സമര്‍പ്പണത്തിന്‍റെ ജീവിതാവിഷ്കാരങ്ങള്‍

Admin March 9, 2020 No Comments

സമര്‍പ്പണത്തിന്‍റെ ജീവിതാവിഷ്കാരങ്ങള്‍

ഇസ്ലാമില്‍ ഉന്നതമായ സ്ഥാനത്തിന്‍റെ ഉടമകളാണ് പ്രവാചകനുചരരായ സ്വഹാബികള്‍. സത്യ വിശ്വാസത്തോട് കൂടി നബി (സ) യെ കാണുകയോ, നബിയോട് ഒരുമിച്ച് സഹവസിക്കുകയോ ചെയ്തവരാണ് സാങ്കേതികാര്‍ത്ഥത്തില്‍ സ്വഹാബികള്‍ എന്നത് കൊണ്ട് വിവക്ഷിക്കുന്നത്. (ജംഅ് 2/165). നബിമാര്‍ക്ക് ശേഷം ഏറ്റവും ഉല്‍കൃഷ്ഠര്‍ സ്വഹാബികളാണ്. ‘ജനങ്ങളില്‍ ഏറ്റവും ഉത്തമര്‍ എന്‍റെ നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ് പിന്നെ അവരോടടുത്തവര്‍ ശേഷം അവരോട് അടുത്തവര്‍'(ബുഖാരി 3651) എന്ന മുത്ത് നബിയുടെ വചനം ഉപരി സൂചിത ആശയത്തെ വ്യക്തമായി അടയാളപ്പെടുത്തുന്നു.
പ്രവാചക ജീവിതത്തെ പില്‍ക്കാലക്കാര്‍ക്ക് കൈമാറിയതും, ലോകം മുഴുക്കെ പ്രസരണം ചെയ്തതും സ്വാഹബത്ത് മുഖേനയാണ്. നൂറ്റാണ്ടുകളുടെ പാരമ്പര്യത്തോടും കുടുംബ സാമൂഹ്യ ആചാരങ്ങളുടെ അംഗീകാര അകമ്പടിയോടെ പകര്‍ന്നു കിട്ടിയ പിഴച്ച സംസാരങ്ങളും, ആചാരങ്ങളും പൂര്‍ണ്ണമായി കൈവെടിഞ്ഞ് നബി (സ) യുടെ പര്‍ണ്ണ ശാലയില്‍ നിന്ന് ജീവിത വിശുദ്ധി കൈവരിച്ചവരാണ് സ്വഹാബികള്‍.

മുഹാജിറുകളും അന്‍സ്വാറുകളും
ഇസ്ലാമിക പ്രബോധനവും അനുചരുടെ സംരക്ഷണവും ഉദ്ദേശിച്ച് നബി (സ) മദീനയിലേക്ക് പലായനം ചെയ്തു. പ്രസ്തുത ഘട്ടത്തില്‍ നബി (സ) യോട് കൂടെ മദീനയിലേക്ക് പലായനം ചെയ്തവരാണ് മുഹാജിറുകള്‍. അതിഥിയായി വന്ന മുഹാജിറുകളെ സര്‍വ്വതും നല്‍കി സ്വീകരിച്ച മദീന നിവാസികളാണ് അന്‍സ്വാറുകള്‍.
