The biography of Prophet Muhammad – Month 15

Admin October 29, 2023 No Comments

The biography of Prophet Muhammad – Month 15

Mahabba Campaign Part-421

Tweet 421

അടുത്ത വർഷം വന്ന് ഉംറ ചെയ്യാമല്ലോ എന്ന് കേട്ടപ്പോൾ സ്വഹാബികൾക്ക് ആശ്വാസമായി. അല്ലാഹുവില്‍ എല്ലാം സമർപ്പിച്ച് നബിﷺ ആ നിബന്ധനയും അംഗീകരിച്ചു. കരാറെഴുതി പൂർത്തിയാകുന്നതിനു മുമ്പ് തന്നെ ഒരാളവിടെ പ്രത്യക്ഷപ്പെട്ടു. മറ്റാരുമായിരുന്നില്ല. അബൂ ജന്ദൽ (റ) എന്നയാളായിരുന്നു അത്. അദ്ദേഹം ശത്രുക്കളുടെയടുക്കല്‍ ആമം വയ്ക്കപ്പെട്ടിട്ടുണ്ടായിരുന്നു. നബിﷺയുടെ കൂടെ ശത്രുഭാഗത്ത് നിന്നും കരാര്‍ എഴുതിക്കൊണ്ടിരിക്കുന്ന സുഹൈലിന്റെ മകനാണ് അബൂ ജന്ദല്‍ (റ). മക്കയില്‍വച്ച് ഇസ്‌ലാം സ്വീകരിച്ച്, അതിന്റെ കാരണത്താല്‍ പിതാവ് ഉള്‍പ്പെടെയുള്ള ശത്രുക്കളുടെ മർദനങ്ങളും പീഡനങ്ങളുമെല്ലാം ഏറ്റുവാങ്ങി, മദീനയിലേക്ക് ഹിജ്‌റ പോകാന്‍ പോലും സമ്മതിക്കാതെ, ചങ്ങലയില്‍ ബന്ധിക്കപ്പെട്ട് തടവിലാക്കപ്പെട്ടയാളായിരുന്നു അബൂജന്ദല്‍ (റ). എങ്ങനെയോ ചങ്ങല പൊട്ടിച്ച് ശത്രുക്കളുടെ കണ്ണില്‍പ്പെടാതെ, നബിﷺ കരാര്‍ എഴുതുന്ന ഹുദൈബിയ്യയിലേക്ക് വേച്ചുവേച്ച് അദ്ദേഹം എത്തിയിരിക്കുകയാണ്. അബൂ ജന്ദല്‍ (റ) മുസ്‌ലിംകള്‍ക്കിടയില്‍ വന്ന് വീഴുകയായിരുന്നു എന്നു വേണം പറയാൻ.

മകനെക്കണ്ടമാത്രയില്‍ പിതാവ് സുഹൈല്‍ മുഖത്ത് ശക്തമായി അടിച്ചു. എന്നിട്ട് സുഹൈല്‍ നബിﷺയോട് പറഞ്ഞു: “ഇതാ, ഇതെന്റെ മകനാണ്. ഈ കരാര്‍ ആദ്യം പ്രയോഗിക്കേണ്ടത് അവന്റെ മേലാണ്. അവനെ എനിക്ക് മടക്കിത്തരണം. നമ്മുടെ തീരുമാനത്തിലെ ഒന്നാമത്തേത് നടപ്പിലാക്കേണ്ട സന്ദര്‍ഭമാണിത്. അതിനാല്‍ വേഗം നടപ്പിലാക്കണം.” അപ്പോള്‍ നബിﷺ സുഹൈലിനോട് പറഞ്ഞു: ”സുഹൈലേ, നാം കരാര്‍ എഴുതിത്തുടങ്ങിയിട്ടല്ലേ ഉള്ളൂ; പൂർത്തിയായിട്ടില്ലല്ലോ.” ഇത് കേട്ടപ്പോള്‍ സുഹൈല്‍ കോപാകുലനായി. ഇങ്ങനെയെങ്കില്‍ ഞാനീ കരാറുമായി മുന്നോട്ടില്ലെന്ന് പറഞ്ഞു. അങ്ങനെ സുഹൈല്‍ കരാറെഴുത്ത് നിര്‍ത്തി അവിടെ നിന്നും പോകാന്‍ തയ്യാറെടുത്തു. “അബൂ ജന്ദലിന്റെ കാര്യത്തില്‍ മാത്രം ഒരിളവ് അനുവദിച്ചു കൂടേ ” എന്ന് നബിﷺ സുഹൈലിനോട് വീണ്ടും ചോദിച്ചു. ഒരിക്കലും സമ്മതിക്കില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. അവസാനം സുഹൈലിനത് അനുവദിച്ചു കൊടുക്കേണ്ടി വന്നു. അബൂജന്ദലി(റ)നെ തിരിച്ചയച്ചു.

“ഇനിയുമെന്നെ മുശ്‌രിക്കുകളുടെ കൈകളിലേക്ക് ഏല്പിക്കുകയാണോ ” എന്ന് അബൂജന്ദല്‍ (റ) വിലപിച്ചു. ദേഹമാസകലമുള്ള ക്രൂരമായ പീഡനത്തിന്റെ പാടുകളും മുറിവുകളും അദ്ദേഹം മുസ്‌ലിംകള്‍ക്ക് കാണിച്ചുകൊടുത്തു. ആ സമയത്ത് നബിﷺ അദ്ദേഹത്തെ ആശ്വസിപ്പിച്ചു. ”അബൂജന്ദല്‍ (റ)! ക്ഷമിച്ചേക്കുക, പ്രതിഫലം പ്രതീക്ഷിക്കുക. തീര്‍ച്ചയായും അല്ലാഹു താങ്കള്‍ക്ക് ഒരു പരിഹാരവും പോംവഴിയും ഉണ്ടാക്കിത്തരുന്നവനാണ്. നിനക്കും നിന്നെപ്പോലെ മക്കയില്‍ ശത്രുക്കളാല്‍ പീഡിപ്പിക്കപ്പെടുന്ന അടിച്ചമര്‍ത്തപ്പെട്ട മുഴുവന്‍ പേര്‍ക്കും അല്ലാഹു ഒരു വഴി കാണിക്കുന്നതാണ്.”

അബൂജന്ദല്‍(റ) തേങ്ങിക്കരഞ്ഞ് അവിടെനിന്നും മടങ്ങിപ്പോകുന്ന രംഗം കണ്ടപ്പോള്‍ ഉമര്‍ (റ) നബിﷺയെ സമീപിച്ചു. എന്തിന് നാം നമ്മുടെ മതത്തിന്റെ കാര്യത്തില്‍ ശത്രുവിന് ഇത്രമേൽ വിട്ടുവീഴ്ച നല്‍കണമെന്നും ഉംറ ചെയ്യാന്‍ അടുത്തവര്‍ഷം വരെ എന്തിന് കാത്തിരിക്കണമെന്നും അദ്ദേഹം ചോദിച്ചു.

രേഖകളെഴുതി പരസ്പരം കൈമാറി. തുടര്‍ന്ന് നബിﷺ അനുയായികളോട് എഴുന്നേറ്റ് ബലിയറുക്കുവാനും തല മുണ്ഡനം ചെയ്യുവാനും കല്പിച്ചു. കാരണം, ഇപ്പോൾ അവർ ഇഹ്‌റാമിലാണല്ലോ ഉള്ളത്. അതില്‍നിന്ന് ഒഴിവാകണമെങ്കില്‍ തല മുണ്ഡനം ചെയ്യണം. എന്നാല്‍ ആരും എഴുന്നേല്‍ക്കുന്നില്ല. ദുഃഖ ഭാരത്താലവര്‍ക്ക് എഴുന്നേല്‍ക്കാന്‍ കഴിയുന്നില്ല. ആ രൂപത്തിലാണ് അബൂജന്ദലി(റ)നെ മക്കയിലേക്ക് തിരിച്ചയച്ചിരിക്കുന്നത്. നബിﷺ മൂന്ന് തവണ ആവര്‍ത്തിച്ചു. നബിﷺ ക്കും വിഷമമായി. അനുചരന്മാര്‍ വിഷമത്താല്‍ ഒന്നും ഉള്‍ക്കൊള്ളാന്‍ കഴിയാത്ത അവസ്ഥയിലാണല്ലോ എന്നവിടുന്ന് മനസ്സിലാക്കി. അത് അനുസരണക്കേടല്ല എന്നുമറിയാം. എന്ത് ചെയ്യണമെന്നറിയാതെ നബിﷺ പത്‌നി ഉമ്മു സലമ (റ)യുടെ അടുത്ത് ചെന്ന് ദുഃഖം പങ്കുവച്ചു. അപ്പോള്‍ ഉമ്മു സലമ (റ) നബിﷺ ക്ക് ഒരുപായം പറഞ്ഞുകൊടുത്തു: ”അങ്ങ് ആദ്യം എഴുന്നേല്‍ക്കുക. ഒരാളോടും ഒന്നും പറയാതെ ബലിമൃഗത്തെ അറുക്കുക. അതുപോലെ അവിടുന്ന് ക്ഷുരകനെയും വിളിക്കുക. എന്നിട്ട് അദ്ദേഹം അങ്ങയുടെ മുടി നീക്കം ചെയ്യട്ടെ.” നബിﷺ അതുപ്രകാരം ചെയ്തു. അതോടെ എല്ലാവരും എഴുന്നേറ്റു. അറവ് നടത്തി. പരസ്പരം തല മുണ്ഡനം ചെയ്തു.

തല മുണ്ഡനം ചെയ്തവർക്ക് വേണ്ടി മൂന്ന് തവണയും മുടി വെട്ടിച്ചെറുതാക്കിയവര്‍ക്ക് ഒരു തവണയും അവിടെവച്ച് നബിﷺ പ്രാര്‍ഥിക്കുകയും ചെയ്തു. ഇഹ്‌റാമില്‍നിന്ന് ഒഴിവാകുമ്പോള്‍ തല മുണ്ഡനം ചെയ്യലാണ് കൂടുതല്‍ പ്രതിഫലാര്‍ഹമെന്ന് ഇതിലൂടെ നബിﷺ സ്വഹാബിമാരെ പഠിപ്പിക്കുകയും ചെയ്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet421

.

Mahabba Campaign Part-422

Tweet 422

നബിﷺയും അനുയായികളും ബലിമൃഗങ്ങളെ അറുത്തു. 70 ഒട്ടകങ്ങളെയാണ് പ്രവാചകൻﷺ ബലിദാനം നടത്തിയത്. പല ബലിമൃഗങ്ങളിലും ഒന്നിലധികം ആളുകൾ പങ്കുകാരായി.

പത്തൊമ്പതോ ഇരുപതോ ദിവസമാണ് നബിﷺ ഹുദൈബിയ്യയിൽ തങ്ങിയത്. ഒരുമാസമോ അതിലേറെയോ എന്ന അഭിപ്രായവുമുണ്ട്.

കരാറിൽ ഒപ്പ് വയ്ക്കുകയും ഉംറയിൽ നിന്ന് ഒഴിവാകുകയും ചെയ്തെങ്കിലും വിശ്വാസികൾക്ക് അവിടെ നിന്ന് മടങ്ങാൻ വലിയ പ്രയാസമായിരുന്നു. കുട്ടികളെപ്പോലെ അവരുടെ മനസ്സുകൾ തേങ്ങി. വിശുദ്ധ ഭവനത്തെക്കാണാൻ കഴിയാതെ മടങ്ങേണ്ടി വന്നതിൽ അവർ നൊമ്പരപ്പെട്ടു.

ഹുദൈബിയ്യയിൽ നടന്ന സന്ധി പ്രത്യക്ഷത്തിൽ മുസ്‌ലിംകൾക്ക് പരാജയമാണെന്ന് തോന്നും. ഇത്രമേൽ എന്തിന് താഴ്ന്നു കൊടുത്തു എന്ന് വിശ്വാസികളും പ്രഥമഘട്ടത്തിൽ ചിന്തിച്ചു. എന്നാൽ അതുകൊണ്ട് പിന്നീട് ഉണ്ടാകാവുന്ന നന്മകൾ നേരത്തെക്കാണാൻ പ്രവാചകർﷺക്ക് സാധിക്കുമായിരുന്നു. പ്രത്യക്ഷത്തിൽ തന്നെയും പല നേട്ടങ്ങളും നമുക്കതിൽ വായിക്കാനുണ്ട്. ഇനി പത്തു കൊല്ലത്തേക്ക് യുദ്ധം പാടില്ല എന്നതാണ് അതിൽ പ്രധാനം. മോഷണമോ വഞ്ചനയോ ഇല്ലാതെ പരസ്പരം ഇടപെടാനും സഹകരിക്കാനുമുള്ള കവാടം അതുവഴി തുറന്നു. രണ്ടു കക്ഷികൾക്കും അവരവരുടെ മതപ്രചാരണത്തിനും പ്രബോധനത്തിനുമുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. വ്യാപാര ബന്ധങ്ങൾക്കോ കച്ചവട യാത്രകൾക്കോ തടസ്സമുണ്ടായിരുന്നില്ല. ആർക്കും ഏത് കക്ഷിയോടും സഖ്യത്തിലാവാൻ സ്വാതന്ത്ര്യയുണ്ടായിരുന്നു. ദീർഘകാലമായി അകന്നു കഴിഞ്ഞിരുന്ന പലരും അടുക്കാനുള്ള അവസരങ്ങൾ തുറന്നു.

ലോക ചരിത്രത്തിലെ ഏറ്റവും അദ്ഭുതകരമായ ഉടമ്പടി കഴിഞ്ഞ് പ്രവാചകനുംﷺ അനുയായികളും മദീനയിലേക്ക് മടങ്ങി. ‘യുദ്ധവും രക്തച്ചൊരിച്ചിലും ഒഴിവാക്കാൻ ഏതറ്റം വരെയും നീക്കുപോക്കുകൾക്ക് തയ്യാറാവുക ‘ – ഇതായിരുന്നു നബിﷺ സ്വീകരിച്ച നയം. പുണ്യഭൂമിയിൽ ഒരിക്കലും യുദ്ധമുണ്ടാകരുതെന്ന് സവിശേഷമായും നബിﷺ ആഗ്രഹിച്ചു. എന്തിനും ഏതിനും സന്നദ്ധരായ ഒരു സംഘം പോരാളികൾ ഒപ്പമുണ്ടായിരുന്ന സാഹചര്യത്തിലാണ് നബിﷺ ഈ വിട്ടുവീഴ്ചകൾക്കൊക്കെ തയ്യാറായത്.

ഹുദൈബിയ്യയെ വിട്ട് യാത്ര ആരംഭിച്ച നബിﷺയും സംഘവും മർറു ളഹ്റാൻ എന്ന പ്രദേശത്ത് അല്പം ഒന്ന് വിശ്രമിച്ചു. ശേഷം അസ്ഫാനിലേക്ക് നീങ്ങി. അവിടെ നിന്ന് ഭക്ഷണ സമാഹരണത്തിന് വേണ്ട കാര്യങ്ങൾ ചെയ്തു. അപ്പോഴേക്കും അനുയായികൾ വിശപ്പിന്റെ ശക്തിയാൽ ആവലാതി ബോധിപ്പിച്ചു. ഒട്ടകത്തെ അറുത്ത് മാംസം ഭക്ഷിക്കാനും അതിന്റെ നെയ്യും തുകലും പ്രയോജനപ്പെടുത്താനുമുള്ള അനുമതി തേടി. പ്രഥമ ഘട്ടത്തിൽ നബിﷺ അതിനെ അനുവദിച്ചു. അപ്പോഴേക്കും ഉമർ (റ) നബിﷺയെ സമീപിച്ചു. ഇങ്ങനെ സമ്മതം നൽകിയാലുണ്ടാകാവുന്ന ചില പാർശ്വ ഫലങ്ങളെക്കുറിച്ച് സംസാരിച്ചു. ഒരുപക്ഷേ, നമ്മൾ ശത്രുവിനെ നേരിടേണ്ടി വന്നാൽ പ്രതിസന്ധി നേരിട്ടേക്കുമെന്ന അഭിപ്രായം പറഞ്ഞു. നബിﷺ അഭിപ്രായത്തെ മാനിച്ചു.

എല്ലാവരും തങ്ങളുടെ പക്കലുള്ള ഭക്ഷണത്തിന്റെ അംശങ്ങൾ ഹാജരാക്കാൻ പറഞ്ഞു. വിഭവങ്ങളെല്ലാം ഒരു സ്ഥലത്ത് ഒരുമിച്ചുകൂട്ടി തിരുനബിﷺ അനുഗ്രഹ പ്രാർഥന നടത്തി. അദ്ഭുതകരമായി വിഭവങ്ങൾ വർധിച്ചു. 1400 ആളുകളുള്ള സംഘത്തിലെ എല്ലാവരും വയറു നിറയെ ഭക്ഷണം കഴിച്ചു. സന്തോഷത്താൽ തിരുനബിﷺ പുഞ്ചിരിച്ചു. അല്ലാഹുവല്ലാതെ ആരാധ്യനില്ലെന്നും ഞാൻ അല്ലാഹുവിന്റെ തിരുദൂതൻﷺ ആണെന്നും അംഗീകരിച്ചുകൊണ്ട് അല്ലാഹുവിനെ കണ്ടുമുട്ടുന്ന എല്ലാവരും നരകത്തിൽ നിന്ന് സുരക്ഷിതരായിരിക്കും എന്ന് നബിﷺ പറഞ്ഞു.

വീണ്ടും യാത്രാ സംഘം മുന്നോട്ടു നീങ്ങി. നല്ല മഴ വർഷിച്ചു. അപ്പോഴവർക്ക് ആവേശമായി. ആകാശത്തുനിന്ന് എത്തിയ ശുദ്ധജലം അവർ പാനം ചെയ്തു. തമ്പടിച്ച സ്ഥലത്തുനിന്ന് പ്രവാചകൻ ജനങ്ങളെ അഭിസംബോധനം ചെയ്തു. അപ്പോഴേക്കും മൂന്ന് ചെറു സംഘം നബിﷺക്ക് നേരെ വന്നു. രണ്ടുപേർ നബിﷺയുടെ ചാരത്ത് തന്നെ വന്നിരുന്നു. ഒരു സംഘം പിന്തിരിഞ്ഞ് നടന്നു നീങ്ങി. ഈ മൂന്ന് സംഘത്തെക്കുറിച്ച് നബിﷺ വിശദീകരണം നൽകി. ഒരു വിഭാഗം നാണിച്ചു. അല്ലാഹുവിന് അവരെക്കുറിച്ചും നാണമായി. അടുത്ത സംഘം പശ്ചാത്തപിച്ചു. അല്ലാഹു അത് സ്വീകരിച്ചു. മൂന്നാമത്തെത് പുറംതിരിഞ്ഞു പോയി. അല്ലാഹു അവരെ അവഗണിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet422

Mahabba Campaign Part-423

Tweet 423

ഉർവയിൽനിന്ന് ഇമാം ബൈഹഖി (റ) ഉദ്ധരിക്കുന്നു. “ഹുദൈബിയ്യയിൽ നിന്നുള്ള മടക്കയാത്രയ്ക്കിടയിൽ ഒരാൾ ചോദിച്ചു. ഇത് എന്ത് വിജയമാണ്? നമുക്ക് മക്കയിലേക്ക് പ്രവേശിക്കാനോ നമ്മുടെ കർമങ്ങൾ നിർവഹിക്കാനോ കഴിഞ്ഞില്ല. മക്കയിലേക്ക് നബിﷺ നിയോഗിച്ച രണ്ടാളുകളെ അവിടുന്ന് മടക്കിയയ്ക്കുകയും ചെയ്തു. ഈ സംഭാഷണം കേട്ടയുടനെ നബിﷺ പ്രതികരിച്ചു. ഇതെന്തു വർത്തമാനമാണ്? എത്ര മോശമായ വർത്തമാനമാണ്? ഇതിലേറെ വലിയ വിജയം എന്താണ് നമുക്ക് ലഭിക്കാനുള്ളത്? ബഹുദൈവ വിശ്വാസികൾ അവരുടെ നാട്ടിൽ നിന്ന് നമ്മെ സുരക്ഷിതമായി തിരിച്ചയച്ചിരിക്കുന്നു. നമ്മുടെ ന്യായങ്ങൾ അന്വേഷിക്കാനും നമ്മോട് കരാറിലാകാനും അവർ തയ്യാറായിരിക്കുന്നു. അവർക്ക് ഭയം നൽകുന്ന പലതും നമ്മിൽ നിന്ന് അവർ ദർശിച്ചു കഴിഞ്ഞു. അല്ലയോ പ്രിയപ്പെട്ടവരേ, നിങ്ങൾ അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം നേടി സുരക്ഷിതരായി നിങ്ങളുടെ നാട്ടിലേക്ക് മടങ്ങിയിരിക്കുന്നു. ഇതിലപ്പുറം ഇനി എന്താണ് നാം ജയിക്കാനുള്ളത് ? ഉഹ്ദിന്റെ ദിവസം നിങ്ങൾ മറന്നു പോയോ? അഹ്സാബ് പ്രതിരോധം നിങ്ങൾക്ക് ഓർമയില്ലേ? നാലുഭാഗത്തുനിന്നും നമ്മളാക്രമിക്കപ്പെട്ട നാളുകൾ. നമ്മെ നാമാവശേഷമാക്കാൻ വന്ന ശത്രുക്കൾ ! അല്ലാഹുവും റസൂലുംﷺ നമ്മെ സഹായിക്കുന്നില്ലേ എന്ന് പലരും ചിന്തിച്ചു പോയ നിമിഷങ്ങൾ. ഒടുവിൽ അല്ലാഹുവിനെയും റസൂലിﷺനെയും നിങ്ങൾ തിരിച്ചറിഞ്ഞു ! ”

ഇങ്ങനെയുള്ള പല മുഹൂർത്തങ്ങളിലൂടെയും സംഭാഷണങ്ങളിലൂടെയും യാത്ര മുന്നോട്ട് നീങ്ങി. ഉമർ (റ) പറയുന്നു. ഹുദൈബിയ്യയിൽ നിന്നുള്ള മടക്കയാത്രയ്ക്കിടയിൽ നബിﷺയോട് ഞാൻ മൂന്നു കാര്യങ്ങൾ ചോദിച്ചു. അവിടുന്ന് ഒരു പ്രതികരണവും നൽകിയില്ല. അപ്പോഴെനിക്ക് ഭയമായി. ഞാൻ ചോദിച്ചത് അപമര്യാദയായിപ്പോയോ? പ്രവാചകരെﷺ ഞാൻ പ്രയാസപ്പെടുത്തിയോ? എന്നെക്കുറിച്ച് എന്തെങ്കിലും ഖുർആൻ സൂക്തങ്ങൾ ഇപ്പോൾ അവതരിക്കുമോ? ഹിതമല്ലാത്തതെന്തെങ്കിലും എനിക്ക് സംഭവിച്ചുപോകുമോ? അങ്ങനെയിരിക്കേയാണ് നബിﷺയുടെ ഒരറിയിപ്പ് വരുന്നത്. ഞാൻ വിചാരിച്ചു, എന്നെക്കുറിച്ച് എന്തെങ്കിലും ഖുർആൻ അവതരിച്ചിട്ടുണ്ടാവുമെന്ന്. പക്ഷേ, അവിടുന്ന് അപ്പോൾ പറഞ്ഞത് ഇങ്ങനെയായിരുന്നു. ഈ ലോകവും അതിലുള്ളതിനേക്കാളും എനിക്ക് ഏറ്റവും സന്തോഷം നൽകുന്ന ഒരു സൂക്തം ഇതാ അവതരിച്ചിരിക്കുന്നു. ഇത്രയും പറഞ്ഞതിനു ശേഷം നബിﷺ വിശുദ്ധ ഖുർആനിലെ നാൽപത്തിയെട്ടാം അധ്യായം അൽഫത്തഹിലെ ആദ്യഭാഗം പാരായണം ചെയ്തു. ആശയം ഇങ്ങനെ വായിക്കാം.

“നിശ്ചയമായും തങ്ങൾക്കു നാം വ്യക്തമായ വിജയം നല്‍കിയിരിക്കുന്നു. വന്നതും വരാനുള്ളതുമായ പിഴവുകളൊക്കെയും തങ്ങൾക്ക് പൊറുത്തു തരാനാണിത്; അല്ലാഹുവിന്റെ അനുഗ്രഹം തങ്ങൾക്ക് തികവോടെ നിറവേറ്റിത്തരാനും; നേരായ വഴിയിലൂടെ നയിക്കാനും.( അഥവാ തങ്ങൾക്ക് പാപ സുരക്ഷിതത്വം നൽകിയിരിക്കുന്നു എന്ന് സാരം.)”

മേൽ സൂക്തങ്ങൾ അവതരിച്ച സന്ദർഭത്തെക്കുറിച്ച് വ്യത്യസ്തങ്ങളായ നിവേദനങ്ങൾ നമുക്ക് വായിക്കാനുണ്ട്. എല്ലാ നിവേദനങ്ങളുടെയും ഉള്ളടക്കം ഏകദേശം സമാന്തരമാണ്. ഒരുപറ്റം സ്വഹാബികളിൽ നിരാശ പടർന്ന് ഈ മടക്കമാണോ വിജയം എന്നാലോചിച്ചു കൊണ്ടിരിക്കുമ്പോൾ, ഉന്നതമായ വിജയമാണിത് എന്ന സൂക്തം അവർക്കെല്ലാം വലിയ ആശ്വാസം നൽകി. പറയപ്പെട്ട വിജയം വൈകാതെ അവർക്ക് ആസ്വദിക്കാനും കഴിഞ്ഞു. പ്രവാചകരുﷺടെ ദീർഘദൃഷ്ടിയും സത്യസന്ധതയും ഒരിക്കൽക്കൂടി ബോധ്യപ്പെടാൻ പറ്റുന്ന സംഭവമായി ഇതു മാറി. ആശ്വാസത്തോടെയും വിജയപ്രതീക്ഷയോടെയും നബിﷺയും അനുയായികളും മദീനയിലെത്തിച്ചേർന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

#mahabbatweet
#HistoryOfProbhet
#Taybacentre
#farooqnaeemi
#tweet423

Mahabba Campaign Part-424

Tweet 424

ഹുദൈബിയ്യയും അനുബന്ധമായി ലഭിച്ച വിജയ മുന്നേറ്റങ്ങളും ഖുർആൻ തന്നെ നേരിട്ട് പരാമർശിക്കുന്നു. നാൽപത്തിയെട്ടാം അധ്യായം പ്രാരംഭം മുതൽ ഇരുപത് സൂക്തങ്ങളുടെ ആശയം ഇങ്ങനെ വായിക്കാം.

“നിശ്ചയമായും തങ്ങൾക്കു നാം വ്യക്തമായ വിജയം നല്‍കിയിരിക്കുന്നു. തങ്ങളുടെ വന്നതും വരാനുള്ളതുമായ പിഴവുകളൊക്കെയും പൊറുത്തു തരാനാണിത്; അല്ലാഹുവിന്റെ അനുഗ്രഹം തങ്ങൾക്കു തികവോടെ നിറവേറ്റിത്തരാനും; നേരായ വഴിയിലൂടെ നയിക്കാനും. അന്തസ്സുറ്റ സഹായം അവിടുത്തേക്ക് നൽകാനും. അല്ലാഹുവാണ് സത്യവിശ്വാസികളുടെ ഹൃദയങ്ങളില്‍ ശാന്തി വര്‍ഷിച്ചത്. അതുവഴി അവരുടെ വിശ്വാസം ഒന്നുകൂടി വര്‍ധിക്കാനാണിത്. ആകാശഭൂമികളിലെ സൈന്യം അല്ലാഹുവിന്റേതാണ്. അല്ലാഹു സര്‍വജ്ഞനും യുക്തിമാനുമല്ലോ. സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാർക്ക് താഴ്ഭാഗത്തൂടെ ആറുകളൊഴുകുന്ന സ്വര്‍ഗീയാരാമങ്ങളില്‍ നിത്യവാസികളായി പ്രവേശിപ്പിക്കാനും അവരില്‍നിന്ന് അവരുടെ പാപങ്ങള്‍ മായ്ച്ചു കളയാനുമാണ് ഇങ്ങനെ ചെയ്യുന്നത്. അല്ലാഹുവിങ്കല്‍ ഇത് അതിമഹത്തായ വിജയം തന്നെ. കപടവിശ്വാസികളും ബഹുദൈവ വിശ്വാസികളുമായ സ്ത്രീപുരുഷന്മാരെ ശിക്ഷിക്കാനുമാണിത്. അവര്‍ അല്ലാഹുവെപ്പറ്റി ചീത്ത ധാരണകള്‍ വച്ചു പുലര്‍ത്തുന്നവരാണ്. അവര്‍ക്കു ചുറ്റും തിന്മയുടെ വലയമുണ്ട്. അല്ലാഹു അവരോട് കോപിച്ചിരിക്കുന്നു. അവരെ ശപിക്കുകയും ചെയ്തിരിക്കുന്നു. അവര്‍ക്കായി നരകം ഒരുക്കി വച്ചിരിക്കുന്നു. അതെത്ര മോശമായ സങ്കേതമാണ് ? ആകാശഭൂമികളിലെ സൈന്യങ്ങള്‍ അല്ലാഹുവിന്റേതാണ്. അല്ലാഹു പ്രതാപിയും യുക്തിപരമായി കാര്യങ്ങൾ നടപ്പിലാക്കുന്നവനുമാണ്.

നിശ്ചയം! തങ്ങളെ നാം സാക്ഷിയും സുവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പു നല്‍കുന്നവരുമായി നിയോഗിച്ചിരിക്കുന്നു. നിങ്ങള്‍ അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കാനാണിത്. നിങ്ങളവരെ പിന്തുണയ്‌ക്കാനാണ്. തങ്ങളോട് ആദരവ് പ്രകടിപ്പിക്കാനും രാവിലെയും വൈകുന്നേരവും അല്ലാഹുവിന്റെ മഹത്വം പ്രകീര്‍ത്തിക്കാനും വേണ്ടിയാണ്. നിശ്ചയമായും തങ്ങളോട് പ്രതിജ്ഞ ചെയ്യുന്നവര്‍ അല്ലാഹുവോട് തന്നെയാണ് പ്രതിജ്ഞ ചെയ്യുന്നത്. അവരുടെ കൈകള്‍ക്കു മീതെ അല്ലാഹുവിന്റെ കൈയാണുള്ളത്. അതിനാല്‍ ആരെങ്കിലും അത് ലംഘിക്കുന്നുവെങ്കില്‍ അതിന്റെ ദുഷ്ഫലം അവനുതന്നെയാണ്. അല്ലാഹുവോട് ചെയ്ത പ്രതിജ്ഞ പൂര്‍ത്തീകരിക്കുന്നവന് അവന്‍ അതിമഹത്തായ പ്രതിഫലം നല്‍കും. മാറിനിന്ന ഗ്രാമീണ അറബികള്‍ തങ്ങളോട് പറയും:

“ഞങ്ങളുടെ സ്വത്തും സ്വന്തക്കാരും ഞങ്ങളെ ജോലിത്തിരക്കുകളിലകപ്പെടുത്തി. അതിനാല്‍ അവിടുന്ന് ഞങ്ങളുടെ പാപം പൊറുക്കാന്‍ പ്രാര്‍ഥിക്കുക.” അവരുടെ മനസ്സുകളിലില്ലാത്തതാണ് നാവുകൊണ്ട് അവര്‍ പറയുന്നത്. ചോദിക്കുക: “അല്ലാഹു നിങ്ങള്‍ക്ക് എന്തെങ്കിലും ഉപദ്രവമോ ഉപകാരമോ വരുത്താനുദ്ദേശിച്ചാല്‍, നിങ്ങള്‍ക്കുവേണ്ടി അവയെത്തടയാന്‍ കഴിവുറ്റ ആരുണ്ട്? നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നവയെപ്പറ്റി നന്നായറിയുന്നവനാണ് അല്ലാഹു.”

എന്നാല്‍ സംഗതി അതല്ല; ദൈവദൂതനും സത്യവിശ്വാസികളും തങ്ങളുടെ കുടുംബങ്ങളില്‍ ഒരിക്കലും തിരിച്ചെത്തില്ലെന്നാണ് നിങ്ങള്‍ കരുതിയത്. ആ തോന്നല്‍ നിങ്ങളുടെ ഹൃദയങ്ങള്‍ക്ക് ഹരമായിത്തീരുകയും ചെയ്തു. നന്നെ നീചമായ വിചാരമാണ് നിങ്ങള്‍ വച്ചു പുലര്‍ത്തിയത്. നിങ്ങള്‍ തീര്‍ത്തും തുലഞ്ഞ ജനം തന്നെ. അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കാത്ത സത്യനിഷേധികള്‍ക്കു നാം കത്തിക്കാളും നരകാഗ്നി ഒരുക്കിയിരിക്കുന്നു; ആകാശ ഭൂമികളുടെ ആധിപത്യം അല്ലാഹുവിനാണ്. അവനിച്ഛിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കും. അവനുദ്ദേശിക്കുന്നവരെ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാമയനും തന്നെയാണ്. മരച്ചുവട്ടില്‍ വച്ച് സത്യവിശ്വാസികള്‍ നിന്നോട് പ്രതിജ്ഞ ചെയ്ത വേളയില്‍ ഉറപ്പായും അല്ലാഹു അവരെ തൃപ്തിപ്പെട്ടിരിക്കുന്നു. അപ്പോള്‍ അവരുടെ ഹൃദയങ്ങളിലുള്ളത് അല്ലാഹു തിരിച്ചറിഞ്ഞിരിക്കുന്നു. അങ്ങനെ അവന്‍ അവര്‍ക്ക് മനസ്സമാധാനമേകി. ആസന്നമായ വിജയം വഴി പ്രതിഫലം നല്‍കുകയും ചെയ്തു. നിങ്ങള്‍ക്കെടുക്കാന്‍ ധാരാളം സമരാര്‍ജിത സമ്പത്ത് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. എന്നാലിത് അല്ലാഹു നിങ്ങള്‍ക്ക് മുന്‍കൂട്ടിത്തന്നെ തന്നിരിക്കുന്നു. നിങ്ങളില്‍നിന്ന് ജനത്തിന്റെ കൈകളെ അവന്‍ തടഞ്ഞുനിര്‍ത്തുകയും ചെയ്തിരിക്കുന്നു. സത്യവിശ്വാസികള്‍ക്കൊരടയാളമാകാനാണിത്. നിങ്ങളെ നേര്‍വഴിയില്‍ നയിക്കാനും.‘’

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ-ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet424

Mahabba Campaign Part-425

Tweet 425

ഹുദൈബിയ്യ സന്ധിക്ക് ശേഷമുള്ള കാലത്ത് കൂടിയാണ് മദീന കടന്നുപോകുന്നത്. മക്കയിൽ നിന്ന് മദീനയിലേക്കെത്തുന്ന വിശ്വാസികളെ സ്വീകരിക്കരുത് എന്നാണല്ലോ ഉടമ്പടിയിലെ പ്രധാന ഭാഗം. അങ്ങനെ അബൂബസ്വീർ എന്നയാൾ മദീനയിലേക്ക് വന്നു. അദ്ദേഹത്തെ മക്കയിലേക്ക് തന്നെ തിരിച്ചുകൊണ്ടു പോകാൻ ഖുറൈശികൾ തീരുമാനിച്ചു. അതുപ്രകാരം അഖ്നസ് ബിൻ ശരീഖും അസ്ഹർ ബിൻ അബ്ദു ഔഫും ചേർന്ന് നബിﷺക്ക് ഒരു കത്തെഴുതി. ഖുനൈസ് ബിൻ ആമിറിനെയും തന്റെ പരിചാരകനെയും കൂട്ടി പ്രസ്തുത കത്തുമായി മദീനയിലേക്കയച്ചു. നാം ധാരണയായ ഉടമ്പടി പ്രകാരം അബൂ ബസ്വീറിനെ ഇവർക്കൊപ്പം അയയ്ക്കണമെന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. രണ്ട് ഖുറൈശി പ്രതിനിധികളും നബിﷺയുടെയടുത്തെത്തി.

കാൽനടയായി ക്ഷീണിച്ചെത്തിയ അബൂബസ്വീറിനെ നബിﷺ അടുത്തേക്ക് വിളിച്ചു. ‘കരാർ പാലിക്കൽ അനിവാര്യമായതിനാൽ ഇവരോടൊപ്പം പോകണം’ എന്നായിരുന്നു നബിﷺയുടെ ആവശ്യം. വിശ്വാസിയായ എന്നെ അവിശ്വാസികൾക്ക് ഏൽപ്പിച്ചു കൊടുക്കുകയാണോ എന്ന് ദയനീയമായി അദ്ദേഹം തിരിച്ചു ചോദിച്ചു. ‘നിങ്ങൾ ഭയപ്പെടേണ്ടതില്ല അല്ലാഹു നിങ്ങൾക്ക് ഒരു വഴി കാണിച്ചു തരും’ എന്ന് ആശ്വസിപ്പിച്ചുകൊണ്ട് നബിﷺ അദ്ദേഹത്തെ പറഞ്ഞയച്ചു. കരാർ പാലിക്കുകയും സത്യസന്ധമായി പെരുമാറുകയും ചെയ്യേണ്ടത് പ്രവാചകന്ﷺ അനിവാര്യമായിരുന്നു. ഒരു വിശ്വാസിയെ ശത്രുക്കളുടെ കൈകളിലേക്ക് ഏൽപ്പിച്ചു കൊടുക്കുന്നതിന്റെ വേദനയുണ്ടെങ്കിലും അതിനെക്കാൾ സുപ്രധാനമായ ഒരു മൂല്യത്തെ സംരക്ഷിക്കുകയായിരുന്നു നബിﷺ. ഇത്തരമൊരു സന്ദർഭത്തെ അഭിമുഖീകരിക്കേണ്ടി വന്നതിൽ പ്രവാചക അനുയായികൾക്കും വേദനയുണ്ടായിരുന്നു.

ഏതായാലും അബൂ ബസ്വീറിനെയും കൊണ്ട് അവർ യാത്രതിരിച്ചു. ദുൽഹുലൈഫയിലെത്തി മൂന്നുപേരും കൂടി ഈത്തപ്പഴം കഴിക്കുന്നതിനിടയിൽ കൂട്ടിക്കൊണ്ടു പോകാൻ വന്ന രണ്ടുപേരിൽ ഒരാളുടെ കൈയിലിരുന്ന വാൾ നോക്കിയിട്ട് അബൂബസ്വീർ പറഞ്ഞു. നല്ല തിളക്കമുള്ള വാൾ ആണല്ലോ. ‘അതിങ്ങോട്ട് ഒന്ന് തരൂ, ഞാനൊന്നു നോക്കട്ടെ’. അയാൾ അബൂബസ്വീറിനു തന്റെ വാൾ നൽകി. വാള് കൈയിൽക്കിട്ടിയതും അബൂബസ്വീർ അയാളുടെ കഥ കഴിച്ചു. ഇത് കണ്ടു നിന്ന രണ്ടാമൻ ഓടി രക്ഷപ്പെട്ടു. അയാൾ മദീനയിൽ ചെന്ന് അഭയം തേടി. നബിﷺയെക്കണ്ട് വിവരങ്ങൾ പറഞ്ഞു. അധികം വൈകിയില്ല അബൂബസ്വീറും അവിടെയെത്തി. നബിﷺ തങ്ങൾ അവിടുത്തെ ദൗത്യം നിർവഹിച്ചുവെന്നും എന്നെ മടക്കി വിട്ട കാരണത്താൽ കരാർ പാലിച്ചു എന്നും അദ്ദേഹം വാദിച്ചു. ഇനി എനിക്കിവിടെത്തന്നെ തുടരാൻ അനുമതി തരണമെന്ന് വീണ്ടും അഭ്യർഥിച്ചു. പക്ഷേ, നബിﷺ അത് സ്വീകരിച്ചില്ല. അദ്ദേഹം നേരെ സൈഫുൽ ബഹർ എന്ന സ്ഥലത്തേക്ക് എത്തി.

അബൂബസീറിന്റെ സംഘം അവിടെ വളരുമെന്നും മക്കക്കാർക്ക് അത് ഏറെ പ്രയാസമുണ്ടാക്കുമെന്നും നബിﷺ തങ്ങൾ തന്നെ പ്രവചിച്ചു. നേരത്തെ തിരിച്ചയയ്ക്കപ്പെട്ട അബൂജന്തലും അങ്ങോട്ടെത്തി. മക്കയിൽ നിന്ന് സത്യവിശ്വാസം സ്വീകരിച്ച പലരും മദീനയിലേക്കെത്താൻ കഴിയാത്തതുകൊണ്ട് അബൂബസ്വീറിന്റെ സംഘത്തിൽ ചേർന്നു. ഒരു സംഘമായി വളർന്നുവന്ന അവർ അതുവഴി കടന്നുപോകുന്ന ഖുറൈശി കച്ചവട സംഘങ്ങളെ ആക്രമിക്കാൻ തുടങ്ങി. വ്യാപാരമാർഗം അസ്വസ്ഥമായപ്പോൾ ഒരു പരിഹാരത്തിനു വേണ്ടി ഖുറൈശികൾ ആലോചിച്ചു. ‘നബിﷺയോടും മുസ്‌ലിംകളോടും ചെയ്ത കരാർ തങ്ങൾക്ക് തന്നെ വിനയായി’ എന്ന് അവർ വിലയിരുത്തി.

പ്രത്യക്ഷത്തിൽ മുസ്‌ലിം വിരുദ്ധമായി അവർ എഴുതിച്ചേർത്തതായിരുന്നെങ്കിലും അവർക്കു തന്നെയാണിപ്പോൾ പ്രയാസമായി മാറിയത്. ഒടുവിൽ, അവർ നബിﷺയോട് തന്നെ കരാറിൽ നിന്ന് മാറ്റമാവശ്യപ്പെട്ടു. വിശ്വാസികളായി വരുന്നവരെ മദീനയിൽ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ഞങ്ങൾക്ക് തന്നെയാണ് നഷ്ടമെന്നും അവർ പറഞ്ഞു. നബിﷺ അവിടുത്തെ ഖുറൈശി കുടുംബത്തെയോർത്ത് ഈ അഭ്യർഥന മാനിക്കണമെന്ന് വിനയപുരസ്സരം അവരാവശ്യപ്പെട്ടു. ഇങ്ങനെയായപ്പോഴാണ് സ്വഹാബികൾക്ക് ഏറെ ആഹ്ലാദമായത്. ‘കരാറിൽ നമ്മളിത്രമാത്രം താഴേണ്ടിയിരുന്നോ’ എന്ന് ചോദിച്ച അവർക്ക് ഇപ്പോൾ കാര്യങ്ങളുടെ കിടപ്പ് ബോധ്യമായി. നബിﷺ ഖുറൈശികളുടെ അഭ്യർഥന മാനിച്ചു. ഈ രംഗത്തെക്കുറിച്ച് അൽ ഫതഹ് അധ്യായത്തിലെ 24-ാം സൂക്തം പരാമർശിക്കുന്നത് ഇങ്ങനെയാണ്. “മക്കയുടെ മാറിടത്തില്‍ വച്ച് അവരുടെ കൈകളെ നിങ്ങളില്‍നിന്നും നിങ്ങളുടെ കൈകളെ അവരില്‍നിന്നും തടഞ്ഞുനിര്‍ത്തിയത് അല്ലാഹുവാണ് – അവന്‍ അവര്‍ക്കെതിരെ നിങ്ങള്‍ക്ക് വിജയമരുളിക്കഴിഞ്ഞിരിക്കെ, നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ് അല്ലാഹു.”

ഈ സന്ദർഭത്തിലും നബിﷺ കരുണയോടെയാണ് ശത്രുക്കളോട് പെരുമാറിയത്.
ഈ സംഭവം വിവരിക്കവേ, ഇമാം ഇബ്നു കസീര്‍ (റ) തന്‍റെ അല്‍ ബിദായ വന്നിഹായ എന്ന കൃതിയില്‍ എഴുതിയതിങ്ങനെയാണ് ‘’മക്കാ മുശ്‌രിക്കുകളുടെ പരാതിയെ ത്തുടര്‍ന്നു നബിﷺ അബൂ ജന്ദലിനും അബൂ ബസ്വീറിനും ഇപ്രകാരം ഒരു കത്തെഴുതി: ‘നിങ്ങള്‍ രണ്ടുപേരും മദീനയിലേക്ക് പോരുക. നിങ്ങളോടൊപ്പമുള്ളവര്‍ അവരവരുടെ നാട്ടിലേക്ക് തിരിച്ചുപോയി കുടുംബത്തോടൊപ്പം ചേരട്ടെ. ഖുറൈശികളില്‍ നിന്നും അവരുടെ സമീപത്തുകൂടി കടന്നുപോകുന്ന ഒരാളെയും ഒരു കച്ചവട സംഘത്തെയും സായുധമായി നേരിടാതിരിക്കുക’.

ഇമാം ഇബ്നുകസീര്‍ (റ) തുടരുന്നു: “അപ്രകാരം, ഖുറൈശികളില്‍ നിന്നു തങ്ങള്‍ പിടിച്ചെടുത്തത് തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് നബിﷺ കത്തെഴുതിയപ്പോള്‍ ഒട്ടകത്തിന്‍റെ വടം പോലും നഷ്ടപ്പെടാതെ അതെല്ലാം അവര്‍ തിരിച്ചുകൊടുത്തു “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#mahabbaTweet

.

Mahabba Campaign Part-426

Tweet 426

ഹുദൈബിയ്യ കഴിഞ്ഞ് മദീനയിൽ താമസിക്കുന്ന കാലം. ഗാബാ സൈനിക നീക്കം എന്നൊരു സൈനിക ഇടപെടൽ നടന്നു. ദർബിൻ അബൂദറിന്റെ മേൽനോട്ടത്തിൽ നബിﷺയുടെ ഒട്ടകങ്ങൾ മേയുകയായിരുന്നു. ഫസാരി ഗോത്രക്കാരനായ ഉയയ്നാ ബിൻ ഹിസ്ൻ ഇരുട്ടിന്റെ മറവിൽ ഇടയനെ വധിക്കുകയും ഒട്ടകങ്ങൾ പിടിച്ചെടുക്കുകയും ഇടയന്റെ ഭാര്യയെ ബന്ദിയാക്കുകയും ചെയ്തു. ഈ വിവരം അറിഞ്ഞ നബിﷺയുടെ പരിചാരകൻ പ്രഭാത നിസ്ക്കാരത്തിന്റെ സമയത്ത് ഓടി വന്നു. സലമത്ത് ബിൻ അൽ അക്’വഇനോട് വിവരം പറഞ്ഞു. അദ്ദേഹം ഉടൻതന്നെ മദീനയിലെ ഒരു കുന്നിൻമേൽക്കയറി നിന്ന് വാർത്ത വിളംബരം ചെയ്തു. വിളംബരം കേട്ടതോടെ സ്വഹാബികളും അവരുടെ വാഹനങ്ങളും നബിﷺയുടെ അടുത്തേക്ക് എത്തിച്ചേർന്നു. മിഖ്ദാദ് ബിൻ അംറ് (റ) എന്ന സ്വഹാബിയാണ് ആദ്യം നബിﷺയുടെ അടുത്തെത്തിയത്. “യാ ഖയിലല്ലാഹി ഇർകബീ” എന്ന വിളിയാളം അന്തരീക്ഷത്തിൽ മുഴങ്ങി. ‘അല്ലാഹുവിന്റെ പടക്കുതിരകളേ, തയ്യാറാകൂ’ എന്നായിരുന്നു ഈ മുദ്രാവാക്യത്തിന്റെ ആശയം. അധികം വൈകാതെ അബ്ബാദ് ബിൻ ബിഷ്റും(റ) അവിടെ എത്തിച്ചേർന്നു. അങ്ങനെ പല സ്വഹാബികളും എത്തിച്ചേർന്നപ്പോൾ സഅ്ദ് ബിൻ സൈദി(റ)നെ അവരുടെ തലവനായി നബിﷺ നിശ്ചയിച്ചു. മിഖ്ദാദി(റ)ന്റെ പക്കലുള്ള കുന്തത്തിന്മേൽ പതാക കെട്ടിക്കൊടുത്തു. എന്നിട്ട് ആ സംഘത്തെ നബിﷺ യാത്രയാക്കി. നിങ്ങൾ മുന്നോട്ടു ഗമിക്കണമെന്നും ഞാൻ പിന്നിൽ വരുന്നുണ്ടെന്നും അവിടുന്ന് അറിയിച്ചു.

