പ്രവാചകസ്നേഹത്തിന്‍റെ രീതിശാസ്ത്രം

Admin January 27, 2019 No Comments

പ്രവാചകസ്നേഹത്തിന്‍റെ രീതിശാസ്ത്രം

പ്രവാചകാനുരാഗം വിശ്വാസത്തിന്‍റെ അടിസ്ഥാനമാണ്. വിശ്വാസ ആരാധനാകർമങ്ങളിലെ മൗലികതയാണ് ഇസ്ലാമിനെമതം എന്ന നിലയിൽ വ്യത്യസ്ഥമാക്കുന്നത്. ദിശതെറ്റിയ ജീവിത മാർഗം ഏതൊരുവനും വിശ്വാസത്തിന്റെ പരിപൂർണത ലഭ്യമാകുന്നതിന് തടസമാവും. വിശ്വാസത്തിന്റെ മാധുര്യം നുകരാൻ ഇസ്ലാമിന്‍റെ ചൂണ്ടുപലകകൾക്കനുസരിച്ച് തന്‍റെ  ജീവിതത്തെ ചിട്ടപ്പെടുത്താൻ ഓരോ വിശ്വാസിയും ബാധ്യസ്ഥനാണ്. വിശ്വാസിക്കും സ്രഷ്ടാവിനുമിടയിലെ മാധ്യമമാണ് ലോകരിൽ കാരുണ്യമായി അയക്കപ്പെട്ട പ്രവാചകർ (സ). രണ്ടാം വചനമില്ലാത്ത സത്യസാക്ഷ്യം അപൂർണമെന്ന് പണ്ഡിതമതം. പ്രവാചകരലൂടെയുള്ള ഇലാഹീമാർഗമാണ് സ്രഷ്ടാവ് സ്രഷ്ടിക്കായി ഒരുക്കിയിരിക്കുന്നത്. അതാണ് ഇസ്ലാമിന്റെയും വിശ്വാസത്തിന്റെ യദാർഥ തിരിച്ചറിയൽരേഖ. അതിന്റെ അഭാവം ഈമാൻ എന്ന നിധിയുടെ നഷ്ടത്തിലായിരിക്കും ഫലം ചെയ്യുക. ഒരു വിശ്വാസി എങ്ങനെയാണ് തിരനബി(സ)യെ സ്നേഹിക്കേണ്ടത്? സ്നേഹം എന്ന വാക്കിൽ ഒതുങ്ങുന്നതാണ് പ്രവാചക സ്നേഹമെന്ന മൂഢധാരണ ആരാധനാകർമ്മങ്ങളിലെ വിരസതക്കും കൃത്യതയില്ലായ്മക്കും കാരണമായിട്ടുണ്ടെങ്കിൽ വിഢികളുടെ സ്വർഗമാണ് അത്തരക്കാരെ കാത്തിരിക്കുന്നതെന്ന് തിരുനബി(സ)യിലെ പിതാവിന്‍റെ മകളോടുള്ള (ഫാത്വിമ(റ)) ഉപദേശം നമ്മെ ഉണർത്തുന്നുണ്ട്.

തീർച്ചയായും പ്രവാചക സ്നേഹം എന്നത് മറ്റു ആരാധനാ കർമ്മങ്ങളിൽനിന്നും സ്വതന്ത്രമായ പ്രതിഫലത്തിന് വിശ്വാസിയെ അർഹനാക്കുമെന്നത് അവിതർക്കിതമാണ്. എന്നാൽ പ്രവാചകാരനുരാഗിതന്റെ പ്രേമഭാജനത്തിന്‍റെ കാൽപാടുകൾ പിന്തുടരാൻ മടിച്ചുനിൽക്കുന്നത് യദാർഥ പ്രേമമാണോ എന്ന വിചാരണയാണ് വേണ്ടത്. “നിങ്ങൾ അല്ലാഹുവിനെഇഷ്ടപ്പെടുന്നുവെങ്കിൽ എന്നെ പിൻപറ്റുക’ എന്ന ഖുർആനികാധ്യാപനത്തിൽ അല്ലാഹുവിനോടും തിരുനബി(സ)യോടുമുള്ള സ്നേഹം വേർതിരിക്കാൻ കഴിയില്ലെന്ന ശബ്ദം ഉൾക്കൊണ്ടിട്ടുണ്ടെന്ന് തിരിച്ചറിയാൻ പ്രസ്തുത വചനങ്ങളെ ഹൃദയത്തിന് വായിക്കാൻ വിടുക തന്നെ വേണം. പ്രവാചക പാത പിൻപറ്റിയുള്ള വിശ്വാസിയുടെ യാത്ര പ്രവാചക സ്നേഹത്തിന്‍റെ  പ്രകടമായ അടയാളമത്രേ. പിൻപറ്റാത്തവൻ പ്രവാചക സ്നേഹിയല്ലെന്ന് മുദ്രകുത്താൻ അധികാരം നൽകപ്പെട്ടവർ ഇല്ലെന്ന സത്യവും അനിഷേധ്യമത്രേ. ലൈലയുടെ ഭവനത്തിനോടുചേർന്ന മതിലായതിനാൽ അതിലേക്ക് മുഖമമർത്തി തന്‍റെ പ്രേമഭാജനത്തോടുള്ള പ്രണയത്തിന്‍റെ ആഴം വ്യക്തമാക്കുന്ന ഖൈസിന്‍റെ ചുംബനങ്ങൾ, നബിമാതൃക പിൻപറ്റാൻ വിശ്വാസിക്ക് ലഭിക്കുന്ന ഇലാഹീ ഊർജ്ജത്തിന്‍റെ  ഭൗതിക ഉപമയാക്കാവുന്നതാണ്.

