മനുഷ്യ ജീവിതത്തിന്‍റെ നിഖില മേഖലകളും സ്പര്‍ശിച്ച മതമാണ് ഇസ്ലാം. ഇതര മതങ്ങളില്‍ നിന്ന് വേറിട്ടതും, വൈവിധ്യം നിറഞ്ഞതുമായ ആശയങ്ങളാണ് ഇസ്ലാം മുന്നോട്ട് വെച്ചത്. ഈ ആശയങ്ങളെ മുഴുവനും തന്‍റെ ജീവിതം കൊണ്ട് സമര്‍പ്പിച്ച വ്യക്തി പ്രഭാവമാണ് മുഹമ്മദ് നബി (സ) . റസൂല്‍ (സ) മുഴുവന്‍ വിഷയങ്ങളിലും അനുകരിക്കപ്പെടുന്ന മാതൃക വ്യക്തിത്വമാണ്.
അല്ലാഹുവിനെയും, അന്ത്യ ദിനത്തെയും പ്രത്യാശിക്കുകയും, അല്ലാഹുവിനെ അധികമായി സ്മരിക്കുകയും ചെയ്യുന്നവര്‍ക്ക് അല്ലാഹുവിന്‍റെ റസൂലില്‍ ഉത്തമ മാതൃകയുണ്ട്. (അഹ്സാബ്-21)
ഏറ്റവും സമ്പൂര്‍ണ്ണ നിയമ പദ്ധതി ലോകത്തിന് അല്ലാഹു നല്‍കിയത് മുഹമ്മദ് നബി (സ) യിലൂടെയാണ്.
നിത്യ ജീവിതത്തിന്‍റെ പരമ പ്രധാനമായ മാനുഷിക കര്‍മ്മമാണ് ഭോജനം. അന്നപാനീയങ്ങള്‍ യാന്ത്രികമായി നിര്‍വഹിക്കേണ്ടതല്ലെന്നും അതിന് ചില ചിട്ടകളും, ശീലങ്ങളും പാലിക്കണമെന്നും പ്രവാചകര്‍ (സ) പഠിപ്പിച്ചു.
മനുഷ്യന് നല്‍കപ്പെട്ട പ്രധാനപ്പെട്ടതാണ് ആരോഗ്യമെന്ന് നബി (സ) ഉദ്ഘോഷിച്ചു. ആരോഗ്യത്തിന് വിഘാതം ഉണ്ടാക്കുന്നവ ഭക്ഷിക്കുന്നത് അവിടുന്ന് നിരോധിച്ചു. തന്‍റെ ജീവിതത്തില്‍ പ്രത്യേകമായ മെനു അടിസ്ഥാനമാക്കിയേ ഭക്ഷിക്കുകയുള്ളൂ എന്ന ശാഠ്യം പ്രവാചകരില്‍ ഉണ്ടായിരുന്നില്ല. ലഭിച്ചത് ഭക്ഷിക്കും. അനിഷ്ഠമായാല്‍ അത് പ്രകടിപ്പിക്കാതെ സന്തോഷപൂര്‍വ്വം നിരസിക്കും. എങ്കിലും അവിടുന്ന് പ്രത്യേക ഭക്ഷ്യ വിഭവങ്ങളെ ഇഷ്ടപ്പെട്ടിരുന്നു. ഉമി പൂര്‍ണ്ണമായി കളയാത്ത യവത്തിന്‍റെ റൊട്ടി ഇഷ്ടമായിരുന്നു. പഴങ്ങളില്‍ ബത്തക്കയും, മുന്തിരിയും, ഇഷ്ടവിഭവമായിരുന്നു. കൂടുതലും കഴിച്ചിരുന്നത് ഈന്തപ്പഴവും ,കാരക്കയുമായിരുന്നു. ഈത്തപ്പഴ ഇനത്തില്‍ അജ്വയായിരുന്നു പ്രത്യേകതാല്‍പര്യം. ഒരാള്‍ പ്രഭാതത്തില്‍ ഏഴ് അജ്വ കാരക്ക ഭക്ഷിച്ചാല്‍ ആ ദിവസം അവര്‍ക്ക് വിഷമോ, സിഹ്റോ ബാധിക്കില്ല. (ബുഖാരി) എന്ന് അവിടുന്ന് നിര്‍ദ്ദേശിച്ചു.