ബുധനാഴ്ച പ്രഭാതമായപ്പോൾ നബിﷺ പുറപ്പെടാനൊരുങ്ങി. മദീനയുടെ ഉത്തരവാദിത്തം അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂം (റ)നെ ഏൽപ്പിച്ചു. സഅ്ദ് ബിന് ഉബാദ(റ)യുടെ നേതൃത്വത്തിൽ 300 പേരടങ്ങുന്ന സംഘത്തെ മദീനയുടെ സംരക്ഷണം ഏൽപ്പിച്ചു. ഇരുമ്പിന്റെ പടത്തൊപ്പിയണിഞ്ഞ് നബിﷺയും സംഘത്തോടൊപ്പം മുന്നോട്ട് നീങ്ങി. രാത്രിയായപ്പോൾ സലമയുടെ സംഘത്തിന്റെ അടുത്തെത്തി. നബിﷺയുടെ സംഘം വരുന്നത് കണ്ടപ്പോൾത്തന്നെ ശത്രുക്കൾക്ക് ഭയമായി. ദീ ഖറദ് എന്ന പോരാട്ട ഭൂമിയിലേക്ക് എത്തിയപ്പോഴേക്കും ഒരാൾ അവിടെ പുതച്ചു കിടക്കുന്നത് കണ്ടു. അപ്പോഴേക്കും ചിലർ പറഞ്ഞു. ഇതാ അബൂ ഖത്താദ (റ) രക്തസാക്ഷിയായിരിക്കുന്നു. അധികം വൈകിയില്ല, അബൂബക്കറും(റ) ഉമറും(റ) ഓടിവന്ന് പുതപ്പുയർത്തി നോക്കി. അപ്പോഴാണറിയുന്നത് ആ പുതച്ചു കിടന്നത് മസ്‌അദ(റ) ആയിരുന്നു. പെട്ടെന്നുതന്നെ അവർ തക്ബീർ മുഴക്കി. പ്രഭാതമായപ്പോഴേക്കും അതാ വരുന്നു അബൂ ഖത്താദ (റ). നബിﷺ ആവേശത്തോടെ അദ്ദേഹത്തെ സ്വീകരിച്ചു. നിങ്ങളെ അല്ലാഹു വിജയിപ്പിക്കട്ടെ എന്ന് ആശംസിച്ചു. അബൂഖത്താദ (റ) പ്രാർഥനാ വാചകം പ്രത്യഭിവാദ്യമായിപ്പറഞ്ഞു. “കുതിരപ്പടയാടികളുടെ നേതാവായ അബൂ ഖത്താദാ, (റ) നിങ്ങൾക്ക് അല്ലാഹു അനുഗ്രഹം നൽകട്ടെ ” എന്ന് വീണ്ടും നബിﷺ അദ്ദേഹത്തിനു വേണ്ടി പ്രാർഥിച്ചു. പരുക്കുപറ്റിയ അദ്ദേഹത്തിന്റെ മുഖത്ത് നബിﷺ ഉമിനീർ പുരട്ടുകയും തിരുകരങ്ങൾ വച്ച് ആശ്വസിപ്പിക്കുകയും ചെയ്തു. ‘അബൂഖത്താദ(റ)യുടെ രോമത്തിനും ശരീരത്തിനും നീ അനുഗ്രഹം ചൊരിയണമേ’ എന്ന് നബിﷺ വീണ്ടും അദ്ദേഹത്തിന് വേണ്ടി അനുഗ്രഹ പ്രാർഥന നടത്തി. എഴുപതാമത്തെ വയസ്സിൽ ലോകത്തോട് വിട പറയുമ്പോഴും 15 വയസ്സുകാരന്റെ ശരീര സൗന്ദര്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്.

മുസ്‌ലിം സംഘം ശത്രുക്കളെ പരാജയപ്പെടുത്തി. പിടിച്ചെടുക്കപ്പെട്ട സ്വത്ത് വകകളിൽ നിന്ന് പകുതി തിരിച്ചെടുത്തു. നബിﷺയുടെ ഉഖാബ് എന്ന പേരുള്ള പതാകയാണ് ഉപയോഗിച്ചിരുന്നത്. അമിത് അമിത് എന്നായിരുന്നു മുസ്‌ലിം സൈന്യം ഉപയോഗിച്ചിരുന്ന കോഡ്. ഭയ ഘട്ടങ്ങളിൽ നിസ്ക്കരിക്കാറുള്ള രീതിയിലാണ് അന്ന് നബിﷺയും അനുയായികളും നിസ്ക്കാരം നിർവഹിച്ചത്.

രണ്ടുദിവസം കൂടി ദീ ഖറദ എന്ന പ്രദേശത്ത് നിലയുറപ്പിച്ചു. സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ വേണ്ടിയായിരുന്നു അത്. അന്ന് പ്രവാചകൻﷺ പറഞ്ഞ ഒരു പ്രസ്താവന ഇങ്ങനെയാണ്. “നമ്മുടെ കൂട്ടത്തിലെ ഏറ്റവും നല്ല കുതിരപ്പടയാളി അബൂ ഖത്താദ(റ)യും കാലാൾപ്പടയാളി സലമയുമാണ് “. അഞ്ചു ദിവസത്തെ അസാന്നിധ്യത്തിന് ശേഷം തിങ്കളാഴ്ച നബിﷺയും സംഘവും മദീനയിലേക്കെത്തിച്ചേർന്നു. കാട് എന്നർഥമുള്ള ‘ഗാബ’ എന്ന പേരിനോട്‌ ചേർത്താണ് ഗാബാ സൈനിക നീക്കം എന്നറിയപ്പെടുന്നത്. ഈ സംഭവം നടന്ന സ്ഥലത്തുനിന്നുള്ള മരം കൊണ്ടാണ് നബിﷺക്ക് വേണ്ടിയുള്ള മിമ്പർ അഥവാ പ്രാർഥന സംഭാഷണങ്ങൾക്ക് വേണ്ടി കയറിനിൽക്കാനുള്ള പ്രത്യേക പ്ലാറ്റ്ഫോം നിർമിക്കപ്പെട്ടത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryofProbhet
#Taybacentre
#FarooqNaeemi
#Tweet426

Mahabba Campaign Part-427

TWEET 427

നബിﷺ ഹുദൈബിയ്യയിൽ നിന്ന് വന്നിട്ട് ഏകദേശം 20 ദിവസങ്ങളായി. പല രാഷ്ട്രീയ സാഹചര്യങ്ങളും മുന്നിൽ വച്ചുകൊണ്ട് അവിടുന്ന് ഖൈബറിലേക്ക് പുറപ്പെട്ടു. ഇനിയങ്ങോട്ട് സമരാർജിത സമ്പത്തിന്റെ കാലമാണ് എന്നറിയിക്കുന്ന ഖുർആൻ സൂക്തം ഹുദൈബിയ്യയിൽ നിന്ന് മദീനയിൽ എത്തുന്നതിനു മുമ്പ് തന്നെ അവതരിച്ചിരുന്നു. അൽ ഫതഹ് അധ്യായത്തിന്റെ ഇരുപതാം സൂക്തമാണ് ഈ ആശയം ഉൾക്കൊള്ളുന്നത്. എന്നാലും സത്യമാർഗത്തിൽ സമരത്തിന് സജ്ജരാകുന്നവർ മാത്രമാണ് എന്നോടൊപ്പം വരേണ്ടതെന്നും കേവലം സമ്പത്ത് മാത്രം ലക്ഷ്യം വച്ച് ആരും വരരുതെന്നും നബിﷺ മുന്നറിയിപ്പ് നൽകി.

അനസ്(റ) നിവേദനം ചെയ്യുന്നു. ഖൈബറിലേക്ക് പുറപ്പെടാൻ ഉദ്ദേശിച്ചപ്പോൾ നബിﷺ അബൂ ത്വൽഹ(റ)യോട് പറഞ്ഞു. “എനിക്ക് പരിചാരകനായി ആരെങ്കിലും ഒരാളെ നോക്കൂ “. അനസ് (റ) പറയുന്നു. ഞാനും അബൂത്വൽഹ (റ)യോടൊപ്പം യാത്ര ചെയ്തു. നബിﷺ എവിടെ ഇറങ്ങിയാലും ഞാൻ പരിചരണത്തിനു വേണ്ടി എത്തും. ആ ദിവസങ്ങളിലൊക്കെ പ്രവാചകൻ‍ﷺ പ്രത്യേകം ഒരു പ്രാർഥന നിർവഹിക്കുന്നത് ഞാൻ കേട്ടിരുന്നു. അല്ലാഹുമ്മ ഇന്നീ അഊദുബിക മിനൽ ഹമ്മി വൽ ഹസൻ… മനപ്രയാസവും ക്ഷീണവും പിശുക്കും ഭീരുത്വവും താങ്ങാനാവാത്ത കടവും ദൗർബല്യവും ഒന്നും തരല്ലേ എന്ന് അല്ലാഹുവിനോട് കാവൽ ചോദിക്കുന്നതാണ് ഈ പ്രാർഥന.

നുമൈലബിൻ അബ്ദുല്ല അലൈസി (റ) എന്നവരെ മദീനയുടെ ചുമതല ഏൽപ്പിച്ചു നബിﷺ യാത്രയാരംഭിച്ചു.
പത്നിമാരിൽ നിന്ന് ഉമ്മുസലമ(റ)യാണ് കൂടെയുണ്ടായിരുന്നത്.

നബിﷺയുടെ ഖൈബറിലേക്കുള്ള യാത്രയെക്കുറിച്ച് മദീനയിലെ വിശ്വാസികൾ ജൂതന്മാരോട് സംസാരിച്ചു. അവിടെയും പൂർണമായും ജൂതമുക്തമാകുമെന്നും ശേഷം മദീനയിലുള്ള ജൂതന്മാർക്കും അത് ബാധിക്കുമെന്നും അവർ പറഞ്ഞു. ഇത് കേട്ടതോടെ ജൂതന്മാരിൽനിന്ന് മുസ്‌ലിംകൾ വായ്പയായി വാങ്ങിയ മുഴുവൻ സ്വത്തും അവർ തിരിച്ചു വാങ്ങാൻ തുടങ്ങി.

മദീനയിൽ നിന്ന് 70 മൈലുകൾ അകലെയുള്ള ഖൈബറിലേക്ക് 1400 ഓളം വരുന്ന അനുയായികൾക്കൊപ്പം നബിﷺ യാത്രതിരിച്ചു. മദീനയിൽ നിന്ന് പോയവരും അല്ലാത്തവരുമായ ജൂതന്മാർ അവിടം കേന്ദ്രീകരിച്ച് ഇസ്‌ലാമിനെതിരെ ഗൂഢാലോചനകൾ നടത്തുകയായിരുന്നു. അഹ്സാബിലും അവരുടെ സ്വപ്നം പുലരാത്തതുകൊണ്ട് കൂടുതൽ വർധിത ശക്തിയോടെ വീണ്ടും ഒരവസരത്തിനു വേണ്ടി അവർ കാത്തിരിക്കുകയായിരുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ നബിﷺയും അനുയായികളും ഖൈബറിലേക്ക് വരുന്നു എന്നറിഞ്ഞപ്പോൾ അവർ സമരസജ്ജരായി കാത്തു നിന്നു. ഏതായാലും നേരിടാമെന്നും പരാജയപ്പെടുത്താമെന്നും അവർ മോഹിച്ചു. എന്നാൽ മുസ്‌ലിംകൾ ഖൈബറിലേക്ക് അടുക്കുംതോറും അവർക്ക് ഭയം വർധിച്ചുകൊണ്ടിരിക്കുന്നു. ഒരു ദിവസം അവർ കൃഷിയിടത്തിലായിരിക്കെയാണ് നബിﷺയും സംഘവും അങ്ങോട്ടെത്തുന്നത്. ഈ വരവ് ശ്രദ്ധയിൽപ്പെട്ട അവർ ഭയചകിതരായി അവരുടെ കോട്ടയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. 2000 പടയാളികളുള്ള ജൂതന്മാർ ആറു കോട്ടകളിലായി ഒളിച്ചു കയറി.

ഇനിയും ഇവർ വളർന്നുവരുകയും മദീനയ്ക്കെതിരെ ഒരാക്രമണം ഉണ്ടാവുകയും ചെയ്താൽ എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ കോട്ടകൾ ഉപരോധിക്കുകയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല.

മുസ്‌ലിം സൈന്യം ഖൈബറിലെ കോട്ടകൾ ഉപരോധിച്ചു. ഏതെങ്കിലും വിധത്തിലുള്ള സന്ധികൾക്ക് ജൂതന്മാർ തയ്യാറായില്ല. ഇനിയിപ്പോൾ നേരിടുകയല്ലാതെ മാർഗമില്ല എന്ന് വന്നതിനാൽ നബിﷺ സ്വഹാബികളെ അഭിസംബോധനം ചെയ്തു. ധർമസമരത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ഉദ്ബോധിപ്പിച്ചു. താത്ക്കാലിക താല്പര്യങ്ങൾക്കപ്പുറം പരമമായ സത്യത്തെ സ്ഥാപിക്കാനും നേരിന്റെ വഴിയിൽ തടസ്സം നിൽക്കുന്നവരെ പ്രതിരോധിക്കാനുമാണ് ഇത്തരം നീക്കങ്ങളെന്ന് അവരെ ബോധ്യപ്പെടുത്തി.

മദീനയിൽ നിന്ന് ഇത്രയേറെ അകലെ എത്രനാൾ നിൽക്കാനാകും എന്ന ഒരാശങ്ക ഭൗതികമായി ഉണ്ടായിരുന്നു. കുറച്ചുനാളുകൾ കോട്ടയ്ക്കു പുറത്ത് കഴിഞ്ഞുകൂടി ഗതിമുട്ടിയാൽ മദീനയിലേക്ക് മുസ്‌ലിംകൾ മടങ്ങിക്കൊള്ളുമെന്നായിരുന്നു ജൂതന്മാരുടെ ധാരണ.

ആയുധ സന്നാഹങ്ങളോടെ പാകപ്പെടുന്ന ഇത്രയും വലിയൊരു സംഘത്തെ ഇനിയും വളരാനനുവദിച്ചാൽ വരാനുള്ള ഭവിഷത്തിനെക്കുറിച്ച് നബിﷺക്കും അനിയായികൾക്കും ബോധ്യമുണ്ടായിരുന്നു. ഇനിയും ഒരു തീരുമാനമാകാതെ മുന്നോട്ടുപോയാൽ കൂടുതൽ അപകടമാകുമെന്ന് അവർ നിരീക്ഷിച്ചു. എന്നാൽ എങ്ങനെയാണ് ഈ കോട്ടയിലേക്ക് അക്രമിച്ചു കയറുക. വലിയ ഒരു സൈന്യവും ശക്തി ദുർഗമായ കോട്ടകളും പ്രശ്നങ്ങൾക്ക് മുമ്പിൽ വലിയ ഒരു ചോദ്യചിഹ്നമായി. നബിﷺ അനുയായികളോട് കൂടിയാലോചിച്ചു. ഏതായാലും ശത്രുക്കളുടെ ഭീഷണി ഇല്ലാതെയാക്കണമെന്ന് സ്വഹാബികൾ ഏകോപിച്ചു. എന്നാൽ ഇനി ആരുടെ നേതൃത്വത്തിൽ, എന്ത് നീക്കമാണ് നടത്തുക എന്ന ചർച്ചയിലേക്ക് എത്തി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet427

.

Mahabba Campaign Part-428

Tweet 428

നബിﷺ ഖൈബറിലേക്ക് എത്തിയ സഞ്ചാരവഴികളിൽ നിന്ന് ചിലത് കൂടി നമുക്കറിയാനുണ്ട്. സ്വഹാബിയായ സൗബാൻ (റ) പറയുന്നു. “ഖൈബർ വേളയിൽ നബിﷺ ബിലാലി(റ)നെ വിളിച്ചു. എന്നിട്ട് പറഞ്ഞു. രോഗികളോ ക്ഷീണം ഉള്ളവരോ ഉണ്ടെങ്കിൽ മടങ്ങിക്കൊള്ളുക എന്ന സന്ദേശം ജനങ്ങളെ അറിയിക്കൂ. ബിലാൽ (റ) നിർവഹിച്ചു. ഈ നിർദേശം പാലിക്കാതെ സഞ്ചരിച്ച ഒരാൾ വഴിയിൽ വച്ച് മരണപ്പെട്ടു. അദ്ദേഹത്തിന്റെ മൃതശരീരം ഹാജരാക്കിയപ്പോൾ നബിﷺ ചോദിച്ചു. ഇയാൾക്ക് എന്താണ് പറ്റിയത്? സദസ്സിലുള്ളവർ കാര്യം പറഞ്ഞു. അപ്പോൾ നബിﷺ ബിലാലി(റ)നോട് ചോദിച്ചു. ഞാൻ വിളംബരം ചെയ്യാൻ പറഞ്ഞ കാര്യം നിങ്ങൾ അറിയിച്ചിരുന്നില്ലേ? അതെ, ഞാൻ അറിയിച്ചിരുന്നു എന്ന് ബിലാൽ (റ) മറുപടി പറഞ്ഞു. മരണപ്പെട്ട ആളുടെ മേൽ നിസ്ക്കരിക്കാൻ പ്രവാചകൻﷺ വിസമ്മതിച്ചു. ശേഷം, ബിലാലി(റ)നോട് ഒരു വിളംബരം കൂടി അറിയിക്കാൻ പറഞ്ഞു. അതിങ്ങനെയായിരുന്നു. കൽപ്പനകൾ ലംഘിക്കുന്നവർക്ക് സ്വർഗം ലഭിക്കുകയില്ല. മൂന്നുപ്രാവശ്യം ബിലാൽ (റ) അത് വിളംബരം ചെയ്തു “.

മുഹമ്മദ് ബിൻ ഉമർ (റ) നിവേദനം ചെയ്യുന്നു. “ഖൈബറിലേക്കുള്ള സഞ്ചാരത്തിനിടയിൽ ഞങ്ങൾ നബിﷺയോടൊപ്പമായിരുന്നു. ഞങ്ങളെക്കാൾ മുന്നേ സഞ്ചരിക്കുന്ന ഒരാളെ ശ്രദ്ധയിൽപ്പെട്ടു. അയാളുടെ മുന്നിൽ എന്തോ ഒന്ന് നന്നായി തിളങ്ങുന്നുണ്ട്. വെയിലത്ത് തിളങ്ങുന്ന മുട്ടയുടെ ആകൃതിയിലുള്ള എന്തോ ഒന്ന്. നബിﷺ ചോദിച്ചു, അതാരാണ് പോകുന്നത് ? അത് അബൂ അബുസു ബിന് ജബ്ർ ആണ്. അദ്ദേഹത്തെ സമീപിക്കാനും ഹാജരാക്കാനും നബിﷺ നിർദേശിച്ചു. അതുപ്രകാരം അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നു. അദ്ദേഹം പറയുന്നു. എന്നെക്കുറിച്ച് വാനലോകത്ത് നിന്ന് എന്തോ സന്ദേശം ഇറങ്ങിയിട്ടുണ്ടോ എന്നു ഞാൻ ആലോചിച്ചു. നബിﷺ എന്നോട് ചോദിച്ചു. എന്താ നിങ്ങൾ മുന്നേ യാത്ര ചെയ്യുന്നത്? നിങ്ങളുടെ കൂട്ടുകാരോടൊപ്പം സഞ്ചരിക്കാതെ നേരത്തെ പോകുന്നത്? അദ്ദേഹം പറഞ്ഞു. എന്റെ വാഹനം നല്ല ചൊടിയുള്ള വാഹനമാണ്. അപ്പോൾ നബിﷺ ചോദിച്ചു. ഞാൻ നിങ്ങൾക്ക് അണിയിച്ചു തന്ന ഷാളിന്റെ കഷണം എവിടെ? ഞാനത് എട്ടു ദിർഹമിന് വിറ്റു. രണ്ടു ദിർഹമിന് യാത്രാ സാമഗ്രികൾ വാങ്ങി. രണ്ടു ദിർഹം ഞാൻ വീട്ടിലെ ചെലവുകൾക്ക് നൽകി. ശേഷം, നാല് ദിർഹമിന് ഞാനീ പുതപ്പ് വാങ്ങി. ഇതു കേട്ടതും നബിﷺ ഒന്ന് പുഞ്ചിരിച്ചു. എന്നിട്ട് പറഞ്ഞു, നിങ്ങളുടെ ദരിദ്രരായ സുഹൃത്തുക്കൾ. എന്റെ ഉടമസ്ഥൻ തന്നെ സത്യം! നിങ്ങൾ രക്ഷപ്പെടുകയും കുറച്ചുകാലം ജീവിക്കുകയും ചെയ്താൽ നിങ്ങളുടെ വസ്തുവകകൾ വർധിക്കും, കുടുംബത്തിന് നൽകുന്ന സമ്പാദ്യവും വർധിക്കും, പരിചാരകരും ദിർഹമുകളും അധികരിക്കും. പക്ഷേ, അത് നിങ്ങൾക്ക് ഗുണകരമാകണമെന്നില്ല. അബൂ അബുസ് പറയുന്നു. നബിﷺ അന്ന് പറഞ്ഞതുപോലെത്തന്നെ കാര്യങ്ങൾ പുലർന്നു “.

സുവൈദു ബിനു നുഉമാൻ (റ) നിവേദനം ചെയ്യുന്നു. “ഞങ്ങൾ നബിﷺയോടൊപ്പം ഖൈബറിനടുത്ത് സ്വഹ്ബാഅ എന്ന പ്രദേശത്തെത്തി. അവിടെ നിന്നും ഞങ്ങൾ അസ്ർ നിസ്ക്കരിച്ചു. ശേഷം, അവിടുന്ന് ഭക്ഷണം ആവശ്യപ്പെട്ടപ്പോൾ സവീഖ് എന്ന ഭക്ഷണം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഗോതമ്പും തൊഹീനയും ചേർന്ന ഒരു വിഭവം. നബിﷺയും ഞങ്ങളും അത് ഭക്ഷിച്ചു. ശേഷം മഗ്‌രിബിന്റെ സമയമായപ്പോൾ വായ വൃത്തിയാക്കി നിസ്ക്കാരത്തിലേക്ക് പ്രവേശിച്ചു. അപ്പോൾ നിസ്ക്കാരത്തിനു വേണ്ടി അംഗ സ്നാനം അഥവാ വുളു ചെയ്തില്ല “. ഭക്ഷണം കഴിച്ചതിനാൽ മാത്രം അംഗസ്നാനം പുതുക്കേണ്ടതില്ല എന്ന് സാരം.

പ്രവാചക ജീവിതത്തിൽ നിന്ന് ഇത്തരം സന്ദർഭങ്ങൾ ഉദ്ധരിക്കുന്നതിന് ചില വിശേഷങ്ങളുണ്ട്. നബി ജീവിതത്തിന്റെ രാപ്പകലുകളാണ് ഇസ്‌ലാമിലെ കർമങ്ങളും അനുഷ്ഠാനങ്ങളും നിർദേശങ്ങളുമായി രൂപപ്പെട്ടത്. വിധി വിലക്കുകൾ പ്രയോഗത്തിലൂടെ കാണിച്ചു തരാനാണ് അല്ലാഹു പ്രവാചകനെﷺ നിയോഗിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ അവിടുത്തെ കർമങ്ങൾക്കും വിശ്രമങ്ങൾക്കും ശബ്ദത്തിനും മൗനത്തിനുമെല്ലാം നിയമ രൂപീകരണത്തിന്റെയും സംസ്ഥാപനത്തിന്റെയും സ്വഭാവങ്ങളുണ്ടാവും. നബിﷺയുടെ ജീവിതം ഖുർആനിന്റെ പ്രയോഗവും ലോകത്തിന്റെ മാതൃകയായി രൂപപ്പെട്ടുവന്നതുമാണ്. ഖുർആനിനെ വാക്കുകൊണ്ട് മാത്രം വ്യാഖ്യാനിക്കാനല്ല നബിﷺ വന്നത്. കർമം കൊണ്ടും ചിലപ്പോൾ മൗനം കൊണ്ടുമൊക്കെ നിർവഹിക്കേണ്ടതായിരുന്നു ആ ദൗത്യം. അത് ഭംഗിയായി നബിﷺ നിർവഹിക്കുകയും ചെയ്തു .

മുഹമ്മദ് ബിൻ ഉമർ (റ) തുടരുന്നു. “ശഹബായിൽ വച്ച് തന്നെ നബിﷺ ഇശാഅ് നിസ്ക്കാരവും നിർവഹിച്ചു. ശേഷം, വഴികാട്ടികളായ ആളുകളെ ക്ഷണിച്ചു. ഹുസൈൻ ബിൻഖാരിജ: (റ), അബ്ദുല്ലാഹിബ്നു നുഐം (റ) തുടങ്ങിയവർ രംഗത്തേക്ക് വന്നു. അവർക്ക് വേണ്ട നിർദേശങ്ങൾ അവിടുന്ന് നൽകി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#mahabbatweet
#HistoryOfProbhet
#Taybacentre
#farooqnaeemi
#tweet428

Mahabba Campaign Part-429

Tweet 429

വഴികാട്ടിയായ ഹുസൈലിനോട് നബിﷺ പറഞ്ഞു. “നിങ്ങൾ മുന്നോട്ടു നടക്കുക. താഴ്‌വരയുടെ മധ്യഭാഗത്തുകൂടി സഞ്ചരിക്കുക. സിറിയയുടെയും ഖൈബറിന്റെയും ഇടയിലൂടെയാണ് നമുക്ക് പോകേണ്ടത് “. അതുപ്രകാരം സംഘം മുന്നോട്ട് നീങ്ങി. കുറെ വഴികളൊത്തുകൂടുന്ന ഒരു സ്ഥലത്തെത്തിച്ചേർന്നു. ഹുസൈൽ പറഞ്ഞു. “പല വഴികൾ ഒത്തുകൂടുന്ന ഒരു സ്ഥലത്താണ് നാമെത്തിയിട്ടുള്ളത് “. നബിﷺ പറഞ്ഞു, “ആ വഴികളുടെ പേരുകളൊന്നു പറയൂ “. അപ്പോൾ എല്ലാ വഴികളുടെയും നാമങ്ങളദ്ദേഹം പറഞ്ഞു. ഹാത്വിബ്, ഹുസ്ൻ, ഷാഷ് എന്നീ പേരുകൾ പറഞ്ഞപ്പോൾ നബിﷺക്ക് അത്ര തൃപ്തിയായില്ല. ഈ പറയപ്പെട്ട പേരുകളുടെയൊന്നും അർഥം അത്ര ഭംഗിയുള്ളതായിരുന്നില്ല. “അടുത്ത വഴിയുടെ പേരെന്താണ് ?” മർഹബ് എന്ന് പറഞ്ഞതും നബിﷺ പറഞ്ഞു. “നമുക്ക് ആ വഴിയിൽ സഞ്ചരിക്കാം “. സ്വാഗതം എന്നർഥമുള്ള ഒരു ശുഭനാമമായി അതിനെ നബിﷺ കണ്ടു.

