Tweet 1101
ഇസ്‌ലാമിലെ ആരാധനാക്രമങ്ങളിൽ ഇഴചേർന്ന് നിൽക്കുന്ന മറ്റൊരു പ്രണയമാണ് മനുഷ്യർ തമ്മിലുള്ള ബന്ധം. നിസ്കാരം സംഘടിതമായി നിർവഹിക്കുമ്പോൾ ഒറ്റക്ക് നിസ്കരിക്കുന്നതിനേക്കാൾ 27 ഇരട്ടി പ്രതിഫലം ലഭിക്കുന്നു. ആഴ്ചയിൽ ഒരു ദിവസം ഒരു പ്രദേശത്തെ പരമാവധി ആളുകൾ ഒരുമിച്ചുകൂടി ജുമുഅ നിർവഹിക്കുമ്പോൾ അത് ഹജ്ജും പെരുന്നാളും പോലെ പുണ്യമുള്ളതായി മാറുന്നു. ഇതുപോലെ വ്രതകാലത്തും മറ്റൊരാൾക്കും കൂടി നോമ്പുതുറക്കാൻ സൗകര്യം ചെയ്തു കൊടുത്താൽ അതിന് പുണ്യം വേറെ. ആതിഥ്യം സ്വീകരിക്കുന്നവൻ ആതിഥേയന് വേണ്ടി പ്രത്യേകം പ്രാർഥിക്കുന്നു. അബ്ദുല്ലാഹിബിന് സുബൈറി(റ)ൽ നിന്ന് ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ സഅദ് ബിൻ മുആദി(റ)ന്റെ പക്കൽ നിന്ന് നോമ്പുതുറ നിർവഹിച്ചു. ശേഷം ഇങ്ങനെ ആശംസിച്ചു. നിങ്ങളുടെ പക്കൽ നിന്ന് നോമ്പുകാർ നോമ്പുതുറ നിർവഹിച്ചിരിക്കുന്നു. നിങ്ങളുടെ ഭക്ഷണം ഗുണവാന്മാർ ഭക്ഷിച്ചിരിക്കുന്നു. മലക്കുകൾ നിങ്ങൾക്ക് വേണ്ടി അനുഗ്രഹം നേർന്നിരിക്കുന്നു.
ഒരാൾ മറ്റൊരാളെ നോമ്പുതുറപ്പിച്ചാൽ അയാൾക്കുള്ള പുണ്യം പ്രത്യേകമായി തന്നെ ഹദീസിൽ പറയുന്നുണ്ട്. സയ്യിദ് ബിൻ ഖാലിദ് അൽ ജുഹനീ(റ)യിൽ നിന്ന് ഇമാം തുർമുദി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ഒരാൾ മറ്റൊരാളെ നോമ്പുതുറപ്പിച്ചാൽ നോമ്പുകാരന് ലഭിക്കുന്നതിന് സമാനമായ ഒരു പ്രതിഫലം അദ്ദേഹത്തിനൊട്ടും കുറയാതെ തന്നെ നോമ്പുതുറപ്പിച്ചവനും ലഭിക്കും.
നോമ്പുതുറ സൽക്കാരങ്ങളും സംഗമങ്ങളും കുടുംബങ്ങളിലും സമൂഹങ്ങളിലും സ്നേഹ കുടുംബ സൗഹൃദബന്ധങ്ങളെ പുനസ്ഥാപിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു. സാമൂഹികമായ ഒരു പരിപാലനത്തിന്റെയും നിർമാണത്തിന്റെയും ഭാഗമായി അവ മാറുന്നു. നോമ്പുകാരൻ ഭക്ഷണം കഴിച്ചു കഴിയുന്നത് വരെ നോമ്പുതുറപ്പിച്ചവർക്ക് വേണ്ടി മലക്കുകൾ പ്രത്യേകം പ്രാർഥിച്ചു കൊണ്ടിരിക്കുമെന്ന് തിരുനബിﷺ പറഞ്ഞ സന്ദേശം ഉമ്മു ഉമാറ അൽ അൻസാരിയ്യ(റ)യിൽ നിന്ന് ഇമാം തുർമുദി(റ) തന്നെ നിവേദനം ചെയ്തിട്ടുണ്ട്.
വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി നോമ്പുകാരൻ ശ്രദ്ധിക്കുന്ന മറ്റൊരു കാര്യമാണ് അത്താഴം. നോമ്പ് ആരംഭിക്കുന്ന സമയത്തിന് കുറച്ചുമുമ്പ് മിതമായ ഭക്ഷണം കഴിക്കേണ്ടത് നിർദ്ദേശിക്കപ്പെട്ട പുണ്യകർമമാണ്. സുഹൂര്‍ അഥവാ അത്താഴം എന്നാണ് അതിനെ പരിചയപ്പെടുത്തിയത്. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. അബൂഹുറൈറ(റ) പറഞ്ഞു. ഞാൻ തിരുനബിﷺയുടെ അടുക്കലേക്ക് ചെല്ലുമ്പോൾ അവിടുന്ന് അത്താഴം കഴിക്കുകയായിരുന്നു. അപ്പോൾ ഇങ്ങനെ പറഞ്ഞു. ഈ അത്താഴം കഴിക്കുന്നതിൽ അനുഗ്രഹങ്ങളുണ്ട്. അല്ലാഹു നിങ്ങൾക്ക് അത് അനുവദിച്ചു തന്നതാണ്. നിങ്ങൾ അതിനെ ഒഴിവാക്കരുത്.
അനുഗ്രഹീതമായ ഭക്ഷണത്തിലേക്ക് വരൂ എന്നു പറഞ്ഞുകൊണ്ടാണ് തിരുനബിﷺ എന്നെ അത്താഴത്തിലേക്ക് ക്ഷണിച്ചത് എന്ന് ഇർബാള് ബിനു സാരിയ(റ) പറയുന്നു. ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ഞങ്ങൾ അമ്പിയാക്കൾക്ക് അത്താഴം വൈകി കഴിക്കാൻ കൽപ്പിക്കപ്പെട്ടിരിക്കുന്നു.
തിരുനബിﷺ അത്താഴം കഴിച്ചു കഴിഞ്ഞാൽ നിന്ന് 50 സൂക്തം പാരായണം ചെയ്യുന്ന സമയമാണ് പിന്നീട് ബാങ്ക് വിളിക്കാനുണ്ടായിരുന്നത്. ലളിതമായ ഭക്ഷണമായിരുന്നു തിരുനബിﷺ അത്താഴത്തിനും കഴിച്ചിരുന്നത്. തിരുനബിﷺയോടൊപ്പം അത്താഴം കഴിച്ച പല സ്വഹാബികളുടെയും അനുഭവങ്ങളും സാക്ഷ്യങ്ങളും ഹദീസുകളിൽ നിന്നും നമുക്ക് വായിക്കാം. തിരുനബിﷺയോടൊപ്പം അവർ നിസ്കരിക്കാൻ പോയതും അവിടുത്തെ നിസ്കാരത്തിന്റെ ദൈർഘ്യവും അത്തരം നിവേദനങ്ങളിലെല്ലാം വിശദമായി വന്നിട്ടുണ്ട്.
Tweet 1102
ഇസ്‌ലാമിലെ എല്ലാ ആരാധനാക്രമങ്ങളിലും ഉള്ളതുപോലെ വ്രതാനുഷ്ഠാനത്തിലും സാഹചര്യവും ആരോഗ്യവും ഒക്കെ പരിഗണിച്ചു കൊണ്ടുള്ള ആനുകൂല്യങ്ങളും വിട്ടുവീഴ്ചകളും അനുവദിച്ചിട്ടുണ്ട്. റമളാനിലെ നോമ്പിനെ പരിചയപ്പെടുത്തുമ്പോൾ തന്നെ ഖുർആൻ അത് സൂചിപ്പിക്കുന്നുമുണ്ട്. രണ്ടാം അധ്യായം അൽബഖറയിലെ നൂറ്റി എൺപത്തി അഞ്ചാം സൂക്തത്തിൻ്റെ ആശയ സാരം ഇങ്ങനെ വായിക്കാം.
“ജനങ്ങള്‍ക്ക് മാര്‍ഗദർശനവും നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത പ്രമാണങ്ങളോടെ വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമളാന്‍. അതു കൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ പകരം അത്രയും എണ്ണം നോമ്പെടുക്കേണ്ടതാണ്. നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂർത്തീകരിക്കാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്.”
യാത്രയും രോഗവും എല്ലാം പരിഗണിച്ചുകൊണ്ടാണ് മത നിയമങ്ങളുടെ അനുഷ്ഠാനക്രമങ്ങളെ ഇസ്‌ലാം സംബോധന ചെയ്യുന്നത്. യാത്രാവേളകളിൽ തിരുനബിﷺ നോമ്പനുഷ്ഠിക്കുകയും ഒഴിവാക്കുകയും ചെയ്ത രംഗങ്ങൾ ഹദീസുകളിൽ നിന്ന് വായിക്കാം. അബ്ദുല്ലാഹിബ്നു മസ്ഊദും(റ) അബ്ദുല്ലാഹിബ്നു ഉമറും(റ) മറ്റു സ്വഹാബികളും ഇത്തരം സന്ദർഭങ്ങൾ ഉദ്ധരിച്ചിട്ടുണ്ട്. മക്കാ വിജയ വേളയിൽ തിരുനബിﷺ മദീനയിൽ നിന്ന് മക്കയിലേക്ക് പുറപ്പെടുകയും കുറാഉൽ ഗമീം എത്തിയപ്പോൾ പകൽസമയത്തു തന്നെ നോമ്പു മുറിക്കുകയും അനുയായികൾക്ക് അനുമതി നൽകുകയും ചെയ്തു. യാത്രയും കാലാവസ്ഥയുടെ കാഠിന്യവും പരിഗണിച്ചുകൊണ്ടുള്ള ആനുകൂല്യം പ്രായോഗികമായിത്തന്നെ പങ്കുവെക്കുകയായിരുന്നു അവിടുന്ന്.
