Mahabba Campaign Part-810
Tweet 810
തിരുനബിﷺയുടെ ഭക്ഷണത്തളികയിലൂടെയാണ് നമ്മൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. വളരെ പ്രിയത്തോടെ സ്വീകരിക്കുകയും സന്തോഷത്തോടെ കഴിക്കുകയും ചെയ്ത പല ഭക്ഷണത്തെക്കുറിച്ചും നമ്മൾ വായിച്ചു കഴിഞ്ഞു. എന്നാൽ അവിടുത്തേക്ക് അത്ര താല്പര്യമില്ലാതിരുന്ന ഭക്ഷണങ്ങളെ കുറിച്ചുള്ള പരാമർശവും ഹദീസുകളിൽ വന്നിട്ടുണ്ട്.
അബൂ സഈദി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) ഇമാം മുസ്ലിമും(റ) ഉദ്ദരിക്കുന്നു. തിരുനബിﷺ അനുയായികളോടൊപ്പം ഒരിക്കൽ ഖൈബറിലെ ഒരു ഉള്ളിത്തോട്ടത്തിന്റെ അടുത്തുകൂടി നടന്നുപോയി. സ്വഹാബികൾ ചിലർ തോട്ടത്തിലിറങ്ങി ഉള്ളി കഴിച്ചു. ബാക്കിയുള്ളവർ കഴിക്കാതെ തിരുനബിﷺയോടൊപ്പം കൂടി. ഒടുവിൽ എല്ലാവരും നബിﷺയുടെ സന്നിധിയിൽ എത്തിയപ്പോൾ ഉള്ളി കഴിക്കാത്തവരെ നബിﷺ ആദ്യം സ്വീകരിച്ചു. കഴിച്ചവരെ ഉള്ളിയുടെ ഗന്ധം മാറിയതിനുശേഷം മറ്റുള്ളവരോടൊപ്പം ചേർത്ത് നിർത്തി. മഹാനായ അനസി(റ)ൽ നിന്ന് ഇമാം ഇബ്നു അദിയ്യ്(റ) ഉദ്ദരിക്കുന്നു. വെളുത്തുള്ളിയും വെള്ള സവാളയും സാധാരണ സവാളയും തിരുനബിﷺ കഴിക്കുമായിരുന്നില്ല. ജിബ്‌രീല്‍(അ) നബിﷺയോട് വന്ന് സംസാരിക്കുമ്പോൾ ഉള്ളിയുടെ ഗന്ധം അലോസരപ്പെടുത്തരുത് എന്ന് കരുതിയായിരുന്നുവത്രെ അത്.
അബൂ അയ്യൂബി(റ)ൽ നിന്ന് ഇബ്നു സഅദ് (റ) ഉദ്ദരിക്കുന്നു. ഒരിക്കൽ സവാള ചേർത്ത് പാകം ചെയ്ത ഭക്ഷണം തിരുനബിﷺക്ക് കൊടുത്തുവിട്ടു. എന്നാൽ, പിന്നീട് ചെന്നപ്പോൾ തിരുനബിﷺ അതിൽ നിന്ന് ഭക്ഷിച്ചതായി കണ്ടില്ല. മലക്കുകളോട് സംസാരിക്കുമ്പോൾ എന്റെ ഭാഗത്തുനിന്ന് ഒരു ദുർഗന്ധമുണ്ടാകുന്നത് ഞാൻ ഇഷ്ടപ്പെടാത്തത് കൊണ്ടാണ് കഴിക്കാതിരുന്നത് എന്നും ഈ ഭക്ഷണം കഴിക്കുന്നത് അടിസ്ഥാനപരമായി നിഷിദ്ധമല്ലെന്നും തിരുനബിﷺ വ്യക്തമാക്കി.
തിരുനബിﷺക്ക് ആര് ഭക്ഷണം കൊണ്ടുവന്നു കൊടുത്താലും അവിടുന്ന് കഴിച്ചശേഷം ഞങ്ങൾക്കും തരാറുണ്ടായിരുന്നു. അബൂ അയ്യൂബ്(റ) പറയുകയാണ്. എന്നാൽ, ഒരിക്കൽ വന്ന ഒരു ഭക്ഷണം തിരുനബിﷺ അതിൽ നിന്ന് തീരെ കഴിക്കാതെ ഞങ്ങൾക്ക് കൊടുത്തയച്ചു. ഇതിൽ എന്തോ ഒന്നുമുണ്ടല്ലോ എന്ന് കരുതി നബിﷺയോട് ഞാൻ ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു. നിങ്ങൾ അത് കഴിച്ചോളൂ. എനിക്ക് അത്ര താല്പര്യമില്ലാത്ത ഒരു വിഭവം അതിലുണ്ട്. ഉള്ളി ഉദ്ദേശിച്ചു കൊണ്ടായിരുന്നു തിരുനബിﷺ അത് പറഞ്ഞത്.
തിരുനബിﷺ എപ്പോഴും ഒരു സുഗന്ധ പരിസരം പരിപാലിച്ചിരുന്നു. തങ്ങളുടെ ഭാഗത്തുനിന്ന് അല്പമെങ്കിലും അനിഷ്ടകരമായ ഒരു ബന്ധമോ സമീപനമോ ഉണ്ടാകരുത് എന്ന കണിശത അവിടുന്ന് പാലിച്ചിരുന്നു. ഉള്ളി അനുവദിക്കപ്പെട്ട ഭക്ഷണമാണെങ്കിലും അതിന്റെ ഗന്ധം ഉണ്ടാവാത്ത വിധം പാചകം ചെയ്ത് മാത്രമേ അവിടുന്ന് കഴിച്ചിരുന്നുള്ളൂ. ഏതെങ്കിലും വിധത്തിൽ അതിന്റെ ഗന്ധം മറ്റുള്ളവരെ പ്രയാസപ്പെടുത്തുമെന്ന് കണ്ടാൽ തിരുനബിﷺ അത് ഭക്ഷിച്ചിരുന്നില്ല. ഉള്ളി അടിസ്ഥാനപരമായി നിഷിദ്ധമായതുകൊണ്ടല്ല, മറിച്ച് തിരുനബിﷺയിൽ നിന്ന് മറ്റുള്ളവർക്ക് എന്തെങ്കിലും പ്രയാസകരമായത് ഉണ്ടാകാതിരിക്കാൻ വേണ്ടിയായിരുന്നു.
ഒരിക്കൽ തിരുനബിﷺയുടെ മുമ്പിൽ ഒരു പാത്രത്തിൽ ഉള്ളി കൊണ്ടുവന്നു വച്ചു. അതിന്റെ ഗന്ധം വന്നപ്പോൾ തിരുനബിﷺ ആ പാത്രത്തിൽ നിന്ന് കൈ പിന്നോട്ട് വലിച്ചു. ഒപ്പമിരുന്ന മുആദും(റ) കൈ പിന്നോട്ടു വലിച്ചു. ഇത് കണ്ട് ഒപ്പമുണ്ടായിരുന്നു എല്ലാവരും തളികയിൽ നിന്ന് കൈയെടുത്ത് മാറ്റി. നബിﷺ ചോദിച്ചു. എന്തേ നിങ്ങളെല്ലാവരും തളികയിൽ നിന്ന് കൈ പിൻവലിച്ചത്? അവർ പറഞ്ഞു. അവിടുന്ന് കഴിക്കാത്തത് കൊണ്ട് ഞങ്ങളും കഴിക്കാതിരിക്കുകയാണ്. ഉടനെ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. അല്ലാഹുവിന്റെ നാമത്തിൽ നിങ്ങൾ കഴിച്ചോളൂ. നിങ്ങൾ അഭിമുഖീകരിക്കാത്ത വരെ ഞാൻ അഭിമുഖീകരിക്കുന്നുണ്ട്. അവർക്ക് പ്രയാസമാകാതിരിക്കാനാണ് ഞാൻ കഴിക്കാത്തത്. അഥവാ മലക്കുകളുമായി സംഭാഷണം നടത്തുന്ന എനിക്ക് ഈ ഗന്ധം അത്ര ഉചിതമായി തോന്നാത്തത് കൊണ്ടാണ്. നിങ്ങൾ കഴിച്ചു കൊള്ളൂ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 811
അബ്ദുല്ലാഹിബ്നു വഹബ്(റ) നിവേദനം ചെയ്യുന്നു. അബൂ സഖ്ർ(റ) പറയുന്നത് ഞാൻ കേട്ടു. ബദാമും ധാന്യ പൊടിയും ചേർത്ത ഒരു ഭക്ഷണം തിരുനബിﷺയുടെ മുമ്പിൽ കൊണ്ടുവന്നു. ഇതെന്താണെന്ന് ചോദിച്ചപ്പോൾ കൊണ്ടുവന്നവർ ഭക്ഷണത്തെ പരിചയപ്പെടുത്തി. ഇത് അമിതവ്യയം നടത്തുന്നവരുടെ ഭക്ഷണമാണെന്ന് പറഞ്ഞു തിരുനബിﷺ നിരസിച്ചു.
അടിസ്ഥാനപരമായി വിലക്കപ്പെടാത്ത ചില ഭക്ഷണവും മറ്റു പല കാരണങ്ങളാൽ തിരുനബിﷺ ഉപയോഗിക്കാതിരുന്നു എന്ന ഒരാശയമാണ് ഈ ഹദീസ് നൽകുന്നത്. ചില സന്ദർഭത്തിലും വിഭവത്തിനും പരിഗണിക്കാനും അവഗണിക്കാനുമുള്ള മാനങ്ങളുണ്ടാകും. ഉപയോഗിക്കാതിരുന്ന വസ്തു വിലക്കപ്പെട്ട വസ്തു തന്നെ ആകണമെന്നില്ല.
മാംസത്തിൽ നിന്ന് ഏഴു ഭാഗങ്ങൾ തിരുനബിﷺ കഴിക്കുമായിരുന്നില്ല. പിത്താശയം, മൂത്രസഞ്ചി, ആണാടായാലും പെണ്ണാടായാലും അതിന്റെ ലിംഗ ഭാഗങ്ങൾ, വൃഷ്ണങ്ങൾ, ഗ്രന്ഥികൾ എന്നിവയായിരുന്നു അത്. അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇബ്നു അദിയ്യ്(റ) ഉദ്ദരിച്ചതാണിത്. ആടിന്റെ മുൻഭാഗത്തെ മാംസമായിരുന്നു തിരുനബിﷺ താല്പര്യപ്പെട്ടിരുന്നത് എന്ന് മേൽ നിവേദനത്തിന്റെ അനുബന്ധമായി ഇബ്നു ഉമർ(റ) പറയുന്നുണ്ട്.
കിഡ്നികളും തിരുനബിﷺ കഴിച്ചിരുന്നില്ല. മൂത്രത്തോട് ചേർന്ന് നിൽക്കുന്നു എന്നതായിരുന്നു അവിടുന്ന് പറഞ്ഞ കാരണം. ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇബ്നു സുന്നി(റ) ഇത് നിവേദനം ചെയ്യുന്നു.
ശവംതീനികളായ പക്ഷികളുടെയും ജീവികളുടെയും മാംസം തിരുനബിﷺ കഴിക്കുകയോ താല്പര്യപ്പെടുകയോ ചെയ്തില്ല. ബറാഉ ബിൻ ആസിബ്(റ) ഇത് പറഞ്ഞുതരുന്നു.
ഹൃദയത്തോട് അടുത്ത ഭാഗത്തുനിന്നുള്ള മാംസവും അവിടുന്ന് താൽപര്യപ്പെട്ടിരുന്നില്ല എന്ന് വായിക്കാൻ കഴിയും. ഒരു അൻസ്വാരി സ്വഹാബി പറഞ്ഞതായി സ്വീകാര്യയോഗ്യരായ പണ്ഡിതന്മാർ ഉദ്ദരിച്ചിട്ടുണ്ട്.
ഇമാം ഇബ്നു അബീ ശൈബ(റ) രേഖപ്പെടുത്തുന്നു. ഖുസൈമത് ബിൻ ജുസു(റ) എന്ന സ്വഹാബി നബിﷺയോട് പറഞ്ഞു. ഭൂമിയിൽ നിന്നുള്ള വർഗ്ഗങ്ങളെ കുറിച്ച് ചോദിക്കാൻ വന്നതാണ്. ഉടുമ്പിനെ കുറിച്ച് അവിടുന്ന് എന്താണ് പറയുന്നത്? അത് ഞാൻ കഴിക്കാൻ താല്പര്യപ്പെടുന്നുമില്ല, എന്നാൽ നിങ്ങളെ കഴിക്കുന്നതിൽ നിന്ന് വിലക്കുന്നതുമില്ല. തിരുനബിﷺ പ്രതികരിച്ചു. അവിടുന്ന് വിലക്കാത്തിടത്തോളംകാലം ഞാൻ അത് കഴിക്കാതിരിക്കില്ല. എന്നാൽ എന്തുകൊണ്ടാണ് അവിടുന്ന് കഴിക്കാത്തത്? ഞങ്ങളുടെ നാട്ടിൽ ഇല്ലാത്ത ഒരു വിഭവമാണത്. അതുകൊണ്ടുതന്നെ എനിക്കതിനോട് താല്പര്യം തോന്നിയില്ല. മുയലിനെ കുറിച്ച് അവിടുന്ന് എന്താണ് പറയുന്നത്? ഞാനത് കഴിക്കുന്നുമില്ല. വിലക്കുന്നുമില്ല. ഞാൻ അത് കഴിക്കാൻ താല്പര്യപ്പെടുന്നു. എന്നാൽ, എന്താണ് അവിടുന്ന് കഴിക്കാത്തത്? അതിന് രക്തസ്രാവമുണ്ടെന്നാണ് എനിക്ക് ലഭിച്ച വിവരം?
അതിന് ആർത്തവമുണ്ട് എന്ന പ്രയോഗം നേരത്തെ ഒരു ഹദീസിൽ നിന്ന് നാം വായിച്ചു പോയിട്ടുണ്ട്.
ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം മാലിക്(റ) ഉദ്ദരിക്കുന്നു. അദ്ദേഹം പറഞ്ഞു. ഞാനും ഖാലിദും(റ) കൂടി നബിﷺയുടെ അടുക്കലേക്ക് ചെന്നു. നബിﷺ അപ്പോൾ മൈമൂന ബീവി(റ)യുടെ അടുക്കലായിരുന്നു. മൈമൂന(റ) ഖാലിദി(റ)ന്റെ അമ്മായിയും കൂടിയായിരുന്നു. അങ്ങനെയിരിക്കെ ചുട്ട ഉടുമ്പിനെ തിരുനബിﷺക്ക് ലഭിച്ചു. തിരുനബിﷺ അതിൽ നിന്നെടുക്കാൻ വേണ്ടി കരങ്ങൾ നീട്ടി. വീട്ടിനുള്ളിൽ നിന്ന് സ്ത്രീകൾ പറഞ്ഞു. നബിﷺക്ക് താല്പര്യം പോലെ അതിൽ നിന്ന് കഴിച്ചു കൊള്ളട്ടെ. ഒപ്പം ആരോ പറയുന്നത് കേട്ടു, ഇത് ഉടുമ്പാണ് എന്ന്. അപ്പോഴേക്കും തളികയിലേക്ക് വെച്ച കൈ തിരുനബിﷺ ഉയർത്തി. നിഷിദ്ധമാണോ നബിﷺയെ എന്ന് ഒരാൾ ചോദിച്ചു. അല്ല, നിഷിദ്ധമൊന്നുമല്ല. ഇത് എന്റെ നാട്ടിൽ ഇല്ലാത്തതു കൊണ്ട് തന്നെ എനിക്ക് ഇതിനോട് താല്പര്യമില്ല. ആ പാത്രം അടുപ്പിച്ചുവെച്ചു ഖാലിദ്(റ) നന്നായി കഴിച്ചു. തിരുനബിﷺ അത് നോക്കിയിരിക്കുകയും ചെയ്തു.
തിരുനബിﷺ കഴിക്കാതിരുന്നതെല്ലാം വിലക്കപ്പെട്ടതായിരുന്നു എന്ന കാഴ്ചപ്പാടില്ല എന്ന് പഠിപ്പിക്കാൻ വേണ്ടിയായിരുന്നു ഇത്. ഓരോന്നിനെയും അതിന്റെ ശരിയായ അനുപാതത്തിൽ പഠിക്കാനും പകർത്താനും അടുത്ത തലമുറകളിലേക്ക് കൈമാറി കൊടുക്കാനും സ്വഹാബികൾക്ക് സാധിച്ചപ്പോഴാണ് പൂർണ്ണമായ മതദർശനങ്ങളും അനുഷ്ഠാന ജീവിതവും നമുക്ക് ലഭിച്ചത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 812
മഹാനായ സ്വഹാബി അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഒരു ജവനയിൽ നെയ്യും മറ്റും ഒഴിച്ചു പാചകം ചെയ്ത ഏഴ് ഉടുമ്പുകൾ നബിﷺക്ക് സമ്മാനമായി ലഭിച്ചു. നബിﷺ അനുയായികളോട് കഴിക്കാൻ പറയുകയും അവിടുന്ന് വിട്ടുനിൽക്കുകയും ചെയ്തു. അപ്പോൾ ചോദിച്ചു. എന്തേ അവിടുന്ന് കഴിക്കുന്നില്ലേ? എനിക്ക് അതിനോട് താല്പര്യമില്ല എന്ന് തിരുനബിﷺ മറുപടി പറഞ്ഞു.
നിങ്ങൾ കഴിച്ചുകൊള്ളൂ.. ഞങ്ങളുടെ നാട്ടുകാർ കഴിച്ചിരുന്ന ഭക്ഷണമല്ല ഇതെന്ന് തിരുനബിﷺപറഞ്ഞ അനുഭവം അവിടുത്തെ പത്നിമാരിൽ ഒരാൾ നിവേദനം ചെയ്യുന്നുണ്ട്. ഇമാം ത്വബ്റാനി(റ) സ്വീകാര്യമായ പരമ്പരകളിലൂടെ അത് ഉദ്ദരിച്ചു.
ഖാസിം ബിൻ ഇസ്‌ബഗ്(റ) ഇബ്നു ഉമറി(റ)ൽ നിന്ന് ഉദ്ദരിക്കുന്നു. എനിക്ക് ബ്രൗൺ നിറത്തിലുള്ള ഗോതമ്പിന്റെ പൊടിയിൽ നിന്നുണ്ടാക്കിയ നല്ല വെള്ള റൊട്ടി നെയ്യ് പുരട്ടിയത് ഒന്ന് കിട്ടിയിരുന്നെങ്കിൽ കഴിക്കാമായിരുന്നല്ലോ എന്ന് ഒരിക്കൽ തിരുനബിﷺപറഞ്ഞു. ഇത് കേട്ട ഒരാൾ അതുപ്രകാരമുള്ള റൊട്ടി പാകപ്പെടുത്തി കൊണ്ടുവന്നു. വിഭവം കൊണ്ടുവന്ന് മുന്നിൽ വച്ചപ്പോൾ തിരുനബിﷺ ചോദിച്ചു. ഈ നെയ്യ് എവിടെ നിന്നാണ്? അദ്ദേഹം പറഞ്ഞു. ഉടുമ്പിന്റെ തുകലിൽ സൂക്ഷിച്ചതാണ്. തിരുനബിﷺ സൗകര്യപൂർവ്വം അതിനെ വിസമ്മതിച്ചു.
അനുവദിക്കപ്പെട്ട വിഭവമാണെങ്കിലും പരിചയമോ താല്പര്യമോ ഇല്ലാത്തതുകൊണ്ട് ഉടുമ്പിൽ നിന്നുണ്ടാക്കിയ ഭക്ഷണം മാറ്റിവെക്കുകയും എന്നാൽ സ്വഹാബികൾക്കും മറ്റും അത് കഴിക്കാൻ അനുവാദം നൽകുകയും ചെയ്തു.
തിരുനബിﷺയുടെ പത്നി മഹതി മൈമൂന(റ) ഉദ്ദരിക്കുന്നു. ഒരിക്കൽ ഒരു ഉടുമ്പ് സമ്മാനമായി ലഭിച്ചു. മഹതിയുടെ പ്രദേശത്തുള്ള രണ്ടാളുകൾ അതിഥികളായി വന്നു. അവർക്കു വേണ്ടി അത് പാചകം ചെയ്തു. അവർക്കാ വിഭവം കൊണ്ടുവന്നു കൊടുത്തു. അതിനിടയിൽ തിരുനബിﷺ അവിടേക്ക് കടന്നുവന്നു. അവരോടൊപ്പം കഴിക്കാതിരിക്കുകയും എടുത്ത് ചുണ്ടിനോട് അടുപ്പിക്കുകയും ചെയ്തു. അപ്പോൾ ചോദിച്ചു. ഇതെന്താണ്? മഹതി പറഞ്ഞു. ഇത് നമുക്ക് സമ്മാനമായി ലഭിച്ച ഉടുമ്പാണ്. അപ്പോൾ തിരുനബിﷺ കയ്യിലെടുത്ത ഭക്ഷണം പാത്രത്തിലേക്ക് തന്നെ തിരിച്ചുവച്ചു. അപ്പോൾ കഴിച്ചു കൊണ്ടിരുന്ന അതിഥികളും വായയിൽ നിന്ന് ഭക്ഷണം തിരിച്ചെടുത്താലോ എന്ന് വിചാരിച്ചു. അപ്പോഴേക്കും തിരുനബിﷺ പറഞ്ഞു. നിങ്ങൾ ആ ഭക്ഷണം കഴിക്കാതിരിക്കണ്ട. നിങ്ങൾ നജിദുകാർ ഇത് സാധാരണ കഴിക്കുന്നതാണല്ലോ. ഞങ്ങൾ തിഹാമക്കാരായ ആളുകൾ ഇത് കഴിക്കാറില്ല. അതുകൊണ്ട് മാത്രം ഞാൻ വിസമ്മതിച്ചതാണെന്ന് സാരം.
ഒരിക്കൽ തിരുനബിﷺ ഖുത്വുബ നിർവഹിക്കാനുള്ള മിമ്പറിന്മേലുള്ളപ്പോൾ ഉടുമ്പ് കഴിക്കുന്നതിനെ കുറിച്ച് ഒരാൾ ചോദിച്ചു. ഞാനത് കഴിക്കുന്നുമില്ല, വിലക്കുന്നുമില്ല എന്നായിരുന്നു മറുപടി പറഞ്ഞത്. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) മറ്റും ഇബ്‌നു ഉമറി(റ)ൽ നിന്ന് ഇത് ഉദ്ദരിച്ചിട്ടുണ്ട്.
ഇബ്നു അബ്ബാസി(റ)ൽ ഇബ്നു സഅദ്(റ) ഉദ്ദരിക്കുന്നു. ഞാനും ഖാലിദും(റ) നബിﷺയോടൊപ്പം മൈമൂന ബിൻത് അൽ ഹാരിസി(റ)ന്‍റെ വീട്ടിലേക്ക് ചെന്നു. അപ്പോൾ അവർ ചോദിച്ചു. ഉമ്മു അതീഖ്(റ) നൽകിയ ഭക്ഷണം ഞാൻ നിങ്ങളെ കഴിപ്പിക്കട്ടെയോ? എന്നിട്ട് പൊരിച്ച രണ്ട് ഉറുമ്പിനെയാണ് കൊണ്ടുവന്നത്. തിരുനബിﷺ അത് കണ്ടപ്പോൾ മനം പുരട്ടിയത് പോലെ തുപ്പി. അപ്പോൾ ഖാലിദ്(റ) ചോദിച്ചു. എന്തേ അവിടുത്തേക്ക് ഇതിന് താല്പര്യമില്ലേ? നബിﷺ പറഞ്ഞു. അതെ, താല്പര്യമില്ല.
മുഹമ്മദ് ബിൻ സീരീൻ(റ) ഉദ്ദരിക്കുന്നു. തിരുനബിﷺയുടെ സന്നിധിയിൽ ഒരിക്കൽ ഉടുമ്പ് പാചകം ചെയ്തു കൊണ്ടുവന്നു. അപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു. നഗരത്തിൽ താമസിക്കുന്ന സംസ്കൃത സമൂഹമണിത്. ഞങ്ങൾ സാധാരണയിൽ ഇത് കഴിക്കാറില്ല.
പൊതുവേ നാട്ടിൻപുറത്തുകാരും താഴ്‌വാരങ്ങളിൽ താമസിക്കുന്നവരുമാണ് അത് പ്രധാനമായും കഴിച്ചിരുന്നത്. അതുകൊണ്ടാണ് തിരുനബിﷺ അങ്ങനെ ഒരു വിശദീകരണം നൽകിയത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 813
തിരുനബിﷺയുടെ പാനീയങ്ങളെ കുറിച്ചുള്ള വർത്തമാനങ്ങളാണ് ഇനി നമുക്ക് പങ്കുവെക്കാനുള്ളത്. ഇമാം അഹ്മദും(റ) മറ്റും മഹതി ആഇശ(റ)യിൽ നിന്ന് ഉദ്ധരിക്കുന്നു. “ബുയൂതുസ്സുഖ്’യ”യിൽ നിന്ന് നബിﷺക്ക് വെള്ളം ശേഖരിച്ചു കൊണ്ടുവരുമായിരുന്നു.
മദീനയിൽ നിന്ന് രണ്ടുദിവസത്തെ വഴി ദൂരമുള്ള സ്ഥലത്തെ ഒരു അരുവിയായിരുന്നു ഇത് എന്ന് ഖുതായ്‌ബ(റ) ഇതിന് വിശദീകരണം നൽകി. രുചികരമായ നല്ല കുടിവെള്ളമായിരുന്നു ഇവിടെനിന്ന് ശേഖരിച്ചിരുന്നത്.
ജഅ്ഫർ ബിൻ മുഹമ്മദ്(റ) പറഞ്ഞു. ഗർസ് കിണറ്റിൽ നിന്ന് തിരുനബിﷺക്ക് വേണ്ടി വെള്ളം ശേഖരിച്ചു കൊണ്ടു വരുമായിരുന്നു. തിരുനബിﷺ ലോകത്തോട് വിട പറഞ്ഞപ്പോൾ ശരീരം കുളിപ്പിച്ചതും ഈ കിണറ്റിലെ വെള്ളം ഉപയോഗിച്ചുകൊണ്ടാണ്. മദീനയിൽ തന്നെയുള്ള ഒരു കിണറാണിത്.
ഇബ്നു സഅദ്(റ), മുഹമ്മദ് ബിൻ ഉമർ അൽ അസ്ലമി(റ) എന്നിവരും നിവേദനം ചെയ്യുന്നു. അബൂ റാഫിഇ(റ)ന്റെ ഭാര്യ സൽമ(റ) പറഞ്ഞു. തിരുനബിﷺ അബൂ അയ്യൂബ്(റ) എന്നവരുടെ വീട്ടിൽ താമസിച്ചപ്പോൾ അനസി(റ)ന്റെ പിതാവ് മാലിക് ബിൻ നള്റി(റ)ന്റെ കിണറ്റിൽ നിന്നാണ് രുചികരമായ വെള്ളം കൊണ്ടുവന്നിരുന്നത്. അസ്മാഇ(റ)ന്റെ മക്കളായ അനസ്, ഹിന്ദ്, ജാരിയ എന്നിവരാണ് തിരുനബിﷺയുടെ പത്നിമാരുടെ വീടുകളിലേക്ക് ബുയൂത്തുസ്സുഖ്യയിൽ നിന്ന് വെള്ളം എത്തിച്ചു കൊടുത്തിരുന്നത്. തിരുനബിﷺയുടെ പരിചാരകനായ റബാഹ് അൽ അസ്‌വദ്(റ) ഗർസ് കിണറിൽ നിന്നും ബുയൂത്തുസ്സുഖ്’യയിൽ നിന്നും ഒന്നിടവിട്ട് വെള്ളം കൊണ്ടുവന്നു കൊടുക്കുമായിരുന്നു.
ഹൈസം ബിൻ നസ്ർ ബിൻ റുഹും(റ) പറയുന്നു. ഞാൻ തിരുനബിﷺക്ക് സേവനം ചെയ്യുകയും പാവപ്പെട്ടവരോടൊപ്പം നബിﷺയുടെ കവാടത്തിൽ കഴിഞ്ഞു കൂടുകയും ചെയ്തു. അബുൽ ഹൈസം ബിൻ അത്തയിഹാനിന്റെ ‘ജാസിം’ കിണറ്റിൽ നിന്ന് തിരുനബിﷺക്ക് വെള്ളം എത്തിച്ചു കൊടുക്കുമായിരുന്നു. പ്രസ്തുത കിണറ്റിൽ നല്ല വെള്ളമായിരുന്നു.
അബ്ദുല്ലാഹിബ്നു ഉമർ(റ) പറയുന്നു. ജനങ്ങൾ ശുദ്ധി വരുത്തുകയും ജലവിനിയോഗം നടത്തുകയും ചെയ്യുന്ന സ്ഥലത്തുനിന്നും നബിﷺയും വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെടുമായിരുന്നു. വിശ്വാസികളുടെ കര വ്യവഹാരത്തിന്റെ അനുഗ്രഹവും മറ്റും പ്രതീക്ഷിക്കുകയും ആ വെള്ളത്തിൽ നിന്ന് കുടിക്കുകയും ചെയ്തിരുന്നു.
മക്കയും മദീനയും പരിസരപ്രദേശങ്ങളും മരുഭൂമിയിലെ മറ്റു ഇടങ്ങളും പൊതുവേ ചുരുക്കം ചില ജലസ്രോതസ്സുകളിൽ നിന്നാണ് നിത്യോപയോഗത്തിനുള്ള വെള്ളം സ്വീകരിച്ചിരുന്നത്. അന്ന് ലഭിക്കുന്ന എല്ലാ കിണറുകളിലെയും വെള്ളം പാനയോഗ്യമോ പാചകയോഗ്യമോ ആയിരുന്നില്ല. കുടിക്കാൻ പറ്റുന്ന വെള്ളമുള്ള കിണറുകൾ പ്രസ്തുത കാര്യങ്ങൾക്ക് വേണ്ടി ഒരുപാട് ആളുകൾ ഉപയോഗപ്പെടുത്തുന്നതായിരുന്നു.
കിണറുകൾ ദുർലഭമായതുകൊണ്ടുതന്നെ ഉള്ള കിണറുകൾക്ക് വലിയ പ്രാധാന്യവും പരിഗണനയുമായിരുന്നു. പലസ്ഥലങ്ങളും കിണറുകളുടെ പേരിലാണ് അറിയപ്പെട്ടിരുന്നത്. നബിﷺയുടെ കാലത്തെ കിണറുകളെ കുറിച്ച് തന്നെ സ്വതന്ത്രമായ പഠനങ്ങൾ ഏറെയുണ്ട്.
ഒരു വ്യക്തി ഏതൊക്കെ സ്രോതസ്സുകളിൽ നിന്ന് ജലം ഉപയോഗിച്ചു എന്ന പഠനം എത്രമേൽ സൂക്ഷ്മമായ ഒരു വായനയായിരിക്കും. നബി ജീവിതം അത്രത്തോളം കൃത്യമായി രേഖപ്പെട്ടു കിടക്കുന്നു എന്നതിന്റെ തെളിവുകൂടിയാണിത്. ഇന്നും അത്തരം ഉള്ളടക്കത്തോടെ ഗ്രന്ഥം രചിക്കപ്പെടുകയും വായിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്നു എന്നത് തന്നെ മറ്റെല്ലാ വ്യക്തികളിൽ നിന്നും തിരുനബിﷺയെ വേറിട്ട് കാണിക്കുന്ന വിപുലമായ ഒരു അധ്യായമാണ്. തിരുനബിﷺ വക്കത്തിരുന്ന കിണറുകളെ കുറിച്ച് നാം വായിച്ചു പോയി. ഒപ്പമിരുന്ന ആളുകളുടെ പേരുകൾ നാം ചരിത്രത്തിൽ നിന്ന് ഉദ്ധരിച്ചു. അവിടുത്തെ സാന്നിധ്യം കൊണ്ട് പാന യോഗ്യമായ വെള്ളം ലഭിച്ച കിണറുകളെ കുറിച്ചും നാം പരാമർശിച്ചുപോയി. ഉപയോഗശൂന്യമായ ചില കിണറുകൾ തിരുനബിﷺയുടെ അനുഗ്രഹ പ്രാർത്ഥന കൊണ്ടും സാന്നിധ്യം കൊണ്ടും എക്കാത്തേക്കും ഉപയോഗയോഗ്യമായത് സീറയുടെ ഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്നു.
തിരുനബിﷺ കടന്നുപോയ ജലാശയങ്ങളുടെയും കിണറുകളുടെയും ചാരത്ത് കൂടി ഇനിയും നമുക്ക് കുറച്ചു കൂടി സഞ്ചരിക്കാനുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 814
തിരുനബിﷺയുടെ പാനവും പാനീയവും പറയുമ്പോൾ സവിശേഷമായ ചില അധ്യായങ്ങൾ കൂടി ചേർത്തുവെക്കാനുണ്ട്. തിരുനബിﷺ വെള്ളം കുടിക്കുകയും അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചിലപ്പോൾ വെള്ളം നന്നാകാനും നിലനിൽക്കാനും അവിടുത്തെ ഉമിനീർ ചേർക്കുകയും ചെയ്ത കിണറുകളെ കുറിച്ച് മാത്രം ഒരു പഠനമുണ്ട്. ആ വിധത്തിൽ 21 കിണറുകളുണ്ട് എന്നാണ് ഇമാം യുസുഫ് സ്വാലിഹി(റ) അദ്ദേഹത്തിന്റെ സുബുലുഹുദാ വർറഷാദിൽ പറഞ്ഞത്. അതിൽനിന്ന് ഇരുപതെണ്ണത്തെ പ്രാഥമികമായി അദ്ദേഹം പരിചയപ്പെടുത്തുന്നുണ്ട്. ഒന്ന്, അരീസ് കിണർ അഥവാ ബിഅർ അരീസ്:. ഖുബ പള്ളിയുടെ പരിസരത്താണ് ഈ കിണർ സ്ഥിതിചെയ്യുന്നത്. അരീസ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു ജൂതന്റെ പേരിനോട് ചേർത്താണ് അദ്ദേഹത്തിന്റെ കിണർ എന്ന അർത്ഥത്തിലുള്ള ബിഅർ അരീസ് എന്ന പ്രയോഗം വന്നത്. മുമ്പ് ഡമാസ്ക് സുകാർ കർഷകൻ എന്ന അർത്ഥത്തിലാണ് ‘അരീസ് ‘
പ്രയോഗിച്ചിരുന്നത്.
യഹ്‌യ ബിൻ സഈദി(റ)ൽ നിന്ന് ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ അനസ് ബിൻ മാലിക്ക്(റ) ഖുബാ പള്ളിയുടെ അടുക്കൽ വന്നപ്പോൾ സമീപത്തുണ്ടായിരുന്ന കിണറിനെ കുറിച്ച് അദ്ദേഹത്തോട് അന്വേഷിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു. അതെ, അത് ഇവിടെ തന്നെയാണ്. ഒരു കഴുതയെ നനച്ചാൽ തന്നെ വറ്റിപ്പോകുന്ന ഒരു കിണറായിരുന്നു അത്. ഒരിക്കൽ തിരുനബിﷺ ഇവിടെ എത്തി. ഒരു പാത്രത്തിൽ പ്രസ്തുത കിണറ്റിൽ നിന്ന് വെള്ളം കൊണ്ടുവരാൻ പറഞ്ഞു. തിരുനബിﷺ അതിൽ അംഗസ്നാനം നടത്തുകയോ കൊപ്ലിക്കുകയോ ചെയ്തു. ശേഷം, ആ പാത്രത്തിലെ വെള്ളം കിണറ്റിലേക്ക് തന്നെ തിരിച്ചൊഴിക്കാൻ പറഞ്ഞു. പിന്നൊരിക്കലും ആ കിണർ വറ്റിയിട്ടുണ്ടായിരുന്നില്ല.
രണ്ട്, അഅവാഫ് കിണർ. മുഹമ്മദ് ബിൻ അബ്ദുല്ലാഹിബിന് ഉമറുബിന് ഉസ്മാൻ(റ) എന്നവർ പറയുന്നു. തിരുനബിﷺ അഅവാഫ് കിണറിന്റെ വക്കിൽ നിന്ന് അംഗസ്നാനം നിർവഹിച്ചു. പ്രസ്തുത വെള്ളം അവിടെ പകർന്നു. അതിന്റെ അനുഗ്രഹത്തിൽ നിന്ന് അവിടെ ചെടികൾ മുളച്ചു. ഇപ്പോഴും ആ ചെടികൾ അവിടെയുണ്ട്.
ഇമാം സുംഹൂദി(റ) വിശദീകരിക്കുന്നു. പടിഞ്ഞാറുഭാഗത്ത് മർബൂഇന്റെയും കിഴക്കുഭാഗത്ത് ഖുഫാഫയുടെയും ഇടയിലുള്ള വിശാലമായ ഒരു താഴ്‌വരയാണ് ഇന്ന് ഈ പ്രദേശം. അവിടെ ഒന്നിലേറെ കിണറുകളുണ്ട്. തിരുനബിﷺ അന്ന് ഉപയോഗിച്ച കിണർ ഏതാണെന്ന് വ്യക്തമല്ല.
മൂന്ന്, ഉനാ കിണർ. തിരുനബിﷺ ബനൂ ഖുറൈളാ ഉപരോധിച്ചപ്പോൾ തമ്പടിച്ചത് ഈ കിണറിന്റെ അടുത്തായിരുന്നു എന്ന് അബ്ദുൽഹമീദ് ബിൻ ജഅ്ഫർ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ അവിടെയുള്ള പള്ളിയിൽ നിസ്കരിക്കുകയും ഉനാ കിണറിൽ നിന്ന് വെള്ളം കുടിക്കുകയും തൊട്ടടുത്തുള്ള സിദ്റ മരത്തിൽ വാഹനത്തെ കെട്ടിയിടുകയും ചെയ്തു. വാഹനത്തെ കെട്ടിയ സ്ഥലം മറിയം ബിൻത് ഉസ്മാൻ(റ) എന്നവരുടേതായിരുന്നു.
തിരുനബിﷺ ബനൂ ഖുറൈദയിൽ എത്തിയപ്പോൾ അവിടെയുള്ള ഒരു കിണറിന്റെ പരിസരത്ത് ഇറങ്ങുകയും തുടർന്ന് അനുയായികൾ എല്ലാവരും അവിടെ എത്തിച്ചേരുകയും ചെയ്തു. അത് ഉനാ കിണറായിരുന്നു എന്ന് ഇബ്നു ഇസഹാഖ്(റ) നിവേദനം ചെയ്യുന്നു.
ഒരു വ്യക്തിയുടെ ചരിത്രത്തിൽ ഇത്ര സൂക്ഷ്മമായ അധ്യായങ്ങൾ എത്ര കൗതുകകരമായ ചിത്രങ്ങളാണ് നമുക്ക് പ്രദർശിപ്പിക്കുന്നത്. ഒരു ജീവിതത്തിന്റെ നാൾവഴികളെ ഇത്ര ശ്രദ്ധയോടെ പകർത്തിവെക്കാനും പകർന്നു കൊടുക്കാനും ജാഗ്രത കാണിക്കുന്ന ഒരു ചരിത്ര സമൂഹത്തെ രൂപപ്പെടുത്തി എന്നത് തന്നെ തിരുനബിﷺ സാധിച്ച സാംസ്കാരിക വിചാരങ്ങളുടെ ഉത്തമമായ ഉദാഹരണമാണ്. സാങ്കേതികമായി ഉയർന്ന ഈ കാലത്തും ചരിത്രസംരക്ഷണം എന്ന സാംസ്കാരിക പ്രക്രിയയിൽ എത്ര വ്യക്തികളാണ് ഇത്രമേൽ സൂക്ഷ്മമായി നിരീക്ഷിക്കപ്പെടുന്നത്! ആരെക്കുറിച്ചാണ് ഇത്രയും കൃത്യതയുള്ള വായനകൾ നമുക്ക് ലഭിക്കുന്നത്! തിരുനബിﷺയെ കുറിച്ചുള്ള ഓരോ അധ്യായങ്ങളും വ്യക്തിവിശേഷത്തിന്റെ സമഗ്രതയും സൂക്ഷ്മതയും വിളിച്ചുപറഞ്ഞു കൊണ്ടേയിരിക്കുകയാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 815
നാല്, ബിഅർ അനസ് ബിൻ മാലിക് ബിൻ നള്ർ അഥവാ അനസ് ബിൻ മാലിക് കിണർ. അനസി(റ)ന്റെ പിതാവിനോട് ചേർത്ത് മാലിക് ബിൻ നള്റി(റ)ന്റെ കിണർ എന്നും ഇതറിയപ്പെടുന്നു. തിരുനബിﷺ ഇതിൽ നിന്ന് വെള്ളം കുടിച്ചിരുന്നു എന്ന് മർവാൻ ബിൻ സഅദ് ബിൻ അലി(റ)യിൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിച്ചിട്ടുണ്ട്. ഈ കിണറ്റിലെ വെള്ളം ഒരു ബക്കറ്റിൽ എടുത്ത് അതിൽ നിന്ന് വെളളം വായിൽ കൊണ്ട് അതിലേക്ക് തന്നെ പകർന്നതായി മഹ്മൂദ് ബിൻ റബീഇ(റ)ൽ നിന്നുള്ള നിവേദനത്തിൽ കാണുന്നു.