മുന്നോട്ട് സഞ്ചരിച്ചപ്പോൾ ഖൈബറിലെ കോട്ടകൾ കാണാൻ തുടങ്ങി. കോട്ടകൾ കണ്ടുതുടങ്ങിയപ്പോൾ നബിﷺ അനുയായികളോട് നിൽക്കാൻ പറഞ്ഞു. എന്നിട്ടവിടെ നിന്നു പ്രാർഥിക്കാൻ തുടങ്ങി. “ഏഴാകാശങ്ങളെയും മേലാപ്പായി സൃഷ്ടിച്ച് പരിപാലിക്കുന്നവനേ! ഭൂമിയെ വിരിപ്പായി സൃഷ്ടിച്ച് സംവിധാനിച്ചവനേ! കാറ്റിനെ ദിശ നിശ്ചയിച്ച് സഞ്ചരിപ്പിക്കുന്നവനേ! വഴികേടായ പിശാചിനെയും നിയന്ത്രിക്കുന്നവനെ! ഈ ഗ്രാമത്തിൽ നിന്നുള്ള നന്മയെ ഞങ്ങൾ കാംക്ഷിക്കുന്നു. ഞങ്ങൾക്കു നീ നൽകേണമേ! ഈ ഗ്രാമത്തിൽ നിന്നുള്ള നാശങ്ങളെത്തൊട്ട് നിന്നോട് കാവൽ തേടുന്നു “. തുടർന്ന് നബിﷺ അനുയായികളോട് പറഞ്ഞു. “അല്ലാഹുവിന്റെ നാമത്തിൽ നിങ്ങൾ മുന്നോട്ടു പോവുക”.

സംഘം മുന്നോട്ടു സഞ്ചരിച്ചു. ഖൈബറിലെ അങ്ങാടിയിൽ തന്നെ സൈദ് ബിൻ സാബിത്തി(റ)ന്റെ വിഹിതത്തിൽപ്പെട്ട ഭവനത്തിലേക്ക് എത്തിച്ചേർന്നു. രാത്രിയിൽ അല്പസമയം നബിﷺ അവിടെയുറങ്ങി. ജൂതന്മാർ വിചാരിച്ചത് എന്തായാലും ഒരു നേരിടലിന് മുസ്‌ലിംകൾ തയ്യാറാവില്ല എന്നാണ്. അത്രമേൽ അംഗബലവും ആയുധബലവും അവർക്കുണ്ടായിരുന്നു. എന്നാൽ പ്രവാചകരുﷺടെ നിരീക്ഷണം കേവലം ഭൗതികമായ ആനുകൂല്യങ്ങളിൽ മാത്രമായിരുന്നില്ല. ആത്യന്തികമായ സത്യത്തിന്റെ പ്രസ്താവനത്തിനു വേണ്ടിയുള്ള പരിശ്രമമായിരുന്നല്ലോ ഇസ്‌ലാം നിർവഹിച്ചത്. നേരം വെളുക്കാനടുത്തപ്പോഴേക്കും എല്ലാവരും പ്രഭാത നിസ്ക്കാരം നിർവഹിച്ചു. ശേഷം, നബിﷺ വാഹനത്തിൽക്കയറി. അനുയായികളും വാഹനങ്ങളിൽ മുന്നോട്ട് നീങ്ങി. അനസ് (റ) പറയുന്നു. “ഞാൻ അബൂത്വൽഹ(റ)യുടെ വാഹനത്തിൽ പിൻസീറ്റിലിരുന്നാണ് യാത്ര ചെയ്തത് “.

ഈത്തപ്പന നാരുകൾ കൊണ്ട് നെയ്ത വിരിപ്പ് വിരിച്ച ഒരു കഴുതപ്പുറത്തായിരുന്നു നബിﷺ ഖൈബർ ദിവസം ഉണ്ടായിരുന്നത് എന്ന് ചില നിവേദനങ്ങളിൽ നമുക്ക് വായിക്കാം.

മുഹമ്മദ് ബിൻ ഉമർ (റ) നിവേദനം ചെയ്യുന്നു. “ഇബ്നുൽ മുൻദിർ (റ) നബിﷺയെ സമീപിച്ചുകൊണ്ട് ചോദിച്ചു. അല്ലയോ പ്രവാചകരേ, ﷺ നാം ഇപ്പോൾ ശത്രുവിന്റെ കോട്ടയുടെയടുത്താണല്ലോ ഉള്ളത്. നാം ഇവിടെ തമ്പടിച്ചതും നിലകൊള്ളുന്നതും അല്ലാഹുവിന്റെ കല്പനപ്രകാരമാണെങ്കിൽ എനിക്കൊന്നും പറയാനില്ല. അതല്ല, അഭിപ്രായം പറയാൻ അവസരമുണ്ടെങ്കിൽ എനിക്ക് പറയാനുണ്ട് “. നബിﷺ പറഞ്ഞു “അഭിപ്രായം പറയാൻ അവസരമുണ്ട്, നിങ്ങൾ പറഞ്ഞോളൂ “. അപ്പോൾ അദ്ദേഹം പറഞ്ഞു തുടങ്ങി. “നാമിപ്പോൾ ശത്രുവിനോട് വളരെയടുത്താണുള്ളത്. അവർ അമ്പെയ്താൽ എത്തുന്ന ദൂരത്ത്. ഇവിടെ തുടരുന്നത് അത്ര സുരക്ഷിതമാണെന്ന് തോന്നുന്നില്ല. രാത്രിയിൽ ഒരുപക്ഷേ, അവർ നമ്മെ കടന്നാക്രമിക്കുകയും ചെയ്തേക്കാം. ഒന്നുകൂടി സുരക്ഷിതമായ ഒരു ഭാഗത്തേക്ക് മാറി തമ്പടിക്കുന്നതായിരിക്കും നമുക്ക് നല്ലത് “. നബിﷺ ഈ അഭിപ്രായത്തെ സ്വാഗതം ചെയ്തു. ഒരു നേതാവ് അനുയായികളെ എങ്ങനെ കേൾക്കണമെന്നും അവരുടെ അഭിപ്രായങ്ങളെ എങ്ങനെ പരിഗണിക്കണമെന്നും ഏറ്റവും ഉദാത്തമായ ഒരു മാതൃകയുടെ രംഗം കൂടിയാണിത്.

സുരക്ഷിതമായ ഒരിടം കണ്ടെത്താൻ വേണ്ടി മുഹമ്മദ് ബിൻ മസ്‌ലമ(റ)യോട് നബിﷺ ആവശ്യപ്പെട്ടു. അതുപ്രകാരം സുരക്ഷിതമായ ഒരിടം കണ്ടെത്തുകയും നബിﷺയെ അങ്ങോട്ട് കൂട്ടിക്കൊണ്ടുപോവുകയും ചെയ്തു. അപ്പോൾ നബിﷺ അദ്ദേഹത്തിന് ആശംസകൾ നേർന്നു.

നബിﷺ ചില നയതന്ത്രപരമായ ആലോചനകളിലേക്ക് അനുയായികളെ ക്ഷണിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-430

Tweet 430

ജാബിറി(റ)ൽ നിന്ന് ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്നു. നബിﷺ അനുയായികളോട് പറഞ്ഞു. “ശത്രുവിനെ നേരിടാൻ നിങ്ങൾ ആഗ്രഹിക്കരുത്. അല്ലാഹുവിനോട് സുരക്ഷയ്ക്ക് വേണ്ടി പ്രാർഥിക്കുക. അല്ലാഹു ശത്രുക്കൾ വഴി നമ്മെ എങ്ങനെയാണ് പരീക്ഷിക്കുക എന്നറിയില്ല. അനിവാര്യമായും അവരെ അഭിമുഖീകരിക്കേണ്ടി വന്നാൽ നിങ്ങൾ ഇങ്ങനെ പ്രാർഥിക്കുക. അല്ലാഹുവേ, നീയാണ് ഞങ്ങളുടെയും ശത്രുക്കളുടെയും പരിപാലകൻ. ഞങ്ങളുടെയും അവരുടെയും മൂർദ്ധാവുകൾ നിന്റെ നിയന്ത്രണത്തിലാണ്. നീയാണ് അവരെ നേരിടേണ്ടത്. ശേഷം, നിങ്ങൾ ഉറച്ചു നിൽക്കുക. അവർ നിങ്ങളെ വലയം വച്ചാൽ നിങ്ങൾ പ്രതികരിക്കുക. അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തി തക്ബീർ മുഴക്കുക “.

തുടർന്ന് നബിﷺ പതാകകൾ ഏൽപ്പിച്ചു. സ്വന്തമായി എന്ന് പേരുള്ള കറുത്ത പതാകയായിരുന്നു വഹിച്ചിരുന്നത്. സഅ്ദ് ബിൻ ഉബാദ (റ), അലിയ്യ് ബിൻ അബീത്വാലിബ് (റ), ഹുബാബ് ബിൻ മുന്ദിർ (റ) എന്നിവരായിരുന്നു പതാകവാഹകർ. ‘മൻസൂർ അമിത്’ എന്നായിരുന്നു അന്നത്തെ സൈന്യത്തിനിടയിലെ സൂചനാ വാചകം.

സായുധമായി പ്രതികരിക്കാനും സഹിഷ്ണുതയോടെ നിലകൊള്ളാനും നബിﷺ അനുയായികളെ പ്രചോദിപ്പിച്ചു. അതുപ്രകാരം നാഇമ് കോട്ടയായിരുന്നു ആദ്യം ഉപരോധിച്ചത്. നബിﷺയും സൈന്യത്തോടൊപ്പം തന്നെ നിലയുറപ്പിച്ചു. പലപ്രാവശ്യവും അനുയായികൾ തങ്ങൾ കൂട്ടത്തിൽ നിന്നും മാറിനിൽക്കാൻ ആവശ്യപ്പെട്ടു. പക്ഷേ, നബിﷺ അതിന് വിസമ്മതിച്ചു. വൈകുന്നേരം വരെയുള്ള പോരാട്ടത്തിനൊടുവിൽ നേരത്തെയുണ്ടായിരുന്ന സുരക്ഷിത മേഖലയിലേക്ക് തന്നെ മടങ്ങി. കോട്ട ജയിച്ചടക്കുന്നത് വരെ നബിﷺ സ്വഹാബികളോടൊപ്പം തന്നെയുണ്ടായിരുന്നു.

അതിനിടയിൽ സ്വഹാബികളിൽ പലർക്കും രോഗവും ക്ഷീണവുമായി. കാലാവസ്ഥയും മറ്റു ഭക്ഷണ രീതികളുമായിരുന്നു കാരണം. നബിﷺ അവർക്ക് ഒരു ചികിത്സ നിർദേശിച്ചു. തോൽപ്പാത്രത്തിൽ വച്ച് തണുപ്പിച്ച വെള്ളം രണ്ടു ബാങ്കുകൾക്കിടയിൽ ശരീരത്തിൽ ഒഴിക്കുക. അല്ലാഹുവിന്റെ നാമം ഉരുവിടുക. അതുപ്രകാരം അവർ നിർവഹിക്കുകയും ക്ഷീണത്തിൽ നിന്ന് മുക്തരാവുകയും ചെയ്തു.

ഖൈബറിൽ ജൂതന്മാർക്കുണ്ടായിരുന്ന കോട്ടകളിൽ ഏറ്റവും വിഭവങ്ങൾ കാത്തു വച്ചിരുന്നത് സ്വഅബ് ബിൻ മുആദ് ബിൻ നത്വായുടെ കോട്ടയായിരുന്നു. 500 ഓളം പടയാളികൾ അതിന്റെയുള്ളിലുണ്ടായിരുന്നു.

കഅ്ബു ബിൻ ഉമർ (റ) പറയുന്നു. “സ്വഅബ് കോട്ട ഉപരോധിക്കൽ വളരെ ദുർഘടമായിരുന്നു. മൂന്നുദിവസം ഭക്ഷണം പോലുമില്ലാതെ ഞങ്ങൾ ഉപരോധത്തിൽ ഏർപ്പെട്ടു. അങ്ങനെയിരിക്കെ, ഒരു ജൂതൻ ആടുകളുമായി കോട്ടയുടെ പിൻവാതിലിലൂടെ കടന്നു വരുന്നത് കണ്ടു. ആരാണ് അതിനെ പ്രാപിക്കുക! ഞാൻ മാനിനെപ്പോലെ പാഞ്ഞു പോയി. എനിക്കത് പ്രാപിക്കാനാകണമേ എന്ന് നബിﷺ പ്രാർഥിച്ചു. രണ്ട് ആട്ടിൻകുട്ടികളെ ഒതുക്കിപ്പിടിച്ച് കൈയിൽ ഒന്നുമില്ലാത്ത പോലെ ഞാൻ തിരിച്ചു വന്നു. ശേഷം, അത് പാചകം ചെയ്ത് സൈന്യത്തിനിടയിൽ വിതരണം ചെയ്തു. എല്ലാവർക്കും സുഭിക്ഷമായി കഴിക്കാൻ മാത്രം ആ ഭക്ഷണം അനുഗ്രഹീതമായി. അബൂ യസറിനോട് ചോദിച്ചു. എത്ര പേരുണ്ടായിരുന്നു നിങ്ങൾ? അദ്ദേഹം പറഞ്ഞു, ഞങ്ങൾ നിരവധി ആളുകളുണ്ടായിരുന്നു “.

മറ്റു പല സന്ദർഭങ്ങളിലും ഉണ്ടായതുപോലെ അഭൗതികമായി ലഭിച്ച ഭക്ഷണവർ ധനവിന്റെ കഥ കൂടിയാണിത്. കുറഞ്ഞ ഭക്ഷണം കൊണ്ട് സൈന്യത്തെ മുഴുവനും ഊട്ടാൻ കഴിഞ്ഞു എന്നത് നബിﷺക്ക് ലഭിച്ച അനുഗ്രഹങ്ങളിൽ പ്രത്യേകം എണ്ണപ്പെടുന്നതാണ് !

അസ്‌ലം ഗോത്രക്കാരനായ മുഅത്തിബു (റ) പറയുന്നു. ഖൈബറിലെ കോട്ടകൾ ഉപരോധിച്ചപ്പോൾ ഒരു ദിവസത്തിലേറെ ഞങ്ങൾ വിശന്നു കഴിഞ്ഞു. ഒടുവിൽ അവർ അസ്‌ലം ബിൻ ഹാരിസ(റ)യെ നബിﷺയുടെ അടുക്കലേക്കയച്ചു. അവരുടെ ആവലാതി അറിയിച്ചു. നബിﷺ അവരെ സ്വീകരിക്കുകയും ആവലാതി കേൾക്കുകയും അവർക്കുവേണ്ടി പ്രാർഥിക്കുകയും ചെയ്തു. എന്നിട്ട് പറഞ്ഞു. ‘ഇപ്പോൾ നിങ്ങൾക്ക് എടുത്തു തരാൻ എന്റെ പക്കലൊന്നുമില്ല. നിങ്ങളുടെ അവസ്ഥ ഞാൻ മനസ്സിലാക്കുന്നു. അല്ലാഹുവേ ഏറ്റവും വിഭവസമൃദ്ധമായ കോട്ട ഇവർക്ക് നീ കീഴ്പ്പെടുത്തി ക്കൊടുക്കേണമേ’. നബിﷺയുടെ പ്രാർഥനയ്ക്ക് ശേഷം അവർ സംഘത്തിലേക്ക് മടങ്ങിയെത്തി. അധികം വൈകിയില്ല കോട്ട അവർക്ക് ജയിച്ചടക്കാനായി. ആവശ്യംപോലെ വിഭവങ്ങൾ അവർക്ക് ലഭിച്ചു “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-431

Tweet 431

ജൂതന്മാരുടെ കൂട്ടത്തിൽ നിന്ന് യൂഷഅ് എന്നയാൾ കോട്ടയുടെ പുറത്തേക്ക് വന്നു. നേരിട്ട് പോരടിക്കാൻ ആരെങ്കിലും ഉണ്ടോ എന്ന് വിളിച്ചു ചോദിച്ചു. ഹുബാബ് ബിൻ അൽ മുന്ദിർ(റ) വെല്ലുവിളി ഏറ്റെടുത്തു. തുടർന്നുണ്ടായ ദ്വന്ദ്വ യുദ്ധത്തിൽ യൂഷഅ് കൊല്ലപ്പെട്ടു. പിന്നീട് സബാൽ എന്നയാൾ രംഗത്തേക്ക് വന്നു. ഉമാറത്ത് ബിൻ ഉഖ്ബ(റ) അദ്ദേഹത്തെ നേരിട്ടു. നേരെ തന്നെ ചാടി വീണു ശത്രുവിനെ പരാജയപ്പെടുത്തി. എന്നിട്ട് പറഞ്ഞു, ഇതാ പിടിച്ചോളൂ ഞാൻ ഗോത്രക്കാരനായ കുട്ടിയാണ്. ഈ പ്രസ്താവന കേട്ടപ്പോൾ കൂടെയുണ്ടായിരുന്ന സ്വഹാബികൾ അദ്ദേഹത്തെ കുറ്റപ്പെടുത്തി. അദ്ദേഹത്തിന്റെ സമരം ശരിയായില്ലെന്നും സ്വീകാര്യമല്ലെന്നും അവർ പറഞ്ഞു. വിവരമറിഞ്ഞ നബിﷺ കാര്യങ്ങൾ അന്വേഷിച്ചു. അദ്ദേഹത്തിനു പ്രതിഫലവും മഹത്വവുമുണ്ടെന്നു പ്രഖ്യാപിച്ചു.

മുഹമ്മദ്‌ ബിൻ മസ്‌ലമ(റ) പറയുന്നു. നബിﷺയുടെ അമ്പെയ്ത്ത് ലക്ഷ്യത്തിൽ കൃത്യമായി എത്തുന്നത് ഞാൻ നോക്കി നിന്നു. അവിടുന്ന് എന്നെ നോക്കി പുഞ്ചിരിച്ചു. അതോടെ പുറത്തിറങ്ങിയ ശത്രുക്കൾ കോട്ടയിലേക്ക് ഉൾവലിഞ്ഞു. അന്നേദിവസം ജൂതന്മാരിൽ നിന്ന് പത്തുപേരും മുസ്ലിംങ്ങളിൽ നിന്ന് പത്തിൽ താഴെ ആളുകളും കൊല്ലപ്പെട്ടു. നത്വാഥ് കോട്ട ജയിച്ചടക്കി. ശേഷം, ജൂതന്മാർ ആയുധങ്ങളുമായി പാർത്തു കഴിഞ്ഞിരുന്ന ശിഖ്ഖ് കോട്ടയിലേക്ക് തിരിഞ്ഞു.

അത് യഥാർത്ഥത്തിൽ പല കോട്ടകളുടെ ഒരു കൂട്ടമായിരുന്നു. ആദ്യം ഉബയ്യു കോട്ടയിലേക്ക് ആണ് പോയത്. ശേഷം, സമൂവാൻ ചത്വരത്തിന് നേരെ എത്തി. ശക്തമായ പോരാട്ടം നടന്നു. ശേഷം ആ കോട്ടയും ജയിച്ചടക്കി.

മേൽ പറയപ്പെട്ട കോട്ടകളെല്ലാം ജയിച്ചടക്കിയപ്പോൾ ജൂതന്മാർ കുത്തൈബ ചത്വരത്തിലേക്ക് നീങ്ങി. ഏറ്റവും ശക്തമായ കോട്ടയായിരുന്നു അത്. നബിﷺക്ക്‌ ചെറിയ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നതിനാൽ നേരിട്ട് സൈന്യത്തോടൊപ്പം നിൽക്കാൻ കഴിഞ്ഞില്ല. പ്രതിരോധം ശക്തമായിരുന്നതിനാലും കോട്ട ജയിച്ചടക്കൽ ദുർഘടം ആയിരുന്നതിനാലും 20 ദിവസത്തോളം ഉപരോധം തുടരേണ്ടിവന്നു ഉമറി(റ)ന്റെ നേതൃത്വത്തിലുള്ള രണ്ട് ദിവസത്തെ യുദ്ധം ശക്തമായിരുന്നു. എന്നാൽ, അതിൽ ജയിച്ചടക്കാൻ മുസ്ലിം സൈന്യത്തിന് കഴിഞ്ഞില്ല. ഒടുവിൽ നബിﷺ പറഞ്ഞു നാളെ ഈ പതാക നിങ്ങളിൽ ഒരാളെ ഏൽപ്പിക്കും. അദ്ദേഹത്തിലൂടെ നമുക്ക് വിജയം സാധ്യമാവുകയും ചെയ്യും. കൂടെയുണ്ടായിരുന്ന സ്വഹാബികൾ പറയുന്നു. ആർക്കായിരിക്കും നബിﷺ പതാക നൽകുക എന്ന് പ്രതീക്ഷിച്ചുകൊണ്ട് ഞങ്ങൾ എല്ലാവരും രാപ്പാർത്തു. ഖൈബർ ജയിച്ചടക്കാനുള്ള സൗഭാഗ്യം ആർക്കായിരിക്കും ലഭിക്കുക! തനിക്കു ലഭിച്ചിരുന്നെങ്കിൽ എന്ന് ഓരോരുത്തരും ആഗ്രഹിച്ചു. കൈവരാവുന്ന വലിയൊരു സൗഭാഗ്യവും ഒരു അനുഗ്രഹവുമായി ഓരോരുത്തരും ചിന്തിച്ചു. ഉമർ(റ) പറഞ്ഞതായി അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്നു. ഈ ദിവസമല്ലാതെ മറ്റൊരിക്കലും ഞാൻ നേതൃത്വത്തെ ആഗ്രഹിച്ചിട്ടില്ല. നബിﷺയുടെ അടുക്കൽ സ്ഥാന പരിഗണനയുള്ള എല്ലാ ആളുകളും പ്രത്യേകം തന്നെ ആഗ്രഹിച്ചു ഞങ്ങളെ അത് ഏൽപ്പിച്ചിരുന്നെങ്കിൽ എന്ന്. ബുറൈദ(റ) പറയുന്നു നബിﷺ സദസ്സിലേക്ക് വന്നപ്പോൾ ഞാൻ അവിടുത്തെ ശ്രദ്ധയിൽപ്പെടുന്നതിനുവേണ്ടി ശിരസ്സ് ഉയർത്തി നോക്കി. പക്ഷേ, ഞങ്ങളെ എല്ലാവരെയും അത്ഭുതപ്പെടുത്തി നബിﷺ അലി(റ)യെ അന്വേഷിച്ചു. അപ്പോൾ അലി(റ) സദസ്സിൽ ഉണ്ടായിരുന്നില്ല. ചെങ്കണ്ണ് ബാധിച്ച കാരണം അദ്ദേഹത്തിന് എത്താൻ കഴിഞ്ഞില്ല. നബിﷺ ക്ഷണിച്ച സദസ്സിലേക്ക് എങ്ങനെ എത്താതിരിക്കും എന്ന് കരുതി അദ്ദേഹം പുറപ്പെട്ടിരുന്നു. ഒരു തുണിക്കഷണം കൊണ്ട് ഒരു കണ്ണ് പൊതിഞ്ഞു കൊണ്ടാണ് വന്നത്. അതല്ലാതെ ഒടുവിൽ അലി(റ) സദസ്സിലേക്ക് എത്തിയപ്പോൾ നബിﷺ അടുത്തേക്ക് വിളിച്ചു വരുത്തി. മറ്റൊരു നിവേദന പ്രകാരം അലി(റ)യെ നബിﷺ ആളെ വിട്ട് ക്ഷണിച്ചു. സലമെത്തുന്നവർ പറഞ്ഞു ഞാനാണ് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുവന്നത്. അലി(റ)ക്ക് ചെങ്കണ്ണ് ആണെന്ന് പറയുമ്പോൾ തീരുമാനം മാറ്റിയേക്കുമെന്ന് ചിലരെങ്കിലും വിചാരിച്ചു. പക്ഷേ, നബിﷺ അലി(റ)യെ തന്നെ ക്ഷണിച്ചുവരുത്തി പതാക ഏൽപ്പിച്ചു. നബിﷺ അലി(റ)യെ സമീപത്തേക്ക് വിളിച്ചു. കണ്ണിൽ അവിടുത്തെ ഉമിനീര് പുരട്ടി കൊടുത്തു. നേരത്തെ രോഗം ബാധിച്ചിട്ടില്ലാത്ത വിധം പൂർണ്ണമായും രോഗം മാറി.

