Tweet 1051
തിരുനബിﷺയുടെ നിസ്കാരവുമായി ബന്ധപ്പെട്ട വായനകളിലെ ഒരു അധ്യായമാണ് ഭയം നേരിട്ട ഘട്ടങ്ങളിലെ നിസ്കാരം. ഏത് അവസ്ഥയിലും നിസ്കാരം നഷ്ടപ്പെടാതെ പരിപാലിക്കണമെന്നും നേരിടേണ്ടിവരുന്ന ഏത് അവസ്ഥയെക്കുറിച്ചും മതത്തിന് സമഗ്രമായ കാഴ്ചപ്പാടുണ്ടെന്നും പഠിപ്പിക്കുന്ന അധ്യായമാണിത്.
യുദ്ധം, ആക്രമണം തുടങ്ങി ഭയം നേരിടുന്ന ഘട്ടങ്ങളിൽ ഏകാഗ്രതയോടെയും സ്വസ്ഥതയോടെയും നിസ്‌കാരം പൂർണമായി നിർവഹിക്കാൻ കഴിയാതെ വരുമ്പോൾ സാധിക്കുന്ന വിധത്തിൽ നിർവഹിക്കാനാണ് മതത്തിന്റെ നിർദ്ദേശം.
“നിങ്ങള്‍ ശത്രുവിന്റെ ആക്രമണം ഭയപ്പെടുകയാണെങ്കില്‍ കാല്‍നടയായോ വാഹനങ്ങളിലായോ നിങ്ങള്‍ക്ക് നിസ്കരിക്കാം. എന്നാല്‍ നിങ്ങള്‍ സുരക്ഷിതാവസ്ഥയിലായാല്‍ അല്ലാഹു പഠിപ്പിച്ചുതന്ന പ്രകാരം നിങ്ങള്‍ അവനെ സ്മരിക്കേണ്ടതാണ്.” വിശുദ്ധ ഖുർആനിലെ രണ്ടാം അധ്യായം അൽ ബഖറയിലെ 239 ആം സൂക്തത്തിന്റെ പ്രാഥമിക ആശയമാണിത്.
വിശുദ്ധ ഖുർആൻ നാലാം അധ്യായം അന്നിസാഇലെ 101 ആം സൂക്തത്തിന്റെ ആശയം കൂടി നമുക്ക് വായിക്കാം.” നിങ്ങള്‍ ഭൂമിയില്‍ യാത്രചെയ്യുകയാണെങ്കില്‍ സത്യനിഷേധികള്‍ നിങ്ങള്‍ക്ക് നാശം വരുത്തുമെന്ന് നിങ്ങള്‍ ഭയപ്പെടുന്ന പക്ഷം നിസ്കാരം ചുരുക്കി നിര്‍വഹിക്കുന്നതില്‍ നിങ്ങള്‍ക്ക് കുറ്റമില്ല. തീര്‍ച്ചയായും സത്യനിഷേധികള്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കളാകുന്നു.”
നിസ്കാരം ഖസ്റാക്കി അഥവാ ചുരുക്കിയും ഖിബ്‌ലക്ക് തിരിയാതെയും റുകൂഉ്, സുജൂദ് മുതലായവ പൂര്‍ത്തിയാക്കാതെയും നടത്തത്തിലും ഓട്ടത്തിലും എന്നിങ്ങനെ സാധാരണ രൂപത്തില്‍ നിന്നും വ്യത്യസ്തമായ പല കുറവുകളും വന്നാലും നിസ്കാരം നിർവഹിക്കുക എന്നതാണ് ഇതിന്റെ സന്ദേശം.
ഇത്തരം സന്ദർഭങ്ങളിലെ നിസ്കാരത്തിന്റെ ഒരു ഏകദേശ രൂപവും ഖുർആൻ തന്നെ പറയുന്നുണ്ട്. “അല്ലയോ പ്രവാചകരെﷺ, തങ്ങൾ അവരുടെ കൂട്ടത്തിലുണ്ടായിരിക്കുകയും അവര്‍ക്ക് നേതൃത്വം നല്‍കിക്കൊണ്ട് നിസ്കാരം നിര്‍വഹിക്കുകയുമാണെങ്കില്‍ അവരില്‍ ഒരു വിഭാഗം അവിടുത്തെ ഒപ്പം നില്‍ക്കട്ടെ. അവര്‍ അവരുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അങ്ങനെ അവര്‍ സുജൂദ് ചെയ്ത് കഴിഞ്ഞാല്‍ അവര്‍ നിങ്ങളുടെ പിന്നിലേക്ക് മാറിനില്‍ക്കുകയും, നിസ്കരിച്ചിട്ടില്ലാത്ത മറ്റെ വിഭാഗം വന്ന് തങ്ങളുടെ ഒപ്പം നിസ്കരിക്കുകയും ചെയ്യട്ടെ. അവര്‍ ജാഗ്രത കൈക്കൊള്ളുകയും തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യേണ്ടതാണ്.
നിങ്ങളുടെ ആയുധങ്ങളെപ്പറ്റിയും നിങ്ങളുടെ സാധനങ്ങളെപ്പറ്റിയും നിങ്ങള്‍ അശ്രദ്ധരായെങ്കിൽ നിങ്ങളുടെ നേരെ തിരിഞ്ഞ് ഒരു മിന്നലാക്രമണം നടത്താമായിരുന്നുവെന്ന് സത്യനിഷേധികള്‍ മോഹിക്കുകയാണ്. എന്നാല്‍, മഴ കാരണം നിങ്ങള്‍ക്ക് ശല്യമുണ്ടാകുകയോ നിങ്ങള്‍ രോഗബാധിതരാകുകയോ ചെയ്താല്‍ നിങ്ങളുടെ ആയുധങ്ങള്‍ താഴെ വെക്കുന്നതിന് കുറ്റമില്ല. എന്നാല്‍, നിങ്ങള്‍ ജാഗ്രത പുലര്‍ത്തുക തന്നെ വേണം. തീര്‍ച്ചയായും അല്ലാഹു സത്യനിഷേധികള്‍ക്ക് അപമാനകരമായ ശിക്ഷ ഒരുക്കിവെച്ചിട്ടുണ്ട്.” സൂറത്തുന്നിസാഇലെ 102ആം സൂക്തത്തിന്റെ ആശയമാണ് ഇപ്പോൾ നാം വായിച്ചത്.
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബ്‌ദുല്ലാഹിബ്‌നു ഉമർ(റ) പറയുന്നു: നബിﷺയുടെ കൂടെ നജ്ദ് ഭാഗത്ത് വെച്ച് ഞാനും യുദ്ധം ചെയ്തു. ശത്രുക്കൾക്കഭിമുഖമായി ഞങ്ങൾ അണിയായി നിന്നു. അപ്പോൾ നബിﷺ ഞങ്ങൾക്ക് ഇമാമായി നിസ്‌കരിച്ചു. ഞങ്ങളിൽ ഒരുവിഭാഗം പ്രവാചകനോﷺടൊപ്പം നിസ്‌കരിക്കാൻ നിന്നു. മറ്റൊരു വിഭാഗം ശത്രുസേനക്കഭിമുഖമായി നിന്നു. അല്ലാഹുവിൻ്റെ റസൂലുംﷺ കൂടെയുള്ളവരും ഒരു റക്അത് നിസ്കരിച്ചു. രണ്ടു സൂജൂദും ചെയ്തു. പിന്നീട് കൂടെയുണ്ടായിരുന്നവർ പിരിഞ്ഞുപോയി. നിസ്‌കരിക്കാതെ സൈന്യത്തിനഭിമുഖമായി നിന്നവരുടെ സ്ഥാനത്ത് നിന്നു. നേരത്തെ നിസ്കരിക്കാതെ നിന്നവർ നബിﷺയുടെ അടുത്തേക്ക് വന്നു. നബിﷺ അവരോടൊപ്പം ഒരു റക്അത് നിസ്കരിച്ചു. രണ്ടു സുജൂദ് ചെയ്‌തു. നബിﷺ സലാം വീട്ടി. ഓരോ വിഭാഗവും എഴുന്നേറ്റു സ്വന്തമായി ഒരു റക്‌അതും രണ്ടു സുജൂദും ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1052
ഭീതിതമായ സാഹചര്യങ്ങളിൽ തിരുനബിﷺ നിസ്കരിച്ച നിസ്കാരങ്ങളുടെ എണ്ണവും ശൈലിയും സംബന്ധിച്ച വ്യത്യസ്ത നിവേദനങ്ങളുണ്ട്. നിസ്കാരത്തിന്റെ രീതിയും ശൈലിയും ഒക്കെ ഉപയോഗിക്കുമ്പോൾ സംഘത്തിന്റെ സുരക്ഷയും നിസ്കാരത്തിന്റെ സൂക്ഷ്മതയും പരിപാലിച്ചു കൊണ്ടാണ് വ്യത്യസ്തതകൾ സ്വീകരിച്ചിട്ടുള്ളത്. യുദ്ധവും മറ്റു ഭീതി ജനകമായ സാഹചര്യങ്ങളുമായി ജീവിതത്തിൽ 10 പ്രാവശ്യമായിരുന്നു തിരുനബിﷺ ഭീതി സാഹചര്യങ്ങളിലെ നിസ്കാരം നിർവഹിച്ചിരുന്നത് എന്ന് ഇബ്നുൽ ഖസ്സാർ അൽ മാലികി(റ) നിവേദനം ചെയ്യുന്നു. അബൂബക്കർ ഇബ്നുൽ അറബി(റ)യുടെ അഭിപ്രായപ്രകാരം 24 പ്രാവശ്യം നിർവഹിച്ചിട്ടുണ്ട്.
ഇമാം അഹ്മദ്(റ), ഇമാം തുർമുദി(റ) എന്നിവരുടെ അഭിപ്രായ പ്രകാരം ഭയ സാഹചര്യങ്ങളിലെ നിസ്കാര സംബന്ധമായി ആറ് അല്ലെങ്കിൽ ഏഴ് ഹദീസുകൾ സ്വീകാര്യയോഗ്യമായി വന്നിട്ടുണ്ട്. അവകളിൽ പരാമർശിക്കപ്പെട്ട ഏത് രീതിയിലും സമാന സന്ദർഭങ്ങളുണ്ടായാൽ നമുക്ക് നിസ്കരിക്കാവുന്നതാണ്. ഇബനു ജരീറും(റ) ഇബ്നു ഹിബ്ബാനും(റ) വ്യത്യസ്തമായ മറ്റൊരു രീതികൾ കൂടി നിവേദനം ചെയ്തു. ആകെ ഒൻപത് നിവേദനങ്ങളാണ് ഇത് സംബന്ധമായ നിസ്കാരത്തിന്റെ ഭാവവും ശൈലിയും പരിചയപ്പെടുത്തുന്നത്.
മുഹമ്മദ് ബിൻ ഹസം(റ) 14 രൂപങ്ങളെ അവതരിപ്പിക്കുകയും സ്വതന്ത്രമായ ഒരു അധ്യായം തന്നെ ഈ വിഷയികമായി രചിക്കുകയും ചെയ്തു.
അബൂബക്കർ ഇബ്നുൽ അറബി(റ) പറഞ്ഞു. സ്വലാത്തുൽ ഖൗഫ് സംബന്ധമായ നിരവധി ഹദീസുകൾ നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അതിൽ ഏറ്റവും സ്വീകാര്യയോഗ്യമായത് പതിനാറ് എണ്ണമാണ്. സ്വഹീഹ് മുസ്ലിമിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി(റ)യും ഈ അഭിപ്രായമാണ് എടുത്തുദ്ധരിച്ചത്. എന്നാൽ അബുൽ ഫല്ൽ അൽ ഇറാഖി(റ) ഒരു രൂപവും കൂടി ചേർത്ത് തുർമുദിയുടെ വ്യാഖ്യാനത്തിൽ 17 രൂപങ്ങളെ അവതരിപ്പിച്ചു. എണ്ണത്തിൽ വ്യത്യസ്തമായാലും നിവേദനങ്ങൾ പരസ്പരം കോർത്തും ചേർത്തും വന്നിട്ടുണ്ടാകും എന്നാണ് നിരീക്ഷണം.
സുബുലുഹുദാ വർറഷാദിൽ ഈ അധ്യായത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു. ഇമാം അഹ്മദ്(റ) പരാമർശിച്ച ആറ് നിവേദനങ്ങൾ ഇമാം സഹൽ(റ), അബ്ദുല്ലാഹിബ്നു ഉമർ(റ), അബൂ അയ്യാശ് (റ), അബൂബക്കറത്ത്(റ), ജാബിർ(റ), അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) എന്നിവരുടെ നിവേദനങ്ങളാണ്.
എല്ലാ നിവേദനങ്ങളുടെയും റിപ്പോർട്ടുകളുടെയും ഇടയിൽ നിന്നും ഇമാം അഹ്മദ്(റ) എന്നിവരുടെ നിരീക്ഷണത്തെ പ്രബലപ്പെടുത്തി കൊണ്ടാണ് ഇങ്ങനെ ഒരു സംക്ഷിപ്തം ഇമാം യൂസഫ് സ്വാലിഹി(റ) എഴുതിയിട്ടുണ്ടാവുക.
തിരുനബിﷺയുടെ ജീവിതത്തെയും സഞ്ചാരങ്ങളെയും അപൂർവമായും അതിസൂക്ഷ്മമായും മാത്രം സംഭവിക്കുന്ന നടപടികളെയും വരെ പ്രവാചകരുﷺടെ അനുയായികളും ശിഷ്യഗണങ്ങളും എത്രമേൽ ജാഗ്രതയോടെയും ശ്രദ്ധയോടെയും നിരീക്ഷിക്കുകയും പകർന്നു കൊടുക്കുകയും ചെയ്തു എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണിത്.
ഒരു സാധാരണ ജീവിതത്തിന്റെ ഭാഗമായി വരുന്ന നടപടിക്രമങ്ങളോ ആചാര ശീലങ്ങളോ അല്ലല്ലോ ഇവിടെ പരാമർശിക്കുന്നത്. അപൂർവമായി മാത്രം സംഭവിക്കുന്ന സന്നിഗ്ധഘട്ടങ്ങളിലും നിസ്കാരത്തെയും ആരാധനാക്രമങ്ങളെയും എത്ര മേൽ കൃത്യതയോടെയും അനിവാര്യമായ ഭാവ വ്യത്യാസങ്ങളോടെയും പരിപാലിച്ചു എന്നതിന്റെ നേർചിത്രമാണ് നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. തിരുനബി ജീവിതത്തെ പഠിക്കാൻ ഇറങ്ങുമ്പോൾ ലോകത്ത് മറ്റു വ്യക്തികളിൽ ഒന്നുമില്ലാത്ത ഒരുപാട് മേഖലകളുണ്ട് എന്നത് കേവലമായ ഒരു അലങ്കാരമല്ല. വസ്തുതയും യാഥാർഥ്യവുമാണ് എന്ന് ബോധ്യപ്പെടാൻ ഈ ചർച്ചകൾ നമുക്ക് പ്രയോജനപ്പെടും. തിരുനബിﷺ നിർവഹിച്ച വ്യത്യസ്ത രീതിയിലുള്ള സ്വലാത്തുൽ ഖ്വൗഫിനെ നമുക്ക് തുടർന്ന് വായിക്കാം.

Tweet 1053
അബ്ദുല്ലാഹിബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു. ഞാൻ തിരുനബിﷺയുടെ ഒപ്പം നജ്ദിന്റെ ഭാഗത്തുള്ള ഒരു യുദ്ധത്തിൽ പങ്കെടുത്തു. ഞങ്ങൾ ശത്രുക്കൾക്ക് അഭിമുഖമായി നിന്നു. ഞങ്ങളെല്ലാവരും അണിയൊപ്പിച്ചു നിൽക്കുകയും തിരുനബിﷺ ഞങ്ങൾക്ക് ഇമാമായി നിസ്കരിക്കാൻ റെഡിയാവുകയും ചെയ്തു. ഞങ്ങളുടെ കൂട്ടത്തിലെ ഒരു സംഘം നബിﷺയുടെ പിന്നിൽ നിന്ന് നിസ്കരിച്ചു. ഒരു റുകൂഉം രണ്ട് സുജൂദും പൂർത്തിയായി. തൽസമയം ബാക്കിയുള്ളവർ ശത്രുക്കൾക്ക് അഭിമുഖമായി നിന്നു. നിസ്കാരത്തിൽ നിന്ന് സലാം വീട്ടിയ ആദ്യ സംഘം നേരത്തെ നിസ്കരിക്കാതെ നിന്നവരുടെ ഭാഗത്തേക്ക് നീങ്ങി നിന്നു. അവിടെയുണ്ടായിരുന്നവർ തിരുനബിﷺയുടെ പിന്നിൽ അണിനിരന്നു. അവരും നബിﷺയോടൊപ്പം രണ്ട് സുജൂദും ഒരു റുകൂഉം പൂർത്തിയാക്കി. ശേഷം നബിﷺ സലാം വീട്ടുകയും ഒപ്പം നിസ്കരിച്ചവർ ഒരു റക്അത് കൂടി നിസ്കരിച്ചു, നിസ്കാരത്തിൽ നിന്ന് പിരിയുകയും ചെയ്തു.
മേൽ പറയപ്പെട്ട രണ്ട് സംഘവും ആകെ രണ്ട് റക്അത്തും നബിﷺയോടൊപ്പം ഒരു റക്അത്തും എന്ന രീതിയിലാണ് നിസ്കാരം പൂർത്തിയാക്കിയത് എന്ന് ഇമാം നവവി(റ) വിശദീകരിക്കുന്നു. യുദ്ധ വേളയിൽ തിരുനബിﷺ അനുയായികൾക്കൊപ്പം നിസ്കരിച്ച നിസ്കാരങ്ങളുടെ ഒരു രൂപത്തിന്റെ നിവേദനമാണിത്.
മറ്റൊരു രൂപം ഇങ്ങനെ വായിക്കാം. മാലിക് ബിൻ യസീദ് ബിൻ റൂമാനി(റ)ൽ നിന്ന് ഇമാം ശാഫിഈ(റ) അടക്കമുള്ളവർ നിവേദനം ചെയ്യുന്നു. ദാത്തുർറികാ യുദ്ധത്തിൽ പങ്കെടുത്തവർ പറഞ്ഞു. തിരുനബിﷺയോടൊപ്പം നിസ്കരിക്കുന്ന വേളയിൽ ആദ്യം ഒരു സംഘം നബിﷺയുടെ പിന്നിൽ അണിനിരന്നു. ഒരു റക്അത് പൂർത്തിയായപ്പോൾ അവർ ഓരോരുത്തരും സ്വന്തമായി എഴുന്നേറ്റ് ഓരോ റക്അതുകൾ കൂടി പൂർത്തിയാക്കി. നബിﷺ നിസ്കാരത്തിൽ തന്നെ തുടർന്നു. അടുത്ത സംഘം വന്നു നബിﷺയോടൊപ്പം ചേർന്നു. നേരത്തെ നിസ്കരിച്ച സംഘം ശത്രുക്കൾക്ക് അഭിമുഖമായി നിന്നു. രണ്ടാമത് വന്നവർക്കും നബിﷺയോടൊപ്പം ഒരു റക്അത് ലഭിച്ചു. ശേഷം, നബിﷺ അത്തഹിയാത്തിൽ തന്നെ ഇരുന്നു. സംഘം എഴുന്നേറ്റ് ഒരു റക്അത്ത് കൂടി നിസ്കരിച്ചു. നബിﷺ അവരെയും കൂട്ടി ഒരുമിച്ച് സലാം വീട്ടി.
നബിﷺ ആകെ നിസ്കരിച്ച രണ്ട് റക്അത്തിൽ ഓരോ സംഘത്തിനും നബിﷺയോടൊപ്പം ഒരു റക്അത് വീതവും അല്ലാതെ ഓരോ റക്അതും ലഭിച്ചു. നബിﷺയും അംഗങ്ങളും പൊതുവേ രണ്ട് റക്അത് നിസ്കാരം പൂർണമായി നിർവഹിക്കുകയും ചെയ്തു.
ഈ രൂപത്തെ ഒന്നുകൂടി വ്യക്തമായി ഇമാം ബുഖാരി(റ)യും മറ്റും ഉദ്ധരിക്കുന്നു. നബിﷺ ആദ്യം ഒരു സംഘത്തോടൊപ്പം നിസ്കാരം ആരംഭിച്ചു. രണ്ടാമത്തെ റക്അത്തിന്റെ ആരംഭത്തിൽ നബിﷺ ദീർഘമായ നേരം നിന്നു. ആ സമയം കൊണ്ട് ആദ്യത്തെ സംഘം സ്വയമായി ഒരു റക്അത് കൂടി പൂർത്തിയാക്കുകയും അടുത്ത സംഘം വന്ന് നബിﷺയോടൊപ്പം ചേരുകയും ചെയ്തു. ശേഷം, മേൽപ്പറഞ്ഞ പ്രകാരം നിസ്കാരം പൂർത്തിയാക്കി.
മൂന്നാമത്തെ മറ്റൊരു രൂപം ഇങ്ങനെയാണ്. നബിﷺയോടൊപ്പം നിസ്കരിക്കാൻ വന്ന രണ്ടാമത്തെ സംഘം തിരുനബിﷺ ഒന്നാം റക്അതിൽ സലാം വീട്ടുന്നത് വരെ ഒപ്പം കൂടുകയും നബിﷺ സലാം വീട്ടിയ ശേഷം അവർ എഴുന്നേറ്റ് ഒരു റക്അത് പൂർത്തിയാക്കുകയും ചെയ്തു. ഇമാം അബൂദാവൂദും മറ്റും ഇപ്രകാരമാണ് റിപ്പോർട്ട് ചെയ്തത്.
നാലാമത് മറ്റൊരു രൂപം കൂടി ഹദീസുകളിൽ വന്നിട്ടുണ്ട്. അതിൽ എല്ലാവരും ഒരുമിച്ച് നിസ്കാരത്തിൽ ഉണ്ടാവുകയും വ്യത്യസ്ത സമയങ്ങളിൽ നിർത്തം ക്രമീകരിക്കുകയുമാണ് ചെയ്തത്.
അഞ്ചാമത് വായിക്കപ്പെടുന്ന രൂപം ഇങ്ങനെയാണ്. തിരുനബിﷺ ഓരോ സംഘത്തോടൊപ്പം രണ്ട് റക്അത് നിസ്കരിച്ചു. അപ്പോൾ നബിﷺക്ക് നാല് റക്അത്തും അനുയായികൾ ഈരണ്ടു റക്അത് വീതവുമായിരുന്നു നിസ്കാരം നിർവഹിച്ചത്. ജാബിറി(റ)ൽ നിന്ന് അബൂസലമ(റ) നിവേദനം ചെയ്ത ഹദീസിലാണ് ഈ രൂപം ഉദ്ധരിച്ചിട്ടുള്ളത്. തിരുനബിﷺ രണ്ട് സംഘത്തോടൊപ്പം രണ്ട് റക്അത് വീതം നിസ്കരിക്കുകയും ഓരോരുത്തരുടെയും ഒപ്പം സലാം വീട്ടുകയും ചെയ്തു. അപ്പോഴും നബിﷺക്ക് നാല് റക്അതും അനുയായികൾ ഈരണ്ട് റക്അത്ത് വീതവും. ഇതാണ് ആറാമത്തെ രൂപമായി ഹദീസുകളിൽ വന്നിട്ടുള്ളത്. ഇമാം അഹ്മദ്(റ), ബകറത്ത്(റ) എന്നവരിൽ നിന്നാണ് ഈ രൂപം ഉദ്ധരിച്ചത്.

(തുടരും)
Tweet 1054
ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. ജാബിർ(റ) പറഞ്ഞു. ഒരു യുദ്ധവേളയിൽ ഞാൻ തിരുനബിﷺയോടൊപ്പം നിസ്കരിക്കാനുണ്ടായിരുന്നു. സംഘത്തിലുണ്ടായിരുന്ന ഞങ്ങൾ എല്ലാവരും രണ്ട് നിരയായി തിരുനബിﷺയുടെ പിന്നിൽ നിസ്കരിക്കാൻ നിന്നു. ഖിബ്ലക്ക് അഭിമുഖമായി നിൽക്കുന്നതിന് മുന്നിൽ തന്നെയായിരുന്നു ശത്രുക്കളുമുണ്ടായിരുന്നത്. തിരുനബിﷺ തക്ബീർ ചൊല്ലി നിസ്കാരത്തിലേക്ക് പ്രവേശിച്ചു. ഞങ്ങളും ഒപ്പം തക്ബീർ ചൊല്ലി. ശേഷം, നബിﷺ റുകൂഇലേക്ക് പോയി. ഞങ്ങളെല്ലാവരും നബിﷺയോടൊപ്പം റുകൂഅ് ചെയ്തു. ശേഷം, സുജൂദിലേക്ക് പോയപ്പോൾ തിരുനബിﷺയുടെ തൊട്ടു പിന്നിലുണ്ടായിരുന്ന ഒരു നിര മാത്രം സുജൂദ് ചെയ്തു. തിരുനബിﷺയും ഒന്നാമത്തെ നിരയും സുജൂദിൽ നിന്ന് ഉയർന്നപ്പോൾ രണ്ടാമത്തെ നിര സുജൂദിലേക്ക് പോയി. ശേഷം, അടുത്ത റക്അത്തിലേക്ക് പോയി. അടുത്ത റക്അത്തിൽ രണ്ടാം നിരയിലുള്ളവർ നബിﷺയോടൊപ്പം സുജൂദ് ചെയ്തു. നേരത്തെ ഒന്നാം നിരയിലുള്ളവർ ചെയ്ത അതേ ഘടനയിൽ ഇപ്പോൾ രണ്ടാം നിരയിലുള്ള ആളുകൾ നിസ്കരിച്ചു. ശേഷം ഒരുമിച്ച് സലാം വീട്ടി.
ഭയ ഘട്ടങ്ങളിലുള്ള നിസ്കാരത്തിന്റെ ഏഴാമത്തെ രൂപമായി ഹദീസിൽ നിന്ന് പണ്ഡിതന്മാർ എടുത്തുദ്ധരിച്ചത് ഈ രൂപമാണ്. ഇതുപ്രകാരം തന്നെ രണ്ട് സംഘങ്ങളായി വന്നു നബിﷺയോടൊപ്പം നിസ്കരിച്ചതാണ് എട്ടാമത്തെ രൂപമായി ഹദീസിൽ വന്നിട്ടുള്ളത്. ഇമാം ഇബ്നു ഹിബ്ബാൻ(റ) ജാബിറി(റ)ൽ നിന്ന് തന്നെ പ്രസ്തുത രൂപം നിവേദനം ചെയ്തിട്ടുണ്ട്.
നബിﷺയുടെ മുന്നിലും പിന്നിലുമായി രണ്ട് അണികൾ നിരന്നു നിൽക്കുകയും ഓരോ സംഘവും നബിﷺയോടൊപ്പം ഓരോ റക്ക്അത്തും നബിﷺ രണ്ട് റക്അത്തും എന്ന രീതിയിലായിരുന്നു നിസ്കാരം നിർവഹിച്ചത് എന്ന് ഒമ്പതാമത്തെ ഒരു രൂപം അവതരിപ്പിച്ചുകൊണ്ട് ഇമാം നസാഈ(റ) നിവേദനം ചെയ്യുന്നു. ഇസ്ബഹാനിൽ വച്ചുകൊണ്ട് തിരുനബിﷺ സ്വലാത്തുൽ ഖ്വൗഫ് നിർവഹിക്കുകയും അത് സ്വഹാബികൾക്ക് അധ്യാപനം നൽകുന്നതിന് വേണ്ടിയായിരുന്നു എന്ന് മഹാനായ സ്വഹാബി ഇമാം അബൂ മൂസ അൽ അശ്അരി(റ) വിശദീകരിക്കുകയും ചെയ്യുന്നു. കാരണം അന്ന് അവിടെ അത്രമേൽ ഭയം നിറഞ്ഞ ഒരു സാഹചര്യമുണ്ടായിരുന്നില്ലത്രെ. തിരുനബിﷺയുടെ മുന്നിൽ ശത്രുക്കൾക്ക് അഭിമുഖമായി രണ്ട് അണികളും പിന്നിൽ ഒരു സ്വഫും നിർത്തി നിസ്കാരം നിർവഹിച്ച ഒരു രൂപം കൂടി പത്താമതായി ഹദീസുകളിൽ നമുക്ക് കാണാം. അവിടെയും ഒപ്പമുണ്ടായിരുന്ന എല്ലാവർക്കും ഒരു റക്അത്തും തിരുനബിﷺ രണ്ട് റക്അത്തും ഒപ്പം നിസ്കരിച്ചു എന്നാണ് നിവേദനങ്ങളിൽ കാണുന്നത്.
ഇതിൽനിന്ന് നേരിയ വ്യത്യാസങ്ങളോടെ ഇനിയും വിവിധങ്ങളായ രൂപങ്ങൾ ഹദീസുകളിൽ വന്നിട്ടുണ്ട്. ഏകദേശം 16 രൂപങ്ങൾ സുബുലുൽ ഹുദാ വർറശാദ് എന്ന കിതാബിൽ ഉദ്ധരിച്ചു കാണാം.
ഏതു പ്രതിസന്ധിഘട്ടത്തിലും നിസ്കാരത്തെ എങ്ങനെയൊക്കെ പരിപാലിക്കണമെന്നും ശത്രു സൈന്യത്തിന് മുമ്പിൽ പോരാട്ടക്കളത്തിലാണെങ്കിലും അല്ലാഹുവുമായുള്ള നമ്മുടെ ബന്ധം കൃത്യമായി പരിപാലിക്കുകയും നിസ്കാരം പോലെയുള്ള ഉത്തരവാദിത്വങ്ങൾ സമയബന്ധിതമായി തന്നെ നിർവഹിക്കുകയും വേണമെന്ന് പ്രായോഗികമായി തന്നെ തിരുനബിﷺ പഠിപ്പിക്കുകയായിരുന്നു. ഇസ്‌ലാമിന്റെ മൗലികമായ ആശയങ്ങളും അടിസ്ഥാന ആരാധനകളും വേറൊരു മതത്തിനും ദർശനത്തിനുമില്ലാത്ത വിധം സ്വതന്ത്രവും സമഗ്രവും എല്ലാ സന്ദർഭങ്ങളിലും പ്രായോഗികമാണ് എന്നുകൂടി നമുക്ക് മനസ്സിലാക്കാനാവും. ആരാധനകളും ആവിഷ്കാരങ്ങളും കാലത്തിനും പരിസരത്തിനും ചുറ്റുപാടിനും അവസ്ഥകൾക്കും അനുസൃതമായി പ്രയോഗിക്കാനും സ്വീകരിക്കാനുമുള്ള സമഗ്രത കൂടി ഈ ആരാധനാക്രമങ്ങൾ നമുക്ക് പഠിപ്പിച്ചു തരുന്നു.

Tweet 1055
തിരുനബിﷺയുടെ സുന്നത്ത് നിസ്കാരങ്ങളെ സംബന്ധിച്ച ഒരു അധ്യായത്തിലേക്കാണ് നാം പ്രവേശിക്കുന്നത്.
സുന്നത്ത് നിസ്ക്കാരങ്ങൾക്ക് അതിമഹത്തായ സ്ഥാനമാണ് പ്രവാചകൻﷺ കല്പിച്ചിരിക്കുന്നത്. അത് ഫർള് നിസ്കാരങ്ങളെ പൂർണ്ണമാക്കുന്നു. ഫർള് നിസ്കാരങ്ങളിൽ സംഭവിച്ചിരിക്കാവുന്ന വീഴ്ചകളെയും പോരായ്മകളെയും അവ പരിഹരിക്കുകയും ചെയ്യുന്നു. എന്നീ രണ്ട് സുപ്രധാന മേന്മകളെ സുന്നത്ത് നിസ്കാരങ്ങൾ സംബന്ധിയായി പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. സുന്നത്ത് നിസ്കാരങ്ങളുടെ പ്രാധാന്യം വിളിച്ചറിയിക്കുന്ന ചില ഹദീസുകൾ താഴെ കൊടുക്കാം.
ഹസ്രത്ത് അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്ത ഒരു ഹദീസിൽ നബിﷺ തങ്ങൾ പറഞ്ഞു. അന്ത്യദിനത്തിൽ തങ്ങളുടെ കർമങ്ങളിൽ വെച്ച് ഏറ്റവും ആദ്യമായി ജനങ്ങളോട് ചോദിക്കപ്പെടുക അവരുടെ നിസ്കാരത്തെക്കുറിച്ചായിരിക്കും. സർവ്വജ്ഞനായ അല്ലാഹു അവന്റെ മലക്കുകളോട് പറയും “എന്റെ അടിമയുടെ നിസ്ക്കാരം പരിശോധിക്കുവീൻ. അതവൻ പൂർണ്ണമായി നിർവ്വഹിച്ചിട്ടുണ്ടോ? അതോ എന്തെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടോ എന്ന് നോക്കുവീൻ.”
നിസ്കാരം പൂർണ്ണമായി അവൻ നിർവ്വഹിച്ചിട്ടുണ്ടെങ്കിൽ അത് പൂർണ്ണമായിത്തന്നെ രേഖപ്പെടുത്തും. നിസ്കാരത്തിൽ എന്തെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അവന് എന്തെങ്കിലും സുന്നത്ത് നിസ്കാരമുണ്ടോ എന്ന് നോക്കുവീൻ എന്ന് അല്ലാഹു പറയും. തുടർന്നുള്ള ആജ്ഞ ഇങ്ങനെയായിരിക്കും.
“എന്റെ അടിമയുടെ ഫർള് നിസ്കാരം സുന്നത്ത് നിസ്ക്കാരം കൊണ്ട് പൂർത്തിയാക്കുവീൻ.”
പിന്നീട് മറ്റു കർമങ്ങളെല്ലാം ഇതേ ക്രമത്തിൽ തന്നെ പരിഗണിക്കപ്പെടും. ഇമാം അബൂദാവൂദ്(റ) ഉദ്ധരിച്ച ഹദീസിൽ നിന്ന് ഈ ആശയം നമുക്ക് വായിക്കാം.
ഇമാം അഹ്മദും(റ) തുർമുദി(റ)യും നിവേദനം ചെയ്യുന്നു. തിരുനബിﷺ പറയുന്നു. രണ്ട് റക്അത് നിസ്കരിക്കുന്നതിനെക്കാളും പുണ്യമുള്ള ഒരു കാര്യത്തിനും ഒരാൾക്കും അല്ലാഹു അനുവാദം കൊടുത്തിട്ടില്ല. ഒരാൾ നിസ്കാരത്തിലായിരിക്കുമ്പോഴെല്ലാം പുണ്യം അവന്റെ മേൽ വർഷിച്ചു കൊണ്ടിരിക്കും.
ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. ഹസ്രത്ത് റബീഅതുബ്നു മാലിക്(റ) പറഞ്ഞു. ഒരിക്കൽ നബിﷺ എന്നോടു പറഞ്ഞു. “ചോദിച്ചു കൊള്ളുക?”
ഞാൻ പറഞ്ഞു. സ്വർഗ്ഗത്തിൽ അവിടുത്തോടൊപ്പം കഴിയാൻ ഞാൻ ആഗ്രഹിക്കുന്നു. “വേറെ ഒന്നുമില്ലാ?” അഥവാ മറ്റൊന്നും ചോദിക്കാനില്ലേ എന്ന് നബിﷺ ചോദിച്ചു.
അതാണെനിക്ക് വേണ്ടത്. ഞാൻ പറഞ്ഞു. സുജൂദ് അഥവാ സുന്നത്ത് നിസ്കാരം വർദ്ധിപ്പിച്ചു കൊണ്ട് ഇക്കാര്യത്തിൽ താങ്കളെന്നെ സഹായിക്കുക എന്ന് നബിﷺ തുടർന്ന് പറഞ്ഞു.
സുന്നത്ത് നിസ്ക്കാരങ്ങൾ വീട്ടിൽ വെച്ച് നിർവഹിക്കുന്നതിന്റെ മഹത്വം പറയുന്ന ഹദീസുകളുണ്ട്. ഇമാം അഹ്മദും(റ) മുസ്ലിമും(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ”നിങ്ങളിൽ ഒരാൾ പള്ളിയിൽ വെച്ച് നിസ്കരിക്കുകയാണെങ്കിൽ നിസ്കാരത്തിന്റെ ഒരു ഭാഗം തന്റെ വീട്ടിലേക്ക് കൂടി കരുതി വെക്കണം. നിസ്കാരം മൂലം വീട്ടിൽ ഏറെ അനുഗ്രങ്ങളുണ്ടാകും.
ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. ഉമർ(റ)ൽ നിന്ന് നിവേദനം. തിരുനബിﷺ പറഞ്ഞു. “ഒരാൾ തന്റെ വീട്ടിൽ വെച്ച് നിർവ്വഹിക്കുന്ന സുന്നത്ത് നിസ്കാരം ഒരു പ്രകാശമാണ്. ഉദ്ദേശിക്കുന്നവൻ തന്റെ വീട് പ്രകാശമാനമാക്കിക്കൊള്ളട്ടെ.”
പള്ളിയിൽ പോയി ജമാഅത്തായി നിർബന്ധ നിസ്കാരങ്ങൾ നിർവഹിക്കുന്ന മനുഷ്യനും ചില സുന്നത്ത് നിസ്കാരങ്ങൾ വീട്ടിൽ വച്ച് നിർവഹിക്കേണ്ടതുണ്ട്. അതുവഴി വീട്ടിൽ ഉണ്ടാകുന്ന അനുഗ്രഹങ്ങളെ തിരുനബിﷺ പ്രത്യേകം എണ്ണി പറയുകയും ചെയ്യുന്നു.

Tweet 1056
വീട്ടിൽ വെച്ച് സുന്നത്ത് നിസ്കാരം നിർവ്വഹിക്കുന്നത് ഏറ്റവും പുണ്യമുള്ളതായി നിശ്ചയിക്കാൻ ചില കാരണങ്ങൾ കൂടിയുണ്ട്. ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം നവവി(റ) അഞ്ചു കാരണങ്ങൾ വിശദീകരിക്കുന്നു. ഒന്ന്, വീട്ടിൽവെച്ചുള്ള സുന്നത്ത് നിസ്കാരം കൂടുതൽ രഹസ്യ സ്വഭാവമുള്ളതായിരിക്കും.
രണ്ട്, അത് മൂലം കപടഭക്തി കടന്നു കൂടാനുള്ള സാധ്യത കുറയും. മൂന്ന്, സൽകർമങ്ങളെ നിഷ്ഫലമാക്കിക്കളയുന്ന രിയാഅ് അഥവാ ലോകമാന്യം തുടങ്ങിയ കാര്യങ്ങളിൽ നിന്ന് സുരക്ഷിതമായിരിക്കും.
നാല്, വീടിന് ഗുണം വർദ്ധിക്കുകയും അല്ലാഹുവിന്റെ അനുഗ്രഹം അവിടെ വർഷിക്കുകയും ചെയ്യും.
അഞ്ച്, സുന്നത് നിസ്കാരം നിർവ്വഹിക്കപ്പെടുന്ന വീടുകളിൽ മലക്കുകൾ അവതരിക്കുകയും പിശാചുക്കൾ അവിടെനിന്ന് അകന്നു പോവുകയും ചെയ്യും. ദീർഘനേരം നിന്ന് സുന്നത്ത് നിസ്കരിക്കുന്നത് വളരെ പുണ്യവും പ്രാധാന്യവുമുള്ള കാര്യമാണ്. അങ്ങനെയാണ് തിരുനബിﷺ ചെയ്തിരുന്നത്. നിർത്തം ദീർഘിപ്പിക്കുകയെന്നതിന്റെ അർഥം, നിർത്തത്തിൽ ദീർഘമായ സൂറത്തുകൾ പാരായണം ചെയ്യുക എന്നതുകൂടിയാണ്. പ്രസിദ്ധമായ ആറു ഹദീസു ഗ്രന്ഥങ്ങളിൽ പെട്ട അബൂദാവൂദ് ഒഴികെയുള്ള എല്ലാ ഗ്രന്ഥങ്ങളിലും നിവേദനം ചെയ്യുന്നു. മുഗ്വീറതുബ്നു ശുഅ്ബ(റ) പറഞ്ഞു. തിരുനബിﷺ അവിടുത്തെ പാദങ്ങളും കണങ്കാലുകളും നീരു കെട്ടി വീർക്കുന്നത് വരെ നിന്നു നിസ്കരിക്കാറുണ്ടായിരുന്നു. അങ്ങ് എന്തിനാണ് ഇങ്ങനെ കഷ്ടപ്പെടുന്നത് എന്ന് ചോദിച്ച തന്റെ അനുയായികളോട്,
“ഞാനൊരു നന്ദിയുള്ള അടിമയാകേണ്ടതില്ലേ?” എന്നാണ് തിരുനബിﷺ ചോദിച്ചത്.
നിന്ന് നിസ്കരിക്കാൻ കഴിവുള്ളവർ നിന്നു നിസ്കരിക്കുകയെന്നത് ഫർള് നിസ്കാരത്തിന്റെ നിർബന്ധ കാര്യങ്ങളിൽ ഒന്നാണ്. നിൽക്കാൻ കഴിയുന്നവൻ ഇരുന്നു നിസ്ക്കരിച്ചാൽ ഫർള് നിസ്ക്കാരം സ്വീകാര്യമായിത്തീരുകയില്ല. എന്നാൽ, സുന്നത്ത് നിസ്കാരങ്ങൾ നിൽക്കാൻ കഴിയുന്നവർക്കും ഇരുന്നു നിസ്കരിക്കാം. ഒരു റക്അത്ത് നിന്നിട്ടും അടുത്ത റക്അത്ത് ഇരുന്നിട്ടും നിസ്കരിക്കാം. എന്നാൽ സുന്നത്ത് നിസ്കാരവും നിന്നു നിസ്കരിക്കുന്നത് തന്നെയാണുത്തമം.
പൊതുവായ സുന്നത്ത് നിസ്കാരങ്ങൾ, പ്രത്യേക സുന്നത്ത് നിസ്കാരങ്ങൾ എന്നിങ്ങനെ രണ്ടുതരം സുന്നത്ത് നിസ്കാരങ്ങളുണ്ട്. ഇസ്‌ലാമിക കർമശാസ്ത്ര പണ്ഡിതന്മാർ അവ വിശദീകരിച്ചിട്ടുമുണ്ട്.
പ്രത്യേക കാരണങ്ങളോ റക്അത്തുകൾക്ക് പ്രത്യേക എണ്ണമോ ഇല്ലാത്ത സുന്നത്ത് നിസ്കാരങ്ങൾക്കാണ് പൊതുവായ സുന്നത്ത് നിസ്കാരങ്ങൾ എന്ന് പറയുന്നത്. അത് നിർവ്വഹിക്കുമ്പോൾ നിസ്കരിക്കുന്നു എന്ന് മാത്രം കരുതിയാൽ മതി. ഇമാം നവവി(റ) ഇങ്ങനെ പറയുന്നു. ഒരാൾ പ്രത്യേക എണ്ണമൊന്നും നിർണ്ണയിക്കാതെ സുന്നത്ത് നിസ്കരിക്കാൻ തുടങ്ങിയാൽ അയാൾക്ക് ഒരു റക്അത്ത് കഴിഞ്ഞു സലാം വീട്ടുകയോ, രണ്ടോ, മൂന്നോ, നൂറോ, ആയിരമോ റക്അത്തുകളാക്കി വർദ്ധിപ്പിക്കുകയോ ചെയ്യാവുന്നതാണ്.
പ്രത്യേക സുന്നത്ത് നിസ്കാരങ്ങളെ റവാതിബ്, റവാതിബല്ലാത്തവ എന്നിങ്ങനെ രണ്ടായി തരംതിരിച്ചിട്ടുണ്ട്. ഫര്‍ളു നിസ്കാരങ്ങളുടെ മുമ്പും ശേഷവും സുന്നത്തുള്ള നിസ്കാരങ്ങളാണ് റവാത്തിബ് നിസ്കാരങ്ങള്‍. ഇവ ജമാഅത്തായി നിസ്കരിക്കല്‍ സുന്നത്തില്ല. റവാത്തിബ് സുന്നത്തുകള്‍ ആകെ 22 റക്അത്തുകളാണ്. ളുഹറിന് മുമ്പ് നാല് ശേഷം നാല്, അസറിന് മുമ്പ് നാല്, മഗ്‌രിബിന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, ഇശാന്റെ മുമ്പ് രണ്ട് ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട്. ഇപ്രകാരം ആകെ 22. എന്നാൽ, ഇവയിൽ 10 റക്അത്ത് ഏറ്റവും ശക്തമായ സുന്നത്തുള്ളവയാണ്. ളുഹ്റിന് മുമ്പ് രണ്ട് ശേഷം രണ്ട്, മഗ്‌രിബിന് ശേഷം രണ്ട്, ഇശാഇനു ശേഷം രണ്ട്, സുബ്ഹിയുടെ മുമ്പ് രണ്ട് എന്നിങ്ങനെയാണ്. ഇവ നിസ്കരിക്കുന്നവന് സ്വർഗത്തിൽ ഒരു മാളിക തന്നെ നിർമിക്കപ്പെടുമെന്ന് തിരുനബിﷺ പറഞ്ഞിട്ടുണ്ട്. ഇമാം മുസ്ലിം(റ) ഉദ്ധരിച്ച ഹദീസിൽ ഈ ആശയം കാണാം.

