സ്നേഹത്തിന്‍റെ നിയമപുസ്തകം തുറക്കുമ്പോള്‍

Admin February 26, 2020 No Comments

സ്നേഹത്തിന്‍റെ നിയമപുസ്തകം തുറക്കുമ്പോള്‍

സ്നേഹിക്കാത്ത മനസ്സ് നമ്മുടെ കൂട്ടത്തിലുണ്ടാവില്ല. സ്നേഹം പറഞ്ഞു തീര്‍ക്കാന്‍ കഴിയാത്ത ഒരു പ്രതിഭാസം തന്നെയാണ്. സ്നേഹം കിളിര്‍പ്പിച്ച ജീവനുകള്‍ അനേകമുണ്ട്. സ്നേഹം തളര്‍ത്തിയ മനസ്സുകള്‍ അങ്ങനെയുമുണ്ട് ചിലത്. ചുരുക്കത്തില്‍ ലോകം നിലനില്‍ക്കുന്നത് സ്നേഹത്തിലൂടെയാണ്. എല്ലാവരുടെയും സ്നേഹത്തിന്‍റെ കാഴ്ച്ചപാടുകള്‍ ഒന്നല്ല. അതുകൊണ്ടാണല്ലോ ഒരാളുടെ ഇഷ്ടം മറ്റൊരാളുടെ അനിഷ്ടമാകുന്നത്. സന്തോഷവും സന്താപവും സ്നേഹിക്കുന്നവരുടെ കൂടെപിറപ്പാണ്. സുഹൃത്തിന്‍റെ നല്ലതു കേള്‍ക്കാന്‍ ഇഷ്ടപ്പെടുന്നതും കുറവ് അറിയാതിരിക്കാന്‍ ശ്രമിക്കുന്നതും സ്നേഹത്തിന്‍റെ ലക്ഷണമാണ്. സാന്നിദ്ധ്യത്തിലും അസാന്നിദ്ധ്യത്തിലും തണലാവുക, സന്തോഷത്തോടെ സ്വീകരിക്കുക, നല്ലത് പങ്കുവെക്കുക, ന്യൂനതകള്‍ മറച്ച് വെക്കുക, പ്രാര്‍ത്ഥനയില്‍ ഉള്‍പ്പെടുത്തുക, ഇങ്ങോട്ട് ചെയ്ത തെറ്റുകളും അങ്ങോട്ട് ചെയ്ത സേവനങ്ങളും മറക്കുക, ഇങ്ങോട്ട് ചെയ്ത നന്മകളും അങ്ങോട്ട് ചെയ്ത തെറ്റുകളും ഓര്‍ക്കുക. ഇത്തരം ഗുണങ്ങള്‍ യഥാര്‍ത്ഥ സ്നേഹിതരില്‍ പ്രതിഫലിക്കേണ്ടതാണ്. മതം അനുശാസിച്ച സ്നേഹത്തെക്കുറിച്ചാണ് ഈ ചര്‍ച്ചകളൊക്കെ മതില്‍ കെട്ടുകള്‍ക്ക് അപ്പുറത്തുള്ള അവിഹിത വേഴ്ചകളെ ഇതുമായി കൂട്ടിക്കലര്‍ത്തേണ്ടതില്ല. സ്നേഹ ബന്ധങ്ങള്‍ വര്‍ഥിക്കുന്നതിനെ മതം പ്രോല്‍സാഹിപ്പിക്കുന്നു. ബന്ധങ്ങള്‍ ഊഷ്മളമാകുന്നത് മാനസിക-ശാരീരിക ഉന്മേശത്തിന് കാരണമാകുന്നു. സ്നേഹം ഉള്ളിലൊതുക്കാനുള്ളതല്ല.പറയാനും പ്രകടിപ്പിക്കാനുമുള്ളതാണ്. മുത്ത് നബി (സ) യോടുള്ള സ്നേഹത്തിന്‍റെ ഭാഗമാണല്ലോ അവിടുത്തെ പാടലും പറയലും. മക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കണം. ഉള്ളിലൊതുക്കിയാല്‍ അവരുടെ മാനസിക വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും. മാതാപിതാക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കുമ്പോഴാണ് അവരുടെ മനം നിറഞ്ഞ പൊരുത്തം കിട്ടുന്നത്. ഇണയോട് ഇഷ്ടം പറയുകയും പങ്ക് വെക്കുകയും ചെയ്യുമ്പോഴാണ് ജീവിതം മധുരതരമായി തീരുന്നത്. ഇമാം ഗസ്സാലി (റ) എഴുതുന്നു. സുഹൃത്തിനോട് സ്നേഹം തുറന്ന് പറയുമ്പോള്‍ സ്നേഹം വര്‍ദ്ധിക്കും. നീ ഇഷ്ടപ്പെടുന്നു എന്ന് അറിയുമ്പോള്‍ തീര്‍ച്ചയായും അവന് തിരിച്ചും ഇഷ്ടമുണ്ടാകും. അത് സ്വാഭാവികമാണ്. അങ്ങനെ ഇരുവരുടെയും ഇടയില്‍ സ്നേഹം ദൃഢമാകും. നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയും ചെയ്യും. മുഅ്മിനുകള്‍ പരസ്പരം സ്നേഹിക്കണമെന്നത് മതശാസനയാണല്ലോ (ഇഹ് യ ഉലൂമുദ്ദീന്‍ 3/228)

സ്നേഹം മാത്രം മതിയോ?
സ്നേഹത്തിന്‍റെ കല്‍പ്പനകള്‍ക്ക് വഴിപ്പെടുകയും അവരുടെ ഇഷ്ടങ്ങളെയെല്ലാം ഇഷ്ടപ്പെടുകയും അവര്‍ക്ക് വെറുപ്പ് ഉളവാക്കുന്നത് ഉപേക്ഷിക്കുകയുമാണ് വേണ്ടത്. മുത്ത് നബി (സ) യെ സ്നേഹിക്കുന്നതിന്‍റെ പ്രധാന അടയാളമാണ് അവിടുത്തെ ചര്യകളെ അനുധാവനം ചെയ്യല്‍. മഹത്തുക്കളോട് ബഹുമാനമുള്ളവര്‍ അവരുടെ വാക്കുകള്‍ക്ക് വിലകല്‍പ്പിക്കും .എന്നാല്‍ സ്നേഹം എന്നത് കേവലം അനുധാവനം മാത്രമാണെന്ന പുതിയ ഇസ്ലാമിസ്റ്റുകളുടെ ന്യായത്തോടും കക്ഷിചേരാന്‍ കഴിയില്ല. പോലീസുകാരന്‍റെ കല്‍പ്പനക്ക് വഴിപ്പെടുന്ന ഒരു പ്രതി സ്നേഹത്തോടെ അനുസരണ കാണിക്കുകയില്ലല്ലോ. ചുരുക്കത്തില്‍ കല്‍പ്പനക്ക് വിധേയപ്പെടുന്നവരെല്ലാം സ്നേഹം കൊണ്ടാണെന്ന് പറയാന്‍ തരമില്ല. പാരമ്പര്യ വിശ്വാസി നടത്തുന്ന നബിദിനം മൗലിദ് ഇവയെ എതിര്‍ക്കാന്‍ നവ ഇസ്ലാമിസ്റ്റുകള്‍ അവതരിപ്പിച്ച വരണ്ട ആശയമാണിത്. മഹാന്മാരെ സ്നേഹിക്കുന്നുവെന്ന പേരില്‍ എന്ത് തോന്നിവാസവും കാണിക്കാന്‍ ഇസ്ലാം അനുവാദം തരുന്നില്ല. ഞങ്ങള്‍ മഹത്തുക്കള്‍ക്കൊപ്പമാണ് അവരെ അതിയായി സ്നേഹിക്കുന്നു എന്ന് പറയുകയും അതേ സമയം തന്നെ വാക്കിലും പ്രവര്‍ത്തിയിലും അവരുമായി അകലം പാലിക്കുകയും ചെയ്യുന്നവരെ വഞ്ചകരുടെ ഗണത്തില്‍ പെടുത്താന്‍ കഴിയൂ. ഒരാള്‍ സ്നേഹിക്കുന്നവര്‍ക്കൊപ്പമാണെന്ന് ഹദീസിലുണ്ട്. സിനിമാസ്റ്റാറുകളെ നിഴല്‍ പോലെ കൊണ്ട് നടക്കുന്നവര്‍ പരലോകത്ത് അവര്‍ എവിടെയാണോ അവിടെയാകും ഉണ്ടാവുക. മഹത്തുക്കളെ മനസ്സില്‍ ഇടം നല്‍കിയവര്‍ പരലോകത്തും അവര്‍ക്കൊപ്പമുണ്ടാകും. ചെറിയ ന്യൂനതകള്‍ ഉള്ളവരാണെങ്കിലും അവരുടെ പവര്‍കൊണ്ട് പരിഹരിക്കപ്പെടും. എന്ന് കരുതി എന്ത് തെറ്റും ചെയ്തു കൂട്ടാമെന്ന് വിചാരിക്കേണ്ട.വിശ്വാസം, നിര്‍ബന്ധഘടകങ്ങള്‍ ഇവയില്‍ സ്നേഹിക്കപ്പെടുന്നവരെപ്പോലെയാകണം. ഹസനുല്‍ ബസരി (റ) പറയുന്നു. സല്‍കര്‍മ്മങ്ങള്‍ ചെയ്യാതെ മടിയനായി നടന്ന് സ്നേഹിക്കപ്പെടുന്നവരോടൊപ്പം  ഉള്‍പ്പെടുത്തും  എന്ന ഹദീസും ഓര്‍ത്ത് നീ നടക്കേണ്ട. യഹൂദികളും നസ്റാനികളും അവരുടെ അമ്പിയാക്കളെ സ്നേഹിച്ചിരുന്നു. പക്ഷേ വിശ്വാസപരമായി അവരോടൊപ്പമായിരുന്നില്ല. (ശര്‍ഹുല്‍ ഹസാദ് 380)

ഇവരാണ് സ്നേഹിതര്‍
ചില വ്യക്തികള്‍ക്ക് അല്ലാഹു ബഹുമാനം നല്‍കിയിട്ടുണ്ട്. അവരോടൊപ്പം കൂടിയത് കാരണം മറ്റ് ചിലര്‍ക്കും ആദരവ് നല്‍കി. തിരുനബി (സ)യോടൊപ്പം സഹവസിച്ചു.എന്ന ഒറ്റക്കാരണം കൊണ്ടാണല്ലോ സ്വഹാബത്ത് ഉന്നത പദവിക്ക് അര്‍ഹരായത്. ആരാധനകളെ മാനദണ്ഡമാക്കിയല്ലല്ലോ. സ്നേഹിക്കപ്പെടുന്നയാളിന്‍റെ ക്വാളിറ്റിയനുസരിച്ച് സ്നേഹിതന്‍റെ പദവിയിലും മാറ്റങ്ങള്‍ പ്രകടമാവും. ചില ദുഷ്കര്‍മ്മികളെ ഒറ്റ നോട്ടം കൊണ്ട് വിലായത്തിന്‍റെ പദവിയിലേക്കെത്തിച്ച മഹാന്മാര്‍ ഉണ്ട്. ചില സമ്പന്നന്മാരെ ഒറ്റ നോട്ടത്തില്‍ തറപറ്റിച്ച മഹത്തുക്കളെയും കാണാം. സ്നേഹിക്കേണ്ടവരെ സ്നേഹിച്ചാല്‍ കിട്ടേണ്ടതെല്ലാം കിട്ടും. പാപങ്ങള്‍ പൊറുക്കാന്‍ വരെ കാരണമാകും. എന്‍റെ മുരീദുകള്‍ നരകത്തില്‍ ഇല്ലെന്ന് നരകത്തെ കാക്കും മലക്ക് പറഞ്ഞോവര്‍ ശൈഖ് ജീലാനിയുടെ സ്നേഹിതരെ അവിടുന്ന് രക്ഷപ്പെടുത്തുമെന്ന് സാരം. അല്ലെങ്കിലും ചിലയാളുകള്‍ പറയുന്ന വാക്കുകള്‍ക്ക് വലിയ ഫലം നമ്മള്‍ കാണാറുണ്ടല്ലോ. ഏതോ മഹത്തുക്കള്‍ സ്നേഹത്തോടെ നല്‍കിയ ഗുരുത്വമായിരിക്കും അതിനൊക്കെ നിദാനം. അബൂബക്കര്‍ സിദ്ധീഖ് (റ) ന് ലഭിച്ച പദവികളൊക്കെ തിരുനബി (സ) യുടെ ഉറ്റ ചങ്ങാതി എന്ന നിലക്കാണല്ലോ.
