രാത്രിയിലെ ആരാധന അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതാണ്. ആ രാത്രി വിശുദ്ധ റമളാനിലേതാവുമ്പോള് അതിന്റെ മാറ്റ് പതിന്മടങ്ങ് വര്‍ദ്ധിക്കുന്നു. നബി പറഞ്ഞു: റമളാന്‍ മാസത്തില്‍ ഈമാനോടെയും അല്ലാഹുവില്‍ നിന്നുള്ള പ്രതിഫലം കാംക്ഷിച്ചും വല്ലവനും നിന്ന് നിസ്കരിച്ചാല്‍ അവന്റെ മുന്‍കഴിഞ്ഞ പാപങ്ങള്‍ അല്ലാഹു പൊറുത്ത് നല്‍കുന്നതാണ്. (ബുഖാരി 37, മുസ്ലിം 759).
ഖിയാമു റമളാന്‍ എന്നതുകൊണ്ട് വിവക്ഷിക്കുന്നത് റമളാനിലെ പ്രത്യേക സുന്നത്ത് നിസ്കാരമായ തറാവീഹ് ആണ്. ശക്തമായ സുന്നത്തുള്ള നിസ്കാരങ്ങളിലൊന്നാണിത്. ആഇശാ (റ) നിവേദനം ചെയ്യുന്നു: നബി ഒരു രാത്രിയില്‍ പള്ളിയില്‍ വെച്ച് നിസ്കരിച്ചു. ഇത് കണ്ട് ജനങ്ങളും നബിയോടൊപ്പം നിസ്കരിച്ചു. തൊട്ടടുത്ത ദിവസവും ഈ നിസ്കാരം അവിടുന്ന് ആവര്‍ത്തിച്ചു. ജനങ്ങള്‍ അധികരിക്കാന്‍ തുടങ്ങി. മൂന്നാം ദിവസം നിസ്കരിച്ചപ്പോഴും മുമ്പത്തേതിനേക്കാള്‍ ജനങ്ങള്‍ അധികരിച്ചു. നാലാം ദിവസം പ്രസ്തുത സമയം നബി ഈ നിസ്കാരത്തിനായി പുറപ്പെട്ടില്ല. പ്രഭാതമായപ്പോള്‍ അവിടുന്ന് ജനങ്ങളോടായി പറഞ്ഞു: നിസ്കാരത്തിലെ നിങ്ങളുടെ താത്പര്യം ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം നിസ്കാരത്തിനായി നിങ്ങളിലേക്ക് വരാന്‍ എന്നെ തടഞ്ഞത് ഈ നിസ്കാരം നിങ്ങള്‍ക്ക് നിര്‍ബന്ധമാക്കപ്പെടുമോ എന്ന ഭയമാണ്. അത് ഒരു റമളാനിലായിരുന്നു (ബുഖാരി 1129, മുസ്ലിം 761).
എന്നാല്‍ സ്വഹാബത്ത് ഈ നിസ്കാരം തുടര്‍ന്നു. ഇതിന് ശേഷം തിരുനബി വഫാത്തായി. ഇമാം അഹ്മദ്(റ) പറയുന്നു: അലി (റ), ജാബിര്‍ (റ), അബ്ദുല്ലാ (റ) എന്നിവര്‍ ഇത് ജമാഅത്തായി ആയിരുന്നു നിസ്കരിച്ചിരുന്നത്. തറാവീഹിന്റെ റക്അത്തുകളുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ വിവരം നല്കുന്ന ഹദീസുകള്‍ ലഭ്യമല്ലെങ്കിലും ഉമര്‍(റ)ന്റെ കാലഘട്ടത്തില്‍ അവിടുത്തെ മേല്‍നോട്ടത്തില്‍ നടപ്പിലാക്കിയത് 20 റക്അത്താണ് എന്ന ഹദീസ് നിവേദനങ്ങള്‍ വ്യക്തമാണ്. അതിനാല്‍ തറാവീഹ് നബിയുടെ കാലത്തും 20 റക്അത്തായിട്ടായിരുന്നു നിര്‍വഹിക്കപ്പെട്ടത് എന്ന് വരുന്നു. ചുരുങ്ങിയ റക്അത്തുകളായി