തിരുനബിയുടെ അത്ഭുത കഥകള്‍
ചരിത്ര താളുകള്‍ പരിശോധിച്ചാല്‍ എല്ലാ വസ്തുക്കളും തിരുനബി(സ്വ)യോട് കാണിച്ച വിധേയത്വം ശ്രദ്ധേയമാണ്. കല്ലുകളും, മരങ്ങളും, മൃഗങ്ങളും, മേഘവും, പര്‍വതങ്ങളും തുടങ്ങി അനവധി ഉദാഹരണങ്ങള്‍ ഇന്നും ലോകം സ്മരിക്കുകയും വാഴ്ത്തുകയും ചെയ്യുന്നു. മനുഷ്യോല്‍പത്തി മുതല്‍ അല്ലാഹു വിശുദ്ധ ദൂതുമായി അവന്‍റെ ദൂതരെ അയച്ചിട്ടുണ്ട്. അധര്‍മ്മവും അസാംസ്കാരികതയും അക്രമവും അനീതിയും വെടിഞ്ഞ് സദ്വൃത്ത ജീവിതത്തിന്‍റെ മാര്‍ഗ്ഗദര്‍ശനങ്ങളാണ് ദൂതുകള്‍ മുഴുവനും നിറഞ്ഞു നില്‍ക്കുന്നത്. ദൗത്യ നിര്‍വ്വഹണം നടത്തുന്ന ദൂതന്‍മാര്‍ക്കെതിരെ പ്രതിരോധവുമായി വന്നവര്‍ക്ക് മുന്നില്‍ അല്ലാഹുവിന്‍റെ സന്ദേശ വാഹകരാണ് തങ്ങളെന്ന് തെളിയിക്കാനാണ് സാധാരണയില്‍ ഉണ്ടാകാത്ത ചില കാര്യങ്ങളെ പ്രവാചകന്‍മാര്‍ പ്രതിരോധികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത്. ബുദ്ധിജീവികള്‍ കേവല വാദം കൊണ്ട് അംഗീകരിക്കാത്തത് കൊണ്ടാണ് അല്ലാഹു പ്രവാചകന്‍മാര്‍ക്ക് അമാനുഷിക സിദ്ധികള്‍ അല്ലാഹു നല്‍കിയിട്ടുള്ളത്. അത് നിഷേധിക്കുന്നവരും നിഷേധിച്ചവരും ഉണ്ട്. ആദം(അ) മുതല്‍ തിരുനബി(സ്വ) തങ്ങള്‍ വരെയുള്ള എല്ലാ പ്രാവാചകന്‍മാര്‍ക്കും മുഅ്ജിസത്തുകള്‍ ഉണ്ട്. കൂട്ടത്തില്‍ പ്രവാചകത്വത്തിന് മുമ്പും ശേഷവും അമാനുഷികതകള്‍ സംഭവിച്ചിട്ടുണ്ട്. മുമ്പുള്ളതിനെ മുഅ്ജിസത്ത് എന്ന ലേബലില്‍ ഉള്‍പ്പെടുത്താന്‍ കഴിയാത്തതിനാല്‍ അതിനെ ഇര്‍ഹാസ്സ്വാത്ത് എന്ന് പറയുന്നു. അതിനെ കറാമത്തിന്‍റെ കൂട്ടത്തില്‍ എണ്ണിയാല്‍ മതിയല്ലോ എന്ന് ചിന്തിക്കുന്നവരോട് പ്രവാചകരുമായി ബന്ധപ്പെട്ടത് കൊണ്ടാണ് ഇതിനെ പണ്ഡിത ലോകം മുഅ്ജിസത്തിന്‍റെ വേറൊരു ഇനമായി കണക്കാക്കിയത്. ഒരു പ്രവാചകന്‍റെ നുബുവ്വത്തിന് മുമ്പ് ശേഷം എന്നിങ്ങനെ രണ്ട് അന്തരങ്ങളെ സൂചിപ്പിക്കുന്നതിനാണ് ഇര്‍ഹാസ്സ്വാത്ത് പ്രത്യേകം ഒരിനമായി പരിണമിച്ചത്.