ഇത്തരമൊരു അനുമതിയും വിട്ടുവീഴ്ചയും സംഘത്തിലെ എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുത്താൻ പിന്നിൽ വരുന്ന സ്വഹാബികളെ കാത്തുനിൽക്കുകയും എല്ലാവരുടെയും ശ്രദ്ധയിൽപ്പെടുന്ന വിധം തന്നെ തിരുനബിﷺ പാനപാത്രം ചുണ്ടോട് അടുപ്പിക്കുകയും ചെയ്തു. ശത്രുക്കളെ പ്രതിരോധിക്കാൻ പോകുന്ന നേരങ്ങളിൽ ശത്രുക്കൾക്കെതിരെ നിങ്ങൾ ശക്തരാകൂ നോമ്പു ഒഴിവാക്കേണ്ടവർ ഒഴിവാക്കിക്കൊള്ളൂ എന്നുള്ള സന്ദേശം തിരുനബിﷺ അണികൾക്കിടയിൽ പങ്കുവെച്ചിരുന്നു. ഈ സന്ദർഭം ഉൾക്കൊള്ളുന്ന ഹദീസ് ഇമാം മാലിക്ക്(റ), ഇമാം അഹ്മദ്(റ), ഇമാം ശാഫിഈ(റ) എന്നിവരും ഉദ്ധരിച്ചിട്ടുണ്ട്.
ഒരിക്കൽ തിരുനബിﷺ മദീനയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടപ്പോൾ ഉസ്ഫാൻ എന്ന പ്രദേശത്ത് വച്ച് വെള്ളം ആവശ്യപ്പെടുകയും ജനങ്ങൾ കാണുന്ന വിധത്തിൽ വെള്ളം കുടിക്കുകയും ചെയ്തു. നോമ്പു ഒഴിവാക്കേണ്ടവർക്ക് ഒഴിവാക്കാം എന്ന് പഠിപ്പിക്കാൻ വേണ്ടിയായിരുന്നു അത്. ഈ സംഭവം ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നുണ്ട്.
മതത്തിന്റെ മാനുഷിക മുഖത്തെയും നബി ജീവിതത്തിന്റെ പ്രായോഗിക തലങ്ങളെയും മനുഷ്യർക്കിടയിൽ ജീവിച്ച് മനുഷ്യരുടെ ഗതിവിഗതികളെയും വികാരവിചാരങ്ങളെയും നേരിൽകണ്ടും അനുഭവിച്ചും ഇസ്‌ലാമിക ആചാരാനുഷ്ഠാന വിശ്വാസങ്ങളെ പകർന്നു നൽകിയ സമ്പൂർണ്ണമായ പ്രവാചക ആവിഷ്കാരത്തിന്റെ മനോഹാരിതകളാണ് ഈ സംഭവങ്ങളും പ്രമേയങ്ങളും പങ്കുവെക്കുന്നത്.
Tweet 1103
തിരുനബിﷺയുടെ നിസ്കാരത്തെക്കുറിച്ച് വായിച്ചപ്പോൾ ഫർള് അഥവാ നിർബന്ധ നിസ്ക്കാരത്തിനു പുറമേ സുന്നത്ത് അഥവാ ഐച്ഛിക നിസ്കാരങ്ങളെ കുറിച്ചും നാം വായിച്ചു പോയിട്ടുണ്ട്. വ്രതാനുഷ്ഠാനത്തിലും അത്തരം ഒരു അധ്യായമുണ്ട്. റമളാനിലെ നിർബന്ധമായ നോമ്പിനു പുറമേ വ്യത്യസ്തങ്ങളായ സന്ദർഭങ്ങളിൽ സുന്നത്തായ നോമ്പുകളും അനുഷ്ഠിക്കുകയും അനുയായികളോട് അനുഷ്ഠിക്കാൻ കല്പിക്കുകയും ചെയ്തു.
നോമ്പ് നിഷിദ്ധമാക്കപ്പെട്ട ദിവസങ്ങളിൽ അല്ലാത്തപ്പോഴെല്ലാം ഒരു വിശ്വാസിക്ക് നോമ്പെടുക്കാം. നോമ്പിന് മറ്റ് ആരാധനകളിൽ നിന്ന് വ്യത്യസ്തമായ ഒരുപാട് പുണ്യങ്ങളും മഹത്വങ്ങളും സ്വതന്ത്രമായി അവിടുന്ന് പഠിപ്പിക്കുകയും ചെയ്തു.
ഇമാം അഹ്മദും(റ) ഇമാം മുസ്‌ലിമും(റ) മറ്റും നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു. ഒരു ദിവസം തിരുനബിﷺ എന്റെ സമീപത്തേക്ക് വന്നു. എന്നിട്ട് ചോദിച്ചു. നിങ്ങളുടെ പക്കൽ എന്തെങ്കിലുമുണ്ടോ? അഥവാ ഇവിടെ ഭക്ഷണം വല്ലതുമുണ്ടോ എന്ന്? ഇല്ല, എന്ന് മഹതി മറുപടി പറഞ്ഞു. എന്നാൽ ഇന്നു ഞാൻ നോമ്പുകാരനാണ് എന്ന് തിരുനബിﷺ മറുപടിയും പറഞ്ഞു.
സുന്നത്ത് നോമ്പനുഷ്ഠിക്കാൻ മധ്യാഹ്നത്തിനു മുമ്പ് നിയ്യത്ത് ചെയ്താലും മതി. പക്ഷേ, സുബ്ഹി സമയം പ്രവേശിച്ചത് മുതൽ നോമ്പ് മുറിയുന്ന കാര്യങ്ങളൊന്നും സംഭവിച്ചിരിക്കാൻ പാടില്ല. തിരുനബിﷺ അതുവരെ വെള്ളം കുടിക്കുകയോ ഭക്ഷണം കഴിക്കുകയോ ഒന്നും ചെയ്തിട്ടില്ലാത്തതുകൊണ്ട് നിയ്യത്ത് ചെയ്താൽ മതിയായിരുന്നു.
മറ്റൊരിക്കൽ തിരുനബിﷺ ആഇശ(റ)യോട് ഇതേ ചോദ്യം ചോദിച്ചു. നമുക്കിന്ന് ഹൈസ് വിഭവം സമ്മാനമായി ലഭിച്ചു എന്നു പറഞ്ഞപ്പോൾ എന്നാൽ കൊണ്ടുവരൂ കഴിക്കട്ടെ! ഞാനെന്നാൽ നോമ്പെടുക്കാം എന്ന് വിചാരിച്ചതായിരുന്നു. ഇനിയിപ്പോൾ ഇന്ന് ഇത് കഴിക്കാം എന്നു പറഞ്ഞുകൊണ്ട് ഉദ്ദേശിച്ച സുന്നത്ത് നോമ്പ് ഒഴിവാക്കാനും അനുമതിയുണ്ടെന്ന് പഠിപ്പിച്ചു.
തിരുനബിﷺ ജീവിതത്തിൽ സുന്നത്ത് നോമ്പുകൾ ഏറെ അനുഷ്ഠിച്ചതായി കാണാം. എന്നാൽ, അവിടുത്തെ ജീവിതത്തെ അത്ഭുതകരമായി ഉദ്ധരിക്കപ്പെടുന്നത് ഇങ്ങനെയാണ്. നോമ്പനുഷ്ഠിക്കുന്ന നബിﷺയാണ് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് അത് കാണാനാവും. നോമ്പ് അനുഷ്ഠിക്കാത്ത അവസ്ഥയിൽ നബിﷺയെ കാണാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ അങ്ങനെയും നിങ്ങൾക്ക് കാണാനാവും. അഥവാ ഇടയ്ക്കിടെ നോമ്പെടുക്കുകയും എന്നും നോമ്പെടുക്കണം എന്ന് പഠിപ്പിക്കുന്ന ഭാരമേറിയ ശിക്ഷണരീതി അവിടുന്ന് പ്രകാശിപ്പിക്കാതിരിക്കുകയും ചെയ്തു. എന്നും നോമ്പെടുക്കാൻ അനുമതി ചോദിച്ച സ്വഹാബിയോട് വേണ്ടെന്നായിരുന്നു തിരുനബിﷺയുടെ മറുപടി.
മാസത്തിൽ മൂന്ന് ദിവസം നോമ്പെടുക്കുന്നത് വളരെ പുണ്യകരമാണെന്ന് തിരുനബിﷺ പഠിപ്പിച്ചു. മാസത്തിന്റെ മധ്യത്തിലാകുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ നബിﷺയുടെ ജീവിതത്തിൽ തന്നെ അനുയായികൾക്ക് വിശാലതയും സ്വാതന്ത്ര്യവും അനുവദിച്ചു നൽകാൻ വേണ്ടി മാസത്തിന്റെ ആരംഭത്തിലും മധ്യത്തിലും അവസാനത്തിലും ഇങ്ങനെ മാറിമാറി അനുഷ്ഠിച്ചതും നമുക്ക് കാണാൻ കഴിയും.