അബൂബക്കറി (റ) ന്‍റെ ഈമാനോട് ലോകത്തുള്ള സര്‍വ്വരുടെയും ഈമാന്‍ തൂക്കി നോക്കിയാലും സമമാവുകയില്ലെന്ന് മുത്ത് റസൂല്‍ (സ) അരുളിയതും മഹബ്ബത്തിലൂടെ നേടിയ ഉന്നത പദവിയെ അടയാളപ്പെടുത്തുന്നു. ഒരു സംഭവം നോക്കൂ. തിരുനബി (സ) യുടെ കാലത്ത് ഒരാള്‍ മരണപ്പെട്ടു. എല്ലാവരും അദ്ദേഹത്തെ കുറിച്ച് മോശം പറഞ്ഞു. പക്ഷേ അബൂബക്കര്‍ (റ) മാത്രം അദ്ദേഹം നല്ല വ്യക്തിയാണെന്ന് സാക്ഷ്യം വഹിച്ചു. ഉടന്‍ അല്ലാഹു തിരുദൂതര്‍ (സ) ക്ക് വഹ്യ് അറിയിച്ചു കൊടുത്തു. മരണപ്പെട്ട വ്യക്തി ജനങ്ങള്‍ പറഞ്ഞപ്രകാരം മോശക്കാരനാണ്. എങ്കിലും അബൂബക്കര്‍ (റ) അദ്ദേഹത്തെ കുറിച്ച് നല്ല അഭിപ്രായം പറഞ്ഞത് കാരണം മയ്യിത്തിന് ഞാന്‍ പൊറുത്തു കൊടുത്തു. അബൂബക്കറി (റ) നോടുള്ള ബഹുമാനമാണ് കാരണം.(ലവാക്കിഹുല്‍ അന്‍വാര്‍ 481)

സ്നേഹത്തിന് എന്ത് നിയമം
വിരൂപിക്കൊപ്പം ഇറങ്ങിപ്പോയ പെണ്ണിനെ ഓര്‍ത്ത് ആശ്ചര്യപ്പെടേണ്ട. പ്രണയത്തിന് കണ്ണും കാതുമില്ല. പ്രണയത്തിനു മുന്നില്‍ വയസ്സോ സൗന്ദര്യമോ നിറമോ ഒന്നും ഒരു പ്രശ്നമല്ല. പതിനഞ്ച്കാരനോടൊപ്പം വീട് വിട്ടിറങ്ങിയ നാല്‍പത്തൊന്നുകാരി അദ്ധ്യാപിക. കാമുകനൊപ്പം നാടുവിട്ട മക്കളും ചെറുമക്കളുമുള്ള 45 കാരി. നമ്മുടെ ചുറ്റും നടക്കുന്ന ഞെട്ടിക്കുന്ന വര്‍ത്തമാനങ്ങളുടെ ചില സാമ്പിളുകള്‍ മാത്രമാണിതൊക്കെ. ഇവരൊന്നും ബുദ്ധിഭ്രമം സംഭവിച്ചവരല്ലല്ലോ. മറിച്ച് പ്രേമത്തിന് മുന്നില്‍ തോല്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍. 15 വയസ്സുകാരനെ തുണയായി സ്വീകരിക്കല്‍ നിയമ വിരുദ്ധമാണണെന്ന് അറിയാഞ്ഞിട്ടല്ല. നിയമത്തെ ഉള്‍ക്കൊള്ളാന്‍ സ്നേഹത്തിന് കഴിയാതെപോയതാണ്. പാതിരാത്രി സമയം സുഖമില്ലാത്ത പ്രിയതമ നിങ്ങള്‍ ഊ സമയം പ്രയാസപ്പെട്ട് ഇങ്ങോട്ട് വരേണ്ടതില്ലെന്ന് പറഞ്ഞാലും എന്ത് റിസ്കെടുത്തും