Tweet 851
തിരുനബിﷺയുടെ ശിരോവസ്ത്രവുമായി ബന്ധപ്പെട്ട ചില ഉദ്ധരണികളിലൂടെയാണ് നാം ഇനി സഞ്ചരിക്കുന്നത്. സഹാബ് എന്ന പേരിൽ തിരുനബിﷺക്ക് ഒരു തലപ്പാവുണ്ടായിരുന്നു. അതായിരുന്നു പിന്നീട് തിരുനബിﷺ അലിയ്യി(റ)ന് തൊപ്പിയായി അണിയിച്ചുകൊടുത്തത്.
അബൂ അബ്ദുസ്സലാം ബിൻ അബൂ ഹാസിം(റ) പറയുന്നു. തിരുനബിﷺയുടെ തലപ്പാവ് എങ്ങനെയാണ് എന്ന് അബ്ദുല്ലാഹിബ്നു ഉമറി(റ)നോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു. മാല ചുറ്റും പോലെ ശിരസ്സിൽ ചുറ്റുകയും പിൻഭാഗത്ത് കൊളുത്തുകയും ചുമലിലൂടെ അതിന്റെ വാൽ താഴ്ത്തിയിടുകയും ചെയ്യുമായിരുന്നു.
പ്രമുഖ സ്വഹാബിയായ അബൂഹുറൈറ(റ) പല സ്വഹാബികളിൽ നിന്നായി ഉദ്ധരിക്കുന്നു. വെള്ളിയാഴ്ച ദിവസം തലപ്പാവണിയാതെ തിരുനബിﷺ പുറത്തേക്ക് വരുമായിരുന്നില്ല. അപൂർവ്വം ചിലപ്പോൾ മേൽമുണ്ടും അരത്തുണിയും മാത്രം അണിഞ്ഞു വരികയും തലപ്പാവ് ധരിക്കാനില്ലെങ്കിൽ ലഭ്യമായ തുണി കഷ്ണങ്ങൾ ചേർത്തുവച്ചു കെട്ടി തലപ്പാവ് ആക്കുകയും ചെയ്യുമായിരുന്നു.
ഇമാം ഖത്താബി(റ)യും ഇബ്നു അസാക്കീറും(റ) ഉദ്ധരിക്കുന്നു. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. തിരുനബിﷺ കറുത്ത തലപ്പാവ് അണിയുകയും അതിന്റെ വാൽ തൂക്കിയിടുകയും ചെയ്തത് ഞാൻ കണ്ടിട്ടുണ്ട്. മക്കാ വിജയദിവസം ഇഹ്റാമിൽ അല്ലാതിരിക്കെ തിരുനബിﷺ കറുത്ത തലപ്പാവ് അണിഞ്ഞിരുന്നു എന്ന് ജാബിർ ബിൻ അബ്ദുല്ലാഹ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ കറുത്ത തലപ്പാവണിഞ്ഞു കണ്ട അനുഭവം മഹാനായ അനസും(റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഖുത്വുബ നിർവഹിക്കുന്ന സമയത്ത് തിരുനബിﷺ കറുത്ത തലപ്പാവ് അണിഞ്ഞ രംഗം അംറു ബിനു ഹുറൈസ്(റ) രേഖപ്പെടുത്തുന്നു.
തിരുനബിﷺയുടെ ജീവിതത്തിൽ കറുത്ത തലപ്പാവണിഞ്ഞ പല രംഗങ്ങളുമുണ്ടെങ്കിലും ഏറ്റവും ഉത്തമമായതും പ്രിയപ്പെട്ടതും വെള്ള വസ്ത്രമാണെന്ന നിവേദനങ്ങൾ വേറെയുണ്ട്. അതുകൂടി മുന്നിൽ വെച്ചുകൊണ്ടാണ് പണ്ഡിതന്മാർ ഹദീസുകളെ പരിശോധിച്ചത്. ചില ആശയക്കാർ ചില പ്രത്യേക വേഷങ്ങളെ തെരഞ്ഞെടുക്കുകയും അത് അവരുടെ ലക്ഷണമാക്കി മാറ്റുകയും ചെയ്യുമ്പോൾ, തെറ്റിദ്ധാരണ വരാതിരിക്കാൻ നബി ജീവിതത്തിൽ നിന്ന് തന്നെ പകർത്തിയ ഉചിതമായ മറ്റ് രീതികളെ സ്വീകരിക്കുക എന്നത് പണ്ഡിതന്മാർ നിരീക്ഷിച്ച വീക്ഷണങ്ങളിൽ പെട്ടതാണ്.
രണ്ടു പെരുന്നാൾ വേളകളിൽ മാത്രം തിരുനബിﷺ അണിഞ്ഞിരുന്ന കറുത്ത ഒരു തലപ്പാവുണ്ടായിരുന്നു എന്ന് ജാബിർ ബിൻ അബ്ദുല്ലാഹ്(റ) രേഖപ്പെടുത്തുന്നു.
തലപ്പാവ് ധരിച്ചു കൊണ്ട് വുളൂഅ് എടുക്കുന്ന സമയം തലപ്പാവിന്റെ മുൻഭാഗം മാത്രം ഉയർത്തി ഉള്ളിലേക്ക് കൈകടത്തി തല തടവുന്നത് പൂർത്തിയാക്കുമായിരുന്നു. മഹാനായ അനസി(റ)ൽ നിന്ന് അബു ദാവൂദ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഈ വിഷയം പരാമർശിക്കുന്നു.
തലപ്പാവ് ലഭിക്കാത്ത സന്ദർഭങ്ങളിൽ ലഭ്യമാകുന്ന തുണി കഷ്ണം കൂട്ടിച്ചേർത്ത് തലയിൽ കെട്ടുകയും തലപ്പാവിന് പകരമായി അണിയുകയും ചെയ്തു എന്ന് ഇമാം ഗസ്സാലി(റ) ഉദ്ധരിക്കുന്നുണ്ട്. കറുത്ത തുണികൾ കൊണ്ട് അപ്രകാരം തലയിൽ കെട്ട് അണിഞ്ഞ രംഗം ഇബ്നു അബ്ബാസും(റ) നിവേദനം ചെയ്യുന്നു.
ഫള്ൽ ബിൻ അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ വഫാത്തിന്റെ രോഗശയ്യയിൽ കിടക്കുമ്പോൾ മഞ്ഞ ഒരു തുണി തലയിൽ ചുറ്റിയത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഞാൻ സലാം ചൊല്ലി അടുത്തേക്ക് ചെന്നപ്പോൾ അല്ലയോ ഫുളൈൽ(റ) എന്ന് തിരുനബിﷺ വിളിച്ചു. എന്നിട്ട് എന്നോട് തലയിൽ വച്ചിരുന്ന തുണിയെടുത്ത് കെട്ടിക്കൊടുക്കാൻ പറഞ്ഞു. അപ്പോൾ ഞാൻ അത് നിർവഹിച്ചു കൊടുക്കുകയും ശേഷം എഴുന്നേറ്റിരുന്ന തിരുനബിﷺ എന്റെ തോളിൽ പിടിച്ചുകൊണ്ട് ഉയരുകയും ചെയ്തു. തുടർന്ന് പള്ളിയിലേക്ക് നീങ്ങി.
Tweet 852
തിരുനബിﷺ അനുയായികളെ ധരിക്കാൻ പ്രോത്സാഹിപ്പിച്ചിട്ടില്ലെങ്കിലും അവിടുത്തെ വസ്ത്രങ്ങളുടെ വിശേഷങ്ങളിൽ നിന്ന് ചില ഓർമകൾ കൂടി നാം വായിച്ചു പോവുകയാണ്. അബ്ദുല്ലാഹി ബിൻ ജഅ്ഫർ(റ) പറയുന്നു. തിരുനബിﷺയുടെ തലപ്പാവും അരത്തുണിയും കുങ്കുമം മുക്കിയതായി ഞാൻ കണ്ടിട്ടുണ്ട്. യഹിയ ബിൻ മാലിക്കി(റ)ന്റെ നിവേദനത്തിൽ അവിടുത്തെ ഖമീസും നിറം മുക്കിയിരുന്നു എന്ന് കാണാം. സൈദ് ബിൻ അസ്ലം(റ) പ്രയോഗിച്ചത് അവിടുത്തെ തലപ്പാവ് വരെയും കുങ്കുമം മുക്കിയിരുന്നു എന്നാണ്. ഒരിക്കൽ തലപ്പാവും അരത്തുണിയും ഖമീസും മഞ്ഞ നിറം മുക്കി ധരിച്ചു വന്ന രംഗം അബൂഹുറൈറ(റ) പറയുന്നുണ്ട്. മലക്കുകൾ ബദ്റിൽ അവതരിച്ചപ്പോൾ മഞ്ഞ നിറത്തിലുള്ള തലപ്പാവായിരുന്നു അണിഞ്ഞിരുന്നത് എന്ന് അബ്ദുല്ലാഹിബ്നു സുബൈർ(റ) നിവേദനം ചെയ്യുന്നു.
തിരുനബിﷺയുടെ ജീവിതത്തിലെ വ്യത്യസ്ത നിറത്തിലുള്ള വസ്ത്രധാരണങ്ങളെയാണ് ഇവിടെ പരാമർശിച്ചത്. ഇതിലെ എല്ലാ നിറങ്ങളും ഭാവങ്ങളും പ്രോത്സാഹിപ്പിക്കപ്പെടണം എന്ന അർത്ഥത്തിലല്ല, തിരുനബിﷺയുടെ ചില പ്രവർത്തനങ്ങൾ അനുവാദത്തെ സൂചിപ്പിക്കാൻ വേണ്ടിയായിരിക്കും. ചിലപ്പോൾ വിരോധമില്ലെന്ന് അറിയിക്കാനായിരിക്കും. പ്രസ്താവനകളും നിർദ്ദേശങ്ങളും വന്നാൽ സംഭവത്തെക്കാൾ പ്രാധാന്യം നൽകേണ്ടത് നിയമത്തിനും പ്രസ്താവനകൾക്കുമാണ്. ഈ അർത്ഥത്തിൽ ഈ നിവേദനങ്ങളെയൊക്കെ സമീപിക്കുമ്പോൾ നബി ജീവിതത്തിന്റെ വായനയുടെ ഭാഗമായി നാം പരാമർശിക്കുകയാണ്, ഈ രീതികളൊക്കെ അനുവർത്തിക്കപ്പെടേണ്ടതാണ് എന്ന പ്രവാചക നിർദേശം ഇല്ല.
തിരുനബിﷺ അണിഞ്ഞിരുന്ന തലപ്പാവിന് വാല് ഉണ്ടായിരുന്നോ എന്നത് സംബന്ധമായ ചില നിവേദനങ്ങൾ കൂടി നമുക്ക് വായിക്കാം. തിരുനബിﷺയുടെ തലപ്പാവിന്‍റെ അഗ്രം രണ്ട് ചുമലുകൾക്കിടയിലൂടെ താഴ്ത്തിയിട്ടിരുന്നു എന്ന് അബ്ദുല്ലാഹിബ്നു ഉമർ(റ) ഉദ്ധരിക്കുന്നുണ്ട്. അവിടുന്നണിഞ്ഞിരുന്ന കറുത്ത തലപ്പാവിന്‍റെ അഗ്രം രണ്ടു ചുമലുകൾക്കിടയിലൂടെ താഴ്ത്തിയിട്ടിരിക്കുന്ന രംഗം ഞാൻ ഇങ്ങനെ നോക്കിക്കൊണ്ടിരിക്കുന്നത് പോലെയുണ്ട് എന്ന് അംറ് ബിൻ ഹുറൈസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ മിമ്പറിൽ ഇരുന്ന രംഗമായിരുന്നു അദ്ദേഹം വിശദീകരിച്ചത്. ഞാൻ ഇപ്പോഴും ആ തലപ്പാവിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നത് പോലെ എന്ന് അംറ് ബിൻ ഉമയ്യ അള്മരി(റ) പറയുന്നു.
മക്കാ വിജയ സമയത്ത് തിരുനബിﷺ അണിഞ്ഞിരുന്ന തലപ്പാവിന്റെയും അഗ്രം ചുമലുകൾക്കിടയിലൂടെ താഴ്ത്തിയിട്ടിരുന്നു എന്ന് ജാബിർ(റ) റിപ്പോർട്ട് ചെയ്യുന്ന പരാമർശം ഇമാം അബൂദാവൂദ്(റ) ഉദ്ധരിക്കുന്നുണ്ട്. വാൽ ഇട്ടുകൊണ്ട് തലപ്പാവ് അണിയൽ തിരുനബിﷺയുടെ ചര്യയായിരുന്നു എന്നും ചിലപ്പോൾ അത് ചുമലുകൾക്കിടയിലൂടെയും, മറ്റു ചിലപ്പോൾ പിറകിലേക്കും ആയിരുന്നു എന്നും പ്രമുഖ സ്വഹാബിയായ സൗബാൻ(റ) റിപ്പോർട്ട് ചെയ്യുന്നു. തലപ്പാവണിയുന്നത് മലക്കുകളുടെ വിലാസമാണെന്നും നിങ്ങളും അത് അണിഞ്ഞു കൊള്ളൂ എന്നും അതിന്റെ അഗ്രം ചുമലുകൾക്കിടയിലൂടെ താഴ്ത്തിയിടൂ എന്നും തിരുനബിﷺ പറഞ്ഞ കാര്യം ഇബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു.
തലപ്പാവണിയുന്നത് പ്രവാചകചര്യയിലും പ്രതിഫലാർഹമായ പുണ്യകർമ്മത്തിലും പെട്ടതാണ്. അതിന്റെ വ്യത്യസ്ത വിശേഷങ്ങളും വിശേഷണങ്ങളും ആധാരമാക്കി നിരവധി പണ്ഡിതന്മാർ രചനകൾ നിർവഹിച്ചിട്ടുണ്ട്. വാലിട്ടും അല്ലാതെയും തൊപ്പിയണിഞ്ഞും അതിനൊപ്പം തലപ്പാവണിഞ്ഞും തൊപ്പിയില്ലാതെയും തൊപ്പി മാത്രം കൊണ്ട് തല മറച്ചും ഒക്കെയുള്ള രീതികൾ പ്രോത്സാഹനാജനകമാണ്. പ്രമാണങ്ങൾ അതിനെ പിന്തുണയ്ക്കുകയും തല മറയ്ക്കുക എന്ന സുന്നത്തിനെ സാധ്യമാക്കുന്ന കർമ്മങ്ങളായി പരിഗണിക്കുകയും ചെയ്യുന്നു.
Tweet 853
തിരുനബിﷺ ഭരണ സാരഥിത്യം ഏൽപ്പിക്കുന്ന ആളുകൾക്ക് തലപ്പാവണിയിച്ചു കൊടുക്കുമായിരുന്നു. വലതുഭാഗത്ത് ചെവിയോട് ചേർന്ന് അതിന്റെ വാൽ താഴ്ത്തിയിട്ടു കൊടുക്കുകയും ചെയ്തു. പരമ്പര അത്ര പ്രബലമല്ലെങ്കിലും അബൂ ഉമാമ(റ)യിൽ നിന്ന് ഇങ്ങനെ ഒരു ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.
തലപ്പാവിന്റെ അഗ്രം കൊണ്ട് താടിയുടെ ഭാഗം കവർ ചെയ്ത് ചുറ്റുന്നത് ചിലപ്പോഴൊക്കെ നബിﷺ നിർവഹിക്കുകയും ചിലരോട് അങ്ങനെ വസ്ത്രം ധരിക്കാൻ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അങ്ങനെ ചെയ്യാത്തത് നിരുത്സാഹപ്പെടുത്തുന്ന ചില നിവേദനങ്ങളും കാണാം. എന്നാൽ അത്തരം നിവേദനങ്ങൾ അത്ര പ്രബലമല്ലെന്നും എന്തായാലും അങ്ങനെ ചെയ്തിരിക്കണം എന്ന കൽപ്പന നിർബന്ധ കൽപ്പന അല്ലെന്നുമാണ് വിശദീകരണം. തിരുനബിﷺ തലപ്പാവിന്‍റെ അഗ്രം കൊണ്ട് താടിയുടെ താഴ്ഭാഗം ചുറ്റിക്കെട്ടാറുണ്ടായിരുന്നു എന്ന് സാദുൽ മആദിൽ പരാമർശിക്കുന്നു.
തിരുനബിﷺ വുളൂഅ് ചെയ്യുമ്പോൾ രണ്ട് കാലുറകൾ അഥവാ ഖുഫ്ഫകളുടെ മേലും തലപ്പാവിന്‍റെ മേലെയും തടകാറുണ്ടായിരുന്നു. തല തടകുന്നത് പൂർത്തിയാക്കാൻ തലപ്പാവിന്റെ മേലേക്ക് കവർ ചെയ്യുന്നതും പ്രത്യേക നിബന്ധനകളോട ധരിച്ച ഖുഫ്ഫ കാല് കഴുകുന്നതിന് പകരം തടകുന്നതും നാം നേരത്തെ വിശദീകരിച്ചിട്ടുണ്ട്. കർമശാസ്ത്രപരമായ വീക്ഷണങ്ങളും നിയമങ്ങളും നിബന്ധനകളും സവിശേഷമായി തന്നെ പഠിച്ചു മനസ്സിലാക്കേണ്ടതാണ്.
മേൽ പറയപ്പെട്ട പരാമർശങ്ങളിൽ നിന്ന് തീർത്തും വ്യത്യസ്തമായി തലപ്പാവിൽ നിന്ന് ഒരു ഭാഗവും കഴുത്തിന്റെ ഭാഗത്തേക്ക് ചുറ്റിയിരുന്നില്ലെന്നും താടി കൂടി കവർ ചെയ്യുന്ന രൂപത്തിൽ തലപ്പാവിന്‍റെ അഗ്രം കൊണ്ട് കഴുത്ത് വലയം ചെയ്യുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ട രീതിയല്ലെന്നും ഇബ്നു താഊസ്(റ) തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്ന വിവരം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നുണ്ട്.
നമ്മുടെ കർമ്മ ശാസ്ത്ര പണ്ഡിതന്മാരും അത്തരം ഒരു തലപ്പാവ് രീതിയെ സവിശേഷമായി നിർദ്ദേശിക്കുകയോ പുണ്യകർമമായി പറയുകയുകയോ ചെയ്യുന്നില്ല. എന്നാൽ ചില ഇസ്ലാമിക രാജ്യങ്ങളിലെ പണ്ഡിതന്മാരും പ്രായമുള്ളവരും അത്തരം ഒരു വസ്ത്രധാരണ രീതി ഇപ്പോഴും പുലർത്തുന്നുണ്ട് എന്നത് വസ്തുതയാണ്.
അടിസ്ഥാനപരമായി തലപ്പാവ് ധരിക്കുന്നത് പുണ്യകർമമാണ്. അതിന്റെ വാൽ ഒരു ഭാഗത്തേക്ക് ഇറക്കിയിടുന്നതും പ്രവാചക വസ്ത്രധാരണ രീതികളുടെ ഭാഗമായിരുന്നു. ചില വേഷങ്ങൾ ചില കാലത്തും ദേശത്തും പണ്ഡിതന്മാരും അല്ലാത്തവരും തമ്മിൽ വേർതിരിക്കാനുള്ള മാനദണ്ഡങ്ങളുമൊക്കെയായി വന്ന വ്യത്യാസങ്ങളെ കൂടി ഉൾക്കൊണ്ടുകൊണ്ടാണ് കർമശാസ്ത്ര പണ്ഡിതന്മാരും മറ്റും ഈ വിഷയത്തെ സമീപിച്ചത്.
മലക്കുകൾ ബദ്റിൽ അവതരിച്ചപ്പോൾ പ്രത്യേകമായ ചിഹ്നങ്ങളോടെയും അടയാളങ്ങളോടെയുമായിരുന്നു എന്ന് പരാമർശിക്കുന്ന വിശുദ്ധ ഖുർആനിലെ അൻആം അധ്യായത്തിലെ 125 ആമത്തെ സൂക്തം പല വിശേഷണങ്ങളോടെയും വ്യാഖ്യാനിച്ചവരുണ്ട്. മലക്കുകളുടെ അടയാളമായി ഉണ്ടായിരുന്നത് തലപ്പാവായിരുന്നു എന്ന വിശദീകരണം പല ഖുർആൻ വ്യാഖ്യാതാക്കളും പകർന്നു തന്നിട്ടുണ്ട്.
ചുവന്ന തലപ്പാവ് ധരിച്ചു കൊണ്ടായിരുന്നു മലക്കുകൾ ബദ്റിൽ അവതരിച്ചത് എന്ന് മഹതി ആഇശ(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്. ചുമലുകൾക്കിടയിലൂടെ അതിന്റെ അഗ്രഭാഗം താഴ്ത്തിയിട്ടിരുന്നു എന്ന അനുബന്ധം കൂടിയുണ്ട്.
തലപ്പാവ് ധരിക്കുകയും മലക്കുകളോടുള്ള സാദൃശ്യം സ്വീകരിക്കുകയും ചെയ്യുക എന്ന നിർദ്ദേശത്തിന്റെ പൊരുളിൽ ഇതുകൂടി ഉൾക്കൊള്ളുന്നുണ്ട്.
Tweet 854
ബദ്റിൽ പങ്കെടുത്ത പ്രമുഖ സ്വഹാബിയായ അബൂ ഉസൈദ്(റ) പറയുന്നു. മലക്കുകൾ ബദ്റിൽ അവതരിച്ചത് മഞ്ഞ തലപ്പാവ് അണിഞ്ഞു കൊണ്ടായിരുന്നു. അതിന്റെ ഒരു അഗ്രം വാലാക്കി ഇടുകയും ചെയ്തിരുന്നു. ആഇശ(റ) പറയുന്നു. ഒരാൾ ബിർദൗൻ അഥവാ ആൺ കുതിരക്ക് പെൺകഴുതയിൽ ഉണ്ടായ സന്തതിയുടെ പുറത്ത് കയറി തിരുനബിﷺയുടെ അടുത്തേക്ക് വന്നു. അദ്ദേഹം ചുവന്ന തലപ്പാവ് ധരിച്ചിരുന്നു. തലപ്പാവിന്റെ അറ്റം രണ്ടു ചുമലുകൾക്കിടയിലൂടെ വാലാക്കി ഇറക്കിയിരുന്നു. വന്നയാളെക്കുറിച്ച് ആഇശ(റ) നബിﷺയോട് ചോദിച്ചു. അപ്പോൾ തിരുനബിﷺ അന്വേഷിച്ചു. അല്ല, ആ വന്നയാളെ നിങ്ങൾ കണ്ടിരുന്നുവോ? അതെ, എന്നു പറഞ്ഞപ്പോൾ തിരുനബിﷺ പറഞ്ഞു. ആ വന്നത് ജിബ്‌രീല്‍(റ) ആയിരുന്നു. ബനൂ ഖുറൈളയിലേക്ക് പോകാൻ എന്നോട് കൽപ്പിക്കാൻ വന്നതായിരുന്നു.
അഹ്സാബ് യുദ്ധത്തിൽ മുസ്ലിംകളെ ചതിച്ച ബനൂ ഖുറൈള ഗോത്രത്തിലേക്ക് നയതന്ത്ര നീക്കം നടത്താനുള്ള അല്ലാഹുവിന്റെ കല്പനയുമായിട്ടായിരുന്നു ജിബ്‌രീല്‍(അ) വന്നത്.
ആഇശ(റ) പറയുന്നു. ഖൻദഖ് യുദ്ധവേളയിൽ ദിഹ്യതുൽ കൽബി(റ) എന്ന സ്വഹാബിയുടെ രൂപത്തിൽ ഒരാൾ വന്നു. വാഹനത്തിന്റെ പുറത്തായിരുന്നു വന്നത്. തലപ്പാവും ധരിച്ചു നബിﷺയോട് സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തലപ്പാവിന്റെ വാൽ പിറകിലേക്ക് തൂക്കിയിട്ടിരുന്നു. ആരാണെന്ന് ചോദിച്ചപ്പോൾ ജിബ്‌രീൽ(അ) ആണെന്നും ബനൂ ഖുറൈളയിലേക്ക് പോകാനുള്ള സന്ദേശവുമായി വന്നതാണെന്നും തിരുനബിﷺ വിശദീകരിച്ചു.
ഗദീർ ഖുമ്മ് വേളയിൽ അഥവാ പ്രസ്തുത ജലധാരയുടെ അടുത്തുവച്ച് തിരുനബിﷺ നടത്തിയ പ്രസംഗത്തെ തുടർന്ന് അലിയ്യി(റ)ന് തിരുനബിﷺ തലപ്പാവണിയിച്ചു കൊടുത്തു. പിറകിലേക്ക് വാൽ തൂക്കിയിട്ടു കൊണ്ടായിരുന്നു തലപ്പാവ് കെട്ടിക്കൊടുത്തത്.
അബൂ യഅ്ല(റ)യും ബസ്സാറും(റ) മറ്റും നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറയുന്നു. അബ്ദുറഹ്മാനെ(റ) ഒരു സൈനിക നീക്കത്തിൽ നിയോഗിക്കാൻ ഒരുങ്ങിയപ്പോൾ, അദ്ദേഹം ധരിച്ചുകൊണ്ടുവന്ന കറുത്ത തലപ്പാവ് അഴിച്ചതിനുശേഷം വേറെ ഒരു തലപ്പാവ് അണിയിച്ചു കൊടുത്തു. നാലു വിരലിന്റെ നീളത്തിൽ അല്ലെങ്കിൽ ഒരു ചാണിനോളം അതിനു വാലിട്ട് കൊടുക്കുകയും ചെയ്തു. ഇതുപോലെയാണ് തലപ്പാവ് ധരിക്കേണ്ടത് എന്ന് ഇബ്നു മസ്ഊദി(റ)നോട് പറയുകയും ചെയ്തു. ഇതാണ് അറബികളുടെ രീതിയോട് ഏറ്റവും യോജിച്ചതും ഭംഗിയുള്ളതും.
ബീവി ആഇശ(റ) പറയുന്നു. തിരുനബിﷺ ഇബ്നു ഔഫി(റ)നു തലപ്പാവ് അണിയിച്ചു കൊടുത്തു. നാലു വിരലുകളുടെ നീളത്തിൽ അതിന് വാലിട്ടു കൊടുക്കുകയും ചെയ്തു. ഞാൻ വാനലോകത്തേക്ക് ഉയർത്തപ്പെട്ടപ്പോൾ അവിടെയുണ്ടായിരുന്ന ഏറെ മലക്കുകളും തലപ്പാവ് അണിഞ്ഞവരായിരുന്നു എന്നൊരു അനുബന്ധം കൂടി തിരുനബിﷺ ഇവിടെ പറയുന്നുണ്ട്.
ചില പ്രദേശത്തിനും കാലാവസ്ഥയ്ക്കും അനുസരിച്ച് തലപ്പാവിന്റെ രീതികളും ഭാവങ്ങളും വ്യത്യാസപ്പെട്ടിരുന്നു എന്ന് പണ്ഡിതന്മാരുടെ വിശദീകരണങ്ങളിൽ നിന്ന് വ്യക്തമാകും. തണുപ്പും മറ്റും ഏറിയ സ്ഥലങ്ങളിൽ തണുപ്പിനെ പ്രതിരോധിക്കാൻ കൂടി പറ്റുന്ന രൂപത്തിൽ കഴുത്തിന്റെ ഭാഗം കൂടി ചുറ്റി തലപ്പാവിന്റെ അഗ്രം അണിഞ്ഞ രീതികളുണ്ട്. കുതിര സവാരിയും മറ്റും ചെയ്യുന്ന ആളുകൾക്ക് സുരക്ഷിതമായ രൂപത്തിൽ തലപ്പാവ് ക്രമീകരിക്കുന്ന രീതിയും തലപ്പാവ് സംബന്ധിയായ ചർച്ചയിൽ നാം വായിക്കുന്നു. നിന്നുകൊണ്ട് തലപ്പാവ് അണിയണം എന്നാണ് പ്രവാചകരുﷺടെ നിർദ്ദേശം.
Tweet 855
തിരുനബിﷺയുടെ തൊപ്പിയെ കുറിച്ചുള്ള ചില വർത്തമാനങ്ങളാണ് നമ്മൾ വായിക്കുന്നത്. തൊപ്പിയുടെ മേലെ തലപ്പാവും തലപ്പാവില്ലാതെ തൊപ്പിയും തൊപ്പിയില്ലാതെ തലപ്പാവ് മാത്രവും ഇങ്ങനെയെല്ലാം തിരുമേനിﷺ ധരിച്ചിരുന്നു എന്നാണ് ഹദീസുകൾ സംസാരിക്കുന്നത്. തൊപ്പിക്ക് മേൽ തലപ്പാവണിയുക എന്നത് ബഹുദൈവ വിശ്വാസികളുടെയും നമ്മുടെയും ഇടയിലുള്ള വ്യത്യാസമാണ് എന്ന് പറഞ്ഞതായി പലരും നിവേദനം ചെയ്തിട്ടുണ്ട്. നിവേദന പരമ്പര അത്ര പ്രബലമല്ലെങ്കിലും ഇമാം അബു ദാവൂദും(റ) നിവേദനം ചെയ്യുന്നു.
തിരുനബിﷺക്ക് വെളുത്ത ഒരു തൊപ്പി ഉണ്ടായിരുന്നതായി അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്നുള്ള നിവേദനം അബൂ യഅ്ല(റ) ഉദ്ധരിക്കുന്നു. സ്വഹാബിയായ ഫർഖദ്(റ) എന്നവർ തിരുനബിﷺയോടൊപ്പം ഇരുന്നു ഭക്ഷണം കഴിക്കുമ്പോൾ നബിﷺ അണിഞ്ഞിരുന്ന വെള്ള തൊപ്പി ശ്രദ്ധിച്ചിരുന്നു എന്ന് അലിയ്യ് ബിൻ സകൻ(റ) നിവേദനം ചെയ്യുന്നു. ശ്യാമിൽ നിർമ്മിതമായ വെളുത്ത തൊപ്പി ആയിരുന്നു തിരുനബിﷺ ധരിച്ചിരുന്നത് എന്ന് നേരിട്ട് കണ്ട അനുഭവം അബൂഹുറൈറ(റ) പങ്കുവെക്കുന്നു. യാത്രാവേളകളിൽ 2 ചെവിയുള്ള പ്രത്യേകതരം തൊപ്പിയായിരുന്നു അവിടുന്ന് ഉപയോഗിച്ചിരുന്നത് എന്നും നാട്ടിലായിരിക്കുമ്പോൾ മുകളിലേക്ക് കൂർത്ത വിധത്തിലുള്ള തൊപ്പിയാണ് അണിഞ്ഞിരുന്നത് എന്നും തിരുനബിﷺയുടെ പ്രിയ പത്നി ആഇശ(റ) ഉദ്ധരിക്കുന്നു. ഇബ്നു അസാക്കിറി(റ)ന്റെ നിവേദത്തിലും തിരുനബിﷺയുടെ യാത്രാവേളകളിലെ തൊപ്പിയെ കുറിച്ചും വെള്ള തൊപ്പിയെക്കുറിച്ചുമുള്ള പരാമർശം ആഇശ(റ)യിൽ നിന്നുതന്നെ ഉദ്ധരിക്കുന്നുണ്ട്.
ഈ വിഷയികമായി ഇബ്നു അബ്ബാസി(റ)ൽ നിന്നുള്ള നിവേദനം ഒന്നുകൂടി മനോഹരവും വ്യത്യസ്തവുമാണ്. അദ്ദേഹം പറഞ്ഞു. തിരുനബിﷺക്ക് മൂന്ന് തൊപ്പികൾ ഉണ്ടായിരുന്നു. ഒന്ന്, മിസ്റിൽ നിർമ്മിതമായ വെളുത്ത തൊപ്പി. രണ്ട്, ചിത്രപ്പണികളുള്ള തൊപ്പി. മൂന്ന്, യാത്രാവേളകളിൽ ധരിച്ചിരുന്ന ചെവികളുള്ള തൊപ്പി. ഈ തൊപ്പി ചിലപ്പോഴൊക്കെ നിസ്കാര സമയങ്ങളിൽ മുന്നിൽ വയ്ക്കാറുണ്ടായിരുന്നു. നിസ്കാരത്തിനു മുന്നിൽ ഒരു അടയാളം അല്ലെങ്കിൽ മറ എന്നർഥത്തിൽ ആയിരിക്കും അങ്ങനെ ഉപയോഗിച്ചത്.
അബ്ദുല്ലാഹിബിന് ബുസ്റി(റ)ൽ അല്പം ചില വ്യത്യാസങ്ങളോടെ ഇബ്നു അബ്ബാസി(റ)ന്റെ ഹദീസിന്റെ ഉള്ളടക്കം തന്നെ പകർന്നു തരുന്ന ഒരു നിവേദനമുണ്ട്. അദ്ദേഹം പറയുന്നു. തിരുനബിﷺക്ക് മിസ്റിൽ നിർമ്മിതമായ ഒരു തൊപ്പിയുള്ളത് ഞാൻ കണ്ടു. രണ്ട് ചെവികളുള്ള മറ്റൊരു തൊപ്പിയും, തലയോട് ചേർന്ന് ഒട്ടിക്കിടക്കുന്ന മൂന്നാമതൊരെണ്ണവും.
അല്പം കൂർത്ത് ഉയർന്നു നിൽക്കുന്ന വെള്ള തൊപ്പി ധരിച്ചിരുന്ന കാഴ്ച അബ്ദുല്ലാഹിബ്നു ഉമർ(റ) തന്നെ നിവേദനം ചെയ്യുന്നുണ്ട്. ഇബ്നു അസാകിറും(റ) ത്വബ്റാനി(റ)യും ഉദ്ധരിച്ചത് കാണാം. സമാനമായ ആശയമുള്ള ഹദീസ് മഹാനായ സ്വഹാബി അനസും(റ) മഹതി ആഇശ(റ)യും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തൊപ്പിയുടെ മേലെ തലപ്പാവണിയുക എന്നത് തിരുനബിﷺയുടെ ചര്യയായി പിന്തുടരപ്പെടുന്ന കാര്യമാണ്. തൊപ്പി കൊണ്ടെങ്കിലും തല മറച്ചിരിക്കുക എന്നത് മുസ്ലിം ലോകം ആചാരമായി സ്വീകരിച്ചു പോരുന്നതാണ്. വേഷവിധാനങ്ങളുടെ ഇസ്ലാമിക ചിഹ്നമായി ലോകം മനസ്സിലാക്കുന്നതും സവിശേഷമായ രീതിയിലുള്ള തലപ്പാവും തൊപ്പിയുമൊക്കെ ആണല്ലോ!
തിരുനബിﷺ അണിഞ്ഞിരുന്ന തലപ്പാവും തൊപ്പിയും സ്വതന്ത്രമായ അധ്യായങ്ങളായി തന്നെ സീറാ പണ്ഡിതന്മാർ രേഖപ്പെടുത്തുന്നുണ്ട്. ഇമാം യൂസുഫ് സലിഹി അൽ ശാമി(റ)യുടെ സുബുലുൽ ഹുദ റശാദ് ഈ വിഷയത്തിൽ നമ്മുടെ പ്രധാന അവലംബമാണ്. തിരുനബിﷺയുടെ ചര്യകളെ അറിയാനും അനുകരിക്കാനും വിശ്വാസികൾ കാണിച്ച താൽപര്യത്തിന്റെയും ലോകത്ത് രൂപപ്പെട്ട അനുകരണ പരിസരങ്ങളുടെയും പ്രത്യക്ഷമായ ഒരു ചിത്രം കൂടിയാണ് ഈ അധ്യായം നമുക്ക് പകർന്നു തരുന്നത്.
Tweet 856
തിരുനബിﷺ മേൽത്തട്ടം അണിഞ്ഞത് അഥവാ മുതഖന്നി ആയതിനെ കുറിച്ചുള്ള അല്പം വർത്തമാനങ്ങളാണ് നാം വായിക്കുന്നത്. ഒരു തട്ടം കൊണ്ട് ശിരസും മുഖത്തിന്റെ അല്പഭാഗവും മറയ്ക്കുന്നതിനാണ് അറബിയിൽ തഖന്നുഅ എന്നു പ്രയോഗിക്കുക. മഹതി ആഇശ(റ) പറയുന്നു. ഒരിക്കൽ ഞങ്ങൾ അബൂബക്കറി(റ)ന്റെ വീട്ടിലിരിക്കുമ്പോൾ ഒരാൾ വിളിച്ചു പറഞ്ഞു. അല്ലാഹുവിന്റെ ദൂതർﷺ മേൽമുണ്ട് അണിഞ്ഞുകൊണ്ട് വരുന്നുണ്ട്.
ഇത്തരം ഒരു വസ്ത്രധാരണ രീതി ജൂതന്മാരുടേതാണെന്നും തിരുനബിﷺ അപ്രകാരം ഒരു വസ്ത്രധാരണം സ്വീകരിച്ചില്ല എന്നും ചില പണ്ഡിതന്മാർ അഭിപ്രായപ്പെടുന്നുണ്ട്. ഇപ്രകാരം നബിﷺ വസ്ത്രം ധരിച്ചു എന്ന് വന്ന നിവേദനങ്ങൾ വ്യാഖ്യാനിക്കപ്പെടേണ്ടതാണെന്നും അവർ അഭിപ്രായപ്പെടുന്നു. ചില സന്ദർഭങ്ങളെയോ കാലാവസ്ഥയോ പരിഗണിച്ചിട്ടാവാം തിരുനബിﷺ അത് നിർവഹിച്ചത് എന്നാണ് അവർ വിശദീകരണം നൽകിയത്.
മഹാനായ സഹൽ സഅദ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പലപ്പോഴും തലയിൽ ഒരു കഷ്ണം തുണി പ്രത്യേകമായ രീതിയിൽ വെക്കാറുണ്ടായിരുന്നു. അഥവാ തഖന്നു അധികരിപ്പിക്കാറുണ്ടായിരുന്നു. അബ്ദുറഹ്മാനിബ്നു സൈദ് ഇബ്നു ജാബിറി(റ)ൽ നിന്ന് ഇമാം ബലാദുരി(റ) നിവേദനം ചെയ്യുന്നു. വെളുത്ത ഒരു കോവർ കഴുതയുടെ പുറത്ത് തിരുനബിﷺ ഖൈബർ യുദ്ധത്തിൽ പങ്കെടുത്തു. മഴവെള്ളം പതിക്കാതിരിക്കാൻ കറുത്ത ഒരു മേൽത്തട്ടം തിരുനബിﷺ ഉപയോഗിച്ചു. തലപ്പാവ് തൊപ്പിയും ചേർത്ത് അണിയുകയും ചെയ്തിരുന്നു.
തിരുനബിﷺയുടെ പരിചാരകനായ അനസി(റ)ൽ നിന്ന് ഇമാം അബൂ നുഐം(റ) ഉദ്ധരിക്കുന്നു. ചിലപ്പോഴൊക്കെ തിരുനബിﷺ താടിയും തലമുടിയും വാർന്നു വെള്ളം നനച്ച് ഒതുക്കി വെക്കുമായിരുന്നു. ഒരു കഷ്ണം തുണികൊണ്ട് തല മറക്കും. ആ സമയത്ത് തിരുനബിﷺയുടെ വസ്ത്രം എണ്ണ കച്ചവടക്കാരന്റെ വസ്ത്രം പോലെയുണ്ടാകും.
ഇടയ്ക്കും മുറക്കും എണ്ണ ഉപയോഗിക്കുക എന്നത് തിരുനബിﷺയുടെ ശീലമായിരുന്നു. തലയിലും മറ്റും എണ്ണയിട്ടു കഴിഞ്ഞാൽ ഒരു തൂവാല അണിയുന്ന രീതിയും തിരുനബിﷺക്കുണ്ടായിരുന്നു. തഖന്നു എന്ന പ്രയോഗം ഈ വസ്ത്രധാരണ രീതിയെ കൂടി ഉൾക്കൊള്ളുന്നതാണ്. നേരത്തെ പരാമർശിച്ച വിധം സവിശേഷമായ ശിരോവസ്ത്രവും കുളിച്ചതിനുശേഷമോ എണ്ണ ഇട്ടതിനുശേഷമോ ഒക്കെ തലയിൽ നേർത്ത രൂപത്തിൽ തൂവാല പോലെയുള്ളത് ധരിക്കുന്നതും തഖന്നു എന്ന പ്രയോഗം ഉൾക്കൊള്ളുന്നു.
താടിയും തലമുടിയും നന്നായും കൃത്യമായും വാർന്നു വയ്ക്കുകയും ഇടവേളകളിൽ എണ്ണ ഉപയോഗിക്കുകയും നിത്യമായി സുഗന്ധം ഉപയോഗിക്കുകയും ചെയ്യുന്ന തിരുനബിﷺയുടെ ജീവിതത്തോട് ചേർന്ന് നിൽക്കുന്ന വസ്ത്ര രീതികളും സൗന്ദര്യ സമീപനങ്ങളുമായി തന്നെ ചരിത്രം വായിക്കുകയും പകർന്നു തരികയും ചെയ്യുന്നു എന്നതാണ് നാം വായിച്ചുകൊണ്ടിരിക്കുന്ന ഓരോ നിവേദനങ്ങളും നമ്മളോട് സംസാരിക്കുന്നത്. ശിരസ്സ് മൂടുകയും മുഖത്തിന്റെ അൽപഭാഗം കൂടി കവർ ചെയ്യുകയും ചെയ്യുന്ന പ്രത്യേകമായ വസ്ത്രധാരണ രീതി പ്രവാചകന്മാരുടെ ശീലങ്ങളിൽ പെട്ടതാണെന്ന് വരെ ഒരു നിവേദനത്തിലുണ്ട്. ബഖിയ്യ് ബിൻ മഖ്ലദ്(റ) ആണ് അത് ഉദ്ധരിച്ചിട്ടുള്ളത്. ഒരിക്കൽ തിരുനബിﷺ ആ മേൽ വസ്ത്രം മാറ്റിയതിനുശേഷം ഇതുപോലെ വ്യക്തവും തുറന്നതുമാണ് ഈമാൻ എന്ന് പറയുകയും പൂർണമായും മേൽ വസ്ത്രം കൊണ്ട് കവർ ചെയ്ത ശേഷം ഒരു കണ്ണു മാത്രം പുറത്തു കാണിച്ച് ഇതുപോലെയാണ് കാപട്യം അഥവാ കപടവിശ്വാസം എന്ന് ഉദാഹരിക്കുകയും ചെയ്തു.
നബിﷺയുടെ വ്യക്തിജീവിതത്തെയും ഓരോ ചലനങ്ങളെയും എത്രമേൽ സൂക്ഷ്മമായിട്ടാണ് സ്വഹാബികൾ നിരീക്ഷിക്കുകയും പകർന്നു തരികയും ചെയ്തത് എന്ന് ഒരിക്കൽ കൂടി നമ്മളെ ബോധ്യപ്പെടുത്തുകയാണല്ലോ ഈ വായനകളൊക്കെ.
Tweet 857
അനസ് ബിൻ മാലിക്(റ) പറഞ്ഞതായി അബു അവാന(റ) റിപ്പോർട്ട് ചെയ്യുന്നു. ഞാൻ ഒരിക്കൽ മറ്റു കുട്ടികൾക്കൊപ്പം കളിച്ചു കൊണ്ട് നിൽക്കുമ്പോൾ ഒരു മേൽ തട്ടമിട്ടുകൊണ്ട് തിരുനബിﷺ എന്റെ അടുത്തേക്ക് വന്നു. സലാം ചൊല്ലി അടുത്തേക്ക് വിളിച്ചു. അവിടെനിന്നും എന്നെ ഒരാവശ്യത്തിന് നിയോഗിക്കുകയും ചെയ്തു. ശേഷം അടുത്തുള്ള ഒരു ഈത്തപ്പന തോട്ടത്തിൽ തിരുനബിﷺ വിശ്രമിക്കാൻ ഇരുന്നു.
ത്വൈലസാൻ അഥവാ മേൽ തട്ടം നന്ദി പറഞ്ഞു പൂർത്തീകരിക്കാൻ പറ്റാത്തത്ര ഉയർന്ന വസ്ത്രമാണ് എന്ന് തിരുനബിﷺ വിശേഷിപ്പിച്ചതായി ബനൂ ഉമയ്യ കാലത്ത് മൂസൽ ഹാരിസി(റ) പറഞ്ഞതായി ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നുണ്ട്. അടിസ്ഥാനപരമായി തന്നെ ത്വൈലസാൻ ധരിച്ചു കൂടാ എന്ന് പറയുന്നവർക്ക് മറുപടിയായി കൂടി ഈ പ്രയോഗം നമുക്ക് കൊണ്ടുവരാം. ഈ പരാമർശങ്ങളുടെയൊക്കെ ആശയ സംക്ഷേപം അല്ലാമാ ഇബ്നു ഹജർ(റ) ഫത്ഹുൽ ബാരിയിൽ പറയുന്നുണ്ട്.
ഉമാമത് ബിൻ സൈദ്(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ എന്നോട് പറഞ്ഞു. എന്റെ സ്വഹാബികളെ ഇങ്ങോട്ട് പ്രവേശിക്കൂ. അങ്ങനെ അനുയായികൾ തിരുനബിﷺയുടെ സമക്ഷത്തിലേക്ക് പ്രവേശിച്ചപ്പോൾ അവിടുത്തെ മേൽ തട്ടം നീക്കിയിട്ട് ഒന്ന് നോക്കി. ശേഷം, ഇങ്ങനെ പറഞ്ഞു. ജൂത നസാറാക്കളെ അല്ലാഹു ശപിച്ചിരിക്കുന്നു. കാരണം അവർ അവരുടെ പ്രവാചകന്മാരുടെ വിശ്രമ സ്ഥാനങ്ങളെ സുജൂദ് ചെയ്യാനുള്ള ഇടങ്ങളാക്കി മാറ്റി.
അല്ലാഹുവിനല്ലാതെ ആർക്കും സുജൂദ് സമർപ്പിക്കാൻ പാടില്ല. പ്രവാചകന്മാരെ ദൈവത്വം ആരോപിക്കുകയോ ദൈവത്തിന്റെ പുത്രനാണെന്നോ മറ്റോ ചേർത്ത് പറയാനോ ഒക്കെ വേദക്കാരായ ചിലയാളുകൾ ഉത്സാഹിച്ചു. തൽഫലമായി പ്രവാചകന്മാർ മുന്നോട്ടുവെച്ച ശരിയായ സത്യവിശ്വാസത്തിൽ നിന്ന് ജനങ്ങൾ വഴിമാറി. അത്തരമൊരു വ്യതിയാനം നമ്മുടെ സമൂഹത്തിലുണ്ടാകരുത് എന്ന കണിശത തിരുനബിﷺക്കുണ്ടായിരുന്നു. അത് തുറന്നുപറയുകയും അനുസൃതമായി ശിഷ്യന്മാരെ ശീലിപ്പിക്കുകയും ചെയ്തു.
ഈ നിലപാടിന്റെയും അതനുസരിച്ചുള്ള പ്രയോഗങ്ങളുടെയും മറവിൽ പ്രവാചകന്മാരുടെയോ മഹാത്മാക്കളുടെയൊ കബറിടങ്ങൾ സന്ദർശിക്കാൻ പോലും പാടില്ല എന്ന് പറയുന്നതും സന്ദർശകർക്കു വേണ്ടി പരിസരങ്ങൾ വികസിപ്പിച്ചു പരിപാലിക്കുന്നതിനെ ആക്ഷേപിക്കുന്നതും പ്രമാണങ്ങളെ സമീപിക്കാൻ അറിയാത്തതുകൊണ്ടോ ചില തൽപര താല്പര്യങ്ങളെ സംരക്ഷിക്കാൻ വേണ്ടിയോ മാത്രമായിരിക്കും.
