകളുടെ സൂക്ഷിപ്പുകാരൻ മാത്രമാണ്. ഞാൻ ഉടമസ്ഥൻ അല്ലാത്തതിനാൽ തരാൻ നിവൃത്തിയില്ല ‘.
ഉടനെ എന്നോട് ചോദിച്ചു ; ‘പ്രസവിക്കാത്ത, കറവയില്ലാത്ത, കൂറ്റൻ മെതിക്കാത്ത വല്ല ആടും ഉണ്ടോ ? ‘
കറവയില്ലാത്ത, അകിടുകൾച്ചുരുണ്ട, വൈകല്യമുള്ള ഒരാടിനെ ഞാൻ ചൂണ്ടിക്കാണിച്ചു. മുത്ത് നബി ﷺ ആ ആടിനെ സമീപിച്ചു. എന്തോ ചില മന്ത്രങ്ങൾ ചൊല്ലി അകിടിൽ തലോടി. അബൂബക്കർ (റ) അൽപ്പം കുഴിയുള്ള ഒരു പാറക്കഷണം എടുത്ത് പാത്രത്തിന് പകരം നീട്ടികൊടുത്തു. അതാ ആ കൽപാത്രത്തിലേക്ക് പാൽ നിറഞ്ഞ് പത ഉയർന്നിരിക്കുന്നു. മുത്ത് നബി ﷺ പാനം ചെയ്തു. ശേഷം അബൂബക്കറി (റ)ന് നൽകി. അദ്ദേഹവും കുടിച്ചു. ശേഷം എനിക്ക് നേരെ നീട്ടി. ഞാനും കുടിച്ചു. തുടർന്നു നബി ﷺ ആടിൻ്റെ അകിട്ടിൽ കൈ വച്ചു; ‘ചുരുങ്ങട്ടെ’ എന്നു പറഞ്ഞു. അകിട് പൂർവസ്ഥിതിയിലായി “.
ഈ അനുഭവം ഇബ്നു മസ്ഊദി(റ)നെ സ്വാധീനിച്ചു. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. അന്ന് ആകെയുള്ള ആറ് മുസ്‌ലിംകളിൽ ആറാമത്തെയാളായിരുന്നു ഞാൻ എന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തിയിട്ടുണ്ട് .
അസാധാരണമായി നീളം കുറഞ്ഞ , കുറിയ ആളായിരുന്നു അദ്ദേഹം. ഒരിക്കലദ്ദേഹത്തിന്റെ കാലിന്റെ ചെറുപ്പത്തെച്ചൊല്ലി ചില കൂട്ടുകാർ ചിരിച്ചു. നബി ﷺ ഇടപെട്ടു; ” അല്ലാഹു സത്യം ! ഇദ്ദേഹത്തിന്റെ കാലിന്റെ മൂല്യം പരലോകത്ത് ഉഹ്ദ് പർവതത്തെക്കാൾ ഘനമുള്ളതായിരിക്കും “.
‘ജിബിരിൽ (അ) എത്തിച്ചുതന്ന അതേ രീതിയിൽ ഖുർആൻ പഠിക്കണമെങ്കിൽ ഇബ്നു മസ്ഊദി (റ)ൽ നിന്നു പഠിച്ചോളൂ’ എന്ന് നബി ﷺ അദ്ദേഹത്തെ പ്രശംസിച്ചിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-63/365

അബൂദർറ് – അൽ ഗിഫാരി (റ).
മക്കയുടെയും മദീനയുടെയും ഇടയിൽ സഫ്റാഅ് താഴ്‌വരയിൽ താമസിക്കുന്ന ഗോത്രമാണ് ‘ഗിഫാർ’. ഗോത്രത്തിലെ പ്രമുഖ വ്യക്തിയാണ് അബൂദർറ് (റ). മക്കയിൽ മുഹമ്മദ് ﷺ പ്രവാചകത്വ പ്രഖ്യാപനം നടത്തിയ വിവരം അദ്ദേഹം അറിഞ്ഞു. ഉടനെ സഹോദരൻ അനീസിനെ അടുത്ത് വിളിച്ചു പറഞ്ഞു : ” പ്രിയ സഹോദരാ, നീ മക്കയിലേക്ക് പോകണം. രംഗപ്രവേശനം ചെയ്ത പ്രവാചകനെക്കുറിച്ച് അന്വേഷിക്കണം. കൃത്യമായ വിവരങ്ങൾ ശേഖരിച്ചു വരണം “.
അനീസ് മക്കയിലേക്ക് പുറപ്പെട്ടു. വിവരങ്ങൾ ശേഖരിച്ചു മടങ്ങി വന്നു. അബൂ ദർറ് (റ) വിശദീകരിക്കുന്നു : “ഞാൻ സഹോദരനോട് വിവരങ്ങൾ അന്വേഷിച്ചു. അനീസ് പറഞ്ഞു തുടങ്ങി. ‘ഞാൻ ആ പ്രവാചകനെക്കണ്ടുമുട്ടി. അല്ലാഹു നിയോഗിച്ച സത്യദൂതനാണവിടുന്ന്. ഏകനായ അല്ലാഹുവിനെ മാത്രമെ ആരാധിക്കാവു, സദ്സ്വഭാവത്തിൽ ജീവിക്കണം എന്നൊക്കെയാണ് അവിടുന്ന് ഉപദേശിക്കുന്നത് ‘.
‘ശരി, ജനങ്ങൾ എന്താണ് പറയുന്നത് ? ‘ – ഞാൻ ചോദിച്ചു. ‘കവിയാണ്, ജോത്സ്യനാണ്, മാരണക്കാരനാണ് എന്നൊക്കെയാണ് എതിരാളികൾ പറയുന്നത്. പക്ഷേ, അത് കവിതയോ ജോത്സ്യമോ മാരണമോ ഒന്നുമല്ല. അവർ പറയുന്നത് കളവാണ്. പ്രവാചകൻ പറയുന്നത് സത്യം മാത്രമാണ് ‘. കവി കൂടിയായ അനീസ് വിശദീകരിച്ചു. ഞാൻ പറഞ്ഞു; ‘നിങ്ങൾപ്പറഞ്ഞ കാര്യങ്ങൾ എനിക്ക് മതിയായിട്ടില്ല. ഞാൻ തന്നെ, നേരിട്ട് മക്കയിലേക്ക് പോവുകയാണ്. പ്രവാചകനെ നേരിൽക്കണ്ടിട്ടു വരാം’.
അനീസ് പറഞ്ഞു : ‘ശരി, പക്ഷേ, മക്കക്കാരെ സൂക്ഷിക്കണം. അവർ പ്രവാചകനോട് ശത്രുതയിലാണ്. അവരെ അന്വേഷിച്ചു ചെല്ലുന്നവരെയും അവർ അക്രമിച്ചേക്കും ‘.
ഞാൻ ഒരു തോൽപ്പാത്രത്തിൽ വെള്ളവും കൂട്ടിന് ഒരു വടിയുമെടുത്ത് യാത്രതിരിച്ചു. മക്കയിലെത്തി. പള്ളിയിൽ പ്രവേശിച്ച് പ്രവാചകനെക്കണ്ടെത്താൻ ശ്രമിച്ചു. എന്നാൽ ആരോടും ചോദിക്കാൻ കഴിയുന്നില്ല “.
മറ്റൊരു നിവേദനത്തിൽ തുടരുന്നു : ‘ ഞാൻ ഒരാളെ സമീപിച്ചു. അയാളോട് രഹസ്യമായി ചോദിച്ചു ‘. ‘സാബിഈ’ ആണെന്ന് വാദിക്കുന്ന ആ വ്യക്തിയെ ഒന്നുകാണാനെന്താ മാർഗം?’
സത്യവിശ്വാസിക്ക് അവർ പ്രയോഗിക്കുന്ന പദമാണ് ‘സാബിഈ’. കേട്ടമാത്രയിൽ അദ്ദേഹം വിളിച്ചു പറഞ്ഞു ഇതാ ഒരു സാബിഈ വന്നിരിക്കുന്നു. അവിടെക്കൂടിയ ഏവരും എന്നെ അക്രമിക്കാൻ തുടങ്ങി. ആ താഴ്‌വരയിലുള്ള എല്ലാവരും ഓടിക്കൂടി കല്ലും എല്ലും കിട്ടിയതൊക്കെ എടുത്ത് എന്നെ എറിയാൻ തുടങ്ങി. ഞാൻ ബോധരഹിതനായി നിലം പതിച്ചു. ശേഷം ഞാനുണർന്നപ്പോൾ ചെമ്മണ്ണ് പുരണ്ട ഒരു പ്രതിമയെപ്പോലെയായി. സംസം കിണറിന്റടുത്തേക്ക് നടന്നു. ശരീരമൊക്കെ കഴുകി വൃത്തിയാക്കി. വയർ നിറയെ സംസം വെള്ളംകുടിച്ചു. അങ്ങനെ മുപ്പത് രാപ്പകലുകൾ അവിടെ കഴിച്ചു കൂട്ടി. ഭക്ഷണവും പാനീയവുമൊക്കെയായി സംസം മാത്രം കുടിച്ചു. എൻ്റെ വയറിന്റെ മടക്കുകൾ നിവർന്നു. ശരീരം പുഷ്ടിപ്പെട്ടു. വിശപ്പിന്റെ കാളലൊന്നും എനിക്കുണ്ടായില്ല.
നല്ല നിലാവുള്ള ഒരു രാത്രി. ഖുറൈശികൾ നല്ല ഉറക്കിലാണ്. ഞാൻ കഅ്ബയുടെയും അതിന്റെ വിരിപ്പുകളുടെയും ഇടയിൽ കടന്നു. ഇപ്പോൾ കഅ്ബയെ പ്രദക്ഷിണം വയ്ക്കുന്ന ആളുകളൊന്നുമില്ല. രണ്ട് സ്ത്രീകൾ /മാത്രം ‘ഇസാഫ്’, ‘നാഇല’ എന്നീ ദേവൻമാരെ വിളിച്ചു പ്രാർഥിക്കുന്നു, കഅ്ബയെ വലയം വയ്ക്കുന്നു. അവർ പ്രദക്ഷിണത്തിനിടെ എന്റെ അടുത്തെത്തിയപ്പോൾ ഞാൻ
അവരുടെ വിശ്വാസത്തെ കളിയാക്കി ഇങ്ങനെ പറഞ്ഞു : “ആ ദൈവങ്ങളിൽ ഒന്നിനെ അടുത്തതിന് അങ്ങ് കെട്ടിച്ചു കൊടുത്തേക്ക് “. അവർ ഒന്നും പ്രതികരിച്ചില്ല. വീണ്ടും അവർ എന്റെ അടുത്തെത്തിയപ്പോൾ ഞാൻ വീണ്ടും കളിയാക്കി. “അവർ രണ്ടിനെയും തമ്മിൽ ഒന്ന് ചേർപ്പിച്ചോളി “.
എന്റെ ഈ വാക്കുകൾ കേട്ടപ്പോൾ അവർ തമ്മിൽപ്പറഞ്ഞു. നമ്മുടെ കക്ഷികളെയൊന്നും ഇവിടെക്കാണാനില്ലല്ലോ! അവർ രണ്ട് പേരും പുറത്തേക്ക് നടന്നു.
ആ സമയം മുഹമ്മദ് ﷺ യും അബൂബക്കറും (റ) കഅ്ബയുടെ അടുത്തേക്ക് കടന്നു വന്നു. അവർ സ്ത്രീകളോട് ചോദിച്ചു. “എന്തേ?”
സ്ത്രീകൾ പറഞ്ഞു. കഅ്ബയുടെയും വിരിപ്പിന്റെയും ഇടയിൽ ഒരു ‘സാബിഈ’ ഇരിക്കുന്നുണ്ട്. അയാൾ വായയിൽ കൊള്ളാത്ത വർത്തമാനമാണ് പറയുന്നത്.
പ്രവാചകർﷺ കഅ്ബ യുടെ അടുത്ത് വന്നു. ഹജറുൽ അസ്‌വദ് ചുംബിച്ചു. രണ്ട് പേരും കഅ്ബ ത്വവാഫ് (പ്രദക്ഷിണം) ചെയ്തു. ശേഷം നിസ്കാരം നിർവഹിച്ചു. അപ്പോൾ ഞാൻ അടുത്തേക്ക് ചെന്നു. അസ്സലാമു അലൈക യാ റസൂലല്ലാഹ്ﷺ. അല്ലയോ അല്ലാഹുവിന്റെ ദൂതരേ, സലാം…

Mahabba Campaign Part-64/365

സലാം ചൊല്ലി സത്യവാചകം ഉച്ചരിച്ചു. “അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ്.. വ അശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ്.. പ്രവാചകരുﷺടെ മുഖം സന്തോഷം കൊണ്ട് വിടർന്നു. ഇസ്‌ലാമിലെ അഭിവാദ്യ വാചകം ‘അസ്സലാമു അലൈക്കും’ ആദ്യമായി സംബോധന ചെയ്തത് ഞാനായി. അവിടുന്ന് പ്രത്യഭിവാദ്യം ചെയ്തു. ‘വ അലൈകുമുസ്സലാം. എവിടുന്നാണ് ?’
ഞാൻ പറഞ്ഞു ; ‘ഗിഫാർ ഗോത്രത്തിൽ നിന്ന്’. അപ്പോൾ പ്രവാചകൻ ﷺ കൈകൊണ്ട് ആംഗ്യം കാണിച്ചു. വിരലുകൾ നെറ്റിയിൽ വച്ചു. ഞാനാലോചിച്ചു, ഗിഫാർ ഗോത്രമെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ലയോ ആവോ! ഞാൻ പ്രവാചകരുﷺടെ കരം കവരാനൊരുങ്ങി. എന്നാൽ ഒപ്പമുള്ളയാൾ എന്നെത്തടഞ്ഞു. അദ്ദേഹത്തിന് എന്നെക്കാൾ പ്രവാചകനെﷺ അറിയാമല്ലോ! ഉടനെ അവിടുന്ന് ശിരസ്സുയർത്തി എന്റെ നേരെ ചോദിച്ചു : “എപ്പോഴാണ് ഇവിടെ എത്തിയത് ? ”
“മുപ്പത് രാപ്പകലുകളായി”.
“ഭക്ഷണമൊക്കെ എവിടുന്നു കിട്ടി ?”
” സംസം വെള്ളമാതെ ഒരു ഭക്ഷണവും ലഭിച്ചില്ല. എന്നാൽ വിശപ്പിന്റെ ബുദ്ധിമുട്ടൊന്നും അനുഭവപ്പെടുന്നില്ല. വയറിന്റെ മടക്കൊക്കെ നിവർന്നു. അത്യാവശ്യം ശരീരമൊക്കെ പുഷ്ടിച്ചു “.
അവിടുന്ന് പ്രതികരിച്ചു, “അനുഗ്രഹീതം! സംസം ഭക്ഷണത്തിന് ഭക്ഷണവും രോഗത്തിന് ശമനവുമാണ് “.

ഇബ്നു അബ്ബാസ് (റ) ന്റെ ഒരു നിവേദനത്തിൽ ഇങ്ങനെയാണുള്ളത് : “അബൂദർറ് (റ) പറയുന്നു. ഞാൻ മക്കയിലെത്തി. പ്രവാചകനെﷺ എനിക്കറിയില്ല. ആരോടും അന്വേഷിക്കാൻ ഞാനിഷ്ടപ്പെട്ടതുമില്ല. നേരേ സംസം കിണറിന്റെ അടുത്തെത്തി. വെള്ളം കുടിച്ചു. പള്ളിയിൽ വന്നു കിടന്നു. അപ്പോൾ അലി (റ) അതുവഴി വന്നു. വിദേശിയാണെന്നു തോന്നുന്നല്ലോ, അദ്ദേഹം പറഞ്ഞു. ഞാൻ പറഞ്ഞു, അതേ. അലി പറഞ്ഞു, എന്നാൽ വരൂ വീട്ടിൽ പോകാം. ഞാൻ ഒപ്പം നടന്നു. ഞാനൊന്നും പറഞ്ഞതുമില്ല. അദ്ദേഹം ഒന്നും അന്വേഷിച്ചതുമില്ല. രാവിലെയായപ്പോൾ ഞാൻ എന്റെ തോൽപാത്രവും മറ്റും എടുത്ത് പള്ളിയിലേക്ക് തന്നെ വന്നു. നബി ﷺ യെ അന്വേഷിച്ചു. ആരും പറഞ്ഞ് തന്നില്ല. അന്നും അങ്ങനെ കഴിഞ്ഞു. ഞാൻ പള്ളിയിൽ തന്നെ കിടക്കാനൊരുങ്ങിയപ്പോൾ അലി(റ) അതുവഴി വന്നു. ഇന്നും നിങ്ങൾക്ക് താമസിക്കാൻ സ്ഥലം ആയിട്ടില്ല അല്ലേ?ഞാൻ പറഞ്ഞു, ആയിട്ടില്ല. എന്നാൽ എനിക്കൊപ്പം വരൂ, അലി(റ) പറഞ്ഞു. ഞാൻ ഒപ്പം നടന്നു. അദ്ദേഹം ഒന്നും ചോദിച്ചുമില്ല ഞാനൊന്നും പറഞ്ഞുമില്ല. മൂന്നാം ദിവസവും അപ്രകാരം തന്നെ ആവർത്തിച്ചു. അപ്പോൾ അലി (റ) ചോദിച്ചു. നിങ്ങൾ ഈ നാട്ടിലേക്ക് വന്ന കാര്യം എന്താണെന്ന് പറഞ്ഞില്ലല്ലോ? നിങ്ങൾ രഹസ്യമാക്കി വയ്ക്കുമെങ്കിൽ ഞാൻ പറയാം. വേറൊരു റിപ്പോർട്ട് പ്രകാരം, നിങ്ങൾ എനിക്ക് മാർഗദർശനം തരും എന്ന് ഉറപ്പ് തന്നാൽ ഞാൻ പറയാം. അലി(റ) പറഞ്ഞു, ശരി. ഞാൻ ഉദ്ദേശ്യം പങ്കുവെച്ചു. ഉടനെ അലി(റ) തുടർന്നു. നിങ്ങൾക്കു മാർഗദർശനം ലഭിച്ചു കഴിഞ്ഞു. നിങ്ങൾ അന്വേഷിക്കുന്ന വ്യക്തി അല്ലാഹുവിന്റെ ദൂതനാണ്. രാവിലെ നിങ്ങൾ എന്നോടൊപ്പം വരുക. വഴിയിൽ വച്ച് വല്ല അപായ സൂചനയും ലഭിച്ചാൽ ഞാൻ വെള്ളം ഒഴിക്കുന്ന ആളെപ്പോലെ വഴിയരികിലേക്ക് നീങ്ങും, നിങ്ങൾ മുന്നോട്ട് തന്നെ നടക്കണം. അല്ലെങ്കിൽ, ചെരുപ്പ് ശരിയാക്കാൻ നിൽക്കും പോലെ വഴിയരികിൽ നിൽക്കും. ഞാൻ നടത്തം തുടർന്നാൽ വീണ്ടും എന്നെ പിൻതുടരുക. ഞാൻ പ്രവേശിക്കുന്ന വാതിലിലൂടെ നിങ്ങളും കടന്നു വരുക.

ഞങ്ങൾ നടന്നു. പ്രവാചക സന്നിധിയിലെത്തി. ഞാൻ പറഞ്ഞു എനിക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തിയാലും. അവിടുന്ന് പരിചയപ്പെടുത്തി. ഞാനപ്പോൾത്തന്നെ ഇസ്‌ലാം സ്വീകരിച്ചു. തുടർന്ന് എന്നോട് പറഞ്ഞു. ഇപ്പോൾ ഇത് രഹസ്യമാക്കി വയ്ക്കുക. നാട്ടിലേക്ക് തന്നെ മടങ്ങിക്കോളൂ. നാട്ടുകാരോട് സന്ദേശങ്ങൾ കൈമാറുക. ഞങ്ങൾ പരസ്യമായി രംഗത്ത് വന്നെന്നറിഞ്ഞാൽ ഇങ്ങോട്ട് വന്നോളൂ. അപ്പോൾ ഞാൻ പറഞ്ഞു, തങ്ങളെ സത്യവുമായി നിയോഗിച്ചവൻ സത്യം! എന്റെ ഉടമസ്ഥനായ നാഥൻ സത്യം! ഞാനവരുടെ മുമ്പിൽ വച്ച് പരസ്യമായി വിളിച്ചു പറയും.

Mahabba Campaign Part-65/365

ഞാൻ നബിസന്നിധിയിൽ നിന്നു പുറപ്പെട്ടു. കഅ്ബയുടെ അടുത്തെത്തി. ഖുറൈശീ പ്രമുഖരെല്ലാം അവിടെയുണ്ട്. ഞാൻ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു : “അശ്ഹദു അൻലാഇലാഹ ഇല്ലല്ലാഹ്… ഞാൻ സാക്ഷ്യം വഹിക്കുന്നു, അല്ലാഹു അല്ലാതെ ആരാധനയ്ക്കർഹനില്ല. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതനാകുന്നു..” ഉടനെ അവർ വിളിച്ചു പറഞ്ഞു : “ഈ ‘സാബിഇ’ യെപ്പിടിക്കൂ..” അവർ ഒന്നാകെ എനിക്കെതിരെത്തിരിഞ്ഞു. എന്നെ കൊല്ലാൻ മാത്രം അവർ തല്ലി. അവർ എന്നെ മറിച്ചിട്ടു. ഉടനെ അബ്ബാസ് (റ) ഓടി വന്നു. എന്നെ വലയം ചെയ്തു. എന്നിട്ടു വിളിച്ചു പറഞ്ഞു : “നിങ്ങൾക്കും നാശം! ഇത് ഗിഫാർ ഗോത്രക്കാരനല്ലേ ? ഇവരുടെ നാട്ടിലൂടെയല്ലേ നമ്മുടെ കച്ചവട സംഘങ്ങൾ കടന്നു പോകേണ്ടത് ?” അപ്പോൾ അവർ എന്നെ വിട്ടയച്ചു.

അടുത്ത ദിവസവും ഞാൻ കഅ്ബയുടെ അടുത്തെത്തി സത്യവാചകം ഉറക്കെ വിളിച്ചു പറഞ്ഞു. തലേ ദിവസത്തെപ്പോലെ അവർ എന്നെ അക്രമിച്ചു. കഴിഞ്ഞ ദിവസത്തെപ്പോലെ അബ്ബാസ് (റ) വന്നു രക്ഷപ്പെടുത്തി. അവർ എന്നെ വിട്ടയച്ചു.
അന്നു രാത്രിയിൽ എന്നെ സത്ക്കരിക്കാൻ അബൂബക്കർ (റ) നബി ﷺ യോട് സമ്മതം ചോദിച്ചു. അവിടുന്ന് സമ്മതം നൽകി. അങ്ങനെ ഞാൻ മുത്ത്നബി ﷺ ക്കൊപ്പം അബൂബക്കറി (റ)ന്റെ വീട്ടിൽ എത്തി. ത്വാഇഫിലെ ഉണക്കമുന്തിരി നൽകി എന്നെ സ്വീകരിച്ചു. മക്കയിൽ നിന്നു കഴിച്ച ആദ്യത്തെ ഭക്ഷണമായിരുന്നു അത്. ശേഷം ഞാൻ നബി ﷺ യുടെ ചാരത്തിരുന്നു. അവിടുന്ന് പറഞ്ഞു : “ഈത്തപ്പനകൾ നിറഞ്ഞ ഒരു നാട്ടിലേക്ക് എനിക്ക് ദിശ കാണിക്കപ്പെട്ടിട്ടുണ്ട്.
യസ്‌രിബാണെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നിങ്ങൾ നിങ്ങളുടെ ജനങ്ങൾക്ക് ഈ സന്ദേശം എത്തിച്ചു കൊടുക്കാമോ? അവർക്കത് പ്രയോജനം ചെയ്യും. നിങ്ങൾക്കത് വഴി പ്രതിഫലവും ലഭിക്കും “.

ഞാൻ നാട്ടിലേക്ക് മടങ്ങി. സഹോദരൻ ഉനൈസിന്റെ അടുത്തെത്തി. അദ്ദേഹം ചോദിച്ചു ; ‘എന്തായി?’
ഞാൻ പറഞ്ഞു : ‘ഞാൻ ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകൻ ﷺ സത്യദൂതനാണെന്ന് ഞാനംഗീകരിക്കുന്നു ‘.
‘ശരി, നിങ്ങൾ ഉൾക്കൊണ്ട മതത്തിനപ്പുറം എനിക്കൊരു മതമില്ല. ഞാനും ഇസ്‌ലാം സ്വീകരിക്കുകയാണ് ‘.
അപ്പോൾ ഞങ്ങളുടെ ഉമ്മ അടുത്തേക്ക് വന്നു. കാര്യങ്ങൾ അന്വേഷിച്ചു. ‘നിങ്ങൾ രണ്ടു പേരും സ്വീകരിച്ച മതം ഞാനും അംഗീകരിക്കുന്നു ‘. ഉമ്മയും ഇസ്‌ലാമിലേക്ക് വന്നു.

ഗിഫാർ ഗോത്രത്തെ ഞാൻ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. അവരിൽ പകുതി ആളുകൾ ഇസ്‌ലാം ആശ്ലേഷിച്ചു. പകുതി ആളുകൾ പറഞ്ഞു; പ്രവാചകൻ യസ്‌രിബിലേക്ക് വരട്ടെ, ഞങ്ങൾ അംഗീകരിക്കാം’.
നബി ﷺ പലായനം ചെയ്ത് യസ്‌രിബിലെത്തിയപ്പോൾ അവർ മുഴുവൻ വിശ്വാസം പ്രഖ്യാപിച്ചു. ഇതറിഞ്ഞ തൊട്ടടുത്തുള്ള ‘അസ്‌ലം’ ഗോത്രം നബി ﷺ യെ സമീപിച്ചു. അവർ പറഞ്ഞു; ‘ഞങ്ങളുടെ സഹോദര ഗോത്രക്കാർ വിശ്വസിച്ച ആദർശം ഞങ്ങളും സ്വീകരിക്കുന്നു ‘. നബി ﷺക്ക് ഏറെ സന്തോഷമായി. അവിടുന്നിപ്രകാരം പറഞ്ഞു: ” ഗിഫാർ ഗോത്രക്കാർക്ക് അല്ലാഹു ഗുഫ്റാൻ (പാപമോചനം) നൽകട്ടെ! അസ്‌ലം ഗോത്രക്കാർക്ക് അല്ലാഹു സലാമത്ത് (സുരക്ഷ) നൽകട്ടെ ! ”
(ഗോത്രങ്ങളുടെ പേരിനോട് ചേർന്ന പദങ്ങൾ പ്രയോഗിച്ച് പ്രാർഥിച്ചു.)
ഇമാം ബുഖാരി (റ)യുടെ നിവേദനത്തിൽ ഇപ്രകാരം ഒരു വിവരണം കൂടി വായിക്കാം : “അബ്ദുല്ലാഹിബിന് സ്വാമിതിനോട് അബൂദർറ് അൽ ഗിഫാരി (റ) പറഞ്ഞു. ‘അല്ലയോ സഹോദരപുത്രാ, നബി ﷺ യെ കണ്ടുമുട്ടുന്നതിന് മുമ്പ് മൂന്ന് വർഷം ഞാൻ നിസ്കാരം നിർവഹിച്ചു ‘.
അദ്ദേഹം ചോദിച്ചു; ‘ആർക്ക് വേണ്ടിയാണ് നിസ്കരിച്ചത്?’
‘അല്ലാഹുവിന് വേണ്ടി ‘.
‘ഏത് ദിശയിലേക്ക് തിരിഞ്ഞാണ് നിസ്കാരം നിർവഹിച്ചത്?’
‘അല്ലാഹു എന്നെ എങ്ങോട്ട് തിരിച്ചോ , അവിടേക്ക് തിരിയുമായിരുന്നു. രാത്രി ഏറെ വൈകിയും നിസ്കരിക്കും. ശേഷം സൂര്യൻ ഉദിക്കുന്നത് വരെ വിശ്രമിക്കും ‘.
‘അഞ്ചാമതായി ഇസ്‌ലാം സ്വീകരിച്ച ആൾ’ എന്ന പ്രയോഗവും മഹാനവർകളെക്കുറിച്ച് ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്.
മുത്ത് നബി ﷺ യുടെ ചരിത്രവായനയ്ക്കിടയിൽ പ്രധാന മുഹൂർത്തങ്ങളിൽ അബൂദർറ് (റ) പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കും.