അനസി(റ)ൽ നിന്ന് ഇബ്നു സബാല(റ) ഉദ്ധരിക്കുന്ന വിശദീകരണത്തിൽ ഇങ്ങനെ കൂടിയുണ്ട്. അനസി(റ)ന്റെ വീട്ടിൽ നിന്ന് തിരുനബിﷺ കുടിക്കാൻ ആവശ്യപ്പെട്ടു. അപ്പോൾ അവിടുത്തെ കിണറ്റിലെ വെള്ളവും പാലും ചേർത്ത് തിരുനബിﷺക്ക് കൊടുത്തു. അപ്പോൾ നബിﷺയുടെ വലതുഭാഗത്ത് ഒരു ഗ്രാമീണനായ അറബിയും ഇടതുഭാഗത്ത് അബൂബക്കറും(റ) മുൻഭാഗത്ത് ഉമറും(റ) ഉണ്ടായിരുന്നു.
ബുഖാരിയിലെ നിവേദനത്തിൽ അനസ്(റ) പറയുന്നു. തിരുനബിﷺ ഞങ്ങളുടെ വീട്ടിലേക്കു വന്നു. അപ്പോൾ കുടിക്കാൻ ആവശ്യപ്പെട്ടു. പാലും വീട്ടിലെ കിണറ്റിലെ വെള്ളവും ചേർത്ത് നബിﷺക്ക് നൽകി.
നബിﷺ കുടിച്ചതിന്റെ ശിഷ്ടം അടുത്തിരുന്നവർക്ക് കൊടുത്തത് കൂടി നിവേദനങ്ങളിൽ പറഞ്ഞിട്ടുണ്ട്. തിരുനബിﷺ കുടിച്ചതിനുശേഷം ബാക്കി ആദ്യം നൽകിയത് വലത് ഭാഗത്തുള്ള ഗ്രാമീണനായിരുന്നു. അബൂബക്കർ(റ) അടുത്തുതന്നെയുണ്ടെന്ന് ഉമർ(റ) ഉണർത്തിയെങ്കിലും വലതുഭാഗത്തുള്ളവർക്ക് ആദ്യം കൊടുക്കണമെന്ന ചിട്ടയാണ് തിരുനബിﷺ പരിഗണിച്ചത്. വലത്തേത് വലത്തേത് എന്ന് ആവർത്തിച്ചു പറഞ്ഞ് അതിന്റെ പ്രാധാന്യം ഉണർത്തുകയും ചെയ്തു. ശേഷംഅബൂബക്കറി(റ)നും ഉമറി(റ)നും കുടിക്കാൻ നൽകി.
അനസി(റ)ന്റെ വീട്ടിലെ കിണറ്റിൽ തിരുനബിﷺയുടെ ഉമിനീർ ചേർന്നിട്ടുണ്ടെന്നും മദീനയിലെ ഏറ്റവും വലിയ വെള്ളം ആ കിണറ്റിലെ വെള്ളമായിരുന്നു എന്നും അബൂ നുഐമി(റ)ന്റെ നിവേദനത്തിൽ കാണാം. മദീനക്കാർ ഉപരോധിക്കപ്പെട്ടാൽ ഈ കിണറ്റിൽ നിന്നായിരുന്നു വെള്ളമെടുത്തിരുന്നത്. ജാഹിലിയ്യ കാലഘട്ടത്തിൽ ഇത് കിണർ അൽ ബറൂത് എന്നാണ് അറിയപ്പെട്ടിരുന്നത്. മദീന പള്ളിയുടെ കിഴക്കുഭാഗത്താണ് ഈ കിണർ സ്ഥിതി ചെയ്തിരുന്നത് എന്ന് ഗ്രന്ഥങ്ങൾ പരാമർശിക്കുന്നു. എന്നാൽ ഈ കിണർ കണ്ടെത്താനായില്ല എന്ന് ചരിത്രകാരനായ ഇമാം സുംഹൂദി(റ) ഉദ്ധരിക്കുന്നു.
അഞ്ച്, അഹാബ് കിണർ. മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ(റ) എന്നവരിൽ നിന്ന് ഇബ്നു സബാല(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ ഹർറ പ്രവിശ്യയിലുളള അഹാബ് കിണറിന്റെ അടുക്കൽ വന്നു. സഅദ് ബിൻ ഉസ്മാൻ(റ) എന്നവരുടെ ഉടമസ്ഥതയിലായിരുന്നു അന്ന് ആ കിണറുണ്ടായിരുന്നത്. തിരുനബിﷺ കിണറിന്റെ അടുക്കലേക്ക് വന്നപ്പോൾ സഅദി(റ)ന്റെ മകൻ ഉബാദ(റ) രണ്ടു മരക്കൊമ്പുകൾക്കിടയിൽ അവിടെ ബന്ധിക്കപ്പെട്ടിരുന്നു. തിരുനബിﷺ കിണറിന്റെ അടുക്കൽ വന്ന് മടങ്ങിയ ഉടനെ സഅദ്(റ) അവിടേക്ക് വന്നു. മകനോട് ചോദിച്ചു. ഇവിടെ ആരെങ്കിലും വന്നിരുന്നുവോ? അതെ എന്നു പറഞ്ഞുകൊണ്ട് വന്നയാളുടെ വിശേഷങ്ങൾ ഉബാദ(റ) വിശദീകരിച്ചു കൊടുത്തു. അപ്പോൾ പിതാവ് മകനോട് പറഞ്ഞു. അത് അല്ലാഹുവിന്റെ ദൂതനാﷺണ്. എത്രയും വേഗം അടുത്തേക്ക് ചെല്ലൂ എന്ന് പറഞ്ഞ് മകനെ മോചിപ്പിച്ചു. ഉബാദ(റ) അതിവേഗം നടന്ന് നബിﷺയെ സമീപിച്ചു. തിരുനബിﷺ അദ്ദേഹത്തിന്റെ ശിരസ്സിൽ കൈവച്ച് അനുഗ്രഹിക്കുകയും പ്രത്യേകം പ്രാർഥിക്കുകയും ചെയ്തു. തിരുനബിﷺ ഉമിനീർ അവിടുത്തെ കിണറ്റിൽ പകർന്നു.
ഈ സംഭവത്തിന്റെ നിവേദകൻ അനുബന്ധമായി ഇങ്ങനെ കൂടി ചേർക്കുന്നു. ഉബാദ(റ) 80ാമത്തെ വയസ്സുവരെ ആരോഗ്യവാനായി ജീവിച്ചു. ഇദ്ദേഹത്തിന് നര ബാധിച്ചതേയില്ല. അസുഖകാരണമായിട്ടായിരുന്നു ഉബാദ(റ) മരത്തിൽ ബന്ധിക്കപ്പെട്ടിരുന്നത്. തിരുനബിﷺയുടെ പ്രാർഥന മൂലം അദ്ദേഹത്തിന് രോഗമുക്തി ലഭിച്ചു എന്നുകൂടി ചേർത്ത് വായിക്കണം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 816
ആറ്, ബുസ്സ്വ കിണർ. അബൂ സഈദ് അൽ ഖുദ്‌രി(റ)യിൽ നിന്ന് ഇബ്നു സബാല(റ) ഉദ്ധരിക്കുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടവരെ തിരുനബിﷺ സന്ദർശിക്കാറുണ്ടായിരുന്നു. അവരുടെ കുടുംബങ്ങളുടെ കാര്യങ്ങൾ ശ്രദ്ധിക്കുകയും മക്കളെ സന്ദർശിക്കുകയും ചെയ്തിരുന്നു. അങ്ങനെ ഒരു ദിവസം അബൂ സഈദ് അൽ ഖുദ്‌രി(റ)യുടെ അടുക്കൽ വന്നു. എന്നിട്ട് തിരുനബിﷺ ചോദിച്ചു. എനിക്ക് കുളിക്കുമ്പോൾ ഉപയോഗിക്കാൻ സിദ്റുണ്ടോ? ഇന്ന് വെള്ളിയാഴ്ചയല്ലേ? സാധാരണയിൽ തേച്ചു കുളിക്കാൻ ഉപയോഗിക്കുന്ന സുഗന്ധമുള്ള ഒരുതരം ഇലയാണ് സിദ്ർ. അബൂ സഈദ്(റ) ഉണ്ടെന്ന് പറയുകയും തിരുനബിﷺക്ക് എടുത്തു കൊടുക്കുകയും ചെയ്തു. അതുമായി തിരുനബിﷺ ബുസ്സ്വ കിണറിന്റെ അടുത്തേക്ക് പോയി. സിദ്ർ ഉപയോഗിച്ച് ശിരസ്സ് കഴുകുകയും ആ വെള്ളം കിണറിലേക്ക് തന്നെ തിരിച്ചു പകർന്നു കൊടുക്കുകയും ചെയ്തു. ശിരസ്സിൽ നിന്ന് കൊഴിഞ്ഞ രോമങ്ങളും അതിലുണ്ടായിരുന്നു.
ഖുബാ പള്ളിയിലേക്ക് നടന്നുപോകുന്ന വഴിയിൽ ബഖീഅ് ഖബർസ്ഥാനിനടുത്താണ് ഈ കിണറുണ്ടായിരുന്നത്.
ശിരസ്സു കഴുകിയ വെള്ളം എന്നത് നമ്മൾ നമ്മളിലേക്ക് ചേർത്തു നോക്കുമ്പോഴാണ് അതിന്റെ സാംഗത്യത്തെ കുറിച്ച് സംശയങ്ങൾ വരുന്നത്. തിരുനബിﷺയുടെ ശരീരവും അവസ്ഥകളുമൊന്നും സാധാരണ മനുഷ്യന്മാരെ പോലെ ആയിരുന്നില്ല. അവിടുത്തെ വിയർപ്പ് തന്നെ കസ്തൂരി പോലെ സുഗന്ധമായിരുന്നു. അവിടുത്തെ കോവകൾക്കിടയിൽ നിന്ന് പ്രത്യേകമായ ഒരു വെളിച്ചം പ്രഭവിച്ചിരുന്നു. അങ്ങനെയുള്ള തിരുമേനിﷺയിൽ ഉപയോഗിച്ച വെള്ളം നമ്മൾ ശുദ്ധീകരിക്കാനോ മാലിന്യം നീക്കാനോ ഉപയോഗിക്കുന്ന വെള്ളം പോലെയല്ല. തിരു ശരീരത്തിന്റെ അനുഗ്രഹീത സ്പർശം ലഭിച്ച തീർത്ഥം എന്നേ അതിന് പറയാൻ പറ്റൂ.
തേനിനെ തേൻ എന്നല്ലാതെ തേനീച്ചയുടെ ഉച്ഛിഷ്ടം എന്നാരും പ്രയോഗിക്കാറില്ല. കസ്തൂരിയെ കസ്തൂരി എന്നല്ലാതെ കസ്തൂരിമാനിന്റെ ബോഡി വേസ്റ്റ് എന്ന് ആരും പറയാറില്ല. അവകളെ മധുരപാനീയമായും സുഗന്ധദ്രവ്യമായും എല്ലാ മനുഷ്യരും ഉപയോഗിക്കുന്നു. ഇതുപ്രകാരം തിരുനബിﷺയെ കേവലം ഒരു മനുഷ്യനെന്ന് കാണുമ്പോഴാണ് അവിടുത്തെ വിയർപ്പിന്റെയും ശേഷിപ്പുകളുടെയും മൂല്യം മനസ്സിലാകാതെ പോകുന്നത്. ഈ ലോകത്ത് സൃഷ്ടിക്കപ്പെട്ട ഏറ്റവും ശ്രേഷ്ഠ സൃഷ്ടിയാണ് തിരുനബിﷺ. അവിടുത്തോട് ബന്ധപ്പെട്ട എന്തും പവിത്രവും പരിശുദ്ധവുമാണ്. ഏറ്റവും മഹത്വമുള്ളതും പുണ്യവുമാണ്.
ലോകത്ത് തന്നെ ഏറ്റവും വിലപിടിപ്പുള്ള കോഫികളിൽ ഒന്ന് ആനയ്ക്ക് ഭക്ഷണമായി നൽകിയ കാപ്പി കുരു ആനയുടെ പിണ്ഡമായി വിസർജിച്ചതിൽ നിന്ന് തിരിച്ചെടുക്കുന്നതാണ്. തീർത്തും മാലിന്യത്തിൽ ചേർന്നു വന്നിട്ട് പോലും അതിൽ ഏതോ ഒരു പ്രക്രിയയെ മനുഷ്യൻ മികച്ചതായി പരിഗണിക്കുന്നു. ലോക കമ്പോളങ്ങളിൽ ഉയർന്ന വിലയിൽ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു. എന്നാൽ, ആത്മീയമായ മഹത്വവും പുണ്യവും പറയുമ്പോൾ അത് സ്വീകരിക്കുന്നിടത്ത് മാത്രം ചില നിർമ്മിത ന്യായങ്ങളെ സ്ഥാപിച്ചെടുക്കുന്നു. അടിസ്ഥാനപരമായ അവബോധങ്ങൾ നഷ്ടപ്പെടുമ്പോഴാണ് ഇത്തരം വേർതിരിവുകൾ ഉണ്ടാകുന്നത്. പ്രവാചകർﷺ ഉപയോഗിച്ച വെള്ളം കിണറ്റിലേക്ക് തന്നെ തിരിച്ചു പകർന്നു എന്നു വരുമ്പോൾ ആര് എന്ത് എന്ന് കൃത്യമായി മനസ്സിലാക്കിയാൽ തീരുന്നതേയുള്ളൂ പ്രശ്നം.
കിണറ്റിലെ വെള്ളം പാനയോഗ്യമല്ലെങ്കിൽ പ്രവാചക ശിഷ്യന്മാർ തിരുനബിﷺയോട് വന്ന് ആവലാതി പറയും. പരിഹാരമായി പ്രവാചകൻﷺ പല മാർഗങ്ങളും നിർദ്ദേശിക്കും. ചിലപ്പോൾ ആ വെള്ളം ശുദ്ധമാകാൻ വേണ്ടി പ്രാർത്ഥിക്കും. ചിലപ്പോൾ ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിൽ പവിത്രനാമങ്ങൾ മന്ത്രിച്ച് ആ വെള്ളം കിണറ്റിൽ ഒഴിക്കാൻ പറയും. ചിലപ്പോൾ അൽപ്പം വെള്ളത്തിൽ തിരുനബിﷺയുടെ ഉമിനീർ ചേർത്ത് ആ വെള്ളം കിണറ്റിലേക്ക് പകർന്നുകൊടുക്കാൻ പറയും. മറ്റു ചിലപ്പോൾ അവിടുന്ന് തന്നെ നേരെ കിണറ്റിലേക്ക് ആ വെള്ളം ഒഴിക്കും. ഇത്തരം സന്ദർഭങ്ങളിലെല്ലാം ഉപയോഗയോഗ്യമായ നിരവധി കിണറുകളുടെ കഥ പ്രവാചക ശിഷ്യന്മാർക്ക് ലോകത്തോട് പങ്കുവെക്കാനുണ്ട്. അത്തരം ചരിത്ര സന്ദർഭങ്ങളെ ഉദ്ധരിക്കുക മാത്രമാണ് പിൽക്കാല നിവേദകന്മാർ ചെയ്തത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 817
ഏഴ്, ബുളാഅ കിണർ. മർവാൻ ബിൻ അബീ സഈദ് അൽ മുഅല്ല(റ)യിൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ ബുളാഅ കിണറിൽ നിന്ന് വെള്ളം കുടിക്കുകയും അതിൽ ഉമിനീർ ചേർക്കുകയും അനുഗ്രഹത്തിനു വേണ്ടി പ്രാർഥിക്കുകയും ചെയ്തു.
മുഹമ്മദ് ബിൻ ഉമർ അൽ അസ്ലമി(റ) പറയുന്നു. സഹൽ ബിൻ സഅദി(റ)ന്റെ പിതാവ് പറഞ്ഞതായി ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. പ്രവാചക ശിഷ്യന്മാരിൽ നിന്ന് പലരും പറയുന്നത് ഞാൻ കേട്ടു. ബുളാഅ കിണറിൽ നിന്ന് ഒരു ബക്കറ്റ് വെള്ളത്തിൽ തിരുനബിﷺ വുളൂഅ് ചെയ്തു. ശേഷം, അതിൽനിന്ന് കുടിക്കുകയും അതിൽ ഉമിനീർ ചേർക്കുകയും ചെയ്തു. ബക്കറ്റിൽ ശേഷിച്ച വെള്ളം കിണറ്റിലേക്ക് തന്നെ ഒഴിച്ചു. വീണ്ടും ബക്കറ്റിലേക്ക് വായിൽ കൊണ്ട് വെള്ളം പകരുകയും ചെയ്തു. തിരുനബിﷺയുടെ കാലത്ത് ആർക്കെങ്കിലും രോഗമായാൽ
ബുളാഅ കിണറ്റിൽ പോയി കുളിക്കാൻ പറയുമായിരുന്നു. അങ്ങനെ ചെയ്യുന്ന പക്ഷം ഒരു കുടുക്കിൽ നിന്ന് ഒഴിവായ പോലെ രോഗമുക്തി ലഭിക്കുമായിരുന്നു.
സഹൽ ബിൻ അബ്ദുല്ലാഹ്(റ) പറയുന്നു. അദ്ദേഹം പറഞ്ഞു. ഈ ബുളാഅ കിണറ്റിൽ നിന്ന് നിങ്ങളെ വെള്ളം കുടിപ്പിച്ചാൽ നിങ്ങൾക്ക് ചിലപ്പോൾ അത് തൃപ്തിയായി എന്നു വരില്ല. എന്നാൽ തിരുനബിﷺക്ക് ഞാൻ ഈ കിണറ്റിൽ നിന്ന് വെള്ളം നൽകിയിട്ടുണ്ട്. ഇമാം ത്വബ്റാനി(റ)യുടെ യുടെ നിവേദന പ്രകാരം തിരുനബിﷺ ഈ കിണറ്റിൽ ഇറങ്ങുകയും ഇതിലേക്ക് ഉമിനീർ ചേർക്കുകയും ചെയ്തിട്ടുണ്ട്.
ആധികാരിക പരമ്പരയിൽ ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. അബൂ ഉസൈദ് അസ്സാഇദി(റ) പറഞ്ഞു. അദ്ദേഹത്തിന് മദീനയിൽ ബുളാഅ എന്നൊരു കിണറുണ്ട്. അതിൽ തിരുനബിﷺയുടെ ഉമിനീർ ചേരുകയും ആളുകൾ അതിൽ നിന്ന് അനുഗ്രഹം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ജാസൂമ് അല്ലെങ്കിൽ ജാസിം എന്ന് പേരുള്ള മറ്റൊരു കിണർ കൂടി അവിടെയുണ്ട്. അബുൽ ഹൈസം അതയ്യിഹാൻ എന്ന വ്യക്തിയുടേതാണ് ജാസിം കിണർ എന്ന് ഇബ്‌നു സഅദി(റ)ന്റെ നിവേദനത്തിൽ കാണാം. റാത്തിജ് എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത് എന്ന ഒരു അനുബന്ധം കൂടി ഇവിടെയുണ്ട്.
ഹൈസം ബിൻ നസ്ർ അൽ അസ്ലമി(റ) പറയുന്നു. ഞാൻ തിരുനബിﷺക്ക് സേവനം ചെയ്യുകയും അവിടുത്തെ പടിവാതിൽക്കൽ തന്നെ കാത്തുനിൽക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ ജാസിം കിണറിൽ നിന്ന് തിരുനബിﷺക്ക് വെള്ളം കൊണ്ടുവന്നു കൊടുക്കുമായിരുന്നു. അതിലെ വെള്ളം നല്ല വെള്ളമായിരുന്നു. അതിന്റെ ഉടമസ്ഥൻ അബുൽ ഹൈസം അതയ്യിഹാൻ എന്ന വ്യക്തിയായിരുന്നു.
ബുളാഅ കിണറ്റിൽ ആളുകൾ ചിലപ്പോഴൊക്കെ വേസ്റ്റുകൾ തട്ടാറുണ്ടായിരുന്നു. അതുകാരണമായി അതിലെ വെള്ളം ഉപയോഗിക്കാൻ പറ്റുമോ എന്ന ഒരു ആശങ്ക കൂടി ജനങ്ങൾക്കുണ്ടായിരുന്നു. മലിനമാകാത്ത വിധം അധികം വെള്ളമുള്ള കിണറാണെങ്കിൽ അത് വെള്ളത്തിന്റെ സ്വഭാവത്തെ ബാധിച്ചിട്ടില്ലെങ്കിൽ ഉപയോഗശൂന്യമാവുകയില്ല എന്ന നിലപാട് തിരുനബിﷺ പഠിപ്പിച്ചു കൊടുക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്തു. ചിലപ്പോൾ നിങ്ങൾക്ക് ഈ കിണറ്റിലെ വെള്ളം ഇഷ്ടമായിക്കൊള്ളണമെന്നില്ല എന്ന സ്വഹാബിയുടെ പ്രയോഗത്തിന്റെ പശ്ചാത്തലം അതാണ്. എന്നാൽ തിരുനബിﷺ അത് ബോധ്യപ്പെട്ടു ഉപയോഗിച്ചു എന്നത് ആവശ്യസമയത്ത് മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്താനുള്ള സന്ദേശം കൂടിയായിരുന്നു.
തിരുനബിﷺയുടെ സമീപനങ്ങളും വ്യവഹാരങ്ങളും കേവലം അനുഭവങ്ങൾക്കപ്പുറം ലോകത്തിന് പകർത്താനുള്ള നിയമങ്ങളുടെ അധ്യാപനം കൂടിയാണ്. എന്തുചെയ്യണം, എങ്ങനെ ചെയ്യണം, ഏതൊക്കെ വിഭവങ്ങൾ ഉപയോഗിക്കണം എന്നിങ്ങനെയുള്ള വിശദമായ അധ്യാപനങ്ങൾ മുഴുവൻ തിരുനബിﷺയുടെ ജീവിതത്തിന്റെ ഇടവഴികളിൽ നിന്നാണ് ലോകത്തിന് ലഭിച്ചത്. അതുകൊണ്ടുതന്നെ നബിജീവിതം വായിക്കുമ്പോൾ കേവലമായ ഒരു ചരിത്ര വായനക്കപ്പുറം ലോകം അനുകരിക്കേണ്ട നിയമങ്ങളുടെ കൂടി അധ്യാപനം അതിൽ ചേർന്നുനിൽക്കുന്നുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 817
ഏഴ്, ബുളാഅ കിണർ. മർവാൻ ബിൻ അബീ സഈദ് അൽ മുഅല്ല(റ)യിൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ ബുളാഅ കിണറിൽ നിന്ന് വെള്ളം കുടിക്കുകയും അതിൽ ഉമിനീർ ചേർക്കുകയും അനുഗ്രഹത്തിനു വേണ്ടി പ്രാർഥിക്കുകയും ചെയ്തു.
മുഹമ്മദ് ബിൻ ഉമർ അൽ അസ്ലമി(റ) പറയുന്നു. സഹൽ ബിൻ സഅദി(റ)ന്റെ പിതാവ് പറഞ്ഞതായി ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. പ്രവാചക ശിഷ്യന്മാരിൽ നിന്ന് പലരും പറയുന്നത് ഞാൻ കേട്ടു. ബുളാഅ കിണറിൽ നിന്ന് ഒരു ബക്കറ്റ് വെള്ളത്തിൽ തിരുനബിﷺ വുളൂഅ് ചെയ്തു. ശേഷം, അതിൽനിന്ന് കുടിക്കുകയും അതിൽ ഉമിനീർ ചേർക്കുകയും ചെയ്തു. ബക്കറ്റിൽ ശേഷിച്ച വെള്ളം കിണറ്റിലേക്ക് തന്നെ ഒഴിച്ചു. വീണ്ടും ബക്കറ്റിലേക്ക് വായിൽ കൊണ്ട് വെള്ളം പകരുകയും ചെയ്തു. തിരുനബിﷺയുടെ കാലത്ത് ആർക്കെങ്കിലും രോഗമായാൽ
ബുളാഅ കിണറ്റിൽ പോയി കുളിക്കാൻ പറയുമായിരുന്നു. അങ്ങനെ ചെയ്യുന്ന പക്ഷം ഒരു കുടുക്കിൽ നിന്ന് ഒഴിവായ പോലെ രോഗമുക്തി ലഭിക്കുമായിരുന്നു.
സഹൽ ബിൻ അബ്ദുല്ലാഹ്(റ) പറയുന്നു. അദ്ദേഹം പറഞ്ഞു. ഈ ബുളാഅ കിണറ്റിൽ നിന്ന് നിങ്ങളെ വെള്ളം കുടിപ്പിച്ചാൽ നിങ്ങൾക്ക് ചിലപ്പോൾ അത് തൃപ്തിയായി എന്നു വരില്ല. എന്നാൽ തിരുനബിﷺക്ക് ഞാൻ ഈ കിണറ്റിൽ നിന്ന് വെള്ളം നൽകിയിട്ടുണ്ട്. ഇമാം ത്വബ്റാനി(റ)യുടെ യുടെ നിവേദന പ്രകാരം തിരുനബിﷺ ഈ കിണറ്റിൽ ഇറങ്ങുകയും ഇതിലേക്ക് ഉമിനീർ ചേർക്കുകയും ചെയ്തിട്ടുണ്ട്.
ആധികാരിക പരമ്പരയിൽ ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. അബൂ ഉസൈദ് അസ്സാഇദി(റ) പറഞ്ഞു. അദ്ദേഹത്തിന് മദീനയിൽ ബുളാഅ എന്നൊരു കിണറുണ്ട്. അതിൽ തിരുനബിﷺയുടെ ഉമിനീർ ചേരുകയും ആളുകൾ അതിൽ നിന്ന് അനുഗ്രഹം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ജാസൂമ് അല്ലെങ്കിൽ ജാസിം എന്ന് പേരുള്ള മറ്റൊരു കിണർ കൂടി അവിടെയുണ്ട്. അബുൽ ഹൈസം അതയ്യിഹാൻ എന്ന വ്യക്തിയുടേതാണ് ജാസിം കിണർ എന്ന് ഇബ്‌നു സഅദി(റ)ന്റെ നിവേദനത്തിൽ കാണാം. റാത്തിജ് എന്ന സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത് എന്ന ഒരു അനുബന്ധം കൂടി ഇവിടെയുണ്ട്.
ഹൈസം ബിൻ നസ്ർ അൽ അസ്ലമി(റ) പറയുന്നു. ഞാൻ തിരുനബിﷺക്ക് സേവനം ചെയ്യുകയും അവിടുത്തെ പടിവാതിൽക്കൽ തന്നെ കാത്തുനിൽക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ ജാസിം കിണറിൽ നിന്ന് തിരുനബിﷺക്ക് വെള്ളം കൊണ്ടുവന്നു കൊടുക്കുമായിരുന്നു. അതിലെ വെള്ളം നല്ല വെള്ളമായിരുന്നു. അതിന്റെ ഉടമസ്ഥൻ അബുൽ ഹൈസം അതയ്യിഹാൻ എന്ന വ്യക്തിയായിരുന്നു.
ബുളാഅ കിണറ്റിൽ ആളുകൾ ചിലപ്പോഴൊക്കെ വേസ്റ്റുകൾ തട്ടാറുണ്ടായിരുന്നു. അതുകാരണമായി അതിലെ വെള്ളം ഉപയോഗിക്കാൻ പറ്റുമോ എന്ന ഒരു ആശങ്ക കൂടി ജനങ്ങൾക്കുണ്ടായിരുന്നു. മലിനമാകാത്ത വിധം അധികം വെള്ളമുള്ള കിണറാണെങ്കിൽ അത് വെള്ളത്തിന്റെ സ്വഭാവത്തെ ബാധിച്ചിട്ടില്ലെങ്കിൽ ഉപയോഗശൂന്യമാവുകയില്ല എന്ന നിലപാട് തിരുനബിﷺ പഠിപ്പിച്ചു കൊടുക്കുകയും ബോധ്യപ്പെടുത്തുകയും ചെയ്തു. ചിലപ്പോൾ നിങ്ങൾക്ക് ഈ കിണറ്റിലെ വെള്ളം ഇഷ്ടമായിക്കൊള്ളണമെന്നില്ല എന്ന സ്വഹാബിയുടെ പ്രയോഗത്തിന്റെ പശ്ചാത്തലം അതാണ്. എന്നാൽ തിരുനബിﷺ അത് ബോധ്യപ്പെട്ടു ഉപയോഗിച്ചു എന്നത് ആവശ്യസമയത്ത് മറ്റുള്ളവർക്ക് പ്രയോജനപ്പെടുത്താനുള്ള സന്ദേശം കൂടിയായിരുന്നു.
തിരുനബിﷺയുടെ സമീപനങ്ങളും വ്യവഹാരങ്ങളും കേവലം അനുഭവങ്ങൾക്കപ്പുറം ലോകത്തിന് പകർത്താനുള്ള നിയമങ്ങളുടെ അധ്യാപനം കൂടിയാണ്. എന്തുചെയ്യണം, എങ്ങനെ ചെയ്യണം, ഏതൊക്കെ വിഭവങ്ങൾ ഉപയോഗിക്കണം എന്നിങ്ങനെയുള്ള വിശദമായ അധ്യാപനങ്ങൾ മുഴുവൻ തിരുനബിﷺയുടെ ജീവിതത്തിന്റെ ഇടവഴികളിൽ നിന്നാണ് ലോകത്തിന് ലഭിച്ചത്. അതുകൊണ്ടുതന്നെ നബിജീവിതം വായിക്കുമ്പോൾ കേവലമായ ഒരു ചരിത്ര വായനക്കപ്പുറം ലോകം അനുകരിക്കേണ്ട നിയമങ്ങളുടെ കൂടി അധ്യാപനം അതിൽ ചേർന്നുനിൽക്കുന്നുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 818
എട്ട്, ജമൽ കിണർ. മദീനയുടെ വടക്കു പടിഞ്ഞാറ് ഭാഗത്തുള്ള ജുറഫ് പ്രദേശത്ത് അഖീഖ് താഴ്‌വരയുടെ അറ്റത്താണ് ഈ കിണറുണ്ടായിരുന്നത് എന്ന് ഇമാം മജ്ദ്(റ) രേഖപ്പെടുത്തിയിട്ടുണ്ട്. മദീന നിവാസികളുടെ തോട്ടങ്ങൾ അവിടെയുണ്ട്. ഈ കിണർ കുഴിച്ച് ആളുടെ പേര് ജമൽ എന്നായിരുന്നുവത്രെ. അല്ലെങ്കിൽ ഈ തോട്ടത്തിൽ ഒരു ഒട്ടകം മരണപ്പെട്ടിട്ടുണ്ടായിരുന്നു. ഈ കാരണങ്ങളാലാണ് ഒട്ടകം എന്നർത്ഥമുള്ള ജമൽ എന്ന പേര് ഈ കിണറിനു ലഭിച്ചത്.
സ്വഹാബിമാരായ അബ്ദുല്ലാഹിബ്നു റവാഹ(റ)യും ഉസാമത്തുബിനു സൈദും(റ) പറയുന്നു. തിരുനബിﷺ ഒരിക്കൽ ജമൽ കിണറിന്റെ അടുത്തേക്ക് പോയി. ഞങ്ങളും ഒപ്പം ചേർന്നു. കിണറിന്റെ അടുത്തേക്ക് തിരുനബിﷺ പ്രവേശിച്ചപ്പോൾ ബിലാലും(റ) അകത്തേക്ക് കടന്നുപോയി. നബിﷺ എങ്ങനെയാണ് വുളൂഅ് അഥവാ അംഗസ്നാനം ചെയ്തത് എന്നും ഖുഫ്ഫ തടകിയത് എന്നും ബിലാലി(റ)നോട് ചോദിച്ചിട്ടല്ലാതെ നമ്മൾ നിർവഹിക്കുകയില്ലെന്ന് പറഞ്ഞു.
കിണറിന്റെ ഭാഗത്തുനിന്ന് ഒരാൾ കടന്നു വന്നതും നബിﷺക്ക് സലാം പറഞ്ഞതുമായ സംഭവം ഇമാം ബുഖാരി(റ)യും ഉദ്ധരിച്ചിട്ടുണ്ട്.
ദാറഖുത്നി(റ)യുടെ നിവേദനത്തിൽ തിരുനബിﷺ പ്രാഥമിക കർമം നിർവഹിച്ചു വരുമ്പോഴായിരുന്നു സലാം പറഞ്ഞു വന്ന ആളെ അഭിമുഖീകരിച്ചത്. മറ്റൊരു നിവേദനത്തിൽ നബിﷺ പ്രാഥമിക ആവശ്യ നിർവഹണത്തിന് വേണ്ടിയാണ് ജമൽ കിണറിന്റെ ഭാഗത്തേക്ക് പോയത്.
ഒൻപത്, ബൈറ്ഹാ. അബൂത്വൽഹ(റ)യുടെ പ്രസിദ്ധമായ തോട്ടത്തിലെ കിണർ. ബൈറഹാ എന്ന ഒരു വ്യക്തിയുടെ പേരിനോട് ചേർന്നാണത്രെ ഇങ്ങനെ അറിയപ്പെട്ടത്. മദീനാ പള്ളിയുടെ ഖിബ്’ലയുടെ ഭാഗത്തായിരുന്നു ഈ കിണറുണ്ടായിരുന്നത്. തിരുനബിﷺ പലപ്പോഴും ഇവിടെ പ്രവേശിക്കുകയും കിണറിൽ നിന്ന് വെള്ളം കുടിക്കുകയും ചെയ്തിട്ടുണ്ട്. വളരെ തെളിഞ്ഞ വെള്ളമായിരുന്നു ആ കിണറ്റിൽ ഉണ്ടായിരുന്നത്.
അനസ്(റ) നിവേദനം ചെയ്യുന്നു. വിശുദ്ധ ഖുർആനിലെ മൂന്നാം അധ്യായം 92 ആം സൂക്തം അവതരിച്ചു. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ടത് അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കുന്നത് വരെ നന്മ പ്രാപിക്കുകയില്ല എന്ന ആശയമുള്ള സൂക്തമായിരുന്നു അത്. ഇത് കേട്ടതും അബൂത്വൽഹ എഴുന്നേറ്റു നിന്നു. വിശുദ്ധ ഖുർആനിലെ സൂക്തം ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു. ഏറ്റവും പ്രിയപ്പെട്ടത് അല്ലാഹുവിന്റെ മാർഗത്തിൽ ചെലവഴിക്കണമെന്നാണല്ലോ ഖുർആൻ പറഞ്ഞത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ട സമ്പാദ്യം ബൈറൂഹ തോട്ടമാണ്. ഞാനത് അല്ലാഹുവിന്റെ മാർഗത്തിൽ ധർമ്മം ചെയ്തിരിക്കുന്നു. അതിന്റെ പ്രതിഫലവും നേട്ടവുമെല്ലാം അല്ലാഹുവിൽ നിന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് തങ്ങൾക്കിഷ്ടപ്പെട്ട പ്രകാരം അത് വിനിയോഗിക്കാം. ഇത് കേട്ടതും തിരുനബിﷺ പറഞ്ഞു. മതി മതി. ലാഭകരമായ സമ്പാദ്യമാണിത്. നിങ്ങൾ പറഞ്ഞത് ഞാൻ കേട്ടിരിക്കുന്നു. നിങ്ങൾ നിങ്ങളുടെ അടുത്ത ബന്ധുക്കൾക്ക് വേണ്ടി അത് വിനിയോഗിക്കണമെന്നാണ് ഞാൻ താല്പര്യപ്പെടുന്നത്.
മറ്റൊരു നിവേദന പ്രകാരം നിങ്ങളുടെ അടുത്ത ബന്ധുക്കളിൽ നിന്ന് പാവപ്പെട്ടവർക്ക് വേണ്ടി വിനിയോഗിക്കുക എന്നാണ്. ഞാൻ അങ്ങനെ ചെയ്തുകൊള്ളാം എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അതുപ്രകാരം അബൂത്വൽഹ(റ) അദ്ദേഹത്തിന്റെ കുടുംബാദികളിലെ പാവപ്പെട്ടവർക്ക് വേണ്ടി അത് വീതം വെച്ചു നൽകി. ഹസ്സാൻ(റ) എന്നവർക്കും ഉബയ്യുബ്നു കഅ്ബി(റ)നുമാണ് അത് നൽകിയതെന്നും അഭിപ്രായമുണ്ട്.
ഒരാളുടെ സമർപ്പണത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുന്ന രംഗം കൂടിയാണിത്. അല്ലാഹുവിലും റസൂലിﷺലും എത്രമേൽ അവർ വിശ്വസിച്ചിരുന്നുവെന്നും ഏറ്റവും ഇഷ്ടപ്പെട്ട സമ്പാദ്യം സമർപ്പിക്കാൻ മാത്രമുള്ള ആത്മാർത്ഥത ഉണ്ടായിരുന്നുവെന്നും നാം വായിച്ചു കഴിഞ്ഞു. ഉദാരമനസ്കതയോടുകൂടി സാമ്പത്തിക വിനിയോഗം നടത്താൻ ഇത്രമേൽ വ്യക്തമായും പ്രോത്സാഹിപ്പിച്ചും പഠിപ്പിച്ച മറ്റൊരു ദർശനത്തെയും നേതാവിനെയും നമുക്ക് കാണാൻ കഴിയില്ല. വേറൊരു മതദർശനത്തിലും ഇത്ര വിശാലമായ ദാനധർമ്മങ്ങളുടെ കഥ വായിക്കാനുണ്ടാവില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 819
പത്ത്, ഹുൽവ കിണർ. ഇബ്നു സബാല(റ) അദ്ദേഹത്തിന്റെ മദീന ചരിത്രത്തിലാണ് ഈ കിണറിനെ പരാമർശിച്ചിട്ടുള്ളത്. മുഹമ്മദ് ബിനു ഉമർ(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ ഒരിക്കൽ ഒരു ഒട്ടകത്തെ അറുത്തു. അതിന്റെ ചുമൽ ഭാഗം ഭാര്യമാരിൽ ഒരാളുടെ വീട്ടിലേക്ക് കൊടുത്തു വിട്ടു. സ്വാഭാവികമായും ഭാര്യമാർക്കിടയിൽ ചില സംഭാഷണങ്ങളുണ്ടായി. അല്ലാഹുവിന്റെ അടുക്കൽ നിങ്ങൾ ഇതിനേക്കാൾ നിസ്സാരരാണ് എന്ന് പറഞ്ഞുകൊണ്ട് അവർക്ക് അല്ലാഹുവിനെ കുറിച്ചുള്ള വിചാരങ്ങൾ പങ്കുവെച്ചു.
ശേഷം, അല്പ ദിവസത്തേക്ക് തിരുനബിﷺ അവരെ വിട്ടുനിന്നു. ആ സമയത്ത് ഹുൽവ കിണറിന്റെ അടുത്ത് അറാക്കിന്റെ ചുവട്ടിലായിരുന്നു നബിﷺ താമസിച്ചത്. അവിടുത്തെ ഇടവഴിയിൽ ആമിന ബിൻത് സഅദി(റ)ന്റെ ഒരു ഭവനമുണ്ടായിരുന്നു. അവിടെയായിരുന്നു നബിﷺയുടെ വിശ്രമം. ഹുൽവ കിണറിനോട് ചേർത്ത് ഹുൽവ ഇടവഴി എന്നായിരുന്നു ആ വഴി അറിയപ്പെട്ടിരുന്നത്. 29 ദിവസം കഴിഞ്ഞപ്പോൾ നബിﷺ പത്നി ആഇശ(റ)യുടെ അടുക്കലേക്ക് എത്തി. അപ്പോൾ ആഇശ(റ) ചോദിച്ചു. അവിടുത്തെ വിട്ടുനിൽക്കൽ ഒരു മാസം തികഞ്ഞോ? 29 ദിവസങ്ങളുള്ള മാസങ്ങളുമുണ്ടല്ലോ!
പത്നിമാരുടെ സൗന്ദര്യ പിണക്കത്തെ തുടർന്ന് തിരുനബിﷺ സ്വീകരിച്ച ശുഭകരമായ ഒരു സമീപനമായിരുന്നു ഇത്. മടങ്ങിയെത്തിയപ്പോൾ ആഇശ(റ)യുടെ കൗതുകകരമായ ചോദ്യം തിരുനബിﷺയുടെ വിട്ടുനിൽക്കൽ അവർക്ക് നൽകിയ അധ്യാപനത്തെ കൂടി ഉൾക്കൊള്ളുന്നതാണ്. ഈ ജീവിതം താൽക്കാലികമാണെന്നും മൂല്യനിർണയത്തിന്റെ മാനദണ്ഡം എന്നും നിലനിൽക്കുന്ന പരലോകമാണെന്നും ഓരോ സന്ദർഭത്തിലും നബിﷺ എല്ലാവരെയും ബോധ്യപ്പെടുത്തിയിരുന്നു. സ്വന്തം ജീവിതത്തിലും കുടുംബത്തോടുള്ള സമീപനത്തിലും അത് പൂർണ്ണമായും പ്രകടിപ്പിക്കുകയും പരിപാലിക്കുകയും ചെയ്തു എന്നതാണ് നബിﷺയിലെ ഏറ്റവും വലിയ വിശേഷം.
