Tweet 1151
വിവാഹബന്ധം ആലോചിക്കുമ്പോൾ അനുവദിക്കപ്പെട്ടവർ, അനുവദിക്കപ്പെടാത്തവർ എന്നിങ്ങനെ അടിസ്ഥാനപരമായ ചില കാര്യങ്ങൾ കൂടി തിരുനബിﷺയുടെ അധ്യാപനങ്ങളിലുണ്ട്. മനുഷ്യർ പരസ്പരമുള്ള രക്തബന്ധം, വിവാഹബന്ധം എന്നിങ്ങനെയുള്ള മാനങ്ങൾ മുന്നിൽ വച്ചുകൊണ്ട് കൃത്യമായ ഒരു പട്ടികയും ക്രമീകയും ഈ അധ്യായത്തിൽ ഇസ്‌ലാം നിർദ്ദേശിക്കുന്നുണ്ട്. പ്രാഥമികമായി നമുക്ക് ഇങ്ങനെ വായിക്കാം.
പുരുഷന്മാർക്ക് വിവാഹബന്ധം നിഷിദ്ധമാക്കപ്പെട്ട രക്ത ബന്ധുക്കൾ ഇവരെല്ലാമാണ്. മാതാവ്, പിതാമഹി അഥവാ ഉപ്പയുടെ ഉമ്മ-അതെത്ര അകന്നാലും/ മാതാമഹി അഥവാ ഉമ്മയുടെ ഉമ്മ-അതെത്ര അകന്നാലും.
മകൾ, മകന്റെ പെൺമക്കൾ/അവർ എത്ര അകന്നാലും, മകളുടെ പെൺമക്കൾ അവർ എത്ര അകന്നാലും.
സഹോദരിമാർ, പിതാവും,മാതാവും ഒത്തവരോ, രണ്ടിലൊന്ന് ഒത്തവരോ ആയ സഹോദരിമാർ ആയാലും.
സഹോദരൻമാരുടെ പെൺമക്കൾ, മൂന്നാലൊരു ബന്ധത്തിലുള്ള സഹോദരന്റെ പെൺമക്കൾ, മൂന്നാലൊരു ബന്ധത്തിലുള്ള സഹോദരൻമാരുടെ ആൺമക്കളുടെ പെൺമക്കൾ,
മൂന്നാലൊരു ബന്ധത്തിലുള്ള സഹോദരൻമാരുടെ പെൺമക്കളുടെ പെൺമക്കൾ എല്ലാവരും അതിൽ ഉൾക്കൊള്ളും.
സഹോദരിമാരുടെ പെൺമക്കൾ, മൂന്നാലൊരു ബന്ധത്തിലുള്ള സഹോദരിയുടെ പെൺമക്കൾ, മൂന്നാലൊരു ബന്ധത്തിലുള്ള ആൺമക്കളുടെ പെൺമക്കൾ, മൂന്നാലൊരു ബന്ധത്തിലുള്ള പെൺമക്കളുടെ പെൺമക്കൾ.
പിതാവിന്‍റെ സഹോദരിമാർ,
ഉപ്പയുടെ മൂന്നാലൊരു ബന്ധത്തിലുള്ള സഹോദരിമാർ, ഉപ്പയുടെ മൂന്നാലൊരു ബന്ധത്തിലുള്ള അമ്മായിമാർ.
ഉമ്മയുടെ അമ്മായിമാർ. അതിൽ മൂന്ന് രൂപത്തിലുമുള്ളവർ ഉൾപ്പെടും.
മാതാവിന്‍റെ സഹോദരിമാർ അഥവാ എളയുമ്മ, മൂത്തമ്മമാർ. അവന്റേയും, ഉപ്പയുടേയും, ഉമ്മയുടേയും മൂന്ന് രൂപത്തിലുമുള്ള മാതൃ സഹോദരിമാർ അഥവാ അവന്റെ എളാമ്മ, മുത്തമ്മമാർ, അവന്റെ ഉപ്പയുടെ എളേമ മൂത്തമ്മമാർ, ഉമ്മയുടെ എളേമ, മൂത്തമ്മമാർ.
വിവാഹബന്ധം തുടർന്ന് പുരുഷൻമാർക്ക് മഹ്റം ആവുന്നവർ ഇവരെല്ലാമാണ്. ഭാര്യയുടെ മാതാവ് അഥവാ അമ്മായിഉമ്മ. മുലകുടി ബന്ധത്തിലുള്ള മാതാവും അതിൽ ഉൾപ്പെടും.
ഭാര്യയുടെ രണ്ടാലൊരു അഥവാ രക്തബന്ധത്തിലോ മുലകുടി ബന്ധത്തിലോ ഉള്ള പിതാവിന്റേയും, മാതാവിന്റേയും ഉമ്മമാർ, അവർ എത്ര മുകളിലോട്ട് പോയാലും ശരി.
രണ്ടാലൊരു ബന്ധത്തിലുള്ള പിതാവിന്റെ ഭാര്യ അഥവാ ബാപ്പ വിവാഹം ചെയ്ത സ്ത്രീ.
രണ്ടാലൊരു ബന്ധത്തിലുള്ള പിതാവിന്റെ പിതാവിന്റെ ഭാര്യ അഥവാ വലിയുപ്പയുടെ ഭാര്യ-എത്ര അകന്നാലും ശരി.
രണ്ടാലൊരു ബന്ധത്തിലുള്ള ഉമ്മയുടെ പിതാവിന്റെ ഭാര്യ അത് എത്ര അകന്നാലും ശരി.
മകന്റെ ഭാര്യ അഥവാ മരുമകൾ. മുലകുടി ബന്ധത്തിലുള്ള മകന്റെ ഭാര്യ അല്ലെങ്കിൽ മരുമകൾ.
രണ്ടിലൊരു ബന്ധത്തിലുള്ള മകന്റെ മകന്റെ ഭാര്യ അഥവാ മകന്റെ മരുമകൾ. രണ്ടിലൊരു ബന്ധത്തിലുള്ള മകളുടെ മകന്റെ ഭാര്യ അഥവാ മകളുടെ മരുമകൾ.
മേൽ പറഞ്ഞവരെല്ലാം വിവാഹം കൊണ്ട് തന്നെ അഥവാ ശാരീരിക ബന്ധത്തിന് മുമ്പ് ഭാര്യയെ വിവാഹമോചനം നടത്തിയാൽ പോലും നിഷിദ്ധമാണ്.
എന്നാൽ ഇനി പറയുന്ന നാല് വിഭാഗങ്ങൾ ഭാര്യയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടാൽ മാത്രമേ നിഷിദ്ധമാവുകയുള്ളൂ.
1) ഭാര്യയുടെ മകൾ അഥവാ നേരത്തെ ഉണ്ടായിരുന്ന ബന്ധത്തിൽ പിറന്ന മകൾ.
2) ഭാര്യയുടെ മുല കുടിച്ചവൾ
അഥവാ മുൻ വിവാഹത്തിലുണ്ടായ പാൽ കുടിച്ച വകയിൽ.
3) ഭാര്യയുടെ രണ്ടിലൊരു ബന്ധത്തിലുള്ള മകന്റെ മകൾ അഥവാ ഭർത്താവിന്റെ പിറക്കാത്ത മകൾ. അത് എത്ര അകന്നാലും ശരി.
4) ഭാര്യയുടെ രണ്ടിലൊരു ബന്ധത്തിലുള്ള മകളുടെ മകൾ അഥവാ ഭർത്താവിന്റെ പിറക്കാത്ത മകൾ. അത് എത്ര അകന്നാലും ശരി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1152
ഭാര്യയുടെ സഹോദരിമാർ, അവളുടെ പിതൃ സഹോദരിമാർ, അവളുടെ മാതൃ സഹോദരിമാർ തുടങ്ങിയവരെ ഒരുമിച്ച് ഭാര്യയാക്കാൻ പറ്റില്ല. അഥവാ ഇവരെ തൊട്ടാൽ വൂളൂ മുറിയും, പക്ഷെ ഭാര്യ നിലവിലുള്ളപ്പോൾ ഇവരെ വിവാഹം കഴിക്കൽ നിശിദ്ധമാണ്.
മുലകുടി ബന്ധത്തിലൂടെ പുരുഷന്റെ മേൽ വിവാഹം നിശിദ്ധമായവരെ ഇപ്രകാരം വായിക്കാം. മുലകുടി ബന്ധത്തിലുള്ള ഉമ്മമാർ എന്നുവച്ചാൽ മുലയൂട്ടിയവൾ അഥവാ മുലകുടി ബന്ധം വഴിയുള്ള ഉമ്മ. പിതാവിന് മുല നൽകിയവൾ, പിതാവിന്റെ ഉമ്മ എന്നു പറയാം.
മുലകുടി ബന്ധത്തിലുള്ള പിതാവിന് അഥവാ മുലയൂട്ടിയവളുടെ ഭർത്താവിന് മുല നൽകിയവൾ/ഉപ്പയുടെ ഉമ്മ. ഉമ്മാക്ക് മുല നൽകിയവൾ/ഉമ്മയുടെ ഉമ്മ, മുലകുടി ബന്ധത്തിലുള്ള ഉമ്മാക്ക് മുല നൽകിയവൾ/ഉമ്മയുടെ ഉമ്മ, മുല നൽകിയവളെ പ്രസവിച്ചവൾ /ഉമ്മയുടെ ഉമ്മ, മുല നൽകിയവളുടെ ഭർത്താവിനെ പ്രസവിച്ചവൾ/ഉപ്പയുടെ ഉമ്മ.
മുലകുടി ബന്ധത്തിലുള്ള പെൺമക്കൾ അഥവാ
മുലകുടി ബന്ധത്തിലുള്ള മകൾ, ഭാര്യയുടെ മുല കുടിച്ചവൾ/മകൾ, ഭാര്യയുടെ മുല കുടിച്ചവളുടെ രക്തബന്ധത്തിലോ മുലകുടി ബന്ധത്തിലോ ഉള്ള മകൾ
/മകളുടെ മകൾ, മകളുടെ പാൽ കുടിച്ചവൾ/മകളുടെ മകൾ, രണ്ടാലൊരു ബന്ധത്തിലുള്ള മകളുടെ പാൽ കുടിച്ചവളുടെ മകൾ/മകളുടെ മകളുടെ മകൾ, രണ്ടാലൊരു ബന്ധത്തിലുള്ള മകന്റെ ഭാര്യയുടെ മുലകുടിച്ചവൾ/മകന്റെ മകൾ, രണ്ടാലൊരു ബന്ധത്തിലുള്ള മകന്റെ ഭാര്യയുടെ മുലകുടിച്ചവളുടെ മകൾ/മകന്റെ മകളുടെ മകൾ.
മുലകുടി ബന്ധത്തിലുള്ള സഹോദരിമാർ അഥവാ
ഉമ്മയുടെ പാൽ കുടിച്ചവൾ/സഹോദരി, മുല നൽകിയ ഉമ്മയിൽ നിന്നും മുല കുടിച്ചവൾ
/സഹോദരി, രണ്ടാലൊരു ബന്ധത്തിലുള്ള പിതാവിന്റെ ഭാര്യയുടെ മുലകുടിച്ചവൾ/സഹോദരി, മുലയൂട്ടിയവളുടെ മകൾ, മുല നൽകിയവളുടെ ഭർത്താവിന്റെ മകൾ,
മുലകുടി ബന്ധത്തിലൂടെയുള്ള സഹോദര സഹോദരിമാരുടെ പെൺമക്കൾ, മുല നൽകിയവളുടെ ഭർത്താവിന്റെ മകന്റെ മുലകുടി ബന്ധത്തിലോ രക്ത ബന്ധത്തിലോ ഉള്ള മകൾ/സഹോദരപുത്രി, മുലയൂട്ടിയവളുടെ ഭർത്താവിന്റെ മുലകുടി ബന്ധത്തിലുള്ള മകന്റെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ/സഹോദരപുത്രി, മുലനൽകിയവളുടെ മകന്റെ മകന്റെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ, മുല തന്നവളുടെ മുലകുടി ബന്ധത്തിലുള്ള മകന്റെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ, മുല നൽകിയവളുടെ ഭർത്താവിന്റെ മകളുടെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ, പാൽ നൽകിയവളുടെ ഭർത്താവിന്റെ മുലകുടി ബന്ധത്തിലുള്ള മകളുടെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ, മുല നൽകിയവളുടെ മകളുടെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ, മുല നൽകിയവളുടെ മുലകുടി ബന്ധത്തിലുള്ള മകളുടെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ, പിതാവും മാതാവും ഒത്തതോ,പിതാവോ മാതാവോ മാത്രമൊത്തതോ ആയ സഹോദരിയുടെ മുലകുടിച്ചവൾ,
പിതാവും മാതാവും ഒത്തതോ രണ്ടിലൊരാൾ മാത്രം ഒത്തതോ ആയ സഹോദരന്റെ ഭാര്യയുടെ മുലകുടിച്ചവൾ,
പിതാവും മാതാവുമൊത്തതോ, രണ്ടിലൊന്നത്തതോ
ആയ സഹോദരിയുടെ മുലകുടിച്ചവളുടെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ, പിതാവും മാതാവുമൊത്തതോ, രണ്ടിലൊന്നത്തതോ
ആയ സഹോദരന്റെ ഭാര്യയുടെ മുലകുടിച്ചവളുടെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ, ഉമ്മയുടെ മുലകുടിച്ചവന്റെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ, ഉമ്മയുടെ മുലകുടിച്ചവളുടെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ, പിതാവിന്റെ ഭാര്യയുടെ/ഉമ്മയല്ലാത്ത/മുലകുടിച്ചവന്റെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ,
പിതാവിന്റെ ഭാര്യയുടെ മുലകുടിച്ചവളുടെ രണ്ടാലൊരു ബന്ധത്തിലുള്ള മകൾ.
സാഹോദര്യത്തിന്റെ എല്ലാ സാധ്യതകളിൽ നിന്നും മാറി നിൽക്കുന്നവർ തമ്മിലാണ് ഇണയും തുണയുമായി മാറേണ്ടത് എന്ന വൈവാഹിക ചിട്ടയുടെ നീണ്ട ക്രമീകയാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. മുലയൂട്ടുക, മുല സ്വീകരിക്കുക എന്നതിലൂടെ സ്ഥാപിക്കപ്പെടുന്ന വലിയ ഒരു ബന്ധം എത്രമേൽ ഗാഢമാണെന്നും അതിൻ്റെ ശാഖകൾ എവിടെ വരെ എത്തുന്നു എന്ന് ഇത്രയും എഴുതി പരിശോധിക്കുന്ന ദർശനങ്ങൾ തിരുനബിﷺയുടെ അധ്യാപനത്തിലല്ലാതെ വേറെ എവിടെയാണുണ്ടാവുക! നാം വായിച്ചു വന്ന പട്ടിക അവസാനിച്ചിട്ടില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1153
വായിച്ചുകൊണ്ടിരുന്ന പട്ടിക പൂർത്തിയാകുന്നതിലേക്ക് കുറച്ചുകൂടി ചേർക്കാനുണ്ട്. രക്തബന്ധവും മുലകുടി ബന്ധവും ഏതെല്ലാം വേരുകളിലേക്കും ശാഖകളിലേക്കും പടരുന്നു എന്നതിൻ്റെ വിശദമായ ഒരു പഠനത്തിൻ്റെ ഭാഗമാണല്ലോ ഇതെല്ലാം. നമുക്ക് പട്ടികയിലേക്ക് തന്നെ പോകാം.
മുലകുടി ബന്ധത്തിലുള്ള പിതൃ സഹോദരിമാർ അഥവാ അമ്മായിമാർ. പാലൂട്ടിയവളുടെ ഭർത്താവിന്റെ രക്തബന്ധത്തിലോ മുലകുടി ബന്ധത്തിലോ ഉള്ള സഹോദരി, പാൽ നൽകിയവളുടെ ഭർത്താവിന്റെ രക്തബന്ധത്തിലുള്ള പിതാവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള സഹോദരി/ഉപ്പയുടെ അമ്മായി.
പാൽ നൽകിയവളുടെ ഭർത്താവിന്റെ മുലകുടി ബന്ധത്തിലുള്ള പിതാവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള സഹോദരി, മുലയൂട്ടിയവളുടെ പിതാവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള സഹോദരി/ഉമ്മയുടെ അമ്മായി. മുലനൽകിയവളുടെ മുലകുടി ബന്ധത്തിലുള്ള പിതാവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള സഹോദരി.
മുലകുടി ബന്ധത്തിലുള്ള മാതൃ സഹോദരിമാർ. മുലയൂട്ടിയവളുടെ രണ്ടാലൊരു ബന്ധത്തിലുള്ള സഹോദരി അഥവാ എളയുമ്മ/മൂത്തമ്മ, മുലയൂട്ടിയവളുടെ മാതാവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള സഹോദരി അഥവാ ഉമ്മയുടെ എളയുമ്മ/മൂത്തമ്മ. മുല നൽകിയവളുടെ മുലകുടി ബന്ധത്തിലുള്ള മാതാവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള സഹോദരി
അഥവാ ഉമ്മയുടെ എളയുമ്മ/മൂത്തമ്മ,
മുലയൂട്ടിയവളുടെ ഭർത്താവിന്റെ മാതാവിന്റെ ഇരുബന്ധത്തിലുള്ള സഹോദരി അഥവാ ഉപ്പയുടെ എളയുമ്മ/മൂത്തമ്മ, മുലയൂട്ടിയവളുടെ ഭർത്താവിന്റെ മുലകുടി ബന്ധത്തിലുള്ള മാതാവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള സഹോദരി അഥവാ ഉപ്പയുടെ എളയുമ്മ/മൂത്തമ്മ.
പുരുഷന്മാർക്ക് വിവാഹബന്ധം നിഷിദ്ധമായവരെയാണ് ഇതുവരെ നാം എണ്ണിയത്. ഇനി നമുക്ക് വായിക്കാനുള്ളത് സ്ത്രീകൾക്ക് വിവാഹബന്ധം നിഷിദ്ധമായവരെയാണ്. അതും രക്തബന്ധം വഴിയും മുലകുടി ബന്ധം വഴിയും വിവാഹബന്ധം വഴിയും എണ്ണപ്പെടുന്നവരുണ്ട്. രക്തബന്ധം വഴിയുള്ളവരെ നമുക്ക് ആദ്യം വായിക്കാം.
ഉപ്പമാർ അഥവാ സ്വന്തം പിതാവ്, പിതാമഹൻ അഥവാ ഉപ്പയുടെ ഉപ്പ-എത്ര മേൽപ്പോട്ട് പോയാലും ശരി.
അവളുടെ മാതാമഹൻ അഥവാ ഉമ്മയുടെ ഉപ്പ-എത്ര മേൽപ്പോട്ട് പോയാലും ശരി, ആൺമക്കൾ-
സ്വന്തം മകൻ, മകളുടെ ആൺമക്കൾ എത്ര കീഴ്പ്പോട്ടായാലും ശരി, മകന്റെ ആൺമക്കൾ
എത്ര കീഴ്പ്പോട്ടായാലും ശരി, പിതാവും മാതാവും ഒത്തവരോ രണ്ടിലൊന്ന് ഒത്തവരോ ആയ സഹോദരൻമാർ, മൂന്നാലൊരു ബന്ധത്തിലുള്ള അഥവാ ഉപ്പയും ഉമ്മയുമൊത്ത അല്ലെങ്കിൽ ഉപ്പ/ഉമ്മ മാത്രം ഒത്ത സഹോദരൻമാരുടെ ആൺമക്കൾ, മൂന്നാലൊരു ബന്ധത്തിലുള്ള സഹോദരൻമാരുടെ ആൺമക്കളുടെ ആൺമക്കൾ, മൂന്നാലൊരു ബന്ധത്തിലുള്ള സഹോദരൻമാരുടെ പെൺമക്കളുടെ ആൺമക്കൾ.
മൂന്നാലൊരു ബന്ധത്തിലുള്ള അഥവാ ഉപ്പയും ഉമ്മയുമൊത്ത അല്ലെങ്കിൽ ഉപ്പ/ഉമ്മ മാത്രം ഒത്ത സഹോദരിയുടെ ആൺമക്കൾ, മൂന്നാലൊരു ബന്ധത്തിലുള്ള ആൺമക്കളുടെ ആൺമക്കൾ,
മൂന്നാലൊരു ബന്ധത്തിലുള്ള പെൺമക്കളുടെ ആൺമക്കൾ, പിതാവിന്‍റെ സഹോദരൻമാർ അഥവാ
എളാപ്പ, മൂത്താപ്പമാർ, മൂന്നാലൊരു ബന്ധത്തിലുള്ള അഥവാ ഉപ്പയും ഉമ്മയുമൊത്ത അല്ലെങ്കിൽ ഉപ്പ/ഉമ്മ മാത്രം ഒത്ത ഉപ്പയുടെ എളാപ്പ, മൂത്താപ്പമാർ,
ഉമ്മയുടെ ഉപ്പയുടെ സഹോദരൻമാർ അഥവാ മൂന്ന് രൂപത്തിലുമുള്ളവർ, മാതാവിന്‍റെ സഹോദരൻമാർ അഥവാ അമ്മാവൻമാർ, മൂന്ന് രൂപത്തിലുമുള്ള അഥവാ ഉപ്പയും ഉമ്മയുമൊത്ത അല്ലെങ്കിൽ ഉപ്പ/ഉമ്മ മാത്രം ഒത്ത ഉപ്പയുടേയും ഉമ്മയുടേയും മാതൃ സഹോദരൻമാർ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
Tweet 1154
പുരുഷന്മാരെ പോലെ തന്നെ സ്ത്രീകൾക്കും വിവാഹബന്ധത്തിലൂടെ മഹ്റമുകൾ അഥവാ തനിക്ക് വിവാഹം ചെയ്യാൻ പാടില്ലാത്തവർ രൂപപ്പെടും എന്ന് സൂചിപ്പിച്ചിരുന്നല്ലോ. അവരുടെ പട്ടിക ഇങ്ങനെ വായിക്കാം.
രക്തബന്ധത്തിലോ മുലകുടി ബന്ധത്തിലോ ഉള്ള മകളുടെ ഭർത്താവ് അഥവാ മരുമകൻ, രണ്ടാലൊരു ബന്ധത്തിലുള്ള മകന്റെ മകളുടെ ഭർത്താവ്
അഥവാ മകന്റെ മരുമകൻ, രണ്ടാലൊരു ബന്ധത്തിലുള്ള മകളുടെ മകളുടെ ഭർത്താവ് /മകളുടെ മരുമകൻ,
ഭർത്താവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള മകൻ അഥവാ ഭാര്യയുടെ പിറക്കാത്ത മകൻ, ഭർത്താവിന്റെ മകന്റെ രണ്ടാലൊരു ബന്ധത്തിലുള്ള മകൻ അഥവാ ഭാര്യയുടെ പിറക്കാത്തവന്റെ മകൻ, ഭർത്താവിന്റെ മകളുടെ രണ്ടാലൊരു ബന്ധത്തിലുള്ള മകൻ അഥവാ ഭാര്യക്ക് പിറക്കാത്തവളുടെ മകൻ, ഭർത്താവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള പിതാവ് എന്നുവെച്ചാൽ അമ്മോശൻ,
ഭർത്താവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള വലിയുപ്പമാർ, ഭർത്താവിന്റെ ഉമ്മയുടേയോ ഉപ്പയുടേയോ പിതാവ് അഥവാ രണ്ടാലൊരു ബന്ധത്തിലുള്ള ഉമ്മയുടെ ഭർത്താവ്,
പിതാവിന്റെ രണ്ടാലൊരു ബന്ധത്തിലുള്ള ഉമ്മയുടെ ഭർത്താവ് /വലിയുമ്മയുടെ ഭർത്താവ്, ഉമ്മയുടെ രണ്ടാലൊരു ബന്ധത്തിലുള്ള മാതാവിന്റെ ഭർത്താവ്
അഥവാ വലിയുമ്മയുടെ ഭർത്താവ്.
അവളുടെ മുലകുടി ബന്ധത്തിലുള്ള മകൻ/മകൾ, മാതാവും പിതാവും ഒത്തതോ രണ്ടിലൊന്ന് ഒത്തതോ ആയ സഹോദരൻ.
മുലകുടി ബന്ധത്തിലൂടെ സ്ത്രീക്ക് മഹ്റമുകൾ ആകുന്ന അഥവാ വിവാഹം നിഷിദ്ധമാകുന്നവരുടെ പട്ടിക കൂടി വായിക്കുന്നതോടെ ഈ ക്രമീക അവസാനിക്കും.
മുലകുടി ബന്ധത്തിലുള്ള സന്താനങ്ങളുടെ അഥവാ മകന്റെയോ മകളുടെയോ പിതാവ്, മുലകുടി ബന്ധത്തിലുള്ള ആണോ പെണ്ണോ ആയ മക്കളുടെ രക്തബന്ധത്തിലുള്ള വാപ്പയുടേയോ ഉമ്മയുടേയോ പിതാവ്, മകളുടെ മുലകുടി ബന്ധത്തിലുള്ള സന്താനങ്ങളുടെ പിതാവ്, ഉമ്മയുടെ മുലകുടി ബന്ധത്തിലുള്ള സന്താനങ്ങളുടെ പിതാവ്, മുലകുടി ബന്ധത്തിലുള്ള സന്താനങ്ങളുടെ സഹോദരന്റേയോ സഹോദരിയുടേയോ മകൻ, മുലകുടി ബന്ധത്തിലുള്ള മാതാവൊത്ത സഹോദരന്റെ പിതാവൊത്ത സഹോദരൻ. ഉദാഹരണത്തിന് ലൈലയുടെ മുലകുടി നിമിത്തമുള്ള മാതാവൊത്ത സഹോദരൻ-അഥവാ ലൈലക്ക് മുലയൂട്ടിയവളുടെ മറ്റൊരു വിവാഹം മുഖേനെയുള്ള മകൻ-സൈദിൻ്റെ പിതാവൊത്ത സഹോദരൻ-അഥവാ സൈദിന്റെ ഉമ്മയല്ലാത്ത ഭാര്യ മുഖേനെയുള്ള പിതാവിന്റെ മകൻ അംറുമായി ലൈലക്ക് വിവാഹം നിഷിദ്ധമാണ്.
മാതാവൊത്ത സഹോദരന്റെ മുലകുടിയിലുള്ള പിതാവൊത്ത സഹോദരൻ, മുലകുടി നിമിത്തമുള്ള മാതാവൊത്ത സഹോദരന്റെ പ്രസ്തുത ബന്ധത്തിലുള്ള പിതാവൊത്ത സഹോദരൻ, മാതാവൊത്ത സഹോദരന്റെ പിതാവൊത്ത സഹോദരൻ, പിതാവൊത്ത സഹോദരന്റെ മാതാവൊത്ത സഹോദരൻ, മുലകുടി ബന്ധത്തിലോ രക്ത ബന്ധത്തിലോ ഉള്ള പിതാവൊത്ത സഹോദരന്റെ പ്രസ്തുത രണ്ടാലൊരു ബന്ധത്തിലുള്ള മാതാവൊത്ത സഹോദരൻ.
പട്ടികകൾ വായിച്ചപ്പോൾ സങ്കീർണമാണെന്ന് തോന്നിയേക്കാം. എന്നാൽ, മനുഷ്യന്മാർ തമ്മിലുള്ള പരസ്പര ബന്ധങ്ങളുടെ ധാരകളെയെല്ലാം കൃത്യമായി പരിശോധിക്കുകയും എപ്പോഴൊക്കെ വിവാഹബന്ധവും ഇണയും തുണയും ആവാമെന്നും അങ്ങനെ ഒരു തെരഞ്ഞെടുപ്പ് വരുമ്പോൾ രക്തബന്ധത്തിന്റെയും മുലകുടി ബന്ധത്തിന്റെയും അടിവേരുകൾ ആലോചിച്ചു സാഹോദര്യത്തിനിടയിൽ ദാമ്പത്യം ഉണ്ടാവാതിരിക്കാൻ കൃത്യമായ ജാഗ്രത ഉണ്ടായിരിക്കണം എന്നുകൂടിയാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. കുടുംബ സാഹോദര്യ ബന്ധങ്ങളുടെ പവിത്രതയും വൈവാഹിക ബന്ധത്തിലൂടെ രൂപപ്പെടുന്ന പുതിയ മാനങ്ങളും ഇത്രമേൽ കൃത്യമായി അവലോകനം ചെയ്ത മറ്റേതെങ്കിലും ദർശനങ്ങളുണ്ടോ എന്ന് പ്രത്യേകം പഠിക്കണം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1155
വിവാഹ സൽക്കാരവും ക്ഷണവും സ്വീകരണവും സംബന്ധിച്ച ചില ഹദീസുകളിലൂടെ നമുക്ക് സഞ്ചരിക്കാം. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. ജാബിർ(റ) പറഞ്ഞു. നിങ്ങൾ ഭക്ഷണത്തിലേക്ക് ക്ഷണിക്കപ്പെട്ടാൽ ക്ഷണം സ്വീകരിക്കണമെന്ന് തിരുനബിﷺ പ്രസ്താവിച്ചു. ഇഷ്ടമുണ്ടെങ്കിൽ ഭക്ഷിക്കാം അല്ലെങ്കിൽ ഭക്ഷിക്കാതിരിക്കുകയും ചെയ്യാം.
ക്ഷണം സ്വീകരിക്കുന്നതിന്റെ പ്രാധാന്യമാണ് ഈ ഹദീസ് നമ്മോട് പറയുന്നത്. ഭക്ഷണം കഴിക്കാതിരിക്കേണ്ട സാഹചര്യങ്ങളുമുണ്ടാവാം. രോഗമോ മറ്റോ കാരണമായി യോഗ്യമല്ലാത്ത ഭക്ഷണം, നോമ്പുകാരൻ ആയതിന്റെ പേരിൽ കഴിക്കാൻ പറ്റാതിരിക്കുക ഒക്കെ പരിഗണിച്ചുകൊണ്ടാണ് വേണമെങ്കിൽ ഭക്ഷിക്കാം അല്ലെങ്കിൽ ഭക്ഷിക്കാതിരിക്കുകയും ചെയ്യാമെന്ന് പറഞ്ഞത്. ഭക്ഷണം കഴിക്കാൻ ആവില്ലല്ലോ എന്ന് കരുതി ക്ഷണം നിരസിക്കേണ്ടതില്ല എന്ന ഒരു അധ്യാപനം കൂടി ഇതിലുണ്ട്.
ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. അബൂ ശുറൈഹ് അൽ കഅ്ബി(റ) പറഞ്ഞു. അല്ലാഹുവിൻ്റെ ദൂതർﷺ പ്രസ്താവിച്ചു. ആരെങ്കിലും അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ അവൻ അതിഥിയെ സൽക്കരിക്കട്ടെ! ഒരു ദിവസത്തെ സൽക്കാരം നിർബന്ധമാണ്. മൂന്നു ദിവസം വരെ അതിഥിക്ക് പരിഗണ ലഭിക്കേണ്ട ദിവസങ്ങളാണ്. പിന്നെയും നൽകുന്ന പരിഗണന ധർമമാണ്. വീട്ടുകാരൻ പോകാൻ പറയുന്നതുവരെ ഒരിടത്ത് താമസിക്കുന്നത് ഉചിതമല്ല.
മറ്റൊരാളുടെ വീട്ടിലേക്ക് പോകുന്നതിന്റെയും വീട്ടിൽ പ്രവേശിക്കുന്നതിന്റെയും ചിട്ടകളും മര്യാദകളും കൂടി ചേർത്തുവച്ചുകൊണ്ടാണ് ഇത്തരം അധ്യായങ്ങൾ കടന്നുപോകുന്നത്. ഇമാം ബുഖാരി(റ) അൽ അദബുൽ മുഫ്റദിലും അബൂ ദാവൂദും(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ബിശ്ർ(റ) പറഞ്ഞു. മറ്റു ഗ്രന്ഥങ്ങളുടെ നിവേദനങ്ങളിൽ ജാബിറും(റ) ഇതേ കാര്യം തന്നെ പറയുന്നുണ്ട്. അൻസ്വാരികളിൽ പെട്ട അബൂ ശുഹൈബ്(റ) പറയുന്നു. ഞാൻ തിരുനബിﷺയുടെ അടുക്കൽ വന്നു. അവിടുന്ന് വിശക്കുന്നുണ്ട് എന്ന് മുഖത്ത് നോക്കിയപ്പോൾ മനസ്സിലായി. ഞാൻ എൻ്റെ അടിമകളുടെ കൂട്ടത്തിലെ കശാപ്പുകാരന്റെ അടുക്കൽ വന്ന് പറഞ്ഞു. അഞ്ചുപേർക്ക് ഭക്ഷണമുണ്ടാക്കാൻ. ശേഷം, തിരുനബിﷺയെ ഭക്ഷണത്തിലേക്ക് ക്ഷണിച്ചു. അഞ്ചിൽ അഞ്ചാമനായി തിരുനബിﷺ വീട്ടിലേക്ക് വന്നു. പിന്നിൽ ഒരാളും കൂടി വരുന്നുണ്ടായിരുന്നു. വാതിൽക്കൽ എത്തിയപ്പോൾ തിരുനബിﷺ പറഞ്ഞു. ഒരാൾ കൂടി എൻ്റെ കൂടെ വന്നിട്ടുണ്ട്. നിങ്ങൾ സമ്മതം നൽകിയാൽ അദ്ദേഹത്തെയും കൂട്ടാം. ഇതുകേട്ടതും ഞാൻ ആറാമത്തെ ആൾക്കും സമ്മതം നൽകി.
എത്ര മാതൃകാപരമായ അച്ചടക്കങ്ങളാണ് തിരുനബിﷺ അഭ്യസിപ്പിച്ചു കൊണ്ടിരിക്കുന്നത്. ക്ഷണം സ്വീകരിക്കുന്നതിന്റെ രീതി. ഒപ്പമുള്ളവരെ കൂട്ടിക്കൊണ്ടുപോകുമ്പോൾ കൂടെയുള്ളവർക്ക് നൽകുന്ന മുൻഗണനയും പരിഗണനയും. ആതിഥേയൻ പ്രതീക്ഷിക്കുന്നതിലേറെ ആളുകൾ വരുമ്പോൾ സമ്മതത്തോടുകൂടി മാത്രം പ്രവേശിക്കാൻ പഠിപ്പിക്കുക. ആതിഥേയൻ ഹൃദയപൂർവ്വം സ്വീകരിക്കുക. ക്ഷണിച്ചവർക്ക് പ്രയാസമാകാത്ത വിധം ക്ഷണം സ്വീകരിച്ച് എത്തുക. ഇന്നും പണ്ടും മനുഷ്യൻ പാലിച്ചിരിക്കേണ്ട ഒരുപാട് ജാഗ്രതകളെയും ശ്രദ്ധയെയും ആതിഥ്യ മര്യാദയെയും ഒരുമിച്ചു പഠിപ്പിക്കുകയാണല്ലോ ഈ ഹദീസ് നിർവഹിക്കുന്ന ദൗത്യം.
തിരുനബിﷺക്ക് വേണ്ടി ഭക്ഷണം ഒരുക്കിവെച്ച് ക്ഷണം നിർവഹിച്ചപ്പോൾ എൻ്റെ സഅദി(റ)നെയും കൂടെ കൂട്ടട്ടെ എന്ന് ചോദിച്ച അതിമനോഹരമായ പരാമർശം ഉൾക്കൊള്ളുന്ന ഹദീസ് അബൂ മൈസറ(റ)യിൽ നിന്ന് മുസ്നദിൽ നിവേദനം ചെയ്യുന്നുണ്ട്.
സൽക്കാരത്തിന് ക്ഷണിക്കണമെന്നും ക്ഷണം സ്വീകരിക്കേണ്ടതാണെന്നും ആതിഥ്യ മര്യാദകൾ പാലിക്കപ്പെടണമെന്നും അതിമനോഹരമായി തിരുനബിﷺ നമ്മോട് ഉപദേശിച്ചു കൊണ്ടിരിക്കുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1156
വിവാഹം പരസ്യപ്പെടുത്തി നടത്തണമെന്നാണ് പ്രവാചകരുﷺടെ അധ്യാപനം. സന്തോഷമൂഹൂർത്തങ്ങളെ അങ്ങനെ തന്നെ കാണണമെന്നും ആഘോഷിക്കണമെന്നും അവിടുന്ന് പഠിപ്പിക്കുന്നു. ഒരു അനാഥ വനിതയുടെ വിവാഹം നടക്കുന്നതിനെക്കുറിച്ച് തിരുനബിﷺ അന്വേഷിച്ചു. ഒപ്പം ദഫ് മുട്ടാൻ ആളെ അയച്ചിരുന്നോ എന്ന് തിരുനബിﷺ അന്വേഷിചു. മണവാട്ടിയുടെ ആഗമനത്തെ അറിയിക്കുന്ന ദഫും സ്വീകരണവും ഒക്കെ ഉണ്ടാവട്ടെ എന്ന് സമ്മതിച്ചു.
എല്ലാ ആഘോഷങ്ങൾക്കും അടിസ്ഥാനപരമായ മൂല്യങ്ങളെ സംരക്ഷിക്കേണ്ടതുണ്ട്. ധൂർത്തോ പിശുക്കോ അവിടുത്തെ മാർഗ്ഗമല്ല. അമിതവ്യയം നടത്തുന്നവർ പിശാചിൻ്റെ കൂട്ടുകാരാണെന്നും എന്നാൽ ആവശ്യത്തിന് വ്യയം ചെയ്യാത്ത വിധം നിങ്ങളാരും പിശുക്കന്മാർ ആകാൻ പാടില്ലെന്നുമാണ് അവിടുത്തെ അധ്യാപനം.
മദീന നിവാസികളായ അൻസ്വാരികൾ നടത്തിയിരുന്ന ആനന്ദകരമായ ആഘോഷ രീതികളെ ശരിവെച്ചു കൊണ്ടായിരുന്നു തിരുനബിﷺയുടെ സമീപനങ്ങളുണ്ടായിരുന്നത്. കല്യാണവേളകളിൽ അങ്ങനെയൊക്കെ ഇല്ലേ എന്ന് തിരുനബിﷺ ആഇശ(റ)യോട് ചോദിച്ച രംഗവുമുണ്ട്.
അതയ്‌നാക്കും അതയ്നാക്കും..
ഫഹയ്യൂനാ നുഹയ്യീക്കും….
എന്നിങ്ങനെ അന്ന് ദഫ് മുട്ടിയപ്പോൾ പാടിയ പാട്ടിൻ്റെ ശകലങ്ങൾ ഹദീസ് നിവേദനങ്ങളിൽ കാണാം.
ഞങ്ങൾ ഇതാ വന്നു, ഞങ്ങൾ ഇതാ വന്നു…. നിങ്ങൾ മംഗളം നേർന്നു കൊള്ളൂ.. ഞങ്ങളും സന്തോഷങ്ങളും പങ്കുവെക്കുന്നു..
ആഘോഷം എന്നത് ആഭാസത്തിന്റെ പര്യായമല്ല. അങ്ങനെ തെറ്റിദ്ധരിക്കുകയും എന്തുമാവാം എന്ന് വിചാരിക്കുകയും ചെയ്യുന്ന പുതിയ സാമൂഹിക ഘടനയിൽ നിന്ന് മാറി മൂല്യങ്ങളെ പരിപാലിക്കുകയും സാമൂഹിക സന്തുലിതാവസ്ഥയെ പരിഗണിക്കുകയും ചെയ്യുന്ന ആഘോഷങ്ങളെയാണ് പ്രവാചകൻﷺ പരിചയപ്പെടുത്തിയത്.