Mahabba Campaign Part-66/365

മക്കയിൽ ഇസ്‌ലാമിക പ്രബോധനം നാൾക്കുനാൾ ചർച്ചയാവുകയാണ്. നബി ﷺ യും വിശ്വാസികളും രഹസ്യമായി ആരാധനകൾ നിർവഹിക്കുമ്പോഴും പാത്തും പതുങ്ങിയും ആളുകൾ വർധിച്ചു കൊണ്ടിരുന്നു. നബി ﷺ അർഖം ബിൻ അൽഖമിന്റെ വീട് അഥവാ ‘ദാറുൽ അർഖം’ കേന്ദ്രീകരിച്ചു പ്രവർത്തനങ്ങൾ നടത്തി. കഅ്ബയിൽ നിന്ന് നൂറ്റിമുപ്പത് മീറ്റർ ദൂരെ സ്വഫാ കുന്നിനോട് ചേർന്നായിരുന്നു ഈ ഭവനം.
ഇസ്‌ലാം സ്വീകരിച്ചവർ ഏകദേശം മുപ്പത്തിയെട്ട് വിശ്വാസികളായി. അബൂബക്കർ (റ) മുത്ത് നബി ﷺ യോട് ചോദിച്ചു ; “ഇസ്‌ലാമിക വിശ്വാസം പരസ്യമായി ഒന്നു പ്രഖ്യാപിച്ചാലോ ?”
നബി ﷺ പറഞ്ഞു ; “ഓ ! അബൂബക്കറേ, നമ്മൾ കുറഞ്ഞ ആളുകളല്ലേയുള്ളൂ ?”
പക്ഷേ, സിദ്ദീഖി (റ)ന് പരസ്യമായി പ്രഖ്യാപിക്കാൻ വല്ലാത്ത താത്പ്പര്യം. അദ്ദേഹം ആവശ്യം ഉന്നയിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ നബി ﷺ ദാറുൽ അർഖമിൽ നിന്ന് പുറത്തിറങ്ങി. വിശ്വാസികൾ പള്ളിയുടെ പല ഭാഗത്തേക്കുമായി നിന്നു. അബൂബക്കർ (റ) കഅ്ബയുടെ അടുത്തെത്തി. ഇസ്‌ലാമിലെ ആദ്യത്തെ പ്രഭാഷണം തുടങ്ങാൻ പോവുകയാണ്. പ്രഭാഷകൻ സിദ്ദീഖ് (റ) തന്നെ. പ്രവാചകൻ ﷺ അകലെയല്ലാതെ ഇരിക്കുന്നുണ്ട്. അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ക്ഷണിച്ചു കൊണ്ട് പ്രഭാഷണമാരംഭിച്ചു. മുശ്‌രിക്കുകൾ ഒന്നടങ്കം ചീറിയടുത്തു. കിട്ടിയതുകൊണ്ടൊക്കെ അവർ മർദിച്ചു. ചവിട്ടും തൊഴിയുമൊക്കെയേൽക്കേണ്ടി വന്നു. ഒടുവിൽ ഉത്ബ: ബിൻ റബീഅ: എന്ന തെമ്മാടി അവന്റെ ആണി തറച്ച ചെരുപ്പ് കൊണ്ട് മുഖത്തടിച്ചു. മൂക്ക് വേർതിരിച്ചറിയാത്ത വിധം പരുക്കേൽപ്പിച്ചു. അതോടെ അബൂബക്കറി (റ)ന്റെ ഗോത്രക്കാരായ ബനൂ തൈം രംഗത്തെത്തി. സിദ്ദീഖ് (റ)
ഇതോടെ മരണപ്പെടും എന്നെല്ലാവരും ഉറപ്പിച്ചു. ബോധരഹിതനായ അദ്ദേഹത്തെ കുടുംബക്കാർ ഒരു വസ്ത്രത്തിൽ വഹിച്ച് വീട്ടിലേക്ക് മാറ്റി. ഈ മർദനത്തിൽ അബൂബക്കർ (റ) മരണപ്പെട്ടാൽ ഉത്ബ: യെ വധിച്ചു കളയുമെന്ന് ബനൂ തൈം പ്രഖ്യാപിച്ചു.
അബൂബക്കറി (റ)ൻ്റെ പിതാവ് അബൂഖുഹാഫയും കുടുംബക്കാരും അദ്ദേഹത്തിന് ബോധം തെളിയുന്നതും കാത്തിരുന്നു. വൈകുന്നേരമായപ്പോൾ മെല്ലെ കണ്ണുതുറന്നു. ഉടനെയദ്ദേഹം ചോദിച്ചു; ” നബി ﷺ യുടെ വിവരം എന്താണ് ?”
ഇതെന്തൊരത്ഭുതം! എല്ലാവരും സിദ്ദീഖി (റ)നെ കുറ്റപ്പെടുത്തി. (ഇപ്പോഴും പ്രവാചകനെ അന്വേഷിക്കുകയാണോയെന്ന്). അവർ അബൂബക്കറി (റ)ന്റെ ഉമ്മ ഉമ്മുൽ ഖൈറിനോട് പറഞ്ഞു. “നോക്കൂ നീ, മോന് എന്തെങ്കിലും കുടിക്കാനോ കഴിക്കാനോ കൊടുക്കൂ. ഉമ്മ അടുത്തേക്ക് വന്നു. ഉടനെ മകൻ ചോദിച്ചു ”
“ഉമ്മാ നബി ﷺ ക്ക് എന്തായി ? ”
“മോനേ, എനിക്കൊരു വിവരവുമില്ല ” എന്ന് പറഞ്ഞ് വല്ലതും കുടിക്കാൻ നിർബന്ധിച്ചു. മകൻ പറഞ്ഞു : ” ഉമ്മാ.. ഉമറിന്റെ സഹോദരി ഉമ്മു ജമീലിനോട് ഒന്നന്വേഷിച്ചു വരുമോ?” ഉമ്മ പുറപ്പെട്ടു. ഉമ്മു ജമീലിനോട് പറഞ്ഞു : “അബൂബക്കർ അന്വേഷിക്കുന്നു , മുഹമ്മദ് നബി ﷺ എവിടെയാണുള്ളതെന്ന്?”
അവൾ പറഞ്ഞു; “എനിക്ക് അബൂബക്കറിനെയും അറിയില്ല മുഹമ്മദ് നബി ﷺ യെയും അറിയില്ല. നിങ്ങൾക്കിഷ്ടമാണെങ്കിൽ ഞാൻ നിങ്ങൾക്കൊപ്പം വരാം “. ഒപ്പം നടന്നു. അബൂബക്കറി (റ)ന്റെ അടുത്തെത്തി. കണ്ടമാത്രയിൽ വിളിച്ചു പറഞ്ഞു. “നിങ്ങളെ അക്രമിച്ചവർ സത്യനിഷേധികളും തെമ്മാടികളുമാണ്. ഇനിയും അവരിൽ നിന്ന് പരീക്ഷണങ്ങൾ നേരിടേണ്ടിവരും “.
അബുബക്കർ(റ) ചോദിച്ചു; ” നബി ﷺ എന്തായി ? ”
ഉടനെ ഉമ്മു ജമീൽ ചോദിച്ചു : “നിങ്ങളുടെ ഉമ്മ കേൾക്കൂലേ ?”
(നേരത്തെ അറിയില്ലെന്ന് പറഞ്ഞ് ഒപ്പം വന്നതും ഇപ്പോൾ ഇങ്ങനെ ചോദിച്ചതും ഇസ്‌ലാം സ്വീകരിക്കാത്ത ഉമ്മുൽ ഖൈറിനോട് രഹസ്യം വെളിപ്പെടുത്താതിരിക്കാനായിരുന്നു) അബൂബക്കർ(റ) പറഞ്ഞു; ” അത് കുഴപ്പമില്ല, പറഞ്ഞോളൂ “.
ഉമ്മു ജമീൽ പറഞ്ഞു; “നബി ﷺ ക്ക് ഒന്നും സംഭവിച്ചിട്ടില്ല. സുരക്ഷിതമായി ഇരിപ്പുണ്ട് “.
“എവിടെയാണുള്ളത്?”
“ദാറുൽ അർഖമിലാണുള്ളത് “. ഉടനെ അബൂബക്കർ (റ) പറഞ്ഞു ; ” അല്ലാഹു സത്യം ! ഞാനിനി നബി ﷺ യെക്കണ്ടിട്ടേ വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ഉള്ളൂ “.
അടുത്തുള്ളവർ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ആളുകൾ അടങ്ങിയപ്പോൾ ഉമ്മയുടെ തോളിൽത്താങ്ങി നബി സവിധത്തിലേക്ക് നീങ്ങി. കണ്ടമാത്രയിൽ നബി ﷺ പുറത്തേക്ക് വന്നു; ആലിംഗനം ചെയ്ത് വിതുമ്പലുകളോടെ ചുംബനം നൽകി. അവിടെയുള്ള വിശ്വാസികൾ കണ്ണീർ വാർത്തുകൊണ്ട് ആലിംഗനം ചെയ്തു. ചുംബനങ്ങൾ നൽകി. ഉടനെ സിദ്ദീഖ് (റ) പറഞ്ഞു; “ഉപ്പയെക്കാൾ, ഉമ്മയെക്കാൾ എനിക്ക് പ്രിയപ്പെട്ട നബിയേ, എനിക്കൊന്നും സംഭവിച്ചിട്ടില്ല. അവർ എന്റെ മുഖത്ത് പരിക്കേൽപ്പിച്ചെന്നേയുള്ളൂ. സാരമാക്കാൻ ഒന്നുമില്ല. ഇതെന്റെ ഉമ്മ ഉമ്മുൽ ഖൈർ. മകനോട് വലിയ വാത്സല്യമാണ്. അവിടുന്ന് എന്റെ ഉമ്മയെ ഒന്നു രക്ഷപ്പെടുത്തണം. അവിടുന്ന് അനുഗ്രഹമാണ്. എന്റെ ഉമ്മയെ നരകത്തിൽ നിന്നൊന്ന് കാത്ത് തരണം”.
നബി ﷺ അവർക്കു വേണ്ടി പ്രാർഥിച്ചു. ശേഷം അവരെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. ഉമ്മുൽ ഖൈർ വിശ്വാസിനിയായി. അശ്ഹദു അൻ ലാഇലാഹഇല്ലല്ലാഹ്…….

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-67/365

മുത്ത് നബി ﷺ പ്രബോധനത്തിന്റെ വഴിയിൽ മുന്നേറി. ഇസ്‌ലാമിലേക്ക് ആളുകൾ വർധിച്ചുകൊണ്ടിരുന്നു. ശത്രുക്കൾ ആലോചനകൾ ശക്തിപ്പെടുത്തി. ഒടുവിൽ അവർ ഒരു തീരുമാനത്തിലെത്തി. മുഹമ്മദ് ﷺ യുടെ പിതൃസഹോദരൻ അബൂത്വാലിബിനെ സമീപിക്കാം. ഒരു നിയന്ത്രണം ഏർപ്പെടുത്താൻ ആവശ്യപ്പെടാം. ഖുറൈശി പ്രമുഖർ അബൂത്വാലിബിന്റെ അടുത്തെത്തി. സംഭാഷണം ആരംഭിച്ചു. താങ്കൾ ഞങ്ങളുടെ കൂട്ടത്തിൽ നേതാവും സ്വീകാര്യനുമാണ്. ഞങ്ങൾ അംഗീകരിക്കുന്നു. ഇപ്പോൾ നമ്മൾ നേരിടുന്ന പ്രതിസന്ധി നിങ്ങൾക്കറിയുമല്ലോ? നിങ്ങളുടെ സഹോദരപുത്രൻ ആരംഭിച്ച പ്രബോധന മാർഗം നമ്മെ ഏവരെയും നിസ്സാരപ്പെടുത്തുന്നു, നമ്മുടെ ആരാധ്യവസ്തുക്കളെ നിരാകരിക്കുന്നു, മുൻഗാമികളെ തള്ളിപ്പറയുന്നു. താങ്കളും അതിൽ ദുഃഖിതനാണെന്ന് ഞങ്ങൾക്കറിയാം. കാരണം, താങ്കൾ ആ മതം പ്രഖ്യാപിച്ചിട്ടില്ലല്ലോ! ഒന്നുകിൽ നിങ്ങൾ നിങ്ങളുടെ സഹോദരപുത്രനെ നിയന്ത്രിക്കുക. അതിന് സാധിക്കുന്നില്ലെങ്കിൽ ഞങ്ങളെ ഏൽപ്പിക്കുക. ഞങ്ങൾ കൈകാര്യം ചെയ്തോളാം. തത്ക്കാലം അബൂത്വാലിബ് അവരെ ആശ്വസിപ്പിച്ചു. നല്ല വാക്ക് പറഞ്ഞ് മടക്കിയയച്ചു.

മുത്ത് നബി ﷺ പ്രവർത്തനങ്ങൾ തുടർന്നു. ഖുറൈശികൾ പ്രവാചകനെﷺ കുറിച്ച് ആക്ഷേപങ്ങൾ ഉയർത്തി. പ്രതിഷേധത്തിന്റെ വ്യത്യസ്ഥ മാർഗങ്ങൾ ആലോചിച്ചു. ഒരിക്കൽ കൂടി അവർ അബൂത്വാലിബിനെ സമീപിച്ചു. അവർ പറഞ്ഞു തുടങ്ങി. നിങ്ങൾ പ്രായത്തിലും സ്ഥാനത്തിലും കുടുംബ മഹത്വത്തിലും ഞങ്ങൾക്ക് ആദരണീയനാണ്. എന്നാൽ നിങ്ങളുടെ സഹോദരന്റെ മകനെ നിയന്ത്രിക്കാൻ ആവശ്യപ്പെട്ടിട്ട് നിങ്ങൾ അത് നിർവഹിച്ചിട്ടില്ല. ഇനിയും ഞങ്ങൾക്കിത് ക്ഷമിക്കാനാവില്ല. ഞങ്ങളുടെ ദൈവങ്ങളെ കൊച്ചാക്കിപ്പറയുന്നു. മുൻഗാമികളെ നിരാകരിക്കുന്നു. ഇതൊന്നും നിയന്ത്രിക്കാൻ നിങ്ങൾക്കാവുന്നില്ലെങ്കിൽ ഞങ്ങൾക്ക് വിട്ടു തരിക. ഇനിയിത് തുടരാൻ അനുവദിക്കില്ല. ഇനി രണ്ടാലൊരു കക്ഷി! രണ്ടിലൊന്ന് തീരുമാനിച്ചേ പറ്റൂ.

അബൂത്വാലിബിന് പ്രയാസമായി. നാട്ടുകാരുടേയും പ്രമുഖരുടെയും വിമർശം അദ്ദേഹത്തെ നൊമ്പരപ്പെടുത്തി. ഒപ്പം മുഹമ്മദ് മോൻ വിശ്വാസത്തിൽ തുടരുന്നതും അതിൽ നിന്ന് പിന്മാറുന്നതും ഒരു പോലെ ആശങ്കപെടുത്തുകയും ചെയ്തു. ഏതായാലും നബി ﷺ യെ ആളെയയച്ചു വരുത്തി. മുത്ത് നബി ﷺ യോട് സംസാരിച്ചു. മോനേ, നാട്ടുകാർ എന്നെ സമീപിച്ചു. കാര്യങ്ങളൊക്കെ എന്നോട് പറഞ്ഞു. എനിക്ക് താങ്ങാനാവാത്തതൊന്നും എന്നെക്കൊണ്ട് വഹിപ്പിക്കല്ലേ മോനേ..

സംഭാഷണമാരംഭിച്ചപ്പോൾത്തന്നെ അബൂത്വാലിബിന്റെ നിസ്സഹായത നബി ﷺ ക്ക് ബോധ്യമായി. ഒപ്പം നിൽക്കുമ്പോഴുള്ള സമ്മർദം മനസ്സിലാക്കി. ഉടനെ നബി ﷺ പറഞ്ഞു. അല്ലയോ പ്രിയപ്പെട്ട മൂത്താപ്പാ.. അവർ സൂര്യൻ എന്റെ വലം കൈയിലും ചന്ദ്രൻ ഇടത് കൈയിലും വച്ചു തരാമെന്ന് പറഞ്ഞാൽപ്പോലും എന്റെ ഈ ദൗത്യം എനിക്ക് ഉപേക്ഷിക്കാനാവില്ല. ഒന്നുകിൽ ഈ ആദർശം ജയിക്കും; അല്ലെങ്കിൽ മരണം വരെ ഞാനീ മാർഗത്തിൽ നിലകൊള്ളും. ഇത്രയും പറഞ്ഞ് നബി ﷺ തിരിച്ചു നടന്നു. ഉടനെ അബൂത്വാലിബ് തിരിച്ചു വിളിച്ചു. എന്നിട്ട് പറഞ്ഞു : മോനേ മോൻ “മോന്റെ മാർഗത്തിൽത്തന്നെ തുടർന്നോളൂ.. ഞാൻ മോനെ ആർക്കും വിട്ടുകൊടുക്കില്ല “. എന്നിട്ട് അബൂത്വാലിബ് ഇങ്ങനെ പാടി :

(വല്ലാഹി ലൻ യസ്വിലൂ ഇലൈക…)
“അല്ലാഹു സത്യം! അവർ ഒന്നിച്ചു വന്നാലും
വിട്ടു കൊടുക്കില്ല ഞാൻ ഉയിരുള്ള കാലത്ത്.
മടിയൊന്നും കൂടാതെ മുന്നോട്ടു ഗമിക്കുക.
സന്തോഷപൂർവം കൺകുളിർക്കും വരെ.
എന്നെ ക്ഷണിച്ചു മോൻ ഉദ്ദേശ്യ ശുദ്ധിയിൽ
ശരി തന്നെയാണങ്ങ് ‘അൽ അമീന’ല്ലയോ
ആക്ഷേപ ഹാസ്യം ഭയന്നിരുന്നില്ലെങ്കിൽ
ഉച്ചത്തിൽ ഞാനും പറഞ്ഞേനെ ഈ സത്യം”
അബൂത്വാലിബിന്റെ ഈ നിലപാട് ഖുറൈശികൾക്ക് തൃപ്തിയായില്ല. വേറിട്ടൊരു ആശയം ഉന്നയിച്ചു കൊണ്ട് അവർ വീണ്ടും അദ്ദേഹത്തെ സമീപിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-68/365

പ്രവാചകനെ ﷺ അവമതിക്കാൻ അബൂത്വാലിബ് അനുവദിക്കില്ല എന്നവർക്ക് ബോധ്യമായി. ഉമാറത് ബിൻ വലീദിനെയും കൂട്ടി അവർ അദ്ദേഹത്തെ സമീപിച്ചു. എന്നിട്ട് പറഞ്ഞു; “ഏറെ ആരോഗ്യവാനും സുന്ദരനുമാണ് ഉമാറ: ഇദ്ദേഹത്തെ നിങ്ങൾ മകനായി സ്വീകരിച്ചോളൂ. പകരം മുഹമ്മദി ﷺ നെ നിങ്ങൾ ഞങ്ങൾക്ക് വിട്ടു തരിക. പകരത്തിനു പകരമായി നമുക്ക് തീരുമാനത്തിലെത്താം “. അബൂത്വാലിബ് പ്രതികരിച്ചു : “ഇതെത്ര ഹീനമായ നീതിയാണ് ! നിങ്ങളുടെ മകനെ ഞാൻ പോറ്റി വളർത്തുക. എന്റെ മകനെ നിങ്ങൾക്ക് കൊല്ലാൻ വിട്ടുതരിക.. ഛേ! ഇതൊരിക്കലും സ്വീകാര്യമല്ല. ഏതെങ്കിലും നാൽക്കാലികൾ പോലും അതിന്റേതല്ലാത്ത കുഞ്ഞിനെ സ്വന്തം കുഞ്ഞായിക്കാണുമോ .?”

മുത്വ്ഇമു ബിന് പറഞ്ഞു; “അല്ലയോ , അബൂത്വാലിബ് ! നിങ്ങളോട് ഞങ്ങൾ നീതിയുക്തമായിട്ടല്ലേ പെരുമാറിയത് ? പക്ഷേ, നിങ്ങൾ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കാത്തതെന്താണ് ?”
അബൂത്വാലിബ് ഇടപെട്ടു. “അല്ല, നിങ്ങൾ ഒരു നിലയ്ക്കുമുള്ള നീതിയല്ല സ്വീകരിച്ചത്. മറിച്ച് നിന്ദിക്കാനാണ് നിങ്ങൾ ശ്രമിച്ചത്. പരസ്യമായി എന്നെ എതിർക്കാനാണ് നിങ്ങൾ ജനങ്ങളെയിളക്കിവിട്ടത്. ഇനി നിങ്ങൾക്കിഷ്ടമുള്ളത് ചെയ്യാം “.

പരസ്യമായ ഒരെതിർപ്പിലേക്ക് രംഗം എത്തിച്ചേർന്നു. പോർവിളിയുടെ സ്വരങ്ങളുയർന്നു. ഓരോ ഗോത്രവും അവരിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ചവരെ അക്രമിക്കാൻ തുടങ്ങി. എന്നാൽ അബൂത്വാലിബ് മുത്തുനബി ﷺ ക്ക് സംരക്ഷണമൊരുക്കി. അദ്ദേഹത്തിന്റെ കുടുംബക്കാരായ ബനൂഹാഷിം, ബനുൽ മുത്വലിബ് എന്നിവരെ ഒരുമിച്ചു കൂട്ടി. നമ്മുടെ കുടുംബത്തിൽ നിന്നുള്ള മുഹമ്മദ് ﷺ നെ സംരക്ഷിക്കണമെന്ന സന്ദേശം അവർക്ക് കൈമാറി. അബൂലഹബൊഴികെ ഏവരും അതംഗീകരിച്ചു.
മുത്ത് നബി ﷺ യെ പുകഴ്ത്തിക്കൊണ്ട് അബൂത്വാലിബ് ഇങ്ങനെ പാടി
(ഇദജ്തമഅത് യൗമൻ ഖുറൈശുൻ…)
ഖുറൈശികൾ ഒരു നാൾ ഒരുമിച്ചു കൂടുകിൽ
അബ്ദുമനാഫല്ലോ സത്തയും അർഥവും
അബ്ദു മനാഫിലെ നേതാക്കൾ വന്നാലോ
ഹാഷിമല്ലോ അതിൽ മുമ്പനും വമ്പനും
അവരിലും ശ്രേഷ്ഠത ആർക്കെന്ന് നോക്കുകിൽ
അത്യുന്നതരായവർ മുത്ത് മുഹമ്മദാം ﷺ.

അങ്ങനെയിരിക്കെ, ഒരു ദിവസം നബി ﷺ കഅ്ബയുടെ പരിസരത്തു കൂടി നടന്നു പോവുകയായിരുന്നു. പെട്ടെന്ന് അബൂജഹൽ മുന്നിൽ ചാടി വീണു. നബി ﷺ യെ ശല്യപ്പെടുത്തി. അഹങ്കാരത്തോടെ ഉറഞ്ഞു തുളളി. നബി ﷺ ഒന്നും പ്രതികരിച്ചില്ല. നിശ്ശബ്ദമായി അവിടുന്ന് നടന്നു നീങ്ങി. പരിസരത്തുള്ളവരെല്ലാം നോക്കിക്കൊണ്ടിരുന്നു.
മുത്ത് നബി ﷺ യുടെ പിതൃസഹോദരൻ ഹംസ വേട്ട കഴിഞ്ഞു വരുകയാണ്. മുന്നിൽ നടക്കുന്ന രണ്ട് സ്ത്രീകൾ എന്തോ സംസാരിക്കുന്നു ഹംസ ശ്രദ്ധിച്ചു. ‘അബൂജഹൽ മുഹമ്മദി ﷺ നെതിരെ ചെയ്ത പ്രവർത്തനങ്ങൾ ഇദ്ദേഹം അറിഞ്ഞാൽ എന്താകും ?’ ഹംസ അവരോട് കാര്യങ്ങൾ അന്വേഷിച്ചു. വിവരമറിഞ്ഞപ്പോൾ രക്തം തിളച്ചു. കുടുംബബന്ധത്തിന്റെ കൂറ് ഉണർന്നു. നേരെ കഅ്ബയെ ലക്ഷ്യം വച്ചു നടന്നു. സാധാരണ വേട്ട കഴിഞ്ഞാൽ അങ്ങനെയാണ്. കഅ്ബയെ പ്രദക്ഷിണം ചെയ്തിട്ടേ വീട്ടിലേക്ക് മടങ്ങു.
അതാ പള്ളിയുടെ ഒരു ഭാഗത്തിരിക്കുന്നു അബൂജഹൽ. ഹംസ നേരേ അടുത്തേക്ക് ചെന്നു. വില്ല് കൊണ്ട് അയാളുടെ തല നേരേയാക്കി. ശേഷം പറഞ്ഞു; “ഞാൻ മുഹമ്മദ് ﷺ ന്റെ മതത്തിൽ ചേർന്നിരിക്കുന്നു. നിങ്ങൾ സത്യവാന്മാരാണെങ്കിൽ എന്നെ തടഞ്ഞോളൂ “. ഖുറൈശികൾ ചാടിവീണു. ‘അല്ലയോ അബൂയഅ്ലാ , അബൂയഅ്ലാ.. (എന്താണിക്കേൾക്കുന്നത് ? ഹംസാ എന്നു സാരം)

ഈ സംഭവത്തിന്റെ മറ്റൊരു നിവേദനം ഇങ്ങനെയാണ് : “നബി ﷺ സഫാ കുന്നിനു ചാരെ ഇരിക്കുകയായിരുന്നു. അബൂ ജഹൽ അതുവഴി കടന്നു വന്നു. മുത്ത്നബി ﷺ യെ വല്ലാതെ ആക്ഷേപിച്ചു. പറയാവുന്നതൊക്കെപ്പറഞ്ഞു. നബി ﷺ ഒന്നും മിണ്ടിയില്ല. അബ്ദുല്ലാഹിബിന് ജൂദആന്റെ പരിചാരക അവരുടെ വീട്ടിലിരുന്ന് ഈ രംഗം കാണുന്നുണ്ടായിരുന്നു. അൽപ്പം കഴിഞ്ഞപ്പോൾ ഹംസ വേട്ട കഴിഞ്ഞ് അതുവഴി വന്നു. കഅ്ബയെ ത്വവാഫ് ചെയ്ത ശേഷം ഖുറൈശികളുടെ ക്ലബിലേക്ക് തിരിഞ്ഞ് പതിവ് പോലെ കുശലം പറഞ്ഞു. ഉടനെ പരിചാരക സ്ത്രീ പറഞ്ഞു; “അല്ലയോ അബൂ ഉമാറ: ! അൽപ്പം മുമ്പ് അബൂൽ ഹകം നിങ്ങളുടെ സഹോദര പുത്രനോട് ചെയ്തതെന്താണെന്ന് നിങ്ങൾക്കറിയുമോ?

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-69/365

അവൾ രംഗം വിശദീകരിച്ചു : “ഹംസ(റ)യ്ക്ക് ദേഷ്യം പിടിച്ചു. അദ്ദേഹം അബൂ ജഹലിനെ ലക്ഷ്യം വച്ചു പള്ളിയിലേക്ക് നടന്നു. അതാ ഇരിക്കുന്നു , കൂട്ടുകാർക്കൊപ്പം അയാൾ ! നേരെ അടുത്തു ചെന്നു. കൈയിലുള്ള വില്ലു കൊണ്ട് തലയ്ക്കൊരടി കൊടുത്തു. നീരസത്തോടെ അവനെ നോക്കിക്കൊണ്ട് പറഞ്ഞു. മുഹമ്മദ് ﷺ നെ നീ ചീത്ത പറയുകയോ? ഹാ! ഞാനും ഇപ്പോൾ മുഹമ്മദ് ﷺ ന്റെ മതത്തിലാണ്. ഞാനും സത്യവാചകമാണ് പറയുന്നത്. ധൈര്യമുണ്ടെങ്കിൽ എന്നോട് സംസാരിക്കാൻ വരൂ”. ഉടനെ അബൂജഹലിന്റെ കുടുംബക്കാരായ ബനൂ മഖ്സൂമുകാർ എഴുന്നേറ്റു. ഹംസ (റ)യെ നേരിടാൻ ഒരുങ്ങി. അബൂ ജഹൽ ഇടപെട്ടു : “ഹംസ (റ)യെ വിട്ടേക്കൂ. ഞാൻ അദ്ദേഹത്തിന്റെ സഹോദരന്റെ മകനെ വല്ലാതെ ആക്ഷേപിച്ചിരുന്നു “.

ശേഷം ഹംസ (റ) വീട്ടിലേക്കു മടങ്ങി. പലരും അദ്ദേഹത്തോട് ചോദിച്ചു; ‘അല്ല, നിങ്ങൾ ആ സാബിഈ മതത്തിൽ ചേരുകയാണോ? ഖുറൈശികളുടെ നേതാവായ താങ്കൾ മുൻഗാമികളുടെ മതത്തെ നിരാകരിക്കുകയോ? അതിനേക്കാൾ നല്ലത് മരിക്കുന്നതല്ലേ? ‘ ഹംസ (റ)യുടെ മനസ്സിൽ ആശയ സംഘട്ടനം തുടങ്ങി. പിൽക്കാലത്തദ്ദേഹം പറഞ്ഞു : “അന്നത്തെ രാത്രി പോലെ മാനസിക സംഘർഷം അനുഭവിച്ച ഒരു സന്ദർഭവും എനിക്കുണ്ടായിട്ടില്ല. പിശാചിന്റെ ദുർബോധനം എന്നെ വല്ലാതെ അലട്ടി. ഒടുവിൽ ഞാൻ പ്രാർഥിച്ചു. അല്ലാഹുവേ, ഞാനീ സ്വീകരിച്ച വഴി ശരിയാണെങ്കിൽ എന്റെ ഹൃദയത്തിൽ നീ ഈ ആദർശം ഉറപ്പിക്കേണമേ! അല്ലാത്ത പക്ഷം എനിക്കൊരു പോംവഴി നീ കാണിച്ചു തരേണമേ! പിറ്റേന്ന് രാവിലെ നബി ﷺ യുടെ സന്നിധിയിലെത്തി ഇപ്രകാരം പറഞ്ഞു. ‘ഞാൻ വല്ലാത്ത ആശയക്കുഴപ്പത്തിലകപ്പെട്ടിരിക്കുന്നു. എന്ത് ചെയ്യണമെന്നറിയില്ല. എന്നെ ആശ്വസിപ്പിക്കുന്ന എന്തെങ്കിലും എന്നോട് സംസാരിക്കൂ. ഞാൻ കേൾക്കാൻ ഏറ്റവും ആഗ്രഹിക്കുന്ന സമയമാണിത്’.
നബി ﷺ ഹൃദ്യമായി സംസാരിച്ചു. മതത്തിന്റെ മാധുര്യവും നിഷേധത്തിന്റെ നഷ്ടവും ബോധ്യപ്പെടുത്തി. സുവിശേഷവും താക്കീതും അറിയിച്ചു “. ഹംസ (റ)യുടെ ഹൃദയത്തിൽ ഇസ്‌ലാം ആഴ്ന്നിറങ്ങി. അല്ലാഹു അദ്ദേഹത്തിന് ഈമാൻ(ദൃഢ വിശ്വാസം) കടാക്ഷിച്ചു. ഉടനെ ഇങ്ങനെ പ്രതികരിച്ചു : “അവിടുന്ന് സത്യസന്ധനും സത്യദൂതനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. ഈ മതം നമുക്ക് പ്രചരിപ്പിക്കണം. ഞാൻ പഴയ വിശ്വാസത്തിൽ തുടർന്നാൽ ആകാശത്തിന്റെ മേൽക്കൂര സ്വീകരിക്കാൻ എനിക്കവകാശമില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു “.
ഹംസ(റ)യുടെ വിശ്വാസം സുശക്തമായി. പ്രവാചകനു ﷺ മായുള്ള ഉടമ്പടി ഭദ്രമായി. അതോടെ ശത്രുക്കൾ പല കുതന്ത്രങ്ങളും മാറ്റി വെച്ചു. ശക്തനായ ഒരു പോരാളി പ്രവാചകനൊ ﷺ പ്പമുണ്ട് എന്നവർ തിരിച്ചറിഞ്ഞു.

ഹംസ(റ) ഇസ്‌ലാം സ്വീകരിച്ചതിന്റെ സാഹചര്യം ഉണർത്തിക്കൊണ്ട് അൽഫത്ഹ് അധ്യായത്തിലെ ഇരുപത്തിയാറാം സൂക്തം അവതരിച്ചു. ആശയം ഇപ്രകാരമാണ്. “സത്യനിഷേധികൾ അവരുടെ ഹൃദയങ്ങളിൽ ജാഹിലിയ്യാ കാലത്തെ അഭിമാന ബോധം ഉയർത്തിയപ്പോൾ അല്ലാഹു അവന്റെ ദൂതനും വിശ്വാസികൾക്കും മനസ്സമാധാനം നൽകി. അവരെ ഭയഭക്തിയുടെ വചനത്തിന്മേൽ ഉറപ്പിച്ചു നിർത്തി. അതിന്നവകാശികളായ അവർ അതർഹിക്കുന്നു. അല്ലാഹു എല്ലാം നന്നായി അറിയുന്നവനാകുന്നു.”