നബിﷺയുടെ ഏകാന്തവാസത്തിന്റെ ഇടം നിർണയിക്കുമ്പോൾ തൊട്ടടുത്തുള്ള കിണർ ഒരു സ്വതന്ത്ര അധ്യായമായി ചരിത്രത്തിൽ വരുന്നു എന്നത് എത്രമേൽ സൂക്ഷ്മതയോടു കൂടിയാണ് ചരിത്രം നബിﷺയെ നിരീക്ഷിച്ചത് എന്നതിന്റെ ഒരു ഉദാഹരണം കൂടിയാണ്.
പതിനൊന്ന്, ബിഇർ ദിർഅ. ബനൂ ഖത്മ ഗോത്രക്കാരുടെ കിണറായിരുന്നു ഇത്. ഇ ഇബ്നു സബാല(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ തിരുനബിﷺ ബനൂ ഖത്മ ഗോത്രത്തിലേക്ക് വന്നു. ഒരു വയോധികയുടെ വീട്ടിൽ വച്ച് നിസ്കരിച്ചു. ശേഷം, അവരുടെ ദിർഅ കിണറിന്റെ അടുക്കലേക്ക് പോയി. അതിന്റെ വക്കിൽ ഇരിക്കുകയും അതിൽനിന്ന് അംഗസ്നാനം ചെയ്യുകയും അവിടുത്തെ വായിൽ കൊണ്ട വെള്ളം ചേർക്കുകയും ചെയ്തു.
ഹാരിസ് ബിൻ ഫള്ലി(റ)ൽ നിന്ന് ഇബ്നു ശബ്ബ(റ) ഉദ്ധരിക്കുന്നു. ബനൂ ഖത്മക്കാരുടെ പള്ളിയുടെ മുറ്റത്തുണ്ടായിരുന്ന ദിർഅ കിണറിൽ നിന്ന് നബിﷺ വുളൂഅ് നിർവഹിച്ചു.
ഗോത്രക്കാരുടെ പൊതുവായ കിണർ പ്രദേശത്തെ പള്ളിയുടെ മുറ്റത്തായി എന്ന വ്യത്യാസമേ ഈ നിവേദനത്തിലുള്ളൂ.
ഒരു പ്രദേശത്തെ കിണർ എന്നത് പ്രധാനമായ ഒരു ലാൻഡ്മാർക്ക് ആണ്. സുലഭമായി ഓരോ വീട്ടിലും കിണറുള്ള മലയാളികൾക്കും സമാന സൗകര്യമുള്ളവർക്കും അത് ബോധ്യമാവണമെന്നില്ല. മരുഭൂമിയിലും കുന്നിൻ പ്രദേശങ്ങളിലും, പ്രത്യേകിച്ചും പുഴകൾ തീരെയില്ലാത്ത അറേബ്യൻ മരുഭൂമിയിൽ കിണർ എന്നത് വളരെ പ്രാധാന്യത്തോടുകൂടി കാണുന്ന ജലസ്രോതസ്സാണ്. കിണറുണ്ടെങ്കിൽ തന്നെ അതിലെ വെള്ളം പാനയോഗ്യമാവുക എന്നത് ഒരു മഹാഭാഗ്യമായി കാണുന്ന കാര്യമാണ്. സൗദി അറേബ്യയിലെ നിരവധി പ്രദേശങ്ങൾ കിണറിനോട് ചേർന്ന് അറിയപ്പെടുന്നു. അതുകൊണ്ടുതന്നെ കിണറിന്റെ പേരിൽ പ്രദേശവും പ്രദേശത്തിന്റെ പേരിൽ കിണറും എന്നത് ഇത്തരം ദേശങ്ങളുടെ വായനയിലെ സവിശേഷമായ ഒരു വിഭവമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 820
പന്ത്രണ്ട്, റൂമ കിണർ. നബി ചരിത്രം വായിക്കുമ്പോൾ ഏറെ പ്രസിദ്ധമായ കിണറാണിത്. അഖീഖിലുള്ള റൂമാ കിണറിൽ നിന്ന് തിരുനബിﷺ വെള്ളം കുടിച്ചിരുന്നു എന്ന് അബൂ സഈദ് ബിൻ അൽ മുഅല്ല ബിൻ മർവാൻ(റ) റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മുസൈന ഗോത്രക്കാരനായ ഒരാളുടേതായിരുന്നു റൂമ കിണർ. അതിൽനിന്ന് കൂലിക്ക് വെള്ളം കൊടുക്കുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. ഒരിക്കൽ തിരുനബിﷺ ഈ കിണർ നോക്കിക്കൊണ്ട് ചോദിച്ചു. ആരാണ് ഇത് അദ്ദേഹത്തിൽ നിന്ന് വാങ്ങി ധർമം ചെയ്യുക? ഇത് കേട്ടത് പ്രകാരം ഉസ്മാൻ ബിൻ അഫ്ഫാൻ(റ) 400 ദീനാറിന് ഈ കിണർ വാങ്ങി. പൊതുജനങ്ങൾക്ക് വേണ്ടി ധർമം ചെയ്തു.
പിന്നീട് ഒരിക്കൽ തിരുനബിﷺ ഇതുവഴി കടന്നു പോയപ്പോൾ കിണറ്റിൽ നിന്ന് വെള്ളം കോരുന്ന ബക്കറ്റും മറ്റും പുതിയത് കണ്ടപ്പോൾ ചോദിച്ചു. എന്തേ ഇതൊക്കെ മാറ്റം വന്നിട്ടുണ്ടല്ലോ? ഉസ്മാൻ(റ) വാങ്ങിയതും ധർമ്മം ചെയ്തതും അപ്പോഴാണ് നബിﷺ അറിയുന്നത്. അല്ലാഹു അദ്ദേഹത്തിന് സ്വർഗം നിർബന്ധമാക്കിയിരിക്കുന്നു എന്ന് തിരുനബിﷺ സവിശേഷമായി അപ്പോൾ പ്രാർത്ഥിച്ചു. അതിൽ നിന്ന് ഒരു പാത്രം വെള്ളം സ്വീകരിക്കുകയും കുടിക്കുകയും ചെയ്തു. ഈ താഴ്‌വരയിൽ നല്ല വെള്ളമുണ്ടാവുകയും അത് കുടിക്കാൻ പറ്റുന്നതായിരിക്കുകയും ചെയ്യും. എന്നാൽ ഏറ്റവും രുചികരമായ വെള്ളം ഈ കിണറിലേതായിരിക്കും. തിരുനബിﷺ പൂർത്തീകരിച്ചു.
ഹൻതബ് ബിൻ അബ്ദില്ലാഹ്(റ) പറയുന്നു. ഒരു ദിവസം തിരുനബിﷺ റൂമ കിണറിന്റെ അടുത്ത് കൂടി നടന്നു പോയി. അതിന്റെ അടുത്ത് ഒരു ടെന്റുണ്ടായിരുന്നു. അതിൽ ഒരു പാത്രത്തിൽ തണുത്ത വെള്ളവുമുണ്ടായിരുന്നു. ചൂടുകാലത്ത് തിരുനബിﷺ അതിൽ നിന്ന് വെള്ളം കുടിച്ചു. ഇത് നല്ല തണുത്ത രുചികരമായ വെള്ളമാണല്ലോ എന്ന് അവിടുന്ന് പറയുകയും ചെയ്തു.
പിൽക്കാലത്ത് ഉസ്മാനെ(റ) ഉപരോധിക്കപ്പെടുകയും വീട്ടു തടങ്കലിലാക്കപ്പെടുകയും ചെയ്തപ്പോൾ വീടിന്റെ മുകൾഭാഗത്ത് കൂടി ജനങ്ങളെ നോക്കിയിട്ട് പറഞ്ഞു. അല്ലാഹുവിനെ സാക്ഷിയാക്കി ഞാൻ പറയുന്നു. നിങ്ങൾക്ക് ഓർമ്മയില്ലേ ആരാണ് റൂമാ കിണർ വാങ്ങിക്കൊടുക്കുക? അദ്ദേഹത്തിന് സ്വർഗ്ഗമുണ്ട് എന്ന് തിരുനബിﷺ പറഞ്ഞപ്പോൾ ഞാനല്ലയോ അത് വാങ്ങി ദാനം ചെയ്തത്? അപ്പോൾ കേട്ട് നിന്ന ചിലർ അതേന്നു ഉറക്കെ വിളിച്ചു പറയുകയും ചെയ്തു.
കൊല്ലപ്പെടുകയും നാട്ടിൽ വിപത്തുണ്ടാവുകയും ചെയ്യുമെന്ന് കണ്ടപ്പോൾ അത് ഒഴിവാക്കാൻ വേണ്ടി തിരുനബിﷺയുടെ ഒരു പ്രസ്താവന എടുത്ത് ഉദ്ധരിക്കുകയായിരുന്നു ഉസ്മാൻ(റ) ചെയ്തത്. എന്നാൽ, വിശ്വാസികൾക്കിടയിൽ കടന്നുകൂടി കലാപമുണ്ടാക്കാൻ ഉദ്ദേശിച്ച കപട വിശ്വാസികൾ അതിലൊന്നും ഒതുങ്ങി നിന്നില്ല. തെറ്റിദ്ധരിപ്പിക്കപ്പെട്ട എല്ലാവരെയും തിരുത്താൻ മാത്രമുള്ള സാഹചര്യങ്ങളുമുണ്ടായില്ല. ഒടുവിൽ ഉസ്മാൻ(റ) കൊല്ലപ്പെടുകയാണ് ചെയ്തത്.
വെള്ളവും കിണറും സംവിധാനിക്കുന്നതിലും ദാനം ചെയ്യുന്നതിലും സവിശേഷമായ മഹത്വം പ്രവാചകൻﷺ പഠിപ്പിച്ചിരുന്നു. മരണപ്പെട്ടാലും മുറിയാത്ത അനുഗ്രഹങ്ങളിൽ ഈ പുണ്യകർമ്മത്തെ എണ്ണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അത്തരമൊരു മഹത്വം മുന്നിൽ വെച്ചുകൊണ്ടാണ് റൂമാ കിണർ ആരാണ് വാങ്ങിക്കൊടുക്കുക എന്ന് നബിﷺ ചോദിച്ചത്. അത് വാങ്ങിയതോ ദാനം ചെയ്തതോ ഉസ്മാൻ(റ കൊട്ടിഘോഷിച്ചില്ല.
ഭീമമായ സംഖ്യ ചെലവഴിച്ചു ദാനം ചെയ്തപ്പോഴും അല്ലാഹുവിന്റെ പ്രീതിയും സ്വർഗ്ഗവും മുന്നിൽ കണ്ടുകൊണ്ട് ചെയ്യാൻ പറ്റുന്ന മാനസിക പരിശുദ്ധിയിലേക്ക് തിരുനബിﷺ ശിഷ്യന്മാരെ പാകപ്പെടുത്തിയിരുന്നു. നിഷ്കളങ്കമായ ദാനധർമ്മങ്ങൾ ചെയ്യാനും അതുവഴി പാരത്രിക പ്രതിഫലം പ്രതീക്ഷിക്കാനും ഇത്രമേൽ കൃത്യമായി പാകപ്പെടുത്തപ്പെട്ട ഒരു സമുദായത്തെയും അതിന് വിശ്വാസ പരിസരം രൂപപ്പെടുത്തിയ ഒരു നേതാവിനെയും വേറെ നമുക്ക് വായിക്കാനുണ്ടാവില്ല. സമാനമായ ഒരായിരം ഉദാഹരണങ്ങൾക്കിടയിൽ ഏറ്റവും ഉജ്വലമായ ഒന്നാണ് ഉസ്മാനി(റ)ന്റെ ഈ സംഭവം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 821
പതിമൂന്ന്, സുഖ്‌യാ കിണർ.
അബൂ സഈദ് അൽ മുഅല്ല(റ)യിൽ നിന്ന് മർവാൻ(റ) പറയുന്നു. പ്രവാചകൻﷺ പ്രസ്തുത കിണറിൽ നിന്ന് വെള്ളം കുടിച്ചിട്ടുണ്ട്. ആഇശ(റ) പറഞ്ഞതായി ഇബ്നു ശെബ്ബ(റ) പറയുന്നു. സുഖ്‌യാ കിണറ്റിൽ നിന്നുള്ള ശുദ്ധജലം കുടിക്കാൻ വേണ്ടി ഉപയോഗിക്കാറുണ്ടായിരുന്നു. സുഖ്‌യാ ഭവനങ്ങളിൽ നിന്നുള്ള എന്ന അർത്ഥം വരുന്ന ബുയൂതു സുഖ്‌യാ എന്ന പ്രയോഗമാണ് ചില നിവേദനങ്ങളിൽ കാണുന്നത്.
പതിനാല്, അഖബ കിണർ.
മദീനയിലെ കിണറുകൾ എന്ന ഗ്രന്ഥത്തിൽ റസീനൽ അബ്ദരി(റ) എന്നവർ ഈ കിണറിനെ പരിചയപ്പെടുത്തുന്നതായി മജ്‌ദ്(റ) എന്നവർ റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺയും അബൂബക്കറും(റ) ഉമറും(റ) അകത്തേക്ക് കാലിട്ടിരുന്ന കിണർ ഇതാണെന്നു കൂടി ഒരു പരാമർശം അവിടെയുണ്ട്. അതല്ല, അത്തരം ഒരു സംഭവമുണ്ടായത് അരീസ് കിണറ്റിലായിരുന്നു എന്നാണ് പ്രസിദ്ധമായി അറിയപ്പെട്ടത്. തിരുനബിﷺയുടെ മോതിരം വീണ അരീസ് കിണറ്റിലാണ് പ്രവാചകനുംﷺ കൂട്ടുകാരും കാലിട്ടിരുന്നത് എന്ന് റസീൻ(റ) പറഞ്ഞ ഉദ്ധരണി സയ്യിദ് സുംഹൂദി(റ) പ്രത്യേകം എടുത്തു പറയുന്നുണ്ട്. ഈ സംഭവം പലയാവർത്തി ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ഒരു അനുബന്ധം കൂടി അദ്ദേഹം ചേർക്കുന്നു.
പതിനഞ്ച്, അബൂ ഇനബ കിണർ. മദീനയിൽ നിന്ന് ഒരു മൈൽ അകലെയാണ് ഈ കിണറുള്ളത്. തിരുനബിﷺയുടെ സൈന്യത്തെ സംഘടിപ്പിച്ചു ഒരുമിച്ചു കൂട്ടിയത് ഇവിടെയാണ്. തിരുനബിﷺയുടെ സൈന്യത്തെ വിന്യസിച്ചതും ഇവിടെയായിരുന്നു. ഹാഫിള് അബ്ദുൽ ഗനി അൽ മഖ്ദിസി(റ) ഇത് വിശദീകരിക്കുന്നുണ്ട്. ഇവിടെ വച്ചായിരുന്നു പ്രായം കുറഞ്ഞവരെ യുദ്ധത്തിലേക്ക് വരുന്നതിൽ നിന്ന് തിരിച്ചുവിട്ടത്. സുഖ്‌യാ കിണറിന്റെ അടുത്തുവച്ചാണ് സൈനിക വിന്യാസം നടത്തിയത് എന്ന അഭിപ്രായത്തിലൂടെ പരിഗണിക്കുമ്പോൾ, ആദ്യം അവിടെവച്ചും രണ്ടാമത് ഇനബ് കിണറിന്റെ അടുത്തുവച്ചും എന്ന് മനസ്സിലാക്കേണ്ടി വരും എന്ന് സുംഹൂദി(റ) വിശദീകരിക്കുന്നു.
ഇബ്നു സബാല(റ) നിവേദനം ചെയ്യുന്നു. ഖലീഫ ഉമറും(റ) വലിയുമ്മയും അബൂബക്കറി(റ)ന്റെ അടുക്കൽ ഒരു ആവലാതി ബോധിപ്പിച്ചു. ഉമർ(റ) പറഞ്ഞു തുടങ്ങി. അല്ലയോ അല്ലാഹുവിന്റെ റസൂലിﷺന്റെ പ്രതിനിധിയായ ഖലീഫാ, എന്റെ മകൻ എനിക്ക് ഇനബ കിണറിൽ നിന്ന് വെള്ളം കൊണ്ടുവന്ന് തരാറുണ്ട്. അത് ഉപയോഗയോഗ്യമായ രുചികരമായ വെള്ളമാണെന്ന് ഖലീഫ വിശദീകരിച്ചു കൊടുത്തു.
പ്രസ്തുത കിണറിലെ വെള്ളം എടുക്കാമോ? കുടിക്കാൻ ഉപയോഗിക്കാമോ? എന്നൊക്കെയായിരിക്കണം ഖലീഫയുടെ മുമ്പിൽ ആവലാതിയായി എത്തിയത്. മജിദ്(റ) എന്നവർ പറഞ്ഞു. ഈ കിണറിനെ കുറിച്ചുള്ള പരാമർശങ്ങൾ വേറെയും വന്നിട്ടുണ്ട്.
സൈനിക വിന്യാസം നടത്തുമ്പോൾ ഓരോരുത്തരെയും വിശദമായി പരിശോധിക്കുകയും അവരുടെ പിന്നാമ്പുറങ്ങൾ പഠിച്ചറിയുകയും ചെയ്യും. പ്രായം കുറഞ്ഞവരെയും അടിയന്തര സേവനത്തിൽ ഇടപെടേണ്ടവരെയും തിരുനബിﷺ പലപ്പോഴും തിരിച്ചയച്ചിട്ടുണ്ട്. ഇത്തരം പ്രധാന സന്ദർഭങ്ങളെ കുറിച്ച് പറയുമ്പോഴും കിണറുകളെ ലാൻഡ്മാർക്കായി പറയുന്നത് ജലസ്രോതസ്സുകൾക്ക് അത്രമേൽ പ്രാധാന്യമുള്ളതുകൊണ്ടും പകുതിയും മരുഭൂമിയും മലകളും നിറഞ്ഞ ഭൂപ്രദേശത്ത് ജലം സുലഭമായ മറ്റു ദേശങ്ങളെക്കാൾ കിണറുകളുള്ള പ്രദേശം നയതന്ത്ര പ്രാധാന്യമുള്ളതുകൊണ്ടുമാണ്.
തിരുനബിﷺയുടെ യാത്രകളിലും യുദ്ധവേളകളിലും ഇത്തരം നയതന്ത്ര വിചാരങ്ങളും സമീപനങ്ങളും ഏറെ വായിക്കാനുണ്ട്. പരിശുദ്ധ ഖുർആനിന്റെയും തിരുഹദീസിന്റെയും വ്യാഖ്യാനങ്ങളെ സമീപിക്കുമ്പോൾ സൂക്തം അവതരിച്ചതിന്റെയും പ്രവാചകരുﷺടെ ഇടപെടലുകളുടെയും സന്ദർഭങ്ങൾ പ്രാധാന്യമർഹിക്കുന്നു എന്നതും ഇത്തരം പഠനങ്ങളുടെ അനിവാര്യതയെ ബോധ്യപ്പെടുത്തുന്നു. ഏതു സന്ദർഭത്തിൽ? എവിടെവച്ചാണ് ഈ സൂക്തം അവതരിച്ചത്? എന്ന ചോദ്യം ഖുർആൻ പഠനത്തിലെ പ്രധാനപ്പെട്ട ഒരു അധ്യായമാണ്. ഏതു സന്ദർഭത്തിൽ? ആരോടാണ് തിരുനബിﷺ പറഞ്ഞത്? ഹദീസിന്റെ ആത്മാവിനെ അന്വേഷിക്കുമ്പോൾ ഇത്തരം ഒരു ചോദ്യവും ഏറെ പ്രസക്തമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 822
പതിനാറ്, ഇഹ്ൻ കിണർ.
ഇബ്നു നജ്ജാർ(റ) എന്ന ചരിത്രകാരൻ മദീനയിലെ കിണറുകളെ കുറിച്ച് എണ്ണിയത് ഇമാം മത്വരി(റ) എന്നവർ എടുത്തുദ്ധരിച്ചു. അതിൽ അരീസ്, ബുസ്സ്വ, ബുളാഅ, റൂമ, ഗർസ്, ബൈറുഹാഅ് എന്നീ ആറെണ്ണമാണ് പരാമർശിച്ചിട്ടുള്ളത്. ഏഴാമത്തേത് അറിയപ്പെട്ടിട്ടില്ല എന്നും അദ്ദേഹം എഴുതി. ശേഷം ഇങ്ങനെ ഒരു അനുബന്ധം കൂടി ചേർത്തു. മുഹിബ്ബുദ്ദീൻ ഇബ്നു നജ്ജാർ(റ) എന്നവരുടെ അദ്ദുററു സ്സമീന ഫീ അഖ്ബാരിൽ മദീന: എന്ന ഗ്രന്ഥത്തിന്റെ വക്കിൽ അശ്ശൈഖ് അമീനുദ്ദീൻ ഇബ്നു അസാക്കിർ(റ) തന്റെ കൈപ്പടയിൽ ഇങ്ങനെ എഴുതിയതായി കാണാൻ കഴിഞ്ഞു.
കിണറുകളുടെ എണ്ണം പറഞ്ഞപ്പോൾ പ്രസിദ്ധമായവ മാത്രമേ പരിഗണിച്ചിട്ടുള്ളൂ. എന്നാൽ ഒന്നുകൂടിയുണ്ട്. പ്രാമാണികമായി സ്ഥിരപ്പെട്ടത് ആറും പ്രസിദ്ധമായവ ഏഴെണ്ണവുമാണ്. ഏഴാമത്തേതാണ് ഇഹ്ൻ കിണർ. അത് മറ്റൊരു പേരിലാണ് അറിയപ്പെടുന്നത്. തുടർന്ന് മത്വരി(റ) എഴുതി. ഇനബ, ഇഹ്ൻ കിണറുകൾ മദീനയിലെ അവാലി പ്രവിശ്യയിലാണ്. ഉപ്പു ചുവയുള്ള വെള്ളമാണ് അവയിലുള്ളത്. മല തുരന്നാണിവ ഉണ്ടാക്കിയിട്ടുള്ളത്. ഇതിലെ വെള്ളം വറ്റിപ്പോകാറില്ല.
ഈ ചർച്ചകളെല്ലാം ഉദ്ധരിച്ചതിനുശേഷം ഇമാം സുംഹൂദി(റ) എഴുതുന്നു. ഇപ്രകാരം ഒരു കിണർ തിരുനബിﷺയോട് ചേർത്ത് പറയാനോ മഹത്വപ്പെടുത്തി വിശദീകരിക്കാനോ അവലംബിക്കാവുന്ന ഒരു രേഖയും പണ്ഡിതന്മാർ പറഞ്ഞു കേട്ടില്ല. പക്ഷേ, ജനങ്ങൾ ഇത്തരം ഒരു കിണറിൽ നിന്ന് അനുഗ്രഹം സ്വീകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നു. ഇതെല്ലാം ചേർത്തുവച്ചു വായിക്കുമ്പോൾ എനിക്ക് ബോധ്യപ്പെടുന്ന കാര്യം പ്രമാണങ്ങളിൽ പറയപ്പെട്ട യസീറ: കിണർ ആണിത്. അതിനെക്കുറിച്ചുള്ള പരാമർശം ഇനി വരുന്നുണ്ട്. തിരുനബിﷺ അതിൽ ഇറങ്ങുകയും അതിൽ നിന്ന് വുളൂഅ് ചെയ്യുകയും അതിലേക്ക് അവിടുത്തെ ഉമിനീർ ചേർക്കുകയുമൊക്കെ ചെയ്തിട്ടുണ്ട്. അൻസ്വാരികളിലെ ബനൂ ഉമയ്യക്കാരുടെ കിണറാണിത്. ഇഹ്ൻ എന്ന് നാം പരിചയപ്പെടുത്തിയ കിണറും ബനൂ ഉമയ്യക്കാരുടെ പക്കൽ തന്നെയാണ്.
പതിനേഴ്, ഗർസ് കിണർ.
സ്വർഗ്ഗീയ ഉറവുകളിൽ നിന്ന് ഒരു ഉറവയാണ് ഇതെന്ന് തിരുനബിﷺ പരിചയപ്പെടുത്തുകയും ഈ കിണറ്റിലെ വെള്ളം കുടിക്കുകയും അനുഗ്രഹത്തിനു വേണ്ടി പ്രാർഥിക്കുകയും ചെയ്തത് അബൂ സഈദ് ബിൻ മർവാനുബ്നു മുഅല്ല(റ)യിൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നുണ്ട്.
ഇബ്നു ഉമറി(റ)ൽ നിന്ന് ഇബ്നു സഅദ്(റ) തന്നെ ഉദ്ധരിക്കുന്നു. ഗർസ് കിണറിന്റെ വക്കിലിരുന്നുകൊണ്ട് തിരുനബിﷺ പറഞ്ഞു. സ്വർഗീയ ഉറവകളിൽ ഒരു ഉറവയുടെ വക്കത്തിരിക്കുന്നത് ഞാൻ ഇന്നലെ രാത്രി കണ്ടു. ഈ കിണറിനെ തന്നെ ഉദ്ദേശിച്ചുകൊണ്ടാണ് തിരുനബിﷺ അത് പറഞ്ഞത്. ഗർസ് കിണർ സ്വർഗീയ ഉറവയിൽപ്പെട്ടതാണെന്ന് ഇബ്നു അബ്ബാസി(റ)ൽ നിന്നുള്ള നിവേദനവും ഇബ്നു സഅദ്(റ) തന്നെ ഉദ്ധരിച്ചിട്ടുണ്ട്. ഉമർ ബിൻ ഹാക്കിമി(റ)ന്റെ നിവേദനത്തിൽ ഇങ്ങനെ കൂടി കാണാം. ഗർസ് കിണർ എത്ര നല്ല കിണറാണ്. സ്വർഗ്ഗീയ ഉറവകളിൽ പെട്ട ഉറവ. നല്ല ശുദ്ധമായ വെള്ളം. രുചികരമായ വെള്ളം അതിൽ നിന്ന് തിരുനബിﷺ സ്വീകരിക്കുമായിരുന്നു. അവിടുന്ന് കുളിപ്പിക്കപ്പെട്ടതും ഇതിലെ വെള്ളം കൊണ്ടാണ്.
അനസ് ബിൻ മാലിക്ക്(റ) പറയുന്നു. ഞങ്ങൾ തിരുനബിﷺയോടൊപ്പം ഖുബായിലേക്ക് പോയി. തിരുനബിﷺയുടെ കഴുതപ്പുറത്ത് വെള്ളം ശേഖരിച്ചു കൊണ്ടുവരാനായിരുന്നു പോയത്. പകൽ കുറേനേരം കാത്തുനിന്നെങ്കിലും മതിയായ വെള്ളം ലഭിച്ചില്ല. അപ്പോൾ തിരുനബിﷺ ഒരു ബക്കറ്റിൽ വെള്ളം കൊപ്ലിച്ച് അത് കിണറ്റിലേക്ക് പകർന്നു. അപ്പോഴേക്കും കിണറ്റിൽ വെള്ളം നിറഞ്ഞു.
തിരുനബിﷺയുടെ ഉമിനീരിന്റെ മഹത്വം കൊണ്ടാണ് ഉറവ വറ്റാനടുത്തെ കിണറിൽ മതിയാവോളം വെള്ളം നിറഞ്ഞത്. ജലവുമായി ബന്ധപ്പെട്ട നിരവധി അമാനുഷിക സംഭവങ്ങൾ നബി ജീവിതത്തിൽ വേറെയും വായിക്കാനുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 823
പതിനെട്ട്, ഖർളാഫ കിണർ.
അർളാഫ എന്ന് പ്രയോഗിച്ചവരുമുണ്ട്.
ജാബിർ ബിൻ അബ്ദുല്ല(റ)യിൽ നിന്ന് ഇബ്നു സബാല(റ) ഉദ്ധരിക്കുന്നു. ജാബിർ(റ) വന്ന് നബിﷺയോട് ആവലാതി പറഞ്ഞു. വാപ്പയുടെ കടബാധ്യതകൾ വീടാൻ വേണ്ടി ഇടപാടുകാർക്ക് ഈ കിണർ ഉൾക്കൊള്ളുന്ന തോട്ടം നൽകാമെന്ന് പറഞ്ഞപ്പോൾ അവർ സ്വീകരിക്കുന്നില്ല എന്നായിരുന്നു പരാതി. തോട്ടത്തിലെ പഴം പാകമാകുന്നത് വരെ കാത്തിരിക്കാനും ആ സമയമാകുമ്പോൾ എന്നോട് വന്ന് കാര്യം പറയാനും തിരുനബിﷺ നിർദേശിച്ചു. അതുപ്രകാരം പഴങ്ങൾ പാകമായപ്പോൾ നബിﷺയോട് വിവരമറിയിച്ചു. തിരുനബിﷺ അവിടേക്ക് വരികയും അവിടെയുണ്ടായിരുന്ന കിണറിൽ അവിടുത്തെ ഉമിനീര് പകരുകയും ചെയ്തു. ശേഷം, അബ്ദുല്ല(റ)യുടെ ബാധ്യതകൾ നിറവേറ്റപ്പെടാൻ പ്രാർഥിച്ചു.
ഈ നിവേദനത്തിന്റെ അനുബന്ധമായി ഇമാം സുംഹൂദി(റ) എഴുതുന്നു. ജാബിറി(റ)ന്റെ ഹദീസ് അടിസ്ഥാനപരമായി വ്യത്യസ്ത നിവേദന പരമ്പരകളിലൂടെ സ്വഹീഹിലും മറ്റും വന്നിട്ടുണ്ട്. റൂമാ വഴിയിലാണ് കിണറുള്ളത് എന്നാണ് ചില നിവേദനങ്ങളിലുള്ളത്. മേൽ പറയപ്പെട്ട കിണറും അതേ വഴിയിൽ തന്നെയാണുള്ളത്.
പത്തൊൻപത്, ഖുറൈസ കിണർ. പ്രസ്തുത കിണറിൽ നിന്ന് നബിﷺ അംഗ സ്നാനം നിർവഹിക്കുകയും അതിൽ നിന്ന് കുടിച്ചതിനുശേഷം അവിടുത്തെ ഉമിനീർ പകരുകയും ചെയ്തു എന്ന് ഹാരിസ് ബിൻ ഉബൈദും(റ) സഅദ് ബിൻ ഹറാമും(റ) നിവേദനം ചെയ്തത് ഇബ്നു സബാല ഉദ്ധരിച്ചിട്ടുണ്ട്. തിരുനബിﷺയുടെ മോതിരം ഈ കിണറിൽ വീണു എന്നും അത് കണ്ടെടുത്തു എന്നും കൂടി ഒരു അനുബന്ധമുണ്ട്. എന്നാൽ അത് അരീസ് കിണറിലായിരുന്നു എന്നാണ് ഉഖ്ബ(റ)യുടെ നിവേദനം.
ഇരുപത്, യസീറാ കിണർ.
മർവാൻ ബിൻ അബീ സഈദ്(റ) പറഞ്ഞതായി ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. ബനൂ ഉമയ്യക്കാരുടെ അസീറ കിണറിൽ നിന്ന് തിരുനബിﷺ വെള്ളം കുടിച്ചിരുന്നു. അതിന്റെ ഇടതുഭാഗത്തേക്ക് നിൽക്കുകയും അവിടുത്തെ ഉമിനീർ അതിലേക്ക് പകരുകയും അനുഗ്രഹത്തിനു വേണ്ടി സവിശേഷമായി പ്രാർഥിക്കുകയും ചെയ്തു. അസീറ എന്നീ രണ്ടുപേരുകളും വ്യത്യസ്തമായി ഇതിന് പ്രയോഗിച്ചു കാണാം.
ലോകത്ത് മറ്റേതെങ്കിലും നേതാക്കളെ കുറിച്ച് പഠിക്കുമ്പോൾ ഇത്തരം ഒരു അധ്യായമുണ്ടാകുമോ എന്ന് തന്നെ സംശയമാണ്. പ്രവാചക ജീവിതത്തിന്റെ വ്യത്യസ്ത തലങ്ങളെ കുറിച്ച് വായിക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ അവിടുന്ന് ഉപയോഗിച്ച വിഭവങ്ങളും കുടിച്ചിരുന്ന പാനീയങ്ങളും കുടിക്കാൻ ഉപയോഗിച്ച പാനപാത്രങ്ങളുമൊക്കെ വിശദമായി പറഞ്ഞതിനുശേഷം അവിടുന്ന് വെള്ളം കുടിക്കാൻ ആശ്രയിച്ചിരുന്ന കിണറുകളെ കുറിച്ച് വിശാലമായ ഒരു അധ്യായം തന്നെ നാം വായിച്ചു കഴിഞ്ഞു.
നബിﷺ ഉപയോഗിച്ചിട്ടുള്ള കിണറുകൾ എന്നതിൽ ഒന്നാമതും വിശാലമായും പഠിക്കേണ്ടതാണ് സംസം. ഇസ്മായിൽ നബി(അ)യുടെ മടമ്പ് തട്ടിയിടത്തു നിന്ന് പ്രഭവമുണ്ടായതാണെങ്കിലും കാലാന്തരത്തിൽ അതിന്റെ മുഗൾഭാഗത്ത് വന്ന മറനീക്കി തീർത്ഥാടകർക്ക് വീണ്ടും വ്യാപകമായി ഉപയോഗിക്കാൻ സൗകര്യപ്പെടുത്തുമ്പോൾ പിതാമഹനോടൊപ്പം കുഞ്ഞുകാലത്ത് നബിﷺയുമുണ്ടായിരുന്നു. തിരുനബിﷺ പാനം ചെയ്യുകയും ബാല്യ ശൈശവ കൗമാര യൗവന കാലങ്ങളിൽ ഏറെ ഉപയോഗിക്കുകയും ചെയ്ത കിണറാണ് സംസം കിണർ. ആ കിണറിനോട് ചേർന്ന് തന്നെ ആയിരുന്നല്ലോ തിരുനബിﷺയുടെയും വീടുണ്ടായിരുന്നത്.
സംസമിന്റെയും നബിﷺയുടെ വീടിന്റെയും ഇടയിൽ മറ്റൊരു കിണർ പരിചയപ്പെടുത്തുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടില്ല. അങ്ങനെയെങ്കിൽ തിരുനബിﷺയുടെ നിത്യോപയോഗത്തിന് ചെറുപ്പകാലത്ത് മുഴുവനായും ആശ്രയിച്ചിരുന്നത് സംസം കിണർ ആയിരിക്കണം. തീർത്ഥാടകർക്ക് സംസം വെള്ളം കൊടുക്കുന്ന ഉത്തരവാദിത്വവും തിരുനബിﷺയുടെ തറവാട്ടുകാർക്കായിരുന്നു. പാനീയത്തിന് പാനീയവും ഭക്ഷണത്തിന് ഭക്ഷണവുമാണ് എന്ന് സംസം വെള്ളത്തെ മഹത്വപ്പെടുത്തിക്കൊണ്ട് തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. സംസം പാനം ചെയ്യുമ്പോൾ പ്രാർഥനക്കുത്തരം ലഭിക്കുമെന്നും സവിശേഷമായ മഹത്വങ്ങളുള്ള വെള്ളമാണ് സംസം എന്നും ആത്മീയ അധ്യാപനങ്ങളായി നമ്മൾ പഠിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു.
ഇതുവരെ എണ്ണിപ്പറഞ്ഞതിൽ ഏറിയ കൂറും മദീനയിൽ തിരുനബിﷺ ഉപയോഗിച്ച കിണറുകളെ കുറിച്ചാണ്. എന്നാൽ മക്കയിലും പരിസരത്തും ചെറുപ്പകാലത്തും അല്ലാതെയും നബിﷺ ഉപയോഗിച്ച പല കിണറുകളും നമ്മുടെ ചർച്ചയിൽ വന്നിട്ടില്ല. ഈ അധ്യായത്തിൽ ഇനിയും വായിക്കാൻ ഏടുകളുണ്ട് എന്ന് സാരം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 824
തിരുനബിﷺയുടെ പാനപാത്രങ്ങളിൽ ചിലതിനെ പരിചയപ്പെടാനാണ് ഈ അധ്യായം. ഏതൊക്കെ പാത്രങ്ങളിലായിരുന്നു അവിടുന്ന് പാനം ചെയ്തിരുന്നത് എന്ന് പരാമർശിക്കുന്ന നിരവധി ഹദീസുകൾ വായിക്കാൻ കഴിയും. ഏതൊക്കെ പാത്രങ്ങൾ ഉപയോഗിക്കാം, ഉപയോഗിച്ചുകൂടാ എന്ന് തീരുമാനിക്കാനുള്ള ഒരു മാർഗം കൂടിയാണ് തിരുനബിﷺ ഏത് പാത്രം ഉപയോഗിച്ചു, ഏത് നിരസിച്ചു എന്നത്. അങ്ങനെയാവുമ്പോൾ സൗന്ദര്യപരമായ ഒരു വായനക്കപ്പുറം നിയമ രൂപീകരണത്തിലും ഈ പഠനത്തിന് പ്രാധാന്യമുണ്ട്.
ഇബ്‌നു അബ്ബാസി(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും ഇബ്നുമാജ(റ)യും ഉദ്ധരിക്കുന്നു. മുകൗഖിസ് രാജാവ് തിരുനബിﷺക്ക് ഒരു സ്ഫടിക പാത്രം സമ്മാനമായി നൽകി. തിരുനബിﷺ അതിൽ നിന്ന് പാനം ചെയ്തു.
ഗ്ലാസ് ബൗളുകൾ ഉപയോഗിച്ചു എന്നതിന്റെ ഒരു പ്രമാണം കൂടിയാണിത്. അത്തരം പാത്രങ്ങൾ ഉപയോഗിക്കാവുന്ന നിലപാടിലേക്ക് എത്തിച്ചേരാനുള്ള വെളിച്ചം കൂടി ഈ സംഭവത്തിലുണ്ട്.
മൺപാത്രം ഉപയോഗിച്ച് പാനം ചെയ്തതാണ് മറ്റൊരു നിവേദനം. അബ്ദുല്ലാഹിബ്നു സാഇബി(റ)ന്റെ പിതാമഹൻ ഖബ്ബാബ്(റ) പറഞ്ഞ വിവരം ഇബ്‌നു മന്ത(റ) രേഖപ്പെടുത്തുന്നു. തിരുനബിﷺ ഒരു മൺപാത്രത്തിൽ നിന്ന് വെള്ളം കുടിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.
മരം കൊണ്ടുണ്ടാക്കിയ പാത്രത്തിലും തിരുനബിﷺ കുടിച്ചിട്ടുണ്ട്. പ്രമുഖ താബിഈ പണ്ഡിതനായ ഇബ്നുസീരീൻ(റ) പറഞ്ഞ വിവരം ആസിം ബിൻ അഹ്‌വലി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. ഞാൻ അനസുബ്നു മാലിക്കി(റ)ന്റെ അടുക്കൽ തിരുനബിﷺയുടെ ഒരു പാത്രം കണ്ടു. അത് മണ്ണുകൊണ്ട് ഉണ്ടാക്കിയ അല്പം വിശാലമായ ഒരു പാത്രമായിരുന്നു. ആ പാത്രം എടുത്തു വച്ചിട്ട് അനസ്(റ) പറഞ്ഞു. ഞാൻ എത്രയോ പ്രാവശ്യം ഇതിൽ തിരുനബിﷺക്ക് പാനീയങ്ങൾ നൽകിയിട്ടുണ്ട്.
ഇബ്നു സീരീൻ(റ) തുടരുന്നു. പ്രസ്തുത പാത്രത്തിന് ഇരുമ്പിന്റെ ഒരു ചുറ്റുണ്ടായിരുന്നു. ആ സ്ഥാനത്ത് സ്വർണമോ വെള്ളിയോ ആക്കിയാലോ എന്ന് അനസ്(റ) ഉദ്ദേശിച്ചു. അപ്പോൾ അബൂത്വൽഹ(റ) പറഞ്ഞു. തിരുനബിﷺ ഉപയോഗിച്ചിരുന്ന അതേ അവസ്ഥയിൽ തന്നെ അത് സൂക്ഷിക്കുക. അതിൽ ഒരു മാറ്റവും വരുത്തേണ്ടതില്ല. അതു കേട്ടപ്പോൾ അനസ്(റ) മാറ്റം വരുത്താനുള്ള ശ്രമത്തിൽ നിന്ന് പിന്മാറി.
സ്വർണമോ വെള്ളിയോ പൂശിയ പാത്രത്തിൽ പാനം ചെയ്യാനല്ല അനസ്(റ) ഉദ്ദേശിച്ചത്. തിരുനബിﷺയുടെ പാത്രം അവ്വിധം സൂക്ഷിക്കാൻ വേണ്ടിയായിരുന്നു. പ്രമുഖനായ മറ്റൊരു സ്വഹാബിയുടെ ഉപദേശം സ്വീകരിച്ച് തിരുനബിﷺയിൽ നിന്ന് കിട്ടിയ അതേ രൂപത്തിൽ തന്നെ പാത്രം സംരക്ഷിച്ചു.