അമിത ചൂടുള്ളത് ബറകത്ത് നീങ്ങാന്‍ കാരണമാകുമെന്ന് നബി (സ) പഠിപ്പിച്ചു. ഈത്തപ്പഴം കഴിക്കുമ്പോള്‍ ചില ഘട്ടങ്ങളില്‍ അതിന്‍റെ ചൂടിനെ പ്രതിരോധിക്കുന്ന കക്കരി പോലുള്ള തണുത്ത വസ്തുവിനെ ഭക്ഷിക്കുകയും ഇതിന്‍റെ ചൂട് ഇതിന്‍റെ തണുപ്പിനെ നീക്കി എന്ന് അവിടുന്ന് പറയും.
ചുരങ്ങ ഏറെ ഇഷ്ടവിഭവമായിരുന്നു. പത്തിരിയും മാംസവും കഴിക്കുമ്പോള്‍ ഒപ്പം ചുരങ്ങയും കഴിക്കും. കറിവെക്കുമ്പോള്‍ കൂടുതല്‍ ചുരങ്ങ ഇടാന്‍ നിര്‍ദ്ദേശിക്കും. ദുഖിതന്‍റെ ഹൃദയത്തിന് ബലമേകാന്‍ ചുരങ്ങ സഹായകമാകുമെന്ന് നബി (സ) ഓര്‍മ്മിപ്പിച്ചു. പ്രവാചകരുടെ ചുരങ്ങയോടുള്ള താല്‍പര്യം എന്നെയും സ്വാധീനിച്ചു എന്ന് സേവകരായ അനസ് (റ) പറഞ്ഞിട്ടുണ്ട്.
ദുര്‍ഗന്ധം വമിക്കുന്ന ഉള്ളി പോലോത്ത വസ്തുക്കളെ ഭക്ഷിക്കുന്നതില്‍ നിന്ന് അവിടുന്ന് വിരക്തി പ്രകടിപ്പിക്കുകയും അത് ഭക്ഷിച്ചവര്‍ ഉത്തമ സദസ്സുകളിലേക്ക് പ്രവേശിക്കരുതെന്ന് വിശ്വാസികളെ താക്കീത് ചെയ്തു.
തിരുനബിയുടെ ഭക്ഷണരീതി
ഭക്ഷണം കഴിക്കുമ്പോള്‍ പ്രവാചകര്‍ സ്വീകരിച്ച ശൈലി ഇമാം ഗസ്സാലി (റ) ഇഹ് യയില്‍ വിവരിച്ചിട്ടുണ്ട്. അവയില്‍ പ്രധാനപ്പെട്ടവ ചുവടെ വിവരിക്കാം.
- സ്വഹാബിയായ സല്‍മാനുല്‍ ഫാരിസി (റ) പറഞ്ഞു. ഇസ് ലാമിനു മുമ്പ് ഞാന്‍ തൗറാത്ത് വായിച്ചു. ഭക്ഷണശേഷം കൈ കഴുകല്‍ ബറക്കത്തിന് കാരണമാകുമെന്ന് ഞാന്‍ അതില്‍ കണ്ടു. പിന്നീട് ഞാന്‍ ഇസ് ലാമിലേക്ക് വന്നപ്പോള്‍ നബി (സ)യോട് ഈ വിവരം പറഞ്ഞപ്പോള്‍ അവിടുന്ന് പ്രതിവചിച്ചു. ഭക്ഷണത്തിലെ ബറക്കത്ത് ഭക്ഷിക്കും മുമ്പും, ശേഷവും കൈ കഴുകലാണ്. (തിര്‍മുദി)
കൈ അഴുക്ക് പുരണ്ടില്ലെങ്കിലും ഭക്ഷണത്തോട് ആദരവ് പ്രകടിപ്പിക്കുക എന്ന നിലയില്‍ തുടക്കം കൈ കഴുകണം.(മിര്‍ഖാത്ത് 7 41)
മാത്രമല്ല ഭക്ഷിക്കും മുമ്പ് കൈകഴുകല്‍ ദാരിദ്ര്യം അകറ്റുമെന്ന് നബി (സ) യില്‍ നിന്ന് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. - ഭക്ഷിക്കുമ്പോള്‍ ബിസ്മി ചൊല്ലലും കൂടെയുള്ളവര്‍ കേള്‍ക്കുന്ന രൂപത്തില്‍ ഉറക്കെയാക്കുകയും നബി ചര്യയാണെന്ന് ഇമാം നവവി (റ) പറഞ്ഞിട്ടുണ്ട്. (മിര്‍ഖാത്ത് 1 5)
