മൗലിദ് എന്ന അറബിപദത്തിന് ജന്മസമയം,ജന്മദിവസം എന്നെല്ലാം അര്‍ത്ഥമുണ്ട്.എന്നാല്‍ മുസ് ലിംകളുടെ സാങ്കേതിക പ്രയോഗത്തില്‍ അല്ലാഹുവിന്റെ അനുഗ്രഹം നേടിയ മഹാത്മാക്കളെ സ്മരിച്ച് അവരുടെ ശ്രേഷ്ഠ ജീവിതത്തെ പദ്യമായോ ഗദ്യമായോ അല്ലെങ്കില്‍ സമ്മിശ്രമായോ അവതരിപ്പിക്കുന്നതിനാണ് മൗലിദ് എന്നു പറയപ്പെടുന്നത്.പ്രവാചകരായ മുഹമ്മദ് നബി(സ)യുടെ മൗലിദുകളാണ് പ്രധാനമായും മുസ്ലിംകള്ക്കിടയില് പ്രചാരത്തിലുള്ളത്.ജന്മദിനത്തിലാണ് ഇവ കൂടുതല്‍ ആലപിക്കാറുള്ളത് എന്നതിനാലാകാം ജനനസമയം എന്നര്‍ത്ഥം വരുന്ന മൗലിദ് എന്ന പേരു തന്നെ ഇതിനുപയോഗിക്കപ്പെട്ടത്.പദ്യരൂപത്തിലാകുമ്പോള് മലയാളത്തിലാണെങ്കില്‍ മാല എന്നും അറബിയിലാണെങ്കില്‍ മദ്ഹ് ബൈത്ത് എന്നും പ്രയോഗിക്കാറുണ്ട്.മന്ഖൂസ് മൗലിദ്,ശറഫല്‍ അനാം മൗലിദ്,ബദ്ര് മൗലിദ് എന്നിവ കേരളത്തില്‍ പ്രചാരത്തിലുള്ള പ്രധാന മൗലിദുകളാണ്.മുഹ്യിദ്ദീന് ശൈഖിനെ പ്രകീര്‍ത്തിച്ചു കൊണ്ട് ഖാളി മുഹമ്മദ്(റ)രചിച്ച മുഹ് യദ്ദീന്‍ മാലയാണ് ഈ ഇനത്തില്‍ ഏറ്റവും പ്രസിദ്ധമായത്.
മന്ഖൂസ് മൗലിദ്
കേരളത്തിലെ അറിയപ്പെട്ട ഇസ് ലാം മത പണ്ഡിതരും സാമൂഹ്യപരിഷ്കര്‍ത്താവുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ(1467-1522)പ്രസിദ്ധമായ പ്രവാചക പ്രകീര്‍ത്തനമാണ് മന്ഖൂസ് മൗലിദ്.കേരളത്തിനു പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ട ഈ രചന ഗദ്യവും പദ്യവും സമിശ്രമായ രീതിയിലാണ് എഴുതപ്പെട്ടിട്ടുള്ളത്.മന്ഖൂസ് എന്നാല്‍ ചുരുക്കിയത് എന്നാണര്‍ത്ഥം.വിവിധ മൗലിദുകളുടെ ചുരുക്ക രൂപമായതിനാലാണ് ഈ പേരു വന്നത്.പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മഖ്ദൂമിന്റെ സ്വദേശമായ,മലബാറിലെ മക്ക എന്നറിയപ്പെടുന്ന പൊന്നാനിയിലും പരിസര പ്രദേശങ്ങളിലും മാറാവ്യാധികള്‍ വ്യാപകമായപ്പോള്‍ ജനങ്ങള്‍ തങ്ങളുടെ ആത്മീയഗുരുവായ മഖ്ദൂമിന്റെ സമീപത്തു വന്ന് വിഷയം ബോധിപ്പിച്ചു.ഈ അവസരത്തില്‍ രോഗങ്ങള്‍ക്കു പരിഹാരമെന്ന നിലയില്‍ പാരായണം ചെയ്യാന്‍ വേണ്ടിയാണ് മന്ഖൂസ് മൗലിദ് രചിക്കപ്പെടുന്നത്.മൗലിദിന്റെ അവസാനത്തിലുള്ള പ്രാര്‍ത്ഥനയില്‍ പ്ലേഗ് പോലുള്ള മാറാവ്യാധികള്‍ പരാമര്‍ശിക്കപ്പെടുന്നത് ഇതിലേക്കുള്ള സൂചനയാണ്.