മാസത്തിലെ മൂന്നുദിവസം അഥവാ വെളുത്തവാവ് ദിവസങ്ങളിലെ നോമ്പനുഷ്ഠാനം വളരെ കണിശമായി തന്നെ തിരുനബിﷺ പാലിച്ചിരുന്നു. യാത്രയിലും അല്ലാത്തപ്പോഴും പ്രസ്തുത നോമ്പ് അനുഷ്ഠിച്ചിരുന്നു എന്ന് അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം നസാഈ(റ) ഉദ്ധരിക്കുന്നുണ്ട്. സമാനമായ ആശയമുള്ള നിവേദനം തന്നെ തിരുനബിﷺയുടെ പ്രിയ പത്നി ഹഫ്സ(റ)യിൽ നിന്ന് ഇമാം അഹ്മദും(റ) നിവേദനം ചെയ്യുന്നു.
വ്രതാനുഷ്ഠാനത്തോട് തിരുനബിﷺക്ക് ഉണ്ടായിരുന്നു ശ്രദ്ധയും താല്പര്യവും സൂചിപ്പിക്കുന്ന ഏറെ ഹദീസുകൾ ഈ അധ്യായത്തിൽ വായിക്കാൻ കഴിയും.
Tqeet 1104
തിരുനബിﷺ വളരെ പ്രാധാന്യത്തോടുകൂടി കണ്ടിരുന്ന ഒരു വ്രതാനുഷ്ഠാനമാണ് മുഹറം 10 അഥവാ ആശൂറാഅ്. ജാഹിലിയ്യാക്കാലത്തെ ആളുകളും ഈ നോമ്പ് അനുഷ്ഠിച്ചിരുന്നു. ഇക്‌രിമ(റ) പറയുന്നു. ജാഹിലിയ്യാ കാലത്ത് ഖുറൈശികൾ ഒരു മഹാപാതകം ചെയ്തു. അതിൽ മനസ്താപം തോന്നിയ അവർ പരിഹാരം അന്വേഷിച്ചു. നിർദ്ദേശിക്കപ്പെട്ട പ്രകാരമാണ് മുഹറം പത്തിന് ആശൂറാഅ് ദിവസം അവർ നോമ്പെടുക്കാൻ തുടങ്ങിയത്.
മുൻകാല ശരീഅത്തുകളിൽ നിന്ന് ഖുറൈശികൾക്ക് ലഭിച്ചതായിരിക്കാം ആശൂറാഅ് നോമ്പ് എന്ന് ഇബ്നു ഹജർ(റ) ഫത്ഹുൽബാരിയിൽ വിശദീകരിക്കുന്നുണ്ട്.
തിരുനബിﷺ പലായനം ചെയ്തു മദീനയിലെത്തിയപ്പോൾ അവിടുത്തെ യഹൂദികൾ ആശൂറാഅ് നോമ്പ് അനുഷ്ഠിക്കുന്നതായി അറിയാൻ കഴിഞ്ഞു. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. തിരുനബിﷺ മദീനയിലേക്ക് കടന്നുവന്ന സന്ദര്‍ഭത്തില്‍ അവിടെയുള്ള ജൂതന്മാര്‍ മുഹറം പത്ത് അഥവാ ആശൂറാഅ് നോമ്പെടുക്കുന്നതായിക്കണ്ടു. അപ്പോൾ അവിടുന്ന് ചോദിച്ചു. ഇതെന്ത് ദിവസമാണ്? അവര്‍ പറഞ്ഞു. ഇതൊരു നല്ല ദിവസമാണ്. ഈ ദിവസത്തിലാണ് ബനൂ ഇസ്റാഈല്യരെ അവരുടെ ശത്രുവില്‍ നിന്നും അല്ലാഹു രക്ഷപ്പെടുത്തിയത്. അപ്പോള്‍ തിരുനബിﷺ പറഞ്ഞു. മൂസാ(അ)യെ നിങ്ങളെക്കാള്‍ അര്‍ഹിക്കുന്നത് ഞാനാണ്. അപ്രകാരം നബിﷺ ആ ദിവസം നോമ്പ് നോല്‍ക്കുകയും മറ്റുള്ളവരോട് നോല്‍ക്കാന്‍ കല്പിക്കുകയും ചെയ്തു.
ഈ ദിവസത്തെ നോമ്പിനെ മഹത്വപ്പെടുത്തിക്കൊണ്ട് തിരുനബിﷺ പറയുന്ന പ്രസ്താവന ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നത് ഇപ്രകാരമാണ്. അറഫ ദിനത്തിലെ നോമ്പ് കാരണം കഴിഞ്ഞ വര്‍ഷത്തെയും വരാനിരിക്കുന്ന വര്‍ഷത്തെയും പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു. ആശൂറാഅ് ദിനത്തിലെ നോമ്പാകട്ടെ അതുകാരണം കഴിഞ്ഞുപോയ ഒരു വര്‍ഷത്തെ പാപങ്ങള്‍ അല്ലാഹു പൊറുത്ത് തരുമെന്ന് ഞാന്‍ കണക്കാക്കുന്നു.
ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിന്റെ ആശയം ഇപ്രകാരമാണ്. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. മറ്റുള്ളവയെക്കാള്‍ പ്രാധാന്യത്തോടെയും ഏറെ മഹത്വം കൽപ്പിച്ചും നബിﷺ ഈ ദിവസത്തേതല്ലാതെ മറ്റേതെങ്കിലും ദിവസം നോമ്പെടുക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. അതായത് ആശൂറാഅ് ദിവസം, റമളാനിനോളം മഹത്വം കൽപ്പിച്ച് മറ്റൊരു മാസവും അവിടുന്ന് നോമ്പെടുക്കുന്നതും കണ്ടിട്ടില്ല.
റമളാൻ മാസത്തെ നോമ്പ് അനുഷ്ഠാനം നിർബന്ധമാണ്. ബാക്കിയുള്ള നോമ്പുകൾ എല്ലാം സുന്നത്താണ്. അവയിൽ ഏറെ മഹത്വം കൽപിച്ചും പ്രാധാന്യത്തോടെയും തിരുനബിﷺ നിർവഹിച്ചിരുന്ന നോമ്പാണ് മുഹറം പത്തിലെ നോമ്പ്.
മുഹറം ഒമ്പത് കൂടി ചേർത്തുകൊണ്ട് തിരുനബിﷺ നൽകുന്ന അധ്യാപനവും നിർദ്ദേശവും ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ നിന്ന് നമുക്ക് വായിക്കാം. ഇബ്നു അബ്ബാസ്(റ) പറഞ്ഞു. തിരുനബിﷺ ആശൂറാഅ് ദിവസം നോമ്പ് നോല്‍ക്കുകയും ആ ദിവസത്തില്‍ നോമ്പെടുക്കാന്‍ കല്പിക്കുകയും ചെയ്തപ്പോള്‍ അനുയായികൾ പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അത് ജൂത- ക്രൈസ്തവര്‍ മഹത്വവല്‍ക്കരിക്കുന്ന ദിവസമല്ലേ! അപ്പോള്‍ തിരുനബിﷺ പറഞ്ഞു. ഇൻശാ അല്ലാഹ്! അടുത്ത വര്‍ഷം നാം ജൂത-ക്രൈസ്തവരില്‍ നിന്നും ഉപരിയായി ഒൻപതാം ദിവസം കൂടി നോമ്പെടുക്കും. പക്ഷെ അടുത്ത വര്‍ഷം ആയപ്പോഴേക്കും തിരുനബിﷺ പരലോകത്തേക്ക് യാത്രയായിരുന്നു.
മുഹറം പത്തിന്റെ നോമ്പ് തിരുനബിﷺ നിർദേശിച്ചും അനുഷ്ഠിച്ചും നമ്മെ പഠിപ്പിച്ചു. ഒമ്പതാം ദിവസത്തെ നോമ്പ് അനുഷ്ടിക്കണമെന്ന് തിരുനബിﷺ നിർദേശിച്ചു. തദനുസാരം വിശ്വാസിലോകം മുഹറം ഒമ്പതും പത്തും നോമ്പ് അനുഷ്ഠിക്കുന്നു.
Tweet 1105
റമളാൻ മാസത്തിൽ വ്രതാനുഷ്ഠാനത്തിന് പുറമേ തിരുനബിﷺ നിർവഹിച്ചിരുന്ന ആരാധനാകർമങ്ങളിൽ സവിശേഷമാണ് ഇഅ്തികാഫ്. പ്രബോധനത്തിന്റെ ആദ്യകാലങ്ങളിലും തിരുനബിﷺ പ്രിയ പത്നി ഖദീജ(റ) യോടൊപ്പം ഇഅ്ത്തികാഫ് നിർവഹിച്ചിരുന്നു. പിൽക്കാലത്ത് തിരുനബിﷺ ഏറെ പുണ്യത്തോടെ പരിഗണിച്ചു പരിപാലിച്ച റമളാനിലെ അവസാന പത്ത് ദിനങ്ങളോട് തന്നെ പ്രസ്തുത ഇഅ്ത്തികാഫ് യോജിച്ചിരുന്നുവെന്ന് മഹതി ആഇശ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം.
ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു. തിരുനബിﷺ അവിടുത്തെ വിയോഗം വരെ റമളാനിന്റെ അവസാനത്തെ പത്തിൽ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു. അവിടുത്തെ കാലശേഷം നബിﷺയുടെ ഭാര്യമാരും ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നു.
ഇഅ്തികാഫ് സുന്നത്താണ് എന്നാണ് പണ്ഡിതന്മാരുടെ ഏകാഭിപ്രായം. ഇബ്‌നുൽ മുൻദിർ(റ) പറഞ്ഞു. ഇഅ്തികാഫ് സുന്നത്താണെന്നതിലും നിർബന്ധമല്ല എന്നതിലും പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്. എന്നാൽ, ആരെങ്കിലും ഇഅ്തികാഫ് നേർച്ചയാക്കി നിർബന്ധമാക്കിയാൽ അപ്പോൾ അവന് നിർബന്ധമാകും.
