Mahabba Campaign Part-779
Tweet 779
തിരുനബിﷺയുടെ സുപ്രയും തളികയും സംബന്ധിച്ച കുറച്ചു കാര്യങ്ങൾ കൂടി നമുക്ക് വായിക്കാം. തിരുനബിﷺ സുപ്ര ഉപയോഗിച്ചിരുന്നു എന്നത് തന്നെയാണ് അത് സംബന്ധിച്ച ഇമാം ബുഖാരി(റ)യുടെ നിവേദനം നമുക്ക് പകർന്നു നൽകുന്നത്.
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അനസ്(റ) പറയുന്നു. ഉയർന്ന ടേബിൾ പോലെയുള്ളതിന്മേൽ വച്ചു തിരുനബിﷺ ഭക്ഷണം കഴിച്ചിരുന്നില്ല. നേർത്ത മയമായ റൊട്ടിയും അവിടുത്തേക്ക് ലഭിച്ചിരുന്നില്ല. ചെറിയ ബൗളുകളും ഉപയോഗിച്ചിരുന്നില്ല. അപ്പോൾ നിവേദകന്മാരിൽപ്പെട്ട ഖതാദ(റ) എന്നവർ ചോദിച്ചു. എന്തിന്മേൽ വെച്ചായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്? ഇതാ ഈ സുപ്രയുടെ മേൽ എന്ന് അനസ്(റ) മറുപടി പറഞ്ഞു.
പ്രവാചകൻﷺ എങ്ങനെയിരുന്നാണ് ഭക്ഷണം കഴിച്ചത്, എന്തിന്മേൽ ഇരുന്നായിരുന്നു അവിടുന്ന് ഭക്ഷിച്ചിരുന്നത് എന്നിങ്ങനെ എല്ലാം നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്തതിന് പിന്നിൽ വലിയ ഒരു തത്വം ചേർന്നു നിൽക്കുന്നുണ്ട്. എല്ലാ മേഖലയിലും അനുകരിക്കപ്പെടേണ്ട നേതാവാണ് തിരുനബിﷺ എന്നതാണ് ആശയം. തിരുനബിﷺയോളം സൂക്ഷ്മമായി അനുധാവനം ചെയ്യപ്പെടുന്ന ഒരു നേതാവും ലോകത്തില്ല എന്നത് ലോകം കണ്ടുകൊണ്ടിരിക്കുന്ന യാഥാർത്ഥ്യമാണ്.
ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ സുപ്രയിൽ പാൽക്കട്ടിയും വെണ്ണയുമൊക്കെ ഉണ്ടായിരുന്നു. അവിടുന്ന് ഉടുമ്പിന്റെ മാംസം ഉപയോഗിച്ചിരുന്നില്ല. എന്നാൽ, അവിടുത്തെ സാന്നിധ്യത്തിൽ സ്വാഹാബികൾ ഭക്ഷിച്ചിരുന്നു എന്ന നിവേദനം ഇബ്നു അബ്ബാസ്(റ) തന്നെ ഉദ്ധരിച്ചിട്ടുമുണ്ട്.
ഭക്ഷണം പാചകം ചെയ്താൽ അതിന്റെ ചൂടും പുകയും പോയതിനുശേഷം മാത്രമേ തിരുനബിﷺ ഭക്ഷിക്കാറുണ്ടായിരുന്നുള്ളൂ. മഹതിയായ പത്നി ജുവൈരിയ(റ) ആണ് ഈ നിവേദനം നമുക്ക് പകർന്നു തരുന്നത്. ശക്തമായ ചൂടും പുകയും ആസ്വാദ്യകരമായി ഭക്ഷിക്കുന്നതിന് ഉചിതമല്ല എന്ന നിരീക്ഷണങ്ങൾ കൂടി ചേർത്തു വായിച്ചാൽ അത്തരമൊരു ശീലത്തിന് വലിയ പ്രാധാന്യമുണ്ട്.
കഹൗല ബിൻത്(റ) എന്നവർ നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺയുടെ സന്നിധിയിലേക്ക് ചെന്നപ്പോൾ ഞങ്ങൾക്ക് മാംസത്തിന്റെ സൂപ്പ് ഉണ്ടാക്കിത്തന്നു. തിരുനബിﷺ അതിൽ തൊട്ടുനോക്കിയപ്പോൾ ശക്തമായ ചൂടുണ്ടായിരുന്നു. അപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു. ശക്തമായ ചൂടും തണുപ്പും നാം സമരസപ്പെടുന്നില്ല. അഥവാ അതിന്റെ ഔചിത്യമില്ലായ്മയെ ഓർമ്മപ്പെടുത്തുകയായിരുന്നു.
അബൂ ഹുറൈറ(റ) പറഞ്ഞു. ഒരിക്കൽ തിരുനബിﷺയുടെ മുമ്പിൽ ഒരു തിളക്കുന്ന പാത്രം കൊണ്ടുവന്നു വച്ചു. അപ്പോൾ അവിടുന്ന് ഇങ്ങനെ പ്രാർത്ഥിച്ചു. അല്ലാഹു നമ്മെ അഗ്നി രുചിപ്പിക്കാറില്ല.
തീയും ചൂടുമെല്ലാം കാണുമ്പോഴും കേൾക്കുമ്പോഴും നരകത്തെക്കുറിച്ചും പരലോകത്തെക്കുറിച്ചുമുള്ള വിചാരങ്ങളുണ്ടാകുമായിരുന്നു. പ്രാർത്ഥനയിലും പരാമർശങ്ങളിലും അത് നിറഞ്ഞു നിന്നു.
അനസ്(റ) പറയുന്നു. ചൂടുള്ള ഭക്ഷണം തണുക്കാൻ വേണ്ടി കാത്തിരിക്കുക എന്ന് തിരുനബിﷺ പ്രസ്താവിച്ചിട്ടുണ്ട്.
തിരുനബിﷺയുടെ ആഹാര ശീലങ്ങൾ, സമയക്രമങ്ങൾ ഇതെല്ലാം നമ്മുടെ ജീവിതത്തോട് ചേർത്തു വായിക്കാനും നമ്മുടെ ശീലങ്ങളിലുള്ള കുറവുകൾ മാറ്റിയെടുക്കാനും ഇത്തരം വായനകൾക്ക് സാധിക്കണം. അപ്പോഴാണ് പഠനം പ്രത്യുൽപാദനപരമാകുന്നത്. തിരുനബിﷺയെ കുറിച്ചുള്ള അറിവുകൾ അനുകരണത്തിന്റെ കൂടി വഴിയാണ്. മുത്ത് നബിﷺയെ അനുകരിക്കുമ്പോഴാണ് സ്വർഗ്ഗം നിങ്ങൾക്ക് ലഭിക്കുക എന്ന മഹത്തായ പ്രസ്താവനയെ കർമ്മം കൊണ്ടും ഹൃദയം കൊണ്ടും ഏറ്റെടുക്കാൻ നമുക്കോരോരുത്തർക്കും സാധിക്കണം. നബിﷺ തങ്ങളുടെ ചര്യയെ അനുധാവനം ചെയ്യുന്നതിൽ നിന്ന് പലരും അശ്രദ്ധരാകുന്ന കാലത്ത് ഇത്തരം പഠനങ്ങൾക്ക് സവിശേഷമായ ഒരു പ്രാധാന്യമുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 780
തിരുനബിﷺയുടെ ജീവിതത്തിലെ ഭക്ഷണ രീതികൾ അവിടുത്തെ ജീവിതത്തെ അടുത്തറിയാനും നമ്മുടെ ജീവിതത്തിലേക്ക് പകർപ്പുകൾ എടുക്കാനുമുള്ളതാണ്. ചില കാര്യങ്ങൾ ആ മഹാജീവിതത്തിന്റെ ലാളിത്യമറിയാൻ വേണ്ടി മാത്രമായിരിക്കും. അവിടുത്തെ ചര്യകൾ നമ്മൾ പകർത്തുമ്പോൾ നമുക്ക് ഭൗതികവും ആത്മീയവുമായ നന്മകൾ ലഭിക്കാനായിരിക്കും.
ഇബ്നു അബ്ബാസ്(റ) പറയുന്നു. ഒരു ഭക്ഷണപാനീയത്തിലേക്കും ശ്വാസം അങ്ങോട്ടയക്കുമായിരുന്നില്ല. ചൂട് പാനീയങ്ങൾ വായകൊണ്ട് ഊതി കുടിക്കുന്നത് ചിലപ്പോഴൊക്കെ ശീലമാകാറുണ്ടല്ലോ. അത്ര ഉചിതമായ രീതിയല്ല എന്നാണ് ഈ അധ്യാപനം പകർന്നു തരുന്നത്.
ഇബ്നു അബ്ബാസ്(റ) തന്നെ നിവേദനം ചെയ്യുന്നു. ഒരിക്കൽ നബിﷺ ഒരു അൻസ്വാരിയുടെ തോട്ടത്തിലേക്ക് പ്രവേശിച്ചു. അവിടുത്തെ കാരക്കകൾ പറിച്ചു തോട്ടത്തിലൂടെ നടക്കുമ്പോൾ തന്നെ കഴിക്കുന്നുണ്ടായിരുന്നു. പ്രസ്തുത ഘട്ടത്തിൽ തിരുനബിﷺയോടൊപ്പമുണ്ടായിരുന്ന സ്വഹാബിയാണ് ഇബ്നു അബ്ബാസ്(റ). ഇരുന്നും നടന്നും വലത്തോട്ടും ഇടത്തോട്ടുമൊക്കെ ഭക്ഷണം കഴിച്ച സന്ദർഭങ്ങൾ നബിﷺയുടെ ജീവിതത്തിൽ നിന്ന് കണ്ടിട്ടുണ്ട് എന്ന് ആഇശ(റ) പറയുന്ന ഒരു നിവേദനം വായിക്കാനുണ്ട്.
ശീലമാകേണ്ടത് ഇരുന്ന് ചിട്ടയോടെ ഭക്ഷണം കഴിക്കുന്ന രീതിയാണെങ്കിലും ചില സന്ദർഭങ്ങളിൽ സാഹചര്യം അനുസരിച്ച് ഇങ്ങനെയൊക്കെ ഉണ്ടാകാം എന്ന ഒരു സൗകര്യം കൂടിയാണ് ഇത്തരം സംഭവങ്ങൾ നമുക്ക് പഠിപ്പിച്ചു തരുന്നത്. തിരുനബിﷺയുടെ ജീവിതത്തിന്റെ ചിത്രങ്ങൾ വായിക്കുമ്പോൾ നിഷ്ടയോടുകൂടി പിന്തുടരേണ്ടതും ആവശ്യമെങ്കിൽ ചെയ്യാവുന്നതും പ്രതിസന്ധിഘട്ടത്തിൽ സ്വീകരിക്കാവുന്നതും എന്നിങ്ങനെ വ്യവഛേദിച്ചു മനസ്സിലാക്കേണ്ട പാഠങ്ങളാണ് നിറഞ്ഞുനിൽക്കുന്നത്.
ഭക്ഷണം മണത്തു നോക്കുന്നതും നബിﷺക്ക് ഇഷ്ടമുള്ള കാര്യമായിരുന്നില്ല. അത് നാൽക്കാലികളുടെ രീതിയാണെന്നാണ് അവിടുന്ന് പറഞ്ഞത്. അത്ര പ്രബലമല്ലാത്ത പരമ്പരയിലൂടെയാണെങ്കിലും മഹാനായ സ്വഹാബി ജാബിർ(റ) അതും നിവേദനം ചെയ്തിട്ടുണ്ട്.
ഭക്ഷണം കഴിക്കുമ്പോൾ അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു കൊണ്ടായിരുന്നു തിരുനബിﷺ ആരംഭിച്ചിരുന്നത്. നബിﷺയുടെ പരിചാരകരിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. ഭക്ഷണത്തളിക അടുത്ത് വരുമ്പോഴേക്കും തിരുനബിﷺ ബിസ്മി ചൊല്ലാറുണ്ടായിരുന്നു. ഓരോ ഉരുള വായിലേക്ക് വെക്കുമ്പോഴും ബിസ്മി ചൊല്ലിയ അനുഭവവും അനസ്(റ) നിവേദനം ചെയ്യുന്നുണ്ട്. മഹതിയായ ആഇശ(റ)യിൽ നിന്ന് ഇമാം ഇബ്നു മാജ(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ തിരുനബിﷺ ആറു പേരോടൊപ്പം ഒരു സുപ്രയിൽ നിന്ന് കഴിക്കുകയായിരുന്നു. അപ്പോൾ ഗ്രാമീണനായ ഒരു അറബി അങ്ങോട്ടു കടന്നു. അയാൾ തന്നെ തളികയിലേക്ക് കൈവച്ചു. അയാൾ രണ്ടു പിടി കഴിക്കുകയും ചെയ്തു. അയാൾ ബിസ്മി ചൊല്ലിയിരുന്നെങ്കിൽ ഈ ഭക്ഷണം നിങ്ങൾക്ക് മതിയാകുമായിരുന്നു. നിങ്ങൾ ഭക്ഷണം കഴിക്കുമ്പോൾ ബിസ്മി ചൊല്ലുക. ഒരുപക്ഷേ മറന്നുപോയാൽ ഓർക്കുന്ന സമയത്ത് തുടക്കവും ഒടുക്കവും അല്ലാഹുവിന്റെ നാമം കൊണ്ട് എന്ന് അർത്ഥം വരുന്ന “ബിസ്മില്ലാഹി അവ്വലഹു വ ആഖിറഹു”എന്ന് ചൊല്ലുക.
അല്ലാഹുവിന്റെ നാമം ചൊല്ലിക്കൊണ്ട് ഭക്ഷിക്കാൻ ആരംഭിക്കുന്നത് ഭക്ഷണത്തിൽ അനുഗ്രഹം ലഭിക്കാൻ കാരണമാണ്. ഭക്ഷണത്തിനുണ്ടാകുന്ന ഗുണഫലങ്ങളും അതുവഴി ഉണ്ടായേക്കാവുന്ന പ്രയാസങ്ങളിൽ നിന്നുള്ള കാവലും വിഭവങ്ങളിലെ വർധനയും ഇതെല്ലാം ഔദാര്യമായി ഒരുക്കിത്തന്ന സ്രഷ്ടാവിനെ കുറിച്ചുള്ള ഓർമ്മയും അവനോടുള്ള കടപ്പാട് രേഖപ്പെടുത്തലും ഇങ്ങനെ പല വിധേനയും അതിൽ അനുഗ്രഹങ്ങൾ നിറഞ്ഞു നിൽക്കുന്നു. നമുക്ക് പ്രത്യക്ഷത്തിൽ ബോധ്യപ്പെടാത്ത പല നന്മകളും ഗുണങ്ങളും ഇതുവഴിയുണ്ടാകും. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം പ്രവാചകരുﷺടെ നിർദ്ദേശം പാലിച്ചു എന്ന കാരണത്താൽ പരലോകത്ത് പുണ്യം ലഭിക്കുന്ന ഒരു സൽകർമ്മമായി രേഖപ്പെടുത്തപ്പെടും. എല്ലാ നല്ല കാര്യങ്ങളും അല്ലാഹുവിന്റെ നാമം ചൊല്ലിക്കൊണ്ട് ആരംഭിക്കുക എന്ന പൊതുവായ നിർദ്ദേശവും തിരുനബിﷺ നൽകിയിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 781
തിരുനബിﷺ മൂന്നു വിരലുകൾ കൊണ്ടായിരുന്നു സാധാരണയിൽ ഭക്ഷിക്കാറുള്ളത്. ഭക്ഷണം കഴിച്ചതിനുശേഷം വിരലുകളിൽ ഈമ്പുകയും ചെയ്യും. വലതു കൈകൊണ്ട് മാത്രം ഭക്ഷിക്കുകയും ഭക്ഷണം കഴിച്ചതിനുശേഷം പാത്രം പൂർണ്ണമായും വടിച്ചു വൃത്തിയാക്കുകയും ചെയ്യും. വലതു കൈകൊണ്ട് ഭക്ഷിക്കണമെന്ന് കൽപ്പിക്കുകയും കൽപ്പിച്ചതിനു ശേഷവും ഇടതു കൈകൊണ്ട് ഭക്ഷിക്കുന്നവർക്ക് അനുകൂലമല്ലാത്ത രൂപത്തിൽ പ്രാർത്ഥിക്കുകയും ചെയ്തിട്ടുണ്ട്.
തള്ളവിരലും ചൂണ്ടുവിരലും തൊട്ടടുത്ത വിരലും ഉപയോഗിച്ചു കൊണ്ടായിരുന്നു അവിടുന്ന് ഭക്ഷിക്കാറുണ്ടായിരുന്നത് എന്ന് കഅബ് ബിൻ ഉജ്റ(റ) നിവേദനം ചെയ്ത ഹദീസിൽ നിന്ന് നമുക്ക് വായിക്കാൻ കഴിയും. വിരലുകൾ ഈമ്പുന്ന നേരത്ത് ആദ്യം ചൂണ്ടുവിരലും പിന്നെ അടുത്ത വിരലും അവസാനം തള്ളവിരലും ആയിരുന്നു ഈമ്പിയിരുന്നത്. ഇമാം അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ ഒരു അനുബന്ധം കൂടി ഇങ്ങനെ വായിക്കാം. തിരുനബിﷺ ഭക്ഷണം കഴിച്ചതിനുശേഷം വിരലുകൾ ഈമ്പും. ശേഷം, ഇങ്ങനെ പറയും. ആഹ്..! വിരലുകൾ ഈമ്പുന്നതിൽ ബറക്കത്തുണ്ട്. അഥവാ ഇതൊരു അനുഗ്രഹീതമായ കാര്യമാണ് എന്ന്.
ഇബ്നു അബ്ബാസി(റ)ൽ നിന്ന് ത്വബ്റാനി(റ) ഉദ്ധരിച്ച ഹദീസിൽ പാത്രം വടിച്ചു വൃത്തിയാക്കിയതിനെ കുറിച്ചുള്ള പരാമർശവും നമുക്ക് വായിക്കാം.
മൂന്നു വിരലുകൾ കൊണ്ട് ഭക്ഷിക്കുമ്പോൾ ആവശ്യമെങ്കിൽ നാലാമതത്തെ വിരൽ കൂടി സഹായത്തിന് കൂട്ടുകയും ചെയ്യും. അബൂബക്കർ അശ്ശാഫിഈ(റ) അബ്ദുല്ലാഹിബിന് ആമിറി(റ)ൽ നിന്ന് ഈ വിവരം നിവേദനം ചെയ്തിട്ടുണ്ട്.
തിരുനബിﷺ ഭക്ഷണം കഴിക്കുമ്പോൾ മുഖ്യ ഭക്ഷണവും അതിന്റെ കൂട്ടാനും മൂന്നു വിരലുകൾ ഉപയോഗിച്ചുകൊണ്ട് തന്നെയാണ് കഴിച്ചിരുന്നത്. ഇമാം മുസ്ലിം(റ) അനസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ മൂന്നു വിരൽ കൊണ്ട് ഭക്ഷണം കഴിച്ചിരുന്നു. ഒരിക്കൽ ഇങ്ങനെ ഒരു കാര്യം കൂടി പറഞ്ഞു. നല്ല ഭക്ഷണത്തിൽ നിന്ന് എന്തെങ്കിലും നിലത്തു വീണാൽ അതിന്റെ അഴുക്കുകൾ നീക്കി അതെടുത്തു ഭക്ഷിക്കുക. അത് പിശാചിന് വേണ്ടി വിട്ടു കളയരുത്.
ഭക്ഷണം തളികയിൽ നിന്ന് പൂർണ്ണമായും വടിച്ചു കഴിക്കുകയും ഭക്ഷണത്തിന്റെ ഏതു ഭാഗത്തിലാണ് ബറക്കത്തുള്ളത് എന്നറിയാൻ കഴിയില്ലല്ലോ എന്ന പ്രസ്താവന കൊണ്ട് അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഹഫ്സ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. തിരുനബിﷺ ഭക്ഷണം കഴിക്കുമ്പോഴും പാനം ചെയ്യുമ്പോഴും വസ്ത്രം ധരിക്കുമ്പോഴും മറ്റുള്ളവർക്ക് എന്തെങ്കിലും നൽകുമ്പോഴുമെല്ലാം വലതു കൈകൊണ്ടായിരുന്നു നിർവഹിച്ചിരുന്നത്.
വുളൂഅ് പോലെയുള്ള കർമ്മങ്ങളിൽ വലതിനെ മുന്തിക്കണമെന്ന് പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. നല്ല കാര്യങ്ങൾക്കൊക്കെ വലതുഭാഗം കൊണ്ട് തുടങ്ങുകയും വലതു കൈകൊണ്ട് നിർവഹിക്കുകയും അത്ര ഭംഗിയല്ലാത്ത കാര്യങ്ങൾ ചെയ്യാൻ ഇടത് കൈ ഉപയോഗിക്കുകയും ചെയ്തു.
ഇമാം അഹ്മദ്(റ) ഇബ്നു ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. നിങ്ങൾ കുടിക്കുകയോ കഴിക്കുകയോ ചെയ്യുമ്പോൾ വലതു കൈകൊണ്ട് നിർവഹിക്കുക. ഇടതു കൈകൊണ്ട് ഇത്തരം കാര്യങ്ങൾ ചെയ്യുന്നത് പിശാചിന്റെ ശീലമാണ്.
ജീവിതത്തിലെ ചെറുതെന്ന് വിചാരിക്കുന്ന കാര്യങ്ങൾക്ക് പോലും പ്രത്യേകമായ ക്രമവും ചിട്ടയും പാലിച്ചിരുന്ന ഒരു നേതാവ്. ഓരോ ചെറിയ കാര്യങ്ങളും ശ്രദ്ധാപൂർവ്വം നേതാവിൽ നിന്ന് പകർന്നെടുത്ത അനുയായികൾ. ഓരോന്നിനും കൃത്യമായ ആത്മീയവശങ്ങളും ന്യായങ്ങളും പങ്കുവെച്ചുകൊണ്ടു തന്നെയുള്ള നടപടിക്രമങ്ങൾ. ഒരു മനുഷ്യൻ പാലിക്കേണ്ട ചിട്ടകളും മര്യാദകളും ജീവിതം കൊണ്ട് അവതരിപ്പിച്ച നേതാവ്. ഇങ്ങനെയൊക്കെ വച്ചുനോക്കുമ്പോൾ നബി ജീവിതത്തിന്റെ അടരുകളിലേക്കുള്ള യാത്ര എത്ര മനോഹരമാണ്. ലോകത്ത് കഴിഞ്ഞുപോയതും വരാനുള്ളതുമായ മുഴുവൻ നേതാക്കളുടെയും ജീവിതത്തെ വെച്ച് നോക്കുമ്പോൾ എത്രമേൽ വേറിട്ടതും പരിപൂർണ്ണവുമാണ് നബിﷺയുടെ ജീവിതം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 782
ജാബിർ(റ)വിൽ നിന്ന് ഇമാം മാലിക്ക്(റ), ഇമാം ബുഖാരി(റ) എന്നിവർ ഉദ്ധരിക്കുന്നു. ഇടതു കൈകൊണ്ട് ഭക്ഷിക്കുന്നതും ഒറ്റക്കാലിൽ മാത്രം ചെരുപ്പ് ധരിച്ച് നടക്കുന്നതും ഒറ്റ വസ്ത്രം കൊണ്ട് മാത്രം ശരീരം ചുറ്റി മറക്കുന്നതും ഒറ്റ വസ്ത്രം കൊണ്ട് ശരീരം ചുറ്റിയശേഷം രഹസ്യ ഭാഗങ്ങൾ കണ്ടേക്കാവുന്ന വിധത്തിൽ മുട്ടുകെട്ടിയിരിക്കുന്നതും തിരുനബിﷺ വിലക്കിയിട്ടുണ്ട്.
മുഹമ്മദ് ബിൻ അബ്ദുല്ലാഹി ബിൻ യസീദ്(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. അവരുടെ കൂട്ടത്തിൽപ്പെട്ട ഒരു സ്ത്രീ പറഞ്ഞുവത്രെ. ഞാൻ ഇടതു കൈകൊണ്ട് ഭക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ തിരുനബിﷺ ഞങ്ങളുടെ അടുക്കലേക്ക് കടന്നുവന്നു. ഞാൻ അന്ന് പത്തുമാസമായി നിൽക്കുന്ന സമയമായിരുന്നു. തിരുനബിﷺ എന്റെ കയ്യിൽ തട്ടി. എന്റെ കയ്യിൽ ഉണ്ടായിരുന്ന ഭക്ഷണം നിലത്തു വീണു. അവിടുന്ന് ചോദിച്ചു. നിങ്ങൾക്ക് വലതു കൈ സ്വതന്ത്രമാക്കി തന്നിരിക്കെ പിന്നെ എന്തിനാണ് ഇടതു കൈ കൊണ്ട് ഭക്ഷിക്കുന്നത്? അപ്പോൾ തന്നെ ഇടത് വലതായി മാറി. പിന്നൊരിക്കലും ഞാൻ ഇടതുകൈ കൊണ്ട് ഭക്ഷിച്ചിട്ടേ ഇല്ല.
മസ്‌ലമത് ബിൻ അൽ അക്’വഇൽ(റ) നിന്ന് ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്നു. ബസ്ർ ബിൻ റാഈ അൽ ഗൈർ എന്നയാൾ നബി സന്നിധിയിൽ വച്ച് ഇടതുകൈ കൊണ്ട് ഭക്ഷിച്ചു. അവിടുന്ന് പറഞ്ഞു. നിങ്ങൾ വലതു കൈകൊണ്ട് ഭക്ഷിക്കൂ. അഹങ്കാരപൂർവ്വം അയാൾ പറഞ്ഞു. എനിക്ക് അത് സാധിക്കില്ല. അപ്പോൾ നബിﷺ പറഞ്ഞു. എന്നാൽ സാധിക്കില്ല. എന്നാൽ, ആ കൈ പിന്നീട് അദ്ദേഹത്തിന് വായയിലേക്ക് ഉയർത്താൻ സാധിച്ചിട്ടില്ല.
വലതു കൈകൊണ്ട് ഭക്ഷിക്കുന്നതിന് പ്രാധാന്യം നൽകുന്ന നിവേദനങ്ങളാണ് നാം വായിച്ചത്. അതിന് വിരുദ്ധമായി പ്രവർത്തിക്കുന്നതിനോട് തിരുനബിﷺ തങ്ങൾക്ക് അത്രമേൽ അനിഷ്ടമായിരുന്നു. നല്ല കാര്യങ്ങൾക്ക് ഉപയോഗിക്കാനുള്ളതാണ് വലതു കൈയെന്നും മാലിന്യങ്ങളും മോശപ്പെട്ടതുമൊക്കെ എടുക്കാൻ ഇടതു കൈയാണ് ഉപയോഗിക്കേണ്ടതെന്നും തിരുനബിﷺ വ്യക്തമായി തന്നെ പഠിപ്പിച്ചിട്ടുണ്ടല്ലോ!
ഹംസ ബിൻ ഉമർ അൽ അസ്ലമി(റ) പറയുന്നു. ഞാൻ നബിﷺയുടെ ഒപ്പം ഭക്ഷണം കഴിക്കുകയായിരുന്നു. തിരുനബിﷺ പറഞ്ഞു. വലതുകൈ കൊണ്ട് ഭക്ഷിക്കുക. തളികയിൽ നിങ്ങളോട് അടുത്ത ഭാഗത്തുനിന്ന് ഭക്ഷണം കഴിക്കുക.
പ്രസിദ്ധരായ 6 ഹദീസിന്റെ പണ്ഡിതന്മാരും നിവേദനം ചെയ്യുന്നു. അംറ് ബിൻ അബീ സലമ:(റ) പറയുന്നു. ഞാൻ കുട്ടിക്കാലത്ത് തിരുനബിﷺയുടെ പരിചരണത്തിൽ കഴിയുകയായിരുന്നു. ഒരിക്കൽ നബിﷺയോടൊപ്പം ഭക്ഷണം കഴിക്കാൻ ചെന്നപ്പോൾ എന്റെ കൈ തളികയിൽ എല്ലായിടത്തേക്കും കറങ്ങി നടന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു. മോനെ അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കുക. എന്നിട്ട് വലതു കൈകൊണ്ട് ഭക്ഷണം കഴിക്കുക. തളികയിൽ മോനോട് അടുത്ത ഭാഗത്തുനിന്ന് ഭക്ഷിക്കുക. പിന്നീട് ഞാൻ അങ്ങനെയേ നിർവഹിച്ചിട്ടുള്ളൂ.
അബ്ദുല്ലാഹിബിന് അഖ്റാഷ്(റ) എന്നവർ അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് ഉദ്ധരിച്ച കാര്യം ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരിക്കൽ എന്റെ കൈപിടിച്ച് ഉമ്മുസലമ(റ)യുടെ വീട്ടിൽ കൊണ്ടുപോയി. എന്നിട്ട് ഇവിടെ വല്ല ഭക്ഷണവുമുണ്ടോ എന്ന് ചോദിച്ചു. അപ്പോൾ ഒരു ജവന നിറയെ ഭക്ഷണം കൊണ്ടുവന്നു. ശരീദും മറ്റുമുണ്ടായിരുന്നു. ഞാൻ തളികയുടെ എല്ലാ ഭാഗത്തുനിന്നുമായി ഭക്ഷണം കഴിക്കാൻ തുടങ്ങി. തിരുനബിﷺ തങ്ങളോട് അടുത്ത ഭാഗത്തുനിന്ന് മാത്രം കഴിച്ചു. അവിടുത്തെ ഇടതുകൈയും കൊണ്ട് എന്റെ വലതു കൈ പിടിച്ചു. എന്നിട്ട് പറഞ്ഞു. മോനെ ഇതൊരു ഒറ്റയിനം ഭക്ഷണമാണ്. അതുകൊണ്ട് ഒരു ഭാഗത്തുനിന്ന് മാത്രം കഴിക്കുക. അതുകഴിഞ്ഞപ്പോൾ ഒരു പാത്രത്തിൽ പലതരത്തിലുള്ള കാരക്കകൾ കൊണ്ടുവന്നു വച്ചു. അപ്പോൾ ഞാൻ നേരത്തെ പറഞ്ഞ പ്രകാരം ഒരു സൈഡിൽ നിന്ന് മാത്രം കഴിച്ചു. അപ്പോൾ തിരുനബിﷺ തങ്ങൾ പാത്രത്തിന്റെ പല ഭാഗത്തുനിന്നും ഓരോ ഇനങ്ങൾ എടുക്കുന്നത് കണ്ടു. അപ്പോൾ തിരുനബിﷺ പറഞ്ഞു. മോനെ ഇത് പലവിധ ഭക്ഷണമാണ് ഇതിൽ താല്പര്യമുള്ളത് ഓരോ ഭാഗത്തുനിന്നും എടുത്തു കഴിക്കുക.
