ഇസ്ലാം സമഗ്രവും സ്ഥായിയായതുമായൊരു ആദര്‍ശ വ്യവസ്ഥയാണ്. സൃഷ്ടാവ് ലോകാന്ത്യം വരെ ലോകത്ത് നിലനിര്‍ത്താന്‍ തീരുമാനിച്ചതും അവന്റെയടുക്കല്‍ സ്വീകാര്യമായ മതമായി പ്രഖ്യാപിച്ചതും ഇസ്ലാമിനെയാണ്. അതിനാല്‍ത്തെ കുറ്റമറ്റ രീതിയിലാണ് സൃഷ്ടാവ് സംവിധാനിച്ചിട്ടുള്ളത്. അപ്രകാരം തന്നെയാണ് പ്രവാചകര്‍ അത് നമ്മിലേക്ക് പകര്‍ന്നതും. പല മാധ്യമങ്ങളിലൂടെയും സ്രഷ്ടാവ് മതത്തെ അതുല്ല്യമാക്കുന്നുണ്ടെങ്കില് ലോകത്ത് മറ്റേത് ആശയധാരക്കും അവകാശപ്പെടാന്‍ കഴിയാത്ത വിധമുള്ള ‘പാരമ്പര്യം’ ഇവയില്‍ പ്രധാനമാണ്. തലമുറകളില്‍ നിന്ന് തലമുറകളിലേക്ക് യുഗാന്തരങ്ങളും ദേശാന്തരങ്ങളും ഭേദിച്ച് ഇസ്ലാം പടര്‍ന്ന് പന്തലിച്ചിട്ടും സഹസ്രാബ്ദങ്ങള്‍ക്കിപ്പുറവും പ്രവാചകര്‍ (സ) പഠിപ്പിച്ചു തന്ന പരിശുദ്ധ മതം യാതൊരു പകര്‍ച്ചയും കൂടാതെ നമ്മുടെ മുന്പിലുണ്ട് എന്നത് തന്നെയാണ് ഈ വസ്തുതക്കാധാരം. അറിവിന്റെ ആ ദാന പ്രദാനങ്ങള്‍ ഇസ്ലാം നിഷ്കര്‍ഷിച്ച ഇസ്നാദ് എന്ന മറ്റൊരു സമൂഹത്തിനും അവകാശപ്പെടാന്‍ കഴിയാത്ത വിശിഷ്ട സംജ്ഞയിലൂടെയാണ് മതം കൈമാറ്റം ചെയ്യപ്പെട്ടതും അത് കാരണമാണ് മതം ഇന്നും ഇങ്ങനെ നിലനില്‍ക്കുന്ന് എന്ന് സാരം.
ഇസ്നാദ് എന്നതിന്റെ കേവലാര്‍ത്ഥം ഒരു വസ്തു മറ്റൊന്നിലേക്ക് ചേര്‍ക്കുക എന്നതാണ്. പല വിധേനയുള്ള പണ്ഡിതാഭിപ്രായങ്ങള് കൂട്ടി വായിക്കുമ്പോള്‍ നമുക്ക് ലഭിക്കുന്ന സാങ്കേതിക നിര്‍വ്വചനം പ്രവാചകര്‍ (സ) തങ്ങളെ ജീവിതത്തില്‍ ആവിഷ്കരിച്ചവരായ, ജ്ഞാന പരമ്പര അവരിലേക്ക് ചേര്‍ക്കാന്‍ കഴിയുന്നവരായ മതത്തിന്റെ വിജ്ഞാനീശയങ്ങള് ഏറെ കരസ്ഥമാക്കിയവരായ, മുറുവ്വത്ത് – മാന്യതക്ക് പോലും എതിര് പ്രവര്‍ത്തിക്കാത്ത വിധത്തില്‍ ജീവിത ശുഭ്രതയാര്ജിച്ചവരുമായ മഹദ് വ്യക്തിത്വങ്ങള്‍ ശാബ്ദികമായോ രേഖീയമായോ അറിവ് പകര്‍ന്ന് കൊടുക്കലാല് ഒരു വ്യക്തിക്ക് നബി (സ) തങ്ങള്‍ വരെ തന്റെ പരമ്പര ഉറപ്പിക്കുതിനാണ് ഇസ്നാദ് – സനദ് എന്ന് പ്രയോഗിക്കുന്നു എന്നതാണ്. സമഗ്രമല്ലെങ്കിലും ഏകദേശം ഇസ്നാദിന്റെ എല്ലാ അര്‍ത്ഥ തലങ്ങളും ഇതുള്‍ക്കൊള്ളുന്നുണ്ട്. പ്രധാനമായും ഇസ്ലാമിന്റെ രണ്ടാം പ്രമാണമായ ഹദീസ് ആണ് നിര്‍ബന്ധപൂര്‍വമായ ഇസ്നാദ് പ്രയോഗം ഉറ്റകൊള്ളുന്നത്.