Tweet 1057
തിരുനബിﷺയുടെ സുന്നത്ത് നിസ്കാരങ്ങളെ വായിക്കുമ്പോൾ ഏറിയ കാലവും നിന്ന് നിസ്കരിക്കുകയും ശാരീരികമായി പ്രയാസങ്ങൾ നേരിട്ടപ്പോൾ മാത്രം ഇരുന്നു നിസ്കരിക്കുകയും ചെയ്തതായിട്ടാണ് ഹദീസുകൾ സംസാരിക്കുന്നത്. തിരുനബിﷺയുടെ ഭൗതിക ജീവിതത്തിന്റെ വിയോഗത്തിന് ഒരു വർഷം മുമ്പ് വരെ നിന്നു മാത്രമേ സുന്നത്ത് നിസ്കരിക്കാറുണ്ടായിരുന്നുള്ളൂ. നിസ്കാരത്തിൽ ഖുർആൻ പാരായണം ചെയ്യുമ്പോൾ എല്ലാ ചിട്ടകളും പാലിച്ച് അവധാനതയോടു കൂടിയായിരുന്നു പാരായണം ചെയ്തിരുന്നത്. ദീർഘമായ സൂറത്തുകൾ ദീർഘമായി തന്നെ പാരായണം ചെയ്തു. തിരുനബിﷺയുടെ പത്നി ഹഫ്സ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഈ ആശയങ്ങൾ കാണാം.
ചില സന്ദർഭങ്ങളിൽ ദീർഘനേരം ഇരുന്ന് ഖുർആൻ ഓതി നിസ്കരിക്കുകയും മുപ്പതോ നാല്പതോ ആയത്തുകൾ ബാക്കിയുള്ളപ്പോൾ എഴുന്നേറ്റുനിന്ന് പാരായണം ചെയ്തതിനുശേഷം റുകൂഇലേക്ക് പോയി നിസ്കാരം തുടരുകയും ചെയ്ത സന്ദർഭങ്ങൾ ഹദീസുകളിൽ വന്നിട്ടുണ്ട്. തിരുനബിﷺ വിയോഗത്തോട് അടുത്ത കാലം അധിക സുന്നത്തു നിസ്കാരങ്ങളും ഇരുന്നുകൊണ്ടായിരുന്നു നിർവഹിച്ചത് എന്ന് പ്രിയ പത്നി മഹതി ആഇശ(റ) പറയുന്നുണ്ട്.
സുബ്ഹിക്ക് മുമ്പുള്ള സുന്നത്ത് ഏറെ പ്രാധാന്യത്തോടുകൂടി തിരുനബിﷺ പരിഗണിച്ചിരുന്നു. അത്രമേൽ ശ്രദ്ധയോടുകൂടി പരിപാലിച്ചു നിസ്കരിച്ച മറ്റൊരു സുന്നത്ത് നിസ്കാരവും ഉണ്ടായിരുന്നില്ല എന്ന് ബീവി ആഇശ(റ) തന്നെ പറയുന്നുണ്ട്.
സുബ്ഹിക്ക് മുമ്പുള്ള സുന്നത്ത് നിസ്കാരം ലളിതവും സൗമ്യവുമായിട്ടായിരുന്നു തിരുനബിﷺ നിർവഹിച്ചിരുന്നത്. തിരുനബിﷺ ഫാത്തിഹ ഓതിയിട്ടുണ്ടല്ലോ എന്ന് പറയാൻ മാത്രം ലഘുവായിരുന്നു എന്ന പ്രയോഗം വരെ ഹദീസിൽ വന്നിട്ടുണ്ട്. ഒന്നാമത്തെ റക്അത്തിൽ കാഫിറൂനും രണ്ടാമത്തേതിൽ ഇഖ്ലാസും പൂർണ്ണമായും പാരായണം ചെയ്തിരുന്നു. ചില ഒറ്റപ്പെട്ട സൂക്തങ്ങൾ സവിശേഷമായി പാരായണം ചെയ്തിരുന്നതായി ഹദീസുകളിൽ കാണുന്നുമുണ്ട്.
സുന്നത്ത് നിസ്കാരത്തെ തുടർന്ന് ‘റബ്ബ ജിബിരീല വ മീകാഈല വ ഇസ്റാഫീല വ മുഹമ്മദിൻ അഊദുബിക മിനന്നാർ’ എന്ന സവിശേഷമായ പ്രാർഥന മൂന്നു പ്രാവശ്യം ചൊല്ലി വലതു ഭാഗത്തേക്ക് ചരിഞ്ഞു അൽപ നേരം കിടക്കും. ജിബ്‌രീല്‍(അ), മീക്കാഈൽ(അ), ഇസ്റാഫീൽ(അ) എന്നീ മലക്കുകളുടെയും മുഹമ്മദ് നബിﷺയുടെയും പരിപാലകനായ അല്ലാഹുവേ, നരകത്തിൽ നിന്ന് കാവൽ നൽകേണമേ. ഇതാണ് ആ പ്രാർഥനയുടെ ആശയം.
എപ്പോഴെങ്കിലും സുബ്ഹിയുടെ മുമ്പുള്ള സുന്നത്ത് നിസ്കാരം സമയത്ത് നിർവഹിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് അത് മടക്കി നിസ്കരിക്കുമായിരുന്നു. സൂര്യോദയത്തിനു ശേഷം മടക്കി നിസ്കരിച്ച നിവേദനം ഇമാം ഇബ്നുമാജ(റ) ഉദ്ധരിക്കുന്നുണ്ട്.
നിസ്കാരത്തിലേക്ക് വിളിക്കാൻ മുഅദ്ദിൻ വരുന്നത് വരെ തിരുനബിﷺ വലതുഭാഗത്തേക്ക് ചരിഞ്ഞു കിടന്ന നിവേദനവും ഇമാമുകൾ ഉദ്ധരിച്ചിട്ടുണ്ട്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ആലോചിക്കുകയും പരലോക വിചാരത്തിൽ മരണാനന്തരം കിടക്കേണ്ടിവരുന്ന രീതിയിൽ തന്നെ വലതു ഭാഗത്തേക്ക് ചരിഞ്ഞ് ഖിബ്‌ലക്ക് അഭിമുഖമായി കിടക്കുകയുമായിരുന്നു നബിﷺയുടെ രീതി.
ആധ്യാത്മിക വിചാരങ്ങൾ ഏറ്റവും തെളിഞ്ഞ രൂപത്തിൽ നിർമലമായ പ്രഭാതത്തിൽ തന്നെ നിർവഹിക്കുക എന്ന ഒരു മനോഹാരിത കൂടി ഈ പ്രാർഥനയിലും ആരാധനയിലും നിറഞ്ഞു നിൽക്കുന്നു.

Tweet 1058
മധ്യാഹ്ന നിസ്കാരം അഥവാ ളുഹർ നിസ്കരിക്കുന്നതിന് മുമ്പ് നാല് റക്അത്തും ശേഷം രണ്ട് റക്അത്തും തിരുനബിﷺ സുന്നത്ത് നിസ്കരിക്കുമായിരുന്നു. ഇമാം ബുഖാരി(റ)യും മറ്റും അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഈ ആശയം ഉദ്ധരിച്ചിട്ടുണ്ട്. ദീർഘനേരം നിന്ന് നിസ്കരിക്കുകയും റുകൂഉം സുജൂദും മറ്റും സമയമെടുത്തു തന്നെ നിർവഹിക്കുകയും ചെയ്തിരുന്നു എന്ന് ആഇശ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം.
ചിലപ്പോഴൊക്കെ ഈ സുന്നത്ത് നിസ്കാരം വീട്ടിൽ വച്ച് നിർവഹിച്ചിരുന്നു എന്ന് ഇമാം ബുഖാരി(റ) തന്നെ ആഇശ(റ)യിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിലുണ്ട്.
അസ്റിന്റെ മുമ്പ് നാല് റക്അത്ത് നിസ്കരിച്ചിരുന്നു എന്നും അസ്റിന് ശേഷം നിസ്കരിച്ച രണ്ടു റക്അത്ത് പിൽക്കാലത്ത് നിരോധിച്ചു എന്നും ഹദീസുകൾ പറയന്നു.
പള്ളിയിൽ വെച്ച് മഗ്‌രിബ് നിസ്കരിച്ച ശേഷം വീട്ടിൽ വന്ന് രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കാറുണ്ടായിരുന്നു എന്ന് മഹതി ആഇശ(റ) പറഞ്ഞത് ഇമാം മുസ്ലിം(റ) റിപ്പോർട്ട് ചെയ്യുന്നു. ഈ നിസ്കാരത്തെക്കുറിച്ച് ഏറെ പുകഴ്ത്തി നബിﷺ സംസാരിച്ചു എന്ന് ഇമാം ഇബ്നുമാജ(റ) ഇബ്നു മസ്ഊദി(റ)ൽ നിന്ന് റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ വായിക്കാം. ഇശാഅ് നിസ്കാരാനന്തരം തിരുനബിﷺ വീട്ടിലേക്ക് വന്നു നാലോ ആറോ റക്അത്തുകൾ നിസ്കരിക്കാറുണ്ടായിരുന്നു എന്നും ഹദീസുകളിൽ പറയുന്നു. ഇശാഅ് നിസ്കാരത്തിന്റെ സുന്നത്തിനുശേഷം വിത്റ് നിസ്കരിക്കുന്നതും നബിﷺയുടെ പതിവായിരുന്നു.
ചിലപ്പോഴൊക്കെ ഇശാഅ് നിസ്കാരാനന്തരം വീട്ടിൽ വന്നു സുന്നത്ത് നിസ്കരിച്ച ശേഷം അൽപ്പനേരം തിരുനബിﷺ ഉറങ്ങുകയും രാത്രിയുടെ അവസാന ഭാഗം എഴുന്നേറ്റു നിസ്കരിക്കുകയും ചെയ്യുമായിരുന്നു.
പ്രധാനപ്പെട്ട കാര്യങ്ങൾ ആലോചിക്കുകയും തീരുമാനമെടുക്കാൻ ഉദ്ദേശിക്കുകയും ചെയ്യുമ്പോൾ ഇസ്തിഖാറയുടെ അഥവാ നന്മ തേടുന്നതിന്റെ ഭാഗമായി രണ്ട് റക്അത്ത് നിസ്കരിക്കാറുണ്ടായിരുന്നു.
ആരെങ്കിലും വല്ല പ്രധാനപ്പെട്ട കാര്യങ്ങളിലും ഏര്‍പ്പെടുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ, അക്കാര്യം തനിക്ക് ഗുണകരമായിരിക്കുമോ ദോഷകരമായിരിക്കുമോ എന്നറിയാതെ വിഷമിക്കുന്നപക്ഷം, അവന് മനസ്സമാധാനം ലഭിക്കുവാന്‍ തിരുനബിﷺ നിര്‍ദ്ദേശിച്ചിട്ടുള്ള മാര്‍ഗ്ഗമാണ് ‘ഇസ്തിഖാറത്ത്’. ഗുണകരമായതു കാണിച്ചുതരുവാന്‍ അല്ലാഹുവിനോടു തേടുക എന്നത്രെ ഈ പദത്തിന്റെ ആശയം.
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ജാബിർ(റ) പറഞ്ഞു. ഖുര്‍ആനിലെ സൂറത്ത് പഠിപ്പിച്ചു തരുന്ന പ്രാധാന്യത്തോടെ എല്ലാ കാര്യങ്ങളിലും ഇസ്തിഖാറത്ത് ചെയ്യേണ്ട രീതി തിരുനബിﷺ ഞങ്ങള്‍ക്ക് പഠിപ്പിച്ചു തന്നിരുന്നു. അവിടുന്ന് പറഞ്ഞു. അവന്‍ രണ്ടു റക്അത്ത് നിസ്കരിച്ചുകൊള്ളട്ടെ! ശേഷം, ഇസ്തിഖാറത്തിന്റെ ദുആ ചെയ്യുക. അവന്‍റെ ആവശ്യം എടുത്തു പറയുകയും വേണം. എങ്കിൽ ഉത്തമമായ മാര്‍ഗ്ഗം അല്ലാഹു കാണിച്ചു തരും എന്ന് സാരം.
രണ്ട് റക്അത്ത് നിസ്കരിക്കുകയും അതിനു ശേഷം തിരുനബിﷺ പഠിപ്പിച്ച പ്രാർഥന പ്രാര്‍ഥിച്ചുകൊണ്ട് ഇസ്തിഖാറ നടത്തുകയും ചെയ്യുക എന്നതാണ് ഇസ്തിഖാറ നിസ്കാരത്തിന്‍റെ രൂപം. സലാം വീട്ടിയതിനു ശേഷം തന്‍റെ ഇരു കൈകളും ഉയര്‍ത്തി “അല്ലാഹുമ്മ ഇന്നീ അസ്‌തഖീറുക ബിഇൽമിക….” തുടങ്ങിയുള്ള പ്രാർഥന നിർവഹിക്കണം.
അല്ലാഹുവേ! നിന്റെ വിജ്ഞാനം മുഖേന നിന്നോട് ഞാൻ നന്മയെ ചോദിക്കുന്നു. നിന്റെ കഴിവ് മുഖേന ഞാൻ കഴിവിനെ ചോദിക്കുന്നു. നിന്റെ മഹത്തായ ഔദാര്യത്തിൽ നിന്നും ഞാൻ നിന്നോട് തേടുന്നു. കാരണം, നീ കഴിവുള്ളവനാണ്. ഞാൻ കഴിവില്ലാത്തവനാണ്. നീ അറിയുന്നവനാണ്. ഞാൻ അറിവില്ലാത്തവനാണ്. നീ എല്ലാ മറഞ്ഞ കാര്യങ്ങളും നന്നായി അറിയുന്നവനാണ്. അല്ലാഹുവേ, ഈ കാര്യം ….. എനിക്ക് എന്റെ ദീനിലും എന്റെ ഐഹിക ജീവിതത്തിലും കാര്യങ്ങളുടെ പര്യവസാനത്തിലും അഥവാ ഈ ലോകത്തും പരലോകത്തും നന്മയാണെന്ന് നീ അറിയുന്നുവെങ്കിൽ അത് എനിക്ക് നീ വിധിക്കേണമേ! അതിനെ നീ എനിക്ക് എളുപ്പമാക്കിത്തരികയും പിന്നീട് അതിൽ അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ!
എന്നാൽ ഈ കാര്യം എന്റെ ദീനിലും എന്റെ ഭൗതിക കാര്യത്തിലും കാര്യത്തിന്റെ പര്യവസാനത്തിലും എനിക്ക് ദോഷകരമായി നീ കാണുന്നുവെങ്കിൽ അതിനെ എന്നിൽ നിന്നും, എന്നെ അതിൽ നിന്നും നീ അകറ്റേണമേ! നന്മ എവിടെയാണെങ്കിലും അത് എനിക്ക് നീ വിധിക്കേണമേ! പിന്നെ അതിൽ എനിക്ക് നീ സംതൃപ്‌തി നൽകുകയും ചെയ്യേണമേ! ഇതാണ് പ്രസ്തുത പ്രാർഥനയുടെ ആശയം.

Tweet 1059
തിരുനബിﷺ വളരെ സവിശേഷമായി ജീവിതത്തിൽ പരിപാലിച്ച നിസ്കാരമാണ് സ്വലാത്തുൽ വിത്ത്റ് അഥവാ വിത്ത്റ് നിസ്കാരം. പ്രസ്തുത നിസ്കാരത്തിന്റെ മഹത്വം അറിയിച്ചുകൊണ്ട് അവിടുന്ന് ഇങ്ങനെ പറഞ്ഞു. ‘വിത്റ് നിസ്കാരം’ ബാധ്യതയാക്കപ്പെട്ടതാണ്, വിത്റ് നിസ്കരിക്കാത്തവൻ നമ്മിൽ പെട്ടവനല്ല. ബുറൈദയിൽ നിന്ന് ഇമാം അബൂദാവൂദ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഈ ആശയം കാണാം.
അബൂ അയ്യൂബുൽ അൻസ്വാരി(റ)യിൽ നിന്ന് ഇമാം അബൂദാവൂദ്(റ) തന്നെ നിവേദനം ചെയ്യുന്നു. നബിﷺ പറഞ്ഞു. വിത്റ് നിസ്കാരം ഓരോ മുസ്‌ലിമിന്റെയും അവകാശവും ബാധ്യതയുമാണ്. മൂന്ന് റക്അത്ത് നിസ്കരിച്ച് വിത്റാക്കാൻ ആരെങ്കിലും ഉദ്ദേശിച്ചാൽ അവൻ അങ്ങനെ ചെയ്യട്ടെ. ഒരു റക്അത്ത് നിസ്കരിച്ച് വിത്റാക്കാൻ ആരെങ്കിലും ഉദ്ദേശിച്ചാൽ അവൻ അങ്ങനെ ചെയ്യട്ടെ.
ഇമാം നസാഈ(റ)യുടെ നിവേദനത്തിൽ അലിയ്യ്(റ) ഇങ്ങനെ പറഞ്ഞു. ഫർള് നിസ്‌കാരം പോലെ നിർബന്ധമുളളതല്ല വിത്ർ. പക്ഷേ, റസൂൽﷺ സുന്നത്താക്കി നിശ്ചയിച്ചതാണ്.
ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. അബൂദർറ്(റ) പറഞ്ഞു. എന്റെ ഹബീബായ റസൂൽﷺ മൂന്ന് കാര്യങ്ങള്‍ എന്നോട് വസ്വിയ്യത്ത് ചെയ്തു. ജീവിച്ചിരുന്ന കാലമത്രയും ഞാനത് ഉപേക്ഷിച്ചിട്ടില്ല. എല്ലാ മാസവും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കുക, ളുഹാ നിസ്‌കാരം നിർവ്വഹിക്കുക, ഉറങ്ങുന്നതിനു മുമ്പ് വിത്റ് നിസ്‌കരിക്കുക എന്നിവയാണത്.
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു. ഞാൻ നബിﷺയുടെ വിരിപ്പിൽ വിലങ്ങനേ കിടന്നുറങ്ങുമ്പോൾ അവിടുന്ന് നിസ്കരിക്കാറുണ്ടായിരുന്നു. അവിടുന്നു വിത്റ് നിസ്‌കരിക്കാൻ ഉദ്ധേശിച്ചാൽ എന്നെ വിളിച്ചുണർത്തും. ഞാനും വിത്റ് നിസ്‌കരിക്കും.
ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു. ഖാരിജ: ബ്നു ഹുദാഫ(റ) പ്രസ്താവിച്ചു. നബിﷺ ഞങ്ങളുടെ അടുത്ത് വന്ന് പറഞ്ഞു. ‘നിശ്ചയം അല്ലാഹു ഒരു നിസ്കാരം നിയമമാക്കി നിങ്ങളെ സഹായിച്ചിരിക്കുന്നു. അത് നിങ്ങൾക്ക് ഒരു ചുവന്ന ഒട്ടകം ലഭിക്കുന്നതിനേക്കാൾ ഉത്തമമാകുന്നു. അത് വിത്റ് നിസ്കാരമാണ്. ഇശാഇനും ഫജ്റിനും ഇടയിൽ നിങ്ങളത് നിര്‍വ്വഹിക്കുക.
ഇമാം തുർമുദി(റ)യുടെ തന്നെ മറ്റൊരു നിവേദനം ഇങ്ങനെയാണ്. അലിയ്യ്(റ) പറഞ്ഞു. വിത്ർ ഫർള് നിസ്‌കാരം പോലെ നിർബന്ധമുളളതല്ല. പക്ഷേ, നബിﷺ സുന്നത്താക്കി നിശ്ചയിച്ചതാണ്. നബിﷺ പറയുകയുണ്ടായി. അല്ലാഹു വിത്‌റും അഥവാ ഏകനും വിത്‌റിനെ അതായത് ഒറ്റയെ ഇഷ്ടപ്പെടുന്നവനുമാണ്. അതുകൊണ്ട് ഖുർആനിൽ വിശ്വസിച്ചവരേ, നിങ്ങൾ വിത്‌റ് നിസ്‌കരിക്കൂ.
ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹി ബ്നു ഉമര്‍(റ) പറഞ്ഞു. രാത്രി നിസ്കാരത്തെ കുറിച്ച് ഒരാള്‍ നബിﷺയോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു. രാത്രി നിസ്കാരം ഈരണ്ട് ഈരണ്ടാകുന്നു. അങ്ങനെ നിങ്ങളിലാരെങ്കിലും പ്രഭാതം ആയേക്കുമെന്ന് ഭയപ്പെട്ടാല്‍ ഒരു റക്അത്ത് നിസ്കരിക്കട്ടെ. അത് അവന്‍ നിസ്കരിച്ചതിനെ വിത്റ് അഥവാ ഒറ്റയാക്കും.
വിത്ർ നിസ്കാരത്തിന്റെ മഹത്വവും പ്രാധാന്യവും തിരുനബിﷺ അതിനു കൽപ്പിച്ചിരുന്ന സവിശേഷമായ പരിഗണനയും നിർവഹിക്കേണ്ട സമയവും എല്ലാം വിശദീകരിക്കുന്ന നിവേദനങ്ങളാണ് നാം വായിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ രാത്രി നിസ്കാരത്തിന്റെ അവസാനം അത് വിത്റായിരിക്കട്ടെ എന്ന് തിരുനബിﷺ പറഞ്ഞത് അബ്ദുല്ലാഹിബ്നു ഉമർ(റ) ഉദ്ധരിച്ചതായി ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നുണ്ട്.
അല്ലാമാ ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി(റ) നൽകുന്ന ഒരു വിശദീകരണം ഇങ്ങനെ വായിക്കാം. ഇമാം അബൂദാവൂദും(റ) ഇമാം നസാഇ(റ)യും നിവേദനം ചെയ്യുന്ന, അബൂഉവാന(റ)യും മറ്റും സ്വഹീഹെന്നു വിശേഷിപ്പിച്ച ഹദീസ് ഇക്കാര്യമറിയിക്കുന്നതിൽ ഒന്നുകൂടി സ്പഷ്ടമാണ്. ഇബ്‌നുഉമർ(റ) പറയുമായിരുന്നു. “ആരെങ്കിലും രാത്രിയിൽ നിസ്‌കരിച്ചാൽ അവൻ തന്റെ നിസ്‌കാരത്തിന്റെ അവസാനം വിത്‌റാക്കട്ടെ. കാരണം അല്ലാഹുവിന്റെ റസൂൽﷺ അതു കൽപിക്കുമായിരുന്നു. ഫജ്‌റായാൽ രാത്രി നിസ്‌കാരവും വിത്‌റും കഴിഞ്ഞുപോയി.’’
പ്രമുഖ സ്വഹാബി ജാബിറി(റ)ൽ നിന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. ആരെങ്കിലും രാത്രിയുടെ അവസാനത്തിൽ എഴുന്നേൽക്കുകയില്ലെന്ന് ഭയന്നാൽ അവൻ തുടക്കത്തിൽ തന്നെ വിത്‌റ് നിർവഹിക്കട്ടെ. രാത്രിയുടെ അവസാനത്തിൽ എഴുന്നേൽക്കുവാൻ തൽപരനായവൻ രാത്രിയുടെ അവസാനം വിത്‌റാക്കട്ടെ. കാരണം രാത്രിയുടെ അവസാനത്തിലുള്ള നിസ്‌കാരം സാക്ഷ്യം വഹിക്കപ്പെടുന്നതാണ്; അത് അതിശ്രേഷ്ഠവുമാണ്.

Tweet 1060
ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു. തിരുനബിﷺ നാല് റക്അത്തുകൾ നിസ്‌കരിക്കുമായിരുന്നു. അവയുടെ ഭംഗിയെക്കുറിച്ചും ദൈർഘ്യത്തെക്കുറിച്ചും താങ്കൾ ചോദിക്കുകയേ വേണ്ട. അഥവാ അത്രമേൽ പൂർണ്ണതയിലും ഭംഗിയിലുമായിരുന്നു നിർവഹിക്കുന്നത്. പിന്നീട് നാലു റക്അത്തുകൾ നിസ്‌കരിക്കും. അവയുടെ ഭംഗിയെക്കുറിച്ചും ദൈർഘ്യത്തെക്കുറിച്ചും താങ്കൾ ചോദിക്കുകയേ വേണ്ട. ശേഷം, തിരുനബിﷺ മൂന്നു റക്അത്തുകൾ നിസ്‌കരിക്കുമായിരുന്നു.
ഈ മൂന്നു റക്അത്തുകൾ രണ്ടു സലാം കൊണ്ട് നിർവഹിക്കൽ അനുവദനീയമാണ്. ഒരു തശഹ്ഹുദും ഒരു സലാമും കൊണ്ട് ഒന്നിച്ചു നിസ്‌കരിക്കലും അനുവദനീയമാണ്.
ഇമാം നസാഈ(റ), ബൈഹഖി(റ) എന്നിവർ ഉദ്ധരിക്കുന്നു. ആഇശ(റ)യിൽ നിന്ന് നിവേദനം. നബിﷺ മൂന്നു റക്അത്തുകൾകൊണ്ട് വിത്‌റാക്കുമായിരുന്നു. അവയിൽ അവസാനത്തിലല്ലാതെ തിരുമേനിﷺ ഇരിക്കുമായിരുന്നില്ല.
രണ്ടു തശഹ്ഹുദുകൾ കൊണ്ടും ഒരു സലാം കൊണ്ടും വിത്ർ നിസ്‌കരിക്കാവതല്ല. മഗ്‌രിബ് നിസ്‌കാരത്തോടു സാദൃശ്യമാകാതിരിക്കുവാൻ വേണ്ടിയാണത്. തിരുനബിﷺ അത് വിരോധിച്ചിട്ടുണ്ട്.
ഏഴു റക്അത്തുകൾ കൊണ്ടും അഞ്ചു റക്അത്തുകൾകൊണ്ടും വിത്‌റാക്കൽ അനുവദനീയമാകുന്നു. അപ്പോൾ അവയുടെ അവസാനത്തിലേ ഇരിക്കാവൂ.
ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു. അല്ലാഹുവിന്റെ റസൂൽﷺ രാത്രിയിൽ പതിമൂന്ന് റക്അത്തുകൾ നിസ്‌കരിക്കുമായിരുന്നു. അതിൽ അഞ്ചു റക്അത്തുകൾകൊണ്ട് വിത്‌റാക്കുമായിരുന്നു. അതിൽ അവസാനത്തിലല്ലാതെ ഒരു റക്അത്തിലും തിരുനബിﷺ ഇരിക്കുമായിരുന്നില്ല.
ഇബ്നു ഖുദാമ(റ) അൽമുഗ്നിയിൽ പറയുന്നു. ഒരു മുസ്‌ലിം രാത്രിയുടെ ആദ്യ സമയത്ത് തന്നെ വിത്റ് നിസ്കരിച്ച് ഉറങ്ങി. ശേഷം രാത്രിയുടെ അവസാനത്തിൽ എഴുന്നേറ്റ് നിസ്കരിക്കുവാൻ അല്ലാഹു അവന് അവസരം നൽകിയാൽ അവൻ ഈരണ്ട് ഈരണ്ട് റക്അത്ത് നിസ്കരിക്കുക. അവൻ ആദ്യം നിർവഹിച്ച വിത്റ് അഥവാ ഒരു റക്അത്ത് കൂടി ചേർത്ത് ഒഴിവാക്കേണ്ടതില്ല. അവൻ ആദ്യം നിർവഹിച്ച വിത്റ് തന്നെ മതിയാകുന്നതാണ്.
സൂക്ഷ്മതക്ക് വേണ്ടി ഒരാൾ രാത്രിയുടെ ആദ്യത്തിൽ വിത്ർ നിസ്കരിക്കുന്നത് നല്ല കാര്യമാണ്. നബിﷺ അബൂഹുറൈറ(റ), അബുദ്ദർദാഅ്(റ) എന്നിവരോട് രാത്രിയുടെ ആദ്യത്തിൽ വിത്ർ നിസ്കരിക്കാൻ വസിയ്യത് ചെയ്തിരുന്നു. ചില പണ്ഡിതൻമാർ പറഞ്ഞു. അവർ രണ്ടുപേരും രാത്രിയുടെ ആദ്യത്തിൽ വൈജ്ഞാനിക വിഷയങ്ങളിൽ വ്യാപൃതരാവുന്നത് കൊണ്ട് രാത്രിയുടെ അന്ത്യ സമയത്ത് എഴുന്നേൽക്കൽ അവർക്ക് പ്രയാസമായിരുന്നു.
ഒരാൾ രാത്രിയുടെ ആദ്യത്തിൽ വിത്റാക്കിയതിനു ശേഷം, രാത്രിയുടെ അന്ത്യസമയത്ത് നിസ്കരിക്കാൻ അല്ലാഹു അവസരം നൽകിയാൽ വിത്റാക്കാതെ അഥവാ ഒറ്റയാക്കാതെ അവന് നിസ്കരിക്കാവുന്നതാണ്. കാരണം, ഒരു രാത്രി രണ്ട് വിത്റില്ല എന്ന പ്രസ്താവന തിരുനബിﷺയിൽ നിന്ന് ഇമാം അബൂദാവൂദ് ഉദ്ധരിച്ചിട്ടുണ്ട്. അതിനാൽ അവൻ 2, 4, 6 അല്ലെങ്കിൽ അതിൽ കൂടുതൽ എന്നിങ്ങനെ ഇരട്ടയായി രാത്രിയുടെ അന്ത്യ സമയത്ത് നിസ്കരിക്കുന്നതിന് പ്രശ്നമില്ല. രാത്രിയുടെ ആദ്യസമയത്ത് വിത്റാക്കാത്തവനോടാണ് അന്ത്യസമയത്ത് വിത്റാക്കാൻ കൽപ്പിക്കപ്പെട്ടത്.
ഒരാൾക്ക് രാത്രിയുടെ അന്ത്യസമയത്ത് വിത്റാക്കാൻ കഴിയുമെങ്കിൽ, അതാണ് ഏറ്റവും ശ്രേഷ്ഠമായത്. ഇനി, ഒരാൾ എഴുന്നേൽക്കില്ലെന്ന പേടി കാരണം, ഒരുറപ്പിന് വേണ്ടി രാത്രിയുടെ ആദ്യത്തിൽ വിത്ർ നിസ്കരിച്ചു. ശേഷം, രാത്രിയുടെ അന്ത്യസമയത്ത് നിസ്കരിക്കാൻ അല്ലാഹു അവസരം നൽകിയാൽ, വിത്റാക്കാതെ അവന് നിസ്കരിക്കുകയും ചെയ്യാവുന്നതാണ്. നബിﷺ വിത്റിനു ശേഷം രണ്ട് റകഅത് നിസ്കരിച്ചതായി ആഇശ(റ)യിൽ നിന്ന് നിവേദനം വന്നിട്ടുമുണ്ട്. വിത്റാക്കിയതിന് ശേഷവും നിസ്കരിക്കാം എന്ന് ജനങ്ങൾക്ക് പഠിപ്പിച്ചു കൊടുക്കാനായിരുന്നു അത്.

Tweet 1061
തിരുനബിﷺ വിത്ർ നിസ്കാരത്തിൽ പാരായണം ചെയ്തിരുന്ന അധ്യായങ്ങളെക്കുറിച്ചുള്ള വിശദമായ വായനകൾ ഇമാം നസാഈ(റ) നിവേദനം ചെയ്യുന്നു. അബ്ദുറഹ്മാൻ(റ) പറഞ്ഞു. വിത്റിന്റെ ഒന്നാമത്തെ റക്അത്തിൽ നബിﷺ ‘സബ്ബിഹിസ്മ റബ്ബികൽ അഅ്ലാ’ യും രണ്ടാമത്തെ റക്അത്തിൽ ‘ഖുൽ യാ അയ്യുഹൽ കാഫിറൂൻ’ ഉം മൂന്നാമത്തെ റക്അത്തിൽ ‘ഖുൽ ഹുവല്ലാഹു അഹദ്’ ഉം പാരായണം ചെയ്യുമായിരുന്നു. സലാം വീട്ടിയ ശേഷം അവിടുന്ന് ‘സുബ്ഹാനല്‍-മലികില്‍ ഖുദ്ദൂസ്’ എന്ന് മൂന്ന് പ്രാവശ്യം പറയുമായിരുന്നു. മൂന്നാം തവണ അത് പറയുമ്പോൾ ശബ്ദം ഉയര്‍ത്തിയിരുന്നു.
മൂന്നാമത്തെ റക്അത്തിൽ ഖുർആനിലെ അവസാനത്തെ മൂന്ന് അധ്യായങ്ങൾ പാരായണം ചെയ്തിരുന്നു എന്ന് നിരവധി നിവേദനങ്ങളിൽ വായിക്കാൻ കഴിയും. ദീർഘമായ സൂറത്തുകൾ പാരായണം ചെയ്തുകൊണ്ട് വിത്റ് നിസ്കരിച്ച അനുഭവങ്ങളും തിരുനബിﷺയുടെ ജീവിതത്തിലുണ്ട്. യാത്രയ്ക്കിടയിൽ വാഹനപ്പുറത്തിരുന്നും അവിടുന്ന് വിത്ർ നിസ്കരിച്ചിട്ടുണ്ടായിരുന്നു.
റമളാനിലും അല്ലാത്തപ്പോഴും തിരുനബിﷺ രാത്രി നിസ്കാരം പതിനൊന്നു റക്അത്തിനേക്കാൾ അധികരിപ്പിച്ചിട്ടില്ല എന്ന ഹദീസ് എല്ലാക്കാലത്തും നിരന്തരമായി നിർവഹിക്കുന്ന വിത്റിനെ കുറിച്ചാണ് എന്നതാണ് പ്രബലം. റമളാനിലെ സവിശേഷമായ തറാവീഹ് നിസ്കാരത്തെ കുറിച്ചാണ് എന്ന് സ്ഥിരപ്പെടുത്താനും അതുവഴി തറാവീഹിന്റെ റക്അത്ത് എട്ടായി നിർണയിക്കാനും ചിലർ ശ്രമിക്കാറുണ്ട്. എന്നാൽ പ്രമാണം അവർക്കൊപ്പമല്ല.
തിരുനബിﷺ റമളാനിൽ ഇരുപത് റക്അത്ത് തറാവീഹും മൂന്നു റക്അത്ത് വിത്റുമാണ് സമൂഹത്തിന് അഭ്യസിപ്പിച്ചത് എന്ന് ബോധ്യപ്പെടുത്തുന്നതാണ് മഹാനായ രണ്ടാം ഖലീഫ ഉമറുബ്നുൽ ഖത്വാബ്(റ) നടപ്പിലാക്കിയ വ്യവസ്ഥിതിയിൽ നിന്ന് ലോകത്തിന് വായിക്കാനായത്. അതുകൊണ്ടുതന്നെ മക്കയിലും മദീനയിലും 1400 വർഷത്തോളം ഇരുപതിൽ കുറഞ്ഞ ഒരു തറാവീഹും ഉണ്ടായിരുന്നില്ല. കോവിഡ്കാലം മുതൽ മാത്രം നടപ്പിലാക്കിയ ചില ലഘൂകരണങ്ങൾക്ക് എന്താണ് പ്രമാണം എന്ന് ഇനിയും പഠിക്കേണ്ടതുണ്ട്.
റമളാൻ കാലങ്ങളിൽ രണ്ടാമത്തെ പകുതിയിലെ വിത്റ് നിസ്കാരത്തിൽ ഖുനൂത്ത് ഓതാൻ തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. ഇമാം ബൈഹഖി(റ)യും മറ്റും നിവേദനം ചെയ്ത ഹദീസിൽ ഇത് നമുക്ക് വായിക്കാൻ കഴിയും.
വിത്റ് നിസ്കാരത്തിന്റെ വ്യത്യസ്ത നിവേദനങ്ങൾ നമ്മൾ വായിച്ചപ്പോൾ മൂന്നു റക്അത്ത് ചേർത്തു നിസ്കരിക്കുന്നതും രണ്ട് റക്അത്തിനുശേഷം സലാം വീട്ടി മൂന്നാമത് സ്വന്തമായി നിസ്കരിക്കുന്നതും ഇട കലർത്തി വായിച്ചു പോയിട്ടുണ്ട്. എന്നാൽ, ശാഫിഈ മദ്ഹബിൽ രണ്ട് റക്അത്തിനു ശേഷം സലാം വീട്ടിയും ശേഷം ഒരു റക്അത്ത് ഒറ്റയായി നിസ്കരിച്ചുമാണ് വിത്ത്റ് നിർവഹിക്കേണ്ടത്. അതിൽ നിന്ന് വ്യത്യസ്തമായി മറ്റു മദ്ഹബുകളിലും അവരുടെ ഇമാമുകൾ പ്രബലമാക്കിയ രൂപത്തിൽ നിർവഹിക്കാറുണ്ട്. നാലു മദ്ഹബിലെയും ഇമാമുകൾ പഠിപ്പിക്കുന്ന കാര്യങ്ങൾ പ്രാമാണികവും അതാത് മദ്ഹബുകളെ അനുകരിക്കുന്നവർ അനുകരിച്ചു ജീവിക്കേണ്ടതുമാണ്.
രാത്രിയുടെ എല്ലാ ഭാഗങ്ങളിലും തിരുനബിﷺ വിത്റ് നിസ്കരിച്ച സന്ദർഭങ്ങൾ ഹദീസുകളിൽ വന്നിട്ടുണ്ട്. അഥവാ രാത്രിയുടെ ആദ്യഭാഗത്തും മധ്യഭാഗത്തും അവസാന ഭാഗത്തും എല്ലാം.
സാധാരണ എല്ലാ നിസ്കാരങ്ങളിലും ഉണ്ടായിരുന്നതു പോലെ വിത്റ് നിസ്കാരത്തിലും, ജനങ്ങളുടെ സാന്നിധ്യത്തിലോ നേതൃത്വത്തിലോ ആയിരിക്കുമ്പോൾ ലഘുവാക്കാനും സ്വന്തമായി നിസ്കരിക്കുമ്പോൾ പരമാവധി ദൈർഘ്യത്തിൽ നിർവഹിക്കാനും പ്രത്യേകം അവിടുന്ന് ശ്രദ്ധിക്കുമായിരുന്നു.
തിരുനബിﷺ ജീവിതത്തിൽ കണിശമായും പാലിക്കുകയും പാലിക്കാൻ നിർദ്ദേശിക്കുകയും ചെയ്ത സവിശേഷമായ സുന്നത്ത് നിസ്കാരങ്ങളിൽ പ്രധാനമാണ് വിത്റ് നിസ്കാരം.

Tweet 1062
തിരുനബിﷺയുടെ നിശാ നിസ്‌കാരങ്ങൾ സവിശേഷമായ പഠനങ്ങൾക്ക് തന്നെ വിധേയമാക്കേണ്ടതാണ്. നിസ്കാരത്തോടും പ്രത്യേകിച്ചും രാത്രിയിലുള്ള നിസ്കാരങ്ങളോടും തിരുനബിﷺക്ക് പ്രത്യേകമായ ആർത്തിയും താല്പര്യവുമായിരുന്നു. ‘അല്ലാഹുവിനുവേണ്ടി രാത്രിയിൽ അവിടുന്ന് നിസ്കരിക്കുക. അത് ഐച്ഛികമായി നിർദ്ദേശിച്ചിരിക്കുന്നു’ എന്ന് ആശയമുള്ള സൂക്തത്തെ കണിശമായി പാലിക്കാൻ തിരുനബിﷺ പ്രത്യേകം താല്പര്യമെടുത്തിരുന്നു.
അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുത്തേക്ക് നിസ്കാരത്തോട് വലിയ ഇഷ്ടമാണല്ലോ! അവിടുന്ന് ഇഷ്ടമുള്ളിടത്തോളം നിസ്കരിച്ചു കൊള്ളൂ എന്ന് ജിബ്‌രീൽ(അ) നബിﷺയോട് പറയുന്ന പ്രസ്താവന ഉൾക്കൊള്ളുന്ന ഹദീസ് ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നുണ്ട്.
നിശാ നിസ്കാരം ഒരിക്കലും തിരുനബിﷺ ഉപേക്ഷിക്കാറുണ്ടായിരുന്നില്ല. പരമാവധി നിന്നുകൊണ്ട് തന്നെ നിർവഹിക്കുമായിരുന്നു. രോഗമോ മറ്റോ ഉണ്ടായാൽ ഇരുന്നു നിർവഹിക്കുകയും ചെയ്യുമായിരുന്നു. ആഇശ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) ഈ ആശയം ഉദ്ധരിക്കുന്നു.
അനസു ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു. ഒരു ദിവസം രാവിലെ തിരുനബിﷺയുടെ മുഖത്ത് നല്ല ക്ഷീണം പ്രകടമായി. അവിടുത്തോട് ചോദിച്ചു. നല്ല ക്ഷീണമുണ്ടല്ലോ! എന്തു സംഭവിച്ചു? ഇന്നലെ രാത്രിയിൽ ഞാൻ ഏറ്റവും ദീർഘമായ ഏഴ് അധ്യായങ്ങൾ പാരായണം ചെയ്തു കൊണ്ടാണ് കഴിഞ്ഞുകൂടിയത്. അഥവാ ദീർഘ നേരത്തെ പാരായണവും നിസ്കാരവും നിദ്രാവിഹീനമാക്കിയിരുന്നു എന്നർഥം.
ഏതു സൽകർമങ്ങളും പതിവായി ചെയ്യുക എന്നത് തിരുനബിﷺയുടെ രീതിയായിരുന്നു. സുന്നത്ത് നിസ്കാരങ്ങളിലും ആ പതിവ് തെറ്റിച്ചിരുന്നില്ല. രാത്രിയിലെ നിസ്കാരം വല്ല കാരണത്താലും മുടങ്ങിപ്പോയാൽ തിരുനബിﷺ പകലിൽ പന്ത്രണ്ട് റക്അത് നിസ്കരിക്കുമായിരുന്നു.
തിരുനബിﷺയുടെ ജീവിതത്തിൽ നിന്ന് വേറിട്ട ഒരു സന്ദേശം കൂടി മഹതി ആഇശ(റ) പങ്കുവെക്കുന്നുണ്ട്. അതിങ്ങനെയാണ്. തിരുനബിﷺ ഒരിക്കലും ഒരു രാത്രിയിൽ ഖുർആൻ പൂർണ്ണമായും പാരായണം ചെയ്തത് എനിക്കറിയില്ല. പ്രഭാതം വരെയും ഉറക്കൊഴിഞ്ഞു പൂർണ്ണമായും രാത്രി നിസ്കരിച്ചതും അറിയില്ല. റമളാനല്ലാത്ത മറ്റേതെങ്കിലും മാസത്തിൽ പൂർണ്ണമായും നോമ്പ് എടുത്തതായും അറിയില്ല.
സാധാരണക്കാരെ കൂടി പരിഗണിച്ചും പതിവായി പരിപാലിക്കാൻ പറ്റുന്ന വിധത്തിലും ആയിരിക്കട്ടെ എന്ന രീതിയിലാണ് തിരുനബിﷺ ഇത്തരം കർമങ്ങളെ നിർവഹിച്ചു കാണിച്ചുതന്നത്.
ആരാധനാകർമങ്ങളിലും മറ്റ് പുണ്യകാര്യങ്ങളിലും സ്വയം നിർവഹിച്ചു മാത്രം തൃപ്തിപ്പെടാതെ കുടുംബക്കാരെയും അതിന്റെ ഭാഗമാക്കുന്നതിൽ തിരുനബിﷺക്ക് പ്രത്യേക ശ്രദ്ധയുണ്ടായിരുന്നു. ആരാധനയ്ക്ക് ഒരു സമയവും അനുവദിക്കാതെ രാത്രി നീളെ ഉറങ്ങുന്നതിനോട് തിരുനബിﷺക്ക് യോജിപ്പുണ്ടായിരുന്നില്ല. ഇത്തരം ആശയങ്ങളെല്ലാം ഒരുമിച്ചു കൂടുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം. ജാബിർ ബിൻ അബ്ദുല്ലാഹി(റ)യിൽ നിന്ന് ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ദാവൂദ് നബി(അ)യുടെ മകൻ സുലൈമാൻ നബി(അ)യുടെ മാതാവ് മകനോട് ഇങ്ങനെ പറഞ്ഞു. രാത്രിയിൽ അധികം ഉറങ്ങരുത്. രാത്രിയിൽ അധികം ഉറങ്ങുന്ന പക്ഷം പരലോകത്ത് ദാരിദ്ര്യം അനുഭവിക്കേണ്ടിവരും.
രാത്രിയുടെ മുഴുവൻ സമയവും ഉറക്കിന് വേണ്ടി മാത്രം മാറ്റിവെച്ചാൽ ആരാധന നിർവഹിക്കാൻ ഇടവും സമയവുമുണ്ടാവില്ല. പരലോകത്ത് മഹത്വവും സ്ഥാനവും നേടാനുള്ള സുപ്രധാന വഴികളിൽ ഒന്നാണ് രാത്രികാലങ്ങളിൽ അല്ലാഹുവിന് വേണ്ടി നിർവഹിക്കുന്ന ആരാധനകൾ. അതില്ലാത്ത പക്ഷം പരലോകത്ത് അല്ലാഹുവിന്റെ സന്നിധിയിൽ എത്തുമ്പോൾ ഒന്നുമില്ലാത്തവനായി പോകും എന്നാണ് ഈ അധ്യാപനത്തിന്റെ സാരം.

