Mahabba Campaign Part-401
Tweet- 401
ഇമാം ഹാകിം (റ) ഉദ്ധരിക്കുന്നു. “ഹുദൈഫത്തു ബിനുൽ യമാന്‍ (റ) പറഞ്ഞു. ഖന്ദഖിന്റെ രാത്രിയിൽ ഞങ്ങൾ അണിയൊപ്പിച്ചിരിക്കുകയായിരുന്നു. അബൂസുഫ്‌യാനും കൂട്ടരും ഞങ്ങളുടെ മുകൾ ഭാഗത്ത്. ഖുറൈളക്കാർ ഞങ്ങളുടെ താഴ്ഭാഗത്ത്. ഞങ്ങളുടെ സ്ത്രീകൾക്കും മക്കൾക്കും എന്ത് സംഭവിക്കും എന്ന് പോലും ഞങ്ങൾക്കറിയില്ല. ഇത്രയേറെ ഇരുട്ടും ഭീതിയുമുള്ള ഒരു രാത്രിയും നാം അനുഭവിച്ചിട്ടില്ല. സ്വന്തം കൈകൾ പോലും കണ്ണിൽത്തെളിയാത്ത അത്രയും ഇരുട്ട് ! അട്ടഹാസം മുഴങ്ങുന്ന കാറ്റ്. കപടവിശ്വാസികൾ അവരുടെ വീട്ടിലേക്ക് പോകാൻ നബിﷺയോട് സമ്മതം ചോദിക്കുന്നു. ചോദിച്ചവർക്കൊക്കെ അവിടുന്ന് സമ്മതം നൽകി. ഞങ്ങളുടെ വീടുകൾ അപകടത്തിലാണ് എന്നതായിരുന്നു അനുമതി ചോദിച്ചവരുടെ ന്യായം. ഹുദൈഫ (റ) പറയുന്നു. ഞങ്ങൾ ഏകദേശം 300 ആളുകൾ. ഓരോരുത്തരായി നബിﷺയുടെ സമക്ഷത്തിലേക്കെത്തി. അവിടുന്ന് ചോദിച്ചു നിങ്ങളിൽ ആരാണ് ശത്രുക്കളുടെയിടയിൽ പ്പോയി അവരുടെ വർത്തമാനങ്ങൾ അറിഞ്ഞു വരുക? അങ്ങനെ വരുന്നയാൾക്ക് പരലോകത്ത് എന്റെ സാമീപ്യം ലഭിക്കും. നബിﷺ മൂന്നുപ്രാവശ്യം ചോദിച്ചെങ്കിലും പ്രത്യേകിച്ചാരും ഉത്തരം പറഞ്ഞില്ല.
ഒടുവിൽ അബൂബക്കർ (റ) പറഞ്ഞു. ഹുദൈഫ (റ) പോയിട്ട് വരും. അപ്പോൾ നബിﷺ എന്റെടുത്തേക്ക് വന്നു. എനിക്ക് തണുപ്പിൽ നിന്ന് രക്ഷയായി ഒരു വസ്ത്രവും ഉണ്ടായിരുന്നില്ല. മുട്ടുവരെ മാത്രം എത്തുന്ന എന്റെ ഭാര്യ ഉപയോഗിച്ചിരുന്ന ഒരു കമ്പിളിപ്പുതപ്പാണ് ആകെയുണ്ടായിരുന്നത്. ഞാൻ മുട്ടിലിഴഞ്ഞ് നബിﷺയുടെ അടുത്തേക്കെത്തി. നബിﷺ ചോദിച്ചു ഇതാരാണ്? ഞാൻ പറഞ്ഞു, ഹുദൈഫ (റ). ഞാനൊന്ന് എഴുന്നേൽക്കാൻ മടിച്ചു. അപ്പോൾ പറഞ്ഞു, എഴുന്നേൽക്കുക. നിങ്ങൾ എഴുന്നേൽക്കുക. എന്നിട്ട് ശത്രുക്കളുടെ വർത്തമാനങ്ങൾ അന്വേഷിച്ചു വേഗം വരുക. തങ്ങളെ സത്യവുമായി നിയോഗിച്ച അല്ലാഹു സാക്ഷി! എനിക്ക് കഴിഞ്ഞിട്ടല്ല ഞാൻ എഴുന്നേറ്റു നിന്നത്. നാണം കൊണ്ട് മാത്രമാണ്. എനിക്ക് ഈ തണുപ്പ് ഇപ്പോൾത്തന്നെ സഹിക്കാൻ കഴിയുന്നില്ല. നിങ്ങൾ പോയി തിരിച്ചു വരുന്നതുവരെ നിങ്ങൾക്ക് യാതൊരു തണുപ്പും ചൂടും ബാധിക്കുകയില്ല. നബിﷺ പ്രതികരിച്ചു.
അപ്പോൾ എനിക്ക് ഉള്ളിൽ നല്ല ഭയമുണ്ട്. കൊല്ലപ്പെടുമോ എന്ന ഭയമല്ല. എന്നെ ബന്ദിയാക്കപ്പെടുമോ എന്ന പേടിയാണ്. അതിനു നബിﷺ മറുപടി പറഞ്ഞു. നിങ്ങൾ ഒരിക്കലും ബന്ദിയാക്കപ്പെടുകയില്ല. ഞാനേതായാലും പുറപ്പെടാൻ തീരുമാനിച്ചു. അപ്പോഴേക്കും നബിﷺ എനിക്കു വേണ്ടി പ്രാർഥിച്ചു. അല്ലാഹുവേ, ഹുദൈഫ(റ)യെ നീ കാത്തു രക്ഷിക്കേണമേ! അദ്ദേഹത്തിന്റെ നാലു ഭാഗത്തും നീ സംരക്ഷണം നൽകേണമേ. ഹുദൈഫ (റ) തുടരുന്നു. എന്റെ ഹൃദയത്തിൽ യാതൊരു പേടിയോ ഭയമോ ലവലേശം ഏശിയിട്ടില്ലാത്ത പോലെ ഞാൻ വളരെ നിർഭയനായി മുന്നോട്ട് നടന്നു. സാധാരണ പ്രാഥമിക ആവശ്യത്തിന് പോകുന്ന ലാഘവത്തോടെ. ഉടനെ പിന്നിൽ നിന്ന് നബിﷺ എന്നെ വിളിച്ചു. എന്നിട്ട് പറഞ്ഞു. തിരിച്ച് എന്റെ അടുക്കൽ വരാതെ യാതൊരു നടപടിയും സ്വീകരിക്കരുത് “.
മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. “ഹുദൈഫ (റ) നബിﷺയോട് പറഞ്ഞു. ഞാൻ അവരുടെ ഇടയിൽച്ചെന്നിട്ട് എന്താണ് ചെയ്യേണ്ടത് എന്ന് അവിടുന്ന് പറഞ്ഞാലും. അപ്പോൾ അവിടുന്ന് പ്രതികരിച്ചു. നിങ്ങൾ നേരെ ഖുറൈശികളുടെ അടുത്തേക്ക് ചെല്ലണം. എന്നിട്ട് അവരോട് പറയണം. നാളെ രാവിലെ എതിർകക്ഷികൾ ആദ്യം ഖുറൈശികളെ അന്വേഷിക്കും. എന്നിട്ട് അവരോട് നേരിട്ടായിരിക്കും യുദ്ധം. ശേഷം ബനൂ കിനാനയുടെ അടുക്കലേക്ക് ചെല്ലണം അവരോട് പറയണം നാളെ രാവിലെ നിങ്ങളെ നേരിട്ട് അന്വേഷിക്കും. പിന്നെ നിങ്ങളോട് നേരിട്ടായിരിക്കും യുദ്ധം. ഇതേ വർത്തമാനം ഖൈസുകാരോടും പറയണം.
ഹുദൈഫ(റ) പറയുന്നു. ഞാൻ ശത്രുപാളയത്തിലേക്ക് പുറപ്പെട്ടു. അവർ തീ കാഞ്ഞ് കൊണ്ടിരിക്കുന്ന സ്ഥലത്തേക്കാണ് ഞാനെത്തിയത്. ആ അരണ്ട വെളിച്ചത്തിൽ അവരോടൊപ്പം ഞാനും ചെന്നിരുന്നു. അപ്പോഴതാ നല്ല വണ്ണമുള്ള ഒരാൾ കൈ ചൂടു കൊള്ളിക്കുന്നതിനൊപ്പം അദ്ദേഹം പറയുന്നു, നമുക്ക് പുറപ്പെടാനൊരുങ്ങാം. ലക്ഷണങ്ങൾ കൊണ്ട് എനിക്ക് മനസ്സിലായി, അത് അബൂസുഫ്‌യാൻ ആണെന്ന്. ഞാൻ പെട്ടെന്ന് എന്റെ ആവനാഴിയിൽ നിന്ന് അമ്പെടുത്ത് വില്ലിൽ ചേർത്തുവച്ചു. ഒന്നങ്ങ് എയ്താലോ എന്ന് വിചാരിച്ചു. അവിടുത്തെ അറിവോടെയല്ലാതെ ഒരു നടപടിയും സ്വീകരിക്കരുത് എന്ന മുത്ത് നബിﷺയുടെ വാക്കുകൾ എനിക്ക് ഓർമ വന്നു. അതോടെ ഞാൻ അമ്പ് ആവനാഴിയിൽത്തന്നെ തിരിച്ചുവച്ചു. എന്നിട്ട് ഞാൻ അവരോടൊപ്പം തന്നെ അവിടെ ഇരുന്നു. അപ്പോൾ അബൂസുഫ്‌യാന് തോന്നി പുറത്തു നിന്ന് ആരോ ഇവിടെ വന്നിട്ടുണ്ടെന്ന്. ഉടനെ അദ്ദേഹം പറഞ്ഞു, നിങ്ങളോരോരുത്തരും നിങ്ങളുടെ ഇടത്തും വലത്തും ഉള്ള ആളുകളോട് കൈകോർത്തു പിടിക്കുക. എന്നിട്ട് ആരാണെന്ന് പരിചയപ്പെടുക. പെട്ടെന്നുതന്നെ ഞാൻ എന്റെ വലത്തും ഇടത്തും ഉള്ള ആളുകളുടെ കൈകോർത്തു പിടിച്ചു. എന്നിട്ട് അവരെ പരിചയപ്പെട്ടു. അപ്പോൾ വലത് ഭാഗത്ത് മുആവിയത് ബിൻ അബീ സുഫ്‌യാനും ഇടത് ഭാഗത്ത് അംറ് ബിൻ അൽ ആസ്വും ആയിരുന്നു ഉണ്ടായിരുന്നത്. ഞാൻ ശബ്ദത്തിൽ പേരുകൾ ചോദിച്ചപ്പോൾ പിന്നെ എന്നെക്കുറിച്ച് അവർക്ക് സംശയം തോന്നിയില്ല. കുറച്ചുനേരം കൂടി ഞാനവിടെ ഇരുന്നിട്ട് കിനാന കൈസു ഗോത്രങ്ങളിലേക്ക് പുറപ്പെട്ടു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet401
Mahabba Campaign Part-402
Tweet- 402
“ഖുറൈശികളോട് സംസാരിച്ചത് പോലെ ഖൈസ്, കിനാന ഗോത്രക്കാരോടും സംസാരിച്ചു “. ഹുദൈഫ (റ) തുടരുന്നു. “ശേഷം സൈനിക വ്യൂഹത്തിന്റെ നടുവിലേക്ക് കടന്നു. കൂട്ടത്തിൽ ബനൂ ആമിറുകാരുടെ അടുത്താണ് ഞാനെത്തിയത്. അവരുടെ കൂട്ടത്തിൽ നിന്ന് ആമിർ ബിൽ അൽഖമ എന്നയാൾ വിളിച്ചു പറയുന്നു. കാറ്റു നമ്മെ നശിപ്പിച്ചിരിക്കുന്നു. ഇനിയും നാം ഇവിടെ നിന്നിട്ട് കാര്യമില്ല, നമുക്ക് പോകാം. അപ്പോഴാണ് മനസ്സിലാക്കിയത് മുശ്‌രിക്കുകളുടെ പാളയം തകർക്കപ്പെട്ടിരിക്കുന്നു. കാറ്റ് അവരുടെ തമ്പുകളിൽ താണ്ഡവമാടുന്നതിന്റെ ശബ്ദം എനിക്ക് കേൾക്കാനായി. പ്രഭാതത്തോടടുക്കാനായപ്പോൾ ഒരു സംഘമാളുകൾ വിളിച്ചു ചോദിച്ചു. ഖുറൈശികളെവിടെ? നേതാക്കളെവിടെ? ഇനി മിണ്ടരുത്. എന്താണിവിടെ സംഭവിച്ചിരിക്കുന്നത് എന്ന് കാണുന്നില്ലേ! കിനാന എവിടെ? അവരും പറഞ്ഞു. മിണ്ടരുതേ ! എന്താണ് സംഭവിച്ചിരിക്കുന്നതെന്ന് കാണുന്നില്ലേ! ഖൈസ് എവിടെ? അവരും പറഞ്ഞു. ശബ്ദിക്കരുതേ! എന്താണ് സംഭവിച്ചതെന്നറിയില്ലേ ?
രംഗങ്ങൾ കണ്ടപ്പോൾ അബൂസുഫ്‌യാൻ പറഞ്ഞു. പുറപ്പെടാൻ വേണ്ടി നിങ്ങൾ വാഹനങ്ങൾ റെഡിയാക്കിക്കോളൂ. ഹുദൈഫ(റ) പറയുന്നു. ഞാൻ നോക്കിയപ്പോൾ അബൂസുഫ്‌യാൻ തന്റെ ഒട്ടകത്തിന്റെ മേലേക്ക് ചാടിക്കയറുന്നു. അതിനെ ഉയർത്താൻ വേണ്ടി പ്രേരിപ്പിക്കുന്നു. പക്ഷേ, അതിന് എഴുന്നേൽക്കാൻ കഴിയുന്നില്ല.
മേൽ കാഴ്ചകൾക്കും വർത്തമാനങ്ങൾക്കും സാക്ഷിയായതിനു ശേഷം ഞാനവിടെ നിന്ന് സ്ഥലം വിട്ടു. നേരെ നബിﷺയുടെ അടുത്തേക്ക് ചെന്നു. ഞാനങ്ങനെ പാതിവഴിയെത്തിയപ്പോൾ തലപ്പാവണിഞ്ഞ 20 കുതിര സവാരിക്കാരെക്കണ്ടു. അവർ എന്നോട് പറഞ്ഞു. കാറ്റും സവിശേഷമായ സൈന്യവും ശത്രുക്കളെ പരാജയപ്പെടുത്തിയിരിക്കുന്നു എന്ന് നിങ്ങളെ നിയോഗിച്ച നബിﷺയോട് പോയിപ്പറയണം. ഞാൻ നബിﷺയുടെ അടുത്തെത്തിയപ്പോൾ അവിടുന്ന് ഒരു പുതപ്പ് ചുറ്റി നിന്ന് നിസ്ക്കരിക്കുകയായിരുന്നു. എന്താണെന്നറിയില്ല , നബിസവിധത്തിലേക്ക് ഞാൻ തിരിച്ചെത്തിയതോടെ നേരത്തെ എനിക്കുണ്ടായിരുന്ന ഭയവും ആശങ്കകളും എന്റെ ഹൃദയത്തിലേക്ക് തിരിച്ചെത്തി. ഏതായാലും നിസ്കാരാനന്തരം ഞാൻ നബിﷺയോട് സംസാരിച്ചു. ശത്രുപാളയത്തിലെ വിവരങ്ങളും വിശേഷങ്ങളും പങ്കുവച്ചു. അവർ പരാജിതരായി മടങ്ങാനൊരുങ്ങുന്ന രംഗങ്ങളെ വിശദീകരിച്ചു. ശേഷം പ്രഭാതം വരെ ഞാൻ അവിടെയുറങ്ങി. അപ്പോഴതാ നബിﷺ എന്നെ വിളിക്കുന്നു. അല്ലയോ , ഉറക്കക്കാരാ എഴുന്നേൽക്കൂ.
കുറേക്കൂടിക്കഴിഞ്ഞു നോക്കുമ്പോൾ , ശത്രു സൈന്യത്തിലെ ഒരു സംഘത്തെയും കാണാനില്ല ! എല്ലാവരും അവരവരുടെ പാളയങ്ങളിലേക്ക് മടങ്ങിപ്പോയിരിക്കുന്നു. നബിﷺയും അവിടുത്തെ അനുയായികൾക്ക് വീടുകളിലേക്ക് മടങ്ങാൻ സമ്മതം നൽകി. അവർ ആനന്ദത്തോടെയും ആവേശത്തോടെയും ഭവനങ്ങളിലേക്ക് മടങ്ങി “.
ഇസ്‌ലാം വിരുദ്ധ സഖ്യസേന ഇസ്‌ലാമിനെയും പ്രവാചകരെﷺയും എന്നെന്നേക്കുമായി നാമാവശേഷമാക്കാം എന്നുകരുതി സർവായുധരായി വന്നതായിരുന്നു. ഒരു ചുവടു പോലും മുന്നോട്ടുവയ്ക്കാൻ കഴിയാതെ ദയനീയമായി അവർ പിൻവാങ്ങിയിരിക്കുന്നു. അല്ലാഹുവിൽ നിന്നുള്ള സഹായം പ്രവാചകരെﷺയും അനുയായികളെയും അന്നുവരെയില്ലാത്ത ഉയർന്ന പ്രതാപത്തിലേക്ക് ഉയർത്തിയിരിക്കുന്നു.
പ്രവാചക ചരിത്ര വായനയിൽ ഏറെ കൗതുകങ്ങൾ നൽകുന്ന അധ്യായമാണ് നാം വായിച്ചത്. ആദർശ പ്രബോധനത്തിന്റെയും ആത്മീയ ശിക്ഷണത്തിന്റെയും ഇടയിൽ രാഷ്ട്രീയ പ്രതിരോധത്തിന്റെയും സാമൂഹിക സംരക്ഷണത്തിന്റെയും സൈനിക നേതൃത്വത്തിന്റെയും ശോഭനമായ സാരഥ്യം കൂടി പ്രവാചകൻﷺ എങ്ങനെയാണ് നിർവഹിച്ചുകൊണ്ടിരുന്നത് ? ഒരേ വ്യക്തിത്വത്തിൽത്തന്നെ വൈവിധ്യങ്ങളുടെ തികഞ്ഞ ഭാവങ്ങളെ എത്ര വിദഗ്ധമായാണ് നിർവഹിച്ചു വിജയിപ്പിച്ചത് ! പ്രതിസന്ധിഘട്ടങ്ങളിൽ അനുയായികൾക്ക് ആത്മവിശ്വാസം നൽകാൻ എത്ര വിദഗ്ധമായിട്ടാണ് ഒരു നേതൃത്വം പരിശ്രമിച്ചത് ! എല്ലാം നഷ്ടപ്പെട്ടുപോയി എന്ന് ചിന്തിക്കുന്ന നിമിഷങ്ങളിൽ നിന്ന് ഭാവി നമുക്ക് മാത്രമാണ് എന്ന് ബോധ്യപ്പെടുത്താൻ നിമിഷങ്ങൾ മാത്രം പ്രയോജനപ്പെടുത്തി വിജയിച്ചതെങ്ങനെയാണ് ? ആഭ്യന്തര പ്രതിസന്ധികളെയും പ്രത്യക്ഷ ശത്രുക്കളെയും ഒരേസമയം എങ്ങനെയാണ് കൈകാര്യം ചെയ്തത് ? ആയുധത്തിന്റെയും യുദ്ധതന്ത്രങ്ങളുടെയും അപ്പുറം ആത്മീയമായ ഒരു ശക്തിവിശേഷമാണ് എല്ലാം നിയന്ത്രിക്കുന്നത് എന്ന് ഉറപ്പിച്ചു ബോധ്യപ്പെടുത്താൻ എങ്ങനെയാണ് സാധിച്ചത് ? വിശ്വാസ കേന്ദ്രീകൃതമായ ഒരു ജനവിഭാഗത്തെ ഇത്ര മനോഹരമായി ആരാധനയ്ക്കും പടക്കളത്തിലും ഒരുപോലെ അണിനിരത്തിയ ആരെയാണ് ചരിത്രത്തിൽ വായിക്കാനുള്ളത് ?
പരിപൂർണമായും നിരാശരായി വലിയ ഒരു സൈനിക വ്യൂഹം ഖുറൈശികളുടെ നേതൃത്വത്തിൽ ഖന്ദഖിൽ നിന്നും മടങ്ങിയപ്പോൾ ലോക സാമ്രാട്ടുക്കൾ മുഴുവനും നാളെ നമ്മുടെ കാൽച്ചുവട്ടിലായിരിക്കും എന്ന പ്രതീക്ഷയോടെയും ആത്മവിശ്വാസത്തോടെയും ഒരു ന്യൂനപക്ഷ സൈന്യത്തെ വിജയ പതാകയും നൽകി കർമ വഴിയിലേക്ക് മടക്കി വിട്ട നായകരെയാണ് നാം വായിച്ചത്.
അഹ്സാബ് അഥവാ, ഖന്ദക്ക് സൈനിക നടപടികൾക്കിടയിൽ മുസ്‌ലിംകളിൽ നിന്ന് എട്ടു പേരാണ് പരലോകം പ്രാപിച്ചത്. സഅ്ദ് ബിൻ മുആദ് (റ), അനസ് ബിൻ ഔസ് (റ), അബ്ദുല്ലാഹി ബിനു സഹൽ (റ), ത്വുഫൈൻ ബിൻ നുഅ്മാൻ (റ), സഅലബതു ബിൻ അനമ: (റ), ഇബ്നു അദിയ്യ് (റ), കഅ്ബു ബിൻ സൈദ് (റ), മുഹമ്മദ് ബിൻ ഉമർ (റ) എന്നിവരായിരുന്നു അവർ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.
Mahabba Campaign Part-403
Tweet- 403
ദയനീയമായ മടക്കത്തിൽ അബൂസുഫ്‌യാൻ ഏറെ വേദനിച്ചു. അദ്ദേഹം നബിﷺക്ക് ഒരു കത്തെഴുതി. അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. “അല്ലാഹുവേ! നിന്റെ നാമത്തിൽ ലാത്ത, ഉസ്സ ദൈവങ്ങളിൽ ഞാൻ സത്യം ചെയ്യുന്നു. ഞാൻ ഒരു വലിയ സംഘത്തോടൊപ്പം നിങ്ങളെ നേരിടാൻവേണ്ടി വന്നു. പക്ഷേ, നിങ്ങൾ ഞങ്ങളെ നേരിടാൻ തയ്യാറായില്ല. നിങ്ങളെ പിഴുതെറിയാതെ ഞാനിനി നേരിടാൻ വരില്ല. ഉഹ്ദ് പോലെ ഒരു ദിവസം നമുക്കിടയിൽ വരും. അന്ന് സ്ത്രീകൾ പോലും അറുക്കപ്പെട്ടേക്കും “.
അബൂ ഉസാമതുൽ ജുശമി എന്നയാൾ കൊണ്ടു വന്ന ഈ കത്ത് ഉബയ്യ് ബിൻ കഅ്ബാ(റ)ണ് നബിﷺക്ക് വായിച്ചു കൊടുത്തത്. വായിച്ചു കേട്ടശേഷം നബിﷺ അബൂസുഫ്‌യാന് ഒരു മറുപടിയെഴുതി. അതിങ്ങനെയായിരുന്നു : “ആമുഖങ്ങൾക്ക് ശേഷം, നിങ്ങളുടെ കത്ത് എനിക്ക് ലഭിച്ചു. നേരത്തെയും നിങ്ങളുടെ ചതിവലകളെ അല്ലാഹു പൊട്ടിച്ചിട്ടുണ്ട്. നിങ്ങൾ വലിയ ഒരു സംഘത്തോടൊപ്പം വന്നതാണെന്നും, ഇനി നമ്മളെ ഇല്ലായ്മ ചെയ്തിട്ടേ വരുകയുള്ളൂ എന്നും നിങ്ങൾ കത്തിൽ എഴുതിയല്ലോ? എന്നാൽ അങ്ങനെയൊരു കാര്യം അല്ലാഹു നമുക്കിടയിൽ തടസ്സം ചെയ്തിരിക്കുന്നു. അഥവാ, അത് സാധ്യമല്ല. അന്തിമ വിജയം അല്ലാഹു ഞങ്ങൾക്ക് നിശ്ചയിച്ചിരിക്കുന്നു. ഞാൻ നിങ്ങളിലേക്ക് വരും. അന്ന് ലാത്ത, ഉസ്സ, ഇസാഫ്, നാഇല, ഹുബുൽ തുടങ്ങിയവയൊക്കെ ഞാൻ തകർക്കും. അന്ന് ഞാൻ നിങ്ങൾക്കത് പറഞ്ഞു തരും. അല്ലയോ, ബനൂ ഗാലിബിലെ വിവേകമില്ലാത്തവനേ!”
