The biography of Prophet Muhammad – Tweets 951 – 1000

Admin February 17, 2025 No Comments

The biography of Prophet Muhammad – Tweets 951 – 1000

 

 

Tweet 951

യാത്ര കഴിഞ്ഞു മടങ്ങി വരുന്നവരെ തിരുനബിﷺ എങ്ങനെയായിരുന്നു സ്വീകരിച്ചിരുന്നത്? ഇത് സംബന്ധമായ ചില നിവേദനങ്ങൾ കൂടി നമുക്ക് പരിചയപ്പെടാം. മഹതി ആഇശ(റ) പറഞ്ഞതായി ഇമാം തുർമുദി(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ സൈദുബ്നു ഹാരിസ(റ) ഒരു യാത്ര കഴിഞ്ഞ് മടങ്ങി വന്നു. തിരുനബിﷺ എന്റെ വീട്ടിലായിരുന്നു ഉണ്ടായിരുന്നത്. സൈദ്(റ) വന്ന് വാതിലിൽ മുട്ടി. തിരുനബിﷺ പെട്ടെന്ന് എഴുന്നേറ്റ് ധരിച്ചിരുന്ന വസ്ത്രം വലിച്ചിഴച്ചു കൊണ്ട് വാതിൽക്കലേക്ക് നീങ്ങി. അല്ലാഹു സാക്ഷി അതിനു മുമ്പോ ശേഷമോ ഒരിക്കലും തിരുനബിﷺയുടെ വസ്ത്രം അപ്രകാരം നീങ്ങി ഞാൻ കണ്ടിട്ടില്ല. തിരുനബിﷺ അദ്ദേഹത്തെ ആലിംഗനം ചെയ്യുകയും ചുംബനം നൽകി സ്വീകരിക്കുകയും ചെയ്തു.

തിരുനബിﷺയുടെ പോറ്റ് മകനായിരുന്നല്ലോ സൈദ്(റ). ദൂരയാത്ര കഴിഞ്ഞ് എത്തിച്ചേർന്ന പ്രിയപ്പെട്ട ആളെ സ്വീകരിക്കാനുള്ള ധൃതിയായിരുന്നു അത്. നമ്മെപ്പോലെ ഏതെങ്കിലും ഒരു കാര്യത്തിൽ അലക്ഷ്യമാവുകയോ ബട്ടണോ മേൽ മുണ്ടോ മറ്റോ അശ്രദ്ധമായി ധരിച്ചു നടക്കുകയോ ചെയ്യുന്ന ആളായിരുന്നില്ലല്ലോ തിരുനബിﷺ. മേൽ തട്ടം നീങ്ങിക്കിടന്നപ്പോഴും അത് ശരിയാക്കാൻ ശ്രദ്ധിക്കാതെ അതിവേഗം എഴുന്നേറ്റ് പോയ അത്യപൂർവമായ ഒരു സന്ദർഭത്തെയാണ് പ്രിയ പത്നി പരിചയപ്പെടുത്തിയത്. പ്രിയപ്പെട്ടവർ വന്നു ചേരുമ്പോഴുള്ള താല്പര്യത്തിന്റെ ഒരു പ്രകാശനം കൂടിയായിരുന്നു അത്.

അബു ദാവൂദ്(റ) ശഅബിയിൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ജഅ്ഫർ ബിൻ അബൂത്വാലിബി(റ)ന്റെ ആഗമനത്തെ കുറിച്ച് പറയുന്നുണ്ട്. അദ്ദേഹത്തെ ഹൃദ്യമായി സ്വീകരിക്കുകയും കണ്ണുകൾക്കിടയിൽ നെറ്റിത്തടത്തിൽ ചുംബനം കൊടുത്ത് വരവേൽക്കുകയും ചെയ്തു.

ഇബ്നു ഉമറി(റ)ൽ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. ഒരു ചെറുപ്പക്കാരൻ പരിചാരകൻ ഹജ്ജ് കഴിഞ്ഞ് മടങ്ങി വന്നു. അദ്ദേഹം സലാം ചൊല്ലിയപ്പോൾ ശിരസുയർത്തി അദ്ദേഹത്തെ ഒന്ന് നോക്കി. എന്നിട്ട് ഇങ്ങനെ പറഞ്ഞു. അല്ലയോ മോനെ. അല്ലാഹു നിന്റെ ഹജ്ജ് സ്വീകരിക്കട്ടെ! നിന്റെ പാപങ്ങൾ പൊറുത്തുതരികയും നിന്റെ വിനിയോഗത്തിന് അനന്തരമായ അനുഗ്രഹങ്ങൾ നൽകുകയും ചെയ്യുമാറാകട്ടെ!

യാത്ര പോകാൻ ഒരുങ്ങുന്നവർ സമ്മതം ചോദിച്ചു വരുമ്പോഴും സവിശേഷമായ പ്രാർഥനകൾ തിരുനബിﷺ നിർവഹിച്ചു കൊടുക്കാറുണ്ടായിരുന്നു. ഇമാം അഹ്മദും(റ) അബൂദാവൂദും(റ) തുടങ്ങി നിരവധി മഹത്തുക്കൾ നിവേദനം ചെയ്ത ഹദീസിൽ അനസുബ്നു മാലികും(റ) അബ്ദുല്ലാഹിബ്നു ഉമറും(റ) പറയുന്നു. മഹാനായ ഉമർ(റ) ഉംറക്ക് പോകാൻ സമ്മതം ചോദിച്ചു നബിﷺയുടെ അടുത്തെത്തി. അവിടുന്ന് സമ്മതം നൽകിയിട്ട് ഇങ്ങനെ പറഞ്ഞു. അല്ലയോ കൊച്ചനുജാ, നിങ്ങളുടെ നല്ല നല്ല പ്രാർഥനകളിൽ എന്നെ ഉൾക്കൊള്ളിക്കണേ! മറന്നുപോകരുതേ!

വാത്സല്യവും വൈകാരികതയും നിറഞ്ഞുനിൽക്കുന്ന ഈ പ്രയോഗങ്ങളിൽ നിരവധി പാഠങ്ങളും അധ്യാപനങ്ങളും നിറഞ്ഞു നിൽക്കുന്നുണ്ട്. സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരായ തിരുനബിﷺ സ്രഷ്ടാവിന്റെ കാരുണ്യത്തിന് അപ്പോഴും കേണുകൊണ്ടിരിക്കുകയായിരുന്നു. എല്ലാവർക്കും അവരവരുടേതായ മഹത്വങ്ങളും മഹത് കർമങ്ങൾ ചെയ്യുമ്പോഴുള്ള പ്രാധാന്യവും വകവച്ചു കൊടുക്കണം. വലിയവർ ചെറിയവരോട് പ്രാർഥിക്കാൻ പറയുന്നതിൽ പന്തികേടൊന്നുമില്ല. പാപ സുരക്ഷിതരായ തിരുനബിﷺ ശിഷ്യനും അനുയായിയുമായ ഉമറി(റ)നോട് പ്രാർഥനയിൽ മറക്കരുത് എന്ന് പറയാൻ മാത്രമുള്ള വിനയവും താഴ്മയും തിരുനബിﷺയുടെ ജീവിതത്തിന്റെ മുഖമുദ്രയായിരുന്നു. തിരുനബിﷺ വാത്സല്യപൂർവ്വം കൊച്ചനുജാ എന്ന് വിളിച്ചതിൽ ഹൃദയത്തിലേക്ക് ഒരു അണച്ചുകൂട്ടൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അല്ലാഹുവിന്റെ ഭവനം പ്രദക്ഷിണം വെക്കാൻ പോകുന്ന ആളോടുള്ള സ്നേഹവും ആദരവും വാത്സല്യവും മുഴുത്തു നിൽക്കുന്നുണ്ട്. അങ്ങനെ നിരവധി ആലോചനകൾ.

 

 

Tweet 952

തിരുനബിﷺയുടെ യാത്രയുമായി ബന്ധപ്പെട്ട വർത്തമാനങ്ങൾ അവസാനിക്കുന്നില്ല. ഇമാം അഹ്മദ്(റ), ബൈഹഖി(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നു. തിരുനബിﷺ യാത്ര ആരംഭിച്ചാൽ അവസാനമായി യാത്ര പറയുന്നത് മകൾ ഫാത്വിമ(റ)യോട് ആയിരിക്കും. യാത്ര കഴിഞ്ഞു മടങ്ങി വന്നാൽ ആദ്യം കണ്ടുമുട്ടുന്നതും മകളെ തന്നെയായിരിക്കും.

കുടുംബത്തിൽ നിന്ന് ഏറ്റവും പ്രിയപ്പെട്ട ആളോട് ആയിരിക്കുമല്ലോ സ്വാഭാവികമായും യാത്ര പറഞ്ഞു പിരിയുന്നതും യാത്ര കഴിഞ്ഞ് ആദ്യം വന്നു കണ്ടുമുട്ടുന്നതും. ഇതാരോടായിരുന്നു എന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് ഈ നിവേദനം.

ഇമാം ത്വബ്റാനി(റ), ഹസ്സൻ ബിൻ ഖാരിജ അൽ അശ്ജഈ(റ) എന്നവരിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറയുന്നു. ഞാൻ ചരക്കുകൾ വിൽക്കുന്നതിന് വേണ്ടി മദീനയിലേക്ക് വന്നു. അപ്പോൾ തിരുനബിﷺ എന്റെ അടുക്കൽ വന്നു ചോദിച്ചു. നിങ്ങൾക്ക് ഞാൻ 20 സാഅ് കാരയ്ക്ക തരാം. അതിനുപകരം നിങ്ങൾ എന്റെ സ്വഹാബികളെ ഖൈബറിലേക്ക് ഒന്ന് എത്തിച്ചുകൊടുക്കാമോ? ഞാൻ അപ്രകാരം ചെയ്തു. പ്രവാചകനുംﷺ ഖൈബറിലേക്ക് എത്തി. ഏറ്റെടുക്കുകയും മുന്നേറ്റം പൂർത്തിയാവുകയും ചെയ്തപ്പോൾ എനിക്ക് വാഗ്ദത്തം ചെയ്ത 20 സാഅ് കാരയ്ക്ക പ്രതിഫലമായി തന്നു. ഞാൻ പിന്നീട് ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.

സുപ്രധാനമായ ഒരു യാത്രയിൽ വഴികാട്ടിയെ സ്വീകരിച്ച ചിത്രമാണ് നാം കണ്ടത്. ഗൈഡുകളെ അഥവാ വഴികാട്ടികളെ കൂലിക്ക് സ്വീകരിക്കുന്ന രീതി തിരുനബിﷺക്കുണ്ടായിരുന്നു എന്ന വസ്തുതയാണ് നാം ഇവിടെ വായിച്ചത്. വഴികാട്ടിയുടെ മതമോ പ്രസ്ഥാനമോ നോക്കിയില്ല എന്നതുകൂടി ഇവിടെ പ്രാധാന്യമുള്ള വായനയാണ്. വിഷയത്തിൽ യോഗ്യതയും പ്രാപ്തിയുമുള്ള വിശ്വസ്തരായ ആളുകളെ മതഭേദമന്യേ സ്വീകരിക്കാം എന്നതിന്റെ പ്രായോഗിക രൂപം കൂടിയാണ് ഇവിടെ നാം പരാമർശിച്ചത്. ഹസൻ ബിൻ ഖാരിജ(റ)യെ ഖൈബറിലേക്ക് വഴികാട്ടിയായി സ്വീകരിച്ചപ്പോൾ അദ്ദേഹം മുസ്ലിമായിരുന്നില്ലല്ലോ.

അനസുബ്നു മാലികി(റ)ൽ നിന്ന് ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. യാത്രക്കിടയിൽ വാഹനപ്പുറത്തായിരിക്കുമ്പോൾ തിരുനബിﷺ നിസ്കരിക്കാൻ ഉദ്ദേശിച്ചാൽ വാഹനത്തെ ഖിബ്ലയുടെ നേരെ നിർത്തും. എന്നിട്ട് തക്ബീർ ചൊല്ലും. ശേഷം വാഹനം പോകുന്ന ദിശയിലേക്ക് തിരിഞ്ഞു നിസ്കരിക്കും. വാഹനം പോകുന്ന ദിശയിലേക്ക് തന്നെ തിരിഞ്ഞ് വാഹനപ്പുറത്തിരുന്ന് തസ്ബീഹ് നിസ്കരിക്കാറുണ്ടായിരുന്നു. അപ്പോൾ റുകൂഇന്റെയും സുജൂദിന്റെയും ഒക്കെ സമയത്ത് ശിരസ്സുകൊണ്ട് ആംഗ്യം കാണിക്കും. അബ്ദുല്ലാഹിബ്നു ഉമറും(റ) ഇതേ രീതിയിൽ പ്രവർത്തിക്കാറുണ്ടായിരുന്നു എന്ന് ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) മറ്റും നിവേദനം ചെയ്യുന്നുണ്ട്.

യാത്രക്കാരന്റെ നിസ്കാരത്തെ കുറിച്ചുള്ള പരാമർശമാണ് ഇപ്പോൾ കടന്നുപോയത്. വാഹനപ്പുറത്തായിരിക്കുമ്പോൾ, സഞ്ചരിക്കുന്നതിനിടയിൽ തന്നെ നിസ്കരിക്കാൻ പറ്റുമോ? സുന്നത്ത് നിസ്കാരമാണെങ്കിൽ അപ്രകാരം തന്നെ നിസ്കരിക്കാമെന്നും വാഹനം പോകുന്ന അതേ ദിശയിലേക്ക് തന്നെ അഭിമുഖമായി നിർവഹിക്കാമെന്നും പ്രായോഗികമായി തന്നെ തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്.

എന്നാൽ, നിർബന്ധ നിസ്കാരങ്ങളിൽ അത് മതിയാകുന്നതല്ല. എല്ലാ നിബന്ധനകളും പാലിക്കാവുന്ന വിധത്തിൽ നിർവഹിക്കുമ്പോഴേ നിർബന്ധ നിസ്കാരങ്ങൾ അഥവാ അഞ്ചുനേരത്തെ ഫർള് നിസ്കാരങ്ങൾ പൂർണ്ണാർഥത്തിൽ ശരിയാവുകയുള്ളൂ. സമയം കഴിയുന്നതിനുമുമ്പ് യാത്ര മുറിയുകയില്ല എന്ന് വന്നാൽ ഓരോ സന്ദർഭത്തിനും അവസരത്തിനും അനുസരിച്ച് സമയത്തിനുള്ളിൽ നിർവഹിച്ചില്ല എന്ന കുറ്റത്തിൽ നിന്ന് ഒഴിവാകാൻ നിയമ നിബന്ധനകളോടെയുള്ള വ്യത്യസ്ത രീതികളുണ്ട്. കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ അത് വിശദമായി പരാമർശിക്കുകയും പഠിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ടല്ലോ!

 

 

Tweet 953

തിരുനബിﷺയുടെ ജീവിതം വായിക്കുമ്പോൾ അവിടുത്തെ വ്യവഹാര മേഖലകളിൽ വ്യത്യസ്തങ്ങളായ അനുഭവങ്ങളാണ് നാം മനസ്സിലാക്കിക്കൊണ്ടിരിക്കുന്നത്. അവിടുത്തെ യാത്രയും വാഹനങ്ങളും അവയെക്കുറിച്ചൊക്കെ തിരുനബിﷺയുടെ കാഴ്ചപ്പാടും ലളിതമായി നമ്മൾ വായിച്ചു കഴിഞ്ഞു.

അവിടുന്ന് ഉപയോഗിച്ച കിണറുകളെ കുറിച്ചും കുടിക്കാനും കുളിക്കാനും ആശ്രയിച്ച ജലസ്രോതസ്സുകളെ കുറിച്ചും കുറഞ്ഞ നിവേദനങ്ങളിലൂടെ നമ്മൾ സഞ്ചരിക്കുകയാണ്. അക്കാലത്തെ കിണറുകൾ സവിശേഷമായ വിലാസങ്ങളോടെയാണ് അറിയപ്പെട്ടിരുന്നത്. മരുഭൂമിയിലെ ജീവിതമായതുകൊണ്ട് തന്നെ ലഭ്യമാകുന്ന കിണറുകൾ വഴി അടയാളങ്ങളും ചിലപ്പോൾ പ്രദേശത്തിന്റെ പേരുകൾ തന്നെയും ഉൾക്കൊള്ളുന്നതായിരുന്നു. ‘ബുളാഅ’ കിണറിൽ നിന്ന് വെള്ളം ഉപയോഗിച്ചതിനെക്കുറിച്ചുള്ള നിവേദനമാണ് ആദ്യം നാം വായിക്കുന്നത്. ഇമാം ശാഫിഈ(റ), അഹ്മദ്(റ) തുടങ്ങി പ്രമുഖരായ എല്ലാ ഇമാമുകളും നിവേദനം ചെയ്യുന്നു. സഹൽ ബിൻ സഅദ്(റ) പറയുന്നു. തിരുനബിﷺയോട് ഒരാൾ പറഞ്ഞു. ബുളാഅ കിണറിൽ നിന്ന് അവിടുത്തേക്ക് വെള്ളം ശേഖരിക്കുന്നുണ്ട്. നായകളുടെ മാംസവും ആർത്തവ മാലിന്യങ്ങളും സ്ത്രീകളുടെ ടോയ്ലറ്റ് വേസ്റ്റുകളും ഒക്കെ എത്തിച്ചേരുന്ന സ്ഥലമാണത്. ഉടനെ പ്രവാചകൻﷺ ഇങ്ങനെ പറഞ്ഞു. വെള്ളം അടിസ്ഥാനപരമായി ശുദ്ധിയുള്ളതും ശുദ്ധി വരുത്താൻ പറ്റുന്നതുമാണ്. ഒരു വസ്തുവും അതിനെ മലിനപ്പെടുത്തുകയില്ല.

പരിസരങ്ങളിൽ നിന്ന് വെള്ളം ഒലിച്ചിറങ്ങുന്ന അവസ്ഥയിലായിരുന്നു പ്രസ്തുത കിണർ ഉണ്ടായിരുന്നത്. സ്വാഭാവികമായും മേൽ പറയപ്പെട്ട മാലിന്യങ്ങളൊക്കെ അതിൽ വരാൻ ഇടയുണ്ട്. ഈ അർഥത്തിലാണത്രെ തിരുനബിﷺയോട് ശിഷ്യന്മാർ ശ്രദ്ധയിൽപ്പെടുത്തിയത്. കേവലം മാലിന്യങ്ങൾ ഒലിച്ചെത്തുന്നു എന്നതുകൊണ്ട് മാത്രം ശുദ്ധ ജലസ്രോതസ്സുകൾ മലിനമാവുകയില്ല. വെള്ളം പകർച്ച ആവുകയും മാലിന്യം വെള്ളത്തിൽ കലർന്ന ഭാവപ്പകർച്ച ഉണ്ടാവുകയും ചെയ്യുമ്പോഴാണ് ഉപയോഗശൂന്യമാകുന്നത്. അടിസ്ഥാനപരമായി വെള്ളത്തിലുണ്ടാകുന്ന പരിശുദ്ധിയെ നമുക്ക് പരിഗണിക്കേണ്ടത് തന്നെയാണ്. ഇത്തരം അധ്യാപനങ്ങളാണ് തിരുനബിﷺ ഈ ഹദീസിലൂടെ പകർന്നു നൽകിയത്.

തിരുനബിﷺ വെള്ളം ഉപയോഗിച്ച ഒരു കിണറിനെ പരിചയപ്പെടുത്തുക എന്നതാണ് ഈ അധ്യായത്തിന്റെ ലക്ഷ്യം. നിവേദനത്തിന്റെ മറ്റു വശങ്ങൾ കൂടി വായിച്ചു എന്നേയുള്ളൂ.

അബു ഉമാമ അൽബാഹിലി(റ)യിൽ നിന്ന് ഇബ്നുമാജ(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. തിരുനബിﷺ പറഞ്ഞു. നിറത്തിലോ രുചിയിലോ ഗന്ധത്തിലോ മാറ്റം വരുത്തും വിധം മാലിന്യം ചേർന്നെങ്കിൽ മാത്രമേ വെള്ളം ഉപയോഗശൂന്യമായ മലിനജലം ആവുകയുള്ളൂ.

ഇതും സമാനമായ ഹദീസുകളും മുന്നിൽ വെച്ചുകൊണ്ട് കർമശാസ്ത്ര വിശാരദന്മാർ വെള്ളത്തെക്കുറിച്ച് മാത്രം ഗഹനമായ പഠനങ്ങളും മത നിയമങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. അത് കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്ന് തന്നെ പഠിക്കുകയും അനുസ്മൃതമായി ജീവിത ചിട്ടകൾ ക്രമീകരിക്കുകയും ചെയ്യേണ്ടതാണ് വിശ്വാസികളുടെ ബാധ്യത. സ്വയം ശുദ്ധിയുള്ളതും മറ്റൊന്നിനെ ശുദ്ധി വരുത്താൻ കഴിവുള്ളതുമായ വെള്ളം അഥവാ ത്വഹൂർ, ശുദ്ധീകരണത്തിന് യോഗ്യമല്ലെങ്കിലും സ്വയം ശുദ്ധിയുള്ളത് അഥവാ ത്വാഹിർ, ശുദ്ധീകരണത്തിന് ഉപയോഗിച്ച വെള്ളം അഥവാ മുസ്തഅ്മൽ, മലിനമാക്കപ്പെട്ട വെള്ളം എന്നിങ്ങനെ വെള്ളത്തെ വർഗ്ഗീകരിക്കുകയും ഓരോന്നും ഉപയോഗിക്കുന്നതിന്റെയും വ്യവഹരിക്കുന്നതിന്റെയും ചിട്ടയും രീതിയും ഇസ്ലാമിക കർമശാസ്ത്രം വിശദീകരിക്കുന്നുമുണ്ട്.

നമുക്ക് ലഭ്യമായ ഹദീസുകൾ മാത്രം വിലയിരുത്തിയും ലഭ്യമായ ഹദീസുകളുടെ തന്നെ പ്രകടമായ അർഥങ്ങൾ മാത്രം പരിഗണിച്ചും മതവിധികൾ രൂപീകരിക്കാൻ നമുക്ക് സാധ്യമല്ല.

 

 

Tweet 954

ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു. മക്കയുടെയും മദീനയുടെയും ഇടയിലുള്ള ജലസ്രോതസ്സുകളെ കുറിച്ച് ആരോ നബിﷺയോട് ചോദിച്ചു. നാൽക്കാലികളുമായും മറ്റും ജീവജാലങ്ങൾ വരികയും കുടിക്കുകയും ചെയ്യുന്ന ജലസ്രോതസ്സുകളാണല്ലോ അത്. അത് ശുദ്ധിയാണോ ഉപയോഗയോഗ്യമാണോ എന്നായിരുന്നു ചോദ്യം. അവകളുടെ പള്ളയിൽ എത്തിയത് അവകൾക്കും ബാക്കിയുള്ളത് നമുക്കും ഉപയോഗിക്കാവുന്നതാണ് എന്ന ഒറ്റവാക്കിലെ മറുപടിയായിരുന്നു അപ്പോൾ നബിﷺ നൽകിയത്.

വിശാലമായ ജലസ്രോതസ്സുകൾ, ജലസംഭരണികൾ എന്നിവയെ കുറിച്ചുള്ള പൊതുകാഴ്ചപ്പാടാണ് ഈ ഹദീസിൽ പറഞ്ഞത്. എന്നാൽ കുറഞ്ഞ വെള്ളം, നായ തലയിട്ട വെള്ളം, നാൽക്കാലികൾ കുടിച്ചതിന്റെ ബാക്കി വെള്ളം എന്നിവയ്ക്ക് വെവ്വേറെ വിധികൾ തന്നെയുണ്ട്. മറ്റു നിവേദനങ്ങളും കർമശാസ്ത്ര നിരീക്ഷണങ്ങളും വെച്ച് വിശദമായ പഠനങ്ങൾ കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്. അവ അവലംബിച്ചു കൊണ്ടാണ് നാം സമീപനങ്ങൾ രൂപപ്പെടുത്തേണ്ടത്.

ഇമാം ദാറ ഖുത്നി(റ)യുടെ ഒരു നിവേദനം ഇങ്ങനെയുണ്ട്. മഹാനായ ജാബിർ(റ) പറയുന്നു. കഴുതകൾ കുടിച്ചതിന്റെ ബാക്കി വെള്ളത്തിൽ വുളൂഅ് ചെയ്യാമോ എന്നൊരാൾ നബിﷺയോട് ചോദിച്ചു. അതെ, മറ്റു ജീവികൾ ഉപയോഗിച്ചതിന്റെ ബാക്കി നമുക്ക് ഉപയോഗിക്കാമല്ലോ. ഇങ്ങനെയായിരുന്നു അവിടുത്തെ മറുപടി.

മഹതി ആഇശ(റ)യിൽ നിന്ന് ഇബ്നു മാജ(റ) നിവേദനം ചെയ്യുന്നു. ഞാനും തിരുനബിﷺയും ഒരേ പാത്രത്തിൽ നിന്ന് വുളൂഅ് ചെയ്യാറുണ്ടായിരുന്നു. അതിനുമുമ്പ് അതിൽ നിന്ന് പൂച്ചകൾ കുടിച്ചിട്ടുമുണ്ടാകും.

തിരുനബിﷺയുടെ അടുത്ത് കൂടി പൂച്ചകൾ കടന്നു പോകുമ്പോൾ കൈവശമുള്ള പാത്രവും വെള്ളവും ചെരിച്ചു കൊടുക്കുകയും അവർക്ക് കുടിക്കാൻ സൗകര്യം ചെയ്തു കൊടുക്കുകയും ചെയ്യുമായിരുന്നു. ശേഷം, അതിന്റെ ബാക്കിയിൽ നിന്ന് നബിﷺ അംഗസ്നാനം അഥവാ വുളൂഅ് ചെയ്തിരുന്നു. മഹതി ആഇശ(റ)യിൽ നിന്ന് ഇമാം ദാറഖുത്നി(റ) ഉദ്ധരിച്ച ഹദീസാണ് ഇത്.

ഇമാം ബുഖാരി(റ), ഇമാം അഹമ്മദ്(റ) തുടങ്ങിയവർ ഉദ്ധരിച്ച ഹദീസിൽ ഇങ്ങനെയുണ്ട്. മഹാനായ സ്വഹാബി അബൂ ഖത്താദ(റ) പറയുന്നു. പൂച്ച കുടിച്ചതിന്റെ ബാക്കി വെള്ളത്തിൽ നബിﷺ വുളൂഅ് ചെയ്തു. അബൂ ദാവൂദി(റ)ന്റെ ഒരു അനുബന്ധം ഈ ഹദീസിന് ഇങ്ങനെയുണ്ട്. മഹതി ആഇശ(റ) പറഞ്ഞു. പൂച്ച മലിന ജീവിയല്ല. അവകൾ നിങ്ങളെ സഹവസിച്ചു ജീവിക്കുന്ന ജീവിയാണ്. പൂച്ച കുടിച്ചതിന്റെ ബാക്കിയിൽ നിന്ന് തിരുനബിﷺ വുളൂഅ് ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.

പൂച്ച കുടിച്ചതിന്റെ ബാക്കി വെള്ളം ഉപയോഗയോഗ്യമാണോ അല്ലേ എന്ന ചർച്ചയ്ക്കുള്ള ഒരു അടിസ്ഥാനമാണ് ഈ ഹദീസ് നമുക്ക് പകർന്നു തരുന്നത്. പൂച്ച കുടിച്ചു എന്ന കാരണത്താൽ മലിനമാവുകയില്ല എന്നതാണ് അതിന്റെ പ്രാഥമിക വിധി. അവയുടെ വായിലോ മറ്റോ മാലിന്യങ്ങളോ മറ്റോ ഉണ്ടായാൽ വിധിയും കാഴ്ചപ്പാടും മാറും. ലഭ്യമായ ഒരു നിവേദനമോ ഒരു ഹദീസോ മുന്നിൽവച്ച് കൊണ്ട് മാത്രം രൂപീകരിക്കുന്നതോ കണ്ടെത്തുന്നതോ അല്ല മതവിധികൾ എന്ന ധാരണയോടുകൂടിയാണ് ഹദീസ് നിവേദനങ്ങൾ വായിക്കേണ്ടത്.

ഹദീസുകളുടെ കേവല ഭാഷാന്തരത്തിൽ നിന്ന് മാത്രം രൂപപ്പെടുത്തി എടുക്കേണ്ടതല്ല കർമശാസ്ത്ര വീക്ഷണങ്ങൾ. നബി ജീവിതത്തോടൊപ്പം സഹവസിച്ചവർ ഓരോ സന്ദർഭങ്ങളിലും അവർക്കുണ്ടായ അനുഭവങ്ങളും അവർ സാക്ഷിയായ രംഗങ്ങളും ഉദ്ധരിക്കുകയായിരുന്നു. അതിന്റെ ഗവേഷണപരമായ തലങ്ങളും വ്യത്യസ്ത സന്ദർഭങ്ങളിലെ വ്യത്യസ്തമായ സമീപനങ്ങളിൽ സ്വീകരിച്ച ആശയങ്ങളും വേർതിരിച്ചറിയണമെങ്കിൽ നിദാനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ശരിയായ നിരീക്ഷണങ്ങളുണ്ടാവണം. അതാണ് ഗവേഷണ യോഗ്യരായ പണ്ഡിതന്മാരും മദ്ഹബിന്റെ ഇമാമുകളും നിർവഹിച്ചിട്ടുള്ളത്. നമുക്ക് കർമശാസ്ത്ര നിയമങ്ങളെ അറിയാനും അവലംബിക്കാനുമുള്ള സ്രോതസ്സ് മദ്ഹബിന്റെ ഇമാമുകൾ രൂപപ്പെടുത്തിയ കർമശാസ്ത്ര വഴിയാണ്. രേഖപ്പെട്ടു കിടക്കുന്ന അത്തരം മാർഗങ്ങളിലൂടെയാണ് നാം ശരിയായ നബി ജീവിതത്തിലേക്ക് എത്തിച്ചേരുക.

 

 

Tweet 955

നബിﷺയുടെ ഭാര്യമാരിൽ ഒരാൾ ഒരു പാത്രത്തിൽ നിന്ന് വെള്ളം കോരി വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധീകരിക്കാൻ കുളിക്കുകയായിരുന്നു. തിരുനബിﷺ വുളൂഅ് ചെയ്യാനോ കുളിക്കാനോ ലക്ഷ്യം വെച്ചുകൊണ്ട് അങ്ങോട്ട് വന്നു. അതേ പാത്രത്തിലെ വെള്ളം ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു വന്നത്. അപ്പോൾ പ്രിയപ്പെട്ട പത്നി പറഞ്ഞു. ഞാൻ ജനാബത്ത് കുളിക്കാൻ ഉപയോഗിച്ച വെള്ളത്തിന്റെ ബാക്കിയാണത്. അപ്പോൾ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. അതിനെന്താ വെള്ളത്തിന് ജനാബത്തുണ്ടാവുകയില്ലല്ലോ. ഒരു പാത്രത്തിൽ നിന്ന് വെള്ളം കോരി കുളിച്ച സന്ദർഭത്തിൽ സമാനമായ സംഭാഷണം ഉണ്ടായതായി മഹതി ആഇശ(റ)യും റിപ്പോർട്ട് ചെയ്യുന്നുണ്ട്. മൈമൂന ബീവി(റ) കുളിക്കാൻ ഉപയോഗിച്ച വെള്ളത്തിന്റെ ബാക്കി ഉപയോഗിച്ച് തിരുനബിﷺയും കുളിച്ചു എന്ന നിവേദനവും ഇബ്നു അബ്ബാസ്(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്.

തിരുനബിﷺയും പത്നിയും ഒരേ പാത്രത്തിൽ നിന്ന് വെള്ളം കോരി കുളിക്കുകയും ഞങ്ങളുടെ രണ്ടുപേരുടെയും കൈകൾ മാറിമാറി പാത്രത്തിലേക്ക് എത്താറുണ്ടായിരുന്നു എന്ന് അനുഭവം പങ്കുവെക്കുകയും ചെയ്ത നിവേദനങ്ങളുമുണ്ട്.

ഭാര്യയും ഭർത്താവും വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകാൻ ഒരേ പാത്രത്തിൽ നിന്ന് കോരിക്കുളിക്കുന്നതിൽ പരിഭവമില്ല എന്ന് പഠിപ്പിക്കുകയും കർമശാസ്ത്രപരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സൂക്ഷിക്കണമെന്ന് ഓർമ്മപ്പെടുത്തുകയും ഒക്കെ ചെയ്യുന്ന നിവേദനങ്ങളാണിത്.

ആർത്തവകാരികളെയും സ്ത്രീകളെ പൊതുവേയും മാറ്റിനിർത്തപ്പെട്ടിരുന്ന ഒരു കാലത്ത് സ്ത്രീകളെ എത്രമേൽ പരിഗണിച്ചു കൊണ്ടായിരുന്നു തിരുനബിﷺ ഒരു സംവിധാനത്തെ സമർപ്പിച്ചത് എന്ന സാമൂഹികമായ ഒരു അധ്യാപനം കൂടി ഇതിലുണ്ട്. സ്ത്രീകൾ ഉപഭോഗ വസ്തുക്കളായി ഉപയോഗിക്കപ്പെടുന്ന കാലത്തും അവർ അനുഭവിച്ചിരുന്ന ഒരുപാട് അവഗണനകളുടെ കഥകൾ ചരിത്രത്തിന് പറയാനുണ്ടല്ലോ.

ജനിച്ചത് പെൺകുഞ്ഞാണെന്നറിഞ്ഞാൽ മാനക്കേടുകൊണ്ട് തലകുനിക്കുകയും ജീവനോടെ കുഴിച്ചുമൂടുകയും ചെയ്തിരുന്ന ഒരു സാമൂഹിക ഘടനയിൽ, പ്രിയപ്പെട്ട മകളെ വാത്സല്യവും ആദരവും നൽകി ചേർത്തു പിടിക്കുക. പത്നിമാർക്ക് ന്യായമായ അവകാശങ്ങൾ വകവച്ചു കൊടുക്കുക. അവരോടൊപ്പം ചേർന്നു നിൽക്കേണ്ട എല്ലാ ഘട്ടങ്ങളിലും ചേർന്നു നിൽക്കുക. അവർ കുടിച്ച പാത്രത്തിൽ നിന്ന് കുടിക്കുകയും കഴിച്ച പാത്രത്തിൽ നിന്ന് കഴിക്കുകയും കടിച്ച മാംസത്തിന്റെ കഷ്ണം അതേ ഭാഗത്തുനിന്ന് തന്നെ കടിച്ചു കഴിക്കുകയും ഒരേ പാത്രത്തിൽ നിന്ന് കുളിക്കുകയും അവരോട് നല്ല രൂപത്തിൽ വർത്തിക്കണമെന്ന് ഉപദേശിക്കുകയും ഒക്കെ ചെയ്യുന്നത് മഹത്തായ ഒരു സാമൂഹിക നിർമിതിയുടെ ഭാഗമാണ്. അവഗണിക്കപ്പെട്ടവരെ പരിഗണിക്കുന്നതിന്റെ പല മേഖലകളിൽ ഒരു മേഖലയുടെ ചിത്രമാണിത്.

കുളിക്കാൻ ഉപയോഗിച്ച വെള്ളവും വെള്ള പാത്രത്തിന്റെ ചുറ്റും നിൽക്കുന്ന ദമ്പതികളും എന്ന ചിത്രത്തിൽ നിന്നും മാറി നീതിയുടെയും പരിഗണനയുടെയും മഹാവിചാരങ്ങളെയാണ് ഇതെല്ലാം പങ്കുവെക്കുന്നത്. അങ്ങനെ സാമൂഹികമായി വായിക്കാൻ ഈ അധ്യായത്തിന് ഒരുപാട് വിശാലതകളുണ്ട്.

തിരുനബിﷺ സംസം വെള്ളം ഉപയോഗിച്ചുകൊണ്ട് അംഗസ്നാനം അഥവാ വുളൂഅ് ചെയ്തതിനെക്കുറിച്ച് ഒരു ഹദീസ് ഇങ്ങനെ വായിക്കാം.

ഇമാം അഹ്മദി(റ)ന്റെ മകൻ അബ്ദുല്ലാഹ്(റ) നിവേദനം ചെയ്യുന്നു. വിടവാങ്ങൽ ഹജ്ജ് വേളയിൽ ഒരു ബക്കറ്റിൽ നിന്ന് തിരുനബിﷺ സംസം വെള്ളം കുടിക്കുകയും അത് ഉപയോഗിച്ചുതന്നെ വുളൂഅ് നിർവഹിക്കുകയും ചെയ്തു.

മിസ്‌വാക്ക് ചെയ്യാൻ ഉപയോഗിച്ച വെള്ളത്തിന്റെ ബാക്കി കൊണ്ട് വുളൂഅ് ചെയ്ത നിവേദനം അനസുബ്നു മാലികി(റ)ൽ നിന്ന് ഇമാം ബസ്സാർ(റ) ഉദ്ധരിക്കുന്നു.

ഇത്തരം സന്ദർഭങ്ങളിൽ നിന്നും വെള്ളം ഉപയോഗശൂന്യമാകുന്നില്ലെന്നും നിർബന്ധമായ അനുഷ്ഠാനത്തിനു വേണ്ടി ഉപയോഗിച്ച വെള്ളം നിശ്ചിത അളവിൽ കുറഞ്ഞാൽ അത് ഉപയോഗിക്കപ്പെട്ട വെള്ളം എന്ന ഗണത്തിൽ പരിഗണിക്കപ്പെടുമെന്നും ഒക്കെ പഠിപ്പിക്കുന്ന അധ്യായമാണിത്.

 

 

Tweet 956

വെള്ളം ഉപയോഗിക്കുന്ന സമയത്ത് തിരുനബിﷺ പാലിച്ച ചില ജാഗ്രതകൾ കൂടി നമുക്ക് വായിച്ചു പോകാനുണ്ട്. മഹതി ആഇശ(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഞാൻ തിരുനബിﷺയുടെ അടുക്കലേക്ക് ചെന്നു. അപ്പോൾ ഞാൻ സൂര്യപ്രകാശത്തിൽ വെള്ളം ചൂടാക്കുന്നുണ്ടായിരുന്നു. എന്നോട് പറഞ്ഞു മോളെ ‘ഹുമൈറാ’ അഥവാ ചുവപ്പു നിറമുള്ള കൊച്ചു സുന്ദരീ, അങ്ങനെ ചെയ്യരുത്. അത് വെള്ളപ്പാണ്ടിന് കാരണമായേക്കും. ഇതേ ആശയമുള്ള മറ്റൊരു ഹദീസ് ഇമാം ദാറു ഖുത്നി(റ)യും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ, ഈ ഹദീസുകളുടെ ബലാബലം പരിശോധിക്കുമ്പോൾ നിവേദന പരമ്പരയിൽ ഒരാൾ അത്ര സ്വീകാര്യനല്ലാത്തതും നിവേദന യോഗ്യതകൾ പൂർത്തിയാക്കാത്തതുമായ വ്യക്തിയാണ്. കർമശാസ്ത്ര നിരീക്ഷണത്തിൽ ഇപ്രകാരം ചൂടാക്കപ്പെട്ട വെള്ളം ഉപയോഗിക്കൽ അത്ര ഉത്തമമല്ല എന്നേയുള്ളൂ.

ചൂടുവെള്ളം ഉപയോഗിച്ച് കുളിക്കുന്നതിന് പന്തികേടില്ല എന്നറിയിക്കുന്ന ഒരു നിവേദനം ഇതിന് അനുബന്ധമായി ഇമാം യൂസഫ് സ്വാലിഹി(റ) ഉദ്ധരിക്കുന്നുണ്ട്. ഉമറുബ്നു ഖത്വാബി(റ)ന്റെ പരിചാരകനായ അസ്ലം(റ) പറഞ്ഞു. ഒരു ചെമ്പു കുടത്തിൽ ഉമറി(റ)ന് വേണ്ടി ഞാൻ വെള്ളം ചൂടാക്കി കൊടുക്കുകയും അത് ഉപയോഗിച്ച് അവിടുന്ന് കുളിക്കുകയും ചെയ്യുമായിരുന്നു.

അശുദ്ധി ഉയർത്താനോ മാലിന്യം നീക്കാനോ ഉപയോഗിക്കുന്ന വെള്ളം ഉപയോഗിക്കപ്പെട്ട വെള്ളം എന്ന ഗണത്തിലാണ് കർമശാസ്ത്രപരമായി പരിഗണിക്കപ്പെടുന്നത്. പിന്നീട് ആ വെള്ളം അടുത്ത ഒരു ശുദ്ധീകരണത്തിനോ മാലിന്യം നീക്കുന്നതിനോ പ്രയോജനപ്പെടുകയില്ല. രണ്ടു ഖുല്ലത് അഥവാ 191 ലിറ്ററിൽ കുറഞ്ഞ വെള്ളം വുളൂഅ് ചെയ്യുവാനോ കുളിക്കുവാനോ ഉപയോഗിക്കുമ്പോൾ പ്രത്യേക ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ ഉപയോഗിക്കപ്പെട്ട വെള്ളം എന്ന ഗണത്തിൽ വരും. മേൽ പറയപ്പെട്ട അളവിൽ കൂടുതൽ ഉണ്ടെങ്കിൽ അതിൽ നിന്ന് ശുദ്ധീകരണം വരുത്തിയത് കൊണ്ട് മാത്രം അത് ഉപയോഗിക്കപ്പെട്ട വെള്ളമാവുകയില്ല.

ഈ വിഷയങ്ങളെ പരാമർശിക്കുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിക്കുന്നു. ഒരാൾ വലിയ അശുദ്ധിക്കാരനായിരിക്കെ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ നിന്നും കുളിക്കരുത് എന്ന് നബിﷺ പറഞ്ഞു. അപ്പോൾ അബൂഹുറൈറ(റ)യോട് ചോദിച്ചു. പിന്നെ എന്താണ് ചെയ്യേണ്ടത്? അതിൽനിന്ന് കോരിയെടുത്ത് ഉപയോഗിക്കുകയാണ് വേണ്ടത്. അദ്ദേഹം വിശദീകരിച്ചു കൊടുത്തു.

എന്നാൽ വുളൂഅ് എടുത്ത വെള്ളം പുണ്യം ലഭിക്കുന്നതിനുവേണ്ടി തളിച്ചു കൊടുത്തതിന്റെ ഒരുദാഹരണം കൂടി വായിച്ചു പോകേണ്ടതുണ്ട്. ജാബിറി(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിക്കുന്നു. ഞാൻ രോഗിയായിരുന്നപ്പോൾ തിരുനബിﷺ എന്നെ സന്ദർശിക്കാൻ വന്നു. അപ്പോൾ എനിക്ക് ബോധമുണ്ടായിരുന്നില്ല. തിരുനബിﷺ അവിടെവച്ച് വുളൂഅ് എടുത്തു. ശേഷം ആ വെള്ളം എന്റെ മേൽ തളിക്കുകയും ചെയ്തു.

ഇവിടെ അബൂഹുറൈറ(റ)യുടെ ശരീരത്തിൽ തളിച്ചു കൊടുത്ത വെള്ളം അദ്ദേഹത്തെ ശുദ്ധി വരുത്താനുള്ള കുളിക്കോ വുളൂഅ് നിർവഹിപ്പിക്കുന്നതിനോ ആയിരുന്നില്ല. മറിച്ച് തിരുനബിﷺയുടെ ശരീരത്തിൽ ഉപയോഗിച്ച വെള്ളം അതിലെ പുണ്യം കൊണ്ട് അബൂഹുറൈറ(റ)ക്ക് ശമനം ലഭിക്കാനായിരുന്നു. നിരവധി സന്ദർഭങ്ങളിൽ തിരുനബിﷺ അങ്ങനെ ചെയ്യുകയും അതുവഴി വെള്ളം ഉപയോഗിക്കപ്പെട്ടയാൾക്ക് ശമനം ലഭിക്കുകയും ചെയ്തിട്ടുണ്ട്. പുണ്യമേനിയിൽ സ്പർശിച്ച വെള്ളം എന്നതായിരുന്നു ആ വെള്ളത്തിന്റെ പ്രത്യേകത. സാധാരണയിൽ തന്നെ തിരുനബിﷺ അംഗസ്നാനം ചെയ്യുമ്പോൾ അവയവങ്ങളിൽ നിന്നും ഒഴുകിവരുന്ന വെള്ളം കയ്യിൽ സമാഹരിക്കാനും അതു കുടിക്കാനും പുരട്ടാനും സ്വഹാബികൾ മത്സരിക്കാറുണ്ടായിരുന്നു എന്ന് ആധികാരികമായ ഹദീസുകളിൽ തന്നെ കാണാം.

 

 

Tweet 957

തിരുനബിﷺ വെള്ളം ഉപയോഗിച്ച രീതിയും ഒക്കെ ചർച്ച ചെയ്യുമ്പോൾ അനിവാര്യമായും കടന്നുവരുന്ന ഒരു അനുബന്ധമുണ്ട്. പ്രാഥമിക ആവശ്യ നിർവഹണങ്ങളിൽ തിരുനബിﷺ പഠിപ്പിച്ച ചിന്തകളും മര്യാദകളുമാണ്. ഓരോ മനുഷ്യനിലും അടിസ്ഥാനപരമായി സ്രഷ്ടാവ് നിശ്ചയിച്ചിട്ടുള്ള പ്രക്രിയയാണ്, ശാരീരികമായി രൂപപ്പെടുന്ന മാലിന്യങ്ങൾ പുറന്തള്ളാനുള്ള സംവിധാനം. മനുഷ്യ ശരീരത്തിലെ ആരോഗ്യകരമായ നിലനിൽപ്പിന് അനിവാര്യമായ ഘടകം കൂടിയാണത്. എന്നാൽ വിവേകശാലിയായ മനുഷ്യൻ മറ്റു ജീവികളിൽ നിന്ന് വ്യത്യസ്തമായി പ്രാഥമികാവശ്യ നിർവഹണ ഘട്ടത്തിലും രീതിയിലും പാലിക്കേണ്ട ചിട്ടകൾ സംസ്കൃതമായിരിക്കണം. പ്രവാചക ജീവിതത്തിലെ പ്രാഥമിക രീതികൾ വായിക്കുന്നത് ഏറ്റവും ഉത്തമനായ മനുഷ്യൻ ഈ വിഷയത്തിൽ ഏതൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചിരുന്നു എന്ന് മനസ്സിലാക്കാനാണ്.

ഇനി നമുക്ക് ഇതു സംബന്ധിയായ ചില നിവേദനങ്ങളിലേക്ക് പോകാം. ഇമാം അബൂദാവൂദും(റ) നസാഈ(റ)യും ഉദ്ധരിക്കുന്നു. മുഗീറ ബിൻ ശുഅ്ബ(റ) പറഞ്ഞു. പ്രവാചകൻﷺ പ്രാഥമികാവശ്യ നിർവഹണത്തിന് ഉദ്ദേശിച്ചാൽ വിജനമായ ദൂരത്തേക്ക് നീങ്ങുമായിരുന്നു.

വ്യവസ്ഥാപിതമായ ടോയ്ലറ്റ് സംവിധാനങ്ങൾ വരുന്നതിനുമുമ്പ് വിജനമായ ഇടങ്ങളായിരുന്നുവല്ലോ ജനങ്ങൾ ഇത്തരം ആവശ്യങ്ങൾക്ക് ഉപയോഗപ്പെടുത്തിയിരുന്നത്. എന്നാൽ ഒരാൾ പുറന്തള്ളുന്ന മാലിന്യം മറ്റൊരാൾക്ക് ഏതുവിധേനയും ശല്യമാകരുത് എന്ന കണിശത ഓരോരുത്തരും പാലിക്കണം. മാലിന്യത്തിന്റെ ദുർഗന്ധം പോലും മറ്റൊരാൾക്ക് ബുദ്ധിമുട്ടാകരുതെന്നും നാണവും മാനവും കാത്തുകൊണ്ട് ഇത്തരം കാര്യങ്ങൾ നിർവഹിക്കണമെന്നും പ്രവാചക അധ്യാപനങ്ങൾ പ്രത്യേകം നിർദ്ദേശിക്കുന്നു. മുണ്ടുടുക്കുന്നതിന്റെ നീളവും മൂത്രമൊഴിക്കുന്നതിന്റെ രീതിയും വരെ പഠിപ്പിച്ച പ്രവാചകൻ എന്ന് നബിﷺയെ പരിചയപ്പെടുത്തിയതിൽ ഒരുപാട് ഉള്ളടക്കങ്ങളുണ്ട്.