ഇഅ്തികാഫിൻ്റെ മഹത്വം പറയുന്ന നിരവധി നിവേദനങ്ങളും പണ്ഡിത പ്രസ്താവനകളുമുണ്ട്. മസാഇലു അബീ ദാവൂദിൽ അബു ദാവൂദ്(റ) റിപ്പോർട്ട് ചെയ്തു. ഞാൻ അഹ്മദി(റ)നോട് ചോദിച്ചു. ഇഅ്തികാഫിന്റെ ശ്രേഷ്ഠത അറിയിക്കുന്ന വല്ല ഹദീസും താങ്കൾക്ക് അറിയുമോ? അദ്ദേഹം പറഞ്ഞു. ദുർബലമായ ഹദീസുകളല്ലാതെ ഒന്നും വന്നിട്ടില്ല.
മഹത് കർമങ്ങൾ അനുഷ്ഠിക്കാനും അനുകരിക്കാനും മത നിയമങ്ങൾ സ്ഥിരപ്പെടുത്താൻ അവലംബിക്കുന്നത്ര ബലമുള്ള ഹദീസുകളോ നിവേദനങ്ങളോ ആവശ്യമില്ല എന്നത് പണ്ഡിത ലോകത്തെ ഏകാഭിപ്രായമാണ്. റമളാനിൽ മാത്രമേ ഉള്ളൂ എന്ന് ചിലർ പറയാറുണ്ടെങ്കിലും അത് വേണ്ടത്ര പ്രാമാണികമല്ല. ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്ന ഹദീസിന്റെ ആശയം ഇങ്ങനെ വായിക്കാം. തിരുനബിﷺ ഒരു വർഷത്തിൽ റമളാനിലെ ഇഅ്തികാഫ് ശവ്വാലിലെ ആദ്യപത്തിലേക്ക് മാറ്റിവെക്കുകയും അതുപ്രകാരം അനുഷ്ഠിക്കുകയും ചെയ്തത് സ്ഥിരപ്പെട്ട കാര്യമാണ്.
റമളാനിൽ തന്നെ വിവിധ സന്ദർഭങ്ങളിൽ തിരുനബിﷺ ഇഅ്തികാഫ് ഇരുന്നതും ഹദീസിൽ നിന്ന് വായിക്കാം. ഇമാം മുസ്‌ലിം നിവേദനം ചെയ്യുന്നു. അബൂ സഈദ് അൽ-ഖുദ്‌രി(റ) പറഞ്ഞു. തിരുനബിﷺ റമളാനിലെ ആദ്യത്തെ പത്തിൽ ഇഅ്തികാഫ് ഇരുന്നു. പിന്നീട് മദ്ധ്യത്തിലെ പത്തിൽ ഇഅ്തികാഫ് ഇരുന്നു. ഈന്തപ്പനയോലയിൽ ഉണ്ടാക്കിയ വാതിലുള്ള ഒരു കൂടാരത്തിലായിരുന്നു അവിടുത്തെ ഇഅ്തികാഫ്. അത് തുറന്നു കൊണ്ട് നബിﷺ അവിടുത്തെ തല പുറത്തേക്കിട്ടു. അവിടുന്ന് ജനങ്ങളോട് സംസാരിച്ചു. അപ്പോൾ ജനങ്ങൾ അവിടുത്തെ അരികിലേക്ക് വന്നു. അവിടുന്ന് പറഞ്ഞു. ഈ രാത്രി അഥവാ ലൈലതുൽ ഖദ്ർ പ്രതീക്ഷിച്ചു കൊണ്ടാണ് ഞാൻ ആദ്യത്തെ പത്തിൽ ഇഅ്തികാഫ് ഇരുന്നത്. ശേഷം, മദ്ധ്യത്തിലെ പത്തിലും ഇഅ്തികാഫ് ഇരുന്നു. അപ്പോൾ എന്നോട് പറയപ്പെട്ടു. അത് അവസാനത്തെ പത്തിലാണ്. അതിനാൽ ആരെങ്കിലും ഇഅ്തികാഫ് ഇരിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ അവൻ ഇഅ്തികാഫ് ഇരുന്നു കൊള്ളട്ടെ! അങ്ങനെ ജനങ്ങൾ തിരുനബിﷺയോടൊപ്പം ഇഅ്തികാഫ് ഇരുന്നു.
ലൈലത്തുൽ ഖദ്ർ പ്രതീക്ഷിച്ചുകൊണ്ട് റമളാനിലെ അവസാനത്തെ പത്തിൽ പ്രത്യേകമായി ഇഅ്ത്തികാഫ് ഇരിക്കുന്നതിന് തിരുനബിﷺ സവിശേഷമായി പ്രോത്സാഹിപ്പിച്ചിരുന്നു. അത് ഇന്നും ലോകത്തെ പരകോടി വിശ്വാസികൾ ഒരു മഹത് കർമമായി ഏറ്റെടുക്കുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു.
Tweet 1106
ഇഅ്തികാഫ് സംബന്ധിയായ ചില അനുബന്ധങ്ങൾ കൂടി നമുക്ക് വായിച്ചു പോകാം. ഇഅ്തികാഫിന്റെ ഉദ്ദേശത്തോടുകൂടി അല്ലാഹുവിന്റെ ഭവനത്തിൽ അല്പസമയമെങ്കിലും താമസിച്ചാൽ അടിസ്ഥാനപരമായി പള്ളിവാസം അഥവാ ഇഅ്തികാഫ് എന്നു പറയാം. ഏറ്റവും ചുരുങ്ങിയത് ഒരു ദിവസമാണെന്നും ഒരു പകലും ഒരു രാത്രിയുമാണെന്നും പത്തു ദിവസമാണെന്നും എന്നിങ്ങനെ പണ്ഡിതന്മാർക്കിടയിൽ പല അഭിപ്രായങ്ങളുമുണ്ട്. എന്നാൽ, ആദ്യത്തെതാണ് ഏറ്റവും അറിയപ്പെട്ടതും ബഹുഭൂരിപക്ഷം പണ്ഡിതന്മാർ അഭിപ്രായപ്പെട്ടതും.
ഇഅ്തികാഫിന്റെ പരമാവധി സമയം ഇത്രയേ പാടുള്ളൂ എന്ന് നിർണയിച്ചുകൊണ്ടുള്ള പ്രമാണങ്ങളുമില്ല. അതുകൊണ്ട് സൗകര്യപ്രദമായി എത്രയും തെരഞ്ഞെടുക്കുകയും അനുഷ്ഠിക്കുകയും ചെയ്യാം. ജുമുഅഃ മസ്ജിദുകളിൽ തന്നെ ഇഅ്തികാഫ് ഇരിക്കുക എന്നതാണ് കൂടുതൽ ശ്രേഷ്ഠകരമായിട്ടുള്ളത്. എന്നാൽ, ജുമുഅ നടക്കാത്ത മസ്ജിദുകളിൽ ഇഅ്തികാഫ് ഇരിക്കുന്നതും അനുവദനീയമാണ്. ഇഅ്തികാഫിരിക്കുന്ന വ്യക്തി ജുമുഅക്കായി അടുത്തുള്ള മസ്ജിദിൽ പോവുകയും തിരിച്ചു വരികയും ചെയ്താൽ മതിയാകും. ആരെങ്കിലും ഇഅ്തികാഫ് ഇരുന്നാൽ അവൻ ജുമുഅക്കും ജനാസക്കും പങ്കെടുക്കട്ടെ! എന്ന പ്രസ്താവന ഹസ്രത്ത് അലി(റ)യിൽ നിന്ന് ഇമാം ഇബ്നു അബീശൈബ(റ) ഉദ്ധരിച്ചിട്ടുണ്ട്.
ഏറ്റവും മഹത്വം പറയപ്പെട്ട മസ്ജിദുൽ ഹറാം, മസ്ജിദുന്നബവി, മസ്ജിദുൽ അഖ്സ എന്നീ മൂന്ന് പള്ളികളിൽ മാത്രമേ ഇഅ്തികാഫ് ഇരിക്കാവൂ എന്നതും നോമ്പുണ്ടെങ്കിൽ മാത്രമേ ഇഅ്തികാഫ് ശരിയാവുകയുള്ളൂ എന്നതും ഒറ്റപ്പെട്ട അഭിപ്രായങ്ങൾ മാത്രമാണ്. ഇഅ്തികാഫ് നിർവഹിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളും ഇടയിൽ പുറത്തുപോകുമ്പോഴുള്ള നിബന്ധനകളും തുടങ്ങി ഇതു സംബന്ധമായി കർമശാസ്ത്രപരമായ വിശദമായ പഠനങ്ങളുണ്ട്. അനുകരിക്കപ്പെടുന്ന കർമശാസ്ത്ര വീക്ഷണങ്ങളുടെയും മദ്ഹബുകളുടെയും അടിസ്ഥാനത്തിലാണ് വിശ്വാസികൾ ഇത്തരം കർമങ്ങൾ നിർവഹിക്കേണ്ടത്. തിരുനബിﷺയിൽ നിന്ന് നിവേദനം ചെയ്യപ്പെട്ട ഹദീസുകളുടെയും കർമശാസ്ത്ര നിദാനങ്ങളോടെയുള്ള അനുബന്ധ നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിലാണ് അത്തരം ചിട്ടകളും മര്യാദകളും ക്രമീകരിച്ചിട്ടുള്ളത്.
വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്ത നിബന്ധനകളോടെയും സമയ നിർണയങ്ങളോടെയും തിരുനബിﷺ നിർവഹിച്ചിരുന്ന ഇഅ്തികാഫ് കർമം അനുകരിച്ചു കൊണ്ടാണ് സ്വഹാബികൾ അവരുടെ ആരാധനകളെ ചിട്ടപ്പെടുത്തിയത്.
സ്ത്രീകൾ ഇഅ്തികാഫ് ഇരുന്നത് സംബന്ധമായ വായനകൾ സ്ത്രീകളുടെ രംഗപ്രവേശനത്തിന്റെയോ ജുമുഅ ജമാഅത്തുകൾക്ക് പങ്കെടുക്കുന്നതിന്റെയോ നിബന്ധനകൾ മാറ്റിവെച്ചു കൊണ്ടല്ല വായിക്കേണ്ടത്. സ്ത്രീകൾ അവരുടെ ഹിജാബിലും രംഗപ്രവേശനത്തിലും പള്ളി പ്രവേശനത്തിലും നിർദ്ദേശിക്കപ്പെട്ട എല്ലാ നിബന്ധനകളും മുന്നിൽവച്ച് കൊണ്ട് മാത്രമേ ഈ അധ്യായത്തെയും വായിക്കാൻ കഴിയൂ. നബി പത്നിമാർ ഇഅ്തികാഫ് ഇരുന്നു. സ്വഹാബി വനിതകൾ ഒപ്പമുണ്ടായിരുന്നു എന്ന ചില നിവേദനങ്ങളുടെ ഭാഗികമായ വായനകൾ മാത്രം വച്ചുകൊണ്ട് ഇത്തരം അനുഷ്ഠാനങ്ങളിലേക്ക് ഇറങ്ങി വരുന്നവരുണ്ട്. എന്നാൽ, അടിസ്ഥാനപരമായി മതം നിർദ്ദേശിച്ച പരപുരുഷന്മാരുമായി ഇട കലരുമ്പോൾ പാലിക്കേണ്ട നിബന്ധനകളോ രംഗപ്രവേശനത്തിന് മതം നിർദ്ദേശിച്ചിട്ടുള്ള ചിട്ടകളോ ഇത്തരം ആളുകൾ ആലോചിക്കാറില്ല. ജുമുഅഃ ജമാഅത്തുകൾക്ക് സ്ത്രീകൾ വരുന്നത് സംബന്ധിച്ച് കർമശാസ്ത്ര വിശാരദന്മാർ പഠിപ്പിച്ച നിയമത്തിനപ്പുറം എങ്ങനെയെങ്കിലും പള്ളിയിൽ പോയി താമസിച്ചാൽ സ്ത്രീകൾക്കും ഇഅ്തികാഫ് ആകുമെന്ന വീക്ഷണം ശരിയല്ല.
Tweet 1107
തിരുനബിﷺയുടെ ആത്മീയ അനുഷ്ഠാനങ്ങൾ വായിക്കുമ്പോൾ ഹജ്ജ് കർമം അതിൽ സ്വതന്ത്രമായ ഒരു അധ്യായമാണ്. ഇസ്‌ലാമിലെ ഹജ്ജ് കർമം നിർബന്ധമാക്കപ്പെട്ടത് ഏതു വർഷത്തിലായിരുന്നു എന്നതിൽ അഭിപ്രായാന്തരങ്ങളുണ്ട്. ഹിജ്റയുടെ ആറാം വർഷമായിരുന്നു എന്നാണ് പ്രസിദ്ധമായ അഭിപ്രായം. ഹിജ്റ ഒമ്പതാം വർഷമോ പത്താം വർഷമോ ആണ് എന്ന അഭിപ്രായങ്ങളും പ്രാധാന്യത്തോടുകൂടി ഉദ്ധരിച്ച പണ്ഡിതന്മാരുണ്ട്.
ഹിജ്റക്ക് ശേഷം തിരുനബിﷺ അഞ്ചു പ്രാവശ്യം മക്കയിലേക്ക് വന്നു. ഒന്നാം പ്രാവശ്യം ഹുദൈബിയ്യ വരെ വന്ന് ഉടമ്പടിയോടെ മടങ്ങേണ്ടി വന്നു. രണ്ടാം പ്രാവശ്യം മക്കയിലേക്ക് പ്രവേശിക്കുകയും ഉംറ നിർവഹിക്കുകയും ചെയ്തു. തുടർന്ന് മൂന്നുദിവസം ഇവിടെ താമസിച്ചു മടങ്ങിപ്പോയി. മൂന്നാം വർഷം മക്ക ജയിച്ചടക്കി മക്കയിലേക്ക് പ്രവേശിച്ചു. അപ്പോൾ ഇഹ്റാം ചെയ്തു കൊണ്ടായിരുന്നില്ല വന്നത്. തുടർന്ന് മക്കയിൽ നിന്ന് ഹുനൈനിലേക്ക് പോയി. നാലാം പ്രാവശ്യം ജഇർറാനയിൽ നിന്ന് ഇഹ്റാം ചെയ്തു ഉംറ നിർവഹിച്ചു. അഞ്ചാമത്തെ പ്രാവശ്യം മക്കയിലേക്ക് വന്ന് വിടവാങ്ങൽ ഹജ്ജ് നിർവഹിച്ചു.
ഉംറ നിർവഹിക്കുന്നതിന് മുമ്പ് തന്നെ ഹജ്ജ് നിർബന്ധമാക്കപ്പെട്ടിരുന്നു എന്നും ഹജ്ജ് പിന്തിച്ച് പത്താം വർഷം നിർവഹിക്കുകയായിരുന്നു എന്നും പണ്ഡിതന്മാർ വിശദീകരിക്കുന്നു. ഹിജറയ്ക്ക് മുമ്പ് രണ്ട് ഹജ്ജുകളും ഹിജറയുടെ ശേഷം ഒരു ഹജ്ജും അങ്ങനെ മൂന്നുപ്രാവശ്യമാണ് തിരുനബിﷺ ഹജ്ജ് നിർവഹിച്ചത് എന്ന് ഇബ്നു അബ്ബാസി(റ)ൽ നിന്നുള്ള നിവേദനം ഇമാം ഇബ്നുമാജ(റ) ഉദ്ധരിക്കുന്നുണ്ട്. മദീനയിലേക്ക് വന്നതിനുശേഷമാണ് തിരുനബിﷺയുടെ ശരീഅത്ത് പ്രകാരമുള്ള ഹജ്ജ് നിർബന്ധമാക്കപ്പെട്ടത്. അതിനുമുമ്പ് നിർവഹിച്ച ഹജ്ജുകൾ എത്രയാണെന്ന് നിർണയിക്കാനാവില്ല എന്നാണ് പണ്ഡിതന്മാരിൽ നല്ലൊരുപറ്റവും പറയുന്നത്. അക്കാലങ്ങളിൽ നിർവഹിച്ച ഹജ്ജ് മുൻകാല പ്രവാചകൻമാർ ചെയ്തുവന്നിരുന്ന രീതിയിലായിരുന്നു. ഹിജ്റ പോകുന്നതിനു മുമ്പുള്ള എല്ലാ വർഷങ്ങളിലും തിരുനബിﷺ ഹജ്ജ് നിർവഹിച്ചിരുന്നു എന്നും മക്കാ നിവാസികൾ ഹജ്ജ് നിർവഹിക്കാതിരിക്കുക എന്നത് ഒരു കുറവായി കണ്ടിരുന്നത് കൊണ്ട് തന്നെ വ്യാപകമായി നിർവഹിക്കപ്പെടുന്ന മഹത് കർമം തിരുനബിﷺയുടെ ജീവിതത്തിൽ ഉപേക്ഷിച്ചിരിക്കാൻ സാധ്യതയില്ല. ഇബ്നുൽ അസീർ(റ) ഇങ്ങനെയാണ് വിശദീകരിച്ചത്.
തിരുനബിﷺ നാല് ഉംറകളാണ് നിർവഹിച്ചതെന്നും നാലും ദുൽഖഅദ് മാസത്തിലായിരുന്നു എന്നും അനസുബ്നു മാലിക്കി(റ)ന്റെ വിശദീകരണത്തിൽ നിന്ന് ഇമാമുകൾ ഉദ്ധരിക്കുന്നു. ഹജ്ജിനോടൊപ്പം നിർവഹിച്ച ഉംറ ദുൽഹജ്ജ് മാസത്തിൽ തന്നെയായിരുന്നു എന്ന അഭിപ്രായവും കാണാം. അബ്ദുല്ലാഹിബ്നു ഉമറി(റ)ന്റെ അഭിപ്രായത്തിൽ തിരുനബിﷺ ഒരു ഉംറ നിർവഹിച്ചത് റജബ് മാസത്തിലായിരുന്നു.
മക്കാ ഹറമിന്റെ തൊട്ടടുത്ത അതിർത്തി തൻഈമിലേക്ക് പ്രിയപ്പെട്ട പത്നി ആഇശ(റ)യെ ഉംറക്ക് ഇഹ്റാം ചെയ്യാൻ വേണ്ടി അയച്ചെങ്കിലും തിരുനബിﷺ അവിടെനിന്ന് ഉംറ ചെയ്തതായി നിവേദനങ്ങളൊന്നും പറയുന്നില്ല. മക്കാ വിജയ വർഷം റമളാനിൽ തിരുനബിﷺ ഉംറ ചെയ്തിരുന്നു എന്ന ഒരു അഭിപ്രായം ഇബ്നു ഹിബ്ബാൻ(റ) ഉദ്ധരിക്കുന്നുണ്ടെങ്കിലും അങ്ങനെ ഒരു നിവേദനം ശ്രദ്ധയിൽപ്പെട്ടില്ലെന്ന് മുഹിബ്ബ് ത്വബരി(റ) വിശദീകരിക്കുന്നുണ്ട്.