അഹ്സാബ് സൈനിക പ്രതിരോധത്തിന്റെ ആകെത്തുക പരാമർശിച്ചുകൊണ്ട് അഹ്സാബ് അധ്യായത്തിലെ ഒൻപത് മുതൽ ഇരുപത്തിയഞ്ച് വരെയുള്ള സൂക്തങ്ങൾ പരാമർശിക്കുന്നു. ഉള്ളടക്കം ഇങ്ങനെ വായിക്കാം :
“സത്യവിശ്വാസികളേ, നിങ്ങളുടെയടുത്ത് കുറെ സൈന്യങ്ങള്‍ വരുകയും, അപ്പോള്‍ അവരുടെ നേരെ ഒരു കാറ്റും, നിങ്ങള്‍ കാണാത്ത സൈന്യങ്ങളേയും അയയ്ക്കുകയും ചെയ്ത സന്ദര്‍ഭത്തില്‍ അല്ലാഹു നിങ്ങള്‍ക്ക് ചെയ്തു തന്ന അനുഗ്രഹം നിങ്ങള്‍ ഓര്‍മിക്കുക. നിങ്ങള്‍ പ്രവര്‍ത്തിക്കുന്നത് കണ്ടറിയുന്നവനാകുന്നു അല്ലാഹു. നിങ്ങളുടെ മുകള്‍ ഭാഗത്തു കൂടിയും താഴ്ഭാഗത്തു കൂടിയും അവര്‍ നിങ്ങളുടെയടുക്കല്‍ വന്ന സന്ദര്‍ഭം. ദൃഷ്ടികള്‍ തെന്നിപ്പോകുകയും, ഹൃദയങ്ങള്‍ തൊണ്ടയിലെത്തുകയും, നിങ്ങള്‍ അല്ലാഹുവെപ്പറ്റി പല ധാരണകളും ധരിച്ച് പോകുകയും ചെയ്തിരുന്ന സന്ദര്‍ഭം. അവിടെ വച്ച് വിശ്വാസികള്‍ പരീക്ഷിക്കപ്പെടുകയും അവര്‍ കിടുകിടെ വിറപ്പിക്കപ്പെടുകയും ചെയ്തു. നമ്മോട് അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചനമാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.
യസ്‌രിബുകാരേ! നിങ്ങള്‍ക്കു നില്‍ക്കക്കള്ളിയില്ല. അതിനാല്‍ നിങ്ങള്‍ മടങ്ങിക്കളയൂ എന്ന് അവരില്‍ ഒരു വിഭാഗം പറയുകയും ചെയ്ത സന്ദര്‍ഭം. ഞങ്ങളുടെ വീടുകള്‍ ഭദ്രതയില്ലാത്തതാകുന്നു എന്ന് പറഞ്ഞു കൊണ്ട് അവരില്‍ ഒരു വിഭാഗം യുദ്ധരംഗം വിട്ടുപോകാന്‍ നബിﷺയോട് അനുവാദം തേടുകയും ചെയ്യുന്നു. യഥാര്‍ഥത്തില്‍ അവ ഭദ്രതയില്ലാത്തതല്ല. അവര്‍ ഓടിക്കളയാന്‍ ഉദ്ദേശിക്കുന്നുവെന്ന് മാത്രം. മദീനയുടെ വിവിധ ഭാഗങ്ങളിലൂടെ ശത്രുക്കള്‍ അവരുടെയടുത്ത് കടന്നു ചെല്ലുകയും എന്നിട്ട് മുസ്‌ലിംകള്‍ക്കെതിരില്‍ കുഴപ്പമുണ്ടാക്കാന്‍ അവരോട് ആവശ്യപ്പെടുകയുമാണെങ്കില്‍ അവരത് ചെയ്തു കൊടുക്കുന്നതാണ്. അവരതിന് താമസം വരുത്തുകയുമില്ല, കുറച്ച് മാത്രമല്ലാതെ. തങ്ങള്‍ പിന്തിരിഞ്ഞ് പോകുകയില്ലെന്ന് മുമ്പ് അവര്‍ അല്ലാഹുവോട് ഉടമ്പടി ചെയ്തിട്ടുണ്ടായിരുന്നു. അല്ലാഹുവിന്‍റെ ഉടമ്പടി ചോദ്യം ചെയ്യപ്പെടുന്നതാണ്.
നബിയേ, പറയുക: മരണത്തില്‍ നിന്നോ കൊലയില്‍ നിന്നോ നിങ്ങള്‍ ഓടിക്കളയുകയാണെങ്കില്‍ ആ ഓട്ടം നിങ്ങള്‍ക്ക് പ്രയോജനപ്പെടുകയില്ല. അങ്ങനെ ഓടിരക്ഷപ്പെട്ടാലും അല്പമല്ലാതെ നിങ്ങള്‍ക്ക് ജീവിതസുഖം നല്‍കപ്പെടുകയില്ല. പറയുക: അല്ലാഹു നിങ്ങള്‍ക്ക് വല്ല ദോഷവും വരുത്താന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ – അഥവാ അവന്‍ നിങ്ങള്‍ക്ക് വല്ല കാരുണ്യവും നല്‍കാന്‍ ഉദ്ദേശിച്ചിട്ടുണ്ടെങ്കില്‍ – അല്ലാഹുവില്‍ നിന്ന് നിങ്ങളെ കാത്തുരക്ഷിക്കാന്‍ ആരാണുള്ളത്? തങ്ങള്‍ക്ക് അല്ലാഹുവിനു പുറമെ യാതൊരു രക്ഷാധികാരിയേയും സഹായിയേയും അവര്‍ കണ്ടെത്തുകയില്ല. നിങ്ങളുടെ കൂട്ടത്തിലുള്ള മുടക്കികളെയും തങ്ങളുടെ സഹോദരങ്ങളോട് ഞങ്ങളുടെയടുത്തേക്ക് വരൂ എന്ന് പറയുന്നവരെയും അല്ലാഹു അറിയുന്നുണ്ട്. ചുരുക്കത്തിലല്ലാതെ, അവര്‍ യുദ്ധത്തിന് വരുകയില്ല. നിങ്ങള്‍ക്കെതിരില്‍ പിശുക്ക് കാണിക്കുന്നവരായിരിക്കും അവര്‍. അങ്ങനെ യുദ്ധ ഭയം വന്നാല്‍ അവര്‍ തങ്ങളെ ഉറ്റുനോക്കുന്നതായി തങ്ങൾക്ക് കാണാം. മരണവെപ്രാളം കാണിക്കുന്ന ഒരാളെപ്പോലെ അവരുടെ കണ്ണുകള്‍ കറങ്ങിക്കൊണ്ടിരിക്കും. എന്നാല്‍ യുദ്ധഭയം നീങ്ങിപ്പോയാലോ, ധനത്തില്‍ ദുര്‍മോഹം പൂണ്ടവരായിക്കൊണ്ട് മൂര്‍ച്ചയേറിയ നാവുകള്‍ കൊണ്ട് അവര്‍ നിങ്ങളെ കുത്തിപ്പറയുകയും ചെയ്യും. അത്തരക്കാര്‍ വിശ്വസിച്ചിട്ടില്ല. അതിനാല്‍ അല്ലാഹു അവരുടെ കര്‍മങ്ങള്‍ നിഷ്ഫലമാക്കിയിരിക്കുന്നു. അത് അല്ലാഹുവെ സംബന്ധിച്ചേടത്തോളം നിസ്സാരമായ ഒരു കാര്യമാകുന്നു.
സംഘടിതകക്ഷികള്‍ പോയിക്കഴിഞ്ഞിട്ടില്ലെന്നാണ് കപടന്‍മാര്‍ വിചാരിക്കുന്നത്. സംഘടിതകക്ഷികള്‍ ഇനിയും വരുകയാണെങ്കിലോ, യുദ്ധത്തില്‍ പങ്കെടുക്കാതെ നിങ്ങളുടെ വിവരങ്ങള്‍ അന്വേഷിച്ചറിഞ്ഞു കൊണ്ട് ഗ്രാമീണ അറബികളുടെ കൂടെ മരുഭൂവാസികളായിക്കഴിഞ്ഞിരുന്നെങ്കില്‍ എന്നായിരിക്കും അവര്‍ കൊതിക്കുന്നത്. അവര്‍ നിങ്ങളുടെ കൂട്ടത്തിലായിരുന്നാലും ചുരുക്കത്തിലല്ലാതെ അവര്‍ യുദ്ധം ചെയ്യുകയില്ല. അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക് തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്.
സത്യവിശ്വാസികള്‍ സംഘടിത കക്ഷികളെക്കണ്ടപ്പോള്‍ ഇപ്രകാരം പറഞ്ഞു: ഇത് അല്ലാഹുവും അവന്‍റെ ദൂതനും ഞങ്ങളോട് വാഗ്ദാനം ചെയ്തിട്ടുള്ളതാകുന്നു. അല്ലാഹുവും അവന്‍റെ ദൂതനും സത്യമാണ് പറഞ്ഞിട്ടുള്ളത്. അതവര്‍ക്ക് വിശ്വാസവും അര്‍പ്പണവും വര്‍ധിപ്പിക്കുക മാത്രമേ ചെയ്തുള്ളൂ. സത്യവിശ്വാസികളുടെ കൂട്ടത്തില്‍ ചില പുരുഷന്‍മാരുണ്ട്. ഏതൊരു കാര്യത്തില്‍ അല്ലാഹുവോട് അവര്‍ ഉടമ്പടി ചെയ്തുവോ, അതില്‍ അവര്‍ സത്യസന്ധത പുലര്‍ത്തി. അങ്ങനെ അവരില്‍ച്ചിലര്‍ രക്ത സാക്ഷിത്വത്തിലൂടെ തങ്ങളുടെ പ്രതിജ്ഞ നിറവേറ്റി. അവരില്‍ച്ചിലര്‍ അത് കാത്തിരിക്കുന്നു. അവര്‍ ഉടമ്പടിക്ക് യാതൊരു വിധ മാറ്റവും വരുത്തിയിട്ടില്ല, സത്യവാന്‍മാര്‍ക്ക് തങ്ങളുടെ സത്യസന്ധതയ്ക്കുള്ള പ്രതിഫലം അല്ലാഹു നല്‍കുവാന്‍ വേണ്ടി. അവന്‍ ഉദ്ദേശിക്കുന്ന പക്ഷം കപടവിശ്വാസികളെ ശിക്ഷിക്കുകയോ, അല്ലെങ്കില്‍ അവരുടെ പശ്ചാത്താപം സ്വീകരിക്കുകയോ ചെയ്യാന്‍ വേണ്ടിയും. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു. സത്യനിഷേധികളെ അവരുടെ ഈര്‍ഷ്യത്തോടെത്തന്നെ അല്ലാഹു തിരിച്ചയയ്ക്കുകയും ചെയ്തു. യാതൊരു ഗുണവും അവര്‍ നേടിയില്ല. സത്യവിശ്വാസികള്‍ക്ക് അല്ലാഹു യുദ്ധത്തിന്‍റെ ആവശ്യമില്ലാതാക്കി. അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
#mahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet403
.
Mahabba Campaign Part-404
Tweet 404
ഖന്ദഖ് പ്രതിരോധത്തെക്കുറിച്ചുള്ള ചരിത്ര പരാമർശങ്ങൾക്കൊപ്പമാണ് നാം സഞ്ചരിച്ചുകൊണ്ടിരുന്നത്. യുദ്ധം എന്ന പേരിൽ ഇസ്‌ലാമിക ചരിത്രത്തിൽ കടന്നുവന്ന എല്ലാ അധ്യായങ്ങളെയും ഒരുപോലെ വീക്ഷിക്കുകയും എല്ലാം അപകടകരമായിരുന്നു എന്ന് തെറ്റിദ്ധരിക്കുകയും ചെയ്യുന്ന പല വായനകളുമുണ്ട്. എന്നാൽ ഇവിടെ ഖന്ദഖ് സംഭവത്തിന്റെ നാൾവഴികൾ നാം അടുത്തറിയുമ്പോഴാണ് ഇസ്‌ലാമിനും പ്രവാചകർക്കുമെതിരെ മക്കയിലെ മുശ്‌രിക്കുകളുടെ നേതൃത്വത്തിൽ രൂപപ്പെടുത്തിയിരുന്ന വിശാല സഖ്യം ജൂതന്മാരുടെ പിന്തുണയോടെ മദീനയേയും പ്രവാചകനെﷺയും ഉന്മൂലനം ചെയ്യാൻ ഇറങ്ങിപ്പുറപ്പെട്ടപ്പോൾ, മദീന അതിവിദഗ്ധമായി അത് പ്രതിരോധിക്കുകയായിരുന്നുവെന്നു മനസ്സിലാവുക. എന്നാൽ ഇതിനെയും ചരിത്രത്തിൽ യുദ്ധം എന്നു തന്നെയാണ് പറയുക. യഥാർഥത്തിൽ ഒരു മഹായുദ്ധത്തെ ഒഴിവാക്കുകയായിരുന്നു ഇവിടെ. ഭൗതിക സംവിധാനങ്ങളും സാഹചര്യങ്ങളും മുഴുവൻ മുന്നിൽ വച്ച് നോക്കിയാൽ, ഒരു ദേശത്തെയും ജനങ്ങളെയും ഭരണാധികാരിയെയും പൂർണമായും ഇല്ലായ്മ ചെയ്യാൻ വന്ന മഹാസഖ്യത്തിൽ നിന്ന് എല്ലാം രക്ഷപ്പെടുത്താനുള്ള അതിവിദഗ്ധമായ പ്രതിരോധമാണ് ഖന്ദഖ് ഓപ്പറേഷനിലൂടെ സാധ്യമാക്കിയത്.
ഏതായാലും പ്രവാചകനുംﷺ പ്രവാചകൻﷺ ഉയർത്തിപ്പിടിക്കുന്ന സന്ദേശങ്ങളും സത്യമാണെന്നും അവയ്ക്ക് അഭൗതികമായ സംരക്ഷണം ലഭിക്കുന്നുണ്ടെന്നും ബോധ്യപ്പെടാൻ ഈ സംഭവങ്ങളെല്ലാം ഏറെയായിരുന്നു. എന്നിട്ടും കുടിപ്പകയും വിദ്വേഷവും മാത്രം മുന്നിൽ വച്ച് വീണ്ടും പ്രവാചകർﷺക്കും വിശ്വാസികൾക്കുമെതിരെ തിരിയുകയായിരുന്നു ജൂതന്മാരും മുശ്‌രിക്കുകളും. ്് അഥവാ, ഖന്ദഖിൽ നിന്നു ലഭിച്ച പാഠം പോലും അവർ ഉൾക്കൊള്ളാൻ തയ്യാറായില്ല എന്നു സാരം. അങ്ങനെ ഒരു തുടർച്ചയുടെ വിശദാംശങ്ങളിലേക്കാണ് വിശുദ്ധ ഖുർആൻ 33-ാം അധ്യായം അൽ അഹ്സാബിലെ 25 മുതലുള്ള സൂക്തങ്ങൾ വിരൽ ചൂണ്ടുന്നത് . ആശയം ഇങ്ങനെ വായിക്കാം.
“സത്യനിഷേധികളെ അവരുടെ കോപാഗ്നിയോടെത്തന്നെ യുദ്ധരംഗത്തുനിന്ന് അല്ലാഹു തിരിച്ചയച്ചു. അവര്‍ക്കൊട്ടും നേട്ടം കിട്ടിയില്ല. സത്യവിശ്വാസികള്‍ക്ക് വേണ്ടി പൊരുതാന്‍ അല്ലാഹു തന്നെ മതി. അല്ലാഹു ഏറെ കരുത്തനും പ്രതാപിയുമാണ്. വേദക്കാരില്‍ച്ചിലര്‍ ശത്രുസൈന്യത്തെ സഹായിച്ചു. അല്ലാഹു അവരെ അവരുടെ കോട്ടകളില്‍ നിന്നിറക്കിവിട്ടു. അവരുടെ ഹൃദയങ്ങളില്‍ ഭയം കോരിയിടുകയും ചെയ്തു. അവരില്‍ച്ചിലരെ നിങ്ങള്‍ കൊന്നൊടുക്കുന്നു. മറ്റു ചിലരെ തടവിലാക്കുകയും ചെയ്യുന്നു. അവന്‍ നിങ്ങളെ അവരുടെ ഭൂമിയുടെയും വീടുകളുടെയും സ്വത്തുക്കളുടെയും അവകാശികളാക്കി. നിങ്ങള്‍ മുമ്പൊരിക്കലും കാലുകുത്തിയിട്ടില്ലാത്ത സ്ഥലം പോലും അവന്‍ നിങ്ങള്‍ക്കു നല്‍കി. അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനാണ്.”
മുഹമ്മദ് ബിൻ ഉമർ (റ) സാഹചര്യം വിശദീകരിക്കുന്നു. “ഖന്ദഖ് വിട്ട് ഖുറൈശികൾ പോയപ്പോൾ ബനൂ ഖുറൈളക്കാർ ആകെ ഭീതിയിലായി. ഇനി എന്തായിരിക്കും സംഭവിക്കുക എന്ന് അവർ ന്യായമായും ഭയപ്പെട്ടു. കരാറുകൾ ലംഘിക്കുകയും പ്രതിസന്ധിഘട്ടത്തിൽ കാലു മാറുകയും ശത്രുക്കൾക്ക് കൂട്ടുനിൽക്കുകയും ചെയ്ത വഞ്ചകൻമാരും ചതിയന്മാരുമായ ആളുകൾ ചരിത്രത്തിലും രാഷ്ട്രീയത്തിലും ഇനി എന്താണ് പ്രതീക്ഷിക്കാനുള്ളത് ? കേവലം ഒരു വ്യക്തിയിൽ നിന്നുള്ള വിട്ടുവീഴ്ചയിലോ പൊതുമാപ്പിലോ അവസാനിക്കുന്നതല്ല വിഷയം. ഒരു ദേശത്തിന്റെയും സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും സുരക്ഷയെക്കണ്ടുകൊണ്ട് ദീർഘവീക്ഷണത്തോടെ ഒരു ഭരണാധികാരി എന്ത് നയമാണ് ഇവിടെ സ്വീകരിക്കേണ്ടത് ? ഇതാണ് പ്രവാചകന് ﷺ മുന്നിലുള്ള പ്രശ്നം . സർവ സുരക്ഷയും ആനുകൂല്യങ്ങളും അനുഭവിച്ച് നാട്ടിൽ താമസിക്കുക, രാജ്യം ഒരു ബാഹ്യശത്രുവിൽ നിന്ന് യുദ്ധം അഭിമുഖീകരിക്കേണ്ടി വന്നപ്പോൾ ശത്രുവിന് കൂട്ടുനിൽക്കുക. ഇതിനെക്കാൾ വലിയ ചതിയെന്താണ് ? ഇത്തരമൊരു വിഭാഗത്തെ രാജ്യത്ത് ഇനിയും തുടർത്തേണമോ എന്ന് ഭരണാധികാരി ആലോചിക്കുമ്പോൾ കേവലം വ്യക്തിപരമായ ഒരു മാപ്പും കരുണയും മാത്രം നോക്കിയാൽ മതിയാകില്ലല്ലോ? മുത്തുനബിﷺ അല്ലാഹുവിന്റെ കല്പനയ്ക്ക് വേണ്ടി കാത്തു നിന്നു. ജിബ്‌രീല്‍ (അ) മലക്കിന്റെ ആഗമനം പ്രതീക്ഷിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.
Mahabba Campaign Part-405
Tweet 405
ആഇശ (റ): പറയുന്നു: “ഖന്ദഖില്‍ നിന്ന് വിരമിച്ചു തിരുനബിﷺ എന്‍റെ വീട്ടില്‍ വന്നു. അല്പം കഴിഞ്ഞപ്പോള്‍ ഒരാള്‍ വാതിലില്‍ മുട്ടി. നബിﷺ ഉടനെ വാതില്‍ക്കല്‍ച്ചെന്നു. ഞാനും അനുഗമിച്ചു. അപ്പോള്‍ അതാ കുതിരപ്പുറത്തിരുന്നുകൊണ്ട് ഒരാള്‍ സംസാരിക്കുന്നു. ഞാന്‍ തിരിച്ചു പോന്നു. അയാളെ യാത്രയാക്കി മടങ്ങി വന്നപ്പോള്‍ ആ വന്ന ആളാരാണെന്ന് ഞാന്‍ ചോദിച്ചു. നിങ്ങള്‍ അയാളെക്കണ്ടുവോ എന്നെന്നോട് ചോദിച്ചപ്പോള്‍ ‘’കണ്ടു’’ എന്ന് ഞാനുത്തരം നല്‍കി. ‘’അയാള്‍ ആരെപ്പോലെയിരിക്കുന്നു?’’ ദഹിയ്യതുല്‍ കല്‍ബിയെ പോലെ ഇരിക്കുന്നുവെന്നു ഞാനുത്തരം നല്‍കി. അപ്പോള്‍ ‘’ശരി, അത് ജിബ്‌രീൽ (അ) ആണ്; ബനൂ ഖുറൈളക്കാരുമായി യുദ്ധത്തിന് പുറപ്പെടാനുള്ള അറിയിപ്പുമായി വന്നതാണ്.” യുദ്ധത്തിന് പുറപ്പെടുവാന്‍ ജനങ്ങള്‍ക്ക് ആഹ്വാനം നല്‍കുവാനായി ബിലാലി (റ)നോട് നബിﷺ നിര്‍ ദേശിച്ചു.
നിങ്ങളുടെ കൂട്ടത്തില്‍ ഈ ആഹ്വാനപ്രകാരം പോകുന്നവർ ബനൂഖുറൈളയിൽ വച്ചല്ലാതെ അസ്ര്‍ നിസ്ക്കരിക്കരുത് എന്ന് ബിലാല്‍ (റ) വിളിച്ചു പറഞ്ഞു. സ്വഹാബിമാര്‍ തിരുനബിﷺയുടെ സന്നിധിയില്‍ ഹാജരായി. അലി(റ)യുടെ നേതൃത്വത്തില്‍ ഒരു സംഘത്തെ മുന്നേ അയച്ചു. ശേഷം നബിﷺ പടയങ്കി ധരിച്ചു, മുഖയങ്കിയിട്ടു, പടത്തൊപ്പി ധരിച്ചു, ഖഡ്ഗം ധരിച്ചു, വില്ലണിഞ്ഞു. അമ്പ് നിറച്ച ആവനാഴിയുമെടുത്ത് ലുഹൈഫ എന്ന കുതിരപ്പുറത്തുകയറി. ആയുധധാരികളായ മൂവ്വായിരം സ്വഹാബിമാരോട് കൂടി പുറപ്പെട്ടു. തിരുനബിﷺയുടെ മൂന്ന് കുതിരകളടക്കം മുപ്പത്താറ് കുതിരകളാണ് സംഘത്തോടൊപ്പമുണ്ടായിരുന്നത്. ആ സേന മുന്നോട്ടു നീങ്ങിയപ്പോള്‍ അന്‍സ്വാരികളിൽച്ചിലര്‍ ആയുധമണിയുന്നതായി നബിﷺയുടെ ദൃഷ്ടിയിൽപ്പെട്ടു. കുറച്ചു മുമ്പ് വല്ലവരും ഈ വഴി പോകുന്നത് നിങ്ങള്‍ക്കണ്ടുവോ എന്ന് തിരുനബിﷺ അവരോടന്വേഷിച്ചു. ദഹിയതുല്‍കല്ബി അയാളുടെ വെള്ളക്കുതിരപ്പുറത്തു ഇതിലേ പോകുന്നതു ഞങ്ങള്‍ക്കണ്ടുവെന്നവര്‍ പറഞ്ഞപ്പോള്‍, അത് ജിബ്‌രീലാ(അ)ണ്, ഉടൻ തന്നെ പുറപ്പെട്ടുകൊള്ളുക” എന്ന് തിരുനബിﷺ അവര്‍ക്ക് നിര്‍ദേശം നല്‍കി.
അലി(റ)യുടെ നേതൃത്വത്തില്‍ പുറപ്പെട്ട മുൻനിര സൈന്യം ബനൂഖുറൈളക്കാരുടെ കോട്ടയ്ക്കകത്തെത്തി. കോട്ടയുടെ അടിത്തറയ്ക്കടുത്തു കൊടി നാട്ടി. ആ സംഘത്തില്‍ അന്‍സ്വാറുകളും മുഹാജിറുകളും ഉണ്ടായിരുന്നു. മുസ്‌ലിം സേനയെക്കണ്ടപ്പോള്‍ യഹൂദികള്‍ കോട്ടയുടെ വാതില്‍ പൂട്ടി മാളികയില്‍ കയറിയിരുന്നുകൊണ്ട് നബിﷺയെക്കുറിച്ച് അസഭ്യങ്ങള്‍ പുലമ്പി. ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ വാളുകള്‍ തീരുമാനിക്കട്ടെ എന്ന് മാത്രം പറഞ്ഞുകൊണ്ട് സ്വഹാബികള്‍ അക്ഷോഭ്യരായി നിന്നു. അപ്പോഴേക്കും, തിരുനബിﷺയും സേനയും അകലെ നിന്ന് വരുന്നതായി അവര്‍ കണ്ടു. പതാകയുടെ മേല്‍നോട്ടം ഖദാതതുല്‍ അന്‍സ്വാരി (റ) നെ ഏൽല്പിച്ചു കൊണ്ട് അലി (റ) തിരുനബിﷺയുടെ അടുക്കലേക്കോടി.