ഒരാളുടെയും ദൃഷ്ടിയിൽ പെടാത്ത വിധം അതീവ സ്വകാര്യമായും രഹസ്യമായും ജനവാസ ഭാഗത്തുനിന്നും പൂർണ്ണമായി അകന്നുമായിരുന്നു പ്രാഥമികാവശ്യത്തിനുവേണ്ടി നബിﷺ പോയിരുന്നത്. മക്കയിൽ ആയിരിക്കുമ്പോൾ രണ്ട് മൈൽ അകലെ മുഗമ്മസിലായിരുന്നു പ്രാഥമികാവശ്യത്തിനു വേണ്ടി നബിﷺ പോയിരുന്നത് എന്ന് ഇബ്നു ഉമറി(റ)ൽ നിന്ന് ത്വബ്റാനി(റ) റിപ്പോർട്ട് ചെയ്ത ഒരു ഹദീസുണ്ട്.

യാത്രയിൽ ആയിരിക്കുമ്പോൾ പോലും വഴിമധ്യേ പ്രാഥമികാവശ്യ നിർവഹണത്തിനിറങ്ങിയാൽ ആളുകളുടെ കണ്ണ് മറയുന്ന ദൂരം തിരുനബിﷺ നടന്നു പോകുമായിരുന്നു.

തിരുനബിﷺ ടോയ്ലറ്റ് ചെയ്താൽ അവശിഷ്ടമൊന്നും ആരും കാണാത്ത വിധം അതിവേഗം ഭൂമി വിഴുങ്ങി കളയുക എന്ന ഒരു വിശേഷമുണ്ടായിരുന്നു എന്ന് സ്വഹാബികൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. എന്നാൽ എല്ലാ മനുഷ്യർക്കും അധ്യാപനം നൽകുക എന്ന രീതിയിൽ സാധാരണ പ്രാഥമികാവശ്യഘട്ടങ്ങളിൽ മനുഷ്യരിൽ നിന്നുണ്ടാകുന്ന ശബ്ദമോ ഗന്ധമോ അപരന് ബാധിക്കാത്ത വിധത്തിലായിരിക്കണം ഓരോരുത്തരും ടോയ്ലറ്റ് തെരഞ്ഞെടുക്കേണ്ടത് എന്ന് തിരുനബിﷺ പ്രത്യേകം തന്നെ അധ്യാപനം നൽകിയിട്ടുണ്ട്.

കൂടുതൽ സംസ്കൃതമാകുന്നു എന്ന് അവകാശപ്പെടുന്ന പുതിയ കാലത്ത് ആധുനിക ക്രമീകരണങ്ങളുടെ ഭാഗമായി വരുന്ന ടോയ്ലറ്റ് സംവിധാനങ്ങളിൽ ഒക്കെയും ‘നാണവും മാനവും’ എന്ന് പ്രയോഗിക്കപ്പെടുന്ന വിധത്തിലുള്ള മാനുഷിക മാന്യത നഷ്ടപ്പെട്ടു പോകുന്നു എന്നത് സാംസ്കാരികമായ ഒരു അധഃപതനമാണ്. ശൗചാലയങ്ങളുടെ നിർമ്മാണങ്ങളിൽ പുതിയകാലത്ത് വന്നുചേരുന്ന രീതികൾ സംസ്കൃതർ എന്ന് അവകാശപ്പെടുന്ന മനുഷ്യന്റെ ജീവിതത്തോട് യോജിക്കുന്നുണ്ടോ എന്ന് നാം തന്നെ വിലയിരുത്തേണ്ടതാണ്. വൃത്തികെട്ട പദാവലികൾ ഉപയോഗിക്കുന്നവർക്ക് സാമൂഹിക അംഗീകാരം ലഭിക്കുന്ന കാലമാകുമ്പോൾ, വൃത്തികേടുകൾക്ക് വിലാസവും നൽകപ്പെടുന്നതിൽ പുതുമയുണ്ടാകില്ലല്ലോ?

ഏതായാലും ഏതു മേഖലയിലും ഒരു ഉത്തമ മനുഷ്യൻ എങ്ങനെയായിരിക്കണം എന്ന് ജീവിച്ചു കാണിക്കുകയായിരുന്നു തിരുനബിﷺ. അതുകൊണ്ടുതന്നെ പ്രസ്തുത ജീവിതത്തിന്റെ എല്ലാ അധ്യായങ്ങളിൽ നിന്നും പകർത്തപ്പെടേണ്ട അധ്യാപനങ്ങളുണ്ടായിട്ടുണ്ട്. നബി ജീവിതത്തിന്റെ അടരുകളിലൂടെ സഞ്ചരിക്കുമ്പോൾ അതുകൂടിയാണ് നമുക്ക് വായിച്ചു പോകാനുള്ളത്.

 

 

Tweet 958

ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. യഹിയ ബിൻ ഉബൈദ്(റ) അദ്ദേഹത്തിന്റെ പിതാവ് പറഞ്ഞതായി പറഞ്ഞു. താമസിക്കാൻ ഇടം അന്വേഷിക്കുന്നതുപോലെ തിരുനബിﷺ മൂത്രമൊഴിക്കാൻ പറ്റുന്ന ഇടം അന്വേഷിക്കുമായിരുന്നു.

ഒരു പ്രദേശത്തെത്തുകയോ യാത്രക്കിടയിലോ മൂത്രമൊഴിക്കുവാനോ മറ്റു പ്രാഥമികാവശ്യം നിർവഹിക്കേണ്ടി വരികയോ ചെയ്താൽ അനുയോജ്യമായ ഒരു സ്ഥലം പരതി തിരുനബിﷺ നടക്കുമായിരുന്നു. ഒരു നിലക്കും ആരുടെയും ശ്രദ്ധയിൽപ്പെടാത്തതും മറ്റുള്ളവരുടെ ആവാസത്തിന് പ്രയാസമുണ്ടാക്കാത്തതുമായ ഇടം തേടി കണ്ടെത്തുക. അതീവ സ്വകാര്യമായി ആവശ്യം നിർവഹിച്ചു വരിക. എന്നതായിരുന്നു അവിടുത്തെ രീതി. നാണവും മാനവും എന്ന് നാടൻ മലയാളത്തിൽ പറയുന്നതുപോലെ, അവ രണ്ടും കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രത്യേക ജാഗ്രത ഉണ്ടാവണം എന്നതാണ് അധ്യാപനം.

ഉറച്ച തറയുള്ള സ്ഥലങ്ങളിലാണ് എത്തിപ്പെടുന്നതെങ്കിൽ ഒരു കൊള്ളിയെടുത്ത് മണ്ണു കുത്തി ഇളക്കുകയും മൂത്രം തെറിക്കാത്ത വിധത്തിൽ പരുവപ്പെടുത്തുകയും ചെയ്യുമായിരുന്നു. പാത്രത്തിലേക്കോ ശരീരത്തേക്കോ തിരിച്ചു തെറിക്കാതിരിക്കാനും വേഗം ഭൂമിയിലേക്ക് വലിഞ്ഞു പോകാനും ഉപയോഗപ്പെടുന്ന രീതിയായിരുന്നു ഇത്. പ്രസ്തുത ആശയം ഉൾക്കൊള്ളുന്ന ഹദീസ്, നിവേദന പരമ്പരയിൽ അത്ര ശക്തമല്ലെങ്കിലും ഉള്ളടക്കം ശ്രദ്ധേയമാണ്.

പ്രമുഖനായ സ്വഹാബി അബൂ മൂസ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. ഒരിക്കൽ ഞാൻ തിരുനബിﷺയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. വഴിയിൽ വച്ച് അവിടുത്തേക്ക് മൂത്രമൊഴിക്കാൻ പോകേണ്ടി വന്നു. ഒരു മതിലിനോട് ചേർന്ന് ഇളകി കിടക്കുന്ന മണ്ണുള്ള സ്ഥലത്തേക്ക് പോയി ആവശ്യം നിർവഹിച്ചു വന്നു. ശേഷം ഇങ്ങനെ പറഞ്ഞു. നിങ്ങൾ ആരെങ്കിലും മൂത്രം ഒഴിക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ അതിന് യോഗ്യമായ സ്ഥലം കണ്ടെത്തുക.

പ്രാഥമികാവശ്യ നിർവഹണ നേരത്ത് ചില ചിട്ടകളും മര്യാദകളും പാലിക്കണമെന്ന നിർദ്ദേശം തിരുനബിﷺ നൽകിയിട്ടുണ്ട്. അതിലേക്ക് വെളിച്ചം നൽകുന്ന ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം. പ്രവാചകൻﷺ പ്രാഥമികാവശ്യത്തിന് പോകുമ്പോൾ ചെരുപ്പ് ധരിക്കുകയും തല മറയ്ക്കുകയും ചെയ്യുമായിരുന്നു.

അനസുബ്നു മാലികി(റ)ൽ നിന്ന് ഇമാം ഇബ്നു ഹിബ്ബാൻ(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കൂടിയുണ്ട്. പ്രവാചകൻﷺ ശൗചാലയത്തിലേക്ക് പോകാൻ ഒരുങ്ങുമ്പോൾ മോതിരം അഴിച്ചു വെക്കുമായിരുന്നു.

വിശുദ്ധ വചനങ്ങൾ എഴുതിയ വസ്തുക്കൾ ശൗചാലയത്തിലേക്ക് കൊണ്ടുപോകരുതെന്ന മതപരമായ നിർദ്ദേശമുണ്ട്. വിശുദ്ധ ഖുർആൻ വചനങ്ങൾ, അല്ലാഹുവിന്റെ നാമം, പ്രവാചകന്മാരുടെ നാമങ്ങൾ, മന്ത്രങ്ങൾ എന്നിവ എഴുതിയ വസ്തുക്കൾ കൊണ്ടുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്.

ഏത് സ്ഥലത്തിറങ്ങി പ്രാഥമികാവിശ്യ നിർവഹണത്തിന് വേണ്ടി പോയാലും മറവുള്ള ഒരു സ്ഥലം കണ്ടുപിടിക്കൽ തിരുനബിﷺയുടെ രീതിയായിരുന്നു. നമ്മളും അങ്ങനെ ശ്രദ്ധിക്കണം എന്ന നിർദ്ദേശവുമുണ്ട്. ചില യാത്രകളിൽ ഒക്കെ പാത്രത്തിൽ വെള്ളവും എടുത്ത് മറതേടി ആവശ്യനിർവഹണത്തിനു വേണ്ടി പോയ രംഗങ്ങൾ പല സ്വഹാബികളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഒരിക്കൽ അങ്ങനെ പോയപ്പോൾ മതിയായ ഒരു മറ കിട്ടാതെ വന്ന നേരത്ത്, അകലങ്ങളിൽ നിന്ന് രണ്ട് മരങ്ങൾ അത്ഭുതകരമായി ചേർന്നുനിൽക്കുകയും തിരുനബിﷺക്ക് മറയായി നിന്നു കൊടുക്കുകയും ശേഷം അവകൾ അവകളുടെ മുരടുകളിലേക്ക് തന്നെ മടങ്ങി പോവുകയും ചെയ്തത് പ്രബലമായ പരമ്പരയിലൂടെ ഇമാം അഹ്മദ്(റ) ഉദ്ധരിച്ചിട്ടുണ്ട്. പാദമില്ലാത്ത കാലുകളിൽ മരങ്ങൾ സഞ്ചരിച്ചു പ്രവാചക സവിധത്തിലേക്ക് വന്നു എന്ന് ആശയം പകർന്നു തരുന്ന മനോഹരമായ ഒരു വരി തന്നെ ഇമാം ബൂസ്വീരി(റ)യുടെ ബുർദയിൽ കാണാം. യഅ്ല ബിൻ സിയാബ(റ) അദ്ദേഹത്തിന്റെ സ്വന്തം അനുഭവമായി ഇത്തരമൊരു സംഭവം നിവേദനം ചെയ്തത് ഇമാം അഹ്മദ്(റ) തന്നെ എടുത്തു പറയുന്നു.

 

 

Tweet 959

അനസുബ്നു മാലികി(റ)ൽ നിന്ന് ഒരു സംഘം ഹദീസ് പണ്ഡിതന്മാർ രേഖപ്പെടുത്തുന്നു. തിരുനബിﷺ പ്രാഥമികാവശ്യ നിർവഹണത്തിന് വേണ്ടി നിശ്ചയിക്കപ്പെട്ട സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഇങ്ങനെ പ്രാർഥിക്കുമായിരുന്നു. “ആൺ പെൺ പിശാചുക്കളിൽ നിന്ന് അല്ലാഹുവേ നിന്നോട് ഞാൻ കാവൽ തേടുന്നു.” അനസുബ്നു മാലികും(റ) അബ്ദുല്ലാഹിബ്നു ഉമറും(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പ്രാഥമിക ആവശ്യനിർവഹണത്തിന് ഉദ്ദേശിച്ചാൽ ഭൂമിയോട് അടുക്കുമ്പോഴല്ലാതെ വസ്ത്രം ഉയർത്തുമായിരുന്നില്ല.

മേൽപ്പറഞ്ഞ കാര്യങ്ങളൊക്കെ നമുക്കും ഉണ്ടായിരിക്കേണ്ട ശീലങ്ങളാണ്. വാഷ് റൂമിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും നിർദ്ദേശിക്കപ്പെട്ട പ്രാർഥനകൾ നിർവഹിക്കണം. വാഷ് റൂമിനുള്ളിലായാലും അല്ലെങ്കിലും ആവശ്യ നിർവഹണത്തോടടുത്തെത്തുമ്പോൾ മാത്രം വസ്ത്രം ഉയർത്തുകയും ആവശ്യമായ അളവിൽ മാത്രം വസ്ത്രം ഉയർത്തുകയും വേണം. നേരത്തെ തന്നെ വസ്ത്രമുയർത്തുന്നതോ ആവശ്യത്തിലേറെ നഗ്നത തുറക്കുന്നതോ മാന്യതയുള്ള നല്ല ശീലങ്ങളല്ല. ബാത്റൂമിലായാലും സ്വകാര്യതയിലായാലും അത്തരം വിഷയങ്ങളിൽ പ്രത്യേകമായ നാണവും ലജ്ജയും പാലിച്ചിരിക്കണം.

ടോയ്ലറ്റ് ചെയ്യുമ്പോൾ ഖിബ്‌ലക്ക് അഭിമുഖമായി ഇരുന്നു നിർവഹിക്കുന്നതിനെ തിരുനബിﷺ വിലക്കിയിട്ടുണ്ട്. ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവൻ്റെ നിസ്കാരം നിർവഹിക്കുമ്പോൾ പ്രത്യേകമായി അഭിമുഖീകരിക്കേണ്ട ലക്ഷ്യസ്ഥാനമാണല്ലോ ഖിബ്‌ല. പിൻഭാഗം കൊണ്ട് ഖിബ്‌ലയെ അഭിമുഖീകരിക്കുന്നതും ഉചിതമായ രീതിയല്ല. അനിവാര്യമാണെങ്കിൽ മുന്നിൽ ഒരു മറയുണ്ടെങ്കിൽ, അല്ലെങ്കിൽ പിന്നിൽ ഒരു മറയുണ്ടെങ്കിൽ ആകാവുന്നതുമാണ്. പ്രാഥമികാവശ്യ നിർവഹണ ഘട്ടങ്ങളിൽ പ്രവാചകൻﷺ തന്നെ ഖിബ്‌ലക്ക് അഭിമുഖമായോ പ്രതിമുഖമായോ ഉണ്ടായിരുന്നതായി നിവേദനം ചെയ്യപ്പെട്ട ഹദീസുകളിൽ അവയൊക്കെ ഒരു മറയോട് ചേർന്ന ഘട്ടങ്ങളിലായിരുന്നു എന്ന് ചേർത്തു മനസ്സിലാക്കേണ്ടതാണ്.

പ്രവാചകൻﷺ ഇരുന്നുകൊണ്ട് മാത്രമായിരുന്നു മൂത്രമൊഴിച്ചിരുന്നത്. ഖുർആൻ അവതരിച്ചതിൽ പിന്നെ അങ്ങനെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു എന്ന് മഹതി ആഇശ(റ) നിവേദനം ചെയ്ത റിപ്പോർട്ടുകളിൽ കാണാം. പ്രവാചകൻﷺ നിന്ന് മൂത്രമൊഴിച്ചു എന്ന് ആരെങ്കിലും പറഞ്ഞാൽ അത് വിശ്വസിക്കരുത് എന്നും ഇരുന്നു മാത്രമേ നിർവഹിച്ചിട്ടുള്ളൂ എന്നും ആഇശ(റ) പറയുന്ന റിപ്പോർട്ട് ഇമാം തുർമുദി(റ) ഉദ്ധരിക്കുന്നുണ്ട്.

രോഗകാരണമായോ മറ്റോ ഇരുന്നു നിർവഹിക്കാൻ കഴിയാത്തവർക്ക് നിന്ന് നിർവഹിക്കാവുന്നതാണ്. പ്രവാചകൻﷺ നിന്ന് മൂത്രമൊഴിച്ചതായി പറയപ്പെട്ട ഹദീസുകളിൽ അപ്രകാരം ചില കാരണങ്ങളുടെ അടിസ്ഥാനത്തിലെ ഒറ്റപ്പെട്ട സംഭവമായി തന്നെയാണ് വ്യാഖ്യാതാക്കൾ വിശദീകരിച്ചത്.

മൂത്രം മാലിന്യമാണെന്നും മാലിന്യങ്ങളിൽ നിന്ന് എപ്പോഴും നമ്മൾ വിട്ടുനിൽക്കണമെന്നും, ശരീരത്തിലോ വസ്ത്രത്തിലോ മാലിന്യം സംഭവിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും ജീവിതംകൊണ്ടും പ്രസ്താവന കൊണ്ടും തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. പ്രാഥമികാവശ്യഘട്ടങ്ങളിലെല്ലാം തിരുനബിﷺ ഏറെ ജാഗ്രതയോടെ കണ്ടിരുന്നത് വസ്ത്രത്തിലോ ശരീരത്തിലോ മാലിന്യം തെറിക്കാതിരിക്കാനാണ്. അതിനുപയോഗ്യമായ ശീലങ്ങളായിരുന്നു അവിടുന്ന് നിർവ്വഹിച്ചിരുന്നത്.

ഇടതു കൈ കൊണ്ടായിരുന്നു അവിടുന്ന് ശൗച്യം ചെയ്തിരുന്നത്. നല്ല നല്ല കാര്യങ്ങൾ ചെയ്യൽ വലതുകൈ കൊണ്ടായിരിക്കണമെന്നും ശൗച്യം ചെയ്യുക പോലെയുള്ള കാര്യങ്ങൾക്ക് ഇടതുകൈ ഉപയോഗിക്കണമെന്നും തിരുനബിﷺ കർമം കൊണ്ടും നിർദ്ദേശം കൊണ്ടും നമ്മെ പഠിപ്പിച്ചിട്ടുണ്ട്. കല്ലുകൊണ്ടും വെള്ളം കൊണ്ടും അവിടുന്ന് ശുദ്ധീകരണം നടത്തിയിരുന്നു. മാലിന്യം പൂർണ്ണമായും വലിച്ചെടുക്കുന്ന വിധം കല്ലുകൾ കൊണ്ട് മൂന്നുപ്രാവശ്യവും ശേഷം വെള്ളം കൊണ്ടും ചിലപ്പോൾ കല്ലുകൊണ്ട് മാത്രമോ വെള്ളം കൊണ്ടു മാത്രമോ എന്ന രീതിയിലും തിരുനബിﷺ ശുദ്ധീകരണം വരുത്തിയിരുന്നു. ഏത് ഘട്ടത്തിലും ഇടതുകൈ കൊണ്ട് തന്നെയാണ് അവ നിർവഹിച്ചിരുന്നത്.

 

 

Tweet 960

മനുഷ്യ ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിലും വിവിധ സന്ദർഭങ്ങളിലും മനുഷ്യന്റെ പ്രകൃതിപരമായ കാര്യങ്ങളും വിശേഷപ്പെട്ട വിഷയങ്ങളും എങ്ങനെയൊക്കെ ആകണം എന്ന വിശദമായ അവലോകനം നബി ജീവിതത്തിൽ നിന്ന് നമുക്ക് വായിക്കാൻ കഴിയും. അതിന്റെ ഭാഗമായി ഇങ്ങനെ ഒരു അധ്യായം കൂടി ഈ വിഷയത്തിൽ നമുക്ക് വായിക്കാം. രോഗികളായോ മറ്റോ കിടക്കുകയും അല്ലെങ്കിൽ രാത്രികാലങ്ങളിൽ പുറത്തുപോയി പ്രാഥമിക ആവശ്യനിർവഹണം സാധ്യമാകാതെ വരികയും ചെയ്യുമ്പോൾ എന്തായിരുന്നു അക്കാലത്ത് ചെയ്തിരുന്നത് എന്ന അന്വേഷണത്തിനും മറുപടിയുണ്ട്.

ഉമൈമ(റ)യുടെ മകൾ ഹുകൈമ(റ) പറഞ്ഞതായി ഇമാം ഹാകിം(റ) ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ പക്കൽ ഒരു മരച്ചട്ടിയുണ്ടായിരുന്നു. അത് കിടക്കയുടെ താഴേ കരുതിവെക്കും. ആവശ്യമായി വന്നാൽ രാത്രിയിൽ അതിൽ മൂത്രമൊഴിക്കും.

തിരുനബിﷺക്ക് സേവനം ചെയ്യാൻ അനുയായികൾ എപ്പോഴും ജാഗ്രതയിലായിരുന്നുവല്ലോ. കൂട്ടത്തിൽ തിരുനബിﷺയുടെ ആവശ്യങ്ങൾക്ക് വെള്ളം എത്തിച്ചു കൊടുക്കുന്നത് സ്വഹാബികൾ കാത്തിരിന്നു ചെയ്തിരുന്ന ഒരു സേവനമായിരുന്നു. തിരുനബിﷺയോടൊപ്പം നിരന്തരം സഹവസിക്കാനും നിഴലായി നിൽക്കാനും അവസരം കിട്ടിയ അബൂഹുറൈറ(റ) പറയുന്നു. തിരുനബിﷺ പ്രാഥമിക ആവശ്യത്തിനുവേണ്ടി പോയാൽ ഒരു മൊന്തയിൽ വെള്ളവുമായി ഞാൻ നീങ്ങും. അവിടുന്ന് അത് ഉപയോഗിച്ച് ശുദ്ധീകരണം വരുത്തിയശേഷം മണ്ണിൽ കൈ ഒന്നുരതും. അപ്പോഴേക്കും ഞാൻ അടുത്ത പാത്രത്തിൽ വെള്ളം കൊണ്ടുവരും. അതുപയോഗിച്ച് നബിﷺ വുളൂഅ് ചെയ്യുകയും ചെയ്യും.

മഹാനായ സ്വഹാബി ജരീറി(റ)ൽ നിന്ന് ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്യുന്നു. ഞാൻ ഒരിക്കൽ തിരുനബിﷺയോടൊപ്പമുണ്ടായിരുന്നു. പ്രാഥമികാവശ്യ നിർവഹണത്തിന് വേണ്ടി പോയ തിരുനബിﷺ വെള്ളം കൊണ്ടുവരാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ വെള്ളം കൊണ്ടുവന്നു. അത് ഉപയോഗിച്ച് തിരുനബിﷺ ശുദ്ധീകരണം നിർവഹിച്ചു. ശേഷം കൈ മണ്ണിൽ ഒന്നുരസി.

മൂത്രമൊഴിച്ച ശേഷവും തിരുനബിﷺ സവിശേഷമായ രൂപത്തിൽ കയ്യും മറ്റും കഴുകുകയും വസ്ത്രത്തിൽ രഹസ്യ ഭാഗത്തിന്റെ മേലെ വെള്ളം കുടയുകയും ചെയ്യുമായിരുന്നു.

ഒരിക്കൽ 3 കല്ലുകൾ കൊണ്ടുവരാൻ വേണ്ടി തിരുനബിﷺ ആവശ്യപ്പെട്ട അനുഭവം അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറയുന്നുണ്ട്. ഞാൻ പരതി നടന്നപ്പോൾ രണ്ട് കല്ലുകളും ഉണങ്ങിയ ഒരു കാഷ്ടത്തിന്റെ കഷ്ണവുമാണ് കയ്യിൽ പെട്ടത്. ഇത് മൂന്നുമായി ഞാൻ തിരുനബിﷺയുടെ അടുക്കൽ ചെന്നു. രണ്ട് കല്ലുകൾ മാത്രം സ്വീകരിച്ച നബിﷺ മൂന്നാമത്തെത് മാലിന്യമാണെന്ന് പറഞ്ഞു ഒഴിവാക്കി. മൂന്നാമതും ഒരു കല്ല് തന്നെ കൊണ്ടുവരാൻ ആവശ്യപ്പെടുകയും ചെയ്തു.

തുണിക്കോന്തലയിൽ കല്ലുകൾ എടുത്തുവച്ച് തിരുനബിﷺക്ക് വേണ്ടി കൊണ്ടുവന്നു കൊടുത്ത അനുഭവം അബൂഹുറൈറ(റ)യും പറയുന്നുണ്ട്. തിരുനബിﷺയുടെ സമീപത്തു വച്ചു കൊടുത്തതിനുശേഷം അദ്ദേഹം അകലങ്ങളിലേക്ക് മാറിനിന്നു. തിരുനബിﷺ ആവശ്യങ്ങളൊക്കെ നിർവഹിച്ചു കഴിഞ്ഞപ്പോൾ അടുത്തേക്ക് തന്നെ ചെല്ലുകയും തുടർന്ന് വേണ്ട സേവനങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു.

വെള്ളം ദുർലഭമാകുന്ന ഘട്ടങ്ങളിൽ കല്ലോ മറ്റു മാലിന്യങ്ങൾ വലിച്ചെടുക്കുന്ന വസ്തുക്കളോ കൊണ്ട് ശുദ്ധീകരണം വരുത്തുക എന്നത് ഒരു രീതിയായിരുന്നു. വെള്ളമുണ്ടെങ്കിൽ അതുകൊണ്ടുതന്നെ മതിയാക്കിയിരുന്നു. ചിലയാളുകളിൽ ചിലപ്പോൾ മാലിന്യങ്ങൾ അവശേഷിക്കാൻ സാധ്യതയുണ്ടായിരുന്നു. അവരെ ഉദ്ദേശിച്ചുകൊണ്ട് നിങ്ങളുടെ ഭാര്യമാരോടൊക്കെ വെള്ളം ഉപയോഗിച്ച് ശുദ്ധി വരുത്താൻ നിങ്ങൾ പറയണമെന്ന് പൊതുവായി മഹതി ആഇശ(റ) പറയുന്ന ഒരു പ്രസ്താവനയുണ്ട്. എനിക്ക് അവരോടൊക്കെ പറയാൻ നാണമുണ്ടെന്നും തിരുനബിﷺയുടെ ജീവിതത്തിൽ നിന്ന് ഞാൻ പഠിച്ചത് വെള്ളം കൂടി ഉപയോഗിച്ച് പൂർണ്ണ ശുദ്ധി വരുത്തുന്ന രീതിയാണെന്നും മഹതി ആഇശ(റ) തുടർന്ന് പറയുന്നുണ്ട്.

 

 

Tweet 961

പ്രാഥമികാവശ്യ നിർവഹണത്തിനുശേഷം തിരുനബിﷺ പാലിച്ചിരുന്ന ചില ചിട്ടകളുണ്ട്. നമുക്ക് പകർത്താനും ആലോചിക്കാനും ഏറെ ആശയങ്ങളുള്ളതാണ്. ഇമാം അഹ്മദും(റ) അബൂദാവൂദും(റ) മഹതി ആഇശ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. അവിടുന്ന് പറഞ്ഞു. തിരുനബിﷺ ടോയ്ലറ്റ് ചെയ്തു വന്നാൽ അല്ലാഹുവേ നിന്നോട് പൊറുക്കലിനെ ചോദിക്കുന്നു എന്ന് അർഥമുള്ള പ്രാർഥന നിർവഹിക്കും. അനസുബിനുമാലികി(റ)ൽ നിന്ന് ഇബ്നുമാജ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ ടോയ്‌ലറ്റിൽ നിന്ന് പുറത്തുവന്നാൽ “അൽഹംദുലില്ലാഹില്ലദീ അദ്ഹബ് അന്നീ അൽ അദാ വ ആഫാനി” എന്ന് പറയുമായിരുന്നു. എനിക്ക് പ്രയാസങ്ങൾ നീക്കി ക്ഷേമം നൽകിയവനെ, നിനക്കാണ് സർവ്വസ്തുതിയും എന്നാണ് ഈ പ്രാർഥനയുടെ ആശയം.

വാഷ് റൂമിൽ നിന്ന് പുറത്തുവന്നാൽ ചൊല്ലിയിരുന്ന ഈ മന്ത്രങ്ങൾക്കൊക്കെയും വിശാലമായ ആശയങ്ങളുണ്ട്. ഒരു വിശ്വാസി എപ്പോഴും അല്ലാഹുവിനെക്കുറിച്ചുള്ള ഓർമയിലും അവൻ്റെ അവയവങ്ങളും മറ്റും അല്ലാഹുവിന് ദിക്റ് ചൊല്ലിക്കൊണ്ടിരിക്കുകയുമായിരിക്കും. എന്നാൽ ദിക്റിനും ആത്മീയ കർമങ്ങൾക്കും ഉചിതമായ സ്ഥലമല്ലല്ലോ ടോയ്ലറ്റുകൾ. അവിടെ കഴിച്ചുകൂടുന്ന അത്രയും സമയം അല്ലാഹുവിനെ സ്മരിച്ചുകൊണ്ട് മന്ത്രങ്ങൾ ചൊല്ലാൻ പറ്റാത്ത പരിസരത്തായിരുന്നു എന്ന വിചാരത്തിൽ നിന്ന് ദിക്റ് ചൊല്ലാൻ പറ്റുന്ന പരിസരത്തേക്ക് എത്തിയപ്പോഴുള്ള ആത്മീയ ഉണർവിൽ നിന്നാണ് അല്ലാഹുവേ നീ പൊറുക്കേണമേ എന്ന പ്രാർഥന ഉയർന്നുവരുന്നത്.

ശരീരത്തിനുള്ളിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ സ്രഷ്ടാവ് തന്നെ സംവിധാനിച്ചിട്ടുള്ളതാണല്ലോ മലമൂത്ര വിസർജനങ്ങൾ. അത് ശരിയായ വിധത്തിൽ നടക്കുമ്പോഴാണ് ഒരു വ്യക്തിയുടെ ആരോഗ്യം ശരിയായ നിലക്ക് നിലനിൽക്കുന്നു എന്ന് പറയാനാവുക. പ്രസ്തുത കാര്യത്തിൽ വരുന്ന താളഭേദങ്ങൾ വലിയ വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. പുറത്തു പോകേണ്ട മാലിന്യങ്ങൾ പുറത്തു പോകാതിരുന്നാൽ ഒരാൾ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങൾ എത്ര വലുതാണ്. ഒരു ക്രമത്തിലല്ലാതെ പോയിക്കൊണ്ടിരുന്നാൽ അയാൾ അനുഭവിക്കേണ്ടിവരുന്ന പ്രതിസന്ധികൾ എത്രയാണ്. ഇത് രണ്ടിന്റെയും ഇടയിൽ കൃത്യമായ ഒരു താളത്തിലും ഇടവേളയിലും മനുഷ്യന്റെ ടോയ്ലറ്റ് സംവിധാനം നിലനിൽക്കുക എന്നത് അല്ലാഹു ചെയ്തു തരുന്ന വലിയ അനുഗ്രഹമാണ്.

സ്വാഭാവികമായ വിസർജനം നടക്കാത്തതിന്റെ പേരിൽ കിടക്കകളിൽ പുളയുന്ന എത്രയോ മനുഷ്യന്മാർ, അനിയന്ത്രിതമായ വിസർജനങ്ങളിലൂടെ പ്രയാസപ്പെടുന്ന എത്രയോ രോഗികൾ. ഇങ്ങനെയെല്ലാമാകുമ്പോൾ കൃത്യമായി നിർവഹിക്കാനാവുന്നവർ അതിനു സൗകര്യം ചെയ്ത സ്രഷ്ടാവിനെ എത്ര സ്തുതിച്ചാലാണ് മതിയാവുക. ഈയൊരു വസ്തുതയെ ഉണർത്താനും ബോധ്യം നിലനിർത്താനുമാണ് ടോയ്‌ലറ്റിൽ നിന്ന് പുറത്തുവരുമ്പോഴുള്ള മന്ത്രം പ്രവാചകൻﷺ സ്വന്തം ജീവിതത്തിൽ പാലിക്കുകയും മറ്റുള്ളവർക്ക് അധ്യാപനം നൽകുകയും ചെയ്തത്.

ഓരോ മനുഷ്യനും തനിക്ക് ലഭിച്ച അനുഗ്രഹങ്ങളെ കുറിച്ച് അവബോധമുണ്ടാകണം. അനുഗ്രഹങ്ങൾ നൽകിയവനെ കുറിച്ച് നിരന്തരമായി ഓർമ നിലനിർത്തുകയും വേണം. ഇപ്രകാരം ജീവിതത്തിന്റെ ഓരോ തലങ്ങളിലും മൂല്യങ്ങളെ നിറയ്ക്കുകയായിരുന്നു പുണ്യ റസൂൽﷺ.

പ്രാഥമികാവശ്യ നിർവഹണത്തിന്റെ മര്യാദകളും ചിട്ടകളും ഒരു പ്രവാചകൻ ജീവിതം കൊണ്ട് കാണിച്ചു തന്നു എന്ന് പറയുമ്പോൾ ആലോചനാപൂർവ്വം അതിനെ അറിയാനും പഠിക്കാനും നാം തയ്യാറാകണം. അപ്പോഴാണ് നമുക്ക് ലഭിച്ച അനുഗ്രഹങ്ങളുടെ വലിപ്പവും, നമ്മളിൽ ഉണ്ടായിരിക്കേണ്ട അനുകൂല വിചാരങ്ങളുടെ വ്യാപ്തിയും നമുക്ക് തിരിച്ചറിയാനാവുക. പല അധ്യായങ്ങളിലും മനസ്സിരുത്തി നാം ആലോചിച്ചതുപോലെ, ഇതെല്ലാം ജീവിതം കൊണ്ട് ആഖ്യാനിക്കുകയും വ്യാഖ്യാനിക്കുകയും ചെയ്ത ആരെയാണ് ലോകചരിത്രത്തിന് വേറെ പരിചയപ്പെടുത്താനുള്ളത്!

 

 

Tweet 962

പ്രാഥമികാവശ്യ നിർവഹണ സമയത്ത് ആരെങ്കിലും നബിﷺക്ക് സലാം ചൊല്ലിയാൽ അവിടുന്ന് മടക്കുമായിരുന്നില്ല. ഹൻളല ബിൻ റാഹിബ്(റ) പറയുന്നു. ഒരു ദിവസം തിരുനബിﷺ പ്രാഥമികാവശ്യ നിർവഹണത്തിലായിരുന്നു. ഒരാൾ നബിﷺക്ക് സലാം ചൊല്ലി കടന്നുവന്നു. അവിടുന്ന് സലാം മടക്കിയില്ല. എല്ലാം കഴിഞ്ഞതിനുശേഷം അദ്ദേഹത്തിന് പ്രത്യഭിവാദ്യം ചെയ്തു. ഒരിക്കൽ മൂത്രപ്പുരയിൽ ആയിരിക്കെ ഒരാൾ സലാം ചൊല്ലി കടന്നു വന്നപ്പോൾ സലാം മടക്കിയില്ലെന്ന് പറയുന്ന ഹദീസ് ഇബ്നു ഉമറി(റ)ൽ നിന്ന് ഇമാം ശാഫിഈ(റ)യും പ്രമുഖരായ ഹദീസ് നിവേദകന്മാരും ഉദ്ധരിച്ചിട്ടുണ്ട്. ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്ത ഹദീസിൽ വ്യക്തമായി തന്നെ പ്രവാചകൻﷺ പറയുന്നു. നിങ്ങൾ കടന്നുവരുമ്പോൾ പ്രാഥമികാവശ്യ നിർവഹണത്തിലാണ് നമ്മൾ എന്നറിഞ്ഞാൽ നിങ്ങൾ സലാം ചൊല്ലരുത്, ചൊല്ലിയാൽ തന്നെ ഞാൻ മടക്കുകയുമില്ല.

വിശ്വാസികൾ അറിയാനും പാലിക്കാനുമുള്ള ഒരു ജീവിത ചിട്ടയായി തന്നെയാണ് ഇത് പ്രവാചകൻﷺ പകർന്നു തരുന്നത്. അശുദ്ധിയുള്ള സ്ഥലങ്ങളിൽ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുകയോ പുണ്യകരമായ മന്ത്രങ്ങൾ ചൊല്ലുകയോ പാടില്ല എന്ന് പ്രായോഗികമായിത്തന്നെ പ്രവാചകനുംﷺ നമ്മെ പഠിപ്പിക്കുകയാണ്. ജീവിതത്തിന്റെ ചില മേഖലകളിലെ ചില്ലറ ചിട്ടകൾ പഠിപ്പിച്ച പലരുമുണ്ടാകും. എന്നാൽ, ഇത്രമേൽ സൂക്ഷ്മവും കൃത്യവുമായി ജീവിതത്തെ ആവിഷ്കരിക്കുകയും എന്നത്തേക്കുമുള്ള ആളുകൾക്ക് പകർന്നെടുക്കാൻ പറ്റുന്ന വിധത്തിൽ സൂക്ഷിച്ചു പോവുകയും ചെയ്ത വേറൊരാളെയും ചരിത്രത്തിന് വായിക്കാനും പരിചയപ്പെടുത്താനുമുണ്ടാവില്ല. ഇങ്ങനെ വരുമ്പോഴാണ് തിരുനബി വായനകൾ അതിവിശാലവും സമ്പന്നവുമായി മുന്നോട്ടു നീങ്ങുന്നത്.

മാലിന്യങ്ങളിൽ നിന്ന് പരമാവധി ശരീരവും വസ്ത്രവും സൂക്ഷിക്കണമെന്ന അധ്യാപനം നിരന്തരമായി തിരുനബിﷺ നമ്മെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്. നിസ്കാരാധികർമങ്ങളിലേക്ക് പ്രവേശിക്കുമ്പോൾ പൂർണ്ണമായും മാലിന്യമുക്തമായിരിക്കണമെന്നും അത്തരം ഒരു ബോധ്യത്തോട് കൂടി മാത്രമേ നിസ്കരിക്കാൻ പാടുള്ളൂ എന്നും ഇസ്ലാം നിഷ്കർഷിക്കുന്നു. ശരീരവും വസ്ത്രവും പെരുമാറുന്ന സ്ഥലങ്ങളും മാലിന്യമുക്തമാക്കുന്നതിന് നിശ്ചിതമായ നിബന്ധനകളോടു കൂടിയുള്ള ശുചീകരണ പ്രക്രിയകളും ഇസ്ലാം പഠിപ്പിക്കുന്നുണ്ട്. കേവലം മാലിന്യങ്ങൾ നീക്കിയത് കൊണ്ട് മാത്രമായില്ല. നിശ്ചയിക്കപ്പെട്ട നിബന്ധനകളോടെ ആകുമ്പോൾ മാത്രമേ മതത്തിന്റെ സാങ്കേതിക ഭാഷയിൽ ശുദ്ധീകരണം സാധ്യമായി എന്ന് പറയാനാവൂ.

വസ്ത്രത്തിലോ ശരീരത്തിലോ മാലിന്യം പുരട്ടുന്നത് കുറ്റകരമായ നിഷിദ്ധമാണ് എന്ന് ഇസ്ലാമിക കർമശാസ്ത്രം പഠിപ്പിക്കുന്നുണ്ട്. അത്രമേൽ ഗൗരവതരമായിട്ടാണ് മതം മാലിന്യത്തെ കുറിച്ച് സംസാരിക്കുന്നത്. പ്രാഥമികാവശ്യങ്ങൾ നിർവഹിച്ച ശേഷം ശുദ്ധീകരണ പ്രക്രിയകളെ കുറിച്ച് കൃത്യമായ ചിട്ടകളും മര്യാദകളും നിർദ്ദേശിക്കുന്നത് മതത്തിന്റെ സൗന്ദര്യത്തെയാണ് പ്രകാശിപ്പിക്കുന്നത്. മനുഷ്യന്റെ വ്യക്തി ജീവിതത്തിലെ ഓരോ തലങ്ങളും കൃത്യതയോടെയും വെടിപ്പോടെയും ശ്രദ്ധയോടെയുമാകണമെന്ന് ഇസ്ലാമിന് നിർബന്ധമുണ്ട്.

പ്രവാചകൻﷺ എപ്പോഴും സുഗന്ധത്തെ ഇഷ്ടപ്പെടുകയും, അവിടുന്ന് കടന്നുപോകുന്ന വഴിയിലുടനീളം സുഗന്ധം പരന്നൊഴുകിയിരുന്നു എന്നും, തിരുനബിﷺ ഏതു വഴിയിലാണ് കടന്നുപോയത് എന്നറിയാൻ അവിടുന്ന് ഉപയോഗിക്കുന്ന സുഗന്ധത്തെ പിന്തുടർന്നാൽ മതിയായിരുന്നു എന്നും നാം വായിച്ചു പോയിട്ടുണ്ട്. മതത്തെ അനുഷ്ഠിക്കുന്നവർ അശ്രദ്ധ കാണിക്കുമ്പോഴാണ് മതം തെറ്റിദ്ധരിക്കപ്പെടുന്നത്. ഇസ്ലാം ശരിയായ വിധത്തിൽ പ്രയോഗിക്കുന്ന ഒരാളിൽ നിന്ന് ശാരീരികമായ സുഗന്ധവും ആദർശപരമായ സുഗന്ധവും സ്വഭാവപരമായ സുഗന്ധവും നിരന്തരമായി അനുഭവിക്കാൻ കഴിയും. മതത്തെ വിലാസമായി മാത്രം ഉപയോഗിക്കുകയോ നാമ മാത്രമായി മാത്രം അവരോധിക്കുകയോ ചെയ്തവർക്ക് ഇസ്ലാമിനെ പ്രകാശിപ്പിക്കാനാവില്ല. അവരാൽ ആവിഷ്കരിക്കപ്പെടുന്ന മതമേ അല്ല ഇസ്ലാം.

 

 

Tweet 963

വിവിധ ഘട്ടങ്ങളിൽ വ്യത്യസ്ത മാലിന്യങ്ങളെയും മറ്റും പ്രവാചകൻﷺ എങ്ങനെയാണ് ശുദ്ധീകരിക്കാൻ പഠിപ്പിച്ചത്? അത്തരം ഘട്ടങ്ങളിൽ തിരുനബിﷺയുടെ സമീപനം എന്തായിരുന്നു. ഹദീസുകൾക്കും പ്രമാണങ്ങൾക്കും ഏറെ സംസാരിക്കാനുണ്ട്. ഇമാം മാലിക്(റ) നിവേദനം ചെയ്യുന്നു. ഉമ്മു ഖൈസ് ബിൻത് മിഹസൻ(റ) പറയുന്നു. അവർ അവരുടെ കൈക്കുഞ്ഞിനെയും കൊണ്ട് തിരുനബിﷺയുടെ അടുക്കൽ വന്നു. മുലപ്പാൽ മാത്രം കുടിക്കുന്ന ആ കുഞ്ഞിനെ തിരുനബിﷺ മടിയിൽ വെച്ചു. കുഞ്ഞ് നബിﷺയുടെ വസ്ത്രത്തിൽ മൂത്രമൊഴിച്ചു. തിരുനബിﷺ വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെടുകയും മൂത്രം പുരണ്ട സ്ഥലത്ത് വെള്ളം തളിക്കുകയും ചെയ്തു.

മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞിന്റെ മൂത്രത്തിൽ നിന്ന് ശുദ്ധി വരുത്താൻ ഇത്രയേ ആവശ്യമുള്ളൂ എന്ന് കാണിക്കുകയായിരുന്നു അവിടുന്ന്. ഇതേ വിഷയത്തിൽ മഹതി ആഇശ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസുണ്ട്. ആശയം ഇങ്ങനെ വായിക്കാം. അനുഗ്രഹങ്ങൾ ലഭിക്കുന്നതിന് വേണ്ടി കുഞ്ഞുങ്ങളെ തിരുനബിﷺയുടെ അടുക്കൽ കൊണ്ടുവരാറുണ്ട്. തിരുനബിﷺ അവർക്ക് അനുഗ്രഹങ്ങൾക്ക് വേണ്ടി പ്രാർഥിക്കുകയും തലോടുകയും ചെയ്യും. ചിലപ്പോൾ അവർക്ക് മധുരം തൊട്ടുകൊടുക്കും. ഒരിക്കൽ ഒരു കുഞ്ഞിനെ കൊണ്ടുവന്നു. ആ കുഞ്ഞ് നബിﷺയുടെ മടിയിൽ മൂത്രമൊഴിച്ചു. ഉടനെ പ്രവാചകൻﷺ വെള്ളം ആവശ്യപ്പെടുകയും മൂത്രം വീണ സ്ഥലത്ത് തളിക്കുകയും ചെയ്തു. സാധാരണ മൂത്രം വീഴുന്ന സ്ഥലങ്ങൾ കഴുകുന്നത് പോലെ കഴുകിയില്ല.

ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കുറച്ചുകൂടി വിശദമായ ഒരു അധ്യാപനമുണ്ട്. ലുബാബ ബിൻത് ഹാരിസ്(റ) പറയുന്നു. തിരുനബിﷺയുടെ പൗത്രൻ ഹുസൈൻ(റ) നബിﷺയുടെ മടിയിൽ ഇരിക്കുകയായിരുന്നു. ഇടയിൽ വച്ച് വസ്ത്രത്തിൽ കുഞ്ഞു മൂത്രമൊഴിച്ചു. അപ്പോൾ ഞാൻ പറഞ്ഞു. അല്ലയോ പ്രവാചക പ്രഭോﷺ, ഇതാ മറ്റൊരു വസ്ത്രം ധരിച്ചോളൂ. ധരിച്ചിരിക്കുന്ന വസ്ത്രം അഴിച്ചു തന്നാൽ ഞാൻ കഴുകി കൊണ്ടുവരാം. അപ്പോൾ നബിﷺ ഇങ്ങനെ പറഞ്ഞു. പെൺകുട്ടികളുടെ മൂത്രമാണെങ്കിലാണ് പ്രത്യേകം അങ്ങനെ കഴുകേണ്ടത്. കുട്ടികളുടേതാണെങ്കിൽ മൂത്രം വീണ സ്ഥലത്ത് വെള്ളം തെളിച്ചാൽ മതി.

മുലപ്പാൽ മാത്രം കുടിക്കുന്ന കുഞ്ഞിന്റെ മൂത്രത്തിൽ നിന്ന് ശുദ്ധിയാകുന്നതിനെ കുറിച്ചുള്ള നിയമമാണ് തിരുനബിﷺ ഇവിടെ പരാമർശിച്ചത്. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും മൂത്രങ്ങൾ തമ്മിൽ ഇത്തരമൊരു ഘട്ടത്തിൽ ശുദ്ധീകരണ നിയമങ്ങളിൽ വ്യത്യാസമുണ്ട് എന്നുകൂടിയാണ് ഓർമപ്പെടുത്തിയത്. ഇതേ ആശയമുള്ള ഹദീസ് അബൂ സമഹി(റ)ൽ നിന്ന് ഇമാം നസാഈ(റ)യും നിവേദനം ചെയ്യുന്നുണ്ട്. ഒരിക്കൽ തിരുനബിﷺ ഉറങ്ങുന്ന സമയത്ത് തിരുശരീരത്തിൽ കയറി കളിച്ചുകൊണ്ടിരുന്ന പേരക്കുട്ടി ഹുസൈൻ(റ) തിരുനബിﷺയുടെ പള്ളയിൽ കയറിയിരുന്നു മൂത്രമൊഴിച്ചു. ആ സമയത്തും ശുദ്ധീകരണത്തിന് വേണ്ടി ഇത്തരം സമീപനമാണ് സ്വീകരിച്ചത് എന്ന് സൈനബ ബിൻത് ജഹ്ശ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം.

ഉമ്മുൽ ഫല്ൽ അബ്ബാസി(റ)ൻ്റെ മകൾ ഉമ്മു ഹബീബ(റ) കുഞ്ഞിനേയും കൊണ്ട് തിരുനബിﷺയുടെ അടുക്കൽ വന്നു. കുഞ്ഞിനെ നബിﷺയുടെ മടിയിൽ വച്ചു കൊടുത്തു. കുഞ്ഞ് അവിടെയിരുന്നു മൂത്രമൊഴിച്ചു. അപ്പോഴേക്കും ഉമ്മുഹബീബ(റ) കുഞ്ഞിനെ പിന്നോട്ടു വലിക്കുകയും ചുമലുകൾക്കിടയിൽ അടിക്കുകയും ചെയ്തു. നബിﷺ പറഞ്ഞു. കുഞ്ഞിനെ ഇങ്ങോട്ട് തരൂ. ശേഷം തോൽപാത്രത്തിലുള്ള വെള്ളം മൂത്രം വീണ സ്ഥലങ്ങളിൽ തെളിച്ചു.