തിരുദൂതരെ സമ്പന്ധിച്ച വിശ്വാസത്തിലാണ് ഒരു പ്രവാചകാനുരാഗിആദ്യമായി വ്യക്തത വരുത്തേണ്ടത്. തിരുനബി(സ)യോടുള്ള വിശ്വാസിയുടെ സ്നേഹം ലക്ഷ്യരഹിതമല്ല. അതിന് ഉത്തമമായ ഒരു ലക്ഷ്യവും അതേലിക്കെത്തിച്ചേരാനുള്ള മാർഗവും കൃത്യമായി നിശ്ചയിക്കപ്പെട്ടിട്ടുണ്ട്. വികലവിശ്വാസം പേറുന്ന ഹൃദയത്തിൽ പ്രവാചകാനുരാഗമുണ്ടെന്നത് വെറുംവാക്കായി മാത്രം അധിപ്പതിച്ചുപോകുമെന്ന് സാരം. അല്ലാഹുവിന്റെ സൃഷ്ടി തിരഞ്ഞെടുപ്പിലെ അത്യുന്നത സ്ഥാനമാണ് തിരുനബി(സ)യുടേത്. ‘മുസ്ത്വഫാ’ എന്ന പദത്തിന്‍റെ വ്യാപകാർഥം അതാണ്. സ്രഷ്ടികർമ്മത്തിലെ അത്യുന്നത പദവിയാണ് ഇതിലൂടെ പ്രവാകർ(സ)ക്ക് അല്ലാഹു സമ്മാനിച്ചിരിക്കുന്നത്. പ്രവാചകകുലത്തിലെ അത്യുന്നതരും അന്ത്യപ്രവാചകരുമാണ് അവിടുന്ന് എന്ന തീർച്ചപ്പെടുത്തൽ വിശ്വാസിയുടെ ഹൃദയത്തെ സദാവലയം ചെയ്തിരിക്കണം. ഈയൊരു വിശ്വാസത്തിലെ ചാഞ്ചല്യം ഇസ്ലാമിക ധാരയുടെ പരിധിക്ക്പുറത്താണ്. ഒരു വിശ്വാസി അവന്‍റെ  ബാല്യം മുതൽക്കു തന്നെ പ്രവാചകരെസംബന്ധിച്ച് മനസ്സിലാക്കേണ്ട് പൊതുതത്വങ്ങൾ മുഹമ്മദ് അബ്ദുയമാനീ എന്ന വിശ്രുത പണ്ഡിതൻ അദ്ദേഹത്തിന്റെ അനുഗ്രഹീത തൂലികകളാൽ കോർത്തെടുത്തത്അമൂല്യ നിധി തന്നെ. അദ്ദേഹത്തിന്‍റെ  വരികളിൽ നിന്ന്:

* നുബുവ്വത്തിന് (പ്രവാചകത്വം) മുമ്പുതന്നെ അവിടുന്ന് ‘അൽഅമീൻ’ (വിശ്വസ്തൻ) ആയിരുന്നു. അനന്തരം, ലോകർക്ക് സമ്മാനക്കപ്പെട്ട കാരുണ്യത്തിന്‍റെ  കേന്ദ്രമാകുന്നു.

* പൂർവപിതാവ് ഇബ്റാഹീ(അ)മിന്‍റെ പ്രാർഥനക്കുള്ള ഉത്തരമാകുന്നു തിരുനബി(സ). മൂസ(അ)യുടെയും ഈസ(അ)യുടെയും സുവിശേഷവാർത്തകളിൽ അവിടുന്ന് കടന്നുവന്നിട്ടുണ്ട്. ലോകത്ത് അയക്കപ്പെട്ട മുഴുവൻ അമ്പിയാക്കളുടെയും ദിശാകേന്ദ്രമാണവിടുന്ന്.

* അല്ലാഹുവിന്‍റെ സന്ദേശം ലോകർക്കെത്തിച്ചവരിൽ അത്യുത്തമർ, ആദൗത്യം ഏറ്റവും പൂർണമായി സാക്ഷാത്കരിച്ചവർ, ഭൗതിക ജീവിതത്തിന്റെ അന്ത്യതാളം വരേക്കും ഇലാഹീ സേവനത്തിലായിജീവിച്ചവർ,

* സത്യവിശ്വാസികൾക്ക് സ്വശരീരങ്ങളേക്കാൾ പ്രിയപ്പെട്ടവർ, മറ്റു പ്രവാചകന്മാർക്കായും അല്ലഹുവുമായി കരാറുള്ളവർ,

* വഹ് യ് നൽകപ്പെടുന്നുവെന്നതിനാൽ മനുഷ്യനായിരിക്കെ തന്നെ അവിടുന്ന് വ്യത്യസ്ഥ മായിരുന്നു, മനുഷ്യനായിഅയക്കപ്പെട്ടത് സൃഷ്ടികളിൽ അല്ലാഹുവിനെയും പരലോകത്തെയും പ്രതീക്ഷിക്കുകയും ഇലാഹീ സ്മരണ ശ്വാസോഛ്വാസമായി കൊണ്ടുനടക്കുന്നവർക്കും ഉത്തമ മാതൃകയായി.

* മറ്റു അമ്പിയാക്കൾക്കാർക്കും നൽകപ്പെടാത്ത പ്രത്യേകത, സൃഷ്ടാവ് തന്നെ തന്‍റെ സൃഷ്ടിയുടെ ജീവിതംകൊണ്ട്സത്യം ചെയ്ത അപൂർവ വചനം, “അങ്ങയുടെ ജീവിതം തന്നെ സത്യം, അവർ തങ്ങളുടെ ലഹരിയിൽ മതിമറന്ന് എന്തൊക്കെയോ ചെയ്തുകൂട്ടുകയാണ്.’ (വി.ഖു 15:72) പ്രവാചകരോടും അവിടുത്തെ വിശുദ്ധ കുടുംബ പരമ്പരയോടുമുള്ള വിശ്വാസിയുടെ ഇഷ്ടം അവന്‍റെ ഹൃദയാന്തരങ്ങളെ കീഴടക്കുക തന്നെ വേണം. ‘എന്നെ സ്നേഹിച്ചവൻ അല്ലാഹുവിനെസ്നേഹിച്ചിരിക്കുന്നു, എനിക്ക് വഴിപ്പെട്ടവൻ അല്ലാഹുവിന് വഴിപ്പെട്ടിരിക്കുന്നു”വെന്ന പ്രവാചകാധ്യാപനത്തിന്‍റെ ആശയതലം വൈവിധ്യം നിറഞ്ഞതാണ്.