Tweet 1063
തിരുനബിﷺയുടെ രാത്രി നിസ്കാരങ്ങൾ ആത്മീയമായ ആലോചനകളുടേത് കൂടിയായിരുന്നു. പ്രാപഞ്ചിക ദൃഷ്ടാന്തങ്ങളിൽ ആലോചിക്കുകയും പ്രപഞ്ചാധിപനായ അല്ലാഹുവിലേക്ക് മനസ്സ് നമിക്കുകയും ചെയ്യുന്ന ഭാവങ്ങളും മന്ത്രങ്ങളുമായിരുന്നു നിശാ നിസ്കാരങ്ങളിലും പ്രാർഥനകളിലും നിറഞ്ഞു നിന്നിരുന്നത്. ഇമാം അഹ്മദ്(റ), ഇമാം മാലിക്(റ), ഇമാം ബുഖാരി(റ) തുടങ്ങി പ്രമുഖരായ ഇമാമുകൾ എല്ലാം ഉദ്ധരിക്കുന്നു. ഉമ്മുസലമ(റ) പറഞ്ഞു. ഒരു രാത്രിയിൽ തിരുനബിﷺ ഭയവിഹ്വലതയോടെ ഉണർന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. സുബ്ഹാനല്ലാഹ്..! ലാഇലാഹ ഇല്ലല്ലാഹ്..! എന്തെല്ലാം നാശങ്ങളാണ് അവതരിക്കുന്നത്! ഏതെല്ലാം നിധികളാണ് തുറക്കപ്പെടുന്നത്! ആരാണ് ഭവനങ്ങളിൽ കഴിയുന്ന സ്ത്രീജനങ്ങളെ ഉണർത്തുക? തിരുനബിﷺയുടെ വീടുകളിൽ ഉറങ്ങുന്ന ഭാര്യമാരെ ഉദ്ദേശിച്ചു കൊണ്ടായിരുന്നു അങ്ങനെ പറഞ്ഞത്. അവരും എഴുന്നേറ്റു നിസ്കരിക്കട്ടെ. ഈ ലോകത്ത് വസ്ത്രമണിഞ്ഞ പലരും പരലോകത്ത് നഗ്നരായിരിക്കും.
ഭൗതിക ജീവിതത്തിന്റെ താൽക്കാലികതയും പാരത്രിക ലോകത്തിന്റെ യാഥാർഥ്യവുമാണ് ഈ വിചാരങ്ങളിലൂടെയും ഈ സമീപനങ്ങളിലൂടെയും തിരുനബിﷺ അടയാളപ്പെടുത്തിയത്. അല്ലാഹുവിനെ ആലോചിക്കുകയും അവൻ്റെ സാമീപ്യം ലഭിക്കാനുള്ള ആരാധനാകർമങ്ങൾ നിർവഹിക്കുകയും ചെയ്യാൻ സഹധർമ്മിണികളെ കൂടി സമയോചിതമായി ഉണർത്തുകയും ഓർമപ്പെടുത്തുകയും ചെയ്യുന്നു.
ജാബിറി(റ)ൽ നിന്ന് അബൂബക്കർ അൽ മദീനി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ രാത്രിയിൽ രണ്ടോ മൂന്നോ പ്രാവശ്യം മിസ്‌വാക് ചെയ്യുമായിരുന്നു. രാത്രിയിൽ ഉണർന്നാൽ ഉടനെ മിസ്‌വാക് ചെയ്യുകയും അംഗസ്നാനം നിർവഹിച്ചു നിസ്കരിക്കുകയും ചെയ്യുമായിരുന്നു.
തിരുനബിﷺയുടെ ആരാധനകളുടെ ശൈലിയും ദൈർഘ്യവും പല അധ്യായങ്ങളിലായി നാം വായിച്ചു പോയിട്ടുണ്ട്. ഉടമസ്ഥനായ അല്ലാഹുവിനോട് ഏകാന്തമായി പ്രാർഥിക്കുക തിരുനബിﷺയുടെ ജീവിതത്തിലെ ഏറ്റവും ഹരമുള്ള കാര്യമായിരുന്നു. അതിനേറ്റവും അനുസൃതമായ സമയം നിശയുടെ നിശബ്ദതയിലാണ് തിരുനബിﷺ കണ്ടെത്തിയിരുന്നത്.
ഉറങ്ങി എഴുന്നേറ്റതിനുശേഷം നിർവഹിച്ചിരുന്ന നിസ്കാരത്തിന് പ്രത്യേകം തഹജ്ജുദ് എന്ന് പരിചയപ്പെടുത്തി. തഹജ്ജുദ് നിസ്കാരത്തിലും ശേഷവും സവിശേഷമായ മന്ത്രങ്ങൾ ചൊല്ലി. പ്രാർഥനകൾ നിർവഹിച്ചു. അവയിൽ ഏറിയതും അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ മഹത്വങ്ങളെ കുറിച്ചായിരുന്നു. അവൻ്റെ ദൃഷ്ടാന്തങ്ങളെ മുൻനിർത്തിയുള്ള പ്രാർഥനകളായിരുന്നു. അധികാരവും അധികാര ലോകങ്ങളുടെ അധിപനുമായ അല്ലാഹുവേ! വേറെ ആരാരും മറികടക്കാനാവാത്ത പരമാധികാരത്തിന്റെ ഉടമസ്ഥനേ! എല്ലാ മഹത്വങ്ങളുടെയും ഉടമയായ അല്ലാഹുവേ! തുടങ്ങിയ ആശയമുള്ള വാചകങ്ങളാണ് ഏറെയും ഉപയോഗിച്ചിരുന്നത്.
അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ദൃഢതയും സാക്ഷ്യവും ഉറപ്പിക്കുന്നതിന് ആവശ്യമായ പ്രാർഥനകളുമുണ്ടായിരുന്നു. അല്ലാഹുവേ നിന്റെ അസ്ഥിത്വം യാഥാർഥ്യമാണ്. നിന്റെ വാഗ്ദാനങ്ങൾ സത്യസന്ധമാണ്. നീ നിയോഗിച്ച പ്രവാചകൻമാർ യാഥാർഥ്യവും സത്യസന്ധരുമാണ്. സ്വർഗ്ഗവും നരകവും പരലോകവും വിചാരണയും അന്ത്യനാളും എല്ലാം വസ്തുതകളാണ്. എല്ലാം ഞാൻ അംഗീകരിക്കുകയും ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു. എല്ലാ കാര്യത്തിലും നിന്നെ ഞാൻ ഭരമേൽപ്പിക്കുന്നു. തുടക്കവും ഒടുക്കവും നിന്നിലേക്കാണ്. എല്ലാത്തിലും തീരുമാനം നിന്റെ നിയമത്തെ അനുസരിച്ച് മാത്രമാണ്. നീയല്ലാതെ ആരാധനക്ക് അർഹനില്ല. എല്ലാ നിർണയവും ശക്തിയും നിന്നിൽ നിന്ന് ലഭിക്കേണ്ടതാണ്. എല്ലാ രഹസ്യവും പരസ്യവും നിന്റെ പക്കലാണ്. ഇത്തരം ആശയങ്ങളുള്ള പ്രാർഥനകളായിരുന്നു തഹജ്ജുദിന്റെ സമയത്ത് ഏറെയും നിർവഹിച്ചിരുന്നത്.

Tweet 1064
തിരുനബിlﷺ പ്രവർത്തിക്കുകയും പഠിപ്പിക്കുകയും ചെയ്ത വളരെ ശ്രേഷ്ഠമായ ഒരു സുന്നത്ത് നിസ്കാരമാണ് ളുഹാ നിസ്കാരം. നബിﷺ അത് സ്ഥിരമായി നിർവഹിക്കുകയും പല സ്വഹാബിളോടും നിങ്ങള്‍ നി൪വ്വഹിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു.
ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. എന്റെ കൂട്ടുകാരനായിരുന്ന റസൂൽﷺ മൂന്ന് കാര്യങ്ങള്‍ എന്നോട് വസ്വിയത്ത് നല്‍കിയിരുന്നു. എല്ലാ മാസവും മൂന്ന് ദിവസം വ്രതമനുഷ്ഠിക്കല്‍, രണ്ട് റക്അത്ത് ളുഹാ നിസ്‌കാരം നിർവ്വഹിക്കല്‍, ഉറങ്ങുന്നതിനു മുമ്പ് വിത്റ് നിസ്‌കരിക്കല്‍.
ആഇശ(റ)യില്‍ നിന്ന് ഇമാം മുസ്ലിം(റ) തന്നെ നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. മുഴുവന്‍ മനുഷ്യരും സൃഷ്ടിക്കപ്പെട്ടിട്ടുള്ളത് ശരീരത്തിൽ 360 സന്ധികളോട് കൂടിയാണ്.
തുടർന്ന് അബുദാവൂദ്(റ) നിവേദനം ചെയ്ത ഈ ഹദീസ് കൂടി വായിക്കുക. നബിﷺ പറഞ്ഞു. മനുഷ്യ ശരീരത്തിൽ 360 സന്ധികളുണ്ട്. ഓരോന്നിനുമുള്ള സ്വദഖ അവൻ കൊടുക്കേണ്ടതുണ്ട്. സ്വഹാബികൾ ചോദിച്ചു. ആർക്കാണതിനു കഴിയുക? നബിﷺ പറഞ്ഞു. പള്ളിയിൽ കഫം കണ്ടാൽ അത് മണ്ണിട്ട് മൂടൽ, വഴിയിലെ തടസ്സം ഓരങ്ങളിലേക്ക് മാറ്റൽ, ഇത് രണ്ടും കഴിഞ്ഞില്ലെങ്കിൽ രണ്ട് റക്അത്ത് ളുഹാ നിസ്കാരം. അത് നിനക്ക് മതിയാവും.
അപ്പോൾ മനുഷ്യ ശരീരത്തിലെ മുഴുവൻ ജോയിന്റുകളുടെയും ആത്മീയമായ ധർമം നിർവഹിക്കാനുള്ള നിസ്കാരമാണ് ളുഹാ നിസ്കാരം.
ഇമാം മുസ്ലിം(റ) അബൂദർറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. പ്രഭാതത്തിൽ നിങ്ങളുടെ ഓരോ സന്ധികൾക്കും ധർമമുണ്ട്. എല്ലാ തസ്ബീഹും സ്വദഖയാണ്. എല്ലാ തഹ്മീദും ധർമമാണ്. എല്ലാ തഹ്ലീലും ധർമമാണ്. എല്ലാ തക്ബീറും ധർമമാണ്. നൻമ കൽപിക്കലും തിന്മ വിരോധിക്കലും ധർമമാണ്. എന്നാല്‍, ളുഹാ സമയത്ത് നിർവ്വഹിക്കുന്ന രണ്ട് റക്അത്ത് നിസ്‌കാരം ഇതിനെല്ലാം മതിയാകുന്നതാണ്.
ഇമാം തുർമുദി(റ) അബൂദർറില്‍(റ) നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ഉന്നതനും പ്രതാപവാനുമായ അല്ലാഹുവില്‍ നിന്ന്. അല്ലാഹു പറഞ്ഞിരിക്കുന്നു. മനുഷ്യരെ, എനിക്ക് വേണ്ടി നിങ്ങള്‍ പകലിന്റെ ആദ്യത്തില്‍ നാല് റക്അത്ത് നിസ്കാരം നിർവ്വഹിക്കുക. എങ്കില്‍ ആ ദിവസത്തിന്റെ അവസാനം വരെ അത് മതിയാകുന്നതാണ്.
അബൂ മൂസൽ അശ്അരി(റ) റിപ്പോർട്ട് ചെയ്യുന്നു. ആരെങ്കിലും നാല് റക്അത്ത് ളുഹാ നിസ്കരിക്കുകയും ആദ്യത്തെ നിസ്കാരമായ ളുഹ്റിന് മുമ്പുള്ള 4 റക്അത്ത് നിസ്കരിക്കുകയും ചെയ്താൽ അവന് സ്വർഗത്തിൽ ഒരു ഭവനം നിർമിക്കപ്പെടും.
ളുഹാ നിസ്കാരത്തിലെ ഏറ്റവും കുറഞ്ഞ റക്അത്തുകളുടെ എണ്ണം രണ്ടാണ്. അബൂഹുറൈറ(റ)വിന് നബിﷺ നൽകിയ വസ്വിയത്ത് രണ്ട് റക്അത്ത് ളുഹാ നിസ്‌കരിക്കണമെന്നായിരുന്നല്ലോ! എന്നാൽ ഹദീസുകളിൽ അതിനേക്കാൾ ഉയർന്ന എണ്ണങ്ങളെ പരാമശിക്കുന്നുണ്ട്. ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു. തിരുനബിﷺ നാല് റക്അത്ത് ളുഹാ നിസ്കരിച്ചിരുന്നു. ചിലപ്പോള്‍ അവിടുന്ന് അല്ലാഹു ഉദ്ദേശിക്കുന്ന രൂപത്തില്‍ വര്‍ദ്ധിപ്പിക്കാറുമുണ്ട്. മറ്റൊരു റിപ്പോർട്ടില്‍ നബിﷺ ഉദ്ദേശിക്കുന്നത്ര എന്നാണ് ഉള്ളത്.
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ഉമ്മുഹാനിഅ്(റ) പറഞ്ഞു. മക്കാവിജയ വര്‍ഷം തിരുനബിﷺയുടെ അടുത്ത് ഞാന്‍ ചെന്നു. അവിടുന്ന് കുളിക്കുകയായിരുന്നു. ഫാത്വിമ(റ) നബിﷺക്ക് ഒരു മറ പിടിച്ചുകൊണ്ടിരിക്കുന്നു. ഞാന്‍ നബിﷺക്ക് സലാം പറഞ്ഞു. ഇതാരെന്ന് അവിടുന്ന് ചോദിച്ചു. അബൂത്വാലിബിന്‍റെ മകള്‍ ഉമ്മുഹാനിആ(റ)ണെന്ന് ഞാന്‍ മറുപടി പറഞ്ഞു. ഉമ്മുഹാനിഇ(റ)ന് സ്വാഗതം എന്ന് തിരുനബിﷺ അരുളി. കുളി കഴിഞ്ഞപ്പോൾ എട്ട് റക്‌അത്ത് നിന്ന് നിസ്കരിച്ചു. ഉമ്മു ഹാനിഅ്(റ) പറയുന്നു. അത് ളുഹാ നിസ്കാരമായിരുന്നു.
എട്ട് റക്അത്ത് വരെ നിസ്കരിച്ചാലും ഈരണ്ട് റക്അത്തുകൾ വീതമായിട്ടാണ് നിസ്കരിക്കുക.

Tweet 1065
സൂര്യനുദിച്ച് ഏകദേശം 20 മിനുട്ട് കഴിഞ്ഞത് മുതൽ ളുഹർ വാങ്ക് കൊടുക്കുന്നതിന്റെ 20 മിനുട്ട് മുമ്പ് വരെ ളുഹാ നിസ്കാരം നിർവഹിക്കാം. വെയിൽ ചൂടായ ശേഷം നിർവഹിക്കലാണ് നല്ലത്.
സൂര്യൻ ഉദിച്ചു അല്പം ഉയർന്നാൽത്തന്നെ ളുഹാ നിസ്കാരത്തിന്റെ സമയം ആരംഭിക്കുമെങ്കിലും, ഒന്നുകൂടി വെയിൽ തറച്ച് മണൽ ചൂടാകാനെടുക്കുന്ന സമയം പിന്നിട്ടാലാണ് ളുഹാ നിസ്കാരത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ സമയം എന്ന് ഇമാം നവവി(റ) തന്റെ ശറഹ് മുസ്‌ലിമിൽ വിശദീകരിച്ചിട്ടുണ്ട്. ഈ സമയത്ത് ളുഹാ നിസ്കരിക്കുന്നതിനെയാണ് അവ്വാബീങ്ങളുടെ അഥവാ പാപങ്ങളിൽ നിന്ന് സദാ പശ്ചാത്തപിക്കുന്നവരുടെ നിസ്‌കാരം എന്ന് വിശേഷിപ്പിച്ചിട്ടുള്ളത്.
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. സൂര്യോദയത്തിന് ശേഷം നബിﷺ ഖുബാ പള്ളിയിലേക്ക് വരികയോ അവിടെ പ്രവേശിക്കുകയോ ചെയ്തു. അപ്പോൾ അവിടെയുള്ളവർ നിസ്കരിക്കുകയായിരുന്നു. അവരോട് തിരുനബിﷺ ഇങ്ങനെ പറഞ്ഞു. അവ്വാബീൻ നിസ്കാരം അഥവാ പശ്ചാത്തപിക്കുന്നവരുടെ നിസ്കാരം അവർ മണൽ ചൂടുപിടിച്ചാലായിരുന്നു നിർവഹിച്ചിരുന്നത്.
തിരുനബിﷺ യാത്രയിലും അല്ലാത്തപ്പോഴും വളരെ പ്രാധാന്യത്തോടുകൂടി ളുഹാ നിസ്കരിച്ച ഹദീസുകൾ ഏറെയുണ്ട്. എന്നാൽ, ചില സന്ദർഭങ്ങളിൽ ഒഴിവാക്കിയതും പ്രാധാന്യത്തോട് കൂടി തന്നെ ഇമാമുകൾ ഉദ്ധരിച്ചിട്ടുണ്ട്. ളുഹാ നിസ്കാരം ഐച്ഛികമാണെന്ന് പഠിപ്പിക്കാനും നിർബന്ധ നിസ്കാരത്തിൽ നിന്ന് വേർതിരിച്ചു നിർത്താനുമായിരിക്കണം അങ്ങനെ ഒരു സമീപനം വളരെ പ്രാധാന്യത്തോടെ തന്നെ ഹദീസ് പണ്ഡിതന്മാർ എടുത്തുദ്ധരിച്ചത്.
സ്വർഗ്ഗീയ കവാടങ്ങളിൽ ഒന്നിന്റെ പേര് ളുഹാ എന്നാണെന്നും പതിവായി നിസ്കാരം നിർവഹിക്കുന്നവരെ പ്രസ്തുത കവാടത്തിലൂടെ ക്ഷണിക്കപ്പെടുമെന്നും മഹാനായ സ്വഹാബി അബൂ ഹുറൈറ(റ)യിൽ നിന്ന് ഒരു ഹദീസ് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. ഹദീസ് പണ്ഡിതന്മാരുടെ നിരീക്ഷണത്തിൽ സ്വീകാര്യമായ ഹദീസല്ലെങ്കിലും മഹത്വം വിശദീകരിക്കുന്ന അധ്യായത്തിൽ പല ഇമാമുകളും അത് എടുത്തുദ്ധരിച്ചിട്ടുണ്ട്. അനുഷ്ഠാനങ്ങളുടെ മഹത്വങ്ങൾ പറയാൻ കർമങ്ങളോ വിധിവിലക്കുകളോ സ്ഥിരപ്പെടുത്തുന്ന അത്രയും പ്രബലമായ ഹദീസുകൾ വേണ്ടതില്ലല്ലോ എന്ന അടിസ്ഥാനത്തിൽ നിന്ന് കൊണ്ടായിരിക്കണം അങ്ങനെ ഉദ്ധരിച്ചിട്ടുള്ളത്.
പ്രാഥമികമായി രണ്ട് റക്അത്ത് ആണെന്നും പരമാവധി 8 റക്അത്താണെന്നും അതല്ല 12 റക്അത്ത് ആണെന്നും ഒക്കെയുള്ള അഭിപ്രായങ്ങൾ ഹദീസ് പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ, ഹാഫിള് സൈനുദ്ദീൻ അൽ ഇറാഖി(റ) അദ്ദേഹം തുർമുദിക്ക് എഴുതിയ വ്യാഖ്യാനത്തിൽ ഇങ്ങനെ പറയുന്നുണ്ട്. സ്വഹാബികളിൽ ഒരാളിൽ നിന്നെങ്കിലുമോ ഇമാം ശാഫിഈ(റ), ഇമാം അഹ്മദ് ബിൻ ഹമ്പൽ(റ) തുടങ്ങിയ മദ്ഹബിന്റെ ഇമാമുകളിൽ നിന്നോ ളുഹാ നിസ്കാരം പരമാവധി പന്ത്രണ്ട് റക്അത്താണെന്ന് ക്ലിപ്തപ്പെടുത്തിയതായി കണ്ടിട്ടില്ല. അങ്ങനെ ഒരു നിർണയം ഇമാം റുഇയാനി(റ)യിൽ നിന്നാണ് ഉദ്ധരിച്ചു വന്നിട്ടുള്ളത്. പ്രസ്തുത അഭിപ്രായത്തോട് ഇമാം റാഫിഈ(റ), ഇമാം നവവി(റ) എന്നിവർ തുടരുകയായിരുന്നു.
ശാഫിഈ കർമശാസ്ത്രത്തെ അനുകരിക്കുന്നവർ മദ്ഹബിലെ അഭിപ്രായങ്ങളെയാണ് പ്രബലമായി കാണേണ്ടതും അനുകരിക്കേണ്ടതും. വിശാലമായ വൈജ്ഞാനിക ചർച്ചകളിൽ എല്ലാ ഇമാമുകളെയും ഹദീസുകളിൽ നിന്ന് കണ്ടെത്തിയ വീക്ഷണങ്ങളെയും വിശദമായി തന്നെ ചർച്ചയ്ക്ക് എടുത്തെന്നുവരും. പ്രസ്തുത ചർച്ചകളുടെ എല്ലാം തുടർച്ചക്ക് ശേഷമാണ് ഇമാം നവവി(റ)യെ പോലെയുള്ളവർ മതവിധികൾ നിർണയിച്ചിട്ടുള്ളത്. അവർ മദ്ഹബിലെ ഗവേഷകരാണ്.

Tweet 1066
തിരുനബിﷺ പതിവാക്കിയ സുന്നത്ത് നിസ്കാരങ്ങളിൽ ഹദീസുകൾ എണ്ണി പറഞ്ഞതാണ് മധ്യാഹ്നത്തിലെ നാലു റക്അത്ത് നിസ്കാരം. അബൂ അയ്യൂബി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) അബുദാവൂദും(റ) ഉദ്ധരിക്കുന്നു. മധ്യാഹ്നത്തിൽ തിരുനബിﷺ നാല് റക്അത്ത് സുന്നത്ത് നിസ്കാരം പതിവാക്കിയിരുന്നു. ഞാൻ നബിﷺയോട് ചോദിച്ചു. ഏത് നിസ്കാരമാണ് ഈ നിർവഹിക്കുന്നത്? അവിടുന്ന് പറഞ്ഞു. സൂര്യൻ മധ്യാഹ്നത്തിൽ എത്തുമ്പോൾ ആകാശ കവാടങ്ങൾ തുറക്കപ്പെടും. ളുഹറിൻ്റെ സമയം വരെ അത് അങ്ങനെ തുടരും. ആ സമയത്ത് എന്നിൽ നിന്ന് ഒരു നന്മ ഉപരി ലോകത്തേക്ക് ഉയർത്തപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നു. അപ്പോൾ ചോദിച്ചു. ഈ നാല് റക്അത്തിലും ഖുർആൻ പാരായണമുണ്ടോ? അതെ. രണ്ട് റക്അത്തുകൾക്ക് കഴിഞ്ഞു സലാം വീട്ടിയ ശേഷമാണോ രണ്ട് നിർവഹിക്കാറുള്ളത്? അല്ല.
സവിശേഷമായ ഒരു നിസ്കാരത്തെ കുറിച്ചാണ് ഇവിടെ പരാമർശിച്ചിട്ടുള്ളത്. പ്രത്യേക സമയങ്ങളിൽ അല്ലാഹുവിന്റെ സാമീപ്യത്തിന് കൂടുതൽ ഉതകുന്ന വിധത്തിൽ ഏറ്റവും ഉയർന്ന കർമങ്ങൾ നിർവഹിക്കുക എന്നത് തിരുനബിﷺ പഠിപ്പിച്ച ഒരു തത്വമാണ്. അത് പ്രകാരമാണ് ശ്രേഷ്ഠമായ സമയത്തെ പരിഗണിച്ചുകൊണ്ട് അവിടുന്ന് നിസ്കാരം പതിവാക്കിയിരുന്നത്. അല്ലാഹുവിലേക്ക് അടുക്കാൻ ഏറ്റവും പ്രിയപ്പെട്ട കർമമാണല്ലോ നിസ്കാരം.
ഈ നിസ്കാരം സംബന്ധിയായ നിരവധി ഹദീസുകൾ ഒരുമിച്ചു വായിക്കുമ്പോൾ പ്രസ്തുത നിസ്കാരത്തിൽ തിരുനബിﷺ പാലിച്ചിരുന്ന ദൈർഘ്യവും സാവധാനത്തിൽ തന്നെ സുജൂദ് റുകൂഉകൾ നിർവഹിച്ച കാര്യവും പരാമർശിക്കുന്നുണ്ട്.
നിർബന്ധമായ കർമങ്ങളും നിസ്കാരങ്ങളും ഓരോ വ്യക്തിയും നിർവഹിക്കൽ അനിവാര്യമാണ്. അതു ഉപേക്ഷിക്കുന്ന പക്ഷം പരിഹാരക്രിയയോ പശ്ചാത്താപമോ ചെയ്യണം. അവയൊന്നും പരിഗണിക്കുന്നില്ലെങ്കിൽ അല്ലാഹുവിൽ നിന്നുള്ള ശിക്ഷയുമുണ്ടാകും. ഓരോ വിശ്വാസിയുടെയും ദൗത്യമായിട്ടാണ് നിർബന്ധ നിസ്കാരങ്ങളും നോമ്പുകളും വിലയിരുത്തപ്പെടുക. എന്നാൽ, സുന്നത്തായ കർമങ്ങൾ അങ്ങനെയല്ല. ഒരു അടിമയ്ക്ക് അല്ലാഹുവിനോട് സാമീപ്യം നേടാനുള്ള പുണ്യകർമങ്ങളാണ്. ആരാധനയോടും അല്ലാഹുവിനോടുമുള്ള ഇഷ്ടത്തെ അടയാളപ്പെടുത്തുന്നത് സുന്നത്തായ കർമങ്ങളിൽ കാണിക്കുന്ന ജാഗ്രതയും പരിഗണനയും ഒക്കെയായിരിക്കും. ഉപേക്ഷിച്ചാൽ ശിക്ഷ ലഭിക്കുന്ന ഒരു കാര്യം നിർവഹിച്ചു വരുമ്പോൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ എന്ന ഒരു മാനം അതിനുണ്ടാകും. എന്നാൽ, ഉപേക്ഷിച്ചാൽ ശിക്ഷയില്ലെങ്കിലും പ്രവർത്തിച്ചാൽ പ്രീതി ലഭിക്കുന്ന കർമങ്ങൾ അടിമ ഉടമയോടുള്ള വിധേയത്വത്തിന്റെ അടിസ്ഥാനം പരിഗണിക്കപ്പെടുന്ന കാര്യമായിരിക്കും.
സുന്നത്തായ കർമങ്ങൾ വഴി എൻ്റെ അടിമ എന്നോട് പ്രിയം വെച്ചാൽ അവൻ്റെ അവയവങ്ങൾക്ക് പ്രത്യേകമായി മഹത്വം നൽകുമെന്ന് അല്ലാഹു പറയുന്നതിന്റെ സാരവും ആത്മാവും വലുതാണ്. അല്ലാഹുവിന്റെ ഇഷ്ടക്കാരായ ഔലിയാക്കൾ രൂപപ്പെടുന്നത് ഐശ്ചികമായ കർമങ്ങൾ അധികരിപ്പിച്ചു കൊണ്ടാണ്. ആത്മീയ വഴികളുടെ എല്ലാം അടിസ്ഥാനം നിർബന്ധമായ കർമങ്ങളിൽ ഒരു വീഴ്ചയും വരുത്താതെ ഉപരിയായി സുന്നത്തായ കർമങ്ങൾ നിർവഹിക്കുക എന്നതാണ്.
സുന്നത്തായ കർമങ്ങളെ ചിലർ പരിചയപ്പെടുത്തുമ്പോൾ ഒഴിവാക്കിയാൽ കുറ്റമില്ലാത്തത് എന്ന ആമുഖത്തോടെയാണ് ആരംഭിക്കുന്നത്. എന്നാൽ അത് ശരിയായ രീതിയല്ല. സുന്നത്തായ കർമങ്ങൾ നിർവഹിക്കപ്പെടേണ്ടതാണ് എന്ന ധ്വനിയിൽ നിന്നാണ് അവയെക്കുറിച്ചുള്ള അധ്യാപനങ്ങളും അവലോകനങ്ങളും ഉയർന്നുവരേണ്ടത്. നബി ജീവിതത്തിന്റെ ആഖ്യാനങ്ങളിൽ വളരെ സുപ്രധാനമായ അധ്യായമാണ് നബിﷺ ജീവിതത്തിൽ പാലിച്ച പുണ്യകർമങ്ങൾ.

Tweet 1067
തിരുനബിﷺ നിർവഹിച്ച സുന്നത്ത് നിസ്കാരങ്ങൾ വായിച്ചു പോകുമ്പോൾ വളരെ സവിശേഷമായി വായിക്കേണ്ടതാണ് അവിടുത്തെ പെരുന്നാൾ ആഘോഷവും നിസ്കാരവും. പെരുന്നാൾ നിസ്കാരത്തെ കുറിച്ചുള്ള അധ്യായങ്ങൾ പെരുന്നാളിനു വേണ്ടിയുള്ള ഒരുക്കങ്ങൾ കൂടി ചേർന്നതാണ്. ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. ചെറിയ പെരുന്നാൾ ദിവസവും വലിയ പെരുന്നാൾ ദിവസവും കുളിക്കാറുണ്ടായിരുന്നു.
പെരുന്നാളിനു വേണ്ടി പ്രത്യേകം കുളിക്കുക എന്നാണ് ഇതിന്റെ അർഥം. ശുദ്ധിയും വൃത്തിയും ഏറ്റവും പ്രാധാന്യത്തോടെ പരിപാലിച്ചിരുന്ന തിരുനബിﷺ പെരുന്നാൾ ദിവസത്തെ കുളി സവിശേഷമായ ഒരു പുണ്യകർമമായി തന്നെ അവതരിപ്പിച്ചു എന്നർഥം. മേലെ ഉദ്ധരിച്ച ഹദീസിന്റെ ആശയത്തിൽ വേറെയും ഹദീസുകൾ വന്നിട്ടുണ്ട്.
ഇമാം ഹാക്കിമും(റ) ബൈഹഖി(റ)യും ഉദ്ധരിക്കുന്നു. ജാബിർ(റ) പറഞ്ഞു. പെരുന്നാൾ ദിവസങ്ങളിൽ തിരുനബിﷺ ചുവന്ന മേൽത്തട്ടം അണിയാറുണ്ടായിരുന്നു. പെരുന്നാൾ ദിവസം പ്രത്യേകമായി തലപ്പാവണിയുകയും ചെയ്തിരുന്നുവെന്ന് ഇതേ ആശയത്തോടൊപ്പം മറ്റു നിവേദനങ്ങളിൽ വന്നിട്ടുണ്ട്.
ഉർവ ബിൻ സുബൈർ(റ) നിവേദനം ചെയ്യുന്നു. ചെറിയപെരുന്നാളിനും വലിയ പെരുന്നാളിനും തിരുനബിﷺ അണിഞ്ഞിരുന്നത് യമനിലെ ഹള്റമി നിർമിതമായ മേൽവസ്ത്രമായിരുന്നു. നാലുമുഴം നീളവും രണ്ടര മുഴം വീതിയുമായിരുന്നു അതിനുണ്ടായിരുന്നത്.
ചെറിയ പെരുന്നാൾ നിസ്കാരത്തിനു വേണ്ടി പുറപ്പെടുമ്പോൾ 3,5,7 കാരക്കകൾ കഴിച്ചതിനുശേഷമായിരുന്നു മുസല്ലയിലേക്ക് എത്തിയിരുന്നത്. ഇമാം ബുഖാരി(റ)യും മറ്റും നിവേദനം ചെയ്യുന്നുണ്ട്.
ബലിപെരുന്നാൾ ദിവസം മുസല്ലയിലേക്ക് പോകുമ്പോൾ ഭക്ഷണം കഴിക്കാതെയാണ് പോയിരുന്നത്. തിരിച്ചുവരുമ്പോൾ ബലി നിർവഹിച്ച മൃഗത്തിന്റെ കരൾ കറിവെച്ച് കഴിച്ചിരുന്നു എന്നും ഇമാം ഹാകിം(റ) ബുറൈദ(റ)യിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്. ബലിപെരുന്നാളിന് ഭക്ഷണം കഴിക്കാതെയും ചെറിയപെരുന്നാളിന് ഭക്ഷണം കഴിച്ചിട്ടുമാണ് മുസല്ലയിലേക്ക് പുറപ്പെടേണ്ടത് എന്ന് തിരുനബിﷺ മറ്റുള്ളവരോട് നിർദ്ദേശിക്കുന്ന ഹദീസുകളും കാണാം.
മുസല്ലയിലേക്ക് നടന്നുകൊണ്ടായിരുന്നു അവിടുന്ന് പുറപ്പെട്ടിരുന്നത്. ബാങ്കോ ഇഖാമത്തോ ഇല്ലാതെ രണ്ട് റക്അത്ത് സുന്നത്ത് നിസ്കാരം നിർവഹിച്ചു. ചെറിയ പെരുന്നാളിന്റെ രാത്രിയിലും പെരുന്നാൾ നിസ്കാരത്തിന് മുസല്ലയിലേക്ക് എത്തുന്നതുവരെയും സവിശേഷമായി തക്ബീർ ചൊല്ലിയിരുന്നു.
തുറസ്സായ സ്ഥലത്തു നിസ്കരിക്കുമ്പോൾ മുന്നിൽ കുന്തമോ മറ്റോ നാട്ടി നിസ്കാരത്തിനു മുന്നിൽ മറ സ്വീകരിച്ചിരുന്നു. സാധാരണയിൽ തന്നെ നിർദ്ദേശിക്കപ്പെട്ട ഇക്കാര്യം പെരുന്നാൾ മുസല്ലയിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പെരുന്നാൾ നിസ്കാരത്തിനു മുമ്പോ ശേഷമോ പ്രത്യേകമായ ഏതെങ്കിലും സുന്നത്ത് നിസ്കാരം അവിടുന്ന് നിർവഹിച്ചിരുന്നില്ല. ബലിപെരുന്നാൾ നിസ്കാരം പ്രഭാതമായി അധികം വൈകാതെയും ചെറിയപെരുന്നാൾ നിസ്കാരം പ്രഭാതമായി അല്പം കാത്തുനിന്നശേഷവുമായിരുന്നു നിർവഹിച്ചിരുന്നത്. എല്ലാവർക്കും ഒരുമിച്ച് നിസ്കരിക്കാൻ സൗകര്യത്തിന് പ്രത്യേകമായ ഈദ് മുസല്ലയിൽ ആയിരുന്നു പെരുന്നാൾ നിസ്കാരം നിർവഹിച്ചിരുന്നത്.
എന്നാൽ, ഒരിക്കൽ മഴയുണ്ടായപ്പോൾ തിരുനബിﷺ പള്ളിയിലായിരുന്നു പെരുന്നാൾ നിസ്കാരം നിർവഹിച്ചത്. ഇക്കാര്യം പറയുന്ന ഹദീസ് അബൂ ഹുറൈറ(റ)യിൽ നിന്ന് ഇമാം ഇബ്നുമാജ(റ)യും അബുദാവൂദും(റ) എല്ലാം ഉദ്ധരിച്ചിട്ടുണ്ട്. പള്ളിയിൽ ഒരുമിച്ച് നിസ്കരിക്കാൻ സൗകര്യമുണ്ടായിരിക്കെ പള്ളിയിലാണ് ശ്രേഷ്ഠമെന്ന് ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതന്മാർ പ്രത്യേകം തന്നെ ഉണർത്തിയിട്ടുണ്ട്. പ്രത്യേകം ഈദ് മുസല്ലയിൽ ആയിരിക്കണം പെരുന്നാൾ നിസ്കാരം നിർവഹിക്കേണ്ടത് എന്ന് നിഷ്കർഷിക്കുന്ന ഹനഫീ മദ്ഹബുകാർ ഈദ് എന്ന പേരിൽ പ്രത്യേകം പരിപാലിക്കപ്പെടുന്ന സ്ഥലമാണ് ഉപയോഗിക്കാറുള്ളത്. കേവലം ഒരു ദിവസത്തേക്ക് നിസ്കരിക്കാൻ ഉപയോഗിക്കുന്നതിന് പകരം കാലാകാലം അത് ഈദ് മുസല്ലയായി നിശ്ചയിക്കപ്പെട്ടതായിരിക്കും. പെരുന്നാൾ ദിവസങ്ങളിൽ അല്ലാത്തപ്പോൾ അത് സുരക്ഷിതമായി തന്നെ പരിപാലിക്കപ്പെടുകയും ചെയ്യും.

Tweet 1068
പെരുന്നാൾ നിസ്കാരത്തിന് തിരുനബിﷺ സാധാരണയിൽ നിന്ന് വ്യത്യസ്തമായി തക്ബീറത്തുൽ ഇഹ്റാമിനെ തുടർന്ന് ഏഴു തക്ബീറുകൾ ഒന്നാമത്തെ റകഅത്തിലും അഞ്ചു തക്ബീറുകൾ രണ്ടാമത്തെ റക്അത്തിലും അധികരിപ്പിച്ച് ചൊല്ലിയിരുന്നു. ഈ തക്ബീറുകൾ ചൊല്ലൽ സുന്നത്താണ്. ഏത് സൂറത്തുകളായിരുന്നു തിരുനബിﷺ പെരുന്നാൾ നിസ്കാരത്തിൽ പാരായണം ചെയ്തിരുന്നത് എന്നതിൽ വ്യത്യസ്ത നിവേദനങ്ങളുണ്ട്. ഒന്നാമത്തേതിൽ വിശുദ്ധ ഖുർആനിലെ അൻപതാം അധ്യായം സൂറത്തുൽ ഖാഫും രണ്ടാമത്തേതിൽ അൻപത്തി നാലാം അധ്യായം സൂറത്തുൽ ഖമറുമായിരുന്നു പാരായണം ചെയ്തിരുന്നത് എന്ന് ആഇശ(റ)യിൽ നിന്ന് ഇമാം ദാറഖുത്നി(റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. ഒന്നാമത്തേതിൽ എൺപത്തി ഏഴാം അധ്യായം സൂറത്തുൽ അഅ്ലായും രണ്ടാമത്തേതിൽ എൺപത്തി എട്ടാം അധ്യായം സൂറത്തുൽ ഗാശിയയും എന്നാണ് കൂടുതൽ നിവേദനങ്ങളിലും കാണുന്നത്. അത്ര പ്രബലമല്ലാത്ത ഒരു നിവേദനത്തിൽ എഴുപത്തി എട്ടാം അദ്ധ്യായം സൂറത്തു ന്നബഉം തൊണ്ണൂറ്റി ഒന്നാം അധ്യായം സൂറത്തു ശംസുമായിരുന്നു പാരായണം ചെയ്തിരുന്നത് എന്നും കാണാം. കർമശാസ്ത്ര പണ്ഡിതന്മാർ ഉദ്ധരിച്ചത് രണ്ടാമത്തേതും പ്രസിദ്ധവുമായ അഭിപ്രായം പരിഗണിച്ചുകൊണ്ടാണ്.
പെരുന്നാൾ നിസ്കാരത്തിനു ശേഷം ജുമുഅയുടേത് പോലെ തന്നെയുള്ള രണ്ടു ഖുതുബകൾ തിരുനബിﷺ നിർവഹിച്ചു. പെരുന്നാൾ നിസ്കാരാനന്തരമുള്ള ഖുതുബ നിർവഹിക്കുമ്പോൾ തിരുനബിﷺ വാഹനത്തിന്മേലായിരുന്നു എന്ന് ഹദീസുകളിൽ കാണാം. ചുവന്ന സുന്ദരനായ ഒരു ഒട്ടകത്തിന്റെ മുകളിൽ വച്ച് തിരുനബിﷺ പെരുന്നാൾ ഖുതുബ നിർവഹിച്ചിരുന്നു എന്ന് ഖൈസ് ബിൻ ആഇദി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) അബൂദാവൂദും(റ) ഉദ്ധരിക്കുന്നുണ്ട്.
ഒട്ടകത്തിന്റെ പേരുകളും അവസ്ഥകളും വ്യത്യസ്ത വാഹനങ്ങളുടെ നാമങ്ങളും കടിഞ്ഞാൺ പിടിച്ചവരെക്കുറിച്ചും ഒക്കെ പരാമർശിക്കുന്ന വ്യത്യസ്ത നിവേദനങ്ങൾ ഈ വിഷയികമായി ഇമാമുകൾ ഉദ്ധരിച്ചിട്ടുണ്ട്. ഈത്തപ്പനയുടെ മട്ടലോ അതല്ലെങ്കിൽ ഒരു വില്ലോ കയ്യിൽ ഊന്നി പിടിച്ചു കൊണ്ടായിരുന്നു തിരുനബിﷺ ഖുതുബ നിർവഹിച്ചിരുന്നത് എന്നും ഹദീസുകളിൽ തന്നെ വന്നിട്ടുണ്ട്.
പെരുന്നാൾ ദിവസത്തിൽ ജനങ്ങളെ സവിശേഷമായി ആത്മീയ കാര്യങ്ങളിൽ ഉപദേശിക്കുകയും ധർമം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുമായിരുന്നു. സ്ത്രീകളോട് പ്രത്യേകമായി തന്നെ ധർമം ചെയ്യാൻ നിർദ്ദേശിക്കുകയും അവർ അവരുടെ ആഭരണങ്ങൾ വരെ ധർമം ചെയ്യുകയും ചെയ്തത് ഹദീസുകളിൽ നിന്ന് നമുക്ക് വായിക്കാൻ കഴിയും.
തിരുനബിﷺയുടെ കാലത്ത് പെരുന്നാൾ നിസ്കാരത്തിന് സ്ത്രീകൾ സംബന്ധിച്ച ഹദീസുകൾ കാണാം. എന്നാൽ പരപുരുഷന്മാരോടൊപ്പം സ്ത്രീകൾ ജുമുഅ, ജമാഅത്ത് തുടങ്ങിയവയ്ക്ക് സംബന്ധിക്കേണ്ട കൃത്യമായ നിയമങ്ങളും തുടർച്ചയും തിരുനബിﷺയുടെ തുടർന്നുള്ള ജീവിതത്തിൽ നിന്നും ഇതു സംബന്ധമായ നിവേദനങ്ങളെ മുഴുവൻ വച്ചുകൊണ്ടും കർമശാസ്ത്ര പണ്ഡിതന്മാർ കൃത്യമായി നിഗമനങ്ങളിൽ എത്തിയിട്ടുണ്ട്. തിരുനബിﷺയുടെ വിയോഗത്തിനുശേഷം അരനൂറ്റാണ്ടോളം മദീനയിൽ ജീവിച്ച തിരുനബിﷺയുടെ പത്നിമാരിൽ ഏറ്റവും വലിയ പണ്ഡിതയായിരുന്ന മഹതി ആഇശ(റ)യുടെ ജീവിതത്തിൽ നിന്ന് ലോകം വായിച്ചിട്ടുമുണ്ട്. സ്ത്രീകളുടെ ഏറ്റവും ഉത്തമമായ പള്ളി അവരുടെ ഗൃഹാന്തരങ്ങളാണ് എന്നതാണ് അതിന്റെ സംക്ഷിപ്തം.
ത്വവാഫിനും മറ്റു കാര്യങ്ങൾക്കും അനിവാര്യമായ ഘട്ടങ്ങളിൽ സ്ത്രീകൾക്ക് പള്ളിയിൽ വരാം. അവർക്ക് കൽപ്പിക്കപ്പെട്ട കാര്യങ്ങൾ നിർവഹിക്കാം. പരപുരുഷന്മാരിൽ നിന്ന് സ്ത്രീകൾ അകലം പാലിക്കേണ്ടതിന്റെ വ്യത്യസ്ത ഘട്ടങ്ങളിലെ ഖുർആൻ അവതരണങ്ങളും, ഇക്കാലത്ത് സ്ത്രീകൾ കാട്ടിക്കൂട്ടുന്നത് തിരുനബിﷺ കണ്ടിരുന്നെങ്കിൽ സ്ത്രീകളെ പൂർണ്ണമായും തന്നെ വിലക്കുമായിരുന്നു എന്ന ആഇശ ബീവി(റ)യുടെ പ്രസ്താവനയും ഈ അധ്യായത്തിൽ ഊന്നൽ നൽകി വായിക്കേണ്ടതാണ്.

Tweet 1069
പെരുന്നാൾ നിസ്കാരത്തിനു മുസല്ലയിലേക്ക് പോകുന്നതിനും വരുന്നതിനും വരെ തിരുനബിﷺക്ക് പ്രത്യേക ചിട്ടകളുണ്ടായിരുന്നു. മുസല്ലയിൽ നിന്ന് തിരിച്ചു വരുമ്പോൾ വഴിമധ്യേ വെച്ച് ജനങ്ങളുടെ വ്യവഹാരങ്ങൾ നിരീക്ഷിക്കും. അവർ എന്തൊക്കെയാണ് ചെയ്യുന്നത്, ഏത് കാര്യങ്ങളിലൊക്കെയാണ് വ്യാപൃതരായിരിക്കുന്നത് എന്ന്. പോകുന്ന വഴിയിലൂടെ ആയിരിക്കില്ല തിരിച്ചുവരുന്നത്. ജാബിറി(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും ബൈഹഖി(റ)യും ഉദ്ധരിച്ച ഹദീസിൽ ഇത് വ്യക്തമായി തന്നെ പറയുന്നുണ്ട്. അബ്ദുല്ലാഹിബ്നു ഉമർ(റ) വിശദീകരിക്കുന്നു. മക്കയിൽ വച്ചാണെങ്കിൽ തിരുനബിﷺ പെരുന്നാൾ മുസല്ലയിലേക്ക് വന്നത് ഉയർന്ന ഭാഗത്തുള്ള കുന്ന് അഥവാ സനിയ്യത്തുൽ ഉൽയയിലൂടെയാണ്. മടങ്ങിപ്പോയത് താഴ്ഭാഗത്തുള്ള കുന്നിന്റെ അടുത്തുകൂടി അഥവാ സനിയ്യത്തുസ്സുഫ്ലയിലൂടെ. ഇമാം ശാഫിഈ(റ)യുടെ നിവേദനത്തിൽ ഇങ്ങനെ കാണാം. തിരുനബിﷺ പ്രഭാതത്തിൽ തന്നെ പെരുന്നാൾ മുസല്ലയിലേക്ക് പുറപ്പെട്ടു. വിശാലമായ വഴിയിലൂടെയായിരുന്നു അങ്ങോട്ട് പോയത്. തിരിച്ചുവന്നത് അമ്മാർ ബിൻ യാസറി(റ)ന്റെ വീടിന്റെ അടുത്തു കൂടിയായിരുന്നു. പോകുമ്പോഴും വരുമ്പോഴും വേറെ വേറെ വഴികളിലൂടെ ആവുക എന്നതിൽ പല സന്ദർഭങ്ങളിലായി പല വഴിയിലൂടെ പോവുകയും തിരിച്ചുവരികയും ചെയ്ത നിവേദനങ്ങൾ സ്വഹാബികൾ ഉദ്ധരിച്ചിട്ടുണ്ട്.
പോകുമ്പോൾ ദീർഘമായ വഴിയിലൂടെ പോവുകയും വരുമ്പോൾ ഹ്രസ്വമായ വഴിയിലൂടെ മടങ്ങി വരികയും ചെയ്തു.
തിരുനബിﷺയുടെ സഞ്ചാര വഴികളെ എത്രമേൽ കൃത്യമായി അനുയായികൾ അറിയുകയും അനുകരിക്കുകയും ചെയ്തു എന്നതിനപ്പുറം മാനവികമായും സാമൂഹികമായും ഒരുപാട് അധ്യാപനങ്ങൾ കൂടി ഈ സമീപനത്തിൽ നമുക്ക് വായിക്കാനുണ്ട്. തിരുനബിﷺ കടന്നുപോകുന്നതോടെ കടന്നുപോകുന്ന വഴികൾക്കും പരിസരങ്ങളിൽ വസിക്കുന്നവർക്കും അനുഗ്രഹവും സന്തോഷവും ലഭിക്കും. അതു കൂടുതലാളുകളിലേക്ക് എത്തിക്കുക എന്ന വലിയ ഒരു പ്രവർത്തനം നബിﷺയുടെ ഈ നടപടിയിലൂടെ സാധ്യമാകുന്നു. സമൂഹത്തിന്റെ അവസ്ഥകളും പരിതസ്ഥിതികളും നേരിട്ട് മനസ്സിലാക്കാൻ ഇതിലേറെ നല്ലൊരു മാർഗം വേറെയില്ല. അയൽവാസികൾ അന്നാട്ടുകാരും എല്ലാവരും പെരുന്നാളിന്റെ സന്തോഷത്തിൽ പങ്കെടുക്കുന്നുണ്ടോ? അവരുടെ ജീവിതാവസ്ഥകൾ എന്താണ്? എന്നിങ്ങനെയുള്ള കാര്യങ്ങൾ നേരിട്ടു മനസ്സിലാക്കാൻ ഒരു നേതാവിനും ഭരണാധികാരിക്കും ലഭിക്കുന്ന ഏറ്റവും നല്ല അവസരം.
പരവതാനിയിൽ ഇരുന്ന് പ്രസ്താവനകൾ പറഞ്ഞും ഗിരിപ്രഭാഷണങ്ങളിലൂടെ പ്രഖ്യാപനം നടത്തിയും അധികാര പീഠങ്ങളിൽ ഇരുന്ന് ആഢ്യത്വം നടപ്പിലാക്കിയും കഴിഞ്ഞുപോയ ഒരു നേതാവിനെ അല്ല നമ്മൾ വായിച്ചു കൊണ്ടിരിക്കുന്നത്. മനുഷ്യജീവിതത്തിന്റെ ബന്ധവും ഗന്ധവും അവൻ്റെ ആഘോഷവും ആനന്ദവും നനവും നോവും രോഗവും ആരോഗ്യവും എല്ലാം നേരിട്ട് സന്ദർശിച്ചും മനസ്സിലാക്കിയും അവർക്കിടയിൽ ഒരാളായി ജീവിച്ചു. ഏറ്റവും വെളിച്ചമുള്ള ജീവിതത്തെ ഏറ്റവും മനോഹരമായി ആവിഷ്കരിച്ചു. ലോകത്തെ ഏറ്റവും ഉന്നതമായ പദവിയിൽ സഞ്ചരിക്കുമ്പോഴും ഏറ്റവും ലളിതമായ ജീവിതാവസ്ഥകളോട് ചേർന്നുനിൽക്കാനുള്ള വിനയത്തെ ഏറ്റവും മനോഹരമായി ജീവിച്ചു കാണിച്ചു തന്നു.
അർശിൻ്റെ അധിപൻ ആകാശ മണ്ഡലങ്ങൾക്കപ്പുറത്ത് വിരുന്ന് നൽകി സ്വീകരിച്ച തിരുറസൂൽﷺ പാടത്ത് പണിയെടുത്ത് പാദം വിണ്ടു കീറിയ പാവപ്പെട്ട ഗ്രാമീണന്റെ നൊമ്പരങ്ങളെ നേരിട്ടറിയുകയും അവൻ്റെ ക്ഷേമത്തിനായി ഒപ്പം നിൽക്കുകയും ചെയ്തു. ഈ അത്ഭുതകരമായ വ്യക്തിത്വത്തിന്റെ സമാനതകളില്ലാത്ത ജീവിതത്തെയാണ് മുഹമ്മദ് റസൂലുല്ലാഹിﷺ എന്ന വിലാസത്തിന് താഴെ നിരന്തരമായി വായിച്ചു കൊണ്ടിരിക്കുന്നത്. പെരുന്നാൾ ദിനത്തിൽ അവിടുന്ന് ധരിച്ച വസ്ത്രവും കടന്നുപോയ വഴികളും ഇന്നും ലോകത്തോട് മാനുഷിക പാരസ്പര്യങ്ങളിലെ ഏറ്റവും മനോഹരമായ സമ്പ്രദായങ്ങളെ കുറിച്ച് സംസാരിച്ചു കൊണ്ടേയിരിക്കുന്നു.