പതാക ഏൽപ്പിച്ചശേഷം പ്രത്യേകം പ്രാർത്ഥിച്ചു കൊടുത്തു. എങ്ങനെയാണ് യുദ്ധരംഗത്ത് ഉണ്ടാവേണ്ടതെന്നും നീക്കങ്ങൾ നടത്തേണ്ടതെന്നും അവിടുന്ന് ഉപദേശിച്ചു. അപ്പോൾ ചോദിച്ചു അല്ല അവർ നമ്മളെ പോലെ ആകുന്ന വരെയാണോ നാം അവരോട് യുദ്ധത്തിൽ തുടരേണ്ടത്. നബിﷺ പ്രതികരിച്ചു നിങ്ങൾ മുന്നോട്ടുപോവുക അല്ലാഹു നിങ്ങൾക്ക് വിജയം നൽകട്ടെ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-432

Tweet 432

അലി(റ) ചോദിച്ചു. ഞാൻ എന്തു മുന്നിൽ വെച്ചുകൊണ്ടാണ് യുദ്ധ രംഗത്തേക്ക് പോകേണ്ടത്. പ്രവാചകൻﷺ പറഞ്ഞു. അവരെ വിശ്വാസത്തിലേക്ക് ക്ഷണിക്കുക. അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ലെന്നുള്ള ശരിയായ അടിസ്ഥാന വിശ്വാസം അവരെ ഉദ്ബോധിപ്പിക്കുക. മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതനാണ് എന്നവരെ പഠിപ്പിക്കുക. അതവർ അംഗീകരിച്ചു കഴിഞ്ഞാൽ പിന്നെ അവരോട് പോരാട്ടത്തിന് ന്യായമില്ല.

കേവലം ഇതൊരു മതത്തിലേക്കുള്ള സമ്മർദ്ദപ്പെടുത്തലല്ല. ശത്രുവുമായി ആശയപൊരുത്തം രൂപപ്പെടുത്താനുള്ള ഒരു ആമുഖമാണ്. ഈ പ്രപഞ്ചം പടച്ചു പരിപാലിക്കുന്ന ഒരേക ശക്തിയുണ്ട്. അവനാണ് അല്ലാഹു. അവനാണ് നമ്മെ ജനിപ്പിക്കുകയും പരിപാലിക്കുകയും എല്ലാം ചെയ്യുന്നത്. അവനെ നിഷേധിച്ചുകൊണ്ടുള്ള ജീവിതം അടിസ്ഥാനപരമായി അന്യായമാണെന്ന് ഇസ്ലാം വിശ്വസിക്കുന്നു. ഈ ശരിയായ വിശ്വാസത്തിലേക്ക് വരുമ്പോഴേ പരലോകത്ത് മോക്ഷമുള്ളൂ എന്നും പഠിപ്പിക്കുന്നു. മറ്റു മതങ്ങളോ ആദർശങ്ങളോ ഇവിടെ ഉണ്ടായാൽ അവരെ ഉന്മൂലനം ചെയ്യണമെന്ന് മതം പഠിപ്പിക്കുന്നില്ല. നിരന്തരമായി അവരെ നന്മയിലേക്ക് ക്ഷണിച്ചുകൊണ്ടിരിക്കണം. അവർ നമ്മുടെ ആരാധനയും ജീവിതക്രമങ്ങളെയും കയ്യേറ്റം നടത്താതിരിക്കുന്നിടത്തോളം അവരുമായി സഹവാസത്തിലും സൗഹൃദത്തിലും കഴിയണം. അവരോടുള്ള ഗുണകാംക്ഷയാണ് സത്യത്തിലേക്കുള്ള ക്ഷണം എന്ന ബോധ്യം വിശ്വാസിക്ക്‌ ഉണ്ടാവണം.

ജൂതന്മാരോടും ഇതര മതസ്ഥരോടും മുസ്ലിംൾക്ക് യുദ്ധത്തിലേർപ്പെടേണ്ടി വന്നത് സത്യവിശ്വാസം പാലിച്ചുകൊണ്ട് ജീവിക്കാൻ അനുവദിക്കാതിരിക്കുകയും ഏറ്റവും സമുന്നതമായ നേതൃത്വം പ്രവാചകനെﷺ വധിക്കാൻ ശ്രമിക്കുകയുമൊക്കെ ചെയ്തപ്പോഴാണ്. ഏതൊരു ദേശത്തിന്റെയും ഭരണാധികാരി ദേശ സുരക്ഷയ്ക്ക് വേണ്ടി ആഭ്യന്തര ധ്രുവീകരണ ശക്തികളെ പരാജയപ്പെടുത്തും. അത്തരമൊരു സൈനികനീക്കമാണ് ഖൈബറിലും മറ്റു പോരാട്ടങ്ങളിലും നമുക്ക് കാണേണ്ടി വരുന്നത്. പടക്കളത്തിന്റെ ചാരെ വച്ച് പ്രവാചകൻﷺ അനുയായികളോട് പറഞ്ഞ പ്രസിദ്ധമായ വാചകം, ശത്രുവിനെ കണ്ടുമുട്ടാൻ നിങ്ങൾ ആഗ്രഹിക്കരുത് എന്നാണ്. ഗത്യന്തരമില്ലാതെ യുദ്ധത്തിൽ ഏർപ്പെടേണ്ടി വന്നാൽ ധീരമായി നിലകൊള്ളണം എന്നും പഠിപ്പിച്ചു. അത് അനിവാര്യമായും ഒരു ഭരണാധികാരിക്കും സൈനിക മേധാവിക്കും വേണ്ട യോഗ്യത തന്നെയാണ്.

അലി(റ) ഖൈബർ കോട്ടയുടെ അടുത്തേക്ക് നീങ്ങി. കോട്ടയുടെ മുകളിൽ നിന്ന് ഒരു യഹൂദി ആഗമനം വീക്ഷിക്കുന്നുണ്ടായിരുന്നു. അയാൾ ഉറക്കെ വിളിച്ചു ചോദിച്ചു ആരാണത്? ഞാനാണ് അലി(റ) എന്ന് ഉത്തരം പറഞ്ഞു. ഉടനെ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. ശത്രുക്കളെ പരാജയപ്പെടുത്തുക തന്നെ ചെയ്യും.
മൂസ(അ)യുടെ രക്ഷിതാവായ ദൈവം തന്നെ സത്യം! നിങ്ങൾ ജയിച്ചടക്കും. അബൂ നുഎയിം(റ) ഇവിടെ ഒരു അനുബന്ധം പറയുന്നത് ഇങ്ങനെയാണ്. അലി(റ)യുടെ സൈന്യം തങ്ങളെ പരാജയപ്പെടുത്തുമെന്ന് അവരുടെ മുൻകാല വേദങ്ങളിൽ പറഞ്ഞിട്ടുണ്ടാവണം. അതാണ് അങ്ങനെ ഒരു പ്രതികരണം ഉണ്ടാകാൻ കാരണം.

അലി(റ)യെ നേരിടാൻ ആദ്യമായി ജൂതന്മാരുടെ കോട്ടയിൽ നിന്ന് പുറത്തേക്ക് വന്നത് മുറഹ്ഹിബിന്റെ സഹോദരൻ ഹാരിസ് ആയിരുന്നു. നിമിഷ നേരം കൊണ്ടു അലി(റ) അദ്ദേഹത്തെ കീഴ്പ്പെടുത്തി. അടുത്തതായി അമീർ രംഗത്തേക്ക് വന്നു. അതികായനും നല്ല ശരീരവും ഉള്ള ആളായിരുന്നു അയാൾ. അലി(റ) അയാൾക്ക്‌ നേരെ പലപ്രാവശ്യവും വാൾ പയറ്റി. ഒരു ഫലവും ഉണ്ടായില്ല. ഒടുവിൽ അയാളുടെ കാലിന് വെട്ടി നിലത്തു വീഴ്ത്തി. അയാളെയും പൂർണമായി കീഴടക്കി. അയാളുടെ ആയുധങ്ങൾ കൈവശപ്പെടുത്തി. അതോടെ യാസിർ രംഗത്തേക്ക് വന്നു. അയാൾ തന്റെ തന്നെ ചോദ്യം പാടി പറഞ്ഞു കൊണ്ടാണ് രംഗത്തേക്ക് വന്നത്. ‘ഞാൻ ആരാണ് യാസിർ ആണെന്ന് ഖൈബറിന് അറിയാം’ എന്ന ആശയമാണ് കവിതയുടെ ആദ്യഭാഗം.

അലി(റ)യെ മാത്രം ഇങ്ങനെ അയാൾക്ക് വിട്ടുകൊടുത്തുകൂടാ എന്ന് കരുതി സുബൈർ(റ) കൂടി രംഗത്തേക്ക് വന്നു. രംഗത്തിന്റെ ഗൗരവം കൊണ്ട് സഫിയ(റ) നബിﷺയോട് ചോദിച്ചു. അയാൾ എന്റെ മോനെ വധിച്ചു കളയുമോ? നബിﷺ പറഞ്ഞു. മകൻ അയാളെ കൊല്ലും. പ്രത്യക്ഷത്തിൽ ചിന്തിക്കാൻ പോലുമുള്ള ന്യായങ്ങൾ അവർ തമ്മിൽ ശാരീരികമായി ഉണ്ടായിരുന്നില്ല. അത്രമേൽ ശൂരനും പരാക്രമിയും അതികായനും ആയിരുന്നു യാസിർ.

അധികം വൈകിയില്ല സുബൈറി(റ)ന്റെ ആയുധത്തിന്റെ മുന്നിൽ യാസിർ മരിച്ചു വീണു. അലി(റ)യാണ് യാസറിനെ നേരിട്ടത് എന്ന അഭിപ്രായവും ഉണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-433

Tweet 433

മുറഹ്ഹിബ് രംഗത്തേക്ക് വന്നു. മുസ്ലിം പക്ഷത്തിനു നേരെ നോക്കി വെല്ലുവിളി നടത്തി. തന്റെ ധൈര്യവും സാമർഥ്യവും അറിയിക്കുന്ന കവിതകൾ ഉരുവിട്ടു. ഖൈബറിന് അറിയാം ഈ മുറഹ്ഹിബ് ആരാണെന്ന്. ആരാണെന്നെ ധൈര്യത്തോടെ നേരിടാൻ ഉള്ളത്. ഇത്രയൊക്കെ ആയപ്പോൾ ആമിർ(റ) വെല്ലുവിളി ഏറ്റെടുത്തു. ദ്വന്ദ്വ യുദ്ധത്തിന് തയ്യാറായി. രണ്ടുപേരും തമ്മിൽ ശക്തമായ പോരാട്ടം നടന്നു. ഒടുവിൽ ആമിറി(റ)ന്റെ പരിച തുളച്ചു മുറഹ്ഹിബിന്റെ വാൾ ആമിറി(റ)ന്റെ ശരീരത്ത് പതിഞ്ഞു. ആമിർ(റ) നിലം പതിച്ചു.

പിന്നെ വൈകിയില്ല അലി(റ) തന്നെ വീണ്ടും ആയുധമണിഞ്ഞു. മുറഹ്ഹിബിനെ വെല്ലുന്ന കവിതകൾ ചൊല്ലി. നീ മുറഹ്ഹിബാണെങ്കിൽ ഞാൻ ഹൈദരാണെന്ന് വിളിച്ചുപറഞ്ഞു. പോരാട്ടവീര്യവും നിലപാടിന്റെ ഉറപ്പും കോർത്തിണക്കിയ വരികൾക്കും വാളിനേക്കാൾ മൂർച്ചയുണ്ടായിരുന്നു. രണ്ടുപേരും തമ്മിൽ ശക്തമായ പോരാട്ടം നടന്നു. അവസാനം അലി(റ)യുടെ വാള് അയാളുടെ ശിരസ്സിലേക്കാഴ്ന്നു. മുറഹ്ഹിബ് എന്നെന്നേക്കുമായി പരാജയപ്പെട്ടു.

മുഹമ്മദ് ബിനു മസ്ലമ(റ)യാണ് മുറഹ്ഹിബിനെ വധിച്ചത് എന്ന അഭിപ്രായം ചില നിവേദനങ്ങളിൽ വന്നിട്ടുണ്ട്. മറ്റു ചിലതിൽ അദ്ദേഹം ശത്രുവിന്റെ കാലുകൾ വെട്ടി നിലത്ത് വീഴ്ത്തിയപ്പോൾ അലി(റ) കൈകാര്യം ചെയ്തു എന്നുമുണ്ട്. എന്നാൽ ഇബിനുൽ അസീർ(റ) പറയുന്നത് അലി(റ) മുറഹ്ഹിബിനെ പരാജയപ്പെടുത്തി എന്ന് തന്നെയാണ് ഏറ്റവും പ്രബലമായ അഭിപ്രായം.

അബൂറാഫി(റ) എന്നവർ നിവേദനം ചെയ്യുന്നു. ഖൈബർ ദിവസത്തിൽ ഞാൻ അലി(റ)ക്കൊപ്പം ഉണ്ടായിരുന്നു. ഞങ്ങൾ ശത്രുക്കളുടെ കോട്ടക്ക് നേരെ ചെന്നു. അവിടെനിന്നും അവർ പുറത്തേക്ക് വന്ന് അലി(റ)യുമായി യുദ്ധം ആരംഭിച്ചു. രംഗം രൂക്ഷമായപ്പോൾ അലി(റ) കയ്യിൽ ഉണ്ടായിരുന്ന പരിച എറിഞ്ഞു കളഞ്ഞു. എന്നിട്ട് കോട്ടയുടെ വാതിൽ പിടിച്ചു പരിചയായി ഉയർത്തി. കോട്ടവാതിൽ പരിചയായി ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള പോരാട്ടം അത്ഭുതപ്പെടുത്തി. അതോടെ മുസ്ലീംകൾ കോട്ടയുടെ ഉള്ളിലേക്ക് ഇരച്ചു കയറി. പൂർണ്ണമായി വിജയക്കൊടി പാറുന്നത് വരെ അലി(റ) ആ വാതിൽ കയ്യിൽ തന്നെ കരുതി. നിലത്തിട്ടതിനു ശേഷം ഞങ്ങൾ പോയി നോക്കി. ഞങ്ങൾ ഏഴോ എട്ടോ ആളുകൾ ഉണ്ടായിരുന്നു. പക്ഷേ, ഞങ്ങൾക്ക് അത് ഉയർത്താൻ സാധിച്ചിരുന്നില്ല. 40 ആളുകൾ ഉയർത്തിയിട്ടും ഉയർന്നില്ല എന്നതും എഴുപതാളുകൾ ഉയർത്തിയിട്ടും ഉയർന്നില്ല എന്നതും നിവേദനങ്ങളിൽ വന്നിട്ടുണ്ടെങ്കിലും അത്തരം നിവേദന പരമ്പരകളിൽ ഒക്കെ ദൗർബല്യം ഉണ്ടെന്ന് പണ്ഡിതന്മാർ നിരീക്ഷിച്ചിട്ടുണ്ട്.

ഖൈബർ പോരാട്ടത്തിനിടയിൽ ഉണ്ടായ മനോഹരമായ ഒരു സംഭവം ഇമാം ബൈഹഖി(റ)യും മറ്റും ഉദ്ധരിച്ചത് കാണാം. അനസ്(റ) പറയുന്നു. ഖൈബറിൽ ഇടയവൃത്തി ചെയ്തിരുന്ന എത്യോപ്യക്കാരനായ ഒരു അടിമ, അദ്ദേഹം ഒരു ജൂതന്റെ വീട്ടിൽ ആടുകളെ മേയ്ക്കുന്ന ആളായിരുന്നു. ആയുധമേന്തി യുദ്ധത്തിനിടയിൽ നിന്ന് തന്റെ നാട്ടുകാരോട് അദ്ദേഹം ചോദിച്ചു. നിങ്ങൾ എങ്ങോട്ട് പോവുകയാണ്. അവർ പറഞ്ഞു നബിയാണെന്ന് വാദിച്ചു വന്ന വ്യക്തിക്കെതിരെ യുദ്ധത്തിനു പോവുകയാണ്. പ്രവാചകൻ എന്ന പദം അദ്ദേഹത്തിന്റെ മനസ്സിൽ പതിഞ്ഞു. അദ്ദേഹം ആടുകളോടൊപ്പം മേച്ചിൽ പുറത്തേക്കു പോയി. മുസ്ലിംകൾ അദ്ദേഹത്തെ പിടികൂടി പ്രവാചക സന്നിധിയിൽ ഹാജരാക്കി. നബിﷺ അദ്ദേഹവുമായി സൗഹൃദ സംഭാഷണം നടത്തി. ഒടുവിൽ അദ്ദേഹം ചോദിച്ചു ഏതൊരു ആശയത്തിലേക്കാണ് അവിടുന്ന് ജനങ്ങളെ ക്ഷണിക്കുന്നത്. അപ്പോൾ നബി പറഞ്ഞു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും ഞാൻ അല്ലാഹുവിന്റെ ദൂതൻ ആണെന്നും വിശ്വസിക്കുക. ഈ ആശയത്തിലേക്കാണ് ഞാൻ ക്ഷണിക്കുന്നത്. ഈ ആശയത്തിൽ ഞാൻ വിശ്വസിച്ചാൽ എനിക്ക് എന്താണ് ലഭിക്കുക. നിങ്ങൾക്ക് പ്രതിഫലമായി സ്വർഗ്ഗം ലഭിക്കും. അയാൾ ഇസ്ലാം സ്വീകരിച്ചു. എന്നിട്ട് പറഞ്ഞു ഞാൻ കറുത്ത വർഗ്ഗക്കാരനും വിരൂപിയും ദരിദ്രനും ആണ്. പോരാത്തതിന് എന്റെ ശരീരത്തിന് ഒരു ദുർഗന്ധവും ഉണ്ട്. ഞാൻ നിങ്ങളോടൊപ്പം പടക്കളത്തിൽ ചേരുകയും വധിക്കപ്പെടുകയും ചെയ്താൽ എനിക്കും സ്വർഗം ലഭിക്കുമോ? നബിﷺ പറഞ്ഞു അതെ നിങ്ങൾക്കും ലഭിക്കും. അപ്പോൾ അദ്ദേഹം ചോദിച്ചു എന്നെ വിശ്വസിച്ച് ഏൽപ്പിച്ച ഈ ആടുകളെ ഞാൻ എന്താണ് ചെയ്യുക. അവകളെ പട്ടാള വൃത്തത്തിൽ നിന്ന് ഒഴിവാക്കി അയച്ചേക്കുക. നിങ്ങളെ വിശ്വസിച്ചു ഏൽപ്പിച്ച കാര്യം നിറവേറ്റപ്പെടും. അഥവാ ആടുകൾ ഉടമസ്ഥന്റെ വീട്ടിലേക്ക് എത്തികൊള്ളും. ആടുകൾ നിരതറ്റാതെ ഉടമസ്ഥന്റെ വീട്ടിലേക്ക് നടന്നു ചെന്നു. ഇടയനില്ലാഞ്ഞിട്ടും ചിട്ടയോടെ ആട്ടിൻപറ്റം വന്നു കയറിയപ്പോൾ, വീട്ടുകാരൻ പറഞ്ഞു നമ്മുടെ ഇടയൻ മുസ്ലിം ആയിട്ടുണ്ടാവും.

പടയണിയിൽ ചേർന്ന ഇടയൻ ഇസ്ലാമിന്റെ ശത്രുക്കൾക്കെതിരെ യുദ്ധത്തിൽ ഏർപ്പെട്ടു. അധികം വൈകിയില്ല ശത്രുക്കളുടെ അമ്പേറ്റ് അദ്ദേഹം നിലം പതിച്ചു. വിശ്വാസിയായ ശേഷം ഒരു നേരത്തെ നിസ്കാരത്തിനോ ഒരു സുജൂദിനോ അദ്ദേഹത്തിന് അവസരം ഉണ്ടായില്ല. അദ്ദേഹത്തിന്റെ ശരീരം വഹിച്ചു സൈനിക ക്യാമ്പിലേക്ക് കൊണ്ടുവന്നു. നബിﷺ പറഞ്ഞു. അദ്ദേഹത്തിന്റെ ശരീരം എന്റെ കുടിലിലേക്ക് വെക്കൂ. എന്നിട്ട് നബിﷺ അകത്തേക്ക് പ്രവേശിച്ചു പറഞ്ഞു. നിങ്ങളുടെ കൂട്ടുകാരന്റെ വിശ്വാസം നന്നായിരിക്കുന്നു. ഞാൻ അകത്തേക്ക് പ്രവേശിക്കുമ്പോൾ അദ്ദേഹത്തെ പരിചരിക്കുന്ന രണ്ട് സ്വർഗീയ ശിരികളെ കാണാനിടയായി. അനസ്(റ)തന്നെ ഉദ്ധരിക്കുന്ന. മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കാണാം. അദ്ദേഹത്തെ നോക്കിയിട്ട് നബിﷺ പറഞ്ഞു. അല്ലാഹു നിങ്ങളുടെ മുഖം പ്രസന്നമാക്കിയിരിക്കുന്നു. ശരീരത്തിന് സുഗന്ധം നൽകിയിരിക്കുന്നു. സമ്പത്തിൽ വർദ്ധനവ് നൽകിയിരിക്കുന്നു. രണ്ട് സ്വർഗ്ഗീയ നാരികൾ അദ്ദേഹത്തിന്റെ വസ്ത്രത്തിന്റെയും ശരീരത്തിന്റെയും ഇടയിലൂടെ ചൂഴ്ന്നു ശ്രമിക്കുന്നത് ഞാൻ കണ്ടു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-434

Tweet 434

നമുക്ക് ഖൈബറിലേക്ക് തന്നെ വരാം. സ്വയം പ്രതിരോധിക്കാന്‍ തെറ്റാലികളും മറ്റു യുദ്ധോപകരണങ്ങളും സജ്ജീകരിച്ചിരുന്ന ഖൈബറിലെ 20,000 വരുന്ന പടയാളികള്‍ക്ക്, പ്രവാചകന്റെﷺ നേതൃത്വത്തിലുള്ള കേവലം 1500 മുസ്‌ലിം സൈനികരെ ചെറുക്കാനായില്ലെന്നതാണ് സത്യം.

കോട്ടകൾക്കുള്ളിൽ നിന്ന് യുദ്ധമുതലുകളായി ഭക്ഷണ സാധനങ്ങളും ലഭിച്ചിരുന്നു. ഭക്ഷണം തീര്‍ന്നു തുടങ്ങിയ മുസ്‌ലിംകള്‍ക്ക് അത് വലിയ അനുഗ്രഹമായി. ഒരിക്കല്‍ ഖൈബറുകാരുടെ ഒരു കോട്ടയില്‍നിന്ന് ഇരുപതു മുതല്‍ മുപ്പതു വരെ കഴുതകള്‍ ഇറങ്ങിവരികയും അവ മുസ്‌ലിംകളുടെ കൈകളില്‍ അകപ്പെടുകയും ചെയ്തു. അവർ അവയെ അറുത്ത് പാകം ചെയ്യാന്‍ തുടങ്ങി. ആ വഴി കടന്നുവന്നപ്പോള്‍ പ്രവാചകൻﷺ അത് കാണാനിടയായി. കഴുതമാംസം ഇസ്‌ലാമില്‍ അനുവദനീയമല്ലെന്ന് നബിﷺ അവരോട് പറഞ്ഞു. പാചകം ചെയ്ത കഴുതമാംസം ഒഴിവാക്കിക്കളയാനും ആവശ്യപ്പെട്ടു.

ഖൈബറുകാര്‍ കീഴടങ്ങിയപ്പോള്‍ സന്ധിവ്യവസ്ഥകള്‍ നിലവില്‍ കൊണ്ടു വന്നു. അതു പ്രകാരം, അവരുടെ ജീവന് ഭീഷണിയുണ്ടാവില്ല. കുടുംബത്തിനും ഒരു നിലക്കുമുള്ള ഉപദ്രവം ഉണ്ടാവില്ല. അതേസമയം ഖൈബറുകാര്‍ അവരുടെ ഭൂമിയും പണവും ആയുധങ്ങളും വസ്ത്രങ്ങളും പ്രവാചകനെﷺ ഏല്‍പ്പിച്ച് നാടു വിട്ടുപോകണം. ധരിച്ച വസ്ത്രങ്ങള്‍ മാത്രമേ കൂടെ കൊണ്ടു പോകാന്‍ പാടുള്ളൂ. പ്രവാചകനോട്ﷺ എല്ലാം തുറന്നു പറയണം. എന്നിങ്ങനെയാണ് വ്യവസ്ഥയുടെ മർമ്മം. എന്നാൽ, അബൂദാവൂദി(റ)ന്റെ വിവരണം അല്‍പ്പം വ്യത്യസ്തമാണ്. അതിങ്ങനെ: ഖൈബര്‍ പടയോട്ടക്കാലത്ത് പ്രവാചകന്‍ﷺ അവിടത്തെ ഈത്തപ്പനത്തോട്ടങ്ങളും മറ്റു കൃഷിയിടങ്ങളും അധീനപ്പെടുത്തുകയും കോട്ടകള്‍ ഉപരോധിക്കുകയും ചെയ്തപ്പോള്‍, ഖൈബറുകാര്‍ സമാധാന സന്ധിക്ക് അഭ്യര്‍ഥിച്ചു. വ്യവസ്ഥകള്‍ ഇവയായിരുന്നു: തങ്ങളുടെ സ്വര്‍ണവും വെള്ളിയും ആയുധങ്ങളുമൊക്കെ പ്രവാചകന്ﷺ കൈമാറും. ബാക്കി വരുന്നവയില്‍ മൃഗങ്ങള്‍ക്ക് വഹിച്ചുകൊണ്ടുപോകാവുന്നത്ര സ്വത്തുക്കൾ ഖൈബറുകാര്‍ കൊണ്ടുപോകും. പക്ഷേ, ഒന്നും മറച്ചുവെക്കാന്‍ പാടില്ല. എന്തെങ്കിലും മറച്ചുവെച്ചു എന്ന് തെളിഞ്ഞാല്‍ സംരക്ഷണവും ഉറപ്പുമൊന്നും പിന്നെ അവശേഷിക്കുകയില്ല.