സര്‍വ്വ മുഅ്ജിസത്തുകളെക്കാള്‍ വലുതും മഹത്വവും തിരുനബി(സ്വ)യുടെ മുഅ്ജിസത്താണ് എന്നതില്‍ വിവരമുള്ളവര്‍ക്കാര്‍ക്കും സന്ദേഹമില്ല. ഖുര്‍ആനിലെ ഏറ്റവും ചെറിയ സൂക്തമായ മൂന്ന് ആയത്തുകള്‍ മാത്രമുള്ള സൂറത്തുല്‍ കൗസര്‍ പോലെയുള്ള ഒരു സൂക്തത്തെ കൊണ്ട് വെല്ലുവിളി ഖുര്‍ആന്‍ ഉദ്ഘോഷിക്കുന്നുണ്ട്. അങ്ങനെ വരുമ്പോള്‍ ഖുര്‍ആനിലെ ഓരോ മൂന്ന് ആയത്തുകളും മുഅ്ജിസത്താണ്. ചുരുക്കത്തില്‍ ആറായിരിത്തോളം വരുന്ന ആയത്തിന്‍റെ മൂന്നില്‍ ഒന്ന് അഥവാ രണ്ടായിരം മുഅ്ജിസത്ത് അടങ്ങുന്നതാണ് ഖുര്‍ആന്‍ (തഫ്സീറുല്‍ കബീര്‍: 2/523) തിരുനബി(സ്വ) തങ്ങളുടെ അമാനുഷികതകള്‍ മൂവായിരത്തിലധികമുണ്ട്. (തഫ്സീറുല്‍ കബീര്‍: 2/523). ആയിരത്തി ഇരുന്നൂറില്‍ അധികമുണ്ടെന്ന് ഇമാം നവവി(റ) ശറഹ് മുസ്ലിമിന്‍റെ ആമുഖത്തില്‍ പറയുന്നുണ്ട്. ഇമാം ബൈഹഖിയും ഇമാം സഹീദിയും ആയിരമാണെന്ന് അനുമാനിക്കുന്നു. അമാനുഷികതകള്‍ വിവരിക്കുന്ന ഹദീസുകള്‍ ക്രോഡീകരക്കുന്ന വിഷയത്തില്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നവരാണ് ഇമാം ബൈഹഖിയും ഇമാം അബൂനുഐമും (റ). (ഫത്ഹുല്‍ ബാരി :10/378)
പ്രത്യക്ഷത്തില്‍ കാണുന്ന എണ്ണ വ്യത്യാസങ്ങള്‍ നിമിത്തം യഥാര്‍ത്ഥത്തില്‍ അന്തരമുണ്ടെന്ന് മനസിലാക്കുന്നത് അബദ്ധമാണ്. ഇസ്റാഉം മിഅ്റാജും രണ്ടും ഒന്നായും രണ്ടും രണ്ടായും എണ്ണുന്നവരുണ്ട്. ഇങ്ങനെയുള്ള വ്യത്യാസമാണ് എണ്ണത്തിലെ എറ്റക്കുറച്ചിലുകള്‍ ഉണ്ടാകുന്നത്. നബി(സ്വ) യുടെ പ്രാവാചകത്വ സിദ്ധികളെ മൂന്നായി തരം തിരിക്കാം.