ബനൂ അൽ മുലയ്യഹ് അല്ലെങ്കിൽ ബനൂ അൽ മുസ്തലക് ഗോത്രത്തിലെ ഒട്ടകത്തിന്റെ അടുത്തുകൂടി ഒരിക്കൽ തിരുനബിﷺ സ്വഹാബികൾക്കൊപ്പം കടന്നുപോയി. പ്രസ്തുത ഒട്ടകം കൊഴുത്തു തടിച്ചിട്ടുണ്ട്. തിരുനബിﷺ അപ്പോൾ അവിടുത്തെ മേൽ മുണ്ട് കൊണ്ട് മുഖം മറച്ചു. ഭൗതികമായ അനുഗ്രഹങ്ങളിലേക്ക് തങ്ങളുടെ കൈ അല്ലെങ്കിൽ കണ്ണ് തിരിഞ്ഞു പോകണ്ട എന്ന ആശയം പങ്കുവെക്കുന്ന ഖുർആനിക സൂക്തം തിരുനബിﷺ അപ്പോൾ പാരായണം ചെയ്തു.
അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നു. തിരുനബിﷺക്ക് ദിവ്യ സന്ദേശം അഥവാ വഹിയ് അവതരിക്കുമ്പോൾ ശരീരമാസകലം സവിശേഷമായ ഒരു അവസ്ഥയിലേക്ക് വരും. അഥവാ അവിടുത്തേക്ക് ഒരു ഭാരം വഹിക്കുന്നതുപോലെ. ഞങ്ങൾക്ക് അവിടുത്തെ മുഖത്ത് നിന്ന് അത് വായിക്കാൻ കഴിയും. തിരുനബിﷺ അല്പം പിന്നിലേക്ക് മാറി ഒന്നൊഴിഞ്ഞു നിന്നു. വസ്ത്രം കൊണ്ട് അവിടുത്തെ ശിരസ്സും മുഖത്തിന്റെ ഭാഗങ്ങളും മറച്ചു. അൽ ഫത്ഹ് അധ്യായത്തിലെ ആദ്യ സൂക്തങ്ങൾ അവതരിച്ച കാര്യം അപ്പോൾ തിരുനബിﷺ ഞങ്ങളോട് പറഞ്ഞു.
തൊപ്പിയോ തലപ്പാവോ അല്ലാത്ത വസ്ത്രം കൊണ്ടോ തല മറച്ച കാര്യവും ചിലപ്പോഴൊക്കെ എല്ലാ ശിരോവസ്ത്രത്തിനും മേലെ മേൽ തട്ടം അണിഞ്ഞ കാര്യവും വ്യത്യസ്ത ഭാവങ്ങളിലും രൂപങ്ങളിലുമുള്ള ശിരോവസ്ത്രധാരണങ്ങളുമാണ് തിരുനബിﷺയുടെ ജീവിതത്തിൽ നിന്ന് നാം വായിച്ചു കൊണ്ടിരിക്കുന്നത്.
Tweet 858
ഇമാം അഹ്മദ്(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. ഒരു ദിവസം മേൽ തട്ടം അണിഞ്ഞു കൊണ്ട് തിരുനബിﷺ രംഗത്തേക്ക് വന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. അല്ലയോ ജനങ്ങളേ!പൊതുജനങ്ങൾ അധികരിക്കുകയാണ്. അൻസ്വാരികൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. പരോപകാരപ്രദമായ അധികാരം നിങ്ങളിൽ ആർക്കെങ്കിലും ലഭിച്ചാൽ അൻസ്വാരികളിൽ നിന്ന് ഉത്തമരായവരെ നിങ്ങൾ സ്വീകരിക്കുകയും വീഴ്ചകളുള്ളവർക്ക് നിങ്ങൾ വിട്ടുവീഴ്ച ചെയ്യുകയും വേണം.
സൈദുബ്നു സഈദ്(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്ന കാര്യം ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺക്ക് വിയോഗം ആസന്നമായി എന്ന് വിവരം ലഭിച്ചപ്പോൾ മേൽതട്ടമണിഞ്ഞുകൊണ്ട് തിരുനബിﷺ രംഗത്തേക്ക് വന്നു. പള്ളിയിലെ മിമ്പറിൽ ഉപവിഷ്ടരായി. അല്ലാഹുവിനെ സ്തുതിക്കുകയും അവന്റെ മഹത്വം വാഴ്ത്തുകയും ചെയ്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു തുടങ്ങി. അല്ലയോ ജനങ്ങളെ, ഈ ഗോത്രത്തിലെ അൻസ്വാരികളുടെ കാര്യത്തിൽ എന്നെ നിങ്ങൾ സൂക്ഷിക്കുക. അവർ എന്റെ രഹസ്യ സൂക്ഷിപ്പുകാരും ആഭ്യന്തരവുമാണ്. അല്ലെങ്കിൽ, എന്റെ ഒരു അവയവം പോലെയാണ്. അവരിൽനിന്ന് ശ്രേഷ്ഠരായവരെ നിങ്ങൾ സ്വീകരിക്കുക. വീഴ്ചകൾ വരുന്നവർക്ക് നിങ്ങൾ വിട്ടുവീഴ്ച ചെയ്തു കൊടുക്കുക.
അനസി(റ)ൽ നിന്ന് ബലാദുരി(റ) റിപ്പോർട്ട് ചെയ്യുന്ന ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം. തിരുനബിﷺയുടെ മേൽ തട്ടം ചേർന്നു കിടക്കുന്നത് കാരണം ഇടത്തോട്ടും വലത്തോട്ടും മേലോട്ടുമൊക്കെ നോക്കുമ്പോൾ അതിന്റെ അഗ്രഭാഗങ്ങൾ അടുത്തുതന്നെ കാണാമായിരുന്നു. അഥവാ ആ വിധത്തിലായിരുന്നു അവിടുന്ന് മേൽ തട്ടം ധരിച്ചിരുന്നത്.
അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം ത്വബ്റാനി (റ) നിവേദനം ചെയ്യുന്നു. റിദാഅ അഥവാ മേൽ തട്ടം അറബികളുടെ സവിശേഷമായ വസ്ത്രധാരണമാണ്. ശരീരം മുഴുവൻ ചുറ്റുന്ന വസ്ത്ര ധാരണം വിശ്വാസത്തിന്റെ വസ്ത്രധാരണമാണ്. തിരുനബിﷺ അപ്രകാരം ധരിക്കുമായിരുന്നു.
വായിച്ചുപോയ ഹദീസുകളുടെ ഉള്ളടക്കങ്ങളും പ്രമേയങ്ങളും വ്യത്യസ്തമാണെങ്കിലും തിരുനബിﷺ മേൽത്തട്ടമണിഞ്ഞ സന്ദർഭങ്ങളെ ഉദ്ധരിക്കുകയായിരുന്നു ഈ അധ്യായത്തിൽ. തലപ്പാവിനു മേലെയും അല്ലാതെയും വിവിധ രീതിയിലും സന്ദർഭങ്ങളിലും തിരുനബിﷺ മേൽത്തട്ടമണിഞ്ഞ നിവേദനങ്ങളാണ് സ്വരൂപിച്ചത്. ഈ രീതി സ്വഹാബികളും പിൻഗാമികളായ പണ്ഡിതന്മാരും ഏറെ അനുകരിച്ചിട്ടുണ്ട്. ഇബ്നു സഅദ്(റ) തബക്കാത്തിൽ പറയുന്നു. അലി(റ)യുടെ മകൻ ഹസൻ(റ) തിരുനബിﷺ മേൽ വസ്ത്രം അണിഞ്ഞതുപോലെ മേൽ തട്ടം അണിഞ്ഞിരുന്നു. താബിഉകളിൽ പ്രമുഖനായ താഊസ്(റ) എന്നവരുടെ വസ്ത്രധാരണത്തിൽ തൈലസാൻ അഥവാ ഉത്തരീയം വളരെ പ്രധാനപ്പെട്ടതായിരുന്നു.
മദീനയിൽ മുദരിസായിരുന്ന ഇമാം മാലിക്(റ) ഇപ്രകാരം ധരിക്കുകയും പരമ്പരയായി പകർന്നു കിട്ടിയ ശീലമാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തിരുന്നു.
മേൽത്തട്ടം അണിഞ്ഞുകൊണ്ട് തിരുനബിﷺ മഴ തേടിയുള്ള നിസ്കാരം നിർവഹിക്കുകയും, കാലാവസ്ഥ മാറ്റിത്തരേണമേ എന്ന് സൂചിപ്പിക്കുന്ന വിധത്തിൽ തട്ടം മറിച്ച് അണിയുകയും ചെയ്ത രംഗം സ്വഹീഹ് മുസ്ലിമിന്റെ വ്യാഖ്യാനത്തിൽ ഖാളി ഇയാള്(റ) സവിശേഷമായി തന്നെ പരാമർശിക്കുന്നുണ്ട്.
തലപ്പാവിന് മേലെ മേൽ തട്ടം ചുറ്റി നടക്കുമ്പോൾ തിരുനബിﷺയുടെ നാണം കൂടുതൽ പാലിക്കാൻ അത് പ്രയോജനപ്പെട്ടിട്ടുണ്ടത്രെ. നാണം നിറഞ്ഞു നിൽക്കേണ്ടത് വായയിലും കണ്ണിലും ആണല്ലോ! പ്രത്യേകമായി തല മറച്ചും നാണം പാലിച്ച് വസ്ത്രം ചുറ്റിയുമായിരുന്നു തിരുനബിﷺയും സ്വഹാബികളും പ്രാഥമികാവശ്യത്തിന് പോയിരുന്നത്. അതിൽ അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും അനുകരണം അതിസവിശേഷമായിരുന്നു.
Tweet 859
തിരുനബിﷺയുടെ നീളക്കുപ്പായം അഥവാ ഖമീസും ഉടുമുണ്ടും തുടങ്ങിയ വസ്ത്രങ്ങളെ കുറിച്ചുള്ള ലളിതമായ ഒരു വായനയാണ്. മഹതി ഉമ്മു സലമ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ ജുബ്ബകളുടെ കൈകൾ മണിബന്ധം വരെ നീണ്ടുകിടക്കുന്നതായിരുന്നു. ഇബ്നു അബ്ബാസി(റ)ന്റെ നിവേദനത്തിൽ അല്പം വ്യത്യാസത്തോടെ ഇങ്ങനെ വായിക്കാം. തിരുനബിﷺയുടെ നീളക്കുപ്പായം ഞരിയാണി വരെയും കൈകളുടെ നീളം വിരലുകൾ വരെയുമുണ്ടായിരുന്നു.
അധികം നീളമില്ലാത്തതും കൈകൾക്ക് നീളമില്ലാത്തതുമായ ജുബ്ബയും തിരുനബിﷺ ധരിച്ചിരുന്നു എന്ന് ഇബ്നു അസാക്കിർ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ കോട്ടൻ ജുബ്ബക്കും അതിന്റെ കൈകൾക്കും അധികം ദൈർഘ്യമുണ്ടായിരുന്നില്ല എന്ന് തിരുനബിﷺയുടെ പരിചാരകനായ അനസ്(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ വായിക്കാം. സമാനാശയം വരുന്ന നിരവധി ഹദീസുകൾ പല പരമ്പരകളിലൂടെയും വന്നിട്ടുണ്ട്.
തിരുനബിﷺക്ക് ഒരു നീളക്കുപ്പായമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഇമാം ത്വബ്റാനി(റ)യുടെ ഹദീസ് പക്ഷേ നിവേദന പരമ്പര അത്ര പ്രബലമല്ലെന്നാണ് നിരൂപണമതം.
മുആവിയ ബിൻ മുർറ(റ) നിവേദനം ചെയ്യുന്നു. മുസൈനാ ഗോത്രത്തിലെ ഒരു സംഘം തിരുനബിﷺയുടെ സന്നിധിയിൽ വന്നപ്പോൾ അവിടുന്നണിഞ്ഞിരുന്ന നീളക്കുപ്പായം അരക്കെട്ട് ഫ്രീ ഉള്ളതായിരുന്നു എന്ന് അബു ദാവൂദും(റ) ഇബ്നുമാജ(റ)യും നിവേദനം ചെയ്യുന്നു.
അബ്ദുല്ലാഹിബ്നു ഉമർ(റ) സവിശേഷമായ രീതിയിൽ നീളക്കുപ്പായം അണിഞ്ഞപ്പോൾ കാരണമന്വേഷിച്ചവരോട് അദ്ദേഹം പറഞ്ഞു. ഇപ്രകാരമായിരുന്നു തിരുനബിﷺ നീളക്കുപ്പായം ധരിച്ചിരുന്നത് എന്ന്. തിരുനബിﷺ പരുക്കൻ വസ്ത്രം ധരിച്ചിരുന്ന അനുഭവവും മഹതി ആഇശ(റ) റിപ്പോർട്ട് ചെയ്യുന്നു. ബട്ടനുള്ള കുപ്പായം അവിടുന്ന് അണിഞ്ഞിരുന്നില്ല എന്ന് ഇബ്നു ഉമറി(റ)ൽ നിന്ന് അബൂ ശൈഖ്(റ) നിവേദനം ചെയ്യുന്നുണ്ട്.
തിരുനബിﷺയുടെ വസ്ത്രങ്ങളും വസ്ത്രധാരണ രീതികളും സംബന്ധിച്ച് സ്വതന്ത്രമായ പഠനങ്ങളും വായനകളും തന്നെ നമുക്ക് ലഭിക്കുന്നുണ്ട്. അവിടുന്ന് ഉപയോഗിച്ച എല്ലാ വസ്ത്രങ്ങളും കേവലം പ്രാദേശികവും കാലാവസ്ഥാനുസാരവുമായിരുന്നു എന്ന് പറഞ്ഞ് മാറ്റിവെക്കാവുന്നതല്ല. ചില വസ്ത്രങ്ങൾക്കെല്ലാം അങ്ങനെയുള്ള സവിശേഷതകളുമുണ്ടായിരുന്നു എന്നതും അവഗണിക്കേണ്ടതില്ല.
നബി ജീവിതത്തെ സമഗ്രമായി പഠിക്കുകയും തിരുനബിﷺയോടുള്ള അനുകരണത്തെ കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്ത പണ്ഡിത വരേണ്യന്മാരുടെ നിരീക്ഷണങ്ങൾ കൂടി മനസ്സിലാക്കിയിട്ടാണ് ഇത്തരം കാര്യങ്ങളിലുള്ള അനുകരണങ്ങളും ശീലിക്കേണ്ട രീതികളും നാം പഠിക്കുകയും പ്രയോഗിക്കുകയും വേണ്ടത്.
ഒരു പ്രാഥമിക പഠിതാവിന്റെ പ്രഥമാന്വേഷണത്തിൽ നബിﷺയുടെ ജീവിതത്തിൽ നിന്ന് വായിച്ചെടുത്ത ഒരു ഏട് മാത്രം മുന്നിൽ വച്ചുകൊണ്ട് ഇങ്ങനെ തന്നെയാണ് നമ്മളും പ്രയോഗിക്കേണ്ടത് എന്ന് പറയുന്നതും, നിവേദനങ്ങളിൽ നമ്മൾ കാണാത്ത ഒരു ശീലം പ്രവാചകരുﷺടേതായി തുടർന്നു പോരുന്നതിനു തിരുനബിﷺയുടേതല്ല എന്ന് അടിസ്ഥാനപരമായി നിഷേധിക്കുന്നതും അറിവിന്റെ ആഴം മനസ്സിലാക്കാത്ത അബദ്ധമതികളിൽ നിന്ന് മാത്രമുണ്ടാകുന്ന പ്രതികരണങ്ങളാണ്.
പ്രവാചക തിരുമേനിﷺയുടെ ജീവിതത്തെ നേരെ ചൊവ്വേ വായിക്കുകയും അതിൽ നിന്ന് ഒരു വിശ്വാസിയിൽ നിലനിൽക്കേണ്ട ചിട്ടകളെയും മര്യാദകളെയും നിയമങ്ങളുടെയും നിർദ്ദേശങ്ങളുടെയും ഭദ്രതകൾ കൊണ്ട് ക്രമീകരിക്കുകയുമാണ് ഗവേഷണ യോഗ്യരായ ഇമാമുകൾ നിർവഹിച്ച ദൗത്യം. അത്തരം ഇമാമുകളുടെ ഗവേഷണ പരിസരത്തു നിന്നുകൊണ്ടു മാത്രമേ നമുക്കും ചര്യകളെ ക്രമീകരിക്കാനും ഇങ്ങനെയാണെന്ന് പറയാനും സാധിക്കുകയുള്ളൂ.
Tweet 860
അതാഉ ബിൻ അബീ റബാഹ്(റ) പറയുന്നു. ഞാൻ അബ്ദുല്ലാഹിബ്നു ഉമറി(റ)നോട് ചോദിച്ചു. താങ്കൾ റിദ്വാൻ ഉടമ്പടിയിൽ പങ്കെടുത്തിരുന്നുവോ?അതെ. അപ്പോൾ തിരുനബിﷺ എന്തായിരുന്നു ധരിച്ചിരുന്നത്. ഒരു കോട്ടൻ ഖമീസും കോട്ടൻ നിറച്ച ജുബ്ബയും മേൽത്തട്ടവും ഒപ്പം വാളും അണിഞ്ഞിരുന്നു. ജനങ്ങളെല്ലാവരും തിരുനബിﷺയോട് ഉടമ്പടി ചെയ്യുന്ന നേരത്ത് അവിടുത്തെ ശിരസ്സിന്റെ ഭാഗത്ത് നുഅ്മാൻ ബിൻ മുഖർറിൻ അൽ മുസനി(റ) നിൽക്കുന്നത് കാണാമായിരുന്നു.
തിരുനബിﷺയുടെ ഖമീസിന്റെ കീറലുള്ള ഭാഗം മുൻഭാഗത്തായിരുന്നു പെരടിയുടെ ഭാഗത്തായിരുന്നു എന്നതിൽ ചർച്ചകളുണ്ട്. പിരടിയുടെ ഭാഗത്തായിരുന്നു എന്നാണ് പ്രബലമായി നമുക്ക് വായിക്കാൻ കഴിയുന്നത്. പ്രസ്തുത അഭിപ്രായം ശക്തിപ്പെടുത്തുന്ന നിവേദനമാണ് ഖുർറ ബിൻ ഇയാസി(റ)ൽ നിന്ന് അബുദാവൂദ്(റ) ഉദ്ധരിച്ചിട്ടുള്ളത്. അദ്ദേഹം പറഞ്ഞു. ഞാൻ തിരുനബിﷺയുമായി ഉടമ്പടി ചെയ്യുമ്പോൾ ഖമീസിന്റെ ജൈബ് അഥവാ കീറലുള്ള ഭാഗത്ത് കൂടി തിരുനബിﷺയുടെ ഉള്ളിലേക്ക് കൈ പ്രവേശിപ്പിക്കുകയും പ്രവാചകത്വ മുദ്രയിൽ തലോടുകയും ചെയ്തിട്ടുണ്ട്.
മഹതി ആഇശ(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ രണ്ട് പരുക്കൻ വസ്ത്രം ധരിച്ചു വന്നു. അപ്പോൾ ഞാൻ അവിടുത്തോട് പറഞ്ഞു. ഈ പരുക്കൻ വസ്ത്രത്തിനുള്ളിൽ അവിടുന്ന് വല്ലാതെ ചൂട് അനുഭവിക്കേണ്ടിവരുമല്ലോ!
ഇമാം ഇബ്നു സഅദ്(റ) അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. രണ്ടു കൈകളും ഇടുങ്ങിയ, റോമിൽ നിർമിച്ച ഒരു ജുബ്ബയും അണിഞ്ഞു കൊണ്ട് അബുൽ ഖാസിം അഥവാ തിരുനബിﷺ വരുന്നത് ഞാൻ ഒരിക്കൽ കണ്ടു.
ഉബാദ ബിൻ സാമിത്(റ) ഉദ്ധരിക്കുകയാണ്. റോമൻ നിർമിതമായ ഒരു രോമക്കുപ്പായം ധരിച്ചു കൊണ്ട് തിരുനബിﷺ ഞങ്ങൾക്ക് ഇമാമായി നിസ്കരിച്ചു. മറ്റു വസ്ത്രങ്ങളൊന്നും അപ്പോൾ ഉണ്ടായിരുന്നില്ല.
തിരുനബിﷺ റോമൻ നിർമിതമായ ജുബ്ബ ധരിച്ചതും പലപ്പോഴും ഇടുങ്ങിയ കൈകൾ ഉള്ളവയായിരുന്നു അതെന്നും വ്യത്യസ്തങ്ങളായ നിവേദനങ്ങളിലൂടെ ഉദ്ധരിക്കുകയാണ് ഇവിടെ. ഒരിക്കൽ വുളൂഅ് ചെയ്യുന്ന സമയത്ത് കൈ പുറത്തേക്കെടുക്കാൻ തിരുനബിﷺ വളരെ പ്രയാസപ്പെടുന്നുണ്ടായിരുന്നു എന്നും അതുകാരണം കൈ ഉള്ളിലൂടെ പുറത്തെടുക്കേണ്ടി വന്നു എന്നും ഇമാം അഹ്മദും(റ) മറ്റും ഉദ്ധരിച്ച ഒരു നിവേദനത്തിൽ വായിക്കാം.
സിറിയൻ നിർമിതമായ ഒരു ജുബ്ബ ദിഹിയത്തുൽ കൽബി(റ) എന്ന സ്വഹാബി തിരുനബിﷺക്ക് സമ്മാനമായി നൽകിയിരുന്നു എന്ന് ഇമാം അബൂ ശൈഖ് അൽ ഇസ്വ്ഫഹാനി(റ) ഉദ്ധരിക്കുന്നുണ്ട്.
അരക്കെട്ട് വിശാലമായ ഒരു ശാമി ജുബ്ബ തിരുനബിﷺ ധരിച്ചത് ഞാൻ കാണാനിടയായി എന്ന് അബ്ദുള്ളാഹിബിന് ഉമർ(റ) റിപ്പോർട്ട് ചെയ്യുന്നു.
തിരുനബിﷺയുടെ ഓരോ വസ്ത്രവും വസ്ത്രധാരണ രീതികളും സ്വഹാബികൾ വളരെ കൃത്യമായി തന്നെ വിലയിരുത്തുകയും അനുകരിക്കേണ്ടത് അനുകരിക്കുകയും ചെയ്തിരുന്നു എന്നാണ് നിവേദനങ്ങൾ നമുക്ക് പറഞ്ഞു തരുന്നത്.
നബി ജീവിതത്തിന്റെ ഓരോ രാപ്പകലുകളും എത്രമേൽ കൃത്യമായിട്ടാണ് അനുയായികൾ വായിക്കുകയും പകർത്തുകയും പകർന്നു കൊടുക്കുകയും ചെയ്യുന്നത്. വികസിതമായ ഈ ലോകത്ത് പോലും നമുക്ക് വായിക്കാൻ കഴിയാത്ത വൈവിധ്യങ്ങളെ സമ്പർക്ക സൗകര്യങ്ങളും യാത്രാ സംവിധാനങ്ങളും കുറഞ്ഞ അക്കാലത്തു തന്നെ വ്യവഹാരം ചെയ്യപ്പെട്ടിരുന്നു എന്ന വായന തിരുനബിﷺയുടെ ആഗോള വ്യവഹാരങ്ങളുടെ കൂടി ഒരു സൂചനയാണ്. വിവിധ രാജ്യങ്ങളിലെ വസ്ത്രധാരണ രീതികളും വസ്ത്ര നിർമ്മാണ രീതികളും അനുഭവിക്കാനും പങ്കുവെക്കാനും അനുസൃതമായി വ്യവഹാരങ്ങളെ അടയാളപ്പെടുത്താനും തിരുനബിﷺക്ക് സാധിച്ചിരുന്നു എന്നത് ലോകത്തിന്റെ എന്നത്തേക്കുമുള്ള വായിക്കാൻ പ്രാധാന്യം നൽകുന്ന അധ്യായമാണ്.
Tweet 861
തിരുനബിﷺയുടെ റോമൻ നിർമിതമായ ജുബ്ബയെ കുറിച്ചാണ് നാം ഇതുവരെ വായിച്ചു വന്നത്. അതിൽനിന്ന് വ്യത്യസ്തമായ മറ്റൊരു ജുബ്ബയെ കുറിച്ച് അബൂബക്കറി(റ)ന്റെ മകൾ അസ്മാഇ(റ)ന്റെ പരിചാരകൻ അബ്ദുള്ളാഹ്(റ) പറയുന്ന ഒരു നിവേദനം ഇങ്ങനെ വായിക്കാം. ഒരിക്കൽ മഹതി അസ്മാഅ്(റ) ഒരു ജുബ്ബ എടുത്തു ഞങ്ങളെ കാണിച്ചു. കിസ്റയിൽ നിർമിച്ച ശരീരമാസകലം മൂടുന്ന ഒരു ജുബ്ബയായിരുന്നു അത്. അഗ്രഹങ്ങളിൽ പട്ടു കൊണ്ടുള്ള ചെറിയ ഒരു അലങ്കാരവുമുണ്ടായിരുന്നു. തിരുനബിﷺയുടെ വിയോഗാനന്തരം അത് ആഇശ(റ)യുടെ കയ്യിലായിരുന്നു. ആഇശ(റ)യുടെ വിയോഗാനന്തരമാണ് എനിക്കിത് ലഭിച്ചത്. ഞങ്ങളിൽ ആർക്കെങ്കിലും രോഗമുണ്ടായാൽ ഈ ജുബ്ബ കഴുകി ആ വെള്ളം ശമനത്തിനു വേണ്ടി ഉപയോഗിക്കുമായിരുന്നു.
അബുൽഹസൻ ഇബ്നു ളഹ്ഹാക്(റ) പറയുന്നു. ശരീരമാസകലം മൂടുന്ന ഒരു കുപ്പായം തിരുനബിﷺക്കുണ്ടായിരുന്നു. ശത്രുക്കളെ അഭിമുഖീകരിക്കുന്ന ഘട്ടങ്ങളിൽ തിരുനബിﷺ അത് ധരിക്കാറുണ്ടായിരുന്നു.
തിരുനബിﷺയുടെ വസ്ത്രത്തിന്റെ ആത്മീയമായ മാനങ്ങൾ കൂടി സ്പർശിക്കുന്ന വായനയാണ് നാമിപ്പോൾ നിർവഹിച്ചത്. തിരുനബിﷺയുടെ വസ്ത്രം കഴുകിയ വെള്ളം രോഗശമനത്തിന് ഉപയോഗിക്കുമായിരുന്നു. സ്വഹാബികൾ തിരുനബിﷺയെ എപ്രകാരമാണ് അനുഭവിച്ചിരുന്നത് എന്നതിന്റെ ഒരുദാഹരണം കൂടിയാണിത്. ഒപ്പം ജീവിച്ചപ്പോൾ തിരുനബിﷺയിൽ നിന്ന് അവർ കണ്ടെടുത്ത അനുഗ്രഹ സ്പർശങ്ങളുടെ സാക്ഷ്യമാണല്ലോ അത്.
യൂസഫ് നബി(അ)യുടെ കുപ്പായം മുഖത്തേക്ക് ലഭിച്ചപ്പോൾ യൂസഫ് നബി(അ) ജീവിച്ചിരിക്കുന്നു എന്ന ഓർമയും മകന്റെ സുഗന്ധം പേറുന്ന കുപ്പായത്തിന്റെ സാന്നിധ്യവും ഒപ്പം ഒരു പ്രവാചകന്റെ കുപ്പായമാണ് എന്നതിന്റെ അനുഗ്രഹവും കൂടിച്ചേർന്നപ്പോഴാണ് യഅ്ഖൂബ് നബി(അ)യുടെ കാഴ്ച തിരിച്ചു ലഭിച്ചത് എന്ന് നമുക്ക് വായിക്കാം. പ്രവാചകന്മാരുമായി ബന്ധപ്പെട്ട ഏതിനും വിശേഷമായ മഹത്വങ്ങളുണ്ട് എന്നതിന് വേറെയും പ്രമാണങ്ങളുണ്ട്. എന്നിരിക്കെ തിരുനബിﷺയുടെ കുപ്പായത്തിന്റെ മഹത്വം എടുത്തുപറയുന്ന ഈ സന്ദർഭങ്ങൾ പൂർണാർഥത്തിൽ ഉൾക്കൊണ്ടുകൊണ്ട് തന്നെയാണ് നാം വായിക്കേണ്ടത്.
അസ്മാഅ് ബീവി(റ)യുടെ പരിചാരകനായ മുഗീറ ബിൻ സിയാദി(റ)ൽ നിന്ന് ഇബ്നു അബീ ശൈബ(റ) ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) ഒരു തലപ്പാവ് വാങ്ങി. അതിൽ തുന്നി പിടിപ്പിച്ച ചില അടയാളങ്ങളുണ്ടായിരുന്നു. അബ്ദുല്ലാഹിബിന് ഉമർ(റ) അത് മുറിച്ച് നീക്കം ചെയ്തു. ഈ വിവരം ഞാൻ അസ്മാഇ(റ)നോട് പറഞ്ഞു. ഉടനെ മഹതി ചോദിച്ചു. എന്തിനാണ് അങ്ങനെ ചെയ്തത്? അതിന്റെ ഒന്നും ആവശ്യമില്ലല്ലോ. മഹതി ഉടനെ പരിചാരകയെ വിളിച്ചു. തിരുനബിﷺയുടെ കുപ്പായം എടുത്തു കൊണ്ടുവരാൻ പറഞ്ഞു. ആ കുപ്പായത്തിലെ വ്യത്യസ്ത അരികുകൾ പട്ടുകൊണ്ട് തുന്നി ക്രമീകരിച്ചിരുന്നു.
ഇബ്നു ഉമർ(റ) തന്നെ നിവേദനം ചെയ്ത മറ്റൊരു ഹദീസിൽ അസ്മാഅ് ബീവി(റ) പ്രദർശിപ്പിച്ച കുപ്പായത്തെ കുറിച്ച് പറയുന്നുണ്ട്. പട്ടുകൊണ്ട് കുടുക്കുണ്ടാക്കി വച്ചിരുന്ന ഒരു കുപ്പായം മഹതി എടുത്തു കാണിച്ചു. തിരുനബിﷺ പോർക്കളങ്ങളിൽ ഉപയോഗിച്ചിരുന്നതാണ് എന്ന് പറയുകയും ചെയ്തു.
ദിൽ മജാസ് മാർക്കറ്റിൽ വച്ച് തിരുനബിﷺയെ കണ്ടപ്പോൾ അവിടുന്ന് ഒരു ചുവന്ന കുപ്പായം ധരിച്ചിരുന്നു എന്ന് ത്വാരിഖ് ബിൻ അബ്ദുള്ളാഹ് അൽ മുഹാറബി(റ) നിവേദനം ചെയ്യുന്നുണ്ട്.
വ്യത്യസ്ത സന്ദർഭങ്ങളിൽ തിരുനബിﷺ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും അതിന്റെ രീതികളും മാനങ്ങളും ഒക്കെ ആണല്ലോ നാം വായിക്കുന്നത്. സാധാരണയിൽ ധരിക്കാൻ അനുമതിയില്ലാത്ത വസ്ത്രങ്ങളും അനിവാര്യമായ കാരണങ്ങളാൽ പടക്കളത്തിലും മറ്റും ഉപയോഗിക്കാവുന്നതാണ്. അത്തരം സന്ദർഭങ്ങളിൽ അനുവദിക്കപ്പെട്ടതിനെ പൊതു നിയമമായോ പൊതുമാനമായോ നമുക്ക് വായിക്കാൻ കഴിയില്ല. പട്ടുവസ്ത്രം പുരുഷന്മാർക്ക് നിഷിദ്ധമാണെന്നത് തിരുനബിﷺ വ്യക്തമായി പഠിപ്പിക്കുകയും പ്രയോഗിക്കാൻ നിർദ്ദേശിക്കുകയും ചെയ്ത കാര്യമാണ്.
Tweet 862
സഹൽ ബിൻ സഅദി(റ)ൽ നിന്ന് അബുദാവൂദ് അത്തയാലിസി(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ ഇഹലോകവാസം വെടിയുമ്പോൾ തുന്നി ഉണ്ടാക്കിയ ഒരു രോമക്കുപ്പായമായിരുന്നു ധരിച്ചിരുന്നത്.
അബൂ ശൈഖ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺക്ക് അൻമാറിൽ നിർമ്മിച്ച ഒരു രോമക്കുപ്പായമുണ്ടായിരുന്നു. ഒരിക്കൽ അത് ധരിച്ചപ്പോൾ കാണാൻ നല്ല ചന്തമുണ്ടായി. അത് തിരുകരങ്ങൾ കൊണ്ട് സ്പർശിക്കുകയും എത്ര മനോഹരമായിട്ടുണ്ട് എന്ന് പറയുകയും ചെയ്തു. കേട്ടുനിന്ന ഗ്രാമീണനായ ഒരു അറബി തിരുനബിﷺയോട് ആ കുപ്പായം ആവശ്യപ്പെട്ടു. പ്രവാചകൻﷺ അദ്ദേഹത്തിന് അത് ഉപഹാരമായി നൽകി.
അബൂ സഈദ് അൽ അറബി(റ) അനസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ദോമയിലെ ഉകൈദിർ തിരുനബിﷺക്ക് ഒരു കുപ്പായം സമ്മാനിച്ചു. സുൻഡസ് പട്ടു കൊണ്ടുള്ളതും സ്വർണ്ണം തുന്നി ചേർത്തതുമായിരുന്നു അത്. പ്രവാചകൻﷺ അത് ധരിച്ചു. ജനങ്ങൾ ആശ്ചര്യത്തോടെയും കൗതുകത്തോടെയും അത് നോക്കി. അപ്പോൾ തിരുനബിﷺ ചോദിച്ചു. ഈ വസ്ത്രം കണ്ടുകൊണ്ടാണോ നിങ്ങൾ ആശ്ചര്യപ്പെടുന്നത്. സഹദ് ബിൻ മുആദ്(റ), സ്വർഗ്ഗത്തിൽ ഉപയോഗിക്കുന്ന തൂവാല ഇതിനേക്കാൾ വിലപ്പെട്ടതും മനോഹരവുമാണ്. പ്രവാചകൻﷺ ആ വസ്ത്രം ഉമറി(റ)ന് സമ്മാനിച്ചു. ഉമർ(റ) ചോദിച്ചു. അവിടുന്ന് അണിയാൻ താല്പര്യപ്പെടാത്തത് എനിക്ക് അണിയാൻ നൽകുകയാണോ? അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. ഇത് നിങ്ങൾക്ക് ധരിക്കാൻ വേണ്ടി നൽകിയതല്ല, നിങ്ങൾക്ക് വിറ്റ് ഉപയോഗിക്കാൻ വേണ്ടി തന്നതാണ്.
പട്ടുവസ്ത്രവും സ്വർണവും പുരുഷന്മാർക്ക് വിരോധിക്കുന്നതിന് മുമ്പായിരുന്നു ഈ സംഭവം എന്ന് വ്യാഖ്യാതാക്കൾ വിശദീകരിച്ചിട്ടുണ്ട്. ഈ ലോകത്തോടും അതിന്റെ വിഭവങ്ങളോടും പ്രവാചകരുﷺടെ ഹൃദയം ചേർന്നിരുന്നില്ല എന്നുകൂടി അറിയിക്കുന്ന സംഭവങ്ങളാണ് ഇത്. എത്ര വിലപ്പെട്ടതും നിർലോഭം സംഭാവന ചെയ്യാൻ അവിടുത്തേക്ക് യാതൊരു പ്രയാസവും ഉണ്ടായിരുന്നില്ല. ഭൗതിക സൗകര്യങ്ങളും ആഡംബരങ്ങളും കണ്ടുവെച്ചുകൊണ്ടായിരുന്നില്ല അവിടുത്തെ ജീവിതം. പരിത്യാഗത്തിന്റെ ഏറ്റവും വലിയ ഉദാഹരണവും ഭൗതിക സംവിധാനങ്ങളോടുള്ള ത്യാഗത്തിന്റെ പര്യായവുമായിരുന്നു അവിടുന്ന്.
അനസുബ്നു മാലിക്(റ) തന്നെ തുടരുന്ന ഒരു നിവേദനം ഇങ്ങനെ വായിക്കാം. റോമിലെ ഭരണാധികാരി ഒരു പട്ടുവസ്ത്രം തിരുനബിﷺക്ക് സമ്മാനിച്ചു. പ്രവാചകൻﷺ ധരിക്കുകയും ഞാനതിന്റെ വലിപ്പവും സന്തോഷവും നോക്കിയിരിക്കുകയും ചെയ്തു. ജനങ്ങൾ നബിﷺയോട് ചോദിച്ചു. ഇത് വാനലോകത്തു നിന്ന് നേരിട്ട് ഇറക്കി തന്നതാണോ? ഉടനെ പ്രവാചകൻﷺ ഇങ്ങനെ പ്രതികരിച്ചു. ഈ വസ്ത്രം കണ്ടുകൊണ്ടാണോ നിങ്ങൾ ഇത്രമേൽ ആശ്ചര്യപ്പെടുന്നത്? സഅദ് ബിൻ മുആദ്ﷺ, സ്വർഗ്ഗത്തിൽ ഉപയോഗിക്കുന്ന തൂവാല ഇതിനേക്കാൾ വിലപ്പെട്ടതും മനോഹരവുമാണ്. പിന്നീട് പ്രവാചകൻﷺ ആ വസ്ത്രം ജഅ്ഫറി(റ)ന് കൊടുത്തയച്ചു. ധരിക്കാൻ വേണ്ടിയല്ല കൊടുത്തുവിട്ടതെന്നും നജ്ജാശി രാജാവിനു ഉപഹാരമായി നൽകാനും തിരുനബിﷺ വിശദീകരണം അറിയിച്ചു.
ഇസ്ലാമിക വ്യവസ്ഥിതികൾ രൂപപ്പെട്ടു വരുന്ന കാലത്ത് അനുവദിക്കപ്പെട്ടതും അനുവദിക്കപ്പെടാത്തതും നിർണയങ്ങളുണ്ടാകുന്നതിന് മുമ്പ് പിൽക്കാലത്ത് നിരോധിക്കപ്പെട്ട പല കാര്യങ്ങളും ജീവിതത്തിൽ വന്നിട്ടുണ്ടാകും. അത് നിയമം നിലവിൽ വരുന്നതിനുമുമ്പും ബാധകമാകുന്നതിനുമുമ്പുമായിരിക്കും. പ്രവാചകൻﷺ സ്വർണം ഉപയോഗിച്ചതും പട്ടു ധരിച്ചതും തുടങ്ങിയുള്ള കാര്യങ്ങൾ ഇത്തരം കാലഗണനകൾ വച്ചുകൊണ്ട് മാത്രമേ വായിക്കാൻ പാടുള്ളൂ. അല്ലെങ്കിൽ മതവിധികളും ചരിത്രവും തമ്മിൽ വൈരുദ്ധ്യങ്ങൾ പ്രകടമാകും. പ്രവാചക ചരിത്രത്തിന്റെ വായനക്ക് മത നിയമങ്ങൾ രൂപപ്പെട്ടു വരുന്ന ഘടനകളുടെ കാലങ്ങളോട് വലിയ ബന്ധമുണ്ട്. നിയമം രൂപപ്പെട്ടുവരിക അഥവാ ‘തശ്’രീഅ്’ എന്നാണ് അതിന് പറയുക. ഖുർആനും ഹദീസും ഇസ്ലാമിക നിയമങ്ങളും പഠിക്കുമ്പോൾ നാൾവഴികൾക്കും സമീപനങ്ങൾക്കും പരസ്പരം വലിയ ബന്ധമുണ്ട്. അവകൾ ചേർത്തുവച്ചുകൊണ്ടാണ് നിബിജീവിതത്തിൽ നിന്ന് ഇസ്ലാമിക നിയമങ്ങളെയും മനസ്സിലാക്കേണ്ടത്.
Tweet 863
ദാവൂദ് ബിൻ ദാവൂദ്(റ) നിവേദനം ചെയ്യുന്നു. സുന്ദസ് പട്ടു കൊണ്ടുള്ള ഒരു വസ്ത്രം തിരുനബിﷺക്ക് സമ്മാനമായി ലഭിച്ചു. തിരുനബിﷺ അതിനെക്കുറിച്ച് അബൂബക്കറി(റ)നോടും ഉമറി(റ)നോടും കൂടിയാലോചന നടത്തി. അവർ രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെﷺ, അവിടുന്ന് ആ വസ്ത്രം ധരിക്കുക. അവിടുത്തെ ശത്രുക്കൾക്ക് അതുകൊണ്ട് ദേഷ്യവും അനുകൂലികൾക്ക് സന്തോഷവുമുണ്ടാകും. പ്രവാചകൻﷺ അത് ധരിക്കുകയും പ്രസംഗ പീഠത്തിൽ കയറുകയും ചെയ്തു. അത് ധരിച്ചുകൊണ്ട് പ്രവാചകൻﷺ പ്രസംഗിക്കുമ്പോൾ അവിടുത്തെ മുഖം വല്ലാതെ തിളങ്ങുന്നുണ്ടായിരുന്നു. മിമ്പറിൽ നിന്ന് ഇറങ്ങിയശേഷം പ്രസ്തുത വസ്ത്രം അഴിച്ചുമാറ്റി. ജഅ്ഫർ(റ) എത്യോപ്യയിൽ നിന്ന് വന്നപ്പോൾ അത് സമ്മാനമായി നൽകി.
ഏറെ ആകർഷണീയവും തിരുനബിﷺക്ക് നന്നായി യോജിക്കുന്നതുമായിരുന്നു ആ വസ്ത്രം. എന്നാൽ തിരുനബിﷺയുടെ പരിത്യാഗ വിചാരങ്ങൾ അത് വീണ്ടും കൊണ്ടുനടക്കാൻ അനുവദിച്ചില്ല. ഈ ലോകത്തെ ആഡംബരങ്ങളിൽ മയങ്ങിപ്പോകുന്ന രീതി ആയിരുന്നില്ല അവിടുത്തേത്. അനന്തമായ സൗകര്യങ്ങളുടെയും സൗന്ദര്യങ്ങളുടെയും ലോകമായ സ്വർഗ്ഗമായിരുന്നു തിരുനബിﷺ ആത്യന്തിക അനുഭവങ്ങളുടെ ലോകമായി കണ്ടത്.
ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിലേക്ക് നീങ്ങാം. അബൂ സഈദ്(റ) നിവേദനം ചെയ്യുന്നു. ഒരു പട്ടുവസ്ത്രം ധരിച്ചുകൊണ്ട് തിരുനബിﷺ രംഗത്തേക്ക് വന്നു. അതിനേക്കാൾ സുന്ദരമായി തിരുനബിﷺയെ ഞങ്ങൾ ഒരിക്കലും കണ്ടിട്ടില്ല. പ്രവാചകൻﷺ അവിടെ നിന്ന് എഴുന്നേറ്റ് അഴിച്ചു മാറ്റി. പിന്നീട് ഹിയറയിൽ നിർമിച്ച ഒരു വസ്ത്രം ധരിച്ചുകൊണ്ട് പുറത്തേക്ക് വന്നു. ശേഷം, ഇങ്ങനെ പറഞ്ഞു. പട്ട് സ്വർഗ്ഗവാസികളുടെ വസ്ത്രമാണ്. ഈ ലോകത്ത് ധരിച്ചാൽ പിന്നെ സ്വർഗ്ഗത്തിൽ ധരിക്കാൻ ലഭിക്കില്ല.
പുരുഷന്മാർക്ക് പട്ടുവസ്ത്രം ധരിച്ചുകൂടാ എന്ന നിയമത്തിന്റെ ഒരു പ്രഖ്യാപനം കൂടിയായിരിക്കണം ഇത്. ഈ ലോകത്ത് വിലക്കിയ പലതും പരലോകത്ത് അനന്തമായ സൗകര്യങ്ങൾക്കും സൗന്ദര്യങ്ങൾക്കും വേണ്ടിയായിരിക്കും. അനന്തമായ സന്തോഷങ്ങൾക്ക് വേണ്ടി താൽക്കാലിക സന്തോഷങ്ങളെ നിയന്ത്രിക്കാനാവുക എന്നത് ഒരു വിവേകശാലിയിൽ നിന്ന് രൂപപ്പെടുന്ന സമീപനമാണ്. അപ്പുറത്ത് വരാനുള്ളതിനെ എത്രമേൽ ശരിയായി വിശ്വസിക്കുന്നു എന്ന് പരീക്ഷിക്കാനുള്ള ഒരു മാനദണ്ഡം കൂടിയാണ്. അല്ലാഹുവിന്റെ വിധിവിലക്കുകളെ പാലിക്കുക എന്നതിൽ സമഗ്രമായ ചില മനശാസ്ത്ര വിചാരങ്ങളുണ്ട്. എനിക്കുവേണ്ടി ചിലതൊക്കെ ത്യജിക്കാൻ നിങ്ങൾ തയ്യാറായാൽ നിങ്ങൾക്കുവേണ്ടി പലതും തരാൻ ഞാൻ തയ്യാറാണ് എന്ന് പറയുമ്പോൾ ശരിയായ ബന്ധത്തെയും സ്നേഹത്തെയും തിരിച്ചറിയാൻ കഴിയും.
ജാബിർ ബിൻ അബ്ദുല്ലാഹി(റ)യിൽ നിന്ന് ശക്തമായ പരമ്പരയിലൂടെ ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ ഒരു പുരോഹിതൻ തിരുനബിﷺക്ക് ഒരു ജുബ്ബ സമ്മാനിച്ചു. പട്ടു കൊണ്ടുള്ള ആ വസ്ത്രം തിരുനബിﷺ ധരിച്ചു. അദ്ദേഹം മടങ്ങിയതിനുശേഷം അത് അഴിച്ചു വച്ചു. അപ്പോഴാണ് ഒരു നിവേദകസംഘം വരുന്ന കാര്യം തിരുനബിﷺ അറിയുന്നത്. നിവേദകസംഘം വരുന്ന കാര്യമറിഞ്ഞപ്പോൾ തിരുനബിﷺയോട് ഉമർ(റ) പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, അതിഥികളെ സ്വീകരിക്കാൻ വേണ്ടി അവിടുന്ന് ആ വസ്ത്രം ധരിക്കുക.
പ്രവാചകൻﷺ ഇങ്ങനെ പ്രതികരിച്ചു. ഇത് ഈ ലോകത്ത് വെച്ച് നാം ധരിക്കുന്നത് ശരിയല്ല. അങ്ങനെയെങ്കിൽ പരലോകത്ത് നമുക്കിത് ശരിയാവുകയില്ല. നിയമത്തിന്റെയും പരിത്യാഗത്തിന്റെയും വിചാരങ്ങൾ ഇഴചേർന്ന ഒരു മറുപടിയായിരുന്നു ഇത്. അല്ലാഹു പുരുഷന്മാർക്ക് ഈ ലോകത്ത് ഈ വസ്ത്രം അനുവദിച്ചിട്ടില്ലെന്നും അനുവദിച്ചാൽ തന്നെ ആഡംബരങ്ങളിലേക്ക് എന്റെ ഹൃദയത്തിന് കൂടുതൽ താല്പര്യമില്ലെന്നും ഒരുപോലെ സമർത്ഥിക്കുകയായിരുന്നു തിരുനബിﷺ.