ഹജ്ജും ഉംറയും സവിശേഷമായ ആരാധനകളാണ്. മറ്റു ആരാധനകളിൽ നിന്ന് വ്യത്യസ്തമായ പല ഭാവങ്ങളും രീതികളും ഇവകളിലുണ്ട്. അല്ലാഹുവിന്റെ ചിഹ്നങ്ങളെ ആദരിക്കുന്നതും മുൻഗാമികളായ പ്രവാചകന്മാരെ ഓർക്കുന്നതും അവരുടെ ചുവടുകൾ പിൻപറ്റുന്നതും ഈ ആരാധനകളുടെ സവിശേഷമായ ഭാവങ്ങളിൽ പെട്ടതാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1108
തിരുനബിﷺയുടെ വിടവാങ്ങൽ ഹജ്ജ് അഥവാ ഹജ്ജത്തുൽ വിദാഅ് സവിശേഷമായി തന്നെ വായിക്കേണ്ട അധ്യായമാണ്. ഹിജ്റയുടെ പത്താം വർഷം തിരുനബിﷺ ഹജ്ജിനു പുറപ്പെടുന്നു എന്ന് വിളംബരം നിർവഹിച്ചു. ഇതോടെ മദീനയിലെ ജനങ്ങൾ ഒരുമിച്ചു കൂടി. തിരുനബിﷺയോടൊപ്പം ഹജ്ജ് നിർവഹിക്കാനും ഹജ്ജിന്റെ കർമങ്ങളും അനുഷ്ഠാനങ്ങളും പകർന്നെടുക്കാനും അവർ അത്യാഗ്രഹം കാണിച്ചു.
തിരുനബിﷺയുടെ ഈ ഹജ്ജ് പല അർഥത്തിലും പല നാമങ്ങളിലും അറിയപ്പെടുന്നു. വിടവാങ്ങൽ ഹജ്ജ് എന്ന അർഥത്തിൽ ‘ഹജ്ജത്തുൽ വദാഅ്’ എന്നും തിരുനബിﷺയുടെ ശരീഅത്തിലെ സമ്പൂർണ്ണ ചിട്ടയോടു കൂടിയുള്ള ഹജ്ജ് എന്ന അർഥത്തിൽ ‘ഹജ്ജത്തുൽ ഇസ്‌ലാം’ എന്നും പ്രബോധനത്തിന്റെ പ്രത്യേകമായ പ്രഖ്യാപനങ്ങൾ ഉൾക്കൊള്ളുന്ന ഹജ്ജ് എന്ന അർഥത്തിൽ ‘ഹജ്ജത്തുൽ ബലാഗ്’ എന്നും വിളിക്കപ്പെടുന്നു.
നബിﷺയും സ്വഹാബികളും ഹജ്ജിനു വേണ്ടി തയ്യാറായി ദുൽഖഅദ് അവസാനത്തെ ശനിയാഴ്ചയായിരുന്നു മദീനയിൽ നിന്ന് പുറപ്പെട്ടത്. ഒരു ലക്ഷത്തിൽ പരം വരുന്ന ആളുകൾ തിരുനബിﷺയോടൊപ്പമുണ്ടായിരുന്നു. പുറപ്പെട്ട ദിവസത്തിലെ ളുഹ്ർ നിസ്കാരം കഴിഞ്ഞാണ് മദീനയിൽ നിന്ന് യാത്ര തിരിച്ചത്. തിരുനബിﷺ യാത്ര പുറപ്പെട്ടതിൽ പിന്നെ പല ഭാഗത്തുനിന്നുമായി ആളുകൾ നബിﷺയോടൊപ്പം ചേർന്നു. യമനിൽ നിന്ന് അലി(റ)യുടെ നേതൃത്വത്തിൽ ഒരു സംഘവും വന്നു. എല്ലാം കൂടിയായപ്പോൾ 1,24,000ത്തിൽ പരം ആളുകളുണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.
മദീനയിൽ നിന്ന് പുറപ്പെട്ടതിനു ശേഷം അഖീഖ് താഴ്‌വരയിലെ ദുൽഹുലൈഫയിലാണ് നിസ്കാരത്തിനു വേണ്ടി നിർത്തിയത്. ഖസ്റാക്കി അസറ് രണ്ട് റക്അത്ത് നിസ്കരിച്ചു. ശേഷം, അവിടെത്തന്നെ താമസിക്കുകയും മഗ്‌രിബും ഇശാഉം ചേർത്ത് ജംആക്കി നിസ്കാരം നിർവഹിക്കുകയും ചെയ്തു. തിരുനബിﷺയോടൊപ്പം അവിടുത്തെ പത്നിമാർ എല്ലാവരുമുണ്ടായിരുന്നു. സുബ്ഹി വരെ അവിടെത്തന്നെ കഴിച്ചുകൂട്ടി. സുബ്ഹി നിസ്കാരവും അവിടെവച്ചുതന്നെ നിർവഹിച്ചു.
ഈ സന്ദർഭത്തിലെ ചില പ്രസ്താവനകളും പരാമർശങ്ങളും ഇമാം ബുഖാരി(റ) ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നത് ഇപ്രകാരമാണ്. അദ്ദേഹം പറഞ്ഞു. വാദി അൽ അഖീഖിൽ വെച്ച് നബിﷺ പറയുന്നതായി ഞാൻ കേട്ടു. ഇന്നലെ രാത്രി എന്റെ റബ്ബിൽ നിന്നും ഒരു സന്ദേശവാഹകൻ വന്നു, പറഞ്ഞു. അനുഗ്രഹീതമായ ഈ താഴ്‌വരയിൽ വെച്ചു നിസ്കരിക്കുക. ഉംറയിലൂടെ ഹജ്ജിലേക്ക് പ്രവേശിക്കണം എന്ന് പറയുക അഥവാ ഹജ്ജിനും ഉംറയ്ക്കും ഒരുമിച്ച് ഇഹ്‌റാം ചെയ്യണം.
തുടർന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത റിപ്പോർട്ട് നമുക്ക് ഇങ്ങനെ വായിക്കാം. തിരുനബിﷺ ഇഹ്റാമിന് വേണ്ടി കുളിച്ചു. ശേഷം ഇഹ്റാമിന്റെ വസ്ത്രം ധരിച്ചു. പിന്നീട് ദുൽഹുലൈഫയിൽ വെച്ച് നിസ്കരിച്ചു. അവിടുത്തെ മുസ്വല്ലയിൽ തന്നെ ഇരുന്നു കൊണ്ട് ഹജ്ജിനും ഉംറക്കും വേണ്ടി ഒന്നിച്ച് തൽബിയത് ചൊല്ലി. അഥവാ ഖിറാൻ രൂപത്തിൽ ഇഹ്റാം ചെയ്തു. ദുൽഹുലൈഫയിൽ നിന്നും ളുഹ്റിന്റെ രണ്ട് റക്അത്ത് നിസ്കരിച്ച ശേഷം വാഹനപ്പുറത്ത് കയറിയിരുന്നു കൊണ്ടാണ് നബിﷺ തൽബിയത് ചൊല്ലിയത് എന്ന് അബ്ദുല്ലാഹിബിനു ഉമറി(റ)ന്റെ നിവേദനം.
ഒരു നിസ്കാരത്തിനു ശേഷമാണ് ഇഹ്റാമിലേക്ക് പ്രവേശിക്കുന്നത്. തിരുനബിﷺ അത് കാണിച്ചു തരികയും തൽബിയത്തിന്റെ രൂപം ചൊല്ലി കേൾപ്പിക്കുകയും ചെയ്തു. അൽ ഖസ്’വാഅ് ഒട്ടകത്തിന്മേലായിരുന്നു തിരുനബിﷺയുടെ യാത്ര. വാഹനപ്പുറത്ത് വച്ചും തിരുനബിﷺ തൽബിയത്ത് ചൊല്ലി. സ്വഹാബികൾക്ക് കേൾക്കാനും പഠിക്കാനും അനുകരിക്കാനും അത് ഏറെ പ്രയോജനപ്പെട്ടു.
Tweet 1109
തൽബിയത്ത് ഹാജിയുടെ അടയാളവും അല്ലാഹുവിന്റെ ചിഹ്നങ്ങളിൽ ഒരു ചിഹ്നവുമാണ്. തൽബിയത്തിന്റെ വാചകം ഇപ്രകാരമാണല്ലോ. “ലബ്ബൈകല്ലാഹുമ്മ ലബ്ബൈക്, ലബ്ബൈക ലാ ശരീക ലക ലബ്ബെക്, ഇന്നൽ ഹംദ വന്നിഅ്മത ലക വൽ മുൽക്, ലാ ശരീക ലക. ആശയം ഇങ്ങനെ വായിക്കാം. “അല്ലാഹുവേ, നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തു വന്നെത്തിയിരിക്കുന്നു. യാതൊരു പങ്കുകാരനുമില്ലാത്ത നിന്റെ വിളിക്കിതാ ഞാന്‍ ഉത്തരം ചെയ്തിരിക്കുന്നു. എല്ലാ സ്തുതിയും അനുഗ്രഹവും നിനക്കാണ്. അധികാരവും നിന്റേത് തന്നെ. നിനക്കാരും കൂറുകാരോ പങ്കുകാരോ ഇല്ല.
