Tweet 901
തിരുനബിﷺയുടെ പായ, വിരിപ്പ്, തലയിണ, ടർക്കി തുടങ്ങി നിത്യോപയോഗ വസ്തുക്കളെ കുറിച്ചുള്ള ലളിതമായ ഒരു അധ്യായത്തിലേക്കാണ് നാം പ്രവേശിക്കുന്നത്. അബ്ദുല്ലാഹ് ഇബ്നു മസ്ഊദ്(റ) പറയുന്നു. തിരുനബിﷺ ഒരു പായയിൽ കിടന്നു. എഴുന്നേറ്റപ്പോഴേക്കും അവിടുത്തെ ശരീരം മുഴുവനും അടയാളങ്ങളായി. പ്രസ്തുത അടയാളങ്ങളിൽ തടവിക്കൊണ്ട് ഞാൻ തിരുനബിﷺയോട് ചോദിച്ചു. അവിടുന്ന് ഉറങ്ങുന്നതിനു മുമ്പ് ഞങ്ങളോട് ഒന്നു പറഞ്ഞിരുന്നെങ്കിൽ അവിടുത്തേക്ക് എന്തെങ്കിലും ഒന്ന് വിരിച്ചു തരുമായിരുന്നല്ലോ! അങ്ങനെയായിരുന്നുവെങ്കിൽ ഈ ശരീരത്തിൽ ഇങ്ങനെ അടയാളങ്ങൾ വീഴുമായിരുന്നില്ലല്ലോ. അപ്പോൾ നബിﷺ ഇപ്രകാരം പറഞ്ഞു. എന്റെയും ഈ ലോകത്തിന്റെയും ഉദാഹരണം എന്താണെന്ന് അറിയുമോ? യാത്രയ്ക്കിടയിൽ ഒരു മരച്ചുവട്ടിൽ യാത്രികൻ തണലുകൊണ്ടു, പിന്നീടാ തണൽ ഉപേക്ഷിച്ച് യാത്ര തുടർന്നു. അപ്രകാരമാണ്.
ഇബ്നു അബ്ബാസ്(റ)ന്റെ നിവേദനത്തിൽ ഇങ്ങനെയാണ്. ഒരിക്കൽ തിരുനബിﷺ പായയിൽ ഉറങ്ങിയപ്പോൾ ഉമർ(റ) അടുത്തേക്ക് വന്നു. തിരുനബിﷺയുടെ മേനിയിൽ പായയുടെ അടയാളങ്ങളുണ്ടായിരുന്നു. ഉടനെ ഉമർ(റ) ചോദിച്ചു. പായ മേനിയിൽ പതിയാതിരിക്കാൻ ഒരു വിരിപ്പ് അവിടുന്ന് സ്വീകരിച്ചു കൂടായിരുന്നോ? അപ്പോൾ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. ഈ ലോകത്തിന്റെയും എന്റെയും അവസ്ഥ എന്താണ്? എന്റെ ഉടമസ്ഥൻ തന്നെ സാക്ഷി! ചൂടുകാലത്ത് യാത്ര ചെയ്യുന്ന ഒരു യാത്രികനെ പോലെ മാത്രമാണ് ഞാൻ. ഇടയിൽ ഒരു മരച്ചുവട്ടിൽ തണൽ കൊള്ളുകയും അല്പം കഴിഞ്ഞ് ആ തണൽ ഉപേക്ഷിച്ച് യാത്ര തുടരുകയും ചെയ്ത യാത്രക്കാരനെപ്പോലെ.
ഈ ലോകത്തിന്റെ നൈമിഷികതയും പരലോകത്തിന്റെ അനന്തതയും സൂചിപ്പിക്കുന്ന വിചാരമാണ് തിരുനബിﷺ പങ്കുവെച്ചത്. ഇത് എന്നേക്കും ജീവിക്കാനുള്ള ഇടമല്ലല്ലോ. ഇവിടുത്തെ സുഖങ്ങളെ ആലോചിച്ചു കൊണ്ടല്ലല്ലോ നാം ജീവിക്കേണ്ടത്. അനന്തമായ നാളത്തെ ക്ഷേമം ആയിരിക്കണമല്ലോ നമ്മുടെ വിചാരം. ഇതൊക്കെയായിരുന്നു തിരുനബിﷺയുടെ പ്രമേയം. അത് വളരെ മനോഹരമായി ആഖ്യാനിക്കുകയായിരുന്നു പ്രിയപ്പെട്ട ശിഷ്യനോട്.
മഹതി ആഇശ(റ)യിൽ നിന്ന് സഈദ് ബിൻ മൻസൂർ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ വിരിപ്പ് പഴകിയതും പരുക്കനുമായിരുന്നു. ഒരു വിരിപ്പ് കൂടി ചേർത്ത് ഒന്നുകൂടി മാർദ്ധവമുള്ളതാക്കിയാലോ എന്ന് ഞാൻ ആലോചിച്ചു. അപ്രകാരം ചെയ്യുകയും ചെയ്തു. ശ്രദ്ധയിൽപ്പെട്ട തിരുനബിﷺ ചോദിച്ചു. എന്താണ് ആഇശ(റ) ഇത്? അപ്പോൾ മഹതി ഇപ്രകാരം പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുത്തെ വിരിപ്പ് പഴകിയതും പരുക്കനുമായി കണ്ടപ്പോൾ അല്പം മാർദ്ദവമുള്ളതാക്കാൻ ഞാൻ ഉദ്ദേശിച്ചു. എന്നാൽ ഇതിവിടെനിന്ന് എടുത്തോളൂ. ഇതിവിടെ നിന്ന് മാറ്റാതെ ഞാൻ ഇരിക്കുകയില്ല. ഞാൻ മേലെ ഉണ്ടായിരുന്ന മാർദ്ദവമുള്ള വിരിപ്പ് എടുത്തുമാറ്റി. ആഇശ(റ) വിശദീകരിക്കുന്നു.
തിരുനബിﷺയുടെ ജീവിതത്തിലെ വിനയവും ലാളിത്യവും ഈ ലോകത്തെക്കുറിച്ച് തിരുനബിﷺക്ക് ഉണ്ടായിരുന്ന വിചാരങ്ങളും സമീപനങ്ങളും ഏറ്റവും ശരിയായ അർത്ഥത്തിൽ വായിക്കുകയാണിവിടെ. പല സിദ്ധാന്തങ്ങളും പറയുന്നവർക്ക് അത് പ്രയോഗിക്കാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. പ്രത്യേകിച്ചും സുഖാസ്വാദനങ്ങളുടെ സ്വകാര്യതയിൽ. അരമനയിലും അരങ്ങത്തും ഒരേ ആദർശവും വിചാരവും അതിമനോഹരമായി ഒരുമിച്ചു കൊണ്ടു പോയി എന്നത് നബി ജീവിതത്തിന്റെ ഏറ്റവും വലിയ വിശേഷമാണ്. അതൊരിക്കൽ കൂടി നാം വായിച്ചു എന്നേയുള്ളൂ. തിരുനബിﷺയുടെ വിരിപ്പുകണ്ടപ്പോൾ ഞാൻ കരഞ്ഞു പോയിട്ടുണ്ട്. ഒരു തോലിന്റെ ഉള്ളിൽ ഈത്തപ്പനയുടെ നാര് നിറച്ചത്.
സ്വകാര്യ ജീവിതത്തിൽ പാലിച്ചിരുന്ന പരിത്യാഗത്തിന്റെ ഏറ്റവും ഉദാത്തമായ ഉദാഹരണം. ഏറ്റവും ഉന്നതമായ ജീവിതത്തിന്റെ സൗന്ദര്യമാർന്ന വായന. ഇനിയും ആ അറയിലൂടെ അല്പം കൂടി നമുക്ക് സഞ്ചരിക്കാനുണ്ട്.
Tweet 902
മഹാനായ അബൂദർറ്(റ) പറയുന്നു. ഞങ്ങൾ തിരുനബിﷺയുടെ സദസ്സിൽ ഇരിക്കുമ്പോൾ പ്രസന്ന മുഖനായ ഒരാൾ കടന്നുവന്നു. അദ്ദേഹം നല്ല സുഗന്ധം ഉപയോഗിക്കുകയും ശുഭവസ്ത്രം ധരിക്കുകയും ചെയ്തിട്ടുണ്ടായിരുന്നു. തിരുനബിﷺയുടെ വിരിപ്പിന്റെ അടുക്കൽ നിന്നുകൊണ്ട് അദ്ദേഹം അഭിവാദ്യം ചെയ്തു സലാം പറഞ്ഞു. അല്ലയോ മുഹമ്മദ് നബിﷺയെ അവിടുത്തെ മേൽ അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ! നബിﷺ പ്രത്യഭിവാദ്യം ചെയ്ത് സലാം മടക്കി.
തിരുനബിﷺയുടെ വിരിപ്പിന്റെ ചാരെ നിന്ന് സലാം ചൊല്ലി എന്ന ഭാഗം പരിഗണിച്ചു കൊണ്ടായിരിക്കണം ഈ അധ്യായത്തിൽ ഈ ഹദീസ് വായിക്കപ്പെടുന്നത്. തിരുനബിﷺ വിരിപ്പ് വിരിച്ചിരുന്നു എന്നും അതിന്മേൽ ഇരുന്ന് അനുയായികളോടൊപ്പം സംവദിച്ചിരുന്നു എന്നും അറിയിക്കാൻ അത്രയും മതിയല്ലോ.
അനസ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ തോലുകൊണ്ടുള്ള അവിടുത്തെ വിരിപ്പിൽ കിടക്കുകയായിരുന്നു. മഹതി ഉമ്മുസുലൈം(റ) അടുത്തേക്ക് വന്ന് തിരുനബിﷺയുടെ ശരീരത്തിൽ നിന്ന് വിയർപ്പ് സമാഹരിക്കാൻ തുടങ്ങി. അതൊരു പാത്രത്തിൽ കരുതിവച്ചു. തിരുനബിﷺ ചോദിച്ചു. ഇതെന്തിനാണ്?അത് സുഗന്ധമായി ഉപയോഗിക്കാനാണ് എന്നായിരുന്നു മറുപടി. അതുകേട്ടതും നബിﷺക്ക് ചിരി വന്നു.
സ്വഹാബികൾ തിരുനബിﷺയുടെ വിയർപ്പിനെയും ശേഷിപ്പുകളെയും എങ്ങനെയായിരുന്നു മനസ്സിലാക്കിയിരുന്നത് എന്നതിന്റെ ഒരു പ്രമാണം കൂടിയാണിത്. തിരുനബിﷺയെ കേവല സാധാരണക്കാരനായി വായിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നവർക്ക് ഇത്തരം നിവേദനങ്ങളോട് പൊരുത്തപ്പെടാനാവില്ല. പല സന്ദർഭങ്ങളിലും നാം പരാമർശിച്ചത് പോലെ തിരുനബിﷺയുടെ വ്യക്തി വിശേഷവും സൃഷ്ടിവിശേഷവും ചേർത്തു വായിക്കുമ്പോൾ ലഭിക്കുന്ന ആത്മീയമായ വിദാനത്തിൽ നിന്നുകൊണ്ടാണ് ഇതിനെയൊക്കെ നാം മനസ്സിലാക്കുകയും ഉൾക്കൊള്ളുകയും ചെയ്യേണ്ടത്.
അല്ലാഹു തിരുനബിﷺയിൽ നിക്ഷേപിച്ച വിശേഷങ്ങളും മഹത്വങ്ങളും അറിയുകയും മനസ്സിലാക്കുകയും പങ്കുവെക്കുകയും ചെയ്യുക എന്നത് മാത്രമേ ഈ നിവേദനങ്ങൾ ഉദ്ധരിക്കുന്നതിലൂടെ നാം നിർവഹിക്കുന്നുള്ളൂ. ഇത്തരം സവിശേഷതകൾ അംഗീകരിച്ചു കൊടുത്താൽ സൃഷ്ടിക്കപ്പുറത്തേക്കുള്ള ഒരു പരികല്പനയിൽ തിരുനബിﷺ എത്തിച്ചേർന്നു പോകുമോ എന്ന ഒരു ഭയത്തിന്റെയും ആവശ്യമില്ല. സ്രഷ്ടാവ് എപ്പോഴും സ്രഷ്ടാവും സൃഷ്ടി എപ്പോഴും സൃഷ്ടിയും തന്നെയാണ്. തിരുനബിﷺയുടെ പ്രകീർത്തനങ്ങളിൽ നിന്ന് എടുത്തു പറയാവുന്ന എന്തു വിശേഷവും പറഞ്ഞുകൊള്ളൂ എന്നാണല്ലോ പ്രകീർത്തന ലോകത്തെ നിയമം. അത്തരമൊരു പരിധിക്കപ്പുറത്തേക്ക് ഈ നിവേദനങ്ങളോ പരാമർശങ്ങളോ പോകുകയില്ല.
മുറാദ് ഗോത്രക്കാരനായ ഒരാൾ തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. ആ സമയത്ത് തിരുനബിﷺ ഒരു ചുവന്ന ബർദഅ അഥവാ മൃഗങ്ങളുടെ ജീനിയുടെ താഴെയോ ജീനിയായോ ഉപയോഗിക്കുന്ന ഒരു വിരിപ്പിൻമേലായിരുന്നു.
തിരുനബിﷺ ഒരു വിരിപ്പ് ഉപയോഗിച്ചതിന്റെ സന്ദർഭത്തെ പരാമർശിക്കുകയാണിവിടെ. കുതിര, ഒട്ടകം പോലെയുള്ള വാഹനത്തിന്മേൽ ഉപയോഗിക്കുന്ന വിരിപ്പുകളോ അതിനു സമാനമായതോ അല്ലാത്ത സമയത്തും ഉപയോഗിച്ചിരുന്നു എന്നാണ് പറഞ്ഞതിന്റെ സാരം.
തിരുനബിﷺ ചാരിയിരിക്കാൻ ഉപയോഗിച്ചിരുന്നത് തോലുകൊണ്ടുള്ള ഒരു കുഷ്യനായിരുന്നു. ഈത്തപ്പനയുടെ നാര് നിറച്ചതായിരുന്നു അത്.
Tweet 903
അബൂബക്കർ ബിൻ അബൂ ഖൈസമ(റ) പറയുന്നു. അദിയ്യ് ബിൻ ഹാതിം(റ) അദ്ദേഹത്തോട് പറഞ്ഞു. ഞാൻ തിരുനബിﷺയുടെ അടുക്കൽ ചെന്നു. അവിടുന്ന് പള്ളിയിൽ ഇരിക്കുകയായിരുന്നു. സംഭാഷണങ്ങൾക്കും മറ്റും ശേഷം തിരുനബിﷺ എന്നെയും കൂട്ടി വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോൾ തിരുനബിﷺക്ക് ഒരു ചെറിയ പെൺകുട്ടി ഒരു കുഷ്യൻ ഇട്ടുകൊടുത്തു. തിരുനബിﷺ അതിന്മേൽ ഇരിക്കുകയും ചെയ്തു.
ദീർഘമായ ഒരു ഹദീസിന്റെ അല്പ ഭാഗമാണ് ഇവിടെ ഉദ്ധരിച്ചത്. തിരുനബിﷺ കുഷ്യൻ ഉപയോഗിച്ചിരുന്നു എന്ന പരാമർശമാണ് ഈ നിവേദനം ഇവിടെ ചേർത്തതിന്റെ സാംഗത്യം.
മഹാനായ അനസ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ സൽമാനുൽ ഫാരിസി(റ) ഉമർ ബിൻ ഖത്വാബി(റ)ന്റെ അടുക്കലേക്ക് കടന്നുവന്നു. ആ സമയത്ത് ഉമർ(റ) ഒരു കുഷ്യനിൽ ചാരിയിരിക്കുകയായിരുന്നു. സൽമാനെ(റ) കണ്ടതും കുഷ്യൻ അദ്ദേഹത്തിന് നീക്കിവെച്ചു കൊടുത്തു. അപ്പോൾ സൽമാൻ(റ) പറഞ്ഞു. അല്ലാഹു അക്ബർ! അല്ലാഹുവും അവന്റെ തിരുദൂതരുംﷺ സത്യം അറിയിച്ചിരിക്കുന്നു. അപ്പോൾ ഉമർ(റ) ചോദിച്ചു. എന്താണത്? തിരുനബിﷺയുടെ ഹദീസ് ഞങ്ങൾക്കൊന്നു പറഞ്ഞു തന്നാലും. ഒരിക്കൽ തിരുനബിﷺ ചാരിയിരിക്കുമ്പോൾ ഞാൻ ആ സന്നിധിയിലേക്ക് ചെന്നു. അപ്പോൾ തിരുനബിﷺ അവിടുത്തെ കുഷ്യൻ എനിക്ക് നീക്കിവെച്ചുതന്നു. എന്നിട്ട് ഇപ്രകാരം പറഞ്ഞു. ഒരു വിശ്വാസി ഇതുപോലെ ആഗതനുവേണ്ടി വെച്ചു കൊടുത്താൽ അല്ലാഹു അദ്ദേഹത്തിന് പാപങ്ങൾ പൊറുത്തുകൊടുക്കും.
തിരുനബിﷺയിൽ നിന്ന് അനുഭവിക്കാൻ കഴിഞ്ഞതിനു സമാനമായ ഒരു സന്ദർഭം ഉമറി(റ)ന്റെ സദസ്സിൽ നിന്ന് തനിക്കു ലഭിച്ചപ്പോൾ പഴയ ഓർമ്മയിലേക്ക് പോവുകയായിരുന്നു സൽമാൻ(റ). പ്രസ്തുത സന്ദർഭത്തിൽ നബിﷺ കൈമാറിയ ഒരു വലിയ സന്ദേശം; അതിഥിക്കുവേണ്ടി കുഷ്യൻ നീക്കി വച്ചു കൊടുത്താൽ ആതിഥേയനു ലഭിക്കുന്ന അനുഗ്രഹം തിരുനബിﷺ പകർന്നു കൊടുക്കുകയായിരുന്നു.
അബ്ദു ബിൻ ഹുമൈദ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഉമർ(റ) തിരുനബിﷺയുടെ സന്നിധിയിലേക്ക് കടന്നുചെന്നു. ആ സമയത്ത് തിരുനബിﷺ ഒരു പരുക്കൻ വിരിപ്പിൽ കിടക്കുകയായിരുന്നു. ഈത്തപ്പനയുടെ നാര് നിറച്ച ഒരു തോലിന്റെ തലയണയായിരുന്നു അവിടുന്ന് വച്ചിരുന്നത്. തോലുകൊണ്ടുതന്നെ ഉണ്ടാക്കിയ ഒരു തൊപ്പിയും അണിഞ്ഞിരുന്നു.
തിരുനബിﷺ ഉപയോഗിച്ച തലയണയെ പരാമർശിച്ചുകൊണ്ടുള്ള ഒരു നിവേദനമാണിത്. നബി ജീവിതത്തിന്റെ അരമനയിലൂടെ സഞ്ചരിക്കുമ്പോൾ ലഭ്യമായ ഓരോ കാഴ്ചകളെയും പങ്കുവെക്കുകയാണല്ലോ അനുയായികൾ! തിരുനബിﷺ എങ്ങോട്ട് ചരിഞ്ഞുകിടന്നു? എന്ത് വസ്തു തലയണയായ് ഉപയോഗിച്ചു? എന്നെല്ലാം വിശദമായ ആഖ്യാനങ്ങളിൽ പിൻഗാമികൾക്ക് പകർന്നു നൽകി എന്നത് തിരുനബിﷺയുടെ ജീവിതത്തെ എത്രമേൽ ആഴത്തിൽ അവർ ഹൃദയത്തിലേറ്റി എന്നതിന്റെ ഉദാഹരണമാണ്.
തിരുനബിﷺയുടെ സന്നിധിയിലേക്ക് കടന്നുവന്ന പല സ്വഹാബികളും നേരത്തെ ഉദ്ധരിച്ചിരുന്ന സമാനമായ കാഴ്ചകൾ കണ്ടത് വിവിധ ഹദീസ് ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടു കിടക്കുന്നുണ്ട്. എല്ലാവരും പ്രധാനമായും പരാമർശിച്ചത് പരുക്കൻ വിരിപ്പും ഈത്തപ്പനയുടെ നാരു നിറച്ച തലയണയുമായിരുന്നു. തിരുനബിﷺ കിടക്കാനും തലയണയായി വെക്കാനും എന്തൊക്കെയായിരുന്നു ഉപയോഗിച്ചിരുന്നത് എന്നതിനൊപ്പം ലളിതമായ ജീവിതത്തിന്റെ നേർപ്പകർപ്പ് കൂടി പറഞ്ഞുതരാനാണ് ഓരോരുത്തരും ശ്രമിച്ചത്. കൊട്ടാരത്തിലും രാജപ്രതീതിയിലും ജീവിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നിട്ടും സമൂഹത്തിലെ ഏറ്റവും വിനീതനായ വ്യക്തിക്ക് കൂടി പകർത്താവുന്ന ജീവിതം അവതരിപ്പിച്ചു എന്നത് എന്നത്തേക്കുമുള്ള ലോകത്തിനു മാതൃകയാണ്.
Tweet 904
അബൂ ശൈഖ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഉമർ ബിൻ ഖത്വാബ്(റ) മകൾ ഹഫ്സ(റ)യോട് ചോദിച്ചു. തിരുനബിﷺക്ക് വിരിച്ചു കൊടുത്തതിൽ ഏറ്റവും മാർദ്ദവമുള്ള വിരിപ്പ് ഏതായിരുന്നു? അപ്പോൾ മഹതി പറഞ്ഞു. ഖൈബർ മുന്നേറ്റ സമയത്ത് ലഭിച്ച ഒരു വിരിപ്പായിരുന്നു. എല്ലാ രാത്രിയിലും ഉറങ്ങാൻ വേണ്ടി ഞാനൊരു വിരിപ്പ് വിരിച്ചു കൊടുക്കും. ഒരിക്കൽ ഞാനത് നാലു മടക്കാക്കി ഇട്ടു കൊടുത്തു. പിറ്റേന്ന് രാവിലെ എന്നോട് ചോദിച്ചു. ഇന്നലെ രാത്രി ഏത് വിരിപ്പായിരുന്നു എനിക്ക് വിരിച്ചു തന്നത്? ഞാൻ പറഞ്ഞു. സാധാരണ വിരിക്കാറുള്ളത് തന്നെ. പക്ഷേ, ഇന്നലെ അതിന്റെ മടക്ക് ഒന്നു വർധിപ്പിച്ചു. അപ്പോൾ എന്നോട് ഇങ്ങനെ പറഞ്ഞു. പഴയ രൂപത്തിൽ തന്നെ ഇട്ടാൽ മതി. ഇന്നലെ ഇട്ടതിന്റെ മാർദ്ദവം രാത്രി നിസ്കാരത്തിന് എനിക്ക് തടസ്സമായിരിക്കുന്നു. ഇതു കേട്ടപ്പോഴേക്കും ഉമറി(റ)ന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.
തിരുനബിﷺയുടെ ജീവിതത്തിന്റെ ലാളിത്യവും സുഖാസ്വാദനങ്ങളോടുള്ള വിരക്തിയുമാണ് മേൽ പരാമർശങ്ങൾ നമ്മെ ഉദ്ബോധിപ്പിക്കുന്നത്. അമിത സുഖസൗകര്യങ്ങളിൽ ഉറങ്ങിയാൽ പല നന്മകൾക്കും തടസ്സമായേക്കും എന്ന ഒരു അധ്യയനം കൂടി ഇതിൽ നിർവഹിക്കുന്നുണ്ട്.
സമാനമായ ഒരു നിവേദനം മഹതി ആഇശ(റ)യിൽ നിന്നും നമുക്ക് വായിക്കാനുണ്ട്. ഇമാം തുർമുദി(റ)യാണ് അത് ഉദ്ധരിച്ചത്. ഈത്തപ്പനയുടെ നാര് നിറച്ച ഒരു കിടക്ക. ഒരിക്കൽ മടക്കുകൾ വർദ്ധിപ്പിച്ച് തിരുനബിﷺക്ക് ഇട്ടു കൊടുത്തു. പിറ്റേന്ന് രാവിലെ തിരുനബിﷺ ആഇശ(റ)യോട് പറഞ്ഞത് നേരത്തെ ഹഫ്സ(റ)യോട് പറഞ്ഞ അതേ പരാമർശങ്ങളായിരുന്നു. എല്ലാ പത്നിമാർക്കും പരിത്യാഗത്തിന്റെ പാഠങ്ങളും ലളിത ജീവിതത്തിനുള്ള ഉൽബോധനങ്ങളുമാണ് തിരുനബിﷺ നൽകിക്കൊണ്ടിരുന്നത്. എല്ലാ സുഖാഡംബരങ്ങളോടെയും താമസിക്കാൻ സാഹചര്യം ഉണ്ടായിരിക്കെ ലളിതമായതിൽ തൃപ്തിപ്പെടുക എന്നതാണ് യഥാർത്ഥത്തിൽ പരിത്യാഗവും ലാളിത്യവുമൊക്കെ. ദാരിദ്ര്യമുള്ളയാൾ ലളിതമായി ജീവിക്കുന്നു എന്നതിൽ അത്ഭുതമില്ല. സ്വർണ്ണ മലകൾ കൈവെള്ളയിൽ വരാൻ തയ്യാറായി നിൽക്കുമ്പോഴായിരുന്നു തിരുനബിﷺ ലാളിത്യത്തിൽ സംതൃപ്തരായത്. വർത്തമാനകാലത്തേക്കുള്ള മിനിമലിസത്തിന്റെ ഉയർന്ന ഉൽബോധനമാണല്ലോ ഇത്.
രാത്രികാലങ്ങളിൽ തിരുനബിﷺ കിടന്ന വിരിപ്പിന്റെ ഒരറ്റത്ത് നിസ്കരിക്കാറുണ്ടായിരുന്നു. അതിന്റെ മറ്റൊരു കോണിൽ ഞാനും ഉറങ്ങാറുണ്ടായിരുന്നു എന്ന് മഹതി ആഇശ(റ) തന്നെ പറയുന്നു. ഇമാം അബൂ യഅ്ല(റ)യാണ് ഈ നിവേദനം ഉദ്ധരിച്ചത്.
ഒരിക്കൽ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) തിരുനബിﷺയുടെ പത്നിയും മഹാനവർകളുടെ അമ്മായിയുമായ മൈമൂന ബീവി(റ)യുടെ അടുക്കൽ ചെന്നു. മഹതി അപ്പോൾ ഒരു വിരിപ്പ് കൊണ്ടുവന്നു തിരുനബിﷺക്ക് വേണ്ടി വിരിച്ചുവെച്ചു. തുടർന്ന് വിരിപ്പിന്റെ തല ഭാഗത്ത് മറ്റൊരു കഷ്ണം തുണി കൊണ്ടു വച്ചു. തിരുനബിﷺ കടന്നു വരികയും മടക്കി വച്ചിരുന്ന തുണിക്കഷ്ണം അരത്തുണിയായി ഉടുത്തു, ധരിച്ചിരുന്ന വസ്ത്രം അഴിച്ചു തൂക്കിയിട്ടു. ശേഷം, മഹതിയോടൊപ്പം വിരിച്ചിരുന്ന വിരിപ്പിൽ വിശ്രമിക്കാൻ കിടന്നു.
അമ്മായിയുടെ ഭർത്താവായ തിരുനബിﷺ വീട്ടിൽ വന്നപ്പോഴുള്ള ഒരു രംഗം മഹാനായ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പകർത്തുകയായിരുന്നു.
കിന്ന് എന്ന് പേരുള്ള ഒരു വിരിപ്പ് തിരുനബിﷺക്ക് ഉണ്ടായിരുന്നുവെന്ന് ഇബ്നു അബ്ബാസ്(റ) പറയുന്ന നിവേദനം ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നുണ്ട്. മറ്റൊരു നിവേദന പ്രകാരം കിന്ന് എന്ന് പേരുള്ള ഒരു വിരിപ്പും നമിറ എന്ന് പേരുള്ള ഒരു മൂടുവസ്ത്രവും സ്വാദിറ എന്ന് പേരുള്ള ഒരു പാനപാത്രവും മിർആത് എന്ന് പേരുള്ള ഒരു കണ്ണാടിയും മിഖ്രാള് എന്ന് പേരുള്ള ഒരു കത്രികയും മംശൂഖ് എന്ന് പേരുള്ള ഒരു വടിയുമുണ്ടായിരുന്നു.
മറ്റു ചില നിവേദനങ്ങളിൽ കണ്ണാടിയുടെ പേര് അൽ മുദില്ല എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Tweet 905
മഹതി ആഇശ(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ വീട്ടിലേക്ക് കടന്നു വന്നപ്പോൾ ചിത്രപ്പണികളുള്ള ഒരു വിരിപ്പ് അവിടെ തൂക്കിയിരുന്നു. തിരുനബിﷺക്ക് അത് ഇഷ്ടമായില്ല. അത് മനസ്സിലാക്കിയ ഞാൻ അത് അഴിച്ചുമാറ്റുകയും അതുകൊണ്ട് രണ്ട് കുഷ്യനുകൾ ഉണ്ടാക്കുകയും ചെയ്തു. ആ കുഷ്യനുകളിൽ ചാരി തിരുനബിﷺ ഇരിക്കാറുണ്ടായിരുന്നു.
ജീവികളുടെ ചിത്രങ്ങൾ തൂക്കുന്നത് തിരുനബിﷺക്ക് താൽപര്യമുണ്ടായിരുന്നില്ല. തിരുനബിﷺ അനിഷ്ടം പ്രകടിപ്പിക്കാനുള്ള പ്രധാനകാരണം അതായിരുന്നു.
വിദൂര യാത്രകൾ കഴിഞ്ഞു തിരുനബിﷺ മദീനയിലേക്ക് വന്നാൽ ആദ്യം പോകുന്നത് മകൾ ഫാത്വിമ(റ)യുടെ വീട്ടിലേക്കായിരുന്നു. അങ്ങനെ ഒരിക്കൽ ഫാത്വിമ(റ)യുടെ വീട്ടിലേക്ക് വന്നപ്പോൾ അലങ്കാരങ്ങളും പ്രൗഢിയുമുള്ള ഒരു വിരിപ്പ് തൂക്കിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തിരുനബിﷺ ഉടനെതന്നെ അവിടെനിന്ന് മടങ്ങിപ്പോയി. ഫാത്വിമ(റ)ക്ക് ഇത് വലിയ ദുഃഖമായി. വൈകാതെ തന്നെ അവിടേക്ക് കടന്നു വന്ന ഭർത്താവ് അലിയ്യ്(റ) ഫാത്വിമ(റ)യുടെ ദുഃഖം തിരിച്ചറിഞ്ഞു. കാര്യമന്വേഷിച്ചപ്പോൾ തിരുനബിﷺ മടങ്ങി പോയതാണെന്ന് അവർ വിശദീകരിച്ചു. ഉടനെ അലി(റ) നബിﷺയുടെ അടുത്തേക്ക് ചെന്ന് വിഷയം ധരിപ്പിച്ചു. അപ്പോൾ നബിﷺ ചോദിച്ചു. എനിക്കും ചിത്രപ്പണികളുമായിട്ട് എന്ത് ബന്ധമാണുള്ളത്? അഥവാ ആഡംബരങ്ങളോട് എനിക്ക് എന്തെങ്കിലും താല്പര്യമുണ്ടോ? ഉടനെ അലി(റ) ഫാത്വിമ(റ)യോട് ചെന്ന് വിവരങ്ങൾ പറഞ്ഞു. ഫാത്വിമ(റ) തിരിച്ചുചോദിച്ചു. അതിന് പരിഹാരമായി തിരുനബിﷺ എന്താണ് പറയുന്നത്? അതേ, ആ വിരിപ്പ് ഇന്നാലിന്ന ആൾക്ക് കൊടുക്കട്ടെ! അഥവാ അത്യാവശ്യക്കാരായ പാവപ്പെട്ടവർക്ക് നൽകട്ടെ.
ഈ ഹദീസിന്റെ മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. ഹസ്സൻ(റ) എന്നവരോട് ചോദിച്ചു. എന്തായിരുന്നു ആ വിരിപ്പിലുണ്ടായിരുന്നത്? സാധാരണ വീടിന്റെ പിൻഭാഗത്ത് തൂക്കാറുള്ള നാല് ദിർഹം വിലയുള്ള ഒരു വിരിപ്പായിരുന്നു അത്.
തിരുനബിﷺ ഈ ലോകത്തെ സൗകര്യങ്ങളിൽ നിന്നും പരിത്യാഗ പൂർണമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. ആ വിധത്തിൽ തന്നെ മകളും കുടുംബവും ഉണ്ടാകണമെന്നായിരുന്നു അവിടുത്തെ ചിന്ത. അനന്തമായ ലോകം, വരാനുള്ള പരലോകമാണെന്നും അത് മറന്നു പോകാൻ ഇടയുള്ള ഭൗതിക ജീവിതം ഉണ്ടാകരുതെന്നും തിരുനബിﷺക്ക് നിർബന്ധമുണ്ടായിരുന്നു.
കുരിശു പതിച്ചതോ ചിത്രണം ചെയ്തതോ ആയ വസ്തുക്കൾ കണ്ടാൽ തിരുനബിﷺ അതിനെ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഒരിക്കൽ ഒരു സ്ത്രീയുടെ മേൽവസ്ത്രത്തിൽ അങ്ങനെയൊന്ന് ശ്രദ്ധയിൽ പെട്ടപ്പോൾ അത് നീക്കം ചെയ്യാൻ അവിടുന്ന് ആവശ്യപ്പെട്ടു.
യേശുവിനെ കുരിശിലേറ്റി എന്ന് വിശ്വസിക്കുന്നവരുടെ വിശ്വാസത്തിന് സാക്ഷ്യവും ഓർമ്മയുമാണല്ലോ കുരിശ് ചിത്രീകരിക്കുന്നതിന്റെ താല്പര്യം. എന്നാൽ, അപ്രകാരം ഒരു വിശ്വാസത്തോട് പ്രവാചകനോﷺ ഖുർആനിനോ യോജിപ്പില്ല. ഈസാ നബി(അ) ക്രൂശിക്കപ്പെടുകയോ കൊല്ലപ്പെടുകയോ ചെയ്തിട്ടില്ല എന്നാണ് ഖുർആൻ പഠിപ്പിക്കുന്ന വിശ്വാസം. ഖുർആനിലെ സൂക്തങ്ങൾ അത് വ്യക്തമായി തന്നെ പറയുന്നുണ്ട്. ഇങ്ങനെയൊരു ആശയസംഹിതയിൽ ജീവിക്കുന്ന തിരുനബിﷺക്ക് കുരിശു മുദ്രണം ചെയ്തതോ ചിത്രപ്പണി ചെയ്തതോ പ്രോത്സാഹിപ്പിക്കാൻ കഴിയില്ലല്ലോ!
സ്വന്തം വീട്ടിലും ഇസ്ലാം വിശ്വസിക്കുന്നവരുടെ ജീവിത്തിലുമാണ് ഇങ്ങനെ ഒരു നിഷ്ട പ്രവാചകൻﷺ പഠിപ്പിച്ചത്. അക്കാലത്തുതന്നെ മദീനയിൽ അത്തരം വിശ്വാസവുമായി ജീവിച്ച ക്രിസ്ത്യാനികൾക്ക് യാതൊരുവിധ ബുദ്ധിമുട്ടുമുണ്ടാക്കിയിരുന്നില്ല. അവർക്ക് അവരുടെ വിശ്വാസാചാരങ്ങൾക്ക് അനുസരിച്ച് ജീവിക്കാൻ ഒരു സെക്കുലർ സ്റ്റേറ്റ് എന്ന നിലയിൽ അവിടെ സ്വാതന്ത്ര്യമുണ്ടായിരുന്നു. ഇസ്ലാം വിഭാവനം ചെയ്യുന്ന പരിപൂർണമായ ഏകദൈവവിശ്വാസം, പ്രവാചകന്മാരിലുള്ള പവിത്ര വിശ്വാസം എന്നിവയ്ക്ക് ഭംഗം വരുന്നതൊന്നും അവരുടെ ഭാഗത്തുനിന്ന് ഉണ്ടാവുകയോ കടന്നുകൂടുകയും ചെയ്യരുതെന്ന കൃത്യമായ കണിശത തിരുനബിﷺക്കുണ്ടായിരുന്നു. അതിന്റെ ഭാഗമായിരുന്നു കുരിശിനോടുള്ള മേൽ സമീപനം.
ഇമാം അഹ്മദും(റ) അഞ്ച് പ്രമുഖരായ പണ്ഡിതന്മാരും നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. മഹതി ആഇശ(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ വീട്ടിലേക്ക് കടന്നുവരുമ്പോൾ ദർനൂക് അഥവാ നൂലുകൊണ്ട് സവിശേഷമായി അലങ്കരിച്ച ഒരു വിരിപ്പ് വീട്ടിൽ തൂക്കിയിരുന്നു. ചിറകുകളുള്ള ഒരു കുതിരയുടെ ചിത്ര പണിയും അതിലുണ്ടായിരുന്നു എന്ന് ഒരു നിവേദനം പറയുന്നു. ഇത് കണ്ടതും തിരുനബിﷺയുടെ മുഖത്ത് അനിഷ്ടം പ്രകടമായി. അതു ഞാൻ കൃത്യമായി വായിച്ചെടുക്കുകയും ചെയ്തു. ഈ കല്ലിനും മണ്ണിനുമൊന്നും തുണിയുടുക്കാൻ നമ്മളെ ഏൽപ്പിച്ചിട്ടില്ല എന്നായിരുന്നു തിരുനബിﷺ തുടർന്ന് പറഞ്ഞത്. മതിലുകളോട് ചേർന്ന് വീണ്ടുമൊരു വിരിപ്പ് അധികപ്പറ്റാണ് എന്ന ഒരു വിചാരം കൂടി അതിലുണ്ട്. ഞാനത് മുറിച്ചെടുത്ത് രണ്ട് കുഷ്യനുകളുണ്ടാക്കി. അതിനെക്കുറിച്ച് തിരുനബിﷺ പരിഭവങ്ങളൊന്നും പറഞ്ഞില്ല. ആവശ്യത്തിനപ്പുറം വസ്തുക്കൾ ഉപയോഗിക്കേണ്ട എന്ന ലളിതമായ ജീവിതത്തിന്റെ ഒരു സമർപ്പണമായിരുന്നു അത്.
Tweet 906
തിരുനബിﷺയുടെ പാത്രങ്ങളും മറ്റും സംബന്ധിച്ച ലളിതമായ ഒരു വായനയാണ് ഇനി നാം നിർവഹിക്കുന്നത്. ആഇശ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. മഹതി പറഞ്ഞു. തിരുനബിﷺയെ ഞാൻ എന്റെ മാറിലേക്ക് ചാരി കിടത്തി ഇരിക്കുകയായിരുന്നു. പെട്ടെന്ന് അവിടുന്ന് ഒരു പാത്രം ആവശ്യപ്പെട്ടു. അപ്പോഴേക്കും തിരുനബിﷺ എന്റെ മാറിൽ നിന്ന് ഊർന്ന് താഴേക്ക് പോകുന്നത് പോലെ തോന്നി. അവിടുന്ന് വിയോഗം വരിക്കാൻ അടുത്തു എന്ന് ഞാൻ അറിഞ്ഞില്ല. തിരുനബിﷺക്ക് ‘റയ്യാൻ’ എന്ന് പേരുള്ള ഒരു പാനപാത്രമുണ്ടായിരുന്നു. മറ്റൊരു പാത്രത്തിൻറെ പേര് ‘മുഗീസ്’ എന്നായിരുന്നു. മൂന്നു സ്ഥലങ്ങളിൽ വെള്ളികൊണ്ട് ചുറ്റിട്ട മൂന്നാമത് ഒരു പാത്രവുമുണ്ടായിരുന്നു.
ഇമാം ബുഖാരി(റ) മാലികി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ പാനപാത്രം പൊട്ടി. വെള്ളികൊണ്ട് ചുറ്റിട്ട് അത് ശരിപ്പെടുത്തി. അൽ ഹാഫിള്(റ) അള്ളിയാ അൽ അഹ്കാം എന്ന കിതാബിൽ പറയുന്നത് വെള്ളി കൊണ്ട് പാത്രം ശരിപ്പെടുത്തിയത് അനസ് ബിൻ മാലികാ(റ)യിരുന്നു. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം. അനസ് ബ്നു മാലികി(റ)ന്റെ പക്കൽ നബിﷺയുടെ ഒരു പാത്രമുണ്ടായിരുന്നു. അതിന് നാല് വളയങ്ങളുണ്ടായിരുന്നു. ഓരോന്നിലും ഓരോരുത്തർ പിടിച്ചുയർത്താവുന്ന വിധത്തിലായിരുന്നു അത്.
നാലു വളയങ്ങളുള്ള ഒരു വലിയ ജവന നബിﷺയുടെ പക്കലുണ്ടായിരുന്നു എന്ന് അബ്ദുല്ലാഹിബ്നു ജഅ്ഫറി(റ)ൽ നിന്ന് അബൂ ശൈഖ് (റ) നിവേദനം ചെയ്യുന്നുണ്ട്. വിശാലമായ ഒരു പാത്രത്തെ കുറിച്ചായിരിക്കും ഈ പരാമർശം. എപ്പോഴും ജനങ്ങളോട് സംവദിച്ചും സഹവസിച്ചും കഴിയുന്ന തിരുനബിﷺയുടെ പക്കൽ അത്തരം വിശാലമായ ഒരു പാത്രം എന്നത് ദിനേനയെന്നോണം ആവശ്യമുള്ളതായിരിക്കും.
‘മുഖള്ളബ്’ എന്ന പേരിൽ കല്ലുകൊണ്ടുണ്ടാക്കിയ ഒരു പാനപാത്രവും ‘സാദിറ’ എന്ന പേരിൽ മറ്റൊരു പാത്രവും നബിﷺക്കുണ്ടായിരുന്നു എന്ന് അബൂദാവൂദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. ഇമാം ത്വബ്റാനി(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഉദ്ധരിക്കുന്ന ഹദീസിൽ ‘സ്വാദിറ’ എന്ന പത്രത്തോടൊപ്പം മരം കൊണ്ടുണ്ടാക്കിയ ഒരു പാത്രത്തെ കൂടി പരാമർശിക്കുന്നുണ്ട്. മുഹമ്മദ് ബിൻ ഇസ്മാഈലി(റ)ൽ നിന്ന് അബൂ യഅ്ല(റ) ഉദ്ധരിക്കുന്നു. ഞാൻ അനസുബ്നു മാലികി(റ)ന്റെ വീട്ടിൽ ചെന്നപ്പോൾ മരം കൊണ്ടുള്ള ഒരു പാത്രം ഞാനവിടെ കണ്ടു. തിരുനബിﷺ ആ പാത്രത്തിൽ നിന്ന് കുടിക്കുകയും വുളൂഅ് ചെയ്യുകയും ചെയ്യുമായിരുന്നു. ഗ്ലാസ് കൊണ്ടുള്ള മറ്റൊരു പാത്രവും അവിടെ കണ്ടു.
ഇബ്നു അബ്ബാസി(റ)ൽ നിന്ന് തന്നെ ഇബ്നു മാജ(റ)യും ബസാറും(റ) ഉദ്ധരിക്കുന്നു. മുഖൗഖിസ് തിരുനബിﷺക്ക് ഒരു സ്ഫടികപാത്രം സമ്മാനിച്ചു. അതുകൊണ്ട് തിരുനബിﷺ പാനം ചെയ്യാറുണ്ടായിരുന്നു. മണ്ണുകൊണ്ടുണ്ടാക്കിയ മറ്റൊരു പാത്രവും അവിടെയുണ്ടായിരുന്നു.
അബ്ദുല്ലാഹിബിനു സാഇബ്(റ) പിതാമഹനിൽ നിന്ന് പരമ്പരയായി ഉദ്ധരിക്കുന്നു. ഒരു മൺപാത്രത്തിൽ നിന്ന് തിരുനബിﷺ പാനം ചെയ്യുന്നത് ഞാൻ കണ്ടു. മുഖള്ളബ് എന്ന പേരിൽ കല്ലുകൊണ്ടുള്ള ഒരു പാത്രം നബിﷺയുടെ പക്കലുണ്ടായിരുന്നു. ചെമ്പ് കൊണ്ടുണ്ടാക്കിയ വേറൊരു പാത്രവും കുളിക്കാൻ ഉപയോഗിക്കുന്ന പിച്ചളകൊണ്ടുണ്ടാക്കിയ ഒരു പാത്രവും അതിനുപുറമേ ഒരു എണ്ണ പാത്രവും പൊട്ടിയ ഒരു പെട്ടിയും അവിടുത്തെ കൈവശമുണ്ടായിരുന്നു. ആ പെട്ടിയിലാണ് ആനക്കൊമ്പു കൊണ്ടുള്ള ചീർപ്പും മുഖൗഖിസ് രാജാവ് കൊടുത്ത കണ്ണാടിയും സൂക്ഷിച്ചിരുന്നത്.
ഇബ്നു ജുറൈജി(റ)ൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ആനക്കൊമ്പു കൊണ്ടുള്ള ഒരു ചീർപ്പും ഒരു സുറുമ പാത്രവും കത്രികയും തിരുനബിﷺയുടെ കൈവശമുണ്ടായിരുന്നു. ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു.
ജാമിഅ് എന്ന് പേരുള്ള ഒരു കത്രികയും ഒരു മിസ്’വാക്കും ഒരു മുദ്ദും ഒരു സാഉം തിരുനബിﷺയുടെ പക്കൽ സൂക്ഷിപ്പുണ്ടായിരുന്നു. മുദ്ദും സാഉം രണ്ട് അളവിലുള്ള പാത്രങ്ങളാണ്.
തിരുനബിﷺയുടെ അടുക്കളയും അരമനയും അതിലെ വസ്തുക്കളും നമ്മളോട് സംസാരിച്ചു കൊണ്ടിരിക്കുകയാണ്. എത്രമേൽ ലളിതമായിരുന്നു ആ ജീവിതമെന്നും വിനയത്തിനും ലാളിത്യത്തിനും മിതമായ ജീവിത ചുറ്റുപാടുകളുടെയും എക്കാലത്തെയും മാതൃകയും ഉദാഹരണവുമാണ് മുത്ത് റസൂൽﷺ എന്ന് വായിക്കാൻ ഇനി വേറെ അദ്ധ്യായങ്ങളുടെ ആവശ്യമുണ്ടോ!
Tweet 907
തിരുനബിﷺയുടെ ആയുധങ്ങളെ കുറിച്ചുള്ള വർത്തമാനമാണ് നാം പങ്കു വെക്കുന്നത്. അവിടുന്ന് ഉപയോഗിച്ചിരുന്ന വില്ലുകളെ പരിചയപ്പെട്ടു നോക്കാം. ആറ് പേരുകളിൽ ആറ് വില്ലുകൾ തിരുനബിﷺയുടെ ആയുധങ്ങളിലുണ്ടായിരുന്നു. ഒന്ന്, അർറൗഹാഅ്. രണ്ട്, ശൗഹത്വ്. ബൈളാ എന്നും അതിനെ വിളിച്ചിരുന്നു. മൂന്ന്, സഫ്രാ. നബാ മരത്തിൽ നിന്നായിരുന്നു അത് നിർമിച്ചിരുന്നത്. ഉഹ്ദ് യുദ്ധവേളയിൽ പൊട്ടി പോവുകയും ഖതാദ ബിൻ നുഅ്മാൻ(റ) എന്ന സ്വഹാബി അത് എടുക്കുകയും ചെയ്തു.
ബനൂ ഖൈനുഖാ യുദ്ധാനന്തരം മൂന്ന് വില്ലുകൾ തിരുനബിﷺക്ക് കിട്ടിയതായി മർവാനുബ്നു അബീ സഈദി(റ)ൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നുണ്ട്. അതിൽ ഒന്നിന്റെ പേര് പരിചയപ്പെടുത്തിയത് സ്വഫ്റാ എന്നാണ്. നാല്, അസ്സുദാസ്. വാളിന്റെ പേരായി ഇതിനെ എണ്ണിയവരുമുണ്ട്.