ഈസ് ബിൻ ത്വഹ്മാനി(റ)ൽ നിന്ന് ഇബ്നുൽജൗസി(റ) ഉദ്ധരിക്കുന്നു. ഇരുമ്പു കൊണ്ട് വട്ടംചുറ്റിയ ഒരു മരപാത്രം അനസ്(റ) പുറത്തേക്കെടുത്തു. എന്നിട്ട് ശിഷ്യനായ സാബിത്ത് അൽ ബുനാനി(റ)യോട് പറഞ്ഞു. ഇത് തിരുനബിﷺയുടെ പാത്രമാണ്. ഇമാം തുർമുദി(റ)യുടെയും മറ്റും നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. പാല്, മുന്തിരി ചാറ്, തേൻ, വെള്ളം തുടങ്ങിയ എല്ലാ പാനീയങ്ങളും ഞാൻ ഈ പാത്രത്തിൽ തിരുനബിﷺക്ക് നൽകിയിട്ടുണ്ട്. അനസ്(റ) വിശദീകരിച്ചു.
മുഹമ്മദ് ബിൻ ഇസ്മാഈലി(റ)ൽ നിന്ന് അബൂ യഅ്ല (റ) ഉദ്ധരിക്കുന്നു. ഞാൻ അനസി(റ)ന്റെ വീട്ടിൽ ചെന്നപ്പോൾ അവിടെ മരം കൊണ്ട് നിർമ്മിച്ച ഒരു പാത്രം കണ്ടു. തിരുനബിﷺ വുളൂഅ് ചെയ്യാനും വെള്ളം കുടിക്കാനും ഉപയോഗിച്ച പാത്രമായിരുന്നു അത്. ബീവി ഉമ്മുസുലൈമി(റ)ന്റെ അടുക്കൽ ഒരു പാത്രമുണ്ടായിരുന്നു എന്നും ഞാനീ പാത്രത്തിൽ നബിﷺക്ക് പാനീയങ്ങൾ നൽകിയിട്ടുണ്ട് എന്നും മഹതി പറയാറുണ്ടായിരുന്നു എന്ന് അനസ്(റ) തന്നെ നിവേദനം ചെയ്തിട്ടുണ്ട്.
ഹാസിം ബിൻ ഖാസിം(റ) പറയുന്നു. തിരുനബിﷺയുടെ പരിചാരകനായിരുന്ന അബൂ അസീബ്(റ) മരം കൊണ്ടുണ്ടാക്കിയ ഒരു പാത്രത്തിൽ വെള്ളം കുടിക്കുന്നത് ഞാൻ കണ്ടു. അപ്പോൾ ഞാൻ ചോദിച്ചു. എന്തേ നമ്മുടെ ഈ നൈസായ പാത്രത്തിൽ നിങ്ങൾക്ക് കുടിച്ചു കൂടെ? അപ്പോൾ അദ്ദേഹം പറഞ്ഞു. ഇത് തിരുനബിﷺ പാനം ചെയ്തിരുന്ന പാത്രമാണ്. സുഹൈർ മുഹമ്മദ്(റ) എന്നവരിൽ നിന്ന് ഇബ്നു ശാസാൻ(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം. തിരുനബിﷺയുടെ പാനപാത്രത്തിന്റെ പേര് ഖുമ്ർ എന്നായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 825
പിച്ചളയിൽ നിർമിച്ച ഒരു പാത്രം മുആദ് ബിൻ ജബലി(റ)ന്റെ പക്കലുണ്ടായിരുന്നു. അതിൽ നിന്ന് തിരുനബിﷺക്ക് വുളൂഅ് ചെയ്യാനും കുടിക്കാനും നൽകുമായിരുന്നു. ബഹുമാന്യനായ സ്വഹാബി മുആദ്(റ) തന്നെ ഈ വിഷയം പങ്കുവെക്കുന്നുണ്ട്.
തോൽപാത്രത്തിൽ നിന്ന് തിരുനബിﷺ വെള്ളം കുടിച്ചത് പല നിവേദനങ്ങളിലും വന്നിട്ടുണ്ട്. ഒരിക്കൽ ഉമ്മു സുലൈമി(റ)ന്റെ വീട്ടിൽ വന്നപ്പോൾ അവരുടെ വീട്ടിൽ കെട്ടിത്തൂക്കിയ തോൽപാത്രത്തിനടുത്തേക്ക് തിരുനബിﷺ നടന്നു ചെല്ലുകയും നിന്നുകൊണ്ട് തന്നെ അതിന്റെ വായയിൽ നിന്ന് വെള്ളം കുടിക്കുകയും ചെയ്തു. കബ്ശാ എന്ന സ്ത്രീയുടെ വീട്ടിൽ നിന്നായിരുന്നു ഈ സംഭവമെന്നും ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ വ്യത്യസ്തതകൾ പറഞ്ഞുകൊണ്ട് ഇമാം അഹ്മദ്(റ), തിർമിദി(റ) എന്നിവർ ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്. തോൽപാത്രത്തിൽ നിന്ന് തിരുനബിﷺ ചുണ്ട് ചേർത്ത ഭാഗം ഉമ്മു സുലൈം(റ) മുറിച്ചെടുത്ത് സൂക്ഷിച്ചു എന്നും പ്രസ്തുത ഹദീസിന് ഒരു തുടർച്ച കൂടിയുണ്ട്. പുണ്യം പ്രതീക്ഷിച്ചു കൊണ്ടായിരുന്നു അവർ അങ്ങനെ ചെയ്തത്.
കെട്ടി തൂക്കിയിട്ടിരുന്ന തോൽ പാത്രത്തിൽ നിന്ന് നിന്നുകൊണ്ടുതന്നെ തിരുനബിﷺ പാനം ചെയ്തു എന്നാണല്ലോ വായിച്ചത്. നിന്നുകൊണ്ട് കുടിക്കൽ അനുവദനീയമാണ് എന്നറിയിക്കാൻ വേണ്ടി കൂടിയായിരുന്നു ഇത്. ഇരുന്നുകൊണ്ടാണ് പാനം ചെയ്യേണ്ടത് എന്ന പുണ്യം പഠിപ്പിക്കുമ്പോഴും, വേണ്ടിവന്നാൽ ആകാം എന്നറിയിക്കാനുള്ള സമീപനങ്ങളും നബി ജീവിതത്തിൽ നിന്ന് വായിച്ചെടുക്കാനുണ്ട്.
പുണ്യം പ്രതീക്ഷിച്ചുകൊണ്ട് തിരുനബിﷺയുമായി ബന്ധപ്പെട്ട വസ്തുക്കൾ സൂക്ഷിക്കുക എന്നത് പ്രാഥമികമായി പഠിപ്പിച്ചത് സ്വഹാബികൾ തന്നെയായിരുന്നു. നബി ജീവിതത്തെ നേരിട്ടനുഭവിച്ചവർക്ക് അങ്ങനെയൊന്നു വേണമെന്ന് തോന്നിയിരുന്നു എന്നത് നബിﷺയിൽ നിന്ന് അവർ അനുഭവിച്ച ജീവിത മഹത്വത്തെയാണ് നമ്മോട് പറഞ്ഞു തരുന്നത്. ഒരു വ്യക്തിയുടെ പുണ്യം പ്രതീക്ഷിച്ചുകൊണ്ട് ശേഷിപ്പുകൾ സൂക്ഷിക്കുക എന്നത് മതപരമായി സ്വീകാര്യമാണ് എന്നുകൂടി ഇത് നമ്മെ ഉദ്ബോധിപ്പിക്കുന്നു. പ്രവാചകന്മാരോ പ്രവാചകന്മാരിൽ തന്നെ അതിശ്രേഷ്ഠരായ മുഹമ്മദ് നബിﷺയോ ആയാൽ പിന്നെ അതിൽ ഏറ്റവും ഉന്നതിയിൽ എത്തുകയും ചെയ്തു.
ഇത്തരം സമീപനങ്ങൾ പ്രസ്തുത വ്യക്തി ആരാധിക്കപ്പെടുന്നതിനു കാരണമാകുന്നില്ല. അതുകൊണ്ടാണല്ലോ സ്വഹാബികൾ ഈ രൂപത്തിൽ സമീപിച്ചപ്പോൾ മൗനം ദീക്ഷിച്ചത്. ഒരു വ്യക്തിയുമായി ബന്ധപ്പെട്ട ഏതെങ്കിലും വസ്തുക്കൾക്ക് പുണ്യം കൽപ്പിച്ചു പോയാൽ അതുവഴി പ്രസ്തുത വ്യക്തി ആരാധിക്കപ്പെടുന്നു എന്ന പരികല്പനകൾ ആരാധന എന്ത് ആദരവ് എന്ത് എന്ന് തിരിച്ചറിയാത്തവരിൽ നിന്നാണ് രൂപപ്പെട്ടു വന്നിട്ടുള്ളത്.
അൻസ്വാരികളിൽ ഒരു സ്ത്രീയുടെ വീട്ടിൽ വച്ച് അവിടെ തൂക്കിയിരുന്ന തോൽപാത്രത്തിൽ നിന്ന് നബിﷺ നിന്നുകൊണ്ട് തന്നെ വെള്ളം കുടിച്ചു എന്ന ഒരു നിവേദനം മഹതി ആഇശ(റ) തന്നെ ഉദ്ധരിച്ചിട്ടുണ്ട്. ഇമാം അഹ്മദി(റ)ന്റെ ഈ നിവേദനം മേൽ സംഭവത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നു.
ഈസ അൽ അൻസ്വാരി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. ഉഹ്ദ് ദിവസം നബിﷺ വെള്ളം ആവശ്യപ്പെട്ടു. അപ്പോൾ അൻസ്വാരികളിൽ പെട്ട ഒരാൾ ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവന്നു. ആ തോൽ പാത്രത്തിന്റെ വായ മടക്കി അതിൽ നിന്ന് വെള്ളം കുടിക്കാൻ തിരുനബിﷺ നിർദേശിച്ചു.
ഇബ്നു അബ്ബാസ്(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ ഞങ്ങളുടെ വീട്ടിലേക്ക് വന്നു. അവിടുത്തേക്ക് ഞങ്ങൾ ഒരു ബക്കറ്റിൽ വെള്ളം കൊണ്ടുവന്നു കൊടുത്തു. നബിﷺ അതിൽ നിന്ന് വെള്ളം കുടിക്കുകയും വായിൽ കൊണ്ട വെള്ളം അതിലേക്ക് തന്നെ തിരിച്ചു പകരുകയും ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 826
തിരുനബിﷺയുടെ പാനരീതിയെ കുറിച്ചുള്ള ചില പരാമർശങ്ങളാണ് ഇനി നാം വായിക്കുന്നത്. ഇരുന്നാണോ അല്ല നിന്നാണോ തിരുനബിﷺ പാനം ചെയ്തിരുന്നത്? ഏതു രീതിയാണ് നമ്മുടെ ജീവിതത്തിൽ പകർത്തേണ്ടത്? എന്നീ വിശദാംശങ്ങളിലേക്ക് വെളിച്ചം നൽകുന്ന അധ്യായം കൂടിയാണിത്. അലി(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു. ഞാൻ ഇരുന്ന് കുടിക്കുകയാണെങ്കിൽ പ്രവാചകൻﷺ ഇരുന്ന് പാനം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാൻ നിന്നുകൊണ്ട് പാനം ചെയ്യുകയാണെങ്കിൽ പ്രവാചകൻﷺ നിന്നുകൊണ്ട് പാനം ചെയ്തിട്ടുണ്ട്. ഇരുന്നും നിന്നും തിരുനബിﷺ പാനം ചെയ്തിരുന്നു എന്ന് അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്നുള്ള നിവേദനം ഇമാം തിർമുദി(റ)യും ആഇശ(റ)യിൽ നിന്നുള്ള നിവേദനം ഇമാം ത്വബ്റാനി(റ)യും ഉദ്ധരിച്ചിട്ടുണ്ട്. ഞാൻ സംസം വെള്ളം കൊടുത്തപ്പോൾ നിന്നുകൊണ്ടായിരുന്നു തിരുനബിﷺ പാനം ചെയ്തത് എന്ന് അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു.
നിന്നുകൊണ്ട് കുടിക്കരുത് എന്ന് വിലക്കിക്കൊണ്ട് തിരുനബിﷺ പറഞ്ഞ പരാമർശം തിരുനബിﷺയുടെ പരിചാരകനായ അനസ്(റ) പറഞ്ഞത് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നത് കാണാം. നിന്ന് പാനം ചെയ്ത ഒരാളെ തിരുനബിﷺയുടെ മുന്നിൽ ഹാജരാക്കി. അദ്ദേഹത്തോട് കുടിച്ചത് ഛർദ്ദിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം ചോദിച്ചു. എന്താണ് കാരണം? തിരുനബിﷺ ചോദിച്ചു. നിന്നോടൊപ്പം പൂച്ചയും കൂടി അതേ പാനത്തിൽ പങ്കുചേരുന്നത് നീ ഇഷ്ടപ്പെടുന്നുണ്ടോ? അദ്ദേഹം പറഞ്ഞു, ഇല്ല. എന്നാൽ, അതിനേക്കാൾ മോശപ്പെട്ട ഒരാൾ നിന്നോടൊപ്പം പാനം ചെയ്തിരിക്കുന്നു. അതുകൊണ്ടാണ് ഛർദ്ദിക്കാൻ പറഞ്ഞത്. അഥവാ പിശാചിന് ഇഷ്ടകരമായ ഒരു കാര്യമാണ് നീ ചെയ്തത്.
പ്രവാചക ജീവിതത്തിന്റെയും മേൽപ്പറയപ്പെട്ട അനുഭവങ്ങളുടെയും അടിസ്ഥാനത്തിൽ പണ്ഡിതന്മാർ എത്തിച്ചേർന്ന വീക്ഷണങ്ങൾ ഇങ്ങനെയാണ്. ഇരുന്നുകൊണ്ട് പാനം ചെയ്യലാണ് ഉത്തമം. നിന്നുകൊണ്ട് പാനം ചെയ്യുന്നത് നല്ലതിന് എതിരാണ്. എന്നാൽ ആവശ്യഘട്ടങ്ങളിൽ നിന്നുകൊണ്ട് കുടിക്കാം എന്ന് സമൂഹത്തെ പഠിപ്പിക്കാൻ വേണ്ടി കൂടിയാണ് ചില സാഹചര്യങ്ങളിൽ നിന്നുകൊണ്ട് കുടിച്ചിട്ടുള്ളത്. നമ്മുടെ ജീവിതത്തിൽ പകർത്തേണ്ടതും ശീലിക്കേണ്ടതും ഇരുന്നു കൊണ്ട് പാനം ചെയ്യുക എന്ന ശീലമാണ്.
പ്രവാചകരുﷺടെ ജീവിതത്തിൽ നിന്നും ശീലങ്ങളിൽ നിന്നുമാണ് ഇസ്ലാമിന്റെ നിയമങ്ങൾ രൂപപ്പെടുകയും അധ്യാപനം നൽകപ്പെടുകയും ചെയ്യുന്നത്.
തുറന്നിരിക്കുന്ന പാത്രത്തിൽ നിന്നും തിരുനബിﷺ പാനം ചെയ്തിരുന്നില്ല. അങ്ങനെ ചെയ്യുന്നത് നിരുത്സാഹപെടുത്തുകയും ചെയ്തു.
ഈ വായനക്ക് അനുബന്ധമായ ഒരു നിവേദനം കൂടി നമുക്ക് നോക്കാം. പ്രമുഖനായ സ്വഹാബി ജാബിർ(റ) പറയുന്നു. ഒരു ദിവസം തിരുനബിﷺ ഒരു അൻസ്വാരി സ്വഹാബിയുടെ തോട്ടത്തിലേക്ക് പ്രവേശിച്ചു. നബിﷺയുടെ അനുചരന്മാരിൽ ഒരാളും കൂടെയുണ്ടായിരുന്നു. തോട്ടത്തിൽ വെള്ളം തെളിച്ചു കൊണ്ടിരിക്കുന്ന ആളോട് നബിﷺ ചോദിച്ചു. രാത്രിയിൽ കരുതി വെച്ച വെള്ളം നിങ്ങളുടെ പക്കലുണ്ടോ? ഇല്ലെങ്കിൽ ഞാൻ നേരിട്ട് കോരിയ വെള്ളം കുടിക്കും. തോട്ടക്കാരൻ പറഞ്ഞു. തോൽപാത്രത്തിൽ കരുതിവച്ച വെള്ളമുണ്ട്. ശേഷം, അദ്ദേഹം കുടിലിലേക്ക് പോയി. കരുതിവച്ചിരുന്ന വെള്ളത്തിൽ ആട്ടിനെ കറന്ന് പാല് കൂടി ചേർത്ത് തിരുനബിﷺക്ക് കുടിക്കാൻ നൽകി. തിരുനബിﷺ കുടിച്ചതിനുശേഷം അദ്ദേഹം കുടിലിലേക്ക് മടങ്ങിപ്പോയി കൂടെയുണ്ടായിരുന്ന അനുചരനു കൂടി അതുപോലെ പാനീയം കൊണ്ടുവന്നു കൊടുത്തു.
നബിﷺയുടെ കൂടെ അപ്പോൾ ഉണ്ടായിരുന്ന അനുയായി അബൂബക്കർ സിദ്ദീഖ്(റ) ആയിരുന്നുവത്രേ. ദാഹത്തിന്റെ കാഠിന്യം കൊണ്ടും തണുത്ത വെള്ളം കിട്ടാൻ വേണ്ടിയും ആയിരിക്കണം കരുതിവച്ച വെള്ളമുണ്ടോ എന്ന് അന്വേഷിക്കുകയും ഇല്ലെങ്കിൽ കോരിയെടുക്കുന്ന വെള്ളം നേരിട്ട് തന്നെ കുടിച്ചു കൊള്ളാം എന്ന് പറയുകയും ചെയ്തത്.
നബി ജീവിതത്തിന്റെ അനുഭവങ്ങളെ ശിഷ്യന്മാർ പകർത്തിയപ്പോൾ ഓരോരുത്തരുടെയും ഹൃദയത്തിൽ തങ്ങിനിൽക്കുകയും സ്വാധീനിക്കുകയും ചെയ്ത രംഗങ്ങളെ ഹൃദയഹാരിയായി പങ്കുവെക്കുന്നതിൽ അവർക്ക് സന്തോഷമായിരുന്നു. ഒരു ജീവിതത്തിന്റെ പകർപ്പ് എന്നതിനപ്പുറം കൗതുകകരമായ ഒരു സംഭാഷണമായും ലോകത്തടയാളപ്പെടുത്തേണ്ട നിയമങ്ങളായും നബി ജീവിതത്തിന്റെ ഹൃദ്യമായ രംഗങ്ങളായും ഓരോ സന്ദർഭങ്ങളും വായിക്കപ്പെടുക തന്നെ ചെയ്യും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 827
ഇബ്നു അബ്ബാസി(റ)ൽ നിന്ന് മുസദ്ദദ്(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ തിരുനബിﷺയോട് ചോദിച്ചു. അവിടുത്തേക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാനീയം ഏതാണ്? തണുപ്പുള്ള രുചികരമായത് എന്നായിരുന്നു മറുപടി. അബൂ ഹുറൈറ(റ)യുടെ നിവേദനത്തിലും ഇതേ ആശയം തന്നെ വന്നിട്ടുണ്ട്. തോൽപാത്രത്തിൽ വച്ചോ ഈത്തപ്പന ഓലകൊണ്ട് പൊതിഞ്ഞ പാത്രത്തിൽ വച്ചോ തിരുനബിﷺക്ക് വേണ്ടി വെള്ളം തണുപ്പിച്ചു കൊടുക്കുന്ന ഒരു അൻസ്വാരി ഉണ്ടായിരുന്നു എന്ന് ജാബിർ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം.
അനസ്(റ) പറയുന്നു. തിരുനബിﷺക്ക് വേണ്ടി ഞങ്ങളുടെ വീട്ടിലെ ആടിനെ കറന്നു. പാലിൽ നമ്മുടെ കിണറ്റിൽ നിന്നുള്ള അല്പം വെള്ളവും ചേർത്ത് തിരുനബിﷺക്ക് കുടിക്കാൻ കൊടുത്തു. അപ്പോൾ നബിﷺയുടെ വലതുഭാഗത്ത് ഒരു ഗ്രാമീണനായ അറബിയും ഇടതുഭാഗത്ത് അബൂബക്കറും(റ) ഉണ്ടായിരുന്നു. മൂന്നാമതായി ഉമറും(റ) എത്തിച്ചേർന്നു. തിരുനബിﷺ കുടിച്ചതിനുശേഷം വലതുഭാഗത്തുള്ള അറബിക്ക് കൊടുക്കും എന്ന് ഞങ്ങൾ വിചാരിച്ചു. അതുകൊണ്ട് അബൂബക്കർ(റ) അടുത്തുണ്ട് എന്ന കാര്യം ഞങ്ങൾ ഉണർത്തി. പക്ഷേ, തിരുനബിﷺ പാനം ചെയ്തതിനുശേഷം വലതുഭാഗത്തുള്ള ഗ്രാമീണനായ മനുഷ്യനാണ് ബാക്കി നൽകിയത്. അവിടുന്ന് ഇങ്ങനെ പറയുക കൂടി ചെയ്തു. വലത്തേത് വലത്തേത് എന്ന്. അഥവാ നല്ല കാര്യങ്ങളിൽ വലതുഭാഗത്തെ പരിഗണിക്കുക എന്നത് തിരുനബിﷺയുടെ ശൈലിയായിരുന്നു.
മനോഹരമായ ഒരു സാമൂഹിക പാഠം കൂടി ഇതിൽ തിരുനബിﷺ പകർന്നു തരുന്നു. മൂല്യങ്ങളുടെ മുമ്പിൽ തുല്യതാ വിചാരം കല്പിക്കുകയും, വ്യക്തികളുടെ സ്ഥാന മഹത്വങ്ങൾ അംഗീകരിക്കുമ്പോൾ തന്നെ അപരന്റെ അവകാശങ്ങൾ നിഷേധിക്കാതിരിക്കുകയും ചെയ്യുക ഇതായിരുന്നു ആ ഗുണപാഠം. മേൽ പ്രസ്താവിച്ച ഹദീസിന്റെ പ്രധാന ഭാഗം ഇമാം ബുഖാരി(റ) ഉദ്ധരിച്ചത് നേരത്തെയും നാം വായിച്ചിട്ടുണ്ട്.
ഇബ്നു അബ്ബാസ്(റ) തന്നെ പറയുന്നു. ഞാനും ഖാലിദ് ബിൻ വലീദും(റ) നബിﷺയോടൊപ്പം തിരുനബിﷺയുടെ പത്നി മൈമൂനാ ബീവി(റ)യുടെ വീട്ടിലേക്ക് വന്നു. അപ്പോൾ അവിടുന്ന് ചോദിച്ചു. ഉമ്മു അഖീഖ്(റ) സമ്മാനമായി നൽകിയ പാൽ നിങ്ങൾക്ക് ഞാൻ നൽകട്ടെയോ? അതെ എന്ന് പറഞ്ഞപ്പോൾ പാൽ കൊണ്ടുവന്നു. തിരുനബിﷺ അത് വാങ്ങി കുടിച്ചതിനുശേഷം വലതുഭാഗത്തുള്ള എനിക്ക് തന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. നിങ്ങൾക്ക് വേണമെങ്കിൽ ഇത് ആദ്യം ഖാലിദി(റ)ന് നൽകാം. അപ്പോൾ ഞാൻ പറഞ്ഞു. അവിടുന്ന് കുടിച്ചിട്ട് മിച്ചം തന്നത് ആദ്യം ഞാൻ തന്നെ കുടിക്കും. അത് ആർക്കും ഞാൻ നൽകി ഒഴിവാക്കുകയില്ല. തുടർന്ന് തിരുനബിﷺ ഇങ്ങനെ പറഞ്ഞു. അല്ലാഹു ഒരാൾക്ക് ഭക്ഷണം നൽകിയാൽ ഇങ്ങനെ പറയണം. അല്ലാഹുവേ ഇതിൽ നീ അനുഗ്രഹം ചൊരിയുകയും വർധിപ്പിച്ചു തരികയും ചെയ്യേണമേ എന്ന്. ഭക്ഷണത്തിന്റെയും പാനീയത്തിന്റെയും സ്ഥാനത്ത് നിൽക്കുന്നത് പാലല്ലാതെ മറ്റൊന്നുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല.
തിരുനബിﷺ ഇഷ്ടപ്പെട്ടു പാനം ചെയ്തിരുന്ന പാനീയങ്ങളെ പരാമർശിക്കുന്ന ഹദീസ് വചനങ്ങൾ കൂടിയാണിത്. തിരുനബിﷺയുടെ ശേഷിപ്പുകൾ സ്വീകരിക്കാൻ അനുയായികൾക്കുണ്ടായിരുന്ന താത്പര്യവും അതിന് അവർ കാണിച്ചിരുന്ന പുണ്യവും ഈ ഹദീസ് തന്നെ നമ്മെ പഠിപ്പിക്കുന്നു.
അല്ലാഹുവിന്റെ നാമം ഉച്ചരിച്ചുകൊണ്ട് പാനം ചെയ്യുന്ന ഒരു വിശ്വാസിയുടെ പാനീയത്തിന്റെ മിച്ചം, അതിലും പുണ്യവും അനുഗ്രഹവും ഉണ്ടെന്നാണ് പ്രവാചകൻﷺ പഠിപ്പിച്ചിട്ടുള്ളത്. എന്നിരിക്കെ പുണ്യപുരുഷന്മാരായ പ്രവാചകൻമാരുടെയും ശ്രേഷ്ഠ ഗുരുക്കളുടെയും ഭക്ഷണപാനീയത്തിന്റെ തുടർച്ച ലഭിക്കുന്നത് അനുഗ്രഹമായിട്ട് തന്നെയാണ് വിശ്വാസിലോകം പരിഗണിക്കുന്നത്. ചില പരിഷ്കാര വിചാരങ്ങൾ ഒരാൾ കുടിച്ചതിന്റെ ബാക്കി മറ്റേയാൾ കുടിക്കുകയോ! ഒരാൾ കഴിച്ചതിന്റെ മിച്ചം മറ്റേയാൾ കഴിക്കുകയോ! എന്നൊക്കെ പറഞ്ഞേക്കാം. എല്ലാ കല്ലും ഒരുപോലെയല്ല. രത്നം കല്ലാണെങ്കിലും സാധാരണ കല്ലല്ല എന്നത് ആത്മീയ ലോകത്തും പ്രസക്തമായി തന്നെ പരിഗണിക്കേണ്ടതാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 828
ഇമാം അഹ്മദും(റ) ത്വബ്റാനി(റ)യും ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബിന് അബൂഹബീബ(റ)യോട് ചോദിച്ചുവത്രേ. തിരുനബിﷺയിൽ നിന്നുള്ള ഒരു അനുഭവം പറയാമോ? അദ്ദേഹം പറഞ്ഞു. എന്റെ കുട്ടിക്കാലത്ത് തിരുനബിﷺ കുബാ പള്ളിയിലേക്ക് വന്നു. ഞാൻ നബിﷺയുടെ വലതുഭാഗത്ത് പോയി ഇരുന്നു. അബൂബക്കർ(റ) ഇടതുഭാഗത്തുണ്ടായിരുന്നു. തിരുനബിﷺ വെള്ളം ആവശ്യപ്പെട്ടു. അവിടുത്തേക്ക് ലഭിച്ച പാനീയം കുടിച്ചതിനുശേഷം ബാക്കി പാനീയത്തോട് കൂടി എനിക്ക് തന്നു. ഞാൻ വലതുഭാഗത്താണല്ലോ ഉള്ളത്. ഞാനത് കുടിച്ചു. ശേഷം, നബിﷺ എഴുന്നേറ്റ് നിസ്കാരം നിർവഹിച്ചു. ചെരുപ്പ് ധരിച്ചു കൊണ്ട് തന്നെയായിരുന്നു അപ്പോൾ നിസ്കരിച്ചത്.
അവശ്യ സന്ദർഭങ്ങളിൽ ചെരുപ്പ് ധരിച്ചു കൊണ്ട് നിസ്കരിക്കാം. ചെരുപ്പിൽ മാലിന്യം ഇല്ലാതിരിക്കൽ നിർബന്ധമാണെന്ന് മാത്രം. പ്രവാചകൻﷺ ചെരുപ്പ് ധരിച്ചു കൊണ്ട് നിസ്കരിച്ചു എന്ന നിവേദനങ്ങൾ മുഴുവൻ അനുവദനീയമാണ് എന്ന അർത്ഥത്തിൽ മാത്രമാണ്. ആയാൽ നന്നാണെന്ന പ്രോത്സാഹനമോ അങ്ങനെയായിരിക്കണം എന്ന കൽപ്പനയോ അതിൽ ഇല്ല.
സദസ്സിൽ വച്ച് പാനീയം നൽകുമ്പോൾ ആദ്യം വലിയവർക്ക് നൽകുക എന്ന ശീലവും പ്രവാചകൻﷺ പഠിപ്പിച്ചിട്ടുണ്ട്. പാനീയം വിതരണം ചെയ്യുമ്പോൾ മുതിർന്നവർക്ക് ആദ്യം നൽകുക എന്ന തിരുനബിﷺയുടെ പ്രസ്താവന ഇബ്നു അബ്ബാസ്(റ) ഉദ്ധരിച്ചിട്ടുണ്ട്.
അബൂ ഉമാമ(റ)യിൽ നിന്നുള്ള നിവേദനം. തിരുനബിﷺ അബൂബക്കർ(റ), ഉമർ(റ), അബൂഉബൈദ(റ) എന്നീ അനുചരന്മാരോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ ഒരു പാത്രത്തിൽ വെള്ളം കൊണ്ട് വന്നു. അപ്പോൾ തിരുനബിﷺ അത് അബൂ ഉബൈദ(റ)ക്ക് നീട്ടി. തങ്ങളാണല്ലോ ഏറ്റവും ആദ്യം സ്വീകരിക്കാൻ കടമപ്പെട്ടത് എന്ന് അബൂ ഉബൈദ(റ) പ്രതികരിച്ചു. നിങ്ങൾ തന്നെ വാങ്ങിക്കോളൂ എന്ന് തിരുനബിﷺ പറഞ്ഞപ്പോൾ അബൂ ഉബൈദ(റ) അത് വാങ്ങി. കുടിക്കുന്നതിന് മുമ്പ് വീണ്ടും അദ്ദേഹം നബിﷺയോട് പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ അവിടുന്ന് തന്നെ ഇത് സ്വീകരിക്കൂ. തിരുനബിﷺ ഉടനെ ഇങ്ങനെ പ്രതികരിച്ചു. മുതിർന്നവരുടെ പക്കലാണ് അനുഗ്രഹമുള്ളത്. നിങ്ങൾ തന്നെ കുടിച്ചോളൂ. ഇളയവരോട് വാത്സല്യവും മുതിർന്നവരോട് ബഹുമാനവും ഇല്ലാത്തവർ നമ്മിൽ പെട്ടവരല്ല.
പ്രായത്തിൽ മുതിർന്നവരെ എങ്ങനെ പരിഗണിക്കണമെന്നും ഇളയവരെ വാത്സല്യത്തോടെ എങ്ങനെ പരിഗണിക്കണമെന്നും നിരന്തരമായി തിരുനബിﷺ പഠിപ്പിക്കാറുണ്ടായിരുന്നു. ആദരവും വാത്സല്യവും ഒത്തുചേർന്ന ഒരാളിൽ തലമുറകളുടെ വ്യത്യാസങ്ങൾ ശൂന്യത സൃഷ്ടിക്കുകയില്ല.
സഹൽ ബിൻ സഅദ്(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ തിരുനബിﷺ പള്ളിയോട് ചേർന്ന തിണ്ണയുടെ മുകളിൽ ഇരുന്നു. എന്നിട്ട് എന്നോട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. ഈത്തപ്പഴവും വെണ്ണയുമൊക്കെ ചേർന്ന ഒരു പാനീയം ഞാൻ തിരുനബിﷺക്ക് വേണ്ടി നൽകി. അവിടുന്ന് അത് പാനം ചെയ്തു. ശേഷം പറഞ്ഞു. ഒന്നാമത്തെ വെള്ളമായിരുന്നു രണ്ടാമത്തേതിനെക്കാൾ നല്ലത്. ഞാൻ പറഞ്ഞു. രണ്ടും ഒരേ പാത്രത്തിൽ നിന്ന് തന്നെയാണല്ലോ കൊണ്ടുവന്നത്. ശേഷം നബിﷺ അബൂബക്കറി(റ)നെ വിളിച്ചു. എന്നിട്ട് പാനീയം കുടിച്ചു. ഉമർ(റ) അപ്പോൾ വലതുഭാഗത്തുണ്ടായിരുന്നു.
പാനീയത്തിന്റെ വിശേഷങ്ങൾക്കൊപ്പം പാനം ചെയ്യുന്നതിന്റെയും പരിഗണിക്കുന്നതിന്റെയും പാഠങ്ങൾ കൂടിയാണ് പ്രവാചകൻﷺ പകർന്നു നൽകിയത്. ഇങ്ങനെയൊക്കെ മതവും പ്രവാചകനും സംസാരിക്കേണ്ടതുണ്ടോ വായിക്കേണ്ടതുണ്ടോ എന്നൊക്കെ ചിലർ ആലോചിച്ചേക്കാം. ജീവിതത്തിന്റെ സമൂലമായ വ്യാഖ്യാനമാണ് ഇസ്ലാമെന്നും ജീവിതത്തിന്റെ എല്ലാ മേഖലയിലുമുള്ള ശരിയായ ചിട്ടയും സമീപനവുമാണ് ഇരുലോക വിജയത്തിന്റെ അടിസ്ഥാനമെന്നും ഹൃദയം ചേർത്തുവെച്ച് മനസ്സിലാക്കിയാൽ ഇതിന്റെ ഒക്കെ പ്രാധാന്യം നമുക്ക് ബോധ്യപ്പെടും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 829
ആളുകളുമായി ഒരുമിച്ചിരുന്ന് പാനം ചെയ്യുമ്പോൾ പ്രത്യേകമായ ചില മര്യാദകൾ കൂടി തിരുനബിﷺ ശീലിപ്പിച്ചിരുന്നു. അബ്ദുല്ലാഹിബിന് ബുസ്ര്‍(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു. അപ്പോൾ സവിശേഷമായ ഒരു പാനീയം തിരുനബിﷺക്ക് ഞങ്ങൾ നൽകി. തിരുനബിﷺ അതിൽ നിന്ന് കുടിക്കുകയും വലതുഭാഗത്തുള്ളവർക്ക് മിച്ചം നൽകുകയും ചെയ്തു. പാനപാത്രം കൈമാറി കൈമാറി അതിലുള്ളത് തീരുന്നതുവരെ എത്തി. ശേഷം അതുകൊണ്ട് പോയി വീണ്ടും പാനീയം നിറച്ചുവന്നു. നേരത്തെ എവിടെ വരെയാണോ നൽകിയിരുന്നത് അവിടുന്ന് തുടർന്ന് നൽകാൻ തിരുനബിﷺ നിർദ്ദേശിച്ചു.
ചെറുതെന്ന് നാം വിചാരിക്കുന്ന ഇത്തരം കാര്യങ്ങൾ പോലും ചിട്ടയോടെയും കൃത്യതയോടെയും ആവണമെന്ന് തിരുനബിﷺക്ക് കണിശത ഉണ്ടായിരുന്നു. ഓരോ ചെറിയ കാര്യത്തിനും തിരുനബിﷺ പ്രത്യേകമായ നിർദ്ദേശങ്ങളും രീതികളും ശീലിപ്പിച്ചു. തിരുനബിﷺ അനുയായികളോടും സമൂഹത്തോടും എത്രമേൽ ഇഴുകിച്ചേർന്നു എന്നും അവിടുന്ന് മുന്നോട്ടുവെച്ച സംവിധാനം എത്രമേൽ സമ്പൂർണ്ണമാണെന്നും അറിയിക്കുന്ന ജീവിതരീതി കൂടിയാണിത്.
ആളുകൾക്ക് പാനീയം വിതരണം ചെയ്യുന്നത് തിരുനബിﷺയാണെങ്കിൽ അവിടുന്ന് അവസാനമേ കുടിച്ചിരുന്നുള്ളൂ. വിതരണം ചെയ്യുന്ന ആൾ അവസാനം കുടിക്കട്ടെ എന്ന ഒരു നിർദ്ദേശം പഠിപ്പിക്കാൻ വേണ്ടി കൂടിയായിരുന്നു ഇത്. അബ്ദുല്ലാഹിബിന് അബീ ഔഫ്(റ) നിവേദനം ചെയ്യുന്നു. ഒരു യാത്രയിൽ നബിﷺക്കും അനുയായികൾക്കും നല്ല ദാഹം അനുഭവപ്പെട്ടു. എല്ലാവരും ഒരു സ്ഥലത്ത് ഇറങ്ങി. ഒരു പാത്രം പാനീയം കൊണ്ടുവന്നു. പ്രവാചകൻﷺ അനുയായികളോട് കുടിക്കാൻ ആവശ്യപ്പെട്ടു. ആദ്യം അവിടുന്ന് കുടിക്കാൻ എല്ലാവരും നബിﷺയോട് പറഞ്ഞുകൊണ്ടിരുന്നു. അപ്പോൾ നബിﷺ ഇങ്ങനെ പ്രതികരിച്ചു. കുടിപ്പിക്കുന്നയാൾ അവസാനമേ കുടിക്കുകയുള്ളൂ. അങ്ങനെ എല്ലാവരും കുടിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുന്ന് പാനം ചെയ്താലും എന്ന് എല്ലാവരും പറഞ്ഞ മറ്റൊരു സന്ദർഭത്തിലും തിരുനബിﷺ എല്ലാവർക്കും ഒടുവിലാണ് കുടിച്ചത് എന്ന് സേവകനായ അനസ്(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിലും കാണാം.
അബൂബക്കർ(റ) പറയുന്ന മനോഹരമായ ഒരു സന്ദർഭം അബൂ യഅ്ലാ(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ തിരുനബിﷺ ഒരു പ്രദേശത്ത് എത്തിയപ്പോൾ കറക്കാൻ പാകമായ ആടിനെയും കൊടുത്ത് ഒരു സ്ത്രീ മകനെ നബിﷺയുടെ അടുത്തേക്ക് വിട്ടു. ആദ്യം കറന്ന പാൽ മകന്റെ കയ്യിൽ ഉമ്മയ്ക്ക് കൊടുത്തയച്ചു. അവർ മതിയാവോളം കുടിച്ചതിനുശേഷം വീണ്ടും മറ്റൊരു ആടിനെ കൊണ്ടുവന്നു. അപ്പോൾ കറന്ന പാൽ അബൂബക്കറി(റ)ന് പാനം ചെയ്യിച്ചു. അടുത്ത ആടിനെ കൊണ്ടുവന്നപ്പോൾ അവസാനമായി തിരുനബിﷺ അതിൽ നിന്ന് കറന്ന് പാനം ചെയ്തു.
എത്ര വലിയ നേതാവായപ്പോഴും ഒപ്പമുള്ളവരുടെ ദാഹം ശമിക്കുന്നത് വരെ കാത്തുനിൽക്കാനും അവസാനം സ്വന്തം കാര്യം പരിഗണിക്കാനുമുള്ള വിശാലമായ ഒരു വിചാരം ഈ അനുഭവങ്ങളിലൂടെയൊക്കെ തിരുനബിﷺ പങ്കുവെക്കുകയായിരുന്നു. നബി ജീവിതത്തിന്റെ ഓരോ ഇടവേളകളും വായിക്കുമ്പോൾ കാലങ്ങളുടെ എന്നത്തേക്കും പകർത്തിവെക്കാൻ പറ്റുന്ന ശോഭനമായ ഒരുപാട് ചിത്രങ്ങളാണ് തെളിഞ്ഞു വരിക. ശുഭകരമായ ഒരുപാട് അനുഭവങ്ങളാണ് പകർന്നു തരിക.
കേവലം വെള്ളം കുടിക്കുമ്പോൾ അവസാനം വരെ കാത്തു നിന്നു എന്നതിനപ്പുറം ഒപ്പമുള്ളവരെ പരിഗണിക്കാനുള്ള വിശാലമായ ഒരു മനസ്സാണ് ഈ സംഭവങ്ങൾ നമുക്ക് നൽകുന്ന ഏറ്റവും വലിയ പാഠം. സ്വന്തം കാര്യം മാത്രം എന്ന് ചിന്തിക്കുന്ന സങ്കുചിത വിചാരങ്ങളുടെ കാലത്ത് ഇത്തരം സന്ദേശങ്ങൾക്കും വായനകൾക്കും എത്രമേൽ പ്രാധാന്യമുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 830
പാനീയങ്ങൾ കുടിക്കുമ്പോൾ തിരുനബിﷺക്ക് പ്രത്യേകമായ ചില ശീലങ്ങളുണ്ടായിരുന്നു. പാത്രത്തോട് ചുണ്ട് ചേർത്ത് വച്ചു കുടിക്കുകയും ചുരുങ്ങിയത് മൂന്നുപ്രാവശ്യമെങ്കിലും നിർത്തി നിർത്തി കുടിക്കുകയും ചെയ്യുമായിരുന്നു. ഒറ്റ വലിക്ക് കുടിക്കുന്നതും വായിലേക്ക് നേരെ ഒഴിച്ച് കുടിക്കുന്നതും അത്രമേൽ അവിടുന്ന് പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. തിരുനബിﷺ പല്ലുതേക്കുമ്പോൾ വീതിയിൽ മിസ്വാക്ക് ചലിപ്പിക്കുകയും ചുരുങ്ങിയത് മൂന്നുപ്രാവശ്യം നിർത്തി നിർത്തി കുടിക്കുകയും ചെയ്തിരുന്നു. എന്നിട്ട് ഇങ്ങനെ പറയുമത്രേ. ഇപ്രകാരം കുടിക്കുന്നതാണ് ആശ്വാസകരവും ദാഹം അകറ്റാൻ ഏറ്റവും നല്ലതുമെന്ന്. ഒറ്റ വലിക്ക് കുടിക്കുക എന്ന ശീലം തിരുനബിﷺക്ക് ഇല്ലായിരുന്നു എന്ന് ഉമ്മുസലമ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം.