ഒരേയിനം ഭക്ഷണം തന്നെയാണ് തളികയിലുള്ളതെങ്കിൽ അരികിൽ നിന്ന് മാത്രം കഴിക്കുകയും ക്രമപ്രകാരം മുന്നോട്ട് കഴിച്ചു പോവുകയും ചെയ്യുക. പലയിനത്തിലുള്ളതാണെങ്കിൽ ഇഷ്ടപ്പെട്ട ഇനത്തിൽ നിന്ന് എടുത്ത് കഴിക്കാം.
ജീവിതത്തിന്റെ സൂക്ഷ്മമായ കാര്യങ്ങളിലും എത്ര ശ്രദ്ധാപൂർവ്വമുള്ള ചിട്ടകളാണ് തിരുനബിﷺ അടയാളപ്പെടുത്തിയത്. വേറെ ആരുടെയും ഒരു ജീവിതത്തിലെയും ഇത്തരം ഇടവഴികൾ രേഖപ്പെട്ടിട്ടേയുണ്ടാവില്ല. ചരിത്ര വിസ്മയം രേഖപ്പെടുത്തപ്പെട്ടു എന്ന് നബിﷺയുടെ അല്ലാതെ മറ്റാരുടേതാണ് നമുക്ക് പറയാനുള്ളത്!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 783
ഹകം അൽ ഗിഫാരി(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ തളികയിൽ നിന്ന് ഭക്ഷണം കഴിക്കുമ്പോൾ അവിടുത്തെ ഒരു കൈപ്പത്തിയുടെ പരിധിയുടെ അപ്പുറത്തേക്ക് വിരലുകൾ പോകുമായിരുന്നില്ല. മഹതി ആഇശ(റ)യുടെ നിവേദനത്തിൽ തിരുനബിﷺ ഭക്ഷണം കഴിക്കാൻ ഇരുന്നാൽ തളികയിൽ നിന്ന് കൺമുന്നിൽ നേരെ പതിയുന്ന ഭാഗത്തുനിന്ന് മാത്രമായിരുന്നു കഴിച്ചിരുന്നത്. വ്യത്യസ്തയിനം കാരയ്ക്കകളോ മറ്റോ ആണെങ്കിൽ കൈ പാത്രത്തിൽ വ്യത്യസ്ത തലങ്ങളിലേക്ക് സഞ്ചരിക്കുമായിരുന്നു.
തിരുനബിﷺയുടെ ഭക്ഷണ മര്യാദയിൽ നിന്ന് വളരെ ശ്രദ്ധിക്കപ്പെട്ട ഒരു കാര്യമാണ് ഇവിടെ രേഖപ്പെടുത്തിയത്. അറബികൾ പൊതുവേ സംഘമായിരുന്നു ഒരു തളികയിൽ നിന്നാണ് ഭക്ഷണം കഴിക്കുക. അപ്പോൾ ഓരോരുത്തരും അവരവരുടെ ഭാഗത്തുനിന്നാണ് കഴിക്കേണ്ടത്. ഇനി ഒറ്റക്ക് ഒരു പാത്രത്തിൽ നിന്ന് കഴിച്ചാൽ പോലും പാത്രത്തിൽ നമ്മളോട് ചേർന്ന ഭാഗത്തുനിന്നാണ് എടുത്തു കഴിച്ചു തുടങ്ങേണ്ടത്. ഒന്നാകെ കൈ വിരകുന്നതും പരക്കുന്നതും അവിടുത്തേക്ക് ഇഷ്ടമായിരുന്നില്ല. ഭക്ഷണം കൂനയായി കൊണ്ടുവച്ചാൽ അതിന്റെ ഉയർന്ന ഭാഗത്തുനിന്ന് എടുക്കുന്നത് അവിടുത്തേക്ക് ഇഷ്ടമായിരുന്നില്ല. സൽമ(റ)യിൽ നിന്ന് ഉദ്ധരിച്ച ഹദീസിൽ അത് വ്യക്തമാക്കിയിട്ടുണ്ട്.
അംറ് ബിൻ ഉമ്മയ്യ(റ)യുടെ പിതാവ് അദ്ദേഹത്തോട് പറഞ്ഞു. പാചകം ചെയ്ത മാംസം കത്തികൊണ്ട് മുറിച്ചെടുത്ത് തിരുനബിﷺ കഴിക്കാൻ ഉപയോഗിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ആടിന്റെ മാംസളമായ കുറകിന്റെ ഭാഗമായിരുന്നു അവിടുന്ന് മുറിച്ചെടുത്തത്. അങ്ങനെ കഴിച്ചുകൊണ്ടിരിക്കെ നിസ്കാരത്തിനു വേണ്ടി ബാങ്ക് കൊടുത്തു. എല്ലാം അവിടെ വച്ചിട്ട് നിസ്കരിക്കാൻ പോയി. അപ്പോൾ നിസ്കാരത്തിനു വേണ്ടി പ്രത്യേകം അംഗസ്നാനം അഥവാ വുളൂഅ് ചെയ്തില്ല.
വുളൂഅ് ഉള്ള ആൾ മാംസ ഭക്ഷണം കഴിച്ചാൽ പിന്നെ നിസ്കരിക്കുന്നതിന് പുതുക്കണമെന്ന ഒരു ധാരണ തിരുത്തുക കൂടിയാണിത്. അമൃത ഭക്ഷണം കഴിച്ചത് കൊണ്ട് വുളൂഅ് മുറിയുകയില്ല.
മുഗീറ ബിൻ ശുഅ്ബ(റ)യിൽ നിന്ന് ഇമാം അഹമ്മദും(റ) അബൂ ദാവൂദും(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ ഞങ്ങൾ തിരുനബിﷺയുടെ അതിഥികളായി എത്തി. അപ്പോൾ ഒരു ആടിന്റെ പാർശ്വഭാഗം ചുട്ടുപാചകം ചെയ്തു. ഭക്ഷണം തളികയിൽ കൊണ്ടുവച്ചപ്പോൾ അതിൽ നിന്ന് ഒരു ഭാഗം കത്തികൊണ്ട് എനിക്കുവേണ്ടി മുറിച്ചെടുത്തു തന്നു. അപ്പോഴതാ ബിലാൽ(റ) വന്ന് നബിﷺയോട് ബാങ്ക് കൊടുക്കാൻ സമ്മതം തേടി. അപ്പോൾ നബിﷺ ബിലാലി(റ)നോട് പറഞ്ഞു. എന്താണ് ബിലാലേ(റ) അഹോ കഷ്ടം! ഉടനെയെല്ലാം അവിടെവച്ചിട്ട് നിസ്കാരത്തിന് പോയി. മുഗീറ(റ) പറയുന്നു. ആ സമയത്ത് എന്റെ മീശ ചുണ്ടിലേക്ക് ഇറങ്ങി കിടക്കുകയായിരുന്നു. അപ്പോൾ മിസ്’വാക്ക് വെച്ച് അത് വെട്ടി തന്നു. മറ്റൊരു നിവേദന പ്രകാരം ഇങ്ങനെയാണ്. നിങ്ങളുടെ മീശ ഒപ്പിച്ചു വെട്ടി തരാം.
ബിലാൽ(റ) നിസ്കാരത്തിനു വേണ്ടി വന്നു വിളിച്ചപ്പോൾ കഷ്ടം എന്ന് പറഞ്ഞത് അതിഥിയെ വേണ്ടപോലെ സൽക്കരിക്കാൻ ആയില്ലല്ലോ എന്ന പ്രതികരണം അടയാളപ്പെടുത്താൻ വേണ്ടിയായിരുന്നു. ഏറ്റവും സൗഹൃദമുള്ളവർ ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുമ്പോൾ അവരോട് അത്രയും ചേർന്ന മറ്റൊരാൾ വേറെ ഒരു അജണ്ടയുമായി വരുമ്പോൾ ഇപ്പൊഴേ നിനക്കിതിന് നേരം കിട്ടിയുള്ളൂ എന്ന് ചോദിക്കാറുണ്ടല്ലോ! അത്തരം ഒരു സൗഹൃദത്തിന്റെ സംസാരം കൂടിയായിരുന്നു അത്. അങ്ങനെ പറയാൻ മാത്രം അടുത്ത ബന്ധമായിരുന്നു തിരുനബിﷺക്ക് ബിലാലി(റ)നോട് ഉണ്ടായിരുന്നത്.
ഓരോ പ്രയോഗവും ഓരോ പെരുമാറ്റവും ഏതെല്ലാം സന്ദർഭങ്ങളെയാണ് നമുക്ക് പകർന്നു തരുന്നത്. തിരുനബിﷺയും അനുയായികളും തമ്മിലുണ്ടായിരുന്ന ഊഷ്മളമായ ബന്ധത്തിന്റെയും ഹൃദയം തുറന്ന സഹവാസത്തിന്റെയും മനോഹരമായ ദൃശ്യങ്ങൾ കൂടിയാണ് നാം വായിച്ചുകൊണ്ടിരിക്കുന്നത്. അനുയായികളിൽ ഒരാളുടെ മീശ നീണ്ട് ചുണ്ടിലേക്ക് കടന്നപ്പോൾ അത് ഞാൻ ശരിയാക്കിത്തരാം എന്ന് പറയാൻ മാത്രമുള്ള അടുപ്പമായിരുന്നു തിരുനബിﷺ ശിഷ്യന്മാരോട് കാണിച്ചത്. നബിചര്യ പിൻപറ്റാൻ ആഗ്രഹിക്കുന്നവരുടെ രീതിയായി വരേണ്ട കാര്യം കൂടിയാണിത്. മീശ വെട്ടി ചെറുതാക്കുകയും താടി പരിപാലിച്ചുകൊണ്ട് വളർത്തുകയും ചെയ്യണമെന്നാണ് തിരുനബിﷺയുടെ അധ്യാപനം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 784
ഭക്ഷണമര്യാദകളെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുമ്പോൾ സൂക്ഷ്മതയോടു കൂടി ഭക്ഷണത്തെ കൈകാര്യം ചെയ്ത ഒരുദ്ധരണി കൂടി നബി ജീവിതത്തിൽ നിന്ന് വായിക്കാം. അനസ്(റ)ൽ നിന്ന് ഇമാം അബൂദാവൂദ്(റ) ഉദ്ധരിക്കുന്നു. പഴക്കമുള്ള കാരക്ക തിരുനബിﷺക്ക് കൊണ്ടുവന്നു കൊടുത്തപ്പോൾ തിരുനബിﷺ വിരലുകൾ കൊണ്ട് അതിൽ നിന്നുള്ള പുഴുക്കളെ നീക്കം ചെയ്യുന്നത് കാണാൻ കഴിഞ്ഞു.
കഴിക്കുന്ന ഭക്ഷണത്തിന്റെ വെടിപ്പും നന്മയും പരിശോധിക്കുന്നതിലെ ഔചിത്യമാണ് ഈ ഹദീസ് നമുക്ക് പകർന്നു തരുന്നത്. സ്വയം തന്നെ അവിടുന്ന് ആ കൃത്യം ചെയ്തിരുന്നു എന്ന് വരുമ്പോൾ ജീവിതത്തിന്റെ ലാളിത്യം കൂടി അടയാളപ്പെടുത്തുന്നു. പുഴു കയറിയ കാരക്ക കൊണ്ടുവന്നു എന്നതിന്റെ പേരിൽ സമ്മാനം നൽകിയവനോട് പരിഭവപ്പെടാതിരിക്കുക എന്നത് തിരുനബിﷺയിലെ ഉത്തമ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നു. ഒരുപക്ഷേ, ഒരു പാവപ്പെട്ടവൻ കരുതിവെച്ചിരുന്നത് കൊണ്ടുവന്ന് കൊടുത്തതാണെങ്കിൽ നൽകിയവന്റെ സന്തോഷത്തിന് ഭംഗം വരാതിരിക്കാൻ തിരുനബിﷺ കാണിക്കുന്ന കണിശത കൂടി നമുക്ക് ചേർത്തു വായിക്കാം.
ഒരുമിച്ചിരുന്ന് കഴിക്കുമ്പോൾ പാലിക്കേണ്ട ചില ശ്രദ്ധകളെ കുറിച്ചാണ് ഇനി നാം വായിക്കുന്നത്. അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം തുർമുദി(റ)യും ഇബ്നു മാജ(റ)യും ഉദ്ധരിക്കുന്നു. ഒപ്പമിരുന്ന് കഴിക്കുന്നവരുടെ സമ്മതമില്ലാതെ രണ്ടു കാരക്കകൾ ഒരുമിച്ചെടുക്കുന്നത് തിരുനബിﷺ വിസമ്മതിച്ചിരിക്കുന്നു.
തളികയിൽ പാലിക്കേണ്ട നീതിയെകുറിച്ച് സംസാരിച്ചിരിക്കുന്നു എന്ന് സാരം. തിരുനബി ജീവിതത്തിന്റെ ഓരോ സഞ്ചാര വഴികളെയും പരിശോധിക്കുമ്പോൾ ഒപ്പം സഞ്ചരിക്കുന്നവരെയും സഹവസിക്കുന്നവരെയും ഒപ്പം ഇരുന്നു ഭക്ഷണം കഴിക്കുന്നവരെയും ഏറെ ശ്രദ്ധയോടെ പരിഗണിക്കുന്നത് നമുക്ക് വായിക്കാൻ കഴിയും. സദസിൽ പാലിക്കേണ്ട ചില ചിട്ടകളും മര്യാദകളും അത്തരം ഒരു വീക്ഷണ കോണിലൂടെയാണ് തിരുനബിﷺ അടയാളപ്പെടുത്തിയത്. തന്നോട് അടുത്ത ഭാഗത്തുനിന്ന് ഭക്ഷണം കഴിക്കണം എന്ന നിർദ്ദേശത്തിലും തളികയിൽ ഒപ്പം ഇരിക്കുന്നവരെ പരിഗണിക്കുന്നതിന്റെ നീതിശാസ്ത്രമുണ്ട്.
തളിക ഉയർത്തിയിട്ടേ സദസ്സിൽ നിന്ന് എഴുന്നേൽക്കാവൂ എന്ന ഒരു പരാമർശം മഹതി ആഇശ(റ)യിൽ നിന്ന് ഇമാം ഇബ്നുമാജ(റ)യും മറ്റും ഉദ്ധരിച്ചിട്ടുണ്ട്. മറ്റുള്ളവർ കൂടി കഴിച്ചു പൂർത്തിയാവാൻ കാത്തിരിക്കണമെന്ന ഒരാശയമാണ് ഇതുൾക്കൊള്ളുന്നത്. നാം വേഗം ഭക്ഷണം കഴിച്ചിട്ട് എഴുന്നേറ്റാൽ ഒപ്പമുള്ള ആൾക്ക് ചിലപ്പോൾ ആവശ്യം പൂർത്തിയാകാതെ തന്നെ എഴുന്നേൽക്കേണ്ടി വരും. അത് ഔചിത്യമല്ല എന്നാണ് നബിﷺയുടെ പാഠം. ഒപ്പമുള്ളവർ കൂടി കഴിച്ചു മതിയായിട്ട് ഒരുമിച്ച് എഴുന്നേൽക്കുക.
ഭക്ഷണത്തോട് പുലർത്തുന്ന ചില മാനസിക വ്യവഹാരങ്ങളെയാണ് ഇനി നാം വായിക്കുന്ന ഉദ്ധരണിയിൽ നിന്ന് മനസ്സിലാകുന്നത്. അസ്മാ ബിൻത് യസീദ് ബിൻ സകൻ(റ) പറയുന്നു. ഒരിക്കൽ ഞങ്ങൾ തിരുനബിﷺയോടൊപ്പം ഉള്ളപ്പോൾ ഒരാൾ ഭക്ഷണം കൊണ്ടുവന്നു. ഞങ്ങൾ പറഞ്ഞു. ഇപ്പോൾ ഞങ്ങൾക്കിത് ആഗ്രഹമില്ലാ എന്ന്. നബിﷺ ഇങ്ങനെ പ്രതികരിച്ചു. കളവും വിശപ്പും കൂടി ഒരുമിച്ചുകൂട്ടേണ്ടതില്ല.
ഒരു ചടങ്ങിനു വേണ്ടിയാണെങ്കിലും സ്വതന്ത്രമായി വിശപ്പ് പങ്കുവെക്കാവുന്ന സ്ഥലത്ത് കേവല മാന്യതയ്ക്ക് വേണ്ടി നിരസിക്കേണ്ടതില്ല എന്ന സന്ദേശം കൂടി ഈ ഹദീസ് നൽകുന്നുണ്ട്.
ഭക്ഷണം കഴിച്ച ശേഷം ഏമ്പക്കം വിടുന്നതിനെ കുറിച്ചു കൂടി ഒന്ന് വായിച്ചു പോകാം. അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇബിനു മാജ(റ)യും തിർമുദി(റ)യും നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺയുടെ സന്നിധിയിൽ വച്ചു ഒരാൾ ഏമ്പക്കം വിട്ടു. അപ്പോൾ നബിﷺ പറഞ്ഞു. ഏമ്പക്കം വരുമ്പോൾ നിയന്ത്രിക്കുക. ഈ ലോകത്ത് നന്നായി വയർ നിറയ്ക്കുന്നവരായിരിക്കും പരലോകത്ത് ചിലപ്പോൾ പട്ടിണിയാവുക.
മറ്റുള്ളവർക്ക് അസ്വാരസ്യമുണ്ടാകുന്ന; സദസ്സിൽ അഭംഗിയാകുന്ന കാര്യങ്ങൾ നിയന്ത്രിക്കാനുള്ള ശീലം ഓരോരുത്തരിലും ഉണ്ടാകണമെന്നാണ് ഈ സന്ദേശം നമ്മെ പഠിപ്പിക്കുന്നത്. വയർ നിറച്ചു ഭക്ഷണം കഴിക്കുന്നതിനോട് അവിടുന്ന് യോജിച്ചിരുന്നില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 785
അബൂ ജുഹൈഫ(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. കട്ടിയുള്ള മാംസം കൊണ്ടുണ്ടാക്കിയ സരീദ് കഴിച്ചതിനുശേഷം ഞാൻ തിരുനബിﷺയുടെ സന്നിധിയിൽ വച്ച് ഏമ്പക്കം വിട്ടു. അപ്പോൾ നബിﷺ എന്നോട് പറഞ്ഞു. ഏമ്പക്കം നീ നിയന്ത്രിക്കുക. അല്ലയോ അബൂജുഹൈഫാ(റ), ഇഹലോകത്ത് വച്ച് നന്നായി വയറു നിറക്കുന്ന ചിലർ പരലോകത്ത് പട്ടിണിയിലായിരിക്കും. ഈയൊരു ഉപദേശത്തിന് ശേഷം ഒരിക്കൽപോലും അബു ജുഹൈഫ(റ) വയറുനിറച്ച് ഭക്ഷണം കഴിച്ചിട്ടില്ല. പ്രാതൽ കഴിച്ചാൽ അത്താഴം ഒഴിവാക്കും, അത്താഴം കഴിച്ചാൽ പ്രാതൽ ഉണ്ടാവണമെന്നില്ല.
ഈ നിവേദനത്തിന് ചില അനുബന്ധ വായനകളുണ്ട്. എപ്പോഴും വയറുനിറക്കുന്നത് ശരീരത്തിനും ആരോഗ്യത്തിനും നല്ലതല്ല എന്ന കൃത്യതയിൽ നിന്നുകൊണ്ടു വേണം മനസ്സിലാക്കാൻ. ആത്മീയമായ ശിക്ഷണം നൽകി ശിഷ്യന്മാരെ ഔന്നിത്യത്തിലേക്ക് എത്തിക്കുന്ന പുണ്യ നബിﷺ, അവിടുത്തെ പ്രിയപ്പെട്ട ശിഷ്യന് നൽകുന്ന ശിക്ഷണം കൂടിയായി ഇതിനെ മനസ്സിലാക്കേണ്ടതുണ്ട്. ഇസ്ലാമിക സുവർണ കാലത്തെ മദീനയിലെ ആളുകളുടെ ജീവിതരീതി പരാമർശിക്കുമ്പോൾ തന്നെ, “വിശക്കാതെ ഞങ്ങൾ ഭക്ഷണം കഴിക്കാറില്ല, ഭക്ഷണം കഴിക്കുമ്പോൾ വയറ് പൂർണമായും നിറക്കാറില്ല. അതുകൊണ്ട് ഞങ്ങൾക്ക് രോഗങ്ങളില്ല” എന്ന ഒരു പ്രസ്താവന വ്യാപകമായി വായിക്കപ്പെടാറുണ്ട്. മനുഷ്യൻ നിറയ്ക്കുന്ന പാത്രങ്ങളിൽ ഏറ്റവും മോശമായത് ആമാശയമാണ് എന്ന ഹദീസ് പാഠവും കൂടി ഇവിടെ ചേർത്തുവയ്ക്കേണ്ടതുണ്ട്.
ഇമാം ബുഖാരി(റ)യും മറ്റും ഉദ്ധരിച്ച പ്രസിദ്ധമായ ഒരു ഹദീസിന്റെ ആശയം ഇതാണ്. നിങ്ങളുടെ ആരുടെയെങ്കിലും പാനീയത്തിൽ ഈച്ച വീണാൽ അതിന്റെ മറു ചിറകുകൂടി മുങ്ങുന്ന വിധത്തിൽ ഒന്നു മുക്കിയിട്ട് വിടട്ടെ. അതിന്റെ ഒരു ചിറകിൽ രോഗവും മറു ചിറകിൽ ശമനവുമാണുള്ളത്.
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടാലും ഇല്ലെങ്കിലും പ്രവാചകരുﷺടെ നിർദ്ദേശങ്ങൾ അനുസരിക്കുന്ന ശിഷ്യന്മാർക്ക് സ്വീകാര്യയോഗ്യമായ നിവേദനങ്ങളെത്തി എന്നത് മാത്രം മതി. ഹദീസിൽ പറഞ്ഞ എല്ലാ ആശയങ്ങളെയും എല്ലാ ബോധ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഇപ്പോൾ തന്നെ വൈദ്യലോകം പഠിച്ചു കൊള്ളണമെന്നില്ല. ഇന്നത്തെ വൈദ്യശാസ്ത്രം ഉപയോഗിക്കുന്ന ജ്ഞാന ശാസ്ത്രത്തിനനുസരിച്ചാകും പുതിയ ഗവേഷണങ്ങൾ നമുക്ക് നൽകുന്ന മറുപടികൾ.
പ്രതിരോധത്തിന് വേണ്ടി എന്ന അടിത്തറയിൽ നിന്ന് ആയുധങ്ങളുണ്ടാക്കിയ ഒരു കാലം നമുക്ക് പഠിക്കാനുണ്ട്. എന്നാൽ രാജ്യത്തിന് വരുമാനമുണ്ടാക്കാൻ വേണ്ടി വാണിജ്യാടിസ്ഥാനത്തിൽ മാരകായുധങ്ങളുണ്ടാക്കുന്ന രാജ്യങ്ങളുമുണ്ട്. അവരുടെ വാണിജ്യം നടക്കണമെങ്കിൽ മനുഷ്യനെ പച്ചയായി കൊല്ലാനുള്ള യുദ്ധങ്ങൾ രൂപപ്പെടുത്തേണ്ടതുണ്ട്. പ്രതിരോധം എന്ന ജ്ഞാന ശാസ്ത്രത്തിൽ നിന്ന് മനപ്പൂർവം യുദ്ധം ഉണ്ടാക്കണമെന്ന മനോഗതിയിലേക്ക് ആയുധ നിർമ്മാണ വിചാരങ്ങൾ മാറിയത് പോലെ, വൈദ്യശാസ്ത്ര രംഗത്തും ഇന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ജ്ഞാന ശാസ്ത്രങ്ങൾ അവലോകനങ്ങൾ അർഹിക്കുന്നു. ആതുര സേവനത്തിൽ നിന്ന് ആശുപത്രി വാണിജ്യത്തിലേക്ക് എത്തിയത് എങ്ങനെയാണ് എന്നതായിരിക്കും അതിന്റെ പഠനം.
രാഷ്ട്രീയ വൈദ്യശാസ്ത്ര മേഖലകളിൽ വ്യാപകമായി രൂപപ്പെടുന്ന മനോഗതികൾ അപകടകരമായ പുതിയ പ്രവണതകൾക്കെതിരെ പ്രതിരോധം തീർക്കാൻ കഴിയാത്ത വിധം അശക്തമാകുന്നു. അതുകൊണ്ടുതന്നെ ചില ധർമ്മപാഠങ്ങളും ഉപദേശങ്ങളും, ശാസ്ത്രം തെളിയിച്ചില്ല എന്ന് കണ്ടു മാത്രം നമുക്കു മാറ്റിവെക്കാനോ നിരുത്സാഹപ്പെടുത്താനോ കഴിയില്ല.
വിശ്വാസികളറിഞ്ഞിരിക്കേണ്ട ചില ഭക്ഷണ മര്യാദകളാണ് നബി ജീവിതത്തിൽ നിന്ന് പെറുക്കിയെടുത്തു പറഞ്ഞുകൊണ്ടിരിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 786
തിരുനബിﷺ ഒരു ഭക്ഷണത്തെയും കുറ്റം പറഞ്ഞിരുന്നില്ല. താല്പര്യപ്പെട്ടാൽ കഴിക്കും ഇല്ലെങ്കിൽ ഉപേക്ഷിക്കും. ഇമാം ബുഖാരി (റ) ഉദ്ധരിച്ച ഈ ഹദീസ് വളരെ വലിയ ആശയങ്ങൾ നമുക്ക് നൽകുന്നു. ഭക്ഷണം വഴി അല്ലാഹു ഒരുക്കിയിരിക്കുന്ന അനുഗ്രഹം. വിഭവങ്ങളുടെ ലഭ്യത, അല്ലാഹുവിന്റെ തന്നെ മറ്റൊരു അനുഗ്രഹം. രുചികളും താല്പര്യങ്ങളും ഓരോരുത്തരിലും വ്യത്യസ്തപ്പെട്ടിരിക്കുന്നു എന്നത് ഈ മേഖലയിലെ വലിയ ഒരു യാഥാർത്ഥ്യമാണ്. ഒരുപക്ഷേ നമുക്ക് താല്പര്യമില്ലാത്തത് മറ്റുള്ളവർക്ക് അനിവാര്യമായ ഭക്ഷണമായിരിക്കും. നമ്മുടെ മുമ്പിൽ വിവിധ വിഭവങ്ങൾ നിറഞ്ഞിരിക്കുമ്പോഴും, പശിയടക്കാൻ ഗതിയില്ലാത്ത ലക്ഷങ്ങൾ മറ്റൊരു ഭാഗത്തുണ്ടാകും. അപ്പോൾ ഈ അനുഗ്രഹത്തിന്റെ മൂല്യം അറിയാതെ പോകുന്നത് വലിയ അപകടമാണ്. ഇങ്ങനെ ഒന്നിരുന്ന് ആലോചിച്ചാൽ ഏറെ ആശയങ്ങൾ സമ്മാനിക്കുന്ന നിലപാടാണ് നാം വായിച്ചത്.
ഹിന്ദ് ബിൻ അബീ ഹാല(റ)യിൽ നിന്ന് തിർമുദി(റ) ഉദ്ധരിക്കുന്നുണ്ട്. ഭക്ഷണത്തിന്റെ രുചിയെക്കുറിച്ച് അധികം പ്രകീർത്തനമോ രുചി ഭേദത്തെക്കുറിച്ച് കുറ്റമോ തിരുനബിﷺ പറയാറില്ലായിരുന്നു.
അമിതമായി രുചി പറയുന്നതിലെ മനശാസ്ത്രം കൂടിയാണ് ഈ ഹദീസ് പകർന്നുതരുന്നത്. ഞാൻ എത്രമേൽ രുചി പറഞ്ഞാലും തീരെ രുചിക്കാത്ത എത്രയോ ആളുകൾ അതേ ഭക്ഷണത്തിനുണ്ടാകും! ഞാൻ എത്രമേൽ രുചി ഭേദം പറഞ്ഞാലും അതേ ഭക്ഷണം ആസ്വദിച്ചു കഴിക്കുന്ന എത്രപേർ വേറെയുണ്ടാകും.! ഈയൊരു യാഥാർത്ഥ്യത്തിൽ നിന്നുകൊണ്ട് മാത്രമാണ് തിരുനബിﷺ ഭക്ഷണത്തിന്റെ രുചികളോട് സംവദിച്ചിരുന്നത്.
ഭക്ഷണത്തളികയിൽ വച്ച് രോഗികളെ പരിഗണിക്കുന്നതിന്റെ വിനയവും വിസ്മയവും നിറഞ്ഞ ഒരു കാഴ്ചയാണ് ഇമാം അബൂ ദാവൂദും(റ) മറ്റും ഉദ്ധരിക്കുന്ന ഹദീസിൽ നിന്ന് ഇനി നാം വായിക്കുന്നത്. ജാബിർ(റ) പറയുന്നു. ഒരു കുഷ്ഠരോഗിയുടെ കൈപിടിച്ച് തിരുനബിﷺ കഴിച്ചു കൊണ്ടിരുന്ന തളികയിലേക്ക് വച്ചു. അഥവാ അദ്ദേഹത്തെയും ഒപ്പം ഭക്ഷണം കഴിക്കാനിരുത്തി. എന്നിട്ട് അവിടുന്ന് ഇങ്ങനെ പറഞ്ഞു. അല്ലാഹുവിൽ ഭരമേല്പിച്ചു, അവൻ വിധിച്ചതേ വരികയുള്ളൂ എന്ന ഉറപ്പോടെ നിങ്ങൾ കഴിച്ചോളൂ.
ചില സന്ദർഭങ്ങളിൽ അവരെ അകറ്റിനിർത്തിയാൽ അവർക്കുണ്ടാകുന്ന നൊമ്പരത്തെ തിരുനബിﷺ പരിഗണിക്കുകയായിരുന്നു. എല്ലാവരും തളികയിൽ ഒരുമിച്ചിരുന്നു കഴിക്കുകയും ഇത്തരമൊരു രോഗത്തിന്റെ പേരിൽ അയാളെ മാത്രം മാറ്റിനിർത്തുകയും ചെയ്താൽ അയാൾക്ക് വന്നേക്കാവുന്ന മാനസികാവസ്ഥയെ കാരുണ്യത്തിന്റെ തിരുഹൃദയം തിരിച്ചറിയുകയായിരുന്നു. സൗമനസ്യത്തോടെ അവിടുന്ന് കൈപിടിച്ച് ചേർത്തുവച്ചു. നമ്മൾ ഒന്നാണ് എന്ന വിചാരം അയാളോട് കർമ്മം കൊണ്ട് അടയാളപ്പെടുത്തി. ഒപ്പം ഇരിക്കുന്നവരെ ആശ്വസിപ്പിക്കാൻ അവിടുന്ന് ഇങ്ങനെ പറയുകയും ചെയ്തു. അല്ലാഹുവിലുള്ള വിശ്വാസം ഉറപ്പിച്ച് നിങ്ങൾ കഴിച്ചു കൊള്ളൂ എന്ന്.