മാനുഷിക സമൂഹത്തിന്റെ അടിസ്ഥാന യൂണിറ്റായ കുടുംബം പവിത്രമായ പരിസരങ്ങളിലൂടെ രൂപപ്പെടുകയും പരസ്പരമുള്ള മാനുഷിക ബന്ധങ്ങൾ മുഴുവനും പരിപാവനമായി പരിപാലിക്കപ്പെടുകയും ചെയ്യണം എന്നത് കണിശമായ ഇസ്ലാമിക അധ്യാപനമാണ്. ക്ഷണം സ്വീകരിക്കേണ്ടതും സൽക്കാരം നൽകേണ്ടതുമൊക്കെ ബന്ധങ്ങളെയും പാരസ്പര്യങ്ങളെയും ഏറ്റവും ഗുണകരമായി പരിപാലിക്കാൻ വേണ്ടിയാണ്. സമ്മാനങ്ങൾ നൽകൂ പരസ്പരം സ്നേഹം വർദ്ധിപ്പിക്കു എന്നത് അവിടുത്തെ സവിശേഷമായ ഒരു നിർദ്ദേശമാണ്.
എത്ര ലളിതമായ ക്ഷണവും സ്വീകരിക്കുകയും എത്ര വിനീതമായ സദ്യയിലും സന്തോഷത്തോടെ പങ്കെടുക്കുകയും ചെയ്തത് കഴിഞ്ഞ അധ്യായങ്ങളിൽ നിന്നും വായിച്ചു പോയിട്ടുണ്ട്. രാജാവ് ക്ഷണിച്ചാലും അടിമകൾ ക്ഷണിച്ചാലും ക്ഷണത്തിന് ഉത്തരം ചെയ്യുന്നതിന്റെ മൂല്യം സവിശേഷമായി തന്നെ അവിടുന്ന് പഠിപ്പിച്ചു. ഒരിക്കൽ ഒരു ജൂതൻ ലളിതമായ റൊട്ടിയും പഴകിയ എണ്ണയും മാത്രമുള്ള ഒരു സൽക്കാരത്തിലേക്ക് ക്ഷണിച്ചതും തിരുനബിﷺ ആ ക്ഷണം സ്വീകരിച്ച് എത്തിയതും ഇമാം അഹ്മദ്(റ) മുസ്നദിൽ ഉദ്ധരിച്ചിട്ടുണ്ട്.
തിരുനബിﷺയോടൊപ്പം വ്യത്യസ്ത ഭാവത്തിലും രീതിയിലുമുള്ള സൽക്കാരങ്ങൾ സ്വീകരിച്ചതും തിരുനബിﷺയുടെ പരിചാരകനായ അനസുബ്നു മാലിക്(റ) വ്യത്യസ്ത നിവേദനങ്ങളിൽ പങ്കുവെക്കുന്നുണ്ട്. പരസ്പരം ഉണ്ടാകേണ്ട ബന്ധങ്ങളുടെയും പരിഗണനകളുടെയും ഉന്നതിയിൽ നിന്നുകൊണ്ടായിരുന്നു ആ സംഭാഷണങ്ങൾ മുഴുവൻ.
മതപരമായ മൂല്യങ്ങളെയും വിശ്വാസപരമായ അടിത്തറകളെയും എവിടെയും ലംഘിക്കാറുണ്ടായിരുന്നില്ല. അധാർമികമായ കാര്യങ്ങൾ നിലകൊള്ളുന്ന ഭവനങ്ങളിലെ സൽക്കാരം അവിടുന്ന് സ്വീകരിച്ചിരുന്നില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1157
ക്ഷണം സ്വീകരിക്കപ്പെട്ട് എത്തിച്ചേരുമ്പോൾ, നിർദ്ദേശിക്കപ്പെട്ട മതചിട്ടകൾ പാലിക്കാതെയുള്ള സാഹചര്യങ്ങളിൽ അച്ചടക്ക സമീപനം എന്ന നിലയിൽ തിരുനബിﷺ മാറിനിന്ന പല സന്ദർഭങ്ങളും കൂടി ഇവിടെ നമുക്ക് വായിക്കാനുണ്ട്. ഇമാം ഇബ്നു മാജ(റ)യും നസാഇ(റ)യും നിവേദനം ചെയ്യുന്നു. അലി(റ) പറഞ്ഞു. ഞാൻ ഭക്ഷണം തയ്യാർ ചെയ്തിട്ട് നബിﷺയെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് തിരുനബിﷺ വരികയും എൻ്റെ വീട്ടിലേക്ക് എത്തിയപ്പോൾ ജീവികളുടെ രൂപങ്ങളുള്ള കർട്ടൻ ശ്രദ്ധയിൽപ്പെടുകയും ചെയ്തു. അവിടുന്ന് നേരെ മടങ്ങിപ്പോയി. രൂപങ്ങളുള്ള ഭവനങ്ങളിൽ കാരുണ്യത്തിന്റെ മലക്കുകൾ പ്രവേശിക്കുകയില്ല എന്ന് തിരുനബിﷺ പ്രസ്താവിക്കുകയും ചെയ്തു.
തിരുനബിﷺയുടെ സേവകൻ അബ്ദുറഹ്മാൻ സഫീന(റ) എന്നവർ നിവേദനം ചെയ്യുന്നു. ഒരു ദിവസം അലി(റ) ഒരു സഹോദരനെ സൽക്കരിക്കാൻ ഒരുങ്ങി. ഭക്ഷണമൊക്കെ പാചകം ചെയ്തു വച്ചു. അപ്പോൾ പത്നി ഫാത്വിമ(റ) ചോദിച്ചു. തിരുനബിﷺയെയും കൂടി ഭക്ഷണത്തിലേക്ക് ഒന്ന് ക്ഷണിച്ചാലോ? അവിടുന്ന് നമ്മളോടൊപ്പം വന്ന് ഭക്ഷണം കഴിക്കുമല്ലോ! നബിﷺയെ വിളിക്കാൻ ആളെ അയച്ചു. അവിടുന്ന് വീട്ടിലേക്ക് വന്നു. വാതിലിന്റെ ഇരുവശത്തും കൈകൾ വച്ചു. അപ്പോഴതാ വീട്ടിൽ വേറിട്ട ചില അലങ്കാരങ്ങൾ ശ്രദ്ധയിൽപ്പെട്ടു. തങ്ങൾക്ക് അതത്ര സന്തോഷമായി തോന്നിയില്ല. അവിടുന്ന് മെല്ലെ തിരിച്ചു നടന്നു. ഇത് കണ്ട ഫാത്വിമ(റ) അലി(റ)യോട് പറഞ്ഞു, ഒന്ന് പിന്നിൽ ചെല്ലൂ. എന്താണ് തിരുനബിﷺ മടങ്ങിപ്പോകുന്നത് എന്ന് അന്വേഷിച്ചു നോക്കൂ! അലി(റ) പറഞ്ഞു. ഞാൻ പിന്നാലെ പോയി തിരുനബിﷺയോട് ചോദിച്ചു. എന്താണ് അവിടുന്ന് മടങ്ങിപ്പോകുന്നത്? ഈ വിധം അലങ്കരിക്കപ്പെട്ട ഭവനത്തിൽ പ്രവേശിക്കാൻ പ്രവാചകന്മാർക്ക് സമ്മതമില്ല.
ഉചിതമല്ലാത്ത അലങ്കാരങ്ങളോട് വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു അവിടുന്ന്. മേൽ പറയപ്പെട്ട ഹദീസിന് വിശാലമായ വ്യാഖ്യാന തലങ്ങളുണ്ട്. പൊതുവായി വിശ്വാസികൾ അനുശാസിക്കേണ്ട ചിട്ടയിലേക്ക് ശ്രദ്ധ തിരിക്കുക എന്ന്. അല്ലെങ്കിൽ, പ്രിയപ്പെട്ട മകൾ ജീവിക്കേണ്ട ലാളിത്യത്തിലേക്ക് വിചാരം കൊണ്ടുപോവുക എന്ന്. അലങ്കാരങ്ങൾക്കും ചില ചിട്ടകളും മര്യാദകളുമുണ്ട്. അതിനപ്പുറത്തേക്ക് വന്നാൽ സ്വീകാര്യമല്ല എന്ന അദ്ധ്യായം നമുക്കിവിടെ വായിക്കാം.
അതിനുമപ്പുറമുള്ള ചില വ്യാഖ്യാനങ്ങൾ കൂടി തിരുനബിﷺ അവിടുത്തെ മകൾക്ക് നൽകിയ ജീവിതപാഠങ്ങളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ഈ ലോകം നൈമിഷികമാണെന്നും ഇവിടുത്തെ അലങ്കാരങ്ങളും ആർഭാടങ്ങളും താൽക്കാലികമാണെന്നും ഉൾക്കൊള്ളുകയും നിരന്തരമായി ബോധ്യപ്പെടുത്തി കൊണ്ടിരിക്കുകയും ചെയ്തിരുന്ന നേതാവാണല്ലോ തിരുനബിﷺ. അത്തരമൊരു വിചാരം കൃത്യമായി മകൾ ഫാത്വിമ(റ)യിലും തിരുനബിﷺ പകർന്നു നൽകിയിരുന്നു. ഈ ലോകത്തെ അലങ്കാര സന്തോഷങ്ങളിൽ വ്യാപരിച്ചു നിൽക്കാതെ അനന്തമായ പാരത്രിക സന്തോഷങ്ങളിലേക്ക് ഏറ്റവും ഉന്നത പദവി നേടുന്നവളായിരിക്കണം പ്രിയപ്പെട്ട മകൾ എന്ന് അവിടുത്തേക്ക് കണിശതയുണ്ടായിരുന്നു. അതനുസരിച്ചായിരുന്നു മകൾക്ക് ശിക്ഷണം നൽകിയിരുന്നത്. ലളിതമായ ജീവിതം ശീലിപ്പിച്ചു.
അതിസമ്പന്നന്മാർ നിറഞ്ഞുനിന്നപ്പോഴും വിജ്ഞാനത്തിന്റെ കവാടമായ അലി(റ)ക്ക് മകളെ വിവാഹം ചെയ്തുകൊടുത്തു. സമ്പത്തിനേക്കാൾ മൂല്യങ്ങൾക്ക് പ്രാധാന്യം നൽകണമെന്ന് പഠിപ്പിക്കാനായിരുന്നു അത്. ഭൗതികമായ സുഖാഡംബരങ്ങളിൽ മകളുടെ ഹൃദയം വ്യാപരിച്ചു പോകരുത് എന്ന് ഓരോ സമയത്തും നബിﷺ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ആത്മീയമായ വിചാരങ്ങളെയും അലങ്കാരങ്ങളെയും പ്രാധാന്യത്തോടെ കാണാനും നാളേക്ക് വേണ്ടി കൂടുതൽ ഒരുങ്ങാനുമായിരുന്നു മകളെ പരിശീലിപ്പിച്ചത്. അതിനു വിഘാതമാകുന്ന ഏതു സന്ദർഭങ്ങളെയും ശ്രദ്ധാപൂർവ്വം വിലയിരുത്തുകയും അപ്പോഴെല്ലാം മകളെ ആത്മീയതയുടെ വഴിയിലേക്ക് തന്നെ തിരിച്ചു കൊണ്ടു വരികയും ചെയ്തു. അത്തരം ഒരു സന്ദർഭം കൂടിയായി മേൽ ഹദീസിനെ വിശദീകരിച്ചവരുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1158
വിവാഹ സദ്യയെക്കുറിച്ചും സൽക്കാരത്തെക്കുറിച്ചും എല്ലാം പ്രവാചക പാഠശാലയിൽ അധ്യാപനങ്ങളുണ്ട്. സദ്യകള്‍ക്ക് പൊതുവെ പറയുന്നത് ‘വലീമ’ എന്നാണ്. ഒരുമിക്കുക, പരസ്പരം ചേരുക എന്നര്‍ഥം വരുന്ന ‘വല്‍മ്’ എന്ന പദത്തില്‍ നിന്നാണ് ‘വലീമ’ എന്ന പദം വന്നിട്ടുള്ളത്. ഇണകള്‍ കൂടിക്കലര്‍ന്ന് ജീവിതത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ആരംഭമായതിനാലാവണം വിവാഹ സദ്യക്കു ‘വലീമ’ എന്ന പേര് വന്നത്. വലീമ എന്നത് പ്രസിദ്ധമായി അറിയപ്പെടുന്നതും വിവാഹ സദ്യയെ കുറിച്ചാണ്.
വിവാഹത്തോടനുബന്ധിച്ചു നടത്തപ്പെടുന്ന സദ്യ നിര്‍ബന്ധമാണോ അല്ലേ എന്നതിൽ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായങ്ങളുണ്ട്. ”ഒരാടിനെയെങ്കിലും അറുത്ത് വലീമ നല്‍കണമെന്ന്” തിരുനബിﷺ അബ്ദുറഹ്മാനു ബ്‌നു ഔഫ്(റ)നോട് പറഞ്ഞതിനാല്‍ വിവാഹ സദ്യ നിര്‍ബന്ധമാണെന്ന് ചില പണ്ഡിതന്മാര്‍ പറഞ്ഞു. എന്നാൽ പ്രബലമായ സുന്നത്താണ് എന്ന അഭിപ്രായമാണ് ഭൂരിപക്ഷം പണ്ഡിതന്മാരും രേഖപ്പെടുത്തിയത്. തിരുനബിﷺ അവിടുത്തെ വിവാഹങ്ങള്‍ക്ക് സവീക് അഥവാ ഗോതമ്പും മാംസവും ചേർത്തുണ്ടാക്കുന്ന ഒരുതരം ഭക്ഷണം, കാരക്ക, പാല്‍കട്ടി, നെയ്യ്, ആട് തുടങ്ങിയവ നല്‍കിയതായി ഹദീസുകൾ പ്രസ്താവിക്കുന്നു. സൈനബ ബിന്‍ത് ജഹ്ശു(റ) മായുള്ള വിവാഹസമയത്ത് ആടും സ്വഫിയ്യ(റ)യുടെ വിവാഹത്തെ തുടർന്ന് സവീക്കും കാരക്കയും നല്‍കി എന്നും ഹദീസുകളിലുണ്ട്. അലി(റ) ഫാത്വിമ(റ)യെ വിവാഹമാലോചിച്ചപ്പോള്‍ ‘വരന്‍ വലീമ നല്‍കേണ്ടതുണ്ട്’ എന്ന് തിരുനബിﷺ പറഞ്ഞതായി നമുക്ക് വായിക്കാൻ കഴിയും. അബ്ദുറഹ്മാനുബ്‌നു ഔഫ്(റ)വിന്റെ ഹദീസ് വിശദീകരിച്ച് ഇമാം നവവി(റ) ഇപ്രകാരം എഴുതുന്നു. ”ആടിനെക്കാള്‍ കുറയാതിരിക്കലാണ് ഏറ്റവും നല്ലത് എന്ന് ഈ കല്‍പനയില്‍ നിന്ന് മനസ്സിലാക്കാം” വലീമക്ക് കഴിയാത്തവനെ അതിന് സഹായിക്കുന്നതിലും പ്രവാചക പാഠശാലയിൽ ഉദാഹരണങ്ങളുണ്ട്. ”ആരുടെയെങ്കിലും അടുക്കല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അവനത് കൊണ്ടുവരട്ടെ!” എന്ന് തിരുനബിﷺ പറഞ്ഞതില്‍ നിന്ന് ഇക്കാര്യം ബോധ്യമാകും. വിവാഹദിവസങ്ങള്‍ അവസാനിക്കുന്നതിനിടക്ക് വലീമ നടത്താൻ പറ്റും. കന്യകയാണെങ്കില്‍ ഒരാഴ്ചയും വിധവയാണെങ്കില്‍ മൂന്ന് ദിവസവും എന്നിങ്ങനെയാണ് വിവാഹ ദിവസങ്ങൾ കണക്കാക്കുന്നത്. ദമ്പതികൾ വീടുകൂടിയതിനുശേഷം വലിമ നൽകുന്നതാണ് ഏറെ നല്ലത്. തിരുനബിﷺ സൈനബ് ബിന്‍ത് ജഹ്ശി(റ)നെ വിവാഹം കഴിച്ചപ്പോൾ അങ്ങനെയാണ് ചെയ്തിരുന്നത്.
ഇതു സംബന്ധിയായി ഇമാം നവവി(റ) പറയുന്നതിപ്രകാരമാണ്. ”വലീമ നല്‍കേണ്ട സമയത്തെ സംബന്ധിച്ച് പണ്ഡിതന്‍മാര്‍ക്കിടയില്‍ അഭിപ്രായങ്ങളുണ്ട്. ഇമാം മാലികി(റ)നെ പോലെയുള്ളവരുടെ അടുക്കല്‍ ഏറ്റവും സ്വീകാര്യാഭിപ്രായം ദമ്പതിമാരുടെ ശാരീരിക ബന്ധത്തിന് ശേഷമാണ് എന്നാണ്. മാലികി മദ്ഹബിലെ മറ്റുചില പണ്ഡിതരുടെ വീക്ഷണം അത് നിക്കാഹ് നടക്കുമ്പോഴാണ് ഉത്തമം എന്നുമാണ്.
വലീമ നൽകിയ സമയത്തെക്കുറിച്ചും വായനകളുണ്ട്. സൈനബ ബിന്‍ത് ജഹ്ശി(റ)ന്റെ വിവാഹത്തിന് പകല്‍ സൂര്യന്‍ ഉയര്‍ന്നു പൊന്തിയ ശേഷവും. ആയിശ(റ)യുമായുള്ള നിക്കാഹ് നടന്നത് ളുഹാസമയത്തുമായിരുന്നു എന്നാണ് നിവേദനങ്ങൾ.
മനുഷ്യന്റെ വ്യവഹാര ജീവിതത്തിലെ ഏത് അധ്യായമെടുത്തു നോക്കിയാലും വിശദമായി തന്നെ മാതൃകകൾ നബി ജീവിതത്തിൽ നിന്ന് വായിക്കാൻ കഴിയുന്നു. പ്രവാചക ചരിത്രം ഏറ്റവും ആശ്ചര്യകരമായി തോന്നുന്നത് അപ്പോഴാണ്. തിരുനബിﷺയിൽ ഉദാത്തമായ മാതൃകയുണ്ട് എന്നത് ആലങ്കാരികമായ ഒരു പ്രയോഗമോ ഭംഗി വാക്കോ അല്ല. ജീവിതയാഥാർത്ഥ്യങ്ങളെ ചരിത്രത്തിൽ നിന്ന് വായിക്കാൻ ഒരുങ്ങുമ്പോൾ എല്ലാ മേഖലകളിലും പകർന്നെടുക്കാനുള്ള മാതൃകകൾ നിറഞ്ഞുനിൽക്കുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1159
വിവാഹ സദ്യയിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ സ്വീകരിക്കല്‍ നിര്‍ബന്ധമാണ്. ”ആരെങ്കിലും ഒരു വലീമയിലേക്ക് ക്ഷണിക്കപ്പെട്ടാല്‍ അവനതിന് പോവട്ടെ.” എന്ന് തിരുനബിﷺ പ്രസ്താവിച്ചിട്ടുണ്ട്. സാധാരണയിൽ ജീവിതത്തില്‍ ഒരു തവണ മാത്രം നടക്കുന്ന ഒരു കാര്യമാണല്ലോ വിവാഹം. അതിനാല്‍ അതിനുള്ള ക്ഷണം സ്വീകരിക്കല്‍ ആവശ്യമാണ്. അതേസമയം, വലീമയില്‍ ഇസ്‌ലാമികമല്ലാത്ത കാര്യങ്ങള്‍ നടക്കുന്നു എന്നറിയുകയും എന്നാൽ തിരുത്താൻ സാധിക്കില്ല എന്ന് മനസ്സിലാക്കുകയും ചെയ്താൽ അതിൽ പങ്കെടുക്കാതിരിക്കുകയാണ് വേണ്ടത്. അതല്ല, അവകളെ തിരുത്താൻ അവസരമുണ്ടെന്നുവന്നാൽ അതിൽ സംബന്ധിക്കുകയും തിരുത്തുകയുമാണ് ഉത്തമം. ഇതാണ് പണ്ഡിതന്മാരുടെ വീക്ഷണം.
സമ്പന്നൻമാരെ മാത്രം പരിഗണിക്കുകയും സാധുക്കളെ അവഗണിക്കുകയും ചെയ്തുകൊണ്ടുള്ള വലീമകൾ ഏറ്റവും മോശപ്പെട്ടതാണെന്ന് തിരുനബിﷺ പ്രത്യേകം എടുത്തു പറഞ്ഞിട്ടുണ്ട്. ക്ഷണിക്കുന്നവന്റെ സാമ്പത്തിക ഉറവിടം പൂർണ്ണമായും ഹലാൽ അല്ലാത്ത മാർഗത്തിലാണെങ്കിൽ അവിടുത്തെ ഭക്ഷണം കഴിക്കേണ്ടതില്ല. എന്നാൽ സമ്മിശ്രമായ സ്രോതസ്സുകളിൽ സമ്പത്ത് ലഭിക്കുന്ന ആളാണെങ്കിൽ പോകാതിരിക്കലാണ് ഉത്തമം എങ്കിലും പോകുന്നതുകൊണ്ട് വിരോധവുമില്ല. ഭക്ഷണത്തിൻ്റെ വലിപ്പച്ചെറുപ്പം നോക്കിയിട്ടാവരുത് പോകുകയും പോകാതിരിക്കുകയും ചെയ്യുന്നത്. എത്ര ലളിതമായ ഭക്ഷണത്തിലേക്കാണ് ക്ഷണിക്കപ്പെട്ടതെങ്കിലും അതിനെ മാനിക്കുക എന്നതായിരുന്നു തിരുനബിﷺയുടെ രീതി. ”ഒരു കുളമ്പിലേക്കാണ് ഞാന്‍ ക്ഷണിക്കപ്പെട്ടതെങ്കിലും ഞാന്‍ അതിനുത്തരം നല്‍കുമായിരുന്നു” എന്ന് അവിടുന്ന് പറഞ്ഞിട്ടുണ്ട്.
വിവാഹാനന്തരം ഇണകൾക്കിടയിൽ ഉണ്ടായിരിക്കേണ്ട യോജിപ്പും സ്നേഹവും വളരെ പ്രാധാന്യത്തോടെയാണ് തിരുനബിﷺ അവതരിപ്പിച്ചത്. ഇമാം നസാഈ(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. തിരുനബിﷺ പ്രസ്താവിച്ചു. നിങ്ങളുടെ ഈ ഇഹലോകത്ത് എനിക്ക് പ്രിയപ്പെട്ട മൂന്നു കാര്യങ്ങളുണ്ട്. സ്ത്രീകൾ അഥവാ ഭാര്യമാർ, സുഗന്ധം, നിസ്കാരത്തിൽ ലഭിക്കുന്ന ഹൃദയാനന്ദം എന്നിവയാണത്.
സ്ത്രീജന്മം ശാപമായി കണ്ടിരുന്ന ഒരുകാലത്ത് നിന്നും, നൽകിയ പെൺകുഞ്ഞിനെ ജീവനോടുകൂടെ കുഴിച്ചുമൂടിയിരുന്ന ഒരു ജനതയുടെ നടുവിൽ ഈ പ്രസ്താവനക്ക് പല മാനങ്ങളുമുണ്ട്. തിരുനബിﷺ പത്നിമാരെ എത്രമേൽ സ്നേഹിച്ചു എന്നത് മുസ്‌ലിം കുടുംബങ്ങളിൽ ഉണ്ടായിരിക്കേണ്ട ദാമ്പത്യ സ്നേഹങ്ങളുടെ ഏറ്റവും ഉദാത്തമായ മാതൃക കൂടിയാണ്.
ഈ ലോകത്തെ വിഭവങ്ങളിൽ തിരുനബിﷺക്ക് ഏറ്റവും പ്രിയപ്പെട്ടത് എന്തൊക്കെയാണെന്ന് പ്രിയ പത്നി ആഇശ(റ) വിശദീകരിക്കുമ്പോൾ ഏറെ കൗതുകത്തോടെയും വൈകാരികവുമായാണ് സ്ത്രീകളോട് തിരുനബിﷺക്ക് ഉണ്ടായിരുന്ന പരിഗണനയും സ്നേഹവും പങ്കുവെക്കുന്നത്. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ അത് വിശദീകരിക്കുന്നുണ്ട്.
ഒന്നിലധികം ഭാര്യമാർ ഉള്ളവർ അവർക്കിടയിൽ നീതിപുലർത്തണമെന്ന് തിരുനബിﷺ കൃത്യമായി പഠിപ്പിക്കുകയും നീതിപുലർത്തി ജീവിതത്തിൽ പ്രകാശിപ്പിക്കുകയും ചെയ്തു. സമയവും വിഭവങ്ങളും സാന്നിധ്യവും അവർക്കിടയിൽ നീതിപൂർവമായി പങ്കുവെച്ചിരുന്നു. എല്ലാവരും അതിൽ സംതൃപ്തരുമായിരുന്നു. ഭൗതികമായ മാനങ്ങൾക്കപ്പുറം മൂല്യങ്ങളെയും ആത്മീയതയും ചേർത്തുപിടിച്ച ബന്ധത്തെയും പാരസ്പര്യത്തെയുമാണ് എല്ലാ മേഖലയിലും തിരുനബിﷺ പരിചയപ്പെടുത്തിയത്. അതുകൊണ്ടുതന്നെ കേവലമായ ഭൗതിക താൽപര്യങ്ങൾ മാത്രം മുന്നിൽ വച്ചുകൊണ്ടുള്ള കുടുംബബന്ധ വിശകലനങ്ങൾക്ക് നബി ജീവിതത്തിൻ്റെ ആധ്യാത്മിക അടിയൊഴുക്കുകളെ ബോധ്യപ്പെടില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1160
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) പറഞ്ഞു. ഞങ്ങൾ ഭാര്യമാർക്കൊപ്പം താമസിക്കുന്നതിൽ തിരുനബിﷺ ഒരാളിൽ നിന്ന് മറ്റൊരാളെ പ്രത്യേകം പരിഗണിച്ചിരുന്നില്ല. ഒറ്റപ്പെട്ട ദിവസങ്ങളിൽ ഒരേ ദിവസം തന്നെ തിരുനബിﷺ എല്ലാവരെയും സന്ദർശിച്ചെന്നിരിക്കും. എന്നാൽ അന്നത്തെ വീതം നൽകപ്പെട്ടവരുടെ അടുക്കൽ അല്ലാതെ താമസിക്കുകയില്ല. സൗദ(റ)ക്ക് പ്രായം ഏറെയായപ്പോൾ സൗദ(റ)യുടെ ദിവസം കൂടി എനിക്ക് തന്നു. അല്ലയോ അല്ലാഹുവിൻ്റെ ദൂതരെﷺ, എൻ്റെ ദിവസം കൂടി ആഇശ(റ)യോടൊപ്പം അവിടുന്ന് താമസിച്ചോളൂ. തിരുനബിﷺ അത് അംഗീകരിച്ചു.
ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ യാത്ര പുറപ്പെടാൻ ഉദ്ദേശിച്ചാൽ ഭാര്യമാർക്കിടയിൽ നറുക്കിടും ആരുടെ നറുക്കാണോ വീഴുന്നത് അവരെ യാത്രയിൽ ഒപ്പം കൂട്ടും. അനുബന്ധമായി ബുഖാരി(റ) എഴുതുന്നു. ഓരോ ഭാര്യമാർക്കും അവരുടെ രാവും പകലും തിരുനബിﷺ പകുത്തു വെച്ചിരുന്നു. എന്നാൽ സൗദ(റ) അവരുടെ രാവും പകലും ആഇശ(റ)ക്ക് നൽകി. തിരുനബിﷺയുടെ പ്രീതി പ്രതീക്ഷിച്ചുകൊണ്ടായിരുന്നു.
ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഇഹലോകവാസം വെടിഞ്ഞ രോഗത്തിൽ കിടക്കുമ്പോൾ അവിടുന്ന് ചോദിച്ചു. നാളെ ഞാൻ ആരുടെ കൂടെയാണ്? ആഇശ(റ)യോടൊപ്പമുള്ള ദിവസം ആയോ എന്ന അർഥത്തിൽ രണ്ടാമതും ചോദിച്ചു. തിരുനബിﷺയുടെ താല്പര്യം പോലെ ആകാം എന്ന് എല്ലാ ഭാര്യമാരും ഒത്തു സമ്മതിച്ചു. ശേഷം തിരുനബിﷺ വിയോഗം തേടുന്നതുവരെ മഹതിയുടെ വീട്ടിലായിരുന്നു. എന്നാൽ ആഇശ(റ) തുടർന്ന് പറയുന്നു. തിരുനബിﷺ വഫാത്തായത് എൻ്റെ ഊഴത്തിലുള്ള ദിവസത്തിൽ എൻ്റെ അടുത്തു വച്ചായിരുന്നു.
തിരുനബിﷺ ഒൻപത് പത്നിമാരോടൊപ്പം ഒരുമിച്ച് ജീവിച്ചു. എല്ലാവരും നബിﷺ നിശ്ചയിച്ചു കൊടുത്ത ഊഴത്തിലും അവകാശങ്ങളിലും സംതൃപ്തരായിരുന്നു. ഒരിക്കൽ ആഇശ(റ)യുടെ വീട്ടിൽ ഉള്ളപ്പോൾ സൈനബ്(റ) അവിടേക്ക് വന്നു. തിരുനബിﷺ അവരുടെ സമീപത്തേക്ക് കൈനീട്ടിയപ്പോൾ അത് സൈനബ്(റ) ആണെന്ന് ആഇശ(റ) പറഞ്ഞു. തിരുനബിﷺ കൈ പിന്നോട്ടുവലിച്ചു.
തിരുനബിﷺയുടെ ഓരോ വിവാഹത്തിന്റെയും പരിസരങ്ങളും കാരണങ്ങളും നേരത്തെ നമ്മൾ വായിച്ചു പോയിട്ടുണ്ട്. 9 പത്നിമാരോടൊപ്പം താമസിക്കുകയും എല്ലാവരും തിരുനബിﷺയോടൊപ്പം തന്നെ ജീവിതം തിരഞ്ഞെടുക്കുകയും എല്ലാവരും സംതൃപ്തിയോടുകൂടി നബിﷺയെ ഹൃദയത്തിൽ ഏറ്റുകയും ചെയ്തു എന്നത് ചരിത്രാവതരണത്തിന്റെ പൂർണ്ണതയിൽ വായിച്ചെടുക്കേണ്ട ആശ്ചര്യകരമായ യാഥാർത്ഥ്യമാണ്. നിങ്ങൾ ഓരോരുത്തർക്കും ഭൗതികമായ ഏതു വിഭവങ്ങളും സ്വീകരിച്ചു നിങ്ങളുടെ സ്വതന്ത്ര ലോകത്തേക്ക് പോകാം എന്ന തിരുനബിﷺ അവർക്ക് സ്വാതന്ത്ര്യം നൽകിയിരുന്നു. എന്നാൽ അവരിൽ ആരും അത് തെരഞ്ഞെടുത്തില്ല. തിരുനബിﷺയുടെ പത്നിപഥത്തിൽ തന്നെ തുടരാനായിരുന്നു അവരെല്ലാവരും തീരുമാനിച്ചത്.
തിരുനബിﷺയുടെ പത്നിമാരിൽ ഒരാളെയും ബലാൽക്കാരമായ വിവാഹം ചെയ്തതോ കൂട്ടിക്കൊണ്ടു വന്നതോ അല്ല. എല്ലാവരും പൂർണസംതൃപ്തിയോടെ സ്വീകരിക്കപ്പെട്ടവരും, സഹഭാര്യമാർ അറിഞ്ഞും സഹകരിച്ചും ജീവിച്ചവരുമായിരുന്നു. മറ്റുള്ളവർ അറിയാതെ പുതിയ പത്നിയുമായി രഹസ്യ വാസം നയിച്ചതും തിരുനബിﷺയുടെ ജീവിതത്തിലുണ്ടായില്ല.
ഒന്നിലേറെ പത്നിമാരെ വരിച്ചവരും അവരോടൊപ്പം വസിച്ചവരുമായി ചരിത്രത്തിൽ വേറെയും ആളുകളെ വായിക്കാനുണ്ടാവും. കൃത്യമായ നീതിബോധത്തോടെയും അവകാശങ്ങൾ വകവച്ചുകൊടുത്തും മാതൃകാപരമായി ജീവിച്ച മറ്റേതെങ്കിലും ഒരു ഉദാഹരണത്തെ ലോക ചരിത്രത്തിൽ നിന്ന് എടുത്തു ഉദ്ധരിക്കാനുണ്ടോ എന്ന് ചോദിച്ചാൽ ചരിത്രത്തിന് ഉത്തരം തരാനുണ്ടാവില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1161
കുടുംബ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രമേയം ഇമ്പവും ഇഴയടുപ്പവുമുണ്ടാവുക എന്നതാണ്. തിരുനബിﷺയുടെ ജീവിത വഴികളെ ചേർന്ന് നിന്ന് വായിക്കുമ്പോൾ ഹൃദ്യമായ രംഗങ്ങൾക്ക് നാം സാക്ഷിയാവും. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. തിരുനബിﷺ ആഇശ(റ)യുടെ വീട്ടിലുള്ളപ്പോൾ ഉമ്മു സലമ(റ) ഒരു പാത്രത്തിൽ പലഹാരം തിരുനബിﷺക്ക് കൊടുത്തയച്ചു. അത് ആഇശ(റ)ക്ക് അത്ര സുഖിച്ചില്ല. പരിചാരകൻ്റെ കയ്യിലിരുന്ന പാത്രത്തിൽ ആഇശ(റ) ഒരു തട്ട് കൊടുത്തു. പാത്രം വീണുടഞ്ഞു. അതിലുണ്ടായിരുന്ന സാധനങ്ങളൊക്കെ ചിതറിപ്പോയി. തിരുനബിﷺ ആ പാത്രത്തിന്റെ കഷ്ണങ്ങളൊക്കെ എടുത്ത് സമാഹരിച്ചു. നിലത്തുവീണ സാധനങ്ങളൊക്കെ ഒരുമിച്ചു കൂട്ടാൻ തുടങ്ങി. എന്നിട്ട് പരിചാരകനോടായി ഇങ്ങനെ പറഞ്ഞു. ഉമ്മ ഇന്ന് ഇരട്ടി ചൂടിലാണ്. ശേഷം ആഇശ(റ)യുടെ പാത്രം എടുത്ത് ഉമ്മു സലമ(റ)ക്ക് കൊടുത്തുവിട്ടു. ഉമ്മു സലമ(റ)യുടെ പൊട്ടിയ പാത്രം ആഇശ(റ)ക്കും നൽകി.
എത്ര മനോഹരമായിട്ടാണ് ഈ രംഗത്തെ തിരുനബിﷺ കൈകാര്യം ചെയ്തത്. ആരുടെയും പക്ഷത്ത് ചേരുകയോ ആരെയും പ്രകോപിപ്പിക്കുകയോ ചെയ്തില്ല. എന്നാൽ അല്പം ദേഷ്യത്തോടെ പെരുമാറിയ ആൾക്ക് കൃത്യമായ ശിക്ഷണം നൽകുകയും ചെയ്തു. പൊട്ടിയ പാത്രവും വിഭവവും നബിﷺ ശേഖരിച്ചപ്പോഴേക്കും ആഇശ(റ)യുടെ എല്ലാ ദേഷ്യവും ഇല്ലാതായിപ്പോയി. സഹപത്നിമാരെ പൂർണ്ണമായും ഉൾക്കൊള്ളുന്ന സ്വഭാവമായിരുന്നു തിരുനബിﷺയുടെ പത്നിമാർക്കിടയിൽ ഉണ്ടായിരുന്നത്. എന്നാൽ അപൂർവമായി മാത്രം ഉണ്ടാകുന്ന സൗന്ദര്യ പിണക്കം ഭർത്താവായ തിരുനബിﷺ വളരെ കൗതുകകരമായും ഹൃദ്യമായും കൈകാര്യം ചെയ്യുകയും ചെയ്തു.
തിരുനബിﷺയുടെ സ്വഭാവ മഹിമയെ വായിക്കാനുള്ള ഒരുപാട് ഹദീസുകൾ ആ കുടുംബ ജീവിതത്തിൽ നമുക്ക് വായിക്കാനായി. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. ആഇശ(റ) പറയുന്നു. ഒരു പെരുന്നാൾ ദിവസം തിരുനബിﷺ വീട്ടിലേക്ക് വന്നു. അൻസ്വാരികൾ ബുആസ് ദിവസം ചെയ്യാറുള്ളതുപോലെ കുട്ടികൾ പാട്ടു പാടുന്നുണ്ട്. തിരുനബിﷺ അത് അത്രയങ്ങ് കാര്യമാക്കാതെ കിടക്കുകയായിരുന്നു. അബൂബക്കർ(റ) അപ്പോൾ അതുവഴി കടന്നു വന്നു. തിരുനബിﷺയുടെ സന്നിധിയിലാണ് ഇതൊക്കെ നടക്കുന്നത് എന്ന അർത്ഥത്തിൽ എന്നെ ഒന്ന് വിരട്ടിക്കൊണ്ടായിരുന്നു മഹാനവർകൾ വന്നത്. അപ്പോൾ തിരുനബിﷺ പറഞ്ഞു. അവരെ വിട്ടേക്കുക. എല്ലാ ജനതയ്ക്കും പെരുന്നാൾ ഉണ്ടല്ലോ. പെരുന്നാൾ ദിവസം അവർ പാട്ടുപാടിക്കോട്ടെ എന്ന്. തിരുനബിﷺ ആ ഭാഗത്തുനിന്ന് ശ്രദ്ധ തിരിച്ചപ്പോൾ ഞാൻ ആ മക്കളെ പറഞ്ഞു വിടുകയും ചെയ്തു.
പെരുന്നാൾ ദിവസം ആഫ്രിക്കക്കാർ നടത്തിയ വിനോദങ്ങൾ കാണാൻ ആഇശ(റ)ക്ക് സൗകര്യം ചെയ്തു കൊടുത്ത കാര്യവും എന്നാൽ അവിടെ ശ്രദ്ധിക്കേണ്ട കാര്യം ബോധ്യപ്പെടുത്തിയതും എല്ലാം ഹദീസിൽ നിന്ന് തന്നെ വായിക്കാൻ കഴിയും.
തിരുനബിﷺയുടെ വീട്ടുജീവിതത്തെക്കുറിച്ച് ആഇശ(റ)യോട് ചോദിച്ചപ്പോൾ അവിടുന്ന് പറഞ്ഞ മറുപടി വളരെ കൗതുകം നിറഞ്ഞതായിറുന്നു. തിരുനബിﷺ വീട്ടുകാരോടൊപ്പം തനിച്ചായാൽ സാധാരണ ഗൃഹനാഥന്മാരെ പോലെ തന്നെ വീട്ടിൽ സമീപിച്ചിരുന്നു. എന്നാൽ ഏറ്റവും മഹത്വവും മാന്യതയും സ്വഭാവമഹിമയും ആ വ്യക്തിത്വത്തിൽ നിറഞ്ഞുനിന്നു.
ഒരാൾ നല്ലവനാണെങ്കിൽ കുടുംബക്കാർക്ക് നല്ലവനും ഞാൻ എന്റെ കുടുംബക്കാരോട് നല്ല രീതിയിലായിരുന്നു സഹവസിച്ചിരുന്നത് എന്നും അഭിമാനപൂർവ്വം ലോകത്തോട് തിരുനബിﷺ പങ്കുവെക്കുന്നുണ്ട്. നബി ജീവിതത്തിൻ്റെ അരങ്ങും അരമനയും ഒരുപോലെ ലോകത്തിനു പകർത്താവുന്നതായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1162
ഇമാം അഹ്മദും(റ) അബൂദാവൂദും(റ) നിവേദനം ചെയ്യുന്നു. അബൂ അബ്ദുല്ല അൽ ജദലി(റ) പറയുന്നു. ഞാൻ മഹതി ആഇശ(റ)യോട് ചോദിച്ചു. നബിﷺയുടെ സ്വഭാവം വീട്ടിൽ എങ്ങനെയായിരുന്നു. മഹതി പറഞ്ഞു. ഏറ്റവും ഉത്തമമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു. ചീത്ത പറയുകയോ ചീത്തയെ ഇഷ്ടപ്പെടുകയോ ചെയ്തിരുന്നില്ല. അവിടുന്ന് തെരുവിൽ ശബ്ദമുയർത്തുന്ന ആൾ ആയിരുന്നില്ല. തെറ്റിനെ തെറ്റുകൊണ്ട് പ്രതികരിക്കുമായിരുന്നില്ല. വിടുതിയും വിട്ടുവീഴ്ചയുമായിരുന്നു അവിടുത്തെ പൊതുസ്വഭാവം.
ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ പത്നി മൈമൂന(റ) പറഞ്ഞു. എൻ്റെ കൂടെയുണ്ടായിരുന്ന ഒരു രാത്രിയിൽ തിരുനബിﷺ പുറത്തേക്കു പോയി. ഞാൻ വാതിൽ അടച്ചു. മടങ്ങി വന്നപ്പോൾ അവിടുന്ന് വാതിൽ തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും ഞാൻ തുറക്കാൻ മടിച്ചു. അപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു. ഞാൻ സത്യം ചെയ്തു പറയുന്നു അവിടുന്ന് തുറക്കൂ. അപ്പോൾ ഞാൻ ചോദിച്ചു. എൻ്റെ രാത്രിയിൽ അവിടുന്ന് മറ്റു പത്നിമാരുടെ അടുക്കലേക്ക് പോകാൻ ഇറങ്ങിയതാണോ? ഏയ് ഞാൻ അതിനിറങ്ങിയതൊന്നുമല്ല. പ്രാഥമികാവശ്യ നിർവഹണത്തിന് വേണ്ടി ഇറങ്ങിയതായിരുന്നു.
നബിﷺ പത്നിമാർക്ക് വകവച്ചുകൊടുത്ത സ്വാതന്ത്ര്യത്തിന്റെയും സൗന്ദര്യത്തിന്റെയും ഉദാഹരണമാണിത്. തിരുനബിﷺ ലളിതമായ സ്വഭാവത്തിൽ പെരുമാറി. പത്നിമാർക്ക് ഇണങ്ങാനും പിണങ്ങാനും അവസരം നൽകി.
ഇതിലേറെ കൗതുകകരമായ ഒരു അനുഭവം മഹതി ആഇശ(റ) തന്നെ പങ്കുവെക്കുന്നുണ്ട്. ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു. ഉപരിലോകത്ത് നിന്ന് എന്റെ നിരപരാധിത്വം സംബന്ധിച്ച ഖുർആനിക സൂക്തം അവതരിച്ചു. എന്റെ കാരണമായി സമുദായം പല ചർച്ചകളിലും അകപ്പെട്ടു. തിരുനബിﷺ രാത്രിയിൽ യാത്ര ചെയ്യാൻ ഒരുങ്ങിയപ്പോഴേക്കും മലക്ക് ഉപരിലോകത്തേക്ക് ഉയർന്നു. എൻ്റെ പിതാവിനോട് തിരുനബിﷺ പറഞ്ഞു. അല്ലാഹുതആല ആഇശ(റ)യുടെ നിരപരാധിത്വം അറിയിച്ചുകൊണ്ട് ഖുർആൻ സൂക്തം അവതരിപ്പിച്ചു എന്ന് മകളോട് പറയൂ. അങ്ങനെ എൻ്റെ പിതാവ് എൻ്റെ അടുത്തേക്ക് വന്നു, ഇപ്രകാരം പറഞ്ഞു. മോളെ, സന്തോഷിച്ചു കൊള്ളൂ. അല്ലാഹു നിൻ്റെ നിരപരാധിത്വം സംബന്ധിച്ച ഖുർആനിക സൂക്തം അവതരിപ്പിച്ചിരിക്കുന്നു. അപ്പോൾ ഞാൻ പറഞ്ഞു. ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു! നിങ്ങളെ സ്തുതിക്കുന്നില്ല. നിങ്ങളെ ദൂതനായി അയച്ച വ്യക്തിയെയും സ്തുതിക്കുന്നില്ല. അല്ലാഹുവിനെ മാത്രമേ സ്തുതിക്കുന്നുള്ളൂ. അല്പം കഴിഞ്ഞ് തിരുനബിﷺ ഏന്റടുക്കലേക്ക് വന്നു. അവിടുത്തെ കൈ ഉയർത്തിയപ്പോൾ നേരത്തെ പറഞ്ഞ മറുപടി തന്നെ ഞാൻ കൈകൊണ്ട് ആഗ്യം കാണിച്ചു. അപ്പോൾ അബൂബക്കർ(റ) എന്നെ ലക്ഷ്യം വെച്ചുകൊണ്ട് അവിടുത്തെ ചെരുപ്പെടുത്തു. തിരുനബിﷺ അപ്പോൾ ചിരിച്ചുകൊണ്ട് അബൂബക്കറി(റ)നെ തടുത്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഞാൻ സത്യം ചെയ്തു പറയുന്നു! നിങ്ങൾ ഒന്നും ചെയ്യരുത്.
വളരെ വൈകാരികവും വിശാലവുമായ ഒരു രംഗത്തിന്റെ ഭാഗമാണ് നാം വായിച്ചത്. ആഇശ(റ)യെക്കുറിച്ച് ആരോപണം വരികയും അതിന്മേൽ മഹതിയായ ആഇശ(റ) ദിവസങ്ങളോളം വേദനിക്കുകയും ചെയ്തു. ശാരീരികമായും മാനസികമായും തളർന്നു കഴിഞ്ഞപ്പോൾ മഹതിയുടെ പരിശുദ്ധി അറിയിച്ചുകൊണ്ട് ഖുർആൻ അവതരിച്ചു. പ്രസ്തുത മുഹൂർത്തത്തെ കുറിച്ചാണ് ഈ ഹദീസ് പരാമർശിച്ചത്.
അപ്പോൾ മഹതിയുടെ ഒരു വികാരമായിരുന്നു എന്നെക്കുറിച്ചും എന്റെ പരിശുദ്ധിയെ കുറിച്ചും ആധികാരികമായി അറിയിച്ചത് അല്ലാഹുവാണല്ലോ. ഉപ്പയും തിരുനബിﷺയും എല്ലാം അല്ലാഹുവിൻ്റെ തീരുമാനം കാത്ത് കഴിയുകയായിരുന്നുവല്ലോ. അതുകൊണ്ട് ഞാൻ എൻ്റെ അല്ലാഹുവിനോട് എല്ലാ നന്ദിയും രേഖപ്പെടുത്തും. ആ മാനസികാവസ്ഥയെ തിരുനബിﷺ കൃത്യമായി ഉൾക്കൊണ്ടു. ആ വികാരം പ്രകടിപ്പിക്കാനും സൗന്ദര്യപ്പിണക്കം കാണിക്കാനുമുള്ള സ്വാതന്ത്ര്യം വകവച്ചുകൊടുത്തു. മേൽ വായിച്ച രംഗത്ത് ചിരിക്കാനും പത്നിയുടെ പക്ഷത്ത് നിൽക്കാനും കഴിഞ്ഞു എന്നത് തിരുനബിﷺയുടെ സ്വഭാവ മഹിമയുടെ ഉദാത്ത ഉദാഹരണമായി മഹതി ആഇശ(റ) തന്നെ എടുത്തു പറയുകയാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1163
തിരുനബിﷺയുടെ വൈവാഹിക സ്വകാര്യ ജീവിതത്തിനും സൗന്ദര്യവും സന്ദേശങ്ങളും പങ്കുവെക്കാനുണ്ട്. ദമ്പതികളുടെ രഹസ്യ ജീവിതത്തിൽ പാലിക്കേണ്ട ചിട്ടകൾ കൂടി അവിടുന്ന് ലോകത്തോട് പങ്കുവെച്ചിട്ടുണ്ട്. തിരുനബിﷺ വളരെ ലജ്ജയുള്ള ആളായിരുന്നു എന്നും അറയിലേക്ക് വരുമ്പോൾ എപ്പോഴും നാണത്തോടുകൂടിയാണ് പ്രവേശിച്ചിരുന്നത് എന്നും മഹതി ആഇശ(റ) പങ്കുവെക്കുന്നുണ്ട്. പ്രാഥമികാവശ്യ നിർവഹണത്തിന് പോകുമ്പോഴും വരുമ്പോഴും എല്ലാം പരമാവധി സ്വകാര്യമായും ലജ്ജയോടെയും തല മറച്ചും നിറഞ്ഞ നാണത്തോടെയുമായിരുന്നു പോവുകയും വരികയും ചെയ്തിരുന്നത്.
തിരുനബിﷺയുടെ പത്നിമാരിൽ ഏക കന്യകയും നബിജീവിതത്തെ ഏറ്റവും കൂടുതൽ സമഗ്രമായി അവതരിപ്പിക്കുകയും ചെയ്ത ആഇശ(റ) പറയുന്ന ഒരു പ്രസ്താവനയുണ്ട്. തിരുനബിﷺയുടെ സ്വകാര്യഭാഗം ഒരിക്കൽപോലും ഞാൻ കണ്ടിട്ടില്ല. എന്റേത് തിരുനബിﷺയും കണ്ടിട്ടില്ല.
അറ കൂടാൻ ഉദ്ദേശിച്ചുകൊണ്ടാണ് തിരുനബിﷺയുടെ ആഗമനം എങ്കിൽ അവിടുത്തെ നാണം പ്രത്യേകം തിരിച്ചറിയുമായിരുന്നു. സ്വകാര്യതകൾ സ്വകാര്യതകളായി തന്നെ നിലനിർത്താനും നാണവും മാനവും മാനുഷിക മൂല്യങ്ങളുടെ അടിത്തറയാണെന്ന് പ്രബോധിപ്പിക്കാനും ആ ജീവിതത്തിന് സാധിച്ചു. മറയും മാനവും മുഴുവനും ഭേദിക്കപ്പെടുന്ന ഈ കാലത്ത് ധാർമികതയുടെ മാനദണ്ഡങ്ങൾ പോലും ചോദ്യം ചെയ്യപ്പെടുകയാണ്. എല്ലാം എപ്പോഴും എവിടെയും പ്രദർശിപ്പിച്ചാലേ സ്വാതന്ത്ര്യമാവുകയുള്ളൂ എന്ന വാദം മാനുഷികമോ മാനവികമോ ആണെന്ന് അംഗീകരിക്കാനാവില്ല. പ്രവാചകന്മാരുടെ മുഴുവനും പ്രബോധനം ഓരോന്നും അതാതിനെ അർഹിക്കുന്ന വിധത്തിൽ പരിഗണിക്കാനും പ്രവർത്തിക്കാനും പ്രയോഗിക്കാനും സന്ദർഭ പരിസരബോധങ്ങളെ കൃത്യമായി നിലനിർത്തുന്ന മനുഷ്യനെ രൂപപ്പെടുത്താനുമായിരുന്നു.
സ്ത്രീകളിൽ രൂപപ്പെടുത്തിയ ശാലീനതയും അവരുടെ ഏറ്റവും മനോഹരമായ ആഭരണം ലജ്ജയാണെന്ന് പറഞ്ഞതും അടിസ്ഥാനപരമായി സ്ത്രീയിൽ നിറഞ്ഞു നിൽക്കേണ്ട ശാരീരിക സ്വഭാവ സമീപന സൗന്ദര്യങ്ങളെ പരിരക്ഷിക്കാൻ വേണ്ടിയായിരുന്നു. അത്തരം മാനങ്ങളും മാനദണ്ഡങ്ങളും ഭേദിക്കപ്പെട്ട മുഴുവൻ സ്ഥലങ്ങളിലും സ്ത്രീത്വം ഇല്ലായ്മ ചെയ്യപ്പെടുകയോ സ്ത്രീജനങ്ങൾ കൂടുതൽ പീഡിപ്പിക്കപ്പെടുകയോ ചെയ്യുന്നു എന്നത് നിരന്തരമായി നാം അറിഞ്ഞു കൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണ്. എന്നാൽ താല്പര്യങ്ങളാൽ രൂപപ്പെടുത്തിയ പുതിയ ലോകക്രമം വൈകാരികതയെ മാത്രം ഉയർത്തി കാണിക്കുകയും മൂല്യങ്ങളോട് പുറംതിരിഞ്ഞു നിൽക്കുകയും ചെയ്യുന്നു.
തിരുനബിﷺ പടക്കളത്തിലും അരമനയിലും പൂർണ്ണ ആരോഗ്യമുണ്ടായിരുന്ന വ്യക്തിത്വമാണ്. ഒരിക്കൽ പോലും ഒരു പോർക്കളത്തിൽ നിന്നും തിരുനബിﷺ പിന്തിരിഞ്ഞോടിയിട്ടില്ല. ഏതു പ്രതിസന്ധിഘട്ടങ്ങളിലും ആത്മധൈര്യത്തോടെയും സംയമനത്തോടെയും അഭിമുഖീകരിക്കാൻ തിരുനബിﷺക്ക് സാധിച്ചു. ധീരനായ ഒരു നേതാവിൽ ഉണ്ടായിരിക്കേണ്ട ഏറ്റവും ഉത്തമമായ ഗുണമായിരുന്നു അത്.
സഹധർമ്മിണിയോടൊപ്പം ജീവിക്കുന്ന ഒരു ഭർത്താവിന് എല്ലാ അർത്ഥത്തിലും പത്നിയെ സംതൃപ്തിപ്പെടുത്താനാവണം. അല്ലാത്തപക്ഷം അയാൾ പരിമിതനായ വ്യക്തി ആയിരിക്കും. ഈ അർഥത്തിൽ വായിക്കുമ്പോൾ തിരുനബിﷺ തീർത്തും ആരോഗ്യവാനായ ഇണകൾക്ക് എല്ലാ അർത്ഥത്തിലും സംതൃപ്തനായ ഭർത്താവായിരുന്നു. തിരുനബിﷺയുടെ ആരോഗ്യജീവിതത്തെക്കുറിച്ച് പരാമർശിക്കുന്ന ഹദീസുകളിൽ ഇത്തരം വ്യക്തിവിശേഷത്തെ പ്രത്യേകം എടുത്തു പറയുന്നുണ്ട്. 40 ആളുകളെ വരെ പ്രതിരോധിക്കാനുള്ള ആരോഗ്യ ശേഷിയും, സ്വകാര്യ ജീവിതത്തിൽ ഇണകളെ തൃപ്തിപ്പെടുത്താനുള്ള ശാരീരിക ക്ഷമതയും തിരുനബിﷺക്ക് ഉണ്ടായിരുന്നു എന്ന് സാരം.
സ്വകാര്യ ജീവിതത്തിലെ ശേഷിയില്ലായ്മയും ഒരു വ്യക്തിയുടെ കുറവും ന്യൂനതയുമാണ്. അതുകൊണ്ടാണ് തികവിനെ എണ്ണി പറയുമ്പോൾ ഈയൊരു ഭാഗം കൂടി പരാമർശിച്ചു പോകേണ്ടി വരുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1164
കുടുംബം എന്ന സാമൂഹിക യൂണിറ്റിനെ ഏറ്റവും പവിത്രമായും ഭദ്രമായും പരിപാലിക്കാൻ തിരുനബിﷺ പഠിപ്പിച്ചു. വൈവാഹിക ബന്ധങ്ങൾ രൂപപ്പെടുത്തുന്നത് പരിശുദ്ധിയും സംതൃപ്തിയും നിറഞ്ഞ കുടുംബങ്ങളെ ആയിരിക്കണം. വധുവിന്റെയും വരന്റെയും കേവല ആനന്ദം എന്നതിനപ്പുറം സമഗ്രവും പവിത്രവുമായ ഒരു സംവിധാനത്തിന്റെ ഭാഗമാകുന്നു എന്നതാണ് വിവാഹബന്ധങ്ങളുടെ അടിത്തറ. കുടുംബബന്ധത്തെ പൊന്നുപോലെ പരിപാലിക്കണമെന്നും ഭംഗം വരാതെ കാത്തുരക്ഷിക്കണമെന്നും പ്രവാചകൻﷺ നിഷ്കർഷിക്കുന്നുണ്ട്.
പരിശുദ്ധ ഖുർആൻ നാലാം അധ്യായം സൂറത്തുന്നിസാഇലെ ഒന്നാം സൂക്തത്തിന്റെ പ്രാഥമിക ആശയം ഇങ്ങനെ പകർത്താം. “അല്ലയോ മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന് സൃഷ്ടിക്കുകയും, അതില്‍ നിന്നുതന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരിലാണോ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നത്, അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും പവിത്രമായി സംരക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു.
അല്ലാഹുവിൻ്റെ നിയമങ്ങൾ പാലിച്ചും അവൻ്റെ കൽപ്പനകളെ ശ്രദ്ധിച്ചും സൂക്ഷ്മത പാലിക്കണം എന്ന് പറയുന്ന ഉടനെ തന്നെ കുടുംബ ബന്ധത്തെക്കുറിച്ച് പരാമർശിക്കുന്നു എന്നതിനർത്ഥം എത്രമേൽ പവിത്രമായി കുടുംബങ്ങളെയും ബന്ധങ്ങളെയും പരിപാലിക്കണം എന്നാണ്. ഇസ്‌ലാമിലെ എല്ലാ സമീപനങ്ങളും അനുഷ്ഠാനങ്ങളും ആത്മീയസാരങ്ങളും പാരത്രിക ഫലങ്ങളും കൂടി ചേർത്തു വച്ചിരിക്കുന്നതുകൊണ്ട് കുടുംബ രൂപീകരണത്തിലും ബന്ധത്തിലും അനിവാര്യമായും ആത്മീയമായ അന്തർധാരകൾ ഇഴ ചേർന്നിരിക്കുന്നു. താൽക്കാലികമായ ഈ ലോകത്തെ ആനന്ദങ്ങൾക്ക് പുറമേ പാരിസ്പര്യങ്ങളെയും ബന്ധങ്ങളെയും പവിത്രമായി പരിപാലിക്കുന്നതിന് പരലോകത്ത് സ്വർഗ്ഗലബ്ദി ഉണ്ട് എന്ന് വരുമ്പോൾ മറക്കാനും പൊറുക്കാനും ഉൾക്കൊള്ളാനും ആത്മീയമായ ചില പിന്തുണ കൂടി ലഭിക്കും.
ബന്ധങ്ങൾ മുറിക്കുന്നത് വഴി പാരത്രിക നഷ്ടമുണ്ടെന്നുവന്നാൽ മുറിയാതെ ശ്രദ്ധിക്കാനുള്ള ജാഗ്രത ഒരു വിശ്വാസിയിൽ നിലനിൽക്കും. കേവലം ഭൗതികമായ ലാഭനഷ്ടങ്ങളുടെ മേൽ മാത്രമാണ് വൈവാഹിക കുടുംബ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതെങ്കിൽ ഭൗതികമായ മാനങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രം ചേരുകയും പിരിയുകയും ചെയ്യും. കേവല ഭൗതികമായ സംവിധാനങ്ങൾക്കും മേൽ പടുത്തുയർത്തിയ ബന്ധങ്ങൾ അതിവേഗം പിരിയുന്നതും മുറിയുന്നതും പുതിയകാലത്ത് സാധാരണയായി നാം കണ്ടുവരുന്നു.
കുടുംബം എന്നത് മാതാപിതാക്കളിലും മക്കളിലും ഒതുങ്ങി നില്‍ക്കുന്ന ഒന്നല്ല. സഹോദരങ്ങളെയും ബന്ധുക്കളെയുമെല്ലാം ഉൾക്കൊള്ളുന്നതാണ്. അതില്‍ മാതാപിതാക്കളുടെ സഹോദരങ്ങളും അവരുടെ കുടുംബങ്ങളും പരിസരങ്ങളും എല്ലാം ചേർന്നുനിൽക്കും. അവരെയും പരിഗണിക്കണമെന്നും അവരോടും കടമകളും കടപ്പാടുകളും ഉണ്ടെന്നും അവർക്കും അവകാശങ്ങൾ ഉണ്ടെന്നും ഇസ്‌ലാം സിദ്ധാന്തിക്കുന്നു. കുടുംബബന്ധങ്ങളെ കൂടുതൽ വിളക്കി ചേർക്കാനും മുറിഞ്ഞു പോകാനുള്ള ബന്ധങ്ങളെ സംരക്ഷിച്ച് പുനർയോജിപ്പിക്കാനും ഏറെ താൽപര്യപൂർണ്ണമുള്ള നിർദ്ദേശങ്ങളാണ് തിരുനബിﷺ നിരന്തരമായി നൽകിക്കൊണ്ടിരുന്നത്.
പരിശുദ്ധ ഖുർആൻ പതിനേഴാം അധ്യായത്തിലെ 26 സൂക്തത്തിന്റെ പ്രാഥമിക ആശയം ഇങ്ങനെ വായിക്കാം. “കുടുംബബന്ധമുള്ളവന് അവന്റെ അവകാശം നീ നല്‍കുക. അഗതിക്കും വഴി യാത്രക്കാരനും അവരുടെ അവകാശവും നീ വകവച്ച് നല്‍കുക . നീ സമ്പത്ത് ദുര്‍വ്യയം ചെയ്ത് നഷ്ടപ്പെടുത്തരുത്.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1165
നീതിനിഷ്ടയെക്കുറിച്ച് സംസാരിക്കുമ്പോഴും ഉറ്റവർക്കും ബന്ധുക്കൾക്കും നൽകുന്നതിനെക്കുറിച്ചും അവകാശങ്ങൾ വകവച്ചു കൊടുക്കുന്നതിനെക്കുറിച്ചും പരിശുദ്ധ ഖുർആൻ എത്ര പ്രാധാന്യത്തോടെയാണ് പരാമർശിക്കുന്നത്. വിശുദ്ധ ഖുർആൻ പതിനാറാം അധ്യായത്തിലെ 69 ാം സൂക്തത്തിന്റെ പ്രാഥമിക ആശയം ഇങ്ങനെയാണ്. “നിശ്ചയമായും അല്ലാഹു കല്‍പ്പിക്കുന്നത് നീതി പാലിക്കുവാനും നന്‍മ ചെയ്യുവാനും കുടുംബബന്ധമുള്ളവര്‍ക്ക് സഹായം നല്‍കുവാനുമാണ്. നീചവൃത്തിയില്‍ നിന്നും ദുരാചാരത്തില്‍ നിന്നും അതിക്രമത്തില്‍ നിന്നുമാണ് അവൻ വിലക്കുന്നത്. നിങ്ങള്‍ ചിന്തിച്ചു ഗ്രഹിക്കുവാന്‍ വേണ്ടി അവന്‍ നിങ്ങള്‍ക്ക് സാരോപദേശം നല്‍കുന്നു.”
നന്മയും നീതിയും പ്രഖ്യാപിക്കുന്ന നേരത്തു തന്നെ ബന്ധുക്കളെയും ഉറ്റവരെയും പരിഗണിക്കണമെന്ന് പരാമർശിക്കുമ്പോൾ നീതിയുടെയും നന്മയുടെയും പ്രധാന കാണ്ഡം മനുഷ്യൻ്റെ ബന്ധങ്ങളോട് ചേർന്ന് കിടക്കുന്നു എന്ന് ബോധ്യപ്പെടുത്തുകയാണ്. കുടുംബബന്ധങ്ങളെ കൃത്യമായി പരിപാലിക്കുകയും ചേർക്കുകയും ചെയ്യുന്നവർ ബുദ്ധിമാന്മാരുടെ ഗണത്തിൽ പെട്ടവരാണെന്ന് പരാമർശിക്കുന്ന സൂക്തം പരിശുദ്ധ ഖുർആനിലെ 19 ആം അധ്യായത്തിൽ കാണാം.
അബൂഹുറൈറ(റ) പ്രസ്താവിക്കുന്നു. തിരുനബിﷺ പറഞ്ഞു. അല്ലാഹു സൃഷ്ടി കർമം നിർവഹിച്ചു. അതിൽനിന്ന് വിരമിച്ചപ്പോൾ കുടുംബബന്ധം എഴുന്നേറ്റ് നിന്നു. അങ്ങനെ അത് പറഞ്ഞു. “കുടുംബബന്ധം മുറിക്കുന്നതിൽനിന്നും നിന്നോട് അഭയം തേടുന്നവന്റെ സ്ഥാനമാണ് ഇത്. അല്ലാഹു പറഞ്ഞു: ”അതെ, നിന്നോട് അഥവാ കുടുംബത്തോട് ബന്ധംചേർക്കുന്നവനോട് ഞാൻ ബന്ധം ചേർക്കുന്നതാണ്. നിന്നോട് അഥവാ കുടുംബത്തോട് ബന്ധംമുറിച്ചവനോട് ഞാൻ ബന്ധംമുറിക്കുന്നതാണ്; ഇപ്പോൾ തൃപ്തിയായില്ലേ? ”അത് പറഞ്ഞു; അതെ. അല്ലാഹു പറഞ്ഞു: അത് നിനക്കുണ്ട്. പിന്നെ അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു. നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ഓതുക: ഖുർആനിലെ 47ാം അധ്യായം 22 ,23 സൂക്തങ്ങൾ പാരായണം ചെയ്തു. പ്രാഥമിക ആശയം ഇങ്ങനെയാണ്. “എന്നാല്‍ നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ കുഴപ്പമുണ്ടാക്കുകയും, നിങ്ങളുടെ കുടുംബബന്ധങ്ങള്‍ മുറിക്കുകയും ചെയ്തേക്കുമോ? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവരെ ബധിരരും അന്ധരും ആക്കിയിരിക്കുന്നു.”
വളരെ ഗൗരവതരമായ കാര്യങ്ങൾ പറയുമ്പോൾ തിരുനബിﷺ ചില പ്രത്യേക ആമുഖങ്ങൾ ഉപയോഗിക്കാറുണ്ട്. അതിൽ ഒന്നാണ് അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ എന്ന പ്രയോഗം. ഇത്തരം ഒരാമുഖത്തോടുകൂടി കുടുംബ ബന്ധം ചേർക്കുന്നതിനെക്കുറിച്ച് അവിടുന്ന് സംസാരിക്കുന്നുണ്ട്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഹദീസിന്റെ ആശയം ഇങ്ങനെയാണ്. അബൂഹുറൈറ(റ) പ്രസ്താവിക്കുന്നു. തിരുനബിﷺ പറഞ്ഞു. “അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവന്‍ തന്റെ ബന്ധങ്ങള്‍ ചേർത്തു സംരക്ഷിച്ചു കൊള്ളട്ടെ.”
അബൂദര്‍റ്(റ)വിന് തിരുനബിﷺ ഏഴ് സവിശേഷമായ ഉപദേശങ്ങൾ നൽകി. അതിൽ ഒന്ന് കുടുംബക്കാർ ബന്ധം നിഷേധിച്ചാലും അവരോട് ബന്ധം വിച്ചേദിക്കരുത് എന്നായിരുന്നു.
എത്രമേൽ പ്രാധാന്യത്തോടെയാണ് ഈ വാചകപ്രയോഗം നടത്തിയിട്ടുള്ളത്. ബന്ധം പുലർത്തണം എന്ന ഒരു പ്രസ്താവനയിൽ ഒതുക്കാതെ, മുറിയാതെ സംരക്ഷിക്കാനും മറ്റുള്ളവർ വിട്ടു പോയാലും നമ്മൾ വിട്ടുപോകരുത് എന്ന ജാഗ്രതയും നിരന്തരമായി തന്നെ തിരുനബിﷺ ഉൽബോധിപ്പിച്ചു കൊണ്ടിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഒരു ഹദീസിൻ്റെ ആശയം കൂടി വായിക്കാം. അബ്ദുല്ലാഹ്(റ)യില്‍ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഇങ്ങോട്ട് ചെയ്ത നന്മയ്ക്ക് പ്രത്യുപകാരം ചെയ്യുന്നവനല്ല കുടുംബബന്ധം പുലര്‍ത്തുന്നവന്‍. മറിച്ച്, മുറിഞ്ഞുപോയ ബന്ധം പുനഃസ്ഥാപിക്കുന്നവനാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1166
കുടുംബത്തിലുള്ളവരെ പരമാവധി ചേർത്തുപിടിക്കാൻ ശ്രമിക്കുമ്പോൾ അവർ അകന്നു പോയാലും നാം ചേർത്തുനിർത്താനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടേയിരിക്കണം. അത്തരം ആളുകൾക്ക് പ്രത്യേകം പുണ്യവും മഹത്വവുമുണ്ടെന്ന് തിരുനബിﷺ തന്നെ പഠിപ്പിക്കുന്നുണ്ട്. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു. ഒരാൾ തിരുനബിﷺയോട് പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെﷺ, എനിക്ക് ചില കുടുംബക്കാരുണ്ട്. ഞാൻ അവരോട് ബന്ധം ചേർക്കുന്നു. അവർ ബന്ധം വിച്ഛേദിക്കുന്നു. ഞാൻ അവരോട് നല്ല നിലയിൽ പെരുമാറുന്നു. അവരെന്നോട് മോശമായി പ്രതികരിക്കുന്നു. ഞാനവർക്കുവേണ്ടി ക്ഷമിക്കുന്നു. അവർ എന്നോട് അവിവേകമായി പെരുമാറുന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു. നീ ഇപ്പറയുന്നതുപോലെ തന്നെയാണ് വസ്തുത എങ്കിൽ, നീ അവരെ ചൂടുള്ള വെണ്ണീർ തീറ്റിയതു പോലെയാണ്. ഈ സമീപനം നീ നിലനിർത്തുമ്പോഴെല്ലാം അല്ലാഹുവിങ്കൽ നിന്ന് ഒരു സഹായി നിന്നോടൊന്നിച്ചുണ്ടായിരിക്കും.
നീ പുലർത്താൻ ശ്രമിക്കുന്ന ബന്ധം അവർ തകർക്കാൻ ഒരുങ്ങുമ്പോഴെല്ലാം ചൂടു വെണ്ണീർ കഴിക്കും പോലെ അവർ കുറ്റം ചെയ്തുകൊണ്ടിരിക്കുകയാണ്. ബന്ധം ചേർക്കാൻ ശ്രമിക്കുന്ന നീ മാനസികമായി നൊമ്പരപ്പെടുമ്പോഴെല്ലാം അല്ലാഹു നിനക്ക് താങ്ങും തണലുമായി ഉണ്ടാകും. എത്ര പ്രതികൂല സാഹചര്യമുണ്ടായാലും ബന്ധം പുലർത്താൻ ശ്രമിക്കണമെന്നും. അങ്ങനെ ശ്രമിക്കുന്നവരോട് അനുകൂലമായി പ്രതികരിച്ചില്ലെങ്കിൽ അത് ശിക്ഷിക്കാൻ കാരണമാകുമെന്നും ഒരുമിച്ചു പഠിപ്പിക്കുന്ന നിവേദനമാണിത്.
ബന്ധങ്ങൾ നിലനിർത്താനും കുടുംബബന്ധങ്ങൾ പുലർത്താനും എപ്പോഴും ആവശ്യമായി വരുന്നത് വിട്ടുവീഴ്ചയും താഴ്മയും ഒക്കെയാണ്. ദുരഭിമാനം ചിന്തിച്ച് പലരും വിട്ടുവീഴ്ചയ്ക്ക് തയ്യാറാവാതെ മാറിനിൽക്കും. യഥാർത്ഥത്തിൽ അവർ ഗുരുതരമായ അബദ്ധത്തിലേക്കാണ് അത് വഴി ചെന്ന് ചാടുക. വിനയം കാണിക്കുകയും നന്മയ്ക്കുവേണ്ടി താഴ്മയിൽ വർത്തിക്കുകയും ചെയ്താൽ അവർക്ക് അല്ലാഹു ഔന്നിത്യം നൽകുമെന്നും ഹദീസ് പഠിപ്പിക്കുന്നുണ്ട്. ഇമാം മുസ്‌ലിം(റ) തന്നെ നിവേദനം ചെയ്യുന്ന ഒരു ഹദീസിന്റെ ആശയം ഇങ്ങനെയാണ്. അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ധർമം ചെയ്തത് കാരണമായി ഒരു ധനത്തിലും കുറവ് വന്നിട്ടില്ല. വിട്ടുവീഴ്ച കാരണമായി അല്ലാഹു ഒരാൾക്കും പ്രതാപം ഉയർത്താതിരുന്നിട്ടില്ല. അല്ലാഹുവിന് വേണ്ടി ആരെങ്കിലും വിനയം കാണിക്കുന്ന പക്ഷം അവരെ അല്ലാഹു ഉയർത്താതിരിക്കുകയുമില്ല.
ഒരുപക്ഷേ അവിശ്വാസികളായ കുടുംബക്കാർ ഉണ്ടെങ്കിൽ അവരോടും കുടുംബബന്ധം എന്ന നിലയിൽ ചില കടപ്പാടുകളും വ്യവഹാരങ്ങളുമുണ്ട്. മുറിഞ്ഞുപോകാത്ത ചില വേരുകളും ചില്ലകളുമുണ്ടാകും. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിന്റെ ആശയം ഇപ്രകാരമാണ്. അംറ് ബ്നുൽ ആസ്(റ)വിൽനിന്ന് നിവേദനം. തിരുനബിﷺ രഹസ്യമായിട്ടല്ല, പരസ്യമായിത്തന്നെ പറയുന്നത് ഞാൻ കേട്ടു. ഇന്ന വ്യക്തിയുടെ കുടുംബം എന്റെ രക്ഷകരല്ല. എന്റെ രക്ഷകർ അല്ലാഹുവും സദ് വൃത്തരായ സത്യവിശ്വാസികളുമാണ്. എങ്കിലും അവരുമായി എനിക്ക് കുടുംബബന്ധമുണ്ട്. അതു പ്രകാരം ഞാൻ ബന്ധം ചേർക്കുകതന്നെ ചെയ്യും.
ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിന്റെ ആശയം കൂടി വായിക്കാം. അസ്മാഅ് ബിന്‍ത് അബൂബക്കർ(റ) പറയുന്നു. എന്റെ മാതാവ് എന്റെ അടുക്കല്‍ വന്നു. അപ്പോള്‍ അവർ ബഹുദൈവ വിശ്വാസിനി ആയിരുന്നു. അഥവാ ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. ഞാന്‍ തിരുനബിﷺയോട് ചോദിച്ചു. ഇവർ ബഹുദൈവ വിശ്വാസിനിയാണ്. ഇവരുടെ കാര്യത്തില്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്. ഞാന്‍ എന്റെ മാതാവിനോട് കുടുംബബന്ധം പുലർത്തെട്ടയോ? അപ്പോൾ അവിടുന്ന് പറഞ്ഞു. നീ നിന്റെ ഉമ്മയുമായി നല്ല ബന്ധം പുലർത്തിക്കൊള്ളുക.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1167
കുടുംബബന്ധം ചേർക്കണമെന്നും പുലർത്തണമെന്നും പഠിപ്പിക്കുന്ന പ്രവാചക പ്രഭുﷺ പ്രസ്തുത കർമത്തിന്റെ പാരത്രിക ഫലങ്ങളും ആത്മീയ നേട്ടങ്ങളും ഭൗതിക ഗുണങ്ങളും എണ്ണിയെണ്ണി പറഞ്ഞിട്ടുണ്ട്. അതിൽ നിന്ന് ചില ഹദീസുകളുടെ ആശയങ്ങളാണ് നാം വായിക്കുന്നത്.
ഇമാം ബുഖാരി(റ) അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പ്രസ്താവിച്ചു. നിശ്ചയമായും കുടുംമ്പബന്ധം പരമകാരുണികനായ അല്ലാഹു സ്ഥാപിച്ച വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലര്‍ത്തിയവനോട് ഞാനും ബന്ധം പുലര്‍ത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം വിച്ഛേദിക്കും.
അല്ലാഹുവിൻ്റെ സ്വീകാര്യതയും പരിഗണനയും ലഭിക്കാനുള്ള പുണ്യകർമമാണ് കുടുംബ ബന്ധം ചേർക്കുക എന്ന് പഠിപ്പിക്കുകയാണ് ഇവിടെ. ഒരടിസ്ഥാന വിശ്വാസം ഹൃദയത്തിലുള്ളവർ ഈ വാഗ്ദാനത്തിന്റെ മുന്നിൽ ബന്ധങ്ങളോട് വലിയ പ്രാധാന്യം നൽകും. അത് സമൂഹത്തിൽ വലിയ ഭദ്രതയും സുരക്ഷയും ഉറപ്പാക്കും.
ഇമാം ബുഖാരി(റ) തന്നെ മറ്റൊരു ഹദീസിൽ ഇപ്രകാരം നിവേദനം ചെയ്യുന്നു. ആഇശ(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. കുടുംബ ബന്ധം അല്ലാഹുവിന്റെ സിംഹാസനത്തിൽ ബന്ധിച്ചിരിക്കുകയാണ്. എന്നെ ചേർക്കുന്നവനെ അല്ലാഹു ചേർക്കട്ടെ! എന്നെ വിഛേദിക്കുന്നവനെ അല്ലാഹുവും വിഛേദിക്കട്ടെ! എന്ന് കുടുംബ ബന്ധം സദാ സമയവും പ്രാർഥിച്ചു കൊണ്ടിരിക്കുന്നു.
ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കുടുംബ ബന്ധം ചേർക്കുന്നതിന് മറ്റൊരു മഹത്വമാണ് പറയുന്നത്. അബൂഅയ്യൂബ്(റ) റിപ്പോർട്ട് ചെയ്യുന്നു. ഒരാള്‍ റസൂലിﷺനോട് പറഞ്ഞു. റസൂലേﷺ, എന്നെ നരകത്തില്‍ നിന്ന് വിദൂരത്താക്കുകയും സ്വര്‍ഗത്തിലേക്ക് അടുപ്പിക്കുകയും ചെയ്യുന്ന ഒരു കര്‍മം എനിക്കറിയിച്ചു തന്നാലും. തിരുനബിﷺ പറഞ്ഞു. നീ അല്ലാഹുവിനെ മാത്രം ആരാധിക്കുക, അവനോട് യാതൊന്നിനെയും പങ്കുചേര്‍ക്കാതിരിക്കുക, നിസ്‌കാരം നിലനിർത്തുക, സക്കാത്ത് കൊടുത്തുവീട്ടുക, കുടുംബബന്ധമുള്ളവരോട് നീ ബന്ധം ചേര്‍ക്കുക. അദ്ദേഹം മടങ്ങി പോകുമ്പോൾ തിരുനബിﷺ ഇങ്ങനെ കൂടി പറഞ്ഞു. നിന്നോട് കല്‍പ്പിക്കപ്പെട്ട കാര്യം നീ മുറുകെ പിടിക്കുകയാണെങ്കില്‍ നീ സ്വ൪ഗ്ഗത്തില്‍ പ്രവേശിക്കും.
സ്വർഗ്ഗ പ്രവേശനത്തിനും നരകമോചനത്തിനും നിമിത്തമാകുന്ന ഒരു കർമത്തെ ഒരു വിശ്വാസി എത്രമേൽ പ്രാധാന്യത്തോട് കൂടിയാണ് കാണുക. അത്രയും വലിയ പ്രാധാന്യവും പ്രതിഫലവുമാണ് തിരുനബിﷺ ബന്ധങ്ങൾ ചേർക്കുന്നതിന് വാഗ്ദാനം ചെയ്തിട്ടുള്ളത്.
ഇതേ ആശയം തന്നെ സംക്ഷിപ്തമായ മറ്റൊരു ഹദീസിൽ ഇങ്ങനെയാണ് പറഞ്ഞിട്ടുള്ളത്. ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. അല്ലയോ ജനങ്ങളേ, നിങ്ങള്‍ സലാം വ്യാപിപ്പിക്കുക. ഭക്ഷണം നല്‍കുക, ബന്ധങ്ങള്‍ ചേര്‍ക്കുക, രാത്രിയില്‍ ആളുകള്‍ ഉറങ്ങുമ്പോള്‍ നിങ്ങള്‍ നിസ്‌കരിക്കുക. സുരക്ഷിതരായി നിങ്ങള്‍ക്ക് സ്വര്‍ഗത്തില്‍ പ്രവേശിക്കാം.
പാതിരാ നിസ്ക്കാരത്തിന്റെയും പരസ്പരം ബന്ധങ്ങൾ വിളക്കി ചേർക്കുന്ന സലാം ചൊല്ലുന്നതിന്റെയും ഇടയിൽ വളരെ പ്രാധാന്യത്തോടുകൂടിയാണ് ബന്ധങ്ങൾ ചേർക്കുന്നതിന് തിരുനബിﷺ എണ്ണിയിട്ടുള്ളത്.