Tweet 864
തിരുനബിﷺ ‘ഹുല്ല’ ധരിച്ചതിനെ കുറിച്ചാണ് ഇനി നാം വായിക്കുന്നത്. അരത്തുണ്ണിയും മേൽമുണ്ടും ചേർന്നതിനാണ് ‘ഹുല്ല’ എന്ന് പറയുക. ഇബ്നു അബ്ബാസി(റ)ൽ നിന്ന് അബുദാവൂദ്(റ) നിവേദനം ചെയ്യുന്നു. നല്ല മെച്ചപ്പെട്ട ഹുല്ല തിരുനബിﷺ ധരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. അവിടുന്ന് ഉപയോഗിച്ചിരുന്ന മെച്ചപ്പെട്ട വസ്ത്രം യമനിൽ നിർമിതമായതായിരുന്നു എന്ന് ബഖിയ്യ് ബിൻ മഖ്ലദ്(റ) പറയുന്നുണ്ട്. ജാബിർ ബിൻ സമുറ(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ ചുവപ്പു കലർന്ന വസ്ത്രം ധരിച്ചിരിക്കുന്നത് ഞാൻ ശ്രദ്ധിച്ചു.
പൂർണ്ണമായും കടുത്ത ചുവപ്പുള്ള വസ്ത്രം തിരുനബിﷺ ധരിച്ചിരുന്നില്ല. ചുവപ്പ് വസ്ത്രം ധരിച്ചു എന്ന സ്ഥലങ്ങളിലൊക്കെ ചുവപ്പു നൂലുകൊണ്ട് തുന്നിയതോ ലളിതമായ ചുവപ്പു കലർന്നതോ എന്ന വിശദീകരണം വ്യാഖ്യാതാക്കൾ സന്ദർഭോചിതമായി നൽകിയിട്ടുണ്ട്.
ഖുദാമത്തുൽ കിലാബി(റ) എന്നവർ പറയുന്നു. യമനിൽ നിർമിതമായ ഒരു കോട്ടൺ വസ്ത്രം അറഫാ രാത്രിയിൽ തിരുനബിﷺ ധരിച്ചിരിക്കുന്നത് ഞാൻ കണ്ടു.
ദുയസൻ രാജാവ് 33 ഒട്ടകം നൽകി വാങ്ങിയ വസ്ത്രം തിരുനബിﷺക്ക് സമ്മാനമായി നൽകിയിരുന്നു എന്ന് നബിﷺയുടെ പരിചാരകനായ അനസ് ബിൻ മാലിക്(റ) പറയുന്നു.
ബറാഅ(റ) എന്നവരിൽ നിന്ന് ഇമാം ബുഖാരി(റ)യും മറ്റും ഉദ്ധരിക്കുന്നു. തിരുനബിﷺ അധികം നീളമുള്ളവരോ നീളം കുറഞ്ഞവരോ ആയിരുന്നില്ല. അഥവാ ഒത്ത ശാരീരിക ഘടനയായിരുന്നു. ഒരിക്കൽ തിരുനബിﷺയെ ഒരു ചുവന്ന വസ്ത്രത്തിൽ കാണാനിടയായി. അപ്പോൾ തിരുനബിﷺയുടെ ഭംഗി അവർണനീയമായിരുന്നു.
ചുവപ്പു കലർന്ന വെളുപ്പ് നിറമുള്ള തിരുനബിﷺക്ക് ചുവന്ന വസ്ത്രവും കറുത്ത വസ്ത്രവുമൊക്കെ ഏറെ അഴക് വർദ്ധിപ്പിക്കുന്നതായിരുന്നു അഥവാ തിരുനബിﷺയുടെ സൗന്ദര്യം എടുത്ത് പ്രദർശിപ്പിക്കുന്നതായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ സ്വഹാബികൾ പ്രത്യേകമായി തിരുനബിﷺയെ ശ്രദ്ധിച്ചതും അസാധാരണമായി പ്രത്യക്ഷപ്പെട്ട അവിടുത്തെ സൗന്ദര്യത്തെ വർണ്ണിച്ചതും പല ഹദീസുകളിലും നമുക്ക് കാണാൻ കഴിയും.
27 ഒട്ടകങ്ങൾ നൽകി തിരുനബിﷺ ഒരു വസ്ത്രം വാങ്ങിയതും അത് ധരിച്ചു കൊണ്ടിരിക്കുന്നത് കണ്ടതും അബ്ദുല്ലാഹ് ബിൻ ഹാരിസ്(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്. 27 ഊഖിയ നൽകി തിരുനബിﷺ ഒരു വസ്ത്രം വാങ്ങിയതിനെ കുറിച്ചുള്ള പരാമർശം അലിയ്യ് ബിൻ സെയ്ദി(റ)ൽ നിന്ന് ഇമാം ഇബ്നു സഅദും(റ) നിവേദനം ചെയ്യുന്നു. 29 ഒട്ടകത്തിന് പകരം അവിടുന്ന് ഒരു വസ്ത്രം വാങ്ങിയ കാര്യം പ്രമുഖ സ്വഹാബി അനസു ബ്നു മാലികി(റ)ന്റെ ശിഷ്യൻ ഇബ്നു സീരീൻ(റ) പറയുന്നുണ്ട്.
അബൂ ജുഹൈഫ(റ) പറഞ്ഞതായി ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിക്കുന്നു. ബിലാൽ(റ) ഒരു കുന്തം കൊണ്ടുവന്നു നാട്ടിയിട്ട് നിസ്കാരത്തിനു വേണ്ടി ഇഖാമത് കൊടുത്തു. അപ്പോൾ ചുവന്ന നിറവും ചാരനിറവുമുള്ള വസ്ത്രം ധരിച്ചുകൊണ്ട് തിരുനബിﷺ വരുന്നത് ഞാൻ ശ്രദ്ധിച്ചു.
നിസ്കാരത്തിനു മുന്നിൽ ഒരു മറയുണ്ടാവുക എന്ന അർഥത്തിലായിരിക്കും ഇവിടെ കുന്തം നാട്ടി എന്ന് പറഞ്ഞത്. മരുഭൂമിയിലും മറ്റും പ്രവാചകൻﷺ നിസ്കരിക്കുമ്പോൾ നിസ്കാരത്തിനു മുന്നിൽ ഒരു മറയായി ചിലപ്പോൾ വടിയോ കുന്തമോ സാധനങ്ങളോ വെക്കാറുണ്ടായിരുന്നു. നടന്നുപോകുന്നവർക്കും മറ്റും അതിന്റെ പിന്നിലൂടെ നടന്നുപോകാനും നിസ്കാരത്തിന്റെ തൊട്ടുമുന്നിലൂടെ മറ്റൊന്നും നടന്നു പോകാതിരിക്കാനും സവിശേഷമായി നിർദ്ദേശിക്കപ്പെട്ട ഒരു കാര്യമാണിത്.
സുബൈർ ബിൻ ബക്കാർ(റ) യസീദ് ബിൻ ഇയാളി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. മക്കാ മുശ്‌രിക്കുകളും നബിﷺയും ഉടമ്പടിയിൽ കഴിയുന്ന കാലത്ത്, മുശ്‌രിക്കുകളുടെ പക്ഷത്തുണ്ടായിരുന്ന ഹകീം ബിൻ ഹിസാം തിരുനബിﷺക്ക് ഒരു വസ്ത്രം സമ്മാനിച്ചു. അദ്ദേഹമത് 300 ദീനാറിന് ദീ യസൻ രാജാവിൽ നിന്ന് വാങ്ങിയതായിരുന്നു. പക്ഷേ, തിരുനബിﷺ ആ ഉപഹാരം സ്വീകരിച്ചില്ല. മുശ്‌രിക്കായ ആളിൽ നിന്ന് സ്വീകരിക്കില്ല എന്നായിരുന്നു പ്രവാചകൻﷺ വിശദീകരിച്ചത്. കാരണം അപ്പോൾ അവരുമായി ഉടമ്പടിയിൽ കഴിയുന്ന കാലമായിരുന്നല്ലോ! ഹക്കീം പിന്നീട് അത് വിറ്റു. ഹക്കീമിന്റെ പക്കൽ നിന്ന് ആ വസ്ത്രം വാങ്ങിയ ആളുടെ അടുക്കൽ നിന്നും പ്രവാചകൻﷺ തുക കൊടുത്തു അത് വാങ്ങി. പ്രവാചകൻﷺ അത് ധരിക്കുകയും അത് ഹക്കീമിന്റെ ശ്രദ്ധയിൽ പെടുകയും ചെയ്തു. അപ്പോൾ ഹക്കീം ഒരു കവിത ചൊല്ലി.
“യഹ്‌ബീസുൽ ഹുക്കാമ ബിൽ ഫള് ലി ബഅ്ദ മാ
ബദാ സാബിഖുൻ ഫീ ഗുർറത്തിൻ വ ജൂഹൂലി”
ആശയം ഇങ്ങനെയാണ്. ഇത്രമേൽ ശ്രേഷ്ഠതയും മഹത്വവുമുള്ള ഒരാൾ മുന്നിട്ടു വന്നിട്ട് അതിനെ സ്വീകരിക്കാൻ എന്താണ് ഭരണാധികാരികൾക്ക് ഇത്ര മടി.
അഥവാ ഇത്രയെല്ലാം ശ്രേഷ്ഠതയും മഹത്വവുമുള്ള പ്രവാചകൻﷺ വന്നിട്ട് ആ പ്രവാചകനെﷺ അംഗീകരിക്കാൻ എന്തുകൊണ്ടാണ് ഭരണാധികാരികൾ മടി കാണിക്കുന്നത്.
ഹക്കീം തിരുനബിﷺയെ ആദരപൂർവ്വം കാണുകയും പ്രശംസിക്കുകയുമാണ് ചെയ്യുന്നത്. നേരത്തെ ഉപഹാരം സ്വീകരിക്കാതിരുന്നതിന്റെ കാരണവും പരിസരവും അദ്ദേഹത്തിന് വ്യക്തമായിട്ടുണ്ട് എന്ന് സാരം. പ്രവാചകൻﷺ കരാറിനോടു പുലർത്തിയ മൂല്യവും ബഹുമാനവും അദ്ദേഹത്തെ അനുകൂലമായി സ്വാധീനിച്ചിരിക്കുന്നു.
Tweet 865
ഉഖുബത് ബിൻ ആമിർ(റ) നിവേദനം ചെയ്യുന്നു. പിൻഭാഗം ഓപ്പൺ ആയ പട്ടു കൊണ്ടുള്ള മേൽവസ്ത്രം തിരുനബിﷺക്ക് സമ്മാനമായി ലഭിച്ചു. അത് ധരിച്ചു കൊണ്ട് പ്രവാചകർﷺ നിസ്കരിക്കുകയും നിസ്‌കാരാനന്തരം അതിവേഗം തന്നെ അതഴിച്ചു മാറ്റുകയും ചെയ്തു. മുഖത്ത് അനിഷ്ടം പ്രകടിപ്പിച്ചുകൊണ്ട് പ്രവാചകൻﷺ ഇങ്ങനെ പറഞ്ഞു. ഇത് സദ് വൃത്തരായ ആളുകൾക്ക് യോജിച്ച വസ്ത്രമല്ല.
പുരുഷന്മാർക്ക് പട്ടുവസ്ത്രം നിരോധിക്കപ്പെടുന്നതിനു മുമ്പായിരുന്നു ഈ സംഭവമെന്ന് പിൽക്കാലത്ത് ഹദീസ് ഉദ്ധരിച്ച എല്ലാവരും വിശദീകരിച്ചിട്ടുണ്ട്.
ഇമാം മുസ്ലിം(റ) ജാബിറി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു. തിരുനബിﷺക്ക് ഉപഹാരമായി ലഭിച്ച പട്ടുവസ്ത്രം ഒരിക്കൽ അവിടുന്ന് ധരിച്ചു. അതിവേഗം തന്നെ അത് അഴിച്ചെടുക്കുകയും ചെയ്തു. ശേഷം, അത് ഉമറി(റ)ന് സമ്മാനമായി കൊടുത്തുവിട്ടു. അവിടുന്ന് അല്പനേരം പോലും ഇത് ധരിച്ചില്ലല്ലോ എന്ന് ആശങ്കയോടെ ഉമർ(റ) പ്രതികരിച്ചു. ജിബ്‌രീല്‍(അ) എനിക്ക് അത് വിലക്കുകയായിരുന്നു എന്ന് നബിﷺ വിശദീകരണം നൽകി. അപ്പോൾ കരഞ്ഞുകൊണ്ട് ഉമർ(റ) ഇങ്ങനെ ചോദിച്ചു. അവിടുത്തേക്ക് വിലക്കപ്പെട്ടതാണോ എനിക്ക് നൽകിയത്. ഞാൻ നിങ്ങൾക്ക് അത് ധരിക്കാൻ വേണ്ടി തന്നതല്ല. അത് വിറ്റ് ഉപയോഗിക്കാൻ വേണ്ടി തന്നതാണ്. 2000 വെള്ളിനാണയങ്ങൾക്ക് ഉമർ(റ) അത് കച്ചവടം ചെയ്തു.
പുരുഷന്മാർക്ക് പട്ട് വിലക്കിയ ഉടനെ തിരുനബിﷺ അത് പ്രയോഗത്തിൽ വരുത്തുകയും അപ്പോൾ ഉപയോഗിച്ച പട്ടുവസ്ത്രം തന്നെ ദാനം ചെയ്യുകയുമായിരുന്നു. പ്രവാചകന്ﷺ ഭൗതിക സന്തോഷങ്ങളിലും സമ്പത്തിലും താൽപര്യം അത്രയേ ഉണ്ടായിരുന്നുള്ളൂ എന്ന് ഒരിക്കൽ കൂടി ബോധ്യപ്പെടുത്തുന്ന ഒരു സന്ദർഭമായിരുന്നു ഇത്.
ഇമാം നസാഇ(റ) ഉദ്ധരിക്കുന്നു. മുസവ്വിർ ബിൻ മഖ്റമ(റ) എന്ന സ്വഹാബി നിവേദനം ചെയ്യുന്നു. ഒരിക്കൽ പ്രവാചകൻﷺ അവിടുത്തെ വസ്ത്രങ്ങൾ ശിഷ്യന്മാർക്ക് വിതരണം ചെയ്തു. എന്റെ പിതാവ് മഖ്റമ(റ)ക്ക് മാത്രം നൽകിയില്ല. അപ്പോൾ എന്റെ പിതാവ് എന്നെ വിളിച്ചു. പിതാവിനെയും കൂട്ടി നബിﷺയുടെ അടുക്കലേക്ക് പോകാൻ ആവശ്യപ്പെട്ടു. തിരുനബിﷺയുടെ സവിധത്തിൽ എത്തിയപ്പോൾ മഖ്റമ(റ) എത്തിയ വിവരം നബിﷺയോട് പറയാൻ പറഞ്ഞു. അപ്രകാരം പറഞ്ഞതും തിരുനബിﷺ പുറത്തേക്ക് വന്നു. അപ്പോൾ ധരിച്ചിരുന്ന ഒരു മേൽ വസ്ത്രം മഖ്റമ(റ)ക്ക് നൽകി. അത് നിങ്ങൾക്ക് വേണ്ടി കരുതിവെച്ചിരിക്കുകയായിരുന്നു എന്ന് തിരുനബിﷺ പറയുകയും ചെയ്തു. അത് സ്വീകരിച്ച ശേഷം എന്റെ പിതാവ് പറഞ്ഞു. മഖ്റമ(റ)ക്ക് തൃപ്തിയായിരിക്കുന്നു.
പ്രവാചകരുﷺടെ ദാനശീലവും ശിഷ്യന്മാർക്ക് തിരുനബിﷺയുടെ സന്നിധിയിലുണ്ടായിരുന്ന സ്വാതന്ത്ര്യവും മനോഹരമായി വരച്ചു കാണിക്കുന്ന ഒരു മുഹൂർത്തമാണിത്. തിരുനബിﷺക്ക് വിലപ്പെട്ടത് എന്ത് കിട്ടിയാലും അത് വിതരണം ചെയ്യാനും സമ്മാനമായി നൽകാനും വലിയ ഉത്സാഹമായിരുന്നു. പല സന്ദർഭങ്ങളിലും അപ്രകാരം സ്വഹാബികൾക്ക് വിലപ്പെട്ട സമ്മാനങ്ങൾ നൽകിയിരുന്നു.
തിരുനബിﷺയിൽ നിന്ന് അവിടുത്തെ വസ്ത്രം വരെ ആഗ്രഹിക്കാനും ആഗ്രഹം നബിﷺയോട് പങ്കുവെക്കാനും അവിടുത്തെ ഉപഹാരങ്ങൾ സ്വീകരിക്കാനും സ്വഹാബികൾക്കുണ്ടായിരുന്ന ബന്ധവും സ്വാതന്ത്ര്യവും അതുല്യമായ ഒരു ചരിത്രാധ്യായമാണ്. ഭൗതികമായ എന്തെങ്കിലും വസ്തുവകകളോട് താൽപര്യം എന്നതിനപ്പുറം പ്രവാചകനുﷺമായി ബന്ധപ്പെട്ട എന്തെങ്കിലും കരുതി വെക്കാൻ ഉണ്ടാകണമെന്ന് ശിഷ്യന്മാർക്ക് വിചാരമുണ്ടായിരുന്നു. അങ്ങനെ ഒരു ആത്മീയമായ കരുതൽ കൂടിയായിരുന്നു അവർ ചോദിച്ചു വാങ്ങിയതിന്റെയും സ്വീകരിച്ചതിന്റെയും പ്രധാനപ്പെട്ട ഒരു തലം. നിരവധി സ്വഹാബികൾ തിരുനബിﷺയുടെ വസ്ത്രവും മറ്റുശേഷിപ്പുകളും കരുതി വെക്കുകയും പരലോകത്തേക്ക് യാത്രയാകുമ്പോൾ അണിയാനോ ഒപ്പം വെക്കാനോ വസ്വിയ്യത്ത് ചെയ്യുകയും ചെയ്തിരുന്നു.
Tweet 866
ഇമാം ഹാകിം(റ) അനസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ഉസാമത് ബിൻ സൈദി(റ)ന്റെ തോളിൽ താങ്ങി തിരുനബിﷺ പള്ളിയിലേക്ക് പുറപ്പെട്ടു. യമനി നിർമിതമായ ഒരു വസ്ത്രം കൊണ്ട് തിരുനബിﷺ ശരീരം മുഴുവനും ചുറ്റിയിരുന്നു. ശേഷം വിശ്വാസികൾക്ക് ഇമാമായി അവിടുന്ന് നിസ്കരിച്ചു. ഇമാം ബുഖാരി(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ ചുമലിലൂടെ ശരീരം മുഴുവനും ചുറ്റുന്ന ഒരു വസ്ത്രം ധരിച്ചു. ശേഷം വീട്ടിൽ നിന്ന് പുറത്തേക്ക് വന്നു. ഒരു കറുത്ത തലപ്പാവും അണിഞ്ഞിരുന്നു.
തിരുനബിﷺ രോഗിയായി കിടക്കുമ്പോൾ ഇടയിൽ ലഭിക്കുന്ന അല്പം ആരോഗ്യ സമയങ്ങളിൽ പള്ളിയിലേക്ക് വന്ന രംഗങ്ങളെയാണ് പ്രമുഖരായ രണ്ട് സ്വഹാബികൾ നിവേദനം ചെയ്തത്. തിരുനബിﷺ അപ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിന്റെ ശൈലിയും സ്വഭാവവും കൃത്യമായി പകർന്നു തരുക എന്നതാണ് ഈ ഉദ്ധരണികളുടെ ലക്ഷ്യം.
മഹതി ആഇശ(റ)യിൽ നിന്ന് ഇമാം ഇബ്നു അദിയ്യ്(റ) ഉദ്ധരിക്കുന്നു. വർസ് ചെടി കൊണ്ട് നിറം മുക്കിയ ഒരു വസ്ത്രം തിരുനബിﷺക്കുണ്ടായിരുന്നു. അത് വീട്ടിൽ ധരിക്കുകയും ഭാര്യമാരോടൊപ്പം താമസിക്കുമ്പോൾ ഉപയോഗിക്കുകയും നിസ്കാര സമയത്ത് അണിയുകയും ചെയ്തിരുന്നു. പ്രസ്തുത വസ്ത്രത്തിന്റെ സുഗന്ധം വർദ്ധിക്കുന്നതിന് വേണ്ടി അതിൽ സവിശേഷമായി വെള്ളം തളിക്കാറുണ്ടായിരുന്നു എന്ന് അനസുബ്നു മാലികി(റ)ന്റെ നിവേദനത്തിൽ കാണാം.
ബക്കർ ബിൻ അബ്ദുല്ലാഹ് അൽ മുസനി(റ)യിൽ നിന്ന് ഇമാം ബലാദുരി(റ) നിവേദനം ചെയ്യുന്നു. കുങ്കുമമോ വർസോ ഉപയോഗിച്ച് ചായം മുക്കിയ ഒരു വസ്ത്രം തിരുനബിﷺക്കുണ്ടായിരുന്നു. അവിടുന്ന് ആരെങ്കിലും പത്നിമാരുടെ വീട്ടിൽ പോകുന്ന ദിവസമാണെങ്കിലും അതേ വസ്ത്രം തന്നെ ധരിച്ചു പോകുമായിരുന്നു. വസ്ത്രത്തിന്റെ സുഗന്ധം വർദ്ധിക്കുന്നതിന് വേണ്ടി വെള്ളം തളിക്കുകയും ചെയ്യും.
സുഗന്ധവും വെടിപ്പും വളരെ ശ്രദ്ധിക്കുന്ന പ്രകൃതമായിരുന്നു തിരുനബിﷺയുടേത്. ലളിതവും വിനീതവുമായ വസ്ത്രമാണെങ്കിലും എപ്പോഴും വൃത്തിയിൽ പരിപാലിക്കുക എന്നത് തിരുനബിﷺയുടെ ജീവിതത്തിൽ പാലിക്കുകയും ശിഷ്യന്മാരോട് നിർദ്ദേശിക്കുകയും ചെയ്തു. തിരുനബിﷺയിൽ പ്രകൃതിപരമായുള്ള സുഗന്ധവും അവിടുന്ന് ഉപയോഗിച്ച സുഗന്ധദ്രവ്യവും കൂടി കൂടുമ്പോൾ പ്രവാചകർﷺ കടന്നുപോയ വഴി സുഗന്ധം കൊണ്ട് തന്നെ അനുയായികൾക്ക് തിരിച്ചറിയാമായിരുന്നു.
പ്രമുഖ സഹാബി ഇക്’രിമ(റ)യിൽ നിന്ന് അബു ദാവൂദ്(റ) നിവേദനം ചെയ്യുന്നു. അരത്തുണിയുടെ മുൻഭാഗം പാദത്തിന്മേൽ തട്ടുകയും പിൻഭാഗം ഞരിയാണിക്ക് മേലെ നിൽക്കുകയും ചെയ്യുന്ന വിധത്തിൽ ഇബ്നു അബ്ബാസ്(റ) അവിടുത്തെ മുണ്ടുടുത്തു. അപ്പോൾ ഇബ്നു അബ്ബാസി(റ)നോട് ചോദിച്ചു. എന്താണ് നിങ്ങൾ ഇങ്ങനെ വസ്ത്രം ധരിക്കുന്നത്? അദ്ദേഹം പറഞ്ഞു. ഇപ്രകാരം തിരുനബിﷺ വസ്ത്രം ധരിക്കുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
പിൻഭാഗം ഞരിയാണിക്കു മേലെയും മുൻഭാഗം പാദത്തിന്റെ മുകളിൽ തട്ടുന്ന വിധത്തിലും തിരുനബിﷺ അര മുണ്ടുടുത്തിരുന്നു എന്ന് യസീദ് ബിൻ അബീ ഹബീബി(റ)ൽ നിന്ന് ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു.
പൊക്കിളിന്റെ ഭാഗം കാണുന്ന വിധത്തിൽ പൊക്കിളിന് താഴെ വച്ചുകൊണ്ട് തിരുനബിﷺ അര മുണ്ടുടുത്തിരുന്നു എന്ന ഒരു നിവേദനം ഇബ്നു സഅദ്(റ) ഉദ്ധരിച്ചിട്ടുണ്ടെങ്കിലും അതിലെ പരമ്പര അവ്യക്തമാണെന്നും അത്ര സ്വീകാര്യമല്ല എന്നും ഇമാം സ്വാലിഹി(റ) അടക്കമുള്ളവർ പറയുന്നു. ഉമർ(റ) അരമുണ്ടുടുക്കുമ്പോൾ പൊക്കിൾ മറക്കുന്ന വിധത്തിലായിരുന്നു ധരിച്ചിരുന്നത് എന്ന് ഇബ്നു അബ്ബാസ്(റ) പറയുന്ന ഒരു നിവേദനം നമുക്ക് വായിക്കാൻ കഴിയും.
തിരുനബിﷺയുടെ അരമുണ്ട് തണ്ടം കാലു വരെ മാത്രമേ ഇറക്കിയിരുന്നുള്ളൂ എന്ന് ഉസ്മാന് ബിൻ അഫ്‌ഫാൻ(റ) നിവേദനം ചെയ്യുന്നുണ്ട്.
തിരുനബിﷺയുടെ വസ്ത്രധാരണ രീതികൾ വിവിധ സന്ദർഭങ്ങളിൽ വിവിധ ഭാവങ്ങളോടെ നാം വായിച്ചു കൊണ്ടിരിക്കുകയാണല്ലോ! അവയിൽ നാം അനുകരിക്കേണ്ടതും പുലർത്തേണ്ടതും എന്താണെന്ന് സന്ദർഭങ്ങളും അനീതികളും പഠിച്ചു കൊണ്ട് തന്നെ ഇമാമുകൾ സ്വതന്ത്രമായി വിശദീകരിച്ചിട്ടുണ്ട്. ആ ആചാര അനുഷ്ഠാനമുറകളാണ് പ്രവാചകചര്യയായും നിർദ്ദേശിക്കപ്പെട്ട രീതിയായും നാം പുലർത്തേണ്ടത്.
Tweet 867
ഇമാം ഇബ്നു അസാക്കിർ(റ) അബൂ ഹുറൈറ(റ)യിൽ നിന്നുള്ള ഒരു നിവേദനം ഇങ്ങനെ ഉദ്ധരിക്കുന്നുണ്ട്. യമനിൽ നിർമിച്ച കട്ടിയുള്ള ഒരു വസ്ത്രം ആഇശ(റ) ഞങ്ങൾക്ക് എടുത്തു കാണിച്ചു തന്നു. കഷ്ണം വച്ചതെന്ന് പറയാവുന്ന ഒരു മേൽവസ്ത്രവും ഒപ്പമുണ്ടായിരുന്നു. തിരുനബിﷺ ഈ വസ്ത്രങ്ങളിലായി ഇരിക്കെയാണ് ലോകത്തോട് വിട പറഞ്ഞതെന്ന് മഹതി തറപ്പിച്ചു പറഞ്ഞു.
ശഹർ ബിൻ ഹൗശബ്(റ) എന്നവരിൽ നിന്ന് അബൂബക്കർ ബിൻ അബൂ ഖൈസമാ(റ) നിവേദനം ചെയ്യുന്നു. പ്രവാചക പൗത്രൻ ഹുസൈൻ(റ) കൊല്ലപ്പെട്ടപ്പോൾ അനുശോചനം അറിയിക്കാൻ വേണ്ടി ഞാൻ ഉമ്മുസലമ(റ)യുടെ അടുത്തേക്ക് പോയി. അപ്പോൾ ഉമ്മുസലമ(റ) ഞങ്ങളോട് പറഞ്ഞു. ഒരിക്കൽ തിരുനബിﷺ മഹതിയുടെ വീട്ടിലുണ്ടായിരുന്നപ്പോൾ പ്രവാചകപുത്രി ഫാത്വിമ(റ) നബിﷺക്ക് പച്ചക്കറിയും മാംസവും ചേർത്തുണ്ടാക്കുന്ന സഖീന എന്ന പലഹാരം ഉണ്ടാക്കിക്കൊടുത്തു. അപ്പോൾ അവിടുന്ന് മകളോട് പറഞ്ഞു. നിന്റെ പിതൃസഹോദര പുത്രൻ അഥവാ അലി(റ)യെയും നിങ്ങളുടെ മക്കളെയും ക്ഷണിക്കൂ. ഫാത്വിമ(റ) അവരെ കൂടി ക്ഷണിച്ചു വന്നപ്പോൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. ശേഷം, തിരുനബിﷺക്ക് ഖൈബറിൽ നിന്നു ലഭിച്ച ഒരു മേൽ വസ്ത്രം എടുത്ത് കുടുംബത്തെ വലയം ചെയ്തു. ശേഷം ആകാശത്തേക്ക് ഉയർത്തി ഇങ്ങനെ പറഞ്ഞു. അല്ലാഹുവേ ഇവരാണ് എന്റെ പരമ്പര. എന്റെ കുടുംബം. ഇവരിൽനിന്ന് മാലിന്യങ്ങളെ നീ നീക്കം ചെയ്യേണമേ! ഇവരെ നീ ശുദ്ധീകരിക്കേണമേ! ഉമ്മു സലമ(റ) തുടരുന്നു. ഞാൻ ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, ഞാനും അവിടുത്തെ കുടുംബത്തിൽ ഉൾപ്പെട്ടതല്ലേ? നിങ്ങൾ നേരത്തെ തന്നെ നന്മയിലാണല്ലോ അഥവാ “അൻതി അലാ ഖൈർ” എന്ന് തിരുനബിﷺ പ്രതികരിക്കുകയും ചെയ്തു.
പ്രവാചക പത്നി ആയതുകൊണ്ട് തന്നെ മഹതി നബി കുടുംബത്തിലെ അംഗമാണെന്ന് തിരുനബിﷺ മറ്റൊരു ഭാഷയിൽ പറയുകയായിരുന്നു. അലി(റ)യെ കൂടി വലയം ചെയ്തുകൊണ്ട് വിരിപ്പ് കൂട്ടിയതിനാലാവാം ഉമ്മു സലമ(റ)യെ കൂടി വിരിപ്പിൽ വലയം ചെയ്യിക്കാതിരുന്നത് എന്ന് പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. പ്രവാചക പത്നിമാർ പവിത്രത ഉള്ളവരും സവിശേഷമായ പദവികളുള്ളവരും നബി കുടുംബത്തിലെ അംഗങ്ങളായി ആദരിക്കപ്പെടുന്നവരും തന്നെയാണ്.
ഇബ്നു അബ്ബാസി(റ)ൽ നിന്ന് അബൂ ഉസാമ അൽ ഹാരിസ്(റ) നിവേദനം ചെയ്യുന്നു. ഒരു പ്രഭാതത്തിൽ ഒരു വെള്ള വസ്ത്രത്തിൽ തിരുനബിﷺ നിസ്കരിക്കുന്നത് ഞാൻ കണ്ടു. ചിലപ്പോൾ അവിടുന്ന് വസ്ത്രം കൊണ്ട് കാലുകളും കൈകളും മറച്ച് തണുപ്പിൽ നിന്ന് രക്ഷ തേടാറുണ്ടായിരുന്നു.
അശ്അസ് ബിൻ സുലൈമി(റ)ൽ നിന്ന് ഇമാം തുർമുദി(റ) ഉദ്ധരിക്കുന്നു. എന്റെ പിതൃസഹോദരി അവരുടെ പിതൃസഹോദരനിൽ നിന്ന് ഇപ്രകാരം പറയുന്നത് ഞാൻ കേട്ടു. അദ്ദേഹം പറഞ്ഞു. ഞാൻ ഒരിക്കൽ മദീനയിലൂടെ നടക്കുകയായിരുന്നു. അതാ പിന്നിൽ നിന്ന് ഒരാൾ വിളിച്ചു പറയുന്നു. നിന്റെ മുണ്ട് അല്പം ഉയർത്തി ധരിക്കൂ. അതാണ് വസ്ത്രത്തിന് വൃത്തിയും ഈടും നൽകുക. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അത് അല്ലാഹുവിന്റെ ദൂതനാﷺയിരുന്നു. ഞാൻ ഇപ്രകാരം പ്രതികരിച്ചു. അല്ലയോ പ്രവാചകരെﷺ, അത് കട്ടിയുള്ള വസ്ത്രമാണ്. എന്നിൽ നിനക്ക് മാതൃക ഇല്ലയോ എന്നായിരുന്നു പ്രവാചകൻﷺ അപ്പോൾ പ്രതികരിച്ചത്. ഞാൻ അവിടുത്തെ വസ്ത്രത്തിലേക്ക് നോക്കി. അപ്പോൾ അത് തണ്ടം കാലിന്റെ പകുതി വരെയേ ഉണ്ടായിരുന്നുള്ളൂ.
പ്രവാചക തിരുമേനിﷺയുടെ വ്യത്യസ്ത സന്ദർഭങ്ങളിലെ വസ്ത്രങ്ങളും വസ്ത്രധാരണ രീതികളും മറ്റുള്ളവരോട് പാലിക്കാൻ പറഞ്ഞ ചിട്ടകളുമാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ചില രീതികളുടെ ഭൗതിക മേന്മ കൂടി തിരുനബിﷺ വിശദീകരിക്കുന്നുണ്ടായിരുന്നു. അതുകൊണ്ടാണ് നിങ്ങൾ അരമുണ്ട് അല്പം ഉയർത്തിയുടുക്കുന്നതാണ് അത് ഈട് നിൽക്കാനും വൃത്തിയായി കൊണ്ടുനടക്കാനും നല്ലത് എന്ന് വിശദീകരിച്ചത്. വസ്ത്രം സവിശേഷമായ രീതിയിൽ ധരിക്കുന്നതിൽ മനുഷ്യന്റെ മനോഗതിയിൽ ആത്മീയമായ ചില മാനങ്ങളും മറ്റുമുണ്ട്. അതും ചില ഹദീസുകളിൽ വിശദീകരിച്ചിട്ടുണ്ട്.
Tweet 868
ഇമാം ഹാക്കിം(റ) ഉദ്ധരിക്കുന്നു. പ്രമുഖ സ്വഹാബിയായ ജാബിർ ബിൻ അബ്ദുല്ലാഹ്(റ) പറഞ്ഞു. ജരീർ ബിൻ അബ്ദുല്ലാഹ് അൽ ബുജലി(റ) തിരുനബിﷺയുടെ സദസ്സിലേക്ക് കടന്നുവന്നു. സദസ്സിൽ കുറെ സ്വഹാബികൾ അവരവരുടെ ഇരിപ്പിടങ്ങളിൽ ഇരിപ്പുണ്ടായിരുന്നു. തിരുനബിﷺ അണിഞ്ഞിരുന്ന മേൽ തട്ടം ഉയർത്തി ജരീറി(റ)നെ അണിയിച്ചു. അദ്ദേഹം അത് മാറിലേക്കും മുഖത്തേക്കും ചേർത്തുവച്ചു. കണ്ണുകളിൽ ചേർത്ത് ചുംബനം കൊടുത്തു. എന്നിട്ട് ഇങ്ങനെ നന്ദി രേഖപ്പെടുത്തി. അക്റമകല്ലാഹ് യാ റസൂലല്ലാഹ്. അല്ലയോ അല്ലാഹുവിന്റെ ദൂതരേﷺ, അവിടുത്തേക്ക് അല്ലാഹു പദവികൾ നൽകട്ടെ!
ദാവൂദ് ബിൻ ഹുസൈൻ(റ) അദ്ദേഹത്തിന്റെ ഗുരു ഇബ്നു അബ്ദുൽ അശ്ഹലി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ ബനൂ അബ്ദുൽ അശ്ഹൽ പള്ളിയിൽ നിസ്കരിക്കുകയായിരുന്നു. അവിടുത്തെ ശരീരം ഒരു മേൽ വസ്ത്രം കൊണ്ട് ഒന്നാകെ ചുറ്റി. സുജൂദ് ചെയ്യുമ്പോൾ കല്ലുകളുടെ തണുപ്പടിക്കാതിരിക്കാൻ വസ്ത്രത്തിന്റെ ഉള്ളിലേക്ക് കൈകൾ കടത്തുന്നുണ്ടായിരുന്നു.
തണുപ്പിനെ അതിജീവിക്കാൻ ശരീരം മുഴുവനും വസ്ത്രം ചുറ്റിയ രംഗവും നിസ്കാര നേരത്ത് തിരുനബിﷺ തണുപ്പകറ്റാൻ വേണ്ടി മേൽ വസ്ത്രത്തിൽ കൈചുറ്റിയതും അനുഭവത്തിൽ നിന്ന് പങ്കുവെക്കുകയാണിവിടെ.
അരികു കട്ടിയുള്ള നജ്റാനിൽ നിർമിതമായ ഒരു മേൽ തട്ടം തിരുനബിﷺ അണിഞ്ഞിരുന്നു എന്ന് പരിചാരകനായ അനസ്(റ) റിപ്പോർട്ട് ചെയ്യുന്നു. ഇമാം ഇബ്നുമാജ(റ)യും ബുഖാരി(റ)യും മുസ്ലിമും(റ) ഇത് നിവേദനം ചെയ്തിട്ടുണ്ട്. തിരുനബിﷺയുടെ ഉടുമുണ്ടിന്റെ താഴ്ഭാഗത്ത് തണ്ടം കാലിന്റെ ഭാഗങ്ങൾ ചിലപ്പോൾ കാണാമായിരുന്നു എന്ന് അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. ഒരിക്കൽ മേൽ മുണ്ട് തലയണയാക്കി കഅ്ബയുടെ തണലിൽ വിശ്രമിക്കുന്ന തിരുനബിﷺയെ കണ്ട രംഗം അബൂദർ അൽ ഗിഫാരി(റ) പങ്കുവെക്കുന്നുണ്ട്.
ഒരിക്കൽ തിരുനബിﷺയെ സന്ദർശിച്ചപ്പോൾ ഒരു ചുവന്ന തട്ടത്തിൽ ഊന്നി പള്ളിയിൽ ഇരിക്കുന്നത് കാണാനിടയായി എന്ന് ഇബ്നു അദിയ്യ്(റ) സഫ്‌വാൻ ബിൻ അസ്സാലി(റ)ൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്. സമാനമായ ഒരു സന്ദർശനം പ്രമുഖ സ്വഹാബിയായ ഖബ്ബാബി(റ)നും പറയാനുണ്ട്. ഒരു പുതപ്പിന്റെ തലഭാഗം കാൽപാദത്തിൽ കൂടി ചേർത്ത് ചുറ്റി പുതപ്പുകൊണ്ട് മൂടിയിരിക്കുന്ന തിരുനബിﷺയെ കാണാൻ കഴിഞ്ഞു എന്ന് സുലൈം ബിന് ജാബിർ(റ) പറയുന്നു.
ഇമാം ബുഖാരി(റ)യും ഇമാം അബൂദാവൂദും(റ) തുടങ്ങി നിരവധി നിവേദകന്മാർ ഒരുമിച്ച് പറയുന്ന ഒരുദ്ധരണി ഇങ്ങനെയുണ്ട്. സഹൽ ബിൻ സഅദ്(റ) നിവേദനം ചെയ്യുന്നു. ഒരു പുതപ്പും കൊണ്ട് ഒരു സ്ത്രീ തിരുനബിﷺയുടെ അടുക്കൽ വന്നു. ഇടയിൽ നിവേദകനായ സഹൽ(റ) ചോദിച്ചു. ബുർദ എന്ന് പറഞ്ഞാൽ എന്തെന്നറിയുമോ? അതെ, അരികുകൾ സവിശേഷമായി തുന്നിയ മേൽത്തട്ടമാണ്. ആഗതയായ സ്ത്രീ തിരുനബിﷺയോട് പറഞ്ഞു. തങ്ങളെ അണിയിക്കാൻ വേണ്ടി ഞാൻ തന്നെ എന്റെ കൈകൾ കൊണ്ട് നെയ്തുണ്ടാക്കിയതാണിത്. തിരുനബിﷺ ആവശ്യക്കാരനെ പോലെ തന്നെ അത് വാങ്ങി. അതണിഞ്ഞു കൊണ്ട് ഞങ്ങളുടെ ഇടയിലേക്ക് കടന്നുവന്നു. അപ്പോഴതാ സദസ്സിൽ നിന്ന് ഒരാൾ തിരുനബിﷺയോട് അത് ആവശ്യപ്പെട്ടു.
ഇപ്രകാരം ആവശ്യപ്പെട്ടപ്പോഴെല്ലാം തിരുനബിﷺ ചോദിച്ചവർക്ക് നൽകിയത് പല നിവേദനങ്ങളിലും നാം വായിച്ചിട്ടുണ്ട്. തിരുനബിﷺയുടെ ഔദാര്യശീലത്തെ കുറിച്ച് പറയുന്ന അധ്യായങ്ങളിൽ ഏറെ ഉദാഹരണങ്ങൾ കഴിഞ്ഞു പോയിട്ടുമുണ്ട്. സന്തോഷത്തോടെ ഏറ്റവും യോജിച്ച വസ്ത്രം അണിഞ്ഞു കൊണ്ടുവരുമ്പോഴും അത് ചോദിച്ചവരെ തിരുനബിﷺ നിരാശരാക്കിയിട്ടില്ല. തിരുനബിﷺയുടെ വസ്ത്രധാരണം പരാമർശിക്കുന്നതിനിടയിൽ നമ്മളിൽ ഉണ്ടാവേണ്ട ദാനശീലത്തെ കൂടി പ്രചോദിപ്പിക്കുകയാണ് ഓരോ നിവേദനങ്ങളും. എന്തിനായിരുന്നു നിങ്ങൾ തിരുനബിﷺയോട് അത് ചോദിച്ചത് എന്ന് സഹപ്രവർത്തകർ പരിഭവപ്പെട്ടപ്പോഴും ഒരു മുഖഭാവം പോലും മാറാതെയായിരുന്നു മുത്ത് നബിﷺയുടെ ദാന രീതികൾ.
Tweet 869
മഹതി ആഇശ(റ)യിൽ നിന്ന് ഇബിനു അബീ ശൈബ(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുമേനിﷺ ഒരു കറുത്ത തട്ടം ധരിച്ചു. അപ്പോൾ ആഇശ(റ) നബിﷺയോട് പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുത്തെ കാണാൻ എത്ര ചന്തമുണ്ട്. അവിടുത്തെ വെളുപ്പ് വസ്ത്രത്തിന്റെ കറുപ്പിനെയും വസ്ത്രത്തിന്റെ കറുപ്പ് അവിടുത്തെ വെളുപ്പിനെയും സംലയിപ്പിക്കുന്നുണ്ടല്ലോ! കമ്പിളി വസ്ത്രത്തിന്റെ ഒരു ഗന്ധം അതിൽ അനുഭവപ്പെട്ടു. അപ്പോൾ പ്രവാചകൻﷺ ആ വസ്ത്രം ഒഴിവാക്കി. അവിടുന്ന് എപ്പോഴും സുഗന്ധം മാത്രമാണല്ലോ ഇഷ്ടപ്പെട്ടിരുന്നത്.
തിരുനബിﷺയുടെ വസ്ത്രത്തിന്റെ കറുപ്പും ചേർത്തുകൊണ്ടുള്ള മേൽ ഹദീസിലെ പ്രയോഗം പരസ്പരമുള്ള സംലയനത്തെ കുറിക്കുന്നതാണെങ്കിലും അവിടുത്തെ വെളുപ്പ് ഈ കറുപ്പിനെ അഴകാർന്നതാക്കുന്നു എന്നും വസ്ത്രത്തിന്റെ കറുപ്പ് തങ്ങളുടെ വെളുപ്പിനെ കൂടുതൽ ഉദിപ്പിച്ചു കാണിക്കുന്നു എന്നും ആശയം നൽകുന്ന പ്രയോഗങ്ങൾ വേറെ ഹദീസുകളിലും വന്നിട്ടുണ്ട്. ഒരുപക്ഷേ ഇവിടുത്തെയും ആശയം അത് തന്നെയായിരിക്കാം.
മഹതി ആഇശ(റ)യിൽ നിന്നുതന്നെ ഇമാം മാലിക്(റ) നിവേദനം ചെയ്യുന്ന ഒരു ഭാഗം ഇങ്ങനെ വായിക്കാം. അബൂജഹം(റ) ശാമിൽ നിർമിതമായ തുന്നൽ പണികളുള്ള ‘ഹമീസ’ വസ്ത്രം തിരുനബിﷺക്ക് സമ്മാനമായി നൽകി. തിരുനബിﷺ അത് ധരിച്ചുകൊണ്ട് നിസ്കാരത്തിന് പങ്കെടുത്തു. നിസ്കാരത്തിൽ നിന്ന് പിരിഞ്ഞ ശേഷം തിരുനബിﷺ പറഞ്ഞു. അടയാളങ്ങളും തുന്നൽ പണികളുമുള്ള ഈ വസ്ത്രം അബൂജഹമി(റ)ന് തന്നെ തിരിച്ചു നൽകുക. ഇതിലെ അടയാളങ്ങളിലേക്ക് നിസ്കാരത്തിൽ എന്റെ ശ്രദ്ധ പോയിരിക്കുന്നു.
തിരുനബിﷺയുടെ ഒരു മിന്നൽ നോട്ടം അതിലെ അടയാളങ്ങളിലേക്ക് പോയി എന്നും അബൂ ജഹമി(റ)നു തന്നെ ഈ വസ്ത്രം തിരിച്ചുകൊടുക്കാൻ തിരുനബിﷺ കൽപ്പിച്ചു എന്നും തുന്നൽ പണികളോ അടയാളങ്ങളോ ഇല്ലാത്ത വസ്ത്രം കൊണ്ടുവരാൻ അബൂജഹമി(റ)നോട് പറയാൻ നിർദ്ദേശിക്കൂ എന്നും ഇമാം ബുഖാരി(റ)യുടെ നിവേദനത്തിൽ കാണാം.
ഇമാം ബുഖാരി(റ) ആഇശ(റ)യിൽ നിന്നും ഇബ്നു അബ്ബാസി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു. തിരുനബിﷺ ഹുദൈഫത്തുബിനു യമാനി(റ)യുടെ അടുക്കലേക്ക് വന്നപ്പോൾ അവിടുത്തെ പക്കൽ ഉണ്ടായിരുന്ന ഹമീസയെ മുഖത്തേക്കിടുകയും ബുദ്ധിമുട്ടാകുന്ന നേരത്ത് മുഖത്തുനിന്ന് നീക്കുകയും ചെയ്തു.
നബി ജീവിതത്തെ അനുയായികൾ എത്ര സൂക്ഷ്മമായിട്ടാണ് നിരീക്ഷിച്ചത്! അവിടുന്ന് ധരിച്ചിരുന്ന വസ്ത്രങ്ങളും വസ്ത്രത്തിലേക്ക് ചേർത്തു വച്ചുകൊണ്ട് ഉയർന്ന വിചാരങ്ങളും വസ്ത്രത്തിന്റെ ശൈലിയിൽ നിന്ന് ഉത്പാദിപ്പിക്കപ്പെട്ട മതവീക്ഷണങ്ങളും ഇങ്ങനെ എത്രമേൽ വിശാലമായ വിചാരങ്ങളെയും ആശയങ്ങളെയുമാണ് നബിﷺ ജീവിതത്തിലെ ഓരോ ദിവസവും ഉൾക്കൊള്ളിച്ചിരുന്നത്; ഓരോ സന്ദർഭങ്ങളും പകർന്നുതന്നത്. ഏതെങ്കിലും ഒരു വ്യക്തിയുടെ ജീവിതത്തെ കഥനം നടത്തുന്നത് പോലെയല്ല തിരുനബി ജീവിതത്തെ വായിക്കുന്നതും പഠിക്കുന്നതും സമീപിക്കുന്നതും.