അങ്ങനെയൊക്കെയായിരുന്നാലും, ഖൈബര്‍ പൂര്‍ണമായി മുസ്‌ലിംകള്‍ക്ക് അധീനപ്പെട്ടപ്പോള്‍, ആ മരുപ്പച്ച ആളൊഴിഞ്ഞ മരുഭൂമിയാകാതിരിക്കാന്‍ പുതിയൊരു സംവിധാനം ഉണ്ടാക്കിയെടുക്കേണ്ടത് അനിവാര്യമായി. കാരണം അവിടെ കാര്‍ഷികവൃത്തി നടത്തിക്കൊണ്ടുപോകാനുള്ള തൊഴിലാളികള്‍ മുസ്‌ലിംകളുടെ പക്കല്‍ ഉണ്ടായിരുന്നില്ല എന്നാണ് അബൂദാവൂദി(റ)ന്റെ വിവരണത്തിലുള്ളത്. അതിനാല്‍ ഒഴിഞ്ഞുപോകാന്‍ പറഞ്ഞ ഖൈബര്‍ നിവാസികളോട് അവിടെത്തങ്ങാന്‍ നബിﷺ നിര്‍ദേശിച്ചു; പുതിയൊരു സംവിധാനം ഉണ്ടാകുന്നതു വരെ. മൊത്തം കാര്‍ഷികോല്‍പ്പന്നങ്ങളുടെ പകുതി മദീനയിലെ കേന്ദ്രഭരണത്തിന് ഓരോ വര്‍ഷവും നല്‍കണമെന്ന വ്യവസ്ഥയോടെയായിരുന്നു അത്. തുടര്‍ന്ന്, വിളവെടുപ്പു സമയത്ത് മദീനയില്‍നിന്നൊരു പ്രതിനിധി ഉല്‍പന്നങ്ങള്‍ വീതിക്കാനായി ഖൈബറില്‍ എത്തിച്ചേരും. അതിനിടയിൽ അദ്ദേഹത്തെ കൈക്കൂലി കൊടുത്ത് വശത്താക്കാനോ മറ്റോ ചിലര്‍ ശ്രമിച്ചെങ്കിലും പിന്നെ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായില്ല. എന്നല്ല, പുതിയ നികുതി സമ്പ്രദായത്തില്‍ അവര്‍ തൃപ്തരുമായിരുന്നു. നീതിപൂർണമായ കണക്കെടുപ്പും ഭാഗം വെക്കലും കണ്ടപ്പോൾ ‘ഇതുപോലുള്ള കാര്യങ്ങള്‍ ഉള്ളതുകൊണ്ടാണ് ആകാശം ഭൂമിക്കു മേല്‍ വീഴാതിരിക്കുന്നത്’ എന്ന് അവര്‍ തന്നെ പറയാറുണ്ടായിരുന്നുവത്രെ.

ഖൈബര്‍ ഉടമ്പടിക്കു ശേഷം പരാജിതരായ ഖൈബറുകാര്‍ക്ക് എല്ലാതരം പൗരാവകാശങ്ങളും ലഭ്യമാവുകയുണ്ടായി. തങ്ങള്‍ കീഴ്‌പ്പെടുത്തിയ പ്രദേശമല്ലേ എന്ന് കരുതി ചില മുസ്‌ലിം പട്ടാളക്കാര്‍ ഖൈബറിലെ ഈന്തപ്പനത്തോട്ടങ്ങളിലും മറ്റു കൃഷിയിടങ്ങളിലും കയറിയിറങ്ങി വിലയൊന്നും കൊടുക്കാതെ ഉല്‍പ്പന്നങ്ങള്‍ കൈവശപ്പെടുത്താന്‍ ശ്രമിച്ചപ്പോള്‍ ജൂതസമൂഹം പ്രവാചകനോﷺട് പരാതി പറഞ്ഞു. ഉടനെത്തന്നെ പ്രവാചകൻ‍ﷺ അന്നാട്ടുകാരുടെ ഒരു ഉല്‍പ്പന്നത്തിലും തൊട്ടുപോകരുതെന്ന് തന്റെ അനുയായികളെ കര്‍ശനമായി വിലക്കി. യുദ്ധമുതലുകളെന്ന നിലയില്‍ പിടിച്ചെടുത്ത തോറയുടെ എല്ലാ ഏടുകളും അവര്‍ക്ക് തിരിച്ചുനല്‍കാന്‍ ഉത്തരവിടുകയും ചെയ്തു. ഖൈബര്‍ ഉപരോധക്കാലത്ത് ചില മുസ്‌ലിംകള്‍ താല്‍ക്കാലിക (മുത്അഃ) വിവാഹത്തില്‍ (ജൂത സ്ത്രീകളുമായി) ഏര്‍പ്പെട്ടപ്പോള്‍, അത് പാടില്ലെന്ന് പ്രവാചകൻ‍ﷺ വിലക്കുകയുണ്ടായി. ജൂതസമൂഹവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും പ്രവാചകൻ‍ﷺ മുന്‍കൈയെടുക്കുകയുണ്ടായി. ഖൈബറുകാരിയും വിധവയുമായ സ്വഫിയ്യ(റ) എന്ന യുവതിയെ പ്രവാചകൻ‍ﷺ വിവാഹം ചെയ്തത് ഇതിന്റെ ഭാഗമായി കാണാം. ഈ മഹതി തന്റെ അമുസ്‌ലിം ബന്ധുക്കളെ സഹായിക്കുന്നതില്‍ എന്നും മുന്‍പന്തിയിലായിരുന്നു. ചരിത്രകാരന്മാര്‍ പറയുന്നത്, മരണസമയത്ത് അവര്‍ തന്റെ സ്വത്തിന്റെ മൂന്നിലൊരു ഭാഗം -അത് ഒരു ലക്ഷം ദിര്‍ഹം വരുമായിരുന്നു- ജൂതമതത്തില്‍ തന്നെ നിലകൊണ്ട തന്റെ സഹോദരിപുത്രന് വസ്വിയ്യത്ത് എഴുതിവെച്ചിരുന്നു എന്നാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-435

Tweet 435

പൂര്‍ണ സ്വയംഭരണാവകാശം തന്നെയാണ് ഖൈബറിന് ലഭിച്ചിരുന്നത്. ഖുറ അഅ്‌റാബിയ്യ എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ഈ മേഖലയുടെ- മറ്റു പ്രദേശങ്ങളോടൊപ്പം ഖൈബറും ഫദകും അതില്‍ ഉള്‍പ്പെട്ടിരുന്നു- ഗവര്‍ണറായി നിയോഗിക്കപ്പെട്ടത് അല്‍ ഹകമുബ്‌നു സഈദ്(റ) എന്നയാളായിരുന്നു. ഇബ്‌നു സഅ്ദ്(റ) പറയുന്നത്, മേഖലയിലെ മികച്ച നഗരം ഖൈബര്‍ ആയിരുന്നുവെന്നാണ്. അവിടത്തെ വിളവെടുപ്പ് പഴഞ്ചൊല്ലുകളില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നു.

ഇബ്‌നു ഹമ്പല്‍(റ) എഴുതുന്നത് ഒരിക്കല്‍ മുആദു ബ്‌നു ജബലി(റ)നെ പ്രവാചകൻ‍ﷺ അങ്ങോട്ടേക്ക് നികുതി പിരിവുകാരനായി അയച്ചിരുന്നുവെന്നാണ്. നേരത്തെ നികുതി പിരിച്ചിരുന്ന അബ്ദുല്ലാഹിബ്‌നു റവാഹ(റ)യുടെ മരണശേഷമായിരിക്കാം ഇത്. ഭൂനികുതി(ഹസ്സുല്‍ അര്‍ള്)യാണ് പിരിക്കേണ്ടത്. അത് മണ്ണിന്റെ ഗുണമനുസരിച്ച് മൂന്നിലൊന്നോ നാലിലൊന്നോ ഒക്കെയാവും. യുവാവായ മുആദ്(റ) പരിധിവിട്ട് ദാനധര്‍മങ്ങള്‍ ചെയ്യുന്നതിനാല്‍ നേരത്തേ പാപ്പരായ ആളാണ്. അദ്ദേഹത്തിന്റെ വീടു പോലും പ്രവാചകനുﷺ വില്‍ക്കേണ്ടതായി വന്നു. അങ്ങനെയാണ് മദീനാ പള്ളിയിലെ ‘സ്വുഫ്ഫ’യിലെ ഒരംഗമായി മുആദ്(റ) മാറുന്നത്. പാവങ്ങള്‍ക്കു വേണ്ടി ധനികര്‍ ദാനമായി നല്‍കുന്ന കാരക്ക വട്ടികള്‍ക്ക് കാവല്‍ നില്‍ക്കലായിരുന്നു മുആദി(റ)ന് നല്‍കിയ ജോലി; മുആദി(റ)ന് തന്റെ ദൈനംദിനാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പ്രവാചകൻ‍ﷺ കണ്ടെത്തിയ വഴി. മുആദി(റ)നെ ഖൈബറിലെ നികുതി പിരിവുകാരനാക്കി നബിﷺ നിയോഗിച്ചതും അദ്ദേഹത്തെ പുതിയൊരു ജീവിതം തുടങ്ങാന്‍ പ്രാപ്തനാക്കാന്‍ വേണ്ടിയായിരുന്നു. ഖൈബറിനു ശേഷം മുആദി(റ)നെ പ്രവാചകൻ‍ﷺ യമനിലെ ഗവര്‍ണറായും നിയോഗിക്കുകയുണ്ടായി.

ജൂതന്മാരില്‍ ചിലര്‍ തങ്ങളുടെ സ്വത്തുക്കള്‍ വിറ്റ് മറ്റു പ്രദേശങ്ങളിലേക്ക് പോയിട്ടുണ്ടെന്ന് കരുതപ്പെടുന്നു. അവിടുത്തെ ചില പ്ലോട്ടുകള്‍ ഉമറി(റ)ന്റെ പേരില്‍ ആയിരുന്നതുകൊണ്ടാവാം ഇത്. പ്രവാചകന്റെﷺ പേരിലും ഇവിടെ ഭൂമി ഉണ്ടായിരുന്നു. അവകാശികളില്ലാത്ത ഭൂമി ഗവണ്‍മെന്റിന് എന്ന നിലക്കായിരിക്കും അവ പ്രവാചകന്റെﷺ പേരില്‍ വന്നുചേര്‍ന്നത്. ഇക്കാലത്ത് ഒരു മുസ്‌ലിം കച്ചവടക്കാരന്‍ ഖൈബറില്‍ വധിക്കപ്പെട്ടിരുന്നു. പക്ഷേ, കുറ്റവാളിയെ കണ്ടെത്താനായില്ല. മരിച്ചയാളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കണമെന്നാവശ്യപ്പെട്ട് പ്രവാചകൻ‍ﷺ ഖൈബറുകാര്‍ക്ക് ഒരു കത്തയച്ചു. എല്ലാവരും ചേര്‍ന്ന് ആ തുക കണ്ടെത്തണം. തങ്ങള്‍ നിരപരാധികളാണെന്ന് അന്നാട്ടുകാര്‍ സത്യം ചെയ്ത് പറഞ്ഞതിനാല്‍, ഒടുവില്‍ പ്രവാചകൻ‍ﷺ പൊതു ഖജനാവില്‍നിന്ന് ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരത്തുക നല്‍കുകയായിരുന്നു.

ഖൈബറില്‍നിന്ന് അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന വാദില്‍ഖുറായില്‍ നിരവധി ഗോത്രങ്ങള്‍ താമസിച്ചിരുന്നു. അവരില്‍ അറബി ഗോത്രങ്ങളുണ്ട്, ജൂത ഗോത്രങ്ങളുണ്ട്. ബലാദുരിയുടെ വിവരണത്തില്‍, ഖൈബര്‍ വിട്ടശേഷം പ്രവാചകൻﷺ സൈന്യസമേതം വാദില്‍ഖുറായില്‍ ചെന്നതായി പറയുന്നുണ്ട്. ഒരൊറ്റ ദിവസം മാത്രം നീണ്ട ചെറിയ പ്രതിരോധത്തിനൊടുവില്‍ തങ്ങളുടെ കോട്ടകള്‍ക്കകത്തായിരുന്ന (ഉത്വും എന്നായിരുന്നു ആ കോട്ടകള്‍ക്ക് പറഞ്ഞിരുന്നത്) ജൂതന്മാര്‍ പുറത്തേക്കിറങ്ങി തങ്ങള്‍ കീഴടങ്ങിയതായി പ്രഖ്യാപിച്ചു. ഖൈബറിലെ അതേ കീഴടങ്ങല്‍ വ്യവസ്ഥ തന്നെയായിരുന്നു ഇവിടെയും. അതായത്, ഉല്‍പ്പന്നങ്ങളുടെ പകുതി ഇവിടത്തുകാര്‍ മദീനയിലെ കേന്ദ്ര ഭരണകൂടത്തിന് നല്‍കണം. ഇവിടത്തെ ഗവര്‍ണറായി അംറുബ്‌നു സഈദി(റ)നെ പ്രവാചകൻ‍ﷺ നിശ്ചയിക്കുകയും ചെയ്തു. ഖൈബര്‍ സംഭവം തൊട്ടടുത്ത ജൂതഗോത്രങ്ങള്‍ക്ക് മദീനാ ഭരണകൂടത്തിന് വിധേയപ്പെടാന്‍ പ്രേരണയായി.

ഉദാഹരണത്തിന് ബനൂ ഉദ്‌റയിലെ ജൂതന്മാര്‍. ഉദ്‌റക്കാരനായ ഹംസ എന്നയാള്‍ക്ക് അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചപ്പോള്‍ വാദില്‍ഖുറായില്‍ ധാരാളം സ്ഥലങ്ങള്‍ പ്രവാചകൻ‍ﷺ പതിച്ച് നല്‍കിയിരുന്നു. ഹി: ഒമ്പതാം വര്‍ഷം ഒരു സ്ത്രീക്ക് ഈ മേഖലയില്‍ ധാരാളം സ്ഥലങ്ങള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളില്‍ വന്നിട്ടുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-436

Tweet 436

ഖൈബറിന്റെ ഓരം ചേർന്ന് ചില സംഭവങ്ങൾ നമുക്ക് വായിക്കാൻ ഉണ്ട്. അതിൽ പ്രധാനപ്പെട്ട ഒന്നാണ് നബിﷺക്ക് വിഷം നൽകിയത്. മദീനയിലെ ജൂത നേതാവായിരുന്ന സല്ലാം ബിന് മിഷ്കമിന്റെ ഭാര്യ സൈനബ് ഒരു ആടിനെ അറുത്തു. പാചകം ചെയ്തു അതിൽ വിഷം ചേർത്ത് നബിﷺക്ക് കൊടുത്തയച്ചു. ആട് മാംസത്തിൽ നബിﷺക്ക് ഏറ്റവും ഇഷ്ടം അതിന്റെ കൊറകിന്റെ ഭാഗമായിരുന്നു. നബിﷺ മാംസം വായിലേക്ക് വെച്ചതേ ഉള്ളൂ അവിടുന്ന് തുപ്പിക്കളയുകയും ഇതിൽ വിഷം ചേർത്തിട്ടുണ്ട് എന്ന് വിളിച്ചു പറയുകയും ചെയ്തു. സൈനബിന്റെ ഭർത്താവും പിതാവും ഖൈബറിൽ കൊല്ലപ്പെട്ടതിന്റെ പക വീട്ടുകയായിരുന്നു അവൾ.

ഇതിനകം മാംസത്തിന്റെ അല്പം പള്ളയിൽ എത്തിയ ബിഷർ ബിൻ അൽ ബറാഉ(റ) തൽക്ഷണം മരണപ്പെട്ടു. പ്രവാചക സന്നിധിയിൽ അവളെ വിളിച്ചു വിചാരണ ചെയ്തു. അവൾ പറഞ്ഞു അവിടുന്ന് പ്രവാചകൻﷺ ആണെങ്കിൽ ഇത് തിരിച്ചറിയുകയും രക്ഷപ്പെടുകയും ചെയ്യും എന്നെനിക്കറിയാം. അതല്ല ഭരണാധികാരം ആഗ്രഹിക്കുന്ന കേവലം ഒരു അവകാശവാദത്തിന്റെ ആളാണെങ്കിൽ ഇതോടെ കഥ കഴിയട്ടെ എന്നുമാണ് ഞാൻ വിചാരിച്ചത്. പ്രവാചകൻﷺ അവൾക്ക് മാപ്പു നൽകി. ബിഷർ(റ) മരണപ്പെട്ട കാരണത്താൽ അദ്ദേഹത്തിന്റെ കുടുംബക്കാർ അവളെ നിയമത്തിന്റെ മുന്നിൽ ഹാജരാക്കുകയും അവൾ ശിക്ഷിക്കപ്പെടുകയും ചെയ്തു എന്നും ചില നിവേദനങ്ങൾ കാണാം.

കാര്യങ്ങൾ ബോധ്യമായതിനു ശേഷം പ്രസ്തുത മാംസം ബിസ്മി ചൊല്ലി അഥവാ അല്ലാഹുവിനെ നാമം ഉരുവിട്ട് ഭക്ഷിച്ചുകൊള്ളാൻ നബിﷺ പറയുകയും അനുയായികൾ അത് കഴിക്കുകയും ചെയ്തു. ആർക്കും ഒരു ബുദ്ധിമുട്ടും ഉണ്ടായതുമില്ല. ഇങ്ങനെ ഒരു നിവേദനം സീറാ ഗ്രന്ഥങ്ങളിൽ കാണുന്നുണ്ടെങ്കിലും പ്രബലമായ നിവേദനങ്ങളിൽ ഒന്നും അത് കാണാൻ കഴിഞ്ഞിട്ടില്ല.

ഖൈബർ വിജയത്തോടു അനുബന്ധിച്ചുണ്ടായ മറ്റൊരു സുപ്രധാന സംഭവമാണ് അബൂത്വാലിബിന്റെ മകൻ ജാഫറി(റ)ന്റെ ആഗമനം. പ്രമുഖ സ്വഹാബിയായ അബൂ മൂസ അശ്അരി(റ) നിവേദനം ചെയ്യുന്നു. ഞങ്ങൾ യമനിൽ ആയിരിക്കുമ്പോഴാണ് നബിﷺയുടെ നിയോഗം അറിയുന്നത്. ഞങ്ങൾ പ്രവാചകനെﷺ പ്രാപിക്കാൻ വേണ്ടി പലായനം തുടങ്ങി. ഞാനും എന്റെ സഹോദരന്മാരും ഉണ്ടായിരുന്നു. അബൂ റൂഹ്(റ), അബൂ ബുർദ(റ) എന്നിങ്ങനെയായിരുന്നു മറ്റു രണ്ടു പേരുടെ പേരുകൾ. കൂട്ടത്തിൽ ചെറിയ ആൾ ഞാൻ തന്നെയായിരുന്നു. 52 ഓ 53 ആളുകൾ ഉള്ള ഒരു സംഘത്തിനൊപ്പം ആയിരുന്നു ഞങ്ങൾ. ഞങ്ങളുടെ യാത്രാസംഘം മക്കയിലെത്തി. അവിടുന്ന് മദീനയിലേക്ക് പുറപ്പെട്ടു. ഞങ്ങളുടെ കപ്പലും ജഅ്‌ഫറി(റ)ന്റെ കപ്പലും തമ്മിൽ കണ്ടുമുട്ടി. പിന്നീട് ഞങ്ങൾ ഒരുമിച്ചാണ് നബിﷺയുടെ സന്നിധിയിലേക്ക് എത്തിയത്. ഖൈബർ വിജയം കഴിഞ്ഞിരിക്കുമ്പോഴാണ് ഞങ്ങൾ നബിﷺയുടെ സന്നിധിയിൽ എത്തിച്ചേരുന്നത്. ഖൈബറിൽ നിന്ന് കിട്ടിയ സമ്പാദ്യത്തിന്റെ വിഹിതം ഞങ്ങൾക്കും അനുവദിച്ചു. ഖൈബർ അതിജീവനത്തിൽ പങ്കെടുക്കാത്ത ഒരു വിഭാഗത്തിന് വിഹിതം നൽകിയത് ഞങ്ങൾക്കു മാത്രമാണ്. പ്രവാചകൻﷺ അനുചരന്മാരോട് കൂടിയാലോചിച്ചിട്ടാണ് അത്തരമൊരു തീരുമാനത്തിലേക്ക് എത്തിയത്.

അസ്മ ബിൻത് ഉമൈസ്(റ) ആ സംഘത്തിൽ ഉണ്ടായിരുന്നു. നബിﷺ പത്നിയായ ഹഫ്‌സ(റ)യെ കാണാൻ വേണ്ടി വന്നതാണ്. അവർ നേരത്തെ അഭിഷിയിലേക്ക് പലായനം ചെയ്തവരിൽ ഒരു അംഗമായിരുന്നു. ഉമർ(റ) ഹഫ്സ(റ)യെ കാണാൻ വേണ്ടി വന്നപ്പോൾ അസ്മ(റ) അടുത്തിരിക്കുന്നുണ്ടായിരുന്നു. ഉമർ(റ) മകളോട് ചോദിച്ചു ഇതാരാണ്? അവിടുന്ന് പറഞ്ഞു ഇത് അസ്മാഉ ബിൻത് ഉമൈസ്(റ) ആണ്. ഉടനെ പറഞ്ഞു ഞങ്ങൾ നിങ്ങളെക്കാൾ മുന്നേ പലായനം ചെയ്തവരാണ്. ഞങ്ങൾ നബിﷺയോട് നിങ്ങളെക്കാൾ അടുത്തവരാണ്. അസ്മാഇ(റ)ന് ഇത് സഹിക്കാൻ ആയില്ല. അവർ പ്രതികരിച്ചു. അല്ലാഹു സത്യം ഇതെന്തൊരു കഷ്ടമാണ്. നിങ്ങൾ നബിﷺയോടൊപ്പം താമസിക്കുകയും അവിടുന്ന് നിങ്ങളെ ഭക്ഷിപ്പിക്കുകയും നിങ്ങളുടെ കൂട്ടത്തിൽ വിവരമില്ലാത്തവർക്ക് വിവരം നൽകുകയും ഒക്കെ ചെയ്തു. ആ സമയത്ത് ഞങ്ങൾ എത്രയോ ദൂരത്തുള്ള ഒരു ദിക്കിൽ ആയിരുന്നു. എത്യോപ്യയിലെ ഏതോ ഒരു ദേശത്ത്. ഞങ്ങളെ ഭക്ഷിപ്പിക്കാനോ വിവരം നൽകാനോ ഒന്നും ആരുമുണ്ടായില്ല.

ഞങ്ങളെല്ലാം സഹിച്ചതും ക്ഷമിച്ചതും അല്ലാഹുവിന്റെ മാർഗത്തിലാണ്. നിങ്ങൾ ഈ പറഞ്ഞതൊക്കെ വെച്ച് ഞാൻ നബിﷺയോട് ചോദിക്കും. നിങ്ങൾ പറഞ്ഞതിനോട് ഒന്നും ഞാൻ കൂട്ടിപ്പറയുകയില്ല. കുറെ കഴിഞ്ഞപ്പോൾ നബിﷺ അടുത്തേക്ക് വന്നു. അസ്മ(റ) നബിﷺയോട് പറഞ്ഞു. ചില പുരുഷന്മാർ ഞങ്ങളുടെ മുമ്പിൽ ഗർവ് നടിക്കുന്നു. അവർ ഞങ്ങളെക്കാൾ മെച്ചപ്പെട്ടവരാണ് എന്ന് പറയുന്നു. ആദ്യത്തെ മുഹാജിറുകൾ എന്ന ഗണത്തിൽ ഞങ്ങൾ പെടില്ല എന്നാണ് അവർ പറയുന്നത്. നബിﷺ ചോദിച്ചു ആരാണിതൊക്കെ പറഞ്ഞത്? വേറെ ആരുമല്ല ഉമർ(റ) തന്നെയാണ് പറഞ്ഞത്. എന്നിട്ട് ഉമർ(റ) പറഞ്ഞ ഓരോ പരാമർശങ്ങളും എണ്ണി നബിﷺയുടെ മുമ്പിൽവെച്ചു. അപ്പോൾ നബിﷺ ചോദിച്ചു. ഇതിന് എന്താണ് നിങ്ങൾ മറുപടി പറഞ്ഞത്. അസ്മ(റ) പറഞ്ഞ മറുപടികളും പറഞ്ഞു. എല്ലാം കേട്ടതിനു ശേഷം നബിﷺയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. നിങ്ങളെക്കാൾ അവർ കടപ്പെട്ടവരൊന്നുമല്ല. അഥവാ നിങ്ങളും അവരും എന്റെ മുന്നിൽ സമന്മാരാണ്. ഉമറും(റ) കൂട്ടുകാരും ഒരു ഹിജ്റയെ ചെയ്തിട്ടുള്ളൂ. എന്നാൽ നിങ്ങൾ രണ്ടു ഹിജ്റ ചെയ്തവരാണ് അഥവാ രണ്ട് പലായനങ്ങൾ നിങ്ങൾ നടത്തിയിട്ടുണ്ട്.