ഇസ്‌ലാം സ്വീകരിച്ച ഹംസ (റ) അഭിമാനപൂർവം ഇങ്ങനെ ആലപിച്ചു.
(ഹമിദ് തുല്ലാഹ ഹീന ഹദാ ഫുആദി…)
“ഇസ്‌ലാം എനിക്ക് കനിഞ്ഞ സർവേശ്വരാ,
നിന്നെ സ്തുതിക്കുന്നു. നേർവഴി തന്നതിൽ
പ്രതാപിയാം അല്ലാഹു നൽകിയ മതമവൻ
അടിമകൾക്കെപ്പൊഴും അലിവ് നൽകീടുന്നു.
ഇലാഹിൻ സന്ദേശം വായിക്കും ബുദ്ധിമാൻ
ഹൃദയത്തിലേറ്റിയാൽ ബാഷ്പം പൊഴിക്കുന്നു.
അഹ്മദിൻ ﷺ സന്ദേശം വ്യക്തമാം സൂക്തികൾ
വാക്കും പൊരുളും ഇണങ്ങും സ്വരാക്ഷരം….
അനുസരിക്കപ്പെടും അഹ്മദ് മുസ്ഥഫാ ﷺ
ദുർബല വാക്കുകൾ അതിനെ മറയ്ക്കുകില്ല “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-70/365

ഹംസ (റ)യുടെ ഇസ്‌ലാം ആശ്ലേഷം ഖുറൈശികളെ അലോസരപ്പെടുത്തി. ഖുർആനിന്റെ സന്ദർഭാനുസാരമുള്ള അവതരണം അവർക്ക് തലവേദനയായി. പ്രവാചകരെ ﷺ എങ്ങനെയും നേരിടണം. ആരോപണങ്ങളോ ആക്രമണങ്ങളോ എന്തു വഴിയും സ്വീകരിക്കാം. അവർ തീരുമാനിച്ചു. അങ്ങനെ ഖുറൈശീ പ്രമുഖർ ഒത്തുകൂടി. അവർ ഒരു തീരുമാനത്തിലെത്തി. നമ്മുടെ കൂട്ടത്തിൽ മാരണം, ജോത്സ്യം, കവിത എന്നിവയിൽ പ്രാവീണ്യമുള്ള ഒരാൾ മുഹമ്മദ് ﷺ നെ സമീപിച്ച് സംസാരിക്കണം. എന്താണ് മറുപടി പറയുന്നത് എന്ന് പരിശോധിക്കണം. ഇവയിൽ ഏത് വിദ്യയാണ് മുഹമ്മദി ﷺ ന്റെ പക്കലുള്ളത് എന്ന് തീർച്ചപ്പെടുത്തണം. അതിനാരാണ് സംസാരിക്കാൻ യോഗ്യനായ ആൾ ? എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു. ‘ ഉത്ബത് ബിൻ റബീഅയല്ലാതെ മറ്റാരാണ് ! ‘
അവർ അദ്ദേഹത്തെ വിളിച്ചു. ‘അല്ലയോ , അബുൽ വലീദ് ! നിങ്ങൾ ഈ ദൗത്യം ഏറ്റെടുക്കണം’.

ഉത്ബ നബി ﷺ യെക്കണ്ടുമുട്ടി. അയാൾ സംസാരിക്കാൻ തുടങ്ങി : “അല്ലയോ, സഹോദര പുത്രാ ! നിങ്ങൾ ഉന്നത കുടുംബക്കാരനും സ്ഥാനമഹത്വങ്ങൾ ഉള്ളവരുമാണ്. എന്നാൽ ഈ പ്രവാചകത്വ പ്രഖ്യാപനം വഴി എത്ര വലിയ ബാധ്യതയാണ് ഈ ജനതയിൽ വരുത്തിവച്ചത് ? മുൻഗാമികളെ നിരാകരിച്ചു. അവർ ബുദ്ധിയില്ലാത്തവരായി. അവരുടെ ദൈവങ്ങളെ നിഷേധിച്ചു. ഞാനൊന്നു ചോദിക്കട്ടെ, അബ്ദുല്ലയെക്കാൾ ഔന്നത്യം നിങ്ങൾക്കാണോ? അബ്ദുൽ മുത്വലിബിനെക്കാൾ മഹാനാണോ നിങ്ങൾ? അവരാണ് ഉന്നതരെങ്കിൽ അവരാരും ഇപ്രകാരമൊന്നും ചെയ്തില്ലല്ലോ? അതല്ല, അവരെക്കാൾ മേന്മ നിങ്ങൾക്കാണെങ്കിൽ പറയൂ , നിങ്ങൾ പറയുന്നതൊന്ന് കേൾക്കട്ടെ. ഒരു ജനതയ്ക്കും ഇത്രമേൽ അപകീർത്തി നൽകിയ ഒരു കുഞ്ഞാടുണ്ടായിട്ടില്ല. ദൈവങ്ങളെ ആക്ഷേപിച്ചു. ഒത്തൊരുമ ഇല്ലാതാക്കി. അറബികൾക്കിടയിൽ മാനം കെടുത്തി. അവസാനമിപ്പോൾ എല്ലാവരും പറയാൻ തുടങ്ങി; ഖുറൈശികളിൽ ഒരു ജോത്സ്യൻ വന്നു, മാരണക്കാരൻ പ്രത്യക്ഷപ്പെട്ടു എന്നൊക്കെ. ഇതിങ്ങനെ പോയാൽ കാര്യം കൈയാങ്കളിയിലെത്തും. വാളെടുത്ത് ചേരിതിരിഞ്ഞ് പോരടിക്കും. അത് കൊണ്ട് ഞാൻ ചില കാര്യങ്ങൾ പറയാം. അതിൽ നിങ്ങൾക്കു എന്താണാവശ്യം എന്ന് പറഞ്ഞാൽ മതി “.
നബി ﷺ പറഞ്ഞു : “ശരി, നിങ്ങൾ പറയാനുള്ളത് പറയൂ ; ഞാൻ കേൾക്കട്ടെ “.

ഉത്ബ: തുടർന്നു. “അല്ലയോ സഹോദരപുത്രാ ! നിങ്ങൾ ഈ അവതരിപ്പിച്ച മാർഗത്തിൻ്റെ താത്പ്പര്യം സാമ്പത്തികമാണോ? എന്നാൽ ഞങ്ങൾ പരമാവധി സമാഹരിച്ച് ഇവിടുത്തെ ഏറ്റവും വലിയ സമ്പന്നനാക്കി നിങ്ങളെ വാഴ്ത്താം. അതല്ല, നേതൃത്വമാണ് താത്പ്പര്യമെങ്കിൽ ഞങ്ങളെല്ലാം മുറിയാതെ നിങ്ങളെ പിന്തുടർന്നോളാം. നേതാവായി അംഗീകരിക്കാം. അതുമല്ല, രാജപദവി നേടിയെടുക്കാനാണോ ലക്ഷ്യം, എന്നാൽ ഞങ്ങൾ രാജാവായി അംഗീകരിച്ചോളാം. അതൊന്നുമല്ല, വല്ല വിചാരത്തിലും അകപ്പെട്ടു പോയതാണെങ്കിൽ എന്ത് വില നൽകിയും നമുക്ക് ചികിത്സിക്കാം. ഏത് ചികിത്സകനെ വേണമെങ്കിലും എത്തിക്കാം “.

നബി ﷺ എല്ലാം ശ്രദ്ധാപൂർവം കേട്ടിരുന്നു. ശേഷം ചോദിച്ചു, “ഓ, അബുൽ വലീദ് ! നിങ്ങൾക്ക് പറയാനുള്ളതൊക്കെക്കഴിഞ്ഞോ? എന്നാൽ എനിക്ക് പറയാനുള്ളത് പറയാം. അങ്ങ് കേൾക്കുമോ?”
“അതെ” . ഉത്ബ: സമ്മതിച്ചു.
നബി ﷺ ആരംഭിച്ചു. ബിസ്മില്ലാഹി… വിശുദ്ധ ഖുർആനിലെ നാൽപ്പത്തിയൊന്നാമത്തെ അധ്യായത്തിന്റെ ആദ്യഭാഗം ഓതിക്കേൾപ്പിച്ചു. (ഹാമീം….) സൂക്തങ്ങളുടെ ആശയം ഇപ്രകാരം വായിക്കാം.. “ഹാമിം.. ഉൾക്കൊള്ളുന്നവർക്കായി അറബി ഭാഷയിൽ പാരായണം ചെയ്യപ്പെടുന്ന, വചനങ്ങൾ വിശദീകരിക്കപ്പെട്ട ഒരു വേദഗ്രന്ഥം. സുവിശേഷവും താക്കീതും നൽകുന്ന ഈ ഗ്രന്ഥം പക്ഷേ, അധികം പേരും കേട്ട് മനസ്സിലാക്കാതെ തിരിഞ്ഞുകളയുന്നു.”
ഇങ്ങനെ തുടർന്ന് പതിമൂന്നാമത്തെ സൂക്തമെത്തി. ആശയം ഇങ്ങനെയാണ്. “അവർ തിരിഞ്ഞു കളയുന്ന പക്ഷം പ്രവാചകരേ, അവരോട് പറഞ്ഞേക്കുക, ആദ്, സമൂദ് ജനതകൾക്കുണ്ടായ ഭയങ്കരമായ ശിക്ഷയുണ്ട്. അത് പോലെ ഭയാനകമായത് നിങ്ങൾക്കും സംഭവിച്ചേക്കാം. താക്കീത് നൽകുന്നു.”

ഇത് വരെ ശ്രദ്ധാപൂർവം കേട്ടിരുന്ന അയാൾ ഈ സൂക്ത മെത്തിയപ്പോൾ നബി ﷺ യുടെ വായപൊത്താൻ ശ്രമിച്ചു. എന്നിട്ടയാൾ അപേക്ഷിച്ചു ; “ഇതിനപ്പുറം വേണ്ട!”
സാഷ്ടാംഗം ചെയ്യേണ്ട ഭാഗം വരെ നബി ﷺ പാരായണം ചെയ്തു. ശേഷം സുജൂദ് ചെയ്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-71/365

ഖുർആൻ ഓതിക്കേൾപ്പിച്ചശേഷം നബി ﷺ ഉത്ബ:യോട് പറഞ്ഞു; “എനിക്ക് നിങ്ങളെ കേൾപ്പിക്കാനുള്ളത് ഞാൻ കേൾപ്പിച്ചു. ഇനി നിങ്ങൾക്കിഷ്ടമുള്ളത് ചെയ്യാം “.
“മറ്റെന്തെങ്കിലും നിങ്ങൾക്കവതരിപ്പിക്കാനുണ്ടോ ?” ഉത്ബ: ചോദിച്ചു.
നബി ﷺ പറഞ്ഞു; “ഇല്ല, ഇതേയുള്ളൂ”.

ഉത്ബ: അവിടെ നിന്നെഴുന്നേറ്റു. തന്നെ നിയോഗിച്ച ഖുറൈശികളുടെ അടുത്തേക്ക് പോയില്ല. തത്സമയം അബൂജഹൽ കൂട്ടുകാരോട് പറഞ്ഞു; “ഉത്ബ: മുഹമ്മദ് ﷺ ന്റെ വലയിൽ വീണെന്ന് തോന്നുന്നു. നല്ല ഭക്ഷണം നൽകി സത്‌ക്കരിച്ചിട്ടുണ്ടാവും, അതിൽ മയങ്ങിപ്പോയിട്ടുണ്ടാകും. നമുക്കൊന്ന് പോയി നോക്കാം. അങ്ങനെയെന്തെങ്കിലുമില്ലെങ്കിൽ അയാൾ മടങ്ങി വരുമായിരുന്നു “.
എല്ലാവരും എഴുന്നേറ്റു. ഉത്ബ:യെ ലക്ഷ്യം വച്ചു നടന്നു. അയാളെ സമീപിച്ച ശേഷം അബൂ ജഹൽ പറഞ്ഞു തുടങ്ങി. “നീ ആ പ്രവാചകന്റെ ﷺ വലയിൽ വീണെന്ന് തോന്നുന്നു. അവിടുത്തെ വല്ല സത്ക്കാരവും നിന്നെ അദ്ഭുതപ്പെടുത്തിയോ? നിന്റെ ആവശ്യം എന്താണെന്ന് ഞങ്ങളോട് പറയൂ.. ഞങ്ങൾ പിരിവെടുത്തെങ്കിലും നിങ്ങൾക്ക് വിഭവങ്ങൾ തയ്യാറാക്കിത്തരാം”.

കോപാകുലനായ ഉത്ബ: ശപഥം ചെയ്തു. “ഞാനൊരിക്കലും മുഹമ്മദ് ﷺ നോട് സംസാരിക്കില്ല. നിങ്ങളിൽ ഏറ്റവും സമ്പന്നൻ ഞാനാണെന്ന് നിങ്ങൾക്കറിയാമല്ലോ ? പക്ഷേ, ഞാൻ മുഹമ്മദി ﷺ നെ സന്ദർശിച്ചു “. ശേഷം, നടന്ന കാര്യങ്ങൾ അദ്ദേഹം വിശദീകരിച്ചു.
അപ്പോൾ അവർ ചോദിച്ചു; “നിങ്ങൾ എന്താണ് പ്രതികരിച്ചത് ?”
ഉത്ബ: പറഞ്ഞു, “അവിടുന്ന് പാരായണം ചെയ്ത വാക്കുകൾ വ്യക്തമായിരുന്നു. പക്ഷേ, ആശയം എനിക്ക് പൂർണമായും മനസ്സിലായിട്ടില്ല. എന്നാൽ ആദ് സമൂദ് ഗോത്രങ്ങൾക്ക് ലഭിച്ച പോലെ കടുത്ത ശിക്ഷ അവതരിച്ചേക്കും എന്ന് പറഞ്ഞപ്പോൾ ഞാൻ മുഹമ്മദ് ﷺ ന്റെ വായ പൊത്തി. കാരണം നമുക്കറിയാമല്ലോ. ഇന്നേവരെ ആ വ്യക്തി പറഞ്ഞിട്ടുള്ളതെല്ലാം സംഭവിച്ചിട്ടുണ്ടെന്ന്, വാക്കുകൾ പറഞ്ഞാൽ സത്യസന്ധമാണെന്ന് “.

“അവർക്ക് ദേഷ്യം പിടിച്ചു. അവർ ചോദിച്ചു, ഇതെന്ത് നാശം! അറബിയിൽ പറഞ്ഞ കാര്യം അറബിയായ നിങ്ങൾക്ക് മനസ്സിലായില്ലെന്നോ?”
ഉത്ബ: തുടർന്നു. “ആ വാക്കുകൾ ഞാൻ ശ്രദ്ധിച്ചു. അത് കവിതയോ മാരണമോ ജോത്സ്യമോ അല്ല. അല്ലയോ ! ഖുറൈശികളേ, അവരെ അവരുടെ വഴിക്ക് വിടുക. ആ പ്രവാചകന്റെ ﷺ വാക്കുകളിൽ വൃത്താന്തങ്ങളുണ്ട്. അത് സംഭവിച്ചാൽ അറബികൾ ഉന്നതരാകും. ജയിക്കുന്ന പക്ഷം അറബികളുടെ വിജയവും അധികാരവും നിങ്ങളുടേത് കൂടിയായിരിക്കും.
ഇക്കാര്യത്തിൽ നിങ്ങൾ എന്നെ ഉൾക്കൊളളൂ. മറ്റ് കാര്യങ്ങളൊക്കെ പോകട്ടെ. പടച്ചവൻ സത്യം! അതുപോലെ ഒരു വചനം ഞാൻ കേട്ടിട്ടേയില്ല. എനിക്ക് തിരിച്ചു പറയാൻ ഒന്നുമുണ്ടായിരുന്നില്ല “.
ഇതു കേട്ടപ്പോൾ ഖുറൈശികൾ വിളിച്ചു പറഞ്ഞു ; ” ഓ അബുൽ വലീദ്.. നിങ്ങൾക്കും ആ വ്യക്തിയുടെ മാരണം ബാധിച്ചിരിക്കുന്നു “.
ഇത്രയുമായിട്ടും അവർ പഠനത്തിന്റെയും അന്വേഷണത്തിന്റേയും വഴി തേടിയില്ല. അവർ പകയുടെയും അസൂയയുടെയും വഴിയിൽച്ചിന്തിച്ചു. എങ്ങനെ ഇല്ലാതാക്കാമെന്ന് അവർ ചർച്ച ചെയ്തു.

ഒരു സന്ധ്യാ വേളയിൽ ഖുറൈശി പ്രമുഖർ വീണ്ടും കഅ്ബയുടെ ചാരത്ത് ഒത്തു കൂടി. മുഹമ്മദ് നബി ﷺ യെക്കുറിച്ച് ചർച്ച ചെയ്തു. അവർ പുതിയ ഒരു തീരുമാനമെടുത്തു. ‘മുഹമ്മദി ﷺ നെ ആളെയയച്ചു വരുത്തുക. നമുക്ക് സംസാരിച്ച് തർക്കിക്കാം. ചോദ്യങ്ങൾ ഉന്നയിക്കാം’. അങ്ങനെ ആളെയയച്ചു. ഉടൻ തന്നെ നബി ﷺ എത്തിച്ചേർന്നു. സംസാരിക്കാനുള്ള ഒരവസരം പ്രബോധനത്തിന് പ്രയോജനപ്പെടും എന്ന ചിന്തയിലാണ് വേഗം തന്നെ വന്നെത്തിയത്. കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും ധാരണകൾ ശരിപ്പെടുത്തുകയും ചെയ്യാമെന്നും പ്രതീക്ഷിച്ചു.
നബി ﷺ എത്തിയതോടെ അവർ സംഭാഷണം തുടങ്ങി. അല്ലയോ , മുഹമ്മദേ ﷺ ! നിങ്ങളോട് സംസാരിക്കാൻ ഞങ്ങൾ ആളെയയച്ചു. നിങ്ങൾ ഈ ജനതയ്ക്ക് ഏൽപ്പിച്ച ഭാരം വേറെയാരും അവരുടെ ജനങ്ങൾക്ക് ഏൽപ്പിച്ചിട്ടില്ല. ഇവിടുത്തെ ദൈവങ്ങളെ ആക്ഷേപിച്ചു. മുൻഗാമികളെ നിരാകരിച്ചു. അവരുടെ വിശ്വാസം ബുദ്ധിശൂന്യമാക്കി. ആളുകൾ പല തട്ടിലായി. ഇത്രയും പറഞ്ഞ ശേഷം, ഉത്ബ: പറഞ്ഞ ഓഫറുകൾ ആവർത്തിച്ചു മുന്നോട്ട് വച്ചു. മുത്ത് നബി ﷺ എല്ലാം സാകൂതം കേട്ടിരുന്നു. ശേഷം…

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-72/365

ശേഷം, നബിﷺ പറഞ്ഞു തുടങ്ങി : “നിങ്ങൾ എന്താണ് പറയുന്നത് ? ഞാനീ ആദർശവുമായി വന്നത് നിങ്ങളുടെ സ്വത്തിനോ സ്ഥാനത്തിനോ അധികാരത്തിനോ വേണ്ടിയല്ല. എന്നെ അല്ലാഹു അവന്റെ ദൂതനായി നിയോഗിച്ചു. എനിക്ക് ഒരു ഗ്രന്ഥം അവതരിപ്പിച്ചു തന്നു. നിങ്ങൾക്ക് സുവിശേഷവും താക്കീതും നൽകാൻ എന്നെയയച്ചു. എന്നെ ഏൽപ്പിച്ച സന്ദേശം നിങ്ങൾക്ക് ഞാൻ എത്തിച്ചു തന്നു. നിങ്ങളെ ഞാൻ ഉപദേശിച്ചു. അത് നിങ്ങൾ സ്വീകരിച്ചാൽ ഇരുലോകത്തും നിങ്ങൾക്ക് സൗഭാഗ്യം ലഭിക്കും. നിങ്ങൾ എന്നെ അവഗണിച്ചാൽ ഞാൻ തീരുമാനം അല്ലാഹുവിനെ ഏൽപ്പിക്കുന്നു. സഹിഷ്ണുതയോടെ ഞാൻ കാര്യങ്ങളെ നേരിടും “.
അപ്പോൾ അവരുടെ ഭാവം മാറി. മറ്റൊരു രീതിയിലായി അവരുടെ പ്രതികരണം. അവർ ഇങ്ങനെ പറഞ്ഞു : “നിങ്ങൾക്കറിയാമല്ലോ, നമ്മൾ വളരെ ഞെരുക്കത്തിൽ ക്കഴിയുന്നവരാണെന്ന് ? സാമ്പത്തികമായും പ്രാദേശികമായും ഏങ്ങനെ നോക്കിയാലും നാം ഇടുക്കമുള്ളവരാണ്. അത് കൊണ്ട് പടച്ചവനോട് നിങ്ങൾ ഒന്ന് പറയൂ , ‘ഇറാഖ്’കാർക്കും ‘ശാം’കാർക്കും നൽകിയ പോലെ നമുക്കും പുഴകളെ തരാൻ. മരണപ്പെട്ടുപോയ മുൻഗാമികളെ ഒന്നു ജീവിപ്പിച്ചു കൊണ്ടുവരൂ. കിലാബിന്റെ മകൻ ഖുസയ്യിനെ ഒന്നു പുനർജനിപ്പിക്കൂ. ഞങ്ങൾ ഒന്നു ചോദിക്കട്ടെ ഈ പറയുന്നതൊക്കെ ശരിയാണോയെന്ന്. അദ്ദേഹം നീതിമാനായ വയോധികനായിരുന്നു.
ഞങ്ങൾ ഈ പറഞ്ഞതൊക്കെ ഇങ്ങോട്ട് ചെയ്തു തരുക. എന്നാൽ ഞങ്ങൾ അംഗീകരിക്കാം നിങ്ങൾ പ്രവാചകനാണ്, അല്ലാഹു നിയോഗിച്ച ദൂതനാണ് എന്നൊക്കെ “.

നബി ﷺ പ്രതികരിച്ചു : “ഞാൻ നിയോഗിക്കപ്പെട്ടത് നിങ്ങൾ പറയുന്ന പ്രകാരമൊക്കെ ചെയ്യാനല്ല. എന്നെ എന്തിന് നിയോഗിച്ചോ അത് ഞാൻ നിർവഹിച്ചു. സന്ദേശം നിങ്ങൾക്ക് ഞാൻ എത്തിച്ചു തന്നു. അതംഗീകരിച്ചാൽ ഇരുലോകത്തും നിങ്ങൾ ഭാഗ്യം ലഭിച്ചവർ. അല്ലാത്തപക്ഷം നിങ്ങൾക്കെന്തും തീരുമാനിക്കാം. ഞാൻ സഹിഷ്ണുതയോടെ അവകൾ നേരിടും. നമുക്കിടയിൽ എന്താണോ സംഭവിക്കുക അത് അല്ലാഹു വിധിക്കും “.
വീണ്ടും അവർ പറഞ്ഞു : “ഇതൊന്നും ചെയ്യാൻ കഴിയില്ലെങ്കിൽ നിങ്ങൾ സത്യവാനാണെന്ന് പറയാൻ ഒരു മലക്കിനെ അയയ്ക്കാൻ പറയൂ. അല്ലാഹുവിനോട് പറയൂ , നിങ്ങൾക്കൊരു മാളികയും ഉദ്യാനവും സ്വർണത്തിന്റെയും വെള്ളിയുടെയും നിധിയും ശേഖരവുമൊക്കെ ത്തരാൻ. ഇപ്പോൾ നിങ്ങൾ മാർക്കറ്റിലൂടെ സഞ്ചരിക്കുന്നു, ഞങ്ങളെപ്പോലെ ഉപജീവനം കണ്ടെത്തുന്നു. ഇതൊക്കെ ഒഴിവാക്കൂ. പകരം, എല്ലാം പടച്ചവൻ നേരിട്ട് തരാൻ പറയൂ. നിങ്ങളുടെ മഹത്വവും ശ്രേഷ്ഠതയും ഞങ്ങൾ ഒന്നു കാണട്ടെ”.
നബി ﷺ പറഞ്ഞു: “നിങ്ങൾ ഇപ്പറയുന്നത് പോലെയൊന്നും ചെയ്യാൻ ഉദ്ദേശിക്കുന്നില്ല, അതിന് വന്നയാളും അല്ല. എന്റെ ദൗത്യം ഞാൻ നിങ്ങളോട് പറഞ്ഞു കഴിഞ്ഞു. നിങ്ങൾ അതേറ്റെടുത്താൽ ഇരുലോകത്തും നിങ്ങൾ ഭാഗ്യവാന്മാർ. അല്ലെങ്കിൽ എന്താണോ നമുക്കിടയിൽ അല്ലാഹു വിധിക്കുന്നത് അത് ക്ഷമയോടെ നാം ഏറ്റെടുക്കും “.

അവർ അടുത്ത പരാമർശത്തിലേക്ക് വന്നു. “നിങ്ങൾ പറയുന്ന അല്ലാഹു ഉദ്ദേശിച്ചാൽ എന്തിനും കഴിയുമെന്ന് പറഞ്ഞല്ലൊ? എന്നാൽ ഞങ്ങളുടെ മേൽ ആകാശത്തിന്റെ ഒരു ഭാഗം വീഴ്ത്തിത്തരാൻ പറയൂ. എന്നാൽ ഞങ്ങൾ അംഗീകരിക്കാം. അല്ലാത്തപക്ഷം ഞങ്ങൾ സ്വീകരിക്കില്ല “.
മുത്ത് നബി ﷺ പറഞ്ഞു ; “അതൊക്കെ അല്ലാഹുവിന്റെ നിശ്ചയം. അവൻ എന്താണോ നിങ്ങളെ ചെയ്യാൻ നിശ്ചയിച്ചത് അതവൻ ചെയ്തുകൊള്ളും”.
അവർ തുടർന്നു. “അല്ലയോ , മുഹമ്മദ് ! ﷺ നാം ഇവിടെ ഒത്തു കൂടിയതും ചോദിച്ചതും പറഞ്ഞതും ഒന്നും നിങ്ങളുടെ അല്ലാഹു അറിയുന്നില്ലേ ?
ഞങ്ങൾ മനസ്സിലാക്കുന്നത് നിങ്ങൾക്കിതൊക്കെ ഓതിത്തരുന്നത് യമായക്കാരനായ ഏതോ ‘റഹ്മാൻ’ ആണെന്നാണ്. ഞങ്ങൾ ഒരിക്കലും അതംഗീകരിക്കുന്ന പ്രശ്നമേയില്ല. ക്ഷമിക്കണം, മുഹമ്മദ് ﷺ ഞങ്ങൾക്കത് പറ്റുകയില്ല. അത് കൊണ്ട് പടച്ചവൻ സത്യം ! ഞങ്ങൾ ഇതനുവദിക്കൂല്ല. ഒന്നുകിൽ നിങ്ങൾ നശിക്കും; അല്ലെങ്കിൽ ഞങ്ങൾ “.
അപ്പോൾ ചിലർ ഇടപെട്ടു ഇപ്രകാരം പറഞ്ഞു. “അല്ലാഹുവിന്റെ പെൺമക്കളായ മലക്കുകളെ ആരാധികുന്നവരാണ് ഞങ്ങൾ അത് കൊണ്ട് അല്ലാഹുവിനെയും മലക്കുകളെയും ഒന്നാകെക്കൊണ്ടുവന്നാലേ ഞങ്ങൾ അംഗീകരിക്കൂ “.
നബി ﷺ അവിടെ നിന്നെഴുന്നേറ്റു. അബൂ ഉമയ്യയുടെ മകൻ അബ്ദുല്ലയും ഒപ്പം എഴുന്നേറ്റു നടന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-73/365

 

നബി ﷺ യുടെ അമ്മായിയുടെ മകൻ കൂടിയാണദ്ദേഹം. അദ്ദേഹം ചോദിച്ചു, “അല്ലയോ, മുഹമ്മദേ ! ﷺ നമ്മുടെ ജനത പല വാഗ്ദാനങ്ങളും മുന്നിൽ വച്ചു. ഒന്നും അവിടുന്ന് അംഗീകരിച്ചില്ല. പിന്നീട്, അവർക്ക് വേണ്ടി ചിലത് ആവശ്യപ്പെട്ടു. അതും നിറവേറ്റിയില്ല. ശേഷം, നിങ്ങൾ ചില ആസ്തികൾ കാണിച്ച് നിങ്ങളുടെ സ്ഥാനം പ്രകടിപ്പിക്കാൻ പറഞ്ഞു. അതും അംഗീകരിച്ചു കണ്ടില്ല. ചില ശിക്ഷകൾ അവതരിപ്പിക്കാൻ പറഞ്ഞു. അതും ചെയ്തില്ല. എന്നാൽ ഇനി ഞാനൊന്നു പറയട്ടെ, ആകാശത്തേക്ക് ഒരു കോണി സ്ഥാപിക്കുക. അതു വഴി ഉയരത്തിലേക്ക് കയറുക. എന്നിട്ട് നാല് മലക്കുകളുടെ അകമ്പടിയോടെ ഒരു ഗ്രന്ഥവുമായി വരുക. ഇതെല്ലാം ഞാൻ കാണുന്ന രീതിയിൽ ചെയ്താൽ ഞാൻ വിശ്വസിച്ചോളാം. അല്ലെങ്കിൽ, ഞാനംഗീകരിക്കൂല്ല”. എന്നിട്ടദ്ദേഹം നബി ﷺ യിൽ നിന്ന് തിരിഞ്ഞു പോയി.

മുത്ത് നബി ﷺ യുടെ ഹൃദയം ആലോചനയിലാണ്ടു. അവരെ എങ്ങനെ നേർവഴിയിലാക്കാം എന്നാലോചിച്ച് വീട്ടിലേക്ക് നടന്നു.
അബൂജഹൽ വീണ്ടും രംഗത്ത് വന്നു. ഖുറൈശികളോട് പറഞ്ഞു; “മുഹമ്മദ് ﷺ നമ്മുടെ മുൻഗാമികളുടെ മതത്തെ നിരാകരിച്ച് മുന്നോട്ട് പോവുകയാണ്. വേറെ ഒരു ഉപാധിയും അംഗീകരിക്കുന്നില്ല. പടച്ചവൻ സത്യം ! ഞാനൊരു കാര്യം തീരുമാനിച്ചിരിക്കുകയാണ്. എനിക്ക് ചുമക്കാൻ കഴിയുന്നതിൽ ഏറ്റവും ഭാരമേറിയ ഒരു കല്ല് ഞാൻ കരുതി വയ്ക്കും. നാളെ മുഹമ്മദ് ﷺ കഅ്ബയുടെ അടുത്ത് നിസ്ക്കരിക്കാൻ വരും. ആ പ്രാർഥനയിൽ സുജൂദിൽ (സാഷ്ടാംഗം ) കിടക്കുമ്പോൾ ആ കല്ല് ചുമന്ന് ഞാൻ മുഹമ്മദി ﷺ ന്റെ തലയിൽ ഇട്ടുകൊടുക്കും. പിന്നെ അബ്ദുമനാഫിന്റെ മക്കൾ എന്നെ എന്ത് ചെയ്താലും കുഴപ്പമില്ല “. കേട്ടവർ പറഞ്ഞു; “നിങ്ങൾ ഉദ്ദേശിച്ച പ്രകാരം ചെയ്തോളൂ കുഴപ്പമില്ല “.