അബ്ദു ബിൻ ഹുമൈദ്(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം. അദ്ദേഹം പറഞ്ഞു. ഒരിക്കൽ തിരുനബിﷺ മൂന്നുപ്രാവശ്യമായി വെള്ളം കുടിക്കുന്നത് ഞാൻ കണ്ടു. അപ്പോൾ ഞാൻ ചോദിച്ചു. ഇടയിൽ മൂന്നുപ്രാവശ്യം ശ്വാസം അയച്ചിട്ടാണല്ലോ അവിടുന്ന് വെള്ളം കുടിക്കുന്നത്? നബിﷺയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. ഏറെ ആശ്വാസകരവും ദാഹമകറ്റാൻ ഉപകരിക്കുന്നതും ഈ രീതിയാണ്. ഓരോ തവണ നിർത്തുമ്പോഴും അല്ലാഹുവിനെ സ്തുതിക്കാറുണ്ടായിരുന്നു എന്നും ഒടുവിൽ സവിശേഷമായി അല്ലാഹുവിന് നന്ദി രേഖപ്പെടുത്താറുണ്ടായിരുന്നു എന്നും ഇബ്നു മസ്ഊദ്(റ) ഉദ്ധരിക്കുന്ന ഹദീസിലുണ്ട്. ഇബ്നു ഉമറി(റ)ന്റെ നിവേദനം ഒന്നുകൂടി വ്യക്തമാണ്. തുടക്കത്തിൽ ബിസ്മി ചൊല്ലിയും ഒടുക്കത്തിൽ സ്തുതി അർപ്പിച്ചും ഇടയിൽ മൂന്നുതവണ ശ്വാസമയച്ചുമല്ലാതെ തിരുനബിﷺ ഒരിക്കലും പാനം ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. അദ്ദേഹം പറഞ്ഞു.
ഭക്ഷണം കഴിക്കുമ്പോഴോ പാനീയം കുടിക്കുമ്പോഴോ ഒരിക്കൽപോലും പാത്രത്തിലേക്ക് നിശ്വസിക്കുന്നത് തിരുനബിﷺയുടെ രീതി ആയിരുന്നില്ല. അങ്ങനെ ചെയ്യരുതെന്ന് നിരുത്സാഹപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. പാത്രം ചുണ്ടോട് അടുപ്പിക്കുമ്പോൾ ബിസ്മി ചൊല്ലുകയും പാനം പൂർത്തിയാക്കി ചുണ്ടിൽ നിന്ന് അകറ്റി വെക്കുമ്പോൾ അല്ലാഹുവിനെ സ്തുതിക്കുന്ന അൽഹംദുലില്ലാഹ് ചൊല്ലുകയും ചെയ്യുമായിരുന്നു.
പാൽ കുടിച്ചാൽ വായ കൊപ്ലിക്കൽ തിരുനബിﷺയുടെ പതിവായിരുന്നു. ഒരിക്കൽ തിരുനബിﷺക്ക് പാല് കറന്നു കുടിച്ചു പൂർത്തിയായതിനുശേഷം വെള്ളം ആവശ്യപ്പെടുകയും അത് ഉപയോഗിച്ച് വായ കഴുകുകയും ചെയ്ത അനുഭവം സേവകനായ അനസ്(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്. പാലിൽ കൊഴുപ്പുണ്ട് എന്ന് അനുബന്ധം പറയുകയും ചെയ്തു.
ഒരിക്കൽ പാല് കുടിച്ചപ്പോൾ ശേഷം വായ കഴുകുകയോ വുളൂഅ് ചെയ്യുകയോ ചെയ്തില്ല എന്നുപറയുന്ന ഒരു ഹദീസ് അനസു ബ്നു മാലിക്(റ) നിവേദനം ചെയ്തിട്ടുണ്ട്. എന്നാൽ അതിന്റെ പരമ്പര അത്ര പ്രബലമല്ലെന്നും പ്രബലമാണെങ്കിൽ തന്നെ വായ കഴുകൽ നിർബന്ധമില്ലെന്നും ഇതിന് വിശദീകരണങ്ങളുണ്ട്.
ഏറ്റവും ആരോഗ്യകരവും ശുഭകരവുമായ സമീപനങ്ങളാണ് ഓരോ മേഖലയിലും തിരുനബിﷺ നിലനിർത്തിയിരുന്നത്. നമ്മുടെ ആരോഗ്യ സമീപനങ്ങളെയും ഭക്ഷണ സമീപനത്തെയും ഏറ്റവും ശുഭകരമാക്കുക എന്ന ഒരു ലക്ഷ്യം കൂടി നബി ജീവിതത്തിൽ നമുക്ക് കാണാം. എല്ലാ മേഖലയിലും തിരുനബിﷺയിൽ മാതൃകയുണ്ട് എന്ന് പരാമർശിക്കുമ്പോൾ ജീവിത സമീപനങ്ങളിലും ഭക്ഷണ മര്യാദയിലുമൊക്കെ അത് നിഴലിച്ചു നിൽക്കും. ഏതു മേഖലയിലും അനുകരണീയമായ ഒരു രീതി നബി ജീവിതത്തിൽ നിന്ന് നമുക്ക് വായിച്ചെടുക്കാനാകും. അത് അനുസരിക്കുന്നവർക്ക് എല്ലാ ലോകത്തേക്കുമത് ഗുണകരവുമായിരിക്കും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 831
പാനീയമുള്ള പാത്രം തുറന്നു വയ്ക്കുന്നത് നബിﷺ ഇഷ്ടപ്പെട്ടിരുന്നില്ല. ഒരിക്കൽ തിരുനബിﷺയുടെ സമക്ഷത്തിലേക്ക് ശുദ്ധമായ പാൽ കൊണ്ടുവന്നു. ഉടനെ നബിﷺ ചോദിച്ചു. അല്ല, അത് അടച്ചു വെച്ചിട്ടുണ്ടോ നിങ്ങൾ? ഇനിയൊരുപക്ഷേ മൂടിവെക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു കഷ്ണം എടുത്ത് അതിനുമേൽ കുറുകെ വെക്കുകയെങ്കിലും വേണം.
ഭക്ഷണത്തിലും പാനീയത്തിലും എന്തെങ്കിലും ജീവികളോ പൊടിപടലങ്ങളോ വീഴാതിരിക്കാനുള്ള സത്വര ശ്രദ്ധയുണ്ടായിരിക്കണം എന്ന അധ്യാപനമാണ് തിരുനബിﷺ നൽകുന്നത്. ഇഴജന്തുക്കളോ ചിലന്തി പോലെയുള്ള ജീവജാലങ്ങളോ അവകളുടെ ഉച്ചിഷ്ടങ്ങളോ വീണു പോകാതിരിക്കാനുള്ള ശ്രദ്ധ എപ്പോഴുമുണ്ടാകണം. ഇത്രമേൽ സൂക്ഷ്മമായ കാര്യം പോലും തിരുനബിﷺ ശ്രദ്ധിക്കുകയും ശ്രദ്ധിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു.
പാത്രത്തിലുള്ള പാനീയത്തിലേക്ക് ഊതരുത് എന്ന് തിരുനബിﷺ നിർദ്ദേശിക്കുകയും അങ്ങനെ ചെയ്യുന്നതിനോട് അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. തിരുനബിﷺയിൽ നിന്ന് അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഈ പാഠം കാണാം.
പാനീയങ്ങളിൽ നിന്ന് തിരുനബിﷺക്ക് വളരെ താല്പര്യമുള്ളതായിരുന്നു ശുദ്ധമായ പാൽ. ഇമാം ബുഖാരി(റ)യും ഇമാം മാലിക്കും(റ) ഉമ്മുൽ ഫദൽ(റ) എന്നവരിൽ നിന്ന് നിവേദനം ചെയ്യുന്നു. അറഫാ ദിവസം തിരുനബിﷺക്ക് നോമ്പുണ്ടോ ഇല്ലയോ എന്ന് സ്വഹാബികൾക്കിടയിൽ ചർച്ചയായി. ചിലർ പറഞ്ഞു. നബിﷺ നോമ്പ് അനുഷ്ഠിക്കുന്നുണ്ട്. ബാക്കിയുള്ളവർ പറഞ്ഞു. ഇല്ല, ഇന്ന് തിരുനബിﷺ നോമ്പെടുക്കുന്നില്ല. ഈ സന്ദർഭത്തിൽ ഉമ്മുൽ ഫദൽ(റ) ഒരു ഗ്ലാസ് പാൽ തിരുനബിﷺക്ക് കൊടുത്തയച്ചു. പ്രവാചകൻﷺ അത് സ്വീകരിക്കുകയും ഒട്ടകപ്പുറത്ത് വച്ചുതന്നെ പാനം ചെയ്യുകയും ചെയ്തു.
ഹാജിമാർ അറഫയിലുള്ളപ്പോൾ നോമ്പ് അനുഷ്ഠിക്കരുത് എന്ന പാഠം പ്രായോഗികമായി സ്വഹാബികൾ അനുഭവിക്കുകയായിരുന്നു. തിരുനബിﷺക്ക് ഏറെ പ്രിയമുള്ള പാനീയം തെരഞ്ഞെടുത്തുകൊണ്ടാണ് ഉമ്മുൽ ഫദൽ(റ) കൊടുത്തയച്ചത്. പ്രവാചകർﷺക്ക് ഏറ്റവും പ്രിയമുള്ള പാനീയമായിരുന്നു പാൽ എന്ന് ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഹദീസിലും കാണാം.
തിരുനബിﷺക്ക് സേവനം ചെയ്താലും അവിടുത്തേക്ക് എന്തെങ്കിലും ഉപകാരം ചെയ്താലും അത്തരം ആളുകൾക്ക് വേണ്ടി സവിശേഷമായി തിരുനബിﷺ പ്രാർഥിക്കുമായിരുന്നു. എല്ലാ മേഖലയിലും നന്ദിപൂർവ്വം പെരുമാറുകയും ജീവിക്കുകയും വേണമെന്ന അധ്യാപനം തിരുനബിﷺയുടെ പാഠശാലയിൽ പ്രാധാന്യമുള്ളതായിരുന്നു. അത്തരം ഒരു സന്ദർഭം ഈ അധ്യായത്തിലും നമുക്ക് വായിക്കാം. ഉമർ ബിൻ അൽ ഹക്കം(റ) പറയുന്നതായി ഇബ്നു അബീ ശൈബ(റ) ഉദ്ധരിക്കുന്നു. ഞാൻ ഒരിക്കൽ തിരുനബിﷺക്ക് കുടിക്കാൻ നൽകി. അല്ലാഹുവേ ഇദ്ദേഹത്തിന് യുവത്വത്തിന്റെ സന്തോഷങ്ങൾ നൽകേണമേ എന്ന് പ്രവാചകൻﷺ അദ്ദേഹത്തിനു വേണ്ടി പ്രാർത്ഥിച്ചു.
പ്രമുഖനായ സ്വഹാബി ബറാഅി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. മക്കയിൽ നിന്ന് തിരുനബിﷺ ഞങ്ങളുടെ അടുക്കലേക്ക് ആഗതരായി. ഒപ്പം അബൂബക്കറും(റ) ഉണ്ടായിരുന്നു. അപ്പോൾ അബൂബക്കർ(റ) പറഞ്ഞു. തിരുനബിﷺക്ക് വല്ലാതെ ദാഹിച്ചു പോയി. അങ്ങനെയിരിക്കെ ഞങ്ങൾ ഒരു ഇടയന്റെയടുത്തു കൂടി സഞ്ചരിച്ചു. ഞാനൊരു പാത്രം നിറയെ പാൽ കറന്ന് നബിﷺക്ക് കൊടുത്തു. എനിക്ക് തൃപ്തിയാകുന്നതുവരെ അവിടുന്ന് പാനം ചെയ്തു.
പാലു കുടിച്ചാൽ ഉടനെ വായ കഴുകിയ അനുഭവങ്ങളാണ് ഏറെയും നിവേദനങ്ങളിലുള്ളത്. അത്തരം ഒരു അനുഭവം ഇബ്നു അബ്ബാസും(റ) എടുത്തു പറയുന്നുണ്ട്. വായ കഴുകിയതിനുശേഷം പാലിന്റെ കൊഴുപ്പിനെ കുറിച്ച് തിരുനബിﷺ പരാമർശിച്ചത് നമ്മൾ നേരത്തെ വായിച്ചു പോയിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ വായ കഴുകാതിരുന്നതും കാണാം. വായ കഴുകൽ നിർബന്ധമല്ല എന്ന് പഠിപ്പിക്കാൻ വേണ്ടിയായിരുന്നു അത്.
തിരുനബിﷺ ഉപയോഗിച്ച പാനീയങ്ങളും സമീപിച്ച രീതികളും ഏറെ കൗതുകകരമായ വായനകളാണ് നമുക്ക് സമ്മാനിച്ചുകൊണ്ടിരിക്കുന്നത്. നമ്മുടെ താല്പര്യങ്ങളെയും ജീവിത ചിട്ടകളെയും പാകപ്പെടുത്താൻ നിറയെ അധ്യാപനങ്ങളാണ് ഈ അധ്യായങ്ങൾ ഉൾവഹിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 832
തിരുനബിﷺയുടെ പാനീയങ്ങളെ കുറിച്ച് പരാമർശിക്കുമ്പോൾ അനസ്(റ) നിവേദനം ചെയ്ത ഒരു ഹദീസ് ഇങ്ങനെ വായിക്കാം. തിരുനബിﷺ പറയുന്നു. ഞാൻ ഉപരിലോകത്തെ സിദ്റത്തുൽ മുൻതഹയിലേക്ക് ഉയർത്തപ്പെട്ടു. അപ്പോഴതാ അവിടെ നാല് അരുവികൾ. രണ്ട് പ്രത്യക്ഷമായ അരുവികളും രണ്ട് പരോക്ഷമായ അരുവികളും. നൈലും യൂഫ്രട്ടീസുമാണ് പ്രത്യക്ഷ ലോകത്തേത്. പരോക്ഷമായത് സ്വർഗ്ഗലോകത്തെ രണ്ട് പുഴകളാണ്. പിന്നീട് 3 കോപ്പകളിൽ പാനീയം കൊണ്ടുവന്നു. ഒരു കോപ്പയിൽ പാലും മറ്റൊരു കോപ്പയിൽ തേനും വേറൊരു കോപ്പയിൽ കള്ളുമായിരുന്നു ഉണ്ടായിരുന്നത്. പാലുള്ള കോപ്പയാണ് ഞാൻ തിരഞ്ഞെടുത്തത്. തങ്ങൾ നൈർമല്യത്തെ തെരഞ്ഞെടുത്തു എന്ന് അപ്പോൾ ഒരു അശരീരി കേട്ടു.
പ്രവാചകപ്രഭുﷺ ഉപരിലോകത്തേക്ക് ആനയിക്കപ്പെട്ട രംഗം. അതിലെ ഒരു സന്ദർഭമാണ് അവിടുന്ന് വിശദീകരിച്ചത്. തിരുനബിﷺക്ക് നൽകിയ വിവിധ പാനീയങ്ങളിൽ പാലിനെയാണ് അവിടുന്ന് തെരഞ്ഞെടുത്തത്. അത് നൈർമല്യത്തിന്റെ സൂചനയാണെന്നും അതായിരുന്നു എടുക്കേണ്ടത് എന്നുമുള്ള പ്രസ്താവനയായിരുന്നു പ്രവാചകൻﷺ അപ്പോൾ കേട്ടത്. തിരുനബിﷺക്ക് പാൽ വളരെ താല്പര്യമായിരുന്നു എന്ന ചർച്ചയുടെ തുടർച്ചയിലാണ് ഇമാം സ്വാലിഹി(റ) ഈ നിവേദനം കൊണ്ടുവന്നത്.
വെള്ളം ചേർത്ത് മയപ്പെടുത്തിയ പാലും തിരുനബിﷺ പാനം ചെയ്തിരുന്നു. അനസി(റ)ന്റെ വീട്ടിൽ തിരുനബിﷺ വന്നപ്പോൾ അപ്രകാരം ഒരു പാനീയം നൽകിയ വിവരം കഴിഞ്ഞ അധ്യായത്തിൽ നാം വായിച്ചു പോയിട്ടുണ്ട്.
കാരക്കയോ മുന്തിരിയോ വെള്ളത്തിൽ ഇട്ടു വെക്കുകയും പ്രഭാതത്തിൽ കരുതിവച്ചത് പ്രദോഷത്തിലും രാത്രിയിൽ കരുതിവച്ചത് രാവിലെയും എന്ന രീതിയിൽ തിരുനബിﷺക്ക് കുടിക്കാൻ നൽകുമായിരുന്നു. അവിടുന്ന് പാനം ചെയ്ത ശേഷം മിച്ചമുള്ളത് ഒപ്പമുള്ളവർ കുടിക്കും. രാവിലെയും വൈകുന്നേരവും പാത്രം നന്നായി കഴുകിവെക്കും. എന്നീ ആശയങ്ങൾ ഉൾക്കൊള്ളുന്ന പല ഹദീസുകളും ഇമാം ബുഖാരി(റ) അടക്കം ഉദ്ധരിച്ചിട്ടുണ്ട്. അബൂ ഉസൈദ് അസാഇദി(റ) അദ്ദേഹത്തിന്റെ വിവാഹസമയത്ത് തിരുനബിﷺയെ സൽക്കരിക്കുകയും അദ്ദേഹത്തിന്റെ പത്നി തിരുനബിﷺക്ക് വേണ്ടി പാനീയം തയ്യാറാക്കിയതും ഹദീസിൽ കാണാം.
വെള്ളത്തിൽ ഇട്ടുവച്ച മുന്തിരിയും അതടങ്ങുന്ന പാനീയവും തിരുനബിﷺ ഉപയോഗിച്ചു. അതിനെക്കുറിച്ച് ഒരിക്കൽ ആഇശ(റ)യോട് ചോദിച്ചു. വിശദവിവരങ്ങൾ അറിയാൻ എത്യോപ്യക്കാരിയായ പരിചാരികയെ വിളിച്ചു. അവർ വിശദമായി ഇങ്ങനെ പറഞ്ഞു. തിരുനബിﷺക്ക് വേണ്ടി ഒരു പാത്രം വെള്ളത്തിൽ മുന്തിരി ഇട്ട് വയ്ക്കും. രാത്രിയിൽ അത് മൂടിവച്ച ശേഷം രാവിലെ എടുത്ത് കുടിക്കാൻ നൽകും. ചിലപ്പോൾ ഈ പാനീയം മൂന്നുദിവസം വരെ കരുതിവെച്ച് കുടിക്കാൻ ഉപയോഗിച്ചതായി ഇബ്നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു. ഇങ്ങനെ മൂടിവെക്കുന്ന പാനീയത്തിൽ എന്തെങ്കിലും രുചിഭേദമുണ്ടായാൽ അത് ഉപയോഗിക്കാതെ ഒഴിവാക്കാറുണ്ടായിരുന്നു എന്നും അതേ നിവേദനത്തിൽ തന്നെ തുടർന്ന് വായിക്കാം.
ലഹരിപദാർത്ഥങ്ങൾ ഉപയോഗിക്കുന്നതിനെ ഇസ്ലാം ശക്തിയായി വിരോധിക്കുന്നു. ബുദ്ധിക്ക് ഭ്രമം സംഭവിക്കുന്ന ഏതിനെയും വിശദമായി എതിർത്തിട്ടുണ്ട് ഇസ്ലാമിക പ്രമാണങ്ങൾ. മുന്തിരിയോ കാരക്കയോ വെള്ളത്തിലിട്ടുവച്ച് അതിനെന്തെങ്കിലും രുചിഭേദമുണ്ടായാൽ അതും ചിലപ്പോൾ ലഹരിയിലേക്ക് നയിച്ചേക്കാം. അതുകൊണ്ടുതന്നെ ഇത്തരം പാനീയങ്ങളിൽ എന്തെങ്കിലും രുചിഭേദമുണ്ടായാൽ തിരുനബിﷺ അത് ഉപയോഗിക്കുകയോ ഉപയോഗിക്കാൻ അനുവദിക്കുകയോ ചെയ്തിരുന്നില്ല.
വിഗ്രഹാരാധനയെ വിരോധിച്ച ഉടനെ മദ്യപാനത്തെ വിരോധിച്ച നിരവധി ഹദീസുകൾ നമുക്ക് കാണാൻ കഴിയും. എല്ലാ തിന്മകളുടെയും മാതാവായിട്ടാണ് ലഹരി ഉപയോഗത്തെ മതം പരിചയപ്പെടുത്തുന്നത്. ലഹരി പദാർത്ഥങ്ങൾ നിത്യേന ഉപയോഗിച്ചിരുന്ന ഒരു ജനതയെ അതിന്റെ ഭവിഷ്യത്തുകൾ ബോധ്യപ്പെടുത്തി പൂർണ്ണമായും മധ്യമുക്തരാക്കി മാറ്റിയ ഒരു മഹാ വിപ്ലവത്തിന്റെ പര്യായം കൂടിയാണ് ഇസ്ലാം. അതിന്റെ നേതൃത്വമാണ് മുഹമ്മദ് നബിﷺ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 833
ഒരിക്കൽ തിരുനബിﷺക്ക് സവിശേഷമായ ഒരു പാനീയം നൽകി. അവിടുന്ന് ചോദിച്ചു. ഇതെന്താണ്? ബദാമിന്റെ പൊടി ചേർത്ത പാനീയമാണ്. ഇത് നിങ്ങൾ അങ്ങെടുത്തോളൂ. ആഡംബരം ആഗ്രഹിക്കുന്നവർ ഉപയോഗിക്കുന്ന പാനീയമാണിത്.
ഈ പ്രയോഗത്തിന്റെ അർഥം അത്തരം ഒരു പാനീയം നിഷിദ്ധമാണ് എന്നല്ല. ചില സാഹചര്യങ്ങൾ കൂടി ചേർത്തു കൊണ്ടായിരിക്കണം ഇതു വായിക്കേണ്ടത്. സാധാരണയിലും കവിഞ്ഞ് ആഡംബരത്തിന്റെ ആളുകൾ ഉപയോഗിക്കുന്ന പാനീയമായി അറിയപ്പെട്ടതായിരിക്കണം അത്. അല്ലാതെ എക്കാലത്തും നിഷേധിക്കപ്പെട്ടതോ എല്ലാ സാഹചര്യത്തിലും ഉപയോഗിക്കാൻ പറ്റാത്തതോ അല്ല എന്നർഥം. ആഡംബരത്തിനും അലങ്കാരത്തിനുമെല്ലാം ആപേക്ഷികമായ ചില മാനങ്ങളും അർഥങ്ങളുമുണ്ടാകും.
തിരുനബിﷺ സവിശേഷമായി തന്നെ പരിഗണിക്കുകയും പാനം ചെയ്യുകയും ചെയ്ത ഒന്നാണ് തേൻ. സൈനബ് ബിൻത് ജഹ്ശി(റ)ന്റെ അടുക്കൽ താമസിക്കുന്ന സമയത്ത് തിരുനബിﷺ തേൻ കുടിച്ചിരുന്നതായി പ്രിയപത്നി ആഇശ(റ) നിവേദനം ചെയ്യുന്നുണ്ട്. ഈ പാത്രത്തിൽ ഞാൻ തിരുനബിﷺക്ക് എല്ലാവിധ പാനീയങ്ങളും നൽകിയിട്ടുണ്ട് എന്ന് അനസ്(റ) പരാമർശിക്കുന്ന ഹദീസിൽ തേനിനെ പ്രത്യേകം എണ്ണി പറയുന്നുണ്ട്.
രോഗശമനത്തിനു വേണ്ടി നബിﷺ നിർദ്ദേശിച്ച മരുന്നുകളിൽ ഒന്നു കൂടിയാണ് തേൻ. തേൻ രോഗങ്ങൾക്കു മുഴുവനും ശമനമാണെന്നും ഖുർആൻ ഹൃദയത്തിന്റെ ശമനിയാണെന്നും ആശയം നൽകുന്ന നിവേദനം ഇബ്നു മസ്ഊദ്(റ) ഉദ്ധരിച്ചിട്ടുണ്ട്.
ഒരിക്കൽ ഒരാൾ തിരുനബിﷺയുടെ അടുക്കൽ വന്ന് രണ്ട് സഹോദരനു അതിസാരം ഉണ്ട് എന്ന് സങ്കടം പറഞ്ഞു. അയാളോട് തേൻ കുടിപ്പിക്കാൻ തിരുനബിﷺ നിർദേശം നൽകി. തേൻ കുടിപ്പിച്ച ശേഷം അദ്ദേഹം വന്നു പറഞ്ഞു. അതിസാരം വർദ്ധിക്കുന്നതല്ലാതെ കുറയുന്നില്ലല്ലോ? ഇനിയും തേൻ കുടിപ്പിക്കാൻ തന്നെ നിർദ്ദേശിച്ചു. ആവലാതിക്കാരൻ നാലാമതും വന്നു പറഞ്ഞു. രോഗത്തിന് ശമനമില്ലെന്ന്. അപ്പോൾ നബിﷺയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. അല്ലാഹുവിന്റെ പ്രസ്താവന സത്യസന്ധമാണ്. നിങ്ങളുടെ സഹോദരന്റെ വയർ അതിനെ ഉൾക്കൊണ്ടിട്ടില്ല. അഥവാ കളവാക്കുന്നു. ഇതുകേട്ട ആഗതൻ വീണ്ടും സഹോദരനെ തേൻ കുടിപ്പിച്ചു. വൈകാതെ രോഗം ശമിക്കുകയും ചെയ്തു.
തേൻ രോഗശമനം ആണെന്ന ഖുർആനിന്റെ പ്രഖ്യാപനത്തെ അത്രമേൽ തിരുനബിﷺ ഉൾക്കൊള്ളുകയും പങ്കുവെക്കുകയും ചെയ്തു. അബ്ദുല്ലാഹിബ്നു ഉമറി(റ)ന് എന്തെങ്കിലും മുറിവോ വല്ലതും ഉണ്ടായാൽ തേൻ പുരട്ടുകയായിരുന്നു അദ്ദേഹത്തിന്റെ പതിവ്. തേൻ കൊണ്ടുള്ള ഈ ചികിത്സ കാണുമ്പോൾ അദ്ദേഹത്തോട് ചോദിച്ചു. എന്തുകൊണ്ടാണ് നിങ്ങൾ തേൻ മരുന്നായി ഉപയോഗിക്കുന്നത്? ഉടനെ അദ്ദേഹം പറഞ്ഞു. അല്ലാഹു ഖുർആനിൽ പറഞ്ഞത് നിങ്ങൾക്ക് അറിയില്ലേ? തേനിൽ ജനങ്ങൾക്ക് ശമനമുണ്ടെന്നാണല്ലോ ഖുർആൻ പ്രസ്താവിച്ചിട്ടുള്ളത്.
ഖുർആനിന്റെ പ്രസ്താവനയെ ഉൾക്കൊള്ളുകയും മുറുകെ പിടിക്കുകയും ചെയ്തപ്പോൾ കൃത്യമായി അതിന്റെ ഫലം നേരിട്ട് ആസ്വദിക്കാൻ മഹാന്മാർക്ക് കഴിഞ്ഞു. ഇത്തരം അനുഭവങ്ങൾ ഇക്കാലത്തും തുടർന്നുകൊണ്ടിരിക്കുന്നു. പലപ്പോഴും ഇത്തരം ആത്മീയ സമീപനങ്ങൾ നമുക്ക് ഫലിക്കാതെ പോകുന്നത് ഇത്തരം പ്രവാചക നിർദേശങ്ങളെ നാം വേണ്ടതുപോലെ അറിഞ്ഞു സമീപിക്കാത്തതുകൊണ്ടാണ്. ഖുർആനിലെ ഓരോ പരാമർശങ്ങൾക്കും ഓരോ നിർദ്ദേശങ്ങൾക്കും ഏറ്റവും കൂടുതൽ ആത്മാർപ്പണം നടത്തിയത് തിരുനബിﷺ തന്നെയാണല്ലോ!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 834
തിരുനബിﷺയുടെ ഉറക്കവും രാത്രിയും സംബന്ധിച്ച ചില വർത്തമാനങ്ങളാണ് ഇനി നാം പങ്കുവെക്കുന്നത്. രാത്രിയിൽ ഉറങ്ങുന്നതിനു മുമ്പ് ഭാര്യമാരോട് അല്പസമയം സംസാരിച്ചിരിക്കുക തിരുനബിﷺയുടെ പതിവായിരുന്നു. ഒരിക്കൽ ഒരു നീണ്ട കഥ പറഞ്ഞതിനു ശേഷം കേട്ടിരുന്ന ഭാര്യമാർ പറഞ്ഞു. ഇത് ഒരു കുറാഫയുടെ കഥ പോലെയുണ്ടല്ലോ? അഥവാ കുറച്ചുകാലം ജിന്നുകളുടെ ലോകത്ത് പിടിക്കപ്പെട്ട ഒരു മനുഷ്യൻ തിരിച്ചുവന്ന് മനുഷ്യരോട് പറഞ്ഞ കഥ പോലെ. ആഇശ(റ)യുടെ നിവേദനത്തിലും ഈ പരാമർശം കാണാം.
ചില രാത്രികളിലൊക്കെ തിരുനബിﷺയുടെ രാത്രി വർത്തമാനം അബൂബക്കറി(റ)ന് ഒപ്പമായിരുന്നു. മുസ്ലിംകളുടെ പൊതുകാര്യങ്ങളെക്കുറിച്ച് ഒരു രാത്രിയിൽ അബൂബക്കറി(റ)നോട് സംസാരിച്ചിരുന്ന രംഗം ഉമർ(റ) നിവേദനം ചെയ്യുന്നുണ്ട്.
തിരുനബിﷺ രാത്രിയിൽ വിളക്കണച്ചിരുന്ന് സംസാരിക്കുമായിരുന്നില്ല. അവിടുന്ന് ഇരുട്ടിൽ ഇരിക്കുന്നത് പ്രോത്സാഹിപ്പിക്കുകയോ അങ്ങനെ ജീവിതത്തിൽ ഉണ്ടാവുകയോ ചെയ്യാറില്ല.
തിരുനബിﷺ രാത്രി ഉറങ്ങാൻ വരുമ്പോൾ ഭാര്യമാരോടുള്ള സംസർഗത്തിനുശേഷമാണ് ഉറങ്ങാൻ ഒരുങ്ങുന്നതെങ്കിൽ കുളിച്ചതിനുശേഷമോ അല്ലെങ്കിൽ സ്വകാര്യഭാഗങ്ങൾ കഴുകി അംഗസ്നാനം ചെയ്തതിനുശേഷമോ മാത്രമേ ഉറങ്ങിയിരുന്നുള്ളൂ. ജീവിതത്തിന്റെ എല്ലാ അടരുകളിലും സവിശേഷമായ ഒരു വൃത്തിയും പൂർണതയും തിരുനബിﷺയുടെ ഒരു ശൈലിയായിരുന്നു. മാന്യമായ ചിട്ടകൾക്കും വൃത്തിയായി കാര്യങ്ങൾ ചെയ്യുന്നതിലും ശുചിത്വം പാലിക്കുന്നതിലും പ്രത്യേകമായി അവിടുന്ന് ശ്രദ്ധ പുലർത്തിയിരുന്നു.
സാധാരണഗതിയിൽ ഉറങ്ങാൻ ഒരുങ്ങുമ്പോഴെല്ലാം വുളൂഅ് അഥവാ അംഗസ്നാനം നിർവഹിച്ചിട്ട് മാത്രമേ അവിടുന്ന് ഉറങ്ങിയിരുന്നുള്ളൂ. നിസ്കാരം നിർവഹിക്കാൻ വേണ്ടി എപ്രകാരമാണോ വുളൂഅ് ചെയ്തിരുന്നത് അപ്രകാരം തന്നെയായിരുന്നു ഉറങ്ങാൻ ഒരുങ്ങുമ്പോഴും ചെയ്തത്. രാത്രിയിൽ ഇടയ്ക്ക് എഴുന്നേറ്റാൽ ചിലപ്പോൾ മുൻകൈകളും മുഖവും കഴുകിയിട്ട് വീണ്ടും കിടക്കും. സാധാരണഗതിയിൽ ഉറങ്ങുന്നതിനു മുമ്പ് രണ്ട് കണ്ണുകളിലും സുറുമ എഴുതുമായിരുന്നു. ഓരോന്നിലും മൂന്നു പ്രാവശ്യം എന്നതായിരുന്നു അവിടുത്തെ രീതി. അഞ്ജനത്തിന്റെ കല്ല് പൊടിച്ചതായിരുന്നു സുറുമയായി ഉപയോഗിച്ചിരുന്നത്. വേനൽകാലങ്ങളിൽ വ്യാഴാഴ്ച രാത്രികളിൽ വീട്ടിൽ നിന്ന് പുറപ്പെടുകയും തണുപ്പുകാലങ്ങളിൽ വെള്ളിയാഴ്ച രാത്രി വീട്ടിൽ എത്തുകയും ചെയ്യുമായിരുന്നു. ചിലപ്പോൾ പള്ളിയിൽ ഒരു കാൽ ഉയർത്തി കിടന്ന് ഉറങ്ങുന്ന രംഗവും തിരുനബിﷺക്കുണ്ടായിരുന്നു.
കമിഴ്ന്നു കിടന്നുറങ്ങുന്നത് തിരുനബിﷺ ഇഷ്ടപ്പെട്ടിരുന്നില്ല. മറ്റുള്ളവരെ അത് നിരുത്സാഹപ്പെടുത്തുകയും ചെയ്തു. അബൂ ഉമാമ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ ഒരാൾ കമിഴ്ന്നു കിടന്നുറങ്ങുന്നത് തിരുനബിﷺയുടെ ശ്രദ്ധയിൽപ്പെട്ടു. അപ്പോൾ അദ്ദേഹത്തിന്റെ കാലിൽ തട്ടി ഉണർത്തുകയും എന്തേ ഇത്? നരകവാസികളുടെ ശൈലിയിലാണോ ഉറങ്ങുന്നത് എന്ന് ചോദിക്കുകയും ചെയ്തു.
കമിഴ്ന്നടിച്ച് വീഴുക എന്നത് ഒരു അപകടകരമായ പ്രയോഗമാണല്ലോ? നരകാവകാശികൾ നരകത്തിൽ മുഖം പൊത്തി വീഴുകയാണ് ചെയ്യുക എന്ന പ്രയോഗത്തെ മുന്നിൽ വച്ച് നോക്കുമ്പോഴും തിരുനബിﷺയുടെ ഈ ചോദ്യത്തിന്റെ ശൈലി ബോധ്യമാകും. ഇശാഇന് മുമ്പ് നബിﷺ ഉറങ്ങാറുണ്ടായിരുന്നില്ല. രാത്രിയിൽ സംസാരിച്ചു നേരം വൈകുകയുമുണ്ടായിരുന്നില്ല. നന്നായി ക്ഷീണിച്ചുറങ്ങിയാൽ അവിടുന്ന് ശ്വാസം വലിച്ചു വിടുന്ന ശബ്ദം കേൾക്കാമായിരുന്നു. രാവ് വൈകിയാൽ അവിടുന്ന് ഉറങ്ങുന്നതായിരുന്നു സാധാരണ പതിവ് എന്ന് ബീവി ആഇശ(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 835
തിരുനബിﷺ ഉറങ്ങാൻ ഒരുങ്ങിയാലുള്ള ചില ശീലങ്ങളാണ് ഇനി നാം വായിക്കുന്നത്. ജാബിറി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. പരിശുദ്ധ ഖുർആനിലെ 32 ആം അധ്യായം അൽ സജദയും 67 ആം അധ്യായം അൽ മുൽക്കും പാരായണം ചെയ്യാതെ നബിﷺ ഉറങ്ങുമായിരുന്നില്ല. എല്ലാ രാത്രിയിലും സജദ അധ്യായം പാരായണം ചെയ്തിരുന്നു എന്ന് പ്രിയ പത്നി ആഇശ(റ)യും റിപ്പോർട്ട് ചെയ്യുന്നുണ്ട്. തിരുനബിﷺ ഉറങ്ങാൻ വേണ്ടി കിടന്നാൽ അല്ലാഹുവേ നിന്റെ നാമത്തിൽ ഞാനിതാ എന്റെ ശരീരം വെച്ചിരിക്കുന്നു. എന്റെ പാപങ്ങൾ പൊറുക്കേണമേ എന്നർഥം വരുന്ന മന്ത്രം ചൊല്ലുമായിരുന്നു. ഇബ്നു ഉമറി(റ)ന്റെ ഹദീസിൽ ഈ വാചകങ്ങൾ കാണാം. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു നിവേദനത്തിൽ അൽഹംദുലില്ലാഹ് അല്ലദീ കഫാനീ…. എന്നു തുടങ്ങുന്ന വാചകമാണുള്ളത്. എനിക്ക് അഭയം നൽകുകയും മതിയാവോളം ആവശ്യങ്ങൾ നിറവേറ്റുകയും ഭക്ഷിപ്പിക്കുകയും കുടിപ്പിക്കുകയും ചെയ്തവനായ അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും. എന്നാണ് പ്രസ്തുത വാചകത്തിന്റെ ആശയം.
ചെറിയ ചില പദ വ്യത്യാസങ്ങളോടെ മേൽ വാചകത്തോട് സമാനമായ പ്രയോഗങ്ങൾ അനസി(റ)ന്റെ നിവേദനത്തിൽ ഇമാം തുർമുദി(റ)യും ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം ബുഖാരി(റ)യും ഇമാം അഹ്മദും(റ) ഇമാം മാലിക്കും(റ) തുടങ്ങി പ്രഗൽഭരായ എല്ലാവരും ഉദ്ധരിച്ച പ്രസിദ്ധമായ ഹദീസിന്റെ ആശയം ഇങ്ങനെയാണ്. മഹതി ആഇശ(റ) പറയുന്നു. തിരുനബിﷺ വിരിപ്പിലേക്ക് കടക്കാൻ ഉദ്ദേശിച്ചാൽ രണ്ടു മുൻകൈകളും ചേർത്തുവച്ച് പരിശുദ്ധ ഖുർആനിലെ അവസാനത്തെ മൂന്ന് അധ്യായങ്ങൾ പാരായണം ചെയ്തു, അതിലേക്ക് ഒന്നു ഊതും. ശേഷം, ആ കൈവെള്ള എത്തുന്ന എല്ലാ സ്ഥലങ്ങളിലും ഒന്ന് തലോടും. ശിരസ്സും മുഖവും ശരീരത്തിന്റെ മുൻഭാഗവും തുടങ്ങി പരമാവധി ഭാഗങ്ങളും ഒന്ന് തഴുകും. ഇങ്ങനെ മൂന്നുപ്രാവശ്യം ചെയ്തിട്ടായിരുന്നു കിടക്കാറുണ്ടായിരുന്നത്.
വിരിപ്പിലേക്ക് ചേർന്നാൽ വലതുഭാഗം ചരിഞ്ഞ് വലത്തെ കൈവെള്ളയിൽ മുഖം ചേർത്തു വെച്ചിട്ടായിരുന്നു കിടപ്പ്. അല്ലാഹുവേ നിന്റെ നാമത്തിൽ ഞാൻ ജീവിക്കുകയും മരിക്കുകയും ചെയ്യുന്നു. അഥവാ ഉണരുകയും ഉറങ്ങുകയും ചെയ്യുന്നു എന്നർത്ഥമുള്ള മന്ത്രം അപ്പോൾ ചൊല്ലും. ഹുദൈഫ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ)യും മറ്റും ഈ വിഷയം ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം അഹ്മദും(റ) ഇബ്നുമാജ(റ)യും തിരുനബിﷺയുടെ സേവകനായിരുന്ന ഇബ്നു മസ്ഊദി(റ)ൽ നിന്ന് ഉദ്ധരിച്ചത് ഇങ്ങനെയാണ്. തിരുനബിﷺ വിരിപ്പിലേക്ക് ചേർന്നാൽ വലത്തേ കൈവെള്ളയിൽ വലതു കവിൾ ചേർത്തുവെച്ചു കിടക്കും. അല്ലാഹുവേ നിന്റെ അടിമകളെ ഒരുമിച്ചു കൂട്ടുന്ന ദിവസം എന്നെ ശിക്ഷയിൽ നിന്ന് കാത്തുരക്ഷിക്കേണമേ എന്നർത്ഥം വരുന്ന പ്രാർത്ഥന ചൊല്ലും. വിശുദ്ധ ഖുർആനിലെ 39 ആമത്തെയും 59 ആമത്തെയും അധ്യായങ്ങൾ അഥവാ സമറും ബനൂ ഇസ്രായേലും പാരായണം ചെയ്യാതെ നബിﷺ ഉറങ്ങാറില്ലായിരുന്നു എന്ന് മഹതി ആഇശ(റ)യിൽ നിന്നുള്ള ഒരു നിവേദനം ഇമാം തിർമുദി(റ) ഉദ്ധരിച്ചിട്ടുണ്ട്.