Tweet 1070
തിരുനബിﷺയും പെരുന്നാളും എന്ന അധ്യായത്തിൽ കുറച്ചുകൂടി കാര്യങ്ങൾ നമുക്ക് വായിക്കാനുണ്ട്. ഇസ്‌ലാമിലെ പുണ്യദിനങ്ങളെല്ലാം അല്ലാഹുവിന്റെ പ്രീതി കരസ്ഥമാക്കാനുള്ള സവിശേഷ ദിവസങ്ങളാണ്. പ്രസ്തുത ദിനങ്ങളിലെല്ലാം പ്രാർഥനയ്ക്ക് പ്രത്യേകം പ്രാധാന്യമുണ്ട്. അല്ലാഹു അടിമകളുടെ പ്രാർഥനകളെ കൂടുതൽ പരിഗണിക്കുകയും സ്വീകരിക്കുകയും ചെയ്യുന്ന ദിവസങ്ങളായിരിക്കും. പെരുന്നാൾ ദിവസം പ്രാർഥനയ്ക്ക് ഉത്തരം പ്രതീക്ഷിക്കാവുന്ന പുണ്യ ദിനങ്ങളിൽ പ്രധാന ദിവസമാണ്. അതുകൊണ്ടുതന്നെ പ്രത്യേകമായ വാചകങ്ങളിൽ തന്നെ തിരുനബിﷺ പ്രാർഥനകൾ നിർവഹിച്ചിട്ടുണ്ട്.
ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞു. രണ്ടു പെരുന്നാൾ ദിവസങ്ങളിൽ തിരുനബിﷺ പ്രത്യേകമായി ഇങ്ങനെ പ്രാർഥിച്ചിരുന്നു. അല്ലാഹുവേ ഞങ്ങൾക്ക് സൂക്ഷ്മതയുള്ള ജീവിതം നൽകേണമേ. നല്ല മരണം പ്രദാനം ചെയ്യേണമേ. പരാജയമോ നിന്ദ്യതയോ ഇല്ലാത്ത മടക്കം തരേണമേ. പരിശുദ്ധിയും ഐശ്വര്യവും നേർവഴിയും സൂക്ഷ്മതയുള്ള ജീവിതവും ഇഹലോകത്തും പരലോകത്തുമുള്ള നല്ല പര്യവസാനങ്ങളും നീ നൽകി അനുഗ്രഹിക്കേണമേ. സംശയവും ലോകമാന്യതയും കേവല പ്രശസ്തിക്കുവേണ്ടി ചെയ്യുന്ന കാര്യങ്ങളിൽ നിന്നും നീ ഞങ്ങളെ കാത്തുരക്ഷിക്കേണമേ. ഹൃദയങ്ങളുടെ ഗതി നിർണയിക്കുന്നവനേ, ഞങ്ങളുടെ ഹൃദയങ്ങളെ നേർവഴിക്കാക്കിയ ശേഷം തെറ്റിലേക്ക് ചിന്തിപ്പിക്കരുതേ. എല്ലാ അർഥത്തിലും ഔദാര്യവാനായ അല്ലാഹുവേ, ഞങ്ങൾക്ക് നിന്റെ കാരുണ്യം നീ ഔദാര്യമായി ചെയ്യേണമേ!
പ്രാർഥനക്കുത്തരം ലഭിക്കുന്ന പ്രത്യേക സമയങ്ങളിലും ദിവസങ്ങളിലും തിരുനബിﷺ പ്രാമുഖ്യം നൽകിയ പ്രാർഥനകൾ എക്കാലത്തുമുള്ള വിശ്വാസികൾക്ക് ആത്മീയ വിചാരങ്ങൾ ഉണർത്തുന്നതും ആധ്യാത്മിക നിറവുകൾ നിറഞ്ഞു നിൽക്കുന്നതുമാണ്. തിരുനബിﷺയുടെ ഹൃദയത്തിൽ നിറഞ്ഞുനിന്നിരുന്ന വിചാരങ്ങളെന്തായിരുന്നു എന്ന് വ്യക്തമാക്കി തരുന്ന വാചകങ്ങളാണ് നാം വായിച്ചത്. അല്ലാഹുവാകുന്ന രക്ഷിതാവിന്റെ മുമ്പിൽ എപ്പോഴും വിനീതനാവാനും ആത്മീയമായി ഒരിക്കലും പരാജയപ്പെടാതിരിക്കാനുമുള്ള പ്രാർഥനയും പ്രവർത്തനവുമാണ് എപ്പോഴും തിരുനബിﷺയെ സ്വാധീനിച്ചിരുന്നത്. അതാണല്ലോ മേൽ വാചകങ്ങൾ നമ്മളോട് പഠിപ്പിച്ചത്.
ഭൗതികമായ സുഖസൗകര്യങ്ങൾക്ക് വേണ്ടി പ്രാർഥിക്കാമായിരുന്ന സമയത്ത് പോലും എന്നും നിലനിൽക്കുന്ന സുഖ സന്തോഷങ്ങളുടെ പരലോകത്തിന് പ്രാധാന്യം നൽകി കൊണ്ടുള്ള പ്രാർഥനകൾ നമുക്ക് നൽകുന്ന ഏറ്റവും വലിയ ആത്മീയ അധ്യാപനങ്ങളാണ്.
ഇതിന്റെ അർഥം പെരുന്നാൾ ദിവസത്തിൽ മുഴുവനും പള്ളിയിലും പ്രാർഥനയിലും മാത്രം കഴിഞ്ഞു കൂടി എന്നല്ല. അല്ലാഹു അനുവദിച്ച ആനന്ദങ്ങളെയും സന്തോഷങ്ങളെയും വകവച്ചു നൽകാനും അതിന്റെ ഭാഗമാകാനും തിരുനബിﷺ തന്നെ പഠിപ്പിച്ചു തന്നു.
സുഡാനികളുടെ പെരുന്നാൾ കളികൾ സന്തോഷകരമായി നടന്നുകൊണ്ടിരിക്കുകയാണ്. പ്രിയ പത്നി ചെറുപ്പക്കാരിയായതിനാൽ പ്രത്യേകിച്ചും പെരുന്നാൾ ദിവസം വിശേഷിച്ചും അത് കാണാൻ താൽപര്യപ്പെടുന്നുണ്ടാകും എന്ന് തിരുനബിﷺ മനസ്സിലാക്കി. അവിടുത്തെ തോളത്ത് പ്രിയ പത്നിയുടെ മുഖം ചേർത്തുവെച്ച് അങ്ങോട്ട് നോക്കി കളി കണ്ടുകൊള്ളൂ ഇന്ന് ആനന്ദത്തോടെ പറയാനും അതിനവസരം നൽകാനും തിരുനബിﷺക്ക് സാധിച്ചു. കുറച്ചുനേരം കണ്ടുകഴിഞ്ഞപ്പോൾ, ക്ഷീണിച്ചു അല്ലേ ഇനി വിശ്രമിച്ചോളൂ എന്ന് വാത്സല്യത്തോടെ പറയാനും തിരൂദൂതർﷺ തന്നെയുണ്ടായിരുന്നു. പെരുന്നാളിന് ദഫ് മുട്ടി കളിച്ച കുഞ്ഞുമക്കളെ പ്രോത്സാഹിപ്പിക്കാനും. നബി സവിധത്തിലാണോ കളിക്കുന്നത് എന്ന് ചോദിച്ച സ്വഹാബികളോട് വിനോദത്തെയും ആനന്ദത്തെയും എങ്ങനെ സമീപിക്കണമെന്ന് പഠിപ്പിക്കാനും അവിടുന്ന് സമയം കണ്ടെത്തി.

Tweet 1071
ഇസ്ലാമിലെ ഓരോ ആരാധനകൾക്കും മനുഷ്യനോടും പ്രകൃതിയോടും ചുറ്റുപാടുകളോടുമൊക്കെ പ്രത്യേകമായ ബന്ധവും അടുപ്പവുമുണ്ട്. പെരുന്നാളോ നോമ്പോ ആയി എന്ന് അറിയിക്കാൻ തിരുനബിﷺ അവലംബിച്ചതും അവലംബിക്കാൻ പറഞ്ഞതും മാസപ്പിറവി അഥവാ ചന്ദ്രോദയമായിരുന്നു. മാസം കണ്ടാൽ നിങ്ങൾ നോമ്പെടുക്കുകയും മാസം കണ്ടാൽ നിങ്ങൾ പെരുന്നാളാക്കുകയും ചെയ്യുക. മേഘാവൃതമായി മാസം കാണാനിടയായില്ലെങ്കിൽ നിങ്ങൾ 30 പൂർത്തിയാക്കുക. അഥവാ 29ന് സൂര്യാസ്തമാനത്തെ തുടർന്ന് ചന്ദ്രോദയം ദർശിച്ചില്ലെങ്കിൽ മാസം 30 പൂർത്തിയായതായി പരിഗണിക്കുക. ഇതായിരുന്നു ഈ വിഷയികമായി തിരുനബിﷺ നൽകിയ അധ്യാപനം.
മഹതി ഉമ്മുസലമ(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. ഒരു യാത്രാ സംഘം ഒരിക്കൽ നബിﷺയുടെ അടുക്കലേക്ക് വന്നു. അവർ തലേന്ന് വൈകുന്നേരം ചന്ദ്രോദയം ദർശിച്ചതായി സാക്ഷി പറഞ്ഞു. അവരോട് നോമ്പ് അവസാനിപ്പിച്ച് മുസല്ലയിലേക്ക് പോകാൻ നബിﷺ നിർദേശിച്ചു.
മാസപ്പിറ കണ്ടു എന്ന് പറഞ്ഞ വിശ്വാസികളുടെ സാക്ഷ്യത്തെ മുഖവിലക്കെടുത്ത് അനുഷ്ഠാനങ്ങൾക്ക് നിർദ്ദേശിക്കുകയായിരുന്നു ഇവിടെ.
പെരുന്നാൾ പെരുമയുള്ള നാളായി മാറുന്നത് അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തി പറഞ്ഞുകൊണ്ടും അവന്റെ മഹത്വത്തെ ഉയർത്തി അവതരിപ്പിച്ചുകൊണ്ടും മുന്നോട്ടുപോകുമ്പോഴാണ് എന്ന ദർശനത്തിലായിരുന്നു നബിﷺ ജീവിതം അടയാളപ്പെടുത്തിയത്. അതുകൊണ്ടുതന്നെ പെരുന്നാളായി എന്ന് വന്നാൽ അല്ലാഹുവിന്റെ ഉന്നതിയെ വാഴ്ത്തുന്ന തക്ബീർ ധ്വനികൾ ഉയർത്തുക എന്നത് പ്രധാനപ്പെട്ട കർമമായി അവിടുന്ന് നിർവഹിച്ചു. അങ്ങനെ നിർവഹിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. അല്ലാഹു അക്ബർ.. അല്ലാഹു അക്ബർ… അല്ലാഹുവാണ് ഏറ്റവും മഹോന്നതൻ… അല്ലാഹുവാണ് ഏറ്റവും മഹോന്നതൻ.. എന്ന് ഹൃദയത്തിൽ ഒന്നുകൂടി ഉറക്കെ വിളിച്ചു പറയുമ്പോഴുള്ള ആനന്ദത്തിന്റെ പേരാണ് പെരുന്നാൾ. ഒരു അടിമയുടെ ആനന്ദം മുഴുവനും ഉടമയെ പ്രശംസിക്കുമ്പോഴും പ്രകീർത്തിക്കുമ്പോഴുമാണ്. കേവലം ഉടമയും അടിമയും അല്ല ഇവിടെ. സൃഷ്ടിച്ചു പരിപാലിക്കുന്ന സർവ്വാധിപനായ അല്ലാഹുവിന്റെ മഹത്വം. എല്ലാ അനുഗ്രഹങ്ങളും വാരിക്കോരി തരുന്ന സ്രഷ്ടാവിന്റെ ഉന്നതി.
ആഘോഷങ്ങളെ ആർഭാടങ്ങളായോ ആടിത്തിമർക്കാനുള്ള സന്ദർഭങ്ങളായോ അല്ല തിരുനബിﷺ ആവിഷ്കരിച്ചത്, ഒരുപാട് നന്മകൾ ഒത്തുചേരുന്ന മൂല്യങ്ങളുടെ ഒരു സമ്മേളനമായിട്ടാണ്. ആത്മീയ നിർവൃതിയിലേക്ക് ഒരു അടിമ എത്തിച്ചേരുന്ന ദിവസം. പരിസരത്തുള്ള വിശ്വാസികൾ മുഴുവനും ശുഭ്രവസ്ത്രം ധരിച്ച് നല്ലവരായി ഒരു മുസല്ലയിൽ ഒരുമിച്ചു കൂടുന്ന മനോഹരമായ രംഗം. പരസ്പരം സന്തോഷവും ആനന്ദവും ക്ഷേമൈശ്വര്യങ്ങളും കൈമാറുന്ന മനോഹരമായ മുഹൂർത്തങ്ങൾ. ബന്ധുക്കളും കുടുംബങ്ങളും സൽക്കരിക്കുകയും സൽക്കരിക്കപ്പെടുകയും ചെയ്യുന്ന സുവിശേഷമായ മുഹൂർത്തം.
ഒരു സമൂഹത്തിൽ ഉള്ളവൻ ഇല്ലാത്തവനെ കൂടുതൽ ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ദിവസം. പട്ടിണിയുള്ള ആരും ഉണ്ടാവരുതെന്ന് സവിശേഷമായി ശ്രദ്ധിക്കേണ്ട ദിവസം. എല്ലാ വീടുകളും ഉത്സാഹിച്ചും ഉണ്ടും പരസ്പരം സമ്മാനങ്ങൾ കൈമാറിയും അടുപ്പങ്ങൾ അധികരിപ്പിക്കാൻ നിർദ്ദേശിക്കപ്പെട്ട ദിവസങ്ങൾ. മുൻഗാമികളെ ഓർക്കുകയും വിശ്വാസത്തിനു വേണ്ടി മാത്രം സമർപ്പിക്കപ്പെട്ട ഒരു കുടുംബത്തെ ഏറ്റവും മാതൃകാപരമായി പ്രതിഷ്ഠിക്കാനും ഹൃദയത്തിൽ കൊണ്ടുവരാനും ബലിപെരുന്നാളിന്റെ ഘടനയും കർമങ്ങളും വിശ്വാസിയെ പ്രോത്സാഹിപ്പിക്കുന്നു.
അന്നേദിവസം ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നും വിശ്വാസികളുടെ പ്രതിനിധികൾ മക്കയിൽ ഒരുമിച്ചു കൂടുന്നു. ബലിപെരുന്നാളിന്റെ ഓരോ ദിവസങ്ങളും ഇബ്രാഹീമി വിശ്വാസ കുടുംബത്തിന്റെ അല്ലാഹുവോടുള്ള സമർപ്പണത്തെ പരിപൂർണ്ണമായി ഓർത്തെടുത്ത് പുനരാവിഷ്കരിക്കുന്നു. തുല്യതയില്ലാത്ത ഓർമകളുടെയും സമർപ്പണങ്ങളുടെയും ദിവസമായിട്ടാണ് പെരുന്നാൾ നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. വേറെ ഏതെങ്കിലും ഒരു ദർശനത്തിൽ ഇത്രയും അഴകും അകക്കാമ്പുമുള്ള ഒരാഘോഷത്തെ നമുക്ക് വായിക്കാനാകുമോ!

Tweet 1072
തിരുനബിﷺയുടെ നിസ്കാരങ്ങളെ കുറിച്ച് വായിക്കുമ്പോൾ ഗ്രഹണ നിസ്കാരത്തെ കുറിച്ച് കൂടി നമുക്ക് അറിയാനുണ്ട്. തിരുനബിﷺയുടെ ജീവിതത്തിലെ ഒരു അധ്യായത്തിൽ നിന്ന് നമുക്ക് ഈ നിസ്കാരം പരിചയപ്പെടാം.
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. മുഗീറ ബിൻ ശുഅ്ബ(റ) പറഞ്ഞു. തിരുനബിﷺയുടെ പുത്രന്‍ ഇബ്രാഹീം മരണപ്പെട്ട ദിവസം സൂര്യന് ഗ്രഹണമുണ്ടായി. ഇബ്രാഹീം മരണപ്പെട്ടത് കൊണ്ടാണ് സൂര്യഗ്രഹണമുണ്ടായതെന്ന് ജനങ്ങള്‍ പറയാൻ തുടങ്ങി. ഇതറിഞ്ഞപ്പോള്‍ നബിﷺ പ്രഖ്യാപിച്ചു. നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. ആരുടെയെങ്കിലും ജനന മരണങ്ങൾ കൊണ്ട് അവയ്ക്ക് ഗ്രഹണം ബാധിക്കുകയില്ല. നിങ്ങള്‍ അവയുടെ ഗ്രഹണം ദർശിച്ചാൽ അത് അവസാനിച്ചെന്ന് വ്യക്തമാകുന്നത് വരെ നിങ്ങൾ അല്ലാഹുവിനോട് പ്രാർഥിക്കുകയും നിസ്കരിക്കുകയും ചെയ്യുക.
ഇമാം ബുഖാരി(റ) തന്നെ അബൂബക്കറി(റ)ൽ നിന്നും നിവേദനം ചെയ്ത ഹദീസിന്റെ ആശയം ഇങ്ങനെയാണ്. നബിﷺ പ്രസ്താവിച്ചു. നിശ്ചയം സൂര്യനും ചന്ദ്രനും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളാണ്. ആരുടേയും മരണം കാരണം അവയ്ക്ക് ഗ്രഹണം ബാധിക്കുകയില്ല. എന്നാല്‍, അല്ലാഹു അതുകൊണ്ട് തന്റെ ദാസന്‍മാരെ ഭയപ്പെടുത്തുകയാണ്.
ഭയപ്പെടുത്തുക എന്ന് പറഞ്ഞാൽ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുറിച്ച് കൃത്യമായ ജാഗ്രതയും ഉണർവും ഉണ്ടാകണമെന്നാണ് നിരന്തരമായി നബിﷺ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നത്. പ്രമുഖരായ ആരെങ്കിലും മരണപ്പെടുന്നത് കൊണ്ടാണ് സൂര്യചന്ദ്രാദികൾക്ക് ഗ്രഹണമുണ്ടാകുന്നത് എന്ന തെറ്റായ ഒരു വിശ്വാസം അവർക്കിടയിലുണ്ടായിരുന്നു. അത് ഏറ്റവും ഉചിതമായ സമയത്ത് തന്നെ തിരുനബിﷺ തിരുത്തുകയും അവിടുത്തെ പ്രിയപ്പെട്ട മകന്റെ വിയോഗം കൊണ്ടാണെന്ന പ്രചാരണം തടസ്സപ്പെടുത്തുകയും ചെയ്തു.
ഗ്രഹണം കഴിയുന്നതുവരെ നിസ്കാരത്തിൽ കഴിഞ്ഞുകൂടണം എന്ന് പറയുന്നതിന്റെ താല്പര്യം അല്ലാഹു പ്രകൃതിയിൽ വരുത്തുന്ന മാറ്റങ്ങൾ ഒരുപക്ഷേ അടിമകളെ ശിക്ഷിക്കാൻ വേണ്ടിയുമായിരിക്കാം. പ്രാപഞ്ചിക പ്രതിഭാസങ്ങളിലൂടെ ശിക്ഷിക്കപ്പെട്ട ഒരുപാട് ജനതകളുടെ കഥ ഖുർആൻ തന്നെ പരാമർശിച്ചു പോയിട്ടുണ്ട്. അതുകൊണ്ട് ഗ്രഹണത്തിന്റെ മുഴുവൻ സമയവും അല്ലാഹുവിനെ സ്മരിച്ചും അവനോട് പാപമോചനം തേടിയും കഴിഞ്ഞുകൂടണമെന്നാണ് തിരുനബിﷺ പഠിപ്പിച്ചത്. ഇമാം ബുഖാരി(റ)യിൽ നിന്ന് നേരത്തെ ഉദ്ധരിച്ച അതേ ആശയത്തിൽ തന്നെ ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നത് ഇങ്ങനെയാണ്.
അബൂ മസ്ഊദ് അല്‍ അന്‍സ്വാരി(റ) പറഞ്ഞു. തിരുനബിﷺ പ്രസ്താവിച്ചു. “സൂര്യനും ചന്ദ്രനും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ രണ്ട് ദൃഷ്ടാന്തങ്ങളാണ്. അതുമുഖേന തന്‍റെ ദാസന്മാരെ അവന്‍ ഭയവിഹ്വലരാക്കുന്നു. അവ രണ്ടിന്‍റെയും ഗ്രഹണം ഒരാളുടെയും മരണകാരണമായോ മറ്റോ സംഭവിക്കുന്നതല്ല. അവ ദര്‍ശിക്കുന്ന പക്ഷം അത് നീക്കപ്പെടുന്നത് വരെ നിങ്ങള്‍ നിസ്കരിക്കുകയും പ്രാർഥനയിൽ കഴിയുകയും ചെയ്യുക.
ഗ്രഹണ നിസ്കാരത്തെ തുടർന്ന് തിരുനബിﷺ നിർവഹിച്ച ഖുതുബയിൽ പ്രധാനമായും പറഞ്ഞ ഒരു ആശയം ഇപ്രകാരമാണ്.
അല്ലയോ മുഹമ്മദ് നബിﷺയുടെ സമുദായമേ, അല്ലാഹു സത്യം! തന്റെ ദാസൻ വ്യഭിചരിക്കുന്നതിനോട് അല്ലെങ്കിൽ തന്റെ ദാസി വ്യഭിചരിക്കുന്നതിനോട് അല്ലാഹുവിനേക്കാൾ കൂടുതൽ രോഷം കൊള്ളുന്ന മറ്റാരുമില്ല. മുഹമ്മദ് നബിﷺയുടെ സമുദായമേ, അല്ലാഹു സത്യം! ഞാൻ അറിയുന്ന കാര്യങ്ങൾ നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ നിങ്ങൾ വളരെ കുറച്ചു മാത്രം ചിരിക്കുകയും ഏറെ കരയുകയും ചെയ്യുമായിരുന്നു. ഇമാം ബുഖാരി(റ) തന്നെയാണ് ഇക്കാര്യവും നിവേദനം ചെയ്തത്.

Tweet 1073
ഗ്രഹണ നിസ്കാരവുമായി ബന്ധപ്പെട്ട് ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഒരു ഹദീസ് ഇങ്ങനെ വായിക്കാം. മഹതി ആഇശ(റ) പറഞ്ഞു. ഒരു ജൂതസ്ത്രീ ആയിശ(റ)യുടെ അടുത്തേക്ക് സഹായം തേടി വന്നു. അവൾ ആയിശ(റ)യോട് പറഞ്ഞു. അല്ലാഹു നിങ്ങളെ ഖബർ ശിക്ഷയിൽ നിന്ന് രക്ഷിക്കുമാറാകട്ടെ! അപ്പോൾ ആഇശ(റ) അല്ലാഹുവിൻ്റെ റസൂലിﷺനോട് ചോദിച്ചു. ജനങ്ങൾ അവരുടെ ഖബറുകളിൽ വെച്ച് ശിക്ഷിക്കപ്പെടുമോ? അപ്പോൾ തിരുനബിﷺ ആ ശിക്ഷയിൽ നിന്ന് അല്ലാഹുവിൽ അഭയം തേടിക്കൊണ്ട് പ്രാർഥിക്കുകയുണ്ടായി.
ശേഷം അവിടുന്ന് ഒരു പ്രഭാതത്തിൽ വാഹനമേറി പുറപ്പെട്ടപ്പോൾ സൂര്യഗ്രഹണമുണ്ടായി. അങ്ങനെ ളുഹാ സമയത്ത് മടങ്ങി. വീടുകൾക്കിടയിലൂടെ നടന്നുവന്ന് നിസ്കാരത്തിനായി നിന്നു. ജനങ്ങളും തിരുനബിﷺയുടെ പിറകിൽ നിന്നു. അവിടുന്ന് നിസ്കാരത്തിലെ നിർത്തം ദീർഘനേരം തുടർന്നു. പിന്നെ ദീർഘമായി റുകൂഅ് ചെയ്തു. പിന്നെ നിവർന്നു ദീർഘമായി നിന്നു. അത് ആദ്യത്തെ നിർത്തത്തേക്കാൾ കുറവായിരുന്നു. പിന്നെ ദീർഘമായി റുകൂഅ് ചെയ്തു. അത് ആദ്യത്തെ റുകൂഇനേക്കാൾ ദൈർഘ്യം കുറഞ്ഞതായിരുന്നു. പിന്നെ തല ഉയർത്തി നിവർന്നുനിന്നു. ശേഷം, സുജൂദ് ചെയ്തു. പിന്നെയും എഴുന്നേറ്റുനിന്നു. ദീർഘമായി നിന്നു. അത് ആദ്യത്തെ നിർത്തത്തേക്കാൾ കുറവായിരുന്നു. തുടർന്ന് ദീർഘമായി റുകൂഅ് ചെയ്തു. അത് ആദ്യത്തെ റുകൂഇനേക്കാൾ കുറവായിരുന്നു. പിന്നെ നിവർന്നു ദീർഘമായി നിന്നു. വീണ്ടും റുകൂഅ് ചെയ്‌തു. ദീർഘമായി റുകൂഅ് ചെയ്തു. അത് ആദ്യത്തെ റുകൂഇനേക്കാൾ കുറവായിരുന്നു. പിന്നെ തല ഉയർത്തി നിവർന്നു നിന്നു. എന്നിട്ട് സുജൂദ് ചെയ്‌തു. നിസ്‌കാരത്തിൽ നിന്ന് വിരമിച്ചു. തുടർന്ന് പറയാൻ ഉദ്ദേശിച്ചതെല്ലാം അവിടുന്ന് പറഞ്ഞു. പിന്നീട് ജനങ്ങളോട് ഖബർ ശിക്ഷയിൽ നിന്ന് അഭയം തേടാൻ കൽപിച്ചു.
ഗ്രഹണനിസ്‌കാരം പ്രബലമായ സുന്നത്താണെന്നാണ് ഭൂരിപക്ഷം പണ്ഡിതന്മാരുടേയും അഭിപ്രായം. സുന്നത്താണ് എന്ന കാര്യത്തില്‍ പണ്ഡിതന്മാര്‍ ഏകോപിച്ചിട്ടുണ്ടെന്ന് ഇമാം നവവി(റ) ശറഹു മുസ്‌ലിമില്‍ രേഖപ്പെടുത്തുന്നു. നബിﷺ അത് നിര്‍വ്വഹിക്കുകയും നിസ്‌കരിക്കാന്‍ കല്‍പിക്കുകയും ചെയ്തു എന്നതാണ് സുന്നത്താണ് എന്നതിന് പ്രമാണം. ചില പണ്ഡിതന്മാര്‍ ഹദീസിന്റെ പദപ്രയോഗങ്ങളുടെ ശൈലിയും പ്രത്യക്ഷ അർഥങ്ങളും മുന്നിൽ വച്ച് അത് നിര്‍ബന്ധമാണെന്നുവരെ അഭിപ്രായപ്പെട്ടിട്ടുണ്ട്.
ഇമാം ബുഖാരി(റ) തന്നെ ഉദ്ധരിച്ച മറ്റൊരു നിവേദനം കൂടി ഇങ്ങനെ വായിക്കാം. ആഇശ(റ) പറയുന്നു. ഗ്രഹണ നിസ്‌കാരത്തിൽ നബിﷺ ശബ്ദത്തിൽ ഖുർആൻ പാരായണം ചെയ്തു. ശേഷം തക്ബീർ ചൊല്ലി റുകൂഅ് ചെയ്തു. റുകൂഇൽനിന്ന് തല ഉയർത്തിയപ്പോൾ “സമിഅല്ലാഹുലിമൻഹമിദഹു റബ്ബനാവലകൽഹംദു” എന്നു പറഞ്ഞു. ഗ്രഹണനമസ്‌കാരത്തിൽ വീണ്ടും ഖുർആൻ ഓതി, രണ്ട് റക്അത്തിലായി നാല് റുകൂഉം നാല് സുജൂദും നിർവ്വഹിച്ചു.
ഗ്രഹരാനന്തരം ഖുത്തുബ അഥവാ സവിശേഷമായ ഉപദേശമുണ്ട്. തിരുനബിﷺ അപ്രകാരം നിർവഹിക്കുകയും ഭൗതികലോകത്തിന്റെ യാഥാർത്ഥ്യവും പരലോക ജീവിതത്തിന്റെ നിതാന്തതയെക്കുറിച്ചും ഒക്കെ ജനങ്ങളെ ബോധ്യപ്പെടുത്തി. ഹദീസുകളിൽ വന്ന ആശയങ്ങളെ സംരക്ഷിച്ചാൽ ഇങ്ങനെയാണ്. തിരുനബിﷺയുടെ ഖുത്വുബയില്‍ അവിടുന്ന് ഖബ്ര്‍ ശിക്ഷ, മസീഹുദ്ദജ്ജാലിന്റെ ഫിത്‌ന എന്നിവയെ കുറിച്ച് താക്കീത് ചെയ്യുകയും സ്വദഖ, അടിമമോചനം, പാപമോചനം തേടൽ, പ്രാർഥന തുടങ്ങിയവ വര്‍ദ്ധിപ്പിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു. വ്യഭിചാരത്തിന്റെ ഗൗരവം, നരക സ്വര്‍ഗങ്ങളിലെ കാഴ്ചകള്‍, ബഹുദൈവ വിശ്വാസത്തിന്റെ ഗൗരവം, മക്കയില്‍ ആദ്യമായി ശിര്‍ക്ക് കൊണ്ടുവന്ന അംറ് ബ്‌നു ലുഹയ്യിന് നരകത്തില്‍ ലഭിക്കുന്ന ശിക്ഷ, നബിﷺയുടെ ഒട്ടകത്തെ മോഷ്ടിച്ചവന്റെ അവസ്ഥ, പരലോകത്തെ വിചാരണ തുടങ്ങിയ ധാരാളം കാര്യങ്ങളെക്കുറിച്ച് ഉദ്‌ബോധിപ്പിച്ചു.
ഗ്രഹണം ആരംഭിക്കുന്നത് മുതൽ അവസാനിക്കുന്നത് വരെയായിരുന്നു നിസ്കാരം.

Tweet 1074
ഗ്രഹണ നിസ്കാരത്തിന് നിയതമായ ഒരു രൂപമുണ്ട്. തിരുനബിﷺ അത് നിർവഹിക്കുകയും അനുബന്ധമായ കാര്യങ്ങൾ നിർദ്ദേശിക്കുകയും ചെയ്തു. കർമശാസ്ത്ര പണ്ഡിതന്മാർ അതിനെ കൃത്യമായി നിരീക്ഷിച്ചു ചിട്ടപ്പെടുത്തി. ചരിത്ര വായനയുടെ ഭാഗമായി കർമശാസ്ത്ര അധ്യായങ്ങൾ ആ വിധത്തിൽ നാം ചർച്ച ചെയ്യുന്നില്ലെങ്കിലും സവിശേഷമായ ഒരു നിസ്കാരമായതുകൊണ്ട് ലളിതമായി അതിന്റെ രൂപം നാം വായിക്കുകയാണ്.
ഗ്രഹണം മുതല്‍ പൂര്‍ണമായും നീങ്ങുന്നത് വരെയാണ് നിസ്‌കാര സമയം. ഗ്രഹണം നിങ്ങള്‍ കണ്ടാല്‍ അല്ലാഹു അത് നീക്കുന്നതു വരെ നിങ്ങള്‍ നിസ്കരിക്കുക. ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ തന്നെ ഈ ആശയമുണ്ട്.
തിരുനബിﷺ ഗ്രഹണ നിസ്‌കാരത്തിന് ബാങ്കോ ഇഖാമത്തോ നിര്‍വ്വഹിക്കുകയോ നിര്‍വ്വഹിക്കാന്‍ നിര്‍ദ്ദേശിക്കുകയോ ചെയ്തിട്ടില്ല. പകരം അസ്സ്വലാത്തു ജാമിഅഃ എന്ന് വിളിച്ചു പറയുകയാണ് ചെയ്തത്. ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്ത ഹദീസിൽ വ്യക്തമായി തന്നെ അത് പറയുന്നുണ്ട്. ഒറ്റക്ക് നിസ്കരിക്കൽ അനുവദനീയമാണെങ്കിലും ജമാഅത്തായി നിർവഹിക്കലാണ് ശ്രേഷ്ഠം.
നിസ്കാരത്തിന്റെ പ്രാഥമികമായ ഒരു രൂപം ഇങ്ങനെയാണ്. നിയ്യത്തോടു കൂടി തക്ബീറതുല്‍ ഇഹ്‌റാം ചെയ്തു ആരംഭിക്കുക. ശേഷം, പ്രാരംഭ പ്രാര്‍ഥന അഥവാ വജ്ജഹ്ത്തു ചൊല്ലുക. ഫാതിഹ പാരായണം ചെയ്യുക. ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്യുക. ദീര്‍ഘമായി റുകൂഅ് ചെയ്യുക. അതിൽ റുകൂഇൽ തന്നെ സാധാരണ ചൊല്ലാറുള്ള പ്രാര്‍ഥനകള്‍ ആവര്‍ത്തിച്ചു നിര്‍വഹിക്കാവുന്നതാണ്. ശേഷം, റുകൂഇല്‍ നിന്ന് ഉയരുകയും സുജൂദിലേക്ക് പോകാതെ വീണ്ടും ഫാത്തിഹ ഓതി ദീര്‍ഘമായി ഖുര്‍ആന്‍ പാരായണം ചെയ്യുക. ആദ്യ തവണത്തെ പാരായണത്തെക്കാള്‍ രണ്ടാമത്തെ തവണ ഖുര്‍ആന്‍ പാരായണം ചുരുക്കലാണ് നബിﷺ പഠിപ്പിച്ചത്. ശേഷം ദീര്‍ഘമായി റുകൂഅ് ചെയ്യുക. ആദ്യ റുകൂഇനെക്കാള്‍ രണ്ടാമത്തെ റുകൂഅ് അല്‍പം കുറയലാണ് തിരുനബിﷺയുടെ മാതൃക. റുകൂഇല്‍ നിന്ന് ഉയര്‍ന്ന് ഇഅ്തിദാല്‍ നിര്‍വഹിക്കുക. ശേഷം ദീര്‍ഘമായി സുജൂദ് ചെയ്യുക. രണ്ടാമത്തെ സുജൂദ് ആദ്യ സുജൂദിനെക്കാള്‍ അല്‍പം ചുരുക്കുക. രണ്ട് സുജൂദിന്റെ ഇടയിലെ ഇരുത്തം ഏകദേശം സുജൂദിന്റെ അത്ര തന്നെ ദൈര്‍ഘ്യമുള്ളതാകണം. ഇപ്പോള്‍ ഒരു റക്അത് പൂര്‍ത്തിയായി. രണ്ടാമത്തെ റക്അതിലും ആദ്യ റക്അതിലെ പോലെ തന്നെ നിർവഹിക്കുക. എന്നാൽ, ദൈർഘ്യം മുൻപുള്ളതിനെക്കാൾ കുറക്കുകയും വേണം. ശേഷം, അത്തഹിയ്യാത്ത് നിര്‍വഹിച്ച് രണ്ട് സലാം വീട്ടുക.
സ്ത്രീകളും ഗ്രഹണ നിസ്കാരം നിർവഹിക്കേണ്ടതുണ്ട്. മറ്റു നിസ്കാരങ്ങൾക്കും ജുമുഅക്കും പെരുന്നാളിനും എന്നപോലെ പരപുരുഷന്മാരോടൊപ്പം സ്ത്രീകൾ നിസ്കരിക്കുന്നതിന് അടിസ്ഥാനപരമായി നിയമം ഒന്നുതന്നെയാണ്.
അഞ്ചുനേരത്തെ നിർബന്ധ നിസ്കാരത്തിനു പോലുമില്ലാത്ത വിധം സവിശേഷമായ സുന്നത്ത് നിസ്കാരങ്ങളിലേക്ക് അന്യപുരുഷന്മാരോടൊപ്പം ഇസ്‌ലാം നിർദ്ദേശിക്കുന്ന അടിസ്ഥാന നിയമങ്ങളെ മുഴുവനും മറന്നു സ്ത്രീകൾ നിർബന്ധമായും പങ്കെടുത്തിരിക്കണം എന്ന വിചാരവും പ്രചാരണവും പ്രമാണങ്ങൾക്ക് നിരക്കുന്നതല്ല. അത്തരമൊരു പ്രത്യേകമായ അംഗീകാരവും ഹദീസുകളിലോ പ്രമാണങ്ങളിലോ പ്രമാണങ്ങളെ ശരിയാംവിധം വിലയിരുത്തി നമുക്ക് പറഞ്ഞുതന്ന ഇമാമുകളുടെ ഗ്രന്ഥങ്ങളിലോ നമുക്ക് കാണാനാവുന്നില്ല. സ്ത്രീകളുടെ ഏറ്റവും ഉത്തമമായ പള്ളി അവരുടെ സ്വകാര്യ മുറിയാണെന്നത് സ്ത്രീകളോട് എല്ലാ നിസ്കാരങ്ങൾക്കുമായി തന്നെ സമഗ്രമായി തിരുനബിﷺ പഠിപ്പിച്ച അധ്യായമാണ്.