പിറ്റേന്ന് പ്രഭാതമായി. പറഞ്ഞത് പ്രകാരമുള്ള ഒരു കല്ല് അബൂജഹൽ കരുതി വച്ചു. രാവിലെ പതിവുപോലെ നബി ﷺ കഅ്ബയുടെ സന്നിധിയിലെത്തി. ശാമിൻ്റെ ഭാഗത്തേക്ക് തിരിഞ്ഞു. റുക്നുൽ യമാനിയുടെയും ഹജറുൽ അസ്‌വദിൻ്റെയും ഇടയിൽ കഅ്ബയ്ക്കഭിമുഖമായി നിന്നു. അഥവാ, കഅ്ബയുടെ വടക്കുഭാഗത്തേക്ക് തിരിഞ്ഞു തെക്കുഭാഗത്ത് നിന്നു നിസ്ക്കാരമാരംഭിച്ചു. ഖുറൈശീ പ്രമുഖരെല്ലാം രാവിലെത്തന്നെ അവരുടെ ക്ലബ്ബിൽ ഒത്തുകൂടിയിട്ടുണ്ട്. എല്ലാവരും ശ്രദ്ധിച്ചു. ‘എന്താണ് സംഭവിക്കാൻ പോകുന്നത് ? ‘
നബി ﷺ സുജൂദിലേക്ക് പോയി. അബൂ ജഹൽ പാറയും ചുമന്ന് അടുത്തേക്ക് നീങ്ങി. അടുത്തെത്തിയതും പേടിച്ചരണ്ട് അയാൾ പിന്നോട്ടോടി. പാറ അയാളുടെ കൈയിൽ പറ്റിപ്പിടിച്ചപോലെ. അയാളുടെ മുഖം വിവർണമായി. ആകെ ഇളിഭ്യനായി പാറ വലിച്ചെറിഞ്ഞു.

രംഗം നോക്കിയിരുന്ന ഖുറൈശി പ്രമുഖരിൽ ചിലർ ഓടിച്ചെന്നു ചോദിച്ചു. “യാ.. അബുൽഹകം ! അല്ലയോ , അബുൽ ഹകം ! എന്ത് സംഭവിച്ചു?
അയാൾ പറഞ്ഞു: “ഞാനിന്നലെ പറഞ്ഞതുപ്രകാരം ചെയ്യാൻ അടുത്തതാണ്. അപ്പോഴതാ ഒരു കൂറ്റൻ ഒട്ടകം മുഹമ്മദി ﷺ ന്റെ അടുത്ത് വാ പിളർന്നു നിൽക്കുന്നു. ഇത്രയും ഭീമാകാരമായ ഒരൊട്ടകത്തെ ഞാൻ കണ്ടിട്ടേയില്ല. എന്നെ വിഴുങ്ങാനുള്ള ഒരുക്കമായിരുന്നു അത് “.
[ പിന്നീട് നബി ﷺ പറഞ്ഞു: “ജിബ്’രീൽ (അ) ആയിരുന്നു അത്. അബൂജഹൽ എന്റെ തൊട്ടടുത്തെത്തിയിരുന്നെങ്കിൽ തീർച്ചയായും ജിബ്‌രീൽ (അ) അയാളെ പിടിക്കുമായിരുന്നു ].

അധികം വൈകിയില്ല. ഖുറൈശികൾ ഉന്നയിച്ച ഓരോ പ്രശ്നങ്ങളേയും ഖുർആൻ അഭിമുഖീകരിച്ചു.
‘മരണപ്പെട്ടവർ തിരിച്ചു വന്നു പറയട്ടെ എന്നായിരുന്നു ഒരിക്കൽ അവർ പറഞ്ഞത് ‘. ഖുർആൻ അത് സംബന്ധമായി പ്രതികരിച്ചതിങ്ങനെയാണ് ; “പർവതങ്ങളെ ചലിപ്പിക്കുക, ഭൂമിയെ പിളർത്തുക, മരിച്ചവരെ ശ്മശാനങ്ങളിൽ നിന്ന് എഴുന്നേൽപ്പിച്ചു സംസാരിപ്പിക്കുക ഇങ്ങനെയൊക്കെയുള്ള ഒരു ഖുർആൻ അവതരിപ്പിച്ചിരുന്നെങ്കിൽ എന്താണുണ്ടാവുക? (ഇതൊന്നുമൊരു പ്രയാസമുളള സംഗതിയൊന്നുമല്ല) എന്നാൽ, സർവാധികാരവും അല്ലാഹുവിനാകുന്നു.(സത്യനിഷേധികൾക്ക് മറുപടിയായി എന്തെങ്കിലും അദ്‌ഭുതം സംഭവിക്കുമെന്ന് കരുതിയ)വിശ്വാസികൾ അല്ലാഹു ഉദേശിച്ചാൽ എല്ലാവരും വിശ്വാസികളാകുമായിരുന്നല്ലോ എന്ന് ചിന്തിച്ച് ആ വിചാരത്തിൽ നിന്ന് പിൻമാറിയിട്ടില്ലേ? അല്ലാഹുവിനോട് ധിക്കാരം കാണിക്കുന്നവർക്ക് അവരുടെ കർമഫലമായി പലവിപത്തുകളും വന്നു കൊണ്ടിരിക്കും. അല്ലെങ്കിൽ, അവരുടെ ഭവനത്തിന് സമീപത്ത് വിപത്തിറങ്ങും. അല്ലാഹുവിന്റെ വാഗ്ദാനം പുലരുന്നത് വരെ ഇത് തുടർന്നു കൊണ്ടേയിരിക്കും. അവൻ ഒരിക്കലും വാഗ്ദാനം ലംഘിക്കുന്നവനല്ല.” ‘അൽ റഅ്ദ്‌ ‘ എന്ന അധ്യായത്തിലെ മുപ്പത്തിയൊന്നാം സൂക്തത്തിന്റെ ആശയമാണിത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-74/365

പിന്നീടവർ നബി ﷺ യുടെ ജീവിതത്തെ വിമർശിച്ചുകൊണ്ടാണ് പരിഹസിച്ചത്. അതിലും ഖുർആൻ ഇടപെട്ടു. ‘അൽഫുർഖാൻ’ അധ്യായത്തിലെ ഏഴ് മുതൽ പത്തു വരെ സൂക്തങ്ങളുടെ ആശയം ഇപ്രകാരമാണ്. “അവർ പറയുന്നു, ഇതെന്ത് റസൂൽ? അന്നം തിന്നുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്ന വ്യക്തി. ഇദ്ദേഹത്തിൻ്റെ കൂടെ (നിഷേധികളെ) താക്കീത് ചെയ്യുന്ന ഒരു മലക്ക് കൂടി അവതരിപ്പിക്കപ്പെട്ടില്ലല്ലോ? അല്ലെങ്കിൽ, ഒരു ഖജനാവോ സുഖമായി ഭക്ഷണം കഴിക്കാനുള്ള ഒരു തോട്ടമോ (ഈ പ്രവാചകന്) അവതരിപ്പിക്കപ്പെടാത്തതെന്ത്? അക്രമികൾ ചോദിക്കുകയാണ് മാരണം ബാധിച്ച ഒരു വ്യക്തിയെയാണോ നിങ്ങൾ അനുകരിക്കുന്നത് എന്ന്? (അല്ലയോ പ്രവാചകരെ) തങ്ങളെ കുറിച്ച് എന്തെല്ലാം ന്യായങ്ങളാണ് അവർ പറയുന്നത്. പക്ഷേ , ഒന്നിലും അവർക്ക് ഉറച്ചു നിൽക്കാൻ കഴിയുന്നില്ല. അവർ അത്രയ്ക്ക് പിഴച്ചു പോയിരിക്കുന്നു. ഉദ്ദേശിക്കുന്ന പക്ഷം ഇതിനെക്കാൾ മെച്ചപ്പെട്ട കൊട്ടാരമോ താഴ്‌വാരത്തു കൂടി അരുവി ഒലിക്കുന്ന ഉദ്യാനങ്ങളോ ഒക്കെ നൽകാൻ കഴിവുള്ളവൻ (അല്ലാഹ്) എത്ര പരിശുദ്ധവാനാണ്.”

ഇതിനനുബന്ധമായി സൂറതുൽ ഫുർഖാനിലെ ഇരുപതാമത്തെ സൂക്തത്തിൽ ഇത്ര കൂടിപ്പറഞ്ഞു. “പ്രിയ ദൂതരേ, തങ്ങൾക്ക് മുമ്പ് നിയോഗിക്കപ്പെട്ട എല്ലാ ദൂതന്മാരും അന്നം തിന്നുന്നവരും അങ്ങാടിയിൽ നടക്കുന്നവരുമായിരുന്നു.”
ഖുറൈശികൾ ഉന്നയിച്ച ഓരോ കാര്യവും ഖുർആൻ എണ്ണിയെണ്ണിപ്പറഞ്ഞു. മുത്ത് നബി ﷺ യുടെ പ്രതികരണം എന്താണെന്ന് ഖുർആൻ വ്യക്തമാക്കി. ഖുറൈശീ പ്രമുഖർ പ്രവാചകരെ വിളിച്ചിരുത്തി സംസാരിച്ചതിൽ നബി ﷺ ആശങ്കയിലായി എന്നാണവർ കരുതിയത്. എന്നാൽ ഓരോന്നിനും കൃത്യമായി മറുപടി പറയുന്നതാണ് പിന്നെ അവർ കണ്ടത്.

‘സൂറതുൽ ഇസ്റാഅ് ‘ തൊണ്ണൂറ് മുതലുള്ള സൂക്തങ്ങളുടെ ആശയം വായിച്ചു നോക്കൂ “അവർ പറഞ്ഞു. ഭൂമി പിളർന്ന് ഞങ്ങൾക്കായി ഒരുറവ ഒഴുക്കുന്നത് വരെ ഞങ്ങൾ നിങ്ങളുടെ സന്ദേശം അംഗീകരിക്കുകയില്ല. അല്ലെങ്കിൽ, നിങ്ങൾക്ക് ഈത്തപ്പഴവും മുന്തിരിയും നിറഞ്ഞ ഒരു തോട്ടമുണ്ടാകട്ടെ. അതോടൊപ്പം അതിലൂടെ നദികൾ ഒഴുക്കുകയും വേണം. അല്ലെങ്കിൽ, ആകാശത്തെ കഷണങ്ങളായി ഞങ്ങളുടെ മേൽ വീഴ്ത്തുകയോ ദൈവത്തെയും മലക്കുകളെയും ഞങ്ങളുടെ മുമ്പിൽ ഹാജരാക്കുകയോ ചെയ്യുക. അതുമല്ലെങ്കിൽ നിങ്ങൾക്ക് ഒരു സ്വർണമാളിക ഉണ്ടാവട്ടെ. അല്ലെങ്കിൽ, ആകാശത്തേക്ക് കയറിപ്പോവുക….”

എല്ലാ സംവാദങ്ങൾക്കുമൊടുവിൽ നബി ﷺ യെ കല്ല് വീഴ്ത്തിക്കൊല്ലാൻ ശ്രമിച്ച അബൂജഹലിനെ പരാമർശിച്ചു കൊണ്ട് ഖുർആൻ ഇടപെട്ടു. ‘അൽ അലഖ് ‘ അധ്യായത്തിലെ ഒൻപതാമത്തെ സൂക്തം അവതരിച്ചത് ഈ വിഷയത്തിലായിരുന്നു.
ഇമാം അഹ്മദ് (റ) മുസ്നദിൽ ഉദ്ധരിക്കുന്ന ഒരു നിവേദനം ഇങ്ങനെ വായിക്കാം : ” ഇബ്ന് അബ്ബാസ് (റ) പറയുന്നു. സ്വഫാ കുന്ന് സ്വർണമാക്കി മാറ്റാനും മക്കയിലെ പർവതങ്ങൾ കൃഷി ഭൂമിയാക്കിത്തരാനും മക്കക്കാർ നബി ﷺ യോട് ആവശ്യപ്പെട്ടു. അപ്പോൾ ജിബ്‌രീൽ (അ) നബി ﷺ യെ സമീപിച്ചു പറഞ്ഞു. അവിടുത്തേക്ക് അല്ലാഹു സലാം അറിയിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു. തങ്ങൾ താത്പ്പര്യപ്പെടുകയാണെങ്കിൽ സ്വഫാ കുന്ന് സ്വർണമാക്കിക്കൊടുക്കാം. പക്ഷേ, എന്നിട്ടും സത്യം നിഷേധിക്കുന്ന പക്ഷം, മുമ്പൊരു ജനതയെയും ശിക്ഷിക്കാത്തത്ര ശിക്ഷ നാം നൽകും. അല്ലെങ്കിൽ, തങ്ങൾ താത്പ്പര്യപ്പെടുന്ന പക്ഷം, അവർക്ക് കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും കവാടം ഞാൻ തുറന്ന് നൽകാം . അപ്പോൾ നബി ﷺ പറഞ്ഞു. അല്ലാഹുവേ, കാരുണ്യത്തിന്റെ കവാടം തുറന്നു തന്നാൽ മതി “.

നബി ﷺ എപ്പോഴും ജനങ്ങളുടെ കാരുണ്യം ലക്ഷ്യം വച്ചു കൊണ്ടായിരിക്കും തീരുമാനിക്കുക. ജനങ്ങൾ ആവശ്യപ്പെടുന്ന അദ്ഭുതങ്ങൾ കാണിക്കാനല്ല നബി ﷺ നിയുക്തരായത്. അവരെ ശരിയായ വിശ്വാസത്തിലേക്കു ക്ഷണിക്കുക. മാതൃകായോഗ്യമായ ജീവിതം അവതരിപ്പിക്കുക. എല്ലാവരെയും സ്വർഗത്തിലേക്ക് ക്ഷണിക്കുക എന്നീ ലക്ഷ്യങ്ങൾക്ക് വേണ്ടിയാണ്. അത് കൃത്യമായി നബി ﷺ നിർവഹിച്ചു. പ്രവാചകത്വത്തിന് പ്രമാണമായി ആവശ്യമായ അമാനുഷികതകൾ പ്രകടമാക്കി. എന്നും നിലനിൽക്കുന്ന തെളിവായി ഖുർആൻ അവതരിപ്പിച്ചു.

നബി ﷺ യെ ഒരു നിലയ്ക്കും പരാജയപ്പെടുത്താൻ സാധ്യമല്ലെന്ന് നാൾക്കുനാൾ അവർക്ക് ബോധ്യപ്പെട്ടുകൊണ്ടിരുന്നു. എന്നിട്ടും അവർ കൗശലത്തിന്റെ പുതിയ വഴികൾ തേടിക്കൊണ്ടിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-75/365

ഖുറൈശികളിലെ ഒരു പൈശാചിക സാന്നിധ്യമായിരുന്നു നള്റ് ബിൻ അൽഹാരിസ്. നബി ﷺ യെ അയാൾ പലവിധേനയും പ്രയാസപ്പെടുത്തി.

ഒരിക്കൽ അയാൾ ഖുറൈശികളെ വിളിച്ചു. “അല്ലയോ ! ഖുറൈശികളേ, നിങ്ങൾക്ക് വന്ന് ഭവിച്ചിരിക്കുന്നത് വലിയ ഒരു പ്രതിസന്ധിയാണ്. അതിൽ നിന്ന് രക്ഷപ്പെടാൻ വഴികൾ ഉണ്ടെന്ന് തോന്നുന്നില്ല. മുഹമ്മദ് ﷺ നിങ്ങൾക്കിടയിൽ ഒരു നല്ല കുട്ടിയായി വളർന്നു. എല്ലാവർക്കും തൃപ്തിയും വിശ്വസ്തവും സത്യസന്ധവുമുള്ള വ്യക്തിയായി മാറി. മധ്യവയസ്സിനടുത്തപ്പോൾ ഒരു പുതിയ വൃത്താന്തവുമായി വന്നു. അപ്പോൾ നിങ്ങൾ മാരണമാണിതെന്ന് പറഞ്ഞു. ഇത് മാരണമൊന്നുമല്ല. അതിന്റെ യാതൊരു ലക്ഷണവും ഈ പ്രവൃത്തികളിലൊന്നുമില്ല. മാരണക്കാരുടെ ഊത്തും കെട്ടുമൊക്കെ നമുക്കറിയുന്നതല്ലേ? പിന്നെ ജോത്സ്യമാണെന്ന് പറഞ്ഞു. ഇത് ജോത്സ്യവുമല്ല. അവരുടെ താളവും ശൈലിയുമൊക്കെ നമുക്ക് പരിചയമുള്ളതല്ലേ? പിന്നെ കവിതയാണെന്ന് പറഞ്ഞു. പടച്ചവൻ സത്യം! ഇത് കവിതയുമല്ല. നമ്മളെത്ര കവിത ഉദ്ധരിച്ചവരാണ്. അതിന്റെ വൃത്തവും അലങ്കാരവും നമുക്ക് എത്ര സുപരിചിതമാണ് . പിന്നീട് പറഞ്ഞു, ഇത് ഭ്രാന്താണെന്ന്. അല്ലാഹു സത്യം! ഇത് ഭ്രാന്തുമല്ല. എത്രയോ ഭ്രാന്തന്മാരെ നാം കണ്ടിരിക്കുന്നു. അവർക്കുളള വിഭ്രാന്തിയോ ഭാവമാറ്റമോ കൃത്യതയില്ലായ്മയോ ഒന്നും ഇവിടെ ഇല്ലേ ഇല്ല.
അപ്പോൾ ഈ വന്നു ഭവിച്ചത് ഒരു വലിയ പ്രശ്നം തന്നെയാണ്. നിങ്ങൾ അതിനുള്ള കാര്യങ്ങൾ നോക്കിക്കോളൂ “.(നള്റ് പിൽക്കാലത്ത് ബദ്റിൽ വച്ച് അലി(റ)നെ നേരിടുകയും കൊല്ലപ്പെടുകയും ചെയ്തു.)

നബി ﷺ മുൻഗാമികളുടെ ചരിത്രവും മറ്റും പറഞ്ഞെഴുന്നേൽക്കുന്ന സദസ്സിൽ നള്റ് വന്നിരിക്കും. രാജാക്കന്മാരുടെ കഥകൾ പറയും. എന്നിട്ടയാൾ “ഞാനീ പറയുന്ന പോലെയുള്ള കഥകളാണ് മുഹമ്മദ് ﷺ പറഞ്ഞു കൊണ്ടിരിക്കുന്നത് ” എന്ന് വാദിക്കും. കാരണം, നള്റ് ‘ഹിയറ’ എന്ന ദേശത്ത് പോയിട്ടുണ്ടായിരുന്നു. അവിടുന്ന് പേർഷ്യൻ രാജാക്കന്മാരുടെ ചരിത്രങ്ങളും കഥകളുമൊക്കെ അയാൾക്ക് കേട്ടു പരിചയമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ ഈ പ്രവർത്തനം ജനങ്ങളെ ആശയക്കുഴപ്പത്തിലാക്കി. ‘അൽ-ഖലം’ അധ്യായത്തിലൂടെ ഖുർആൻ ആ നടപടിയെ കൈകാര്യം ചെയ്തു.

നള്റിന്റെ വിവരണങ്ങളൊക്കെക്കേട്ടപ്പോൾ ഖുറൈശികൾ അയാളെയും ഉഖ്ബത് ബിൻ അബീ മുഐത്വിനെയും മദീനയിലേക്കയച്ചു. അവിടെയുള്ള വേദ പണ്ഡിതന്മാരെ സന്ദർശിക്കുക. മുഹമ്മദ് നബി ﷺ യെക്കുറിച്ച് സംസാരിക്കുക. അവരുടെ പക്കലുള്ള പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ പ്രവാചകന്റെ നിജസ്ഥിതി മനസ്സിലാക്കുക. ഇതായിരുന്നു യാത്രയുടെ ലക്ഷ്യം. രണ്ടു പേരും മദീനയിലെത്തി. ജൂത പുരോഹിതന്മാരെ സമീപിച്ചു. വിവരങ്ങൾ പങ്കുവച്ചു. അവർ വിവരങ്ങളെല്ലാം ശ്രദ്ധാപൂർവം കേട്ടു. തുടർന്ന് അവർ ഇങ്ങനെ പറഞ്ഞു : “ഞങ്ങൾ പറയുന്ന മൂന്ന് കാര്യങ്ങൾ നിങ്ങൾ മുഹമ്മദ് ﷺ നോട് ചോദിക്കുക. ശരിയായ ഉത്തരം പറഞ്ഞാൽ ആ വ്യക്തി പ്രവാചകനായിരിക്കും. അല്ലാത്തപക്ഷം വ്യാജമായ അവകാശവാദമായിരിക്കും “.

“ഒന്ന്, ആദ്യകാലത്ത് യാത്ര ചെയ്ത അദ്ഭുതങ്ങൾ നിറഞ്ഞ യുവാക്കൾ ആരാണ്?
രണ്ട്, ലോകം ചുറ്റി ഉദയാസ്തമാനങ്ങൾ പ്രാപിച്ച വ്യക്തിയാരാണ്? അദ്ദേഹത്തിന്റെ വൃത്താന്തങ്ങൾ എന്താണ്?
മൂന്ന്, ആത്മാവിനെക്കുറിച്ച് എന്ത് പറയുന്നു?

ഈ മൂന്ന് ചോദ്യത്തിനും ഉത്തരം പറഞ്ഞാൽ നിങ്ങൾ പറയുന്ന വ്യക്തി സത്യ പ്രവാചകനാണ്. അല്ലെങ്കിൽ, വ്യാജമായി അവകാശപ്പെടുന്നതായിരിക്കും “.
രണ്ട് പേരും മക്കയിലേക്കു മടങ്ങി. ഖുറൈശികളോട് വിവരങ്ങൾ ധരിപ്പിച്ചു. അവർ നബി ﷺ യെ സമീപിച്ചു. മേൽ പറയപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ചു. അവിടുന്ന് പറഞ്ഞു. നാളെ ഞാൻ പറഞ്ഞു തരാം. പക്ഷേ, ‘ഇൻശാ അല്ലാഹ്’ അല്ലാഹു നിശ്ചയിച്ചാൽ എന്നു കൂടി ചേർത്തു പറയാൻ വിട്ടുപോയി. അങ്ങനെ പതിനഞ്ച് ദിവസം കഴിഞ്ഞു. അപ്പോൾ അവിശ്വാസികൾ പറഞ്ഞു. “എന്ത് പറ്റി? മുഹമ്മദ് നബി ﷺ ചോദ്യങ്ങൾക്ക് ഉത്തരം പറയാമെന്ന് പറഞ്ഞിട്ട് ദിവസങ്ങളായല്ലോ?”
നബി ﷺ സ്വകാര്യമായി ആകുലപ്പെട്ടു. ഉടനെ ജിബ്’രീൽ (അ) ആഗതനായി. അല്ലാഹുവിൽ നിന്നുള്ള സന്ദേശം കൈമാറി. “നാളെ ചെയ്യാം എന്ന് ഒരു കാര്യത്തെക്കുറിച്ച് പറയുമ്പോൾ ‘ഇൻശാ അല്ലാഹ്’ എന്ന് കൂടി ചേർത്ത് പറയണമെന്ന ഉപചാരം ശ്രദ്ധയിൽപ്പെടുത്തി. ശേഷം, ഉന്നയിച്ച മൂന്ന് ചോദ്യങ്ങൾക്കും വിശദമായ ഉത്തരം നൽകിക്കൊണ്ട് വിശുദ്ധ ഖുർആനിലെ പതിനെട്ടാമത്തെ അധ്യായം ‘അൽ കഹ്ഫ്’ അവതരിപ്പിച്ചു കൊടുത്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-76/365

ഗുഹാവാസികളായ ‘അസ്ഹാബുൽ കഹ്ഫ്’ എന്നായിരുന്നു ഒന്നാമത്തെ ചോദ്യത്തിന്റെ ഉത്തരം. ‘ദുൽഖർനൈൻ’ നെക്കുറിച്ചുള്ള വിശകലനമായിരുന്നു രണ്ടാമത്തെ ചോദ്യത്തിന്റെ നിവാരണം. ആത്മാവിനെക്കുറിച്ച് എന്തായിരിക്കും മുഹമ്മദ് നബി ﷺ പറയുക എന്നായിരുന്നു അവർ നിരീക്ഷിച്ചത്. അതിന്റെ യാഥാർഥ്യം ഖുർആൻ വിശദമായിത്തന്നെ പ്രതികരിച്ചു.

ഇസ്‌ലാം സംവാദങ്ങളെ എങ്ങനെ നേരിട്ടു എന്നതിന്റെ നേർച്ചിത്രം കൂടിയാണിത്. പുതിയ കാലത്തെ ഇസ്‌ലാം വിരോധികൾ ചരിത്രം വിലയിരുത്തട്ടെ. ഇത്രമേൽ ആശയ സംവാദങ്ങളെ അഭിമുഖീകരിച്ച ഏത് പ്രത്യയ ശാസ്ത്രമാണ് വേറെയുള്ളത് ? നബി ﷺ യുടെ പ്രബോധനത്തിന്റെ ആദ്യനാളുകൾ തന്നെ തുറന്ന സംവാദങ്ങളുടേതായിരുന്നു.

ആശയത്തിൽ തോൽക്കുമ്പോൾ പിന്നെ അക്രമം എന്നതും അന്നേ തന്നെയുള്ള രീതിയാണ്. മക്കയിലെ മുശ്‌രിക്കുകൾ കൂടുതൽ അക്രമാസക്തരായി. കഅ്ബയുടെ പരിസരത്ത് നിസ്ക്കരിക്കുന്ന വിശ്വാസികളെ പലവിധേനയും അക്രമിക്കാൻ തുടങ്ങി. ഖുർആൻ പഠിക്കുന്നവർക്കെതിരെ ക്രൂരമായിപ്പെരുമാറി. നബി ﷺ നിസ്ക്കാരത്തിൽ പാരായണം ചെയ്യുന്നത് കേട്ടാണ് അന്നത്തെ വിശ്വാസികൾ പലരും ഖുർആനിക സൂക്തങ്ങൾ പഠിച്ചത്. ഈ രീതി വിരോധികൾക്ക് ഏറെ അസഹനീയമായി. ആ ഘട്ടത്തിൽ കരുണാപൂർവം അല്ലാഹു മുത്ത് നബി ﷺ ക്ക് ഇപ്രകാരം നിർദേശം നൽകി. “തങ്ങളുടെ അധികം ശബ്ദത്തിൽ നിസ്ക്കാരം നിർവഹിക്കേണ്ടതില്ല. എന്നാൽ അധികം പതുക്കെയും ആകരുത്. ഒരു മധ്യനിലയിൽ നിർവഹിച്ചോളൂ.”(ഇസ്റാഅ് – 110) ശത്രുക്കളുടെ ശല്യം ഒഴിവാക്കാനും എന്നാൽ വിശ്വാസികളുടെ പഠനം നഷ്ടപ്പെടാതിരിക്കാനുമാണ് ഇങ്ങനെയൊരു മധ്യനില നിർദേശിക്കപ്പെട്ടത്.

എന്നാൽ, വിശ്വാസികളിൽ ഖുർആൻ ആഴത്തിൽ സ്വാധീനം ചെലുത്തി. അവർക്കത് കേൾക്കാതിരിക്കാനോ പാരായണം ചെയ്യാതിരിക്കാനോ സാധിച്ചില്ല. അങ്ങനെയിരിക്കെ, സ്വഹാബികൾ ഒത്തുകൂടി. അവർ ഒരാശയം പങ്കുവച്ചു : “വിമർശകർ കേൾക്കെ , കഅ്ബയുടെ പരിസരത്ത് വച്ച് ഖുർആൻ ഒന്നു പാരായണം ചെയ്താലോ? ശരി, ആരാണതിന് സന്നദ്ധനാവുക?”
അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്(റ) പറഞ്ഞു; “ഞാൻ നിർവഹിക്കാം “.
കൂട്ടുകാർ പറഞ്ഞു : “നിങ്ങൾ അങ്ങനെ ചെയ്യുന്ന പക്ഷം നിങ്ങൾ അക്രമിക്കപ്പെട്ടേക്കും എന്ന് ഞങ്ങൾ ഭയക്കുന്നു. ഞങ്ങൾ ഉദ്ദേശിച്ചത് നമ്മുടെ കൂട്ടത്തിൽ വലിയ കുടുംബ സ്വാധീനമുള്ള ഒരാൾ നിർവഹിച്ചാൽ അക്രമികൾ അത്രവേഗം കൈയേറ്റത്തിനൊരുങ്ങില്ല എന്നാണ് “.
ഇബ്നു മസ്ഊദ്(റ) പറഞ്ഞു; “ഞാൻ തന്നെ പോയി പാരായണം ചെയ്യാം. അല്ലാഹു എന്നെ സംരക്ഷിക്കും “.

അങ്ങനെ പ്രഭാത (ളുഹാ) സമയത്ത് അദ്ദേഹം കഅ്ബയുടെ അടുത്തെത്തി. മഖാമുഇബ്രാഹീമിന്റെ ഭാഗത്ത് നിന്നു. ‘സൂറത്തുർറഹ്മാൻ ‘ എന്ന ഖുർആനിക അധ്യായം പാരായണം ചെയ്യാൻ തുടങ്ങി. ക്ലബ്ബിൽ ഒത്തുകൂടിയിരുന്ന ഖുറൈശികൾ പരസ്പരം ചോദിച്ചു. “ഉമ്മു അബ്ദിന്റെ മകൻ എന്താണാ ചൊല്ലുന്നത്.? അതേ, മുഹമ്മദിന് ﷺ അവതരിച്ച ഗ്രന്ഥത്തിന്റെ ഭാഗങ്ങൾ പാരായണം ചെയ്യുകയാണ് “.
അവർ എഴുന്നേറ്റ് വന്ന് അദ്ദേഹത്തെ തല്ലാൻ തുടങ്ങി. ചിലർ മുഖത്ത് പരുക്കേൽപ്പിച്ചു. ഇബ്നു മസ്ഊദ്(റ) കുറേക്കൂടി പാരായണം ചെയ്തു. ശേഷം, കൂട്ടുകാരുടെ അടുത്തേക്ക് മടങ്ങിയെത്തി. അവർ നോക്കിയപ്പോൾ മുഖത്ത് മുറിപ്പാടുകളോടെ കൂട്ടുകാരൻ വന്ന് കയറുന്നു. അവർ പറഞ്ഞു, “ഇത് തന്നെയാണ് ഞങ്ങൾ ഭയപ്പെട്ട കാര്യം “.
ഉടനെ ഇബ്ൻ മസ്ഊദ് (റ) പ്രതികരിച്ചു : “ഇപ്പോൾ എനിക്കവരുടെ അക്രമം നിസ്സാരമായിത്തോന്നുന്നു. തരം കിട്ടിയാൽ ഞാൻ നാളെയും പാരായണം ആവർത്തിക്കും “.
‘ഇസ്‌ലാമിക ചരിത്രത്തിൽ ആദ്യമായി ഖുർആൻ പരസ്യമായി പാരായണം ചെയ്തയാൾ ‘ എന്ന മഹത്വവും വിലാസവും അബ്ദുല്ലാഹിബ്നു മസ്ഊദ് (റ)ന് സ്വന്തമായി.