ശരീദ് ബിൻ സുവൈദി(റ)ൽ നിന്ന് ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. സഖീഫ് നിവേദക സംഘം തിരുനബിﷺയുടെ അടുത്തേക്ക് വന്നു. കൂട്ടത്തിൽ കുഷ്ഠരോഗിയായ ഒരാളുണ്ടായിരുന്നു. തിരുനബിﷺ അദ്ദേഹത്തെ ആളയച്ചു വിളിച്ചു. ഞാൻ നിങ്ങളോടും ചെയ്തിരിക്കുന്നു എന്ന് തിരുനബിﷺ പറഞ്ഞു. ആശ്വാസ വാചകം കൊണ്ട് അദ്ദേഹത്തെ അണച്ചുനിർത്തുകയായിരുന്നു അവിടുന്ന്. അകറ്റപ്പെടുമ്പോൾ നോവുന്ന മനസ്സിന്റെ നീറ്റലുകൾ കാലേക്കൂട്ടിയറിഞ്ഞ ആശ്വസിപ്പിക്കുന്ന ആർദ്രതയുടെ നിറമായിരുന്നു ആ തിരു ഹൃദയം.
കാലത്തിന്റെ ഇന്നത്തേക്കും നാളത്തേക്കും ഒന്നര സഹസ്രാബ്ദത്തിന്റെ ഇന്നലെ നിന്നുകൊണ്ട് എത്ര മഹത്തായ ഒരു മാനവിക വീക്ഷണമാണ് തിരുദൂതർﷺ പഠിപ്പിച്ചു വച്ചത്; അവിടുത്തെ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയത്. ഇത്തരമൊരു സംഭവത്തിന്റെ ആയിരത്തിലൊന്ന് പ്രാധാന്യം പോലുമില്ലാത്ത ഒറ്റപ്പെട്ട ഒരു സംഭവത്തിന്റെ പേരിൽ പലരെയും പുണ്യാളന്മാരാക്കി അവരോധിക്കപ്പെടുമ്പോൾ, ജീവിതം മുഴുവനും കാരുണ്യം കൊണ്ട് നിറച്ച പുണ്യ റസൂൽﷺ കാരുണ്യത്തിന്റെ മഹാ പ്രപഞ്ചമല്ലാതെ മറ്റെന്താണ്!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 787
തിരുനബിﷺയുടെ ഭക്ഷണത്തളികയുടെ ചാരത്ത് നിൽക്കുമ്പോൾ എത്രമേൽ വിശദമായി ആ ജീവിതത്തെ അനുയായികൾ നോക്കി കണ്ടു എന്നത് വീണ്ടും വീണ്ടും നമുക്ക് കൗതുകം നൽകുകയാണ്. രണ്ടു കറികൾ ഒരു പാത്രത്തിൽ കൊണ്ടുവന്നു വച്ചപ്പോൾ നബിﷺ പറഞ്ഞുവത്രേ. രണ്ടു കറികൾ ഒരുമിച്ചു കൂട്ടാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പാലും തേനുമായിരുന്നു ആ സമയത്ത് കൂട്ടാനായി ഉണ്ടായിരുന്നത്. സൗകര്യപരമായ ഒരു നിരാസമായിരുന്നു തിരുനബിﷺ ഇവിടെ പ്രകടിപ്പിച്ചത്. രണ്ടു കറികൾ കൂട്ടിക്കഴിച്ചുകൂടാ എന്ന വിലക്കോ അങ്ങനെ ചെയ്യുന്നത് നിഷിദ്ധമാണെന്നോ ഇവിടെയില്ല. തീർത്തും ലളിതമായ ജീവിതം മാത്രം ആഗ്രഹിച്ച തിരുറസൂൽﷺ സ്വന്തം ജീവിതത്തിലേക്ക് തെരഞ്ഞെടുത്ത സൗമ്യതയുടെ ഭാഗമായിരുന്നു അത്. ഒരു കൂട്ടാനുമില്ലാതെ ഭക്ഷണം കഴിക്കുന്നതിനോടും തിരുനബിﷺ യോജിച്ചില്ല. ഒന്നുമില്ലെങ്കിൽ വെള്ളമെങ്കിലും കൂട്ടാനായി എടുക്കണം എന്നായിരുന്നു അവിടുത്തെ പ്രസ്താവന. ഇമാം ത്വബ്റാനി(റ) ഉദ്ധരിച്ച ഹദീസുകളിൽ ഈ ആശയങ്ങളൊക്കെ നമുക്ക് വായിക്കാം.
ഭക്ഷണം കഴിക്കുന്നതിനു മുമ്പും ശേഷവും കൈകൾ കഴുകുന്നത് അവിടുത്തെ ചര്യയായിരുന്നു. അത് നമുക്കും പുലർത്താൻ വേണ്ടി നിർദ്ദേശിക്കപ്പെട്ട കാര്യമാണ്. ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ സൽമാൻ അൽ ഫാരിസി(റ) നബിﷺയോട് പറഞ്ഞുവത്രേ. കൈകഴുകിയ ശേഷം കഴിക്കുന്ന ഭക്ഷണത്തിൽ ബറക്കത്തുണ്ട് അഥവാ അനുഗ്രഹമുണ്ടെന്ന് തോറാത്തിലുണ്ടല്ലോ? അപ്പോൾ നബിﷺ ഇങ്ങനെ പ്രതികരിച്ചു. മുമ്പും ശേഷവും കൈ കഴുകിയിട്ട് കഴിക്കുന്ന ഭക്ഷണത്തിൽ അനുഗ്രഹമുണ്ട്. തോറാത്തിൽ നിന്ന് ഉദ്ധരിച്ച ഇക്കാര്യത്തെ നബിﷺ പ്രോത്സാഹിപ്പിക്കുകയും ശരിയായും പാലിക്കേണ്ട പൂർണ്ണരൂപത്തെ ഉണർത്തി കൊടുക്കുകയുമായിരുന്നു. കുബാ പള്ളിക്കടുത്തു താമസിക്കുന്ന ഒരു അൻസ്വാരി നബിﷺക്ക് ആതിഥ്യം നൽകി. തിരുനബിﷺ അവിടെ പോയി ഭക്ഷണം കഴിച്ചശേഷം കൈകഴുകിയ രംഗത്തിന് സാക്ഷിയായി ഇമാം അബൂഹുറൈറ(റ) പറഞ്ഞത് ഇബ്നു അദിയ്യ്(റ) ഉദ്ധരിച്ചിട്ടുണ്ട്.
ഭക്ഷണത്തിനു ശേഷവും മുമ്പും കൈകഴുകിയതുവരെ സൂക്ഷ്മമായി നിരീക്ഷിക്കുകയും കൃത്യമായ പരമ്പരകളോടെ നിവേദനം ചെയ്തു പോരുകയും ചെയ്യുന്നു എന്നുവച്ചാൽ നബി ജീവിതത്തെ അനുയായികൾ എങ്ങനെയാണ് നെഞ്ചിലേറ്റിയത് എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണിത്. വേറെ ഒരു നേതാവിനെയും ഇത്രമേൽ അനുയായികൾ ഹൃദയത്തിലേറ്റിയിട്ടില്ല എന്ന് പറയാൻ ഇത്തരം നിവേദനങ്ങൾ കൂടി പ്രമാണമാണ്.
മഹാനായ അനസി(റ)ൽ നിന്ന് ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ ഒരു പ്രസ്താവനയുണ്ട്. വീട്ടിലും കുടുംബത്തിലും അനുഗ്രഹം പ്രതീക്ഷിക്കുന്ന പക്ഷം ഭക്ഷണത്തിനു മുമ്പും ശേഷവും കൈ കഴുകട്ടെ എന്നാണത്. ആടിന്റെ മാംസം കഴിച്ചശേഷം കൈ കഴുകുകയും കൊപ്ലിക്കുകയും ചെയ്ത കാര്യം അബൂഹുറൈറ(റ) എടുത്തു പറയുന്നു. ഇമാം ഇബ്നുമാജ(റ)യാണ് അതും നിവേദനം ചെയ്തത്.
നമ്മുടെ നിത്യജീവിതത്തിൽ വളരെ ലളിതമായി നമ്മൾ കാണുന്ന കാര്യങ്ങൾ ജീവിത നന്മയുടെയും അനുഗ്രഹലബ്ദിയുടെയും കാരണമാണെന്ന് വരുമ്പോൾ, ജീവിതത്തിലെ ചെറിയ കാര്യങ്ങളെ പോലും നിസാരമായി കാണരുത് എന്ന വലിയൊരു സന്ദേശം നമുക്ക് കൈമാറുന്നുണ്ട്.
ഭക്ഷണം തന്നെ അപൂർവമായി ലഭിക്കുകയും, അതിനുശേഷം കൈ തുടയ്ക്കാനോ മറ്റോ തൂവാലകൾ ഇല്ലാതിരിക്കുകയും ചെയ്ത ഒരു കാലത്ത് തങ്ങളുടെ ജീവിതം എങ്ങനെയായിരുന്നു എന്ന് ഓർത്തു വെക്കാനും അനുഭവങ്ങൾ പങ്കുവെക്കാനും സ്വഹാബികൾ സമയം വിനിയോഗിച്ചു. നബി ജീവിതത്തിന്റെ അടരുകളിൽ നിന്ന് പകർന്നെടുക്കേണ്ട ജീവിതശോഭകളായി പരമ്പരകളിലൂടെ അതിനെ ഏറ്റെടുത്തു കൈമാറി. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിച്ച ഹദീസുകൾ വായിക്കുമ്പോൾ എത്രമേൽ സൂക്ഷ്മമായും വിശ്വാസ്യത സംരക്ഷിച്ചുകൊണ്ടുമാണ് ഇത്തരം ചെറുതെന്ന് തോന്നുന്ന കാര്യങ്ങൾ പോലും തിരുനബിﷺയിൽ നിന്ന് ലോകത്തേക്ക് പരമ്പരയായി കൈമാറിയത് എന്ന് മനസ്സിലാകും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 788
അബൂബക്കർ ശാഫിഈ(റ) എന്നിവരിൽ നിന്ന് ഇമാം തിർമുദി(റ)യും ഇബ്നുമാജ(റ)യും ഉദ്ധരിക്കുന്നു. ഇക്രാശ് ബിൻ ദുഐബ്(റ) നബിﷺയോടൊപ്പം വച്ച് നല്ല കൊഴുപ്പുള്ള ശരീദ് കഴിച്ചു. ശേഷം, കാരക്കയും കഴിച്ചു. തുടർന്ന് കൈകൾ കഴുകി. ആ നനവുകൊണ്ട് ശിരസ്സും താടിയും കൈകളും തുടച്ചു.
അബൂ സഈദ് അൽ ഖുദ്രി(റ) പറയുന്നു. തിരുനബിﷺ കഴിക്കുകയോ കുടിക്കുകയോ ചെയ്താൽ അഥവാ ഭക്ഷണം കഴിച്ചാൽ, ഞങ്ങളെ കഴിപ്പിക്കുകയും കുടിപ്പിക്കുകയും വിശ്വാസികളിൽ ഉൾപ്പെടുത്തുകയും ചെയ്ത അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും എന്നർത്ഥമുള്ള മന്ത്രം ചൊല്ലുമായിരുന്നു.
ഏതൊരു അനുഗ്രഹത്തിനും നന്ദി ചെയ്യണം എന്നത് ഇസ്ലാമിന്റെയും പ്രവാചകരുﷺടെയും അടിസ്ഥാന ചിട്ടകളിൽ പെട്ടതാണ്. ഭക്ഷണം കഴിച്ചു കഴിയുമ്പോൾ സവിശേഷമായും അത് പതിവാക്കണം. ഇത് കേവലം ഒരു മതാചാരം എന്നതിനപ്പുറം സമസൃഷ്ടികളെ കുറിച്ചുള്ള ആലോചനകൾ കൂടി നൽകുന്നതാണ്. ഭക്ഷണം ലഭിക്കാത്ത എത്രയോ കോടികൾ ലോകത്തുണ്ട്. ഭക്ഷണം ലഭ്യമായിട്ടും കഴിക്കാൻ കഴിയാത്തവർ എത്രയോ ഉണ്ട്. എല്ലാ അനുഗ്രഹങ്ങളുടെയും നടുവിൽ ജീവിക്കുമ്പോഴും രോഗങ്ങൾ കാരണമായി ഇഷ്ടവിഭവങ്ങൾ മാറ്റിവെക്കേണ്ടിവരുന്ന എത്രയോ മനുഷ്യരുണ്ട്. അതിനെല്ലാമിടയിൽ എനിക്ക് ഭക്ഷണം നൽകുകയും അത് കഴിക്കാനുള്ള സാഹചര്യം നൽകുകയും ചെയ്ത അല്ലാഹുവിനെ സ്തുതിക്കുന്നു എന്ന വാചകത്തിന് എത്രമേൽ ആഴവും വ്യാപ്തിയുമുണ്ട്! എല്ലാ അനുഗ്രഹത്തെക്കാളും വലുത് ഈ ഭക്ഷണം നൽകിയ രക്ഷിതാവിനെ തിരിച്ചറിയാനുള്ള ഭാഗ്യമാണ്. അതുകൊണ്ടാണ് മുസ്ലിമായതിൽ കൂടി ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു എന്ന് ചേർത്തു പറഞ്ഞത്. ഈ ലോകത്തെ ഒരായിരം വിഭവങ്ങൾ നിത്യേന അനുഭവിച്ചുകൊണ്ടിരിക്കുമ്പോഴും ഇതെല്ലാം നൽകുന്നത് ആരാണെന്ന് തിരിച്ചറിയാതെ പോവുക എത്രമേൽ വലിയ ദൗർഭാഗ്യമാണ്! തിരിച്ചറിഞ്ഞിട്ട് അവനെ സ്തുതിക്കാതിരിക്കുക എന്നത് എത്ര വലിയ നന്ദികേടാണ്!
മനുഷ്യൻ മനുഷ്യനാകുന്നത് മൂല്യങ്ങളിലൂടെയാണ്, കേവലമായ സവിശേഷ ബുദ്ധി കൊണ്ടല്ല. അവൻ നിറഞ്ഞുനിൽക്കുന്ന കരുണയുടെയും നന്ദിയുടെയും കടപ്പാടുകളുടെയും അർത്ഥങ്ങൾ ചേർത്തുവയ്ക്കുമ്പോഴാണ് മൂല്യങ്ങളോടൊപ്പം നിൽക്കുന്നവനാകുന്നത്.
പ്രമുഖ സ്വഹാബി അബൂ അയ്യൂബി(റ)ൽ നിന്ന് ഇമാം നസാഇ(റ)യും മറ്റും ഉദ്ധരിക്കുന്നു. തിരുനബിﷺ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഇങ്ങനെ പ്രാർത്ഥിക്കുമായിരുന്നു. കഴിക്കാനും കുടിക്കാനും, പ്രയോജനപ്പെടും വിധം ശരീരത്തിൽ ലയിക്കാനും, അതിൽ നിന്ന് വേണ്ടാത്തത് പുറത്തേക്ക് തള്ളാനും അനുഗ്രഹം ചെയ്ത അല്ലാഹുവേ നിന്നെ ഞാൻ സ്തുതിക്കുന്നു.
കുറഞ്ഞ വാചകങ്ങളിൽ എത്ര വിശാലമായ ഒരു പ്രാർത്ഥനയാണ് ഇവിടെ നിർവഹിച്ചത്. നേരത്തെ സൂചിപ്പിച്ചതുപോലെ ലഭിച്ച ഭക്ഷണത്തിന്റെ; അനുഗ്രഹത്തിന്റെ വലിപ്പം കൃത്യമായും മനസ്സിൽ ധ്യാനിക്കുന്നു. ഭക്ഷണത്തിലൂടെ ശരീരത്തിന് ലഭിക്കുന്ന ആരോഗ്യവും നിലനിൽപ്പും ഓർക്കുന്നു. ദഹനപ്രക്രിയക്ക് ശേഷം പുറന്തള്ളേണ്ടത് കാഷ്ഠമായും മൂത്രമായും പുറത്തേക്ക് പോകാൻ സംവിധാനം ഒരുക്കിയവനെ പ്രത്യേകം നന്ദി ചെയ്യുന്നു.
വായയും അന്നനാളവും ആമാശയവും ദഹന പ്രക്രിയയും വിസർജ്ജന സംവിധാനവും ഒരുക്കിയവനേ നിനക്കാണ് നന്ദി എന്നാണ് ഈ പ്രാർത്ഥനയുടെ ആശയം എന്ന് സാരം. ദാഹം ഏറെ ആകുമ്പോൾ ഒരിറ്റു വെള്ളത്തിനുവേണ്ടി നിങ്ങളുടെ അധികാരത്തിന്റെ പകുതി നൽകാൻ നിങ്ങൾ തയ്യാറാകുമോ രാജാവിനോട് ചോദിച്ചുവത്രേ. അദ്ദേഹം അതെ എന്നു പറഞ്ഞു. നിങ്ങൾക്ക് ഒരു നേരം മൂത്രമൊഴിക്കാൻ കഴിയാതിരിക്കുമ്പോൾ അതിനു സാധിച്ചാൽ അധികാരത്തിന്റെ പകുതി നൽകണം എന്ന് പറഞ്ഞാൽ നിങ്ങൾ സമ്മതിക്കുമോ? ഈ ചോദ്യത്തിനും രാജാവ് അതെ എന്നായിരുന്നു മറുപടി പറഞ്ഞത്. എന്നാൽ നിങ്ങളുടെ രാജാധികാരം മുഴുവൻ ഒരു ഗ്ലാസ് വെള്ളത്തിന്റെ മൂല്യമല്ലേ ഉള്ളൂ എന്നായിരുന്നു ആത്മജ്ഞാനിയുടെ വിശദീകരണം.
നമുക്ക് ഓരോരുത്തർക്കും ആലോചനയും അനുസ്മൃതമായ ജീവിതവും നൽകാനുള്ള സൗമ്യമായ ഒരു വായനയാണ് ഇപ്പോൾ നിർവഹിച്ചത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 789
ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ ഒരു പരിചാരകൻ പറഞ്ഞു. തിരുനബിﷺ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഇങ്ങനെ ചൊല്ലുമായിരുന്നു. അല്ലാഹുമ്മ അത്അംത….. (അല്ലാഹുവേ നീ ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തു. നീ ഐശ്വര്യം നൽകുകയും സംതൃപ്തി നൽകുകയും ചെയ്തു. നീ ജീവിപ്പിക്കുകയും നേർവഴി കാണിച്ചു തരികയും ചെയ്തു. നീ നൽകിയതിനെല്ലാം നിനക്കാണ് സർവ്വസ്തുതിയും.)
കൊച്ചു കൊച്ചു വാചകങ്ങളിലൂടെ ജീവിതത്തെ മുഴുവനും ഓർത്തെടുക്കുകയാണ്. സൗഭാഗ്യങ്ങൾ മുഴുവൻ മനസ്സിലേക്ക് കൊണ്ടുവരികയാണ്. മനുഷ്യമനസ്സിൽ പോസിറ്റീവ് എനർജി നൽകുന്ന പരാമർശങ്ങളാണ് ഇതെല്ലാം. എനിക്ക് ചിലതെല്ലാം ലഭിച്ചിട്ടുണ്ടെന്നും അതെല്ലാം നൽകിയ ഒരു മഹാ ശക്തിയുണ്ടെന്നും അവനോട് ഞാൻ കടപ്പെട്ടിരിക്കുന്നുവെന്നും ഈ മന്ത്രത്തിന്റെ ആശയം പഠിപ്പിക്കുന്നു.
എനിക്കൊരു രക്ഷിതാവ് ഉണ്ടെന്ന വിചാരം ചെറുതല്ലാത്ത ഒരു സുരക്ഷിതത്വബോധമാണ് മനുഷ്യമനസ്സിൽ സ്ഥാപിക്കുന്നത്. എനിക്ക് ആരുമില്ലെന്ന ചിന്ത എത്രമേൽ ന്യൂനമായിട്ടാണ് ഒരാളുടെ മനസ്സിൽ പതിയുക. എന്നാൽ എനിക്ക് ഒരാളുണ്ട് എന്നത് എത്ര വലിയ കരുത്താണ് ഒരാൾക്ക് നൽകുന്നത്. എല്ലാം തരാൻ പറ്റുന്ന ഒരാൾ എനിക്ക് രക്ഷിതാവായി ഉണ്ട് എന്ന വിചാരം ഏറ്റവും വലിയ സംരക്ഷണ ബോധം ഹൃദയത്തിൽ സ്ഥാപിച്ചു തരുന്നു. ഭക്ഷണത്തിനു ശേഷമുള്ള ഒരു മന്ത്രം എന്നതിനപ്പുറം മനുഷ്യ ജീവിതത്തിന് നൽകുന്ന വലിയ ഊർജ്ജം കൂടിയാണ് ഈ പ്രാർത്ഥന.
അബ്ദുറഹ്മാൻ ബിൻ ഔഫി(റ)ൽ നിന്നുള്ള നിവേദനത്തിൽ നിന്റെ കാരുണ്യം കൊണ്ട് നരകത്തിൽ നിന്ന് രക്ഷ നൽകേണമേ എന്ന പ്രാർഥന കൂടിയുണ്ട്. നിരാകരിക്കപ്പെടാത്തതും മുറിയാത്തതുമായ അനുഗ്രഹം നൽകേണമേ, നിന്റെ അനുഗ്രഹമില്ലാതെ ആർക്കും അനുഗ്രഹം ലഭിക്കില്ല എന്നീ അർത്ഥങ്ങളുള്ള വാചകങ്ങളും പല പ്രാർഥനകളിലായി വന്നിട്ടുണ്ട്.
അല്ലാഹു നൽകിയ വിവിധ അനുഗ്രഹങ്ങളെ എണ്ണിയെണ്ണി കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്ന വാചകങ്ങളും ഭക്ഷണത്തിനുശേഷം ഉപയോഗിച്ചതായി കാണാം. കാഴ്ചശക്തിയും ആരോഗ്യവും എല്ലാം എണ്ണിപ്പറഞ്ഞ അനുഗ്രഹങ്ങളിൽ ഉൾപ്പെടുന്നു.
നമ്മുടെ ശരീരത്തിലെ ഓരോ സംവിധാനങ്ങളും പ്രവർത്തിക്കുന്നതിന് അടിസ്ഥാന ഊർജ്ജം നൽകുന്നത് നമ്മൾ കഴിക്കുന്ന ഭക്ഷണമാണല്ലോ. എന്നിരിക്കെ, മനുഷ്യന് ലഭിച്ച ഓരോ അനുഗ്രഹങ്ങളോടും ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഓരോ കഴിവിനോടും നാം കഴിക്കുന്ന ഭക്ഷണത്തിനു ബന്ധമുണ്ട്. ഇതെല്ലാം ഓർത്തു കടപ്പാടുകൾ പറയുക എന്നത് ഉന്നതമായ ഒരു സംസ്കാരത്തിന്റെയും അതിവിശാലമായ ഒരു ഹൃദയത്തിന്റെയും അടയാളമാണ്.
അനസ്(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ സഅദ് ബിൻ ഉബാദ(റ)യുടെ അടുക്കലെത്തി. റൊട്ടിയും ഒലിവും കൊടുത്തു അദ്ദേഹം നബിﷺയെ സൽക്കരിച്ചു. ഭക്ഷണം കഴിച്ചശേഷം നബിﷺ ഇങ്ങനെ പ്രാർത്ഥിച്ചു. നോമ്പുകാർ നിങ്ങളുടെ പക്കൽ നിന്ന് നോമ്പു തുറന്നിരിക്കുന്നു. നിങ്ങളുടെ ഭക്ഷണം സജ്ജനങ്ങൾ കഴിക്കട്ടെ! അല്ലാഹുവിന്റെ മലക്കുകൾ നിങ്ങൾക്ക് വേണ്ടി കാരുണ്യം വർഷിക്കട്ടെ!
തിരുനബിﷺയെ സൽക്കരിച്ചവർക്ക് അവിടുന്ന് നിർവഹിച്ചു കൊടുത്ത പ്രാർഥനയാണത്. ഭക്ഷണം കഴിച്ചു മൗനമായി എഴുന്നേറ്റ് പോരുകയല്ല. സൽക്കരിച്ചവർക്ക് നന്മക്ക് വേണ്ടി പ്രാർഥിക്കുകയാണ്. പ്രാർഥനാ വാചകങ്ങളുടെ അർത്ഥ വ്യാപ്തി സൽക്കാരത്തിന്റെ മഹത്വവും മൂല്യവും വിളിച്ചറിയിക്കുന്നതാണ്. ഒരാൾ മറ്റൊരാളെ സൽക്കരിക്കുക വഴി അല്ലാഹുവിന്റെ മലക്കുകളുടെ പ്രാർഥനയും അല്ലാഹുവിൽ നിന്നുള്ള സവിശേഷമായ പുണ്യങ്ങളും ലഭിക്കും എന്ന സന്ദേശം കൂടി ഇത് പകർന്നു തരുന്നു.
തിരുനബിﷺയെ സൽക്കരിച്ച അബ്ദുല്ലാഹിബ്നു ബുസ്റി(റ)നു വേണ്ടി നബിﷺ പ്രാർഥിച്ചപ്പോൾ, അല്ലാഹുവേ നീ അവർക്ക് നൽകിയതിൽ അനുഗ്രഹം ചൊരിയേണമേ! നിന്നിൽ നിന്നുള്ള പാപമോചനവും കരുണയും അവർക്ക് നൽകേണമേ! എന്നീ പ്രാർത്ഥനകൾ കൂടിയുണ്ടായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 790
തിരുനബിﷺയുടെ തളികയിലെ വിഭവങ്ങളിലൂടെ കുറച്ചുകൂടി നമുക്ക് സഞ്ചരിച്ചു നോക്കാം. ഇമാം മുസ്ലിമും(റ) അഹ്മദും(റ) ജാബിറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ഞാനെന്റെ വീടിന്റെ തണലിൽ ഇരിക്കുകയായിരുന്നു. തിരുനബിﷺ അതുവഴി കടന്നുവന്നു. അടുത്തേക്ക് ചെല്ലാൻ അവിടുന്ന് ആംഗ്യം കാണിച്ചു. ഞാൻ സമീപത്തേക്ക് ചെന്നപ്പോൾ എന്റെ കൈപിടിച്ചു മുന്നോട്ടു നടന്നു. അങ്ങനെ അവിടുത്തെ പത്നിമാരിൽ ഒരാളുടെ വീട്ടിലേക്ക് ചെന്നു. സൈനബ് ബിൻത് ജഹ്ശോ(റ) ഉമ്മു സലമ(റ)യോ ആയിരുന്നു അവിടെ ഉണ്ടായിരുന്നത്. തിരുനബിﷺ അകത്തേക്ക് കടന്നശേഷം എന്നെയും അകത്തേക്ക് ക്ഷണിച്ചു. നബി പത്നി ഹിജാബ് അണിഞ്ഞായിരുന്നു ഉണ്ടായിരുന്നത്. എന്തെങ്കിലും കഴിക്കാൻ ഉണ്ടോയെന്ന് നബിﷺ അവരോട് ചോദിച്ചു. ഗോതമ്പിന്റെ മൂന്ന് റൊട്ടിക്കഷ്ണമേ ഉള്ളൂ എന്ന് പറയുകയും അവ മുന്നിൽ കൊണ്ടുവന്ന് വെക്കുകയും ചെയ്തു. തിരുനബിﷺ അതിൽ നിന്നും ഒരെണ്ണം എടുത്ത് അവിടുത്തെ മുന്നിലും അടുത്തത് എനിക്കും വെച്ചു തന്നു. ശേഷം, മൂന്നാമത്തേത് രണ്ട് കഷ്ണമാക്കി ഒരു കഷ്ണം തങ്ങളുമെടുത്ത് ഒരു കഷ്ണം എനിക്കും തന്നു.
എത്രമേൽ ലളിതവും കൂട്ടുകാരനെ പരിഗണിച്ചുകൊണ്ടുമായിരുന്നു തിരുനബിﷺ പ്രവർത്തിച്ചത് എന്ന് നമുക്ക് വായിക്കാമല്ലോ. ഒരു ദിവസത്തെ ഒരു നേരത്തെ ഭക്ഷണത്തിന്റെ കഥയാണ് ഇപ്പോൾ നാം പറഞ്ഞത്. വിഭവങ്ങളുടെ ലഭ്യതയിൽ അല്പം ഏറ്റക്കുറച്ചിലുകൾ അല്ലാതെ സാധാരണ ഭക്ഷണ മെന്യുവിൽ അധികം വ്യത്യാസം ഒന്നുമുണ്ടാവാനിടയില്ല.
നബി പത്നി മഹതി ആഇശ(റ)യിൽ നിന്ന് ഇമാം ഇബ്നുമാജ(റ)യും ഹക്കീം അത്തിർമിദി(റ)യും ഉദ്ധരിക്കുന്നു. ഒരു ദിവസം തിരുനബിﷺ എന്റെ അടുക്കലേക്ക് കടന്നു. നിലത്തുവീണു കിടക്കുന്ന ഒരു റൊട്ടിക്കഷ്ണം ശ്രദ്ധയിൽപ്പെട്ടു. തിരുനബിﷺ അതെടുത്ത് പൊടിതട്ടി ഭക്ഷിച്ചു. എന്നിട്ട് പറഞ്ഞു. അല്ലയോ ആഇശാ(റ) അല്ലാഹുവിന്റെ അനുഗ്രഹത്തോട് നല്ല രൂപത്തിൽ സഹവസിക്കുക. ഇത്തരം അനുഗ്രഹങ്ങൾ ഒരു വീട്ടിൽ നിന്ന് പൊയ്പോയാൽ മടങ്ങിവരാൻ വളരെ പ്രയാസമാണ്.
ഒരു ചെറിയ റൊട്ടിക്കഷ്ണത്തെ മുന്നിൽ വച്ച് ലഭിച്ച അനുഗ്രഹത്തിന്റെ മൂല്യം പഠിപ്പിക്കുകയും അനുഗ്രഹങ്ങളെ ശരിയായ വിധത്തിൽ വിനിയോഗിച്ചില്ലെങ്കിൽ വന്നേക്കാവുന്ന ഘട്ടങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയുമാണ് തിരുനബിﷺ ചെയ്തത്. ഇന്നത്തെ നമ്മുടെ ജീവിത വ്യവഹാരങ്ങളോട് ചേർത്തുവച്ച് ഇക്കാര്യം നാമൊന്ന് വായിച്ചു നോക്കണം. എത്രമേൽ അനുഗ്രഹങ്ങളും ഭക്ഷ്യ പദാർത്ഥങ്ങളുമാണ് നാം അവഗണിച്ചു മുന്നോട്ടു പോകുന്നത്! നമ്മുടെ ആഘോഷങ്ങളിൽ എത്രപേർക്കുള്ള ഭക്ഷണങ്ങളാണ് അലക്ഷ്യമായി ഒഴിവാക്കുന്നത്! അടുത്ത ഒരു തലമുറയോ ചിലപ്പോൾ നമ്മൾ തന്നെയോ കഷ്ടത അനുഭവിക്കേണ്ടിവരാവുന്ന അവഗണന നമ്മളിൽ നിന്നുണ്ടാവരുത് എന്ന് അവിടുന്ന് മുന്നറിയിപ്പ് നൽകുന്നു.