ചെറിയ കുട്ടികളുടെ മൂത്രത്തെ കുറിച്ചുള്ള കർമശാസ്ത്ര സമീപനങ്ങൾ രൂപപ്പെടുന്ന ഈ അധ്യായത്തിൽ, തിരുനബിﷺയുടെ സഹവാസത്തിന്റെയും വ്യവഹാരത്തിന്റെയും മനോഹാരിത കൂടി വായിക്കാനുണ്ട്. ഇത്രമേൽ ഉന്നതരായ ഒരു നേതാവിന്റെ മടിത്തട്ടിൽ കുഞ്ഞിനെ വെക്കാനും കുഞ്ഞ് മൂത്രമൊഴിച്ചാൽ അനുനയത്തോട് കൂടി നേതാവ് പെരുമാറുന്നതും ഇത്രമേൽ മനോഹരമായി ഏത് നേതാവിനെ കുറിച്ചാണ് നമുക്ക് വായിക്കാനുണ്ടാവുക. കുഞ്ഞുങ്ങളോട് അവിടുന്ന് കാണിച്ച വാത്സല്യവും അവരുടെ നിഷ്കളങ്കതയോടും നൈർമല്യത്തോടും സമീപിച്ച നിഷ്കളങ്കമായ സമീപനങ്ങളും എക്കാലത്തെയും നന്മയുടെ അധ്യായങ്ങളായല്ലാതെ വേറെവിടെയാണ് ചേർത്ത് വായിക്കുക.

 

Tweet 964

തിരുനബിﷺയുടെ അരമനയിൽ നിന്ന് ഈ അധ്യായവുമായി ബന്ധപ്പെട്ട ചില വർത്തമാനങ്ങളാണ് നമുക്കിനി പങ്കുവെക്കാനുള്ളത്. ഇമാം ബുഖാരി(റ)യും മറ്റും നിവേദനം ചെയ്യുന്നു. പ്രിയ പത്നി ആഇശ(റ) പറഞ്ഞു. ആർത്തവകാലത്ത് ഞാനും തിരുനബിﷺയും ഒരേ വിരിപ്പിൽ കിടന്നു. ഞങ്ങൾ രണ്ടുപേരും ശരീരത്തോട് ചേർന്ന് കിടക്കുന്ന വസ്ത്രം ധരിച്ചിരുന്നു. എൻ്റെ ശരീരത്തിൽ നിന്ന് എന്തെങ്കിലും തിരുനബിﷺയുടെ വസ്ത്രത്തിൽ ആയാൽ അവിടുന്ന് ആ ഭാഗം മാത്രം കഴുകുകയും ശേഷം അതേ വസ്ത്രത്തിൽ തന്നെ നിസ്കരിക്കുകയും ചെയ്യുമായിരുന്നു.

പത്നിയുടെ ആർത്തവ രക്തത്തിൽ നിന്ന് എന്തെങ്കിലും ശകലം നബിﷺയുടെ വസ്ത്രത്തിലായാൽ രക്തംപുരണ്ട സ്ഥലം മാത്രം കഴുകി വൃത്തിയാക്കി അതേ വസ്ത്രം തന്നെ നിസ്കരിക്കാൻ ഉപയോഗിച്ചിരുന്നു എന്നാണ് പറഞ്ഞതിന്റെ സാരം.

ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) തന്നെ പറഞ്ഞു. തിരുനബിﷺ രാത്രികാലങ്ങളിൽ നിന്ന് നിസ്കരിക്കും. ആർത്തവകാലത്തും ഞാൻ തിരുനബിﷺയുടെ ചാരത്തു തന്നെ കിടക്കും. അവിടുന്ന് വിരിച്ചിരിക്കുന്ന വിരിപ്പിന്റെ ഒരു ഭാഗം എൻ്റെ ശരീരത്തുണ്ടാകും.

ഉന്നതമായ പരമ്പരയിലൂടെ ഇമാം തുർമുദി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ പ്രിയ പത്നി ആഇശ(റ) പറഞ്ഞു. ഒരു ദിവസം ഞാൻ തിരുനബിﷺയോടൊപ്പമായിരുന്നു. ഞങ്ങൾ രണ്ടുപേരും ആന്തരിക വസ്ത്രങ്ങൾ ധരിച്ചിരുന്നു. ശേഷം, ഞങ്ങൾ മേൽ വസ്ത്രം കൂടി അണിഞ്ഞു. പ്രഭാതമായപ്പോൾ പ്രസ്തുത മേൽവസ്ത്രത്തിൽ തന്നെ തിരുനബിﷺ പള്ളിയിലേക്ക് പോയി. പ്രഭാത നിസ്കാരം നിർവഹിച്ചിട്ട് ഇരിക്കവേ ഒരാൾ വന്നു നബിﷺയോട് പറഞ്ഞു. അതാ അവിടുത്തെ വസ്ത്രത്തിൽ രക്തത്തിന്റെ ഒരു അടയാളം കാണുന്നുണ്ടല്ലോ? ഉടനെ തിരുനബിﷺ ആ ഭാഗം മാത്രം കൂട്ടിപ്പിടിച്ചു. അങ്ങനെ തന്നെ ഒരു കുട്ടിയുടെ കയ്യിൽ കൊടുത്ത് എൻ്റെ അടുത്തേക്ക് വിട്ടു. ആ ഭാഗം മാത്രം ഒന്ന് കഴുകി ഉണക്കാൻ ആവശ്യപ്പെട്ടു. ശേഷം, കൊടുത്തയക്കാനും പറഞ്ഞു. ഞാൻ ഒരു പാത്രത്തിൽ വെള്ളം ആവശ്യപ്പെടുകയും വെള്ളം വരുത്തി കഴുകി വൃത്തിയാക്കുകയും ചെയ്തു. ഉണക്കിയശേഷം ആ വസ്ത്രം തിരുനബിﷺക്ക് കൊടുത്തുവിട്ടു. ഉച്ചസമയത്ത് തിരുനബിﷺ വന്നപ്പോൾ ആ വസ്ത്രം ധരിച്ചുകൊണ്ടുതന്നെയാണ് വന്നത്.

ഒരു നേതാവിന്റെ ചരിത്രവും ജീവിതവും വായിക്കുമ്പോൾ ഇത്രമേൽ സ്വകാര്യവും സൂക്ഷ്മവുമായ വിവരങ്ങൾ പോലും ലഭ്യമാണ് എന്നത് ഏതു വായനക്കാരുടെയും ആശ്ചര്യപ്പെടുത്തുന്ന കാര്യമാണ്. എന്നാൽ, ഇത്രമേൽ സ്വകാര്യമായത് കൂടി പറയേണ്ടതും പങ്കുവെക്കേണ്ടതുമുണ്ടോ എന്നും ഒരുപക്ഷേ ചോദിച്ചേക്കാം. ജീവിതത്തിന്റെ ഏത് മേഖലയിലും എങ്ങനെയൊക്കെ ആകണമെന്ന നിയമവും നിഷ്ഠയുമുള്ള ഒരു മതത്തിന് ഇത്തരം കാര്യങ്ങൾ കൂടി പങ്കുവെക്കാതിരിക്കാൻ കഴിയില്ല. മാത്രവുമല്ല, ആർത്തവകാരികളായ സ്ത്രീകളെ സ്വന്തം വീട്ടിൽപോലും താമസിപ്പിക്കാതിരുന്ന സമ്പ്രദായങ്ങൾ ലോകത്തിന്റെ പല ഭാഗത്തുമുണ്ടായിരുന്നു. പലവിധേനയുള്ള ഉച്ചനീചത്വങ്ങളും അവരോട് പാലിക്കുകയും ചെയ്തിരുന്നു.

എന്നാൽ, ഇസ്ലാം അത്തരം കാര്യങ്ങളോട് എങ്ങനെയാണ് നിരീക്ഷിക്കുന്നത് എന്നും ആർത്തവകാലത്ത് പത്നിമാരോട് എങ്ങനെയൊക്കെ പെരുമാറാമെന്നും മാതൃകാപരമായി തന്നെ ജീവിതാവിഷ്കാരം നടത്തേണ്ട ആവശ്യമുണ്ടായിരുന്നു. പ്രകൃതിപരമായി സ്ത്രീകളിൽ നിന്നുണ്ടാകുന്ന ഇത്തരം രക്തസ്രാവങ്ങളെ അവരെ അവഗണിക്കാനോ ബഹിഷ്കരിക്കാനോ ഉള്ള കാരണമല്ലെന്ന് പ്രവാചകൻﷺ പഠിപ്പിച്ചു. ലൈംഗിക സംസർഗ്ഗം ഒഴികെയുള്ള സമ്പർക്കങ്ങൾ വിലക്കപ്പെട്ടതല്ലെന്ന് മതം പഠിപ്പിച്ചു. അതുവഴി സ്ത്രീകൾക്ക് ലഭിച്ച സുരക്ഷകളും പരിഗണനകളും എത്രമാത്രം വലുതാണ് എന്ന് ആലോചിച്ചു നോക്കാവുന്നതല്ലേ ഉള്ളൂ. അങ്ങനെ വരുമ്പോൾ വിപ്ലവകരമായ ഒരു ജീവിതത്തിന്റെ, സാമൂഹിക സമുദ്ധാരണത്തിന്റെ ജീവിതാവിഷ്കാരമാണ് ഈ അധ്യായത്തിലൂടെ നാം അടുത്തറിഞ്ഞത്.

 

Tweet 965

തിരുനബിﷺയുടെ അരമനയിൽ നിന്ന് ആഇശ(റ) സംസാരിക്കുമ്പോൾ തിരുനബിﷺയുടെ ചില സ്വകാര്യതകൾ കൂടി നമ്മളോട് പങ്കുവെക്കാനുണ്ട്. മറ്റുള്ളവർക്ക് അറിയാനും പകർത്താനുമുള്ള നിയമങ്ങൾ ഉൾക്കൊള്ളുന്ന പരാമർശങ്ങളും കൂടിയാണത്. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിച്ച ഹദീസിൽ ആഇശ(റ) പറയുന്നു. തിരുനബിﷺ അവിടുത്തെ വസ്ത്രത്തിൽ നിന്ന് മനിയ്യ് അഥവാ ഇന്ദ്രിയം കഴുകി വൃത്തിയാക്കാറുണ്ടായിരുന്നു. ശേഷം, അതേവസ്ത്രം ധരിച്ചുകൊണ്ട് പള്ളിയിലേക്ക് നിസ്കരിക്കാൻ പോകും. അപ്പോഴും കഴുകിയതിന്റെ നനവ് ആ വസ്ത്രത്തിലുണ്ടാകും.

മനിയ്യ് നജസല്ല അഥവാ മാലിന്യമല്ല എന്നതാണ് ശാഫിഈ കർമശാസ്ത്ര വീക്ഷണം. അതുകൊണ്ടുതന്നെ അതിന്റെ നനവുളള വസ്ത്രം അണിഞ്ഞു കൊണ്ട് നിസ്കരിക്കുന്നതിന് യാതൊരു തകരാറുമില്ല. ഉണങ്ങിയ മനിയ്യ് ഇദ്ഖിർ പുല്ലിന്റെ കഷ്ണം കൊണ്ട് വസ്ത്രത്തിൽ നിന്ന് ചുരണ്ടി മാറ്റുന്നത് ഞാൻ കണ്ടിട്ടുണ്ടെന്നും ആഇശ(റ) പറയുന്ന നിവേദനമുണ്ട്. ശേഷം, അതേ വസ്ത്രത്തിൽ തന്നെ തിരുനബിﷺ നിസ്കരിക്കുകയും ചെയ്തുവത്രേ.

മനിയ്യ് രക്തം പോലെ മലിനമാണെന്നും അതുകൊണ്ടുതന്നെ പൂർണ്ണാർഥത്തിൽ വൃത്തിയാക്കിയ ശേഷമേ നജസ്സിൽ നിന്ന് ശുദ്ധിയാവുകയുള്ളൂ എന്നും ഹനഫീ കർമശാസ്ത്രത്തിന് അഭിപ്രായമുണ്ട്. ഓരോ ഇമാമുകൾക്കും ലഭ്യമായ ഹദീസുകളുടെയും ഗവേഷണ യോഗ്യരായവർ പ്രമാണങ്ങളുടെ ബലാബലങ്ങൾ മുന്നിൽ വച്ചുകൊണ്ടുമാണ് ഇത്തരം വീക്ഷണ വ്യത്യാസങ്ങളിലേക്ക് എത്തിയിട്ടുള്ളത്. ശാഫിഈ കർമശാസ്ത്രപ്രകാരം മനിയ്യ് നജസല്ല. അതുകൊണ്ട് രക്തം പോലെ മലിനമായി ഗണിക്കപ്പെടുകയോ വസ്ത്രത്തിലോ നിസ്കരിക്കുന്ന സ്ഥലത്തോ മറ്റോ ഉണ്ടായതുകൊണ്ട് നിസ്കാരത്തിന് ഭംഗം ഉണ്ടാവുകയോ ചെയ്യില്ല. എന്നാൽ, അത്തരം കാര്യങ്ങൾ പൂർണമായി വെടിപ്പും വൃത്തിയുമാക്കി അവകളിൽ നിന്ന് പൂർണ്ണമായും ശുദ്ധി വരുത്തി നിസ്കാരാധി കർമങ്ങളിൽ പ്രവേശിക്കൽ പ്രബലമായ സുന്നത്തും നബിചര്യയുമാണ്.

മൂക്കട്ട അല്ലെങ്കിൽ മൂക്കള മാലിന്യമല്ലെങ്കിലും അറപ്പുളവാക്കുന്നതാണല്ലോ? പൊതുസ്ഥലങ്ങളിൽ മറ്റുള്ളവർക്ക് അരോചകമായി മാറുന്ന വിധത്തിൽ അത്തരം കാര്യങ്ങൾ ഒന്നുമുണ്ടാവരുത് എന്ന് തിരുനബിﷺ ജീവിതം കൊണ്ട് പഠിപ്പിച്ചിട്ടുണ്ട്. തിരുനബിﷺയിൽ പ്രകടമായ അനിഷ്ടങ്ങൾ പ്രവാചക ശിഷ്യന്മാരിൽ ചിട്ടകൾ പകർന്നുനൽകിയിട്ടുണ്ട്. എന്നാൽ, വൃത്തിയാക്കേണ്ട സമയങ്ങളിൽ അറപ്പോടുകൂടി മാറി നിന്നാൽ ശുചീകരിക്കാനാവാതെ വരും എന്ന വിചാരം കൂടി അവിടുന്ന് പഠിപ്പിച്ചു തന്നു.

അത്തരമൊരു അനുഭവമാണ് ഇമാം ഇബ്നു ഹിബ്ബാനും(റ) മറ്റും നിവേദനം ചെയ്യുന്ന ഹദീസിൽ നിന്ന് നാം പഠിക്കുന്നത്. ഉസാമ(റ)യുടെ ശരീരത്തിൽ നിന്ന് എന്തോ ഒന്ന് നീക്കംചെയ്തു വൃത്തിയാക്കി കൊടുക്കാൻ തിരുനബിﷺ ആഇശ(റ)യോട് പറഞ്ഞു. മൂക്കള ആണെന്ന് തോന്നുന്നു. പക്ഷേ മഹതിക്ക് അത് വൃത്തിയാക്കാൻ ഒരുങ്ങിയപ്പോൾ ഒരു അറപ്പ് അനുഭവപ്പെടുന്നത് പോലെ. അത് ബോധ്യമായപ്പോൾ തിരുനബിﷺ തന്നെ നേരിട്ട് അത് വൃത്തിയാക്കി കൊടുത്തു.

ഇത്തരം അധ്യായങ്ങൾ വായിക്കുമ്പോൾ നമുക്ക് എന്താണ് തോന്നുന്നത്? ലോക ഗുരുവിന്റെ മഹാ ജീവിതത്തിന്റെ അരമനകളിൽ നിന്നും പെരുമാറ്റങ്ങളിൽ നിന്നുമുള്ള അധ്യാപനങ്ങൾ എത്ര മാത്രം സൂക്ഷ്മതയോടെയും വിശദമായും രേഖപ്പെട്ടു കിടക്കുന്നു. സാധാരണ മനുഷ്യ വ്യവഹാരങ്ങളുടെ എല്ലാ മേഖലകളെയും പ്രവാചകൻﷺ സ്വാധീനിച്ചിരിക്കുന്നു. എത്ര ഗുപ്തമായ മേഖലയാണെങ്കിലും എങ്ങനെയൊക്കെയായിരിക്കണം എന്ന നിലപാടുകളും നിയമനിഷ്ടകളും കൃത്യമായി ആ ജീവിതം നമുക്ക് അഭ്യസിപ്പിച്ചിരിക്കുന്നു. സാധാരണയിൽ സർവതലസ്പർശി എന്നൊക്കെ പറയുമെങ്കിലും ഇത്രമേൽ വിശദമായി ജീവിതത്തെ സമീപിക്കുകയും ഇഷ്ടങ്ങളും ചിട്ടകളും അടയാളപ്പെടുത്തി മനോഹരമാക്കുകയും ചെയ്ത ഒരു വ്യവസ്ഥിതിയും പ്രവാചകനും ഇസ്ലാമും മുഹമ്മദ് നബിﷺയുമല്ലാതെ മറ്റാരുണ്ട്! ഏതുണ്ട്!

 

Tweet 966

ദന്തശുദ്ധീകരണവുമായി ബന്ധപ്പെട്ട തിരുനബി സമീപനങ്ങളാണ് നമുക്കിനി അറിയാനുള്ളത്. എല്ലാ മനുഷ്യരും നിത്യ ജീവിതത്തിൽ പാലിക്കുന്ന കർമമാണെങ്കിലും അതിനെയും അതിന്റേതായ പ്രാധാന്യത്തോടെയും ചിട്ടകളോടെയും ആവിഷ്കരിക്കുകയാണ് തിരുനബിﷺ നിർവഹിച്ചിട്ടുള്ളത്. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഇബ്നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ദന്തശുദ്ധീകരണം അഥവാ മിസ്‌വാക് ചെയ്യാൻ ഞാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു. കൽപ്പനയുടെ പ്രാധാന്യം മനസ്സിലാക്കിയപ്പോൾ ഈ വിഷയത്തിൽ ഖുർആൻ അവതരിക്കുമോ എന്നുതന്നെ ഞാൻ വിചാരിച്ചു പോയി. അല്ലെങ്കിൽ പ്രത്യേകമായ വഹിയ്യ് വരുമോ എന്ന് ഞാൻ ആലോചിച്ചു പോയി.

ഇമാം അഹ്മദ്(റ) തന്നെ അബൂ ഉമാമ(റ)യിൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ജിബ്‌രീല്‍(അ) എൻ്റെ അടുക്കൽ വരുമ്പോഴെല്ലാം മിസ്‌വാക് ചെയ്യുന്നതിനെക്കുറിച്ച് എന്നോട് പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ എൻ്റെ വായയുടെ മുൻഭാഗം തേഞ്ഞു പോകുമോ എന്നുവരെ ഞാൻ ഭയന്നുപോയി. മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ്. നിരന്തരമായി മിസ്‌വാകിനെ കുറിച്ച് അല്ലാഹുവിൽ നിന്ന് കൽപ്പനയുണ്ടായി. ഇതൊരു നിർബന്ധ കർമമായി നിശ്ചയിക്കപ്പെടുമോ എന്നുവരെ ഞാൻ ഭയന്നുപോയി.

ഇമാം ത്വബ്റാനി(റ) ഉമ്മു സലമ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിന്റെ ആശയം ഇങ്ങനെയാണ്. എൻ്റെ കുറ്റിപ്പല്ലുകൾ ഇളകിപ്പോകുമോ എന്ന വിധത്തിൽ പല്ലുതേക്കുന്നതിനെ കുറിച്ച് നിരന്തരമായി അല്ലാഹുവിൽ നിന്ന് കൽപ്പനയുണ്ടായി.

പല്ലുതേക്കുന്നതിനും ദന്തശുദ്ധീകരണത്തിനും സവിശേഷമായ പ്രാധാന്യമാണ് പ്രവാചകനുംﷺ ഇസ്ലാമും നൽകിയിട്ടുള്ളത്. എൻ്റെ അനുയായികൾക്ക് ഭാരമാകുമോ എന്ന് ഭയന്നില്ലായിരുന്നുവെങ്കിൽ ഓരോ നിസ്കാരസമയത്തിലും മിസ്‌വാക് ചെയ്യൽ ഞാൻ നിർബന്ധ നിയമമാക്കുമായിരുന്നു എന്നു വരെ തിരുനബിﷺ പറഞ്ഞു. അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാനും വായശുദ്ധിയായിരിക്കാനും ഉപകാരപ്രദമാണ് ദന്തശുദ്ധീകരണം എന്ന തിരുനബിﷺയുടെ പ്രയോഗം വളരെ വിശാലമായ അർഥങ്ങളുള്ളതാണ്. മനുഷ്യനിൽ പ്രകൃതിപരമായി ഉണ്ടായിരിക്കേണ്ട പല്ലുതേക്കൽ എന്ന ശീലം ആത്മീയമായും ഭൗതികമായും നേട്ടമുള്ളതാണ് എന്ന് അഭ്യസിപ്പിക്കുക വഴി ഒരു വലിയ നന്മയിലേക്ക് ജനങ്ങളെ ഉണർത്തുകയാണ്.

വ്യത്യസ്ത മരങ്ങളുടെ കൊള്ളികളാണ് തിരുനബിﷺ ദന്തശുദ്ധീകരണത്തിനു വേണ്ടി ഉപയോഗിച്ചിരുന്നത്. അഥവാ അക്കാലത്ത് ബ്രഷ് ആയി ഉണ്ടായിരുന്നത്. ഞാൻ അറാക്ക് മരത്തിൽ നിന്ന് തിരുനബിﷺക്ക് പല്ലുതേക്കാനുള്ള കൊള്ളി അഥവാ മിസ്‌വാക് കൊണ്ടുക്കൊടുത്തിരുന്നു എന്ന് തിരുനബിﷺയുടെ പരിചാരകനും സന്തതസഹചാരിയുമായ അബ്ദുള്ളാഹിബ്നു മസ്ഊദ്(റ) രേഖപ്പെടുത്തുന്നുണ്ട്.

അറാക്ക് മരത്തിന്റെ കൊള്ളികളായിരുന്നു സാധാരണയിൽ മിസ്‌വാകായി ഉപയോഗിച്ചിരുന്നത്. ഇന്നും അത് സുലഭവും വ്യാപകവുമാണ്. എന്നാൽ മറ്റുപല കൊള്ളികൾ കൊണ്ടും തിരുനബിﷺ തന്നെ ദന്ത ശുദ്ധീകരണം നടത്തിയത് നമുക്ക് വായിക്കാൻ കഴിയും. മഹാനായ ഇക്‌രിമ(റ) പറഞ്ഞതായി ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. ഈത്തപ്പന മട്ടലിന്റെ കൊള്ളി കൊണ്ട് നോമ്പുകാലത്ത് നബിﷺ മിസ്‌വാക് ചെയ്തിരുന്നു.

ഒലിവുമരത്തിന്റെ കൊള്ളി നല്ല മിസ്‌വാകാണെന്നും അത് വായ ശുദ്ധിയാക്കാൻ ഏറ്റവും ഉചിതമാണെന്നും മോണയുടെ രോഗങ്ങൾ ഇല്ലാതിരിക്കാൻ അത് ഉപകാരപ്പെടുമെന്നും അനുഗ്രഹീത മരത്തിന്റെ കൊള്ളിയാണെന്നും തിരുനബിﷺ പറഞ്ഞിട്ടുണ്ടത്രെ.

മഹതി ആഇശ(റ) പറയുന്നു. തിരുനബിﷺ ഇഹലോകവാസം വെടിഞ്ഞത് എൻ്റെ വീട്ടിൽ വച്ച് എന്റെ ദിവസത്തിലായിരുന്നു. എൻ്റെ മാറിലേക്ക് ചാരി കിടക്കുമ്പോഴായിരുന്നു. തിരുനബിﷺയുടെ വിയോഗത്തോട് അടുത്ത നേരം എൻ്റെ സഹോദരൻ അബ്ദുറഹ്മാൻ(റ) എൻ്റെ അടുത്തുകൂടി കടന്നുപോയി. അപ്പോൾ അദ്ദേഹത്തിൻ്റെ കയ്യിൽ ഒരു ഈത്തപ്പനയുടെ കൊമ്പുണ്ടായിരുന്നു. നബിﷺ അതിലേക്ക് നോക്കി. എനിക്കു മനസ്സിലായി തിരുനബിﷺക്ക് അത് ആവശ്യമുണ്ടെന്ന്. ഞാനത് വാങ്ങി വായിൽ വച്ച് കടിച്ചു പാകമാക്കി ബ്രഷ് ചെയ്യാൻ പരുവത്തിൽ തിരുനബിﷺയുടെ കയ്യിലേക്ക് വെച്ചുകൊടുത്തു. തിരുനബിﷺ അത് സ്വീകരിച്ച് നന്നായി ഒന്ന് മിസ്‌വാക് ചെയ്തു. ശേഷം ഞാനത് സ്വീകരിക്കുകയും ചെയ്തു.

അവസാനഘട്ടം വരെയും തിരുനബിﷺ മിസ്‌വാകിന് നൽകിയ പ്രാധാന്യത്തെ അറിയിക്കാനാണ് ഈ നിവേദനം വായിച്ചത്. എൻ്റെ തുപ്പുനീരു നനവായിരുന്നു തിരുനബിﷺ അവസാനം വായയിൽ നനച്ചത് എന്ന് അഭിമാനപൂർവമുള്ള വർത്തമാനം ആഇശ(റ) പറഞ്ഞതും ഈ അടിസ്ഥാനത്തിലാണ്. സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും എത്രയെത്ര ശോഭനമായ അധ്യായങ്ങളാണ് ഇതിലൂടെ നാം പകർന്നെടുത്തത്.

 

Tweet 967

തിരുനബിﷺയും മിസ്‌വാകും സംബന്ധിച്ച വായന ഇനിയും നമുക്ക് തുടരാനുണ്ട്. അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) ഇമാം മുസ്ലിം(റ) മറ്റും നിവേദനം ചെയ്യുന്നു. തിരുനബിﷺ ഉറങ്ങാൻ കിടന്നാൽ മിസ്‌വാക് അടുത്തുവച്ചേ കിടക്കുകയുള്ളൂ. ഉണർന്നെഴുന്നേറ്റാൽ ആദ്യം ചെയ്യുന്നത് മിസ്വാക്ക് ഉപയോഗിച്ചുകൊണ്ടുള്ള ദന്തശുദ്ധീകരണമായിരുന്നു. ഉറങ്ങാൻ കിടന്നാലും തിരുനബിﷺയുടെ പതിവ് ബ്രഷ് ചെയ്തിട്ട് കിടക്കുക എന്നതായിരുന്നു. മഹാനായ ജാബിറി(റ)ൽ നിന്ന് ഇമാം ഇബ്നു അദിയ്യ്(റ) ഈ വിവരം ഉദ്ധരിച്ചിട്ടുണ്ട്. മഹതി ആഇശ(റ)യിൽ നിന്ന് ഇമാം ഇബ്നുമാജ(റ) ഉദ്ധരിച്ച ഹദീസിൽ ഇങ്ങനെ കാണാം. മഹതി പറഞ്ഞു. ഞാൻ തിരുനബിﷺക്ക് വേണ്ടി മൂന്നു പാത്രങ്ങളിൽ വെള്ളം മൂടി വയ്ക്കാറുണ്ടായിരുന്നു. ഒരു പാത്രത്തിലെ വെള്ളം ശുദ്ധീകരണത്തിനും അടുത്ത പാത്രത്തിലേത് കുടിക്കാനും മൂന്നാമത്തെ പാത്രത്തിലെ വെള്ളം ബ്രഷ് ചെയ്യാൻ നേരത്ത് ഉപയോഗിക്കാനുമായിരുന്നു.

തിരുനബിﷺയുടെ ആരോഗ്യ സൗന്ദര്യ വിചാരങ്ങളെക്കുറിച്ച് മനോഹരമായ ഒരു ചിത്രം നൽകുന്ന ഹദീസ് അനസുബ്നു മാലികി(റ)ൽ നിന്ന് അബുൽ ഹസൻ(റ) ഉദ്ധരിച്ചിട്ടുണ്ട്. അനസ്(റ) പറഞ്ഞു. ഉറങ്ങാൻ കിടക്കാൻ നേരം മിസ്‌വാകും ശുദ്ധീകരണത്തിനുള്ള വെള്ളവും ചീർപ്പും അടുത്തുതന്നെ കരുതിവെയ്ക്കും. അല്ലാഹു നബിﷺയെ രാത്രിയിൽ ഉണർത്തിയാൽ ദന്തശുദ്ധീകരണം വരുത്തി വുളൂഅ് ചെയ്യും. ശേഷം ചീർപെടുത്ത് മുടി വാരും. കൊമ്പു കൊണ്ടുണ്ടാക്കിയ ഒരു ചീർപ്പ് ഉപയോഗിച്ച് തിരുനബിﷺ മുടി വാരുന്നത് ഞാൻ കണ്ടിട്ടുണ്ട്.

മിസ്‌വാക് അടുത്തുവെക്കാതെ തിരുനബിﷺ കിടന്നുറങ്ങാറില്ലെന്നും ആദ്യം മിസ്‌വാക് ചെയ്യുകയാണ് പതിവെന്നും അബ്ദുല്ലാഹിബ്നു ഉമർ(റ) തന്നെ പറയുന്ന ഒരു ഹദീസ് ഇമാം അബൂദാവൂദും(റ) ഉദ്ധരിച്ചിട്ടുണ്ട്. രാത്രി ഇടയിൽ വെച്ചുണർന്നാലും മിസ്‌വാക് ചെയ്യാതിരിക്കാറില്ല എന്ന് ഹുദൈഫ(റ)യിൽ നിന്ന് ഇബ്നു മാജ(റ) ഉദ്ധരിക്കുന്നുണ്ട്.

തിരുനബിﷺയോടൊപ്പം രാത്രി താമസിച്ച ഒരു അനുഭവം നബിﷺയുടെ പിതൃ സഹോദരന്റെ മകൻ കൂടിയായ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പങ്കുവെക്കുന്നത് ഇങ്ങനെയാണ്. ഞാൻ തിരുനബിﷺയുടെ കൂടെ രാത്രിയിൽ താമസിച്ചു. അവിടുന്ന് ഉണർന്നു വുളൂഅ് ചെയ്യുകയും ദന്ത ശുദ്ധീകരണം വരുത്തുകയും ചെയ്തു. ശേഷം, ആലു ഇമ്രാൻ അധ്യായത്തിലെ 190ആം സൂക്തം പാരായണം ചെയ്തു. ആകാശഭൂമികളുടെ സൃഷ്ടിപ്പിലും രാപ്പകലുകളുടെ വ്യതിയാനത്തിലും ആലോചിക്കുന്നവർക്ക് ദൃഷ്ടാന്തങ്ങളുണ്ട് എന്ന ആശയം വരുന്ന സൂക്തങ്ങളായിരുന്നു അത്. ശേഷം, രണ്ട് റക്അത് നിസ്കരിച്ചു. പിന്നെ വീണ്ടും കുറച്ചു നേരം കിടന്നു. ഉറക്കത്തിൽ ശ്വാസമയക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. പിന്നെയും എഴുന്നേറ്റു. അപ്പോഴും മിസ്‌വാക് ചെയ്യുകയും വുളൂഅ് എടുക്കുകയും ചെയ്തു. മൂന്നാമത്തെ പ്രാവശ്യവും എഴുന്നേൽക്കുകയും വുളൂഅ് ചെയ്ത് മിസ്‌വാക് പുതുക്കുകയും ചെയ്തു. രണ്ട് റക്അത് നിസ്കരിച്ചു. ഒന്ന് കൂടി നിർവഹിച്ച് ഒറ്റയാക്കി നിസ്കാരം പൂർത്തീകരിച്ചു.

രാത്രിയിലെ ഓരോ ഉണർച്ചയിലും മിസ്‌വാക് ചെയ്യാൻ നബിﷺ മറന്നിരുന്നില്ല എന്ന മനോഹരമായ ഒരു അധ്യാപനമാണ് ഇബ്നു അബ്ബാസ്(റ) നമുക്ക് പകർന്നു തന്നത്.

രാത്രിയായാലും പകലായാലും ഉറങ്ങി ഉണർന്നാൽ ഉടനെ തിരുനബിﷺ മിസ്‌വാക് ചെയ്യുമായിരുന്നു. ഈ ആശയം പങ്കുവെക്കുന്ന നിരവധി ഹദീസുകളുണ്ട്. ബുറൈദയിൽ നിന്ന് മുഹമ്മദ് ബിൻ യഹിയാ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ തിരുനബിﷺ ബരീറ(റ)യോട് മിസ്‌വാക് കൊണ്ടുവരാൻ പറഞ്ഞ കാര്യം കൂടി പരാമർശിക്കുന്നുണ്ട്. ചില രാത്രികളിൽ ഒക്കെ നാലു പ്രാവശ്യം തിരുനബിﷺ ബ്രഷ് ചെയ്യാറുണ്ടായിരുന്നുവത്രേ. ഉറങ്ങാൻ നേരവും ഉണരുമ്പോഴും മിസ്‌വാക് ചെയ്യുമായിരുന്നു എന്ന് ചെറിയ ഒരു വാചകത്തിൽ തിരുനബിﷺയുടെ മിസ്‌വാകിനെ കുറിച്ച് അബൂഹുറൈറ(റ) പറഞ്ഞു നിർത്തുന്നുണ്ട്.

Tweet 968

മിസ്‌വാകും തിരുനബിﷺയും എന്ന അധ്യായം ഇനിയും നമുക്ക് തുറന്നു വായിക്കാനുണ്ട്. ഇമാം അഹ്മദ്(റ), മുസ്ലിം(റ), അബൂദാവൂദ്(റ) എന്നിവർ നിവേദനം ചെയ്യുന്നു. ശുറൈഹു ബിൻ ഹാനി(റ) പറയുന്നു. ഞാൻ മഹതി ആഇശ(റ)യോട് ചോദിച്ചു. തിരുനബിﷺ വീട്ടിലേക്ക് വന്നാൽ ആദ്യം എന്തായിരുന്നു ചെയ്തിരുന്നത്. അപ്പോൾ മഹതി പറഞ്ഞു. മിസ്‌വാക് ചെയ്യുകയായിരുന്നു ആദ്യത്തെ കർമം.

അബൂ മൂസ അൽ അശ്അരി(റ) എന്ന പ്രമുഖനായ സ്വഹാബി പറയുന്നു. ഞാൻ ഒരു ദിവസം തിരുനബിﷺയുടെ അടുക്കൽ വന്നപ്പോൾ അവിടുന്ന് മിസ്‌വാക് ചെയ്യുകയായിരുന്നു. മിസ്‌വാക് ചെയ്യുന്നതിനിടയിൽ വായയുടെ ഉള്ളു വൃത്തിയാക്കുന്ന ഉഅ ഉഅ… ശബ്ദം കേൾക്കാമായിരുന്നു. പല്ലുകൾ വീതിയിലും നാവ് നീളത്തിലുമായിരുന്നു അവിടുന്ന് മിസ്‌വാക് ചെയ്തിരുന്നത് എന്ന് മഹതി ആഇശ(റ) പറയുന്ന റിപ്പോർട്ട് അബുനുഐം(റ), ത്വബ്റാനി(റ) എന്നിവർ ഉദ്ധരിക്കുന്നുണ്ട്.

തിരുനബിﷺ നിസ്കാരത്തിലേക്ക് പുറപ്പെട്ടാൽ മിസ്‌വാക് ചെയ്യൽ പതിവായിരുന്നു എന്ന് സെയ്ദ് ബിൻ ഖാലിദ് അല് ജുഹനി(റ) നിവേദനം ചെയ്യുന്നു. ഉറങ്ങാൻ കിടക്കുമ്പോൾ, ഇടയിൽ ഉണർന്നാൽ, പ്രഭാതത്തിൽ പള്ളിയിലേക്ക് പോകുമ്പോൾ ഇങ്ങനെ എല്ലാ സമയത്തും മിസ്‌വാക് അവിടുന്ന് പതിവാക്കിയിരുന്നു. പ്രമുഖ സഹാബി ഉസാമ(റ) ഇപ്രകാരം പറഞ്ഞതായി ഇമാം ഇബ്നു അബീ ശൈബ(റ) അദ്ദേഹത്തിൻ്റെ മുസ്നദിൽ രേഖപ്പെടുത്തുന്നു.

മിസ്‌വാക് മറ്റുള്ളവർക്ക് കൊടുക്കുന്നതിനെക്കുറിച്ച് ഒരു ചർച്ചയുണ്ട്. മരക്കഷ്ണങ്ങളായിരുന്നുവല്ലോ അന്ന് മിസ്‌വാകായി ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് ഉപയോഗിക്കുന്നതിന്റെ തന്നെ ഒരു ഭാഗം ഒടിച്ച് ഉപയോഗിക്കാൻ കൊടുക്കുക എന്നതും സാധ്യമായിരുന്ന ഒരു രീതിയായിരുന്നു. അതോടൊപ്പം മഹാന്മാർ ഉപയോഗിക്കുന്ന മിസ്‌വാകുകൾ അനുഗ്രഹം പ്രതീക്ഷിച്ചുകൊണ്ട് ശിഷ്യന്മാരും അനുയായികളും സ്വീകരിക്കുന്ന രീതിയുമുണ്ടാകും. തിരുനബിﷺയുടെ ശേഷിപ്പുകൾക്ക് വേണ്ടി കൈനീട്ടിയിരുന്ന സ്വഹാബികൾ അവിടുന്ന് ഉപയോഗിച്ച മിസ്‌വാകിന് വേണ്ടി കൈ നീട്ടിയില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.

ഇത്തരം അനുഗ്രഹങ്ങൾ സ്വീകരിക്കുന്നതിന്റെ യുക്തിയും പ്രായോഗികതയും പല അധ്യായങ്ങളിലും നാം വായിച്ചു പോയിട്ടുണ്ട്. നമ്മെപ്പോലെ ഒരു മനുഷ്യൻ, ഒരു സാധാരണ മനുഷ്യന്റെ ഉമിനീരോ മറ്റോ എന്നിങ്ങനെ വായിക്കുമ്പോൾ ഉണ്ടാകുന്ന വിചാരവും, സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരായ തിരുനബിﷺയുമായി ബന്ധപ്പെട്ട വസ്തുക്കൾ എന്ന വിചാരവും തമ്മിലുള്ള വ്യത്യാസം മനസ്സിൽ വച്ചുകൊണ്ട് വായിച്ചാൽ സംശയങ്ങൾ തീരും.

പരസ്പരം ആത്മബന്ധമുള്ളവരും സ്നേഹ പ്രണയങ്ങളാൽ പരസ്പരം ഹൃദയം ചേർന്നവരും ബ്രഷ് പോലെയുള്ളത് പങ്കുവെച്ച് ഉപയോഗിക്കുന്നത് സഹജമായ ഒരു വിചാരത്തിന്റെ ഭാഗമായി കാണാറുണ്ടല്ലോ.

അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും മുസ്ലി(റ)മും ഉദ്ധരിക്കുന്നു. തിരുനബിﷺ പറഞ്ഞു. ഞാൻ മിസ്‌വാക് ചെയ്യുന്നതായി സ്വപ്നത്തിൽ കണ്ടു. അപ്പോൾ രണ്ടാളുകൾ എൻ്റെ അടുക്കൽ വന്നു. മിസ്‌വാകിന്റെ ശേഷിപ്പ് ഞാൻ ചെറിയ ആൾക്ക് നീട്ടി. അപ്പോൾ ഒരു സന്ദേശം കേട്ടു. വലിയവർക്ക് ആദ്യം നൽകൂ. അപ്പോൾ ഞാൻ രണ്ടുപേരിൽ മൂത്തയാൾക്ക് മിസ്‌വാക് കൈമാറി.

നേരത്തെ പറഞ്ഞ സാധ്യതകളെല്ലാം വെച്ചുകൊണ്ടാണ് ഈ നിവേദനത്തെ നാം വായിക്കേണ്ടത്. ഒരിക്കൽ തിരുനബിﷺ മിസ്‌വാക് ചെയ്യുമ്പോൾ അടുത്തുണ്ടായിരുന്ന രണ്ടുപേരിൽ മുതിർന്നയാൾക്ക് മിസ്‌വാകിന്റെ ഭാഗം കൊടുക്കാൻ ദിവ്യ സന്ദേശം ലഭിച്ചിരുന്നതായി മഹതി ആഇശ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. ഇമാം അബൂദാവൂദ്(റ) ആണ് ഹദീസ് ഉദ്ധരിച്ചിട്ടുള്ളത്.

യാത്രയിൽ എപ്പോഴും മിസ്‌വാക് ഒപ്പം കരുതാറുണ്ടായിരുന്നുവെന്നും, ഉപയോഗിക്കൽ നബിﷺയുടെ പതിവായിരുന്നുവെന്നും ഖാലിദ് ബിനു മഅദാൻ(റ) റിപ്പോർട്ട് ചെയ്ത ഹദീസ് ഇമാം ഇബ്നു സഅദ്(റ) സവിശേഷമായി ഉദ്ധരിച്ചിട്ടുണ്ട്.

Tweet 969

തിരുനബിﷺയുടെ പരിചാരകനായ അനസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ വുളൂഅ് ചെയ്തതിന്റെ ബാക്കി വെള്ളം മിസ്‌വാക് ചെയ്യാൻ ഉപയോഗിച്ചിരുന്നു. മുത്ത് നബിﷺയുടെ പത്നി, ഭർത്താവായ പ്രവാചകനോﷺടൊപ്പമുള്ള വ്യവഹാരത്തിന്റെ സന്തോഷകരമായ ഒരു മുഹൂർത്തം ഇങ്ങനെയാണ് പങ്കുവെച്ചത്. തിരുനബിﷺ മിസ്‌വാക് ചെയ്തതിനുശേഷം അറാക്ക് കഴുകാൻ എൻ്റെ കയ്യിൽ ഏൽപ്പിച്ചു. ഞാൻ അതുകൊണ്ട് സ്വയം മിസ്‌വാക് ചെയ്യുകയും ശേഷം അത് കഴുകി തിരുനബിﷺയെ ഏൽപ്പിക്കുകയും ചെയ്തു.

നോമ്പുകാരൻ ആയിരിക്കുമ്പോഴും തിരുനബിﷺ മിസ്‌വാക് ചെയ്യാറുണ്ടായിരുന്നു എന്ന് ഇമാം അഹ്മദും(റ) അബൂദാവൂദും(റ) തുർമുദി(റ)യും ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. നോമ്പുകാരന്റെ മിസ്‌വാകിനെ കുറിച്ച് ശാഫിഈ കർമശാസ്ത്രത്തിൽ തന്നെ വിശദമായ ചർച്ചകളുണ്ട്. അതിന്റെ സംഗ്രഹം ഇങ്ങനെയാണ്. ഒന്ന്, ഉച്ചക്കുശേഷം നിരുപാധികം കറാഹത്താണ്. രണ്ട്, ഉച്ചക്ക് ശേഷം ഉറക്കോ മറ്റോ കൊണ്ട് വായ പകർച്ചയായാൽ കറാഹത്തില്ല. മൂന്ന്, ഉറക്കോ മറ്റോ കൊണ്ട് വായ പകർച്ചയായാൽ കറാഹത്തില്ല എന്നുമാത്രമല്ല സുന്നത്തുണ്ട്. അല്ലാമാ ഇബ്നു ഹജർ(റ) ഒന്നാമത്തെ അഭിപ്രായമാണ് പങ്കുവെച്ചിട്ടുള്ളത്. രണ്ടാമത്തെയും മൂന്നാമത്തെയും അഭിപ്രായം ഇമാം റംലി(റ) നിഹായയിലും മറ്റും വിശദീകരിക്കുന്നു.

കർമശാസ്ത്ര വിശാരദന്മാർക്ക് ഈ വീക്ഷണ വ്യത്യാസങ്ങളെല്ലാം അടയാളപ്പെടുത്താൻ മാത്രം വിശാലമായ ആശയ തലങ്ങളെയാണ് തിരുനബിﷺയുടെ ജീവിതത്തിൽ ആവിഷ്കരിച്ചത്.

തിരുനബിﷺ മിസ്‌വാക് കൊണ്ടു നടന്നത് എങ്ങനെയെന്ന് നോക്കുമ്പോൾ മനോഹരമായ ഒരു ചിത്രം ഇങ്ങനെയും കാണാം. അബൂ അഹ്മദ് ബിൻ അദിയ്യ്(റ) ജാബിറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. എഴുത്തുകാരൻ പേന ചെവിയിൽ വെക്കുന്നതുപോലെ തിരുനബിﷺ മിസ്‌വാക് ചെവിയിൽ വെച്ചുകൊണ്ട് നടക്കാറുണ്ടായിരുന്നു.

ഒരു ജീവിതത്തെ ഇത്രമേൽ ഒക്കെ സൂക്ഷ്മമായി അവതരിപ്പിക്കണമെങ്കിൽ എത്രമേൽ അതിസൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കണം. ഒരു വ്യക്തിയുടെ ജീവിതം പഠിക്കുമ്പോൾ ഇങ്ങനെയൊക്കെ വായിക്കാനുണ്ട് എന്ന ഒരു മുൻവിധിയെങ്കിലും വെച്ചു വായിക്കാൻ ലോക ചരിത്രത്തിൽ മറ്റേതെങ്കിലും വ്യക്തികളുണ്ടോ?

ദന്തശുദ്ധീകരണത്തെക്കുറിച്ച് തിരുനബിﷺയുടെ അധ്യാപനങ്ങളും പ്രസ്തുത ജീവിതത്തിൽ ആഖ്യാനിച്ച രംഗങ്ങളും മനുഷ്യന്റെ നിത്യജീവിതത്തിലെ ആരോഗ്യവീക്ഷണങ്ങൾക്ക് എത്രമേൽ പ്രയോജനപ്രദമായ സന്ദേശങ്ങളാണ് കൈമാറുന്നത്. കേവലം ആത്മീയമായ ചില മന്ത്രങ്ങൾക്കും, രാപ്പകലുകളിൽ നിർവഹിക്കേണ്ട ചില അനുഷ്ഠാനങ്ങൾക്കും മാത്രം നിന്നു കൊടുക്കുകയും പാഠം നൽകുകയും ചെയ്ത ഒരു നബിയെ അല്ല നമുക്ക് വായിക്കാനുള്ളത്. മറിച്ച് മനുഷ്യ ജീവിതത്തിന്റെ എല്ലാ തലങ്ങളിലും എങ്ങനെയൊക്കെ ആകണമെന്ന് ജീവിച്ചു കാണിക്കുകയും അധ്യാപനങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു മനുഷ്യജീവിതത്തിന്റെ സർവ്വതലങ്ങളെയും സമഗ്രമായി നിരീക്ഷിക്കുകയും ചിട്ടകൾ കൊണ്ട് ക്രമീകരിക്കുകയും ചെയ്ത തുല്യതയില്ലാത്ത നവോത്ഥാന നായകനെയാണ്.

ഇമാം അഹ്മദി(റ)ന്റെ നിവേദനം നമുക്ക് നൽകുന്ന ഒരു അധ്യാപനം കൂടി വായിച്ചു പോകാം. തിരുനബിﷺക്ക് ആദ്യം കൽപ്പന ഉണ്ടായിരുന്നത് ഓരോ നിസ്കാരത്തിനും വുളൂഅ് ചെയ്യണം എന്നായിരുന്നു. അഥവാ നിലവിൽ വുളൂഅ് ഉണ്ടായിരുന്നാൽ പോലും ഓരോ നിസ്കാരത്തിനും പ്രത്യേകം അംഗസ്‌നാനം ചെയ്തിരിക്കണമെന്ന്. എന്നാൽ അത് നബിﷺയുടെ ഉമ്മത്തിന് ഭാരമാകും എന്ന് കണ്ടപ്പോൾ ശുദ്ധിയില്ലെങ്കിൽ മാത്രം വുളൂഅ് എടുത്താൽ മതി എന്ന നിയമം പ്രാബല്യത്തിൽ കൊണ്ടുവരികയും ഓരോ നിസ്കാരത്തിനും മിസ്‌വാക് ചെയ്യണമെന്ന് പ്രത്യേകം നിർദ്ദേശിക്കുകയും ചെയ്തു.

 

Tweet 970

തിരുനബിﷺ അന്ന് ശുദ്ധീകരണത്തിനും മറ്റും ഉപയോഗിച്ച പാത്രങ്ങളും പ്രത്യേക സന്ദർഭങ്ങളിൽ സേവനം ചെയ്ത സ്വഹാബികൾക്കുള്ള അനുഭവങ്ങളും നമുക്കൊന്നു വായിച്ചു നോക്കാം.