Tweet 1075
തിരുനബിﷺ നിർവഹിച്ച നിസ്കാരങ്ങളിൽ പ്രത്യേകം ചർച്ച അർഹിക്കുന്നതാണ് മഴക്കു വേണ്ടിയുള്ള നിസ്കാരം. അഥവാ അല്ലാഹുവിൽ നിന്ന് കാരുണ്യത്തിന്റെ വർഷവും തീർത്ഥവും തേടി നിർവഹിക്കുന്ന നിസ്കാരം.
ഇതു സംബന്ധമായി ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്ത ഒരു ഹദീസ് കൊണ്ട് തുടങ്ങാം. മഹതി ആഇശ(റ) പറയുന്നു. സൂര്യരശ്മികൾ വെളിവായ നേരത്ത് നബിﷺ പുറപ്പെട്ടു. നേരെ വന്ന് ഖുത്വുബ നിർവഹിക്കുന്ന പ്രത്യേക തരം ഇരിപ്പിടത്തിൽ അഥവാ മിമ്പറിന്മേൽ ഇരുന്നു. ശേഷം അല്ലാഹുവിന്റെ ഉന്നതി പ്രഘോഷിക്കുന്ന തക്ബീറും അവനെ സ്തുതിക്കുന്ന തഹ്മീദും നിര്‍വഹിച്ചു. തുടർന്ന് പറഞ്ഞു. വരള്‍ച്ചയെ കുറിച്ചും മഴയില്ലാത്തതിനെ കുറിച്ചും നിങ്ങള്‍ പരാതി പറയുന്നു. അല്ലാഹു അവനോട് പ്രാര്‍ഥിക്കുവാന്‍ നിങ്ങളോട് കല്‍പിച്ചിരിക്കുന്നു. ഉത്തരം നല്‍കാമെന്ന് അവര്ൻ വാഗ്ദാനം ചെയ്തിരിക്കുന്നു. ശേഷം, നബിﷺ അല്ലാഹുവിനെ സ്തുതിക്കുകയും അവനെ മഹത്ത്വപ്പെടുത്തുകയും ചെയ്തു. പിന്നീട് മഴക്ക് വേണ്ടി അവിടുന്ന് ദീര്‍ഘമായി പ്രാര്‍ഥിച്ചു. തന്റെ കക്ഷത്തിന്റെ വെള്ള വെളിവാകുമാറ് അവിടുന്ന് തന്റെ ഇരു കൈകളും ഉയര്‍ത്തിയിരുന്നു. പിന്നീട് ജനങ്ങള്‍ക്ക് പുറം തിരിഞ്ഞു നിന്നു. ശേഷം കൈ ഉയര്‍ത്തിക്കൊണ്ട് തന്നെ അവിടുത്തെ മേല്‍ തട്ടം ഒന്ന് തിരിച്ചിട്ടു. വീണ്ടു ജനങ്ങളിലേക്ക് തിരിഞ്ഞു. പിന്നീട് മിമ്പറില്‍ നിന്ന് ഇറങ്ങി. രണ്ട് റക്അത്ത് നിസ്‌കരിച്ചു.
മഴ തേടിയുള്ള നിസ്കാരത്തിന് പ്രത്യേക ദിവസമോ സമയമോ നിശ്ചയിക്കപ്പെട്ടിട്ടില്ല. എന്നാൽ തിരുനബിﷺ പ്രഭാതത്തിലാണ് അത് നിർവഹിച്ചത്. അതുകൊണ്ടുതന്നെ ഉത്തമമായതും ആ സമയത്ത് നിർവഹിക്കലാണ്. ഇമാം അബൂദാവൂദ്(റ) ഉദ്ധരിച്ച ഹദീസിൽ നിന്ന് തന്നെ ഈ ആശയം നമുക്ക് ലഭിക്കും. നിസ്കാരത്തെക്കുറിച്ചു മുൻകൂട്ടി ജനങ്ങൾക്ക് വിവരം നൽകുകയും സമയം നിശ്ചയിച്ചു പറയുകയും തുറന്ന പ്രദേശത്തേക്ക് പുറപ്പെട്ടു അവിടെവച്ച് നിർവഹിക്കുകയും ചെയ്ത ചര്യകൾ നിവേദനങ്ങളിൽ നിന്ന് ഏറെ നമുക്ക് വായിക്കാനുണ്ട്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു സൈദ്(റ) പറഞ്ഞു. നബിﷺ മഴക്ക് വേണ്ടി പ്രാരഥിക്കുവാന്‍ മൈതാനത്തേക്ക് പുറപ്പെട്ടു. ഖിബ്ലയുടെ നേരെ നബിﷺ തിരിയുകയും അവിടുത്തെ തട്ടം തല തിരിച്ചിടുകയും രണ്ട് റക്‌അത്തു നിസ്കരിക്കുകയും ചെയ്തു.
വിനയവും താഴ്മയും ഭയഭക്തിയും പാലിച്ചു കൊണ്ടായിരുന്നു പ്രസ്തുത നിസ്കാരത്തിനു വേണ്ടി പുറപ്പെട്ടത്. ഇമാം അബൂ ദാവൂദ്(റ) തന്നെ ഉദ്ധരിച്ച ഹദീസിൽ ഇബ്‌നു അബ്ബാസ്(റ) പറയുന്നു. നബിﷺ വളരെ നിലവാരം കുറഞ്ഞ വേഷത്തില്‍ വിനയത്തോടെയും താഴ്മയോടെയും ഭക്തിയോടെയും പ്രാര്‍ഥനാനിര്‍ഭരനായിക്കൊണ്ടുമാണ് പുറപ്പെട്ടത്.
മഴ തേടിയുള്ള പ്രാർഥന നിർവഹിക്കുന്ന ഘട്ടത്തിലും അല്ലാതെയും മനുഷ്യന്റെ ജീവിതവും അല്ലാഹു പ്രകൃതിയിൽ വെച്ചിട്ടുള്ള പ്രതിഭാസങ്ങളുടെ പ്രാധാന്യവും അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങൾ ലഭിക്കുകയും തടയപ്പെടുകയും ചെയ്യുന്നതിന്റെ സാഹചര്യങ്ങളും അവിടുന്ന് വിശദീകരിച്ചിട്ടുണ്ട്.
അബ്ദുല്ലാഹിബ്‌നു ഉമർ(റ) പറയുന്നു. നബിﷺ ഞങ്ങൾക്ക് അഭിമുഖമായി ഇപ്രകാരം പറഞ്ഞു. അല്ലയോ മുഹാജിറുകളുടെ സമൂഹമേ, അഞ്ചു കാര്യം കൊണ്ട് നിങ്ങള്‍ പരീക്ഷിക്കപ്പെട്ടു കഴിഞ്ഞാൽ… അവ സംഭവിക്കുന്നതിൽ നിന്ന് ഞാന്‍ അല്ലാഹുവിനോട് കാവല്‍തേടുന്നു. ഏതൊരു സമൂഹത്തിലും തോന്നിവാസങ്ങള്‍ അഥവാ അശ്ലീലങ്ങൾ വ്യാപകമാവുകയും അത് പരസ്യമായി പോലും ചെയ്യാവുന്ന സാഹചര്യമുണ്ടാകുകയും ചെയ്താല്‍ അവരില്‍ പ്ലേഗും മുന്‍കഴിഞ്ഞ സമൂഹങ്ങളിലൊന്നും ഇല്ലാത്ത വിധം വേദനയുള്ള രോഗങ്ങളും വ്യാപകമാകാതിരിക്കില്ല. അളവിലും തൂക്കത്തിലും അവര്‍ കൃത്രിമം കാണിക്കുന്നുവെങ്കില്‍ ക്ഷാമവും ജീവിത ചെലവുകളുടെ ഭാരവും ഭരണാധികാരികളുടെ അതിക്രമവും അവരെ പിടികൂടാതിരിക്കുകയില്ല. സമ്പത്തിന്റെ സകാത്ത് അവര്‍ നല്‍കാതിരിക്കുന്ന പക്ഷം ആകാശ ലോകത്ത് നിന്നുള്ള മഴ അവര്‍ക്ക് തടയപ്പെടാതിരിക്കില്ല. മൃഗങ്ങള്‍ കൂടി ഇല്ലായിരുന്നുവെങ്കില്‍ അവര്‍ക്ക് ഒട്ടും മഴ കിട്ടിക്കൊള്ളണമെന്നേ ഇല്ല

Tweet 1076
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അനസ്ബിൻ മാലിക്(റ) പറഞ്ഞു. മഴക്ക് വേണ്ടിയുള്ള പ്രാർഥനയിലല്ലാതെ മറ്റൊരു പ്രാർഥനയിലും നബിﷺ കൈകള്‍ ഉയര്‍ത്താറില്ല. മഴക്ക് വേണ്ടി പ്രാർഥിക്കുമ്പോള്‍ നബിﷺ അവിടുത്തെ രണ്ടു കക്ഷത്തിലെ വെളുപ്പ് കാണുന്നതു വരെ രണ്ടും കയ്യും ഉയര്‍ത്താറുണ്ട്.
സവിശേഷമായും പ്രാധാന്യത്തോടെയും പ്രത്യേക ഭാവത്തിലും കൈ ഉയർത്തുന്നതിനെ കുറിച്ചാണ് ഈ ഹദീസിൽ പരാമർശിച്ചത്.
ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്യുന്ന ഹദീസ് ഇങ്ങനെയാണ്. അനസ്(റ) പറയുന്നു. തിരുനബിﷺ വെള്ളിയാഴ്ച ദിവസം പ്രസംഗിക്കുമ്പോള്‍ ഒരു ഗ്രാമീണന്‍ കയറി വന്നു. ഇപ്രകാരം പറഞ്ഞു. പ്രവാചകരേﷺ, ജനങ്ങളും മൃഗങ്ങളും കുടുംബങ്ങളും നശിച്ചു. അപ്പോള്‍ തിരുനബിﷺ തന്‍റെ ഇരുകൈകളും ഉയര്‍ത്തി പ്രാർഥിച്ചു. ജനങ്ങളും നബിﷺയുടെ കൂടെ അവരുടെ കൈകള്‍ ഉയര്‍ത്തി പ്രാർഥിക്കുവാന്‍ തുടങ്ങി. ഞങ്ങള്‍ പള്ളിയില്‍ നിന്നും പുറത്തു പോകുന്നതിന്‍റെ മുമ്പ് തന്നെ മഴ പെയ്തു. അടുത്ത വെള്ളിയാഴ്ച ദിവസം വരെ ഞങ്ങള്‍ക്ക് മഴ ലഭിച്ചുകൊണ്ടിരുന്നു.
ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. സൈദ്ബ്നു ഖാലിദ്(റ) പറഞ്ഞു. ഹുദൈബിയ്യയില്‍ വെച്ച് രാത്രി മഴ ലഭിച്ചതിന് ശേഷമുള്ള ഒരു സുബ്ഹ് നിസ്കാരം തിരുനബിﷺ ഞങ്ങളുമായി നിസ്കരിച്ചു. നിസ്കാരത്തില്‍ നിന്ന് നബിﷺ വിരമിച്ചപ്പോള്‍ ജനങ്ങളുടെ നേരെ തിരിഞ്ഞ് കൊണ്ട് അവിടുന്ന് പറഞ്ഞു. ഇന്ന് രാത്രി നിങ്ങളുടെ രക്ഷിതാവ് എന്താണ് പ്രസ്താവിച്ചതെന്ന് നിങ്ങള്‍ക്കറിയുമോ? അവര്‍ പറഞ്ഞു. അല്ലാഹുവും അവന്റെ ദൂതനുﷺമാണ് ഏറ്റവും അറിവുള്ളത്. തിരുനബിﷺ പറഞ്ഞു. അല്ലാഹു പറഞ്ഞിരിക്കുന്നു. പ്രഭാതമായപ്പോള്‍ എന്റെ അടിമകളില്‍ ചിലര്‍ വിശ്വാസികളും മറ്റു ചിലര്‍ അവിശ്വാസികളുമായിരിക്കുന്നു. അല്ലാഹുവിന്റെ ഔദാര്യത്താലും കാരുണ്യത്താലും നമുക്ക് മഴ ലഭിച്ചു എന്ന് പറയുന്നവര്‍ എന്നില്‍ വിശ്വസിച്ചിരിക്കുന്നു; നക്ഷത്രങ്ങളില്‍ അവിശ്വസിച്ചിരിക്കുന്നു. എന്നാല്‍, ഇന്ന നക്ഷത്രം കാരണമാണ് മഴ ലഭിച്ചത് എന്ന് പറയുന്നവര്‍ എന്നില്‍ അവിശ്വസിച്ചവരും നക്ഷത്രങ്ങളെ വിശ്വസിച്ചവരുമാകുന്നു.
ഈ പരാമർശങ്ങളുടെ ഒരു പശ്ചാത്തലം കൂടി മറ്റൊരു ഹദീസിൽ നിന്ന് നമുക്ക് വായിക്കാം. ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ വിശദീകരിച്ചു. ജാഹിലിയ്യഃ കാലത്തെ നാലു സ്വഭാവങ്ങള്‍ എന്റെ സമുദായത്തിലുണ്ട്. അവര്‍ അത് ഒഴിവാക്കുകയുമില്ല. തറവാടിന്റെ പേരിലുള്ള ദുരഭിമാനവും കുടുംബത്തിന്റെ പേരിലുള്ള ആക്ഷേപവും മയ്യിത്തിന്റെ പേരില്‍ ആര്‍ത്തു കരയലും നക്ഷത്രങ്ങളെ കൊണ്ട് മഴ തേടലും.
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസ് കൂടി ഇവിടെ വായിക്കേണ്ടതാണ്. ഇബ്നു ഉമറി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. നബിﷺ പറഞ്ഞു. അദൃശ്യകാര്യങ്ങളുടെ താക്കോല്‍ അഞ്ചു കാര്യങ്ങളാണ്. അല്ലാഹുവിനല്ലാതെ മറ്റാര്‍ക്കും അവയെക്കുറിച്ചറിയാന്‍ കഴിയുകയില്ല. നാളെ എന്ത് സംഭവിക്കുമെന്നും സ്ത്രീകളുടെ ഗര്‍ഭപാത്രത്തില്‍ എന്താണുടലെടുക്കുകയെന്നും താന്‍ നാളെ എന്താണ് പ്രവര്‍ത്തിക്കുകയെന്നും താന്‍ ഏത് ഭൂമിയില്‍ വെച്ചാണ് മരണമടയുകയെന്നും ഒരാള്‍ക്കും അറിയുവാന്‍ കഴിയുകയില്ല. എപ്പോഴാണ് മഴ വര്‍ഷിക്കുകയെന്നും ഒരു മനുഷ്യനും അറിയാന്‍ കഴിയുകയില്ല.
ആത്യന്തികമായ അറിവുകളും അധികാരങ്ങളും മുഴുവനും അല്ലാഹുവിനാണെന്ന് നിരന്തരമായി ഉൽബോധിപ്പിച്ചു കൊണ്ടിരിക്കുക തിരുനബിയുടെ പതിവാണ്. ഏതെങ്കിലും പ്രാപഞ്ചിക പ്രതിഭാസങ്ങളുണ്ടായാൽ അതിനോട് ചേർത്തുവച്ചു കൊണ്ടായിരിക്കും അവിടുത്തെ വിശദീകരണം. ഗ്രഹണമുണ്ടായപ്പോൾ ഗ്രഹണത്തെക്കുറിച്ചും മഴ ലഭിക്കാത്തപ്പോൾ ലഭിക്കാത്തതിനെക്കുറിച്ചും നന്നായി മഴ വർഷിക്കുമ്പോൾ അതിനെ സംബന്ധിച്ചും ഏറ്റവും ഉചിതമായ വിധത്തിലെ ആത്മീയ ബോധനമായിരിക്കും തിരുനബിﷺയുടെ പതിവ്.
Tweet 1077س
മഴ പെയ്യുന്ന സമയത്ത് തിരുനബിﷺക്ക് പ്രത്യേകമായ ചില ചിട്ടകളും രീതികളുമുണ്ടായിരുന്നു. പുതുമഴയാണെങ്കിൽ തിരുനബിﷺ ആ മഴ കൊള്ളുമായിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. ഒരിക്കൽ ഞങ്ങൾ നബിﷺയോടൊപ്പമുള്ളപ്പോൾ മഴ വർഷിച്ചു. തിരുനബിﷺ വസ്ത്രം മാറ്റി മഴ കൊള്ളാനിറങ്ങി. ഞങ്ങൾ ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, എന്താണ് അവിടുന്ന് ഇങ്ങനെ പ്രവർത്തിക്കുന്നത്. അവിടുന്ന് ഇങ്ങനെ പറഞ്ഞു. അല്ലാഹുവിനോട് അടുത്തിടെ കരാർ ചെയ്ത മഴയാണിത്. അഥവാ പുതുമഴയായതുകൊണ്ടാണ് ഈ മഴ കൊള്ളുന്നത്.
അല്ലാഹുവിന്റെ പ്രത്യേക നിശ്ചയവും നിർദ്ദേശവും അനുസരിച്ചാണല്ലോ മഴ പെയ്യുന്നത്. കുറേക്കാലത്തിനുശേഷം പെയ്യുന്ന മഴത്തുള്ളികൾ അല്ലാഹുവിന്റെ സംവിധാനത്തോട് പുതുമയോടുകൂടി വർത്തിക്കുന്നതാണ് എന്ന വിശദീകരണമാണ് ഇവിടെ നൽകിയത്.
മഴപെയ്യാൻ ഒരുങ്ങി നിൽക്കുമ്പോൾ തിരുനബിﷺ ഇപ്രകാരം പ്രാർഥിക്കും. അല്ലാഹുവേ ഞങ്ങൾക്ക് ഉപകാരപ്രദമായത് നീ വർഷിപ്പിക്കേണമേ! മഹതി ആഇശ(റ)യിൽ നിന്ന് ഇമാം അഹ്മദും(റ) ബുഖാരി(റ)യും ഈ വിഷയം ഉദ്ധരിക്കുന്നുണ്ട്.
മഴ വർഷിക്കുന്ന നേരം തിരുനബിﷺ പ്രത്യേകമായി പ്രാർഥിച്ചിരുന്ന ചില വാചകങ്ങൾ ഇമാം ശാഫിഈ(റ) ഉദ്ധരിക്കുന്നു. ആശയം ഇപ്രകാരമാണ്. അല്ലാഹുവേ കാരുണ്യത്തിന്റെ മഴ ശിക്ഷയുടേതാവല്ലേ! വിനാശങ്ങളുടെയും തകർച്ചകളുടെയും പ്രളയത്തിന്റേതും ആക്കി കളയല്ലേ റബ്ബേ!
അല്ലാഹുവേ താഴ്‌വാരങ്ങളിലേക്കും തോട്ടങ്ങളിലേക്കും കാടുകളിലേക്കും മഴ വർഷിപ്പിക്കേണമേ! ഞങ്ങൾക്ക് അനുകൂലവും അനുഗ്രഹവുമായ മഴയാക്കി തരേണമേ! ഞങ്ങൾക്കെതിരും വിപത്തുമായ വർഷമാക്കി കളയല്ലേ!
ഏതു കാര്യത്തിന്റെയും യാഥാർത്ഥ്യങ്ങളിൽ നിന്നുകൊണ്ടായിരിക്കും തിരുനബിﷺയുടെ പ്രവർത്തനവും പ്രാർഥനയും. അനുഗ്രഹവും വെള്ളവും നൽകുന്ന മഴ വേണം. എന്നാൽ മഴ തന്നെ ചിലപ്പോൾ പ്രളയവും വിപത്തും വിതയ്ക്കും. അനുഗ്രഹമാക്കി നൽകേണ്ടവനും പ്രളയവും വിപത്തും നൽകാതെ സംരക്ഷിക്കേണ്ടവനും അല്ലാഹു മാത്രമാകുന്നു. ഈ വിചാരത്തെയും ചിന്തയെയും കൃത്യമായി അടയാളപ്പെടുത്താൻ തിരുനബിﷺ ഓരോ സമയത്തും ജാഗ്രത കാണിച്ചിരുന്നു.
മഴയുടെ ഭാവം മാറുകയോ അന്തരീക്ഷവും കാലാവസ്ഥയും ക്രമം തെറ്റുകയോ ചെയ്താൽ തിരുനബിﷺയുടെ മുഖത്ത് ഗൗരവം പ്രത്യക്ഷപ്പെടും. ആലോചനയിലാണ്ട് അങ്ങോട്ടുമിങ്ങോട്ടും സഞ്ചരിക്കും. ചിലപ്പോൾ അനുയായികൾ തിരുനബിﷺയോട് ചോദിച്ചെന്നു വരും. അല്ലയോ പ്രവാചക പ്രഭോﷺ, മഴക്കാർ കാണുമ്പോൾ എല്ലാവർക്കും വലിയ ആനന്ദമാണ്. ചിലപ്പോൾ തങ്ങളുടെ മുഖത്ത് ഒരു ഭാവമാറ്റം കാണുന്നുണ്ടല്ലോ! എന്താണ് അതിനു കാരണം? തിരുനബിﷺ ഇങ്ങനെ പറഞ്ഞു. മേഘം വർഷിക്കുന്നത് കാരുണ്യമായിട്ടാകുമോ അതല്ല ശിക്ഷയായിട്ട് ആയിരിക്കുമോ എന്നത് ഞാൻ ആലോചിക്കുകയാണ്. അത് എന്നിൽ ഭയം പടർത്തുന്നുണ്ട്. മുൻഗാമികളിലെ ചില ജനസമൂഹങ്ങൾ കാറ്റുകൊണ്ടും മറ്റും ശിക്ഷിക്കപ്പെട്ടു. ഞങ്ങൾക്ക് മഴ ലഭിക്കുന്നു എന്ന് ആശ്വസിച്ചു നിന്നപ്പോഴായിരുന്നു അവർക്ക് ശിക്ഷയായി അത് ഭവിച്ചത്.
കാറ്റും മഴയും ഒക്കെ അടിസ്ഥാനപരമായി കാരുണ്യം നൽകുമ്പോൾ ചിലപ്പോൾ അത് ശിക്ഷയായി വന്നു ഭവിച്ചേക്കാം. അത്തരം ആലോചന കൂടി മനുഷ്യരിലുണ്ടാവണം.
ലവണമഴകളും അമ്ല മഴകളും ഒക്കെ നാം വായിച്ചിട്ടുണ്ടല്ലോ. പലയിടങ്ങളിലും സംഭവിക്കുകയും അതിന്റെ വിപത്തുകൾ അവിടെയുള്ളവർ അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നിരിക്കെ എത്രമേൽ പ്രാധാന്യമുള്ള ഒരു സന്ദേശമാണ് തിരുനബിﷺ നൽകിക്കൊണ്ടിരുന്നത്.
Tweet 1078
തിരുനബിﷺ സവിശേഷമായി അനുഷ്ഠിച്ചിരുന്ന ഒരു കർമമാണ് രോഗിയെ സന്ദർശിക്കൽ. ഇതു സംബന്ധമായി തിരുനബിﷺയുടെ അധ്യാപനം ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ബറാഅ് ബ്നു ആസിബ്(റ) പറഞ്ഞു. രോഗ സന്ദർശനം, ജനാസയെ അനുഗമിക്കുക, തുമ്മിയവൻ അല്ലാഹുവിനെ സ്തുതിക്കുമ്പോൾ അല്ലാഹു നിങ്ങൾക്ക് കരുണ ചെയ്യട്ടെ എന്ന് പ്രാർഥിക്കുക, ദുർബലനെ സഹായിക്കുക, മർദ്ദിതനെ തുണയ്ക്കുക, സലാം വ്യാപിപ്പിക്കുക, സത്യം ചെയ്തത് പാലിക്കുക എന്നീ കാര്യങ്ങൾ അല്ലാഹുവിന്റെ റസൂൽﷺ ഞങ്ങളോട് കൽപിച്ചു.
ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ ഒരു വിശ്വാസിക്ക് മറ്റൊരു വിശ്വാസിയോടുള്ള ബാധ്യതയായി ഇത് പരിചയപ്പെടുത്തുന്നുണ്ട്. അബൂഹുറൈറ(റ) പറഞ്ഞു. തിരുനബിﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു. ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിന്റെ മേലുള്ള ബാധ്യതകൾ അഞ്ചാണ്. സലാം മടക്കൽ, രോഗിയെ സന്ദർശിക്കൽ, ജനാസയെ പിൻതുടരൽ, ക്ഷണം സ്വീകരിക്കൽ, തുമ്മിയാൽ ‘യർഹമുക്കല്ലാഹു’ എന്ന് പറഞ്ഞ് കൊണ്ട് അനുമോദിക്കുക എന്നിവ.
ബുഖാരിയിൽ തന്നെയുള്ള മറ്റൊരു ഹദീസിന്റെ ആശയം ഇങ്ങനെയാണ്. അബൂമൂസാ(റ) പറഞ്ഞു. തിരുനബിﷺ പ്രസ്താവിച്ചു. നിങ്ങൾ രോഗിയെ സന്ദർശിക്കുകയും വിശന്നവരെ ഭക്ഷിപ്പിക്കുകയും ബന്ധിയെ മോചിപ്പിക്കുകയും ചെയ്യുക.
രോഗിയെ സന്ദർശിക്കുക വഴി സന്ദർശകനും പുണ്യം ലഭിക്കുമെന്ന മഹത്തായ അധ്യാപനം കൂടി തിരുനബിﷺ നൽകുന്നുണ്ട്. ഇമാം അഹ്മദും(റ) ഇബ്നു ഹിബ്ബാനും(റ) ഉദ്ധരിക്കുന്ന ഹദീസിന്റെ ആശയം ഇപ്രകാരമാണ്. അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഒരു മനുഷ്യൻ തന്റെ സഹോദരനെ രോഗാവസ്ഥയിൽ സന്ദർശനം നടത്തുകയോ ഇസ്‌ലാമിക ആദ൪ശത്തിന്റെ പേരില്‍ ഒരു സൗഹൃദ സന്ദർശനം നടത്തുകയോ ചെയ്താൽ അയാളോട് അല്ലാഹു പറയും “നീ നല്ലത് ചെയ്തു. നീ നിന്റെ നടത്തം മഹത്തരമാക്കിയിരിക്കുന്നു. സ്വർഗത്തിൽ നിനക്കൊരു വീട് നീ തയ്യാറാക്കി കഴിഞ്ഞിരിക്കുന്നു.”
ഒരു സഹോദരനെ സൗഹൃദ സന്ദർശനമോ രോഗസന്ദർശനമോ നടത്തിയാൽ സ്രഷ്ടാവായ അല്ലാഹുവിന്റെ തൃപ്തി ലഭിക്കാൻ കാരണമാകുന്ന പുണ്യകർമമാണ് ചെയ്തിരിക്കുന്നത് എന്ന് പഠിപ്പിക്കുകയാണ് മേൽ നിവേദനം.
അലിയ്യ് ബിൻ അബൂത്വാലിബി(റ)ൽ നിന്ന് ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്ന ഹദീസിന്റെ ആശയം കൂടി വായിച്ചു നോക്കൂ. തിരുനബിﷺ പറഞ്ഞു. സായാഹ്നത്തിൽ ഒരു മുസ്‌ലിം മറ്റൊരു മുസ്‌ലിമിനെ രോഗ സന്ദ൪ശനം നടത്തിയാല്‍ പ്രഭാതം വരെ എഴുപതിനായിരം മലക്കുകൾ അവന് പാപമോചനത്തിനായി പ്രാർഥിക്കുന്നതാണ്. അവന് സ്വര്‍ഗത്തില്‍ പറിക്കപ്പെട്ട കനികളുണ്ട്. പ്രഭാത സമയത്താണ് രോഗ സന്ദ൪ശനം നടത്തുന്നതെങ്കില്‍, എഴുപതിനായിരം മലക്കുകൾ വൈകുന്നേരം വരെ അവന് പാപമോചനത്തിനായി പ്രാർഥിക്കുന്നതാണ്. അവന് സ്വര്‍ഗത്തില്‍ പറിക്കപ്പെട്ട കനികളുണ്ട്.
വളരെ ആകർഷകമായ ഉള്ളടക്കത്തോടുകൂടിയാണ് ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസ്. പ്രമുഖ സ്വഹാബി സൗബാന്‍(റ) ഉദ്ധരിക്കുന്നു. നബിﷺ പറഞ്ഞു. ഒരാൾ ഒരു രോഗിയെ സന്ദര്‍ശിച്ചാല്‍ താന്‍ മടങ്ങുന്നതുവരെ അയാള്‍ സ്വര്‍ഗീയ പഴങ്ങളിലും തോട്ടങ്ങളിലുമാകുന്നു.
സ്വർഗീയ ഉദ്യാനങ്ങളിലൂടെ സഞ്ചരിക്കുന്നതിന് സമാനമായ പ്രതിഫലം, അല്ലെങ്കിൽ നാളെ സ്വർഗീയ ഉദ്യാനങ്ങൾ സന്ദർശിക്കാൻ മാത്രമുള്ള സൗഭാഗ്യം രോഗി സന്ദർശനത്തിലൂടെ ലഭിക്കുമെന്ന് തിരുനബിﷺ പഠിപ്പിക്കുകയാണ്.
അപരന്റെ ദുഃഖവും സന്തോഷവും പരിഗണിച്ചുകൊണ്ടുള്ള സാമൂഹിക ബന്ധങ്ങളെ ഇസ്‌ലാം പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് വലിയ ഓഫറുകളും സമ്മാനങ്ങളും നൽകിയിട്ടാണ്. ഭദ്രമായ ഒരു സാമൂഹിക ഘടന വിഭാവനം ചെയ്യുന്ന പ്രവാചകരുﷺടെയും പ്രസ്ഥാനത്തിന്റെയും സന്ദേശങ്ങളായിട്ടാണ് നാം ഇതിനെ വായിക്കേണ്ടത്.
Tweet 1079
രോഗിയെ സന്ദർശിക്കുന്നത് വേണ്ടത്ര കാര്യമാക്കാതെയോ പരിഗണിക്കാതെയോ പോയാൽ അല്ലാഹുവിന് അതിൽ അനിഷ്ടമുണ്ട് എന്നറിയിക്കുന്ന ഹദീസ് വായിക്കുന്നത് ഏറെ കൗതുകകരമാണ്. അല്ലാഹു അവൻ്റെ അടിമകളുടെ പാരസ്പര്യത്തെ എത്രമേൽ പ്രാധാന്യത്തോടെയാണ് കാണുന്നത് എന്ന് മനസ്സിലാക്കാനുള്ള വായനയാണത്.
ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. പുനരുദ്ധാനനാളിൽ അല്ലാഹു ചോദിക്കും. ആദമി(അ)ന്റെ പുത്രാ ഞാൻ രോഗിയായപ്പോൾ നീ എന്തേ എന്നെ സന്ദർശിച്ചില്ല. അവൻ പറയും. നാഥാ ഞാനെങ്ങനെയാണ് നിന്നെ സന്ദർശിക്കുന്നത് നീ പ്രപഞ്ചനാഥനല്ലേ? അവൻ ചോദിക്കും. നിനക്കറിയാമായിരുന്നില്ലേ എന്റെ ഇന്ന ദാസൻ രോഗിയായത്? എന്നിട്ട് നീ അവനെ സന്ദർശിച്ചില്ല. നീ അവനെ സന്ദർശിച്ചിരുന്നുവെങ്കിൽ നിനക്കെന്നെ അവന്റെയടുക്കൽ കാണാമായിരുന്നുവെന്ന് നിനക്കറിയാമായിരുന്നില്ലെ?
ആദമി(അ)ന്റെ പുത്രാ, ഞാൻ നിന്നോട് ഭക്ഷണം ആവശ്യപെട്ടു. പക്ഷെ, നീയെനിക്ക് ഭക്ഷണം നൽകിയില്ല. അവൻ പറയും. നാഥാ, ഞാനെങ്ങനെയാണ് നിനക്ക് ഭക്ഷണം നൽകുന്നത്, നീ പ്രപഞ്ചാധിപനല്ലേ? അവൻ ചോദിക്കും. നിനക്കറിയാമായിരുന്നില്ലേ എന്റെ ഇന്ന ദാസൻ നിന്നോട് ഭക്ഷണം ആവശ്യപ്പെട്ടത്? പക്ഷേ, നീ അവനെ ഭക്ഷിപ്പിച്ചില്ല. നിനക്കറിയാമായിരുന്നില്ലെ നീ അവനെ ഭക്ഷണമൂട്ടിയിരുന്നുവെങ്കിൽ അത് എന്റെ പക്കൽ നിനക്ക് കാണാമായിരുന്നുവെന്ന്.
ആദമിഅ)ന്റെ പുത്രാ, ഞാൻ നിന്നോട് കുടിവെള്ളം ചോദിച്ചു. പക്ഷേ, നീയെനിക്ക് നൽകിയില്ല. അവൻ പറയും. നാഥാ ഞാനെങ്ങനെയാണ് നിനക്ക് കുടിവെള്ളം നൽകുന്നത്. നീ പ്രപഞ്ചനാഥനല്ലേ അവൻ പറയും. എന്റെ ഇന്ന ദാസൻ നിന്നോട് കുടിവെള്ളം ചോദിച്ചു. പക്ഷെ, നീ അവന് നൽകിയില്ല. എന്നാൽ നീ അവന് നൽകിയിരുന്നുവെങ്കിൽ നിനക്കത് എന്റെയടുക്കൽ കാണാമായിരുന്നു.
രോഗിയെ സന്ദർശിക്കണം എന്നതിനപ്പുറം സന്ദർശകൻ പാലിക്കേണ്ട ചിട്ടകളും പ്രാർഥിക്കേണ്ട വചനങ്ങളും പുലർത്തേണ്ട മര്യാദകളും തിരുനബിﷺ തന്നെ പകർന്നു തന്നു. ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു. അനസ് ബിൻ മാലിക്(റ) പറഞ്ഞു. മരണാസന്നനായി കിടക്കുന്ന ഒരു യുവാവിന്റെ അടുക്കൽ നബിﷺ പ്രവേശിച്ചു. എന്നിട്ട് ചോദിച്ചു. താങ്കൾക്ക് എങ്ങനെയുണ്ട്? യുവാവ് പറഞ്ഞു. അല്ലാഹുവിന്റെ റസൂലേﷺ, എനിക്ക് അല്ലാഹുവിൽ പ്രതീക്ഷയുണ്ട്. എൻ്റെ പാപങ്ങളെ ഞാൻ ഭയക്കുകയും ചെയ്യുന്നു. നബിﷺ പറഞ്ഞു. ഒരു അടിമയുടെ ഹൃദയത്തിൽ ഇതുപോലുള്ള സന്ദർഭത്തിൽ ഇവ രണ്ടും അഥവാ ഭയവും പ്രതീക്ഷയും ഒന്നിച്ചു വന്നാൽ അയാൾ പ്രതീക്ഷിക്കുന്നത് അല്ലാഹു അയാൾക്ക് നൽകുകയും അയാൾ ഭയപ്പെടുന്നതിൽ നിന്ന് അയാൾക്ക് അല്ലാഹു നിർഭയത്വം നൽകുകയും ചെയ്യാതിരിക്കില്ല.
ആശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും വാചകങ്ങളായിരുന്നു നബിﷺ അവരോട് പങ്കുവെച്ചിരുന്നത്. രോഗിയുടെ ശമനത്തിനു വേണ്ടി പ്രത്യേകം പ്രാർഥിക്കുകയും ആരോഗ്യപൂർണ്ണമുള്ള തിരിച്ചുവരവിനെ കുറിച്ചു പ്രതീക്ഷ നൽകുകയും ചെയ്തു.
ഇമാം അബു ദാവൂദ്(റ) നിവേദനം ചെയ്യുന്നു. ഉമ്മു അലാഅ്(റ) പറഞ്ഞു. ഞാന്‍ രോഗിയായിരിക്കെ നബിﷺ എന്നെ സന്ദ൪ശിക്കുവാന്‍ വന്നു. അപ്പോള്‍ നബിﷺ പറഞ്ഞു. ഉമ്മുഅലാഅ്(റ) സന്തോഷിക്കുക, വെള്ളിയുടെയും സ്വ൪ണ്ണത്തിന്റേയും അഴുക്കിനെ തീ നിർമാർജനം ചെയ്യുന്നതുപോലെ ഒരു മുസ്‌ലിമിന്റെ രോഗം മൂലം അല്ലാഹു അവനെ പാപത്തിന്റെ മാലിന്യത്തിൽ നിന്നും ശുദ്ധീകരിക്കും.
ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിന്റെ ആശയം കൂടി വായിക്കാം. ഉമ്മുസലമ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. രോഗിയുടെയോ മയ്യത്തിന്റെയോ സമീപത്ത് സന്നിഹിതരാവുമ്പോള്‍ നല്ലതേ നിങ്ങള്‍ പറയാവൂ. നിങ്ങളുടെ പ്രാർഥനകള്‍ക്ക് മലക്കുകള്‍ ആമീന്‍ ചൊല്ലും.
Tweet 1080
തിരുനബിﷺ രോഗികളെ സന്ദർശിക്കുമ്പോൾ ചില സവിശേഷമായ പ്രാർഥനകൾ നിർവഹിച്ചിരുന്നു. ആശ്വാസവും പ്രാർഥനയും നിറഞ്ഞ ഒരു വാചകം രോഗികളുടെ സന്നിധിയിൽ വച്ച് പറയുമായിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്ത പ്രസ്തുത വാചകം ഇങ്ങനെയാണ്. “ലാ ബഅ്‌സ ത്വഹൂറുൻ ഇൻശാ അല്ലാഹ്” സാരമില്ല, സുഖമായിക്കൊള്ളും. ഇൻശാഅല്ലാഹ്! മറ്റൊരു പ്രാർഥനാ വാചകത്തിന്റെ ആശയം ഇപ്രകാരമാണ്. മനുഷ്യരുടെ റബ്ബേ, വിഷമങ്ങൾ അകറ്റി ഇദ്ദേഹത്തിന് ശമനം നൽകേണമേ. നീയാണല്ലോ ശമനം നൽകുന്നവൻ. നിന്റെ ശമനമല്ലാതെ യാതൊരു ശമനവും പ്രതീക്ഷിക്കാനില്ല. യാതൊരു രോഗവും ബാക്കിയാകാത്തവിധം നീ ഇദ്ദേഹത്തിന് ശമനം നൽകേണമേ!
മൂന്നാമതൊരു പ്രാർഥനയും ആശയവും ഇങ്ങനെ വായിക്കാം. “അസ്‌അലുല്ലാഹൽ അള്വീം റബ്ബൽ അർശിൽ അള്വീം അൻ യശ്‌ഫിയക.” അതിഗാംഭീര്യമുള്ള ‘അർശി’ന്റെ അധിപനും, മഹത്വമുള്ളവനുമായ അല്ലാഹുവിനോട് താങ്കൾക്ക് രോഗശമനം നൽകുന്നതിനുവേണ്ടി ഞാൻ തേടുന്നു.
ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. നബിﷺ പറഞ്ഞു. “ഇങ്ങനെ അഥവാ അസ്‌അലുല്ലാഹൽ അള്വീം റബ്ബൽ അർശിൽ അള്വീം അൻ യശ്‌ഫിയക” എന്ന് ഏഴു പ്രാവശ്യം പ്രാർഥിച്ചാൽ, ആ രോഗിയുടെ മരണ സമയമായിട്ടില്ലെങ്കിൽ അല്ലാഹു ആ രോഗത്തിന് ശമനം നൽകാതിരിക്കില്ല.
തിരുനബിﷺ ഒരു രോഗിയെ സന്ദർശിച്ച വ്യത്യസ്തമായ ഒരു അനുഭവം ഇങ്ങനെ വായിക്കാം. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അനസ്(റ) പറയുന്നു. യഹൂദിയായ ഒരു കുട്ടി നബിﷺക്ക് പരിചാരകനായുണ്ടായിരുന്നു. അവൻ രോഗബാധിതനായപ്പോൾ നബിﷺ അവനെ സന്ദർശിക്കാൻ ചെന്നു. നബിﷺ അവന്റെ തലക്ക് സമീപം ഇരുന്നിട്ട് അവനോട് പറഞ്ഞു. നീ ഇസ്‌ലാം സ്വീകരിക്കുക. തദവസരം തന്റെ സമീപമുണ്ടായിരുന്ന പിതാവിനെ അവനൊന്ന് നോക്കിയപ്പോൾ പിതാവ് പറഞ്ഞു. നീ അബുൽ ഖാസിമിനെ അഥവാ തിരുനബിﷺയെ അനുസരിച്ചു കൊള്ളുക. അങ്ങനെ അവൻ ഇസ്‌ലാം സ്വീകരിച്ചു. നബിﷺ അവിടെ നിന്ന് പുറത്തിറങ്ങി ഇപ്രകാരം പറഞ്ഞു. അവനെ നരകത്തിൽ നിന്ന് രക്ഷിച്ച അല്ലാഹുവിന് സർവ്വസ്തുതിയും.
വിശ്വാസികളെ മാത്രമല്ല അവിശ്വാസികളെയും രോഗ സന്ദർശനം നടത്തുകയും അവരുടെ ക്ഷേമത്തിനും മോക്ഷത്തിനും വേണ്ടി പ്രാർഥിക്കുകയും ചെയ്ത പ്രവാചകാധ്യാപനമാണ് നാം വായിച്ചത്. ലോക നേതാവായിരിക്കെ തന്നെ പരിചാരകനെ അന്വേഷിച്ചു പോകാനും അദ്ദേഹത്തിൻ്റെ ആത്യന്തിക മോക്ഷത്തിനു വേണ്ടി അവസാനം വരെ ആഗ്രഹിക്കാനും നബിﷺയുടെ ജീവിത ചിട്ടയ്ക്ക് സാധിച്ചു. തിരുനബിﷺ പഠിപ്പിക്കുകയും ഉൾക്കൊള്ളുകയും ചെയ്ത വിശ്വാസപ്രകാരം മരണാനന്തരമുള്ള ആത്യന്തികമായ മോക്ഷം അല്ലാഹുവിനെ വിശ്വസിക്കുന്നവർക്കാണല്ലോ. അത് പ്രിയപ്പെട്ട പരിചാരകന് നിഷേധിക്കപ്പെടരുത് എന്ന് കരുതിയാണ് സമാധാനത്തിന്റെ വഴിയിലേക്ക് വരൂ എന്ന അർഥത്തിൽ ഇസ്‌ലാമിക ദർശനത്തിലേക്ക് ക്ഷണിക്കുന്നത്. പരിചാരകൻ സമ്മതം തേടാൻ വേണ്ടി പിതാവിനെ നോക്കുന്നു. പിതാവ് സമ്മതം പറഞ്ഞതോടെ ഇസ്‌ലാം ദർശനത്തിന്റെ അടിസ്ഥാന വിശ്വാസം അദ്ദേഹം പ്രഖ്യാപിക്കുന്നു.
രോഗങ്ങളാൽ പരീക്ഷിക്കപ്പെട്ടവരെ കാണുമ്പോൾ സവിശേഷമായ ചില പ്രാർഥനകൾ കൂടി തിരുനബിﷺ നിർവഹിക്കാറുണ്ടായിരുന്നു. ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. “അൽഹംദുലില്ലാഹില്ലദീ ആഫാനീ മിമ്മബ്‌തലാക ബിഹി വഫള്ള്വലനീ അലാ കസീറിൻ മിമ്മൻ ഖലഖ തഫ്‌ള്വീലാ” അഥവാ നിന്നെ ബാധിച്ചത് പോലുള്ള വിപത്തിൽ നിന്ന് എനിക്ക് സൗഖ്യവും രക്ഷയും നൽകുകയും; സൃഷ്‌ടികളിൽ പല ആളുകളെക്കാളും എന്നെ ഉത്‌കൃഷ്‌ടനാക്കുകയും ചെയ്‌ത അല്ലാഹുവിനാണ് എല്ലാ സ്‌തുതിയും.
രോഗം കൊണ്ടോ മറ്റോ പരീക്ഷിക്കപ്പെട്ട ആളെ കാണുമ്പോൾ മേൽപ്പറഞ്ഞ പ്രാർഥന ചൊല്ലിയാൽ പുതിയ ആൾക്ക് ആ വിപത്തിൽനിന്ന് അല്ലാഹു സംരക്ഷണം നൽകാതിരിക്കില്ല. എന്ന് തിരുനബിﷺ പഠിപ്പിച്ചു.
ഈ പ്രാർഥന രോഗി കേൾക്കുന്ന വിധത്തിൽ നിർവഹിക്കരുത്. മനസ്സിൽ പ്രാർഥിക്കുകയും രോഗിക്ക് ക്ഷേമപരമായ സമീപനം മാത്രം രോഗിയോട് പുലർത്തുകയും വേണം.
Tweet 1081
തിരുനബിﷺ രോഗികളെ സന്ദർശിച്ചപ്പോഴുണ്ടായ വ്യത്യസ്ത അനുഭവങ്ങളിൽ ഒന്നാണ് ആസന്നമരണനായ അബൂസലമ(റ)യെ സന്ദർശിച്ചത്. ഇമാം അഹ്മദും(റ) മുസ്ലിമും(റ) ഉദ്ധരിക്കുന്നു. അബൂബക്കറത്ത്(റ) പറഞ്ഞു. തിരുനബിﷺ രോഗിയായ അബൂസലമ(റ)യെ സന്ദർശിക്കാൻ വന്നു. തിരുനബിﷺ പ്രവേശിച്ചതും അദ്ദേഹം ലോകത്തോട് വിട പറഞ്ഞതും ഒരേ സമയത്തായിരുന്നു. പരേതന്റെ കുടുംബക്കാർ സംസാരിച്ചുകൊണ്ടിരിക്കുന്നതിനെ കുറിച്ച് അവിടെയുള്ളവർ തിരുനബിﷺയോട് പറഞ്ഞു. അപ്പോൾ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. നിങ്ങൾ നിങ്ങളുടെ നന്മയ്ക്കു വേണ്ടി അല്ലാതെ പ്രാർഥിക്കരുത്. മരണപ്പെട്ടവരുടെ അടുക്കൽ മലക്കുകൾ ഹാജരാകും. കുടുംബക്കാർ അവിടെ നിർവഹിക്കുന്ന പ്രാർഥനയ്ക്ക് അവർ ആമീൻ ചൊല്ലും. തിരുനബിﷺ മരണപ്പെട്ട അബൂസലമ(റ)യുടെ കൺപോളകൾ അടച്ചു കൊടുത്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഒരാളിൽ നിന്ന് ആത്മാവ് പിരിഞ്ഞു പോകുമ്പോൾ കണ്ണുകൾ ആത്മാവിനെ പിന്തുടരും. ശേഷം, ഇപ്രകാരം പ്രാർഥിച്ചു. അല്ലാഹുവേ അബൂസലമ(റ)യ്ക്ക് നീ പൊറുത്തു കൊടുക്കേണമേ. നേർമാർഗികളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ പദവി നീ ഉയർത്തേണമേ! അദ്ദേഹത്തിൻ്റെ പ്രഭാവത്തെ നീ മഹത്വപ്പെടുത്തേണമേ. അദ്ദേഹത്തിന് നല്ല പിൻഗാമികളെ നൽകേണമേ. സർവ്വലോക പരിപാലകനായ അല്ലാഹുവേ, അദ്ദേഹത്തിനും ഞങ്ങൾക്കും നീ പൊറുത്തു തരേണമേ. അദ്ദേഹത്തിൻ്റെ ഖബർ വിശാലമാക്കുകയും പ്രകാശിപ്പിക്കുകയും ചെയ്യേണമേ.
ആസന്നമരണരുടെയും മരണപ്പെട്ടവരുടെയും സമീപത്ത് എങ്ങനെയൊക്കെയായിരിക്കണം എന്ന് വ്യക്തമായി തിരുനബിﷺ പഠിപ്പിച്ചു. ഒരാളുടെ ആത്മാവ് പിരിയുന്ന നേരത്ത് അടുത്തുണ്ടായാൽ എന്തൊക്കെ കാര്യങ്ങളാണ് ചെയ്തു കൊടുക്കേണ്ടത് എന്ന് വിശദമായ അധ്യാപനം നടത്തി. ഒരാളുടെ ശരീരത്തിൽ നിന്ന് ആത്മാവ് പിരിയുമ്പോൾ അയാളിൽ ഉണ്ടാവുന്ന മാറ്റങ്ങളും അവസ്ഥകളും ഏറ്റവും കൃത്യവും വ്യക്തവുമായി അനുയായികൾക്കും ലോകത്തിനും പഠിപ്പിച്ചുകൊടുത്തു.
ഒരാൾ ലോകത്തോട് വിടപറയുമ്പോൾ അയാൾ അനുഭവിക്കുന്ന ആത്മീയ അവസ്ഥകളും ഒരാളുടെ വിയോഗം കൊണ്ട് ആശ്രിതർ അനുഭവിക്കുന്ന വിരഹ നൊമ്പരങ്ങളും മരണപ്പെട്ട വ്യക്തിയോട് സമൂഹം നിർവഹിക്കേണ്ട ദൗത്യങ്ങളും തിരുനബിﷺയോളം എണ്ണിപ്പറഞ്ഞ ഒരു വ്യക്തിത്വത്തെയും എവിടെയും നമുക്ക് വായിക്കാൻ ലഭിക്കില്ല. അത്രമേൽ വിശദവും വ്യക്തവുമായി ഓരോ വശങ്ങളെയും അവിടുന്ന് വിശദീകരിച്ചു തന്നു. ഉറ്റവരുടെ വിയോഗം കൊണ്ട് മനുഷ്യർ അനുഭവിക്കുന്ന നൊമ്പരങ്ങളിൽ, ബന്ധുക്കളിൽ നിന്ന് അടർന്നുവീഴുന്ന അശ്രുകണങ്ങളിൽ വൈകാരികമായി വന്നുചേരുന്ന സാഹചര്യങ്ങളിൽ എല്ലാം നിറഞ്ഞു നിന്നു കൊണ്ടായിരുന്നു അവിടുത്തെ അധ്യാപനങ്ങളോരോന്നും.
തിരുനബിﷺക്ക് വളരെ പ്രിയപ്പെട്ട മൂന്നാളുകൾ മുഅ്താ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ഉറ്റമിത്രം അബ്ദുല്ലാഹ് ബിൻ റവാഹ(റ), പ്രിയ പരിചാരകൻ സൈദുബ്നു ഹാരിസ(റ), പിതൃ സഹോദരന്റെ മകൻ ജഅ്ഫർ ബിൻ അബീത്വാലിബ്(റ) എന്നിവരായിരുന്നു ആ മൂന്നു പേർ. ഇവരുടെ വിയോഗം അറിഞ്ഞതും തിരുനബിﷺയുടെ മുഖത്ത് ദുഃഖം തളം കെട്ടി. അവിടുന്ന് പള്ളിയിൽ ഇരുന്നപ്പോൾ മുഖത്തു നിറഞ്ഞു നിന്ന ദുഃഖഭാവം വാതിൽ പാളിയിലൂടെ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു എന്ന് നബി പത്നി ആഇശ(റ) പറയുന്നുണ്ട്. ഇമാം അഹ്മദും(റ) മറ്റും ഇത് നിവേദനം ചെയ്യുന്നു.
യാഥാർത്ഥ്യങ്ങളെക്കുറിച്ചായിരുന്നു തിരുനബിﷺയുടെ സംസാരം. കേവലമായോ അലങ്കാരങ്ങൾക്കോ അർത്ഥശൂന്യമായ വികാരപ്രകടനങ്ങൾക്കോ അവിടുന്ന് അവസരം നൽകിയില്ല. നിങ്ങളിൽ നിന്ന് വിട്ടു പിരിഞ്ഞു പോകുന്ന ആൾ എങ്ങോട്ടാണ് പോകുന്നത് എന്ന് നിങ്ങൾക്കറിയുമോ? നിങ്ങൾ മറമാടിയിട്ട് വരുന്ന ആളുകൾ ഖബറിടങ്ങളിൽ എന്ത് അവസ്ഥയിലായിരിക്കുമെന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? തുടങ്ങിയ വിചാരങ്ങളെ ഉണർത്തുന്നതായിരുന്നു മരണപ്പെട്ടവരെ കുറിച്ചുള്ള സംസാരങ്ങൾ.