പാപമോചനത്തിന് കാരണമാണ് കുടുംബ ബന്ധം ചേർക്കുന്നത് എന്ന് പറയുന്ന ഹദീസ് ഇമാം തുർമുദി(റ) ഉദ്ധരിച്ചിട്ടുണ്ട്. ആശയം ഇപ്രകാരമാണ്. അബ്ദുല്ലാഹിബ്നു ഉമറില്‍(റ) നിന്ന് നിവേദനം. ഒരാള്‍ തിരുനബിﷺയുടെ മുമ്പില്‍ വന്നുകൊണ്ട് ഇപ്രകാരം പറഞ്ഞു. ഓ പ്രവാചകരേﷺ, ഞാന്‍ വളരെ ഗുരുതരമായ തെറ്റ് ചെയ്തിരിക്കുന്നു. എനിക്ക് പശ്ചാത്താപം ഉണ്ടായിരിക്കുമോ? തിരുനബിﷺ ചോദിച്ചു. നിന്റെ മാതാവ് ജീവിച്ചിരിപ്പുണ്ടോ? അയാള്‍ പറഞ്ഞു. ഇല്ല. അവിടുന്ന് വീണ്ടും ചോദിച്ചു. നിന്റെ മാതൃ സഹോദരിയുണ്ടോ? അയാള്‍ പറഞ്ഞു. ഉണ്ട്. അപ്പോൾ തിരുനബിﷺ പറഞ്ഞു. എന്നാല്‍ പോയി അവരോട് നല്ല നിലയിൽ വ൪ത്തിക്കുക.
വന്നുപോയ പാപത്തിന് പരിഹാരമായി കുടുംബ ബന്ധത്തിൽ നല്ല നിലപാട് സ്വീകരിക്കുക എന്നാണ് ഈ പഠിപ്പിച്ചതിന്റെ സാരം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1168
കുടുംബ ബന്ധം ചേർക്കുക വഴി ഭൗതികമായ നേട്ടങ്ങളുമുണ്ടാകും എന്നറിയിക്കുന്ന ഹദീസുകളുമുണ്ട്. ഇമാം ബുഖാരി(റ) അനസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബി ﷺ പറഞ്ഞു. ഉപജീവനത്തിൽ വിശാലത ലഭിക്കുവാനും ദീർഘായുസ്സ് ലഭിക്കുവാനും ആഗ്രഹിക്കുന്നവർ കുടുംബബന്ധം ചേർത്തു കൊള്ളട്ടെ!
ഇതേ ആശയത്തിൽ തന്നെ ഇമാം അഹ്മദ്(റ) മുസ്നദിൽ ഉദ്ധരിച്ച ഹദീസിന്റെ ആശയം ഇങ്ങനെയാണ്. തിരുനബിﷺ പറഞ്ഞു. ആയുസ്സിൽ വർദ്ധനവ് ലഭിക്കാനും വിഭവങ്ങളില്‍ വിശാലത ഉണ്ടാകുവാനും ആഗ്രഹിക്കുന്നവർ അവരുടെ മാതാപിതാക്കളോട് നന്‍മയില്‍ കഴിയട്ടെ! കുടുംബബന്ധം പുല൪ത്തുകയും ചെയ്തുകൊള്ളട്ടെ!
ഇമാം ബുഖാരി(റ) അദബുല്‍ മുഫ്‌റദിൽ നിവേദനം ചെയ്യുന്നത് അല്പം വ്യത്യാസത്തോടെയാണ്. അബ്ദുല്ലാഹ് ബ്‌നു ഉമർ(റ) ഇപ്രകാരം പ്രസ്താവിച്ചിരുന്നു. ‘അല്ലാഹുവിനെ സൂക്ഷിക്കുകയും കുടുംബബന്ധം ചേര്‍ക്കുകയും ചെയ്യുന്നവന് അല്ലാഹു ആയുസ്സും സമ്പത്തും അധികരിപ്പിച്ചുകൊടുക്കുകയും ബന്ധുക്കള്‍ അയാളെ ഇഷ്ടപ്പെടുകയും ചെയ്യും’.
കുടുംബത്തിനുവേണ്ടി വ്യയം ചെയ്യുന്ന സമ്പാദ്യത്തെക്കുറിച്ച് തിരുനബിﷺയുടെ പ്രസ്താവന ഇപ്രകാരമാണ്. അല്ലയോ പ്രവാചകരെﷺ, അവര്‍ തങ്ങളോട് ചോദിക്കുന്നു. അവരെന്താണ് ചെലവഴിക്കേണ്ടതെന്ന്. അവിടുന്ന് പറയുക. നിങ്ങള്‍ നല്ലതെന്ത് ചെലവഴിക്കുകയാണെങ്കിലും മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അനാഥര്‍ക്കും അഗതികള്‍ക്കും വഴിയാത്രക്കാര്‍ക്കും വേണ്ടിയാണ് ചെയ്യേണ്ടത്. നല്ലതെന്ത് നിങ്ങള്‍ ചെയ്യുകയാണെങ്കിലും നിശ്ചയം അല്ലാഹു അതറിയുന്നവനാകുന്നു. പരിശുദ്ധ ഖുർആൻ രണ്ടാം അധ്യായം അൽ ബഖറയിലെ 215 ആം സൂക്തത്തിൻ്റെ പ്രാഥമിക ആശയമാണ് പകർത്തിയത്.
ഇമാം ബുഖാരി(റ) ഇബ്നു മസ്‌ഊദില്‍(റ) നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ ഇത് ദാനധർമമാണെന്ന് തെളിച്ച് പറയുന്നു. തിരുനബിﷺ പ്രസ്താവിച്ചു. അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ചു ഒരു മനുഷ്യന്‍ തന്റെ കുടുംബത്തിന് വേണ്ടി വല്ലതും ചെലവ് ചെയ്താല്‍ അതവന് ദാനധര്‍മമാണ്.
നാളെ പരലോകത്ത് കടന്നുപോകുന്ന പ്രധാനപ്പെട്ട കടമ്പയാണ് സ്വിറാത്. ഈ കടമ്പയും കുടുംബബന്ധവും ചേർത്തുവച്ചുകൊണ്ട് വളരെ ശ്രദ്ധേയമായ ഒരു ഹദീസ് സന്ദേശമുണ്ട്. തിരുനബിﷺ പറഞ്ഞു. അന്ത്യനാളില്‍ ബന്ധങ്ങള്‍ ചേര്‍ത്തവന് സാക്ഷിയായി കുടുംബബന്ധം സ്വിറാത്വിന്റെ ഇരുവശങ്ങളിലും നില്‍ക്കും. ബന്ധങ്ങള്‍ മുറിച്ചവര്‍ക്കെതിരിലും അത് സാക്ഷി പറയും. സ്വിറാത്വിലൂടെ ഓരോരുത്തരും കടന്നുപോകുമ്പോള്‍ അല്ലാഹുവേ, ഇവന്‍ ബന്ധം ചേര്‍ത്തവനാണ് അല്ലെങ്കിൽ മുറിച്ചവനാണ് എന്നിങ്ങനെ ഓരോരുത്തരെ കുറിച്ചും പറഞ്ഞുകൊണ്ടിരിക്കും.
പാരത്രിക മോക്ഷത്തിന്റെയും പരാജയത്തിന്റെയും കാരണങ്ങളായി കുടുംബബന്ധം ചേർക്കുന്നതിനെയും മുറിക്കുന്നതിനെയും വളരെ ഗൗരവതരമായും പ്രാധാന്യത്തോടെയും അറിയിക്കുന്ന സന്ദേശമാണല്ലോ ഇത്.
കുടുംബ ബന്ധം വിച്ഛേദിക്കുന്നതിന്റെയും അത് പുലർത്താൻ താല്പര്യപ്പെടാത്തതിൻ്റെയും അപകടം സൂചിപ്പിച്ചുകൊണ്ട് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഹദീസിന്റെ ആശയം ഇപ്രകാരമാണ്. അനസുബ്നു മാലിക്(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ പ്രസ്താവിച്ചു. നിങ്ങൾ പരസ്‌പരം പകയും അസൂയയും വെച്ച് പുലർത്തരുത്. കുടുംബബന്ധം വിഛേദിച്ച് പരസ്‌പരം തിരിഞ്ഞു കളയുകയും ചെയ്യരുത്. പരസ്പരം അല്ലാഹുവിന്റെ ദാസന്മാരും സഹോദരന്മാരുമായി ജീവിക്കുക. ഒരു മുസ്‌ലിം തന്റെ സഹോദരനുമായി മൂന്ന് ദിവസത്തിലധികം പിണങ്ങി നിൽക്കുവാൻ പാടില്ലാത്തതാകുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1169
കുടുംബബന്ധം ചേർക്കുന്നതിന്റെയും പുലർത്തുന്നതിന്റെയും ശ്രേഷ്ഠത പറയുന്നതോടൊപ്പം തന്നെ കുടുംബ ബന്ധം വിച്ഛേദിക്കുന്നതിന്റെ വിപത്തുകളും നഷ്ടങ്ങളും അറിയിക്കുന്ന ഹദീസുകളും ഗൗരവതരമായി നമുക്ക് വായിക്കാനുണ്ട്.
അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പ്രസ്താവിച്ചു. തീര്‍ച്ചയായും കുടുംബബന്ധം പരമകാരുണികന്‍റെ വേരുകളാണ്. അല്ലാഹു പറയും. നിന്നോട് ബന്ധം പുലര്‍ത്തിയവനോട് ഞാനും ബന്ധം പുലര്‍ത്തും. നീയുമായി ബന്ധം മുറിച്ചവനോട് ഞാനും ബന്ധം മുറിക്കും.
ഇത് നേരത്തെ വായിച്ചുപോയ ഹദീസാണെങ്കിലും ഈ അധ്യായത്തിൽ ഒന്നുകൂടി ഹൃദയം ചേർത്തുവെക്കേണ്ടതുണ്ട്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും സഹിക്കാനാവാത്ത കാര്യമാണ് അല്ലാഹു വിട്ടുകളയും എന്ന താക്കീത്. അല്ലാഹു കൈവിട്ടുകളയുമെന്ന് വന്നാൽ പിന്നെ തേടാൻ ആരുമില്ലെന്ന അടിസ്ഥാന വിശ്വാസത്തിൽ മുന്നോട്ടുപോകുന്ന ഒരു സത്യവിശ്വാസിക്ക് ഇതിലേറെ ഒരു താക്കീത് ഇല്ലേയില്ല. എത്രമാത്രം ഗൗരവത്തോടെയാണ് ഈ വിഷയത്തെ ഇസ്‌ലാം നിരീക്ഷിക്കുന്നത് എന്നതിന്റെ തെളിവു കൂടിയാണിത്.
ഇതു സംബന്ധിയായി മറ്റൊരു പരാമർശം ഇമാം ബുഖാരി(റ) തന്നെ ഉദ്ധരിക്കുന്ന ഹദീസിൽ നിന്ന് ഇങ്ങനെ വായിക്കാം. തിരുനബിﷺ പറഞ്ഞു. കുടുംബബന്ധം വിഛേദിച്ചയാളുടെ കൂട്ടത്തിലേക്ക് കാരുണ്യം വർഷിക്കുകയില്ല.
കുടുംബബന്ധം മുറിക്കുക വഴി വന്നുചേരുന്ന വിപത്തുകളിൽ ഒന്നിനെ കുറിച്ച് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസ് ഇപ്രകാരമാണ്. അബൂസഈദ് അൽ ഖുദ്രി(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. പാപവും കുടുംബബന്ധം മുറിക്കുന്നതുമല്ലാത്ത എന്തെങ്കിലും ഒരു കാര്യം ഒരു മുസ്‌ലിം പ്രാ൪ത്ഥിച്ചാല്‍ മൂന്നില്‍ ഒരു കാര്യം അല്ലാഹു അവന് നല്‍കുന്നതാണ്. ഒന്നുകില്‍ അവന്‍ പ്രാ൪ത്ഥിച്ച കാര്യം പെട്ടെന്ന് നല്‍കുന്നു. അല്ലെങ്കില്‍ പ്രാർത്ഥനയുടെ ഫലം പരലോകത്തേക്ക് നീട്ടി വെക്കുന്നു. അതുമല്ലെങ്കില്‍ സമാനമായ ഒരു തിന്മയിൽ നിന്ന് അവന് സുരക്ഷ നൽകുന്നു. സ്വഹാബികള്‍ ചോദിച്ചു. അപ്പോള്‍ ഞങ്ങള്‍ പ്രാ൪ത്ഥന അധികരിപ്പിക്കുകയോ? തിരുനബിﷺ പ്രതികരിച്ചു. അല്ലാഹു തന്നെയാണ് സത്യം! അധികരിപ്പിക്കൂ.
കുടുംബബന്ധം മുറിക്കുന്ന വിധത്തിലുള്ള പ്രാർത്ഥനകൾ സ്വീകാര്യമല്ലെന്നും പരിഗണിക്കപ്പെടേണ്ട പ്രാർത്ഥനകളുടെ കൂട്ടത്തിൽ അത്തരം ഉള്ളടക്കങ്ങൾ ഉണ്ടാവരുതെന്നുമാണ് ഉൽബോധിപ്പിക്കുന്നത്.
കുടുംബ ബന്ധം മുറിക്കുന്നവർക്ക് അല്ലാഹുവിൻ്റെ ശാപമുണ്ടെന്ന് വരെ അറിയിക്കുന്ന ഖുർആനിക സൂക്തം നമുക്ക് വായിക്കാനുണ്ട്. വിശുദ്ധ ഖുർആൻ 47ാം അധ്യായം 22 ,23 സൂക്തങ്ങളുടെ പ്രാഥമിക ആശയം ഇപ്രകാരമാണ്. “എന്നാല്‍ നിങ്ങള്‍ കൈകാര്യകര്‍തൃത്വം ഏറ്റെടുക്കുകയാണെങ്കില്‍ ഭൂമിയില്‍ നിങ്ങള്‍ കുഴപ്പമുണ്ടാക്കുകയും നിങ്ങളുടെ കുടുംബബന്ധങ്ങള്‍ വിച്ഛേദിക്കുകയും ചെയ്തേക്കുമോ? അത്തരക്കാരെയാണ് അല്ലാഹു ശപിച്ചിട്ടുള്ളത്. അങ്ങനെ അവര്‍ക്ക് ബധിരത നല്‍കുകയും അവരെ അന്ധരാക്കുകയും ചെയ്തിരിക്കുന്നു.
ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഗൗരവകരമായ മറ്റൊരാശയം കൂടി രേഖപ്പെടുത്തിയിരിക്കുന്നു. അബൂബക്റ(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. പരലോകത്ത് അല്ലാഹു ശിക്ഷ കരുതിവെക്കുകയും ഇഹലോകത്ത് തന്നെ ശിക്ഷ ധൃതിപ്പെട്ട് നല്‍കുകയും ചെയ്യുന്ന പാപം കുടുംബബന്ധം മുറിക്കുകയും അക്രമം പ്രവ൪ത്തിക്കലുമല്ലാതെ മറ്റൊരു പാപവുമില്ല’.
ഇന്നും എന്നും ശിക്ഷക്ക് കാരണമാകുന്ന കുറ്റമായി ബന്ധവിച്ഛേദങ്ങളെ അവതരിപ്പിക്കുക വഴി ബന്ധങ്ങളെ കാത്തുസൂക്ഷിക്കാനുള്ള എത്ര വലിയ കരുതലാണ് ഖുർആൻ മുന്നോട്ടുവച്ചിട്ടുള്ളത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1170
ഇമാം അഹ്മദ്(റ) അബൂഹുറൈറ(റ)യിൽ നിന്നും നിവേദനം ചെയ്യുന്ന ഹദീസിന്റെ ആശയം വായിച്ചു നോക്കാം. തിരുനബിﷺ പറഞ്ഞു. മനുഷ്യരുടെ കര്‍മങ്ങള്‍ വ്യാഴാഴ്ച ദിവസം അഥവാ വെള്ളിയാഴ്ച രാവില്‍ അല്ലാഹുവിങ്കൽ പ്രദര്‍ശിപ്പിക്കപ്പെടും. എന്നാല്‍ കുടുംബബന്ധം വിഛേദിച്ചവന്റെ കര്‍മങ്ങളൊന്നും അന്ന് അല്ലാഹു സ്വീകരിക്കുകയില്ല.
പരലോകത്ത് സ്വർഗപ്രവേശത്തിന്റെ മുമ്പ് കടന്നു പോകേണ്ട പ്രധാനപ്പെട്ട കടമ്പയാണല്ലോ സ്വിറാത്. കുടുംബബന്ധം വിച്ഛേദിച്ചവർക്ക് പ്രസ്തുത ഘട്ടത്തിൽ അനുഭവിക്കേണ്ടി വരുന്ന പ്രയാസത്തെ കുറിച്ച് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിന്റെ ആശയം ഇങ്ങനെയാണ്. തിരുനബിﷺ പറഞ്ഞു. …. അമാനത്തും കുടുംബബന്ധവും അയക്കപ്പെടുകയും അവ സ്വിറാത്തിന്റെ ഇടതും വലതുമായ ഇരുപാ൪ശ്വങ്ങളിലും നില്‍ക്കുകയും ചെയ്യുന്നു. അഥവാ അത്തരം ആളുകൾക്ക് സുഗമമായി ഈ കടമ്പ കടന്നുപോകാൻ കഴിയില്ല. ഒരുപക്ഷേ അവിടെ ശിക്ഷയിലേക്ക് വലിച്ച് തള്ളപ്പെടും.
ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്ന ഹദീസ് ഈ വിഷയത്തിന്റെ ഗൗരവം അതീവ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്നു. ആശയം ഇപ്രകാരമാണ്. ജുബൈർ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. കുടുംബ ബന്ധം വിഛേദിക്കുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല.
ഇപ്പോൾ നാം വായിച്ച മുഴുവൻ ഹദീസുകളുടെയും ആശയം കുടുംബബന്ധം മുറിക്കുന്നത് എത്ര മേൽ അപകടകരമായ കുറ്റമാണ് എന്നാണ്. ഓരോ വ്യക്തിയും ബന്ധങ്ങളെ കരുതലോടെ കാത്തുസൂക്ഷിക്കുകയും പരമാവധി ചേർത്തു നിർത്താനും പരസ്പരം നന്മയിൽ വർത്തിക്കാനും ശ്രദ്ധിക്കണം.
അണു കുടുംബ വ്യവസ്ഥിതിയോ എല്ലാ ബന്ധങ്ങളിൽ നിന്നും വിട്ടുമാറി സ്വന്തം സുഖം, ക്ഷേമം എന്ന സങ്കുചിതമായ വിചാരമോ അല്ല തിരുനബിﷺ മുന്നോട്ടുവയ്ക്കുന്നത്. ഉറ്റവരെയും ഉടയവരെയും പരിസരങ്ങളെയും ശരിയായ വിധത്തിൽ ഉൾക്കൊള്ളുകയും കൃത്യമായ പാരസ്പര്യങ്ങൾ പരിപാലിക്കുകയും ചെയ്യണമെന്നാണ് അവിടുന്ന് പഠിപ്പിക്കുന്നത്. ഒറ്റയാനായി ഒഴിഞ്ഞു പോകാനോ ഒന്നും കണ്ടില്ലെന്നു നടിച്ച് മാറി സഞ്ചരിക്കാനോ അല്ല പഠിപ്പിക്കുന്നത്.
നോവും നനവും വികാരവിചാരങ്ങളും അറിഞ്ഞും അറിയിച്ചും അതിജീവനവും ആത്മവിശ്വാസവും പരസഹായവും പരസ്പര പങ്കുവെക്കലുകളും ഒക്കെ ചേർന്ന ഭദ്രമായ ഒരു സാമൂഹിക ഘടനയാണ് വിവാഹ കുടുംബ ബന്ധങ്ങളിലൂടെ പ്രവാചകൻﷺ സൈദ്ധാന്തിക്കുന്നത്. തിരുനബിﷺയുടെ വിവാഹങ്ങൾ മദീനയിലെ സാമൂഹിക ഘടനയിൽ ഉയർന്ന ബന്ധങ്ങൾ രൂപപ്പെടുത്തുകയും ഒരുപാട് അടിമകൾക്ക് വിമോചനം സാധ്യമാക്കുകയും പാർശ്വവൽക്കരിക്കപ്പെട്ട പലരെയും പരിഗണിക്കണമെന്ന് പഠിപ്പിക്കുകയും സംരക്ഷിക്കപ്പെടേണ്ടവർ സംരക്ഷിക്കപ്പെടണം എന്ന് ഉദ്ബോധിപ്പിക്കുകയും ഒക്കെ ചെയ്തു. പ്രസ്തുത സാമൂഹിക നിർണയത്തിലൂടെ ലോകത്തെവിടെയും വെളിച്ചം പകർത്താൻ പറ്റുന്ന ഒരു മഹാ സംഹിതയെ അവതരിപ്പിക്കാൻ സാധിച്ചു.
ദാനധർമങ്ങളിലും സഹായങ്ങൾ എത്തിക്കുന്നതിലും രക്തബന്ധുക്കളെയും കുടുംബ ബന്ധുക്കളെയും അയൽവാസികളെയും പ്രാധാന്യത്തോടെ പരിഗണിക്കുകയും മുൻഗണനാക്രമത്തിൽ അവരെ ആദ്യം കാണുകയും ചെയ്യണമെന്ന് തിരുനബിﷺ അധ്യാപനം നൽകി. സ്വന്തം മാതാവിനെ അവഗണിച്ചു സുഹൃത്തിൻ്റെ മാതാവിൻ്റെ പരിചരണം ചെയ്യുന്ന പുതിയ കാഴ്ചകൾ സമൂഹത്തിൽ രൂപപ്പെടുത്തിയ താളമില്ലായ്മയെ അഭിസംബോധന ചെയ്യാൻ ഇത്തരം മുൻഗണനാക്രമങ്ങൾ അനിവാര്യമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1171
തിരുനബിﷺയുടെ മഹാ ജീവിതത്തെ വായിക്കുമ്പോൾ ‘ജിഹാദ് ‘എന്ന അധ്യായത്തെ കൂടി പരാമർശിക്കാതെ കടന്നുപോകാനാവില്ല. ലോകത്ത് വളരെയേറെ സംവാദങ്ങള്‍ക്കും തെറ്റിദ്ധാരണകള്‍ക്കും വിധേയമായ ഒരു പദമാണ് ‘ജിഹാദ്’. ജിഹാദ് എന്ന് കേള്‍ക്കുമ്പോള്‍ ഭയംനിറഞ്ഞ വിചാരങ്ങളാണ് കടന്നു വരിക. ലോകത്തു നടക്കുന്ന മുഴുവൻ വിധ്വംസക പ്രവർത്തനങ്ങളെയും തീവ്രവാദ ഭീകരവാദ വിചാരങ്ങളെയും ജിഹാദ് എന്ന തലവാചകത്തിന് കീഴിൽ കൊണ്ടുവരാൻ തെറ്റിദ്ധാരണ മൂലമോ തെറ്റിദ്ധാരണ സൃഷ്ടിച്ച് ചൂഷണങ്ങൾക്ക് വേണ്ടിയോ ഉപയോഗിക്കപ്പെടാറുണ്ട്. ജിഹാദും ജിഹാദിയും ഏതു സാമൂഹിക പ്രവണതയോട് ചേർത്തുവച്ചാലും എത്ര നല്ല കാര്യമാണെങ്കിലും അത് അപകടമായിപ്പോകും എന്ന ഒരു നരേശൻ മാധ്യമങ്ങളും തല്പരകക്ഷികളും നിർമ്മിച്ചെടുത്തത് പോലെയാണ്. ലൗ ജിഹാദും, ഹലാൽ ജിഹാദും ഒരു സാമൂഹിക പ്രതിസന്ധിയിൽ നിന്ന് രൂപപ്പെട്ടുവന്ന പദാവലികളല്ല. സമൂഹത്തിലെ സംഭവങ്ങളോട് അപകടകരമായ ചില മനോനിലകളാൽ രൂപപ്പെട്ടുവന്ന ആരോപണ പരമായ ആയുധങ്ങളുടെ പേരാണ്. അവൻ ജിഹാദിയാണെന്ന് ആരോപിച്ചാൽ ഏറ്റവും അപകടകരമായ ഒരു വിലാസം അയാൾക്ക് നൽകിയിരിക്കുന്നു എന്നാണ് അതിന്റെ അർത്ഥം.
ജിഹാദ് എന്ന പദം അമുസ്‌ലിം സാന്നിധ്യങ്ങളെ ഇല്ലായ്മ ചെയ്യുന്നതിന് വേണ്ടിയുള്ള സായുധ ഭീകരതയാണെന്ന പൊതുവിചാരം സമൂഹത്തിൽ രൂപപ്പെടുത്തിയെടുത്തപ്പോഴാണ് ചിലർക്ക് ഇതുകൊണ്ടൊക്കെ വലിയ മുതലെടുപ്പുകൾക്ക് സാധ്യമായത്. മുസ്‌ലിംകളിൽ പോലും ന്യൂനമായ ചില പൊതുബോധങ്ങളെ രൂപപ്പെടുത്താൻ ഇത്തരം പ്രയോഗങ്ങൾക്കും പദാവലികൾക്കും സാധ്യമായിട്ടുണ്ട്. ജിഹാദ് എന്നോ മുജാഹദ് എന്നോ സംഭാഷണത്തിൽ എവിടെയും ഉപയോഗിക്കാൻ പറ്റാത്ത വിധം സ്ഫോടനാത്മകമായി മാറിയിരിക്കുന്നു സാമൂഹിക വിചാരങ്ങൾ.
ഇവിടെയാണ് ജിഹാദ് എന്ന പദവും അതിന്റെ പൊരുളും പ്രഭവവും പ്രഭാവവും എല്ലാം കൃത്യമായി പ്രബോധിപ്പിക്കേണ്ടി വരുന്നത്. ജിഹാദ് ഒരു അറബി പദമാണ്. അറബി ഭാഷയില്‍ എപ്രകാരമാണ് ഇത് വിവരിക്കപ്പെട്ടിട്ടുള്ളത് എന്ന് പരിശോധിക്കാതെ ജനങ്ങള്‍ക്കിടയില്‍ പ്രചരിക്കപ്പെട്ടിട്ടുള്ള പ്രചാരണങ്ങളെ അടിസ്ഥാനപ്പെടുത്തി മാത്രം ജിഹാദിന് അര്‍ഥം നല്‍കാന്‍ ശ്രമിച്ചതാണ് പലപ്പോഴും സംഭവിച്ചു പോയ അബദ്ധങ്ങൾ.
ജിഹാദ് എന്ന പദം ‘ജാഹദ’ എന്ന ക്രിയയുടെ ധാതുവാണ്. ജാഹദ എന്ന പദത്തിന് നിഘണ്ടുകളിലും ഭാഷാശാസ്ത്ര ഗ്രന്ഥങ്ങളിലും നല്‍കിയിട്ടുള്ള വിവക്ഷ അധ്വാനിക്കുകയും കഠിനപ്രയത്നം ചെയ്യുകയും ചെയ്യുക, പരമാവധി പരിശ്രമിക്കുക എന്നിങ്ങനെയൊക്കെയാണ്. അഥവാ മുഴുവന്‍ കഴിവും ശക്തിയും ഉപയോഗിച്ചുകൊണ്ടുള്ള ശ്രമം എന്നാണ് ജിഹാദിന്റെ യഥാര്‍ഥ ആശയം. ഖുർആനോ ഹദീസോ പ്രത്യേകമായ ഒരു നിർവചനം ഈ പദത്തിന് നൽകിയിട്ടില്ലെങ്കിലും പദം പ്രയോഗിച്ച സാഹചര്യങ്ങളും സന്ദർഭങ്ങളും പദത്തിന്റെ പൊരുളിനെ ക്രമാനുഗതമായി മനസ്സിലാക്കാനുള്ള ആശയപരിസരം രൂപപ്പെടുത്തുന്നു. അപ്രകാരം വായിക്കുമ്പോൾ അല്ലാഹുവിന്റെ മാർഗത്തിൽ, അല്ലെങ്കിൽ അവന്റെ പ്രീതിക്കുവേണ്ടി നിർവഹിക്കുന്ന ഏതുവിധത്തിലുള്ള ത്യാഗ പരിശ്രമങ്ങളെയും ജിഹാദ് എന്ന് വിളിക്കാം.
അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി അവൻ ഏറ്റവും പരിശ്രമിക്കേണ്ടി വരുന്നത് അവന്റെ തന്നെ വിചാരങ്ങളെയും വികാരങ്ങളെയും നിയന്ത്രിച്ചു നിർത്താനും അപകടകരമായ വികാരങ്ങളെ തോൽപ്പിക്കാനുമാണ്. അങ്ങനെ വരുമ്പോൾ ഒരു വ്യക്തി തന്നോട് തന്നെ ചെയ്യുന്ന ആത്മീയമായ പരിശ്രമങ്ങളും ആധ്യാത്മികമായ സ്വയം പ്രതിരോധങ്ങളും ജിഹാദ് എന്ന പദത്തിന്റെ ആശയപരിഗണനയിൽ ഒന്നാം നിലവാരത്തിൽ വരും. ഈയൊരു വായനയിൽ നിന്നുമാണ് മുജാഹദത്തുന്നഫ്‌സ് എന്ന ആധ്യാത്മിക പദാവലികൾ രൂപപ്പെട്ടുവരുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1172
മൽപ്പിടുത്തത്തിൽ ജയിക്കുന്നവനല്ല, കോപം വരുമ്പോള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നവനാണ് ശക്തൻ എന്ന വിശ്രുതമായ ഒരു സന്ദേശം തിരുനബിﷺ കൈമാറിയിട്ടുണ്ട്. ആത്മനിയന്ത്രണത്തിനും പൈശാചിക ബോധങ്ങളോടുള്ള ചെറുത്തുനിൽപ്പിനും എത്ര ശക്തിയും ശൗര്യവും ആവശ്യമുണ്ട് എന്നാണ് ഈ ഹദീസ് പഠിപ്പിക്കുന്നത്. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ജിഹാദിന്റെ ആത്മാവും അടിത്തറയും ഇവിടെയാണ് നിലകൊള്ളുന്നത്. അനിവാര്യമായ ഘട്ടങ്ങളിൽ പ്രതിരോധത്തിന്റെ ഭാഗമായി നടത്തിയ സായുധ ഇടപെടലുകളെ മാത്രം ജിഹാദായി അവതരിപ്പിക്കുകയോ, പടക്കളത്തിലെ പോരാട്ടമാണ് ജിഹാദ് എന്ന് നിർണയിക്കുകയോ ചെയ്യുക വഴി ഏറ്റവും വലിയ ആത്മസമരത്തെ അവഗണിച്ചു മാറ്റിയത് പോലെയാണ് പൊതുവായനകളും പൊതുബോധങ്ങളും രൂപപ്പെട്ടുവന്നത്.
നന്മകളുടെ സമുദ്ധാരണത്തിനും തിന്മകളെ ഇല്ലായ്മ ചെയ്യുന്നതിനും പ്രബോധന വഴിയിൽ നിലകൊള്ളുന്നവർ മുഴുവൻ ഒരർത്ഥത്തിൽ ജിഹാദ് നിർവഹിക്കുന്നവരാണ്. അശരണരെ സഹായിക്കുക, രോഗികൾക്ക് സഹായങ്ങൾ എത്തിച്ചു കൊടുക്കുക, ആശ്രയം ആവശ്യമുള്ളവർക്ക് ആശ്രയം നൽകുക, വിധവകളുടെയും അനാഥരുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുക, സാമൂഹിക നിർമാണ പ്രവർത്തനങ്ങളിൽ പങ്കാളികളാവുക, മാതാപിതാക്കളിൽ നിന്ന് സേവനം ആവശ്യമുള്ളവർക്ക് സേവനം ചെയ്യുക തുടങ്ങിയുള്ള കാരുണ്യ ക്ഷേമ പ്രവർത്തനങ്ങൾ മുഴുവനും ജിഹാദിന്റെ ഗണത്തിൽ പെടും. പ്രായാധിക്യമുള്ള മാതാപിതാക്കളുടെ കാര്യത്തിൽ ശ്രദ്ധയോടെ കഴിയുന്നതും പരിപാലനം നിർവഹിക്കുന്നതും ഒരു ജിഹാദാണെന്ന് ഹദീസിന്റെ ഭാഷകളിൽ നിന്ന് തന്നെ നമുക്ക് മനസ്സിലാകും.
നിർമാണപരമായ സങ്കേതത്തെ സംഹാരത്തിന്റെയും സംഘട്ടനത്തിന്റെയും പര്യായമായി അവതരിപ്പിക്കപ്പെട്ടു എന്നത് ദുഃഖകരമായ ഒരു യാഥാർത്ഥ്യമാണ്.
സായുധ സമരം അനിവാര്യമായ ഘട്ടങ്ങളിൽ പ്രതിരോധത്തിന്റെയും രാഷ്ട്ര സുരക്ഷയുടെയും ഭാഗമായി ഇടപെടലുകൾ നടത്തുന്നതിനും ഇസ്‌ലാം വിരോധിക്കുന്നില്ല. എന്നാൽ യാതൊരു വിധേനയുമുള്ള ആക്രമണത്തെ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നുമില്ല. യുദ്ധത്തെ കൊതിക്കരുതെന്നും ശത്രുവിനെ കണ്ടുമുട്ടാൻ ആഗ്രഹിക്കരുതെന്നും അനിവാര്യമായ ഘട്ടങ്ങളിൽ ആയുധം എടുക്കേണ്ടി വന്നാൽ കണിശമായ ചില യുദ്ധധാർമികതകൾ പാലിക്കണമെന്നും പ്രവാചകനുംﷺ ഇസ്‌ലാമും നിരീക്ഷിക്കുന്നു. നിർദ്ദേശിക്കപ്പെടുന്ന നിബന്ധനകൾ പാലിച്ചുകൊണ്ട് ഒരു സായുധ സമരം തന്നെ വലിയ പ്രയാസകരമാണ്. അത്രമേൽ ശ്രദ്ധയും സൂക്ഷ്മതയുമാണ് പടക്കളത്തിൽ പാലിക്കേണ്ട മര്യാദകളായി പ്രവാചകൻﷺ മുന്നോട്ടുവെക്കുന്നത്.
വർഗീയ വംശീയ വിചാരങ്ങളിലൂടെ ഉന്മൂലനത്തിന് ഇറങ്ങുന്ന ഒരു സംഘത്തിനും ന്യായീകരിക്കാവുന്ന ഒരു പ്രയോഗവും സമീപനവും തിരുനബിﷺയുടെ പാഠശാലയിൽ നിന്നുണ്ടായിട്ടില്ല. ലക്ഷക്കണക്കിന് നിരപരാധികൾ കുടിയൊഴിപ്പിക്കപ്പെടുകയും സിവിലിയന്മാർ ക്രൂരമായി കൊലചെയ്യപ്പെടുകയും ചെയ്യുന്ന ആധുനിക യുദ്ധ സമവാക്യങ്ങളുടെ ഏഴ് അയലത്തുപോലും ഇസ്‌ലാമിൻ്റെ ഏതെങ്കിലും ഒരു സൈനിക പ്രതിരോധത്തെ ചേർത്തുവച്ചുകൊണ്ട് വായിക്കാനാവില്ല. നാമിത് വായിച്ചു കൊണ്ടിരിക്കുമ്പോഴും ലോകത്തെ മുഴുവൻ യുദ്ധനൈതികതയും എന്തിനേറെ അടിസ്ഥാന മനുഷ്യ നിയമങ്ങളും പോലും ലംഘിക്കപ്പെട്ടു ലക്ഷങ്ങൾ പട്ടിണി കിടക്കുകയും 10000 കൊല്ലപ്പെടുകയയും ചെയ്തുകൊണ്ടിരിക്കുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1173
തിരുനബിﷺ നിർവഹിച്ച സമരത്തെയും ജിഹാദിനെയും ശരിയായ അർത്ഥത്തിൽ വായിക്കണമെങ്കിൽ തിരുനബിﷺ ജനിച്ചു വീണ സാമൂഹിക ഘടനയും അവിടുന്ന് പുനർനിർവചിച്ച സമൂഹ നിർമാണവും കൃത്യമായ സ്ഥിതി വിവരങ്ങളോടെ വായിക്കണം. ഗോത്രങ്ങൾ തമ്മിൽ കലഹിക്കുകയും അതിൻ്റെ പേരിൽ മാത്രം നൂറ്റാണ്ടുകൾ തള്ളിനീക്കുകയും ചെയ്ത ഒരു സാമൂഹിക പരിസരം. ഒരു വ്യക്തിയുടെ സ്വഭാവവും ഇടപെടലും പാരസ്പര്യങ്ങളും ബന്ധങ്ങളും എല്ലാം നിർണയിച്ചിരുന്നത് ഗോത്രവിചാരങ്ങളിലൂന്നിയ ചുറ്റുപാടുകളിൽ നിന്നായിരുന്നു. ഓരോ ഗോത്രങ്ങൾക്കും അവരുടേതായ മൂർത്തികളും ആരാധ്യ വസ്തുക്കളുമുണ്ടായിരുന്നു. ദൈവങ്ങളുടെ പേരിൽ പോലും കലഹങ്ങളുണ്ടാവുകയും വഴിപാടുകളും മറ്റു ആചാരങ്ങളും കൂടുതൽ സങ്കുചിതമായ വിചാരങ്ങളിലേക്ക് അവരെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.
അടിമ വ്യവസ്ഥിതിയും അടിമക്കച്ചവടവും പ്രസ്തുത സമൂഹത്തിൽ ഇഴചേർന്നു നിന്ന വ്യാപാരവും ആഢ്യത്വവിചാരവുമായിരുന്നു. ഒരുപറ്റം മനുഷ്യരുടെ അസ്ഥിത്വം ഇല്ലായ്മ ചെയ്യുന്ന വ്യവസ്ഥിതിയാണ് അടിമ വ്യവസ്ഥിതി. അവരെന്നെങ്കിലും മോചിപ്പിക്കപ്പെട്ടാൽ പോലും നേരത്തെ ഉണ്ടായിരുന്ന മുതലാളിയോട് ചേർത്ത് വിലാസമായിരുന്നു അവർക്കുണ്ടായിരുന്നത്, ഇന്ന ആളുടെ വിമോചിത അടിമയെന്ന്.
ഇവിടെയാണ് തിരുനബിﷺയുടെ സമരം മാനവിക വിചാരങ്ങളെ സ്ഥാപിക്കാനുള്ള ജിഹാദായി രംഗത്ത് വരുന്നത്. ഉച്ചനീചത്വങ്ങൾ മുഴുവനും ഉച്ചാടനം ചെയ്യാനുള്ള സാമൂഹിക ഇടപെടലായിരുന്നു അവിടുത്തെ ജിഹാദ്. അതിന് ഏതു വാക്കിനെ ഉപയോഗിച്ചുകൊണ്ടാണ് അപകടവൽക്കരിക്കുകയോ സംഹാര വൽക്കരിക്കുകയോ ചെയ്തത് എന്നറിയില്ല.
ലോകത്തെ ഏറ്റവും വലിയ മാനവിക സന്ദേശത്തെ പ്രഖ്യാപിക്കാനും സ്ഥാപിക്കാനും മനുഷ്യൻ എന്ന ഏകകത്തിൽ സമൂഹത്തെ മുഴുവനും ഒരുമിപ്പിക്കാനും തിരുനബിﷺയുടെ ജിഹാദിന് സാധ്യമായി. ഏറ്റവും പ്രായോഗികവും വ്യവസ്ഥാപിതവുമായ രീതിശാസ്ത്രങ്ങളെയാണ് തിരുനബിﷺ പ്രയോഗിച്ചത്. സാമൂഹിക വ്യവസ്ഥിതികളെയും ഗുണപരമായ ഗോത്രവിചാരങ്ങളെയും അടിവേരോടെ മാറ്റുകയായിരുന്നില്ല. കടന്നുകൂടിയ മാനവിക വിരുദ്ധ വിചാരങ്ങളെയും സമത്വ വിരുദ്ധ ജീവിത ഘടനകളെയും അപരന്റെ അസ്ഥിത്വം ഇല്ലായ്മ ചെയ്യുന്ന ആഢ്യത്വത്തെയും നബിﷺ ഇല്ലായ്മ ചെയ്തു. കുടുംബം, വിശാല കുടുംബം എന്നീ ഒത്തുചേരലുകളുടെ വേരുകളെ നിലനിർത്തി. കുലീനതയിലൂടെ ലഭിക്കുന്ന മഹത്വങ്ങളെ സ്വീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കുടുംബം, പരിസരം, തൊഴിൽ വ്യവഹരിക്കുന്ന സമൂഹം, പാരമ്പര്യഗുണങ്ങൾ എന്നിവയിൽ നിന്നെല്ലാം ഗുണപരമായി കൈമാറപ്പെടുന്ന ശ്രേഷ്ഠ സ്വഭാവങ്ങളെയും ചിന്തകളെയും സ്വാഗതം ചെയ്യുകയും നന്മകൾക്ക് വേണ്ടി പരുവപ്പെടുത്തുകയും ചെയ്തു.