അനസുബ്നു മാലിക്(റ) പറയുന്നു. ഞാൻ ഒരിക്കൽ തിരുനബിﷺയോടൊപ്പം സഞ്ചരിക്കുകയായിരുന്നു. വഴിയിൽവെച്ച് നബിﷺ എന്നോട് പറഞ്ഞു. അതാ ആ വീട്ടുകാരോട് എനിക്കുവേണ്ടി കുറച്ചു വെള്ളം വാങ്ങി കൊണ്ടുവരൂ. ഞാൻ അതിൽ നിന്ന് വുളൂഅ് ചെയ്യാൻ ഉദ്ദേശിക്കുന്നു. ഞാൻ ആ വീട്ടുകാരോട് വെള്ളം ചോദിച്ചപ്പോൾ അവർ പറഞ്ഞു. ഞങ്ങൾ വെള്ളം കോരുന്ന തൊട്ടി ശവത്തിന്റെ തോല് കൊണ്ടുണ്ടാക്കിയതാണ്. ഇക്കാര്യം അനസ്(റ) നബിﷺയോട് പറഞ്ഞു. അപ്പോൾ നബിﷺ പറഞ്ഞു. ഊറക്കിട്ട് ശുദ്ധി വരുത്തിയ തോലുകൊണ്ടാണോ അതുണ്ടാക്കിയതെന്ന് ചോദിച്ചു നോക്കൂ. അപ്പോൾ അവർ പറഞ്ഞു. അതെ, ഊറക്കിട്ട തോലാണ്. ശരി, എന്നാൽ കുഴപ്പമില്ല. അത് ശുദ്ധിയാണല്ലോ.

മറ്റൊരിക്കൽ തിരുനബിﷺ ഒരു വീട്ടിനടുത്ത് കൂടി കടന്നു പോയപ്പോൾ അവിടുത്തെ കിണറ്റിൽ നിന്ന് തോൽപാത്രത്തിൽ വെള്ളം എടുത്തു കുടിക്കാൻ നൽകി. തോലുകൊണ്ടുണ്ടാക്കിയതാണെന്ന് പറഞ്ഞപ്പോൾ അത് ഊറക്കിട്ട് ശുദ്ധി വരുത്തിയാൽ കുഴപ്പമില്ലെന്ന് വിശദമാക്കി കൊടുക്കുകയും ചെയ്തു. സലാമത് ബിൻ മുഹബ്ബക്കിൽ നിന്നുള്ള ഈ നിവേദനവും ഇമാം അഹ്മദ്(റ) തന്നെ ഉദ്ധരിച്ചിട്ടുണ്ട്.

ഒരിക്കൽ തിരുനബിﷺ ഞങ്ങളുടെ വീട്ടിലേക്ക് വന്നപ്പോൾ പിച്ചള പാത്രത്തിൽ അവിടുത്തേക്ക് വെള്ളം കൊടുത്തു എന്ന അനുഭവം അബ്ദുല്ലാഹിബിന് സൈദ്(റ) പറഞ്ഞത് ഇമാം ഹാകിം(റ) ഉദ്ധരിച്ചിട്ടുണ്ട്.

ചെമ്പുകൊണ്ട് കഷ്ണം വച്ചു വിളക്കിയ പാത്രത്തിൽ തിരുനബിﷺക്ക് വുളൂഅ് ചെയ്യാനും കുടിക്കാനുമുള്ള വെള്ളം കൊടുക്കാറുണ്ടായിരുന്നു എന്ന് പ്രമുഖ സ്വഹാബിയായ മുആദ്(റ) പറയുന്നുണ്ട്. വെടിപ്പും വൃത്തിയുമുള്ള പാത്രം നബിﷺക്ക് സവിശേഷമായ സന്തോഷം നൽകിയിരുന്നു എന്ന് അബൂ ജഅ്ഫറി(റ)ൽ നിന്ന് മുസദ്ദദ്(റ) നിവേദനം ചെയ്യുന്നു.

ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. മഹതി ഉമ്മു സലമ(റ) ഉമ്മു കുൽസു ബിൻത് അബ്ദില്ലാഹി(റ)ക്ക് പിച്ചളയുടെ ഒരു പാത്രം സമ്മാനിച്ചു. എന്നിട്ട് അവിടുന്ന് പറഞ്ഞു. തിരുനബിﷺ ഈ പാത്രം ഉപയോഗിച്ച് കുളിക്കാറുണ്ടായിരുന്നു. ഒരു സാഓ അതിൽ കുറഞ്ഞ വെള്ളമായിരുന്നു അവിടുന്ന് ഉപയോഗിച്ചത്.

തിരുനബിﷺ പിച്ചള പാത്രത്തിൽ നിന്ന് അംഗ സ്നാനം നടത്തിയിരുന്നു എന്ന് സൈനബ് ബിൻത് ജഹ്ശ്(റ) പറഞ്ഞതായി ഇമാം അഹ്മദും(റ) നിവേദനം ചെയ്തിട്ടുണ്ട്. തിരുനബിﷺക്ക് അത്തരം പാത്രത്തിൽ വുളൂഅ് ചെയ്യുന്നത് സന്തോഷമായിരുന്നു എന്നും മറ്റൊരു നിവേദനത്തിലുണ്ട്.

ഒരു മൊന്തയിൽ നിന്ന് തിരുനബിﷺ വുളൂഅ് ചെയ്തു എന്ന് അബൂഹുറൈറ(റ) പറയുന്ന പ്രയോഗം ഹദീസുകളിൽ കാണാം. മുകൾഭാഗം ഇടുങ്ങിയ മണ്ണുകൊണ്ടോ ലോഹം കൊണ്ടോ ഉണ്ടാക്കിയ പാത്രങ്ങൾക്കാണ് അറബിയിൽ തൗറ് അഥവാ മുന്താ എന്ന് പറയുക. സ്വർണ്ണ നിറം തേച്ച ലോഹപാത്രത്തിൽ ഞാനും തിരുനബിﷺയും ഒരുമിച്ചു വെള്ളമെടുത്ത് കുളിച്ചിരുന്നു എന്ന് മഹതി ആഇശ(റ) പറയുന്ന നിവേദനം അബുദാവൂദ്(റ) ഉദ്ധരിക്കുന്നുണ്ട്.

തിരുനബിﷺയുടെ നിത്യജീവിതത്തിൽ ഉപയോഗിച്ചിരുന്ന പാത്രങ്ങളും ഓരോ പാത്രങ്ങളും ഉപയോഗിച്ച സന്ദർഭങ്ങളും പരിസരത്തുള്ള ശിഷ്യന്മാരും കുടുംബവും നോക്കി വെച്ചിരിക്കുകയായിരുന്നു. കാലത്തിന്റെ നാളേക്ക് മുഴുവനും പകർന്നു കൊടുക്കാനുള്ള ജാഗ്രത അവർക്കുണ്ടായിരുന്നു. അങ്ങനെയല്ലെങ്കിൽ ഒന്നര സഹസ്രാബ്ദത്തോളം മുമ്പ് തിരുനബിﷺ ഏത് പാത്രം ഏത് വിധേന ഉപയോഗിച്ചിരുന്നു എന്ന് എങ്ങനെയാണ് നമുക്ക് സംസാരിക്കാനാവുക. പകർന്നു കിട്ടിയ നിവേദനങ്ങളിൽ അതെല്ലാം ചേർത്തുവച്ചിരിക്കുന്നു എന്നല്ലാതെ മറ്റെന്ത് മറുപടിയാണെന്ന് ഇതിനൊക്കെ നമുക്ക് പറയാനുള്ളത്. ഓരോ അധ്യായവും തിരുനബിﷺയുടെ അതുല്യമായ വ്യക്തിത്വത്തെ കൃത്യമായി അടയാളപ്പെടുത്തി കൊണ്ടേയിരിക്കുകയാണ്.

 

Tweet 971

അനസു ബ്നു മാലികി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. നിസ്കാരത്തിന് സമയമായി. അടുത്ത് വീടുള്ളവരൊക്കെ വീടുകളിലേക്ക് വുളൂഅ് നിർവഹിക്കാൻ വേണ്ടി പോയി. തിരുനബിﷺക്ക് ശിലാനിർമിതമായ ഒരു ചെറിയ പാത്രത്തിൽ വെള്ളം കൊണ്ടുവന്നു. അവിടുത്തെ മുൻകൈ കടത്താൻ പോലും വിശാലതയില്ലാത്തത്ര ചെറുതായിരുന്നു അത്. തിരുനബിﷺയും ബാക്കിയുള്ളവരും അതിൽ നിന്ന് വുളൂഅ് നിർവഹിക്കാൻ തുടങ്ങി. ബാക്കിയുള്ള എല്ലാവരും അതിൽ നിന്ന് അംഗ സ്നാനം പൂർത്തിയാക്കി. അനസുബ്നു മാലികി(റ)നോട് ചോദിച്ചു. അവിടെ എത്ര ആളുകളുണ്ടായിരുന്നു. എൻപതിൽപരം ആളുകളുണ്ടായിരുന്നു ഞങ്ങൾ.

തിരുനബിﷺയുടെ ജീവിതത്തിലെ മുഅ്ജിസത്തുകൾ അഥവാ അമാനുഷിക സംഭവങ്ങളിൽ പ്രധാനപ്പെട്ട ഒരു അധ്യായമാണ്, വെള്ളവും മറ്റ് വിഭവങ്ങളും വർദ്ധിച്ചു കിട്ടിയത്. ഒരു ചെറിയ പാത്രത്തിലെ ഭക്ഷണം കൊണ്ട് ഒരു സൈന്യത്തെ മുഴുവൻ ഭക്ഷിപ്പിക്കുകയും എല്ലാവരുടെയും വിശപ്പടങ്ങിയിട്ടും ആദ്യത്തേത് അവിടെ അവശേഷിച്ചതും കുറഞ്ഞ വെള്ളം കൊണ്ട് ഒരു യാത്രാ സംഘത്തിന് മുഴുവൻ ആവശ്യ നിർവഹണത്തിനും ശേഖരിക്കാൻ ലഭിച്ചതും, തിരുകരങ്ങളിലെ വിരലുകൾക്കിടയിൽ നിന്ന് വെള്ളം പ്രവഹിച്ചതും ഇത്തരം അത്ഭുത സംഭവങ്ങളിൽ നിന്ന് പ്രാമാണികമായി സ്ഥിരപ്പെട്ടതാണ്.

തിരുനബിﷺ ഉപയോഗിച്ചിരുന്ന പാത്രത്തെക്കുറിച്ച് പരാമർശിക്കുമ്പോൾ അതിലുണ്ടായിരുന്ന വെള്ളത്തിന്റെ അളവും അത് പ്രയോജനപ്പെട്ട ആളുകളുടെ എണ്ണവും കൂടി ചേർത്തുപറഞ്ഞു എന്നേയുള്ളൂ.

ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഇമ്രാൻ ബിൻ ഹുസൈനി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺയും അനുയായികളും ഒരിക്കൽ ബഹുദൈവ വിശ്വാസിയായ ഒരു സഹോദരിയുടെ തോൽ പാത്രത്തിൽ നിന്ന് വുളൂഅ് ചെയ്തു.

ഒരു യാത്രക്കിടയിലെ സംഭവമാണിത്. യാത്രാമധ്യേ വെള്ളം ആവശ്യമായി വന്നപ്പോൾ അവർക്ക് ലഭിച്ചത് ബഹുദൈവ വിശ്വാസിയായ ഒരു സഹോദരിയുടെ തോൽപാത്രത്തിലെ വെള്ളമായിരുന്നു. അത് എല്ലാവർക്കും മതിയാകും വിധം വർദ്ധിച്ചു എന്ന അത്ഭുതം കൂടി ഇതിലുണ്ട്. ഇസ്ലാം മത വിശ്വാസികളല്ലെങ്കിലും അവരുടെ പാത്രവും അതിലെ വെള്ളവും അംഗസ്നാനത്തിനു വേണ്ടി ഉപയോഗിക്കുന്നതിൽ നിയമപരമായി വിലക്കില്ല എന്ന അധ്യാപനം കൂടി ഇവിടെ ലഭിക്കുന്നുണ്ട്.

ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) അനസുബ്നു മാലിക്(റ) നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ കുളിക്കാൻ വേണ്ടി ഉപയോഗിച്ചിരുന്ന വെള്ളത്തിന്റെ അളവ് ഒരു സാഅ് മുതൽ 5 മുദ്ദ് വരെയായിരുന്നു. ഒരു മുദ്ദ് വെള്ളം കൊണ്ട് അവിടുന്ന് വുളൂഅ് നിർവഹിക്കുമായിരുന്നു.

മറ്റൊരു നിവേദന പ്രകാരം മുദ്ദ് എന്ന പ്രയോഗത്തിന് പകരം മക്കൂക് എന്ന പ്രയോഗമാണുള്ളത്. മുക്കാൽ ലിറ്ററിനാണ് ഒരു മക്കൂക് എന്ന് പറയുക. ഈ പദത്തിന്റെ ബഹുവചനമാണ് മകാഇക്. മുദ്ദിൻ്റെ അളവിനേക്കാൾ അല്പം കൂടുതലാണിത്.

ഒന്നുകൂടി വ്യക്തമായ മറ്റൊരു പ്രയോഗം മഹതി ആഇശ(റ) പറയുന്നുണ്ട്. തിരുനബിﷺ ഒരു സാഉ വെളളം കൊണ്ട് കുളിക്കുകയും ഒരു മുദ്ദ് കൊണ്ട് വുളൂഅ് എടുക്കുകയും ചെയ്യുമായിരുന്നു.

ഈ അളവുകളിൽ നിന്ന് അല്പം ഏറിയും കുറഞ്ഞും വെള്ളം ഉപയോഗിച്ചുകൊണ്ട് കുളിക്കുകയും അംഗ ശുദ്ധി വരുത്തുകയും ചെയ്തത് വിവിധ നിവേദനങ്ങളിൽ കാണാൻ കഴിയും.

ഒരു മുദ്ദിന്റെ അളവിൽ കുറഞ്ഞ വെള്ളം തിരുനബിﷺക്ക് ലഭിക്കുകയും അതിൽ നിന്ന് കൈകളും ചെവിയും എല്ലാം തേച്ചു കഴുകിക്കൊണ്ടുതന്നെ വുളൂഅ് നിർവഹിച്ചിരുന്നു എന്ന് അബ്ദുല്ലാഹിബിന് സെയ്ദ്(റ) പറയുന്ന ഹദീസ് ഇമാം ബൈഹഖി(റ)യും മറ്റും നിവേദനം ചെയ്തിട്ടുണ്ട്.

ഓരോ നിവേദനങ്ങളും ഓരോ പാരായണങ്ങളും നമുക്ക് നൽകുന്നത് നവ്യാനുഭവങ്ങളാണ്. പ്രവാചക പ്രഭുﷺവിന്റെ ജീവിതം എത്രമേൽ സൂക്ഷ്മമായി ഓരോ വ്യവഹാര മേഖലകളെയും ചൂഴ്ന്നു നിൽക്കുന്നു എന്നതാണ് ആവർത്തിച്ചു നമ്മളോട് പറയുന്ന യാഥാർത്ഥ്യം. അതെ, നമുക്ക് ഇനിയും ഈ അധ്യായത്തിലൂടെ കുറെ കൂടി സഞ്ചരിക്കാനുണ്ട്.

Tweet 972

വുളൂഅ് ചെയ്ത ചില സന്ദർഭങ്ങളിൽ തിരുനബിﷺ മറ്റുള്ളവരുടെ സഹായങ്ങൾ സ്വീകരിച്ചു. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിച്ച ഹദീസിൽ സ്വഹാബി പ്രമുഖനായ മുഗീറ(റ) പറയുന്നു. ഒരിക്കൽ ഞാൻ തിരുനബിﷺയോടൊപ്പം യാത്രയിലായിരുന്നു. വഴിയിൽ വച്ച് എന്നോട് പറഞ്ഞു. ആ വെള്ള പാത്രം ഇങ്ങെടുക്കൂ. ഞാൻ പാത്രം എടുത്തു കൊടുത്തപ്പോൾ തിരുനബിﷺ അതും വാങ്ങി മുന്നോട്ടു നീങ്ങി. എൻ്റെ കൺവെട്ടത്തിൽ നിന്നും മറയുന്ന സ്ഥലത്തേക്ക് എത്തി. പ്രാഥമികാവശ്യങ്ങൾ നിർവഹിച്ചു. ശാമിൽ നിർമിതമായ ഒരു ജുബ്ബയായിരുന്നു തിരുനബിﷺയപ്പോൾ ധരിച്ചിരുന്നത്. കുപ്പായത്തിന്റെ കൈ ഇടുങ്ങിയതായതുകൊണ്ട് കൈ പുറത്തേക്കെടുക്കാൻ പ്രയാസപ്പെട്ടു. ഒടുവിൽ അകത്തുകൂടി കൈ ഊരിയെടുത്തു. ഞാൻ വെള്ളം കയ്യിൽ ഒഴിച്ചു കൊടുത്തു. നിസ്കാരത്തിന് വുളൂഅ് എടുക്കും പോലെ അവിടുന്ന് വുളൂഅ് എടുത്തു.

തിരുനബിﷺ മറ്റൊരാളോട് സഹായം തേടി കർമങ്ങൾ നിർവഹിച്ചതിന്റെ ഒരു ചിത്രം കൂടിയായിട്ടാണ് ഇത് നിവേദനം ചെയ്തിട്ടുള്ളത്.

ഇമാം അബൂ യഅ്ലാ ബസ്സാർ(റ) നിവേദനം ചെയ്യുന്നു. ഉമർ(റ) പറഞ്ഞു. ഒരിക്കൽ തിരുനബിﷺ വുളൂഅ് എടുക്കാൻ വെള്ളം സമാഹരിക്കുകയായിരുന്നു. ഞാൻ ഓടിച്ചെന്ന് ഒപ്പം സഹായിക്കാം എന്ന് കരുതി. അപ്പോൾ നബിﷺ പറഞ്ഞു. വേണ്ട ഉമറെ(റ) ഞാൻ വുളൂഅ് എടുക്കാൻ വെള്ളം സമാഹരിക്കുന്നതിൽ മറ്റൊരാൾ പങ്കാളിയാകുന്നത് ഞാൻ ആഗ്രഹിക്കുന്നില്ല.

ഈ രണ്ടു നിവേദനങ്ങളും വ്യത്യസ്തമായ ആശയങ്ങളാണല്ലോ നമുക്ക് തരുന്നത്. എന്നാൽ, ഇത് രണ്ടും ചേർത്തു വായിക്കുമ്പോൾ പണ്ഡിതന്മാർ രേഖപ്പെടുത്തിയ ഒരു നിലപാടിലേക്ക് നമുക്കെത്താൻ കഴിയും. ആവശ്യമെങ്കിൽ മാത്രം മറ്റൊരാളോട് സഹായം തേടാം എന്നതാണ്. ആവശ്യമില്ലാത്ത പക്ഷം മറ്റൊരാളോട് സഹായം തേടാതിരിക്കലാണ് നല്ലത് എന്നുതന്നെ കർമശാസ്ത്ര പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.

മേൽ ഉദ്ധരിച്ച രണ്ടു പക്ഷത്തുനിന്നും വായിക്കാവുന്ന പല നിവേദനങ്ങളും ഗ്രന്ഥങ്ങളിൽ കാണാം. ഇത്തരമൊരു മുൻവിധിയോടുകൂടിയാണ് നമുക്ക് മനസ്സിലാക്കാനുള്ളത്. ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ മകൾ റുഖിയ്യ(റ)യുടെ പരിചാരക ഉമ്മു അയ്യാശ്(റ) പറയുന്നു. ഞാൻ തിരുനബിﷺക്ക് വുളൂഅ് ചെയ്യാൻ സഹായിക്കാറുണ്ടായിരുന്നു. ഞാൻ നിന്നുകൊണ്ട് വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ അവിടുന്ന് ഇരുന്നുകൊണ്ട് വുളൂഅ് നിർവഹിച്ചു.

തിരുനബിﷺക്ക് അംഗ സ്നാനം നിർവഹിക്കാൻ വെള്ളമൊഴിച്ചു കൊടുക്കുകയും കയ്യിൽ വെള്ളമൊഴിച്ചു കൊടുത്തപ്പോൾ അത് സ്വീകരിച്ചു മുഖം കഴുകുകയും ചെയ്ത രംഗം റൂബയ്യിഅ് ബിൻത് മുഅവ്വിദ്(റ) പങ്കുവെക്കുന്നുണ്ട്. ഇമാം ഇബ്നു മാജ(റ) തന്നെയാണ് ആ നിവേദനവും റിപ്പോർട്ട് ചെയ്തത്.

തിരുനബിﷺയുടെ പരിചാരകയായിരുന്ന ഉമയ്യ(റ) ഞാൻ തിരുനബിﷺക്ക് വുളൂഅ് ചെയ്യാൻ വെള്ളം പകർന്നു കൊടുക്കാറുണ്ടായിരുന്നു എന്ന് ദീർഘമായ ഒരു ഹദീസിന്റെ ആമുഖത്തിൽ പറയുന്നുണ്ട്.

ഇബ്നു മാജ(റ) ഇബിന് അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. സക്കാത്ത് അവകാശിയെ ഏൽപ്പിക്കുന്നതിനും വുളൂഅ് നിർവഹിക്കുന്നതിനും തിരുനബിﷺ മറ്റൊരാളുടെ സഹായം തേടാറുണ്ടായിരുന്നില്ല. സ്വയം തന്നെ നിർവഹിക്കുകയായിരുന്നു പതിവ്. തിരുനബിﷺ സ്വന്തമായി തന്നെ വെള്ളമെടുത്തു കൊണ്ടുവന്ന് വുളൂഅ് നിർവഹിക്കുകയും അതിനുവേണ്ടി കാത്തിരിക്കുകയും ചെയ്ത രംഗങ്ങൾ പല നിവേദനങ്ങളിലും നമുക്ക് വായിക്കാനുണ്ട്.

നബി ജീവിതത്തിന്റെ ആഖ്യാനങ്ങളെ വായിക്കുമ്പോൾ പല വശങ്ങളും നമുക്ക് ചേർത്ത് മനസ്സിലാക്കാനുണ്ട്. ലഭ്യമായ നിവേദനങ്ങൾ മുഴുവനും വെച്ചുകൊണ്ടുള്ള പരസ്പര പഠനങ്ങളുടെ ഏറ്റവും സമഗ്രമായ രൂപമാണ് നാല് മദ്ഹബിന്റെ പണ്ഡിതന്മാർ അവതരിപ്പിച്ചത്. നമുക്ക് ലഭ്യമാകുന്ന ഏതോ ഒരു ഹദീസോ നിവേദനമോ വച്ചുകൊണ്ട് ഈ അധ്യായത്തിൽ നബിﷺയുടെ ജീവിതം ഇങ്ങനെയായിരുന്നു എന്ന് തീർച്ച പറയാനാവില്ല.

ഇക്കാലത്ത് ലഭ്യമായ മുഴുവൻ ഹദീസുകളും വച്ചുകൊണ്ട് നമുക്ക് അങ്ങനെ ഒരു തീർപ്പിലേക്ക് എത്താൻ കഴിയില്ല. ഇന്ന് ലഭ്യമായതിന്റെ പത്തിരട്ടിയോ അതിലേറെയോ ഹദീസുകളെ മുന്നിൽ വച്ചുകൊണ്ടുള്ള സമഗ്ര നിരൂപണത്തിന്റെയും പഠനത്തിന്റെയും അടിസ്ഥാനത്തിലാണ് നാലു മദ്ഹബിന്റെ ഇമാമുകളും കർമശാസ്ത്ര വഴികളെ ചിട്ടപ്പെടുത്തിയത്. നമുക്ക് ലഭ്യമായ ഹദീസുകൾ വച്ചുകൊണ്ട് നാലിൽ ഏതെങ്കിലും ഒരു മദ്ഹബിന്റെ അടിസ്ഥാനങ്ങളെ നിരോധിക്കാനോ ശരിയല്ലെന്ന് പറയാനോ ഇക്കാലത്ത് ഒരിക്കലും സാധ്യമല്ല. കാരണം നാല് ഇമാമുകൾക്കും ലഭിച്ച മുഴുവൻ റഫറൻസുകളും നമുക്ക് ലഭ്യമാവുക അസാധ്യമാണ്.

Tweet 973

ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) സെയ്ദ് ബിൻ ഉസാമത്(റ) നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ അറഫയിൽ നിന്ന് മുസ്ദലിഫയിലേക്ക് പുറപ്പെട്ടപ്പോൾ ഒരു താഴ്‌വരയിലേക്ക് ഒഴിഞ്ഞുപോയി പ്രാഥമിക ആവശ്യം നിർവഹിക്കാൻ വേണ്ടി മറഞ്ഞു. ഉസാമ(റ) പറയുന്നു. ശേഷം നീക്കം ചെയ്യാനുള്ള വെള്ളം ഞാനായിരുന്നു ഒഴിച്ചു കൊടുത്തിരുന്നത്.

തിരുനബിﷺയുടെ പരിചാരകൻ സെയ്ദി(റ)ന്റെ മകനായിരുന്നല്ലോ ഉസാമ(റ). ഉസാമ(റ) നബിﷺക്ക് സേവനം ചെയ്തു കൊടുക്കുന്നത് അപരനിൽനിന്ന് സേവനം സ്വീകരിക്കുന്ന കൂട്ടത്തിൽ എണ്ണാൻ പറ്റുന്നതല്ല. നബിﷺയോടൊപ്പം നിരന്തരമായി ജീവിക്കുകയും സ്വന്തം മകനെപ്പോലെ പരിഗണന ലഭിച്ചുകൊണ്ട് മുന്നോട്ടുപോവുകയും ചെയ്ത വാത്സല്യ കേന്ദ്രമായിരുന്നുവല്ലോ ഉസാമ(റ). മറ്റുള്ള നിവേദനങ്ങളിൽ പറയപ്പെട്ട പലരോടും ചേർത്ത് വായിക്കാൻ പറ്റുന്നതല്ല ഉസാമ(റ)യുടെ നിലപാട്. തിരുനബിﷺയും ഉസാമ(റ)യുമായുള്ള ബന്ധത്തെ കൂടി പരിഗണിച്ചുകൊണ്ടേ ഇത് മനസ്സിലാക്കിയെടുക്കാനാവൂ.

ഇമാം ഇബ്നുമാജ(റ), സഫുവാൻ ബിൻ അസ്സാലി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. യാത്രയിലും അല്ലാത്തപ്പോഴും ഞാൻ തിരുനബിﷺക്ക് വുളൂഅ് ചെയ്യാൻ വെള്ളമൊഴിച്ചു കൊടുക്കാറുണ്ടായിരുന്നു.

തിരുനബിﷺ വുളൂഅ് എടുക്കാനുള്ള വെള്ളം നേരത്തെ തന്നെ കരുതി വെക്കാറുണ്ടായിരുന്നു. ചിലപ്പോഴൊക്കെ അതിനുവേണ്ടി ഒരുങ്ങുന്നതും കാണാം. ഇത്തരം സന്ദർഭങ്ങളെ കുറിച്ച് പൊതുവായുള്ള നിലപാട് എന്തായിരുന്നു എന്ന് മഹതി ആഇശ(റ) പറയുന്നു. അത്തരം ആവശ്യങ്ങൾക്ക് വേണ്ടി മറ്റൊരാളെ ആശ്രയിക്കുന്നത് ഞാൻ കാണാറുണ്ടായിരുന്നില്ല. സ്വയം തന്നെ അതൊക്കെ ഒരുക്കി തയ്യാറാക്കുമായിരുന്നു. ഇമാം ഇബ്നുമാജ(റ) ഇബ്നു അബ്ബാസി(റ)ൽ നിന്നും ഇതേ ആശയമുള്ള ഹദീസ് വേറെയും ഉദ്ധരിച്ചിട്ടുണ്ട്.

എല്ലാ കർമ്മങ്ങളുടെയും അടിസ്ഥാന ലക്ഷ്യം അല്ലാഹുവിനോടുള്ള സാമീപ്യവും അവൻ്റെ തൃപ്തിയുമാണല്ലോ. അവനെ പറയുകയും ആലോചിക്കുകയും ചെയ്യാത്ത ഒരു കർമവും നബിﷺക്ക് ഉണ്ടായിരുന്നില്ല. വുളൂഉം അതിൽ നിന്ന് ഒഴിവല്ല. മഹതി ആഇശ(റ)യിൽ നിന്ന് തന്നെയുള്ള നിവേദനം ഇങ്ങനെ കാണാം. നബിﷺ വുളൂഅ് എടുക്കാനുള്ള വെള്ളത്തിൽ തൊടുമ്പോൾ തന്നെ ബിസ്മില്ലാഹി റഹ്മാനി റഹീം എന്ന് ചൊല്ലാറുണ്ടായിരുന്നു. അല്ലാഹുവിന്റെ നാമത്തിൽ ഞാൻ ആരംഭിക്കുന്നു എന്നാണല്ലോ അതിന്റെ അർഥം.

വുളൂഅ് നിർവഹിക്കാൻ വേണ്ടി എഴുന്നേൽക്കുമ്പോൾ തന്നെ ബിസ്മി ചൊല്ലാറുണ്ടായിരുന്നു എന്നത് മറ്റൊരു നിവേദനത്തിൽ നമുക്ക് വായിക്കാൻ കഴിയും. അതിനുശേഷമായിരുന്നുവത്രേ വെള്ളം കയ്യിലേക്ക് ഒഴിക്കാറുണ്ടായിരുന്നത്.

ഇമാം അഹ്മദും(റ) നസാഇ(റ)യ്യും മറ്റും ഉദ്ധരിക്കുന്നു. അനസ്(റ) പറഞ്ഞു. കരുണയുടെ അനുയായികൾ അഥവാ സ്വഹാബികൾ നബിﷺക്ക് വേണ്ടി വെള്ളം അന്വേഷിച്ചു. പക്ഷേ അവർക്കാർക്കും വെള്ളം കണ്ടെത്താനായില്ല. ഉടനെ അതാ തിരുനബിﷺ പറയുന്നു. ഇതാ ഇവിടെയുണ്ടല്ലോ വെള്ളം. ആ വെള്ളം ഉടനെ എടുത്തു. തിരുനബിﷺയുടെ അടുത്തേക്ക് അടുപ്പിച്ചുവെച്ചു കൊടുത്തു. തിരുനബിﷺ വെള്ളപ്പാത്രത്തിലേക്ക് കൈകൾ ഇട്ടു. ശേഷം, ഇങ്ങനെ പറഞ്ഞു. അല്ലാഹുവിന്റെ നാമത്തിൽ നിങ്ങളെല്ലാവരും വുളൂഅ് എടുക്കാൻ ആരംഭിച്ചു കൊള്ളൂ. അപ്പോഴേക്കും തിരുനബിﷺയുടെ വിരലുകൾക്കിടയിൽ നിന്നും വെള്ളം പ്രവഹിക്കുന്നത് കാണാനിടയായി. സംഘത്തിൽ ഉണ്ടായിരുന്ന എല്ലാവരും വുളൂഅ് എടുക്കുകയും അവരുടെ പാത്രങ്ങളിലേക്ക് കരുതുകയും ചെയ്തു. അവസാനത്തെ ആൾ വരെയും സന്തോഷപൂർവ്വം അത് സ്വീകരിച്ചു.

സമാനമായ നിരവധി സംഭവങ്ങൾ നമ്മൾ പല സന്ദർഭങ്ങളിലായി വായിച്ചു പോയിട്ടുണ്ട്. തിരുനബിﷺയിൽ നിന്ന് ലോകത്തിന് ദർശിക്കാൻ കഴിഞ്ഞ അത്ഭുത സംഭവങ്ങളിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ഇത്. സ്വീകാര്യയോഗ്യമായ നിരവധി നിവേദനങ്ങൾ ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. അതിന്റെ പ്രാമാണികതയും പ്രായോഗികതയും സവിസ്തരം നാം പ്രതിപാദിച്ചു പോയിട്ടുണ്ട്.

 

 

Tweet 974

ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്യുന്നു. അലിയ്യ് (റ) ഒരിക്കൽ വെള്ളം ആവശ്യപ്പെട്ടു. വെള്ളപ്പാത്രത്തിലേക്ക് കയ്യിടുന്നതിന് മുമ്പ് മുൻകൈകൾ കഴുകി. എന്നിട്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. ഇപ്രകാരമായിരുന്നു തിരുനബിﷺ ചെയ്തിരുന്നത്.

വെള്ളപ്പാത്രത്തിൽ കയ്യിട്ടു കോരുന്നതിനു മുമ്പ് കൈകൾ കഴുകിയിരിക്കണം എന്ന ഒരു അധ്യാപനം പ്രവാചകനിﷺൽ നിന്ന് അറിയുകയും അതനുസരിച്ച് പ്രയോഗിക്കുകയും ചെയ്യുന്ന പ്രവാചക ശിഷ്യൻ അലിയ്യി(റ) കൂടെയുള്ള ഒരു രംഗമാണ് ഇവിടെ ഉദ്ധരിച്ചത്.

ഇമാം അഹ്മദും(റ) മറ്റും ഉദ്ധരിക്കുന്നു. ഔസ് അസ്സഖ്ഫി(റ) ഒരിക്കൽ തിരുനബിﷺയെ നിരീക്ഷിച്ചു. അപ്പോൾ അവിടുന്ന് വുളൂഅ് നിർവഹിക്കുന്നതിന്റെ ആമുഖമായി മുൻകൈകൾ മൂന്നു പ്രാവശ്യം കഴുകി.

വുളൂഅ് നിർവഹിച്ചതിന്റെ ഓരോ ഘട്ടങ്ങളെ കുറിച്ചും വിശദമായ വിവരണങ്ങളുണ്ട്. മുൻ കൈകൾ കഴുകിയാൽ പിന്നീട് വായിൽ വെള്ളം കൊള്ളുകയും മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയുമാണല്ലോ ചെയ്യാനുള്ളത്. ഇമാം അഹ്മദ്(റ), അബൂദാവൂദ്(റ) എന്നിവർ നിവേദനം ചെയ്യുന്നു. ഒരു കോരൽ വെള്ളം കൊണ്ട് തിരുനബിﷺ വായ കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും ചെയ്തു. മൂക്ക് ചീറ്റുമ്പോൾ ഇടതു കൈ കൊണ്ടാണ് ചീറ്റിയിരുന്നത് എന്ന് മഹാനായ അലിയ്യ് (റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിലുണ്ട്. ഇമാം നസാഇ(റ)യാണ് നിവേദനം ചെയ്തത്.

മുഖം കഴുകുമ്പോൾ താടി രോമങ്ങളിൽ വിരലുകൾ കോർത്ത് തിരുനബിﷺ കഴുകാറുണ്ടായിരുന്നു. അല്ലാഹുവിൽ നിന്നുള്ള കൽപ്പന പ്രകാരമാണ് ഇങ്ങനെ നിർവഹിക്കുന്നത് എന്ന് തിരുനബിﷺ പറയാറുണ്ടായിരുന്നു.

നബി ജീവിതത്തിന്റെ ഓരോ അധ്യായങ്ങളെക്കുറിച്ചും പൊതുവായ വായനകളും അവലോകനങ്ങളും മാത്രമല്ല ഉള്ളത്. ഓരോ ചലനങ്ങളെയും അതിസൂക്ഷ്മമായി വിലയിരുത്തുകയും കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

അംഗസ്നാനം എന്ന ഒരു അധ്യായത്തിൽ നിന്ന് അതിലെ ഓരോ ചലനങ്ങളും സ്വതന്ത്ര അധ്യായങ്ങളായി രൂപപ്പെടുന്ന കാഴ്ചയാണ് പഠനങ്ങൾ നമുക്ക് പകർന്നു നൽകുന്നത്. ലോകത്ത് ഒരു വ്യക്തിയുടെയും അനുഷ്ഠാന ക്രമങ്ങളോ ശുചീകരണ പ്രക്രിയകളോ ഇത്രമേൽ വിശദമായി പഠിപ്പിക്കപ്പെടുകയും അതിൽ നിന്ന് നിയമങ്ങൾ രൂപപ്പെട്ടു വരികയും ചെയ്തിട്ടില്ല.

പ്രവാചക പ്രഭുﷺ വുളൂഅ് ചെയ്യുന്ന നേരത്ത് കൈകഴുകിയിരുന്നു എന്നുപറഞ്ഞു പോകാതെ. എത്ര പ്രാവശ്യം? എങ്ങനെയുള്ള വെള്ളം ഉപയോഗിച്ച്? ഏതു രീതിയിൽ? ആ സമയത്ത് കൈകളിൽ വല്ല തടസ്സങ്ങളും ഉണ്ടാകുന്നതുകൊണ്ട് പ്രയാസമുണ്ടോ? ഒരുപക്ഷേ ഒരാൾക്ക് കൈക്ക് പ്രയാസം എത്തിയാൽ അയാൾ എങ്ങനെയായിരിക്കും കഴുകേണ്ടത്? തീരെ കഴുകാൻ കഴിയാത്ത വിധം കൈക്ക് പരിക്കുപറ്റിയാൽ പിന്നെ എന്താണ് പരിഹാരക്രിയ? പരിഹാരക്രിയകളിൽ എന്തെല്ലാം ക്രമങ്ങളുണ്ട്? ഒരുപക്ഷേ ഒരാൾക്ക് പരിക്ക് പറ്റിയതിനെ തുടർന്ന് പ്ലാസ്റ്റർ ഇടുമ്പോൾ അയാൾ വുളൂഅ് ഉണ്ടായിരുന്ന അവസ്ഥയിലാണെങ്കിൽ അയാൾക്കുള്ള ആനുകൂല്യങ്ങൾ എന്തെല്ലാം? അല്ലെങ്കിൽ നിസ്കാരം നിർവഹിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ? ഇങ്ങനെയുള്ള ചർച്ചകൾ വികസിക്കുമ്പോൾ ഇസ്ലാമിക അനുഷ്ഠാന നിയമങ്ങളിൽ ഒരുപാട് നിദാനങ്ങളും ക്രമങ്ങളും രൂപപ്പെടുന്നു.

പ്രാഥമികമായി കഴുകുമ്പോൾ വെള്ളം എത്തിച്ചേരാൻ സാധ്യതയില്ലാത്ത ചുളിവുകളിലും മടക്കുകളിലും കൂടി ജലസ്പർശം എത്തണമെന്ന് തിരുനബിﷺ ശ്രദ്ധിക്കുകയും അനുയായികളോട് നിർദ്ദേശിക്കുകയും ചെയ്തു.

 

 

Tweet 975

തിരുനബിﷺയുടെ വുളൂഅ് കർമത്തെ കുറിച്ചുള്ള ചിട്ടകളും രീതികളുമാണല്ലോ നാം വായിച്ചുകൊണ്ടിരിക്കുന്നത്. അലിയ്യ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. തിരുനബിﷺ വുളൂഅ് നിർവഹിക്കുമ്പോൾ ഓരോ അവയവങ്ങളും മൂന്നുപ്രാവശ്യം വീതം കഴുകുമായിരുന്നു. എന്നാൽ തല തടവുമ്പോൾ ഒരു പ്രാവശ്യം മാത്രമേ നിർവഹിച്ചിരുന്നുള്ളൂ.

ഈ ആശയത്തിന്റെ ആഖ്യാനം ഒരു ഹദീസിൽ ഇങ്ങനെ കാണാം. പ്രഗൽഭരായ മൂന്ന് ഹദീസ് പണ്ഡിതന്മാരും നിവേദനം ചെയ്യുന്നു. ഒരിക്കൽ അലിയ്യ്(റ) ഒരു പാത്രത്തിൽ വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു. അതിൽനിന്ന് വെള്ളം ഒഴിച്ച് ഓരോ അവയവങ്ങളും കഴുകാൻ തുടങ്ങി. വായ കൊപ്ലിച്ചതും മൂക്കിൽ വെള്ളം കയറ്റി ചീറ്റിയതും എല്ലാം മൂന്ന് പ്രാവശ്യം തന്നെ നിർവഹിച്ചു. തല തടകിയപ്പോൾ മാത്രം ഒരു പ്രാവശ്യമേ നിർവഹിച്ചുള്ളൂ. ശേഷം, മഹാനവർകൾ ഇങ്ങനെ പറഞ്ഞു. തിരുനബിﷺ വുളൂഅ് നിർവഹിച്ചത് എങ്ങനെയാണെന്ന് അറിയാൻ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഇതാ ഇപ്പോൾ ഞാൻ നിർവഹിച്ചത് പോലെയാണ്.

ഹനഫീ മദ്ഹബിൽ ഇപ്രകാരം തന്നെയാണുള്ളത്. എന്നാൽ മൂന്ന് പ്രാവശ്യം തടകണമെന്നാണ് ശാഫിഈ മദ്ഹബ്. അതിനാവശ്യമായ മറ്റ് ഹദീസുകൾ ഇമാം ശാഫിഈ(റ) അവർകൾക്ക് ലഭിച്ചിട്ടുണ്ടാകണം. ആ വിഷയമായി ലഭിച്ച ഹദീസുകൾ ചില പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുമുണ്ട്. മാലിക്, ഹംബലീ മദ്ഹബുകളിലും ഒരു പ്രാവശ്യമേ തല തടകേണ്ടതുള്ളൂ.

ളംളമി(റ)ൻ്റെ നിവേദനത്തിൽ മുസദ്ദദും(റ) ഒരു പ്രാവശ്യം തടകിയതിനെ കുറിച്ച് പറയുന്നുണ്ട്. അസ്മാ ബീവി(റ)യിൽ നിന്നുള്ള ഒരു ഹദീസാണ് ശാഫിഈ കർമശാസ്ത്ര വഴിയിലെ പ്രമാണമായി പലരും ഉദ്ധരിച്ചിട്ടുള്ളത്.

തല രണ്ടുപ്രാവശ്യം തടകിയ ഹദീസ് ഇമാം അഹ്മദും(റ) നസാഇ(റ)യും സ്വീകാര്യമായ പരമ്പരയിൽ തന്നെ ഉദ്ധരിച്ചത് കാണാം.

തിരുനബിﷺയുടെ ജീവിതക്രമത്തെയും ആചാരങ്ങളെയും എത്രമേൽ സൂക്ഷ്മമായി അവലോകനം ചെയ്താലാണ് ഇത്രമേൽ വലിയ പഠനങ്ങളൊക്കെ ഉണ്ടാവുക. ഒരു കർമത്തിന്റെ എല്ലാ തലങ്ങളെയും അതിസൂക്ഷ്മമായി നിരീക്ഷിക്കുക. അവയിൽ വ്യത്യസ്ത സന്ദർഭങ്ങളിൽ വരുന്ന വ്യതിയാനങ്ങളെയും വൈവിധ്യങ്ങളെയും കൃത്യമായി അവലോകനം ചെയ്യുക. അതിൽ നിന്നെല്ലാം നിയമത്തെയും നിബന്ധനകളെയും കണ്ടെത്തുക. ലോകത്തുള്ള പരകോടി ജനങ്ങൾ ജീവിത വ്യവഹാരങ്ങളിൽ ആ ചിട്ടകളെയും മര്യാദകളെയും ഹൃദയത്തോട് ചേർത്തുവച്ച് അനുകരിക്കുക. ഒരു മതത്തിന്റെയും പ്രവാചകന്റെയും സൗന്ദര്യമായി അത് നിലനിൽക്കുക.

അറിവും ആലോചനയുമുള്ള ആളുകൾ ഇതൊക്കെ അറിയുമ്പോൾ ഈ ദർശനത്തിന്റെ വ്യാപ്തിയും ആധികാരികതയും എങ്ങനെയൊക്കെയാണ് മനസ്സിലാക്കാനുള്ളത്. ലഭ്യമായ ബുദ്ധിയും മാനുഷിക വ്യവഹാരങ്ങളിലെ അനുഭവങ്ങളും ഇത്രയും പ്രബുദ്ധമായ ഒരു നന്മയിലേക്ക് നമ്മെ ക്ഷണിക്കുന്നില്ലെങ്കിൽ, പിന്നെ ജീവിതത്തിന് എന്ത് മൂല്യമാണുള്ളത്.!

തിരുനബിﷺ വുളൂഅ് ചെയ്യുന്നതിനിടയിൽ തല തടവി എന്ന് മാത്രം പറഞ്ഞുകൊണ്ട് പോവുകയല്ല. അതിന്റെ ശൈലിയും അപ്പോഴുള്ള അവിടുത്തെ ഭാവങ്ങളും എല്ലാം തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത്രമേൽ സമഗ്രമായി ഒരു ജീവിതത്തെയും ആ ജീവിതത്തിലെ അനുഷ്ഠാനങ്ങളെയും ലോകത്തിനു കൈമാറാനും ഹൃദയത്തിൽ തന്നെ ചേർത്തുവച്ച് സ്വീകരിക്കപ്പെടാനും മനുഷ്യ ചരിത്രത്തിൽ വേറെ ആരെയാണ് നമുക്ക് കാണാനുള്ളത്! വേറെ ആരെക്കുറിച്ചാണ് പറയാനും പ്രഭാഷണം നടത്താനുമുള്ളത്!

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

 

Tweet 976

വുളൂഅ് നിർവഹിക്കുമ്പോൾ തിരുനബിﷺ എത്ര പ്രാവശ്യം തല തടകിയിരുന്നു എന്ന് പരാമർശിക്കുന്ന നിരവധി ഹദീസുകളുണ്ട്. ഇമാം ഇബ്നു ഖുസൈമ(റ) മഹാനായ അലിയ്യി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. തിരുനബിﷺ വുളൂഅ് ചെയ്തപ്പോൾ മൂന്നുപ്രാവശ്യം തല തടകിയിരുന്നു. ഇമാം ദാറഖുത്നി(റ)യുടെ നിവേദനത്തിലും ഇതേ പരാമർശം തന്നെ വായിക്കാവുന്നതാണ്. ഈ നിവേദനം ഇമാം അബൂഹനീഫ(റ)യിലൂടെയും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

ഇമാം ശാഫിഈ(റ) ഈ വിഷയത്തിൽ നമ്മെ പഠിപ്പിച്ചത് മൂന്നുപ്രാവശ്യം തല തടകണമെന്ന് തന്നെയാണ്.

ത്വൽഹത്(റ) അവരുടെ പിതാവിൽ നിന്നും അദ്ദേഹം അദ്ദേഹത്തിൻ്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ വായിക്കാം. തിരുനബിﷺ വുളൂഅ് നിർവഹിക്കുന്നത് ഞാൻ കണ്ടു. അവിടുത്തെ കൈ ശിരസ്സിലേക്ക് ആദ്യം തലയുടെ മുൻഭാഗം തടവി. പിന്നീട് പിൻഭാഗവും രണ്ട് ചെന്നിയുടെ ഭാഗങ്ങളും ചെവിയും തടകി. ഒറ്റ പ്രാവശ്യം മാത്രമാണ് ഇങ്ങനെ നിർവഹിച്ചത്.

തലയുടെ പിൻഭാഗത്തുനിന്ന് തുടങ്ങി മുൻഭാഗം വരെ തടവിയെത്തിയ ഒരു ചിത്രീകരണം റബീഅ് ബിൻത് മുഅവ്വിദ്(റ) പറഞ്ഞതായി ഇമാം അബൂദാവൂദ്(റ) ഉദ്ധരിച്ചിട്ടുണ്ട്.

തലപ്പാവണിഞ്ഞുകൊണ്ട് വുളൂഅ് നിർവഹിക്കുന്ന സമയത്ത് ശിരസ്സിന്റെ മുൻഭാഗം തടകിയ ശേഷം തലപ്പാവിന്റെ പുറത്തുകൂടി കൈ തലോടി പൂർത്തീകരിച്ചതായും ഹദീസിൽ കാണാം. ഇമാം മുസ്ലിം(റ) മുഗീറ(റ)യിൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്.

തിരുനബിﷺ വുളൂഅ് നിർവഹിക്കുമ്പോൾ കാലുറയുടെയും തലപ്പാവിന്‍റെയും മേലെ തടവുമായിരുന്നു എന്ന് ഉത്തമമായ പരമ്പരയിലൂടെ സെയ്ദ് ബിൻ സാബിതി(റ)ൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നുണ്ട്.

ഹദീസിൽ പരാമർശിക്കപ്പെട്ട കാലുറ എന്താണെന്നും എന്തൊക്കെ നിബന്ധനകളോടുകൂടി ആയിരിക്കണമെന്നും നേരത്തെയുള്ള ചർച്ചകളിൽ കഴിഞ്ഞുപോയിട്ടുണ്ട്. ശിരസ്സിന്റെ മൂർദ്ധാവിലും ശേഷം തലപ്പാവിലും തല തടകൽ പൂർത്തീകരിച്ചിരുന്നു എന്നാണ് തലപ്പാവിന് പുറത്ത് തടകിയിരുന്നു എന്ന് പറഞ്ഞതിന്റെ താല്പര്യം.