ഖൈബറിലേക്ക് ജാഫറും(റ) സംഘവും എത്തിയപ്പോൾ നബിﷺ പറഞ്ഞുവത്രേ. ജാഫറി(റ)ന്റെ ആഗമനത്തിലാണോ ഖൈബർ വിജയിച്ചതിലാണോ കൂടുതൽ സന്തോഷിക്കേണ്ടത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല. നെറ്റിത്തടത്തിൽ ചുംബനം കൊടുത്തുകൊണ്ടാണ് ജാഫറി(റ)നെ നബിﷺ സ്വീകരിച്ചത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-437

Tweet 437

അബൂഹുറൈറ(റ)യുടെയും സംഘത്തിന്റെയും ആഗമനം ഖൈബർ പശ്ചാത്തലത്തിലെ പ്രധാനപ്പെട്ട ഒരു സംഭവമായിരുന്നു. അബൂഹുറൈറ(റ) തന്നെ പറയുന്നു. ഞങ്ങൾ മദീനയിലേക്ക് വന്നു. ഔസ് ഗോത്രത്തിലെ 80 കുടുംബങ്ങൾ ഉണ്ടായിരുന്നു ഞങ്ങൾ. സബ്ബാഉ ബിൻ ഉറഫുത്വ അൽ ഗിഫാരി(റ) എന്നിവരുടെ പിന്നിൽ പ്രഭാത നിസ്കാരം നിർവഹിച്ചു. ഒന്നാമത്തെ റക്അത്തിൽ അൽ മറിയം അദ്ധ്യായവും. രണ്ടാമത്തെ റക്അത്തിൽ അൽ മുത്വഫിഫീൻ അധ്യായമാണ് പാരായണം ചെയ്തത്. ഈ അധ്യായത്തിലെ രണ്ടാം സൂക്തം അളവ് തൂക്കങ്ങളിലെ നീതിയെക്കുറിച്ച് ആയിരുന്നു. അപ്പോൾ എന്റെ മനസ്സിൽ ഓർമ്മ വന്നത് എന്റെ അമ്മാവന്റെ അടുക്കലുള്ള രണ്ട് ത്രാസ്സുകളായിരുന്നു. അദ്ദേഹത്തിന് വേണ്ടി അളക്കുകയാണെങ്കിൽ അളവ് പൂർണ്ണമാക്കുകയും. മറ്റുള്ളവർക്ക് നൽകുമ്പോൾ കുറഞ്ഞ അളവിലുള്ള പാത്രം ഉപയോഗിക്കുകയും ആണ് ചെയ്തിരുന്നത്.

ഞങ്ങൾ നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ ഒരാൾ പറഞ്ഞു. നബിﷺ ഖൈബറിൽ ആണെന്ന്. നിങ്ങൾ ഇവിടെ തന്നെ നിന്നാൽ നിങ്ങളെ കാണാൻ വേണ്ടി ഇങ്ങോട്ട് എത്തുമെന്നും ഞങ്ങളെ അറിയിച്ചു. അപ്പോൾ ഞാൻ പറഞ്ഞു നബിﷺ എവിടെയാണോ അവിടെ ചെന്ന് കാണാനാണ് ഞങ്ങൾ പുറപ്പെട്ടത്. അങ്ങനെ ഞങ്ങൾ ഖൈബറിലേക്ക് എത്തിച്ചേർന്നു.

പിന്നീട് അബൂഹുറൈറ(റ)യുടെ ജീവിതം പൂർണ്ണമായും തിരുനബിﷺയോടൊപ്പം ആയിരുന്നു.

മറ്റൊരു സംഭവം ഇങ്ങനെ നമുക്ക് വായിക്കാം. നബിﷺയും അനുയായികളും ഖൈബർ ജയിച്ചടക്കിയപ്പോൾ ഉയയ്ന ബിൻ ഫസാറ നബിﷺയുടെ അടുക്കലേക്ക് എത്തി. സമരാർജിത സമ്പാദ്യത്തിൽ നിന്ന് വിഹിതം വേണമെന്നായിരുന്നു ആവശ്യം. ഇക്കൂട്ടർ യുദ്ധവേളയിൽ ശത്രുക്കൾക്കൊപ്പം ആയിരുന്നു. അവർ ശത്രുക്കളുടെ കൂട്ടത്തിൽ നിന്ന് വാങ്ങിയാൽ ഇന്നാലിന്ന ഓഫറുകൾ നൽകാമെന്ന് നബിﷺ സന്ദേശം അയച്ചിരുന്നു. എന്നാൽ അത് മാനിക്കാനോ സഹകരിക്കാനോ അന്ന് അവർ തയ്യാറായിരുന്നില്ല. യുദ്ധത്തിൽ നബിﷺയും അനുയായികളും ജയിച്ചടക്കിയപ്പോൾ വിഹിതം ചോദിച്ചു വന്നതായിരുന്നു. അപ്പോൾ നബിﷺ ചോദിച്ചു നിങ്ങൾക്ക് വിഹിതം ആണ് തരേണ്ടത്. ശരി, നിങ്ങൾ ദൂ ഖരദ എടുത്തുകൊള്ളൂ. ഇത് ഖൈബറിലെ ഒരു പർവതത്തിന്റെ പേരാണ്. നബിﷺയും അനുയായികളും ഖൈബറിലേക്ക് വന്നപ്പോൾ പ്രസ്തുത സംഘത്തിന്റെ പരാജയം സൂചിപ്പിച്ചുകൊണ്ട് കളിയാക്കി അവർ തന്നെ മുസ്ലിം സംഘത്തിനെതിരെ പ്രയോഗിച്ച പ്രയോഗമായിരുന്നു ഇത്. എന്നാൽ, ഈ പ്രയോഗം നബിﷺക്ക് അറിയാൻ യാതൊരു വഴിയും ഉണ്ടായിരുന്നില്ല. അഭൗതികമായ ജ്ഞാനത്തിലൂടെയാണ് നബിﷺ ഇത്തരമൊരു പ്രതികരണം നടത്തിയത് എന്ന് ഉയയ്നക്ക്ക്ക് ബോധ്യമായി. ഇനിയും നിന്നാൽ പന്തികേടാണ് എന്ന് മനസ്സിലാക്കിയ അയാൾ സംഘത്തോടൊപ്പം സ്ഥലം വിട്ടു കളഞ്ഞു. നബിﷺയുടെ പ്രവാചകത്വത്തെ സാക്ഷ്യപ്പെടുത്തുന്ന മുൻഗാമികളായ പലരുടെയും പരാമർശങ്ങൾ അപ്പോൾ അയാൾക്ക് ഓർമ്മ വന്നിരുന്നു എന്ന് ചില നിവേദനങ്ങളിൽ കാണുന്നുണ്ട്.

തൈമാഅ് പ്രവിശ്യയിലേക്ക് ഇസ്ലാം എത്തിച്ചേർന്നത് ഈ കാലയളവിലാണ് എന്ന് ഒരു പറ്റം ചരിത്രകാരന്മാർ അഭിപ്രായപ്പെടുന്നുണ്ട്. തൈമാഇനെ പ്രാഥമികമായി ഒന്ന് പരിചയപ്പെട്ടുകൊണ്ടാണ് ഈ വായനയിലേക്ക് കടക്കേണ്ടത്. ഇങ്ങനെ തുടങ്ങാം.

തൈമാഅ് നഗരം അറേബ്യയുടെ ഏറ്റവും വടക്കേ അറ്റത്താണ്. അറബി സാഹിത്യത്തില്‍ തൈമാഇന്റെ ഒട്ടേറെ മുദ്രകള്‍ പതിഞ്ഞു കിടക്കുന്നുണ്ട്. അവയില്‍ മിക്കതും ആറാം നൂറ്റാണ്ടിലെ ക്രിസ്ത്യന്‍ പൈതൃകത്തില്‍ നിന്നുള്ളവയാണ്. എന്നാൽ, ആര്‍ക്കിയോളജിക്കല്‍ പര്യവേഷണങ്ങളിലൂടെ, അവ ക്രൈസ്തവ യുഗത്തിനുമപ്പുറമുള്ള കാലത്തേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഏതായാലും അക്കാലത്ത് ജൂത സ്വാധീനം വെളിപ്പെടുന്നതൊന്നും ഇവിടെനിന്ന് കണ്ടു കിട്ടിയിട്ടില്ല.

രണ്ടാം അസീറിയന്‍ സാമ്രാജ്യത്തിന്റെ സ്ഥാപകനായ തിഗ്‌ലത്ത് പിലേസര്‍ (745-727 ബി.സി) വടക്കന്‍ അറേബ്യ കീഴടക്കിയിരുന്നു. ബി.സി 728-ല്‍ ഠലാമശ അഥവാ തൈമഃയില്‍നിന്നും മസാഇ, സബാഇ ഗോത്രങ്ങളില്‍നിന്നും അദ്ദേഹത്തിന് സ്വര്‍ണവും ഒട്ടകങ്ങളും സുഗന്ധ ദ്രവ്യങ്ങളും കാഴ്ച വസ്തുക്കൾ ആയി ലഭിച്ചിരുന്നുവെന്ന് ചരിത്ര ഗ്രന്ഥങ്ങളില്‍ പരാമര്‍ശമുണ്ട്. രണ്ട് നൂറ്റാണ്ട് കഴിഞ്ഞ് അവസാനത്തെ കല്‍ദിയന്‍ രാജാവ് നബോനിഡസ് (559-539 ബി.സി) ഇവിടെയൊരു പ്രവേശനോദ്യാനം പണിതതോടെയാണ് ഈ പ്രദേശം വീണ്ടും പ്രശസ്തിയാര്‍ജിച്ചത്. ഒരു ക്യൂനിഫോം ലിഖിതത്തില്‍, നബോനിഡസ് രാജാവ് തൈമയിലെ രാജകുമാരനെ കൊല്ലുകയും എന്നിട്ട് ഈ മരുപ്പച്ചയില്‍ താമസമാക്കുകയുമാണുണ്ടായത് എന്നു കാണാം. ഫ്രാന്‍സിലെ ലുവ്ര് മ്യൂസിയത്തിലുള്ള തൈമാഅ് ശില എന്ന ലിഖിതത്തില്‍ ബി.സി അഞ്ചാം നൂറ്റാണ്ടിലേതെന്ന് കരുതപ്പെടുന്ന മനോഹര വര്‍ണനകളുണ്ട്. അരാമിക് ഭാഷയിലാണ് എഴുതപ്പെട്ടിരിക്കുന്നത്. ഇവിടെയുണ്ടായിരുന്ന ഹജംസലം എന്ന പുതിയ പ്രതിഷ്ഠയെക്കുറിച്ചാണ് അതില്‍ പറയുന്നത്. ഒരു പുരോഹിതനാണ് ഈ പ്രതിഷ്ഠയുമായി രംഗത്തു വന്നത്. അയാള്‍ അതിനൊരു ക്ഷേത്രമുണ്ടാക്കുകയും കാണിക്കകള്‍ സമർപ്പിക്കുകയും ചെയ്തു. അതിന്റെ ചുമതലകള്‍ പരമ്പരാഗതമായി ആളുകളെ ഏല്പിച്ചു പോന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-438

Tweet 438

ജൂതശക്തി തൈമാഇല്‍ കേന്ദ്രീകരിക്കപ്പെടുന്നത് ഏകദേശം ക്രി.ആറാം നൂറ്റാണ്ടിലായിരിക്കും. ചില ചരിത്ര സ്രോതസ്സുകളില്‍ സമൗഅലു ബ്‌നു ആദിയാഅ് എന്നൊരു ജൂതരാജകുമാരനെക്കുറിച്ച് പരാമർശമുണ്ട്. ഈ സമൗഅല്‍ അഥവാ സാമുവല്‍ പാര്‍ത്തിരുന്നത് തൈമയില്‍ പ്രശസ്തമായ ഒരു കോട്ടയിലായിരുന്നു. അയാൾക്ക് അറബി മാത്രമേ അറിയുമായിരുന്നുള്ളൂ. അയാളുടെ കവിതകൾ സമാഹരിക്കപ്പെട്ടിട്ടുണ്ട്. തീർത്തും ഒരു അറബി ഒറിജിനലിൽ നിന്നുണ്ടാകുന്ന ഭാഷയും ഭാവനയും ഒക്കെയാണ് അതിൽ വായിക്കാൻ കഴിയുന്നത്. ഒരുപക്ഷേ, ജൂതമതത്തിലേക്ക് മാറിയ ഒരറബിയായിരിക്കാം ഇദ്ദേഹം.

മൃഗാരാധന പോലുള്ള സമ്പ്രദായങ്ങളില്‍നിന്ന് അറബികള്‍ മോചനം ആഗ്രഹിച്ച ഒരു ഘട്ടമായിരുന്നു അത്. ഏകദൈവത്വം പോലുള്ള വിശ്വാസക്രമങ്ങള്‍ പിന്തുടരാന്‍ ഇതാവാം കാരണം. ഈ ഘട്ടത്തില്‍ തന്നെയാണ് ദുന്നുവാസും ജൂതമതം സ്വീകരിക്കുന്നത്. ഏതായാലും ഈ സമൗഅല്‍ അഥവാ സാമുവല്‍ ആണ് ‘സമൗഅലിനേക്കാള്‍ സത്യസന്ധന്‍’ എന്ന അറബി പ്രയോഗത്തിന് കാരണക്കാരന്‍.
ഇയാള്‍ ജീവിച്ചിരുന്ന കോട്ട ‘അല്‍ അബ്‌ലഖ്’ പല വർണങ്ങൾ അല്ലെങ്കില്‍ രണ്ട് നിറങ്ങളുള്ള ‘അല്‍ അബ്‌ലഖുല്‍ ഫര്‍ദ്’ ഒരേയൊരു അബ്‌ലഖ് എന്നോ ആണ് വിളിക്കപ്പെട്ടിരുന്നത്. പല വര്‍ണങ്ങളുള്ള കല്ലുകൾ കൊണ്ട് നിര്‍മിച്ചതുകൊണ്ടാവാം ഈ പേരു വന്നത്. മദീനയില്‍നിന്ന് അന്നത്തെ കാലത്ത് ഏഴു ദിവസം വഴിദൂരമുള്ള തൈമാഇന്ന് പുറംമതിലുകളുണ്ടായിരുന്നു. ഉവൈറ തടാക തീരത്തായിരുന്നു അത് സ്ഥിതിചെയ്തിരുന്നത്.

ബക്‌രി(റ)യുടെ നിവേദനമനുസരിച്ചു, അവിടെ ധാരാളം കാരക്കത്തോട്ടങ്ങളും അത്തിമരങ്ങളും മുന്തിരിത്തോപ്പുകളുമൊക്കെ ഉണ്ടായിരുന്നു. ഇവിടെയുള്ള കോട്ട നിര്‍മിച്ചത് സോളമനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇതിന് പ്രമുഖ കവി അഅ്ശയുടെ വരികള്‍ തെളിവായി ഉദ്ധരിക്കുകയും ചെയ്യുന്നു. ഏറ്റവും പ്രശസ്തനായിരുന്ന അറബിക്കവി ഇംറുഉല്‍ ഖൈസ്, സമൗഅലിന്റെ സമകാലികനായിരുന്നു. ഒരിക്കല്‍ ഇംറുല്‍ ഖൈസ് തൈമാഇലെത്തി തന്റെ ജംഗമസ്വത്തുക്കളും പ്രത്യേകിച്ച് ആയുധങ്ങള്‍ സമൗഅലിനെ ഏല്‍പ്പിച്ചു. എന്നിട്ട് അദ്ദേഹം ബൈസാന്റിയന്‍ ചക്രവര്‍ത്തിയെ കാണാനായി അങ്കാറയിലേക്ക് തിരിച്ചു. ഇത് ഏകദേശം ക്രി.540-ല്‍ ആണ്. അവിടെ വെച്ച് കവി ഇംറുഉല്‍ ഖൈസ് വധിക്കപ്പെടുകയാണത്രെ ഉണ്ടായത്.

അങ്കാറയിൽ അദ്ദേഹത്തിന്റെതായി അറിയപ്പെടുന്ന ഒരു കബറിടം ഇപ്പോഴും ഉണ്ട്. അസൂയക്ക് പാത്രമായി വധിക്കപ്പെട്ട കവിയുടെ സ്വത്തുവഹകള്‍ വിട്ടുതരണമെന്ന് ഗസ്സാന്‍കാരനായ അല്‍ഹാരിസുല്‍ അഅ്‌റജ് സമൗഅലിനോട് ആവശ്യപ്പെട്ടു. പക്ഷേ, സമൗഅല്‍ അത് അംഗീകരിച്ചില്ല. തുടര്‍ന്ന് സമൗഅലിനെ ഹാരിസ് ഉപരോധിച്ചു. നിര്‍ഭാഗ്യവശാല്‍ ഈ സമയത്ത് സമൗഅലിന്റെ മകന്‍ കോട്ടക്ക് പുറത്തായിരുന്നു. ഹാരിസ് അവനെ പിടികൂടി തന്റെ ആവശ്യം ആവര്‍ത്തിച്ചു. അംഗീകരിച്ചില്ലെങ്കില്‍ മകനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി. സാമുവല്‍ അംഗീകരിക്കാതിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മുമ്പില്‍ വെച്ച് തന്നെ മകനെ ഹാരിസ് അരുംകൊല ചെയ്തു.

ഈ അബ്‌ലഖ് കോട്ട വളരെ കെട്ടുറപ്പുള്ളതായിരുന്നതിനാല്‍ ശത്രുക്കള്‍ പലവുരു ആക്രമിച്ചെങ്കിലും കീഴടക്കാനായില്ല. അവസാനം ശത്രുക്കള്‍ക്ക് തിരിച്ചുപോരേണ്ടിവന്നു.
തൈമാഅ് എപ്പോഴാണ് പ്രവാചകൻ‍ﷺ കീഴടക്കിയത് എന്ന് നമ്മുടെ സ്രോതസ്സുകള്‍ കൃത്യമായി പറയുന്നില്ല. പക്ഷേ, അവിടെ ബനൂ ആദിയാഅ് ജൂത രാജവംശം അഥവാ സമൗഅലിന്റെ പിതാവായ ആദിയാഅ് ഭരണം നടത്തിയിരുന്നു എന്ന കാര്യത്തില്‍ ചരിത്രകാരന്മാര്‍ ഏകാഭിപ്രായക്കാരാണ്.

ബലാദുരി പറയുന്നത്, ഖൈബറും വാദില്‍ഖുറായും ഹി.ഏഴാം വര്‍ഷം കീഴടങ്ങിയതോടെ തൈമാഅ് നിവാസികളുടെ ഒരു പ്രതിനിധിസംഘം പ്രവാചകനെﷺ വന്നു കാണുകയും തങ്ങള്‍ ചുങ്കം നല്‍കിക്കൊള്ളാമെന്ന് സമ്മതിക്കുകയും പ്രവാചകനﷺത് അംഗീകരിക്കുകയും ചെയ്തു എന്നാണ്. ഇത് ഹി.ഒമ്പതാം വര്‍ഷം, 30,000 സൈനികരുമായി പ്രവാചകൻ‍ﷺ തബൂക്കിലേക്ക് പുറപ്പെട്ട സമയത്തായിരിക്കാനും സാധ്യതയുണ്ട്. തബൂക്കിലേക്ക് ഈ വഴിയായിരിക്കാം കടന്നുപോയിട്ടുണ്ടാവുക. മറ്റൊരു റിപ്പോര്‍ട്ട് പ്രകാരം, യസീദുബ്‌നു അബീ സുഫ്‌യാനെ(റ)യാണ് പ്രവാചകന്‍ﷺ ഈ മേഖലയുടെ ഗവര്‍ണറായി നിശ്ചയിച്ചത്. തൈമാഉകാരുമായി പ്രവാചകനുﷺണ്ടാക്കിയ ഉടമ്പടിയുടെ രേഖ ചരിത്രകാരന്മാർ ഉദ്ധരിച്ചിട്ടുണ്ട്. അക്കാലത്തെ നയതന്ത്ര എഴുത്തിന്റെ ഏറ്റവും മികച്ച മാതൃകയായി ഇതിനെ കാണാൻ കഴിയും.

”കാരുണ്യവാനും കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍. ഇത് അല്ലാഹുവിന്റെ പ്രവാചകന്‍ മുഹമ്മദ്ﷺ, ബനൂ ആദിയാഇന്നായി എഴുതി നല്‍കുന്നത്. ആളോഹരി നികുതി നൽകുന്ന അവർക്ക് പൂർണ്ണമായ സംരക്ഷണം ഉണ്ട്. കരാര്‍ വ്യവസ്ഥ ലംഘിക്കപ്പെടരുത്, നാട് കടത്തപ്പെടുകയുമരുത്. വ്യവസ്ഥകള്‍ക്ക് രാത്രിയുടെ ദൈര്‍ഘ്യവും പകലിന്റെ കരുത്തും ഉണ്ടാവട്ടെ. എഴുതിയത്: ഖാലിദു ബ്‌നു സഈദ്.”

ഈ രേഖയില്‍ ബനൂ ആദിയാഅ് ഭരണവംശത്തെ പ്രത്യേകം പേരെടുത്ത് പറഞ്ഞതുകൊണ്ട്, തൈമാഇല്‍ മാത്രമല്ല അവരുടെ മുഴുവന്‍ ഭരണപ്രദേശങ്ങളിലും ഇത് ബാധകമായിരുന്നുവെന്നു മനസ്സിലാക്കാം.

ഖലീഫ ഉമറുബ്‌നുല്‍ ഖത്ത്വാബി(റ)ന്റെ ഭരണകാലത്ത് ജൂതപ്രജകളെ ഇസ്‌ലാമിക രാഷ്ട്രത്തിന്റെ തന്നെ മറ്റു ഭാഗങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അവരുടെ ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന മുസ്‌ലിംകളെ അവര്‍ നിരന്തരം അക്രമിച്ചതായിരുന്നു കാരണം. എന്നാല്‍ തൈമാഉകാരെ മാറ്റിപ്പാര്‍പ്പിച്ചിരുന്നില്ല എന്ന് ഇബ്‌നുല്‍ ഖയ്യിം എഴുതുന്നുണ്ട്. യമനിലെ ജൂതന്മാര്‍ക്കും പ്രശ്‌നമൊന്നും ഉണ്ടായില്ല. ഇവരുടെ നല്ല പെരുമാറ്റം കാരണമാകണം അത്. അതേസമയം യമനിലെ ക്രിസ്ത്യാനികളെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. അവരെ ഉമര്‍(റ) നജ്‌റാനില്‍നിന്ന് ഇറാഖിലേക്കാണ് മാറ്റിയത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-439

Tweet 439

തിരുനബി‍ﷺയും അനുയായികളും ഖൈബറിൽ നിന്ന് മടങ്ങുകയാണ്. ഏകദേശം മദീനയോട് അടുക്കാറായി വരുന്നു. സമയം സുബഹിയോടും അടുത്തുവരുന്നു. എല്ലാവർക്കും നല്ല ക്ഷീണമുണ്ട്. അല്പം നിർത്തി വിശ്രമിച്ച് മുന്നോട്ട് ഗമിക്കാമെന്നായി. നബി‍ﷺ വിളിച്ചു ചോദിച്ചു. ആരാണ് ഉണർന്നിരുന്ന് നമ്മെ എല്ലാവരെയും സുബഹിക്ക് വിളിക്കുക. ബിലാൽ(റ) പറഞ്ഞു. ഞാൻ വിളിച്ചു കൊള്ളാം. നബി‍ﷺയും മറ്റുള്ളവരും ഉറക്കിലേക്ക് നീങ്ങി. ബിലാൽ(റ) അല്പനേരം നിസ്കരിച്ചു നിന്നു. ശേഷം, സുബഹിയുടെ സമയം കാത്ത് ഒട്ടകത്തെ ചാരിയിരുന്നു. സമയമായാൽ എല്ലാവരെയും വിളിക്കാം നിസ്കരിക്കാം എന്ന വിചാരത്തിൽ ആയിരുന്നു ഇരുന്നത്. പക്ഷേ, ബിലാലും(റ) അറിയാതെ ഉറക്കിലേക്ക് വീണുപോയി. സൂര്യന്റെ ചൂട് അടിക്കുന്നത് വരെ ആരും അറിഞ്ഞില്ല. ഉണർന്നെഴുന്നേറ്റ ഉടനെ നബി‍ﷺ വിളിച്ചു ചോദിച്ചു. അല്ലയോ ബിലാൽ(റ), എന്ത് പണിയാണ് മോനെ ചെയ്തത്? അപ്പോൾ ബിലാൽ(റ) പറഞ്ഞു. അവിടുന്ന് ഉറങ്ങിപ്പോയത് പോലെ ഞാനും അറിയാതെ ഉറക്കിലേക്ക് വീണുപോയി. ശരി, നിങ്ങൾ സത്യമാണ് പറഞ്ഞത്. ഉടനെ തന്നെ അവിടെ നിന്ന് യാത്ര തുടർന്നു. അധികം അകലും മുമ്പ് വീണ്ടും വാഹനം നിർത്തി. അംഗ സ്നാനം ചെയ്തു നിസ്കാരം നിർവഹിച്ചു. സ്വഹാബികൾ മുഴുവനും നിസ്കാരത്തിൽ ഏർപ്പെട്ടു. ശേഷം, നബി‍ﷺ പറഞ്ഞു. ഒരുപക്ഷേ നിസ്കാരം മറന്നു പോയാൽ ഓർക്കുമ്പോൾ അത് വീണ്ടെടുക്കുക. അഥവാ നിസ്കരിച്ചു വീട്ടുക.