ഈമാന്‍റെ  പരിപൂർണത

പ്രവാചക ഗുരുകുലമാണ് വേദി. ചുറ്റിലും നക്ഷത്രതുല്യരായ അനുചരവൃന്ദം. അവിടുന്ന് അല്ലാഹുവിൽ നിന്നുള്ള നിർദ്ദേശാനുസരണം സ്വഹാബത്തിന് ഒരു വിവരം നൽകി. “നിങ്ങളിലാരും പരിപൂർണ വിശ്വാസികളാവില്ല, മാതാപിതാക്കളെക്കാളും ഭാര്യസന്താനങ്ങളെക്കാളും സ്വശരീരത്തെക്കാളും എന്നോടിഷ്ടംവെക്കുന്നതുവരെ.’ വീരനുമർ(റ) അവിടുത്തോടറിയിച്ചു: “എന്റെ ശരീരത്തോടുള്ള പ്രിയത്തിൽപിന്നെ അങ്ങയാണെനിക്കേറ്റവും വേണ്ടപ്പെട്ടത്.’
“പോര അബൂഹഫ്സ് (ഉമർബിൻ അൽഖത്താബ്) (റ), നിന്റെ തടിയേക്കാൾ ഞാൻ തന്നെയാവണം നിനക്ക് പ്രിയ്യപ്പെട്ടത്.’ തിരുഅധരങ്ങൾ ഉമറി(റ)നെതിരുത്തി. “എങ്കിൽ അങ്ങനെതന്നെ. അങ്ങുതന്നെയാണ് എനിക്കേറ്റവും പ്രിയം. എന്‍റെ ശരീരത്തേക്കാളും.’ ഉമറി(റ)ന്‍റെ വാക്കുകൾ.
“ഇപ്പോൾ നിന്‍റെ ഈമാൻ പരിപൂർണതയുടെ ഉച്ചിയിലെത്തിയിട്ടുണ്ട്,’ തിരുഅംഗീകാരം. അനുചരരുടെ ഇഷ്ടം വേണമെന്ന് അവിടുന്ന് വാദിച്ചു, അനുചരരുടെ, ലോകരുടെ ഇഹപരവിജയത്തിനായി. ഉമറി(റ)ന്‍റെ ആദ്യ പ്രതികരണത്തിൽ സൈദ്ധാന്തികതയുടെ അംശം ഒളിഞ്ഞിരിപ്പുണ്ട്.
എന്തെന്നാൽ, എത്രയൊക്കെ വാദിച്ചാലും സ്വശരീരം തന്നെയാണ് ഏവർക്കും പ്രിയം. ഇവിടുത്തെ ശരീരം എന്ന വാക്കിനു പിന്നിൽ എല്ലുകളെ മാംസങ്ങളാലും മാസത്തെതൊലികളാലും പൊതിയപ്പെട്ട ഭൗതിക ശരീരം മാത്രമല്ല, ശരീരേച്ഛ, തടിയുടെ ഇഷ്ടം, ആ തടിയിലുള്ള മനസിന്റെ ഇഷ്ടം,
ഒക്കെ ഉൾക്കൊള്ളുന്നുണ്ട്. അതിന്റെ ആവശ്യങ്ങളെ തൃപ്തിപ്പെടുത്തുന്നതെല്ലാം ശരീരത്തോടുള്ള ഇഷ്ടത്തിന്‍റെ പരിധിയാലാണ് പെടുക. അങ്ങനെവരുമ്പോൾ, തന്നെ വലയം ചെയ്യുന്നവരുടെ ക്ഷേമം, ശരീരത്തോടുള്ള ഇഷ്ടം തന്നെയാണ്. ഇൗ അർഥത്തിൽ ശരീരത്തോടുള്ള ഇഷ്ടം മറ്റെന്തി നോടുമുള്ള ഇഷ്ടത്തേക്കാളും പൊതുവായ അർഥം ഉൾക്കൊള്ളുന്നുണ്ട്. അങ്ങനെയാവുമ്പോഴാണ് എന്‍റെ ശരീരത്തോടുള്ള ‘പ്രിയത്തിൽപിന്നെ’ എന്ന ഉമറി(റ)ന്റെ വാക്കുകളുടെ ആശയം വ്യക്തിമാവുന്നത്.

ഗാറിലെ കൂട്ടുകാർ
“ഇനി പ്ര വേ ശി ക്കാം നബിയേ.’ഗുഹയിൽ തിരുനബിക്ക് ബുദ്ധിമുട്ടാകുന്ന ഒന്നും ഇല്ലെന്ന് ഉറപ്പ് വരുത്തി അബൂബക്കർ (റ) പുറത്ത് വന്ന് തിരുനബിയെ ക്ഷണിച്ചു. യാത്രയിലുടനൂളം അദ്ദേഹത്തിന് ഭയമായിരുന്നു. പ്രവാചകരുടെ ഏത്ഭാഗത്ത് നിന്നാലാണ് അവിടുത്തേക്ക് ഏറ്റവും സുരക്ഷ പ്രഥാനം ചെയ്യാൻ തനിക്കുകഴിയുകയെന്ന് ചിന്തിച്ച് ഒടുവിൽ തന്റെ സഞ്ചാരം പ്രവാചകർത്ത് ചുറ്റുമായി. സൂര്യനെഭൂമി വലയും ചെയ്യുന്നതുപോലെ. ഭൂമിഅതിന്‍റെ യാത്ര തുടർന്നുകൊണ്ടുതന്നെയാണല്ലോ സൂര്യനെവലയം ചെയ്യുന്നത്. ഇവിടെ സൂര്യൻ തിരുനബി(സ)യും ഭൂമി അബൂബക്കറു(റ)മാണ്. ഗുഹാമുഖത്തെത്തിയപ്പോഴും സിദ്ധീഖി(റ)ന്റെ പരിഭ്രമം മാറുന്നില്ല. തിരുനബി(സ)യെ പുറത്ത് നിർത്തി,ഗുഹയുടെ ഉൾഭാഗത്തേക്ക് കയറി എല്ലാം വൃത്തിയാക്കിയതിന് ശേഷം തിരുനബി(സ)യെ അകത്തേക്ക് ക്ഷണിച്ചു.