റൊട്ടിയെ നിങ്ങൾ മാനിക്കുക അല്ലാഹു അതിനെ മാനിച്ചിരിക്കുന്നു. നാം അതിനെ മാനിക്കുന്ന പക്ഷം അല്ലാഹു നമ്മെ ആദരിക്കും. അല്ലാഹു അവന്റെ ആകാശഭൂമികളിൽ നിന്നുള്ള അനുഗ്രഹം അവർക്ക് വർഷിച്ചു നൽകും. സുപ്രയിൽ നിന്ന് കൊഴിഞ്ഞുപോയ ഭക്ഷണമെടുത്തു വൃത്തിയാക്കി ഉപയോഗിക്കുന്നവർക്ക് അല്ലാഹു പാപമോചനം നൽകും. അബ്ദുല്ലാഹിബ്നു ഉമ്മു ഹറാമി(റ)ൽ നിന്ന് ഇമാം ത്വബ്റാനി(റ) ഇക്കാര്യം നിവേദനം ചെയ്തിട്ടുണ്ട്.
റൊട്ടിയെ മാനിക്കുന്നത് കൊണ്ട് പാപമോചനം ലഭിക്കുക. നിത്യ ജീവിതത്തിൽ അനിവാര്യമായ കാര്യങ്ങൾ നിർവഹിക്കുമ്പോഴും പാരത്രിക വിജയങ്ങൾക്ക് നിദാനമാവുക. ആത്മീയ അനുഷ്ഠാനങ്ങൾ വഴി ലഭിക്കുന്ന മൂല്യങ്ങൾ മാനുഷിക ജീവിതത്തിന്റെ നിത്യ വ്യവഹാരങ്ങളിലൂടെ നേടിയെടുക്കാനാവുക. ഇത് ഇസ്ലാമിനെ വേറിട്ടു നിർത്തുന്ന ഏറ്റവും വലിയ സൗന്ദര്യമാണ്. ദാഹിച്ചു വിശന്നു അന്നം കഴിക്കുമ്പോൾ അല്ലാഹുവിന്റെ നാമം ചൊല്ലുന്ന പക്ഷം സവിശേഷമായ പുണ്യകർമ്മമായി അത് പരിണമിക്കുന്നു. നടന്നുപോകുന്ന വഴിയിൽ കണ്ണിൽപ്പെട്ട മുള്ള് എടുത്തു മാറ്റുമ്പോൾ അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുന്ന മന്ത്രം ചൊല്ലിയ കൂലി കിട്ടുന്നു. അന്ധനായ ഒരാൾക്ക് വഴികാട്ടി കൊടുക്കാൻ ഒപ്പം നടക്കുമ്പോൾ പരലോകത്ത് വിജയിക്കാൻ പറ്റുന്ന ഒരു മഹത്കർമ്മമായി അത് പരിഗണിക്കപ്പെടുന്നു. എത്ര മേൽ ജീവസുറ്റതാണ് ഇസ്ലാം എന്നതിന് ഇതൊക്കെ മതിയല്ലോ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 791
ഇമാം ബുഖാരി(റ)യും തിർമിദി(റ)യും ഉദ്ധരിക്കുന്നു. സ്വഹാബിയായ സഹൽ ബിൻ സഅദി(റ)നോട് ഒരാൾ ചോദിച്ചു. തിരുനബിﷺ നേർത്ത റൊട്ടി കണ്ടിട്ടുണ്ടോ? തിരുനബിﷺ അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ നേർത്ത റൊട്ടി കണ്ടിട്ടില്ല. തിരുനബിﷺയുടെ കാലത്ത് ധാന്യപ്പൊടികൾ അരിക്കുന്ന അരിപ്പയുണ്ടായിരുന്നോ? അപ്പോൾ പിന്നെ നിങ്ങൾ എങ്ങനെയായിരുന്നു ധാന്യങ്ങൾ അരിച്ചിരുന്നത്? പൊടിയാക്കിയതിനുശേഷം ഞങ്ങൾ അതിന്മേൽ ഒന്ന് ഊതും, അപ്പോൾ ഒഴിവാകുന്ന ഉമിയൊക്കെ ഒഴിവാക്കും. പിന്നെ ഞങ്ങൾ അതുകൊണ്ട് റൊട്ടി ഉണ്ടാക്കും.
അന്നത്തെ അടുക്കളയും തിരുനബിﷺയുടെ വീട്ടിൽ ഉണ്ടായിരുന്ന വസ്തുവകകളുമെല്ലാം അറിയിക്കുന്ന ഒരു നിവേദനമാണിത്. ലളിതമായ ജീവിതത്തെ പ്രോത്സാഹിപ്പിക്കുകയും അതിലളിതമായി ജീവിച്ചു കാണിക്കുകയും ചെയ്തു എന്നാണ് ഒറ്റ വാചകത്തിൽ പറയാവുന്നത്.
ജീവിതവും മൂല്യവും അധികാരവുമെല്ലാം പെരുമയിലും ആഢ്യത്വത്തിലും പ്രതാപത്തിലും മാത്രമല്ല ലാളിത്യത്തിലും ജീവിത സൗന്ദര്യത്തിലും നിറഞ്ഞതാണ് എന്ന് കാണിച്ചു കൊടുക്കേണ്ടത് പുതിയ കാലത്തിന്റെ കൂടി ആവശ്യമാണ്. വളരെ നേർത്ത റൊട്ടി ഒരിക്കലും തിരുനബിﷺക്ക് കഴിക്കാൻ ലഭിച്ചിരുന്നില്ല എന്ന് അടുത്ത പരിചാരകനായ അനസി(റ)ന്റെ നിവേദനം ഇമാം തുർമുദി(റ)യും ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം അബൂദാവൂദ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ അബ്ദുല്ലാഹിബ്നു സല്ലാം(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ ഒരു കഷ്ണം റൊട്ടിയെടുത്തു. അതിന്മേൽ ഒരു കാരക്ക ചിന്ത് വെച്ചു. ഇതാണ് ഇതിന്റെ കറി എന്ന് പറഞ്ഞുകൊണ്ട് അവിടുന്ന് കഴിച്ചു.
തിരുനബിﷺയുടെ മാംസത്തെക്കുറിച്ച് നമുക്ക് പറഞ്ഞു പോകാം. അബൂ ഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ)യും തിർമുദി(റ)യും ഉദ്ധരിക്കുന്നു. ആടിന്റെ മാംസം വീട്ടിൽ വളരെ ഇഷ്ടമായിരുന്നു. പ്രത്യേകിച്ചും കുറകിന്റെ ഭാഗം താൽപര്യത്തോടെ കടിച്ചു കഴിക്കുമായിരുന്നു.
ആടിന്റെ മുഴം കൈയിലെ മാംസം പോലെ തന്നെ പ്രസ്തുത ഭാഗത്തെ എല്ലും അവിടുന്ന് ഭക്ഷണതളികയിൽ ശ്രദ്ധിക്കുമായിരുന്നു. ഭക്ഷണങ്ങളുടെ കൂട്ടത്തിൽ എല്ലിന്റെ ഭാഗത്ത് നിന്ന് ഏറ്റവും താല്പര്യം വച്ചിരുന്നത് ആടിന്റെ മുഴം കൈ ഭാഗത്തെ എല്ലിൽ ആയിരുന്നു എന്ന് ഇമാം അഹ്മദ്(റ) ഇബ്നു മസ്ഊദി(റ)ൽ നിന്ന് ഉദ്ധരിച്ച ഹദീസിൽ കാണാം.
ഇമാം ബസ്സാർ(റ) നിവേദനം ചെയ്യുന്നു. ആടിനെ അറുത്ത് അയൽവാസികൾക്ക് മാംസം വിതരണം ചെയ്യാൻ ഒരിക്കൽ തിരുനബിﷺ ഏൽപ്പിച്ചു. അതുപ്രകാരം ആടിനെ അറുത്ത് കുറകിന്റെ ഭാഗം ഒഴികെയുള്ള മാംസം എല്ലാവർക്കും വിതരണം ചെയ്തു. കുറകിന്റെ ഭാഗം മാത്രം നബിﷺക്ക് വേണ്ടി കരുതിവെച്ചു. തിരുനബിﷺ വീട്ടിലേക്ക് കടന്നു വന്നപ്പോൾ പത്നി ആഇശ(റ) പറഞ്ഞു. ആടിനെ അറുത്തു വിതരണം ചെയ്തു. മുഴം കൈയുടെ ഭാഗം മാത്രമേ ഇനി ബാക്കിയുള്ളൂ. അപ്പോൾ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. മുഴം കൈയുടെ ഭാഗം ഒഴികെയുള്ളതെല്ലാം ശേഷിച്ചിരിക്കുന്നു.
മറ്റുള്ളവർക്ക് വിതരണം ചെയ്തത് മുഴുവൻ നാളത്തേക്ക് ശേഷിക്കുന്നതാണെന്നും, നമ്മുടെ പക്കൽ ഉള്ളതാണ് ശേഷിക്കാത്തതെന്നും പഠിപ്പിക്കുകയായിരുന്നു. അവിടുത്തെ പ്രത്യേക താല്പര്യം പരിഗണിച്ചുകൊണ്ടാണ് മുഴം കൈയുടെ ഭാഗത്തെ മാംസം നബിﷺക്കുവേണ്ടി കരുതിവെച്ചത്.
ആഇശ(റ)യിൽ നിന്ന് ഇമാം തുർമുദി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺക്ക് അപൂർവമായി മാത്രമേ മാംസം കഴിക്കാൻ ലഭിച്ചിരുന്നുള്ളൂ. അപ്പോൾ തന്നെയും വേഗം ദഹിക്കുന്ന ഭാഗത്തെ ഭക്ഷണമാണ് തെരഞ്ഞെടുത്തത്. വളരെ താത്പര്യത്തിലാണ് തിരുനബിﷺ മുഴംകൈയുടെ ഭാഗത്തെ മാംസം കഴിച്ചിരുന്നതത്രെ. ചുമലിന്റെ ഭാഗത്തെ മാംസവും ചിലപ്പോഴൊക്കെ പ്രാധാന്യത്തോടെ തിരുനബിﷺ എടുത്ത് കഴിക്കാറുണ്ടായിരുന്നു. ഇബ്നു അബ്ബാസി(റ)ൽ നിന്നുള്ള നിവേദനത്തിൽ ഇമാം അബൂ നുഐം(റ) അത് പറയുന്നുണ്ട്.
ചിലപ്പോഴൊക്കെ വ്യക്തി ചരിത്രങ്ങളിൽ അദ്ദേഹത്തിന് താല്പര്യമുള്ള ഭക്ഷണങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ ഉണ്ടാവാം. എന്നാൽ ഇത്രയും സൂക്ഷ്മമായും കൃത്യമായും നിവേദന പരമ്പരകളോടെ ആധികാരികമായി പരിശോധിച്ചു കൊണ്ട് ഒരു വ്യക്തിയുടെ ജീവിതത്തിലെ സൂക്ഷ്മമായ ഇത്തരം തലങ്ങളെ വീണ്ടും വീണ്ടും വായിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്നത് തിരുനബിﷺയുടേത് മാത്രമായിരിക്കും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 792
അബുദ്ധർദാഇ(റ)ൽ നിന്ന് ഇമാം ഇബ്നു മാജ(റ) ഉദ്ദരിക്കുന്നു. മാംസം ഒരുക്കിയ സദ്യയിലേക്കു വിളിച്ചപ്പോഴെല്ലാം ക്ഷണം സ്വീകരിച്ചു. മാംസം സമ്മാനമായി നൽകിയപ്പോഴെല്ലാം തിരുനബിﷺ സ്വീകരിക്കുകയും ചെയ്തു.
ഒരിക്കൽ തിരുനബിﷺക്ക് മാട്ടിറച്ചി സമ്മാനമായി നൽകി. അപ്പോൾ ആരോ പറഞ്ഞു. ഇത് ബരീറ(റ)ക്ക് ധർമ്മമായി അഥവാ സ്വദഖയായി കിട്ടിയതാണ്. അപ്പോൾ നബിﷺ പറഞ്ഞു. ഇത് ബരീറ(റ)യ്ക്ക് ധർമ്മവും എനിക്ക് സമ്മാനവും അഥവാ ഹദ്’യയുമാണ്. ഇമാം മുസ്ലിം(റ) ആഇശ(റ)യിൽ നിന്നാണ് ഈ നിവേദനം ഉദ്ദരിച്ചത്.
തിരുനബിﷺ സ്വദഖ ഉപയോഗിച്ചിരുന്നില്ല. സമ്മാനമായി കിട്ടുന്നത് മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ.
അബ്ദുല്ലാഹിബിന് ജഅ്ഫറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ സന്നിധിയിലേക്ക് ഒരിക്കൽ മാംസം കൊണ്ടുവന്നു. സ്വഹാബികൾ അതിൽ നിന്ന് നബിﷺക്ക് എടുത്തുകൊടുക്കാൻ തിരക്കുകൂട്ടി. അപ്പോൾ അവിടെ ഇങ്ങനെ വിളിച്ചു പറഞ്ഞു. നല്ല മാംസം മുതുകിന്റെ ഭാഗത്തുള്ള മാംസമാണ്.
അഴുക്കും കൊഴുപ്പുമൊക്കെ കുറഞ്ഞ മാംസം മുതുകിന്റെ ഭാഗത്തുള്ളതാണ് എന്നാണ് പറഞ്ഞതിന്റെ താരം. തിരുനബിﷺ സ്വഹാബികളുമായി പുലർത്തിയിരുന്ന സഹവാസത്തിന്റെ ഒരു ചിത്രം കൂടിയാണിത്. കൂട്ടുകാർക്കൊപ്പം ഇരിക്കുമ്പോൾ എത്തിച്ചേരുന്ന സദ്യയിൽ നിന്ന് എനിക്ക് ഇതാ ഇന്ന ഭാഗം മതി എന്ന് പറയാൻ മാത്രം ഇഴുകിച്ചേർന്ന ജീവിതമായിരുന്നു നബിﷺയുടേത് എന്നാണ് നാം വായിച്ചത്.
ജാബിർ ബിൻ അബ്ദുല്ലാഹി(റ)യിൽ നിന്ന് ഇമാം ഹാക്കിം(റ), ബൈഹഖി(റ) എന്നിവർ ഉദ്ധരിക്കുന്നു. ഒരിക്കൽ ഞാൻ ഒരു വയസ്സ് പോലും പ്രായമില്ലാത്ത ഒരു കുഞ്ഞാടിനെ തിരുനബിﷺയുടെ സന്നിധിയിൽ കൊണ്ടുവന്നു. അപ്പോൾ എന്നെ നോക്കിയിട്ട് അവിടുന്ന് പറഞ്ഞു. എനിക്ക് മാംസത്തോടുള്ള താൽപര്യം നിങ്ങൾ മനസ്സിലാക്കി അല്ലേ!
ഇമാം അഹ്മദും(റ) നസാഇ(റ)യും ഉദ്ദരിക്കുന്നു. ഒരിക്കൽ അബ്ദുൽ മുത്തലിബിന്റെ മകൻ സുബൈറിന്റെ മകൾ ളാബീഅയുടെ വീട്ടിൽ ഒരു ആടിനെ അറുത്ത വിവരം തിരുനബിﷺ അറിഞ്ഞു. നമുക്കും കൂടി മാംസം വേണമെന്ന് പറഞ്ഞുകൊണ്ട് തിരുനബിﷺ ഒരാളെ അങ്ങോട്ടയച്ചു. ആടിന്റെ കഴുത്തിന്റെ ഭാഗത്തെ മാംസം മാത്രമേ അപ്പോൾ ബാക്കിയുണ്ടായിരുന്നുള്ളൂ. അതൊട്ടു കൊടുത്തു വിടാൻ ളബീഅക്ക് മടിയുമായി. നബിﷺയുടെ ദൂതൻ വിവരം നബിﷺയെ അറിയിച്ചു. നബിﷺ അപ്പോൾ ദൂതനെ തിരിച്ചയച്ചു കൊണ്ട് പറഞ്ഞു. അതെങ്കിൽ അത്. കൊടുത്തു വിടൂ. കഴുത്തിന്റെ ഭാഗവും ആടിന്റെ മുൻഭാഗവും നന്മയോട് അടുത്തും വിപത്തിനോട് അകന്നും നിൽക്കുന്ന ഭാഗമാണ്.
കഴിക്കുന്നവർക്ക് ഉപകാരം കൂടിയതും ശരീരത്തിലെ പ്രയാസങ്ങൾ അകറ്റാൻ പറ്റിയതുമാണ് എന്ന ആശയംകൂടി ഇതിലുണ്ടാകാം.
ആടിന്റെ മിക്ക ഭാഗത്തെ മാംസത്തെ കുറിച്ചും ഗുണവും നന്മയും പറഞ്ഞതായി നമുക്ക് വായിക്കാൻ കഴിയും. ആടിനെ അറുത്താൽ എല്ലാ ഭാഗത്തേയും മാംസം നല്ലതാണെന്നും ഉപയോഗപ്രദമാണെന്നും പറയപ്പെടുന്നത് അതിനാലാവാം. മറ്റെല്ലാ മാംസങ്ങളെക്കാളും ആടിന്റെ മാംസത്തിന് സവിശേഷമായ ഗുണങ്ങളുണ്ട്. മനുഷ്യന്റെ കൈകാലുകൾക്ക് വേദനയോ ക്ഷീണമോ ഒക്കെ ഉണ്ടാകുമ്പോൾ ആടിന്റെ കൈകാലുകളും മറ്റും സൂപ്പാക്കി കഴിക്കുന്നത് ഔഷധമായി കണക്കാക്കപ്പെടാറുണ്ടല്ലോ!
ഉണക്കിയ മാംസത്തിന്റെ കറിയും തിരുനബിﷺ ഉപയോഗിക്കാറുണ്ടായിരുന്നു. തിരുനബിﷺയെ ഒരു തുന്നൽക്കാരൻ സൽക്കാരത്തിന് വിളിച്ചതും ഉണക്കിയ മാംസവും ചുരക്കയും ചേർത്തുണ്ടാക്കിയ കറിയൊരുക്കി നബിﷺയെ സൽക്കരിച്ചതും പല നിവേദനങ്ങളിലായി നാം വായിച്ചു പോയിട്ടുണ്ട്.
ഒരു മാസം വരെയൊക്കെ ഉണക്കി കാത്തുവച്ചിരുന്ന മാംസം തിരുനബിﷺക്ക് പാചകം ചെയ്തു കൊടുത്ത അനുഭവം മഹതിയായ ആഇശ(റ) നിവേദനം ചെയ്തിട്ടുണ്ട്.
തിരുനബിﷺയുടെ ജീവിത സഞ്ചാരത്തെ എത്രമേൽ സൂക്ഷ്മമായിട്ടാണ് പരിസരം വായിച്ചുകൊണ്ടിരുന്നത്! ഏതെല്ലാം അടരുകളിലേക്കാണ് ഓർമ്മയും അന്വേഷണവും നിവേദനങ്ങളും കടന്നുപോയത്! ഒരു വ്യക്തിയുടെ ജീവിതത്തെ ഇത്രമേൽ നിരീക്ഷിക്കുകയും രേഖപ്പെടുത്തുകയും ചെയ്യാനാകുമോ എന്ന് ചരിത്രം തന്നെ സംശയിച്ചു പോകാൻ മാത്രം സൂക്ഷ്മമായിട്ടാണല്ലോ നാം വായിച്ചു കൊണ്ടിരിക്കുന്നത്!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 793
പ്രസിദ്ധരായ ആറ് ഹദീസ് പണ്ഡിതന്മാരിൽ നാലുപേരും നിവേദനം ചെയ്യുന്നു. സ്വഹാബികളിൽ ഒരാൾ പറഞ്ഞു. ഞാൻ തിരുനബിﷺക്ക് വേണ്ടി ഒരാടിനെ അറുത്തു. ഒരു യാത്രാ വേളയിലായിരുന്നു അത്. തിരുനബിﷺ ആ സമയത്ത് പറഞ്ഞു. അതിന്റെ മാംസം നന്നാക്കി വെക്കുക. മദീനയിൽ എത്തുന്നതുവരെ തിരുനബിﷺക്ക് ഞാൻ അതിൽ നിന്ന് ഭക്ഷിപ്പിച്ചുകൊണ്ടിരുന്നു.
മാംസം ഉണക്കി വെക്കുകയും ദിവസങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്ന ഒരു അനുഭവത്തെയാണ് ഇവിടെ പങ്കുവെച്ചത്.
ഹാരിസ് ബിൻ അൽ ജസരി(റ)യിൽ നിന്ന് ഇമാം ഇബ്നുമാജ(റ)യും മറ്റും ഉദ്ദരിക്കുന്നു. ഞങ്ങൾ തിരുനബിﷺയോടൊപ്പം പള്ളിയിൽ വച്ച് ചുട്ട മാംസം കഴിച്ചു. ശേഷം ചരൽക്കല്ലുകൾ കൊണ്ട് ഞങ്ങളുടെ കൈകൾ തടവുകയും തുടർന്ന് നിസ്കരിക്കുകയും ചെയ്തു. ഞങ്ങൾ അക്കാരണത്താൽ വുളൂഅ് ചെയ്തില്ല.
മാംസം കഴിച്ചതിന്റെ പേരിൽ വുളൂഅ് പുതുക്കേണ്ടതില്ല എന്ന നേരത്തെ പരാമർശിച്ച വൈജ്ഞാനിക സന്ദേശത്തെ കൂടി ഉൾക്കൊള്ളുന്നതാണ് ഈ നിവേദനം. മാംസ ഭക്ഷണം കഴിച്ചാൽ പിന്നീട് നിസ്കരിക്കാൻ വേണ്ടി വുളൂഅ് എടുക്കണം എന്ന ഒരു ധാരണ ഉണ്ടായിരുന്നു.
ജാബിർ ബിൻ അബ്ദുല്ല(റ) പറയുന്നു. എന്റെ പിതാവ് എന്നോട് സൂപ്പ് ഉണ്ടാക്കാൻ ആവശ്യപ്പെട്ടു. ശേഷം, അത് തിരുനബിﷺക്ക് എത്തിച്ചുകൊടുക്കാനും പറഞ്ഞു. ആ സമയത്ത് തിരുനബിﷺ പള്ളിയിലായിരുന്നു. എന്റെ ആഗമനം കണ്ടതും ചോദിച്ചു. എന്താണ് നിങ്ങൾ കൊണ്ടുവന്നത് ജാബിറെ(റ)? ഇതു വല്ല മാംസവുമാണോ? ഞാൻ പറഞ്ഞു, അല്ല. എന്റെ ഉപ്പ തന്നയച്ച സൂപ്പാണെന്ന് പറഞ്ഞു നബിﷺക്ക് നൽകുകയും അത് അവിടുന്ന് ഭക്ഷിക്കുകയും ചെയ്തു. മടങ്ങി വന്നപ്പോൾ വാപ്പ എന്നോട് ചോദിച്ചു. അവിടുന്ന് മോൻ നബിﷺയെ കണ്ടിരുന്നുവോ? അതെ, ഞാൻ നബിﷺയെ കണ്ടു. അവിടുന്ന് എന്നോട് ചോദിച്ചു. ഇത് മാംസമാണോ എന്ന്. ഇത് കേട്ടപ്പോൾ തിരുനബിﷺക്ക് മാംസത്തോട് താല്പര്യമുണ്ടെന്ന് ജാബിറി(റ)നു തോന്നി. ജാബിർ(റ) തുടരുകയാണ്. ഉപ്പ എന്നോട് വീട്ടിലുണ്ടായിരുന്ന ചെറിയൊരു ആടിനെ അറുക്കാൻ ഏൽപ്പിച്ചു. അറുത്തു കഴിഞ്ഞപ്പോൾ അത് ചുടാൻ എന്നോട് പറഞ്ഞു. പിന്നീട് ഉപ്പ പറഞ്ഞത് പ്രകാരം അതുമായി നബിﷺയുടെ അടുത്തേക്ക് ചെന്നു. അപ്പോൾ നബിﷺ ചോദിച്ചു. എന്താണ് ജാബിറെ(റ) കൊണ്ടുവന്നത്? ഞാൻ കാര്യം പറഞ്ഞു. ഉടനെ അല്ലാഹുവിന്റെ ദൂതർﷺ സവിശേഷമായ ഒരു പ്രാർത്ഥന നടത്തി. അള്ളാഹു അൻസ്വാരികൾക്ക് നമ്മളിൽ നിന്ന് നല്ല സമ്മാനം നൽകട്ടെ. പ്രത്യേകിച്ചും അബ്ദുല്ലാഹിബിന് അംറ് ബിൻ ഹറാമി(റ)നും സഅദ് ബിൻ ഉബാദ(റ)ക്കും.
ജാബിറി(റ)ന്റെ പിതാവിന്റെ പേരാണ് അബ്ദുല്ലാഹിബ്നു അംർ(റ). തിരുനബിﷺക്ക് സമ്മാനങ്ങൾ നിരന്തരമായി നൽകിയിരുന്ന മറ്റൊരു അൻസ്വാരി സ്വഹാബിയാണ് സഅദ് ബിനു ഉബാദ(റ).
ആടിന്റെ വ്യത്യസ്ത ഭാഗങ്ങൾ തിരുനബിﷺക്ക് വേണ്ടി പാചകം ചെയ്ത് എത്തിച്ചു കൊടുത്ത പല നിവേദനങ്ങളും നമുക്ക് വായിക്കാൻ പറ്റും. ആടിന്റെ പള്ളയുടെ മാംസം തിരുനബിﷺക്ക് വേണ്ടി പാചകം ചെയ്തു കൊടുത്ത അനുഭവം അബൂറാഫിഈ(റ) പറയുന്നത് ഇമാം നസാഈ(റ) ഉദ്ധരിച്ചിട്ടുണ്ട്. ആടിന്റെ പാർശ്വഭാഗം പാചകം ചെയ്തു കൊടുത്തു. തിരുനബിﷺ അത് ഭക്ഷിച്ചിട്ട് നിസ്കരിക്കാൻ പോയ അനുഭവം ഉമ്മുസലമ(റ)യിൽ നിന്ന് തിർമുദി(റ) ഉദ്ദരിക്കുന്നുണ്ട്.
തിരുനബിﷺയുടെ തളികയിൽ ആടിന്റെ മാംസം ഉണ്ടായിരുന്ന അനുഭവം ഏറെ സ്വഹാബികൾ പങ്കുവെക്കുന്നുണ്ട്. അനുഗ്രഹമുള്ള ഒരു ജീവിയായിട്ടാണ് ആടിനെ തിരുനബിﷺ പരിചയപ്പെടുത്തിയത്. അതിന്റെ മാംസത്തിനും അതുപോലെ നിരവധി ഗുണങ്ങളും മഹത്വങ്ങളും പരാമർശിച്ചു പോയിട്ടുണ്ട്. ഇന്നും അറബി തളികകളിൽ സുലഭമായി അത് നിലനിൽക്കുന്നു എന്നും നമുക്ക് കാണാം. വ്യത്യസ്ത പ്രായത്തിലുള്ള ആടുകളെ വ്യത്യസ്തതരം പലഹാരങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് അറബികൾക്കിടയിൽ ഇന്നും വ്യാപകമാണ്. അതിന്റെയൊക്കെ ഇന്നലെകൾ പരിശോധിച്ചു നോക്കിയാൽ നബിﷺയുടെയും സ്വഹാബത്തിന്റെയും ജീവിത വ്യവഹാരങ്ങൾക്കിടയിൽ സമാനമായത് വായിച്ചു പോകാൻ കഴിയും. ആരോഗ്യവർദ്ധനവിനും ശരീരപുഷ്ടിക്കും ആടിന്റെ വ്യത്യസ്ത തരത്തിലുള്ള രസായനങ്ങളും കഷായങ്ങളും ഇന്നും എവിടെയും വ്യാപകമാണല്ലോ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 794
തിരുനബിﷺയുടെ തളികയിലെ ഒട്ടകത്തെ കുറിച്ചുള്ള ചില വർത്തമാനങ്ങളാണ് ഇനി നാം വായിക്കുന്നത്. ഇമാം നസാഇ(റ)യും മറ്റും ഉദ്ധരിക്കുന്നു. അലിയ്യ്(റ) യമനിൽ നിന്ന് നൂറു ഒട്ടകങ്ങളെ ബലി മൃഗങ്ങളായി കൊണ്ടുവന്നു. അതിൽ 63 എണ്ണം തിരുനബിﷺ തന്നെ അറവ് നടത്തി. ബാക്കി 37 എണ്ണം അലി(റ)യെ ഏൽപ്പിച്ചു. ഒരൊട്ടകത്തിൽ അലി(റ)യെ കൂടി പങ്കാളിയാക്കി. എല്ലാ ഒട്ടകത്തിൽ നിന്നും അല്പം മാംസം വീതം ഒരു പാത്രത്തിൽ വച്ചു. ശേഷം, അത് പാചകം ചെയ്തു നബിﷺയും അലി(റ)യും കൂടി അതിലെ മാംസം കഴിക്കുകയും അതിന്റെ ചാർ കുടിക്കുകയും ചെയ്തു.
ഒട്ടകത്തെ അറുത്തു ഭക്ഷിച്ചിരുന്നു എന്ന ഒരു ചിത്രവും പരിചാരകനും പിതൃ സഹോദരന്റെ മകനും മരുമകനുമായ അലി(റ)യുമായുള്ള സഹവാസത്തിന്റെയും ബന്ധത്തിന്റെയും മോഹനമായ ഒരു ചിത്രം കൂടിയുമാണ് ഇതിൽ അടയാളപ്പെട്ടത്.
ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ദരിക്കുന്നു. ജാബിർ(റ) പറയുന്നു. അബൂ ഉബൈദ ആമിർ ബിൻ അൽ ജർറാഹി(റ)ന്റെ നേതൃത്വത്തിലുള്ള ഖബത് സൈനിക നീക്കത്തിൽ ഞങ്ങളും പങ്കാളികളായി. ഇല കഴിച്ചു മുന്നോട്ടു പോകേണ്ടി വന്നതുകൊണ്ടാണ് ആ അർത്ഥത്തിലുള്ള ഖബത്ത് സൈനിക നീക്കം എന്ന് ഇതിന് പേരുവന്നത്. യാത്രക്കിടയിൽ ഞങ്ങളെല്ലാവർക്കും നന്നായി വിശന്നു. അപ്പോഴതാ സമുദ്രം ഞങ്ങൾക്ക് ചത്ത ഒരു മത്സ്യത്തെ ഇട്ടു തന്നു. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത വിധം വലിപ്പമുള്ളതായിരുന്നു അത്. തിമിംഗലത്തിന്റെ ഒരിനത്തിൽപ്പെട്ട അമ്പർ എന്നായിരുന്നു ആ മത്സ്യത്തിന്റെ പേര്. ഞങ്ങളുടെ അമീർ അബൂബൈദ(റ)യുടെ നിർദ്ദേശപ്രകാരം ഞങ്ങളത് പാചകം ചെയ്തു. അതിന്റെ കൊഴുപ്പുപയോഗിച്ച് എണ്ണയുണ്ടാക്കി. രണ്ടാഴ്ചയോളം ഞങ്ങൾക്ക് കഴിക്കാൻ ആ മാംസം ഉണ്ടായിരുന്നു.