Tweet 1082
അനസ് ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു. ഖുർആൻ പരിജ്ഞാനികളായ ഒരു സംഘം സ്വഹാബികളെ ഒരു നിവേദക സംഘത്തിൽ തിരുനബിﷺ നിയോഗിച്ചു. ബിഅർ മഊന സംഭവത്തിൽ അവർ കൊല്ലപ്പെട്ടു. ഈ വാർത്ത അറിഞ്ഞപ്പോൾ തിരുനബിﷺ ഏറെ ദുഃഖിതരായി. അത്രമേൽ അവിടുത്തേക്ക് നൊന്ത ഒരു ദിവസം എൻ്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല.
ഉറ്റവരുടെയും മഹത്തുക്കളുടെയൂം വിരഹത്തിൽ വേദനിക്കുന്ന നബി ഹൃദയത്തിന്റെ വൈകാരികതയെ കുറിച്ചാണ് ശിഷ്യനായ അനസുബ്നു മാലിക്(റ) ഇവിടെ പങ്കുവെച്ചത്.
അബ്ദുറഹ്മാൻ ബിൻ ഔഫ്(റ) പറയുന്നു. തിരുനബിﷺയുടെ പ്രിയപ്പെട്ട മകൻ ഇബ്രാഹിമിനെ നബിﷺ മടിയിലേക്ക് കിടത്തി. അപ്പോൾ മകൻ ആസന്ന ഘട്ടത്തിലായിരുന്നു. അധികം വൈകാതെ തന്നെ ആ മടിത്തട്ടിൽ കിടന്നു തന്നെ മകൻ യാത്രയായി. മെല്ലെ ശരീരം ഇറക്കി കിടത്തിയിട്ട് അവിടുന്ന് കരയാൻ തുടങ്ങി. അപ്പോൾ ഞാൻ ചോദിച്ചു. അല്ല അവിടുന്ന് കരയുകയാണോ. അവിടുന്ന് അല്ലാഹുവിന്റെ ദൂതനും പ്രവാചകനുമല്ലേ. അവിടുന്ന് കരയരുതെന്ന് വിലക്കിയിട്ടില്ലേ! ഉടനെ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. കരച്ചിൽ ഞാൻ വിലക്കിയിട്ടില്ല. വിപത്തുകൾ സംഭവിക്കുമ്പോൾ അലമുറയിട്ട് കരയുന്നതും അട്ടഹസിക്കുന്നതും മാറു വലിച്ചുകീറുന്നതും തുടങ്ങി എല്ലാം മറന്നു കൊണ്ടുള്ള സമീപനങ്ങളെയാണ് വിലക്കിയിട്ടുള്ളത്. ഇപ്പോൾ എനിക്ക് കരച്ചിൽ വന്നത് അത് കാരുണ്യത്തിന്റെ സമീപനമാണ്. കരുണയില്ലാത്തവർക്ക് കരുണ ലഭിക്കുകയില്ല. അല്ലയോ മോനെ ഇബ്രാഹീമേ! മോന്റെ വിരഹത്തിൽ വേദനയുണ്ട്. അല്ലാഹുവിന്റെ നിശ്ചയവും വിധിയും എന്ന കൃത്യതയില്ലായിരുന്നുവെങ്കിൽ, ദുഃഖപ്രകടനങ്ങൾ നമുക്ക് മതിയാകുമായിരുന്നില്ല. ഹൃദയം തേങ്ങുന്നുണ്ട്. കണ്ണുകൾ ഒലിക്കുന്നുണ്ട്. പക്ഷേ, അല്ലാഹുവിന് ഇഷ്ടമില്ലാത്തതൊന്നും നമ്മൾ ചെയ്യുകയോ പറയുകയോ ഇല്ല.
ഉറ്റവരുടെ വിയോഗത്തിൽ വേദനിക്കുന്ന ഹൃദയങ്ങളോടും മനസ്സുകളോടും വികാരവും വിചാരവും ചേർത്തുവച്ചുകൊണ്ടുള്ള സമീപനത്തെ പ്രായോഗികമായി പഠിപ്പിക്കുകയാണ് തിരുനബിﷺ. വിരഹത്തിന്റെ നൊമ്പരവും അതിൽ തേങ്ങുന്ന ഹൃദയവും ഒലിക്കുന്ന നേത്രങ്ങളും ഒക്കെ ആകാം. പക്ഷേ എല്ലാം മറന്നു കൊണ്ടുള്ള ശബ്ദ കോലാഹലങ്ങളോ അതിരുവിട്ട ദുഃഖ പ്രകടനങ്ങളോ ഇസ്‌ലാം അനുവദിക്കുന്നില്ല. കാരണം എല്ലാ മനുഷ്യരും ഇവിടെയൊക്കെ ജനിച്ചു വന്നവർ. എല്ലാവരും ഒരുനാൾ ഇവിടുന്ന് പോകേണ്ടവർ. നിശ്ചയിക്കപ്പെടാതെ ആരും ഇവിടേക്ക് വന്നിട്ടില്ല. യാഥാർത്ഥ്യത്തെ കാണാതിരുന്നിട്ട് കാര്യമില്ല.
മരണം ഒരു പൂർണ്ണമായ പര്യവസാനമല്ല. ഈ ലോകത്ത് നിന്ന് പരലോകത്തേക്കുള്ള ഒരു കൂടുമാറ്റമാണ്. അവിടെ ജയിച്ചിരിക്കണം എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനനുസരിച്ചായിരിക്കണം ഇവിടുത്തെ ജീവിതം എന്നതാണ് പ്രമേയം. വിധികർത്താവിനെയും വിധി നിർണയങ്ങളെയും അവഗണിച്ചും മറന്നും വിലപിക്കുന്നതും ശബ്ദകോലാഹലങ്ങൾ ഉയർത്തുന്നതും യാഥാർത്ഥ്യങ്ങളോടുള്ള ശരിയായ സമീപനത്തിൽ നിന്ന് മാറിനിൽക്കലാണ്. വസ്തുതകളോടൊപ്പം നിൽക്കാനും ശരിയായ ആലോചനകൾ ഏതുസമയത്തും ഉണ്ടായിരിക്കാനുമാണ് മതവും വേദവും പ്രവാചകനുമെല്ലാം വന്നത്.
അബ്ദുല്ലാഹിബ്നു ഉമർ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസുണ്ട്. സഅദ് ബിൻ ഉബാദ(റ) രോഗിയായി. തിരുനബിﷺ അദ്ദേഹത്തെ സന്ദർശിക്കാൻ വേണ്ടി വന്നു. അബ്ദുറഹ്മാനുബ്നു ഔഫും(റ) സഅദ് ബിൻഅബീ വഖാസും(റ) അബ്ദുല്ലാഹിബ്നു മസ്ഊദും(റ) ഒപ്പമുണ്ടായിരുന്നു. തിരുനബിﷺ പ്രവേശിച്ചതും രോഗിയുടെ കുടുംബാദികൾ കരയുന്നത് കേട്ടു. അവിടുന്ന് ചോദിച്ചു. അല്ല, അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു പോയോ? ഇല്ല. തിരുനബിﷺയുടെ കണ്ണുകൾ ഈറനണിഞ്ഞു. അനുചരന്മാർ ചോദിച്ചു. അല്ല, അവിടുന്ന് കരയുകയാണോ? അവിടുന്ന് അല്ലാഹുവിന്റെ ദൂതരല്ലേ? അപ്പോൾ നബിﷺ ഇങ്ങനെ പറഞ്ഞു. നിങ്ങൾ കേൾക്കുന്നില്ലേ? ഒലിക്കുന്ന കണ്ണുനീർ കൊണ്ടോ വിഷമിക്കുന്ന ഹൃദയത്തിന്റെ കാരണമോ അല്ലാഹു ശിക്ഷിക്കുകയില്ല. പക്ഷേ ഇതു കാരണത്താൽ ശിക്ഷിക്കപ്പെട്ടേക്കും എന്നു പറഞ്ഞ് നാവിലേക്ക് ചൂണ്ടിക്കാണിച്ചു.
അബദ്ധ വർത്തമാനങ്ങളും അല്ലാഹുവിനെ മറന്നുള്ള ഒച്ചപ്പാടുകളും ശിക്ഷാർഹമായ കുറ്റങ്ങളായി വരും. വിരഹത്തിന്റെ നൊമ്പരവും ഖനീഭവിക്കുന്ന കണ്ണുനീരും ശിക്ഷയ്ക്ക് നിമിത്തമാവുകയില്ലെന്ന്.
Tweet 1083
ഖൈസ് ബിൻ അബൂ ഹാസിം(റ) പറയുന്നു. പിതാവ് വധിക്കപ്പെട്ടതിനുശേഷം ഉസാമത്തുബിനു സൈദ്(റ) നബിﷺയുടെ അടുക്കലേക്ക് വന്നു. നിർനിമേശനായി തിരുനബി സന്നിധിയിൽ നിന്നു. അപ്പോൾ തിരുനബിﷺയുടെ നേത്രങ്ങൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. പിറ്റേന്നും അതേ സ്ഥലത്തേക്ക് വന്ന് തിരുനബിﷺയെ കണ്ടു. അപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു. ഇന്നലെ നാം കണ്ടുമുട്ടിയ അതേ അവസ്ഥയിൽ തന്നെയാണ് ഇപ്പോൾ കണ്ടുമുട്ടുന്നതും.
തിരുനബിﷺയുടെ സേവകനും പോറ്റു മകനുമായ സൈദി(റ)ന്റെ വിയോഗം തിരുനബിﷺയെ ആഴത്തിൽ ബാധിച്ചു എന്നാണ് ഈ പരാമർശത്തിന്റെ അർഥം. സൈദി(റ)ൻ്റെ മകനെ കാണുമ്പോൾ തിരുനബിﷺക്ക് അടങ്ങാത്ത ദുഃഖം കണ്ണുനീരായ് ഒലിച്ചിറങ്ങി. ഇത്തരം വൈകാരികതകളെ അന്യവൽക്കരിക്കുകയല്ല മതം ചെയ്യുന്നത്. പരിധിയും ബോധവും പരിപാലിച്ചുകൊണ്ട് നേരിടാൻ വേണ്ടി പഠിപ്പിക്കുകയായിരുന്നു.
മഹതി ആഇശ(റ) പറയുന്നു. സഅദ്(റ)നു സുഖമില്ലാതെയായി. അദ്ദേഹം ആസന്ന മരണനായപ്പോൾ തിരുനബിﷺയും അബൂബക്കറും(റ) ഉമറും(റ) കരഞ്ഞു. അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും കരച്ചിൽ വേർതിരിച്ചു മനസ്സിലാകുമായിരുന്നു. തിരുനബിﷺയുടെ കണ്ണുകൾ ഒലിക്കുന്നുണ്ട്. അവിടുന്ന് മുഖം തടവുന്നുണ്ട്. എന്നാൽ ശബ്ദം കേൾക്കുന്നുണ്ടായിരുന്നില്ല.
ഏറ്റവും പ്രിയപ്പെട്ടവരുടെ വിയോഗത്തിലും എങ്ങനെയാണ് ആത്മനിയന്ത്രണവും സഹിഷ്ണുതയും ഉണ്ടാകേണ്ടതെന്ന് സ്വന്തം ജീവിതത്തിലൂടെ ആവിഷ്കരിക്കുകയായിരുന്നു പുണ്യ റസൂൽﷺ.
ചില സന്ദർഭങ്ങളിൽ തിരുനബിﷺ ദുഃഖം അടക്കിപ്പിടിക്കുകയും അവിടുത്തെ താടിയിൽ തലോടിക്കൊണ്ടിരിക്കുകയും ചെയ്യുമായിരുന്നു എന്ന് മഹതി ആഇശ(റ) പറയുന്നുണ്ട്.
അബൂ നളൂർ സാലിം(റ) റിപ്പോർട്ട് ചെയ്യുന്നു. ഉസ്മാൻ ബിൻ മള്ഗൂൻ(റ) ഇഹലോകവാസം വെടിഞ്ഞപ്പോൾ തിരുനബിﷺ അവിടേയ്ക്ക് കടന്നുവന്നു. തിരുനബിﷺ ഒരു വസ്ത്രം ആവശ്യപ്പെടുകയും അദ്ദേഹത്തിൻ്റെ ശരീരത്തിന്മേൽ മൂടുകയും ചെയ്തു. അൻസ്വാരികളിൽ പെട്ട ഒരു സ്ത്രീയുടെ അടുക്കലായിരുന്നു മഹാനവർകൾ താമസിച്ചിരുന്നത്. ഉമ്മു മുആദ്(റ) എന്നായിരുന്നു ആ സ്ത്രീയുടെ വിലാസം. അവർ പറയുന്നു. തിരുനബിﷺ ഏറെ നേരം ഉസ്മാനി(റ)ന്റെ മുഖത്തിന് നേരെ തന്നെ കുനിഞ്ഞുനിന്നു. അതുകൊണ്ട് അനുയായികളും അതേ രീതിയിൽ അനുകരിച്ചു. പിന്നീട് അല്പം മാറി നിന്ന് തിരുനബിﷺ കരയാൻ തുടങ്ങി. ഇത് കണ്ടതും കുടുംബാദികൾ കൂടി കരഞ്ഞു. അപ്പോൾ പ്രവാചകൻﷺ ഇങ്ങനെ പ്രാർഥിച്ചു. അല്ലയോ അബൂ സാഇബേ(റ), അല്ലാഹു നിങ്ങൾക്ക് കരുണ ചെയ്യട്ടെ.
എല്ലാവരുടെയും വിയോഗം ഒരുപോലെയല്ലല്ലോ സ്വാധീനിക്കുക. വളരെ വേണ്ടപ്പെട്ടവരും പ്രിയപ്പെട്ടവരും വിട്ടു പിരിയുമ്പോൾ ആഴത്തിൽ ദുഃഖം ഇറങ്ങിചെല്ലും. ചില സന്ദർഭങ്ങളിൽ പ്രധാന ദൗത്യം നിർവഹിക്കുന്നവർ നമ്മെ വിട്ടുപിരിയുമ്പോൾ താങ്ങാനാവില്ല. തിരുനബിﷺക്ക് ഒരു നേതാവും തിരുനബിﷺയും എന്ന അർഥത്തിൽ ഒരുപാട് മാനങ്ങളിൽ ആഴ്ന്ന ബന്ധങ്ങളുള്ളവരുണ്ട്. കേവലം കുടുംബാധികളോ ബന്ധുക്കളോ മാത്രമല്ല. ആത്മാർത്ഥമായി അവിടുന്ന് ചേർത്തുപിടിച്ച സ്വഹാബികൾ. ഇസ്ലാമിക ആദർശ സംസ്ഥാപനത്തിനുവേണ്ടി സമരക്കളത്തിൽ ഒപ്പം നിന്നവർ. മുന്നേറ്റത്തിന്റെ ആദ്യ നാളുകളിൽ എല്ലാം സമർപ്പിച്ചവർ. പ്രയാസ ഘട്ടങ്ങളിൽ അഭയം നൽകിയവർ. ആദർശത്തിന്റെ പേരിൽ സ്വദേശം വിടേണ്ടിവന്ന അനുയായികളെ ഒന്നാകെ ഏറ്റെടുത്ത് പാർപ്പിച്ചവർ.
ഇങ്ങനെ ഏതെല്ലാം മാനങ്ങളിലൂടെയും മാനദണ്ഡങ്ങളിലൂടെയും വൈകാരികമായ സ്വാധീനങ്ങൾ നബിﷺയിലേക്ക് കടന്നുവരും. വിരഹത്തിന്റെ വേദനകളുണ്ടാകുന്ന നേരത്ത് പതഞ്ഞു വരുന്ന ഓർമകളോടെല്ലാം പക്വതയോടെ പ്രതികരിക്കാൻ അവിടുത്തേക്ക് സാധിച്ചു. പകർത്തപ്പെടേണ്ട സന്ദേശമായി ലോകം മുഴുവനും അത് വായിച്ചു കൊണ്ടിരിക്കുന്നു.
Tweet 1084
ഇമാം അഹ്മദും(റ) ഇബ്നു അബീശൈബ(റ)യൂം ഉദ്ധരിക്കുന്നു. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. തിരുനബിﷺയുടെ മകൾ റുഖിയ്യ(റ) മരണപ്പെട്ടപ്പോൾ സ്ത്രീകൾ നിലവിളിക്കാൻ തുടങ്ങി. ഈ രംഗം കണ്ട ഉമർ(റ) അവരെ തടയുകയോ ചാട്ടവാർ ഉപയോഗിച്ച് അടിക്കുകയോ ചെയ്തു. തിരുനബിﷺ അദ്ദേഹത്തെ തടഞ്ഞു. എന്നിട്ട് പറഞ്ഞു. അവരെ വിട്ടേക്കുക. നബിﷺ അവരെ അഭിസംബോധന ചെയ്തുകൊണ്ട് ഇങ്ങനെ പറഞ്ഞു. നിങ്ങൾ കരഞ്ഞോളൂ. കുഴപ്പമില്ല. പക്ഷേ, പൈശാചികമായ കോലാഹലങ്ങളും നിലവിളിയും ഒന്നുമുണ്ടാവരുത്. കണ്ണും ഖൽബും കരയുന്നതിൽ തകരാറില്ല. അതു കാരുണ്യത്തിന്റെ പ്രകാശനങ്ങളാണ്. നാവും കൈകളും അഥവാ ഒച്ചപ്പാടും മാറുവലിച്ചു കീറലും ഒക്കെ പൈശാചികമാണ്. റുഖിയ്യ(റ)യുടെ ഖബറിന്റെ അടുത്തുകൂടി കണ്ണുനീർ ഒലിപ്പിച്ചുകൊണ്ട് ഫാത്വിമ(റ) കടന്നുപോയി. തിരുനബിﷺ അവിടുത്തെ തിരുകരങ്ങൾ കൊണ്ട് കണ്ണുനീർ തുടച്ചു കൊടുത്തു. അല്ലെങ്കിൽ വസ്ത്രം കൊണ്ട് മുഖം തടവി കൊടുത്തു.
മരണവീടുകളിൽ ഉണ്ടാകാറുള്ള ബഹളങ്ങളും കോലാഹലങ്ങളും അലമുറയും അട്ടഹാസവും പൈശാചികമാണെന്ന് ബോധ്യപ്പെടുത്തുകയും അത്ര ഗൗരവത്തിൽ കാര്യം മനസ്സിലാക്കിയിട്ടില്ലാത്ത സ്ത്രീകളോട് കർക്കശമായി നിലപാട് സ്വീകരിച്ച ഉമറുൽ ഫാറൂഖി(റ)നെ നബിﷺ തടഞ്ഞുനിർത്തി, സ്ത്രീകളെ ഉപദേശിക്കുകയും ചെയ്തു. വിരഹത്തിന്റെ വേദനയും വിയോഗത്തിന്റെ ദുഃഖവും പാടെ നിഷേധിക്കുകയല്ല ഇവിടെ. കരണീയമായ രൂപത്തിൽ അതൊക്കെ ആകാം എന്ന് പഠിപ്പിക്കുകയാണ്. എന്നാൽ, അല്ലാഹുവിന്റെ വിധിയും നിയമങ്ങളും നിർണയങ്ങളും മറന്നു കൊണ്ടുള്ള ഏതു പെരുമാറ്റത്തെയും തിരുനബിﷺ തന്നെ നേരിട്ട് തിരുത്തി.
മരണവീടുകളിൽ കൂലിക്ക് കരയുന്ന സ്ത്രീകളുണ്ടായിരുന്നു. ശോകമായ അന്തരീക്ഷം നിലനിർത്താനും വിയോഗത്തിന്റെ ദുഃഖം അടയാളപ്പെടുത്താനുമുള്ള ഒരു രീതിയായിട്ടാണ് അവർ അതിനെ കണ്ടിരുന്നത്. അത്തരം നടപടികൾ നേരിട്ട് കണ്ടപ്പോൾ തിരുനബിﷺ അപ്പോൾ തന്നെ തിരുത്തി.
വിവരമില്ലാത്ത കാലത്തെ സമ്പ്രദായങ്ങളെയും നടപടികളെയും കേവലം നിയമം കൊണ്ട് മാത്രമായിരുന്നില്ല അവിടുന്ന് തിരുത്തിയത്. തിരുനബിﷺയുടെ തന്നെ ഉറ്റവരും ഉടയവരും ഇഹലോകവാസം വെടിഞ്ഞപ്പോൾ ദുഃഖം ഏതു വരെ ആകാമെന്ന് സ്വന്തം ജീവിതം കൊണ്ട് തിരുനബിﷺ പകർന്നു നൽകി. അന്നുണ്ടായിരുന്ന ആചാരങ്ങളോടെ അത്തരം സന്ദർഭങ്ങളെ സമീപിച്ചവരോട് ഇസ്‌ലാമിന്റെ നേർവഴി പറഞ്ഞുകൊടുക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്തു.
ഉറ്റമിത്രങ്ങളിൽ ഏറെ ആത്മബന്ധമുള്ള സ്വഹാബികളിൽ പലരും മരണപ്പെട്ടപ്പോൾ കണ്ണീരൊലിച്ചുകൊണ്ട് നിൽക്കുന്ന തിരുനബിﷺയെ നാം വായിച്ചു കഴിഞ്ഞു. പരേതന്റെ ശരീരത്തോടൊപ്പം മറമാടുന്ന സ്ഥലത്ത് വരെ പോവുകയും ഏറെനേരം അവരുടെ ഖബറിന്റെ അടുക്കൽ തന്നെ കഴിച്ചുകൂട്ടുകയും ചെയ്ത അനുഭവങ്ങളുമുണ്ട്. അവിടുത്തെ തിരുകരങ്ങൾ കൊണ്ട് തന്നെ ഖബറകങ്ങൾ ശരിപ്പെടുത്തി കൊടുക്കുകയും പാരത്രിക മോക്ഷത്തിനുവേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്തു.
മരണപ്പെട്ടവരെ മറമാടുമ്പോൾ സജ്ജനങ്ങളെ യാത്രയാക്കാൻ ഒരുമിച്ചു കൂടുന്ന മലക്കുകളെ കുറിച്ച് പലതവണയും തിരുനബിﷺ പറഞ്ഞിട്ടുണ്ട്. പ്രിയപ്പെട്ട അനുചരൻ സഅദി(റ)ന്റെ വിയോഗത്തിൽ അവിടുന്ന് ഏറെ ദുഃഖത്തിലായി. ജനാസയുമായി പോകുമ്പോൾ സാന്നിധ്യം അറിയിച്ച മലക്കുകളുടെ ബാഹുല്യത്തെ കുറിച്ച് മറ്റു ശിഷ്യന്മാരോട് തിരുനബിﷺ പങ്കുവെച്ചു. എന്നിട്ടുപോലും അദ്ദേഹത്തിൻ്റെ ഖബറിൽ പ്രാഥമിക പരീക്ഷണങ്ങളുണ്ടായിരുന്നു എന്ന് കാര്യഗൗരവത്തോടെ തന്നെ ഉൽബോധിപ്പിച്ചു. ഈ ലോകത്ത് നിന്ന് വിട പറയുന്നത് മനുഷ്യ ജീവിതചക്രത്തിന്റെ ഒരു ഘട്ടത്തിൽ നിന്ന് മറ്റൊരു ഘട്ടത്തിലേക്ക് കൂട് മാറ്റുകയാണെന്ന് നിരന്തരമായി പറഞ്ഞു പഠിപ്പിച്ചു കൊണ്ടിരുന്നു.
Tweet 1085
ഒരാൾ മരണപ്പെട്ടാൽ അയാളോട് എങ്ങനെയൊക്കെ സമീപിക്കണമെന്നും എങ്ങനെയൊക്കെ പരിപാലിക്കണമെന്നും സമ്പൂർണ്ണമായ ഒരു വ്യവസ്ഥിതി തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇത് സംബന്ധമായ സ്വതന്ത്ര അദ്ധ്യായങ്ങളും വിശദ പഠനങ്ങളും നമുക്ക് വായിക്കാൻ കഴിയും. തിരുനബിﷺയുടെ നേരിട്ടുള്ള ചില പരാമർശങ്ങളും അവിടുത്തെ സമീപനത്തിന്റെ ചില ചിത്രങ്ങളും മാത്രം ഇതു സംബന്ധിയായി നാം ഇവിടെ വായിക്കുന്നു.
“വിപത്തുകൾ സംഭവിക്കുകയോ ഒരാൾ മരണപ്പെട്ടു എന്ന് കേൾക്കുകയോ ചെയ്യുമ്പോൾ ഞങ്ങൾ അല്ലാഹുവിനുള്ളതാണ് ഞങ്ങളുടെ മടക്കവും അവനിലേക്ക് തന്നെ” എന്ന ആശയം വരുന്ന ‘ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ’ എന്നാണ് വിശ്വാസികൾ പറയുക.
മരണപ്പെട്ടയാളെ കുറിച്ചോ രോഗിയുടെ സമീപത്ത് വച്ചോ അയാളുടെ നന്മകളേ പറയാവൂ. ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. ഉമ്മു സലമ(റ) പറഞ്ഞു. തിരുനബിﷺ പഠിപ്പിച്ചു. രോഗിയുടെയോ മയ്യത്തിന്റെയോ സമീപത്ത് സന്നിഹിതരാകുമ്പോള്‍ നിങ്ങള്‍ നല്ലതേ പറയാവൂ. നിങ്ങളുടെ പ്രാർഥനകള്‍ക്ക് മലക്കുകള്‍ ആമീന്‍ ചൊല്ലും.
ഇമാം മുസ്ലിം(റ) തന്നെ നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കൂടിയുണ്ട്. “അല്ലാഹുമ്മ ഗ്‌ഫി൪ ലി ഫുലാനിൻ വർഫഅ‍് ദറജതഹു ഫിൽ മഹ്‌ദിയ്യീന, വഖ്‌ലുഫ്‌ഹു ഫീ അഖിബിഹി ഫിൽ ഗാബിരീന, വഗ്‌ഫിർ ലനാ വലഹു യാറബ്ബൽ ആലമീൻ, വഫ്‌സഹ് ലഹു ഫീ ഖബ്‌രിഹി വനവ്വിർ ലഹു ഫീഹി.”
“അല്ലാഹുവേ, ഇദ്ദേഹത്തിനു നീ പൊറുത്ത് കൊടുക്കേണമേ. സന്മാര്‍ഗികളുടെ കൂട്ടത്തിൽ അദ്ദേഹത്തിന്റെ പദവി നീ ഉയര്‍ത്തേണമേ. ഇയാളുടെ ശേഷം ഇവിടെ അവശേഷിക്കുന്നവരുടെ കൂട്ടത്തില്‍ ഇയാളുടെ പിന്‍ഗാമികളില്‍ നിന്ന് ഇയാളുടെ അഭാവം പരിഹരിക്കേണമേ. ലോകരക്ഷിതാവായ റബ്ബേ, ഇയാള്‍ക്കും ഞങ്ങള്‍ക്കും നീ പൊറുത്ത് തരേണമേ. അദ്ദേഹത്തിന്റെ ഖബര്‍ വിശാലമാക്കി കൊടുക്കുകയും അതില്‍ പ്രകാശം ചൊരിയുകയും ചെയ്യേണമേ.”
ഹദീസിൽ പരാമർശിച്ച ഫുലാൻ അഥവാ ഇന്നാലിന്ന വ്യക്തി എന്ന സ്ഥലത്ത് വ്യക്തിയുടെ പേര് പറഞ്ഞു കൊണ്ട് തന്നെ പ്രാർഥിക്കാം. ഒരു പ്രാർഥന എന്ന നിലയിൽ ഏതു ഭാഷയിലും നിർവഹിക്കുകയും ചെയ്യാം.
തിരുനബിﷺ പരലോകത്തേക്ക് യാത്രയായപ്പോൾ നിറഞ്ഞ ദുഃഖത്തോടെ അബൂബക്കർ(റ) തിരുശരീരത്തിന്റെ സമീപത്തേക്ക് വന്ന ഒരു രംഗമുണ്ട്. സമാനമായി ചരിത്രത്തിൽ എവിടെയും ഇല്ലാത്ത ഒരു കാഴ്ചയും വികാരനിർഭരമായ ഒരു രംഗവുമാണത്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) പറഞ്ഞതായി അബൂ സലമ(റ) റിപ്പോർട്ട് ചെയ്യുന്നു. അബൂബക്ക൪(റ) സുന്‍ഹിലുള്ള തന്റെ വീട്ടില്‍ നിന്ന് തന്റെ കുതിരപ്പുറത്ത് ആഗതനായി. കുതിരപ്പുറത്ത് നിന്ന് ഇറങ്ങിയ അദ്ദേഹം പള്ളിയില്‍ പ്രവേശിച്ചു. ആഇശാ(റ)യുടെ വീട്ടില്‍ പ്രവേശിക്കുന്നതുവരെ അദ്ദേഹം ജനങ്ങളോട് സംസാരിച്ചില്ല. അദ്ദേഹം നബിﷺയെ ലക്ഷ്യമാക്കി നേരെ ചെന്നു. യമനില്‍ നിന്നുള്ള ഒരുതരം പുതപ്പ് തിരു ശരീരത്തിന്മേൽ വിരിച്ചിരുന്നു. തിരുമുഖത്ത് നിന്ന് പുതപ്പ് നീക്കിയ അദ്ദേഹം തിരുമേനിﷺയിലേക്ക് മുഖം താഴ്ത്തി നബിﷺയെ ചുംബിച്ചു. എന്നിട്ട് അവിടുന്ന് തേങ്ങിക്കരഞ്ഞു.
മയ്യത്തിനെ ചുംബിക്കാമോ എന്ന അന്വേഷണത്തിന് ഉത്തരം കൂടിയാണ് ഈ നിവേദനം. തിരുനബിﷺ തന്നെ മരണപ്പെട്ടുപോയ അനുചരന്മാരെ ചുംബിച്ച രംഗമുണ്ട്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു: ഉസ്മാൻ ബ്നു മൾഗൂൻ(റ) മരണപ്പെട്ടപ്പോൾ നബിﷺ അദ്ദേഹത്തെ ചുംബിക്കുന്നതായി ഞാൻ കണ്ടു. അങ്ങനെ അവിടുത്തെ കണ്ണുനീര് ഒലിച്ചിറങ്ങുന്നതും ഞാൻ കണ്ടു.
ഇതിനർഥം മരണപ്പെട്ടുപോയ ആരെയും ആർക്കും ചുംബിക്കാം എന്നല്ല. കുടുംബക്കാർക്കും കൂട്ടുകാർക്കും മയ്യിത്തിന്റെ മുഖം ചുംബിക്കൽ അനുവദനീയമാണ്. അല്ലാത്തവർക്ക് ഖിലാഫുൽ ഔല അഥവാ ഉത്തമം അല്ലാത്തതാണ്. മയ്യിത്ത് സ്വാലീഹീങ്ങളിൽ പെട്ട ആളാണെങ്കിൽ ചുംബിക്കലും ചുംബിച്ച് ബറക്കത്തെടുക്കലും സുന്നത്താണ്. അന്യസ്ത്രീയുടെ ജനാസ പുരുഷൻ കാണലും പുരുഷന്റേത് സ്ത്രീ ദർശിക്കലും നിഷിദ്ധമായതുകൊണ്ട് അത്തരം ആളുകളുടെ മയ്യത്ത് ചുംബിക്കുന്നതിനെക്കുറിച്ച് പറയേണ്ടതില്ല.