തുണയുടെ ചാരെ ഓടിയെത്തുന്ന ഭര്‍ത്താവ് ഇവിടെ കല്‍പ്പനക്കാണോ വില സ്നേഹത്തിനോ സ്വന്തം ശരീരം കീറിമുറിച്ചിട്ടും എന്‍റെ മുത്ത് നബി (സ) ക്ക് ഒരു പോറല്‍ പോലും ഏല്‍ക്കരുതെന്ന് വാശിപിടിച്ച സ്വഹാബത്ത്. തനിക്ക് സംരക്ഷണം വേണമെന്ന് തിരുനബി (സ) അവരോട് കല്‍പ്പിച്ചിരുന്നോ? ഇതൊക്കെ നിയമങ്ങള്‍ക്കും കല്‍പനകള്‍ക്കും അപ്പുറമുള്ള സ്നേഹത്തിന്‍റെ മൂര്‍ത്തിഭാവങ്ങളാണ്. വര്‍ണ്ണിക്കാന്‍ വാക്കുകള്‍ക്കാവില്ല. എഴുതാന്‍ വരികള്‍ക്കുമാവില്ല.
തിരുനബി (സ) യെ പ്രശംസിക്കുന്നതില്‍ ലിമിറ്റ് വെക്കുന്ന നവീന വാദികള്‍ സ്നേഹത്തിന്‍റെ ബാല പാഠം പോലും അഭ്യസിക്കാത്തവരാണ്. സ്നേഹത്തെ നിയമത്തിന്‍റെ സ്കെയില്‍ വച്ച് അളക്കാനാകില്ല. ഒരു സംഭവം വായിക്കാം: ഒരിക്കല്‍ തിരുനബി (സ) സ്വഹാബികളോട് കല്‍പ്പിച്ചു ഞാന്‍ കടന്ന് വരുമ്പോള്‍ നിങ്ങളില്‍ ഒരാളും എഴുന്നേല്‍ക്കരുത്. അടുത്ത ദിവസം അവിടുന്ന് സദസ്സിലേക്ക് കടന്നുവന്നപ്പോള്‍ അവിടുത്തെ വാക്ക് മാനിച്ച് ഒരാളും എഴുന്നേറ്റില്ല. കൂട്ടത്തില്‍ ഹസ്സാനുബ്നു സാബിത് (റ) മാത്രം എഴുന്നേറ്റ് നിന്നു. എല്ലാവരും ആശ്ചര്യത്തോടെ മഹനവറുകളെ നോക്കി. ഉടന്‍ അവിടുന്ന് കവിത ആലപിച്ചു.ആശയം ഇങ്ങനെ.
മഹോന്നതരായ തിരുദൂതര്‍ (സ) വരുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കല്‍ എനിക്ക് നിര്‍ബന്ധമാണ്. ഒരു നിര്‍ബന്ധത്തെ ഉപേക്ഷിക്കല്‍ ശരിയാണോ?
ബുദ്ധിയും വിവേകവുമുള്ള ചിലരെയോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുകയാണ്. ഈ സൗന്ദര്യസ്വരൂപത്തെ കണ്ടിട്ട് അവര്‍ എങ്ങനെ ഇരിക്കാന്‍ തോന്നുന്നു. ഇത് കേട്ട് മുത്ത് റസൂല്‍ (സ) സമ്മതം മൂളി. കല്പ്പനക്ക് വിഴിപ്പെടുന്നതിനേക്കാള്‍ ഉത്തമം അദബിനെ പരിഗണിക്കനാണെന്ന് ഈ സംഭവം രേഖയാണ്. (ഫത്ഹുല്‍ അലാം 3/200)

സ്നേഹിതരെ കനവില്‍ കാണാം.