എന്നാൽ ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്ന ഹദീസിൽ വില്ലിന്റെ പേരായിട്ട് തന്നെയാണ് ഇതിനെ എണ്ണിയിട്ടുള്ളത്. അഞ്ച്, അസ്സൗറാ. ആറ്, അൽ കത്തൂം. ഇത് ഉപയോഗിക്കുമ്പോൾ ശബ്ദം ഉണ്ടാകാത്തതിനാലാണ് ഇങ്ങനെ ഒരു പേര് ലഭിച്ചത് എന്നും കാണാം. ഉഹദ് ദിനത്തിൽ പൊട്ടിപ്പോയതും ഖതാദ(റ) കൈവശപ്പെടുത്തിയതും ഈ വില്ലായിരുന്നു എന്നും ചില നിവേദനങ്ങൾ പരിചയപ്പെടുത്തുന്നു. മഹാനായ അലി(റ) പറഞ്ഞതായി ഇബ്നുമാജ(റ) റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺയുടെ പക്കൽ ഒരു അറബി വില്ലുണ്ടായിരുന്നു. അപ്പോൾ മറ്റൊരാളുടെ പക്കൽ പേർഷ്യൻ നിർമിതമായ ഒരു വില്ല് തിരുനബിﷺ കണ്ടു. അദ്ദേഹത്തോട് ചോദിച്ചു. ഇതെന്താണ്? ഇത് ഒഴിവാക്കി കൊള്ളൂ. ഇതാ ഇപ്രകാരമുള്ള വില്ല് ഉപയോഗിക്കുക. അതിനു സമാനമായതും എടുക്കുക. പൂർണമായ കുന്തവും ഉപയോഗിക്കുക. നിങ്ങളിലൂടെ അല്ലാഹുതആല അവന്റെ ദീനിനെ ശക്തിപ്പെടുത്തും. നാടുകളിൽ നിങ്ങൾക്ക് സ്വാധീനം ഉണ്ടാക്കിത്തരും.
ഇത്തരം ഹദീസുകൾ സന്ദർഭത്തിൽ ചേർത്താണ് വായിക്കേണ്ടത് എന്ന് നാം പറഞ്ഞു പോയിട്ടുണ്ട്. യുദ്ധത്തിന്റെ എല്ലാ രംഗവും ഒരുങ്ങി കഴിഞ്ഞാൽ യോദ്ധാവിനോട് സംസാരിക്കേണ്ടത് ശക്തമായി പോരാടാൻ തന്നെയാണല്ലോ?ആയുധങ്ങൾ എന്തെന്ന് അവരോട് പറയുന്നത് നല്ല ആയുധം ഉപയോഗിക്കാൻ വേണ്ടി തന്നെയാണല്ലോ? അതു പ്രകാരമുള്ള ഒരു പ്രയോഗമാണിത്. അല്ലാതെ ആ യുദ്ധങ്ങളിലൂടെയാണ് ആദർശ പ്രചാരണം നടത്തിയത് എന്ന് തെറ്റായി വായിക്കരുത്. പ്രതിരോധമല്ലാതെ മറ്റൊരു മാർഗവുമില്ലാതെ വന്ന വേളകളിൽ യുദ്ധത്തിനു തയ്യാറാകേണ്ടി വന്നിട്ടുണ്ട്. അത്തരം സന്ദർഭങ്ങളിൽ ധീരതയോടെ നിലകൊള്ളുകയും ശക്തമായ ആയുധ പ്രയോഗം നടത്തുകയും ചെയ്തിട്ടുമുണ്ട്. സന്ദർഭത്തിൽ നിന്ന് മാറ്റി വായിക്കുമ്പോഴാണ് അപകടകരമായ അർഥങ്ങളിലേക്കും മാനങ്ങളിലേക്കും ഇവയൊക്കെ എത്തിച്ചേരുന്നത്.
ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇബ്നു അദിയ്യ്(റ) രേഖപ്പെടുത്തുന്നു. തിരുനബിﷺ ഖുത്വുബ നിർവഹിക്കുന്ന നേരത്ത് വില്ലിന്മേൽ ഊന്നി നിൽക്കാറുണ്ടായിരുന്നു. അതിന്റെ വിശദീകരണമെന്നോണം അബൂബക്കർ അശ്ശാഫിഈ(റ) രേഖപ്പെടുത്തുന്നത് ഇങ്ങനെയാണ്. യുദ്ധ വേളകളിൽ പ്രസംഗിക്കുന്ന സമയത്ത് വില്ല് കയ്യിൽ പിടിച്ചു കൊണ്ടായിരുന്നു തിരുനബിﷺ സംസാരിച്ചിരുന്നത്.
തിരുനബിﷺയുടെ ശിഷ്യന്മാരിൽ ഒരാളെ ഉദ്ധരിച്ചുകൊണ്ട് ഇമാം ഇബ്നു അബീ ശൈബ(റ) നിവേദനം ചെയ്യുന്നു. ഒരു യുദ്ധവേളയിൽ ഞങ്ങൾ തിരുമേനിﷺയോടൊപ്പമായിരുന്നു. അതിശക്തമായ വിശപ്പ് ഞങ്ങളെ ബാധിച്ചു. സമരാർജിത സമ്പത്ത് വിഹിതം വെക്കുന്നതിനു മുമ്പ് ഞങ്ങൾ കുറച്ചു ആടുകളെ വേട്ടയാടി പാകം ചെയ്യാൻ തുടങ്ങി. ഞങ്ങളുടെ ചട്ടികൾ തിളച്ചു കൊണ്ടിരുന്നു. അപ്പോഴതാ ഒരു വില്ലിൽ ഊന്നി തിരുനബിﷺ അങ്ങോട്ടു വന്നു. ആ വില്ലുകൊണ്ട് പാത്രങ്ങൾ കമഴ്ത്തിക്കളഞ്ഞു. ഈ വേട്ടയാടി ഉപയോഗിക്കുന്നത് ശവത്തേക്കാൾ മെച്ചപ്പെട്ടതല്ല. അഥവാ ശവം നിഷിദ്ധമാക്കപ്പെട്ടതു പോലെ വിലക്കപ്പെട്ട ഭക്ഷണമാണ് നിങ്ങൾ പാചകം ചെയ്തുകൊണ്ടിരിക്കുന്നത്.
അർഹതപ്പെടാത്തതും അവകാശപ്പെടാത്തതുമായ ഒന്നും സ്വന്തമോ മറ്റുള്ളവരുടെയോ സ്വത്തിലോ ഭക്ഷണത്തിലോ ചേരരുത് എന്ന നിർബന്ധം തിരുനബിﷺക്കുണ്ടായിരുന്നു. അത് അതിന്റെ ഗൗരവത്തോടുകൂടെ തന്നെ പഠിപ്പിക്കുകയായിരുന്നു ഇവിടെ. വിശന്നു വലയുമ്പോഴും അവകാശപ്പെട്ടത് മാത്രമേ ഉപയോഗിക്കാവൂ എന്ന് പഠിപ്പിക്കുന്നതിനേക്കാൾ ഉയർന്ന ധാർമികമായ അധ്യാപനം മറ്റെന്താണ്!
Tweet 908
തിരുനബിﷺയുടെ വാളുകളെ കുറിച്ചുള്ള പരാമർശങ്ങളാണ് നാം ഇനി പരിശോധിക്കുന്നത്. ഒരു നേതാവിനെ കുറിച്ച് പറയുമ്പോൾ നേതാവിന്റെ വ്യവഹാര മേഖലകൾ എങ്ങനെയൊക്കെയായിരുന്നു എന്നാണല്ലോ നമുക്ക് അറിയേണ്ടത്. ഒരു യോദ്ധാവിനെ കുറിച്ച് വായിക്കുമ്പോൾ പോരാട്ടവീര്യവും ആയുധ പ്രയോഗവും ഉപയോഗിച്ചിരുന്ന ആയുധങ്ങളുമെല്ലാം പ്രസക്തിയുള്ള അധ്യായങ്ങളായി തന്നെ നമുക്ക് വായിക്കേണ്ടിവരുന്നു. മികവുറ്റ എല്ലാ ഭാവങ്ങളും നിറഞ്ഞുനിൽക്കുന്ന ഒരു നേതാവിനെ കുറിച്ചാകുമ്പോൾ സർവതല സ്പർശിയായ ഒരു പഠന പാരായണമാണ് നമുക്ക് വേണ്ടിവരുന്നത്. ഇനി നമുക്ക് തിരുനബിﷺയുടെ ആയുധങ്ങളുടെ കൂട്ടത്തിൽ നിന്ന് ചിലതിനെ വായിച്ചാലോ!
തിരുനബിﷺയുടെ വാൾ വെള്ളി കൊണ്ട് അലങ്കരിച്ചതായിരുന്നു. അതിന്റെ പിടിയും മറ്റു ഭാഗങ്ങളും അതിനിടയിലുള്ള വളയവും വെള്ളി ഉപയോഗിച്ച് നിർമ്മിച്ചിരുന്നു എന്ന് ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. മക്കാ വിജയ ദിവസം തിരുനബിﷺ ഉപയോഗിച്ചിരുന്ന വാളിൽ സ്വർണവും വെള്ളിയുമുണ്ടായിരുന്നു എന്ന് ഇമാം തുർമുദി(റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം. തിരുനബിﷺയുടേതായി 11 വാളുകളുണ്ടായിരുന്നു എന്ന് നിവേദനങ്ങൾ സമാഹരിച്ചുകൊണ്ട് നമുക്ക് പഠിക്കാൻ കഴിയും.
തിരുനബിﷺയുടെ വാളുകളുടെ കൂട്ടത്തിൽ മഅ്സൂർ എന്ന് പേരുള്ള ഒന്നുണ്ടായിരുന്നു. അതായിരുന്നു തിരുനബിﷺക്ക് ഉടമസ്ഥതയിൽ ലഭിച്ച ആദ്യത്തെ ആയുധം. അത് അവിടുത്തെ പിതാവിൽ നിന്ന് അനന്തരമായി ലഭിച്ചതാണെന്നും ജിന്നുകൾ നിർമ്മിച്ചതാണെന്നും പറയപ്പെടുന്നു. തിരുനബിﷺ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തപ്പോൾ ഈ വാൾ അവിടുത്തെ കൈവശമുണ്ടായിരുന്നു. ഇമാം ഇബ്നു സഅദി(റ)ന്റെ നിവേദനത്തിൽ ഈ വിശദീകരണമുണ്ട്.
ദുൽഫിഖാർ എന്നായിരുന്നു രണ്ടാമത്തെ വാളിന്റെ പേര്. ബദ്ർ യുദ്ധ സമയത്ത് യുദ്ധാനന്തര സ്വത്തായി തിരുനബിﷺക്ക് ലഭിച്ചതായിരുന്നു അത്. ഇബ്നു മുനബ്ബഹ്(റ) അല്ലെങ്കിൽ മുനബ്ബഹ് ബിൻ അൽ ഹുജ്ജാജ്(റ) എന്നയാളുടേതായിരുന്നു പ്രസ്തുത വാൾ. ഒരു യുദ്ധ വേളകളിലും തിരുനബിﷺ ഇത് കൈവിട്ടിരുന്നില്ല. ഈ വാളിന്റെ പിടിയും മൂർച്ചയുള്ള ഭാഗവും എല്ലാം വെള്ളി കൊണ്ടുള്ളതായിരുന്നു. നട്ടെല്ല് പോലെയുള്ള ഒരു ഭാഗം ഈ വാളിൽ ഉള്ളതുകൊണ്ടാണ് ഇതിന് ഇപ്രകാരം പേര് ലഭിച്ചത് എന്ന് പറയപ്പെടുന്നു.
ഇമാം ഇബ്നു സൈദും(റ) തുർമുദി(റ)യും ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ തിരുനബിﷺയുടെ ദുൽഫുഖാർ എന്ന വാൾ ബദ്ർ യുദ്ധ വേളയിൽ ലഭിച്ചതാണെന്ന് പറയുന്നുണ്ട്. എന്നാൽ, ഇബ്നു സഅദി(റ)ന്റ നിവേദനത്തിൽ ഇങ്ങനെ കൂടി ഒരനുബന്ധമുണ്ട്. ഉഹ്ദ് യുദ്ധവേളയിൽ വാൾത്തല പൊട്ടിയതായി സ്വപ്നം കണ്ടത് ഈ വാൾ തന്നെയായിരുന്നു. ഇബ്നുൽ മുസയ്യബി(റ)ന്റെ നിവേദനത്തിൽ ദുൽഫുഖാർ വാളിന്റെ അഗ്രഭാഗം പൊട്ടിയതായി സ്വപ്നം കണ്ടു എന്നുതന്നെ തിരുനബിﷺ വ്യക്തമാക്കുന്നുണ്ട്.
ഇമാം ശഅബി(റ)യിൽ നിന്നുള്ള നിവേദനം ഇപ്രകാരമാണ്. അലി ബിൻ ഉസൈൻ(റ) തിരുനബിﷺയുടെ വാൾ പുറത്തെടുത്തു കാണിച്ചുതന്നു. അപ്പോൾ അതിന്റെ പിടിയും ചങ്ങല കൊളുത്തുന്ന ഭാഗവും ചങ്ങലയും വെള്ളികൊണ്ട് നിർമിച്ചതായിരുന്നു. മുനബ്ബഹ് ബിൻ ഹുജ്ജാജ് അസ്സഹ്‌മി(റ) എന്നയാളിൽ നിന്ന് ബദ്ർ ദിനത്തിലായിരുന്നു തിരുനബിﷺക്ക് ഇത് ലഭിച്ചത്. ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇബ്നു അദിയ്യ്(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ പറയുന്നു. ഹജ്ജാജ്‍ ബിൻ ഇലാത്ത്(റ) എന്നയാൾ തിരുനബിﷺക്ക് സമ്മാനമായി നൽകിയതാണ് ദുൽഫുഖാർ എന്ന വാൾ. ഉമർ ബിൻ അബ്ദുൽ അസീസി(റ)ന്റെ ഭരണ കാലത്താണ് അദ്ദേഹം ഇഹലോകവാസം വെടിഞ്ഞത്.
അബുൽ ഹകം(റ) എന്നയാൾ പ്രസ്തുത വാളിന് മൂർച്ച കൂട്ടിയതും അതിന്റെ പിടി വെള്ളി കൊണ്ടുള്ളതായിരുന്നു എന്നും ഇമാം ത്വബ്റാനി(റ) സ്വീകാര്യയോഗ്യമായ പരമ്പരയിലൂടെ ഉദ്ധരിക്കുന്നുണ്ട്.
തിരുനബിﷺയുടെ ആയുധങ്ങളെ ചുറ്റിപ്പറ്റിയും വിശദവും ഗഹനവുമായ പഠനങ്ങളും അതിന്റെ നിവേദന പരമ്പരകളുടെ സ്വീകാര്യതയെ കുറിച്ചുള്ള നിരീക്ഷണങ്ങളും എത്ര പ്രാധാന്യത്തോടെയാണ് സീറാ ഗ്രന്ഥങ്ങൾ കൈകാര്യം ചെയ്യുന്നത്!
Tweet 909
തിരുനബിﷺയുടെ വാളുകളിൽ മൂന്നാമത്തേതും നാലാമത്തേതും അഞ്ചാമത്തേതും ബനൂ ഖൈനുഖാഇൽ നിന്ന് ലഭിച്ചതാണ്. മർവാൻ ബിൻ അബീ സഈദി(റ)ൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ബനൂ ഖൈനുഖാഇലെ ആയുധങ്ങളിൽ നിന്ന് മൂന്ന് വാളുകൾ തിരുനബിﷺക്ക് ലഭിച്ചു. അതിൽ ഒന്നാമത്തേതിന്റെ പേര് ‘ഖലഇയ്യ്’ എന്നായിരുന്നു. ഖൽഅ എന്ന പ്രദേശത്തേക്ക് ചേർത്താണ് ഇങ്ങനെയൊരു പേര് ലഭിച്ചത്. രണ്ടാമത്തെ വാളിന്റെ പേര് ‘അൽ ബത്താർ’ എന്നാണ്. മുറിച്ചുകളയുന്നത് എന്നാണ് അതിന്റെ അർഥം. മരണം എന്ന അർഥമുള്ള ‘അൽ-ഹത്ഫ്’ എന്നായിരുന്നു മൂന്നാമത്തേതിന്റെ പേര്. തിരുനബിﷺയുടെ ഹത്ഫ് എന്ന വാളിന് സവിശേഷമായി മൂർച്ചയുള്ള ഭാഗം അഥവാ ഒരു ഖർന് ഉണ്ടായിരുന്നു എന്ന് ഇമാം ഇബ്നു സഅദ് (റ) മുജാഹിദിൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്.
ആധുനിക കാലത്ത് നിർമിക്കുന്ന യുദ്ധ ഉപകരണങ്ങൾക്കും അതിന്റെ ശക്തിയും പ്രഹരശേഷിയും കണക്കാക്കി നാമകരണങ്ങൾ ചെയ്യാറുണ്ടല്ലോ. ചരിത്രത്തിലും അങ്ങനെയുണ്ടായിരുന്നു എന്നാണ് ഇത്തരം പേരുകൾ നമ്മെ ബോധ്യപ്പെടുത്തുന്നത്. ഒരു രാജ്യത്തിന്റെ സൈനിക ശക്തിയും പ്രഹരശേഷിയും പരാമർശിക്കുമ്പോൾ അതിന്റെ തായ് ഭാഷയിൽ തന്നെയാണല്ലോ അത് പരിചയപ്പെടുത്തേണ്ടത്.
തിരുനബിﷺയുടെ വാളുകളിൽ ആറാമത്തേതും ഏഴാമത്തേതും ത്വയ്യ് ഗോത്രത്തിലെ സൈനിക നീക്കത്തിൽ നിന്ന് ലഭിച്ചതാണ്. അവരുടെ ആരാധ്യ വസ്തുക്കളിൽ തൂക്കിയിട്ടിരുന്നതായിരുന്നു. പ്രദേശത്തുകാർ മുഴുവനും വിശ്വാസികളായതിനെ തുടർന്ന് പലസ്ഥലങ്ങളിലും ഉപയോഗിച്ചിരുന്ന വസ്തുക്കൾ കരണീയമായ മറ്റു മേഖലകളിൽ ഉപയോഗിച്ചിട്ടുണ്ട്. ചിലതൊക്കെ സമരാർജിത സമ്പത്തായി ലഭിക്കുകയും ചെയ്തു.
മർവാൻ ബിൻ അബൂ സഈദ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ പക്കൽ മിഖ്ദം എന്ന് പേരുള്ള ഒരു വാളുണ്ടായിരുന്നു. റസൂബ എന്ന് പേരുള്ള മറ്റൊന്നും. ഇവ രണ്ടും ത്വയ്യ് ഗോത്രത്തിൽ നിന്ന് ലഭിച്ചതാണ്.
‘അൽ അള്ബ്’ എന്നായിരുന്നു എട്ടാമത്തെ വാളിന്റെ പേര്. ബദ്റിലേക്ക് വരുന്ന സമയത്ത് സഅദ് ബിൻ ഉബാദ(റ) കൊടുത്തുവിട്ടതായിരുന്നു ഇത്.
അബുൽ ഹസൻ ഇബിന് അള്ളഹ്‌ഹാകി(റ)ന്റെ അഭിപ്രായ പ്രകാരം തിരുനബിﷺ മദീനയിലേക്ക് വരുമ്പോൾ നബിﷺയുടെ പക്കൽ രണ്ട് വാളുകളുണ്ടായിരുന്നു. അതിൽ ഒന്നുതന്നെയാണ് ‘അള്ബ്’. അതുതന്നെയായിരുന്നു തിരുനബിﷺ ബദ്റിൽ ഉപയോഗിച്ചത്. ഒൻപതാമത്തെ വാളിന്റെ പേര് ‘അൽ ഖളീബ്’ എന്നായിരുന്നു. ബനൂ ഖൈനുഖാ സൈനിക നീക്കത്തിൽ തിരുനബിﷺക്ക് ലഭിച്ചതായിരുന്നു അത്. ‘സംസാമ’ എന്നായിരുന്നു പത്താമത്തെ ഖഡ്ഘത്തിന്റെ പേര്. അംറ് ബിൻ മഅദീകരിബ(റ) എന്ന ആളുടേതായിരുന്നു അത്. ഖാലിദ് ബ്നു സഈദ്(റ) എന്നയാൾക്ക് അദ്ദേഹമത് സമ്മാനമായി നൽകി. തിരുനബിﷺ അത് ഉപയോഗിക്കുകയും ചെയ്തു.
അറബികൾക്കിടയിൽ പ്രസിദ്ധമായ വാളായിരുന്നു ഇത്. പതിനൊന്നാമത്തെ വാളിന്റെ പേര് ‘ലുഹൈഫ്’ എന്നായിരുന്നു. അബുൽ ഫതഹ് അദ്ദേഹത്തിന്റെ കാവ്യത്തിൽ ഈ വാളിനെ പരാമർശിക്കുന്നുണ്ട്. വാള് എന്ന് കേൾക്കുമ്പോഴേക്കും നിരന്തരമായി യുദ്ധമോ പോരാട്ടമോ അക്രമമോ എന്നൊന്നും വിചാരിക്കേണ്ടതില്ല. വാള് ഒരു സംസ്കാരത്തിന്റെ ഭാഗം കൂടിയായിരുന്നു. സാധാരണയായി വാൾ അരയിൽ കൊണ്ടുനടക്കുന്ന പതിവ് ഇന്നും പല രാജ്യങ്ങളിലുമുണ്ട്. കൃപാണം കൊണ്ടുനടക്കുന്ന മതവിശ്വാസികൾ നമ്മുടെ നാട്ടിലുമുണ്ടല്ലോ. അലങ്കാര വാളുകൾ വലിയ വിലക്ക് ഉപയോഗിക്കുന്ന രീതിയും പ്രൗഢിയുടെ ഭാഗമായി വാളുകൾ പ്രദർശിപ്പിക്കുന്ന രീതിയും വ്യത്യസ്ത സംസ്കാരങ്ങളിൽ നിലനിൽക്കുന്നുണ്ട്. ഒരാളുടെ നീളവും ധൈര്യവുമൊക്കെ അറിയിക്കാൻ വാളുകളോട് ചേർന്ന പ്രയോഗങ്ങൾ സാഹിത്യത്തിലും സാധാരണയിലുമുണ്ട്. വാളുറ നീണ്ടയാൾ എന്ന പ്രയോഗം ഒരാൾ അധികായൻ ആണെന്നും വീരൻ ആണെന്നും അറിയിക്കാൻ സാധാരണയിൽ തന്നെ അറബികൾ ഉപയോഗിക്കാറുണ്ട്.
Tweet 910
തിരുനബിﷺയുടെ ആയുധങ്ങളുടെ കൂട്ടത്തിൽ കുന്തങ്ങളുമുണ്ടായിരുന്നു. അവകളെ മാത്രം പരാമർശിക്കുന്ന സ്വതന്ത്ര അധ്യായങ്ങൾ സീറയിൽ കാണാം. എണ്ണത്തിലും ഇനത്തിലും വ്യത്യസ്തങ്ങളായ കുന്തങ്ങളെ കുറിച്ചുള്ള പരാമർശങ്ങൾ ഹദീസുകളിലും മറ്റും നമുക്ക് വായിക്കാനുണ്ട്. മുസ്വി, മുൻസനാ, ബനൂ ഖൈനുഖാഇൽ നിന്ന് കിട്ടിയ മൂന്നെണ്ണം എന്നിങ്ങനെ റിമാഹ് ഇനത്തിൽപ്പെട്ട അഞ്ച് കുന്തങ്ങളുണ്ടായിരുന്നു. എന്റെ വിജയവും വിഭവവും കുന്തങ്ങളുടെ തണലിലാണെന്നും എതിർത്തു വരുന്നവർ നിന്ദ്യരാണെന്നും ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഹദീസിൽ തിരുനബിﷺ പറയുന്നതായി കാണാം.
ഹർബാ ഇനത്തിൽപ്പെട്ട അഞ്ചെണ്ണം വേറെയുമുണ്ടായിരുന്നു. നബ്‌അ എന്നു പേരുള്ള ഒരു കുന്തം നബിﷺക്കുണ്ടായിരുന്നു എന്ന് ഇമാം ത്വബ്റാനി (റ) ഉദ്ധരിച്ച ഹദീസിൽ അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറയുന്നുണ്ട്. ഇതിനേക്കാൾ വലിയ മറ്റൊന്നായിരുന്നു ‘അൽ ബൈളാ’. പെരുന്നാൾ ദിവസങ്ങളിൽ തിരുനബിﷺ നിസ്കാരത്തിന് മറയായി മുന്നിൽ അത് നാട്ടി നിർത്താറുണ്ടായിരുന്നു. അനസ എന്നാണ് മൂന്നാമത്തെ കുന്തത്തിന്റെ പേര്. ചിലപ്പോഴൊക്കെ അത് വഹിച്ചു കൊണ്ട് നടക്കുകയും പെരുന്നാൾ സമയങ്ങളിൽ മുസ്വല്ലയുടെ മുന്നിൽ നാട്ടി വെക്കുകയും ചെയ്യുമായിരുന്നു.
അബൂബക്കറി(റ)ന്റെ മകൾ അസ്മാ(റ) പറയുന്നതായി ഇമാം ബലാദുരി(റ) റിപ്പോർട്ട് ചെയ്യുന്നു. സുബൈർ(റ) എത്യോപ്യയിലേക്ക് പലായനം ചെയ്തു. അപ്പോൾ അവിടുത്തെ ചക്രവർത്തി നജ്ജാശി രാജാവ് ശത്രുക്കളെ നേരിടുന്ന സമയമായിരുന്നു. നജ്ജാഷി നൽകിയ കുന്തംകൊണ്ട് ഒരുപാട് ശത്രുക്കളെ പരാജയപ്പെടുത്തി. സുബൈർ(റ) ആ കുന്തവുമായി മദീനയിലേക്ക് വന്നു. ബദ്റിലും ഉഹ്ദിലും ഖൈബറിലുമെല്ലാം അതുമായി സുബൈർ(റ) പങ്കെടുത്തു. ഖൈബറിൽ നിന്ന് മടങ്ങുമ്പോൾ തിരുനബിﷺ ആ കുന്തം കൈപ്പറ്റി. പെരുന്നാൾ സന്ദർഭങ്ങളിൽ അത് തിരുനബിﷺയുടെ സന്നിധിയിൽ വെക്കാറുണ്ടായിരുന്നു. ബിലാൽ(റ) ആയിരുന്നു അത് പരിചരിച്ചിരുന്നത്. യാത്രകളിലും പെരുന്നാൾ മുസ്വല്ലയിലുമെല്ലാം അദ്ദേഹം അത് കൊണ്ടുവരുമായിരുന്നു. ഈ കുന്തം പെരുന്നാൾ മുസ്വല്ലയിൽ കൊണ്ടു വരാറുണ്ടായിരുന്നു എന്ന് അബ്ദുല്ലാഹിബ്നു ഉമറും(റ) പറയുന്നുണ്ട്. അഞ്ചാമത്തെയും ആറാമത്തെയും കുന്തങ്ങളുടെ പേര് ക്രമപ്രകാരം അൽഹദ്ദ് ,അൽ ഖമറ എന്നിങ്ങനെയായിരുന്നു.
തിരുനബിﷺ ഉപയോഗിച്ചിരുന്ന വിവിധതരം വടികളെ കുറിച്ചുള്ള പരാമർശങ്ങൾകൂടി നമുക്ക് ചേർത്ത് വായിക്കാം. ഇമാം ത്വബ്റാനി(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺക്ക് ‘ദഖൻ’ എന്ന് പേരുള്ള ഒരു വളഞ്ഞ വടി ഉണ്ടായിരുന്നു. അതിന് ഒരു മുഴമോ അതിലേറെയോ നീളമുണ്ടായിരുന്നു. തിരുനബിﷺ ആ വടി പിടിച്ചു കൊണ്ട് നടക്കുകയും വാഹനം കയറുകയും ഒട്ടകത്തിന്റെ മുൻഭാഗത്ത് വെക്കുകയും ചെയ്യുമായിരുന്നു. മംശൂഖ് എന്ന് പേരുള്ള മറ്റൊരു വളഞ്ഞ വടിയെക്കുറിച്ചും ഇബ്നു അബ്ബാസ്(റ) തന്നെ പറയുന്നുണ്ട്. തിരുനബിﷺക്ക് ശേഷം ഖലീഫമാർ അത് കൈമാറി വന്നിരുന്നു.
ഖൈല ബിൻത് മഖ്റമ(റ) പറയുന്നു. തിരുനബിﷺയുടെ പക്കൽ ഈത്തപ്പനയുടെ ഒരു കമ്പ് ഞാൻ ശ്രദ്ധിച്ചിരുന്നു.
ഈത്തപ്പനയുടെ കമ്പ് തിരുനബിﷺ വടിയായി ഉപയോഗിച്ചിരുന്നു എന്നാണ് ഇതിന്റെ സാരം. മഹാനായ അലി(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അലി(റ) പറഞ്ഞു. ഞങ്ങൾ ഒരു ജനാസ സംസ്കരണവുമായി ബന്ധപ്പെട്ട് മദീനയിലെ ഖബർസ്ഥാനായ ബഖീഇലായിരുന്നു. തിരുനബിﷺ അവിടേക്ക് വന്നു. ആ സമയത്ത് തിരുനബിﷺയുടെ പക്കൽ ഒരു വടിയുണ്ടായിരുന്നു. അതുകൊണ്ട് തിരുനബിﷺ മണ്ണിൽ വരയ്ക്കുന്നുണ്ടായിരുന്നു.
വടി എന്നതിന് മിഖ്സറ എന്ന പദമാണ് ഈ ഹദീസിൽ ഉപയോഗിച്ചിട്ടുള്ളത്. രാജാക്കന്മാർ പ്രസംഗിക്കുമ്പോഴും പള്ളിയിൽ നടക്കുന്ന സവിശേഷമായ ഖുത്വുബകളിലും ഉപയോഗിക്കുന്ന പ്രത്യേക വടിക്കാണ് ഈ പദം പ്രയോഗിക്കാറുള്ളത്.
ഞാൻ തിരുനബിﷺയോടൊപ്പം സഞ്ചരിക്കുമ്പോൾ അവിടുത്തെ പക്കൽ വടി ഉണ്ടായിരുന്നു എന്നും അത് പ്രവാചകൻﷺ ഊന്നി ഉപയോഗിച്ചിരുന്നു എന്നും അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞതായി അബുൽ ഹസൻ അള്ളഹ്ഹാക്ക്(റ) നിവേദനം ചെയ്യുന്നു.
Tweet 911
തിരുനബിﷺയുടെ കയ്യിൽ വടി കണ്ട വ്യത്യസ്ത സന്ദർഭങ്ങൾ സ്വഹാബികൾ പലയിടങ്ങളിലും പറഞ്ഞുവെച്ചിട്ടുണ്ട്. അതിൽ നിന്ന് ചിലത് കൂടി നമുക്ക് വായിക്കാം. അബൂ മുസ്ലിം അൽ കജ്ജി(റ) എന്നവർ ഔഫ് ബിൻ മാലികി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരിക്കൽ ഞങ്ങളുടെ അടുക്കലേക്ക് വന്നപ്പോൾ കൈവശം ഒരു വടി ഉണ്ടായിരുന്നു. അവിടെ തൂക്കിയിട്ടിരുന്ന ഈത്തപ്പനക്കുലയിലേക്ക് ആ വടി കൊണ്ട് ഒന്നു കുത്തി. കൂട്ടത്തിൽ കേടുവന്ന കാരക്കകളുമുണ്ടായിരുന്നു.
ബറാഅ് ബിനു ആസിബി(റ)ൽ നിന്ന് ഇമാം നസാഈ(റ) നിവേദനം ചെയ്യുന്നു. സ്വർണ്ണ മോതിരം വിരലിൽ അണിഞ്ഞ ഒരാൾ തിരുനബിﷺയുടെ സന്നിധിയിലുണ്ടായിരുന്നു. തിരുനബിﷺയുടെ കൈവശമുണ്ടായിരുന്ന വടികൊണ്ട് അദ്ദേഹത്തിന്റെ വിരലിൽ നബിﷺ ഒന്ന് തട്ടി. സ്വഹാബികളോട് തിരുനബിﷺക്കുണ്ടായിരുന്ന സഹവാസത്തിന്റെ മനോഹാരിത കൂടി ഇതിലുണ്ട്. കൂട്ടുകാർക്കൊപ്പം ഇരിക്കുകയും, അവരോട് ഉണർത്തേണ്ട കാര്യങ്ങൾ ഇടപെട്ടും സൂചിപ്പിച്ചും ചിലപ്പോഴൊക്കെ വേറിട്ട ശൈലിയിൽ ഉണർത്തിയും കൈവശമുള്ള വടികൊണ്ട് അവരുടെ ശരീരത്തിൽ തട്ടിയുമൊക്കെ ഉദ്ബോധിപ്പിക്കാൻ മാത്രം തുറന്നു സഹകരിച്ച ഒരു ജീവിതമായിരുന്നു നബിﷺയുടേത്. അബൂ സഅ്ലബതുൽ ഖശനി(റ)യുടെ ഹദീസ് കൂടി വായിച്ചാൽ ഇപ്പോൾ പറഞ്ഞു വന്നത് പൂർത്തിയാകും. അദ്ദേഹത്തിന്റെ കയ്യിൽ സ്വർണ്ണമോതിരം അണിഞ്ഞിരുന്നത് തിരുനബിﷺയുടെ ശ്രദ്ധയിൽപ്പെട്ടു.
അവിടുത്തെ കൈവശമുണ്ടായിരുന്ന വടികൊണ്ട് അദ്ദേഹത്തിന്റെ കയ്യിൽ തിരുനബിﷺ ഒന്ന് തട്ടി. ശേഷം, തിരുനബിﷺയുടെ ശ്രദ്ധ മറ്റൊരു ഭാഗത്തേക്ക് നീങ്ങി. അപ്പോഴേക്കും അദ്ദേഹം മോതിരം നീക്കം ചെയ്തു. തുടർന്ന് നബിﷺ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾക്ക് നഷ്ടം വരുത്താനോ വേദനിപ്പിക്കാനോ അല്ല ഞാൻ ഇങ്ങനെ ചെയ്തത്.
എത്ര മനോഹരമായ ഒരു സഹവാസമാണ് ഇപ്പോൾ നാം വായിച്ചത്. അല്ലാഹുവിന്റെ നിയമങ്ങൾ ഉണർത്താതെ ഇരിക്കാൻ നിർവാഹമില്ലെന്നും അതിന്റെ പേരിൽ പരിഭവിക്കേണ്ടതില്ലെന്നുമെല്ലാം ഇതിൽ തന്നെയുണ്ട്. ഏത് സന്ദർഭങ്ങളിലും പ്രബോധനത്തിനും അല്ലാഹുവിലേക്ക് ശ്രദ്ധ തിരിക്കുന്നതിനും തിരുനബിﷺ എത്രമേൽ ശ്രദ്ധിച്ചിരുന്നു എന്നുകൂടി നമുക്ക് ഇതിൽ നിന്ന് വായിക്കാം.
അബൂസൈദ്(റ) നിന്ന് ഇമാം ഹുമൈദി(റ) ഉദ്ധരിക്കുന്നു. ഈത്തപ്പനയുടെ കൊമ്പ് അഥവാ ഈത്തപ്പന പിടിക്കുന്ന കുല അത് തിരുനബിﷺക്ക് വലിയ ഇഷ്ടമായിരുന്നു. ചിലപ്പോൾ അത് കൈവശം കൊണ്ടുനടക്കുകയും അതുമായി പള്ളിയിൽ പ്രവേശിക്കുകയും ചെയ്യും. കൈവശമുണ്ടായിരുന്ന ചാട്ടവാർ നിലത്തിട്ട് അതിന്മേൽ നിസ്കരിച്ച ഒരു രംഗം ഉമ്മുസലമ(റ)യുടെ നിവേദനത്തിലും കാണാം.
തിരുനബിﷺയുടെ കൈവശമുണ്ടായിരുന്ന മരക്കൊമ്പുകളും വടികളും ഏതൊക്കെ സന്ദർഭങ്ങളിൽ എങ്ങനെയൊക്കെയായിരുന്നു എന്ന വ്യത്യസ്ത സാക്ഷ്യങ്ങളാണ് നാം വായിച്ചു വന്നത്. കൈവശം ഒരു വടിയുണ്ടാവുക എന്ന താൽപര്യത്തോടെ കൊണ്ടു നടന്നതും ഔദ്യോഗിക സന്ദർഭങ്ങളിൽ അതിന്റെ ഭാഗമായി ഉപയോഗിച്ചതും പ്രകൃതിയോടും വസ്തുക്കളോടുമുള്ള താൽപര്യത്തിൽ അവിടുന്ന് പരിഗണിച്ചതുമെല്ലാം ഈ അധ്യായത്തിന്റെ ഭാഗമായിട്ടുണ്ട്. അബൂ ശൈയ്ഖ്(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഉദ്ധരിക്കുന്ന ഒരു ഹദീസ് കൂടി വായിക്കാം. വടി ഊന്നി നടക്കുക എന്നത് പ്രവാചകന്മാരുടെ സ്വഭാവമാണ്. തിരുനബിﷺ അപ്രകാരം നടക്കാറുണ്ടായിരുന്നു. വടി ഉപയോഗിക്കാൻ നിർദ്ദേശിക്കുകയും ചെയ്യുമായിരുന്നു.
നിവേദന പരമ്പര അത്ര പ്രബലമല്ലെങ്കിലും ഇമാം ബസാറും(റ) ത്വബ്റാനി(റ)യും ഉദ്ധരിച്ച ഒരു ഹദീസിൽ ഇങ്ങനെ കാണാം. മഹാനായ മുആദുബ്നു ജബൽ(റ) പറയുന്നു. ഒരിക്കൽ പ്രവാചകൻﷺ രംഗത്തേക്ക് വന്നു കൊണ്ട് ഇങ്ങനെ പറഞ്ഞു. നിങ്ങൾ വടി ഉപയോഗിക്കുക. എന്റെ പിതാവായ ഇബ്റാഹീം നബി(അ) അങ്ങനെ ഉപയോഗിച്ചിരുന്നു. ഒരു വ്യക്തിയുടെ ജീവിതത്തിലെ അധ്യായങ്ങളെ വായിക്കുമ്പോൾ സാധാരണ വ്യക്തിചരിത്രത്തിൽ നിന്ന് വ്യത്യസ്തമായി ഏതെല്ലാം അദ്ധ്യായങ്ങളാണ് കടന്നുവരുന്നത്! ഇങ്ങനെയൊക്കെ ചർച്ചചെയ്യാനും പരാമർശിക്കാനും ലോകചരിത്രത്തിൽ ഒരേ ഒരു വ്യക്തിയേ ഉള്ളൂ. പ്രമാണങ്ങൾ അങ്ങനെയാണല്ലോ നിരന്തരമായി സംസാരിച്ചുകൊണ്ടിരിക്കുന്നത്. ആ പ്രവാചകരുﷺടെ പവിത്ര നാമം ഒരിക്കൽ കൂടി നമുക്ക് പറയാം മുഹമ്മദ് റസൂലുല്ലാഹ്ﷺ.
Tweet 912
തിരുനബിﷺയുടെ പടയങ്കികളെ കുറിച്ചുള്ള പരാമർശങ്ങളാണ് നമുക്കിനി വായിക്കാനുള്ളത്. അതിലൊന്നിന്റെ പേര് ‘സുഗ്ദിയ്യ’ എന്നായിരുന്നു. ജാലൂത്തിനെ വധിക്കാൻ ദാവൂദ് നബി(അ) ഉപയോഗിച്ചിരുന്ന പടയങ്കിയായിരുന്നു ഇത് എന്ന് പറയപ്പെടുന്നു. ‘ഫിള്ള’ എന്ന പേരിലാണ് രണ്ടാമത്തേത് അറിയപ്പെടുന്നത്. മർവാൻ ബിൻ അബൂ സഈദ് അൽ മുഅല്ല(റ) പറഞ്ഞു. ഈ രണ്ടു പടയങ്കികളും തിരുനബിﷺക്ക് ലഭിച്ചത് ബനൂ ഖൈനുഖാഇൽ നിന്നായിരുന്നു.
‘ദാത്തുൽ ഫുലൂൽ’ എന്നായിരുന്നു മൂന്നാമത്തേതിന്റെ പേര്. നീളം സൂചിപ്പിക്കുന്ന നാമമായിരുന്ന ഇത്. ബദ്റിലേക്ക് പോകുന്ന സമയത്ത് സഅദ് ബിൻ ഉബാദ(റ) നബിﷺക്ക് കൊടുത്തുവിട്ടതായിരുന്നു ഈ പടച്ചട്ട. ഇരുമ്പിന്റെ ഈ പടയങ്കിയായിരുന്നു തിരുനബിﷺയുടെ വിയോഗഘട്ടത്തിൽ അബൂ ശഹമ് എന്ന യഹൂദിയുടെ പക്കൽ പണയത്തിലുണ്ടായിരുന്നത്. ഒരു വർഷത്തെ അവധിക്ക് 30 സാഅ് ബാർലി ആയിരുന്നു പകരം വാങ്ങിയിരുന്നത്. ഈ വിഷയവുമായി മഹതി ആഇശ(റ)യുടെ ഒരു നിവേദനം ഇബ്നു സഅദ് (റ) ഉദ്ധരിക്കുന്നുണ്ട്. മഹതി പറഞ്ഞു. തിരുനബിﷺ ഇഹലോകവാസം വെടിഞ്ഞപ്പോൾ അവിടുത്തെ പടയങ്കി പണയത്തിലായിരുന്നു. കുടുംബത്തിന്റെ ഭക്ഷണത്തിനുവേണ്ടി 30 സാഅ് മറ്റൊരു നിവേദന പ്രകാരം 60 സാഅ് ബാർലിക്ക് പകരമായിരുന്നു പണയം വെച്ചിരുന്നത്.
ഇമാം ത്വബ്റാനി(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺക്ക് ചെമ്പ് കൊണ്ട് അലങ്കരിച്ച ഒരു പടയങ്കിയുണ്ടായിരുന്നു. അതിന്റെ പേര് ‘ദാത്തുൽ ഫുലൂൽ’ എന്നായിരുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ), അലിയ്യ്(റ) എന്നിവരുടെയും നിവേദനങ്ങളിൽ ഈ പടയങ്കിയെ പരാമർശിക്കുന്നുണ്ട്. ദാതുൽ വിശാഹ്, ദാത്തുൽ ഹവാശി, അൽ ബത്റാഅ്, അൽ ഖിർനഖ് എന്നീ പേരുകളിൽ 4 5 6 7 എന്ന ക്രമത്തിൽ തിരുനബിﷺയുടെ പടയങ്കികളെ എണ്ണിയിട്ടുണ്ട്. അവയിൽ ആറാമത്തെ അൽ ബത്റാഅ് താരതമ്യേന ചെറുതായതുകൊണ്ടാണ് അങ്ങനെ ഒരു പേര് ലഭിച്ചത് എന്നും വിശദീകരിച്ചു കാണാം.
ഉഹ്ദ് യുദ്ധ ദിവസം തിരുനബിﷺ രണ്ട് അങ്കികൾ അണിഞ്ഞു കൊണ്ടായിരുന്നു പ്രത്യക്ഷപ്പെട്ടിരുന്നത് എന്ന് സാഇബു ബിൻ യസീദ്(റ) പറഞ്ഞതായി ഇമാം ശാഫിഈ(റ), ഇമാം അഹ്മദ്(റ), അബുദാവൂദ്(റ), ഇബ്നുമാജ(റ) എന്നിവർ നിവേദനം ചെയ്തിട്ടുണ്ട്. കാസിം ബിൻ സാബിത്ത്(റ) ഇമാം ശഹബി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. അലിയ്യ് ബിൻ ഹുസൈൻ(റ) തിരുനബിﷺയുടെ പടയങ്കി ഞങ്ങൾക്ക് കാണിച്ചു തന്നു. യമനി നിർമിതമായ നേർത്ത പടയങ്കിയായിരുന്നു അത്. അതിന് രണ്ട് കയറുകളുണ്ടായിരുന്നു. അവ ചേർത്തു കെട്ടിയാൽ അങ്കി ഉയർന്നു നിൽക്കുകയും അഴിച്ചുവിട്ടാൽ നിലം തൊടുകയും ചെയ്യുമായിരുന്നു.
മുഹമ്മദ് ബിൻ മസ്ലമ(റ)യിൽ നിന്ന് ഇമാം ഇബ്നു സഅദ് (റ) നിവേദനം ചെയ്യുന്നു. ഉഹ്ദ് യുദ്ധ ദിവസം തിരുനബിﷺയുടെ ശരീരത്തിൽ രണ്ട് പടയങ്കികൾ ഞാൻ കണ്ടു. അതിലൊന്ന് ദാതുൽ ഫുളൂൽ ആയിരുന്നു. ഹുനൈൻ ദിവസവും തിരുനബിﷺ രണ്ട് പടയങ്കി ധരിച്ചിരുന്നു. ദാതുൽ ഫുളൂലും സുഗ്ദിയ്യയുമായിരുന്നു അവ. ഉഹ്ദിൽ തിരുനബിﷺ രണ്ട് അങ്കി ധരിച്ചിരുന്നു എന്ന് സുബൈർ ബിൻ അവ്വാം(റ) പറഞ്ഞതായി ഇമാം തുർമുദി(റ) ഉദ്ധരിക്കുന്നുണ്ട്.
ജഅ്ഫർ ബിൻ മുഹമ്മദ്(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ പടയങ്കിക്ക് മാറിന്റെ ഭാഗത്തും പിറകുഭാഗത്തും വെള്ളികൊണ്ടുള്ള രണ്ടു വളയങ്ങൾ വീതം ഉണ്ടായിരുന്നു. തുടർന്ന് ജഅ്ഫർ(റ) തന്നെ പറയുന്നു. ഞാൻ അതെടുത്തണിഞ്ഞു നോക്കിയപ്പോഴേക്കും നിലത്ത് വീണു പോയി.
തിരുനബിﷺക്ക് പടത്തൊപ്പിയുണ്ടായിരുന്നു. ‘സബൂഗ് ‘ അല്ലെങ്കിൽ ‘ദാതുസ്സബൂഗ്’, ‘മുവശ്ശഹ്’, ‘ബീളത്’ എന്നീ പേരുകൾ തിരുനബിﷺയുടെ പടത്തൊപ്പികളുടേതായി വായിക്കാനുണ്ട്.
മക്കാ വിജയവേളയിൽ തിരുനബിﷺ മക്കയിലേക്ക് പ്രവേശിക്കുമ്പോൾ അവിടുന്ന് ഇരുമ്പിന്റെ ഒരു പടത്തൊപ്പി ധരിച്ചിരുന്നതായി ഇമാം മാലികും(റ) ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഇബ്നുമാജ(റ)യും അബുൽ ഹസ്സൻ അള്ളഹ്ഹാക്കി(റ)ൽ നിന്നും അദ്ദേഹം അനസി(റ)ൽ നിന്നും ഉദ്ധരിച്ചിട്ടുണ്ട്.
തിരുനബിﷺയുടെ അരപ്പട്ടയെ കുറിച്ച് ഇമാം ശാഫിഈ(റ), ഇമാം ബുഖാരി(റ), മുസ്ലിം(റ), അഹ്മദ്(റ), അബൂദാവൂദ്(റ), ഇബ്നുമാജ(റ) എന്നിവർ സാഇബ് ബിൻ യസീദി(റ)ൽ നിന്ന് ഉദ്ധരിക്കുന്നുണ്ട്. പ്രസ്തുത അരപ്പട്ടയിൽ വെള്ളിയുടെ മൂന്നു വളയങ്ങളും വെള്ളി കൊണ്ടുള്ള ഒരു ക്ലിപ്പുമുണ്ടായിരുന്നു.
ഭരണാധികാരിയും സൈനിക നേതൃത്വവും, അതോടൊപ്പം പടക്കളത്തിൽ നേരിട്ട് അനുയായികൾക്കൊപ്പം നിൽക്കുന്ന മുഖ്യ സേനാപതിയും എല്ലാമായി നിലകൊണ്ട തിരുനബിﷺയെ കുറിച്ചുള്ള വായനകളിൽ എത്രയെത്ര അധ്യായങ്ങൾ ഇനിയും നമുക്ക് പറയാനുണ്ട്.