തിരുനബിﷺയുടെ ജീവിത വ്യവഹാരങ്ങളിലെ ഓരോ നിമിഷങ്ങളും മതനിയമങ്ങളെയോ ആചാരങ്ങളെയോ വിചാരങ്ങളെയോ സമീപന രീതികളെയോ ഒക്കെ നിർണയിക്കുന്ന നിയമനിർമ്മാണങ്ങളാണ്; ഇസ്ലാം മതത്തിന്റെ വീക്ഷണങ്ങൾ രൂപപ്പെട്ട് അവതരിപ്പിക്കപ്പെടുന്ന വിദ്യാലയങ്ങളാണ്. മനുഷ്യജീവിതത്തിന്റെ സൂക്ഷ്മവും പ്രകടവുമായ വ്യവഹാരങ്ങളെ ഏത് വിധത്തിലൊക്കെ നിർണയിക്കണം, നിയമങ്ങൾ കൊണ്ട് ഭദ്രമാക്കണം എന്ന അതിസൂക്ഷ്മമായ ദൗത്യങ്ങളെയാണ് നബി ജീവിതത്തിന്റെ ഓരോ ദിവസങ്ങളും നമുക്ക് പകർന്നു തരുന്നത്.
പ്രവാചകർﷺ ധരിച്ച വസ്ത്രങ്ങളെയും വസ്ത്രധാരണ രീതികളെയും എത്രമേൽ വൈവിധ്യങ്ങളോടെയും സൂക്ഷ്മതയോടെയുമാണ് ലോകം വായിച്ചതും പകർന്നു നൽകിയതും.
Tweet 870
ഉബാദത്ത് ബിനു സാമിത്(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ ഒരു ശംല വസ്ത്രം ധരിച്ചുകൊണ്ട് ഞങ്ങൾക്ക് ഇമാമായി നിസ്കരിച്ചു. പ്രസ്തുത വസ്ത്രം കൊണ്ട് ശരീരം മുഴുവനും ചുറ്റാൻ നോക്കിയപ്പോൾ പ്രയാസപ്പെട്ടു. അപ്പോൾ അതിന്റെ രണ്ടു അഗ്രഭാഗങ്ങൾ പിരടിക്കു പിന്നിൽ കെട്ടി ഇപ്രകാരം അണിഞ്ഞു. ശേഷം, ഉബാദ(റ) പിരടിയിലേക്ക് കൈകൾ വച്ച് അതിന്റെ രീതി അവതരിപ്പിച്ചു.
അബ്ദുല്ലാഹ് ബിൻ അൽ ഗസീൽ(റ) പറയുന്നു. ഒരിക്കൽ ഞാൻ തിരുനബിﷺയോടൊപ്പം ആയിരുന്നു. അപ്പോൾ അബ്ബാസ്(റ) എന്നവർ സമീപത്തുകൂടി നടന്നുപോയി. നബിﷺ പറഞ്ഞു. അല്ലയോ പിതൃ സഹോദരാ അവിടുന്ന് മക്കൾക്കൊപ്പം ചേർന്നാലും. ഉടനെ ഹൈസം ബിൻ ഉതുബ ബിൻ അബീ ലഹബ്(റ) ഇങ്ങനെ വിളിച്ചു പറഞ്ഞു. അല്ലയോ പിതൃസഹോദരാ ഞാൻ വരുന്നതുവരെ ഒന്ന് കാത്തു നിന്നാലും. പക്ഷേ, അദ്ദേഹം വന്നില്ല. അബ്ബാസ്(റ) എന്നവർ ആറു മക്കളെയും കൊണ്ട് യാത്ര തുടർന്നു. ഫള്ൽ, അബ്ദുല്ലാഹ്, ഉബൈദുല്ലാഹ്, ഖുസം, അബ്ദു റഹ്മാൻ, കസീർ എന്നിവരാണ് ആറു മക്കൾ. ചില നിവേദനങ്ങളിൽ കസീർ എന്ന മകന്റെ പേര് ഉദ്ധരിച്ചു കാണുന്നില്ല. അബ്ബാസ്(റ) എന്നവരെയും മക്കളെയും തിരുനബിﷺ ചുവന്ന തുന്നൽപണികളുള്ള ഒരു കറുത്ത ശംല വസ്ത്രം കൊണ്ട് ചുറ്റി. ശേഷം, ഇങ്ങനെ പറഞ്ഞു. അല്ലാഹുവേ ഇവരാണ് എന്റെ കുടുംബക്കാർ. എന്റെ സന്താന പരമ്പര. ഈ വസ്ത്രം കൊണ്ട് ഇവരെയെല്ലാം ഞാൻ കവചം ചെയ്തത് പോലെ നരകത്തിൽ നിന്ന് ഇവരെ നീ കാത്തുരക്ഷിക്കേണമേ! തിരുനബിﷺയുടെ ഈ പ്രാർഥനക്ക് വാതിലുകളും ചുമരുകളുമെല്ലാം ആമീൻ ചൊല്ലി.
ജാബിർ ബിൻ സുലൈം(റ) പറയുന്നു. ഞാൻ തിരുനബിﷺയുടെ അടുക്കൽ ചെന്നപ്പോൾ ഒരു ശംല കമ്പിളിപ്പുതപ്പ് കൊണ്ട് അവിടുത്തെ ശരീരം ചുറ്റിയിട്ടുണ്ട്. അതിന്റെ അഗ്രത്തിലുള്ള നൂലുകൾ തിരുനബിﷺയുടെ പാദത്തിൽ സ്പർശിക്കുന്നുണ്ടായിരുന്നു.
മഹതി ആഇശ(റ)യിൽ നിന്ന് ഇബ്നു അസാകിർ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ വസ്ത്രത്തിന് നീളം നാലു മുഴവും ഒരു ചാണും വീതി ഒരു മുഴവും ഒരു ചാണുമായിരുന്നു.
ഉർവത് ബിൻ സുബൈർ(റ) എന്ന സ്വഹാബിയിൽ നിന്ന് അബ്ദുല്ലാഹിബ്നുൽ മുബാറക്ക്(റ) സുഹ്ദ് എന്ന ഗ്രന്ഥത്തിൽ രേഖപ്പെടുത്തുന്നു. തിരുനബിﷺ അതിഥികളെ സ്വീകരിക്കാൻ വേണ്ടി ധരിച്ചിരുന്നത് നാലുമുഴം നീളവും രണ്ടു മുഴവും ഒരു ചാണും വീതിയുമുള്ള ഒരു ഹദ്റമി മേൽ വസ്ത്രമായിരുന്നു. പിൽക്കാലത്ത് അത് നുരുമ്പിച്ച് തുടങ്ങിയപ്പോൾ സ്വഹാബികൾ അതിന്റെ ഉള്ളിൽ കഷ്ണം തുന്നിച്ചേർത്ത് ശക്തിപ്പെടുത്തി. ചെറിയ പെരുന്നാൾ, വലിയ പെരുന്നാൾ വിശേഷങ്ങളിൽ അവർ അതായിരുന്നു ധരിച്ചിരുന്നത്.
ഇവിടെ സ്വഹാബികൾ എന്ന് പരാമർശിച്ചതിന്റെ താല്പര്യം ഖലീഫമാരായി പിൽക്കാലത്ത് വന്നവർ ആയിരിക്കണം.
അബുൽഹസൻ ബിൻ ളഹ്ഹാക്ക്(റ) അബൂ മുഹമ്മദ് അബ്ദുല്ലാഹിബ്നു മുഹമ്മദ് ബിൻ അൽ ഖാസിം ബിൻ ഹസം അൽ ബഗവി(റ) എന്നവരിൽ നിന്ന് നിവേദനം ചെയ്യുന്നു. ഹിജ്റ 353ൽ തീരപ്രദേശ പട്ടണമായ സൂറിലെ മഅദ്മൂഖ് എന്ന സ്ഥലത്ത് വെച്ച് തിരുനബിﷺയുടെ ഒരു വസ്ത്രം എനിക്ക് കാണാനിടയായി. സ്വഹാബിയായ മബ്റൂർ അൽ അസ്ദി(റ)യുടെ സന്താന പരമ്പരകളിൽ ഒരാളുടെ പക്കലായിരുന്നു അതുണ്ടായിരുന്നത്. ചാരനിറത്തിൽ നല്ല വെടിപ്പുള്ളതായിരുന്നു അത്.
തിരുനബിﷺക്ക് നെഗസ് ചക്രവർത്തി സമ്മാനമായി നൽകിയ പുതപ്പായിരുന്നു അത് എന്നാണ് ചരിത്രകാരന്മാർ പറയുന്നത്. തിരുനബിﷺ അത് പിൽക്കാലത്ത് മബ്റൂർ അൽ അസ്ദി(റ)ക്ക് സമ്മാനമായി നൽകുകയായിരുന്നു. ഭരണാധികാരികളിൽ ചിലർ ഇത് കൈവശപ്പെടുത്താൻ ഒരുങ്ങിയപ്പോൾ പ്രസ്തുത പുതപ്പ് സംരക്ഷിച്ചിരുന്ന കുടുംബം അത് ഭൂഗർഭ അറയിലേക്ക് മാറ്റിവെച്ചു. അവിടെനിന്നാണ് അതിന് കേടുപാടുകൾ സംഭവിച്ചത്. അല്ലെങ്കിൽ അത് ശരിയായി തന്നെ അവിടെ ഉണ്ടാകുമായിരുന്നു. എങ്കിലും അതിന്റെ നിറത്തിന്റെ തിളക്കം നഷ്ടപ്പെട്ടിരുന്നില്ല. കോട്ടൺ ആണോ രോമമാണോ പട്ടാണോ എന്ന് കൃത്യമായി അതിന്റെ യാഥാർത്ഥ്യം നിർണയിക്കാൻ ഞങ്ങൾക്ക് സാധിച്ചില്ല.
സുബുലുൽ ഹുദാ വർറശാദ് ഫീ സീറത്തി ഖൈരിൽ ഇബാദ് എന്ന ഗ്രന്ഥത്തിൽ ഇമാം സ്വാലിഹി(റ) ഇത് ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ വസ്ത്രങ്ങളെ കുറിച്ച് മാത്രം സ്വതന്ത്രമായ പഠനങ്ങൾ നടത്തിയവരും ചില വസ്ത്രങ്ങൾ പിൽക്കാലത്ത് കൈമാറി വന്ന് മ്യൂസിയങ്ങളിൽ എത്തിയതിന്റെ ചരിത്രം രേഖപ്പെടുത്തിയവരുമുണ്ട്.
Tweet 871
ഇമാം അഹ്മദും(റ) ആധികാരിക ഹദീസ് നിവേദകന്മാരിൽ പലരും ഉദ്ധരിക്കുന്നു. സുവൈദ് ബിൻ ഖൈസ്(റ) പറയുന്നു. ഞാനും മഖ്റമ അൽ അബ്ദാനി(റ)യും യമനിലെ ഹജറിൽ നിന്ന് വസ്ത്രവും കൊണ്ട് മക്കയിലെത്തി. ഞങ്ങൾ മിനയിലായിരിക്കുമ്പോൾ തിരുനബിﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു. തൂക്കം വില കണക്കാക്കി ദിർഹമിന് ഞങ്ങൾ തിരുനബിﷺക്ക് സറാവീൽ അഥവാ പൊക്കിൾ മുതൽ മുട്ടിനു താഴെ വരെയുള്ള ഭാഗം മറക്കുന്ന പാന്റ്സ് പോലെയുള്ള വസ്ത്രം കച്ചവടം ചെയ്തു.
നിവേദന പരമ്പര അത്ര പ്രബലമല്ലെങ്കിലും അബൂഹുറൈറ(റ)യിൽ നിന്ന് ഇപ്രകാരം ഒരു നിവേദനം പല പണ്ഡിതന്മാരും ഉദ്ധരിച്ചു കാണാം. തിരുനബിﷺ നാലു ദിർഹമിന് ഒരു സറാവീൽ വാങ്ങി. ഞാൻ ചോദിച്ചു. അല്ലയോ പ്രവാചകരെﷺ, അവിടുന്ന് സറാവീൽ ധരിക്കാറുണ്ടോ? അതെ, യാത്രയിലും നാട്ടിലുള്ളപ്പോഴും രാവിലും പകലിലും ഒക്കെ ധരിക്കാറുണ്ട്. നന്നായി മാനം മറയ്ക്കാനാണല്ലോ കൽപ്പിക്കപ്പെട്ടിട്ടുള്ളത്. സറാവീലിനോളം മറയ്ക്കാൻ ഉതകുന്ന മറ്റൊരു വസ്ത്രം ഞാൻ കണ്ടിട്ടില്ല.
പൈജാമ പോലെയുള്ള വസ്ത്രമായിരിക്കണം ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. യാത്രയിലും അല്ലാത്തപ്പോഴും ഇരിക്കുമ്പോഴും നടക്കുമ്പോഴുമെല്ലാം സ്വകാര്യ ഭാഗങ്ങൾ ഒരു നിലക്കും വെളിവാകാത്ത വിധം മറയ്ക്കാൻ ഉതകുന്ന വസ്ത്രം എന്ന അർഥത്തിൽ ആയിരിക്കണം ഇങ്ങനെയൊരു പരാമർശം വന്നത്. അറബികൾ പൊതുവേ ഖമീസിനും മറ്റും ഉള്ളിൽ ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കുന്നു. ലോകത്തെ വിവിധ രാജ്യങ്ങളിലെ മുസ്ലിംകൾ പ്രത്യേകിച്ചും പൈജാമയും കുർത്തയും സാധാരണ വസ്ത്രമായി ഉപയോഗിക്കുന്നു. ഇവയെല്ലാം സറാവീലിന്റെ രൂപഭേദങ്ങൾ ആയിരിക്കും.
മേൽ ആശയം ഉദ്ധരിച്ച ഹദീസ് ദുർബലമാണെന്നും അതല്ല നിർമിതമാണെന്നും പണ്ഡിതന്മാർക്കിടയിൽ അഭിപ്രായങ്ങളുണ്ട്. ദുർബലമോ നിർമിതമോ ആയ എല്ലാ ഹദീസുകളുടെയും ആശയങ്ങൾ ഒഴിവാക്കപ്പെടേണ്ടതാണെന്നോ സത്യവിരുദ്ധമാണെന്നോ കൽപ്പിക്കേണ്ടതില്ല. ഹദീസിന്റെ പരമ്പരയെ മുൻനിർത്തി വിധി കൽപ്പിക്കപ്പെട്ട കാര്യങ്ങൾ മറ്റു നിവേദന പരമ്പരകളിൽ അതേ ആശയം വന്നുവെങ്കിൽ സ്വീകാര്യയോഗ്യമായ പരമ്പരയിലൂടെ വന്ന ആശയങ്ങളെ നമുക്ക് പ്രമാണമാക്കാൻ കഴിയും. ശ്രേഷ്ഠതയും മഹത്വവും ഉൾക്കൊള്ളുന്ന പാഠഭാഗങ്ങൾ മതവിധികൾ പറയുന്ന ഹദീസുകളോളം ശക്തമായ പരമ്പരകളിൽ വന്നുകൊള്ളണമെന്നില്ല.
മുഗീറ ബിൻ ശുഅ്ബ(റ)യിൽ നിന്ന് ഇബ്നു അസാകിർ(റ) നിവേദനം ചെയ്യുന്നു. പ്രവാചകൻﷺ ലെതറിന്റെ വസ്ത്രത്തിൽ നിസ്കരിച്ചിട്ടുണ്ട്. ഊറക്കിട്ട് ശരിയാക്കിയ തുകൽ വസ്ത്രത്തിൽ നിസ്കരിക്കൽ അവിടുത്തെ ചര്യയാണ്.
തിരുനബിﷺ ഫർവ എന്ന ഇനത്തിലുള്ള വസ്ത്രം ധരിച്ചിട്ടുണ്ട് എന്ന തലവാചകത്തിനു കീഴിലാണ് ഇമാം സ്വാലിഹി(റ) മേൽ നിവേദനം ഉദ്ധരിച്ചിട്ടുള്ളത്.
ഇമാം തയാലിസി(റ) ഇബ്നു മസ്ഊദി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. പ്രവാചകന്മാർ കഴുതപ്പുറത്ത് യാത്ര ചെയ്യുന്നവരും കമ്പിളി വസ്ത്രം ധരിക്കുന്നവരും ആടിനെ കറക്കുന്നവരുമായിരുന്നു.
തിരുനബിﷺ കമ്പിളി വസ്ത്രം ധരിച്ചിരുന്നു എന്നതിന് പ്രമാണമായിട്ടാണ് ഈ ഹദീസ് ഉദ്ധരിച്ചിട്ടുള്ളത്.
ഉബാദത്ത് ബിനു സാമിതി(റ)ൽ നിന്ന് ഇബ്നു അദിയ്യ്(റ) ഉദ്ധരിക്കുന്നു. ഒരു കമ്പിളി വസ്ത്രം ധരിച്ചുകൊണ്ട് തിരുനബിﷺ സുബ്ഹിക്ക് ഇമാമായി നിസ്കരിച്ചിട്ടുണ്ട്. ഇപ്രകാരമായിരുന്നു കെട്ടിയിരുന്നത് എന്ന് പറഞ്ഞുകൊണ്ട് ഉബാദ(റ) അതിന്റെ രീതി അവതരിപ്പിച്ചു.
ഇമാം ഇബ്നു മാജ(റ) അനസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ രോമവസ്ത്രം ധരിച്ചിരുന്നു. കഷ്ണം വെച്ചു തുന്നിയ ചെരുപ്പും ഉരവുള്ള വസ്ത്രവും അണിഞ്ഞിരുന്നു.
പ്രവാചകർﷺ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മറ്റും പരാമർശിക്കുമ്പോൾ നബിജീവിതത്തിന്റെ ഭാവങ്ങളും രീതികളും കൂടിയാണ് ആവിഷ്കരിക്കപ്പെടുന്നത്. ലളിതവും വിനീതവും ഏതു സാധാരണക്കാർക്കും പ്രാപ്യമായ രീതിയും പ്രവാചകന്മാരുടെ ജീവിതാവസ്ഥകളിൽ വായിക്കാനുണ്ട് എന്നുകൂടിയാണ് ഈ അധ്യായങ്ങൾ പറഞ്ഞു തരുന്നത്.
Tweet 872
മഹതി ആഇശ(റ)യിൽ നിന്ന് ഇബ്നു അസാകിറും(റ) അബൂദാവൂദും(റ) ഉദ്ധരിക്കുന്നു. മഹതി പറഞ്ഞു. ഞാൻ തിരുനബിﷺക്ക് വേണ്ടി ഒരു കറുത്ത പുതപ്പ് ഉണ്ടാക്കിയെടുത്തു. തിരുനബിﷺ അത് ധരിച്ചു. അവിടുന്ന് നന്നായി വിയർത്തപ്പോൾ രോമത്തിന്റെ ഗന്ധം പുറത്തുവന്നു. അപ്പോൾ അവിടുന്ന് അത് ഒഴിവാക്കി. സുഗന്ധമാണ് അവിടുത്തേക്ക് ഇഷ്ടമുള്ളത് എന്ന് അവിടുന്ന് പറഞ്ഞതുപോലെ തോന്നി.
സൽമാനുൽ ഫാരിസി(റ) പറയുന്നു. തിരുനബിﷺ ഒരിക്കൽ വുളൂഅ് നിർവഹിച്ച ശേഷം ശരീരത്തുണ്ടായിരുന്ന ജുബ്ബയുടെ ഭാഗം മടക്കി മുഖം തടകുന്നതു കണ്ടു.
ഒരു പ്രഭാതത്തിൽ തിരുനബിﷺ പുറപ്പെട്ടപ്പോൾ കറുത്ത രോമങ്ങൾ കൊണ്ട് ഉണ്ടാക്കിയ ചിത്രപ്പണികളുള്ള ഒരു വസ്ത്രം അവിടുത്തെ മേൽ ഉണ്ടായിരുന്നു.
മിർത്തുൻ മുറഹ്ഹലുൻ എന്ന വാചകമാണ് മഹതി ആഇശ(റ)യിൽ നിന്ന് ഉദ്ധരിച്ച മേൽ ഹദീസിൽ ഉള്ളത്. വരകളോ ചിത്രപ്പണികളോ ഉള്ള യമനി വസ്ത്രം എന്നാണ് അർത്ഥം. ഒട്ടകത്തിന്റെ ജീനിയുടെ ചിത്രമുള്ള അരയുടുപ്പ് എന്നും വിശദീകരിക്കാം.
ഞാൻ ആഇശ ബീവി(റ)യുടെ അടുക്കലേക്ക് ചെന്നപ്പോൾ കഷ്ണം വച്ചു തുന്നിയ ഒരു വസ്ത്രം ഞങ്ങൾക്ക് എടുത്തു കാണിച്ചു തന്നു എന്ന് അബൂബർസ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിക്കുന്നുണ്ട്. തിരുനബിﷺയുടെ വസ്ത്രങ്ങളിൽ ഒന്ന് പ്രദർശിപ്പിച്ചു എന്നാണ് മനസ്സിലാകുന്നത്. തിരുനബിﷺയുടെ വിയോഗാനന്തരം തിരുനബിﷺയുടെ വസ്ത്രങ്ങൾ പലപ്പോഴും പല ശിഷ്യന്മാർക്കും കാണിച്ചു കൊടുത്ത അനുഭവങ്ങൾ മറ്റ് ഹദീസുകളിൽ വന്നിട്ടുണ്ട്.
തണുപ്പുള്ള ഒരു രാത്രിയിൽ തിരുനബിﷺ എഴുന്നേറ്റ് ഭാര്യമാരിൽ ഒരാളുടെ കമ്പിളി വസ്ത്രത്തിൽ നിസ്കരിച്ചു എന്ന് ഹസൻ(റ) പറഞ്ഞതായി ഇബ്നു സഅദ് (റ) ഉദ്ധരിക്കുന്നുണ്ട്. തിരുനബിﷺ മറ്റൊരു വസ്ത്രവും ധരിക്കാതെ അതുമാത്രം ധരിച്ചു കൊണ്ടാണ് നിസ്കരിച്ചതെന്നും അതുകൊണ്ട് ഒരു ഭാഗവും മറയാതിരുന്നിട്ടില്ലെന്നും ഹസൻ(റ) എന്നവർ തന്നെ വിശദീകരിക്കുന്നുണ്ട്.
അബൂ ബുർദ(റ)യിൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. യമനീ നിർമിതമായ ഒരു പരുക്കൻ വസ്ത്രം മഹതി ആഇശ(റ) ഞങ്ങൾക്ക് കാണിച്ചു തന്നു. പ്രാദേശികമായി നിർമിച്ച മറ്റൊരു വസ്ത്രവും കൂടെയുണ്ടായിരുന്നു. തിരുനബിﷺ ഈ വസ്ത്രങ്ങളിലായിരിക്കെയാണ് ലോകത്തോട് വിട പറഞ്ഞത് എന്ന് അവിടുന്ന് സത്യം ചെയ്‌ത് തറപ്പിച്ചു പറഞ്ഞു.
അബ്ദുല്ലാഹിബ്നു സർജസ്(റ) എന്നവരിൽ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബി(റ) കറുപ്പും വെളുപ്പും വരകളുള്ള വസ്ത്രത്തിൽ അഥവാ നിമിറ ധരിച്ചുകൊണ്ട് നിസ്കരിച്ചു. അപ്പോൾ സ്വഹാബികളിൽ ഒരാളോട് നബിﷺ പറഞ്ഞു. ആ വരയുള്ള വസ്ത്രങ്ങൾ എനിക്കു തരൂ. ഞാൻ എന്റെ പക്കലുള്ള നമിറ നിങ്ങൾക്ക് തരാം. അപ്പോൾ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. അവിടുത്തെ പക്കലുള്ളത് എന്റെ പക്കൽ ഉള്ളതിനേക്കാൾ മെച്ചപ്പെട്ടതാണല്ലോ? അതെ, എന്റെ പക്കലുള്ളതിൽ ചുവന്ന വരകളാണുള്ളത്. ഞാൻ അതിലേക്ക് ശ്രദ്ധിച്ച് എന്റെ നിസ്കാരത്തിന്റെ ശ്രദ്ധയ്ക്ക് ഭംഗം വരുമെന്ന് ഞാൻ ഭയക്കുന്നു.
കർമശാസ്ത്ര വിശാരദന്മാർ ഇത്തരം വരകളുള്ള വസ്ത്രങ്ങളിൽ നിസ്കരിക്കുന്നത് ഉത്തമമായ രീതിയിൽ നിന്ന് വ്യത്യസ്തമാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. അത്തരമൊരു അധ്യാപനം പകർന്നു തരാൻ വേണ്ടി ആയിരിക്കണം തിരുനബിﷺ അങ്ങനെ പ്രയോഗിച്ചത്. തിരുനബിﷺയുടെ പ്രയോഗങ്ങളും സമീപനങ്ങളും മറ്റുള്ളവർക്കുള്ള അധ്യാപനങ്ങൾ കൂടി ആയതുകൊണ്ട് അത്തരമൊരു വിശാല താൽപര്യത്തോടെ ആയിരിക്കും ഓരോ സന്ദർഭങ്ങളും കൈകാര്യം ചെയ്യുന്നത്. സാധാരണയിൽ നിസ്കാരത്തിന്റെ കേന്ദ്രീകൃത ശ്രദ്ധയ്ക്ക് ഭംഗം വരുന്നതൊന്നും വസ്ത്രത്തിലോ നിസ്കാര സ്ഥലത്തോ പരിസരത്തോ ഉണ്ടാവരുത് എന്ന് വളരെ പ്രാധാന്യത്തോടെ പണ്ഡിതന്മാർ ഉൽബോധിപ്പിക്കുന്നുണ്ട്. അത്തരം അധ്യാപനങ്ങളുടെ എല്ലാം സ്രോതസ്സ് തിരുനബിﷺയുടെ സമീപനങ്ങളും സംഭാഷണങ്ങളും തന്നെയാണല്ലോ!
Tweet 873
സഹൽ ബിൻ സഅദി(റ)ൽ നിന്ന് ഇമാം ഇബ്നു അസാകിർ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺക്ക് വേണ്ടി കറുത്ത വരകളുള്ള ഒരു രോമവസ്ത്രം നെയ്തുണ്ടാക്കി. അതിന് വെളുത്ത രോമം കൊണ്ട് രണ്ട് കുഞ്ചലം വെക്കുകയും ചെയ്തു. അതും ധരിച്ചുകൊണ്ട് തിരുനബിﷺ സദസ്സിലേക്ക് വന്നു. അവിടുത്തെ തുടകളിൽ അടിച്ചു കൊണ്ട് സ്വഹാബികളോട് പറഞ്ഞു. ഈ ധരിച്ചിരിക്കുന്ന വസ്ത്രം എത്ര മനോഹരമാണ്. നിങ്ങൾ കണ്ടില്ലേ! അപ്പോൾ ഗ്രാമീണനായ ഒരു അറബി പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, അതെനിക്ക് ധരിപ്പിക്കുമോ? തിരുനബിﷺ ചോദിച്ച ആരെയും നിരാശപ്പെടുത്തിയിട്ടില്ല. ആരോടും ഇല്ല എന്ന് പറയാറില്ല. ഉടനെ യമനിലെ ഖത്തറിൽ നിർമിതമായ രണ്ടു വസ്ത്രങ്ങൾ കൊണ്ടുവരാൻ തിരുനബിﷺ പറഞ്ഞു. അത് അവിടുന്ന് ധരിച്ചു. നേരത്തെ ധരിച്ച മനോഹരമായ വസ്ത്രം ആ ഗ്രാമീണനായ അറബിക്ക് നൽകി. സമാനമായതൊന്ന് തിരുനബിﷺക്ക് വേണ്ടി തുന്നാൻ ഏൽപ്പിച്ചു. പക്ഷേ അത് തുന്നി ലഭിക്കുന്നതിന് മുമ്പ് അവിടുന്ന് ലോകത്തോട് വിട പറഞ്ഞു.
തിരുനബിﷺ ധരിക്കുകയും ധരിപ്പിക്കുകയും ചെയ്ത വ്യത്യസ്ത വസ്ത്രങ്ങളെ കുറിച്ചാണല്ലോ നാം വായിച്ചു കൊണ്ടിരിക്കുന്നത്. വസ്ത്രത്തെ കുറിച്ചുള്ള ചർച്ചകൾക്ക് സാംസ്കാരികമായ പല മാനങ്ങളുമുണ്ട്. ദേശവും കാലവും സമൂഹവും തമ്മിലുള്ള ബന്ധങ്ങളും വായിക്കാൻ കഴിയും. ഒരു കാലഘട്ടത്തിലെ വസ്ത്രം അക്കാലത്തെ പുരോഗതിയെക്കുറിച്ച് കൂടി നമ്മോട് സംസാരിക്കും. ഇങ്ങനെ വിവിധങ്ങളായ പഠനതലങ്ങളുണ്ടെങ്കിലും തിരുനബിﷺയുടെ ഔദാര്യത്തിന്റെ അധ്യായങ്ങൾ എവിടെയും ഉയർന്നു നിൽക്കും.
ഏറ്റവും ആഗ്രഹിച്ച ആനന്ദത്തോടെ അണിഞ്ഞ വസ്ത്രം പോലും ആഗ്രഹിച്ചു മറ്റൊരാൾ ചോദിച്ചാൽ നൽകുമായിരുന്നു. അതിൽ അവിടുത്തേക്ക് ഒരു സങ്കോചവുമുണ്ടായിരുന്നില്ല. ഒരു വൈമനസ്യവും ഒരിക്കൽ പോലും പ്രകടമായിട്ടുമില്ല. ശിഷ്യന്മാർക്ക് അത് മനോഹരമായ ഒരു വസ്ത്രം എന്നതിനപ്പുറം തിരുനബിﷺയുടെ പവിത്ര മേനിയോട് ചേർന്നു കിടന്ന ഒരു അനുഗ്രഹത്തിന്റെ കരുതലായിരുന്നു. എന്നെന്നേക്കും കാത്തുവെക്കാനും പരലോക യാത്രയിൽ മേനിയോട് ചേർത്തുവയ്ക്കാനും അവർ ആഗ്രഹിച്ചു കൊണ്ടായിരുന്നു അത് വാങ്ങുകയും കൊണ്ട് നടക്കുകയും ചെയ്തത്.
ഇമാം ത്വബ്റാനി (റ) ആസിം ബിൻ കുലൈബി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹത്തിന്റെ അമ്മാവൻ പറഞ്ഞുവത്രേ. ഞാൻ തിരുനബിﷺയുടെ അടുക്കൽ ചെന്നപ്പോൾ നബിﷺയും അനുയായികളും ബുർനുസ് അഥവാ ശിരസ്സിനോട് ചേർന്ന് കിടക്കുന്ന ശിരോവസ്ത്രവും മേൽ വസ്ത്രവും അണിഞ്ഞു കൊണ്ട് നിസ്കരിക്കുന്നത് കണ്ടു. അവരുടെ കൈകൾ വസ്ത്രത്തിനുള്ളിലായിരുന്നു.
ഖമീസ് പോലെ നീളമുള്ള കുപ്പായത്തോട് ചേർന്നു തന്നെ ശിരസ്സുമറയ്ക്കാനുള്ള ഒരു ക്യാപ്പും തുന്നിവരുന്ന വസ്ത്രമുണ്ട്. അതിനെക്കുറിച്ചും സാധാരണയിൽ ബുർനുസ് എന്ന് പ്രയോഗിക്കാറുണ്ട്. തണുപ്പുള്ള പ്രദേശങ്ങളിൽ അത് ധരിക്കുമ്പോൾ കൈകൾ അകത്താക്കി സംരക്ഷിക്കുകയും കാലാവസ്ഥയ്ക്ക് അനുസരിച്ച് ഈ വസ്ത്രത്തിന് ഉപയോഗിക്കുന്ന വസ്തുക്കളിൽ വ്യത്യാസം വരുത്തുകയും ചെയ്യും. തണുപ്പുകാലത്ത് കമ്പിളി കൊണ്ടും ചൂടുകാലത്ത് നേർത്ത തുണിത്തരങ്ങൾ കൊണ്ടും ഇത്തരം വസ്ത്രങ്ങൾ ഉപയോഗിക്കാറുണ്ട്.
ഇമാം ത്വബറാനി(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. ഒരിക്കൽ തിരുനബിﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു. ഒരു കോട്ടൺ വസ്ത്രം ധരിച്ചായിരുന്നു വന്നത്. കൈവശം അപ്പോൾ ഈത്തപ്പനയുടെ ഒരു കമ്പ് കയ്യിൽ പിടിച്ച് ഉസാമത്ത്(റ) താങ്ങിയായിരുന്നു വന്നത്. നിസ്കാരത്തിനു വേണ്ടി ആ വടി മുന്നിൽ നാട്ടി വെക്കുകയും ചെയ്തു.
പ്രവാചകനെﷺ കണ്ട രംഗത്തെ മൊത്തത്തിൽ ഒന്ന് ആഖ്യാനിച്ചതാണ് ഇവിടെ. ക്ഷീണമോ മറ്റോ കൊണ്ട് ഉസാമ(റ)യെ താങ്ങിയായിരുന്നു തിരുനബിﷺ അങ്ങോട്ട് വന്നതത്രേ. നിസ്കരിക്കുമ്പോൾ മുന്നിൽ ഒരു മറയായി എന്തെങ്കിലുമൊന്ന് വെക്കാറുണ്ട്. പലപ്പോഴും കൈവശമുള്ള വടി അങ്ങനെ ഒരു മറയായി ഉപയോഗിച്ചത് പല നിവേദനങ്ങളിലും നാം വായിച്ചിട്ടുമുണ്ട്. പ്രവാചകൻﷺ അപ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഇനം പരിചയപ്പെടുത്താനാണ് ഈ നിവേദനം ഇവിടെ നാം വായിച്ചത്.
Tweet 874
ഇമാം ബസാർ(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. തിരുനബിﷺ വിയോഗം തേടിയ രോഗത്തിലായിരിക്കെ ഉസാമത്തുബിനു സൈദി(റ)നെ താങ്ങി അവിടുന്ന് പുറത്തേക്കു വന്നു. അപ്പോൾ അവിടുന്ന് ഒരു കോട്ടൺ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്. ജനങ്ങൾക്ക് ഇമാമായി നിസ്കരിക്കുകയും ചെയ്തു.
പ്രമുഖ താബിഈ പണ്ഡിതനായ ഇബ്നു സീരീനി(റ)ൽ ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. എന്റെ ധാരണയിൽ ഉത്തമവിശ്വാസമുള്ള ആളുകൾ എന്നോട് പറഞ്ഞു. തിരുനബിﷺ കോട്ടനും ലിനനും വരകളുള്ള യമനീ വസ്ത്രവും ധരിച്ചിരുന്നു എന്ന്. ഈ ഹദീസിന്റെ അനുബന്ധമായി അബൂ ശൈഖ്(റ) പറഞ്ഞു. അനുകരിക്കപ്പെടാൻ ഏറ്റവും ഉത്തമമായത് നബിﷺയുടെ ചര്യയാണല്ലോ!
ചിലയാളുകൾ എപ്പോഴും കമ്പിളി വസ്ത്രം തന്നെ ധരിക്കണം എന്ന് വാശിപിടിച്ചപ്പോൾ അവർക്കുകൂടി ചില ബോധ്യങ്ങൾ നൽകാൻ വേണ്ടിയാണ് ഇബ്നു സീരീൻ(റ) ഇത്തരം വിശദീകരണം നൽകിയത് എന്ന് സാദുൽ മആദിലും മറ്റും കാണാൻ കഴിയും.
മഹാനായ ഹസനി(റ)ൽ നിന്ന് ഇമാം ഇബ്നു അബീ ശൈബ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ സാധാരണക്കാരുടെ ജീവിതത്തോടൊപ്പം ചേർന്നു നിൽക്കാറുണ്ടായിരുന്നു. അവിടുത്തെ വസ്ത്രങ്ങളിൽ തുകൽ കഷ്ണം ചേർത്ത് തുന്നിയും വരെ അവരോടൊപ്പം ഉണ്ടാകാറുണ്ടായിരുന്നു. പ്രാതലും അത്താഴവും അഥവാ രണ്ടു നേരത്തെയും ഭക്ഷണം കഴിച്ച തുടർച്ചയായ മൂന്നുദിവസം തിരുനബിﷺക്ക് ഇഹലോകവാസം വെടിയുന്നത് വരെ ഉണ്ടായിരുന്നില്ല.
ഇബ്നു ഖുദാമ അൽ കലാബി(റ) എന്നവരിൽ നിന്നും ഇമാം ബസാർ(റ) ഉദ്ധരിക്കുന്നു. അറഫയുടെ സായാഹ്നത്തിൽ ‘ഹബറാ’ അഥവാ വരകളുള്ള യമനി വസ്ത്രം തിരുനബിﷺയുടെ മേനിയിൽ എനിക്ക് കാണാൻ കഴിഞ്ഞു.
ഹസനി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ചായം പുരട്ടാൻ വേണ്ടി മൂത്രം ഉപയോഗിക്കുന്നു എന്ന ശ്രുതി വന്നപ്പോൾ ഹബറാ വസ്ത്രം നിരോധിക്കാൻ ഖലീഫ ഉമർ(റ) ഉദ്ദേശിച്ചു. അപ്പോൾ എന്റെ പിതാവ് ഇങ്ങനെ പ്രതികരിച്ചു. അങ്ങനെ നിരോധിക്കേണ്ട ആവശ്യമില്ല. കാരണം പ്രവാചക തിരുമേനിﷺ ആ വസ്ത്രം ധരിച്ചിട്ടുണ്ട്. അവിടുത്തെ കാലത്ത് നമ്മളും ആ വസ്ത്രം ധരിച്ചിട്ടുണ്ട്.
കേവലം കേട്ടുകേൾവിയുടെ പേരിൽ മാത്രം നടപടിയെടുക്കേണ്ടതില്ല എന്നതായിരിക്കണം ഇതിന്റെ ഒരു വ്യാഖ്യാനതലം. ഏതെങ്കിലും വിധത്തിൽ അതിൽ മാലിന്യമുള്ളതാണെന്ന് ഉറപ്പുണ്ടെങ്കിൽ തിരുനബിﷺ അത് ധരിക്കുമായിരുന്നില്ലല്ലോ! അല്ലെങ്കിൽ നമ്മൾ ധരിക്കാൻ അനുവദിക്കുമായിരുന്നില്ലല്ലോ! എന്ന വിശാലമായ ഒരു പ്രമാണവും നമുക്ക് വായിക്കാം. അതല്ല ഏതെങ്കിലും ഒരു സംസ്കരണ ഘട്ടത്തിൽ അങ്ങനെ മാലിന്യം പുരളുന്നുവെങ്കിലും വസ്ത്രമായി എത്തുമ്പോഴേക്കും അത് ശുദ്ധീകരണ പ്രക്രിയയ്ക്ക് വിധേയമാകുന്നുണ്ടാവാം. ഇങ്ങനെയെല്ലാമുള്ള വിശദീകരണങ്ങൾ ഈ നിവേദനത്തിന് അനുബന്ധമായി ചേർക്കാവുന്നതാണ്. ഹസൻ(റ) പിതാവ് എന്ന് പരാമർശിച്ചത് അലി(റ)യെ ആണല്ലോ! നബി ജീവിതത്തെ പറയാനും വൈജ്ഞാനിക നിലപാടുകൾ ഓർമപ്പെടുത്താനും പറ്റുന്ന വ്യക്തിത്വമാണല്ലോ അവിടുന്ന്.
തിരുനബിﷺയുടെ അരങ്ങും അരമനയും പരിശോധിച്ചു അവിടുത്തെ ജീവിത വഴികളിലെ വ്യവഹാരങ്ങളെയും രീതികളെയും ലോകത്തിന് പകർന്നു നൽകാനുള്ള ശിഷ്യന്മാരുടെ ഉത്സാഹത്തിന്റെ പ്രമാണങ്ങളാണ് ഓരോ ഹദീസും. വ്യക്തിജീവിതത്തെ കൂടുതൽ ആഴത്തിൽ സ്പർശിക്കുന്ന ഓരോ പഠനങ്ങൾക്കും തിരുനബിﷺ എത്രമേൽ വായിക്കപ്പെടേണ്ടതാണ് എന്ന വലിയൊരു സന്ദേശം കൈമാറാനുണ്ട്. സൈദ്ധാന്തികമോ ആചാരപരമോ ആയ ചില വിചാരങ്ങളോ നിർദ്ദേശങ്ങളോ മാത്രം പങ്കുവെച്ചു പോയ ഒരു നേതാവല്ല തിരുനബിﷺ, എന്ന് ഓരോ ദിവസവും നമ്മെ ഉൽബോധിപ്പിച്ചു കൊണ്ടാണ് നബി ജീവിതത്തിന്റെ അടരുകൾ സംവദിച്ചു കൊണ്ടിരിക്കുന്നത്. തിരുനബിﷺ ധരിച്ച വസ്ത്രങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ ഇനിയും നമുക്ക് വായിക്കാനുണ്ട്.
Tweet 875
വസ്ത്രങ്ങളിൽ തിരുനബിﷺക്ക് ഇഷ്ടമുള്ള നിറങ്ങളെ കുറിച്ചുള്ള ചർച്ചകൾ ഇമാമുകൾ ഉദ്ധരിച്ചിട്ടുണ്ട്. പച്ച നിറമുള്ള വസ്ത്രം തിരുനബിﷺക്ക് ഇഷ്ടമായിരുന്നുവത്രെ. മഹാനായ അനസ്(റ) ഈ വിഷയം പരാമർശിക്കുന്ന ഹദീസ് ഇമാം ത്വബ്റാനി(റ)യും ബസാറും(റ) ഉദ്ധരിച്ചിട്ടുണ്ട്. രണ്ടു പച്ച വസ്ത്രങ്ങൾ തിരുനബിﷺ അണിഞ്ഞിരുന്നത് കണ്ട രംഗം സ്വഹാബിയായ അബൂ റിംസഇ(റ)ൽ നിന്ന് പ്രമുഖരായ ആറ് ഹദീസ് പണ്ഡിതന്മാരിൽ മൂന്നുപേരും നിവേദനം ചെയ്തിട്ടുണ്ട്. പച്ചനിറം തിരുനബിﷺക്ക് പ്രത്യേകം ഇഷ്ടമായിരുന്നു എന്ന് ബഖിയ്യ് ബിൻ മഖ്ലദ്(റ) അനസി(റ)ൽ നിന്ന് ഉദ്ധരിച്ചിട്ടുമുണ്ട്.
ഒരിക്കൽ ഞങ്ങളുടെ അടുക്കലേക്ക് തിരുനബിﷺ വന്നപ്പോൾ രണ്ട് പച്ച വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത് എന്ന് അബൂ റാശിദ്(റ) പറഞ്ഞ കാര്യം ഇമാം നസാഈ(റ) നിവേദനം ചെയ്തത് കാണാം. ശരീരമാസകലം മറച്ച് കക്ഷത്തിനടിയിലൂടെ അഗ്രങ്ങൾ കഴുത്തിൽ ചേർത്ത് കെട്ടിയ വിധം പച്ച വസ്ത്രം തിരുനബിﷺ അണിഞ്ഞത് യഅ്ലാ ബിൻ ഉമയ്യ(റ) എന്ന സ്വഹാബി കണ്ടുവത്രേ. ഇമാം അബുദാവൂദാ(റ)ണ് നിവേദനം ചെയ്തത്. നബിﷺയെ തേടിവരുന്ന സാർത്ഥവാഹക സംഘങ്ങളെ സ്വീകരിക്കുമ്പോൾ അവിടുന്ന് സവിശേഷമായ വസ്ത്രം ധരിക്കാറുണ്ട്. അതിഥികളെ ആദരിച്ചും നിവേദക സംഘങ്ങളെ പരിഗണിച്ചുകൊണ്ടുമായിരുന്നു തിരുനബിﷺയുടെ അത്തരം നടപടികൾ. അപ്രകാരം നിവേദക സംഘങ്ങളെ സ്വീകരിക്കാൻ അണിഞ്ഞിരുന്ന വസ്ത്രങ്ങളുടെ കൂട്ടത്തിൽ പച്ച വസ്ത്രമുണ്ടായിരുന്നു എന്ന് ഉർവ(റ) പറഞ്ഞതായി ഇബ്നു സഅദ് (റ) ഉദ്ധരിക്കുന്നു.
വെള്ളിയാഴ്ചകളിലും പെരുന്നാൾ ദിവസവും ചുവന്ന മേൽത്തട്ടം അണിയാറുണ്ടായിരുന്നു എന്ന് പ്രമുഖ സ്വഹാബിയായ ജാബിർ(റ) പറഞ്ഞ കാര്യം ഇബ്നു അസാക്കിറും(റ) ഇബ്നു സഅദും(റ) നിവേദനം ചെയ്യുന്നു.
ആമിർ ബിൻ അംറ്(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ ഒരു കോവർ കഴുതയുടെ മുകളിൽ ഇരുന്നുകൊണ്ട് മിനായിൽ വച്ച് ഖുത്വുബ നിർവഹിക്കുന്നത് ഞാൻ കണ്ടു. അപ്പോൾ ഒരു ചുവന്ന മേൽത്തട്ടമായിരുന്നു അണിഞ്ഞിരുന്നത്. പ്രവാചകരുﷺടെ മുന്നിൽ നിന്നുകൊണ്ട് അലി(റ) അവിടുത്തെ പ്രഭാഷണത്തെ വിശദീകരിക്കുന്നുണ്ടായിരുന്നു.
ദുൽ മജാസ് മാർക്കറ്റിൽ വെച്ച് തിരുനബിﷺയെ കണ്ടുമുട്ടിയപ്പോൾ രണ്ടു ചുവന്ന വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത് എന്ന് കിനാന(റ) എന്ന സ്വഹാബി പറയുന്നുണ്ട്.
തിരുനബിﷺ ജീവിതകാലത്ത് ഓരോ സന്ദർഭങ്ങളിലും അണിഞ്ഞിരുന്ന വസ്ത്രങ്ങളുടെ രീതിയും നിറവും പരാമർശിച്ചു പോവുകയാണ് ഇവിടെ. ഇതിലേതാണ് ശ്രേഷ്ഠമായത് അനുകരിക്കപ്പെടേണ്ടത് എന്നൊക്കെ അനുബന്ധമായി വരേണ്ട ചർച്ചയാണ്. പ്രവാചക ജീവിതത്തെ കുറിച്ചുള്ള ഏതെങ്കിലും ഒരു നിവേദനത്തെ മുന്നിൽ വച്ചുകൊണ്ട്, ഇതുതന്നെയാണ് അനുകരിക്കപ്പെടേണ്ടത് എന്ന് പെട്ടെന്ന് പറയാൻ കഴിയില്ല. അവിടുത്തെ ജീവിതത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളും അതിൽ അനുകരിക്കപ്പെടേണ്ടതായി തിരുനബിﷺ വ്യക്തമായോ വ്യംഗ്യമായോ സൂചിപ്പിച്ചതും ഓരോ നിവേദനങ്ങളും നമ്മളിലേക്ക് എത്തിച്ചേർന്ന നിവേദന പരമ്പരകൾ പരിശോധിച്ചും ഒക്കെയാണ് തിരുചര്യകൾ ഏതാണ് എന്ന് രേഖപ്പെടുത്തേണ്ടത്.