1. ഖുദ്റത്തുമായി ബന്ധപ്പെട്ടത്. 2. ശാസ്ത്ര വിജ്ഞാനവുമായി ബന്ധപ്പെട്ടത്. 3. തിരുശരീരവുമായി ബന്ധപ്പെട്ടത്. ഇതിലെ ഓരോന്നിനെയും നൂറില്‍ പരം അത്ഭുതങ്ങള്‍ കൊണ്ട് ശക്തിപ്പെടുത്താന്‍ കഴിയും (തഫ്സീറുല്‍ കബീര്‍:2/523)
തിരുജീവിതത്തിന്‍റെ താളുകള്‍ മറിക്കുമ്പോള്‍ അത്ഭുത പ്രവാഹങ്ങളുടെ സമീക്ഷണമാണ് മനുഷ്യനും മനുഷ്യേതര വസ്തുക്കളും ജീവികളും നിര്‍ജീവികളും സസ്യവും മത്സ്യവുമൊക്കെ ആ ജീവിതത്തിന് അത്ഭുതങ്ങളുടെ കഥകളെ പറഞ്ഞുതരുന്നു.
നബി(സ്വ) തങ്ങളും ചില അനുചരരും യാത്രയിലായിരിക്കെ ഒരിടത്ത് വിശ്രമത്തിനായി തങ്ങി. അപ്പോള്‍ ഒരു വൃക്ഷം തിരുനബി(സ്വ)യുടെ അടുക്കല്‍ എത്തുകയും തിരിച്ച് പോവുകയും ചെയ്തു. ഇത് കണ്ട സ്വഹാബികള്‍ നബി(സ്വ)യോട് കാര്യം എന്താണെന്ന് അന്വേഷിച്ചപ്പോള്‍ അവിടുന്ന് പറഞ്ഞ മറുപടി ആശ്ചര്യപ്പെടുത്തുന്നതാണ്. നബി(സ്വ) പറയുന്നു. ഞാനിവിടെ എത്തിയപ്പോള്‍ അല്ലാഹുവിനോട് ആ വൃക്ഷം എന്‍റെയടുക്കല്‍ വന്ന് സലാം പറയാന്‍ അനുമതി തേടി. അനുമതി ലഭിച്ചപ്പോള്‍ എന്‍റെയടുക്കല്‍ സലാം പറയുന്നതിന് വേണ്ടി വന്നതാണ്. (അഹ്മദ്, ബൈഹഖി). സ്വഹീഹ് മുസ്ലിമില്‍ ഇമാം മുസ്ലിം(റ) കൊണ്ട് വന്ന ഒരു ഹദീസ്. ഒരിക്കല്‍ നബി(സ്വ) തങ്ങള്‍ സ്വാഹബത്തിനോട് പറഞ്ഞു. ഞാന്‍ പ്രവാചകനായി നിയുക്താനാവുന്നതിന് മുമ്പ് തന്നെ എന്നോട് സലാം പറയുന്ന ഒരു കല്ലിനെ എനിക്കിപ്പോഴും അറിയാം. (സ്വഹീഹ് മുസിലിം)
ചരിത്ര താളുകള്‍ പരിശോധിച്ചാല്‍ എല്ലാ വസ്തുക്കളും തിരുനബി(സ്വ)യോട് കാണിച്ച വിധേയത്വം ശ്രദ്ധേയമാണ്. കല്ലുകളും, മരങ്ങളും, മൃഗങ്ങളും, മേഘവും, പര്‍വതങ്ങളും തുടങ്ങി അനവധി ഉദാഹരണങ്ങള്‍ ഇന്നും ലോകം സ്മരിക്കുകയും വാഴ്ത്തുകയും ചെയ്യുന്നു. ശാമിലേക്കുള്ള യാത്രാമദ്ധ്യേ ബഹീറ കണ്ട തിരുനബി(സ്വ) തങ്ങള്‍ക്ക് മേഘം തണല്‍വിരിക്കുന്ന ചരിത്രം സുവിദമാണ്. (ഹലബിയ്യ). ജാബിര്‍(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ്വ) തങ്ങള്‍ വെള്ളിയാഴ്ച ദിവസങ്ങളില്‍ ഒരു ഈത്തപ്പന തടിയില്‍ കയറി നിന്നാണ് ഖുതുബ ഓതാറുള്ളത്. ഒരു ദിവസം അന്‍സ്വാരിയായ ഒരു സ്ത്രീ ഞാന്‍ ഒരു മിമ്പര്‍ അങ്ങേക്ക് പണിതു