ഇഷ്ടപ്പെടുന്നവരെ കാണാനും ഒപ്പം കൂട്ടാനും സംസാരിക്കാനും കൊതിക്കാത്തവരായി ആരും ഉണ്ടാകില്ല. എത്ര കണ്ടാലും പിന്നെ കാണുമ്പോള്‍ ആദ്യമായി കാണുന്ന അനുഭവം. എത്ര സംസാരിച്ചിട്ടും മടിപ്പ് വരുന്നില്ല. കാള്‍ ടൂറേഷന്‍ മണിക്കൂറുകള്‍ കഴിഞ്ഞത് പോലും അറിയുന്നില്ല. നിനവില്‍ കണ്ടപോലെ കനവിലും കാണുന്നു. നൈമിഷിക ബന്ധങ്ങളിലെ അനുഭവങ്ങളാണ് ഇതൊക്കെ . അപ്പോള്‍ തിരുനബി (സ) യുടെ സ്നേഹ പ്രപഞ്ചം എത്ര അവാച്യമായിരിക്കും. മുത്ത് നബി (സ) യെ നോക്കിയിരിക്കലാണ് സ്വഹാബത്തിന് ആനന്ദം. ജീവിതകാലത്ത് ദര്‍ശിച്ചപോലെ മരണശേഷവും അവര്‍ പ്രവാചക പുംഗവരെ ദര്‍ശിച്ചു. പരസ്പരം സന്തോഷങ്ങള്‍ പങ്ക് വെച്ചു. ആവലാതികള്‍ ബോധിപ്പിച്ചു. പരിഹാരങ്ങള്‍ നല്‍കി. എന്‍റെ ജീവിതവും മരണവും നിങ്ങള്‍ക്ക് നډയാണെന്ന് അവിടുന്ന് അരുളിയിട്ടുണ്ടാകുമല്ലോ. മുന്‍ഗാമികളായ മഹത്തുക്കളെല്ലാം ഉറക്കിലും ഉണര്‍വിലും തിരുദൂതരു (സ) മായി ബന്ധം സ്ഥാപിച്ചവരാണ്. ഇമാം സുയൂഥി (റ) അടക്കമുള്ള ഡസന്‍ കണക്കിന് ഇമാമുകള്‍ അക്കൂട്ടത്തിലുണ്ട്. മുത്ത് നബിയെ കിനാവില്‍ ദര്‍ശിക്കാന്‍ അവിടുത്തെ അംഗീകാരത്തിന്‍റെ ലക്ഷണമാണ്. എന്‍റെ രൂപത്തില്‍ പിശാച് വരുകയില്ലെന്ന് ഹദീസിലുണ്ട്. ആയതിനാല്‍ നബി (സ) യെ കണ്ടാല്‍ സത്യമായിരിക്കും.വ്യത്യസ്ത രൂപങ്ങളില്‍ കാണാം. കിതാബുകളില്‍ പറഞ്ഞപ്രകാരം എല്ലാ വിശേഷണങ്ങളും ഒത്തിണങ്ങിയ രൂപത്തില്‍ കാണണമെന്നില്ല. കാണുന്ന വ്യക്തിയുടെ ദീനിയായ കുറവനുസരിച്ച് തിരുനബി (സ)യുടെ തിരുരൂപത്തിലും ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടാം. പലകാരണങ്ങള്‍ കൊണ്ട് തിരുനബി (സ)യെ ദര്‍ശിക്കാനുമുള്ള ഭാഗ്യം ഉണ്ടാകും. സ്വലാത്ത് വര്‍ദ്ധിപ്പിക്കല്‍ പ്രധാന കാരണമാണ്. മുഹമ്മദ് ബിന്‍ സഈദ് അല്‍ മുതരിഫ് (റ) പറയുന്നു. എല്ലാ ദിവസം രാത്രി ഉറങ്ങുന്നതിന് മുമ്പ് നിശ്ചിത എണ്ണം സ്വലാത്ത് പതിവാക്കിയിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം ഉറക്കില്‍ മുത്ത് നബി (സ) യെ ഞാന്‍ കണ്ടു. എന്‍റെ റൂമിലേക്ക് പ്രവേശിച്ചു. തദവസരം പ്രകാശം അടിച്ച് വീശാന്‍ തുടങ്ങി. എന്നിട്ട് തന്നെ നോക്കി പറഞ്ഞു. എന്‍റെ മേല്‍ ധാരാളമായി സ്വലാത്ത് ചൊല്ലുന്ന ആ വായ ഞാനൊന്ന് ചുംബിക്കട്ടേ..