Tweet 913
തിരുനബിﷺയുടെ പരിചകളും കൂടി നമുക്കൊന്ന് പരിചയപ്പെടാം. സലൂഖ്, ഫതഖ് എന്നീ രണ്ട് പരിചകൾക്ക് പുറമേ, പരുന്തിന്റെയോ ആട്ടിൻകുട്ടിയുടെയോ ചിത്രമുള്ള മൂന്നാമതൊരെണ്ണം കൂടിയുണ്ടായിരുന്നു. ബീവി ആഇശ(റ) പറഞ്ഞതായി ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺക്ക് ഒരു പരിച സമ്മാനമായി ലഭിച്ചു. അതിൽ പരുന്തിന്റെയോ ആട്ടിൻകുട്ടിയുടെയോ ചിത്രമുണ്ടായിരുന്നു. തിരുനബിﷺക്ക് അത് അത്ര ഇഷ്ടമായില്ല. രാവിലെ ആയപ്പോഴേക്കും ആ ചിത്രങ്ങൾ എവിടെപ്പോയി എന്നറിയില്ല. അല്ലാഹു അതിനെ നീക്കം ചെയ്തിരുന്നു. മക്ഹൂലി(റ)ൽ നിന്ന് ഇമാം ഇബ്നു അബീ ശൈബ(റ)യും ഇബ്നു സഅദും(റ) ഈ വിഷയം ഉദ്ധരിച്ചിട്ടുണ്ട്.
അബ്ദുറഹ്മാൻ ബിൻ ഹസന(റ) എന്ന സ്വഹാബിയിൽ നിന്ന് ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. ഞാനും അംറ് ബിൻ അൽ ആസും(റ) കൂടി തിരുനബിﷺയുടെ സന്നിധിയിലേക്ക് ചെന്നു. അപ്പോൾ തിരുനബിﷺയുടെ അടുക്കൽ തോലുകൊണ്ടുണ്ടാക്കിയ ഒരു പരിചയുണ്ടായിരുന്നു. ജുമുഅ് എന്ന് പേരുള്ള ഒരു പരിച തിരുനബിﷺക്കുണ്ടായിരുന്നു എന്ന് ഇബ്നു അബ്ബാസ്(റ) പറഞ്ഞതായി ഇമാം ത്വബറാനി(റ) ഉദ്ധരിക്കുന്നു.
ഉർവ ബിൻ അസ്സുബൈർ(റ) മുസവ്വർ ബിൻ മഖ്റമ(റ)യിൽ നിന്നും മർവാൻ ബിൻ ഹകമി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു. രണ്ടുപേരും പരസ്പരം നിവേദനത്തെ സാക്ഷീകരിക്കുന്നുമുണ്ട്. ഹുദൈബിയ്യ ദിവസം തിരുനബിﷺ പുറപ്പെട്ടു. ഹുദൈബിയ്യയുടെ അങ്ങേയറ്റം വെള്ളം കുറഞ്ഞ ഒരു വെള്ളക്കെട്ടിന്റെ അടുത്തിറങ്ങി. ജനങ്ങൾ അവിടേക്ക് എത്തിയെങ്കിലും വെള്ളം ഊറി വരുന്നതും കാത്ത് ഇരിക്കേണ്ടിവന്നു. ഒടുവിൽ ജനങ്ങളുപയോഗിച്ച് അത് തീർന്നുപോയി. ഉടനെ അവർ നബിﷺയോട് ദാഹിക്കുന്നുവെന്ന് ആവലാതി പറഞ്ഞു. അപ്പോൾ നബിﷺ ആവനാഴിയിൽ നിന്ന് ഒരു അമ്പടുത്തു. എന്നിട്ട് അമ്പ് ജലാശയത്തിലേക്ക് ഇടാൻ പറഞ്ഞു. അപ്പോൾ നല്ല തെളിഞ്ഞ വെള്ളം പ്രവഹിക്കുകയും ജനങ്ങൾ ആവോളം ഉപയോഗിക്കുകയും ചെയ്തു.
ഇവിടെ അനുബന്ധമായി ചില വിചാരങ്ങൾ നമുക്ക് വേണ്ടതുണ്ട്. ജലസ്രോതസ്സിൽ വെള്ളമില്ലാതെ വന്നപ്പോൾ അനുയായികൾ പ്രവാചകരോﷺട് ആവലാതി ബോധിപ്പിക്കുന്നു. പ്രത്യക്ഷത്തിലുള്ള ഏതെങ്കിലും ഒരു നിമിത്തം വെള്ളം കിട്ടാൻ വേണ്ടി ഉണ്ടാക്കി തരണമെന്ന് താല്പര്യത്തോടെ അല്ല അവർ ആവലാതി പറഞ്ഞത്. അസാധാരണമായ വഴികളിലൂടെ പരിഹാരം തേടി കൊണ്ടായിരുന്നു. അതേ രീതിയിൽ തന്നെയാണ് തിരുനബിﷺയുടെ പ്രതികരണവുമുണ്ടായത്. തടാകം വിശാലമാക്കാനോ വെള്ളം കിട്ടുന്ന മറ്റു സ്രോതസ്സുകളിലേക്ക് ജനങ്ങളെ അയക്കാനോ അല്ല അവിടുന്ന് മുതിർന്നത്. മറിച്ച് അസാധാരണമായ ഒരു സമീപനം. ആവനാഴിയിൽ നിന്ന് അമ്പെടുത്ത് നൽകുക. അത് വറ്റിക്കൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ഇടാൻ നിർദ്ദേശിക്കുക. അതുവഴി ഉള്ള വെള്ളം അധികരിപ്പിക്കുക.
പ്രത്യക്ഷ കാരണങ്ങളിൽ ഈ പ്രവർത്തനങ്ങളുമായി എന്ത് ബന്ധമാണുള്ളത്? വറ്റാൻ പോകുന്ന കിണറ്റിലേക്ക് അമ്പെടുത്തിട്ട് വല്ല കാര്യവുമുണ്ടോ? അല്ലാഹുവിൽ നിന്നുള്ള സവിശേഷമായ അനുഗ്രഹം ലഭിക്കാൻ പ്രവാചകരുﷺമായി ബന്ധപ്പെട്ട ഒരു വസ്തു അതിലേക്ക് ഇട്ടു കൊടുക്കാൻ അനുയായികളോട് പറയുന്നു. തിരുനബിﷺ പറഞ്ഞാൽ അനുസരിച്ചു മാത്രം ശീലമുള്ള ശിഷ്യന്മാർ ഏറ്റെടുക്കുന്നു. പെട്ടെന്ന് തന്നെ അവരുടെ പ്രശ്നത്തിന് കൃത്യമായ പരിഹാരം ലഭിക്കുകയും ചെയ്യുന്നു.
ആത്മീയമായ മാനങ്ങളിലൂടെ അല്ലാതെ ഇതിനെ എങ്ങനെയാണ് വായിക്കുക! അസാധാരണമായ വഴിയിലൂടെ പ്രവാചകൻﷺ സഹായിച്ചു എന്നല്ലാതെ ഇതിനെ എങ്ങനെയാണ് റിപ്പോർട്ട് ചെയ്യുക? ഭൗതികമായ കാരണങ്ങൾക്ക് പുറമേ ആത്മീയമായ കാരണങ്ങളും ഇത്തരം സന്ദർഭങ്ങളിൽ പ്രകടമായിരുന്നു എന്ന് വളച്ചുകെട്ടില്ലാതെ വായിക്കുകയല്ലാതെ മറ്റെന്താണ് നാം ചെയ്യേണ്ടത്! തിരുനബിﷺയുമായി ബന്ധപ്പെട്ട എന്തിനും ഏതിനും വിശേഷങ്ങളുണ്ട് എന്ന കറകളഞ്ഞ തിരിച്ചറിവല്ലേ നമ്മുടെ ഹൃദയങ്ങളിൽ ഉണ്ടാവേണ്ടത്!
Tweet 914
തിരുനബിﷺയുടെ കൊടിയും പതാകയും സംബന്ധിച്ച നിവേദനങ്ങളിലൂടെയാണ് ഇനി നാം സഞ്ചരിക്കുന്നത്. ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദു റസൂലുല്ലാഹ് എന്ന് ആലേഖനം ചെയ്ത ഒരു വെളുത്ത പതാക തിരുനബിﷺക്കുണ്ടായിരുന്നു. കറുത്തതും ചാരനിറത്തിലുള്ളതുമായ മറ്റു രണ്ടു പതാകകളെ കുറിച്ചും നിവേദനങ്ങളിൽ പരാമർശങ്ങളുണ്ട്. രോമം കൊണ്ട് നിർമ്മിച്ച ഒത്ത വലിപ്പത്തിലുള്ള കറുപ്പിൽ വെള്ള വരെയുള്ള ഒരു പതാകയെ കുറിച്ചും നമുക്ക് വായിക്കാം.
ഇമാം അഹ്മദും(റ) തുർമുദി(റ)യും ഇബ്നു അബ്ബാസി(റ)ൽ നിന്നും ഇബിനു അദിയ്യ്(റ) അബൂഹുറൈറ(റ)യിൽ നിന്നും നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം. തിരുനബിﷺയുടെ റായത് അഥവാ ചെറിയ പതാക കറുത്ത നിറത്തിലുള്ളതും ലിവാഅ അഥവാ വലിയ പതാക വെളുത്തതുമായിരുന്നു. ഇമാം ത്വബ്റാനി(റ)യുടെ നിവേദന പ്രകാരം അതിൽ ‘ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസൂലുല്ലാഹ്’ എന്ന് എഴുതപ്പെട്ടിട്ടുണ്ടായിരുന്നു.
തിരുനബിﷺ മക്കയിലേക്ക് പ്രവേശിച്ചപ്പോൾ വെളുത്ത പതാകയും വഹിച്ചുകൊണ്ടായിരുന്നു പ്രവേശിച്ചത് എന്ന് ഇമാം തുർമുദി(റ)യും നസാഇ(റ)യും ഉദ്ധരിക്കുന്നു.
ഇമാം മുസദ്ധദ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ ഒരു കറുത്ത തുണിക്കഷ്ണം പുറത്തെടുത്തു. ശേഷം, അതൊരു കുന്തത്തിന്മേൽ കെട്ടി. അതൊന്ന് ഉയർത്തി ആട്ടുകയും ചെയ്തു. തുടർന്ന് ചോദിച്ചു. ആരാണ് ഇതിനെ ഇത് അർഹിക്കുന്ന വിധം സ്വീകരിക്കുക?അർഹിക്കുന്ന വിധം എന്ന നിബന്ധന കേട്ടപ്പോൾ എല്ലാ വിശ്വാസികളും അമ്പരന്നു. അപ്പോൾ ഒരാൾ മുന്നോട്ടുവന്നു കൊണ്ട് പറഞ്ഞു. അത് അർഹിക്കുന്ന വിധത്തിൽ ഞാൻ സ്വീകരിച്ചു കൊള്ളാം. എന്താണ് അതിന് പാലിക്കേണ്ടത്? പോരാട്ടം ലക്ഷ്യംവെച്ച് മുന്നോട്ടു വരുന്നവരെ നേരിടുകയും അവിശ്വാസിയുടെ മുന്നിൽ നിന്ന് ഇതുമായി പിന്തിരിഞ്ഞോടാതിരിക്കുകയും ചെയ്യുക. ഈ വിധത്തിൽ ഇതിനെ പരിപാലിക്കണമെന്നാണ് പറഞ്ഞതെന്ന് സാരം.
ലോകത്ത് പതാകകൾക്ക് അതിന്റേതായ മൂല്യവും പവിത്രതയുമുണ്ട്. ഓരോ രാഷ്ട്രത്തിനും പതാകകൾക്ക് പ്രത്യേക പദവിയും ഉപയോഗ രീതികളും നിർദ്ദേശിക്കപ്പെട്ടിട്ടുണ്ട്. വ്യത്യസ്ത മാനങ്ങളെയും വിചാരങ്ങളെയും അടയാളപ്പെടുത്തുന്ന കൊടിക്കൂറകളുണ്ട്. ധൈര്യത്തോടെ മുന്നേറാനും ഭീരുവായി തിരിച്ചോടാതിരിക്കാനുമുള്ള നിബന്ധന മുന്നിൽ വെച്ചു കൊണ്ടായിരുന്നു തിരുനബിﷺ പതാക ഉയർത്തിക്കാട്ടിയത്. അതിലൂടെ തിരുനബിﷺ എന്ന ലോകനേതാവ് ഉയർത്തിക്കാണിക്കുന്ന ചില വിചാരങ്ങളും വിപ്ലവങ്ങളുമുണ്ട്. അനുവാചകരിലും അനുയായികളിലും സ്ഥാപിക്കുന്ന ചില നിശ്ചയങ്ങളും തീർച്ചകളുമുണ്ട്. പുതിയ രാഷ്ട്രീയ മാനങ്ങളും രാഷ്ട്രങ്ങൾക്ക് പുതിയ കാഴ്ചപ്പാടുകളിലുള്ള പതാകകളും നിലവിൽ വരുന്നതിന് എത്രയോ കാലം മുമ്പായിരുന്നു പുണ്യ പ്രവാചകർﷺ ഇത്ര മനോഹരമായി ഈ അടയാളങ്ങൾ സ്ഥാപിക്കുകയും ഉയർത്തിക്കാണിക്കുകയും ചെയ്തത്! ഇങ്ങനെ ആലോചിക്കുമ്പോൾ എത്ര ആശ്ചര്യത്തോടെയാണ് നാം ഈ അദ്ധ്യായം വായിച്ചു മുന്നോട്ടുപോകുന്നത്!
ഒരിക്കൽ തിരുനബിﷺ അൻസ്വാരികൾക്ക് നൽകിയ പതാക മഞ്ഞ നിറത്തിലുള്ളതായിരുന്നു. ബനൂ സുലൈം ഗോത്രക്കാർക്ക് നൽകിയത് ചുവന്ന നിറത്തിലുള്ളതായിരുന്നു. മഹാനായ ഇബ്നു അബ്ബാസ്(റ) പറഞ്ഞതായി ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. നബിﷺയുടെ പതാക വഹിച്ചിരുന്നത് അലിയ്യ് ബിൻ അബീത്വാലിബ്(റ) ആയിരുന്നു. അൻസ്വാരികളുടെ പതാക വഹിച്ചിരുന്നത് സഅദ് ബിൻ ഉബാദ(റ) ആയിരുന്നു. യുദ്ധം കൊടുമ്പിരിക്കൊണ്ടു കഴിഞ്ഞാൽ തിരുനബിﷺ അൻസ്വാരികളുടെ പതാകയുടെ ഭാഗത്തേക്ക് നീങ്ങുമായിരുന്നു.
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. ഹാരിസ് ബിൻ ഹസ്സാൻ(റ) പറയുന്നു. ഞാൻ ഒരിക്കൽ തിരുനബിﷺയുടെ പള്ളിയിലേക്ക് കടന്നു ചെന്നപ്പോൾ അവിടെ ജനനിബിഢമായിരുന്നു. കറുത്ത ഒരു പതാകയും അവിടെയുണ്ട്. ഞാൻ ചോദിച്ചു. എന്താണ് കാര്യം? അപ്പോഴാണ് അറിഞ്ഞത് തിരുനബിﷺ അംറുബ്നു ആസി(റ)ന്റെ നേതൃത്വത്തിൽ ഒരു സൈനിക സംഘത്തെ നിയോഗിക്കുന്നുവെന്ന്.
സൈനിക സംഘങ്ങളെ നിയോഗിക്കുമ്പോൾ തിരുനബിﷺ പതാക നിർണയിച്ചിച്ചിരുന്നുവെന്നും നേതാവിന്റെ പക്കൽ ഏൽപ്പിച്ചിരുന്നുവെന്നും മറ്റുമാണ് ഈ ഹദീസ് നമ്മെ ഉദ്ബോധിപ്പിക്കുന്നത്.
Tweet 915
തിരുനബിﷺയുടെ പക്കൽ മഞ്ഞ പതാക കണ്ടിരുന്നു എന്ന് ഇമാം അബൂദാവൂദ്(റ) സിമാകിൽനിന്ന് ഉദ്ധരിക്കുന്നുണ്ട്. സഈദ് ബിൻ മുസയ്യബ്(റ) പറയുന്നു. ഉഹ്ദ് യുദ്ധവേളയിൽ തിരുനബിﷺയുടെ പക്കലുണ്ടായിരുന്ന പതാകയായി ഉപയോഗിച്ചത് മഹതി ആഇശ(റ)യുടെ വരയുള്ള ഒരു വസ്ത്രത്തിന്റെ ഭാഗമായിരുന്നു. അൻസ്വാരികളുടെ പതാകയുടെ പേര് “അൽ ഉഖാദ്” എന്നായിരുന്നു.
ആദ്യം ആഇശ(റ)യുടെ വസ്ത്രമെന്ന് പ്രയോഗിച്ച വാചകത്തിന് ഒട്ടക കട്ടിലിന്റെ ചിത്രം പതിച്ചത് എന്നർത്ഥം നൽകുന്ന ഒരു വിശദീകരണം കൂടിയുണ്ട്. ഹാരിസ് ബിൻ ഹസ്സാൻ(റ) നിവേദനം ചെയ്യുന്നു. ഞാൻ ഒരിക്കൽ മദീന പള്ളിയിലേക്ക് ചെന്നു. തിരുനബിﷺ ഖുത്വുബ നിർവഹിക്കുന്ന സ്ഥലത്തുണ്ടായിരുന്നു. ബിലാൽ(റ) ഒരു വാളും പിടിച്ച് അടുത്തു നിൽക്കുന്നുണ്ട്. ഒരു കറുത്ത പതാകയും സമീപത്തുണ്ടായിരുന്നു. ഞാൻ ചോദിച്ചു. ഇതെന്താണ്? അംറ് ബിൻ അൽ ആസ്വി(റ)ന്റെ സൈന്യം പുറപ്പെടാൻ നിൽക്കുന്നു എന്നായിരുന്നു മറുപടി ലഭിച്ചത്.
സമാനമായ ഒരു ഹദീസ് നേരത്തെ നമ്മൾ വായിച്ചു പോയിട്ടുണ്ട്. തിരുനബിﷺയുടെ നിവേദക സംഘങ്ങൾ ലോകത്തിന്റെ പല പ്രവിശ്യകളിലേക്കും പോയതിന്റെ സാഹചര്യങ്ങൾ വിശദമായിത്തന്നെ മുൻ അധ്യായങ്ങളിൽ നാം പഠിച്ചു.
അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. യൂനുസ് ബിൻ ഉബൈദുല്ലാഹ്(റ) പറഞ്ഞു. തിരുനബിﷺയുടെ പതാകയെ കുറിച്ച് അന്വേഷിക്കാൻ മുഹമ്മദ് ബിൻ കാസിം(റ) എന്നെ ബറാഉ ബിൻ ആസിബി(റ)ന്റെ അടുക്കലേക്ക് പറഞ്ഞയച്ചു. ചതുരത്തിലുള്ള കറുത്ത പതാകയായിരുന്നു എന്നാണ് അദ്ദേഹം തിരുനബിﷺയുടെ പതാകയെ പരിചയപ്പെടുത്തിയത്.
തിരുനബിﷺയുമായി ബന്ധപ്പെട്ട ഏതിനെയും എന്തിനെയും വിശദമായി അന്വേഷിച്ചു പഠിക്കുക എന്ന പ്രത്യേകമായ ശൈലി സ്വഹാബികളിലും തുടർന്ന് വന്ന താബിഉകളിലും എത്രമാത്രം വിശാലമായിരുന്നു എന്നതിന്റെ ഒരു വായന കൂടിയാണിത്. നബി ജീവിതത്തിലെ ഓരോ അധ്യായങ്ങളും സൂക്ഷ്മവും കണിശവുമായി വായിക്കപ്പെടുന്നു എന്നതിന്റെ പ്രമാണമായി തന്നെ നമുക്ക് ഇതിനെയുംകൂടി സ്വീകരിക്കാം.
തിരുനബിﷺയുടെ ടെൻഡറുകളെക്കുറിച്ചുള്ള കുറഞ്ഞ വർത്തമാനങ്ങൾ കൂടി നമുക്ക് പങ്കുവയ്ക്കാം. ഔൻ ബിൻ മാലികി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നുണ്ട് തബൂഖ് യുദ്ധവേളയിൽ തിരുനബിﷺ ചുവന്ന തോല് കൊണ്ടുണ്ടാക്കിയ ഒരു ടെന്റിന്റെ ഉള്ളിൽ ഇരിക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.
സഫ്വാന് ബിൻ മുഅല്ല(റ) പിതാവിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു തിരുനബിﷺക്ക് ദിവ്യസന്ദേശം അഥവാ വഹ്’യ് അവതരിക്കുന്നതിന് ഞാൻ സാക്ഷി ആയിരുന്നില്ല. അങ്ങനെയിരിക്കെ ഒരിക്കൽ ഞങ്ങൾ ജഇർറാനയിൽ ആയിരിക്കെ തിരുനബിﷺ ഒരു ടെൻറ്റിൽ ഉണ്ടായിരുന്നു. തിരുനബിﷺക്ക് വഹ്’യ് അവതരിച്ചു. തിരുനബിﷺയുടെ ശിഷ്യന്മാരിൽ ഒരാളായ ഇമ്രാൻ(റ) എന്നോട് പറഞ്ഞു. തിരുനബിﷺക്ക് ഇപ്പോൾ ദിവ്യസന്ദേശം അവതരിച്ചു കൊണ്ടിരിക്കുകയാണ്. ഉടനെ ഞാൻ എന്റെ ശിരസ്സ് തിരുനബിﷺ താമസിക്കുന്ന ടെന്റിന്റെ ഉള്ളിലേക്ക് പ്രവേശിപ്പിച്ചു. അഥവാ തിരുനബിﷺക്ക് വഹിയ് ഇറങ്ങുന്ന സമയത്തിന് സാക്ഷിയാകാൻ എനിക്ക് സാധിച്ചു.
തിരുനബിﷺയുടെ ഖൈമകളെ കുറിച്ച് സംസാരിക്കുമ്പോൾ സ്വഹാബികളിൽ ഓരോരുത്തർക്കും അവർ സാക്ഷിയായ സന്ദർഭങ്ങളെ പറയാതിരിക്കാൻ കഴിയില്ല. എവിടെയൊക്കെ വച്ചായിരുന്നു തിരുനബിﷺ ടെന്റിൽ താമസിച്ചിരുന്നത് എന്നും അത്തരം ഖൈമകൾക്ക് പങ്കുവെക്കാനുള്ള ഓർമ്മകളും ചേർത്തുകൊണ്ടാണ് സുബുലുൽ ഹുദാ വർറശാദ് എന്ന കിതാബ് അധ്യായത്തെ പരിചയപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ തിരുനബിﷺ താമസിച്ച കുടിലുകളെ കുറിച്ചുള്ള സംഭാഷണത്തിൽ നിവേദനം ചെയ്യുന്ന സ്വഹാബിയുടെ അനുഭവം കൂടി ചേർത്തു കൊണ്ടായിരിക്കും വായിക്കേണ്ടി വരുന്നത്.
രോമങ്ങൾ കൊണ്ട് നിർമിതമായ ഒരു ടെന്റിനെക്കുറിച്ച് ജാബിർ ബിൻ അബ്ദുല്ലാഹ് (റ) പറയുന്നുണ്ട്. അത്തരമൊരു ടെന്റിന്റെയുള്ളിൽ തിരുനബിﷺ ഇരിക്കുന്നത് അദ്ദേഹത്തിന് സാക്ഷിയാകാൻ കഴിഞ്ഞു.
Tweet 916
ഇമാം ഹാക്കിം(റ) അബ്ദുല്ലാഹിബ്നു മസ്ഊദി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. മഹാനവർകൾ പറഞ്ഞു. ഞാൻ തിരുനബിﷺയുടെ അടുക്കലേക്ക് എത്തിയപ്പോൾ അവിടുന്ന് തോല് കൊണ്ടുള്ള ഒരു ടെന്റിലായിരുന്നു. നാൽപതോളം ആളുകൾ തിരുനബിﷺയോടൊപ്പമുണ്ടായിരുന്നു. അപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു. നിശ്ചയമായും വിജയം നിങ്ങൾക്ക് ആസന്നമായിരിക്കുന്നു. നിങ്ങൾ സഹായിക്കപ്പെടുകയും ജയം വരിക്കുകയും ചെയ്യും. അപ്രകാരം വിജയം നേടുമ്പോൾ നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും നന്മ കൊണ്ട് കൽപ്പിക്കുകയും തിന്മയെ വിരോധിക്കുകയും ചെയ്യുക. കുടുംബ ബന്ധം ചേർക്കുക. അധർമത്തിൽ തന്റെ ജനതയെ സഹായിക്കുന്ന ഒരാൾ മുകളിൽ നിന്ന് വീണ ഒരു ഒട്ടകത്തെ പോലെയാണ്. അതിന്റെ വാല് പിടിച്ച് രക്ഷപ്പെടുത്താമെന്ന് ആളുകൾ വിചാരിക്കുന്നു.
രക്ഷിക്കാനാവാത്ത പരാജയത്തിലേക്ക് എത്തിച്ചേരും എന്നാണ് ഈ ഉദാഹരണത്തിന്റെ ആശയം. ഈ ഹദീസിന്റെ തന്നെ മറ്റൊരു നിവേദനത്തിൽ കിണറ്റിൽ വീണുപോയ ഒട്ടകത്തെ വാലിൽ പിടിച്ചു രക്ഷിക്കാൻ ശ്രമിക്കുന്നതുപോലെ എന്ന് വ്യക്തമായി തന്നെ പരാമർശിക്കുന്നുണ്ട്. അപ്രകാരം വീണുപോയ ഒട്ടകത്തെ വാലിൽ പിടിച്ച് രക്ഷിക്കാനാവില്ലല്ലോ?
വിജയത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുമ്പോഴെല്ലാം, വിജയം ലഭിക്കുന്നവർ അല്ലാഹുവിനെ മറന്ന് അഭിരമിക്കരുത് എന്നുണർത്താൻ തിരുനബിﷺ വിട്ടു പോകാറില്ല. എല്ലാ അനുഗ്രഹങ്ങളും വിജയങ്ങളും അല്ലാഹുവിൽ നിന്നാണെന്നും അതിനെക്കുറിച്ചുള്ള കൃത്യമായ അവബോധം ഓരോരുത്തരിലും എപ്പോഴും ഉണ്ടാകണമെന്നും നിരന്തരമായി അവിടുന്ന് ഉൽബോധിപ്പിച്ചു കൊണ്ടിരുന്നു. അതിന്റെ ഭാഗമായാണ് ഇവിടെയും അത്തരമൊരു ഉപദേശം കടന്നുവരുന്നത്. പ്രതിരോധത്തിന് വേണ്ടി പടനിരത്തുമ്പോഴും യുദ്ധക്കളത്തിന്റെ ചാരത്ത് നിൽക്കുമ്പോഴും ആത്മീയമായ ഉപദേശങ്ങൾ നൽകിക്കൊണ്ടിരിക്കുന്നതിൽ തിരുനബിﷺ അല്പം പോലും അമാന്തിച്ചിരുന്നില്ല. തോലുകൊണ്ടുണ്ടാക്കിയ ഒരു ടെന്റിൽ തിരുനബിﷺ ഇരുന്നു എന്നതാണ് ഈ അധ്യായവും നമ്മുടെ വായനയും തമ്മിലുള്ള ബന്ധം.
തിരുനബിﷺ ടെന്റിൽ കഴിഞ്ഞതുമായി ബന്ധപ്പെട്ട ഒരു നിവേദനം കൂടി നമുക്ക് വായിച്ചു പോകാം. ഇമാം മുസദ്ദദും(റ) ഇബ്നു അബീ ശൈബ(റ)യും ഉദ്ധരിക്കുന്നു. ഞാനും ബനൂ ആമിർ ഗോത്രത്തിൽപ്പെട്ട രണ്ടുപേരും തിരുനബിﷺയുടെ അടുത്തേക്ക് ചെന്നു. അവിടുന്ന് മിനയുടെയും മക്കയുടെയും ഇടയിലുള്ള അബ്തഹിൽ ഒരു ചുവന്ന ഹൈമയിൽ കഴിയുകയായിരുന്നു. ഞങ്ങൾ അടുത്തേക്കിരുന്നപ്പോൾ അവിടുന്ന് ചോദിച്ചു. നിങ്ങൾ ആരാണ്? ഞങ്ങൾ പറഞ്ഞു. ഞങ്ങൾ ബനൂ ആമിർ ഗോത്രത്തിൽ നിന്നാണ്. അപ്പോൾ അവിടുന്ന് ഇങ്ങനെ പ്രതികരിച്ചു. നിങ്ങൾക്ക് ഞാൻ സവിശേഷമായ മംഗളങ്ങൾ നേരുന്നു.
ജീവിതത്തിന്റെ എല്ലാ തലങ്ങളെയും പഠിക്കുകയും പരാമർശിക്കുകയും ചെയ്യുമ്പോൾ, അവിടുത്തെ സഞ്ചാര പദങ്ങളിൽ തെളിഞ്ഞു കാണുന്ന ഓരോ അധ്യായങ്ങളും അന്വേഷകനും പഠിതാവിനും പ്രാധാന്യമുള്ളതാണ്. നയതന്ത്ര നീക്കങ്ങളും സൈനിക സഞ്ചാരങ്ങളും വ്യാപാര യാത്രകളുമൊക്കെ നടത്തിയ തിരുനബിﷺ ഇത്തരം സന്ദർഭങ്ങളിൽ ഇരിക്കുകയും വിശ്രമിക്കുകയും ചെയ്ത കുടിലുകളിലൂടെയും താൽക്കാലിക ടെന്റുകളിലൂടെയും ഒരു അന്വേഷകന് സഞ്ചരിച്ചേ മതിയാകൂ. തിരുനബിﷺ താമസിച്ച ഓരോ ഖൈമകളും മനുഷ്യകത്തിനും ലോകത്തിനും ഒരുപാട് സന്ദേശങ്ങൾ കൈമാറിയിട്ടുണ്ട്. അവിടുത്തെ ജീവിതത്തിന്റെ ലാളിത്യത്തിനപ്പുറം ആ ടെന്റുകളിൽ നിറഞ്ഞുനിന്ന ചർച്ചകളുടെയും ആത്മീയ അനുഷ്ഠാനങ്ങളുടെയും നീക്കങ്ങളുടെയും വെളിച്ചവും അനുരണനങ്ങളും ഇന്നും അവസാനിച്ചിട്ടില്ല. എന്നും അത് തുടർന്നു കൊണ്ടേയിരിക്കും.
Tweet 917
തിരുനബിﷺയുടെ ജീവിതത്തിന്റെ വേറിട്ട ചില ഭാഗങ്ങളിലൂടെയാണല്ലോ നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. കൂട്ടത്തിൽ അവിടുന്ന് ഉപയോഗിച്ചിരുന്ന വാഹനങ്ങളിലുണ്ടായിരുന്ന ജീനികളും കുതിര, ഒട്ടകം, കഴുത പോലെയുള്ള വാഹനങ്ങളുടെ മുകളിൽ ഇരിക്കുമ്പോൾ ചവിട്ടി കയറാനും സുരക്ഷിതമായി സഞ്ചരിക്കാനും ആവശ്യമായ വസ്തുക്കളും സംബന്ധിച്ച ഒരു അധ്യായം കൂടി നമുക്ക് വായിക്കാം. അബൂ അബ്ദു റഹ്മാൻ അൽഫിഹ്രി(റ)യിൽ നിന്ന് ഇമാം അബൂദാവൂദ്(റ), അഹ്മദ്(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ ബിലാലി(റ)നോട് പറയുന്നത് അദ്ദേഹം കേട്ടുവത്രേ. അല്ലയോ ബിലാലേ(റ), എന്റെ കുതിരയ്ക്ക് ജീനി അണിയിക്കൂ. അപ്പോൾ ബിലാൽ(റ) ഒരു ജീനി പുറത്തേക്കെടുത്തു. അതിന്റെ രണ്ടു ഭാഗങ്ങളും ഈത്തപ്പനയുടെ നാരു കൊണ്ടുള്ളതായിരുന്നു. അതിൽ ഏതെങ്കിലും വിധത്തിൽ അഹങ്കാരത്തിനോ അഹംഭാവത്തിനോ അവസരമുള്ളതൊന്നും ഉണ്ടായിരുന്നില്ല.
ഈ ഹദീസിലെ അവസാനഭാഗങ്ങൾ അപ്രകാരം പ്രയോഗിച്ചത് അന്നത്തെ ഒരു സാഹചര്യം വച്ചു കൊണ്ടായിരുന്നു. ആളുകൾ അവരുടെ സമ്പത്തും പ്രൗഢിയും പ്രദർശിപ്പിക്കാൻ വാഹനങ്ങളുടെ അലങ്കാരങ്ങളെ ഉപയോഗിച്ചിരുന്നു. വിശിഷ്യാ, സഞ്ചാര വാഹനങ്ങളിൽ ജീനിയും ചവിട്ടും വിലപിടിപ്പുള്ള സാധനങ്ങൾ കൊണ്ട് നിർമ്മിച്ചും വിവിധങ്ങളായ അലങ്കാരങ്ങൾ ചേർത്തും ആളുകൾക്കിടയിൽ പ്രൗഢി കാണിച്ചിരുന്നു. അത്തരമൊരു സാമൂഹിക ഘടനയിൽ ലളിതമായ ജീവിതക്രമങ്ങളായിരുന്നു അവിടുന്ന് ചിട്ടപെടുത്തിയിരുന്നത് എന്ന് പഠിപ്പിക്കുകയാണിവിടെ. അബ്ദുറഹ്മാനുബ്നു ഫിഹ്രി(റ)യിൽ നിന്ന് തന്നെ ഇമാം ത്വബ്റാനി(റ) ഉദ്ധരിച്ച ഹദീസിൽ ‘അദ്ദാജുൽ മൂജസ്’ എന്ന പേരിൽ ഒരു ജീനി തിരുനബിﷺക്കുണ്ടായിരുന്നു എന്ന് എടുത്തുപറയുന്നുണ്ട്.
ജുറൈർ(റ) അല്ലെങ്കിൽ ഹുറൈസി(റ)ൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കൂടി വായിക്കാം. ഞാൻ തിരുനബിﷺയുടെ അടുക്കലേക്ക് എത്തിച്ചേർന്നപ്പോൾ അവിടുന്ന് ഖുത്വുബ നിർവഹിക്കുകയായിരുന്നു. ഞാൻ തിരുനബിﷺയുടെ വാഹനത്തിന്റെ മീസറത്തിൽ അഥവാ വാഹനത്തിന്മേൽ വിരിച്ചിരിക്കുന്ന വിരിപ്പിൽ ഒന്ന് കൈ വെച്ച് നോക്കി. അപ്പോഴത് ചെമ്മരിയാടിന്റെ മിനുസമുള്ള തോലുകൊണ്ടുണ്ടാക്കിയതായിരുന്നു. മിനായിൽ വെച്ചുള്ള പ്രസംഗത്തിന്റെ സമയത്തായിരുന്നു ഈ സംഭവം എന്ന് ഈ സന്ദർഭത്തെ ഉദ്ധരിച്ചുകൊണ്ട് ഇബ്നു സഅദ്(റ), ബഗവി(റ) എന്നിവർ പറയുന്നുണ്ട്.
തിരുനബിﷺ വാഹനത്തിൽ ഒപ്പം ഇരുത്തിക്കൊണ്ടുപോകുന്ന രംഗങ്ങളെ കുറിച്ച് നിരവധി സ്വഹാബികൾക്ക് പറയാനുണ്ട്. മേൽപ്പറഞ്ഞ അധ്യായത്തിനു ശേഷമാണ് അങ്ങനെ ഒരു തലവാചകം സുബുലുൽ എഴുതിക്കാണുന്നത്. ചിലപ്പോൾ വാഹനത്തിന് മേൽ തിരുനബിﷺയുടെ മുന്നിലും ചിലപ്പോൾ പിന്നിലും ചിലപ്പോൾ രണ്ടുഭാഗത്തും ഒരുമിച്ചും മറ്റുള്ളവരെ കൂടെയിരുത്തി സഞ്ചരിക്കാറുണ്ട്.
അബ്ദുല്ലാഹിബ്നു ജഅ്ഫറി(റ)ൽ നിന്ന് ഇബ്നു അബീ ശൈബ(റ)യും ഇബ്നു മന്ദ(റ)യും ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു. തിരുനബിﷺ യാത്ര കഴിഞ്ഞു മദീനയിലേക്ക് വന്നാൽ അവിടുത്തെ കുടുംബത്തിലെ ചെറിയ മക്കൾ നബിﷺയെ വരവേൽക്കും. ഒരിക്കൽ തിരുനബിﷺ വന്നപ്പോൾ ഞാനായിരുന്നു ആദ്യം നബിﷺയുടെ അടുക്കലേക്ക് ഓടിയെത്തിയത്. അപ്പോൾ എന്നെ ഉയർത്തി തിരുനബിﷺയുടെ മുന്നിൽ ഇരുത്തി. പിന്നീട് ഫാത്വിമ(റ)യുടെ രണ്ടു മക്കളിൽ ഒരാൾ വന്നു. ആ മകനെയും ഉയർത്തി വാഹനത്തിന്മേൽ നബിﷺയുടെ പിന്നിൽ ഇരുത്തി. ഞങ്ങൾ മൂന്നുപേരും കൂടിയായിരുന്നു മദീനയിലേക്ക് പ്രവേശിച്ചത്.
ഒന്നര സഹസ്രാബ്ദം മുമ്പ് മദീനയിലേക്ക് ഒട്ടകപ്പുറത്തോ കുതിരപ്പുറത്തോ മറ്റോ പ്രവേശിക്കുന്ന പ്രവാചകനെﷺയും മക്കൾ ഓടിയടുത്തപ്പോൾ അവരെ വാഹനപ്പുറത്ത് കയറ്റി സഞ്ചരിക്കുന്ന രംഗവും ഒന്നാലോചിച്ചു നോക്കിയാൽ ജീവനുള്ള ഒരു വായനയായി നമുക്ക് അനുഭവപ്പെടുന്നു.
Tweet 918
പ്രമുഖ സ്വഹാബിയായ ഇക്‌രിമ(റ) പറയുന്നു. ഒരിക്കൽ തിരുനബിﷺ വാഹനം കയറി. മുന്നിൽ അബ്ബാസി(റ)ന്റെ മകൻ ഖുസമി(റ)നെയും പിന്നിൽ ഫള്ൽ ബിൻ അബ്ബാസി(റ)നെയും ഇരുത്തി.
തിരുനബിﷺ വാഹനങ്ങളിൽ പിൻസീറ്റിലും മറ്റും ഒപ്പമിരുത്തി യാത്ര ചെയ്തവരെക്കുറിച്ച് സ്വതന്ത്രമായ പഠനങ്ങളുണ്ട്. പ്രധാനമായും അങ്ങനെ എണ്ണപ്പെട്ടവർ 50 പേർ ആണെന്ന് ഹാഫിള് അബൂ സക്കരിയ്യ(റ) രേഖപ്പെടുത്തുന്നു. ഇമാം ഇബ്നു മന്ദ(റ) ഇത് സംബന്ധമായി സ്വതന്ത്രമായ ഒരു രചന തന്നെ നിർവഹിച്ചിട്ടുണ്ട്. അതിൽ എണ്ണപ്പെടാത്ത ചിലരെ കൂടി വിശദവിവരങ്ങളോടെ ഞാൻ ഉദ്ധരിക്കുന്നുണ്ട് എന്ന് ഇമാം സ്വാലിഹി(റ) സുബ്ലുൽ ഹുദയിൽ പറയുന്നുണ്ട്.
തിരുനബിﷺയുടെ സുപ്രധാനമായ യാത്രകളിലും യുദ്ധക്കളങ്ങളിലേക്ക് പോകുമ്പോഴും ഓരോ ദിവസവും ഓരോരുത്തരെ വാഹനത്തിന്റെ പിൻസീറ്റിൽ ഇരുത്തി കൊണ്ടുപോകാറുണ്ടായിരുന്നുവെന്ന് അനസ്(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസ് ഇമാം ബുഖാരി(റ)യും അഹ്മദും(റ) നിവേദനം ചെയ്യുന്നുണ്ട്.
അക്കൂട്ടത്തിൽ ചിലയാളുകളെ എണ്ണി പരാമർശിച്ചു കൊണ്ട് വന്ന നിവേദനങ്ങൾ കൂടി നമുക്ക് വായിച്ചു പോകാം. ഒന്ന്, ജിബ്‌രീല്‍(അ). രണ്ട്, അബൂബക്കർ(റ). തിരുനബിﷺ മദീനയിലേക്ക് കടന്നു വന്നപ്പോൾ വാഹനത്തിന്റെ പിൻസീറ്റിലുണ്ടായിരുന്നത് അബൂബക്കർ(റ) ആയിരുന്നു എന്ന് അനസുബ്നു മാലികി(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും അഹ്മദും(റ) നിവേദനം ചെയ്യുന്നു. മൂന്ന്, അബൂദർ(റ). ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്ത ഹദീസിൽ അബൂദർ(റ) തന്നെ പറയുന്നു. ഒരു അസ്‌തമാന സമയത്ത് ഞാനും തിരുനബിﷺയും കൂടി ഒരു കഴുതപ്പുറത്ത് യാത്ര ചെയ്യുകയായിരുന്നു. അപ്പോൾ അവിടുന്നെന്നോട് ചോദിച്ചു. സൂര്യൻ എവിടേക്കാണ് പോകുന്നത് എന്നറിയാമോ? ഞാൻ പറഞ്ഞു. അല്ലാഹുവിനും റസൂലിനുംﷺ അറിയാം. സൂര്യൻ അസ്തമിക്കുന്നത് അഗ്നി സമുദ്രത്തിലാണ്.
നാല്, ഉസ്മാൻ ബിൻ അഫ്ഫാൻ(റ). തിരുനബിﷺ ബദ്ർ യുദ്ധം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയിൽ റൗഹാഇൽ വച്ച് ഉസ്മാൻ ബിൻ അഫ്ഫാൻ(റ) വരവേറ്റു. അപ്പോഴേക്കും വാഹനത്തിൽ ചവിട്ടിയിരിക്കുന്ന ഭാഗത്തുനിന്ന് തിരുനബിﷺ കാല് പുറത്തെടുത്തു. ഉസ്മാനോ(റ)ട് വാഹനത്തിൽ കയറാൻ പറയുകയും ഒപ്പം ചേർത്തിരുത്തുകയും ചെയ്തു. അപ്പോൾ ഉസ്മാൻ(റ) തേങ്ങിക്കരയുന്നുണ്ടായിരുന്നു. ഉടനെ നബിﷺ ഇടപെട്ട് അടങ്ങാൻ പറഞ്ഞുകൊണ്ട് ആശ്വസിപ്പിച്ചു. മറ്റൊരു നിവേദന പ്രകാരം തിരുനബിﷺ ഇങ്ങനെയാണ് പറഞ്ഞത്. അടങ്ങിക്കോളൂ. അവരുടെ സഹോദരിയെ നിങ്ങൾക്ക് അല്ലാഹു വിവാഹം ചെയ്തു തന്നിരിക്കുന്നു.
തിരുനബിﷺയുടെ മകളും ഉസ്മാനി(റ)ന്റെ ഭാര്യയുമായ മഹതിയുടെ വിയോഗത്തിലായിരിക്കണം ഉസ്മാൻ(റ) അപ്പോൾ തേങ്ങി കരഞ്ഞത്. അല്ലാഹുവിന്റെ നിശ്ചയപ്രകാരം മരണപ്പെട്ടുപോയ ഭാര്യയുടെ സഹോദരി അഥവാ തിരുനബിﷺയുടെ അടുത്ത മകളെ ഉസ്മാനി(റ)ന് വിവാഹം ചെയ്തു കൊടുക്കാൻ നിശ്ചയിച്ചു. അത് അറിയിച്ചുകൊണ്ടായിരുന്നു തിരുനബിﷺ ഉസ്മാനെ(റ) ആശ്വസിപ്പിച്ചത്.
ഒരാളുടെ വിയോഗശേഷം മറ്റെയാളെ എന്ന ക്രമത്തിൽ തിരുനബിﷺയുടെ രണ്ട് പെൺമക്കളെ വിവാഹം കഴിക്കാൻ ഭാഗ്യം കിട്ടിയതു കൊണ്ടാണല്ലോ ഇരട്ട വെളിച്ചത്തിന്റെ ഉടമ എന്നർഥമുള്ള ‘ദുന്നൂറൈൻ’ എന്ന പേര് ഉസ്മാന്(റ) ലഭിച്ചത്. അഞ്ച്, അലിയ്യ് ബിൻ അബീ ത്വാലിബ്(റ). അറഫത് ബിന് അൽഹാരിസ്(റ) പറയുന്നു. വിടവാങ്ങൽ ഹജ്ജ് വേളയിൽ ഞാൻ തിരുനബിﷺയുടെ സന്നിധിയിലുണ്ടായിരുന്നു. ബലി മൃഗങ്ങളെ ഹാജരാക്കപ്പെട്ടപ്പോൾ തിരുനബിﷺ പറഞ്ഞു. എനിക്കുവേണ്ടി അബുൽഹസനെ(റ) അഥവാ അലിയ്യി(റ)നെ വിളിക്കൂ. അപ്പോഴേക്കും അലിയ്യ്(റ) ഹാജരാക്കപ്പെട്ടു. തിരുനബിﷺ അദ്ദേഹത്തോട് പറഞ്ഞു. ഇതാ ഈ കുന്തത്തിന്റെ താഴ്ഭാഗം പിടിക്കൂ. ശേഷം, മേൽഭാഗം നബിﷺയും പിടിച്ചു. രണ്ടുപേരും കൂടി ബലി മൃഗത്തെ കൈകാര്യം ചെയ്തു. പിന്നീട് നബിﷺ ഒരു കോവർ കഴുതയുടെ പുറത്തു കയറി. അലി(റ)യെ പിൻസീറ്റിൽ ഇരുത്തി യാത്ര ചെയ്തു പോയി.
Tweet 919
ആറ്, അബ്ദുല്ലാഹിബ്നു അബ്ബാസ്(റ). തിരുനബിﷺ അദ്ദേഹത്തെ വാഹനത്തിന്റെ പിൻസീറ്റിൽ കയറ്റി. ശരിയായി ഇരുന്നു കഴിഞ്ഞപ്പോൾ മൂന്നു പ്രാവശ്യം തക്ബീർ ചൊല്ലുകയും മൂന്നുപ്രാവശ്യം അൽഹംദുലില്ലാഹ് എന്ന് പറയുകയും മൂന്നുപ്രാവശ്യം സുബ്ഹാനല്ലാഹ് എന്നുച്ചരിക്കുകയും ചെയ്തു. ശേഷം തഹലീൽ ചൊല്ലി അഥവാ ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞു. ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഹദീസിൽ ഇക്കാര്യങ്ങൾ കാണാം.
അബ്ദുല്ലാഹിബ്നു അബ്ബാസി(റ)നെ വാഹനത്തിൽ ഒപ്പം ഇരുത്തിയ ഒരു സന്ദർഭമാണ് നാം വായിച്ചത്.
ഏഴ്, ഉസാമത്ത് ബിൻ സൈദ്(റ). അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. മക്കാവിജയ ദിവസം മക്കയുടെ ഉയർന്ന ഭാഗമായ കുദായിലൂടെ ഉസാമ(റ)യെ ഒപ്പമിരുത്തിക്കൊണ്ടാണ് തിരുനബിﷺ വാഹനത്തിൽ കടന്നുവന്നത്. ഉസാമത്ത് ബിനു സയ്യിദ്(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ ഇങ്ങനെയുണ്ട്. ഒരിക്കൽ തിരുനബിﷺ കഴുതപ്പുറത്തു കയറി. അതിന്റെ മുകളിൽ ഒരു ജീനിയും ഒരു വിരിപ്പുമുണ്ടായിരുന്നു. ഉസാമ(റ)യെയും വാഹനത്തിൽ ഒപ്പമിരുത്തി. ഖസ്റജുകളുടെ കൂട്ടത്തിലെ ബനൂഹാരിസ് കുടുംബത്തിലുള്ള ഉബാദത്ത് ബിനു സാമിതി(റ)നെ രോഗ സന്ദർശനം നടത്താൻ വേണ്ടിയായിരുന്നു പോയത്.