അംറു ബിന്‍ അബീസലമ (റ) പറഞ്ഞു. ഞാന്‍ കുട്ടിയായിരുന്നപ്പോള്‍ നബി (സ) യുടെ കൂടെ ഭക്ഷണം കഴിച്ചു. എന്‍റെ കൈ ഭക്ഷണ തളികയില്‍ ചുറ്റും നീളുമായിരുന്നു. പ്രസ്തുത സമയം നബി (സ) എന്നോട് പറഞ്ഞു. നീ ബിസ്മി ചൊല്ലി ഭക്ഷിക്കുക. വലത് കൈ കൊണ്ടാവുക. പാത്രത്തില്‍ നിന്നോട് അടുത്ത ഭാഗത്ത് നിന്ന് ഭക്ഷിക്കുക. (ബുഖാരി)
ബിസ്മി ചൊല്ലാതെ ഭക്ഷിച്ചാല്‍ പിശാച് കൂടെ ഭക്ഷിക്കുമെന്ന് പ്രവാചകര്‍ താക്കീത് നല്‍കി. (മുസ് ലിം) തുടക്കത്തില്‍ ബിസ്മി മറന്നാല്‍ ഇടയില്‍ ബിസ്മില്ലാഹി അവ്വലുഹു വ ആഖിറുഹു എന്ന് ചൊല്ലണം. - അമിത ഭോജനം ആരോഗ്യത്തെ ക്ഷയിപ്പിക്കുമെന്നും ആരാധന കര്‍മ്മങ്ങളില്‍ താല്‍പര്യം നഷ്ടപ്പെടുത്തുമെന്നതുമാണ.് നബി (സ) ഭക്ഷണ രീതിയെ ആഇശ (റ) വിവരിക്കുന്നത് ഇപ്രകാരമാണ്.
തുടര്‍ച്ചയായ രണ്ട് ദിവസം വയറ് നിറയെ അവിടുന്ന് ഭക്ഷണം കഴിച്ചിരുന്നില്ല. (ശമാഇല്‍)
ഇതേ അവസ്ഥ പത്ത് വര്‍ഷം വഫാത്ത് വരെ തുടര്‍ന്നുവെന്ന് പണ്ഡിതര്‍ വിശദീകരിച്ചിട്ടുണ്ട്. (ഹിദായത്തുല്‍ മുഹ്ത്തദീ-432)
അമിത ഭോജനം വിശ്വാസിയുടെ ലക്ഷണം അല്ല. അവിശ്വാസിയായിരിക്കെ വയറ് നിറയെ ഭക്ഷിച്ച ഒരു വ്യക്തി ഇസ് ലാം സ്വീകരിച്ചപ്പോള്‍ മിതമായ രീതിയില്‍ ഭക്ഷിക്കുന്ന സ്വഭാവമായി. ഇത് സംബന്ധിച്ച് നബി (സ)യോട് ചോദിക്കപ്പെട്ടപ്പോള്‍ പ്രവാചകര്‍ പറഞ്ഞു. വിശ്വാസി ഒരു കുടലില്‍ ഭക്ഷിക്കുന്നു. അവിശ്വാസി ഏഴ് കുടലില്‍ ഭക്ഷിക്കുന്നു. (ബുഖാരി)
ഈ ഹദീസ് വിശദീകരിച്ച് ഇമാം ഖാളി ഇയാള് (റ) പറഞ്ഞു. യഥാര്‍ത്ഥ വിശ്വാസിക്ക് ഭക്ഷണത്തോട് തീവ്രമായ ആഗ്രഹം ഉണ്ടാകില്ല. അവന്‍റെ ഭക്ഷണത്തില്‍ ബറക്കത്ത് ലഭിക്കുന്നത് കൊണ്ട് അവന്‍റെ വിശപ്പ് അടങ്ങുന്നതാണ്. (മിര്‍ഖാത്ത് 7 15) - നബി (സ) ഭക്ഷണം കഴിച്ച രീതി നിലത്ത് സുപ്ര വിരിച്ച് കൊണ്ടായിരുന്നു. ഈ രൂപത്തില്‍ ഭക്ഷിക്കല്‍ വിനയ പ്രകടനത്തിന് കാരണമാവുകയും അഹങ്കാരം നീക്കം ചെയ്യാനും