യാ റസൂലല്ലാഹ്, അവിടുന്ന് ആ നീചന്മാരുടെയടുത്തു ചെല്ലാതിരിക്കണമെന്ന് അഭ്യര്‍ഥിച്ചു. അവര്‍ എന്നെ പുലഭ്യം പറയുന്നത് നിങ്ങള്‍ കേട്ടിരിക്കും. ശരി, ഞാന്‍ അടുത്തെത്തിയാല്‍ അവര്‍ പറയുകയില്ലെന്ന് അവിടുന്ന് പ്രതിവചിച്ചു. അങ്ങനെ തിരുനബിﷺ ബനൂ ഖുറൈളക്കാരുടെ കോട്ടക്കടുത്തെത്തി. ‘ഹേ, കുരങ്ങിന്‍റെ വംശമേ, അല്ലാഹു നിങ്ങളെ അപമാനിച്ചില്ലേ’ എന്ന് തിരുനബിﷺ അവരോട് വിളിച്ചുചോദിച്ചു. ശബ്ബാത് ദിവസം മത്സ്യബന്ധനത്തിനു പോയതിനു ശിക്ഷയായി ഒരു ജനതയെ അല്ലാഹു കുരങ്ങുകളാക്കി കോലം മറിച്ചിരുന്നു. ഖുർആൻ പറഞ്ഞ ആ ചരിത്രത്തെയാണ് നബിﷺ പരാമർശിച്ചത്. അപ്പോൾ അവർ പറഞ്ഞു ‘യാ അബല്‍ഖാസിം, താങ്കള്‍ അറിവില്ലാത്തയാളല്ലല്ലോ.’
പന്നികളായി കോലം മറിക്കപ്പെട്ട ചരിത്രവും നബിﷺ ഓർമപ്പെടുത്തി.
“കുരങ്ങിന്‍റെയും പന്നിയുടെയും വംശക്കാരേ, നിങ്ങള്‍ എന്നെ പുലഭ്യം പറഞ്ഞുവോ? പിശാചിനെ ആരാധിക്കുന്നവരേ, നിങ്ങളെ അല്ലാഹു ശിക്ഷിച്ചില്ലേ?” എന്നിങ്ങനെയുള്ള ചരിത്രവസ്തുതകൾ ചോദിച്ചപ്പോൾ ഞങ്ങള്‍ ദുഷിച്ചുകൊണ്ട് ഒന്നും പറഞ്ഞിട്ടില്ലെന്നവർ നിഷേധിച്ചു. ഇത് കേട്ടപ്പോള്‍ ഉസൈദ്ബ്നു ഹുളൈർ പറഞ്ഞു, അല്ലാഹുവിന്‍റെ ശത്രുക്കളേ, മടയില്‍ കുടുങ്ങിയ കുരനെപ്പോലെ, നിങ്ങള്‍ കോട്ടയ്ക്കകത്തുകിടന്ന് ഒടുങ്ങിക്കോളൂ. ഇത് കേട്ടപ്പോള്‍ അവര്‍ കൂടുതൽ ആശങ്കയിലായി. അവര്‍ പറഞ്ഞു: ‘യാ ഇബ്നു ഹളീർ, ഞങ്ങള്‍ നിങ്ങളുമായി ഉടമ്പടി ചെയ്തവരാണല്ലോ’. ‘ഞങ്ങള്‍ക്കും നിങ്ങള്‍ക്കുമിടയില്‍ യാതൊരു ഉടമ്പടിയുമില്ല’ എന്നു അദ്ദേഹം അതിന്നു മറുപടി നല്‍കി. യഥാർഥത്തിൽ അവർ ഉടമ്പടികൾ നിരാകരിച്ചവരായിരുന്നു.
യഹൂദികളുടെ കോട്ട ഇരുപത്തഞ്ചു ദിവസക്കാലം മുസ്‌ലിം സേന ഉപരോധിച്ചു. പതിനഞ്ചുദിവസമെന്നും ഒരു മാസമെന്നും പറയപ്പെട്ടിട്ടുണ്ട്. ആ ദിവസങ്ങളില്‍ സ്വഹാബിമാരുടെ ഭക്ഷണം കാരക്കയായിരുന്നു. കാരക്ക ഉത്തമമായ ഭക്ഷണമാകുന്നുവെന്നു ആ അവസരത്തില്‍ തിരുനബിﷺ പറയുകയുമുണ്ടായി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.
Mahabba Campaign Part-406
Tweet 406
കോട്ടയ്ക്കകത്ത് കഴിഞ്ഞ യഹൂദികള്‍ എല്ലാ നിലയിലും വിഷമിച്ചു. ഭയം അവരെ ഗ്രസിച്ചു. ഖന്ദഖ് യുദ്ധത്തിന് വിത്തിറക്കിയ ഹുയയ്യിബ്നു അഖ്തബും അക്കൂട്ടത്തിലുണ്ടായിരുന്നു. ഖന്ദഖ് യുദ്ധത്തില്‍ നിന്നും ഓടിയ ആ മുസ്‌ലിം ശത്രു ബനൂഖുറൈള:ക്കാരുടെ കോട്ടയിലാണ് അഭയം തേടിയിരുന്നത്. യഹൂദികളുടെ കൂട്ടത്തിലെ അബൂജഹലായിരുന്നു ഹുയയ്യ്.
ബനൂഖുറൈള:ക്കാരുടെ നേതാക്കളില്‍ ഒരാളായിരുന്നു കഅ്ബിബ് ഉസൈദ്. സംഭവം അതീവ ഗൗരവതരമായ ആപത്തിലേക്ക് നീങ്ങിത്തുടങ്ങിയപ്പോൾ അയാൾ യഹൂദികളോട് ഇപ്രകാരം പറഞ്ഞു: “യഹൂദരേ, സംഭവം ഈ നിലയിലെത്തിക്കഴിഞ്ഞു. ഇതില്‍ നിന്ന് രക്ഷ നേടുവാന്‍ മൂന്ന് മാര്‍ഗങ്ങളാണ് ഞാന്‍ കാണുന്നത്. ആ മൂന്ന് മാര്‍ഗങ്ങളും ഞാന്‍ നിങ്ങളോട് പറയാം. അവയില്‍ നിന്ന് യുക്തമെന്നുതോന്നുന്ന ഒരു മാര്‍ഗം നിങ്ങള്‍ സ്വീകരിക്കുക. ഒന്ന് മുഹമ്മദ് നബിﷺ മുര്‍സലായ നബിയാണെന്നുള്ളത് വ്യക്തമാണല്ലോ. തൗറാത്തില്‍പ്പറഞ്ഞ എല്ലാ ലക്ഷണങ്ങളും മുഹമ്മദ് നബിﷺയിൽക്കാണാൻ കഴിയും. അതുകൊണ്ട് മുഹമ്മദ് നബിﷺയെ തുടര്‍ന്നു ജീവിക്കുകയാണാവശ്യം. മുഹമ്മദ് നബിﷺയില്‍ വിശ്വസിക്കുന്നതില്‍ നിന്ന് നമ്മെത്തടയുന്നത് ബനീ ഇസ്റാഈലല്ലാത്ത അറബികളാണല്ലോ. അസൂയയും പകയും കൊണ്ടാണ് അവര്‍ അങ്ങനെ ചെയ്യുന്നത്. നബിﷺയുമായുള്ള ഉടമ്പടി ദുര്‍ബലപ്പെടുത്തുന്നത് എനിക്കിഷ്ടമല്ലായിരുന്നു. ഈയിരിക്കുന്ന മാന്യനാണ് അഥവാ, ഹുയയ്യാണ് ആ അനര്‍ഥം ഉണ്ടാക്കിയത്. ഈ നാട്ടില്‍ ഒരു നബി വരുമെന്നും, ആ നബിയെ നിങ്ങള്‍ തുണയ്ക്കണമെന്നും, ആദ്യത്തെ കിതാബിലും അവസാനത്തെ കിതാബിലും നിങ്ങള്‍ വിശ്വസിക്കണമെന്നും അവ തൗറാത്തും ഫുര്‍ഖാനുമാണെന്നും ഇബ്നു ഖറാശ് നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയത് നിങ്ങള്‍ ഓര്‍ക്കുന്നില്ലേ? അതുകൊണ്ട് നമുക്ക് മുഹമ്മദ് നബിﷺയെ അനുഗമിക്കാം.
കഅ്ബിന്‍റെ ഈ അഭിപ്രായം അവര്‍ക്ക് സ്വീകാര്യമായില്ല. തൗറാത്തല്ലാത്ത മറ്റൊരു മതം തങ്ങള്‍ക്ക് സ്വീകാര്യമല്ലെന്നു അവര്‍ തീര്‍ത്തു പറഞ്ഞു. അപ്പോള്‍, കഅ്ബ് രണ്ടാമത്തെ മാര്‍ഗം അവതരിപ്പിച്ചു. “നമ്മുടെ സ്ത്രീകളെയും കുട്ടികളെയും നമ്മുടെ വാളുകള്‍ക്ക് തന്നെ ഇരയാക്കാം. അങ്ങനെ ആദ്യം കുടുംബഭാരം ഇല്ലാതാക്കാം. അതിനുശേഷം മൂര്‍ച്ചയുള്ള വാളുകളേന്തി അവരെ നമുക്ക് നേരിടാം. ആ യുദ്ധത്തില്‍ നാം നശിക്കുകയാണെങ്കില്‍ നശിക്കട്ടെ. അഥവാ, ജയിക്കുകയാണെങ്കില്‍ ഭാര്യമാരെയും മക്കളെയും വീണ്ടും ലഭിക്കുമല്ലോ!”
ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. നമുക്ക് പ്രിയപ്പെട്ടവരെക്കൊന്നശേഷം നാമെന്തിന് ജീവിക്കുന്നുവെന്നതായിരുന്നു അവരുടെ പ്രതികരണം. അപ്പോൾ കഅ്ബ് മൂന്നാമത്തെ പോംവഴി ഇങ്ങനെ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞു: “നാളെ ശനിയാഴ്ചയാണ്. ശനിയാഴ്ച നാം യുദ്ധത്തിനിറങ്ങുമെന്നു അവര്‍ പ്രതീക്ഷിക്കില്ല. ആ അവസരം ഉപയോഗപ്പെടുത്തിക്കൊണ്ട് നമുക്ക് ഒരു മിന്നല്‍ യുദ്ധം നടത്താം. അങ്ങനെ ചെയ്‌താല്‍ മിക്കവാറും അവരെ തുരത്തുവാന്‍ നമുക്ക് സാധിച്ചേക്കും “.
ഈ അഭിപ്രായവും അവര്‍ സ്വീകരിച്ചില്ല. ശനിയാഴ്ച തെറ്റു ചെയ്തവര്‍ക്കുണ്ടായ അനുഭവങ്ങള്‍ കേട്ടറിഞ്ഞതു തന്നെ മതിയായിരുന്നു അവർക്ക് പിൻമാറാൻ. “ഞങ്ങള്‍ അതിന് തയ്യാറില്ല ” എന്നവര്‍ മറുപടി പറഞ്ഞു. ഈ സന്ദര്‍ഭത്തില്‍ അംറ് ബ്നു സഅ്ദീ എന്ന യഹൂദി മറ്റൊരഭിപ്രായം അവരുടെ മുന്നില്‍ വച്ചു. “അവര്‍ക്കു ജസ്‌യ അഥവാ കപ്പം നല്‍കിക്കൊണ്ട് യഹൂദികളായിത്തന്നെ നമുക്ക് ജീവിക്കാം. ഈ അഭിപ്രായം അവര്‍ സ്വീകരിക്കുമോ എന്നു എനിക്കറിഞ്ഞുകൂടാ ” എന്നദ്ദേഹം പറഞ്ഞപ്പോള്‍ അവര്‍ക്ക് കപ്പം കൊടുത്തു ജീവിക്കുന്നതിനെക്കാള്‍ ഉത്തമം മരിക്കലാണെന്നു അവര്‍ മറുപടി നല്‍കി.
ഈ അംറ് അന്ന് രാത്രി വളരെ നിഗൂഢമായി കോട്ടയില്‍ നിന്ന് രക്ഷപ്പെട്ടു. സ്വഹാബിമാരില്‍ച്ചിലര്‍ അദ്ദേഹത്തെക്കണ്ടുമുട്ടി. താനാരാണെന്ന് മുഹമ്മദിബ്നു മസ്‌ലമത് (റ) ചോദിച്ചപ്പോള്‍, ഞാന്‍ അംറിബ്നു സഅ്ദീ ആണെന്ന് അദ്ദേഹം മറുപടി നല്‍കി. ആ സ്വഹാബി അംറിനെപ്പിടിക്കുവാനൊരുങ്ങിയപ്പോള്‍, അയാൾ വസ്തുതകള്‍ അദ്ദേഹത്തെ അറിയിക്കുകയും തന്നെ വിട്ടയയ്ക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തു. മുഹമ്മദിബ്നു മസ്‌ലമത് (റ) അദ്ദേഹത്തെ വിട്ടയച്ചു. അദ്ദേഹം രാത്രിയുടെ കൂരിരുട്ടില്‍ തിരോധാനം ചെയ്തു. എവിടേക്കാണ് പോയതെന്ന് പിന്നീട് അറിയുകയുണ്ടായില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.
Mahabba Campaign Part-407
Tweet 407
ഉപരോധം കൊണ്ട് പൊറുതിമുട്ടിയ യഹൂദികള്‍ ഇരുപത്തഞ്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ നബ്ബാശിബ്നു ഖുവൈസീ എന്നയാളെ മധ്യസ്ഥനായി നബിﷺയുടെ അടുക്കലേക്ക് പറഞ്ഞയച്ചു. ബനുന്നളീർ ഗോത്രം ചെയ്തതു പോലെ പടയങ്കികളും ആയുധങ്ങളും ഭവനങ്ങളും ഉപേക്ഷിച്ചു, ഓരോ വീട്ടുകാരും ഓരോ ഒട്ടകത്തിനു ചുമക്കാവുന്ന സാധനങ്ങളെടുത്തു നാടുവിട്ടുകൊള്ളാമെന്നും അതിന് തങ്ങളെ അനുവദിക്കണമെന്നും നബ്ബാശ് നബിﷺയോടഭ്യര്‍ഥിച്ചു. തിരുനബിﷺ ആ അഭ്യർഥന സ്വീകരിച്ചില്ല. എന്നാൽ, പിന്നെ സാധനങ്ങളെല്ലാം ഉപേക്ഷിച്ചു വെറും കൈയോടെ നാടുവിടാന്‍ അനുവദിക്കണമെന്ന് നബ്ബാശ് വീണ്ടും അഭ്യര്‍ഥിച്ചു. അല്ലാഹുവിന്‍റെ റസൂലിﷺന്‍റെ വിധിക്ക് വഴങ്ങിക്കൊണ്ട് ഇറങ്ങുവാന്‍ ഇഷ്ടമുണ്ടെങ്കില്‍ മാത്രം കോട്ടയില്‍ നിന്ന് പുറത്തിറങ്ങിക്കൊള്ളുക എന്നു തിരുനബിﷺ മറുപടി നല്‍കി. നബ്ബാശ് തിരിച്ചു പോയി.
യഹൂദികളുടെ ഭയം അധികരിച്ചു. ജീവന് രക്ഷയില്ലെന്നവര്‍ക്ക് തോന്നിത്തുടങ്ങി. അപ്പോഴാണ് ഔസ് ഗോത്രക്കാരനായ രിഫാഅതുബ്നുല്‍ മുന്‍ദിറുല്‍ അന്‍സ്വാരി (റ)യെക്കുറിച്ചു അവര്‍ക്ക് ഓര്‍മ വന്നത്. ഈ രിഫാഅത്(റ)വിനെ അബൂലുബാബത് എന്നാണ് പൊതുവേ വിളിച്ചുവന്നിരുന്നത്. അദ്ദേഹം ബനൂ ഖുറൈളക്കാരുടെ സുഹൃത്തും ഇടപാടുകാരനുമായിരുന്നു. അബൂലുബാബത്തിനെ തങ്ങളുടെയടുക്കല്‍ അയച്ചു കൊടുക്കാനായി യഹൂദികള്‍ അഭ്യര്‍ഥിച്ചു. ആ അഭ്യര്‍ഥന സ്വീകരിച്ചുകൊണ്ട് തിരുനബിﷺ അദ്ദേഹത്തെ കോട്ടയ്ക്കകത്തേക്കയച്ചു കൊടുത്തു. അദ്ദേഹം കോട്ടയ്ക്കകത്തെത്തിയപ്പോള്‍, സ്ത്രീകളും കുട്ടികളുമടക്കം യഹൂദികളാകമാനം കരഞ്ഞുകൊണ്ട് അദ്ദേഹത്തിനു ചുറ്റും കൂടുകയും തങ്ങളെ രക്ഷിക്കാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു.
കഅ്ബിബ്നു അസദ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: ‘’സ്നേഹിതാ, ഞങ്ങള്‍ കനത്ത അപകടത്തിലകപ്പെട്ടിരിക്കുന്നു. ഞങ്ങള്‍ കണ്ണീരില്‍ക്കുതിര്‍ന്ന് നശിച്ചു കൊണ്ടിരിക്കുന്നു. മുഹമ്മദ് നബിﷺ ഞങ്ങളെ വിടുന്നില്ലല്ലോ. ഞങ്ങള്‍ ഈ നാടുവിട്ട് പൊയ്ക്കൊള്ളാമെന്നും വെറും കൈയോടെ പൊയ്ക്കൊള്ളാമെന്നും അറിയിച്ചു. പക്ഷേ, അനുമതി ലഭിച്ചില്ല. പ്രവാചകന്റെﷺ ആജ്ഞയ്ക്ക് വഴങ്ങി കോട്ടയില്‍ നിന്ന് പുറത്തിറങ്ങണമെന്നാണ് പറയുന്നത്. അങ്ങനെയിറങ്ങുവാന്‍ ഞങ്ങള്‍ക്ക് ധൈര്യം പോരാ. താങ്കളുടെ അഭിപ്രായമെന്താണ്? ഞങ്ങള്‍ ഇറങ്ങട്ടെയോ?”
“ഇറങ്ങിക്കൊള്ളുക” എന്നു അബൂലബാബ: (റ) അവരോട് പറഞ്ഞു. അതോടൊപ്പം ഇറങ്ങിയാല്‍ കൊന്നുകളയുമെന്നും ആംഗ്യം കൊണ്ട് സൂചന നല്‍കുകയും ചെയ്തു. അബൂലബാബ: (റ) പറയുന്നു: ആംഗ്യം കാണിച്ച കൈ താഴ്ത്തുന്നതിനു മുമ്പ് ഞാന്‍ ചെയ്തത് അപകടമാണെന്ന് എനിക്ക് മനസ്സിലായി. അപരാധബോധത്തിന് ഞാന്‍ അടിമപ്പെട്ടു. ഞാന്‍ ഖേദിച്ചു; പശ്ചാത്തപിച്ചു. അല്ലാഹുവോടും റസൂലോﷺടും തെറ്റ് ചെയ്തുപോയി എന്നു പറഞ്ഞു കണ്ണീരൊഴുക്കിക്കൊണ്ട് ഞാന്‍ കോട്ടയില്‍ നിന്ന് പുറത്തിറങ്ങി.
അദ്ദേഹം തിരുനബിﷺയെക്കാണാതെ, നേരെ പള്ളിയിലേക്കാണ് നടന്നത്. പള്ളിയുടെ മതിലോട് ചേര്‍ന്ന് തന്‍റെ ശരീരത്തെ അദ്ദേഹം ഇരുമ്പ് ചങ്ങല കൊണ്ട് ബന്ധിച്ചു. ഞാന്‍ മരിക്കുന്നത് വരെ ഈ ശരീരത്തിന് ഞാന്‍ ഭക്ഷണമോ വെള്ളമോ കൊടുക്കുകയില്ലെന്നു അദ്ദേഹം ശപഥം ചെയ്തു. ആഹാരമോ വെള്ളമോ കഴിക്കാതെ ആറ് ദിവസങ്ങള്‍ അദ്ദേഹം തള്ളിനീക്കി. പത്തു ദിവസമെന്നും അഭിപ്രായമുണ്ട്. നിസ്ക്കാര സമയങ്ങളില്‍ അദ്ദേഹത്തിന്‍റെ ഭാര്യ അദ്ദേഹത്തെ അഴിച്ചു വിടുകയും നിസ്ക്കരിച്ചു കഴിഞ്ഞാലുടനെ വീണ്ടും ബന്ധിക്കുകയും ചെയ്തുവന്നു. അതിനിടയ്ക്ക് അദ്ദേഹം ചെയ്ത അപരാധത്തെ പരാമര്‍ശിച്ചു കൊണ്ട് ഖുർആൻ സൂക്തമവതരിച്ചു. ദുഃഖഭാരത്താല്‍ പരിക്ഷീണിതനായ അബൂലുബാബ (റ) അവസാനം ബോധരഹിതനായി വീണു. ആ ഘട്ടത്തില്‍ അല്ലാഹു അദ്ദേഹത്തിന് പൊറുത്തുകൊടുത്ത വാര്‍ത്തയെ ഉദ്ഘോഷിക്കുന്ന ആയത്തിറങ്ങുകയും, ആ സന്തോഷവാര്‍ത്ത തിരുനബിﷺ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു. അദ്ദേഹത്തെ അഴിച്ചു വിടാന്‍ തിരുനബിﷺ കല്പിച്ചു. എന്നാൽ, അദ്ദേഹത്തെ അഴിച്ചുവിടാന്‍ ചെന്നവരെ അദ്ദേഹം തിരിച്ചയച്ചു. തിരുനബിﷺയുടെ തിരു കരങ്ങളാൽ തന്നെ എന്നെ അഴിച്ചുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തന്നിമിത്തം തിരുനബിﷺ തന്നെ അദ്ദേഹത്തെ അഴിച്ചു വിട്ടു. ഞാന്‍ ചെയ്തുപോയ കുറ്റം പൊറുക്കപ്പെടുന്ന പക്ഷം ഈ നാടും എന്‍റെ സ്വത്തുക്കളും ഉപേക്ഷിക്കുമെന്ന് ഞാന്‍ കരുതീട്ടുണ്ടെന്ന് അദ്ദേഹം തിരുനബിﷺയെ അറിയിച്ചപ്പോള്‍, നിങ്ങളുടെ സ്വത്തിന്‍റെ മൂന്നിലൊന്ന് ദാനം ചെയ്‌താല്‍ മതിയാകുമെന്ന് തിരുനബി ﷺ അദ്ദേഹത്തെ ഉപദേശിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.
Mahabba Campaign Part-408
.
TWEET 408
ഗത്യന്തരമില്ലെന്നു വന്നപ്പോള്‍ തിരുനബിﷺയുടെ വിധിക്ക് വഴങ്ങി ബനൂഖുറൈളക്കാര്‍ കോട്ട തുറന്നു പുറത്തിറങ്ങി. അവരുടെ എണ്ണം എത്രയാണെന്ന് ഏകോപിതമായതോ ഖണ്ഡിതമായതോ ആയ ഒരു രേഖയുമില്ല. 400, 500, 900, 16, 40 എന്നിങ്ങനെ പല കണക്കുകളുമുണ്ട്. ഒന്നും തന്നെ പ്രബലമല്ല.
ഖൈനുഖാഅ് ഗോത്രക്കാരുമായി സൗഹൃദക്കരാര്‍ ചെയ്തിരുന്നവരാണ് മദീനയിലെ ഖസ്റജ് ഗോത്രക്കാർ. അവരുടെ അഭ്യർഥനപ്രകാരം ഖൈനുഖാഅ് ഗോത്രക്കാര്‍ക്ക് നാടുവിട്ടുപോകാനുള്ള അനുമതി നബിﷺ നല്‍കിയിരുന്നു. അത് പോലെ, ഞങ്ങളുമായി സൗഹൃദക്കരാര്‍ നടത്തിയിട്ടുള്ള ഖുറൈളക്കാർക്കും നാടുവിട്ടുപോകാന്‍ അനുമതി നല്‍കണമെന്ന് ഔസ് ഗോത്രക്കാര്‍ തിരുനബിﷺ യോട് അഭ്യര്‍ഥിച്ചു. പക്ഷേ, ആ അഭ്യര്‍ഥന അവിടുന്ന് സ്വീകരിച്ചില്ല. ബനൂഖുറൈള ഗോത്രക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ നിങ്ങളുടെ ഗോത്രക്കാരനായ ഒരാളെ നിയമിക്കുന്നത് നിങ്ങള്‍ക്ക് സമ്മതമാണോ എന്നു തിരുനബിﷺ ഔസ് ഗോത്രക്കാരോട് ചോദിച്ചു. അങ്ങനെ ചെയ്യുന്നത് ഞങ്ങള്‍ക്ക് സമ്മതമാണെന്ന് അവര്‍ ബോധിപ്പിച്ചു. എന്നാല്‍, നിങ്ങള്‍ തന്നെ ഒരാളെ തിരഞ്ഞെടുക്കുക എന്നു തിരുനബിﷺ നിര്‍ദേശിച്ചപ്പോള്‍, ഔസ് ഗോത്രത്തലവനായ സഅ്ദുബ്നു മആദ് (റ) വിനെ അവര്‍ തിരഞ്ഞെടുത്തു. സഅ്ദുബ്നു മആദ് (റ)നെ തിരുനബിﷺ തന്നെയാണ് നിര്‍ദേശിച്ചതെന്നും അഭിപ്രായമുണ്ട്.