Tweet 1086
ഒരാൾ മരണപ്പെട്ടാൽ മയ്യത്ത് പരിപാലനം സാമൂഹികമായ നിർബന്ധ ബാധ്യതയായിട്ടാണ് ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. പരേതന്റെ മയ്യത്ത് കുളിപ്പിക്കുക, കഫൻ ചെയ്യുക, മറമാടുക, അതും അതിവേഗം നിർവഹിക്കുക എന്നതാണ് ഉത്തരവാദിത്വത്തിന്റെ ക്രമമായി പഠിപ്പിക്കപ്പെടുന്നത്. ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. നിങ്ങളിലൊരാൾ മരണപ്പെട്ടാൽ അയാളെ നിങ്ങൾ തടഞ്ഞുവെക്കരുത്. അയാളുടെ ഖബറിലേക്ക് അദ്ദേഹത്തെ വേഗത്തിലെത്തിക്കുക.
ഒരാൾ മരണപ്പെട്ടാൽ കേവലം ദർശനം എന്നടുത്തേക്കാണ് പ്രാഥമികമായി നാം മനസ്സിലാക്കിപ്പോരുന്നത്. എന്നാൽ, പരിപാലനത്തിന്റെ ഓരോ ഘട്ടങ്ങളിലും പരമാവധി ഉണ്ടാവുകയും ജനാസയുമായി ഖബർസ്ഥാനിൽ എത്തി മറമാടി കഴിയുന്നത് വരെ ഒപ്പമുണ്ടാകുന്നതും പുണ്യകർമമായി മതം പഠിപ്പിക്കുന്നു. ഒരു വിശ്വാസിക്ക് മറ്റൊരു വിശ്വാസിയുടെ മേൽ നിർദ്ദേശിക്കപ്പെട്ട ബാധ്യതകളിലൊന്നായി തന്നെ ഹദീസിൽ ഇതെണ്ണുന്നത് കാണാം. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. നബിﷺ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടു. ഒരു മുസ്‌ലിമിന് മറ്റൊരു മുസ്‌ലിമിന്റെ മേലുള്ള ബാധ്യതകൾ അഞ്ചാണ്. സലാം മടക്കൽ, രോഗിയെ സന്ദർശിക്കൽ, ജനാസയെ പിൻതുടരൽ, ക്ഷണം സ്വീകരിക്കൽ, തുമ്മിയാൽ അവന്‍ അല്‍ഹംദുലില്ലാഹ് എന്ന് പറയുമ്പോൾ ‘യർഹമുക്കല്ലാഹു’ എന്ന് പറഞ്ഞ് കൊണ്ട് അനുമോദിക്കുക എന്നിവയാണവ.
ഇങ്ങനെ നിർവഹിക്കുന്നതിന് വിശ്വാസിക്ക് വലിയ പ്രതിഫലവും അല്ലാഹു വാഗ്ദാനം ചെയ്തിട്ടുണ്ട്. ഹദീസിൽ തന്നെ അത് വായിക്കാൻ കഴിയും. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ജരീർ നാഫിഇ(റ)ൽ നിന്ന് ഉദ്ധരിച്ചു. വല്ലവനും ജനാസയെ പിന്‍തുടര്‍ന്നാല്‍ ഒരു ഖീറാത്തു പ്രതിഫലം അവന് ലഭിക്കുമെന്ന് അബൂഹുറൈറ(റ) ഉദ്ധരിച്ച വിവരം ഇബ്നു ഉമറി(റ)നോട് പറഞ്ഞപ്പോള്‍ ഇബ്നുഉമര്‍(റ) പറഞ്ഞു. അബൂഹുറൈറ(റ) ഞങ്ങളേക്കാള്‍ ഹദീസ് വര്‍ദ്ധിപ്പിക്കുന്നു.
ഒരു ഖീറാത്തു എന്നതിന് ഒരു മലയോളം എന്നാണ് തിരുനബിﷺ വിശദീകരണം നൽകിയത്.
ജനാസ വഹിച്ചുകൊണ്ട് വേഗം നടന്നു പോകണം എന്നാണ് തിരുനബിﷺയുടെ അധ്യാപനം. എന്നാൽ, അതിവേഗം നടന്നു പോകാൻ പാടില്ല. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. തിരുനബിﷺ പ്രസ്താവിച്ചു. ജനാസ കൊണ്ട് നിങ്ങൾ ധൃതി കാണിക്കുക. അത് നല്ലതാണെങ്കിൽ നന്മയിലേക്കാണ് നിങ്ങൾ അതിനെ സമർപ്പിക്കുന്നത്. അത് അങ്ങനെയല്ലെങ്കിൽ നിങ്ങൾ ഒരു വിപത്തിനെ നിങ്ങളുടെ പിരടിയിൽനിന്ന് ഇറക്കിവെക്കുന്നു.
അഥവാ മരണപ്പെട്ട വ്യക്തി നല്ല ആളാണെങ്കിൽ അദ്ദേഹത്തിന് ഇഷ്ടം പാരത്രിക ഭവനത്തിലേക്ക് വേഗം എത്തിച്ചേരുന്നതാണ്. മോശപ്പെട്ട ആളാണെങ്കിൽ എന്തിന് നാം അയാളെയും പേറി നടക്കണം.
ഗൗരവതരമായ ആലോചനകൾക്കു കൂടി ഇടം നൽകുന്നതാണ് ഈ പ്രയോഗങ്ങൾ. ഈ ഭൂമിയിൽ ജീവിച്ച ജീവിതത്തിന്റെ ശേഷിയിലേക്കുള്ള യാത്രയാണ് അന്ത്യ യാത്ര എന്ന് നാം പറയുന്നത്. നല്ലവർക്ക് സ്വർഗ്ഗവും സന്തോഷവും അല്ലാത്തവർക്ക് ശിക്ഷയും നരകവും എന്ന അധ്യാപനം ഓരോ ഘട്ടത്തിലും ഇസ്‌ലാം അവതരിപ്പിച്ചിട്ടുണ്ടല്ലോ.
ഒന്നുകൂടി ആലോചനകൾ നൽകുന്ന മറ്റൊരു നിവേദനം കൂടി വായിക്കാം. ഇമാം ബുഖാരി(റ) തന്നെ ഉദ്ധരിക്കുന്നു. അബൂസഈദ്(റ) പറഞ്ഞു. തിരുനബിﷺ അരുളി. മയ്യിത്ത് കട്ടിലില്‍ വെച്ച് പുരുഷന്മാര്‍ അത് ചുമലിലേറ്റി പുറപ്പെട്ടാല്‍ സുകൃതം ചെയ്ത ഒരാത്മാവിന്റെ മയ്യിത്താണെങ്കില്‍ ‘എന്നെയും കൊണ്ടു വേഗം പോവുക’ എന്ന് അത് വിളിച്ചു പറയും. സുകൃതം ചെയ്തിട്ടില്ലാത്ത ആത്മാവിന്റെ മയ്യിത്താണെങ്കിലോ ‘ഹാ കഷ്ടം! എന്നെ നിങ്ങള്‍ എവിടേക്കാണ് കൊണ്ടുപോകുന്നത്?’ എന്ന് വിളിച്ചു പറയും. മനുഷ്യനൊഴിച്ച് മറ്റെല്ലാ വസ്തുക്കളും അത് കേള്‍ക്കും. മനുഷ്യന്‍ അതു കേട്ടാല്‍ ബോധം കെട്ടുപോകും.
Tweet 1087
ജനാസയെ പിന്തുടരുന്നതും കാണുമ്പോൾ എഴുന്നേൽക്കുന്നതും സംബന്ധിച്ച അധ്യാപനങ്ങളും നബി വായനയിൽ നിന്ന് നമുക്ക് പകർന്നെടുക്കാനുണ്ട്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബൂസഈദ്(റ) പറഞ്ഞു. തിരുനബിﷺ അരുളി. നിങ്ങള്‍ മയ്യിത്തിനെ കണ്ടാല്‍ എഴുന്നേല്‍ക്കുവിന. ആരെങ്കിലും അതിനെ പിന്‍തുടര്‍ന്നാല്‍ അത് താഴെ വെക്കുന്നതുവരെ അവന്‍ ഇരിക്കരുത്.
മരണപ്പെട്ട വിശ്വാസിയുടെ മേൽ നിസ്കരിക്കണമെന്ന് നേരെ തന്നെ പറയുന്ന ഹദീസുകൾ ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്നുണ്ട്. “നിങ്ങളുടെ ഒരു സഹോദരൻ മരണപ്പെട്ടിരിക്കുന്നു. അതിനാൽ നിങ്ങൾ എഴുന്നേറ്റു, അദ്ദേഹത്തിനു നിസ്‌കരിക്കുക.” നജ്ജാശി മരണപ്പെട്ട സമയത്ത് തിരുനബിﷺ പറഞ്ഞ കാര്യമാണിത്.
നിങ്ങളുടെ കൂട്ടുകാരന്റെ മേൽ നിസ്കരിക്കുക എന്നർഥമുള്ള മറ്റൊരു ഹദീസ് വാചകവും ഇമാം മുസ്ലിം(റ) തന്നെ നിവേദനം ചെയ്യുന്നുണ്ട്. നിസ്കരിക്കപ്പെടുന്നവന് അതുകൊണ്ട് ഗുണം ലഭിക്കുമെന്നും മറ്റൊരു ഹദീസിൽ കാണാം. ആഇശ(റ) നിവേദനം ചെയ്യുന്നു. നബിﷺ പറഞ്ഞു. നൂറോളം പേരടങ്ങുന്ന ഒരു സംഘം മുസ്‌ലിംകൾ ഒരു മയ്യിത്തിന് വേണ്ടി ശിപാർശ ചെയ്തുകൊണ്ട് നിസ്കരിച്ചാൽ അവരുടെ ശിപാർശ സ്വീകരിക്കപ്പെടാതിരിക്കുകയില്ല. ഇമാം മുസ്ലിം(റ) തന്നെയാണ് ഈ ഹദീസും ഉദ്ധരിച്ചത്. മുസ്‌ലിമി(റ)ന്റെ തന്നെ മറ്റൊരു നിവേദനത്തിൽ ഇപ്രകാരമാണുള്ളത്. ഇബ്നു അബ്ബാസ്(റ) പ്രസ്താവിച്ചു. തിരുനബിﷺ പറഞ്ഞതായി ഞാൻ കേട്ടു. ഒരു മുസ്‌ലിമായ മനുഷ്യൻ മരിക്കുകയും, അല്ലാഹുവിൽ യാതൊന്നും പങ്ക് ചേർക്കാത്തവരായ നാൽപത് പേർ അവന്റെ ജനാസ നിസ്‌കാരം നിർവഹിക്കുകയും ചെയ്‌താൽ അവന്റെ കാര്യത്തിലുള്ള അവരുടെ ശിപാർശ അല്ലാഹു സ്വീകരിക്കാതിരിക്കുകയില്ല.
ജനാസ നിസ്കരിക്കുന്ന നേരത്ത് പുരുഷന്റെ മയ്യിത്താണെങ്കില്‍ നിസ്കാര സമയത്ത് ഇമാം മയ്യിത്തിന്റെ തലഭാഗത്ത് ചേർന്നും സ്ത്രീയുടെ മയ്യിത്താണെങ്കില്‍ ഇമാം മയ്യിത്തിന്റെ മധ്യഭാഗത്ത് ചേർന്നുമാണ് നില്‍ക്കേണ്ടത് എന്ന് ഇമാം അബൂദാവൂദ്(റ) ഉദ്ധരിച്ച ഹദീസിൽ കാണാം.
ജനാസ ഖബറടക്കിയതിനു ശേഷം ഖബറരികിൽ പോയി നിസ്കരിച്ചതിനും ഹദീസിൽ പ്രമാണങ്ങൾ വായിക്കാൻ കഴിയും. ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. മറവ് ചെയ്യപ്പെട്ടതിന് ശേഷം നബിﷺ ഒരു ഖബറിനരികില്‍ നിന്നുകൊണ്ട് നാല് തക്ബീറുകള്‍ കെട്ടി മയ്യിത്ത് നിസ്കാരം നിര്‍വഹിച്ചു. ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന മറ്റൊരു സംഭവം കൂടി ഇങ്ങനെ വായിക്കാം. അബൂഹുറൈറ(റ) പറയുന്നു. പള്ളി അടിച്ചുവാരിയിരുന്ന ഒരു കറുത്ത സ്ത്രീ/പുരുഷനുണ്ടായിരുന്നു. അവരെ കാണാതായപ്പോള്‍ നബിﷺ അവരെക്കുറിച്ച് അന്വേഷിച്ചു. അവര്‍ മരണപ്പെട്ടിരിക്കുന്നു എന്ന് സ്വഹാബികൾ പറഞ്ഞു. നിങ്ങള്‍ക്ക് എന്നെ അറിയിക്കാമായിരുന്നില്ലേ? എന്ന് നബിﷺ പ്രതികരിച്ചു.
അബൂ ഹുറൈറ(റ) പറയുന്നു. ആളുകള്‍ അവരുടെ കാര്യം അത്ര പ്രാധാന്യത്തോടെ കാണാത്തതുപോലെയാണ് പ്രതികരിച്ചത്. അപ്പോള്‍ നബിﷺ പറഞ്ഞു. നിങ്ങള്‍ അവരുടെ ഖബര്‍ എനിക്ക് കാണിച്ചു തരിക. അങ്ങനെ അവര്‍ അവരുടെ ഖബര്‍ നബിﷺക്ക് കാണിച്ചു കൊടുക്കുകയും തിരുനബിﷺ അവിടെ വച്ച് നിസ്കരിക്കുകയും ചെയ്തു. ശേഷം ഇങ്ങനെ പറഞ്ഞു. ഈ ഖബറാളികൾക്ക് അവ വളരെ ഇരുളടഞ്ഞതാണ്. എന്റെ നിസ്കാരം കൊണ്ട് അല്ലാഹു അവര്‍ക്കത് പ്രകാശപൂരിതമാക്കിക്കൊടുക്കും.
ജനാസ മറമാടിയതിനു ശേഷം ഖബറിന്റെ അടുക്കൽ പോയി നബിﷺ നിസ്കരിച്ചതും അതുവഴി ഖബറാളിക്കും പരിസരത്തുള്ളവർക്കും പ്രകാശം ലഭിച്ചതുമാണ് നാം വായിച്ചത്. കർമശാസ്ത്രപരവും ആധ്യാത്മികവുമായി നിരവധി പാഠങ്ങൾ പകർന്നു തരുന്നതാണ് ഇത്തരം നിവേദനങ്ങൾ.
Tweet 1088
ഖബറടക്കിയതിനുശേഷം ഖബറിന്റെയടുക്കൽ പോയി നിസ്കരിച്ചത് സംബന്ധിച്ച ഒരു നിവേദനം കൂടി നമുക്ക് വായിക്കാം. ഇമാം നസാഈ(റ) നിവേദനം ചെയ്യുന്നു. യസീദ് ബിന്‍ സാബിത്(റ) പറഞ്ഞു. അവര്‍ ഒരിക്കല്‍ നബിﷺയുടെ കൂടെ പുറപ്പെട്ടു. അപ്പോള്‍ ഒരു പുതിയ ഖബര്‍ കാണാനിടയായി. അവിടുന്ന് ചോദിച്ചു. ഇതെന്താണ്? അവര്‍ പറഞ്ഞു. ഇത് ഇന്ന ഗോത്രക്കാരുടെ ഭൃത്യയായിരുന്ന ഇന്ന സ്ത്രീയാണ്. തിരുനബിﷺക്ക് അവരെ മനസ്സിലായി. അപ്പോൾ സ്വഹാബികൾ നബിﷺയോട് പറഞ്ഞു. ഉച്ച സമയത്താണ് അവര്‍ മരണപ്പെട്ടത്. ആ സമയത്ത് അങ്ങ് ഉച്ചയുറക്കത്തിലായിരുന്നു. ഉണർത്താൻ ഞങ്ങൾക്ക് മനസ്സ് വന്നില്ല. അപ്പോള്‍ നബിﷺ നിസ്കാരത്തിനായി നില്‍ക്കുകയും സ്വഹാബത്ത് പിന്നില്‍ സ്വഫ്ഫായി നില്‍ക്കുകയും ചെയ്തു. നാല് തക്ബീറുകള്‍ കെട്ടി അവിടുന്ന് ജനാസ നിസ്കാരം നിര്‍വഹിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഞാന്‍ നിങ്ങള്‍ക്കിടയില്‍ ഉണ്ടായിരിക്കെ നിങ്ങളിലാരെങ്കിലും മരണപ്പെട്ടാല്‍ നിങ്ങള്‍ എന്നെ അറിയിക്കണം. കാരണം എന്റെ നിസ്കാരം അവര്‍ക്ക് കാരുണ്യമാണ്.
ഖബറടക്കുന്നത് വരെ മയ്യത്തിനെ അനുഗമിക്കുന്നതും പുണ്യ കർമമാണ്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. തിരുനബിﷺ പ്രസ്താവിച്ചു. വല്ലവനും ഒരു മയ്യിത്തിന് നിസ്കരിക്കുന്നത് വരെ ഹാജരായാല്‍ അവന് ഒരു ഖീറാത്ത് പ്രതിഫലമുണ്ട്. എന്നാൽ, അതിനെ ഖബറടക്കം ചെയ്യുന്നതു വരെ ഹാജരായാല്‍ അവന് രണ്ട് ഖീറാത്ത് പ്രതിഫലമുണ്ട്. എന്താണ് ഖീറാത്തു എന്ന് ചോദിക്കപ്പെട്ടു. അപ്പോള്‍ അവിടുന്ന് പറഞ്ഞു. വലിയ രണ്ട് പർവ്വതത്തിനു സമാനം.
മറമാടിയ ശേഷം വേഗം തിരിച്ചു പോരലല്ല വേണ്ടത്. ഖബറിന്‍റെ അരികിൽ നിന്ന് മരണപ്പെട്ടുപോയ വ്യക്തിക്ക് വേണ്ടി പാപമോചന പ്രാർഥന നടത്തണം. അതുകൊണ്ട് മരണപ്പെട്ട വ്യക്തിക്ക് പ്രയോജനം ലഭിക്കും. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. ഉസ്മാനുബിന്‍ അഫ്ഫാൻ(റ) പറഞ്ഞു. തിരുനബിﷺ മയ്യിത്ത് മറമാടിക്കഴിഞ്ഞാല്‍ അവിടെ നിന്നുകൊണ്ട് പറയാറുണ്ട്. നിങ്ങളുടെ സഹോദരനുവേണ്ടി നിങ്ങള്‍ ഇസ്തിഗ്ഫാർ അഥവാ പൊറുക്കലിനെ തേടുകയും, തസ്ബീത്ത് അഥവാ ഖബറിലെ ചോദ്യത്തിന് ഉത്തരം ചെയ്യാൻ ദൃഢതയും സ്ഥൈര്യവും അപേക്ഷിക്കുകയും ചെയ്യുക. തീർച്ചയായും, അവനിപ്പോള്‍ ചോദ്യം ചെയ്യപ്പെടും.
ഖബറാളിയോട് ഖബറിൽ ചോദ്യമുണ്ടെന്നും പ്രസ്തുത ചോദ്യത്തിന് ഉത്തരം നൽകാനാവശ്യമായ ഉറപ്പ് ലഭിക്കുന്നതിനുവേണ്ടി ഖബറിന്റെ അരികിൽ വച്ച് ഖബറാളിക്ക് വേണ്ടി പ്രത്യേകം ദുആ ചെയ്യണമെന്നും തിരുനബിﷺ പഠിപ്പിക്കുകയാണ്.
ഖബറടക്കിയതിനുശേഷം ഖബറാളിയുടെ തലഭാഗത്തിരുന്ന് തൽഖീൻ ചൊല്ലി കൊടുക്കുന്നത് സംബന്ധമായി ഇമാം ത്വബ്റാനി(റ) ഉദ്ധരിച്ച ഹദീസ്, ഹദീസ് നിദാനം വച്ചുനോക്കുമ്പോൾ അത്ര പ്രബലമല്ലെങ്കിലും അതിന്റെ ആശയം ഉപജീവിച്ചുകൊണ്ട് മുസ്‌ലിം ഉമ്മത്തിന്റെ കർമലോകത്ത് എവിടെയും വ്യാപകമാണ്. പ്രസ്തുത വിഷയത്തിലേക്കുള്ള സൂചനയാണ് ഈ ഹദീസ് എന്ന് അല്ലാമാ ഇബ്നു ഹജറും(റ) പറയുന്നുണ്ട്. അനുഷ്ഠാനങ്ങളുടെ ശ്രേഷ്ഠത സംബന്ധിച്ച മാനദണ്ഡങ്ങളിൽ ഈ ഹദീസും സ്വീകാര്യമാണെന്നും അതുപ്രകാരം മുസ്‌ലിം ലോകത്തിന്റെ പതിവ് പുണ്യകരമായ കർമമാണെന്നും മിശ്ഖാത്തിന്റെ വ്യാഖ്യാനമായ മിർക്കാത്തിലും പറയുന്നുണ്ട്.
മയ്യത്ത് പരിപാലനത്തിന്റെ ഓരോ ഘട്ടത്തിനും അതിന്റേതായ മഹത്വവും പ്രാധാന്യവുമുണ്ട്. ഒരു ഹദീസ് കൂടി വായിച്ചു ഈ അധ്യായം നമുക്ക് പൂർത്തീകരിക്കാം. ഇമാം ഹാക്കിം(റ), ഇമാം ബൈഹഖി(റ) എന്നിവർ നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ഒരാള്‍ ഒരു മയ്യിത്തിനെ കുളിപ്പിക്കുകയും അയാളില്‍ കണ്ട ന്യൂനത മറച്ചുവെക്കുകയും ചെയ്താൽ നാൽപത് തവണ അല്ലാഹു അയാള്‍ക്ക് പാപമോചനം നൽകും. അവനുവേണ്ടി ഖബ൪ കുഴിക്കുകയും മറമാടുകയും ചെയ്താല്‍ അന്ത്യനാൾ വരെ ഒരു താമസസ്ഥലം ഒരുക്കി കൊടുത്ത പ്രതിഫലം അവനു ലഭിക്കും. കഫന്‍ പുടവ അണിയിച്ചാല്‍ അന്ത്യദിനത്തില്‍ സ്വർഗ്ഗീയ പട്ടുടയാടകളിൽ നിന്ന് നേർത്തതും കട്ടിയുള്ളതും അവനു ലഭിക്കും.
Tweet 1089
ഖബർ സന്ദർശനത്തെക്കുറിച്ച് നബി ജീവിതത്തിൽ നിന്നുള്ള ചില അധ്യായങ്ങളാണ് നാം വായിക്കുന്നത്. ഇമാം അഹ്മദ്(റ), മുസ്‌ലിം(റ), അബുദാവൂദ്(റ) തുടങ്ങി പ്രമുഖരെല്ലാം നിവേദനം ചെയ്യുന്നു. ബുറൈദ(റ) പറഞ്ഞു. തിരുനബിﷺ അരുൾ ചെയ്തു. ഖബർ സന്ദർശനം മുമ്പ് ഞാൻ വിലക്കിയിരുന്നു. മുഹമ്മദ് നബിﷺക്ക് മാതാവിനെ സന്ദർശിക്കാൻ അല്ലാഹു അനുമതി തന്നിരിക്കുന്നു. നിങ്ങൾ ഖബർ സന്ദർശിച്ചോളൂ. നിശ്ചയമായും അത് പരലോക സ്മരണ നൽകും.
ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഖബർ സന്ദർശനം തിരുനബിﷺ വിലക്കിയിരുന്നു. പിന്നീട് സന്ദർശനാനുമതി തിരുനബിﷺ തന്നെ നൽകി. അതുവഴി ലഭിക്കുന്ന ആത്മീയമായ ഒരു നേട്ടത്തെയും മേൽ ഹദീസിൽ പ്രസ്താവിച്ചു.
ഇമാം അഹ്മദ്(റ) തന്നെ അനസുബ്നു മാലികി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ ഇങ്ങനെ വായിക്കാം. തിരുനബിﷺ പറഞ്ഞു. ഖബർ സന്ദർശനം മുമ്പ് ഞാൻ വിലക്കിയിരുന്നു. പിന്നെ എനിക്ക് ബോധ്യമായി, ഖബർ സന്ദർശനം ഹൃദയങ്ങളെ ആർദ്രമാക്കുകയും നേത്രങ്ങളെ സജലമാക്കുകയും ചെയ്യുമെന്ന്. അതുകൊണ്ട് നിങ്ങൾ ഖബർ സന്ദർശിച്ചോളൂ. ഖബറിങ്ങൽ വച്ച് മോശമായ വർത്തമാനങ്ങൾ പറയരുത്.
ആദ്യകാലത്ത് ഖബർ സന്ദർശനം വിരോധിക്കാൻ ചില കാരണങ്ങളുണ്ട്. ഇസ്‌ലാമിക മര്യാദകളും തൗഹീദിന്റെ വിചാരങ്ങളുമില്ലാത്ത ജാഹിലിയ്യാ കാലത്ത് ഖബറുകളെ ആരാധിക്കുകയും മതപരമായി നിരക്കാത്ത വിധത്തിൽ ഖബറുകളെ സമീപിക്കുകയും ചെയ്യുന്ന രീതിയുണ്ടായിരുന്നു. സമാനമായത് തുടരാതിരിക്കാൻ വേണ്ടിയുള്ള ഒരു കരുതലായിരുന്നു ആദ്യകാലത്തെ വിരോധം.
ജനങ്ങൾക്ക് കാര്യം ബോധ്യപ്പെടുകയും തൗഹീദിന്റെ അടിസ്ഥാനങ്ങൾ പഠിക്കുകയും ചെയ്തതിൽ പിന്നെ വിശ്വാസികളിൽനിന്ന് അത്തരം ഒരു സമീപനം ഉണ്ടാവുകയില്ലെന്ന് തിരുനബിﷺക്ക് ബോധ്യമായി. തുടർന്ന് കൃത്യമായ ന്യായങ്ങൾ വിശദീകരിച്ചുകൊണ്ട് തിരുനബിﷺ സന്ദർശനാനുമതി നൽകി.
ഇമാം മുസ്ലിം(റ), അബൂദാവൂദ്(റ), നസാഈ(റ) തുടങ്ങിയവർ അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ അവിടുത്തെ മാതാവിന്റെ ഖബർ സന്ദർശിച്ചു. അവിടുന്ന് കരയുകയും അതുകണ്ട് കൂടെയുള്ളവരും കരഞ്ഞു. തുടർന്ന് തിരുനബിﷺ ഇങ്ങനെ പറഞ്ഞു. എൻ്റെ ഉമ്മയ്ക്ക് വേണ്ടി പാപമോചനം തേടാൻ അല്ലാഹുവിനോട് ഞാൻ സമ്മതം ചോദിച്ചു. അതു ലഭിച്ചില്ല. ഖബർ സന്ദർശിക്കാൻ ഞാൻ സമ്മതം ചോദിച്ചു. സമ്മതം ലഭിച്ചു. നിങ്ങൾ ഖബറുകൾ സന്ദർശിക്കുക. അത് മരണ സ്മരണ നൽകും.
പാപമോചനം തേടാൻ സമ്മതം ചോദിച്ചു എന്ന പരാമർശം മുന്നിൽ വച്ചുകൊണ്ട് തിരുനബിﷺയുടെ മാതാവ് സ്വർഗ്ഗസ്ഥ ആവുകയില്ല എന്ന് വാദിക്കുന്ന ചിലരുണ്ട്. അത് ശരിയല്ല. തിരുനബിﷺയുടെ മാതാപിതാക്കൾ പവിത്രതയുള്ളവരും നാളെ സ്വർഗ്ഗസ്ഥരുമാണ് എന്ന് വേണ്ടത്ര പ്രമാണങ്ങളോടെ തൽസംബന്ധമായ അധ്യായത്തിൽ നാം വിശദീകരിച്ചു പോയിട്ടുണ്ട്. പവിത്രതയുടെയും പരിശുദ്ധിയുടെയും സുപ്രധാനമായ അടിസ്ഥാനം സത്യവിശ്വാസിയായിരിക്കുക എന്നതു തന്നെയാണല്ലോ.
ത്വൽഹത് ബിൻ ഉബൈദില്ല(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ), അബൂ ദാവൂദ്(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നു. ശുഹദാക്കളുടെ ഖബർ ലക്ഷ്യം വെച്ചുകൊണ്ട് ഞങ്ങൾ തിരുനബിﷺയോടൊപ്പം പുറപ്പെട്ടു. മദീനയുടെ കിഴക്കേ അതിർത്തിയിലെ വാഖിം കരിങ്കൽ പ്രദേശത്തെത്തി. അതാ ചെരുവിൽ കുറച്ചു ഖബറുകൾ. അപ്പോൾ ഞാൻ പറഞ്ഞു. ഇതാ നമ്മുടെ സഹോദരങ്ങളുടെ ഖബറുകൾ. ഇത് നമ്മുടെ സ്വഹാബികളുടെ ഖബറാണ്, നബിﷺ പ്രതികരിച്ചു. ശുഹദാക്കളുടെ ഖബറിന്റെ അടുക്കലെത്തിയപ്പോൾ ഞങ്ങൾ പറഞ്ഞു. ഇതാ ശുഹദാക്കളുടെ ഖബർ. അപ്പോൾ തിരുനബിﷺ പറഞ്ഞു. ഇത് നമ്മുടെ സഹോദരങ്ങളുടെ ഖബറാണ്.
Tweet 1090
ഖബറുകളെ സമീപിക്കുമ്പോൾ ചില ചിട്ടകളും മര്യാദകളുമുണ്ടായിരിക്കണം എന്ന് തിരുനബിﷺ പഠിപ്പിക്കുന്നുണ്ട്. അബൂമർസദ് അല് ഗനവി(റ) പറഞ്ഞതായി ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ അരുൾ ചെയ്തു. നിങ്ങൾ ഖബറുകളുടെ മേലെ നിസ്കരിക്കുകയോ അതിന്മേൽ ഇരിക്കുകയോ ചെയ്യരുത്.
അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം അഹ്മദും(റ) അബുദാവൂദും(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഒരാൾ കനൽക്കട്ടയുടെ മേലെയിരുന്ന് വസ്ത്രം കരിഞ്ഞു ശരീരത്തേക്ക് പൊള്ളൽ ബാധിക്കുന്നതാണ്, ഖബറിന്മേൽ ഇരിക്കുന്നതിനേക്കാൾ നല്ലത്.
അംറ് ബിൻ ഹസം(റ) പറഞ്ഞു. ഞാൻ ഒരു ഖബറിൽ ചാരിയിരുന്നപ്പോൾ അത് ശ്രദ്ധയിൽപ്പെട്ട തിരുനബിﷺ പറഞ്ഞു. ആ ഖബറാളിയെ നിങ്ങൾ ശല്യപ്പെടുത്തരുതേ. ഇമാം അഹ്മദും(റ) നസാഇ(റ)യും ഈ ആശയം ഹദീസിൽ ഉദ്ധരിച്ചിട്ടുണ്ട്.
ഖബറുകളെ കേവലം ശ്മശാനങ്ങളായോ എങ്ങനെയും സമീപിക്കാവുന്ന പ്രദേശങ്ങളായിട്ടോ അല്ല തിരുനബിﷺ അവതരിപ്പിക്കുന്നത്. മറമാടപ്പെട്ട വ്യക്തികളും ഖബറുമായി വലിയ ബന്ധമുണ്ട്. പരലോക ഭവനങ്ങളിൽ ആദ്യത്തെ ഭവനമായിട്ടാണ് ഖബറിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. അതുകൊണ്ട് ആത്മീയമായ പരിഗണനകൾ ഖബറാളിയോട് പുലർത്തുന്നതിന്റെ ഭാഗമായി ഖബറിനോടും പുലർത്തേണ്ടതുണ്ട്. ശരീരം നുരുമ്പി പോയാലും ആത്മാവും ഖബറും തമ്മിൽ ഒരു വാസസ്ഥാനത്തിന്റെ ബന്ധമുണ്ടാകും.
തിരുനബിﷺ ഖബർ സന്ദർശിക്കാൻ എത്തിയാൽ ഖബറിൽ കിടക്കുന്നവർക്ക് അഭിമുഖമായി വരും. എന്നിട്ട് അവരെ അഭിവാദ്യം ചെയ്തുകൊണ്ട് പറയും. അല്ലയോ ഖബർവാസികളെ, അസ്സലാമു അലൈക്കും. നിങ്ങൾക്ക് അല്ലാഹുവിൽ നിന്നുള്ള ശാന്തിയുണ്ടാവട്ടെ! നമുക്കും നിങ്ങൾക്കും അല്ലാഹു പൊറുത്തു തരട്ടെ! നിങ്ങൾ മുന്നേ പോയവർ. ഞങ്ങൾ പിന്നിൽ വരാനുള്ളവർ. ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം തുർമുദി(റ) ഉദ്ധരിച്ച ഹദീസിന്റെ ആശയമാണിത്. ജീവിച്ചിരിക്കുന്ന ഒരാളെ അഭിമുഖീകരിക്കുമ്പോൾ പറയും പോലെ നേരിട്ടുള്ള വാചകം പ്രയോഗിച്ചുകൊണ്ട് തന്നെയാണ് ഖബർവാസികൾക്ക് സലാം ചൊല്ലാറുള്ളത്.
ജീവിച്ചിരിക്കുന്നവർ പ്രതികരിക്കുന്നത് പോലെ പ്രതികരിക്കില്ലെങ്കിലും മറമാടപ്പെട്ടവരും സന്ദർശകരെ അറിയുകയും അവരുടേതായ വ്യവഹാരക്രമങ്ങൾ അനുസരിച്ച് പ്രതികരിക്കുകയും ചെയ്യും. പ്രവാചകർﷺക്കും ആധ്യാത്മിക പദവികളുള്ളവർക്കും മരണപ്പെട്ടവരുടെ പ്രതികരണങ്ങൾ അറിയാൻ കഴിഞ്ഞേക്കും. തിരുനബിﷺ നടന്നുപോകുന്ന വഴിയിൽ ചാരത്തുണ്ടായിരുന്ന ഖബറിൽ മറമാടപ്പെട്ടവരുടെ അവസ്ഥകളെക്കുറിച്ച് അറിയുകയും അത് സ്വഹാബികളോട് പങ്കുവെക്കുകയും ചെയ്ത അനുഭവങ്ങളുണ്ട്. മൂസാ നബി(അ)യുടെ ഖബറിന് അരികിലൂടെ സഞ്ചരിക്കുമ്പോൾ മഹാനായ പ്രവാചകൻ ഖബറിനുള്ളിൽ നിസ്കരിക്കുന്ന കാര്യം തിരുനബിﷺ കാണുകയും പങ്കുവെക്കുകയും ചെയ്തു. സ്വീകാര്യയോഗ്യമായ ഹദീസിൽ ഈ ആശയമുണ്ട്. ഖബറിൽ ശിക്ഷ അനുഭവിക്കുന്നവരെ കുറിച്ച് ജനങ്ങളോട് സംബോധന ചെയ്തപ്പോൾ നേരിട്ട് കണ്ട അനുഭവങ്ങൾ തിരുനബിﷺ പങ്കുവെച്ചു.
ഖബറാളികൾക്ക് സലാം പറയുമ്പോൾ വ്യത്യസ്ത വാചകങ്ങൾ തിരുനബിﷺ പ്രയോഗിച്ചിട്ടുണ്ട്. മജ്മഉ ബിൻ ജാരിയ(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ ഖബർസ്ഥാനിലേക്ക് പോയി. അവിടെ എത്തിയപ്പോൾ അല്ലയോ ഖബർവാസികളെ അസ്സലാമുഅലൈക്കും എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞു. ശേഷം ഇങ്ങനെ തുടർന്നു. നിങ്ങളിൽ ആരാണോ വിശ്വാസികൾ അവർ ഞങ്ങൾക്ക് മുന്നേ പോയവരും ഞങ്ങൾ നിങ്ങളെ തുടർന്ന് വരുന്നവരുമാണ്. ഞങ്ങൾക്കും നിങ്ങൾക്കും ക്ഷേമമുണ്ടാവട്ടെ!
സമാന ആശയങ്ങളുള്ള പല പദപ്രയോഗങ്ങളും തിരുനബി സലാം സംബന്ധിച്ച നിവേദനങ്ങളിൽ വന്നിട്ടുണ്ട്.
Tweet 1091
മഹതി ആഇശ(റ)യിൽ നിന്ന് ഇമാം ഇബ്നു മാജ(റ) നിവേദനം ചെയ്യുന്നു. മഹതി പറഞ്ഞു. ഒരു രാത്രിയിൽ തിരുനബിﷺ എൻ്റെ സമീപത്തുനിന്ന് എഴുന്നേറ്റുപോയി. ഞാൻ അന്വേഷിച്ചപ്പോൾ അതാ ജന്നത്തുൽ ബഖീഇൽ നിൽക്കുന്നു. തിരുനബിﷺ അവിടെ സലാം പറയുകയാണ്. വിശ്വാസി ഭവനങ്ങളിൽ കഴിയുന്നവരെ, നിങ്ങൾക്ക് അല്ലാഹുവിന്റെ ശാന്തിയുണ്ടാവട്ടെ! നിങ്ങൾ ഞങ്ങൾക്ക് മുന്നേ പോയവരാണ്. ഞങ്ങൾ നിങ്ങൾക്ക് പിറകിൽ വരും. അല്ലാഹുവേ അവരിൽ നിന്നുള്ള പ്രതിഫലം ഞങ്ങൾക്ക് തടയരുതേ. അവരുടെ അസാന്നിധ്യത്തിൽ ഞങ്ങളെ നീ നാശത്തിലാക്കരുതേ.
മദീനയിലെ പൊതു ഖബർസ്ഥാനാണ് ജന്നത്തുൽ ബഖീഅ്. തിരുനബിﷺക്ക് പ്രിയപ്പെട്ട ഒരുപാട് പേർ അവിടെ വിശ്രമിക്കുന്നുണ്ട്. സ്വഹാബികൾ, മക്കൾ, ഭാര്യമാർ, കുടുംബാദികൾ തുടങ്ങി നിരവധി ആളുകൾ. തിരുനബിﷺ അവരെ സന്ദർശിക്കാൻ പോയതാണ്. ജീവിതകാലത്തേതുപോലെ നേരിട്ട് അവർക്ക് സലാം ചൊല്ലുന്നു. അവർ യാഥാർത്ഥ്യങ്ങളുടെ ലോകത്തേക്ക് എത്തിയതാണെന്നും ജീവിച്ചിരിക്കുന്ന ഞങ്ങൾ കൂടി നിങ്ങളിലേക്ക് ശേഷം വന്നുചേരുമെന്നും അവരോട് പറയുക വഴി സ്വയം ഉൽബോധനം നേടുന്നു. ഖബറാളികൾക്ക് സലാം പറയുമ്പോൾ നിങ്ങൾ മുന്നേ പോയവരാണ് ഞങ്ങൾ ശേഷം വരുന്നവരാണ് എന്നത് അവർക്കുള്ള ഒരു അഭിവാദ്യവും സലാം പറയുന്നവർക്ക് സ്വയം തിരിച്ചറിവിനുള്ള ഒരു ഉൽബോധനവുമാണ്. അവരെ സംബോധന ചെയ്യുമ്പോൾ അവർ കേൾക്കുകയില്ലെങ്കിൽ പിന്നെ ആ പറയുന്നതിന് എന്ത് കാര്യമാണുള്ളത്. അപ്പോൾ തിരുനബിﷺയുടെ പ്രയോഗത്തിൽ നിന്നും മരണപ്പെട്ടവർ കേൾക്കുമെന്നും അവരിലേക്ക് സമാധാന സന്ദേശം എത്തുമെന്നും മനസ്സിലാക്കാവുന്നതാണ്.
മരണപ്പെട്ടവരുടെ ആത്മീയ അവസ്ഥയും പദവിയും പരിഗണിച്ചുകൊണ്ടുള്ള സമീപനങ്ങൾ മറമാടുന്നതിലും ഖബറിലേക്ക് കിടത്തുന്നതിലും സമീപനങ്ങളിലും എല്ലാം തിരുനബിﷺ പുലർത്തിയിരുന്നു. ജന്നത്തുൽ ബഖീഇലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നത് ലഹദ് രൂപത്തിൽ മറമാടുക എന്ന രീതിയാണ്. അഥവാ ആഴത്തിൽ ഖബർ താഴേക്ക് കുഴിച്ച ശേഷം സൈഡിലേക്ക് ഒരു പൊത്തു പോലെ ഉണ്ടാക്കി അതിലേക്ക് ജനാസ വെക്കുന്ന രീതി. നമ്മുടെ നാട്ടിൽ വ്യാപകമായത് താഴേക്ക് കബർ കുഴിച്ച് നേരെ അതിൽ കിടക്കുന്ന രീതിയാണ്. അതിന് ഹഫർ എന്നാണ് പ്രയോഗിക്കുക. പലരുടെ ജനാസകൾ ഒരുമിച്ചുള്ളപ്പോൾ കൂട്ടത്തിൽ ഖുർആനികമായി ഏറ്റവും ജ്ഞാനമുള്ളവരെ മുന്നിൽവെക്കാനും ആദ്യം വെക്കാനും തിരുനബിﷺ നിർദേശിച്ചിരുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരാണെങ്കിൽ അവരെ സവിശേഷമായ രീതിയിലായിരുന്നു മറമാടിയിരുന്നത്. അവരെ കുളിപ്പിക്കുകയോ ശരീരത്തിൽ പുരണ്ട രക്തക്കറകൾ നീക്കുകയോ ചെയ്തിരുന്നില്ല. അതുകൊണ്ടുതന്നെ അവർക്കുമേൽ നിസ്കാരവുമുണ്ടായിരുന്നില്ല. ഞാൻ അവർക്ക് സാക്ഷിയാണ് എന്ന് തിരുനബിﷺ പറയുകയും ചെയ്തിരുന്നു.
ഹിശാം ബിൻ ആമിർ അല് അൻസാരി(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഉഹ്ദിൽ വെച്ച് എൻ്റെ പിതാവ് കൊല്ലപ്പെട്ടു. അപ്പോൾ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. നിങ്ങൾ വിശാലമായ ഖബറുകൾ കുഴിക്കൂ. രണ്ടും മൂന്നും ആളുകളെ ഓരോ ഖബറിലും മറമാടൂ. അവരിൽനിന്ന് കൂടുതൽ ഖുർആൻ അറിയുന്നവരെ ആദ്യം ഖബറിലേക്ക് വെക്കൂ. എൻ്റെ പിതാവ് കൂട്ടത്തിൽ ഖുർആൻ കൂടുതൽ അറിയുന്ന ആളായിരുന്നു.
ഓരോരുത്തർക്ക് വേണ്ടിയും സ്വതന്ത്രമായി ഖബർ കുഴിക്കുന്നതിന്റെ പ്രയാസം സ്വഹാബികൾ പങ്കുവെച്ചപ്പോഴായിരുന്നു രണ്ടും മൂന്നും ആളുകളെ മറമാടാൻ പറ്റുന്ന വിശാലതയിലും ആഴത്തിലും ഖബർ കുഴിക്കാൻ തിരുനബിﷺ നിർദ്ദേശം നൽകിയത് എന്ന് ചില നിവേദനങ്ങളിൽ വായിക്കാം.
Tweet 1092
തിരുനബിﷺയുടെ ദാനധർമങ്ങളുമായി ബന്ധപ്പെട്ട അധ്യായമാണ് നമുക്കിനി വായിക്കാനുള്ളത്. നിശ്ചിത സാമ്പത്തിക നിലവാരമുള്ളവർ നിർദ്ദിഷ്ടവിഹിതം പാവപ്പെട്ടവർക്കും ആവശ്യക്കാർക്കും നൽകണമെന്ന നിർബന്ധ കൽപ്പന ഇസ്ലാമിലുണ്ട്. ഇസ്‌ലാമിക ഭരണകൂടം നിലനിൽക്കുന്ന സ്ഥലങ്ങളിൽ പ്രത്യക്ഷ സമ്പാദ്യത്തിന്റെ നിർബന്ധദാനം സമാഹരിക്കാനും വിതരണം ചെയ്യാനും ഭരണസംവിധാനത്തിൽ തന്നെ ക്രമീകരണങ്ങളും ഉദ്യോഗസ്ഥരുമുണ്ടാകും.
ഏത് സാഹചര്യത്തിൽ ജീവിക്കുന്ന വിശ്വാസിയും അവന് നിർദ്ദേശിക്കപ്പെട്ട നിർബന്ധദാനം അവകാശികൾക്ക് നൽകൽ നിർബന്ധമാണ്. തിരുനബിﷺയുടെ ജീവിതത്തിൽ ഏൽപ്പിക്കപ്പെട്ട വസ്തുക്കൾ കൃത്യമായി കൈമാറ്റം ചെയ്തതും, അതിൽ സവിശേഷമായ ജാഗ്രത പുലർത്തിയതും വിശദമായിത്തന്നെ നമുക്ക് വായിക്കാനുണ്ട്. അതിനുപുറമേ അവിടുന്ന് നേരിട്ട് തന്നെ നൽകിയ ദാനധർമങ്ങൾ തുല്യതയില്ലാത്തതായിരുന്നു. രാവിലെ ലഭിച്ചത് മുഴുവൻ വൈകുന്നേരം ആയപ്പോഴേക്കും അനുഭാവപൂർവ്വം മറ്റുള്ളവർക്ക് നൽകിയ ദിനങ്ങളും നബി ജീവിതത്തിലുണ്ട്.
പാവങ്ങൾക്ക് നൽകാൻ ഏൽപ്പിക്കപ്പെട്ടതോ അർഹതപ്പെട്ടവർക്ക് എത്തിക്കാനുള്ളതോ കൈവശമുണ്ടായാൽ അത് കൈമാറുന്നത് വരെ തിരുനബിﷺക്കു സമാധാനമുണ്ടാവില്ല. ഉക്ബത് ബിൻ ഹാരിസി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ഒരു ദിവസം അസ്ർ നിസ്കരിച്ച ഉടനെ ധൃതിയിൽ തന്നെ തിരുനബിﷺ വീട്ടിലേക്ക് പോയി. പെട്ടെന്നുതന്നെ തിരിച്ചുവരികയും ചെയ്തു. എന്നിട്ട് നബിﷺ ഇങ്ങനെ പറഞ്ഞു. സ്വദഖയുടെ ഒരു സ്വർണക്കട്ടി എൻ്റെ വീട്ടിലുണ്ടായിരുന്നു. ഒരു ദിവസമെങ്കിലും അതെന്റെ വീട്ടിലുണ്ടാകുന്നത് ഞാൻ ഇഷ്ടപ്പെട്ടില്ല. വേഗം തന്നെ ഞാനത് വിഹിതം വെച്ചു നൽകി.
അനസുബ്നു മാലിക്(റ) പറയുന്നു. ഒരു പ്രഭാതത്തിൽ ഞാൻ നബിﷺയുടെ അടുത്തേക്ക് ചെന്നു. അബൂ ത്വൽഹ(റ)യുടെ മകൻ അബ്ദുല്ലാ(റ)ക്ക് മധുരം തൊട്ടുകൊടുക്കാൻ വേണ്ടിയാണ് ഞാൻ ചെന്നത്. അപ്പോൾ നബിﷺയുടെ കയ്യിൽ സ്വദഖയുടെ ഒട്ടകത്തിന് അടയാളം വെക്കുന്നതിനുവേണ്ടിയുള്ള ഉപകരണം കാണാൻ കഴിഞ്ഞു.
മറ്റു ഒട്ടകങ്ങളുമായി കൂടിക്കലരാതെ സ്വദഖ കൊടുക്കാനുള്ള ഒട്ടകങ്ങളെ പ്രത്യേകം സംരക്ഷിക്കുന്നതിന്റെയും പരിഗണിക്കുന്നതിന്റെയും ഭാഗമായിരുന്നു അത്.
സക്കാത്ത് സമാഹരിക്കാൻ നിയോഗിക്കുന്ന ഗവർണർമാരോടും ഉദ്യോഗസ്ഥന്മാരോടും മറ്റുള്ളവരുടെ അവകാശങ്ങൾ കൈവശപ്പെടുത്താതിരിക്കാനും സക്കാത്തിന്റെ സ്വത്തിൽ നിന്ന് അല്പംപോലും സ്വകാര്യവൽക്കരിക്കപ്പെട്ടു പോകാതിരിക്കാനും ഗൗരവപൂർവം ഉണർത്തിയിരുന്നു. നാളെ പരലോകത്ത് വരുമ്പോൾ ഒട്ടകത്തെയോ ആടിനെയോ മാടിനെയോ ചുമന്നു കൊണ്ടുവരേണ്ട ഗതികേടുണ്ടാവരുത് എന്ന് ഗൗരവപൂർവ്വം തിരുനബിﷺ ഉണർത്തുമായിരുന്നു.
ശമ്പളം സ്വീകരിക്കുന്നതിന് അനുവദിക്കപ്പെട്ട സ്വത്തുകൾ ഉപയോഗിക്കുന്നതിനും തിരുനബിﷺ വിലക്കിയില്ല. എന്നാൽ, പൊതുസ്വത്തിൽ നിന്നോ ഏൽപ്പിക്കപ്പെട്ട സക്കാത്തിന്റെ വിഹിതത്തിൽ നിന്നോ ഒരു പൊടി പോലും കൈവശപ്പെട്ടു പോകരുത് എന്ന് നിരന്തരമായി ഗവർണർമാരെ ഉണർത്തുമായിരുന്നു. ദാനധർമങ്ങളിൽ ആവേശപൂർവം മുന്നിൽ നിൽക്കുന്നതിനൊപ്പം പണക്കാരിൽ നിന്ന് പാവപ്പെട്ടവർക്ക് വിഹിതമായി ലഭിക്കേണ്ട സ്വത്തു വകകളിൽ ഒന്നും വിതരണം ചെയ്യാൻ ഏൽപ്പിക്കപ്പെടുന്നവരുടെ പക്കൽ നിന്ന് അന്യാധീനപ്പെട്ടു പോകരുതെന്ന് തിരുനബിﷺക്ക് നിർബന്ധമുണ്ടായിരുന്നു.
Tweet 1093
ഇസ്‌ലാമിക പ്രബോധനത്തിനു വേണ്ടി വിവിധ രാജ്യങ്ങളിലേക്ക് സ്വഹാബികളെ നിയോഗിക്കുമ്പോൾ ഇസ്‌ലാമിന്റെ അടിസ്ഥാന കാര്യങ്ങളിൽ പ്രാധാന്യത്തോടുകൂടി ദാനധർമത്തെ പരിചയപ്പെടുത്താൻ നിർദ്ദേശിച്ചിരുന്നു. നിർബന്ധ ദാനത്തെ നിർബന്ധമായും പ്രോത്സാഹിപ്പിക്കപ്പെടേണ്ട കാര്യത്തെ മഹത്വപ്പെടുത്തിയും പറയാൻ അവരെ ഉദ്ബോധിപ്പിച്ചു. ഇബ്നു അബ്ബാസ്(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ മുആദി(റ)നെ യമനിലേക്ക് നിയോഗിച്ചു. അപ്പോൾ അദ്ദേഹത്തോട് പറഞ്ഞു. വേദക്കാരിൽ നിന്നുള്ള ഒരു ജനതയെയാണ് നിങ്ങൾ അഭിമുഖീകരിക്കാൻ പോകുന്നത്. അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്ന പ്രമേയത്തിലേക്കാണ് ആദ്യം അവരെ ക്ഷണിക്കേണ്ടത്. അല്ലാഹുവിനെ അവർക്ക് പരിചയപ്പെടുത്തുക. അഞ്ചുനേരത്തെ നിസ്കാരത്തെ കുറിച്ച് അവർക്ക് ഉൽബോധനം നൽകുക. അഥവാ സ്വീകരിക്കുന്ന പക്ഷം നിർബന്ധമായ സക്കാത്തിനെ കുറിച്ച് അവർക്ക് അവബോധം നൽകുക. സമ്പന്നരിൽ നിന്നും സ്വീകരിച്ച് പാവപ്പെട്ടവർക്ക് നൽകുന്ന സക്കാത്തിനെ കുറിച്ച് അവരോട് പറയുക. അവര് അംഗീകരിക്കുന്നപക്ഷം അവരിൽ നിന്ന് സക്കാത്തിന്റെ സ്വത്ത് സ്വീകരിക്കുക. അവർ ഇണക്കി പോറ്റുന്ന പ്രധാന വളർത്തുമൃഗങ്ങളെ അവർക്ക് തന്നെ നൽകുക. അക്കാര്യത്തിൽ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. അക്രമിക്കപ്പെടുന്നവന്റെ പ്രാർഥനയെ പ്രത്യേകം നിങ്ങൾ ശ്രദ്ധിക്കുക. അവരുടെ പ്രാർഥനയുടെയും അല്ലാഹുവിന്റെയും ഇടയിൽ മറകളില്ല.
ഏറ്റവും നീതിനിഷ്ടമായ ഒരു ഭരണ വ്യവസ്ഥിതിയുടെ ഭാഗമായി ഭരണീയരിൽ നിന്ന് സക്കാത്ത് ശേഖരിക്കാൻ ഗവർണർമാർക്ക് നൽകുന്ന നിർദ്ദേശം കൂടിയാണിത്. ആരോടും എപ്പോഴും പൂർണമായ നീതിയും നിഷ്ഠയും പാലിച്ചു കൊള്ളണം എന്ന നിർബന്ധം തിരുനബിﷺ പ്രത്യേകം പഠിപ്പിക്കുകയാണ്.
ഒരു വർഷത്തെ സക്കാത്ത് മുടങ്ങിയപ്പോൾ രണ്ടാമത്തെ വർഷം രണ്ടു വർഷത്തെയും സക്കാത്ത് ഒരുമിച്ച് സ്വീകരിക്കാൻ ദ്രുതഗതിയിൽ നടപടിയെടുക്കണമെന്ന് തിരുനബിﷺ നിർദേശിച്ചതും ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്തിട്ടുണ്ട്.
സക്കാത്ത് സമ്പ്രദായം സ്വയം പര്യാപ്തമായ ഒരു സമൂഹത്തെ രൂപപ്പെടുത്താൻ ഏറ്റവും ഫലപ്രദമായ സാമ്പത്തിക രീതിയാണെന്ന് പ്രായോഗികമായി തന്നെ ഇസ്‌ലാം തെളിയിച്ചിട്ടുണ്ട്. നിശ്ചിത സമ്പത്ത് ഉടമസ്ഥതയിലുള്ളയാൾ നിർദ്ദേശിക്കപ്പെട്ട വിഹിതം നിർബന്ധമായും പാവപ്പെട്ടവർക്ക് വ്യത്യസ്ത മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ നൽകണമെന്നാണ് മതത്തിന്റെ നിർദ്ദേശം. സക്കാത്ത് സ്വീകരിച്ചിരുന്നവർ കാലക്രമേണ സക്കാത്ത് നൽകാൻ മാത്രം സാമ്പത്തികമായി ഉയർന്ന സാമൂഹിക അവസ്ഥയാണ് ഇസ്‌ലാം ലോകത്തിന്റെ മുമ്പിൽ സമർപ്പിച്ചത്. സമാനമായ മറ്റേതെങ്കിലും ഒരു വ്യവസ്ഥിതി ദാനം കൊടുക്കാനും ദാനം സ്വീകരിച്ചവരെ സ്വയംപര്യാപ്തരാക്കാനും ലോകത്ത് നടപ്പിലാക്കിയതോ വിജയിപ്പിച്ചതോ ഉദാഹരണത്തിന് പോലും വായിക്കാനില്ല എന്നത് ഒരാഗോള സാമ്പത്തിക യാഥാർത്ഥ്യമാണ്.