തിരുനബിﷺ ഒരു കിത്റി തലപ്പാവ് ധരിച്ചുകൊണ്ട് വുളൂഅ് ചെയ്യുന്നത് ഞാൻ കണ്ടു എന്ന് അനസുബ്നു മാലിക്(റ) പറയുന്നുണ്ട്. തല തടകാനായപ്പോൾ തലപ്പാവിന്‍റെ ഉള്ളിലൂടെ കൈ പ്രവേശിപ്പിച്ചു മുൻഭാഗം തടവുകയും ബാക്കിയുള്ള ഭാഗം തലപ്പാവിന് മുകളിലൂടെ പൂർത്തീകരിക്കുകയും ചെയ്തു. എന്നാൽ, തലപ്പാവ് അഴിഞ്ഞു പോയിരുന്നില്ല.

ഈ വിഷയവുമായി ബന്ധമുള്ള ഏറ്റവും മനോഹരമായ ഒരു ആഖ്യാനമാണ് അനസുബ്നു മാലികി(റ)ന്റെ ഈ നിവേദനത്തിൽ നിന്ന് നാം വായിച്ചത്. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) അബൂദാവൂദും(റ) തുടങ്ങി പ്രമുഖരായ ഹദീസ് പണ്ഡിതന്മാരെല്ലാം ഉന്നതന്മാരായ സ്വഹാബികളിൽ നിന്ന് തന്നെ തലപ്പാവിന് മുകളിലൂടെ തിരുനബിﷺ തല തടകൽ പൂർത്തീകരിച്ചിരുന്നു എന്ന് പറഞ്ഞ നിവേദനങ്ങൾ ഏറെ വന്നിട്ടുണ്ട്.

തലപ്പാവ് കേവലം സാമൂഹിക ആചാരമായി മാത്രം പരാമർശിച്ചു മാറ്റിനിർത്തുന്നവരുണ്ട്. പ്രാദേശിക വസ്ത്രധാരണത്തിന്റെ ഭാഗമായി മാത്രം കണ്ടാൽ മതിയെന്ന് പറയുന്നവരുമുണ്ട്. എന്നാൽ, തിരുനബിﷺയുടെ വസ്ത്രധാരണത്തിൽ സവിശേഷമായ ശ്രദ്ധയോടെ ധരിക്കുകയും ചിട്ടകളോടെ പരിപാലിക്കുകയും ചെയ്ത വസ്ത്രമായിരുന്നു തലപ്പാവ് എന്ന് കൃത്യമായി തന്നെ മനസ്സിലാക്കാൻ കഴിയും. പിൽക്കാലത്ത് വന്ന പ്രമുഖരായ എല്ലാ പണ്ഡിതന്മാരും പ്രസ്തുത വേഷം അനുകരിക്കുകയും ലോകം മുഴുവനും അത് ഇസ്ലാമിന്റെ വിലാസമായി അടയാളപ്പെടുകയും ചെയ്തിട്ടുണ്ട്.

എന്നാൽ, കുറഞ്ഞ കാലത്തിനു മുമ്പ് വന്ന നവീനവാദികൾ തലപ്പാവിനെ അരിക് വൽക്കരിക്കുകയും തിരുനബിﷺയുടെ ചര്യയായി പാലിക്കുകയോ അനുകരിക്കുകയോ ചെയ്യേണ്ട വേഷമല്ല എന്ന് വരുത്തി തീർക്കുകയും ചെയ്തു. ശേഷം, തങ്ങളുടെ ഇഷ്ടത്തിന് തങ്ങളുടെ നിറത്തിൽ അല്ലെങ്കിൽ താല്പര്യമുള്ള ശൈലികളിൽ മേൽ മുണ്ടുകൾ ധരിച്ചും ചിലപ്പോൾ തല തന്നെ മറക്കാതെയും ഇസ്ലാമിക വസ്ത്രധാരണ രീതികളെ പ്രമാണങ്ങളുടെ പിൻബലം ഇല്ലാത്ത വിധം ആധുനികവൽക്കരിച്ചു. ഇസ്ലാമിക വിലാസങ്ങളെ ഇല്ലായ്മ ചെയ്യാൻ കൂട്ടു നിൽക്കുകയും ചെയ്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

 

Tweet 977

തിരുനബിﷺയുടെ അംഗസ്നാനവുമായി ബന്ധപ്പെട്ട ഹദീസുകളാണല്ലോ നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഇമാം ഇബ്നുമാജ(റ), അബുദാവൂദ്(റ) റുബയ്യിഉ ബിൻതു മുഅവ്വിദി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു. തിരുനബിﷺ വുളൂഅ് ചെയ്യുന്ന സമയം രണ്ട് ചെവികളുടെയും തുറന്നുനിൽക്കുന്ന ഭാഗത്ത് വിരലുകൾ പ്രവേശിപ്പിച്ച് തടകി.

ചെവിയുടെ തുറന്ന ഭാഗവും ദ്വാരമുള്ള ഭാഗവും ചൂണ്ടുവിരൽകൊണ്ടും മറ്റും തടകി എന്ന് ഇമാം ദാറഖുത്നി(റ) ഉദ്ദരിക്കുന്ന ഹദീസിൽ കാണാം. ഒരൊറ്റ പ്രാവശ്യം മാത്രമേ ഇത് നിർവഹിക്കാറുണ്ടായിരുന്നു എന്ന് ഇമാം അഹ്മദും(റ) അബുദാവൂദും(റ) ഒരു നിവേദനത്തിൽ പറയുന്നുണ്ട്.

വുളൂഅ് ചെയ്യുമ്പോൾ ചെവി തടവുക നിർബന്ധമായ ഒരു കർമമല്ല. സുന്നത്ത് അഥവാ ഐച്ഛികമായി നിർവഹിക്കപ്പെടേണ്ടതാണ്.

തിരുനബിﷺയുടെ ജീവിതത്തിന്റെയും കർമങ്ങളുടെയും ആഖ്യാനങ്ങളാണ് ഹദീസുകൾ നിർവഹിക്കുന്നത്. അവയിൽ ഏതൊക്കെയാണ് അനുകരിക്കപ്പെടേണ്ടത്? അതിൽ തന്നെ ഏതൊക്കെയാണ് നിർബന്ധമായത്? ഐച്ഛികമായത്? ഉത്തമമായത്? എന്നിങ്ങനെ വർഗീകരിച്ച് പഠിപ്പിക്കപ്പെടുന്നത് ഗവേഷകന്മാരായ മദ്ഹബിന്റെ ഇമാമുകളുടെ ആധികാരികവും യോഗ്യവുമായ നിരീക്ഷണങ്ങളിലൂടെയാണ്. പ്രസ്തുത ഇമാമുകളെ അംഗീകരിക്കുകയും അവരുടെ ഗവേഷണങ്ങളെ അനുകരിക്കുകയും ചെയ്യാത്ത പക്ഷം ഹദീസിന്റെയും ഖുർആനിന്റെയും ആധികാരികമായ ലക്ഷ്യങ്ങളിലേക്ക് നമുക്ക് എത്താനാവുകയില്ല. നബി ജീവിതത്തിന്റെ പ്രാഥമിക ആഖ്യാനങ്ങളിൽ നിന്ന് മാത്രം മതവിധികൾ രൂപപ്പെടുത്താനുമാവില്ല.

ഖുർആനും ഹദീസും അതിന്റെ ഭാഷയും പ്രയോഗ രീതികളും സാങ്കേതിക സംജ്ഞകളും ഓരോ സന്ദർഭങ്ങളെയും അടിസ്ഥാനപ്പെടുത്തി പഠിക്കുകയും സാധ്യതകളുടെ മുഴുവൻ വഴികളും പരിശോധിക്കുകയും ചെയ്തശേഷം ഇമാമുകൾ പകർന്നു തരുന്ന ആശയങ്ങളും നിയമങ്ങളുമാണ് കർമശാസ്ത്ര വിഷയങ്ങളിൽ പ്രത്യേകിച്ചും നാം സ്വീകരിക്കേണ്ടത്. ഹദീസിന്റെ നിവേദനങ്ങളെയും വാചകങ്ങളെയും കേന്ദ്രീകരിച്ചുകൊണ്ട് പഠിച്ച പണ്ഡിതന്മാർ, കർമശാസ്ത്ര ഗവേഷണങ്ങൾക്ക് നേതൃത്വം കൊടുത്ത ഇമാമുകളെ കുറിച്ച് പറഞ്ഞത് നമ്മൾ മരുന്നു പഠിക്കുന്നവരും അവർ ഡോക്ടർമാരുമാണ് എന്നാണ്. അഥവാ കേവലമായ ഹദീസ് വിജ്ഞാനത്തിലൂടെ മാത്രം കർമശാസ്ത്ര നിയമങ്ങളെ പകർന്നു കൊടുക്കാനും അനുഷ്ഠാന ചിട്ടകളെ പഠിപ്പിച്ചു കൊടുക്കാനുമാവില്ല എന്ന്.

തല തടകി, ചെവിയും തടകിയ ശേഷം പിരടി കൂടി തിരുനബിﷺ തടകാറുണ്ടായിരുന്നു എന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. നബിﷺയുടെ വുളൂഇന്റെ പൂർത്തീകരണം എങ്ങനെയായിരുന്നു എന്നതിൽ നിന്ന് ഇമാമുകൾ ഉദ്ധരിച്ച ഒരു നിവേദനമാണ് നാം വായിച്ചത്. അത് പ്രബലമായ സുന്നത്തായി തന്നെ പരിചയപ്പെടുത്തുകയും അഭ്യസിപ്പിക്കുകയും ചെയ്യുന്ന കർമശാസ്ത്ര വഴിയാണ് ഇമാം അബൂഹനീഫ(റ)യുടേത്.

വുളൂഅ് എടുക്കുമ്പോൾ അവസാനം കഴുകുന്ന അവയവമാണല്ലോ കാല്. കാലുകളുടെ വിരലുകൾ കൈവിരൽ കൊണ്ട് ഇടകലർത്തി കാലിന്റെ വിരലുകൾക്കിടയിലും വെള്ളം എത്തിയെന്ന് ഉറപ്പിക്കുന്ന വിധമിയിരുന്നു തിരുനബിﷺയുടെ അംഗ സ്നാനം. ഇടതുകൈയുടെ കുഞ്ഞുവിരലായിരുന്നു കാൽവിരലുകൾക്കിടയിൽ കോർത്തു കഴുകാൻ ഉപയോഗിച്ചിരുന്നത്. അവയവങ്ങൾ ഓരോന്നും തേച്ചു കഴുകുക എന്നതും അവിടുത്തെ പതിവായിരുന്നു. മോതിരം ധരിച്ചിരുന്ന ഭാഗത്ത് വെള്ളം എത്തുന്നതിനു വേണ്ടി വുളൂഅ് എടുക്കുന്ന സമയത്ത് മോതിരം ചലിപ്പിക്കുകയും ചെയ്തിരുന്നു. മേൽ പറയപ്പെട്ട വിധത്തിൽ ഒക്കെ വുളൂഅ് ചെയ്തശേഷം ഉസ്മാൻ ബിൻ അഫ്ഫാൻ(റ) പറഞ്ഞു. ഇപ്രകാരമായിരുന്നു നബിﷺ വുളൂഅ് ചെയ്തിരുന്നത് എന്ന്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 978

നല്ല കാര്യങ്ങൾ ചെയ്യുമ്പോൾ വലതു ഭാഗം കൊണ്ടു തുടങ്ങുകയും വലതു ഭാഗത്തിന് പ്രത്യേകം പ്രാമുഖ്യം കൽപ്പിക്കുകയും ചെയ്യുന്നത് തിരുനബിﷺയുടെ രീതിയായിരുന്നു. അത് സംബന്ധമായ പല പരാമർശങ്ങളും നാം നേരത്തെ വായിച്ചു പോയിട്ടുണ്ട്. വുളൂഇൻ്റെ അധ്യായത്തിലും ഇത് സവിശേഷമായി തന്നെ കാണാൻ കഴിയും.

തിരുനബിﷺ വുളൂഅ് ചെയ്യുമ്പോൾ ശ്രദ്ധിച്ചിരുന്ന മറ്റൊരു കാര്യമാണ് അവയവങ്ങൾ പൂർണമായി കഴുകി എന്ന് ബോധ്യം വരും വിധം നിർണയിക്കപ്പെട്ട പരിധിയിൽ നിന്ന് അല്പം കൂടി കയറ്റി കഴുകുക എന്നത്. നുഐം ബിൻ അബ്ദുല്ലാഹ്(റ) പറയുന്നു. അബൂഹുറൈറ(റ)യെ ഞാൻ കണ്ടു. അദ്ദേഹം വുളൂഅ് ചെയ്യുന്നു. മുഖം കഴുകിയപ്പോൾ പൂർണമായും കഴുകി. തോളൻകൈയുടെ പ്രാരംഭം അടക്കം മുഴംകൈ പൂർണ്ണമായും കഴുകി. തണ്ടം കാൽ തുടക്കം വരെ രണ്ട് കാലുകളും കഴുകി. ശേഷം, അബൂഹുറൈറ(റ) പറഞ്ഞു. ഇപ്രകാരമായിരുന്നു തിരുനബിﷺ വുളൂഅ് ചെയ്തിരുന്നത്.

ഉബൈദ് ബിൻ അംറ്(റ), കലാബി(റ) എന്നവരും ഇതേ പരാമർശം പറഞ്ഞത് ഇമാം അഹ്മദ്(റ) ഉദ്ധരിച്ചിട്ടുണ്ട്.

വുളൂഅ് ചെയ്തശേഷം തിരുനബിﷺ സവിശേഷമായ ഒരു പ്രാർഥന നിർവഹിച്ചിരുന്നു. അബൂ മൂസൽ അശ്അരി(റ)യിൽ നിന്നും ഇമാം നസാഈ(റ) ഉദ്ധരിക്കുന്നു. ഞാൻ നബിﷺയുടെ അടുക്കൽ ചെന്നപ്പോൾ അവിടുന്ന് വുളൂഅ് ചെയ്യുകയായിരുന്നു. അപ്പോൾ ഇങ്ങനെ പ്രാർഥിക്കുന്നത് കേട്ടു. അല്ലാഹുവേ എന്റെ പാപങ്ങൾ നീ പൊറുക്കേണമേ. ഭക്ഷണത്തിലും വിഭവങ്ങളിലും നീ വിശാലത നൽകേണമേ. അപ്പോൾ അബു മൂസ(റ) ചോദിച്ചു. അല്ലയോ പ്രവാചക പ്രഭോﷺ, അവിടുന്ന് ഇപ്രകാരമൊക്കെ പ്രാർഥിക്കുന്നത് കേട്ടുവല്ലോ? അപ്പോൾ തിരുനബിﷺ ഇങ്ങനെ ചോദിച്ചു. അല്ല വല്ലതും ഞാൻ വിട്ടു പോയിട്ടുണ്ടോ?

കുറഞ്ഞ വാചകങ്ങളിൽ വലിയ ആശയങ്ങളും എല്ലാ ആവശ്യങ്ങളിലും ഉൾക്കൊള്ളുന്ന പ്രാർഥനയുമാണ് തിരുനബിﷺ നിർവഹിച്ചത്.

തിരുനബിﷺ വുളൂഅ് നിർവഹിച്ചതിന്റെ വ്യത്യസ്തങ്ങളായ രൂപങ്ങളും ഭാവങ്ങളും ഉൾക്കൊള്ളുന്ന നിരവധി നിവേദനങ്ങളുണ്ട്. ഓരോ അവയവങ്ങളും മൂന്നുപ്രാവശ്യം കഴുകി. രണ്ടുപ്രാവശ്യം കഴുകി. ഒരു പ്രാവശ്യമേ കഴുകിയുള്ളൂ. തുടങ്ങിയുള്ള വ്യത്യസ്ത സന്ദർഭങ്ങളിലെ ആഖ്യാനങ്ങൾ ഹദീസുകളായി വന്നിട്ടുണ്ട്. എല്ലാ അവയവങ്ങളും ശ്രദ്ധാപൂർവ്വം കഴുകുക. വെള്ളം എത്തിച്ചേരാൻ സാധ്യതയില്ലാത്ത സ്ഥലങ്ങൾ സൂക്ഷിച്ച് കഴുകുക. വലതുഭാഗം മുന്തിക്കുകയും ഇടതു ഭാഗം തുടർന്ന് കഴുകുകയും ചെയ്യുക. താടിരോമങ്ങൾ വിരലുകൊണ്ട് കോർത്തു കഴുകുക. വിരലുകൾക്കിടയിൽ കൂടി വെള്ളം എത്തുന്നു എന്ന് ഉറപ്പുവരുത്തുക. അതി സൂക്ഷ്മമായി കർമങ്ങളൊക്കെയും നിർവഹിക്കുക. പ്രവാചകൻﷺ വുളൂഅ് നിർവഹിച്ചതിന്റെ ആഖ്യാനങ്ങൾ നമുക്ക് പങ്കുവെക്കുന്ന ആശയങ്ങളുടെ സംക്ഷിപ്തമാണിത്.

ഹദീസുകൾ നമുക്ക് കൈമാറിയ ആഖ്യാനങ്ങളെ മുൻനിർത്തി ഭാഷയും പ്രയോഗവും നബിﷺയുടെ സമീപനവും എല്ലാം ചേർത്തുവച്ചുകൊണ്ടാണ് കർമശാസ്ത്ര പണ്ഡിതന്മാർ നിയമങ്ങളെ ക്രോഡീകരിച്ചത്. മുൻകൈ കഴുകിയത് ഐച്ഛികമാണെന്നും മുഖം കഴുകിയത് നിർബന്ധമാണെന്നും മൂന്നുപ്രാവശ്യം വീതം നിർവഹിച്ചത് ഐച്ഛികമാണെന്നും അടിസ്ഥാനപരമായി കൈ കഴുകേണ്ടത് നിർബന്ധമാണെന്നും തുടങ്ങി ഓരോന്നും വിശദമായി നമുക്ക് കൈമാറുന്നത് കർമശാസ്ത്ര പണ്ഡിതന്മാരുടെ ഗവേഷണത്തിന്റെ ഫലമാണ്.

അടിസ്ഥാനപരമായ വുളു സ്വീകാര്യമാകണമെങ്കിൽ എന്ത് ചെയ്യണം? എത്രമാത്രം ഉണ്ടായാൽ മതി? സമ്പൂർണ്ണമാകണമെങ്കിൽ ഏതെല്ലാം കാര്യങ്ങളുണ്ടായിരിക്കണം? ഏറ്റവും ഉത്തമമായ രൂപം ഏതാണ്? വെള്ളം കുറവാണെങ്കിൽ ലഭ്യമായ വെള്ളത്തിൽ പ്രാമുഖ്യം നൽകി വുളൂഇന്റെ കർമങ്ങളിൽ ഏതൊക്കെയാണ് ചെയ്യേണ്ടത്? നിശ്ചിത സന്ദർഭങ്ങളിൽ തിരുനബിﷺ സവിശേഷമായി കർമങ്ങൾ നിർവഹിച്ചത് എന്തിനാണ്? തുടങ്ങിയുള്ള ഒരായിരം ചോദ്യങ്ങളെ മുന്നിൽ വെച്ചുകൊണ്ടാണ് കർമശാസ്ത്ര പണ്ഡിതന്മാർ ഹദീസുകൾ പരിശോധിച്ചത്. പ്രസ്തുത ഗവേഷണത്തിന്റെ ഫലമാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്ന കർമശാസ്ത്ര സമ്പൂർണ്ണതകൾ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 979

വുളൂഅ് നിർവഹിക്കുന്നതിനോട് അനുബന്ധിച്ച് തിരുനബിﷺ ചെയ്തിരുന്ന ചില കാര്യങ്ങളെക്കുറിച്ച് കൂടി നമുക്ക് വായിച്ചു നോക്കാം. ഇമാം നസാഈ(റ) നിവേദനം ചെയ്യുന്നു. അലിയ്യ്(റ)യുടെ മകൻ ഹുസൈൻ(റ) പറഞ്ഞു. പിതാവ് അലിയ്യ്(റ) വുളൂഅ് നിർവഹിച്ചു. ശേഷം, നിവർന്നു നിന്ന് വുളൂഅ് എടുക്കാൻ ഉപയോഗിച്ച പാത്രവും മിച്ചമുള്ള വെള്ളവും ആവശ്യപ്പെട്ടു. നിന്നുകൊണ്ടുതന്നെ ആ വെള്ളം മഹാനവർകൾ കുടിച്ചു. എനിക്ക് അത് അത്ഭുതമായി. അപ്പോൾ എന്നോട് പറഞ്ഞു. ആശ്ചര്യപ്പെടേണ്ടതില്ല. തിരുനബിﷺ ഇപ്രകാരം ചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്.

വുളൂഅ് എടുത്തതിനുശേഷം പാത്രത്തിൽ ശേഷിക്കുന്ന വെള്ളത്തിൽ നിന്നും കുടിക്കുക എന്നത് തിരുനബിﷺയുടെ ചര്യകളിലുണ്ടായിരുന്നു. അത് അലിയ്യ്(റ) അവതരിപ്പിച്ചു എന്ന് മാത്രം.

അബുൽ ആലിയ(റ) എന്നവരിൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന ഹദീസിൽ തിരുനബിﷺ പള്ളിയിൽ വെച്ച് വുളൂഅ് ചെയ്ത രംഗം പറയുന്നുണ്ട്. അനിവാര്യ ഘട്ടങ്ങളിൽ പള്ളിയിലെ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പാലിച്ചുകൊണ്ട് നിർവഹിക്കുന്നതിന് വിരോധമില്ല എന്ന് പഠിപ്പിക്കാൻ വേണ്ടിയായിരിക്കും ഇങ്ങനെ ഒരു നിവേദനം.

വുളൂഅ് നിർവഹിച്ച ശേഷം തിരുനബിﷺ അവയവങ്ങൾ തോർത്താറുണ്ടായിരുന്നു. ഇത് സംബന്ധമായ പല ഹദീസുകളും പരമ്പരകൾ ദുർബലമായതോ അത്ര ശക്തമല്ലാത്തതോ ആണ്. എന്നാൽ തിരുനബിﷺക്ക് അതിനു വേണ്ടി ഒരു തൂവാല തന്നെയുണ്ടായിരുന്നു എന്നും ചിലപ്പോൾ ജുബ്ബയുടെ ഭാഗം കൊണ്ടുവരേ മുഖം തുടച്ചിട്ടുണ്ട് എന്നും ഇമാം ഇബ്നു സഅദും(റ) ഇബ്നു മാജ(റ)യും ഉദ്ധരിക്കുന്നുണ്ട്. വുളൂഅ് നിർവഹിച്ച ശേഷം അവയവങ്ങൾ തുടയ്ക്കൽ ആവശ്യമാണെങ്കിൽ തുടയ്ക്കാമെന്നും അല്ലാത്തപക്ഷം തോർത്തരുതെന്നുമാണ് ശാഫിഈ കർമശാസ്ത്രജ്ഞന്മാർ എഴുതിയത്. ഒരു ചര്യയായി തന്നെ പാലിക്കണം എന്നാണ് ഹനഫീ പണ്ഡിതന്മാരുടെ പക്ഷം. മഹാന്മാരായ ഇമാമുകൾ ഹദീസുകളെ സ്വീകരിച്ചതിന്റെ ഗവേഷണപരവും സമഗ്രവുമായ ഒരു അധ്യായം കൂടിയാണിത്.

ആദ്യകാലത്ത് ഓരോ നിസ്കാരത്തിനും വുളൂഅ് വേറെ വേറെ എടുക്കണമെന്നുണ്ടായിരുന്നു അഥവാ മുറിഞ്ഞിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും. എന്നാൽ, പിൽക്കാലത്ത് ആ നിയമം മാറുകയും നിലവിൽ വുളൂഅ് ഉണ്ടെങ്കിൽ വീണ്ടും വുളൂഅ് എടുക്കൽ നിർബന്ധമില്ലെന്ന് പഠിപ്പിക്കുകയും ചെയ്തു.

ആദ്യകാലത്ത് അങ്ങനെ നിയമമുണ്ടായിരുന്നു എന്ന് ഇമാം ബുഖാരി(റ)യും മുസ്ലി(റ)മും ഉദ്ധരിക്കുന്ന ഹദീസുകളിൽ തന്നെ കാണാം. അപ്രകാരം അനുഷ്ഠിച്ച രീതികൾ തിരുനബിﷺയുടെ നിത്യചര്യകളിൽ നിന്ന് സ്വഹാബികൾ ഉദ്ധരിച്ചിട്ടുമുണ്ട്. എന്നാൽ, മക്കാ വിജയ ദിവസം തിരുനബിﷺ ഒരു വുളൂഅ് കൊണ്ടാണ് അഞ്ചുനേരത്തെ നിസ്കാരവും നിർവഹിച്ചത് എന്നും കാണാം. അഥവാ അപ്പോഴേക്കും നിയമം പരിഷ്കരിക്കപ്പെടുകയും തിരുനബിﷺ അത് അനുഷ്ഠിക്കുകയും ചെയ്തു.

ഫല്ൽ ബിൻ ബിശ്ർ(റ) പറയുന്നു. ജാബിർ ബിൻ അബ്ദുല്ലാഹ് (റ) ഒരു വുളൂഅ് കൊണ്ടു തന്നെ പല നിസ്കാരങ്ങളും നിർവഹിക്കുന്നത് ഞാൻ കണ്ടു. അദ്ദേഹത്തോട് കാര്യം അന്വേഷിച്ചപ്പോൾ തിരുനബിﷺ അങ്ങനെ നിർവഹിക്കാറുണ്ടായിരുന്നു എന്ന് വിശദീകരിക്കുകയും ചെയ്തു.

എത്ര സൂക്ഷ്മമായിട്ടാണ് നബി ജീവിതത്തെ സ്വഹാബികൾ വായിച്ചുകൊണ്ടിരുന്നത്. എത്ര കൃത്യമായിട്ടാണ് അവർ അനുകരിക്കുകയും അനുധാവനം ചെയ്യുകയും ചെയ്തത്. എത്ര സമഗ്രമായിട്ടാണ് മത നിയമങ്ങൾ അടയാളപ്പെട്ട് കിടക്കുന്നത്.

ഒരു വ്യക്തിയുടെ ജീവിതത്തിലെ ഒരനുഷ്ഠാനത്തെയും ഒരു ചര്യയെയും എത്രമേൽ പ്രാധാന്യത്തോടെയും ഗവേഷണപരവുമായാണ് അനുയായികളും അനുഗാമികളും സമീപിച്ചത്. ഒരു ജീവിതത്തിന്റെ രാപ്പകലുകളും വ്യവഹാരങ്ങളും അന്ത്യകാലം വരെയുള്ള കോടിക്കണക്കിന് മനുഷ്യർക്ക് പ്രായോഗിക ജീവിതത്തിന്റെ എത്ര നിയമങ്ങളെയാണ് അടയാളപ്പെടുത്തിയത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 980

വുളൂഅ് പുതുക്കി നിർവഹിക്കേണ്ടത് എപ്പോഴൊക്കെ? ചില സന്ദർഭങ്ങളിൽ ചില കാരണങ്ങളാൽ വുളൂഅ് മുറിയുമോ? ഇല്ലേ? തുടങ്ങിയ ഉള്ളടക്കങ്ങളോടെ ഹദീസുകളുടെ ആശയം കൂടി നമുക്ക് വായിച്ചു പോകാം.

അഗ്നിയിൽ വേവിച്ച മാംസമോ മറ്റോ കഴിച്ചാൽ വുളൂഅ് പുതുക്കിയിരിക്കണം എന്നൊരു ധാരണ നേരത്തെ ഉണ്ടായിരുന്നു. എന്നാൽ, അത് ആവശ്യമില്ലെന്ന് ബോധ്യപ്പെടുത്തുന്ന സന്ദർഭങ്ങൾ തിരുനബിﷺയുടെ ജീവിതത്തിൽ നമുക്ക് വായിക്കാം. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറഞ്ഞു. ആടിന്റെ കുറക് കഴിച്ച ശേഷം നിസ്കാരത്തിലേക്ക് പുറപ്പെട്ടു. നിസ്കാരത്തിനു വേണ്ടി വുളൂഅ് പുതുക്കിയിട്ടില്ല.

സമാനമായ ചില സന്ദർഭങ്ങളിൽ നബിﷺ വുളൂഅ് എടുത്തു എന്ന് കാണാം. അതിന് വിശദമായ വ്യാഖ്യാനങ്ങൾ ഇമാമുകൾ നൽകിയിട്ടുണ്ട്. ഒന്ന്, വുളൂഅ് ഇല്ലാത്ത സന്ദർഭത്തിലായിരിക്കാം തിരുനബിﷺ കഴിച്ചത്. അപ്പോൾ പിന്നെ വുളൂഅ് ചെയ്തിട്ടല്ലേ നിസ്കരിക്കാൻ പറ്റൂ. പ്രസ്തുത വുളൂഅ് അഗ്നിയിൽ വേവിച്ച മാംസം കഴിച്ചത് കൊണ്ടല്ല. നിലവിൽ വുളൂഅ് ഇല്ലാത്തതിനാലായിരുന്നു. തവളളഅ എന്ന അറബി പദം വുളൂഅ് എന്നതിന് പുറമേ കയ്യോ മറ്റു അവയവങ്ങളോ കഴുകിയാലും അങ്ങനെ പ്രയോഗിക്കാവുന്നതാണ്. അങ്ങനെ ഒരു പ്രാഥമിക അർഥത്തിലാകുമ്പോൾ ഭക്ഷണം കഴിച്ചു കൈ കഴുകിയ ശേഷം നിസ്കാരത്തിലേക്ക് പോയി എന്നേ ആശയം വരികയുള്ളൂ.

അഗ്നിയിൽ വേവിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് കൊണ്ട് വുളൂഅ് മുറിയുകയില്ല എന്നതിനാൽ വുളൂഅ് പുതുക്കേണ്ടതില്ല എന്ന് തന്നെയാണ് നിയമം.

വുളൂഅ് ഉണ്ടായിരിക്കുന്ന നേരത്ത് സ്ത്രീകളെ ചുംബിച്ചാൽ വുളൂഅ് പുതുക്കേണ്ടതുണ്ടോ എന്നതിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ട്.

കുടുംബം, മുലകുടി, വിവാഹം എന്നിവയിലേതെങ്കിലുമൊരു ബന്ധം മൂലം നികാഹ്‌ ചെയ്യൽ നിഷിദ്ധമാകുന്ന സുദൃഢബന്ധമുള്ള സ്‌ത്രീപുരുഷന്മാരാണ്‌ തൊട്ടാൽ വുളൂഅ് മുറിയാത്ത ബന്ധുക്കൾ.

എന്നാൽ ഭാര്യമാരെ തൊട്ടാൽ വുളൂഅ് മുറിയും എന്നാണ് കർമശാസ്ത്രത്തിൽ ശാഫിഈ വീക്ഷണം. മുറിയുകയില്ല എന്നാണ് ഹനഫീ പക്ഷം. മറയോടുകൂടി സ്പർശിച്ചാൽ വുളൂഅ് മുറിയുകയില്ലെന്നാണ് ശാഫിഈകളുടെയും വീക്ഷണം. വുളൂഅ് നിർവഹിച്ച ശേഷം പള്ളിയിലേക്ക് പോകുന്ന പ്രവാചകൻﷺ ഭാര്യമാരെ സ്പർശിക്കുകയോ ചുംബിക്കുകയോ ചെയ്ത ഹദീസുകൾ മറയോടുകൂടി ആയിരിക്കാം എന്ന വീക്ഷണത്തിലാണ് ശാഫിഈ പണ്ഡിതന്മാർ സമീപിച്ചിട്ടുള്ളത്. സ്ത്രീ പുരുഷന്മാർ സ്പർശിച്ചാൽ എന്ന ആശയം വരുന്ന ഖുർആനിക സൂക്തത്തെ അടിസ്ഥാനപ്പെടുത്തിയാണ് തൊട്ടാൽ വുളൂഅ് മുറിയും എന്ന നിയമം രൂപപ്പെട്ടു വന്നിട്ടുള്ളത്. പ്രസ്തുത ഖുർആനിക സൂക്തം സ്പർശനത്തിനപ്പുറം സംസർഗം എന്ന ആശയത്തെയാണ് ധ്വനിപ്പിക്കുന്നത് എന്നാണ് ഹനഫികൾ നിരീക്ഷിക്കുന്നത്.

ചുരുക്കിപ്പറഞ്ഞാൽ ഖുർആനിന്റെയും ഹദീസിന്റെയും സമഗ്രതയും വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്ന വിശാലതയും നിയമ സമീപനങ്ങളുടെ ചിട്ടകൾ പാലിച്ചുകൊണ്ട് അർഹതപ്പെട്ടവർ സമീപിച്ചപ്പോൾ രൂപപ്പെട്ടു വന്നതാണ് നാല് മദ്ഹബിലെയും വീക്ഷണങ്ങൾ. ഓരോ മദ്ഹബിനെയും അനുകരിക്കുന്നവർ അതാത് മദ്ഹബുകൾ നിർദ്ദേശിക്കുന്ന കർമരീതികളെയാണ് ജീവിതത്തിൽ പുലർത്തേണ്ടത്. എളുപ്പം നോക്കി മദ്ഹബുകൾക്കിടയിൽ സങ്കലനം രൂപപ്പെടുത്തുന്നത് നിദാനങ്ങൾക്കും പ്രമാണങ്ങൾക്കും എതിരാണ്.

എല്ലാ മദ്ഹബിലെയും എളുപ്പവഴികളെ മാത്രം സ്വീകരിക്കാമെന്ന് വരുന്നതും സമീപനപരമായി ശരിയല്ല. ഓരോ മരുന്നിനും അതിന്റേതായ ഡോസും പഥ്യങ്ങളും ഉള്ളതുപോലെ ഓരോ മദ്ഹബുകളും അവതരിപ്പിക്കപ്പെട്ടതിന് സമഗ്രവും സവിശേഷവുമായ അടിത്തറകളുണ്ട്. സ്വതന്ത്ര ഗവേഷകന്മാരായ സ്വഹാബികൾ വീക്ഷിക്കുകയോ അവതരിപ്പിക്കുകയോ ചെയ്ത വൈവിധ്യങ്ങളാണ് പിൽക്കാലത്ത് മദ്ഹബുകളിലും വൈവിധ്യങ്ങളായി വന്നത്. ഇസ്ലാമിക സമഗ്രതയും കർമാനുഷ്ഠാനങ്ങളിലെ സമീപന വ്യാപ്തിയും ഏറ്റവും മനോഹരമായി അവതരിപ്പിക്കുന്ന പഠനമേഖലയാണ് മദ്ഹബുകളെ കുറിച്ചുള്ള പഠനം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 981

തിരുനബിﷺ വുളൂഅ് പുതുക്കുകയോ പരിപാലിക്കുകയോ ചെയ്ത ചില സന്ദർഭങ്ങൾ കൂടി ഇമാമുകൾ ഉദ്ധരിക്കുകയും പകർന്നു തരികയും ചെയ്യുന്നു. ഇമാം അഹ്മദും(റ) തുർമുദി(റ)യും നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരിക്കൽ നോമ്പുകാരനായിരിക്കെ ഛർദ്ദിച്ചു. ശേഷം, നബിﷺ വുളൂഅ് നിർവഹിച്ചു. ഈ ഹദീസിന്റെ നിവേദകനായ സൗബാൻ(റ) പറയുന്നു. ഞാൻ തിരുനബിﷺക്ക് വുളൂഅ് ചെയ്യാൻ വെള്ളമൊഴിച്ചു കൊടുത്തു.

നിസ്കാരത്തിൽ എപ്പോഴെങ്കിലും മൂക്കുപൊട്ടി രക്തം വന്നാൽ വുളൂഅ് പുതുക്കിയതിനുശേഷം നിസ്കാരം തുടരുമായിരുന്നു. എന്നാൽ, കൊമ്പുവെക്കൽ ചികിത്സ സ്വീകരിച്ചാൽ അതിന്റെ പേരിൽ വുളൂഅ് പുതുക്കുമായിരുന്നില്ല.

ഹിജാമ അഥവാ കൊമ്പുവെക്കൽ ചികിത്സ സ്വീകരിച്ചതുകൊണ്ട് വുളൂഅ് മുറിയുകയൊന്നുമില്ല.

സ്വകാര്യഭാഗത്ത് കൈ സ്പർശിച്ചാൽ വുളൂഅ് മുറിയുമെന്നാണ് ശാഫിഈ കർമശാസ്ത്രം. മഹാനായ ഇബ്നു ഉമറി(റ)ൽ നിന്നുള്ള ഒരു ഹദീസിൽ ഇങ്ങനെ കാണാം. ഒരിക്കൽ തിരുനബിﷺ നിസ്കാരാനന്തരം എഴുന്നേൽക്കുകയും വുളൂഅ് പുതുക്കി മടക്കി നിസ്കരിക്കുകയും ചെയ്തു. കാര്യമന്വേഷിച്ചപ്പോൾ അവിടുന്ന് പറഞ്ഞത് ഇങ്ങനെയായിരുന്നു. ഞാൻ എൻ്റെ സ്വകാര്യഭാഗം സ്പർശിച്ചു പോയി എന്ന്.

എപ്പോഴും വുളൂഅ് പരിപാലിക്കുന്നതിൽ തിരുനബിﷺക്ക് നിദാന്ത ജാഗ്രതയുണ്ടായിരുന്നു. മഹതി ആഇശ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഈ വിഷയം പരാമർശിക്കുന്നുണ്ട്. വുളൂഅ് നിർവഹിച്ച ശേഷം സ്വകാര്യ ഭാഗത്തിന് നേരെയുള്ള വസ്ത്രത്തിൽ വെള്ളം കുടയുക എന്ന ഒരു രീതി പ്രവാചകൻﷺ സ്വീകരിച്ചിരുന്നു എന്ന് ചില ഹദീസുകളിൽ കാണാൻ കഴിയും. നജസ് തെറിച്ചിരിക്കാൻ കേവലം സാധ്യത മാത്രമുള്ള സന്ദർഭങ്ങളിൽ സൂക്ഷ്മതയ്ക്ക് വേണ്ടി വെള്ളം കുടയുക എന്നത് പ്രോത്സാഹിപ്പിക്കപ്പെട്ട കാര്യമാണ്.

വുളൂഇനു വേണ്ടിയാണെങ്കിലും വെള്ളം ആവശ്യത്തിലുപരി ഉപയോഗിക്കുന്നത് തിരുനബിﷺ ശക്തമായി തന്നെ വിലക്കിയിട്ടുണ്ട്. പുഴയിൽ നിന്നാണ് വുളൂഅ് എടുക്കുന്നതെങ്കിൽ പോലും മൂന്നുപ്രാവശ്യത്തിലേറെ അവയവങ്ങൾ കഴുകരുതെന്നും അവിടെയും അമിതവ്യയം വന്നു പോകുമോ എന്ന് ഭയക്കണമെന്നും തിരുനബിﷺ പഠിപ്പിച്ചു. ഒരിക്കൽ നബിﷺ പുഴയിൽ നിന്ന് വെള്ളം കോരി വുളൂഅ് എടുത്തപ്പോൾ മിച്ചം വന്നത് പുഴയിലേക്ക് തന്നെ ഒഴിക്കുകയായിരുന്നു. വുളൂഅ് നിർവഹിക്കുന്ന സമയത്ത് വലഹാൻ എന്ന പിശാച് ആശയക്കുഴപ്പത്തിലാക്കും. അതുകൊണ്ട് വെള്ളത്തിലെ വസ്വാസ് ഒഴിവാക്കുക.

ചിലയാളുകൾക്ക് എത്ര പ്രാവശ്യം കഴുകിയാലും മനസ്സുറയ്ക്കുകയില്ല. ശരിയായോ ഇല്ലയോ എന്ന ആശയക്കുഴപ്പത്തിലായിരിക്കും. വെള്ളത്തിന്റെ അമിതവ്യയത്തിനും മറ്റും കാരണമാകുന്ന ഇത്തരം മാനസിക കുഴപ്പങ്ങളെ പൈശാചികം എന്നാണ് തിരുനബിﷺ പരിചയപ്പെടുത്തിയത്. ചിട്ടകൾ പാലിച്ചുകൊണ്ട് കൽപ്പിക്കപ്പെട്ട കാര്യങ്ങൾ നിർവഹിക്കുക എന്നത് മാത്രമാണ് വിശ്വാസി ശ്രദ്ധിക്കേണ്ടത്. പൈശാചികമായ വിചാരങ്ങളിലും ആശയക്കുഴപ്പങ്ങളിലും വീണുപോകരുത്.

കർമങ്ങളെ അതിന്റെ മഹത്വത്തോടെയും പ്രാധാന്യത്തോടെയും ഉൾക്കൊള്ളുമ്പോഴും അല്ലാഹു എത്രമാത്രം ലളിതമാക്കി തന്നിരിക്കുന്നു എന്ന വിചാരം കൂടി ഉണ്ടാവണം. ലളിതമായി നിർവഹിക്കാവുന്ന അംഗസ്നാനമാണല്ലോ വുളൂഅ്. അത് മുഖം കഴുകിയാലും കഴുകിയാലും തികയാത്തതും കൈ കഴുകിയാലും കഴുകിയാലും മതിയാവാത്തതും മനസ്സിൽ കരുതിയാലും കരുതിയാലും പൂർത്തിയാവാത്തതുമൊക്കെയായി ചിലർ കളിക്കാറുണ്ട്. അത് മാനസികമായ ചില വകഭേദങ്ങളും പൈശാചികമായ ദുർബോധനങ്ങളുമായിരിക്കും. പിശാചിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടിക്കൊണ്ട് ഇത്തരം കർമങ്ങൾ ആരംഭിക്കുക.

അല്ലാഹുവിൽ നിന്ന് ദിവ്യ ബോധനങ്ങളുമായി എത്തിയ ജിബിരീൽ(അ) തന്നെ നേരിട്ടാണ് തിരുനബിﷺക്ക് വുളൂഅ് എടുക്കുന്ന രീതി പഠിപ്പിച്ചുകൊടുത്തത്.

തിരുനബിﷺ പഠിപ്പിക്കുകയും പാലിക്കുകയും ചെയ്ത അനുഷ്ഠാനങ്ങളുടെ എല്ലാം ഓരത്ത് മാനവികവും സാർവത്രികവുമായ ഒരുപാട് വിചാരങ്ങൾക്കും സന്ദേശങ്ങൾക്കും അവസരമുണ്ടാകും. എപ്പോഴും വൃത്തിയോടെയും ശുദ്ധിയോടെയും കഴിഞ്ഞു കൂടുക. വിഭവങ്ങളിൽ മിതവ്യയമുണ്ടാവുക. പ്രകൃതി വിഭവങ്ങളോട് അനുകമ്പയോടു കൂടി പെരുമാറുക. മറ്റുള്ളവർക്ക് കൂടി ക്ഷേമമാകുന്ന വിധത്തിൽ വൃത്തിയും ശുദ്ധിയും പരിപാലിക്കുക. ഇവകളെല്ലാം ഇവിടെ നബിജീവിതത്തിലെ അംഗസ്നാനം എന്നൊരു അധ്യായത്തോട് ചേർന്ന് മാത്രം ലോകം പകർന്നെടുക്കുന്ന ഉത്തമ സന്ദേശങ്ങളാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 982

തിരുനബിﷺയുടെ വുളൂഅ് നിർവഹണത്തിന്റെ അനുബന്ധമായി കാലുറ തടകുന്നതുമായി ബന്ധപ്പെട്ട ചില നിവേദനങ്ങളും വീക്ഷണങ്ങളുമാണ് വായിക്കാനുള്ളത്. ഇമാം ശാഫിഈ(റ), മാലിക്(റ), അഹ്മദ്(റ), ബുഖാരി(റ), ഇബ്നുമാജ(റ), നസാഈ(റ) എന്നിവർ സഅദ് ബിന് അബീ വഖാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. “തിരുനബി കാലുറകുകൾക്ക് മുകളിൽ തടകി.”

വുളൂഅ് നിർവഹിക്കുന്ന സമയത്ത് കാലുകഴുകുന്നതിന് പകരം കാലിൽ അണിഞ്ഞിരുന്ന ഉറകളുടെ മുകളിലൂടെ സവിശേഷമായ രീതിയിൽ തടകി എന്നാണ് പറഞ്ഞതിന്റെ താല്പര്യം.

വ്യത്യസ്ത സന്ദർഭങ്ങളിലും സഞ്ചാരങ്ങൾക്കിടയിലും തിരുനബിﷺ ഇപ്രകാരം നിർവഹിച്ചിരുന്നു എന്ന് പ്രമുഖരായ പല സ്വഹാബികളിൽ നിന്നും വ്യത്യസ്ത നിവേദനങ്ങൾ വന്നിട്ടുണ്ട്. പ്രസ്തുത നിവേദനങ്ങളെ അടിസ്ഥാനപ്പെടുത്തി കർമശാസ്ത്ര വിശാരദന്മാർ നൽകിയ വിശദീകരണവും അനുവാചകർ അറിഞ്ഞിരിക്കേണ്ട നിയമപാഠങ്ങളും ഇങ്ങനെ സംഗ്രഹിക്കാം.

ചില പ്രത്യേക സന്ദർഭങ്ങളിലും സാഹചര്യങ്ങളിലും വുളൂഅ് പൂർണ്ണമായ രൂപത്തിൽ നിർവഹിക്കാൻ സൗകര്യപ്പെടാതെ വരുമ്പോൾ അനുവദിക്കപ്പെട്ടിട്ടുള്ള ആനുകൂല്യങ്ങളിൽ ഒന്നാണ് കാലുറ(ഖുഫ്ഫ) തടകിയാൽ മതി എന്നത്.

ചില സന്ദര്‍ഭങ്ങളില്‍ ഖുഫ്ഫ തടകല്‍ നിർബന്ധമാണെന്നും വരാം. ഉദാഹരണമായി, ഒരാൾ ധരിച്ച രണ്ട് ഖുഫ്ഫയും അഴിച്ച് കാലുകൾ കഴുകുമ്പോഴേക്ക് നിസ്കാരത്തിന്റെ വഖ്ത്(സമയം) കടന്നു പോകും എന്ന് ഉറപ്പാവുകയോ അല്ലെങ്കില്‍ പൂർണ്ണമായും കഴുകാന്‍ മതിയാവുന്നത്ര വെള്ളം ഇല്ലാതെ വരികയോ ചെയ്താൽ പകരമായി ഖുഫ്ഫ തടകല്‍ നിര്‍ബന്ധമായി വരും. എന്നാല്‍, ഇങ്ങനെ ഖുഫ്ഫയെ തടകല്‍ അനുവദിക്കപ്പെട്ടതിന് നിശ്ചിത സമയ പരിധിയും ഇസ്ലാം നിശ്ചയിച്ചിട്ടുണ്ട്. യാത്രക്കാരന് മൂന്ന് രാപ്പകലും നാട്ടില്‍ താമിസിക്കുന്നവന് ഒരു ദിവസവുമാണ് അനുവദിക്കപ്പെട്ട സമയം. ഈ നിശ്ചിത സമയം കഴിഞ്ഞാല്‍ അത് ഊരിയെടുത്ത് വീണ്ടും കാലുകൾ കഴുകി മേല്‍ പ്രകാരം തുടരാം.

അബൂഹുറൈറ(റ)വില്‍ നിന്ന് ഇമാം ഇബ്നുമാജ(റ) ഉദ്ധരിക്കുന്ന ഒരു ഹദീസില്‍ ഇത് പറഞ്ഞിട്ടുണ്ട്. ഇതേ അഭിപ്രായം കര്‍മശാസ്ത്ര പണ്ഡിതനായ ഇമാം ഇബ്നു ഹജര്‍(റ) അവിടുത്തെ തുഹ്ഫ(1/244)ല്‍ വിശദീകരിച്ചു. ഹനഫീ മദ്ഹബിലെ ഭൂരിപക്ഷം പണ്ഢിതന്മാരും ഇതേ അഭിപ്രായം പറഞ്ഞതായി ഇമാം നവവി(റ) ശറഹുല്‍ മുഹദ്ദബില്‍(1/483) പറഞ്ഞിട്ടുണ്ട്.

