ത്വയ്ബ സെന്‍റര്‍ : പ്രവാചകരെ വായിക്കുന്നു

Admin February 26, 2020 No Comments

ത്വയ്ബ സെന്‍റര്‍ : പ്രവാചകരെ വായിക്കുന്നു

പ്രവാചക അധ്യാപനങ്ങളുടെ പഠനവും കൈമാറ്റവും ഉത്തമ നൂറ്റാണ്ട് മുതല്‍ക്കെ ആരംഭിച്ചതാണ്. തിരുസാമീപ്യം ലഭിച്ച സ്വഹാബ അവയെ ജീവിതം കൊണ്ട് ഏറ്റെടുക്കുകയും തിരുവചനങ്ങളെ എഴുതി സൂക്ഷിക്കുകയും ചെയ്തു. കാലക്രമേണ പണ്ഡിതര്‍ ആവശ്യനുസരണമുള്ള വികസനങ്ങള്‍ നല്‍കി പ്രവാചക പഠനങ്ങള്‍ കൂടുതല്‍ സാര്‍വ്വത്രികമാക്കി. തിരുനബി (സ) യുടെ കാലത്ത് ആരംഭിച്ച പഠന സരണി അനവധി മാറ്റങ്ങള്‍ക്ക് വിധേയമായി. എങ്കിലും അവയുടെയെല്ലാം അടിസ്ഥാനം സ്വഹാബികളുടെ മാതൃക തന്നെയാണ്.
ഹദീസ് (തിരുവചനം) ശമാഇലുറസൂല്‍ (പ്രവാചക സൗന്ദര്യം) സീറത്തുന്നബി (പ്രവാചക ചരിത്രം) മദ്ഹുറസൂല്‍ (പ്രവാചക പ്രകീര്‍ത്തനം) തുടങ്ങി പരശതം ഉപശാഖകള്‍ പ്രവാചക പഠനങ്ങളില്‍ ഉള്‍ക്കൊള്ളുന്നു. തിരുനബിയെപ്പോലെ ചരിത്രം ഇത്രയേറെ വ്യക്തമായി അടയാളപ്പെടുത്തിയ നേതാവ് ഇല്ലായെന്ന് തന്നെ പറയാം. എത്രത്തോളമെന്നാല്‍ പ്രവാചക വചനങ്ങളെ കൈമാറ്റം ചെയ്ത ഹദീസ് നിവേദകരുടെ ചരിത്രം (രിജാലുല്‍ ഹദീസ്) വരെ പഠനരേഖയായി സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

ഓക്സ്ഫോഡ് അടക്കമുള്ള അന്താരാഷ്ട്ര സര്‍വകലാശാലകളില്‍ പ്രവാചക പഠനങ്ങളെ അധികരിച്ച് നിരവധി ഗവേഷണങ്ങള്‍ നടക്കുന്നു. സര്‍വ്വ മേഖലകളിലെയും വിജയം കൈവരിക്കാന്‍ സാധിച്ച അതുല്യ പ്രതിഭ എന്ന നിലക്കാണ് മുഖ്യധാരയിലെ ഗവേഷകരും ചിന്തകരും നബി (സ) യെ വായിക്കുന്നത്. പ്രവാചകരെ തനതായ രീതിയില്‍ വായിക്കുവാനും പരിചയപ്പെടാനുമുള്ള ഗവേഷണ പഠന കേന്ദ്രങ്ങള്‍ അനിവാര്യമാണ്. കാരണം പ്രവാചകപഠനം കേവലം ചരിത്രത്തില്‍ ഒതുങ്ങുന്നതല്ല. പ്രത്യുത, ഇസ്ലാമിന്‍റെ ജീവിതാവിഷ്കാരമാണ് തിരുജീവിതം പ്രവാചക പഠനങ്ങളെക്കുറിച്ചുളള നേട്ടങ്ങളെ സഈദ് റമളാന്‍ ബൂത്വി തന്‍റെ ഫിഖ്ഹുസ്സീറയുടെ ആമുഖത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

പ്രവാചകപഠനങ്ങള്‍ക്കായുള്ള ഒരു സ്വതന്ത്ര സംരംഭമാണ് കൊല്ലം ഖാദിസിയ്യയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ത്വയ്ബ സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഓണ്‍ പ്രൊഫറ്റ് മുഹമ്മദ് (സ). തിരുനബി പഠനം സാര്‍വ്വത്രികമാക്കുകയെന്ന ലക്ഷ്യത്തോടെ 2016 ഓഗസ്റ്റ് 6 ന് ഖമറുല്‍ ഉലമ കാന്തപുരം ഉസ്താദിന്‍റെ കാര്‍മികത്വത്തില്‍ സെന്‍റര്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രഭാഷകനും എഴുത്തുകാരനും എസ്. എസ്. എഫ് ദേശിയ സെക്രട്ടറിയുമായ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ ബുഖാരിയാണ് ത്വയബയുടെ ഡയറക്ടര്‍.