നിര്‍വഹിക്കപ്പെട്ടുവെന്ന് റിപോര്‍ട്ട് ചെയ്യപ്പെട്ട ഹദീസുകള്‍ റമളാനിലും അല്ലാത്ത കാലത്തുമുള്ള നബിയുടെ നിസ്കാരങ്ങളെ സംബന്ധിച്ചാണ് പരാമര്‍ശിക്കപ്പെട്ടത് എന്ന് ഇതിലൂടെ വ്യക്തമാവുന്നു. ഉമര്‍(റ) ഇരുപത് റക്അത്ത് തറാവീഹ് നടപ്പിലാക്കിയപ്പോള്‍ അവിടെയുണ്ടായിരുന്ന സ്വഹാബത്തില്‍ ഒരാള്‍ പോലും അതിനെ എതിര്‍ത്തില്ല എന്നത് റക്അത്തുകളുടെ എണ്ണംത്തെ കുറിച്ചുള്ള സംശയത്തിന്റെ പഴുതുകളടക്കുന്നു. ആ സംഭവം ഇങ്ങനെ വായിക്കാം: ഒരു റമളാന്‍ രാത്രിയില്‍ ഉമര്‍ ബിന്‍ ഖത്താബ് (റ) പള്ളിയിലേക്ക് പുറപ്പെട്ടു. അന്നേരം ജനങ്ങള്‍ ഒറ്റക്ക് നിസ്കരിക്കുന്നതും ചിലര്‍ ജമാഅത്തായും നിസ്കരിക്കുന്നതായി കണ്ടു. അന്നേരം ഉമര്‍(റ) പറഞ്ഞു: ഇവരെ ഒരൊറ്റ ഖാരിഇന്റെ നേതൃത്വത്തില്‍ ഒരുമിപ്പിക്കുകയാണെങ്കില് അത് മാതൃകായോഗ്യമായ ഒന്നായി മാറുമെന്ന് ഞാന്‍ കരുതുന്നു. അപ്രകാരം തീരുമാനമെടുക്കുകയും ഉബയ്യ് ബിന്‍ കഅ്ബി(റ)ന്റെ നേതൃത്വത്തില്‍ ജമാത്തായി നിര്‍വഹിക്കപ്പെടുകയും ചെയ്തു. അങ്ങനെ മറ്റൊരു രാത്രിയില്‍ അവിടുന്ന് ജനങ്ങള്‍ നിസ്കരിക്കുന്ന സ്ഥലത്ത് എത്തി. ഇത് കണ്ട് ഉമര്‍ (റ) പറഞ്ഞു: നന്മയുള്ള ബിദ്അത്താണിത്. തറാവീഹിന് പുറമേ മറ്റെല്ലാ ദിനങ്ങളിലും സുന്നത്തുള്ള നിസ്കാരങ്ങള്‍ക്ക് റമളാന്റെ രാത്രിയില്‍ നല്കപ്പെടുന്ന പ്രതിഫലം വിവരണാതീതമാണ്. രാത്രിയില്‍ നിന്ന് നിസ്കരിക്കുന്നതിന്റെ ശ്രേഷ്ടതകളെ സംബന്ധിച്ച് ധാരാളം ഖുര്‍ആന്‍ വചനങ്ങളും ഹദീസുകളും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അല്ലാഹു പറയുന്നു: “ഭയത്തോടെയും പ്രത്യാശയോടെയും തങ്ങളുടെ രക്ഷിതാവിനോട് പ്രാര്‍ഥിക്കാനായി കിടപ്പിടങ്ങളില്‍ നിന്ന് അവരുടെ ചുമലുകള്‍ ഉയര്‍ന്ന് പോകും” (സൂറതു സജദ 16). കൂടുതല്‍ അനുഗ്രഹങ്ങള്‍ കരസ്ഥമാക്കാനായി രാത്രിയില്‍ നിന്ന് താങ്കള്‍ തഹജ്ജുദ് നിസ്കരിക്കുക. ഇത് കാരണമായി സ്തുത്യര്‍ഹമായ സ്ഥാനത്തേക്ക് താങ്കളെ അല്ലാഹു ഉയര്ത്തിയോക്കാം. അബുഹുറൈറ നിവേദനം ചെയ്യുന്നു. നബി പറഞ്ഞു: റമളാന്‍ മാസത്തിന് ശേഷം നോമ്പ് ശ്രേഷ്ടതയുള്ള മാസം മുഹര്‍റമാണ്. ഫര്‍ള് നിസ്കാരത്തിന് ശേഷം ശ്രേഷ്ടതയുള്ള നിസ്കാരം രാത്രിയിലെ നിസ്കാരവുമാണ്. ഉമ്മു