അബൂ അസ്ഹർ അൽ അൻമാരി(റ) എന്നവർ റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ രാത്രി കിടക്കയിലേക്ക് കിടന്നാൽ അല്ലാഹുവേ നിന്റെ നാമത്തിൽ ഞാൻ എന്റെ ശരീരം ഇതാ വെച്ചിരിക്കുന്നു. എന്റെ പാപങ്ങൾ നീ പൊറുത്തു തരേണമേ! എന്റെ പിശാചിനെ അഥവാ എന്നെ സമീപിക്കുന്ന പിശാചിനെ നീ പരാജയപ്പെടുത്തേണമേ! ഭാരമേറിയ ബാധ്യതകളിൽ നിന്ന് എന്നെ രക്ഷപ്പെടുത്തേണമേ! ആത്മീയ ലോകത്ത ഉന്നതങ്ങളിൽ എന്നെ എത്തിക്കേണമേ! എന്നർഥമുള്ള പ്രാർഥന നിർവഹിക്കുമായിരുന്നു.
പ്രവാചകൻﷺ നിർവഹിച്ചിരുന്ന വ്യത്യസ്ത പ്രാർഥനകളാണ് നാം വായിച്ചത്. നിവേദകന്മാരിൽ ഓരോരുത്തരുടെയും അനുഭവങ്ങളും സാക്ഷ്യങ്ങളും കൂടിയാണല്ലോ നിവേദനങ്ങൾ. മേൽ പറയപ്പെട്ടവരിൽ ചിലത് തിരുനബിﷺ തങ്ങൾ ചിലപ്പോൾ പാരായണം ചെയ്തിട്ടുണ്ടാവാം. ചിലത് നിത്യമായി പാരായണം ചെയ്തതുമുണ്ടാകാം. ഉപരിസൂചിത നിവേദനങ്ങളിൽ ഏറ്റവും വ്യക്തമായി പറയാൻ അർഹതയുള്ള രണ്ടുപേരുടെ നിവേദനങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. ഒന്ന് അവിടുത്തെ അരമന പങ്കാളിയായ ആഇശ(റ)യുടെയും രണ്ട് പത്ത് വർഷത്തെ പരിചാരകനായ അനസി(റ)ന്റേതുമാണ്. ഈ ക്രമങ്ങൾ പാലിച്ചുകൊണ്ടും പരിശോധിച്ചുമാണ് വിശ്വാസിയുടെ നിത്യ ജീവിത ചിട്ടകളെ അടയാളപ്പെടുത്തി രചനകൾ നിർവഹിച്ച ഇമാമുകൾ മര്യാദകളെക്കുറിച്ച് സംസാരിച്ചിട്ടുള്ളത്.
ഒരാൾ കിടക്കയിലേക്ക് ചേരുമ്പോൾ എന്താണ് പറഞ്ഞിരുന്നത് എന്ന വിശാലമായ ഒരു അധ്യായം രചിക്കാൻ മാത്രം നബിﷺയുടെ ജീവിതത്തിലല്ലാതെ വേറെ എവിടെയാണുള്ളത് എന്ന് എല്ലാ അധ്യായത്തിലും നമ്മൾ ചോദിച്ചതുപോലെ ഇവിടെയും എങ്ങനെ ചോദിക്കാതിരിക്കും!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 836
അലി(റ)യിൽ നിന്ന് അബുദാവൂദ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ ഉറങ്ങാൻ കിടക്കുമ്പോൾ ഈ ആശയമുള്ള വാചകങ്ങൾ പ്രാർഥിക്കുമായിരുന്നു. അത്യുന്നതമായ നിന്റെ സ്വത്വവും പവിത്രമായ നിന്റെ വചനങ്ങളും മുൻനിർത്തി നിന്റെ നിയന്ത്രണത്തിലുള്ള സൃഷ്ടികളിൽ നിന്നെല്ലാം ഞാൻ കാവൽ ചോദിക്കുന്നു. പാപങ്ങളിൽ നിന്നും കടങ്ങളിൽ നിന്നും നീയാണല്ലോ മോചനം നൽകുന്നത്. നിന്റെ സൈന്യം പരാജയപ്പെടുകയില്ലല്ലോ. നീ കരാർ ലംഘിക്കുകയില്ലല്ലോ! ഒരാൾക്കും അവന്റെ പക്കൽ ഉള്ളതുകൊണ്ട് പ്രയോജനപ്പെടുകയില്ല. എല്ലാമുള്ളതിന്റെയും ഉടമ നീ തന്നെയാണല്ലോ! നിന്നെ സ്തുതിച്ചുകൊണ്ട് നിന്റെ മഹത്വത്തെ വാഴ്ത്തുന്നു.
അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബൈഹഖി(റ)യും മുസ്ലിമും(റ) മറ്റും ഉദ്ധരിച്ച വാചകങ്ങളുടെ ആശയം ഇങ്ങനെയാണ്. ഏഴാകാശങ്ങളുടെയും മഹാസിംഹാസനത്തിന്റെയും അധിപനായ അല്ലാഹുവേ! മുഴുവൻ വസ്തുക്കളുടെയും ഞങ്ങളുടെയും പരിപാലകനായ രക്ഷിതാവേ! തൗറാത്തും ഇഞ്ചീലും ഖുർആനും അവതരിപ്പിച്ചവനേ! ധാന്യങ്ങളെയും ചെടികളെയും മുളപ്പിക്കുന്നവനെ! നീയല്ലാതെ ആരാധനക്ക് അർഹനില്ല. നിന്റെ നിയന്ത്രണത്തിലുള്ള എല്ലാ ജീവജാലങ്ങളിൽ നിന്നും ഞാൻ കാവൽ ചോദിക്കുന്നു. നീ തന്നെയാണ് ആദിയിലുള്ളവൻ. നിനക്ക് മുന്നേ ആരുമില്ല. അന്ത്യമില്ലാത്തവനും നീയാണ്. നിന്നെ മറികടക്കാൻ ആരുമില്ല. നീയാണ് ഏറ്റവും പ്രത്യക്ഷത്തിലുള്ളവൻ. നിനക്ക് അപ്പുറത്ത് ആരുമില്ല. ഞങ്ങളുടെ ബാധ്യതകളെ നീ വീട്ടി തരേണമേ! ദാരിദ്ര്യത്തിൽ നിന്ന് ഐശ്വര്യത്തിലേക്ക് എത്തിക്കേണമേ!
തിരുനബിﷺയുടെ പ്രിയ പത്നി ആഇശ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ വിരിപ്പ് വിരിക്കാൻ ആവശ്യപ്പെടും. അപ്പോൾ അവിടുത്തേക്ക് വിരിക്കപ്പെടും. നബിﷺ ഖിബ്ലക്ക് അഭിമുഖമാകും. വലതു കൈവെള്ള തലയിണയാക്കി കിടക്കും. പിന്നെ മെല്ലെ എന്തോ മന്ത്രിക്കും. അതെന്താണെന്ന് അറിയില്ല. ആ മന്ത്രത്തിന്റെ ഒടുവിൽ മെല്ലെ ശബ്ദമുയർത്തി ഇങ്ങനെ പ്രാർത്ഥിക്കും. അല്ലാഹുമ്മ റബ്ബസ്സമാവാതി…… ശ്രേഷ്ഠമായ സിംഹാസനത്തിന്റെയും ഏഴ് ആകാശ മണ്ഡലങ്ങളുടെയും പരിപാലകനായ അല്ലാഹുവേ! തൗറാത്തും ഇഞ്ചീലും ഖുർആനും അവതരിപ്പിച്ചവനേ! എല്ലാ വസ്തുക്കളുടെയും പരിപാലകനെ! ധാന്യങ്ങളെയും ചെടികളെയും മുളപ്പിക്കുന്നവനേ! നിന്റെ പരമാധികാരത്തിലുള്ള മുഴുവൻ ജീവജാലങ്ങളുടെയും നാശത്തിൽ നിന്ന് ഞാൻ നിന്നോട് കാവൽ തേടുന്നു. ആദിയിൽ ഉള്ളവൻ നീയാണ്. നിനക്ക് മുന്നേ എന്നൊന്നില്ല. അന്ത്യമില്ലാത്തവനും നീയാണ്. നിനക്ക് ശേഷം എന്നൊന്നില്ല. ഏറ്റവും പ്രശസ്തിയുള്ളവൻ നീയാണ്. നിനക്ക് അപ്പുറത്തേക്ക് ആരുമില്ല. ഏറ്റവും ഗുപ്തമായവനും നീയാണ്. അതിനേക്കാൾ വലിയൊരു സൂക്ഷ്മത ഇല്ല. ഞങ്ങളുടെ കടങ്ങൾ നീ വീട്ടി തരേണമേ! ദാരിദ്ര്യത്തിൽ നിന്ന് ഐശ്വര്യത്തിലേക്ക് എത്തിക്കേണമേ!
വിശാലമായ അർത്ഥങ്ങളുള്ള പ്രാർഥനാ വാചകങ്ങളാണ് പ്രവാചകൻﷺ പ്രയോഗിച്ചത്. അറബിയിലെ ളാഹിർ എന്ന പദത്തിന് പ്രശസ്തിയുള്ളവൻ എന്നും ബാഥ്വിൻ എന്നതിന് ഗുപ്തമായവൻ എന്നുമാണ് ഭാഷാന്തരം ചെയ്തിട്ടുള്ളത്. എല്ലാ സൃഷ്ടികളും അല്ലാഹുവിന്റെ സാന്നിധ്യത്തെ അറിയിക്കുന്നു എന്ന അർഥത്തിൽ അവനാണല്ലോ ഏറ്റവും പ്രകടമായവൻ. എത്ര പഠിച്ചാലും മനസ്സിലാക്കിയാലും തീരാത്തത്ര സ്വകാര്യതകളുടെ അധിപനായ അല്ലാഹുവിനെക്കാൾ പ്രാപിക്കാനാവാത്ത വിധം ഗുപ്തതയുള്ളവൻ വേറെ ആരുമില്ലല്ലോ. ഇത്തരം ആശയങ്ങളിൽ നിന്നുകൊണ്ടാണ് ഒറ്റവാക്കിൽ പ്രകടമായവൻ ഗുപ്തമായവൻ എന്നീ ഭാഷാന്തരങ്ങൾ നൽകിയത്. അറബിയിലെ സാങ്കേതിക പ്രയോഗങ്ങൾക്കും പദസങ്കേതങ്ങൾക്കും പൂർണ്ണമായി പ്രതിനിധാനം ചെയ്യാവുന്ന മറ്റു ഭാഷാന്തരങ്ങൾ പലപ്പോഴും ലഭ്യമാവുകയില്ല. മലയാളത്തിലേക്ക് വരുമ്പോൾ പലപ്പോഴും പ്രയാസപ്പെടുന്നതും ഇവിടെയാണ്.
ഈ ജീവിതം മുഴുവനും അല്ലാഹുവിന്ന് സമർപ്പിക്കേണ്ടതാണ് എന്ന അർത്ഥത്തിൽ നബി ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും അല്ലാഹുവിനെ സ്മരിക്കുകയും പുകഴ്ത്തുകയും ചെയ്യുന്ന മുഹൂർത്തങ്ങൾ കാണാൻ കഴിയും. ഉറങ്ങാൻ കിടക്കുമ്പോൾ അത് കൂടുതൽ ജാഗ്രതയോടു കൂടി നിർവഹിച്ചിരുന്നു. അത്തരം പ്രാർഥനകളുടെ വചനങ്ങളാണ് നമ്മൾ വായിച്ചത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 837
ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ കിടപ്പറയിലേക്ക് ചെന്നാൽ വിശുദ്ധ ഖുർആനിലെ നൂറ്റിപ്പത്താം അധ്യായം പാരായണം ചെയ്യാതെ ഉറങ്ങുമായിരുന്നില്ല. പ്രവാചക അനുയായി ഖബ്ബാബ്(റ) ആണ് ഈ പ്രസ്താവന ഉദ്ധരിച്ചത്.
അബ്ദുല്ലാഹി ബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഉറങ്ങാൻ ഉദ്ദേശിച്ചാൽ ‘അല്ലാഹുമ്മ ഫാത്വിറസ്സമാവാത്തി….’ എന്നുതുടങ്ങുന്ന സവിശേഷമായ ഒരു പ്രാർഥന നിർവഹിക്കുമായിരുന്നു. പ്രാർഥനയുടെ ആശയം ഇങ്ങനെയായിരുന്നു. ആകാശ ഭൂമികളെ സൃഷ്ടിച്ച അല്ലാഹുവേ! രഹസ്യവും പരസ്യവും അറിയുന്നവനേ! എല്ലാവസ്തുക്കളുടേയും സ്രഷ്ടാവും പരിപാലകനുമായവനേ! നീയല്ലാതെ ആരാധനക്കർഹനില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. നീ ഏകനാണ്. നിനക്ക് പങ്കുകാരനില്ല. മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതനും ദാസനുമാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. മലക്കുകൾ ഇക്കാര്യം സാക്ഷ്യം വഹിക്കുന്നു. പിശാചിൽ നിന്നും അവനെ പങ്കുചേർക്കുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. ഞാൻ ഒരു തെറ്റിലേക്ക് ഭവിക്കുന്നതിൽ നിന്നും ഒരു വിശ്വാസിക്ക് അരുതാത്തതിന് നിമിത്തമാകുന്നതിൽ നിന്നും ഞാൻ നിന്നോട് കാവൽ ചോദിക്കുന്നു.
അല്ലാഹുവേ നിന്റെ നാമത്തിൽ ഞാനിതാ കിടക്കുന്നു. എന്റെ പാപങ്ങളൊക്കെ നീ പൊറുത്തു തരേണമേ! ഇങ്ങനെ അർഥമുള്ള പ്രാർഥന നിർവഹിച്ചുകൊണ്ടായിരുന്നു തിരുനബിﷺ കിടക്കാറുള്ളത് എന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഹദീസിൽ കാണാം. നിന്റെ ശിക്ഷകളിൽ നിന്ന് കാത്തുരക്ഷിക്കേണമേ എന്ന് അർഥമുള്ള വാചകമായിരുന്നു പ്രയോഗിച്ചിരുന്നത് എന്ന് അനസുബ്നു മാലിക്കും(റ) നിവേദനം ചെയ്യുന്നുണ്ട്.
മഹതി ആഇശ(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺ കിടക്കയിലേക്ക് ചേർന്നാൽ ഇങ്ങനെ പ്രാർഥിക്കുമായിരുന്നു. അല്ലാഹുവേ എല്ലാ നാശങ്ങളിൽ നിന്നും ഞാൻ നിന്നോട് കാവൽ തേടുന്നു. വിട്ടുപോകാത്ത വിശപ്പിൽ നിന്നും നിന്നോട് ഞാൻ രക്ഷ തേടുന്നു.
മഹാനായ അലിയ്യ്(റ) റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്. ഒരിക്കൽ ഒരു രാത്രിയിൽ ഞാൻ തിരുനബിﷺയോടൊപ്പം പാർത്തു. നിസ്കാരമൊക്കെ കഴിഞ്ഞ് കിടക്കയിലേക്ക് ചേർന്നപ്പോൾ അവിടുന്ന് ഇങ്ങനെ പ്രാർഥിക്കുന്നുണ്ടായിരുന്നു. അല്ലാഹുവേ നിന്റെ ശിക്ഷയിൽനിന്ന് നിന്റെ വിട്ടുവീഴ്ച കൊണ്ട് ഞാൻ രക്ഷ തേടുന്നു. നിന്റെ കോപത്തിൽ നിന്ന് നിന്റെ തൃപ്തിയെ പ്രതീക്ഷിക്കുന്നു. നിന്നോട് ഞാൻ എല്ലാ രക്ഷയും അപേക്ഷിക്കുന്നു. നിന്നെ മഹത്വപ്പെടുത്താനോ നിന്നെ സ്തുതിക്കാനോ എനിക്ക് സാധ്യമല്ല. നീ തന്നെ നിന്നെ മഹത്വപ്പെടുത്തിയത് ഞാൻ എടുത്തുപറയുന്നു.
മേൽ പറയപ്പെട്ട എല്ലാ പ്രാർത്ഥനകളും എല്ലാ ദിവസവും തിരുനബിﷺ നിർവഹിച്ചിരുന്നു എന്ന് വന്നുകൊള്ളണമെന്നില്ല. ഒരാൾ ഉറങ്ങാൻ ഒരുങ്ങുമ്പോൾ ഉണ്ടായിരിക്കേണ്ട ആത്മീയ വിചാരങ്ങൾ എന്തൊക്കെയാണ് എന്ന് കൃത്യമായി പറഞ്ഞു തരുന്ന വാചകങ്ങളാണ് നാം വായിച്ചതൊക്കെയും. അല്ലാഹുവിൽ നിന്ന് കാരുണ്യം അഭ്യർത്ഥിക്കുക. വന്നുപോയ പിഴവുകളിൽ അവനോടു മാപ്പിരക്കുക. പരലോകത്തെക്കുറിച്ചുള്ള ഓർമ്മകൾ നിലനിർത്തുക. ഉറക്കവും ഉണർവും എല്ലാം അല്ലാഹുവിന്റെ അനുഗ്രഹമാണ് എന്ന് ബോധ്യമുണ്ടാവുക. നിരന്തരമായി അനുഗ്രഹങ്ങൾ ചൊരിഞ്ഞു കൊണ്ടിരിക്കുന്ന അല്ലാഹുവിനെ സ്തുതിക്കുക. തുടങ്ങിയുള്ള ആശയങ്ങളാണ് എല്ലാ മന്ത്രങ്ങളുടെയും പ്രാർഥനകളുടെയും പ്രധാന ഉള്ളടക്കം.
ഇരിക്കുമ്പോഴും കിടക്കുമ്പോഴും എന്നല്ല ഏത് അവസ്ഥയിലും അല്ലാഹുവിനെ സ്മരിച്ചുകൊണ്ടിരിക്കുക എന്നത് ഉന്നത വിശ്വാസികളുടെ ഉത്തമ സ്വഭാവമായി ഖുർആൻ തന്നെ പരിചയപ്പെടുത്തിയിട്ടുള്ളതാണല്ലോ! പ്രസ്തുത പരാമർശങ്ങളുടെ പ്രയോഗ രൂപമായിരുന്നു തിരുനബിﷺയെന്ന് നമ്മെ ബോധ്യപ്പെടുത്തുന്നതാണ് ഈ അധ്യായത്തിലെ ഓരോ ഹദീസുകളും പ്രാർഥനകളും. അല്ലാഹു അനുഗ്രഹമായി നൽകിയ ഒരു ദിവസത്തിന്റെ പൂർത്തീകരണമാണ് കിടക്കയിലേക്ക് ചേരുന്ന സന്ദർഭം എന്ന് വരുമ്പോൾ പൂർത്തിയാകുന്ന ദിവസത്തെ പവിത്രമാക്കി സമർപ്പിക്കുക എന്ന ഉന്നതമായ ഒരു ആശയം കൂടി ഈ അധ്യായം നമ്മെ പഠിപ്പിക്കുന്നുണ്ട്. അഥവാ ഒരു ദിവസത്തിന്റെ ശുഭകരമായ ഒരു അവസാനം. ഒരുപക്ഷേ ജീവിതത്തിന്റെ തന്നെ അവസാനമായേക്കാവുന്ന ഒരു ഘട്ടത്തിലെ വിചാരങ്ങൾ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 838
തിരുനബിﷺ ഉറങ്ങാൻ കിടക്കുമ്പോൾ ആലോചിച്ചതും ചൊല്ലിയതുമാണ് ഇതുവരെ നാം വായിച്ചത്. ഉറക്കിൽ നിന്നും ഉണർന്നപ്പോൾ എന്തായിരുന്നു ആലോചിച്ചതും ചൊല്ലിയതുമെന്നാണ് ഇനി നാം പരിചയപ്പെടുന്നത്. പ്രമുഖ സ്വഹാബി ബറാഇ(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും മറ്റും നിവേദനം ചെയ്യുന്നു. തിരുനബിﷺ ഉറക്കിൽ നിന്ന് ഉണർന്നാൽ ഇങ്ങനെ ചൊല്ലുമായിരുന്നു. “അൽഹംദുലില്ലാഹി അഹ്യാനീ ബഅ്ദ മാ അമാതനീ വ ഇലൈഹി ന്നുശൂർ” (മരണത്തിനു ശേഷം എന്നെ ജീവിപ്പിച്ച അല്ലാഹുവിനാണ് സർവ്വസ്തുതിയും. അവനിലേക്ക് തന്നെയാണല്ലോ മടക്കപ്പെടുന്നതും.)
ഉണർന്നാലുടനെ ഒരു പോസിറ്റീവ് വിചാരം ഉണർത്തുന്ന മന്ത്രമാണിത്. ഇപ്പോൾ ഉണർന്നു കിട്ടിയത് ഒരു വലിയ അനുഗ്രഹമാണെന്നും ഇനി ഒരുപക്ഷേ മരണപ്പെട്ടു പോയിരുന്നുവെങ്കിലും എത്തിച്ചേരുന്നത് അല്ലാഹുവിലേക്ക് തന്നെയാണെന്നും ഈ മന്ത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. ഒരു വിശ്വാസിയിൽ എപ്പോഴും നിലനിൽക്കേണ്ട വിചാരം അല്ലാഹുവിനെ കുറിച്ചുള്ളതാണ്. ഈ ലോകത്ത് ലഭിക്കുന്ന എല്ലാ അനുഗ്രഹങ്ങളും സ്രഷ്ടാവായ അല്ലാഹുവിന്റെ ഔദാര്യമാണെന്ന ശരിയായ വിചാരം എപ്പോഴും ഒരു അടിമയിൽ ഉണ്ടായിരിക്കണം. അത് കൃത്യമായി നിലനിർത്താൻ പഠിപ്പിക്കുകയായിരുന്നു തിരുനബിﷺ. നമുക്ക് ലഭിച്ച ഇന്നത്തെ ജീവിതം ഒരു മഹാ അനുഗ്രഹമാണെന്ന് വരുമ്പോഴാണല്ലോ ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ ചിന്തിക്കുക. സമയം അമൂല്യമാണെന്നും ഏറ്റവും വിലപ്പെട്ട കാര്യങ്ങൾക്ക് വിനിയോഗിക്കണമെന്നും ചിന്തിക്കുന്നവരാണ് ഏറ്റവും വലിയ ബുദ്ധിമാന്മാർ.
ഉറക്കിൽ നിന്ന് ഉണർന്നാൽ തിരുനബിﷺ ചൊല്ലുമായിരുന്ന മറ്റൊരു മന്ത്രം മഹതി ആഇശ(റ) ഉദ്ധരിക്കുന്നു. ലാഇലാഹ ഇല്ലാ അൻത സുബ്ഹാനക് എന്നാണ് മന്ത്രം ആരംഭിക്കുന്നത്. ആശയം ഇപ്രകാരമാണ്. അല്ലാഹുവേ നീയല്ലാതെ ആരാധനക്കർഹനില്ല. നിന്റെ മഹത്വത്തെ ഞാൻ വാഴ്ത്തുന്നു. എന്റെ പാപങ്ങളിൽ നിന്ന് ഞാൻ നിന്നോട് പൊറുക്കൽ തേടുന്നു. നിന്റെ കാരുണ്യത്തെ ഞാൻ അഭ്യർത്ഥിക്കുന്നു. എനിക്ക് വിജ്ഞാനത്തെ നീ അധികരിപ്പിച്ച് തരേണമേ! എന്റെ ഹൃദയം നേർവഴിയിലേക്ക് തിരിച്ച ശേഷം നീ വഴികേടിലാക്കല്ലേ! നിന്റെ കാരുണ്യമായി നീ എനിക്ക് ഔദാര്യം ചെയ്യണമേ! നീ തന്നെയാണല്ലോ എല്ലാ ഔദാര്യവും നൽകുന്നവൻ.
തിരുനബിﷺക്ക് പ്രഭാത കർമ്മങ്ങൾക്കും മറ്റും വെള്ളം കരുതി കൊടുത്തിരുന്ന പ്രസിദ്ധ സ്വഹാബിയായ റബീഅതു ബിൻ കഅബ് അൽ അസ്ലമി(റ) നിവേദനം ചെയ്യുന്നു. സർവ്വലോക പരിപാലകനായ അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും. നീയാണല്ലോ ഏറ്റവും വലിയ ശക്തവാൻ. അതി ശക്തനായ അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുന്നു. അവനെ സ്തുതിക്കുകയും ചെയ്യുന്നു. എന്നീ ആശയങ്ങളുള്ള മന്ത്രങ്ങൾ പ്രഭാതത്തിൽ തിരുനബിﷺ ചൊല്ലുമായിരുന്നു.
ഇവിടെ പ്രഭാതത്തിൽ പതിവാക്കിയിരുന്ന ചില സവിശേഷമായ പ്രാർഥനകൾ ഉണ്ട്. ഇമാം അഹ്മദും(റ) മറ്റും ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. അസ്‌ബഹ്നാ അലാ ഫിത്റത്തിൽ ഇസ്ലാം….. എന്നു തുടങ്ങുന്ന പ്രാർഥന തിരുനബിﷺ പ്രഭാതത്തിൽ ചൊല്ലാറുണ്ടായിരുന്നു. ഇസ്ലാമിന്റെ നൈർമല്യത്തിലും നിഷ്കളങ്കമായ വചനത്തിലും മുഹമ്മദ് നബിﷺയുടെ മാർഗ്ഗത്തിലും നമ്മുടെ പിതാവായ ഇബ്രാഹിം നബി(അ)യുടെ സരണിയിലും വിധേയപ്പെട്ടും അനുസരിച്ചും നമ്മൾ പ്രഭാതത്തിലേക്ക് പ്രവേശിക്കുന്നു. ഞാൻ മുശ്‌രികീങ്ങളിൽ അഥവാ ബഹുദൈവ വിശ്വാസികളിൽ പെട്ട ആളല്ല.
സ്വന്തം മാർഗ്ഗവും വഴിയും എന്തായിരിക്കണം എന്ന ഒരു കൃത്യമായ ബോധ്യം രാവിലെ തന്നെ ഹൃദയത്തിൽ ഉറപ്പിക്കുക എന്നതായിരിക്കണം ഈ പ്രാർഥനയുടെ പൊരുൾ. ജീവിതത്തിന്റെ വിവിധ വ്യവഹാരങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ ശരിയായ വിശ്വാസത്തിൽ നിന്നും ഒരല്പം പോലും മാറിപ്പോകാതിരിക്കാനുള്ള ജാഗ്രത സ്വയം തന്നെ രൂപപ്പെടുത്തുന്നതും ഈ പ്രാർഥനയിൽ നിറഞ്ഞു നിൽക്കുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 839
അബ്ദുല്ലാഹിബ്നു അബീ ഔഫ്(റ) നിവേദനം ചെയ്യുന്നു. ഒരു പ്രഭാതത്തിൽ ഞാൻ തിരുനബിﷺയെ കണ്ടു. അവിടുന്ന് പ്രത്യേകമായ ഒരു പ്രാർത്ഥന നിർവഹിച്ചു. അതിന്റെ ഉള്ളടക്കം ഇപ്രകാരമാണ്. ഞങ്ങൾക്ക് പ്രഭാതമായി. എല്ലാ അധികാരങ്ങളും അല്ലാഹുവിനാകുന്നു. ഗരിമയും മഹത്വവും രാവും പകലും സൃഷ്ടിപ്പും എല്ലാം അവനുള്ളതാണ്. അല്ലാഹുവിന്റെ സൃഷ്ടി പ്രദേശങ്ങളിലെ എല്ലാം ആവാസികളും അവനുള്ളതാണ്. അവൻ ഏകനാണ്. പങ്കുകാർ ആരുമില്ല. അല്ലാഹുവേ ഈ പകലിന്റെ പ്രാരംഭം വിജയപ്രദമാക്കേണമേ. മധ്യഭാഗം ക്ഷേമകരമാക്കി തരേണമേ. അവസാന ഭാഗം നേട്ടമുള്ളതാക്കി തരേണമേ! ഇഹപര നന്മകൾ നിന്നോട് തേടുകയാണ് റബ്ബേ.
സമാന ആശയവും എന്നാൽ വാചകങ്ങളിൽ വ്യത്യാസവുമുള്ള നിരവധി പ്രാർഥനകൾ അധ്യായത്തിൽ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അബൂഹുറൈറ(റ)യുടെ നിവേദനത്തിലുള്ള പ്രാർത്ഥനയുടെ ആശയം ഇങ്ങനെയാണ്. പൊടുന്നനെ വന്നുചേരുന്ന ഗുണത്തിൽ നിന്നും ദോഷത്തിൽ നിന്നും ഞാൻ കാവൽ തേടുന്നു.
തിരുനബിﷺയുടെ രാപ്പകലുകളിൽ നിന്ന് ഉദ്ധരിക്കപ്പെട്ട എല്ലാ പ്രാർഥനകളുടെയും ഉള്ളടക്കം പ്രധാനമായും അല്ലാഹുവിനെ മഹത്വപ്പെടുത്തുന്നതായിരുന്നു. എല്ലാം തരുന്നവനും തരാൻ അധികാരമുള്ളവനും അല്ലാഹുവാണ്. അവൻ തരാൻ നിശ്ചയിച്ചത് സ്വീകരിക്കാതിരിക്കാൻ ഒരിക്കലും നമുക്ക് സാധിക്കില്ല. ആത്യന്തികമായ ക്ഷേമത്തിന്റെയും മോക്ഷത്തിന്റെയും വഴി തിരുനബിﷺയുടെ ചര്യകളോട് കാണിക്കുന്ന പ്രതിബദ്ധതയാണെന്ന് പ്രമാണങ്ങൾക്കുമുമ്പേ ജീവിതം കൊണ്ടു തന്നെ തിരുനബിﷺ ബോധ്യപ്പെടുത്തിയിട്ടുണ്ടായിരുന്നു.
ഉറങ്ങി ഉണർന്നതിനിടയിൽ സംഭവിക്കുന്നതാണല്ലോ സ്വപ്നങ്ങൾ. ഇവയെക്കുറിച്ചും തിരുനബിﷺയുടെ പാഠശാലയിൽ നിന്ന് ചിലത് നമുക്ക് വായിക്കാനുണ്ട്. അബൂ ഖതാദ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺപറഞ്ഞു. സ്വപ്നങ്ങൾ മൂന്ന് തരത്തിലുണ്ട്. ഒരാൾക്ക് അയാളുടെ സ്വയം ആത്മാവിൽ നിന്ന് രൂപപ്പെട്ടു വരുന്നത്. അതിൽ സവിശേഷമായ ഒന്നും പറയാനില്ല. ചിലപ്പോൾ പിശാചിൽ നിന്നായി സ്വപ്നങ്ങളുണ്ടാകും. അനിഷ്ഠകരമായ ദർശനങ്ങൾ ഉണ്ടായാൽ പിശാചിൽ നിന്ന് അല്ലാഹുവിനോട് കാവൽ ചോദിക്കട്ടെ. ശേഷം, ഇടതുഭാഗത്തേക്ക് മൂന്നുപ്രാവശ്യം തുപ്പുക. പിന്നീട് ആ ദർശനത്തിന്റെ ശല്യം ഉണ്ടാവുകയില്ല. സ്വപ്നത്തിന്റെ മൂന്നാമത്തെ തലം അല്ലാഹുവിൽ നിന്നുള്ള സന്തോഷങ്ങളാണ്. പ്രവാചകത്വത്തിന്റെ 46 അംശങ്ങളിൽ ഒന്നാണ് സത്യവിശ്വാസിയുടെ സ്വപ്നം. അത്തരം സ്വപ്നങ്ങൾ ഗുണകാംക്ഷിയായ ഒരു ജ്ഞാനിയോട് പങ്കുവെക്കുക. അയാൾ നന്മ പറയുകയും ശരിയാംവിധത്തിൽ വ്യാഖ്യാനം പറയുകയും ചെയ്യും.
സ്വപ്നം അത്ഭുതകരമായ ഒരു പ്രതിഭാസമാണല്ലോ. ഉറക്കിൽ ലഭിക്കുന്ന ഇത്തരം കാഴ്ചകളെയും ഭയപ്പെടുത്തുന്ന സ്വപ്നങ്ങളാൽ ഉണർന്നാൽ ചെയ്യേണ്ട കാര്യങ്ങളെയും എല്ലാം ഒരു സംഹിത പരാമർശിക്കുന്നു എന്നത് എത്രമേൽ പ്രാധാന്യമുള്ള കാര്യമാണ്. ഇസ്ലാമിന്റെയും പ്രവാചകരുﷺടെയും അന്വേഷണത്തിന്റെയും പഠനത്തിന്റെയും പരിധിയിൽനിന്ന് മനുഷ്യജീവിതത്തിന്റെ ഒരു വ്യവഹാരവും പുറത്തുപോയിട്ടില്ല എന്നുകൂടി ഇത്തരം അധ്യായങ്ങൾ നമ്മോട് സംസാരിക്കുന്നുണ്ട്.
ഭയപ്പെടുത്തുന്ന സ്വപ്നം കണ്ടാൽ ഉടനെ അല്ലാഹുവിനോട് കാവൽ ചോദിക്കുകയും പിശാചിനെ ആട്ടും വിധമുള്ള വിചാരത്തിലേക്ക് വരികയും വേണം. ഇടതുഭാഗത്തേക്ക് മൂന്നുപ്രാവശ്യം തുപ്പുന്നതോടെ അത്തരം ഒരു മാനസികാവസ്ഥയിലേക്ക് ഒരാൾക്ക് എത്തിച്ചേരാൻ കഴിയും. ഒരാൾ ഉണർന്നത് മുതൽ രാത്രി ഉറങ്ങുന്നതുവരെ പ്രവാചക ജീവിതത്തിൽ നിന്ന് പകർത്താനുള്ള ചര്യകൾ പഠന വിഷയങ്ങളായി നമുക്ക് ലഭിക്കുന്നുണ്ട്. എന്നാൽ ഉറക്കിൽ നിന്ന് ഇടയ്ക്ക് ഉണർന്നാൽ ചൊല്ലാൻ ഉള്ളതും മതം നമ്മെ പഠിപ്പിക്കുന്നു എന്ന് വന്നാൽ ജീവിതത്തിന്റെ ഒരു മേഖലയും വിട്ടുപോകാത്ത വിധം മനുഷ്യനെ പരിഗണിക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാം എന്ന് എന്തുകൊണ്ട് പറഞ്ഞുകൂടാ!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 840
സ്വപ്നദർശനങ്ങളുടെ അധ്യായത്തിലെ രണ്ടാമത്തെ വിഭാഗമാണ് മുബശ്ശിറാത്തുകൾ. ഇമാം അഹ്മദും(റ) ബസാറും(റ) പ്രമുഖരായ പല സ്വഹാബികളിൽ നിന്നും ഉദ്ധരിക്കുന്നു. പ്രവാചകൻﷺ പറഞ്ഞു. പ്രവാചകത്വം അഥവാ ദൂതന്മാരെ നിയോഗിക്കൽ അഥവാ രിസാലത്തും അവസാനിച്ചു. എനിക്കുശേഷം ഇനി ഒരു നബിയോ റസൂലോ വരാനില്ല. എന്നാൽ മുബശ്ശിറാത്തുകൾ ബാക്കിയുണ്ട്. സ്വഹാബികൾ ചോദിച്ചു എന്താണത്. സദ്’വൃത്തനായ ഒരാൾ കാണുന്ന നല്ല സ്വപ്നമാണത്.
സജ്ജനങ്ങൾക്ക് ലഭിക്കുന്ന ശുഭകരമായ സ്വപ്നദർശനങ്ങൾ സുവിശേഷങ്ങളും ശുഭപ്രതീക്ഷകളും നല്ല സന്ദേശങ്ങളും കൈമാറും എന്നാണ് പറഞ്ഞതിന്റെ താല്പര്യം. പ്രവാചകന്മാർ അല്ലാഹുവിൽ നിന്ന് സന്ദേശങ്ങൾ സ്വീകരിച്ച മാർഗങ്ങളിൽ ഇന്ന് അവശേഷിക്കുന്ന മാർഗവും ഇതാണ്. പ്രവാചകന്മാർക്ക് ലഭിച്ചിരുന്ന സ്വപ്നങ്ങൾ പകൽ പുലരും പോലെ പുലരുമായിരുന്നു. തിരുനബിﷺയുടെ നാല്പതാം വയസ്സിലെ പ്രവാചകത്വ പ്രഖ്യാപനത്തിനു മുന്നോടിയായി ശുഭകരമായ സ്വപ്നങ്ങളുടെ ഒരു കാലമുണ്ടായിരുന്നു. പ്രഭാതം വിടരും പോലെ അവിടുന്ന് സ്വപ്നത്തിൽ കണ്ടതൊക്കെ പുലരുമായിരുന്നു എന്ന് ഹദീസിൽ നാം വായിച്ചിട്ടുണ്ട്.
ഒരു സദ്’വൃത്തനായ മനുഷ്യനിൽ നിന്ന് കാണപ്പെടുന്ന സ്വപ്നങ്ങളും ശുഭകരമാണ് എന്നൊരു അനുബന്ധം കൂടി മേൽ നിവേദനത്തിനുണ്ട്. സജ്ജനങ്ങളിൽ പെട്ട ഒരാൾ കാണുന്ന സ്വപ്നവും അയാളിലൂടെ കാണപ്പെടുന്ന സ്വപ്നത്തിനും മൂല്യമുണ്ട് എന്നാണ് പറഞ്ഞതിന്റെ താല്പര്യം.
സ്വപ്നദർശനം ഇത്രമേൽ പ്രാധാന്യമുള്ള കാര്യമായത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ കളവു പറയുന്നതും ഗുരുതരമാണ്. വാസിലത് ബിൻ അസ്‌ഖഇ(റ)ൽ നിന്ന് ഇമാം അഹ്മദും(റ) ഇബിനു അബീശൈബയും(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഞാൻ പറയാത്തത് എന്നെ ചേർത്തു പറയുന്നയാൾ ഗുരുതരമായ കളവു പറയുന്നവനാണ്. സ്വപ്നത്തിൽ ദർശനം ലഭിക്കാത്തത് സ്വപ്നദർശനം ലഭിച്ചു എന്ന് പറയുന്നവനും തന്റെ പിതാവ് അല്ലാത്ത മറ്റൊരാളെ പിതാവാണെന്ന് ആരോപിക്കുന്നവനും ഒരുപോലെയാണ്.
സ്വപ്നദർശനത്തിൽ അത് കണ്ടയാൾ മാത്രമാണ് പ്രമാണം എന്നത് വളരെ ഗൗരവകരമായ കാര്യമാണ്. അതുകൊണ്ടുതന്നെ ഉദ്ധരിക്കുന്ന ആൾ കൂടുതൽ സത്യസന്ധത പാലിക്കേണ്ട കാര്യമാണിത്.
അനിഷ്ടകരമായ സ്വപ്നങ്ങളോട് എങ്ങനെയാണ് സമീപിക്കേണ്ടത് എന്നും തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ഇബ്നുമാജ(റ) ഉദ്ധരിക്കുന്നു. നബിﷺ പറഞ്ഞു. നിങ്ങൾ ആരെങ്കിലും അനിഷ്ടകരമായ സ്വപ്നം കണ്ടാൽ ഇടതുഭാഗത്ത് നിന്ന് തിരിയട്ടെ. എന്നിട്ട് അല്ലാഹുവോട് സ്വപ്നത്തിൽ നിന്നുള്ള നന്മയ്ക്കു വേണ്ടി പ്രാർഥിക്കുകയും തിന്മയിൽ നിന്ന് കാവൽ ചോദിക്കുകയും ചെയ്യട്ടെ.
അടിസ്ഥാനപരമായി നൽകുന്നവനും നൽകാതിരിക്കുന്നവനും പരമാധികാരിയായ അല്ലാഹുവാണെന്ന ബോധം ഉണ്ടായിരിക്കണം. ആ വിശ്വാസത്തെയും വിചാരത്തെയും കൂട്ടുപിടിച്ചു കൊണ്ടാണ് എപ്പോഴും പ്രവർത്തിക്കേണ്ടത്. സ്വപ്നത്തിൽ കണ്ടു എന്ന് കരുതി സംഭവിച്ചുകൊള്ളും എന്ന തീർപ്പിലേക്ക് എത്തുന്നതിന്റെ അടിസ്ഥാന വിചാരങ്ങളാണ് ഇതുവഴി നമ്മെ ബോധ്യപ്പെടുത്തുന്നത്.
സ്വപ്നത്തിൽ കാണുന്ന പലതും വ്യാഖ്യാനിക്കപ്പെടേണ്ടതായിരിക്കും. അതിന്റെ നാമങ്ങളും സൂചകങ്ങളും മറ്റു ചില ആശയങ്ങളെയും സാരങ്ങളെയും ഉൾക്കൊള്ളുന്നതായിരിക്കും. സാലിം എന്ന പേരുള്ള ഒരാളെ കണ്ടാൽ ചിലപ്പോൾ അത് സലാമത്തിനെ സൂചിപ്പിക്കുന്നതായിരിക്കും. ഇതുപോലെ പല സൂചകങ്ങളും സ്വപ്നത്തിൽ അടങ്ങിയിരിക്കുന്നു. ഒന്നാമത് വ്യാഖ്യാനിക്കുന്ന ആളായിരിക്കും അതിന്റെ ശരിയായ പൊരുൾ പറയാൻ ഏറെ സാധ്യതയുള്ളത്.