ഖന്ദഖില്‍ വച്ച് അമ്പേറ്റതിന്റെ മുറിവ് ചികിത്സിച്ചു കൊണ്ട് അദ്ദേഹം റഖീദഃ (റ)യുടെ വീട്ടില്‍ കിടപ്പിലായിരുന്നു. ഔസ് ഗോത്രക്കാര്‍ ആ വീട്ടില്‍ച്ചെന്ന് സഅ്ദ്(റ)വിനെക്കണ്ടു വിവരങ്ങളെല്ലാം ധരിപ്പിച്ചു. ബനുന്നുളൈര്‍ ഗോത്രക്കാര്‍ക്കും ഖൈനുഖാഅ് ഗോത്രക്കാര്‍ക്കും മുമ്പ് തിരുനബിﷺ നല്‍കിയ ആനുകൂല്യങ്ങള്‍ അദ്ദേഹത്തെ അനുസ്മരിപ്പിക്കുകയും ബനൂഖുറൈളക്കാരുടെ കാര്യത്തില്‍ തങ്ങള്‍ക്കുള്ള താല്പര്യത്തെ പ്രകടമാക്കുകയും ചെയ്തു. സഅ്ദ് (റ) മറുപടിയൊന്നും പറഞ്ഞില്ല. ഒരു കുതിരപ്പുറത്തിരുത്തി അദ്ദേഹത്തെ തിരുനബിﷺയുടെ സന്നിധിയിലേക്ക് ആനയിക്കപ്പെട്ടു. അദ്ദേഹം അടുത്തെത്തിയപ്പോള്‍, എഴുന്നേറ്റു നിന്നു അദ്ദേഹത്തെ ആദരിക്കുവാന്‍ തിരുനബിﷺ സ്വഹാബിമാര്‍ക്ക് നിര്‍ദേശം നല്‍കി. അപ്പോള്‍ മുഹാജിറുകളും അന്‍സ്വാറുകളുമായ എല്ലാ സ്വഹാബികളും എഴുന്നേറ്റു നിന്നു.
ബനൂഖുറൈളക്കാരുടെ കാര്യത്തില്‍ വിധി നല്‍കുവാന്‍ താങ്കളെ തിരുനബിﷺ നിശ്ചയിച്ചിരിക്കുന്നുവെന്ന് സ്വഹാബിമാര്‍ അദ്ദേഹത്തെ അറിയിച്ചു. വിധി നല്‍കുവാന്‍ തിരുനബിﷺ അദ്ദേഹത്തോടാവശ്യപ്പെട്ടു. വിധി നല്‍കുവാനുള്ള അര്‍ഹത അല്ലാഹുവിനും റസൂലിﷺനുമാകുന്നുവെന്നു സഅ്ദ് (റ) പറഞ്ഞപ്പോള്‍, ഇവരുടെ കാര്യത്തില്‍ താങ്കള്‍ വിധി നല്‍കണമെന്നാണ് അല്ലാഹുവിന്‍റെ കല്പന എന്നു തിരുനബിﷺ അദ്ദേഹത്തെ അറിയിച്ചു. അപ്പോള്‍ സ്വഹാബിമാരെ അഭിമുഖീകരിച്ചു കൊണ്ട് സഅ്ദ് (റ) സംസാരിച്ചു. “അല്ലാഹുവിന്‍റെ കല്പനയെ ആദരിച്ചു കൊണ്ട് ഞാന്‍ നിങ്ങളോട് ചോദിക്കുന്നു: ഞാന്‍ പറയുന്ന വിധി നിങ്ങള്‍ക്ക് സ്വീകാര്യമാണോ?’’
അതെ എന്നു സ്വഹാബിമാര്‍ ഒത്തുപറഞ്ഞു. പിന്നീട് തിരുനബിﷺ ഇരിക്കുന്ന ഭാഗത്തേക്ക് തിരിഞ്ഞു തിരുനബിﷺ യെ വന്ദിച്ചുകൊണ്ട് തിരുനബിﷺയുടെ മുഖം നോക്കാതെ അദ്ദേഹം ചോദിച്ചു. ‘’ഇവരെ സംബന്ധിച്ചു ഞാന്‍ നല്‍കുന്ന വിധി ഈ ഭാഗത്ത് ഇരിക്കുന്നവര്‍ക്കും സ്വീകാര്യമാണോ?’’ അതെ എന്ന് തിരുനബിﷺ പ്രതിവചിച്ചു. അനന്തരം ബനൂഖുറൈളക്കാരെ അഭിമുഖീകരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു: “എന്‍റെ വിധി നിങ്ങള്‍ക്കും സ്വീകാര്യമാണോ?” അതെ എന്നു അവരും സമ്മതിച്ചു. സഅ്ദ് (റ) വിന്‍റെ വിധി തങ്ങള്‍ക്ക് സ്വീകാര്യമാണെന്ന് അവരോട് ഉറപ്പ് വാങ്ങുകയും ചെയ്തു. അതിനു ശേഷം സഅ്ദുബ്നുമആദ്(റ) ഇപ്രകാരം വിധി പറഞ്ഞു: ‘’ഇവരില്‍ പ്രായപൂര്‍ത്തിയെത്തിയ എല്ലാ പുരുഷന്മാരെയും വധിക്കുക. സ്ത്രീകളേയും കുട്ടികളേയും യുദ്ധത്തടവുകാരാക്കി അടിമകളാക്കുക. ഇവരുടെ സ്വത്തുക്കള്‍ യുദ്ധമുതലുകളായി കണ്ടെടുക്കുക. ഇവരുടെ വീടുകള്‍ മുഹാജിറുകളായ സ്വഹാബിമാരുടെ വസതികളാക്കുക.”
ഇത്രയും പറഞ്ഞു കഴിഞ്ഞതും നബിﷺ ഇങ്ങനെ പറഞ്ഞു. അല്ലാഹുവിന്‍റെ വിധി തന്നെയാണ് താങ്കള്‍ വിധിച്ചത്. കഴിഞ്ഞ രാത്രി ഒരു മലക്ക് ഇതാണ് അല്ലാഹുവിന്‍റെ വിധിയെന്ന് എന്നെ അറിയിച്ചിട്ടുണ്ട്.
പിന്നീട് ബനൂഖുറൈളക്കാരുടെ കോട്ടയ്ക്കകത്തുള്ള ആയുധങ്ങളും സ്വത്തുക്കളും കണ്ടു കെട്ടാൻ നബിﷺ കല്പിച്ചു. ആയിരത്തഞ്ഞൂറ് വാളുകള്‍, മുന്നൂറു പടയങ്കികള്‍, രണ്ടായിരം ചവളകള്‍, അഞ്ഞൂറ് പരിചകള്‍, അനേകം വീട്ടുപാത്രങ്ങള്‍, കുതിരകള്‍, ആടുമാടുകള്‍, ഒട്ടകങ്ങള്‍ എന്നിവയും പിടിച്ചെടുത്തു. ഈ സാധനങ്ങളോടൊപ്പം യഹൂദരുടെ വകയായുള്ള ഈന്തപ്പനകളും അധീനപ്പെടുത്തി. ഈ വസ്തുക്കളെയും ബന്ധനസ്ഥരാക്കപ്പെട്ട ആളുകളേയും ആദ്യം അഞ്ചോഹരിയായി ഭാഗിച്ചു. അതില്‍ തിരുമേനിﷺയുടെ ഹിതാനുസാരം വിനിയോഗിക്കാവുന്ന ഒരോഹരി മാറ്റി വച്ചു, ശേഷിച്ച നാലോഹരി സ്വഹാബിമാര്‍ക്ക് പങ്കിട്ടുകൊടുത്തു. പ്രസ്തുത നാലോഹരികള്‍ വീണ്ടും മൂവ്വായിരത്തി എഴുപത്തിരണ്ടു ഓഹരികളായി വിഭജിച്ചുകൊണ്ട് സ്വഹാബിമാര്‍ക്ക് വിതരണം ചെയ്തു. മുസ്‌ലിം സേനയുടെ ആകെ എണ്ണം മൂവ്വായിരമായിരുന്നു. അവരില്‍ ആറുപേര്‍ അശ്വഭടന്മാരായിരുന്നു. കാലാള്‍ സൈന്യത്തിലുള്ള ഒരു വ്യക്തിക്ക് ഒരോഹരിയും അശ്വഭടന്മാരില്‍ ഒരാള്‍ക്ക് മൂന്നോഹരിയുമാണ് യുദ്ധമുതലുകളുടെ വിഹിതമായി നിശ്ചയിച്ചു നൽകിയത്.
ശേഷം, നബിﷺ മദീനയിലേക്ക് തിരിച്ചു. ബനൂ ഖുറൈളക്കാരുടെമേലുള്ള ശിക്ഷ നടപ്പിലാക്കി. നേരേത്തെത്തന്നെ തയ്യാർ ചെയ്ത കിടങ്ങുകളിൽ അവരെ മറവാടുകയും ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.
Mahabba Campaign Part-409
Tweet 409
ബനൂ ഖുറൈള സംഭവത്തെ മുന്നിൽ വച്ച് ഇസ്‌ലാമിനെയും പ്രവാചകരെﷺയും അധിക്ഷേപിക്കാൻ ഇസ്‌ലാം വിമർശകരും നിരീശ്വര വാദികളും എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. വസ്തുതാപരമായ പഠനത്തിനോ വിലയിരുത്തലിനോ തയ്യാറാവാത്തതോ അന്ധമായ ഇസ്‌ലാം വിരോധമോ ആണ് വിമർശനത്തിനാധാരം. ആയിരത്തോളം ആളുകളെ നിഷ്ക്കരുണം പ്രവാചകൻﷺ വധിച്ചു കളഞ്ഞുവെന്നാണ് വിമർശകർ ആരോപിച്ച അപരാധം. എന്നാൽ യാഥാർഥ്യം എന്താണെന്ന് നമുക്കൊന്നു വിലയിരുത്താം.
a) ആയിരത്തോളം ആളുകളെ വധിച്ചുവെന്നാണ് വിമർശകരുടെവാദം. എന്നാൽ, വധിക്കപ്പെട്ടവരുടെ കൃത്യമായ എണ്ണം എത്രയാണെന്ന് ഖണ്ഡിതമായ ഒരു രേഖയും ലഭ്യമല്ല. ഇവ്വിഷയികമായി ഉദ്ധരിക്കപ്പെട്ട സ്രോതസ്സുകളെ പരിശോധിച്ച് ബറകാത് അഹ്മദ് തന്റെ മുഹമ്മദ് ആൻറ് ജ്യൂസ് എന്ന പുസ്തകത്തിൽ പറഞ്ഞത് പതിനേഴോ പതിനെട്ടോ പേരെയാണ് വധിച്ചത് എന്നാണ്. വിരുന്നുകാരനും വേട്ടക്കാരനും എന്ന പുസ്തകത്തിൽ മുഹമ്മദ് അശ്റഫ് ഇതെടുത്ത് ഉദ്ധരിച്ചിട്ടുണ്ട്.
ഇത് സംബന്ധിയായ എല്ലാ നിവേദനങ്ങളേയും കൂട്ടിച്ചേർത്തു വായിച്ചാൽ പരമാവധി നാലു മുതൽ നാനൂറ് വരെയെന്ന ഒരെണ്ണമേ പറയാൻ കഴിയൂ.
b) എത്രയായാലും ഇങ്ങനെയൊരു വധശ്ശിക്ഷ ആകാമായിരുന്നോ എന്ന് ഇനിയും ചോദിക്കാം. ആരാണ്, എന്തിനാണ് ഇത് നടപ്പിലാക്കിയതെന്ന കാര്യം ഇവിടെയാണ് മനസ്സിലാക്കേണ്ടത്. രാജ്യത്തിന്റെ ഭരണാധികാരി കൂടിയായ നബിﷺ രാജ്യദ്രോഹികളായ ബനൂ ഖുറൈളയ്ക്കെതിരെയാണ് ഈ നടപടി സ്വീകരിച്ചത് എന്നതാണ് മറുപടി. മദീനയുടെ ആനുകൂല്യങ്ങൾ മുഴുവൻ അനുഭവിച്ച് ജീവിക്കുകയും മുസ്‌ലിംകളും പ്രവാചകനുﷺമായി പൊതുവായും പ്രത്യേകമായുമുള്ള രണ്ട് സമഗ്രകരാറിൽ കഴിഞ്ഞവരുമായിരുന്നു അവർ. എന്നിട്ടു പോലും പതിനായിരം അംഗങ്ങളുള്ള സഖ്യസൈന്യം മദീനയെ അക്രമിക്കാൻ വന്നപ്പോൾ കേവലം മൂവായിരം മാത്രമുള്ള മദീനാ സൈന്യത്തിനെതിരെ ശത്രുക്കളെ സഹായിക്കുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്തു. ഇപ്രകാരം കാലുവാരുകയും രാജ്യദ്രോഹപരമായി പ്രവർത്തിക്കുകയും ചെയ്തവരെ എങ്ങനെയാണ് ശിക്ഷിക്കേണ്ടത്?
ഈ വിഷയത്തെ നിരൂപണപരമായി സമീപിച്ച വെന്‍സിന്‍ക് (Wensinck) പറയുന്നത്, എത്ര പരിഷ്‌കൃതരായാലും നബിﷺ ചെയ്തതേ അവരും ചെയ്യുമായിരുന്നുള്ളൂവെന്നാണ്. അദ്ദേഹം എഴുതുന്നു: ”വളരെ മാന്യമായ നിലയിലാണ് പ്രവാചകർﷺ ബനുന്നളീറിനോട് പെരുമാറിയത്. പക്ഷേ, അവരാണ് മദീനയ്ക്കെതിരെയുള്ള ഖന്ദഖ് ഉപരോധത്തിന് ചുക്കാന്‍ പിടിച്ചത്. ഈ ഘട്ടത്തില്‍ ബനൂ ഖുറൈളയ്ക്ക് മാപ്പു കൊടുക്കുന്നത് വളരെ അപകടം പിടിച്ച തീരുമാനമാകുമായിരുന്നു.”(Wensinck in Der Islam, 11, 289)
c) രാജ്യദ്രോഹ പ്രവർത്തനം ചെയ്ത ബനുന്നളീറുകാരെ നാടു വിട്ടുപോകാൻ അനുവദിച്ചത് പോലെ ഇവരെയും നാടുകടത്തിയാൽ മതിയായിരുന്നില്ലേ എന്ന ഒരു ചോദ്യവും ഉയർന്നേക്കാം.
ബനുന്നളീർ നാടുവിട്ടു പോയി ഖൈബർ കേന്ദ്രീകരിച്ചു സംഘടിക്കുകയും മക്കയിലെ മുശ്‌രിക്കുകളെയടക്കം സംഘടിപ്പിക്കുകയും ചെയ്തു കൊണ്ടാണ് സഖ്യസൈന്യം രൂപീകരിച്ച് മദീനയ്ക്കെതിരെ ആക്രമണം നടത്താൻ വന്നത്. എന്നിരിക്കെ, ബനൂ ഖുറൈളക്കാരെക്കൂടി വിട്ടയച്ചാൽ വീണ്ടും സംഘടിക്കുന്നതിന് അവർക്കൊരു അവസരം ലഭിക്കുമായിരുന്നു.
അഹ്സാബ് യുദ്ധം നടക്കാതെ പോയത് അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന കിടങ്ങും ശൈത്യവുമായിരുന്നു. ശൈത്യകാലം കഴിയുമ്പോള്‍ ജൂതന്‍മാര്‍ക്ക് ഈ സഖ്യകക്ഷികളെ വീണ്ടും ഒരുമിച്ചുകൂട്ടുക എളുപ്പമായിരുന്നു. ശത്രുക്കള്‍ മോഹഭംഗത്തോടെയാണ് പിരിഞ്ഞുപോയത്. അവരിലെ നേതാക്കള്‍ക്ക് പ്രതികാരദാഹം വര്‍ധിക്കുകയല്ലാതെ അല്പം പോലും കുറവ് വരാനുള്ള ഒരു സാധ്യതയുമുണ്ടായിരുന്നില്ല. മുസ്‌ലിംകളെ ഉന്‍മൂലനാശം വരുത്തുന്ന കാര്യത്തില്‍ ഇതോടെ ജൂതസഖ്യം ഒറ്റക്കെട്ടായി മാറിയിരുന്നു. അവര്‍ അതിനുള്ള തയ്യാറെടുപ്പുമായിത്തന്നെ മുന്നോട്ട് പോകാനുള്ള നല്ല സാധ്യതയുമുണ്ടായിരുന്നു. ഇത്തരമൊരു സന്ദര്‍ഭത്തില്‍, യുക്തിമാനായ ഒരു നേതാവ് എടുക്കുന്ന തീരുമാനമെന്തായിരിക്കും? അനുയായികളെ ശത്രുക്കളുടെ മുന്നിലേക്ക് വിട്ടുകൊടുക്കുകയായിരിക്കുമോ ? അതോ, അത്തരം ഒരു ഭീഷണിയില്‍ നിന്ന് അവരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമോ?
d)ബനൂ ഖുറൈളയ്ക്കെതിരെ സ്വീകരിച്ച നടപടിയെ വംശീയ കൂട്ടക്കൊലയായും അവരുടെ എണ്ണത്തെ മഹാ സംഖ്യയായും പ്രചരിപ്പിക്കുന്ന യുക്തിവാദികൾ മതത്തെ മൊത്തത്തിലും ഇസ്‌ലാമിനെ പ്രത്യേകിച്ചും ക്രൂരതയുടെ പര്യായമായി അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. എന്നാൽ, അറുപത് ലക്ഷം ജൂതരെ വംശഹത്യ നടത്തിയ ഹിറ്റ്‌ലർ നിരീശ്വരവാദിയായിരുന്നു, സ്വതന്ത്ര ചിന്തകനായിരുന്നു. നിരീശ്വരവാദികളായ കമ്യൂണിസ്റ്റുകളാൽ കൊല്ലപ്പെട്ടവരുടെ ഏകദേശ കണക്ക് 94 ദശലക്ഷമാണ്. The black book of communism പറയുന്നത് പ്രകാരം അതിങ്ങനെ വിശദീകരിക്കാം:
65 million in the People’s Republic of China,
20 million in the Soviet Union,
2 million in Cambodia,
2 million in North Korea,
1.7 million in Ethiopia,
1.5 million in Afghanistan,
1 million in the Eastern Bloc,
1 million in Vietnam,
1,50,000 in Latin America !
ഇവയുടെയൊക്കെ പിന്നിൽ പ്രവർത്തിച്ചത് സ്വതന്ത്ര ചിന്താഗതിക്കാരായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet409
.
Mahabba Campaign Part-410
Tweet 410
അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും വേറിട്ട അധ്യായങ്ങളാണ് ഖന്ദഖിൽ നിന്നും ബനൂ ഖുറൈളയിൽ നിന്നും നാം വായിച്ചത്. ബനൂ ഖുറൈളയിലേക്ക് പുറപ്പെടാൻ ആഹ്വാനം ചെയ്ത മുത്ത് നബിﷺയുടെ പരാമർശത്തെ ചെറിയൊരു വ്യാഖ്യാനത്തോടെ നാം മനസ്സിലാക്കേണ്ടതുണ്ട്. അഥവാ, നിങ്ങൾ അവിടെ എത്തിയിട്ടേ അസ്വർ നിസ്ക്കരിക്കാവൂവെന്ന് നബിﷺ അനുയായികളോട് പറഞ്ഞിരുന്നു. ഒരു കൂട്ടം സ്വഹാബികൾ അങ്ങനെത്തന്നെ പ്രവർത്തിച്ചു. അഥവാ, പ്രാഥമികാർഥത്തിൽ മനസ്സിലാക്കുകയും ഏറെ വൈകി രാത്രിയായിട്ടും അവർ ലക്ഷ്യസ്ഥാനത്ത് എത്തിയിട്ടാണ് അസ്വർ നിസ്ക്കരിച്ചത്. എന്നാൽ, മറ്റൊരു വിഭാഗം അതിൽ നിന്ന് മനസ്സിലാക്കിയത് എത്രയും വേഗം നിങ്ങൾ യാത്ര ചെയ്ത് എത്തണമെന്നായിരുന്നു. അതുകൊണ്ടുതന്നെ അസ്വറിന് സമയമായപ്പോൾ അവർ വഴിയിൽ നിന്ന് നിസ്ക്കാരം നിർവഹിച്ചു. ഒടുവിൽ രണ്ട് വിഭാഗവും തിരുനബിﷺയുടെ മുമ്പിൽ എത്തി. നബിﷺ രണ്ടുവിഭാഗങ്ങുടെയും വീക്ഷണങ്ങളെ അംഗീകരിക്കുകയും അവരുടെ നിരീക്ഷണങ്ങളെ ശരിവയ്ക്കുകയും ചെയ്തു. ഈ സംഭവം വിശാലമായ ചില വിചാരങ്ങൾക്കാണ് വഴി തുറന്നത്.
ഖുർആൻ സൂക്തങ്ങളെയും പ്രവാചക പരാമർശങ്ങളെയും ഗവേഷണ യോഗ്യതയുള്ളവർക്ക് സാധ്യമായ ന്യായങ്ങൾ വച്ച് വ്യാഖ്യാനിക്കാം. അതിൽ നിന്നുണ്ടാകാവുന്ന വൈവിധ്യങ്ങളെ അംഗീകരിക്കാം എന്ന് തത്ത്വത്തിൽ നബിﷺ പഠിപ്പിക്കുകയായിരുന്നു. ലോകത്ത് അറിയപ്പെടുന്ന നാല് മദ്ഹബുകൾ. ഗവേഷണ സാധ്യതയുള്ള വിഷയങ്ങളിൽ എങ്ങനെ വിവിധങ്ങളായി മാറി എന്നതിനുള്ള വിശദീകരണം കൂടിയാണ് ഈ സംഭവം. പ്രമാണങ്ങളിൽ ഖണ്ഡിതമായി പറയപ്പെട്ട ഒന്നിന്മേലും ഗവേഷണത്തിന്റെ ആവശ്യമോ ഗവേഷണം നടക്കുകയോ ചെയ്തിട്ടില്ല. ഇസ്‌ലാമിന്റെ വിശ്വാസപരമായ അടിസ്ഥാന കാര്യങ്ങളിലും ഗവേഷണങ്ങളുടെ സാധ്യതയില്ല തന്നെ. കർമാനുഷ്ഠാനങ്ങളിലെ അനുബന്ധ വിഷയങ്ങളിൽ മാത്രമാണ് ഗവേഷണ സാധ്യതയുള്ളത്. യോഗ്യരായവർ ഗവേഷണം നടത്തുന്നതിനെയും അതിൽ ഉണ്ടായേക്കാവുന്ന വൈവിധ്യങ്ങളെയും അടിസ്ഥാനപരമായി തിരുനബിﷺ അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഇതിന്റെയർഥം ആർക്കും എങ്ങനെയും മതത്തെയോ ഖുർആനിനെയോ വ്യാഖ്യാനിക്കാം എന്നല്ല. ആവശ്യമായ യോഗ്യതകളുള്ളവർക്ക് മാത്രം ആകാമെന്നാണ്. യോഗ്യതകളിൽ ഏറ്റവും സുപ്രധാനം ഖുർആനിനെക്കുറിച്ചുള്ള അവഗാഹമാണ്. എല്ലാ ഗുണഗണങ്ങളോടെയും ആ അവഗാഹമുള്ളവർ പ്രസിദ്ധരായ നാല് ഇമാമുകളുടെ കാലത്തോടെത്തന്നെ കഴിഞ്ഞു പോയി. അതുകൊണ്ടാണ് നാല് ഇമാമുകൾക്കു ശേഷം അവരോളം അനുകരിക്കപ്പെടുന്ന ആരും ലോകത്ത് വരാഞ്ഞത്. അവരുടെ കാലത്ത് തത്തുല്യ യോഗ്യതയുള്ള മറ്റുപലരും ഉണ്ടായിരുന്നെങ്കിലും അവരുടെ ഗവേഷണങ്ങൾ വ്യവസ്ഥാപിതമായി ക്രോഡീകരിക്കപ്പെട്ടിട്ടില്ല. ഇമാം അബൂഹനീഫ (റ), ഇമാം മാലിക് (റ), ഇമാം ശാഫിഈ (റ), ഇമാം അഹ്മദ് (റ) എന്നിവരുടെ കാലശേഷം ലോകത്ത് ഉദയം ചെയ്ത ഏതാണ്ട് എല്ലാ പണ്ഡിതരും ഇവരിൽ ആരെങ്കിലുമൊരാളെ അനുകരിച്ചവരാണ്. ഈ അനുകരണത്തെ നിരാകരിക്കുന്നവർക്ക് കർമശാസ്ത്ര ലോകത്ത് പല ചോദ്യങ്ങൾക്കും ഉത്തരമുണ്ടാവില്ല. അത്രമേൽ വിശ്വാസികളുടെ ജീവിതത്തിൽ, ദൈനംദിന വ്യവഹാരങ്ങളിൽ ഇഴ ചേർന്ന് നിൽക്കുകയാണ് അവരുടെ നിരീക്ഷണങ്ങളും പഠനങ്ങളും.