അബൂ ഉബൈദ(റ) ആ മാംസത്തിന്റെ എല്ലിൽ നിന്ന് ഒരെണ്ണം എടുത്തു. അതിന്റെ വളവിനുള്ളിലൂടെ തന്റെ വാഹനത്തെ കടത്തിവിട്ടു. അതിന്റെ കൺകുഴിയിൽ അഞ്ചുപേർക്ക് ഇരിക്കാൻ പറ്റുമായിരുന്നു. അത്രമേൽ വലിപ്പമുള്ളതായിരുന്നു അമ്പർ. ഞങ്ങൾ യാത്ര കഴിഞ്ഞു മദീനയിൽ മടങ്ങിയെത്തിയപ്പോൾ വിവരങ്ങളെല്ലാം നബിﷺയോട് പങ്കുവെച്ചു. അപ്പോൾ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. അല്ലാഹു നിങ്ങൾക്ക് നൽകിയ ഭക്ഷണമാണല്ലോ അത്. നിങ്ങൾ അത് കഴിച്ചോളൂ. അതിൽ നിന്ന് എന്തെങ്കിലും കരുതിവച്ചതുണ്ടെങ്കിൽ എനിക്കും തരൂ. ആരോ അതിൽ നിന്ന് അല്പം തിരുനബിﷺക്ക് നൽകുകയും അവിടുന്ന് അത് കഴിക്കുകയും ചെയ്തു.
കടലിൽ നിന്ന് ലഭിച്ച അത്യപൂർവമായ തിമിംഗലവും അത് കഴിക്കാൻ അവസരമുണ്ടായ സ്വഹാബികളുടെ അനുഭവവും അതിനോട് ചേർന്ന് നിന്നുകൊണ്ട് തിരുനബിﷺ സഹാബികളോടൊപ്പം പങ്കുചേരുന്ന ഇഴുകിച്ചേരലിന്റെ സൗന്ദര്യവുമാണ് നാം വായിച്ചത്. കടലിൽ നിന്ന് ലഭിക്കുന്ന ഇത്തരം മത്സ്യങ്ങൾ കഴിക്കാമെന്നും ഉപയോഗിക്കാമെന്നും സമ്മതം കൊണ്ടും ജീവിതം കൊണ്ടും തിരുനബിﷺ പഠിപ്പിക്കുകയായിരുന്നു.
തിരുനബിﷺയുടെ തളികയിൽ കണ്ട വെട്ടുകിളിയെ കുറിച്ചുള്ള ഒരു നിവേദനം നമുക്ക് വായിക്കാം. പ്രസിദ്ധരായ ആറ് ഹദീസ് പണ്ഡിതന്മാരിൽ അഞ്ചുപേരും നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബിന് അബീ ഔഫ്(റ) പറയുന്നു. തിരുനബിﷺയോടൊപ്പം ആറോ ഏഴോ യുദ്ധങ്ങളിൽ ഞാൻ പങ്കെടുത്തു. അപ്പോഴെല്ലാം ഞങ്ങൾ തിരുനബിﷺയോടൊപ്പം ജറാദ് അഥവാ വെട്ടുകിളിയെ കഴിച്ചിട്ടുണ്ട്. അബൂനുഐമും(റ) ഇബ്നു ഹിബ്ബാനും(റ) നിവേദനം ചെയ്തിട്ടുണ്ട്.
ഇമാം അബൂ നുഐം(റ) അനസി(റ)ൽ നിന്ന് ഉദ്ദരിക്കുന്ന കൗതുകകരമായ റിപ്പോർട്ട് ഇങ്ങനെയാണ്. തിരുനബിﷺയുടെ പത്നിമാർ എന്നെ ജറാദ് സമാഹരിച്ചു കൊണ്ടുവരാൻ അയക്കുമായിരുന്നു. ഞാൻ കൊണ്ടുവന്നാൽ അവർ എണ്ണയിൽ പാചകം ചെയ്തു തിരുനബിﷺക്ക് വിളമ്പും.
തിരുനബിﷺയുടെ ഭക്ഷണത്തളികയിൽ ഉണ്ടായിരുന്ന വിഭവങ്ങളും അക്കാലത്തെ ഭക്ഷണത്തിൽ ഉപയോഗിച്ചിരുന്ന വസ്തുക്കളും നാം വായിച്ചു കൊണ്ടിരിക്കുകയാണ്. നബി ജീവിതത്തിന്റെ രാപ്പകലുകളെ അറിയാനും നമുക്ക് അനുവദിക്കപ്പെട്ടതും അല്ലാത്തതും തിരിച്ചറിയാനുമുള്ള ഒരു പഠനമാണിത്. ഇന്നലെകൾ എങ്ങനെയായിരുന്നു എന്ന് നമ്മെ ആലോചിപ്പിക്കാൻ പോന്നതാണ് നാം വായിച്ചുകൊണ്ടിരിക്കുന്ന ഓരോ അധ്യായവും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 795
തിരുനബിﷺ കോഴിയിറച്ചിയും ഭക്ഷിച്ചിരുന്നു. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) മഹാനായ സ്വഹാബി അബൂ മൂസ(റ)യിൽ നിന്ന് ഈ വിവരം ഉദ്ദരിച്ചിട്ടുണ്ട്. കോഴിയെ അറുത്ത് പാചകം ചെയ്യുന്നതിന് മുമ്പ് മൂന്നുദിവസം അതിനെ കൂട്ടിൽ അടച്ചിടുകയും ശേഷം അറുക്കുകയും ചെയ്തിരുന്നു എന്ന വിവരം ഇമാം അബുൽ ഹസൻ ഇബ്നുള്ളഹ്‌ഹാകും(റ) ഇബ്നു ഉമറി(റ)ൽ നിന്ന് ഇബ്നു അദിയ്യും(റ) നിവേദനം ചെയ്തതായി കാണാം.
കോഴി കഴിക്കുന്ന ഭക്ഷണത്തിൽ ചില നിയന്ത്രണങ്ങൾ വരാനായിരിക്കാം എന്നാണ് അതിന്റെ പ്രാഥമികമായ നിഗമനം.
തിരുനബിﷺയുടെ പരിചാരകനായിരുന്ന സഫീന(റ)യിൽ നിന്ന് ഇമാം തിർമുദി(റ), അബുദാവൂദ്(റ), ബൈഹഖി(റ) എന്നിവർ നിവേദനം ചെയ്ത ഹദീസിൽ തിരുനബിﷺ ഹുബാറ(chlamidotis) പക്ഷിയുടെ മാംസം കഴിച്ചതായി കാണാം.
കൊക്കും കഴുത്തും നീണ്ട മണ്ണിന്റെ നിറമുള്ള സാധാരണയിൽ കൊക്ക് വർഗ്ഗത്തോട് ചേർന്ന് നിൽക്കുന്ന പ്രത്യേകതരം പക്ഷിയാണ് ഹുബാറ.
തിരുനബിﷺയുടെ പരിചാരകൻ അനസ് ബിൻ മാലികിൽ(റ) നിന്ന് ഇമാം ദാറഖുത്നി(റ) ഉദ്ദരിക്കുന്നു. ഒരു ദിവസം എന്റെ ഉമ്മ ഉമ്മു മുസ്ലിം(റ) പക്ഷിയുടെ മാംസം പാചകം ചെയ്തു എന്റെ കയ്യിൽ ഏൽപ്പിച്ച് നബിﷺയുടെ അടുത്തേക്ക് നിയോഗിച്ചു. നാലു കഷ്ണം റൊട്ടിയും ഒപ്പമുണ്ടായിരുന്നു. ഞാൻ തിരുനബിﷺയുടെ അടുക്കലെത്തിയപ്പോൾ അവിടുന്ന് പറഞ്ഞു. അല്ലയോ അനസേ(റ) ഒപ്പം ഇരുന്നു കഴിക്കാൻ പറ്റുന്നവരെയൊക്കെ വിളിക്കൂ.
ഹുബാറ പക്ഷിയുടെ മാംസം പാചകം ചെയ്തായിരുന്നു കൊടുത്തുവിട്ടത് എന്ന് ഈ ഹദീസിന്റെ വിശദീകരണത്തിൽ കാണാം.
എത്ര കുറഞ്ഞ ഭക്ഷണമാണെങ്കിലും ഒറ്റയ്ക്ക് കഴിക്കുന്നതിനേക്കാൾ പരമാവധി ആളുകളെ കൂട്ടി ഒപ്പം കഴിക്കുന്നതായിരുന്നു തിരുനബിﷺക്ക് ഏറ്റവുമിഷ്ടം. ഒപ്പം കഴിക്കുമ്പോഴല്ലാതെ വയറു നിറച്ച അനുഭവമില്ല എന്ന് നാം വായിച്ചു പോയിട്ടുണ്ട്. ആളുകളെ ഭക്ഷിപ്പിക്കുന്നതിന്റെ മഹത്വവും സംഘമായിരുന്നു കഴിക്കുന്നതിന്റെ പ്രത്യേകതയും ഒരേ തളികയിൽ നിന്ന് കൂടിക്കഴിക്കുന്നതിന്റെ സന്തോഷവുമൊക്കെ തിരുനബി ജീവിതത്തിൽ നിന്ന് നമുക്ക് വായിക്കാൻ കഴിയും. പരസ്പരമുള്ള ബന്ധങ്ങൾ കൂടുതൽ ധൃഢമാക്കാനും ഹൃദയങ്ങൾ ഒത്തു വരാനുമുള്ള നിമിത്തങ്ങളായി കൂടി ഇതിനെ വായിക്കാൻ കഴിയും.
മുയലിന്റെ മാംസം കഴിച്ച ഒരു നിവേദനമാണ് ഇനി നാം പരിചയപ്പെടുന്നത്.
തിരുനബിﷺയുടെ പരിചാരകനായ അനസ്(റ) തന്നെ നിവേദനം ചെയ്യുന്നു. മർറുള്ളഹ്‌റാനിൽ വച്ചു എല്ലാവരും കൂടി ഒരു മുയലിന്റെ പിന്നിൽ കൂടി. പക്ഷേ, ആർക്കും അതിനെ പിടിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ എന്റെ കയ്യിൽ അത് അകപ്പെട്ടു. ഞാൻ അത് നേരെ കൊണ്ടുവന്നു അബൂത്വൽഹ(റ)യുടെ കയ്യിൽ ഏൽപ്പിച്ചു. അദ്ദേഹം അതിനെ അറുത്തു പാചകം ചെയ്തു. ശേഷം, അതിന്റെ തുടയുടെ ഭാഗം അല്ലെങ്കിൽ മുതുകിന്റെ ഭാഗം ഞാൻ തിരുനബിﷺക്ക് കൊണ്ടുപോയി കൊടുത്തു. അവിടുന്ന് സ്വീകരിക്കുകയും ഭക്ഷിക്കുകയും ചെയ്തു. ആധികാരികമായ ആറ് ഹദീസ് ഗ്രന്ഥങ്ങളും ഈ വിവരം ഉദ്ദരിച്ചിട്ടുണ്ട്.
മഹതി ആഇശ(റ)യിൽ നിന്ന് ദാറഖുത്നി(റ) ഉദ്ദരിക്കുന്നു. ഒരിക്കൽ ഞാൻ ഉറങ്ങുന്ന സമയത്ത് തിരുനബിﷺക്ക് മുയൽ സമ്മാനമായി കിട്ടി. അതിന്റെ മുതുകുഭാഗത്തെ മാംസം എനിക്കുവേണ്ടി തിരുനബിﷺ കരുതിവച്ചു. ഉണർന്ന ശേഷം അത് അവിടുന്ന് ഭക്ഷിപ്പിക്കുകയും ചെയ്തു.
ഇബ്നു ഉമറി(റ)ൽ നിന്ന് അബുദാവൂദ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺക്ക് ഒരാൾ ഒരു മുയലിനെ സമ്മാനിച്ചു. തിരുനബിﷺ അതിന്റെ മാംസം കഴിച്ചതുമില്ല, കഴിക്കുന്നവരെ വിലക്കിയതുമില്ല. ആ മുയലിന് അപ്പോൾ രക്തവാർച്ച ഉണ്ടായിരുന്നു എന്ന് അനുബന്ധമായി അവിടുന്ന് പറയുകയും ചെയ്തു.
മുയലുമായി വന്ന കർഷകനിൽ നിന്ന് കിട്ടിയ വിവരത്തെ അടിസ്ഥാനപ്പെടുത്തിയാണ് തിരുനബിﷺ അങ്ങനെ ഒരു വിശദീകരണം നൽകിയത്. മുയലിനെ കൊണ്ടുവരുമ്പോൾ അത്രമേൽ വൃത്തിയുള്ള ഒരു അവസ്ഥയായിരുന്നില്ല എന്നതിനാൽ അതിനെ അവിടുത്തേക്ക് സ്വീകരിക്കാൻ തോന്നിയില്ല എന്ന് വേണം വായിക്കേണ്ടത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 796
ഇമാം ഹാക്കിമും(റ) ഇബ്നുസുന്നിയും(റ) അനസ് ബിൻ മാലിക്കി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. ചുട്ട ഹജൽ അഥവാ തിത്തിരിപ്പക്ഷിയുടെ മാംസം നബിﷺക്ക് സമ്മാനമായി ലഭിച്ചു. ഉടനെ തിരുനബിﷺ ഇങ്ങനെ പ്രാർത്ഥിച്ചു. നിനക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരാളെ എനിക്കൊപ്പം ഈ പക്ഷിയെക്കഴിക്കാൻ നീ എത്തിക്കേണമേ! അപ്പോൾ അലി(റ) അങ്ങോട്ട് കടന്നു വന്നു. തിരുനബിﷺ അദ്ദേഹത്തോടൊപ്പം ആ ഭക്ഷണം കഴിച്ചു.
സ്വഹാബി വര്യനായ ഹാസിമി(റ)ൽ നിന്ന് അബൂ ഇസ്ഹാഖ് അൽ മുദ്കി(റ) എന്നവർ റിപ്പോർട്ട് ചെയ്യുന്നു. ഹാസിം(റ) പറയുന്നു. മലമുകളിൽ നിന്ന് വേട്ടയാടിയ മലയാടിനേയും കൊണ്ട് ഞാൻ തിരുനബിﷺയുടെ അടുത്തെത്തി. അത് ഞാൻ അവിടുത്തേക്ക് സമ്മാനിച്ചു. തിരുനബിﷺ അത് സ്വീകരിക്കുകയും അതിൽ നിന്ന് ഭക്ഷിക്കുകയും എനിക്ക് ഒരു അദനി തലപ്പാവ് അണിയിച്ചു തരികയും ചെയ്തു. എന്നിട്ട് എന്നോട് ചോദിച്ചു. നിങ്ങളുടെ പേരെന്താണ്? ഞാൻ പറഞ്ഞു. ഹാസിം(റ). അപ്പോൾ നബിﷺ ഇങ്ങനെ പ്രതികരിച്ചു. നിങ്ങൾ ഹാസിമല്ല മുത്ത്ഇമാണ്. അഥവാ കാര്യങ്ങൾ ക്രമീകരിക്കുന്ന ആളല്ല ആളുകളെ സത്കരിക്കുന്ന ആളാണ്.
അബൂ ഖത്താദ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ദരിക്കുന്നു. അബൂ ഖത്താദ(റ) പറയുന്നു. ഞാൻ മക്കയിലേക്കുള്ള വഴിയിൽ സ്വഹാബികളിൽ ചിലർക്കൊപ്പം ഇരിക്കുകയായിരുന്നു. തിരുനബിﷺ ഞങ്ങളെക്കാൾ അല്പം മുന്നിൽ ഒരു സ്ഥലത്ത് ഇറങ്ങിയിരുന്നു. ഞാനല്ലാത്ത എല്ലാവരും ഇഹ്‌റാമിലായിരുന്നു. എന്റെ കൂട്ടുകാരുടെ ദൃഷ്ടിയിൽ ഒരു കാട്ടു കഴുത പ്രത്യക്ഷപ്പെട്ടു. ഞാനാണെങ്കിലോ ചെരുപ്പ് കുത്തി ശരിപ്പെടുത്തുന്ന തിരക്കിലായിരുന്നു. എന്നെ ബുദ്ധിമുട്ടിക്കാൻ അവർ താല്പര്യപ്പെട്ടതുമില്ല. എന്നാൽ, എന്റെ ശ്രദ്ധയിൽ പെട്ടെങ്കിൽ എന്നവർ ആഗ്രഹിക്കുകയും ചെയ്തു. അങ്ങനെയിരിക്കെ ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയതും കഴുത എന്റെ ദൃഷ്ടിയിൽ പെട്ടു. ഉടനെ ഞാൻ എന്റെ കുതിരപ്പുറത്ത് കയറി. അതിന്റെ കടിഞ്ഞാൺ പിടിച്ചു മുന്നോട്ടു നീങ്ങി. പക്ഷേ ഞാനെന്റെ ചാട്ടവാർ എടുക്കാൻ മറന്നു പോയിരുന്നു. എടുത്തു തരാൻ വേണ്ടി കൂട്ടുകാരോട് വിളിച്ചുപറഞ്ഞു. അവർ പറഞ്ഞു. നിങ്ങളെ ഇക്കാര്യത്തിൽ ഞങ്ങളൊരു സഹായവും ചെയ്യുകയില്ല. എനിക്ക് വളരെ ദേഷ്യം വന്നു. ഞാൻ തന്നെ താഴെയിറങ്ങി സാധനങ്ങളെടുത്ത് വീണ്ടും കുതിരപ്പുറത്ത് കയറി. വേട്ട മൃഗത്തിന്റെ പിന്നിൽ കൂടി. വേട്ടയാടി കൊണ്ടുവന്ന് പാചകം ചെയ്തു. അപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കാൻ വന്നു. കഴിച്ചു കഴിഞ്ഞപ്പോൾ എല്ലാവർക്കും ഒരു സംശയം. ഇഹ്റാമിൽ ആയിരിക്കെ ഇത് കഴിക്കാൻ പറ്റുമോ? തോളിന്റെ ഭാഗത്തെ അല്പം മാംസം ഞാൻ കയ്യിൽ കരുതിയിരുന്നു. ഞങ്ങളെല്ലാവരും കൂടി തിരുനബിﷺയുടെ അടുക്കലേക്ക് ചെന്നു. കാര്യങ്ങളൊക്കെ വിശദീകരിച്ചിട്ട് വേട്ടയാടി കൊണ്ടുവന്ന മൃഗത്തെ കഴിക്കാമോ എന്ന കാര്യം നബിﷺയോട് ചോദിച്ചു. അപ്പോൾ അവിടുന്ന് തിരിച്ചു ചോദിച്ചു. നിങ്ങൾ അതിൽ നിന്ന് എന്തെങ്കിലും കയ്യിൽ കരുതിയിട്ടുണ്ടോ?കൈവശമുണ്ടായിരുന്നത് ഞാൻ തിരുനബിﷺക്ക് നൽകുകയും അവിടുന്ന് അത് കഴിക്കുകയും ചെയ്തു. തിരുനബിﷺയും ഇഹ്റാമിലായിരുന്നു.
ഇസ്ലാമിലെ സമീപനങ്ങളും നിയമങ്ങളും രൂപപ്പെട്ടുവന്നതിന്റെ ഒരു ചിത്രം കൂടിയാണിത്. നബി ജീവിതത്തിൽ നിന്നുള്ള പകർപ്പുകളാണ് ഇസ്ലാമിക അനുഷ്ഠാനങ്ങളുടെ മുഴുവനും അടിസ്ഥാനം. ഇഹ്‌റാമിൽ അഥവാ ഹജ്ജിനോ ഉംറക്കോ വേണ്ടി സവിശേഷമായ നിയ്യത്ത് നിർവഹിച്ചു ചിട്ടകളിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ വേട്ടയാടൽ നിഷിദ്ധമാണ്. അതുകൊണ്ടാണ് വേട്ട മൃഗത്തെ കണ്ടപ്പോൾ വേട്ടയാടുകയോ വേട്ടയ്ക്ക് പോകുന്നയാൾക്ക് ആയുധമെടുത്തു കൊടുക്കുകയോ ചെയ്യാൻ സ്വഹാബികൾ മുതിരാതിരുന്നത്. എന്നാൽ വേട്ടയാടി പിടിച്ച ഇരയെ കഴിക്കാൻ പറ്റുമോ? അത് മറ്റൊരു പ്രശ്നമാണ്. പ്രഥമദൃഷ്ട്യാ കുഴപ്പമില്ലെന്ന് കണ്ടപ്പോൾ സ്വഹാബികൾ അത് സ്വീകരിച്ചു. എന്നാൽ, അതിന്റെ കൃത്യത വരുത്താനും നിവാരണം നടത്താനും തിരുനബിﷺയെ സമീപിച്ചു. അവിടുന്ന് അവിടുത്തെ ജീവിതം കൊണ്ട് അതിന്റെ നിയമം അവർക്ക് കാണിച്ചുകൊടുത്തു.
നബി ജീവിതത്തിന്റെ ഓരോ അടരുകളും നിയമനിർമ്മാണത്തിന്റെ പാഠശാലകളായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 797
അബൂബക്കർ ബിൻ അഹ്മദ് ബിൻ മർവാൻ അൽ മാലികി(റ) അദ്ദേഹത്തിന്റെ അൽ മുജാലസ എന്ന ഗ്രന്ഥത്തിൽ പറയുന്നു. സഅദ് ബിൻ ഉബാദ(റ) എന്നവർ ഒരു ജവന നിറയെ തലച്ചോറും ഒരു പാത്രവുമായി നബിﷺയുടെ സന്നിധിയിൽ വന്നു. നബിﷺ അദ്ദേഹത്തോട് ചോദിച്ചു. അല്ലയോ അബൂ സാബിത്തെ(റ) എന്താണിത്. സത്യ സന്ദേശവുമായി തങ്ങളെ നിയോഗിച്ച അല്ലാഹു സത്യം! ഞാൻ 40 മൃഗങ്ങളെ അറുത്തു. അപ്പോൾ അവകളുടെ തലച്ചോറ് തങ്ങൾക്ക് വയറു നിറയാൻ മാത്രം തരാമെന്ന് ഞാൻ വിചാരിച്ചു. തിരുനബിﷺ അത് സ്വീകരിക്കുകയും ഭക്ഷിക്കുകയും ചെയ്തു. ശേഷം അദ്ദേഹത്തിന്റെ നന്മയ്ക്ക് വേണ്ടി തിരുനബിﷺ പ്രാർത്ഥിച്ചു. ഇബ്രാഹീം ബിൻ ഹബീബ്(റ) പറഞ്ഞു. ഹാറൂൻ റശീദി(റ)ന്റെ മാതാവ് ഖൈസുറാനോ(റ)ട് ആരോ ഈ ഹദീസ് പറഞ്ഞു കൊടുത്തു. അപ്പോൾ അവർ സഅദ് ബിനു ഉബാദ(റ)യുടെ മകന് അവരുടെ സ്വത്തിൽ നിന്ന് ഒരു വിഹിതം നൽകി. തിരുനബിﷺക്ക് മേൽ സമ്മാനം കൊടുത്തതിന് സ്വഹാബിയുടെ മകന് സമ്മാനം എന്ന നിലക്കായിരുന്നു അത് നൽകിയത്.
അറുക്കപ്പെട്ട മൃഗങ്ങളുടെ തലച്ചോർ പാചകം ചെയ്ത് കഴിക്കാമോ എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഈ സംഭവം. പ്രവാചക ജീവിതത്തെ പകർന്നു കൊടുക്കുമ്പോൾ അത് അനുഭവിച്ചവരും സാക്ഷിയായവരും ഇപ്രകാരമാണ് പിൻഗാമികൾക്ക് പറഞ്ഞുകൊടുത്തത് എന്നതിന്റെ ഒരുദാഹരണം കൂടിയാണിത്. നിവേദന പരമ്പരയിൽ ഒഴിവുകൾ വരാതിരിക്കാൻ എത്രമേൽ ശ്രദ്ധാപൂർവ്വമാണ് നിവേദകന്മാർ കൈകാര്യം ചെയ്യുന്നത് എന്നതിന്റെ ശൈലി കൂടി നമുക്ക് ഇതിൽനിന്ന് ബോധ്യമാകും. തിരുനബിﷺക്ക് സമ്മാനം നൽകിയവർക്ക് സമ്മാനം നൽകാൻ ലഭിച്ച ഒരു അവസരം എന്ന നിലയിലായിരുന്നു ഖൈസുറാൻ(റ) സഅദ് ബിൻ ഉബാദ(റ)ക്ക് സമ്മാനം നൽകിയത്. അക്കാലത്തെ ആളുകളുടെ ഹൃദയങ്ങളിൽ നിറഞ്ഞുനിന്നിരുന്ന നബി സ്നേഹത്തിന്റെ ഒരു അടയാളം കൂടിയാണിത്.
അബുൽഹസൻ അൽ ബലാദുരി(റ) നിവേദനം ചെയ്യുന്നു. ഉമ്മു അയ്യൂബ്(റ) എന്നവരോട് ഒരാൾ ഒരിക്കൽ ചോദിച്ചു. തിരുനബിﷺക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഭക്ഷണം ഏതായിരുന്നു? തിരുനബിﷺ ഏതെങ്കിലും ഭക്ഷണം ഉണ്ടാക്കാനായി കല്പിച്ചതോ ഏതെങ്കിലും ഭക്ഷണത്തെ കുറ്റം പറഞ്ഞതോ എനിക്കറിയില്ല. എന്നാൽ അബു അയ്യൂബ്(റ) അഥവാ അവരുടെ ഭർത്താവ് അവരോട് പറഞ്ഞുവത്രേ. ഒരിക്കൽ അത്താഴത്തിന് സഅദ് ബിനു ഉബാദ(റ) കൊടുത്തുവിട്ട ഭക്ഷണം കഴിക്കാൻ തിരുനബിﷺയോടൊപ്പം അദ്ദേഹവുമുണ്ടായിരുന്നു. തുഫായശൽ എന്ന ഒരുതരം കറിയായിരുന്നുവത്രെ അത്. തിരുനബിﷺ അത് നന്നായി കഴിക്കുന്നത് കണ്ടു. അത്രമേൽ താല്പര്യത്തോടെ മറ്റൊരു ഭക്ഷണവും തിരുനബിﷺ കഴിക്കുന്നതായി ഞാൻ കണ്ടിട്ടില്ല. ഞങ്ങളും അതുപോലെതന്നെ താല്പര്യത്തോടെ നന്നായി ആ ഭക്ഷണം കഴിച്ചു.
പ്രകൃതിപരമായി മനുഷ്യനിൽ ഉണ്ടാകുന്നതാണ് ഒരു വിഭവത്തോടുള്ള താൽപര്യവും താല്പര്യക്കുറവുമൊക്കെ. എന്നാൽ, ആ പ്രകൃതിയെ പോലും തിരുനബിﷺക്ക് വേണ്ടി പാകപ്പെടുത്തുന്ന ശൈലിയാണ് സ്വഹാബികളുടെ ജീവിതത്തിൽ നിന്ന് നാം കാണുക. നബി ജീവിതത്തെ എത്രമേൽ സൂക്ഷ്മമായിട്ടാണ് സ്വഹാബികൾ പിന്തുടർന്നത് എന്നും, ഏറ്റവും അനുധാവനം ചെയ്യപ്പെടേണ്ട ജീവിതത്തെ പ്രഥമ സമൂഹമായ സ്വഹാബികൾ കൃത്യമായി ഏറ്റെടുത്ത് കൈമാറിത്തന്നുവെന്നും ഓരോ നിവേദനങ്ങളും നമ്മെ ബോധ്യപ്പെടുത്തുന്നു.
ഒരു നേതാവിന്റെ ജീവിതത്തിൽ സാധാരണ ഉപയോഗിച്ച ഭക്ഷണത്തെക്കുറിച്ചല്ല, മറിച്ച് അതിസൂഷ്മമായി അവിടുത്തെ തളികയും അതിലെ വിഭവങ്ങളും അവിടുന്ന് ഏറ്റവും ആസ്വദിച്ചു കഴിച്ച ഭക്ഷണവും താല്പര്യമില്ലാതെ വിട്ടുനിന്ന ഭക്ഷണവും എന്നിങ്ങനെ വേർതിരിച്ചുകൊണ്ട് സംസാരിക്കാൻ മാത്രം വൈജ്ഞാനിക വിഭവങ്ങൾ ഇന്നും ലഭിക്കണമെങ്കിൽ ആ ജീവിതത്തെ എത്ര മേൽ കൃത്യമായി പകർത്തി വച്ചിരിക്കുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 798
മത്വർ അൽ വർറാഖ്(റ) എന്നവർ നിവേദനം ചെയ്യുന്നു. കൊമ്പ് വെക്കൽ ചികിത്സ സ്വീകരിച്ചു കഴിഞ്ഞാൽ അവിടുത്തേക്ക് വേണ്ടി ഹരീസ എന്ന പലഹാരം ഉണ്ടാക്കാറുണ്ടായിരുന്നു. ഉമ്മു അയ്യൂബി(റ)ൽ നിന്ന് ഇമാം ബലാദുരി(റ) നിവേദനം ചെയ്യുന്നു. ഞങ്ങൾ തിരുനബിﷺക്ക് വേണ്ടി ഹരീസ എന്ന പലഹാരം ഉണ്ടാക്കാറുണ്ടായിരുന്നു. അവിടുത്തേക്ക് അത് വലിയ താല്പര്യമായിരുന്നു. തിരുനബിﷺയോടൊപ്പം അത്താഴത്തിന് അഞ്ചു മുതൽ 10 വരെ ആളുകൾ ഉണ്ടാകാറുണ്ടായിരുന്നു.
മുഹമ്മദ് ബിനു ഉമർ അൽ അസ്ലമി(റ) പറയുന്നു. തിരുനബിﷺ വാദി അൽ ഖുറ എന്ന പ്രദേശത്ത് എത്തിയപ്പോൾ ബനൂ അരീള് അൽ യഹൂദി എന്നയാൾ തിരുനബിﷺക്ക് ഹരീസ സമ്മാനമായി നൽകി. തിരുനബിﷺ അവർക്ക് 40 വസഖ് അഥവാ അറുപതു സാഅ് ധാന്യം നൽകി. അതവർക്ക് തുടരുകയും ചെയ്തു. അപ്പോൾ യഹൂദികളിലെ ഒരു സ്ത്രീ പറഞ്ഞു. മുഹമ്മദ് നബിﷺ അവർക്ക് നൽകിയത് അവർക്ക് അനന്തരമായി കിട്ടിയ സമ്പത്തിനേക്കാൾ മെച്ചപ്പെട്ടതാണ്. ഇത് അന്ത്യനാൾ വരെ അവർക്ക് തുടരുന്നതുമാണ്.