 

തിരുനബി പഠനം സാര്‍വ്വത്രികമാക്കുക, സീറത്തുന്നബവിയില്‍ പുതിയ ഗവേഷണങ്ങള്‍ നടത്തുക, പ്രവാചക പഠന സെമിനാറുകള്‍ സംഘടിപ്പിക്കുക, ആധികാരിക പഠന വിവര്‍ത്തനങ്ങള്‍ പ്രകാശിപ്പിക്കുക, പൊതുവായനക്കും പഠനത്തിനും അവസരം ഒരുക്കുക, ആഗോളതലത്തിലെ നബിപഠന കേന്ദ്രങ്ങള്‍ തമ്മില്‍ ബന്ധിപ്പിക്കുക, കരിക്കുലങ്ങള്‍ക്കാവശ്യമായ പ്രവാചകപഠനങ്ങള്‍ സമര്‍പ്പിക്കുക, വിശ്രുതമായ നബിവിജ്ഞാന രചനകളുടെ പഠനക്യാമ്പെയിനുകളും ജല്‍സകളും സംഘടിപ്പിക്കുക, പ്രവാചക വിമര്‍ശനങ്ങള്‍ക്ക് വസ്തുതാപരമായ മറുപടി പ്രസിദ്ധീകരിക്കുക, തുടങ്ങി പ്രവാചകപഠന സംബന്ധിയായ ബഹുമുഖ ലക്ഷ്യങ്ങളാണ് ത്വയ്ബ മുന്നില്‍ കാണുന്നത്. പ്രസ്തുത ലക്ഷ്യങ്ങള്‍ക്കായി നിരവധി പദ്ധതികളും ത്വയ്ബ സെന്‍ററിനു കീഴില്‍ ആവിഷ്കരിച്ചിട്ടുണ്ട്.

റിസര്‍ച്ച് പ്രോഗ്രാമുകള്‍

തിരുനബി അദ്ധ്യാപനങ്ങള്‍ ആധാരമാക്കി വിവിധ ഗവേഷണ പദ്ധതികള്‍ക്ക് ത്വയ്ബ അവസരമൊരുക്കുന്നു. പ്രവാചക സംബന്ധിയായ ഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബഹുഭാഷ ലൈബ്രറിയും ഡിജിറ്റല്‍ ലൈബ്രറി സിസ്റ്റവും ഗവേഷണ സൗകര്യാര്‍ത്ഥം സജ്ജീകരിച്ചിട്ടുണ്ട്.

മുഖ്തസര്‍ ബിരുദമോ തതുല്യയോഗ്യതയോ നേടിയവര്‍ക്കായി ഏകവത്സര സീറത്തുന്നബീ ഡിഗ്രി കോഴ്സും ത്വയ്ബയുടെ കീഴില്‍ നടന്നുവരുന്നു. സീറത്തുന്നബി, ശമാഇല്‍, മദ്ഹുറസൂല്‍ തുടങ്ങിയ വിഷയങ്ങളിലെ ദര്‍സും ചര്‍ച്ചയും സെമിനാറുകളും ഉള്‍ക്കൊണ്ട ഗവേഷണ സ്വഭാവമുള്ള കോഴ്സ് സ്റ്റൈപെന്‍റോടു കൂടെയാണ് നല്‍കുന്നത്. നൂതനമായ പ്രസ്തുത കോഴ്സിന്‍റെ അക്കാദമിക നിലവാരവും കരിക്കുലവും നിലനിര്‍ത്താന്‍ ത്വയ്ബ വളരെയേറെ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. സ്വതന്ത്രമായ സീറത്തുന്നബി പഠനങ്ങള്‍ നമുക്കിടയില്‍ അന്യം നില്‍ക്കുകയാണ്. ഒരു വിശ്വാസി ആദ്യമായി പഠിച്ചിരിക്കേണ്ടത് തിരുനബി(സ) ചരിത്രങ്ങളാണെന്ന് പണ്ഡിതന്മാര്‍ ഉണര്‍ത്തിയുട്ടുണ്ടെങ്കിലും പരമ്പരാഗതമായ പാഠ്യശൈലിയില്‍ സീറകള്‍ക്ക് വേണ്ടത്ര സാന്നിദ്ധ്യം ലഭിക്കുന്നില്ല. ഭാഷയും വ്യാകരണവും കര്‍മ്മശാസ്ത്രവും തുടങ്ങീ ഗഹനമായ വിഷയങ്ങളിലൂടെ കടന്നു പോകുന്നതാണ്