“ആ ഗുഹയിൽ നന്നായൊന്നുപരിശോധിക്കൂ.’ പ്രവാചകരെ വകവരുത്താനായി മക്കയുടെ നാലുപാടും സഞ്ചരിച്ച ശത്രുക്കൾ ഒടുവിൽ സൗറിനുമുന്നിലും എത്തി. ഏതാനും പേരെ ഗുഹക്കുള്ളിൽ പരിശോധിക്കാനായി പറഞ്ഞുവിട്ടു. എന്നാൽ ചിലന്തിയും പ്രാവുമൊക്കെ തങ്ങളിലർ പ്പിക്കപ്പെട്ട ദൗത്യം ഭംഗിയായി നിർവഹിച്ചു. ലോകത്ത് വെളിച്ചം വിതറേണ്ട പുണ്യപൂമേനിക്ക് സുരക്ഷയൊരുക്കുക! എന്നാൽ അബൂബക്കറി(റ) അപ്പോഴും ഭയം വിട്ടുമാറിയിരുന്നില്ല. ശത്രുക്കൾ കണ്ടാൽ അവർ തിരുനബി(സ)യെ അപായപ്പെടുത്തുമെന്നതിൽ സംശയമില്ല. “അബൂബക്കർ, അല്ലാഹു മൂന്നാമനായുള്ള ഒരു ചെറുസംഘത്തെ കുറിച്ച് താങ്കൾ എന്താണ് മനസിലാക്കിയത്?’ തിരുഅധരങ്ങൾ അബൂബക്കറി(റ)ന് ആത്മവിശ്വാസം നൽകി. ഈ ദിനത്തെക്കുറിച്ചാണ് പിൽക്കാലത്ത് ഉമർ ബിൻ ഖത്താബ (റ) ആദരവോടെ പരിഭവം പറഞ്ഞത്. ഉമറിന്‍റെ ഒരായുസ് മുഴുവനുമുള്ള സൽകർമംഗാറിലെ ഒരു ദിവസത്തിന് സമമാകുമോ’ എന്ന്.