പൂര്‍വ്വ ഇസ്ലാം കാലത്തേ ഇസ്നാദ് ഭാഗികമായി പല സാഹിത്യ കൃതികളിലും ഉപയോഗിക്കപ്പെട്ടിരിക്കുന്നത്രേ, ജാഹിലിയ്യ കാലത്ത് കവിതകള്‍ കൈമാറുന്നതിലും മറ്റും ഇസ്നാദ് പറഞ്ഞിരുന്നു എന്നും കാണാം. എന്നാല്‍ ഇസ്ലാമില്‍ ഇസ്നാദിന്റെ ആരംഭം പരിശോധിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നതിങ്ങനെയാണ് : സ്വഹാബത്ത് നബി (സ) കാലത്തും അവിടുത്തെ കാല ശേഷവും പരസ്പരം കാണുമ്പോള്‍ ഹദീസ് കൈമാറിയിരുന്നു. യാതൊരു ഔപചാരികതയും ഇല്ലാതെ തന്നെ, എല്ലായ്പ്പോഴും തിരുസദസ്സില്‍ സംബന്ധിക്കാന്‍ കഴിയാത്തവര്‍ തന്റെ അഭാവത്തില്‍ നബി (സ) പകര്‍ന്നു നല്കുന്ന ഇല്മുകള് ശേഖരിക്കാനും ശേഷം തനിക്ക് പറഞ്ഞു തരാനും മറ്റൊരാളെ പരസ്പരം ചുമതലപ്പെടുത്തു shift സമ്പ്രദായം വരെ സ്വഹാബത്തിനിടയില്‍ ഉണ്ടായിരുന്നു എന്നു കാണാം. മഹാനായ ഉമര്‍ (റ) വിന്റെ ചരിത്രം ശ്രദ്ധേയമാണ്. തനിക്ക് കച്ചവടത്തിനോ മറ്റോ പോകല്‍ നിര്‍ബന്ധമാകുന്ന സമയത്ത് പ്രവാചകാധ്യാപനങ്ങള്‍ കേട്ട് പിന്നീട് തനിക്ക് പകര്‍ന്ന് തരാനായി തന്റെ ഒരു സുഹൃത്തിനെ ഉമര്‍ (റ) ചുമതലപ്പെടുത്തിയിരുന്നത്രെ, സുഹൃത്ത് കച്ചവടത്തിന് പോകുമ്പോള്‍ തിരിച്ച് ഉമര്‍ (റ) വും ഇങ്ങനെ ചെയ്തു കൊടുക്കും. ഇവിടെയൊന്നും ഓരോ അറിവിനും സൂക്ഷ്മ പരമ്പര പ്രതിപാതിക്കേണ്ട ആവശ്യം ഉദിക്കുന്നില്ല, എന്നാല്‍ പ്രവാചകരുടെ വിയോഗത്തിനു ശേഷം അങ്ങനെയല്ല. മുസ്ലിം സമൂഹം വലിയ പ്രശ്നങ്ങളെയാണ് അഭിമുഖീകരിക്കേണ്ടിവന്നത്.war of apostacy എന്നൊക്കെ ഇത് വിശദീകരിക്കപ്പെട്ടതായി കാണാം. പല മത – രാഷ്ട്രീയ സംഘട്ടനങ്ങള്‍ക്കും വഫാത്തിന് അല്‍പ്പ വര്‍ഷങ്ങള്‍ക്ക് ശേഷം തന്നെ ഇസ്ലാം സാക്ഷിയാകേണ്ടി വന്നു. വ്യാജ പ്രവാചകത്വ വാദികളുടെ വ്യാപകമായ രംഗ പ്രവേശനം, പ്രവാചക വചനങ്ങളെ തിഷ്ട പ്രകാരം വളച്ചൊടിച്ച് മതത്തിന് നിരക്കാത്ത ജീവിതം നയിക്കുന്നവര്‍, അത്തരം ആശയങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ച് ദുര്‍മാര്‍ഗത്തിലേക്ക് മറ്റുള്ളവരെക്കൂടി വഴി നടത്തുന്നവര്‍ എന്നിവരുടെ ഉദയം തുടങ്ങിയവ ഇവയില്‍ പ്രധാനമാണ്. മൂന്നാം ഖലീഫ മഹാനായ ഉസ്മാന് (റ) ന്റെ വധവും ശേഷമുണ്ടായ ആഭ്യന്തര കലാപങ്ങളും എല്ലാം ഇതില്‍പ്പെടും. അലി (റ) വിന്റെ ഭരണ കാലമായപ്പോഴേക്കും മതത്തിലെ ഓരോ കാര്യങ്ങളും പലരും പ്രശ്ന സൃഷ്ടിപ്പിന് മാത്രമുള്ള ആയുധങ്ങളായി ഉപയോഗിച്ചു. തന്മൂലം കൃത്വിമത്വങ്ങള് പ്രവാചക പാരമ്പര്യത്തില്‍ കടന്നകൂടുമോ എന്ന ഭയവും സംജാതമായി. ഈ അവസരത്തില്‍ പ്രവാചകാദ്ധ്യാപനങ്ങളും പ്രവാചകാദ്ധ്യാപനങ്ങളും ചര്യകളും യഥാര്‍ത്ഥ മാനങ്ങളില്‍ തന്നെ നിലനില്ക്കണമെന്ന് ആശിച്ചവര്‍ വ്യാജ ഹദീസുകളെ ചോദ്യം ചെയ്യാനും അവയുടെ പരമ്പര അന്വേഷിക്കാനും തുടങ്ങി. ഇബ്നു സീരീന് (റ) പറയുു : ഫിത്ന ഉണ്ടാകുത് വരെ ജനങ്ങള്‍ പരമ്പരയോ പാരമ്പര്യമോ അന്വേഷിച്ചിരുന്നില്ല. എന്നാല്‍ പ്രശ്നം പൊട്ടിപ്പുറപ്പെടുമ്പോള്‍ അവര്‍ അത് പരിശോധിക്കുകയും യഥാര്‍ത്ഥ അഹ്ലുസ്സുത്തിനെ സ്വീകരിക്കുകയും യഥാര്‍ത്ഥമെന്ന് ബോധ്യപ്പെട്ടതിനെ തള്ളുകയും ചെയ്തു.
ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെ വായിക്കാം. ഹദീസ് പറഞ്ഞു കൊടുക്കാനായി ബശീറുല്‍ അദവി എന്നൊരാള്‍ ഇബ്നു അബ്ബാസ്(റ) വിന്റെ അടുക്കല്‍ വന്നു. ശേഷം പറയാന്‍ തുടങ്ങി : ‘ നബി (സ) തങ്ങള്‍ പറഞ്ഞു…..’ ഇബ്നു അബ്ബാസ്(റ) ശ്രദ്ധിക്കുന്നില്ലെന്ന് കണ്ട് അദ്ദേഹം വീണ്ടുമാവര്‍ത്തിച്ചു ‘ നബി (സ) തങ്ങള്‍ പറഞ്ഞു…..’ വീണ്ടും ഇബ്നു അബ്ബാസ്(റ) അതിന് ചെവി കൊടുക്കുകയോ ശ്രദ്ധിക്കുകയോ ചെയ്യാത്തത് കണ്ടപ്പോള്‍ അദ്ദേഹം ചോദിച്ചു : ഓ, ഇബ്നു അബ്ബാസ്, താങ്കള്‍ എന്താണ് ഞാന്‍ ഹദീസ് ഉദ്ധരിക്കുന്നത് ശ്രദ്ധിക്കാത്തത്? ഞാന്‍ മുത്ത് നബി(സ) തൊട്ടാണ് പറയുന്നത്. ഇബ്നു അബ്ബാസ്(റ) പ്രതിവചിച്ചു ‘ഏതെങ്കിലുമൊരാള്‍ ‘നബി(സ) പറഞ്ഞു’ എന്ന് പറഞ്ഞു തുടങ്ങിയാല്‍ വിടര്‍ന്ന നയനങ്ങളോടെ കൂര്‍പ്പിച്ച കാതുകളോടെ ഞങ്ങളത് ശ്രദ്ധിക്കുവരായിരുന്നു. പക്ഷെ പലരും അത് കൊണ്ട് നിസ്സാരമാക്കാന്‍ തുടങ്ങിയതിനാല്‍ ഞങ്ങള്‍ക്കറിയാത്തത്, ഞങ്ങള്‍ ഇത് വരെ കേട്ടിട്ട് പോലുമില്ലാത്തത് ഞങ്ങള്‍ നിരുപാധികം സ്വീകരിക്കാറില്ല’ അഥവാ വ്യക്തമായ പരമ്പരയോ മറ്റോ സൂചിപ്പിക്കാതെ, ആദ്യം