മതവിധികൾ രൂപപ്പെടുന്നതിന്റെയും തിരുനബി‍ﷺയുടെ പെരുമാറ്റത്തിന്റെയും നല്ലൊരു ചിത്രം കൂടിയാണ് നാം ഇപ്പോൾ കണ്ടത്. നബി ജീവിതത്തിന്റെ ഔദ്യോഗികമായ 23 വർഷങ്ങൾ. അതിനിടയിലെ രാപ്പകലുകളും സഞ്ചാരങ്ങളും വിശ്രമങ്ങളും എല്ലാം മത നിയമങ്ങൾ രൂപപ്പെട്ടു വന്നതിന്റെ പശ്ചാത്തലങ്ങളാണ്.

അനുയായിയായ ബിലാലി(റ)നോട് എത്ര സൗമ്യമായിട്ടാണ് തിരുനബി‍ﷺ പ്രതികരിച്ചത്. അതേ രീതിയിൽ പ്രതികരിക്കാനുള്ള എത്ര നല്ല സ്വാതന്ത്ര്യമാണ് തിരുനബി‍ﷺ വകവെച്ചുകൊടുത്തത്. ഇസ്ലാമിന്റെ ആത്മാവും ഇസ്ലാമിലെ വ്യവഹാരങ്ങളുടെ പ്രാധാന്യവും ഒക്കെ അറിയണമെങ്കിൽ നബി ജീവിതം മനസ്സുചേർത്തു വച്ച് വായിക്കുക തന്നെ വേണം.

അബൂ മൂസ അൽ അശ്അരി(റ) വിശദീകരിക്കുന്നു. നബി‍ﷺയും അനുയായികളും മദീനയോട് അടുത്തപ്പോൾ മദീനക്കാർ കാത്തുനിന്ന് സ്വീകരിച്ചു. നബി‍ﷺയെയും സംഘത്തെയും കണ്ട മാത്രയിൽ തന്നെ അവർ തക്ബീർ മുഴക്കി. അവരുടെ തക്ബീറിന്റെ ശബ്ദം അധികരിച്ചപ്പോൾ നബി‍ﷺ ഇങ്ങനെ പറഞ്ഞു. നിങ്ങൾ വിളിക്കുന്നത് കേൾക്കാത്തവനും കാണാത്തവരുമായ പടച്ചവനെ അല്ല. കാണുകയും കേൾക്കുന്നവനെയുമാണ്. നിങ്ങൾ ശബ്ദമുയർത്തി സാഹസപ്പെടേണ്ടതില്ല.

വാഹനത്തിന്റെ പിൻസീറ്റിൽ ഉണ്ടായിരുന്ന ഞാൻ ലാ ഹൗല… എന്ന മന്ത്രം ഉരുവിടുന്നുണ്ടായിരുന്നു. അത് ശ്രദ്ധയിൽ പെട്ടപ്പോൾ എന്നെ വിളിച്ചു. ഞാൻ പറഞ്ഞു ലബ്ബയ്ക് ഞാൻ ഉത്തരം ചെയ്യുന്നു… എന്റെ മാതാ പിതാക്കൾ തങ്ങൾക്കു ദണ്ഡമാകുന്നു… അപ്പോൾ അവിടുന്നിങ്ങനെ പ്രതികരിച്ചു. സ്വർഗ്ഗീയ നിധികളിൽ നിന്നും ഒരു വാചകം ഞാൻ നിങ്ങളെ പരിചയപ്പെടുത്തി തരട്ടെ? അതെ എന്ന് ഞാനും പറഞ്ഞു. അപ്പോൾ അവിടുന്ന് ചൊല്ലി തന്നു. ‘ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹിൽ അലിയ്യിൽ അളീം.’ അഥവാ എല്ലാ കഴിവുകളും ചലനങ്ങളും അല്ലാഹുവിൽ നിന്നു മാത്രം.

കുറച്ചു നാളുകളുടെ അസാന്നിധ്യത്തിന് ശേഷം വിജയ ഗാഥകളുമായി മദീനയിലേക്കെത്തിയ തിരുനബി‍ﷺ ഉഹദ് പർവതത്തെ കണ്ടുമുട്ടിയപ്പോൾ ഇങ്ങനെ പറഞ്ഞു. ഈ പർവതത്തിന് എന്നോട് വളരെ പ്രിയമാണ്. എനിക്ക് അങ്ങോട്ടും വലിയ ഇഷ്ടമാണ്. മദീനയിലെ രണ്ടു കുന്നുകൾക്കിടയിലുള്ള സ്ഥലം ഞാൻ പവിത്രമാക്കി പ്രഖ്യാപിക്കുന്നു.

മദീനയിലേക്ക് മടങ്ങിയെത്തിയ സ്വഹാബികൾ അവർക്കു ലഭിച്ച സമ്പാദ്യങ്ങൾ വ്യവഹാരം ചെയ്തു. കഴിഞ്ഞ നാളുകളിൽ സഹായിച്ച മുഹാജിറുകൾക്ക് അൻസ്വാറുകൾ സന്തോഷത്തോടെയുള്ള സമ്മാനങ്ങൾ നൽകി. ഒരുകാലത്തെ കടപ്പാടുകൾക്ക് തിരിച്ചുനൽകാൻ അൻസ്വാറുകൾക്ക് നല്ലൊരു അവസരമായിരുന്നു ഇത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-440

Tweet 440

ഖൈബറിനു ശേഷം വിശ്വാസികൾക്ക് ആത്മവിശ്വാസം വർദ്ധിച്ചു. എവിടെയും പോയി ഏതു പ്രതിസന്ധിയും നേരിടാം എന്ന് ഒരു മാനസിക കരുത്ത് ലഭിച്ചു. സ്വാഭാവികമായും ഇത് വിരോധികളിലും ഭയമുളവാക്കി. ഏതു സന്ദർഭത്തെയും പ്രതിരോധിക്കാനും അതിജീവിക്കാനുമുള്ള ശക്തി മുഹമ്മദ് നബി‍ﷺക്കും അനുയായികൾക്കും ഉണ്ട് എന്ന് എവിടെയും ഉള്ള ശത്രുക്കൾക്ക് ബോധ്യപ്പെട്ടു. അങ്ങനെയിരിക്കെയാണ് രണ്ടു ഗോത്രങ്ങൾക്ക് പ്രവാചകനെ‍ﷺയും മദീനയെയും ആക്രമിച്ചാൽ കൊള്ളാം എന്നൊരു മോഹം. ഗത്ഫാനിലെ ബനൂമഹരിബ്, ബനൂസഅലബ എന്നീ ഗോത്രങ്ങളാണ് അവർ. സൗദി അറേബ്യയിലെ നജ്ദിന് സമീപമാണ് ഇവരുടെ വാസസ്ഥലം. ഇവരുടെ ആക്രമണ ഉദ്ദേശ്യം അറിഞ്ഞപ്പോൾ പ്രവാചകർ‍ﷺ അവരുടെ സ്ഥലത്ത് പോയി അവരെ പ്രതിരോധിക്കാൻ തീരുമാനിച്ചു. അങ്ങനെ 400-700 അംഗങ്ങളുള്ള ഒരു സംഘത്തോടൊപ്പം യാത്ര തിരിച്ചു. മദീനയുടെ ചുമതല അബൂദർ അൽ ഗിഫാരി(റ)യെ ഏൽപ്പിച്ചു. ഉസ്മാൻ ബിൻ അഫ്ഫാനെ(റ)യാണ് എന്നും അഭിപ്രായമുണ്ട്.

മുസ്ലിംകളുടെ ആഗമനമറിഞ്ഞ അവർ ആബാലവൃദ്ധം ജനങ്ങളും മലമുകളിലേക്ക് കയറി. പരസ്പരം ഭയമുളവാക്കുന്നതായിരുന്നു ഈ നടപടി. ശത്രുക്കൾ സംഘടിതമായ മിന്നൽ ആക്രമണം ലക്ഷ്യം വച്ചാണ് പിൻവാങ്ങിയത് എന്നായിരുന്നു മുസ്ലിംകളുടെ സംശയം. ഖൈബർ അടക്കമുള്ള വിജയാനന്തരം പിടിച്ചുനിൽക്കാൻ കഴിയില്ല എന്നതായിരുന്നു ശത്രുക്കളുടെ മനോഗതി. പിന്നീട് നടന്ന പരസ്പര സംഘട്ടനത്തെയാണ് ദാതു റിഖാ സൈനിക നീക്കം എന്നറിയപ്പെടുന്നത്. ഇത് വെളുപ്പും കറുപ്പും കല്ലുകൾ നിറഞ്ഞ ഭൂപ്രദേശമാണ്. ദാതു രിഖാ എന്ന നാമം തൊട്ടടുത്തുള്ള പർവതത്തിന്റെതാണെന്നും ദുർഘടമായ യാത്രയ്ക്കിടയിൽ പ്രവാചക അനുയായികളിൽ പലരും കാലിനു പരിക്കേറ്റ കാരണത്താൽ മുറിവ് കെട്ടിവച്ചതിനാൽ ലഭിച്ചതാണെന്നും അഭിപ്രായങ്ങളുണ്ട്.

ഈ സംഭവത്തിന്റെ കാലത്തെക്കുറിച്ചും വ്യത്യസ്ത ചരിത്രവീക്ഷണങ്ങൾ കാണാം. ഹിജ്റ നാലാം വർഷമാണെന്നും ഖന്ദക്കിന് ഉടനെ ആയിരുന്നു എന്നും ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട്. എന്നാൽ ഖൈബറിനെ തുടർന്നായിരുന്നു എന്നതാണ് പ്രബല അഭിപ്രായം.

മദീനയിൽ നിന്ന് പുറത്തേക്ക് പോയുള്ള സൈനിക നീക്കങ്ങൾ മുഴുവൻ പ്രധാനമായും 2 ലക്ഷ്യങ്ങൾ മുന്നിൽ വച്ചുകൊണ്ടായിരുന്നു. ഒന്ന്, നമ്മുടെ സംഘശക്തിയിൽ ആത്മവിശ്വാസം ഉണ്ടാക്കിയെടുക്കുക. രണ്ട്, മദീന ഒരു ആക്രമണത്തിന് വിധേയമാകാതിരിക്കുക. ഇത്തരമൊരു സമീപനം കൊണ്ട് മദീനയെ ആക്രമിക്കാൻ ഒരുങ്ങിയ പലർക്കും പിൻവാങ്ങേണ്ടി വന്നു.

അത്ഭുതങ്ങൾ നിറഞ്ഞ സൈനിക നീക്കം എന്നാണ് ദാതു രിഖാഉ അറിയപ്പെടുന്നത്. കാരണം ഈ കാലയളവിൽ പല അത്ഭുത സംഭവങ്ങളും നടന്നു. അതിൽ സുപ്രസിദ്ധമായ ഒരു സംഭവം ഇതാണ്.
ജാബിറ് ബ്‌നു അബ്ദില്ല(റ) റിപ്പോർട്ട് ചെയ്യുന്നു. നജ്ദ്കാരോട് പോരാടാനായി ഞാനും നബി‍ﷺയോടൊപ്പം പോയി. യാത്രാമധ്യേ നബി‍ﷺ ഒരു മരച്ചുവട്ടിൽ വിശ്രമിക്കാനൊരുങ്ങി. കൈയിലുണ്ടായിരുന്ന വാൾ മരത്തിൽ തൂക്കിയിട്ടു. ശേഷം ഞങ്ങൾ ഉറങ്ങി. കുറച്ച് കഴിഞ്ഞപ്പോൾ നബി‍ﷺ വിളിക്കുന്നു. അരികിലെത്തിയപ്പോൾ അവിടെ ഒരാൾ ഇരിക്കുന്നത് കണ്ടു. നബി‍ﷺ പറഞ്ഞു, ഞാൻ ഉറങ്ങിക്കൊണ്ടിരിക്കെ ഇയാൾ എന്റെ വാൾ തട്ടിയെടുത്തു. ഞാനുണർന്നപ്പോൾ ഇയാൾ ഊരിപ്പിടിച്ച വാളുമായി എന്നോട് ചോദിച്ചു “ആരാണ് താങ്കളെ എന്നിൽ നിന്ന് രക്ഷിക്കുക?” ഞാൻ പറഞ്ഞു. “അല്ലാഹു”. അതോടെ വാൾ നിലത്ത് വീഴുകയും അയാൾ ഇരിക്കുകയും ചെയ്തു. നബി‍ﷺ വാളെടുത്ത് അയാൾ ചോദിച്ചപോലെ തിരിച്ചു ചോദിച്ചു. “ഇപ്പോൾ താങ്കളെ ആര് രക്ഷിക്കും?” അയാൾ പറഞ്ഞു, “ആയുധധാരികളിൽ ഏറ്റവും ഉത്തമനാകണം അവിടുന്ന്. നബി‍ﷺ അയാളെ യാതൊരു പ്രതികാരവും ചെയ്യാതെ വിട്ടയച്ചു.

ഈ സംഭവം നിരവധി നിവേദന പരമ്പരകളിലൂടെ വന്നിട്ടുണ്ട്. വാചകത്തിനും ആശയത്തിലും നേരിയ വ്യത്യാസങ്ങൾ അവയിൽ കാണാം. എന്നാൽ എല്ലാ നിവേദനങ്ങളും ഉൾക്കൊള്ളുന്ന പൊതുവായ കാര്യങ്ങൾ ഇവയൊക്കെയാണ്. ഒന്ന്, പ്രവാചകരുടെ ആത്മവിശ്വാസവും ധൈര്യവും ഉള്ള നിലപാട്. രണ്ട്, അത്ഭുതകരമായി അല്ലാഹു നൽകിയ കാവൽ. മൂന്ന്, അവിടുത്തെ വിട്ടുവീഴ്ചയോടെയുള്ള സമീപനം. നാല്, മുത്ത് നബി‍ﷺയുടെ അനുപമയോടെയുള്ള സമീപനം കാരണം ശത്രുവിൽ ഉണ്ടാക്കിയ മാറ്റം. അഞ്ച്, അത്ഭുതകരമായി ശത്രുവിന്റെ കയ്യിൽ നിന്ന് വാൾ വീഴുന്ന രംഗം. സന്ദർഭം അനുസരിച്ച് പ്രവാചകർ‍ﷺ പ്രതിയോഗിയെ അതിവിദഗ്ധമായി നേരിടുന്ന കാഴ്ചകൾ. എല്ലാത്തിലും ഉപരിയായി നബി‍ﷺ അല്ലാഹുവിൽ വച്ചുപുലർത്തിയ വിശ്വാസത്തിന്റെ ദാർഢ്യത ഈ സംഭവത്തിലെ ഏറ്റവും പ്രധാനപ്പെട്ട അംശമാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-441

Tweet 441

ദാതു രിഖാ വേളയിലെ മറ്റൊരു സംഭവം ഇങ്ങനെ വായിക്കാം. ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. ജാബിർ(റ) പറയുന്നു. ഞങ്ങൾ ദാതു രിഖാഇലേക്ക് പോവുകയായിരുന്നു. ഹിർറ എന്ന സ്ഥലത്തെത്തിയപ്പോൾ ഗ്രാമീണയായ ഒരു സ്ത്രീ നബി‍ﷺയെ സമീപിച്ചു. അവരോടൊപ്പം ഒരു മകനും ഉണ്ടായിരുന്നു. മകന് പിശാചിന്റെ ശല്യം ഉണ്ടെന്നും അതിന് ശമനം വേണമെന്നും അവർ നബി‍ﷺയോട് ആവലാതിപ്പെട്ടു. നബി‍ﷺ ആ കുഞ്ഞിന്റെ വായ തുറന്ന് അവിടുത്തെ ഉമിനീർ നൽകി. ശേഷം, ഇങ്ങനെ പറഞ്ഞു. ഞാൻ അല്ലാഹുവിന്റെ ദൂതനാണ് അല്ലാഹുവിന്റെ ശത്രുവായ നീ പരാജയപ്പെടുക. മൂന്നു പ്രാവശ്യം ഇതാവർത്തിച്ചു. തുടർന്നു നബി‍ﷺ ആ സ്ത്രീയോട് പറഞ്ഞു. ഇക്കാര്യത്തിൽ നിങ്ങളിനി ഭയക്കേണ്ടതില്ല. അല്ലാഹു പരിരക്ഷ നൽകി കൊള്ളും.

രോഗശമനത്തിന് മരുന്നു നിർദ്ദേശിക്കുകയും മരുന്നുകളെ സ്വീകരിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്ത പ്രവാചകൻ‍ﷺ ആത്മീയമായ രോഗശമന മാർഗങ്ങളും പഠിപ്പിച്ചിട്ടുണ്ട്. മരുന്നുകൊണ്ടായാലും മന്ത്രം കൊണ്ടായാലും രോഗം ശമിപ്പിക്കുന്നവൻ സ്രഷ്ടാവായ അല്ലാഹുവാണ്. അവൻ തന്നെ രോഗശമനത്തിന് വിവിധ ഉപാധികൾ ലോകത്ത് സൃഷ്ടിച്ചിട്ടുണ്ട്. അതിൽ ഒന്നു മാത്രമാണ് നാം സ്വീകരിക്കുന്ന പൊതുവായ ഭൗതികമായ മരുന്നുകൾ. മരുന്നിലൂടെ മാത്രമേ ശമനമുള്ളൂ എന്ന് പറയുന്നതും മന്ത്രത്തിലൂടെ മാത്രമേ രോഗശമനം ലഭിക്കൂ എന്ന് വിശ്വസിക്കുന്നതും ശരിയല്ല. രോഗം, രോഗി, മരുന്ന്, ശമനം ഇതെല്ലാം പരമാധികാരിയായ അല്ലാഹുവിന്റെ പരമ നിയന്ത്രണത്തിൽ തന്നെയാണുള്ളത് എന്നതാണ് ഇസ്ലാമിക വിശ്വാസത്തിന്റെ അടിസ്ഥാനം. ഈയൊരു വിശ്വാസത്തിലും മാനദണ്ഡത്തിലും നിന്നുകൊണ്ടാണ് മരുന്നിനെയും മന്ത്രത്തെയും മതവും മതവിശ്വാസികളും സമീപിക്കുന്നത്.

പ്രവാചകരു‍ﷺടെ ഉമിനീർ കൊണ്ട് രോഗശമനം ലഭിച്ച പല ചിത്രങ്ങളും നാം വായിച്ചു പോയി. ലോകത്ത് അനുഗ്രഹീതമായ മുഴുവൻ വസ്തുക്കളിലും അനുഗ്രഹം നിക്ഷേപിച്ച സ്രഷ്ടാവ്, അവന്റെ ഇഷ്ടദാസനായ ദൂതന്റെ ഉമിനീരിൽ ശമനവും സുഗന്ധവും വെച്ചിട്ടുണ്ട്. അത് നേരിട്ട് അനുഭവിക്കാൻ അനുയായികൾക്ക് അവസരം ലഭിക്കുകയും അവർ അത് ഏറ്റുപറയുകയും അതിന്റെ സന്തോഷം പങ്കുവെക്കുകയും ചെയ്ത നിരവധി ചരിത്ര രേഖകളും ഉണ്ട്.

ഉമിനീരോ എന്ന് മാത്രം ചോദിച്ചു കൊണ്ട് സാധാരണ മനുഷ്യരുടെ ഉച്ഛിഷ്ടങ്ങളെ വായിക്കുന്നതുപോലെ പ്രവാചകന്മാരുടെ തിരുശേഷിപ്പുകളെ വായിച്ചു തള്ളാൻ പാടില്ല. നാം പ്രകൃതിയിൽ നിന്ന് സ്വീകരിക്കുന്ന പല മരുന്നുകളും പല ജീവജാലങ്ങളുടെയും അവശിഷ്ടങ്ങളോ ഉപയോഗിച്ച് ഒഴിവാക്കിയ വസ്തുക്കളോ ഒക്കെയായിരിക്കും. അവയിലൊക്കെ ശമനവും പുണ്യവും വെച്ച പടച്ചവൻ, അവന്റെ പുണ്യദൂതനിലെ അവശിഷ്ടങ്ങളിൽ ശമനം വെച്ചു കൂടാ എന്ന വാദം ന്യായരഹിതവും യുക്തിഹീനവുമാണ്. കസ്തൂരിമാനിൽ നിന്ന് ലഭിക്കുന്ന സുഗന്ധവും തേനീച്ചയിൽ നിന്ന് ലഭിക്കുന്ന തേനും അത്തരം ജീവികളുടെ അവശിഷ്ടങ്ങളോ വേസ്റ്റുകളോ തന്നെയാണ്. പക്ഷേ, അവകളിൽ ശമനമോ തീർത്ഥമോ സുഗന്ധമോ ഒക്കെ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് വെച്ചിരിക്കുന്നു എന്നതാണ് ശരി.

വസ്തുതകളെ വസ്തുതകളായി പഠിക്കാനും അപഗ്രഥിക്കാനും നമുക്കെപ്പോഴും സാധിക്കണം. കേവലം വൈകാരികമായും നമുക്കറിയുന്ന പരിമിതമായ ജ്ഞാനപരിധിയിൽ നിന്നുകൊണ്ടും വായിക്കുകയോ വിശദീകരിക്കുകയോ ചെയ്യുമ്പോഴാണ് അബദ്ധങ്ങൾ കടന്നു കൂടുന്നത്.

മൂന്ന് മുട്ടകളുമായി ബന്ധപ്പെട്ട ഒരു കഥ കൂടി ജാബിർ(റ) ഇവിടെ പറഞ്ഞിട്ടുണ്ട്. എനിക്ക് ഒരു കൂട്ടിൽ നിന്ന് കിട്ടിയ മൂന്നു മുട്ടയുമായി നബി‍ﷺയെ സമീപിച്ചു. അതിനൊപ്പം റൊട്ടിയോ മറ്റോ ഒന്നും ഉണ്ടായിരുന്നില്ല. പാചകം ചെയ്ത മുട്ടയുമായി ഞാൻ നബി‍ﷺയുടെ അടുത്തേക്ക് വീണ്ടും എത്തി. കൂടെ കഴിക്കാൻ ഒന്നുമില്ലാതിരുന്നിട്ടും അതിൽ നിന്ന് മാത്രം നബി‍ﷺയും അനുയായികളും കഴിച്ചു തുടങ്ങി. ഒടുവിൽ പാത്രം ജാബിറി(റ)ന്റെ അടുത്ത് എത്തി. അവിടെയുണ്ടായിരുന്ന എല്ലാവരും ഭക്ഷിച്ചു കഴിഞ്ഞെങ്കിലും അതിൽനിന്ന് ഒരല്പം പോലും ഭക്ഷണം കുറവു വന്നിരുന്നില്ല. ഞാനും അതിൽ നിന്ന് ഭക്ഷണം കഴിച്ച് ഞങ്ങൾ നേരത്തെ തന്നെ യാത്ര തുടർന്നു.

ഭക്ഷണവർധനവുമായി ബന്ധപ്പെട്ട നിരവധി അത്ഭുതങ്ങൾ നബി ജീവിതത്തിൽ നിന്ന് നാം വായിച്ചു പോയിട്ടുണ്ട്. പ്രവാചക ജീവിതത്തിൽ ഉണ്ടായ അമാനുഷിക സംഭവങ്ങളുടെ പ്രധാനപ്പെട്ട ഒരു ഭാഗം തന്നെ ഇത്തരം അധ്യായങ്ങളും സന്ദർഭങ്ങളുമാണ്. അതുകൊണ്ടുതന്നെ നബികീർത്തന വരികളിൽ ഈ വിശേഷം വച്ചുകൊണ്ടുള്ള ആലാപനങ്ങളും നിരവധി വായിക്കാൻ കഴിയും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-442

Mahabba Campaign Part-443

Mahabba Campaign Part-444

Mahabba Campaign Part-445

Mahabba Campaign Part-446

Mahabba Campaign Part-447

Mahabba Campaign Part-448

Mahabba Campaign Part-449

Mahabba Campaign Part-450

Leave a Reply