മകളുടെ നൊമ്പരം
“എന്‍റെ പിതാവിന്‍റെ വേദന. എനിക്ക് സഹിക്കാൻ കഴിയുന്നില്ല.’ മകൾ ഫാത്തിമയുടെ വിഷമം കേട്ടപ്പോൾ ചെറുപുഞ്ചിരിയോടെ തിരുവദനങ്ങൾ ചലിച്ചു: “ഈ ദിവസത്തിന് ശേഷം നിന്റെ പിതാവിന് വിശമമില്ല ഫാത്തിമാ.’ ഇതുകേട്ടപ്പോൾ ഫാത്തിമ(റ) ഒന്ന് വിഷമിച്ചെങ്കിലും അധികം വൈകാതെ പിതാവിനൊപ്പം തനിക്കും ചേരാമല്ലോ എന്നോർത്തപ്പോൾ ആ മനസിന് അൽപം കുളിർമ തോന്നിയിട്ടുണ്ടാവണം. പിതാവ് രഹസ്യം പറഞ്ഞപ്പോൾ ആദ്യം കരയുകയും പിന്നെ ചിരിക്കുകയും ചെയ്തതിന്‍റെ കാരണം ഫാത്തിമഃ(റ) വെളിപ്പെടുത്തുകയുണ്ടായി. ആദ്യം പറഞ്ഞത് തിരുവേർപാടിനെക്കുറിച്ചാണ്. രണ്ടാമത് പറഞ്ഞത് അവിടുത്തെ കുടുംബത്തിൽ ആദ്യമായി പ്രവാചകരിലേക്ക് യാത്രയാവുന്നത്താനാണെന്നും. ഇതറിഞ്ഞപ്പോൾ അൽപമൊന്നുമല്ല ആ പിതാവിന്‍റെ കരളിന്‍റെ കഷ്ണം ആനന്ദിച്ചത്. തിരുവഫാത്തിന് ശേഷം അധികം വൈകാതെ മഹതി ഇഹലോകത്തോട് യാത്രപറഞ്ഞിരുന്നു. “വേർപിരിഞ്ഞെന്നാൽ പിന്തിരിയുകയോ!’ “എന്‍റെ നബി വഫാത്തായെന്ന് ആരും പറയണ്ട. എനിക്കത് കേൾക്കുകയും വേണ്ട. കപടന്മാാരാണ്അ ങ്ങനെയൊക്കെ പറഞ്ഞുണ്ടാക്കുന്നത്. എന്‍റെ ഹബീബ്(സ) മരിച്ചിട്ടില്ല. മൂസാ ബിൻ ഇംറാൻ (അ) 40 ദിവസം തന്‍റെ അനുയായികളിൽ നിന്ന് മാറിനിന്നതുപോലെ അവിടുന്ന് മാറിനിൽ ക്കുകയാണ്. ശേഷം അവരിലേക്ക് മടങ്ങിയെത്തിയതുപോലെ നമ്മിലേക്കും അവിടുന്ന് തിരിച്ചുവരും. ഇനിയും ഇൗ പറച്ചിലാവർത്തിച്ചാൽ എന്‍റെ വാളിന്‍റെ മൂർച്ചയറിയും.”ഉമർ ബിൻ ഖത്താബി(സ) ഇജ്തിഹാദ് ഭംഗം സംഭവിച്ചിരിക്കയാണെന്ന് സ്വിദ്ദീഖ് (റ) തിരുത്തിയെങ്കിലും ആ വാക്കുകൾ യാദാർഥ്യമായിരുന്നുവെങ്കിലെന്നാഗ്രഹിക്കാത്ത ഏതെങ്കിലും സത്യവിശ്വാസിയുണ്ടോ? തിരുനബി (സ) മടങ്ങിവന്നെങ്കിലെന്ന് ഒരാഗ്രഹത്തിന്‍റെ സ്വരം നമുക്ക് ആ വാക്കുകളിൽ നിന്ന് ഗ്രഹിക്കാം. എന്നാൽ അതല്ല യാദാർഥ്യം. ഒരു സത്യവിശ്വാസി തന്‍റെ ആഗ്രഹങ്ങൾക്കും ഇഷ്ടങ്ങൾക്കും പുറകേ പോകേണ്ടവനല്ല. യാദാർഥ്യങ്ങൾ ഉൾക്കൊള്ളാൻ അവന്‍റെ ഉള്ളം പാകമായിരിക്കണം. തിരുനബി(സ) വഫാത്തായിരിക്കുന്നു. അതെ. ഉമറി(സ)നെതിരുത്തേണ്ടവർ തന്നെയാണ്തിരുത്തിയിരിക്കുന്നത്. തിരുനബി(സ)യുടെ വിയോഗത്താൻ ഹൃദയം നുറുങ്ങുമ്പോഴും അവിടുന്ന് സമ്മാനിച്ച ആദർശം ഉയർത്തിപ്പിടിക്കാൻ ഏറ്റവും ബാധ്യസ്ഥൻ സിദ്ധീഖ്(റ) തന്നെയായിരുന്നു. ശബ്ദമൊന്ന് ശരിയാക്കി അവിടുന്ന് പ്രഖ്യാപിച്ചു: “ഉമറേ(റ) അടങ്ങുക. നിങ്ങളിലാരെങ്കിലും തിരുനബി(സ)യെ ആരാധിച്ചിട്ടുണ്ടെങ്കിൽ അറിഞ്ഞുകൊള്ളുക, അവിടുന്ന് വഫാത്തായിരിക്കുന്നു. നിങ്ങളിലാരെങ്കിലും അല്ലാഹുവിനെയാണ് ആരാധിച്ചിരുന്നതെങ്കിൽ, തീർച്ചയായും അല്ലാഹു എന്നെന്നും ജീവിക്കുന്നവനാണ്, അവന് മരണമില്ല. ശേഷംവിശുദ്ധ ഖുർആനിലെ ഒരു വചനം പാരായണം ചെയ്തു: ‘മുഹമ്മദ് നബി അല്ലാഹുവിന്‍റെ പ്രവാചകനാണ്. ഇതിന് മുമ്പും ധാരാളം പ്രവാചകന്മാാർ കഴിഞ്ഞുപോയിട്ടുണ്ട്. അവിടുന്ന് വഫാത്താവുകയോ കൊല്ലപ്പെടുകയോ ചെയ്താൽ നിങ്ങൾ പിന്തിരിയുകയോ! അങ്ങനെയാരെങ്കിലും പിന്തിരിഞ്ഞാൽ അതിൽ അല്ലാഹുവിന് ബുദ്ധിമുട്ടായി ഒന്നുംതന്നെയില്ല. നന്ദിചെയ്യുന്നവർക്ക് അല്ലാഹു പ്രതിഫലം ഉറപ്പ് നൽകുന്നു.’ അബൂബക്കർ (റ) പ്രസ്തുത ആയത്ത് ഓതിയപ്പോൾ ആദ്യമായി കേൾക്കുന്നതുപോലെയാണ് പലരും അത് ശ്രവിച്ചതെന്ന് ഇബ്നുഅബ്ബാസ്(റ) പറയുകയുണ്ടായി. ആ വചനങ്ങളാണ് പ്രവാചകരുടെ വഫാത്ത് അംഗീകരിക്കാൻ തന്നെ പ്രാപ്തനാക്കിയതെന്ന് ഉമർ (റ) പിൽകാലത്ത് പറഞ്ഞതായി ഇബ്നുമുസയ്യബ് വ്യക്തമാക്കിയിട്ടുണ്ട്.