തരട്ടെ എന്നുചോദിച്ചു. നബി(സ്വ) സമ്മതം നല്‍കിയപ്പോള്‍ അവരത് പണിതു കൊടുത്തു. അടുത്ത വെള്ളിയാഴ്ച സാധാരണ കയറാറുള്ള തടിയെയും മറികടന്ന് പുതിയ മിമ്പറില്‍ കയറിയപ്പോള്‍ ആദ്യത്തെ മിമ്പര്‍ ഏങ്ങി കരയാന്‍ തുടങ്ങി. അതിന്‍റെ അടുത്ത് നിന്ന് ആ കരച്ചില്‍ വ്യക്തമായി കേട്ടു. അപ്പോള്‍ നബി (സ്വ) ഇറങ്ങി വന്നു അതിനെ സ്പര്‍ശിച്ചപ്പോള്‍ അത് കരച്ചില്‍ നിറുത്തി. (ബുഖാരി). ഇബ്നു അബ്ബാസ് (റ) പറയുന്നു. നബി(സ്വ) പറഞ്ഞു. ഞാന്‍ അതിനെ എടുത്ത്. ആശ്വസിപ്പിച്ചില്ലായിരുന്നുവെങ്കില്‍ ഖിയാമത്ത് നാളു വരെ അതിങ്ങനെ തേങ്ങിക്കരയുമായിരുന്നു. (അഹ്മദ് , ഇബ്നുമാജ). ഹസനുല്‍ ബസ്വരി(റ) ഈ ഹദീസ് പറയുമ്പോഴെല്ലാം ഇങ്ങനെ പറയാറുണ്ടായിരുന്നു. മുസ്ലിംകളെ സ്നേഹാധിക്യത്താല്‍ ഒരു ഈത്തപ്പന മരക്കഷണം കരഞ്ഞത് നിങ്ങള്‍ കണ്ടില്ലേ! അതിനെക്കാള്‍ നബി(സ്വ) തങ്ങളോട് സ്നേഹം വെക്കേണ്ടവരാണ് നാം. (ഫത്ഹുല്‍ ബാരി: 6/697). മറ്റൊരു ദിവസം ഒരു അഅ്റാബി വന്നിട്ട് നബി(സ്വ) തങ്ങളോട് ചോദിച്ചു. നിങ്ങള്‍ നബിയാണെന്നതിന് തെളിവ് എന്താണ്. ഈ ഈത്തപ്പന മരത്തില്‍ നിന്ന് അതിന്‍റെ ഒരു കുല ഇറങ്ങി വന്നാല്‍ നീ എന്നെ അംഗീകരിക്കുമോ നബി(സ്വ) തങ്ങള്‍ ചോദിച്ചു. അതെ എന്ന് അഅ്റാബി മറുപടി പറഞ്ഞപ്പോള്‍ നബി(സ്വ) അതിനെ അടുത്തേക്ക് വിളിച്ചു. മുകളില്‍ നിന്ന് കുല ഇറങ്ങി തങ്ങളുടെ അടുത്തേക്ക് നടന്നു വന്നു. പിന്നെ തിരിച്ച് പോകാന്‍ പറഞ്ഞപ്പോള്‍ തിരിച്ച് യഥാസ്ഥാനത്തേക്ക് പോയിനിന്നു. അപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു. അങ്ങ് സത്യപ്രവാചകനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.(ബൈഹഖി, ദലാഇലുന്നുബുവ്വ)
ഇത് പോലെ സംസാരശേഷിയില്ലാത്ത ജീവികള്‍ പോലും പ്രവാചകത്വത്തിന് സാക്ഷിയായ നിരവധി സംഭവങ്ങള്‍ ഉണ്ട്. തിരനബി(സ്വ)യുടെ അസാധാരണത്വം വ്യക്തമാക്കുന്നവയാണതൊക്കെയും. നബി(സ്വ) തങ്ങളെ സാധാരണക്കാരനായി ചിത്രീകരിക്കുന്ന നവീന വാദികളെ നാം കരുതലോടെയാണ് സമീപിക്കേണ്ടത്. നമ്മുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന ഇത്തരം കെണികളെ തിരിച്ചറിയേണ്ടതുണ്ട്.