തിരുനബിﷺ സ്വഹാബികൾക്ക് തൽബിയത്ത് ചൊല്ലിക്കൊടുത്തു. അവർ നബിﷺയോടൊപ്പം ചൊല്ലിക്കൊണ്ടേയിരുന്നു. എന്നാൽ, തൽബിയത്ത് ഉച്ചത്തിൽ ചൊല്ലണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ജിബ്‌രീൽ(അ) നബിﷺയുടെ അടുക്കൽ വന്നു. ഉടനെ നബിﷺ അനുയായികളോട് കാര്യം പറഞ്ഞു. മുഴങ്ങുന്ന ശബ്ദത്തിൽ അവർ തൽബിയത്ത് ചൊല്ലാൻ തുടങ്ങി.
തിരുനബിﷺയും അനുയായികളും ചേർന്നു നടക്കുന്ന ഒന്നാമത്തെ ഹജ്ജിലേക്ക് ചുവടുവെക്കാൻ ആരംഭിച്ചത് മുതൽ വേറിട്ട മുഹൂർത്തങ്ങളും സന്ദർഭങ്ങളും ഉണ്ടായിക്കൊണ്ടേയിരുന്നു. കൂട്ടത്തിൽ ഒരു രംഗം ഇതായിരുന്നു. വയോധികനായ ഒരു മനുഷ്യൻ രണ്ടു മക്കളുടെ തോളിൽ താങ്ങി എത്തിയിരിക്കുന്നു. നബിﷺ അവരോട് കാര്യമന്വേഷിച്ചു. കാൽനടയായി ഹജ്ജ് നിർവഹിക്കാൻ ഇദ്ദേഹം നേർച്ച ചെയ്തിരിക്കുന്നു എന്നായിരുന്നു മറുപടി. നബിﷺ അവരോട് ഇങ്ങനെ പ്രതികരിച്ചു. സ്വന്തം ശരീരത്തിന് പീഡനം ഏൽപ്പിക്കുന്ന ഇത്തരം കാര്യങ്ങളൊന്നും അല്ലാഹുവിന് ആവശ്യമില്ല. തുടർന്ന് അദ്ദേഹത്തോട് വാഹനപ്പുറത്ത് യാത്ര ചെയ്യാൻ നബിﷺ നിർദ്ദേശിച്ചു. ഇമാം ബുഖാരി(റ) അനസുബ്നു മാലികി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ ഈ സംഭവം കാണാം.
ഇമാം മുസ്‌ലിം(റ) ഇബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന മറ്റൊരു രംഗം കൂടി വായിച്ചു നോക്കാം. റൗഹാഅ് എന്ന സ്ഥലത്ത് വെച്ചു കൊണ്ട് തിരുനബിﷺ ഒരു സംഘത്തെ കണ്ടു. അവിടുന്ന് ചോദിച്ചു. നിങ്ങൾ ആരാണ്? അവർ പറഞ്ഞു. ഞങ്ങൾ മുസ്‌ലിംകളാണ്. നിങ്ങളാരാണ്? തിരുനബിﷺ പറഞ്ഞു. ഞാൻ അല്ലാഹുവിന്റെ പ്രവാചകനാണ്. അപ്പോൾ ഒരു സ്ത്രീ തന്റെ കുട്ടിയെ ഉയർത്തിക്കാണിച്ചു കൊണ്ട് തിരുനബിﷺയോട് ചോദിച്ചു. ഈ കുട്ടിക്ക് ഹജ്ജുണ്ടോ അഥവാ ഈ കുട്ടിക്ക് ഹജ്ജ് നിർവഹിക്കാമോ? ചെയ്യാം. നിങ്ങൾക്കും അതിന്റെ പ്രതിഫലമുണ്ട്. തിരുനബിﷺ പ്രതികരിച്ചു.
ദുൽഹുലൈഫയിൽ വച്ച് തന്നെയുണ്ടായ മറ്റൊരു സംഭവം ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. അബൂബക്കറി(റ)ന്റെ ഭാര്യ അസ്മാഅ് ബിൻത് ഉമൈസ്(റ) പ്രസവിച്ചു. ആ കുട്ടിയാണ് മുഹമ്മദ് ബ്നു അബീബക്കർ(റ). അവരോട് കുളിക്കുവാനും ഇഹ്റാമിൽ പ്രവേശിക്കുവാനും ആവശ്യപ്പെടാൻ വേണ്ടി തിരുനബിﷺ അബൂബക്കര്‍(റ)വിനോട് പറഞ്ഞു.
തിരുനബിﷺയുടെയും സംഘത്തിന്റെയും ഈ ഹജ്ജ് യാത്ര അന്ത്യനാൾ വരെയുള്ള ഹാജിമാർക്ക് അധ്യാപനം നേടാനും ഹജ്ജിന്റെ സഞ്ചാരങ്ങൾ ക്രമപ്പെടുത്താനുമുള്ള മാതൃകയാണ്. യാത്രയിലെ ഓരോ നിമിഷവും സന്ദർഭവും ഹജ്ജിന്റെ കർമശാസ്ത്രവും അനുഷ്ഠാന നിയമങ്ങളും പഠിപ്പിച്ചു തന്നുകൊണ്ടേയിരുന്നു. സന്ദർഭങ്ങളെ പകർത്തി വെച്ച പണ്ഡിതന്മാർ ഗവേഷണ സ്വഭാവത്തോടെ നിരീക്ഷിച്ചു നിയമങ്ങളും നിർദ്ദേശങ്ങളും പകർത്തിയെടുത്തു. ലോകത്തിന് പ്രയോഗിക്കാവുന്ന വിധത്തിൽ അവയെ ചിട്ടപ്പെടുത്തി. ഹജ്ജിന്റെ കർമശാസ്ത്രമായി അത് രൂപപ്പെടുകയും ലോകം അത് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു.
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ മക്കയിലേക്കുള്ള യാത്ര തുടർന്നു കൊണ്ടിരുന്നു. അബവാഅ്/വദ്ദാൻ എന്ന സ്ഥലത്തെത്തിയപ്പോൾ സ്വഅ്ബുബ്നു ജുസാമ എന്ന വ്യക്തി നബിﷺക്ക് വേട്ടമൃഗത്തിന്റെ കൂട്ടത്തിൽപ്പെട്ട ഒരു കാട്ടു കഴുതയെ സമ്മാനമായി നൽകി. പക്ഷേ അത് അദ്ദേഹത്തിന് തിരിച്ചു കൊടുത്തു. അത് അദ്ദേഹത്തെ പ്രയാസപ്പെടുത്തി. അദ്ദേഹത്തിന്റെ മുഖഭാവം കണ്ടപ്പോൾ തിരുനബിﷺ വിശദീകരണം നൽകി. ഞങ്ങൾ ഇഹ്‌റാമിൽ ആയതുകൊണ്ട് മാത്രമാണ് കേട്ടോ സ്വീകരിക്കാത്തത്. നിങ്ങൾക്ക് അത് തിരിച്ചു നൽകിയത്.
Tweet 1110
തിരുനബിﷺയും അനുയായികളും ഹജ്ജ് നിർവഹിക്കാൻ വേണ്ടി മക്കയോട് അടുത്ത സരിഫിൽ എത്തി. മക്കയിൽ നിന്ന് 10 മൈൽ അകലെയാണ് ഈ പ്രദേശം. തിരുനബിﷺ സ്വഹാബികളോടായി ഇങ്ങനെ പറഞ്ഞു. ബലിമൃഗങ്ങളെ ഒപ്പം കൂട്ടാത്ത ആളുകൾ ഉംറക്കു വേണ്ടി ഒരുങ്ങിക്കോളൂ. ബലിമൃഗത്തെ ഒപ്പം കരുതിയിട്ടുള്ളവർ ഖിറാനായും ബലിമൃഗത്തെ ഒപ്പം കരുതാത്തവർ തമത്തുആയും നിർവഹിക്കാൻ നിർദ്ദേശിച്ചു.
ഇഫ്റാദ്: ഹജ്ജ് മാത്രം നിർവ്വഹിക്കൽ. ഖിറാൻ: ഉംറക്കും ഹജ്ജിനും വേണ്ടി ഒന്നിച്ചു ഇഹ്റാമിൽ പ്രവേശിക്കൽ. ഇത്തരം ആളുകൾ ഉംറ കഴിഞ്ഞാൽ മുടി എടുക്കുകയോ ഇഹ്റാമിന്റെ വസ്ത്രമഴിച്ചു വെക്കുകയോ ഇല്ല.
തമത്തുഅ്: ഉംറക്ക് വേണ്ടി ഇഹ്റാമിൽ പ്രവേശിക്കുകയും ഉംറ നിർവഹിച്ച ശേഷം ഇഹ്റാമിൽ നിന്ന് ഒഴിവാകുകയും ശേഷം ഹജ്ജിന്റെ സമയം വരുമ്പോൾ വീണ്ടും ഹജ്ജിനു വേണ്ടി ഇഹ്റാമിലേക്ക് പ്രവേശിക്കുകയും ചെയ്യുക എന്നിങ്ങനെ മൂന്നു വിധത്തിൽ ഹജ്ജിനു വേണ്ടി ഇഹ്റാമിൽ പ്രവേശിക്കാറുണ്ട്. മൂന്നാമത്തെ രൂപമാണ് ശ്രേഷ്ഠമെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ബലിമൃഗം ഒപ്പം കരുതിയിരുന്നതിനാൽ തിരുനബിﷺ ഖിറാൻ രൂപത്തിലാണ് ഹജ്ജ് നിർവഹിച്ചത്.
ബലിമൃഗം കൂടെയുള്ള ആളുകൾക്ക് ബലി അറുത്ത ശേഷം മാത്രമേ തലമുണ്ഡനം ചെയ്യുവാനും ഇഹ്റാമിൽ നിന്ന് ഒഴിവാകുവാനും പാടുള്ളൂ.