തിരുനബിﷺയുടെ പരിചാരകനും പ്രമുഖ സ്വഹാബിയുമായ സൈദി(റ)ന്റെ മകൻ ഉസാമ(റ) തിരുനബിﷺയോടൊപ്പം വാഹനത്തിൽ ചേർന്നിരുന്ന് യാത്ര ചെയ്ത സന്ദർഭങ്ങളെയാണ് നാം വായിച്ചത്.
എട്ട്, അബുൽ മലിഹ് ബിൻ ഉസാമ:(റ). അദ്ദേഹം പറഞ്ഞു. ഞാൻ തിരുനബിﷺയോടൊപ്പം വാഹനത്തിന്റെ പിൻസീറ്റിൽ സഞ്ചരിക്കുകയായിരുന്നു. പെട്ടെന്ന് തന്നെ വാഹനമിടയുകയും ഞാൻ വഴുതി വീഴുകയും ചെയ്തു. ഉടനെ ഞാൻ പറഞ്ഞു. പിശാച് നശിക്കട്ടെ! പ്രവാചകൻﷺ പറഞ്ഞു. അങ്ങനെ പറയരുത്. അത് വളരുകയും ഗൃഹത്തോളം വലുതാവുകയും ചെയ്യും. പിശാചിന്റെ ശക്തി കൊണ്ടാണ് എല്ലാം സംഭവിക്കുന്നത് എന്ന് വിചാരിക്കും. അല്ലാഹുവിന്റെ നാമത്തിൽ എന്ന് പറഞ്ഞോളൂ. അപ്പോൾ പിശാച് ഈച്ചയോളം ചെറുതാവുകയും നിരാശനാവുകയും ചെയ്യും.
പൈശാചിക വിചാരങ്ങൾക്ക് പ്രചോദനം നൽകുന്ന പ്രയോഗങ്ങളോ പ്രതികരണങ്ങളോ ഉണ്ടാവരുത് എന്നാണ് തിരുനബിﷺ ഉൽബോധിപ്പിക്കുന്നത്. അതുവഴി പിശാചിന് തന്നെ തോന്നും ഞാൻ ചിലതൊക്കെ ചെയ്യുന്നു എന്ന്. മറിച്ച് എല്ലാം അല്ലാഹുവിന്റെ നാമത്തിൽ ചിന്തിക്കുകയും സമീപിക്കുകയും ചെയ്താൽ പൈശാചിക വിചാരങ്ങൾ അന്യമാവുകയും നന്മയുടെ കവാടങ്ങൾ തുറക്കപ്പെടുകയും ചെയ്യും.
ഒൻപത്, സൈദ് ബിൻ സാബിത്(റ). തിരുനബിﷺയുടെ സന്തതസഹചാരിയും ദിവ്യസന്ദേശങ്ങൾ രേഖപ്പെടുത്തി വെക്കുന്ന പ്രമുഖ ശിഷ്യനുമായിരുന്നു. തിരുനബിﷺയോടൊപ്പം സഞ്ചരിക്കാൻ നിരവധി സന്ദർഭങ്ങൾ ലഭിച്ച ഭാഗ്യവാൻ.
പത്ത്, സുഹൈൽ ബിൻ ബൈളാ(റ). അദ്ദേഹം പറയുന്നു. ഞാൻ തിരുനബിﷺയോടൊപ്പം വാഹനത്തിൽ സഹസഞ്ചാരിയായി യാത്ര ചെയ്തു. തിരുനബിﷺ എന്നെ വിളിച്ചു. അല്ലയോ സുഹൈൽ ബിൻ ബൈളാ(റ).. രണ്ടോ മൂന്നോ പ്രാവശ്യം തിരുനബിﷺ ശബ്ദമുയർത്തി. ഓരോ പ്രാവശ്യവും സുഹൈൽ(റ) ഉത്തരം നൽകും. പക്ഷേ, ശബ്ദം കേട്ട ജനങ്ങൾ വിചാരിച്ചു, അവരെയാണ് വിളിക്കുന്നതെന്ന്. അങ്ങനെ മുന്നിലുള്ളവരും പിന്നിലുള്ളവരുമെല്ലാം നബിﷺയോടൊപ്പം ഒരുമിച്ചുകൂടി. എല്ലാവരും ഒത്തുകൂടി നിന്നപ്പോൾ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്ന് സാക്ഷ്യം വഹിക്കുന്നവർക്ക് അല്ലാഹു നരകം നിഷിദ്ധമാക്കിയിരിക്കുന്നു. സ്വർഗ്ഗം അനിവാര്യമാക്കിയിരിക്കുന്നു.
14 സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഒരു മനുഷ്യൻ സഞ്ചരിച്ചപ്പോൾ പിൻസീറ്റിൽ ഇരുന്നത് ആരൊക്കെയായിരുന്നു എന്ന് വർത്തമാനകാലത്തും ആളുകൾ പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നു. ഓരോരുത്തരുടെയും പേരും ചരിത്രവും പുനരലവലോകനം ചെയ്യുന്നു. ആ മനുഷ്യമഹാശ്ചര്യത്തിന്റെ പേരാണ് മുഹമ്മദ് റസൂലുല്ലാഹ്ﷺ.
Tweet 920
പതിനൊന്ന്, മുആദ് ബിൻ ജബൽ(റ). ഇമാം അഹ്മദും(റ) മറ്റും അനസുബ്നു മാലികി(റ)ൽ നിന്നും ഇമാം ബുഖാരി(റ), മുസ്ലിം(റ), തുർമുദി(റ) എന്നിവർ മുആദ് ബിനു ജബലി(റ)ൽ നിന്നും നിവേദനം ചെയ്യുന്നു. മുആദ്(റ) നബിﷺയോടൊപ്പം ‘ഉഫൈർ’ എന്ന കഴുതപ്പുറത്ത് യാത്ര ചെയ്തു. നബിﷺയുടെയും മുആദി(റ)ന്റെയും ഇടയിൽ വാഹനപ്പുറത്തുണ്ടാകുന്ന കുറ്റിയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. യാത്രക്കിടയിൽ നബിﷺ മുആദി(റ)നെ വിളിച്ചു. അല്ലയോ മുആദ്(റ). ലബ്ബൈക്ക്! മുആദ്(റ) വിളികേട്ടു. നബിﷺ വീണ്ടും അദ്ദേഹത്തെ വിളിച്ചു. അപ്പോഴും ലബ്ബൈക് വ സഅദൈക്! ഉത്തരം ചെയ്തു. മൂന്നാമതും വിളി കേട്ടപ്പോൾ തിരുനബിﷺ ചോദിച്ചു. അല്ലാഹുവിനോട് അടിമകൾ ചെയ്യേണ്ട ബാധ്യത എന്താണ്?അല്ലാഹുവിനും അവന്റെ റസൂലിനുംﷺ അറിയാം എന്ന് മുആദ്(റ) ഉത്തരം ചെയ്തു.
നബിﷺ വിശദീകരിച്ചു കൊടുത്തു. അല്ലാഹുവിനോട് ആരെയും പങ്കുചേർക്കാതെ അവനെ മാത്രം ആരാധിക്കുക. കുറേക്കൂടി മുന്നോട്ടു പോയപ്പോൾ വീണ്ടും മുആദി(റ)നെ വിളിച്ചു. എന്നിട്ട് ചോദിച്ചു. അല്ലാഹുവിന് അടിമകളോടുള്ള ഹഖ് എന്താണെന്ന് അറിയാമോ? അല്ലാഹുവിനും അവന്റെ റസൂലിﷺനും മാത്രം അറിയാം. മുആദ്(റ) മറുപടി പറഞ്ഞു. നബിﷺ തുടർന്നു. അല്ലാഹു അവന്റെ അടിമകളെ ശിക്ഷിക്കാതിരിക്കുക എന്നതാണ് അവന്റെ സമീപനം. അഥവാ തൗഹീദിൽ വിശ്വസിച്ചവർക്ക് അവന്റെ പ്രത്യേക കാരുണ്യം നൽകി സംരക്ഷിക്കുക. ഉടനെ മുആദ്(റ) നബിﷺയോട് ചോദിച്ചു. ഞാനീ വിഷയം ജനങ്ങൾക്ക് സുവിശേഷം അറിയിക്കട്ടെ. അപ്പോൾ തിരുനബിﷺ പറഞ്ഞു. ഇപ്പോൾ വേണ്ട. അവർ അനുഷ്ഠാനങ്ങളിൽ നിന്ന് മാറി ഈ വാഗ്ദാനത്തിൽ മാത്രം അവലംബിച്ചിരിക്കും. വിജ്ഞാനം മറച്ചുവെച്ചതിന്റെ കുറ്റം ലഭിക്കാതിരിക്കാൻ ആസന്ന സമയത്താണ് പിന്നീട് മുആദ്(റ) ഈ വിഷയം പറഞ്ഞത്.
അല്ലാഹു ഏകനാണെന്ന് വിശ്വസിക്കുകയും അവനെ അനുസരിക്കുകയും ചെയ്തവർക്ക് അടിസ്ഥാനപരമായി സ്വർഗ്ഗമുണ്ട്. ലാഇലാഹ ഇല്ലല്ലാഹ് വിശ്വസിച്ചാൽ സ്വർഗ്ഗം ലഭിക്കുമെന്ന ഒറ്റ പ്രയോഗത്തിൽ കേവലം വിശ്വാസം മതി അനുഷ്ഠാനം ആവശ്യമില്ലെന്ന ധാരണ വന്നുപോകും. അതുണ്ടാവാതിരിക്കാനാണ് തിരുനബിﷺ മുആദി(റ)നെ ഉപദേശിച്ചത്. അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ കൃത്യമായി സ്വീകരിക്കുകയും അനുസരിക്കുകയും അവന്റെ കൽപ്പനകൾക്ക് വിധേയമാവുകയും ചെയ്യുക എന്നതാണ് വിശ്വാസത്തിന്റെ ലക്ഷണവും അടിസ്ഥാനവും.
പന്ത്രണ്ട്, ഹുദൈഫത്തുബിനുൽ യമാൻ(റ). മുആദ് ബിനു ജബൽ(റ) സംബന്ധിയായി നാം വായിച്ച മേൽ ഹദീസിന് സമാനമായി തിരുനബിﷺയോടുള്ള സംഭാഷണവും സഹസഞ്ചാരവും ഹുദൈഫ(റ)യോടൊപ്പവുമുണ്ടായി എന്ന് പ്രബലമായ പരമ്പരയിലൂടെ ഇമാം ബസ്സാർ(റ) നിവേദനം ചെയ്യുന്നു.
പതിമൂന്ന്, ഫള്ൽ ബിൻ അബ്ബാസ്(റ). അബൂ ഉമാമ അൽബാഹിലി(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. വിടവാങ്ങൽ ഹജ്ജ് വേളയിൽ ഫള്ലു ബിന് അബ്ബാസി(റ)നെ വാഹനത്തിന്റെ പിന്നിലിരുത്തി തിരുനബിﷺ എഴുന്നേറ്റുനിന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. അല്ലയോ ജനങ്ങളെ, വിജ്ഞാനം ഉയർത്തപ്പെടുകയോ പിടിക്കപ്പെടുകയോ ചെയ്യുന്നതിന് മുമ്പ് എന്റെ പക്കൽ നിന്ന് വിജ്ഞാനത്തെ നിങ്ങൾ സ്വീകരിക്കുക.
നബിﷺയോടൊപ്പം വാഹനത്തിൽ ഫള്ൽ ബിൻ അബ്ബാസ്(റ) ഉണ്ടായിരുന്ന ഒരു സന്ദർഭത്തെയാണ് നാം വായിച്ചത്.
നബിﷺയുടെ ജീവിതത്തിലെ ഓരോ അധ്യായം വായിക്കുമ്പോഴും കേവലമായ ഒരു ചരിത്രമുഹൂർത്തം എന്നതിനപ്പുറം വൈജ്ഞാനികമായോ സന്ദേശപരമായോ ഒരു ഒരുപാട് മൂല്യങ്ങൾ കൂടി ചേർത്ത് വായിക്കാനുണ്ടാകും. മറ്റുള്ളവരുടെ ചരിത്രത്തിൽ നിന്ന് വേറിട്ട് നിൽക്കുന്ന ഒരു അധ്യായമാണിത്. തിരുനബിﷺയോടൊപ്പം വാഹനപ്പുറത്ത് സഞ്ചരിച്ചവരെ വായിക്കുമ്പോൾ സഞ്ചാരത്തിനിടയിൽ ലഭിച്ച ഉയർന്ന ആശയങ്ങളെ കൂടിയാണ് നാം വായിച്ചു പോകുന്നത്. വേറിട്ട അധ്യായങ്ങൾ, പരിസരങ്ങൾ. ലോക ചരിത്രത്തിൽ വേറെ ആരോടൊപ്പവും നാം കാണുന്നില്ല.
Tweet 921
പതിന്നാല്, അബ്ദുല്ലാഹിബ്നു ജഅ്ഫർ(റ). ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസ്. ഒരു ദിവസം തിരുനബിﷺ എന്നെ പിൻസീറ്റിൽ ഇരുത്തി യാത്ര ചെയ്തു. സവിശേഷമായ ഒരു രഹസ്യം എന്നോട് പറഞ്ഞു. ഞാൻ അത് ഒരാളോടും പങ്കുവെച്ചില്ല.
തിരുനബിﷺയുടെ ശിഷ്യന്മാരെ കുറിച്ചുള്ള മഹത്തായ ഒരു വായനകൂടിയാണിത്. തിരുനബിﷺയുടെ രഹസ്യങ്ങൾ രഹസ്യമായി തന്നെ കാത്തുസൂക്ഷിക്കപ്പെട്ടു. ഉപദേശങ്ങൾ കലർപ്പില്ലാതെ പകർന്നു ലഭിക്കുകയും ചെയ്തു. അവിടുത്തെ സന്ദേശത്തിലോ അധ്യാപനങ്ങളിലോ ആരും കടത്തിക്കൂട്ടുകയോ ചേർത്തുവയ്ക്കുകയോ ചെയ്തില്ല. ചരിത്രത്തിൽ തന്നെ ഏറ്റവും മനോഹരമായ ഒരു അധ്യായമാണിത്.
പതിനഞ്ച്, അബൂഹുറൈറ(റ). ഇമാം മുഹബ്ബുത്വബരി(റ) രേഖപ്പെടുത്തുന്നു. ഒരു ദിവസം തിരുനബിﷺ ജീനി ഒന്നുമില്ലാത്ത ഒരു കഴുതപ്പുറത്ത് ഖുബാഅ് ലക്ഷ്യം വെച്ച് യാത്രയ്ക്കുവേണ്ടി കയറി. കൂടെയുണ്ടായിരുന്ന അബൂഹുറൈറ(റ)യോട് ചോദിച്ചു. നിങ്ങളെയും വാഹനത്തിൽ കയറ്റട്ടെയോ? അവിടുത്തെ ഇഷ്ടം പോലെയെന്ന് അദ്ദേഹം മറുപടി പറഞ്ഞു. പെട്ടെന്ന് അബൂഹുറൈറ(റ) കയറാൻ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല. ഉടനെ നബിﷺയെ പിടിച്ചുകൊണ്ട് കയറാൻ ഒരുങ്ങി. രണ്ടുപേരും നിലം പതിച്ചു. വീണ്ടും നബിﷺ വാഹനത്തിൻമേൽ കയറി. അബൂഹുറൈറാ(റ), നിങ്ങളെയും കൂടി കൂട്ടട്ടെ. അവിടുത്തെ ഇഷ്ടം പോലെ എന്ന് വീണ്ടും മറുപടി പറഞ്ഞു. അദ്ദേഹം കയറാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. നബിﷺയെ ചുറ്റിപ്പിടിച്ചു. വീണ്ടും രണ്ടാളും കൂടി നിലം പതിച്ചു. തിരുനബിﷺ മൂന്നാമതും കയറി. അബൂഹുറൈറ(റ)യോട് ചോദിച്ചു. കയറുന്നില്ലേ. അല്ലയോ പ്രവാചകരേﷺ, തങ്ങളെ നബിയായി നിയോഗിച്ച അല്ലാഹു സത്യം! മൂന്നാമതും തങ്ങളെ വീഴ്ത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല.
പിന്നീട് ഒരിക്കൽ തിരുനബിﷺയുടെ സഹഞ്ചാരിയായി അബൂഹുറൈറ(റ) യാത്ര ചെയ്തു. അപ്പോൾ നബിﷺ അദ്ദേഹത്തോട് പറഞ്ഞു. അല്ലയോ അബൂഹുറൈറാ(റ), അതിസമ്പന്നരായ ആളുകൾ നശിച്ചു പോയിരിക്കുന്നു. ഈ ലോകത്ത് അതി സമ്പന്നരായ പലരും പരലോകത്തു ദരിദ്രരായിരിക്കും, സമ്പത്ത് ശരിയായി വിനിയോഗിക്കുകയും ദാനധർമ്മങ്ങൾ നിർവഹിക്കുകയും ചെയ്തവരൊഴികെ.
സമ്പത്ത് സമാഹരിക്കുന്നതിനും വിനിയോഗിക്കുന്നതിനും ശരിയായ ചിട്ടകളും ചട്ടങ്ങളും ഇസ്ലാം നിർദ്ദേശിച്ചിട്ടുണ്ട്. അത് കൃത്യമായി പാലിക്കുകയും പരിപാലിക്കുകയും ചെയ്തവർക്ക് പരലോകത്ത് പദവികളും അനുഗ്രഹങ്ങളുമുണ്ടാകുമെന്ന് മറ്റു ഹദീസുകളിൽ നബിﷺ പഠിപ്പിച്ചിട്ടുണ്ട്. എന്നാൽ, സമ്പത്ത് ലഭിക്കുമ്പോൾ അധികമാളുകളും സമാഹരണത്തിന്റെ വിശുദ്ധിയും വിനിയോഗത്തിന്റെ പവിത്രതയും ശ്രദ്ധിക്കാതെ പോകും. അപ്പോൾ സമ്പത്തുള്ളവർക്ക് അത് വിനയായി ഭവിക്കുകയും ചെയ്യും. അതുവഴി ഈ ലോകത്ത് അതിസമ്പന്നരായി ജീവിച്ച പലരും പരലോകത്ത് ദരിദ്രരായും ദുഃഖിതരായും മാറും. ഈ ആശയങ്ങളെ കൈമാറ്റം ചെയ്തുകൊണ്ടാണ് തിരുനബിﷺ അബൂഹുറൈറ(റ)യോട് സംസാരിച്ചത്.
പതിനാറ്, ഖുസം ബിൻ അബ്ബാസ്(റ). ഇദ്ദേഹത്തെ തിരുനബിﷺ വാഹനത്തിന്റെ മുന്നിൽ ഇരുത്തി കൊണ്ടുപോയ അനുഭവം ആമുഖത്തിൽ നാം വായിച്ചു പോയിട്ടുണ്ട്. തിരുനബിﷺയോട് രൂപത്തിലും സ്വഭാവത്തിലും സാദൃശ്യമുള്ള സ്വഹാബിയും പിതൃ സഹോദരന്റെ മകനുമാണല്ലോ അദ്ദേഹം.
പതിനേഴ്, സൈദ് ബിൻ ഹാരിസ(റ). തിരുനബിﷺ തന്നെ ഒപ്പമിരുത്തി ബിംബങ്ങളുള്ള ഒരു പ്രദേശത്തേക്ക് പോയതും തിരിച്ചു മക്കയിലേക്ക് വരുമ്പോൾ അംറ് ബിൻ നുഫൈലി(റ)നെ കണ്ടതുമൊക്കെ സൈദി(റ)ന്റെ മകൻ ഉസാമ(റ) നിവേദനം ചെയ്യുന്നുണ്ട്.
സൈദ്(റ) തിരുനബിﷺയോടൊപ്പം ചെറുപ്പകാലത്ത് തന്നെ കൂടിയ ആളാണല്ലോ. തിരുനബിﷺയുടെ പ്രബോധന ജീവിതത്തിന് മുമ്പുള്ള അനുഭവങ്ങൾ കൂടി അദ്ദേഹത്തിന് പങ്കുവെക്കാനുണ്ട്. അത്തരം ഒരു അധ്യായത്തിന്റെ ഭാഗമാണ് ഇപ്പോൾ നാം വായിച്ചത്.
Tweet 922
പതിനെട്ട്, സാബിത് ബിൻ ളഹ്ഹാക് അൽ അൻസ്വാരി(റ). അബൂ സുർഅ അർറാസി(റ) ഇദ്ദേഹത്തെക്കുറിച്ച് പരിചയപ്പെടുത്തുന്നു. പ്രവാചക ശിഷ്യന്മാരിൽ പ്രത്യേക വിജ്ഞാന വിഭാഗമായ അഹ്ലുസ്സുഫ്ഫയിൽ പെട്ട ആളായിരുന്നു അദ്ദേഹം. ഖന്ദക്കിൽ തിരുനബിﷺയോട് ഉടമ്പടി ചെയ്തവരുടെ കൂട്ടത്തിലും വാഹനപ്പുറത്ത് ഒപ്പം സഞ്ചരിച്ചവരുടെ കൂട്ടത്തിലും ഇദ്ദേഹമുണ്ട്. ഹംറാഉൽ അസദ് സൈനിക നീക്കത്തിൽ തിരുനബിﷺയുടെ വഴികാട്ടിയുമായിരുന്നു.
പത്തൊൻപത്, ശരീദ് ബിൻ സുവൈദ് അസ്സഖഫി(റ). അദ്ദേഹം തന്നെ പറഞ്ഞതായി ഇമാം ബുഖാരി(റ) അൽ അദബുൽ മുഫ്റദിൽ ഉദ്ധരിക്കുന്നു. തിരുനബിﷺ വാഹനത്തിന്റെ പിൻസീറ്റിൽ ഇരുത്തി കൊണ്ടുപോയി. ഇടയിൽ വെച്ച് എന്നോട് ചോദിച്ചു. ഉമയ്യത് ബിന് അബിസൽതിന്റെ കവിതകൾ നിങ്ങൾ ചൊല്ലാറുണ്ടോ. അതെ എന്ന് പറഞ്ഞപ്പോൾ എന്നോട് ചൊല്ലിക്കേൾപ്പിക്കാൻ പറഞ്ഞു.
ഇരുപത്, സലമത് ബിനു അംർ ബിൻ വഹബ് ബിനു സിനാൻ(റ). അദ്ദേഹം തന്നെ പറയുന്നു. തിരുനബിﷺ ഒട്ടകത്തിന്മേൽ എന്നെയും പിന്നിലിരുത്തി യാത്ര ചെയ്തു. അങ്ങനെ ഞങ്ങൾ മദീനയിലേക്ക് പ്രവേശിച്ചു. ഇമാം ത്വബറാനി(റ) ഉദ്ധരിച്ച ഹദീസിൽ അദ്ദേഹം പറയുന്നു. തിരുനബിﷺ പലപ്രാവശ്യം എന്നെ വാഹനത്തിൽ ഒപ്പമിരുത്തി കൊണ്ടുപോയിട്ടുണ്ട്. പലപ്രാവശ്യം എന്റെ ശിരസ്സിൽ തലോടിയിട്ടുണ്ട്. എന്റെ വിരലുകളുടെ എണ്ണം കണക്കെ പ്രാവശ്യം എനിക്കുവേണ്ടിയും എന്റെ പരമ്പരകൾക്ക് വേണ്ടിയും പ്രാർഥിച്ചിട്ടുമുണ്ട്.
ഇരുപത്തിയൊന്ന്, അലിയ്യ് ബിൻ അബുൽ ആസ് ബിൻ റബീഹ്(റ). മിസ്അബ് അസ്സുബൈരി(റ) പറയുന്നു. മക്കാ വിജയ ദിവസം തിരുനബിﷺ അലിയ്യ് ബിൻ അബിൽ ആസി(റ)നെ വാഹനപ്പുറത്ത് ഒപ്പമിരുത്തി കൊണ്ടുപോയിട്ടുണ്ട്. ഉമർ ബിൻ അബൂബക്കർ അൽ മൗസിലി(റ) ഇതേ ആശയം തന്നെ മറ്റു വാചകങ്ങളിൽ പറയുന്നുണ്ട്.
ഇരുപത്തിരണ്ട്, അബ്ദുൽ മുത്വലിബ് കുടുംബത്തിലെ ഒരു കുട്ടി. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. മക്കാ വിജയത്തിന്റെ അന്ന് തിരുനബിﷺ മക്കയിലേക്ക് പ്രവേശിക്കുമ്പോൾ അബ്ദുൽ മുത്വലിബിന്റെ കുടുംബത്തിലെ രണ്ടു കുട്ടികളെ വാഹനത്തിന്മേൽ ഒപ്പമിരുത്തിയിട്ടാണ് പ്രവേശിച്ചത്. ഒരാളെ മുന്നിലും മറ്റൊരാളെ പിന്നിലുമാണ് ഇരുത്തിയിരുന്നത്.
ഇമാം യൂസഫ് സ്വാലിഹി തിരുനബിﷺയോടൊപ്പം സഞ്ചരിച്ചവരെ എണ്ണുമ്പോൾ ഇതേ രീതിയിലാണ് ഇരുപത്തിരണ്ടാമത്തെ ആളെ പരിചയപ്പെടുത്തിയത്. കൃത്യമായ നാമം അറിയില്ലെങ്കിലും അബ്ദുൽ മുത്വലിബിന്റെ തറവാട്ടിലെ ഒരു കുട്ടി കൂടി തിരുനബിﷺയോടൊപ്പം ആ വാഹനത്തിലുണ്ടായിരുന്നു എന്ന് നിർണയിക്കുകയാണിവിടെ.
ഇരുപത്തി മൂന്ന്, അബ്ദുല്ലാഹിബിന് സുബൈർ(റ). അദ്ദേഹം അബ്ദുല്ലാഹിബിന് ജഅ്ഫറി(റ)നോട് പറഞ്ഞതായി അബൂ മുലയ്ക(റ) പറയുന്നു. തിരുനബിﷺ നമ്മളെ കണ്ടുമുട്ടുകയും നിങ്ങളെ ഒഴിവാക്കി എന്നെ വാഹനപുറത്തു കയറ്റുകയും ചെയ്ത ദിവസം നിങ്ങൾ ഓർക്കുന്നില്ലേ?
ഇരുപത്തിനാല്, ഉസാമത് ബിൻ ഉമൈർ(റ). തിരുനബിﷺയുടെ വാഹനപ്പുറത്ത് ഒപ്പം സഞ്ചരിച്ചു എന്ന് അദ്ദേഹം തന്നെ പറയുന്ന കാര്യം ഇമാം ത്വബ്റാനി(റ) സ്വീകാര്യയോഗ്യമായ പരമ്പരകളിലൂടെ ഉദ്ധരിച്ചിട്ടുണ്ട്.
ഇരുപത്തിയഞ്ച്, മറ്റൊരു ഉസാമ(റ)യിൽ നിന്നും തിരുനബിﷺയോടൊപ്പം സഞ്ചരിച്ചിട്ടുണ്ട് എന്ന പ്രസ്താവന ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. നേരത്തെ പറഞ്ഞ വ്യക്തി തന്നെയാണോ ഇത് എന്നതിൽ അഭിപ്രായങ്ങളുണ്ട്. പേരു വ്യക്തമാകാത്ത വിധമുള്ള ഒരു വ്യക്തിയെ കുറിച്ചാണ് 26 മത് ആയി സുബ്ലുൽ ഹുദാ എന്ന ഗ്രന്ഥം പരിചയപ്പെടുത്തുന്നത്.
ഇരുപത്തിയേഴ്, ജാബിർ ബിൻ അബ്ദുല്ലാഹിബ്നു ഹറാം(റ). അദ്ദേഹം തന്നെ പറയുന്നു. തിരുനബിﷺ വാഹനപ്പുറത്ത് എന്നെ പിൻസീറ്റിൽ ഇരുത്തിക്കൊണ്ടുപോയി. എന്റെ ചുണ്ട് അവിടുത്തെ ചുമലിലുള്ള പ്രവാചകത്വ മുദ്രയിലേക്ക് സ്പർശിച്ചു. നല്ല കസ്തൂരിയുടെ ഗന്ധം അടിച്ചു വീശാൻ തുടങ്ങി. അന്ന് രാത്രിയിൽ ഞാൻ എഴുപത് ഹദീസുകൾ നബിﷺയിൽ നിന്ന് പഠിച്ചു. അവകൾ വേറെ ആരും കേട്ടിട്ടില്ല.
Tweet 923
ഇരുപത്തിയെട്ട്, ഉബൈദുള്ളാഹിബ്നു അബ്ബാസ്(റ). അദ്ദേഹം തന്നെ പറയുന്നു. ഞാൻ തിരുനബിﷺയുടെ പിൻസീറ്റിൽ സഞ്ചരിക്കുകയായിരുന്നു. അപ്പോൾ ഒരാൾ വന്നു നബിﷺയോട് ചോദിച്ചു. അല്ലയോ പ്രവാചകരെﷺ, എന്റെ ഉമ്മയെ വാഹനപ്പുറത്ത് ബെൽറ്റിട്ടിരുത്തിയാൽ ഒരുപക്ഷേ അത്യാഹിതം സംഭവിച്ചെന്നു വരും. ചുമന്നു കൊണ്ടുവരാനും സാധിക്കുന്നില്ല. എന്താണ് ചെയ്യുക? തിരുനബിﷺ പറഞ്ഞു. ആ മാതാവിന് പകരമായി നിങ്ങൾ ഹജ്ജ് നിർവഹിക്കുക.
ഹജ്ജിന് വരാൻ താല്പര്യപ്പെടുന്ന മാതാവിന്റെ അവസ്ഥയായിരുന്നു തിരുനബിﷺയോട് പങ്കുവെച്ചത്. ശാരീരികമായി അവർക്ക് സാധിക്കില്ല എന്നാണ് പറഞ്ഞതിന്റെ ആകെത്തുക. ശമനമാകും എന്ന് പ്രതീക്ഷയില്ലാത്ത രോഗമുള്ളവർക്ക് വേണ്ടി അവരുടെ അനുമതിയോടുകൂടി ഹജ്ജ് നിർവഹിക്കാം എന്ന മതനിയമമാണ് തിരുനബിﷺ ഇവിടെ പറഞ്ഞു കൊടുത്തത്. ഉബൈദുല്ലാഹി ബിൻ അബ്ബാസ്(റ) നബിﷺയോടൊപ്പം വാഹനത്തിലുണ്ടായിരുന്നു എന്ന് പറയുമ്പോൾ ആ സന്ദർഭത്തെ കൂടി ചേർത്തു പറഞ്ഞു എന്നേയുള്ളൂ.
ഇരുപത്തിയൊൻപത്, ഉഖ്ബത് ബിൻ ആമിർ(റ). തിരുനബിﷺ മദീനയിലേക്ക് വന്നപ്പോൾ ആദ്യമായി ഉടമ്പടി ചെയ്ത് നബിﷺയോടൊപ്പം ചേർന്ന വ്യക്തിയായിരുന്നു ഉഖ്ബ: ബിൻ ആമിർ(റ). ആട്ടിൻപറ്റത്തോടൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു തിരുനബിﷺയുടെ ആഗമനത്തെക്കുറിച്ച് അദ്ദേഹം അറിഞ്ഞത്. ഉടനെ തന്നെ തിരുസന്നിധിയിൽ എത്തുകയും അനുയായിയായി മാറുകയും ചെയ്തു. ഇസ്ലാമിക ചരിത്രത്തിലെ ഒരുപാട് മുന്നേറ്റങ്ങൾക്കും അതിജയങ്ങൾക്കും നേതൃത്വം നൽകിയ പിൽകാല ഗവർണർ കൂടിയായി മാറി അദ്ദേഹം. ഖുർആൻ പാരായണത്തിൽ അതീവ പ്രാവീണ്യമുള്ള ഖാരിഉം പ്രഭാഷകനും കവിയും കർമശാസ്ത്ര വിശാരദനും ഖുർആൻ ക്രോഡീകരണത്തിന്റെ ഭാഗമായി സേവനം ചെയ്യാൻ ഭാഗ്യം കിട്ടിയ വ്യക്തിത്വവുമായിരുന്നു അവിടുന്ന്.
മുപ്പത്, അബൂ ഉമാമ സ്വദിയ്യ് ബിൻ അജലാൻ(റ). അദ്ദേഹം പറയുന്നു. ഞാൻ തിരുനബിﷺയുടെ പിൻസീറ്റിൽ യാത്ര ചെയ്തു മുന്നോട്ടുപോയി. ഇടയിൽ വച്ച് തിരുനബിﷺ എന്നോട് പറഞ്ഞു. അല്ലാഹു ഓരോ അവകാശികൾക്കും അർഹമായത് നൽകിയിട്ടുണ്ട്. അനന്തരാവകാശിക്ക് വസ്വിയ്യത്തില്ല. കുട്ടിയെ പിതാവിലേക്ക് ചേർക്കപ്പെടുകയും വ്യഭിചാരിക്ക് ഏറ് തീർച്ചയായും നൽകുകയും വേണം. അവരുടെയൊക്കെ വിചാരണ അല്ലാഹുവിങ്കലാണ്.
ഒരാൾ മരണപ്പെട്ടു പോയാൽ അയാളുടെ സ്വത്തുവകകൾ ഏത് അനുപാതത്തിൽ ആർക്കൊക്കെ നൽകണമെന്ന് വ്യക്തമായി തന്നെ ഖുർആൻ പറയുന്നുണ്ട്. നേരെ അനന്തരാവകാശം ലഭിക്കുന്ന ഒരു വ്യക്തിക്ക് അതിനപ്പുറം പരേതന്റെ വസ്വിയ്യത്തില്ല. തുടങ്ങിയുള്ള വിശദമായ അനന്തരാവകാശ നിയമങ്ങളിലേക്ക് സൂചന നൽകുകയാണ് ഈ ഹദീസിലൂടെ തിരുനബിﷺ നിർവഹിച്ചത്.
മുപ്പത്തിയൊന്ന്, അബുദ്ധറദാഅ്(റ). തിരുനബിﷺയുടെ ശിഷ്യന്മാരിൽ ഉയർന്ന സത്യവാൻ എന്ന വിലാസം ലഭിച്ച ഉന്നതനായ സ്വഹാബിയാണ് അബുദ്ദർദാഅ്(റ). അദ്ദേഹം തന്നെ പറയുന്നു. ഞാൻ നബിﷺയോടൊപ്പം വാഹനത്തിൽ സഞ്ചരിക്കുകയായിരുന്നു. അപ്പോൾ അവിടുന്ന് എന്നോട് ഇപ്രകാരം പറഞ്ഞു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല എന്ന് നിഷ്കളങ്കമായി ഒരാൾ വിശ്വസിച്ചാൽ അയാൾക്ക് സ്വർഗ്ഗം നിർബന്ധമായിരിക്കുന്നു.
മുപ്പത്തിരണ്ട്, ഹാരിസ് ബിൻ ഉസാമ(റ). അദ്ദേഹം തന്നെ പറയുന്നു. ഞാൻ തിരുനബിﷺയോടൊപ്പം വാഹനത്തിൽ സഞ്ചരിക്കുമ്പോൾ എന്നോട് പറഞ്ഞു. ഖുൽ അഥവാ പറയൂ! ഞാൻ ചോദിച്ചു. എന്താണ് പറയേണ്ടത്? “നിങ്ങൾ പറയുക, അല്ലാഹു ഏകനാണ്” എന്ന ആശയത്തോടെ ആരംഭിക്കുന്ന ഖുർആനിക അധ്യായം അഥവാ സൂറതുൽ ഇഖ്ലാസ് മുഴുവനായും നബിﷺ എന്നെ ഓതിക്കേൾപ്പിച്ചു. തുടർന്ന് ഖുർആനിലെ അവസാനത്തെ രണ്ട് അധ്യായങ്ങളും പാരായണം ചെയ്തു തന്നു. ശേഷം, എന്നോട് പറഞ്ഞു. ഇതിനു സമാനമായ അധ്യായങ്ങൾ ജനങ്ങൾ പാരായണം ചെയ്തിട്ടില്ല.
Tweet 924
മുപ്പത്തിമൂന്ന്, ഖൈസ് ബിൻ സഅദ് ബിൻ ഉബാദ(റ). തിരുനബിﷺ സഅദ് ബിൻ ഉബാദ(റ)യുടെ വീട്ടിൽ വന്നു. കവാടത്തിൽ നിന്ന് സലാം ചൊല്ലി. സഅദ്(റ) ഭക്തിയോടെ പതുക്കെ സലാം മടക്കി. നബിﷺ രണ്ടാമതും സലാം ചൊല്ലി. അപ്പോഴും നേരത്തേതുപോലെ മെല്ലെ മാത്രം സലാം മടക്കി. മൂന്നാമതും ഇത് ആവർത്തിച്ചു. തിരുനബിﷺ തിരിച്ചു നടന്നു. ഉടനെ സഅദ്(റ) നബിﷺയുടെ പിന്നിൽ കൂടി. അവിടുത്തോട് ഇപ്രകാരം പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, അവിടുന്ന് സലാം ചൊല്ലിയപ്പോൾ ഞാൻ മെല്ലെ മടക്കിയത് വീണ്ടും അവിടുന്ന് സലാം ചൊല്ലട്ടെ എന്ന് കരുതിയാണ്. അഥവാ അവിടുത്തെ പ്രാർഥന ഇനിയും ലഭിക്കാൻ വേണ്ടി. അതുകൊണ്ട് അവിടുന്ന് എന്റെ വീട്ടിലേക്ക് കടക്കണം.
തിരുനബിﷺ വീട്ടിലേക്ക് പ്രവേശിച്ചു. തണുത്ത വെള്ളം ഒരുക്കി വെച്ചു. നബിﷺ അതിൽനിന്ന് കുളിച്ചു. ശേഷം, അവിടെയിരുന്ന് ഇപ്രകാരം പ്രാർഥിച്ചു. അല്ലാഹുവേ അൻസ്വാരികൾക്ക് നീ കാരുണ്യം ചെയ്യേണമേ. അൻസ്വാരികളുടെ മക്കൾക്കും അവരുടെ മക്കൾക്കും നീ കാരുണ്യം ചൊരിയേണമേ!ശേഷം പോകാൻ ഒരുങ്ങി. അപ്പോൾ സഅദ്(റ) ഒരു കഴുതയെ കൊണ്ടുവന്നു. അതിന്മേൽ പട്ടല്ലാത്ത ഒരു വിരിപ്പ് വിരിച്ചു. വാഹനം തിരിച്ചുകൊണ്ടുവരാൻ മകനെ കൂടി നബിﷺയോടൊപ്പം അയക്കാൻ തീരുമാനിച്ചു. അപ്പോൾ നബിﷺ അദ്ദേഹത്തെ നബിﷺയുടെ മുന്നിൽ ഇരുത്താൻ പറഞ്ഞു. ഇത് കേട്ടതും ആശ്ചര്യത്തോടെ സഅദ്(റ) പറഞ്ഞു. സുബ്ഹാനല്ലാഹ്..! എന്റെ മകനെ നബിﷺയുടെ മുന്നിൽ ഇരുത്തുകയോ? അതെ, അതിനെന്താണ്? കഴുതയുടെ പ്രധാന ഭാഗത്തോട് യോജിച്ചത് അങ്ങനെ തന്നെയാണല്ലോ. അല്ല, അവിടുന്ന് മുന്നിലിരുന്നാൽ മതി. നബിﷺയത് സ്വീകരിച്ചുകൊണ്ട് പറഞ്ഞു. എന്നാൽ മകനെ പിന്നിലിരുത്തിക്കോളൂ.
ഒപ്പം ഇരുന്ന് യാത്ര ചെയ്ത ആ മകന്റെ പേരാണ് ഖൈസ് ബിൻ സഅദ്(റ). തിരുനബിﷺയോടൊപ്പം സഞ്ചരിച്ച ഒരാളുടെ പേര് പറയുമ്പോൾ തിരുനബിﷺയും അനുയായികളും തമ്മിലുള്ള സമ്പർക്കത്തിന്റെയും വ്യവഹാരത്തിന്റെയും സ്വീകരണത്തിന്റെയും സ്നേഹത്തിന്റെയും പുണ്യം സ്വീകരിച്ചതിന്റെയും സൽക്കരിച്ചതിന്റെയും ശോഭനമായ ഒരു ചിത്രവും കൂടിയാണ് നാം കാണുന്നത്.
മുപ്പത്തിനാല്, ഖവ്വാതു ബിൻ ജുബൈർ(റ). തിരുനബിﷺ ബദ്റിലേക്ക് പുറപ്പെട്ടപ്പോൾ നബിﷺയോടൊപ്പം വാഹനത്തിൽ സഞ്ചരിച്ച ആളാണ് ഇദ്ദേഹം. എന്നാൽ റൗഹാഅ് എത്തിയപ്പോൾ അസുഖബാധിതനാവുകയും തിരിച്ചു പോരുകയും ചെയ്തു.
തിരുനബിﷺയോടൊപ്പം സഞ്ചരിച്ചവരെക്കുറിച്ച് ഇബ്നു മന്ത(റ) രചിച്ച കൃതിയിലെ അവസാനത്തെ ഭാഗം ഈ നിവേദനങ്ങളാണ്.
ഇമാം ശാമി(റ) മുപ്പത്തി അഞ്ചാമത് എണ്ണിയത് ഹസനോ(റ) ഹുസൈനോ(റ) എന്നാണ്. തിരുനബിﷺയുടെ പ്രിയപ്പെട്ട മകൾ ഫാത്വിമ(റ)യുടെ സന്താനങ്ങളിൽ ഒരാൾ. പലപ്രാവശ്യവും നബിﷺയോടൊപ്പം സഞ്ചരിക്കാനും നിരന്തരമായി സഹവസിക്കാനും അവസരം കിട്ടിയവരാണല്ലോ അവർ. അവർ രണ്ടുപേരും പലവട്ടവും നബിﷺയോടൊപ്പം വാഹനത്തിൽ സഞ്ചരിച്ചിട്ടുണ്ടാവണം. വിശദീകരണങ്ങളുടെ ആവശ്യമില്ലാത്ത വിധം അവരോടൊപ്പമുള്ള നബിﷺയുടെ സഹവാസം പ്രസിദ്ധമാണല്ലോ.
മുപ്പത്തിയാറ്, മുആവിയ(റ). തിരുനബിﷺയുടെ സ്വഹാബികളിൽ പ്രമുഖ വ്യക്തിത്വവും നാല് ഖലീഫമാർക്ക് ശേഷം ഭരണാധികാരം കൈകാര്യം ചെയ്യുകയും ചെയ്ത മുആവിയ(റ) അതിബുദ്ധിമാനും തിരുനബിﷺയോടൊപ്പം നിരവധി പ്രാവശ്യം സഹവസിക്കാൻ ഭാഗ്യം ലഭിച്ച വ്യക്തിയുമാണ്. ഒരിക്കൽ തിരുനബിﷺ മുആവിയ(റ)യെ ഒപ്പം ഇരുത്തി യാത്ര ചെയ്തു. യാത്രക്കിടയിൽ തിരുനബിﷺ ചോദിച്ചു. നിങ്ങളുടെ ഏത് ഭാഗമാണ് എന്റെ ശരീരത്തോട് ചേർന്നിരിക്കുന്നത്? വയർ ഭാഗമാണ് എന്ന് മറുപടി പറഞ്ഞു. അല്ലാഹു സഹിഷ്ണുതയാൽ അത് നിറച്ചു തരട്ടെ എന്ന് തിരുനബിﷺ പ്രാർഥിച്ചു. അല്ലെങ്കിൽ വയറ്റിൽ സഹനം നിറയ്ക്കേണമേ എന്ന്. മറ്റൊരു നിവേദന പ്രകാരം അറിവും സഹിഷ്ണുതയും നിറയ്ക്കേണമേ എന്നായിരുന്നു. ഇബ്നു ആഇദ്(റ) ഇക്കാര്യം അബൂ മുസ്ഹിറി(റ)നോട് പറഞ്ഞു. അപ്പോൾ അദ്ദേഹം പറഞ്ഞു, ശരി. അപ്രകാരം പുലരുകയും സഹിഷ്ണുതയുടെ പ്രതിരൂപമായി മുആവിയ(റ) മാറുകയും ചെയ്തിട്ടുണ്ടായിരുന്നു.
Tweet 925
മുപ്പത്തിയേഴ്, തിരുനബിﷺയുടെ പ്രിയപത്നി സ്വഫിയ്യ ബിൻത് ഹുയയ്യ്(റ). ഖൈബറിൽ നിന്ന് മടങ്ങുമ്പോൾ ഞങ്ങളെല്ലാവരും മുന്നോട്ടുപോകുന്ന വഴിയിൽ തന്നെ തിരുനബിﷺ പ്രിയപ്പെട്ട പത്നി സ്വഫിയ്യ(റ)യെ വാഹനത്തിൽ ഒപ്പം കൊണ്ടുവന്നു എന്ന് മഹാനായ അനസ് ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നുണ്ട്. തിരുനബിﷺയും സ്വഫിയ്യ(റ)യും ഒരുമിച്ചു വാഹനത്തിൽ വരുമ്പോൾ വാഹനം ഇടയുകയും തിരുനബിﷺ താഴേക്ക് ഊർന്നു വീഴുകയും ചെയ്തു. ഉടനെ അബൂത്വൽഹ(റ) വാഹനത്തിൽ നിന്ന് ചാടിയിറങ്ങി. അല്ലയോ പ്രവാചകരെﷺ, എന്ത് സംഭവിച്ചു എന്ന് ചോദിച്ചു. എനിക്കൊന്നും സംഭവിച്ചിട്ടില്ല സ്വഫിയ്യ(റ)യെ ശ്രദ്ധിക്കൂ എന്ന് തിരുനബിﷺ പറഞ്ഞ കാര്യവും അനസുബ്നു മാലികി(റ)ൽ നിന്ന് തന്നെ മറ്റൊരു നിവേദനത്തിൽ വായിക്കാം. ഞാൻ എന്റെ മുഖത്തും ഓരോ വസ്ത്രമിട്ടു എന്നും അനസ്(റ) ചേർത്തുപറയുന്നുണ്ട്.
മരുഭൂമിയിൽ ഭയപ്പെടുന്ന പ്രധാനപ്പെട്ട കാര്യം മണൽത്തരികൾ വന്ന് മുഖത്തടിക്കുന്നതാണ്. അതിൽ നിന്ന് തടയാനായിരിക്കണം വസ്ത്രമിട്ടത്. തിരുനബിﷺയോടൊപ്പം ആരൊക്കെ സഞ്ചരിച്ചു എന്ന് ആലോചിക്കുകയും അന്വേഷിക്കുകയും ചെയ്യുമ്പോൾ ജീവിതത്തിന്റെയും സഞ്ചാരത്തിന്റെയും വിവിധ ഘട്ടങ്ങളിലെ വ്യത്യസ്ത മുഹൂർത്തങ്ങളാണ് ചരിത്രത്തിൽ നിന്ന് നാം പഠിച്ചു കൊണ്ടിരിക്കുന്നത്.
മുപ്പത്തിയെട്ട്, ബനൂ ഗിഫാർ ഗോത്രത്തിലെ ഒരു സ്ത്രീ. ഖൈബർ യുദ്ധവേളയിൽ അബൂദർ(റ) ഭാര്യയെ തിരുനബിﷺയുടെ വാഹനപ്പുറത്ത് സ്വതന്ത്രമായ ഒരു ഒട്ടകകട്ടിലിൽ സഞ്ചരിപ്പിച്ചതിനെ കുറിച്ചുള്ള നിവേദനങ്ങൾ ആണിത്. മഹതി തന്നെ പറയുന്നു. തിരുനബിﷺയുടെ വാഹനത്തിനു മുകളിൽ വേറിട്ട ഒരു കമ്പാർട്ട്മെന്റിൽ എന്നെയും തിരുനബിﷺ കൂട്ടിക്കൊണ്ടുപോയി. പ്രഭാതം അടുക്കുന്നത് വരെ എവിടെയും വാഹനം നിർത്തിയില്ല. സുബ്ഹി നിസ്കാരത്തിന് നേരമായപ്പോൾ വാഹനത്തിന്റെ കടിഞ്ഞാൺ പിടിച്ചു. തിരുനബിﷺ ഇറങ്ങിക്കഴിഞ്ഞപ്പോൾ ഞാനും എന്റെ കമ്പാർട്ട്മെന്റിൽ നിന്ന് പുറത്തിറങ്ങി. അപ്പോഴാണ് വാഹനത്തിൽ രക്തത്തിന്റെ അടയാളം ഞാൻ ശ്രദ്ധിക്കുന്നത്. എന്റെ ജീവിതത്തിലെ ആദ്യത്തെ ആർത്തവ അനുഭവമായിരുന്നു അത്. നാണത്തോടെ ഞാൻ വാഹനത്തിനടുത്തു തന്നെ നിന്നു.