സാധിക്കും. രണ്ട് മുട്ടും നിലത്ത് വെച്ച് കാല്‍ പാദത്തിന്‍റെ പുറം ഭാഗത്ത് ഇരിക്കുക, വലത് കാല്‍ നാട്ടി വെച്ച് ഇടത് കാലില്‍ ഇരക്കുക ഈ രൂപങ്ങളാണ് പ്രവാചകരുടെ രീതി. (ഫത്ഹുല്‍ മുഈന്‍ 381 ). ഞാന്‍ ചാരി ഇരുന്ന് ഭക്ഷിക്കില്ല. ഞാന്‍ ഒരടിമയാണ്. ഒരു അടിമ ഭക്ഷിക്കും പ്രകാരമേ ഞാന്‍ ഭക്ഷിക്കുകയുള്ളൂ. ഒരു അടിമ ഇരിക്കുംപോലെ മാത്രമേ ഞാന്‍ ഇരിക്കുകയുള്ളൂ എന്ന് അവിടുന്ന് പറഞ്ഞു.(ബുഖാരി)
തിന്നുകയും കുടിക്കുകയും ചെയ്യേണ്ടത് ഇരുന്ന് കൊണ്ടാകലാണ് അഭികാമ്യവും തിരുചര്യയും. ആധുനിക ബുഫെ സംവിധാനം പ്രവാചക ചര്യക്ക് വിരുദ്ധമാണെന്നും അഭിമാന സംസ്കാരത്തിന് നിരക്കാത്തതുമാണ്. - നബി (സ) ഒറ്റയ്ക്ക് ഭക്ഷിക്കാറില്ല. മാത്രമല്ല സംഘമായി ഭക്ഷിക്കല്‍ ഗുണ വര്‍ദ്ധനവിന് കാരണമാകുമെന്നാണ് പ്രവാചകാധ്യാപനം.
നിങ്ങള്‍ സംഘടിതമായി ഭക്ഷിക്കൂ. നിങ്ങള്‍ക്ക് അതില്‍ ബറക്കത്ത് നല്‍കപ്പെടും (അബൂദവൂദ്). സംഘടിതമായി ഭക്ഷിക്കുമ്പോള്‍ തന്നെ ഒരു പാത്രത്തില്‍ നിന്ന് ഭക്ഷിക്കലും പുണ്യകര്‍മ്മമാണെന്ന് നബി (സ) പഠിപ്പിച്ചുട്ടുണ്ട്. കൂടുതല്‍ കരങ്ങള്‍ ഇടപെട്ടതാണ് ഏറ്റവും ഉദാത്ത ഭക്ഷണം എന്ന് അവിടുന്ന് പറഞ്ഞു.
ഭക്ഷണ ശേഷം നന്ദി പ്രകടനമായി അല്‍ ഹംദുലില്ലാഹ് എന്ന് അവിടുന്ന് പറഞ്ഞിരുന്നുاَلْحَمْدُ لِللهِ الَّذِي أَطْعَمَنَا وَسَقَانَا وَجَعَلَنَا مُسْلِمِينْ എന്ന് ചൊല്ലല്‍ ഹംദിന്‍റെ പൂര്‍ണ്ണതയില്‍ പെട്ടതാണ്. പ്രവാചകര്‍ ഇപ്രകാരം ഹംദ് ചെയ്തിട്ടുണ്ട്. ഭക്ഷണം കഴിച്ച് നന്ദി പ്രകടിപ്പിക്കുന്നത് ക്ഷമാ ശീലനായി വ്രതമനുഷ്ഠിച്ചവന് തുല്യമാണ് എന്ന ഹദീസ് ഹംദിനെ പ്രചോദിപ്പിക്കുന്നു. ഭക്ഷണം കഴിച്ച ശേഷം ഭക്ഷണ തളിക പൂര്‍ണ്ണമായി ഈമ്പല്‍ പ്രത്യേകം സുന്നത്താണ്. അപ്രകാരം ചെയ്താല്‍ പ്രസ്തുത പാത്രം അവന് പൊറുക്കല്‍ ചോദിക്കുമെന്ന് ഇമാം അഹ് മദ് (റ) നിവേദനം ചെയ്ത ഹദീസില്‍ കാണാം.
1 Comment
മുഹമ്മദ് റഫ്‌സൽ
December 6, 2020വളരെയധികം ജീവിതത്തിൽ പകർത്താൻ ഉതകുന്ന ഭക്ഷണ ശീലങ്ങളെ പകർന്നു നൽകുന്നു