തിരുനബിﷺയുടെ ചരിത്രപ്രസിദ്ധമായ പ്രഭാഷണം എല്ലാ മനുഷ്യരുടെയും മാതാപിതാക്കൾ ഒന്നാണെന്ന കേന്ദ്രബിന്ദുവിൽ ലോകമാനവികതയെ മുഴുവനും ഒരേ കണികയിലേക്ക് ചേർത്തുവച്ചു. ഒരേയൊരു വേരിൽനിന്ന് പിരിഞ്ഞുണ്ടായതാണ് ലോകത്തുള്ള മുഴുവൻ മനുഷ്യരും എന്ന യാഥാർത്ഥ്യം ഏറ്റവും പ്രൗഢമായ ഒരു മാനവിക സമ്മേളനത്തിൽ വച്ച് പ്രഖ്യാപിച്ചു. പ്രഖ്യാപിക്കപ്പെട്ട ആശയത്തെ പ്രയോഗവത്കരിക്കുംവിധം എല്ലാ വർഗ്ഗ ജനവിഭാഗങ്ങളിൽ നിന്നുമുള്ള പ്രതിനിധികൾ ഒരുമിച്ച് ചേർന്ന് നിൽക്കുകയും ഒരേ തളികയിൽ നിന്ന് ഭക്ഷിക്കുകയും ഏകോദര സഹോദരങ്ങളെ പോലെ സഹവർത്തിത്വം പുലർത്തുകയും ചെയ്യുന്ന ഒരു സമൂഹത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു തിരുനബിﷺ പ്രസ്തുത സന്ദേശം ലോകത്തിന് കൈമാറിയത്. ഒരേ വേരിൽ നിന്നുള്ള നിങ്ങളെ പല ശാഖകളും ഉപശാഖകളുമാക്കിയത് പരസ്പരമുള്ള നിർണയങ്ങൾക്കും തിരിച്ചറിവിനും വേണ്ടിയാണെന്ന് വ്യക്തമായി പ്രഖ്യാപിക്കുകയും വർണ്ണ വർഗ്ഗ ഭേദമന്യേ അനുവാചകരായ എല്ലാവരും അത് ഏറ്റെടുക്കുകയും ചെയ്തു. ഇങ്ങനെ ഒരു പരിവർത്തനത്തിന് നൽകിയ പേരാണ് ജിഹാദ്.
Tweet 1174
ഉച്ചനീചത്വങ്ങളുടെ നടുവിൽ സാമൂഹിക ദൗർബല്യങ്ങളെയും അബദ്ധവിചാരങ്ങളെയും മറികടക്കാൻ തിരുനബിﷺക്ക് ഏറെ ശ്രമിക്കേണ്ടതുണ്ടായിരുന്നു. പതിഞ്ഞുപോയ വേരുകളെ മുറിച്ചു മാറ്റാനുള്ള സാഹസം മുഴുവനും തിരുനബിﷺക്ക് വഹിക്കേണ്ടിവന്നു. ആറാം നൂറ്റാണ്ടിലെ അറേബ്യക്കാരിൽ നല്ലൊരു വിഭാഗത്തിനും അടിമക്കച്ചവടവും വ്യവഹാരവും വലിയൊരു സാമ്പത്തിക അടിത്തറ കൂടിയായിരുന്നു. എല്ലാ മനുഷ്യരും മാനുഷിക പരിഗണനയിൽ ഒരുപോലെയാണെന്ന് വന്നപ്പോൾ ഞാനും എൻ്റെ അടിമയും ഒരുപോലെയാണോ എന്ന വിചാരത്തെ ഉൾക്കൊള്ളാൻ ആഢ്യത്വമുള്ള ആ ജനതയ്ക്ക് കഴിഞ്ഞില്ല. ഒരേസമയം അവരുടെ അഭിമാനത്തിനും ആദായത്തിനും ഏറ്റ ക്ഷതമായിട്ടായിരുന്നു അവർ അതിനെ കണ്ടത്. എന്തുവിലകൊടുത്തും പല്ലും നഖവും ഉപയോഗിച്ച് അതിനെ പ്രതിരോധിക്കാൻ അവർ മുന്നോട്ടുവന്നു. ഈ പ്രതിശബ്ദങ്ങളെ മുഴുവൻ മറികടന്നു മുന്നോട്ടുപോകാനും തൊലി കറുത്തു പോയതിന്റെ പേരിൽ ഈ മനുഷ്യനെ നിങ്ങൾ മനുഷ്യനല്ലാതെ കാണല്ലേ എന്ന് ഉറക്കെ വിളിച്ചു പറയാനും ആ ഉൽഘോഷമുയർത്താൻ ഉപയോഗിച്ച ശബ്ദത്തിന്റെ തരംഗങ്ങൾക്ക് ഊക്ക് കൂടുകയും ചെയ്തപ്പോഴാണ് മാറ്റങ്ങൾ സാധ്യമായത്. ഈ മാറ്റങ്ങൾക്ക് ഹേതുകമായ ജിഹാദിനെയാണ് മനുഷ്യവിരുദ്ധമായും ക്രൂരമായും ഇന്ന് ലോകം വായിച്ചു കൊണ്ടിരിക്കുന്നത്. സമത്വ സംസ്ഥാപനത്തിനു വേണ്ടി നടത്തിയ ശ്രമങ്ങളെ സംഹാരത്തിനു വേണ്ടിയുള്ള കോപ്പുകൂട്ടലുകളാണെന്ന് മറിച്ചു വായിക്കുന്ന വൈരുദ്ധ്യങ്ങളെയാണ് ലോകം സമാധാനം എന്ന പേരിൽ പറഞ്ഞുകൊണ്ടിരിക്കുന്നത്.
കൊല്ലങ്ങൾ നീണ്ട പോരിന്റെ നടുവിൽ പരസ്പരം പോരടിക്കരുതേ എന്ന് പറയാൻ ചെറിയ ഊർജ്ജമൊന്നും പോരാ. ആജന്മ ശത്രുക്കളെ ആജീവനാന്ത മിത്രങ്ങളാക്കി മാറ്റിയ, അല്ല മരണാനന്തരവും ഒരുമിച്ചു തന്നെ സ്വർഗീയ വസന്തത്തിൽ കൂടണം എന്ന മോഹത്തിൽ ജീവിപ്പിച്ച, അതിനു പറ്റുന്ന നല്ല കർമങ്ങളുടെ വഴിയിൽ ചേർത്തുനിർത്തി പ്രവർത്തിപ്പിച്ച അത്യത്ഭുതകരമായ മാനവിക നിർമാണ ആൽക്കമിയുടെ പേരാണ് ജിഹാദ് എന്ന് വരുമ്പോൾ അതിനെ ക്രൂരതയുടെ ഒറ്റവാക്കായി ഉപയോഗിച്ച തല്പരകക്ഷികൾ എത്രമാത്രം വലിയ വാസ്തവവിരുദ്ധത്തിന്റെ പിതാക്കളാണ്.
തിരുനബിﷺ മുന്നോട്ടുവച്ച ജിഹാദിന്റെ ഗുണഫലങ്ങളെ അനുഭവിക്കാത്ത ലോകമുണ്ടാവില്ല. ആത്മസംസ്കരണത്തിന്റെയും സഹജീവി സ്നേഹത്തിന്റെയും സമഭാവനയുടെയും ശ്രേഷ്ഠ വിചാരങ്ങളെ ആറാം നൂറ്റാണ്ടിലെ അറബികളുടെ ഹൃദയത്തിലേക്ക് സ്ഥാപിച്ചിടുക്കാനും പരിസര നാടുകളിലെ ഇരുട്ടുകൾ മാറ്റി വേരുകളൂന്നാനും പ്രയോഗിച്ച നിയമത്തിന്റെയും നിഷ്ഠയുടെയും ആത്മസംയമനത്തിന്റെയും സംസ്കൃത വിചാരങ്ങളുടെയും നാമമാണ് ജിഹാദ്.
വ്യഭിചരിക്കാൻ പൂതിയുള്ള ചെറുപ്പക്കാരൻ അനുമതി തേടി പ്രവാചകൻ്റെ അടുത്തേക്ക് എത്തി. ഉന്നയിച്ചു കേട്ട ആവശ്യത്തിന് മുന്നിൽ ആശ്ചര്യത്തോടെ അവിടുന്ന് ഇരുന്നു. കോപത്തോടെ അദ്ദേഹത്തെ ശാസിക്കുകയോ ശാപവാക്കുകൾ വർഷിച്ചു ആട്ടി വിടുകയോ ഒന്നുമല്ല പ്രവാചകൻﷺ ചെയ്തത്. ഉള്ളിൽ പതഞ്ഞു വന്ന പ്രതിഷേധത്തെയും ദേഷ്യത്തെയും എല്ലാം കടിച്ചിറക്കി. ന്യായങ്ങളോടെ ആ ചെറുപ്പക്കാരനോട് സംസാരിച്ചു. മോനേ നിൻ്റെ ഭാര്യയെ, മാതാവിനെ, പെങ്ങളെ, മകളെ ആരെങ്കിലും കയ്യേറ്റം നടത്തുന്നതോ ലൈംഗികമായി സമീപിക്കുന്നതോ ഇഷ്ടപ്പെടുന്നുണ്ടോ? ഓരോ ചോദ്യങ്ങൾ ഒന്നൊന്നായി വിനയപുരസരം ആലോചന ഉണർത്തി ചോദിച്ചപ്പോൾ ഇല്ലേയില്ല എന്നായിരുന്നു മറുപടി. അടുത്ത ഒരു ഉപചോദ്യം കൂടി തിരുനബിﷺ ഉയർത്തി. ഈ സമീപിക്കുന്ന ഏതൊരു സ്ത്രീയും മറ്റൊരാളുടെ ഉമ്മയോ മകളോ ഭാര്യയോ ഒക്കെ ആയിരിക്കില്ലേ! വിചാരമുണർത്തുന്ന ഈ തിരുത്തലിനു മുമ്പിൽ പ്രവാചക സന്ദേശത്തെ സ്വാഗതം ചെയ്യുകയല്ലാതെ മറ്റൊരു വഴിയും ചെറുപ്പക്കാരന് ഉണ്ടായിരുന്നില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1175
തിരുനബിﷺയുടെ സമുദ്ധാരണങ്ങൾ പ്രസ്താവനയിലോ പ്രഖ്യാപനത്തിലോ ഒതുങ്ങിയതായിരുന്നില്ല. അതിവേഗം തന്നെ സമൂഹത്തിൽ അത് പ്രതിഫലിക്കുകയും ചെയ്തു. അബൂദറ്(റ) കുലീനനായ ഒരു വ്യക്തിയായിരുന്നു. ഇസ്‌ലാമിലേക്ക് വന്നതിൽ പിന്നെ ഇസ്‌ലാമിൻ്റെ മുഴുവൻ ചിട്ടകളെയും നിയമങ്ങളെയും പാലിച്ചു. അതിനിടയിൽ ഒരു ദിവസം ബിലാലി(റ)നോട് സംസാരിച്ചപ്പോൾ കറുമ്പിയുടെ മകനെ എന്ന് വിളിച്ചു. നിലവിലുണ്ടായിരുന്ന സാമൂഹിക ഘടനയിൽ അതൊരു അപരാധമൊന്നുമായിരുന്നില്ല. ആഫ്രിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യപ്പെടുകയും മാർക്കറ്റിൽ വിറ്റഴിക്കപ്പെടുകയും ചെയ്യുന്ന അടിമകളുടെ കൂട്ടത്തിൽ കറുത്ത വർഗ്ഗക്കാരനായ ഒരു അടിമയായിരുന്നു ബിലാൽ(റ). സുമുഖനും സുന്ദരനും കുലീനനുമായ അബൂദറ്(റ) ബിലാലി(റ)ന്റെ നിറത്തെ ചൊല്ലി പ്രസ്തുത പ്രയോഗം നടത്തിയതിൽ അഭംഗിയായിട്ടൊന്നും അന്ന് തോന്നിയിരുന്നില്ല. എന്നാൽ മാനവിക മാനുഷിക സമത്വങ്ങളെ സ്ഥാപിക്കാനും പ്രചരിപ്പിക്കാനും വന്ന തിരുനബിﷺ ശിഷ്യനായ അബൂദർറി(റ)ന് ശിക്ഷണം നൽകിക്കൊണ്ട് ചോദിച്ചു. ഇപ്പോഴും നിങ്ങളുടെ ഹൃദയത്തിൽ ജാഹിലിയ്യത്തിന്റെ അഥവാ വിവരശൂന്യമായ കാലത്തിൻ്റെ അവശിഷ്ടങ്ങൾ ബാക്കിയുണ്ട് അല്ലേ?
ഈ ചോദ്യം ഒരു തിരുത്തായിരുന്നു. ജാഹിലിയ്യ കാലത്ത് മനുഷ്യനെ ആപാദചൂഢം ഗ്രസിച്ചിരുന്ന വിചാരങ്ങളുടെയും മനോഗതികളുടെയും മുമ്പിൽ കൃത്യമായ ഒരു വാചകപ്രയോഗം കൊണ്ടുള്ള തിരുത്ത്. അതുകേട്ട ശിഷ്യൻ വിനയാന്വിതനായി. അദ്ദേഹത്തിൻ്റെ ജീവിതത്തിൽ മുഴുവനും ആ നന്മ നിറഞ്ഞുനിന്നു. അബൂദർറി(റ)ൻ്റെ ശിഷ്യനായ മഅറൂർ(റ) തന്റെ ഗുരു മുന്നോട്ടുവച്ച ജീവിതത്തിൻ്റെ അധ്യായം ഇങ്ങനെ പറഞ്ഞു. ഞാൻ ഒരിക്കൽ ഗുരുവിനെ കണ്ടുമുട്ടിയപ്പോൾ അദ്ദേഹം ധരിച്ച അതേ വസ്ത്രം അദ്ദേഹത്തിൻ്റെ അടിമയും ധരിച്ചിരിക്കുന്നു. അപ്പോൾ അദ്ദേഹത്തോട് ചോദിച്ചു. മുതലാളിയായ നിങ്ങൾ ധരിച്ച അതേ നിലവാരത്തിലുള്ള വസ്ത്രം തന്നെയാണല്ലോ നിങ്ങളുടെ പരിചാരകനായ അടിമയും ധരിച്ചിരിക്കുന്നത്.
അപ്പോൾ അദ്ദേഹം പറഞ്ഞു. തിരുനബിﷺയുടെ കാലത്ത് ഞാൻ ഒരാളോട് തർക്കിക്കുകയും അദ്ദേഹത്തെ തന്റെ മാതാവിൻ്റെ നിറത്തിന്റെ പേരിൽ കുറ്റപ്പെടുത്തുകയും ചെയ്തു. അദ്ദേഹം നബിﷺയോട് ആവലാതി പറഞ്ഞു. നിന്നിൽ ഇപ്പോഴും ജാഹിലിയ്യത്തിന്റെ അംശം ബാക്കിയുണ്ട് അല്ലേ? എന്ന തിരുനബിﷺയുടെ പ്രതികരണം എൻ്റെ വിചാരങ്ങളെ മാറ്റിയെഴുതി. നിങ്ങളുടെ അധീനത്തിലുള്ളവർ നിങ്ങളുടെ സഹോദരന്മാരാണ്. അല്ലാഹുവാണ് അവരെ നിങ്ങളുടെ സംരക്ഷണത്തിൽ ആക്കിയത്. അതുകൊണ്ട് നിങ്ങളുടെ ആരുടെയെങ്കിലും അധീനതയിൽ ഒരു മനുഷ്യനുണ്ടെങ്കിൽ, നിങ്ങൾ കഴിക്കുന്നത് തന്നെ അവരെയും ഭക്ഷിപ്പിക്കുക. നിങ്ങൾ ധരിക്കുന്നതിൽ നിന്ന് അവരെയും ധരിപ്പിക്കുക. അവർക്ക് വഹിക്കാനാവാത്ത ഭാരം അവരുടെ മേൽ ചുമത്തരുത്. അവരെ ഭാരമേറിയ കാര്യങ്ങൾ ഏൽപ്പിക്കുമ്പോൾ നിങ്ങൾ അവരെ സഹായിക്കണം.
ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഹദീസിന്റെ ആശയമാണിത്. എത്ര മനോഹരമായിട്ടാണ് ഒരു സമൂഹത്തിൽ പടർന്നു പിടിച്ചിരുന്ന വിവേചനവും ഉച്ചനീചത്വങ്ങളും എല്ലാം തിരുനബിﷺ മാറ്റിയെഴുതിയത്, എത്ര ഹൃദ്യമായിട്ടായിരുന്നു ശിഷ്യന്മാരോട് സഹവസിച്ചത്. ചുറ്റുമുള്ളവരോട് ആഴത്തിൽ ആത്മബന്ധം സ്ഥാപിക്കുകയും അവരെ സ്വാധീനിച്ചു അബദ്ധവിചാരങ്ങളെ നിർണയിക്കുകയും ഏറ്റവും യോഗ്യമായ സന്ദർഭങ്ങളിൽ ഏറ്റവും സ്വീകാര്യമായ ശൈലിയിൽ അത് തിരുത്തുകയും ചെയ്ത മഹാ വിപ്ലവത്തിന്റെ പേരുകൂടിയാണ് ജിഹാദ്. അങ്ങനെയെങ്കിൽ ജിഹാദിനെ കുറ്റപ്പെടുത്തിയവർ, അപകടകരമായ ഒരു വാക്കായി കൊണ്ടുപിടിച്ചു അവതരിപ്പിച്ചവർ എത്ര അഹിതകരമായ കാര്യമാണ് ചെയ്തു പോയത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1176
വ്യവസ്ഥാപിതമായ ഒരു സാമൂഹിക ഘടനയില്ലാത്ത പരിസരത്തേക്കായിരുന്നു തിരുനബിﷺയുടെ ആഗമനം. അഥവാ അരക്ഷിതമായ ഒരു അവസ്ഥ. അനുസരണയുടെയും വിധേയത്വത്തിന്റെയും മാനദണ്ഡം കയ്യൂക്കും തന്റേടവും മാത്രമായിരുന്നു. മൂല്യാധിഷ്ഠിതമായ ഒരു സാമൂഹിക സംവിധാനത്തെ രൂപപ്പെടുത്തുക എന്നത് വളരെ സാഹസികമായിരുന്നു. ജനാധിപത്യപരമായി മൂല്യങ്ങളെ മുൻനിർത്തി നേതൃത്വമുണ്ടാവണം. മറ്റുള്ളവർ നേതൃത്വത്തെ മാനിക്കണം. ഒരുപക്ഷേ നിങ്ങളെക്കാൾ പലകാര്യത്തിലും കുറവും ന്യൂനതയുമുള്ളവർ നേതൃത്വത്തിൽ വന്നേക്കാം. എന്നാൽ പോലും അവരെ അനുസരിക്കണം. അവിടെ നിറമോ ഗോത്രമോ ശാരീരിക ഭാവമോ ഒന്നുമല്ല മാനദണ്ഡം. കൃത്യമായ ഒരു ലക്ഷ്യത്തിനുവേണ്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ആളോട് അനുയായികൾക്ക് അനുസരണ ബോധം ഉണ്ടാവണം. എത്യോപ്യക്കാരനായ ഒരു അടിമയാണ് നേതാവായി വരുന്നതെങ്കിലും അദ്ദേഹത്തോട് അനുസരണാപൂർവ്വം നിങ്ങൾ പെരുമാറണം എന്ന തിരുനബിﷺയുടെ പ്രഖ്യാപനം അന്ന് നിലനിന്നിരുന്ന സാമൂഹിക ദുഷ്’വിചാരങ്ങളെ മുഴുവനും ഇല്ലായ്മ ചെയ്യുന്നതായിരുന്നു.
അനുസരണയുടെയും അംഗീകാരത്തിന്റെയും മനോഹരമായ ഒരു ഉദാഹരണം തിരുനബിﷺ തന്നെ അവതരിപ്പിക്കുന്നുണ്ട്. കപ്പലിന്റെ രണ്ടു തട്ടിലായി യാത്ര ചെയ്യുന്ന ആളുകൾ. താഴെത്തട്ടിൽ താമസിക്കുന്നവർ വെള്ളം വേണമെങ്കിൽ മുകളിൽ പോയി ശേഖരിച്ചുവരണം, അതാണ് സംവിധാനം. അങ്ങനെയിരിക്കെ താഴെത്തട്ടിൽ കഴിയുന്ന ആളുകളിൽ ചിലർ ചോദിച്ചു. നമ്മൾ എന്തിനാണ് എപ്പോഴും മുകളിലുള്ളവരെ അവലംബിക്കുന്നത്. നമുക്ക് തന്നെ ഈ കപ്പലിൻ്റെ ഒരു ഭാഗം ഒന്ന് ഓട്ടയാക്കിയാൽ നേരിട്ടുതന്നെ വെള്ളമെടുക്കാമല്ലോ? അങ്ങനെ ഒരാൾ ശ്രമിക്കുന്ന പക്ഷം അദ്ദേഹത്തിൻ്റെ കൈപിടിച്ച് അയാളുടെ ചെയ്തിയിൽ നിന്ന് പിൻവലിച്ചില്ലെങ്കിൽ കപ്പൽ വെള്ളത്തിലാണ്ട് പോവുകയും താഴെയും മുകളിലുമുള്ളവർ മുഴുവനും അപകടത്തിലാവുകയും ചെയ്യും.
സാമൂഹിക ഗാത്രത്തിന്റെ മനോഹരമായ ഒരു ഉദാഹരണമാണിത്. ആശ്രയിക്കുന്നവരും ആശ്രയിക്കപ്പെടുന്നവരുമുണ്ടാവണം. മൂല്യവും മാനദണ്ഡവും മറന്നുകൊണ്ടുള്ള ധൃത വിചാരങ്ങളുണ്ടാവരുത്. അത് ഒരുപക്ഷേ സമൂഹത്തെ മുഴുവനും നശിപ്പിച്ചു കളയും. വിശ്വാസികൾ അഞ്ചുനേരത്തെ നിസ്കാരം നിർവഹിക്കുന്നു. അതിന് നേതൃത്വം നൽകാൻ യോഗ്യതയുള്ളവരുടെ അടിസ്ഥാന മാനദണ്ഡം വിജ്ഞാനവും ആത്മീയതയും ഖുർആൻ പാരായണത്തിലെ അവഗാഹവും ഒക്കെയാണ്. അതെല്ലാം ഒത്തിണങ്ങിയ ഒരാൾ നേതൃത്വം കൊടുക്കുമ്പോൾ പിന്നിൽ നിൽക്കുന്നയാൾ എത്ര സുന്ദരനായാലും കുലീനനായാലും സമ്പന്നനായാലും ഭരണാധികാരി ആയാലും നിസ്കാരം പൂർത്തിയാകുന്നത് വരെ കൃത്യമായ മാനദണ്ഡങ്ങളിൽ മുന്നിൽ നിൽക്കുന്നയാളെ പിന്തുടരുകയും അനുകരിക്കുകയും വേണം. ഇത്രമേൽ മനോഹരമായ നേതൃത്വത്തിന്റെയും അനുസരണയുടെയും പ്രായോഗികമായ ഒരു ഉദാഹരണം വേറെ ഒരു സമൂഹത്തിലും കാണിച്ചു തരാനാവില്ല. സമാനമായ ഒരു അനുസരണയുടെ പ്രായോഗിക ആവിഷ്കാരങ്ങൾ നിരന്തരമായി സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. അഥവാ നിസ്കാരവും സംഘടിതമായ നിസ്കാരവും കൃത്യമായ ചിട്ടയിൽ നിരന്തരമായി എല്ലായിടത്തും നടക്കുന്നു എന്നർത്ഥം.
വ്യവസ്ഥാപിതമായ ഒരു സാമൂഹിക ഘടനയെ രൂപപ്പെടുത്തിയെടുക്കാൻ വേണ്ടി പ്രവാചകൻﷺ നിർവഹിച്ച അതിജീവനങ്ങളുടെ പേരാണ് ഒരർത്ഥത്തിൽ ജിഹാദ്. എങ്കിൽ പിന്നെ എന്തിനാണ് ചില താല്പര്യങ്ങൾ ഈ വാചകത്തെ ന്യൂനവൽക്കരിക്കുകയും തെറ്റായി ഉദ്ധരിക്കുകയും ചെയ്തത്!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1176
വ്യവസ്ഥാപിതമായ ഒരു സാമൂഹിക ഘടനയില്ലാത്ത പരിസരത്തേക്കായിരുന്നു തിരുനബിﷺയുടെ ആഗമനം. അഥവാ അരക്ഷിതമായ ഒരു അവസ്ഥ. അനുസരണയുടെയും വിധേയത്വത്തിന്റെയും മാനദണ്ഡം കയ്യൂക്കും തന്റേടവും മാത്രമായിരുന്നു. മൂല്യാധിഷ്ഠിതമായ ഒരു സാമൂഹിക സംവിധാനത്തെ രൂപപ്പെടുത്തുക എന്നത് വളരെ സാഹസികമായിരുന്നു. ജനാധിപത്യപരമായി മൂല്യങ്ങളെ മുൻനിർത്തി നേതൃത്വമുണ്ടാവണം. മറ്റുള്ളവർ നേതൃത്വത്തെ മാനിക്കണം. ഒരുപക്ഷേ നിങ്ങളെക്കാൾ പലകാര്യത്തിലും കുറവും ന്യൂനതയുമുള്ളവർ നേതൃത്വത്തിൽ വന്നേക്കാം. എന്നാൽ പോലും അവരെ അനുസരിക്കണം. അവിടെ നിറമോ ഗോത്രമോ ശാരീരിക ഭാവമോ ഒന്നുമല്ല മാനദണ്ഡം. കൃത്യമായ ഒരു ലക്ഷ്യത്തിനുവേണ്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ആളോട് അനുയായികൾക്ക് അനുസരണ ബോധം ഉണ്ടാവണം. എത്യോപ്യക്കാരനായ ഒരു അടിമയാണ് നേതാവായി വരുന്നതെങ്കിലും അദ്ദേഹത്തോട് അനുസരണാപൂർവ്വം നിങ്ങൾ പെരുമാറണം എന്ന തിരുനബിﷺയുടെ പ്രഖ്യാപനം അന്ന് നിലനിന്നിരുന്ന സാമൂഹിക ദുഷ്’വിചാരങ്ങളെ മുഴുവനും ഇല്ലായ്മ ചെയ്യുന്നതായിരുന്നു.
അനുസരണയുടെയും അംഗീകാരത്തിന്റെയും മനോഹരമായ ഒരു ഉദാഹരണം തിരുനബിﷺ തന്നെ അവതരിപ്പിക്കുന്നുണ്ട്. കപ്പലിന്റെ രണ്ടു തട്ടിലായി യാത്ര ചെയ്യുന്ന ആളുകൾ. താഴെത്തട്ടിൽ താമസിക്കുന്നവർ വെള്ളം വേണമെങ്കിൽ മുകളിൽ പോയി ശേഖരിച്ചുവരണം, അതാണ് സംവിധാനം. അങ്ങനെയിരിക്കെ താഴെത്തട്ടിൽ കഴിയുന്ന ആളുകളിൽ ചിലർ ചോദിച്ചു. നമ്മൾ എന്തിനാണ് എപ്പോഴും മുകളിലുള്ളവരെ അവലംബിക്കുന്നത്. നമുക്ക് തന്നെ ഈ കപ്പലിൻ്റെ ഒരു ഭാഗം ഒന്ന് ഓട്ടയാക്കിയാൽ നേരിട്ടുതന്നെ വെള്ളമെടുക്കാമല്ലോ? അങ്ങനെ ഒരാൾ ശ്രമിക്കുന്ന പക്ഷം അദ്ദേഹത്തിൻ്റെ കൈപിടിച്ച് അയാളുടെ ചെയ്തിയിൽ നിന്ന് പിൻവലിച്ചില്ലെങ്കിൽ കപ്പൽ വെള്ളത്തിലാണ്ട് പോവുകയും താഴെയും മുകളിലുമുള്ളവർ മുഴുവനും അപകടത്തിലാവുകയും ചെയ്യും.
സാമൂഹിക ഗാത്രത്തിന്റെ മനോഹരമായ ഒരു ഉദാഹരണമാണിത്. ആശ്രയിക്കുന്നവരും ആശ്രയിക്കപ്പെടുന്നവരുമുണ്ടാവണം. മൂല്യവും മാനദണ്ഡവും മറന്നുകൊണ്ടുള്ള ധൃത വിചാരങ്ങളുണ്ടാവരുത്. അത് ഒരുപക്ഷേ സമൂഹത്തെ മുഴുവനും നശിപ്പിച്ചു കളയും. വിശ്വാസികൾ അഞ്ചുനേരത്തെ നിസ്കാരം നിർവഹിക്കുന്നു. അതിന് നേതൃത്വം നൽകാൻ യോഗ്യതയുള്ളവരുടെ അടിസ്ഥാന മാനദണ്ഡം വിജ്ഞാനവും ആത്മീയതയും ഖുർആൻ പാരായണത്തിലെ അവഗാഹവും ഒക്കെയാണ്. അതെല്ലാം ഒത്തിണങ്ങിയ ഒരാൾ നേതൃത്വം കൊടുക്കുമ്പോൾ പിന്നിൽ നിൽക്കുന്നയാൾ എത്ര സുന്ദരനായാലും കുലീനനായാലും സമ്പന്നനായാലും ഭരണാധികാരി ആയാലും നിസ്കാരം പൂർത്തിയാകുന്നത് വരെ കൃത്യമായ മാനദണ്ഡങ്ങളിൽ മുന്നിൽ നിൽക്കുന്നയാളെ പിന്തുടരുകയും അനുകരിക്കുകയും വേണം. ഇത്രമേൽ മനോഹരമായ നേതൃത്വത്തിന്റെയും അനുസരണയുടെയും പ്രായോഗികമായ ഒരു ഉദാഹരണം വേറെ ഒരു സമൂഹത്തിലും കാണിച്ചു തരാനാവില്ല. സമാനമായ ഒരു അനുസരണയുടെ പ്രായോഗിക ആവിഷ്കാരങ്ങൾ നിരന്തരമായി സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. അഥവാ നിസ്കാരവും സംഘടിതമായ നിസ്കാരവും കൃത്യമായ ചിട്ടയിൽ നിരന്തരമായി എല്ലായിടത്തും നടക്കുന്നു എന്നർത്ഥം.
വ്യവസ്ഥാപിതമായ ഒരു സാമൂഹിക ഘടനയെ രൂപപ്പെടുത്തിയെടുക്കാൻ വേണ്ടി പ്രവാചകൻﷺ നിർവഹിച്ച അതിജീവനങ്ങളുടെ പേരാണ് ഒരർത്ഥത്തിൽ ജിഹാദ്. എങ്കിൽ പിന്നെ എന്തിനാണ് ചില താല്പര്യങ്ങൾ ഈ വാചകത്തെ ന്യൂനവൽക്കരിക്കുകയും തെറ്റായി ഉദ്ധരിക്കുകയും ചെയ്തത്!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1177
ഇടപെടലിന്റെ രാഷ്ട്രീയം കൂടിയാണ് തിരുനബിﷺ മുന്നോട്ടുവച്ച ജിഹാദ്. രണ്ടു വ്യക്തികളോ കക്ഷികളോ തമ്മിൽ തർക്കത്തിലായാൽ നോക്കിനിൽക്കുന്ന രീതിയായിരുന്നില്ല തിരുനബിﷺ പഠിപ്പിച്ചത്. രണ്ടു കക്ഷികൾക്കിടയിൽ അനുരഞ്ജനത്തിനിറങ്ങുന്നത് പുണ്യകർമമായിട്ടാണ് തിരുനബിﷺ പഠിപ്പിച്ചത്. അനസുബ്നു മാലിക്(റ)വിൽ നിന്ന് പ്രസിദ്ധമായ ഒരു ഹദീസുണ്ട്. തിരുനബിﷺ പഠിപ്പിച്ചു. നിങ്ങളുടെ സഹോദരൻ അക്രമിയായാലും ആക്രമിക്കപ്പെട്ടവനായാലും നിങ്ങൾ അവനെ സഹായിക്കുക. ഉടനെ സ്വഹാബികൾ ചോദിച്ചു. ആക്രമിക്കപ്പെട്ടവനെ സഹായിക്കേണ്ടത് എങ്ങനെയെന്ന് മനസ്സിലായി. എന്നാൽ അക്രമിയെ എങ്ങനെയാണ് സഹായിക്കേണ്ടത്? അവനെ അക്രമത്തിൽ നിന്ന് തടഞ്ഞുനിർത്തുക എന്നത് തന്നെ. തിരുനബിﷺ നൽകിയ ഉത്തരം സ്വഹാബികളെ ആശ്ചര്യപ്പെടുത്തി.
ഒരാൾ മറ്റൊരാളെ ആക്രമിക്കാൻ ഒരുങ്ങിയാൽ അയാളെ പിന്തിരിപ്പിക്കുകയും ഒരുപക്ഷേ ഒരാൾ ആക്രമിക്കപ്പെട്ടുവെന്നു വന്നാൽ അയാളെ രക്ഷിക്കുകയും ചെയ്യുക. ഇത് സാമൂഹികമായ വലിയ ഒരിടപെടലാണ്. പരിസരങ്ങളെ മുഴുവനും അന്യവൽക്കരിച്ച് അവനവൻ്റെ ലോകത്തേക്ക് മാത്രം ചുരുങ്ങുന്ന പുതിയ കാഴ്ചപ്പാടുകൾ വ്യാപിച്ചുകൊണ്ടിരിക്കുമ്പോൾ അപരനെ നിരീക്ഷിക്കാനും രക്ഷിക്കാനുമുള്ള സാമൂഹിക ഇടപെടലിന്റെ പര്യായമാണ് തിരുനബിﷺ മുന്നോട്ടുവച്ച ആത്മസമരം.
ഇസ്‌ലാമിൽ ഏറ്റവും പുണ്യമുള്ള ആരാധനാകർമങ്ങളാണ് നിസ്കാരവും നോമ്പും. എന്നാൽ ഐച്ഛികമായ നോമ്പിനെക്കാളും നിസ്കാരത്തെക്കാളും സാമൂഹികമായ ബന്ധങ്ങൾ സ്ഥാപിക്കുന്നതിലും സമൂഹത്തിൽ അനുരഞ്ജനം ഉണ്ടാക്കുന്നതിലും മഹത്വമുണ്ടെന്ന അധ്യാപനം പകർന്നു നൽകാൻ തിരുനബിﷺക്ക് സാധിച്ചു. ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഈ ആശയം ഉൾക്കൊള്ളുന്നുണ്ട്.
തർക്ക വിതർക്കങ്ങൾ പരിഹരിക്കാനും വ്യക്തികൾക്കും സമൂഹത്തിനും ഇടയിൽ യോജിപ്പുകൾ രൂപപ്പെടുത്താനും തിരുനബിﷺ തന്നെ നേരിട്ട് പോകുമായിരുന്നു. മദീനയിലെ ഔസ്, ഖസ്റജ് ഗോത്രങ്ങൾക്കിടയിൽ യോജിപ്പുണ്ടാക്കിയ അധ്യായം നാം നിരവധി വായിച്ചിട്ടുണ്ട്. അതിലുമപ്പുറം എത്രയോ ഗോത്രങ്ങൾക്കിടയിലേക്ക് തിരുനബിﷺ കടന്നു ചെല്ലുകയും അനുനയത്തിനുള്ള ശ്രമങ്ങൾക്ക് ആധ്യക്ഷം വഹിക്കുകയും ചെയ്തു.
രണ്ടു രാഷ്ട്രങ്ങളോ സമൂഹങ്ങളോ യുദ്ധത്തിൽ ഏർപ്പെടുമ്പോൾ നിശബ്ദമായി നിൽക്കുന്ന പുതിയ ലോക ഘടന എത്ര മനുഷ്യരുടെ ജീവനാണ് ദിവസേന ഇല്ലായ്മ ചെയ്യുന്നത്. ആർജ്ജവത്തോടെ ഇടപെടാനും രക്തച്ചൊരിച്ചിൽ ഒഴിവാക്കാനും സമാധാനപരമായ സാമൂഹിക ഘടന രൂപപ്പെടുത്താനും പ്രവാചകൻﷺ പഠിപ്പിച്ചു. തിരുനബിﷺയുടെ ജീവിതത്തിൽ നല്ലൊരു സമയം അതിനുവേണ്ടി ചെലവഴിച്ചു.
ഉറച്ച ശബ്ദത്തിൽ യുദ്ധം നിർത്തൂ എന്ന് പറയാൻ ഒരു ശക്തിയും ഇല്ലാത്തതുപോലെയാണ് ഇന്നത്തെ സാമൂഹിക പരിസരം നമ്മെ ബോധ്യപ്പെടുത്തുന്നത്.
ഒരിക്കൽ ഖുബാഇലെ രണ്ടു ഗോത്രങ്ങൾക്കിടയിൽ തർക്കമുണ്ടായി. അവർ പരസ്പരം കല്ലെറിയാൻ തുടങ്ങി. രംഗം വഷളാകും എന്നറിഞ്ഞ തിരുനബിﷺ അനുയായികളെയും കൂട്ടി അവിടേക്ക് പോയി. തർക്കങ്ങൾ പരിഹരിക്കാനുള്ള ഇടപെടലുകൾ നടത്തി. ഇമാം ബുഖാരി(റ) തന്നെ ഈ സംഭവവും നിവേദനം ചെയ്യുന്നുണ്ട്.
ബനൂ അംറ് ബിൻ ഔഫ് ഗോത്രത്തിലേക്ക് സമാധാന ശ്രമങ്ങളുമായി കടന്നുചെന്ന തിരുനബിﷺയേയും നമുക്ക് വായിക്കാൻ കഴിയും. ഇത്തരം സാമൂഹിക ഇടപെടലുകളെ ശരിയായ സമരമായി മുന്നോട്ടുവെക്കുമ്പോൾ ജിഹാദിനെ ന്യൂനവൽക്കരിച്ച് നിർമാണപരമായ ഇന്നലെകളെ അപകടകരമായി വായിപ്പിക്കുന്നത് ചരിത്രത്തോടു കാണിക്കുന്ന എത്ര വലിയ അസംബന്ധമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1178
സങ്കുചിതമായ വ്യക്തി വിചാരത്തിൽ നിന്ന് വിശാലമായ സാമൂഹിക ചിന്തയിലേക്ക് ജനങ്ങളെ എത്തിക്കുന്നതിനു വേണ്ടിയായിരുന്നു തിരുനബിﷺയുടെ ധർമസമരം അഥവാ ജിഹാദ്. നിങ്ങൾ ഒരു സമൂഹമാണെന്നും വിശ്വാസികൾ മുഴുവൻ ഒരു ശരീരത്തിൻ്റെ വ്യത്യസ്ത അവയവങ്ങളെ പോലെയാണെന്നും ഒരു അവയവത്തിന് രോഗം ബാധിച്ചാൽ ശരീരം മുഴുവനും ഉറക്കൊഴിയുന്നതുപോലെ ഒരു വ്യക്തിയുടെ പ്രയാസം സാമൂഹികമായി ഏറ്റെടുക്കണമെന്നും ചേർന്നു നിൽക്കുന്നതിന്റെ മനോഗതിയെ രൂപപ്പെടുത്തണമെന്നും അവിടുന്ന് പഠിപ്പിച്ചു. ഒരു കെട്ടിടത്തിന്റെ ഇഷ്ടികകൾ മുഴുവനും ചേർന്നു നിന്നുകൊണ്ട് പൊതുവായ ബലം രൂപപ്പെടുത്തുന്നത് പോലെ വ്യക്തികൾ പരസ്പരം ചേർന്നുനിന്ന് സമൂഹമാകുന്ന പൊതുഗാത്രത്തെ ശക്തിപ്പെടുത്തണമെന്നും തിരുനബിﷺ പഠിപ്പിച്ചു.