ഇത്തരം യാഥാർഥ്യങ്ങളെ മുന്നിൽ വച്ചുകൊണ്ടാണ് ഗവേഷണ യോഗ്യതയില്ലാത്തവർ മേൽപ്പറയപ്പെട്ട നാലു പേരിൽ ഒരാളെ അനുകരിച്ചിരിക്കണമെന്ന് ഇസ്‌ലാമിക വൈജ്ഞാനിക ലോകം ഏകോപിച്ചത്. നബി ജീവിതത്തിന്റെ പകർപ്പുകളെ കലർപ്പില്ലാതെ ലഭിക്കാൻ അക്കാലത്ത് അവസരം ഉണ്ടായിരുന്നതുപോലെ പിൽക്കാലത്ത് സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. അതാണ് നാല് ഇമാമുകൾക്കും ലഭിച്ച ആനുകൂല്യം. ഖുർആനും ഹദീസും ഉപയോഗിച്ച ഭാഷാപ്രയോഗങ്ങളുടെ സാധ്യതകളെ അവരെക്കാൾ അറിയുന്നവർ പിൽക്കാലത്ത് വന്നിട്ടുമില്ല. ഖുർആനിലെ സൂക്തങ്ങൾ അവതരിച്ച സാഹചര്യങ്ങളും, ഒരിക്കൽ അവതരിച്ചതിനെ പരിഷ്കരിച്ചുകൊണ്ട് പിൽക്കാലത്ത് വന്ന ഖുർആൻ സൂക്തങ്ങളും അവകൾക്കിടയിലുള്ള കാല-നിയമ വ്യത്യാസങ്ങളും ഏറ്റവും കൂടുതൽ അറിയുന്നവരും നാല് ഇമാമുകളും അവരുടെ കാലത്തുള്ളവരുമായിരുന്നു.
കാലങ്ങളുടെ അപ്പുറത്തിരുന്ന് കാലഗണനകളുടെ ഇപ്പുറത്തേക്ക് സഹസ്രാബ്ദവും കടന്നു നോക്കാൻ കഴിഞ്ഞുവെന്നതും പ്രസ്തുത ഇമാമുകൾക്ക് ലഭിച്ച സൗഭാഗ്യമായിരുന്നു. സാധാരണ വിശ്വാസികളുടെ അനുഷ്ഠാന ജീവിതത്തിന് പ്രായോഗികമായി മതത്തെ അവതരിപ്പിച്ചു കൊടുക്കാൻ അല്ലാഹു തെരഞ്ഞെടുത്തവരായിരുന്നു അവർ എന്ന ബോധ്യമാണ് നമുക്ക് ലഭിക്കുന്നത്.
ഖുനൂത്ത് നിർവഹിച്ചുകൊണ്ട് സുബ്ഹി നിസ്ക്കരിക്കുന്ന ശാഫിഈ മദ്ഹബ്കാരന്റെയും, സുബ്ഹിയിൽ ഖുനൂത്ത് നിർവഹിക്കാത്ത ഹനഫീ മദ്ഹബ്കാരന്റെയും അനുഷ്ഠാനങ്ങളിൽ വൈവിധ്യമുണ്ടെങ്കിലും രണ്ടും ശരിയാകുന്നതിന്റെ ന്യായമാണ് ബനൂ ഖുറൈള ദിവസത്തിലെ സ്വഹാബികളുടെ നടപടിയിൽ നിന്ന് നമുക്ക് ലഭിക്കുന്ന അനുഗ്രഹം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
.
Mahabba Campaign Part-411
Tweet 411
പലായനത്തിന്റെ അഞ്ച് ആണ്ടുകൾ കഴിഞ്ഞു. സംഭവബഹുലമായിരുന്നു ഈ അഞ്ചു വർഷങ്ങൾ. കൂടുതലും അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും രാപ്പകലുകൾ. ഇനിയങ്ങോട്ട് മുന്നേറ്റത്തിന്റെ പടവുകൾ മുന്നിൽ തെളിഞ്ഞതുപോലെ. മദീനയെയും ഇസ്‌ലാമിനെയും എപ്പോഴും ആർക്കും എവിടെനിന്നും കടന്നുവന്ന് ആക്രമിക്കാമെന്ന വിചാരം മാറി. അങ്ങനെയിരിക്കെയാണ് ചരിത്രത്തിലെ സുപ്രസിദ്ധമായ ഹുദൈബിയ സന്ധിയുടെ വർഷത്തിലേക്ക് പ്രവേശിച്ചത്.
ഇതിനിടയിൽ ചെറിയ ഒരു ചുവടു വയ്പ്പു കൂടി ഉദ്ധരിക്കാനുണ്ട്. അത് സിറിയയിലേക്കുള്ള ഒരു ചെറിയ ഓപ്പറേഷനായിരുന്നു. അബ്ദുല്ലാഹിബിന് ഉമ്മി മക്തൂമി(റ)നെ നബിﷺ മദീനയുടെ ചുമതല ഏൽപ്പിച്ചു. എന്നിട്ട് 200 പേരടങ്ങുന്ന ഒരു സംഘത്തോടൊപ്പം യാത്രതിരിച്ചു. ഗുറാബ്, മഹീസ്, ബത്റാ എന്നീയിടങ്ങളിലൂടെ സഞ്ചരിച്ച് ഇടതു ഭാഗത്തെ വഴിയിലേക്ക് പ്രവേശിച്ചു. പിന്നീട് പ്രളയകാലത്ത് വെള്ളം ഒലിച്ചു പോകുന്ന ദീർഘമായ ചാലുകളുടെയടുത്തുകൂടി സഞ്ചരിച്ചു. പിന്നീട് ധൃതിയിൽ യാത്ര ചെയ്ത് ഉസ്ഫാനിൽ നിന്ന് അഞ്ചു മൈൽ അകലെ ഗുറാൻ എന്ന പ്രദേശത്ത് എത്തി. അവിടെ വച്ചായിരുന്നു നേരത്തെ പ്രവാചക അനുയായികളെ ശത്രുക്കൾ ക്രൂരമായി കൊല ചെയ്തു കളഞ്ഞത്. പ്രദേശ നിവാസികളോട് രംഗത്തു വരാനാവശ്യപ്പെട്ടു. അവർ കുന്നുകളുടെ മുകളിലേക്ക് കടന്നു പോയി. മുസ്‌ലിം സംഘവും ഉസ്ഫാൻ ഒന്ന് കടന്നു മറുവശത്തേക്ക് എത്തിയാൽ മുസ്‌ലിംകൾ ഇവിടെയെത്തിയ കാര്യം ഖുറൈശികൾക്ക് അറിയാമായിരുന്നു. 20 കുതിരപ്പടയാളികളിൽ നിന്ന് രണ്ടുപേർ കുന്നിൻ പ്രദേശത്തേക്ക് കടന്നുപോയി. പ്രവാചക അനുയായികൾക്ക് ഈ പ്രദേശത്ത് വച്ച് ഏൽക്കേണ്ടിവന്ന ദുരന്തങ്ങൾ അതിദയനീയമായിരുന്നു. പ്രസ്തുത സംഭവത്തിൽ 10 സ്വഹാബികൾ ആയിരുന്നു കൊല്ലപ്പെട്ടിരുന്നത്. എന്നാൽ, 14 ദിവസത്തോളം മദീനയിൽ നിന്ന് വിട്ടു ‘ബനൂ ലഹ്യാൻ സൈനിക നീക്കം’ എന്ന ഈ ഇടപെടലിനു ശേഷം പ്രവാചകർ ﷺ മദീനയിലേക്ക് തന്നെ മടങ്ങി.
നമുക്ക് ഹുദൈബിയയുടെ ആമുഖത്തിലേക്ക് തന്നെ വരാം. നബിﷺയും അനുയായികളും തലമുടി വെട്ടിയവരോ മുണ്ഡനം ചെയ്തവരോ ആയ രൂപത്തിൽ നിർഭയം മക്കയിലേക്ക് പ്രവേശിക്കുന്ന രംഗം പ്രവാചകർﷺ സ്വപ്നത്തിൽ ദർശിച്ചു. പ്രവാചകരുടെ ﷺ സ്വപ്നങ്ങൾ കേവലം ഒരു കാഴ്ചയോ ദർശനമോ ആയിരിക്കില്ല. മറിച്ച് അത് ദിവ്യ സന്ദേശത്തിന്റെ ഒരു ഭാഗമാണ്. അതുകൊണ്ടുതന്നെ അത് കേവലം ഒരു കാഴ്ചയായി മാറ്റിവയ്ക്കാൻ പറ്റില്ല.
തദടിസ്ഥാനത്തിൽ 1400 അനുയായികളോടൊപ്പം ഉംറ ലക്ഷ്യം വച്ചുകൊണ്ട് പ്രവാചകൻﷺ മക്കയിലേക്ക് പുറപ്പെട്ടു. മക്കയിലേക്ക് പ്രവേശിക്കുമ്പോൾ ഖുറൈശികളിൽ നിന്ന് വല്ല പ്രതിഷേധവും ഉണ്ടായാലോ എന്ന് കരുതി പ്രവാചകരോടൊപ്പം ﷺ സഞ്ചരിക്കാൻ പരമാവധി മദീനക്കാർക്കും അനുമതി നൽകി. മദീനയുടെ പരിസരത്തെ ഗ്രാമങ്ങളിൽ താമസിക്കുന്ന ആളുകൾ പക്ഷേ, മദീനയിൽത്തന്നെ തുടരാനാണ് തീരുമാനിച്ചത്. മുത്തുനബിﷺ മദീനയിലേക്ക് പലായനം ചെയ്തതിനുശേഷമുള്ള ആദ്യത്തെ മക്കയിലേക്കുള്ള സഞ്ചാരമായിരുന്നു ഇത്.
മദീനയിൽ നിന്ന് പുറപ്പെട്ട് ദുൽഹുലൈഫ എന്ന സ്ഥലത്തെത്തിയപ്പോൾ എല്ലാവരും ഇഹ്റാമിൽ പ്രവേശിച്ചു. അഥവാ, ഉംറയ്ക്ക് വേണ്ടി പ്രത്യേകമായ ചിട്ടകൾ പാലിക്കാൻ കരുതുകയും നിർദേശിക്കപ്പെട്ട വസ്ത്രധാരണം സ്വീകരിക്കുകയും ചെയ്തു. ബിഅ്റു അലി എന്ന പേരിലും ആ സ്ഥലം അറിയപ്പെടുന്നു. എഴുപതോളം ബലി ഒട്ടകങ്ങളെയും കരുതി മുന്നോട്ടുള്ള യാത്രയ്ക്കിടയിൽ ഖുറൈശികളിൽ നിന്നുള്ള വിവരങ്ങൾ ശേഖരിച്ചു നൽകാൻ ഖുസാഅ് ഗോത്രക്കാരനായ ഒരു ചാരനെ നബിﷺ നിശ്ചയിച്ചിരുന്നു.
അസ്ഫാൻ പ്രവിശ്യയ്ക്കടുത്തെത്തിയപ്പോൾ ചാരൻ വന്ന് ഇങ്ങനെയൊരു വിവരം നൽകി. “കഅ്ബ് ബിൻ ലുഅയ്യ് ചില അറബ് ഗോത്രങ്ങളെ സംഘടിപ്പിച്ചുകൊണ്ട് പ്രതിരോധിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കഅ്ബയിൽ വച്ച് പ്രവാചകനോട്ﷺ യുദ്ധം ചെയ്യാനും നേരിടാനുമാണ് അവർ തീരുമാനിച്ചിട്ടുള്ളത് “.
നബിﷺ അനുചരന്മാരോട് കാര്യങ്ങൾ കൂടിയാലോചിച്ചു. അതിനിടയിൽ അവരോട് ഒരു ചോദ്യമുന്നയിച്ചു. “ഞാൻ മക്കയിൽ വച്ച് കഅ്ബിനോടും സംഘത്തോടും യുദ്ധം ചെയ്യുമെന്ന് നിങ്ങൾ വിചാരിക്കുന്നുണ്ടോ?” അനുയായികൾ പറഞ്ഞു. “ഞങ്ങൾക്കറിയില്ല, അല്ലാഹുവിനും അവന്റെ ദൂതനുംﷺ ആണ് ഏറെ അറിയുന്നത് . നാം ആരോടും യുദ്ധം ചെയ്യാൻ വേണ്ടിയല്ല പോകുന്നത്. നാം വിശുദ്ധ കഅ്ബാലയത്തിലെത്തി ഉംറ നിർവഹിക്കാൻ പോവുകയാണ്. അതിന് ആരെങ്കിലും തടസ്സം നിന്നാൽ ചിലപ്പോൾ നാം നേരിടേണ്ടി വരും”. സ്വഹാബികൾ കൂട്ടിച്ചേർത്തു. നബിﷺ പറഞ്ഞു, “എന്നാൽ നമുക്ക് മുന്നോട്ടു പോകാം “. അങ്ങനെ അവർ സഞ്ചാരം തുടർന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.
Mahabba Campaign Part-412
Tweet 412
മക്കയിലേക്കുള്ള വഴിയിൽ മുസ്‌ലിം സംഘം മുന്നോട്ടു നീങ്ങി. ഇടയിൽ വച്ച് നബിﷺ പറഞ്ഞു. “ഖാലിദ് ബ്നു വലീദിന്റെ നേതൃത്വത്തിൽ ഖുറൈശികളുടെ ഒരു കുതിരപ്പട ഗുമൈമിൽ എത്തിയിട്ടുണ്ട്. അതുകൊണ്ട് നമുക്ക് വലതുഭാഗത്തേക്ക് ചേർന്ന് പുതിയ വഴിയെ സഞ്ചരിക്കാം “. നബിﷺയുടെ യാത്രാസംഘം പിന്നെയും മുന്നോട്ട് നീങ്ങി. സനിയ്യയിലെത്തിയപ്പോൾ നബിﷺയുടെ ഒട്ടകം മുട്ടുകുത്തി. അപ്പോൾ നബിﷺ പറഞ്ഞു. “അങ്ങനെ നമ്മുടെ ഒട്ടകം നടക്കാതിരിക്കില്ലല്ലോ! ആനയെത്തടഞ്ഞവൻ തടഞ്ഞു വച്ചിട്ടുണ്ടാകും !”. അഥവാ, അല്ലാഹുവിന്റെ ആജ്ഞ പ്രകാരമായിരിക്കും എന്ന് സാരം. പിന്നെയും ആ ഒട്ടകത്തെ നടത്താൻ പലരും ശ്രമിച്ചു. പക്ഷേ, അത് മുന്നോട്ടു നീങ്ങിയില്ല. മറിച്ച് ഹുദൈബിയയുടെ ഭാഗത്ത് വെള്ളമുള്ള ഒരു സ്ഥലത്തേക്ക് ചാടി അതവിടെ നിലയുറപ്പിച്ചു. എല്ലാവരും ആ ജലസ്രോതസ്സിൽ നിന്ന് പാനം ചെയ്തു. ക്രമേണ അതിൽ വെള്ളം കുറഞ്ഞപ്പോൾ നബിﷺയുടെ നിർദേശപ്രകാരം അവിടുത്തെ ആവനാഴിയിൽ നിന്ന് ഒരു അമ്പെടുത്തു വയ്ക്കുകയും അദ്ഭുതകരമായി വീണ്ടും വെള്ളം വർധിക്കുകയും എല്ലാവർക്കും വേണ്ടുവോളം ലഭിക്കുകയും ചെയ്തു.
അബ്രഹത്തിന്റെ ആനപ്പടയെ അല്ലാഹു തടഞ്ഞത് കഅ്ബ അക്രമിക്കപ്പെടാതിരിക്കാനാണെങ്കിൽ, മുത്തുനബിﷺയുടെ ഒട്ടകത്തിന് അനുമതി നൽകാതിരുന്നത് അടുത്ത ഒരു മഹാവിജയത്തോടെ നബിﷺയും സംഘവും മക്കയിലേക്ക് വന്നാൽമതി എന്ന നിലയ്ക്കായിരുന്നു.
അതാഉ ബിൻ മർവാൻ (റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു : “ഹുദൈബിയയിലേക്ക് എത്തിച്ചേർന്നപ്പോൾ ജനങ്ങൾക്ക് ജലക്ഷാമം നേരിട്ടു. അപ്പോൾ പ്രവാചകൻﷺ അവിടുത്തെ ആവനാഴിയിൽ നിന്ന് ഒരമ്പെടുത്ത് എന്നെ ഏൽപ്പിച്ചു. എന്നിട്ട് ഒരു ബക്കറ്റ് വെള്ളം കൊണ്ടുവരാനാവശ്യപ്പെട്ടു. അതിൽനിന്ന് അംഗസ്നാനം ചെയ്തു, അവിടുത്തെ ഉമിനീർ കൂടി ചേർന്ന വെള്ളം തൊട്ടടുത്തുള്ള ജലം കുറഞ്ഞ കിണറ്റിലേക്ക് തന്നെയൊഴിച്ചു. എന്നിട്ട് എന്നോട് കിണറ്റിലിറങ്ങി അമ്പ് വെള്ളത്തിൽ മുക്കി വയ്ക്കാൻ പറഞ്ഞു. ഞാനങ്ങനെ ചെയ്തതും ജലനിരപ്പ് ഉയരാൻ തുടങ്ങി. കിണറിന്റെ വക്കുവരെ വെള്ളം എത്തിച്ചേരുകയും ജനങ്ങൾക്ക് ചുറ്റുഭാഗത്തും നിന്ന് വെള്ളം കോരിയെടുക്കാൻ സൗകര്യപ്പെടുകയും ചെയ്തു.
ഈ സമയത്ത് അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ നേതൃത്വത്തിൽ ഒരുപറ്റം കപട വിശ്വാസികൾ സംഘം ചേർന്ന് നിന്ന് പ്രവാചകരെﷺ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. സ്വഹാബികൾ അവനെക്കുറ്റപ്പെടുത്തുകയും ഒടുവിൽ അവൻ നബിﷺയോട് അല്ലാഹുവിൽ നിന്ന് പാപമോചനത്തിനു വേണ്ടി പ്രാർഥിക്കാനാവശ്യപ്പെടുകയും ചെയ്തു “.
ഹുദൈബിയ്യയിൽ വെള്ളം ലഭിച്ചതുമായി ബന്ധപ്പെട്ട വേറിട്ട ഒരു നിവേദനം ഇമാം ബുഖാരി(റ)യും ഇമാം അഹ്മദും(റ) ഉദ്ധരിച്ചിട്ടുണ്ട്. മഹാനായ ബറാഅ (റ) പറയുന്നു, “ഞങ്ങൾ 1400 ആളുകൾ നബിﷺക്കൊപ്പം ഹുദൈബിയ്യയിൽ ഉണ്ടായിരുന്നു. ശക്തമായ ചൂടുള്ള സമയം. അവിടെ സമീപത്ത് ഒരു കിണറിന്റെ ചുറ്റും അമ്പതോളം ആടുകളുണ്ട്. അവയ്ക്കും ആ കിണറ്റിൽ നിന്ന് ഒരിറ്റു വെള്ളം പോലും കിട്ടാനില്ല. ജനങ്ങൾ വെള്ളമില്ലാതെ വേവലാതിപ്പെടുകയും നബിﷺയോട് ആവലാതി പറയുകയും ചെയ്തു. നബിﷺ ആ കിണറ്റിൻ വക്കിൽ വന്നിരുന്നു. സംഘത്തോടൊപ്പമുണ്ടായിരുന്ന ഒരംഗത്തോട് വെള്ളത്തിൽ നിന്ന് അല്പം ഒരു പാത്രത്തിൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതിൽ നിന്ന് ആ പാത്രത്തിലേക്ക് തന്നെ അംഗസ്നാനം ചെയ്തു. അതോടെ അതിൽ ജലം പ്രവഹിക്കുകയും ഒരു അരുവി പോലെ ആവുകയും ചെയ്തു. ഞങ്ങളും ഒപ്പമുള്ള മൃഗങ്ങളുമെല്ലാം ആവശ്യം പോലെ വെള്ളമുപയോഗിച്ചു. ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് അവസാനം കിണറിന്റെ അടുക്കൽ നിന്ന് പോന്ന ആൾ വെള്ളത്തിൽ മുങ്ങിപ്പോകാതിരിക്കാൻ വസ്ത്രം ഉയർത്തിപ്പിടിച്ചു കൊണ്ടായിരുന്നു വന്നത് “.
ഹുദൈബിയ്യയും വെള്ളവും പരാമർശിക്കുന്ന മറ്റൊരു നിവേദനം കൂടി ഇമാം ബുഖാരി (റ) ഉദ്ധരിച്ചിട്ടുണ്ട്. സലമത്തുബിന് അക്’വഇൽ (റ) നിന്ന് ജാബിർ (റ) എന്നവരാണ് ഉദ്ധരിക്കുന്നത്. “ഹുദൈബിയയിൽ വച്ച് ജനങ്ങൾ വിവശരായി. വെള്ളം ലഭിക്കാതെ പ്രയാസപ്പെട്ടു. നബിﷺയുടെ അടുക്കൽ ഒരു കൊച്ചു തോൽപ്പാത്രത്തിൽ അല്പം വെള്ളം ഉണ്ടായിരുന്നു. ജാബിർ (റ) പറയുന്നു. സായാഹ്നമായപ്പോൾ ഞങ്ങളുടെയാരുടെയും പക്കൽ വെള്ളമുണ്ടായിരുന്നില്ല. പാത്രങ്ങളുടെ അടിത്തട്ടിൽ മിച്ചം വന്ന അല്പം വെള്ളം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അത് ഒരു പാത്രത്തിൽ ഒരുമിച്ചുകൂട്ടി തിരുനബിﷺയുടെ സന്നിധിയിലെത്തിച്ചു. നബിﷺ അതിൽ നിന്ന് അംഗസ്നാനം ചെയ്തു. അപ്പോഴേക്കും മറ്റുള്ള ജനങ്ങൾ നബിﷺയുടെ ചുറ്റും കൂടി. അവർ പറഞ്ഞു അല്ലയോ , അല്ലാഹുവിന്റെ ദൂതരെ! ﷺ പാനം ചെയ്യാനോ കൈകാര്യം ചെയ്യാനോ ഞങ്ങളുടെ പക്കൽ തീരെ വെള്ളമില്ല. അവിടുത്തെ ആ കൊച്ചു തോൽ പാത്രത്തിലുള്ളത് മാത്രമേ വെള്ളമായി ഇനിയുള്ളൂ. നബിﷺയുടെ തിരുകരം ആ പാത്രത്തിന്റെ ഉള്ളിലേക്ക് ഇറക്കിവച്ചു. അദ്ഭുതമെന്നു പറയട്ടെ, അവിടുത്തെ വിരലുകൾക്കിടയിൽ നിന്ന് വെള്ളം പ്രവഹിക്കാൻ തുടങ്ങി. ഉറവപൊട്ടി വരുന്നതുപോലെ ! പാത്രത്തിൽ വെള്ളം നിറഞ്ഞു. ഞങ്ങളെല്ലാവരും കുടിക്കുകയും അംഗസ്നാനം നടത്തുകയും ചെയ്തു. ഇത്രയും പറഞ്ഞപ്പോൾ ജാബിറി(റ)നോട് സാലിം ബിൻ അബൂ ജഅദ് ചോദിച്ചു, നിങ്ങളന്ന് എത്രയാളുകളുണ്ടായിരുന്നു ? അപ്പോൾ ജാബിർ (റ) പറഞ്ഞു. ഒരു ലക്ഷം ആളുകൾ ഉണ്ടായാലും വെള്ളം ലഭിക്കുമായിരുന്നു. അന്നു ഞങ്ങൾ 5000 പേരാണ് ഉണ്ടായിരുന്നത് “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet412
Mahabba Campaign Part-413
Tweet 413
ഹുദൈബിയ്യയിലെ താമസക്കാലത്തെ ഒരു സംഭവം കൂടി നമുക്ക് വായിക്കാം. സൈദ് ബിന് ഖാലിദ് (റ) പറയുന്നു : “ഞങ്ങൾ ഹുദൈബിയ്യയിലായിരിക്കെ, ഒരു രാത്രിയിൽ മഴ പെയ്‌തു. അന്ന് പ്രഭാത നിസ്ക്കാരം കഴിഞ്ഞു നബിﷺ സ്വഹാബികൾക്ക് അഭിമുഖമായിരുന്നു സംസാരിച്ചു. അവിടുന്ന് ചോദിച്ചു. അല്ലാഹു എന്താണ് പറഞ്ഞതെന്ന് നിങ്ങൾക്കറിയുമോ? അല്ലാഹുവിനും അവന്റെ ദൂതനുംﷺ അറിയാം എന്ന് അനുചരന്മാർ പ്രതികരിച്ചു. അപ്പോൾ നബിﷺ ഇങ്ങനെ പറഞ്ഞു. അല്ലാഹു പറയുന്നു. ഇന്നു പ്രഭാതമായപ്പോൾ ഒരു വിഭാഗം ആളുകൾ വിശ്വാസികളും മറ്റൊരു വിഭാഗം അവിശ്വാസികളുമായി. അല്ലാഹുവിന്റെ കാരുണ്യത്താൽ മഴ ലഭിച്ചു എന്ന് വിശ്വസിച്ചവർ എന്നെ അംഗീകരിക്കുകയും നക്ഷത്രങ്ങളെ അവിശ്വസിക്കുകയും ചെയ്തു. നക്ഷത്രങ്ങൾ അഥവാ രാശിയാണ് മഴ നൽകിയത് എന്ന് വിശ്വസിച്ചവർ എന്നെ അവിശ്വസിക്കുകയും നക്ഷത്രങ്ങളെ വിശ്വസിക്കുകയും ചെയ്തു “.