പ്രവാചകരുടെ ജനനം,ജീവിതത്തിലെ അത്ഭുതസംഭവങ്ങള്‍,ശരീരസ്വഭാവസൗന്ദര്യങ്ങള് തുടങ്ങിയ പ്രമേയങ്ങള്‍ ഇതില്‍ കടന്നു വരുന്നുണ്ട്.ആദ്യ രണ്ടു വരികളുടെ അര്‍ത്ഥം ഇങ്ങനെയാണ്:
പ്രവാചകരിലെ ഉന്നതരും എന്റെ നേതാവുമായവരേ,നക്ഷത്രങ്ങള്‍ക്കിടയില്‍ ഉദിച്ചുയര്‍ന്നു വന്ന പൂര്ണ്ണചന്ദ്രന്മാരെ പോലെ.അല്ല,അതിനേക്കാളേറെ അങ്ങ് ഞങ്ങള്‍ക്കിടയില്‍ പ്രഭ പരത്തുന്നു.
ശറഫല്‍ അനാം മൗലിദ്
ഹിജ്റ 597 ല്‍ വഫാതായ പ്രസിദ്ധ ഹമ്പലി പണ്ഡിതന് ഇബ്നുല്‍ ജൗസിയുടെ പ്രശസ്തമായ പ്രവാചക പ്രകീര്‍ത്തന രചനയാണ് ശറഫല്‍ അനാം മൗലിദ്.ഹരീരി എന്ന പേരില്‍ അറിയപ്പെടുന്ന അശൈഖ് അഹ്മദ് ബിന്‍ ഖാസിമാണ് ഇതിന്റെ രചയിതാവ് എന്നും പറയപ്പെടുന്നുണ്ട്.ഒരാള്‍ പദ്യവും മറ്റെയാള്‍ ഗദ്യവും എന്ന നിലയില്‍ സംയുക്തമായി രചിച്ചതാണ് എന്നും ചിലയിടങ്ങളിലുണ്ട്.
അല്ഹംദുലില്ലാഹില്ലദീ ശറഫല്‍ അനാമ ബിസ്വാഹിബില് മഖാം (ഉന്നതസ്ഥാനിയായ പ്രവാചകരെ കൊണ്ട് മാനവകുലത്തിനു മഹത്വം നല്കിയനാണു സര്‍വ്വസ്തുതിയും)എന്ന വാക്യം കൊണ്ടാണ് മൗലിദ് ആരംഭിക്കുന്നത്.ഇതിലെ ശറഫല്‍ അനാം എന്ന വചനം പ്രസിദ്ധമാവുകയും മൗലിദിനെ ആ പേരില്‍ വിളിക്കപ്പെടുകയും ചെയ്തുപ്രവാചകമാതാവ് ആമിന(റ)യുടെ ഗര്‍ഭകാലത്തെ അത്ഭുതങ്ങള്‍,തിരുപ്പിറവി,പ്രവാചകരുടെ ശാരീരിക സൗന്ദര്യം,സ്വഭാവ വിശുദ്ധി തുടങ്ങിയ വിഷയങ്ങളാണ് ഈ രചനയില്‍ കടന്നു വരുന്നത്.