ഇന്നത്തെ ദര്‍സ് സിലബസ്. അത് കൊണ്ട് തന്നെ ഭാഷയില്‍ പ്രാവിണ്യം നേടി പുറത്തിറങ്ങുന്ന പഠിതാക്കള്‍ക്കായി സീറത്തുന്നബി കോഴ്സ് ത്വയ്ബ ഒരുക്കിയിരിക്കുന്നത്. പ്രഥമ ബാച്ച് വിജയകരമായി പഠനം പൂര്‍ത്തിയാക്കി സേവനരംഗത്ത് നിരതരാണ്. രണ്ടാമത്തെ ബാച്ച് പഠനം ആരംഭിച്ചു കഴിഞ്ഞു.

പഠനവേദികള്‍

പൊതുജനങ്ങളെയും പഠിതാക്കളെയും ലക്ഷ്യം വെച്ചുകൊണ്ട് വൈവിധ്യപൂര്‍ണ്ണമായ പഠനവേദികള്‍ക്ക് ത്വയ്ബ നേതൃത്വം നല്‍കുന്നു. അവസരോചിതമായ ക്ലാസുകള്‍ക്ക് പ്രഗത്ഭരായ പണ്ഡിതന്മാരാണ് നേതൃത്വം നല്‍കുന്നത്.
ഇമാം നവവി (റ) യുടെ വിഖ്യാത ഹദീസ് ഗ്രന്ഥമായ അര്‍ബഊന നവവി ആധാരമാക്കിയുള്ള അര്‍ബഊന്‍ മജ്ലിസ് കൃത്യമായ ഇടവേളകളില്‍ നടത്തി വരുന്നു. പൊതുജനങ്ങള്‍ക്കും പഠിതാക്കള്‍ക്കും പ്രത്യേക ജല്‍സയും പഠനരീതിയുമാണ് സ്വീകരിച്ചിരിക്കുന്നത്. പ്രൗഢമായ ജല്‍സയുടെ മുഖ്യകാര്‍മ്മികത്വം ഖാദിസിയ്യ ധൈഷണിക സമുച്ചയങ്ങളുടെ സാരഥി ഡോ.മുഹമ്മദ് കുഞ്ഞ് സഖാഫിയാണ്. ലളിതമായ അവതരണവും ഹൃദ്യമായ പ്രമേയവും അനുവാചകരെ വളരെയേറെ സ്വാധീനിക്കുന്നുണ്ട്.

തിരുദര്‍ശനം വിശ്വാസിയുടെ ഏറ്റവും വലിയ സ്വപ്നമാണ്. സൗന്ദര്യസ്വരൂപരായ തിരുനബി (സ) യെ ഉറക്കിലും ഉണര്‍വിലും കാണുവാന്‍ ഓരോ അനുരാഗിയും ശക്തമായി ആഗ്രഹിക്കുന്നു. പ്രവാചകരുടെ അംഗലാവണ്യത്തെയും സ്വഭാവരീതിയെയും വളരെ വ്യക്തമായി സ്വഹാബ വിവരിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് വന്ന പണ്ഡിതര്‍ അവ ക്രോഡീകരിച്ചു. ശമാഇലുറസൂല്‍ എന്നാണ് ഈ ശാഖയുടെ പേര്. പണ്ഡിത വിവരണങ്ങള്‍ നിരത്തി വെച്ചുകൊണ്ട് പ്രവാചകരുടെ രൂപവും രീതിയും അനുവാചക ഹൃദയങ്ങളില്‍ പതിയുന്നു. അത്രമാത്രം കൃത്യവും സമഗ്രഹവുമാണ്

ശമാഇലുറസൂല്‍

ശമാഇലുകളുടെ കൂട്ടത്തില്‍ പ്രസിദ്ധമായ കൃതിയാണ് തിര്‍മുദി ഇമാമിന്‍റെ ശമാഇലുതുര്‍മുദി. ശമാഇലുതിര്‍മുദി പൂര്‍ണ്ണമായി പാരായണം ചെയ്യുന്ന അനുപമമായ മജ്ലിസ് ത്വയ്ബയുടെ പ്രധാന പരിപാടികളിലൊന്നാണ്. തിരുസ്നേഹ പ്രഭാഷണങ്ങള്‍ കൊണ്ട് ആഗോള ശ്രദ്ധ നേടിയ പ്രഭഷകന്‍ ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരിയാണ് ഖത്മുശ്ശമാഇലിന്‍റെ നേതൃത്വം. പ്രമേയത്തിന്‍റെ പ്രൗഢിയും അവതാരകന്‍റെ മികവും ജല്‍സയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഇവക്കു പുറമെ അവസരോചിതമായ സെമിനാറുകളും പഠനക്ലാസുകളും സ്ഥിര ഗവേഷക വിദ്യാര്‍ത്ഥകളുടെ പ്രബന്ധാവതരണങ്ങളും തിരുപഠനങ്ങളിലേക്ക് വാതയനങ്ങള്‍ തുറക്കുന്നു.