മുഹാജിറുകളും, അന്‍സ്വാറുകളും ഉള്‍ക്കൊണ്ട ആദര്‍ശവും വിശ്വാസബല വും അവര്‍ണ്ണനീയമാണ്. അചഞ്ചലമായ വിശ്വാസത്തിന്‍റെ ഉള്‍ക്കരുത്തില്‍ എല്ലാം സമര്‍പ്പിച്ച് വിശുദ്ധ ഇസ്ലാമിന് വേണ്ടി ത്യാഗം വരിച്ചവര്‍. വീടും കൂടുംബവും, നാടും വിട്ടെറിഞ്ഞ് വിശ്വാസം എന്ന വജ്രായുധമാണ് ഏറ്റവും വലിയ അമൂല്യ സമ്പത്ത് എന്ന മഹത്തായ സത്യം ലോകത്തിന് പഠിപ്പിച്ചവരാണ് മുഹാജിറുകള്‍. മുഹാജിറുകളുടെ മഹത്വത്തെ വിശുദ്ധ ഖുര്‍ആന്‍ അടയാളപ്പെടുത്തിയത് ഇപ്രകാരമാണ്. ‘വിശ്വസിക്കുകയും സ്വദേശം വെടിയുകയും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പ്പെടുകയും ചെയ്തവരാരോ അവര്‍ അല്ലാഹുവിന്‍റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാണ്. അല്ലാഹു ഏറെ പൊറുത്തുകൊടുക്കുന്നവനും കാരുണ്യവാനുമാകുന്നു. (അല്‍ബഖറ 218)
മുഹാജിറുകളുടെ ഹ്രസ്വ ചിത്രം ഈ സൂക്തം പ്രകാശിപ്പിക്കുന്നു. അന്‍സ്വാറുകളെ കുറിച്ച് ഖുര്‍ആന്‍ പറയുന്നത് ഇപ്രകാരമാണ്. ‘ ഓ പ്രവാചകരേ അല്ലാഹുവും താങ്കളെ പിന്‍പറ്റിയ വിശ്വാസികളും മതി താങ്കള്‍ക്ക്'(അന്‍ഫാല്‍). ഈ സൂക്തം അവതരിച്ചത് അന്‍സ്വാറുകളായ സ്വഹാബികളുടെ കാര്യത്തിലാണെന്ന് ഖുര്‍ആന്‍ വ്യാഖ്യാത പണ്ഡിതര്‍ പറഞ്ഞിട്ടുണ്ട്. (റാസി 15/191ഃ).
പ്രവാചകര്‍ക്ക് പ്രബോധന വീഥിയില്‍ കൈതാങ്ങായി പ്രവര്‍ത്തിച്ചവരാണ് അന്‍സ്വാറുകള്‍. മുഹാജിറുകളുടെയും അന്‍സ്വാറുകളുടെയും മഹത്വം സംയുക്തമായി അല്ലാഹു വിളംബരം ചെയ്യുന്നത് കാണാം. “മുഹജിറുകളും അന്‍സ്വാറുകളുമായ മു്ന്‍ഗാമികളെയും സല്‍ പ്രവര്‍ത്തനം കൊണ്ട് അവരോട് പിന്‍പറ്റിയവരെയും അല്ലാഹു തൃപ്തിപ്പെട്ടു. അവര്‍ അല്ലാഹുവിനെയും തൃപ്തിപ്പെട്ടു. (തൗബ 100).
എല്ലാ സ്വഹാബികളും വിശിഷ്യ മുഹാജിറുകളും അന്‍സ്വാറുകളും അല്ലാഹുവിന്‍റെ തൃപ്തിക്ക് പാത്രീ ഭൂതരാണെന്ന് ഈ സൂക്തം വ്യാഖ്യാനിച്ച് താബിഈ പണ്ഡിതനായ മുഹമ്മദ് ബ്നു കഅബ് (റ) വില്‍ നിന്നും അബൂ ശൈഖും , ഇബ്നു അസാകിറും നിവേദനം ചെയ്തതായി ഇമാം റാസി (റ) രേഖപ്പെടുത്തി. (റാസി 16/171). ഈ സൂക്തം സ്വഹബത്തിന്‍റെ മഹത്വം ഉദ്ഘോഷിക്കുന്നതാണെന്ന് ഇമാം ഖുര്‍ത്വുബി തന്‍റെ തഫ്സീറില്‍ (8/153)രേഖപ്പെടുത്തിയിട്ടുണ്ട്.
ഹിജ്റ വേളയില്‍ മുത്ത് നബിയുടെ ഹൃദയത്തിന് കൂടുതല്‍ ശക്തി പകരാനും പ്രത്യക്ഷമായ ഏകാന്തതയെ ഇല്ലായ്മ ചെയ്യാനും മുഹാജിറുകള്‍ക്ക് സാധിച്ചു.