സൈദു ബ്നു ഹാരിസ(റ) പറയുന്നു. നബി(സ്വ)യോട് ഞാന്‍ ചോദിച്ചു. നബിയേ അല്ലാഹുവിന്‍റെ പ്രവാചകരേ ഞങ്ങളുടെ കിണറുകളില്‍ ശൈത്യകാലത്ത് നന്നായി വെള്ളം ഉണ്ടാകാറുണ്ട്. എന്നാല്‍ വേനല്‍കാലത്ത് വെള്ളം വറ്റാറുണ്ട്. മുസ്ലിമായ കാരണത്താല്‍ മറ്റുള്ളവര്‍ ഞങ്ങളെ ആട്ടിപ്പായിക്കുന്നു. ഞങ്ങള്‍ക്ക് വെള്ളം ലഭിക്കാന്‍ അങ്ങ് ദുആ ചെയ്യുമോ? ഏഴ് ചെറിയ കല്ലുകള്‍ കൊണ്ട് വരാന്‍ നബി(സ്വ) തങ്ങള്‍ അവരോട് കല്‍പ്പിച്ചു. അവിടുത്തെ തൃക്കരം കൊണ്ട് അവകളെ തിരുമ്മിയതിന് ശേഷം ദുആ ചെയ്തു. എന്നിട്ട് നബി(സ്വ) പറഞ്ഞു ഈ കല്ലുകള്‍ കൊണ്ട് പോയി ഓരോ കല്ലും ബിസ്മി ചൊല്ലിയിട്ട് കിണറ്റില്‍ ഇടുക.
സൈദ് (റ) പറയുന്നു. നബി(സ്വ) പറഞ്ഞത് പ്രകാരം നമ്മള്‍ ചെയ്തു. പിന്നീട് ആ കിണറിന്‍റെ അടിത്തട്ട് വെള്ളത്തിന്‍റെ ആധിക്യം കൊണ്ട് കാണാന്‍ പറ്റാതെയായി. (ബൈഹഖി, ബിദായ)
അബൂഹുറൈറ (റ) പറയുന്നു. ആട്ടിന്‍ പറ്റത്തെ മേയ്ച്ചു കൊണ്ടിരുന്ന ഒരു ഇടയന്‍റെ അടുക്കല്‍ ഒരു ചെന്നായ വരുകയും ആ കൂട്ടത്തില്‍ ഒരു ആടിനെ പിടിക്കുകയും ചെയ്തു. ഇടയന്‍ ചെന്നായയെ പിന്തുടര്‍ന്നു. ആടിനെ മോചിപ്പിച്ചു. അപ്പോള്‍ ചെന്നായ ഒരു കുന്നിന്‍റെ മുകളില്‍ കയറിയിരുന്നു പറഞ്ഞു. അല്ലാഹു എനിക്ക് പ്രധാനം ചെയ്ത ഭക്ഷണത്തെ ഞാന്‍ പിടിച്ചെടുത്തു. അതിനെ എന്‍റെ പക്കല്‍ നിന്ന് താങ്കള്‍ തട്ടിയെടുത്തല്ലോ? ഇത് കേട്ട ഇടയന്‍ അത്ഭുതത്തോടെ പറഞ്ഞു. ഇത് പോലൊരു ദിവസം എനിക്കുണ്ടായിട്ടില്ല. ഒരു ചെന്നായസംസാരിക്കുന്നു. അപ്പോള്‍ ചെന്നായ പറഞ്ഞു ഇതിനെക്കാള്‍ വലിയ അത്ഭുതമാണ്, ഇരു ചരല്‍ ഭൂമികള്‍ക്കിടിലെ ഈത്തപ്പന തോട്ടങ്ങളില്‍ നില കൊള്ളുന്ന ഒരു മനുഷ്യന്‍ അദ്ദേഹം കഴിഞ്ഞ് പോയ കാര്യങ്ങളും വന്നിരിക്കുന്ന കാര്യങ്ങളും പറയുന്നു. അബൂഹുറൈറ(റ) പറയുന്നു. അയാളൊരു ജൂതനായിരുന്നു. അദ്ദേഹം നബി സമീപിച്ച് കാര്യം അവതരിപ്പിക്കുകയും മുസ് ലിമാവുകയും ചെയ്തു. (സീറത്തുന്നബി-സൈനീ ദഹ്ലാന്‍ ). ഉമറുബ്നുല്‍ ഖത്താബ്(റ) പറയുന്നു. ഉടുമ്പിനെ വേട്ടയാടിപ്പിടിച്ച ഒരു അഅ്റാബി നബി(സ്വ)യുടെ അരികില്‍ വന്നിട്ട് പറഞ്ഞു. മുഹമ്മദേ ഈ ഉടുമ്പ് നിന്നില്‍ വിശ്വസിക്കുന്നത് വരെ ഞാന്‍ വിശ്വസിക്കില്ല. അതിനടുത്ത് ചെന്ന് ഓ ഉടുമ്പേ എന്ന നബി(സ്വ) തങ്ങള്‍ വിളിച്ചപ്പോള്‍ അത് ഉത്തരം ചെയ്തു. ലബൈക്ക വ സഅ്ദയ്ക അന്ത്യദിനത്തിന്‍റെ അലങ്കാരമായ തിരുദൂതരെ എന്ത് വേണം? നീ ആരെയാണ് ആരാധിക്കുന്നത്. നബി(സ്വ) ചോദിച്ചു. ആകാശ ഭൂമികളുടെ അധിപനും അര്‍ശിന്‍റെ ഉടമസ്ഥനായ കടലില്‍ സഞ്ചാര പാഠമൊരുക്കിയ സ്വര്‍ഗ്ഗത്തില്‍ കാരുണ്യം നിറച്ച നരകത്തില്‍ ശിക്ഷയൊരുക്കിയ ഒരുവനെ എന്ന് ഉടുമ്പ് മൊഴിഞ്ഞു. അപ്പോള്‍ അഅ്റാബി ആശ്ചര്യപ്പെട്ടുപോയി. വീണ്ടും നബി തങ്ങള്‍ ചോദിച്ചു ഞാന്‍ ആരാണ്. സര്‍വ്വലോക രക്ഷിതാവിന്‍റെ ദൂതന്‍ നബിമാരില്‍ അവസാനത്തെയാള്‍. അങ്ങെ വാസ്തവമാക്കിയവന്‍ വിജയിച്ചു കളവാക്കിയവന്‍ പരാജയപ്പെട്ടു. ഇതുകേട്ടപ്പോള്‍ അഅ്റാബി സത്യവാചകം മുഴക്കി. (ബൈഹഖി)
ഖുര്‍ആനില്‍ തന്നെ നബി (സ) യുടെ മുഅ്ജിസത്ത് വിവരിച്ചിട്ടുണ്ട്. അന്ത്യ സമയം അടുത്തു. ചന്ദ്രന്‍ പിളരുകയും ചെയ്തു. (സൂറത്തുല്‍ ഖമര്‍) ഒരിക്കല്‍ മക്കാ നിവാസികള്‍ നബി(സ്വ) തങ്ങളോട് മുഅ്ജിസത്ത് കാണിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ നബി(സ്വ) ചന്ദ്രനെ രണ്ട് പിളര്‍പ്പായി കാണിച്ചു കൊടുത്തു. ഒന്ന് പര്‍വ്വതത്തിന്‍റെ മുകളിലും മറ്റൊന്നു താഴെയും . അപ്പോള്‍ അത് രണ്ടിന്‍റെ ഇടയിലൂടെ അവര്‍ ഹിറാപര്‍വ്വതത്തെ കണ്ടു. (ബുഖാരി)