ത്വയ്ബ പബ്ലിക്കേഷന്‍സ്

തിരുനബി (സ) എന്ന വിഷയം അനന്തമാണ്. രചനകള്‍ക്കും ഭാഷണങ്ങള്‍ക്കും അതീതമായ പ്രവിശാലമായ പ്രമേയം! ഇമാം ബൂസ്വീരീ (റ) പാടി വച്ചത് കുറിക്കട്ടെ പ്രവാചകശ്രേഷ്ഠതകള്‍ നിസീമമാണ്. സാഗരസമാനമായ വിഷയത്തില്‍ നിന്നും വിനീതമായ ചില ഉദ്യമങ്ങള്‍ ത്വയ്ബ നിര്‍വഹിക്കുന്നു. പ്രവാചക സന്ദേശങ്ങളെ കൈമാറ്റം ചെയ്തും ആരോപകര്‍ക്ക് മറുപടി നല്‍കിയും തിരുനബി പഠനങ്ങളുടെ ആഴം ബോധ്യപ്പെടുത്തിയും ത്വയ്ബ നിരവധി സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചു. ലഘുലേഖ, സോഷ്യല്‍ മീഡിയ നോട്ട്സ്, പുസ്തക പ്രസാധനം എന്നിവയിലൂടെയാണ് തിരുനബി രചനയില്‍ ത്വയ്ബ ഇടപെടുന്നത്. ചുരുങ്ങിയ കാലയളവിനുള്ളില്‍ അറബി, മലയാളം, ഇംഗ്ലീഷ്, ഭാഷകളിലായി നിരവധി പുസ്തകങ്ങള്‍ ത്വയ്ബ പ്രസിദ്ധീകരിച്ചു. മഫ്ഹൂമുസുന്ന, (അറബി), PROPHET MUHAMMED (S) BLESSINGS FOR MANKIND  (ഇംഗ്ലീഷ്), മഹിഷ്ടോദയം, തിരുനബി (സ) സൗന്ദര്യ സ്വരൂപര്‍, മുഹമ്മദ് നബി (സ) വീട് കുടുംബം, തിരുനബി (സ) ഉദയവും ഉയര്‍ച്ചയും, തിരുനബി (സ) യുടെ നോമ്പുകാലം, എന്നിവ അവയില്‍ പ്രധാനമാണ്. ഗഹനമായ രചനകള്‍ പണിപ്പുരയിലാണ്. സമീപ ഭാവിയില്‍ തന്നെ അവ അനുവാചകരിലേക്ക് എത്തിക്കുവാനുള്ള യത്നത്തിലാണ് ത്വയ്ബയുടെ അണിയറ പ്രവര്‍ത്തകര്‍.

അഹ്ബാബു ത്വയ്ബ ലേണിംഗ് ക്ലബ്

ത്വയ്ബയുടെ ചലനങ്ങള്‍ അറിയാനുള്ള കൂട്ടായ്മയാണ് അഹബാബു ത്വയ്ബ. ത്വയ്ബയുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയുവാനും അനുയോജ്യമായ പങ്കാളിത്തം ഉറപ്പുവരുത്താനും ഈ കൂട്ടായ്മ അവസരം നല്‍കുന്നു. നിലവില്‍ 300 ല്‍ അധിക സ്ഥിരാംഗങ്ങള്‍ അഹ്ബാബു ത്വയ്ബയിലുണ്ട്. ത്വയ്ബക്ക് ഇനിയും സ്വപ്ന പദ്ധതികള്‍ ഏറെയുണ്ട്. പ്രവാചകാനുരാഗികളുടെ പിന്തുണയും പ്രയത്നവുമാണ് ത്വയ്ബക്ക് ഊര്‍ജ്ജം നല്‍കുന്നത്. ത്വയ്ബ ടു ത്വയ്ബ എന്ന നിസ്വാര്‍ത്ഥമായ ലക്ഷ്യം മുന്നില്‍ കണ്ട് മുന്നേറുന്ന നബി സ്നേഹ കേന്ദ്രത്തിന് ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാനുണ്ട്.

Leave a Reply