തിരുനബി(സ) മക്കയിലെ മസ്ജിദുല്‍ഹറാമില്‍ നിന്ന് ജറൂസലേമിലെ മസ്ജിദുല്അഖ്സയിലേക്കു നടത്തിയ യാത്രയെ ഇസ്റാഅ് എന്നും അവിടെ നിന്ന് പുറപ്പെട്ട ഏഴ് ആകാശങ്ങളിലൂടെയുള്ള സഞ്ചാരത്തെ മിഅ്റാജ് എന്നും വിളിക്കപ്പെടുന്നു. ഒരു രാത്രികൊണ്ട് നടത്തിയ പ്രയാണമാണ് ഇവ. ഇത് സംബന്ധിച്ച് ഖുര്‍ആനില്‍ പരാമര്‍ശം വന്നിട്ടുണ്ട്. ഇസ്റാഅ്, മിഅ്റാജ് എന്നീ സംഭവങ്ങള്‍ അവിതര്‍ക്കിതമാണെങ്കിലും കൃത്യമായ കാലം ഏതാണെന്നതില്‍ അഭിപ്രായാന്തരമുണ്ട്. നബി(സ)ക്ക് നുബുവ്വത്ത് ലഭിച്ച അതേ വര്‍ഷത്തിലാണെന്നും അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നുവെന്നും നുബുവ്വത്തിന്റെ പത്താം വര്‍ഷം റജബ് മാസം 27ാം രാവിലായിരുന്നെന്നും പ്രബലരായ ഇമാമുകള്‍ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഈ മൂന്ന് അഭിപ്രായങ്ങളും സ്വീകാര്യയോഗ്യമാവാനിടയില്ല. കാരണം തിരുനബി(സ)യുടെ പ്രഥമപത്നി ഖദീജ ബിന്ത് ഖുവൈലിദ് (റ) വഫാത്തായത് നുബുവ്വത്തിന്റെ പത്താം വര്‍ഷം റമള്വാനിലായിരുന്നു. മഹതി വഫാത്താവുമ്പോള്‍ നിസ്കാരം നിര്ബന്ധമാക്കപ്പെട്ടില്ലായിരുന്നുവെന്നത് വസ്തുതയാണ്. കൂടാതെ ഇസ്റാഇന്റെ രാത്രിയിലാണ് നിസ്കാരം നിര്‍ബന്ധമാക്കപ്പെട്ടത് എന്ന കാര്യത്തില്‍ ഭിന്നാഭിപ്രായമില്ല. മേല്പറഞ്ഞ മൂന്ന് അഭിപ്രായങ്ങളും സ്വീകാര്യയോഗ്യമല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. നുബുവ്വത്തിന്റെ പന്ത്രണ്ടാം വര്‍ഷം റമള്വാനിലാണെന്നും പതിമൂന്നാം വര്‍ഷം മുഹര്റമിലാണെന്നും അതേവര്‍ഷം റബീഉല്അവ്വലിലാണെന്നും മറ്റു അഭിപ്രായങ്ങള്‍ നിലനില്ക്കുന്നു. സൂറത്തുല്ഇസ്റാഇന്റെ അവതരണ പശ്ചാത്തലം കൂടി പരിഗണിക്കുമ്പോള്‍ നബി(സ)യുടെ ഹിജ്റയോട് അടുത്തുവരുന്ന ഘട്ടത്തിലാണ് ഇസ്റാഅ്, മിഅ്റാജ് സംഭവങ്ങളുണ്ടായതെന്ന് സൂചന നല്‍കുന്നുണ്ട്. നുബുവ്വത്തിന്റെ 13ാം വര്‍ഷമാണ് ഹിജ്റ നടന്നത്.