അസ്‌അദ് ബിൻ സുറാറ(റ) പറയുന്നു. അദ്ദേഹം ഇടവിട്ട രാത്രികളിൽ തിരുനബിﷺക്ക് ഹരീസ എന്ന പലഹാരം കൊണ്ടുവന്നു കൊടുക്കുമായിരുന്നു. അത് പ്രതീക്ഷിക്കപ്പെടുന്ന രാത്രികളിൽ തിരുനബിﷺ ചോദിക്കും അസ്‌അദി(റ)ന്റെ തളിക വന്നില്ലേ എന്ന്. എത്തിയെന്ന് അറിഞ്ഞാൽ അത് കൊണ്ടുവരാൻ ആവശ്യപ്പെടും. തങ്ങൾക്ക് ആ പലഹാരത്തോട് വലിയ താല്പര്യമായിരുന്നു എന്നാണ് ഇത് മനസ്സിലാക്കിത്തരുന്നത്.
ഹരീസ എന്ന പലഹാരത്തോട് നബിﷺക്ക് പ്രത്യേകം താൽപര്യവും സന്തോഷവുമായിരുന്നു. ആ വിഭവത്തിനു വേണ്ടി കാത്തിരിക്കുകയും ലഭിച്ചാൽ ആസ്വദിച്ചു കൊണ്ട് കഴിക്കുകയും ചെയ്യും. കരുതിവെച്ചു കൊണ്ടുവന്നു കൊടുക്കുക എന്നത് സഹാബികൾ ചിലരുടെ ശീലവുമായിരുന്നു.
എത്രയെല്ലാം കൗതുകം നിറഞ്ഞതും വേറിട്ടതുമായ വിശേഷങ്ങളാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഹീസ് അഥവാ നെയ്യ് ചേർത്ത കാരക്കയും നെയ്യും പഞ്ചസാരയും ചേർത്ത വത്തീഅതും നബിﷺയുടെ തളികയിൽ ഉണ്ടായിരുന്നതിനെ കുറിച്ചാണ് ഇനി നാം വായിക്കുന്നത്.
മഹതിയായ ആഇശ(റ)യിൽ നിന്ന് ഇമാം ഹുമൈദി(റ) ഉദ്ദരിക്കുന്നു. ഒരിക്കൽ തിരുനബിﷺ വന്നിട്ട് ചോദിച്ചു. വല്ല ഭക്ഷണവുമുണ്ടോ? അതെ എന്ന് പറഞ്ഞു. ഒരു ബൗളിൽ ഹൈസ് കൊണ്ടുവന്നു കൊടുത്തു. അവിടുത്തെ തിരുകരം കൊണ്ട് അതെടുത്തു ഭക്ഷിച്ചു. മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ്. ഞങ്ങൾക്ക് ഹൈസ് സമ്മാനമായി ലഭിച്ചു. അതിൽനിന്ന് ഞാൻ തിരുനബിﷺക്ക് വേണ്ടി കരുതിവെച്ചു. കാരണം അവിടുത്തേക്ക് അത് വലിയ ഇഷ്ടമായിരുന്നു. നബിﷺ വന്നപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞു. നമുക്ക് ഹൈസ് ഗിഫ്റ്റ് ആയി കിട്ടിയതാണ്. ഞാനിതാ അവിടുത്തേക്ക് വേണ്ടി കരുതിവെച്ചു കൊണ്ടുവന്നതാണ്. അപ്പോൾ നബിﷺ പറഞ്ഞു. അത് ഇങ്ങോട്ട് ഒന്ന് നീക്കി വെക്കൂ. ഞാൻ രാവിലെ സുന്നത്ത് നോമ്പ് ഉദ്ദേശിച്ചിരുന്നെങ്കിലും ഇപ്പോൾ ഇത് കഴിക്കുകയാണ്. സുന്നത്ത് നോമ്പ് സുന്നത്തായ ധർമ്മം പോലെയാണ്. വേണമെങ്കിൽ കൊടുക്കാം അല്ലെങ്കിൽ കരുതിവെക്കാം.
അബ്ദുല്ലാഹിബ്നു ബിശ്റി(റ)ൽ നിന്ന് ഇമാം മുസ്ലിമും(റ) തിർമിദി(റ)യും ഉദ്ദരിക്കുന്നു. ഒരിക്കൽ തിരുനബിﷺ എന്റെ വാപ്പയുടെ അടുക്കലേക്ക് വന്നപ്പോൾ ഭക്ഷണവും വത്തീഅതും നൽകി സൽക്കരിച്ചു.
ഉത്ബാനു ബിൻ മാലിക്കി(റ)ൽ നിന്ന് ഇമാം മുസ്ലിം(റ) ഉദ്ദരിക്കുന്നു. ഞാൻ തിരുനബിﷺയോട് എന്റെ കാഴ്ചക്കുറവിനെ കുറിച്ച് പറഞ്ഞു. തുടങ്ങിയുള്ള ദീർഘമായ ഹദീസിന്റെ അവസാനത്തിൽ ഇങ്ങനെ കാണാം. ഞങ്ങൾ തിരുനബിﷺക്ക് വേണ്ടി ഉണ്ടാക്കിയ ജശീശ അഥവാ ഗോതമ്പും മാംസവും ചേർത്ത് ഉണ്ടാക്കുന്ന ഭക്ഷണം കഴിച്ചിട്ട് പോകുന്നതിനു വേണ്ടി നബിﷺയെ തടഞ്ഞു നിർത്തി. അതായത് കഴിച്ചിട്ടേ പോകാവൂ എന്ന് ഞങ്ങൾ നിർബന്ധിച്ചു സൽക്കരിച്ചു.
തിരുനബിﷺയുടെ ജീവിതത്തിന്റെ അരമനകളെ കലർപ്പില്ലാത്ത അനുഭവങ്ങളായി പകർത്തുമ്പോഴാണ് ഇങ്ങനെയുള്ള സന്ദർഭങ്ങളും പ്രയോഗങ്ങളുമൊക്കെ നമുക്ക് വായിക്കാൻ കഴിയുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 799
തിരുനബിﷺയുടെ വിമോചിത അടിമ സൽമ(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ദരിക്കുന്നു. മഹതി പറയുന്നു. ഞാൻ തഹരീറ അഥവാ ഒരുതരം മൊറോക്കൻ പാരമ്പര്യ സൂപ്പ് തിരുനബിﷺക്ക് വേണ്ടി പാചകം ചെയ്തു കൊടുത്തു. നബിﷺ അതിൽ നിന്ന് ഭക്ഷിച്ചു. ഒപ്പമുണ്ടായിരുന്ന സ്വഹാബികളും അതിൽ നിന്ന് കഴിച്ചു. അപ്പോൾ അതുവഴി കടന്നുവന്ന ഒരു ഗ്രാമീണനായ അറബിയെയും നബിﷺ ഈ ഭക്ഷണത്തിലേക്ക് ക്ഷണിച്ചു. ശേഷിച്ചത് മുഴുവനും ഒന്നാകെ എടുക്കാൻ അദ്ദേഹം ഒരുങ്ങിയപ്പോൾ, അത് അവിടെവെച്ച് ബിസ്മി ചൊല്ലി, പാത്രത്തിൽ അദ്ദേഹത്തോട് അടുത്ത ഭാഗത്തുനിന്ന് കഴിക്കാൻ പറഞ്ഞു. അദ്ദേഹം വയറുനിറയെ കഴിക്കുകയും പിന്നെയും അല്പം അതിൽ ശേഷിക്കുകയും ചെയ്തു.
ഇമാം അഹ്മദ്(റ) അബ്ദുല്ലാഹിബ്നു ബുസ്റി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺയെ ഭക്ഷണത്തിന് ക്ഷണിച്ചു കൊണ്ടുവരാൻ ഒരിക്കൽ എന്റെ പിതാവ് എന്നെ അയച്ചു. തിരുനബിﷺ എന്നോടൊപ്പം വരികയും ഞങ്ങൾ വീടിന്റെ അടുത്തെത്തിയപ്പോൾ, ഞാൻ വീട്ടിലേക്ക് ഓടിച്ചെന്ന് തിരുനബിﷺയുടെ ആഗമനം വാപ്പയെയും ഉമ്മയെയും അറിയിച്ചു. അവർ തിരുനബിﷺയെ നന്നായി സ്വീകരിക്കുകയും സ്വാഗതം ചെയ്യുകയും ചെയ്തു. സുബൈരി പ്രദേശത്തുണ്ടാക്കിയ ഒരു വിരിപ്പ് വീട്ടിലുണ്ടായിരുന്നു. അത് തിരുനബിﷺക്ക് വേണ്ടി വിരിച്ചുകൊടുത്തു. എന്നിട്ട് നബിﷺ തങ്ങൾക്ക് ഒരു ഭക്ഷണ തളിക കൊണ്ട് വച്ചു. ഗോതമ്പുമാവിൽ വെള്ളവും ഉപ്പും ചേർത്ത് അസീദ എന്ന ഒരുതരം വിഭവം വിളമ്പി കൊടുത്തു.
ഓരോ ഭാഗത്ത് നിന്ന് എല്ലാവരും കഴിച്ചു കൊള്ളാൻ തിരുനബിﷺ സദസ്സിലുള്ളവരോട് പറഞ്ഞു. കൂനയുള്ള ഭാഗത്തുനിന്ന് ആരും എടുക്കരുതെന്നും പാർശ്വങ്ങളിൽ നിന്ന് കഴിച്ചുകൊള്ളാനും തിരുനബിﷺ നിർദ്ദേശിച്ചു. പാർശ്വങ്ങളിലാണ് കൂടുതൽ അനുഗ്രഹമെന്നും അല്ലാഹുവിന്റെ നാമത്തിൽ ഭക്ഷിച്ചുകൊള്ളാനും അവിടുന്ന് പഠിപ്പിച്ചു. ഞങ്ങളും തിരുനബിﷺയും നന്നായി ഭക്ഷണം കഴിച്ചു. ശേഷം, അതിൽ നിന്നല്പം മിച്ചം വന്നു. അല്ലാഹുവേ അവർക്ക് നീ പൊറുത്തു കൊടുക്കേണമേ. കാരുണ്യവും അനുഗ്രഹവും ചൊരിയേണമേ! അവരുടെ വിഭവങ്ങളിൽ നീ വിശാലത ചെയ്യേണമേ! എന്നിങ്ങനെ തിരുനബിﷺ പ്രാർത്ഥിച്ചു.
തിരുനബിﷺയുടെ സുപ്രയിലുണ്ടായിരുന്ന വിഭവത്തോടൊപ്പം തന്നെ അനുയായികളോടും അവരുടെ കുടുംബങ്ങളോടുമുണ്ടായിരുന്ന സഹവാസത്തിന്റെ മനോഹരമായ ഒരു ചിത്രം കൂടിയാണ് നാം വായിച്ചത്. എത്രപാവപ്പെട്ടവരുടെയും ക്ഷണം സ്വീകരിക്കുകയും അവരോടൊപ്പമിരുന്ന് കഴിക്കുകയും, ഭക്ഷണം കഴിച്ചാൽ ഉടനെ എഴുന്നേറ്റു പോകുന്നതിന് പകരം ഭക്ഷണം ഒരുക്കിയവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും, ഇതെല്ലാം തിരുനബിﷺയുടെ ചര്യയിൽ പെട്ടതാണ്. ഭക്ഷണം തന്നവർക്ക് വേണ്ടി പ്രാർത്ഥിക്കുക എന്നത് അല്ലാഹുവിനും അവന്റെ സൃഷ്ടികളിൽ നിന്ന് നമുക്ക് ഭക്ഷണം വിളമ്പിതന്നവർക്കും രേഖപ്പെടുത്തുന്ന നന്ദി കൂടിയാണ്. നന്ദി ചെയ്യുവോളം അല്ലാഹു വീണ്ടും അനുഗ്രഹം ഏറ്റി തരുമെന്നും നന്ദികെട്ടവരായാൽ ശിക്ഷയ്ക്ക് അത് നിമിത്തമാകുമെന്നും അല്ലാഹു തന്നെ പഠിപ്പിച്ചിട്ടുള്ള കാര്യമാണ്.
ഓജീനിച്ചാൽ ദുആ എന്നപേരിൽ സജ്ജനങ്ങളായ മുൻഗാമികൾ സവിശേഷമായി തന്നെ ഭക്ഷണത്തിനുശേഷം സദ്യ ഒരുക്കിയവർക്ക് വേണ്ടി പ്രാർത്ഥിക്കുമായിരുന്നു. അത് സൽക്കാരം സ്വീകരിച്ചവർക്കും നൽകിയവർക്കും അനുഗ്രഹം ലഭിക്കാനുള്ള ഒരു മാർഗമാണ്. വേണ്ടത്ര ബോധ്യം ഇല്ലാത്ത ചിലയാളുകൾ ഇത്തരം ആചാരങ്ങളെ പോലും ചെറുതായോ അപരിഷ്കൃതമായോ കാണാറുണ്ട്. ഏതൊരു ഉപകാരം ചെയ്യുന്നവരോടും നന്ദിപൂർവം പ്രതികരിക്കണമെന്നാണ് തിരുനബിﷺയുടെ അധ്യാപനം. ഉപഹാരം നൽകുന്നവർക്ക് പ്രത്യുപഹാരം നൽകുന്ന ജീവിതശൈലി ആണല്ലോ അവിടുന്ന് പഠിപ്പിച്ചത്. ഒരു ഉപകാരം ചെയ്തവർക്ക് അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്നതിനേക്കാൾ തിരിച്ചുനൽകാൻ നമ്മുടെ പക്കൽ എന്താണുള്ളത്!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 800
ഹൈസിൽ നിന്നും റൊട്ടിയിൽ നിന്നുമുള്ള സരീദ് തിരുനബിﷺക്ക് വളരെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നു. തിരുനബിﷺയോടൊപ്പം ജാബിർ(റ) ഉണ്ടായിരുന്ന സമയത്ത് സരീദ് ലഭിച്ചതും അതിന്റെ പാർശ്വങ്ങളിൽ നിന്ന് കഴിച്ചുകൊള്ളാൻ തിരുനബിﷺ നിർദേശിച്ചതും ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ബഗവി(റ) ഉദ്ധരിച്ചിട്ടുണ്ട്.
സൈദ് ബിൻ സാബിത്(റ) പറയുന്നു. തിരുനബിﷺ മദീനയിലേക്ക് വന്നതിനുശേഷം അവിടുത്തെ ഭവനത്തിലേക്ക് ആദ്യമായി ഒരു സമ്മാനവുമായി എത്തിയത് ഞാനാണ്. റൊട്ടിയും നെയ്യും ചേർത്തുണ്ടാക്കിയ സരീദ് പലഹാരം നിറച്ച ഒരു പാത്രമായിരുന്നു. എന്റെ ഉമ്മ നൽകിയതാണെന്ന് പറഞ്ഞു അവിടുത്തെ സന്നിധിയിൽ വെച്ചു. ഒപ്പമുണ്ടായിരുന്ന സ്വഹാബികളെയും കൂട്ടി തിരുനബിﷺ അത് ഭക്ഷിച്ചു. എനിക്കും എന്റെ മാതാവിനും വേണ്ടി പ്രത്യേകം അവിടുന്ന് പ്രാർഥിക്കുകയും ചെയ്തു.
വാസിലത് ബിൻ അസ്‌ഖഅ്(റ) പറയുന്നു. ഞാൻ അഹ്‌ലുസ്സുഫ്ഫയിൽ പെട്ട ആളായിരുന്നു. ഒരു ദിവസം ഒരു റൊട്ടിക്കഷ്ണം കൊണ്ടുവരാൻ അവിടുന്ന് എന്നോട് ആവശ്യപ്പെട്ടു. അതൊരു പാത്രത്തിൽ പൊടിച്ചിട്ട് ചൂട് വെള്ളമൊഴിച്ചു. ശേഷം, നെയ്യും ചേർത്തു കുഴച്ചു മയപ്പെടുത്തി കൂന പോലെയാക്കി. എന്നിട്ട് വാസില(റ)യോട് പറഞ്ഞു. നിങ്ങൾ അടക്കം പത്താളുകൾ വരൂ. പറഞ്ഞത് പ്രകാരം ഞാൻ കൂട്ടുകാരെയും കൂട്ടി വന്നു.
തബൂഖിലെ നസാറാക്കൾ ഉണ്ടാക്കിയ പാൽക്കട്ടി തിരുനബിﷺക്ക് സമ്മാനമായി ലഭിച്ചു. ഇത് അഗ്നി ആരാധകർ ഉണ്ടാക്കുന്ന ഭക്ഷണമാണല്ലോ എന്ന് പറഞ്ഞിട്ട് തിരുനബിﷺ കത്തി വാങ്ങി അല്ലാഹുവിന്റെ നാമം ചൊല്ലി മുറിച്ചു. ഇബ്നു ഉമറി(റ)ൽ നിന്ന് അബുദാവൂദും(റ) മറ്റും ഈ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ത്വയാലിസി(റ) ഇപ്രകാരം റിപ്പോർട്ട് ചെയ്തത് കാണാം. മക്കാ വിജയത്തിന്റെ ദിവസം തിരുനബിﷺ പാൽക്കട്ടി കണ്ടപ്പോൾ ചോദിച്ചു. ഇതെന്താണ്? അനറബ് ദേശത്തെ ആളുകൾ ഉണ്ടാക്കുന്ന ഭക്ഷണമാണെന്ന് മറുപടി നൽകി. കത്തിയെടുത്ത് ബിസ്മി ചൊല്ലി മുറിച്ച് കഴിച്ചുകൊള്ളാൻ തിരുനബിﷺ പറഞ്ഞു.
ഉത്ബാൻ ബിൻ മാലിക്കി(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും ബാർഖാനി(റ)യും ഉദ്ദരിക്കുന്നു. അദ്ദേഹം പറയുന്നു. എന്റെ കാഴ്ച കുറഞ്ഞു. നാട്ടിലുണ്ടായ ഒരു പ്രളയത്തെ തുടർന്ന് പള്ളിയിലേക്കുള്ള വഴി തടസ്സമാവുകയും ചെയ്തു. ഇനി എല്ലാ നേരവും ജമാഅത്തിന് പള്ളിയിൽ എത്തൽ എനിക്ക് പ്രയാസമായി. ഞാൻ തിരുനബിﷺയുടെ അടുക്കൽ ചെന്നു പറഞ്ഞു. അവിടുന്ന് എന്റെ വീട്ടിലേക്ക് വന്നു എനിക്കുവേണ്ടി പ്രത്യേകമായ ഒരു മുസ്വല്ലയിൽ നിസ്കരിച്ചു തന്നാൽ പള്ളിയിൽ വരാൻ തടസ്സമുള്ള എനിക്ക് ആ സ്ഥലത്തു നിസ്കരിക്കാമായിരുന്നു. നബിﷺ അത് നിർവഹിച്ചു തരാമെന്ന് സമ്മതിച്ചു. നേരം വെളുത്ത് കുറച്ചു കഴിഞ്ഞപ്പോൾ നബിﷺയും സിദ്ദീഖും(റ) വീട്ടിലേക്ക് വന്നു. വീട്ടിലേക്ക് കടക്കാൻ സമ്മതം ചോദിക്കുകയും ഞാൻ സമ്മതം നൽകുകയും ചെയ്തു. എവിടെയെങ്കിലും ഒന്ന് ഇരിക്കുന്നതിന് മുമ്പ് തിരുനബിﷺ ചോദിച്ചു. ഞാൻ ഇവിടെ എവിടെയാണ് നിങ്ങൾക്ക് വേണ്ടി നിസ്കരിച്ചു തരേണ്ടത്. ഞാൻ മുസ്വല്ല ആക്കാൻ ഉദ്ദേശിച്ച സ്ഥലം കാണിച്ചുകൊടുത്തു. തിരുനബിﷺ ആ സ്ഥലത്തേക്ക് നീങ്ങി നിന്ന് നിസ്കാരം ആരംഭിച്ചു. ഞങ്ങൾ പിന്നിൽ അണിനിരന്നു. നിസ്കാരം നിർവഹിച്ച ശേഷം അവിടുത്തേക്ക് വേണ്ടി ‘ഖസീറ’ എന്ന പലഹാരം പാചകം ചെയ്തു കൊടുത്തു. അത് കഴിച്ചിട്ടേ പോകാവൂ എന്ന് നബിﷺയോട് ആവശ്യപ്പെട്ടു. മാംസം ചെറിയ കഷ്ണങ്ങളായി കൊത്തിയരിഞ്ഞ് നല്ല വെള്ളവും ഉപ്പും ചേർത്ത് പാചകം ചെയ്യും. നല്ലതുപോലെ തിളച്ചു കഴിയുമ്പോൾ അതിൽ ധാന്യ പൊടിയിട്ട് ഇളക്കും. കുഴച്ചു പാകമാക്കിയ ശേഷം കറിയും കൂട്ടി ഭക്ഷിക്കും. ഇതായിരുന്നു ‘ഖസീറ’.
വിഭവങ്ങളും സദ്യകളും വിളമ്പിയവരും ഒപ്പം കഴിച്ചവരും അതിന്റെ പരിസരങ്ങളിലുണ്ടായ സംഭവങ്ങളുമെല്ലാം ചേർത്തുവച്ചുകൊണ്ട് ഒരു വ്യക്തിയെ വായിച്ചു കൊണ്ടിരിക്കുക. എത്ര കൗതുകകരമായ ഒരു അധ്യായമാണിത്! ചരിത്രത്തിൽ എത്ര ആളുകളെ കുറിച്ച് ഇങ്ങനെയൊക്കെ പറയാനുണ്ടാകും! അല്ല, വേറെ ആരെക്കുറിച്ച് ഇങ്ങനെയുണ്ടാകും! ഇല്ല, പുണ്യ നബിﷺയുടെ ചരിത്രത്തിനു മാത്രമേ ഇത്തരം അധ്യായങ്ങളുള്ളൂ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 801
ഈത്തപ്പഴവും തൈരും ഒരുമിച്ചു തിരുനബിﷺ കഴിക്കുമായിരുന്നു. നല്ല ജോഡിയാണ് ഈ ഭക്ഷണം എന്ന് ഈ കോമ്പോ ഭക്ഷണത്തെ പ്രശംസിക്കുകയും ചെയ്തിരുന്നു. ചില സ്വഹാബികളിൽ നിന്ന് ഇമാം അഹ്മദ്(റ) ഈ സംഭവം ഉദ്ദരിച്ചിട്ടുണ്ട്. ഈ സംയുക്ത ഭക്ഷണത്തെ മെച്ചപ്പെട്ട ജോഡി എന്ന് തിരുനബിﷺ പറഞ്ഞതായി മഹതി ആഇശ(റ) റിപ്പോർട്ട് ചെയ്ത ഹദീസ് ഇമാം ഹാക്കിം(റ) നിവേദനം ചെയ്തു.
അബ്ദുല്ലാഹിബിന് അലി(റ) എന്നവരിൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ദരിക്കുന്നു. അദ്ദേഹത്തിന്റെ മാതാ മഹി പറഞ്ഞുവത്രേ. അലി(റ)യുടെ മകൻ ഹസ്സൻ(റ), അബ്ബാസി(റ)ന്റെ മകൻ അബ്ദുല്ലാഹ്(റ), ജഅ്ഫറി(റ)ന്റെ മകൻ അബ്ദുല്ലാഹ്(റ) എന്നിവർ എന്റെ അടുത്ത് വന്നു പറഞ്ഞു. തിരുനബിﷺക്ക് താല്പര്യമുണ്ടായിരുന്ന ഭക്ഷണം ഞങ്ങൾക്കൊന്ന് ഉണ്ടാക്കിത്തരൂ. അപ്പോൾ മഹതി ഹസനോ(റ)ട് പറഞ്ഞു. ഇപ്പോഴത്തെ കാലത്ത് നിങ്ങൾക്ക് അതൊന്നും ഇഷ്ടപ്പെടില്ല. എന്നിട്ട് കുറച്ചു ഗോതമ്പിന്റെ പൊടി എടുത്തു. അതിന്റെ ഉമി നീക്കി പാചകം ചെയ്തു. റൊട്ടിയാക്കി ചട്ടിയിൽ വെച്ചു. അതിൽ അല്പം ഒലിവ് എണ്ണയും കുരുമുളകും ചേർത്തു. ശേഷം, അവരുടെ മുന്നിലേക്ക് വച്ചുകൊടുത്തു കൊണ്ട് പറഞ്ഞു. ഇതാ ഈ ഭക്ഷണമായിരുന്നു തിരുനബിﷺ താൽപര്യപൂർവം സ്വീകരിക്കുകയും കഴിക്കുകയും ചെയ്തിരുന്നത്.
മഹതിയോട് വന്നു ചോദിച്ച മൂന്ന് ആളുകളും തിരുനബിﷺയുടെ കുടുംബക്കാരായ പേരമക്കളാണ്. മകൾ ഫാത്വിമ(റ)യുടെ മകനാണല്ലോ ഹസ്സൻ(റ). തിരുനബിﷺയുടെ പിതൃസഹോദരൻ അബ്ബാസ്(റ) എന്നവരുടെ മകനാണല്ലോ അബ്ദുല്ലാഹ്(റ). തിരുനബിﷺയുടെ മറ്റൊരു പിതൃ സഹോദരൻ അബൂത്വാലിബിന്റെ മകൻ ജഅ്ഫറി(റ)ന്റെ മകനാണ് അബ്ദുല്ലാഹ് ബിൻ ജഅ്ഫർ(റ). തിരുനബിﷺയുടെ ജീവിതത്തെ ആഴത്തിൽ അറിയാനും താല്പര്യപൂർവ്വം അറിഞ്ഞു അനുകരിക്കാനുമാണ് അവർ വന്നത്. എത്ര മേൽ ലളിതമായ ഒരു ജീവിതവും ഭക്ഷണരീതിയുമാണ് അവർക്ക് മറുപടിയായി ലഭിച്ചത്. ഒലിവ് എണ്ണയും കുരുമുളകുപൊടിയും ഉപയോഗിച്ച് റൊട്ടി കഴിച്ച അനുഭവം പറയാനാണ് ഇമാമുകൾ ഈ സംഭവം ഉദ്ദരിച്ചിട്ടുള്ളത്.
ഹൽവ അല്ലെങ്കിൽ മധുരപലഹാരവും തേനും തിരുനബിﷺയുടെ ഇഷ്ടവിഭവങ്ങളായിരുന്നു എന്ന് മഹതി ആഇശ(റ) പറഞ്ഞു തന്നിട്ടുണ്ട്. ഇമാം ഇബ്നുമാജ(റ)യും തിർമിദി(റ)യും റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇത് വായിക്കാം.
ജാബിറി(റ)ൽ നിന്ന് ഇബ്നുമാജ(റ) ഉദ്ദരിക്കുന്നു. ഒരിക്കൽ തിരുനബിﷺക്ക് തേൻ സമ്മാനമായി ലഭിച്ചു. അവിടുന്ന് ഞങ്ങൾക്കിടയിൽ വിതരണം ചെയ്തു. നാവുകൊണ്ട് എടുത്ത് കഴിക്കാവുന്ന വിധത്തിൽ ഞങ്ങൾക്ക് ഇറ്റിച്ചു നൽകി. ഞാൻ എനിക്ക് ലഭിച്ച വിഹിതം കഴിച്ചു. ഒരിക്കൽ കൂടി വേണമെന്നു ചോദിച്ചപ്പോൾ ഇനിയും വേണമോ എന്ന് ചോദിച്ചു. അതെ എന്ന് ഞാൻ മറുപടിയും പറഞ്ഞു.
വിശുദ്ധ ഖുർആൻ കൂടി മഹത്വം പറഞ്ഞ ഭക്ഷണമാണ് തേൻ. തിരുനബിﷺ താല്പര്യപൂർവ്വം അത് ഉപയോഗിക്കുകയും ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. അവിടുത്തെ സാധാരണയായി ഉണ്ടായിരുന്ന ഒരു വിഭവം എന്നുകൂടി വേണമെങ്കിൽ തേനിനെ പരിചയപ്പെടുത്താം. തേനിൽ ശമനമുണ്ടെന്നും തേനീച്ചയിലും തേനിലുമൊക്കെ ദൃഷ്ടാന്തങ്ങൾ ഉണ്ടെന്നും തേനീച്ചകൾക്ക് സവിശേഷമായ ഇലാഹി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നുമൊക്കെ പ്രവാചക അധ്യാപനങ്ങളിൽ ഉൾപ്പെടുന്നു. പണ്ടുകാലം മുതലേ ഉപയോഗിക്കുന്ന രോഗശമനികളിൽ ഒന്നാണ് തേനെന്നും തുടർന്നും അതിൽ ശമനം പ്രതീക്ഷിക്കാമെന്നും ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഹദീസ് നമ്മെ പഠിപ്പിക്കുന്നുണ്ട്.
ഭക്ഷണ ഇനങ്ങളും ഭക്ഷണ രീതികളും മനുഷ്യന്റെ ആരോഗ്യത്തെയും സ്വഭാവത്തെയും മതത്തെയും സംസ്കാരത്തെയും ഏറെ സ്വാധീനിക്കുന്നതാണ്. മനുഷ്യന് പ്രകൃതിപരമായ ഒരാവശ്യമുണ്ട് എന്ന് മാത്രം പറഞ്ഞ് തള്ളിയാൽ പോരാ. മതത്തിന്റെ ചില നിഷ്ഠകളും നിർദ്ദേശങ്ങളും ആരോഗ്യപൂർണമായ ഭക്ഷണരീതിക്കും അതുവഴി ജീവിതശൈലി രോഗങ്ങളിൽ നിന്നുള്ള സുരക്ഷയ്ക്കും നിമിത്തമാകുന്നു. പ്രവാചക വൈദ്യം എന്ന പേരിൽ തന്നെ ചികിത്സാ മുറകളും അത് ഉപയോഗിക്കുന്ന വ്യക്തികളുമുണ്ട്. പ്രവാചകവൈദ്യത്തിലെ സുപ്രധാനമായ മരുന്നാണ് തേൻ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 802
അനസി(റ)ൽ നിന്ന് ഇബ്നു അദിയ്യ്(റ) ഉദ്ദരിക്കുന്നു. ദൗമത്തുൽ ജന്തലിലെ ഭരണാധികാരി തിരുനബിﷺക്ക് ഒരു ഭരണി നിറയെ ‘മന്ന’ കൊടുത്തുവിട്ടു. തിരുനബിﷺ അതിൽ നിന്ന് കഷ്ണം കഷ്ണങ്ങളായി സ്വഹാബികൾക്ക് നൽകി. മടങ്ങി വന്നപ്പോൾ ജാബിറി(റ)ന് വീണ്ടും ഒരു കഷ്ണം നൽകി. അപ്പോൾ ജാബിർ(റ) പറഞ്ഞു. എനിക്ക് അവിടുന്ന് തന്നിരുന്നുവല്ലോ! അപ്പോൾ നബിﷺ പറഞ്ഞു. ഇത് അബ്ദുല്ലയുടെ പെൺകുട്ടികൾക്കുള്ളതാണ്.
ആകാശത്തിൽ നിന്ന് നേരിട്ട് ലഭിക്കുന്ന സവിശേഷമായ ഒരു വിഭവമാണ് മന്ന. വിശുദ്ധ ഖുർആനിലും ബൈബിളിലും ഈ വിഭവത്തെ പരാമർശിച്ചിട്ടുണ്ട്.