അനുവദിക്കപ്പെട്ടത്, അനിവാര്യമായി നിർവഹിക്കേണ്ടത്, അനുഗുണമായി കാണേണ്ടത്, അനുകരിക്കപ്പെടാതിരിക്കേണ്ടത് തുടങ്ങിയുള്ള വൈവിധ്യങ്ങളെയും വ്യത്യസ്തതകളെയും ഹദീസിന്റെയും നബി ജീവിതത്തിന്റെയും പ്രമാണങ്ങളെ കണിശമായി പരിശോധിച്ച പണ്ഡിതന്മാരാണ് രേഖപ്പെടുത്തി തരേണ്ടത്. അപ്രകാരം അനുഷ്ഠാന ജീവിതത്തെ ചിട്ടപ്പെടുത്തി തന്ന പ്രമുഖരാണ് നാലു മദ്ഹബിന്റെ ഇമാമുകളായി അറിയപ്പെടുന്ന മഹാരഥന്മാർ.
ഹദീസ് ഗ്രന്ഥങ്ങളിൽ ഏറ്റവും പ്രാമാണികമായി പരിഗണിക്കപ്പെടുന്ന സ്വഹീഹുൽ ബുഖാരി(റ)യുടെ കർത്താവായ ഇമാം ബുഖാരി(റ) പോലും ലഭ്യമായ ഹദീസുകളിൽ നിന്ന് നേരിട്ട് അനുഷ്ഠാന ശാസ്ത്രത്തെ സ്വീകരിക്കുകയായിരുന്നില്ല. മറിച്ച് ഹദീസുകളും ഖുർആനും വ്യക്തമായി കൂടുതൽ അറിവുള്ള ഇമാം ശാഫിഈ(റ)യെ പിൻപറ്റുകയായിരുന്നു ചെയ്തത്. എനിക്ക് ലഭ്യമായ വിജ്ഞാന ശാഖകൾ കൊണ്ട് മാത്രം മതവിധികൾ ഗവേഷണം ചെയ്തെടുത്തുകൂടാ എന്ന കൃത്യമായ ബോധ്യം ഇമാം ബുഖാരി(റ)ക്ക് പോലുമുണ്ടായിരുന്നു.
Tweet 876
അബൂ രിംസാ(റ) എന്നവരിൽ നിന്ന് ഇമാം ഇബ്നു അബീ ശൈബ(റ) നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. ഞാൻ ഹജ്ജ് നിർവഹിച്ച ശേഷം മദീനയിലേക്ക് വന്നു. ദുൽ മജാസ് മാർക്കറ്റിൽ വച്ച് ഞാൻ നബിﷺയെ കണ്ടുമുട്ടി. അവിടുന്ന് രണ്ട് ചുവന്ന വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. ഇതേ മാർക്കറ്റിൽ വച്ചുതന്നെ ചുവന്ന ജുബ്ബയണിഞ്ഞ നബിﷺയെ കണ്ടു എന്ന് ത്വാരിഖ് ബിൻ അബ്ദുല്ലാഹ് അൽ മുഹാരിബി(റ) പറയുന്നതായി വഖീഅ് ബിൻ അൽ ജർറാഹും(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്.
കിനാനാ ഗോത്രത്തിലെ ഒരു വയോധികനിൽ നിന്ന് ഇമാം ഇബ്നു സഅദ് (റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ അദ്ദേഹവും ചുവന്ന വസ്ത്രം അണിഞ്ഞ തിരുനബിﷺയെ കണ്ടു എന്ന് പറയുന്നുണ്ട്.
ത്വാരിഖ് ബിൻ അബ്ദുല്ലാഹ് അൽ മുഹാരിബി(റ) പറയുന്നതായി ഇമാം ഹാകിം(റ), ഇബ്നു ഹിബ്ബാൻ(റ), അബൂ യഅ്ല (റ), ഇബ്നു അബീ ശൈബ(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നത് ഇങ്ങനെയാണ്. ഞങ്ങൾ റബ്ദയിൽ നിന്നുള്ള യാത്ര സംഘത്തിൽ മദീനയിൽ ഇറങ്ങി. ഞങ്ങളോടൊപ്പം ഞങ്ങളുടെ സ്ത്രീകൾ സഞ്ചരിക്കുന്ന വാഹനവുമുണ്ടായിരുന്നു. ഞങ്ങൾ മദീനയിൽ ഒരിടത്ത് ഇരിക്കെ പ്രവാചകൻﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു. രണ്ടു വെള്ള വസ്ത്രങ്ങളായിരുന്നു അവിടുന്ന് ധരിച്ചിരുന്നത്.
അനസ് ബിൻ മാലിക്(റ) പറയുന്നു. പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾ വെള്ളവസ്ത്രം സ്വീകരിച്ചോളൂ. ജീവിച്ചിരിക്കുന്നവരെ അണിയിക്കുകയും, മരണപ്പെട്ടവരെ അതിൽ പൊതിയുകയും ചെയ്യുക.
വ്യത്യസ്ത നിറങ്ങളും ഭാവങ്ങളുമുള്ള വസ്ത്രങ്ങൾ ധരിച്ചതിനെക്കുറിച്ച് നമ്മൾ വായിച്ചു പോയെങ്കിലും നിങ്ങൾ ധരിപ്പിച്ചു കൊള്ളൂ എന്ന കൽപ്പന സ്വഭാവം വെള്ള വസ്ത്രത്തെ കുറിച്ച് മാത്രമാണ് നാമിപ്പോൾ വായിച്ചത്. പ്രവാചകരുﷺടെ സവിശേഷമായ പ്രേരണ വെള്ള വസ്ത്രത്തെക്കുറിച്ചുണ്ട് എന്നാണല്ലോ ഇതിലെ പ്രത്യക്ഷ വാചകങ്ങൾ തന്നെ നമ്മെ പഠിപ്പിക്കുന്നത്. ജീവിച്ചിരിക്കുന്നവർക്കും മരണപ്പെട്ടുപോയവർക്കും അണിയിച്ചു കൊള്ളൂ എന്ന് പറയുമ്പോൾ മികച്ച പ്രാധാന്യത്തോട് കൂടിയാണ് വെള്ള വസ്ത്രത്തെ തിരുനബിﷺ പരിഗണിക്കുന്നത്.
മറ്റു പലതരത്തിലുള്ള വസ്ത്രങ്ങൾ തിരുനബിﷺ അണിഞ്ഞിട്ടുണ്ടെങ്കിലും അവകൾ അനുവദനീയമാണെന്ന് പഠിപ്പിക്കാനോ അപ്പോൾ അതേ ലഭ്യമായിരുന്നുള്ളൂ എന്ന സാഹചര്യം കൊണ്ടോ ഒക്കെ ആയിരിക്കാം.
പ്രവാചക വചനങ്ങളെയും ജീവിതത്തെയും ഒക്കെ വായിക്കുമ്പോൾ അതിലെ ഈണവും താളവും പ്രവാചകൻﷺ പ്രാധാന്യത്തോടെ കാണിച്ചതും അനുകരിക്കപ്പെടാൻ ആഗ്രഹിച്ചുകൊണ്ട് നിർവഹിച്ചതും വേർതിരിച്ചു മനസ്സിലാക്കണം. അപ്പോൾ മാത്രമേ സമൂഹം പാലിക്കേണ്ട ചര്യകൾ ഏതാണെന്ന് കൃത്യമായി നിർണയിക്കാനാവുകയുള്ളൂ.
വസ്ത്രത്തിന്റെ ശൈലിയിലും നിറത്തിലും മറ്റും എന്തിരിക്കുന്നു എന്ന് ചോദിക്കുന്നവർക്ക് പ്രവാചക ജീവിതത്തിന്റെ ഇത്തരം അധ്യായങ്ങൾ കൂടി എന്തിനാണ് സ്വഹാബികൾ ശ്രമകരമായി പഠിച്ചു പകർത്തിയത് എന്നൊരു മറുചോദ്യം നിലനിൽക്കുന്നുണ്ട്. വിശ്വാസികൾക്ക് അനുകരിക്കാനും പുണ്യം പ്രതീക്ഷിച്ച മാർഗം സ്വീകരിക്കാനും പ്രവാചക ജീവിതം അല്ലാതെ മറ്റെന്താണുള്ളത്. നിങ്ങൾക്ക് എന്നിൽ ഉത്തമമായ മാതൃകയുണ്ട് എന്ന് തിരുനബിﷺ പറയുമ്പോൾ ആ ജീവിതത്തെ ആകമാനം പകർത്താനുള്ള ഒരു മഹാവിശേഷമായി അവതരിപ്പിക്കുകയാണല്ലോ. പ്രവാചകചര്യയെ അനുകരിക്കുകയല്ലാതെ അല്ലാഹുവിലേക്ക് മറ്റു മാർഗങ്ങളില്ല എന്ന് ഓരോ വിശ്വാസിക്കും അറിയുന്നതിനൊപ്പം തന്നെ ആത്മജ്ഞാനികൾ ആധ്യാത്മിക വഴിയുടെ ആദ്യ അദ്ധ്യായമായി അത് പഠിപ്പിക്കുന്നുണ്ട്.
തിരുനബിﷺ ഉത്സാഹത്തോടെ ഉപയോഗിക്കുകയും അനുയായികൾ പകർന്നെടുക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്തത് വെള്ള വസ്ത്രവും ശബള വസ്ത്രവുമാണ് എന്ന് നാം ഇവിടെ വായിച്ചു. ഇനിയും ആ ജീവിതത്തിലെ വ്യത്യസ്ത സന്ദർഭങ്ങളും അപ്പോൾ അറിഞ്ഞിരുന്ന വസ്ത്രങ്ങളെ കുറിച്ചും കുറച്ചുകൂടി നമുക്ക് വായിക്കാനുണ്ട്.
Tweet 877
ഇമാം തുർമുദി(റ)യും മുസ്ലിമും(റ) ഉദ്ധരിക്കുന്നു. മഹതി ആഇശ(റ) പറഞ്ഞു. ഒരു പ്രഭാതത്തിൽ നബിﷺ പുറപ്പെട്ടപ്പോൾ അവിടുന്ന് ഒരു കറുത്ത രോമവസ്ത്രമായിരുന്നു ധരിച്ചിരുന്നത്.
മക്കാവിജയ ദിവസം തിരുനബിﷺ കറുത്ത തലപ്പാവ് ആയിരുന്നു ധരിച്ചിരുന്നത് എന്ന് അനസുബ്നു മാലിക്(റ) പറഞ്ഞ കാര്യം മഹാനായ സ്വഹാബി ജാബിറി(റ)ൽ നിന്ന് ഇമാം മുസ്ലിമും(റ) പ്രമുഖരായ നാല് ഹദീസ് പണ്ഡിതന്മാരും ഉദ്ധരിച്ചിട്ടുണ്ട്. അംറ് ബിൻ ഹുറൈസി(റ)ന്റെ പിതാവ് പറയുന്നു. ഒരിക്കൽ തിരുനബിﷺ ഖുത്വുബ നിർവഹിക്കുമ്പോൾ കറുത്ത തലപ്പാവായിരുന്നു അണിഞ്ഞിരുന്നത്. തിരുനബിﷺയുടെ തലപ്പാവ് കറുത്തതായിരുന്നു എന്ന ഒരു പ്രയോഗം തന്നെ ഹസനി(റ)ൽ നിന്ന് അബൂ ശൈബ(റ) ഉദ്ധരിക്കുന്നുണ്ട്. തിരുനബിﷺയുടെ പതാകയുടെ പേര് ഉഖാബ് എന്നായിരുന്നു എന്നും അവിടുത്തെ തലപ്പാവ് കറുത്തതായിരുന്നു എന്നും ഹസനി(റ)ൽ നിന്നുതന്നെ ഇബ്നു സഅദും(റ) നിവേദനം ചെയ്യുന്നു. പെരുന്നാൾ ദിവസം ധരിക്കാൻ വേണ്ടി കറുത്ത തലപ്പാവ് പ്രത്യേകം ഉപയോഗിച്ചിരുന്നു എന്നും അതിന്റെ വാല് പിറകിലേക്ക് ഇറക്കിയിട്ടിരുന്നു എന്നും ജാബിറി(റ)ൽ നിന്ന് ഇബ്നു അദിയ്യ്(റ) റിപ്പോർട്ട് ചെയ്യുന്നു.
അബ്ദുല്ലാഹിബ്നു സൈദ് അൽ മാസിനി(റ) എന്നവരിൽ നിന്ന് നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ മഴ തേടിയുള്ള നിസ്കാരത്തിന് നേതൃത്വം നൽകി. അപ്പോൾ അണിഞ്ഞത് കറുത്ത ഹമീസ അഥവാ നൂല് കൊണ്ട് തന്നെ വരകളും മറ്റുമുള്ള കറുത്ത വസ്ത്രമായിരുന്നു. പ്രസ്തുത മേൽവസ്ത്രത്തിന്റെ താഴ്ഭാഗം മേലേക്കും മേൽഭാഗം താഴേക്കും വലതുഭാഗം ഇടത്തോട്ടും ഇടതുഭാഗം വലത്തോട്ടും മറിക്കാൻ തിരുനബിﷺ ഉദ്ദേശിച്ചു.
മുഹമ്മദ് ബിൻ ഹിലാൽ(റ) പറയുന്നതായി ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. ഭരണാധികാരിയായ ഹിശാമിന്റെ ശരീരത്ത് ഒരു ഹിബറ വസ്ത്രം ഞാൻ കണ്ടു. അതിന് രണ്ട് അഗ്രങ്ങളുണ്ടായിരുന്നു. അബൂ ജുഹൈഫ(റ) പറയുന്നു. ഞാൻ നബിﷺയുടെ അടുത്തെത്തിയപ്പോൾ അവിടുന്ന് ഒരു ചുവന്ന ടെന്റിലായിരുന്നു. ഇപ്പോൾ അവിടുത്തെ തണ്ടം കാലിന്റെ തിളക്കത്തിലേക്ക് നോക്കുന്നതുപോലെ.
കുങ്കുമം നിറം മുക്കിയ രണ്ടു വസ്ത്രങ്ങൾ അഥവാ മേൽ മുണ്ടും തലപ്പാവും തിരുനബിﷺ അണിഞ്ഞിരുന്നത് ഞാൻ കണ്ടു എന്ന് അബ്ദുല്ലാഹിബിന് ജഅ്ഫർ(റ) പറയുന്നുണ്ട്. തിരുനബിﷺയുടെ തലപ്പാവും മേൽ മുണ്ടും ഖമീസും ചിലപ്പോഴൊക്കെ കുങ്കുമം കൊണ്ടോ വർസ് കൊണ്ടോ നിറം മുക്കാറുണ്ടായിരുന്നു എന്ന് ഉമ്മുസലമ(റ) റിപ്പോർട്ട് ചെയ്യുന്നു. സമാന ആശയമുള്ള റിപ്പോർട്ട് അബ്ദുല്ലാഹിബ്നു മാലിക്കി(റ)ന്റെ നിവേദനത്തിലും കാണാം. നിറം മുക്കുന്നതിനു വേണ്ടി വസ്ത്രം ഭാര്യമാർക്ക് കൊടുത്തുവിടുമായിരുന്നു എന്ന് നിവേദനങ്ങൾ പറയുന്നു.
തിരുനബിﷺയുടെ ജീവിതത്തിലെ നിവേദനങ്ങൾ ഇങ്ങനെയൊക്കെ വായിക്കുമ്പോഴും, നബി ജീവിതത്തിലെ കൽപ്പനകളും പ്രസ്താവനകളും എല്ലാം സമാഹരിച്ച് ഗവേഷണപരമായി സമീപിച്ചവർ പുരുഷന്മാർ കുങ്കുമം ഉപയോഗിക്കുന്നതിനെ കുറിച്ച് ചില തീർപ്പുകൾ പറഞ്ഞിട്ടുണ്ട്. അതിന് അവർ ആധാരമാക്കിയത് അനസുബ്നു മാലികി(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്ത ഹദീസാണ്. അതിലെ ആശയം ഇങ്ങനെയാണ്. പുരുഷന്മാർ കുങ്കുമം ഉപയോഗിക്കുന്നതിനു പ്രവാചകൻﷺ വിലക്കിയിരിക്കുന്നു.
കുങ്കുമത്തിന്റെ എപ്രകാരമുള്ള ഉപയോഗം ആണിത് എന്നതിൽ വിശദമായ ഒരു ചർച്ച ഇബിനു ഹജർ(റ) ഫത്ഹുൽബാരിയിൽ നിർവഹിക്കുന്നുണ്ട്. കുങ്കുമം സ്ത്രീകൾ സുഗന്ധമായി ഉപയോഗിക്കുന്നത് കാരണം പുരുഷന്മാർ സുഗന്ധമായി ഉപയോഗിക്കരുത് എന്നാണോ അതല്ല നിറമായി ഉപയോഗിക്കരുതെന്നാണോ എന്നാണ് ചർച്ചയുടെ മർമ്മം. ഇമാം ശാഫിഈ(റ)യുടെ അഭിപ്രായമായി ഇമാം ബൈഹഖി(റ) വിശദീകരിച്ചത്. പുരുഷന്മാർ കുങ്കുമം ഉപയോഗിക്കുന്നത് ഉചിതമല്ല എന്ന ഭാഷയിലാണ്. ഒരുപക്ഷേ നിറമായോ മറ്റോ ഉപയോഗിച്ചാൽ കഴുകിക്കളയണം എന്നുമുണ്ട്.
പ്രായോഗിക ജീവിതത്തിൽ നമുക്ക് അനുകരിക്കാനുള്ള മാർഗം ഇതാണ്. പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുള്ള വിഷയമാണെങ്കിലും, പുരുഷന്മാർ കുങ്കുമം നിറമായോ സുഗന്ധമായോ ഉപയോഗിക്കാതിരിക്കുക എന്നതാണ് സൂക്ഷ്മതയുടെ പക്ഷം.
Tweet 878
തിരുനബിﷺ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും അതിന്റെ നിറങ്ങളും ഭാവങ്ങളും പരാമർശിച്ചുകൊണ്ടുള്ള നിവേദനങ്ങളും ഹദീസുകളുമാണ് നാം വായിച്ചുവന്നത്. ഇത്തരം ചർച്ചകളുടെ അധ്യായത്തിൽ തിരുനബിﷺക്ക് അത്ര താല്പര്യം ഇല്ലാതിരുന്ന നിറങ്ങളും കൂടി വിശദീകരിച്ചിട്ടുണ്ട്. അത്തരം ചില വിശദീകരണങ്ങളാണ് നാം ഇവിടെ വായിക്കുന്നത്.
ഇമാം അഹ്മദും(റ) മറ്റും നിവേദനം ചെയ്യുന്നു. റാഫി ബിൻ ഖുദൈജ്(റ) പറഞ്ഞു. പ്രകടമായ ചുവപ്പുനിറം തിരുനബിﷺക്ക് അത്ര താൽപര്യമുണ്ടായിരുന്നില്ല. ഈ ആശയത്തെ ശക്തിപ്പെടുത്തുന്ന മറ്റൊരു നിവേദനം ഇമാം അബൂദാവൂദ്(റ) ഉദ്ധരിക്കുന്നു. ഞങ്ങൾ തിരുനബിﷺക്കൊപ്പം യാത്രതിരിച്ചു. ഞങ്ങളുടെ വാഹനത്തിൽ ചുവന്ന നിറമുള്ള പട്ടുനൂലുകൾ ചേർത്ത് വരകളുള്ള കീസുകൾ ഉണ്ടായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തിരുനബിﷺ പറഞ്ഞു. വല്ലാത്ത കടുത്ത ചുവപ്പാണല്ലോ കാണുന്നത്. ഞങ്ങൾ പെട്ടെന്ന് തന്നെ ഒട്ടകത്തിന്റെ മുകളിൽ തന്നെ എഴുന്നേറ്റു. അതുകാരണം ഒട്ടകങ്ങൾ ചെറുതായി ഒന്ന് ഇടയുകയും ചെയ്തു. തിരുനബിﷺയുടെ സന്ദേശം കേട്ട ഉടനെ ഞങ്ങൾ ആ കീസുകൾ മാറ്റിവെക്കുകയും ചെയ്തു.
തിരുനബിﷺ അണിഞ്ഞ വസ്ത്രങ്ങളുടെ കൂട്ടത്തിൽ ചുവപ്പ് നാം വായിച്ചു പോയിട്ടുണ്ട്. അത് അനിവാര്യമായ സാഹചര്യങ്ങളിൽ മാത്രമാണെന്നും അനുകരിക്കപ്പെടേണ്ടതല്ലെന്നും നമുക്ക് ഇപ്പോൾ മനസ്സിലായി. നബി ജീവിതത്തിന്റെ ഓരോ അധ്യായത്തിലും എല്ലാ വശങ്ങളും തലങ്ങളും നോക്കിയേ നിയമമേത് അനുകരിക്കേണ്ടത് ഏത് എന്ന് മനസ്സിലാവുകയുള്ളൂ. അത് ഏത് സാധാരണക്കാർക്കും ബോധ്യമാകുന്ന വിധം ക്രമപ്പെടുത്തുകയും എല്ലാവർക്കും പഠിച്ചറിയാൻ വേണ്ടിയുള്ള നിയമക്രമങ്ങൾ ഉണ്ടാക്കുകയുമാണ് കർമശാസ്ത്ര വിശാരദന്മാർ ചെയ്തിട്ടുള്ളത്.
ചുവന്ന നിറത്തെ നിങ്ങൾ സൂക്ഷിക്കുക. പിശാചിന് ഏറ്റവും ഇഷ്ടപ്പെട്ട അലങ്കാരം ചുവന്ന നിറം കൊണ്ടുള്ളതാണ് എന്ന് തിരുനബിﷺ പറഞ്ഞ കാര്യം പരിചാരകനായ അനസ്(റ) ഉദ്ധരിക്കുന്നുണ്ട്. തിരുനബിﷺക്ക് പച്ചനിറം ഇഷ്ടമായിരുന്നു എന്നും ചുവപ്പുനിറത്തോട് അത്രമേൽ ഇഷ്ടമുണ്ടായിരുന്നില്ലെന്നും വ്യക്തമായി തന്നെ പറയുന്ന ഹദീസ് സഈദ് ബിന് അബീ ഹിന്ദ്(റ) ഉദ്ധരിക്കുന്നത് കാണാം.
ശക്തമായ നിവേദന പരമ്പരകളിലൂടെ ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. ഇബ്നു ഉമർ(റ) പറഞ്ഞു. ഞങ്ങൾ തിരുനബിﷺയുടെ സദസ്സിൽ ഇരിക്കുമ്പോൾ ഗ്രാമീണനായ ഒരാൾ അവിടെ കടന്നുവന്നു. പട്ടുചേർത്ത് നല്ല നിറമുള്ള ഒരു വസ്ത്രമായിരുന്നു അദ്ദേഹം അണിഞ്ഞിരുന്നത്. അയാൾ തിരുനബിﷺയുടെ ശിരസ്സിന്റെ അടുക്കൽ വന്നു പറഞ്ഞു. ഇതാ തങ്ങളുടെ അനുയായികളിൽ പെട്ടയാൾ ഇടയന്മാരെ പുകഴ്ത്തി പറയുകയും അശ്വഭടന്മാരെ അത്രമേൽ പരിഗണിക്കാതെ സംസാരിക്കുകയും ചെയ്യുന്നു. തിരുനബിﷺ ആഗതന്റെ വസ്ത്രത്തിൽ ആകെയും ഒന്ന് കൂട്ടി പിടിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. അത്ര ആലോചനയില്ലാത്ത ആളുകളുടെ വസ്ത്രമാണല്ലോ നിങ്ങൾ ധരിച്ചിരിക്കുന്നത്. അല്ലാഹു എല്ലാ പ്രവാചകന്മാരെയും ഇടയന്മാരായിട്ടാണ് നിയോഗിച്ചിട്ടുള്ളത്. അപ്പോൾ ആരോ ഒരാൾ ചോദിച്ചു. തങ്ങളും അപ്രകാരം തന്നെയാണോ? അതെ ഞാനും നാണയത്തുട്ടുകൾക്ക് വേണ്ടി ആടിനെ മേയ്ക്കുകയും ഇടയവൃത്തി ചെയ്യുകയും ചെയ്തിട്ടുണ്ട്.
പുരുഷന്മാർ പട്ടുവസ്ത്രം ധരിക്കുന്നത് അത്രമേൽ വിവേകമുള്ള നടപടി അല്ല എന്ന് പറയുകയായിരുന്നു ഇവിടെ. പുരുഷന്മാരുടെ ശരീരത്ത് പട്ടുവസ്ത്രം കണ്ടാൽ അവരെ പിന്തുടർന്ന് അത് മാറ്റി അവിടുത്തെ നടപടിയായിരുന്നു.
ഒരിക്കൽ ഒരു സ്വഹാബിയുടെ വസ്ത്രത്തിൽ മഞ്ഞനിറം കണ്ടപ്പോൾ തിരുനബിﷺ അനിഷ്ടത്തോടുകൂടിയാണ് അത് നിരീക്ഷിച്ചത്.
തിരുനബിﷺ നിറങ്ങളോടു പുലർത്തിയ ചില സമീപനങ്ങളാണല്ലോ നാം വായിച്ചത്. അതിന് ശരിയായ കാരണങ്ങളും വിശദീകരണങ്ങളും കൂടി പലപ്പോഴും നിവേദനങ്ങൾക്കിടയിൽ തന്നെ നാം പരാമർശിച്ചുപോയി.
ഇത്രമേൽ സൂക്ഷ്മമായ വിഷയങ്ങൾ കൂടി നബി ജീവിതത്തിന്റെ പരാമർശങ്ങളിൽ വരുന്നു എന്നത് കൗതുകകരമായ ഒരു വായനയാണ്. സുഗന്ധങ്ങളിൽ നിന്ന് നിറം തെളിഞ്ഞതും മണം കുറഞ്ഞതുമാണ് സ്ത്രീകൾ തെരഞ്ഞെടുക്കേണ്ടത്. കൂടുതൽ അകലങ്ങളിലേക്ക് സുഗന്ധം എത്തുന്നതും നിറം കുറഞ്ഞതുമാണ് പുരുഷന്മാർ തെരഞ്ഞെടുക്കേണ്ടത്. ഇത്തരം സമീപനങ്ങൾ നാം നേരത്തെ വായിച്ചു പോയിട്ടുണ്ട്.
Tweet 879
തിരുനബിﷺയുടെ പാദരക്ഷയും മറ്റും പരാമർശിക്കുന്ന ചില വായനകളാണ് നമുക്ക് നിർവഹിക്കാനുള്ളത്. വിശ്രുത സ്വഹാബി ദിഹ്യതുൽ കൽബി(റ) പറയുന്നു. ഞാൻ തിരുനബിﷺക്ക് ഒരു രോമ കുപ്പായവും രണ്ട് പാദരക്ഷകളും ഖുഫ്ഫകളും സമ്മാനമായി നൽകി. പാദരക്ഷകൾ ഉപയോഗശൂന്യമാകുന്നത് വരെ തിരുനബിﷺ അണിഞ്ഞിരുന്നു. അതിനു ഉപയോഗിച്ച തോലുകൾ ഊറക്കിട്ടതായിരുന്നോ എന്ന് തിരുനബിﷺ പ്രത്യേകമായി എന്നോട് ചോദിച്ചിരുന്നില്ല. ഇമാം തുർമുദി(റ)യുടെ നിവേദനത്തിൽ പ്രസ്തുത രണ്ട് പാദരക്ഷകളും ഊറക്കിട്ട തോലിന്റേതാണോ അല്ലയോ എന്ന് തിരുനബിﷺക്ക് അറിയുമായിരുന്നില്ല എന്ന പ്രയോഗമാണ് നിർവഹിച്ചിട്ടുള്ളത്.
അബ്ദുല്ലാഹിബിന് ബുറൈദ(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു. അലങ്കാര പണികൾ ഒന്നും ചെയ്യാത്ത വെറും തോലിന്റെ രണ്ട് കറുത്ത പാദരക്ഷകൾ ഖുഫ്ഫ ചക്രവർത്തി നബിﷺക്ക് സമ്മാനമായി നൽകി. തിരുനബിﷺ അത് ധരിക്കുകയും അംഗസ്നാനം അഥവാ വുളൂഅ് നിർവഹിക്കുന്ന നേരം അതിന്മേൽ തടകുകയും ചെയ്യുമായിരുന്നു.
തിരുനബിﷺ വുളൂഅ് നിർവഹിക്കുമ്പോൾ രണ്ട് കാലുറകൾക്ക് മേലെയും ചെരുപ്പുകൾക്ക് മേലെയും തടകാറുണ്ടായിരുന്നു. അഥവാ വുളൂഇന്റെ ഭാഗമായി കാൽ കഴുകുന്ന സമയത്ത് കാലുറയോ മറ്റോ ധരിച്ചിട്ടുണ്ടെങ്കിൽ നിർദ്ദേശിക്കപ്പെട്ട നിബന്ധനകളോടെ കാല് കഴുകുന്നതിന് പകരം കാലുറക്ക് മുകളിലൂടെ നനഞ്ഞ കൈകൾ കൊണ്ട് തലോടിയാൽ മതി. ഇത്തരമൊരു രീതിക്ക് കർമശാസ്ത്രപരമായ നിബന്ധനകളും സവിശേഷമായ നിർദ്ദേശങ്ങളുമുണ്ട്.
അബൂ ഉമാമ(റ) പറയുന്നു. തിരുനബിﷺ ഒരിക്കൽ അവിടുത്തെ രണ്ട് ഖുഫ്ഫകൾ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. തിരുനബിﷺ അതിൽനിന്ന് ഒരെണ്ണം ധരിച്ചു. അപ്പോഴേക്കും ഒരു കാക്ക പറന്നുവന്ന് അടുത്ത ഖുഫ്ഫ കൊത്തിയെടുത്തു നിലത്തുതന്നെ ഇട്ടു. അപ്പോഴതാ അതിൽനിന്ന് ഒരു പാമ്പ് പുറത്തേക്ക് വന്നു. ഉടനെ തിരുനബിﷺ ഇപ്രകാരം ഒരു പ്രസ്താവന പറഞ്ഞു. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ കുടഞ്ഞെടുക്കാതെ ഖുഫ്ഫ ധരിക്കാതിരിക്കട്ടെ! ഇമാം ത്വബ്റാനി(റ) സ്വീകാര്യമായ പരമ്പരകളോടെയാണ് ഈ ഹദീസ് നിവേദനം ചെയ്തിട്ടുള്ളത്.
നാം ഇന്ന് ഉപയോഗിക്കുന്ന ഷൂ പോലെയുള്ള പാദരക്ഷകൾ ഇഴ ജന്തുക്കൾ കയറിയിരിക്കാൻ ഏറെ സാധ്യതയുള്ളതാണ്. അതുവഴി പലർക്കും അപകടങ്ങൾ ഉണ്ടായത് നാം വായിച്ചിട്ടുമുണ്ടാകും. എന്നാൽ അത്തരം പാദരക്ഷകൾ അണിയുന്നതിന് മുമ്പ് ഒന്ന് കുടഞ്ഞു സുരക്ഷിതമാക്കുക എന്നത് ഒരു സാധാരണ നിർദ്ദേശമായി പറയുന്നതിനപ്പുറം പുണ്യകരമായ ഒരു കർമ്മമായി അവതരിപ്പിക്കുകയാണ് ഇവിടെ തിരുനബിﷺ ചെയ്യുന്നത്. കൂടുതൽ ജാഗ്രതയോടെ നമ്മൾ ശ്രദ്ധിക്കാനും നമ്മുടെ ക്ഷേമത്തിനുവേണ്ടി നാം നിർവഹിക്കുന്ന അത്തരം ചെറുതെന്ന് തോന്നുന്ന കാര്യങ്ങൾ പോലും പ്രാധാന്യമുള്ളതും പരിഗണനീയവുമാണെന്ന് പഠിപ്പിക്കാനും കൂടിയാണ് ഇത്ര ഗൗരവത്തോടെ തിരുനബിﷺ ബോധ്യപ്പെടുത്തുന്നത്.
വളരെ പ്രാധാന്യമെന്നു തോന്നുന്ന കാര്യങ്ങൾ ഉണർത്തുന്നതിന് മുമ്പാണ് അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ എന്നൊരു മുഖവുര പറയാറുള്ളത്. അത്തരം ഒരു മുഖവുരയോടുകൂടിയാണ് പാദരക്ഷകൾ സുരക്ഷിതമാക്കണം എന്ന് നിർദ്ദേശിക്കുന്നത്. നബി ജീവിതത്തിൽ നിന്നുള്ള വെളിച്ചങ്ങൾ സാമാന്യ ജീവിതത്തിന്റെ ഏതെല്ലാം തലങ്ങളിലേക്കാണ് വെളിച്ചം വീശിക്കൊണ്ടിരിക്കുന്നത്. വളരെ സാധാരണമെന്നോ ചെറുതെന്നോ തോന്നുന്ന കാര്യങ്ങൾ മുതൽ വളരെ സമഗ്രവും ദാർശനികവുമായ വിചാരങ്ങൾ വരെയും; സമഗ്ര ജീവിതത്തിന്റെ ഉന്നത തലങ്ങൾ വരെയും അവിടുത്തെ ജീവിതപാഠങ്ങൾ മാർഗ്ഗദർശനം നൽകിക്കൊണ്ടിരിക്കുകയാണ്. അത്ഭുതകരമായ ഒരു മഹാജീവിതം എന്നല്ലാതെ ഇത്തരം വായനകളുടെ മുമ്പിൽ പറഞ്ഞുവെക്കാൻ വേറെ വാക്കുകളില്ലല്ലോ.
Tweet 880
തിരുനബിﷺയുടെ പാദരക്ഷകളിൽ നിന്ന് പാദം മുഴുവനും കവചം ചെയ്യുന്ന രീതിയിലുള്ള ഖുഫ്ഫയെ കുറിച്ചാണ് നാം ഇതുവരെ വായിച്ചത്. സാധാരണയിൽ ധരിക്കുന്ന ചെരിപ്പിനെ കുറിച്ചുള്ള നിവേദനങ്ങളാണ് ഇനി നാം വായിക്കുന്നത്. അനസ്(റ) പറയുന്നതായി ഇബ്നു അസാകിറും(റ) മറ്റും ഉദ്ധരിക്കുന്നു. പ്രവാചകരുﷺടെ ചെരിപ്പിന് രണ്ടു വള്ളികൾ അഥവാ വാറുകൾ ഉണ്ടായിരുന്നു.
ഒരിക്കൽ നള്ർ ബിൻ ഹിശാം(റ) താബിഇയ്യായ അഥവാ പ്രവാചക ശിഷ്യന്മാരുടെ ശിഷ്യനായ സൽത് ബിൻ ദീനാറി(റ)നെ ശ്രദ്ധിച്ചു. ധരിച്ചിരുന്ന ചെരുപ്പുകൾക്ക് രണ്ട് വാറുകൾ വീതമുണ്ടായിരുന്നു. എന്നിട്ട് ഹിശാം പറഞ്ഞു. ഞങ്ങളുടെ പക്കൽ തിരുനബിﷺയുടെ ഒരു ചെരുപ്പുണ്ട്. നാവിന്റെ രൂപത്തിലുള്ളതും മടമ്പുകൾക്ക് അല്പം ഉയരമുള്ളതും മധ്യഭാഗത്ത് അല്പം കട്ടിങ്ങോടുകൂടിയ നേർമയുള്ളതുമാണ്.
തിരുനബിﷺയുടെ ചെരുപ്പുകൾക്ക് രണ്ട് വാറുകളുണ്ടായിരുന്നു എന്ന് അബൂഹുറൈറ(റ)യും പറയുന്ന ഹദീസുകൾ നിവേദനം ചെയ്തിട്ടുണ്ട്. ഒരു ചെരുപ്പിന്റെ വാറു പൊട്ടിയാൽ അത് കയ്യിലെടുത്ത് അടുത്ത വാർ കിട്ടുന്നതുവരെ കാത്തുനിൽക്കുകയും അതുവരെ ഹ്രസ്വമായ ദൂരം ഒറ്റ ചെരുപ്പിൽ നടക്കുകയും ചെയ്തിരുന്നു എന്ന് മഹാനായ അലി(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്.
നിർബന്ധിത ഘട്ടത്തിൽ ഹ്രസ്വമായ ദൂരം ഒറ്റ ചെരുപ്പിൽ നടന്നു എന്ന് മാത്രമേ ഈ പരാമർശത്തിന്റെ ഉള്ളടക്കമായി മനസ്സിലാക്കേണ്ടതുള്ളൂ. ഒറ്റ ചെരുപ്പിൽ നടക്കുന്നത് പ്രോത്സാഹനാർഹമായ ഒരു കാര്യമായിട്ടല്ല അലിയ്യ് (റ) ഉദ്ധരിക്കുന്നത്.
തിരുനബിﷺ എവിടെയെങ്കിലും ഇരുന്നാൽ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പ്രവാചകരുടെ പാദരക്ഷകൾ അഴിച്ച് കൈവശം സൂക്ഷിക്കും. തിരുനബിﷺ എഴുന്നേറ്റാൽ അവ ധരിപ്പിച്ചു കൊടുക്കും. ഒരു വടിയും പിടിച്ച് മഹാനവർകൾ വഴികാട്ടിയായി മുന്നിൽ സഞ്ചരിക്കും. നബിﷺയുടെ പവിത്ര ഭവനത്തിലേക്ക് എത്തുന്നത് വരെ ഇങ്ങനെ തന്നെ സഞ്ചാരം തുടരും.
അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ന് ഏറ്റവും ഹൃദ്യമായ നടപടിയായിരുന്നു തിരുനബിﷺക്ക് സേവനം ചെയ്യുന്നത്. നബിﷺയുടെ ചെരുപ്പെടുത്തുവെക്കുന്നയാൾ എന്ന വിലാസമായിരുന്നു അഭിമാനപൂർവ്വം അറിയപ്പെടാൻ അദ്ദേഹം ആഗ്രഹിച്ചത്. അവിടുത്തോടൊപ്പം നിരന്തരം സഞ്ചരിക്കുകയും തിരുനബിﷺയുടെ ഉപകരണങ്ങൾ പരിരക്ഷിച്ചു ഒപ്പം സേവനം ചെയ്തു നടക്കുകയും അവിടുത്തെ ആവശ്യങ്ങൾ അറിഞ്ഞ് പരിചരണം നിർവഹിച്ചു കൊടുക്കുകയും ജീവിത വ്രതമായി സ്വീകരിച്ച ആളായിരുന്നു ഇബ്നു മസ്‌ഊദ്(റ).
പ്രവാചക പ്രകീർത്തനങ്ങൾ എഴുതിയ പലരും ഇബ്നു മസ്ഊദി(റ)ന്റെ സേവനത്തെ ഏറെ പുകഴ്ത്തുകയും അദ്ദേഹത്തിന്റെ ഭാഗ്യത്തെ പ്രശംസിക്കുകയും ചെയ്തു. പ്രവാചക സ്നേഹത്തിന്റെ ഉന്നതിയിൽ നിന്ന് നബി കീർത്തനങ്ങൾ നിർവഹിച്ചവർ ഇത്രയുംവരെ പറഞ്ഞുവെച്ചു. തിരുനബിﷺയുടെ പാദുകങ്ങൾ വഹിച്ചു ഇബ്നു മസ്‌ഊദ്(റ) വിജയം വരിച്ചു. ആ പാദുകത്തിന്റെ രൂപമെങ്കിലും ഞങ്ങൾക്ക് വിജയത്തിലേക്ക് ഒരു വഴിയായി സ്വീകരിക്കാമല്ലോ!
അബൂ ഉമർ ഹാരിസ് ബിൻ സിയാദി(റ)ൽ നിന്ന് ഹാരിസ് ബിൻ ഉസാമ(റ) നിവേദനം ചെയ്യുന്നു. ഞങ്ങൾ മുഹാജിർ എന്നു പേരുള്ള ഒരു വയോധികന്റെ അടുക്കലേക്ക് ചെന്നു. അപ്പോൾ ഞാൻ രണ്ടു വാറുകളുള്ള ഒരു ചെരുപ്പായിരുന്നു ധരിച്ചിരുന്നത്. ഞാനാ ചെരുപ്പുകൾ ഭാരം കാരണം ഉപേക്ഷിക്കാം എന്ന് വിചാരിച്ചു. അപ്പോൾ എന്നോടാ വയോധികൻ ചോദിച്ചു. നിങ്ങൾ എന്തോ ഒന്ന് ഉദ്ദേശിക്കുന്നുണ്ടല്ലോ? ഞാൻ പറഞ്ഞു. ഈ ചെരുപ്പ് ഉപേക്ഷിച്ചാലോ എന്ന് ആലോചിക്കുകയാണ്. അരുത് നിങ്ങൾ അങ്ങനെ ഉപേക്ഷിക്കരുത്. തിരുനബിﷺ ധരിച്ചിരുന്ന ചെരുപ്പ് ഇപ്രകാരമായിരുന്നു.
നേരിയ കാര്യങ്ങളിലും ചിലപ്പോൾ നമുക്ക് നിസ്സാരമെന്ന് തോന്നുന്ന പ്രമേയങ്ങളിൽ പോലും തിരുനബിﷺയെ ഓർക്കുകയും അനുകരിക്കുകയും ചെയ്യുന്ന അതിമനോഹരമായ ചിത്രമാണ് ഇസ്ലാമിക ചരിത്രം നമുക്ക് പകർന്നു തരുന്നത്. തിരുനബിﷺയെ ഓർക്കുന്നതോ പ്രകീർത്തിക്കുന്നതോ കേവല നിയമങ്ങളുടെ വേലി കൊണ്ടോ വെയില് കൊണ്ടോ അളന്നു വെക്കാൻ പറ്റുന്നതല്ല. ഹൃദയങ്ങളിലേക്ക് തുറന്നുവച്ചിരിക്കുന്ന അത്ഭുതകരമായ വികാരങ്ങളുടെ തുല്യതയില്ലാത്ത ഒരു ലോകമാണ് നബി സ്നേഹത്തിന്റെ പ്രപഞ്ചം. അതിനോട് തുലനം ചെയ്ത് ചർച്ച ചെയ്യാൻ പോലുമുള്ള പ്രമേയങ്ങൾ വേറെയില്ല തന്നെ.
Tweet 881
മഹാനായ ഇബ്നു ഔൻ(റ) റിപ്പോർട്ട് ചെയ്യുന്നു. ഞാൻ മദീനയിലെ ഒരു ചെരുപ്പ് കുത്തിയുടെ അടുക്കൽ ചെന്നു. എനിക്ക് ഒരു ചെരുപ്പുണ്ടാക്കി തരാൻ ആവശ്യപ്പെട്ടു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. നിങ്ങൾ താല്പര്യപ്പെടുകയാണെങ്കിൽ നിങ്ങൾ കൊണ്ടുവന്ന ഈ ചെരുപ്പിന്റെ രൂപത്തിൽ ഞാൻ ഉണ്ടാക്കി തരാം. അതല്ല നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ തിരുനബിﷺയുടെ ചെരുപ്പിന്റെ രൂപത്തിലുള്ള ചെരുപ്പ് ഞാൻ ഉണ്ടാക്കി തരാം. അപ്പോൾ ഞാൻ ചോദിച്ചു. തിരുനബിﷺയുടെ ചെരുപ്പ് നിങ്ങൾ എവിടെ നിന്നാണ് കണ്ടത്. അത് ഞാൻ ഫാത്വിമ(റ)യുടെ വീട്ടിൽ നിന്ന് കണ്ടിട്ടുണ്ട്. ഏത് നബി കുടുംബത്തിൽപ്പെട്ട ഫാത്വിമ(റ)യോ?അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ന്റെ മകൾ ഫാത്വിമ(റ)യുടെ വീട്ടിൽ നിന്ന്. അദ്ദേഹം മറുപടി പറഞ്ഞു. അതെ, അപ്രകാരം എനിക്ക് ഉണ്ടാക്കിത്തരാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഉണ്ടാക്കിത്തന്ന ചെരുപ്പ് രണ്ട് വാറുകളുള്ള ചെരുപ്പായിരുന്നു.
തിരുനബിﷺയുടെ ചെരുപ്പിനെയും എത്രമേൽ ഉയർന്ന പരിഗണനയോടെയാണ് ഓരോരുത്തരും ഓർത്തു വച്ചത്; അവർക്ക് ലഭ്യമായത് കരുതിവെച്ചത്; സ്നേഹപൂർവ്വം ആ പകർപ്പിനെ ഉപയോഗിക്കാൻ ആഗ്രഹിച്ചത്. സമാനമായ അനുഭവങ്ങളോ ചിത്രങ്ങളോ വേറെ ആരുടെയെങ്കിലും ചരിത്രത്തിൽ നിന്ന് നമുക്ക് ലഭിക്കുമോ? ഈ അധ്യായത്തിലൂടെ കടന്നുപോകുമ്പോൾ ഉയർന്നു വരുന്ന ചോദ്യങ്ങൾ ഇതൊക്കെയാണ്. ഏതൊരു വായനക്കാരനും ഇത് ആലോചിക്കാതെ കടന്നുപോകാനും കഴിയില്ല. കുറച്ചുകൂടി നമുക്ക് വായിക്കാം.
അംറ് ബിൻ ഖുറൈസ്(റ) പറയുന്നു. കഷ്ണം വച്ച് തുന്നിയ രണ്ടു ചെരുപ്പുകളിൽ തിരുനബിﷺ നിസ്കരിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.
ചെരുപ്പിൽ മാലിന്യമില്ലെന്ന് ഉറപ്പാണെങ്കിൽ അത് ധരിച്ചുകൊണ്ട് നിസ്കരിക്കുന്നതിൽ പന്തികേടൊന്നുമില്ല. ചില സന്ദർഭങ്ങളിലൊക്കെ തിരക്കുള്ള സ്ഥലങ്ങളിൽ നമുക്ക് ചിലപ്പോൾ പാദരക്ഷകൾ അണിഞ്ഞും ഒക്കെ നിസ്കാരം നിർവഹിക്കേണ്ടി വന്നേക്കാം. അത്തരം സന്ദർഭങ്ങളിലേക്ക് കരുതിവെക്കാനുള്ള ഓർമ്മകൾ ആണിത്. അനുകരിക്കാനുള്ള മാതൃകകളുമാണ്.
ഇമാം ബുഖാരി(റ) ഈസ ബിൻ ത്വഹ്മാൻ(റ) എന്ന താബിഈ പണ്ഡിതനിൽ നിന്ന് ഉദ്ധരിക്കുന്നു. പ്രവാചകരുﷺടെ ശിഷ്യനായ അനസ്ബിൻ മാലിക്(റ) പഴക്കമുള്ള രണ്ട് ചെരുപ്പുകൾ ഞങ്ങൾക്കെടുത്ത് കാണിച്ചു തന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഇവകൾ തിരുനബിﷺ അണിഞ്ഞിരുന്ന ചെരുപ്പുകളാണ്. ആ ചെരുപ്പുകൾക്ക് രണ്ട് വാറുകൾ ഉണ്ടായിരുന്നു.