ഇബ്നുല്‍ഖയ്യിം പറയുന്നു: സത്യസന്ധമായ നിവേദന പ്രകാരം തിരുനബി(സ) അവിടുത്തെ ഭൗതികശരീരംകൊണ്ടു തന്നെ പ്രസ്തുത രാത്രിയില്‍ മസ്ജിദുല്‍ഹറാമില്‍ നിന്നും മസ്ജിദുല്അഖ്സ്വയിലേക്ക് ബുറാഖ് എന്ന വാഹനത്തില്‍ ജിബ്രീലി(റ)നൊപ്പം യാത്ര ചെയ്തു. മസ്ജിദുല്അഖ്സയിലിറങ്ങുകയും കഴിഞ്ഞുപോയ അമ്പിയാക്കള്‍ക്ക് ഇമാമായി നിസ്കാരം നിര്‍വഹിക്കുകയും ചെയ്തു. മസ്ജുല്അഖ്സ്വയിലേക്കുള്ള കവാടത്തിലുള്ള കണ്ണിയിലാണ് ബുറാഖിനെ ബന്ധിക്കപ്പെട്ടത്. ആ രാത്രി തന്നെ മസ്ജിദുല്അഖ്സ്വയില് നിന്ന് ആകാശങ്ങളിലേക്ക് യാത്ര ചെയ്തു. ആകാശങ്ങളിലെ ഓരോ വാതിലുകളിലെത്തുമ്പോഴും നബി(സ)ക്കായി വാതില്‍ തുറന്നു നല്കാന് ജിബ്രീല്‍ (അ) ആവശ്യപ്പെടുകയും തുറക്കപ്പെടുകയും ചെയ്തു. ഓരോ ആകാശത്തും തിരുനബി(സ) ഏതാനും പ്രവാചകډാരുമായി ആശയവിനിമയം നടത്തി. ഒന്നാം ആകാശത്തില്‍ പ്രഥമപ്രവാചകന് ആദം നബി(അ)യെ ദര്‍ശിക്കുകയും പരസ്പരം അഭിവാദ്യമര്‍പ്പിക്കുകയും ചെയ്തു. ആദം നബി(അ) തിരുനബി(സ)യുടെ നുബുവ്വത്തിനെ അംഗീകരിക്കുകയും അദ്ദേഹത്തിന്റെ വലതുഭാഗത്ത് സത്യവിശ്വാസികളുടെ ആത്മാക്കളെയും ഇടതുവശത്ത് സത്യനിഷേധികളുടെ ആത്മാക്കളെയും തിരുനബി(സ)ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തു. ശേഷം രണ്ടാം ആകാശത്തേക്ക് പോയി. അവിടെ നബി (സ) യഹ്യാ (അ), ഈസാ (അ)യെയും കണ്ടു. മൂന്നാം ആകാശത്തില്‍ യൂസുഫ് നബി(അ)യെയും നാലാം ആകാശത്തില്‍ ഇദ്രീസ് നബി(അ)യെയും അഞ്ചാം ആകാശത്തില്‍ ഹാറൂന്‍ ബിന്‍ ഇംറാനെ(റ)യും ആറാം ആകാശത്തില്‍ മൂസാ ബിന്‍ ഇംറാനെ(അ)യും കണ്ടു. ഓരോ വാതിലുകളിലും പ്രവേശിക്കാന്‍ അനുവാദം തേടുകയും ശേഷം സലാം പറഞ്ഞ് അഭിവാദ്യം ചെയ്തും പ്രത്യഭിവാദ്യം ചെയ്തും കണ്ടുമുട്ടുന്ന ഓരോ പ്രവാചകډാരും തിരുനബി(സ)യുടെ നുബുവ്വത്തിനെ അംഗീകിരിച്ചു. ശേഷം അവിടുന്ന് ഏഴാം ആകാശത്തിലേക്ക് കടക്കുകുയം ഇബ്റാഹീം നബി(അ)യെ സന്ദര്‍ശിക്കുകയും ചെയ്തു. അനന്തരം സിദ്റത്തുല്‍ മുന്തഹഃയിലേക്കും അവിടെ നിന്ന് ബൈതുല്മഅ്മൂറിലേക്കും യാത്ര ചെയ്തു.