നബിചരിത്രവായന
പ്രവാചക ചരിത്രത്തിന്‍റെ നിരന്തരവായനഅവിടുത്തെ വിശുദ്ധജീവിത ത്തോട് നമ്മെ കൂടുതൽ അടുപ്പിക്കും. പ്രേമഭാജനത്തെ വായിക്കാനാഗ്രഹിക്കാത്ത പ്രണയിതാവോ? അവിടുത്തെ ഓരോ അനക്കങ്ങളെയും ഇരുത്തങ്ങളെയും വർണിച്ച സ്വഹാബികളുണ്ട്. പതിനാലാം രാവിൽ ചന്ദ്രൻ അതിന്റെ പൂർശോഭയിൽ തിളങ്ങിനിൽക്കുമ്പോൾ ചന്ദ്രനിലേക്കും തിരുമുഖത്തിലേക്കും മാറിമാറി നോക്കി, ചന്ദ്രനാണോതിരുനബി(സ)യുടെ മുഖത്തിനാണോ കൂടുതൽ ശോഭയെന്ന് ശങ്കിച്ച അനുയായികളുണ്ട്. ഇല്ല അവിടുത്തെ തിരുമുഖത്തിന് തന്നെയാണ്, അവർ കട്ടായം പറഞ്ഞു. തിരുനബി(സ)യെ വായിച്ചാൽ എന്നാണ് തീരുക? സീറത്തുന്നബി എന്ന ഇസ് ലാമിക ചരിത്രവിജ്ഞാനധാരയിലെ അതിവിശാലമായ ആ മേഖലയിൽ എത്രയെത്ര പണ്ഡിതരാണ്തങ്ങളുടെ ജീവിതം മാറ്റിവെച്ചത്. അവിടുത്തെ ശാരീരിക ഗുണങ്ങളും സ്വഭാവമേന്മയും വിവരിക്കുന്ന ശമീഇലുൽമുഹമ്മദിയ്യ എന്ന അറിവിന്‍റെ ശാഖയുടെ വലിപ്പം പറയുകയും വേണ്ട.
സീറത്തുന്നബിയുടെ പ്രഥമസ്രോതസ് ഇസ്ലാമിലെ മറ്റേത് ശാഖയിലുമെന്നതുപോലെ, വിശുദ്ധ ഖുർആൻ തന്നെയാണ്. അങ്ങ് അനാഥയായപ്പോൾ നാം അങ്ങയുടെ രക്ഷാകർതൃത്വം ഏറ്റെടുത്തില്ലേ
നബിയേ, അങ്ങ് വഴിയിലൊറ്റക്കായപ്പോൾ നാം വഴിതെളിച്ച് തന്നില്ലയോ, അങ്ങ് പ്രയാസമനുഭവിച്ചപ്പോൾ അതിൽ നിന്ന് മോചനം നാം നൽകിയില്ലയോ എന്ന വചനങ്ങളിൽ തിരുനബിയുടെ ബാല്യവും കൗമാരവുമെല്ലാം സ്പർശിച്ചുപോവുകയാണ് വിശുദ്ധഖുർആൻ (ളുഹാ 6, 7). സീറത്തുന്നബിയുമായി ബന്ധിക്കുന്ന മറ്റനേകം വാക്യങ്ങൾ വിശുദ്ധഖുർആനിൽ ഇനിയുമെമ്പാടും കാണാ. മറ്റൊരു സ്രോതസ്, ഹദീസുകൾ തന്നെയാണ്. സിഹാഹുസ്സിത്തകളായ ബുഖാരി, മുസ്ലിം, സുനനുഅബീദാവൂദ്, നസാഈ, തുർമുദീ, ഇബ്നൂമാജഃയും അവയിലേക്ക് ചേർക്കപ്പെടാൻ തന്നെ തുല്യയോഗ്യതയുള്ള ഇമാം മാലികിന്റെ മുവത്വ, ഇമാം അഹ് മദിന്റെ മുസ്നദ് എന്നിവയെല്ലാം സീറത്തുന്നബിയുടെ വിശാലമായ കവാടങ്ങളും പൂന്തോട്ടങ്ങളുമാണ്.
മറ്റു സ്രോതസുകൾ തിരുനബിയുടെ ചരിത്രമായും നേരിട്ടും സ്വഹാബീവൃന്ദങ്ങൾ മുഖേനയും നടത്തിയ വിവിധ സൈനികവും ഇതരവുമായ ദൗത്യങ്ങളെ സംബന്ധിച്ച ചരിത്രഗ്രന്ഥങ്ങളാണ്. ഇൗ വിജ്ഞാനശാഖക്ക് സ്വഹാബത്തിന്‍റെ  ജീവിതകാലത്തോളം പഴക്കമുണ്ടെന്നതിലേക്കുള്ള ഉത്തമസൂചനകളാണ് അബ്ബാസി(റ)നെസംബന്ധിച്ച് അബ് ദുല്ലാ ബിൻ സഅദ്(റ) കുറിച്ച അഭിപ്രായം. അതിപ്രകാരമാണ്: അദ്ദേഹം വിജ്ഞാനവിളമ്പരത്തിനായി ഒരു ദിവസമിരുന്നാൽ അന്ന്ഫി ഖ്നെക്കുറിച്ച് മാത്രമായിരിക്കും ചർച്ച.