ഒന്ന് കാണിച്ചു താ..മുത്ത് റസൂലി (സ) ന്‍റെ വായയില്‍ ഞാന്‍ ചുംബിക്കുന്നതെങ്ങനെ എന്ന് ഓര്‍ത്ത് ലജ്ജിച്ച് നിന്നു. ഉടന്‍ തിരുനബി (സ) എന്‍റെ മുഖം ചേര്‍ത്ത് പിടിച്ച് കവിളില്‍ ചുംബനം അര്‍പ്പിച്ചു. പെട്ടെന്ന് ഉറക്കില്‍ നിന്നും ഞാന്‍ ഞെട്ടിയുണര്‍ന്നു. അടുത്ത് കിടന്ന പ്രിയതമയും ഒപ്പം ഉണര്‍ന്നു. എന്‍റെ വീടാകെ കസ്തൂരിയുടെ സുഗന്ധം. എന്‍റെ കവിളിലും കസ്തൂരിയുടെ വാസന പൊതിഞ്ഞിരിക്കുന്നു. എട്ട് ദിവസം വരെ ഈ സുഗന്ധം അനുഭവപ്പെട്ടു. എന്‍റെ ഭാര്യക്ക് ഇത് അനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ചു. (മിസ്ബാഹുള്ളലാം 235)

സൃഷ്ടാവിന്‍റെ സ്നേഹിതന്‍
അല്ലാഹു കഴിഞ്ഞാല്‍ പിന്നെ റസൂലാണ് അതിനിടയില്‍ ഒരാള്‍ക്കും സ്ഥാനമില്ല. റസൂലിനു മുകളില്‍ ഒരാളും ഇല്ല. അല്ലാഹുവല്ലാതെ എന്തൊരു വലിയ കണക്ഷനാണ് ഇരുവര്‍ക്കുമിടയിലുള്ളത്. എന്‍റെ സ്നേഹിതനെ ഒരിക്കല്‍ പോലും പേരെടുത്ത് വിളിക്കാന്‍ സൃ ഷ്ടാ ഇഷ്ടപ്പെട്ടില്ല. സ്നേഹത്തില്‍ ചാലിച്ച അതിമനോഹര വര്‍ണ്ണനകളല്ലാതെ മുത്ത് നബി (സ) യെ കുറിച്ച് അല്ലാഹു നടത്തിയിട്ടില്ല.തന്നെ കാണാനുള്ള അവസരം പോലും നല്‍കിയത് പ്രിയ ഹബീബി (സ) ന് മാത്രം. എണ്ണിയാലൊടുങ്ങാത്ത ബഹുമതികള്‍ നല്‍കിയതും മുത്തിന് മാത്രം. പരിശുദ്ധ ഖുര്‍ആന്‍ മുഴുക്കെ അവിടുത്തെ വാഴ്ത്തലാണല്ലോ. അല്ലാമ ഇബ്നു ഹജര്‍ (റ) പറയുന്നു. അല്ലാഹുവിന്‍റെ അബ്ദ് (അടിമ) എന്ന പ്രയോഗം ഏറ്റവും മഹത്വമുള്ള വിശേഷണമാണ്. അത് കൊണ്ട് തന്നെ തിരുനബി (സ) യുടെ ഉന്നത സ്ഥാനം പ്രതിബാധിച്ചിടങ്ങളിലെല്ലാം അബ്ദ് എന്ന പ്രയോഗമാണ് അല്ലാഹു നടത്തിയിട്ടുള്ളത്. അല്ലാഹുവിന്‍റെ അടിമയെ രാപ്രയാണം നടത്തി.അല്ലാഹുവിന്‍റെ അടിമയുടെ മേല്‍ ഖുര്‍ആന്‍ അവതരിപ്പിച്ചു. വഹ്യ് അറിയിച്ചു. ഇത്തരം ഖുര്‍ആനിക പ്രയോഗങ്ങള്‍ ഇതിന് ഉദാഹരണമാണ്. (തുഹ്ഫ 1/ 25)

Leave a Reply