എന്നാൽ, ഇതിന് നിശ്ചിത സമയമില്ലെന്നും അവ അഴിക്കുന്നതുവരെയോ വലിയ അശുദ്ധി ഉണ്ടാവുന്നത് വരെയോ തടകാം എന്നാണ് മാലികി മദ്ഹബിലെ പണ്ഡിതന്മാർ അഭിപ്രായപ്പെട്ടത്(മജ്മൂഅ് 1/484). ഈ ആനുകൂല്യത്തോടെ നിസ്കരിക്കുമ്പോൾ ഫര്‍ളും സുന്നത്തും നേര്‍ച്ചയും ഖളാഉം എത്രയും നിസ്കരിക്കാം എന്ന വിഷയത്തിൽ പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമില്ല(ശറഹുല്‍ മുഹദ്ദബ് 1/481). ഖുഫ്ഫ ധരിച്ച ശേഷം എപ്പോഴാണ് വുളൂഅ് മുറിയുന്ന കാര്യങ്ങൾ ഉണ്ടാകുന്നത് അപ്പോൾ മുതലാണ് സമയം കണക്കാക്കി തുടങ്ങുക.

നാട്ടിൽ നിന്ന് അശുദ്ധിയായ ശേഷം യാത്ര തുടങ്ങിയ ആൾ ഒരു ദിവസത്തെ തടകൽ പൂർത്തിയാക്കാം എന്നാണ് ഹനഫി മദ്ഹബ് ഒഴികെയുള്ള മൂന്ന് മദ്ഹബുകളും പഠിപ്പിക്കുന്നത്. ഹനഫി മദ്ഹബ് പ്രകാരം അയാൾക്കും യാത്രയുടെ ആനുകൂല്യം ലഭിക്കും.

യാത്ര ചെയ്ത നാട്ടിലെത്തിയവനും യാത്രയിലാണോ അല്ലാതെയാണോ ഖുഫ്ഫ തടകി തുടങ്ങിയത് എന്ന് സംശയിച്ചവനും നാട്ടിൽ നിൽക്കുന്നവനുള്ള ആനുകൂല്യമേ ലഭിക്കുകയുള്ളൂ. ഈ ആനുകൂല്യം ഉപയോഗിക്കുന്നതിന്റെ സമയം കടന്നോ ഇല്ലയോ എന്ന് സംശയിക്കുന്നവൻ പ്രസ്തുത ആനുകൂല്യത്തിന്മേൽ പിടിച്ചു നിൽക്കരുത്. അശുദ്ധി ഉണ്ടായത് ഏത് സമയത്താണ് എന്ന് സംശയിച്ചാൽ അതിൽ ആദ്യത്തെ സമയം പരിഗണിച്ചുകൊണ്ട് കാര്യങ്ങൾ ചെയ്യണം. ഉദാഹരണം ളുഹറിന്റെ സമയത്താണോ അസറിന്റെ സമയത്താണോ എന്ന് സംശയിച്ചാലും ളുഹറിന്റെ സമയത്താണെന്ന് ഉറപ്പിച്ച് സമീപിക്കണം. ഖുഫ്ഫ തടകുന്ന കാലയളവിൽ വലിയ അശുദ്ധി ഉണ്ടായാൽ കാലുറകൾ ഊരി കഴുകി തന്നെ ശുദ്ധി വരുത്തണം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 983

ഖുഫ്ഫ തടകിയാൽ മതിയാകണമെങ്കിൽ ചില അടിസ്ഥാന നിബന്ധനകൾ പാലിച്ചിരിക്കണം. ഒന്ന്, രണ്ട് അശുദ്ധിയിൽ നിന്നും പൂർണ്ണമായി ശുദ്ധിയായിരിക്കുന്ന സമയത്ത് ധരിച്ചതായിരിക്കണം. ഖുഫ്ഫ് ധരിക്കുന്ന സമയത്ത് വുളൂഅ് നിർവഹിക്കുകയാണെങ്കിൽ രണ്ടു കാലുകളും കഴുകിയതിനുശേഷം മാത്രമേ ധരിക്കാവൂ. ഒരു കാൽ കഴുകിയതിനുശേഷം ആ കാലിൽ കാലുറ ധരിച്ചാൽ അടുത്ത കാൽ കഴുകി ശുദ്ധീകരണം പൂർത്തിയാകുന്നതിനുമുമ്പു ധരിച്ചു എന്ന പരിമിതി ഒന്നാമത്തേതിനുണ്ടാകും. അപ്പോൾ ശരിയാവില്ല.

രണ്ട്, കാലുറയിൽ മാലിന്യമോ മറ്റോ ഇല്ലാത്തവിധം പൂർണ്ണമായും ശുദ്ധിയുള്ളതായിരിക്കണം. മാലിന്യത്തിൽ നിന്നുണ്ടാക്കിയ കാലുറയാണെങ്കിൽ ഏതായാലും സ്വീകാര്യമല്ല. കാലുറയുടെ ഏതെങ്കിലും ഭാഗത്ത് വിട്ടുവീഴ്ച ചെയ്യപ്പെടാത്ത വിധമുള്ള മാലിന്യമുണ്ടെങ്കിൽ അതും സ്വീകാര്യമാവില്ല. വിട്ടുവീഴ്ച ചെയ്യപ്പെടാവുന്ന വിധമുള്ള മാലിന്യം ഏതെങ്കിലും ഉണ്ടായിരിക്കുകയും വെള്ളം കലർന്ന് അത് കൂടുതൽ മലിനമാവുകയും ചെയ്താൽ അപ്പോഴും ശുദ്ധിയായിരിക്കുക എന്ന നിബന്ധന പാലിക്കപ്പെടുകയില്ല.

മൂന്ന്, വുളൂഅ് നിർവഹിക്കുമ്പോൾ കാലിൽ നിന്ന് കഴുകപ്പെടേണ്ട മുഴുവൻ ഭാഗങ്ങളും കവർ ചെയ്യുന്ന വിധത്തിലുള്ള കാലുറ ആയിരിക്കണം.

നാല്, കാലുറയ്ക്ക് മുകളിൽ വെള്ളം വീണാൽ അകത്തേക്ക് ചേരാത്ത വിധം നനവെത്താത്ത കാലുറയായിരിക്കണം. സ്ഫടികം പോലെയുള്ളത് സഞ്ചാരയോഗ്യമായ വിധത്തിൽ പാകപ്പെടുത്തുകയും അതുകൊണ്ട് കാലിന്റെ ഭാഗങ്ങൾ കാണപ്പെടുകയും ചെയ്യുന്നതുകൊണ്ട് വിരോധമില്ല.

അഞ്ച്, ധരിച്ചുകൊണ്ട് എല്ലാ ആവശ്യനിർവഹണത്തിനും സഞ്ചരിക്കാൻ ഉതകുന്ന വിധം സൗകര്യപ്രദമായിരിക്കണം ഖുഫ്ഫ.

തോല്, തുണി, രോമങ്ങൾ, പഞ്ഞി എന്നിവ കൊണ്ടുണ്ടാക്കിയ മേൽ പറയപ്പെട്ട നിബന്ധനകളൊത്ത ഖുഫ്ഫകൾ വ്യാപകമായി പഴയകാലത്ത് ഉപയോഗിച്ചിരുന്നു. എന്നാൽ, ഇന്ന് നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സോക്സുകൾ ഈ ഗണത്തിൽ പെടുകയില്ല. അതുകൊണ്ടുതന്നെ ഖുഫ്ഫക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങൾ സോക്സ് ധരിച്ചുകൊണ്ട് ഉപയോഗിക്കാവുന്നതുമല്ല. പ്രമാണങ്ങളെ വേണ്ടത്ര പരിശോധിക്കാതെയും ഇളവുകളിലേക്കുള്ള വ്യഗ്രത കൊണ്ടും സോക്സ് ഉപയോഗിക്കുന്നവരും ഖുഫ്ഫ ധരിച്ചവർക്കുള്ള ആനുകൂല്യങ്ങൾക്ക് അർഹരാണ് എന്ന് ചില ഒറ്റപ്പെട്ട ഫതുവകൾ വരെ വന്നിട്ടുണ്ട്. എന്നാൽ, അതിന് വേണ്ടത്ര പ്രാമാണികമായ അടിത്തറകളില്ല.

ഇമാം നവവി(റ) പറയുന്ന വിശദീകരണം ഒന്നു വായിച്ചു നോക്കൂ. ഒരാള്‍ ജൗറബ് അഥവാ സോക്സ് ധരിച്ചാല്‍ രണ്ട് നിബന്ധനകളോട് കൂടി അതിന്മേല്‍ തടവല്‍ അനുവദനീയമാകുന്നതാണ്. ഒന്ന്, ജൗറബ് നല്ല കട്ടിയുള്ളതാകണം. നേര്‍മയുള്ളതാകാന്‍ പാടില്ല. രണ്ട്, ചെരിപ്പില്‍ നടക്കാന്‍ കഴിയുന്നത് പോലെ അതിന്മേല്‍ സ്വന്തം നടക്കാന്‍ സാധിക്കണം (ശറഹുല്‍ മുഹദ്ദബ്). ഹനഫീ വീക്ഷണപ്രകാരം തടകല്‍ ശരിയാവണമെങ്കില്‍ അത് ധരിച്ച് ഒരു ഫര്‍സഖില്‍ കൂടുതല്‍ അഥവാ മൂന്ന് മൈലിൽ അധികം നടക്കാന്‍ സാധിക്കണം. മാലികി മദ്ഹബില്‍ തടകല്‍ അനുവദിക്കപ്പെടുന്നതിന്റെ അടിസ്ഥാന യോഗ്യത നിർബന്ധമായും ഖുഫ്ഫ തോലിന്റേതാകണം എന്നാണ്, ഹമ്പലി മദ്ഹബില്‍ തടകല്‍ ശരിയാവണമെങ്കില്‍ പ്രത്യേക വഴിദൂരം ഒന്നും അവര്‍ നിശ്ചയിച്ചിട്ടില്ലെങ്കിലും അത് ധരിച്ച് നടക്കാന്‍ കഴിണം എന്നത് നിബന്ധനയാണ്. പ്രസ്തുത വിഷയത്തിൽ നാട്ടിലെ പതിവുകൾ കൂടി പരിഗണിക്കാമെന്നും പറയുന്നുണ്ട്.

ഇപ്പോൾ നാം ഉപയോഗിക്കുന്ന സോക്സുകൾ ഖുഫ്ഫയുടെ ആനുകൂല്യത്തിന് യോഗ്യമല്ല എന്നത് നാലു മദ്ഹബുകളും ഒരുമിച്ചു പറയുന്നു എന്നാണ് മേൽ ചർച്ചയുടെ സാരം.

ചെറുതെന്ന് തോന്നുന്ന കാര്യങ്ങളെ പോലും എത്ര മേൽ വിശദമായിട്ടാണ് ഇസ്ലാം വിശദീകരിക്കുന്നത് എന്ന് മനസ്സിലാക്കാൻ ഈ അധ്യായം ഒരു ഉണർത്തലാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 984

ഖുഫ്ഫ തടകുന്നതുമായി ബന്ധപ്പെട്ട കർമശാസ്ത്ര വീക്ഷണങ്ങളാണ് ലളിതമായി നാം സംസാരിച്ചത്. തിരുനബിﷺയുടെ ജീവിതത്തിൽ ഖുഫ്ഫ തടകിയതുമായി ബന്ധപ്പെട്ട നിരവധി നിവേദനങ്ങൾ ഹദീസുകളിൽ വന്നിട്ടുണ്ട്. ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്ന ഒരു ഹദീസ് നമുക്ക് ഇങ്ങനെ വായിക്കാം. സ്വഹാബി പ്രമുഖനായ മുഗീറത് ബിൻ ശുഅ്ബ(റ) പറയുന്നു. ഞാൻ തിരുനബിﷺയോടൊപ്പം തബൂഖ് യുദ്ധത്തിലുണ്ടായിരുന്നു. തിരുനബിﷺ പ്രാഥമികാവശ്യ നിർവഹണത്തിനു വേണ്ടി ഒരു ഭിത്തിയുടെ ഭാഗത്തേക്ക് പോയി. അവിടുത്തേക്കുള്ള വെള്ളപ്പാത്രവുമായി ഞാൻ പിന്നിൽ സഞ്ചരിച്ചു. പ്രഭാതത്തിനു മുമ്പുള്ള സമയത്തായിരുന്നു ഇത്.

ശുദ്ധീകരണമൊക്കെ കഴിഞ്ഞു മടങ്ങി വരുമ്പോൾ വുളൂഅ് നിർവഹിക്കുന്നതിനു വേണ്ടി ഞാൻ വെള്ളമൊഴിച്ചു കൊടുത്തു. കയ്യും മുഖവും ഒക്കെ കഴുകി. തിരുനബിﷺ അപ്പോൾ ഒരു രോമക്കുപ്പായമായിരുന്നു ധരിച്ചിരുന്നത്. കൈ മുട്ടുവരെ പുറത്തേക്കെടുക്കാൻ പ്രയാസപ്പെട്ടു. ഒടുവിൽ അകത്തുകൂടി കൈകൾ കുപ്പായത്തിൽ നിന്ന് പുറത്തേക്ക് വലിച്ചു. കൈമുട്ടുകൾ വരെ കഴുകുകയും തല തടകുകയും ചെയ്തു. ശേഷം, ഞാൻ നബിﷺയുടെ കാലുറ ഊരാൻ വേണ്ടി ഒരുങ്ങി. അപ്പോൾ പറഞ്ഞു. വേണ്ട അത് അഴിക്കേണ്ടതില്ല. ഞാൻ ശുദ്ധിയുള്ള അവസ്ഥയിലാണ് ആ രണ്ട് കാലുറകളും ധരിച്ചിട്ടുള്ളത്. ശേഷം നബിﷺ ഖുഫ്ഫകൾക്ക് മേൽ തടവി.

ഖുഫ്ഫകൾ തടകേണ്ട രീതിയും തിരുനബിﷺ തന്നെ പഠിപ്പിച്ചു തന്നിട്ടുണ്ട്. ഇമാം തുർമുദി(റ)യും ഇബ്നുമാജ(റ)യും ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. മുഗീറ ബിൻ ശുഅ്ബ (റ) തന്നെ പറയുന്നു. വെള്ളം നനച്ച് കാലുകളുടെ മുകൾഭാഗവും അടിഭാഗവും തലോടുകയായിരുന്നു തിരുനബിﷺ ചെയ്തത്.

ഇസ്ലാമിലെ ഇത്തരം അനുഷ്ഠാനങ്ങൾക്ക് അടിസ്ഥാനപരമായ ചില നിദാനങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനം അല്ലാഹു കൽപ്പിച്ചതിനെ അനുസരിക്കുക എന്നതാണ്. അതിൽ ചില കർമങ്ങളുടെയും കാര്യങ്ങളുടെയും ന്യായം നമ്മുടെ ബുദ്ധിക്ക് ബോധ്യപ്പെട്ടെന്ന് വരാം. ചിലത് നമുക്ക് ബോധ്യപ്പെട്ടില്ലെന്നും വരാം. പരമാധികാരിയായ അല്ലാഹു കൽപ്പിക്കുമ്പോൾ പരിമിതികൾ ഒരുപാടുള്ള അടിമകളായ നമ്മൾ എല്ലാ ന്യായങ്ങളും ബോധ്യപ്പെട്ടാലേ അനുസരിക്കുകയുള്ളൂ എന്നത് തെറ്റായ ശാഠ്യമാണ്. ഉടമസ്ഥൻ പറയുന്നത് അടിമ അനുസരിക്കുക എന്ന വിധേയത്വമാണ് ഇവിടെ അടിസ്ഥാനം.

സാധാരണ ജീവിതത്തിലും നമുക്ക് അങ്ങനെയൊക്കെ സമ്മതിക്കേണ്ടി വരും. വിവരസ്തനായ ഒരു ഡോക്ടർ എഴുതുന്ന മരുന്നുകൾ, ഈ രോഗത്തിന് എന്തിനാണ് ഈ മരുന്നെന്നോ, ഈ പ്രയാസത്തിന് എന്തിനാണ് ഈ ചികിത്സയെന്നോ ഒരു സാധാരണക്കാരനായ രോഗിക്ക് ബോധ്യപ്പെട്ടു കൊള്ളണമെന്നില്ല. ഒരുപക്ഷേ ഡോക്ടർ ശ്രമിച്ചാൽ തന്നെ ബോധ്യപ്പെടുത്താൻ കഴിഞ്ഞുകൊള്ളണമെന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ വിവരമുള്ളവന്റെ വിവരത്തിന്റെ അവകാശം വകവച്ചു കൊടുക്കുക എന്നത് പ്രസ്തുത കാര്യങ്ങളിൽ വിവരമില്ലാത്തവന്റെ ഏറ്റവും വലിയ തിരിച്ചറിവാണ്. എങ്കിൽ പിന്നെ പരമാധികാരിയായ അല്ലാഹു എന്തുകൊണ്ട് ഇങ്ങനെയൊക്കെ കൽപ്പിച്ചു എന്ന് ചോദിക്കുന്നതിൽ ഒട്ടും ന്യായം ഇല്ല.

വുളൂഅ്, നിസ്കാരം തുടങ്ങിയുള്ള അനുഷ്ഠാനങ്ങളും കർമങ്ങളും അടിസ്ഥാനപരമായി അല്ലാഹുവിനെ അനുസരിക്കുക എന്ന പക്ഷത്ത് നിന്നുകൊണ്ട് അടിമ നിർവഹിക്കേണ്ട കാര്യങ്ങളാണ്. ചില കർമങ്ങൾക്ക് പരിഹാരമായി മറ്റു ചിലതിനെ അല്ലാഹു തന്നെ നിർദ്ദേശിച്ചിട്ടുണ്ട്. അത് ഖുർആനിലൂടെ പ്രത്യക്ഷത്തിലോ പ്രവാചക വചനങ്ങളിലൂടെയോ ജീവിതത്തിലൂടെയോ അധ്യാപനത്തിലൂടെയോ ലോകത്തിനു കൈമാറിയിട്ടുമുണ്ട്.

കാലുറ തടകുന്നതിനെ കുറിച്ചുള്ള ഒരു ഹദീസ് ഈ വിചാരങ്ങൾ നമുക്ക് നൽകുന്നതാണ്. മഹാനായ സ്വഹാബി അലിയ്യ്(റ) പറഞ്ഞതായി ഇമാം അബു ദാവൂദും(റ) ദാറഖുത്നി(റ)യും റിപ്പോർട്ട് ചെയ്യുന്നു. നമുക്ക് ബോധ്യമാകുന്ന ന്യായത്തിനും അഭിപ്രായത്തിനും അടിസ്ഥാനപ്പെടുത്തിയായിരുന്നു മതമെങ്കിൽ കാലുറയുടെ അടിഭാഗം കഴുകാൻ ഞാൻ പറയുമായിരുന്നു. പക്ഷേ, തിരുനബിﷺ അതിന്റെ മുകൾഭാഗം തടകുന്നതായിട്ടാണ് ഞാൻ കണ്ടത്. അതാണ് അനുസരിക്കപ്പെടേണ്ട രീതിയും അനുകരിക്കപ്പെടേണ്ട ശൈലിയും.

യാത്രയിലായിരിക്കുമ്പോൾ മൂന്ന് രാപ്പകലുകളും അല്ലാത്തപ്പോൾ ഒരു രാപ്പകലുമാണ് കാലുറയുടെ മുകളിൽ തടകാനുള്ള ആനുകൂല്യത്തിന്റെ കാലയളവ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 985

വുളൂഇനോട് അനുബന്ധമായി വായിക്കപ്പെടേണ്ട മറ്റൊരു അധ്യായമാണ് തയമ്മും. കരുതൽ എന്നാണ് പദത്തിന്റെ നേരെ അർഥമെങ്കിലും, പ്രത്യേക നിബന്ധനകളോടെ മുഖത്തും കൈകളിലും മണ്ണ് ഉപയോഗിക്കുക എന്നാണ് സാങ്കേതികമായി ഇതിനർഥം. തിരുനബിﷺയുടെ സമുദായത്തിന് മാത്രം അനുവദിക്കപ്പെട്ട ഒരു ആനുകൂല്യം കൂടിയാണിത്.

ഖുർആൻ, സുന്നത്ത്, ഇജ്മാഅ്(ഗവേഷകരായ പണ്ഡിതന്മാരുടെ ഏകോപനം) എന്നീ മൂന്നു പ്രമാണങ്ങളും തയമ്മുമിനെ സ്ഥിരപ്പെടുത്തുന്നുണ്ട്. ശുദ്ധീകരണത്തിന് നിങ്ങൾക്ക് വെള്ളം ലഭിച്ചില്ലെങ്കിൽ ശുദ്ധമായ മണ്ണിനെ തേടുക എന്ന ആശയം നൽകുന്ന സൂറത്തുൽ മാഇദയിലെ ആറാം സൂക്തമാണ് തയമ്മുമിന്റെ അടിസ്ഥാന പ്രമാണം. മുഖവും രണ്ട് കൈകളും തടവുക എന്നുകൂടി വിശദീകരിച്ചു കൊണ്ടാണ് സൂറത്തുന്നിസാഇലെ 43 ആം സൂക്തം ഉള്ളത്. ഭൂമിയെ നിങ്ങൾക്ക് സുജൂദ് ചെയ്യാനുള്ള ഇടവും ഭൂമിയിലെ മണ്ണ് ശുദ്ധീകരണത്തിനുള്ളതുമാക്കി എന്ന് പറയുന്ന ഹദീസ് ഇമാം അഹ്മദ്(റ) ഉദ്ധരിച്ചിട്ടുണ്ട്.

പ്രധാനമായും മൂന്നു കാരണങ്ങളാലാണ് തയമ്മും അനുവദിക്കപ്പെടുന്നത്. വെള്ളം ലഭിക്കാതിരിക്കുക എന്നതാണ് ഒന്നാമത്തെ കാരണം. രണ്ട്, ലഭ്യമായ വെള്ളം കൊല്ലൽ അനുവദിക്കപ്പെടാത്ത അഥവാ ക്ഷുദ്രജീവികളോ മറ്റോ അല്ലാത്ത ജീവികളുടെ ദാഹശമനത്തിന് ആവശ്യമായി വരിക. മൂന്ന്, വെള്ളം ഉപയോഗിക്കുന്നത് മൂലം അവയവത്തിന് ഉപകാരം നഷ്ടപ്പെടുകയോ ശമനത്തിന് വൈകുകയോ ചെയ്യുക.

ഈ മൂന്നാലൊരു കാരണം ഉണ്ടെങ്കിൽ ചെറിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകാനുള്ള വുളൂഇന് പകരവും വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകാനുള്ള കുളിക്ക് പകരവും തയമ്മും ചെയ്യണം.

വുളൂഅ് നിർവഹിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ ചില നിബന്ധനകൾ കൂടി ഇതിലുണ്ട്. തയമ്മും നിർവഹിക്കുന്നതിന് മുമ്പ് മാലിന്യങ്ങൾ നീക്കം ചെയ്യുകയും നിസ്കാരത്തിനും മറ്റും സമയം പ്രവേശിച്ചതിനുശേഷം മാത്രം തയമ്മും നിർവഹിക്കുകയും വേണം. തയമ്മുമിന് മുമ്പ് മാലിന്യങ്ങൾ നീക്കാൻ സാധിച്ചില്ലെങ്കിൽ പ്രസ്തുത തയമ്മും വഴി നിസ്കരിച്ച നിസ്കാരം പിന്നീട് മടക്കേണ്ടി വരും എന്ന് ഇമാം ഇബ്നു ഹജർ(റ) പഠിപ്പിച്ചിട്ടുണ്ട്.

തയമ്മും സംബന്ധമായ വിശദമായ കർമശാസ്ത്ര പഠനങ്ങൾ ഇമാമുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. അത് പഠിക്കുകയും അനുസരിച്ചു നിർവഹിക്കുകയും ചെയ്യുക എന്നതാണ് നമ്മുടെ ബാധ്യത. തിരുനബിﷺയുടെ ജീവിതത്തിൽ തയമ്മും ചെയ്ത രംഗങ്ങളെ കുറിച്ചാണ് നാം ഇവിടെ വായിക്കുന്നത്.

ഇമാം അഹ്മദും(റ) ഇമാം ബുഖാരി(റ)യും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം. ഒരു യുദ്ധ വേളയിൽ തിരുനബിﷺയോടൊപ്പം ആഇശ(റ)യുമുണ്ടായിരുന്നു. യാത്രയ്ക്കിടയിൽ മഹതിയുടെ മാല നഷ്ടപ്പെടുകയും അത് അന്വേഷിച്ചു വഴിയിൽ കുറെ വൈകുകയും ചെയ്തു. അങ്ങനെ നേരം വെളുക്കാറായി. സുബ്ഹി നിസ്കരിക്കുന്നതിന് വുളൂഅ് നിർവഹിക്കുവാൻ വെള്ളം ഇല്ല താനും. മകളുടെ കാരണത്താലാണല്ലോ ഇത്ര വൈകിയത് എന്ന വിഷമത്തിൽ അബൂബക്കർ(റ) മകൾ ആഇശ(റ)യോട് അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. ഇത്തരം ഒരു സന്ദർഭത്തിലാണ് ശുദ്ധീകരണത്തിന് വെള്ളം ലഭ്യമല്ലെങ്കിൽ മണ്ണ് ഉപയോഗിച്ച് തടകിയാൽ മതിയെന്ന ആനുകൂല്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സൂക്തം അവതരിച്ചത്. അതോടെ പ്രവാചക പ്രഭുﷺ ശുദ്ധമായ പൊടിമണ്ണ് തേടുകയും അത് ഉപയോഗിച്ച് തയമ്മും നിർവഹിക്കുകയും ചെയ്തു. വിശ്വാസികളും തിരുനബിﷺയെ അനുകരിച്ചു.

പിന്നീട് പല സന്ദർഭങ്ങളിലും തിരുനബിﷺ തയമ്മും നിർവഹിച്ചത് പല ഹദീസുകളിലായി വന്നിട്ടുണ്ട്. ഇമാം അഹ്മദ്(റ) മുസ്നദിലും ഇമാം ബഗവി(റ) ശറഹുസ്സുന്നയിലും ഇമാം ബുഖാരി(റ) തന്നെയും ഉദ്ധരിച്ചിട്ടുണ്ട്.

യാത്രകളിലും രോഗഘട്ടങ്ങളിലും വിശ്വാസികൾക്ക് വലിയ ആശ്വാസവും അല്ലാഹു അനുവദിച്ചു തന്ന ആനുകൂല്യവുമാണ് തയമ്മും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 986

തിരുനബിﷺയുടെ വുളൂഅ് തയമ്മും തുടങ്ങിയുള്ള ശുദ്ധീകരണ പ്രക്രിയകളെ കുറിച്ച് ലളിതമായി നാം വായിച്ചു കഴിഞ്ഞു. ഇനി അവിടുത്തെ സ്നാനം(കുളി) സംബന്ധമായ ചില നിവേദനങ്ങൾ കൂടി നമുക്കൊന്ന് വായിച്ചു പോകാം. നിരവധി ഇമാമുകൾ മഹതി ആഇശ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. മഹതി(റ) പറയുന്നു. പ്രവാചകൻﷺ വലിയ അശുദ്ധിയിൽ നിന്ന് കുളിക്കാൻ ഉദ്ദേശിച്ചാൽ പാൽപ്പാത്രം പോലെയുള്ള ഒരു പാത്രത്തിൽ വെള്ളം ആവശ്യപ്പെടും. ആ പാത്രത്തിൽ നിന്ന് വെള്ളം പകർന്നു കൈകൾ കഴുകും. വെള്ള പാത്രത്തിലേക്ക് കയ്യിടുകയില്ല.

ശേഷം, വലതു കൈ കൊണ്ട് വെള്ളമെടുത്തു ശരീരത്തിന്റെ ഇടതുഭാഗത്തൊഴിക്കും. സ്വകാര്യ ഭാഗങ്ങളും മറ്റും കഴുകി വൃത്തിയാക്കും. ഭിത്തിയിലേക്കോ മറ്റോ ചേർന്ന് ശരീരം ഉരക്കും. ശരീരം മുഴുവനും വൃത്തിയായി ഒന്ന് കഴുകും. മൂന്നുപ്രാവശ്യം വീതം വായ കൊപ്ലിക്കുകയും മൂക്കിൽ വെള്ളം കയറ്റി ചീറ്റുകയും ചെയ്യും. പിന്നെ മുഖവും മുഴൻ കൈകളും മൂന്നു പ്രാവശ്യം വീതം കഴുകും. ശേഷം, മൂർദ്ധാവിലൂടെ മൂന്നുപ്രാവശ്യം വെള്ളമൊഴിക്കും. ഇവയൊക്കെ പൂർത്തിയായാൽ കാലുകൾ കഴുകും. പിന്നെ വെള്ളത്തിൽ കൈയിട്ട് തലമുടി ഒന്ന് കോർത്തുവാരും. തലമുടിയുടെയും മറ്റും ഉൾഭാഗം വരെ എത്തുന്ന രീതിയിലായിരിക്കും അത്. പിന്നെയും വെള്ളം ബാക്കിയായാൽ തലവഴിയൊന്നൊഴുക്കും.

തിരുനബിﷺയുടെ പത്നി മൈമൂന(റ) പറയുന്നു. ഞാൻ നബിﷺക്ക് കുളിക്കാൻ വേണ്ടിയുള്ള വെള്ളം എടുത്തു വച്ചു കൊടുക്കാറുണ്ടായിരുന്നു.

ഒരു വ്യക്തിയുടെ ചരിത്രം, ജീവിതം എന്നൊക്കെ പറയുമ്പോൾ എത്രമേൽ സൂക്ഷ്മമായ ഒരു അധ്യായമാണ് നാം വായിച്ചുകൊണ്ടിരിക്കുന്നത്. മനുഷ്യന്റെ ജീവിതത്തിൽ നിത്യചര്യയെന്ന നിലയ്ക്ക് ചെയ്യുന്ന കാര്യമാണെങ്കിൽ പോലും മനുഷ്യൻ ഗൗരവതരമായി പരാമർശിക്കുകയോ പഠനവിധേയമാക്കുകയോ ചെയ്യാത്ത ഒരു ഭാഗം നബി ജീവിതത്തെ പഠിക്കുമ്പോൾ സവിശേഷമായ പ്രാധാന്യത്തോടെ നാം വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു. പ്രവാചക ജീവിതം എത്രമേൽ വിശാലമായി രേഖപ്പെട്ടുവെന്നും മനുഷ്യ ജീവിതത്തിന്റെ എത്ര മേൽ സൂക്ഷ്മമായ തലങ്ങളെയാണ് ഇസ്ലാം കൃത്യമായ നിരീക്ഷണങ്ങളോടെ അവതരിപ്പിക്കുന്നതെന്നും ഓരോ അനുവാചകനും അറിയാനും അനുഭവിക്കാനും ഇസ്ലാമിന്റെ സമഗ്രതയെ കുറിച്ച് ഒരിക്കൽ കൂടി ബോധ്യപ്പെടാനുമുള്ള വിശദീകരണങ്ങളാണല്ലോ ഇത്.

തിരുനബിﷺയുടെ സ്നാനം അഥവാ കുളി അനുചരന്മാരും കുടുംബക്കാരും സവിശേഷമായി നിരീക്ഷിക്കുകയും തിരുനബിﷺ പാലിച്ചിരുന്ന ക്രമങ്ങളും ചിട്ടകളും വിശ്വാസി ലോകത്തിന് പകർന്നെടുക്കാനും ശീലിക്കാനും ഉള്ളതാണെന്ന് മനസ്സിലാക്കുകയും അതുപ്രകാരം തന്നെ ആ അധ്യായങ്ങൾ വായിക്കപ്പെടുകയും ചെയ്യുന്നു.

ഇസ്ലാമും പ്രവാചകനുംﷺ മുന്നോട്ടുവെക്കുന്ന വൃത്തി ബോധത്തിന്റെ ഭാഗം കൂടിയാണ് ഈ അധ്യായം. മാലിന്യങ്ങളിൽ നിന്നും അശുദ്ധിയിൽ നിന്നും ഒരു വ്യക്തി എപ്പോഴും വൃത്തിയും ശുദ്ധിയും പാലിക്കുന്ന ആളായിരിക്കണം എന്ന് മതനിഷ്ഠയുടെ ഭാഗമായിത്തന്നെ നിർദ്ദേശിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നു എന്നുവച്ചാൽ എത്രമേൽ പ്രാധാന്യത്തോടുകൂടിയാണ് ഇക്കാര്യങ്ങളെ ഇസ്‌ലാം കൈകാര്യം ചെയ്യുന്നത്. മനുഷ്യന് പ്രകൃതിപരമായി തന്നെ ആവശ്യമുള്ള കാര്യങ്ങൾ പ്രത്യേകമായ ചിട്ടയോടെയും നിർദ്ദേശങ്ങളും പാലിച്ചു നിർവഹിച്ചാൽ സ്രഷ്ടാവിന്റെ അടുക്കൽ പ്രതിഫലം ലഭിക്കുന്ന പുണ്യകർമമായി ഇസ്ലാം നിരീക്ഷിക്കുന്നു. അന്നപാനീയങ്ങൾ ഉപയോഗിക്കുന്നതും ശുദ്ധീകരണ സ്നാന കർമങ്ങൾ നിർവഹിക്കുന്നതും മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായിരിക്കുമ്പോഴും അവകൾ പ്രവാചക മാതൃകയിലും പ്രവാചകൻﷺ നിർദേശിച്ച രീതിയിലും നിർവഹിച്ചാൽ പരലോകത്ത് വിജയം ലഭിക്കാൻ ഉതകുന്ന മഹത് കർമങ്ങളായിത്തീരുന്നു.

ഈ അധ്യായത്തിൽ തിരുനബിﷺയുടെ പത്നിമാരും സ്വഹാബികളും ഉദ്ധരിച്ച കുറച്ചധികം നിവേദനങ്ങൾ കൂടി നമുക്ക് വായിക്കാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 987

ഇമാം അഹ്മദും(റ) അബൂ ദാവൂദും(റ) ഉദ്ധരിക്കുന്നു. ജുബൈർ ബിൻ മുത്ഇം(റ) പറഞ്ഞു. തിരുനബിﷺയുടെ സ്വഹാബികൾ വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധിയാകാനുള്ള കുളിയെക്കുറിച്ച് പരസ്പരം വ്യത്യസ്ത അഭിപ്രായങ്ങൾ രേഖപ്പെടുത്തി. ഒരാൾ പറഞ്ഞു. ഞാൻ ശിരസ്സിലേക്ക് വെള്ളം ഇങ്ങനെയാണ് ഒഴിക്കുക. മറ്റൊരാൾ പറഞ്ഞു. മറ്റൊരു രൂപത്തിലാണ് നിർവഹിക്കാറുള്ളത്. അപ്പോൾ തിരുനബിﷺ അവരോട് പറഞ്ഞു. ഞാൻ മൂന്നു കോരു വെള്ളം തലയിലേക്ക് ഒഴിക്കും. ശേഷം, ഞാൻ ശരീരം മുഴുവനും വെള്ളം എത്തിക്കും.

പ്രവാചക ശിഷ്യനായ അനസുബ്നു മാലിക്(റ) പറയുന്ന ഒരു പ്രസ്താവന ഇങ്ങനെയുണ്ട്. തിരുനബിﷺ പറഞ്ഞു. ഞാൻ ഒന്നിലധികം ഭാര്യമാരെ സമീപിച്ചാലും ചിലപ്പോൾ ഒരിക്കലാണ് വലിയ അശുദ്ധിയിൽ നിന്ന് ശുദ്ധീകരിക്കാനുള്ള കുളി കുളിക്കാറുള്ളത്.

ഈയൊരു നിവേദനം വെച്ചുകൊണ്ട് മാത്രം ഒരു നിഗമനത്തിലേക്ക് എത്താനോ ഒരു നിയമം മനസ്സിലാക്കാനോ സാധിക്കണമെന്നില്ല. അനുബന്ധമായ വിശദീകരണങ്ങളും മറ്റും ഉൾക്കൊള്ളുന്ന മറ്റ് അനുഭവങ്ങളും പഠനങ്ങളും കൂടി ചേർത്ത് വായിക്കേണ്ടതുണ്ട്. ഒരാൾ ഒരിക്കൽ ഭാര്യയോട് സംസർഗത്തിൽ ഏർപ്പെട്ടതിനുശേഷം വീണ്ടും ഒരിക്കൽ കൂടി ഉദ്ദേശിക്കുന്നുവെങ്കിൽ അതിനിടയിൽ കുളി നിർബന്ധമാണോ? നിർബന്ധമില്ല എന്ന് പഠിപ്പിക്കുക ഈ ഹദീസിന്റെ ഒരു ലക്ഷ്യമാണ്. ഒന്നിലധികം ഭാര്യമാർ ഉള്ള ആളാണെങ്കിൽ ഒരു ഭാര്യയോട് സ്വകാര്യ ജീവിതം നയിച്ച ശേഷം കുളിക്കാതെ മറ്റൊരാളുമായി സംസർഗ്ഗത്തിൽ ഏർപ്പെടാമോ? നിഷിദ്ധമാണ് എന്ന നിയമം ഇസ്ലാം പഠിപ്പിക്കുന്നില്ല.

എന്നാൽ, സ്ത്രീ പുരുഷ സംസർഗ്ഗത്തിലൂടെയോ സ്കലനത്തിലൂടെയോ വലിയ അശുദ്ധി അഥവാ ജനാബത്തുണ്ടായ ഒരാൾ എത്രയും വേഗം കുളിക്കേണ്ടതും അല്പം കഴിഞ്ഞ് കുളിക്കാൻ ഉദ്ദേശമുള്ളൂ എങ്കിൽ സ്വകാര്യ ഭാഗങ്ങൾ വൃത്തിയായി കഴുകേണ്ടതും പ്രവാചകർﷺ നിർദ്ദേശിച്ച ശക്തമായ ചര്യയാണ്. ചില സന്ദർഭങ്ങളിൽ ചില കാര്യങ്ങൾ നിർവഹിക്കുന്നതിന് കുളിക്കാൻ കഴിഞ്ഞില്ലെങ്കിൽ അംഗസ്നാനം അഥവാ വുളൂഅ് നിർവഹിച്ചുകൊണ്ട് ചെയ്യൽ പുണ്യകർമമായും നിർദ്ദേശിക്കപ്പെട്ട ചര്യയായും പ്രവാചകൻﷺ തന്നെ പഠിപ്പിക്കുന്നുണ്ട്.

ചില സന്ദർഭങ്ങളിൽ പ്രവാചകൻﷺ ചില കാര്യങ്ങൾ സുന്നത്തിൽ അഥവാ ഐച്ഛികമായി മാത്രം നിർദേശിച്ചത് പൊതുജനങ്ങളോടുള്ള കരുണയും അവർക്കുള്ള ആനുകൂല്യവുമായിട്ടാണ്. പ്രവാചകനെﷺ ശരിയായി ഉൾക്കൊണ്ടവർ പ്രബലമായ സുന്നത്തുകൾ അഥവാ ചര്യകൾ എന്തായാലും ജീവിതത്തിൽ പകർത്തും. അവിടുന്ന് മനോഹരവും വൃത്തി പൂർണ്ണവുമായ ഒരു ജീവിതത്തെയാണ് അവതരിപ്പിക്കുകയും നിർദ്ദേശിക്കുകയും ചെയ്തത്.

പലപ്രാവശ്യത്തെ ജനാബത്തുകൾക്ക് ഒരു പ്രാവശ്യം കുളിച്ചു എന്ന ഹദീസിന് പുറമേ ഇമാം അഹ്മദും(റ) അബൂദാവൂദും(റ) നസാഇ(റ)യും ഉദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെ കാണാം. തിരുനബിﷺയുടെ പരിചാരകൻ അബൂ റാഫിഈ(റ) പറയുന്നു. ഒരു രാത്രിയിൽ തിരുനബിﷺ ഒന്നിലധികം ഭാര്യമാരുടെ അടുത്തേക്ക് പോയി. ഓരോ സ്ഥലത്ത് വച്ചും കുളിച്ചു. ഇതറിഞ്ഞ ശിഷ്യന്മാരിൽ ഒരാൾ നബിﷺയോട് ചോദിച്ചു. അല്ലയോ പ്രവാചക പ്രഭോﷺ, ഒരുമിച്ചു ഒരു കുളി മതിയായിരുന്നില്ലേ? അപ്പോൾ പ്രവാചകരുﷺടെ മറുപടി ഇങ്ങനെയായിരുന്നു. ഇപ്പോൾ ഞാൻ ചെയ്ത കാര്യമാണ് ഏറ്റവും ശുദ്ധിയും വൃത്തിയുമുള്ള കാര്യം.

നേരത്തെ വായിച്ച ഹദീസ് അനുവദനീയമാണ് എന്നറിയിക്കാൻ വേണ്ടിയാണ് എന്ന് ബോധ്യപ്പെടാൻ ഇപ്പോൾ വായിച്ച ഹദീസ് തന്നെ മതിയല്ലോ. നമുക്ക് അനുകരിക്കാനും പകർത്താനുമുള്ളത് സംതൃപ്തിയോടുകൂടി തിരുനബിﷺ നിർവഹിച്ച മനോഹരമായ ജീവിതമാണ്. ഇസ്ലാമിലെ നിയമങ്ങൾ കർക്കശമായി കൽപ്പിക്കുന്നതിന് മുമ്പ് തിരുനബിﷺയെ വിശ്വാസികളുടെ ഹൃദയത്തിൽ സ്ഥാപിക്കാനും സ്നേഹത്തിലധിഷ്ഠിതമായ അനുകരണം സാധ്യമാക്കാനുമാണ് ഖുർആനിക സൂക്തങ്ങൾ അവതരിച്ചത്. ഹൃദയം നിറഞ്ഞ സ്നേഹത്തിൽ നിന്ന് നിർഭവിക്കുന്ന സൗമനസ്യത്തോടുകൂടിയുള്ള അനുകരണത്തിന്റെ സൗന്ദര്യമാണ് ഇസ്ലാം. അല്ലെങ്കിൽ പ്രായോഗിക ഇസ്ലാമിക ജീവിതം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 988

തിരുനബിﷺയുടെ സ്നാനവുമായി ബന്ധപ്പെട്ട ചില ഹദീസുകളുടെ ആശയം കൂടി നമുക്ക് വായിക്കാം. ഇമാം ത്വബ്റാനി (റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ അവിടുത്തെ ഭവനത്തിന്റെ പിൻഭാഗത്ത് വച്ചായിരുന്നു കുളിക്കാറുണ്ടായിരുന്നത്. തിരുനബിﷺയുടെ രഹസ്യ ഭാഗങ്ങളോ ഔറത്തോ ഒരാളും കണ്ടിരുന്നില്ല.

മഹതി ഉമ്മുഹാനി(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ മക്കയുടെ ഉയർന്ന ഭാഗത്ത് വന്നു. അപ്പോൾ അബൂദർ(റ) ഒരു ജവനയിൽ വെള്ളവും കൊണ്ടുവന്നു. എന്നിട്ട് അബൂദർ(റ) തന്നെ തിരുനബിﷺക്ക് കുളിക്കാൻ മറയൊരുക്കി കൊടുത്തു. ശേഷം നബിﷺ അബൂദറി(റ)നും സൗകര്യം ചെയ്തു കൊടുത്തു.

തിരുനബിﷺയുടെ ലജ്ജയെ കുറിച്ച് നമ്മൾ വായിച്ചിട്ടുണ്ട്. ഉചിതമല്ലാത്ത ഒരു കാര്യത്തിനും നബിﷺക്ക് സാധിക്കുമായിരുന്നില്ല. ചില സന്ദർഭങ്ങളിൽ പതിവ്രതകളെക്കാൾ വലിയ ലജ്ജയായിരുന്നു എന്ന് ഹദീസിൽ തന്നെ പറഞ്ഞിട്ടുണ്ട്.

സാധാരണയും സവിശേഷവുമായി തിരുനബിﷺ നിർവഹിച്ചിരുന്ന സ്നാനങ്ങളെക്കുറിച്ച് മഹതി ആഇശ(റ) പറയുന്നത് ഇങ്ങനെയാണ്. ജനാബത്തിൽ നിന്ന് ശുദ്ധിയാവാൻ, ജുമുഅ ദിവസത്തെ പ്രത്യേകമായ സുന്നത്ത് കുളി, ഹിജാമ അഥവാ കൊമ്പുവെപ്പ് ചികിത്സ സ്വീകരിച്ചതിനുശേഷം, മയ്യത്ത് കുളിപ്പിക്കാൻ പങ്കെടുത്തതിനു ശേഷം.

തിരുനബിﷺ സവിശേഷമായി കുളിച്ച ചില സന്ദർഭങ്ങളെ പ്രിയപ്പെട്ട പത്നി പങ്കുവച്ചു തന്നതാണ്. വിശ്വാസികളായ ആളുകൾക്ക് പ്രവാചക ചര്യ അനുകരിക്കുമ്പോൾ നിർബന്ധമായും പാലിക്കേണ്ടതും ഐച്ഛികമായി പരിപാലിക്കേണ്ടതും ഇതിലുണ്ട്.

തിരുനബിﷺ ജനാബത്തുകാരൻ ആയിരിക്കെ ഭക്ഷണം കഴിക്കാനോ പാനീയം കുടിക്കാനോ ഉറങ്ങാനോ മറ്റോ ഉദ്ദേശിച്ചാൽ ഏറ്റവും ചുരുങ്ങിയത് വുളൂഅ് എങ്കിലും നിർവഹിക്കുമായിരുന്നു. വുളൂഇന് സൗകര്യപ്പെടാത്ത സന്ദർഭങ്ങളിൽ തയമ്മും ചെയ്തുകൊണ്ടും ശുദ്ധീകരണ പ്രക്രിയയോട് ചേർന്നുനിൽക്കുമായിരുന്നു.

തിരുനബിﷺയും പത്നിയും ഒരേ പാത്രത്തിൽ നിന്നു തന്നെ വെള്ളം കോരി കുളിച്ച സന്ദർഭങ്ങൾ പലതും ഹദീസിൽ വന്നിട്ടുണ്ട്. മഹതിയായ ആഇശ(റ)യുടെയും മൈമൂന(റ)യുടെയും നിവേദനങ്ങൾ പ്രസിദ്ധമാണ്.

കുളിക്കുന്ന സന്ദർഭങ്ങളിൽ എണ്ണ ഉപയോഗിച്ചതും സുഗന്ധങ്ങൾ പ്രയോഗിച്ചതും സുഗന്ധമുള്ള ചെടികളും മറ്റും വെള്ളത്തിൽ ചേർത്തും അല്ലാതെയും ഉപയോഗിച്ചതും വ്യത്യസ്ത ഹദീസുകളിലായി നമുക്ക് വായിക്കാനുണ്ട്.

കുളിയുടെ തുടക്കത്തിൽ വുളൂഅ് ചെയ്താൽ പിന്നീട് കുളി അവസാനിച്ച ശേഷം വുളൂഅ് പുതുക്കാറുണ്ടായിരുന്നില്ല.

കുളിക്ക് ശേഷം ആവശ്യമെങ്കിൽ തോർത്താൻ തോർത്ത് ഉപയോഗിക്കാറുണ്ടായിരുന്നു. തുണിയോ മറ്റോ ഉപയോഗിച്ച് തോർത്താത്ത സന്ദർഭങ്ങളും നമുക്ക് വായിക്കാൻ ലഭിക്കും.

ഓരോ ചലനങ്ങളും സവിശേഷമായി സീറയിൽ പരാമർശിക്കുന്നതിന് പിന്നിൽ ചില രഹസ്യങ്ങൾ കൂടിയുണ്ട്. മനുഷ്യന് പ്രകൃതിപരമായി ആവശ്യമുള്ള കാര്യങ്ങളാണെങ്കിലും മതം നിർദ്ദേശിച്ച രീതിയിലും ചിട്ടയിലും നിർവഹിക്കുമ്പോൾ അതിനു സവിശേഷമായ പ്രതിഫലം പരലോകത്ത് കൂടി ലഭിക്കും എന്നതാണ്. സ്രഷ്ടാവിന്റെ സാമീപ്യവും പൊരുത്തവും നേടിയെടുക്കാനുള്ള ആരാധനാകർമങ്ങളുടെ കൂട്ടത്തിൽ മനുഷ്യന്റെ പതിവ് ജീവിതത്തെ കൂടി ചേർത്തുവയ്ക്കുന്ന മഹാപ്രക്രിയയാണ് നബി ജീവിതത്തിന്റെ ചുവടു പറ്റിയുള്ള സഞ്ചാരം.