ഗോതമ്പും എണ്ണയും തേനും ഉപയോഗിച്ച് ഉസ്മാൻ(റ) ഖബീസ് എന്ന പലഹാരമുണ്ടാക്കി. പരമ്പരാഗതമായി അറബ് ലോകത്ത് ഉപയോഗിക്കുന്ന ഒരു മധുര പലഹാരമാണ് ഖബീസ്. ഒരു പാത്രത്തിൽ ഈ പലഹാരം ഉസ്മാൻ(റ) തിരുനബിﷺക്ക് കൊണ്ടുവന്നു കൊടുത്തു. നബിﷺ ചോദിച്ചു. എന്താണിത്? സാധാരണയിൽ അനറബികൾ ഉണ്ടാക്കുന്ന ഒരു വിഭവമാണിത്. അഥവാ ഖബീസ്. തിരുനബിﷺ അത് കഴിച്ചു.
അബ്ദുല്ലാഹിബ്നു സല്ലാമി(റ)ൽ നിന്ന് ബഖിയ്യ് ബിൻ മഖ്ലദ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ മിർബദിലേക്ക് പുറപ്പെട്ടു. അപ്പോഴതാ ഉസ്മാൻ(റ) ചോളത്തിന്റെ പൊടിയും വെണ്ണയും തേനും വഹിച്ചു കൊണ്ടുപോകുന്നു. തിരുനബിﷺ അദ്ദേഹത്തോട് നിൽക്കാൻ പറഞ്ഞു. അദ്ദേഹം വാഹനത്തിന്റെ കടിഞ്ഞാൺ പിടിച്ചു. തിരുനബിﷺ അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിച്ചു കൊടുത്തു. ശേഷം തീ കൂട്ടി ഒരു പാത്രം വെച്ചു. പിന്നീട് അതിലേക്ക് വിഭവങ്ങളെല്ലാം ഇട്ട് തിളപ്പിച്ചു. ശേഷം, കഴിക്കാൻ ആവശ്യപ്പെടുകയും തിരുനബിﷺയും ഒപ്പം ഇരുന്ന് കഴിക്കുകയും ചെയ്തു. പേർഷ്യക്കാർ ഇതിനെയാണ് ഖബീസ് എന്ന് വിളിക്കുക എന്നും പറഞ്ഞു.
ഒരിക്കൽ തിരുനബിﷺ തണ്ണിമത്തങ്ങയും പഞ്ചസാരയും കൂട്ടി തിന്നത് ഇമാം ബർകാനി മൂസാ ബിൻ ജഅ്ഫറി(റ)ൽ നിന്ന് ഉദ്ദരിച്ചിട്ടുണ്ട്.
സുർക്ക നല്ല കറിയാണെന്നും അതുണ്ടെങ്കിൽ പിന്നെ കറിയില്ലെന്ന് പറയാൻ പറ്റില്ലെന്നും തിരുനബിﷺയിൽ നിന്ന് മഹതി ആഇശ(റ)യും മറ്റും ഉദ്ദരിച്ചിട്ടുണ്ട്. തിരുനബിﷺയുടെ തളികയിൽ സുർക്ക കണ്ടത് മുതൽ ഞാൻ അതിനെ ഇഷ്ടപ്പെട്ടിരുന്നു എന്ന് ജാബിർ(റ) പറയുന്നു. മക്കാ വിജയ ദിവസം ഉമ്മുഹാനി(റ)യുടെ വീട്ടിലേക്ക് തിരുനബിﷺ വന്നു. ചില റൊട്ടിക്കഷണങ്ങളും അല്പം മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. സുർക്കയുണ്ടെങ്കിൽ പിന്നെ കറിയില്ലാത്ത വീടാണെന്ന് പറയാൻ പറ്റില്ല എന്ന് തിരുനബിﷺ പറഞ്ഞത് ഇമാം തിർമിദി(റ) ഉദ്ദരിച്ചിട്ടുണ്ട്.
മറ്റു കറികളൊന്നും ലഭിക്കാതിരുന്നപ്പോൾ റൊട്ടിയും കാരയ്ക്കയും ചേർത്തുവച്ച് ഇതാണ് ഇതിന്റെ കറി എന്ന് പറഞ്ഞു കഴിച്ച അനുഭവം തിരുനബി ജീവിതത്തിൽ നിന്ന് നാം വായിച്ചു പോയിട്ടുണ്ട്. ഇമാം അഹ്മദും(റ) അബൂ യഅ്ല(റ)യും ആണ് അത് ഉദ്ദരിച്ചത്.
സുവൈദ് ബിൻ നുഅ്മാൻ അൽ അൻസ്വാരി(റ)യിൽ നിന്ന് ഇമാം ബുഖാരി(റ)യും മറ്റും ഉദ്ദരിക്കുന്നു. ഞങ്ങൾ നബിﷺയോടൊപ്പം ഖൈബറിലേക്ക് പുറപ്പെട്ടു. അല്പം അകലെയുള്ള സഹബാഹ് എന്ന സ്ഥലത്ത് എത്തി. നബിﷺ ഭക്ഷണമുണ്ടോ എന്ന് ചോദിച്ചു. ഗോതമ്പിന്റെയോ ബാർലിയുടെയോ പൊടി കൊണ്ടുണ്ടാക്കിയ സവീഖ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളും തിരുനബിﷺയും അത് കഴിച്ചു. ശേഷം, ഞങ്ങൾ നബിﷺയോടൊപ്പം നിസ്കരിച്ചു. ആ ഭക്ഷണം കഴിച്ചതിന്റെ പേരിൽ വുളൂഅ് ചെയ്തിരുന്നില്ല.
നബി ജീവിതത്തിന്റെ ഓരോ അടരുകളിലും അറിവും അനുഭവവും നിയമവും നിലപാടുകളുമുണ്ടാകും. ചില ഭക്ഷണം കഴിച്ചാൽ പിന്നെ നിസ്കരിക്കാൻ വുളൂഅ് പുതുക്കണമെന്ന ധാരണയുണ്ടായിരുന്നു. അത് തിരുത്താൻ ആവശ്യമായ ജീവിത സമീപനങ്ങൾ തിരുനബിﷺയിൽ നിന്ന് കാണാനിടയായി. അത് അനുയായികൾ രേഖപ്പെടുത്തുകയും കാലത്തിന്റെ നാളെകൾക്കുവേണ്ടി അത് അടയാളപ്പെടുത്തുകയും ചെയ്തു. ഗവേഷണ പണ്ഡിതന്മാർ ആ നിവേദനങ്ങൾ പരിശോധിച്ചു മത നിയമങ്ങൾ ചിട്ടപ്പെടുത്തി. ഒരു ജീവിതം എങ്ങനെയെല്ലാം വായിക്കപ്പെടുകയും എങ്ങനെയെല്ലാം പുനർനിർവചിക്കപ്പെടുകയും ചെയ്യുന്നു എന്നതിന്റെ തീർത്തും അതുല്യമായ ഉദാഹരണമാണ് നബിജീവിതം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 803
ഇമാം അബൂ നുഐം(റ) അനസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ സഅദ് ബിൻ മുആദി(റ)നെ സന്ദർശിച്ചു. ഒരു കഴുതപ്പുറത്തായിരുന്നു യാത്ര ചെയ്തത്. സഅദി(റ)ന്റെ വീട്ടിൽ നിന്ന് എള്ളും കാരക്കയും നൽകി സൽക്കരിച്ചു. തിരുനബിﷺ അത് കഴിക്കുകയും അനന്തരം സഅദി(റ)ന് വേണ്ടി പ്രാർഥിക്കുകയും ചെയ്തു.
മറ്റൊരു നിവേദന പ്രകാരം സഅദി(റ)ന്റെ വീട്ടിലേക്ക് നബിﷺയും നബിﷺയുടെ വീട്ടിലേക്ക് സഅദും(റ) സന്ദർശിച്ചു. എള്ളും കാരക്കയും ഒരു പാത്രം പാലും നൽകി. തിരുനബിﷺ കഴിക്കുകയും പാനം ചെയ്യുകയും ചെയ്തു.
ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ബർഖാനി(റ)യും ഉദ്ദരിക്കുന്നു. നെയ്യും പാൽക്കട്ടിയും ഉടുമ്പും തിരുനബിﷺക്ക് സമ്മാനമായി ലഭിച്ചു. നെയ്യും പാൽക്കട്ടിയും അവിടുന്ന് കഴിച്ചു. ഉടുമ്പ് കഴിച്ചില്ല. തുടർന്ന് ഇങ്ങനെ പറഞ്ഞു. ഞാൻ ഇതൊരിക്കലും കഴിച്ചിട്ടില്ല. കഴിക്കാൻ താല്പര്യപ്പെടുന്നുമില്ല. താല്പര്യമുള്ളവർക്ക് കഴിക്കുന്നതിന് വിരോധവുമില്ല. ഒരു സുപ്രയിന്മേലായിരുന്നു അന്ന് ഭക്ഷണം കഴിച്ചത്.
പാൽക്കട്ടി കഴിച്ചതിനുശേഷം നിസ്കരിക്കാൻ വേണ്ടി അംഗസ്നാനം ചെയ്തിരുന്നില്ല എന്ന് മഹാനായ ഇമാം അബൂഹുറൈറ(റ) ഉദ്ദരിച്ച ഹദീസിൽ കാണാം.
ഇമാം മുസ്ലിമും(റ) ബൈഹഖി(റ)യും അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. ആദ്യത്തെ പഴം തിരുനബിﷺക്ക് നൽകപ്പെടും. തുടക്കത്തിലെ പഴം നമ്മളെ കാണിച്ചതുപോലെ അവസാനത്തെ പഴവും നമ്മളെ കാണിക്കേണമേ എന്ന് പ്രവാചകൻﷺ പ്രാർഥിക്കും.
അബൂ സഈദ് അൽ അഅ്റാബി(റ)യുടെ നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. ആദ്യത്തെ ഫലം നബിﷺ തങ്ങൾക്ക് കൊണ്ടുവന്നു കൊടുക്കുമ്പോൾ അവിടുന്ന് ഇങ്ങനെ പ്രാർഥിക്കുമായിരുന്നുവത്രേ. അല്ലാഹുവേ ആദ്യത്തെ പഴം ഞങ്ങളെ ഭക്ഷിപ്പിച്ചതുപോലെ അവസാനത്തെ പഴവും ഞങ്ങളെ ഭക്ഷിപ്പിക്കേണമേ. എന്നിട്ട് സമീപത്ത് ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് ഒരു പഴം സമ്മാനിക്കും.
മദീന നിവാസികൾ പാലിച്ച ഒരു ചിട്ട കൂടിയാണ് ഈ നിവേദനങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. അവരുടെ തോട്ടങ്ങളിൽ നിന്ന് വിളവെടുത്താൽ ആദ്യത്തെ ഫലം തിരുനബിﷺക്ക് സമ്മാനിക്കും. പ്രാർത്ഥനാപൂർവ്വം തിരുനബിﷺയത് സ്വീകരിക്കും. അടുത്തുള്ള ഒരു കുഞ്ഞിനെ ഭക്ഷിപ്പിച്ചുകൊണ്ട് അത് പ്രാരംഭം കുറിക്കും.
തിരുനബിﷺ നിർദേശിച്ചതോ കൽപ്പിച്ചതോ ആയ ഒരു ചര്യയല്ല ഇത്. തിരുനബിﷺയോടുള്ള സ്നേഹാദരം കൊണ്ട് മദീനക്കാർ പാലിച്ച ഒരു ചിട്ടയാണിത്. തിരുനബിﷺയത് സമ്മതിക്കുകയും സന്തോഷപൂർവ്വം നിർവഹിക്കുകയും ചെയ്തു. നല്ല കാര്യങ്ങൾ നല്ലവരെ കൊണ്ട് പ്രാരംഭം കുറിക്കുക എന്ന ഒരു വലിയ സന്ദേശം കൂടിയാണിത്. ഇതിനെ അനുവദിച്ചുകൊണ്ട് മുസ്ലിം ലോകം നിത്യ ജീവിതത്തിൽ പല മഹത്വമുള്ള മര്യാദകളും പാലിച്ചു പോരുന്നുണ്ട്. ഏതു കാര്യത്തിലും അല്ലാഹുവിനെ ആലോചിച്ച് കൊണ്ടും അവനോടു കൂടുതൽ പ്രീതി ഉണ്ടാവാൻ സാധ്യതയുള്ളവരെ കൊണ്ട് തുടങ്ങിയും ജീവിതത്തിന്റെ എല്ലാ അടരുകളിലും ആത്മീയത ഉണ്ടാവുക എന്നത് കൂടിയാണ് ഇതിന്റെ ഉള്ളടക്കം.
ഏതൊരു സദസ്സിനും കുഞ്ഞുങ്ങൾക്ക് പലഹാരത്തോടും വിഭവങ്ങളോടുമുള്ള മാനസിക വിചാരത്തെ പരിഗണിച്ചുകൊണ്ട് അവർക്ക് കൊടുത്തു തുടങ്ങുക എന്ന ശീലം തിരുനബിﷺ ജീവിതത്തിൽ തന്നെ പകർത്തി കാണിച്ചു.
ഇമാം ബർഖാനി(റ)യുടെ നിവേദനത്തിൽ പുതിയ പഴങ്ങൾ കൊണ്ടുവന്ന് കൊടുത്താൽ തിരുനബിﷺ അത് കണ്ണിൽ വച്ച് സന്തോഷം പ്രകടിപ്പിക്കുന്ന രംഗം കൂടി വായിക്കാനുണ്ട്.
കൃഷിയോടും വിഭവങ്ങളോടും കർഷകരോടും തിരുനബിﷺ കാണിച്ചിരുന്ന താൽപര്യത്തിന്റെ ഒരു അധ്യായം കൂടിയാണിത്. കൃഷി ചെയ്യാൻ പ്രേരിപ്പിക്കുകയും കർഷകർക്കുള്ള വാഗ്ദാനങ്ങൾ മോഹനമായി അറിയിക്കുകയും ചെയ്തു. വ്യാപാരികളിൽ നിന്ന് വ്യത്യസ്തമായി കർഷകർക്കുള്ള വിനയഭാവങ്ങളായിരുന്നു മദീനയിലെ അൻസ്വാറുകളിൽ നിറഞ്ഞുനിന്നത്. അത് ഇസ്ലാമിന് ഏറെപ്രയോജനപ്പെടുകയും ചെയ്തിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 804
തിരുനബിﷺക്ക് ഈത്തപ്പഴത്തോടും കാരക്കയോടും പ്രത്യേക താൽപര്യമായിരുന്നു. മഹതി ആഇശ(റ)യും മഹാനായ അനസും(റ) സംയുക്തമായ റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇമാം ബസാർ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. അല്ലയോ ആഇശ(റ) ഈത്തപ്പഴം ലഭിച്ചാൽ എന്നോട് സുവിശേഷം അറിയിക്കണം. ഈത്തപ്പഴം തീർന്നാൽ എന്നോട് വിരഹവും അറിയിക്കണം.
തിരുനബിﷺക്ക് ഈത്തപ്പഴത്തോടുള്ള പ്രത്യേക താൽപര്യത്തിന്റെ ഒരു പ്രയോഗമാണിത്. മക്കയിലെയും മദീനയിലെയും ആളുകളുടെ മുഖ്യ ആഹാരം എന്നതിലുപരി സവിശേഷമായ ഗുണങ്ങൾ ഉള്ളതാണ് കാരക്ക എന്നതാണ് കാരണം. വിശുദ്ധ വാചകത്തെ ഉദാഹരിക്കുമ്പോഴും തിരുനബിﷺ ഈത്തപ്പഴവും ഈത്തപ്പനയും ആണല്ലോ ഉദാഹരിച്ചത്.
ഇബ്നു അബ്ബാസ്(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ പറഞ്ഞു. ഈത്തപ്പഴം ഇല്ലാത്ത വീട് വിശക്കുന്നവരുടെ വീടാണ്. സുർക്ക ഇല്ലാത്തവരുടെ വീട് കറി തികയാത്ത വീടാണ്. കുട്ടികൾ ഇല്ലാത്ത വീട് അനുഗ്രഹം കുറഞ്ഞ വീടാണ്. വീട്ടുകാർക്ക് നല്ലവൻ ആരാണ് അവനാണ് നല്ലവൻ. ഞാൻ എന്റെ വീട്ടുകാർക്ക് ഏറ്റവും മെച്ചപ്പെട്ട ആളാണ്.
ചെറിയ വാചകങ്ങളിലൂടെ വലിയ ആശയങ്ങളെയാണ് തിരുനബിﷺ പകർത്തിയത്. കാരക്ക വിശപ്പിനും അനുബന്ധ ഭക്ഷണമായും ഉപയോഗിക്കാവുന്നതാണ്. കാരക്കയും വെള്ളവും ഉണ്ടായാൽ ഒരു നേരം വിശപ്പടക്കാൻ അത് മതിയാകും. കരുതിവെക്കാവുന്ന ഒരു ഭക്ഷണം പോലെയാണ് അതിനെ ഇവിടെ പരിചയപ്പെടുത്തിയത്. ഒരു കറിയും ലഭിച്ചില്ലെങ്കിലും സുർക്കയുണ്ടെങ്കിൽ ആശ്വാസമായല്ലോ എന്നാണ് അടുത്ത വാചകം പറഞ്ഞു തന്നത്. കുട്ടികളുള്ള വീട്ടിൽ എപ്പോഴും ആനന്ദവും സന്തോഷവുമുണ്ടാകും. കുട്ടികളെ പരിഗണിക്കണമെന്നും അവരെ വാത്സല്യത്തോടെ പരിപാലിക്കണമെന്നും പഠിപ്പിക്കാൻ ഇതിലേറെ വലിയ വാചകം വേറെ ഏതാണ് ആവശ്യമുള്ളത്!
നീ നിന്ന്വീട്ടുകാർക്ക് നല്ലവനാണ് നല്ലവൻ എന്ന് പറയുമ്പോൾ പ്രത്യേകിച്ചും ഭാര്യയോട് നല്ല സ്വഭാവത്തിൽ വർത്തിക്കണമെന്നാണ് തിരുനബിﷺയുടെ ഉൽബോധനം. നബിﷺയെ കുറിച്ച് പത്നിമാരോട് ചോദിച്ചാൽ എല്ലാവർക്കും നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. അതിലേക്കാവശ്യമായ പ്രമാണങ്ങൾ ഏറെ തിരുനബിﷺയുടെ ആദ്യ പത്നിയായ ഖദീജ(റ)യിൽ നിന്നും പത്നിമാരിൽ ഏക കന്യകയായ ആഇശ(റ)യിൽ നിന്നും ഇമാം ബുഖാരി(റ) തന്നെ ഉദ്ദരിച്ചിട്ടുണ്ട്.
വീട്ടുകാരോട് നല്ലതുപോലെ വർത്തിക്കണം എന്ന് പറയുമ്പോൾ അതിൽ എന്നെക്കണ്ട് നിങ്ങൾ പഠിച്ചോളൂ എന്ന് പറയാൻ മാത്രം സമ്പൂർണ്ണത നബിﷺയുടെ ജീവിതത്തിലുണ്ടായിരുന്നു.
അബ്ദുല്ലാഹിബ്നു ബുസ്റി(റ)ൽ നിന്ന് ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. അദ്ദേഹം പറയുന്നു. ഒരിക്കൽ തിരുനബിﷺ തങ്ങളുടെ അടുക്കലേക്ക് വന്നു എന്റെ ഉമ്മ ഒരു വിരിപ്പ് വിരിച്ചു കൊടുത്തു. നബിﷺ അതിന്മേൽ ഇരുന്നു. ശേഷം, ഈത്തപ്പഴം കൊണ്ടുവന്നു വച്ചപ്പോൾ കഴിക്കാൻ തുടങ്ങി. ശേഷം അതിന്റെ കുരുവെടുത്ത് തള്ള വിരലും മധ്യവിരലും ചേർത്ത് പിടിച്ചു. എന്നിട്ട് പറഞ്ഞു ഇങ്ങനെയാണ് ഈത്തപ്പഴത്തിന്റെ കുരു എടുക്കേണ്ടത്.
എത്ര ആസ്വദിച്ചും കൗതുകത്തോടെയുമാണ് അത് കഴിച്ചത് എന്നതിന്റെ സൂചന കൂടി ഇതിലുണ്ട്. ചില വിഭവങ്ങളോടും അതിന്റെ അനുബന്ധത്തോടും സവിശേഷമായ പെരുമാറ്റമാണ് തിരുനബിﷺക്ക് ഉണ്ടായിരുന്നത്. അതിലേക്കുള്ള സൂചന കൂടി ഇതിലുണ്ട്.
തിരുനബിﷺയുടെ പ്രധാന ഭക്ഷണങ്ങളെ കുറിച്ച് വായിച്ചശേഷം അവിടുത്തെ തളികയിൽ നിറഞ്ഞ ഫലങ്ങളും പഴങ്ങളുമാണ് നമ്മൾ വായിച്ചു കൊണ്ടിരിക്കുന്നത്. അതിൽ പ്രഥമസ്ഥാനം ഈത്തപ്പഴത്തിന് തന്നെയാണ്. ഒരുപാട് രാപ്പകലുകൾ തിരുനബിﷺ കഴിഞ്ഞു കൂടിയത് ഈത്തപ്പഴവും വെള്ളവും മാത്രം കഴിച്ചു കൊണ്ടായിരുന്നു. സാധാരണ നിലവാരത്തിലുള്ള ഈത്തപ്പഴം പോലും ചിലപ്പോൾ പശി അടക്കാൻ മാത്രം ലഭിച്ചിരുന്നില്ല എന്നതും ആ ജീവിതത്തിൽ നിന്ന് വായിക്കാനുണ്ട്. റൊട്ടിക്ക് കറി ലഭിക്കാത്തപ്പോൾ ഈത്തപ്പഴം ചേർത്തുവച്ച് ഇതാണ് കറി എന്ന് പറഞ്ഞ നിവേദനം നാം മുമ്പ് വായിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 805
അനസി(റ)ൽ നിന്ന് ഇബിനു സഅദ്(റ) ഉദ്ദരിക്കുന്നു. തിരുനബിﷺക്ക് ഈത്തപ്പഴം സമ്മാനമായി ലഭിച്ചു. വിശപ്പു കാരണമായി അവിടുന്ന് മുട്ടുകുത്തി നിന്ന് ഭക്ഷിക്കുന്നത് ഞാൻ കണ്ടു. അലിയ്യ ബിൻ അൽ അസീർ(റ) ഉദ്ദരിക്കുന്നു. തിരുനബിﷺ ഈത്തപ്പഴം കഴിക്കുകയും അതിൽ നിന്ന് ഉണങ്ങിയത് ശ്രദ്ധയിൽപ്പെട്ടാൽ കൈകൊണ്ട് എടുത്തു മാറ്റുകയും ചെയ്തിരുന്നു. അപ്പോൾ ഒരാൾ പറഞ്ഞു. ആ ബാക്കിയുള്ളത് എനിക്ക് തരുമോ? ഇല്ല, ഞാൻ ഇഷ്ടപ്പെടാത്തത് നിങ്ങൾക്ക് തരാനും ഞാൻ ഇഷ്ടപ്പെടുന്നില്ല. അജ്’വാ കാരക്കയായിരുന്നു തിരുനബിﷺക്ക് ഏറ്റവും പ്രിയമുണ്ടായിരുന്നത് എന്ന് മഹതി ആഇശ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇബ്നു ഹിബ്ബാൻ(റ) ഉദ്ദരിക്കുന്നു. അതീഖിൽ നിന്നുള്ള ഈത്തപ്പഴം കൊണ്ടുവന്നപ്പോൾ അത് തുറന്നു അതിൽ നിന്നുള്ള ചെള്ളുകൾ തിരുനബിﷺ തങ്ങൾ എടുത്തുമാറ്റിയിരുന്നുവെന്ന് അനസ്(റ) നിവേദനം ചെയ്യുന്ന ഹദീസ് ഇബ്നു മാജ(റ) ഉദ്ദരിച്ചിട്ടുണ്ട്.
നുഅ്മാൻ ബിൻ ബശീർ(റ) പറയുന്നു. ത്വാഇഫിൽ നിന്നുള്ള മുന്തിരി തിരുനബിﷺക്ക് സമ്മാനമായി ലഭിച്ചു. അപ്പോൾ എന്നെ വിളിച്ചിട്ട് പറഞ്ഞു. ഈ കുല മുന്തിരിയെടുത്ത് ഉമ്മയ്ക്ക് കൊണ്ട് കൊടുത്തിട്ട് വരൂ. ഞാൻ ഉമ്മയുടെ അടുത്ത് എത്തുന്നതിനുമുമ്പ് അത് കഴിച്ചു തീർത്തു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ എന്നോട് നബിﷺ ചോദിച്ചു. അന്ന് തന്ന മുന്തിരി എന്ത് ചെയ്തു. ഉമ്മയ്ക്ക് കൊണ്ട് കൊടുത്തിരുന്നുവോ? ഞാൻ പറഞ്ഞു, ഇല്ല. അപ്പോൾ പറ്റിച്ചയാൾ എന്നർത്ഥമുള്ള ‘ഗുദർ’ എന്ന് നബിﷺ എന്നെ വിളിച്ചു. ഇബ്നു അബ്ബാസ്(റ) ഉദ്ദരിക്കുന്നു. തിരുനബിﷺക്ക് മുന്തിരി സമ്മാനമായി ലഭിച്ചാൽ മുന്തിരി കുലയെടുത്ത് വായയോട് ചേർത്ത് ഓരോ മുന്തിരി കടിച്ചെടുത്ത് കഴിക്കുന്നത് ഞാൻ കണ്ടിരുന്നു. ഒടുവിൽ അതിന്റെ കുല മാത്രം ബാക്കിയാവും. മുന്തിരിയും തണ്ണിമത്തനും തിരുനബിﷺക്ക് പ്രിയപ്പെട്ട പഴങ്ങളായിരുന്നു എന്ന് ഉമയ്യത് ബിൻ സൈദ് അൽ അബസി(റ) വിശദീകരിക്കുന്നു.
അനസും(റ) മറ്റു സ്വഹാബികളും പറയുന്നു. തിരുനബിﷺ സഹദ് ബിൻ ഉബാദ(റ)യുടെ വീട്ടിൽ വന്നു. അവിടുന്ന് തിരുനബിﷺക്ക് കഴിക്കാൻ വേണ്ടി ഉണക്കമുന്തിരി നൽകി. തിരുനബിﷺ അത് കഴിച്ചതിനുശേഷം സവിശേഷമായ ഒരു മന്ത്രം ചൊല്ലി. അതിന്റെ ആശയം ഇങ്ങനെയാണ്. നിങ്ങളുടെ ഭക്ഷണം സജ്ജനങ്ങൾ കഴിച്ചിരിക്കുന്നു. പവിത്രമലക്കുകൾ അനുഗ്രഹം നേർന്നിരിക്കുന്നു. നിങ്ങളുടെ പക്കൽ നിന്ന് നോമ്പുകാർ നോമ്പ് തുറന്നിരിക്കുന്നു.
വാചകം പ്രസ്താവന രൂപത്തിലാണെങ്കിലും. ഒരുപാട് നന്മകൾക്ക് വേണ്ടിയുള്ള പ്രത്യേകമായ ഒരു പ്രാർത്ഥനയാണിത്. സൽക്കാരവും ഭക്ഷണവും സ്വീകരിച്ചു വെറുതെ പോകുന്ന രീതി ആയിരുന്നില്ല തിരുനബിﷺയുടെത്. സൽക്കരിച്ചവർക്ക് ആത്മാർത്ഥമായ പ്രാർത്ഥനകൾ സമ്മാനമായി തിരിച്ചു നൽകിയിരുന്നു. അതിന്റെ അനുഗ്രഹങ്ങൾ ആതിഥേയർ അനുഭവിക്കുകയും ചെയ്തു. ഒരാൾ ഒരു അനുഗ്രഹം ചെയ്താൽ അദ്ദേഹത്തിന് പ്രത്യുപകാരം ഒരു പ്രാർത്ഥനയായിട്ടെങ്കിലും നൽകണമെന്നതാണ് തിരുനബിﷺയുടെ അധ്യാപനം.
ജാബിർ(റ) ഒരിക്കൽ തിരുനബിﷺക്ക് സഫർജൽ കൊണ്ടുവന്നു കൊടുത്തു. ത്വാഇഫിൽ നിന്നായിരുന്നു അത്. തിരുനബിﷺ അത് സ്വീകരിക്കുകയും ഭക്ഷിക്കുകയും ചെയ്തു. നെഞ്ചിന്റെ കട്ടി നീക്കം ചെയ്യുകയും ഹൃദയത്തിന് തെളിച്ചം നൽകുകയും ചെയ്യുന്നതാണ് സഫർജൽ എന്ന് തിരുനബിﷺ പറഞ്ഞു. നെഞ്ചിന്റെ കട്ടി എന്നതുകൊണ്ട് ഉദ്ദേശിച്ചത് കഫം ഇളകി പോകാൻ നന്നായിരിക്കും എന്ന് മനസ്സിലാക്കി തന്നവരുണ്ട്. ആത്മസംതൃപ്തിയും ഹൃദയത്തിന് സന്തോഷവും നെഞ്ചിന് ആശ്വാസവും നൽകുന്ന പഴമാണ് എന്ന് ആശയമുള്ള മറ്റു പദങ്ങളും ഹദീസിൽ വന്നിട്ടുണ്ട്.
അബൂദർ അൽ ഗിഫാരി(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺക്ക് ഒരു പാത്രം അത്തിപ്പഴം ലഭിച്ചു. നബിﷺ കൂടെയുള്ളവരോട് പറഞ്ഞു. ഇത് നിങ്ങൾ കഴിച്ചോളൂ. സ്വർഗ്ഗത്തിൽ നിന്ന് കുരു ഇല്ലാത്ത ഒരു പഴം ലഭിച്ചിട്ടുണ്ടെന്ന് ഞാൻ പറയുകയാണെങ്കിൽ അത് അത്തിപ്പഴത്തെ സംബന്ധിച്ചായിരിക്കും. അത്തിപ്പഴം പൈൽസിന് ശമനവും സന്ധിവാതത്തിന് മരുന്നുമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 806
മഹാനായ ഇബ്നു അബ്ബാസ്(റ) പറയുന്നു. അറഫാ ദിവസം തിരുനബിﷺക്ക് ഉറുമാൻ പഴം ലഭിച്ചു. അവിടുന്ന് ഭക്ഷിക്കുകയും ചെയ്തു.
തിരുനബിﷺ ഒരു പാത്രത്തിൽ ബറി കഴിക്കുന്നത് കണ്ടു എന്ന് ബറാഅ് ബിന്‍ ആസിബ്(റ) പറയുന്നു. ജാബിറി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ദരിക്കുന്നു. മർറുള്ളഹ്‌റാനിൽ വെച്ച് അറാക്കു മരത്തിലെ പഴം അഥവാ പിലൂ ഫ്രൂട്ട് ഞങ്ങൾ പറിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ നബിﷺ പറഞ്ഞു. അതിൽ നിന്ന് കറുത്ത കായകൾ പറിക്കൂ അതാണ് നല്ലത്.