ഹിജ്റ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ കേവലം അന്‍സ്വാറുകളില്‍പ്പെട്ട വ്യക്തിയാകുമെന്ന് നബി (സ) പറഞ്ഞത് അന്‍സ്വാറുകളുടെ മഹത്വം അവര്‍ക്ക് കൂടുതല്‍ സന്തോഷമുളവാക്കുന്നതുമായിരുന്നു. (ഫത്ഹുല്‍ ബാരി 9/475). സ്വഹാബികള്‍ ഖന്‍ദഖില്‍ കിടങ്ങ് കീറി കൊണ്ടിരിക്കെ അവരുടെ അധ്വാനം കണ്ട നബി (സ) പ്രാര്‍ത്ഥിച്ചു. ‘ അല്ലാഹുവേ യഥര്‍ത്ഥ ജീവിതം ആഖിറമാണ്. മുഹാജിറുകള്‍ക്കും അന്‍സ്വാറുകള്‍ക്കും നീ പൊറുത്ത് കൊടുക്കണേ…’.പ്രസ്തുത ആശയം ഇമാം ബുഖാരി (3795) സഹ്ല്‍ (റ) വില്‍ നിന്ന് നിവേദനം ചെയ്തിട്ടുണ്ട്. രണ്ട് വ്യത്യസ്ത നാട്ടുകാരാണെങ്കിലും ഇസ്ലാം എന്ന മഹത്തായ വലയം മുഹാജിറുകള്‍ക്കിടയിലും അന്‍സ്വാറുകള്‍ക്കിടയിലും സ്നേഹത്തിന്‍റെയും സാഹോദര്യത്തിന്‍റെയും പ്രതീകമായി വര്‍ത്തിക്കാന്‍ അവസരമുണ്ടാക്കി. തിരുദൂതരും തന്‍റെ സഹചാരികളും ബഹുദൈവ വശ്വാസികളോട് സന്ധിയില്ലാ സമരം നടത്തുമ്പോഴും അവര്‍ പരസ്പരം കാരുണ്യവാക്താക്കളാണെന്ന് ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്നുണ്ട്. അന്‍സ്വാറുകളുടെ ആതിഥേയത്വം മുഹാജിറുകളെ വിസ്മയിപ്പിച്ചതായി ചരിത്രം രേഖപ്പെടുത്തുന്നു.
പ്രവാചകരോട് അന്‍സ്വാറുകള്‍ പറഞ്ഞു. പ്രവാചകരെ ഇവരെപ്പോലെ മാനുഷിക മൂല്യമുള്ള ഒരു സമൂഹത്തെ ഞങ്ങളിതു വരെ ദര്‍ശിച്ചിട്ടില്ല. കാരണം പാര്‍പ്പിടം, ഭക്ഷണം, ജോലി തുടങ്ങി ജീവിതവഴിയിലെ അനിവാര്യഘടകങ്ങളെ തങ്ങളുടെ സഹോദരങ്ങള്‍ക്ക് നല്‍കുകയും മുഹാജിറുകളുടെ ആശങ്കയെ വകഞ്ഞുമാറ്റി മദീനാ നിവാസികളില്‍ പൗരത്വം നല്‍കി മുഹാജിറുകളെ മുഖ്യധാരയിലേക്ക് അന്‍സ്വാറുകള്‍ ആനയിച്ചു.
അത് കൊണ്ട് തന്നെയാണ് അന്‍സ്വാറുകളെ സ്നേഹിക്കല്‍ വിശ്വാസത്തിന്‍റെ അടയാളമാണെന്നു പ്രവാചകര്‍ പഠിപ്പിച്ചത്. (ബുഖാരി 378)
സഅ്ദൂബ്നു റബീഅ എന്ന അന്‍സ്വാരിയായ സ്വഹാബി മുഹാജിറുകളില്‍പ്പെട്ട തന്‍റെ സഹോദരന്‍ അബ്ദുറഹ്മാനു ബ്നു ഔഫിനോട് പറഞ്ഞ വാചകം സഹോദര്യ ബന്ധത്തിന്‍റെ പാരമ്യതയെ അടയാളപ്പെടുത്തുന്നു. ‘ഓ സഹോദരാ….ഞാന്‍ മദീനയിലെ ഏറ്റവും വലിയ ധനികനാണ് നിങ്ങള്‍ എന്‍റെ സമ്പത്തില്‍ നിന്നും പകുതി സ്വീകരിക്കൂ. എനിക്ക് രണ്ട് ഭാര്യമാരുണ്ട്. അവരില്‍ നിങ്ങള്‍ക്ക് കൂടുതല്‍ താല്‍പര്യമുള്ളവരെ ഇണയായി സ്വീകരിക്കാം. ഞാന്‍ അവളെ വിവാഹ മോചിതയാക്കാം. അബ്ദു റഹ്മാനു ബ്നു ഔഫ് (റ) പ്രാര്‍ത്ഥന വാചകം കൊണ്ട് സഅ്ദ് (റ) ന്‍റെ സമ്മാനത്തെ മാന്യമായി തിരസ്കരിച്ചു. (അല്‍ ബിദയത്തു വന്നിഹയ 3/260)
അന്‍സ്വാറുകള്‍ക്കുള്ള വൃക്ഷങ്ങള്‍ മുഹാജിറുകളുമായി പങ്കിടാന്‍ നബിയോട് ആവശ്യപ്പെട്ടു. വൃക്ഷത്തിനു പകരം അതില്‍ ലഭിക്കുന്ന ഫലം പങ്കിടാനും പ്രത്യുപകാരമായി അന്‍സ്വാറുകളെ ജോലിയില്‍ സഹായിക്കാനും നബി (സ) നിര്‍ദ്ദേശിച്ചു. (ഫത്ഹുല്‍ ബാരി 5/9)
അബൂബക്കര്‍ (റ) ഉള്‍പ്പെടെയുള്ള നാല് ഖലീഫമാരും സല്‍മാനുല്‍ ഫാരിസി (റ), ബിലാല്‍ (റ), അബ്ദുല്‍ ഗിഫാരി (റ) എന്നിവര്‍ മുഹാജിറുകളിലേയും അബ്ദുല്ലാഹിബ്നു ഉബയ്യ് (റ), സഅ്ദ് ബ്നു അബീ വഖ്വാസ് (റ), സൈദു ബ്നു സാബിത് (റ), അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) തുടങ്ങിയവര്‍ അന്‍സ്വാറുകളിലേയും പ്രമുഖരാണ്.