ഇമാം ഇബ്നു സഅ്ദ് (റ) ഉദ്ധരിക്കുന്നു. “ഹുദൈബിയ്യയിൽ വച്ചു മഴ പെയ്തു. ചെരുപ്പുകളുടെ അടിഭാഗം നനയാനായതേയുള്ളൂ, അപ്പോൾ മുത്തുനബിﷺയുടെ പ്രതിനിധി വിളിച്ചു പറഞ്ഞു. നിങ്ങൾ നിങ്ങളുടെ ടെന്റുകളിൽ നിസ്ക്കരിച്ചോളൂ.
അംറ് ബിൻ സാലിമും(റ) ബുസർ ബിൻ സുഫിയാനും(റ) നബിﷺക്കു ആടുകളെയും ഒട്ടകങ്ങളെയും സമ്മാനമായി നൽകി. അംറ് ബിൻ സാലിം (റ) കൂട്ടുകാരനായ സഅ്ദ് ബിൻ ഉബാദ (റ) എന്നവർക്ക് ഒട്ടകങ്ങളെ സമ്മാനിച്ചു. അദ്ദേഹം അവകളെയും കൊണ്ട് നബിﷺയെ സമീപിച്ചു. നബിﷺ അദ്ദേഹത്തിന് വേണ്ടി അനുഗ്രഹ പ്രാർഥന നടത്തി. ശേഷം ഒട്ടകത്തെ അറുത്തു അനുയായികൾക്കിടയിൽ വിതരണം ചെയ്യാൻ പറഞ്ഞു. ആടുകളെയും എല്ലാവർക്കും പങ്കുവച്ചു നൽകാൻ പറഞ്ഞു. അതിൽ നിന്നെല്ലാം ഒരു വിഹിതം മഹതിയായ ഉമ്മു സലമ(റ)യ്ക്കും ലഭിച്ചു. സമ്മാനങ്ങൾ നൽകിയവർക്ക് പുടവകൾ മറു സമ്മാനമായി നൽകാൻ നബിﷺ പറയുകയും ചെയ്തു “.
നബിﷺയും അനുയായികളും ഹുദൈബിയ്യയിൽ തമ്പടിച്ചു കഴിഞ്ഞപ്പോൾ ബുദൈൽ ബിൻ വർഖാഅ് എന്നയാൾ നബിﷺയെ സമീപിച്ചു.(ഇദ്ദേഹം പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു.) ഖുസാഅ ഗോത്രത്തിലെ ഒരു സംഘവും കൂടെയുണ്ടായിരുന്നു. അംറു ബിൻസാലിം (റ), ഖിറാഷ് ബിൻ ഉമയ്യ (റ), ഖാരിജത് ബിൻ കുർസ് (റ), യസീദ് ബിൻ ഉമയ്യ (റ) തുടങ്ങി നബിﷺ ആഭ്യന്തര കാര്യങ്ങളിൽ കൂടിയാലോചന നടത്തിയിരുന്നവരും സംഘത്തിൽ ഉൾപ്പെട്ടിരുന്നു. തിഹാമയിലെ ഒരു ചലനങ്ങളും അവരറിയാതെ നടന്നിരുന്നില്ല. വിശ്വാസികളും പൊതുക്ഷേമം താല്പര്യപ്പെടുന്നവരും ഉൾപ്പെട്ട ഒരു സംഘമായിരുന്നു അത്.
ഏതായാലും അവർ അഭിവാദ്യവാചകം (സലാം) ചൊല്ലിയ ശേഷം നബിﷺയോട് സംസാരിച്ചു തുടങ്ങി. ഞങ്ങൾ തങ്ങളുടെ ജനതയിൽ നിന്നാണ് വരുന്നത്. കഅ്ബ് ബിൻ ലുഅയ്യും ആമിർ ബിൻ ലുഅയ്യും ഉൾപ്പെടുന്ന ജനത. അഹ്ബാശുകൾ ഇളകിയിട്ടുണ്ട്.(ഹുബ്ശ പർവതത്തിന്റെ താഴ്‌വാരത്ത് വച്ച് ഉടമ്പടിയിൽ കൂടിയ ഗോത്രങ്ങൾക്കാണ് അഹ്ബാശ് എന്ന് പറയുക.) ഹുദൈബിയ്യയിലെ കിണറുകളുടെ കണക്കിന് സംഘങ്ങൾ പുറപ്പെട്ടിട്ടുണ്ട്. അവരുടെ കൂട്ടത്തിൽ സ്ത്രീകളും കുട്ടികളും അകിടു നിറഞ്ഞ ഒട്ടകങ്ങളും മുലയൂട്ടുന്ന ഉമ്മമാരും ഒക്കെയുണ്ട്. മക്കയിലേക്ക് പ്രവേശിക്കാൻ നിങ്ങളെ അനുവദിക്കില്ല എന്നാണവർ ശപഥം ചെയ്തിരിക്കുന്നത്.
ഞങ്ങൾ യുദ്ധത്തിന് വന്നതല്ലല്ലോ! ഞങ്ങൾ ഉംറ നിർവഹിക്കാൻ വന്നതാണ്, നബിﷺ പ്രതികരിച്ചു. ഞങ്ങൾ ശാന്തമായി മക്കയിൽ പ്രവേശിച്ച് കഅ്ബയെ പ്രദക്ഷിണം ചെയ്യാൻ വന്നതാണ്. അതിന് ആരെങ്കിലും തടസ്സം നിന്നാൽ ഞങ്ങൾക്ക് പ്രതിരോധിക്കേണ്ടി വരും. ബുദൈൽ നബിﷺയുടെ വർത്തമാനത്തിന്റെ ആശയം ഉൾക്കൊണ്ടു. അവിടെ നിന്ന് എഴുന്നേറ്റ് ഖുറൈശികളെ ലക്ഷ്യം വച്ചു നീങ്ങി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.
Mahabba Campaign Part-414
Tweet 414
ബുദൈലിന്റെ ആഗമനം കണ്ടവർ ഖുറൈശീ പ്രമുഖരോട് പറഞ്ഞു. “അതാ ബുദൈലും കൂട്ടുകാരും വരുന്നു. കാര്യങ്ങൾ ഒന്നന്വേഷിച്ചാലോ?” അവർ പറഞ്ഞു. “ഒന്നും അവരോടു ചോദിക്കേണ്ടതില്ല “. അപ്പോഴേക്കും ബുദൈൽ അടുത്തെത്തി. ആരും ഒന്നും ചോദിക്കുന്നില്ലെന്ന് വന്നപ്പോൾ അദ്ദേഹം തന്നെ പറഞ്ഞു തുടങ്ങി. “ഞങ്ങൾ മുഹമ്മദ് നബിﷺയുടെ അടുത്ത് നിന്നു വരുകയാണ്. അവിടുത്തെ കാര്യങ്ങൾ ഞങ്ങൾ ഒന്നു പങ്കുവച്ചാലോ?”
അബൂജഹലിന്റെ മകൻ ഇക്രിമയും ഹകമു ബിനുൽ ആസ്വും പറഞ്ഞു.(രണ്ടു പേരും പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു) “അവരുടെ വർത്തമാനമൊന്നും ഇവിടെപ്പറയേണ്ടതില്ല. നമ്മുടെ തീരുമാനം അവർക്ക് അറിയിച്ചു കൊടുക്കുക. ഏതായാലും ഇക്കൊല്ലം മക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. നമ്മളിൽ അവസാനത്തെ വ്യക്തിയും മരിച്ചു വീഴാതെ അത് സാധ്യമല്ലെന്നും അറിയിക്കുക “.
അപ്പോൾ ഉർവത് ബിൻ മസ്ഊദ്( ഇദ്ദേഹവും പിൽക്കാലത്തു ഇസ്‌ലാം സ്വീകരിച്ചു) പറഞ്ഞു . “ബുദൈൽ പറയുന്നത് നമുക്കൊന്നുകേട്ടു നോക്കാം. സ്വീകരിക്കാവുന്നതാണെങ്കിൽ സ്വീകരിക്കാം. അല്ലെങ്കിൽ വേണ്ടെന്നു വയ്ക്കാം “. ഉടനെ സഫ്‌വാൻ ബിൻ ഉമയ്യയും ഹാരിസ് ബിൻ ഹിശാമും( രണ്ടു പേരും പിൽക്കാലത്തു ഇസ്‌ലാം സ്വീകരിച്ചു) പറഞ്ഞു. “എന്നാൽ പറയട്ടെ, എന്തൊക്കെയാണവർ അവിടുന്ന് കാണുകയും കേൾക്കുകയും ചെയ്തതെന്ന് നമുക്ക് കേൾക്കാം “.
ബുദൈൽ പറയാൻ തുടങ്ങി. “നിങ്ങൾ മുഹമ്മദ് നബിﷺയുടെ കാര്യത്തിൽ ധൃതി കാണിക്കുകയാണ്. അവർ യുദ്ധത്തിന് വന്നതല്ല. അവർ ഉംറ ചെയ്തു പോകാൻ വേണ്ടി മാത്രം വന്നതാണ് “. ഇത്രയും കേട്ടപ്പോൾ ഉർവ വീണ്ടും ഇടപെട്ടു. എന്നിട്ട് ഖുറൈശികളോട് ചോദിച്ചു. “നിങ്ങൾക്ക് എന്നെക്കുറിച്ച് എന്തെങ്കിലും സംശയങ്ങളുണ്ടോ?”
“ഇല്ല, ഞാൻ നിങ്ങൾക്ക് മകനും നിങ്ങൾ എനിക്ക് പിതാവിന്റെ സ്ഥാനത്തുമല്ലേ ?”
” അതെ, ഞാൻ നിങ്ങൾക്ക് വേണ്ടി ഉക്കാള് മാർക്കറ്റിലുള്ളവരുടെ അതൃപ്തി സമ്പാദിക്കുകയും ഒടുവിൽ അഭയം തേടി നിങ്ങളുടെയടുത്തേക്ക് വരുകയും ചെയ്തയാളല്ലേ? ”
” അതെ, ഞങ്ങൾക്ക് നിങ്ങളെ സംശയിക്കാൻ ഒരു ന്യായവുമില്ല “. അവർ തീർത്തു പറഞ്ഞു. ഉടനെ ഉർവ തുടർന്നു. “ഞാൻ നിങ്ങൾക്കു ഗുണകാംക്ഷിയും വിശേഷം വിശ്വസ്തനുമാണ്. എന്നെ നിങ്ങൾക്ക് വിശ്വസിക്കാം. എന്നാൽ ഞാൻ പറയട്ടെ. ബുദൈൽ ഒരു നല്ല കാൽവയ്പ്പുമായിട്ടാണ് വന്നിട്ടുള്ളത്. ഇതിനെക്കാൾ നല്ലത് പറയാൻ അയാളെക്കാൾ മോശമായ ഒരാൾക്കെ കഴിയൂ. അതവിടെയിരിക്കട്ടെ. ഞാൻ മുഹമ്മദ്ﷺയുടെ അടുത്തേക്ക് പോയി കാര്യം ഒന്ന് സ്ഥിരീകരിച്ചിട്ടു വന്നാലോ? അങ്ങനെയെങ്കിൽ നിങ്ങളുടെ പ്രതിനിധിയായിട്ട് ഞാൻപോയിട്ടു വരാം “.
അതുപ്രകാരം ഉർവ നബിﷺയുടെ അടുത്തേക്ക് പുറപ്പെട്ടു. നബിﷺയുടെ സന്നിധിയിലെത്തി. നബിﷺയോട് സംസാരിച്ചു തുടങ്ങി.
“കഅ്ബു ബിൻ ലുഅയ്യും അംർ ബിൻ ലുഅയ്യും ഹുദൈബിയ്യയിലെ കിണറുകൾക്കടുത്തുണ്ട്. അവരോടൊപ്പം കറവയെത്തിയ ഒട്ടകങ്ങളും മുലയൂട്ടുന്ന സ്ത്രീകളും കുട്ടികളുമെല്ലാം സംഘമായി വന്നിട്ടുണ്ട്. പുലിത്തോലണിഞ്ഞ ഹബശികളും സംഘത്തിൽ ചേർന്നിട്ടുണ്ട്. അവർ സത്യം ചെയ്ത് പറയുന്നത്, നിങ്ങളെ മക്കയിലേക്ക് കടക്കാൻ അനുവദിക്കില്ല എന്നാണ്. ഇവിടെ രണ്ടാലൊന്നു സംഭവിക്കും. ഒന്നുകിൽ നിങ്ങളുടെ ജനത നാശത്തിലേക്ക് എത്തും. അല്ലെങ്കിൽ, നിങ്ങളോടൊപ്പമുള്ളവർ നിന്ദ്യന്മാരായി മാറും. നിങ്ങളോടൊപ്പം മാന്യന്മാരും കുലീനന്മാരുമായ ആരെയും കാണുന്നില്ലല്ലോ. എല്ലാവരും ദരിദ്ര്യരും പാവപ്പെട്ടവരും മാത്രം. അവരുടെ കുടുംബങ്ങളോ ഗോത്രങ്ങളോ ഒന്നും എനിക്ക് മനസ്സിലാകുന്നില്ല. ഒരു പ്രതിസന്ധിയുണ്ടായാൽ അവരെല്ലാം നിങ്ങളെ വിട്ടു പോകും. നിങ്ങൾ ഖുറൈശികളോട് നേരിടാൻ പോയാൽ അവർ നിങ്ങളെ അധീനപ്പെടുത്തുകയും ബന്ദിയാക്കുകയും ചെയ്യും. അതിനെക്കാൾ പ്രതിസന്ധിയുള്ള എന്താണ് നിങ്ങൾക്ക് നേരിടാനുള്ളത് ?”
ഇത്രയും പറഞ്ഞപ്പോഴേക്കും നബിﷺയുടെ പിന്നിലിരുന്ന അബൂബക്കർ സിദ്ദീഖ് (റ) ഇടപെട്ടു. “നീ നിന്റെ ദൈവത്തിന്റെ മാനം പോയിക്കവർന്നോളൂ. എന്താണിപ്പറയുന്നത് ? ഞങ്ങൾ പ്രവാചകനെﷺയും വിട്ട് പിന്തിരിഞ്ഞോടുമെന്നോ?” ദേഷ്യത്തോടെ സിദ്ദീഖ് (റ) ചോദിച്ചു.
അപ്പോൾ ഉർവ ചോദിച്ചു “ഇതാരാണ്? അബൂബക്കറേ, (റ). ഞാനും നിങ്ങളുമായി ഒരു ബന്ധം ഇല്ലായിരുന്നെങ്കിൽ ഞാൻ നിങ്ങൾക്ക് കാണിച്ചു തരാമായിരുന്നു. വ്യക്തമായി ഇതിന് ഉത്തരം ഞാൻ പറയുമായിരുന്നു “. മുമ്പൊരിക്കൽ ബ്ലഡ് മണി ആവശ്യമായ സമയത്ത് പലരും ഒന്നും രണ്ടും വിഹിതം നൽകി സഹായിച്ചപ്പോൾ 10 വിഹിതം നൽകി സഹായിച്ച ആളായിരുന്നു അബൂബക്കർ(റ). അതുകൊണ്ടാണ് ഉർവയ്ക്ക് അബൂബക്കറി(റ)നെ അവഗണിക്കാനാവാതിരുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet414
Mahabba Campaign Part-415
Tweet 415
ഉർവ നബിﷺയുമായുള്ള സംഭാഷണം തുടർന്നു. സംസാരത്തിനിടെ പലപ്രാവശ്യം അദ്ദേഹത്തിന്റെ കൈ തിരുനബിﷺയുടെ താടിക്കുനേരെ നീണ്ടു. താടിയിൽപ്പിടിച്ച് സംസാരിക്കാൻ ഒരുങ്ങിയ അദ്ദേഹത്തിന്റെ കൈ ഉയർന്നപ്പോഴെല്ലാം മുഗീറതു ബിൻ ശുഅ്ബ (റ) അദ്ദേഹത്തിന്റെ കൈയിൽത്തട്ടി. നബിﷺയുടെ ശിരസ്സിന്റെ ഭാഗത്തുനിന്ന് മുഗീറ (റ) തന്റെ കൈയിലുണ്ടായിരുന്ന വാളിന്റെ പിടി കൊണ്ടാണ് ഉർവയുടെ കൈ തടഞ്ഞുകൊണ്ടിരുന്നത്. ഇത് പലപ്രാവശ്യം ആവർത്തിച്ചപ്പോൾ മുഗീറ (റ) പറഞ്ഞു. “നീ നിന്റെ കൈ നിയന്ത്രിച്ചു വച്ചിട്ട് സംസാരിക്കുക. നിന്റെ കൈകൊണ്ട് ഞങ്ങളുടെ നേതാവിന്റെ താടിയിൽപ്പിടിക്കാൻ പാടില്ല. ഇനിയും ആവർത്തിച്ചാൽ കളി മാറും “. ഇത് കേട്ടതും ഉർവയ്ക്ക് ദേഷ്യം പിടിച്ചു. അയാൾ ചോദിച്ചു, “ആരാണ് എന്റെ സംഭാഷണം മുടക്കാൻ വേണ്ടി ഇടയിൽ ഇടപെടുന്നത്! അവന് നാശമുണ്ടാകട്ടെ “. വീണ്ടും ചൂടായി സംസാരിച്ചപ്പോൾ പുഞ്ചിരിച്ചുകൊണ്ട് നബിﷺ പറഞ്ഞു. “അത് നിങ്ങളുടെ സഹോദരന്റെ മകൻ മുഗീറ (റ) ആണ് “.
“ഓ! നീയാണ് അല്ലേ ? ഉക്കാള് മാർക്കറ്റിൽ വച്ച് പണ്ട് നമ്മൾ തമ്മിലുണ്ടായ ആ പഴയ ചൊടിപ്പ് അവസാനിച്ചിട്ടില്ല. സഖിഫ് ഗോത്രത്തോടുള്ള പക അന്ത്യനാൾ വരെ അവസാനിക്കുകയില്ല “.
ഉർവ നബിﷺയും അനുചരന്മാരും തമ്മിലുള്ള പെരുമാറ്റങ്ങൾ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അയാളെ അദ്ഭുതപ്പെടുത്തുന്ന പല കാഴ്ചകളും കാണാനായി. പ്രവാചകൻﷺ ഒന്ന് തുപ്പാനൊരുങ്ങിയാൽ അത് നിലത്ത് വീഴുമായിരുന്നില്ല ! അനുചരന്മാർ അത് കൈയിൽ വാങ്ങുകയും അതിന്റെ അനുഗ്രഹം സ്വീകരിക്കുകയും ചെയ്തിരുന്നു. അത്യധികം സുഗന്ധമുള്ള ഉമിനീർ അവർ ശരീരത്ത് പുരട്ടുകയും ചെയ്യും. അവിടുന്ന് അംഗസ്നാനം ചെയ്താൽ വെള്ളം നിലത്തുവീഴാൻ അവർ അനുവദിക്കില്ല. അവരത് വേഗം കൈയിൽ വാങ്ങും. എന്തെങ്കിലും അവിടുന്ന് കൽപ്പിക്കുന്നുണ്ടോ എന്ന് എല്ലാവരും കാതോർത്തിരിക്കും. ഒന്നനങ്ങിയാൽ മതി, എല്ലാവരും അടുത്തേക്കോടിയെത്തും. കൽപ്പനകളനുസരിക്കാൻ അവർ തമ്മിൽ മത്സരമാണ്. തിരു സന്നിധിയിൽ അവർ ശബ്ദം താഴ്ത്തിയേ സംസാരിക്കൂ. അത്യാദരവ് കാരണം ആവശ്യത്തിനല്ലാതെ നേരിട്ട് നോക്കുക പോലും ചെയ്യില്ല.
തന്റെ സംഭാഷണവും നബിﷺയുടെ മറുപടിയും കഴിഞ്ഞ് ഉർവ ഖുറൈശികളിലേക്ക് തന്നെ മടങ്ങി. ഖുറൈശീ നേതാക്കളുടെ മുന്നിൽച്ചെന്ന് ഉർവ വർത്തമാനമാരംഭിച്ചു. “ഞാൻ ഒരുപാട് രാജാക്കന്മാരെ സന്ദർശിച്ചിട്ടുണ്ട്. കിസ്രയും കൈസറും നെഗസും എല്ലാം അതിൽപ്പെടും. എന്നാൽ അവരാരും മുഹമ്മദ് നബിﷺ അനുയായികളാൽ ആദരിക്കപ്പെടുന്നത് പോലെ ആദരിക്കപ്പെടുന്നത് ഞാൻ കണ്ടിട്ടില്ല. മുഹമ്മദ് നബിﷺയെ അനുയായികൾ അനുസരിക്കുന്നതു പോലെ മേൽ പ്പറയപ്പെട്ട ഒരു രാജാവിനെയും പ്രജകൾ അനുസരിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞിട്ടില്ല. എത്രമേൽ എന്നു പറഞ്ഞാൽ, മുഹമ്മദ് നബിﷺ ഒന്ന് തുപ്പാനൊരുങ്ങിയാൽ അനുയായികളുടെ കൈ മുന്നിലേക്ക് നീളും. അത് നിലത്ത് വീഴാൻ അവരനുവദിക്കില്ല. അവിടുത്തെ ശിരസ്സിൽ നിന്ന് ഒരു രോമം പോലും നിലത്ത് പതിക്കാൻ അവർ സമ്മതിക്കുന്നില്ല. അതവർ കൈയിൽ വാങ്ങി സംരക്ഷിക്കുന്നു. നബിﷺയുടെ അനുമതിയില്ലാതെ സദസ്സിൽ ആരും സംസാരിക്കില്ല.
അല്ലയോ ഖുറൈശികളേ, എനിക്ക് നിങ്ങളോട് ഉപദേശിക്കാനുള്ളത് നിങ്ങൾ നിങ്ങളുടെ നിലപാടിൽ ഒന്നു മാറ്റം വരുത്തണം. അവരോട് പോരിനു പോയാൽ ജയിക്കും എന്ന് തോന്നുന്നില്ല. അവരോടൊപ്പമുള്ള സ്ത്രീകൾപ്പോലും അങ്ങനെയങ്ങ് നിങ്ങൾക്ക് വഴങ്ങണമെന്നില്ല. ഞാൻ നിങ്ങൾക്ക് ഗുണം ഉദ്ദേശിച്ച് പറയുകയാണ്. ഈ പുണ്യസ്ഥലത്ത് ബലിദാനം നടത്താൻ ബലി മൃഗങ്ങളെക്കൊണ്ട് വരുകയും വിശുദ്ധ ഭവനത്തെ ആദരിച്ചു സന്ദർശിക്കാൻ വരുകയും ചെയ്തവരെത്തടഞ്ഞു വച്ചാൽ നിങ്ങൾക്ക് ജയിക്കാനാവുമോ എന്നതിൽ എനിക്ക് ആശങ്കയുണ്ട് “. ഇത്രയുമായപ്പോഴേക്കും ഖുറൈശികൾക്ക് ദേഷ്യം പിടിച്ചു. “അല്ലയോ , അബൂ യഅ്ഫൂർ ! ഇനി ഈ വിഷയം നിങ്ങൾ സംസാരിക്കരുത്. മറ്റൊന്നും നിങ്ങൾക്ക് സംസാരിക്കാനില്ലേ? ഇക്കൊല്ലം എന്തായാലും അവർ മടങ്ങിപ്പോയേ പറ്റൂ. വേണമെങ്കിൽ അവർ അടുത്ത കൊല്ലം വന്നോട്ടെ “. ഉടനെ ഉർവ തിരിച്ചു പറഞ്ഞു. “നിങ്ങൾക്ക് വലിയ വിപത്തുകൾ വരാതിരിക്കട്ടെ “. ശേഷം അദ്ദേഹവും അനുയായികളും ത്വാഇഫിലേക്ക് മടങ്ങി.
അപ്പോൾ അഹ്ബാശുകളുടെ നേതാവായ ഹലൈസ് ബിൻ അൽഖമ എഴുന്നേറ്റു. അയാൾ പറഞ്ഞു, “ഞാനൊന്നു പോയി വരട്ടെ “. അയാൾ നബിﷺയും അനുയായികളും താമസിക്കുന്ന സ്ഥലത്തേക്ക് വന്നു. അവർ ചൊല്ലുന്ന തൽബിയത്തുകൾ കേട്ടു. ഒപ്പം കൊണ്ടുവന്ന ബലി മൃഗങ്ങളെക്കണ്ടു. അവരുടെ ജീവിതം അടിമുടിയൊന്ന് നിരീക്ഷിച്ചു. എന്നിട്ടയാൾ പറഞ്ഞു, “ഖുറൈശികൾക്ക് നാശം. അല്ലാഹുവിന്റെ വീട്ടിലേക്ക് നല്ല ഉദ്ദേശ്യത്തോടെ ആരാധന കർമങ്ങൾക്ക് വന്നവരെയാണല്ലോ അവർ തടയുന്നത് “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ-ബുഖാരി
#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet415
.