നിസ്കാരത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അതിനു മുന്നോടിയായി നിർവഹിക്കേണ്ട സ്നാന കർമാദികൾ കൂടി ആരാധനയുടെ ഓരം പറ്റി നിൽക്കുന്നു. അവയ്ക്കും അതിന്റെതായ പുണ്യവും മഹത്വവും കൽപ്പിക്കപ്പെടുന്നു. പതിവുകളെ പുണ്യകർമമാക്കാനുള്ള ആൽക്കെമിയാണ് നിയ്യത്ത് എന്ന് പറയാറുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 989

തിരുനബിﷺയുടെ ജീവിതം ലോകാവസാനം വരെയുള്ള ജനങ്ങൾക്ക് മാതൃകയും, അന്നും പിന്നെയും വരാനുള്ള അബദ്ധ ജീവിതങ്ങൾക്ക് തിരുത്തുമായിരുന്നല്ലോ. സമൂഹത്തിന്റെ എല്ലാ തലങ്ങളിലുമുണ്ടായിരുന്ന അബദ്ധ ധാരണകളെയും ശരിയല്ലാത്ത വീക്ഷണങ്ങളെയും കൃത്യമായി തിരുത്തിക്കൊണ്ടിരുന്നു. മനുഷ്യന്റെ സ്വകാര്യ ജീവിതത്തെയും കൃത്യമായി നിരീക്ഷിക്കുകയും ആവശ്യമായ നിർദ്ദേശങ്ങളും നിയമങ്ങളും ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ആർത്തവകാരികളെ തീണ്ടാരികൾ എന്ന് വിളിച്ച് ആർത്തവകാലത്ത് അകറ്റിനിർത്തുന്ന ശീലം പുരാതന ജൂത സംസ്കാരങ്ങളിലും മറ്റുമുണ്ടായിരുന്നു. പ്രസ്തുത കാലയളവിൽ മാറ്റിപ്പാർപ്പിക്കുന്ന രീതിയോ വീട്ടിൽ നിന്ന് അകന്നു നിൽക്കേണ്ട സമ്പ്രദായമോ നമ്മുടെ നാടുകളിലും മുമ്പുണ്ടായിരുന്നു.

ഇപ്പോൾ അതിൽ നിന്ന് മാറി അകറ്റി നിർത്തലുകളോ മാറ്റിനിർത്തലുകളോ ഒന്നുമില്ലെന്ന് മാത്രമല്ല, കുറച്ചുകൂടി കടന്ന് സർവ്വാസ്വാദനങ്ങളും ആകാം എന്ന അവസ്ഥയിലേക്ക് എത്തി. ഭാര്യാഭർതൃ സ്വകാര്യസംസർഗ്ഗങ്ങൾ പോലും ആകാം എന്നും അത്തരം ഘട്ടങ്ങളിൽ സ്വകാര്യ ജീവിതം നയിക്കുന്നതിൽ തടസ്സമില്ലെന്നും ഒക്കെ പ്രചരിച്ചുകൊണ്ടിരിക്കുന്നു.

എന്നാൽ, ഇസ്ലാം ഇതിൽ കൃത്യമായ ഒരു നിലപാടും വ്യക്തമായ ഒരു നിയമവും പഠിപ്പിക്കുകയും പ്രവാചക ജീവിതത്തിൽ ജീവിതം കൊണ്ടും നിർദ്ദേശം കൊണ്ടും ലോകത്തിന് അവ കൈമാറുകയും ചെയ്തിട്ടുണ്ട്.

തിരുനബിﷺയുടെ ഭാര്യമാരിൽ ഏക കന്യകയായിരുന്ന മഹതി ആഇശ(റ) സ്വന്തം അനുഭവം പറയുന്നത് ഇങ്ങനെയാണ്. ആർത്തവകാലത്ത് ഞാൻ കുടിച്ച പാനീയങ്ങളുടെ ബാക്കി ഞാൻ ചുണ്ട് വച്ച അതേ ഭാഗത്ത് തന്നെ ചുണ്ടു വച്ചുകൊണ്ട് തിരുനബിﷺ കുടിക്കാറുണ്ടായിരുന്നു.

എന്റെ മടിയിലേക്ക് ചാരിയിരുന്നു കൊണ്ട് തിരുനബിﷺ ഖുർആൻ പാരായണം ചെയ്യാറുണ്ടായിരുന്നു എന്നുകൂടി മറ്റൊരു നിവേദനത്തിലുണ്ട്.

ആർത്തവകാലത്തെ ലൈംഗിക സംസർഗ്ഗം ശക്തമായ നിഷിദ്ധമാണെന്ന് പഠിപ്പിക്കുമ്പോഴും, പത്നിമാർക്ക് മാനസികമായ ആശ്വാസവും സമാധാനവും ലഭിക്കുന്ന വിധം സഹവിജീവിതവും സഹവാസവും കൃത്യമായി സംരക്ഷിക്കണമെന്നും അവരോടൊപ്പം തന്നെ ഉണ്ടാകണമെന്നുമാണ് ഇസ്ലാമിക വീക്ഷണം.

അരമനയിലെ നീതിയും അരങ്ങത്തെ അധികാരവും അന്താരാഷ്ട്ര വ്യവഹാരങ്ങളിലെ നീതിനിഷ്ടയും കൃത്യമായി ഈ ലോകത്തിന് പഠിപ്പിക്കുകയും പകർത്തുകയും ചെയ്ത അതുല്യ പ്രതിഭാസമാണ് സൃഷ്ടി ശ്രേഷ്ഠരായ മുഹമ്മദ് റസൂൽﷺ.

തിരുനബിﷺയുടെ സ്നേഹ പെരുമാറ്റങ്ങളെയും അരമനയിൽ അനുവദിച്ചിരുന്ന ആനന്ദങ്ങളെയുമെല്ലാം സന്തോഷപൂർണ്ണവും മനസ്സമാധാനപരവുമായ ഒരു ദാമ്പത്യ ജീവിതത്തെ ലക്ഷ്യം വെച്ചുകൊണ്ട് പകർന്നു കൊടുക്കാവുന്നിടത്തോളം നബി ജീവിതത്തിൽ നിന്ന് ലോകത്തിന് പകർന്നു ലഭിച്ചിട്ടുണ്ട്.

മനോവിചാരങ്ങളെയും അടിസ്ഥാന വീക്ഷണങ്ങളെയും മാറ്റിപ്പണിയുക എന്ന അതിസാഹസികമായ നവോത്ഥാന പ്രവർത്തനമാണ് ഇസ്ലാം മുന്നോട്ട് വെച്ചത്. ആറാം നൂറ്റാണ്ടിൽ നിലവിലുണ്ടായിരുന്ന ഉച്ചനീചത്വങ്ങളെയും അനാചാരങ്ങളെയും അന്ധവിശ്വാസങ്ങളെയും അപകട ധാരണകളെയും ഒരുപാട് ജീവനുകളും സമയവും നൽകിയിട്ടാണ് തിരുനബിﷺ മാറ്റി പണിതത്. ഒന്നര സഹസ്രാബ്ദത്തോളമായി ലോകം അനുഭവിക്കുന്ന സന്തോഷങ്ങളുടെയും മാനസിക സ്വാസ്ത്യങ്ങളുടെയും അടിസ്ഥാനശിലകൾ അറേബ്യയിൽ നിന്ന് ഉദിച്ചുയർന്ന പുണ്യ പ്രവാചകനിﷺൽ നിന്ന് ലഭിച്ചതാണെന്ന് ഒളിഞ്ഞോ തെളിഞ്ഞോ സമ്മതിക്കാതിരിക്കാൻ ലോകത്തിന് സാധിക്കില്ല.

പരിഷ്കൃതം എന്ന് പറയുന്ന പുതിയ ലോകത്തെ പല രാജ്യങ്ങളിലും നിറത്തിന്റെയും കുലത്തിന്റെയും പേരിൽ അകറ്റിനിർത്തപ്പെടുന്ന മനുഷ്യരുടെ മുമ്പിൽ, അത്തരം വകഭേദങ്ങൾ മുഴുവനും ഇല്ലായ്മ ചെയ്യുകയും മനുഷ്യൻ എന്ന ഏകകത്തിലേക്ക് മാനവിക വിചാരങ്ങൾ മുഴുവനും കൊണ്ടുവരികയും ചെയ്ത പുണ്യ പ്രവാചകൻﷺ എങ്ങനെ ഉയർത്തിക്കാണിക്കാതിരിക്കാൻ പറ്റും. അതും ലോക സൗന്ദര്യത്തിന്റെ പര്യായമായ പുണ്യ നബിﷺയെ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

 

Tweet 990

നബി ജീവിതത്തിന്റെ അതിസൂക്ഷ്മമായ ശുദ്ധീകരണത്തെയും കുളി, വുളൂഅ് തുടങ്ങിയ ശുദ്ധീകരണ പ്രക്രിയകളെയും കുറിച്ച് നാം വായിച്ചു കഴിഞ്ഞു. സാധാരണയിൽ വുളൂഅ് നിർവഹിക്കുന്നത് നിസ്കാരം നിർവഹിക്കാനും മറ്റു ആത്മീയ കർമങ്ങൾ നിർവഹിക്കാനുമാണല്ലോ. അതുകൊണ്ടുതന്നെ തിരുനബിﷺയുടെ നിസ്കാരവും തുടർന്നുള്ള കർമങ്ങളും സംബന്ധിച്ച ചർച്ചകളാണ് ഇനി നമുക്ക് പങ്കുവെക്കാനുള്ളത്. നബിﷺയുടെ ആധ്യാത്മിക ജീവിതത്തിന്റെ അടിത്തറകൾ കൂടിയാണ് ഇത്തരം ആരാധനാ ശീലങ്ങളും അതിന്റെ ഓരം പറ്റിയുള്ള കർമങ്ങളും.

അല്ലാമ ഇബ്നു നഫീസ്(റ) തിരുനബിﷺയുടെ ആദ്യകാല നിസ്കാരങ്ങളെ കുറിച്ചുള്ള ഒരു ആമുഖം ഇങ്ങനെ പറയുന്നുണ്ട്. തിരുനബിﷺ ഏത് കർമവഴിയെ സ്വീകരിച്ചു കൊണ്ടായിരുന്നു ആദ്യകാലത്തെ ആരാധനാകർമങ്ങൾ നിർവഹിച്ചിരുന്നത്? കഴിഞ്ഞ ഏതെങ്കിലും പ്രവാചകന്മാരുടെ മാർഗത്തിലായിരുന്നുവോ? അതല്ല, തിരുനബിﷺക്ക് തന്നെ സ്വതന്ത്രമായ എന്തെങ്കിലും മാർഗ്ഗങ്ങൾ ലഭിച്ചിരുന്നുവോ? സാമ്പ്രദായികമായ വിദ്യാഭ്യാസം നേടാത്ത തിരുനബിﷺ എങ്ങനെയാണ് നിലവിലുണ്ടായിരുന്ന വ്യവസ്ഥിതികളിൽ നിന്നോ വേദങ്ങളിൽ നിന്നോ ഗ്രന്ഥങ്ങളിൽ നിന്നോ പഠിച്ചിട്ടുണ്ടാവുക. സാധാരണക്കാർ അറിവ് അഭ്യസിക്കുന്ന ഒരു മാർഗ്ഗത്തിലൂടെയും ഔദ്യോഗികമായ ഒരു ജ്ഞാന സമ്പാദനം തിരുനബിﷺക്ക് ഉണ്ടായിട്ടില്ല. നാട്ടിലെ കേട്ടുകൾവിയുടെയും സമ്പ്രദായങ്ങളുടെയും അടിസ്ഥാനത്തിൽ നിർവഹിച്ചിരിക്കാനും സാധ്യതയില്ല.

ഖാളി അബൂബക്കർ അൽ ബാഖില്ലാനി(റ)യെ പോലെ പ്രമാണങ്ങളെ സൂക്ഷ്മ പരിശോധനയോടുകൂടി മാത്രം സമീപിക്കുന്ന ഉന്നത പണ്ഡിതന്മാർ, അതേ മാർഗ്ഗത്തിലുള്ള ഭൂരിപക്ഷം ജ്ഞാനികളും പറയുന്നത് തിരുനബിﷺ മുൻകാലത്തെ ഏതെങ്കിലും ഒരു പ്രവാചകന്റെ വഴിയെ അനുകരിച്ചുകൊണ്ട് ജീവിച്ചിരുന്നില്ല എന്നാണ്.

വേദക്കാരായി അറിയപ്പെട്ട ജൂത ക്രിസ്ത്യാനികളിൽ നിന്ന് ഏതെങ്കിലും ഒരു വഴി തിരുനബിﷺ അനുകരിച്ചിരുന്നു എങ്കിൽ തിരുനബിﷺയുടെ പ്രവാചകത്വ പ്രഖ്യാപനത്തെ തുടർന്ന് ഒന്നാമത്തെ വിമർശനമായി ഉയർന്നു വരേണ്ടിയിരുന്നത് ഇന്നലെവരെ അവിടുന്ന് ക്രിസ്ത്യാനിയായിരുന്നില്ലേ? ജൂതനായിരുന്നില്ലേ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാകുമായിരുന്നു. എന്നാൽ, ഒരിക്കൽപോലും വിമർശകന്മാർക്ക് അങ്ങനെ ഒരു ന്യായമോ അവകാശമോ ഉന്നയിക്കാൻ കഴിഞ്ഞിരുന്നില്ല. അത്തരം ഏതെങ്കിലും ഒരു മാർഗത്തിൽ തിരുനബിﷺ സഞ്ചരിച്ചിരുന്നതിന് പ്രമാണങ്ങളുമില്ല.

ബുദ്ധിപരമായി ചിന്തിച്ചാലും അങ്ങനെ ഒരു അനുകരണത്തിന് തിരുനബിﷺക്ക് സാധ്യതയില്ലെന്ന് നല്ല ഒരുപറ്റം പണ്ഡിതന്മാർ പറയുന്നുണ്ട്. കാരണം ലോകത്തേക്ക് നിയോഗിക്കപ്പെട്ട എല്ലാ പ്രവാചകന്മാരോടും തിരുനബിﷺയെ കുറിച്ചുള്ള ഒരു ഉടമ്പടി അള്ളാഹു എടുത്തിരുന്നുവല്ലോ. നിങ്ങളുടെ കാലത്ത് മുഹമ്മദ് നബിﷺ നിയോഗിക്കപ്പെടുകയാണെങ്കിൽ നിങ്ങൾ തിരുനബിﷺയെ അംഗീകരിക്കണമെന്നും അനുകരിക്കുകയും സഹായിക്കുകയും ചെയ്യണമെന്നുമായിരുന്നുവല്ലോ ആ ഉടമ്പടിയുടെ ഉള്ളടക്കം. അപ്രകാരം തുടരപ്പെടേണ്ട ഒരു പ്രവാചകൻ മറ്റേതെങ്കിലും പ്രവാചകൻമാരെ അനുകരിച്ചുവെന്നോ പിൻതുടർന്നുവെന്നോ എങ്ങനെയാണ് നിഗമിക്കാനാവുക. ഏത് ന്യായം മുന്നിൽ വെച്ചുകൊണ്ടാണ് സ്വീകരിക്കാനാവുക.

ഇക്കാര്യത്തിൽ ഏതെങ്കിലും ഒരു ഭാഗത്തെ പ്രബലപ്പെടുത്താനോ ന്യൂനമാണെന്ന് പറയാനോ ഇമാം ഗസ്സാലി(റ), ഇമാം ഹറമൈനി(റ), ഇമാം ആമദി(റ) എന്നിവർ തയ്യാറായിട്ടില്ല.

പ്രവാചകന്മാരുടെ അടിസ്ഥാന ആശയങ്ങളും കർമങ്ങളും ഒന്നായി നിൽക്കുന്നതുകൊണ്ട് മുൻകാല പ്രവാചകൻമാരിൽ ചിലരെ അനുകരിച്ചിട്ടുണ്ടാവാം എന്ന നിഗമനം അവതരിപ്പിച്ച പണ്ഡിതന്മാരുമുണ്ട്. എന്നാൽ അത് ഏത് നബിയെ ആയിരിക്കും എന്ന ഒരു ചർച്ച കൂടി അവർ ഉയർത്തുന്നുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 991

അഞ്ചുനേരത്തെ നിസ്കാരം അല്ലാഹു സമ്മാനമായി നൽകിയത് തിരുനബിﷺക്കാണല്ലോ. അവ എപ്പോൾ നിർവഹിക്കണം? എങ്ങനെ നിർവഹിക്കണം? ഏതെല്ലാം നിബന്ധനകൾ പാലിക്കണം? എല്ലാം അല്ലാഹു തന്നെ തിരുനബിﷺക്ക് ബോധനം നൽകിയിട്ടുണ്ട്. പ്രവാചകർﷺ അനുയായികളോട് പറഞ്ഞത് ഇപ്രകാരമാണ്. ഞാൻ എപ്രകാരമാണോ നിസ്കരിക്കുന്നത് അപ്രകാരം നിങ്ങൾ നിസ്കരിക്കുക.

തിരുനബിﷺയുടെ ജീവിതത്തെ നിരീക്ഷിച്ച് ഓരോ ജീവിതഘട്ടങ്ങളെയും പഠിക്കുന്നതുപോലെ ഏറ്റവും സവിശേഷമായ നിസ്കാരത്തെയും പഠിക്കുക. അതുപ്രകാരം അനുസരിക്കുകയും അനുകരിക്കുകയും ചെയ്യുക. ഇതാണ് വിശ്വാസികളുടെ ബാധ്യത.

ഇമാം അഹ്മദ്(റ), തുർമുദി(റ), നസാഈ(റ) തുടങ്ങി പ്രമുഖരായ മുഴുവൻ ഹദീസ് പണ്ഡിതന്മാരും നിവേദനം ചെയ്യുന്നു. ബുറൈദത്ത് ബിൻ അൽ ഖുസൈബ്(റ) പറഞ്ഞു. ഒരാൾ നിസ്കാരത്തിന്റെ സമയം അന്വേഷിച്ചുകൊണ്ട് തിരുനബിﷺയുടെ അടുക്കൽ വന്നു. തിരുനബിﷺ അദ്ദേഹത്തോട് പറഞ്ഞു. രണ്ടുദിവസം നിങ്ങൾ ഞങ്ങളുടെ കൂടെ കൂടിക്കോളൂ. സൂര്യൻ മധ്യാഹ്നത്തിൽ നിന്ന് നീങ്ങിയപ്പോൾ നബിﷺ ബിലാലി(റ)നോട് പറഞ്ഞു. ബാങ്ക് കൊടുക്കൂ. അദ്ദേഹം അത് നിർവഹിച്ചു.

ശേഷം മധ്യാഹ്ന നിസ്കാരം അഥവാ ളുഹർ നിസ്കരിച്ചു. സൂര്യൻ മുന്നോട്ടു നീങ്ങി വെളിച്ചം നിലനിൽക്കുമ്പോൾ തന്നെ സായാഹ്നമായപ്പോൾ അസ്വർ നിസ്കരിച്ചു. സൂര്യൻ അസ്തമിച്ചപ്പോൾ സന്ധ്യാ നിസ്കാരം അഥവാ മഗ്‌രിബ് നിസ്കാരവും നിർവഹിച്ചു. രാത്രിയുടെ മൂന്നിലൊന്ന് ഭാഗം കഴിഞ്ഞപ്പോൾ ഇശാഅ് നിസ്കരിച്ചു. അടുത്ത പ്രഭാതത്തിൽ നേരം ഉദിക്കുന്നതിന് മുമ്പ് പ്രഭാത നിസ്കാരം അഥവാ സുബ്ഹിയും നിസ്കരിച്ചു. ശേഷം നബിﷺ ചോദിച്ചു. നിസ്കാരത്തെക്കുറിച്ച് അന്വേഷിച്ച ആൾ എവിടെ? അദ്ദേഹം പറഞ്ഞു. ഇതാ ഞാൻ ഇവിടെത്തന്നെയുണ്ട്. നിങ്ങൾ ഇപ്പോൾ കണ്ട സമയങ്ങളുണ്ടല്ലോ അതുതന്നെയാണ് നിസ്കാര സമയം.

ചെറിയ വ്യത്യാസങ്ങളോടെ പല നിവേദനങ്ങളും ഈ വിഷയത്തിൽ വന്നിട്ടുണ്ട്. തിരുനബിﷺയുടെ രണ്ട് ദിവസത്തെ നിസ്കാരത്തിൽ ഓരോ നിസ്കാരത്തിന്റെയും സമയവിശാലതയെ അറിയിക്കുന്ന മാറ്റങ്ങളും രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. വ്യത്യസ്തങ്ങളായ മാനങ്ങളോടെ ഓരോ നിസ്കാര സമയങ്ങളെയും പരിചയപ്പെടുത്തിയിട്ടുമുണ്ട്. നിസ്കാരങ്ങളുടെ സമയം ഏതു മുതൽ ആരംഭിച്ചു ഏതു മുതൽ നീണ്ടുനിൽക്കും എന്നറിയിക്കുന്ന അധ്യാപനങ്ങളും തിരുനബിﷺ തന്നെ അറിയിച്ചു തന്നു.

സമയം നിശ്ചയിക്കപ്പെട്ട ആരാധനയായി നിസ്കാരത്തെ അല്ലാഹു നിർണയിച്ചിരിക്കുന്നു എന്ന് പരിശുദ്ധ ഖുർആൻ തന്നെ പരിചയപ്പെടുത്തുന്നുമുണ്ട്.

മേൽ പറയപ്പെട്ട വിധത്തിലുള്ള നിവേദനങ്ങൾ മുന്നിൽ വച്ചുകൊണ്ടാണ് ഗവേഷണ യോഗ്യരായ മദ്ഹബിന്റെ ഇമാമുകൾ നിസ്കാര സമയത്തെക്കുറിച്ച് ഇഴകീറിയുള്ള പരിശോധനകൾ നടത്തിയത്. കാലങ്ങളുടെയും ദേശങ്ങളുടെയും വ്യത്യാസത്തിനനുസരിച്ച് ഏതൊക്കെ വിധത്തിൽ വായിക്കണമെന്നും വ്യാപ്തിയോടെ അറിയണമെന്നും ഇമാമുകൾ വിശദമായി തന്നെ പറഞ്ഞിട്ടുണ്ട്. ഉദയാസ്തമനങ്ങൾ വ്യത്യാസപ്പെട്ടു വരുന്ന നാടുകളിൽ എങ്ങനെയൊക്കെയാണ് സമയഭേദങ്ങൾ അടയാളപ്പെടുത്തേണ്ടത് എന്ന് ഇസ്ലാമിക കർമശാസ്ത്രം വിശദമായിത്തന്നെ സ്വതന്ത്ര പഠനങ്ങൾ അറിയിച്ചിട്ടുണ്ട്.

പ്രാമാണികരായ പണ്ഡിതന്മാരുടെ ഗവേഷണങ്ങളെയും മദ്ഹബിന്റെ ഇമാമുകളുടെയും തുടർന്നുള്ള മദ്ഹബ് പിൻപറ്റി ഗവേഷണം നടത്തിയ യോഗ്യരുടെയും വാചകങ്ങളെ മാറ്റിവെച്ചുകൊണ്ട് ലഭ്യമായ ഹദീസുകളുടെ പ്രത്യക്ഷ വാചകങ്ങൾ മാത്രം പരിശോധിച്ചാൽ കാലവും ദേശവും വ്യത്യാസങ്ങൾ അടയാളപ്പെടുത്തുന്ന കർമശാസ്ത്ര നിയമങ്ങളെ പൂർണമായും വായിക്കാനോ കണ്ടെത്താനോ കഴിയില്ല. സമഗ്രമായ ഇസ്ലാമിന്റെ വിശാല തലങ്ങളെ എന്നും കൃത്യമായി ബോധ്യപ്പെടുത്തി കൊണ്ടിരിക്കുന്നത് കർമശാസ്ത്ര പണ്ഡിതന്മാരും അവരുടെ ഗവേഷണങ്ങളുമാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

 

Tweet 992

നിസ്കാരത്തിന്റെ സമയം പ്രവേശിച്ചാൽ അതിവേഗം നിർവഹിക്കുക എന്നത് തിരുനബിﷺയുടെ പതിവായിരുന്നു. ഇമാം ദാറഖുത്നി(റ) നിവേദനം ചെയ്യുന്നു. ജാബിർ(റ) പറയുന്നു. തിരുനബിﷺ ഭക്ഷണത്തിനു വേണ്ടിയോ മറ്റോ ഒന്നും നിസ്കാരം പിന്തിക്കുന്നത് പതിവുണ്ടായിരുന്നില്ല

മഹതിയായ ആഇശ(റ)യുടെ പ്രസ്താവന ഇങ്ങനെയാണ്. തിരുനബിﷺ ഒരു നിസ്കാരവും അതിന്റെ അവസാനത്തെ സമയത്തു നിർവഹിച്ചിട്ടില്ല. ഈ ലോകത്ത് നിന്ന് വിട പറയുന്നത് വരെയും അതായിരുന്നു തിരുനബിﷺയുടെ പതിവ്. ഇമാം തുർമുദി(റ)യുടെ നിവേദനത്തിൽ രണ്ടുപ്രാവശ്യമൊഴികെ എന്നുകൂടി ഒരു അനുബന്ധമുണ്ട്.

അഥവാ അനിവാര്യമായ രണ്ട് ഘട്ടങ്ങളിലല്ലാതെ ഒരിക്കലും തിരുനബിﷺ സമയത്തിന്റെ അവസാനത്തിൽ നിസ്കരിച്ചിട്ടില്ല. സമയമായാൽ അതിവേഗം നിസ്കരിക്കുക എന്നതായിരുന്നുവല്ലോ തിരുനബിﷺയുടെ പതിവ്.

മഹതിയായ ആഇശ(റ)യുടെ തന്നെ മറ്റൊരു നിവേദന ഉള്ളടക്കം ഇങ്ങനെയാണ്. തിരുനബിﷺയോളം അതിവേഗം ളുഹർ നിസ്കരിക്കുന്ന മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല. അഥവാ സമയം പ്രവേശിച്ചാൽ ഉടനെ തന്നെ നിസ്കരിക്കുമായിരുന്നു. അബൂബക്കറി(റ)നെയും ഉമറി(റ)നെയും പോലും എന്നുകൂടി മഹതിയായ ആഇശ(റ) ചേർത്ത് പറയുന്നുണ്ട്. ഇമാം മുസ്ലിം(റ) ആണ് ഈ ഹദീസ് നിവേദനം ചെയ്തത്.

സൂര്യൻ തെളിഞ്ഞു പ്രകടമായി തന്നെ നിൽക്കുകയും ഒരാൾക്ക് അവാലിയിൽ പോയി വരാൻ മാത്രം വിശാലമായ സമയമുണ്ടായിരിക്കുകയും ചെയ്തപ്പോഴാണ് തിരുനബിﷺ സാധാരണയിൽ അസ്വർ നിസ്കരിച്ചിരുന്നത്. അഥവാ അസ്തമയത്തിലേക്ക് അധികം അടുക്കുകയോ ഏറെ വൈകിയോ ചെയ്തിരുന്നില്ല എന്നാണ് പറഞ്ഞതിന്റെ സാരം. ഏകദേശം നാലുമൈൽ ദൂരത്തെ കുറിച്ചാണ് അവാലിയിൽ പോയി വരുന്നതുവരെ എന്ന് പ്രയോഗിച്ചിട്ടുള്ളത്.

മഹാനായ അനസുബ്നു മാലികി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) മറ്റും നിവേദനം ചെയ്യുന്നു. തിരുനബിﷺയോളം അതിവേഗം അസ്വർ നിസ്കരിച്ച മറ്റൊരാളെയും ഞാൻ കണ്ടിട്ടില്ല. അഥവാ സമയമായാൽ ഉടനെ അസ്വർ നിസ്കരിക്കുമായിരുന്നു. അബൂലുബാബ(റ)യും അബൂഅബസും(റ) തിരുനബിﷺയുടെ പള്ളിയിൽ നിന്ന് ഏറെ അകലെയുള്ളവരായിരുന്നു. അഥവാ അബൂലുബാബ(റ)യുടെ വീട് ഖുബാ പള്ളിയുടെ അടുത്തായിരുന്നു. അബൂഅബസി(റ)ന്‍റെ വീട് ബനൂഹാരിസയിലുമായിരുന്നു. അവർ രണ്ടുപേരും നബിﷺയോടൊപ്പം നിസ്കരിച്ചിട്ട് വീടിന്റെ അടുത്തേക്ക് എത്തിയാൽ നാട്ടുകാർ നിസ്കരിച്ചിട്ടുണ്ടാകുമായിരുന്നില്ല. കാരണം തിരുനബിﷺ അത്രമേൽ നേരത്തെ തന്നെ നിർവഹിക്കുമായിരുന്നു.

മഹതിയായ ഉമ്മു സലമ(റ) പറയുന്നത്. അസ്വറിന്റെ സമയമായാൽ ഏറ്റവും ധൃതിയിൽ അസ്വർ നിസ്കരിക്കുന്ന ആളും ളുഹറിൻ്റെ സമയം പ്രവേശിച്ചാൽ ഉടനെ നിസ്കരിക്കുന്ന ആളും തിരുനബിﷺ തന്നെയായിരുന്നു.

ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. തിരുനബിﷺ ഞങ്ങൾക്ക് ഇമാമായി അസ്വർ നിസ്കരിച്ചു. അപ്പോൾ ബനൂ സലമാ ഗോത്രത്തിലെ ഒരാൾ വന്നു കൊണ്ട് പറഞ്ഞു. ഞങ്ങൾക്കൊരു ഒട്ടകത്തെ അറുക്കാനുണ്ട്. ആ സമയത്ത് തങ്ങൾ അവിടെ ഹാജരായിരുന്നുവെങ്കിൽ നന്നായിരുന്നു. തിരുനബിﷺ അവിടേക്ക് പുറപ്പെട്ടു. ഞങ്ങളും തിരുനബിﷺയോടൊപ്പം തന്നെ പോയി. അവിടെ ചെന്നപ്പോൾ ഒട്ടകത്തെ അറുത്തിട്ടുണ്ടായിരുന്നില്ല. ഞങ്ങൾ എത്തിയശേഷം ഒട്ടകത്തെ അറുക്കുകയും അതിനെ ഭാഗം വെക്കുകയും ചെയ്തു. അസ്തമയത്തിനു മുമ്പ് തന്നെ അത് പാകം ചെയ്യുകയും ഞങ്ങൾ അതിൽ നിന്ന് അല്പം കഴിക്കുകയും ചെയ്തു.

അറുക്കപ്പെട്ട ഒട്ടകത്തെ ഞങ്ങൾ 10 ഭാഗം ആക്കി ഭാഗം ചെയ്തു എന്നാണ് മറ്റൊരു നിവേദനത്തിലുള്ളത്.

അസ്വർ നിസ്കാരാനന്തരം ഇത്ര സമയം ലഭിച്ചു എന്ന് അറിയിക്കുന്നത് സമയമായ ഉടനെ തന്നെ തിരുനബിﷺ നിസ്കരിച്ചു എന്ന് വിശദമായി പറഞ്ഞു തരാൻ വേണ്ടിയാണ്. തിരുനബിﷺയുടെ പള്ളിയിൽ നിന്ന് അസ്വർ നിസ്കരിച്ച ശേഷം ദുൽ ഹുലൈഫായിലെത്തിയാലും സൂര്യൻ അസ്തമിക്കാറുണ്ടായിരുന്നില്ല എന്നൊരു നിവേദനം കൂടി കാണാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

 

Tweet 993

മഗ്‌രിബ് നിസ്കാരത്തിന്റെ സമയത്തെക്കുറിച്ച് പറയുമ്പോൾ തിരുനബിﷺയോട് ചേർന്നുനിന്ന ചില അനുഭവങ്ങളും സന്ദർഭങ്ങളും ഇങ്ങനെ വായിക്കാം. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അബൂ തുറൈഫ്(റ) എന്നവർ പറഞ്ഞു. ത്വാഇഫ് ഉപരോധസമയത്ത് ഞാൻ തിരുനബിﷺയോടൊപ്പമുണ്ടായിരുന്നു. തിരുനബിﷺ ഞങ്ങൾക്ക് ഇമാമായി മഗ്‌രിബ് നിസ്കരിച്ചു. ഒരാൾ അമ്പെയ്താൽ അമ്പ് പതിച്ച സ്ഥലം കാണാവുന്ന വിധത്തിൽ നേരിയ വെളിച്ചം അപ്പോഴുമുണ്ടായിരുന്നു.

അസ്തമയം കഴിഞ്ഞ ഉടനെയുള്ള വെളിച്ചത്തെ സൂചിപ്പിക്കാനാണ് ഇത്തരമൊരു പ്രയോഗം സ്വഹാബി നടത്തിയത്. ഇമാം ബുഖാരി(റ), ഇമാം മുസ്ലിം(റ), ഇമാം അഹ്മദ്(റ), ഇമാം അബൂ ദാവൂദ്(റ) തുടങ്ങി നിരവധി പണ്ഡിതന്മാർ നിവേദനം ചെയ്യുന്നു. സലമത്തുബിന് അക്’വ(റ) പറഞ്ഞു. നേരം അസ്തമിക്കുകയും ഇരുട്ടു പടർന്നു തുടങ്ങുകയും ചെയ്തപ്പോഴായിരുന്നു തിരുനബിﷺ ഞങ്ങൾക്ക് ഇമാമായി മഗ്‌രിബ് നിസ്കരിച്ചത്.

ഇമാം അഹ്മദ്(റ), ബസാർ(റ) എന്നിവർ നിവേദനം ചെയ്യുന്നു. മഹാനായ ജാബിർ(റ) പറഞ്ഞു. ഞങ്ങൾ തിരുനബിﷺയോടൊപ്പം മഗ്‌രിബ് നിസ്കരിക്കാറുണ്ടായിരുന്നു. ശേഷം, ഞങ്ങൾ ഒരു മൈൽ ദൂരമുള്ള വീട്ടിലേക്ക് എത്തിയാലും അമ്പു പതിഞ്ഞ സ്ഥലം കാണാനാകുമായിരുന്നു. അഥവാ ഒരു പരന്ന വെളിച്ചം അപ്പോഴും ഉണ്ടാകുമായിരുന്നു.

ഇതേ ആശയത്തിൽ തന്നെയുള്ള മറ്റ് ഹദീസുകളും നമുക്ക് വായിക്കാം. സൂര്യാസ്തമയത്തിന്റെ ഉടനെ ആയിരുന്നു മഗ്‌രിബ് നിസ്കാരം എന്നറിയിക്കാനുള്ള വ്യത്യസ്ത ശൈലിയിലെ നിവേദനങ്ങളും റിപ്പോർട്ടുകളുമാണ് ഈ അധ്യായത്തിൽ ഇമാമുകൾ ഉദ്ധരിച്ചത്.

ഇമാം ഇബ്നു അബീശൈബ(റ) ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ), ജാബിർ(റ) എന്നിവർ നിവേദനം ചെയ്തു. മൂന്നു ദിവസങ്ങളിൽ തിരുനബിﷺ രാത്രിയുടെ മൂന്നിലൊന്നു വരെ ഇശാഅ് പിന്തിച്ചു. അപ്പോൾ അബൂബക്കർ(റ) പറഞ്ഞു. കുറച്ചുകൂടി നേരത്തെ നിസ്കരിച്ചിരുന്നെങ്കിൽ രാത്രി നിസ്കാരത്തിന് ഒന്നുകൂടി നല്ലതായിരുന്നല്ലോ. അതിനുശേഷം കുറച്ചുകൂടി നേരത്തെ നിസ്കരിക്കാൻ തുടങ്ങി.

മഹാനായ ജാബിറി(റ)ൽ നിന്ന് ഇമാം ഇബ്നു അബീ ശൈബ(റ) തന്നെ നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ സൈന്യത്തെ സജ്ജീകരിച്ചപ്പോൾ ഇശാഅ് നിസ്കാരം കുറച്ചു വൈകി. രാത്രിയുടെ പകുതിയോളം എത്തുകയോ അല്പം കൂടി കഴിയുകയോ ചെയ്തു. അപ്പോൾ നബിﷺ ചോദിച്ചു. അല്ല ജനങ്ങൾ നിസ്കാരം കഴിഞ്ഞു മടങ്ങിപ്പോയോ? നിങ്ങൾ നിസ്കാരം പ്രതീക്ഷിച്ചിരിക്കുകയാണോ? നിസ്കാരം പ്രതീക്ഷിച്ചിരിക്കുന്ന സമയം മുഴുവൻ നിസ്കാരത്തിലായിരിക്കുന്നതു പോലെയാണ്.

അഥവാ നിസ്കാരത്തിനു വേണ്ടി കാത്തിരിക്കുന്ന സമയം നിസ്കാരം നിർവഹിക്കുന്ന സമയം പോലെ മൂല്യത്തോടു കൂടി അല്ലാഹു ഔദാര്യം ചെയ്യുന്നതാണ്.

ഇശാഅ് നിസ്കാരത്തിന്റെ സമയം എത്രമേൽ വിശാലമാണെന്നും ആവശ്യമെങ്കിൽ പിന്തിക്കാമെന്നും നിസ്കാരത്തിനു വേണ്ടി കാത്തിരിക്കുന്ന സമയം മുഴുവനും നിസ്കാരത്തോളം മൂല്യമുള്ള ആരാധനാകർമമാണെന്നും പഠിപ്പിക്കുകയായിരുന്നു.

ഒരിക്കൽ ഇശാഅ് നിസ്കാരത്തിനു വേണ്ടി തിരുനബിﷺ അല്പം വൈകിയപ്പോൾ കുട്ടികളും സ്ത്രീകളും എല്ലാം ഉറങ്ങിപ്പോയി എന്നും നിസ്കരിക്കുന്നില്ലെന്നും ഉമർ(റ) അന്വേഷിച്ചു. നിങ്ങളല്ലാതെ ഭൂലോകത്താരും ഈ നിസ്കാരത്തിനു വേണ്ടി കാത്തിരിക്കുന്നില്ല എന്ന വിശാലമായ അർത്ഥത്തിലുള്ള മറുപടിയായിരുന്നു തിരുനബിﷺയുടേത്.

എല്ലാ നിസ്കാരവും സംഘമായി നിസ്കരിക്കുന്നതിന് പ്രത്യേകമായ മൂല്യമുണ്ട്. ഓരോ നിസ്കാരവും ജമാഅത്തായി നിസ്കരിക്കുന്നതിന്റെ സവിശേഷമായ പ്രതിഫലവും തിരുനബിﷺ പഠിപ്പിച്ചു. അതിൽ എടുത്തു പറയുകയാണ് ഇശാഅ് നിസ്കാരം ജമാഅത്തായി നിസ്കരിക്കുന്നവരുടെ പ്രത്യേകതകൾ.

ഒരു മനുഷ്യന്റെ ജീവിതം പ്രഭാതത്തിൽ ആരംഭിച്ചു പ്രദോഷം വരെയുള്ള വ്യത്യസ്ത കർമങ്ങൾക്ക് ശേഷം സാധാരണയിൽ വിശ്രമത്തിലേക്ക് കടക്കുന്നതിന് മുമ്പാണല്ലോ ഇശാഅ് നിസ്കരിക്കുന്നത്. രാവിന്റെ നിസ്കാരം എന്ന പ്രത്യേക പ്രാധാന്യത്തോടുകൂടി തന്നെയാണ് ഇശാഇനെക്കുറിച്ച് തിരുനബിﷺ പഠിപ്പിക്കുകയും അധ്യാപനങ്ങൾ പകർന്നു നൽകുകയും ചെയ്തത്.

 

Tweet 994

പ്രഭാത നിസ്കാരത്തിന്റെ സമയത്തെ കുറിച്ചുള്ള പരാമർശങ്ങൾ കൂടി നമുക്ക് ഒന്ന് വായിച്ചു നോക്കാം. പ്രഭാത നിസ്കാരം അഥവാ സുബ്ഹി ഏത് സമയത്തായിരുന്നു നിസ്കരിച്ചിരുന്നത് എന്നതിൽ കർമശാസ്ത്ര പണ്ഡിതന്മാർക്കിടയിൽ വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ഓരോരുത്തരുടെയും വീക്ഷണങ്ങൾക്ക് നിദാനമായ പ്രമാണങ്ങളുമുണ്ട്. പ്രവാചക പത്നി ആഇശ(റ)യിൽ നിന്ന് നിരവധി പണ്ഡിതന്മാർ നിവേദനം ചെയ്യുന്നു. സുബ്ഹി നിസ്കാരത്തിന് സ്ത്രീകൾ ഹാജരാകാറുണ്ടായിരുന്നു. അവർ പള്ളിയിലേക്ക് വന്നിരുന്നത് ശരീരം മുഴുവനും മറയുന്ന ചേല ചുറ്റിയിട്ടായിരുന്നു. അവർ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ പരസ്പരം ആളുകളെ വ്യക്തമാകുന്ന വിധം നേരം വെളുക്കാറുണ്ടായിരുന്നില്ല.

അഥവാ ഇരുട്ട് അവസാനിക്കുന്നതിന് മുമ്പ് തിരുനബിﷺയുടെ നേതൃത്വത്തിലുള്ള സുബ്ഹി നിസ്കാരം കഴിയാറുണ്ടായിരുന്നു.

ഈ വീക്ഷണത്തെയാണ് ഇമാം ശാഫിഈ(റ) പ്രബലമാക്കിയിട്ടുള്ളത്. അതുകൊണ്ടുതന്നെ ഇത് സംബന്ധമായ ചില അനുബന്ധങ്ങൾ ഇമാം ശാഫിഈ(റ)യിൽ നിന്നു തന്നെ വായിക്കാനുണ്ട്. ഇമാം ശാഫിഈ(റ)യും ബുഖാരി(റ)യും ഉദ്ധരിച്ച ഹദീസിൽ സുബ്ഹി നിസ്കാരം കഴിഞ്ഞ് മടങ്ങുന്ന സ്ത്രീകൾ പരസ്പരം ആളുകളെ വ്യക്തമാകാത്ത വിധം ഇരുട്ട് തീരാത്ത സമയത്തായിരുന്നു പോയിരുന്നത് എന്ന് കാണാം.

ഇമാം ശാഫിഈ(റ) തന്നെ അബൂബർസ(റ)യിൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം പറയുന്നു. തിരുനബിﷺ സുബ്ഹി നിസ്കാരത്തിൽ 60 മുതൽ 100 വരെ സൂക്തങ്ങൾ പാരായണം ചെയ്യാറുണ്ടായിരുന്നു. നിസ്കാരം കഴിഞ്ഞു മടങ്ങുമ്പോൾ അടുത്തിരുന്ന ആൾ ആരായിരുന്നു എന്ന് വ്യക്തമാകുന്ന വിധം നേരം വെളുക്കാറുണ്ടായിരുന്നില്ല.

ഇരുട്ട് അവസാനിക്കുന്നതിനു മുമ്പായിരുന്നു സുബ്ഹി നിസ്കാരം എന്നറിയിക്കുന്ന നിരവധി നിവേദനങ്ങൾ അബ്ദുല്ലാഹിബ്നു സുബൈർ(റ), അബ്ദുല്ലാഹിബ്നു ഉമർ(റ) തുടങ്ങിയ പ്രമുഖരായ സ്വഹാബികളിൽ നിന്ന് തന്നെ ഉദ്ധരിച്ചിട്ടുണ്ട്.

സുബ്ഹി നിസ്കാരം കഴിഞ്ഞ് സലാം വീട്ടുന്നതോടെ നേരം പരപരാ വെളുത്തിരിക്കും എന്ന വീക്ഷണത്തോടൊപ്പമാണ് ഇമാം അബൂഹനീഫ(റ)യും ഹനഫീ മദ്ഹബും സഞ്ചരിക്കുന്നത്. അവരുടെ പക്കൽ അതിന്റേതായ പ്രമാണങ്ങളും നിദാനങ്ങളുമുണ്ട്.

മേൽ പറയപ്പെട്ട രണ്ടു വാദങ്ങളുടെയും ഇടയിൽ നിന്നുകൊണ്ട് വായിക്കാവുന്ന ഒരു നിവേദനം ഇമാം ഇബ്നുമാജ(റ) ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. മുഗീസ് ബിൻ സുമയ്യ(റ) പറഞ്ഞു. ഞാൻ അബ്ദുല്ലാഹിബ്നു ഉമറി(റ)നൊപ്പം സുബ്ഹി നിസ്കരിച്ചു. ഇരുട്ട് പൂർണമായും മാറാത്ത സമയത്തായിരുന്നു അത്. സലാം വീട്ടി കഴിഞ്ഞപ്പോൾ ഞാൻ അബ്ദുള്ളാഹിബ്നു ഉമറി(റ)നോട് ചോദിച്ചു. ഇതെന്ത് നിസ്കാരമാണ്. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ഞങ്ങൾ തിരുനബിﷺയോടൊപ്പവും അബൂബക്കർ(റ), ഉമർ(റ) എന്നിവരോടൊപ്പവും സുബ്ഹി നിസ്കാരം നിർവഹിച്ചിരുന്നത് ഈ സമയത്തായിരുന്നു. എന്നാൽ, സുബ്ഹി നിസ്കാരത്തിന് ഉമർ(റ) കുത്തേറ്റതിനു ശേഷം ഉസ്മാൻ(റ) ഭരണാധികാരി ആയപ്പോൾ അല്പം കൂടി നേരം വെളുക്കാവുന്ന സമയത്തായിരുന്നു സുബ്ഹി ജമാഅത്തായി നിസ്കാരം നിർവഹിച്ചിരുന്നത്.

കർമശാസ്ത്രത്തിലെ രണ്ട് വീക്ഷണങ്ങൾക്കും വിശദീകരിക്കാവുന്ന വിധത്തിലുള്ള ഒരു നിവേദനമാണല്ലോ നാം ഇപ്പോൾ വായിച്ചത്.

സ്ത്രീകൾ ജമാഅത്തിന് പങ്കെടുക്കുകയും സുബ്ഹി നിസ്കരിക്കാൻ വരികയും ചെയ്തു എന്നൊക്കെ വായിക്കുമ്പോൾ ഇന്ന് ആ നിയമം ബാധകമല്ലേ എന്നൊരു ചോദ്യം ഉയർന്നേക്കാം. അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് തന്നെയാണ് ഹദീസുകൾ പറയുന്നത്. എന്നാൽ മറ്റു ഹദീസുകൾ കൂടി പഠിക്കുകയും സ്ത്രീകളുടെ ഏറ്റവും ഉത്തമമായ പള്ളി വീടിന്റെ അകമാണെന്ന തിരുനബിﷺയുടെ പരസ്യ പ്രഖ്യാപനവും നബി കുടുംബത്തിലെ സ്ത്രീകളുടെ ജീവിത മാതൃകയും എല്ലാ സ്ത്രീകളും അനുഷ്ഠിക്കേണ്ട ശാലീനതകളെ കുറിച്ചുള്ള പ്രവാചക പാഠവും എല്ലാം ചേർത്തുവച്ചു വായിക്കുമ്പോൾ സ്ത്രീകൾക്ക് ജുമുഅ, ജമാഅത്തിന് വേണ്ടി പരപുരുഷന്മാരോടൊപ്പം സംബന്ധിക്കാൻ ഇസ്ലാമിക പ്രമാണങ്ങൾ സമ്മതിക്കുന്നില്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.

മഹതിയായ ആഇശ(റ) തന്നെ റിപ്പോർട്ട് ചെയ്ത സ്വീകാര്യമായ ഹദീസിൽ ഇങ്ങനെ കാണാം. തിരുനബിﷺയുടെ കാലശേഷം സ്ത്രീകൾ പുതുതായി സ്വീകരിച്ച നടപടിക്രമങ്ങൾ തിരുനബിﷺ കണ്ടിരുന്നുവെങ്കിൽ സ്ത്രീകളെ പൂർണ്ണമായും പള്ളിയിൽ നിന്ന് വിലക്കുമായിരുന്നു. ഇതുതന്നെയായിരുന്നു പ്രവാചക പത്നിമാരുടെ മുഴുവനും ജീവിതരീതിയും വീക്ഷണവും.

 

 

Tweet 995

മധ്യാഹ്ന നിസ്കാരത്തിൽ തിരുനബിﷺ പരിഗണിച്ചിരുന്ന കാലാവസ്ഥാപരമായ ചില സമീപനങ്ങളെയാണ് നാം വായിക്കുന്നത്.

ശക്തമായ ചൂടുള്ള കാലയളവിൽ ളുഹർ നിസ്കാരം അഥവാ മധ്യാഹ്ന നിസ്കാരത്തിന്റെ സമയം പ്രവേശിച്ചാലും നിസ്കാരം നിർവഹിക്കാൻ വേണ്ടി അല്പം കാത്തുനിൽക്കുമായിരുന്നു. ശക്തമായ ചൂടുള്ള സമയത്തിൽ നിന്നും അന്തരീക്ഷം അല്പം തണുക്കുന്നതിനു വേണ്ടിയായിരുന്നു അപ്രകാരം വൈകിയിരുന്നത്.

ഇമാം ബുഖാരി(റ)യും നസാഇ(റ)യും ഉദ്ധരിക്കുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. ശക്തമായ ചൂടുള്ള കാലത്ത് തിരുനബിﷺ തണുക്കാൻ വേണ്ടി കാത്തു നിൽക്കുകയും തണുപ്പുകാലത്താണെങ്കിൽ വേഗം നിസ്കരിക്കുകയും ചെയ്യുമായിരുന്നു.