ബദ്ര് മൗലിദ്
ബദ്ര് യുദ്ധത്തെയും അതില്‍ പങ്കെടുത്ത പ്രവാചകനുയായികളെയും പ്രകീര്‍ത്തിച്ചു കൊണ്ട് രചിക്കപ്പെട്ട മൗലിദാണ് ബദ്ര് മൗലിദ്.പല പണ്ഡിതരും ബദ് ര്‍ മൗലിദുകള്‍ രചിച്ചിട്ടുണ്ടെങ്കിലും വളപ്പില്‍ അബ്ദുല്‍ അസീസ് മുസ്ലിയാരുടെ രചനയാണ് കേരളത്തില്‍ പ്രശസ്തമായത്.ശംസുല്‍ ഉലമ ഖുത്ബി മുഹമ്മദ് മുസ്ലിയാര്,അഹ്മദ് കോയ ശാലിയാത്തി തുടങ്ങിയ പ്രതിഭാധനരായ പണ്ഡിതരുടെ ഗുരുവര്യരാണ് ഇദ്ദേഹം.തിരുറസൂലിനെയും ബദ്റില്‍ പങ്കെടുത്തവരെയും മുന്‍നിര്‍ത്തി അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുന്ന തവസ്സല്‍നാ ബി ബിസ്മില്ലാ എന്ന് തുടങ്ങുന്ന ഭാഗമാണ് ഇദ്ദേഹത്തിന്റെ രചനയില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്.
ബദ്ര് യുദ്ധം നടന്ന റമളാന്‍ പതിനേഴിന്റെ രാവിലും മറ്റു വിശേഷ ദിവസങ്ങളിലും മുസ് ലിംകള്‍ ഇതു പാരായണം ചെയ്യാറുണ്ട്.ആവശ്യങ്ങള്‍ നിറവേറാന്‍ വേണ്ടി ബദ്ര് മൗലിദ് നേര്‍ച്ചയാക്കി സദസ്സുകള്‍ സംഘടിപ്പിക്കുന്നതും പതിവാണ്.
മുന്‍കാലങ്ങളില്‍ മുസ്ലിം ഭവനങ്ങളുടെ ഐശ്വര്യം നിലനിര്‍ത്തിയിരുന്നത് കുടുംബസമേതം ആലപിച്ചിരുന്ന മാലി-മൗലിദുകളായിരുന്നു.തിരുനബിയിലുള്ള വിശ്വാസവും സ്നേഹവും ഊട്ടിയുറപ്പിക്കാനും അവ സഹായകമായി.മുസ്ലിംകള്‍ക്കിടയിലുള്ള കൂട്ടായ്മയ്ക്കു ബലം നല്‍കാനും അവയ്ക്കു സാധിച്ചിട്ടുണ്ട്.യു.എസ്.എസ്.ആറിന്റെ മത വിരുദ്ധ നയങ്ങള്‍ കൊണ്ട് തകര്‍ന്നു പോയ പ്രശസ്തമായ പല രാജ്യങ്ങളും ഇസ് ലാമിക ചൈതന്യം വീണ്ടെടുത്തത് മൗലിദുകളിലൂടെയും പ്രവാചക പ്രകീര്‍ത്തനങ്ങളിലൂടെയും പുനഃസൃഷ്ടിച്ച മുസ്ലിം കൂട്ടായ്മ കൊണ്ടാണ്.
മൗലിദുകള്‍ ഇന്ന് അരങ്ങുകളില്‍ സജീവമാണെങ്കിലും സ്ഥിരമായി ആലപിക്കുന്ന വീടുകള്‍ വിരളമാണ്.ബിദഇകളുടെ തെറ്റായ പ്രചരണങ്ങളും തിരക്കുപിടിച്ച ജീവിതചുറ്റുപാടുകളുമാകാം ഇത്തരത്തിലുള്ള ആത്മീയ ചലനങ്ങളില്‍ നിന്ന് ഉമ്മത്തിനെ പിറകോട്ടു വലിച്ചത്.അതിന്റെ പരിണതി മുസ്ലിം കുടുംബങ്ങള്‍ ഇന്ന് അനുഭവിക്കുന്നുമുണ്ട്.വീട്ടിലെ അംഗങ്ങള്‍ക്കിടയില്‍ സ്നേഹവും സാഹോദര്യവും പരസ്പരം തിരിച്ചറിഞ്ഞ് പെരുമാറാനുള്ള മനോഭാവവും തിരിച്ചു കൊണ്ടു വരാന്‍ കൂടിയിരുന്ന് ആലപിക്കുന്ന മാല-മൗലിദുകള്‍ക്ക് സാധിക്കുമെന്നത് തീര്‍ച്ച.
Leave a Reply