ഞാൻ ആടിനെ മേയ്ക്കുന്ന കാലത്ത് ഈ പഴം കഴിക്കാറുണ്ടായിരുന്നു എന്നുകൂടി പറഞ്ഞത് ഇബിനു ഹിബ്ബാൻ(റ) നിവേദനം ചെയ്തിട്ടുണ്ട്. അവിടുന്ന് ആടിനെ മേയ്ച്ചിട്ടുണ്ടോ എന്ന് ജാബിർ(റ) അപ്പോൾ നബിﷺയോട് ചോദിച്ചു. ഏതെങ്കിലും ഒരു പ്രവാചകനുണ്ടോ ആടിനെ മേയ്ക്കാത്തത് എന്നായിരുന്നു തിരുനബിﷺയുടെ മറുചോദ്യം.
അബൂ സഈദ് അൽ ഖുദ്രി(റ) പറയുന്നു. ഇന്ത്യയിൽ നിന്നുള്ള ഒരു രാജാവ് തിരുനബിﷺക്ക് നൽകിയ ഭരണിയിൽ ഉണങ്ങിയ ഇഞ്ചിയുമുണ്ടായിരുന്നു. തിരുനബിﷺ അതിൽ നിന്ന് സദസ്സിലുള്ളവർക്കൊക്കെ നൽകി. എനിക്കും അതിൽ നിന്ന് ഒരു കഷ്ണം കഴിക്കാൻ തന്നു.
കേരളത്തിൽ നിന്ന് തിരുനബിﷺയുടെ സന്നിധിയിലേക്ക് പോയ ചേരമാൻ പെരുമാൾ രാജാവിനെ കുറിച്ച് പരാമർശിക്കുന്ന കേരള ചരിത്രഗ്രന്ഥങ്ങളിൽ ഇഞ്ചിക്കൂട്ടിനെ കുറിച്ചുള്ള സംസാരമുണ്ട്. ഈ ഉപഹാരം നൽകിയത് ചേരമാൻ പെരുമാൾ രാജാവാണെന്നും നബി സന്നിധിയിൽ വച്ച് ഇസ്ലാം സ്വീകരിച്ചു തിരിച്ചു വരുന്ന വഴിയിൽ സലാലയിൽ അദ്ദേഹം മരണപ്പെട്ടു കിടക്കുന്നുവെന്നും പരമ്പരയായി നമ്മൾ കേട്ടുവരുന്ന കേരളീയ ചരിത്രത്തിന്റെ ആമുഖമാണ്.
ഇബ്നു അസാക്കിർ(റ) ദഹ്യയിൽ നിന്നും ഉദ്ദരിക്കുന്നു. ഞാൻ ശാമിൽ നിന്ന് വന്നപ്പോൾ അല്പം ഡ്രൈ ഫ്രൂട്ട്സുകൾ കൊണ്ടുവന്നു. കൂട്ടത്തിൽ ബദാമും പിസ്തയും കേക്കുമുണ്ടായിരുന്നു. നബിﷺക്ക് സമ്മാനിച്ചപ്പോൾ അവിടുന്ന് ഇങ്ങനെ പ്രാർത്ഥിച്ചു. എന്റെ കുടുംബത്തിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ട ആളെ എനിക്കൊപ്പം കഴിക്കാൻ എത്തിച്ചു തരേണമേ. അധികം വൈകിയില്ല. തിരുനബിﷺയുടെ പിതൃ സഹോദരനായ അബ്ബാസ്(റ) അവിടെ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തോട് അടുത്തിരിക്കാൻ നബിﷺ ആവശ്യപ്പെടുകയും ഒപ്പം ഈ ഫലങ്ങൾ കഴിക്കുകയും ചെയ്തു.
ഇമാം ബർഖാനി(റ)യും അബുൽ ഖാസിം അൽ ബഗവി(റ)യും ഒക്കെ ഉദ്ദരിക്കുന്നു. ഇബ്നു അബ്ബാസ്(റ) പറയുന്നു. തിരുനബിﷺയുടെ അടുക്കലേക്ക് ഞാൻ ചെല്ലുമ്പോൾ അവിടുന്ന് ഈത്തപ്പനയുടെ കാമ്പ് കഴിക്കുന്നത് കണ്ടു. വിശ്വാസിയെപ്പോലെ എപ്പോഴും ഫലം തരുന്ന ഒരു മരത്തെ എനിക്കറിയാം. ഞാൻ തിരുനബിﷺ അനുബന്ധമായി പറയുകയും ചെയ്തു. തിരുനബിﷺ ഈത്തപ്പനയുടെ കാമ്പ് കഴിക്കുന്നത് കണ്ടു എന്ന അനുഭവം അബ്ദുല്ലാഹിബ്നു ഉമറും(റ) പറഞ്ഞിട്ടുണ്ട്. ഇമാം ബൈഹഖി(റ)യുടെയും മറ്റും നിവേദനത്തിൽ അത് വായിക്കാം.
തിരുനബിﷺ ഉപയോഗിച്ചിരുന്ന വിഭവങ്ങളും കഴിച്ചിരുന്ന ഭക്ഷണങ്ങളും അവിടുത്തെ ഭക്ഷണരീതിയുമെല്ലാം എത്രമേൽ വിശദമായും വ്യക്തമായിട്ടുമാണ് സ്വഹാബികൾ ഓർത്തുവയ്ക്കുകയും പകർന്നു തരികയും ചെയ്യുന്നത്. ഒരു സാധാരണ വ്യക്തിയാണ് പ്രവാചകനെന്ന് സ്വഹാബികൾ നിനച്ചിരുന്നുവെങ്കിൽ ഇങ്ങനെ ഒരു ഓർമ്മയും ഒരു പകർത്തലും ഉണ്ടാകുമായിരുന്നില്ല. ഈ ജീവിതത്തെ ഞങ്ങൾക്കു മാത്രം കണ്ടനുഭവിക്കാനുള്ളതല്ലെന്നും ഒരുപാട് യുഗങ്ങളിലേക്ക് കൈമാറി പോകേണ്ട ജീവിത മാതൃകയാണെന്നും സ്വഹാബികൾക്ക് വ്യക്തമായി അറിയാമായിരുന്നു. സാധാരണക്കാരുടെ ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി അനുഗമിക്കപ്പെടാനും സ്നേഹത്തോടെ ഓർത്തുവെക്കപ്പെടാനുമുള്ള ജീവിതമാണ് തിരുപ്രവാചകരുﷺടേത് എന്ന് വ്യക്തമായ ബോധ്യവും സ്വഹാബികൾ ഉൾക്കൊള്ളുകയും അനുസൃതമായി സമീപിക്കുകയും ചെയ്തു. അതുകൊണ്ടാണ് ഇത്രമേൽ വിശദമായ ജീവിതാഖ്യാനങ്ങൾ നബി ജീവിതത്തിൽ നിന്ന് ഉദ്ദരിക്കപ്പെടുകയും പകർന്നു ലഭിക്കുകയും ചെയ്തത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 807
ഇമാം അഹ്മദും(റ) ഇബ്നു മാജ(റ)യും നിവേദനം ചെയ്യുന്നു. അനസ്(റ) പറയുന്നു. എന്നെ എന്റെ ഉമ്മ ഒരുപാത്രം ഈത്തപ്പഴവുമായി തിരുനബിﷺയുടെ അടുക്കലേക്ക് പറഞ്ഞുവിട്ടു. അതിൽ നിന്ന് ഒരു പിടിയെടുത്ത് അവിടുത്തെ പത്നിമാർക്ക് കൊടുത്തു. ബാക്കിയുള്ളത് തിരുനബിﷺ വളരെ താൽപര്യപൂർവം കഴിച്ചു.
സൽമ ബിൻത് ഖൈസ് അൽ അൻസ്വാരിയ്യ(റ) എന്നവരിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ അലി(റ)യോടൊപ്പം തിരുനബിﷺ എന്റെ അടുക്കലേക്ക് വന്നു. അലിﷺ ആ ഇടയ്ക്ക് രോഗത്തിൽ നിന്നും മുക്തനായിട്ടേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങളുടെ വീട്ടിൽ ഉണക്കാൻ വേണ്ടി കെട്ടിത്തൂക്കിയ ഈത്തപ്പഴ കുലകളുണ്ടായിരുന്നു. തിരുനബിﷺ എഴുന്നേറ്റുപോയി അതിൽ നിന്ന് കാരക്കകൾ കഴിച്ചു. അലി(റ)യും അതിൽ നിന്ന് കാരക്കകൾ കഴിക്കാൻ തുടങ്ങി.
ദീർഘമായ ഒരു ഹദീസിന്റെ പ്രാഥമിക ഭാഗമാണ് ഇവിടെ വായിച്ചത്. തുടർന്ന് അലി(റ)ക്ക് ആരോഗ്യപരമായ നിർദ്ദേശം നൽകിയതും രോഗാവസ്ഥയിൽ കഴിക്കാൻ പറ്റുന്ന ഭക്ഷണം വന്നപ്പോൾ അത് കഴിക്കാൻ പ്രേരിപ്പിച്ചതും ഹദീസിന്റെ തുടർച്ചയിലുണ്ട്.
അനസി(റ)ൽ നിന്ന് ഇബ്നു സഅദ്(റ) ഉദ്ദരിക്കുന്നു. ഒരിക്കൽ തിരുനബിﷺക്ക് ഒരു പാത്രം ഈത്തപ്പഴം സമ്മാനമായി ലഭിച്ചു. മുട്ടിൽ നിന്നുകൊണ്ടുതന്നെ തിരുനബിﷺ അതിൽ നിന്ന് ഓരോ പിടിയെടുത്ത് എന്നെ ഏൽപ്പിച്ചു. അത് ഭാര്യമാരുടെ അടുക്കലേക്ക് കൊടുത്തയക്കുകയും ചെയ്തു. ശേഷം അതിൽ നിന്ന് തിരുനബിﷺയും കഴിച്ചു. താല്പര്യപൂർവമാണ് അവിടുന്ന് കഴിക്കുന്നത് എന്ന് കണ്ടാൽ മനസ്സിലാകുമായിരുന്നു. ഇടതു കൈകൊണ്ട് അതിലെ കുരുകൾ എടുത്ത് ഒഴിവാക്കുന്നുണ്ടായിരുന്നു. അപ്പോഴതാ അടുത്തുകൂടി ഒരു വളർത്തുമൃഗം കടന്നുപോയി. അതിനും ഒരു ഈത്തപ്പഴം കൊടുക്കുകയും അതും കഴിക്കുകയും ചെയ്തു.
ആഇശ(റ)യിൽ നിന്ന് അബുദാവൂദും(റ) തിർമിദി(റ)യും ഉദ്ദരിക്കുന്നു. തണ്ണിമത്തനും ഈത്തപ്പഴവും ചേർത്തു തിരുനബിﷺ കഴിക്കുമായിരുന്നു. എന്നിട്ട് ഇങ്ങനെ പറയും ഇതാ ഇതിന്റെ ചൂടിനെ ഇതിന്റെ തണുപ്പ് ഇല്ലായ്മ ചെയ്തിരിക്കുന്നു. അഥവാ ഈത്തപ്പഴം ചൂടുള്ള ഭക്ഷണവും തണ്ണിമത്തൻ തണുപ്പ് നൽകുന്ന ഭക്ഷണവുമാണ്. തിരുനബിﷺ ഈത്തപ്പഴവും തണ്ണിമത്തനും ഒരുമിച്ച് കഴിച്ച മറ്റൊരു നിവേദനം സഹൽ ബിൻ സഅദി(റ)ൽ നിന്ന് ഇമാം ഇബ്നുമാജ(റ)യും ഉദ്ദരിച്ചിട്ടുണ്ട്. ജാബിറി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ദരിക്കുന്നു. തിരുനബിﷺ ഒരിക്കൽ സ്വഹാബികളുടെ അടുക്കൽ വച്ച് ഈത്തപ്പഴം കഴിച്ചു വെള്ളവും കുടിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. നാളെ അല്ലാഹുവിന്റെ ചോദിക്കപ്പെടുന്ന അനുഗ്രഹങ്ങളിൽ പെട്ടതാണിത്.
നാം അനുഭവിക്കുന്ന ഏതു ചെറിയ സന്തോഷങ്ങളും അല്ലാഹുവിന്റെ അനുഗ്രഹമാണെന്നും അല്ലാഹു നമുക്ക് നൽകുന്ന ഓരോന്നിനും നാളെ കണക്ക് പറയേണ്ടി വരുമെന്നും ഉചിതമായ എല്ലാ സന്ദർഭങ്ങളിലും തിരുനബിﷺ ഉൽബോധിപ്പിക്കുമായിരുന്നു. എന്റെ സ്വത്തുകൊണ്ട് ഞാൻ എന്തും ചെയ്യും എന്ന വിചാരം അനുഗ്രഹങ്ങളുടെ സ്രോതസ്സുകളെ കുറിച്ച് അറിയുന്നവർക്ക് ഉണ്ടാവുകയില്ല. എല്ലാം നൽകുന്നവൻ അല്ലാഹുവാണെന്നും അവനോട് നമുക്ക് കടപ്പാടുണ്ടെന്നും ബോധ്യമുള്ളവരാണ് സത്യവിശ്വാസികൾ. ഈയൊരു അടിത്തറയിൽ നിന്നുകൊണ്ടാണ് ലോകത്തെ എല്ലാ അനുഗ്രഹങ്ങളെയും സമീപിക്കേണ്ടത്.
തിരുനബിﷺക്ക് ഏറ്റവും ഇഷ്ടപ്പെട്ട വിഭവമായിരുന്നു തണ്ണിമത്തനും കാരക്കയും ചേർത്ത് കഴിക്കുന്നത് എന്ന് അബൂഹുറൈറ(റ) പറഞ്ഞ നിവേദനം ഇമാം ബുർഖാനി(റ) ഉദ്ദരിച്ചിട്ടുണ്ട്.
ഇമാം നസാഇ(റ)യും അഹ്മദും(റ) നിവേദനം ചെയ്യുന്നു. അനസ്(റ) പറഞ്ഞു. ഖുർബുസും ഈത്തപ്പഴവും ഒരുമിച്ച് തിരുനബിﷺ കഴിക്കുന്നത് ഞാൻ കണ്ടു. എന്നിട്ട് പറഞ്ഞു ഇതിന്റെ ചൂടിനെ ഇതിന്റെ തണുപ്പ് നീക്കം ചെയ്യുന്നു. ഏകദേശം ശമ്മാമിനോട് സാദൃശ്യമുള്ള ഒരു ഫലമാണ് ഖുർബൂസ്.
മനുഷ്യ ശരീരത്തിന്റെ താപനില വർദ്ധിപ്പിക്കുന്ന ഭക്ഷണം കഴിക്കുമ്പോൾ തണുപ്പ് നൽകുന്ന ഭക്ഷണം കൂടി ചേർത്ത് കഴിക്കുകയും അതുവഴി ബാലൻസ് ലഭിക്കുമെന്ന് പഠിപ്പിക്കുകയും ചെയ്യുകയാണ് ഇത്തരം ഉദാഹരണങ്ങൾ. ആന്തരികമായി ചൂടു വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളും ഫലങ്ങളും കഴിക്കുമ്പോൾ ചില രോഗങ്ങളുണ്ടാവാനും ഉള്ളത് അധികരിക്കാനും സാധ്യതയുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 808
അനസി(റ)ൽ നിന്ന് അബൂശൈഖ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺക്ക് ഞാൻ പച്ച കാരക്ക കൊണ്ടുവന്നു കൊടുക്കുമ്പോൾ റുതബ് കഴിക്കുകയും മുദന്നബ് ഒഴിവാക്കുകയും ചെയ്യുമായിരുന്നു. പഴുപ്പിനോട് അടുത്തതാണ് റുതബ് അതിനുമുമ്പുള്ള ഘട്ടത്തിലെ കാരക്കയാണ് മുദന്നബ്.
ഇമാം മാലിക്(റ) ജാബിറി(റ)ൽ നിന്ന് ഉദ്ദരിക്കുന്നു. ഞങ്ങൾ തിരുനബിﷺയോടൊപ്പം ബനൂ അമ്മാർ സൈനിക നീക്കത്തിന് പുറപ്പെട്ടു. യാത്രക്കിടയിൽ ഞാൻ ഒരു മരച്ചുവട്ടിൽ വന്നിറങ്ങി. അപ്പോഴാണ് തിരുനബിﷺ വെയിലത്ത് നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തിരുനബിﷺയോട് തണലത്തേക്ക് വരാൻ വേണ്ടി ഞാൻ അഭ്യർത്ഥിച്ചു. അവിടുന്ന് അത് സ്വീകരിക്കുകയും തണലുള്ള സ്ഥലത്തേക്ക് വരികയും ചെയ്തു. കയറുകൊണ്ട് ഉണ്ടാക്കിയ ഒരു കുട്ട എന്റെ പക്കലുണ്ടായിരുന്നു. അതിൽ വല്ലതുമുണ്ടോ എന്ന് ഞാൻ പരതിനോക്കി. അപ്പോൾ ഒരു കക്കരിക്കയാണ് ലഭിച്ചത്. അത് തിരുനബിﷺക്ക് കൊണ്ടുപോയി കൊടുത്തപ്പോൾ ചോദിച്ചു. ഇതെവിടുന്ന് കിട്ടി? ഞാൻ പറഞ്ഞു. ഇത് മദീനയിൽ നിന്ന് ഞാൻ കരുതി വെച്ചിരുന്നതാണ്.
ഇമാം തിർമിദി(റ) ആഇശ(റ)യിൽ നിന്ന് ഉദ്ദരിക്കുന്നു. നബിﷺക്ക് കക്കരിക്ക വളരെ ഇഷ്ടമായിരുന്നു. ഇമാം അഹ്മദ്(റ), ഇമാം ബുഖാരി(റ), മുസ്ലിം(റ) എന്നിവർ ഉദ്ദരിക്കുന്നു. തിരുനബിﷺ കാരക്കയോടൊപ്പം കക്കരിക്ക കഴിച്ചിരുന്നു. തിരുനബിﷺ ഉപ്പ് ചേർത്തിട്ടായിരുന്നു കക്കരിക്ക കഴിച്ചിരുന്നത് എന്ന് ആഇശ(റ)യിൽ നിന്ന് ഇമാം ഇബ്നു അദിയ്യ്(റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തേനും ശരീദും കക്കരിയും കഴിച്ചിരുന്നു എന്ന് ഇമാം ഖത്താബി(റ) ആഇശ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു.
തിരുനബിﷺയുടെ ഭക്ഷണത്തളികയിൽ പച്ചക്കറി ഇനത്തിൽപ്പെട്ട ചീര ഉണ്ടായിരുന്നു എന്ന് അനസി(റ)ൽ നിന്ന് അബൂ ശൈഖ്(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺക്ക് വളരെ പ്രിയപ്പെട്ട ഭക്ഷണമായിരുന്നത്രെ അതും.
ഇമാം നസാഈ(റ), അഹ്മദ്(റ), ബൈഹഖി(റ) എന്നിവർ റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ അവസാനമായി കഴിച്ച ഭക്ഷണത്തിൽ വേവിച്ച ഉള്ളിയുമുണ്ടായിരുന്നു എന്ന് മഹതി ആഇശ(റ) റിപ്പോർട്ട് ചെയ്യുന്നു. ഇമാം ബുഖാരി(റ) അബുൽ മുഫ്റദിലും മറ്റും ഉദ്ദരിക്കുന്നു. മഹതിയായ ആഇശ(റ) പറഞ്ഞു. തിരുനബിﷺ വിയോഗം തേടുന്നതിന് മുമ്പ് ഒരു വെള്ളിയാഴ്ച പാചകം ചെയ്ത ഉള്ളി അടക്കമുള്ള ഭക്ഷണം കഴിച്ചിരുന്നു.
അയില പ്രദേശത്തെ നിവാസികൾ ഒരുതരം ചേമ്പ് നൽകി തിരുനബിﷺയെ സൽക്കരിച്ചു. തിരുനബിﷺ ആശ്ചര്യപൂർവ്വം അത് കഴിച്ചു. ശേഷം ഇതെന്താണെന്ന് ചോദിച്ചപ്പോൾ ഭൂമിയിൽ നിന്ന് കിട്ടുന്ന ഒരുതരം ഫാറ്റ് ആണ് എന്ന് അവർ മറുപടി പറഞ്ഞു. ഭൂമിയിൽനിന്ന് കിട്ടുന്ന ഫാറ്റ് നല്ലതാണെന്ന് തിരുനബിﷺ പ്രതികരിക്കുകയും ചെയ്തു.
എത്രമാത്രം കൗതുകകരമായ അധ്യായങ്ങളാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഒരു നേതാവിന്റെ, അതും 1400 വർഷങ്ങൾക്കു മുമ്പ് ജീവിച്ചു വിയോഗം തേടിയ ഒരു വ്യക്തിത്വത്തിന്റെ തളികയിലെ ഭക്ഷണ വിഭവങ്ങളുടെ വൈവിധ്യങ്ങൾ മുഴുവൻ അധ്യായങ്ങൾ തിരിച്ചു തന്നെ രേഖപ്പെടുത്തിയിരിക്കുകയാണ്. ഏതൊക്കെ പഴങ്ങൾ, ഏതൊക്കെ മാംസങ്ങൾ, ഏതൊക്കെ പച്ചക്കറികൾ, ഏതെല്ലാം ഇനത്തിലുള്ള പാചകങ്ങൾ, അക്കാലഘട്ടത്തിലെ വ്യത്യസ്ത ദേശങ്ങളിൽ നിന്നുള്ള പലഹാരങ്ങൾ, പ്രാദേശികമായി പല ദേശക്കാരും വിളയിച്ചെടുക്കുന്ന വിളവുകൾ ഇങ്ങനെ എത്രമേൽ വിശാലമായിട്ടാണ് ഈ അധ്യായം പോലും രേഖപ്പെടുത്തിയിരിക്കുന്നത്.
സുഗമമായ സഞ്ചാരസൗകര്യമുണ്ടായ കാലത്താണ് വ്യത്യസ്ത ദേശങ്ങളിലെ ഫലവർഗ്ഗങ്ങൾ ഓരോ ദേശത്തും ലഭിക്കാൻ തുടങ്ങിയത്. ഇത്രയും സൗകര്യങ്ങളില്ലാത്ത കാലത്ത് അതാത് നാട്ടിലെ വിളകൾ മാത്രമായിരുന്നുവല്ലോ ആളുകൾ ഉപയോഗിച്ചിരുന്നത്. അന്താരാഷ്ട്ര സമ്പർക്കങ്ങളുള്ള കാലത്ത് ലഭിക്കും പോലെ വിവിധ ദേശങ്ങളിലെയും പ്രവിശ്യകളിലെയും പഴങ്ങളും ഫലങ്ങളും തിരുനബിﷺയുടെ മുമ്പിൽ എത്തി എന്ന് വായിക്കുന്നതിൽ ഒന്നുകൂടി നമ്മെ കൗതുകപ്പെടുത്തുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 809
ഇമാം മാലിക്ക്(റ), ഇമാം അഹ്മദ്(റ) തുടങ്ങി നിരവധി നിവേദകന്മാർ ഉദ്ദരിക്കുന്നു. അനസ്(റ) പറഞ്ഞു. ഒരു തുന്നൽക്കാരൻ ഒരിക്കൽ നബിﷺയെ സൽക്കാരത്തിന് ക്ഷണിച്ചു. ഞാനും നബിﷺയോടൊപ്പം പോയി. ബാർലിയുടെ റൊട്ടിയും ഉണക്ക മാംസവും ചുരങ്ങയും ചേർത്തുണ്ടാക്കിയ കറിയും മുന്നിൽ നിരത്തി.തിരുനബിﷺ ചുരങ്ങാ കഷ്ണം തെരഞ്ഞെടുക്കുന്നത് ഞാൻ ശ്രദ്ധിച്ചു. ഞാൻ അതിനെ പിന്തുടരുകയും തളികയിൽ നിന്ന് തെരഞ്ഞെടുത്ത് തിരുനബിﷺക്ക് വച്ചുകൊടുക്കുകയും ചെയ്തു. അന്നുമുതൽ എനിക്ക് ചുരങ്ങയോട് വലിയ ഇഷ്ടമായി.
ഈ നിവേദനത്തിന്റെ വിവിധ ഭാഗങ്ങൾ പലസ്ഥലങ്ങളിൽ വായിച്ചു പോയിട്ടുണ്ട്. തിരുനബിﷺയുടെ വിനയവും സൽക്കാരവും പാവപ്പെട്ടവർ ക്ഷണിച്ചാൽ പോലും സ്വീകരിക്കാനുള്ള വിശാലതയും തുടങ്ങി നിരവധി ആശയങ്ങൾ ഉൾക്കൊള്ളുന്ന ഹദീസാണല്ലോ ഇത്.
അബൂ ത്വാലൂത്ത്(റ) എന്നവരിൽ നിന്ന് ഇമാം തിർമിദി(റ) ഉദ്ദരിക്കുന്നു. ഞാൻ അനസി(റ)ന്റെ അടുക്കലേക്ക് ഇരുന്നപ്പോൾ അദ്ദേഹം കക്കരി കഴിക്കുകയായിരുന്നു. എന്നിട്ട് ഇങ്ങനെ പറയുന്നുണ്ടായിരുന്നു. അല്ലയോ സസ്യമേ നിന്നെ ഞാൻ ഇത്രയും ഇഷ്ടം വെക്കുന്നത് തിരുനബിﷺ നിന്നെ ഇഷ്ടം വെച്ചതുകൊണ്ടാണ്.
ഒരു അനുയായിയുടെ ഭക്ഷണത്തിന്റെ താൽപര്യം നിയന്ത്രിക്കുന്നതിൽ പ്രവാചകരുﷺടെ താല്പര്യങ്ങൾ എത്രമാത്രം പങ്കുവഹിക്കുന്നു എന്നാണ് നാം വായിച്ചത്. നിർബന്ധമായ ഒരു കൽപ്പനയുടെ അടിസ്ഥാനത്തിലല്ല, അനുയായിയുടെ ഹൃദയത്തിൽ രൂപപ്പെട്ട സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും പ്രകാശനമാണത്. സ്നേഹപാത്രം ഇഷ്ടപ്പെട്ടത് ഇഷ്ടപ്പെടുക എന്നതല്ലാതെ മറ്റൊരു ന്യായവും ഇവിടെ കാണാനില്ല.
ഇമാം അഹ്മദും(റ) ഇബ്നു അബീശൈബ(റ)യും മറ്റും ഉദ്ദരിക്കുന്നു. ജാബിർ ബിൻ ത്വാരിഖ്(റ) പറയുന്നു. ഞാൻ തിരുനബിﷺയുടെ സന്നിധിയിലേക്ക് ചെന്നപ്പോൾ അവിടെ ചുരങ്ങ മുറിക്കുന്നത് കണ്ടു. ഞാൻ ചോദിച്ചു. എന്താണിത്? അപ്പോൾ പറഞ്ഞു. ഇതുകൊണ്ട് ഞങ്ങൾ കറി അധികരിപ്പിക്കും. തിരുനബിﷺക്ക് ഏറെ താൽപര്യമുള്ള ഭക്ഷണങ്ങളിൽ ഒന്നായിരുന്നു ചുരങ്ങ എന്ന് ഇമാം അഹ്മദും(റ) അബൂബക്കറു ബിൻ അബുഖൈസമ(റ)യും മറ്റും ഉദ്ദരിച്ച സ്വതന്ത്രമായ ഹദീസുമുണ്ട്.
മഹതി ആഇശ(റ) പറയുന്നു. അല്ലയോ ആഇശാ(റ), ഭക്ഷണമുണ്ടാക്കിയാൽ അതിൽ ചുരങ്ങ അധികരിപ്പിക്കണമെന്നും പ്രസ്തുത ഭക്ഷണം ദുഃഖിക്കുന്ന ഹൃദയത്തിന് ആശ്വാസമാണെന്നും പറയാറുണ്ടായിരുന്നു.
ഞങ്ങളുടെ അടുക്കൽ ചുരങ്ങ പാചകം ചെയ്തത് ലഭിച്ചാൽ തിരുനബിﷺക്ക് വേണ്ടി ഞങ്ങൾ അത് കരുതി നൽകുമായിരുന്നു എന്ന് അനസ്(റ) പറയുന്നു. നബിﷺ ചുരങ്ങ നന്നായി കഴിക്കുമായിരുന്നു. ബുദ്ധി അധികരിക്കാനും തലച്ചോറിലെ ദ്രാവകം വർധിക്കാനും ഇതു കാരണമാണെന്ന് അവിടുന്ന് പറയുകയും ചെയ്തിരുന്നു.
സഹൽ ബിൻ സഅദ് അസ്സാഇദീ(റ) പറഞ്ഞു. വെള്ളിയാഴ്ച ആയാൽ ഞങ്ങൾക്ക് വലിയ സന്തോഷമായിരുന്നു. ഞങ്ങൾ ചോദിച്ചു. എന്താണ് കാരണം?മദീനയിൽ ഒരു വയോധിക ഉണ്ടായിരുന്നു. വെള്ളിയാഴ്ച ആയാൽ അവർ അവരുടെ ബുളാഅ തോട്ടത്തിലേക്ക് ആളെ അയക്കും. അവിടെനിന്ന് ഒരു പ്രത്യേകതരം ഇല അഥവാ സിൽഖ് കൊണ്ടുവന്നു ഒരു പാചക പാത്രത്തിൽ ഇടും. അതിൽ ബാർലി ചേർത്ത് പാചകം ചെയ്യും. മാംസമോ കൊഴുപ്പോ ഒന്നും അതിൽ ചേർക്കുകയില്ല. വെള്ളിയാഴ്ച ജുമുഅ നിസ്കാരം കഴിഞ്ഞാൽ ഞങ്ങൾ ഈ തളികയിലേക്കാണ് പോവുക.
മാംസമോ കൊഴുപ്പോ ഒന്നും ചേർക്കാതെ രുചികരമായ വേറിട്ട ഒരു വിഭവം ലഭിക്കുമായിരുന്നു എന്നാണ് പറഞ്ഞതിന്റെ സാരം.
ഇലക്കറികൾ ഉപയോഗിക്കുകയും ന്യൂട്രീഷൻ വിഭവങ്ങൾ പ്രയോഗിക്കുകയും ചെയ്യുന്ന പുതിയ കാലത്ത് നാമിന്ന് ഉപയോഗിക്കുന്ന വിവിധയിനം ഇലകളെ പോലെ ഒന്ന് ഉപയോഗിച്ചിരുന്ന ഇലക്കറിയും അതിനോടുണ്ടായിരുന്ന താല്പര്യവുമൊക്കെ ഇന്നലെകളിൽ നിന്ന് ഒരിക്കൽ കൂടി വായിക്കുകയാണ്.
മനുഷ്യരിൽ രൂപപ്പെട്ടുവന്ന ചില ഭക്ഷണകാഴ്ചപ്പാടുകൾ ഇന്നലെകളുടെ തുടർച്ച കൂടിയാണ് എന്ന് ഇതിൽനിന്ന് മനസ്സിലാകുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Leave a Reply