സ്വപ്നവ്യാഖ്യാനങ്ങൾ വായിക്കുന്നത് കൊണ്ട് മാത്രം ഒരേ ലക്ഷണങ്ങൾ എപ്പോഴും ഒരേ ആശയത്തെ സൂചിപ്പിച്ചു കൊള്ളണമെന്നില്ല. വ്യക്തിയെയും പരിസരത്തെയുമൊക്കെ ആശ്രയിച്ച് വ്യത്യാസങ്ങൾ വരാം. ആധ്യാത്മികമായ ഉയർച്ചയുള്ളവർ പറയുമ്പോഴായിരിക്കും അതിന്റെ ശരിയായ വ്യാഖ്യാനങ്ങളിലേക്ക് എത്താൻ കൂടുതൽ സാധ്യത ഉണ്ടാവുക. സ്വപ്നവ്യാഖ്യാന ഗ്രന്ഥങ്ങളിൽ ഏറെ പ്രസിദ്ധമായത് ഇബ്നു സീരീൻ(റ)വിന്റേതാണല്ലോ! പ്രമുഖനായ പണ്ഡിതനും സ്വഹാബിയായ അനസുബ്നു മാലിക്(റ)ന്റെ ശിഷ്യനുമാണ് അദ്ദേഹം. അത്തരം ഒരു ഉയർന്ന വൈജ്ഞാനിക ആത്മീയ പരിസരത്തു നിന്നു കൊണ്ടാണ് മഹാനവർകളുടെ വ്യാഖ്യാനങ്ങൾ രൂപപ്പെട്ടുവന്നത്.
Tweet 841
കണ്ട സ്വപ്നം ബുദ്ധിമാനോടോ ഗുണകാംക്ഷിയോടൊ പണ്ഡിതനോടോ മാത്രമേ പങ്കുവെക്കാൻ പാടുള്ളൂ. ഇബ്നുമാജ(റ) അബൂ റസീനി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. സ്വപ്നം ഒരാളോട് പറയാത്തിടത്തോളം കാലം ഒരു പക്ഷിയുടെ കാലിൽ ബന്ധിച്ചതായിരിക്കും. അത് പറഞ്ഞാൽ അത് സംഭവിച്ചു കഴിഞ്ഞു. അതുകൊണ്ട് നീ കണ്ട സ്വപ്നം ബുദ്ധിമാനോടോ പണ്ഡിതനോടോ ഗുണകാംക്ഷിയോടോ മാത്രമേ പങ്കുവെക്കാൻ പാടുള്ളൂ.
തിരുനബിﷺയുടെ സന്നിധിയിൽ പല സ്വപ്നങ്ങൾക്കും അവിടുന്ന് സ്വന്തം വ്യാഖ്യാനം പറയുകയും നബിﷺയുടെ സന്നിധിയിൽ വച്ച് പറയുന്ന വ്യാഖ്യാനങ്ങളെ അവിടുന്ന് ശ്രദ്ധിക്കുകയും ചെയ്തു. ഖുസൈമ ബിൻ സാബിതി(റ)ൽ നിന്ന് ഇമാം ഇബ്നു ഹിബ്ബാൻ(റ) ഉദ്ധരിക്കുന്നു. രണ്ടാളുടെ സാക്ഷിക്ക് പകരം ഇദ്ദേഹം ഒറ്റയാൾ മതിയെന്ന് തിരുനബിﷺ മഹത്വം കൽപ്പിച്ച വ്യക്തിയാണ് ഈ സ്വഹാബി. അദ്ദേഹം പറഞ്ഞു. നബിﷺയെ ഞാൻ അവിടുത്തെ നെറ്റിയിൽ സുജൂദ് ചെയ്യുന്നതായി സ്വപ്നം കണ്ടു. നബിﷺ പറഞ്ഞു. ഒരു ആത്മാവ് മറ്റൊരാത്മാവിനെ കണ്ടുമുട്ടുക തന്നെ ചെയ്യും. ശേഷം, അവിടുന്ന് മെല്ലെ ഒന്ന് കുനിഞ്ഞു കൊടുക്കുകയും നെറ്റിക്ക് ചുംബനം കൊടുക്കാൻ അവസരം നൽകുകയും ചെയ്തു. മറ്റൊരു നിവേദന പ്രകാരം നബിﷺ ചരിഞ്ഞു കിടക്കുകയും അദ്ദേഹത്തിന് നെറ്റി ചേർക്കാൻ അവസരം നൽകുകയും ചെയ്തു. നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടായിരുന്നു തിരുനബിﷺ ഇങ്ങനെ ചെയ്തത്.
ഇമാം അഹ്മദും(റ) ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിക്കുന്നു. ഇബ്നു ഉമർ(റ) പറയുന്നു. തിരുനബിﷺയുടെ ജീവിതകാലത്ത് ആരെങ്കിലും സ്വപ്നം കണ്ടാൽ തിരുനബിﷺയോട് വന്നു അത് പറയും. അവിവാഹിതനായ ഒരു യുവാവ് പള്ളിയിൽ ഉറങ്ങുകയായിരുന്നു. അദ്ദേഹം ഒരു സ്വപ്നം കണ്ടു. ഒരു വിരൽ തേനും ഒരു വിരൽ നെയ്യും ഈമ്പി കുടിക്കുന്നതായിട്ടായിരുന്നു അദ്ദേഹം കണ്ടത്. ഇദ്ദേഹത്തിന് തിരുനബിﷺ നൽകിയ വ്യാഖ്യാനം ഇങ്ങനെയായിരുന്നു. നിങ്ങൾ ജീവിച്ചിരിക്കുകയാണെങ്കിൽ രണ്ടു വേദങ്ങൾ നിങ്ങൾ വായിക്കും. അഥവാ ഖുർആനും തൗറാത്തും. പിൽക്കാലത്ത് അദ്ദേഹം രണ്ടു വേദങ്ങളും വായിക്കുന്ന ആളായിരുന്നു.
സ്വപ്നം കാണുന്നതൊന്നും അതിന്റെ വ്യാഖ്യാനം മറ്റൊന്നുമായിരിക്കും. കാണുന്ന കാഴ്ച തന്നെയാണ് സംഭവിക്കാൻ പോകുന്നത് എന്ന് കരുതി പലരും പരിഭ്രമിക്കുകയോ അമിതമായി ആശിക്കുകയോ ചെയ്യും. ഇത്തരം ഒരു വിചാരത്തെ തിരുത്തുന്നതാണ് തിരുനബിﷺയുടെ ഈ വിശദീകരണം. കുപ്പായത്തിന്റെ നീളം നോക്കി വിശ്വാസത്തിന്റെ വ്യാപ്തി പറഞ്ഞ അനുഭവവും തിരുനബിﷺയുടെ സ്വപ്ന വ്യാഖ്യാന അധ്യായത്തിൽ നമുക്ക് വായിക്കാൻ കഴിയും. അത്തരം വിശദീകരണങ്ങളിലേക്ക് എത്തുകയും അത് തീർച്ചയോടുകൂടി പറയുകയും ചെയ്യണമെങ്കിൽ ആത്മീയമായ ഒരു തലം കൂടി ഉള്ളവരായിരിക്കേണ്ടത് അനിവാര്യമാണ്. പുസ്തകത്തിൽ നിന്ന് പഠിച്ചു പറയാവുന്ന ഒന്നല്ല ഇത്. ആത്മജ്ഞാനിയായ ഒരാളുടെ മുമ്പിലേക്ക് ഒരു സ്വപ്നത്തെ കുറിച്ചുള്ള വിവരം കിട്ടുമ്പോൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ തെളിയുന്ന ഒരു പ്രഥമ പ്രതികരണമാണിത്.
ഒരർത്ഥത്തിൽ അഭൗതികമായ ലോകത്തോട് ബന്ധപ്പെട്ട് കിടക്കുന്ന സവിശേഷമായ ഒരു പ്രതിഭാസമാണ് സ്വപ്നം. അതിനെ കേവലമായ ഒരു ആവർത്തനമായി വായിക്കുന്നതോ, ആ കണ്ടത് തന്നെയാണ് സംഭവിക്കാൻ പോകുന്നത് എന്ന് തീർച്ചപ്പെടുത്തുന്നതോ, ആരോ പറഞ്ഞ വ്യാഖ്യാനങ്ങളെ ചൊല്ലി ഇതാ സംഭവിക്കാൻ പോകുന്നു എന്ന് കരുതി ആശിക്കുകയോ ആശങ്കപ്പെടുകയോ ചെയ്യുന്നതോ, ഇനി ഒരുപക്ഷേ നിർമ്മിതമായ സ്വപ്നങ്ങളെ മെനഞ്ഞെടുക്കുന്നതോ ഒരു നിലക്കും ഉചിതമായ കാര്യങ്ങളല്ല.
ഓരോന്നിനും അതിന്റേതായ ആളുകൾ നൽകുന്ന കൃത്യമായ വിശദീകരണങ്ങളെയും വ്യാഖ്യാനങ്ങളെയും അനുവദിക്കുക എന്നതാണ് വിവേകശാലികളിൽ ഉണ്ടാകേണ്ട രീതി. ഇനിയും ചില വ്യാഖ്യാന സംഭവങ്ങളിലേക്ക് നമുക്ക് കടന്നു പോകാം.
Tweet 842
ഇബ്നു സമൽ(റ) അബ്ദുല്ലാഹി(റ)യിൽ നിന്നും ഉദ്ധരിക്കുന്നു. പ്രഭാത നിസ്കാരം കഴിഞ്ഞാൽ തിരുനബിﷺ ചമ്രം പടിഞ്ഞിരിക്കും. സുബ്ഹാനല്ലാഹി വബിഹംദിഹി എന്നു തുടങ്ങുന്ന പ്രത്യേക പ്രാർത്ഥന ചൊല്ലും. ആശയം ഇപ്രകാരമാണ്. അല്ലാഹുവേ നിന്നെ സ്തുതിക്കുകയും നിന്റെ മഹത്വം വാഴ്ത്തുകയും ചെയ്യുന്നു. അല്ലാഹുവിനോട് പൊറുക്കലിനെ തേടുന്നു. അവൻ കാരുണ്യവാനും പാപം പൊറുത്തു തരുന്നവനുമാണ്. 70 വട്ടം. 70 മുതൽ 700 വട്ടം വരെ. ഒരു ദിവസം 700ൽ പരം പാപങ്ങൾ ചെയ്യുന്നവനിൽ എന്ത് നന്മ ഉണ്ടാവാനാണ്?
പ്രസ്തുത പ്രാർത്ഥനയ്ക്ക് ശേഷം പ്രവാചകൻﷺ ജനങ്ങൾക്ക് അഭിമുഖമായി ഇരിക്കും. സ്വപ്നം അവിടുത്തേക്ക് താല്പര്യമുള്ള കാര്യമായിരുന്നു. അവിടുന്ന് ചോദിക്കും. അല്ല, നിങ്ങൾ ആരെങ്കിലും എന്തെങ്കിലും ദർശിച്ചിട്ടുണ്ടോ? ഇബ്നു സിമ്ല്(റ) പറയുന്നു. ഞാൻ പറഞ്ഞു. അല്ലാഹുവിന്റെ പ്രവാചകരേﷺ ഞാനൊരു സ്വപ്നം കണ്ടിട്ടുണ്ട്. പ്രവാചകൻﷺ ഇങ്ങനെ പ്രതികരിച്ചു. നിങ്ങൾക്ക് നന്മ നൽകുന്നതും വിപത്ത് തടയുന്നതും ആയിരിക്കട്ടെ ആ സ്വപ്നം. നമുക്ക് നന്മയും എതിരാളികൾക്ക് നാശവുമായിരിക്കട്ടെ! സർവ്വലോക പരിപാലകനായ അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും. നിങ്ങൾ കണ്ടത് പറയൂ. ഞാൻ പറഞ്ഞു തുടങ്ങി.
എല്ലാ ജനങ്ങളും വിശാലമായ ഒരു പ്രധാന പാതയിലൂടെ സഞ്ചരിക്കുന്നു. അങ്ങനെയിരിക്കെ വിശാലവും ഹരിതാഭവുമായ ഒരു പുൽമേട്. ഇതുവരെയും കണ്ടിട്ടില്ലാത്ത വിധം മനോഹരം. ജലധാരകൾ ഇങ്ങനെ വീണുകൊണ്ടിരിക്കുന്നു. വിവിധയിനം ചെടികളും സസ്യങ്ങളുമുണ്ട് അവിടെ. അങ്ങനെയിരിക്കെ ആദ്യ സംഘം അങ്ങോട്ടെത്തി. അവർ തക്ബീർ മുഴക്കി. അവർ അവരുടെ വാഹനങ്ങളെ അവിടെ നിർത്തി. നാൽക്കാലികളെ മേയാൻ വിടുകയും സംഘത്തിലുള്ളവർ വിവിധയിനം ചെടികൾ പറിച്ചെടുക്കാനും തുടങ്ങി. അവർ അങ്ങനെ തുടർന്നുകൊണ്ടിരിക്കെ ഒരു വലിയ സംഘം അവിടെ എത്തിച്ചേർന്നു. അവരും ഈ പുൽമേട് കണ്ടപ്പോൾ തക്ബീർ മുഴക്കി. ഇതാണ് ഇറങ്ങി താമസിക്കാൻ പറ്റുന്ന ഏറ്റവും നല്ലസ്ഥലം എന്നു പറഞ്ഞു. സംഘത്തിലുള്ളവർ നാലുപാടും ഇറങ്ങി പലതും സമാഹരിക്കാൻ തുടങ്ങി.
ഞാനപ്പോൾ തന്നെ എന്റെ വഴിയിൽ യാത്ര തുടർന്നു. പുൽമേടിന്റെ അങ്ങേയറ്റത്തെത്തി. അല്ലയോ പ്രവാചകരേﷺ, അപ്പോൾ അവിടുന്ന് അവിടെ ഉണ്ടായിരുന്നു. ഏഴ് പടവുകളുടെ ഒരു മിമ്പറിന്റെ ഏഴാമത്തെ പടവിലായിരുന്നു അവിടുന്ന് ഉണ്ടായിരുന്നത്. അപ്പോൾ അവിടുത്തെ വലതുഭാഗത്ത് നാസിക അല്പം ഉയർന്ന അല്പം ഇരു നിറത്തിലുള്ള ഒരാളുണ്ടായിരുന്നു. അദ്ദേഹം സംസാരിക്കുന്ന നേരത്ത് മറ്റുള്ളവരെക്കാൾ ഉയർന്നു കാണപ്പെടുമായിരുന്നു. ഇടതുഭാഗത്ത് ചുവപ്പു കലർന്ന വെളുപ്പ് നിറമുള്ള മധ്യകായനായ ഒരാളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മുഖത്ത് ചില വരകളും മറ്റും ഉണ്ടായിരുന്നു. മുടിയിൽ നിന്ന് വെള്ളം ഇറ്റു വീഴുന്നത് പോലെയാണ് കാണപ്പെട്ടിരുന്നത്. അദ്ദേഹം സംസാരിച്ചാൽ ആദരപൂർവ്വം നിങ്ങൾ കേൾക്കുമായിരുന്നു. അവിടുത്തെ മുൻഭാഗത്ത് ഒരു മധ്യവയസ്കനായ മനുഷ്യൻ. തങ്ങളോട് അടുത്തു സാദൃശ്യമുള്ള ആളായിരുന്നു. മറ്റുള്ളവരെല്ലാം അദ്ദേഹത്തെ ലക്ഷ്യം വച്ചു നീങ്ങുന്നുണ്ടായിരുന്നു. അവിടെ മുന്നിൽ ക്ഷീണിച്ച ഒരു പെണ്ണ് ഒട്ടകം ഉണ്ടായിരുന്നു. തങ്ങൾ അടുത്തിരുന്നപ്പോഴേക്കും അതിന് ഒരു ഉണർവ് വന്നതുപോലെ.
ഇത്രയും കേട്ട് കഴിഞ്ഞപ്പോൾ തിരുനബിﷺ വിശദീകരണം ആരംഭിച്ചു. നിങ്ങൾ കണ്ട വിശാലമായ ആ വഴി ഞാൻ നിങ്ങൾക്ക് അവതരിപ്പിച്ചു തന്ന നേരായ മാർഗ്ഗമാണ്. നിങ്ങൾക്കിടയിൽ വച്ച് കണ്ട ആ ഉദ്യാനവും പുൽമേടും ആനന്ദപൂർണ്ണമായ ഈ ഭൗതിക ലോകമാണ്. അതിലെ ആഡംബരങ്ങളും ചേർന്നിരിക്കുന്നു.
ഞാനും എന്റെ അനുചരന്മാരും ഈ ദുനിയാവിനോട് അങ്ങോട്ട് ആർത്തി കാണിക്കുകയോ ദുനിയാവിനെ അത്യാർത്തിയോടെ ഞങ്ങൾ സ്വീകരിക്കുകയോ ചെയ്തില്ല. അതുകൊണ്ട് അങ്ങോട്ട് ഞങ്ങൾ ഒരു മികച്ച ബന്ധമോ ഇങ്ങോട്ട് ദുനിയാവ് ഞങ്ങളോട് മികച്ച ബന്ധമോ പാലിച്ചില്ല. ഞങ്ങൾക്ക് ശേഷം ഒരു സംഘം വന്നു. അവന്റെ ആനന്ദങ്ങൾ വ്യാപരിച്ചു. അവർ അതിൽ വിജയം കണ്ടെത്തി. പിന്നെ ഒരു സംഘം വരികയും അവർ ഈ ഉദ്യാനത്തിൽ നാലു ഭാഗത്തേക്കും തിരിയുകയും ചെയ്തു. ഇന്നാലില്ലാഹ്!
നിവേദകനായ സ്വഹാബിയെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. നിങ്ങൾ അവിടെ ശരിയായ മാർഗമാണ് സ്വീകരിച്ചത്. നിങ്ങളെന്റെ വലതുഭാഗത്ത് കണ്ടത് മൂസാ പ്രവാചകനെ(അ)യാണ്. അദ്ദേഹം അല്ലാഹുവിനോട് സംഭാഷണം നടത്തിയ ആളായതുകൊണ്ട് തന്നെ അദ്ദേഹം സംസാരിക്കാൻ നിന്നാൽ ആളുകൾ ഏറെ ആകൃഷ്ടരാകുമായിരുന്നു. എന്റെ ഇടതുഭാഗത്ത് നിങ്ങൾ കണ്ടത് മറിയമിന്റെ മകൻ ഈസാ പ്രവാചകനെ(അ)യാണ്. എന്നോട് സാദൃശ്യത്തിൽ കണ്ട വയോധികനായ മനുഷ്യൻ എന്റെ പിതാവ് കൂടിയായ പ്രവാചകന്‍ ഇബ്രാഹീം(അ) ആണ്. അവരെയാണല്ലോ നാം നേതാവാക്കുകയും അനുകരിക്കുകയും ചെയ്യുന്നത്. പിന്നീട് നിങ്ങൾ കണ്ട ആ പെണ്ണ് ഒട്ടകം നമ്മുടെ സംഭവിക്കാനിരിക്കുന്ന അന്ത്യനാളിന്റെ സൂചനയാണ്. എനിക്ക് ശേഷം ഒരു നബിയോ എന്റെ സമുദായത്തിന് ശേഷം ഒരു സമുദായമോ ഇല്ല. അതുകൊണ്ട് അന്ത്യനാളിനോട് അടുത്തു എന്ന അർത്ഥത്തിലാണ് അതിന്റെ ഉണർവ് കാണാനിടയായത്.
ഒരു സ്വപ്നത്തിന് തിരുനബിﷺ തങ്ങൾ നൽകിയ വിശദമായ വിശദീകരണമാണ് നാം വായിച്ചത്. വ്യാഖ്യാന തലങ്ങൾ എത്തിച്ചേരുന്ന വിശാലമായ ആശയങ്ങളെ കൂടി ഇത് സൂചിപ്പിക്കുന്നുണ്ട്. ഇവ്വിധം വ്യാഖ്യാനിക്കണമെങ്കിൽ ആത്മീയമായ നേത്രങ്ങൾ തന്നെ അനിവാര്യമാണല്ലോ.
Tweet 843
അഹ്‌മദ് ബിൻ മനീഅ്(റ) അബൂ ഉമാമ(റ)യിൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഞാൻ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടതായി ദർശിച്ചു. അപ്പോൾ എന്റെ മുന്നിൽ ഒരു ശബ്ദം കേൾക്കാൻ ഇടയായി. ഞാൻ ചോദിച്ചു. അതെന്താണ്? അത് ബിലാൽ(റ) ആണ് എന്ന് ഉത്തരം ലഭിച്ചു. ഞാൻ സ്വർഗ്ഗത്തിന്റെ ഉന്നതവിതാനങ്ങളിലേക്ക് നോക്കി. പാവപ്പെട്ട മുഹാജിറുകളും മുസ്‌ലിംകളിൽ അടിമകളായി ജീവിച്ചവരെയുമാണ് ഞാൻ കണ്ടത്. സമ്പന്നരെയും സ്ത്രീകളെയും അവിടെ കാണാൻ കഴിഞ്ഞില്ല. ഞാൻ ചോദിച്ചു. എന്തേ ധനികരെയും സ്ത്രീകളെയും ഒട്ടും കാണാനില്ലല്ലോ? സ്വർണവും പട്ടും സ്ത്രീകളെ ആത്മീയ കാര്യങ്ങളിൽ നിന്ന് അശ്രദ്ധരാക്കിയിരിക്കുന്നു. ധനികരാണെങ്കിൽ ഇതാ ഇവിടെ കവാടത്തിൽ കണക്കുകൾ ബോധിപ്പിക്കുകയും വിചാരണ ചെയ്യപ്പെടുകയും ചെയ്യുന്നു. തിരുനബിﷺ തുടരുന്നു. ഞാൻ സ്വർഗ്ഗത്തിലെ എട്ടു കവാടങ്ങളിലൂടെയും പ്രവേശിച്ചു. അപ്പോൾ തുലാസ്സ് കൊണ്ടുവന്നു. അതിൽ ഒരു ഭാഗത്ത് എന്നെ നിർത്തി. മറുഭാഗത്ത് സമുദായത്തെ മുഴുവനും. എന്റെ ഭാഗമായിരുന്നു ഭാരം ഏറി നിന്നത്. തുടർന്ന് അബൂബക്കറി(റ)നെ ഒരു തട്ടിലും സമുദായത്തെ മറ്റൊരു തട്ടിലും നിർത്തി. അബൂബക്കറി(റ)ന്റെ ഭാഗമാണ് ഭാരം തൂങ്ങിയത്. ശേഷം, ഉമറി(റ)നെയും അപ്രകാരം നിർത്തി. ഉമറി(റ)ന്റെ ഭാഗം ഭാരമേറി നിന്നു. പിന്നീട് എന്റെ സമുദായത്തിലെ ആളുകൾ സംഘം സംഘങ്ങളായി എന്റെ അടുക്കലേക്ക് വന്നു. അബ്ദുറഹ്മാൻ ബിനു ഔഫ്(റ) വളരെ വൈകിയാണ് വന്നത്. അപ്പോൾ അദ്ദേഹം പറഞ്ഞു. ഞാൻ വളരെ കടമ്പകൾ കഴിഞ്ഞാണ് ഇങ്ങോട്ട് എത്തിയത്. ഞാൻ ചോദിച്ചു. എന്തേ അങ്ങനെ? എന്റെ സമ്പത്തിന്റെ ആധിക്യകൊണ്ട് അതിന്റെ മുഴുവനും കണക്ക് അവതരിപ്പിക്കാനും വിചാരണ ചെയ്യപ്പെടാനുമാണ് വൈകിയത്.
നബിﷺയുടെ ഈ അവതരണത്തിൽ നിന്ന് പല പാഠങ്ങളും നമുക്ക് മനസ്സിലാക്കാൻ ഉണ്ട്. എല്ലാ മനുഷ്യർക്കും ലഭിച്ചിട്ടുള്ള അനുഗ്രഹങ്ങൾ വിചാരണ ചെയ്യപ്പെടും. കൂടുതൽ അനുഗ്രഹങ്ങൾ ലഭിച്ചവർ ലഭിച്ചതിന്റെ കണക്ക് കാര്യങ്ങൾ ബോധിപ്പിക്കേണ്ടിവരും. ഈ ലോകത്ത് കുറച്ച് അനുഗ്രഹങ്ങൾ മാത്രം ഉപയോഗിച്ചവർക്ക് പരലോകത്ത് കുറഞ്ഞ വിചാരണയേ നേരിടേണ്ടി വരികയുള്ളൂ. ഈ ലോകത്തെ അനുഗ്രഹങ്ങൾക്ക് വേണ്ടിയുള്ള ആർത്തിയും ലഭിച്ച അനുഗ്രഹങ്ങൾ വച്ചുകൊണ്ടുള്ള ദുർവ്യയവും മതം നിരുൽസാഹപ്പെടുത്തുന്നതിന്റെ താല്പര്യം ഇതാണ്. അനുഗ്രഹങ്ങൾ വിചാരണ ചെയ്യപ്പെടും എന്ന ആത്മീയ വിചാരം സൂക്ഷ്മമായ വിനിയോഗത്തിന് കാരണമാകും. സമ്പത്തുകൊണ്ട് പാലിക്കേണ്ട ചിട്ടകളും അവകാശികൾക്ക് നൽകാനുള്ള ജാഗ്രതയും വർദ്ധിപ്പിക്കും. സമ്പത്തിന്റെ സമഗ്രമായ വിനിയോഗവും നിർമ്മാണപരമായ ക്രയവിക്രയങ്ങളും സാധ്യമാക്കാനുള്ള ചിന്തയാണ് ഇതുവഴി രൂപപ്പെടുന്നത്.
ഇബ്നു ഉമറി(റ)ൽ നിന്ന് അബ്ദു ബിൻ ഹുമൈദ്(റ) ഉദ്ധരിക്കുന്നു. ഒരു പ്രഭാതത്തിൽ പുറത്തേക്ക് വന്ന തിരുനബിﷺ പറഞ്ഞു. എനിക്ക് മഖാലീദുകളും അഥവാ അനുഗ്രഹങ്ങളുടെ താക്കോലുകളും മവാസിനുകളും അഥവാ കർമ്മങ്ങൾ തൂക്കപ്പെടുന്ന തുലാസ്സുകളും നൽകപ്പെട്ടതായി ഞാൻ ദർശിച്ചു. തുലാസിന്റെ ഒരു തട്ടിൽ ഞാൻ നിർത്തപ്പെട്ടു. മറുഭാഗത്ത് സമുദായത്തെയും. എന്റെ ഭാഗമാണ് മികച്ചു നിന്നത്. അബൂബക്കറി(റ)നെയും ഉമറി(റ)നെയും ഉസ്മാനെ(റ)യും ക്രമപ്രകാരം ഒരു ഭാഗത്ത് നിർത്തുകയും, അപ്പോഴെല്ലാം മറുഭാഗത്ത് സമുദായത്തെ നിർത്തുകയും ചെയ്തു. ഈ മൂന്നുപേരുടെയും ഭാഗം ഓരോ സമയത്തും മികച്ചു നിന്നു. ഇത്രയും ആയപ്പോഴേക്കും ഞാൻ ഉണരുകയും തുലാസ്സ് ഉയർത്തപ്പെടുകയും ചെയ്തു.
തിരുനബിﷺയുടെയും ഇഷ്ട സഹചാരികളായ ഖലീഫമാരുടെയും സ്ഥാനവും മഹത്വവും അവതരിപ്പിക്കുന്ന ഒരാഖ്യാനമാണിത്. ഒരു ഭാഗത്ത് സമുദായം മുഴുവനും നിൽക്കുമ്പോഴും ഇപ്പുറത്തുനിന്ന് അവരെ മുഴുവനും വഹിക്കാൻ മാത്രം മഹത്വവും ശ്രേഷ്ഠതയും ഉള്ളവരാണ് നബിﷺയും ഖലീഫമാരും എന്ന സൂചനയാണ് ഇത് നൽകുന്നത്. സ്വപ്നത്തിൽ ദർശിക്കുന്ന രംഗത്തിനപ്പുറം സൂചനകൾ നൽകുന്ന നിർദ്ദേശങ്ങൾക്ക് പ്രാധാന്യമുണ്ടെന്ന് നാം വായിച്ചു കഴിഞ്ഞല്ലോ.
Tweet 844
അബൂതുഫൈൽ(റ) പറഞ്ഞതായി അബൂ യഅ്ല(റ)യും ബസാറും(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഇന്നലെ രാത്രിയിൽ ഞാൻ ഒരു സ്വപ്നം ദർശിച്ചു. കുറേ കറുത്ത ആടുകളുടെയും ചുവന്ന ആടുകളുടെയും അടുത്തേക്ക് ഞാൻ എത്തി. അപ്പോൾ അബൂബക്കർ(റ) വന്ന് അവർക്ക് വേണ്ടി ഒന്നോ രണ്ടോ ബക്കറ്റ് വെള്ളം കോരി. അത്ര ആരോഗ്യമില്ലാത്ത രീതിയിലായിരുന്നു അത്. ഉന്നതനായ അള്ളാഹു അദ്ദേഹത്തിന് പൊറുത്തു നൽകട്ടെ. പിന്നീട് ഉമർ(റ) വരികയും ജലസംഭരണികൾ എല്ലാം നിറയ്ക്കുകയും ആഗതർക്ക് മുഴുവനും പാനം നൽകുകയും ചെയ്തു. ഇത്രയും പ്രതിഭാശാലിയായി വെള്ളം കോരുന്ന ഒരാളെ ഞാൻ കണ്ടിട്ടില്ല. കറുത്ത ആടുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് അറബികളാണെന്നും അല്ലാത്തവർ അനറബികൾ ആണെന്നും തിരുനബിﷺ ഇതിനെ വ്യാഖ്യാനിച്ചു.
തിരുനബിﷺക്ക് ശേഷമുള്ള അബൂബക്കറി(റ)ന്റെയും ഉമറി(റ)ന്റെയും ഭരണകാലത്തെയും ഭരണരീതിയെയും ആയിരിക്കണം ഈ സ്വപ്നം ഉൾക്കൊള്ളുന്നത്. ആ വിധത്തിൽ തന്നെ സൂചനകൾ നൽകി തിരുനബിﷺ സ്വപ്നത്തെ വ്യാഖ്യാനിച്ചു. അതങ്ങനെ തന്നെ പുലരുകയും ചെയ്തു. മൂന്നുവർഷത്തിൽ താഴെയായിരുന്നല്ലോ അബൂബക്കറി(റ)ന്റെ ഭരണം. ആഭ്യന്തര സജ്ജീകരണവും സാമൂഹിക സംഘാടനവും എന്നത് പ്രധാന അജണ്ടയായി ഒതുങ്ങിയതായിരുന്നു അവിടുത്തെ ഭരണകാലം. ശേഷം, ശക്തമായ ഭരണമായി നിലവിൽ വന്നത് ഉമറി(റ)ന്റെതാണ്. ലോകത്തിന്റെ നാനാ ദിക്കിലേക്ക് ഇസ്ലാം എത്തിച്ചേരുകയും വ്യവസ്ഥാപിതമായ ഭരണകൂടങ്ങളും നിയമങ്ങളും ക്രമീകരിക്കപ്പെടുകയും ചെയ്തു. ഇന്നും ആ സ്വപ്നത്തിന്റെ പുലർച്ച ഒരു തുടർച്ചയായി അവിടുത്തെ മുന്നേറ്റങ്ങൾ നമ്മളോട് സംസാരിച്ചുകൊണ്ടിരിക്കുന്നു.
ഞാൻ സുരക്ഷിതമായ ഒരു കോട്ടക്കുള്ളിൽ ഇരിക്കുന്നു. ചില പശുക്കൾ അറുക്കപ്പെടുന്നു. ഇങ്ങനെ ഒരു സ്വപ്നം കണ്ടതായി തിരുനബിﷺ സ്വഹാബികളോട് പങ്കുവെച്ചു. ജാബിർ ബിൻ അബ്ദുല്ല(റ)യാണ് ഈ സ്വപ്നം നിവേദനം ചെയ്യുന്നത്. തിരുനബിﷺ സ്വപ്നത്തെ ഇങ്ങനെ വ്യാഖ്യാനിച്ചുവത്രേ. സുരക്ഷിതമായ കോട്ടയെ ഞാൻ വ്യാഖ്യാനിച്ചത് മദീന ആയിട്ടാണ്. മദീനയിൽ നിന്ന് നമുക്ക് ലഭിക്കുന്ന ആത്മനിർവൃതിയുടെയും സുരക്ഷിതത്വത്തിന്റെയും സൂചകമായിട്ടാണ് ഇതിനെ കാണേണ്ടത്. ഉഹ്ദിൽ സ്വഹാബികൾ കൊല്ലപ്പെടുന്നതിനെക്കുറിച്ചുള്ള സൂചനയായിരിക്കണം പശുക്കളെ അറുക്കപ്പെടുന്നതായി തിരുനബിﷺ കണ്ടത്.
അനസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഞാൻ നാട്ടിൻപുറത്ത് സഞ്ചരിക്കുന്നതായും, എന്റെ വാളിന്റെ പിടി പൊട്ടിയതായും ഞാൻ സ്വപ്നത്തിൽ കണ്ടു. അതിന്റെ വിശദീകരണം ഞാൻ ഇങ്ങനെയാണ് മനസ്സിലാക്കുന്നത്. ശത്രുക്കളുടെ നേതാവിനെ ഞാൻ വകവരുത്തും. എന്റെ കുടുംബത്തിൽ നിന്ന് ഒരാൾ കൊല്ലപ്പെടും.
ഇപ്രകാരമുള്ള പല സ്വപ്നങ്ങളും തിരുനബിﷺയുടെ മുന്നേറ്റങ്ങളുടെ വഴിയിലെ മുന്നറിയിപ്പുകൾ ആയിരുന്നു. ചിലപ്പോൾ ആശ്വാസവും പലപ്പോഴും കരുതലുമായിരുന്നു.
ബനുൽ ഹക്കം അഥവാ അമവികൾ നബിﷺയുടെ മിമ്പറിലേക്ക് ചാടി വീഴുന്നത് അവിടുന്ന് സ്വപ്നം കണ്ടു. തിരുനബിﷺ ദ്വേഷഭാവത്തിലാണ് അന്ന് ഉണർന്നു വന്നത്. എന്നിട്ട് ഇങ്ങനെ ചോദിച്ചു. എന്തിനാണ് ഈ ബനൂൽ ഹക്കം നമ്മുടെ മിമ്പറിലേക്ക് ചതിയന്മാര് ചാടി വീഴുന്നതുപോലെ ചാടി വീഴുന്നത്. ആശങ്കയോടെ ഈ ചോദ്യം ചോദിച്ച തിരുനബിﷺ അവിടുത്തെ ദേഹവിയോഗം വരെ ചിരിച്ചു കണ്ടിട്ടില്ല എന്നുകൂടി ഒരു നിവേദകൻ ചേർത്തു പറയുന്നുണ്ട്.
പ്രവാചകത്വത്തിന്റെ സന്ദേശങ്ങൾ സ്വീകരിക്കുന്ന മാർഗങ്ങളിൽ പ്രധാനപ്പെട്ടതാണ് സ്വപ്നം എന്നു കൂടി വരുമ്പോൾ പ്രവാചകന്മാരുടെ സ്വപ്നത്തെ സവിശേഷമായ മാനങ്ങളോടെയും യോഗ്യതയോടെയും മാത്രമേ വ്യാഖ്യാനിക്കാനും വിലയിരുത്താനും പറ്റൂ.
Tweet 845
തിരുനബിﷺയുടെ ഒരു സ്വപ്നം നമുക്ക് ഇങ്ങനെ വായിക്കാം. അബൂ ഉമാമ(റ)യിൽ നിന്ന് ത്വബ്റാനി(റ)യും ബൈഹഖി(റ)യും ഉദ്ധരിക്കുന്നു. ഒരിക്കൽ പ്രഭാത നിസ്കാരം കഴിഞ്ഞ് തിരുനബിﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു. അവിടുന്ന് പറഞ്ഞു തുടങ്ങി. ഞാൻ കണ്ട ഒരു സ്വപ്നം നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാം. സത്യസന്ധമായ ഒരു സ്വപ്നം. നിങ്ങൾക്ക് പിന്നീട് അത് ബോധ്യമാകും.
ജിബ്‌രീല്‍(അ) എന്റെ അടുക്കലേക്ക് വന്നു. എന്റെ കൈപിടിച്ച് എന്നെ കൂട്ടിക്കൊണ്ടുപോയി. ദുർഘടമായ ഉയർന്ന ഒരു പർവതത്തിന്റെ അടുത്തേക്ക് ആയിരുന്നു കൊണ്ടുപോയത്. ആ പർവ്വത ശിഖരത്തിലേക്ക് കയറാൻ എന്നോട് പറഞ്ഞു. പ്രയാസമാണെന്ന് പറഞ്ഞപ്പോൾ എളുപ്പമാക്കി തരാം എന്ന് എന്നോട് പ്രതികരിച്ചു. ഞാൻ ഓരോ ചുവടുകൾ വെക്കുമ്പോഴും ഓരോ പടവുകൾ ആയിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. അങ്ങനെ ഞങ്ങൾ പർവ്വത നിരപ്പിലേക്ക് എത്തി. വായ കീറപ്പെട്ട അവസ്ഥയിൽ കുറെ പുരുഷന്മാരെയും സ്ത്രീകളെയും അവിടെ കാണാൻ കഴിഞ്ഞു. ഞാൻ ജിബ്‌രീലി(അ)നോട് ചോദിച്ചു. ഇവർ ആരാണ്? വിവരമില്ലാത്ത കാര്യങ്ങൾ പറയുന്നവരായിരുന്നു എന്ന് അദ്ദേഹം മറുപടി പറഞ്ഞു.
വീണ്ടും ഞങ്ങൾ മുന്നോട്ട് നീങ്ങി. അതാ നിൽക്കുന്നു, നീണ്ട കണ്ണുകളും കാതുകളുമുള്ള കുറെ സ്ത്രീ പുരുഷന്മാർ. ഇവർ ആരാണെന്ന് ഞാൻ ചോദിച്ചു. കാണാൻ പാടില്ലാത്തത് കാണിച്ചു കൊടുക്കുന്നവരും കേൾക്കാൻ പാടില്ലാത്തത് കേൾപ്പിച്ചു കൊടുക്കുന്നവരുമായിരുന്നു അവർ എന്ന് ജിബ്‌രീല്‍(അ) വിശദീകരിച്ചു. പിന്നെയും മുന്നോട്ട് നീങ്ങിയപ്പോൾ അടുത്ത ഒരു രംഗം ദൃശ്യത്തിൽ വന്നു. കാലുകളിൽ തൂക്കി തലകീഴാക്കി ഇട്ടിരിക്കുന്ന കുറെ സ്ത്രീകൾ. അവരുടെ സ്തനങ്ങൾ പാമ്പുകൾ വന്നു കൊത്തുന്നുണ്ടായിരുന്നു. ഉടനെ ജിബ്‌രീല്‍(അ) വിശദീകരിച്ചു. മക്കൾക്ക് പാലൂട്ടാൻ കൂട്ടാക്കാത്തവരായിരുന്നു ഇവർ എന്ന്.
വീണ്ടും മുന്നോട്ടു പോയപ്പോൾ മറ്റൊരു കാഴ്ചയാണ് തെളിഞ്ഞത്. തലകീഴായി കാലിൽ തൂക്കിയിട്ടിരിക്കുന്ന കുറെ സ്ത്രീ പുരുഷന്മാർ. ചളിയും മണ്ണും നിറഞ്ഞ സ്ഥലത്തുള്ള കുറഞ്ഞ വെള്ളത്തിൽ നിന്ന് അവർ നക്കി കുടിക്കുന്നു. നോമ്പ് നോൽക്കുകയും സമയമാകുന്നതിന് മുമ്പ് മുറിക്കുകയും ചെയ്യുന്നവരായിരുന്നു ഇവർ എന്നായിരുന്നു ജിബ്‌രീല്‍(അ) ഇവരെക്കുറിച്ച് വിശദീകരിച്ചത്. പിന്നെയും മുന്നോട്ട് നീങ്ങിയപ്പോൾ വളരെ വികൃത മുഖമുള്ള മോശമായ വസ്ത്രം ധരിച്ച ഒരു സംഘം സ്ത്രീപുരുഷന്മാരെ ശ്രദ്ധയിൽപ്പെട്ടു. അവരുടെ ഭാഗത്തുനിന്ന് ടോയ്‌ലറ്റിൽ നിന്നും മറ്റും ഉണ്ടാകുന്നതുപോലെയുള്ള ദുർഗന്ധം വമിക്കുന്നുണ്ട്. ഇക്കൂട്ടർ വ്യഭിചാരികളായിരുന്നു എന്നാണ് ജിബ്‌രീല്‍(അ) ഇവരെക്കുറിച്ച് വിശദീകരണം നൽകിയത്.