അത് പറയാതെ ഞങ്ങള്‍ ഹദീസ് സ്വീകരിക്കാറില്ല എതാണ് ഇതിന്റെ ഉദ്ദേശം. നബി (സ) യുടെ മേലില്‍ കളവ് പറയല്‍ ഇങ്ങനെ വ്യാപകമായപ്പോള്‍ താബിഈങ്ങളും ഹദീസ് സ്വീകരിക്കുതില്‍ പല ശ്രദ്ധകളും വെച്ച് പുലര്‍ത്തി. ചില താബിഈങ്ങളില്‍ നിന്ന് ഇങ്ങനെ കേള്‍ക്കാം ‘നബി തങ്ങളുടെ സ്വഹാബത്തിനെ തൊട്ട് റിപ്പോര്‍ട്ട് ചെയ്യുന്നത് എന്ന് പറഞ്ഞ് ബസ്വറയില്‍ വെച്ചൊക്കെ ഞങ്ങള്‍ പലതും കേള്‍ക്കുമായിരുന്നു, എന്നാല്‍ മദീനയില്‍ പോയി അവരുടെ വായകളില്‍ നിന്ന് കേട്ടാലല്ലാതെ ഞങ്ങള്‍ ആ ഹദീസ് കൊണ്ട് തൃപ്തിപ്പെടില്ലായിരുന്നു.
ഈ അവസ്ഥാ വിശേഷം കാരണമായി ഹദീസ് പണ്ഡിതരെല്ലാം അഹ്ലുല്‍ ഹദീസ് പാരമ്പര്യ വക്താവ് എന്നീ സ്വത്വവല്‍ക്കരണങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരായി. ഇസ്ലാമിന്റെ യഥാര്‍ത്ഥ സത്ത സംരക്ഷിക്കുക, തന്റെ മൗനം കാരണം മതത്തില്‍ യാതൊരു കൃതിമത്വവും കടുകൂടാന്‍ പാടില്ല തുടങ്ങിയ നിര്‍ബന്ധങ്ങളായിരുന്നു അവരെ മുന്നോട്ട് ഗമിപ്പിച്ചിരുന്നത്. ‘ആരെന്തെങ്കിലും ഒരു വാര്‍ത്ത-വിവരവുമായി വന്നാല്‍ നിങ്ങള്‍ അത് പരിശോധിക്കുക’ (ഹിജ്ര് 6) എന്ന ഖുര്‍ആനികാദ്ധ്യാപനം അവര്‍ക്ക് പ്രചോദനമേകി. പൊടിപ്പും തൊങ്ങലുകളില്‍ നിന്നും കെട്ടിച്ചമക്കലുകളില് നിന്നും ഇസ്ലാമികാധ്യാപനങ്ങളുടെയും പ്രവാചക ചര്യയുടെയും സംരക്ഷണം ഉറപ്പു വരുത്താനായി യഥാര്‍ത്ഥ ഹദീസിനുണ്ടാവേണ്ട മാനദണ്ഡങ്ങള്‍ ഇവര്‍ സ്ഥാപിച്ചു. യഥാര്‍ത്ഥ ഹദീസി/അറിവിന്റെയും നിര്മ്മിതമായതിന്റെയും ഇടയില്‍ വേര്‍ത്തിരിക്കാനുള്ള പ്രഥമവും പ്രധാനവുമായ രീതിയായി പരമ്പര പറയല്‍ – ഇസ്നാദിനെ അവര്‍ കണ്ടു. ജ്ഞാന കൈമാറ്റത്തിന്റെ ഓരോ ഘട്ടത്തിലും ഓരോ കൈകര്‍ത്താക്കളുടെയും ധാര്‍മികബോധം (അദാലത്ത്), സ്ഥിരത (സുബൂത്ത്), മാന്യത (മുറുവ്വത്ത്) തുടങ്ങിയവ ഉരച്ചു നിരീക്ഷിക്കുന്ന തലത്തിലുള്ള സൂക്ഷ്മത പ്രയോഗത്തില്‍ വരികയും ചെയ്തു. അതിനാല്‍ ഹദീസ് തേടുവരും പറയുവരുമായ പണ്ഡിതര്‍ ഓരോ ഹദീസ് സ്വീകരിക്കുന്നതിലും അങ്ങേയറ്റം സൂക്ഷ്മത വെച്ചു പുലര്‍ത്തി. ഇമാം ബുഖാരിയുടെ ചര്യകള്‍ വിഖ്യാതമാണ്. ഇസ്ലാമില്‍ വിശുദ്ധ ഗ്രന്ഥം കഴിഞ്ഞാല്‍ ശേഷം ഏറ്റവും പരിഗണനീയം എന്ന ഗണിക്കപ്പെടുന്ന സ്വഹീഹുല്‍ ബുഖാരി എന്ന ഗ്രന്ഥത്തില്‍ ഓരോ ഹദീസും അങ്ങനെയാണ് ചേര്‍ന്നിട്ടുള്ളത്. ഒരിക്കല്‍ മഹാനവര്കള് ഒരു ഹദീസ് സ്വീകരിക്കാനായി കാതങ്ങള്‍ സഞ്ചരിച്ച് ഒരു വ്യക്തിയുടെ അടുത്തെത്തി. അവിടെ എത്തിയപ്പോള്‍ മഹാന് കണ്ടത് താന്‍ ഹദീസ് സ്വീകരിക്കേണ്ട ആള് തിരുചര്യയോട് ചെറിയ തോതിലാണെങ്കിലും എതിര് കാണിക്കുന്നതാണ്. ഇത് കണ്ടതോടെ ഇമാം ബുഖാരി ആ വ്യക്തിയുടെ മറ്റു മഹത്വങ്ങളോ വിജ്ഞാനം പകര്‍ന്ന് നല്‍കാനുള്ള മറ്റു മാനദണ്ഡങ്ങളോ ഒന്നും ആലോചിക്കാതെ അവിടെ നിന്നും ഹദീസ് സ്വീകരിക്കാതെ തിരികെ പോന്നു. ഇത്രത്തോളം സൂക്ഷ്മാലുക്കളായിരുന്നു അവര്‍. ഇത്തരത്തില്‍ സനദുകളെ സൂക്ഷിക്കുവര്‍ ജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്നവരും മത കാര്യങ്ങളിലെ ഏത് തീര്‍പ്പുകള്‍ക്കും ഭരണാധികാരികള്‍ക്ക് വരെ സമ്മതരും ആയിരുന്നു.
ഖലീഫ ഹാറൂന്‍ റഷീദും ഒരു മതവിരോധി (സിന്ദീഖ്)യും തമ്മിലുള്ള ഒരു സംഭാഷണം ഇങ്ങനെ വായിക്കാം. ജനങ്ങള്‍ക്കിടയില്‍ വല്ലാതെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന അയാളെ തൂക്കിലേറ്റുന്നതാണ് രംഗം. കഴുമരത്തില്‍ നിന്ന് ഖലീഫയോട് വിരല്‍ ചൂണ്ടി അയാള്‍ ആക്രോശിച്ചു. ‘ഓ ഖലീഫാ, എന്നെ തൂക്കിലേറ്റിയത് കൊണ്ട് താങ്കള്‍ക്കൊന്നും നേടാനില്ല’. ഖലീഫ പ്രതിവചിച്ചു. ‘ഉണ്ട്. നിന്നെ ഇല്ലാതാക്കിയാല്‍ ഈ ജനതയും സമുദായവും രക്ഷപ്പെടും’. പൊട്ടിച്ചിരിച്ചു കൊണ്ട് മതവിരോധി പറഞ്ഞു : ‘ഒരിക്കലുമില്ല. നിങ്ങള്‍ കൊല്ലുന്നത് എന്നെയാണ്. പക്ഷെ ഞാന്‍ സ്വയം നിര്‍മിച്ച ആയിരക്കണക്കിന് ഹദീസുകള്‍ ജനങ്ങള്‍ക്കിടയില്‍ ഞാന്‍ മരിച്ചാലും അവശേഷിക്കും’. പുഞ്ചിരിയോടെ ഖലീഫ മറുപടി പറഞ്ഞു : ‘അതുണ്ടാവില്ല. നീ ജനങ്ങള്‍ക്ക് പറഞ്ഞു കൊടുത്ത ഓരോ വാക്കുകളും ഇബ്നു മുബാറക്ക് എ മഹാപണ്ഡിതന്റെ നേതൃത്വത്തിലുള്ള പണ്ഡിത സഭ തേച്ചുരച്ച് നിരീക്ഷിച്ച് തീര്‍പ്പു പറഞ്ഞു കൊണ്ടിരിക്കുകയാണ്’. ഈ സംഭവത്തില്‍ നിന്നും നിര്‍മ്മിത ഹദീസുകള്‍ സമൂഹത്തില്‍ സൃഷ്ടിച്ച