മറ്റൊരു ദിവസം ഖുർആൻ വ്യാഖ്യാനം മാത്രം. മറ്റൊരു ദിവസം നബിചരിത്രം മാത്രം. കവിതാവിജ്ഞാനം മാത്രം അടുത്ത ദിവസം. അറബികളുടെ മാത്രം ചരിത്രം ഒരു ദിവസം. അതായത്, ഏതൊരു വിജ്ഞാനശാഖയെക്കുറിച്ചും പ്രത്യേക തയാറെടുപ്പുകളൊന്നുമില്ലാതെ തന്നെ ഒരു ദിവസം മുഴുവൻ സംസാരിക്കാ ന്മാത്രം വിശാലമായ അറിവ് മഹാനർക്കുണ്ടായിരുന്നുവെന്ന്. ബറാഉബിൻ ആസിബി(റ)നെസംബന്ധിച്ച് ചിലർ അഭിപ്രയപ്പെട്ടത് പ്രവാചക ചരിത്ര ജ്ഞാനങ്ങൾ മഹാൻ തന്‍റെ വിദ്യാർത്ഥികളിലേക്ക് ചൊരിച്ചുകൊടുക്കുമായിരുന്നുവെന്നാണ്. ഇക്കാര്യത്തിൽ അദ്ദേഹത്തിന് പ്രത്യേക വൈദഗ്ദ്യമുണ്ടായിരുന്നുവെന്ന് വ്യക്തമാവുന്നു. ചുരുക്കത്തിൽ ഈ വൈജ്ഞാനിക മേഖലയുടെ സ്ഥാപകർ സ്വഹാബികൾ തന്നെയായിരുന്നു.
എന്നാൽ ഗ്രന്ഥങ്ങളായി ക്രോഡീകരിക്കപ്പെടുന്ന രീതി സാർവത്രികമായത് താബിഉകളുടെ കാലഘട്ടത്തിലാണെന്ന് മാത്രം. തിരുനബിചരിത്രമെന്ന് വിജ്ഞാനശാഖയിൽ പ്രഥമമായ ഗ്രന്ഥരചനനട ത്തിയത് ഉർവഃ ബിൻ സുബൈർ (റ) (വഫാത്ത് ഹി. 94) ആണെന്ന് കരുതപ്പെടുന്നു. എന്നാൽ കൈമോശം സംഭവിച്ച ഗ്രന്ഥങ്ങളിൽ പ്രസ്തുത ഗ്രന്ഥവും പെടുകയായിരു ന്നുവെന്നാണ് ചരിത്രകാരന്മാരുടെ ഭാഷ്യം. പ്രസിദ്ധ സീറത്തുന്നബി ചരിത്രകാരൻ അബ് ദുല്ലാഹ് ബിൻ (റ)ന്റെ ഉസ്താദായ അബാൻ ബിൻ ഉസ്മാനാ(റ)ണ് ഇക്കാര്യത്തിൽ രണ്ടാമൻ (വഫാത്ത് ഹി. 105). ഇമാം മുഹമ്മദ് ബിൻ മുസ് ലിം (ഹി. 124), മൂസാ ബിൻ ഉഖ്ബഃ (ഹി. 140), സുലൈമാൻ ബിൻ ത്വർഖാനിതൈ്തമീ (ഹി. 143) തുടങ്ങിയവരെല്ലാം ഇക്കാര്യത്തിലെ മുൻഗാമികളായ ഹദീസ്പണ്ഡിതരുടെ ഗണത്തിൽപെടുന്നു. എന്നാൽ സീറത്തുന്നബിയെ പ്രത്യേക വിജ്ഞാനശാഖയായി, ചരിത്രം എന്ന നിലയിലുള്ള അതിന്റെ തനതായ ശൈലിയിൽ പ്രഥമമായി ഗ്രന്ഥരചനനടത്തിയത് വിശ്വപ്രസിദ്ധ ചരിത്രകാരൻ മുഹമ്മദ്ബിൻ ഇസ്ഹാഖ് (ഹി.152) ആണ്. ശേഷം അബ് ദുൽമലിക് ബിൻ ഹിശാമി(ഹി. 218)ന്റെ രചനയാണ്. ശേഷം മുഹമ്മദ് ബിൻ ഉമർ അൽവാഖിദീ (ഹി. 207), മുഹമ്മദ്ബിൻ സഅദ് അസ്സുഹ്രീ (ഹി. 230), മുഹമ്മദ് ബിൻ ജരീർ അത്ത്വബ് രീ (ഹി. 310), ഇസ്മാഈ ൽ ബിൻ കസീർ (ഹി. 774) തുടങ്ങി ധാരാളം പണ്ഡിതർ ആ വിജ്ഞാമേഖലയെ ധന്യമാക്കി. ഇന്നും ഇവയുടെ ചുവടുപിടിച്ച് വിവിധ ഭാഷകളിൽ ധാരാളം സീറത്തുന്നബി ഗ്രന്ഥങ്ങൾ അച്ചടിമഷി പുരളുന്നു. നബിസ്നേഹികൾ അവയെല്ലാം ആർത്തിയോടെ വായിച്ച് തങ്ങളുടെ പ്രേമഭാജനത്തെ ഹൃദയത്തോട് ചേർക്കുന്നു. ഇമാം മുഹമ്മദ് ഈസാ തിർമുദി(റ) (ഹി. 279)യുടെ ശമാഇലുൽ മുഹമ്മദിയ്യഃ, അൽഹാഫിള്  ബൂശൈ്ശഖ് അബ് ദുല്ലാഹ് ബിൻ ഇസ്വ്ബഹാനിയുടെ (ഹി. 369) അഖ്ലാകുന്നബി(സ) വ ആദാബുഹു, അബുൽഅബ്ബാസ് ജഅ്ഫർ ബിൻ മുഹമ്മദിന്റെ (ഹി.. 432) അൽശമാഇൽ, ഇബ്നു മസ്ഊദിൽ ബഗ് വിയുടെ (ഹി. 516) അൽഅൻവാർ ഫീ ശമാഇലിന്നബീ, ഇബ്നുൽ ഖയ്യിമിൽ ജൗസിയുടെ (ഹി. 751) സാദുൽമആദ് തുടങ്ങിയ ഗ്രന്ഥങ്ങളാൽ ശമാഇലുൽ മുഹമ്മദിയ്യ എന്ന വിജ്ഞാനമേഖലയിൽ കേന്ദ്രീകരിക്കപ്പെട്ട രചനകളാണ്. തിരുനബിയുടെ നുബുവ്വത്തും ഇസ്ലാമിന്റെ അജയ്യതയും ബൗദ്ധികമായും പ്രാമാണികമായും സ്ഥാപിക്കുന്ന ദലാഇലുന്നുബുവ്വഃ ഗ്രന്ഥങ്ങൾ വേറെ.

അഹ്ലു ബൈതിനോടുള്ള ഇഷ്ടം
പ്രവാചകാനുരാഗത്തിന്‍റെ സുപ്രധാനസ്വഭാവങ്ങളിലൊന്നാണ് അവിടുത്തെ കുടുംബത്തോടുള്ള സ്നേഹം. പ്രവാചകരു (സ) ടെ തൃപ്തി നേടിയെടുക്കാൻ  അവസരം നൽകുന്ന ലളിതമായ ഒരു മാർഗമാകുന്നു അത്. ഒരിക്കൽ നബി (സ) ഹസൻ (റ) ഹുസൈൻ (റ) യും പറഞ്ഞു: ആരെങ്കിലും എന്നോടും ഈ രണ്ട് പേരോടും അവരുടെ മാതാപിതാക്കളോടുംപ്രിയം വെക്കുന്നുവെങ്കിൽ അവർ സ്വർഗത്തിൽ എന്നോടൊപ്പമായിരിക്കും. പ്രവാചകകുടുംബപരമ്പര നിലനിന്നു പോരുന്നത് മകൾ ഫാത്വമ (റ) യുടെ സന്താനങ്ങളായ ഹസൻ ഹുസൈനി (റ) ലൂടെയാണെന്നത് പ്രസിദ്ധമാണ്. തിരുകുടുംബത്തോടുള്ള സ്നേഹം സ്വഹാബികളും ശ്രദ്ധയോടെ പുലർത്തിയിരുന്നതായി കാണാം. അബൂബക്കർ സ്വിദ്ധീഖി (റ) ന്റെ വാക്കുകൾ നോക്കൂ. തിരുനബി(സ) യോടുള്ള സ്നേഹം അവിടുത്തെ അഹ്ലു ബൈതിനെസ്നേഹിക്കുന്നതലൂടെയാണ് പ്രകടിപ്പിക്കേണ്ടത്. ഒരിക്കൽ ഹുസൈൻ (റ)ന്‍ പൗത്രൻ അബ് ദുല്ലാഹ് ബിൻ ഹസൻ(റ) ഒരാവശ്യത്തിനായി അക്കാലത്തെ ഖലീ ഫയും താബിഉമായ ഉമർ ബിൻ അബ്ദിൽഅസീസി (റ) ന്റെ അടുക്കൽ ചെന്നു. ആവശ്യം നിവർത്തിച്ചതിനു ശേഷം ഖലീഫഅദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു.താങ്കൾക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നലേക്ക് ദൂതന്മാരെ അയക്കുകയോ കത്തെഴുതി അറിയിക്കുകയോ ചെയ്യൂ. താങ്കൾ ആവശ്യങ്ങൾക്കായി എന്റെ വാതിലിതേക്കു വരുന്നതിൽ അല്ലാഹുവിനെയോർ ത്ത് എനിക്ക് ലജ്ജയുണ്ട്.