നബിﷺ നിസ്കാരം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ എന്നെ ശ്രദ്ധിച്ചു. രക്തത്തിന്റെ അടയാളവും എന്റെ ലക്ഷണവും കണ്ടപ്പോൾ തിരുനബിﷺക്ക് കാര്യം മനസ്സിലായി. ഒരു പാത്രം വെള്ളമെടുത്ത് അതിൽ ഉപ്പിട്ട് കഴുകി ഒട്ടകകട്ടിലും വൃത്തിയാക്കി യാത്ര തുടരാൻ വേണ്ടി കയറാൻ തിരുനബിﷺ പറഞ്ഞു. ഖൈബർ ജയം നേടിയപ്പോൾ സമരാർജിത സമ്പാദ്യത്തിൽ നിന്ന് ഞങ്ങൾക്കും ഒരു വിഹിതം നൽകി എന്നു പറഞ്ഞുകൊണ്ടാണ് മഹതി വിശദീകരണം അവസാനിപ്പിക്കുന്നത്.
39,40,41 എന്നീ നമ്പറുകളിൽ ബറൈറ, കഹൗല, ആമിന എന്നീ മഹിളാ രത്നങ്ങളെയാണ് എണ്ണിയിട്ടുള്ളത്. അവരുമായി ബന്ധപ്പെട്ട കൂടുതൽ നിവേദനങ്ങളൊന്നും ചരിത്രകാരന്മാർ ഉദ്ധരിച്ചു കാണുന്നില്ല. ഒരുപക്ഷേ ആമിന(റ) തിരുനബിﷺയുടെ മാതാവ് ബീവി ആമിന(റ) ആയിരിക്കും. ഏതായാലും ഉമ്മയോടൊപ്പം യാത്ര ചെയ്യുകയും മദീനയിൽ നിന്നുള്ള മടക്കയാത്രയിൽ അബവാഇൽ വച്ച് ഉമ്മ ഇഹലോകവാസം വെടിഞ്ഞതും എല്ലാം പ്രസിദ്ധമായ ചരിത്രാധ്യായങ്ങൾ ആണല്ലോ. അങ്ങനെ വായിച്ചു പോകുമ്പോൾ കുഞ്ഞു കാലത്തു നബിﷺയോടൊപ്പം വാഹനത്തിൽ സഞ്ചരിച്ച മഹതി ഹലീമ(റ)യും മകൾ ശൈമ(റ)യും ഒക്കെ ഈ അധ്യായത്തിലേക്ക് കടന്നു വരാനുണ്ടാകും.
ലോകത്തെ ഒരുപാട് നേതാക്കൾ വായിക്കപ്പെടുമ്പോഴും ഇത്രമേൽ വേറിട്ട അധ്യായങ്ങൾ ആ ജീവിതങ്ങളിലൊന്നുമുണ്ടാവില്ല. നബി സംബന്ധിയായ ഓരോ വിഷയങ്ങൾക്കും കേവലം ഓർമയും അറിവും എന്നതിനപ്പുറം മധുരതരമായ ഒരു ഹൃദയ സാന്നിധ്യവും അനുഗ്രഹം പ്രതീക്ഷിക്കാവുന്ന പരിസരങ്ങളും കൂടിയുണ്ടാകും. അങ്ങനെയാകുമ്പോൾ തത്തുല്യമായ ഒരു വായന നബിﷺയോടൊപ്പം ചേർത്തുവെക്കാൻ ഇല്ലേയില്ല എന്ന് തന്നെ നമുക്ക് പറയാം.
Tweet 926
തിരുനബിﷺയുടെ വാഹനങ്ങളെ സംബന്ധിച്ച വായനയാണ് നമുക്ക് നിർവഹിക്കാനുള്ളത്. വാഹനങ്ങളോട് പൊതുവേയും കുതിരയോട് പ്രത്യേകിച്ചും തിരുനബിﷺക്ക് സവിശേഷമായ പരിഗണനകളുണ്ടായിരുന്നു. പ്രിയപ്പെട്ട ഭാര്യമാരോടുള്ള സ്നേഹം കഴിഞ്ഞാൽ തിരുനബിﷺക്ക് ഏറ്റവും പരിഗണനയുള്ളത് കുതിരകളെ ആയിരുന്നു. തിരുനബിﷺയുടെ പരിചാരകനായ അനസ് ബിൻ മാലിക്(റ) തന്നെ ഇത് പറയുന്നുണ്ട്. ഭാര്യമാരും ഒട്ടകങ്ങളും കഴിഞ്ഞാൽ ഏറെ ഇഷ്ടപ്പെട്ടിരുന്നത് കുതിരകളെ ആയിരുന്നു എന്ന് മഅ്ഖൽ ബിൻ യസാർ(റ) നിവേദനം ചെയ്യുന്നു.
നുഐം ബിൻ അബൂ ഹിന്ദ്(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. തിരുനബിﷺ അവിടുത്തെ മേൽത്തട്ടം കൊണ്ട് കുതിരയുടെ മുഖം തടവി കൊടുക്കുന്നത് കണ്ടു. ഇത്ര പ്രാധാന്യത്തോടെ ഇക്കാര്യം ചെയ്യുന്നത് കണ്ടപ്പോൾ ആരോ വിശദീകരണം തേടി. കുതിരകളെ പരിഗണിക്കുന്ന കാര്യത്തിൽ ഇന്നലെ രാത്രിയിൽ ജിബ്‌രീല്‍(അ) എന്നെ ഉപദേശിച്ചു എന്നായിരുന്നു നബിﷺയുടെ മറുപടി. തിരുനബിﷺ എഴുന്നേറ്റുപോയി അവിടുത്തെ കുപ്പായത്തിന്റെ കൈകൊണ്ട് കുതിരയുടെ മുഖം തലോടി കൊടുത്തിരുന്നു എന്ന് അബ്ദുല്ലാഹിബ്നു വാഖിദ്(റ) നിവേദനം ചെയ്യുന്നു.
കുറച്ചുകൂടി വിശദീകരിച്ചു കൊണ്ടാണ് മറ്റൊരു നിവേദനം നമുക്ക് വായിക്കാനുള്ളത്. ഒരിക്കൽ തിരുനബിﷺയുടെ സവിധത്തിലേക്ക് ഒരു കുതിരയെ കൊണ്ടുവന്നു. തിരുനബിﷺ എഴുന്നേറ്റുപോയി അതിന്റെ മുഖവും കണ്ണുകളും നാസാദ്വാരങ്ങളും അവിടുത്തെ കുപ്പായത്തിന്റെ കൈ കൊണ്ട് തടവിക്കൊടുത്തു. അപ്പോൾ ഒരാൾ ചോദിച്ചു. അല്ല പ്രവാചകരെﷺ, അവിടുത്തെ കുപ്പായത്തിന്റെ കൈകൊണ്ടാണോ ഈ കുതിരയുടെ മുഖത്തും മറ്റും തടവിക്കൊടുക്കുന്നത്. അതെ ഇന്നലെ രാത്രിയിൽ കുതിരകളെ പരിപാലിക്കുന്ന വിഷയത്തിൽ ജിബ്‌രീല്‍(അ) എന്നെ പ്രത്യേകമായി ഉപദേശിച്ചു.
സമാനമായ ആശയങ്ങളുള്ള നിരവധി ഹദീസുകളുണ്ട്. കുതിരയെ ധന്യമാക്കപ്പെടുന്നതിനെ കുറിച്ച് എന്നോട് ജിബ്‌രീല്‍(അ) ഉപദേശിച്ചു എന്നാണ് ചില നിവേദനങ്ങളിലുള്ളത്. അഥവാ കുതിരകളെ നിസ്സാരപ്പെടുത്തരുതെന്നും ശ്രദ്ധയോടെ പരിപാലിക്കണമെന്നുമായിരുന്നു നിവേദനങ്ങളുടെ ആകെത്തുക.
അന്ത്യനാൾ വരെയും കുതിരകളുടെ മൂർദ്ധാവിൽ നന്മയെ നിറച്ചിരിക്കുന്നു എന്ന ആശയമുള്ള ഹദീസ് അബ്ദുല്ലാഹിബിൻ ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
കുതിരയുടെ ശിരസ്സിന്റെ ഭാഗത്തുള്ള മുടിയിൽ വിരലുകൾ ചുരുട്ടി തിരുനബിﷺ ഇപ്രകാരം പറഞ്ഞുവത്രേ. അന്ത്യ നാൾ വരെയും കുതിരകളുടെ നെറ്റിത്തടത്തിൽ അല്ലാഹു നന്മയെ നിറച്ചിരിക്കുന്നു. ഇമാം മുസ്ലിം(റ) ഈ ഹദീസ് നിവേദനം ചെയ്യുന്നു.
സവാദത്തു ബിൻ റബീഉൽ ജർമി(റ) പറയുന്നു. തിരുനബിﷺ എന്നോട് ഭക്ഷണം പാചകം ചെയ്യാനും കുതിരകളെ ശ്രദ്ധിക്കാനും പറഞ്ഞു. അപ്പോഴും അതിന്റെ നെറ്റിത്തടത്തിൽ നന്മനിറച്ചിരിക്കുന്നു എന്ന മേൽ പരാമർശം പറഞ്ഞുവത്രേ.
യുദ്ധത്തിനും യാത്രയ്ക്കും മുന്നേറ്റത്തിനും അതിജീവനത്തിനും ആയുധമായും അഭിമാനമായും ഏറെ പ്രൗഢിയോടെ അന്നത്തെ ആളുകൾ പരിപാലിച്ചിരുന്ന മൃഗങ്ങളിൽ പ്രധാനമാണ് കുതിരകൾ. അക്കാലത്തെ സാമൂഹിക ഘടനയോട് ചേർന്നു പ്രവാചകരുﷺടെ സമീപനം ഈ മേഖലയിൽ എങ്ങനെയായിരുന്നു എന്ന് വളരെ മനോഹരമായി നാം വായിച്ചു കൊണ്ടിരിക്കുകയാണ്. ഒരു വ്യക്തിയുടെ ചരിത്രത്തിൽ അതിസൂക്ഷ്മമെന്ന് പറയുന്ന കാര്യം പോലും, അല്ലെങ്കിൽ അത്യപൂർവമായി വായിക്കപ്പെടുന്ന അധ്യായം പോലും വിശാലമായും ആധികാരികമായും നബി ജീവിതത്തിൽ രേഖപ്പെട്ടു കിടക്കുകയാണ്. അതിലൊന്നു മാത്രമാണല്ലോ ഇത്.
Tweet 927
അബൂ മുസ്ലിമും(റ) നസാഇ(റ)യും സലമ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. കുതിരകളുടെ മൂർധാവിൽ അന്ത്യനാൾ വരെയും നന്മയുണ്ടാകും. കുതിരയെ പരിപാലിക്കുന്നവർ സഹായിക്കപ്പെടുന്നവരാണ്. ഇബിനു മന്ദ(റ)യുടെ നിവേദനത്തിൽ കുതിരയ്ക്ക് വേണ്ടി വിനിയോഗിക്കുന്നവർ ഇരുകൈ കൊണ്ടും ധർമ്മം ചെയ്യുന്നവരെ പോലെയാണ് എന്ന പ്രയോഗവുമുണ്ട്. അസ്മാ ബിൻത് യസീദ്(റ) പറയുന്നു. അല്ലാഹുവിന്റെ മാർഗത്തിൽ ഒരാൾ കുതിരയെ പരിപാലിക്കുകയും നല്ല രൂപത്തിൽ അതിന് അന്നപാനീയങ്ങൾ നൽകുകയും ചെയ്താൽ ആ കുതിരയുടെ വിശപ്പും ദാഹവും ഭക്ഷണവും പാനീയവും കാഷ്ടവും മൂത്രവും അഥവാ അതിന്റെ ഓരോ ചലനങ്ങളും പരലോകത്ത് നന്മയുടെ ഭാഗത്ത് ഭാരം തൂങ്ങുന്നതായിരിക്കും.
സത്യത്തിന്റെയും ധർമത്തിന്റെയും സംസ്ഥാപനത്തിനു വേണ്ടി പടക്കളത്തിലേക്ക് ആവശ്യമായ കുതിരയെ സജ്ജീകരിക്കുന്നവർ ആത്യന്തികമായി നന്മയെ സ്ഥാപിക്കാനുള്ള പ്രവർത്തനമാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ട ഓരോന്നിലും സംഘാടകമൂല്യവും പ്രതിഫലവുമുണ്ട് എന്നാണ് ഈ പറഞ്ഞതിന്റെ ആശയം. ഒരു ജീവിയെ പരിപാലിക്കുന്നു എന്നതിനപ്പുറം അതിന്റെ ഗുണപരമായ പ്രയോഗം ലോകത്തിനു മുഴുവനും നന്മയും സമാധാനവും സ്ഥാപിക്കാനുള്ള പരിശ്രമത്തിന്റെ ഭാഗമാകുന്നു എന്ന് വരുമ്പോൾ നിലയ്ക്കാത്ത സൽകർമമായി അത് പരിണമിക്കുന്നു.
മഹാനായ അലിയ്യി(റ)ൽ നിന്ന് ഖാളി ഉമർ ബിൻ ഹസൻ അൽ ഉശ്നാനി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. അന്ത്യനാൾ വരെയും കുതിരകളുടെ മൂർദ്ധാവിൽ നന്മയുണ്ട്. അതിനെ പരിപാലിക്കുന്നവർക്ക് അല്ലാഹുവിൽ നിന്ന് പ്രത്യേക സഹായം ലഭിക്കും. നിങ്ങൾ അതിന്റെ മൂർദ്ധാവുകളിൽ പിടിക്കുക. അനുഗ്രഹത്തിനു വേണ്ടി പ്രത്യേകം പ്രാർഥിക്കുക. അവയുടെ കഴുത്തുകളിൽ ബെല്ല് തൂക്കാതിരിക്കുക.
അബൂഉബൈദ ബിൻ അത്വാഅ്(റ) പറയുന്നു. തിരുനബിﷺ പറഞ്ഞു. ആടുകൾ നിലനിൽക്കുന്ന അനുഗ്രഹങ്ങളാണ്. ഒട്ടകം അലങ്കാരമാണ്. കുതിരകളുടെ മൂർദ്ധാവിൽ അന്ത്യനാൾ വരെ നന്മയുണ്ടാകും.
ഇമാം ബസാർ(റ) ഹുദൈഫ(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഹദീസിൽ നാം വായിച്ചു പോയ ഹദീസുകളിലെ ആശയങ്ങൾക്ക് ശേഷം ഇങ്ങനെ കൂടിയുണ്ട്. നിനക്ക് സേവനം ചെയ്യുന്ന അടിമ നിന്റെ സഹോദരനാണ്. അവന് നീ നന്മ ചെയ്യണം. അവൻ എവിടെയെങ്കിലും പരാജിതനായാൽ അവനെ സഹായിക്കണം.
അടിമകൾക്ക് മാനുഷിക മൂല്യം പോലും പരിഗണിക്കാത്ത ഒരു കാലത്ത് അവരെ മനുഷ്യരായും സഹോദരനായും പരിഗണിക്കാൻ ഒപ്പമിരുത്തി ഭക്ഷണം നൽകാൻ മനുഷ്യാവകാശങ്ങൾ വകവച്ചു കൊടുക്കാൻ ഏതെങ്കിലും വിധേനെ അടിമത്വത്തിൽ നിന്ന് മോചിപ്പിച്ചാൽ അതുവഴി പരലോകത്തും ഈ ലോകത്തും ഒരായിരം അനുഗ്രഹങ്ങൾ ലഭിക്കുമെന്ന് അറിയിക്കാൻ നിരന്തരമായി തിരുനബിﷺ പരിശ്രമിച്ചുകൊണ്ടിരുന്നു. അടിമകൾ ഒരു വലിയ ആസ്തി കൂടിയായ കാലത്ത് പൊടുന്നനെ നിരോധിക്കുന്നതിന് പകരം ക്രമേണയായി അടിമത്ത മോചനം സാധ്യമാക്കുകയായിരുന്നു തിരുനബിﷺയുടെ ലക്ഷ്യം. അവർ മോചിപ്പിക്കപ്പെട്ടാലും ഇല്ലെങ്കിലും അവർക്ക് മനുഷ്യാവകാശങ്ങൾ കൃത്യമായി ലഭിക്കാനുള്ള ചിട്ടകൾ അതിവേഗം അറബ് സമൂഹത്തിൽ തിരുനബിﷺ സ്ഥാപിച്ചെടുത്തു.
അടിമകളെ മോചിപ്പിക്കുന്ന മൂല്യം പ്രസംഗിച്ചപ്പോൾ എല്ലാം സംഘങ്ങളായി അവർ മോചിപ്പിക്കപ്പെടുകയും ചെയ്തു. തിരുനബിﷺയുടെ പല സമീപനങ്ങളും കൂട്ടംകൂട്ടമായി അടിമത്ത മോചനത്തിന് വഴിതെളിച്ചു. അല്ലാഹുവിൽ നിന്ന് പ്രീതി ലഭിക്കാനും ചെയ്തുപോയ കുറ്റങ്ങളിൽ നിന്ന് പശ്ചാത്തപിക്കാനും അടിമ മോചനം ഒരു കാണിക്കയാക്കി മുന്നിൽ വെച്ചു. അതുവഴിയും നിരവധി അടിമകൾക്ക് മോചനം ലഭിച്ചു.
മൂല്യങ്ങളെ എങ്ങനെയാണ് തിരുനബിﷺ സമൂഹത്തിൽ സ്ഥാപിച്ചത് എന്ന് പഠിക്കുമ്പോൾ ഇത്തരം അധ്യായങ്ങൾക്ക് ഏറെ പ്രാധാന്യമുണ്ട്. കുറച്ചുകൂടി നമുക്ക് തിരുനബിﷺയുടെ വാഹനങ്ങൾക്കൊപ്പം സഞ്ചരിക്കാം.
Tweet 928
അബൂ ഉമാമ(റ) പറയുന്നു. തിരുനബിﷺക്ക് ഒരു കുതിരയുണ്ടായിരുന്നു. അൻസ്വാരികളിൽ ഒരാൾക്ക് അത് സംഭാവന ചെയ്തു. കുതിരയുടെ ശബ്ദം തിരുനബിﷺ കേൾക്കുമായിരുന്നു. ഇടയ്ക്കുവെച്ച് അത് കേൾക്കാതെ ആയപ്പോൾ നബിﷺ അന്വേഷിച്ചു. എന്തുപറ്റി നമ്മുടെ കുതിരയ്ക്ക്? അതിന്റെ ശബ്ദം കേൾക്കുന്നില്ലല്ലോ? അപ്പോൾ അൻസ്വാരി പറഞ്ഞു. അതിന് വന്ധ്യംകരണം ചെയ്തിരിക്കുന്നു. അപ്പോൾ അവിടുന്ന് ഇങ്ങനെ പ്രതികരിച്ചു. കുതിരകളുടെ മൂർദ്ധാവിൽ നന്മയുണ്ട്. അന്ത്യനാൾ വരെ അത് അനുഗ്രഹമാണ്. രോമങ്ങൾ അവരുടെ ചൂട് നിലനിർത്തുന്നതാണ്. വാല്, പ്രാണികളിൽ നിന്നും മറ്റും അതിന് തടുക്കാനുള്ളതാണ്.
അബ്ദുല്ലാഹിബ്നു അംറ് ബിൻ ആസ്വ്(റ) പറയുന്നു. തിരുനബിﷺക്ക് യമനിലെ ജറൂശിൽ നിന്നുള്ള ഒരു കുതിരയുണ്ടായിരുന്നു. അത് അൻസ്വാരികളിൽ ഒരാളെ ഏൽപ്പിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. നിങ്ങൾ എവിടെ ഇറങ്ങിയാലും എന്റെ അടുത്ത് തന്നെ ഉണ്ടാവണം. കുതിരയുടെ ശബ്ദം എനിക്കൊരു ആശ്വാസമാണ്. ഒരു രാത്രിയിൽ തിരുനബിﷺ ആ കുതിരയെ കുറിച്ച് സംസാരിച്ചു. അപ്പോൾ അതിന്റെ അരി ഉടച്ചു ഷണ്ഡീകരണം ചെയ്ത കാര്യം നബിﷺയോട് പറഞ്ഞു. നിങ്ങൾ അങ്ങനെ ചെയ്തു അല്ലേ! എന്ന് ചോദിച്ചിട്ട് ഇങ്ങനെ പ്രതികരിച്ചു. കുതിരകളുടെ മൂർദ്ധാവിൽ നന്മയുണ്ട്. അതിന്റെ രോമങ്ങൾ അതിന് കവചമാണ്. വാലുകൾ അതിന് പ്രാണികളെ തൊട്ടു തടുക്കാനുള്ളതാണ്. നിങ്ങൾ അതിൽ പ്രത്യുൽപാദനം പ്രതീക്ഷിച്ചുകൊള്ളൂ. അതിന്റെ ശബ്ദം കൊണ്ട് അല്ലാഹുവിൽ പങ്കുചേർക്കുന്നവരെ ഭയപ്പെടുത്തുക.
അനസ് ബിൻ മാലികി(റ)ൽ നിന്ന് അബൂ നുഐം(റ) നിവേദനം ചെയ്യുന്നു. കുതിരകളുടെ വാലിലെ രോമങ്ങൾ നിങ്ങൾ പറിക്കരുത്. പിരടിയിലെയും നെറ്റിത്തടത്തിലെയും രോമം നിങ്ങൾ മുറിക്കരുത്. അവകളെല്ലാം അനുഗ്രഹീതമാണ്.
കുതിരയെ പരിപാലിക്കുന്നവരും അതിന് വേണ്ടവിധത്തിൽ പരിചരിക്കുന്നവരും പ്രതിഫലാർഹരാണ് എന്നുകൂടി തിരുനബിﷺ പഠിപ്പിക്കുന്നുണ്ട്. നിരന്തരമായി ദാനം ചെയ്യുന്നവർക്ക് തുല്യമാണ് ഇത്തരം കർമ്മങ്ങൾ ചെയ്യുന്നവർ എന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിച്ച ഹദീസിൽ കാണാം.
ചിലപ്പോഴൊക്കെ തിരുനബിﷺ കുതിരയുടെ ശരീരത്തിലുള്ള രോമങ്ങൾ വിരലുകൊണ്ട് ചുരുട്ടി കുതിരയുടെ മഹത്വത്തെ കുറിച്ച് പറയും. ചിലപ്പോഴൊക്കെ നടന്ന് അതിന്റെ അടുത്തേക്ക് ചെന്ന് മുഖത്തും മറ്റും തലോടുകയും സന്തോഷിപ്പിക്കുകയും ചെയ്യും. കാര്യമന്വേഷിക്കുന്ന അനുയായികളോട് കുതിരയുടെ പ്രാധാന്യവും മഹത്വവും പറഞ്ഞുകൊടുക്കും.
ഇമാം മാലിക്(റ) മുവത്വയിൽ നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. കുതിരകൾ മൂന്നു മൂന്നുതരത്തിലുണ്ടാകും. ഒരാൾക്ക് അത് പ്രതിഫലം നേടിക്കൊടുക്കും മറ്റൊരാൾക്ക് അത് മറയായിരിക്കും മൂന്നാമത്തെയാൾക്ക് അത് കുറ്റമായിരിക്കും. അല്ലാഹുവിന്റെ മാർഗത്തിൽ ഒരു കുതിരയെ പരിപാലിക്കുകയും വിശാലമായി അതിന് മേച്ചിൽ പുറം നൽകുകയും ചെയ്തയാൾ അതുവഴി നന്മകൾ ആർജിക്കുന്ന ആളാണ്. പരിമിതമായ സ്ഥലത്ത് ബന്ധിപ്പിക്കുകയും ആവശ്യമായതൊക്കെ നൽകുകയും ചെയ്യുന്ന ആൾക്കും അതിന്റെ ഓരോ ചലനങ്ങൾക്കും പ്രതിഫലം എഴുതപ്പെടും.
ആവശ്യനിർവഹണത്തിന് വേണ്ടി കുതിരയോട് അവകാശങ്ങൾ വകവച്ചു കൊടുത്തുകൊണ്ട് അവയെ പരിപാലിക്കുന്നയാൾക്ക് അത് മറയും സുരക്ഷയുമാണ്. പെരുമ കാണിക്കാനും പ്രൗഢി അറിയിക്കാനും കുതിരയെ പരിപാലിക്കുന്നയാൾക്ക് അതു കുറ്റവും ശിക്ഷയുമാണ് നൽകുക.
ഏതു പ്രവർത്തിക്കും ഉത്തമമായ ഒരു ലക്ഷ്യമുണ്ടായിരിക്കണം. പ്രവർത്തി പദത്തിൽ അത് പരിഗണിക്കുകയും വേണം. നന്മയുടെ സംസ്ഥാപനത്തിനും പരിരക്ഷക്കും വേണ്ടി ചെയ്യുന്ന ഏത് ചെറിയ കാര്യവും അല്ലാഹുവിന്റെ പക്കൽ പ്രതിഫലം ലഭിക്കുന്ന പുണ്യകർമമായിരിക്കും.
Tweet 929
ഏത് കാര്യത്തിനും ആത്മീയവും ഭൗതികവുമായ തലങ്ങളെ വേർപിരിച്ചു തന്നെ തിരുനബിﷺ പരിചയപ്പെടുത്തിയിട്ടുണ്ട്. കുതിരകളെ സംബന്ധിച്ച് പറയുന്ന ഈ അധ്യായത്തിലും അത്തരം നിലപാടുകൾ വച്ചുകൊണ്ടുള്ള സംസാരങ്ങളുണ്ട്. ഒരു ഹദീസിന്റെ ആശയം ഇങ്ങനെ പകർത്താം. കുതിരകൾ മൂന്നുവിധത്തിലുണ്ട്. ഒന്ന്, റഹ്മാൻ അഥവാ അല്ലാഹുവിന്റെ കുതിര. അഥവാ ഒരാൾ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി അതിനെ വാങ്ങുകയും ഇസ്ലാമിക മുന്നേറ്റത്തിന്റെയും അതിജീവനത്തിന്റെയും വഴിയിൽ അതിനെ ഉപയോഗിക്കുകയും ചെയ്തു. നന്മയുടെ സംസ്ഥാപനത്തിന് ആവശ്യമായ സഞ്ചാരങ്ങളിലും പോരാട്ടങ്ങളിലും അത് പ്രയോജനപ്പെട്ടു.
രണ്ടാമത്തേത് ഇൻസാൻ അഥവാ മനുഷ്യന്റെ കുതിര. സാധാരണയിൽ മനുഷ്യന്റെ ക്രയ വിക്രയങ്ങൾക്കും സഞ്ചാരങ്ങൾക്കും ചരക്കുകൾ നീക്കം ചെയ്യുന്നതിനുമൊക്കെ ഉപയോഗിക്കുന്നത്. മാനുഷിക ആവശ്യങ്ങൾ നിറവേറ്റാൻ ലക്ഷ്യം വെച്ചുകൊണ്ട് വാങ്ങുകയും പരിപാലിക്കപ്പെടുകയും ചെയ്യുന്നത് എന്നർത്ഥം. മൂന്നാമത്തേത് ശൈത്വാന്റേത് അഥവാ പിശാചിന്റേത്. പന്തയം വെക്കാനും പവർ കാണിക്കാനും അനാവശ്യമായ മത്സരങ്ങൾക്കും വേണ്ടി വാങ്ങുകയും വിനിയോഗിക്കുകയും ചെയ്യുന്നത്. ഈ കുതിരയെ പരിപാലിക്കുന്നവന് തന്നെയിത് പരലോകത്ത് വിനയും നാശവുമായി ഭവിക്കും.
മനുഷ്യരിൽ വിരോധവും വൈരാഗ്യവും അനാവശ്യ മത്സരങ്ങളും എപ്പോഴും തിരുനബിﷺ നിരുത്സാഹപ്പെടുത്തുന്നു. അതിന്റെ മൂർത്ത ഭാവങ്ങളായ ചൂതാട്ടത്തെയും വാതുവെപ്പിനെയും ഒക്കെ രൂക്ഷമായി തന്നെ മതം അഭിമുഖീകരിച്ചിട്ടുണ്ട്. തിരുനബിﷺയുടെ പ്രബോധനം കൊണ്ട് ജാഹിലിയ്യത്തിലെ അത്തരം നടപടികളെ ഇല്ലായ്മ ചെയ്യുകയും ചെയ്തു.
കഴുതകളെ കുറിച്ച് തിരുനബിﷺയോട് ചോദിച്ചു. ഈ വിഷയത്തിൽ അല്ലാഹുവിൽ നിന്ന് അവതരിച്ച സമഗ്രമായ ഒരു സൂക്തമാണ് എനിക്ക് പറയാനുള്ളത് എന്ന് തിരുനബിﷺ പറഞ്ഞു. പ്രസ്തുത സൂക്തത്തിൻ്റെ ആശയം ഇങ്ങനെയാണ്. ആരൊരാൾ ചെറിയ ഒരു നന്മ ചെയ്താലും അതിന് പ്രതിഫലമുണ്ട്. ചെറിയൊരു തിന്മ ചെയ്താലും അതിന് ശിക്ഷയുമുണ്ട്.
കുതിരയെയും കഴുതയെയും കുറിച്ച് പറയുമ്പോൾ മനുഷ്യനും മറ്റും ലഭിക്കുന്ന പ്രയോജനങ്ങളെയും പ്രത്യുൽപാദനപരമായ വളർച്ചയെയും മുന്നിൽ നിർത്തിക്കൊണ്ട് സംസാരിക്കുന്ന മനോഹരമായ ഒരു കാഴ്ച തിരുനബിﷺയുടെ സംഭാഷണങ്ങളിൽ നമുക്ക് കാണാം. ഏതൊരു ജീവിയോടും കാരുണ്യത്തോടെ പെരുമാറണമെന്ന് പഠിപ്പിക്കുമ്പോൾ തന്നെ ഓരോ ജീവികളിൽ നിന്നും ലഭിക്കുന്ന വ്യത്യസ്തങ്ങളായ ഗുണങ്ങളെയും അനുസൃതമായ സമീപനങ്ങളെയും കൂടി അടയാളപ്പെടുത്തി. കുതിരയെക്കൊണ്ട് ലഭിക്കുന്നതിൽ നിന്ന് തീർത്തും വ്യത്യസ്തമായ പ്രയോജനങ്ങളാണല്ലോ കഴുതയിൽ നിന്ന് ലഭിക്കുന്നത്. കുതിരയുടെയും കഴുതയുടെയും ശബ്ദങ്ങളുടെ വ്യത്യാസം അതിന്റെ സൗന്ദര്യം മുന്നിൽ വെച്ചുകൊണ്ട് തന്നെ അഭിമുഖീകരിച്ചിട്ടുണ്ട്. തിരുനബിﷺയുടെ ഉദാഹരണങ്ങളിൽ ഇത്തരം ജീവികൾ കടന്നുവരുന്നുമുണ്ട്. മനുഷ്യൻ കൂടുതൽ പ്രയോജനങ്ങളുള്ള കാര്യങ്ങളിലേക്ക് കടന്നു വരാനുള്ള പ്രോത്സാഹനങ്ങളായിട്ടാണ് അവകൾ വായിക്കപ്പെട്ടത്.
ഏത് ജീവജാലങ്ങളെ കുറിച്ച് പറയുമ്പോഴും മനുഷ്യന്റെ ഗുണത്തിനു വേണ്ടിയാണ് ഈ ലോകത്ത് അവകൾ സൃഷ്ടിക്കപ്പെട്ടത് എന്ന സമഗ്രമായ ഒരു പാഠത്തിനുമേൽ നിന്നുകൊണ്ടാണ് എല്ലാം വായിക്കപ്പെടേണ്ടത്. കേവലം ജീവിസ്നേഹികൾ എന്ന് പറഞ്ഞുകൊണ്ട് ചില ജീവികളുടെ ഉപയോഗങ്ങളെയും പ്രയോജനങ്ങളെയും ഇല്ലായ്മ ചെയ്യുകയും അവകൾ ഏറെ അവഗണിക്കപ്പെടുകയും ചെയ്യുന്ന ദുരന്ത ജനകമായ കാഴ്ചകൾ നമുക്ക് കാണാൻ കഴിയും. അവകൾ മനുഷ്യനും പരിസര ജീവികൾക്കും ഭാരമാകുന്ന വിധം എവിടെയെങ്കിലും ചത്തൊടുങ്ങി കിടക്കുന്നതും നമ്മെ ഉണർത്തുന്ന അധ്യാപനങ്ങളാണ്.
Tweet 930
ഒരു അടിമ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ചെയ്യുന്ന ഏതിനും വലിയ മൂല്യമുണ്ട്. അല്ലാഹു പഠിപ്പിച്ച ആശയങ്ങളെ പ്രചരിപ്പിക്കാനും അതിനെതിരെ വരുന്ന ശബ്ദങ്ങളെ തോൽപ്പിക്കാനുമാണെങ്കിൽ അതിന് ഇരട്ടി പ്രാധാന്യമുണ്ട്. ഇസ്ലാമിക സമൂഹത്തിൽ നിന്നും ഉയർന്നുവന്ന പ്രതിരോധങ്ങൾ പ്രധാനമായും ആദർശ സംരക്ഷണത്തിനു വേണ്ടിയായിരുന്നു. തിരുനബിﷺയുടെ സൈനിക ഇടപെടലുകൾ മുഴുവനും പടച്ചവൻ പടപ്പുകൾക്ക് നൽകിയ ഒരു ആദർശത്തെ പ്രബോധിപ്പിക്കുവാനും അതിനെതിരെ വരുന്ന ഇരുട്ടിനെ ചെറുക്കുവാനും മാത്രമായിരുന്നു.
യുദ്ധം എന്നൊക്കെ പറയുമ്പോഴും സാധാരണ യുദ്ധങ്ങൾക്കുണ്ടായിരുന്ന ഒരു മാനങ്ങളും തിരുനബിﷺയുടെ സൈനിക നീക്കങ്ങങ്ങളിൽ കാണില്ല. സാധാരണയിൽ ഒരു രാജാവിന് മറ്റൊരു രാജാവിനോടുള്ള ദേഷ്യം, അയാളുടെ രാജ്യം കൂടി പിടിച്ചടക്കാനുള്ള മോഹം, സ്വകാര്യ താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയുള്ള ഇടപെടലുകൾ ഇങ്ങനെയൊക്കെയാണല്ലോ ഉണ്ടാവുക. എന്നാൽ തിരുനബിﷺ മുന്നോട്ടുവച്ച ആശയങ്ങൾ ഇതൊന്നുമായിരുന്നില്ല. ലോകത്തിനു മുഴുവനും ക്ഷേമം കൽപ്പിക്കുന്ന പവിത്ര ആശയത്തെ സമാധാനപൂർവ്വം എത്തിച്ചുകൊടുക്കുക. സ്വീകരിക്കാത്തവരോട് വീണ്ടും പറഞ്ഞു കൊണ്ടിരിക്കുക. ഈ ആശയത്തെ തോൽപ്പിക്കാൻ ശ്രമിക്കുന്നവരെ പ്രതിരോധിക്കുക. എല്ലാവരും ഈ ആശയത്തെ സ്വീകരിക്കുന്ന പക്ഷം സുഗമമായി കാര്യങ്ങൾ മുന്നോട്ടു കൊണ്ടുപോവുക. മറ്റു ആശയങ്ങളിൽ ആയിരിക്കെ തന്നെ സമാധാനപരമായ സൗഹൃദപരമായ മാനവിക ആശയങ്ങൾ മുൻനിർത്തി യോജിക്കാൻ വരുമ്പോൾ അതിന് കവാടങ്ങൾ തുറന്നുകൊടുക്കുക. ഇങ്ങനെയൊക്കെ ആയിരുന്നു.
കുതിരകളെ കുറിച്ചാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്. പ്രതിരോധത്തിന്റെ പ്രധാന ആയുധമായി അശ്വഭടന്മാരെ നിർത്തുമ്പോൾ കുതിരകൾക്ക് വലിയ പ്രാധാന്യമുണ്ട്. കേവലം ജാഡയോ സൈന്യമോ എന്നതിനപ്പുറം സത്യത്തെ സ്ഥാപിക്കാനുള്ള സൈന്യം എന്ന വിചാരത്തിൽ നിന്നുകൊണ്ടാണ് കുതിരയെ പരിപാലിക്കുന്നതിനുള്ള മൂല്യങ്ങളെ കുറിച്ച് സംസാരിക്കുന്നത്. ആ വിധത്തിൽ വന്ന കുറഞ്ഞ ഹദീസുകളുടെ ആശയം കൂടി വായിക്കേണ്ടതുണ്ട്.
ഇമാം ബുഖാരി(റ)യും നസാഇ(റ)യും ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം. അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം പ്രതീക്ഷിച്ചും അവൻ്റെ മാർഗത്തിൽ പ്രവർത്തിക്കാൻ ലക്ഷ്യം വെച്ചും ഒരാൾ കുതിരയെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്താൽ, ആ കുതിരയുടെ ഓരോ ചലനങ്ങളും പരലോകത്ത് നന്മയായി പരിഗണിക്കപ്പെടും. നന്മ തിന്മകൾ തൂക്കുന്ന സമയത്ത് നന്മയുടെ ഭാഗത്ത് ഭാരമുള്ളതായി നിൽക്കും.
അല്ലാഹുവിൽ നിന്നുള്ള ശിക്ഷയെ തടുക്കാനുള്ള മറയായി നിലകൊള്ളും എന്നാണ് മറ്റൊരു ഹദീസിന്റെ ആശയം. കുതിരയുടെ കാഷ്ടത്തിന്റെയും മൂത്രത്തിന്റെയും കണക്കെ സ്വർഗ്ഗത്തിൽ നിന്നുള്ള കസ്തൂരിയുടെ കൈക്കുമ്പിളുകൾ ലഭിക്കുമെന്നാണ് ഇബ്നു അബി ആസിം(റ) നിവേദനം ചെയ്തത്. അവകൾക്ക് ഭക്ഷണം കൊടുക്കുമ്പോൾ ഓരോ ധാന്യത്തിന്റെയും കണക്കെ നന്മകൾ രേഖപ്പെടുത്തും എന്ന് ഇബ്നു മാജ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണുന്നു.
മുആവിയത്ത് ബിനു ഖുദൈജി(റ)ൽ നിന്ന് കൗതുകകരമായ ഒരു നിവേദനം അബൂ ഉബൈദ(റ) ഉദ്ധരിക്കുന്നുണ്ട്. ഈജിപ്ത് മുന്നേറ്റത്തിലും മറ്റും പങ്കെടുത്ത പ്രമുഖനായ വ്യക്തിത്വമാണ് മുആവിയ(റ). അദ്ദേഹം ഒരിക്കൽ പ്രമുഖനായ സ്വഹാബി അബൂദർറി(റ)ൻ്റെ സമീപത്തു കൂടി കടന്നുപോയി. അപ്പോൾ അബൂദർ(റ) തന്റെ കുതിരയെ പരിചരിക്കുകയായിരുന്നു. നിങ്ങൾ ഈ കുതിരയെ പരിചരിച്ചു കൊണ്ട് കഴിയുകയാണോ? ഞാൻ ഈ കുതിരയെ പ്രാർത്ഥനക്കുത്തരം ലഭിക്കുന്ന ഒന്നായിട്ടാണ് കാണുന്നത്. ഓഹോ അങ്ങനെ കുതിരയ്ക്ക് ഒരു പ്രാർത്ഥനയും അതിനുത്തരവുമുണ്ടോ? എല്ലാ രാത്രിയിലും കുതിര അല്ലാഹുവിനോട് പ്രാർത്ഥിക്കും. അല്ലാഹുവേ എന്റെ സംരക്ഷണവും പരിപാലനവും ഈ വ്യക്തിയിലാണ് നീ ഏൽപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന് കുടുംബത്തേക്കാളും സന്താനങ്ങളെക്കാളും പ്രിയപ്പെട്ടതായി എന്നെ നീ മാറ്റേണമേ! കുതിരകളുടെ കൂട്ടത്തിൽ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുന്നവയും അല്ലാത്തവയുമുണ്ട്. ഈ കുതിര ഉത്തരം ലഭിക്കുന്നതായിട്ടാണ് ഞാൻ മനസ്സിലാക്കുന്നത്.
Tweet 931
അബൂ ശൈഖ്(റ) അളമാ എന്ന ഗ്രന്ഥത്തിലും ഇബ്നു അബീ ഹാതമും(റ) നിവേദനം ചെയ്യുന്നു. വഹബ് ബിന് മുനബ്ബഹ്(റ) പറഞ്ഞു. അല്ലാഹുവിൽ നിന്ന് ആത്മീയമായ ഒരു വിവരം എനിക്ക് ലഭിച്ചു. അല്ലാഹു കുതിരയെ സൃഷ്ടിക്കാൻ ഉദ്ദേശിച്ചപ്പോൾ കിഴക്കൻ കാറ്റിനോട് പറഞ്ഞു. എന്റെ പ്രിയക്കാർക്ക് പ്രതാപവും ശത്രുക്കൾക്ക് നിസ്സാരതയും നൽകുന്ന ഒരു സൃഷ്ടിയെ ഞാൻ സൃഷ്ടിക്കാൻ പോവുകയാണ്. പ്രധാനമായും എന്നെ അനുസരിക്കുന്നവർക്ക് വേണ്ടിയാണ് ഞാൻ അത് സൃഷ്ടിക്കുന്നത്. ശേഷം, കാറ്റിൽ നിന്ന് ഒരുപിടി സ്വീകരിച്ചു. അതിൽ നിന്ന് കുതിരയെ സൃഷ്ടിച്ചു. എന്നിട്ട് ആ സൃഷ്ടിയോട് പറഞ്ഞു.
അറബി കുതിരയെന്നു ഞാൻ നിന്നെ പേരു വെക്കുന്നു. നിന്റെ നെറുകയിൽ നന്മകൾ സമാഹരിച്ചിട്ടുണ്ട്. നിന്റെ മുതുകത്ത് സമരാർജിത സമ്പാദ്യങ്ങൾ വഹിക്കപ്പെടും. ഐശ്വര്യവും സമ്പാദ്യവും നിനക്കൊപ്പമാണ്. നിന്റെ ഉടമ നിന്നോട് മൃദുവായി പെരുമാറും. മറ്റു മൃഗങ്ങളെക്കാൾ വിശാലമായി നീ പരിഗണിക്കപ്പെടുകയും നിന്നെ ഊട്ടുകയും ചെയ്യും. നിന്നെ ഒരു മാതൃകയാക്കുകയും ചിറകില്ലാതെ പറക്കാൻ അവസരം നൽകുകയും ചെയ്യും. ശത്രുവിന്റെ പിന്നിൽ കൂടാനും ശത്രുവിനെ ഭയപ്പെടുത്താനും നീ ഉപയോഗിക്കപ്പെടും. നിന്നോടൊപ്പം എൻ്റെ അടിമകൾ അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തും അഥവാ തസ്ബീഹ് ചെയ്യും. നീയും അവർക്കൊപ്പം എന്നെ മഹത്വപ്പെടുത്തുന്ന തസ്ബീഹ് നിർവഹിക്കും. അവർ എന്നെ സ്തുതിക്കുകയും തക്ബീർ മുഴക്കുകയും ചെയ്യുമ്പോൾ നീയും ഒപ്പം അത് നിർവഹിക്കും.
നീ നിന്റെ ശബ്ദംകൊണ്ട് തഹ്ലീൽ ചൊല്ലുമ്പോൾ ഞാൻ നിന്നോട് പറയും. നിനക്ക് അനുഗ്രഹങ്ങൾ ഉണ്ടാവട്ടെ! നിന്റെ ശബ്ദം കേട്ട് കൊണ്ട് അല്ലാഹുവിൽ പങ്കുചേർത്തവർ ഭയക്കട്ടെ! നിന്റെ ശബ്ദംകൊണ്ട് അവരുടെ കാതുകൾ നിറയ്ക്കുകയും ഹൃദയങ്ങൾ ഭയത്താൽ വിറയ്ക്കുകയും ചെയ്യും. അല്ലാഹു അവന്റെ സൃഷ്ടികളെ ആദം നബി(അ)ക്ക് പ്രദർശിപ്പിച്ചപ്പോൾ ഓരോന്നിന്റെയും നാമങ്ങൾ പറഞ്ഞിട്ട് അല്ലാഹു ഇഷ്ടമുള്ളതിനെ തെരഞ്ഞെടുക്കാൻ ആദം നബി(അ)യോട് പറഞ്ഞു. അപ്പോൾ ആദം(അ) കുതിരയെ തിരഞ്ഞെടുത്തു. നിങ്ങൾ നിങ്ങളുടെയും നിങ്ങളുടെ സന്താന പരമ്പരകളുടെയും പ്രതാപത്തെയാണ് തെരഞ്ഞെടുത്തത് എന്ന് അല്ലാഹു പറഞ്ഞു. എൻ്റെ അനുഗ്രഹം പരമ്പരകളായി നിങ്ങൾക്കുമേൽ ഉണ്ടാകുമെന്നും അള്ളാഹു സുവിശേഷം അറിയിച്ചു.
കുതിരയുടെ മഹത്വം പറയുന്ന ഒരു ആഖ്യാനമാണിത്. വഹബ് ബിൻ മുനബ്ബഹി(റ)ന് ആത്മീയമായി ലഭിച്ച അറിവിൽ നിന്നാണ് ഇത് പങ്കുവെക്കുന്നത്. പ്രവാചകന്മാർക്ക് ദിവ്യ സന്ദേശം അഥവാ വഹിയ് ലഭിക്കും. സജ്ജനങ്ങൾക്ക് അല്ലാഹുവിൽ നിന്നുള്ള ചില ബോധനങ്ങൾ അഥവാ ഇൽഹാമും ലഭിക്കും. അപ്രകാരം ആത്മീയമായി ലഭിച്ച സന്ദേശങ്ങളുടെ ആഖ്യാനമാണ് നാം ഇവിടെ പകർത്തിയത്. കുതിരകളിൽ കുറെ നന്മകളുണ്ടെന്നും സത്യത്തിന്റെ സംസ്ഥാപനത്തിലും ഇരുട്ടിനെ തോൽപ്പിച്ച് നേരിനെ സ്ഥാപിക്കുന്നതിനും സമരപോർക്കളങ്ങളിൽ കുതിരകളുടെ സാന്നിധ്യം വളരെ പ്രധാനപ്പെട്ടതാണെന്ന് അറിയിക്കുന്നതാണ് തുടർന്നുള്ള പരാമർശങ്ങൾ.
ഇത്തരം നിവേദനങ്ങൾക്ക് പ്രാമാണികമായ ഹദീസുകളുടെ സ്വീകാര്യതയും സ്ഥാനവുമൊന്നുമില്ലെങ്കിലും, അനുബന്ധ വായനകൾക്കായി വിജ്ഞാനലോകം ഉപയോഗിക്കുന്ന അവലംബങ്ങൾ തന്നെയാണിത്. അതുകൊണ്ടാണല്ലോ പരമ്പരകളായി ഇത്തരം ഗ്രന്ഥങ്ങളിൽ ഇവ രേഖപ്പെടുത്തപ്പെടുകയും വായിക്കപ്പെടുകയും ചെയ്യുന്നത്. വിശ്വാസപരമോ കർമപരമോ ആയ ഒരു നിയമത്തെ സ്ഥാപിക്കുന്ന അധ്യായമല്ല ഇത്. നിലവിലുണ്ടായിരുന്ന ഒരു നിയമത്തെ മാറ്റിപ്പറയുന്ന അധ്യായവുമല്ല. ശ്രേഷ്ഠതയും മഹത്വവും പറയുന്ന അധ്യായങ്ങളിൽ ഇത്തരം ഉദ്ധരണികൾക്കും സ്രോതസ്സുകൾക്കും പരിഗണനയും സ്വീകാര്യതയുമുണ്ട്. അങ്ങനെ ഒരു മാനദണ്ഡത്തിലാണ് ഇമാമുകൾ ഇത്തരം നിവേദനങ്ങൾ ഗ്രന്ഥങ്ങളിൽ കൊണ്ടുവരുന്നത്. നമുക്കും അത് വായിക്കാം എന്ന് മാത്രം.