സക്കാത്ത് സമാഹരണത്തിന് ഭരണകൂടത്തിനുള്ള അധികാരം ഉപയോഗിക്കുമ്പോഴും ഏൽപ്പിക്കപ്പെടുന്ന ഉദ്യോഗസ്ഥന്മാർ കൃത്യമായ നീതിയിലും ചിട്ടയിലും അത് നിർവഹിക്കണമെന്ന കണിശമായ നിർദ്ദേശം തിരുനബിﷺ നൽകിയിരുന്നു. സക്കാത്ത് നൽകുന്ന ആളുകളോട് പെരുമാറുന്ന രീതിയിലും വസ്തുവകകൾ സ്വീകരിക്കുന്ന മാനദണ്ഡങ്ങളിലും കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിലും കണിശമായ നിബന്ധനകൾ തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. വ്യക്തി താൽപര്യങ്ങളോ സ്വകാര്യ താൽപര്യങ്ങളോ അതിൽ കടന്നു വരരുതെന്നും പൂഴ്ത്തിവെപ്പോ അപഹരണമോ ഒരിക്കലുമുണ്ടാകരുതെന്നും കൃത്യമായി തിരുനബിﷺ ഉൽബോധിപ്പിച്ചു.
Tweet 1094
ദാനധർമങ്ങൾ ചെയ്യുന്നവരെ തിരുനബിﷺ പ്രത്യേകം പ്രശംസിക്കുകയും സക്കാത്തിന്റെ സ്വത്ത് സ്വീകരിക്കുമ്പോൾ നൽകുന്നവരുടെ പുരോഗതിക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തിരുന്നു. ജരീർ ബിൻ അബ്ദുല്ല(റ)യിൽ നിന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. സക്കാത്ത് സ്വത്തുമായി നിങ്ങളെ സമീപിക്കുന്നയാൾ സംതൃപ്തിയോടുകൂടി നിങ്ങളിൽ നിന്ന് മടങ്ങട്ടെ.
അബൂഹുറൈറ(റ)യിൽ നിന്ന് ഇബ്നുമാജ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. നിങ്ങളുടെ പക്കൽ സക്കാത്ത് നൽകേണ്ടവർ സക്കാത്ത് നൽകിയിരിക്കുന്നു. അപ്പോൾ നിങ്ങൾ അതിന്റെ പ്രതിഫലം മറന്നു പോകരുത്. നിങ്ങൾ പറയണം. അല്ലാഹുവേ ഇത് ഐശ്വര്യമാക്കേണമേ! ബാധ്യത ആക്കരുതതേ!
സക്കാത്ത് കൃത്യമായി നൽകുന്നവന്റെ സമ്പത്ത് പുരോഗമിക്കണമെന്ന് ആഗ്രഹിക്കുകയും അവന്റെ വളർച്ചയ്ക്ക് വേണ്ടി പ്രത്യേകം പ്രാർഥിക്കുകയും വേണം. സക്കാത്ത് നൽകുന്നവന്റെ സമ്പാദ്യം നഷ്ടത്തിലും കഷ്ടത്തിലുമായി പോകരുതെന്ന് പ്രത്യേകം ആഗ്രഹിക്കുകയും കാവൽ ചോദിച്ചു കൊണ്ട് പ്രാർഥിക്കുകയും വേണം.
ഒരു വിശ്വാസി മതപരമായ നിർബന്ധമാണ് സക്കാത്ത് ദാനത്തിലൂടെ നിർവഹിക്കുന്നതെങ്കിലും എത്ര മനശാസ്ത്രപരമായിട്ടാണ് അത് സ്വീകരിക്കുകയും അവൻ്റെ കൂടുതൽ വളർച്ചയ്ക്ക് വേണ്ടി പ്രോത്സാഹിപ്പിക്കുകയും പ്രശംസിക്കുകയും ചെയ്യുന്നത്. ഇസ്‌ലാമിലെ ഓരോ നടപടിക്രമങ്ങൾക്കും സൗന്ദര്യപൂർണ്ണമായ ഒരു ഭാവമുണ്ട്. ഇവിടെ ഇപ്രകാരമാണ് അത് നാം വായിച്ചു കൊണ്ടിരിക്കുന്നത്.
അബ്ദുല്ല ബിൻ അബൂ ഔഫ്(റ) പറയുന്നു. തിരുനബിﷺയുടെ അടുക്കലേക്ക് സക്കാത്തുമായി ഓരോരുത്തർ വരുമ്പോഴും, അവർക്ക് വേണ്ടി എല്ലാം പ്രത്യേകം പ്രത്യേകം അവിടുന്ന് പ്രാർഥിച്ചു. അല്ലാഹുവേ ഇദ്ദേഹത്തിന്റെ കുടുംബത്തിനു നീ അനുഗ്രഹം ചൊരിയേണമേ എന്നായിരുന്നു പ്രാർഥനയുടെ ആശയം. എൻ്റെ പിതാവ് അപ്പോൾ സക്കാത്തുമായി നബിﷺയുടെ അടുക്കൽ വന്നു. തിരുനബിﷺ ഇങ്ങനെ പ്രാർഥിച്ചു. അല്ലാഹുവേ അബൂ ഔഫ്(റ)ന്റെ കുടുംബത്തിന് നീ അനുഗ്രഹം ചൊരിയണമേ.
വാഇൽ ബിൻ ഹുജറി(റ)ൽ നിന്ന് ഇമാം നസാഈ(റ) നിവേദനം ചെയ്യുന്നു. സക്കാത്ത് സമാഹരിക്കുന്ന ഉദ്യോഗസ്ഥനെ തിരുനബിﷺ ഒരാളുടെ അടുക്കലേക്ക് വിട്ടു. തൻ്റെ സമ്പത്തിൽ നിന്ന് ന്യൂനതയുള്ളതിനെ കൊടുത്തു. അപ്പോൾ തിരുനബിﷺ പറഞ്ഞു. അല്ലാഹുവിന്റെയും റസൂലിﷺനെയും മാർഗത്തിലേക്ക് നിർബന്ധ ദാനം സ്വീകരിക്കാനാണ് നാം ആളെ അയച്ചത്. അതാ ഒരാൾ തന്റെ സമ്പാദ്യത്തിൽ നിന്ന് മോശപ്പെട്ടതിനെ അഥവാ ക്ഷീണിച്ച മൃഗത്തെ കൊടുത്തിരിക്കുന്നു. അദ്ദേഹത്തിൻ്റെ സ്വത്തിൽ ഐശ്വര്യം ഇല്ലാതിരിക്കട്ടെ! അദ്ദേഹത്തിൻ്റെ ഒട്ടകത്തിലും!
ഈ വിവരം അദ്ദേഹം അറിഞ്ഞു. ഉടനെ അദ്ദേഹം ലക്ഷണമൊത്ത ഒരു ഒട്ടകവുമായി നബിﷺയുടെ അടുക്കൽ വന്നു. ഞാൻ അല്ലാഹുവിനോടും റസൂലിﷺനോടും പശ്ചാത്തപിച്ചു മടങ്ങുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഉടനെ അദ്ദേഹത്തിനു വേണ്ടി തിരുനബിﷺ പ്രാർഥിച്ചു. അല്ലാഹുവേ അദ്ദേഹത്തിനും അദ്ദേഹത്തിന്റെ സ്വത്തിനും നീ അനുഗ്രഹങ്ങൾ ചൊരിയേണമേ!
കൃത്യമായ ദാനധർമങ്ങൾ നിർവഹിക്കേണ്ടത് ഓരോ സമ്പന്നന്റെയും ബാധ്യതയാണ്. അല്ലാത്തപക്ഷം അദ്ദേഹത്തിൻ്റെ സമ്പത്ത് തന്നെ മലിനമായിപ്പോകും. അഥവാ പാവപ്പെട്ടവരുടെ അവകാശം കൂടി കലർന്നു പവിത്രത ഇല്ലായ്മ ചെയ്യപ്പെടും. ചിലപ്പോൾ പ്രോത്സാഹനവും ചിലപ്പോൾ താക്കീതും എന്നത് പ്രബോധനത്തിന്റെയും ബോധവൽക്കരണത്തിന്റെയും രണ്ടു മാർഗ്ഗങ്ങളാണ്. ഏതൊരു ഗവൺമെന്റ് വ്യവസ്ഥിതിയും അങ്ങനെയാണ്, പ്രമോഷനും ശിക്ഷയും പ്രഖ്യാപിക്കും. ടാക്സ് എടുക്കാത്തവർക്ക് ഫൈൻ നൽകുകയും, കൂടുതൽ ഗുരുതരമാകുന്ന പക്ഷം അവരുടെ ക്രയവിക്രയങ്ങൾ മരവിപ്പിക്കപ്പെടുകയും ചെയ്യും. ഇതെല്ലാം ഒരു വ്യവസ്ഥിതിയുടെ പ്രയോഗവൽക്കരണത്തിന് ആവശ്യമാണ്.
മഹതി ജംറാഅ്(റ) പറയുന്നു. ഞാൻ സക്കാത്തിന്റെ സ്വത്തുമായി നബിﷺയെ സമീപിച്ചു. അവിടുന്ന് പ്രത്യേകം പ്രശംസിക്കുകയും എനിക്ക് ക്ഷേമത്തിനു വേണ്ടി പ്രാർഥിച്ചു തരികയും ചെയ്തു.
Tweet 1095
ദാനധർമങ്ങളുടെയും അല്ലാഹുവിന്റെ പ്രീതി പ്രതീക്ഷിച്ചുകൊണ്ടുള്ള പരസ്പര ആദാന പ്രദാനങ്ങളുടെയും വിവിധങ്ങളായ രൂപങ്ങൾ തിരുനബിﷺയുടെ അധ്യാപനങ്ങളിൽ വന്നിട്ടുണ്ട്. നിർബന്ധമായ സക്കാത്ത് വർഷം തികയുന്നതിന് മുമ്പ് തന്നെ ഒരാൾ കൊടുക്കാൻ താല്പര്യപ്പെട്ടാൽ തിരുനബിﷺ അതിന് സമ്മതം നൽകിയിരുന്നു. നന്മയിലേക്ക് ധൃതി കാണിക്കുന്നത് പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ് എന്നായിരുന്നു വിശദീകരണം. അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഈ ആശയം കാണാം. പിതാവിന്റെ സ്ഥാനത്താണല്ലോ പിതൃസഹോദരൻ. സാമ്പത്തികമായി ഒരു ആവശ്യഘട്ടത്തിൽ തിരുനബിﷺയുടെ പിതൃസഹോദരൻ അബ്ബാസി(റ)ന്റെ പക്കൽ നിന്ന് അവധിയെത്തുന്നതിന് മുമ്പ് തന്നെ സക്കാത്ത് സ്വീകരിക്കാൻ തിരുനബിﷺ നിർദ്ദേശിച്ചു. അതുപ്രകാരം രണ്ടു വർഷത്തെ സക്കാത്ത് മുൻകൂറായി തന്നെ സ്വീകരിക്കുകയും ചെയ്തു.
സക്കാത്തിന്റെ സാമൂഹികപരത സ്വതന്ത്രമായി തന്നെ പഠിക്കേണ്ടതാണ്. ചെറിയ പെരുന്നാൾ ദിവസത്തിൽ വിശ്വാസികൾ നൽകുന്ന പ്രത്യേക സക്കാത്താണ് ഫിത്തർ സക്കാത്ത്. നാട്ടിലെ പ്രധാന ഭക്ഷ്യധാന്യത്തിൽ നിന്ന് ഒരു സാഅ് അഥവാ നാല് മുദ്ദാണ് ഒരാളുടെ സക്കാത്തുൽ ഫിത്വറായി നൽകേണ്ടത്. ഓരോ പൗരനും അയാളുടേതും തന്റെ ചെലവിൽ കഴിയുന്നവരുടേതും കണക്കാക്കി ഓരോരുത്തരുടെ പേരിലും ഈ സക്കാത്ത് നൽകിയിരിക്കണം. പെരുന്നാൾ ദിവസത്തിൽ എല്ലാ വീട്ടിലും ഭക്ഷണം എത്തുന്നു എന്ന ഒരു സാമൂഹിക നിർമിതിയും അപരന്റെ ആവശ്യങ്ങളും അവസ്ഥകളും ഓരോ വ്യക്തിയും അറിഞ്ഞിരിക്കണം എന്ന ഒരു സാമൂഹിക പരിസരവും ഇതിൽ ഉൾച്ചേർന്നിട്ടുണ്ട്.
സക്കാത്ത് ലഭിക്കേണ്ട ആളുകൾ, ദരിദ്രർ, പാവപ്പെട്ടവർ, കടംകൊണ്ട് വലഞ്ഞവർ തുടങ്ങി സമൂഹത്തിലെ ആവശ്യക്കാരാണ്. സമ്പത്തുള്ള ഓരോരുത്തരും അവരുടെ പരിസരങ്ങളിൽ ഇത്തരം ആളുകൾ ഉണ്ടോയെന്ന് അന്വേഷിക്കാൻ സക്കാത്ത് ഒരു കാരണമാകുന്നു. അന്വേഷിക്കുകയും കണ്ടെത്തുകയും ചെയ്താൽ നിർബന്ധ ദാനത്തിനു പുറമേ മനസ്സലിഞ്ഞുള്ള സഹായസഹകരണങ്ങളും സ്വാഭാവികമായും സമൂഹത്തിലുണ്ടാകും. ഇസ്‌ലാമിക ഭരണകൂടം നിലനിൽക്കാത്ത രാഷ്ട്രങ്ങളിൽ ഓരോ വ്യക്തിയും നേരിട്ടുതന്നെയാണ് അവൻ്റെ സക്കാത്തെല്ലാം നൽകേണ്ടത്. ഭരണകൂടമുള്ളപ്പോൾ സ്വാഭാവികമായും ഭരണകൂടത്തിന്റെ പക്കൽ കണക്കുകളുണ്ടാകുമല്ലോ. അവർ ഈടാക്കുന്ന സക്കാത്ത് അർഹതപ്പെട്ടവർക്ക് എത്തിക്കാനും സംവിധാനമുണ്ടാകും.
എന്നാൽ അത്തരം വ്യവസ്ഥാപിത സംവിധാനങ്ങൾ ഇല്ലാത്ത ദേശങ്ങളിൽ താമസിക്കുന്ന വിശ്വാസികൾ നേരിട്ട് അറിയാനും കൊടുക്കാനും തയ്യാറാവുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. ഒരുപക്ഷേ നേരിട്ട് കൊടുക്കാൻ സാധിക്കാത്ത പക്ഷം മറ്റുള്ളവരെ വക്കാലത്ത് ആക്കലും അനുവദിക്കപ്പെട്ട കാര്യമാണ്. അപ്പോഴും അവകാശികൾ ആരാണെന്നും ആർക്കൊക്കെ നൽകണമെന്നുമുള്ള ചർച്ചയിൽ പരിസരത്തെ കുറിച്ചുള്ള ഒരു അവബോധം സമ്പന്നരിലുണ്ടാകും.
എന്നാൽ ഇസ്‌ലാമിക ഭരണകൂടമില്ലാത്ത പ്രദേശങ്ങളിൽ സക്കാത്ത് കമ്മിറ്റികൾ എന്ന പേരിൽ രൂപപ്പെടുന്ന സംവിധാനങ്ങൾ സമ്പന്നർക്ക് പരിസരത്തെക്കുറിച്ച് അറിയാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുക കൂടി ചെയ്യുന്നുണ്ട്. മതം അവകാശം നൽകാത്ത വിധം ഒരാളുടെ സമ്പത്തിന്റെ സക്കാത്ത് ഇത്തരം കമ്മിറ്റികൾ പിടുങ്ങുന്നു എന്നതിനപ്പുറം സാമൂഹികമായി വന്നുചേരുന്ന ഒരു കുറവാണ് നാം ഇപ്പോൾ പരാമർശിച്ചത്.
സംഘടിത സക്കാത്ത് എന്ന പേരിൽ കമ്മിറ്റികൾ രൂപീകരിക്കുകയും സമ്പന്നരുടെ സക്കാത്തിന്റെ സംഖ്യ സമാഹരിച്ച് സംഘടനാ താൽപര്യങ്ങൾ നിറവേറ്റുകയും ചെയ്യുന്ന പുത്തനാശയക്കാരുടെ വാദത്തിന് കർമശാസ്ത്രപരമായ ന്യൂനതകൾക്ക് പുറമേ സാമൂഹികവും സാംസ്കാരികവുമായ കുറവുകൾ കൂടിയുണ്ട് എന്ന് സാരം.
Tweet 1096
ഇസ്‌ലാം നിർദ്ദേശിക്കുന്ന ദാനധർമങ്ങൾക്ക് നിയമത്തിന്റെ ബലിഷ്ഠതയ്ക്കപ്പുറം ഹൃദ്യമായ ചില സൗന്ദര്യങ്ങളുണ്ട്. നിർബന്ധമായും ധനികൻ പാവപ്പെട്ടവന് നൽകേണ്ട സ്വത്ത് വിഹിതം സക്കാത്ത് അല്ലെങ്കിൽ സ്വദഖ എന്ന് പ്രയോഗിക്കുമ്പോൾ, ഐച്ഛികമായ ധർമങ്ങളെയും ഉപഹാരങ്ങൾ അഥവാ ഹദിയകളെയും ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നു. നിർബന്ധ ദാനം അല്ലാത്തത് നൽകാത്തപക്ഷം സമ്പന്നൻ ശിക്ഷിക്കപ്പെടുകയോ കുറ്റവാളി ആവുകയോ ചെയ്യുകയില്ല. എന്നാൽ, അത്തരം ദാനധർമങ്ങൾ ഇസ്‌ലാമിക സമൂഹത്തിൽ വ്യാപകമായത് പോലെ മറ്റേതെങ്കിലും ഒരു മത വിഭാഗത്തിലോ സാമൂഹിക ഘടനയിലോ ഉള്ളതായി നമുക്ക് കാണാൻ കഴിയില്ല.
ഉപഹാരങ്ങളും സമ്മാനങ്ങളും പാവപ്പെട്ടവൻ ധനികനും നൽകിയേക്കാം. അത്തരം ഘട്ടങ്ങളിൽ ലഭിക്കുന്നതിന്റെ ചെറുപ്പ വലിപ്പം നോക്കി പരിഗണിക്കുകയോ അവഗണിക്കുകയോ ചെയ്യരുത് എന്ന് തിരുനബിﷺ പ്രത്യേകം ഉദ്ബോധനം നൽകി. നിങ്ങളുടെ അയൽവാസി നിങ്ങൾക്ക് ഒരാടിന്റെ കുളമ്പ് സമ്മാനിച്ചാൽ പോലും അത് നിസ്സാരമായി കാണരുത് എന്ന് തിരുനബിﷺ അധ്യാപനം നൽകി. തിരുനബിﷺയുടെ പത്നിമാരെ പ്രത്യേകം അഭിസംബോധന ചെയ്തുകൊണ്ട് ഉപദേശിക്കുകയും ചെയ്തു.
പടിവാതുക്കൽ ചോദിച്ചു കൊണ്ടുവരുന്നവൻ പ്രത്യക്ഷത്തിൽ സമ്പന്നനാണെന്ന് തോന്നിയാലും ദരിദ്രനാണെന്ന് തോന്നിയാലും നിരാശപ്പെടുത്തുകയോ അവഹേളിക്കുകയോ ചെയ്യരുതെന്ന് തിരുനബിﷺ പഠിപ്പിച്ചു.
തിരുനബിﷺയെ പാവപ്പെട്ടവരും സമ്പന്നരും സൽക്കരിക്കാൻ ക്ഷണിച്ചിരുന്നു. എല്ലാവരുടെയും സൽക്കാരം സ്വീകരിക്കാൻ തിരുനബിﷺ പോവുകയും ചെയ്തു. ഉള്ളതുകൊണ്ടുണ്ടാക്കിയ ലളിതമായ വിഭവങ്ങളെ ആവേശത്തോടെ തിരുനബിﷺ ഉപയോഗിക്കുകയും ആതിഥേയരെ സന്തോഷിപ്പിക്കുകയും ചെയ്തു. തിരുനബിﷺയുടെ പരിചാരകൻ അനസുബിനു മാലികി(റ)ന് അത്തരം ആതിഥേയങ്ങളുടെ അനുഭവങ്ങൾ ഏറെ പറയാനുണ്ട്. പഴക്കം കൊണ്ട് രുചിഭേദം വന്ന എണ്ണയിൽ പാചകം ചെയ്ത പലഹാരവും ആതിഥേയനെ വേദനിപ്പിക്കാതെ തിരുനബിﷺ കഴിച്ചിട്ടുണ്ട്. ഒരു കപ്പ് പാലുകൊണ്ട് ഒരു വലിയ സംഘത്തിന്റെ വിശപ്പടക്കുകയും ഒരു തളികയിലെ ഭക്ഷണം കൊണ്ട് ഒരു സൈന്യത്തെ മുഴുവനും ഊട്ടിയ അനുഭവങ്ങളും നബി ജീവിതത്തിൽ നിന്ന് നാം വായിച്ചു പോയി. കൊടുക്കുന്നവന്റെ കൈ അഥവാ മേലെയുള്ള കൈയാണ് സ്വീകരിക്കുന്നവന്റെ കൈ അഥവാ താഴെയുള്ള കൈയേക്കാൾ മെച്ചപ്പെട്ടതെന്ന് നബിﷺയുടെ അധ്യാപനങ്ങളിലുണ്ട്.
ഐച്ഛികമായ ദാനധർമങ്ങൾ മുസ്‌ലിം സമൂഹത്തിൽ വ്യാപകമായതുകൊണ്ട് തന്നെ നിർമാണപരമായ പല മുന്നേറ്റങ്ങളും പല സമൂഹങ്ങളിലും ദാരിദ്ര്യനിർമാർജ്ജനം പ്രായോഗികമായി തന്നെ നടന്നത് ചരിത്രത്തിൽ നിന്ന് നമുക്ക് വായിക്കാൻ കഴിയും.
ഒരാൾ പരാജിതനാണ് എന്നതിന്റെ ഏറ്റവും വലിയ അർഥം പരലോകത്ത് നരകം ലഭിച്ചു എന്നതാണ്. ഒരു കാരയ്ക്ക ചിന്ത് കൊണ്ടെങ്കിലും നരകത്തിൽ നിന്ന് നിങ്ങൾ മുക്തരാകൂ എന്ന ഉദ്ബോധനം ദാനധർമത്തിന്റെ പ്രാധാന്യവും പുണ്യവും ഏറെ ഹൃദയങ്ങളിൽ സ്ഥാപിച്ചുകൊടുത്തു. ഒരാൾ ജയിച്ചു എന്ന് പറയുന്നത് സ്വർഗ്ഗപ്രവേശം ലഭിക്കുമ്പോഴാണ്. സ്വർഗ്ഗ പ്രവേശത്തിന് ഹേതുകമായി എണ്ണിയതിൽ പരസഹായത്തിന്റെയും ദാനധർമങ്ങളുടെയും വിവിധ രൂപങ്ങളുണ്ട്. അടിമകളായ ജനങ്ങളെ മോചിപ്പിക്കുക എന്ന ചെലവേറിയ ധർമം മുതൽ സ്നേഹാനുരാഗത്തോടെ പ്രിയ പത്നിക്ക് ഭക്ഷണം വായിൽ വെച്ചുകൊടുക്കുന്നത് വരെ ദാനധർമങ്ങളുടെ പട്ടികയിൽ എണ്ണിയിട്ടുണ്ട്. പരസഹായം ആവശ്യമായി വരുന്ന ഓരോ മേഖലയെയും പരിഗണിച്ചുകൊണ്ടാണ് ഇസ്‌ലാമിലെ ദാനധർമങ്ങളെ ക്രമീകരിച്ചിട്ടുള്ളത്.
ആവശ്യത്തിന് ചെറിയൊരു ശതമാനമോ അതിൽ താഴെയോ മാത്രം വരുമാനമുള്ളവർ ഒന്നാം സ്ഥാനത്ത്. ചെലവിന് തികയാത്ത വിധം മാത്രം വരുമാനം ഉള്ളയാൾ രണ്ടാം സ്ഥാനത്ത്. കടബാധ്യതകൾ കൊണ്ട് വലഞ്ഞയാൾ അടുത്തത്. അല്ലാഹുവിന്റെ മാർഗത്തിൽ ജീവിതം ഒഴിഞ്ഞു വെച്ചവർ. മറ്റു ജീവിത മാർഗങ്ങൾ തേടി പോകാൻ കഴിയാത്തവരാണ് അവർ. സത്യസന്ദേശം സ്വീകരിക്കുക വഴി അന്യാധീനപ്പെടുകയും അടിസ്ഥാന സ്വത്തുക്കൾ ഒക്കെ അന്യവൽക്കരിക്കപ്പെടുകയും ചെയ്തവർ. ഇങ്ങനെ ആവശ്യക്കാരുടെ ലിസ്റ്റ് പരിഗണിച്ചുകൊണ്ടാണ് ദാനധർമങ്ങളുടെ സ്വീകർത്താക്കളെ ക്രമീകരിച്ചിട്ടുള്ളത്.
Tweet 1097
ദാനധർമങ്ങൾ കൊടുക്കാനും അർഹതപ്പെട്ടവർ സ്വീകരിക്കാനും കൃത്യമായ മാനങ്ങളും മാനദണ്ഡങ്ങളും തിരുനബിﷺ നിർണയിച്ചിട്ടുണ്ട്. ചോദിക്കുന്നതിൻ്റെയും കൊടുക്കുന്നതിന്റെയും നൈതികതയും ധാർമികതയും കൃത്യമായി അവിടുന്ന് അവലോകനം ചെയ്തു. നൽകുന്നവൻ നേരിട്ട് തന്നെ അവകാശിക്ക് എത്തിക്കുന്നതിനാണ് കൂടുതൽ പ്രോത്സാഹനം നൽകിയത്. തിരുനബിﷺ സ്വദഖ അർഹതപ്പെട്ട ആളുടെ കയ്യിലേക്ക് നേരിട്ട് നൽകാനാണ് ഏറെ താൽപര്യപ്പെട്ടത്. തിരുനബിﷺ നൽകുന്ന സ്വദഖ, മറ്റൊരാളെ ഏൽപ്പിക്കാതെ അവകാശിയുടെ കയ്യിൽ നേരിട്ട് നൽകുന്നതിനാണ് സന്തോഷം കണ്ടിരുന്നത് എന്ന് മഹതി ആഇശ(റ) റിപ്പോർട്ട് ചെയ്ത ഹദീസ് ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്യുന്നുണ്ട്.
സിയാദ് ബിൻ അബീ സിയാദി(റ)ൽ നിന്ന് ഇബ്നു സഅദ്(റ) റിപ്പോർട്ട് ചെയ്യുന്നു. രാത്രിയിൽ ഉണർന്നാൽ അംഗ ശുദ്ധി വരുത്തുന്നതും ചോദിച്ചു വന്നയാൾ തൃപ്തിയോടെ പോകാൻ മാത്രം നൽകുന്നതും തിരുനബിﷺ മറ്റൊരാളെയും ഏൽപ്പിക്കാത്ത രണ്ടുകാര്യങ്ങളായിരുന്നു.
മറ്റുള്ളവരോട് ചോദിച്ചു വാങ്ങുന്നതും യാചന നടത്തുന്നതും തിരുനബിﷺ പ്രോത്സാഹിപ്പിച്ചില്ല.
അബൂഹുറൈറ(റ)വിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ഒന്നോ രണ്ടോ കാരയ്ക്കയോ, ഒന്നോ രണ്ടോ പിടി ഭക്ഷണമോ കൊടുത്ത് തിരിച്ചയക്കാവുന്നവനല്ല ദരിദ്രന്‍, പ്രത്യുത യാചിക്കാതെ മാന്യത പുലര്‍ത്തുന്നവനാണ്. ആവശ്യമെങ്കിൽ അല്ലാഹുവിന്റെ വചനം കൂടി ഒന്നു മനസ്സിരുത്തി വായിക്കൂ. ”ഭൂമിയില്‍ സഞ്ചരിച്ച് ഉപജീവനം തേടാന്‍ സൗകര്യപ്പെടാത്തവിധം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രന്മാര്‍ക്കുവേണ്ടി നിങ്ങള്‍ ചെലവഴിക്കുക. അവരെ കുറിച്ച് അറിവില്ലാത്തവര്‍ അവരുടെ മാന്യത കണ്ട് അവര്‍ ധനികരാണെന്ന് ധരിച്ചേക്കും. എന്നാല്‍, അവരുടെ ലക്ഷണംകൊണ്ട് നിനക്കവരെ തിരിച്ചറിയാൻ പറ്റിയേക്കും. അവര്‍ ജനങ്ങളോട് ചോദിച്ച് വിഷമിപ്പിക്കില്ല. നിങ്ങള്‍ നല്ല മാർഗത്തിൽ എന്ത് ചെലവഴിക്കുകയാണെങ്കിലും അല്ലാഹു അത് നല്ലതുപോലെ അറിയുന്നതാണ് (ഖുര്‍ആന്‍ 2:273).”
അബൂഹുറൈറ(റ)വിൽ നിന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ”ജനങ്ങളുടെ സമീപം കറങ്ങിനടക്കുകയും ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ കാരയ്ക്കയോ കിട്ടിയാല്‍ തൃപ്തിപ്പെട്ട് മടങ്ങുകയും ചെയ്യുന്ന ആളല്ല മിസ്കീൻ അഥവാ പാവപ്പെട്ടവൻ. അനുചരന്മാര്‍ ചോദിച്ചു. അല്ലാഹുവിന്റെ ദൂതരേﷺ, എങ്കില്‍ പിന്നെ ആരാണ് മിസ്‌കീൻ? തിരുനബിﷺ പറഞ്ഞു. ആവശ്യങ്ങൾ നിറവേറ്റാൻ ആവശ്യമായ സമ്പാദ്യം അവനില്ല. ആരെങ്കിലും അവനെ കണ്ടെത്തി ധര്‍മം നല്‍കുന്നുമില്ല. അവനാകട്ടെ ജനങ്ങളോട് ഒന്നും ചോദിക്കുന്നുമില്ല. അവനാണ് മിസ്കീൻ.
ഇബ്നു ഔഫ്(റ)വിൽ നിന്ന് ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. ഞങ്ങള്‍ ഏഴോ എട്ടോ ഒമ്പതോ ആളുകള്‍ തിരുനബിﷺയുടെ സന്നിധിയിലുണ്ടായിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു. നിങ്ങള്‍ അല്ലാഹുവിന്റെ പ്രവാചകനോﷺട് പ്രതിജ്ഞ ചെയ്യുന്നില്ലേ? ഞങ്ങളാണെങ്കിലോ പ്രതിജ്ഞ ചെയ്തിട്ട് അധിക കാലമായിരുന്നില്ല. ഉടനെ ഞങ്ങള്‍ പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരെﷺ, ഞങ്ങള്‍ അങ്ങയോട് പ്രതിജ്ഞ ചെയ്യുന്നു.
പിന്നേയും അവിടുന്ന് ചോദിച്ചു. അല്ലാഹുവിന്റെ പ്രവാചകനോﷺട് നിങ്ങള്‍ പ്രതിജ്ഞ ചെയ്യുന്നില്ലേ? ഞങ്ങളപ്പോള്‍ കൈ നീട്ടിക്കൊണ്ട് പറഞ്ഞു. പ്രവാചകരെﷺ, ഞങ്ങള്‍ അങ്ങയോടിതാ ബൈഅത്ത് ചെയ്യുന്നു. ഞങ്ങൾ എന്തു കാര്യത്തിലാണ് ഉടമ്പടി ചെയ്യേണ്ടത്? അവിടുന്ന് പറഞ്ഞു. അല്ലാഹുവിനെ നിങ്ങള്‍ ആരാധിക്കുക, അവനോട് മറ്റൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്, അഞ്ചു നേരത്തെ നിസ്കാരം നിങ്ങള്‍ നിര്‍വ്വഹിക്കുക, നിങ്ങള്‍ അല്ലാഹുവിനെ അനുസരിക്കുകയും ചെയ്യുക. ഒരു ചെറിയ വാക്ക് രഹസ്യം പറഞ്ഞു. നിങ്ങള്‍ ജനങ്ങളോട് ഒന്നും യാചിക്കരുത്. ഈ ഹദീസിന്റെ നിവേദകൻ തുടരുന്നു. അവരില്‍ ചിലരെ ഞാന്‍ കണ്ടു. തങ്ങളുടെ വടി താഴെ വീണാൽ അത് എടുത്തു കൊടുക്കുന്നതിനു പോലും ആരോടും ആവശ്യപ്പെടുമായിരുന്നില്ല.
Tweet 1098
യാചനയെ നിരുത്സാഹപ്പെടുത്തുന്നതിനൊപ്പം അധ്വാനിച്ച് ജീവിക്കുന്നതിന്റെ മഹത്വം കൂടി തിരുനബിﷺ അധ്യാപനം ചെയ്തു. ചിലയാളുകൾക്ക് ജീവനോപാധികൾ കാണിച്ചുകൊടുക്കുകയും പണിയായുധങ്ങൾ വാങ്ങി കൊടുക്കുകയും ചെയ്തു. അധ്വാനിച്ച് സമ്പാദിച്ചുകൊണ്ട് ജീവിക്കുന്നതാണ് ഏറ്റവും മെച്ചപ്പെട്ട ജീവിതം എന്ന് എല്ലാ അർഥത്തിലും പഠിപ്പിച്ചു കൊടുത്തു. ഇമാം ബുഖാരി(റ) മിഖ്ദാമി(റ)ൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിന്റെ ആശയം ഇങ്ങനെയാണ്. തിരുനബിﷺ പറഞ്ഞു. സ്വയം അദ്ധ്വാനിച്ച് ഭക്ഷിക്കുന്നതിനേക്കാൾ ഉത്തമമായ ഒരു ഭക്ഷണവും ഒരാളും കഴിച്ചിട്ടില്ല.
ഇമാം ബുഖാരി(റ) തന്നെ സുബൈറു ബ്നു അവ്വാം(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. നിങ്ങളിലൊരാൾ കയറെടുത്ത് മലമുകളിൽ വിറകുവെട്ടി തന്റെ മുതുകിൽ ചുമന്ന് കൊണ്ട് വന്ന് അത് വിറ്റ് കിട്ടുന്ന കാശ് കൊണ്ട്, അയാളുടെ അഭിമാനം അല്ലാഹു സംരക്ഷിക്കുന്നുവെങ്കിൽ അതാണ് ജനങ്ങളോട് യാചിക്കുന്നതിനേക്കാൾ അയാൾക്ക് ഉത്തമം. യാചിക്കുമ്പോൾ ജനങ്ങൾ അയാൾക്ക് നൽകുകയോ നൽകാതിരിക്കുകയോ ചെയ്യാം.
എത്ര കൃത്യവും വ്യക്തവുമായിട്ടാണ് യാചനയുടെ ക്ഷതവും അധ്വാനിച്ചു ഉപജീവനം കണ്ടെത്തുന്നതിന്റെ മേന്മയും തിരുനബിﷺ ആവിഷ്കരിച്ചത്. ഒപ്പം തന്നെ സൃഷ്ടികളിൽ ശ്രേഷ്ഠരായ പ്രവാചകന്മാരുടെ ജീവിതത്തെക്കുറിച്ച് ഇതിനുള്ളിൽ ജനങ്ങളോട് സംസാരിച്ചു. അധ്വാനപൂർണമായ അവരുടെ വ്യവഹാരങ്ങളെക്കുറിച്ച് പറഞ്ഞുകൊടുത്തു. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ദാവൂദ് നബി(അ) സ്വന്തം അധ്വാനത്തിൽ നിന്നല്ലാതെ ഭക്ഷണം കഴിച്ചിരുന്നില്ല.
ഉപജീവനത്തിനു വേണ്ടി അധ്വാനിച്ചിരുന്നു എന്ന് സാരം. ഇടയവൃത്തിയും വ്യാപാരയാത്രകളും നടത്തിയ തിരുനബിﷺയാണ് മുൻഗാമിയായ ഒരു പ്രവാചകനെ ഉദ്ധരിച്ചു സംസാരിക്കുന്നത്.
ഒരുപക്ഷേ ജീവിതത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തിൽ പരസഹായവും ആശ്രയവും സ്വീകരിക്കേണ്ടി വന്നാൽ പോലും ആ പ്രവണത പതിവാക്കുകയോ ജീവിതമാർഗമായി കാണുകയോ ചെയ്യരുതെന്ന് കൃത്യമായി തന്നെ തിരുനബിﷺ പഠിപ്പിക്കുന്നു.
ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. ഖബീസ്വത്ത് ബ്നു മുഖാറഖിൽ ഹിലാലിയ്യ്(റ) പറഞ്ഞു. ഞാൻ കടക്കെണിയിലായി. ഞാൻ നബിﷺയുടെ അടുക്കൽ വന്ന് അതിനെ കുറിച്ച് യാചിച്ചു. അവിടുന്ന് പറഞ്ഞു. ഞങ്ങൾക്ക് സ്വദഖ ലഭിക്കുന്നത് വരെ കാത്തിരിക്കൂ. അത് നിങ്ങൾക്ക് നൽകാൻ ഞങ്ങൾ കൽപ്പിക്കുന്നു. ശേഷം, അവിടുന്ന് പറഞ്ഞു. ചോദിച്ചു വാങ്ങുവാന്‍ മൂന്നാളുകള്‍ക്കേ പാടുള്ളൂ. വല്ല കടബാദ്ധ്യതയും ഏറ്റെടുത്തവന് അത് ലഭിക്കുന്നതു വരെയും, വല്ല അത്യാപത്തും സംഭവിച്ചു ധനം നശിച്ചു പോയവന് അത്യാവശ്യ ജീവിതത്തിനുള്ള വക ലഭിക്കുന്നതുവരെയും, ഇന്ന ആള്‍ക്ക് ദാരിദ്ര്യം ബാധിച്ചിട്ടുണ്ടെന്ന് നാട്ടുകാരായ മൂന്ന് വിവേകമുള്ളവർ പറയത്തക്കവിധം ദാരിദ്ര്യം പിടിപെട്ട ആള്‍ക്ക് അത്യാവശ്യ ജീവിതത്തിനുള്ള വക ലഭിക്കുന്നതു വരെയും. പിന്നീടവന്‍ നിർത്തണം. അല്ലയോ ഖബീസാ(റ), ഇതിനപ്പുറമുള്ള ചോദ്യം ഹറാമാകുന്നു. അങ്ങനെ ഭുജിക്കുന്നവൻ നിഷിദ്ധമായതാണ് ഭൂജിക്കുന്നത്.
ഈ അധ്യായത്തിന്റെ പൂർത്തീകരണം സമഗ്രമായ ഒരു ഹദീസ് ആശയത്തിലൂടെ നമുക്ക് നിർവഹിക്കാം. ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. അബൂ സഈദുൽ ഖുദ്’രി(റ) പറഞ്ഞു. അൻസ്വാരികളിൽ ചിലർ തിരുനബിﷺയോട് ധർമം ചോദിച്ചു. അവിടുന്ന് അവർക്ക് നൽകി. അവർ വീണ്ടും ചോദിച്ചു. അപ്പോഴും നൽകി. കയ്യിലുള്ളത് തീരുന്നത് വരെ നൽകി. കയ്യിലുള്ളത് മുഴുവൻ തീർന്നപ്പോൾ തിരുനബിﷺ അവരോട് ഇപ്രകാരം പറഞ്ഞു. എന്റെ കയ്യിലുള്ള ധനം ഞാൻ നിങ്ങൾക്ക് തരാതെ എടുത്തുവെക്കുന്നതല്ല. എന്നാൽ, ആരെങ്കിലും സ്വയം പര്യാപ്തനാവാൻ ആഗ്രഹിക്കുന്നുവെങ്കിൽ അല്ലാഹു അവനെ സ്വയം പര്യാപ്തനാക്കും. വല്ലവനും ധന്യത പ്രകടിപ്പിച്ചാൽ അല്ലാഹു അവനെ ധന്യനാക്കും. വല്ലവനും ക്ഷമിക്കുന്നുവെങ്കിൽ അല്ലാഹു അവനെ ക്ഷമാശീലനാക്കും. ഒരാൾക്കും ക്ഷമയേക്കാൾ ശ്രേഷ്ഠവും വിശാലവുമായ ഒരു ദാനവും ലഭിച്ചിട്ടില്ല.
Tweet 1099
തിരുനബിﷺയുടെ ആത്മീയ അനുഷ്ഠാനങ്ങളെ കുറിച്ചാണ് നമ്മുടെ വായന തുടർന്നുകൊണ്ടിരിക്കുന്നത്. ഇസ്‌ലാമിലെ അടിസ്ഥാനങ്ങളിൽ പ്രധാനപ്പെട്ട വ്രതാനുഷ്ഠാനത്തെ കൂടി ഈ തുടർച്ചയിൽ നമുക്ക് പരാമർശിക്കേണ്ടതുണ്ട്.
വ്രതാനുഷ്ഠാനത്തിന്റെ മൂന്നു തലങ്ങളാണ് നബി ജീവിതത്തിൽ നിന്ന് ഹദീസ് പരിചയപ്പെടുത്തുന്നത്. മുആദുബിനു ജബലി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) അബൂ ദാവൂദും(റ) നിവേദനം ചെയ്യുന്നു. നോമ്പിന്റെ മൂന്ന് ഘട്ടങ്ങൾ. ആദ്യം തിരുനബിﷺ എല്ലാ മാസത്തിലും മൂന്ന് നോമ്പ് വീതം എടുത്തിരുന്നു. പിന്നീട് മുഹറം പത്തിന്റെ നോമ്പനുഷ്ഠിച്ചു. ശേഷം ഖുർആൻ അവതരിച്ചു. റമളാൻ മാസത്തിലെ നോമ്പ് നിർബന്ധമാക്കി കൽപ്പിച്ചു കൊണ്ടായിരുന്നു ഖുർആനിന്റെ അവതരണം. മുൻകാല ജനതകൾക്ക് നോമ്പ് നിർബന്ധമാക്കപ്പെട്ടത് പോലെ നിങ്ങൾക്കും നിർബന്ധമാക്കിയിരിക്കുന്നു എന്നായിരുന്നു ഖുർആനിക സൂക്തത്തിന്റെ ആശയസാരം.
താല്പര്യപൂർവ്വം തിരുനബിﷺയും അനുയായികളും ഒരു മാസത്തെ വ്രതാനുഷ്ഠാനത്തെ വരവേറ്റു. രണ്ടുമാസം മുമ്പ് തന്നെ പ്രാർഥനാപൂർവ്വം സ്വാഗതം ചെയ്യുകയും ചെയ്തു. അനസുബിനു മാലിക്കി(റ)ൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു. റജബ് മാസം തുടങ്ങിയാൽ തിരുനബിﷺ ഇങ്ങനെ പ്രാർഥിക്കുമായിരുന്നു. അല്ലാഹുവേ റജബിലും ശഅ്ബാനിലും ഞങ്ങൾക്ക് അനുഗ്രഹം ചൊരിയേണമേ! റമളാനിലേക്ക് ഞങ്ങളെ എത്തിക്കേണമേ!
വ്രത മാസത്തിന്റെ മഹത്വം അറിയിക്കാനും മാനസികമായി സജ്ജമാകാനുമുള്ള ഒരു മഹത് പ്രക്രിയയാണ് ഈ പ്രാർഥന. ഈ പ്രാർഥനയും വാചകവും ഘടനയും തെറ്റാതെ വിശ്വാസി ലോകം ഏറ്റെടുത്തു.
റമളാൻ മാസമായാൽ ഒരു വലിയ സന്തോഷവാർത്ത അറിയിക്കും പോലെയായിരുന്നു തിരുനബിﷺ അനുയായികളോട് വാർത്ത പങ്കുവെച്ചത്. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. റമളാനിന്റെ ആഗമനം ഒരു വലിയ സന്തോഷവാർത്തയായി തിരുനബിﷺ സ്വഹാബികളോട് പങ്കുവെക്കുമായിരുന്നു. അവിടുന്ന് ഇങ്ങനെ പറയും. അനുഗ്രഹീതമായ ഒരു മാസം നിങ്ങൾക്ക് വന്നു ചേർന്നിരിക്കുന്നു. ഈ മാസത്തിൽ നോമ്പ് അനുഷ്ഠിക്കാൻ അല്ലാഹു നിർബന്ധമാക്കുന്നു. ഈ മാസത്തിൽ സ്വർഗീയ കവാടങ്ങൾ തുറക്കപ്പെടും. നരക കവാടങ്ങൾ അടക്കപ്പെടും. പിശാച് ബന്ധിക്കപ്പെടും. ആയിരം മാസത്തേക്കാൾ പുണ്യമുള്ള ഒരു രാത്രി ഈ മാസത്തിലുണ്ട്. അതിലെ നന്മ നിഷേധിക്കപ്പെട്ടവന് മഹാനഷ്ടം സംഭവിച്ചിരിക്കുന്നു.
അനസുബ്നു മാലിക്കി(റ)ൽ നിന്നുള്ള മറ്റൊരു നിവേദന സാരം ഇപ്രകാരമാണ്. തിരുനബിﷺ പറഞ്ഞു. അല്ലാഹു എത്ര മഹോന്നതൻ. എന്താണ് ഈ വന്നുചേർന്നിരിക്കുന്നത്! നിങ്ങൾ എന്താണ് സ്വീകരിക്കാൻ പോകുന്നത്! ഉടനെ ഉമറുബ്നുൽ ഖത്താബ്(റ) ചോദിച്ചു. എന്തേ പ്രവാചകരെﷺ ദിവ്യ സന്ദേശം വല്ലതും അവതരിച്ചുവോ? അതല്ല വല്ല ശത്രുക്കളും ഹാജരായോ? ഇല്ല അതൊന്നുമല്ല. തിരുനബിﷺ പ്രതികരിച്ചു. അപ്പോൾ ചോദിച്ചു. പിന്നെ എന്താണ്? കഅ്ബാലയത്തിലേക്ക് ചൂണ്ടിക്കൊണ്ട് തിരുനബിﷺ പറഞ്ഞു. റമളാനിലെ ആദ്യ രാത്രിയിൽ ഈ ഗേഹത്തിന്റെ മുഴുവൻ ആളുകൾക്കും അല്ലാഹു പൊറുത്തുകൊടുക്കും.
റമളാനിന്റെ പ്രഥമരാത്രിയുടെ മഹത്വം പറയാൻ വേണ്ടിയാണ് തിരുനബിﷺ ഏറെ ആശ്ചര്യകരമായ ഒരു ആമുഖമൊരുക്കിയത്. ഇന്ന് റമളാനിന്റെ മഹത്വം പറയേണ്ടതുണ്ടോ? ലോകത്തുള്ള മുഴുവൻ അനുയായികളോടും ഒരു മാസം മുഴുവനും വ്രതാനുഷ്ടാനത്തിന് നിർദ്ദേശം നൽകി. ഈ കഴിഞ്ഞ റമളാൻ വരെയും നൂറു കോടിയിലേറെ ജനങ്ങൾ അനുസരിക്കുകയും അനുഷ്ഠിക്കുകയും ചെയ്തു. ഹൃദയപൂർവ്വം അത് വരവേൽക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. പട്ടിണിയെ ആസ്വാദനവും ആരാധനയും അനുഭവവുമായി സ്വീകരിക്കുന്ന ഇത്രമേൽ വിധേയത്വമുള്ള ഒരു സംസ്കൃയും സംസ്കാരവും ലോകത്ത് മറ്റേതെങ്കിലും വ്യവസ്ഥിതിയിലോ മതസംവിധാനത്തിലോ നമുക്ക് കാണാനെങ്കിലും ഉണ്ടോ?
Tweet 1100
റമളാൻ മാസം സമാഗതമായാൽ സവിശേഷമായ പുണ്യകർമങ്ങളിൽ തിരുനബിﷺ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. മഹാനവർകൾ പറഞ്ഞു. റമളാനായാൽ അവിടുന്ന് എല്ലാ ബന്ധികളെയും മോചിപ്പിക്കും, ചോദിക്കുന്നവർക്കൊക്കെ നൽകുകയും ചെയ്യും.
പുണ്യമാസത്തെയും ദിവസങ്ങളെയും മഹത്വം കൽപ്പിച്ചും ബഹുമാനിച്ചും തിരുനബിﷺ സ്വീകരിച്ചിരുന്ന നടപടികളുടെ ഭാഗമായിട്ടാണ് ഈ ഹദീസ് നാം വായിച്ചത്.
ഇസ്‌ലാമിലെ എല്ലാ ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും വ്യവഹാരങ്ങളുടെയും മുഴുവൻ മുഹൂർത്തങ്ങളും അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്താനും പുകഴ്ത്താനുമാണ്. അതുപ്രകാരം തന്നെ റമളാൻ മാസം പിറന്നു എന്നറിഞ്ഞാൽ ഉടനെ അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തും. ചന്ദ്രക്കല ദർശിച്ചുകൊണ്ടാണ് മാസപ്രവേശത്തിലേക്ക് വരുന്നതെങ്കിൽ ചന്ദ്രപ്പിറ ദർശിക്കുമ്പോൾ തന്നെ ചൊല്ലാൻ പ്രത്യേകമായ പ്രാർഥനകളും മന്ത്രങ്ങളുമുണ്ട്. അതിന്റെ മുഴുവനും ആശയം അല്ലാഹുവിന്റെ ഏകത്വത്തെ വാഴ്ത്തുകയും അല്ലാഹുവിൽ നിന്ന് മനുഷ്യന് ലഭിക്കേണ്ട ശാന്തിയും സമാധാനവും അർപ്പിക്കുകയും ചെയ്യുക എന്നതാണ്.
മനുഷ്യന്റെ അടിസ്ഥാന മൂല്യങ്ങളെ പരിഗണിക്കുകയും മനുഷ്യബുദ്ധിയാൽ ആരാധനാ ചിട്ടകളെ ക്രമീകരിക്കുകയും ചെയ്തിരിക്കുന്നു എന്നത് ഇസ്‌ലാമിക വ്യവസ്ഥിതിയുടെ അത്ഭുതകരമായ ഒരു സൗന്ദര്യമാണ്. അതുകൊണ്ടുതന്നെ ശഅ്ബാൻ 29ന് ചന്ദ്രോദയം ദർശിച്ചു എന്ന് സ്ഥിരപ്പെടുത്താൻ നീതിമാനായ ഒരു മനുഷ്യന്റെ സാക്ഷ്യം പരിഗണിക്കും. അതടിസ്ഥാനത്തിൽ അദ്ദേഹത്തെ സ്വീകരിക്കുന്നവരും പ്രദേശത്തുള്ളവരും പുണ്യ മാസത്തെ വരവേൽക്കും. പ്രകൃതിയുടെ ഗതികളോട് ചേർന്ന് കിടക്കുന്ന വ്യവസ്ഥിതി എന്ന നിലയിൽ ഓരോ മാസവും ചന്ദ്രപ്പിറവി ദർശിക്കുകയോ മാസം 30 പൂർത്തിയാവുകയോ ചെയ്യുമ്പോൾ മാത്രമാണ് അടുത്തമാസം പിറന്നതായി പരിഗണിക്കുക. സൂര്യ ചന്ദ്രാദികളുടെ ഉദയാസ്തമനങ്ങൾക്ക് പരിസരത്തോടും മനുഷ്യ ശരീരത്തോടും തന്നെ വിവിധങ്ങളായ രീതിയിൽ ബന്ധങ്ങളുണ്ട്. ഋതുഭേദങ്ങൾ മുഴുവനും ഉൾക്കൊണ്ടു കൊണ്ടുള്ള സമീപനങ്ങളാണ് ഇസ്‌ലാം അവതരിപ്പിക്കുന്നത്.
ഉദയാസ്തമനങ്ങളോട് ചേർന്നുനിന്നു കൊണ്ടാണല്ലോ വ്രതാനുഷ്ഠാനത്തിന്റെ ആരംഭവും അവസാനവും ചിട്ടപ്പെടുത്തിയിരിക്കുന്നത്. മനുഷ്യൻ അവൻ്റെ ആത്മാവിലും ശരീരത്തിലും ചില മൂല്യങ്ങൾക്ക് വേണ്ടി നിയന്ത്രണം നടത്താൻ നിർബന്ധിതനാകുന്നു എന്നു വരുമ്പോൾ അവൻ അതിന് വിധേയപ്പെടുന്നു. മാറ്റങ്ങൾ സാധ്യമല്ലെന്ന് പറയുന്ന പലർക്കും ഇത്തരം അനുശീലനങ്ങൾ കൊണ്ട് ജീവിതഗതിയെ നേർവഴിക്ക് കൊണ്ടുവരാനും ലക്ഷ്യങ്ങളിലേക്ക് നയിക്കാനുമാകും. വ്രതമാസം ഒരു പരിശീലന മാസമാണ്. മനുഷ്യൻ അവനെത്തന്നെ നിയന്ത്രിക്കാൻ സ്വയം പരിശീലനം നേടിയെടുക്കുന്ന കാലം. നേടിയെടുത്ത നന്മകളെയും ഗുണങ്ങളെയും മൂല്യങ്ങളെയും വർഷത്തിലേക്ക് മുഴുവനും പ്രയോഗിക്കുക എന്നത് അവൻ്റെ പ്രതിജ്ഞയും ഉത്തരവാദിത്വവുമായിരിക്കണം. അതിനാവശ്യമായ ഉൽബോധനങ്ങളും തിരുനബിﷺ നൽകിയിട്ടുണ്ട്.
ഞാൻ നിനക്ക് വേണ്ടി നോമ്പനുഷ്ഠിക്കുന്നു എന്ന് അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്യുന്ന മനുഷ്യൻ അവന്റെ ജീവിതത്തെ അല്ലാഹുവോട് ചേർത്തുവെക്കുന്നു. വൈകുന്നേരം നോമ്പുതുറന്ന് ആദ്യത്തെ ഈത്തപ്പഴം അല്ലെങ്കിൽ വെള്ളം കുടിക്കുമ്പോൾ അല്ലാഹുവേ നിനക്ക് വേണ്ടി ഞാൻ നോമ്പനുഷ്ഠിച്ചു, നീ തന്ന വിഭവം കൊണ്ട് ഞാൻ നോമ്പുതുറന്നു എന്ന് പറയുകയും മനസ്സിൽ കരുതുകയും ചെയ്യും. ഈ രണ്ടു മന്ത്രങ്ങൾക്കും വിചാരങ്ങൾക്കും മനുഷ്യജീവിതത്തിന്റെ യാഥാർത്ഥ്യത്തെക്കുറിച്ച് അവൻ തന്നെ തിരിച്ചറിയുന്നു എന്ന വലിയ അർഥതലങ്ങളുണ്ട്.

Leave a Reply