പ്രവാചകരിﷺൽ നിന്ന് വരിയും നിരയും തെറ്റാതെ മതവിധികളുടെ രീതിയും രൂപവും ഒക്കെ മനസ്സിലാക്കിയ അനസ് ബിൻ മാലിക്(റ) തിരുനബിﷺയുടെ ചെരുപ്പുകൾ കരുതിവച്ചിരിക്കണമെങ്കിൽ മതപരമായി അത് പ്രോത്സാഹിപ്പിക്കപ്പെടുന്ന ഒരു കാര്യമായിരിക്കണമല്ലോ! തിരുനബിﷺയെ സ്നേഹിച്ച് തിരുശേഷിപ്പുകൾ സൂക്ഷിച്ചു പോരുന്നതിൽ പത്തുകൊല്ലത്തെ സഹവാസവും സേവന പരിചയവുമുള്ള അനസ് ബിൻ മാലികി(റ)ൽ നിന്ന് ലോകത്തിന് പകർത്താതിരിക്കാൻ കഴിയുമോ! അതിന്റെ തുടർച്ചകൾ വിശ്വാസ സമൂഹത്തിൽ ഇന്നുമുണ്ട് എന്ന് വന്നാൽ അതൊരു അപരാധമായി ആർക്കാണ് വായിക്കാനാവുക!
നനവും ആത്മാവും വികാരവുമില്ലാത്ത തീർത്തും മൃതമായ ഒരു മതഗാത്രത്തെയാണ് ഇസ്ലാമിലെ പുരോഗമനവാദികൾ എന്ന് വാദിക്കുന്ന ചിലർ അവതരിപ്പിക്കുന്നത്. സന്തോഷിക്കാനും കരയാനും വികാരപ്പെടാനും ഹൃദയത്തിന്റെ ആർദ്രത ചേർത്തുവയ്ക്കാനും ഓർമ്മകളെ മിനുക്കിക്കൊണ്ട് നടക്കാനും ഒന്നും ഇടമില്ലാത്ത ജഡവല്‍ക്കരിക്കപ്പെട്ട ഇസ്ലാമിനെയാണ് ചില പുരോഗമനവാദികൾ പരിഷ്കൃത ഇസ്ലാം എന്ന് അവതരിപ്പിക്കുന്നത്. ശരിയായ പാരമ്പര്യ ഇസ്ലാമിനെ അവർ യാഥാസ്ഥിതികത എന്ന് പറഞ്ഞുകൊണ്ട് ആരോപിക്കുകയും ചെയ്യും. സ്ഥിഗതികളുടെ യഥാർഥ മൂല്യങ്ങളെ പരിപാലിക്കുന്നവരെ അരികുവത്കരിക്കാൻ വേണ്ടി അവർ നെഗറ്റീവ് പ്രയോഗം ആയി കൊണ്ടുവരുന്നതാണ് യാഥാസ്ഥിതികത എന്നത്. എന്നാൽ ഇസ്ലാമിനെ ശരിയായ പാരമ്പര്യത്തിൽ നിന്നും ഉൾക്കൊള്ളുമ്പോഴാണ് മൂല്യങ്ങൾ ചോർന്നുപോകാതെ അതിനെ സ്വീകരിക്കാൻ ആവുക.
Tweet 882
തിരുനബിﷺയുടെ ചെരുപ്പിന് രണ്ട് വാറുകളുണ്ടായിരുന്നു എന്നതിന് പല നിവേദനങ്ങളും നമ്മൾ വായിച്ചു. അതിൽ അല്പം വ്യത്യസ്തതയുള്ള ഒരു നിവേദനമാണ് ഇമാം ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം തിർമുദി(റ) ഉദ്ധരിക്കുന്നത്. അദ്ദേഹം പറഞ്ഞു. തിരുനബിﷺയുടെ ചെരുപ്പുകൾക്ക് രണ്ടു വാറുകളും ഓരോ വാറുകൾക്കും രണ്ടു വള്ളികളുമുണ്ടായിരുന്നു.
മുതര്’രിഫ് ബിൻ ശഖീർ(റ) എന്ന താബിഈ പണ്ഡിതൻ പറഞ്ഞു. ഒരു ഗ്രാമീണനായ അറബി ഒരിക്കൽ എന്നോട് സംസാരിച്ചു. ഞാൻ നിങ്ങളുടെ നബിയുടെ ചെരുപ്പുകൾ കണ്ടിട്ടുണ്ട്. അത് കഷ്ണം വെച്ചു തുന്നിയതായിരുന്നു. ഇമാം അഹ്മദാ(റ)ണ് ഈ നിവേദനം ഉദ്ധരിച്ചിട്ടുള്ളത്. അനസ് ബ്നു മാലികി(റ)ന്റെ നിവേദനത്തിലും തിരുനബിﷺയുടെ ചെരുപ്പുകൾക്ക് കഷ്ണം വെച്ചിരുന്ന വിവരം പറയുന്നുണ്ട്.
യമനിലെ ഹള്റമീ ചെരുപ്പുകൾ പോലെ നല്ല ഹീലുകളുള്ള രണ്ടു ചെരുപ്പുകൾ പ്രവാചകരുﷺടേതായി മുഹമ്മദ് ബിൻ അലിയ്യ്(റ) കാണിച്ചുതന്നു എന്ന് മഹാനായ ജാബിർ(റ) നിവേദനം ചെയ്യുന്നു.
തിരുനബിﷺയുടെയും അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും ചെരുപ്പുകൾക്ക് രണ്ടു വാറുകൾ വീതമുണ്ടായിരുന്നുവെന്നും ആദ്യമായി ഒറ്റവാറുള്ള ചെരുപ്പ് ധരിച്ചത് ഉസ്മാൻ(റ) ആയിരുന്നുവെന്നും പ്രമുഖ സ്വഹാബിയായ അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്നു. ഇമാം നസാഇ(റ)യുടെ നിവേദനത്തിൽ അംറ് ബിൻ ഔസും(റ) ഇതേ കാര്യം ഉദ്ധരിച്ചിട്ടുണ്ട്.
തിരുനബിﷺയുടെ ചെരുപ്പുകളുടെ കൂട്ടത്തിൽ സബത് പ്രദേശത്തുണ്ടാക്കിയ സിബ്തി ചെരിപ്പുകളുണ്ടായിരുന്നു. രോമരഹിതമായ ചെരുപ്പുകൾക്ക് ഇങ്ങനെ പ്രയോഗിക്കാറുണ്ട്. സലം ചെടിയുടെ ഇലകൾ കൊണ്ട് ഊറക്കിട്ടത്, പശുവിന്റെ തോൽ കൊണ്ട് നിർമ്മിച്ചത് എന്നിങ്ങനെ അതിന് വ്യാഖ്യാനങ്ങൾ കാണാം.
അബ്ദുല്ലാഹിബ്നു ഉമർ(റ) ഒരിക്കൽ സിബ്തി ചെരുപ്പുകൾ ധരിച്ചു. അതേക്കുറിച്ച് പലരും ബഹുമാനപ്പെട്ടവരോട് ചോദിച്ചു. തിരുനബിﷺ ഇത്തരം ചെരുപ്പുകൾ ധരിക്കുന്നത് ഞാൻ കണ്ടിരുന്നു എന്നായിരുന്നു അബ്ദുല്ലാഹിബ്നു ഉമറി(റ)ന്റെ വിശദീകരണം.
ഔസ് ബിൻ ഔസ് അസ്സഖഫി(റ) പറയുന്നു. ഞാൻ തിരുനബിﷺയോടൊപ്പം രണ്ടാഴ്ച താമസിച്ചു. അപ്പോഴെല്ലാം അവിടുന്ന് ധരിച്ചിരുന്നത് രണ്ടു വാറുകളുള്ള ചെരുപ്പുകളായിരുന്നു.
തിരുനബിﷺയുടെ അനുചരന്മാർ പ്രവാചക ജീവിതത്തെ എങ്ങനെയാണ് നിരീക്ഷിച്ചത്? കേവലം ഒരു വ്യക്തി എന്നതിനപ്പുറം ജീവിത വ്യവഹാരത്തിന്റെ മുഴുവൻ തലങ്ങളെയും സസൂക്ഷ്മം അവർ ഒപ്പിയെടുക്കുകയായിരുന്നു. എപ്പോഴൊക്കെയാണോ നബി ജീവിതത്തോട് അവർ യോജിച്ചു വരുന്നത് അപ്പോഴെല്ലാം അവർ കൂടുതൽ സന്തുഷ്ടരായി. എങ്ങനെയെല്ലാം തിരുനബി ജീവിതത്തോട് യോജിക്കാമെന്ന് അവർ ആലോചിച്ചു കൊണ്ടിരുന്നു. ജീവിതത്തിന്റെ മുഴുവൻ വ്യവഹാരങ്ങളെയും നബി ജീവിതത്തിന്റെ ക്രമത്തിനനുസരിച്ച് പാലിക്കുക എന്നത് നിയമപരമായി അവർക്ക് വന്നുചേർന്ന ഒരു സമ്മർദ്ദമായിരുന്നില്ല, വൈകാരികമായി അവർ ഏറ്റെടുത്ത ഒരു അനുഭവമോ ആസ്വാദനമോ ആയിരുന്നു.
ചരിത്രത്തിൽ ഏതൊരു വ്യക്തിയുടെ പാദരക്ഷയെ കുറിച്ചാണ് ഇത്രമേൽ ചർച്ചകളുണ്ടാവുക! ഏത് തരമായിരുന്നു? ഏത് വിധത്തിലായിരുന്നു ധരിച്ചിരുന്നത്? എന്തു കൊണ്ടുണ്ടാക്കിയതായിരുന്നു? യാത്രയിലും അല്ലാത്തപ്പോഴും വ്യത്യസ്തമായിരുന്നോ? ഒരുപോലെയായിരുന്നോ ധരിച്ചിരുന്നത്? പ്രവാചകർﷺക്ക് പാദസേവ ചെയ്തിരുന്ന ആളുകൾ ആരൊക്കെയായിരുന്നു? അവർ ഏത് മാനസികാവസ്ഥയിലായിരുന്നു ആ കൃത്യങ്ങൾക്ക് വ്യാപൃതരായത്? പ്രവാചകരുﷺടെ പാദരക്ഷ വഹിക്കുകയും പരിചരണം നടത്തുകയും ചെയ്ത ആളുകൾ പങ്കുവെച്ച വൈകാരിക അനുഭവങ്ങൾ എന്തൊക്കെയായിരുന്നു? അവിടുത്തെ പാദുകത്തിന്റെ ഒരു ശേഷിപ്പെങ്കിലും ലഭിക്കാൻ കൊതിച്ചവർ എത്രയുണ്ടായിരുന്നു? അതിന്റെ രൂപമെങ്കിലും വരച്ചു ആശ്വസിക്കാമെന്നും സ്നേഹം അടയാളപ്പെടുത്താമെന്നും വിചാരിച്ച എത്രയെത്ര സ്നേഹികൾ? ഇങ്ങനെ തുടരുന്നു, ഈ അധ്യായത്തിലെ ഹൃദയം തൊടുന്ന വായനകൾ.
Tweet 883
മഹാനായ അനസ്(റ) പറഞ്ഞതായി ഇബ്നു ശാദാൻ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ ചെരുപ്പുകൾക്ക് രണ്ട് വാറുകളുണ്ടായിരുന്നു. ഒരിക്കൽ അത് കേട് വന്നപ്പോൾ ആദ്യമായി വാറ് വച്ച് കൊടുത്തത് ഉസ്മാൻ ബിൻ അഫ്ഫാനാ(റ)യിരുന്നു. ഓരോ വാറുകളും രണ്ട് ചരടുകൾ വീതം മടഞ്ഞുണ്ടാക്കിയതായിരുന്നു എന്ന് നാം വായിച്ചു പോയിട്ടുണ്ട്.
ഹാരിസ് ബിൻ ഉസാമ(റ) ഹുമൈദി(റ)ൽ നിന്നും ഉദ്ധരിക്കുന്നു. പശുവിന്റെ തോല് കൊണ്ടുണ്ടാക്കിയ രണ്ടു ചെരുപ്പുകൾ തിരുനബിﷺക്കുണ്ടായിരുന്നു എന്ന് ഗ്രാമീണനായ അറബി പറയുന്നത് ഞാൻ കേട്ടു.
അബുൽ ഹസൻ ഇബ്നു ളഹ്ഹാക്(റ) ഇസ്മാഈൽ ബിൻ ഉമയ്യ(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്തു. തിരുനബിﷺയുടെ ചെരുപ്പുകൾ മധ്യഭാഗം വീതി കുറഞ്ഞതും അല്പം ഹീലുള്ളതുമായിരുന്നു; സബതയിൽ നിർമ്മിച്ചതും രണ്ട് വള്ളികളുള്ളതുമായിരുന്നു.
മാടിന്റെ തോലുകൾ കൊണ്ട് കഷ്ണം വച്ചു തുന്നിയ രണ്ടു ചെരുപ്പുകളായിരുന്നു തിരുനബിﷺക്ക് ഉണ്ടായിരുന്നത് എന്ന് അബൂദറ്(റ) പറയുന്നുണ്ട്.
ഇമാം അഹ്‌മദ് അസ്സുഹ്ദ്(റ) പറയുന്നു. തിരുനബിﷺയുടെ ചെരുപ്പിൽ നിന്ന് ഏതെങ്കിലും ഒരു ഭാഗം ഇളകി ഉയർന്നു നിൽക്കുന്നത് തിരുനബിﷺക്ക് ഇഷ്ടമായിരുന്നില്ല. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. തിരുനബിﷺ ചെരുപ്പ് ധരിക്കുമ്പോൾ വലതുകാലിലേത് ആദ്യമണിയുകയും ഇടതുകാലിലേത് ആദ്യം അഴിക്കുകയും ചെയ്യുമായിരുന്നു.
ഏതു നല്ല കാര്യത്തിലും വലതു കൊണ്ട് ആരംഭിക്കുകയും അങ്ങനെ ആകണമെന്ന് നിർദ്ദേശിക്കുകയും ചെയ്യുന്നത് തിരുനബിﷺയുടെ ജീവിത രീതിയായിരുന്നു. വിശ്വാസികൾ സ്വീകരിക്കേണ്ട ചിട്ടയായി അവിടുന്ന് അപ്രകാരം പഠിപ്പിച്ചിട്ടുണ്ട്.
ഇബ്നു സഅദ്(റ) നള്ർ(റ) എന്നവരിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ ചെരുപ്പുകളുടെ വാർ ഒരിക്കൽ പൊട്ടിപ്പോയി. ഒരാൾ അതിന് പുതിയ വാറുകൾ ചേർത്ത് തുന്നി വെച്ചു. നിസ്കാരത്തിനിടയിൽ തിരുനബിﷺയുടെ ശ്രദ്ധ അതിലേക്ക് തിരിഞ്ഞു. നിസ്കാരാനന്തരം തിരുനബിﷺ സ്വഹാബിയെ വിളിച്ചു. പഴയ വാറുകൾ തന്നെ തുന്നി വെക്കാൻ വേണ്ടി പറഞ്ഞു. എന്തുകൊണ്ടാണ് എന്ന് അന്വേഷിച്ചപ്പോൾ, നിസ്കാരത്തിൽ എന്റെ ശ്രദ്ധ അതിലേക്ക് തിരിഞ്ഞതുകൊണ്ട് ഞാൻ അതിൽ താല്പര്യം വെക്കുന്നില്ല എന്നറിയിച്ചു.
തിരുനബിﷺ ഇരുന്നും നിന്നും ചെരുപ്പ് ധരിക്കാറുണ്ടായിരുന്നു എന്ന് ബീവി ആഇശ(റ) പറഞ്ഞതായി ഇബ്നു സഅദ് (റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺയുടെ ചെരുപ്പും വെള്ളപ്പാത്രവും സംരക്ഷിച്ചുകൊണ്ട് നടക്കുന്നത് അനസ് ബിൻ മാലിക്(റ) ആയിരുന്നുവത്രെ. ഇബ്നു സഅദ്(റ) തന്നെ ഇക്കാര്യവും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
തിരുനബിﷺയുടെ ചെരുപ്പോ അതിന്റെ ശൈലിയോ മാത്രമല്ലല്ലോ നാം വായിച്ചു വരുന്നത്. അവിടുന്ന് അവ എങ്ങനെയായിരുന്നു ധരിച്ചിരുന്നത്? ഇരുന്നാണോ നിന്നാണോ അവിടുന്ന് അണിഞ്ഞിരുന്നത്? ഏതൊക്കെ വസ്തുക്കൾ കൊണ്ടുള്ള ചെരുപ്പുകളാണ് ഉപയോഗിച്ചിരുന്നത്? തുടങ്ങി എത്ര ഗഹനമായ പാരായണങ്ങളാണ് ഈ അധ്യായത്തിൽ നാം കാണുന്നത്.
തിരുനബിﷺയുടെ ജീവിതം ആഖ്യാനങ്ങൾക്കും വ്യാഖ്യാനങ്ങൾക്കുമപ്പുറം പ്രാഥമികമായ ഒരു വായന പോലും നിർവഹിച്ചു പൂർത്തിയാക്കാൻ ആവുന്നില്ല എന്ന അവസ്ഥയാണ് ഓരോ പഠിതാവിനും ബോധ്യപ്പെട്ടു കൊണ്ടിരിക്കുന്നത്. ഉള്ളതുപറഞ്ഞു മതിയായിട്ടു വേണമല്ലോ അതിനപ്പുറം ചില വർണ്ണനകളും അലങ്കാരങ്ങളും ചേർക്കാൻ.
Tweet 884
തിരുനബിﷺയുടെ മോതിരത്തെ കുറിച്ചുളള ചിലവായനകൾ കൂടി നമുക്ക് നിർവഹിക്കാം. അനസ് ബിൻ മാലിക്(റ) പറയുന്നു. മോതിരവും ചെരുപ്പുകളും അണിയാൻ തിരുനബിﷺ എന്നോട് നിർദേശിച്ചു. ഇമാം ത്വബ്റാനി(റ)യാണ് ഈ ഹദീസ് നിവേദനം ചെയ്തത്.
അനസ് ബിൻ മാലിക്(റ) തന്നെ പറയുന്നതായി ഇമാം അഹ്മദും(റ) മറ്റും നിവേദനം ചെയ്യുന്നു. തിരുനബിﷺ മാരണം ചെയ്യപ്പെട്ടു. അപ്പോൾ ജിബ്‌രീല്‍(റ) ഒരു മോതിരവുമായി വന്നു. അത് വലതു കൈയിൽ അണിയിച്ചു കൊടുത്തു. ഇത് കൈവശമുളളിടത്തോളം ഒന്നും ഭയക്കേണ്ടതില്ല എന്നും പറഞ്ഞു.
തിരുനബിﷺയുടെ ജീവിതത്തിലെ ഒരു അധ്യായമാണ് ദുഷ്ടലാക്കുകാരായ ചിലയാളുകൾ തിരുനബിﷺക്കെതിരെ മാരണം ചെയ്തത്. ഒരു പ്രവാചകൻ എന്ന നിലയിൽ നിർവഹിക്കേണ്ട ഒരു ദൗത്യത്തെയും ആ മാരണം ബാധിച്ചില്ല. എന്നാൽ ഇത്തരം ചില ദുർമന്ത്രവാദങ്ങളെക്കുറിച്ച് ആളുകൾക്ക് ആത്മീയ സുരക്ഷയെ പരിചയപ്പെടുത്താനും, അതിനോടുള്ള സമീപനങ്ങൾ പഠിപ്പിക്കാനുമുള്ള ഒരു അവസരമായിരുന്നു അത്. അത് ശരിയായി തന്നെ നിർവഹിക്കപ്പെടുകയും ചെയ്തു. മാരണത്തിന്റെ സമയത്ത് തിരുനബിﷺക്ക് ചില ശാരീരികാസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടു. അതേക്കുറിച്ചാണ് മാരണം ചെയ്യപ്പെട്ടപ്പോൾ എന്ന് പരാമർശിച്ചത്.
ഒരു മരുന്നിനും ഒരു മന്ത്രത്തിനും സ്വയമായി സ്വാധീനശക്തിയോ ഗുണമോ ശല്യമോ ഏൽപ്പിക്കാനുള്ള കഴിവില്ല. കാരണങ്ങളുടെ ലോകത്ത് അല്ലാഹു ചില നിമിത്തങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. അത്തരം ഒരു കാരണമായി മാത്രമേ ഇവകളെയും നിരീക്ഷിക്കാനാകൂ. ഭൗതിക കാരണങ്ങൾ പ്രത്യക്ഷത്തിൽ പ്രവർത്തിക്കുന്നതുപോലെ, അഭൗതികമോ അവ്യക്തമോ ആയ കാരണങ്ങൾ രഹസ്യമായി സ്വാധീനിക്കുന്നു. ഇതാണ് മതപരമായി നാം അറിഞ്ഞിരിക്കേണ്ട അടിസ്ഥാന പാഠങ്ങളിൽ ഒന്ന്. കത്തികൊണ്ട് വെട്ടിയാൽ മുറിയുന്നത് പ്രത്യക്ഷമായി ഒരു കാരണം പ്രവർത്തിക്കുന്നതിന് നമ്മൾ സാക്ഷിയാവുകയാണ്. മന്ത്രങ്ങൾ വഴി ഉണ്ടാകുന്ന ഫലങ്ങൾ പരോക്ഷമായ കാരണങ്ങളുടെ പ്രതിഫലനമാണ്. കാര്യകാരണങ്ങളുടെ മുഴുവൻ പരമാധികാരിയും സ്രഷ്ടാവും അല്ലാഹു മാത്രമാണ്.
കാരണങ്ങളെ ദൈവമായി ആരോപിക്കുകയോ, സ്വയം ശക്തിയുണ്ടെന്ന് ചിന്തിക്കുകയോ ചെയ്ത അബദ്ധവിശ്വാസക്കാരുണ്ട്. ആത്മീയമായ കാരണങ്ങളെ സമീപിക്കുമ്പോഴേക്കും തൗഹീദ് തകർന്നുപോകും എന്ന് വിചാരിക്കുന്നവരുമുണ്ട്. ഇത് രണ്ടും ശരിയായ വീക്ഷണങ്ങളല്ല.
ഇമാം ബുഖാരി(റ)യും മറ്റും അനസ് ബിൻ മാലികി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. കിസ്റ, കൈസർ ചക്രവർത്തിമാർക്ക് കത്തയക്കാൻ തിരുനബിﷺ തീരുമാനിച്ചു. അപ്പോൾ ചിലർ നബിﷺയോട് പറഞ്ഞു. അവർ കത്ത് സ്വീകരിക്കണമെങ്കിൽ അതിൽ മുദ്രയുണ്ടാകണം. അഥവാ സീൽ വച്ച കത്തുകളേ അവർ സ്വീകരിക്കുകയുള്ളൂ. അപ്പോൾ തിരുനബിﷺ മുദ്ര വക്കാൻ വേണ്ടി ഒരു മോതിരം സ്വീകരിച്ചു. അവിടുത്തെ മോതിരം തന്നെയായിരുന്നു മുദ്ര. ‘മുഹമ്മദ് റസൂലുല്ലാഹ്’ എന്നായിരുന്നു മുദ്രയിലുണ്ടായിരുന്നത് എന്ന് അനസ് ബിൻ മാലിക്(റ) തന്നെ ഉദ്ധരിക്കുകയും ഇപ്പോഴും ആ മുദ്രയിലേക്ക് ഞാൻ നോക്കിയിരിക്കുന്നത് പോലെയുണ്ട് എന്ന് അദ്ദേഹം വികാരം പ്രകടിപ്പിക്കുകയും ചെയ്തത് ഇമാം മുസ്ലിമും(റ) മറ്റും നിവേദനം ചെയ്തതു കാണാം.
പേർഷ്യക്കാർക്ക് അഥവാ റോം ഭരണാധികാരിക്ക് കത്തെഴുതിയപ്പോഴായിരുന്നു ഈ സംഭവമെന്നും അപ്പോൾ വെള്ളി കൊണ്ടുള്ള ഒരു മോതിരത്തിൽ മുദ്രയുണ്ടാക്കി ഉപയോഗിച്ചുവെന്നും, ഇപ്പോഴും ഞാനാ മുദ്രയിലേക്ക് നോക്കുന്നത് പോലെയുണ്ട് എന്നും അനസ് ബിൻ മാലിക്(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസ് അബുൽ ഖാസിം അൽ ബഗവി(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിച്ചത് കാണാം.
Tweet 885
തിരുനബിﷺ മോതിരം ധരിച്ചിരുന്നത് ഏത് കയ്യിലായിരുന്നു എന്നതിന് വിശദമായ ചർച്ചകളുണ്ട്. ഇമാം ബുഖാരി(റ) അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്നും, ഇമാം മുസ്ലിം(റ) അനസ് ബിനു മാലികി(റ)ൽ നിന്നും, ഇമാം തുർമുദി(റ) അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്നും അബ്ദുല്ലാഹിബ്നു ജഅ്ഫറി(റ)ൽ നിന്നും, ഇമാം തുർമുദി(റ) അശ്ശമാഇലിൽ ജാബിറി(റ)ൽ നിന്നും, അബുദാവൂദും(റ) നസാഇ(റ)യും അലിയ്യി(റ)ൽ നിന്നും, ഇമാം ബസ്സാർ(റ) മഹതി ആഇശ(റ)യിൽ നിന്നും, ഇമാം ത്വബ്റാനി(റ) അബൂ ഉമാമ(റ)യിൽ നിന്നും, ഇമാം ദാറഖുത്നി(റ) അബൂഹുറൈറ(റ)യിൽ നിന്നും നിവേദനം ചെയ്ത പ്രകാരം തിരുനബിﷺ വലതു കൈയിലായിരുന്നു മോതിരം അണിഞ്ഞിരുന്നത്. ഒൻപത് പ്രമുഖരായ സ്വഹാബികളെയാണ് ഇപ്പോൾ നാം എണ്ണിയത്.
ഈ ആശയവും അല്പം വ്യത്യസ്തതകളുമുള്ള നിവേദനങ്ങളിലൂടെ നമുക്കൊന്ന് സഞ്ചരിക്കാം. മഹാനായ അലിയ്യി(റ)ൽ നിന്ന് ഇമാം അബൂ ദാവൂദ്(റ), നസാഈ(റ) എന്നിവർ നിവേദനം ചെയ്യുന്നു. തിരുനബിﷺ വലതു കൈയിലായിരുന്നു മോതിരമണിഞ്ഞിരുന്നത്. തിരുനബിﷺയുടെ ഇടതുകൈയിലെ ചെറുവിരലിൽ മോതിരത്തിന്റെ വെളുപ്പ് ഞാൻ നോക്കിക്കൊണ്ടിരിക്കുന്നത് പോലെ. വലതു കൈയിലും ചിലപ്പോൾ ഇടതു കൈയിലും അണിഞ്ഞിരുന്നു എന്ന് സൂചിപ്പിക്കാൻ ആയിരിക്കണം അലിയ്യ്(റ) ഇപ്രകാരം പ്രയോഗിച്ചത്.
തിരുനബിﷺയുടെ സേവകനായ അബൂ റാഫി(റ) പറയുന്നു. അബ്ദുല്ലാഹിബ്നു ജഅ്ഫർ(റ) വലതു കൈയിലായിരുന്നു മോതിരം അണിഞ്ഞിരുന്നത്. ഇമാം അഹ്മദും(റ) തുർമുദി(റ)യും ഈ നിവേദനം ഉദ്ധരിക്കുന്നുണ്ട്. തിരുനബിﷺ വലതു കയ്യിലായിരുന്നു മോതിരം അണിഞ്ഞിരുന്നത് എന്ന് അബ്ദുല്ലാഹിബ്നു ജഅ്ഫർ(റ) തന്നെ നേരിട്ട് പറയുന്ന കാര്യം ഇമാം അഹ്മദും(റ) മറ്റും നിവേദനം ചെയ്തിട്ടുമുണ്ട്.
തിരുനബിﷺ വലതു കൈയിലായിരുന്നു മോതിരം അണിഞ്ഞിരുന്നത് എന്നും പിന്നീട് ഇടതു കൈയിൽ ഉപയോഗിച്ചു എന്നും നാഫിഅ്(റ) അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഉദ്ധരിക്കുന്ന ഒരു നിവേദനം ഇബ്നു അദിയ്യ്(റ) പരാമർശിച്ചതായി കാണാം.
തിരുനബിﷺ ഇപ്രകാരമായിരുന്നു മോതിരം അണിഞ്ഞിരുന്നത് എന്ന് കാണിച്ചുകൊണ്ട് അനസ് (റ) ഇടതു കൈയുടെ തള്ളവിരൽ ചെറുവിരലിന്റെ മുകളിൽ സ്പർശിച്ചു കാണിക്കുകയുണ്ടായി.
തിരുനബി ഈ ലോകത്ത് നിന്ന് വിടവാങ്ങുന്നത് വരെയും വലതു കൈയിലായിരുന്നു മോതിരം ധരിച്ചിരുന്നത് എന്ന് അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ദാറുഖുത്നി(റ) നിവേദനം ചെയ്യുന്നു.
തിരുനബിﷺയുടെ ജീവിതത്തിന്റെ ആഖ്യാനങ്ങള്‍ വ്യത്യസ്ത സന്ദർഭങ്ങളെയും സാഹചര്യങ്ങളെയും അനുഭവിച്ചവർ അവരുടെ സാക്ഷ്യങ്ങൾ അറിയിച്ചു കൊണ്ടായിരിക്കും നിർവഹിക്കുന്നത്. പ്രവാചക ചര്യയായി നാം അനുകരിക്കേണ്ടത് എന്താണെന്നും പ്രചരിപ്പിക്കേണ്ടത് ഏതുവിധത്തിലാണെന്നും ഹദീസുകളെയും നിവേദനങ്ങളെയും ചേർത്തുവച്ചുകൊണ്ട് ഗവേഷണ പടുക്കൾ നിർവഹിച്ച പഠനത്തിൽ നിന്നാണ് നാം മനസ്സിലാക്കിയെടുക്കേണ്ടത്. ഇങ്ങനെ വരുമ്പോഴാണ് ഓരോ അധ്യായവും കർമശാസ്ത്രവും അനുഷ്ഠാനശാസ്ത്രവുമായി ബന്ധപ്പെട്ട് നിയമവ്യവസ്ഥങ്ങൾ രൂപപ്പെടുത്തുന്നത്.
ഇസ്ലാമിന്റെ പ്രായോഗിക രൂപം ഇസ്ലാമിക കർമശാസ്ത്രം തന്നെയാണ്. അതിലേക്കുള്ള നിയമങ്ങളുടെയും നിഷ്ഠകളുടെയും സ്രോതസ്സുകളാണ് ഖുർആനും ഹദീസും സീറയും നബി ജീവിതവുമെല്ലാം. ലഭ്യമായ ഹദീസും കേട്ട് കേൾവിയുള്ള നിവേദനങ്ങളും മാത്രം വച്ചുകൊണ്ട് ഇത്രയേ ഉള്ളൂ ഇസ്ലാം എന്നോ ഇത് പഠിച്ചാൽ എല്ലാമായെന്നോ മനസ്സിലാക്കുന്നത് ന്യൂനമായ പഠനവും അപൂർണ്ണമായ വിലയിരുത്തലുമാണ്. ഈ അധ്യായത്തിലും തിരുനബിﷺയുടെ വീക്ഷണവും ജീവിത ചിട്ടയുമായി നമുക്ക് പ്രയോഗിക്കേണ്ട മാർഗ്ഗങ്ങളെ തുടർന്ന് നമുക്ക് വായിക്കാം.
Tweet 886
തിരുനബിﷺ ഏത് കൈയിലായിരുന്നു മോതിരം ധരിച്ചിരുന്നത് എന്നതിനെക്കുറിച്ച് ഇമാം ബഗവി(റ) ശറഹുസ്സുന്നയിൽ ഹദീസുകൾ ഏകീകരിച്ചുകൊണ്ട് ഒരു വിശദീകരണം പറയുന്നുണ്ട്. തിരുനബിﷺ ആദ്യം വലതു കൈയിൽ ധരിക്കുകയും പിന്നീട് ഇടതു കൈയിൽ ധരിക്കുകയും ചെയ്തു. ഇടതുകൈയിൽ ധരിച്ചു എന്നതാണ് അനുകരിക്കപ്പെടേണ്ടത്. എന്നാൽ ഈ ചർച്ചയുടെ അനുബന്ധമായി ഇമാം അബൂസുറ്അ(റ) പറഞ്ഞത് ഇപ്രകാരമാണ്. ഇമാം ബഗവി(റ) പറഞ്ഞ കാര്യം സ്ഥിരപ്പെട്ടിട്ടില്ലാത്തതും വലതു കൈയിൽ ധരിച്ചു എന്നത് തിരുനബിﷺയുടെ അധികസമയത്തെയും രീതിയായി വായിക്കപ്പെടേണ്ടതുമാണ്.
മേൽ ചർച്ചകളുടെ എല്ലാം സംക്ഷിപ്തമായി നമുക്ക് വായിക്കാവുന്ന അധ്യായമാണ് ഇമാം ബൈഹഖി(റ) അൽ അദബിൽ വിശദീകരിച്ചത്. മഹാനവർകൾ പറഞ്ഞു. തിരുനബിﷺ വലതു കൈയിൽ ധരിച്ചു എന്ന് പരാമർശിച്ച ആദ്യ ഹദീസ് സ്വർണ്ണ മോതിരം ധരിച്ച കാര്യമായിരുന്നു. അത് ഇബ്നു ഉമറി(റ)ന്റെ നിവേദനത്തിൽ കാണാം. എന്നാൽ വെള്ളിമോതിരം സ്വീകരിച്ചപ്പോൾ ഇടതുകൈയിലാണ് അണിഞ്ഞത്. ചിലർ പറഞ്ഞ വിശദീകരണം ഇങ്ങനെയാണ്. ആദ്യം വലതു കൈയിൽ ധരിക്കുകയും പിന്നീട് ഇടതു കൈയിലേക്ക് മാറ്റുകയും ചെയ്തു. എന്നാൽ ശാഫിഈ പണ്ഡിതന്മാർക്കിടയിൽ ഈ വിഷയത്തിൽ വിവിധ അഭിപ്രായങ്ങളുണ്ട്. അതിൽ ഏറ്റവും പ്രബലമായത് വലതു കൈയിൽ ധരിക്കണം എന്നു തന്നെയാണ്.
ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി(റ) പറഞ്ഞു. വലതു കൈയിലും ഇടതു കൈയിലും എന്ന വ്യത്യാസങ്ങളുണ്ടായത് സാഹചര്യങ്ങൾക്കനുസരിച്ചാണ്. ആഭരണമായി അണിയുമ്പോൾ വലതു കൈയിലും, മുദ്രയായി കൊണ്ടു നടക്കുമ്പോൾ അത് ഇടതുകൈയിലുമായിരുന്നു അണിഞ്ഞിരുന്നത്. സൂക്ഷിച്ചു വെക്കാനും വലതു കൈ കൊണ്ട് എടുത്ത് ഉപയോഗിക്കാനും അതായിരുന്നു സൗകര്യം. വലതുകൈയിൽ തന്നെ ധരിക്കണം എന്നതാണ് പ്രബലമായി നാം കാണേണ്ടത്. ഇടതു കൈയിലാണെങ്കിൽ മാലിന്യങ്ങൾ സ്പർശിക്കാനുള്ള സാധ്യതകൾ കൂടുതലാണല്ലോ! ശുചീകരണത്തിനും മറ്റും ഉപയോഗിക്കുന്ന കൈയാണല്ലോ ഇടതു കൈ! ഇടതു കൈയിലും ഉപയോഗിക്കൽ അനുവദനീയമാണ് എന്ന് ഇമാം നവവി(റ) വ്യക്തമാക്കി പറയുന്നു. ഇടതുകൈയിൽ അണിയുന്നത് ഔചിത്യത്തിനെതിരാണ് അഥവാ കറാഹത്താണ് എന്ന അഭിപ്രായം ശാഫിഈ മദ്ഹബിലുമില്ല. ശ്രേഷ്ഠം ഏത് കൈയിലാണ് എന്നതിലാണ് ചർച്ച. ഇമാം ബൈഹഖി(റ) പൂർത്തീകരിച്ചു.
ഈ ചർച്ചകളിൽ നിന്നും നാം സ്വീകരിക്കേണ്ട രീതി വ്യക്തമായി. പുരുഷന് ഒരു വെള്ളിമോതിരം സുന്നത്താണ്. വലതുകൈയുടെ ചെറുവിരലിൽ ധരിക്കലാണ് ഏറ്റവും ശ്രേഷ്ഠം. ഇടതുകൈയിൽ അണിഞ്ഞതുകൊണ്ട് കുറ്റമോ കറാഹത്തോ ഇല്ല. തിരുനബിﷺ ഇടതു കൈയിലും അണിഞ്ഞിരുന്നല്ലോ എന്ന വിചാരത്തിൽ ചില മഹാന്മാർ ഭക്ഷണം കഴിക്കുന്ന സമയത്ത് മോതിരം ഇടതു കൈയിൽ അണിയാറുണ്ടായിരുന്നു. സുന്നത്തിന്റെ എല്ലാ വശങ്ങളെയും സ്വീകരിക്കാൻ വേണ്ടിയാണ് അവർ അങ്ങനെ ചെയ്തത്.
ഒന്നര സഹസ്രാബ്ദത്തോളം മുമ്പ് ഒരു വ്യക്തി മോതിരം അണിഞ്ഞതിന്റെ രീതിയും ന്യായവും എത്ര സൂക്ഷ്മമായിട്ടാണ് പഠിക്കുകയും പരിശോധിക്കുകയും ചെയ്യുന്നത്. കേവലം ഒരു പാഠ്യ വിഷയം എന്നതിനപ്പുറം എപ്രകാരമാണ് അതിൽ നിന്ന് അനുകരിക്കേണ്ടത് എന്ന അന്വേഷണമാണ് പണ്ഡിത ലോകത്തെ ഈ ചർച്ചകൾക്ക് വിധേയമാക്കിയത്. പ്രവാചകനിﷺൽ നിന്ന് ഉദ്ധരിച്ചുവന്ന വഴികളെ മുഴുവനും പരിശോധിച്ചു ഇപ്രകാരമാണ് നമ്മൾ അനുകരിക്കേണ്ടത് എന്ന് പറയാൻ യോഗ്യതയുള്ളവർ പറഞ്ഞപ്പോൾ ലോകം അത് ഏറ്റെടുക്കുകയും കോടിക്കണക്കിന് വിശ്വാസികൾ ആ വഴി പിന്തുടരുകയും ചെയ്യുന്നു. ഒരു വ്യക്തി പരകോടി ഹൃദയങ്ങളിലേക്ക് സ്വീകരിക്കപ്പെട്ടതിന്റെ ഹൃദ്യമായ ഒരു ചിത്രമാണ് നാമിപ്പോൾ കാണുന്നത്.
Tweet 887
തിരുനബിﷺയുടെ മോതിരം എന്തുകൊണ്ടായിരുന്നു എന്ന ചർച്ചയും വിശദമായി തന്നെ ഇമാമുകൾ കൊണ്ടുവരുന്നുണ്ട്. ഇമാം അഹ്മദും(റ) മറ്റും മഹാനായ അനസ് ബ്നു മാലികി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ റോമിലേക്കോ ഖൈസറിലേക്കോ കത്തെഴുതാൻ ഒരുങ്ങിയ രംഗം. തിരുനബിﷺയോട് ആരോ പറഞ്ഞു. മുദ്രയില്ലാത്ത കത്തുകൾ അവർ സ്വീകരിക്കുകയില്ല. അപ്പോൾ വെള്ളികൊണ്ട് ഒരു മോതിരം തിരുനബിﷺ ഉണ്ടാക്കിച്ചു. മുഹമ്മദ് റസൂലുല്ലാഹി എന്നായിരുന്നു അതിൽ കൊത്തിവച്ചിരുന്നത്. തിരുനബിﷺയുടെ കൈയിൽ അതിന്റെ വെളുപ്പിലേക്ക് ഞാൻ നോക്കിയിരിക്കുന്നത് പോലെയാണ് ഇപ്പോഴും.
വെള്ളി ഉപയോഗിച്ചായിരുന്നു തിരുനബിﷺയുടെ മോതിരം എന്ന് പറയാനാണ് ഒരിക്കൽ കൂടി ഈ ഹദീസ് നാം വായിച്ചത്. ഇമാം ഇബ്നു സഅദ്(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ വെള്ളി കൊണ്ടുള്ള ഒരു മോതിരം ഉണ്ടാക്കിച്ചു. അതേ ഘടനയിൽ ആരും മോതിരമുണ്ടാക്കരുത് എന്ന് നബിﷺ സ്വഹാബികളോട് നിർദ്ദേശിക്കുകയും ചെയ്തു.
മുദ്രയായി ഉപയോഗിക്കുന്ന ഔദ്യോഗിക കാര്യങ്ങൾ പരിഗണിച്ചു കൊണ്ടായിരിക്കണം തിരുനബിﷺ അങ്ങനെ പറഞ്ഞത്. സ്വഹാബികൾ അപ്രകാരം സ്വീകരിക്കുകയും ചെയ്തു. അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ മുഹമ്മദ് റസൂലുല്ലാഹ് എന്ന് കൊത്തിവെച്ച ഒരു വെള്ളിമോതിരം ഉണ്ടാക്കിച്ചു. മുദ്ര ഉള്ള ഭാഗം കൈവെള്ളയുടെ ഭാഗത്തേക്ക് ആക്കിയായിരുന്നു നബിﷺ അണിഞ്ഞിരുന്നത്.
മുആദ് ബിൻ ജബലി(റ)ൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) വേറിട്ട ഒരു നിവേദനം ഇപ്രകാരം ഉദ്ധരിക്കുന്നുണ്ട്. തിരുനബിﷺയുടെ നിർദ്ദേശപ്രകാരം നിയോഗിക്കപ്പെട്ട ശേഷം അദ്ദേഹം മദീനയിലേക്ക് വന്നപ്പോൾ തിരുനബിﷺ സ്വീകരിച്ചു. അപ്പോൾ അദ്ദേഹത്തിന്റെ പക്കൽ മുഹമ്മദ് റസൂലുല്ലാഹ് എന്ന് കൊത്തിവെച്ച ഒരു വെള്ളി മോതിരമുണ്ടായിരുന്നു. എന്താണ് ഈ മോതിരം എന്ന് അദ്ദേഹത്തോട് അന്വേഷിച്ചപ്പോൾ ഇപ്രകാരമായിരുന്നു മറുപടി.
അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, ഞാൻ ജനങ്ങൾക്ക് വേണ്ടി കത്തുകൾ എഴുതാറുണ്ടായിരുന്നു. അപ്പോൾ സന്ദേശത്തിന്റെ അവസാനത്തിൽ ഇനിയൊന്നും ചേർക്കപ്പെടാതിരിക്കാനും അതിൽ നിന്ന് ഒന്നും വെട്ടിക്കുറക്കാതിരിക്കാനും ഒരു മുദ്ര വെക്കേണ്ടതുണ്ടായിരുന്നു. അപ്പോൾ മുദ്രയായി ഉപയോഗിക്കാൻ വേണ്ടി മോതിരം സ്വീകരിച്ചു. അപ്പോൾ ചോദിച്ചു. അതിൽ കൊത്തിവച്ചിട്ടുള്ളതെന്താണ്? മുഹമ്മദ് റസൂലുല്ലാഹ്. അപ്പോൾ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. മുആദി(റ)ന്റെ മോതിരം അടക്കം വിശ്വാസി ആയിട്ടുണ്ടല്ലോ! മുആദി(റ)ന്റെ കയ്യിൽ നിന്ന് തിരുനബിﷺ മോതിരം സ്വീകരിക്കുകയും മുദ്രയായി ഉപയോഗിക്കുകയും ചെയ്തു.
ഇമാം ഇബ്നു അസാകിർ(റ) ഉദ്ധരിക്കുന്ന ഹദീസിൽ മുആദ്(റ) യമനിൽ നിന്ന് ഒരു മോതിരം കൊടുത്തയച്ചു എന്നാണുള്ളത്. അതിലെ മുദ്ര വെക്കുന്ന ഭാഗം എത്യോപ്യൻ രീതിയിൽ ഉണ്ടാക്കിയതും മോതിരം യമനിയും ആയിരുന്നു. അതേ മോതിരം തന്നെയാണ് പിൽക്കാലത്ത് അബൂബക്കറും(റ) ഉമറും(റ) മുദ്രയായി ഉപയോഗിച്ചത്. ഉസ്മാനി(റ)ന്റെ കാലത്തും അത് ഉപയോഗിക്കുകയും മഹാനവർകളുടെ കയ്യിൽ നിന്നു തന്നെ അത് അരിസ് കിണറിൽ വീണുപോവുകയും ചെയ്തു. അത് കണ്ടെടുക്കാൻ ആവുന്നതും ശ്രമിച്ചുവെങ്കിലും ലഭിച്ചില്ല. മോതിരം നഷ്ടപ്പെട്ടുപോയത് ഉസ്മാൻ(റ)നെ വല്ലാതെ പ്രയാസപ്പെടുത്തുകയും ചെയ്തു.
മുആദ്(റ) മോതിരം കൊടുത്തുവിട്ടു എന്നതാണ് കൂടുതൽ ശരിയായി വായിക്കപ്പെടുന്നത്. കാരണം പ്രസിദ്ധമായ നിവേദനങ്ങളിലെല്ലാം മുആദ്(റ)യെ ഹിജ്റ 9 ലാണ് യമനിലേക്ക് അയക്കുന്നത്. തിരിച്ചുവരുമ്പോൾ നബിﷺ വഫാത്തായിരുന്നു. അതിനാൽ മുആദി(റ)നു പകരം മറ്റൊരാളാകാനാണ് സാധ്യതയെന്ന് ശറഫുൽ മുസ്ത്വഫയിൽ അബൂസഅദ് അന്നൈസാബൂരി(റ) പറയുന്നു. ഇബ്നു സഅദ്(റ) തന്നെ സമാനമായ സംഭവം മറ്റൊരിടത്ത് ഉദ്ധരിച്ചിട്ടുണ്ട്. അവിടെ അംറ് ബിൻ സഈദ്(റ) എന്ന സ്വഹാബി എത്യോപ്യയിൽ നിന്ന് വന്നപ്പോഴാണ് ഇത്തരത്തിൽ നബിﷺയുമായി സംവദിച്ചത് എന്ന് പറയുന്നുണ്ട്. അദ്ദേഹത്തിൽ നിന്ന് നബിﷺ അത് വാങ്ങുകയും വഫാത്ത് വരെ ധരിക്കുകയും ചെയ്തു എന്നും ആ നിവേദനത്തിലുണ്ട്. നബിﷺയുടെ മോതിരക്കല്ല് എത്യോപ്യയിൽ നിന്നുള്ളതായിരുന്നു എന്ന മുസ്ലിമി(റ)ന്റെ നിവേദനം ഇതിന് കൂടുതൽ ബലം നൽകുന്നു.
Tweet 888
തിരുനബിﷺയുടെ മോതിരത്തിൽ എഴുതപ്പെട്ട കാര്യങ്ങൾ എന്തൊക്കെയായിരുന്നു? ഇമാം ബുഖാരി(റ)യുടെ നിവേദനത്തിൽ അനസ്(റ) പറയുന്നത് ഇങ്ങനെയാണ്. മുഹമ്മദ്, റസൂൽ, അല്ലാഹു എന്നീ മൂന്ന് വാചകങ്ങൾ മൂന്നു വരികളിലായി ആ മോതിരത്തിൽ കൊത്തിയിരുന്നു.