ഇങ്ങനെ അനവധി മുഅ്ജിസത്തുകള്‍ ചരിത്രത്തില്‍ സ്ഥാനം നേടിയിട്ടുണ്ട്. ഇമാം ശാഫിഈ(റ) പറയുന്നു. നബി(സ്വ)ക്ക് നല്‍കപ്പെട്ടതിന് സമാനമായി ഒരു സ്ഥാനവും ഒരു പ്രവാചകനും അല്ലാഹു നല്‍കിയിട്ടില്ല. അപ്പോള്‍ ഉമര്‍ ബ്നു സവ്വാന്‍ എന്നവര്‍ ചോദിച്ചു. ഈസാ നബി(അ)ന് അല്ലാഹു മരിച്ചവരെ ജീവിപ്പിക്കാനുള്ള കഴിവ് നല്‍കിയിട്ടുണ്ടല്ലോ. അപ്പോള്‍ ശാഫിഈ ഇമാം പറഞ്ഞു. നബി(സ്വ) ഖുതുബ നിര്‍വഹിക്കുന്ന ഈന്തപ്പനയുടെ ഒരു കഷ്ണം തേങ്ങി കരയുകയും അതിന്‍റെ ശബ്ദം എല്ലാവരും കേള്‍ക്കുകയും ചെയ്തുവല്ലോ? ഈസാ നബിക്ക് നല്‍കപ്പെട്ട അമാനുഷിക കഴിവിനെക്കാള്‍ മികച്ചതല്ലേ നിര്‍ജീവ വസ്തുവായ ഈന്തപ്പനമരം ജീവന്‍ വെച്ച് കരയുക എന്നത്. (ഫത്ഹുല്‍ ബാരി:6/698)
തിരുനബിയുടെ വിരലുകള്‍ക്കിടയിലെ ജലപ്രവാഹത്തെ സംബന്ധിച്ച് ഇമാം മുസ്നി(റ) പറയുന്നു. മൂസാ നബി (അ) വടി കൊണ്ട് പാറയില്‍ അടിച്ചപ്പോള്‍ ജലം പ്രവഹിച്ചിട്ടുണ്ട്. എന്നാല്‍ അതിനെക്കാള്‍ വലിയ മുഅ്ജിസത്താണ് നബി(സ്വ)യുടെ മുഅ്ജിസത്ത.് കാരണം പാറയില്‍ നിന്ന് വെള്ളം പുറപ്പെടുക എന്നത് സാധാരണയാണ് എന്നാല്‍ മാംസത്തിന്‍റെയും രക്തത്തിന്‍റെയും ഇടയില്‍ നിന്ന് വരുന്നത് സാധാരണയ്ക്ക് എതിരാണ്. (ഫത്ഹുല്‍ ബാരി :6/677)
അനേകം അമാനുഷികതകള്‍ കൊണ്ട് ധന്യമാണാ തിരുജീവിതം. വിശുദ്ധ ഖുര്‍ആനിനെ മാറ്റി നിര്‍ത്തിയാല്‍ തന്നെ ആയിരക്കണക്കിന് അമാനുഷികതകള്‍ നബി(സ്വ) തങ്ങള്‍ക്ക് പ്രത്യേകമായി ലഭിച്ചിട്ടുണ്ട് എന്ന് ഇമാം ഖുര്‍ത്വുബി(റ) രേഖപ്പെടുത്തിയിട്ടുണ്ട്. (ഖുര്‍ത്വുബി:1/111)
Leave a Reply