ഇമാം അഹ്മദും(റ) ഇബ്നുമാജ(റ)യും ഉദ്ധരിക്കുന്നു. മുഗീറത്തു ബിനു ശുഅ്ബ(റ) പറഞ്ഞു. നിസ്കാരം ഞങ്ങൾ ഉച്ചസമയത്ത് തന്നെ നിർവഹിക്കാറുണ്ടായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കൽ തിരുനബിﷺ പറഞ്ഞു. ശക്തമായ ചൂടുള്ള സമയത്ത് നിങ്ങൾ അന്തരീക്ഷം അല്പം തണുക്കാൻ വേണ്ടി കാത്തിരുന്നോളൂ. ശക്തമായ ചൂട് നരകാഗ്നി പോലെയാണ്.

ഇമാം അഹ്മദും(റ) ബുഖാരി(റ)യും മുസ്ലിമും(റ) ഒക്കെ നിവേദനം ചെയ്യുന്നു. അബൂദർ(റ) പറഞ്ഞു. ഞങ്ങൾ ഒരിക്കൽ തിരുനബിﷺയോടൊപ്പം യാത്രയിലായിരുന്നു. മധ്യാഹ്നമായപ്പോൾ മുഅദ്ദിൻ ളുഹറിന് ബാങ്ക് കൊടുക്കാൻ ഒരുങ്ങി. അപ്പോൾ അദ്ദേഹത്തോട് തിരുനബിﷺ പറഞ്ഞു. അല്പം ഒന്ന് തണുക്കട്ടെ. അല്പം കഴിഞ്ഞ് അദ്ദേഹം നിഴൽ നീങ്ങി തുടങ്ങിയപ്പോൾ വീണ്ടും ബാങ്ക് കൊടുക്കാൻ ഉദ്ദേശിച്ചപ്പോൾ നബിﷺ പറഞ്ഞു. അല്പം ഒന്ന് തണുപ്പിക്കൂ. ശക്തമായ ചൂട് നരകാഗ്നിയുടെ ഭാഗമാണ്. ശക്തമായ ഉഷ്ണമുള്ളപ്പോൾ നിങ്ങൾ നിസ്കരിക്കാൻ അല്പം തണുക്കാൻ കാത്തു നിന്നോളൂ.

ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. അനസു ബിൻ മാലിക്(റ) പറഞ്ഞു. ഉഷ്ണ കാലങ്ങളിൽ തിരുനബിﷺ ളുഹർ നിസ്കരിക്കാൻ വൈകുമായിരുന്നു. പകലിൽ നിന്ന് എത്ര ബാക്കിയുണ്ട് എത്ര കഴിഞ്ഞു പോയി എന്ന് ചിന്തിക്കാവുന്ന വിധത്തിൽ ചിലപ്പോൾ അവിടുന്ന് വൈകിക്കാറുണ്ടായിരുന്നു.

ഒന്നുകൂടി കണക്കുകൾ വച്ചുകൊണ്ടുള്ള മറ്റൊരു നിവേദനം ഇമാം നസാഈ(റ) ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞു. തിരുനബിﷺയുടെ നിസ്കാരം ശൈത്യകാലത്ത് മൂന്നടിയും ഉഷ്ണകാലത്ത് അഞ്ചടിയുമായിരുന്നു. അഥവാ ഒരു വസ്തുവിന്റെ നിഴൽ 90 സെന്റീമീറ്റർ മുതൽ 80 വരെ ആകുന്ന സമയത്തും 150 മുതൽ 210 വരെ ആകുന്ന സമയത്തുമായിരുന്നു.

ഇസ്ലാം പരിസരത്തെയും പരിസ്ഥിതികളെയും എല്ലാം കൃത്യമായി അറിയുകയും പരിഗണിക്കുകയും ചെയ്യുന്നു. ആരാധനാ കർമങ്ങളിൽ പോലും കൃത്യമായ പ്രകൃതിയോട് ചേർന്ന വായന നമുക്ക് സ്വതന്ത്രമായി തന്നെ കണ്ടെടുക്കാൻ കഴിയും.

തിരുനബിﷺയുടെ വൈജ്ഞാനിക സമീപനങ്ങളും അധ്യാപന രീതികളും വിശാലമായ സ്വതന്ത്ര പഠനങ്ങൾക്ക് തന്നെ വഴിയുള്ളതാണ്. തിരുനബിﷺയോട് ഒറ്റപ്പെട്ട ഒരു സംഭവത്തെക്കുറിച്ച് മതവിധി അന്വേഷിച്ചാൽ പൊതുവായ ചരിത്രങ്ങളെ ചേർത്തുവച്ചു കൊണ്ടായിരിക്കും അവിടുന്ന് മറുപടി പറയുക. ഒരിക്കൽ സ്വഹാബികളിൽ ഒരാൾ ചോദിച്ചു. കപ്പൽ യാത്രയ്ക്കിടയിൽ കുടിക്കാനുള്ള വെള്ളം ശേഖരിച്ചതിൽ നിന്ന് ഞങ്ങൾ വുളൂഅ് ചെയ്താൽ പിന്നെ കുടിക്കാൻ വെള്ളമുണ്ടാകില്ല. അത്തരം സന്ദർഭങ്ങളിൽ ഞങ്ങൾക്ക് കടലിൽ നിന്ന് വുളൂഅ് ചെയ്യാൻ പറ്റുമോ? ഒറ്റപ്പെട്ട ഒരു ജീവിതാവസ്ഥയെ കുറിച്ച് സംശയനിവാരണത്തിന് ഒരുങ്ങിയ സ്വഹാബികളോട് ഒരുപാട് വിജ്ഞാന കുമ്പങ്ങളെ നിറച്ചു വെച്ച സമഗ്രമായ ഒരു മറുപടിയായിരുന്നു നൽകിയത്. കടലിലെ വെള്ളം ശുദ്ധവും അതിലെ മത്സ്യം അനുവദനീയവുമാണ് അഥവാ കടലിൽ നിന്നുള്ള ശവം.

കടന്നു വരാനുള്ള ഒരുപാട് സംശയങ്ങൾക്കുള്ള നിവാരണം സമഗ്രമായി ഈ രണ്ടു വാചകങ്ങളിലുണ്ടായിരുന്നു. പ്രാഥമിക ആവശ്യ നിർവഹണം കഴിഞ്ഞ് ശുദ്ധീകരിക്കാമോ എന്ന് ചോദിച്ചപ്പോഴേക്ക് സർവ്വത്രശുദ്ധീകരണത്തിനും യോഗ്യമായ വെള്ളമാണ് കടൽ വെള്ളമെന്ന വിശാലമായ നിയമതത്വത്തെയാണ് തിരുനബിﷺ പകർന്നുകൊടുത്തത്. ഇതുപോലെ ഇസ്ലാം ജീവിതത്തിന്റെ എല്ലാ സമഗ്രതകളും വായിച്ചുകൊണ്ടേയിരിക്കുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

 

Twwet 996

ചൂടുകാലങ്ങളിൽ മധ്യാഹ്ന നിസ്കാരം അല്പം വൈകി നിസ്കരിച്ചതുപോലെ സവിശേഷമായ ഒരു ചർച്ചയാണ് നിശാ നിസ്കാരം അഥവാ ഇശാഅ് സമയം പ്രവേശിച്ചതിനുശേഷം വീണ്ടും വൈകി നിസ്കരിക്കുന്നത്. ഇമാം അഹ്മദ്(റ), അബൂദാവൂദ്(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നു. നുഅ്മാന് ബിൻ ബശീർ(റ) പറഞ്ഞു. ഈ നിസ്കാരത്തിന്റെ അഥവാ ഇശാഅ് നിസ്കാരത്തിന്റെ സമയം എനിക്ക് നന്നായി അറിയാം. തിരുനബിﷺ ഇശാഅ് നിസ്കരിച്ചിരുന്നത് ചന്ദ്രൻ അതിന്റെ മൂന്നാം ഭ്രമണപഥത്തിലേക്ക് കടന്നതിനുശേഷമായിരുന്നു. അഥവാ രാത്രിയുടെ മൂന്നാം പാദത്തിൽ.

ഇമാം ബുഖാരി(റ), മുസ്ലിം(റ), നസാഈ(റ) എന്നിവർ നിവേദനം ചെയ്യുന്നു. മഹാനായ അനസുബ്നു മാലിക്(റ) പറഞ്ഞു. ഇശാഅ് നിസ്കാരം തിരുനബിﷺ അർദ്ധരാത്രി വരെ വൈകിച്ചു. രാത്രിയുടെ പകുതിയിൽ അവിടുന്ന് നിർവഹിച്ചു. ശേഷം, ഇങ്ങനെ പറഞ്ഞു. ജനങ്ങളൊക്കെ നിസ്കാരം കഴിഞ്ഞ് ഉറങ്ങി അല്ലേ! എന്നാൽ നിങ്ങൾ ഒന്നറിയണം! നിങ്ങൾ നിസ്ക്കാരത്തിനു വേണ്ടി പ്രതീക്ഷിച്ചിരിക്കുന്ന സമയം മുഴുവനും നിസ്കാരത്തിലുള്ളതുപോലെ പ്രതിഫലാർഹമാണ്.

ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. ഒരു രാത്രിയിൽ ഞങ്ങൾ തിരുനബിﷺയെ പ്രതീക്ഷിച്ചിരുന്നു. രാത്രിയുടെ മൂന്നിൽ ഒരു ഭാഗം കഴിഞ്ഞപ്പോൾ തിരുനബിﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു. അവിടുന്ന് വീട്ടുകാര്യങ്ങളിലോ മറ്റോ വ്യാപൃതരായിരുന്നതാണോ? അല്ലേ? ഞങ്ങൾക്കറിയില്ല. ഏതായാലും അവിടുന്ന് കടന്നുവന്നപ്പോൾ ഞങ്ങളോട് ചോദിച്ചു. നിങ്ങൾ ഇപ്പോഴും ഇവിടെ കാത്തിരിക്കുകയാണ്. അല്ലേ! നിങ്ങളല്ലാതെ ഒരു മതത്തിന്റെ ആളുകളും ഇങ്ങനെ കാത്തിരിക്കില്ല. എന്റെ സമുദായത്തിന് ഭാരമാകുമായിരുന്നില്ലെങ്കിൽ എന്നും ഞാൻ ഇശാഅ് ഈ സമയത്ത് നിസ്കരിക്കുമായിരുന്നു.

ഇമാം അഹ്മദും(റ) ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം. നിസ്കാരത്തിന് ഇഖാമത് വിളിച്ചപ്പോൾ ഒരാൾ തിരുനബിﷺയോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. സ്വഹാബികളൊക്കെ ഉറങ്ങും വരെ സംഭാഷണം നീണ്ടു. ശേഷം, നബിﷺ എഴുന്നേറ്റ് നിസ്കരിക്കുകയും ചെയ്തു.

സാധാരണയിൽ ഇശാഅ് നിസ്കരിക്കേണ്ട സമയത്തെക്കുറിച്ചുള്ള പരാമർശങ്ങൾ നാം വായിച്ചു പോയി. സവിശേഷമായ മഹത്വത്തോടുകൂടി തിരുനബിﷺ എപ്പോഴൊക്കെയായിരുന്നു നിസ്കരിച്ചിരുന്നത് എന്നതാണ് ഇപ്പോൾ നാം വായിച്ചത്. അപൂർവമായി ആ ജീവിതത്തിൽ ഒരു രാത്രി കടന്നുപോയത് എങ്ങനെ എന്നും മറ്റൊരു നിവേദനം നമ്മെ പരിചയപ്പെടുത്തി. തിരുനബിﷺയുടെ ജീവിതത്തെ എത്രമേൽ സൂക്ഷ്മമായിട്ടാണ് സ്വഹാബികൾ വായിച്ചത്. എത്രമേൽ കൃത്യതയോടു കൂടിയാണ് അവർ പകർത്തിയത്. ആ ജീവിതത്തിന്റെ ദിനചര്യകളെ ഒന്നോ രണ്ടോ ദിവസം വച്ചുകൊണ്ട് പൊതുമാനം തീർത്ത് പരിചയപ്പെടുത്തുകയായിരുന്നില്ല. മറിച്ച്, ഓരോ വ്യത്യാസങ്ങളെയും വ്യതിയാനങ്ങളെയും കൃത്യമായി അവർ നിരീക്ഷിച്ചു. ഓരോ വചനങ്ങളും രൂപപ്പെടുത്തിയ നിയമങ്ങളെയും മഹത്വങ്ങളെയും അടയാളപ്പെടുത്തി.

തിരുനബിﷺയുടെ ജീവിതത്തെ പകർത്താൻ ആഗ്രഹിക്കുന്നവർ ഏതു ശ്രേഷ്ഠമായ ചിത്രമാണ് പിന്തുടരേണ്ടത് എന്ന് കൃത്യമായി ലോകത്തിന് ദിശ നൽകി. ലോകത്ത് മറ്റേതെങ്കിലും ജീവിതത്തെ ഇത്രമേൽ ചൂഴ്ന്നു പഠിക്കുകയും ഇത്രമേൽ ചൂഴ്ന്ന് അനുകരിക്കപ്പെടുകയും ചെയ്യുന്നുണ്ടോ? കേവലമായ ചില ആരാധനാകർമങ്ങളെയും പ്രകടനപരമായ ചില കർമങ്ങളെയും രേഖപ്പെടുത്തി പോവുക എന്നതിനപ്പുറം ഓരോന്നിനെയും അതിസൂക്ഷ്മമായി ഇഴകീറി പറയാനും പരിചയപ്പെടുത്താനും അതിൽനിന്ന് നിയമനിർദ്ധാരണങ്ങൾ നടത്താനും ഏതു ജീവിതത്തെയാണ് ലോകത്ത് നമുക്ക് വായിക്കാൻ കിട്ടുക?

നിസ്കാരം സാധാരണ നിർവഹിക്കുന്ന സമയത്തിൽ നിന്ന് വ്യത്യസ്തമായി തിരുനബിﷺ നിർവഹിച്ച മറ്റൊരു രംഗം കൂടിയുണ്ട്. ജോഡികളായ രണ്ടു സമയത്തെ നിസ്കാരങ്ങൾ തമ്മിൽ ചേർത്തു നിസ്കരിക്കുക. അഥവാ ജംആക്കുക എന്നതാണ് ആ രീതി. അതുപ്രകാരം ളുഹറും അസറും ളുഹറിന്റെ സമയത്ത് മുൻകൂട്ടി ജംആക്കിയോ അസറിന്റെ സമയത്ത് പിന്തിച്ച് ജംആക്കിയോ മഗ്‌രിബും ഇശാഉം മഗ്‌രിബിന്റെയോ ഇശാഇന്റെയോ സമയത്ത് നിർവഹിക്കുന്ന രീതിയാണിത്. സവിശേഷമായ നിബന്ധനകളോടെ അനുവദിക്കപ്പെട്ട ഒരു ആനുകൂല്യം കൂടിയാണത്.

തിരുനബിﷺ സമയത്തിൽ നിന്ന് വ്യത്യസ്തമായി നിസ്കരിച്ച നിസ്കാരങ്ങളെ എണ്ണുമ്പോൾ അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) തിരുനബിﷺ ജംആക്കി നിസ്കരിച്ച നിസ്കാരങ്ങളെ കുറിച്ച് പറയുന്നുണ്ട്. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) പ്രസ്തുത ഹദീസ് നിവേദനം ചെയ്തിട്ടുമുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

 

Tweet 997

തിരുനബിﷺയുടെ നിസ്കാരവും അനുബന്ധ വായനകളും നിർവഹിക്കുമ്പോൾ വാങ്കുമായി ബന്ധപ്പെട്ട ചില പരാമർശങ്ങൾ കൂടി നമുക്ക് അറിയാനുണ്ട്. തിരുനബിﷺ വാങ്ക് കൊടുത്തിരുന്നു എന്നതിൽ പണ്ഡിതന്മാർക്കിടയിൽ ചർച്ചയുണ്ട്. തിരുനബിﷺ വാങ്ക് കൊടുത്തിട്ടുണ്ട് എന്ന അഭിപ്രായമാണ് ഇമാം നവവി(റ) ശറഹുൽ മുഹദ്ദബിൽ പറഞ്ഞത്. ഒരിക്കൽ തിരുനബിﷺ വാങ്ക് കൊടുത്തിരുന്നു എന്ന അഭിപ്രായത്തോട് ഇമാം ഇബ്നു രിഫ്അ(റ)യും ഇമാം സുബുഖി(റ)യും യോജിക്കുന്നുണ്ട്. തിരുനബിﷺ ഈ ചര്യ പഠിപ്പിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. സ്വയമായി അവിടുന്ന് വാങ്ക് കൊടുക്കുക എന്ന കർമം നിർവഹിച്ചിട്ടില്ല എന്നു പറഞ്ഞവർ പ്രമാണങ്ങളിൽ അശ്രദ്ധരാണെന്ന് പണ്ഡിതന്മാർ വിശദീകരിക്കുന്നുണ്ട്.

ഇമാം അഹ്മദും(റ) തുർമുദി(റ)യും മറ്റും നിവേദനം ചെയ്യുന്നു. യഅ്ല ബിൻ മുർറ(റ) എന്ന സ്വഹാബി പറഞ്ഞു. ഒരിക്കൽ ഞങ്ങൾ ഒരു യാത്രയിലായിരുന്നു. മളീഖ് പ്രദേശത്തേക്ക് എത്തിയപ്പോൾ ആകാശം മേഖാവൃതമാവുകയും മഴ പെയ്യുകയും ചെയ്തു. നിലത്തു നിന്ന് നനവും കയറാൻ തുടങ്ങി. തിരുനബിﷺ അവിടുത്തെ വാഹനപ്പുറത്തിരുന്ന് വാങ്ക് കൊടുത്തു. ഇഖാമത്ത് കൊടുത്ത ശേഷം വാഹനത്തിൽ തന്നെ അല്പം മുന്നോട്ട് നിന്ന്, വാഹനപ്പുറത്ത് വച്ചുതന്നെ നിസ്കരിച്ചു. പല അനുഷ്ഠാനങ്ങളും ആംഗ്യം കാണിച്ചുകൊണ്ടാണ് പൂർത്തീകരിച്ചത്. സുജൂദിന്റെ സമയമായപ്പോൾ പരമാവധി കുനിയുകയും ചെയ്തു.

തിരുനബിﷺ വാങ്ക് കൊടുത്ത ഒരു സന്ദർഭത്തെ ഉദ്ധരിക്കുകയാണ് ചെയ്തത്. ഈ നിവേദനം ഇമാം നവവി(റ)യും ശറഫുൽ മുഹദ്ദബിൽ ഉദ്ധരിച്ചിട്ടുണ്ട്.

ബാങ്ക് കൊടുക്കുന്നതിന്റെ മഹത്വം തിരുനബിﷺ പഠിപ്പിക്കുകയും ആ മഹത്വത്തിലേക്ക് മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്തു. ഇമാമത്ത് നിൽക്കുക എന്നതിൽ അതിനേക്കാൾ ശ്രേഷ്ഠമായ കർമം നിർവഹിക്കുകയായിരുന്നു തിരുനബിﷺ ഏറ്റെടുത്തിരുന്നത്. തിരുനബിﷺയുടെ വാങ്ക്കാരായി അഥവാ മുഅദ്ദിൻമാരായി പ്രഗൽഭരായ നാലുപേരുണ്ടായിരുന്നു. ആദ്യമായി വാങ്ക് കൊടുത്ത ബിലാലു ബിൻ റബാഹും(റ) അന്ധത ബാധിച്ചിരുന്ന മഹാനായ അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂമും(റ) മദീനയിലും സഅദ് ബിൻ ഖറള്(റ) ഖുബ പള്ളിയിലും ഔസ് ബിൻ മുഗീറ(റ) അഥവാ അബു മഹ്ദൂറ(റ) മക്കയിലും എന്നിങ്ങനെയായിരുന്നു തിരുനബിﷺയുടെ മുഅദ്ദിൻമാർ ഉണ്ടായിരുന്നത്. അബു മഹ്ദൂറ(റ) വാങ്ക് കൊടുക്കുമ്പോൾ വാങ്കിലെയും ഇഖാമത്തിലെയും വാചകങ്ങൾ രണ്ടു പ്രാവശ്യം വീതം ചൊല്ലിയിരുന്നു. എന്നാൽ ബിലാൽ(റ) വാങ്ക് കൊടുത്തപ്പോൾ വാങ്കിലെ വാചകങ്ങൾ രണ്ടുപ്രാവശ്യവും ഇഖാമത്തിലെ വാചകങ്ങൾ ഒരു പ്രാവശ്യവുമാണ് ചൊല്ലിയിരുന്നത്. സ്വഹാബികൾക്കിടയിലുണ്ടായിരുന്ന ഈ വ്യത്യാസങ്ങൾ പിൽക്കാലത്ത് മദ്ഹബുകളിലെ വ്യത്യാസങ്ങളായി നിലനിൽക്കുന്നു.

തിരുനബിﷺയുടെ നിസ്കാരങ്ങളിൽ പതിവായി ആരൊക്കെയായിരുന്നു വാങ്കും ഇഖാമതും കൊടുത്തിരുന്നത് എന്നതിൽ വിശദമായ പഠനങ്ങളുണ്ട്. മദീനയിലായിരിക്കെ കൂടുതൽ സമയവും ബിലാൽ(റ) തന്നെയായിരുന്നു. അബ്ദുല്ലാഹിബ്നു ഉമ്മു മക്തൂമി(റ)ന്റെ വാങ്കിനെക്കുറിച്ചും സുബ്ഹിക്ക് മുമ്പ് തഹജ്ജുദിന് സമയത്തു കൊടുത്തിരുന്ന വാങ്കിനെക്കുറിച്ചും എല്ലാം ഗ്രന്ഥങ്ങളിൽ വിശദമായ പരാമർശങ്ങളുണ്ട്.

ഇസ്ലാമിന്റെ സവിശേഷമായ ഒരു അടയാളമായി ലോകത്തു മുഴുവനും നിലനിൽക്കുന്ന പ്രകടമായ ഒരു കർമമാണല്ലോ വാങ്ക്. അതിന്റെ വാചകങ്ങളും അതുൾക്കൊള്ളുന്ന ആശയ വ്യാപ്തിയും ഇസ്ലാമിന്റെ അടിസ്ഥാന വിശ്വാസങ്ങളെയും പ്രാഥമിക വാചകങ്ങളെയും നിരന്തരമായി ഓർമപ്പെടുത്തുന്നതാണ്. ദിനചര്യകളിലും നിത്യ ജോലികളിലും വ്യാപൃതരായിരിക്കുന്ന ആളുകളെ നിത്യേന അഞ്ചുതവണ സവിശേഷമായ ഒരു ആരാധനയിൽ ചിട്ടപ്പെടുത്തുക എന്നത് ലോകത്ത് തന്നെ അത്ഭുതമായി നിരന്തരമായി തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയാണ്. ലോകത്ത് മറ്റൊരു മതത്തിനും ദർശനത്തിനും ഇത്രയും കൃത്യവും നിരന്തരവുമായ ഒരു പിന്തുടർച്ച കാണാനാവില്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 998

ഇമാം ഇബ്നു അബീ ശൈബ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം. മഹതി ആഇശ(റ) പറഞ്ഞു. തിരുനബിﷺക്ക് മൂന്ന് മുഅഃദ്ദിൻമാരായിരുന്നു ഉണ്ടായിരുന്നത്. ബിലാൽ(റ), അബൂ മഹ്ദൂറാ(റ), അബ്ദുല്ലാഹിബിന് ഉമ്മി മക്തൂം(റ).

അബ്ദുല്ലാഹിബ്നു ഉമർ(റ) ഒരനുഭവം പങ്കുവെക്കുന്നു. ഒരു ദിവസം ബിലാൽ(റ) വാങ്ക് കൊടുക്കാൻ വൈകി. സമയമായപ്പോൾ മറ്റൊരാൾ വാങ്ക് കൊടുത്തു. ഇഖാമത്തിന്റെ സമയമായപ്പോൾ ബിലാൽ(റ) മുന്നോട്ടുവന്നു. അപ്പോൾ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. വാങ്ക് കൊടുത്ത ആൾ തന്നെ ഇഖാമത്തും കൊടുക്കട്ടെ.

ഈ സംഭവത്തിൽ നിന്ന് ശ്രേഷ്ഠമായ രൂപം ഏതാണെന്ന് മുസ്ലിം ലോകം മനസ്സിലാക്കി. ഇതുപോലെ ഓരോ സംഭവങ്ങളും എക്കാലത്തേക്കും പകർത്താനുള്ള ചര്യകളും ചിട്ടകളുമായി മാറി.

അബൂ മഹ്ദൂറ(റ) തിരുനബിﷺയുടെ അനുയായി ആകുന്നതിന് പിന്നിൽ ഒരു കഥയുണ്ട്. ഇമാം അഹ്മദ്(റ), ബൈഹഖി(റ), നസാഈ(റ) തുടങ്ങി പണ്ഡിതന്മാർ നിവേദനം ചെയ്യുന്നു. അബൂ മഹ്ദൂറ(റ) തന്നെ പറഞ്ഞു. ഞാനൊരു സംഘത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്നു. ഹുനൈൻ യുദ്ധം കഴിഞ്ഞ് മടങ്ങുന്ന നബിﷺയെയും സംഘത്തെയും ഞങ്ങൾ വഴിയിൽ വച്ച് കണ്ടുമുട്ടി. നിസ്കാര സമയമായപ്പോൾ നബിﷺയുടെ മുഅദ്ദിൻ വാങ്ക് കൊടുത്തു. വാങ്ക് കൊടുക്കുന്ന ശബ്ദം കേട്ടപ്പോൾ ഞങ്ങൾ കളിയാക്കുകയും പരിഹസിക്കുകയും ഒച്ചയിടുകയും ചെയ്തു.

വാങ്ക് അവസാനിച്ചപ്പോൾ ഞങ്ങളുടെ യാത്രാ സംഘത്തിലേക്ക് നബിﷺ ആളെ അയച്ചു. ആരാണ് ശബ്ദമുയർത്തിയതെന്നും ഒച്ചപ്പാട് ഉണ്ടാക്കിയതെന്നും അന്വേഷിച്ചു. ഞങ്ങളെല്ലാവരും നബിﷺയുടെ മുമ്പിൽ ഹാജരാക്കപ്പെട്ടു. കൂട്ടത്തിലുള്ള എല്ലാവരും പറഞ്ഞു ഞാനാണ് ഒച്ച ഉണ്ടാക്കിയതെന്ന്. അത് ശരിയുമായിരുന്നു. കൂടെയുള്ളവരെ എല്ലാം വിട്ടയക്കുകയും എന്നെ തടഞ്ഞു വെക്കുകയും ചെയ്തു. അവിടെ വച്ച് നബിﷺ എന്നോട് പറഞ്ഞു. വാങ്ക് കൊടുക്കാൻ. ഞാൻ എഴുന്നേറ്റു നിന്നു. ആ സമയത്ത് ഭൂലോകത്ത് എനിക്ക് ഏറ്റവും വെറുപ്പ് ഈ പ്രവാചകനോടായിരുന്നു.

പ്രവാചകൻﷺ തന്നെ വാങ്കിന്റെ വാചകങ്ങൾ ഓരോന്നോരോന്നായി പറഞ്ഞു. ശേഷം ഏറ്റു ചൊല്ലാൻ എന്നോട് ആവശ്യപ്പെട്ടു. ശേഷം, എനിക്ക് അവിടുന്ന് ഒരു കിഴി സമ്മാനിക്കുകയും എൻ്റെ മൂർദ്ധാവിൽ നബിﷺയുടെ കരങ്ങൾ വച്ച് ഒന്ന് തലോടുകയും ചെയ്തു. തിരുനബിﷺയുടെ തിരു കരങ്ങൾ എൻ്റെ മാറിലൂടെ കടന്നുപോയി. അപ്പോൾ എനിക്ക് അനുഗ്രഹത്തിനു വേണ്ടി അവിടുന്ന് പ്രാർഥിച്ചു. അപ്പോൾ ഞാൻ പ്രവാചകനോﷺട് പറഞ്ഞു. മക്കയിൽ വാങ്ക് കൊടുക്കാൻ എന്നെ ഏൽപ്പിക്കണം. അതെ, സമ്മതം നൽകിയിരിക്കുന്നു എന്ന് തിരുനബിﷺ എന്നോട് പറഞ്ഞു. ഇത്രയുമായപ്പോഴേക്കും പ്രവാചകനോﷺടുള്ള എല്ലാ അനിഷ്ടവും നീങ്ങി. എനിക്ക് ലോകത്തേക്ക് ഏറ്റവും ഇഷ്ടമുള്ള വ്യക്തിയായി തിരുനബിﷺ മാറി. തിരുനബിﷺയുടെ മക്കയിലെ ഗവർണറായിരുന്ന ഇതാബ് ബിൻ ഉസൈദി(റ)ന്റെ അടുക്കലേക്ക് ഞാൻ പോയി. ഞാൻ മക്കയിലെ മുഅദ്ദിനായി മാറി.

ഒരു നിവേദനത്തിൽ ഇങ്ങനെയാണുള്ളത്. തിരുനബിﷺ അബൂ മഹ്ദൂറ(റ)യോട് പറഞ്ഞു. ബിലാലി(റ)നെ കാണാത്തപ്പോൾ നിങ്ങൾ വാങ്ക് കൊടുത്തോളൂ.

ഒരു തലോടലും സമീപനവും കൊണ്ട് ഒരാൾ എത്രമേൽ തിരുനബിﷺയുടെ പ്രിയപ്പെട്ട വ്യക്തിയായിരിക്കുന്നു. ഈ കഥനത്തിലൂടെ നാം വായിച്ചു കഴിഞ്ഞു. അബൂ മഹ്ദൂറ(റ) പിന്നീട് നബിﷺക്ക് ഏറ്റവും പ്രിയപ്പെട്ടവരിൽ ഒരാളായി. അദ്ദേഹത്തിൻ്റെ പരമ്പരയാണ് ഇന്നും മക്കയിൽ ബാങ്ക് കൊടുക്കുന്നത്. ബിലാലി(റ)ന്റെ ബാങ്കൊലികൾക്ക് ആഫ്രിക്കയിലെ ഒരു എത്ത്യോപ്പ്യൻ സ്ലാംഗ് ഉണ്ടായിരുന്നുവത്രേ. എന്നാൽ, അടിസ്ഥാനപരമായി തന്നെ അറബിയായിരുന്ന അബൂ മഹ്ദൂറ(റ)യുടെ വാങ്ക് അറേബ്യൻ ഉച്ചാരണങ്ങളോട് ഏറ്റവും ചേർന്നു നിൽക്കുന്നതായിരുന്നു.

പരിഹാസവുമായി വന്നവർ പ്രിയപ്പെട്ടവരായി മാറുന്ന മഹാ കൗതുകങ്ങൾ നബി സമക്ഷത്തിൽ ഇതാദ്യമായിരുന്നില്ല. ഇസ്ലാമിക ചരിത്രത്തിലെ നിരവധി അധ്യായങ്ങൾ നമ്മെയേറെ ആലോചിപ്പിക്കുന്ന ഒരുപാട് കൗതുകങ്ങൾ നിറഞ്ഞതാണ്. കൊന്നവരും കൊല്ലപ്പെട്ടവരും സ്വർഗത്തിൽ വരുന്ന നിരവധി സന്ദർഭങ്ങൾക്ക് ഈ ചരിത്രം സാക്ഷിയായിട്ടുണ്ട്; കൊല്ലാൻ വാളെടുത്തു വന്നവർ കാവൽക്കാരും പ്രിയപ്പെട്ടവരുമായ ഒട്ടനേകം അനുഭവങ്ങളും.

വാങ്കും തിരുനബിﷺയും എന്ന അധ്യായത്തിന് ഇനിയും ചിലത് കൂടി നമ്മോട് പറയാനുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 999

വാങ്ക് കേൾക്കുമ്പോൾ തിരുനബിﷺയുടെ പതിവ് എന്തായിരുന്നു എന്ന് പരാമർശിക്കുന്ന നിരവധി ഹദീസുകളുണ്ട്. ഇമാം അഹ്മദും(റ) ഇബ്നുമാജ(റ)യും നിവേദനം ചെയ്യുന്നു. ഉമ്മു ഹബീബ(റ) പറഞ്ഞു. മഹതിയുടെ അടുക്കൽ തിരുനബിﷺ ഉണ്ടായിരുന്ന പകലിൽ വാങ്ക് കേൾക്കുന്ന നേരത്ത് മുഅദ്ദിൻ പറയുന്ന മന്ത്രങ്ങൾ തിരുനബിﷺ ഏറ്റുചൊല്ലുമായിരുന്നു. വാങ്ക് കേൾക്കുമ്പോൾ ‘അശ്ഹദു അല്ലാഇലാഹ ഇല്ലല്ലാഹ് വഅശ്ഹദു അന്ന മുഹമ്മദർറസൂലുല്ലാഹ’ എന്ന് തിരുനബിﷺ പറയാറുണ്ടായിരുന്നു എന്ന് മഹതി ആഇശ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം.

ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ വായിക്കാം. വാങ്ക് കേൾക്കുന്ന നേരത്ത് തിരുനബിﷺ വാങ്കിന്റെ വാചകങ്ങൾ അതേപടി തന്നെ ചൊല്ലുമായിരുന്നു. എന്നാൽ ‘ഹയ്യ അലസ്സ്വലാഹ്’ എന്ന വാചകം എത്തുമ്പോൾ അതേ വാചകം ഏറ്റുചൊല്ലുന്നതിനു പകരം ലാഹൗല….. എന്നായിരുന്നു ചൊല്ലാറുണ്ടായിരുന്നത്.

കോടിക്കണക്കിന് ജനങ്ങൾ ചൊല്ലിക്കൊണ്ടിരിക്കുന്ന മന്ത്രങ്ങൾ ഒന്നര സഹസ്രാബ്ദത്തോളം മുമ്പ് പ്രവാചകൻﷺ ചൊല്ലി കാണിച്ചതായിരുന്നു എന്ന് വരുമ്പോൾ ആത്മീയമാനങ്ങൾക്കപ്പുറം അനുകരണത്തിന്റെ ആധികാരികമായ ഒരു ചരിത്രപരത കൂടി നമുക്ക് ഇതിൽ വായിക്കാനുണ്ട്. അന്ന് പ്രവാചകൻﷺ ചൊല്ലിയ വാചകങ്ങൾ അതേ അളവിലും അർഥത്തിലും മായം ചേരാതെ പരകോടികൾ നിത്യജീവിതത്തിൽ ചൊല്ലിക്കൊണ്ടിരിക്കുന്നു എന്നത് ലളിതമായി പരാമർശിച്ചു പോകേണ്ട ഒരു കാര്യമല്ല. സമാനമായ ഒരു ദിനചര്യയെ മറ്റേതെങ്കിലും ഗുരുവിൽ നിന്നോ പ്രവാചകനിൽ നിന്നോ ലോകം അനുകരിക്കുന്നില്ല. മുഹമ്മദ് നബിﷺ അനുകരിക്കപ്പെടുന്നതിന്റെയും അനുധാവനം ചെയ്യപ്പെടുന്നതിന്റെയും ദൈനംദിന കാഴ്ചകളിൽ പലതിൽ ഒന്നു മാത്രമാണ് ഈ മന്ത്രങ്ങളും അതിന്റെ ഉച്ചാരണങ്ങളും.

വാങ്കൊലികൾ കേട്ടു കഴിഞ്ഞാൽ സവിശേഷമായ ഒരു പ്രാർഥന കൂടി പ്രവാചകൻﷺ നിർവഹിക്കാറുണ്ടായിരുന്നു. ആശയം ഇങ്ങനെയാണ്. സമ്പൂർണ്ണമായ വീക്ഷണത്തിന്റെ അധിപനായ അല്ലാഹുവേ. നിലനിൽക്കുന്ന പ്രാർഥനയാകുന്ന നിസ്കാരത്തിന്റെ അധിപനായ പടച്ചവനേ. മുഹമ്മദ് നബിﷺക്ക് മഖാമുൻ മഹ്മൂദ് എന്ന ശ്രേഷ്ഠമായ പദവി നൽകേണമേ! ‘വസീല’, ‘ഫളീല’ എന്നീ മഹത്വങ്ങളും പ്രദാനം ചെയ്യേണമേ!

പ്രവാചക അനുയായികൾ നിത്യജീവിതത്തിൽ തിരുനബിﷺയുടെ പരലോകത്തെ ഉന്നത പദവികളെ കുറിച്ച് ഓർക്കുകയും അത് പ്രവാചകർﷺക്ക് ലഭിക്കട്ടെ എന്ന് ആശംസിക്കുകയും ചെയ്യുന്നു. മേൽ പറയപ്പെട്ട പദവികളെല്ലാം അല്ലാഹു പ്രിയപ്പെട്ട പ്രവാചകന്ﷺ നിശ്ചയിച്ചു വെച്ചിട്ടുള്ളതാണ്. വിശ്വാസികൾ ആ മഹത്വം എടുത്തു പറയുകയും പ്രവാചകനെﷺ ആശംസിക്കുകയുമാണ് ചെയ്യുന്നത്.

വിശ്വാസികളുടെ പ്രാർഥന കൊണ്ട് തിരുനബിﷺക്ക് ലഭിക്കേണ്ടതോ അല്ലാഹുവിൽ നിന്ന് അപേക്ഷിച്ചു വാങ്ങി കൊടുക്കുന്നതോ അല്ല. മറിച്ച് അത്യുന്നതമായ പദവിയെ ഓർക്കുകയും തിരുനബിﷺയോടുള്ള മഹത്വവും ബഹുമാനവും ഒരിക്കൽ കൂടി മനസ്സിലും വാചകങ്ങളിലും ഉറപ്പിക്കുകയും ചെയ്യുകയാണ്. പ്രവാചകന്ﷺ ലഭിക്കുന്ന ഓരോ പദവികളും അനുയായികൾക്ക് കൂടി ആനന്ദിക്കാനുള്ളതും പ്രസ്തുത പദവികൾ വഴി അനുയായികൾക്ക് ഒരുപാട് അനുഗ്രഹം ലഭിക്കുന്നതുമാണ്. അപ്രകാരം ഒരു ആത്മബന്ധത്തിന്റെയും ആനുകൂല്യം പ്രതീക്ഷിച്ച ഒപ്പം നിൽക്കലിന്റെയും ഒരു ഹൃദയാംശം കൂടി ഈ പ്രാർഥനയിൽ ഉൾചേർന്നിരിക്കുന്നു.

വാങ്കിന്റെ മന്ത്രങ്ങൾ ഏറ്റു ചൊല്ലുന്നതും ശേഷം പ്രാർഥിക്കുന്നതും പരാമർശിച്ചത് പോലെ ഇഖാമത്തിൻ്റെ വാചകങ്ങൾ കേൾക്കുമ്പോൾ ഇവകൾ നീണാൾ വാഴട്ടെ എന്നർഥമുള്ള ‘അഖാമഹല്ലാഹു വ അദാമഹാ’ എന്ന സവിശേഷമായ ഒരു പ്രാർഥനയും തിരുനബിﷺ നിർവഹിക്കാറുണ്ടായിരുന്നു.

നബി ജീവിതത്തിൽ നിന്ന് അനുയായികൾ ഏതെല്ലാം കാര്യങ്ങൾ പകർത്തണമെന്നും അനുകരിക്കപ്പെടേണ്ട വഴികൾ ഏതൊക്കെയാണെന്നും കൃത്യമായ നിരീക്ഷണങ്ങളും പഠനങ്ങളുമുള്ളതുകൊണ്ട് തന്നെ ലോകം ആശയക്കുഴപ്പമില്ലാതെ പ്രവാചകചര്യകളെ ഏറ്റെടുത്ത് അനുകരിച്ച് മുന്നോട്ടു സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 1000

തിരുനബിﷺയുടെ ആത്മീയ അനുഷ്ഠാനങ്ങളെ കുറിച്ചുള്ള അധ്യായങ്ങളിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ലോകത്ത് ഒരുപാട് മതങ്ങളും ദർശനങ്ങളുമുണ്ട്. എന്നാൽ, മുഹമ്മദ് നബിﷺ നിർവഹിച്ച ആരാധനാമുറകൾ അനുകരിക്കപ്പെടുകയും പാലിക്കപ്പെടുകയും ചെയ്യുന്നതുപോലെ വേറെ ഏതെങ്കിലും ഒരു പ്രവാചകന്റെ ആത്മീയ അനുഷ്ഠാനങ്ങൾ അനുകരിക്കപ്പെടുന്നുണ്ടോ!

കോടിക്കണക്കിന് ജനങ്ങൾ എല്ലാ ദിവസവും അഞ്ചു സമയങ്ങളിൽ ജീവിതത്തിന്റെ എല്ലാ തിരക്കുകൾക്കിടയിലും പ്രത്യേകമായ ചിട്ടകളോടെ ആരാധനാകർമങ്ങളിൽ ഏർപ്പെടുന്നു. അത് കേവലം നിമിഷങ്ങൾ മാത്രമുള്ള ധ്യാനമോ ചുരുങ്ങിയ വാചകങ്ങളിലെ മന്ത്രമോ ഒന്നുമല്ല. മുഖവും കൈകളും കാലുകളും ഒക്കെ നിർദ്ദേശിക്കപ്പെട്ട രീതിയിൽ കഴുകി, പൂർണ്ണമായും വൃത്തിയുള്ള ശരീരവും സ്ഥലവും ചിന്തയും പാലിച്ചുകൊണ്ട് ശരീരത്തിന്റെ ഏതാണ്ട് എല്ലാ ജോയിന്റുകളും പ്രത്യേക ചലനങ്ങൾക്ക് വിധേയമാകുന്ന വിധം സുപ്രധാനമായ ഒരു കർമമായി തന്നെ അത് നിർവഹിക്കപ്പെടുന്നു.

മുഹമ്മദ് നബിﷺയെ അനുഗമിക്കുന്ന ഒരു വിശ്വാസി അദ്ദേഹത്തിൻ്റെ ജീവിതത്തിൽ ഏറ്റവും കൃത്യതയോട് കൂടി പതിവാക്കുന്ന ഒരു കർമം ഈ അഞ്ചുനേരത്തെ നിസ്കാരമായിരിക്കും. ഭക്ഷണമോ ഉറക്കമോ മറ്റു മാനുഷികമായി വേണ്ട നിത്യചര്യകളോ ഒന്നും ഇത്രമേൽ കൃത്യതയോട് കൂടി പാലിക്കപ്പെട്ടിട്ടുണ്ടാവില്ല. സ്വന്തം വിവാഹത്തിൻ്റെ നാളിലും വീട്ടിലെയും കുടുംബത്തിലെയും ചടങ്ങുകൾക്കിടയിലും ഉറ്റവരുടെയും ഉടയവരുടെയും മരണം സംഭവിക്കുമ്പോഴും ശ്രദ്ധയോടെ പരിപാലിച്ചു പോരുന്ന മറ്റൊരു കർമവും ഒരു വിശ്വാസിയുടെ ജീവിതത്തിൽ നിസ്കാരം പോലെ വേറെ ഉണ്ടാവില്ല.

ഈ ആരാധനാകർമത്തിന്റെ ഒരു പൊതു നിയമം പ്രകടനപരമായ ചില ശാരീരിക ചലനങ്ങൾ മാത്രമായി കൈമാറിയിട്ടല്ല തിരുനബിﷺ യാത്രയായത്. നിസ്കാരത്തിലെ ഓരോ ചലനങ്ങളും ഓരോ ചലനങ്ങൾക്കിടയിൽ ചൊല്ലേണ്ട മന്ത്രങ്ങളും അവയവങ്ങൾ ക്രമീകരിക്കേണ്ട ചിട്ടയും ഒറ്റക്കോ കൂട്ടമായി നിർവഹിക്കുമ്പോൾ പാലിച്ചിരിക്കേണ്ട വ്യത്യസ്ത നിർദ്ദേശങ്ങളും തുടങ്ങി അതിസൂക്ഷ്മമായി തന്നെ തിരുനബിﷺ അനുയായികൾക്ക് നിസ്കാരം പഠിപ്പിച്ചു കൊടുത്തു. അത് അപ്രകാരം തന്നെ അവർ പകർത്തുകയും ചോർച്ചയൊന്നുമില്ലാതെ 1400 വർഷങ്ങൾക്കുശേഷവും തുടരപ്പെടുകയും ചെയ്യുന്നു.

ഇത് ലോകാത്ഭുതങ്ങളിൽ ഒന്നല്ലാതെ മറ്റെന്താണ്! ഇതുപോലെ ഒരു അധ്യായം വേറെ ഏതു വ്യക്തിയുടെ ജീവിതത്തിൽ നിന്നാണ് ലോകത്ത് കൃത്യമായി നടന്നുകൊണ്ടിരിക്കുന്നത്! വേറെ ആരുടെ ജീവിതത്തിൽ നിന്നാണ് ചുവട് തെറ്റാതെ ഇത്രയും ആളുകൾ ഒരേ ഭാഷയിലും ഒരേ ഭാവത്തിലും നിത്യ ജീവിതത്തിൽ പാലിച്ചുകൊണ്ട് പോകുന്നത്! ലോകത്തേതു ഭാഷയിൽ ജീവിക്കുന്നവരും ഒരേ ഭാഷയിൽ തന്നെ നിസ്കരിച്ചു കൊണ്ടിരിക്കുന്നു. ലോകത്തേത് ദിക്കിലുള്ളവരും ഒരേ കേന്ദ്രത്തിലേക്ക് തന്നെ തിരിഞ്ഞു നിന്ന് നിസ്കരിക്കുന്നു. ജീവിതത്തിന്റെ ഏതുതലത്തിൽ കഴിയുന്നവരും ഒരേ മന്ത്രം ഉച്ചരിച്ചുകൊണ്ട് തന്നെ നിസ്കാരം ആരംഭിക്കുന്നു. ലോകത്തേത് കാലാവസ്ഥയിലും സമയദേശ വ്യത്യാസമുള്ളവരും പ്രകൃതിയുടെ പ്രതിഭാസങ്ങളോടു ചേർത്ത് ക്രമപ്പെടുത്തിയ ടൈംടേബിൾ പ്രകാരം നിർവഹിച്ചുകൊണ്ടിരിക്കുന്നു.

ഇങ്ങനെ എത്രയെത്ര വിസ്മയങ്ങളോട് ചേർന്ന് നിന്നുകൊണ്ടാണ് തിരുനബിﷺ പകർന്നു കൊടുത്ത ഒരു ആരാധനാക്രമം ലോകം ശരീരത്തിലേക്കും ഹൃദയത്തിലേക്കും ഒരുപോലെ ചേർത്തുവച്ചു പരിപാലിച്ചു കൊണ്ട് നടക്കുന്നത്. അതേ നിസ്കാരത്തിന്റെ കൃത്യമായ ഒരു മുഹൂർത്തത്തിൽ എല്ലാവരും ഒരേ ഭാഷയിൽ പ്രവാചക പ്രഭുﷺവിനെ അഭിവാദ്യം ചെയ്യുകയും ചെയ്യുന്നു. സ്രഷ്ടാവായ അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുകയും അവൻ്റെ മുന്നിൽ മാത്രം സാഷ്ടാങ്കം ചെയ്യുകയും ചെയ്തുകൊണ്ട് നിർവഹിക്കുന്ന നിസ്കാരത്തിന്റെ ധന്യമായ ഒരു മുഹൂർത്തത്തിൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ട അടിമയും ദാസനുമായ, സൃഷ്ടി ശ്രേഷ്ഠരായ പുണ്യ പ്രവാചകർﷺക്ക് സലാം ചൊല്ലുന്നു.

കോടാനുകോടി അനുയായികളാൽ നിത്യവും അഞ്ചുനേരം കൃത്യമായ ചിട്ടയോടെ അഭിവാദ്യം ചെയ്യപ്പെടുന്ന ഒരേ ഒരു നേതാവിനെയേ ലോകത്തിനു പരിചയമുള്ളൂ. അതാണ് പ്രപഞ്ചത്തിന്റെ പ്രവാചകൻﷺ. പരിശ്രേഷ്ഠരായ മുഹമ്മദ് റസൂലുല്ലാഹ്ﷺ. ഞാൻ ഈ വരികൾ എഴുതുന്നതിനിടയിലും ലോകത്തിന്റെ വ്യത്യസ്ത ദിക്കുകളിൽ നിന്ന് കോടിക്കണക്കിനാളുകൾ അസ്സലാമു അലൈക അയ്യുഹന്നബിയ്യു…. (അല്ലയോ പ്രവാചക പ്രഭോﷺ അങ്ങേക്ക് ഹൃദയം നിറഞ്ഞ അഭിവാദ്യം) എന്നു പറഞ്ഞു കഴിഞ്ഞു. പ്രപഞ്ചത്തിലെ ഏറ്റവും വലിയ വിസ്മയത്തിന്റെ അഭിധേയമാണ് മുഹമ്മദ് റസൂലുല്ലാഹ്ﷺ.

Leave a Reply