ബിസ്മില്ലാഹ്, മുഹമ്മദ്, റസൂലുല്ലാഹ് എന്നിങ്ങനെയായിരുന്നു എഴുതപ്പെട്ടിരുന്നത് എന്ന് ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നുണ്ട്. എന്നാൽ ഹാഫിള് ഇബ്നു ഹജർ(റ) ബിസ്മില്ലാഹ് എന്നു കൂടിയുണ്ട് എന്നതിനെ പിന്തുണയ്ക്കുന്നില്ല. തിരുനബിﷺയുടെ മോതിരത്തിലുണ്ടായിരുന്നത് എത്യോപ്യൻ കല്ലായിരുന്നു. അതിൽ ‘ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുറസൂലുല്ലാഹ്’ എന്ന് എഴുതിയിരുന്നു. ഈ നിവേദനവും മോതിരത്തിൽ എഴുതപ്പെട്ട അധിക വാചകങ്ങളെ കുറിച്ചുള്ള പരാമർശവും ഒറ്റപ്പെട്ട നിവേദനം മാത്രമാണ് എന്നാണ് ഇബ്നു ഹജർ(റ) പറയുന്നത്.
അബുൽ ആലിയ(റ)യിൽ നിന്ന് ഇബ്നു സഅദ്(റ) ഉദ്ധരിച്ച ഒരു നിവേദനത്തിൽ ഇപ്രകാരമുണ്ട്. തിരുനബിﷺയുടെ മോതിരത്തിൽ എഴുതപ്പെട്ടിരുന്നത് സ്വദഖല്ലാഹ് എന്നായിരുന്നു. പിൽക്കാലത്ത് പ്രവാചക ഖലീഫമാരാണ് മുഹമ്മദ് റസൂലുല്ലാഹ് എന്ന് ചേർത്തത്.
നിവേദനങ്ങളുടെ ബലാബലങ്ങൾ പരിശോധിച്ചവരും കൂടുതൽ പ്രമാണങ്ങളിൽ നിന്ന് ഈ വിഷയത്തെ അവതരിപ്പിച്ചവരും തിരുനബിﷺയുടെ മോതിരത്തിൽ മുഹമ്മദ് റസൂലുല്ലാഹ് എന്നാണ് എഴുതപ്പെട്ടത് എന്ന് വിശദീകരിച്ചിട്ടുണ്ട്.
തിരുനബിﷺയുടെ മോതിരത്തിൽ എഴുതപ്പെട്ടത് പോലെ വേറെ ആരും എഴുതരുത് എന്ന നിർദ്ദേശമുണ്ടായിരുന്നു. അനസുബ്നു മാലികി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന നിവേദനത്തിൽ ഇക്കാര്യം കാണാം. ഇമാം നസാഇ(റ)യുടെ നിവേദനത്തിൽ ഇതിന്റെ കാരണത്തെ ധ്വനിപ്പിക്കുന്ന ഒരു പ്രയോഗം കൂടിയുണ്ട്. ഇതുപോലെയുള്ള മോതിരം നിങ്ങൾ ഉണ്ടാക്കിക്കൊള്ളൂ. പക്ഷേ, ഇതിൽ എഴുതപ്പെട്ടതുപോലെ നിങ്ങളുടെ മോതിരത്തിൽ എഴുതരുത്.
തിരുനബിﷺയുടെ മോതിരം മുദ്ര വെക്കാൻ കൂടിയാണല്ലോ ഉപയോഗിച്ചിരുന്നത്. അതിന് അതിന്റേതായ ഔദ്യോഗികത നിലനിൽക്കുമ്പോഴാണല്ലോ പ്രാധാന്യമുള്ളത്. എല്ലാവരും അപ്രകാരം തന്നെ മോതിരമുണ്ടാക്കി മുദ്ര വെക്കാൻ ഒരുങ്ങിയാൽ തിരുനബിﷺയുടെ ഔദ്യോഗിക മുദ്രയ്ക്ക് എന്ത് പ്രാധാന്യം! ഇതു കൊണ്ടായിരിക്കണം അങ്ങനെ ഒരു നിരോധനം ആദ്യമേ പറഞ്ഞത്.
യഅ്ല ബിൻ മുൻയ(റ) എന്നവർ പറയുന്നു. ഞാൻ തിരുനബിﷺക്ക് ഒരു മോതിരമുണ്ടാക്കി കൊടുത്തു. അതിൽ ആരും കൂറ് കൂടിയിട്ടില്ല. അതിൽ മുഹമ്മദ് റസൂലുല്ലാഹ് എന്നായിരുന്നു ആലേഖനം ചെയ്തത്. ഹാഫിള് ഇബ്നു ഹജർ(റ) ഈ നിവേദനത്തെയും പരാമർശിച്ചു. എഴുതപ്പെട്ടത് എന്തായിരുന്നുവെന്ന് ഇതിൽനിന്ന് കിട്ടിയല്ലോ എന്നായിരുന്നു ഈ ഹദീസിനെക്കുറിച്ച് മഹാനവർകൾ പറഞ്ഞത്.
പ്രബലമായ പരമ്പരയിലൂടെ ഇമാം അബൂദാവൂദും(റ) നസാഇ(റ)യും ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ മോതിരം വെള്ളി പൂശിയ ഇരുമ്പിന്റേതായിരുന്നു. അത് പലപ്പോഴും എന്റെ മക്കൾ സൂക്ഷിക്കുകയായിരുന്നു പതിവ് എന്ന് സ്വഹാബിയായ മുഐഖിബ്(റ) പറയുന്നു. മുഐഖിബ്(റ) തിരുനബിﷺയുടെ മോതിരത്തിന്റെ സൂക്ഷിപ്പുകാരനാണ് എന്ന പ്രസ്താവന തന്നെയുണ്ട്.
ഇബ്നു സഅദ്(റ) മക്ഹൂലി(റ)ൽ നിന്നുദ്ധരിച്ച ഹദീസിലും മോതിരം ഇരുമ്പിന്റെതായിരുന്നു എന്നും വെള്ളി പൂശിയിട്ടുണ്ടായിരുന്നുവെന്നും കാണാം. വെള്ളി മോതിരമായിരുന്നു നബിﷺ ധരിച്ചത് എന്ന് പറഞ്ഞവർക്കും തെറ്റില്ല. കാരണം പ്രത്യക്ഷത്തിൽ വെള്ളി മോതിരം തന്നെയാണല്ലോ ഇതും.
Tweet 889
തിരുനബിﷺയുടെ മോതിരവുമായി ബന്ധപ്പെട്ട് ചില അനുബന്ധങ്ങൾ കൂടി നാം വായിക്കേണ്ടതുണ്ട്. ഇരുമ്പിന്റെയും ചെമ്പിന്റെയും മോതിരം തിരുനബിﷺ ഉപയോഗിച്ചു എന്ന് ചില നിവേദനങ്ങളിൽ വായിക്കാം. കൂടുതൽ നിവേദനങ്ങളും പ്രബലമായ ഹദീസുകളും തിരുനബിﷺ വെള്ളി മോതിരം ഉപയോഗിച്ചു എന്ന് തന്നെയാണ്. ആദ്യം സ്വർണ്ണ മോതിരം ഉപയോഗിക്കുകയും സ്വർണ്ണം നിഷിദ്ധമാണെന്ന് നിയമം വന്നപ്പോൾ അത് ഒഴിവാക്കുകയും അതറിഞ്ഞ സ്വഹാബികളും അവരുടെ കയ്യിലുണ്ടായിരുന്ന സ്വർണമോതിരങ്ങൾ അഴിച്ചു മാറ്റുകയും ചെയ്തത് നാം വായിച്ചു പോയിട്ടുണ്ട്.
തിരുനബിﷺയുടെ മോതിരത്തിന്റെ മുദ്ര വെക്കുന്ന ഭാഗം ചതുരത്തിലുള്ളതായിരുന്നോ വൃത്തത്തിൽ തന്നെയായിരുന്നോ എന്നതിൽ ഖണ്ഡിതമായി പറയാൻ പറ്റുന്ന പ്രമാണങ്ങൾ ലഭിച്ചിട്ടില്ല.
സുലൈമാൻ നബി(അ)യുടെ മോതിരത്തിന് ഉണ്ടായിരുന്നതുപോലെ ചില ആത്മീയ ശക്തികൾ തിരുനബിﷺയുടെ മോതിരത്തിനുമുണ്ടായിരുന്നു എന്ന് പണ്ഡിതന്മാരിൽ ഒരുപക്ഷം പറയുന്നുണ്ട്. സുലൈമാൻ നബി(അ)ക്ക് മോതിരം നഷ്ടപ്പെട്ടപ്പോൾ അധികാരം നഷ്ടമായല്ലോ? അതുപ്രകാരം ഉസ്മാൻ(റ)നു മോതിരം നഷ്ടപ്പെട്ടതിനുശേഷം രാഷ്ട്രീയ പ്രതിസന്ധികൾ നേരിടേണ്ടി വരികയും ഉസ്മാൻ(റ) വധിക്കപ്പെടുകയും ചെയ്തു.
മോതിരത്തിനു ശക്തിയുണ്ട് എന്ന പരാമർശത്തിന് പിന്നിൽ അല്ലാഹു നിശ്ചയിച്ച ചില നിമിത്തങ്ങളുണ്ട് എന്ന് മാത്രമേ അർഥമുള്ളൂ. എല്ലാ പരമാധികാരവും നിയന്ത്രണവും അടിസ്ഥാനപരമായി അവനു മാത്രമാണല്ലോ!
തിരുനബിﷺയുടെയും അബൂബക്കർ(റ), ഉമർ(റ) എന്നിവരുടെയും കാലത്ത് മുദ്ര വെക്കുന്ന മോതിരം ഉണ്ടായിരുന്നില്ല എന്നും ഉസ്മാനി(റ)ന്റെ കാലത്താണ് മോതിരം കൊണ്ട് മുദ്ര ആരംഭിച്ചത് എന്നുമുള്ള ഒരു നിവേദനം അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് കാണാവുന്നതാണ്. എന്നാൽ, ആ ഹദീസ് പ്രാമാണികമല്ലെന്നും അതിന്റെ പരമ്പരയിൽ അയോഗ്യരായ നിവേദകരുണ്ടെന്നും ഹദീസ് നിരൂപണ ശാസ്ത്രജ്ഞന്മാർ വിലയിരുത്തിയിട്ടുണ്ട്.
ഉസ്മാൻ(റ)ന്റെ കയ്യിൽ നിന്ന് മോതിരം വീണു എന്ന പ്രയോഗം അതിന്റെ പ്രാഥമികാർത്ഥത്തിലല്ല വായിക്കേണ്ടത്. ഉസ്മാൻ(റ)ന്റെ ഉത്തരവാദിത്വത്തിലുള്ള പ്രസ്തുത മോതിരം സൂക്ഷിപ്പുകാരനായ മുഐഖിബി(റ)ന്റെ കയ്യിൽ നിന്നാണ് കിണറ്റിലേക്ക് വീണുപോയത്. ഭരണത്തിന്റെ ആദ്യത്തെ ആറുവർഷം ഉസ്മാൻ(റ) തന്നെ ധരിച്ചു നടക്കുകയായിരുന്നു. രാഷ്ട്രീയ പ്രതിസന്ധികൾ ഏറുകയും കൂടുതൽ എഴുത്തു കുത്തുകൾ ആവശ്യമായി വരികയും ചെയ്തപ്പോൾ മുഐഖിബി(റ)നെ ഏല്പിക്കുകയും അദ്ദേഹം കൊണ്ട് നടക്കുകയുമായിരുന്നു. ഇമാം നാഫിഇ(റ)ന്റെ നിവേദനത്തിൽ മുഐഖിബി(റ)ന്റ കയ്യിൽ നിന്നാണ് കിണറ്റിൽ വീണത് എന്ന് നേരിട്ട് തന്നെ പ്രയോഗിച്ചിട്ടുണ്ട്.
തിരുനബിﷺയുടെ മൂന്നു വരികളാണ് എഴുതപ്പെട്ടിരുന്നത്. മുഹമ്മദ്, റസൂൽ, അല്ലാഹ് എന്നീ വാചകങ്ങളായിരുന്നു ഉണ്ടായിരുന്നതെങ്കിലും അല്ലാഹു എന്ന നാമമാണ് മുകളിൽ എഴുതിയിരുന്നത്. രണ്ടാം വരിയിൽ മുഹമ്മദ് എന്നും മൂന്നാം വരിയിൽ റസൂൽ എന്നും. കലാപരമായി ചെയ്യുന്ന ഇത്തരം കാര്യങ്ങളിൽ അങ്ങനെയുള്ള ക്രമങ്ങൾ അതിന്റെ സമഗ്രതയും മനോഹാരിതയും കാത്തുസൂക്ഷിക്കുന്നു. എന്നാൽ ചില നിവേദനങ്ങൾ പ്രകാരം വാചകത്തിന്റെ ക്രമത്തിൽ തന്നെയായിരുന്നു എഴുതിയിരുന്നത് എന്നും കാണാം. ഇമാം ബുഖാരി(റ)യുടെ നിവേദനം ഈ ക്രമത്തെയാണ് പ്രബലമാക്കുന്നത്.
തിരുനബിﷺയുടെ മോതിരത്തെ കുറിച്ചുള്ള ചില നിവേദനങ്ങളിൽ അതിന്റെ കല്ല് എത്യോപ്യയിൽ നിന്നുള്ളതായിരുന്നു എന്നും അതല്ല വെള്ളി കൊണ്ട് തന്നെയായിരുന്നു എന്നും വന്നിട്ടുണ്ടല്ലോ!
Tweet 890
ഒരു മോതിരത്തെക്കുറിച്ചല്ല ഈ പരാമർശങ്ങളെന്നും തിരുനബിﷺക്ക് വ്യത്യസ്ത മോതിരങ്ങളുണ്ടായിരുന്നു എന്നുമാണ് ഈ ചർച്ചയുടെ നിവാരണത്തിൽ പറയുന്നത്. അഥവാ എത്യോപ്യയിൽ നിർമിതമായ കല്ലുവെച്ചുള്ള വെള്ളിമോതിരവും കല്ലിന്റെ ഭാഗത്ത് വെള്ളി കൊണ്ട് തന്നെ ഡിസൈൻ ചെയ്ത മോതിരവുമുണ്ടായിരുന്നുവെന്ന് സാരം. ജദ്ആ, അഖീഖ് തുടങ്ങിയ കല്ലുകൾ എത്യോപ്യയിൽ നിന്ന് കൊണ്ടുവരികയും മോതിരത്തിന് ഉപയോഗിക്കുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു.
മറ്റൊരു വിശദീകരണവും കൂടി നൽകിയിട്ടുണ്ട്. അതായത്, അതുകൊണ്ടുതന്നെ മുകൾഭാഗവും പരത്തി ഉണ്ടാക്കുകയും അതിന്റെ നിറം ഹബശി രീതിയിൽ ക്രമീകരിക്കുകയും ചെയ്തിരുന്നു എന്നാണ്. ഏതായാലും തിരുനബിﷺയുടെ മോതിരത്തിലെ കല്ല് സംബന്ധമായി വന്ന ഹദീസുകൾ തമ്മിൽ വൈരുദ്ധ്യം എന്ന് പറയാനാവാത്ത വിധം വൈവിധ്യങ്ങളുടെ ഒരുപാട് സാധ്യതകളുണ്ട്.
തിരുനബിﷺക്ക് രണ്ട് മോതിരങ്ങളുണ്ടായിരുന്നു എന്ന് പറയുന്ന നിവേദനങ്ങളിൽ ഒന്ന് ആദ്യം ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്ത സ്വർണമോതിരമാണെന്നും രണ്ടാമത്തെ വെള്ളിമോതിരം മുദ്ര വെക്കാനായി ഉപയോഗിച്ചിരുന്നതാണെന്നും പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ആദ്യം ഉപയോഗിച്ചിരുന്ന മോതിരത്തിൽ ഉണ്ടായിരുന്നത് കല്ലും, രണ്ടാമത് ഉപയോഗിച്ച മോതിരത്തിൽ മുദ്ര വെക്കാൻ പാകത്തിലുള്ള വെള്ളി കൊണ്ടും പണിയുകയായിരുന്നു എന്നും വായിക്കപ്പെടുന്നുണ്ട്.
ചെമ്പിന്റെയും ഇരുമ്പിന്റെയും മോതിരങ്ങൾ ധരിക്കാവുന്നതാണ്. ഇരുമ്പിന്റെ മോതിരമെങ്കിലും നിങ്ങൾ സ്വീകരിക്കുക എന്ന ആധികാരികമായ ഹദീസ് വന്നിട്ടുമുണ്ട്. അപ്പോൾ ചെമ്പിന്റെയും ഇരുമ്പിന്റെയും മോതിരങ്ങൾ ഉപേക്ഷിക്കരുത് എന്ന ഒരു റിപ്പോർട്ട് ഉണ്ടല്ലോ! അതത്ര സ്വീകാര്യമായ നിവേദനമല്ല എന്നാണ് മറ്റു പ്രമാണങ്ങൾ പറയുന്നത്. ഒരുപക്ഷേ ഈ ഹദീസ് സ്വീകരിക്കണമെന്ന ന്യായങ്ങൾ മുന്നോട്ടുവച്ചാൽ പോലും പ്രവാചകർﷺ നിരോധിച്ചതിന് പലമാനങ്ങളുമുണ്ട്. തനിച്ച ഇരുമ്പോ ചെമ്പോ എന്നായിരിക്കാം ആ നിർദ്ദേശത്തിന്റെ താൽപര്യമെന്നും കലർപ്പോടുകൂടി ഇരുമ്പ് മോതിരമോ ചെമ്പ് മോതിരമോ സ്വീകരിക്കുന്നതിന് പ്രസ്തുത ഹദീസും തടസ്സമല്ലന്നും പോലെയുള്ള ഗ്രന്ഥങ്ങൾ നിരീക്ഷിക്കുന്നുണ്ട്.
മോതിരത്തിന് ഉപയോഗിക്കുന്ന വെള്ളിയുടെ അളവ് ഒരു മിസ്കാൽ എന്ന് നിജപ്പെടുത്തിയവരുണ്ട്. എന്നാൽ, സാധാരണയിൽ ധൂർത്ത് എന്ന് പറയാവുന്ന അളവിലേക്ക് എത്തരുത് എന്ന് മാത്രമേയുള്ളൂ എന്ന് നിരീക്ഷിച്ചവരുമുണ്ട്. കാരണം ഇത്ര അളവേ പറ്റുകയുള്ളൂ എന്ന് ഖണ്ഡിതമായി പറയുന്ന ഹദീസുകളുടെ പ്രകടമായ ആശയങ്ങളില്ല എന്നതാണ്.
ഇത്തരം സൂക്ഷ്മമായ ചർച്ചകൾ നമുക്ക് നൽകുന്ന ചില വിചാരങ്ങളില്ലേ? ഒന്നര സഹസ്രാബ്ദത്തോളം അപ്പുറം ജീവിച്ചിരുന്ന പ്രവാചക പ്രഭുﷺവിന്റെ മോതിരത്തെക്കുറിച്ച് പോലുമുള്ള അതി സൂക്ഷ്മമായ ആലോചനകൾ, അന്വേഷണങ്ങൾ, നിവേദനങ്ങൾ നിരത്തിയുള്ള ചർച്ചകൾ. എന്തുകൊണ്ടുണ്ടാക്കിയ മോതിരം? എപ്രകാരമാണ് അണിഞ്ഞിരുന്നത്? അതിലെ മുദ്രകളുടെ സാരങ്ങളും രീതികളും എന്തൊക്കെയായിരുന്നു? അനുയായികളും പിൽക്കാലക്കാരും അതിനെ സമീപിച്ചത് എങ്ങനെയാണ്? തുടങ്ങി ഈ ഒരു അധ്യായത്തിലെ ചർച്ചയുടെ ഉപാദ്ധ്യായങ്ങൾ തന്നെ വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ഇത്രമേൽ വായിക്കപ്പെട്ട ആരെയെങ്കിലും നമ്മൾ കേട്ടിട്ടുണ്ടോ? ഇത്രമേൽ ചർച്ചയ്ക്ക് വിധേയമാക്കപ്പെട്ട ആചാരങ്ങളെ കുറിച്ച് നമ്മൾ പഠിച്ചിട്ടുണ്ടോ? അങ്ങനെയൊക്കെ ആലോചിക്കുമ്പോഴാണ് ഈ പഠനത്തിന്റെ വ്യാപ്തിയും തിരുപ്രവാചകരുﷺടെ വ്യക്തിത്വത്തിന്റെ വിശാലതയും നമുക്ക് ഒരിക്കൽ കൂടി ബോധ്യമാകുന്നത്.
Tweet 891
തിരുനബിﷺ സുഗന്ധം ഉപയോഗിച്ചതിനെ കുറിച്ചുള്ള വർത്തമാനങ്ങളാണ് ഇനി നമുക്ക് വായിക്കാനുള്ളത്. മഹതി ആഇശ(റ)യിൽ നിന്ന് ഇബ്നു അദിയ്യ്(റ) നിവേദനം ചെയ്യുന്നു. സുഗന്ധത്തോടുകൂടിയല്ലാതെ അനുചരന്മാരെ സമീപിക്കാൻ തിരുനബിﷺ ആഗ്രഹിച്ചിരുന്നില്ല. എപ്പോഴും സുഗന്ധം ഉപയോഗിച്ചും സുഗന്ധം നിറഞ്ഞ പരിസരം പാലിച്ചുമാണ് അവിടുന്ന് ജീവിച്ചിരുന്നത്. പാതിരാത്രിയിൽ ഉണരുമ്പോൾ തന്നെ സുഗന്ധം ഉപയോഗിക്കുമായിരുന്നു. മഹാനായ അനസി(റ)ൽ നിന്ന് ഇമാം ബസ്സാർ(റ) ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. തിരുനബിﷺ ഉണർന്നാൽ പ്രാഥമികാവശ്യങ്ങൾ നിർവഹിച്ചു അംഗസ്നാനം ചെയ്തശേഷം സുഗന്ധം കൊണ്ടുവരാൻ ഭാര്യമാരോട് ആവശ്യപ്പെടുമായിരുന്നു.
മുഴുവൻ പ്രവാചകന്മാരുടെയും ശീലമായിട്ടാണ് സുഗന്ധലേപനത്തെ തിരുനബിﷺ പരിചയപ്പെടുത്തിയത്. അവിടുന്ന് പറഞ്ഞ കാര്യം അബൂ അയ്യൂബിൽ അൻസ്വാരി(റ) നിവേദനം ചെയ്യുന്നു. നാലു കാര്യങ്ങൾ പ്രവാചകന്മാരുടെ ചര്യയിൽ പെട്ടതാണ്. ചേലാകർമ്മം, മിസ്വാക്ക് ചെയ്യൽ, സുഗന്ധം ഉപയോഗിക്കൽ, നിക്കാഹ് കഴിക്കൽ എന്നിവയാണത്.
മലീഹ് ബിൻ അബ്ദുല്ലാ അൽ അൻസ്വാരി(റ)യുടെ നിവേദനത്തിൽ പ്രവാചകന്മാരുടെ അഞ്ചു വിശേഷണങ്ങൾ പറയുന്നുണ്ട്. അവകൾ ഇതൊക്കെയാണ്. ലജ്ജ, സഹിഷ്ണുത, കൊമ്പ് വെക്കൽ, സുഗന്ധം ഉപയോഗിക്കൽ, മിസ്വാക്ക് ചെയ്യൽ.
വെടിപ്പും വൃത്തിയും ശുചീകരണവും തുടങ്ങി സൗന്ദര്യപരമായ കാര്യങ്ങളിൽ പ്രവാചകന്മാർ ഇപ്രകാരമൊക്കെയായിരുന്നു എന്ന് വിശദീകരിച്ചു തരുന്നതാണ് നാം വായിച്ച നിവേദനങ്ങൾ. പ്രവാചകന്മാർ മുന്നോട്ടുവെച്ച ഒരു സംസ്കാരത്തിന്റെ വിശേഷം കൂടിയാണിത്.
സുഗന്ധത്തോട് തിരുനബിﷺക്ക് ഇത്രമേൽ താല്പര്യമായിരുന്നതുകൊണ്ടുതന്നെ പ്രവാചകൻﷺ അത് നിരസിക്കുകയോ നിരസിക്കാൻ സമ്മതിക്കുകയോ ചെയ്തില്ല. പ്രവാചകൻﷺ ഒരിക്കൽ പോലും സുഗന്ധം നിരസിച്ചതായി കണ്ടിട്ടില്ല എന്ന് അബൂ യഅ്ലാ (റ) സ്വീകാര്യമായ പരമ്പരയിലൂടെ നിവേദനം ചെയ്യുന്നുണ്ട്. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം നസാഇ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ആർക്കെങ്കിലും റൈഹാൻ സമ്മാനമായി ലഭിച്ചാൽ ഒരിക്കലും നിരസിക്കരുത്. അത് വഹിക്കാൻ ഭാരം കുറഞ്ഞതും ഉപയോഗിക്കാൻ സുഗന്ധമേറിയതുമാണ്. റൈഹാൻ സ്വർഗ്ഗത്തിൽ നിന്നുള്ളതാണെന്ന് വിശേഷിപ്പിക്കുന്ന ഹദീസും സുഗന്ധവും എണ്ണയും കുഷ്യനും നിരസിക്കരുത് എന്ന ഒരു ഹദീസും അബൂ ഉസ്മാൻ(റ) ഉദ്ധരിക്കുന്നു. റൈഹാൻ നിരസിക്കരുതെന്ന് പറയുന്ന ഹദീസ് മഹാനായ ഇബ്നു ഉമർ(റ) നബിﷺയിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്.
മധുരപലഹാരം നിങ്ങൾക്ക് സമ്മാനമായി ലഭിച്ചാൽ അത് കഴിച്ചു കൊള്ളൂ എന്നും സുഗന്ധം ലഭിച്ചാൽ അത് ഉപയോഗിച്ചു കൊള്ളൂ എന്നും തിരുനബിﷺ പറഞ്ഞതായി അബൂഹുറൈറ(റ) തന്നെ ഉദ്ധരിക്കുന്നുണ്ട്. സ്വർഗ്ഗത്തിലെ റൈഹാനിനോട് മൈലാഞ്ചിയെ സാദൃശ്യപ്പെടുത്തുന്ന പ്രയോഗങ്ങളും ഹദീസിൽ തന്നെ വന്നിട്ടുണ്ട്.
തിരുനബിﷺയുടെ ശിരസ്സിൽ കസ്തൂരിയുടെ അംശം ഞാൻ കണ്ടിട്ടുണ്ട് എന്ന് ഇബ്നു അബ്ബാസ്(റ) പറയുന്ന അനുഭവം ഹാരിസ് ബിൻ അബീ ഉസാമ(റ) വിശദീകരിക്കുന്നു.
തിരുനബിﷺയുടെ ജീവിതത്തെ സ്വഹാബികൾ എങ്ങനെ നിരീക്ഷിച്ചു എന്നും, അത് പകർത്തിയെടുത്തപ്പോൾ ഏതെല്ലാം കാര്യങ്ങളിൽ അവർ ജാഗ്രത പുലർത്തി എന്നും ഒന്നുകൂടി ഒന്നു മനസ്സിരുത്തി വായിച്ചു നോക്കൂ.! ആശ്ചര്യം നിറഞ്ഞ മറുപടികളായിരിക്കും ചരിത്രഗ്രന്ഥങ്ങൾ പകർന്നുതരുന്നത്.
Tweet 892
തിരുനബിﷺക്ക് മൈലാഞ്ചി വളരെ പ്രിയപ്പെട്ടതായിരുന്നു. അനസ് ബിൻ മാലികി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇത് ഉദ്ധരിച്ചിട്ടുണ്ട്. സ്വർഗ്ഗത്തിലെ സുഗന്ധ ചെടികളിൽ നേതാവാണ് മൈലാഞ്ചി. ഒരിക്കൽ തിരുനബിﷺക്ക് മൈലാഞ്ചി പൂവ് ലഭിച്ചു. അപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു. “സ്വർഗ്ഗത്തിലെ സുഗന്ധപുഷ്പത്തിന് സമാനമാണല്ലോ ഇത്.”
മഹതി ആഇശ(റ)യോട് പ്രദേശത്തെ മുഴുവൻ തിരുനബിﷺ ഉപയോഗിച്ചിരുന്ന സുഗന്ധത്തെക്കുറിച്ച് ചോദിച്ചു. അപ്പോൾ ഇപ്രകാരം പറഞ്ഞു. സകാവതു ത്വീബ് ആയിരുന്നു. അപ്പോൾ ചോദിച്ചു. അതെന്താണ് ? കസ്തൂരിയും അമ്പറുമാണത്.
തിരുനബിﷺക്ക് സുഗന്ധം കൊണ്ടുനടക്കാൻ പ്രത്യേകമായ ഒരു പാത്രമുണ്ടായിരുന്നു എന്ന് ബഖിയ്യ് ബിൻ മഖ്ലദ്(റ) പറയുന്നു. തിരുനബിﷺക്ക് ഞാൻ സുഗന്ധം തേച്ചു കൊടുക്കാറുണ്ടായിരുന്നു എന്ന് പത്നി ആഇശ(റ) പറയുന്നുണ്ട്. സുഗന്ധത്തിന്റെ അടയാളങ്ങൾ ശരീരത്തിൽ കാണാറുണ്ടായിരുന്നു എന്നും മറ്റൊരു നിവേദനത്തിൽ മഹതിയുടെ തന്നെ പരാമർശവും കാണാം.
ഇഹ്റാമിൽ പ്രവേശിക്കുനതിന് മുമ്പ് എനിക്ക് കഴിയുന്നത്ര മൂല്യമുള്ള സുഗന്ധം തിരുനബിﷺക്ക് ഞാൻ തേച്ചു കൊടുക്കാറുണ്ടായിരുന്നു. ഇഹ്റാമിന്റെ സമയത്ത് ഞാൻ സുഗന്ധം കഴുകിക്കൊടുക്കാറുണ്ടായിരുന്നുവെന്നും ആഇശ(റ) തന്നെ പറയുന്നുണ്ട്. വിടവാങ്ങൽ ഹജ്ജ് വേളയിലും സുഗന്ധം തേച്ചു കൊടുത്ത അനുഭവം മഹതിക്ക് പറഞ്ഞുതരാനുണ്ട്.
കസ്തൂരിയും ഊദും നബിﷺക്ക് ഏറ്റവും പ്രിയപ്പെട്ട സുഗന്ധദ്രവ്യങ്ങളായിരുന്നു. അതോടൊപ്പം മൈലാഞ്ചിയോട് പ്രത്യേക താൽപര്യമായിരുന്നു.
തിരുനബിﷺ ഉപയോഗിച്ച സുഗന്ധദ്രവ്യങ്ങൾ എന്തെല്ലാമാണ് എന്ന് പറയുന്നത് അവിടുത്തോട് ഏറ്റവും കൂടുതൽ ചേർന്നു നിന്നവരാണ്. അനസുബ്നു മാലികും(റ) മഹതി ആഇശ(റ)യുമാണ് ആ കൂട്ടത്തിൽ മുന്നിൽ.
തിരുനബിﷺ ഒരിക്കൽ പറഞ്ഞതായി ഇമാം നസാഇ(റ) ഉദ്ധരിക്കുന്നു. ഇസ്രയേല്യരിൽ പെട്ട ഒരു സ്ത്രീ തന്റെ സ്വർണ മോതിരം കസ്തൂരിയിൽ ചാലിച്ചു. കസ്തൂരി സുഗന്ധങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മികച്ചതായിരുന്നു. ഇതല്ലേ സുഗന്ധങ്ങളുടെ കൂട്ടത്തിൽ ഏറ്റവും മികച്ചത് എന്ന് ചോദിക്കുകയും ചെയ്തു.
തിരുനബിﷺ ഇഷ്ടത്തോടു കൂടി തെരഞ്ഞെടുത്ത സുഗന്ധങ്ങൾ സവിശേഷമായ സ്നേഹത്തോടെയും പരിഗണനയോടെയും ഇബ്നു ഉമർ(റ) ഉപയോഗിക്കാറുണ്ടായിരുന്നു.
പുകയ്ക്കുന്ന സുഗന്ധവും തിരുനബിﷺയുടെ സുഗന്ധ ഉപയോഗത്തിലുണ്ടായിരുന്നു. ഉലുവാനായിരുന്നു അന്ന് വ്യാപകമായി ലഭിക്കുന്ന ഒരു സുഗന്ധം. അത് വ്യാപകമായി പ്രയോജനപ്പെടുത്തുകയും ചെയ്തിരുന്നു. ഇബ്നു ഉമർ(റ) അത് പുകയ്ക്കുകയും ഇപ്രകാരമാണ് തിരുനബിﷺ ഉപയോഗിച്ചിരുന്നത് എന്ന് പറയുകയും ചെയ്യുമായിരുന്നു.
നജ്ജാശി രാജാവ് സവിശേഷമായ ഒരു സുഗന്ധ പാത്രം തിരുനബിﷺക്ക് സമ്മാനിച്ചിട്ടുണ്ട്.
ഒരിക്കൽ തിരുനബിﷺ അവിടുത്തെ ഇരുകരങ്ങളിലുമായി ഒരു പനിനീർ പുഷ്പം വഹിച്ചു കൊണ്ട് വന്നു. അപ്പോൾ അലി(റ)യുടെ മകൻ ഹസൻ(റ) മൂക്കടുപ്പിച്ച് മണക്കാൻ ഒരുങ്ങി. അപ്പോൾ തിരുനബിﷺ ഇപ്രകാരം പറഞ്ഞു. സ്വർഗീയ സുഗന്ധങ്ങളിൽ ‘ആസ്’ കഴിഞ്ഞാൽ ഏറ്റവും സുഗന്ധമുള്ള വസ്തു ഇതായിരിക്കും.
Tweet 893
തിരുനബിﷺ അവിടുത്തെ കേശങ്ങളിൽ നിറം പുരട്ടിയിരുന്നോ? അഥവാ മൈലാഞ്ചി പുരട്ടിയിരുന്നോ? എന്ന് അന്വേഷിക്കുന്ന, അത് സംബന്ധമായ നിവേദനങ്ങൾ വായിക്കുന്ന ഒരു അധ്യായമാണിത്. മൈലാഞ്ചി, കത്മ് എന്നീ ചെടികൾ ഉപയോഗിച്ചുകൊണ്ടാണ് തിരുനബിﷺ കേശങ്ങളിൽ നിറം പുരട്ടിയിരുന്നത്. അബൂ റംസാ(റ) എന്ന സ്വഹാബി പറയുന്നു. ഞാൻ തിരുനബിﷺയുടെ അടുക്കൽ ചെല്ലുമ്പോൾ അവിടുന്ന് മൈലാഞ്ചി കൊണ്ട് കേശങ്ങളിൽ നിറം പുരട്ടിയിരുന്നു. താടിയിൽ മഞ്ഞനിറം പുരട്ടിയിരുന്നു എന്ന പ്രയോഗവും ഇതേ നിവേദനത്തിൽ തന്നെ കാണാം.
യഅ്ഖൂബ് ബിൻ സുഫ്യാൻ(റ) പറയുന്നു. തിരുനബിﷺ വർസ് ചെടി കൊണ്ട് താടി ചുവപ്പിച്ചിരുന്നു.
ഇമാം അഹ്മദും(റ) ബുഖാരി(റ)യും ഉദ്ധരിക്കുന്നു. ഉസ്മാൻ ബിൻ അബ്ദുല്ലാഹ് ബിൻ മൗഹബ്(റ) പറയുന്നു. എന്റെ വീട്ടുകാർ ഒരു പാത്രത്തിൽ വെള്ളവും തന്ന് എന്നെ ഉമ്മുസലമ(റ)യുടെ അടുക്കലേക്ക് അയച്ചു. തിരുനബിﷺയുടെ വിശുദ്ധ കേശങ്ങൾ സൂക്ഷിച്ചു വച്ചിരിക്കുന്ന ഒരു വെള്ളി മണിപാത്രമെടുത്തു. ജനങ്ങൾക്ക് കണ്ണേറോ മറ്റോ സംഭവിച്ചാൽ അവർ മഹതിയുടെ അടുത്തേക്ക് വരുമായിരുന്നു. എന്നിട്ട് ആ പാത്രത്തിലുള്ള തിരുകേശം വെള്ളത്തിൽ മുക്കി, വെള്ളം കുലുക്കി അത് ഉപയോഗിക്കുമായിരുന്നു. അപ്പോൾ ആ മണിപാത്രത്തിലേക്ക് ഞാനൊന്നു നോക്കി. തിരുനബിﷺയുടെ ചുവന്ന നിറമുള്ള കേശമാണ് കണ്ടത്.
തിരുനബിﷺയുടെ കേശങ്ങളിൽ നിറം പുരട്ടിയിരുന്നു എന്നതിന് തെളിവായിട്ടാണ് ഈ ഹദീസ് വായിക്കുന്നത്.
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന വേറിട്ട ഒരു നിവേദനം കൂടി നമുക്ക് വായിക്കാം. അബ്ദുല്ലാഹിബ്നു സൈദ് ബിൻ അബ്ദി റബ്ബഹ്(റ) പറയുന്നു. ബലിപെരുന്നാൾ സമയത്ത് തിരുനബിﷺ മൃഗങ്ങളെ അറുക്കുന്ന സ്ഥലത്ത് വന്നു. ഖുറൈശികളിൽ നിന്നുള്ള ഒരാളും തിരുനബിﷺയോടൊപ്പമുണ്ടായിരുന്നു. ബലി മൃഗത്തിൽ നിന്നുള്ള വിഹിതം അവിടുത്തേക്കോ കൂടെയുള്ള ആൾക്കോ ലഭിച്ചില്ല. തിരുനബിﷺയുടെ ശിരസ്സിലെ മുടികൾ നീക്കി. അവിടുത്തെ വസ്ത്രത്തിലേക്ക് തന്നെയായിരുന്നു മുടികൾ ശേഖരിച്ചത്. എന്നിട്ട് അടുത്തുള്ള ആൾക്ക് നൽകുകയും അദ്ദേഹം ജനങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു. നഖം മുറിച്ചപ്പോഴും അപ്രകാരം തന്നെ നിർവഹിച്ചു. നമ്മുടെ അടുക്കലുള്ള തിരുകേശങ്ങൾ മൈലാഞ്ചി കൊണ്ടോ കത്മ് കൊണ്ടോ നിറം പുരട്ടിയതാണ്.
തിരുനബിﷺയുടെ കേശങ്ങളിൽ മൈലാഞ്ചി ഇട്ടിരുന്നോ? എന്ന ചോദ്യത്തിന് അതെ എന്ന മറുപടിയാണ് അബ്ദുല്ലാഹിബിന് ബുറൈദ(റ) പറഞ്ഞത്.
തിരുനബിﷺയുടെ വിശുദ്ധ കേശങ്ങളോട് സ്വഹാബികൾ പെരുമാറിയത് എങ്ങനെയെന്നും അനുഗ്രഹം പ്രതീക്ഷിച്ചു കരുതിവെക്കാൻ മാത്രമുള്ളതാണെന്ന് അവർ മനസ്സിലാക്കിയിരുന്നുവെന്നും പ്രവാചകൻﷺ സമ്മതപൂർവ്വം അവർക്ക് കേശങ്ങൾ കൈമാറിയെന്നുമൊക്കെയാണല്ലോ നാം ഈ നിവേദനങ്ങളിൽ വായിച്ചത്.
തിരുനബിﷺ ഇഹ്റാമിൽ നിന്ന് ഒഴിവാകാൻ വേണ്ടി തലമുണ്ടനം ചെയ്തപ്പോൾ വിശുദ്ധ കേശങ്ങൾ സ്വഹാബികൾക്ക് കൈമാറുകയും വിതരണം ചെയ്യാൻ അനുമതി കൊടുക്കുകയും ചെയ്തത് സ്വീകാര്യയോഗ്യമായ പരമ്പരകളിലൂടെ നാം വായിച്ചു പോയിട്ടുണ്ട്. പ്രവാചകരുﷺടെ തിരുശേഷിപ്പുകളെ ആദരവോടെ കാണുകയും മഹത്വം പ്രതീക്ഷിച്ചു കരുതി വെക്കുകയും ചെയ്യുന്നത് സ്വഹാബികളിൽ തന്നെ ഉണ്ടായിരുന്ന നടപടിയാണ്.
പവിത്രമായ ഓർമ്മകൾക്ക് മൂല്യവും സ്നേഹവുമുണ്ട് എന്ന് പറയാൻ പ്രമാണങ്ങളുടെയൊന്നും ആവശ്യമില്ല. സ്നേഹവും ആദരവും അടുപ്പവും എന്താണെന്നറിയുന്ന ഒരു മാനുഷികമായ മാനസികാവസ്ഥ മതി. അനുഗ്രഹവും പുണ്യവും പ്രതീക്ഷിച്ചു കരുതിവെക്കുക എന്നതിന് തിരുനബിﷺയുടെ സാന്നിധ്യത്തിൽ സ്വഹാബികൾ സ്വീകരിച്ച നടപടിയും മതി. ഓർമ്മയ്ക്കും അനുരാഗത്തിനുമുള്ള പഠനമാനങ്ങൾ കർമ്മങ്ങൾക്കും അനുഷ്ഠാനങ്ങൾക്കുമുള്ളതിനേക്കാൾ കൂടുതൽ വിശാലമാണ്. ഇതൊക്കെ ചേർത്തുവച്ചു കൊണ്ടാണല്ലോ നാം ഈ ചരിത്രം വായിച്ചു പോകേണ്ടത്.
Tweet 894
പ്രമുഖ താബിഈ പണ്ഡിതനായ ഇബ്നു സീരീനി(റ)ൽ നിന്ന് അബൂ യഅ്ല(റ) ഉദ്ദരിക്കുന്നു. ബഹുമാനപ്പെട്ടവർ പറഞ്ഞു. ഞങ്ങൾ അനസുബ്നു മാലികി(റ)നോട് ചോദിച്ചു. തിരുനബിﷺ മുടിയിൽ മൈലാഞ്ചി ഇടാറുണ്ടായിരുന്നുവോ? അതെ, അവിടുന്ന് മൈലാഞ്ചിയും കത്മും ഉപയോഗിക്കാറുണ്ടായിരുന്നു. ഒരല്പം മാത്രമേ അവിടുത്തേക്ക് നരബാധിച്ചിരുന്നുള്ളൂ. അബൂബക്കറും(റ) ഉമറും(റ) മുടിയിൽ മൈലാഞ്ചിയും കത്മും ഉപയോഗിക്കാറുണ്ടായിരുന്നു. തിരുനബിﷺയുടെ തിങ്ങിയ മുടിയിൽ മൈലാഞ്ചിയുടെ അംശമുണ്ടായിരുന്നു എന്ന് അബൂരിംസ(റ) പറഞ്ഞതായി ഇമാം ഇബ്നു സഅദ് (റ) റിപ്പോർട്ട് ചെയ്യുന്നു.
ഇബ്നു ഉമർ(റ) താടിക്ക് മഞ്ഞ നിറം കൊടുക്കുന്ന സമയത്ത് ഉബൈദ് ബിനു ജുറൈജ്(റ) ചോദിച്ചു. എന്താണ് ഇങ്ങനെ? അപ്പോൾ അദ്ദേഹം പറഞ്ഞത് തിരുനബിﷺ നിറം പുരട്ടുന്നത് ഞാൻ കണ്ടിട്ടുണ്ടായിരുന്നു എന്നാണ്. ഇതേ ആശയമുള്ള ഹദീസ് ഇമാം മാലികും(റ) ഉദ്ധരിച്ചിട്ടുണ്ട്. മൈലാഞ്ചിയും കുങ്കുമവും ചേർത്തുകൊണ്ട് താടി രോമങ്ങൾക്ക് നിറം കൊടുത്തതായി ഇബ്നു ഉമറി(റ)നെ കുറിച്ച് നാഫിഅ്(റ) എന്നവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സിദ്റിന്റെ വെള്ളം ഉപയോഗിച്ചുകൊണ്ട് താടിയുടെ നിറം മാറ്റാറുണ്ടായിരുന്നു എന്ന് അബ്ദുർറഹ്മാൻ ബിൻ അബൂരിംസ(റ) പറയുന്നു. തിരുനബിﷺ അല്പം എണ്ണയും കുങ്കുമവും കയ്യിലെടുക്കും, രണ്ടുംകൂടി കയ്യിൽ വെച്ച് ചാലിച്ച് തലയിൽ പുരട്ടും.
തിരുനബിﷺ മുടിയിൽ നിറം പുരട്ടിയെന്നും ഇല്ലായെന്നുമുള്ള വ്യത്യസ്ത നിവേദനങ്ങൾ നാം വായിച്ചു. ഈ വിഷയവുമായി ബന്ധപ്പെട്ട പണ്ഡിതന്മാരുടെ ചർച്ചകൾ കൂടി നമുക്കൊന്ന് പറഞ്ഞു പോകാം. മൈലാഞ്ചി പോലെയുള്ളതുകൊണ്ട് തിരുനബിﷺ നിറം പുരട്ടിയിരുന്നോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. നിറം പുരട്ടിയിരുന്നില്ല എന്ന ഇമാം മാലികി(റ)ന്റെ അഭിപ്രായമാണ് ഇമാം ഖാളി ഇയാള്(റ) ഉദ്ധരിച്ചിട്ടുള്ളത്. എന്നാൽ, ഇമാം നവവി(റ) പറയുന്നു. ചില സന്ദർഭങ്ങളിൽ നിറം പുരട്ടുകയും ചില സന്ദർഭങ്ങളിൽ അത് ഒഴിവാക്കുകയും ചെയ്തു. ഓരോ നിവേദകന്മാരും അവർക്ക് കാണാനിടയായ സന്ദർഭങ്ങളെ കുറിച്ചാണ് റിപ്പോർട്ട് ചെയ്തത്. അങ്ങനെ വരുമ്പോൾ രണ്ട് നിവേദനങ്ങളും ശരിയാണ്. നിറം പുരട്ടിയ അവസ്ഥയിൽ കണ്ടവരും, അല്ലാത്ത അവസ്ഥയിൽ കണ്ടവരും ഉണ്ടാകുമല്ലോ! കൂടുതലായി നിറം പുരട്ടാൻ മാത്രം തിരുനബിﷺക്ക് നര ഉണ്ടായിരുന്നില്ല. വളരെ കുറഞ്ഞ രോമങ്ങൾ മാത്രമല്ലേ ഈ ലോകത്ത് നിന്ന് യാത്രയാകുമ്പോഴും നരച്ചതായി അവിടുത്തേക്ക് ഉണ്ടായിരുന്നുള്ളൂ!
നിറം പുരട്ടുന്നതും പുരട്ടാതിരിക്കുന്നതും നിർദ്ദേശിക്കപ്പെട്ട ഒരു പുണ്യകർമ്മമോ പതിവാക്കേണ്ട ഒരു ചര്യയോ ആയി ഉദ്ധരിക്കപ്പെടാത്തതിനാൽ തന്നെ അനുവദനീയമായ ഒരു കാര്യമാണ് എന്നാണല്ലോ പറയാനാവുക. അതുകൊണ്ടുതന്നെ അനുവദനീയമാണെന്ന് പറയാൻ പറ്റുന്ന വിധം തിരുനബിﷺ നിറം പുരട്ടുകയും കൂടുതൽ സന്ദർഭങ്ങളിൽ പുരട്ടാതിരിക്കുകയും ചെയ്തു.
തിരുനബിﷺ മൈലാഞ്ചിയിട്ടതുമായി ബന്ധപ്പെട്ട ഓരോ ഹദീസുകൾക്കും അതത് സന്ദർഭങ്ങളിൽ വ്യത്യസ്ത വ്യാഖ്യാന തലങ്ങളുണ്ട്. ഓരോന്നും വിശദമായി തന്നെ പഠിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തവരുമുണ്ട്.