ഖുർആനിന്റെ വശ്യതയും സ്വാധീനശക്തിയും ഖുറൈശികൾക്കിടയിൽ കൂടുതൽ ചർച്ചയായി. ബദ്ധവിരോധികൾ പോലും ഇതൊന്ന് ശ്രദ്ധിച്ച് കേട്ട് നോക്കിയാലോ എന്നായി. അപ്രകാരം മൂന്ന് ഖുറൈശീ നേതാക്കൾ നബി ﷺ യുടെ ഖുർആൻ പാരായണം കേൾക്കാൻ തീരുമാനിച്ചു. ‘അബൂജഹൽ, അബൂസുഫിയാൻ, അഖ്‌നസ് ബിൻ ശരീഖ് ‘ എന്നിവരായിരുന്നു അവർ. നബി ﷺ രാത്രിയിൽ നിസ്ക്കരിക്കുമ്പോൾ പരസ്പരം അറിയാതെ അവർ നബി ﷺ യുടെ ഖുർആൻ പാരായണം ശ്രദ്ധിച്ചു ശ്രവിച്ചു. മടങ്ങിപ്പോകുന്ന വഴിയിൽ മൂന്നു പേരും അപ്രതീക്ഷിതമായി കണ്ടുമുട്ടി. അവർ പരസ്പരം പറഞ്ഞു, “ഇനിയിതാവർത്തിക്കരുത്. നമ്മുടെ അനുയായികൾ കണ്ടാൽ നമ്മെ അവർ തെറ്റിദ്ധരിച്ചേക്കും “. ഇത്രയും പറഞ്ഞ് അവർ പിരിഞ്ഞുപോയി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-77/365

അടുത്ത രാത്രിയും അവർ മൂന്ന് പേരും ഖുർആൻ കേൾക്കാനെത്തിച്ചേർന്നു. പരസ്പരം അറിയാതെയായിരുന്നു വരവ്. പക്ഷേ, തിരിച്ചു പോകുമ്പോൾ വീണ്ടും കണ്ടുമുട്ടി. കഴിഞ്ഞ ദിവസം ധാരണയായത് പോലെ അന്നും പറഞ്ഞ് പിരിഞ്ഞു.
മൂന്നാം ദിവസവും അവർ കേട്ടു മടങ്ങിയപ്പോൾ കണ്ടുമുട്ടി. അവർ പരസ്പരം പറഞ്ഞു. “ഇനിയും ഇതാവർത്തിച്ചാൽ പറ്റില്ല. നമ്മൾ ഉടമ്പടി ചെയ്താൽ പാലിക്കണം , ശരി”.
പിറ്റേന്ന് പ്രഭാതമായപ്പോൾ അഖ്‌നസ് തന്റെ വടിയും എടുത്ത് അബൂസുഫിയാനെ സന്ദർശിച്ചു. അദ്ദേഹത്തോട് ചോദിച്ചു. “നിങ്ങൾ മുഹമ്മദി ﷺ ൽ നിന്ന് കേട്ടതിനെക്കുറിച്ചെന്താണഭിപ്രായം?”
അബൂ സൂഫിയാൻ തിരിച്ചു ചോദിച്ചു ; “നിങ്ങളുടെ അഭിപ്രായമെന്താണ്?”
” എനിക്കിത് ശരിയായിട്ടാണ് മനസ്സിലാകുന്നത് “.
അബൂ സുഫിയാൻ തുടർന്നു; “ഞാൻ കേട്ടതിൽ ചിലത് എന്താണെന്ന് നേരിട്ട് തന്നെ ഞാൻ മനസ്സിലാക്കി . ചിലതിൻ്റെ ഉദ്ദേശ്യം ഒരു ധാരണയുണ്ട്. മറ്റു ചിലത് എനിക്ക് വ്യക്തമായിട്ടുമില്ല “.
അഖ്നസ് പറഞ്ഞു; “എനിക്കും അങ്ങനെത്തന്നെയാണ് “.

ശേഷം അഖ്നസ് അബൂജഹലിന്റെ വീട്ടിലേക്ക് നടന്നു. അയാളോട് ചോദിച്ചു; “ഇന്നലെ മുഹമ്മദ് ﷺ ന്റെ പാരായണം കേട്ടിട്ടെന്താണഭിപ്രായം?”
“ഞങ്ങളും അബ്ദുമനാഫിന്റെ കുടുംബവും (നബി ﷺ യുടെ കുടുംബം) ഇഞ്ചോടിഞ്ച് മത്സരിക്കുന്ന രണ്ട് കുതിരകളെപ്പോലെ കിട മത്സരത്തിലാണ്. അവർ ചെയ്യുന്നതൊക്കെ ഞങ്ങളും ചെയ്യാൻ നോക്കുന്നു “.
അങ്ങനെയിരിക്കെ, അബ്ദുമനാഫിന്റെ കുടുംബത്തിൽ ഒരാൾക്ക് വെളിപാട് ലഭിച്ചു; “പ്രവാചകത്വം ലഭിച്ചു എന്ന് പറഞ്ഞാൽ ഞാനംഗീകരിക്കില്ല. ഒരിക്കലും വിശ്വസിക്കില്ല “.

മൂന്നു പേർക്കും ഖുർആൻ അമാനുഷികമാണെന്നും പ്രവാചകത്വവാദം സത്യസന്ധമാണെന്നും ബോധ്യമായി. പക്ഷേ, അവരുടെ താത്പ്പര്യങ്ങൾ കാരണം അവർക്കത് സമ്മതിക്കാനായില്ല. അതിൽ , കൂടുതൽ കണിശക്കാരൻ അബൂജഹലായിരുന്നു. അയാൾ നിഷേധിയായിത്തന്നെ ബദറിൽ കൊല്ലപ്പെട്ടു. അബൂസുഫിയാൻ മക്കാവിജയഘട്ടത്തിൽ വിശ്വാസിയായി. അഖ്നസ് വിശ്വാസിയായി എന്ന അഭിപ്രായമുണ്ട്.

അബൂജഹലിന്റെ ബോധ്യം വ്യക്തമാകുന്ന ഒരു നിവേദനം ഇബ്നുകസീർ ഉദ്ധരിക്കുന്നുണ്ട്. മുഗീറത് ബിൻ ശുഅബ (റ) എന്ന സ്വഹാബി പറയുന്നു : ‘ഞാൻ ഇസ്‌ലാമിനെ മനസ്സിലാക്കിയ ആദ്യ ദിവസത്തെ അനുഭവം ഇപ്രകാരമായിരുന്നു. ഞാൻ അബൂ ജഹലിനൊപ്പം മക്കയുടെ ഒരു ഇടവഴിയിലൂടെ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് ഞങ്ങളെ നബി ﷺ കണ്ടുമുട്ടി. ഉടനെ അവിടുന്ന് അബൂജഹലിനെ വിളിച്ചു. “അല്ലയോ , അബുൽ ഹകം ! ഞാൻ നിങ്ങളെ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ക്ഷണിക്കുന്നു. വരൂ, നിങ്ങൾ അല്ലാഹുവിലേക്ക് “.
അബൂജഹൽ പറഞ്ഞു. “ഓ മുഹമ്മദേ ﷺ നിങ്ങൾ ഞങ്ങളുടെ ദൈവത്തെ നിരാകരിക്കുന്നത് അവസാനിപ്പിച്ചോ? പിന്നെ, ദൗത്യം ലഭിച്ചു എന്നതാണ് ഞാൻ വിശ്വസിക്കേണ്ടത് അല്ലേ? അല്ലാഹു സത്യം! നിങ്ങൾ പറയുന്നത് സത്യമാണെന്ന് ബോധ്യമായാൽ ഞാൻ പിൻ പറ്റിക്കോളാം “.
നബി ﷺ നടന്നകന്നു. ഉടനെ എന്റെ നേരേ നോക്കികൊണ്ട് അബൂജഹൽ പറഞ്ഞു. “അല്ലാഹു സത്യം! മുഹമ്മദ് ﷺ പറയുന്നത് സത്യമാണെന്ന് എനിക്കറിയാം . പക്ഷേ, ബനൂ ഖുസയ്യ് പറഞ്ഞു, കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാർ അവരാണ്. ഞങ്ങൾ അംഗീകരിച്ചു. അവർ പറഞ്ഞു, ‘നദ്‌വ’ അഥവാ മീറ്റിംഗിന് നേതൃത്വം ഞങ്ങൾക്കാണ്. ഞങ്ങൾ പറഞ്ഞു, ശരി. പിന്നീട് പറഞ്ഞു, പതാകവാഹകർ ഞങ്ങളാണ്. ഞങ്ങൾ പറഞ്ഞു, ശരി. ശേഷം, അവർ തീർഥാടകർക്ക് വിരുന്നൊരുക്കി. ഞങ്ങളും അത് ചെയ്തു. അങ്ങനെ ഇഞ്ചോടിഞ്ച് മത്സരിക്കുന്ന ഞങ്ങളോട് ഇനി പ്രവാചകത്വവും അവർക്ക് കിട്ടിയെന്ന് പറഞ്ഞാൽ സമ്മതിക്കാൻ മനസ്സില്ല “.
അബൂജഹലിന്റെ പ്രശ്നം ഇതായിരുന്നു. അസൂയയും മാത്സര്യബുദ്ധിയും. ഇവകൾക്ക് മരുന്നില്ല.

പുതിയ കാലത്തെ ഇസ്‌ലാം വിമർശകരും പ്രത്യയ ശാസ്ത്രപരമായ വൈജ്ഞാനിക സംവാദങ്ങൾക്കല്ല വരുന്നത്. മറിച്ച്, ആക്ഷേപത്തിനും കഥയില്ലാത്ത വിമർശനങ്ങൾക്കുമാണ്. കാരണം, ഇസ്‌ലാമിന്റെ പ്രാമാണികത അവരെ അലട്ടുന്നു എന്നതാണ്.
അതിജീവനത്തിന്റെ ആയിരത്തി അഞ്ഞൂറോളം ആണ്ട് കടന്നു വന്ന ഇസ്‌ലാമിനെ ഇപ്പോഴങ്ങ് വിഴുങ്ങാം എന്ന് ചിലർ ധരിക്കുന്നത് ചരിത്രം അറിയാത്തതുകൊണ്ടാണ്..
ഖുർആനിന്റെ കാമ്പും കാന്തിയും അറിഞ്ഞ ഒരു ഖുറൈശീ പ്രമുഖനെ ക്കൂടി നമുക്ക് വായിക്കാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-78/365

ഇബ്നു അബ്ബാസ് (റ) പറയുന്നു. “നബി ﷺ ക്ക് സൂറത്തുൽ ‘ഗാ ഫിർ ‘ അവതരിച്ചു. അവിടുന്ന് കഅ്ബയുടെ ചാരത്തിരുന്ന് പാരായണം ചെയ്തു. വലീദ് ബിൻ അൽ മുഗീറ ശ്രദ്ധാപൂർവം അത് കേട്ടിരുന്ന ശേഷം ബനൂ മഖ്സൂമുകാരുടെ സദസ്സിലേക്ക് കടന്നു ചെന്നു. അദ്ദേഹം പറഞ്ഞു. ‘മുഹമ്മദ് ﷺ പാരായണം ചെയ്യുന്ന വചനങ്ങൾ ഇപ്പോൾ ഞാൻ കേട്ടിട്ടു വരികയാണ്. ഞാനെന്തു പറയാന്‍. കവിതയോ കാവ്യമോ ജിന്ന് പദ്യമോ അങ്ങനെ അറബി ഭാഷയിലെ ഏതൊരു സാഹിത്യശാഖയും നിങ്ങളെക്കാളധികം എനിക്ക് വഴങ്ങും. ദൈവമാണെ, മുഹമ്മദ് ﷺ സമര്‍പ്പിക്കുന്ന വചനങ്ങള്‍ അവയില്‍ ഒന്നിനോടും സാദൃശ്യമുള്ളതല്ല. ആ വചനങ്ങള്‍ക്ക് വിസ്മയാവഹമായ ഒരു മാധുര്യമുണ്ട്. ഒരു പ്രത്യേക ചന്തം. അതിന്റെ കൊമ്പും ചില്ലയും ഫലഭൂയിഷ്ടമാണ്. വേരുകളാവട്ടെ, പതമുള്ള മണ്ണില്‍ ആണ്ടിറങ്ങിയതും. അത് സര്‍വ വചനങ്ങളെക്കാളും ഉത്തമം. തീര്‍ച്ച! അതിനെ പരാജയപ്പെടുത്താന്‍ മറ്റൊന്നിനും സാധ്യമല്ല. നിസ്സംശയം അതിന്റെ കീഴില്‍ അകപ്പെടുന്ന സര്‍വതിനെയും അത് മറികടക്കും ‘. ഇത്രയും പറഞ്ഞ് വലീദ് നടന്നകന്നു.

ഇത് ഖുറൈശികൾക്കിടയിൽ ചർച്ചയായി. അവർ പറഞ്ഞു വലീദ് സാബിഇയ്യായി അഥവാ, മതം മാറിയിരിക്കുന്നു. ‘ഖുറൈശികളുടെ സുഗന്ധം’ എന്ന് പ്രസിദ്ധനായ വലീദ് മതം മാറിയാൽ ഖുറൈശികൾ മുഴുവൻ മതം മാറിയേക്കും. അബൂജഹൽ ഇടപെട്ടു. അത് ഞാൻ ശരിയാക്കിക്കോളാം.

അബൂജഹൽ ദുഃഖം പ്രകടിപ്പിച്ചു കൊണ്ട് വലീദിന്റെ വീട്ടിലെത്തി. അദ്ദേഹം പറഞ്ഞു തുടങ്ങി. “അല്ലയോ , അമ്മാവാ ! ഖുറൈശികൾ നിങ്ങളെ ഏൽപ്പിക്കാൻ വേണ്ടി സമ്പത്ത് സമാഹരിക്കുകയാണ്. നിങ്ങൾ മുഹമ്മദ് ﷺ ന്റെ പുത്തന്‍വാദഗതികള്‍ ശുദ്ധ അസംബന്ധമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം “.
അയാൾ പറഞ്ഞു; “ഞാൻ അതിസമ്പന്നനാണെന്ന് ഖുറൈശികൾക്കറിയാമല്ലൊ”.
അബൂജഹൽ പറഞ്ഞു; “ഏതായാലും ഈ വിഷയത്തിൽ നിങ്ങൾ വിയോജിച്ചു പറഞ്ഞാലേ പറ്റൂ”.
വലീദ് പറഞ്ഞു, “ഞാനെന്ത് പറയാനാ. മുഹമ്മദ് ﷺ ന്റെ വചനങ്ങൾ മനുഷ്യന്റെയോ ജിന്നുകളുടെയോ വചനമേ അല്ല “.
അബൂ ജഹൽ പറഞ്ഞു, “ജനങ്ങൾ നിങ്ങളെ തൃപ്തിപ്പെടണമെങ്കിൽ നിങ്ങൾ അത് പറഞ്ഞേ മതിയാകൂ”.
വലീദ് പറഞ്ഞു, ഞാനൊന്നാലോചിക്കട്ടെ!

വലീദ് ജനങ്ങളെ അഭിമുഖീകരിച്ചു. “പ്രിയമുള്ളവരേ, മക്കയിൽ ഹജ്ജ് സീസണായിക്കഴിഞ്ഞു. എല്ലാ നാട്ടിൽ നിന്നും ആളുകൾ ഇവിടെ എത്തിത്തുടങ്ങും. സ്വാഭാവികമായും ഇവിടെ പ്രത്യക്ഷപ്പെട്ട വ്യക്തിയെ (മുഹമ്മദ് ﷺ കുറിച്ച് അവർ അന്വേഷിക്കും. അപ്പോൾ എല്ലാവരും പറയുന്ന അഭിപ്രായം ഒന്നായിരിക്കണം. പലതായാൽ ആളുകൾക്ക് വിശ്വാസമാകില്ല. അപ്പോൾ നമ്മൾ എന്താണ് പറയുക.?”
അവർ പറഞ്ഞു, “നിങ്ങൾ തന്നെ പറയൂ വലീദ്. എന്താണ് പറയുക?”
“ഇല്ല, നിങ്ങൾ പറയൂ ഞാൻ കേൾക്കട്ടെ “.

ചിലർ പറഞ്ഞു. N “ജോത്സ്യൻ എന്നായാലോ?”
വലീദ്: “ദൈവം സത്യം! അത് ശരിയല്ല. ജോത്സ്യത്തിന്റെ ഒരു ലക്ഷണവും മുഹമ്മദി ﷺ ൽ ഇല്ലേയില്ല ! ”
ചിലർ: “ഭ്രാന്താണെന്ന് പറഞ്ഞാലോ?”
വലീദ്: “എത്ര ഭ്രാന്തന്മാരെ നാം കണ്ടിരിക്കുന്നു. അതിന്റെ ഒരു ലക്ഷണവും ഇവിടെക്കാണാനില്ല “.
ചിലർ: “കവിയാണെന്നായാലോ?”
വലീദ്: “കവിതയുടെ വൃത്തവും അലങ്കാരവും കാൽപ്പനികതയും ഘടനയും ഒക്കെ നന്നായി നമുക്കറിയാം. പിന്നെങ്ങനെയാ അതാരോപിക്കുക?”
ചിലർ: “എന്നാൽപ്പിന്നെ ദുർമന്ത്രവാദിയാണെന്ന് പറയാം”.
വലീദ്: “ഇത് മാരണവും അല്ല. അതിലെ ഊത്തോ കെട്ടോ ഒന്നും ഇതിലില്ല “.

തുടർന്ന് അയാൾ ഖുർആനിന്റെ പ്രത്യേകതകൾ പറഞ്ഞു. ശേഷം ഇങ്ങനെ തുടർന്നു. “ഇപ്പോൾ ആരോപിക്കാൻ പറ്റിയ ഒരു കാര്യം മാരണം എന്നതേയുള്ളൂ. കാരണം, ഇവിടെ വിശ്വാസികൾ അല്ലാത്തവർ എന്ന പേരിൽ പിതാവും മക്കളും കുടുംബക്കാർ തമ്മിലും ഭിന്നത വരുന്നുണ്ടല്ലോ. അതു മുന്നിൽ വച്ച് ‘മാരണക്കാരൻ’ എന്നാരോപിക്കാം “.
എല്ലാവരും ഒത്തുസമ്മതിച്ചു. തത്ക്കാലം പിരിഞ്ഞു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-79/365

ഖുർആൻ ഇടപെട്ടു. വലീദിന്റെ കുതന്ത്രങ്ങളെയും നടപടികളെയും അദ്‌ഭുതപ്പെടുത്തുന്ന ഭാഷയിൽ കൈകാര്യം ചെയ്തു. ‘അൽമുദ്ദസിർ’ അധ്യായത്തിലെ പത്തു മുതലുള്ള സൂക്തങ്ങളുടെ ആശയം ഇങ്ങനെ വായിക്കാം. “ഞാൻ തന്നെ സൃഷ്ടിച്ച അവനെ എനിക്ക് വിട്ടു തന്നേക്കൂ. ഞാനവന് ധാരാളം സമ്പത്ത് നൽകി. സന്നദ്ധരായി അവനൊപ്പം നിൽക്കുന്ന സന്താനങ്ങളെ നൽകി. അവന് നേതൃത്വപദവി നൽകി. പിന്നെയും ഞാനവന് വർധിപ്പിച്ചു നൽകണമെന്ന് അവൻ മോഹിക്കുന്നു. ഇല്ല, അവനു നൽകില്ല. അവൻ നമ്മുടെ വചനങ്ങളുടെ ശത്രുവാണ്. അടുത്ത് തന്നെ നാം അവനെ ഒരു കയറ്റം കയറ്റുന്നുണ്ട്. അവൻ ചിലത് ചിന്തിച്ചു. അവൻ പദ്ധതിയിട്ടു. അതോടെ അവന് പടച്ചവന്റെ ശാപമേറ്റു. അതിനാൽ അവൻ നശിക്കട്ടെ. എന്താണവൻ പദ്ധതിയിട്ടത്.! പിന്നെ അവൻ ജനങ്ങളെ നോക്കി മുഖം ചുളിക്കുകയും മുഖം കറുപ്പിക്കുകയും ചെയ്തു. പിന്നെ അവൻ അഹങ്കാരത്തോടെ പിന്നോട്ടടിച്ചു. എന്നിട്ടവൻ പറഞ്ഞു, ഇത് മാരണമല്ലാതെ മറ്റൊന്നുമല്ല. ഇത് മനുഷ്യന്റെ വചനങ്ങൾ തന്നെയാണ്. വരട്ടെ ഞാനവനെ (സഖർ) നരകത്തിൽ ഇട്ട് കരിക്കുന്നതാണ്. എന്താണ് സഖർ എന്ന് നിനക്കറിയുമോ? ഒന്നിനെയും അത് ശേഷിപ്പിക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയില്ല. അത് ചർമം കരിച്ച് രൂപം മാറ്റിക്കളയും….”

വലീദിനൊപ്പം അഭിപ്രായ പ്രകടനങ്ങൾ നടത്തിയവരെയും ഖുർആൻ വിട്ടുകളഞ്ഞില്ല. ‘അൽഹിജ്റ്’ അധ്യായത്തിലെ തൊണ്ണൂറ്റിയൊന്ന് മുതലുള്ള സൂക്തങ്ങളുടെ ആശയസാരം നോക്കൂ. “തങ്ങളുടെ രക്ഷിതാവിനെത്തന്നെ സത്യം! ഖുർആനിനെ വ്യത്യസ്ത ഖണ്ഡങ്ങളാക്കിയവരെ മുഴുവൻ നാം ചോദ്യം ചെയ്യുക തന്നെ ചെയ്യും.”

ഖുർആനിന്റെ സന്ദർഭോജിതമായ അവതരണങ്ങൾ ശത്രുക്കളെ അലോസരപ്പെടുത്തി. തീർഥാടകരോട് അവർ സംസാരിച്ച കാര്യങ്ങൾ പ്രവാചകന്റെ പ്രസിദ്ധി എല്ലാ ദേശത്തും എത്തിക്കാൻ കാരണമായി. മക്കയിലേക്ക് കടന്നു വരുന്നവരോട് ഖുറൈശികൾ പറഞ്ഞ കാര്യങ്ങൾ പ്രവാചകരെക്കുറിച്ച് പഠിക്കാൻ അവസരമൊരുക്കി.

എന്ത് ചെയ്തിട്ടും വിജയിക്കാതെ വന്നപ്പോൾ ശത്രുക്കൾ കൂടുതൽ അക്രമത്തിന്റെ വഴികൾ തെരഞ്ഞെടുത്തു. പ്രത്യേകിച്ചും ദുർബലരായ വിശ്വാസികളെ കൈയേറ്റം ചെയ്യാൻ തുടങ്ങി. അബൂജഹൽ കച്ചകെട്ടിയിറങ്ങി. മാന്യനായ ഒരാൾ വിശ്വാസിയായി എന്നറിഞ്ഞാൽ അയാളെ മാനം കെടുത്തുക. ഒരു വ്യാപാരിയാണെങ്കിൽ അയാളുടെ വ്യാപാരം നഷ്ടപ്പെടുത്തുക. പാവപ്പെട്ടവനാണെങ്കിൽ അയാളെ കൈകാര്യം ചെയ്യുക. അങ്ങനെ അയാൾ ചട്ടമ്പിയായി നടന്നു.

ശുദ്ധ ഹൃദയനും പാവപ്പെട്ട അടിമയുമാണ് ബിലാൽ (റ). അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചതായി പ്രഖ്യാപിച്ചു. ഉടമസ്ഥനായ ഉമയ്യത്തിന് അതിഷ്ടമായില്ല. അയാൾ പിന്തിരിപ്പിക്കാൻ ആവതും നോക്കി. പക്ഷേ, ബിലാൽ വഴങ്ങിയില്ല. ഉമയ്യ: അക്രമാസക്തനായി. ബിലാലി (റ)നെ കെട്ടിവരിഞ്ഞു. പൊള്ളുന്ന മണലിൽ മലർത്തിക്കിടത്തി. ഭാരമുള്ള പാറ മാറിൽ കയറ്റിവച്ചു. ചാട്ടവാർ കൊണ്ട് മർദിക്കാൻ തുടങ്ങി. അയാൾ ആക്രോശിച്ചുകൊണ്ടിരുന്നു. ഒന്നുകിൽ നിന്റെ മരണം അല്ലെങ്കിൽ മുഹമ്മദി ﷺ ന്റെ ദൈവത്തെ നിഷേധിക്കൂ. ലാത്തയേയും ഉസ്സയേയും വിശ്വസിക്കൂ. ബിലാൽ (റ) ഇളകിയില്ല. അദ്ദേഹം പറഞ്ഞു കൊണ്ടേയിരുന്നു ; “അഹദ്, അഹദ് ” അഥവാ, രക്ഷിതാവായ ഏകൻ ഏകൻ. ഞാൻ ലാത്തയെയും ഉസ്സയെയും നിരാകരിക്കുന്നു.
ഉമയ്യത്തിന്റെ ക്രോധം വർധിച്ചു .അയാൾ അക്രമം ശക്തിപ്പെടുത്തി. ബിലാലി (റ)ന്റെ അഹദിന്റ ധ്വനി ഉയർന്നു കൊണ്ടിരുന്നു.

അംറ് ബിൻ അൽആസ്വ്(റ) പറയുന്നു. ഞാൻ മക്കയിലൂടെ നടന്നു പോകുമ്പോൾ ബിലാലി (റ)നെ മർദിക്കുന്നത് നേരിൽക്കാണാനിടയായി. അഹദ് അഹദ് എന്ന് ബിലാൽ (റ) പറയുന്തോറും ഉമയ്യ: കൂടുതൽ ക്രൂരനായി. ബിലാലി (റ)ന്റെ ശരീരം തിളച്ച മണ്ണിൽ പുളയുന്നു. അദ്ദേഹം ഇടയ്ക്കിടക്കിയ്ടക്ക് ബോധരഹിതനാവുന്നു , പിന്നെയും ബോധം തെളിയുന്നു. അപ്പോഴെല്ലാം അഹദ് എന്ന് പറഞ്ഞു കൊണ്ടേയിരിക്കുമായിരുന്നു.

ഹസ്സാൻ ബിൻ സാബിത് (റ) പറയുന്നു: “ഞാൻ ഉംറ ചെയ്യാൻ കഅ്ബയുടെ അടുത്തെത്തി. അപ്പോഴതാ കുട്ടികൾ ഒരു നീണ്ടകയറിൽ ബിലാലി (റ)നെ കെട്ടിവലിക്കുന്നു. അദ്ദേഹം ഉറക്കെ വിളിച്ചു പറയുന്നു. ലാത്ത, ഉസ്സ, മനാത്ത, ഹുബുൽ, നാഇല, ബുവാന എന്നീ ദൈവങ്ങളെ ഞാൻ നിഷേധിക്കുന്നു. ഉടനെ ഉമയ്യത്ത് വന്ന് പൊള്ളുന്ന മരുഭൂമിയിലേക്ക് ബിലാലി(റ)നെ കിടത്തി…

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-80/365

മുജാഹിദ് (റ) പ്രസ്താവിക്കുന്നു. ഖുറൈശികൾ ബിലാലി (റ)ന്റെ കഴുത്തിൽ കയറു കെട്ടി. അദ്ദേഹത്തെ മക്കയിലെ മലകൾക്കിടയിൽ വലിച്ചിഴയ്ക്കാൻ കുട്ടികളോട് പറഞ്ഞു. അതുപ്രകാരം കുട്ടികൾ വലിച്ചിഴച്ചു. ബിലാൽ (റ) ‘അഹദ് , അഹദ് ‘ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. ബിലാൽ (റ) തന്നെ പിൽക്കാലത്ത് പറഞ്ഞു; “അവർ എന്നെ ഒരു രാവും പകലും തുടർച്ചയായി കെട്ടിവലിച്ചു. എന്റെ തൊണ്ട വരണ്ടു. ഒരക്ഷരവും പുറത്ത് വരാത്ത അവസ്ഥയിലായി “.

ബിലാലി(റ)നെ ശിക്ഷിക്കുന്ന രംഗം കണ്ടുകൊണ്ട് ‘വറഖത് ബിൻ നൗഫൽ ‘ കടന്നു പോയി. അദ്ദേഹം പറഞ്ഞു, “ബിലാലേ, ശരിയാണ് ബിലാൽ. അഹദ്, അഹദ്. അല്ലാഹു സത്യം ! ഉമയ്യത്തിനോട് പറഞ്ഞു, ഇദ്ദേഹത്തെ നിങ്ങൾ കൊല്ലുകയാണോ? അങ്ങനെയെങ്ങാനും സംഭവിച്ചാൽ ബിലാലി(റ)ന്റെ ഖബറിടം ഞാൻ കാരുണ്യഭവനമായി പരിപാലിക്കും “.

ഒടുവിൽ അബൂബക്കർ (റ) അതുവഴി കടന്നു വന്നു. അദ്ദേഹം ഉമയ്യത്തിനോട് ചോദിച്ചു. “അല്ലയോ, ഉമയ്യാ: ! ഈ പാവത്തിന്റെ കാര്യത്തിൽ നീ പടച്ചനെ ഭയക്കുന്നില്ലേ ? നീയീ പാവത്തെ ഏതു വരെയാണ് ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നത് ?”
ഉമയ്യ പറഞ്ഞു : ” നിങ്ങൾ തന്നെയാണ് ഇവനെ നശിപ്പിച്ചത്. നിങ്ങൾ തന്നെ ഇവനെ രക്ഷപ്പെടുത്താൻ വേണ്ടത് ചെയ്തോളൂ “.
അബൂബക്കർ (റ) പറഞ്ഞു, “ശരി എൻ്റെ അടുക്കൽ ആരോഗ്യവാനും നിന്റെ വിശ്വാസത്തിൽ ഉറച്ചു ജീവിക്കുന്നവനുമായ ഒരു കറുത്ത അടിമയുണ്ട്. അവനെ ഞാൻ നിനക്ക് തരാം പകരം ബിലാലി(റ)നെ മോചിപ്പിച്ചോളൂ “. ഉമയ്യ: സമ്മതിച്ചു.
അബൂബക്കർ(റ) ബിലാലി (റ)നെ ഏറ്റെടുത്ത് സ്വതന്ത്രനാക്കി. ബിലാൽ (റ) അടിമത്തത്തിന്റെ ചങ്ങലയിൽ നിന്ന് സ്വാതന്ത്ര്യത്തിന്റെ ലോകത്തേക്ക് പ്രവേശിച്ചു.

മുഹമ്മദ് ബിൻ സീരീനിന്റെ നിവേദനത്തിൽ ഇപ്രകാരം വായിക്കാം : “ബിലാൽ (റ) മുസ്‌ലിമായപ്പോൾ ശത്രുക്കൾ അദ്ദേഹത്തെ മരുഭൂമിയിൽക്കിടത്തി മർദിക്കാൻ തുടങ്ങി. എന്നിട്ടവർ പറഞ്ഞു, ‘നിന്റെ ദൈവം ലാത്തയും ഉസ്സയുമാണെന്ന് പറയൂ ‘ . അദ്ദേഹം പറഞ്ഞു: ‘അഹദ്, അഹദ് – എന്റെ രക്ഷിതാവ് ഏകനായ അല്ലാഹുവാണ് ‘. അപ്പോൾ അബൂബക്കർ (റ) അതുവഴി കടന്നു വന്നു. അദ്ദേഹം ചോദിച്ചു, നിങ്ങൾ എന്തിനാണിദ്ദേഹത്തെ പീഡിപ്പിക്കുന്നത് ? ശേഷം, ഏഴ് ഊഖിയ വില നൽകി ബിലാലി (റ)നെ വാങ്ങി സ്വതന്ത്രനാക്കി. വിവരം നബി ﷺ യെ അറിയിച്ചു. അവിടുന്നു പറഞ്ഞു, ഞാനും അതിൽ പങ്കാളിയാകാം. ഉടനെ സിദീഖ് (റ) ഇതിനകം അദ്ദേഹത്തെ സ്വതന്ത്രനാക്കികഴിഞ്ഞു.
അഞ്ച് ഊഖിയയാണ് നൽകിയതെന്ന അഭിപ്രായവും ഉണ്ട് “.