ശേഷം അത്യുന്നതനായ അല്ലാഹുവിനെ ദര്‍ശിച്ചു. അവിടെ വെച്ച് തന്റെ അടിമക്ക് അറിയിച്ചുകൊടുക്കേണ്ടതെല്ലാം അറിയിച്ചുകൊടുത്തു. അമ്പത് നേരത്തെ നിസ്കാരമായിരുന്നു പ്രസ്തുത സന്ദര്‍ഭത്തില്‍ സമ്മാനിക്കപ്പെട്ടതില് ഏറ്റവും മുല്യമേറിയത്. ശേഷം തിരുനബി(സ) അവിടെ നിന്നും മടക്കയാത്രയാരംഭിച്ചു. മൂസാ നബി(അ)യെ കണ്ടുമുട്ടിയപ്പോള്‍ അല്ലാഹു താങ്കളോട് എന്താണ് കല്പിച്ചതെന്ന് നബിയോട് ചോദിക്കുകയും അമ്പത് നേരത്തെ നിസ്കാരം അല്ലാഹു നിര്‍ബന്ധമാക്കിയിരിക്കുന്നു എന്ന് അവിടുന്ന് അറിയിക്കുകയും ചെയ്തു. അപ്പോള്‍ മൂസാ നബി(അ) പറഞ്ഞു: അങ്ങയുടെ സമുദായത്തിന് അതിനുള്ള ശേഷിയില്ല. അതിനാല്‍ മടങ്ങിപ്പോവുക. അങ്ങയുടെ നാഥനിലേക്ക് മടങ്ങിച്ചെന്ന് ഇതില്‍ ഇളവ് ആവശ്യപ്പെടുക. തിരുനബി(സ) ജിബ് രീലു(അ)മായി ഇക്കാര്യം ചര്‍ച്ചചെയ്യുകയും അവിടുന്ന് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതാണ് നല്ലതെന്ന് ജിബ്രീല്‍ (അ) അറിയിക്കുകയും ചെയ്തു. ശേഷം അല്ലാഹുവിങ്കലേക്ക് മടങ്ങിച്ചെന്ന് അമ്പത് നേരത്തെ നിസ്കാരത്തില്‍ ഇളവ് ചെയ്യണമെന്ന് അഭ്യര്‍ഥിച്ചു. അങ്ങനെ നിസ്കാരത്തിന് ഇളവ് നല്കപ്പെട്ടു. വീണ്ടും മൂസാ(അ)യെ കണ്ടുമുട്ടുകയും തിരുനബി(സ)യോട് വീണ്ടും അല്ലാഹുവിലേക്ക് മടങ്ങിച്ചെന്ന് ഇളവ് ആവശ്യപ്പെടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു. ഒടുവില്‍ നിസ്കാരം അഞ്ച് നേരമായി ചുരുക്കപ്പെടുന്നതുവരെയും ഈ യാത്ര ആവര്‍ത്തിക്കപ്പെട്ടു. അഞ്ചു നേരത്തെ നിസ്കാരവുമായി കടന്നുവന്നപ്പോഴും മൂസാ(അ) തിരുനബി(സ)യോട് മടങ്ങിപ്പോവാന്‍ നിര്‍ദ്ദേശിച്ചുവെങ്കിലും അവിടുന്ന് അതിന് തയ്യാറായില്ല. അവിടുന്ന് പറഞ്ഞു: ഇനി അല്ലാഹുവിങ്കലേക്ക് മടങ്ങിച്ചെല്ലാന്‍ ഞാന്‍ ലജ്ജിക്കുന്നു. ഇത് ഞാന്‍ തൃപ്തിപ്പെടുകയും അംഗീകരിക്കുകയും ചെയ്തു. തിരുനബി(സ) മടക്കയാത്ര ആരംഭിച്ചപ്പോള്‍ ഒരു അശരീരി കേട്ടു: അങ്ങ് എന്റെ നിര്‍ദ്ദേശത്തെ സ്വീകരിക്കുകയും എന്റെ അടിമകള്‍ക്ക് എളുപ്പമാക്കുകയും ചെയ്തിരിക്കുന്നു.
തിരുനബി(സ) അല്ലാഹുവുമായി നടത്തിയ സമുന്നതമായ കൂടിക്കാഴ്ചയെ സമ്പന്ധിച്ച് അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അവിടുന്ന് ഭൗതികശരീത്തോടുകൂടിത്തന്നെയാണ് ഇതിന് സാക്ഷിയായതെന്ന് ഇബ്നുഅബ്ബാസ് (റ) വ്യക്തമാക്കിയിട്ടുണ്ട്.