Mahabba Campaign Part-416
Tweet 416
ഇബ്നു സഅ്ദി(റ)ന്റ നിവേദന പ്രകാരം ഹുലൈസ് വിദൂരത്തുനിന്ന് തന്നെ നബിﷺയോട് സംസാരിക്കുകയായിരുന്നു. അവിടുത്തെ ആദരവും പ്രൗഢിയും അടുത്തേക്ക് ചെല്ലാൻ അദ്ദേഹത്തെ അനുവദിച്ചില്ല. ഒടുവിൽ അദ്ദേഹം പറഞ്ഞുവത്രേ, “ഒന്നുകിൽ നബിﷺക്കും സംഘത്തിനും സുഖമായി മക്കയിൽ പ്രവേശിക്കാൻ ഞങ്ങൾ അനുവദിക്കും. അല്ലെങ്കിൽ, ഞങ്ങൾ അഹ്ബാശുകൾ ഒറ്റ സംഘമായി ഇവിടുന്ന് പിന്തിരിഞ്ഞു പോകും “. ഈ വർത്തമാനം കേട്ട ഖുറൈശികൾ പറഞ്ഞു, “ഇക്കാര്യത്തിൽ നിങ്ങൾ ഇടപെടരുത്. ഞങ്ങൾക്ക് ഞങ്ങളുടേതായ തീരുമാനമെടുക്കാൻ നിങ്ങൾ അനുവദിക്കൂ “.
മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. “ഖുറൈശികൾ പറഞ്ഞു. അല്ലയോ അഅ്റാബിയായ മനുഷ്യാ! നിങ്ങൾക്ക് കാര്യങ്ങൾ അറിയില്ല. മുഹമ്മദ് നബിﷺയിൽ നിന്ന് നിങ്ങൾ കണ്ടതെല്ലാം വ്യാജമാണ്. അപ്പോൾ മിക്രസ് ബിൻ ഹഫ്‌സ് എന്നയാൾ പറഞ്ഞു. ഞാൻ ഒന്ന് പോയിട്ട് വരട്ടെ. എന്തൊക്കെയാണ് ഇവിടുത്തെ രംഗമെന്ന് ഞാനൊന്നു മനസ്സിലാക്കട്ടെ. അയാൾ കടന്നു വരുന്ന രംഗം കണ്ടപ്പോൾത്തന്നെ നബിﷺ പറഞ്ഞു. അയാൾ ചതിയനായിട്ടാണ് വന്നുകൊണ്ടിരിക്കുന്നത്. ഏതായാലും അയാൾ വന്നു നബിﷺയോട് സംസാരിച്ചു. ബുദൈലും ഉർവയും സംസാരിച്ച കാര്യങ്ങൾ തന്നെയായിരുന്നു അദ്ദേഹം പറഞ്ഞത്. നബിﷺ അവർ രണ്ടുപേരോടും പ്രതികരിച്ച അതേ രീതിയിൽത്തന്നെ ഇദ്ദേഹത്തോടും കാര്യങ്ങൾ പറഞ്ഞു. അയാൾ മടങ്ങിപ്പോവുകയും ചെയ്തു.
രംഗങ്ങൾ ഇത്രയൊക്കെയായപ്പോൾ ഖുറൈശികളിലേക്ക് ഒരു ദൂതനെ അയച്ചാലോ എന്ന് നബിﷺ ആലോചിച്ചു. നബിﷺയുടെ തന്നെ സഅ്ലബ് എന്ന ഒട്ടകത്തിന്റെ മേൽ നബിﷺ ഖിറാശ് ബിൻ ഉമയ്യ (റ) എന്ന വ്യക്തിയെ ഖുറൈശികളിലേക്ക് നിയോഗിച്ചു. ഖുറൈശീ പ്രമുഖരോട് നബിﷺയുടെ സന്ദേശം കൈമാറാൻ വേണ്ടിയായിരുന്നു ഈ നിയോഗം. അങ്ങനെ അദ്ദേഹം ഖുറൈശികളുടെയടുക്കലെത്തി. ഇക്രിമ (പിൽക്കാലത്ത് ഇദ്ദേഹം മുസ്‌ലിമായി) ഖിറാശ് സഞ്ചരിച്ചു വന്ന ഒട്ടകത്തെ അറുത്തു. ഖുറൈശികൾ ഇദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചെങ്കിലും അഹ്ബാശുകൾ അനുവദിച്ചില്ല. ഒടുവിൽ അദ്ദേഹം സുരക്ഷിതമായി നബിﷺയുടെ അടുക്കലേക്ക് തിരിച്ചെത്തി.
ഇമാം ബൈഹഖി(റ)യുടെ നിവേദന പ്രകാരം ഇങ്ങനെയാണ്. നബിﷺയും സംഘവും ഹുദൈബിയ്യയിൽ എത്തിയപ്പോൾ ഖുറൈശികൾക്ക് എന്ത് ചെയ്യണം എന്നറിയാതെയായി. നബിﷺ ഒരു ദൂതനെ ഖുറൈശികളിലേക്ക് അയച്ചാലോ എന്ന് ആലോചിച്ചു. അങ്ങനെ ഉമറുബ്നുൽ ഖത്വാബി(റ)നെ വിളിച്ചു. കാര്യങ്ങളാലോചിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. എന്നോട് അവർക്കുള്ള ശത്രുത വലുതാണ്. അവർ എന്നെ ആക്രമിക്കാൻ വന്നാൽ തടുക്കാൻ അതിയ്യ് ഗോത്രക്കാരായ ആരും തന്നെ അവിടെയില്ല. തങ്ങൾ അവിടുന്ന് താല്പര്യപ്പെടുകയാണെങ്കിൽ എനിക്ക് പോകുന്നതിനു പ്രശ്നമൊന്നുമില്ല. പക്ഷേ, കാര്യം ഇങ്ങനെയൊക്കെയാണ്.
അപ്പോൾ നബിﷺയൊന്നും പ്രതികരിച്ചില്ല. ഉമർ (റ) തുടർന്നു. മക്കയിലേക്ക് നിയോഗിക്കാൻ നല്ലയൊരാളെ ഞാൻ പറഞ്ഞു തരാം. എന്തുകൊണ്ടും അദ്ദേഹം എന്നെക്കാൾ ഉത്തമനാണ്. അദ്ദേഹത്തിന് എന്തെങ്കിലും നേരിട്ടാൽ ഇടപെടാൻ ഒരുപാട് ആളുകളവിടെയുണ്ട്. ഞാൻ ഉദ്ദേശിച്ചത് ഉസ്മാൻ ബിൻ അഫ്ഫാനെ(റ)യാണ്. ഉടനെ നബിﷺ ഉസ്മാനെ(റ) വിളിച്ചു. എന്നിട്ട് പറഞ്ഞു. നിങ്ങൾ ഖുറൈശികളുടെയടുത്തേക്ക് പോകണം. നമ്മൾ വന്നിട്ടുള്ളത് യുദ്ധത്തിനല്ലെന്നും ഉംറ നിർവഹിക്കാൻ വേണ്ടി മാത്രമാണെന്നും അവരോട് പറയണം. അവർക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊടുക്കണം. മക്കയിലെത്തി വിശ്വാസികളായ സ്ത്രീ പുരുഷന്മാരെ സന്ദർശിക്കണം. വൈകാതെത്തന്നെ നമുക്ക് വിജയം ലഭിക്കുമെന്ന് അവർക്ക് സന്തോഷ വാർത്ത അറിയിക്കുകയും വേണം. ഉസ്മാൻ (റ) യാത്രയാരംഭിച്ചു. ബൽദഹ് എന്ന സ്ഥലത്തെത്തിയപ്പോൾ ഖുറൈശികളെക്കണ്ടുമുട്ടി. അവർ ചോദിച്ചു, എങ്ങോട്ടാണ് പോകുന്നത് ? ഉടനെ ഉസ്മാൻ (റ) പറഞ്ഞു. എന്നെ അല്ലാഹുവിന്റെ ദൂതൻﷺ നിയോഗിച്ചതാണ്. നിങ്ങളോട് വന്നു സംസാരിക്കാൻ. നിങ്ങളെ എല്ലാവരെയും ഇസ്‌ലാമിലേക്ക് ക്ഷണിക്കാൻ. അതുകൊണ്ട് നിങ്ങളെ എല്ലാവരെയും ഞാൻ ഇസ്‌ലാമിലേക്ക് ക്ഷണിക്കുന്നു. അല്ലാഹു അവന്റെ മതത്തെ വിജയിപ്പിക്കും. അവന്റെ ദൂതന്ﷺ പ്രതാപം നൽകും. നിങ്ങളോട് പറയാൻ എന്നെ ഏൽപ്പിച്ചു വിട്ടു. ഞങ്ങൾ യുദ്ധത്തിനു വേണ്ടിയല്ല വന്നത്. ഞങ്ങൾ ഉംറ നിർവഹിക്കാൻ വേണ്ടി വന്നവരാണ്, നിർവഹിച്ചു ബലി മൃഗങ്ങളെയും അറുത്ത് ഞങ്ങൾ മടങ്ങിപ്പോകും.
ഉടനെ ഖുറൈശികൾ ഇങ്ങനെ പ്രതികരിച്ചു. “അതൊന്നും ഇവിടെ നടക്കില്ല. സംഘമായി ഇവിടെ പ്രവേശിക്കാൻ അനുവദിക്കില്ല. ഇങ്ങോട്ട് വരാൻ പറ്റില്ലെന്ന് നിങ്ങളുടെ നേതാവിനോട് പോയിപ്പറഞ്ഞുകൊള്ളൂ. അബാനുബിനു സഅ്ദ് രംഗത്തേക്ക് വന്നു.(പിൽക്കാലത്ത് അദ്ദേഹം വിശ്വാസിയായി) ഉസ്മാനി(റ)ന് അഭയം പ്രഖ്യാപിച്ചു. എന്നിട്ട് പറഞ്ഞു നിങ്ങൾ എന്തു ഉദ്ദേശിച്ചു വന്നു; അത് നിങ്ങൾ നിർവഹിച്ചു കൊള്ളൂ. രണ്ടുപേരും ഒരുമിച്ച് വാഹനപ്പുറത്തു കയറി. ഉസ്മാൻ (റ) മക്കയുടെ അതിർത്തി കടന്ന് ഉള്ളിലേക്ക് പ്രവേശിച്ചു. ഖുറൈശികളിൽ ഓരോരുത്തരെക്കണ്ടു വിഷയം അവതരിപ്പിക്കാൻ തുടങ്ങി. അവരാരും നബിﷺ മക്കത്തേക്ക് കടക്കാൻ സമ്മതം നൽകിയില്ല “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.
Mahabba Campaign Part-417
Tweet 417
ഒടുവിൽ ഖുറൈശികൾ ഉസ്മാനോ(റ)ട് പറഞ്ഞു. “നിങ്ങൾക്ക് വേണമെങ്കിൽ കഅ്ബയെ പ്രദക്ഷിണം ചെയ്തിട്ടു പോകാം. അഥവാ, ഉംറ നിർവഹിക്കാൻ ഞങ്ങൾ അനുവദിക്കാം “. ഉടനെ ഉസ്മാൻ (റ) പ്രതികരിച്ചു. “നബിﷺ കഅ്ബയെ പ്രദക്ഷിണം ചെയ്യുന്നതിനുമുമ്പ് ഞാൻ ആഗ്രഹിക്കുന്നില്ല. ഖുറൈശികളോട് സംസാരിച്ചും ചർച്ച ചെയ്തും മൂന്നുദിവസം ഉസ്മാൻ (റ) മക്കയിൽ തുടർന്നു.
ഉസ്മാനി(റ)നെ പ്രതിനിധിയായി അയച്ച ശേഷം ഹുദൈബിയ്യയിൽ ഉണ്ടായിരുന്ന സ്വഹാബികൾ നബിﷺയോട് പറഞ്ഞു. “ഉസ്മാൻ (റ) ഇപ്പോൾ ത്വവാഫ് ചെയ്തു കഴിഞ്ഞിട്ടുണ്ടാവും “. അപ്പോൾ നബിﷺ പറഞ്ഞു. “നമ്മൾ തവാഫ് ചെയ്യുന്നതിന് മുമ്പ് ഉസ്മാൻ (റ) ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല “. അപ്പോൾ സ്വഹാബികൾ പറഞ്ഞു. “അദ്ദേഹത്തിന് എന്താ ചെയ്തുകൂടാത്തത് ? സ്വതന്ത്രമായി അവിടെ എത്തിയില്ലേ ? നമ്മളിവിടെ ഉപരോധത്തിൽക്കഴിയുകയുമാണല്ലോ “. അപ്പോൾ നബിﷺ പറഞ്ഞു. “എന്റെ ധാരണ ഉസ്മാൻ (റ) അങ്ങനെ ചെയ്യില്ലെന്നാണ് “. ഒരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. “എത്ര കൊല്ലം ഉസ്മാൻ (റ) അവിടെ നിന്നാലും ഞാൻ ചെയ്യാതെ അദ്ദേഹം ത്വവാഫ് ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല “. ഉസ്മാൻ(റ) മടങ്ങിയെത്തിയപ്പോൾ സ്വഹാബികൾ ഓടിച്ചെന്നു. “അല്ല, നിങ്ങളുടെ ത്വവാഫ് ഒക്കെ കഴിഞ്ഞില്ലേ ” എന്നവർ ചോദിച്ചു. ഉടനെ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. “നിങ്ങൾ എന്നെക്കുറിച്ച് അങ്ങനെ തെറ്റിദ്ധരിച്ചുവോ? നബിﷺ ഹുദൈബിയ്യയിൽ ഉപരോധത്തിൽക്കഴിയവേ , ഒരു കൊല്ലം ഞാൻ മക്കത്ത് കഴിച്ചുകൂട്ടിയാലും നബിﷺ നിർവഹിക്കുന്നതിന് മുമ്പ് ഞാൻ ചെയ്യുമായിരുന്നില്ല. ഖുറൈശികൾ എന്നെ തവാഫ് ചെയ്യാൻ അനുവദിച്ചിരുന്നു. പക്ഷേ ഞാനത് നിരസിക്കുകയാണുണ്ടായത് “. അപ്പോൾ സ്വഹാബികളൊന്നടങ്കം പറഞ്ഞു. “നബിﷺയുടെ നല്ല ഭാവന എത്ര മെച്ചപ്പെട്ടതായിരുന്നു !”
ഹുദൈബിയ്യയിൽ താമസം തുടരവെ, ഒരു രാത്രിയിൽ നബിﷺ പറഞ്ഞു. നിങ്ങൾ ആരെങ്കിലുമൊക്കെ രാത്രി പാറാവുകാരായി നിൽക്കണം. അതുപ്രകാരം മൂന്നാളുകൾ ഊഴം വച്ച് രാത്രി കാവൽ നിൽക്കാൻ തീരുമാനിച്ചു. ഔസ് ബിൻ ഖൗലിയ്യ് (റ), അബ്ബാദ് ബിൻ ബിശ്റ് (റ), മുഹമ്മദ് ബിനു മസ്‌ലമ (റ) എന്നിവരായിരുന്നു ആ മൂന്നുപേർ. അങ്ങനെയിരിക്കെ, ഒരു രാത്രിയിൽ മിക്റസ് ബിൻ ഹഫ്സിന്റെ നേതൃത്വത്തിൽ 50 ആളുകളെ ഖുറൈശികൾ നബിﷺയുടെയും അനുയായികളുടെയും അടുത്തേക്കയച്ചു. മിഖ്റസ് ചതിക്കുന്ന ആളാണെന്ന് നേരത്തെത്തന്നെ നബിﷺ പറഞ്ഞിരുന്നു. നബിﷺയെയും അനുയായികളെയും വലയം ചെയ്യാൻ വേണ്ടി വന്ന ആ സംഘത്തെ മുഹമ്മദ് ബിനു മസ്‌ലമ (റ) പിടികൂടി. ഇതേ സമയത്ത് നബിയുടെ സമ്മതത്തോടുകൂടി മക്കയിലേക്ക് പോയ ഒറ്റപ്പെട്ട സ്വഹാബികളുംണ്ടായിരുന്നു. അവർ ഉസ്മാന്റെ(റ) സംരക്ഷണയിലാണ് മക്കയിൽ ഉണ്ടായിരുന്നത്. കുർസു ബിൻ ജാബിർ (റ), അബ്ദുല്ലാഹിബ്നു സുഹൈൽ (റ), അംറ് ബിൻ അബ്ദു ശംസ് (റ), അബ്ദുല്ലാഹിബ്നു ഹുദാഫാ (റ), അബുർറൂം ബിൻ ഉമൈർ (റ) തുടങ്ങിയവർ അക്കൂട്ടത്തിലുണ്ടായിരുന്നു.
തങ്ങളയച്ച സംഘത്തിൽ നിന്ന് ചിലരെ മുഹമ്മദ് ബിനു മസ്‌ലമ (റ) പിടികൂടിയിട്ടുണ്ട് എന്ന് ഖുറൈശികൾ അറിഞ്ഞു. അപ്പോഴേക്കും ചിലയാളുകൾ അമ്പും മറ്റുമായി മുസ്‌ലിംകൾക്ക് നേരെ തിരിഞ്ഞു. മക്കത്തുണ്ടായിരുന്ന വിശ്വാസികളെ പിടിച്ചുവച്ചു.
രംഗം ഇങ്ങനെയൊക്കെയായപ്പോൾ സുഹൈൽബിന് അംറിനെയും ഹുവൈത്വിബ് ബിൻ അബ്ദുൽ ഉസ്സയെയും ഖുറൈശികളുടെ പ്രതിനിധികളായി നബിﷺയോട് സംസാരിക്കാനയച്ചു.( ഇവർ രണ്ടുപേരും പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു) സുഹൈലിന്റെ ആഗമനം അറിഞ്ഞപ്പോൾ “നബിﷺ പറഞ്ഞു. ഇനി കാര്യങ്ങൾ എളുപ്പമാകും”. പേരിന്റെ അർഥം സൂചിപ്പിച്ചുകൊണ്ടാണ് നബിﷺ അങ്ങനെ പറഞ്ഞത്. അദ്ദേഹം പറഞ്ഞു തുടങ്ങി. “അല്ലയോ , മുഹമ്മദ് നബിയേ ! ﷺ ഇപ്പോൾ നിങ്ങളുടെ പിടിയിലകപ്പെട്ടവരും നിങ്ങളോട് ആയുധപ്രയോഗത്തിന് വന്നവരും നമ്മുടെ നേതാക്കന്മാരുടെ അറിവോടുകൂടി വന്നവരല്ല. അതൊരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രവർത്തനവുമല്ല. തുടർന്ന് ചർച്ചകളുടെ അവസാനത്തിൽ മുഹമ്മദ് ബിൻ മസ്‌ലമ (റ) പിടികൂടിയവരെ മക്കക്കാർക്ക് വിട്ടുകൊടുക്കുകയും മക്കയിൽ നിന്ന് ഉസ്മാൻ(റ)നെയും കൂട്ടുകാരെയും ഹുദൈബിയ്യയിലേക്ക് സുരക്ഷിതമായി എത്താൻ അനുവദിക്കുകയും ചെയ്തു.
ഇതിനിടയിൽ ഉസ്മാൻ (റ) കൊല്ലപ്പെട്ടു എന്നൊരു വാർത്ത പരന്നിരുന്നു. ഇത് പുതിയ ചർച്ചകൾക്ക് വഴിതെളിച്ചു. നബിﷺയും സ്വഹാബികളും പ്രതിരോധത്തിന്റെ ചില വിചാരങ്ങൾ മുന്നോട്ടുവച്ചു. ഒപ്പമുള്ളവരുടെ അഭിപ്രായ ഏകീകരണത്തിനാവശ്യമായ അഭിപ്രായങ്ങൾ മുന്നോട്ടു വന്നു. നബിﷺ ബനൂ മാസിൻ ബിൻ നജ്ജാർ എന്നവരുടെ വീട്ടിലെത്തി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet416
.
Mahabba Campaign Part-418
Tweet 418
പച്ചപ്പുള്ള ഒരു മരച്ചുവട്ടിൽ നബിﷺ ഇരുന്നു. എന്നിട്ട് അനുയായികളോട് പറഞ്ഞു. ഉടമ്പടി ചെയ്യാൻ അല്ലാഹു എന്നോട് കൽപ്പിച്ചിരിക്കുന്നു. അഥവാ, നബിﷺയോട് അനുയായികൾ പ്രത്യേകമായ ഒരു ഉടമ്പടി നിർവഹിക്കാൻ അല്ലാഹു കൽപ്പിച്ചിരിക്കുന്നു. കേൾക്കേണ്ട താമസം സ്വഹാബികൾ ഉടമ്പടിയിലേർപ്പെട്ടു. വിശുദ്ധ ഖുർആനിൽ 48-ാം അധ്യായം പതിനെട്ടാം സൂക്തത്തിൽ ഈ സംഭവം ഇങ്ങനെ വിവരിക്കുന്നു: ‘’ആ മരച്ചുവട്ടിൽ വച്ച് സത്യവിശ്വാസികൾ തങ്ങളോട് പ്രതിജ്ഞ ചെയ്ത സന്ദർഭം, നിശ്ചയം, അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു.’’
മരണം വരെ നബിﷺയോടൊപ്പം നിലകൊള്ളും എന്നായിരുന്നു ഉടമ്പടിയുടെ ഉള്ളടക്കം. ജാബിർ (റ) പറയുന്നു. ഉടമ്പടിയുടെ സമയത്ത് നബിﷺയുടെ മുന്നിലേക്ക് ചാഞ്ഞുനിന്ന ഒരു മരക്കമ്പ് ഞാനായിരുന്നു നീക്കിക്കൊടുത്തത്. അന്ന് ഞങ്ങൾ ഉടമ്പടി ചെയ്തത് മരണംവരെ തങ്ങളോടൊപ്പമുണ്ടാകും എന്നതായിരുന്നു. ഇമാം ത്വബ്റാനി(റ)യുടെ ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം. “അബൂ സിനാൻ അസദി(റ)യായിരുന്നു ആദ്യം ഉടമ്പടിക്ക് വേണ്ടി നബിﷺയുടെ അടുത്തെത്തിയത്. അദ്ദേഹം കരാറിനു വേണ്ടി കൈനീട്ടി. അപ്പോൾ നബിﷺ ചോദിച്ചു, എന്തിന്മേലാണ് നമ്മൾ കരാറിലാകുന്നത്? അദ്ദേഹം പറഞ്ഞു, അങ്ങ് എന്താണ് ഉദ്ദേശിക്കുന്നത്, അതിന്മേൽ. അപ്പോൾ നബിﷺ ചോദിച്ചു. എന്താണ് എന്റെ ഉള്ളിലുള്ളതെന്നാണ് നിങ്ങൾക്കുള്ള ധാരണ? തങ്ങളോടൊപ്പം നിന്ന് അവസാനം വരെ ധർമത്തിന് വേണ്ടി പോരാടും. ഒന്നുകിൽ വധിക്കപ്പെടും; അല്ലെങ്കിൽ ജയിച്ചടക്കും. അപ്പോൾ നബിﷺ ഉടമ്പടിയിൽ ഏർപ്പെട്ടു. അബൂസിനാൻ (റ) എന്താണോ കരാർ ചെയ്തത് അത് പ്രകാരം ഞങ്ങളും കരാർ ചെയ്യുന്നു എന്ന് തുടർന്നുള്ളവരും പറഞ്ഞു.
ഉസ്മാൻ(റ) അപ്പോൾ നബിﷺയുടെ സന്നിധിയിൽ ഉണ്ടായിരുന്നില്ലല്ലോ. അതിനാൽ ഉസ്മാനെ(റ) കൂടി ഈ ഉടമ്പടിയിൽ ചേർക്കാൻ നബിﷺയുടെ തന്നെ ഒരു കൈ മറുകൈയിൻമേൽ വച്ചു. എന്നിട്ട് ഉസ്മാനി(റ)ന് ഉടമ്പടിയായി അതിനെ പരിഗണിച്ചു. അപ്പോൾ ഉസ്മാനി(റ)നു വേണ്ടി ഏറ്റവും മെച്ചപ്പെട്ട വ്യക്തിയും ഏറ്റവും പുണ്യമുള്ള കരങ്ങളുമാണ് ഉടമ്പടിയിൽ പങ്കെടുത്തത്. ആ സമയത്ത് നബിﷺ ഇങ്ങനെ പറയുന്നുണ്ടായിരുന്നു. അല്ലാഹുവേ, ഉസ്മാൻ(റ) നിന്റെയും നിന്റെ റസൂലിന്റെയും കാര്യത്തിൽ വ്യാപൃതനാണല്ലോ!
എത്ര ആളുകളാണ് ബൈഅത്തുൽ രിള്’വാനിൽ പങ്കെടുത്തത് എന്നതിൽ
വ്യത്യസ്താഭിപ്രായങ്ങളുണ്ട്. ആയിരത്തി നാന്നൂറോ ആയിരത്തി അഞ്ഞൂറോ എന്നതാണ് പ്രബലാഭിപ്രായങ്ങൾ.