വിശ്വാസികൾ മർദനങ്ങളുടെ നാളുകളിലൂടെ കടന്നു പോവുകയാണ്. ഒരു ഭാഗത്ത് അത് വേദനയും നൊമ്പരവുമാണ് പങ്കുവയ്ക്കുന്നത്. എന്നാൽ, മറുഭാഗത്ത് ആത്മധൈര്യത്തിൻ്റെയും വിശ്വാസദാർഢ്യത്തിന്റെയും പ്രഖ്യാപനങ്ങൾക്കൂടിയായിരുന്നു.

വിശ്വാസ സംരക്ഷണത്തിന് വേണ്ടി ആത്മത്യാഗം ചെയ്ത ഖബ്ബാബ് ബിൻ അൽ അറത്തി (റ)നെ ഒന്നു വായിച്ചു നോക്കാം. സിബാഉ ബിൻ അബ്ദുൽ ഉസ്സയും കൂട്ടുകാരും ഖബ്ബാബി (റ)നോട് ചോദിച്ചു. “നീ വഴിപിഴച്ചെന്നും ഹാഷിം കുടുംബത്തിലെ ആ പുതിയ വാദവുമായി വന്ന വ്യക്തിയെ നീ അനുകരിക്കുന്നു എന്നും കേട്ടല്ലോ ?”
ആലയിൽ ആയുധപ്പണിയിൽ നിന്ന ഖബ്ബാബ് (റ) ചോദിച്ചവരോടെന്നല്ലാതെ പറഞ്ഞു; “ഞാൻ വഴിപിഴച്ചതൊന്നുമല്ല. നിങ്ങൾ ആരാധിക്കുന്ന ദൈവങ്ങളെ വിട്ട് രക്ഷിതാവായ അല്ലാഹുവിനെ ആരാധിക്കുന്നു. അത്ര മാത്രം”. അടിമയായ കൊല്ലപ്പണിക്കാരന്റെ ഈ മറുപടി സിബാഇനു പിടിച്ചില്ല. അവൻ മർദനമുറകൾക്കൊരുങ്ങി. ആലയിലെ ആയുധങ്ങളെടുത്ത് പരുക്കേൽപ്പിച്ചു. ഖബ്ബാബ് (റ) രക്തത്തിൽക്കുളിച്ചു. വിവരം മക്കയിൽ പ്രചരിച്ചു. ഒരടിമ പരസ്യമായി വിശ്വാസം പ്രഖ്യാപിച്ചത് അവർക്ക് ഉൾക്കൊള്ളാനായില്ല.
ഖുറൈശി പ്രമുഖൻമാരായ അബൂജഹലും അബൂസുഫ്’യാനും വലീദും ദാറുന്നദ്’വയിൽ ഒരുമിച്ചുകൂടി. അക്രമങ്ങൾ ശക്തിപ്പെടുത്താൻ തീരുമാനിച്ചു. ഖബ്ബാബി(റ)നെ നിലയ്ക്ക് നിർത്താൻ അദ്ദേഹത്തിന്റെ യജമാനത്തി ഉമ്മു അൻമാറിന്റെ സഹോദരൻ സിബാഇനെ ഏൽപ്പിച്ചു. ഖബ്ബാബി (റ)നെ എരിയുന്ന വെയിലത്ത് പൊള്ളുന്ന മണലിൽ നഗ്നനായിക്കിടത്തി. ഭാരമുള്ള കല്ലുകൾ മേനിയിൽക്കയറ്റി വച്ചു. എന്നിട്ട് ചോദിച്ചു, “മുഹമ്മദ് ﷺ നെപ്പറ്റി നീ ഇപ്പോൾ എന്ത് പറയുന്നു ?”
അദ്ദേഹം പറഞ്ഞു; ‘അല്ലാഹുവിന്റെ ദൂതൻ എന്റെ പ്രവാചകൻ ‘ ശരീരത്തിൽ ഇരുമ്പു കവചങ്ങൾ അണിയിച്ചിട്ട് അവർ ചോദിക്കും, “ലാത്തയെയും ഉസ്സയെയും കുറിച്ച് നീ എന്ത്‌ പറയുന്നു ?”
‘എന്ത് പറയാൻ ? രണ്ടു കൽ പ്രതിമകൾ’ എന്ന് ഖബ്ബാബ്(റ) മറുപടി പറയും. അതോടെ അവർ മർദനങ്ങളുടെ മൂർച്ച കുട്ടും…”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-81/365

ഖബ്ബാബ്(റ) ശിക്ഷിക്കപ്പെടുന്ന രംഗം ഒരിക്കൽ നബി ﷺ കാണാനിടയായി. അവിടുത്തെ കണ്ണുകൾ നിറഞ്ഞു. കവിളുകൾ നനഞ്ഞു. ആത്മാർഥമായി അവിടുന്ന് പ്രാർത ഥിച്ചു. “അല്ലാഹുവേ, നീ ഖബ്ബാബിനെ കാത്തു രക്ഷിക്കേണമേ”

തമീം ഗോത്രത്തിലെ അറത്തിന്റെ മകനായി നജ്ദിലായിരുന്നു ഖബ്ബാബ് (റ) ജനിച്ചത്. കൊള്ളക്കാരുടെ കൈയിലകപ്പെട്ട് മക്കയിലെ ചന്തയിലെത്തി. ‘ഖുസാഅ’ ഗോത്രത്തിലെ സമ്പന്നയായ ഉമ്മു അന്മാർ അവനെ വിലയ്ക്ക് വാങ്ങി. ആയുധപ്പണിയിൽ മികവ് കാണിച്ച അടിമയെ അവൾ കൊല്ലപ്പണി പരിശീലിപ്പിച്ചു. അങ്ങനെ ഖബ്ബാബ് (റ) മക്കയിലെ അറിയപ്പെട്ട കൊല്ലപ്പണിക്കാരനായി. അത് വഴി ഉമ്മു അന്മാർ അതിസമ്പന്നയായി. വിഗ്രഹാരാധനയും മറ്റും ആദ്യമെ താത്പ്പര്യമില്ലാതിരുന്ന അദ്ദേഹം മോചനത്തിന്റെ ഒരു മാർഗം കാത്തിരുന്നപ്പോഴാണ് മുത്ത് നബി ﷺ രംഗ പ്രവേശനം ചെയ്തത്. അതോടെ ഖബ്ബാബി(റ) ന് ആവേശമായി. അദ്ദേഹം തൗഹീദ് പ്രഖ്യാപിച്ചു. പക്ഷേ, ഉമ്മു അന്മാറിന് അത് ദഹിച്ചില്ല. അവൾ ഖബ്ബാബി (റ)നെ മർദ്ദിച്ചു. എന്നാൽ വൈകാതെ അവൾ രോഗിയായി. ഇരുമ്പ് ദണ്ഡ് ചൂടാക്കി നിത്യവും തലയിൽ ചൂടുകൊള്ളിക്കാൻ വൈദ്യൻ നിർദേശിച്ചു. ചികിത്സ നടത്താൻ ഖബ്ബാബി (റ)നെ ചുമതലപ്പെടുത്തി. വേദന കൊണ്ട് പുളഞ്ഞ് പൊള്ളുന്ന ദണ്ഡിന്റെ തീക്ഷ്ണതയിൽ ഓടുന്ന ഉമ്മു അന്മാറിനെ ഖബ്ബാബി (റ)ന് കാണേണ്ടിവന്നു. കാലത്തിന്റെ കൗതുകം നിറഞ്ഞ ഒരു പ്രതികാരമായിരുന്നു അത്.

പീഡനങ്ങളാൽ നൊമ്പരപ്പെടുന്ന കാലത്തെ ഓർമപ്പെടുത്തുന്ന ഒരു നിവേദനം ഇമാം ബുഖാരി (റ) ഉദ്ധരിച്ചിട്ടുണ്ട്. “ഖബ്ബാബ് (റ) പറയുന്നു. മക്കയിൽ ഞങ്ങൾ ശക്തമായി പീഡിപ്പിക്കപ്പെടുന്ന കാലം. ഞാൻ നബി ﷺ യുടെ സന്നിധിയിലെത്തി. അവിടുന്ന് കഅ്ബയുടെ തണലിൽ ഒരു മേൽമുണ്ട് മടക്കി തലയിണവച്ച് കിടക്കുകയായിരുന്നു. ഞാൻ ചോദിച്ചു. ‘അല്ലയോ അല്ലാഹുവിന്റെ ദൂതരേ! അവിടുന്ന് നമുക്ക് വേണ്ടി പ്രാർഥിക്കുന്നില്ലേ ? ‘
നബി ﷺ എഴുന്നേറ്റിരുന്നു. അവിടുത്തെ മുഖം ചുവന്നു തുടുത്തു. അവിടുന്ന് പറയാൻ തുടങ്ങി. ‘നിങ്ങളുടെ മുൻഗാമികൾ എത്രമേൽ മർദനങ്ങൾ ഏറ്റുവാങ്ങി. അവരിൽച്ചിലരെ ശത്രുക്കൾ ഇരുമ്പിന്റെ ചീർപ്പ് കൊണ്ട് വാർന്നു. എല്ലിൽ നിന്ന് മാംസമാണ് വാർന്ന് മാറ്റിയത്. ചിലരുടെ മൂർധാവിൽ ഈർച്ചവാൾ വച്ച് മരം പിളർക്കുന്നത് പോലെ രണ്ട് ഭാഗമാക്കി പിളർന്നു. അപ്പോഴൊന്നും അവർ വിശ്വാസം കൈവിട്ടില്ല. ഈ പ്രസ്ഥാനം പൂർണ വളർച്ചയെത്തും. അന്ന് സൻആ മുതൽ ഹളർമൗത് വരെ ഒരാൾ യാത്ര ചെയ്താൽ അല്ലാഹുവിനെയും ഒപ്പമുള്ള ആടിനെ ചെന്നായ പിടിക്കുമോ എന്നും മാത്രം അയാൾ ഭയന്നാൽ മതിയാകും. ‘
മുൻഗാമികൾ അനുഭവിച്ച ത്യാഗം ഓർമപ്പെടുത്തി. നബി ﷺ വിശ്വാസികളെ ആശ്വസിപ്പിച്ചു. പീഡനങ്ങൾ അതിജയിച്ച് എത്തിച്ചേരുന്ന ഭാവിയെക്കുറിച്ച് പ്രതീക്ഷ നൽകി. അനിവാര്യമായ സഹനത്തിന്റെ പ്രാധാന്യം ഓർമപ്പെടുത്തി. ഇതെല്ലാമായിരുന്നു നബി ﷺ യുടെ ഈ ഇടപെടലിന്റെ സാരം “.

ഖബ്ബാബ് (റ) ഖുർആൻ നന്നായിപ്പഠിച്ചു. മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുന്ന അധ്യാപകനായി മാറി.
മക്കയിലെ തീക്ഷ്ണതയുടെ നാളുകൾ തുടരുകയാണ്. പാവപ്പെട്ട വിശ്വാസികൾ ഖുറൈശികളുടെ ക്രൂര വിനോദങ്ങൾക്ക് നിരന്തരം ഇരയായിക്കൊണ്ടിരുന്നു. സുഹൈബ് ബിൻ സിനാൻ അർറൂമി, ആമിർ ബിൻ ഫുഹൈറ, അബൂ ഫുകൈഹ, അവരിൽ പ്രധാനികളാണ്.

ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ ഏറ്റവും വലിയ പരീക്ഷണം നേരിട്ട കുടുംബമാണ് അമ്മാർ (റ)ന്റെ കുടുംബം. ഉപ്പ യാസിർ, ഉമ്മ സുമയ്യ, സഹോദരൻ അബ്ദുല്ല എല്ലാവരും പരീക്ഷണങ്ങൾ നേരിട്ടവരാണ്.
ഒരു ദിവസം അമ്മാറി (റ)നെ ഖുറൈശികൾ കൂട്ടമായി മർദിച്ചു. ശരീരം മുഴുവൻ മുറിവുകളായി. ആ മുറിവുകളോടെ തിളയ്ക്കുന്ന മരുഭൂമിയിൽ മലർത്തിക്കിടത്തി. ശേഷം വെള്ളത്തിൽ മുക്കി. കുറേ നേരം അമ്മാർ (റ) ബോധരഹിതനായിക്കിടന്നു. ബോധം തെളിഞ്ഞു വരുമ്പോൾ അക്രമികൾ അവരുടെ ദൈവങ്ങളെ വാഴ്ത്തിപ്പറഞ്ഞു. അത് പ്രകാരം ഏറ്റു പറയാൻ ആവശ്യപ്പെട്ടു. അർധ ബോധാവസ്ഥയിൽ അമ്മാർ (റ) സമ്മതം മൂളി. ബോധം തെളിഞ്ഞപ്പോഴാണ് അബദ്ധം വ്യക്തമായത്. അദ്ദേഹം ഏറെ ദുഃഖിതനായി. നിർത്താതെ കരഞ്ഞുകൊണ്ടേയിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-82/365

അപ്പോൾ നബി ﷺ അടുത്തേക്ക് കടന്നു വന്നു. കണ്ണുനീർ തുടച്ചു കൊടുത്തു കൊണ്ട് അവിടുന്ന് ചോദിച്ചു; “സത്യനിഷേധികൾ നിങ്ങളെ വെള്ളത്തിൽ മുക്കിയിട്ട് ചിലത് പറയാൻ നിർബന്ധിച്ചു അല്ലേ? വിഷമിക്കേണ്ട ” – മുത്ത് നബി ﷺ അമ്മാറി(റ)നെ ആശ്വസിപ്പിച്ചു. വിശുദ്ധ ഖുർആനിലെ ‘അന്നഹ്ൽ ‘ അധ്യായത്തിലെ നൂറ്റിയാറാം സൂക്തം ഓതിക്കേൾപ്പിച്ചു. “വിശ്വാസം ദൃഢമായ ശേഷം നിഷേധവാക്യം പറയാൻ നിർബന്ധിക്കപ്പെട്ടാൽ അവർ കുറ്റക്കാരല്ല” എന്ന ആശയം പ്രസ്തുത സൂക്തത്തിലുണ്ട്. ഇത് കേട്ടപ്പോൾ അമ്മാറി(റ)ന് ആശ്വാസമായി.

നഷ്ടപ്പെട്ട സഹോദരൻ അബ്ദുല്ലയെ അന്വേഷിച്ച് യമനിൽ നിന്ന് മക്കയിൽ എത്തിയതായിരുന്നു യാസിർ ബിൻ ആമിർ. ഒപ്പം വന്ന മറ്റു രണ്ട് സഹോദരങ്ങൾ മാലികും ഹാരിസും യമനിലേക്ക് തന്നെ മടങ്ങി. യാസിർ മക്കയിൽത്തന്നെ സ്ഥിരതാമസമാക്കി. മക്കയിൽ തനിക്ക് അഭയം നൽകിയ അബൂഹുദൈഫ അദ്ദേഹത്തിന്റെ മഖ്സൂം ഗോത്രത്തിൽ നിന്ന് ഒരടിമയെ യാസിറിന് നൽകി. ആ അടിമസ്ത്രീയാണ് യാസിറിന്റെ ഭാര്യയായ സുമയ്യ: ബിൻത് ഖയ്യാത്. അവർക്ക് ലഭിച്ച ഓമന മകനായിരുന്നു അമ്മാർ (റ).

അമ്മാർ (റ) ദാറുൽ അർഖമിൽ പോയി മുത്ത് നബി ﷺ യിൽ നിന്ന് ഖുർആൻ കേൾക്കും. വീട്ടിൽ വന്ന് പഠിച്ച കാര്യങ്ങൾ ഉമ്മയോട് പങ്കു വയ്ക്കും. കേട്ടുകൊണ്ടിരുന്ന ഉമ്മയുടെ ഹൃദയത്തിൽ ഈമാനിന്റെ വെളിച്ചം കടന്നു. ഓരോ സൂക്തവും അവരെ കൂടുതൽ ആവേശഭരിതയാക്കി. ‘മനുഷ്യകുലം ഒരാണിൽ നിന്നും പെണ്ണിൽ നിന്നുമാണ് ‘ എന്ന ആശയം നൽകുന്ന സൂക്തം പ്രത്യേകം സ്വാധീനിച്ചു. മുത്ത് നബി ﷺ യെ എത്രയും വേഗം കാണാനുള്ള താത്പ്പര്യം മകനെ അറിയിച്ചു. ഉമ്മയുടെ നിർബന്ധത്തിന് വഴങ്ങി രണ്ട് ദിവസത്തിന് ശേഷം ഉമ്മയെയും കൂട്ടി ദാറുൽ അർഖമിലെത്തി. നബി ﷺ അവരെ സന്തോഷത്തോടെ സ്വീകരിച്ചു. വിശുദ്ധവാചകങ്ങൾ ചൊല്ലിക്കൊടുത്തു. ഏറ്റുചൊല്ലിയ സുമയ്യ(റ)യ്ക്ക് എന്തെന്നില്ലാത്ത ഒരു ഹൃദയാനന്ദം. അവർ ദാറുൽ അർഖമിൽ നിന്ന് പടിയിറങ്ങി. വീട്ടിലെത്തി ഭർത്താവിനെ കാര്യങ്ങൾ ധരിപ്പിച്ചു. അദ്ദേഹവും ഇസ്‌ലാമിലേക്ക് വന്നു. ഇസ്‌ലാം സ്വീകരിച്ച ആദ്യത്തെ പത്തിനുള്ളിൽ എണ്ണപ്പെടുന്നവരാണ് യാസിർ കുടുംബം.

ഒരു വർഷത്തോളം അവർ ഇസ്‌ലാമിനെ രഹസ്യമാക്കി പരിപാലിച്ചു. ശേഷം വിശ്വാസം പുറത്തറിഞ്ഞു. ബനൂ മഖ്സൂം ഗോത്രക്കാർക്ക് ഇതുൾക്കൊള്ളാനായില്ല. അവർ പ്രതിഷേധിച്ചു. അവർ ഈ കുടുംബത്തെ കൈയാമം വച്ചു. വിവിധങ്ങളായ മർദനങ്ങളേൽപ്പിച്ചു. വിശ്വാസത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ പലവഴികളും നോക്കി. ഒന്നും ഫലം കണ്ടില്ല.
യാസിർ കുടുംബത്തിൽ ഓരോരുത്തരെയും ഖുറൈശികൾ ആക്രമിച്ചു. ഓരോരുത്തരും ദൃഢമായ വിശ്വാസത്തിന്റെ അവസാനിക്കാത്ത ഉദാഹരണമായി മാറി. ബീവി സുമയ്യ: അദ്ഭുതകരമായ ധൈര്യത്തോടെ രംഗങ്ങളെ നേരിട്ടു. ഒരു പീഡനത്തെയും വകവയ്ക്കുക പോലും ചെയ്യാതെ ഉറച്ചു നിന്നു. ഈ കുടുംബത്തെ നോക്കി മുത്ത്നബി ﷺ പറഞ്ഞു. “ഓ യാസിർ കുടുംബമേ, ക്ഷമിക്കുക. നിങ്ങൾക്ക് സ്വർഗം ഒരുക്കി വച്ചിട്ടുണ്ട്.”

നൊന്തുപെറ്റ പൊന്നുമോൻ അമ്മാറി (റ)നെ ചുട്ടു പഴുത്ത ദണ്ഡ് കൊണ്ട് പൊളളിച്ച് ബോധരഹിതനാക്കിയപ്പോൾ മാതാവ് പൊട്ടിക്കരഞ്ഞു. പക്ഷേ, അവരുടെ വിശ്വാസം പതറിയില്ല. ശത്രുക്കൾ അവരെ വിടാതെ മർദിച്ചു. ഒരു മർദനത്തിനും തോൽപ്പിക്കാനാവില്ല എന്ന് തിരിച്ചറിഞ്ഞപ്പോൾ അബൂജഹലിന് അരിശം മൂത്തു. അവൻ കുന്തം ഉയർത്തി മഹതിയുടെ അടിവയറ്റിൽ തറച്ചു. ലവലേശം പതറാതെ മഹതി വേദന കടിച്ചിറക്കി. അവർ ഇസ്‌ലാമിലെ ആദ്യത്തെ രക്തസാക്ഷിയായി… സ്വർഗത്തിലേക്ക് പറന്നു. ബനൂ മഖ്സൂമിലെ അടിമപ്പെണ്ണ് ലോകാവസാനം വരെയുള്ള വിശ്വാസികൾക്ക് ഊർജമായി മാറി. ചരിത്രത്തിലെ ധീരവനിതയായി ഉയർന്നു.

വൈകാതെ യാസിറും (റ) ഈ ലോകത്തോട് യാത്രയായി . യാസിറി(റ)ന്റെ സഹോദരൻ അബ്ദുല്ല അമ്പേറ്റ് വീണു. തീക്ഷ്ണതകളുടെ തുടർച്ചയിൽ അമ്മാർ (റ) തനിച്ചായി. അബൂജഹൽ ബദ്റിൽ കൊല്ലപ്പെട്ടപ്പോൾ മുത്ത് നബി ﷺ അമ്മാറിനോട് പറഞ്ഞു. “നിങ്ങളുടെ ഉമ്മയെ വധിച്ചവനെ അല്ലാഹു വധിച്ചിരിക്കുന്നു.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-83/365

സുമയ്യ (റ)യുടെ വഴിയിൽ ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ മർദനമേൽക്കേണ്ടി വന്ന മഹതിയാണ് ലബീബ: (റ). ബനുൽ മുഅമ്മലിലെ പരിചാരകയായിരുന്നു അവർ. ഖുറൈശികൾ അവരെ മർദിച്ചു. മരണപ്പെട്ടു എന്ന അവസ്ഥയെത്തി. അബൂബക്കർ (റ) ശത്രുക്കളിൽ നിന്ന് അവരെ വിലയ്ക്കു വാങ്ങി രക്ഷപ്പെടുത്തി.

‘സിന്നീറ’ അല്ലെങ്കിൽ ‘സൻബറ ‘ എന്ന പേരിൽ റോമൻ വംശജയായ ഒരു ധീരവനിതയെയും ഇക്കൂട്ടത്തിൽ വായിക്കാനുണ്ട്. ഖുറൈശികൾ അവരെ മർദിച്ച് അന്ധയാക്കി. ശേഷം, ഈ ദുർഗതി ലാത്ത, ഉസ്സ ദൈവങ്ങളുടെ കോപമാണെന്ന് പറഞ്ഞു. ഉടനെ മഹതി അല്ലാഹുവിനെ വാഴ്ത്തി. അടുത്ത ദിവസം കാഴ്ച തിരിച്ചു കിട്ടി. അപ്പോൾ ശത്രുക്കൾ ഇത് മാരണമാണെന്നാരോപിച്ചു. അബൂബക്കർ (റ) ശത്രുക്കളിൽ നിന്ന് മഹതിയെയും വാങ്ങി മോചിപ്പിച്ചു.

അബൂബക്കർ (റ) തന്നെ മോചിപ്പിച്ച മറ്റു ചിലരാണ് ഉമ്മു ഉനൈസ്, നഹ്ദിയ, നഹ്ദിയ്യയുടെ മകൾ, ഉമ്മു ബിലാൽ, ഹമാമ എന്നിവർ. ഇവരിൽ മിക്ക ആളുകളെയും മർദനങ്ങളേറ്റുവാങ്ങുമ്പോൾ ശ്രദ്ധയിൽപ്പെട്ടാണ് മോചിപ്പിച്ചത്. ദുർബലരും പാവങ്ങളുമായ ഒരു പറ്റം വിശ്വാസികളെ മോചിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അബൂബക്കറി (റ)ന്റെ പിതാവ് അബൂഖുഹാഫ മകനോട് പറഞ്ഞു; “മോനേ, ഈ ദുർബലരായ ആളുകളെ മോചിപ്പിച്ചിട്ട് നിനക്കെന്താണ് കാര്യം? കുറച്ച് ആരോഗ്യവാന്മാരായ ആളുകളെ മോചിപ്പിച്ചാൽ നിനക്ക് കായികമായി ഒരു സുരക്ഷയെങ്കിലും ലഭിക്കുമായിരുന്നില്ലേ ?”
മഹാനവർകൾ പറഞ്ഞു :
“ഉപ്പാ, ഞാൻ ഈ മോചനങ്ങൾ നടത്തുന്നത് എന്റെ താത്പ്പര്യത്തിനല്ല. അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാൻ വേണ്ടി മാത്രമാണ്. ഈ കർമത്തെ പ്രശംസിച്ചു കൊണ്ടാണ് ഖുർആനിലെ ‘അല്ലൈൽ ‘ എന്ന അധ്യായത്തിലെ അഞ്ച് മുതലുള്ള സൂക്തങ്ങൾ അവതരിച്ചത്.

മക്കയിൽ വിശ്വാസികളുടെ ജീവിതം ദുസ്സഹമായി. എങ്ങോട്ട് തിരിഞ്ഞാലും മർദനം, പീഡനം. പാവങ്ങളുടെ ദീനതകൾ മുത്ത് നബി ﷺ യെ നൊമ്പരപ്പെടുത്തി. പരിഹാരങ്ങൾക്ക് വേണ്ടി അല്ലാഹുവിൽ പ്രതീക്ഷയർപ്പിച്ച് കാത്തിരുന്നു. വിശ്വാസികളെ സന്ദർഭോചിതമായി ആശ്വസിപ്പിച്ചു. തുടർന്ന് അവരോട് പറഞ്ഞു; “നിങ്ങൾ എത്യോപ്യയിലേക്ക് പലായനം ചെയ്തോളൂ. സത്യത്തിന്റെ ദേശമാണത്. അവിടുത്തെ ഭരണാധികാരി ‘നജ്ജാശി’ നീതിമാനാണ്. അവിടെ ആരും അക്രമിക്കപ്പെടുകയില്ല. അല്ലാഹു ഒരു പരിഹാരം നൽകുന്നത് വരെ അവിടെത്തുടരുക.

അങ്ങനെ ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ പലായനം നടന്നു. ഹിജറയുടെ അഞ്ചാം വർഷം റജബ് മാസത്തിലായിരുന്നു പലായനം. പന്ത്രണ്ട് പുരുഷന്മാരും
നാല് സ്ത്രീകളുമാണ് പലായനം ചെയ്തത്. അവരുടെ പേരുകൾ ഇങ്ങനെ വായിക്കാം.

1. ഉസ്മാൻ ബിൻ അഫ്ഫാൻ (റ)
2. പത്നി റുഖിയ്യ (റ)( മുത്ത് നബിﷺയുടെ മകൾ)
3. അബൂ ഹുദൈഫ ബിൻ ഉത്ബ (റ)
4. പത്നി സഹ്‌ല ബിൻത് സുഹൈൽ (റ)
5. സുബൈർ ബിൻ അൽ അവ്വാം (റ)
6. മിസ്അബ് ബിൻ ഉമൈർ (റ)
7. അബ്ദുർറഹ്മാൻ ബിൻ ഔഫ് (റ)
8. ഉസ്മാൻ ബിൻ മള്ഗൂൻ (റ)
9. അബൂ സബ്റ ബിൻ അബൂ റഹം (റ)
10. ഹാത്വബ് ബിൻ അംറ് (റ)
11. സുഹൈൽ ബിൻ ബൈളാ (റ)
12. അബ്ദുല്ലാഹ് ഇബ്നു മസ്ഊദ് (റ)
13. അബൂസലമ ബിൻ അബ്ദുൽ അസദ് (റ)
14. പത്നി ഉമ്മു സലമ: ബിൻത് അബീ ഉമയ്യ: (റ)
15. ആമിറ് ബിന് റബീഅ: (റ)
16. പത്നി ലൈല: ബിൻത് അബീ ഹസ്മ: (റ)

അബൂഹസ്മയുടെ മകൾ ലൈല (റ) എന്നവർ പറയുന്നു: “ഞങ്ങൾ ഇസ്‌ലാം സ്വീകരിച്ചപ്പോൾ ഏറ്റവും ശത്രുത പുലർത്തിയ ആളായിരുന്നു ഉമർ. ഞങ്ങൾ പലായനത്തിന് ഒരുങ്ങിയപ്പോൾ ഒട്ടകപ്പുറത്ത് കയറിയ എന്നോട് അദ്ദേഹം ചോദിച്ചു എങ്ങോട്ടാണ് ഉമ്മു അബ്ദില്ലാ ? ഞാൻ പറഞ്ഞു, ഞങ്ങൾ ഇസ്‌ലാം വിശ്വസിച്ചതിന്റെ പേരിൽ നിങ്ങൾ ഞങ്ങളെ അക്രമിക്കുകയല്ലേ ? ഞങ്ങൾ പീഡിപ്പിക്കപ്പെടാത്ത നാട് തേടിപ്പോവുകയാണ് “.അപ്പോൾ അദ്ദേഹം പറഞ്ഞു, “അല്ലാഹു നിങ്ങൾക്കൊപ്പമുണ്ടാകട്ടെ “.
ഞാനിക്കാര്യം ഭർത്താവിനോട് പറഞ്ഞു. ‘ഉമറിനെന്തോ ഒരു മനസ്താപം ഉള്ളത് പോലെ ‘ എന്ന് ഞാൻ കൂട്ടിച്ചേർത്തു. അപ്പോൾ ഭർത്താവ് പറഞ്ഞു, “നീ വിചാരിക്കുന്നുണ്ടോ അയാൾ ഇസ്‌ലാമാകും എന്ന് ? ഉമറിന്റെ കഴുത മുസ്‌ലിമായാലും ഉമർ മുസ്‌ലിമാവുകയില്ല ! ”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-84/365

ആമിർ ബിൻ റബീഅയുടെ അഭിപ്രായം അദ്ദേഹത്തിന്റേത് മാത്രയിരുന്നില്ല. ഉമറിനെ നന്നായി അറിയുന്ന എല്ലാവരുടെയും അഭിപ്രായം അതായിരുന്നു. എന്നാൽ, വിശ്വാസികളുടെ എത്യോപ്യയിലേക്കുള്ള പലായനത്തിന്റെയുടനെ ഉമർ ബിൻ ഖത്വാബ് (റ) ഇസ്‌ലാം സ്വീകരിക്കുന്ന രംഗത്തിന് മക്ക സാക്ഷിയായി.

ഇസ്‌ലാം സ്വീകരിച്ചവരിൽ നാൽപതാമത്തെ വ്യക്തിയാണ് ഉമർ(റ). അതല്ല, നാൽപതാമത്തെ പുരുഷനാണ് എന്നും അതല്ല, നാൽപതാമത്തെ പ്രമുഖനാണ് എന്നിങ്ങനെയെല്ലാം അഭിപ്രായങ്ങളുണ്ട്.