തിരുനബി(സ) ജിബ്രീല്‍ മാലാഖ(അ)യെ യതാര്‍ത്ഥ രൂപത്തില്‍ ദര്‍ശിച്ചത് രണ്ട് പ്രാവശ്യമാണ്. ഭൂമിയില്‍വെച്ച് ഒരു തവണയും മിഅ്റാജ് യാത്രയില്‍ സിദ്റത്തുല്മുന്തഹയില്വെച്ചുമായിരുന്നു അത്. നബി(സ)യുടെ ബാല്യകാലത്ത് ചെയ്യപ്പെട്ടതുപോലെ ഈ യാത്രയ്ക്കു മുമ്പും അവിടുത്തെ ഹൃദയം തുറന്ന് ശുദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. തിരുനബി(സ) ഈ യാത്രയില്‍ വ്യത്യസ്ഥങ്ങളായ അനുഭവങ്ങള്‍ക്ക് സാക്ഷിയാവുകയുണ്ടായി. അതില്‍ ചിലത് ഇങ്ങനെയാണ്: തിരുനബി(സ) പാലും, മദ്യവും സമ്മാനിക്കപ്പെട്ടപ്പോള്‍ അവിടുന്ന് മദ്യം നിരസിക്കുകയും പാല് തിരഞ്ഞെടുക്കുകയും ചെയ്തു. അങ്ങ് നډയെ തിരഞ്ഞെടുക്കുകയും തിډയെ വെടിയുകയും ചെയ്തു. അങ്ങ് മദ്യം തിരഞ്ഞെടുത്തിരുന്നുവെങ്കില്‍ അങ്ങയുടെ സമുദായം മുഴുവന്‍ വഴിപിഴച്ചു പോകുമായിരുന്നു എന്ന് തിരുനബി(സ)യോട് പറയപ്പെട്ടു. അവിടുന്ന് സ്വര്‍ഗത്തില്‍ നാല് നദികള്‍ കണ്ടു. രണ്ടെണ്ണം പ്രത്യക്ഷവും രണ്ടെണ്ണം പരോക്ഷവുമായിരുന്നു. പ്രത്യക്ഷമായ രണ്ട് നദികള്‍ എന്നാല്‍ ഭൂമിയില്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കുന്നവ. അവയുടെ ഉത്ഭവം സ്വര്‍ഗത്തില്‍ നിന്നാണ്. അപ്രത്യക്ഷമായവ സ്വര്‍ഗത്തില്‍ മാത്രമുള്ള രണ്ട് നദികളാണ്. നൈല്‍, യൂഫ്രട്ടീസ് നദികളെ സ്വര്‍ഗത്തില്‍ ദര്ശിച്ചുവെന്നതിന്റെ വിവക്ഷ അവയുടെ പരിസരങ്ങളിലാണ് ഇസ് ലാം വ്യാപിക്കുക എന്നതാവാമെന്ന് പണ്ഡിതര്‍ നിരീക്ഷിച്ചിട്ടുണ്ട്. നരകത്തിന്റെ കാവല്‍കാരനായ മാലിക് മാലാഖ(അ)യെ തിരുനബി(സ) കണ്ടു. ആ മാലാഖ ചിരിക്കാറില്ല. കൂടാതെ മാലികി(അ)ന്റെ മുഖത്ത് എന്തെങ്കിലും തരത്തിലുള്ള സന്തോഷമോ സന്താപമോ നൈര്‍മല്യമോ ഒന്നും അവിടുന്ന് ദര്‍ശിക്കുകയുണ്ടായില്ല. തീര്‍ത്തും ഭയാനകമായ രൂപം.
അനാഥകളുടെ ഭക്ഷണം അക്രമമായി ഭക്ഷിച്ചവരുടെ ചുണ്ടുകള്‍ ഒട്ടകത്തിന്റെ ചുണ്ടുപോലെ കാണപ്പെട്ടതായി അവിടുന്ന് പറഞ്ഞു. അവരുടെ വായയിലേക്ക് തീപ്പന്തം കടക്കുകയും അത് പിന്‍ദ്വാരത്തിലൂടെ പുറത്തുപോകുന്നതുമായാണ് കാണപ്പെട്ടത്. പലിശ ഭക്ഷിച്ചവരുടെ ആമാശയങ്ങള്‍ ഭയാനകമാം വിധം വികസിച്ചവയായിരുന്നു. അതിന്റെ വലിപ്പം കാരണം ഒന്ന് അനങ്ങാന്‍ പോലും അവര്‍ക്ക് സാധിക്കുന്നില്ല. ഫിര്‍ഔനിന്റെ കുടുംബം അഗ്നിയില്‍ ബാധിക്കാതിരിക്കാന്‍ ഇത്തരക്കാരുടെ പുറത്ത് ചവിട്ടി കടന്നുപോവുകയും ചെയ്യും. വ്യഭിചാരം ചെയ്യുന്നവരെ കാണപ്പെട്ടത് ശുദ്ധിയും വൃത്തിയുമുള്ള മാംസം സമീപത്തുണ്ടായിരിക്കെ അതുപേക്ഷിച്ച് അതിന് സമീപമുള്ള വൃത്തിഹീനവും ചീഞ്ഞളിഞ്ഞതുമായ മാംസം ഭക്ഷിക്കുന്നവരായിട്ടാണ്.