ഒരിക്കൽ ഒരാൾ തിരുനബിﷺയുടെ സന്നിധിയിൽ വന്നു പറഞ്ഞു. രാത്രിയിൽ ഞാൻ എറിയപ്പെടുന്നു. ഒരുപക്ഷേ അത് പിശാചിന്റെ ഏറിനെ കുറിച്ചുള്ള പ്രയോഗമായിരിക്കാം. ഏതായാലും തിരുനബിﷺ അദ്ദേഹത്തോട് പറഞ്ഞു. നല്ല ഒരു കുതിരയെ വാങ്ങി കെട്ടുക. ശേഷം ആ ശല്യം ഉണ്ടായിട്ടില്ല. ജീവജാലങ്ങളുടെയും സസ്യലതാദികളുടെയുമൊക്കെ സാന്നിധ്യം പല വിപത്തുകൾക്കും തടസ്സമാണ് എന്ന വായനകൾ വേറെയുമുണ്ടല്ലോ.
Tweet 932
കുതിരകളുടെ കാര്യത്തിൽ സവിശേഷമായ ചില പരാമർശങ്ങൾ തിരുനബിﷺ നടത്തുന്നുണ്ട്. അവകളുടെ കൂട്ടത്തിൽ മികച്ചത് ഏതാണെന്നും നിങ്ങൾക്ക് തെരഞ്ഞെടുക്കാൻ നല്ലത് ഏതാണെന്നുമൊക്കെ വിശാലമായി തന്നെ പറയുന്നുണ്ട്. ഇമാം അഹ്മദും(റ) നസാഇ(റ)യും ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരം കാണാം. തിരുനബിﷺ പറഞ്ഞു. മുഖത്തും കൈകാലുകളിലും വെളുപ്പുള്ള, ചുവപ്പ് കലർന്ന, കറുത്ത കുതിരകളെ നിങ്ങൾ തിരഞ്ഞെടുത്തോളൂ. അല്ലെങ്കിൽ, കൈകാലുകൾ വെളുത്ത് ചുവന്ന കുതിര. അതുമല്ലെങ്കിൽ കൈകാലുകൾ വെളുത്ത കറുത്ത കുതിര.
കുതിരകളുടെ കൂട്ടത്തിൽ മെച്ചപ്പെട്ടത് നിർണയിച്ചു തരുന്ന പ്രയോഗങ്ങളാണ് ഇതെല്ലാം. ആകർഷകമായതും മികച്ചയിനത്തിൽപ്പെട്ടതും എന്നിങ്ങനെ പല മാർഗങ്ങളിലും ഈ മേന്മകളെ പരിഗണിക്കുന്നുണ്ടാവണം.
ചുവന്ന കുതിരയ്ക്ക് ഇത്ര പ്രാധാന്യം നൽകുന്നത് എന്താണെന്ന് അബൂ വഹബ് അൽ കുലാഇ(റ)യോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു. തിരുനബിﷺ നിയോഗിച്ച സൈനിക സംഘങ്ങളിൽ ആദ്യം ജയം നേടിയെത്തിയത് ചുവപ്പു കുതിരയുടെ ആളുകളായിരുന്നു.
ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം തുർമുദി(റ)യും മറ്റും നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. നിങ്ങൾ യുദ്ധം ചെയ്യാൻ ഉദ്ദേശിച്ചാൽ. മുന്നിലെ വലതുകാൽ ഒഴികെ ബാക്കിയെല്ലാം വെളുത്ത നെറ്റിത്തടവും വെളുപ്പുമുള്ള കുതിരയെ തിരഞ്ഞെടുക്കുക. എന്നാൽ നിങ്ങൾ രക്ഷപ്പെടുകയും സമ്പത്ത് നേടുകയും ചെയ്യും.
കുതിരകളുടെ വിശേഷണങ്ങൾ മുന്നിൽ വച്ചു കൊണ്ടുള്ള മറ്റൊരു നിവേദനം ഇങ്ങനെയാണ്. അബൂ ഖതാദ(റ)യിൽ നിന്ന് ഇമാം അഹ്മദും(റ) മറ്റും ഉദ്ധരിക്കുന്നു. ഏറ്റവും മികച്ച കുതിരയെക്കുറിച്ച് ഒരാൾ നബിﷺയോട് ചോദിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു. ചുണ്ടിലും നെറ്റിയിലും വെളുത്ത നിറവും വരയുമുള്ള മൂന്നു കാലുകളിൽ വെളുപ്പുള്ള കറുത്ത കുതിരയാണ് കൂട്ടത്തിൽ ഏറ്റവും മെച്ചം. അല്ലെങ്കിൽ സമാന വിശേഷണങ്ങളുള്ള കറുപ്പു കലർന്ന ചുവപ്പ് കുതിര.
കുതിരകളെക്കുറിച്ച് എത്രമാത്രം ബോധ്യം തിരുനബിﷺക്ക് ഉണ്ടായിരുന്നു എന്നതിന്റെ പ്രമാണങ്ങൾ കൂടിയാണല്ലോ നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഏത് അധ്യായങ്ങളിലും അവിടുത്തെ വിശേഷണങ്ങളും വിവരണങ്ങളും തീർത്തും വേറിട്ട് നിൽക്കുന്നു. ഒരു നേതൃത്വത്തിന്റെ ജ്ഞാന പരിസരങ്ങൾ എത്ര വിശാലമായിരുന്നു എന്നും ഓരോ മേഖലയിലും എത്ര കൃത്യതയോടെയാണ് കൈകാര്യം ചെയ്തിരുന്നത് എന്നും മനസ്സിലാക്കാൻ ഈ അധ്യായങ്ങൾ തന്നെ അധികമാണ്.
ചുവപ്പ് കലർന്ന കറുപ്പ് എന്നതിന് ഇവിടെ പ്രയോഗിച്ച പദം ‘കുമിയത്’ എന്നാണ്. പിരടിയുടെ ഭാഗത്തെ രോമങ്ങളും രണ്ട് ചെവികളും കറുത്ത കുതിരകൾക്കാണ് ഇപ്രകാരം പ്രയോഗിക്കുന്നത്. ചുവപ്പും കറുപ്പുമുള്ള കുതിരകൾ എന്ന് വിശേഷണം പറയുമ്പോൾ ഇത്തരമൊരു കൃത്യതയോട് കൂടി വേണം മനസ്സിലാക്കാൻ.
തിരുനബിﷺ തബൂഖിലേക്ക് പോകുന്ന വഴിയിൽ ജലക്ഷാമം അനുഭവപ്പെട്ടു. ഓരോ കുതിര സംഘങ്ങളെയും പലവഴിക്ക് വെള്ളം തേടി അയച്ചു. ഒന്നാമതും രണ്ടാമതും മൂന്നാമതും വെള്ളവുമായി എത്തിച്ചേർന്നത് ചുവന്ന കുതിരയുടെ ആളുകളായിരുന്നു. അപ്പോൾ ചുവന്ന കുതിരകൾക്ക് വേണ്ടി പ്രത്യേകം തിരുനബിﷺ പ്രാർത്ഥന നിർവഹിച്ചു.
കറുത്ത നിറവും പച്ചയുമുള്ള കുതിരയാണ് ഏറ്റവും മികച്ചത് എന്ന ഒരു പരാമർശവും ഇബ്നു അറഫ(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം. മൂന്നു കാലുകളിലും വെളുപ്പു നിറമുള്ള കറുപ്പും ചുവപ്പും ചേർന്ന കുതിരകളിൽ നിങ്ങൾ ആവശ്യം നേടി പുറപ്പെട്ടുകൊള്ളൂ.
അബൂഉബൈദ(റ) നിവേദനം ചെയ്യുന്നു. കാര്യസാധ്യങ്ങൾക്ക് വേണ്ടി പോകുമ്പോൾ ശുഭലക്ഷണങ്ങളെ അറിയിച്ചു കൊടുക്കാനുള്ള ഒരു പരാമർശം ആയിട്ട് വേണ്ടി കൂടി വേണം ഇതിനെ വായിക്കാൻ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 933
കുതിരകളുടെ കൂട്ടത്തിൽ നിന്ന് ശികാലിനെ തിരുനബിﷺ ഇഷ്ടപ്പെട്ടിരുന്നില്ല. വലത്തെ കാലിനും ഇടത്തെ കൈക്കും അല്ലെങ്കിൽ ഇടത്തെ കാലിനും ഇടത്തെ കൈക്കും അടയാളങ്ങളോ കലകളോ ഉള്ള കുതിരകൾക്കാണ് ശികാൽ എന്ന് പറയുന്നത്. ഇമാം മുസ്ലിം(റ), ഇമാം അബൂദാവൂദ്(റ) തുടങ്ങിയവർ അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്ത ഹദീസിന്റെ ആശയമാണിത്.
ശത്രുവിനെ കണ്ടുമുട്ടുമ്പോൾ ഓടിപ്പോവുകയും സമരാർജിത സമ്പത്ത് ലഭിക്കുന്നതിനുവേണ്ടി ഓടി അടുക്കുകയും ചെയ്യുന്ന കുതിരയേയും അശ്വഭടനെയും നിങ്ങൾ സൂക്ഷിക്കണം എന്ന് പറയുന്ന ഹദീസ് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നുണ്ട്.
കുതിരകളെ കുറിച്ച് പരാമർശിക്കുമ്പോൾ സവിശേഷമായ ചില പ്രയോഗങ്ങൾ തിരുനബിﷺ പാലിക്കാറുണ്ടായിരുന്നു. അറബിയിൽ കുതിരക്ക് ഫറസ് എന്നും സ്ത്രീലിംഗമായാൽ ഫറസത്ത് എന്നുമാണ് യഥാർഥത്തിൽ പ്രയോഗിക്കേണ്ടത്. എന്നാൽ, അത്തരമൊരു പ്രയോഗം തിരുനബിﷺ നടത്താറുണ്ടായിരുന്നില്ല. കുതിരയും കഴുതയും ചേർന്നുണ്ടാകുന്ന കോവർ കഴുതകളെ തിരുനബിﷺ പ്രോത്സാഹിപ്പിച്ചിരുന്നില്ല. ഒരിക്കൽ കോവർ കഴുതയുടെ പുറത്ത് കടന്നുവന്ന അലിയ്യ്(റ) നബിﷺയോട് ചോദിച്ചു. അല്ലയോ പ്രവാചകരേﷺ ഇപ്രകാരം കഴുതയും കുതിരയും ചേർന്നാൽ നന്നായിരുന്നു ഇല്ലേ? അങ്ങനെ ചെയ്യരുത് എന്ന് പറഞ്ഞു കൊണ്ടായിരുന്നു തിരുനബിﷺയുടെ മറുപടി. കുതിരയുടെ വംശ മഹത്വത്തെ ബാധിക്കുന്നതാണ് എന്ന അർഥത്തിലോ മതങ്ങളിൽ വിവരം ഇല്ലാത്തവരാണ് ഇത്തരം കാര്യങ്ങൾ ചെയ്യിക്കുക എന്ന അർഥത്തിലോ ഒക്കെയായിരുന്നു തിരുനബിﷺ അങ്ങനെ ഒരു വിശദീകരണം നൽകിയത്.
കുതിരകളെ പരിഗണിക്കണമെന്നും മാന്യമായി പെരുമാറണമെന്നും തിരുനബിﷺ പ്രത്യേകമായി തന്നെ പറയുമായിരുന്നു. ഒരിക്കൽ കുതിരയെ മുഖത്ത് അടിക്കുകയും മർദ്ദിക്കുകയും ചെയ്യുന്ന ഒരാളോട് പ്രവാചകൻﷺ ഇങ്ങനെ പറഞ്ഞു. ഇതൊക്കെ നിങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങളാണ്. ഇതിനെ ശരിയായി പരിപാലിക്കുകയും ഇതിന്മേൽ സഞ്ചരിച്ച് സത്യത്തിന്റെ സംസ്ഥാപന വഴിയിൽ പ്രവർത്തിക്കുകയും നേർവഴിക്ക് ലഭിക്കുന്ന സമ്പാദ്യങ്ങൾ ചുമക്കുകയും ചെയ്യുന്നതുവരെ നിനക്ക് പരലോകത്ത് രക്ഷ ഉണ്ടാവുകയില്ല .അയാൾ അത് അനുസരിക്കുകയും അപ്രകാരംതന്നെ ചെയ്യുകയും ഒടുവിൽ കുതിര ഉപയോഗയോഗ ശൂന്യമാകുന്നതുവരെ കൊണ്ടുനടക്കുകയും ചെയ്തു.
മൃഗങ്ങളെ വന്ധീകരണം നടത്തുന്നത് തിരുനബിﷺ നിരുത്സാഹപ്പെടുത്തി. കുതിരകളെ മാത്രമായി പരാമർശിച്ച ഹദീസുകളും, നാൽക്കാലികളിൽ ഓരോ വിഭാഗത്തെയും എണ്ണിയെണ്ണി പറഞ്ഞ ഹദീസുകളും കാണാൻ കഴിയും. അടിസ്ഥാനപരമായി അത്തരം ഒരു നടപടി സ്വീകരിക്കുന്നതിന് നബിﷺ യോജിച്ചിരുന്നില്ല എന്നാണ് ഹദീസുകളുടെ സമാഹരണം നൽകുന്ന ആശയം.
കുതിര സവാരിയിൽ തിരുനബിﷺക്ക് വലിയ ഉത്സാഹമുണ്ടായിരുന്നു. ധീരതയോടു കൂടിയായിരുന്നു അവിടുന്ന് നിർവഹിച്ചിരുന്നത്. ചിലപ്പോഴൊക്കെ ജീനി കെട്ടാത്ത കുതിരയുടെ പുറത്തും യാത്ര ചെയ്തിട്ടുണ്ട്. അത്തരം ഒരു അനുഭവം ഹദീസിൽ നിന്ന് ഇങ്ങനെ വായിക്കാം. ജാബിർ ബിൻ സമുറ(റ) പറയുന്നു. അബു ദഹ്ദാഹ്(റ) എന്നിവരുടെ ജനാസ സംസ്കരണത്തിനു ശേഷം തിരുനബിﷺ മടങ്ങി വരുമ്പോൾ ഒരാൾ നൽകിയ കുതിരപ്പുറത്താണ് അവിടുന്ന് കയറിയത്. അതിന് ജീനി കെട്ടിയിട്ടുണ്ടായിരുന്നില്ല. തിരുനബിﷺ മുന്നേ പോവുകയും സ്വഹാബികൾ പിന്നിൽ സഞ്ചരിക്കുകയും ചെയ്തു. മദീനയിൽ വച്ച് ജനങ്ങളെല്ലാവരും ഭയവിഹ്വലരായ നേരത്ത് ഭീകരമായി ശബ്ദം കേട്ട സ്ഥലത്ത് നിന്ന് തിരുനബിﷺ ആദ്യം വരുന്നതായി കണ്ടു. ശബ്ദം കേട്ട സ്ഥലത്തേക്ക് ധൃതിയിൽ പോയി അന്വേഷിച്ചിട്ട് വരികയായിരുന്നു അവിടുന്ന്. ആ സമയത്ത് നബിﷺ ഉപയോഗിച്ചിരുന്ന അബൂത്വൽഹ(റ)യുടെ കുതിരക്ക് ജീനി കെട്ടിയിട്ടുണ്ടായിരുന്നില്ല.
Tweet 934
കുതിര മത്സരത്തെ കുറിച്ചുള്ള ചില പരാമർശങ്ങളാണ് ഇന്ന് നമുക്ക് വായിക്കാനുള്ളത്. പന്തയം വെച്ച് സാമ്പത്തിക ലാഭത്തിനു വേണ്ടി പരസ്പരമുള്ള ബെറ്റ് മത്സരത്തെ പ്രവാചകൻﷺ പ്രോത്സാഹിപ്പിച്ചിരുന്നില്ല. എന്നാൽ കുതിരകളുടെ ശക്തി പ്രകടനങ്ങൾ സംഘടിപ്പിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് വിയോജിപ്പ് രേഖപ്പെടുത്തിയതായി കാണുന്നുമില്ല. അഞ്ചുവയസ്സു കഴിഞ്ഞ ‘ഖുർറഹ്’ കുതിരകൾക്കിടയിൽ തിരുനബിﷺ മത്സരം സംഘടിപ്പിക്കാറുണ്ടായിരുന്നു.
ഇമാം അഹ്മദും(റ) അബൂദാവൂദും(റ) നിവേദനം ചെയ്യുന്നു. ശക്തിപ്രകടനം കാണിക്കേണ്ട കുതിരകളെ നാൽപ്പത് ദിവസം വരെ ഭക്ഷണം കൊടുത്തു കൊഴുപ്പിക്കുന്ന രീതി തിരുനബിﷺയും ചെയ്തിരുന്നു.
തിരുനബിﷺ കുതിരകൾക്കിടയിൽ മത്സരം സംഘടിപ്പിക്കുകയും അവ ഓടിയെത്തേണ്ട പോയിന്റ് നിശ്ചയിക്കുകയും ചെയ്തു. കുതിരകളുടെയും ഒട്ടകങ്ങളുടെയും ഇടയിൽ മാത്രമേ ഈ മത്സരം സംഘടിപ്പിക്കാവൂ എന്നും അവിടുന്ന് നിർദ്ദേശിച്ചു. ഈ ആശയം ഉൾക്കൊള്ളുന്ന ഹദീസ് ഇമാം ത്വബ്റാനി(റ) ഉദ്ധരിച്ചിട്ടുണ്ട്.
ഇമാം മാലികും(റ) അബൂദാവൂദും(റ) തുർമുദി(റ)യും ഉദ്ധരിക്കുന്നു. തിരുനബിﷺ കുതിരകൾക്കിടയിൽ മത്സരം സംഘടിപ്പിച്ചു. ഭക്ഷണം കൊടുത്തു പോറ്റി വളർത്തിയ മൃഗങ്ങൾക്കിടയിൽ ഹൈഫാ മുതൽ സനിയത്തുൽ വദാഅ് വരെയും അല്ലാത്തവർക്കിടയിൽ സനിയ്യത്ത് മുതൽ മസ്ജിദ് ബനൂ സുറൈഖ് വരെയുമായിരുന്നു മത്സരം. ആദ്യത്തെ രണ്ട് പോയിന്റുകൾക്കിടയിൽ അഞ്ചോ ആറോ മൈലുകളുടെ ദൂരവും രണ്ടാമത്തെ രണ്ട് പോയിന്റുകൾക്കിടയിൽ ഒന്നേകാൽ മൈൽ മാത്രം ദൂരവുമായിരുന്നു ഉണ്ടായിരുന്നത്. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. ഞാനും ആ മത്സരത്തിൽ പങ്കെടുത്തിരുന്നു. അന്ന് ഞാൻ വലിയ കുതിരസവാരിക്കാരനായിരുന്നു എന്നും മറ്റുള്ളവരെ മറികടന്ന് ഞാൻ മുന്നോട്ടു പോയി എന്നും പള്ളിയുടെ മതിലും കടന്ന് ഫിനിഷിംഗ് പോയിന്റ് മറികടന്നു എന്നും അദ്ദേഹം അനുബന്ധമായി പറയുന്നുണ്ട്.
തിരുനബിﷺ സംഘടിപ്പിച്ച മറ്റൊരു മത്സരത്തെക്കുറിച്ച് അബൂഉബൈദ(റ) നിവേദനം ചെയ്യുന്നത് ഇങ്ങനെയാണ്. തിരുനബിﷺ മത്സരം സംഘടിപ്പിച്ചു. റബ മുതൽ ഖദാഉവരെയും ഹൈഫാ മുതൽ മുഅല്ല വരെയുമായിരുന്നു നിശ്ചയിക്കപ്പെട്ടിരുന്ന ദൂരങ്ങൾ.
ഇമാം ത്വബ്റാനി(റ) അനസ് ബിൻ മാലികി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. തിരുനബിﷺ സബഹ എന്ന് പേരുള്ള കുതിരപ്പുറത്ത് മത്സരത്തിൽ പങ്കെടുത്തു. മുന്നിലെത്തുകയും അതിൽ സന്തോഷിക്കുകയും ചെയ്തു.
തിരുനബിﷺയുടെ വ്യവഹാരങ്ങളെ കുറിച്ചുള്ള മനോഹരമായ ഒരു ചിത്രമാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. സ്വഹാബികളോടൊപ്പമുള്ള ഇടപെടലുകളുടെ ഒരു ഭാഗം കൂടി ഉണ്ടല്ലോ ഇതിൽ.
കേവലം വിനോദമായിട്ടോ ആനന്ദമായിട്ടോ അല്ല ഇങ്ങനെ മത്സരങ്ങൾ നടത്തിയിരുന്നത്. കായികമായ പരിശീലനങ്ങൾക്കപ്പുറം സമരക്കളത്തിൽ പങ്കെടുക്കേണ്ട കുതിരകൾക്കും പടയാളികൾക്കും മെയ് വഴക്കം ലഭിക്കാനുള്ള ഒരു അവസരം കൂടിയായിരുന്നു ഇത്. ഉന്നതമായ ലക്ഷ്യത്തിലേക്ക് അനുവദിക്കപ്പെട്ട മാർഗ്ഗങ്ങൾ പാലിച്ചുകൊണ്ട് നിർവഹിക്കുന്നതിൽ ഇസ്ലാം വിരോധിക്കുന്നില്ലല്ലോ.
പടക്കുതിരയും പടയാളിയും നിരവധി പരിശീലനങ്ങളിലൂടെ രൂപപ്പെട്ടു വരുന്നതാണല്ലോ. അതുമായി ബന്ധപ്പെട്ട ചില അധ്യായങ്ങളും അനുഭവങ്ങളും കൂടിയാണിത് എന്ന് നാം ചേർത്തു മനസ്സിലാക്കേണ്ടതുണ്ട്. കേവല വിനോദവും വാതുവെപ്പും ചൂതാട്ടവും ഒക്കെ മുന്നിൽ കാണുന്ന ആധുനിക മത്സരങ്ങൾക്കോ മത്സരങ്ങൾക്കപ്പുറവും ഇപ്പുറവും ചേർക്കപ്പെടുന്ന അനാവശ്യങ്ങൾക്കോ ഈ പറയപ്പെട്ട നിവേദനങ്ങൾ പ്രമാണമായി സ്വീകരിക്കാവുന്നതല്ല. ഓരോന്നിന്റെയും മൂല്യവും പവിത്രതയും പരിപാലിക്കപ്പെടുമ്പോൾ മാത്രമാണ് അവയെ പ്രോത്സാഹിപ്പിക്കാനും നിലനിർത്താനും സാധിക്കുകയുള്ളൂ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 935
തിരുനബിﷺ കുതിരകൾക്കിടയിൽ മത്സരം നടത്തി. അവിടുത്തേക്ക് യമനിൽ നിന്ന് കിട്ടിയ വസ്ത്രങ്ങൾ മത്സരത്തിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങളായി നൽകി. ഒന്നാം സ്ഥാനക്കാരന് മൂന്നു വസ്ത്രവും രണ്ടാം സ്ഥാനക്കാരന് രണ്ടു വസ്ത്രങ്ങളും മൂന്നാം സ്ഥാനക്കാരന് ഒരു വസ്ത്രവും നാലാം സ്ഥാനക്കാരന് ഒരു ദീനാറും അഞ്ചാം സ്ഥാനക്കാരന് ദിർഹമും ആറാം സ്ഥാനക്കാരന് വെള്ളിയും സമ്മാനങ്ങളായി നൽകി. എല്ലാവർക്കും വേണ്ടി അനുഗ്രഹ പ്രാർഥന നിർവഹിക്കുകയും ചെയ്തു. മുന്നിലെത്തിയവർക്ക് സവിശേഷമായൂം എല്ലാവർക്കും പൊതുവായും പ്രാർഥിച്ചു.
ബലാദുരി(റ) നിവേദനം ചെയ്യുന്നു. ഇബ്നു സഅദി(റ)ന്റെ പിതാമഹൻ പറഞ്ഞു. തിരുനബിﷺ കുതിരകൾക്കിടയിൽ മത്സരം നടത്തി. എന്റെ കുതിര തിരുനബിﷺയുടെ ളറിബ് കുതിരയെക്കാൾ മുൻകടന്നു. ഉപഹാരമായി തിരുനബിﷺ എന്നെ യമനി വസ്ത്രം ധരിപ്പിച്ചു.
എത്ര കൗതുകകരമായ നിവേദനങ്ങളാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഗൗരവതരവും രാഷ്ട്രീയ പ്രാധാന്യവുമുള്ള നിരവധി വിഷയങ്ങൾ. ആത്മീയമായ ആശയ പ്രചാരണത്തിന്റെ സമ്പന്നമായ ദിനരാത്രങ്ങൾ. അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും രാപ്പകലുകൾ. കുടുംബത്തെ പരിപാലിക്കുന്നതിന്റെയും അനുയായികളെ പരിചരിക്കുന്നതിന്റെയും തിരക്കുകൾ. ഇതിനെല്ലാം ഇടയിലും തിരുനബിﷺ, അനുവദിക്കപ്പെട്ട വിനോദങ്ങളുടെയും അനുചരന്മാരോടൊപ്പമുള്ള ആനന്ദത്തിന്റെയും പ്രഭാത സായാഹ്നങ്ങളിലൂടെ കടന്നുപോയി എന്നാണല്ലോ നാം വായിച്ചു കൊണ്ടിരിക്കുന്നത്. എങ്ങനെ കൗതുകപ്പെടാതിരിക്കും. കുറച്ചുകൂടി നമുക്ക് വായിച്ചു പോകാം.
ഇമാം ബലാദുരി(റ) തന്നെ റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺയുടെ സ്വഹാബി അബൂ ഉസൈദ് അസാഇദി(റ) പറഞ്ഞു. അദ്ദേഹത്തിന്റെ കുതിര തിരുനബിﷺയുടെ ലിസാസ് എന്ന കുതിരയെ മറികടന്നു. യമനിൽ നിന്നുള്ള നല്ല ഒരു ഉടയാട തിരുനബിﷺ സമ്മാനമായി നൽകി. അബൂ അമഖ(റ)യിൽ നിന്ന് അൽ ഖത്തലി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ കുതിരകൾക്കിടയിൽ ഓട്ടമത്സരം നടത്തി. ഈത്തപ്പഴത്തിന്റെ കുലകൾ സമ്മാനമായി നൽകി. ഒന്നോ രണ്ടോ മൂന്നോ സ്ഥാനങ്ങൾ നേടിയവർക്ക് ഓരോ കുലകൾ വീതം സമ്മാനിച്ചു.
കേവലം മത്സരങ്ങളായി മാത്രമല്ല ഇതിനെ വായിക്കേണ്ടത്. തിരുനബിﷺയുടെ സഹവാസത്തിന്റെയും വ്യവഹാരത്തിന്റെയും വ്യാപ്തിയും സാമൂഹിക ബന്ധവും എത്രമേൽ ആഴത്തിലുള്ളതായിരുന്നു എന്ന് അറിയാൻ കൂടിയാണ് ഇത്തരം ചരിത്രശകലങ്ങൾ നമ്മോട് സംവദിച്ചുകൊണ്ടിരിക്കുന്നത്.
ഇണക്കി ജീവിക്കേണ്ട ജീവികളെക്കുറിച്ചും ഓരോ ജീവികളിൽ നിന്നും ലഭിക്കേണ്ട ഉപയോഗങ്ങളും ഊർജ്ജവും എന്തൊക്കെയാണെന്നും എത്രമേൽ കൃത്യമായിട്ടാണ് തിരുനബിﷺ അവലോകനം ചെയ്യുകയും ലോകത്തിന് അറിയാനും പകർത്താനും മാത്രം വിശാലമായി പറഞ്ഞു തരികയും ചെയ്തിട്ടുള്ളത്. ആധുനിക സങ്കേതങ്ങളിൽ പരിചയമുള്ള പല കാര്യങ്ങളും മറ്റുപല പരിപ്രേക്ഷങ്ങളിലൂടെയും ഒന്നര സഹസ്രാബ്ദം മുമ്പ് പ്രയോഗിച്ചിരുന്നു എന്ന് നബി ജീവിതത്തിൽ നിന്ന് നാം വായിക്കുകയാണ്. ഏത് കാലത്തേക്കും മാതൃകയും ഏത് ലോകത്തേക്കും സ്വീകാര്യമായ ദർശനങ്ങളുടെ അവതരണവും നബി ജീവിതത്തിൽ നിന്ന് നമുക്ക് മനസ്സിലാക്കാൻ കഴിയും.
ഒരിക്കൽ തിരുനബിﷺയുടെ കറുത്ത കുതിര മത്സരത്തിൽ വിജയം വരിച്ചു. നേരത്തെ തന്നെ കറുത്ത കുതിരകളോട് പ്രത്യേകം താല്പര്യമുള്ള തിരുനബിﷺ അദ്ഹം… അദ്ഹം…. കറുത്ത കുതിര കറുത്ത കുതിര എന്ന് ആവേശപൂർവം വിളിച്ചുപറഞ്ഞു. വിജയം വരിക്കുമ്പോൾ എങ്ങനെ ആഘോഷിക്കണമെന്ന ജീവശാസ്ത്രം പോലും ജീവിതത്തിൽ പ്രയോഗിച്ചിരുന്നു എന്നല്ലേ ഇതിൽനിന്ന് മനസ്സിലാകുന്നത്.
തിരുനബിﷺയുടെ ചില കുതിരകളെ നമുക്ക് പരിചയപ്പെടാം.
ഒന്ന്, അസ്സക്ബ്. അബൂ ഹസ്മ(റ)യിൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. മദീനയിലെ ബനൂ ഫസാറ ഗോത്രത്തിലുള്ള ഒരാളുടെ പക്കൽ നിന്ന് തിരുനബിﷺ വാങ്ങിയ കുതിരയായിരുന്നു. അവിടുന്ന് ആദ്യമായി വാങ്ങിയ കുതിര. 400 ദിർഹം അല്ലെങ്കിൽ പത്ത് ഊഖിയ ആയിരുന്നു അതിന്റെ വില. ഗ്രാമീണനായ ആദ്യത്തെ മുതലാളി അതിനെ വിളിച്ചിരുന്നത് ളറുസ് എന്നായിരുന്നു. തിരുനബിﷺ അതിന്റെ പേരു മാറ്റുകയും സക്ബ് എന്ന് വിളിക്കുകയും ചെയ്തു. അതിന്മേൽ ആദ്യമായി പങ്കെടുത്തത് ഉഹ്ദ് യുദ്ധത്തിലായിരുന്നു. അബൂ ബുർദ ബിൻ നയ്യാർ(റ) എന്ന വ്യക്തിയുടെ മുലാവിഹ് കുതിരയും തിരുനബിﷺയുടെ ഈ കുതിരയും മാത്രമേ ഉഹ്ദിൽ മുസ്ലിംകളുടെ പക്ഷത്തുണ്ടായിരുന്നുള്ളൂ.
തിരുനബിﷺയുടെ കുതിരയെ കുറിച്ചുള്ള ഒരു അനുബന്ധം അല്കമ ബിൻ അബീ അല്കമ(റ) പറയുന്നത് ഇങ്ങനെയാണ്. തിരുനബിﷺക്ക് സക്ബ് എന്ന് പേരുള്ള ഒരു കുതിരയുണ്ടായിരുന്നു എന്ന് ഞാൻ അറിഞ്ഞു. വലതു മുൻകാൽ ഒഴികെ മൂന്നു കാലുകളിലും വെളുത്ത അടയാളങ്ങളുള്ള വലതു മുൻകാല് മാത്രം ഒറ്റ നിറത്തിലുള്ള കുതിരയായിരുന്നു അത്. ചുവപ്പും കറുപ്പും ചേർന്ന നിറമായിരുന്നു ശരീരത്തിനുണ്ടായിരുന്നത്. തീരുനബിﷺ അതിന്മേൽ സഞ്ചരിക്കുകയും മറ്റും ചെയ്തിരുന്നു. പൂർണ്ണമായും കറുത്ത കുതിരയായിരുന്നു എന്ന ഒരു അഭിപ്രായം ഇബ്‌നുൽ അസീർ(റ) രേഖപ്പെടുത്തിയിട്ടുണ്ട്. തിരുനബിﷺയുടെ സക്ബ് കുതിരയുടെ നിറം കറുപ്പായിരുന്നു എന്ന് ഇമാം ഇബ്നു അബ്ബാസും(റ) ഉദ്ധരിച്ചിട്ടുണ്ട്. നല്ല നടന്നാൽ തന്നെ വേഗത്തിൽ അനുഭവപ്പെടുന്ന വാഹനമായിരുന്നത്രെ അത്.
രണ്ട്, സബ്ഹ. തിരുനബിﷺയുടെ മറ്റൊരു കുതിരയുടെ പേരാണിത്. ഇതിനെ മത്സരത്തിൽ പങ്കെടുപ്പിക്കുകയും വിജയം വരിക്കുകയും ചെയ്തപ്പോൾ തിരുനബിﷺ സന്തോഷിച്ചിട്ടുണ്ട്. ഇബ്നു ബനൈനിന്റെ(റ) അഭിപ്രായത്തിൽ സ്വർണ്ണ നിറത്തിൽ രോമങ്ങളുള്ള ഈ കുതിരയെ ജുഹൈന ഗോത്രത്തിൽ നിന്ന് 10 ഒട്ടകങ്ങളെ കൊടുത്തു വാങ്ങിയതാണത്രേ. വ്യാഴാഴ്ച ദിവസം തിരുനബിﷺ അതിനുമേൽ മത്സരത്തിനു പങ്കെടുത്തു. അവിടുത്തെ തിരുകരങ്ങൾ കൊണ്ടുതന്നെയായിരുന്നു കുതിരയെ മത്സരത്തിൽ എത്തിച്ചത്. ശേഷം, അതിനെ വിട്ടയക്കുകയും അതിന്റെ മുകളിലുള്ളയാൾ പതാക എടുക്കുകയും അഥവാ ഒന്നാംസ്ഥാനത്ത് എത്തുകയും ചെയ്തു.
മറ്റെല്ലാ കുതിരകളുടെയും മുഖത്ത് പൊടിപടലങ്ങൾ പടർത്തിയായിരുന്നു ഇത് മുന്നോട്ട് പോയത്. ഈ കുതിരയുടെ സഞ്ചാര രീതി കണ്ടുകൊണ്ട് തന്നെ ഇതിനെ ‘സബ്ഹ ‘ എന്ന് വിളിക്കപ്പെട്ടു. കൃത്യമായ ചുവടുകളോടെ മുന്നോട്ടുപോകുന്ന കുതിരകളെയാണ് പൊതുവേ അങ്ങനെ വിളിക്കാറുള്ളത്. ആശ്ചര്യപ്പെടുത്തുന്ന വിധം വിശാലമായ ചുവടുകൾ വച്ചാലും അങ്ങനെ പറയാറുണ്ട്. അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്താൻ ഉപയോഗിക്കുന്ന ‘സുബ്ഹാനല്ലാഹ്’ എന്ന പദത്തിന്റെയും ഈ നാമത്തിന്റെയും ധാതുക്കൾ തമ്മിൽ ബന്ധമുണ്ട്. വിശാലമായ ചിന്തയുള്ളവരെയും ഉയർന്ന വിചാരമുള്ളവരെയും മഹത്വപ്പെടുത്തിക്കൊണ്ടുള്ള പ്രയോഗത്തിലും സബ്ഹ എന്ന് പ്രയോഗിക്കാറുണ്ട്.
ഒന്നര സഹസ്രാബ്ദം മുമ്പ് ജീവിച്ചിരുന്ന ഒരു വ്യക്തി ഉപയോഗിച്ച വാഹനത്തെയും അതിന്റെ പേരും പേരിന്റെ കാരണവും പ്രയോഗത്തിന്റെ വ്യത്യസ്ത സാധ്യതകളും എത്ര ഗഹനമായിട്ടാണ് ഗ്രന്ഥങ്ങൾ രേഖപ്പെടുത്തുന്നത്. എങ്കിൽ പിന്നെ വ്യക്തിയുടെ ജീവിതത്തെ കുറിച്ചുള്ള ചർച്ചകൾ എത്രമേൽ അതിഗഹനമായിരിക്കും. ഒരു വ്യക്തി ചരിത്രം എന്നതിനപ്പുറം വായിക്കപ്പെടാനുള്ള അനവധി മാനങ്ങളെ മുൻനിർത്തി ഇത്രമേൽ വിശാലമായി പഠിപ്പിക്കപ്പെടുകയും നിവേദന പരമ്പരകൾ സംരക്ഷിക്കപ്പെടുകയും ചെയ്യുന്ന മറ്റൊരാളെയും നമുക്ക് അറിയാനില്ല എന്ന് പറഞ്ഞാൽ അതിഭാവുകത്വം ആരോപിക്കേണ്ട ആവശ്യമില്ല.
Tweet 937
മൂന്ന്, മുർതജിസ്. ഈ പേരിൽ തിരുനബിﷺക്ക് ഒരു കുതിരയുണ്ടായിരുന്നു എന്ന് ഇമാം ഇബ്നു സഅദും(റ) ത്വബ്റാനി(റ)യും നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം. ഗ്രാമീണനായ ഒരു അറബിയിൽ നിന്ന് തിരുനബിﷺ വാങ്ങിയതായിരുന്നു ഇത്. വെളുത്ത നല്ല ശബ്ദ ഭംഗിയുള്ളതായിരുന്നു ഇത്. ശബ്ദ ഭംഗിയുടെ അടിസ്ഥാനത്തിലാണത്രെ ഈണം പ്രതിനിധാനം ചെയ്യുന്ന മുർതജിസ് എന്ന പേര് ഇതിന് ലഭിച്ചത്.
നാല്, ലിസാസ്. മുഖൗഖിസ് രാജാവ് തിരുനബിﷺക്ക് സമ്മാനമായി നൽകിയതായിരുന്നു ഈ കുതിര. തിരുനബിﷺക്ക് ഇതിനോട് വലിയ താല്പര്യമായിരുന്നു. പല പോരാട്ടങ്ങളിലേക്കും തിരുനബിﷺ ഇതിന്മേൽ സഞ്ചരിച്ചിട്ടുണ്ട്. ബദ്റിൽ ഉപയോഗിച്ചിരുന്നു എന്ന് ചിലർ പറഞ്ഞിട്ടുണ്ടെങ്കിലും അത് പ്രാമാണികമായി സ്വീകാര്യമല്ല. കാരണം, ഹുദൈബിയ്യ സന്ധിക്ക് ശേഷമാണല്ലോ മുഖൗഖിസ് തിരുനബിﷺക്ക് വാഹനം കൊടുത്തയക്കുന്നത്. ചേർന്നു, ചേർത്തു എന്നീ അർഥങ്ങളുള്ള ലിസാസ് പദം കുതിരയുടെ ചില സ്വഭാവത്തെ സൂചിപ്പിക്കുന്നു. ലക്ഷ്യത്തിലേക്ക് അതിവേഗം എത്തിച്ചേരുന്നത് എന്നായിരിക്കണം അത്.
അഞ്ച്, ളറിബ്. ഉയർന്ന ഗുണങ്ങളും മാന്യതയുമുള്ളവ എന്നർഥം ഈ പദത്തിനുണ്ട്. അതേ ആശയം മുൻനിർത്തി തന്നെയായിരിക്കണം തിരുനബിﷺയുടെ ഒരു വാഹനത്തിന് അങ്ങനെ പേരു ലഭിച്ചതും. ദൃഢതയും ശക്തിയും അറിയിക്കുന്ന അർഥങ്ങളും ഈ പദത്തിലുണ്ട്.
ആറ്, ലഹീഫ്. ഇബ്ന് അബ്ബാസി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഹദീസിൽ ഈ കുതിരയെ കുറിച്ചുള്ള പരാമർശമുണ്ട്. റബീഅ ബിൻ അബൂബറാഅ്(റ) എന്നയാൾ സമ്മാനമായി നൽകിയതായിരുന്നു ഇത്.
ഏഴ്, വർദ്. തമീമുദ്ദാരി(റ) തിരുനബിﷺക്ക് സമ്മാനമായി നൽകിയതായിരുന്നു ഇത്. ചുവപ്പും കറുപ്പും ചേർന്ന നിറമുള്ള കുതിരയായിരുന്നു ഇത്.
ഇതുവരെ നാം വായിച്ചത് തിരുനബിﷺയുടേത് എന്ന് നിർണയിക്കപ്പെട്ട വാഹനങ്ങളെ കുറിച്ചാണ്. എന്നാൽ, തിരുനബിﷺയുടേതാണ് എന്ന് പറയപ്പെട്ട ഇനിയും ചിലത് കൂടി ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
- നജീബ്
- ബഹ്ർ. യമനിൽ നിന്ന് വന്ന കവികളിൽ നിന്ന് വാങ്ങിയതാണത്രേ ഇത്. തിരുനബിﷺയുടെ പല സന്ദർഭങ്ങളിലും ഇത് കൂടെയുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു. കറുപ്പും ചുവപ്പും ചേർന്നത് അല്ല കറുത്തത് എന്നിങ്ങനെ വ്യത്യസ്ത അഭിപ്രായങ്ങൾ ഈ വാഹനത്തിന്റെ നിറത്തെക്കുറിച്ച് നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
3.ദൂ ലിമ്മ. രോമങ്ങളുടെ സ്വഭാവം വച്ചുകൊണ്ടാണ് ഇങ്ങനെയൊരു നാമം ലഭിച്ചത്.
- ദുൽ ഉക്കാൽ
- അസ്സിജിൽ
- അശ്ശ്ഹ്ഹാ
- അസ്സർഹാൻ
- അൽ മുർതജിൽ
- അൽ അദ്ഹം
- അല് യ്യാസൂബ്
- അല് യാബൂബ്
- അബ് ലക്
- കുമൈത്
- നജീബ്
- മുലാവിഹ്
- ത്വർഫ്
- ളർസ്
- മൻദൂബ്
- മിർവാഹ്
ഈ പേരുകളെല്ലാമുള്ള വാഹനങ്ങൾ പല സന്ദർഭങ്ങളിലായി തിരുനബിﷺയുടെ പക്കലുണ്ടായിരുന്നു എന്ന് ഒറ്റപ്പെട്ടതും ചില ഗ്രന്ഥകാരന്മാർ രേഖപ്പെടുത്തിയതുമായ പരാമർശങ്ങൾ വന്നിട്ടുണ്ട്.
വാഹനങ്ങളുടെ ഇനം എന്നതിനപ്പുറം ഓരോന്നിനും സ്വതന്ത്രമായി പേരുവച്ചുകൊണ്ടുള്ള രീതി ഇന്ന് പോലും വ്യാപകമായി നമ്മുടെ ഇടയിലില്ല. എന്നാൽ, ഒന്നര സഹസ്രാബ്ദം മുമ്പ് ഉപയോഗിച്ചിരുന്ന ഒരേ ഇനത്തിൽപ്പെട്ട പല വാഹനങ്ങളും പല മൃഗങ്ങളും സ്വതന്ത്രമായ പേരുകളിലും നാമങ്ങളിലുമുണ്ടായിരുന്നു എന്നും അവകൾ ഏതൊക്കെയായിരുന്നു എന്നും പറയാൻ മാത്രമുള്ള ചരിത്ര വ്യാപ്തി ഉണ്ടാകണമെങ്കിൽ പ്രസ്തുത ചരിത്രം എത്രമേൽ കൃത്യമായി വായിക്കപ്പെടുകയും പഠിപ്പിക്കപ്പെടുകയും വേണം. ഇങ്ങനെ ഓരോ അധ്യായങ്ങളും കൂടുതൽ കൂടുതൽ കൗതുകങ്ങളായി, തിരുനബി പഠനം സ്വതന്ത്രമായ വലിയൊരു ലോകമായി നമ്മുടെ മുമ്പിൽ തെളിഞ്ഞു കൊണ്ടിരിക്കുകയാണ്.
Tweet 938
തിരുനബിﷺ ഉപയോഗിച്ചിരുന്ന കോവർ കഴുതകളെ കുറിച്ചുള്ള പരാമർശങ്ങൾ കൂടി നമുക്ക് വായിച്ചു പോകാം. ഏഴ് കോവർ കഴുതകൾ തിരുനബിﷺക്ക് ഉണ്ടായിരുന്നുവെങ്കിലും അതിൽ ഏറ്റവും പ്രസിദ്ധമായത് ദുൽദുൽ ആയിരുന്നു. ഫർവാ ബിൻ അംറ് അൽജുദാമി(റ)
എന്നയാളാണ് തിരുനബിﷺക്ക് ഈ ദുൽദുലിനെ സമ്മാനിച്ചതെന്ന് നിവേദനങ്ങളുണ്ടെങ്കിലും മുഖൗഖിസ് രാജാവായിരുന്നു എന്നതാണ് പ്രസിദ്ധമായ അഭിപ്രായം. വെളുപ്പും കറുപ്പും കലർന്ന ഒരു മൃഗമായിരുന്നു അത്. തിരുനബിﷺയുടെ വിയോഗാനന്തരം അത് യാമ്പു എന്ന പ്രദേശത്തായിരുന്നു ഉണ്ടായിരുന്നത്.
ഇസ്ലാമിക കാലഘട്ടത്തിൽ കാണപ്പെടുകയും അറിയപ്പെടുകയും ചെയ്ത പ്രധാനപ്പെട്ട കോവർ കഴുത ദുൽദുൽ ആയിരുന്നു എന്ന് ഇബ്നു സഅദി(റ)ന്റെ നിവേദനത്തിൽ കാണുന്നു. മുഖൗഖിസ് രാജാവിന്റെ കാലത്ത് സമ്മാനമായി നൽകിയതാണെന്നും മുആവിയ(റ)യുടെ കാലം വരെ ഉണ്ടായിരുന്നുവെന്നും അനുബന്ധമായി ചേർത്തിട്ടുണ്ട്.
ഇത് സംബന്ധമായി ഇബ്നു അബ്ബാസി(റ)ൻ്റെ നിവേദനം ഇങ്ങനെയാണ്. വെളുപ്പും കറുപ്പും കലർന്ന ഒരു കോവർ കഴുത നബിﷺക്ക് സമ്മാനമായി ലഭിച്ചു. ഇസ്ലാമിക കാലത്തെ ആദ്യത്തെ കോവർകഴുതയായിരുന്നു ഇത്. ആ സമയത്ത് തിരുനബിﷺ അവിടുത്തെ പത്നിയായ ഉമ്മുസലമ(റ)യുടെ അടുക്കലേക്ക് എന്നെ അയച്ചു. അവിടെ നിന്ന് ഈത്തപ്പന നാരും രോമവും കൊണ്ടുവന്ന് തിരുനബിﷺയുടെ അടുക്കൽ നൽകി. നബിﷺയോടൊപ്പം ഞാനും ചേർന്ന് ഈ മൃഗത്തെ കെട്ടാനുള്ള ഒരു മൂക്ക് കയറും ഒരു കയറും ഉണ്ടാക്കി. പിന്നീട് നബിﷺ വീടിനുള്ളിലേക്ക് കയറി. കരയുള്ള ഒരു നീണ്ട വസ്ത്രം കൊണ്ടുവന്നു. ആ വസ്ത്രം രണ്ടു മടക്കാക്കുകയും വീണ്ടും ഒന്നുകൂടി മടക്കി നാലുമടക്കാക്കി വാഹനത്തിന്റെ മേലെ വിരിക്കുകയും ബിസ്മി ചൊല്ലി അതിന്മേൽ സഞ്ചരിക്കാൻ കയറുകയും ചെയ്തു. ശേഷം എന്നെ പിൻസീറ്റിലിരുത്തി യാത്ര ആരംഭിച്ചു.
ഇബ്നു അസാക്കിറി(റ)ന്റെ പല നിവേദനങ്ങളിലും ഇങ്ങനെ കാണാം. തിരുനബിﷺയുടെ വിയോഗാനന്തരവും ഈ വാഹനം ശേഷിക്കുകയും അലി(റ) അത് ഉപയോഗിക്കുകയും ചെയ്തു. അലി(റ)യുടെ ഭരണകാലത്ത് ഖവാരിജുകൾക്കെതിരെ സമരം ചെയ്തപ്പോൾ ഈ വാഹനത്തിന്റെ പുറത്തായിരുന്നുവത്രെ സഞ്ചരിച്ചിരുന്നത്.