ത്വാരിഖ്‌ബിനു അബ്ദുറഹ്മാനി(റ)ൽ നിന്നുള്ള ഒരു നിവേദനം ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നുണ്ട്. “ത്വാരിഖ് (റ) എന്നവർ പറയുന്നു, ഞങ്ങൾ ഹജ്ജിനു പോയപ്പോൾ ഒരു മരത്തിന്റെയടുക്കൽ ആളുകൾ നിസ്ക്കകരിക്കുന്നത് കണ്ടു. ഞാൻ ചോദിച്ചു, ഇതെന്താണ്? അവിടെയുള്ളവർ പറഞ്ഞു. ഇവിടെ വച്ചാണ് നബിﷺ അനുയായികളോട് ബൈഅത്ത് ചെയ്തത്. അഥവാ, ബൈഅത്തുൽ രിള്’വാൻ നടന്നത്. ഞാൻ സഈദ് ബിൻ അൽ മുസയ്യബി(റ)ന്റെയടുക്കൽ ചെന്നു. ഈ വിവരം ഞാനദ്ദേഹത്തോട് പങ്കുവച്ചു. അദ്ദേഹം പറഞ്ഞു, ബൈഅത്തു രിള്’വാനിൽ പങ്കെടുത്ത എന്റെ പിതാവ് എന്നോട് പറഞ്ഞു. ഉടമ്പടിയുടെ അടുത്ത വർഷം ഞങ്ങളതുവഴി പോയപ്പോൾ ആ മരം വിട്ടു പോയി. അത് കണ്ടെത്താൻ ഞങ്ങൾക്ക് സാധിച്ചില്ല. നബിﷺയുടെ അനുയായികൾക്ക് കണ്ടെത്താനാവാത്തതാണോ ഇപ്പോൾ നിങ്ങൾ കണ്ടെത്തിയിരിക്കുന്നത് ? അങ്ങനെയെങ്കിൽ, നിങ്ങളാണ് അതിൽ കൂടുതൽ വിവരം ലഭിച്ചവർ”.
ഉടമ്പടിയുടെ വർഷങ്ങൾക്കുശേഷം സ്വഹാബികളിൽച്ചിലർ പുറപ്പെട്ടു. ഉടമ്പടി നടന്ന മരം കണ്ടെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ അവർക്ക് ഏകോപിച്ച് ഒരു തീരുമാനത്തിലെത്താൻ കഴിഞ്ഞില്ല. പലർക്കും പലയഭിപ്രായങ്ങളായിരുന്നു. ഇബ്നു ഉമർ (റ) പറയുന്നു. അത് അല്ലാഹുവിൽ നിന്നുള്ള ഒരു കാരുണ്യമാണ്.
ഇബ്നു അബീ ശൈബ (റ) മുസന്നഫിൽ നിവേദനം ചെയ്യുന്നു. “ഉടമ്പടി നടന്ന മരച്ചുവട്ടിൽ ചിലയാളുകൾ നിസ്കരിക്കുന്ന വിവരം ഉമർ (റ) അറിഞ്ഞു. ഉമർ (റ) അവർക്ക് താക്കീത് നൽകുകയും മരം മുറിക്കാൻ കൽപ്പിക്കുകയും ചെയ്തു “.
പ്രവാചകരുടെ സാന്നിധ്യത്തിന്റെ അനുഗ്രഹം തേടി അവിടുന്ന് സഹവസിച്ച വസ്തുക്കളോടും സ്ഥലങ്ങളോടും ആദരവ് കൽപ്പിക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിച്ച കാര്യമാണ്. അത്തരം സ്ഥലങ്ങൾ സന്ദർശിക്കുന്നതും ചരിത്ര സന്ദർഭങ്ങളെ ഓർക്കുന്നതും നബിﷺയുടെ സാന്നിധ്യത്തിന് അനുഗ്രഹം അഥവാ ബറക്കത്ത് എടുക്കുന്നതും സ്വഹാബികളുടെ രീതിയായിരുന്നു. നബിചര്യകളെ കൃത്യമായി അനുധാവനം ചെയ്യുന്നയാൾ എന്ന പേരുകേട്ട അബ്ദുല്ലാഹിബ്നു ഉമർ (റ) ഇക്കാര്യത്തിൽ മുന്നിലായിരുന്നു.
അപ്പോൾ പ്രസ്തുത വൃക്ഷവുമായി ബന്ധപ്പെട്ട കാര്യം നബിﷺയുമായി ബന്ധപ്പെട്ട ഒന്നിനും പുണ്യം ഇല്ല എന്ന പൊതു വീക്ഷണം രൂപപ്പെടുത്താൻ ഉദ്ധരിക്കുന്നത് ശരിയല്ല. അതിന് അതിന്റേതായ ചില മാനങ്ങൾ സ്വതന്ത്രമായി ഉണ്ടായിരുന്നു എന്നുതന്നെയാണ് മനസ്സിലാക്കേണ്ടത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet418
Mahabba Campaign Part-419
Tweet 419
മുഹമ്മദ് നബിﷺ അനുയായികളോട് ഉടമ്പടി ചെയ്ത കാര്യം ഖുറൈശികളറിഞ്ഞു. നബിﷺയുടെ സ്വഹാബികൾ ഉടമ്പടിയിൽ കാണിച്ച താല്പര്യവും ആത്മാർഥതയും സുഹൈൽ ബിന് അംറും മിക്റസും ഹുവൈഥിബും നേരിട്ടുതന്നെ സദസ്സിൽ പങ്കുവച്ചു. ഇത്രയുമായതോടെ ഖുറൈശീ പ്രമുഖർ പറഞ്ഞു. “മുഹമ്മദ് നബിﷺയുമായി നമ്മളും ഒരു കരാർ ഉണ്ടാക്കുന്നതാണ് ഏറ്റവും നല്ലത്. അങ്ങനെയല്ലെങ്കിൽ എന്താണ് സംഭവിക്കുക എന്ന് നമുക്ക് അറിയില്ല. പല അപകടങ്ങൾക്കും സാധ്യതയുണ്ട് “. ഈ ചർച്ചയുടെ തുടർച്ചയായി നബിﷺയുമായി സന്ധിചെയ്യാൻ സുഹൈലിനെയും ഹുവൈഥിബിനെയും മിക്റസിനെയും തന്നെ ചുമതലപ്പെടുത്തി. ഖുറൈശീ പ്രതിനിധികളായി അവർ നബിﷺയുടെ അടുത്തേക്ക് വന്നു. സുഹൈലിന്റെ ആഗമനം കണ്ട ഉടനെ നബിﷺ പറഞ്ഞു. “ഇനി കാര്യങ്ങൾ എളുപ്പമാകും. ഖുറൈശികൾ കരാർ ചെയ്യാൻ തീരുമാനിച്ചിട്ടാണ് വരുന്നത് “. നബിﷺയുടെ ശിരസ്സിന്റെ ഭാഗത്ത് പടത്തൊപ്പിയുമണിഞ്ഞ് അബ്ബാദ് ബിൻ ബിശ്റും(റ) സലമത്തുബിനു അസ്‌ലമും(റ) നിലയുറപ്പിച്ചു. നബിﷺയും സുഹൈലും തമ്മിലുള്ള സംഭാഷണം അവർ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഇടയിൽ രംഗം കൂടുതൽ ശബ്ദമുഖരിതമായി. അപ്പോൾ അബ്ബാദ് (റ) ഇടപെട്ട് പറഞ്ഞു. “ഇവിടെ ശബ്ദമുയർത്താൻ പാടില്ല”. ചർച്ച വീണ്ടും തുടർന്നു. സുഹൈൽ ഖുറൈശികളുടെ ഉപാധികൾ മുന്നോട്ടുവച്ചു.
ഒന്ന്, പത്തു വർഷത്തേക്ക് രണ്ട് കക്ഷികൾ തമ്മിൽ യുദ്ധം പാടില്ല.
രണ്ട്, ഈ വർഷം മുസ്‌ലിംകൾ മക്കയിൽ പ്രവേശിക്കാതെ മടങ്ങിപ്പോകണം.
മൂന്ന്, അടുത്ത വർഷം ഉംറ നിർവഹിക്കാൻ വേണ്ടി വരുകയും മൂന്നു ദിവസം മാത്രം മക്കയിൽ താമസിച്ച് മടങ്ങിപ്പോവുകയും വേണം.
നാല്, വരുന്ന സമയത്ത് സാധാരണ യാത്രക്കാർ ഉപയോഗിക്കുന്ന ആയുധങ്ങല്ലാതെ മറ്റ് ആയുധങ്ങളൊന്നും കൊണ്ടുവരാൻ പാടില്ല.
അഞ്ച്, മക്കക്കാർ ആരെങ്കിലും ഇസ്‌ലാം സ്വീകരിച്ചു മദീനയിലേക്ക് വന്നാൽ, അവരെ അവിടെ സ്വീകരിക്കാതെ മക്കയിലേക്ക് തന്നെ മടക്കി വിടണം.
ആറ്, മദീനയിൽ നിന്ന് ആരെങ്കിലും വിശ്വാസം ഒഴിവാക്കി മക്കയിലേക്ക് വന്നാൽ അവരെ മക്കയിൽ സ്വീകരിക്കും. അവരെ മടക്കി വിടുകയില്ല.
ഈ ഉടമ്പടിയിൽ ഭാഗമാകുന്ന ആർക്കും ഏത് കക്ഷിയിലും ഭാഗമാകാം. ഇത് കേട്ടതോടെ ഖുസാഅ ഗോത്രക്കാർ നബിﷺയുടെ കക്ഷി ചേർന്നു. ബനൂ ബക്കർ ഗോത്രം ഖുറൈശികളോടൊപ്പം ചേർന്നു.
ഖുറൈശികൾ മുന്നോട്ടുവച്ച ഉപാധികൾ മുസ്‌ലിം അനുയായികൾക്ക് സ്വീകാര്യമായില്ല. കാരണം, പ്രത്യക്ഷത്തിൽത്തന്നെ ഇത് പക്ഷപാതപരമായിരുന്നു. ഉമർ (റ) ഉടമ്പടി കേട്ടപാടെ ചാടി എഴുന്നേറ്റു. എന്നിട്ട് നബിﷺയോട് ചോദിച്ചു. “അല്ലയോ ! പ്രവാചകരേ,ﷺ അവിടുന്ന് സത്യപ്രവാചകൻ തന്നെയല്ലേ? നമ്മൾ സത്യത്തിന്റെ കക്ഷിയും മറുപക്ഷം അസത്യത്തിന്റെ കക്ഷിയുമല്ലേ? നമ്മളിൽ നിന്ന് കൊല്ലപ്പെടുന്നവർ സ്വർഗത്തിലും അവരിൽ നിന്നു കൊല്ലപ്പെടുന്നവർ നരകത്തിലും എന്നതു തന്നെയല്ലേ? എങ്കിൽ പിന്നെന്തിനാണ് നാം ഇവരോട് താഴുന്നത് ? നമുക്ക് പടനയിക്കാം. അല്ലാഹു തീരുമാനിക്കട്ടെ “.
നബിﷺ മറുപടി പറഞ്ഞു. “ഞാൻ അല്ലാഹുവിന്റെ ദൂതനും ദാസനുമാകുന്നു. അവന്റെ കൽപ്പനയ്ക്ക് വിരുദ്ധമായി ഞാൻ ഒന്നും ചെയ്യില്ല. അവൻ എന്നെ സഹായിക്കാതെ കൈവിടുകയുമില്ല “. അപ്പോൾ ഉമർ (റ) ചോദിച്ചു. “അവിടുന്ന് പറഞ്ഞില്ലേ, നമ്മൾ കഅ്ബയിൽ എത്തുമെന്നും ത്വവാഫ് ചെയ്യുമെന്നും. അവിടുന്ന് പറഞ്ഞില്ലേ, ഇക്കൊല്ലം തന്നെ നമ്മൾ എത്തുമെന്ന് ?” അപ്പോൾ നബിﷺ പറഞ്ഞു. “ഇല്ല, അങ്ങനെ പറഞ്ഞിട്ടില്ല. എന്നാൽ നിങ്ങൾ ഇവിടെ വരും. ഈ കഅ്ബയെ ത്വവാഫ് ചെയ്യും”.
അക്ഷമനായി ഉമർ(റ) അബൂബക്കറി(റ)ന്റെ അടുത്തേക്ക് ചെന്നു. എന്നിട്ട് ചോദിച്ചു, “ഇത് സത്യപ്രവാചകൻ തന്നെയല്ലേ? നമ്മൾ സത്യത്തിന്റെ പക്ഷവും നമ്മുടെ എതിരാളികൾ അസത്യത്തിന്റെ പക്ഷവും തന്നെയല്ലേ? നമ്മളിൽ നിന്ന് വധിക്കപ്പെടുന്നവർ സ്വർഗത്തിലും അവരിൽ നിന്ന് മരിച്ചു വീഴുന്നവർ നരകത്തിലുമാണ് എന്നത് തന്നെയല്ലേ? പിന്നെ എന്തിനാണ് നമ്മൾ ഇത്രമാത്രം വിനയം കാണിക്കുന്നത്. നമുക്കും സധൈര്യം മുന്നേറിക്കൂടെ?” അപ്പോൾ സിദ്ദീഖ് (റ) മറുപടി പറഞ്ഞു. “അല്ലയോ മനുഷ്യാ, നമ്മുടെ നബിﷺ സത്യ പ്രവാചകൻ തന്നെയാണ്. അവിടുന്ന് അല്ലാഹുവിന്റെ കൽപ്പനയ്ക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല. അല്ലാഹു അവന്റെ ദൂതനെ സഹായിക്കുക തന്നെ ചെയ്യും. മുഹമ്മദ് നബിﷺ തീർത്തും സത്യത്തിൻ മേൽ തന്നെയാണ് “. അപ്പോൾ ഉമർ (റ) പറഞ്ഞു. “ഞാൻ അല്ലാഹുവിന്റെ ദൂതനിൽ വിശ്വസിക്കുന്നു. എന്നാൽ, അവിടുന്ന് പറഞ്ഞതല്ലേ, നമ്മൾ കഅ്ബയിലെത്തി ത്വവാഫ് ചെയ്യുമെന്ന്?”
” ശരി, ഇക്കൊല്ലം തന്നെ പോയി നമ്മൾ ത്വവാഫ് ചെയ്യുമെന്ന് അവിടുന്ന് പറഞ്ഞിരുന്നുവോ? ” ഇല്ല, എന്ന് ഉമർ (റ) സമ്മതിച്ചു.
ഉമർ(റ) പറയുന്നു. “ഞാൻ ഇസ്‌ലാമായതിൽപ്പിന്നെ ഇങ്ങനെ സംശയമുണ്ടായ ഒരു ദിവസവും വേറെ ഉണ്ടായിട്ടില്ല. എന്നാൽ, ആ സമയത്ത് പ്രവാചകൻﷺ എന്നോട് പറഞ്ഞു. നിങ്ങളിൽ നിന്ന് വന്ന പിഴവിൽ നിങ്ങൾ അല്ലാഹുവിനോട് കാവൽ ചോദിക്കുക “.
നബിﷺ സമ്മതിച്ചു കൊടുത്ത ഉടമ്പടിയിൽ ഖുറൈശികൾ വച്ച നിബന്ധനകൾ പ്രത്യക്ഷത്തിൽ ഉമറി(റ)നു ഉൾക്കൊള്ളാൻ ആവുന്നതായിരുന്നില്ല. എന്നാൽ ഇതിന്റെ പരിണിത ഫലം എന്താവുമെന്ന് നബിﷺക്ക് നേരത്തെത്തന്നെ കാണാനാകുമായിരുന്നു. ഇതായിരുന്നു വ്യത്യാസം. പിന്നെയും ഉടമ്പടിയിന്മേലുള്ള ചർച്ചകൾ തുടർന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet419
.
Mahabba Campaign Part-420
Tweet 420
“ഞാൻ തൃപ്തിപ്പെട്ട കാര്യത്തിൽ നിങ്ങൾ വിസമ്മതിക്കുകയാണോ ഉമറേ(റ) ” എന്നു ചോദിച്ചുകൊണ്ട് നബിﷺ ചർച്ചയുടെ ഭാഗമായി. ഖുറൈശീ പ്രതിനിധിയായ സുഹൈൽ പറഞ്ഞു, “നമ്മൾത്തമ്മിൽ ധാരണയായ വിഷയം നമുക്കൊന്ന് എഴുതി രേഖപ്പെടുത്താം “. നബിﷺ അലി(റ)യെ വിളിച്ചു. “ബിസ്മില്ലാഹി റഹ്മാനി റഹീം ” എന്ന് എഴുതാൻ പറഞ്ഞു. അപ്പോൾ സുഹൈൽ പറഞ്ഞു. ” റഹ്മാനും റഹീമും അതെന്താണെന്ന് എനിക്കറിയില്ല. അത്കൊണ്ട് ബിസ്മികല്ലാഹുമ്മ എന്നെഴുതുക “. അപ്പോൾ മുസ്‌ലിംകൾ ശബ്ദമുയർത്തി. “ബിസ്മില്ലാഹി റഹ്മാനിറഹീം എന്ന് തുടങ്ങിയല്ലാതെ ഞങ്ങൾ ഉടമ്പടി എഴുതില്ല “. അപ്പോൾ നബിﷺ ഇടപെട്ട് രംഗം ശാന്തമാക്കി. “ബിസ്മികല്ലാഹുമ്മ എന്നു മതി, നിങ്ങൾ എഴുതൂ ” എന്ന് പറഞ്ഞു. തുടർന്ന് ബാക്കി ഭാഗം എഴുതി. “മുഹമ്മദ്ﷺ എന്നവർ തീരുമാനിച്ച പ്രകാരം “. അപ്പോൾ വീണ്ടും സുഹൈൽ ഇടപെട്ടു. “അവിടുന്ന് അല്ലാഹുവിന്റെ ദൂതനാണെന്ന് സമ്മതിച്ചാൽപ്പിന്നെ നമ്മൾ തമ്മിൽ എന്താണ് പ്രശ്നം ? അതുകൊണ്ട് അങ്ങനെ എഴുതാൻ പറ്റില്ല. മുസ്‌ലിംകൾ കഅ്ബയിലേക്ക് വരരുതെന്നും ഞങ്ങൾ നിങ്ങളോട് യുദ്ധത്തിലാണെന്നും ഒക്കെ പറയാനുള്ള കാരണം, ഈയൊരു കാര്യം അംഗീകരിക്കാത്തതു കൊണ്ടാണല്ലോ ? അതുകൊണ്ട് നമ്മൾ കൂടി സമ്മതിക്കുന്ന വിലാസത്തിൽ എഴുതുക. അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദ് എന്ന് എഴുതിത്തുടങ്ങൂ “. അപ്പോൾ നബിﷺ അലി(റ)യോട് പറഞ്ഞു, “എന്നാൽ ആ ഭാഗം ഒന്ന് കറക്ഷൻ നടത്തൂ “. അലി (റ) പറഞ്ഞു. “എനിക്കത് സാധ്യമല്ല നബിﷺയെ “. മുഹമ്മദ് ബിൻ ഉമറി(റ)ന്റെ നിവേദനത്തിൽ ഇങ്ങനെ കൂടി കാണാം. ഉസൈദ്ബ്നു ഹുദൈറും സഅദ് ബിൻ ഉബാദയും അലി(റ)യുടെ കൈ പിടിച്ചു വച്ചു. അല്ലാഹുവിന്റെ ദൂതൻﷺ എന്ന പ്രയോഗം ഒഴിവാക്കി എഴുതരുതെന്ന് നിർബന്ധം പിടിച്ചു. അല്ലാത്തപക്ഷം വാളുകൾ കാര്യം തീരുമാനിക്കട്ടെ എന്നും അവർ പറഞ്ഞു. അതോടെ വീണ്ടും രംഗം ശബ്ദമുഖരിതമായി. നബിﷺ അവിടുന്ന് ആംഗ്യം കാണിച്ചു. എല്ലാവരോടും അടങ്ങിയിരിക്കാൻ ആവശ്യപ്പെട്ടു. അതോടെ സ്വഹാബികൾ നിശ്ശബ്ദരായി. എന്നിട്ട് അലി(റ)യോട് പറഞ്ഞു. ആ എഴുതിയ ഭാഗം ഇങ്ങോട്ട് ഒന്ന് കാണിച്ചു തരൂ. അവിടുത്തെ തിരുകരം കൊണ്ട് ആ ഭാഗം കറക്റ്റ് ചെയ്തു. ഖുറൈശികൾ ആവശ്യപ്പെട്ട പ്രകാരം അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദ് എന്നാക്കി. ഖുറൈശികളിൽ നിന്നാരെങ്കിലും മുസ്‌ലിംകളിലേക്ക് വന്നാൽ സ്വീകരിക്കരുതെന്നും, വിശ്വാസികൾ ആരെങ്കിലും ഖുറൈശികളുടെ അടുക്കലേക്ക് ചെന്നാൽ മടക്കി വിടില്ലെന്നും എഴുതുന്നതിൽ വിശ്വാസികൾക്ക് വലിയ വേദനയായി. “നമ്മുടെ ആദർശം സ്വീകരിച്ചവരെ ശത്രുക്കൾക്ക് വിട്ടുകൊടുക്കുകയോ?” ആശങ്കയോടു കൂടി സ്വഹാബികൾ വീണ്ടും ചോദിച്ചു കൊണ്ടിരുന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു. “നമ്മിൽ നിന്ന് ആരെങ്കിലും അങ്ങോട്ട് ചെന്നാൽ എന്നല്ലേ ? അങ്ങനെ ഒരു സാഹചര്യം ഉണ്ടാവാതിരിക്കട്ടെ. അവരിൽ നിന്നാരെങ്കിലും ഇങ്ങോട്ട് വന്നാൽ അവർക്ക് അല്ലാഹു ഒരു പരിഹാരം നൽകട്ടെ. ഏതായാലും നമുക്ക് ഉടമ്പടിയിലൊപ്പുവയ്ക്കാം “.
ഇമാം അഹ്മദ് (റ) ഉദ്ധരിക്കുന്ന ഹദീസിൽ അബ്ദുല്ലാഹിബിന് മുഗഫ്ഫൽ (റ) പറയുന്നു. “ഉടമ്പടിക്ക് ശേഷം 30 യുവാക്കൾ ഒരു മുന്നറിയിപ്പുമില്ലാതെ മുസ്‌ലിംകൾക്ക് നേരെ വന്നു. അവർ ആയുധധാരികളായിരുന്നു. പ്രവാചകൻﷺ രക്ഷയ്ക്കു വേണ്ടി പ്രാർഥിച്ചു. അല്ലാഹു വന്നവരുടെ കാഴ്ചയും കേൾവിയും നിയന്ത്രിച്ചു. അതോടെ സ്വഹാബികൾ അവരെപ്പിടികൂടി. നബിﷺയുടെ സന്നിധിയിൽ ഹാജരാക്കി. നബിﷺ ചോദിച്ചു : “നിങ്ങൾ ആരുടെയെങ്കിലും ജാമ്യത്തിൽ വന്നവരാണോ ?” അവർ പറഞ്ഞു “അല്ല “. നബിﷺയുടെ നിർദേശപ്രകാരം അവരെ വെറുതെ വിട്ടയച്ചു. ഇക്കാര്യം സൂറത്തുൽ ഫത്ഹിലെ 24-ാം സൂക്തം പരാമർശിക്കുന്നുണ്ട്.
അനസി(റ)ൽ നിന്നുള്ള ഒരു നിവേദനത്തിൽ ഇങ്ങനെയും കാണുന്നുണ്ട്. “ഹുദൈബിയ ദിവസം 80 ആയുധധാരികൾ നബിﷺയെ ലക്ഷ്യം വച്ച് ചാടിവീണു. അവർ മക്കക്കാരായിരുന്നു. തൻഈമിന്റെ ഭാഗത്തു നിന്നാണ് അവർ വന്നത്. നബിﷺ പെട്ടെന്ന് അവരുടെ വിപത്തിൽ നിന്നുള്ള രക്ഷയ്ക്കുവേണ്ടി പ്രാർഥിച്ചു. അതോടെ അവർ വഴങ്ങുകയും രംഗം ശാന്തമാവുകയും ചെയ്തു “.
ഇബ്ൻ ജരീറി(റ)ന്റെ ഒരു നിവേദനം കൂടി ഇവിടെ വായിക്കാൻ ഉണ്ട്. “നബിﷺയുടെ അനുയായികളിൽ നിന്ന് ഇബ്നു സുനൈം (റ) എന്നറിയപ്പെടുന്ന ഒരാൾ ഹുദൈബിയ്യ ദിനത്തിൽ കുന്നിൻ മുകളിൽ കയറി. ഖുറൈശികളിൽ ആരോ ആ അനുയായിയെ കൊന്നുകളഞ്ഞു. ഇതറിഞ്ഞയുടനെ നബിﷺ ഒരു സംഘത്തെ ആ ദിശയിലേക്കയച്ചു. അവർ മുശ്‌രിക്കുകളിൽ നിന്നുള്ള 12 അശ്വ ഭടന്മാരെ നബിﷺയുടെ മുമ്പിൽ ഹാജരാക്കി. നബിﷺ അവരോട് ചോദിച്ചു. ‘വല്ല ഉടമ്പടിയും കരാറും നിങ്ങൾക്ക് പറയാനുണ്ടോ ? ‘ ‘ഇല്ല’. ഈ ഉത്തരം കേട്ട നബിﷺ അവരെയും വിട്ടയച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet420
Leave a Reply