സ്വലാത്ത് : ശഫാഅത്തിനുള്ള എളുപ്പവഴി
പ്രവാചകാനുരാഗിയുടെ ഏറ്റവും പ്രകടമായ ഒരടയാളമാണ് ഇടതടവില്ലാതെ അയാൾ ചൊല്ലുന്ന സ്വലാത്ത്. എന്തെങ്കിലും അധ്വാനത്തിൽ ഏർപ്പെടു മ്പോൾ യാത്ര ചെയ്യുമ്പോൾ ഏകാകിയായിരിക്കാമെല്ലാം നമ്മുടെ നാവ് തിരുഹബീബി നായുള്ള സ്വലാത്തുകൾക്കായി നിരന്തരം ചലിക്കുന്നുണ്ടെങ്കിൽ പരലോകത്ത് ശഫാഅത്തിനുള്ള ഉത്തമ സാധ്യതയാണത്. തിരുനബിയെ പിൻപറ്റുന്നതിൽ വീഴ്ചവരുത്താതിരിക്കുക എന്നതു പോലെതന്നെ അവിടുത്തെ മേലിലുള്ള സ്വലാത്ത് ശ്വസോഛാസത്തിന്റെ ഭാഗമാവാത്ത ഒരു വിശ്വാസിക്ക്പ്രവാചകസ്നേഹി എന്ന പദവിക്കർഹതയുണ്ടോ? ഒരു വിശ്വാസിയുടെ അധരങ്ങൾ സ്വലാത്തുകളാൽ നിരന്തരം ചലിച്ചുകൊണ്ടിരിക്കണം. നബി (സ) പറഞ്ഞു.ആരെങ്കിലും പ്രഭാതത്തിലും പ്രദോശത്തിലും എന്റെ മേൽ പത്ത് സ്വലാത്ത് ചൊല്ലിയാൽഅന്ത്യനാളിൽ എന്റെ ശഫാഅത്ത് (ശുപാർശ) അവനെതേടിയെത്തും. സ്വലാത്ത് എന്നാൽ അല്ലാഹുവിന്‍റെ  അടിമകളെ സംബന്ധിച്ചിടത്തോളം അവർക്ക് അല്ലാഹുവിൽനിന്നുള്ള കാരുണ്യമാണ്. എന്നൽ തിരു നബി (സ) ക്ക് അല്ലാഹുവിൽ നിന്നുള്ള കാരുണ്യം, തൃപ്തി,മഹത്വം, അഭിവാദ്യം,ആദരവ് തുടങ്ങിയ ഘടകങ്ങളെല്ലാം ചേർന്നതാണ്. കേവലം മറ്റു സൃഷ്ടികളുടെ നബി (സ) യുടെ മേലിലുള്ള സ്വലാത്തിന് ശഫാഅത്ത് എന്ന അർത്ഥം നൽകപ്പെടന്നത്യോജ്യമല്ല. നബി (സ) ക്ക് നമ്മുടെയല്ല മറിച്ച് നമുക്ക് നബി (സ) യുടെ  ഫാഅത്താണാവശ്യം. തിരുനബി (സ)യോടുള്ള ഇഷ്ടം എങ്ങനെയായിരിക്കണമെന്നതിന് ഏതാനും താളുകളുടെ പരിമിതി വെല്ലുവിളി തന്നെയാണ്. സർവചരാചരങ്ങൾക്കും കാരുണ്യമായ തിരുനബി (സ) യോടുള്ള ഇഷ്ടത്തിന്റെ രീതി പൂരണ രൂപത്തിൽ വിശദീകരിക്കപ്പെടണമെങ്കിൽ മനുഷ്യൻ എന്ന പരിമിതിയിൽ നിന്നും മോചിതനാവേണ്ടതുണ്ട്. കാരണം തിരുനബി (സ) യെ ഇഷ്ടം വെക്കുന്നത് കേവലം മനുഷ്യൻ മാത്രമല്ല. മൃഗങ്ങളും സസ്യങ്ങളുമടക്കം ജീവനുള്ളതും ഇല്ലാത്തതുമായ വസ്തുക്കളായി അനന്തവിശാലമാണ് അവയുടെ പട്ടിക. സ്വലാത്ത ചൊല്ലുന്ന ചരൽ കല്ലുകളും സുരക്ഷയൊരുക്കിയ ചിലന്തിയുമെല്ലാം നാം കേട്ടും വായിച്ചുമറിഞ്ഞ പരിമിതമായ അറിവുകൾ മാത്രം.

ഗ്രന്ഥസൂചിക: സീറുത്തുൽ മുയസ്സറഃ ലിനബിയ്യിർറഹ്മഃ (ഡോ. അബ് ദുല്ലാഹ് ബിൻ അബ്ദിൽമലിക്) 20 25, അർറഹീഖുൽമഖ്തൂം (സ്വഫിയ്യുർറഹ്മാൻ) 194, 195, 565, സയ്യിദുൽബശർ 463

Leave a Reply