യാത്രക്ക് ശേഷം തിരുനബി(സ) ആ രാത്രിയില്‍ തന്നെ മക്കയില്‍ തിരികെയെത്തി. എന്നാല്‍ ഈ സംഭവം ഖുറൈശികളുടെ എതിര്‍പ്പ് കൂടുതല്‍ ശക്തമാക്കാനാണ് കാരണമായത്. തിരുനബി(സ)യുടെ സന്ദേശങ്ങള്‍ വ്യാജമാണെന്ന് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ അവര്‍ ഈ അവസരം വിനിയോഗിച്ചു. മുമ്പുണ്ടായിരുന്നതിലും ശക്തമായി അവര്‍ അക്രമിക്കുകയും പരിഹസിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്തു. ഒരു ഘട്ടത്തില്‍ തിരുനബി(സ)യോട് മസ്ജിദുല്‍അഖ്സ്വയുടെ രൂപം എപ്രകാരമാണെന്ന് പറയാന്‍ അവര്‍ വെല്ലുവിളിച്ചു. അല്ലാഹു, അവന്റെ ദൂതര്‍ക്ക് മസ്ജിദുല്‍ അഖ്സ്വ വെളിവാക്കിക്കൊടുക്കുകയും അതിനെ സംബന്ധിച്ച് അവര്‍ ഉന്നയിച്ച മുഴുവന്‍ ചോദ്യങ്ങള്‍ക്കും തിരുനബി(സ) കൃത്യമായ ഉത്തരം നല്‍കുകയും ചെയ്തു. കൂടാതെ മറ്റുപല ദൃഷ് ടാന്തങ്ങളും തിരുനബി(സ) അവര്‍ക്ക് വെളിപ്പെടുത്തിക്കൊടുത്തു. അവര്‍ക്ക് നിഷേധിക്കാന്‍ സാധിക്കാത്ത വിധം വ്യക്തവും സ്പഷ്ടവുമായിരുന്നു പ്രസ്തുത വെളിപ്പെടുത്തലുകള്‍. ഖുറൈശികളുടെ ഒരു കച്ചവടസംഘത്തിന്റെ യാത്ര സംബന്ധിച്ചും അവര്‍ എപ്പോഴാണ് മടക്കം ആരംഭിക്കുക, എപ്പോഴാണ് മക്കയിലെത്തിച്ചേരുക, സംഘത്തിന്റെ ഏറ്റവും മുന്നില്‍ സഞ്ചരിക്കുന്ന ഒട്ടകം ഏതായിരിക്കും എന്നുപോലും അവിടുന്ന് പ്രവചിച്ചു. തിരുനബി(സ)യുടെ വെളിപ്പെടുത്തലുകള്‍ കൃത്യമായിരുന്നുവെന്ന് അവര്‍ക്ക് വ്യക്തമാവുക യെങ്കിലും അവര്‍ വീണ്ടും അവിടുത്തോട് ശത്രുത വെക്കുകയും സത്യം അംഗീകരിക്കാന്‍ വിമുഖത കാണിക്കുകയും ചെയ്തു.
ഒന്നാം ഖലീഫയായ അബൂബക്കറി(റ)ന് സിദ്ദീഖ് (സത്യത്തെ അംഗീകരിക്കുന്നവന്) എന്ന സ്ഥാനപ്പേര് ലഭിച്ചത് ഇസ്റാഅ്, മിഅ്റാജ് സംഭവങ്ങള്‍ ജനങ്ങളൊന്നടങ്കം നിഷേധിച്ചിട്ടും തിരുനബി(സ)യില്‍ വിശ്വസിക്കുകയും അംഗീകരിക്കുകയും ചെയ്തതിനാലാണ്. തിരുനബി(സ)യാണ് ഈ പേര് അദ്ദേഹത്തിന് സമ്മാനിച്ചത്. ഈ യാത്രയുടെ ലക്ഷ്യമായി വിശുദ്ധഖുര്ആന് (സൂറതുല്‍ ഇസ്റാഅ് 1) വിവരിക്കുന്നത് അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ തിരുനബി(സ)ക്ക് കാണിച്ചുകൊടുക്കുക എന്നതായിരുന്നു. ഇത്തരത്തില്‍ തന്റെ പ്രവാചകډാര്‍ക്ക് ദൃഷ്ടാന്തങ്ങള്കാണിക്കുക എന്നത് അല്ലാഹുവിന്റെ രീതിയാണെന്ന് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കിയിട്ടുണ്ട്. വിശ്വാസികളില്‍ ഉള്‍പ്പെടാന്‍ വേണ്ടി അപ്രകാരം നാം ഇബ്റാഹീമി(അ)ന് ആകാശഭൂമികളിലെ അദൃശ്യങ്ങള് കാണിച്ചുകൊടുത്തു. (സൂറതുല്അന്ആം 75), മൂസാ(അ)യോട് അല്ലാഹു ഇപ്രകാരം പറഞ്ഞു: നമ്മുടെ അത്യുന്നതമായ ദൃഷ്ടാന്തങ്ങളില്‍ നിന്ന് അങ്ങേക്ക് ദര്ശിപ്പിക്കാനായി (സൂറതു ത്വാഹാ 23).
Leave a Reply