ഇബിനു ഇസ്ഹാഖി(റ)ന്റെ നിവേദന പ്രകാരം അബ്ദുല്ലാഹിബിന് ജഅ്ഫറി(റ)ന്റെ വീട്ടിലായിരുന്നു ഈ വാഹനമുണ്ടായിരുന്നത്. ബാർലി ഒക്കെ പൊടിച്ച് കൊടുക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നതത്രെ. പ്രായമേറുകയും പല്ലുകളൊക്കെ കൊഴിഞ്ഞു പോവുകയും ചെയ്ത കാരണത്താലായിരുന്നു ഇങ്ങനെ ചെയ്തിരുന്നത് എന്ന ഒരു വിശദീകരണം കൂടി ഇതിനുണ്ട്.
തിരുനബിﷺയുടെ വാഹനങ്ങളിൽ സവിശേഷമായ പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുകയും ചരിത്രത്തിൽ രേഖപ്പെടുത്തുകയും ചെയ്തതാണ് ദുൽദുൽ. ശക്തിയും അതിജീവന ശക്തിയും ചലനാത്മകതയും സൂചിപ്പിക്കുന്നതാണത്രെ ഈ ദുൽദുൽ എന്ന പേര്.
ഫിള്ള എന്ന പേരിൽ മറ്റൊരു കോവർ കഴുതയും തിരുനബിﷺക്കുണ്ടായിരുന്നു. ഫർവാ ബിൻ അംറ് അൽ ജുദാമി(റ)യാണത്രേ തിരുനബിﷺക്ക് ഈ വാഹനം സമ്മാനമായി നൽകിയത്. തിരുനബിﷺ അതിനെ അബൂബക്കറി(റ)ന് ഉപഹാരമായി നൽകി. റോമൻ അതീനതയിലുള്ള മആന് എന്ന പ്രദേശത്തെ ഭരണാധികാരിയായിരുന്നു ഫർവ(റ). അദ്ദേഹം ഇസ്ലാമായതിൽ പിന്നെയുള്ള സന്തോഷത്തിലാണ് തിരുനബിﷺക്ക് ഈ ഉപഹാരങ്ങളും സമ്മാനങ്ങളുമൊക്കെ നൽകിയത്.
Tweet 939
ഇമാം ഇബ്നു അബീശൈബ(റ) നിവേദനം ചെയ്യുന്നു. ഇബ്നു ഹുമൈദിൻ അസ്സാഇദി(റ) പറഞ്ഞു. അയ്ല പ്രദേശത്തെ ഭരണാധികാരി ഒരു വെളുത്ത കോവർ കഴുതയെ തിരുനബിﷺക്ക് സമ്മാനിച്ചു. തിരുനബിﷺ അദ്ദേഹത്തിന് ഒരു മേൽമുണ്ട് അണിയിക്കുകയും സന്ദേശം അയക്കുകയും ചെയ്തു.
ഉമർ ബിൻ അബ്ദുല്ലാഹ് അൽ അൻസ്വാരി(റ), അബൂമൂസ അൽ അശ്അരി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. ഞങ്ങൾ തിരുനബിﷺയോടൊപ്പമായിരുന്നു. യാത്രക്കിടയിൽ ഞങ്ങൾ ഒരു കുന്നിൻ പ്രദേശത്തേക്ക് അല്ലെങ്കിൽ ഒരു ഇടവഴിയിലേക്ക് പ്രവേശിച്ചു. ഉയരങ്ങളിലേക്ക് കയറിയപ്പോൾ ഒരാൾ വിളിച്ചുപറഞ്ഞു. ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ(അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല അല്ലാഹു ഉന്നതനാകുന്നു.) ഉടനെ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. അദൃശ്യനോ കേൾക്കാത്തവനോ ആയ ഒരു ശക്തിയേയല്ല നിങ്ങൾ വിളിക്കുന്നത്. ആ സമയത്ത് തിരുനബിﷺ ഒരു കോവർകഴുതയുടെ പുറത്തായിരുന്നു ഉണ്ടായിരുന്നത്. അവിടെവച്ചുകൊണ്ട് തിരുനബിﷺ വിളിച്ചു. അല്ലയോ അബൂ മൂസാ(റ)… അല്ലെങ്കിൽ അബ്ദുല്ലാഹിബ്നു ഖൈസേ(റ)… സ്വർഗീയ നിധികളിൽ നിന്ന് ഒരു നിധി ഞാൻ നിങ്ങൾക്ക് അറിയിച്ചു തരട്ടെ. അതെ, ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്.
ദൗമത്തുൽ ജന്തലിലെ ഭരണാധികാരി തിരുനബിﷺക്ക് ഒരു കോവർ കഴുതയേയും പട്ടു കൊണ്ടുള്ള ഒരു ജുബ്ബയും സമ്മാനമായി നൽകി. ജുബ്ബയുടെ ഭംഗി സ്വഹാബികളെ അത്ഭുതപ്പെടുത്തി. അപ്പോൾ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. സഅദ് ബിൻ മുആദി(റ)ന് സ്വർഗ്ഗത്തിൽ ലഭിക്കുന്ന തൂവാല ഇതിനേക്കാൾ എത്രയോ ഭംഗിയുള്ളതാണ്.
ഈ ലോകത്തെ നൈമിഷിക വിചാരങ്ങളിലേക്ക് വീണുപോകാന്‍ ഇടയുള്ള എല്ലാ സന്ദർഭങ്ങളിലും തിരുനബിﷺ പരലോകത്തിന്റെ പ്രാധാന്യം ഉണർത്തും. ഈ ലോകത്തെ എല്ലാ അനുഗ്രഹങ്ങളും താൽക്കാലികമാണെന്നും ലഭിക്കാനുള്ള പരലോകത്തെ അനുഗ്രഹങ്ങളാണ് വലുതെന്നും നിലനിൽക്കുന്നതെന്നും നിരന്തരമായി തിരുനബിﷺ ഉത്ബോധിപ്പിച്ചു കൊണ്ടിരുന്നു. എവിടെയെങ്കിലും ഈ ഉത്തമവിചാരത്തിൽ നിന്ന് വഴിമാറാൻ ഇടയായാൽ ഉടൻ തന്നെ അവിടുന്ന് ഇടപെടുകയും ആത്മീയ ബോധത്തിലേക്ക് തന്നെ അവരെ തിരിച്ചു കൊണ്ടുവരികയും ചെയ്യും.
ശാമി കഴുത എന്ന പേരിൽ ഒരു വാഹനം കൂടി തിരുനബിﷺക്കുണ്ടായിരുന്നു. അബ്ദുല്ലാഹ് അൽ മസിനി(റ)യുടെ പിതാവ് ബുസ്ർ(റ) തിരുനബിﷺ ഒരു കഴുതപ്പുറത്തു വരുന്ന രംഗത്തെ ഉദ്ധരിച്ചുകൊണ്ടുള്ള നിവേദനങ്ങൾ നമുക്ക് വായിക്കാനുണ്ട്. ശാമി കഴുത എന്ന തലവാചകത്തിന്റെ കീഴിലാണ് ഈ പരാമർശം സുബുൽ അൽഹുദയിൽ ഉദ്ധരിച്ചിട്ടുള്ളത്.
തിരുനബിﷺയുടെ കഴുതകളെ കുറിച്ചും ഒരു സ്വതന്ത്ര അദ്ധ്യായം തന്നെ നമുക്ക് പഠിക്കാനുണ്ട്. വെള്ള കലർന്ന മണ്ണിന്റെ നിറമുള്ള ഉഫൈർ എന്ന ഒരു കഴുത തിരുനബിﷺയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നുവത്രേ. ഇബ്നു മസ്ഊദി(റ)ൽ നിന്നുള്ള ഒരു ഹദീസ് ഇങ്ങനെ വായിക്കാം. പ്രവാചകന്മാർ രോമ വസ്ത്രം ധരിച്ചിരുന്നു. ആടിനെ കറക്കുകയും കഴുതപ്പുറത്ത് സഞ്ചരിക്കുകയും ചെയ്തിരുന്നു. തിരുനബിﷺക്കും ഉഫൈർ എന്ന ഒരു കഴുത ഉണ്ടായിരുന്നു.
ഈ കഴുതയെ കുറിച്ചും മുഖൗഖിസ് രാജാവ് സമ്മാനമായി നൽകിയതാണ് എന്ന് ഒന്നിലധികം നിവേദകന്മാർ പറയുന്നുണ്ട്. യഅ്ഫൂർ എന്നാണോ ഉഫൈർ എന്നാണോ അദ്ദേഹം നൽകിയ കഴുതയുടെ പേര് എന്നതിലും അഭിപ്രായാന്തരങ്ങളുണ്ട്.
യഅ്ഫൂർ എന്ന് സ്വതന്ത്രമായി തന്നെ ഒരു കഴുതയെ കുറിച്ചുള്ള പരാമർശവും നിവേദനങ്ങളിൽ നമുക്ക് വായിക്കാൻ കഴിയും. വേഗതയെ സൂചിപ്പിക്കുന്ന നാമമാണത്രേ അത്. നല്ല വേഗതയുള്ള കഴുത എന്ന അർത്ഥത്തിലാണ് ആ പേര് ലഭിച്ചത് എന്നും വിശദീകരണമുണ്ട്. തിരുനബിﷺ ഇഹലോകവാസം വെടിഞ്ഞ ദിവസം യഅ്ഫൂർ കിണറ്റിലേക്ക് വീണു മരണപ്പെട്ടു പോയി എന്നും മുഹമ്മദ് ബിനു ഉമർ(റ) നിവേദനം ചെയ്യുന്നു.
പല സ്വഹാബികളും വിശേഷിച്ചും സഅദ് ബിൻ ഉബാദ(റ)യും തിരുനബിﷺക്ക് സമ്മാനമായി നൽകിയ കഴുതകളെ കുറിച്ച് ഗ്രന്ഥങ്ങളിൽ പരാമർശിക്കുന്നുണ്ട്.
Tweet 940
തിരുനബിﷺക്കുണ്ടായിരുന്ന പെണ്ണ് ഒട്ടകങ്ങളെ കുറിച്ചുള്ള അല്പം ചില നിവേദനങ്ങളിലൂടെയാണ് നാം സഞ്ചരിക്കുന്നത്. ഇബ്നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ ഉടമസ്ഥതയിൽ പെണ്ണ് ഒട്ടകങ്ങളുണ്ടായിരുന്നു. ഒരിക്കൽ ഉയയ്നത് ബിൻ ഹിസ്‌നിന്റെ സംഘം ഗാബയിൽ വെച്ച് ഒട്ടകങ്ങളെ പിടിച്ചുകൊണ്ടുപോയ കൂട്ടത്തിൽ നബിﷺയുടെ ഒട്ടകങ്ങളുമുണ്ടായിരുന്നു. എല്ലാ രാത്രിയിലും രണ്ടു പാത്രം ഒട്ടകപ്പാൽ നബിﷺയുടെ വീട്ടിലെ വിഭവമായിരുന്നു. പല സമയങ്ങളിലായി തിരുനബിﷺക്ക് ഉണ്ടായിരുന്ന പെണ്ണ് ഒട്ടകങ്ങളുടെ എണ്ണം 45 ആയിരുന്നു. ചില ഒട്ടകങ്ങളുടെ പേരുകൾ ഇങ്ങനെയാണ്. ഹന്ന, സംറാ, അരീസ്, സഅദിയ്യ, അൽ ബഊം, അൽ യസീറാ, അൽ റയ്യാ, ബർദ:, അൽ ഹഫ്‌ദ, മുഹ്റ:, ശഖ്റ:, സൂറ തുടങ്ങിയ പേരുകളാണ് ഇമാമുകൾ ഉദ്ധരിച്ചിട്ടുള്ളത്. പല പേരുകളും ലഭിക്കുന്ന പാലിന്റെ വർധനയും മേന്മയും സൂചിപ്പിക്കുന്ന അർത്ഥങ്ങൾ ഉൾക്കൊള്ളുന്നതാണ്.
ഉമ്മുസലമ(റ)യിൽ നിന്ന് ഇബ്നു സഅദ് (റ) നിവേദനം ചെയ്യുന്നു. ഞങ്ങൾ തിരുനബിﷺയോടൊപ്പം ഗാബയിൽ ആയിരിക്കുമ്പോൾ ഞങ്ങളുടെ ഏകദേശം ജീവിതവും പെണ്ണൊട്ടകങ്ങളെ ആശ്രയിച്ചു കൊണ്ടായിരുന്നു. നബിﷺ ആ പെണ്ണ് ഒട്ടകങ്ങളെ അവിടുത്തെ പത്നിമാർക്ക് വീതം വച്ചു നൽകി. കൂട്ടത്തിൽ എനിക്കും ഒരു വിഹിതം ലഭിച്ചു. എനിക്കു ലഭിച്ച ഒട്ടകത്തിന്റെ പേര് അരീസ് എന്നായിരുന്നു. ഞങ്ങൾക്കാവശ്യത്തിനുള്ള പാൽ അതിൽ നിന്ന് ലഭിക്കുമായിരുന്നു. സംറാ എന്ന ഒട്ടകമായിരുന്നു ആഇശ(റ)ക്ക് ലഭിച്ചത്. എന്നാൽ ആഇശ(റ)ക്ക് ലഭിച്ചതിന് എന്റെ ഒട്ടകത്തിന്റെ അത്രയും പാൽ ഉണ്ടായിരുന്നില്ല. ഇടയന്മാർ ഗാബയിലെ മേച്ചിൽ പുറങ്ങളിലേക്ക് ഞങ്ങളുടെ ഒട്ടകങ്ങളെ കൊണ്ടുപോകും. അവിടെ രണ്ടുതരം മരങ്ങളായിരുന്നു അവയ്ക്ക് കഴിക്കാനുണ്ടായിരുന്നത്. മേച്ചിൽ പുറത്തുനിന്ന് വൈകുന്നേരം വീട്ടിലേക്ക് എത്തുമ്പോൾ ഒട്ടകങ്ങളെ കറക്കും. നബിﷺയുടെ ഒട്ടകത്തിനായിരുന്നു കൂടുതൽ പാൽ ലഭിക്കാറുണ്ടായിരുന്നത്.
ഉമ്മു സലമ(റ)യിൽ നിന്നു തന്നെയുള്ള മറ്റൊരു നിവേദനം ഇങ്ങനെ വായിക്കാം. ളഹ്ഹാക് ബിൻ സുഫിയാൻ അൽ കിലാബി എന്നയാൾ തിരുനബിﷺക്ക് ബുർദ എന്ന പേരിൽ ഒരു ഒട്ടകത്തെ നൽകി. അത്രത്തോളം ഭംഗിയുള്ള ഒരു ഒട്ടകത്തെയും ഞാൻ കണ്ടിട്ടില്ല. രണ്ട് ഒട്ടകങ്ങൾക്കുള്ള പാല് അതിൽ നിന്ന് മാത്രം കിട്ടുമായിരുന്നു. ഹിന്ദും(റ) അസ്മാ(റ)യും ആയിരുന്നു ആ ഒട്ടകത്തെ പരിചരിച്ചിരുന്നത്. ബൈളാഇലും ഉഹ്ദിലും കൊണ്ടുപോയി അതിനെ മേയ്ക്കും. പാത്രത്തിൽ നിറയെ ഇലകൾ സമാഹരിച്ച് ഇവകൾക്ക് തീറ്റയായി കൊണ്ടുവരും. അതിഥികൾ വന്നാൽ ഇവകളെ കറന്ന് അവർക്ക് വയറു നിറയുവോളം പാനം ചെയ്യിക്കും. ബാക്കിയുള്ളത് ഞങ്ങൾക്ക് വിതരണം ചെയ്യും. പ്രഭാതത്തിൽ ഇവകളെ കറക്കുന്നതാണ് ഏറ്റവും മെച്ചം.
ഒരു മഹാ ജീവിതത്തിന്റെ പിന്നാമ്പുറങ്ങളിൽ നിന്ന് എത്ര വിസ്തൃതമായ പഠനങ്ങളാണ് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏത് ഒട്ടകങ്ങളുടെ പാലു കുടിച്ചിട്ടായിരുന്നു തിരുനബിﷺ സഞ്ചരിച്ചത് എന്ന് ചോദിച്ചാൽ കൃത്യമായി പേരും ഊരുമടക്കം പറയാൻ മാത്രം ചരിത്രം തിരുനബിﷺയുടെ ജീവിതത്തെ ഒപ്പിയെടുത്തിരിക്കുന്നു. പരകോടി മനുഷ്യരുടെ നാമങ്ങൾ ലോകം വിസ്മൃതിയിലേക്ക് കൊണ്ടുപോയപ്പോൾ കുറച്ചു നാൽക്കാലികളുടെയും മൃഗജന്തുക്കളുടെയും പേരുകൾ ശ്രദ്ധാപൂർവ്വം ഒപ്പിയെടുക്കുകയും ഇന്നും വായിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നു.
അവകൾക്കുള്ള ഏറ്റവും വലിയ വിശേഷം തിരുനബിﷺയുടെ പറമ്പിലെ തൊഴുത്തിലായിരുന്നു അവർ ജീവിച്ചിരുന്നത് എന്ന് മാത്രം; പ്രവാചകന്റെﷺ പറമ്പിലായിരുന്നു മേഞ്ഞിരുന്നത് എന്ന്; അവകളുടെ പാല് കറന്നു കൊണ്ടുപോയിരുന്ന വീട് നബിﷺയുടെ വീടായിരുന്നു എന്ന്; അവകൾ കഴിച്ച ഇലകൾക്കും മേഞ്ഞ പറമ്പുകൾക്കും പ്രപാചക ജീവിതത്തോട് ബന്ധമുണ്ട് എന്ന്; തിരുനബിﷺയുടെ ആസ്ഥാനമായ മദീനയുടെ ചാരത്തായിരുന്നു എന്ന്. മുഖ്യധാരയിൽ ആയിരുന്നു എന്ന് പറയപ്പെട്ട പലരും വിസ്മൃതിയിലേക്ക് പോയപ്പോൾ, ഒരു തലസ്ഥാനത്തിന്റെ ഗല്ലിയിലുള്ളവർ പോലും ലോകമഹാ നഗരങ്ങളിൽ ജീവിച്ചിരുന്നവരെക്കാൾ കൂടുതൽ വായിക്കപ്പെടുന്നു. ഈ മഹാത്ഭുതത്തിന്റെ പേരാണ് നബിﷺയും മദീനയും.
Tweet 941
തിരുനബിﷺ വാഹനങ്ങളായി ഉപയോഗിച്ച മൃഗങ്ങളെ കുറിച്ച് കൂടി നമുക്ക് പഠിക്കാം. ഇബ്രാഹിം അതൈമി(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. ഖസ്വാ ബനൂ ഹുറൈശ്(റ) ഗോത്രത്തിലെ ഒരു മൃഗമായിരുന്നു. നാനൂറ് ദിർഹമിന് അബൂബക്കർ(റ) അതിനെ വാങ്ങി. തിരുനബിﷺക്ക് വിലക്ക് നൽകുന്നതുവരെ അബൂബക്കറി(റ)ന്റെ പക്കലായിരുന്നു അത്. നബിﷺ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തത് ഈ വാഹനത്തിന്റെ പുറത്തായിരുന്നു. മദീനയിലെത്തിയപ്പോൾ ഖസ്വാഇന് നാല് വയസ്സ് ആയിട്ടുണ്ടായിരുന്നു. ജദ്, അള്ബാ എന്നീ പേരുകളും ഖസ്വാഇന് തന്നെ ഉപയോഗിക്കപ്പെട്ടതാണെന്നാണ് അഭിപ്രായം. അതെല്ലാം സ്വതന്ത്രമായി മറ്റു ഒട്ടകങ്ങളുടെ പേരുകളാണെന്ന അഭിപ്രായവുമുണ്ട്.
ഇബ്നുൽ മുസയ്യബി(റ)ന്റെ നിവേദനത്തിൽ ഖസ്വാഇന്റെ പേര് അള്ബാ എന്ന് പരിചയപ്പെടുത്തുന്നു. അതിന്റെ ചെവിയിൽ ഒരു അടയാളമുണ്ടായിരുന്നുവത്രേ. ഏത് മത്സരത്തിൽ പങ്കെടുത്താലും മുന്നിട്ട് നിൽക്കുകയും ചെയ്തിരുന്നു.
തിരുനബിﷺയുടെ വിയോഗത്തെ തുടർന്ന് അന്നപാനീയങ്ങൾ ഉപേക്ഷിച്ചു കരഞ്ഞു കരഞ്ഞു ഖസ്വാ മദീനയിൽ തന്നെ മരണപ്പെട്ടു. ജന്നത്തുൽ ബഖീഇലാണ് മറമാടിയതെന്നും പറയപ്പെടുന്നു.
ഇമാം അഹ്മദും(റ) ബുഖാരി(റ)യും നസാഇ(റ)യും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം. നബിﷺക്ക് അള്ബാ എന്നൊരു ഒട്ടകമുണ്ടായിരുന്നു. എല്ലാ മത്സരത്തിലും അത് വിജയിക്കുമായിരുന്നു. ഒരിക്കൽ ഗ്രാമീണനായ ഒരു അറബി നബിﷺയുടെ ഒട്ടകത്തോട് മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. അത് പ്രവാചക അനുയായികൾക്ക് വലിയ ദുഃഖമായി. പക്ഷേ, പ്രവാചകൻﷺ ഇങ്ങനെ പറഞ്ഞു. ഈ ലോകത്ത് ഉയരുന്നതെല്ലാം താഴുകയും ചെയ്തേക്കും. ഈ ലോകത്ത് സ്വയം പെരുമ കാണിക്കുന്നതൊക്കെയും താഴ്ത്തിയും കാണിക്കുക എന്നത് അല്ലാഹുവിന്റെ ഒരു വ്യവസ്ഥിതിയാണ്. മറ്റൊരു നിവേദന പ്രകാരം ഇങ്ങനെയാണ്. ജനങ്ങൾ അധികം ഉയർത്താൻ നോക്കുന്ന ഒന്നിനെ അല്ലാഹു ചിലപ്പോൾ താഴ്ത്തിയേക്കാം.
വെളുപ്പും ചുവപ്പുമുള്ള ഒരു ഒട്ടകത്തിന്റെ മേലെ ഇരുന്ന് ഹജ്ജ് വേളയിൽ ജമ്ര എറിയുന്നത് കണ്ടു എന്ന് ഖുദാമ ബിൻ അബ്ദുല്ലാഹ് (റ) പറഞ്ഞ ഹദീസ് ഇമാം ഇബ്നു സഅദ് (റ) ഉദ്ധരിച്ചിട്ടുണ്ട്.
അബൂ കാഹിലി(റ)ൽ നിന്ന് ഹസൻ ബിൻ ളഹ്ഹാക്(റ) നിവേദനം ചെയ്യുന്നു. വിടവാങ്ങൽ ഹജ്ജ് വേളയിൽ ചുവപ്പും വെളുപ്പും കലർന്ന ചെവിയിൽ മുറിഞ്ഞ അടയാളമുള്ള ഒരു ഒട്ടകത്തിന്റെ മുകളിൽ ഇരുന്നുകൊണ്ട് നബിﷺ ഖുത്വുബ നിർവഹിക്കുന്നത് ഞാൻ കണ്ടു. എത്യോപ്യക്കാരനായ ഒരു ബാലൻ അതിന്റെ കടിഞ്ഞാൺ പിടിച്ചിട്ടുണ്ടായിരുന്നു.
നബിﷺയുടെ മറ്റ് ഒട്ടകങ്ങളുടെ പരാമർശങ്ങളും ഹദീസുകളിൽ വന്നിട്ടുണ്ട്. ഒരു ചുവന്ന ഒട്ടകപ്പുറത്ത് നബിﷺ അറഫയിൽ ഇരിക്കുന്നത് കണ്ടു എന്ന് സലമ ബിൻ നുബൈത്(റ) പറയുന്നുണ്ട്. അബ്ദുൽ മലിക് ബിനു ഉമൈർ(റ) നബിﷺയുടെ അശ്കർ എന്ന ഒട്ടകത്തെ പരിചയപ്പെടുത്തുന്നു.
ഹുദൈബിയ്യ സന്ധിയുടെ സമയത്ത് ഖുറൈശി പ്രമുഖരോട് സംസാരിക്കാൻ ഖരാശ് ബിൻ ഉമയ്യ(റ) എന്നയാളെ നബിﷺയുടെ ‘സഅലബ്’ എന്ന ഒട്ടകപ്പുറത്ത് നിയോഗിച്ചു. നബിﷺയുടെ യാത്രാ ലക്ഷ്യം അവരെ ബോധ്യപ്പെടുത്തുകയായിരുന്നു നിയോഗത്തിന്റെ താല്പര്യം. എന്നാൽ, ഖുറൈശികൾ നബിﷺയുടെ ഒട്ടകത്തെ അറുക്കുകയും ഖരാശിനെ വധിക്കാൻ ഒരുങ്ങുകയും ചെയ്തു. എന്നാൽ ബനൂ ബക്കർ(റ) അത് തടയുകയും അദ്ദേഹത്തെ രക്ഷപ്പെടുത്തുകയും ചെയ്തു.
ബദർ യുദ്ധാനന്തരം അബൂജഹലിൽ നിന്ന് ഗനീമത്തായി കിട്ടിയ സുഹൃി എന്ന ഒട്ടകം യാത്രയ്ക്കും യുദ്ധവേളകളിലും ഉപയോഗിച്ചിരുന്നു. പെൺ ഒട്ടകങ്ങളെ ചവിട്ടാനും അതിനെ ഉപയോഗിച്ചിരുന്നു.
ഇബ്നു അബ്ബാസി(റ)ന്റെ ഒരു ഹദീസ് ഇവിടെ നമുക്ക് ചേർത്തു വായിക്കാം. ഹുദൈബിയ്യ സന്ധിയുടെ സമയത്ത് നബിﷺ ബലിയറുത്ത കൂട്ടത്തിൽ അബൂജഹലിന്റെ ഒട്ടകവുമുണ്ടായിരുന്നു. അതിന്റെ തലയിൽ ഒരു വളയമുണ്ടായിരുന്നു. മക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കാതിരുന്ന ഖുറൈശികളെ ചൊടിപ്പിക്കാൻ വേണ്ടി കൂടിയാണ് പ്രസ്തുത ഒട്ടകത്തെയും ബലി നൽകിയത്.
Tweet 942
തിരുനബിﷺയുടെ ജീവിതത്തിൽ ആടുകളെ മേയിച്ചതും പാലിനുവേണ്ടി മൃഗങ്ങളെ പരിപാലിച്ചതും സംബന്ധിച്ച ചില നിവേദനങ്ങളിലൂടെ നമുക്ക് സഞ്ചരിക്കാം.
അബൂ യഅ്ല(റ), ബറാഅ്(റ) എന്നവരിൽ നിന്ന് നിവേദനം ചെയ്യുന്നു. ആടുകൾ അനുഗ്രഹമാകുന്നു. തിരുനബിﷺ പറഞ്ഞതായി ഇബ്നു ഉമർ(റ) പറഞ്ഞു. നിങ്ങൾ ആടുകളെ പരിപാലിക്കുക. അവ സ്വർഗത്തിലെ ജീവികളാണ്. അതിന്റെ ആലയിൽ നിങ്ങൾ നിസ്കരിച്ചു കൊള്ളുക. അവയുടെ മുഖവും മൂർദ്ധാവും നിങ്ങൾ തലോടി വൃത്തിയാക്കി കൊടുക്കുക.
ആടുകളുടെ ആലയോട് ചേർന്ന് നിസ്കരിക്കാമോ എന്ന ചർച്ച പണ്ഡിതന്മാർ ഉയർത്തിയിട്ടുണ്ട്. ഒട്ടകങ്ങളുടെയും ആടുകളുടെയും തൊഴുത്തുകൾ തമ്മിലുള്ള വ്യത്യാസങ്ങൾ മുന്നിൽ വച്ചുകൊണ്ടുള്ള ചർച്ചയായിരുന്നു അത്. ഒട്ടകത്തിന്റെ ആലയുടെ അടുത്താകുമ്പോൾ ശബ്ദകോലാഹലങ്ങളും ശ്രദ്ധ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാകാം. എന്നാൽ, ആട്ടിൻകൂട്ടിന് അടുത്താകുമ്പോൾ അവ ശാന്തതയുള്ള ജീവികളായതുകൊണ്ട് തന്നെ നിസ്കരിക്കുന്നതിന് തടസ്സമില്ല. നിസ്കരിക്കുന്ന സ്ഥലം വൃത്തിയായിരിക്കണം തുടങ്ങിയുള്ള നിബന്ധനകൾ പാലിക്കപ്പെടേണ്ടത് എവിടെയും ബാധകമാണ് താനും.
അബൂ സഈദ് അൽ ഖുദ്’രി(റ)യിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നു. തിരുനബിﷺയുടെ സന്നിധിയിൽ വച്ച് ആടിന്റെയും ഒട്ടകത്തിന്റെയും മുതലാളിമാർ പെരുമ പറഞ്ഞുകൊണ്ടിരുന്നു. ഉടനെ നബിﷺ ഇങ്ങനെ വിശദീകരിച്ചു. ആഢ്യത്വവും ഗരിമയും ഒട്ടകത്തിന്റെ ആളുകൾക്കാണ്. ശാന്തതയും പ്രൗഢിയും ആടിനെ പരിപാലിക്കുന്നവർക്കുമാണ്. ആടിന് ഇടയവൃത്തി ചെയ്യുന്ന കാലത്താണ് മൂസ(അ) പ്രവാചകനായി നിയോഗിക്കപ്പെട്ടത്. ഞാൻ മക്കയിലെ അജിയാദിൽ എൻ്റെ കുടുംബത്തിനുവേണ്ടി ആടുമേയ്ക്കുന്ന കാലത്താണ് എനിക്ക് പ്രവാചകത്വ ദൗത്യം ഏൽപ്പിച്ചത്.
ഇമാം അഹ്മദും(റ) മറ്റും നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. വഹബ് ബിന് കൈസാൻ(റ) പറഞ്ഞു. എൻ്റെ പിതാവ് അബൂഹുറൈറ(റ)യുടെ മുന്നിലൂടെ നടന്നു പോകുമ്പോൾ അദ്ദേഹം ചോദിച്ചു. നിങ്ങൾ എവിടേക്കാണ് പോകുന്നത്? അപ്പോൾ എൻ്റെ പിതാവ് പറഞ്ഞു. എൻ്റെ ചെറിയ ഒരു ആട്ടിൻ പറ്റത്തെ നോക്കാൻ പോവുകയാണ്. ശരി, എന്നാൽ അതിന്റെ മൂർദ്ധാവും മുഖവുമൊക്കെ നന്നായി തലോടുകയും വൃത്തിയാക്കുകയും ചെയ്തു കൊള്ളൂ. അതിന്റെ ആല വൃത്തിയാക്കുകയും ചെയ്യണം. അതിന്റെ ചാരത്ത് നിങ്ങൾക്ക് നിസ്കരിക്കാം. ആടുകളോട് നല്ല രൂപത്തിൽ പെരുമാറണം. അവകൾ സ്വർഗ്ഗത്തിലെ ജീവികളാണ്.
ഇമാം അഹ്മദ്(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം. തിരുനബിﷺ ഉമ്മു ഹാനിഇ(റ)നോട് പറഞ്ഞു. അല്ലയോ ഉമ്മു ഹാനിഏ(റ) നിങ്ങൾ ആടിനെ മേയ്ച്ചോളൂ. പ്രഭാതത്തിലും പ്രദോഷത്തിലും അവ നന്മയാണ് കൊണ്ടുവരിക.
ഈ പറഞ്ഞ ഹദീസുകളെല്ലാം ആടിനെ പൊതുവെ പരാമർശിക്കുന്നതാണെങ്കിൽ, ചിലയിനത്തിലും വിഭാഗത്തിലും പെട്ട ആടുകളെ പ്രത്യേകമായി പരാമർശിക്കുകയും ചെയ്തിട്ടുണ്ട്. തിരുനബിﷺ പറഞ്ഞതായി അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. കോലാടിനെ നിങ്ങൾ പ്രത്യേകം പരിഗണിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുക. അതിന്റെ മുഖത്ത് തലോടുക. അത് സ്വർഗ്ഗീയ ജന്തുക്കളിൽ പെട്ടതാണ്.
ആടിനെയും മാടിനെയും പരിപാലിക്കുന്നവരിൽ ശാന്തതയും സമാധാനവും ഉണ്ടാകും. കേവലമായ ഭൗതിക നന്മയ്ക്കപ്പുറം പാരത്രിക മോക്ഷവും നന്മയും ലഭിക്കാനും ആടിനെ മേയ്ക്കുന്ന ആളുകൾക്ക് അവസരം ലഭിക്കും എന്ന ആശയവും നമുക്ക് ഹദീസുകളിൽ നിന്ന് വായിക്കാം. ഇടയവൃത്തിയിലൂടെ രൂപപ്പെടുന്ന വ്യക്തി വിശേഷങ്ങളെ വളരെ പ്രാധാന്യത്തോടെയാണ് തിരുനബിﷺ അവതരിപ്പിച്ചത്. ഓരോ ജീവികളോടുമുള്ള സഹവാസം മനുഷ്യന്റെ സ്വഭാവരൂപീകരണത്തിൽ സ്വാധീനിക്കുമെന്നും മേൽ ഹദീസുകൾ നമ്മെ പഠിപ്പിക്കുന്നു.
Tweet 943
ആടുകളെ പരിപാലിക്കുന്നവർക്കുള്ള മഹത്വവും തിരുനബിﷺ പറഞ്ഞുപോയി. മഹാനായ അലി(റ) നിവേദനം ചെയ്യുന്നു. വീടുകളിൽ ആടുകളെ പരിപാലിക്കുന്നവർക്ക് രണ്ടു സമയങ്ങളിൽ അനുഗ്രഹത്തിന്റെയും മഹത്വത്തിന്റെയും പ്രാർഥന ലഭിക്കാതിരിക്കില്ല. അഥവാ രണ്ടു നേരങ്ങളിൽ പ്രത്യേകമായ അനുഗ്രഹത്തിന്റെയും മഹത്വത്തിന്റെയും പ്രാർഥന ലഭിക്കും.
ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. നിങ്ങൾ കോലാടിനോട് നല്ല രൂപത്തിൽ സമീപിക്കുക. അമൂല്യമായ സമ്പത്താണത്. അല്ലാഹുവിന് ഇഷ്ടമുള്ള സമ്പാദ്യവും സ്വർഗ്ഗത്തിലെ ജീവിയുമാണത്.
അബൂ ഉമാമ(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. കൃത്യമായി നിസ്കാരം നിലനിർത്തുകയും മലമേടുകളിൽ ആടിനെ മേയ്ക്കുകയും ചെയ്യുന്ന ആൾ എത്രമേൽ നല്ല ആളാണ്.
ആശ്ചര്യപൂർവമുള്ള ഒരു പ്രയോഗമാണ് തിരുനബിﷺ നിർവഹിച്ചിട്ടുള്ളത്. ഈ ഹദീസിന് ആശയപരമായ ഒരു വായന കൂടിയുണ്ട്. അല്ലാഹുവിനോടുള്ള കടമകൾ അഥവാ ആരാധനകൾ കൃത്യമായി നിർവഹിക്കുകയും ഏറ്റവും ഹലാലായ വരുമാനത്തിനുവേണ്ടി സത്യസന്ധമായി ഉപജീവനം തേടുകയും ചെയ്യുന്ന ആളുകൾ എത്ര നല്ലവരാണ്. ആരാധനകളിൽ കൃത്യത സൂക്ഷിക്കും പോലെ തന്നെ ജീവനോപാധികളിലും കൃത്യതയും ചിട്ടയും പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം.
തിരുനബിﷺ പാലിനും മറ്റുമായി പരിപാലിച്ചിരുന്ന എത്ര ആടുകളും മറ്റുമുണ്ടായിരുന്നു എന്ന ഒരു വായന കൂടിയുണ്ട്. ഇമാം അഹ്മദ് ശാഫിഈ(റ) എന്നവർ നിവേദനം ചെയ്യുന്നു. ലകീതു് ബിൻ സബ്‌റ(റ) പറഞ്ഞു. ബനൂ മുൻതഫിക് നിവേദക സംഘത്തോടൊപ്പം ഞാനുമുണ്ടായിരുന്നു. ഞങ്ങൾ തിരുനബിﷺയെ ലക്ഷ്യം വെച്ചുകൊണ്ടാണ് പോയത്. എന്നാൽ വീട്ടിൽ തിരുനബിﷺ ഉണ്ടായിരുന്നില്ല. പ്രിയ പത്നി മഹതി ആഇശ(റ)യായിരുന്നു ഉണ്ടായിരുന്നത്. ഒരു താലത്തിൽ ഞങ്ങൾക്ക് വേണ്ടി ഈത്തപ്പഴം കൊണ്ടുവെച്ചു. ശേഷം, ഞങ്ങൾക്കുവേണ്ടി സൂപ്പുണ്ടാക്കാൻ കൽപ്പിക്കുകയും പാചകം ചെയ്ത് ലഭിച്ചപ്പോൾ ഞങ്ങൾ കുടിക്കുകയും ചെയ്തു. ശേഷം, നബിﷺയെ പ്രതീക്ഷിച്ചിരുന്നു.
വൈകാതെ തന്നെ തിരുനബിﷺ എത്തി. ഉടനെ ചോദിച്ചു. നിങ്ങൾ വല്ലതും കഴിച്ചോ? നിങ്ങൾക്ക് വേണ്ടി എന്തെങ്കിലും ഓർഡർ ചെയ്തിട്ടുണ്ടോ? അപ്പോഴതാ നബിﷺയുടെ വീട്ടിലെ ഇടയന്മാർ ആടിനെയും കൊണ്ട് വീട്ടിലേക്ക് വരുന്നു. കൂട്ടത്തിൽ ഒരാട് ഒന്നുമുരണ്ടു. അപ്പോൾ നബിﷺ ചോദിച്ചു. ആടിന്റെ പ്രസവം വല്ലതും അടുത്തോ? അതെ പ്രസവിച്ചു. പ്രസവിക്കപ്പെട്ടത് പെൺകുട്ടിയാണ്. അപ്പോൾ നബിﷺ പറഞ്ഞു. പുതിയ ഒരാട് വന്നല്ലോ അതിനുപകരം നമുക്ക് നിലവിലുള്ള ഒരാടിനെ അറുത്തു പാചകം ചെയ്താലോ? ശേഷം, തിരുനബിﷺ ഒരു ഭാഗത്തേക്ക് തിരിഞ്ഞു കൊണ്ട് പറഞ്ഞു. നിങ്ങൾ വിചാരിക്കണ്ട നിങ്ങൾക്ക് വേണ്ടി അറുക്കുകയാണെന്ന്. നമുക്കിപ്പോൾ നിലവിൽ 100 ആടുകളുണ്ട്. അതിനപ്പുറത്ത് വേണമെന്ന് നമ്മൾ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ ഒരു പെണ്ണാടുകൂടി നമ്മുടെ കൂട്ടത്തിലുണ്ടായാൽ നിലവിലുള്ള ഒരാടിനെ ഞങ്ങൾ അറുക്കും.
തിരുനബിﷺയുടെ വീട്ടിൽ 100 ആടുകളുണ്ടായിരുന്നു എന്നും പിന്നെയും കൂടുതൽ ആടുകളുണ്ടായി പരിപാലിക്കാൻ തിരുനബിﷺ അപ്പോൾ ആഗ്രഹിച്ചിരുന്നില്ല എന്നുമാണ് ഈ നിവേദനം ഈ അധ്യായത്തിൽ കൊണ്ടുവന്നതിന്റെ താല്പര്യം. ഒരവസരത്തിൽ നൂറു വരെ ആടുകൾ വീട്ടിലുണ്ടായിരുന്നു എന്ന ഒരു സന്ദർഭപരമായ അറിവാണ് ഈ അധ്യായം നമുക്ക് പകർന്നു തരുന്നത്. ഇത്തരം അനുഗ്രഹങ്ങളും എണ്ണങ്ങളുമെല്ലാം അവസരങ്ങൾക്കും സന്ദർഭങ്ങൾക്കും അനുസരിച്ച് മാറുകയും വ്യത്യാസപ്പെടുകയുമൊക്കെ ചെയ്യാം. അതുകൊണ്ടുതന്നെ ഇത്തരം അധ്യായങ്ങൾ വായിക്കുമ്പോൾ ഈ വ്യത്യാസങ്ങൾ മുന്നിൽ വെച്ചുകൊണ്ട് വേണം മനസ്സിലാക്കാൻ.
Twet 944
തിരുനബിﷺ പാലിന് വേണ്ടി ഉപയോഗിച്ച ആടുകളെ എണ്ണിയപ്പോൾ പത്തെണ്ണത്തിനെ പ്രത്യേകം പേര് പറയുക തന്നെയുണ്ടായിട്ടുണ്ട്. അജ്വ, സംസം, സുഖ്യ, ബറക, വർസ, ഇത്ലാൽ, ഇത്രാഫ്, ഖുമ്ര, ഗൗസ, യുംനാ എന്നിങ്ങനെയാണ് അവയുടെ പേരുകൾ. ബീവി ഉമ്മു ഐമൻ(റ) പ്രത്യേകം പരിപാലിക്കുന്ന ഒരാടും തിരുനബിﷺക്കുണ്ടായിരുന്നു.
മുഹമ്മദ് ബിൻ അബ്ദുല്ലാഹിബ്നു ഹുസൈൻ(റ) പറയുന്നു. തിരുനബിﷺയുടെ ആടുകളെ ഉഹ്ദിലായിരുന്നു മേയാൻ കൊണ്ടുപോയിരുന്നത്. വൈകുന്നേരമാകുമ്പോൾ നബിﷺ വീട്ടിലാണുള്ളത്. അവിടേക്ക് കൊണ്ടുവരും. ഒരു ദിവസം ആടുകളെ കൂട്ടിക്കൊണ്ടു വന്നപ്പോൾ കൂട്ടത്തിലെ കമർ എന്ന ആടിനെ കാണാനില്ല. നബിﷺ കാര്യം അന്വേഷിച്ചു. അപ്പോൾ ഇടയൻ പറഞ്ഞു. അത് മരിച്ചുപോയി എന്ന്. അതിന്റെ തോൽ എന്താക്കി എന്നായിരുന്നു നബിﷺയുടെ അടുത്ത അന്വേഷണം. അതിനെ ഒന്നാകെ കുഴിച്ചിട്ടു എന്നായിരുന്നു മറുപടി. മൃഗത്തിന്റെ തോലുകൾ കിട്ടിയാൽ ശുദ്ധിയാക്കാമല്ലോ എന്ന വിശദീകരണം തിരുനബിﷺ നൽകുകയും ചെയ്തു.
തിരുനബിﷺയുടെ ഉടമസ്ഥതയിൽ മാടുകളുണ്ടായിരുന്നതായി റിപ്പോർട്ടുകളിൽ ഒന്നും കാണുന്നില്ല. എന്നാൽ ഭാര്യമാരുടെ പേരിൽ ഉള്ഹിയ അറുത്തപ്പോൾ മാടുകളെ അറുത്തതായി നിവേദനങ്ങളുണ്ട്. അത് പ്രസ്തുത ആവശ്യത്തിനുവേണ്ടി ആ സമയത്ത് പണം കൊടുത്ത് വാങ്ങിയതാവാം. പോറ്റി വളർത്തിയ കൂട്ടത്തിൽ അവ ഇല്ലായിരുന്നു എന്നാണ് രേഖകൾ സംസാരിക്കുന്നത്.
തിരുനബിﷺയുടെ വീട്ടിലെ കോഴികളെ കുറിച്ചും കുറച്ചു വർത്തമാനങ്ങളുണ്ട്. കോഴികളെ ശപിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യരുത് എന്ന നിവേദനം കൊണ്ടാണ് ഈ അധ്യായം തുടങ്ങിയിട്ടുള്ളത്. ഇമാം അഹ്മദും(റ) അബൂ ദാവൂദും(റ) ഖാലിദ് അൽ ജുഹമി(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. നിങ്ങൾ കോഴികളെ ആക്ഷേപിക്കരുത്. അവകൾ പ്രഭാത നിസ്കാരത്തിനു വേണ്ടി വിളിച്ചുണർത്തുന്ന ജീവികളാണ്.
മഹാനായ ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ അടുക്കൽ വച്ച് ഒരു കോഴി കൂവി. അടുത്തുണ്ടായിരുന്ന ഒരാൾ അതിനെ ആക്ഷേപിക്കുകയും ശപിക്കുകയും ചെയ്തു. അപ്പോൾ തന്നെ നബിﷺ പറഞ്ഞു. കോഴിയെ ആക്ഷേപിക്കുകയോ ശപിക്കുകയോ ചെയ്യരുത്. കാരണം അത് നിസ്കാരത്തിലേക്ക് ക്ഷണിക്കുന്ന ജീവിയാണ്. ഇതേ ആശയത്തിലുള്ള ഒരു ഹദീസ് അബൂഖതാദ(റ)യിൽ നിന്ന് ത്വയാലിസി(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്.
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. കോഴി കൂവുന്ന സമയത്ത് നിങ്ങൾ അല്ലാഹുവിനോട് അനുഗ്രഹത്തെ തേടുക. കോഴി മലക്കിനെ ദർശിച്ചുകൊണ്ടാണ് കൂവുന്നത്.
സഹവസിച്ചു ജീവിക്കുന്ന ജന്തുക്കളോടും സഹജീവികളോടും എത്രമേൽ മമതയോടെയും അടുപ്പത്തോടെയുമാണ് തിരുനബിﷺ ഇടപഴകുകയും മറ്റുള്ളവരോട് സമീപന രീതികൾ രൂപപ്പെടുത്താൻ പറയുകയും ചെയ്യുന്നത്. പ്രപഞ്ചത്തിനു മുഴുവനും കാരുണ്യമായ റസൂൽﷺയുടെ സഹജീവികളോടുള്ള പെരുമാറ്റത്തിന്റെ ശോഭനമായ അദ്ധ്യായങ്ങളാണല്ലോ പഠിപ്പിച്ചു തരുന്നത്. മനുഷ്യന്റെ സഹജീവികളിൽ ഓരോന്നിനെയും വേർതിരിച്ചു ഇത്തരം ആത്മീയവും പെരുമാറ്റപരവുമായ സന്ദേശങ്ങൾ പറയുന്ന ഏത് ആത്മീയ ഗുരുവിനെയാണ്; സാമൂഹിക നവോത്ഥാന നായകനെയാണ് നമുക്ക് എവിടെയെങ്കിലും ഒന്ന് വായിക്കാനുള്ളത്!
ഏതെങ്കിലും വ്യക്തികളുടെ ജീവിതത്തിൽ യാദൃശ്ചികമായി ഉണ്ടായ ചില പെരുമാറ്റ സന്ദർഭങ്ങൾ ആശ്ചര്യത്തോടെയും കൗതുകത്തോടെയും ഉദ്ധരിക്കുകയും വായിക്കുകയും ചെയ്യാറുണ്ട്. എന്നാൽ കൃത്യമായ ലക്ഷ്യത്തോടെ ഓരോ ജീവജാലങ്ങളുടെയും ഗുണവും സമീപനവും ഇത്രമേൽ വ്യാപകമായി പറയുന്ന പാഠങ്ങളും നബിചരിത്രത്തിന്റെ ഭാഗങ്ങളാണ്. നൂറ്റാണ്ടുകൾക്ക് മുമ്പ് നിരവധി വാല്യങ്ങളുള്ള രചനകൾ കിതാബുൽ ഹയവാൻ എന്ന പേരിൽ എഴുതാൻ മുസ്ലിം പണ്ഡിതന്മാർക്ക് സാധിച്ചത് ഇത്തരം പശ്ചാത്തലങ്ങളിൽ നിന്നുകൊണ്ടാണ്.