സാധാരണക്കാരായ നമ്മെ സംബന്ധിച്ചിടത്തോളം അനുവദിക്കപ്പെട്ട കാര്യവും വേണ്ടിവന്നാൽ നിർവഹിക്കാവുന്നതുമാണ്. നരയെ മറച്ചുവെക്കാൻ വേണ്ടി കറുത്ത ചായം പുരട്ടുന്നത് മതപരമായി നിർദ്ദേശിക്കപ്പെടുകയോ അനുവദിക്കപ്പെടുകയോ ചെയ്ത കാര്യമല്ല. മറിച്ച് മേൽ പറയപ്പെട്ടത് പോലെയുള്ള ചെടികളുപയോഗിച്ച് നിറം പുരട്ടുന്നത് മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. അബൂബക്കറി(റ)ന്റെ പിതാവ് അബൂഖുഹാഫ(റ)യെ നബിﷺയുടെ അടുക്കൽ കൊണ്ടുവന്നപ്പോൾ, “നിങ്ങൾ അതിന് ചായം കൊടുക്കൂ” എന്ന് പറഞ്ഞതിന് ശേഷം “എന്നാൽ കറുപ്പ് ചായം നിങ്ങൾ വെടിയുക” എന്നും പറഞ്ഞു. മുടി കറുപ്പിക്കൽ ലോകാവസാനത്തിന്റെ അടയാളത്തിൽ പെട്ടതാണെന്നും നബിﷺ പറഞ്ഞിട്ടുണ്ട്.
നബിﷺ നര പറിക്കുന്നത് വിരോധിച്ചുവെന്ന് അംറ് ബ്നു ശുഐബ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു.
ഇമാം നവവി(റ)യുടെ പ്രസ്താവന കൂടി വായിക്കാം. പുരുഷന് തന്റെ നര മറക്കാന്‍ മഞ്ഞയോ ചുവപ്പോ നിറം നല്‍കുന്നത് അഭികാമ്യമാണെന്നതാണ് നമ്മുടെ അഭിപ്രായം. കറുപ്പിക്കുന്നത് നിഷിദ്ധമാണെന്നാണ് ശരിയായ അഭിപ്രായം.(ശറഹ് മുസ്‌ലിം)
Tweet 895
തിരുനബിﷺയുടെ ചീർപ്പ്, കണ്ണാടി, സുറുമ എന്നിവയെ കുറിച്ചുള്ള ലളിതമായ ഒരു വായനയാണ് നാം നിർവഹിക്കുന്നത്. മഹതി ആഇശ(റ) നിവേദനം ചെയ്യുന്നു. ചീർപ്പ്, കണ്ണാടി, ബ്രഷ്, എണ്ണ, സുറുമ എന്നീ അഞ്ചു വസ്തുക്കൾ തിരുനബിﷺയുടെ യാത്രയിലും അല്ലാത്തപ്പോഴും ഒപ്പം കരുതിയിരുന്നു. മറ്റൊരു നിവേദനത്തിൽ ആറാമതായി കത്രികയെ കൂടി എണ്ണുന്നുണ്ട്. അനസി(റ)ൽ നിന്ന് അബൂ ശൈഖ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ രാത്രി ഉറങ്ങാൻ കിടക്കുന്നതിനു മുമ്പ് ബ്രഷ് ചെയ്യുകയും വുളൂഅ് നിർവഹിക്കുകയും തല വാരുകയും ചെയ്യുമായിരുന്നു.
ചിലപ്പോഴൊക്കെ തലയും താടിയും വെള്ളം നനച്ചു ഒതുക്കുന്നത് അവിടുത്തെ പതിവായിരുന്നു എന്ന് ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. താടി വാർന്നൊതുക്കുന്നതും തലയിൽ എണ്ണയിടുന്നതും സാധാരണയായിരുന്നു എന്ന് ഇമാം തുർമുദി(റ) ശമാഇലിൽ ഉദ്ധരിക്കുന്നു. ഇടയ്ക്കിടെ തല വാർന്നു ഒപ്പിക്കുന്നത് തിരുനബിﷺയുടെ ശൈലിയായിരുന്നു. പള്ളിയിലായിരിക്കുമ്പോഴും തിരുനബിﷺയുടെ ഒപ്പം മിസ്‌വാക് അഥവാ ബ്രഷ് ഉണ്ടാകുമായിരുന്നു. കണ്ണാടി നോക്കുന്നതും അവിടുത്തെ ശൈലിയിൽ ഉൾപ്പെട്ടിരുന്നു. മുടി വാർന്നുവെക്കാൻ ശ്രദ്ധിക്കുകയും മറ്റുള്ളവരോട് പറയുകയും ചെയ്യുമായിരുന്നു. സഹൽ ബിൻ സഅദ്(റ) പറയുന്നു. ഒരിക്കൽ ഒരാൾ പെട്ടെന്ന് നബിﷺയെ കണ്ടപ്പോൾ അവിടുത്തെ കൈയിൽ ‘മിദ്റാ’ അഥവാ ചീർപ്പ് പോലെ പല്ലുകളുള്ള പുറം ചൊറിയാൻ ഉപയോഗിക്കുന്ന വസ്തു ഉണ്ടായിരുന്നു. ചീർപ്പ് ഉപയോഗിച്ചു കൊണ്ടായിരുന്നു അവിടുന്ന് തല വാർന്നിരുന്നത്.
ഖാലിദ് ബിൻ മഅ്ദാൻ(റ) പറയുന്നു. തിരുനബിﷺയുടെ അടുക്കൽ ആനക്കൊമ്പു കൊണ്ടുള്ള ഒരു ചീർപ്പുണ്ടായിരുന്നു. അത് ഉപയോഗിച്ച് നബിﷺ തലവാർന്നു വെക്കുമായിരുന്നു. യാത്രയിലും ആ ചീർപ്പ് കൂടെ കരുതും. കണ്ണാടിയും എണ്ണയും മിസ്‌വാകും സുറുമയും യാത്രയിൽ കരുതാൻ മറക്കുമായിരുന്നില്ല. കണ്ണാടി നോക്കുമ്പോൾ അവിടുന്ന് ഇപ്രകാരം പ്രാർഥിക്കുമായിരുന്നു. “അൽഹംദുലില്ലാഹി…… എനിക്ക് ശരീര സൗന്ദര്യം നൽകിയത് പോലെ സ്വഭാവ സൗന്ദര്യവും നൽകിയ, മറ്റുള്ളവരിൽ മോശമായ ഭാവങ്ങൾ ഉള്ളതും എനിക്ക് നന്നാക്കി തരുകയും ചെയ്ത അല്ലാഹുവേ സർവ്വസ്തുതിയും നിനക്കാകുന്നു.”
നമ്മൾ കണ്ണാടി നോക്കുമ്പോൾ പതിവാക്കാൻ പറ്റുന്ന ഒരു മന്ത്രം കൂടി അവിടുന്ന് പഠിപ്പിച്ചു. അതിപ്രകാരമാണ്. “അല്ലാഹുവേ എന്റെ സൃഷ്ടിപ്പ് നന്നാക്കിയത് പോലെ സ്വഭാവവും നീ നന്നാക്കേണമേ! എന്റെ രിസ്ഖ് നീ വിശാലമാക്കേണമേ!” രിസ്ഖ് എന്നതിന് പ്രാഥമികമായി ഭക്ഷണം എന്നാണ് അർഥമെങ്കിലും എല്ലാവിധ അനുഗ്രഹങ്ങളും ഉൾക്കൊള്ളുന്ന ഒരു പദമാണത്.
ജീവിതത്തിലെ ഏതൊരു ചെറിയ കാര്യവും മൂല്യമുള്ളതാണെന്ന് പഠിപ്പിക്കുന്ന മനോഹരമായ ഒരു അധ്യായം കൂടിയാണല്ലോ ഇത്. ഒരു കണ്ണാടി നോക്കുന്നിടത്ത് പോലുമുണ്ട് മൂല്യവത്തായ ചില പ്രാർഥനകളും വിചാരങ്ങളും എന്നത് എത്രമേൽ ഉൽകൃഷ്ടമായി വായിക്കപ്പെടേണ്ട ഒരു പാഠമാണ്. ദൈനംദിന ജീവിതത്തിൽ അത്ര ഗൗരവമല്ലാതെ നാം കാണുന്ന ഒരു കാര്യം. മാനുഷികമായി എല്ലാവരിലും ചേർന്ന് കിടക്കുന്ന ഒരു സൗന്ദര്യബോധം. ആളുകളെ അഭിമുഖീകരിക്കുമ്പോൾ മുഖവും വേഷവും വൃത്തിയാണോ എന്ന് പരിശോധിക്കാൻ പൊടുന്നനെ ചെയ്തു പോകുന്ന ഒരു കാര്യം. അവിടെയുമുണ്ട് വിചാരത്തിനും ചിന്തക്കും പ്രതീക്ഷക്കും പ്രത്യാശക്കുമെല്ലാം സാധ്യതകൾ എന്നു വരുമ്പോൾ മനുഷ്യജീവിതത്തിൽ എത്രമാത്രം ആഴ്ന്നും ചൂഴ്ന്നുമാണ് മതം ഇടപെട്ടിട്ടുള്ളത്! ഇസ്ലാം സ്പർശിക്കാത്ത ഒരു വ്യവഹാര മേഖലയും മനുഷ്യനിലില്ല എന്ന് പറയുന്നത് ഇതുകൊണ്ട് കൂടിയാണ്.
Tweet 896
തിരുനബിﷺയുടെ ജീവിതശൈലികളിൽ നിന്ന് സൗന്ദര്യപരമായ ചില അധ്യായങ്ങളിലൂടെ ആണല്ലോ നാം സഞ്ചരിക്കുന്നത്. അവിടുന്ന് മീശ വെട്ടിയിരുന്നതും നഖം മുറിച്ചിരുന്നതുമായി ബന്ധപ്പെട്ട ചില നിവേദനങ്ങൾ കൂടി നമുക്ക് വായിച്ചു പോകാം. തിരുനബിﷺ മീശ വെട്ടുമായിരുന്നു എന്ന് ഇബ്നു അബ്ബാസ്(റ) പറയുന്ന നിവേദനം ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. ഇബ്രാഹിം നബി(അ) മീശ വെട്ടാറുണ്ടായിരുന്നു എന്ന ഒരു അനുബന്ധം കൂടി ആ ഹദീസിലുണ്ട്.
തിരുനബിﷺ മീശ വെട്ടുന്നത് ഞാൻ കണ്ടിരുന്നു എന്ന നേരിട്ടുള്ള സാക്ഷ്യം അബ്ദുല്ലാഹിബ്നു ബശീറും(റ) അബ്ദുള്ളാഹിബ്നു ഉമറും(റ) പറയുന്നത് ഇമാം ത്വബ്റാനി(റ)യും ഇബ്നു സഅദും(റ) ഉദ്ധരിക്കുന്നുണ്ട്. മീശയുടെ അഗ്രം മുറിക്കുന്നതിനെ കുറിച്ച് പണ്ഡിതന്മാർ പറഞ്ഞ നിവേദനവും ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു.
വെള്ളിയാഴ്ച ദിവസം മീശ വെട്ടുന്നതും നഖം മുറിക്കുന്നതും ചര്യയായി തന്നെ തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്.
അബ്ദുല്ലാഹിബിന് അബ്ദുല്ലാഹ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺയുടെ സന്നിധിയിൽ ഒരു അഗ്നി ആരാധകൻ വന്നു. അദ്ദേഹത്തിന്റെ മീശ നീണ്ടുകിടക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തോട് ചോദിച്ചു. ഇങ്ങനെ മീശ വളർത്താൻ നിങ്ങളോട് ആരാണ് പറഞ്ഞത്? അയാൾ പറഞ്ഞു, എന്റെ പിതാവ്. തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. എന്റെ പിതാവ് എന്നോട് പറഞ്ഞത് താടി വളർത്താനും മീശ ചെറുതാക്കാനുമാണ്.
തിരുനബിﷺ താടിയും ഒപ്പിച്ചു വൃത്തിയാക്കുമായിരുന്നു. നീളത്തിലും വീതിയിലും താടി രോമങ്ങൾ മുറിച്ച് അവിടുന്ന് ഒപ്പിക്കാറുണ്ടായിരുന്നു. വെള്ളിയാഴ്ച ദിവസം മീശ ചെറുതാക്കുകയും നഖം മുറിക്കുകയും ചെയ്യുമായിരുന്നു.
സഹൽ ബിൻ മുസർറഹ്(റ) പറയുന്നു. എന്റെ പിതാവ് നഖം മുറിക്കുന്നതും അവ കുഴിച്ചുമൂടുന്നതും ഞാൻ കണ്ടു. അപ്പോൾ അദ്ദേഹം പറഞ്ഞു. ഇപ്രകാരമായിരുന്നു തിരുനബിﷺ ചെയ്യാറുണ്ടായിരുന്നത്.
നഖം കൃത്യമായി മുറിക്കണം എന്നും മുറിച്ചെടുത്ത നഖം കുഴിച്ചുമൂടണം എന്നുമുള്ള അധ്യാപനമാണ് ഈ പ്രവൃത്തിയിലൂടെ തിരുനബിﷺ പങ്കുവെക്കുന്നത്. ഓരോ മനുഷ്യനിലും പ്രകൃതിപരമായുള്ള കാര്യങ്ങളിൽ പോലും ഇസ്ലാമിന് ഇസ്ലാമിന്റേതായ രീതികളും കാഴ്ചപ്പാടുകളുമുണ്ട് എന്നതിന്റെ ഒരുദാഹരണം കൂടിയാണിത്. എത്ര സൂക്ഷ്മമായിട്ടാണ് ഇസ്ലാം മനുഷ്യനെ നിരീക്ഷിക്കുകയും അവന്റെ ചലനങ്ങൾ എപ്രകാരമായിരിക്കണം എന്ന് അഭ്യസിപ്പിക്കുകയും ചെയ്യുന്നത്.
മനുഷ്യന്റെ സഹജഭാവങ്ങൾക്ക് പ്രയോഗിക്കുന്ന പദമാണ് ‘അൽ ഫിത്റ’. ഇതേ പ്രയോഗത്തിനു കീഴിൽ മനുഷ്യനുണ്ടാവേണ്ട ചില ശീലങ്ങളെ തിരുനബിﷺ പരാമർശിച്ചിട്ടുണ്ട്. മഹാനായ സ്വഹാബി അബൂഹുറൈറ(റ) പറയുന്നു. തിരുനബിﷺ പറഞ്ഞു. അഞ്ചു കാര്യങ്ങൾ മനുഷ്യന്റെ സഹജ വൃത്തികളിൽപെട്ടതാണ്. ചേലാകർമ്മം, ഗുഹ്യരോമം നീക്കൽ, മീശ വെട്ടൽ, നഖം മുറിക്കൽ, കക്ഷം പറിക്കൽ എന്നിവയാണവ.
അബൂഹുറൈറ(റ) തന്നെ ഉദ്ധരിച്ച ഒരു ഹദീസ് ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നുണ്ട്. അതിപ്രകാരമാണ്. ആദ്യമായി ചേലാകർമ്മം ചെയ്തതും രഹസ്യ ഭാഗത്തെ രോമം നീക്കിയതും നഖം മുറിച്ചതും മീശ വെട്ടിയതും നര കണ്ടതും ഇബ്രാഹിം നബി(അ)യായിരുന്നു.
സമയബന്ധിതമായി ഇത്തരം കർമ്മങ്ങൾ ചെയ്യണമെന്ന് പ്രവാചക പാഠങ്ങൾ നിർദ്ദേശിക്കുന്നു. നഖം മുറിക്കുന്നതും കക്ഷം പറിക്കുന്നതും മീശ വെട്ടുന്നതും പരമാവധി പോയാൽ 40 ദിവസത്തിലൊരിക്കൽ ചെയ്തിരിക്കണം എന്ന ഒരു കാലനിർണയം കൂടി അനസുബ്നു മാലിക്(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം.
ഈയൊരു അനുബന്ധം കൂടി വായിക്കുമ്പോൾ നമുക്കെന്താണ് അനുഭവപ്പെടുന്നത്? മനുഷ്യന്റെ ഓരോ സമീപനങ്ങളെയും കൃത്യമായി നിരീക്ഷിച്ച് നിയമങ്ങളുടെ ഭദ്രത നൽകുന്ന പവിത്രമായ ഒരു ഇസ്ലാമിക വീക്ഷണത്തിന്റെ സമഗ്രതയല്ലേ!
Tweet 897
ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ അനസ് ബിൻ മാലിക്(റ) പറയുന്നു. ബാർബർ തിരുനബിﷺയുടെ ശിരസ്സിൽ നിന്നും മുടി നീക്കം ചെയ്യുന്ന സമയത്ത് ഞാൻ അടുത്തുണ്ടായിരുന്നു. ആ സമയത്ത് സ്വഹാബികൾ നബിﷺയെ വലയം വെച്ച് നിൽക്കുകയായിരുന്നു. അവിടുത്തെ തിരുകേശങ്ങൾ ഒന്നും നിലത്തു പോകാതെ കയ്യിൽ ലഭിക്കുന്നതിനുവേണ്ടി അവർ ശ്രദ്ധിച്ചിരുന്നു.
സാദുൽ മആദിൽ ഒരു വിശദീകരണം കൂടി നൽകുന്നുണ്ട്. മുഴുവനായും മുണ്ഡനം ചെയ്യുകയോ അല്ലെങ്കിൽ മുണ്ഡനം ചെയ്യാതിരിക്കുകയോ ആയിരുന്നു തിരുനബിﷺയുടെ രീതി. ഭാഗികമായി തലമുണ്ഡനം ചെയ്യുന്ന രീതി ഉണ്ടായിരുന്നില്ല. ഹജ്ജോ ഉംറയോ നിർവഹിക്കുന്ന സമയത്തായിരുന്നു അവിടുന്ന് തല മുണ്ഡനം ചെയ്തിരുന്നത്. ഇമാം സഖാവി(റ)യുടെ അഭിപ്രായത്തിൽ ഹിജ്റക്ക് ശേഷം നാലു പ്രാവശ്യമാണ് അവിടുന്ന് പൂർണമായും മുടി നീക്കം ചെയ്തത്.
ഹുദൈബിയ്യയും ഉംറതുൽ ഖളാഉമായിരുന്നു ഒന്നാമത്തെയും രണ്ടാമത്തെയും സന്ദർഭം. ഖറാശ് ബിൻ ഉമയ്യ(റ)യാണോ അതല്ല അബൂ ഉമർ ബിൻ അബ്ദുൽ ബർറ്(റ) ആണോ എന്നതിൽ അഭിപ്രായങ്ങളുണ്ട്. ഖറാശ് ബിൻ ഉമയ്യ(റ) തന്നെയായിരുന്നു എന്നാണ് ഇമാം നവവി(റ) പറഞ്ഞത്. ഉംറതുൽ ഖളാഇന്റെ സമയത്ത് മർവയുടെ സമീപത്തുവെച്ച് തിരുനബിﷺയുടെ ശിരസ്സിലെ കേശങ്ങൾ ഞാൻ നീക്കി കൊടുത്തിരുന്നു എന്ന് ഇബ്നു സകൻ(റ) പറഞ്ഞ ഒരു നിവേദനവുമുണ്ട്.
ജഇർറാനയിൽ നിന്നുള്ള ഉംറ നിർവഹിച്ചതിനു ശേഷം തിരുനബിﷺയുടെ ശിരസ്സിലെ മുടി നീക്കിക്കൊടുത്തത് അബുൽ ഹിന്ദ് അൽ ഹജ്ജാം(റ) ആയിരുന്നു എന്ന് ഇമാം ഹാകിം(റ) നിവേദനം ചെയ്യുന്നു. ഇതായിരുന്നു മൂന്നാമത്തെ സന്ദർഭം.
വിടവാങ്ങൽ ഹജ്ജ് വേളയിലായിരുന്നു നാലാമതായി തിരുനബിﷺ തല മുണ്ഡനം ചെയ്തത്. മഅ്മർ ബിൻ അബ്‌ദില്ലാഹ്(റ) ആയിരുന്നുവത്രേ ആ കർമം നിർവഹിച്ചുകൊടുത്തത്. അദ്ദേഹം പറയുന്നതായി ഇമാം അഹ്മദും(റ) ത്വബ്റാനി(റ)യും ഉദ്ധരിക്കുന്നു. മിനായിൽ വച്ച് അറവു കർമം നിർവഹിച്ചതിനുശേഷം തിരുനബിﷺ എന്നെ വിളിച്ചു. മുടി നീക്കം ചെയ്യാൻ വേണ്ടി എന്നോട് ആവശ്യപ്പെട്ടു. ഞാൻ കത്തിയുമെടുത്ത് തിരുനബിﷺയെ സമീപിച്ചു. അപ്പോൾ തിരുനബിﷺ എന്നെ നോക്കിയിട്ട് ഇപ്രകാരം പറഞ്ഞു. അല്ലയോ മഅ്മർ(റ) നിങ്ങളുടെ കയ്യിൽ കത്തിയുള്ളപ്പോൾ അല്ലാഹുവിന്റെ ദൂതൻﷺ മൂർദ്ധാവ് നിങ്ങൾക്കിതാ വെച്ചു തരുന്നു. അപ്പോൾ ഞാൻ പറഞ്ഞു. അല്ലാഹു സത്യം! ഇത് അല്ലാഹു എനിക്ക് ചെയ്തു തന്ന വലിയ അനുഗ്രഹമാണ്, ഔദാര്യവുമാണ്. എന്നാൽ, നിങ്ങൾക്ക് ലഭിക്കുക തന്നെ ചെയ്യും എന്ന് തിരുനബിﷺ പ്രതികരിച്ചു.
ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) അനസുബ്നു മാലികി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ തിരുകേശങ്ങൾ ആദ്യം എടുത്തത് അബൂത്വൽഹ(റ) ആയിരുന്നു. ബാർബർ തിരുനബിﷺയുടെ ശിരസ്സിന്റെ വലതുഭാഗത്തെ മുടി നീക്കം ചെയ്തു. അപ്പോൾ അബൂത്വൽഹ(റ) വരികയും അദ്ദേഹത്തിന് നൽകുകയും ചെയ്തു. പിന്നീട് ഇടതുഭാഗത്തെ മുടി നീക്കം ചെയ്യാൻ പറഞ്ഞു. അതും എടുത്തു കഴിഞ്ഞപ്പോൾ അബൂത്വൽഹ(റ)ക്ക് തന്നെ നൽകി. ശേഷം നബിﷺ അദ്ദേഹത്തോട് പറഞ്ഞു. ആ കേശങ്ങൾ ജനങ്ങൾക്ക് വിതരണം ചെയ്തോളൂ.
തിരുകേശവുമായി ബന്ധപ്പെട്ട് തിരുനബിﷺയുടെ വീക്ഷണം എന്തായിരുന്നു എന്നറിയാൻ ഈ ഹദീസ് മാത്രം വായിച്ചാൽ മതിയല്ലോ! സ്വഹാബികൾ എപ്രകാരമായിരുന്നു അത് സ്വീകരിച്ചിരുന്നത് എന്നും പരിപാലിക്കുന്നതിലെ മാഹാത്മ്യങ്ങൾ എന്തൊക്കെയാണെന്നും വായിച്ചുപോയ നിവേദനങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്. നമ്മെപ്പോലെ ഒരു സാധാരണ മനുഷ്യൻ, ആ മനുഷ്യന്റെ രോമത്തിന് എന്താണ് ഇത്ര പ്രത്യേകത? എന്ന് സാധാരണ വൽക്കരിക്കുമ്പോഴാണ് സംശയവും മറ്റും ഉണർന്നു വരുന്നത്.
അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠ സൃഷ്ടിയായ പ്രവാചകൻﷺ. ആ പ്രവാചകരുﷺടെ തിരുമേനിയിൽ നിന്നുള്ള വിശുദ്ധ കേശം എന്ന വിചാരത്തിൽ നിന്നാണ് മാഹാത്മ്യങ്ങൾ ഹൃദയത്തിലേക്ക് വരേണ്ടത്. എത്രയോ ജീവികളുടെ അവശിഷ്ടങ്ങളും ശരീരവുമായി ബന്ധപ്പെട്ട വസ്തുക്കളും സുഗന്ധമായും മരുന്നായും അമൂല്യ ശേഖരങ്ങളായും വില പിടിപ്പുള്ള വസ്തുക്കളായും നാം ഉപയോഗിക്കുകയും കരുതുകയും ചെയ്യുന്നു. അത്തരം ഒരു വിചാരംകൂടി ചേർത്തു വായിച്ചാൽ തീരുന്നതേയുള്ളൂ സംശയം. രത്നവും കല്ലാണ്. പക്ഷേ, സാധാരണ കല്ലല്ല. മുത്ത് നബിﷺയും മനുഷ്യനാണ്. പക്ഷേ, സാധാരണ മനുഷ്യനല്ല.
Tweet 898
തിരുനബിﷺയുടെ ജീവിതത്തിലെ അതി സൂക്ഷ്മമായ ഒരു അധ്യായമാണല്ലോ നാം വായിച്ചു കൊണ്ടിരിക്കുന്നത്. അഥവാ ശരീരത്തിലെ രോമങ്ങൾ നീക്കുന്നതുമായി ബന്ധപ്പെട്ട അദ്ധ്യായം. ഇതിന് ഒരു അനുബന്ധം കൂടിയുണ്ട്. ഹെയർ റിമൂവർ ഉപയോഗിച്ചിരുന്നത് സംബന്ധിച്ച ഒരു അനുബന്ധമാണ്. ശരീരത്തിലെ രോമങ്ങൾ നീക്കം ചെയ്യുന്നതിന് വേണ്ടി ‘നൂറ’ എന്ന ഗന്ധകം അക്കാലത്ത് ഉപയോഗിച്ചിരുന്നു. മഹതി ഉമ്മുസലമ(റ) പറയുന്നു. തിരുനബിﷺ ശരീരത്തുനിന്ന് രോമം നീക്കം ചെയ്യാൻ ‘നൂറ’ ഉപയോഗിച്ചിരുന്നു. സ്വകാര്യഭാഗം ഒഴികെയുള്ള സ്ഥലത്ത് പ്രസ്തുത വസ്തു പുരട്ടാൻ ചിലപ്പോൾ ഭാര്യമാർ സഹായിക്കാറുണ്ടായിരുന്നു.
മുഹമ്മദ് ബിൻ സിയാദ് അൽ ഹാനി(റ) പറയുന്നു. തിരുനബിﷺയുടെ സേവകനായിരുന്ന സൗബാൻ(റ) എന്റെ അയൽവാസിയായിരുന്നു. അദ്ദേഹം സവിശേഷമായ ബാത്റൂമിൽ പ്രവേശിച്ചപ്പോൾ ഞാൻ ചോദിച്ചു. നിങ്ങൾ പ്രവാചക ശിഷ്യനായിരിക്കെ ഈ ബാതിങ് ഉപയോഗിക്കുകയാണോ? അപ്പോൾ അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. പ്രവാചകൻﷺ ഇത്തരം ബാത്റൂമുകൾ ഉപയോഗിക്കുകയും ഹെയർ റിമൂവർ അഥവാ ‘നൗറ’ ഉപയോഗപ്പെടുത്തുകയും ചെയ്തിരുന്നു.
സവിശേഷമായ ബാത്റൂം എന്ന് ഭാഷാന്തരം ചെയ്തത് അൽ ഹമ്മാം എന്ന പദത്തെയാണ്. അല്പം സമ്പന്നരും പരിഷ്കൃതരുമായ ആളുകൾ ഉപയോഗിച്ചിരുന്ന സവിശേഷമായ ബാത്റൂമായിരിക്കണം ഇത്. പ്രയോഗ രീതികളിൽ നിന്ന് അങ്ങനെയാണ് മനസ്സിലാകുന്നത്. ഇമാം അബൂദാവൂദ്(റ) ഉദ്ധരിച്ച ഹദീസിൽ ഒരാൾ തിരുനബിﷺക്ക് നൂറ പുരട്ടിക്കൊടുത്തു എന്നും സ്വകാര്യഭാഗം തിരുനബിﷺ തന്നെ നിർവഹിച്ചു എന്നും കാണാം.
മുടി നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന കാൽസ്യം, ആർസെനിക് എന്നിവയുടെ സംയുക്തമാണ് നൂറ. ഇത് പ്രദേശത്ത് പ്രയോഗിച്ചു, പിന്നീട് അൽപനേരം അവശേഷിക്കുന്നു, ശേഷം കഴുകി കളയുമ്പോൾ രോമവും ഒപ്പം നീങ്ങി പോകുന്നു. കർമശാസ്ത്ര വിജ്ഞാന കോശം ‘നൂറ’ യെ നിർവചിച്ചത് ഇപ്രകാരമാണ്. ഇന്നും വ്യാപകമായി മാർക്കറ്റുകളിൽ ഹെയർ റിമൂവിങ് പേസ്റ്റുകൾ ലഭ്യമാണല്ലോ! അതിന്റെ ഉള്ളടക്കങ്ങൾ വ്യത്യാസപ്പെടുന്നതിനനുസരിച്ച് ഉപയോഗിക്കൽ ആരോഗ്യകരമായതും അല്ലാത്തതുമുണ്ട് എന്നാണ് അറിയുന്നത്.
തൊലിയുടെ തിളക്കം നിലനിർത്തിക്കൊണ്ട് രോമം നീക്കാൻ ഉപയോഗിക്കുന്ന വസ്തു ആയിട്ടാണ് ഇതിനെ പരിചയപ്പെടുത്തുന്നത്.
തിരുനബിﷺയോ അവിടുത്തെ അനുചരന്മാരായ അബൂബക്കർ(റ), ഉമർ(റ), ഉസ്മാൻ(റ) എന്നിവരോ നൂറ ഉപയോഗിച്ചിട്ടില്ല എന്ന് പറയുന്ന ഒരു നിവേദനം അബൂദാവൂദ്(റ) ഉദ്ധരിക്കുന്നുണ്ട്. എന്നാൽ, അതിന്റെ നിവേദക പരമ്പര പൂർണമാകാത്തതിനാൽ അത്ര സ്വീകാര്യമല്ല എന്നാണ് പണ്ഡിത വിശദീകരണം. മേൽപ്പറയപ്പെട്ട ഖലീഫമാർ ഉപയോഗിച്ചില്ല എന്ന് പറയുന്നതിന്, അവർ ഉപയോഗിച്ചതായി വിവരം ലഭിച്ചില്ല എന്ന നിഗമനത്തിലേക്കേ എത്താൻ കഴിയൂ. നിവേദനങ്ങൾ ലഭിച്ചില്ല എന്നതുകൊണ്ട് വസ്തുത ഇല്ലാതെ ആവുകയില്ല. തിരുനബിﷺയുടെ ജീവിതത്തിന്റെ സ്വകാര്യതകൾ അറിയുന്ന പത്നിമാർ തന്നെ നിവേദനം ചെയ്ത കാരണത്താൽ തിരുനബിﷺ ഉപയോഗിച്ചില്ല എന്ന് പറയേണ്ടതുമില്ല. നൂറ ഉപയോഗിക്കുന്നതിനെക്കുറിച്ച് തിരുനബിﷺയുടെ ഒരു ഹദീസ് ഇമാം ബുഖാരി(റ) താരീഖിൽ ഇപ്രകാരം ഉദ്ധരിക്കുന്നുണ്ട്. ആദ്യമായി നൂറ ഉപയോഗിച്ചതും ഹമ്മാമിൽ പ്രവേശിച്ചതും ദാവൂദ് നബി(അ)യുടെ മകൻ സുലൈമാൻ നബി(അ)യാണ്.
പുതിയ കാലത്തും സ്വകാര്യ ജീവിതത്തിലും ഒക്കെ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു അധ്യായമാണ് നബി ജീവിതത്തിൽ നിന്ന് നാം വായിച്ചത്. ഇത്രമേൽ വ്യക്തിപരമായ ജീവിതത്തിലേക്ക് കൂട്ടിച്ചേർത്തു വായിക്കാൻ പറ്റുന്ന മറ്റൊരു വ്യക്തിയുടെയും ചരിത്രം ഇല്ലെന്നു പറയാൻ ഇനിയും പ്രമാണങ്ങൾ ആവശ്യമുണ്ടോ?
Tweet 899
തിരുനബിﷺയുടെ കട്ടിലും കസേരയും സംബന്ധിച്ച ചില നിവേദനങ്ങളിലൂടെയാണ് ഇനി നാം സഞ്ചരിക്കുന്നത്. അനസി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. അനസ്(റ) പറയുന്നു. ഒരു ദിവസം ഞാൻ തിരുനബിﷺയുടെ അടുത്തേക്ക് കടന്നു ചെന്നു. കയറു കൊണ്ടുണ്ടാക്കിയ ഒരു കട്ടിലിലായിരുന്നു നബിﷺ ഇരുന്നത്. തോലുകൊണ്ടുണ്ടാക്കിയ ഒരു തലയിണ. ഈത്തപ്പന ഓലയായിരുന്നു അതിൽ നിറച്ചിരുന്നത്. ശരീരത്തിനും കട്ടിലിനും ഇടയിൽ വിരിപ്പൊന്നും ഉണ്ടായിരുന്നില്ല.
ഇമാം ത്വബ്റാനി(റ) മഹതി ആഇശ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺക്ക് ബർദി പുല്ലുകൊണ്ട് നിർമ്മിച്ച ഒരു കട്ടിലുണ്ടായിരുന്നു. അതിന്റെ മുകളിൽ ഒരു കറുത്ത തുണി വിരിച്ചിട്ടുണ്ടായിരുന്നു. മുഹമ്മദ് ബിൻ മുഹാജിർ അൽ അൻസ്വാരി(റ) പറയുന്നു. തിരുനബിﷺയുടെ ഒരു കട്ടിൽ, ഒരു വടി, ഒരു പാത്രം, ഈത്തപ്പനയുടെ ഓല നിറച്ച ഒരു കുഷ്യൻ, വാഹനത്തിന്റെ മുകളിൽ വിരിക്കുന്ന ഒരു വിരിപ്പ് എന്നിവ ഉമർ ബിൻ ഖത്വാബി(റ)ന്റെ പക്കലുണ്ടായിരുന്നു. ഖുറൈശികളിൽ നിന്ന് ആരെങ്കിലും ഉമറി(റ)ന്റെ അടുക്കലേക്ക് ചെന്നാൽ അദ്ദേഹം ഇങ്ങനെ പറയും. നിങ്ങൾക്ക് പ്രതാപവും മഹത്വവും നൽകി അല്ലാഹു നിയോഗിച്ച മഹൽ വ്യക്തിയുടെ അനന്തര സ്വത്തുകളാണിവ.
തിരുനബിﷺയുടേതായി മഹാനവർകൾക്ക് പ്രദർശിപ്പിക്കാനുണ്ടായിരുന്ന വസ്തുക്കളുടെ ലിസ്റ്റാണ് സ്വഹാബി നമ്മോട് പങ്കുവെക്കുന്നത്.
തിരുനബിﷺയുടെ പ്രിയ പത്നി ആഇശ(റ) പറയുന്നു. കട്ടിലിന്റെ നടുവിൽ നിന്നുകൊണ്ടായിരുന്നു തിരുനബിﷺ നിസ്കരിച്ചിരുന്നത്. ഖിബ്’ലയുടെയും നബിﷺയുടെയും ഇടയിൽ ചിലപ്പോൾ ഞാൻ കിടക്കാറുണ്ടായിരുന്നു. അപ്പോൾ എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടായാൽ നേരെ അങ്ങ് എഴുന്നേൽക്കുന്നത് ഞാൻ ഇഷ്ടപ്പെട്ടില്ല. മെല്ലെ ഇഴഞ്ഞ് ഊർന്നായിരുന്നു ഞാൻ അവിടെ നിന്ന് എഴുന്നേൽക്കാറുണ്ടായിരുന്നത്.
നിസ്കാര നേരത്ത് തിരുനബിﷺയുടെ ചാരത്ത് കിടന്നതും ഇടയിൽ എഴുന്നേൽക്കേണ്ടിവന്നാൽ നബിﷺയുടെ ശ്രദ്ധ തിരിക്കാത്ത വിധത്തിൽ മെല്ലെ ഇഴഞ്ഞു നീങ്ങിയതും ഒരു ഓർമ്മയായി മഹതി പങ്കുവെക്കുകയാണ്.
ഇമാം അഹ്മദും(റ) ഇമാം മുസ്ലിമും(റ) നിവേദനം ചെയ്യുന്നു.
അബൂരിഫാഅ അൽ അദവി(റ) പറയുന്നു. ഞാൻ തിരുനബിﷺയുടെ സന്നിധിയിലുള്ളപ്പോൾ ഒരു കസേര കൊണ്ടുവന്നു. അതിന്റെ കാലുകൾ ഇരുമ്പാണെന്നാണ് ഞാൻ ധരിച്ചത്. അതിൽ ഇരുന്നുകൊണ്ട് തിരുനബിﷺ അല്ലാഹുവിൽ നിന്ന് ലഭിച്ച വിജ്ഞാനങ്ങൾ ഞങ്ങൾക്ക് പകർന്നു തന്നു. കറുത്ത മരക്കഷണം ഇരുമ്പാണെന്ന് അദ്ദേഹം ധരിച്ചതായിരിക്കാം എന്ന് ഇമാം ഹുമൈദ്(റ) ഒരു അനുബന്ധം പറഞ്ഞിട്ടുണ്ട്.
മഹതി ആഇശ(റ) തന്നെ പറയുന്നു. ഖുറൈശികൾ താല്പര്യപ്പെട്ടിരുന്നത് കട്ടിലിന്മേൽ കിടന്നുറങ്ങാനായിരുന്നു. തിരുനബിﷺ മദീനയിലെത്തി അബൂ അയ്യൂബി(റ)ന്റെ വീട്ടിൽ താമസിച്ചപ്പോൾ വീട്ടുകാരനോട് ചോദിച്ചു. അല്ലയോ അബൂ അയ്യൂബ്(റ), ഇവിടെ കട്ടിലൊന്നുമില്ലേ? അദ്ദേഹം പറഞ്ഞു. ഇവിടെ കട്ടിൽ ഇല്ലല്ലോ! ഈ വിവരം അസ്‌അദ് ബിൻ സുറാറ(റ) അറിഞ്ഞു. അദ്ദേഹം തിരുനബിﷺക്ക് ഒരു കട്ടിൽ കൊടുത്തയച്ചു. അതിന് തേക്കിന്റെ കാലുകളും മേലോട്ടുയർന്ന തൂണുകളുമുണ്ടായിരുന്നു. വിയോഗം വരെ നബിﷺ അത് ഉറങ്ങാൻ ഉപയോഗിക്കുകയും ചെയ്തു. ഈ കിടക്കയിലാണ് തിരുനബിﷺയുടെ മേൽ നിസ്കരിക്കപ്പെട്ടത്. ശേഷം, ജനങ്ങൾ ജനാസ കൊണ്ടുപോകാൻ ആ കട്ടിൽ ആവശ്യപ്പെട്ടു.
അതുപ്രകാരം അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും മറ്റു പലരുടെയും ശരീരങ്ങൾ ഖബറടക്കാൻ വേണ്ടി കൊണ്ടുപോയത് ഈ കട്ടിലിൽ കിടത്തിയാണ്. തിരുനബിﷺയിൽ നിന്നുള്ള ബറക്കത്ത് പ്രതീക്ഷിച്ചു കൊണ്ടായിരുന്നു അങ്ങനെയൊരു സമീപനം സ്വീകരിച്ചത്. നബിﷺയുമായി ബന്ധപ്പെട്ട എന്തിനും പ്രത്യേക അനുഗ്രഹങ്ങളും മഹത്വവും കൽപ്പിക്കുന്നതിൽ സ്വഹാബികൾ തന്നെയായിരുന്നു ഏറ്റവും മുന്നിൽ.
Tweet 900
തിരുനബിﷺയുമായി ബന്ധപ്പെട്ട കിടക്കയും വിരിപ്പും സംബന്ധിച്ചു സംസാരിക്കുമ്പോൾ വളരെ മനോഹരവും വ്യത്യസ്തവുമായ ഒരു ഉദ്ധരണി കൂടി നമുക്ക് അറിയാനുണ്ട്. ഉമർ ബിൻ മുഹാജിർ(റ) എന്നവരിൽ നിന്ന് അബൂ ശൈഖ്(റ) നിവേദനം ചെയ്യുന്നു. അഞ്ചാം ഖലീഫ ഉമർ ബിൻ അബ്ദുൽ അസീസി(റ)ന്റെ പക്കൽ തിരുനബിﷺ ഉപയോഗിച്ചിരുന്ന കുറച്ചു വസ്തുക്കളുണ്ടായിരുന്നു. എല്ലാ ദിവസവും അദ്ദേഹം അതിലേക്ക് നോക്കിയിരിക്കും. അദ്ദേഹത്തിന്റെ അടുക്കൽ വരുന്ന നിവേദക സംഘങ്ങൾക്ക് അത് കാണിച്ചുകൊടുക്കും. എന്നിട്ട് ഇങ്ങനെ പറയും. നിങ്ങൾക്ക് മഹത്വവും ബഹുമാനവും നൽകി അല്ലാഹു നിയോഗിച്ച മഹദ് വ്യക്തിയുടെ അനന്തരവസ്തുക്കളാണിത്. അഥവാ തിരുപ്രവാചകർﷺ ഉപേക്ഷിച്ചു പോയ വസ്തുക്കൾ.
കയറുകൊണ്ട് നെയ്തുണ്ടാക്കിയ ഒരു കട്ടിൽ, ഈത്തപ്പനയുടെ നാര് നിറച്ച തോല് കൊണ്ടുള്ള ഒരു തലയണ, ഒരു ജവനയും പാനപാത്രവും, ഒരു ആട്ടുകല്ലും അമ്പുകൾ നിറച്ച ഒരു ആവനാഴിയും. വിരിപ്പിൽ അവിടുത്തെ തിരു ശിരസ്സിലെ വിയർപ്പ് നനഞ്ഞ അടയാളമുണ്ടായിരുന്നു. ഒരാൾ രോഗബാധിതനായപ്പോൾ തിരുനബിﷺയുടെ വിയർപ്പ് ചേർന്ന വിരിപ്പ് കഴുകി അതിലെ വെള്ളം അനുഗ്രഹ ശമനത്തിനു വേണ്ടി ഉപയോഗിക്കാൻ ഉമർ ബിൻ അബ്ദുൽ അസീസി(റ)നോട് അഭ്യർത്ഥിച്ചു. അദ്ദേഹം അത് അനുവദിക്കുകയും രോഗിക്ക് ശമനം ലഭിക്കുകയും ചെയ്തു.
ആത്മീയതയിലും ആരാധനയിലും അറിവിലും തിരുനബിﷺയോടുള്ള വൈജ്ഞാനിക ബന്ധത്തിലും അനുകരണ ജീവിതത്തിലും ഉന്നതിയിൽ നിന്നു ഭരണാധികാരി കൂടിയായ ഉമർ ബിൻ അബ്ദുൽ അസീസ്(റ) എപ്രകാരമായിരുന്നു തിരുശേഷിപ്പുകളെ സമീപിച്ചത് എന്നതിന്റെ ഒരു നേർചിത്രം കൂടിയാണിത്.
വിശ്വാസി ലോകം പ്രവാചകരെﷺ സ്വീകരിച്ചത് ഏതു മാനത്തിലായിരുന്നു എന്നതിന്റെ പ്രമാണവും തെളിവുമെല്ലാം ഇതിലുണ്ട്. തിരുനബിﷺ വെച്ചിട്ട് പോയ വസ്തുക്കളെല്ലാം കേവലം ഒരു ഓർമ്മയായി മാത്രം നിൽക്കാതെ, ഒരു ചരിത്രശേഷിപ്പായി മാത്രം കരുതി വെക്കാതെ, പ്രപഞ്ചാധിപനായ അല്ലാഹുവിൽ നിന്ന് ലഭിച്ച അനുഗ്രഹങ്ങളുടെ ഒരു സാന്നിധ്യം കൂടിയായി അനുഭവിക്കുന്നു എന്ന് വരുമ്പോഴാണ് ഓർമ്മയും സ്നേഹവും ബഹുമാനവും ലയിച്ചുചേരുന്നത്. ആദരവും അനുരാഗവും ചരിത്രപരതയും ലയിച്ചുചേർന്നു നിന്നുകൊണ്ടുള്ള സ്മരണകളും പുനർവായനകളുമാണ് നബി കീർത്തനങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
പ്രവാചക ചരിത്രം വായിക്കുന്ന ഒരു വിശ്വാസിക്ക് ചരിത്ര പഠനം എന്നതിനപ്പുറം മേൽപ്പറയപ്പെട്ട എല്ലാ മാനങ്ങളുമുണ്ടാകും. അതേസമയത്ത് മറ്റു ചരിത്ര പുരുഷന്മാരെ വായിക്കുമ്പോൾ ചരിത്രത്തിൽ കഴിഞ്ഞുപോയ ഒരു വ്യക്തിയെ വായിക്കുന്നതിനപ്പുറം അനുരാഗമോ അടുപ്പമോ ആദർശത്തിലുള്ള അനുകരണമോ ആദരവ് നിറഞ്ഞ ഹൃദയസാന്നിധ്യമോ ഉണ്ടാകണമെന്നില്ല. ഭാഗികമായി ചിലതൊക്കെ ഉണ്ടാവുകയും ചെയ്യും. എന്നാൽ തിരുനബിﷺയെ വായിക്കുമ്പോൾ ലയിച്ചുചേരുന്ന മുഴുവൻ ഘടകങ്ങളും ഒത്തുചേർന്നു കൊണ്ടുള്ള വായന, മറ്റാരെ കുറിച്ചാണ് നമുക്ക് പകർത്താനുള്ളത്! മറ്റേത് വ്യക്തിത്വത്തെ കുറിച്ചാണ് വായിക്കപ്പെടുന്നത്!
തിരുനബിﷺയുടെ ജീവിതത്തെ വായിക്കുകയും പകർത്തുകയും പകർന്നു കൊടുക്കുകയും ചെയ്യുമ്പോൾ കണ്ണും കാതും ഹൃദയവും ജീവിതചലനങ്ങളും ഒപ്പം സഞ്ചരിക്കുന്നതായി അനുഭവപ്പെടും. അതുകൊണ്ടുതന്നെ ഇത്രമേൽ ജീവനുള്ള മറ്റു വായനകൾ ലോകത്ത് ഉണ്ടാവണമെന്നില്ല. ഹൃദയത്തിൽ പറിച്ചു നട്ടിരിക്കുന്ന ഒരു വ്യക്തിത്വത്തെ ക്യാൻവാസിലെ ചിത്രമായി ചുരുക്കാൻ പറ്റില്ല എന്ന വാശിയാണ് ഒരു ചിത്രവും ആവശ്യമില്ലാതെ അനുരാഗികൾ ഹൃദയത്തിൽ പുണ്യനബിﷺയെ കൊണ്ടുനടക്കുന്നു എന്നതിന്റെ സാരം. ഞാൻ വിചാരിച്ചത് പോലെ ഈ ആശയം പറയാൻ എന്റെ കയ്യിൽ ഭാഷയില്ല എന്നത്, എന്റെ പരിമിതിയോടൊപ്പം ഭാഷയുടെ കൂടി പരിമിതിയാണ്.
Leave a Reply