സാമൂഹികമായി ഒത്തു നിൽക്കുമ്പോൾ ഉള്ളവൻ ഇല്ലാത്തവന് നൽകാനും പരസ്പരം കൊടുക്കൽ വാങ്ങലുകൾ ശക്തിപ്പെടാനും അതുവഴി ഒരു പൊതുതാളം രൂപപ്പെടുത്താനും സാധിക്കുമെന്ന് തിരുനബിﷺ സൈദ്ധാന്തിച്ചു. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം. അബൂ സഈദ് അൽ ഖുദ്’രി(റ) പറഞ്ഞു. ഒരിക്കൽ ഞങ്ങൾ തിരുനബിﷺയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. അപ്പോഴതാ ഒരാൾ തന്റെ വാഹനത്തിൽ വന്ന് വലത്തോട്ടും ഇടത്തോട്ടും ഒക്കെ നോക്കുന്നു. അപ്പോൾ തിരുനബിﷺ അനുയായികളോടായി പറഞ്ഞു. നിങ്ങളുടെ ആരുടെയെങ്കിലും പക്കൽ ഒന്നിലധികം വാഹനമുണ്ടെങ്കിൽ വാഹനമില്ലാത്തവന് അത് നൽകട്ടെ! ഭക്ഷണം മിച്ചമുള്ളവർ ഇല്ലാത്തവർക്ക് നൽകട്ടെ! അങ്ങനെ പലതിനെക്കുറിച്ചും പരാമർശിച്ചപ്പോൾ നമ്മുടെ ആവശ്യത്തിലും അധികമുള്ളതൊന്നും നമുക്കുള്ളതല്ലെന്ന ബോധ്യം നമുക്കുണ്ടായി.
എത്ര വലിയ ഒരു വിചാരമാണ് ഇവിടെ പങ്കുവെച്ചത്. ഉള്ളവൻ ഇല്ലാത്തവനെ അറിയണം. സൂചനകളിൽ നിന്ന് വായിക്കണം. ആശ്രയമാകാൻ പറ്റുന്ന അത്രയും ആശ്രയമാവണം.
ആഘോഷ ദിവസങ്ങളിലെല്ലാം സവിശേഷമായ സാമൂഹിക ഇടപെടലുകൾ വിശ്വാസികൾക്കിടയിൽ നടപ്പിലാക്കി. ചെറിയപെരുന്നാളിന് നാട്ടിലെ മുഖ്യധാന്യത്തിന്റെ വ്യാപകമായ വിതരണവും വലിയ പെരുന്നാൾ ദിവസത്തോട് ചേർന്ന് ബലിയറുക്കപ്പെടുന്ന മാംസങ്ങളുടെ വിതരണവും വ്യവസ്ഥാപിതമായ സാമൂഹിക പ്രക്രിയകളായി നടപ്പിൽ വരുത്തി. മാംസവും മറ്റു ഭക്ഷണസാധനങ്ങളും ഒന്നും കരുതിവെക്കാതെ വിതരണം ചെയ്യാൻ സവിശേഷമായ ചില സാഹചര്യങ്ങളിൽ ദിവസങ്ങൾ എണ്ണി തന്നെ തിരുനബിﷺ പറഞ്ഞിട്ടുണ്ട്.
കേവലം സമ്പത്തോ വിഭവങ്ങളോ മാത്രമല്ല വിതരണം ചെയ്യേണ്ടത്. ഓരോ വ്യക്തിക്കും ഉള്ള ശേഷിയും വിഭവവും യോഗ്യതയും പദവികളും സ്ഥാനവും എല്ലാം മറ്റുള്ളവരുടെ ക്ഷേമത്തിനായി വിനിയോഗിക്കുന്നത് ദാനധർമങ്ങളുടെ ഗണത്തിൽ എണ്ണാമെന്ന ഒരു അടിസ്ഥാന സിദ്ധാന്തം കൂടിയുണ്ട്. അങ്ങനെ വരുമ്പോൾ സാന്നിധ്യം കൊണ്ടും വിചാരം കൊണ്ടും സമ്പത്തുകൊണ്ടും വിഭവങ്ങൾ കൊണ്ടും പരസ്പരം കൊണ്ടും കൊടുത്തും വാങ്ങിയും നൽകിയും കെട്ടുറപ്പുള്ള ഒരു സാമൂഹിക ഘടനയുടെ മനോഹരമായ ചിത്രം ആവിഷ്കരിക്കാൻ വേണ്ടിയായിരുന്നു തിരുനബിﷺയുടെ പരിശ്രമങ്ങൾ.
പരസ്പര ബന്ധങ്ങളോ ആധാനപ്രധാനങ്ങളിലെ മൂല്യങ്ങളോ കൽപ്പിക്കപ്പെടാത്ത ഒരു കാലത്ത് ബന്ധങ്ങളുടെയും കടപ്പാടുകളുടെയും അമൂല്യമായ വിചാരങ്ങളെ പങ്കുവെക്കാനുള്ള ഏറ്റവും ശ്രേഷ്ഠമായ അടിസ്ഥാന സമവാക്യങ്ങൾ പണ്ട് പണ്ടേ തിരുനബിﷺ പറഞ്ഞു വച്ചിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1179
തിരുനബിﷺയും ഇസ്‌ലാമും അതിജീവനത്തിനോട് സ്ഥാപിച്ച നന്മകളെ കുറിച്ചും സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ചും നാം വായിച്ചു കൊണ്ടിരിക്കുകയാണ്. ചുരുക്കത്തിൽ, തമസ്സിന്റെ ഓരോ അധ്യായങ്ങളെയും മാറ്റിനിർത്താനും പകരം വെളിച്ചം സ്ഥാപിക്കാനുള്ള പരിശ്രമത്തിൽ ഇരുട്ടിൻ്റെ കൂട്ടാളികളോട് നേരിടേണ്ടി വരികയും ചെയ്തപ്പോഴാണ് ഇസ്‌ലാമിന് യുദ്ധ മുഖത്തോ സമരമുഖത്തോ ഒക്കെ എത്തേണ്ടിവന്നത്. സായുധ പ്രതിരോധത്തിലൂടെ ഇസ്‌ലാം എന്ത് സ്ഥാപിച്ചു എന്ന് വായിക്കുന്നതിന് പകരം സായുധമായ ഇടപെടലുകൾ നടത്തി എന്ന് മാത്രം പറഞ്ഞു അവയെ ക്രൂരമായ ഹത്യകളായി അടയാളപ്പെടുത്തി ഇസ്‌ലാമിനെ ക്രൂരമായ ഒരു ക്യാൻവാസിൽ അവതരിപ്പിക്കാനാണ് പല ഇസ്‌ലാം വിരുദ്ധ കക്ഷികളും പരിശ്രമിച്ചത്. അതിലൂടെ രൂപപ്പെട്ടു വന്നതാണ് ജിഹാദ് എന്ന പ്രയോഗത്തെക്കുറിച്ച് പോലുമുള്ള തെറ്റായ വായനകളും ആവിഷ്കാരങ്ങളും.
യുദ്ധഭൂമിയിലെ ധാർമികതയെക്കുറിച്ച് ലോകത്ത് എവിടെയും ആരും ആലോചിക്കുന്നതിനു മുമ്പ് വ്യവസ്ഥാപിതമായ നിയമങ്ങളുണ്ടാക്കാൻ ഇസ്‌ലാമിന് സാധിച്ചു എന്നത് പലരും മറന്നു പോവുകയാണ്. ശത്രുവിനോട് ഏറ്റുമുട്ടുമ്പോൾ, പടക്കളത്തിൽ പരസ്പരം പോരടിക്കുമ്പോൾ പിന്നെ എന്ത് ധാർമികത? യുദ്ധനീതി? എന്നൊക്കെ ആലോചിച്ചു മാറി നിന്ന ഒരു കാലത്തെയാണ് പഴയകാല പോരാട്ടങ്ങളിൽ നിന്നൊക്കെ നാം വായിക്കുന്നത്. ഇന്നും ചിലർ അങ്ങനെയൊക്കെയാണ് ചെയ്തുകൊണ്ടിരിക്കുന്നതും.
ഇസ്‌ലാംവ്യവസ്ഥിതിയിലും രാഷ്ട്ര സംവിധാനത്തിലും അനുയായികൾക്കും പൗരന്മാർക്കും അവകാശങ്ങളുള്ളതുപോലെ ശത്രുക്കൾക്കും യുദ്ധമുഖത്ത് എതിർപക്ഷത്ത് നിൽക്കുന്നവർക്കും അവകാശങ്ങളും സംരക്ഷണങ്ങളും ന്യായവും ഒക്കെ ഉണ്ടായിരുന്നു. പാശ്ചാത്യലോകം ഇങ്ങനെ ഒരു അധ്യായത്തെക്കുറിച്ച് ചർച്ച ചെയ്യുന്നത് തന്നെ പതിനേഴാം നൂറ്റാണ്ടിലെ ഗ്രോട്ടിയസിൻ്റെ കൃതികളിലൂടെ മാത്രമാണ്. എന്നാൽ യുദ്ധസംബന്ധിയായ അന്താരാഷ്ട്ര നിയമങ്ങൾ രൂപീകൃതമാകുന്നത് പത്തൊമ്പതാം നൂറ്റാണ്ടിൽ മാത്രമാണ്. അതിനുമുമ്പ് എതിരാളികളോട് പരിഷ്കൃതമോ ധാർമികമോ ആയ പെരുമാറ്റങ്ങളെ കുറിച്ചുള്ള വ്യവസ്ഥാപിതമായ ഒരു ചർച്ചയോ കൃത്യമായ ഒരു ആലോചനയോ പോലും പാശ്ചാത്യലോകത്ത് ഉണ്ടായിരുന്നില്ല.
പക്ഷേ ഇസ്‌ലാമിക ലോകത്ത് അങ്ങനെ ആയിരുന്നില്ല. തിരുനബിﷺയുടെ അധ്യാപനങ്ങളിൽ തന്നെ യുദ്ധക്കളത്തിലെ നീതിയെക്കുറിച്ചും എതിരാളികൾക്ക് വകവച്ചു കൊടുക്കേണ്ട ന്യായങ്ങളെക്കുറിച്ചും മാനുഷികമായി പരിഗണിക്കപ്പെടേണ്ട അവകാശങ്ങളെ കുറിച്ചും പോരാളികൾ ശ്രദ്ധിക്കേണ്ട അടിസ്ഥാന ജാഗ്രതകളെ കുറിച്ചും കൃത്യമായ അധ്യാപനങ്ങളുണ്ടായിരുന്നു.
മറ്റേതു ദേശങ്ങളിലെയും ഏത് യുദ്ധങ്ങളിൽ നിന്നും വ്യത്യസ്തമായി ഇസ്‌ലാമിന് ചില അടിത്തറകളുണ്ട് എന്നതാണ് കാരണം. കേവലമായ ഒരു രാഷ്ട്രീയ വികാസത്തിനോ രാഷ്ട്രസംസ്ഥാപനത്തിനോ ഭരണകേന്ദ്ര വിശാലതക്കോ രാഷ്ട്രത്തെ അധീനപ്പെടുത്താനോ അധികാരികളോടുള്ള പക വീട്ടാനോ തന്റെ ഭരണകൂടം വികസിക്കണം എന്ന ന്യായത്തിലോ മാത്രം ഊന്നി നിന്നുകൊണ്ടുള്ള ഒരു സൈനിക നീക്കത്തെ ഇസ്‌ലാം മുന്നോട്ട് വെക്കുന്നില്ല. കൃത്യമായ ഒരു ആശയത്തെ ബോധ്യപ്പെടുത്താനും അതിൻ്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിൽ നിന്ന് മാറ്റിനിർത്താനും എല്ലാ വഴികളും അടഞ്ഞതിനു ശേഷം മാത്രമുള്ള ഒരു പ്രതിരോധമായിട്ടാണ് ഇസ്‌ലാം സൈനിക നീക്കത്തെയും യുദ്ധത്തെയും കാണുന്നത്.
ഒരു രാജാവിൻ്റെ ഭരണകൂടം, ഒരു രാജ്യത്തിൻ്റെ അതിർത്തി വികാസം, ഒരു രാഷ്ട്രത്തിന്റെ ശക്തി പ്രകടനം, ഒരു ചെറിയ രാജ്യത്തെ വിഴുങ്ങാനുള്ള മോഹം, ഒരു രാജ്യത്തെ പ്രകൃതി വിഭവത്തെ അധീനപ്പെടുത്താനുള്ള ശ്രമം ഇങ്ങനെയുള്ളതൊന്നും ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സായുധ പ്രതിരോധത്തിന്റെ അജണ്ടകളേയല്ല. അതുകൊണ്ടുതന്നെ ഒരാശയ സംസ്ഥാപനത്തിന്റെ സത്യവും വ്യക്തവുമായ നിയമത്തിന്റെ പരിധിയിൽ നിന്നുകൊണ്ടാണ് ഇസ്‌ലാം സായുധ സമരങ്ങളെ നിരീക്ഷിക്കുന്നതും ശത്രുക്കൾക്കും നീതി ഉണ്ടാകണമെന്ന് സൈദ്ധാന്തിക്കുന്നതും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1180
പ്രവാചകൻﷺ സൈനികരോട് നൽകിയ നിർദ്ദേശങ്ങളിൽ ശത്രുക്കളുടെ സംഘത്തെ തരം തിരിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. പോരാളികൾ, പോരാളികളല്ലാത്തവർ എന്നിങ്ങനെയാണ് ആ തരംതിരിവ്. സ്ത്രീകൾ, കുട്ടികൾ, വൃദ്ധർ, രോഗികൾ തുടങ്ങിയവരെയാണ് ആ ഗണത്തിൽ ഉൾപ്പെടുത്തിയത്. അവരെ സംബന്ധിച്ചുള്ള അടിസ്ഥാനപരമായ ഒരു നിർദ്ദേശം ഇങ്ങനെയാണ്. ഒരു വൃദ്ധനെയോ, കുട്ടിയെയോ, സ്ത്രീയെയോ കൊല്ലരുത്. “ആശ്രമങ്ങളിൽ ആരാധനയിൽ കഴിയുന്നവരെയും വധിക്കരുത്.” അല്ലെങ്കിൽ “ആരാധനാസ്ഥലങ്ങളിൽ ഇരിക്കുന്നവരെയും കൊല്ലരുത്.” ഇമാം അബൂദാവൂദി(റ)ന്റെയും ഇമാം അഹ്മദ്(റ) അവർകളുടെ മുസ്നദിന്റെയും നിവേദനങ്ങളിൽ ഇവകൾ വായിക്കാൻ കഴിയും.
യുദ്ധക്കളത്തിൽ നിലത്തു കിടക്കുന്ന ഒരു സ്ത്രീയുടെ മൃതദേഹം കണ്ടു യുദ്ധത്തിൽ പങ്കെടുക്കാത്തവർ എങ്ങനെ കൊല്ലപ്പെട്ടു എന്ന് അന്വേഷിക്കുന്ന പ്രവാചകൻﷺയുടെ പ്രസ്താവന ഏറെ ഗൗരവതരമായിട്ടാണ് സ്വഹാബികൾ സ്വീകരിച്ചത്. തീർത്തും നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും യുദ്ധക്കെടുതികൾ ബാധിക്കരുത് എന്ന കണിശത കൃത്യമായും പ്രവാചകൻﷺ പുലർത്തിയിരുന്നു എന്നതിൻ്റെ ഉദാഹരണം കൂടിയാണിത്.
പോരാളികളല്ലാത്തവർക്ക് അവകാശങ്ങളും സുരക്ഷയും ഉറപ്പുവരുത്തുന്ന ദർശനം പോരാളികൾക്കും ചില പ്രത്യേകമായ ധാർമികതകൾ വകവെച്ചു കൊടുത്തിരുന്നു. അത് സംബന്ധമായ ഹദീസ് പരാമർശങ്ങൾ നമുക്കിങ്ങനെ നിർണയിക്കാം. അഗ്നിവർഷം ചൊരിയുന്നത് ശത്രുപക്ഷത്തിലെ പോരാളികൾക്ക് നേരെയാണെങ്കിലും തിരുനബിﷺ പ്രോത്സാഹിപ്പിച്ചില്ല. അതാണ് ഒന്നാമത്തെ നൈതികത. കാരണം അവിടുന്ന് മുന്നോട്ടുവച്ച ആശയഗതിയുടെ ഒരു ഭാഗം ഇങ്ങനെയായിരുന്നു. അഗ്നി കൊണ്ടുള്ള ശിക്ഷ അഗ്നിയുടെ സ്രഷ്ടാവായ അല്ലാഹുവിന് മാത്രമേ അധികാരമുള്ളൂ.
ശത്രുപാളയത്തിലെ പോരാളികളാണെങ്കിൽ പോലും അഗ്നികൊണ്ട് ശിക്ഷിക്കരുത് എന്നതിന്റെ ഒരു ഭാഷ്യമാണിത്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ മേൽ ഉള്ളടക്കം വായിക്കാൻ കഴിയും.
മുറിവേറ്റോ പരിക്കുപറ്റിയോ കിടക്കുന്നവർക്കുമേൽ ആക്രമണങ്ങൾ നടത്താൻ പാടില്ല. മൃതാവസ്ഥയിലോ രോഗശയ്യയിലോ കിടക്കുന്നവരെ ഒന്ന് കൂടെ വിനോദം നടത്തുന്നത് ഒരു നിലയിലും പ്രോത്സാഹിപ്പിച്ചിരുന്നില്ല എന്നർത്ഥം.
തടവുകാരൻ കൊല്ലപ്പെടരുത് എന്നതാണ് മൂന്നാമത്തെ കാര്യം. ഒരു തടവുകാരനെയും വാളിനിരയാക്കരുത്. ബന്ധികൾ ആക്കപ്പെടുകയോ തടവിലാക്കപ്പെടുകയോ ചെയ്തവർ കൊല്ലപ്പെടരുത് എന്ന പ്രത്യേകമായ നിർദ്ദേശം തിരുനബിﷺ നൽകിയിരുന്നു.
കൊല്ലപ്പെടാൻ വേണ്ടി ആരെയും കെട്ടിയിടരുത് എന്ന സവിശേഷമായ നിർദ്ദേശവും അവിടുത്തെ യുദ്ധനീതിയുടെ ഭാഗമായി ഉണ്ടായിരുന്നു.
ശത്രുവിന്റെ പ്രദേശത്ത് കടന്നാൽ കൊള്ളയടിക്കുകയോ കൊള്ളി വെക്കുകയോ ചെയ്യരുതെന്നും താമസ സ്ഥലങ്ങൾ നശിപ്പിക്കുകയോ അവരുമായി യുദ്ധം ചെയ്യുന്നവരൊഴികെ മറ്റാരുടെയും സ്വത്ത് കയ്യാളുകയോ ചെയ്യരുതെന്നും പ്രവാചകൻﷺ മുസ്‌ലിംകളോട് നിർദ്ദേശിച്ചിട്ടുണ്ട്. അബൂബക്കർ അൽ-സിദ്ദീഖ്(റ) സൈനികരെ യുദ്ധത്തിന് അയക്കുമ്പോൾ അവരോട് നിർദ്ദേശിക്കാറുണ്ടായിരുന്നു, “ഗ്രാമങ്ങളും പട്ടണങ്ങളും നശിപ്പിക്കരുത്, കൃഷിയിടങ്ങളും തോട്ടങ്ങളും നശിപ്പിക്കരുത്, കന്നുകാലികളെ അറുക്കരുത്.” യുദ്ധക്കളത്തിൽ നിന്ന് ലഭിക്കുന്ന യുദ്ധ മുതൽ ഇതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. പോരാട്ട സൈന്യങ്ങളുടെ ക്യാമ്പുകളിൽ നിന്നും സൈനിക ആസ്ഥാനങ്ങളിൽ നിന്നും മാത്രം പിടിച്ചെടുത്ത സമ്പത്ത്, വിഭവങ്ങൾ, ഉപകരണങ്ങൾ എന്നിവയാണ് അവയിൽ ഉൾപ്പെടുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1181
ജയിച്ചടക്കിയ രാജ്യത്തെ ജനങ്ങളുടെ സ്വത്തുക്കൾ അവരുടെ അനുമതി ഇല്ലാതെയോ അവരിൽനിന്ന് വിലകൊടുത്ത് വാങ്ങാതെയോ ഉപയോഗിക്കാൻ പാടില്ല എന്ന കർശനമായ നിർദ്ദേശം തിരുനബിﷺയുടെ പാഠശാലയിൽ നിന്ന് നൽകിയിരുന്നു. സൈന്യത്തെ നിയോഗിക്കുന്ന സമയങ്ങളിൽ ഇത്തരം കാര്യങ്ങൾ സവിശേഷമായ പ്രാധാന്യത്തോടെ തന്നെ അബൂബക്കർ സിദ്ധീഖ്(റ) നിർദ്ദേശിച്ചതായി നമുക്ക് വായിക്കാൻ കഴിയും. സിവിലിയന്മാരുടെ ക്ഷേമത്തെയും അവരുടെ അവകാശ സംരക്ഷണത്തെയും മുൻനിർത്തിക്കൊണ്ടുള്ള എത്ര മനോഹരമായ ഒരു നടപടിയാനിത്. വർത്തമാനകാല സൈനിക ആക്രമണങ്ങൾ എത്രമേൽ മനുഷ്യാവകാശങ്ങളെയും പൊതുജന ക്ഷേമത്തെയുമാണ് ലംഘിച്ചുകൊണ്ടിരിക്കുന്നത്. ഖലീഫമാരുടെ നിർദ്ദേശം കേട്ട ജനങ്ങൾ, എത്തിച്ചേർന്ന രാജ്യത്തെ ജനങ്ങളുടെ സമ്മതമില്ലാതെ കറവപ്പശുക്കളുടെ പാലുപോലും ഉപയോഗിക്കുമായിരുന്നില്ല എന്നാണ് ചരിത്രം നമ്മോടു സംസാരിച്ചുകൊണ്ടിരിക്കുന്നത്.
ശത്രുക്കളുടേതാണെങ്കിലും മൃതദേഹങ്ങളെ അപമാനിക്കുകയോ വികൃതമാക്കുകയോ ചെയ്യരുതെന്ന കണിശമായ നിർദ്ദേശം നൽകിയിരുന്നു. ഇസ്‌ലാം പ്രവേശത്തിന്റെ മുമ്പ് അറേബ്യൻ ജനതയ്ക്കിടയിൽ മൃതശരീരത്തെ വികൃതമാക്കുന്നതും അപമാനിക്കുന്നതും ഒരു നടപടിയായി തന്നെ നിലനിന്നിരുന്നു. ഇമാം ബുഖാരി(റ)യും അബൂദാവൂദും(റ) നിവേദനം ചെയ്യുന്ന ഹദീസുകളിൽ അത്തരം അപമാനങ്ങളെയും വികൃതമാക്കുന്നതിനേയും തിരുനബിﷺ വിലക്കിയ പ്രസ്താവനകൾ വന്നിട്ടുണ്ട്. തിരുനബിﷺയുടെ പിതൃ സഹോദരൻ ഹംസ(റ)യുടെ മൃതശരീരം ശത്രുക്കൾ വികൃതമാക്കിയതിനെ തുടർന്ന് ശത്രുക്കളോട് അതേപടിയിൽ പ്രതികരിക്കാൻ ചിലർ ആലോചിച്ചെങ്കിലും ഇസ്‌ലാം അതിനെ വിലക്കുകയാണ് ചെയ്തത്. എന്തിനും ഏതിനും പിന്നിൽ മാനവികമായ മൂല്യങ്ങളെയും ധാർമികതയെയും പരിരക്ഷിക്കാനും പരിപാലിക്കാനും തിരുനബിﷺയുടെ അധ്യാപനങ്ങൾ മുന്നേ നിന്നു എന്ന് ബോധ്യപ്പെടുത്തുന്ന സന്ദർഭങ്ങളാണിതെല്ലാം.
അഹ്‌സാബ് യുദ്ധത്തെ തുടർന്നുണ്ടായ ഒരു സംഭവം ഇങ്ങനെ വായിക്കാം. ശത്രുപക്ഷത്തെ പ്രശസ്തനായ ഒരു യോദ്ധാവ് കൊല്ലപ്പെടുകയും മദീനയുടെ പ്രതിരോധത്തിനായി മുസ്‌ലീംകൾ കുഴിച്ച കിടങ്ങിൽ അദ്ദേഹത്തിന്റെ ശരീരം വീഴുകയും ചെയ്തു. അദ്ദേഹത്തിൻ്റെ മൃതശരീരം 10000 ദീനാറിനു പകരം അവിശ്വാസികൾക്ക് വിട്ടു നൽകണമെന്ന് അവർ ആവശ്യപ്പെട്ടു. അപ്പോൾ തിരുനബിﷺയുടെ മറുപടി ഇപ്രകാരമായിരുന്നു. “ഞാൻ ശവശരീരങ്ങൾ വിൽക്കുന്നില്ല. നിങ്ങളുടെ വീണുപോയ സഖാവിന്റെ മൃതദേഹം നിങ്ങൾക്ക് കൊണ്ടുപോകാം.”
എത്രമേൽ മാനവികമായ ഒരു വിചാരത്തെയും മൂല്യവത്തായ ഒരു ചിന്തയുമാണ് തിരുനബിﷺ ഇവിടെ പങ്കുവെച്ചത്. ശത്രുതയിൽ കഴിയുന്ന രാജ്യത്തോടും സമരമുഖത്ത് നിൽക്കുന്ന പോരാളികളോടും ശത്രു രാജ്യത്തെ സിവിലിയന്മാരോടും യുദ്ധസമയത്തും അല്ലാത്തപ്പോഴും ഉടമ്പടിയിൽ കഴിയുമ്പോഴും അല്ലാത്തപ്പോഴും കരാറുകളുടെ കാലത്തും അല്ലാതിരിക്കുമ്പോഴും ഇങ്ങനെ ഓരോ സന്ദർഭങ്ങളെയും സാഹചര്യങ്ങളെയും കൃത്യമായി അവലോകനം ചെയ്യുകയും ഓരോ സാഹചര്യത്തിനും അനുസൃതമായ നിയമ സമീപനങ്ങളെയും ഒരിടത്തും ലംഘിക്കപ്പെടാത്ത ധാർമികമായ അടിത്തറയെയും ഇസ്‌ലാം ദർശനം സ്ഥാപിച്ചെടുത്തിട്ടുണ്ട്. കേവലം ഉപരിപ്ലവാത്മകമായ നിയമങ്ങളെല്ലാം ഓരോന്നും വ്യവച്ഛേദിച്ചു മനസ്സിലാക്കുമ്പോൾ ക്ഷേമകരമായ സമീപനങ്ങളും നിർമാണപരമായ സമഗ്ര വിചാരങ്ങളുമാണ് ഇസ്‌ലാം സംസ്കൃതിയുടെ അടിത്തറ. ഇതിനെ കാണാതെ പോവുകയോ കണ്ടിട്ടും പരിഗണിക്കാതിരിക്കുകയോ ചെയ്തു ഇസ്‌ലാമിക സാങ്കേതിക സംജ്ഞകളെയും ക്ഷേമവിലാസങ്ങളെയും തെറ്റായി അവതരിപ്പിക്കുന്ന കേന്ദ്രങ്ങൾ ഇസ്‌ലാമിക ദർശനത്തിന്റെ അകവും അടരും അറിയാതെ പോവുകയാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1182
ഏതുഘട്ടത്തിലും കൃത്യമായ ഒരു ക്രെഡിബിലിറ്റി പരിപാലിക്കണം എന്ന നിർദ്ദേശം തിരുനബിﷺ നൽകിയിരുന്നു. വിശ്വാസലംഘനവും വഞ്ചനയും യുദ്ധക്കളത്തിൽ പോലും നടത്താൻ പാടില്ല എന്ന മനോഹരമായ ദർശനമായിരുന്നു തിരുനബിﷺ നൽകിയത്. നിങ്ങൾ വിശ്വാസലംഘനത്തിന് കുറ്റക്കാർ ആവരുത് എന്ന് ഉൽബോധിപ്പിക്കുന്ന വചനങ്ങൾ ഖുർആനിലും ഹദീസിലും നിരന്തരമായി വന്നിട്ടുണ്ട്. ശത്രുക്കൾ വഞ്ചന കാണിച്ചാൽ പോലും വിശ്വാസലംഘനം നമ്മൾ മാർഗമായി സ്വീകരിക്കാൻ പാടില്ലെന്ന് തിരുനബിﷺയുടെ ജീവിതവും സന്ദേശങ്ങളും സ്വഹാബികളെയും ലോകത്തെയും ഉദ്ബോധിപ്പിച്ചു.
ഹുദൈബിയ്യ സമാധാന ഉടമ്പടിയെ തുടർന്ന് തിരുനബിﷺയുടെ മുന്നിൽ ഉയർന്ന ചോദ്യങ്ങളിൽ പ്രധാനമായിരുന്നു കരാർ പാലിക്കേണമോ അല്ല ലംഘിക്കേണമോ എന്ന്. കരാർ ലംഘനത്തിന് മതിയായ വൈകാരിക ഘട്ടങ്ങളും സന്ദർഭങ്ങളും ഒക്കെ മുന്നിൽ തെളിഞ്ഞപ്പോഴും കരാറിന്റെ കൂടെ നിൽക്കുകയായിരുന്നു തിരുനബിﷺ ചെയ്തത്.
ശത്രുപക്ഷത്തുനിന്ന് ഇസ്‌ലാം സ്വീകരിക്കുകയും അതിൻ്റെ പേരിൽ കൊടിയ പീഢനങ്ങളും മർദ്ദനങ്ങളും ഏറ്റുവാങ്ങുകയും ചെയ്ത അബൂജൻദൽ(റ) തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. രക്തം വാർന്നൊലിക്കുന്ന ശരീരവും പീഢനങ്ങൾ ഏറ്റുവാങ്ങിയതിന്റെ അടയാളങ്ങളുമായി ഗത്യന്തരമില്ലാതെ എത്തിച്ചേർന്ന ആളായിരുന്നു അദ്ദേഹം. വൈകാരികമായ എല്ലാ പരിസരങ്ങളും അദ്ദേഹത്തെ സ്വീകരിക്കാൻ നിർബന്ധിക്കുന്നതായിരുന്നു. എന്നാൽ, ഹുദൈബിയ്യയിൽ വച്ച് നിർവഹിച്ച സമാധാന കരാർ ലംഘിക്കാൻ തിരുനബിﷺ തയ്യാറായില്ല.
മനോനൊമ്പരത്തോടെയാണെങ്കിലും അബൂ ജൻദലി(റ)നെ തിരിച്ചയക്കേണ്ടിവന്നു. അബൂ ജൻദലി(റ)ന്റെ ദുഃഖകരമായ അവസ്ഥ മുഴുവൻ മുസ്‌ലിം സൈന്യത്തെയും ആഴത്തിൽ സ്പർശിക്കുകയും അവർ ദുഃഖിക്കുകയും ചെയ്തു. അവരിൽ പലരും കണ്ണുനീർ വാർത്തു. എന്നാൽ “നമുക്ക് കരാർ ലംഘിക്കാൻ കഴിയില്ല” എന്ന് പ്രവാചകൻﷺ പ്രഖ്യാപിച്ചപ്പോൾ, നിർഭാഗ്യവാനായ തടവുകാരനെ സഹായിക്കാൻ ഒരാൾ പോലും മുന്നോട്ടുവന്നില്ല. “കരാറിന്റെ വ്യവസ്ഥകൾ ഒത്തുതീർപ്പായതിനാൽ, ഞങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ കഴിയില്ല. നിങ്ങൾ നിങ്ങളുടെ പിതാവിനൊപ്പം മടങ്ങണം. ഈ പീഢനത്തിൽ നിന്ന് രക്ഷപ്പെടാൻ ദൈവം നിങ്ങൾക്ക് മറ്റെന്തെങ്കിലും അവസരം നൽകും.” തിരുനബിﷺ അദ്ദേഹത്തെ ആശ്വസിപ്പിക്കുകയും കാര്യം ബോധ്യപ്പെടുത്തുകയും ചെയ്തു.
സമാനമായ പല സന്ദർഭങ്ങളുമുണ്ടായിട്ടും തിരുനബിﷺ അതിനെയെല്ലാം സഹിഷ്ണുതയോടെ മറികടന്നു. നീതിയുടെയും ധർമത്തിന്റെയും സംരക്ഷിക്കപ്പെടേണ്ട മൂല്യങ്ങളുടെയും പ്രാധാന്യം മുന്നില്‍ വച്ചു കൊണ്ടായിരുന്നു ശത്രു സൈന്യങ്ങളോട് പോലും ഈ നിലപാടുകൾ പരിപാലിച്ചത്.
കരാറുകളുടെയും സന്ധികളുടെയും എല്ലാ വഴികളും അടഞ്ഞതിനു ശേഷമല്ലാതെ സായുധമായ മുഖാമുഖം കാണുന്നതിന് ഇറങ്ങിപ്പുറപ്പെടരുത് എന്ന കർശനമായ നിർദ്ദേശം പ്രവാചക സന്ദേശങ്ങൾ നൽകിയിരുന്നു. യുദ്ധ പ്രഖ്യാപനം നടത്താതെ സൈനിക നീക്കങ്ങളും നടത്താൻ പാടില്ല എന്ന അന്താരാഷ്ട്ര യുദ്ധം നിയമം ഒന്നര സഹസ്രാബ്ദത്തോളം മുമ്പ് തിരുനബിﷺ പറഞ്ഞു വെച്ചതിന്റെ തുടർച്ചയാണ്. ആധുനികലോകത്ത് അത്തരം നിബന്ധനകളും നിയമങ്ങളും ലംഘിക്കപ്പെടുന്നുണ്ടെങ്കിലും പടക്കളത്തിലും പാലിക്കേണ്ട നീതിബോധത്തെയും യുദ്ധക്കെടുതികൾക്കിടയിലും സംരക്ഷിക്കപ്പെടേണ്ട ധാർമിക വിചാരങ്ങളെയും എത്ര കൃത്യമായിട്ടായിരുന്നു തിരുനബിﷺ അധ്യാപനം നടത്തിയത്. ഇന്നും എന്നും വായിച്ചു കൊണ്ടിരിക്കേണ്ട ജീവിതത്തിലെ ജിഹാദ് എന്ന അധ്യായത്തിന് ഇത്തരം ധർമങ്ങളെ കുറിച്ചാണ് സംസാരിക്കാനുള്ളത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1183
തിരുനബിﷺ നേരിട്ട് സംബന്ധിക്കുകയും നേതൃത്വം കൊടുക്കുകയും ചെയ്ത സായുധസമരങ്ങളുടെ പരിസരത്തു നിന്നുകൊണ്ടുള്ള ചില നിവേദനങ്ങളിലേക്കാണ് നമ്മൾ പ്രവേശിക്കുന്നത്. തിരുനബിﷺയോടൊപ്പം ഉണ്ടായിരുന്ന സ്വഹാബികൾ എത്രമേൽ സജ്ജരായിരുന്നു എന്നും അവരുടെ ഏറ്റവും വലിയ ആയുധം അല്ലാഹുവിൻ്റെയും അവൻ്റെ തിരുദൂതന്റെﷺയും മാർഗ്ഗത്തിലുള്ള സമ്പൂർണ്ണ സമർപ്പണമായിരുന്നു എന്നും നേരിട്ട് ബോധ്യം ലഭിക്കുന്ന ഒരു അധ്യായം കൂടിയാണിത്.
ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. റാഫി ബിൻ ഖുദൈജ്(റ) പറഞ്ഞു. ബദ്റിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന എൻ്റെ പിതൃസഹോദരനൊപ്പം ഞാനും തിരുനബിﷺയുടെ സന്നിധിയിലേക്ക് ചെന്നു. ഞാൻ അവിടുത്തോട് പറഞ്ഞു. അല്ലയോ അല്ലാഹുവിൻ്റെ ദൂതരെﷺ, ഞാനും ബദ്റിലേക്ക് ഒപ്പം പുറപ്പെടാൻ ആഗ്രഹിക്കുന്നു. അപ്പോൾ അവിടുന്ന് കൈ കൂട്ടി പിടിച്ചിട്ട് ചോദിച്ചു. നിങ്ങൾ ചെറിയ കുട്ടിയല്ലേ! ശത്രുക്കൾക്ക് അഭിമുഖമായി വരുമ്പോൾ എന്താണ് നിങ്ങൾ ചെയ്യുക എന്നാണ് ഞാൻ ആലോചിക്കുന്നത്. ഞാൻ അമ്പെയ്യുന്നവരെ തിരിച്ചുചെയ്യും എന്ന് അവിടുത്തേക്കറിയില്ലേ? എന്നാലും തിരുനബിﷺ എന്നെ മടക്കി അയച്ചു. എനിക്ക് ബദ്റിൽ പങ്കെടുക്കാനായില്ല.
ഇത് തിരുനബിﷺ നൽകിയ സൈനിക പരിശീലനത്തിന്റെയോ വൈകാരികമായ വിപ്ലവ വിചാരത്തിന്റെയോ പരിസരത്തെ വായനയല്ല. തിരുനബിﷺക്കും മഹത്തായ ഒരു ആദർശത്തിനും വേണ്ടി സമൂഹത്തിലെ എല്ലാ തലത്തിലുമുള്ള ആളുകൾ ഒരുമിച്ചുണർന്നപ്പോൾ കൗമാരക്കാർ പോലും ഉത്സാഹത്തോടെ മുന്നോട്ടുവന്നു എന്നതിൻ്റെ ഉദാഹരണമാണ്. വ്യവസ്ഥാപിതമായ ഒരു സൈനിക പരിശീലനമോ പട്ടാള ക്യാമ്പോ ഒന്നും മദീനയിലുണ്ടായിരുന്നില്ല. സാമൂഹിക ചുറ്റുപാടുകളിൽ നിന്ന് അവർ ആർജ്ജിച്ചിരുന്ന ആയോധനമുറകളും പ്രതിരോധ പരിശീലനങ്ങളും ആപേക്ഷികമായി ഉണ്ടായിരുന്നു എന്ന് മാത്രം. അതിനെല്ലാം അപ്പുറം തിരുനബിﷺക്ക് വേണ്ടിയുള്ള സമർപ്പണവും ആദർശ സംരക്ഷണത്തിനു വേണ്ടിയുള്ള വിചാരവുമായിരുന്നു അവരെ പ്രചോദിപ്പിച്ചത്.
അബ്ദുല്ലാഹിബ്നു ഉമർ(റ) പറയുന്നു. ഉഹദ് യുദ്ധ വേളയിൽ തിരുനബിﷺയുടെ മുമ്പിൽ ഞാൻ പ്രദർശിപ്പിക്കപ്പെട്ടു. അന്നെനിക്ക് 14 വയസ്സായിരുന്നു. സൈന്യത്തോടൊപ്പം ചേരാൻ അനുമതി തന്നില്ല. പിന്നീട് ഖന്ദഖ് സമയമായി. അന്നെനിക്ക് 15 വയസ്സായിരുന്നു. അപ്പോൾ സൈന്യത്തിനൊപ്പം ചേരാൻ സമ്മതം നൽകി.