തലവേദന എത്രത്തോളമായിരുന്നു എന്നും അത്തരം പ്രശ്നങ്ങളില്‍ അഹ്ലുല്‍ ഹദീസ് ഉമ്മത്തിന് നല്കിയ ആശ്വാസം എത്രത്തോളമായിരുന്നു എന്നും മനസ്സിലാക്കാം. സനദ് സൂക്ഷിക്കുവര്‍ പണ്ഡിതര്‍ക്കിടയില്‍ ഉയര്വരായിരുന്നു എന്ന് സൂചിപ്പിച്ചല്ലോ. ഒരു സംഭവം നോക്കാം. അബ്ദുല്‍ വഹാബ് അല്‍വര്‍റാഖ് എവര്‍ പറഞ്ഞു. ‘അഹ്മദിബ്നു ഹമ്പലിനെ പോലെ ഒരു പണ്ഡിതനെ ഞാന്‍ കണ്ടിട്ടേയില്ല’. ജനങ്ങള്‍ ചോദിച്ചു: ‘എന്ത് പ്രത്യേകതയാണ് നിങ്ങളദ്ദേഹത്തില് കണ്ടത് ?’ അദ്ദേഹം പറഞ്ഞു: ‘അറുപതിനായിരം മസ്അലകള്‍ അഹ്മദിബ്നു ഹമ്പലിനോട് ചോദിക്കപ്പെട്ടു. ഓരോ മസ്അലകള്‍ക്കും അദ്ദേഹം മറുപടി പറഞ്ഞത് എണ്ണിയെണ്ണി പരമ്പര വ്യക്തമാക്കിയിട്ടായിരുന്നു’.
എന്തായിരുന്നു അഇമ്മത് ഇസ്നാദിനെ ഇത്ര പ്രാധാന്യം നല്‍കിയതിനും വരും തലമുറക്ക് വേണ്ടി രേഖപ്പെടുത്തി വെച്ചതിനും കാരണം ? മറ്റൊന്നുമല്ല. പ്രവാചകര്‍ എന്ന പ്രാഥമിക ഉറവിടത്തില്‍ നിന്നാണല്ലോ സ്വഹാബത്ത് അറിവ് നേടിയത്. എന്നാല്‍ ശേഷം വന്നവരെല്ലാം ജ്ഞാനാര്്ജ്ജനം നടത്തിയത് ഒരു ദ്വിതീയമോ തൃതീയമോ ആയ ഉറവിടങ്ങളില്‍ നിന്നാണ്. ഈ ഉറവകളില്‍ നിന്നെല്ലാം നാം നുകരുന്ന വിജ്ഞാനങ്ങള്‍ക്ക് അടിസ്ഥാനപരമായി യാതൊരു വിത്യാസങ്ങളോ കലര്‍പ്പുകളോ ഇല്ല എന്ന് ബോധ്യപ്പെടാനാണ് എന്നാണ് പണ്ഡിതാഭിപ്രായം. നിങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി ഉയിര്ത്തെഴുല്േക്കപ്പെട്ട ഉത്തമ സമൂഹമാണ് എന്ന ഖുര്‍ആനിക സൂക്തം വിരല്‍ ചൂണ്ടുന്നത് മുഹമ്മദ് നബിയുടെ ഉമ്മത്തിന്റെ പാരമ്പര്യ മനോഹാരിതയിലേക്ക് കൂടിയാണെന്ന് പറഞ്ഞു വെച്ച വ്യാഖ്യാതാക്കളുണ്ട്. ഇത്തരത്തില്‍ പരമ്പര പറയലും സൂക്ഷിക്കലും ഈ ഉമ്മത്തിന്റെ മാത്രം പ്രത്യേകതയാണല്ലോ, തിരുനബി(സ) പറഞ്ഞ നിങ്ങള്‍ ഒരു ആയത്താണെങ്കിലും എന്നെ തൊട്ട് പകര്‍ന്നു കൊടുക്കുക, ബനൂ ഇസ്റാഈലിനെ തൊട്ടും പറഞ്ഞേളൂ പ്രശ്നമില്ല. പക്ഷേ എന്റെ മേല്‍ ആരെങ്കലും കളവ് ആരോപിച്ചാല്‍ അവന് നരകത്തില്‍ ഇരിപ്പിടമുറപ്പിച്ചുകൊള്ളട്ടെ എന്ന വാക്കും ഇതിന് തെളിവായി പണ്ഡിതര്‍ എടുക്കുന്നു. ആദ്യം പകര്‍ന്ന് കൊടുക്കാന്‍ പറഞ്ഞത് ഇസ്നാദിന് തെളിവായും രണ്ടാമത് തിരുവചനങ്ങള്‍ കളവാക്കുന്നതിന്റെ അനന്തര ഫലം പറഞ്ഞത് വ്യാജ ഹദീസ് നിര്‍മ്മാതാക്കളുടെ പരമ്പര ചോദ്യം ചെയ്ത് അവയുടെ അടിസ്ഥാനമില്ലായ്മ ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള പ്രവര്‍ത്തികള്‍ക്ക് ഉപോല്‍ബലകമായും പണ്ഡിതര്‍ കണക്കാക്കി. ഖുര്‍ആനിനും ഹദീസിനും അപ്പുറത്ത് ഒരുപാട് പണ്ഡിത വചനങ്ങളും ഇത് സംബന്ധിയായി നമുക്ക് കാണാന്‍ കഴിയും. അബ്ദുല്ലാഹിബ്നു മുബാറക്ക്(റ) പറയുന്നു : ‘തീര്‍ച്ചയായും ഇസ്നാദ് മതത്തിന്റെ ഭാഗമാണ്. ഇസ്നാദ് ഇല്ലെങ്കില്‍ ആര്‍ക്കും എന്തും പറയാം എന്ന സ്ഥിതി വരും’. നമ്മുടെ പൂര്‍വ്വീകര്‍ ഇത്രയേറെ പ്രാധാന്യം ഇതിന് നല്കിയിട്ടില്ലെങ്കില് ഈ ആദര്‍ശത്തിന്റെ ശുഭ്രത നമുക്ക് നഷ്ടമാവുകയും പുത്തന്‍ വാദികള്‍ വികലമാക്കിയ പ്രമാണങ്ങളാല്‍ നാം ഭരിക്കപ്പെടുകയും ചെയ്തു പോകുമായിരുന്നു. അബൂ അബ്ദുള്ള ഹാകിം(റ) പറയുന്നു: ‘ഇസ്നാദ് എന്ന സംഗതി ഇല്ലാതിരിക്കുകയോ, ഒരു വിഭാഗം മഹത്തുക്കള്‍ അതിനെ തേടാതിരിക്കുകയോ, ഇസ്ലാമികാധ്യാപനങ്ങള്‍ പകര്‍ന്നു കൊടുക്കുന്നതില്‍ അതിനെ സൂക്ഷിക്കാതിരിക്കുകയോ ചെയ്യുകയാണുണ്ടായിരുന്നതെങ്കില് പരിപാവനമായ ഈ പാരമ്പര്യത്തെ മാറ്റി മറിക്കലും ഹദീസുകളെ കെട്ടിച്ചമക്കലും മതനവീകരണ വാദികള്‍ക്ക് സാധ്യമായേനെ. മാത്രമല്ല, ഇസ്നാദ് ഈ ഉമ്മത്തിന്റെ പ്രത്യേകതയാണ്. അതു പ്രകാരം മതാനുഷ്ഠാനങ്ങള്‍ ചെയ്യലുമതെട്ട. ഇമാം ശാഫി(റ) പറഞ്ഞതായി കാണാം: തന്റെ അറിവിന്റെ പരമ്പരയറിയാതെ അറിവുമായി നടക്കുവന് സര്‍പ്പം ഒളിഞ്ഞിരിക്കുതായ വിറകുകെട്ട് ചുമക്കുന്നവനെ പോലെയാണ്. അവനാകട്ടെ സര്പ്പമുള്ളത് അറിയുന്നുമില്ല. അഥവാ അവന്റെ വിജ്ഞാനം കൊണ്ട് അവന് തന്നെ കുടുങ്ങുമെന്നര്‍ത്ഥം. ജ്ഞാന പരമ്പര വിശ്വാസിയുടെ ആയുധമാണ്. ആയുധമില്ലെങ്കില് അവന് ഏത് നിമിഷവും ആക്രമിക്കപ്പെട്ടേക്കും എതാണ് സുഫിയാനുസ്സൗരി(റ)ന്റെ പക്ഷം. യോദ്ധാവിന് വാള് പോലെയാണ് പണ്ഡിതന് തന്റെ പരമ്പര എന്ന് പറഞ്ഞ പണ്ഡിതരും ഏറെയാണ്. തിരുനബിയിലേക്കെത്തുന്ന ഒരു പരമ്പരയില്‍ താന്‍ ഉള്‍പ്പെടുക, പ്രവാചകരോട് ചേര്‍ത്ത് തന്റെ പേര് പറയപ്പെടുക, തുടങ്ങിയ പ്രത്യേകതകള്‍ എടുത്ത് പറഞ്ഞ് അനുരാഗത്തിന്റെ കണ്ണിലൂടെ ഇസ്നാദിനെ നോക്കിക്കണ്ടവരും വിരളമല്ല. നബി തങ്ങളിലേക്ക് ചേര്‍ത്ത് പറയല്‍ ഇല്മുമായി ബന്ധപ്പെട്ടവര്‍ക്ക് സന്തോഷമാണ് എന്ന് നവവി ഇമാം രേഖപ്പെടുത്തിയതായി കാണാം. ഇമാം യാസീനുല്‍ ഫാദാനി മക്കിയ്യും നാം അവസാനവും മുത്ത് നബി(സ) ആദ്യവുമായ ഒരു പരമ്പരയിലേക്ക് ചേര്‍ക്കപ്പെടല്‍ ശ്രേഷ്ടതയാണെന്ന് പറഞ്ഞ് ഇതിനോട് ചേരുന്നു. ചില മഹത്തുക്കളോട് ചോദിക്കപ്പെട്ടത്രെ: ‘നിങ്ങള്‍ ഹദീസുകളേയും അത് രേഖപ്പെടുത്തലിനേയും വല്ലാതെ സ്നേഹിക്കുന്നുണ്ടല്ലോ, എന്താണ് കാരണം?’ എന്റെ പേരും മുത്ത് നബിയുടെ പേരും ഒരു വരിയില്‍ എഴുതിക്കാണുന്നത് ഞാനിഷ്ടപ്പെടുന്നു എന്നായിരുന്നു മറുപടി. പരമ്പര പറയുന്നത് കൊണ്ട് സലഫിന്റെ ബറകത്തെടുക്കലാണ് ആഗ്രഹം എന്ന് പറഞ്ഞ പണ്ഡിതരെയും കാണാം.
ഏതായിരുന്നാലും പരമ്പര പറയലും സൂക്ഷിക്കലും മതത്തില്‍ വളരെ പ്രാധാന്യമുള്ളതായി ഉലമാഅ് കണക്കാക്കുന്നു. മാത്രമല്ല ഓറിയന്റലിസ്റ്റ് പഠനങ്ങള്‍ വരെ ഇസ്നാദിനെ പ്രശംസിക്കുന്നുണ്ട്. സ്കോട്ടിഷ്കാരനായ ജെ.റോബ്സനെ പോലുള്ളവര്‍ ഇസ്നാദ് എന്ന സാങ്കേതികതയെ പറ്റിയും ആ ശാസ്ത്ര ശാഖ ഉയര്‍ന്നു വരാനുണ്ടായ സാഹചര്യത്തെപ്പറ്റിയും വാചാലനാകുന്നുണ്ട്. ഇസ്നാദ് എന്ന സംജ്ഞയെ വികല കാഴ്ചപ്പാടിലൂടെ നോക്കിക്കണ്ട കെയ്റ്റനി, സ്പ്രെങ്ങര്‍ തുടങ്ങിയ ആചാര്യര്‍ അതിനെ വിഡ്ഡിത്തമെന്ന് വിളിച്ചെങ്കിലും ഓറിയന്റലിസ്റ്റ് പണ്ഡിതരില്‍ ഏറ്റവും ആഴത്തില്‍ ഇവ്വിഷയകമായി പഠനം നടത്തിയ ഹോറോവിത്സ് alter and unsprud des isnad (1918) എന്ന ലേഖനത്തിലൂടെ അവര്‍ക്ക് മറുപടി നല്‍കുന്നുമുണ്ട്.
ഇസ്ലാമിന്റെ പാരമ്പര്യസൗന്ദര്യത്തിന് ചാരുതയേകുന്നത് ഈ കൃത്യമായ കണ്ണി മുറിയാത്ത പരമ്പര കൂടിയാണെന്നതില്‍ സന്ദേഹമൊട്ടുമില്ല. നാഥന് തന്റെ ദീനിന്റെ സത്ത ലോകാന്ത്യം വരെ സൂക്ഷിക്കാന്‍ തിരഞ്ഞെടുത്ത മാര്‍ഗമെത്ര സുന്ദരം!
1 Comment
AffiliateLabz
February 23, 2020Great content! Super high-quality! Keep it up! 🙂