ഉമർ(റ)ന്റെ ഇസ്‌ലാമാശ്ലേഷണത്തിന്റെ സന്ദർഭത്തെക്കുറിച്ച് വിവിധങ്ങളായ വിശദീകരണങ്ങളുണ്ട്. അദ്ദേഹം സ്വയം തന്നെ പരിചയപ്പെടുത്തുന്ന ഒരു നിവേദനം ഇങ്ങനെ വായിക്കാം : “പരിചാരകനായ അസ്‌ലമിനോട് ചോദിച്ചു. എന്റെ ഇസ്‌ലാം സ്വീകരണത്തെക്കുറിച്ച് ഞാൻ പറഞ്ഞു തരട്ടയോ?”
അസ്‌ലം പറഞ്ഞു, “അതെ”.
അവിടുന്ന് പറഞ്ഞു തുടങ്ങി: “ഒരു ദിവസം ഞാൻ അബൂജഹലിനും ശൈബതിനും ഒപ്പമിരിക്കുകയായിരുന്നു. അപ്പോൾ അബൂജഹൽ പറഞ്ഞു; ‘ അല്ലയോ , ഖുറൈശികളേ! മുഹമ്മദ് ﷺ നിങ്ങളുടെ ദൈവങ്ങളെ നിരാകരിക്കുന്നു. സഹിഷ്ണുതയെ വിഡ്ഢിത്തമായി കാണുന്നു. മുൻഗാമികൾ നരകാവകാശികളാണെന്ന് വാദിക്കുന്നു. അത് കൊണ്ട് മുഹമ്മദ് ﷺ നെ ആരെങ്കിലും വകവരുത്തിയാൽ അവർക്ക് കറുത്തതും വെളുത്തതുമായ നൂറ് ഒട്ടകങ്ങളും ആയിരം ഊഖിയ വെള്ളിയും നൽകാം’. ആവനാഴിയിൽ അമ്പും നിറച്ച് വാളും ഊരിപ്പിടിച്ച് ഞാൻ പുറപ്പെട്ടു. വഴിമധ്യേ , ഒരു സംഘം ആളുകൾ കൂടിനിൽക്കുന്നത് കണ്ടു. അവർ ഒരു മൃഗത്തെ അറുക്കാനൊരുങ്ങുകയാണ്. അൽപ്പനേരം ഞാനവിടെ നോക്കി നിന്നു. അതാ നടുവിൽ നിന്നൊരു സന്ദേശം കേൾക്കുന്നു. ‘അല്ലാഹുവിലേക്ക് ക്ഷണിക്കുന്ന പുണ്യ പുരുഷനെ ശ്രദ്ധിക്കൂ’ എന്നാണ് സന്ദേശത്തിന്റെ ഉള്ളടക്കം. അപ്പോൾ ഞാനാലോചിച്ചു ഇത് എന്നെ ഉദ്ദേശിച്ചു കൊണ്ടുള്ള സന്ദേശമാണല്ലോ! ഞാൻ മുന്നോട്ട് സഞ്ചരിച്ചു. അപ്പോഴതാ ഒരാട്ടിൻ പറ്റം. അവിടെ നിന്നും ഒരു കവിതാ സന്ദേശം കേൾക്കുന്നു. അതിന്റെയും ആശയം ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന്. മടിയേതും കൂടാതെ ഇസ്‌ലാമിലേക്ക് വരൂ എന്ന ആശയത്തിലാണ് കവിത അവസാനിക്കുന്നത്. അപ്പോഴും ഞാൻ ചിന്തിച്ചു , ഇത് എന്നെയാണല്ലോ ലക്ഷ്യം വയ്ക്കുന്നത് “.

മറ്റൊരു നിവേദനത്തിൽ ഇങ്ങനെ വായിക്കാം :
” ഉമർ(റ) ഊരിപ്പിടിച്ച വാളുമായി മുന്നോട്ട് ഗമിച്ചു. വഴിയിൽ വച്ച് നുഐം ബിൻ അബ്ദില്ലാഹ് അന്നഹ്ഹാമിനെ കണ്ടുമുട്ടി. അദ്ദേഹം സത്യവിശ്വാസം സ്വീകരിച്ച് സ്വകാര്യമാക്കി വച്ച ആളായിരുന്നു. ഉമറി (റ)നോടദ്ദേഹം ചോദിച്ചു ; ‘എങ്ങോട്ടാണ് യാത്ര ?’
ഉമർ(റ) പറയുന്നു; ഞാനദ്ദേഹത്തോട് പറഞ്ഞു, ഞാനാ ‘സാബിഈ’ യെ അഥവാ പ്രവാചകനെ തേടിപ്പോവുകയാണ്. നമ്മുടെ ദൈവങ്ങളെ നിരാകരിച്ച് മതത്തെ വിമർശിക്കുന്ന ആ പ്രവാചക ﷺ നെ വധിക്കാൻ പോവുകയാണ്. നുഐം എന്നോട് പറഞ്ഞു, ‘നിങ്ങൾ നിങ്ങളെത്തന്നെ വഞ്ചിച്ചിരിക്കുന്നു. നിങ്ങൾ അങ്ങനെയൊരു കൊലപാതകം നടത്തിയാൽ അബ്ദുമനാഫ് കുടുംബം നിങ്ങളെ ഈ ഭൂമുഖത്ത് നടക്കാൻ അനുവദിക്കുമോ? അല്ല , നിങ്ങളുടെ വീട്ടിലെക്കാര്യം ആദ്യം നിങ്ങൾ നേരെയാക്കുന്നില്ലേ?’
‘എന്റെ ഏത് വീട്ടിൽ ? ‘ ഞാൻ ചോദിച്ചു.
നുഐം പറഞ്ഞു, ‘നിങ്ങളുടെ അമ്മാവന്റെ മകനും അളിയനുമായ സഈദു ബിൻ സൈദും സഹോദരി ഫാത്വിമയും. അവർ മുസ്‌ലിംകളായി പ്രവാചക ﷺ നെ അനുകരിക്കുന്നു. ആദ്യം അവരെ ശരിപ്പെടുത്തൂ ‘.
നുഐം ഇങ്ങനെ ചെയ്തത് ഉമറിനെ മുത്ത് നബി ﷺ യിൽ നിന്ന് വഴിതിരിച്ചു വിടാനായിരുന്നു. ഞാൻ നേരേ സഹോദരിയുടെ വീട്ടിലേക്ക് തിരിച്ചു “.

അന്ന് പ്രവാചകൻ ﷺ ചെയ്തിരുന്ന ഒരു രീതിയുണ്ട്. സാധുക്കളായ ആരെങ്കിലും വിശ്വാസം സ്വീകരിച്ചാൽ അവരെ കഴിവുള്ളവരുമായി സ്വകാര്യമായി ബന്ധപ്പെടുത്തും. അവർ പാവങ്ങൾക്ക് വേണ്ടത് നൽകും. അപ്രകാരം രണ്ട് വിശ്വാസികളുടെ ഉത്തരവാദിത്തം സഈദി(റ)ന്റെ പക്കലായിരുന്നു. അതിൽ ഒരാൾ ഖബ്ബാബ് ബിൻ അൽ അറത്ത്( റ) ആയിരുന്നു.

ഉമർ കോപാകുലനായി സഹോദരിയുടെ വീടിനടുത്തെത്തി. അകത്തു നിന്ന് ഖുർആൻ പാരായണം കേൾക്കുന്നു. പെട്ടെന്ന് വാതിൽ തുറന്നതും ഖബ്ബാബ് (റ) വീട്ടിൽ എവിടെയോ ഒളിച്ചു. ഖുർആനിലെ ‘ത്വാഹാ’ എന്ന അധ്യായം പകർത്തിയ ഫലകം ഫാത്വിമ (റ) ഒളിപ്പിച്ചു വച്ചു. ഉമർ ചോദിച്ചു, ‘ഞാൻ കേട്ടുകൊണ്ട് വന്ന മന്ത്രം എന്താണ് ? ‘
അവർ ചോദിച്ചു, ‘എന്താണ് നിങ്ങൾ കേട്ടത് ?ഒന്നുമില്ലല്ലോ !’
‘ആഹാ! ഒന്നുമില്ലെന്നോ ? നിങ്ങൾ രണ്ടു പേരും മുഹമ്മദി ﷺ നെ പിൻപറ്റിയ കാര്യം ഞാനറിഞ്ഞു കഴിഞ്ഞു ‘ . ഇത്രയും പറഞ്ഞുകൊണ്ട് ഉമർ സഈദി(റ)നെ കടന്നു പിടിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-85/365

ഭർത്താവിനെ മർദിക്കുന്നത് കണ്ട് ഫാത്വിമ (റ) ഉമറിനെ പ്രതിരോധിച്ചു. ഉമർ സഹോദരിയെത്തല്ലി മുറിവേൽപ്പിച്ചു. രക്തം വാർന്നു. ഫാത്വിമ (റ)യും സഈദും (റ) ഒരേ സ്വരത്തിൽ പറഞ്ഞു. “ഞങ്ങൾ രണ്ട് പേരും ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. നിങ്ങൾക്ക് ചെയ്യാനുള്ളത് ചെയ്തോളൂ. ഞങ്ങൾ അല്ലാഹുവിലും റസൂലിലും വിശ്വസിക്കുന്നു. നിങ്ങൾക്ക് എന്താണ് ചെയ്യാനുള്ളത് ?”

സഹോദരിയുടെ മുഖത്ത് രക്തം കണ്ട ഉമറിൻ്റെ മനസ്സലിഞ്ഞു. താത്പ്പര്യപൂർവം അവരോട് ചോദിച്ചു, “നിങ്ങൾ പാരായണം ചെയ്തു കൊണ്ടിരുന്ന ഫലകമെവിടെ? ഞാനൊന്നു വായിച്ചു നോക്കട്ടെ, മുഹമ്മദ് ﷺ പഠിപ്പിക്കുന്നതെന്താണെന്ന് ?”
ഉമർ എഴുതാനറിയുന്ന ആളായിരുന്നു. പെങ്ങൾ പറഞ്ഞു : “നിങ്ങൾക്കത് തരാൻ ഞങ്ങൾക്ക് പേടിയാണ്. നശിപ്പിച്ചുകളഞ്ഞാലോ?”
“പേടിക്കണ്ട ഞാൻ നിങ്ങൾക്ക് തിരിച്ചു തന്നോളാം ” – ദൈവങ്ങളെ സാക്ഷിയാക്കി ഉമർ പ്രതികരിച്ചു. മനം മാറ്റം മനസ്സിലാക്കിയ സഹോദരി പറഞ്ഞു; “നിങ്ങൾ ശുദ്ധി വരുത്തി വന്നാലേ ഇത് തരാനാവൂ. ഇത് ശുദ്ധിയോട് കൂടി മാത്രം സ്പർശിക്കേണ്ട വചനങ്ങളാണ് “. ഉമർ അനുസരിച്ചു. അയാൾ കുളിച്ചു വൃത്തിയായി വന്നു. പെങ്ങൾ ഖുർആനെഴുതിയ ഫലകം കൈമാറി. ‘ത്വാഹാ’ എന്ന അധ്യായമായിരുന്നു അത്. അദ്ദേഹം മനസ്സിരുത്തി ആദ്യ ഭാഗം പാരായണം ചെയ്തു. ഇതെത്ര മനോഹരമായ വചനങ്ങൾ! ശ്രേഷ്ഠമായ ഗ്രന്ഥം!

മറ്റൊരു നിവേദന പ്രകാരം ‘അൽ ഹദീദ് ‘ അധ്യായത്തിലെ ഏഴാമത്തെ സൂക്തം വരെ അദ്ദേഹം പാരായണം ചെയ്തു. ആശയ സംഗ്രഹം ഇപ്രകാരമാണ് : “അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുക. അവൻ നിങ്ങളെ പ്രതിനിധികളാക്കിയിട്ടുള്ള വിഭവങ്ങളിൽ നിന്ന് ചെലവഴിക്കുകയും ചെയ്യുക.” പാരായണം പൂർത്തിയായതും ഉമർ(റ) പ്രഖ്യാപിച്ചു. “അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ്.(അല്ലാഹു അല്ലാതെ ആരാധ്യനില്ലെന്നും മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു) “.

ഇത്രയും കേട്ടതും ഒളിച്ചിരുന്ന ഖബ്ബാബ് (റ) രംഗത്ത് വന്നു. അല്ലയോ, ഉമർ (റ) ! പ്രവാചകരുﷺടെ പ്രത്യേക പ്രാർഥന നിങ്ങൾക്ക് ലഭിച്ചിരിക്കുന്നു. ഇന്നലെ അവിടുന്ന് പ്രാർഥിക്കുന്നത് ഞാൻ കേട്ടിരുന്നു. അല്ലാഹുവേ, അബുൽ ഹകം(അബൂജഹൽ) അല്ലെങ്കിൽ ഉമർ ബിൻ അൽ ഖത്വാബ് ; രണ്ടിൽ ഒരാൾ വഴി ഇസ്‌ലാമിനെ നീ ശക്തിപ്പെടുത്തേണമേ! ഓ , ഉമർ (റ) ! അല്ലാഹു നിങ്ങളെ തെരഞ്ഞെടുത്തിരിക്കുന്നു ! ”

ഒരു നിവേദനത്തിൽ ഇപ്രകാരം തുടർന്നു വായിക്കാം. ” ഉടനെ ഉമർ (റ) ഖബ്ബാബി (റ)നോട് പറഞ്ഞു. മുഹമ്മദ് ﷺ എവിടെയാണുള്ളത്? എനിക്ക് നേരിൽക്കണ്ട് ഇസ്‌ലാം പ്രഖ്യാപിക്കണം. ഖബ്ബാബ് (റ) പറഞ്ഞു. അവിടുന്ന് അനുചരന്മാർക്കൊപ്പം സ്വഫാ കുന്നിനടുത്തുള്ള ഭവനത്തിലാണുള്ളത്. ഉമർ(റ) അങ്ങോട്ട് തിരിച്ചു. ദാറുൽ അർഖമിലെത്തി വാതിൽ മുട്ടി. വാതിൽപ്പാളിയിലൂടെ പുറത്തേക്ക് നോക്കിയ ആൾ ഉമറി (റ)നെക്കണ്ടു. അകത്തേക്കോടിച്ചെന്ന് മുത്ത് നബി ﷺ യോട് പറഞ്ഞു. അല്ലയോ, അല്ലാഹുവിന്റെ ദൂതരേ! വാളും ഊരിപ്പിടിച്ച് ഉമറാണ് (റ) വാതിൽക്കൽ നിൽക്കുന്നത്. പേടിച്ചരണ്ട സ്വഹാബിയോട് മുത്ത് നബി ﷺ യുടെ അടുത്ത് നിന്ന ഹംസ (റ) പറഞ്ഞു. അയാൾ വരട്ടെ, നല്ല ഉദ്ദേശ്യത്തോടെയാണെങ്കിൽ സ്വാഗതം. അല്ല, ദുരുദ്ദേശ്യത്തോടെയാണെങ്കിൽ അവന്റെ വാൾ കൊണ്ട് തന്നെ അവനെ നാം വകവരുത്തും. മുത്ത് നബി ﷺ യും പറഞ്ഞു, വാതിൽ തുറന്നു കൊടുക്കൂ.. അയാൾ കടന്നു വരട്ടെ. അയാൾക്കല്ലാഹു നന്മ വിധിച്ചിട്ടുണ്ടെങ്കിൽ അയാൾക്ക് നേർമാർഗം ലഭിക്കും.
വാതിൽ തുറന്നു. അകത്തേക്കു കടന്നതും രണ്ടാളുകൾ ഇരുവശത്തുമായി അയാളുടെ കക്ഷത്ത് കോർത്ത് പിടിച്ചു. തിരുനബി ﷺ യുടെ മുമ്പിൽ ഹാജരാക്കി. നബി ﷺ പറഞ്ഞു, അദ്ദേഹത്തെ സ്വതന്ത്രനാക്കൂ. അദ്ദേഹം നബി ﷺയുടെ മുറിയിലേക്ക് കടന്നു. നബി ﷺ എഴുന്നേറ്റ് അദ്ദേഹത്തിന്റെ വസ്ത്രത്തിലാകമാനം ഒന്നു പിടിച്ചു. എന്നിട്ട് ചോദിച്ചു: അല്ല ഉമറേ(റ) എന്താണ് നീ വന്നതിന്റെ ഉദേശ്യം? അല്ലയോ അല്ലാഹുവിന്റെ ദൂതരേ, ഞാൻ അല്ലാഹുവിനെയും ദൂതനെയും അവൻ കൽപ്പിച്ച കാര്യങ്ങളെയും വിശ്വസിച്ചംഗീകരിക്കാനാണ് വന്നത്. ഉടനെ നബി ﷺ തക്ബീർ മുഴക്കി. അല്ലാഹു അക്ബർ.. അതോടെ എല്ലാവർക്കും മനസ്സിലായി ഉമർ(റ) മുസ്‌ലിമായി എന്ന്. അവരും തക്ബീർ മുഴക്കി. മക്കയിലെ ഇടവഴികളിൽ അതിന്റെ അലയൊലികളുണ്ടായി. അതോടെ വിശ്വാസികൾക്ക് ഒരാത്മ ധൈര്യം കൈവന്നു. ഉമറും(റ) ഹംസ(റ)യും ഞങ്ങൾക്കൊപ്പമുണ്ട് “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-86/365

ഉമറി(റ)ന്റെ ഇസ്‌ലാം ആശ്ലേഷത്തെക്കുറിച്ച് അദ്ദേഹം തന്നെ പറയുന്ന ഒരു നിവേദനം ഇപ്രകാരം വായിക്കാം : ” ഞാൻ ജാഹിലിയ്യാ കാലത്ത് മദ്യത്തിന്റെ ആളായിരുന്നു. പാനം ചെയ്യുകയും പകർന്നു കൊടുക്കുകയും ചെയ്തിരുന്നു. ആലുഉമറിന്റെ വീടിനടുത്ത് ഹസവ്വറ എന്ന ഭാഗത്ത് ഞങ്ങൾ ഒത്തുകൂടുന്ന ഒരു സ്ഥലമുണ്ടായിരുന്നു. ഒരു രാത്രിയിൽ ഞാനങ്ങോട്ട് പുറപ്പെട്ടു. അവിടെ എത്തിയപ്പോൾ ചങ്ങാതിമാരിലൊരാളെയും അവിടെക്കാണാനില്ലായിരുന്നു. ഞാനാലോചിച്ചു. മക്കയിലെ ആ കള്ളുകച്ചവടക്കാരന്റെ അടുത്ത് ചെന്നാലോ? ഞാനവിടെയെത്തിയപ്പോൾ അയാളെയും കണ്ടില്ല. അപ്പോൾ ഞാനാലോചിച്ചു. ഇനിയെവിടെപ്പോകാനാ! കഅ്ബയുടെ അടുത്തെത്തി ഏഴോ എഴുപതോ പ്രാവശ്യം വലയം വയ്‌ക്കാം. അങ്ങനെ ഞാൻ പള്ളിയിലെത്തി. അപ്പോഴതാ മുഹമ്മദ് നബി ﷺ നിസ്ക്കാരത്തിൽ നിൽക്കുന്നു. നബി ﷺ നിസ്ക്കരിക്കുമ്പോൾ ശാമിന്റെ ഭാഗത്തേക്ക് തിരിഞ്ഞാണ് നിൽക്കുക. അപ്പോൾ തങ്ങളുടെയും ശാമിൻ്റെയും ഇടയിൽ കഅ്ബയുണ്ടാകും. അഥവാ, കഅ്ബയുടെ അസ്‌വദ് മൂലയുടെയും യമനി മൂലയുടെയും ഇടയിൽ നിന്നു കൊണ്ടാണ് നിസ്ക്കരിക്കുന്നത്. നബി ﷺ യുടെ നിസ്ക്കാരം കണ്ടപ്പോൾ എനിക്കൊരു തോന്നൽ. ഇന്ന് രാത്രി മുഹമ്മദ് ﷺ നെ ഒന്നു കേട്ടു നോക്കിയാലോ? ഉടനെ ഞാനിങ്ങനെ വിചാരിച്ചു, ഞാനടുത്ത് ചെന്ന് കേൾക്കാനൊരുങ്ങിയാൽ എന്റെ സാന്നിധ്യം നബി ﷺ യെ അലോസരപ്പെടുത്തിയേക്കും. ഞാൻ കഅ്ബയുടെ വടക്കേ ഭിത്തി ഹിജ്റിന്റെ ഭാഗത്ത് കൂടി കഅ്ബയുടെ കർട്ടന്റെയുള്ളിൽക്കടന്നു. മെല്ലെമെല്ലെ നബി ﷺ നിസ്ക്കരിക്കുന്നതിന്റെയഭിമുഖമായി എത്തി. എൻ്റെയും പ്രവാചകന്റെﷺയുമിടയിൽ കഅ്ബയുടെ കർട്ടൻ മാത്രമെയുള്ളൂ. നബി ﷺ യുടെ പാരായണം ഞാൻ ശ്രദ്ധാപൂർവം ശ്രവിച്ചു കൊണ്ടിരുന്നു. എൻ്റെ ഹൃദയത്തെ അത് സ്വാധീനിച്ചു. ഞാൻ കരയാൻ തുടങ്ങി. ഇസ്‌ലാം എന്റെ ഹൃദയത്തിൽക്കടന്നു. നബി ﷺ നിസ്ക്കാരം പൂർത്തിയാക്കുന്നത് വരെ ഞാനവിടെ നിന്നു. അവിടുന്ന് പുറത്തേക്ക് പോയപ്പോൾ ഞാനും പിൻതുടർന്നു. ദാറു അബ്ബാസിന്റെയും ദാറു ബിൻ അസ്ഹറിന്റെയും ഇടയിൽ വച്ച് ഞാൻ നബി ﷺ യുടെ അടുത്തെത്തി. അവിടുന്നെന്നെ തിരിച്ചറിഞ്ഞു. ശല്യപ്പെടുത്താനായിരിക്കും എന്ന് കരുതി എന്നെ ഭയപ്പെടുത്തി. എന്നിട്ടെന്നോട് ചോദിച്ചു. ‘ഖത്വാബിന്റെ മോനേ…, ഈ സമയത്തിവിടെ എന്താണ്?’
ഞാൻ പറഞ്ഞു, ‘ഞാൻ അല്ലാഹുവിനെയും അവൻ്റെ ദൂതനെയും അംഗീകരിക്കാൻ വന്നതാണ് ‘ . അപ്പോൾ അവിടുന്ന് അല്ലാഹുവിനെ സ്തുതിച്ചു. എന്നിട്ട് പറഞ്ഞു,’ അല്ലയോ ഖത്വാബിന്റെ മകനേ, അല്ലാഹു നിങ്ങളെ നേർവഴിയിലാക്കട്ടെ ‘. എന്നിട്ടെന്റെ മാറിൽ തടവി സ്ഥിരതയ്ക്ക് വേണ്ടി പ്രാർഥിച്ചു. ഞാൻ തങ്ങളെ വിട്ടുപിരിഞ്ഞു. അവിടുന്ന് വീട്ടിലേക്കും പ്രവേശിച്ചു”.

ഇത്തരം ഒരനുഭവം മുമ്പ് ഉണ്ടായി എന്നത് നേരത്തെ ഉദ്ധരിച്ച നിവേദനത്തോട് എതിരാകുന്നില്ല. ആദ്യത്തെ ഒരനുഭവത്തിന് ശേഷം മനം മാറുകയോ വശീകരിക്കപ്പെടുകയോ ആകാമല്ലോ? മാത്രമല്ല, അബൂജഹൽ മുന്നോട്ടു വച്ച മോഹനമായ ഒരു സമ്മാനം പ്രതീക്ഷിച്ചു കൊണ്ടായിരുന്നല്ലോ ഉമർ വാളും ഊരി രംഗപ്രവേശനം ചെയ്തത്. അക്കാലത്തെ ഏതൊരു യുവാവിനെയും വീഴ്ത്താൻ പറ്റുന്ന ഓഫറായിരുന്നല്ലോ അത്. ഇത്തരമൊരു ബോധ്യത്തിലൂടെ ഉമറി (റ)ന്റെ ഈ രണ്ട് നിവേദനങ്ങളെയും നമുക്ക് ചേർത്തു വച്ച് തന്നെ വായിക്കാം.

ഉമറി(റ)ന്റെ ഇസ്‌ലാമാശ്ലേഷത്തിൽ അദ്ദേഹത്തിന് തന്നെ ആത്മസംതൃപ്തി അനുഭവപ്പെട്ടു. അങ്ങനെ അദ്ദേഹം ചൊല്ലിയ കവിതയുടെ സാരം ഇങ്ങനെ വായിക്കാം.

“അനിവാര്യമായും അരുളേണ്ട സ്തോത്രങ്ങൾ
ഔദാര്യവാനേ നിനക്ക് ഞാനോതുന്നു.

വൃത്താന്ത ദൂതന്റെ സത്യമാം മൊഴികളെ
ആദ്യമേ ഞങ്ങൾക്കളവായ് ധരിച്ചു പോയ്.

ഖത്വാബിൻ മകളെ ഞാനക്രമിച്ചതിൽപ്പിന്നെ
നാഥൻ കനിഞ്ഞല്ലോ നേർമാർഗമെന്നിലും

ശത്രുക്കളപ്പോൾപ്പറഞ്ഞു ജനമധ്യത്തിൽ,
ഉമറോ പതിച്ചു പോയ് ‘സാബിഈ’ മാർഗത്തിൽ

ശ്രേഷ്ഠ വചസ്സുകൾ അവളോതും നേരത്ത്
അക്രമിച്ചഹോ കഷ്ടം ! ദുഃഖിച്ചിടുന്നു ഞാൻ

അർശിന്റെ അധിപനാം നാഥനോടവൾ തേടി.
അഹ്മദോ ﷺ ഞങ്ങളിൽ ഇന്നു പ്രസിദ്ധരാം.

യാഥാർഥ്യമേകുന്ന സത്യപ്രവാചകാ..
താക്കീതറിയിക്കും വിശ്വസ്ത നായകാ..”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
..

Mahabba Campaign Part-87/365

ഇസ്‌ലാമാശ്ലേഷിച്ച ഉടനെ ഉമറി(റ)ന് ഒരു മോഹം. ഇസ്‌ലാമിനെ ഏറ്റവും ശക്തമായി വിമർശിക്കുന്ന ആളെ ഒന്ന് കാണണം. എന്റെ ഇസ്‌ലാം സ്വീകരണം നേരിട്ടൊന്ന് പറയണം. പ്രഭാതമായപ്പോൾ നേരേ അബൂ ജഹലിന്റെ വീട്ടിലേക്ക് നടന്നു. അദ്ദേഹത്തിന്റെ വാതിലിൽ മുട്ടി. വാതിൽ തുറന്ന് കൊണ്ട് ചോദിച്ചു ; “സഹോദരപുത്രാ സ്വാഗതം, എന്താ വന്നത് ?”
ഉമർ പറഞ്ഞു, “ഞാൻ അല്ലാഹുവിനെയും അവന്റെ ദൂതനെയും അവിടുന്ന് അവതരിപ്പിച്ചതിനെയും വിശ്വസിക്കുന്നു “. അബൂജഹലിന് ദേഷ്യംപിടിച്ചു. “നിന്നെയും നിന്റെ ആശയത്തെയും ദൈവം ഹീനമാക്കട്ടെ ” – എന്ന് പറഞ്ഞു കൊണ്ട് അയാൾ വാതിൽ വലിച്ചടച്ചു.

പിന്നീട് ഉമർ(റ) ആലോചിച്ചു. മക്കയിൽ ഏറ്റവും നന്നായി വാർത്തകൾ പ്രചരിപ്പിക്കുന്ന ആൾ ആരാണ്? അതെ , ജമീൽ ബിൻ മഅമർ അൽ ജുമഹി എന്ന ആളാണ്. ഉമർ (റ) അയാളുടെ അടുത്തെത്തി. അദ്ദേഹത്തോട് ചോദിച്ചു. “അല്ല നിങ്ങളറിഞ്ഞോ? ഞാൻ ഇസ്‌ലാം സ്വീകരിച്ചിരിക്കുന്നു. ഞാൻ മുഹമ്മദ് നബി ﷺ യെ വിശ്വസിക്കുന്നു “. കേട്ടപാടെ കേൾക്കാത്ത പാടെ അയാൾ പുറത്തിറങ്ങി. തിരക്കു പിടിച്ചതിനാൽ അയാളുടെ മേൽമുണ്ട് നിലത്തിഴയുന്നുണ്ട്. നേരെ കഅ്ബയുടെ അടുത്തേക്ക് പുറപ്പെട്ടു. ഉമറും(റ) പിന്നിൽത്തന്നെ കൂടി. കഅ്ബയുടെ പരിസരത്ത് ഖുറൈശികൾ ക്ലബ്ബടിച്ചിരിക്കുകയാണ്. ജമീൽ ഉറക്കെ വിളിച്ചു പറഞ്ഞു : “അല്ലയോ , ഖുറൈശികളെ ! ഖത്വാബിന്റെ മകൻ ഉമർ(റ) സാബിഈ ആയിരിക്കുന്നു “. അയാളുടെ പിന്നിൽ നിന്ന് ഉമർ (റ) വിളിച്ചു പറഞ്ഞു; “അങ്ങനെയല്ല, ഞാൻ മുസ്‌ലിമായിരിക്കുന്നു. ഞാൻ സാക്ഷ്യം വഹിച്ച് പ്രഖ്യാപിക്കുന്നു – അല്ലാഹു അല്ലാതെ ആരാധ്യനില്ല. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ ദൂതരാകുന്നു “.
ഇത് പ്രഖ്യാപിക്കേണ്ട താമസം ഖുറൈശികൾ ഒന്നാകെ അദ്ദേഹത്തിന്റടുത്തേക്ക് ചീറിയടുത്തു. നട്ടുച്ചയാകുന്നത് വരെ ആ പ്രതിരോധം തുടർന്നുകൊണ്ടേയിരുന്നു. മർദിച്ചവശനാക്കിയപ്പോൾ ഉമർ(റ) പറഞ്ഞു. “അല്ലാഹുസത്യം! ഞങ്ങൾ ഒരു മൂന്നൂറംഗങ്ങൾ ഒന്നു തികഞ്ഞോട്ടെ. അന്ന് നിങ്ങൾക്കു ഞങ്ങളെ ഇങ്ങനെ ചെയ്യാനാവില്ല.
അങ്ങനെയിരിക്കെ, ഖുറൈശികളിലെത്തന്നെ ഒരു വയോധികൻ അവിടേക്ക് കടന്നു വന്നു. അയാൾ ചോദിച്ചു, “എന്താണ് കാര്യം ?” അവർ പറഞ്ഞു; ” ഉമർ(റ) സാബിഈ ആയിരിക്കുന്നു “.
“ഛേ, ഇതെന്ത് കഷ്ടം! ഒരു പുരുഷൻ അയാളുടെ സ്വന്തം കാര്യത്തിൽ ഒരു തീരുമാനമെടുത്തു. അതിന് നിങ്ങളയാളെ എന്ത് ചെയ്യാനാ ഉദ്ദേശിക്കുന്നത്? അദ്ദേഹത്തിന്റെ ഗോത്രം ബനൂ അദിയ്യ് അയാളെ നിങ്ങൾക്ക് വിട്ട് തരുമെന്ന് തോന്നുന്നുണ്ടോ? അതുകൊണ്ട് നിങ്ങൾ ഇദ്ദേഹത്തെ അയാളുടെ വഴിക്ക് വിടൂ”.
ഇത്രയും കേട്ടപാടെ ചുറ്റിയിരുന്ന വസ്ത്രം അഴിച്ചുമാറ്റിയത് പോലെ അവർ വിട്ടുമാറി. ഉമർ (റ) ന്റെ മകൻ അബ്ദുല്ല പറയുന്നു, പിൽക്കാലത്ത് മദീനയിൽ വച്ച് ഞാൻ ഉപ്പയോട് ചോദിച്ചു; “അവിടുന്ന് മുസ്‌ലിമായ ദിവസം ഉപ്പയുടെ ചുറ്റിലും കൂടിയ ശത്രുക്കളെ വിരട്ടിയോടിച്ച ആൾ ആരായിരുന്നു ?”.
ഉപ്പ പറഞ്ഞു, “മോനേ, അത് ആസ്വ് ബിൻ വാഇൽ അസ്സഹ്മി എന്ന ആളായിരുന്നു. അയാൾ ബഹുദൈവ വിശ്വാസിയായിട്ടാണ് മരണപ്പെട്ടത് “.