വീണ്ടും ഞങ്ങൾ മുന്നോട്ടു നീങ്ങി. തടിച്ചുവീർത്ത് ദുർഗന്ധം വമിക്കുന്ന കുറേ മൃതശരീരങ്ങൾ. സത്യനിഷേധികളായി മരണപ്പെട്ടുപോയവരാണിവർ എന്ന് ജിബ്‌രീല്‍(അ) വിശദീകരണം നൽകി. പിന്നീട് ഞങ്ങൾ കുറെ നിലവിളികൾ കേൾക്കുകയും പുക കാണുകയും ചെയ്തു. ഇതാണ് ജഹന്നം അഥവാ നരകം എന്ന് ജിബ്‌രീൽ(അ) വിശദീകരിച്ചു. അങ്ങോട്ട് പോകേണ്ടതില്ല എന്ന് പറഞ്ഞ് ഒഴിവാക്കി വീണ്ടും മുന്നോട്ടു നീങ്ങി. അപ്പോഴതാ മരത്തണലിൽ ഉറങ്ങുന്ന കുറേ മനുഷ്യന്മാർ. വിശ്വാസികളായി മരണപ്പെട്ടുപോയ നല്ല മനുഷ്യന്മാരാണിത് എന്ന് ജിബ്‌രീല്‍(അ) പരിചയപ്പെടുത്തി. പ്രസന്നമുഖരായ കുറെ കുട്ടികളെയും അയൽവാസികളെയുമാണ് പിന്നീട് കണ്ടത്, നല്ല സുഗന്ധവും ലാവണ്യവുമുള്ള മുഖഭാവങ്ങളും. സിദ്ദീഖുകൾ ശുഹദാക്കൾ സജ്ജനങ്ങൾ എന്നിങ്ങനെ ഉള്ളവരാണ് ഇവർ എന്ന് അവരെയും പരിചയപ്പെടുത്തി.
കുറച്ചുകൂടി മുന്നോട്ടു പോയപ്പോൾ മൂന്നാളുകളെ കണ്ടുമുട്ടി. സ്വർഗ്ഗീയ മദ്യം പാനം ചെയ്യുകയും കളിക്കുകയും ആനന്ദിക്കുകയും ഒക്കെ ചെയ്യുന്നു. സൈദ്(റ), അബ്ദുള്ളാഹിബ്നു റവാഹ(റ), ജഅ്ഫർ ബിൻ അബീ ത്വാലിബ്(റ) എന്നിവരാണ്. ഞാൻ അവർക്ക് അഭിമുഖമായി നിന്നു. “ഖുദ് നാ ലക്” ഞങ്ങൾ അവിടുത്തേക്ക് വേണ്ടി നയിച്ചു എന്നർഥമുള്ള പ്രയോഗം അവർ നടത്തി. തിരുനബിﷺ തുടരുന്നു. ഞാൻ പിന്നീട് ശിരസ്സൊന്ന് ഉയർത്തി. അപ്പോഴതാ അർശിന്റെ താഴെ മൂന്നാളുകൾ നിൽക്കുന്നു. ഞാൻ ചോദിച്ചു. ഇതെന്താണ്? ഇബ്രാഹീം(അ), മൂസാ(അ), ഈസാ(അ) എന്നീ പ്രവാചകന്മാരാണ് അവർ. അവർ തങ്ങളെ കാത്തു നിൽക്കുകയാണ്. ജിബ്‌രീല്‍(അ) പ്രതികരിച്ചു. അവരുടെ എല്ലാവരുടെയും പേരിൽ അല്ലാഹുവിന്റെ രക്ഷാ കടാക്ഷങ്ങൾ വർഷിക്കുമാറാകട്ടെ!
Tweet 846
ഇബ്നു അദിയ്യ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. സ്വപ്നത്തിൽ എന്നെ ദർശിച്ചവൻ നരകത്തിൽ പ്രവേശിക്കുകയില്ല.
അബൂ മിജ്ലസിന്റെ(റ) ഒരു നിവേദനം ഇങ്ങനെയുണ്ട്. ഒരാൾ തിരുനബിﷺയുടെ സന്നിധിയിൽ വന്നു പറഞ്ഞു. ഞാൻ എന്റെ തന്നെ ശിരസ്സ് മുറിക്കപ്പെട്ടതായി സ്വപ്നം കണ്ടു. എന്നിട്ട് ഞാൻ ആ ശിരസ്സിലേക്ക് നോക്കി നിൽക്കുന്നതും. നബിﷺ ചിരിച്ചുകൊണ്ട് ചോദിച്ചു. നിന്റെ ശിരസ്സ് മുറിക്കപ്പെട്ടു എങ്കിൽ പിന്നെ ഏത് കണ്ണു കൊണ്ടാണ് നിന്റെ ശിരസ്സിലേക്ക് നീ നോക്കിയത്? പിന്നീട് അധികകാലം കഴിഞ്ഞില്ല. തിരുനബിﷺ ലോകത്തോട് വിടപറഞ്ഞു. സ്വഹാബികൾ ഈ സ്വപ്നത്തെ വ്യാഖ്യാനിച്ചത് തിരുനബിﷺയുടെ വിയോഗവും കണ്ടയാൾ തിരുചര്യകൾ പിൻപറ്റും എന്നുമാണ്.
അബൂബക്കർ(റ) പറയുന്നു. നല്ല സ്വപ്നങ്ങളും അതിനെക്കുറിച്ച് ചോദിക്കുന്നതും തിരുനബിﷺ തങ്ങൾക്ക് വലിയ താല്പര്യമായിരുന്നു. ഒരിക്കൽ ഒരാൾ തിരുനബിﷺയോട് ചോദിച്ചു. വാനലോകത്ത് നിന്ന് ഒരു തുലാസ്സ് താഴേക്ക് തൂക്കിയിട്ടിരിക്കുന്നത് കണ്ടു. അതിന്റെ ഒരു തട്ടിൽ തിരുനബിﷺയും മറുതട്ടിൽ അബൂബക്കർ സിദ്ദീഖും(റ) ഇരിക്കുന്നു. തിരുനബിﷺയുടെ ഭാഗം മികച്ചുനിൽക്കുന്നു. പിന്നീട് അബൂബക്കറി(റ)നെയും ഉമറി(റ)നെയും തൂക്കി. അബൂബക്കറി(റ)ന്റെ ഭാഗം മികച്ചു നിന്നു. പിന്നെ ഉമറി(റ)നെയും ഉസ്മാനെ(റ)യും തൂക്കി. അപ്പോൾ ഉമറി(റ)ന്റെ ഭാഗം ഭാരം തൂങ്ങി. ശേഷം തുലാസ് ആകാശത്തേക്ക് ഉയർത്തപ്പെട്ടു. അതു കേട്ടപ്പോൾ തിരുനബിﷺയുടെ മുഖത്ത് വിഷമം പ്രകടമായി. അവിടുന്ന് ഇങ്ങനെ പറഞ്ഞു. പ്രവാചകരുﷺടെ പ്രതിനിധികളായ ഖലീഫമാരുടെ കാലം. പിന്നീട് നിശ്ചയിക്കപ്പെടുന്നവർ രാജാക്കന്മാരായി വരും.
തിരുനബിﷺയുടെയും നാല് ഖലീഫമാരുടെയും കാലം, പ്രവാചകത്വ കാലവും തുടർന്നുള്ള പ്രതിനിധികളുടെ ഭരണകാലവുമാണ്. അതോടെ അടിസ്ഥാനപരമായ ഖിലാഫത്ത് അവസാനിക്കും. പിന്നീട് രാജഭരണത്തിലേക്കായിരിക്കുമെത്തുക. ഈ സൂചനകൾ മുന്നിൽ വച്ചുകൊണ്ടാണ് തിരുനബിﷺയുടെ മുഖത്ത് ഭാവമാറ്റങ്ങളുണ്ടായത്. ഇസ്ലാമിക ചരിത്രത്തിലെ ഏറ്റവും നല്ല കാലമാണല്ലോ തിരുനബിﷺയുടേതും തുടർന്നുള്ള ഖലീഫമാരുടേതും.
കേവലം ചില കാഴ്ചകൾ എന്നതിനപ്പുറം ആശയങ്ങളും വിവരങ്ങളും പകർന്നു തരുന്നതായിരുന്നു സ്വപ്നങ്ങൾ എന്ന ഒരു വിശദീകരണം കൂടി ഇവിടെയുണ്ട്. മറ്റാരുടെയും സ്വപ്നവ്യാഖ്യാനം പോലെയല്ല പ്രവാചകന്മാരുടെ സ്വപ്ന വ്യാഖ്യാനം. കണ്ടത് സ്വഹാബിയാണെങ്കിലും തിരുനബിﷺ അതിന്റെ വിശദാംശങ്ങൾ നൽകുകയും പൊരുൾ വിശദീകരിക്കുകയും ചെയ്യുമ്പോൾ അതിന്റെ സ്വീകാര്യതയും പ്രാമാണികതയും വർദ്ധിക്കുന്നു. പ്രവാചകന്മാരുടെ വ്യാഖ്യാനങ്ങൾ കേവലമായ നിഗമനങ്ങളോ സങ്കല്പങ്ങളോ ആയിരിക്കില്ല. ഏറ്റവും ആധികാരികമായ സ്രോതത്തിൽ നിന്നുള്ള അവസാനവാക്കായിരിക്കും. തിരുനബിﷺകാണുകയും വിശദീകരണങ്ങൾ അറിയിക്കുകയും ചെയ്ത സ്വപ്നങ്ങൾ പോലെ, സ്വഹാബികൾ കണ്ട സ്വപ്നങ്ങൾക്ക് തിരുനബിﷺ വിശദീകരണം നൽകുമ്പോൾ പിന്നെ നമുക്ക് ആശങ്കയുടെയോ നിഗമനങ്ങളുടെയോ ആവശ്യമില്ല.
ചിലപ്പോൾ സ്വപ്നത്തിൽ കണ്ട അതേ ചിത്രം തന്നെ നേരെ മനസ്സിലാക്കേണ്ടതായിരിക്കും. മറ്റു ചിലപ്പോൾ കണ്ട ചിത്രത്തിൽ നിന്നും വ്യത്യസ്തമായ വിശദാംശങ്ങൾ ആയിരിക്കും വായിക്കേണ്ടി വരിക. സാധാരണക്കാർ സ്വപ്നത്തെ സമീപിക്കുമ്പോൾ, വ്യാഖ്യാനിക്കപ്പെടേണ്ടത്, നേരെ ചൊവ്വേ തന്നെ മനസ്സിലാക്കേണ്ടത് ഏത്? എന്നതിൽ കൃത്യത വന്നുകൊള്ളണമെന്നില്ല. അതുകൊണ്ടുതന്നെ ഏറെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും പങ്കുവെക്കേണ്ടതാണ് സ്വപ്നങ്ങളും കാഴ്ചകളും. ഒരു നീണ്ട സ്വപ്നവും അതിന്റെ വ്യാഖ്യാനവും തിരുനബിﷺ നമ്മളോട് പങ്കുവെക്കുന്നു. അതാണ് നാം തുടർന്നു വായിക്കുന്നത്.
Tweet 847
സമുറത് ബിൻ ജുൻദുബി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. ഒരു ദിവസം രാവിലെ തിരുനബിﷺ ഞങ്ങളോട് പറഞ്ഞു. ഇന്നലെ രാത്രി എന്റെ അടുക്കൽ രണ്ടുപേർ വന്നു. എന്നോട് പറഞ്ഞു. നമുക്ക് പോകാം. അങ്ങനെ ഞങ്ങൾ മൂന്നു പേരും കൂടി സഞ്ചരിക്കാൻ തുടങ്ങി.
കിടക്കുന്ന ഒരാളുടെ അടുക്കലേക്കാണ് ആദ്യം എത്തിയത്. അയാളുടെ അടുക്കൽ ഒരു പാറക്കഷ്ണവും ചുമന്ന് ഒരാൾ നിൽക്കുന്നു. ആ പാറക്കഷ്ണം കൊണ്ട് കിടക്കുന്ന ആളുടെ തലയിൽ അടിക്കുകയും ശരീരം മുഴുവനും ഉരുട്ടുകയും ചെയ്യുന്നു. അടുത്ത പ്രാവശ്യം കല്ലെടുക്കാൻ വേണ്ടി പോയി വരുമ്പോഴേക്കും കിടന്നയാൾ പൂർവാവസ്ഥ പ്രാപിക്കുന്നു. വീണ്ടും പഴയതുപോലെ ഉപയോഗിച്ചുകൊണ്ട് കിടക്കുന്നയാളെ നിൽക്കുന്ന ആൾ പരിക്കേൽപ്പിക്കുന്നു. ഇതെന്താണ് എന്ന് ഞാൻ എന്നോടൊപ്പമുള്ള രണ്ടാളുകളോട് ചോദിച്ചു. നമുക്ക് മുന്നോട്ടുപോകാം എന്ന് മാത്രം മറുപടി പറയുകയും ഞങ്ങൾ മുന്നോട്ടു നീങ്ങുകയും ചെയ്തു.
അതാ ഒരാൾ മലർന്നു കിടക്കുന്നു. അയാളുടെ അടുക്കൽ ഇരുമ്പിന്റെ ചുറ്റികയുമായി മറ്റൊരാൾ നിൽക്കുന്നു. നിൽക്കുന്നയാൾ കിടക്കുന്ന ആളുടെ മുഖത്തിന്റെ ഒരു ഭാഗത്തേക്ക് ചെല്ലുന്നു. മൂക്കും കവിളുകളും കീറി പിരടിയുടെ ഭാഗത്തേക്ക് ഉയർത്തുന്നു. അതിനുശേഷം മുഖത്തിന്റെ അടുത്ത ഭാഗത്തേക്ക് പോയി ഇതുപോലെ തന്നെ ചെയ്യുന്നു. അപ്പോഴേക്കും ആദ്യഭാഗം പൂർവ്വാവസ്ഥയിലേക്ക് എത്തുന്നു. ഇങ്ങനെ ആവർത്തിച്ചു കൊണ്ടേയിരിക്കുന്നു. ഇത് കണ്ടപ്പോൾ സുബ്ഹാനള്ളാഹ്! ആശ്ചര്യത്തോടെ ഞാൻ ചോദിച്ചു. എന്താണിത്? നമുക്ക് മുന്നോട്ടു പോകാം എന്ന് മാത്രം എന്നോടൊപ്പമുള്ളവർ പറഞ്ഞു.
ഞങ്ങൾ വീണ്ടും മുന്നോട്ടു പോയി. അതാ ഒരു അടുപ്പിന്റെ അടുക്കൽ എത്തി. അതിന്റെ ഉള്ളിൽ നിന്ന് ശക്തമായ ശബ്ദം കേൾക്കുന്നു. ഞങ്ങൾ അതിലേക്ക് നോക്കിയപ്പോൾ നഗ്നരായ കുറെ സ്ത്രീ പുരുഷന്മാർ. അവരുടെ താഴ്ഭാഗത്തുനിന്ന് അഗ്നി ജ്വാലകൾ ഉയർന്നുവരുന്നു. ഞാൻ ചോദിച്ചു. ഇതെന്താണ്? മുന്നോട്ടു പോകാം മുന്നോട്ടു പോകാം എന്ന് മാത്രം മറുപടി പറഞ്ഞു. പിന്നീട് ഞങ്ങൾ എത്തിച്ചേർന്നത് ഒരു രക്തപ്പുഴയുടെ ചാരെ. ഒരാൾ ആ പുഴയിൽ നീന്തുന്നുണ്ട്. നദിയുടെ കരയിൽ മറ്റൊരാൾ കല്ലുകൾ ശേഖരിച്ചു കൊണ്ടിരിക്കുന്നു. നീന്തുന്നയാൾ കരയിലേക്ക് അടുക്കുമ്പോൾ കല്ല് ശേഖരിച്ചുകൊണ്ടിരുന്നയാൾ പുഴയിലുള്ള ആളുടെ വായിലേക്ക് കല്ലിട്ടുകൊടുക്കുന്നു. അതോടെ വീണ്ടും അയാൾ പുഴയുടെ ഉള്ളിലേക്ക് പോകുന്നു. ഇതിങ്ങനെ തുടർന്നു കൊണ്ടേയിരുന്നു. ഞാൻ ചോദിച്ചു. ഇവർ രണ്ടുപേരും ആരാണ്? പോകാം പോകാം എന്ന് മാത്രമായിരുന്നു മറുപടി.
പിന്നീട് ഞങ്ങൾ എത്തിച്ചേർന്നത് വിരൂപിയായ ഒരു മനുഷ്യന്റെ അടുക്കലേക്ക്. ഇത്രമേൽ വിരൂപമായ ഒരു ഭാവം ഒരു മനുഷ്യനിലും ഇന്നുവരെ കണ്ടിട്ടില്ല. അയാളുടെ അടുക്കൽ ഒരഗ്നികുണ്ഡം ഉണ്ട്. അയാൾ വീണ്ടും വീണ്ടും അത് ഊതി കത്തിച്ചു കൊണ്ടിരിക്കുന്നു. അതോടൊപ്പം ചുറ്റും ഓടിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. ഞാൻ ചോദിച്ചു. ഇതാരാണ്? പോകാം എന്ന് തന്നെയായിരുന്നു ഇപ്പോഴും മറുപടി. ഞങ്ങൾ വീണ്ടും മുന്നോട്ട് നീങ്ങി.
പിന്നീട് ഞങ്ങൾ എത്തിച്ചേർന്നത് ഹരിതാഭമായ ഒരു ഉദ്യാനത്തിലേക്കായിരുന്നു. നല്ല വെളിച്ചവും തെളിച്ചവുമുള്ള സ്ഥലം. തോട്ടത്തിന്റെ മുമ്പിൽ ദീർഘകായനായ ഒരാൾ നിൽക്കുന്നു. ആകാശത്തേക്ക് ഉയർന്നു നിൽക്കുന്നതിനാൽ അദ്ദേഹത്തിന്റെ മുഖം കാണാൻ കഴിയുന്നില്ല. അദ്ദേഹത്തിന്റെ ചുറ്റും കുറെ കുട്ടികൾ കളിക്കുന്നുണ്ട്. ഇത്രയും എണ്ണം കുട്ടികളെ ഒരിക്കലും ഞാൻ കണ്ടിട്ടില്ല. അപ്പോഴും ഒപ്പമുള്ളവർ പറഞ്ഞു നമുക്ക് മുന്നോട്ടു പോകാം. വീണ്ടും ഞങ്ങൾ എത്തിയത് ഒരു ഉദ്യാനത്തിലേക്ക് തന്നെ. ഇത്രയും വിശാലമായ ഒരു തോട്ടം ഒരിക്കലും ഞാൻ കണ്ടിട്ടില്ല. എന്റെ ഒപ്പമുള്ളവർ എന്നോട് അതിലേക്ക് കയറാൻ ആവശ്യപ്പെട്ടു. ആ വിശാലമായ തോട്ടത്തിലേക്ക് അങ്ങനെ ഞങ്ങൾ പ്രവേശിച്ചു.
Tweet 848
സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇഷ്ടികകൾ കൊണ്ട് നിർമ്മിച്ച ഒരു പട്ടണം. അതിന്റെ കവാടത്തിലേക്ക് ഞങ്ങൾ എത്തിയപ്പോൾ ഞങ്ങൾക്ക് വേണ്ടി തുറക്കപ്പെടുകയും ഞങ്ങളെ അവിടെ സ്വീകരിക്കുകയും ചെയ്തു. പട്ടണത്തിലെ ഒരു ഭാഗത്തുള്ള മുഴുവൻ മനുഷ്യരും നല്ല ആകർഷണീയതയും സൗന്ദര്യവും ഉള്ളവർ. മറുഭാഗത്തുള്ള ആളുകളോ തീർത്തും വിരൂപ ഭാവമുള്ളവരും കണ്ടാൽ അറപ്പുളവാക്കുന്നവരും. എന്നോടൊപ്പമുള്ള രണ്ട് ആളുകൾ അവരെ സമീപിച്ചു കൊണ്ട് പറഞ്ഞു. നിങ്ങൾ ആ പുഴയിൽ പോയി ഒന്നു മുങ്ങി വരൂ.
അപ്പോഴാണ് ശ്രദ്ധിക്കുന്നത് വിശാലമായ ഒരു പുഴ ഒഴുകുന്നുണ്ട്. അതിലെ വെള്ളമാണെങ്കിലോ വെള്ളനിറത്തിൽ തെളിഞ്ഞൊഴുകുന്നത്. അതിൽ പോയി മുങ്ങി വന്നപ്പോഴേക്കും നേരത്തെ വിരൂപ ഭാവമുള്ളവരൊക്കെ എല്ലാ ന്യൂനതകളും മാറി സുന്ദരന്മാരായി. ഇത്രയുമായപ്പോഴേക്കും എന്നോടൊപ്പമുള്ള രണ്ടുപേർ എന്നോട് പറഞ്ഞു. ഇതാണ് ഏദൻ തോട്ടം അഥവാ സ്വർഗ്ഗ ഉദ്യാനം. അതാ കാണുന്നതാണ് അവിടുത്തെ ഭവനം. അപ്പോൾ തിരുനബിﷺ കണ്ണുകൾ ഉയർത്തിയൊന്ന് നോക്കിയപ്പോൾ വെളുത്ത മേഘം പോലെ ഒരു കൊട്ടാരം അവിടെ നിലകൊള്ളുന്നു. അപ്പോൾ ഞാൻ അവരോട് പറഞ്ഞു. നിങ്ങൾക്ക് രണ്ടുപേർക്കും അല്ലാഹു അനുഗ്രഹം ചൊരിഞ്ഞു തരട്ടെ! ഞാനെന്റെ ഭവനത്തിൽ ഒന്ന് കയറിയിട്ട് വന്നാലോ? അപ്പോൾ അവർ ഇങ്ങനെ പറഞ്ഞു. ഇപ്പോൾ അതിലേക്ക് കടക്കാൻ ആയിട്ടില്ല. അത് അവിടുത്തേക്ക് വേണ്ടി ഒരുക്കി വെച്ചിരിക്കുന്നത് തന്നെയാണ്.
അപ്പോൾ ഞാൻ ഇങ്ങനെ തുടർന്നു. രാത്രിയിൽ നമ്മൾ കുറെ അത്ഭുതങ്ങൾ കണ്ടല്ലോ. അതിന്റെയൊക്കെ നിജസ്ഥിതി എന്താണ്? അവർ ഓരോന്നും ഇങ്ങനെ പറയാൻ തുടങ്ങി. ആദ്യം നമ്മൾ കണ്ട ആ രംഗം. ഒരാളുടെ തല മറ്റൊരാൾ കല്ലുകൊണ്ട് തല്ലിപ്പൊളിക്കുന്നത്. ഖുർആൻ എടുക്കുകയും അതിനെ നിരസിക്കുകയും ചെയ്ത ആൾ അനുഭവിച്ചു കൊണ്ടിരിക്കുന്നതാണ്. അയാൾ നിർബന്ധമായ നിസ്കാരങ്ങൾ പോലും നിർവഹിച്ചിരുന്നില്ല. അന്ത്യനാൾ വരെ അയാൾ ഈ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കും. പ്രഭാതത്തിൽ തന്നെ വീട്ടിൽ നിന്ന് ഇറങ്ങുകയും കളവു പറയുകയും ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്ത ആൾക്കുള്ള ശിക്ഷയാണ് വായും നാസദ്വാരവും കീറി വലിച്ചുകൂട്ടപ്പെട്ട വിധത്തിൽ കണ്ട രണ്ടാമത്തെ രംഗം. ആ ശിക്ഷയും അന്ത്യനാൾ വരെ തുടരും.
അടുപ്പുകളിൽ തിളച്ച നഗ്നരായ സ്ത്രീപുരുഷന്മാരെ കണ്ടുവല്ലോ! അവർ വ്യഭിചാരികളും വ്യഭിചാരണികളുമാണ്. ചോര പുഴയിൽ നീന്തി കല്ല് വായിൽ സ്വീകരിച്ചു കൊണ്ടിരിക്കുന്ന ആളെ കണ്ടല്ലോ! അയാൾ പലിശ ഭക്ഷിക്കുന്ന ആളായിരുന്നു. അതിനുള്ള ശിക്ഷയാണ് അയാൾ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. പിന്നീട് നമ്മൾ വിരൂപിയായ ഒരാളെ കണ്ടുവല്ലോ, ദുർഗന്ധം വമിച്ചുകൊണ്ടിരിക്കുന്ന ആ വ്യക്തി, അതാണ് നരകത്തിന്റെ കാവൽക്കാരനായ മാലിക്(അ). പിന്നീട് നമ്മൾ ഒരു ഉദ്യാനത്തിൽ അതികായനായ ഒരു മനുഷ്യനെ കണ്ടുവല്ലോ, അതാണ് അല്ലാഹുവിന്റെ ഖലീൽ ഇബ്രാഹിം നബി(അ). നാം ആ പട്ടണത്തിൽ കണ്ട രൂപഭേദമുള്ള ആളുകൾ സൽകർമ്മങ്ങളും ദുഷ്കർമ്മങ്ങളും സമ്മിശ്രമായി ഉള്ളവരാണ്. അത്തരം ആളുകൾക്ക് അല്ലാഹു വിട്ടുവീഴ്ച നൽകിയതിന്റെ ദൃശ്യമാണ് അവർ കുളിച്ചു വരാൻ വേണ്ടി പറഞ്ഞത്.
ഇത്രയും വിശദീകരണങ്ങൾക്ക് ശേഷം എന്നോടൊപ്പമുള്ളവർ പറഞ്ഞു ഞാൻ ജിബ്‌രീൽ(അ) എന്നോടൊപ്പം ഉള്ളത് മീകാഈൽ(അ).
തിരുനബിﷺയുടെ ഒരു സ്വപ്നദർശനവും സഞ്ചാരവുമാണ് ഇവിടെ വിശദീകരിച്ചത്. പ്രവാചകന്മാരുടെ സ്വപ്നങ്ങൾ പ്രമാണങ്ങളാണ്. കഴിഞ്ഞുപോയ ഓരോ രംഗങ്ങളും അതിന്റെ വിശദീകരണവും ലോകത്തിനു നൽകുന്ന ആത്മീയ പാഠങ്ങളാണ്. അരുതായ്മകളിൽ നിന്ന് വിട്ടു നിൽക്കാനും നന്മയിൽ മുന്നോട്ടു പോകാനുമുള്ള മനോഹരമായ ആഖ്യാനങ്ങൾ കൂടിയാണിത്.
Tweet 849
തിരുനബിﷺ ഉപയോഗിച്ച വസ്ത്രങ്ങളും അവിടുത്തെ വസ്ത്രധാരണ രീതിയും സംബന്ധിച്ച ലളിതമായ ഒരു വായനയാണ് ഇനി നാം നിർവഹിക്കുന്നത്. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം തിർമിദി(റ)യും നസാഇ(റ)യും ഉദ്ധരിക്കുന്നു. നബിﷺ ഖമീസ് ധരിക്കാൻ ഉദ്ദേശിച്ചാൽ വലതുഭാഗം കൊണ്ട് ആരംഭിക്കുമായിരുന്നു.
വലതിനെ മുന്തിക്കുക എന്നത് നബി ജീവിതത്തിൽ സുപ്രധാനമായ ഒരു രീതിയായിരുന്നു എന്ന് നാം പലപ്രാവശ്യം വായിച്ചു കഴിഞ്ഞു. വസ്ത്രം ധരിക്കുമ്പോഴും വലതു കൈ ആദ്യം ഖമീസിലേക്ക് പ്രവേശിപ്പിക്കുകയും വലതുഭാഗം കൊണ്ട് തുടങ്ങുകയും ചെയ്യുന്നത് അതിന്റെ കൂടി ഭാഗമാണ്.
തിരുനബിﷺ പുതുവസ്ത്രം ധരിക്കുകയാണെങ്കിൽ വെള്ളിയാഴ്ച ആയിരിക്കും അതിനു തെരഞ്ഞെടുക്കുക. അനസ് ബിൻ മാലിക്(റ) പറഞ്ഞതായി ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു.
അലിയ്യി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) അബൂ യഅ്ല(റ)യും നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. തിരുനബിﷺ വസ്ത്രം ധരിക്കുന്ന സമയത്ത് ഇപ്രകാരം പറയാറുണ്ടായിരുന്നു. “അൽഹംദുലില്ലാഹി അല്ലദീ റസഖനീ മിനറയ്യാശി മാ അതാജമ്മലു ബിഹി അന്നാസ് വ ഉവാരീ ബിഹി ഔറതീ….” (ജനങ്ങൾക്കിടയിൽ ഭംഗിയായി രംഗപ്രവേശനം ചെയ്യാനുള്ള വസ്ത്രം ധരിക്കാനും മാന്യത മറക്കാനും അനുഗ്രഹം ചെയ്ത അല്ലാഹുവേ നിനക്കാണ് സർവ്വസ്തുതിയും.) ഈ പ്രാർഥന പുതിയ വസ്ത്രം ധരിക്കുമ്പോഴായിരുന്നു ചൊല്ലിയത് എന്നാണ് മറ്റൊരു നിവേദനത്തിലുള്ളത്.
ജാബിർ(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. തിരുനബിﷺ പുതുവസ്ത്രമണിഞ്ഞാൽ സവിശേഷമായ ഒരു പ്രാർഥന ചൊല്ലുമായിരുന്നു. ആശയം ഇപ്രകാരമാണ്. എന്റെ മാനം മറക്കാനും അടിമകൾക്കിടയിൽ ഭംഗിയാവാനും പറ്റുന്ന വസ്ത്രം തന്നവനെ, നിനക്കാകുന്നു സർവ്വ സ്തുതിയും.
ഇമാം അഹ്മദും(റ) നസാഇ(റ)യും ഉദ്ധരിക്കുന്നു. ഒരു ദിവസം കഴുകി വൃത്തിയാക്കിയ വെള്ള വസ്ത്രവും അണിഞ്ഞ് ഉമർ(റ) കടന്നുവന്നു. ദൃഷ്ടിയിൽപ്പെട്ട ഉടനെ നബിﷺ ചോദിച്ചു. അല്ല ഉമറേ(റ), ഇത് പുതിയ വസ്ത്രമാണോ? അതല്ല, കഴുകിയ വസ്ത്രമാണോ? അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, ഇത് പുതിയതല്ല കഴുകി വൃത്തിയാക്കിയതാണ്. അപ്പോൾ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. സ്തുത്യർഹമായി ജീവിക്കുക, പുതുവസ്ത്രങ്ങൾ ധരിക്കുക, ശഹീദായി ഈ ലോകത്തോട് വിട പറയുക. അല്ലാഹു ഇരുലോകത്തും നിങ്ങൾക്ക് ആനന്ദം പ്രദാനം ചെയ്യട്ടെ!
തിരുനബിﷺക്ക് എപ്പോഴും വൃത്തിയും വെടിപ്പും വലിയ താല്പര്യമായിരുന്നു. അത് പ്രോത്സാഹിപ്പിക്കുകയും ജീവിതത്തിൽ പുലർത്തുകയും ചെയ്തു. ഇസ്ലാമിന്റെ ചിട്ടയും മനോഗതിയും ഒരാളിലുണ്ടായാൽ പൂർണ്ണമായ ജീവിതവും സന്തോഷകരമായ വിയോഗവും ലഭിക്കും. അത് ഈ ലോകത്തും പരലോകത്തും ജയിക്കാൻ നിമിത്തമാവുകയും ചെയ്യും. വ്യത്യസ്ത സന്ദർഭങ്ങളോട് ചേർത്തുവച്ചുകൊണ്ടാണ് തിരുനബിﷺ ഈ സന്ദേശം കൈമാറിയത്. ഇവിടെ ഉമറി(റ)ന്റെ വസ്ത്രധാരണത്തിൽ ചൂണ്ടി കൊണ്ടായിരുന്നു ഹൃദയഹാരിയും അർത്ഥപൂർണ്ണവുമായ ഈ സന്ദേശം പകർന്നു നൽകിയത്. ഉമറി(റ)നെ അത് സ്വാധീനിക്കുകയും പിൽക്കാല ജീവിതത്തിൽ അത് പുലരുകയും ചെയ്തു എന്നാണ് ചരിത്രം നമ്മോട് പങ്കുവെക്കുന്നത്.
എന്തിനെയും ഏതിനെയും അല്ലാഹുവിന്റെ അനുഗ്രഹത്തോട് ചേർത്തു വെക്കണമെന്നു ഒഴിച്ചുകൂടാത്ത ഒരു വ്രതം പോലെ തിരുനബിﷺ പുലർത്തിയിരുന്നു. അതുകൊണ്ടാണ് വസ്ത്രം അണിയുമ്പോഴും പുതുവസ്ത്രം ലഭിക്കുമ്പോഴും അന്നപാനാദികൾക്ക് ശേഷവും അല്ലാഹുവിനെ സ്തുതിക്കുന്ന പ്രത്യേകമായ വാചകം അൽഹംദുലില്ലാഹ് പതിവാക്കണമെന്ന് തിരുനബിﷺ പഠിപ്പിച്ചത്. അനുഗ്രഹങ്ങളെ അനുഗ്രഹങ്ങളായി കാണാനും അത് നമുക്ക് ഔദാര്യം ചെയ്ത അല്ലാഹുവിനെ സ്തുതിക്കാനും നിരന്തരമായ വികാരം ഓരോ വിശ്വാസിയിലുമുണ്ടാകണം.
Tweet 850
തിരുനബിﷺയുടെ അര മുണ്ടിനെ കുറിച്ചുള്ള വർത്തമാനമാണ് നാം വായിക്കുന്നത്. പ്രമുഖ സ്വഹാബി ഇക്’രിമ(റ) പറയുന്നു. മഹാനായ ഇബ്നു അബ്ബാസി((റ)ന്റെ ഉടുമുണ്ട് ഞാൻ ശ്രദ്ധിച്ചു. അതിന്റെ താഴെയറ്റം പാദത്തിന്റെ മേൽ സ്പർശിക്കുന്നു. അരയിൽ പിൻഭാഗത്ത് തുണിയുടെ രണ്ട് തലകളും ചേർത്ത് കെട്ടിയിട്ടുമുണ്ട്. ഞാൻ ചോദിച്ചു. നിങ്ങൾ എന്താണ് ഇങ്ങനെ തുണി ഉടുക്കുന്നത്? തിരുനബിﷺ ഇപ്രകാരമാണ് അരമുണ്ട് ഉടുത്തിരുന്നത്. ഇബ്നു അബ്ബാസ്(റ) മറുപടി പറഞ്ഞു.
ഉമ്മുൽ ഹുസൈൻ അൽ അഹ്‌മസിയ്യ(റ) എന്ന സ്വഹാബിയിൽ നിന്ന് അബൂബക്കർ ബിൻ ഖൈസമ(റ) നിവേദനം ചെയ്യുന്നു. വിടവാങ്ങൽ ഹജ്ജ് വേളയിൽ ഒരു പുതപ്പുകൊണ്ട് തിരുനബിﷺ ശരീരം മറച്ചതായി ഞാൻ കണ്ടു. അവിടുത്തെ കക്ഷത്തിന്റെ താഴത്തുകൂടി ചുറ്റിയായിരുന്നു ശരീരം മൂടിയിരുന്നത്.
തിരുനബിﷺയുടെ അരയുടുപ്പ് മുട്ടിനും നെരിയാണിക്കും ഇടയിൽ വരെ ഉണ്ടായിരുന്നു എന്ന് ഉമർ(റ) പറയുന്ന നിവേദനം ഇമാം നസാഇ(റ) ഉദ്ധരിക്കുന്നുണ്ട്.
തിരുനബിﷺ ഒരൊറ്റ വസ്ത്രത്തിൽ ചുറ്റി ശരീരം മറച്ചുകൊണ്ട് ഞങ്ങൾക്ക് ഇമാമായി നിസ്കരിക്കാൻ നിന്നു എന്ന് അബൂഹുറൈറ(റ) പറയുന്ന അനുഭവം ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നുണ്ട്. ആ വസ്ത്രത്തിന്റെ അഗ്രങ്ങൾ കൃത്യമായി ചേർത്തുകെട്ടാൻ സാധിക്കുമായിരുന്നില്ല.
ഉമ്മുൽ ഫള്ൽ ബിൻത് ഹാരിസ്(റ) നിവേദനം ചെയ്യുന്ന ഹദീസിലും തിരുനബിﷺ ഒരു ചേല ചുറ്റി അതിൽ നിസ്കരിച്ച രംഗം പറയുന്നുണ്ട്.
പ്രിയ പത്നി ആഇശ(റ) പറയുന്നു. തിരുനബിﷺ ആരെയും ആക്ഷേപിക്കുമായിരുന്നില്ല. അവിടുത്തേക്ക് വേണ്ടി ആരും വസ്ത്രം മടക്കി കൊടുക്കാറുമുണ്ടായിരുന്നില്ല.
തിരുനബിﷺയുടെ വസ്ത്രധാരണം എങ്ങനെയായിരുന്നു എന്നതിൽ വിശ്വാസികൾക്കും നബിﷺയെ അനുഗമിക്കുന്നവർക്കും ഒരുപാട് മാതൃകകൾ ഉണ്ട്. ലളിതമായ വസ്ത്രധാരണമായിരുന്നു അവിടുന്ന് സ്വീകരിച്ചത്. പുരുഷന്മാർ പട്ടുവസ്ത്രം ധരിക്കരുതെന്നും അത് നിഷിദ്ധമാണെന്നും അവിടുന്ന് പഠിപ്പിച്ചു. ഏതു വസ്ത്രം ധരിക്കുമ്പോഴും അല്ലാഹു തന്ന അനുഗ്രഹത്തെക്കുറിച്ചുള്ള വിചാരം ഉണ്ടാകണം. ഏതുകാലത്തും ഉടുവസ്ത്രത്തിന് മറുവസ്ത്രം ഇല്ലാത്ത എത്രയോ ആളുകളുണ്ടാകും. നഗ്നത മറക്കാൻ മാത്രം വസ്ത്രം ലഭിക്കുന്നു എന്നത് വലിയ അനുഗ്രഹമായിട്ടാണ് പ്രവാചകൻﷺ പരിചയപ്പെടുത്തിയത്. വസ്ത്രധാരണത്തിന്റെ പേരിൽപോലും അഹംഭാവം ഉണ്ടാകരുതെന്നും അത് അല്ലാഹുവിനെ മറക്കുന്ന വിചാരങ്ങളിലേക്ക് എത്തിക്കുമെന്നും പ്രവാചകൻﷺ ഉൽബോധിപ്പിച്ചു. അഹംഭാവത്തോടെയും ആഢ്യത്വം പ്രകടിപ്പിച്ചും നെരിയാണിക്ക് താഴെ വസ്ത്രം വലിച്ചിഴക്കുന്നത് തിരുനബിﷺ വിലക്കിയിട്ടുണ്ട്.
അല്ലാഹുവിനെയും അവന്റെ അനുഗ്രഹങ്ങളെയും മറക്കുന്ന ഏതുവിധം മാനസിക വിചാരങ്ങളെയും തിരുനബിﷺ നിരുത്സാഹപ്പെടുത്തി. നല്ല വസ്ത്രവും പുതുവസ്ത്രവും ശുഭ്ര വസ്ത്രവുമൊക്കെ ധരിക്കാൻ പ്രേരിപ്പിക്കുമ്പോഴും ഒന്നിലും അമിതവ്യയം പാടില്ല എന്ന് നിർദ്ദേശിച്ചു. എവിടെയും അല്ലാഹുവിനെ മറക്കുന്ന വിധം ഞാൻ എന്ന വിചാരം കടന്നുവരരുത് എന്ന് നിഷ്കർഷിച്ചു. മെച്ചപ്പെട്ട വസ്ത്രം ധരിക്കുന്നതിൽ വല്ല അപാകതയും ഉണ്ടോ എന്ന് അനുചരന്മാർ തിരുനബിﷺയോട് ചോദിച്ചു. അതിൽ അമിതവ്യയമോ അല്ലാഹുവിനോടുള്ള അനിഷ്ടമോ ഉണ്ടാകുമോ എന്നായിരുന്നു ചോദ്യത്തിന്റെ താല്പര്യം. പ്രവാചകൻﷺ ഇങ്ങനെ വിശദീകരിച്ചു.
അല്ലാഹു സൗന്ദര്യമാണ് അവൻ സൗന്ദര്യത്തെ ഇഷ്ടപ്പെടുന്നു. മെച്ചപ്പെട്ട വസ്ത്രമോ ഉടയടകളോ ഉപയോഗിക്കുന്നതിൽ പരാതിയില്ല. വിലക്കപ്പെട്ടതോ അല്ലാഹുവിനെ മറക്കുന്നതോ ആകാൻ പാടില്ല എന്നതാണ് താല്പര്യം. ഒരു മേഖലയിലും ധൂർത്ത് കടന്നു വരരുത് എന്ന കണിശതയും നബിﷺ ഉദ്ബോധിപ്പിച്ചു. തിരുനബിﷺയുടെ വസ്ത്രധാരണങ്ങൾ പരിചയപ്പെടുത്തിയപ്പോൾ അക്കാലത്തെ സാമൂഹിക സാമ്പത്തിക അവസ്ഥ കൂടി അതിൽ ഉൾച്ചേർന്നിട്ടുണ്ട്. അഥവാ നബിﷺയും അനുചരന്മാരും ജീവിച്ച കാലത്തിന്റെ ഒരു നേർക്കാഴ്ച.
Leave a Reply