തിരുനബിﷺയുടെ പരിസരത്തുണ്ടായിരുന്ന കൗമാരപ്രായക്കാർ പോലും എത്രമേൽ ഉത്തരവാദിത്വബോധത്തോട് കൂടിയാണ് നബിﷺയോടുള്ള സഹവാസത്തെയും ആദർശ സംരക്ഷണത്തെയും തിരിച്ചറിഞ്ഞത് എന്നതിനുള്ള ഉദാഹരണം കൂടിയാണിത്. ഏത് പ്രയാസഘട്ടത്തിലും അതിജീവനത്തിന്റെ മുൻനിരയിൽ മറ്റെല്ലാം മാറ്റിവച്ച് നിലകൊള്ളാൻ തിരുനബിﷺയുടെ ചുറ്റുമുള്ളവർ തയ്യാറായിരുന്നു. ഇത്രമേൽ സമർപ്പിക്കപ്പെട്ട അനുയായികളെ ലഭിച്ച ഒരു നേതാവിനെയും വായിക്കാൻ ഇല്ല എന്നുകൂടി ഇവിടെ നമുക്ക് പറയാം.
ഓരോ സൈനിക നീക്കത്തിന്റെ ഘട്ടങ്ങളിലും ചെറുപ്പക്കാർ ആവേശപൂർവം തിരുനബിﷺയുടെ മുമ്പിൽ വരുമായിരുന്നു. ചിലപ്പോഴൊക്കെ അവരുടെ പ്രദർശനങ്ങൾ നബിﷺ ആവശ്യപ്പെടും. അവരുടെ കായിക ശേഷിയും മികവും തിരുനബിﷺ നേരിൽ ബോധ്യപ്പെടും. കൂടുതൽ ഉത്സാഹവും കഴിവുമുള്ളവരെ പ്രായഭേദമന്യേ തിരുനബിﷺ പരിഗണിക്കുകയും ചെയ്യും. അതുതന്നെ സ്വഹാബികൾക്കിടയിൽ വലിയ ഒരു ആവേശമായിരുന്നു.
ഉള്ളതിനേക്കാൾ കൂടുതൽ മികവും കഴിവും പ്രകടിപ്പിക്കാനും എങ്ങനെയെങ്കിലും തിരുനബിﷺക്കൊപ്പം ആദർശത്തിന്റെ പ്രതിരോധനിരയിൽ ചേർന്ന് നിൽക്കാനും കൗമാരപ്രായക്കാരായ സ്വഹാബികൾ ഉത്സാഹം കാണിച്ചു. പ്രായവും കഴിവും മികവും ഒക്കെ ഉണ്ടായിരുന്നിട്ടും ചിലരുടെ ജീവിത പരിസരങ്ങളെ പഠിക്കുകയും അനിവാര്യമായ ചില ദൗത്യങ്ങൾ അവരെ ഏൽപ്പിക്കുകയും ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1184
ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. അബൂ സഈദ് ബിൻ മാലിക്(റ) പറഞ്ഞു. യമനിൽ നിന്ന് ഒരാൾ പലായനം ചെയ്ത് മദീനയിൽ തിരുനബിﷺയുടെ സന്നിധിയിൽ എത്തിച്ചേർന്നു. അദ്ദേഹത്തോട് തിരുനബിﷺ ചോദിച്ചു. യമനിൽ നിനക്ക് ആരെങ്കിലുമുണ്ടോ? അതെ, എന്റെ മാതാപിതാക്കളുണ്ട്. അവർ രണ്ടുപേരും നിനക്ക് സമ്മതം നൽകിയിട്ടാണോ ഇങ്ങോട്ട് വന്നത്? അല്ല. എന്നാൽ, നീ അവരുടെ അടുക്കലേക്ക് പോവുക. അവർ സമ്മതം നൽകിയാൽ മടങ്ങി വരിക. എന്നിട്ട് ധർമസമരത്തിൽ അഥവാ ജിഹാദിൽ പങ്കാളിയാവുക. അല്ലെങ്കിൽ അവർക്ക് നന്മ ചെയ്ത് അവിടെ കഴിഞ്ഞു കൂടുക.
ഒരാളെങ്കിൽ ഒരാൾ സൈന്യത്തിൽ ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഒരു ഘട്ടത്തിൽ പോലും മാതാപിതാക്കളെയും അവരുടെ സമ്മതത്തെയും സവിശേഷമായ പരിഗണനയോടെ പഠിപ്പിക്കുകയായിരുന്നു തിരുനബിﷺ. അവർക്ക് നന്മ ചെയ്തു കഴിയുന്നത് ജിഹാദിനോളം ചിലപ്പോഴൊക്കെ അതിനേക്കാൾ കടപ്പാടുള്ള കാര്യമാണെന്ന് പ്രത്യേകമായി തന്നെ പഠിപ്പിച്ചു. ഇസ്‌ലാം മുന്നോട്ടു വെക്കുന്ന സൈനിക പ്രതിരോധത്തിന്റെ പോലും അരികുകളിൽ നിറഞ്ഞുനിൽക്കുന്ന മൂല്യസംരക്ഷണത്തെയും ധർമപരിപാലനത്തെയും പലപ്പോഴും വായിക്കപ്പെടാതെ പോവുകയാണ്.
ഇമാം അഹ്മദും(റ) നസാഇ(റ)യും നിവേദനം ചെയ്യുന്നു. മുആവിയത്ത് ബിൻ ജാഹിമ(റ) തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. എന്നിട്ട് ചോദിച്ചു. ഞാൻ തങ്ങളോടൊപ്പം യുദ്ധത്തിന് ഉദ്ദേശിക്കുന്നു. അഭിപ്രായമാരായാൻ വേണ്ടി വന്നതാണ്. നിനക്ക് മാതാവുണ്ടോ? തിരുനബിﷺ ചോദിച്ചു. അതെ, എന്ന് അദ്ദേഹം മറുപടി പറഞ്ഞു. എന്നാൽ ഉമ്മയെ പരിചരിച്ച് കൂടെത്തന്നെ കഴിഞ്ഞു കൂടുക. മാതാവിൻ്റെ ഇരുപാദങ്ങൾക്കും താഴെയാണ് സ്വർഗ്ഗമുള്ളത്.
എത്ര മനോഹരമായ ഒരു ദർശനത്തെയാണ് തിരുനബിﷺ പങ്കുവെക്കുന്നത്. പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും രാഷ്ട്രീയ സാഹചര്യങ്ങളിൽ സൈനികരും പട്ടാളക്കാരും മതിയാകാത്ത ഒരുകാലത്ത് ആയിരങ്ങളോടും പതിനായിരങ്ങളോടും കേവലം നൂറുകണക്കിന് ആളുകൾ മാത്രം നേരിടേണ്ടി വന്ന പ്രതിസന്ധി ഘട്ടങ്ങളിൽ യോദ്ധാക്കളെ കണ്ടെത്തി സൈന്യത്തിൽ ചേർക്കേണ്ട സാഹചര്യങ്ങളിൽ ഒക്കെയായിരുന്നിട്ടും മാതാക്കൾ പരിചരിക്കപ്പെടാതെയോ മാതാപിതാക്കൾ അവഗണിക്കപ്പെടുകയോ അഭയവും ആശ്രയവും ലഭിക്കേണ്ടവർ അന്യമാവുകയോ ചെയ്തുകൂടാ എന്ന കൃത്യമായ വിചാരങ്ങളെ പരിരക്ഷിക്കാൻ തിരുനബിﷺക്ക് സാധിച്ചു. എന്നന്നേക്കും മനുഷ്യർക്ക് ഉയർത്തി പറയാവുന്ന ഉന്നതമായ ദർശനങ്ങളായി ഏറ്റവും പ്രശോഭിതമായി ഇന്നും അത് നിലനിൽക്കുന്നു.
മാതാപിതാക്കളെ കുറിച്ചും അവരോടുള്ള കടപ്പാടുകളെ കുറിച്ചും തിരുനബിﷺയുടെ ഓരോ മൊഴിയും ആസ്വദിച്ച് തീർന്നിട്ടില്ലാത്ത കവിതകളെ പോലെ വീണ്ടും വീണ്ടും ലോകം കേട്ടുകൊണ്ടേയിരിക്കുന്നു; പാരായണം ചെയ്തുകൊണ്ട് കഴിഞ്ഞുകൂടുന്നു. കോടിക്കണക്കിന് ജനങ്ങളുടെ ഹൃദയങ്ങളിൽ പ്രസ്തുത മന്ത്രങ്ങൾ ആർദ്രതയും അനുതാപവും കർത്തവ്യ ബോധവും സ്ഥാപിച്ചിരിക്കുന്നു.
മേലുദ്ധരിച്ച ആശയങ്ങളെ തന്നെ ഉൾക്കൊള്ളുന്ന ഒരു നിവേദനം ഇമാം ബുഖാരി(റ)യും മറ്റും ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. അബ്ദുല്ലാഹിബ്നുൽ അംറ് ബിൻ അൽ ആസ്(റ) പറഞ്ഞു. ഒരാൾ തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. ഞാൻ തങ്ങളോട് ജിഹാദിൽ ഉടമ്പടി ചെയ്യാൻ വന്നതാണെന്ന് അദ്ദേഹം പറഞ്ഞു. ഉടനെ തിരുനബിﷺ ചോദിച്ചു. നിന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പുണ്ടോ? അതെ. എന്നാൽ നീ അവരുടെ കാര്യത്തിൽ ജിഹാദ് നിർവഹിക്കുക.
ഇവിടെ ജിഹാദ് എന്ന പദം തന്നെയാണ് രണ്ടു സ്ഥലങ്ങളിലും ഉപയോഗിച്ചിട്ടുള്ളത്. ശത്രുക്കളോട് നേരിടുന്ന അതിജീവനത്തിന്റെ സായുധ സമരത്തെയും, മാതാപിതാക്കൾക്ക് വേണ്ട സേവനങ്ങൾ ചെയ്തുകൊണ്ട് പരിചരണ പ്രക്രിയകളിൽ കഴിഞ്ഞുകൂടുന്നതിനെയും ജിഹാദ് എന്ന പദം തന്നെ ഉപയോഗിച്ചാണ് പരിചയപ്പെടുത്തുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1185
ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. യുദ്ധം നടക്കുന്നത് വീട്ടുപടിക്കലാണെങ്കിലും മാതാപിതാക്കളുടെ സമ്മതമില്ലാതെ സൈന്യത്തിൻ്റെ ഭാഗമാവരുത്.
ഏതു ഘട്ടത്തിലും അടിസ്ഥാനപരമായി പരിഗണിക്കേണ്ട കടമകളും കടപ്പാടുകളും സംബന്ധിച്ച വലിയൊരു ഉൾക്കാഴ്ച നൽകുന്ന പ്രയോഗമാണിത്.
തിരുനബിﷺയുടെ സൈനിക നീക്കങ്ങളെ കുറിച്ച് വായിക്കുമ്പോൾ ഏറ്റവും നയതന്ത്രപരമായ ഇടപെടലുകളായി കൂടി നമുക്ക് മനസ്സിലാക്കാനുണ്ട്. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഏതെങ്കിലും ഒരു ഭാഗത്തേക്ക് സൈനിക സഞ്ചാരം ഉദ്ദേശിച്ചാൽ മറ്റൊരു ദിശയിലേക്കായിരിക്കും സൂചന നൽകുക. കടന്നു പോകുന്ന വഴി ഏതാണെന്ന് കൃത്യമായി കൂടെയുള്ളവരോട് പോലും മുൻകൂട്ടി പറയുകയില്ല എന്ന് സാരം.
വഴികൾ നിർണയിക്കുകയും നയതന്ത്രപരമായ മാർഗ്ഗങ്ങൾ തെരഞ്ഞെടുക്കുകയും ചെയ്യും. നീക്കങ്ങൾ ശത്രുക്കൾ അറിയാതിരിക്കാനുള്ള കൃത്യമായ ജാഗ്രതയോടു കൂടിയായിരുന്നു തിരുനബിﷺയുടെ പ്ലാനിങ്.
കഅബ് ബിൻ അൽ അശ്റഫി(റ)നെ നേരിടാൻ വേണ്ടി പോയ സംഘത്തെ നിയോഗിക്കുന്ന രംഗം ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നത് ഇപ്രകാരമാണ്. നിയോഗിക്കേണ്ട സംഘത്തോടൊപ്പം തിരുനബിﷺ ബഖീഅ് വരെ നടന്നു. അവർ പോകേണ്ട വഴിയിലേക്ക് സംഘത്തെ തിരിച്ചു നിർത്തി. എന്നിട്ട് പറഞ്ഞു, അല്ലാഹുവിൻ്റെ നാമത്തിൽ നിങ്ങൾ മുന്നോട്ടു പോവുക. അല്ലാഹുവേ നീ ഇവരെ സഹായിക്കേണമേ! എന്ന് പ്രാർത്ഥിച്ചു.
തിരുനബിﷺ നിയോഗിക്കുന്ന ഓരോ സംഘത്തിനും കൃത്യമായ ലക്ഷ്യമുണ്ടായിരുന്നു. ലോകത്തേതൊരു രാജാവും ഭരണാധികാരിയും സൈന്യങ്ങളെയോ ദൗത്യ സംഘത്തെയോ നിയോഗിക്കുന്നതുപോലെ ആയിരുന്നില്ല. ഒരു രാഷ്ട്രത്തിൻ്റെ പരിധി വർദ്ധിപ്പിക്കാനോ കേവല ശത്രുതയിൽ ശത്രുവിനെ തോൽപ്പിക്കാനോ ആഢ്യത്വവും മികവും പ്രകടിപ്പിക്കാനോ രാജാവായി വാണ് സ്ഥാനങ്ങൾ ഉയർത്തിക്കാണിക്കാനോ ആരോഗ്യവും സൈനികശക്തിയും പ്രകടിപ്പിക്കാനോ ഒന്നുമായിരുന്നില്ല നീക്ക ങ്ങൾ. മറിച്ച്, ഇരുട്ടു പടർന്ന നാടുകളിലേക്ക് വെളിച്ചം എത്തിക്കാൻ, സത്യപ്രബോധനത്തിന്റെ സഞ്ചാര വഴികളിൽ തടസ്സം നിൽക്കുന്നവരെ പ്രതിരോധിക്കാൻ, അക്രമികളായി നാടുവാഴുന്ന ക്രൂരന്മാരായ ഭരണാധികാരികളെയും സംവിധാനങ്ങളെയും തിരുത്താൻ, നിയോഗിക്കപ്പെട്ട പവിത്രാശയത്തിന്റെ സന്ദേശങ്ങൾ ലോകത്ത് എത്തിക്കാൻ തുടങ്ങിയ ഏറ്റവും കരുണയമായ ലക്ഷ്യങ്ങൾക്ക് വേണ്ടി മാത്രമായിരുന്നു തിരുനബിﷺയുടെ ദൗത്യ വാഹക സംഘങ്ങൾ മുഴുവനും സഞ്ചരിച്ചത്.
അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. സ്വഹാബികളിൽ ഉന്നതർ നാലുപേരാണ്. നയതന്ത്ര സംഘങ്ങളിൽ പ്രധാനപ്പെട്ടത് 400 പേർ ഉൾക്കൊള്ളുന്നതാണ്. 4000 അംഗങ്ങൾ ഉള്ളതാണ് ഏറ്റവും മികച്ച സൈനിക സംഘം. 12 സംഘങ്ങൾ ജയിച്ചടക്കപ്പെടുകയില്ല.
നാലും നാലിന്റെ ഗുണിതങ്ങളും ഇത്തരം നിയോഗങ്ങളിൽ പ്രത്യേകം പരിഗണിക്കപ്പെടേണ്ട എണ്ണങ്ങളാണ് എന്നായിരിക്കാം ഇതിൻ്റെ ഒരു താൽപര്യം. വ്യാഖ്യാനങ്ങളിലും മറ്റും എണ്ണത്തിന് പ്രത്യേക നിർണയങ്ങൾ നോക്കേണ്ടതില്ല എന്ന മാനദണ്ഡത്തിലും വേണമെങ്കിൽ ഇതിനെ വായിക്കാം. ഏതായാലും തിരുനബിﷺയുടെ സൈനിക നയതന്ത്ര നീക്കങ്ങൾക്ക് കൃത്യമായ എണ്ണങ്ങളും മാനങ്ങളും മാനദണ്ഡങ്ങളും എല്ലാം ഉണ്ടായിരുന്നു എന്ന് വായിക്കാൻ പറ്റുന്ന നിവേദനങ്ങളാണ് ഇത്തരം നിവേദനങ്ങൾ. നബിﷺയുടെ സൈനിക സംഘങ്ങൾക്ക് പലപ്പോഴും പല നിറത്തിലുള്ള പതാകകളുണ്ടായിരുന്നു. പല പതാകകൾക്കും ചില ആശയങ്ങളുടെ സൂചനയുമുണ്ടായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1186
തിരുനബിﷺയുടെ നടപടിക്രമങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു കൂടിയാലോചന. സൈനിക പ്രതിരോധങ്ങളിലും സായുധ മുന്നേറ്റങ്ങളിലും സവിശേഷമായി തന്നെ തിരുനബിﷺ കൂടിയാലോചിക്കുമായിരുന്നു. നിശ്ചിതമായ ഒരു തീരുമാനവും നിലപാടും തിരുനബിﷺക്ക് ഉണ്ടായിരിക്ക തന്നെ അനുചരന്മാരോടും ശിഷ്യന്മാരോടും സമയോചിതമായി അഭിപ്രായങ്ങൾ ആരായുകയും കൂടിയാലോചനകൾ നിർവഹിക്കുകയും ചെയ്തു. ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്ന ഹദീസിൽ അബ്ദുല്ലാഹിബിനു ഉമർ(റ) തന്നെ ഉദ്ധരിക്കുന്നത് കാണാം. അബൂബക്കർ സിദ്ദീഖ്(റ) അബ്ദുല്ലാഹിബ്നു അംറ് ബിൻ അൽ ആസി(റ)ന് അയച്ച കത്തിൽ ഇപ്രകാരം പരാമർശിച്ചു. ഒരു സൈനിക നീക്കത്തെ കുറിച്ച് തിരുനബിﷺ കൂടിയാലോചിച്ചിട്ടുണ്ട്. നിങ്ങൾ ആവശ്യമായ രൂപത്തിൽ സജ്ജരായിക്കൊള്ളുക.
തിരുനബിﷺയുടെ ആലോചനകളെയും അഭിപ്രായ അന്വേഷണങ്ങളെയും സ്വഹാബികൾ എത്രമേൽ പ്രാധാന്യത്തോടുകൂടിയാണ് കണ്ടത്. ഒരുപക്ഷേ സ്വഹാബികളുടെ അഭിപ്രായങ്ങൾക്കൊന്നും പ്രസക്തിയില്ലാത്തപ്പോഴും എങ്ങനെയാണ് കാര്യങ്ങൾ നിർവഹിക്കേണ്ടത് എന്നും സാമൂഹികമായ നടപടിക്രമങ്ങളും സമീപനങ്ങളും എപ്രകാരമായിരിക്കണം എന്നും അധ്യാപനം നൽകുന്നതിനുവേണ്ടിയായിരുന്നു തിരുനബിﷺയുടെ ചർച്ചകളും അഭിപ്രായ അന്വേഷണങ്ങളും.
മികച്ച അഭിപ്രായങ്ങൾ പറയുന്ന സ്വഹാബികളെ പ്രോത്സാഹിപ്പിക്കുകയും തിരുനബിﷺയുടെ സദസ്സിൽ ഒരാളും ആക്ഷേപിക്കപ്പെടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്തു.
അനസുബ്നു മാലിക്(റ)വിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം. അബൂസുഫിയാനും സംഘവും മക്കയിൽ നിന്ന് വരുന്നു എന്നറിഞ്ഞപ്പോൾ തിരുനബിﷺ സ്വഹാബികളോട് കൂടിയാലോചനകൾ നടത്തി. അബൂബക്കർ(റ) സംസാരിക്കുമെങ്കിലും തിരുനബിﷺ പ്രത്യേക അഭിപ്രായങ്ങൾ ഒന്നും പറഞ്ഞില്ല. തുടർന്ന് ഉമർ(റ) സംസാരിച്ചപ്പോഴും തിരുനബിﷺ പ്രത്യേക അഭിപ്രായങ്ങളിൽ ഒന്നും ഇടപെട്ടില്ല. അപ്പോൾ സഅദ് ബിൻ ഉബാദ(റ) ചോദിച്ചു. ഞങ്ങളെയാണോ നബിﷺയെ അവിടുന്ന് ഉദ്ദേശിക്കുന്നത്? അഥവാ മദീനക്കാരായ ഞങ്ങളുടെ അഭിപ്രായത്തിനു വേണ്ടിയാണോ അവിടുന്ന് പ്രതീക്ഷിക്കുന്നത്? എന്നാൽ, കടലിലേക്ക് ഊളിയിടാനാണ് അവിടുന്ന് ഞങ്ങളോട് കൽപ്പിക്കുന്നതെങ്കിൽ ഞങ്ങൾ അതിനും സന്നദ്ധരാണ്. അതിവിദൂരദേശമാകുന്ന ബർക് അൽ ഗിമാദിലേക്ക് ഒട്ടകങ്ങളെ പായിക്കാനാണ് അവിടുന്ന് പറയുന്നതെങ്കിൽ അതിനും ഞങ്ങൾ സന്നദ്ധരാണ്. തുടർന്ന് തിരുനബിﷺ ജനങ്ങളോട് ആഹ്വാനം ചെയ്യുകയും അതുപ്രകാരം ബദ്റിലേക്ക് പുറപ്പെടുകയും ചെയ്തു.
ഈ നിവേദനത്തിന് കൃത്യമായ ഒരു പരിസരമുണ്ട്. തിരുനബിﷺയും മക്കയിൽ നിന്ന് വന്ന മുഹാജിറുകളും ബദ്റിലേക്ക് പുറപ്പെടാൻ എന്നല്ല എന്തിനും പ്രത്യേകിച്ച് ആലോചനയില്ലാത്ത വിധം സന്നദ്ധരാണ്. മദീനയിലേക്ക് നബിﷺയെ സ്വീകരിച്ച അൻസ്വാരികൾ മദീനയിൽ തിരുനബിﷺയെ എല്ലാ അർത്ഥത്തിലും സ്വീകരിക്കാമെന്നും ഏതു വിധേനയുള്ള സുരക്ഷിതത്വവും നൽകാമെന്നും നേരത്തെ കരാർ ചെയ്തിട്ടുണ്ട്. എന്നാൽ, ബദ്ർ മദീനയുടെ പരിധിയിൽ നിന്ന് പുറത്താണ്. അതുകൊണ്ടുതന്നെ നേരത്തെ ഉള്ള ഉടമ്പടി പ്രകാരം അൻസ്വാരികൾ തിരുനബിﷺയോടൊപ്പം പോകേണ്ടതില്ല. അതിനാൽ അവരിൽനിന്ന് പ്രത്യേകമായി തന്നെ ഒരു അഭിപ്രായം അറിയേണ്ടതുണ്ട്. മദീനക്ക് പുറത്തുള്ള ബദ്റിലേക്ക് തിരുനബിﷺയും അനുയായികളും നീങ്ങുമ്പോൾ മദീനയിലെ സ്വഹാബികൾ തിരുനബിﷺയോടൊപ്പം വരാൻ സന്നദ്ധരാകുമോ ഇല്ലയോ എന്ന്. കരാറുകളിലെ പരാമർശങ്ങളോടും ഉടമ്പടികളോടും തിരുനബിﷺ കാണിച്ച കൃത്യതയും വിനയപുരസരം അനുയായികളോട് നടത്തിയ കൂടിയാലോചനയുമാണ് ഈ നിവേദനങ്ങളും സംഭവങ്ങളും നമ്മെ പഠിപ്പിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1187
തിരുനബിﷺയുടെ സമര മുന്നേറ്റങ്ങളെ കുറിച്ച് വായിക്കുമ്പോൾ ഉടമ്പടികൾക്കും കരാറുകൾക്കും സവിശേഷമായ പ്രാധാന്യമുണ്ട്. വ്യക്തികളോടും ഗോത്രങ്ങളോടും സംഘങ്ങളോടും പല ഘട്ടത്തിലും തിരുനബിﷺ കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. വിവരശൂന്യമായ കാലത്തും മനുഷ്യരോ കൂട്ടങ്ങളോ തമ്മിലുള്ള കരാറുകൾക്ക് വലിയ പ്രാധാന്യം കൽപ്പിക്കപ്പെട്ടിരുന്നു. കരാറുകൾ പാലിക്കുന്നതിന്റെ മൂല്യവും ലംഘിക്കുന്നതിന്റെ അപകടവും അതുവഴി വന്നുചേരുന്ന ഭൗതികവും പാരത്രികവുമായ കഷ്ടനഷ്ടങ്ങളും തിരുനബിﷺ വളരെ പ്രാധാന്യത്തോടെയും ഗൗരവത്തോടെയും ശിഷ്യഗണങ്ങളെയും പൊതുജനങ്ങളെയും ബോധ്യപ്പെടുത്തുകയും ചെയ്തിരുന്നു. തിരുനബിﷺയോട് സ്വഹാബികൾ നടത്തിയ കരാറുകളെ കുറിച്ച് വായിക്കുമ്പോൾ തുല്യതയില്ലാത്ത സമർപ്പണങ്ങളുടെയും സമാനതകളില്ലാത്ത ആശയ സമഗ്രതയുടെയും വേറിട്ട അധ്യായമായാണ് മനസ്സിലാവുന്നത്.
യസീദ് ബിൻ ഉബൈദ്(റ) സലമാ ബിൻ അഖ്’വ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. ഹുദൈബിയ്യ ദിവസം ഞാൻ തിരുനബിﷺയോട് കരാർ ചെയ്തു. ശേഷം, ഞാൻ ഒരു മരത്തണലിലേക്ക് നീങ്ങിയിരുന്നു. ജനങ്ങളുടെ തിരക്കൊക്കെ ഒഴിഞ്ഞപ്പോൾ തിരുനബിﷺ എന്നോട് ചോദിച്ചു. അല്ലയോ അഖ്’വഇൻ്റെ മകൻ സലമാ(റ), നിങ്ങൾ കരാർ ചെയ്തില്ലേ. അതെ, ഞാൻ അവിടുത്തോട് ഉടമ്പടി ചെയ്തുവല്ലോ! എന്നാലും ഞാൻ ഒന്നുകൂടി ഉടമ്പടി ചെയ്തു. അപ്പോൾ എന്നോട് ചോദിച്ചു. എന്തിന്മേലാണ് നിങ്ങൾ ഉടമ്പടി ചെയ്യുന്നത്? മരണത്തിൻമേൽ! അഥവാ മരണംവരെയും തിരുനബിﷺയുടെയും സന്ദേശങ്ങളുടെയും പക്ഷത്ത് നിൽക്കും എന്ന ഉറപ്പിന്മേൽ കരാർ ചെയ്യുന്നു എന്നർത്ഥം.
ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) അനസുബ്നു മാലിക്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. ഖന്ദഖ് യുദ്ധവേളയിൽ അൻസ്വാരികളുടെ കരാർ ഇപ്രകാരമായിരുന്നു. ഞങ്ങൾ മുഹമ്മദ് നബിﷺയോട് കരാർ ചെയ്തവരാണ്. ഞങ്ങൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം തിരുനബിﷺയോടൊപ്പം ഏതു സമരക്കളത്തിലും ഉറച്ചുനിൽക്കും എന്നാണ് കരാർ ചെയ്തിട്ടുള്ളത്.
ചില ഹദീസ് വാചകങ്ങളിൽ അവർ സഹിഷ്ണുതയുടെ മേൽ കരാർ ചെയ്തിരിക്കുന്നു എന്ന പ്രയോഗവും കാണാം. അഥവാ ഏതു പ്രയാസ ഘട്ടങ്ങളെയും അതിജീവിക്കാനും ഏതു പ്രതിസന്ധികളെയും നേരിടാനും തിരുനബിﷺയോടൊപ്പം സർവാത്മനാ സമർപ്പിച്ചിരിക്കുന്നു എന്നായിരുന്നു സ്വഹാബികളുടെ മുഴുവനും മനോഗതിയും ഉടമ്പടിയും.
ഭൗതികമായ ഏതെങ്കിലും നേട്ടങ്ങൾ മുന്നിൽ കണ്ടുകൊണ്ടോ സ്വന്തം താൽപര്യങ്ങളെ നേടിയെടുക്കാനോ ആയിരുന്നില്ലാ തിരുനബിﷺയുടെ മുന്നേറ്റങ്ങളും സ്വഹാബികളുടെ ഉടമ്പടികളും. ഉന്നതമായ ഒരു ലക്ഷ്യത്തെ സാധിച്ചിടുക്കാൻ ഏറ്റവും വലിയ നന്മയുടെ പ്രതീകമായ തിരുനബിﷺ മുന്നോട്ടുവെക്കുന്ന ഓരോ ചുവടുകൾക്കും ഞങ്ങൾ ശക്തി പകരാൻ ഒപ്പമുണ്ട് എന്നായിരുന്നു അനുചരന്മാരുടെ ഉടമ്പടികളുടെ മുഴുവൻ സാരം.
ലോകത്ത് ആരെയും വായിക്കുമ്പോലെയല്ല തിരുനബിﷺയെ വായിക്കേണ്ടത്. അധികാരം ലക്ഷ്യമാക്കുന്ന ഒരു ഭരണാധികാരിയല്ല ഇത്. ഭൂപ്രദേശമാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരു ചക്രവർത്തിയുമല്ല. സൈനികശക്തിയെ പ്രകടിപ്പിക്കാനോ സാമ്രാജ്യത്തിന്റെ പ്രതിരോധശേഷി ബോധ്യപ്പെടുത്താനോ ഫലഭൂവിഷ്ടമായ പ്രദേശങ്ങളെ അധീനപ്പെടുത്തി സാമ്പത്തിക ശക്തി വികസിപ്പിക്കാനോ അധികാരത്തിൻമേൽ ചിലതൊക്കെ നേടിയെടുക്കാനോ ഒന്നുമുള്ള പുറപ്പാടല്ല. ഏൽപ്പിക്കപ്പെട്ട ഒരാശയത്തെ കളങ്കമില്ലാതെ കൈമാറാനുള്ള സമഗ്രമായ പ്രവർത്തനങ്ങളുടെ ഭാഗമായി മാർഗ്ഗ തടസ്സങ്ങളെ മറികടക്കാനുള്ള സ്നേഹ ദൂതന്റെﷺ നാൾ വഴികൾ മാത്രമാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1188
യുദ്ധവും സൈനിക നീക്കങ്ങളും കൃത്യമായ ലക്ഷ്യത്തിലെത്തണമെങ്കിൽ നയതന്ത്രപരമായ എല്ലാ കാര്യങ്ങളും ഒത്തുചേരേണ്ടതുണ്ടല്ലോ. അത് പ്രകാരമുള്ള നിരീക്ഷണ സംവിധാനങ്ങളും രഹസ്യാന്വേഷണ ക്രമീകരണങ്ങളും തിരുനബിﷺ സജ്ജീകരിച്ചിരുന്നു. ശത്രുക്കളുടെ ചലനങ്ങൾ നിരീക്ഷിക്കാനും മുന്നോട്ടുള്ള ഗമനങ്ങൾ ക്രമീകരിക്കാനും അത് ആവശ്യമായിരുന്നു. ഇമാം അഹ്മദും(റ) ത്വബ്റാനി(റ)യൂം ഉദ്ധരിക്കുന്നു. അംറ് ബിൻ ഉമയ്യത്തുള്ളമരി(റ) പറയുന്നു. ഒരു ദിവസം തിരുനബിﷺ ചോദിച്ചു. ബനൂ ഖുറൈളയുടെ വാർത്തകൾ ആരാണ് അന്വേഷിച്ചു വരിക?
അഹ്സാബ് യുദ്ധവേളയിൽ ശത്രുക്കളുടെ നീക്കങ്ങളെ നിരീക്ഷിക്കാൻ ആരാണ് തയ്യാറാവുക എന്ന അന്വേഷണമായിരുന്നു ഇത്. സുബൈർ(റ) ദൗത്യം ഏറ്റെടുത്തു. ശത്രുക്കളുടെ ഇടയിൽ സഞ്ചരിക്കുകയും അവരുടെ നീക്കുപോക്കുകൾ നിരീക്ഷിച്ചു തിരുനബിﷺക്ക് വിവരം നൽകുകയും ചെയ്തു. സൈന്യങ്ങളുടെ കൃത്യതകൾ നിർവഹിക്കാനും ശത്രുക്കളുടെ നിലപാടുകളിൽ ഇടപെടാനും ഗതിനിർണയിച്ചുകൊടുക്കാനും തിരുനബിﷺക്കു സാധിച്ചു.
അബൂസുഫിയാൻ്റെ സംഘത്തെ നിരീക്ഷിക്കാനും അതനുസരിച്ച് വിവരങ്ങൾ കൈമാറാനും ബസീസ(റ)യെ നിയോഗിച്ച കാര്യം അനസുബ്നു മാലിക്(റ)വിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നുണ്ട്.
ആധുനിക സംഘടനകളിൽ സ്പൈ സംവിധാനം വരുന്നതിന് എത്രയോ കാലങ്ങൾക്ക് മുമ്പായിരുന്നു തിരുനബിﷺ ഈ ശാസ്ത്രീയ സംവിധാനവും നിരീക്ഷണ സംവിധാനവും എല്ലാം ക്രമീകരിച്ചത്. എവിടെയും തിരുനബിﷺയിൽ നിങ്ങൾക്ക് മാതൃകയുണ്ട് എന്ന മഹത്തായ പ്രഖ്യാപനത്തിന്റെ പടക്കളത്തിലെ വായന കൂടിയാണ് ഈ അധ്യായം.
യുദ്ധ ഘട്ടങ്ങളിലുണ്ടാകുന്ന കാഷ്വാലിറ്റികൾ നേരിടാനും വ്യവസ്ഥാപിത സംവിധാനങ്ങളുണ്ടായിരുന്നു. യോദ്ധാക്കളായി പുരുഷന്മാരേ ഉണ്ടായിരുന്നുള്ളൂ എങ്കിലും സ്ത്രീകളുടെ ഒരു സംഘം തിരുനബിﷺയോടൊപ്പം യാത്ര ചെയ്തിരുന്നു. യുദ്ധക്കളങ്ങളിൽ സംഭവിക്കുന്ന അത്യാഹിതങ്ങളിൽ പരിചരിക്കാനും പരിക്കേൽക്കുന്നവർക്ക് വേണ്ട സേവനങ്ങൾ ചെയ്യാനും അവർക്ക് പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു.
പടക്കളങ്ങളിൽ പാനീയം നൽകിയവരും പരിക്കേറ്റവർക്ക് ശുശ്രൂഷകൾ നൽകിയവരുമായ സ്വഹാബി വനിതകളെ കുറിച്ചുള്ള വായന ഈ അധ്യായത്തിലെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. റുബയ്യ് ബിൻത് മുഅവ്വിദ്(റ) അനുഭവങ്ങൾ പങ്കുവെക്കുന്നതിന്റെ ഭാഗികമായ നിവേദനങ്ങൾ ഇമാം ബുഖാരി(റ)യും അഹ്മദും(റ) ഉദ്ധരിക്കുന്നുണ്ട്. തിരുനബിﷺയുടെ പത്നിമാരിൽ തന്നെ അത്തരം സേവനങ്ങളിൽ വ്യാപൃതരായിരുന്നവരെക്കുറിച്ച് പ്രത്യേകം പരിചയപ്പെടുത്താറുണ്ട്.
ഈ സംവിധാനങ്ങളൊക്കെ ഒരുക്കുമ്പോഴും ഓരോ ഘട്ടങ്ങളിലും തിരുനബിﷺ സ്വന്തം തന്നെ അല്ലാഹുവിനെ സ്മരിക്കുന്ന മന്ത്രങ്ങൾ ഉരുവിടുകയും എല്ലാം അല്ലാഹുവിൻ്റെ മാർഗത്തിൽ സമർപ്പിക്കുന്നു എന്ന വിലയത്തിന്റെ വാചകങ്ങൾ സ്വഹാബികൾക്ക് പറഞ്ഞു കൊടുക്കുകയും ചെയ്യുമായിരുന്നു. സ്രഷ്ടാവിന്റെ സന്നിധിയിലേക്കുള്ള ഉന്നതമായ ഒരു സമർപ്പണമായിട്ടാണ് ധർമസമരത്തെയും അതിജീവന മുന്നേറ്റങ്ങളെയും തിരുനബിﷺ അടയാളപ്പെടുത്തിയത്. ശത്രുക്കൾക്ക് അഭിമുഖമായി തിരുനബിﷺ വരുമ്പോഴെല്ലാം അല്ലാഹുവേ നീയാണ് എന്റെ തണൽ, നീയാണ് എൻ്റെ താങ്ങ് എന്നൊക്കെ ആശയം വരുന്ന വാചകങ്ങൾ പ്രാർഥനാ വചനങ്ങളായി ഉരുവിടുമായിരുന്നു. അനുയായികളായ സ്വഹാബികളിലും സമരക്കളത്തിലെ ആധ്യാത്മിക വിചാരങ്ങളെ കുറിച്ച് നിരന്തരമായി ഓർമപ്പെടുത്തുകയും താൽക്കാലിക ലാഭങ്ങൾക്ക് വേണ്ടി ആയിരിക്കരുത് നിങ്ങളുടെ പോരാട്ട പ്രകടനങ്ങൾ എന്ന് പറയുകയും ചെയ്യുമായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1189
യുദ്ധക്കളത്തിലും ശത്രുക്കളെ അഭിമുഖീകരിക്കുന്നതിലും തിരുനബിﷺക്ക് വ്യക്തമായ ധാരണകളും സമയക്രമങ്ങളുമുണ്ടായിരുന്നു. പ്രഭാതത്തിൽ തന്നെ ആക്രമണം അഴിച്ചുവിടുന്ന രീതി തിരുനബിﷺ സ്വീകരിച്ചിരുന്നില്ല. ഉബൈദുള്ളാഹിബ്നു ഔഫ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഉച്ചയാകുമ്പോഴേക്കും ശത്രുക്കൾക്ക് നേരെ ശക്തമായ കടന്നുകയറ്റം എന്നതായിരുന്നു തിരുനബിﷺ സ്വീകരിച്ചിരുന്ന ശൈലി.
ഇബ്നു അബ്ബാസി(റ)ൽ നിന്നുള്ള മറ്റൊരു നിവേദനത്തിൽ ഇപ്രകാരമുണ്ട്. പ്രഭാതത്തിൽ ശത്രുക്കളെ നേരിടാത്ത ഘട്ടങ്ങളിലെല്ലാം മധ്യാഹ്നത്തിനുശേഷം നേരിടുക എന്ന രീതിയായിരുന്നു തിരുനബിﷺ സ്വീകരിച്ചത്. നിസ്കാരത്തിൻ്റെ സമയമാവുകയും കാറ്റുവീശുകയും ചെയ്യുന്ന നേരം, അല്ലാഹുവേ നിന്നിൽ നിന്നാണ് അഭയം! നിന്നിൽ നിന്നാണ് വിജയം! എല്ലാ ഗതിവിഗതികളും നീയാണ് നിർണയിക്കുന്നത് എന്നീ ആശയങ്ങളുള്ള പ്രാർത്ഥനകൾ നിർവഹിച്ചു കൊണ്ടായിരുന്നു തിരുനബിﷺ ശത്രുക്കളെ പ്രതിരോധിച്ചത്.
ഉത്ബത് ബിനുഗസ്വാൻ(റ) പറയുന്നു. ഞങ്ങൾ തിരുനബിﷺയോടൊപ്പം യുദ്ധവേളകളിൽ സംഗമിച്ചിട്ടുണ്ട്. മദ്ധ്യാഹ്നമായിക്കഴിഞ്ഞാൽ അവിടുന്ന് ഇങ്ങനെ പറയും, ഇനി നിങ്ങൾ ഇരച്ചു കയറിക്കോളൂ എന്ന്.