ഇബ്നു ഉമറി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന ഒരു നിവേദനം ഇങ്ങനെ വായിക്കാം : “ഖുറൈശികളുടെ വധഭീഷണിയെത്തുടർന്ന് ആശങ്കയോടെ ഉമർ (റ) വീട്ടിൽക്കഴിയുകയായിരുന്നു. ആസ് ബിൻ വാഇൽ അവിടേക്ക് കടന്നു വന്നു. പട്ട് കൊണ്ട് ബോർഡർ ചെയ്ത് അലങ്കാരം നിറഞ്ഞ ഒരു വസ്ത്രമായിരുന്നു അയാൾ ധരിച്ചിരുന്നത്. ജാഹിലിയ്യാ കാലത്ത് ഞങ്ങൾ കരാറിലായിരുന്ന ബനൂ സഹമ് ഗോത്രക്കാരനാണദ്ദേഹം. ഉമറി(റ)നോട് അദ്ദേഹം ചോദിച്ചു, എന്താണ് പ്രശ്നം? ഉമർ(റ) പറഞ്ഞു, ഞാൻ മുസ്‌ലിമായതിനാൽ താങ്കളുടെ ജനത എന്നെ വധിച്ചു കളയുമെന്ന് പറയുന്നു. ഉടനെ ആസ്വ് പ്രതികരിച്ചു. ഞാൻ അഭയം പ്രഖ്യാപിച്ചാൽ പിന്നെ ഒരാളും നിങ്ങളെ ഒന്നും ചെയ്യില്ല. അങ്ങനെ അദ്ദേഹം പുറത്തിറങ്ങി. അതാ താഴ്‌വര നിറഞ്ഞ് ജനങ്ങൾ ഉമറി(റ)ന്റെ വീട്ടിലേക്ക് മാർച്ച് ചെയ്യുന്നു. ആസ്വ് ചോദിച്ചു, നിങ്ങൾ എങ്ങോട്ടാണ് ? ഞങ്ങൾക്ക് ഖത്വാബിന്റെ മകൻ ഉമറി(റ)നെ വേണം. ഉടനെ ആസ്വ് പ്രതികരിച്ചു. ഉമറി(റ)നെ ഒരു നിലയ്ക്കും തൊടാൻ നിങ്ങൾക്ക് സാധ്യമല്ല. അതോടെ ജനങ്ങൾ പിൻവാങ്ങി “.

ഉമറി(റ)ന്റെ ഇസ്‌ലാമാശ്ലേഷം വിശ്വാസികൾക്ക് ആത്മവിശ്വാസം നൽകി. ഇബ്നു മസ്ഊദ് (റ) പറയുന്നു; “ഉമർ(റ) ഇസ്‌ലാമായതോടെ ഞങ്ങൾ പ്രതാപികളായി. അദ്ദേഹം ഇസ്‌ലാമിലേക്ക് വരുന്നത് വരെ കഅ്ബയുടെ അടുത്ത് പരസ്യമായി പ്രാർഥിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞിരുന്നില്ല. ഇബ്ൻ അബ്ബാസ് (റ) പറയുന്നു. ജിബ്‌രീൽ (അ) വന്നു പറഞ്ഞു, ഉമറി(റ)ൻ്റെ ഇസ്‌ലാം സ്വീകരണത്തിൽ ആകാശവാസികൾ ആനന്ദാഘോഷത്തിലാണ് “.

ഇബ്നു ഉമർ (റ) ഉദ്ധരിക്കുന്നു. “അബൂജഹൽ ഉമർ എന്നിവരിൽ നിനക്കിഷ്ടപ്പെട്ട ഒരാളിലൂടെ ഈ ഇസ്‌ലാമിനെ നീ ശക്തിപ്പെടുത്തേണമേ എന്ന് മുത്ത് നബി ﷺ അല്ലാഹുവിനോട് പ്രാർഥിച്ചു. ഉമറി(റ)നെയാണ് അല്ലാഹു ഇഷ്ടപ്പെട്ടത് “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-88/365

എത്യോപ്യയിലെത്തിയ മുസ്‌ലിംകളെ നേഗസ് ചക്രവർത്തി സ്വീകരിച്ചു. ഉമറി (റ)ന്റെയും ഹംസ (റ)യുടെയും ഇസ്‌ലാം സ്വീകരണം വിശ്വാസികൾക്ക് കരുത്ത് നൽകി. ഗോത്രങ്ങളിലേക്ക് ഇസ്‌ലാം വ്യാപിക്കാൻ തുടങ്ങി. നാൾക്കുനാൾ ഇസ്‌ലാം പുതിയ തീരങ്ങൾ തേടുന്നു. ഇതെല്ലാം കണ്ട് ഇളകിവശായ ഖുറൈശികൾ പുതിയ തന്ത്രങ്ങൾ മെനയാൻ തുടങ്ങി. പ്രവാചകﷺനെ വധിച്ചു കളയാം എന്ന അഭിപ്രായം മുന്നോട്ടു വച്ചു. ഖുറൈശികൾക്ക് പുറമെ നിന്ന് ഒരാളെക്കൊണ്ട് ഈ കൃത്യം നിർവഹിപ്പിക്കാമെന്നും അതു വഴി ആഭ്യന്തര പ്രശ്നങ്ങൾ ഒഴിവാക്കാമെന്നും അവർ ചർച്ച ചെയ്തു. എന്നാൽ ബനൂ ഹാഷിം, ബനുൽ മുത്വലിബ് എന്നീ കുടുംബങ്ങൾ ഈ അഭിപ്രായത്തെ എതിർത്തു.

വധിച്ചുകളയാനുള്ള തീരുമാനം നടക്കാതെ വന്നപ്പോൾ ഇനി ഉപരോധിക്കാം എന്ന അഭിപ്രായത്തിലേക്ക് ഖുറൈശികളെത്തി. അതിനാവശ്യമായ ഒരുപരോധക്കരാർ അവർ തയ്യാറാക്കി. ബനൂഹാഷിം, ബനുൽ മുത്വലിബ് കുടുംബങ്ങളുമായി മറ്റുള്ളവർ പൂർണമായും നിസ്സഹകരണം പ്രഖ്യാപിക്കുന്നു. അവരിൽ നിന്ന് വിവാഹബന്ധങ്ങൾ സ്വീകരിക്കാനോ ഉണ്ടാക്കാനോ പാടില്ല. സാധനങ്ങൾ വാങ്ങാനോ വിൽക്കാനോ പാടില്ല. അവരോട് അനുകമ്പ കാണിക്കുകയോ യാതൊരു വിധ ഉടമ്പടികളിൽ ഏർപ്പെടുകയോ അരുത്. പ്രവാചകരെﷺ വധിക്കാൻ വിട്ടു തരുന്നത് വരെ ഈ ഉപരോധം തുടരും. ഇതായിരുന്നു അവരുടെ നിസ്സഹകരണ ഉടമ്പടി. ഇത് രേഖപ്പെടുത്തി കഅ്ബയുടെ അകത്തളത്തിൽ സൂക്ഷിച്ചു. ഈ കരാർ എഴുതി ഉണ്ടാക്കിയത് ആരാണെന്നതിൽ അഭിപ്രായാന്തരങ്ങളുണ്ട്. മൻസൂർ ബിൻ ഇകിരിമ:, നളറ് ബിൻഹാരിസ്, ബുഗൈള് ബിൻ ആമിർ, ഹിഷാം ബിൻ അംറ് എന്നിവരുടെ പേരുകളാണ് വ്യത്യസ്ത ചരിത്രകാരന്മാർ ഉദ്ധരിച്ചത്. കരാറെഴുതിയ ആളുടെ ചില വിരലുകൾ തളർന്നു പോയതായും പരാമർശമുണ്ട്.

തുടർന്ന് ബനൂഹാഷിം, ബനുൽ മുത്വലിബ് കുടുംബക്കാർ ഒന്നാകെ ശിഅബ് അബീത്വാലിബ് അഥവാ, അബൂത്വാലിബിന്റെ താഴ്‌വരയിൽ ഒറ്റപ്പെട്ടു. വിശ്വാസികളും കുടുംബക്കാരായ അവിശ്വാസികളും ഏറെ ദുരിതത്തിലായി. ഒളിച്ചും പാത്തും എത്തുന്ന അൽപ്പം ഭക്ഷണത്തിൽ അവർ തൃപ്തിപ്പെടേണ്ടി വന്നു. അതും എത്താതെയായാൽ മുഴുപ്പട്ടിണിയിലായി. താഴ്‌വരയിലെ ഇലയും കായും കഴിച്ച് വായകൾ മുറിവായി. ആടുകൾ വിസർജികുന്നത് പോലെയായി അവരുടേതും.

ഉപരോധം ശക്തമായിത്തന്നെ നിലനിർത്താൻ ഖുറൈശികൾ സദാ ശ്രദ്ധിച്ചു. ഏതെങ്കിലും വഴിയിൽ ഭക്ഷണമോ വിഭവങ്ങളോ താഴ്‌വരയിലെത്താതിരിക്കാൻ അവർ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഹകീം ബിൻ ഹിസാം അമ്മായി ഖദീജ (റ)യ്ക്ക് വേണ്ടി കൊണ്ടു പോയ ധാന്യം വഴിയിൽവച്ച് അബൂജഹൽ തടഞ്ഞു. ഭക്ഷണം എത്തിച്ചു കൊടുക്കുന്ന പക്ഷം പരസ്യമായി മാനംകെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ശ്രദ്ധയിൽപ്പെട്ട അബുൽ ബക്തരി പറഞ്ഞു, “അയാളെ അയാളുടെ വഴിക്ക് വിടൂ. അയാളുടെ അമ്മായിക്ക് ഭക്ഷണവുമായിട്ട് പോവുകയല്ലേ?” പക്ഷേ, അബൂജഹൽ അത് കൂട്ടാക്കിയില്ല. അവർ തമ്മിൽ വാക്കേറ്റമായി. അവസാനം ഒട്ടകത്തിന്റെ താടിയെല്ലെടുത്ത് അബൂജഹലിനെ അടിച്ചു മുറിവേൽപ്പിച്ചു, ചവിട്ടി മർദിച്ചു. ഈ വിവരം മുഹമ്മദ് നബിﷺ അറിയുന്നത് ഖുറൈശികൾക്ക് ഏറെ മാനക്കേടായിരുന്നു. എന്നാൽ ഇത് ഹംസ (റ) കണ്ടുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.

ബനൂഹാഷിം കുടുംബക്കാരനായ അബൂലഹബും ആദ്യഘട്ടത്തിൽ താഴ്‌വരയിൽ ഉണ്ടായിരുന്നു. എന്നാൽ വൈകാതെ അയാൾ ശത്രുക്കളോടൊപ്പം ചേർന്നു. പരസ്യമായി അവർക്ക് പിന്തുണ പ്രഖ്യാപിച്ചു. മുസ്‌ലിംകൾക്കെതിരെ തിരിഞ്ഞു. അങ്ങനെയിരിക്കെ, ഉത്ബയുടെ മകൾ ഹിന്ദിനെ കണ്ടുമുട്ടി. അവളോട് പറഞ്ഞു. “ലാത്തയേയും ഉസ്സയേയും നാം സഹായിക്കണ്ടേ? അതുകൊണ്ട് അവരെ ഒഴിവാക്കിയവരെ നമ്മളും ഒഴിവാക്കി.

മൂന്നു വർഷം ഈ ഉപരോധം തുടർന്നു. ഈ കാലയളവിലെല്ലാം അബൂത്വാലിബ് നബിﷺക്ക് ഒരു രക്ഷാകർത്താവായിത്തന്നെ നിലനിന്നു. എല്ലാ രാത്രിയിലും നബിﷺ ഉറങ്ങാൻ കിടക്കുന്ന സ്ഥലത്ത് ചെല്ലും. അദ്ദേഹത്തിന്റെ മക്കളിൽ ഒരാളെ അവിടെക്കിടത്തും. നബി ﷺ യെ സ്ഥലം മാറ്റി മാറ്റിക്കിടത്തും. ഇങ്ങനെ ഏത് വിധത്തിലും ശത്രുക്കൾക്കു വിട്ടുകൊടുക്കാതെ സംരക്ഷിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ🌹

Mahabba Campaign Part-89/365

താഴ്‌വരയിലെ ജീവിതം ദുസ്സഹമായി. പക്ഷേ, ഒരു വിശ്വാസിയും മാറിച്ചിന്തിച്ചില്ല. സഹിഷ്ണുതയോടെ അതിജീവിച്ചു. അങ്ങനെയിരിക്കെ, ഒരു ദിവസം മുത്ത് നബി ﷺ അബൂത്വാലിബിനെ വിളിച്ചു. എന്നിട്ടു പറഞ്ഞു, “അല്ലയോ പിതൃസഹോദരാ, ഖുറൈശികൾ നമുക്കെതിരെ തയ്യാറാക്കി കഅ്ബയുടെയുള്ളിൽ സൂക്ഷിക്കുന്ന കരാർ പത്രം ചിതലരിച്ചിരിക്കുന്നു. അല്ലാഹുവിന്റെ നാമം ഒഴികെയുള്ള ഭാഗങ്ങൾ മുഴുവൻ നശിച്ചിരിക്കുന്നു “. അബൂത്വാലിബ് ചോദിച്ചു; “അല്ലാഹുവാണോ മോനേ, ഇതറിയിച്ചത്?” “അതെ “.
“ശരി, മോനെ ആരും മറികടക്കുകയില്ല”.

അബൂത്വാലിബ് ഒരു സംഘത്തോടൊപ്പം ഖുറൈശികളെ സമീപിച്ചു. അവർ വിചാരിച്ചു ഉപരോധത്തിൽ നിസ്സഹായരായ ജനങ്ങൾ മുഹമ്മദ് ﷺ യെ ഖുറൈശികൾക്ക് വിട്ടുകൊടുക്കാൻ സമ്മതിച്ചു വരികയാണെന്ന്. അബൂത്വാലിബ് സംസാരിക്കാൻ തുടങ്ങി : “നമുക്കിടയിൽ സംഭവിച്ചതൊക്കെ സംഭവിച്ചു. ഇനിയത് വിശദീകരിക്കുന്നില്ല. നമുക്കെതിരെ എഴുതിയ കരാർ ഒന്നെടുക്കൂ. നമുക്കിടയിലുള്ള പ്രശ്നത്തിന് നമുക്ക് പരിഹാരം കണ്ടെത്താം “. ചിതലരിച്ച കാര്യം മുൻകൂട്ടിപ്പറഞ്ഞാൽ അവർ എന്തെങ്കിലും കൃത്രിമം ചെയ്തേക്കുമോ എന്ന് ഭയന്ന് കൊണ്ടാണ് അബൂത്വാലിബ് ഇങ്ങനെ പറഞ്ഞത്.

ഖുറൈശികൾ കഅ്ബയുടെ ഉള്ളിൽ നിന്ന് കരാർ അടക്കം ചെയ്ത പേടകം സദസ്സിൽ ഹാജരാക്കി. എന്നിട്ട് സംസാരിക്കാൻ തുടങ്ങി. “നിങ്ങൾ പുതുതായി സ്വീകരിച്ച ആശയത്തിൽ നിന്ന് മടങ്ങാനുള്ള സമയമാണിത് “. അബൂത്വാലിബ് ഇടപെട്ടു. “ഞാൻ നമുക്കിടയിൽ മധ്യസ്ഥതയ്ക്കുള്ള ഒരു അഭിപ്രായവുമായിട്ടാണ് വന്നിട്ടുള്ളത്. എന്റെ സഹോദര പുത്രൻ പറയുന്നു, അവിടുന്ന് കളവ് പറയാറില്ലല്ലോ? നിങ്ങൾ നമുക്കെതിരെ അക്രമപരമായി എഴുതിയുണ്ടാക്കിയ കരാർപത്രത്തിലേക്ക് അല്ലാഹു ചിതലുകളെ അയച്ചിരിക്കുന്നു. നിങ്ങളെഴുതിയ പത്രത്തിലെ ‘അല്ലാഹു’ എന്ന പദമൊഴികെ എല്ലാം ചിതലുകൾ ഭക്ഷിച്ചിരിക്കുന്നു. പ്രവാചകൻ ﷺ പറഞ്ഞ ഇക്കാര്യം സത്യമാണെങ്കിൽ ഒരിക്കലും മുഹമ്മദ് നബി ﷺ യെ നിങ്ങൾക്ക് വിട്ടു തരില്ല. സത്യമല്ലെങ്കിൽ നിങ്ങൾക്ക് വിട്ടു തരാം. ഇതോടെ നമ്മുടെയിടയിൽ തീരുമാനമാക്കാം “.
അവർ അത് സമ്മതിച്ചു. കാരണം, മൂന്ന് വർഷങ്ങൾക്ക് മുമ്പ് എഴുതിത്തയ്യാറാക്കി കഅ്ബയിൽ സൂക്ഷിച്ച കരാർ പത്രം യാതൊരുവിധേനയും നബി ﷺ ക്ക് കാണാനോ അതിനെ സംബന്ധിച്ചറിയാനോ ഒരു വഴിയും ഉണ്ടായിരുന്നില്ല. ആവേശപൂർവം അവർ പേടകം തുറന്നു. എന്തൊരദ്ഭുതം! അതാ പ്രവാചകൻ ﷺ പറഞ്ഞത് പ്രകാരം തന്നെ. അബൂത്വാലിബ് അറിയിച്ച കാര്യം സത്യമായിപ്പുലർന്നിരിക്കുന്നു.

യഥാർഥത്തിൽ കാര്യബോധമുള്ളവർ അതുൾകൊള്ളേണ്ടതാണ്. പക്ഷേ, ഇരുട്ടിന്റെ കൂട്ടുകാർക്ക് അവരുടെ പക ഒടുങ്ങുകില്ല. അവർ പുതിയ ആരോപണം പുറത്തെടുത്തു. അവർ അബൂത്വാലിബിനോട് പറഞ്ഞു. “ഇത് നിങ്ങളുടെ സഹോദര പുത്രന്റെ മാരണമാണ് “.

ഉടനെ അബൂത്വാലിബ് ചോദിച്ചു. “സത്യവും അസത്യവും വേർതിരിഞ്ഞതിൽപ്പിന്നെ നിങ്ങൾ എന്ത് ന്യായത്തിലാണ് ഞങ്ങളെ ഉപരോധിക്കുക? നിങ്ങളല്ലേ യഥാർഥത്തിൽ അക്രമവും അനീതിയും ചെയ്യുന്നത് ?” തുടർന്ന് അബൂത്വാലിബും ഒപ്പമുള്ളവരും കഅ്ബയുടെ കിസ്’വയുടെ ഉള്ളിലേക്ക് കടന്നു നിന്നു. ശേഷം പ്രാർഥിച്ചു, “അല്ലാഹുവേ.. ഞങ്ങളെ ഉപരോധിക്കുകയും അക്രമിക്കുകയും ബന്ധം മുറിക്കുകയും ചെയ്തവർക്കെതിരേ ഞങ്ങളെ നീ സഹായിക്കേണമേ!” എന്നിട്ടവർ താഴ്‌വരയിലേക്ക് മടങ്ങി.

തീക്ഷ്ണമായ ഉപരോധത്തിന്റെ നാളുകൾ അവസാനിച്ചു. പക്ഷേ, പരീക്ഷണങ്ങൾ അവസാനിച്ചില്ല.
ഇതിനിടയിൽ എത്യോപ്യയിൽ എത്തിയ വിശ്വാസികൾക്ക് ഒരു വാർത്തയെത്തി. മക്കയിലെ രംഗം ശാന്തമായി. ചില പ്രമുഖർ ഇസ്‌ലാം ആശ്ലേഷിച്ചിരിക്കുന്നു. കുറച്ചാളുകൾ ഈ വാർത്തയറിഞ്ഞ് മക്കയിലേക്ക് തന്നെ തിരിച്ചു. മക്കയിലെത്താൻ ഒരു മണിക്കൂർ വഴിദൂരം മാത്രമേ ബാക്കിയുള്ളൂ. അവിടെ വച്ച് കിനാന ഗോത്രത്തിലെ ഒരു യാത്രാസംഘത്തെ കണ്ടുമുട്ടി. അവരോട് മക്കയിലെ വിവരങ്ങൾ അന്വേഷിച്ചു. അവരിൽ നിന്ന് നിജസ്ഥിതി മനസ്സിലാക്കി. ഖുറൈശികൾ ശത്രുതയിൽത്തന്നെ മുന്നോട്ട് പോവുകയാണ്. മക്കയിൽ വിശ്വാസികളുടെ ജീവിതം ഇപ്പോഴും പ്രയാസത്തിലാണ്. മക്കയുടെ സമീപത്ത് തിരിച്ചെത്തിയവർ ആശങ്കയിലായി. ചിലർ മക്കയിലെ ചിലരുടെ അഭയം സ്വീകരിച്ച് മക്കയിലേക്ക് കടന്നു. ചിലർ രഹസ്യമായി കുടുംബങ്ങളിലെത്തി. ഇബ്നു മസ്ഊദ് (റ) എത്യോപ്യയിലേക്ക് തന്നെ മടങ്ങി. ഉസ്മാൻ ബിൻ മള്ഗൂൻ(റ) വലീദ് ബിൻ മുഗീറയുടെ ജാമ്യത്തിൽ മക്കയിൽ നിന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ🌹

Mahabba Campaign Part-90/365

ഖുറൈശികളിൽ ഒരാൾ അഭയം നൽകിയ വ്യക്തിയെ പിന്നെ മറ്റുള്ളവർ അക്രമിക്കുമായിരുന്നില്ല. അതിനാൽ ഉസ്മാൻ ബിൻ മള്ഗൂൻ (റ) സുരക്ഷിതമായി മക്കയിൽ സഞ്ചരിച്ചു. പക്ഷേ, കുറച്ച് ദിവസങ്ങൾ പിന്നിട്ടപ്പോൾ അദ്ദേഹത്തിനൊരു വൈഷമ്യം. എന്റെ സഹവിശ്വാസികൾ പീഡനങ്ങൾ ഏറ്റുവാങ്ങുമ്പോൾ ഞാൻ സുഗമമായി എങ്ങനെ സഞ്ചരിക്കും? നേരേ വലീദിന്റെ അടുത്തേക്ക് നടന്നു. അദ്ദേഹത്തോട് പറഞ്ഞു, “നിങ്ങൾ എനിക്ക് തന്ന അഭയം ഒഴിവാക്കിക്കോളൂ. നിങ്ങളുടെ ജാമ്യത്തിൽ നിന്ന് ഞാൻ ഒഴിവാകുകയാണ് “. വലീദ് ചോദിച്ചു, “അല്ലയോ സഹോദര പുത്രാ ! എന്താണങ്ങനെ ഒരു തീരുമാനം. നിങ്ങളെ ആരെങ്കിലുമൊക്കെ ആക്രമിച്ചാലോ?”
“ഞാൻ അല്ലാഹുവിന്റെ അഭയത്തിൽ തൃപ്തിപ്പെടുന്നു. മറ്റാരുടെയും അഭയം ഇപ്പോൾ ഞാനാഗ്രഹിക്കുന്നില്ല. അതുകൊണ്ട് എനിക്ക് നിങ്ങൾ അഭയം നൽകിയത് പള്ളിയിൽ നിന്ന് പരസ്യമായി പ്രഖ്യാപിച്ചത് പോലെ അഭയം ഒഴിവാക്കുന്നതും പരസ്യമായി പ്രഖ്യാപിച്ചോളൂ “.

അവർ രണ്ടു പേരും പളളിയിലേക്ക് എത്തി. വലീദ് പരസ്യമായി വിളിച്ചു പറഞ്ഞു, ” ഉസ്മാൻ ബിൻ മള്ഗൂനിന് ഞാൻ നൽകിയിരുന്ന അഭയം ഒഴിവാക്കാൻ അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. അത് പ്രകാരം അദ്ദേഹം ഇന്നു മുതൽ എന്റെ അഭയത്തിൽ നിന്ന് ഒഴിവാണ് “. ഉടനെ ഉസ്മാൻ (റ) പറഞ്ഞു, “ഈ പ്രസ്താവന ശരിയാണ്. ഞാൻ അദ്ദേഹത്തിന്റെ അഭയത്തിലായിരിക്കെ, കൃത്യമായി അദ്ദേഹം അത് പാലിച്ചു. ഇപ്പോൾ എന്റെ ആവശ്യപ്രകാരമാണ് ഒഴിവാക്കുന്നത്. ഞാൻ അല്ലാഹുവിന്റെ അഭയത്തിൽ തൃപ്തിപ്പെടാൻ തീരുമാനിച്ചു “. വലീദ് ഖുറൈശികളുടെ മജ്ലിസിലിരിക്കെ, ഉസ്മാൻ(റ) യാത്ര പറയാൻ ഒരുങ്ങി.

ഉടനെ വലീദ് പാടി:
“അലാ കുല്ലു ശൈഇൻ…”
“അല്ലാഹു അല്ലാത്തതെല്ലാം നിരർഥകം”
ഉസ്മാൻ (റ) പറഞ്ഞു, “അതു തന്നെ സത്യം!”
ഉടനെ വലീദ് പൂർത്തിയാക്കി:
“വ കുല്ലു നഈമിൻ…”
“അനുഗ്രഹമേതും നശിക്കും സുനിശ്ചിതം”.
ഉടനെ ഉസ്മാൻ (റ) പ്രതികരിച്ചു. അത് ശരിയല്ല.”സ്വർഗാനുഗ്രഹം അവസാനിക്കുകയേ ഇല്ല..”

ലബീദ് തുടർന്നു, ഉസ്മാൻ (റ) സുരക്ഷിതനായി വലീദിന്റെ അഭയത്തിൽ നിന്നതാണ്. ഇപ്പോൾ അയാൾക്കെന്തു പറ്റിയോ ആവോ? അപ്പോൾ ഖുറൈശികളിൽ നിന്നൊരാൾ എഴുന്നേറ്റു സംസാരിച്ചു തുടങ്ങി. നമ്മുടെ മതം വിട്ട് വിഡ്ഢിത്തത്തിലേക്കല്ലേ പോയത് ? അപ്പോൾ അങ്ങനെയല്ലേ ചെയ്യൂ? ഉസ്മാൻ (റ) അയാളുമായി വാക്കേറ്റമായി. അവസാനം ഉസ്മാന്റെ (റ) മുഖത്തടിയേറ്റ് കണ്ണ് നീലിച്ചു. ഉടനെ വലീദ് ചോദിച്ചു. “നിങ്ങൾ ഇതുവരെ എത്ര സുരക്ഷിതമായ ഒരഭയത്തിലായിരുന്നു ഉണ്ടായിരുന്നത്. നിങ്ങൾ തന്നെയല്ലേ അത് വേണ്ടന്ന് വച്ചത് ? എന്റെ അഭയം ഉള്ള പക്ഷം ഇങ്ങനെയൊന്ന് സംഭവിക്കുമായിരുന്നോ?”
ഉടനെ ഉസ്മാൻ (റ) പ്രതികരിച്ചു. “അല്ലയോ , വലീദ് ! എന്റെ അടുത്ത കണ്ണിനും ഇങ്ങനെയൊന്നു സംഭവിച്ചെങ്കിൽ എന്നാശിക്കുകയാണ്. ഞാൻ അഭയം പ്രാപിച്ചവൻ അഥവാ, അല്ലാഹു എന്തുകൊണ്ടും നിന്നെക്കാൾ പ്രതാപവാനും ശക്തനുമാണ് “.
വലീദ് പറഞ്ഞു, “സഹോദരപുത്രാ, ഇനിയും വേണമെങ്കിൽ ഞാൻ അഭയം നൽകാം. വേണമെങ്കിൽ മടങ്ങിക്കോളൂ “.
ഉസ്മാൻ (റ) പറഞ്ഞു, “വേണ്ട”.

അബൂസലമഃ (റ)യ്ക്ക് അബൂത്വാലിബ് അഭയം പ്രഖ്യാപിച്ചു. അപ്പോൾ ബനൂമഖ്സൂം ഗോത്രക്കാർ അബൂത്വാലിബിനെ സമീപിച്ചു. എന്നിട്ട് പറഞ്ഞു, “നിങ്ങൾ നിങ്ങളുടെ സഹോദര പുത്രൻ മുഹമ്മദ് ﷺ നെ തടഞ്ഞത് പോലെ ഞങ്ങളിൽ നിന്നുള്ള അബൂസലമഃ (റ)യെ എന്തേ തടയാത്തത് ?”അബൂത്വാലിബ് പറഞ്ഞു, “അദ്ദേഹം എന്റെ സഹോദരിയുടെ മകനാണ്. അവർ എന്നോട് അഭയം തേടിയപ്പോൾ ഞാൻ അദ്ദേഹത്തിനെങ്ങനെ അഭയം നൽകാതിരിക്കും? ഞാൻ എന്റെ സഹോദരന്റെ മകനെ തടഞ്ഞിരുന്നു എങ്കിൽ സഹോദരിയുടെ മകനെയും തടയുമായിരുന്നു. ഞാൻ രണ്ടു പേരോടും തടസ്സം പറഞ്ഞിട്ടില്ല”.
ഈ രംഗം കണ്ടു കൊണ്ട് നിന്ന അബൂലഹബ് ഇടപെട്ടു. അദ്ദേഹം ചോദിച്ചു, “ഈ വയോധികനെ അഥവാ, അബൂത്വാലിബിനെ എപ്പോഴും ജനമധ്യത്തിലിട്ട് നിങ്ങൾ ചോദ്യം ചെയ്യുന്നതെന്തിനാണ് ? ഞാൻ അദ്ദേഹത്തിന് വേണ്ടി പ്രതിരോധം തീർത്ത് അദ്ദേഹത്തിന്റെ ലക്ഷ്യം സാധിച്ചു കൊടുക്കും “. ഉടനെ ബനൂ മഖ്സൂമുകാർ പറഞ്ഞു. “ഇല്ല, നിങ്ങൾക്കനിഷ്ടമായതൊന്നും ഞങ്ങൾ ചെയ്യില്ല “. അവർ അബൂത്വാലിബിനെ ഒഴിവാക്കി. അബൂലഹബിന്റെ ഈ ഇടപെടൽ അബൂത്വാലിബിന് ഏറെ സന്തോഷമായി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

.

Leave a Reply