Tweet 945
തിരുനബിﷺയുടെ ജീവിതത്തിന്റെ പരിസരങ്ങളിലൂടെയാണ് കുറച്ച് അധ്യായങ്ങളിൽ നാം സഞ്ചരിച്ചത്. അവിടുത്തെ വീടും ആലയും തൊഴുത്തും വളർത്തു മൃഗങ്ങളും അവയോടുള്ള സമീപനങ്ങളും അവയെക്കുറിച്ചുള്ള നിരീക്ഷണങ്ങളും പലതും നാം വായിച്ചു. ഇനി തിരുനബിﷺയുടെ ചില ശീലങ്ങളിലേക്ക് നാം കടക്കുകയാണ്. അവിടുന്ന് യാത്രയ്ക്ക് വേണ്ടി ഏത് ദിവസമായിരുന്നു തിരഞ്ഞെടുത്തത്? ഏതു ദിവസങ്ങൾക്കൊക്കെയാണ് പ്രാമുഖ്യം നൽകിയിരുന്നത്? മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ ചില തീരുമാനങ്ങൾക്കും തെരഞ്ഞെടുപ്പുകൾക്കും വെളിച്ചം നൽകുന്ന അധ്യായം കൂടിയാണിത്.
കഅബ് ബിനു മാലികി(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും ത്വബ്റാനി(റ)യും നിവേദനം ചെയ്യുന്നു. തബൂഖ് യുദ്ധത്തിനുവേണ്ടി തിരുനബിﷺ പുറപ്പെട്ടത് വ്യാഴാഴ്ചയായിരുന്നു. വ്യാഴാഴ്ച യാത്ര പുറപ്പെടുന്നത് തിരുനബിﷺ ഇഷ്ടം വച്ചിരുന്നു. മറ്റൊരു നിവേദന പ്രകാരം തിരുനബിﷺയുടെ ഓരോ ദീർഘ യാത്രയും വ്യാഴാഴ്ചയായിരുന്നു. തിരുനബിﷺ സ്വന്തം യാത്രയ്ക്ക് തിരഞ്ഞെടുക്കുന്നതും യാത്രാ സംഘങ്ങളെ നിയോഗിക്കാൻ തിരഞ്ഞെടുക്കുന്നതും വ്യാഴാഴ്ചയായിരുന്നു എന്നും മറ്റൊരു ഹദീസിൽ കാണാം.
ഉമ്മു സലമ(റ)യിൽ നിന്ന് അബൂ ശൈഖ് (റ) നിവേദനം ചെയ്യുന്ന ഹദീസിൽ വ്യാഴാഴ്ച യാത്ര പുറപ്പെടുന്നത് തിരുനബിﷺ പ്രത്യേകം ഇഷ്ടം വച്ചിരുന്നു എന്ന് വ്യക്തമായി തന്നെ കാണാം.
ഇമാം അഹ്മദും(റ) ഇമാം ബുഖാരി(റ)യും ഇമാം മുസ്ലിമും(റ) അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ പറയുന്നു. തിരുനബിﷺ യാത്ര പുറപ്പെടാൻ വേണ്ടി ഒട്ടകപ്പുറത്ത് കയറി റെഡി ആയാൽ അല്ലാഹുവിനെ സ്തുതിക്കും. അല്ലാഹുവിനെ മഹത്വപ്പെടുത്തുന്ന തസ്ബീഹും തക്ബീറും മൂന്നു പ്രാവശ്യം വീതം ചൊല്ലും. ശേഷം സുബ്ഹാനല്ലാ… എന്ന് തുടങ്ങുന്ന സവിശേഷമായ മന്ത്രം ഉരുവിടും.
തുടർന്ന് ഇനി പറയുന്ന ആശയമുള്ള പ്രാർഥന നിർവഹിക്കും. അല്ലാഹുവേ ഈ യാത്രയിൽ നിന്നോട് ഞാൻ നന്മയും തഖ്‌വയും തേടുന്നു. കർമങ്ങളിൽ നിന്ന് നിനക്ക് തൃപ്തിയുള്ളതിനെ അർഥിക്കുന്നു. ഈ യാത്ര ഞങ്ങൾക്ക് സുഗമമാക്കേണമേ! യാത്രയിലെ ദൂരം ഞങ്ങൾക്ക് കുറച്ചു തരേണമേ! അല്ലാഹുവേ ഈ യാത്രയിലെ തുണ നീയാണ്. എന്റെ സ്വത്തിലും കുടുംബത്തിലും പ്രതിനിധിയായി നിന്നെയാണ് ഏൽപ്പിക്കുന്നത്. യാത്ര കഴിഞ്ഞു മടങ്ങി വരുമ്പോൾ വിനയത്തോടുകൂടി അവിടുന്ന് പറയും. അല്ലാഹുവേ നിനക്ക് സാഷ്ടാംഗം ചെയ്തവരായി ഞങ്ങൾ മടങ്ങിയിരിക്കുന്നു; തിരിച്ചെത്തിയിരിക്കുന്നു.
ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു. യാത്രക്കിടയിൽ ഉയർന്ന പ്രദേശങ്ങളിലേക്ക് എത്തിയാൽ തക്ബീർ കൊണ്ട് അല്ലാഹുവിനെ മഹത്വപ്പെടുത്തും. താഴ്ന്ന പ്രദേശങ്ങളിലേക്ക് വരുമ്പോൾ തസ്ബീഹ് ചൊല്ലി അല്ലാഹുവിന്റെ പരിശുദ്ധിയെ വാഴ്ത്തും.
യാത്രയിൽ ചൊല്ലാൻ നിർദ്ദേശിക്കുകയും പരിപാലിക്കുകയും ചെയ്ത പ്രാർഥനകളും മന്ത്രങ്ങളും വലിയ ഒരുപാട് ആശയങ്ങളെ സംവഹിക്കുന്നു. ഓരോ മനുഷ്യന്റെയും ഓരോ കർമങ്ങളും അർഥമുള്ളതാകണം. വെറുതെ യാത്ര ചെയ്യുക എന്ന ഒരു ആചാരം തന്നെ ഇല്ല. കൃത്യമായ ഒരു ലക്ഷ്യത്തിലേക്കും ലക്ഷ്യം തന്നെ നീതീകരിക്കാനാവുന്നതുമാകണം. യാത്രയിൽ നിന്നോട് നന്മയും തഖ്‌വയും ചോദിക്കുന്നു എന്ന് പറഞ്ഞാൽ, ഏതൊരു യാത്രയിലും പ്രാർഥിക്കാൻ മാത്രമുള്ള ലക്ഷ്യവും മാർഗവും രീതിയും നിലനിന്നിരിക്കണം. അനാവശ്യങ്ങൾ ലക്ഷ്യം വെച്ചുകൊണ്ടുള്ള ദേശാടനങ്ങളുടെ കാലം. വൃത്തികേടുകളോടൊപ്പം ചേരാനുള്ള ടൂറുകളുടെ പരിസരങ്ങൾ. ഇവിടെയാണ് ഒരു വിശ്വാസിയുടെ യാത്രയുടെ ലക്ഷ്യം നിർണയിക്കുന്ന പ്രാർഥനയെക്കുറിച്ച് നാം എഴുതുന്നത്; പ്രവാചക പ്രഭുﷺവിന്റെ പ്രാർഥനയുടെ ആശയ സാരങ്ങൾ നമ്മെ സദാചാരത്തിലേക്ക് നയിക്കുന്നത്.
നമ്മുടെ ഓരോ യാത്രകൾക്കും മതപരമായ സ്വീകാര്യതയുടെ തലങ്ങളുണ്ടായിരിക്കണം. അല്ലാഹുവിന്റെ അടുക്കൽ ന്യായമാണെന്ന് ബോധ്യപ്പെട്ട സഞ്ചാരങ്ങളായിരിക്കണം. ഇതാണ് ഒരു വിശ്വാസിയുടെ സംസ്കാരം.
Tweet 946
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. മഹാനായ അലി(റ) പറഞ്ഞു. പ്രവാചകർﷺ യാത്ര ആരംഭിക്കുമ്പോൾ ഇങ്ങനെ പ്രാർഥിക്കാറുണ്ടായിരുന്നു. ”അല്ലാഹുമ്മ ബിക അസൂലു വബിക അജൂലു വബിക അസീറു…” (ഞാൻ നിന്നെ മുൻനിർത്തി ശത്രുവിനെതിരെ ചലിക്കുകയും മുന്നോട്ട് ഗമിക്കുകയും ചെയ്യുന്നു….)
പ്രതിരോധ നീക്കങ്ങളെ കൂടി മുന്നിൽ വെച്ചുകൊണ്ടുള്ള ഒരു പ്രാർഥനയായിരിക്കും ഇത്. കുതിര, ഒട്ടകം പോലെയുള്ള വാഹനങ്ങളിൽ കയറിയാണല്ലോ തിരുനബിﷺയുടെ സൈനിക നീക്കങ്ങളുമുണ്ടായത്.
ഇമാം ഇബ്നു അബീശൈബ(റ)യും മറ്റും നിവേദനം ചെയ്യുന്നു. പ്രമുഖ സ്വഹാബിയായ ബറാഅ്(റ) പറഞ്ഞു. തിരുനബിﷺ യാത്രയാരംഭിക്കുമ്പോൾ ഇങ്ങനെ പ്രാർഥിക്കുമായിരുന്നു. അല്ലാഹുവേ നന്മയെ പ്രാപിക്കാവുന്ന ഒരു സ്ഥലത്തേക്ക് ഞങ്ങളെ നീ എത്തിക്കേണമേ! തൃപ്തിയും പൊറുക്കലും ലഭിക്കുന്ന ഒരിടത്തേക്ക്…! എല്ലാ കഴിവുകളും എല്ലാ നന്മയും നിന്റെ പക്കലാണല്ലോ! അല്ലാഹുവേ ഞങ്ങളുടെ യാത്രയിൽ നീ ഞങ്ങൾക്ക് തുണയാകേണമേ! ഞങ്ങളുടെ കുടുംബങ്ങളിൽ നീ പ്രതിനിധി ആകേണമേ! ഞങ്ങളുടെ കുടുംബത്തിന് നീ സുരക്ഷ നൽകേണമേ! യാത്രയിൽ പ്രയാസങ്ങളും ദുഃഖകരമായ രംഗങ്ങളും ഒന്നും ഉണ്ടാവാതെ നീ കാക്കണേ! ഭൂമിയെ ഞങ്ങൾക്ക് ചുരുക്കി തരികയും യാത്ര ഞങ്ങൾക്ക് എളുപ്പമാക്കി തരികയും ചെയ്യേണമേ!
പ്രവാചകരുﷺടെ പരിചാരകൻ അനസ് ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു. പ്രവാചകൻﷺ ഒരു യാത്രയ്ക്ക് വേണ്ടി ഒരുങ്ങിയാൽ ഇരുന്ന സ്ഥലത്തുനിന്ന് എഴുന്നേൽക്കുമ്പോൾ ഇങ്ങനെ പ്രാർഥിക്കും. “അല്ലാഹുവേ നീ തന്ന ശക്തി കൊണ്ടാണ് ഞാൻ നിവർന്നത്. നിന്നിലേക്കാണ് ഞാൻ രക്ഷപ്പെടുത്തുന്നത്. നിന്നെ കൊണ്ടാണ് കാവൽ തേടുന്നത്. നീയാണ് എല്ലാമെല്ലാമായ പ്രതീക്ഷ. എന്നെ അസ്വസ്ഥപ്പെടുത്തുന്നതും അല്ലാത്തതുമായ എല്ലാ കാര്യങ്ങൾക്കും പരിഹാരമായി നീ ഉണ്ടാകേണമേ! എല്ലാ കാര്യങ്ങളും എന്നെക്കാൾ എന്നെയും അറിയുന്നവൻ നീയാണല്ലോ. തഖ്‌വ വർദ്ധിപ്പിച്ചു തരികയും പാപങ്ങൾ പൊറുക്കുകയും എപ്പോൾ എവിടെയായാലും നന്മയെ നീ വിധിക്കുകയും ചെയ്യേണമേ!”
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. ഒരിക്കൽ തിരുനബിﷺ എന്നെ വാഹനത്തിൽ ഒപ്പമിരുത്തി യാത്ര ചെയ്യാൻ ഒരുങ്ങി. മൂന്നുപ്രാവശ്യം അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് അൽഹംദുലില്ലാഹ് എന്നും അല്ലാഹുവിനെ മഹത്വപ്പെടുത്തി സുബ്ഹാനള്ളാഹ് എന്നും ഒരു പ്രാവശ്യം ലാഇലാഹ ഇല്ലല്ലാഹ് എന്നും ചൊല്ലി. ശേഷം ചിരിച്ചുകൊണ്ട് വാഹനത്തിൽ ഒന്നു മലർന്നു കിടന്നു. തുടർന്ന് ഇങ്ങനെ പറഞ്ഞു. ഇപ്രകാരം ഒരാൾ യാത്ര ആരംഭിക്കുന്ന പക്ഷം അഥവാ അല്ലാഹുവിനെ സ്തുതിച്ചും മഹത്വപ്പെടുത്തിയും തഹ്ലീൽ ചൊല്ലിയും യാത്ര ആരംഭിച്ചാൽ അല്ലാഹു അദ്ദേഹത്തെ സന്തോഷത്തോടെ സ്വീകരിക്കും.
അല്ലാഹു സന്തോഷത്തോടെ സ്വീകരിക്കും എന്നതിന് ചിരിക്കും എന്ന അർഥം വരുന്ന യള്ഹക്കു എന്ന പ്രയോഗമാണ് തിരുനബിﷺ ഉദ്ധരിച്ചിട്ടുള്ളത്.
ഒരാൾ യാത്ര ആരംഭിക്കുമ്പോൾ ചൊല്ലേണ്ട മന്ത്രങ്ങളും പ്രവാചകർﷺ കാണിച്ചുതന്ന മാതൃകകളുമാണ് നമ്മൾ വായിച്ചു പോയത്. കേവലം മന്ത്രങ്ങളും പ്രാർഥനകളും എന്നതിനപ്പുറം ഒരു വ്യക്തിയിൽ ഉണ്ടായിരിക്കേണ്ട അടിസ്ഥാന വിചാരങ്ങൾ കൂടി ഇവ അടയാളപ്പെടുത്തുന്നു. എല്ലാ അനുഗ്രഹങ്ങളും സർവ്വാധിപതിയായ സ്രഷ്ടാവ് അല്ലാഹുവിൽ നിന്നുള്ളതാണെന്നും നിരന്തരമായി അവന്റെ അനുഗ്രഹങ്ങളെ തിരിച്ചറിഞ്ഞ് സ്തുതിക്കണമെന്നും ഓരോ വ്യക്തിയെയും ഇത് പഠിപ്പിക്കുന്നു.
എത്ര ഉയർന്ന സൗകര്യങ്ങളും വാഹനങ്ങളും ഉണ്ടാകുമ്പോഴും അഹങ്കാരമോ ധിക്കാരമോ വരാതിരിക്കാനുള്ള വിചാരങ്ങളെയാണ് ഹൃദയങ്ങളിൽ ഈ മന്ത്രങ്ങൾ അടയാളപ്പെടുത്തുന്നത്. ഒരാൾ യാത്ര പോകുമ്പോൾ യാത്രയിലെ സുരക്ഷ, എത്തിച്ചേരുന്ന സ്ഥലങ്ങളിൽ ഉണ്ടാകേണ്ട സംരക്ഷണം, വിട്ടേച്ചു പോകുന്ന കുടുംബങ്ങൾ, ഉറ്റവരുടെ കാര്യങ്ങളിലുള്ള ജാഗ്രത, യാത്രയിൽ ലഭിക്കേണ്ട ആശ്വാസവും എളുപ്പവും ഇതെല്ലാം ഒരേപോലെ ഈ പ്രാർഥനാ വചനങ്ങൾ ഉൾക്കൊള്ളുന്നു എന്നത് ആശ്ചര്യ ജനകമായ കാര്യമാണ്.
Tweet 947
തിരുനബിﷺയുടെ യാത്രാ രീതികളും യാത്രയിൽ കണ്ടുമുട്ടുന്നവരോടുള്ള സമീപനങ്ങളും സ്വതന്ത്ര അദ്ധ്യായം ആയിത്തന്നെ ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. മഹാനായ ഉർവത് ബിൻ സുബൈർ(റ) പറയുന്നു. ഒരിക്കൽ ഒരാൾ എന്റെ സന്നിധിയിൽ വച്ച് ഉസാമത് ബിൻ സൈദി(റ)നോട് ചോദിച്ചു. വിടവാങ്ങൽ ഹജ്ജ് വേളയിൽ തിരുനബിﷺയുടെ യാത്രാരീതി എങ്ങനെയായിരുന്നു? അപ്പോൾ അദ്ദേഹം പറഞ്ഞു. ഒരു മിതമായ വേഗതയിലായിരുന്നു സഞ്ചരിച്ചിരുന്നത്. നന്നായി ഒഴിവു കിട്ടുന്ന സ്ഥലങ്ങളിൽ കുറച്ചുകൂടി വേഗത്തിൽ സഞ്ചരിക്കുമായിരുന്നു.
അനസുബ്നു മാലികി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. യാത്രക്കിടയിൽ തിരുനബിﷺ ഒരു ഉയർന്ന പ്രദേശത്ത് പ്രവേശിച്ചാൽ ഇങ്ങനെ പ്രാർഥിക്കും. അല്ലാഹുവേ എല്ലാ മഹത്വത്തിനും മേലെ മഹത്വം നിനക്കാണല്ലോ റബ്ബേ! എല്ലാ സ്തുതിയുടെയും മേലെ സ്തുതിയും നിനക്കാണ്. അബു ദാവൂദ്(റ) ജാബിറി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. സംഘമായിട്ട് യാത്ര ചെയ്യുമ്പോൾ തിരുനബിﷺ പലപ്പോഴും പിന്നിലായിരിക്കും സഞ്ചരിക്കുക. ദുർബലരായവരെ തെളിച്ചു മുന്നോട്ടു കൊണ്ടു വരും. ചിലപ്പോൾ അവരെ വാഹനത്തിൽ ഒപ്പം ഇരുത്തുകയും പ്രത്യേകമായി പ്രാർഥിച്ചു കൊടുക്കുകയും ചെയ്യും.
ഇമാം അഹ്മദും(റ) മുസ്ലിമും(റ) ഉദ്ധരിക്കുന്ന ഹദീസിൽ അബൂ സഈദ് അൽഖുദ്രി(റ) പറയുന്നു. ഒരിക്കൽ ഞങ്ങൾ തിരുനബിﷺയോടൊപ്പം സഞ്ചരിക്കുകയായിരുന്നു. അപ്പോഴതാ ഒരാൾ വന്ന് തന്റെ വാഹനപ്പുറത്ത് അങ്ങോട്ടുമിങ്ങോട്ടും ഒക്കെ പോയി. അല്ലെങ്കിൽ വലത്തോട്ടും ഇടത്തോട്ടും ഒക്കെ നോക്കി. അപ്പോൾ ഇങ്ങനെ പറഞ്ഞു. ആരുടെയെങ്കിലും വാഹനത്തിൽ സഞ്ചാര സൗകര്യമുണ്ടെങ്കിൽ അതില്ലാത്തവർക്ക് നൽകുക. ആരുടെയെങ്കിലും പക്കൽ ഭക്ഷണം അധികമുണ്ടെങ്കിൽ ഇല്ലാത്തവർക്ക് വിതരണം ചെയ്യുക. ഓരോ വിഭവങ്ങളും എണ്ണി ഇങ്ങനെ പറഞ്ഞപ്പോൾ മിച്ചമുള്ളതൊന്നും നമുക്ക് അവകാശപ്പെട്ടതല്ല എന്ന് ഞങ്ങൾക്ക് തോന്നിപ്പോയി.
തിരുനബിﷺയുടെ ജീവിതശൈലിയെ കുറിച്ച് അനസ് ബിനു മാലിക്(റ) പറയുന്നു. യാത്രയിലായിരിക്കുമ്പോൾ പ്രഭാത നിസ്കാരം കഴിഞ്ഞാൽ തിരുനബിﷺ നടക്കുമായിരുന്നു.
ഇമാം നസാഇ(റ) ഉഖുബ(റ)യിൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺ ഇരിക്കുന്ന വാഹനം ഒരു പർവത പാതയിലൂടെ ഞാൻ തെളിച്ചു കൊണ്ടുപോവുകയായിരുന്നു. അല്ല, ഉഖ്ബ(റ) നിങ്ങൾ വാഹനത്തിൽ കയറുന്നില്ലേ? എന്ന് നബിﷺ എന്നോട് ചോദിച്ചു. നബിﷺ നടക്കുകയും ഞാൻ വാഹനത്തിൽ കയറി സഞ്ചരിക്കുകയും ചെയ്യുന്നത് ഗുരുതരമായ ഒരു കാര്യമായി ഞാൻ മനസ്സിലാക്കി. വീണ്ടും എന്നോട് നബിﷺ ആവശ്യപ്പെട്ടപ്പോൾ അവിടുത്തെ ആജ്ഞ അനുസരിക്കാത്തത് അപരാധമായി പോകുമോ എന്ന് ഞാൻ ആലോചിച്ചു. അതുകൊണ്ട് ഞാൻ അല്പനേരം വാഹനത്തിൽ മേൽ കയറുകയും ഒപ്പം നടന്നു സഞ്ചരിക്കുകയും ചെയ്തു. ശേഷം, നബിയെ തന്നെ വാഹനത്തിൽ കയറ്റി യാത്ര തുടർന്നു.
എത്ര ഹൃദ്യമായ നിവേദനങ്ങളിലൂടെയാണ് ഇപ്പോൾ നാം സഞ്ചരിച്ചത്. തിരുനബിﷺയുടെ സഞ്ചാര വഴികൾ ലോകത്തിനു കൈമാറിത്തന്ന സന്ദേശങ്ങളുടെ സമഗ്രതയും സന്തോഷവും എത്ര വലുതാണ്. ഒരു സംഘമായി പോകുമ്പോൾ സംഘത്തിലെ ഓരോരുത്തരെയും പരിഗണിക്കുകയും ക്ഷീണിതരെ മനസ്സിലാക്കുകയും ചെയ്യുന്നു. അവർക്ക് വേണ്ട പിന്തുണയും സഹായവും എത്തിക്കുന്നു. പരിചാരങ്ങളാണെങ്കിലും ഒപ്പം സഞ്ചരിക്കുന്നത് ഒരു മനുഷ്യനാണെന്ന വിചാരം നബിﷺയെ സ്വാധീനിക്കുന്നു. അദ്ദേഹത്തിനും ആശ്വാസം നൽകാൻ ആവുന്ന വിധത്തിൽ തിരുനബിﷺ ഇടപെടുന്നു. ഭൂവിതാനങ്ങളിലെ ഭാവ വ്യത്യാസങ്ങൾ ഓരോന്നും മനസ്സിലാക്കി പരമാധികാരിയായ പടച്ചവനെ അപ്പപ്പോൾ സവിശേഷമായ വാചകങ്ങൾ കൊണ്ട് പ്രശംസിക്കുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്യുന്നു.
ലോകത്തെവിടെയുമുള്ള യാത്രികരും സഞ്ചാരികളും അറിയാനും പുലർത്താനുമുള്ള നിരവധി സന്ദേശങ്ങളോടെയാണ് അവിടുത്തെ ഓരോ ചുവടുകളും മുന്നോട്ടു നീങ്ങിയത്.
Tweet 948
അബ്ദുല്ലാഹിബ്നു ഉമർ(റ) പറയുന്നു. തിരുനബിﷺ രാത്രികാലങ്ങളിൽ യാത്ര ചെയ്യുമ്പോൾ സവിശേഷമായ ചില പ്രാർഥനകൾ നിർവഹിക്കുമായിരുന്നു. ആശയം ഇങ്ങനെ വായിക്കാം. അല്ലയോ ഭൂമീ, നിന്റെയും എന്റെയും പരിപാലകൻ അല്ലാഹുവാണ്. ശിർക്കിൽ നിന്നും നിന്നിലുള്ള വിപത്തിൽ നിന്നും ഞാൻ അല്ലാഹുവിനെ കൊണ്ട് കാവൽ തേടുന്നു. നിന്റെ മേൽ ഇഴഞ്ഞു നടക്കുന്നതിൽ നിന്നും എന്റെ മേൽ സൃഷ്ടിക്കപ്പെട്ടതിൽ നിന്നും സുരക്ഷ തേടുന്നു. പ്രദേശവാസികളുടെ നാശങ്ങളിൽ നിന്നും എല്ലാ സിംഹം, തേള്, പാമ്പുകളിൽ നിന്നും എല്ലാ ജനിച്ചതിൽ നിന്നും ജനിപ്പിക്കുന്നതിൽ നിന്നും അല്ലാഹുവിനെ കൊണ്ട് കാവൽ ചോദിക്കുന്നു.
വന്യതയിലൂടെ യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരന്റെയും വിചാരങ്ങളിലൂടെയും യാത്രാമധ്യേ ഉണ്ടാകുന്ന അനുഭവങ്ങളെ എല്ലാം മുൻനിർത്തിക്കൊണ്ടുമുള്ള പ്രാർഥനയാണിത്.
ഇമാം അഹ്മദും(റ) അബൂദാവൂദും(റ) ത്വബ്റാനി(റ)യും ഉദ്ധരിക്കുന്നു. തിരുനബിﷺ ഒരു ഗ്രാമത്തിലെത്തുകയും അവിടെ പ്രവേശിക്കാൻ ഉദ്ദേശിക്കുകയും ചെയ്താൽ ഇങ്ങനെ പ്രാർഥിക്കും. “അല്ലാഹുവേ ഞങ്ങൾക്ക് ഗ്രാമത്തിൽ അനുഗ്രഹം ചൊരിയേണമേ.” മൂന്നുപ്രാവശ്യം ഈ പ്രാർഥന ആവർത്തിക്കും. ഇവിടുന്ന് പാകമായ ഫലങ്ങൾ ഞങ്ങൾക്ക് തരികയും ഈ നാട്ടുകാരെ ഞങ്ങൾക്ക് പ്രിയപ്പെട്ടതാക്കുകയും ചെയ്യേണമേ! ഈ നാട്ടിലെ സജ്ജനങ്ങൾക്ക് ഞങ്ങളോട് സ്നേഹം നൽകേണമേ.
അബൂലുബാബ അബ്ദുൽ മുന്ദിരി(റ)ല്‍ നിന്ന് ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ പുതുതായി ഒരു ഗ്രാമത്തിലേക്ക് പ്രവേശിച്ചാൽ ഇങ്ങനെ പ്രാർഥിക്കും. ആകാശഭൂമികളുടെ പരിപാലകനായ അല്ലാഹുവേ! ഇതേ നിവേദനത്തിന്റെ ഭാഗമായിത്തന്നെ തിരുനബിﷺ ഖൈബറിലേക്ക് പ്രവേശിക്കുമ്പോഴായിരുന്നു ഈ പ്രാർഥന നടത്തിയത് എന്നുകൂടി കാണാം. പ്രാർഥനയുടെ തുടർച്ച ഇങ്ങനെയാണ്. ഏഴാകാശങ്ങളുടെയും അത് തണൽ വിരിക്കുന്നതിന്റെയും അധിപനായ പടച്ചവനെ, സപ്ത ഭൂമികളുടെയും അത് വഹിക്കുന്ന മുഴുവൻ വസ്തുക്കളുടെയും രക്ഷിതാവേ, പിശാചുക്കളുടെയും അവ വഴി പിഴപ്പിക്കുന്നവയുടെയും അധികാരിയായവനെ, കാറ്റും അത് വഹിക്കുന്നതിന്റെയും അധിപനെ, ഈ ഗ്രാമത്തിലെ മുഴുവൻ നന്മകളും ഇതിൽ വസിക്കുന്ന നല്ലവരുടെ നന്മകളും ഞാൻ നിന്നോട് തേടുന്നു. ഈ നാടിന്റെയും നാട്ടിൽ വസിക്കുന്നവരുടെയും മുഴുവൻ വിപത്തുകളിൽ നിന്നും കാവൽ ചോദിക്കുന്നു.
ശേഷം, തിരുനബിﷺ പറയും അല്ലാഹുവിന്റെ നാമത്തിൽ നിങ്ങൾ മുന്നോട്ട് പൊയ്ക്കോളൂ എന്ന്.
ഏതു ഘട്ടത്തിലും വിശ്വാസിയുടെ പക്കൽ ഏറ്റവും പവിത്ര ആശയമാകുന്ന പ്രാർഥന ഉണ്ടാകണമെന്ന് തിരുനബിﷺ പഠിപ്പിക്കുന്നുണ്ട്. ഓരോ സന്ദർഭത്തിനും അനുയോജ്യമായ പ്രാർഥനകൾ നിർവഹിച്ചു കാണിച്ചു തരുന്നതും അതിനുവേണ്ടിയായിരുന്നു. അല്ലാഹുവോട് പ്രാർഥിക്കാത്ത പക്ഷം അത് അപരാധമാണെന്നാണ് മതത്തിന്റെ നിരീക്ഷണം. ഞാൻ എല്ലാത്തിനും പോന്നവനാണ് എന്ന വിചാരത്തോടുകൂടി പ്രാർഥന നിർവഹിക്കാതിരുന്നാൽ അവന്റെ ഹൃദയത്തിൽ തന്നെ വിശ്വാസത്തിന്റെ വെളിച്ചം നഷ്ടപ്പെട്ടു പോകാനിടയുണ്ട്.
തിരുനബിﷺ ഒരു പ്രദേശത്തുനിന്ന് വിട്ടുപോകുമ്പോൾ രണ്ട് റക്അത് നിസ്കരിച്ചിട്ടാണ് പോവുക. ഇത് തിരുനബിﷺയുടെ ശീലമായിരുന്നു എന്ന് അനസുബ്നു മാലിക്(റ) നിവേദനം ചെയ്യുന്നു.
തിരുനബിﷺ കടന്നു ചെല്ലുന്ന എല്ലാ ദേശങ്ങളിലും അല്ലാഹുവിനെ സ്മരിക്കുകയും ആരാധനയുടെ അടയാളപ്പെടുത്തലുകൾ സ്ഥാപിക്കുകയും ചെയ്യും. എല്ലാ ദേശവും കാലവും ഋതുഭേദങ്ങളും സർവ്വാധിപതിയായ പ്രപഞ്ച നാഥന്‍റേതാണ് എന്ന് സ്വയം ഓർമ്മപ്പെടുത്തിക്കൊണ്ടിരിക്കുകയും മറ്റുള്ളവരോട് പങ്കുവെക്കുകയും ചെയ്യും. അല്ലാഹുവിനു വേണ്ടിയുള്ള ആരാധനയുടെയും അല്ലാഹുവിനെ സ്മരിക്കണമെന്ന അധ്യാപനങ്ങളുടെയും ഉള്ളടക്കം ഇതാണ്.
Tweet 949
ഫളാല ബിൻ ഉബൈദ്(റ) പറഞ്ഞതായി ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ ഒരു ഗ്രാമത്തിലേക്ക് പ്രവേശിക്കുകയോ വീട്ടിലേക്ക് കടക്കുകയോ ചെയ്താൽ രണ്ട് റക്അത് നിസ്കരിക്കാതെ ഇരിക്കുകയില്ല.
അനസ്ബിൻ മാലികി(റ)ൽ നിന്ന് ഇമാം അഹ്മദും(റ) അബൂദാവൂദും(റ) ഉദ്ധരിക്കുന്നു. മധ്യാഹ്ന നിസ്കാരം നിർവഹിക്കാതെ തിരുനബിﷺ പ്രവേശിക്കാറില്ല. അപ്പോൾ ഒരാൾ ചോദിച്ചു. നിസ്കാരത്തിന് സമയമാകുന്നതിനുമുമ്പ് നട്ടുച്ചയിലാണ് എത്തിയതെങ്കിലും അങ്ങനെയാണോ ചെയ്യാറുള്ളത്? അതെ, അങ്ങനെ തന്നെയാണ് ചെയ്യാറുള്ളത്.
ഇമാം അഹ്മദും(റ) ബസാറും(റ) ത്വബറാനി(റ)യും എല്ലാം അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. മക്കയിലേക്ക് പ്രവേശിക്കുമ്പോൾ തിരുനബിﷺ ഇങ്ങനെ പ്രാർഥിക്കാറുണ്ടായിരുന്നു. അല്ലാഹുവേ ഞങ്ങളുടെ മരണം നീ ഇവിടെയാക്കരുത്. ഇവിടുന്ന് പുറപ്പെട്ടതിനുശേഷമല്ലാതെ മരിപ്പിക്കരുതേ! തിരുനബിﷺ പലായനം ചെയ്തെത്തിയ മദീനയിലല്ലാതെ മരണപ്പെടാൻ തിരുനബിﷺ ആഗ്രഹിച്ചിരുന്നില്ല.
എവിടെ എത്തിയാലും അല്ലാഹുവിനെ ഓർക്കുകയും ആരാധന നിർവഹിക്കുകയും ചെയ്യുക. അല്ലാഹുവിനെ എങ്ങനെ ആരാധിക്കണമെന്നും ഉൾക്കൊള്ളണമെന്നും പഠിപ്പിക്കാനാണല്ലോ തിരുനബിﷺ നിയോഗിക്കപ്പെട്ടത് തന്നെ.
മക്കയിൽ വച്ച് മരിക്കരുതെന്ന് ആഗ്രഹിക്കുകയും പ്രാർഥിക്കുകയും ചെയ്തത് മക്കയുടെ മഹത്വത്തിന് എന്തെങ്കിലും കുറവുള്ളത് കൊണ്ടല്ല. തിരുനബിﷺയുടെ ആഗ്രഹം തങ്ങൾക്ക് അഭയം നൽകിയ മദീനയിൽ അന്ത്യവിശ്രമം കൊള്ളണം എന്നതായിരുന്നു. പ്രസ്തുത ആഗ്രഹത്തിന്റെ പ്രകാശനവും അത് ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രാർഥനയുമാണ് നിർവഹിച്ചത്. മറ്റേതു നാടുകളിൽ മരണപ്പെടുന്നതിനേക്കാളും നല്ലത് മദീനയും മക്കയും തന്നെയാണ്. മക്കയിലെ ജന്നത്തുൽ മുഅല്ലയും മദീനയിലെ ജന്നത്തുൽ ബഖീഉം സവിശേഷമായ മഹത്വങ്ങളുള്ള ഖബർസ്ഥാനുകളാണ്. അത് മുസ്ലിം ലോകം അംഗീകരിച്ചു, സ്വീകരിച്ചു പോരുന്നതും രണ്ടിൽ ഒരു സ്ഥലത്ത് കിടക്കാൻ നിയോഗം ലഭിക്കേണമേ എന്ന് വിശ്വാസികൾ ഹൃദയം നിറഞ്ഞു നിരന്തരം പ്രാർഥിക്കുന്നതുമാണ്.
തിരുനബിﷺയിലേക്ക് നോക്കുമ്പോൾ അവിടുത്തേക്ക് മദീനയോട് വൈകാരികമായ ഒരുപാട് ബന്ധങ്ങളുണ്ട്. ഹുനൈൻ യുദ്ധ വേളയിൽ സമരാർജിത സമ്പത്തുകൾ വിതരണം ചെയ്യുമ്പോൾ മദീനയിൽ നിന്ന് വന്ന ആളുകൾക്ക് ചില സങ്കടങ്ങൾ സ്വകാര്യമായി പങ്കുവെക്കാനുണ്ടായിരുന്നു. മക്കാ വിജയത്തോടെ തിരുനബിﷺ മക്കയിൽ തന്നെ നിന്നു പോകുമോ? പവിത്ര കഅ്ബാലയം മക്കയിലാണല്ലോ? ഇപ്പോഴിതാ സമരാർജിത സമ്പത്ത് വിതരണം ചെയ്യുന്നതും ഏറെ മക്കക്കാർക്കാണല്ലോ? മദീനയിൽ നിന്ന് വന്നവരുടെ ഈ സംഭാഷണം തിരുനബിﷺയുടെ കാതിലെത്തി.
അവിടുന്ന് അവരെ വിളിച്ചുകൂട്ടി കാര്യമന്വേഷിച്ചു. വളച്ചുകെട്ടില്ലാതെ അവർ അവരുടെ ആത്മ സങ്കടങ്ങൾ പങ്കുവെച്ചു. അപ്പോൾ അവരോട് തിരുനബിﷺ പറഞ്ഞു. ഞാൻ നിങ്ങളോടൊപ്പം മദീനയിലേക്ക് വരികയാണ്. പലായനത്തെ കുറിച്ച് പറയാനില്ലായിരുന്നുവെങ്കിൽ ഞാൻ മദീനക്കാരൻ തന്നെയായിരുന്നു. ഇത്രയും കേട്ടപ്പോഴേക്കും മദീനക്കാർ പറഞ്ഞു. തങ്ങളെ ഞങ്ങൾക്ക് ലഭിക്കുമെങ്കിൽ മറ്റൊന്നും ഞങ്ങൾക്ക് ആവശ്യമില്ല. ഓഹരിയായും വിഹിതമായും തങ്ങളെ ഞങ്ങൾ സമ്പൂർണ്ണമായി തൃപ്തിപ്പെട്ടിരിക്കുന്നു. ഒരുവേള എല്ലാം ലഭിച്ച മക്കക്കാരെ കൂടി കരയിപ്പിക്കുന്നതായിരുന്നു ഈ പ്രയോഗങ്ങൾ. എല്ലാം കിട്ടിയിട്ടും തിരുനബിﷺയെ ഞങ്ങൾക്കൊപ്പം കിട്ടിയില്ലല്ലോ എന്ന സങ്കടം കൂടി അവർക്കുണ്ടായിരുന്നു.
ഇത്തരം പിന്നാമ്പുറങ്ങൾ വെച്ചുകൊണ്ടാണ് തിരുനബിﷺയുടെ പ്രാർഥനയേയും പരാമർശത്തെയും നമ്മൾ വായിക്കേണ്ടത്.
അബൂ ഖതാദ(റ)യിൽ നിന്ന് ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്നു. യാത്രാമധ്യേ എവിടെയെങ്കിലും തിരുനബിﷺ കിടക്കുകയാണെങ്കിൽ വലതുഭാഗത്തേക്ക് ചരിഞ്ഞു കിടക്കും. സുബ്ഹി നിസ്കാരത്തിനു മുമ്പുള്ള കിടത്തമാണെങ്കിൽ മുഴം കൈയുയർത്തി കൈവെള്ളയിൽ ശിരസ് വച്ചു കിടക്കും.
അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം മുസ്ലിം(റ) തന്നെ നിവേദനം ചെയ്യുന്നു. യാത്രയ്ക്കിടയിൽ അത്താഴസമയത്ത് തിരുനബിﷺ ഇങ്ങനെ പ്രാർഥിക്കാറുണ്ട്. അല്ലാഹുവിന്റെ അനുഗ്രഹങ്ങളും സ്തുതികളും നല്ല പരീക്ഷണങ്ങളും കേൾക്കാൻ കഴിയുന്നവർ കേട്ടു. അല്ലാഹുവേ നീ ഞങ്ങളോടൊപ്പം ഉണ്ടാവുകയും ഞങ്ങൾക്ക് അനുഗ്രഹങ്ങൾ ചൊരിഞ്ഞു തരികയും ചെയ്യേണമേ! നരകത്തിൽ നിന്ന് ഞങ്ങൾക്ക് കാവലേകേണമേ!
Tweet 950
തിരുനബിﷺയുടെ യാത്രയുമായി ബന്ധപ്പെട്ട ചില അനുബന്ധങ്ങൾ കൂടി നമുക്ക് വായിക്കാനുണ്ട്. മുആദി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. അദ്ദേഹം പറഞ്ഞു. തിരുനബിﷺ എന്നെ യമനിലേക്ക് നിയോഗിച്ചപ്പോൾ അദ്ദേഹം വാഹനപ്പുറത്ത് തിരുനബിﷺയോടൊപ്പം ഒസിയത്തുകൾ പറഞ്ഞുകൊണ്ട് നടന്നു. അഥവാ വാഹനപ്പുറത്തിരിക്കുന്ന മുആദി(റ)നോട് യാത്ര പറഞ്ഞുകൊണ്ട് അദ്ദേഹത്തോടൊപ്പം മുന്നോട്ടു നടന്നു.
അൻസ്വാരികളിൽ പെട്ട ഒരാളിൽ നിന്ന് മുസദ്ദദ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരാളെ യാത്രയയച്ചു. ആ സമയത്ത് തിരുനബിﷺ ഇങ്ങനെ പ്രാർഥിച്ചു. അല്ലാഹു നിങ്ങൾക്ക് തഖ്‌വ വർദ്ധിപ്പിച്ചു തരട്ടെ! പാപങ്ങൾ പൊറുത്തു തരട്ടെ! നിങ്ങൾ എവിടെയായിരുന്നാലും നന്മയിലേക്ക് എളുപ്പമാക്കി തരട്ടെ!
അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ), അബൂദാവൂദ്(റ), ബൈഹഖി(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നു. തിരുനബിﷺ ഞങ്ങളെ യാത്രയാക്കാനുണ്ടായിരുന്നു. ഒരു നിവേദന പ്രകാരം ഇങ്ങനെയാണ്. ഒരാവശ്യത്തിന് വേണ്ടി തിരുനബിﷺ എന്നെ യാത്രയാക്കി. അപ്പോൾ ഇങ്ങനെ പ്രാർഥിച്ചു. നിങ്ങളുടെ മതവും വിശ്വസ്തതയും കർമ്മങ്ങളുടെ അന്ത്യവും എല്ലാം അല്ലാഹുവിനെ ഏൽപ്പിച്ചിരിക്കുന്നു.
ഖത്താദത്തുർറൂഹാവി(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. എന്റെ ജനതയുടെ പ്രതിനിധിയായി തിരുനബിﷺ എന്നോട് കരാർ ചെയ്തപ്പോൾ, ഞാൻ അവിടുത്തെ കരം കവർന്ന് യാത്ര ചോദിച്ചു. അപ്പോൾ അവിടുന്ന് ഇങ്ങനെ പ്രാർഥിച്ചു. അള്ളാഹു തഖ്‌വയെ നിങ്ങളുടെ മേൽ വസ്ത്രമാക്കി തരട്ടെ! പാപങ്ങൾ അല്ലാഹു പൊറുത്തു തരട്ടെ! എവിടെയൊക്കെ ലക്ഷ്യം വെച്ചാലും നിങ്ങൾ അഭിമുഖീകരിക്കുന്നത് നന്മയിലേക്കായിരിക്കട്ടെ!
ഇബ്നു ഉമറി(റ)ൽ നിന്ന് ത്വബ്റാനി(റ) തന്നെ നിവേദനം ചെയ്യുന്നു. ഒരിക്കൽ ഒരു ബാലൻ തിരുനബിﷺയുടെ അടുക്കൽ വന്നിട്ട് പറഞ്ഞു. ഞാനിതാ ഈ വഴിക്ക് ഹജ്ജിനു പോകാൻ ആഗ്രഹിക്കുന്നു. തിരുനബിﷺ ആ കുട്ടിയോടൊപ്പം നടന്നു. എന്നിട്ട് ശിരസ്സുയർത്തി അദ്ദേഹത്തോട് പറഞ്ഞു. അല്ലയോ മോനെ, അല്ലാഹു നിനക്ക് തഖ്‌വ വിഭവമാക്കി തരട്ടെ! നന്മയിലേക്ക് തിരിച്ചു വരട്ടെ! പ്രയാസങ്ങളൊക്കെ അല്ലാഹു പരിഹരിച്ചു തരട്ടെ!
ഇബ്നു മാജ (റ) അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ എന്നോട് യാത്ര പറഞ്ഞപ്പോൾ ഇങ്ങനെ പറഞ്ഞു. സൂക്ഷിപ്പ് സ്വത്തുകൾ ഏൽപ്പിച്ചാൽ നഷ്ടപ്പെടുത്താത്ത അല്ലാഹുവിന് ഞാൻ നിങ്ങളെയും ഏൽപ്പിക്കുന്നു. അഥവാ നിങ്ങളുടെ എല്ലാ കാര്യങ്ങളും ഞാൻ അല്ലാഹുവിൽ അർപ്പിക്കുന്നു.
അബൂഹുറൈറ(റ)യിൽ നിന്നു തന്നെ ഇമാം നസാഇ(റ)യും തുർമുദി(റ)യും ഉദ്ധരിക്കുന്നു. ഒരിക്കൽ ഒരാൾ തിരുനബിﷺയോട് പറഞ്ഞു. ഞാനൊരു യാത്ര ഉദ്ദേശിക്കുകയാണ്. ആവശ്യമായ ഉപദേശങ്ങൾ നൽകിയാലും. അപ്പോൾ എന്നോട് പറഞ്ഞു. നീ തഖ്‌വയുടെ കാര്യം ശ്രദ്ധിക്കുക. ഓരോ ഉയർന്ന സ്ഥലത്തു ചെല്ലുമ്പോഴും അല്ലാഹുവിനെ മഹത്വപ്പെടുത്തി തക്ബീർ ചൊല്ലുക. ഇതുകേട്ട് അദ്ദേഹം യാത്രയ്ക്ക് തിരിച്ചപ്പോൾ അല്ലാഹുവിനോട് നബിﷺ ഇങ്ങനെ പ്രാർഥിച്ചു. അല്ലാഹുവേ അദ്ദേഹത്തിന് നീ ദൂരം ചുരുക്കി കൊടുക്കുകയും യാത്ര എളുപ്പമാക്കുകയും ചെയ്യേണമേ!
ഇമാം തുർമുദി(റ)യുടെ മറ്റൊരു നിവേദനത്തിൽ ഇങ്ങനെ വായിക്കാം. ഒരാൾ വന്നു നബിﷺയോട് പറഞ്ഞു. ഞാൻ ഒരു യാത്ര ഉദ്ദേശിക്കുകയാണ്. അവിടുന്ന് വിഭവങ്ങൾ ഏൽപ്പിച്ചു തരേണമേ. അപ്പോൾ അവിടുന്ന് പറഞ്ഞു. അല്ലാഹു തഖ്‌വയെ നിങ്ങളുടെ വിഭവമാക്കി തരട്ടെ! അപ്പോൾ പറഞ്ഞു. ഇനിയും വേണം. അപ്പോൾ നബിﷺ പ്രാർഥിച്ചു. നിങ്ങളുടെ പാപം അല്ലാഹു പൊറുത്തു തരട്ടെ! എന്റെ വാപ്പയും ഉമ്മയും അവിടേക്ക് ദണ്ഡം. ഇനിയും കുറച്ചു കൂടി തരൂ. അപ്പോൾ നബിﷺ ഇങ്ങനെ കൂടി പ്രാർഥിച്ചു. നിങ്ങൾ എവിടെയായിരുന്നാലും അല്ലാഹു നിങ്ങൾക്ക് നന്മയിലേക്ക് എളുപ്പം തരട്ടെ!
നമ്മൾ വായിച്ച നിവേദനങ്ങൾ എത്ര ഹൃദയഹാരിയാണ്. ഒരാൾ യാത്ര ചോദിക്കുമ്പോൾ നൽകാൻ പറ്റുന്ന ഇതിലേറെ മനോഹരമായ എന്തുണ്ട്. എവിടെയൊക്കെ എത്തിയാലും ഒരു പിഴവും വരരുതെന്നും അടിസ്ഥാന മൂല്യമാകുന്ന ആത്മവിശുദ്ധിയും അല്ലാഹുവിനെ കുറിച്ചുള്ള വിചാരവും നഷ്ടമാകരുതെന്നും എപ്പോഴും നന്മയും ഗുണവും കൂടെയുണ്ടാകണമെന്നും, ഉണർത്തുകയും അതിനുവേണ്ടി പ്രാർഥിക്കുകയും ചെയ്യുന്ന യാത്രാമംഗളങ്ങൾ. അർഥമില്ലാത്ത കുറെ ഉപചാര വാക്കുകൾ കൊണ്ട് ആംഗ്യവും അലങ്കാരവും തീർക്കുന്ന വിടവാങ്ങലുകളെക്കാൾ എത്ര അർഥവത്താണ് തിരുനബിﷺ പഠിപ്പിച്ച ഈ ശീലങ്ങൾ. ഏതുകാലത്തും എപ്പോഴും പ്രയുക്തമാണ് ഈ ജീവിത ചിട്ടകൾ. ജീവിതത്തിന്റെ എല്ലാ തലങ്ങളെയും തൊട്ടു തലോടി മനോഹാരിതയും നിയമസൗന്ദര്യവും ചിട്ടകളുടെ അലങ്കാരവും നൽകിയ പുണ്യ പ്രഭുവായ തിരുനബിﷺയുടെ മുമ്പിൽ വിനീത വിധേയരായി നിൽക്കുകയല്ലാതെ അനുയായികളായ നമുക്കെന്ത് ന്യായം.
Leave a Reply