യുദ്ധക്കളത്തിലെ നയതന്ത്രങ്ങളിൽ ഒന്നായിക്കൂടി ഇതിനെ വായിക്കേണ്ടതുണ്ട്. ശത്രുക്കൾക്ക് കൂടുതൽ ഒരുക്കങ്ങളും തിരിച്ചു കയറാനുള്ള സമയവും അവസരവും ഇല്ലാത്തവിധം അവരെ പ്രതിരോധിക്കുക എന്നതാണ് അതിലൊന്ന്. ഇങ്ങനെയൊക്കെ നിർദ്ദേശം നൽകുമ്പോഴും ആമുഖമായി തിരുനബിﷺ പറഞ്ഞിരുന്ന ഒരു വാചകമുണ്ട്. നിങ്ങൾ ഒരിക്കലും ശത്രുക്കളെ കണ്ടുമുട്ടാൻ ആഗ്രഹിക്കരുത്. അഥവാ യുദ്ധത്തിനും ശാരീരിക പോരാട്ടത്തിനും നിങ്ങൾ കൊതിക്കാൻ പാടില്ല. അനിവാര്യമായ ഘട്ടത്തിൽ പ്രതിരോധിക്കേണ്ടി വന്നാൽ നിങ്ങൾ സഹിഷ്ണുതയുള്ളവരാകണം. ക്ഷമയും സഹനവുമുണ്ടെങ്കിൽ മാത്രമേ ഏതു പ്രയാസ ഘട്ടങ്ങളിലും അതിജീവിക്കാനും ഏതു പ്രതിസന്ധികളെയും മറികടന്ന് മുന്നോട്ടു പോകാനും സാധിക്കുകയുള്ളൂ എന്നു സാരം.
ഉച്ചയായിക്കഴിഞ്ഞാൽ പ്രത്യേകമായ ഒരു കാറ്റുണ്ടാകും. അത് അനുഗ്രഹത്തിന്റേതായിരിക്കും. നിസ്കാരത്തിനു സമയമാവുകയും ചെയ്യും. മദ്ധ്യാഹ്ന നിസ്കാരത്തിന്റെയും സായാഹ്ന നിസ്കാരത്തിന്റെയും ഇടയിൽ തിരുനബിﷺയുടെ സൈന്യത്തിന്റെ ഇടപെടൽ ശക്തിപ്പെടുത്തും. അസർ നിസ്കാരം കഴിഞ്ഞ് വീണ്ടും തുടരും.
രണ്ടു നിസ്കാരങ്ങൾ അടുത്തു വരുമ്പോൾ അല്ലാഹുവിനോട് നേരിട്ട് സംഭാഷണം നടത്താനും പ്രാർത്ഥിക്കാനുമുള്ള അവസരമായി. പ്രസ്തുത സമയങ്ങളിൽ അടിച്ചു വീശുന്ന കാറ്റുകൾ കാരുണ്യത്തിന്റെ കാറ്റുകളായിരിക്കും. അതും വിജയത്തിൻ്റെ സൂചനകളാണ്. ശുഭകരമായ ചില കാര്യങ്ങളെ ക്രമീകരിച്ചും അല്ലാഹുവിനോട് കൂടുതൽ പ്രാർത്ഥിക്കുന്ന നേരങ്ങളെ നിശ്ചയിച്ചുമാണ് മുസ്‌ലിം സൈന്യത്തിന്റെ സമയക്രമം തിരുനബിﷺ നിർണയിക്കുകയും നിർദ്ദേശിക്കുകയും ചെയ്തത്.
മുൻകാലങ്ങളിൽ തന്നെ യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസങ്ങളുണ്ട്. അത്തരം സന്ദർഭങ്ങളിലും കാലങ്ങളിലും തിരുനബിﷺ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഒരുങ്ങാറില്ല. നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്തുകൊണ്ട് ശത്രുപക്ഷം കടന്നാക്രമിക്കുകയോ അടിസ്ഥാന മൂല്യങ്ങൾ ഇല്ലായ്മ ചെയ്യപ്പെടുകയോ ചെയ്യുമ്പോൾ മാത്രമാണ് പ്രതിരോധത്തിന് വേണ്ടി ഒരുങ്ങാറുള്ളത്. ഇസ്‌ലാമിൻ്റെ വെളിച്ചവും സന്ദേശവും തീരെ എത്തിയിട്ടില്ലാത്ത ജനങ്ങളോ പ്രദേശമോ ആണെങ്കിൽ പരമാവധി സമയം അവരെ നന്മകളിലേക്ക് ക്ഷണിച്ചു കൊണ്ടിരിക്കും. സായുധമായി പ്രതിരോധിക്കൽ അനിവാര്യമായ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമെത്തുന്നത് വരെ ഗുണകാംക്ഷയോടെയുള്ള ഉപദേശങ്ങളിലായിരിക്കും തിരുനബിﷺയും സംഘവുമുണ്ടാവുക.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1190
തിരുനബിﷺ അത്യുന്നത നേതൃത്വമായിരിക്കുമ്പോഴും പ്രധാനപ്പെട്ട പോരാട്ടങ്ങളിൽ നേരിട്ട് ഹാജരായി. ചില സന്നിഗ്ധഘട്ടങ്ങളിൽ പടച്ചട്ടയും പടയങ്കിയും അണിഞ്ഞ് ശത്രുവിന്റെ മുന്നിൽ ധീരമായി നിലകൊണ്ടു. ലോകത്ത് വായിക്കപ്പെടുന്ന സമര പോരാട്ടങ്ങളിലെ ഒരു വേറിട്ട വായന കൂടിയാണിത്. സാമ്രാജ്യ വികസനത്തിനോ ശക്തിപ്രകടനത്തിനോ അധികാര വിസ്തൃതിക്കോ ഒക്കെ യുദ്ധങ്ങളും പോരാട്ടങ്ങളും നടത്തിയ ഭരണാധികാരികളും ഏകാധിപതികളും എല്ലാം തങ്ങളുടെ സൈന്യത്തെയും പട്ടാളക്കാരെയും ഉപയോഗപ്പെടുത്തിയായിരുന്നു യുദ്ധങ്ങൾ നടത്തിയിരുന്നത്. പലപ്പോഴും യുദ്ധക്കളങ്ങൾ നേരിട്ടു കാണാനോ തീക്ഷ്ണതകൾ മനസ്സിലാക്കാനോ പോലും അത്തരം നേതാക്കൾക്ക് സാധിച്ചിരുന്നില്ല. അധികാരികളുടെ ചാവേറുകളാവുന്ന കുറെ മനുഷ്യന്മാരായിരുന്നു ആ കഥകളുടെ ഒക്കെ പിന്നിലുണ്ടായിരുന്നത്.
എന്നാൽ സമഗ്രമായ ഒരു നന്മയ്ക്ക് വേണ്ടി നയപരമായി മുന്നേറുകയും ലോകജനതക്കു മുഴുവനും ലഭിക്കേണ്ട നന്മക്ക് തടസ്സമായി നിൽക്കുന്നവരെ സായുധമായും അനിവാര്യമായും പ്രതിരോധിക്കേണ്ട ഘട്ടങ്ങളിൽ നമ്മുടെ ലക്ഷ്യം എന്താണെന്ന് കൃത്യമായി അനുയായികളെ ബോധ്യപ്പെടുത്തിക്കൊണ്ട് പ്രധാനപ്പെട്ട പടക്കളങ്ങളിലേക്ക് എല്ലാം തിരുനബിസന്നിഗ്ധയും പുറപ്പെട്ടു. ഒപ്പമുണ്ടായിരുന്ന സ്വഹാബികളെ ആത്മീയമായും ഭൗതികമായും കൃത്യമായ ദിശ നിർണയിച്ച മുന്നോട്ട് നയിച്ചു. പരിഭ്രമിച്ചു പോകുന്ന ഘട്ടങ്ങളിലെല്ലാം ആധ്യാത്മിക വിചാരങ്ങൾ നൽകി ശക്തിപ്പെടുത്തി. അതാത് സമയങ്ങളിൽ വേണ്ട തന്ത്രങ്ങൾ ആലോചിക്കുകയും പങ്കുവെക്കുകയും ചെയ്തു. എല്ലാവരും പരിഭ്രമിച്ച ഘട്ടങ്ങളിൽ സ്വയം തന്നെ പടക്കളത്തിലേക്ക് ഇറങ്ങി. ശത്രുക്കളുടെ അപ്രതീക്ഷിതമായ കടന്നുകയറ്റം ഉഹ്ദിൽ വെച്ച് സ്വഹാബികളെ പലവഴിക്കും ചിന്നഭിന്നമാക്കി. പക്ഷേ, തിരുനബിﷺ പടക്കളത്തിൽ നിന്ന് പിന്തിരിഞ്ഞില്ല. ശാരീരികമായി പരിക്കും ജീവന് തന്നെ ഭീഷണിയും നേരിട്ടപ്പോഴും ധീരമായി തന്നെ നിലനിന്നു. ഹുനൈൻ യുദ്ധത്തിൻ്റെ ആദ്യഘട്ടത്തിൽ ശത്രുക്കളുടെ ശക്തമായ കടന്നുകയറ്റം അപ്രതീക്ഷിതമാം വിധത്തിൽ സ്വഹാബികൾക്കിടയിൽ പരിഭ്രാന്തി പരത്തി. അവരിൽ പലരും പലവഴിക്കായി. തിരുനബിﷺ നേരിട്ടുതന്നെ ധീരമായി പടക്കളത്തിലിറങ്ങി. മഹത്തായ ഒരു പ്രഖ്യാപനത്തോടെയായിരുന്നു രംഗപ്രവേശനം. ഞാൻ അല്ലാഹുവിൻ്റെ ദൂതനാണ്. അത് അസത്യമല്ല. ഞാൻ അബ്ദുൽ മുത്തലിബിന്റെ മകനാണ്. ഞാൻ കുലീനനും ധീരനും തറവാട്ടുകാരനും സധൈര്യം മുന്നേറാൻ വേണ്ടി വന്നയാളും എന്നാണ് അതിൻ്റെ സാരം.
ഈ രംഗപ്രവേശനം സ്വഹാബികൾക്ക് ആത്മവിശ്വാസം നൽകി. പരിസരങ്ങളിലേക്ക് പോയവർ മുഴുവനും തിരിച്ചുവന്നു. സധൈര്യം തിരുനബിﷺയുടെ പിന്നിൽ അണിനിരന്നു. യുദ്ധത്തിൻ്റെ ഗതി മുഴുവനും അടിമുടി മാറി. മുസ്‌ലിംകൾ വിജയശ്രീലാളിതരായി മടങ്ങി.
ഇത്തരം സന്ദർഭങ്ങളിൽ ഒക്കെ പടച്ചട്ടയും പടത്തൊപ്പിയും ഒക്കെ അണിഞ്ഞതിനെക്കുറിച്ച് ഹദീസുകളിൽ വന്നിട്ടുണ്ട്. ഉഹ്ദ് യുദ്ധ വേളയിൽ രണ്ടു പടയങ്കി അണിഞ്ഞു കൊണ്ടായിരുന്നു തിരുനബിﷺ രംഗത്തേക്ക് വന്നത് എന്ന് സാഇബു ബിനു യസീദി(റ)ൽ നിന്ന് ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം. പടത്തൊപ്പി അണിഞ്ഞുകൊണ്ട് മക്കാ വിജയവേളയിൽ മക്കയിലേക്ക് പ്രവേശിച്ച രംഗം അനസുബ്നു മാലിക്കി(റ)ന്റെ നിവേദനത്തിൽ ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) ഉദ്ധരിക്കുന്നുണ്ട്. തിരുനബിﷺയുടെ പടച്ചട്ടയുടെയും പടയങ്കിയുടെയും പടത്തൊപ്പിയുടെയും ആയുധങ്ങളുടെയും സ്വഭാവങ്ങളെ സംബന്ധിച്ചും അവ കൈകാര്യം ചെയ്ത രീതികളെ കുറിച്ചും തിരുനബിﷺയുടെ വ്യക്തിവിശേഷങ്ങൾ സംബന്ധിച്ച ഹദീസ് ഗ്രന്ഥങ്ങളിൽ സവിശേഷമായി തന്നെ അധ്യായങ്ങളുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1191
ആത്മധൈര്യത്തോടുകൂടി തിരുനബിﷺ രംഗപ്രവേശനം ചെയ്ത ഏറെ അനുഭവങ്ങൾ ചരിത്രത്തിൽ നിന്ന് വായിക്കാനുണ്ട്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. ജനങ്ങളിൽ ഏറ്റവും സൗന്ദര്യവും ഏറ്റവും ഔദാര്യവും ഏറ്റവും ധൈര്യവുമുള്ളവരായിരുന്നു തിരുനബിﷺ. ഒരു രാത്രിയിൽ മദീനക്കാർ മുഴുവനും ഒരു മഹാശബ്ദം കേട്ട് വല്ലാതെ ഭയന്നു. ജനങ്ങൾ സംഘടിച്ച്, കേട്ട സ്ഥലത്തേക്ക് തിരിച്ചു. അപ്പോഴതാ അവിടെ നിന്ന് ഇങ്ങോട്ട് വരുന്നു തിരുനബിﷺ. ശബ്ദം കേട്ട സ്ഥലത്തേക്ക് എല്ലാവരെക്കാൾ മുന്നിൽ തിരുനബിﷺ എത്തിക്കഴിഞ്ഞിരുന്നു. ഭയക്കാൻ ഒന്നുമില്ല എന്ന് പറഞ്ഞു കൊണ്ടായിരുന്നു അവിടുത്തെ വരവ്. അബൂത്വൽഹ(റ)യുടെ ജീനി പോലും കെട്ടിയിട്ടില്ല കുതിരപ്പുറത്തിരുന്ന് കൊണ്ട് തിരുനബിﷺ ഇങ്ങനെ കൂടി പറഞ്ഞു. ഇതൊരു സമുദ്രമാണ്. ഇതൊരു സമുദ്രമാണ്. കുതിരയുടെ സഞ്ചാര സ്വഭാവത്തെ സൂചിപ്പിച്ചു കൊണ്ടായിരുന്നു തിരുനബിﷺയുടെ ആ പ്രയോഗം. തിരുനബിﷺയുടെ തോളിൽ അപ്പോൾ അവിടുത്തെ പടവാൾ അണിഞ്ഞിരുന്നു.
നാട്ടുകാർ മുഴുവനും ഭയപ്പെട്ട സന്ദർഭത്തിൽ ശബ്ദത്തിന്റെ സ്രോതസ്സ് അന്വേഷിച്ചുകൊണ്ടുപോയ ധീരതയുടെ പര്യായമായ തിരുനബിﷺയെയാണ് ഹദീസ് പരിചയപ്പെടുത്തുന്നത്. കഥകളിലോ ചരിത്രത്തിലോ നാം വായിച്ചിട്ടുള്ള ഏതെങ്കിലും ഒരു ഭരണാധികാരിയുടെയോ ചക്രവർത്തിയുടെയോ സമാനതയല്ല ഇവിടെ നാം കാണുന്നത്. പ്രതിസന്ധിഘട്ടങ്ങളിൽ അനുയായികളെക്കാൾ മുന്നിൽ പ്രയാസങ്ങളെ അഭിമുഖീകരിക്കാനും അതിജയിക്കാനും പോന്ന ഒരു മഹാ നേതൃത്വത്തെയാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. പടയങ്കിയും പടവാളും അണിഞ്ഞ് സൈന്യത്തിൻ്റെ മുൻനിരയിൽ നിൽക്കാൻ വേണ്ട ഘട്ടങ്ങളിൽ സധൈര്യം നിലനിന്നിരുന്നു എന്ന് സാരം.
ഇബ്നു സീരീനി(റ)ൽ നിന്ന് ഇമാം തുർമുദി(റ) ഉദ്ധരിക്കുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. എൻ്റെ പടവാൾ ഞാൻ നിർമിച്ചത് സമുറയുടെ പടവാളിന്റെ മാതൃകയിലായിരുന്നു. അദ്ദേഹം എന്നോട് പറഞ്ഞു. അദ്ദേഹം തൻ്റെ പടവാൾ നിർമിച്ചത് തിരുനബിﷺയുടെ പടവാളിന്റെ മാതൃകയിലായിരുന്നു എന്ന്. തിരുനബിﷺയുടെ വാൾ ബനൂ ഹനീഫ ഗോത്രക്കാർ നിർമിച്ചതായിരുന്നുവത്രേ.
വാളിന്റെ പിടി വെള്ളി കൊണ്ട് ഉണ്ടാക്കിയതും സ്വർണ്ണ നിറത്തിൽ തിളങ്ങുന്നതുമായിരുന്നു എന്നും മറ്റു നിവേദനങ്ങളിൽ കാണാം.
ഒന്നര സഹസ്രാബ്ദത്തോളം മുമ്പുള്ള രാഷ്ട്രീയ സാമൂഹിക ചരിത്രം കൂടിയാണ് വരികൾക്കിടയിലൂടെ നാം വായിച്ചു കൊണ്ടിരിക്കുന്നത്. നബി ജീവിതം പകർത്തി വെച്ചപ്പോൾ 1500 ഓളം വർഷങ്ങൾക്കു മുമ്പുള്ള നിർമാണങ്ങളുടെയും സാംസ്കാരിക ഭൂമികയുടെയും വാണിജ്യ പരിസരങ്ങളുടെയും ഒക്കെ ചരിത്രം കൂടിയാണ് രേഖപ്പെടുത്തിയത്. നബി ജീവിതത്തിൻ്റെ പകർപ്പുകളും സംരക്ഷണവും കാലഘട്ടങ്ങളുടെ ചരിത്ര നിർമിതിയിലും സംരക്ഷണത്തിലും എത്രമേൽ പങ്കുവഹിക്കുന്നു എന്നതുകൂടി സമാന്തരമായി നാം അവലോകനം ചെയ്യേണ്ടതാണ്.
ബദ്ർ പോർക്കളത്തിൽ തിരുനബിﷺ ഉപയോഗിച്ചിരുന്ന വാളിന്റെ പേര് ദുൽ ഫുഖാർ എന്നായിരുന്നു. ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
സാങ്കേതികമായും നിർമാണപരമായും ഒക്കെ വികസിച്ച ഒരു കാലത്ത് പ്രയോഗിച്ചിരുന്നത് പോലെയുള്ള സങ്കേതങ്ങളും സംവിധാനങ്ങളും അന്ന് തിരുനബിﷺ ഉപയോഗിച്ചിരുന്നു എന്നതും അന്നത്തെ സാമൂഹിക ക്രമത്തിനനുസരിച്ച് സമൃദ്ധമായ ഒരു സാന്നിധ്യത്തിൻ്റെ ചരിത്രം കൂടിയാണ് തിരുനബിﷺയുടെ നാൾവഴികൾ പറഞ്ഞുതരുന്നത് എന്നും ഈ വായനകളിലൂടെ നമുക്ക് ബോധ്യപ്പെടുന്നുണ്ടാവണം.
നബി ജീവിതത്തിന്റെ രാപ്പകലുകൾ സമൂഹത്തിന്റെ എല്ലാ അടരുകളിലേക്കും പടർന്നു നിൽക്കുന്നത് ഓരോ അധ്യായം വായിക്കുമ്പോഴും പഠിതാവിനെയും അന്വേഷകനെയും നിരന്തരമായി ആശ്ചര്യപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1192
പടക്കളത്തിലെ ക്രമീകരണങ്ങൾക്ക് തിരുനബിﷺ തന്നെ നേതൃത്വം നൽകി. സ്വഹാബികളെ അണിയൊപ്പിച്ച് നിർത്തുന്നതിൽ തിരുനബിﷺ പ്രത്യേകം ജാഗ്രത പുലർത്തി. ബദ്ർ പടക്കളത്തിൽ സ്വഹാബികളെ കൃത്യമായ നിരയൊപ്പിച്ച രംഗം അബൂ അയ്യൂബ്(റ) നിവേദനം ചെയ്യുന്നുണ്ട്. ഓരോ ജനതയുടെയും പതാകകൾ നിർണയിച്ച സ്ഥലങ്ങളിൽ, അതാത് ഗോത്രക്കാർ അവരവരുടെ പതാകക്ക് കീഴിൽ അണിനിരക്കാനും പ്രത്യേകം നിർദ്ദേശം നൽകിയിരുന്നു.
കൂലിപ്പണിക്കാരെയും മറ്റുളളവരുടെ ഉടമസ്ഥതയിൽ കഴിയുന്ന അടിമകളെയും ആക്രമിക്കുകയോ കൊന്നുകളയുകയോ ചെയ്യരുതെന്ന് പ്രത്യേകം നിർദ്ദേശം നൽകിയ രംഗങ്ങളുമുണ്ട്.
യുദ്ധ വേളയിൽ ശബ്ദമുണ്ടാക്കുന്നതും ശബ്ദമുയർത്തുന്നതും തിരുനബിﷺ താല്പര്യപ്പെട്ടിരുന്നില്ല. അങ്ങനെ ശബ്ദമുയർത്തരുതെന്ന് പ്രത്യേകം നിർദ്ദേശം നൽകിയ ഹദീസുകൾ ഖൈസ് ബിൻ സാഇദ(റ)യിൽ നിന്നും അബൂ മൂസ(റ)യിൽ നിന്നും ഇമാം അബുദാവൂദ്(റ) നിവേദനം ചെയ്തിട്ടുണ്ട്.
യുദ്ധം ലക്ഷ്യം വെച്ചും അല്ലാതെയും യാത്ര ചെയ്യുമ്പോൾ ഒറ്റക്ക് യാത്ര ചെയ്യരുതെന്നും ഒറ്റയ്ക്കൊരു സ്ഥലത്ത് ഉറങ്ങരുതെന്നും പ്രത്യേകം തിരുനബിﷺ നിർദ്ദേശങ്ങൾ നൽകിയിരുന്നു. ഒരു നേതൃത്വത്തിന്റെ സർവ്വതലസ്പർശിയായ ജാഗ്രതയോടെയുള്ള ക്രമീകരണങ്ങളുടെ അധ്യായങ്ങളായിട്ടാണ് ഇതൊക്കെ നാം വായിച്ചു പോകുന്നത്. ഓരോ അണിയും അനുയായിയും എപ്പോൾ എവിടെ എങ്ങനെയൊക്കെ ഉണ്ടാകണമെന്ന കൃത്യമായ ശ്രദ്ധയോടുകൂടിയായിരുന്നു സൈനിക സഞ്ചാരങ്ങളെ തിരുനബിﷺ നിയന്ത്രിച്ചിരുന്നത്.
നയതന്ത്ര പരമായ സമീപനങ്ങൾ സ്വീകരിക്കുന്നതിൽ ഏറ്റവും സമയോചിതമായ ഇടപെടലുകളായിരുന്നു തിരുനബിﷺ നിർവഹിച്ചിരുന്നത്. ചില സ്ഥലങ്ങളിൽ യോദ്ധാക്കൾ പലയിടങ്ങളിലായി താമസിക്കാനും, മറ്റു ചിലപ്പോഴൊക്കെ ഒരുമിച്ചൊരു സ്ഥലത്തുണ്ടായാൽ ഒരു മേൽക്കൂരയ്ക്ക് കീഴെ ഉണ്ടാകണമെന്നും തുടങ്ങിയ നിർദ്ദേശങ്ങൾ ഒക്കെ സന്ദർഭോചിതമായി സ്വഹാബികൾക്ക് ലഭിച്ചിരുന്നു. ചിലപ്പോൾ ചിതറി കഴിയുന്നത് പൈശാചിക വിചാരമാണെന്ന് പറഞ്ഞ സന്ദർഭങ്ങളുമുണ്ട്.
പ്രതിസന്ധിഘട്ടങ്ങളിൽ പ്രത്യേക നിർദ്ദേശങ്ങൾ നൽകും. ഉള്ളവർ ഒരുമിച്ചു നിൽക്കാനും സഹിഷ്ണുത കൈവരിക്കാനും ഏതു ഘട്ടത്തെയും അതിജീവിക്കാൻ ആത്മസന്നദ്ധരാകാനും അപ്പപ്പോൾ ഉചിതമായ നിർദ്ദേശങ്ങൾ നൽകും.
ദുർബലരായ ആളുകൾക്ക് ശാരീരികമായി യുദ്ധക്കളങ്ങളിൽ സന്നദ്ധരാവാൻ കഴിയാതിരിക്കുമ്പോഴും അവരുടെ പ്രാർഥനയ്ക്ക് വലിയ മൂല്യമുണ്ടെന്നും അല്ലാഹുവിൻ്റെ സഹായം നമുക്ക് ലഭിക്കുന്നത് ദുർബലരുടെ പ്രാർഥന കൊണ്ടാണെന്നും തിരുനബിﷺ ഉൽബോധിപ്പിച്ചു കൊണ്ടിരുന്നു.
ഒരു നേതാവിന്റെ മനശാസ്ത്രപരമായ ഇടപെടലിന്റെ ഉദാഹരണമാണിത്. യോദ്ധാക്കൾക്ക് അഹംഭാവം ഉണ്ടാവാതിരിക്കാനും ദുർബലർക്ക് മനസ്സിൽ സങ്കോചം ഇല്ലാതിരിക്കാനും ഏറ്റവും പ്രയുക്തമായ ഒരു മാർഗ്ഗമായിരുന്നു ഇത്. ദുർബലരായ ആളുകൾ പ്രാർഥനയിലൂടെ യുദ്ധത്തിന്റെ ഭാഗമാവുകയും അവരുടെ പ്രാർഥന കൂടിയുള്ളപ്പോഴാണ് നമുക്ക് ശക്തി എന്ന് നേതാക്കൾ വിചാരിക്കുകയും ചെയ്യുമ്പോൾ പരസ്പരം ലഭിക്കുന്ന ഒരു ബന്ധവും ആത്മബലവുമുണ്ട്. അതിനെ വളരെ മനോഹരമായി തിരുനബിﷺ ചേർത്തുപിടിച്ചു.
വളരെയേറെ സന്നിഗ്ധമായ ഘട്ടങ്ങളിൽ തിരുനബിﷺ പ്രത്യേകമായ പ്രാർഥനകൾ നിർവഹിച്ചു. സൈന്യങ്ങളെ സഹായിക്കേണമേ എന്നും ശത്രുക്കളെ പരാജയപ്പെടുത്തണമേ എന്നും മനസ്സറിഞ്ഞുകൊണ്ടുള്ള പ്രാർഥനകളുടെ ഫലം സ്വഹാബികൾ നേരിട്ട് അനുഭവിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1193
തിരുനബിﷺയുടെ വൈജ്ഞാനിക വ്യവഹാരങ്ങളും സമീപനങ്ങളും സംബന്ധിച്ച സുപ്രധാനമായ ഒരു അധ്യായമാണ് നമുക്ക് വായിക്കാനുള്ളത്. തിരുനബിﷺ മുന്നോട്ടുവച്ചത് തന്നെ പഠനവും വായനയും അറിവും മുന്നിൽവച്ച് കൊണ്ടുള്ള മഹത്തായ ഒരു വിപ്ലവത്തെയാണല്ലോ! അദ്ധ്യാത്മികം, ആത്മീയം ദൈവത്തിലേക്കുള്ള വഴി എന്നൊക്കെ പറയുമ്പോൾ പലപ്പോഴും വായനക്കും പഠനത്തിനും മനനത്തിനും നിരീക്ഷണത്തിനും ഒന്നും പ്രസക്തിയില്ലാത്ത വിധം കേവലമായ അനുകരണവും അന്ധമായ വിധേയത്വവും അഭൗതികം എന്ന് തോന്നുന്ന ചില മാനങ്ങളും ഒക്കെയായിരിക്കും. എന്നാൽ മുഹമ്മദ് നബിﷺ ‘വായിക്കൂ’ എന്ന് തുടങ്ങി തന്നെയാണല്ലോ അവിടുത്തെ പ്രബോധനത്തിന്റെയും നവോത്ഥാനത്തിന്റെയും പ്രാരംഭം കുറിച്ചത്. അതുകൊണ്ടുതന്നെ തിരുനബിﷺയുടെ വൈജ്ഞാനിക സമീപനങ്ങളും പഠന അന്വേഷണ മേഖലകളെ സമീപിച്ച രീതികളും വളരെ പ്രാധാന്യത്തോടെ തന്നെ നമുക്ക് വായിക്കാനുണ്ട്.
തിരുനബിﷺയുടെ അറിവിന്റെ ഉറവിടവും സ്രോതസ്സും ഭൗതികലോകത്തെ ഏതെങ്കിലും ഒരു അധ്യാപകനിൽ നിന്ന് പകർന്നെടുത്തതല്ല. അങ്ങനെയൊരു സാമ്പ്രദായിക ശിക്ഷണത്തിനും അറിവന്വേഷണത്തിനും വിദ്യാലയത്തിലും ഒന്നും നബിﷺ പോയിട്ടുമില്ല. അല്ലാഹുവിൻ്റെ ഏറ്റവും ഇഷ്ടപ്പെട്ട പ്രവാചകൻ എന്ന അർത്ഥത്തിൽ എല്ലാ അറിവും എല്ലാ അർത്ഥത്തിലും അല്ലാഹു നേരിട്ട് നൽകിയതായിരുന്നു. തിരുനബിﷺയുടെ വൈജ്ഞാനിക റഫറൻസ് മുഴുവനും പ്രപഞ്ചത്തിനധിപനായ അല്ലാഹുവാണ്. തങ്ങൾക്ക് അറിയാത്തതെല്ലാം അവിടുത്തേക്ക് പഠിപ്പിച്ചു തന്നിരിക്കുന്നു എന്നാണ് ഖുർആൻ പ്രസ്താവിച്ചത് തന്നെ. വിശുദ്ധ ഖുർആനിലെ നാലാം അധ്യായത്തിലെ 113 ആം സൂക്തത്തിന്റെ ഒരു ഭാഗം ഉൾക്കൊള്ളുന്ന ആശയം ഇങ്ങനെയാണ്. “തങ്ങൾക്ക് അറിവില്ലാതിരുന്നത് പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. തങ്ങൾക്ക് അല്ലാഹു ചെയ്തുതന്ന അനുഗ്രഹം എത്ര മഹത്തരമാകുന്നു. ”
അറിവിലും ബഹുമതിയിലും തിരുനബിﷺയെ മറികടക്കാൻ ആരുമില്ല എന്ന് എത്ര മനോഹരമായിട്ടാണ് ഇമാം ബൂസീരി(റ) കാവ്യവൽക്കരിച്ചിട്ടുള്ളത്. തിരുനബിﷺയുടെ വൈജ്ഞാനിക സമീപനങ്ങളെ സംബന്ധിച്ച ചില നിവേദനങ്ങളും സന്ദർഭങ്ങളും നമുക്ക് വായിച്ചു തുടങ്ങാം.
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ജുബൈർ ബിൻ മുത്ത്ഇം(റ) പറഞ്ഞു. ഒരാൾ തിരുനബിﷺയുടെ അടുക്കൽ വന്നു. അയാൾ ചോദിച്ചു. നാടുകളിൽ ഏറ്റവും മോശമായത് ഏതാണ്? തിരുനബിﷺ പറഞ്ഞു. എനിക്കറിയില്ല. ജിബ്‌രീൽ(അ) തിരുനബിﷺയുടെ അടുക്കൽ വന്നപ്പോൾ ഇതേ ചോദ്യം നബിﷺ ജിബ്‌രീലി(അ)നോട് ചോദിച്ചു. എനിക്കറിയില്ല അല്ലാഹുവിനോട് ചോദിച്ചറിഞ്ഞെങ്കിലെ പറയാനാവൂ എന്ന് ജിബ്‌രീൽ(അ) മറുപടി പറഞ്ഞു. സമയങ്ങൾക്കുശേഷം ജിബ്‌രീൽ(അ) വന്ന് നബിﷺയോട് പറഞ്ഞു. അല്ലയോ മുഹമ്മദ് നബിﷺയെ, അവിടുന്ന് എന്നോട് ചോദിച്ചിരുന്നുവല്ലോ പ്രദേശങ്ങളിൽ ഏറ്റവും മോശമായത് ഏതാണെന്ന്? അത്യുന്നതനായ അല്ലാഹുവിനോട് ഞാൻ ഇക്കാര്യം ചോദിച്ചു. ഓരോ നാടുകളിലെയും അങ്ങാടികളാണ് എന്ന് അല്ലാഹു മറുപടി പറഞ്ഞു.
ആശ്ചര്യകരമായ ഈ നിവേദനം കൗതുകകരമായ പല സന്ദേശങ്ങളും നൽകുന്നുണ്ട്. അറിയാത്ത കാര്യം അറിയില്ലെന്ന് പറയാൻ അല്ലാഹുവിൻ്റെ ദൂതർക്കും ദിവ്യ സന്ദേശങ്ങൾ എത്തിച്ചു കൊടുക്കുന്ന മലക്കിനും യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല. ഏത് അറിവുള്ളവർക്കും അറിയാത്ത കാര്യങ്ങളുണ്ടാവും. സൃഷ്ടികളുടെ മുഴുവൻ അറിവും സ്രഷ്ടാവിൽ നിന്ന് സിദ്ധിച്ചത് മാത്രമാണ്. സ്രഷ്ടാവിന് മാത്രമേ സ്വന്തമായി എല്ലാമുള്ളൂ. അവൻ നൽകിയത് മാത്രമാണ് സൃഷ്ടികൾക്ക് മുഴുവനും ലഭ്യമായത്. അല്ലാഹുവിൽ നിന്ന് ഏറ്റവും കൂടുതൽ അറിവും അവബോധവും ലഭിച്ചിട്ടുള്ളത് അല്ലാഹുവിന്റെ ഏറ്റവും പ്രിയപ്പെട്ട ദാസനും ദൂതനുമായ മുഹമ്മദ് നബിﷺക്കാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1194
ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. തിരുനബിﷺയുടെ സന്നിധിയിലേക്ക് ഒരാൾ വന്നു ചോദിച്ചു. ഏറ്റവും ശ്രേഷ്ഠമായ ഇടം ഏതാണ്? അപ്പോൾ അവിടുന്ന് എനിക്കറിയില്ല എന്ന് പറഞ്ഞു. അല്പനേരം മൗനം ദീക്ഷിച്ചു. അപ്പോൾ ജിബ്‌രീൽ(അ) ആഗതനായി. നബിﷺ അതേ ചോദ്യം ജിബ്‌രീലി(അ)നോട് ചോദിച്ചു. ജിബ്‌രീലും(അ) അറിയില്ല എന്ന് ഉത്തരം പറഞ്ഞു. എന്നാൽ അല്ലാഹുവിനോട് ചോദിക്കൂ എന്ന് തിരുനബിﷺ ജിബ്‌രീലി(അ)നോട് പ്രതികരിച്ചു. അല്ലാഹുവിൻ്റെ സമക്ഷത്തിൽ ജിബ്‌രീലി(അ)നോട് അല്ലാഹു ചോദിച്ചു. മുഹമ്മദ് നബിﷺ നിങ്ങളോട് ഭൂമിയിലെ മികച്ചയിടം ഏതാണെന്ന് ചോദിക്കുകയും നിങ്ങൾ ഏതാണെന്ന് അറിയില്ലെന്ന് പറയുകയും ചെയ്തില്ലേ? അതെ. എന്നാൽ ഭൂമിയിലെ ഏറ്റവും മികച്ച ഇടം അല്ലാഹുവിനുവേണ്ടി സുജൂദ് ചെയ്യുന്ന ഇടങ്ങൾ ആകുന്നു അഥവാ പള്ളികൾ. ഏറ്റവും മോശമായ ഇടം അങ്ങാടികളും.
അറിവിനോട് കാണിക്കേണ്ട സമീപനങ്ങളെയാണ് ഈ സംഭാഷണങ്ങളും മറ്റും ബോധ്യപ്പെടുത്തുന്നത്. അറിയാത്തത് അറിയില്ലെന്ന് പറയാൻ മടിക്കേണ്ടതില്ലെന്നും അന്വേഷണത്തിന് അമാന്തിക്കേണ്ടെന്നുമെല്ലാം അത്യുന്നതങ്ങളിൽ നിന്ന് തന്നെ നമുക്ക് പകർന്നു തരികയാണ്.
ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. ബഹുദൈവ വിശ്വാസികളുടെ മരണപ്പെട്ടുപോയ കുഞ്ഞുമക്കളെ കുറിച്ച് തിരുനബിﷺയോട് ചോദ്യം വന്നു. അവരുടെ ഗതി എന്താണെന്ന് അല്ലാഹുവിന് നന്നായി അറിയാം എന്നായിരുന്നു മറുപടി.
ബഹുദൈവ വിശ്വാസികളായ മനുഷ്യരുടെ വിവേകമോ പ്രായമോ ആയിട്ടില്ലാത്ത മക്കൾ മരണപ്പെട്ടുപോയാൽ അവരുടെ പരിണതി ആയിരിക്കുമോ എന്നായിരുന്നു അന്വേഷണം. അത് സംബന്ധമായ സന്ദേശങ്ങൾ ലഭിക്കുന്നതിന് മുമ്പ് തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്ന ചോദ്യത്തിന് അല്ലാഹുവിനറിയാം എന്ന് പറയുന്നതിൽ തിരുനബിﷺക്ക് യാതൊരു സങ്കോചവുമുണ്ടായിരുന്നില്ല.
ചില കാര്യങ്ങൾ പ്രത്യക്ഷത്തിൽ നേരിട്ട് പറയേണ്ടതല്ലെങ്കിൽ അവയെക്കുറിച്ചും ഇങ്ങനെ പ്രയോഗങ്ങൾ വരാറുണ്ട്. അറിയത്ത ലോകം വിശാലമാണെന്നും പഠനവും അന്വേഷണവും തുടർന്നുകൊണ്ടിരിക്കണമെന്നും അറിയാത്ത കാര്യങ്ങളിൽ എന്തെങ്കിലും പറഞ്ഞ് ചോദ്യകർത്താക്കളെ തെറ്റായി നയിക്കരുത് എന്നുമുള്ള സന്ദേശങ്ങൾ ഉൾവഹിക്കുന്നതാണ് തിരുനബിﷺയുടെ മറുപടിയും അധ്യാപനങ്ങളുമെല്ലാം.
ഇമാം ഹാക്കിം(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. ദുൽക്കർനൈനി പ്രവാചകനാണോ, അല്ലേ? എനിക്കറിയില്ല. തുബ്ബഅ് രാജാവ് മുസ്‌ലിമാണോ, അല്ലേ? എനിക്കറിയില്ല എന്ന് തിരുനബിﷺ ഒരിക്കൽ പറഞ്ഞിരുന്നു.
ഇമാം അബൂ ദാവൂദ്(റ) അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ ഉസൈർ പ്രവാചകനാണോ, അല്ലേ? എന്ന് ചോദിക്കുമ്പോൾ എനിക്കറിയില്ല എന്ന് തിരുനബിﷺ പ്രതികരിച്ച ഒരു ഭാഗം കൂടിയുണ്ട്.
ഈ നിവേദനങ്ങളിൽ വായിച്ച പലതിനെക്കുറിച്ചും പിന്നീട് അല്ലാഹുവിൽ നിന്ന് കൃത്യമായി വിവരങ്ങൾ ലഭിച്ചിരിക്കണം. ചില സന്ദർഭങ്ങളിൽ ചോദ്യങ്ങൾ ഉന്നയിച്ചു മറുപടി അറിയിക്കേണ്ട സന്ദർഭങ്ങളെ പരീക്ഷിക്കുകയും നയപരമായ നിലപാടുകൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.
അറിവിൻ്റെ വ്യവഹാരത്തിലും വിനിയോഗത്തിലും വിവരങ്ങൾ പങ്കുവെക്കുന്നതിലും കൃത്യമായ നിർണയവും ഔചിത്യബോധവും ഒക്കെ ഉണ്ടാകണമെന്ന് തിരുനബിﷺയുടെ ജീവിതം മുഴുവനും നമ്മെ പഠിപ്പിക്കുന്നുണ്ട്. ചില കാര്യങ്ങൾ വ്യക്തമാക്കാതെ കടന്നു പോകുന്നതിലും സാമൂഹിക വൈയക്തിക നന്മകൾ കാംക്ഷിച്ചതും പരിപാലിച്ചതും സ്വതന്ത്രമായ അധ്യായങ്ങളായി തന്നെ വായിക്കാനുമുണ്ട്. നബി ജീവിതത്തിൻ്റെ വൈജ്ഞാനിക വ്യവഹാരങ്ങളെ കുറിച്ച് ഇനിയും നമുക്ക് പഠനം തുടരാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Leave a Reply