ഔസ് ഖസ്റജ്
ഹാരിസത്ത് ബിനു സഅ്ലബ എന്ന വ്യക്തിയുടെ പുത്രന്മാരാണ് ഔസ്, ഖസ്റജ്. ഖയ്ലത്ത് ബിന്‍ത് കാഹിന്‍ എന്നവരാണ് ഇവരുടെ മാതാവ്. ഔസിന്‍റെ പുത്രന്മാര്‍ പില്‍ക്കാലത്ത് ഔസ് എന്നും, ഖസ്റജി്ന്‍റെ പുത്രന്മാര്‍ ഖസ്റജ് എന്ന പേരിലും വിശ്രുദ്ധരായി. ഈ രണ്ട് വിഭാഗവും ബനൂ ഖയ്ലത്ത് എന്ന പേരിലും അറിയപ്പെട്ടു. ഇസ്ലാമിനുമുമ്പ് ഔസിന്‍റെയും ഖസ്റജിന്‍റെയും ഇടയില്‍ ദീര്‍ഘ കാലം യുദ്ധങ്ങളും സംഘട്ടനങ്ങളും നടന്നു. ഇസ് ലാമിന്‍റെ കടന്ന് വരവ് അവരില്‍ കുടിയിരുന്ന വിദ്വേശവും പകയും ആത്യന്തികമായി ഉന്മൂലനം ചെയ്ത് സഹോദരത്തിന്‍റെ നീതിയുടെയും തണലില്‍ അവരെ സംഗമിപ്പിച്ചു. (സീറത്തു സയ്യിദുല്‍ ബശര്‍130)
ബദ്ര്‍ യുദ്ധത്തിന് പുറപ്പെടാന്‍ തയ്യാറായ പ്രവാചകര്‍ (സ) തന്‍റെ അനുചരന്മാരോട് കൂടിയാലോചന നടത്തി അഭിപ്രായം സ്വരൂപിച്ചു. മുഹജിറുകളുടെ ഭാഗത്ത് നിന്ന് പലതവണ പ്രതികരണം ലഭിച്ചു. പ്രവാചകരുടെ ആവര്‍ത്തനത്തില്‍ നിന്ന് അന്‍സ്വാറുകളെയാണ് ഉദ്ദേശ്യം എന്ന് മനസ്സിലാക്കി സഅ്ദ് ബിനു മുആദ് (റ) പറഞ്ഞു. ‘ അല്ലാഹുവിന്‍റെ ദൂതരെ അങ്ങയെ സത്യമായി നിയോഗിച്ച റബ്ബ് സാക്ഷി. ‘ ഞങ്ങള്‍ക്കു മുമ്പില്‍ ഒരു വലിയ സമുദ്രം കാണിച്ച് അതിലിറങ്ങി യുദ്ധം ചെയ്യണമെന്ന് അങ്ങ് ആവശ്യപ്പെട്ടാല്‍ ഞങ്ങള്‍ (അന്‍സ്വാറുകള്‍) തയ്യറാണ്. ഒരാളും ഞങ്ങളില്‍ നിന്ന് വിട്ട് നില്‍ക്കില്ല’ അന്‍സ്വാറുകളുടെ പതാക വാഹകനായ സഅ്ദ് (റ) ന്‍റെ പ്രതികരണം നബി (സ) യെ അത്യധികം സന്തോഷം ഉണ്ടാക്കിയത് ചരിത്രത്തില്‍ വായിക്കാം…..

Leave a Reply