സലമ (റ) നിവേദനം ചെയ്യുന്നു: ഒരു രാത്രിയില്‍ നബി ഉണര്‍ന്നു. എന്നിട്ട് അവിടുന്ന് പറഞ്ഞു: തീര്‍ച്ചയായും രാത്രിയില്‍ ഒരു പ്രത്യേക സമയമുണ്ട്. അന്നേരത്ത് ദുന്യാവിന്റെയോ ആഖിറത്തിന്റെയോ ഒരു കാര്യവും ഒരു സത്യവിശ്വാസിയും ചോദിക്കുകയില്ല, അത് അല്ലാഹു അവന് നല്കിയിട്ടല്ലാതെ. ആ പ്രത്യേക സമയം എല്ലാ രാത്രികളിലുമുണ്ട്. (മുസ്ലിം 757). നബി പറഞ്ഞു: രത്രിയുടെ പകുതിയോ മുന്നിലൊന്നോ കഴിഞ്ഞാല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ ഒന്നാം ആകാശത്തേക്ക് വര്‍ഷിക്കും. എന്നിട്ട് സുബ്ഹി ആകുന്നത് വരെ ഇപ്രകാരം ചോദിക്കും: “ചോദിക്കുന്നവരുണ്ടോ, നല്കപ്പെടും. വിളിക്കുന്നവരുണ്ടോ, ഉത്തരം ചെയ്യപ്പെടും. പാപമോക്ഷം തേടുന്നവരുണ്ടോ, പൊറുക്കപ്പെടും.” സുബ്ഹിയാകുന്നത് വരെയും ഇത് തുടരും (മുസ്ലിം 17. 758). ആഇശാ (റ) പറയുന്നു: നബി രാത്രിയില്‍ നിന്ന് നിസ്കരിക്കുമായിരുന്നു. അങ്ങനെ അവിടുത്തെകാലുകള് നീരുവെക്കും. അവിടുത്തോട് ഞാന്‍ ചോദിച്ചു: നബിയേ, എന്തിനാണ് താങ്കള്‍ ഇങ്ങനെ പ്രയാസപ്പെടുന്നത്, അങ്ങയേ അല്ലാഹു പാപമുക്തരാക്കിയില്ലയോ? അപ്പോള്‍ നബി പറഞ്ഞു: ഞാന്‍ അല്ലാഹുവിന് നന്ദിയുള്ള അടിമയാവേണ്ടയോ? (ബുഖാരി 1130, മുസ്ലിം 819). രാത്രിയിലെ നിന്ന് നിസ്കാരത്തിന് ധാരാളം നേട്ടങ്ങള്‍ പണ്ഡിതന്മാര് എണ്ണിയിട്ടുണ്ട്. ഹാഫിള് ഇബ്നു റജബ് (റ) പറയുന്നു: പകലിലെ പത്ത് റക്അതിനേക്കാള്‍ ശ്രേഷ്ടമാണ് രാത്രിയിലെ ഒരു റക്അത്. പകലിലെ നിസ്കാരത്തേക്കാള്‍ ഏറ്റവും രഹസ്യമായി നിര്‍വഹിക്കപ്പെടുന്നതാണ് രാത്രിയിലെ നിസ്കാരം എന്നതിനാലാണ് ഈ ശ്രേഷ്ടത. അങ്ങേയറ്റം ഇഖ്ലാസ് ഉള്ളവര്‍ക്കേ അത് ചെയ്യാന്‍ കഴിയൂ. കൂടാതെ ശരീരം ഉറക്കത്തെ വല്ലാതെ ആഗ്രഹിക്കുന്ന രാത്രിയുടെ ഏകാന്തതയില്‍ അതെല്ലാം മാറ്റിവെച്ച് ആരാധനയില്‍ മുഴുകുക എന്നത് മനുഷ്യപ്രകൃതിക്ക് പ്രയാസമാണ്. കൂടാതെ നിസ്കാരത്തില്‍ നിര്‍വഹിക്കപ്പെടുന്ന ഖിറാഅത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാനും ആശയം ഉള്‍ക്കൊണ്ട് ഏകാഗ്രത സ്ഥിരമാക്കാനും രാത്രിസമയത്ത് സാധിക്കുന്നു. സുന്നത്ത് നിസ്കരിക്കാന്‍ ഏറ്റവും ശ്രേഷ്ടമായ സമയമാണത്.
Leave a Reply