തിരുനബിﷺയുടെയും കുടുംബത്തിന്റെയും ഹജ്ജ് യാത്രയിലെ ശ്രദ്ധേയമായ ഒരു അധ്യായമായിരുന്നു മഹതി ആഇശ(റ)യുടെ വ്യക്തിപരമായ ഒരനുഭവം.
ഇമാം ബുഖാരി(റ) റിപ്പോർട്ട് ചെയ്യുന്നു. ആഇശ(റ) പറഞ്ഞു. ഞങ്ങൾ തിരുനബിﷺയുടെ കൂടെ പുറപ്പെട്ടു. ഞങ്ങൾ ഹജ്ജ് മാത്രമേ ഉദ്ദേശിച്ചിരുന്നുള്ളൂ. സരിഫ് എന്ന സ്ഥലത്ത് വെച്ച് എനിക്ക് ആർത്തവം തുടങ്ങിയപ്പോൾ ഞാൻ കരഞ്ഞു കൊണ്ട് നബിﷺയുടെ അടുക്കലേക്ക് ചെന്നു. അവിടുന്ന് ചോദിച്ചു. എന്തിനാണ് കരയുന്നത്? ഞാൻ പറഞ്ഞു. അല്ലാഹുവാണെ സത്യം! ഈ വർഷം എനിക്ക് ഹജ്ജ് ചെയ്യാൻ കഴിയുകയില്ല എന്നാണ് തോന്നുന്നത്. എന്തു പറ്റി? ആർത്തവം തുടങ്ങിയോ? ഞാൻ പറഞ്ഞു, അതെ. നബിﷺ പറഞ്ഞു. ആദം സന്തതികളിലെ സ്ത്രീകൾക്ക് അല്ലാഹു നിശ്ചയിച്ച ഒരു കാര്യമാണിത്. ഒരു ഹാജി ചെയ്യുന്ന എല്ലാ കാര്യങ്ങളും നിങ്ങളും ചെയ്തു കൊള്ളൂ. ശുദ്ധിയാകുന്നത് വരെ കഅ്ബ ത്വവാഫ് ചെയ്യരുത് എന്നു മാത്രമേയുള്ളൂ.
ഏതുകാലത്തേക്കുമുള്ള ഒരു കർമശാസ്ത്ര നിവാരണം മഹതിയുടെ അനുഭവത്തിലൂടെ ലഭ്യമായി. ഒരു ഹജ്ജ് കൊണ്ട് ലോകാവസാനം വരെ ഹാജിമാർക്കുണ്ടായേക്കാവുന്ന മുഴുവൻ സംശയങ്ങൾക്കും നിവാരണം നൽകി എന്നത് ആശ്ചര്യകരമായ ഒരു പഠനമാണ്.
ആഇശ(റ) മക്കയിലേക്ക് എത്തി. അവർക്കാകട്ടെ സമയം വളരെ കുറവുമായിരുന്നു. അപ്പോൾ അവരോട് ഹജ്ജിനെ ഉംറയിലേക്ക് ചേർക്കാൻ പറഞ്ഞു. ഹജ്ജ് നിർവഹിച്ച ശേഷം ആഇശ(റ)യെ സഹോദരൻ അബ്ദുറഹ്മാന്റെ(റ) കൂടെ തൻഈമിലേക്ക് പറഞ്ഞയക്കുകയും അവിടെ നിന്നും ഇഹ്റാമിൽ പ്രവേശിച്ചു വന്നു ഉംറ നിർവ്വഹിപ്പിക്കുകയുമാണ് ചെയ്തത്.
തിരുനബിﷺയുടെ ഹജ്ജ് യാത്രയുടെ തുടർച്ച ഇങ്ങനെ വായിക്കാം. മദീനയിൽ നിന്നും വരുമ്പോൾ മക്കയിലേക്കുള്ള പ്രവേശന കവാടം ‘ദീ ത്വുവാ’ എത്തിയപ്പോൾ അവിടെ ഇറങ്ങുകയും തൽബിയത്ത് നിർത്തുകയും ചെയ്തു. ഞായറാഴ്ച രാവിൽ അവിടെ കഴിച്ചുകൂട്ടി. ദുൽഹജ്ജ് നാലിനായിരുന്നു ഇത്. നേരം പുലർന്നപ്പോൾ കുളിച്ച് അവിടെ നിന്നു തന്നെ സുബ്ഹി നിസ്കരിച്ചു. ശേഷം മക്കയിലേക്ക് പുറപ്പെട്ടു. പകൽ സമയത്ത് മക്കയുടെ ഉയർന്ന ഭാഗത്ത് കൂടെയാണ് പ്രവേശിച്ചത്.
‘അൽഹുജൂനി’ലായിരുന്നു സ്വഹാബികളുണ്ടായിരുന്നത്. ശേഷം ളുഹാ സമയത്ത് മസ്ജിദുൽ ഹറാമിലേക്ക് വന്നു. ബാബുൽ കഅ്ബയുടെ ഭാഗത്തു കൂടി അകത്തേക്ക് പ്രവേശിച്ചു. ഹജറുൽ അസ്‌വദിന്റെ ഭാഗത്തു നിന്നും ത്വവാഫ് ആരംഭിച്ചു.
Tweet 1111
ഹജ്ജ് നിർവഹണ വേളയിൽ തിരുനബിﷺയുടെ കർമങ്ങളുടെ തുടർച്ച ഇമാം ബുഖാരി(റ) ഇങ്ങനെ പഠിപ്പിക്കുന്നു. നടന്നു കൊണ്ട് നബിﷺ കഅ്ബയെ പ്രദക്ഷിണം ചെയ്തു. ആദ്യത്തെ മൂന്ന് ചുറ്റ്, കാലുകൾ അടുപ്പിച്ചു വെച്ച് വേഗത്തിൽ നടക്കുന്ന റംല് രീതിയിലും ബാക്കിയുള്ള നാല് ചുറ്റ് സാധാരണ നടത്തത്തിലും പൂർത്തീകരിച്ചു. ഓരോ നടത്തത്തിലും ഹജറുൽ അസ്‌വദിനെയും റുക്നുൽ യമാനിയേയും സ്പർശിക്കുന്നുണ്ടായിരുന്നു. ചുമലിലുണ്ടായിരുന്ന മുണ്ടു കൊണ്ട് ഇള്ത്വിബാഅ് അഥവാ മേൽ മുണ്ടിന്റെ ഇടതു ഭാഗം ചുമലിനു മുകളിലൂടെയും വലതുഭാഗം വലതുകക്ഷത്തിന് അടിയിലൂടെയും ധരിക്കുന്ന രീതിയിൽ അണിഞ്ഞു. മുണ്ടിന്റെ രണ്ടറ്റങ്ങളും ഇടതു ചുമലിലായിരുന്നു ഉണ്ടായിരുന്നത്. ഹജറുൽ അസ്‌വദിന്റെ ഭാഗത്ത് എത്തുമ്പോഴെല്ലാം ജനങ്ങളുടെ ആധിക്യം അവിടെ ഉണ്ടായിരുന്ന കാരണത്താൽ തന്റെ കൈയിലുള്ള വടി കൊണ്ടോ അല്ലെങ്കിൽ കൈ കൊണ്ടോ സ്പർശിക്കുകയും എന്നിട്ട് അതിൽ ചുംബിക്കുകയും ചെയ്തു. ആദ്യത്തെ മൂന്ന് ചുറ്റ് റംല് നടത്തുമ്പോഴും റുക്നുൽ യമാനിക്കും ഹജറുൽ അസ്‌വദിനും ഇടക്ക് നടക്കുവാൻ തിരുനബിﷺ കൽപ്പിച്ചു.
ഹജറുൽ അസ്‌വദിന്റെയും റുക്നുൽ യമാനിയുടെയും ഇടയിൽ “റബ്ബനാ ആതിനാ ഫിദ്ദുന്‍യാ ഹസന, വഫില്‍ ആഖിറതി ഹസനത്തന്‍, വഖിനാ അദാബന്നാര്‍.”എന്ന സവിശേഷമായ പ്രാർഥന തിരുനബിﷺയുടെ പതിവായിരുന്നു. ത്വവാഫിൽ നിന്നും വിരമിച്ച ശേഷം മഖാമു ഇബ്റാഹീമിന്റെ പിറകിൽ ചെന്ന് സൂറത്തുൽ ബഖറയിലെ 125 ആം സൂക്തം പാരായണം ചെയ്തു. ഇബ്രാഹിം നബി(അ) നിസ്കരിച്ച സ്ഥലത്ത് നിങ്ങളും നിസ്കരിക്കൂ എന്നാശയമാണ് ആ സൂക്തം പങ്കുവെക്കുന്നത്. ശേഷം, അവിടെ വച്ച് രണ്ടു റക്അത്തു നിസ്കരിച്ചു. അപ്പോൾ നബിﷺയുടെയും കഅ്ബയുടെയും ഇടയിലായിരുന്നു മഖാമു ഇബ്റാഹീം ഉണ്ടായിരുന്നത്.
വീണ്ടും തിരുനബിﷺ ഹജറുൽ അസ്‌വദിന്റെ അടുത്തേക്ക് തന്നെ വന്നു. സ്പർശിക്കുകയും ചുംബിക്കുകയും ചെയ്തു. ത്വവാഫ് നിർവഹിച്ചതിനു ശേഷം ഹജറുൽ അസ്‌വദിന്റെ നേരെയുള്ള വാതിലിലൂടെ സ്വഫ കുന്നിലേക്ക് കയറി. അടുത്തെത്തിയപ്പോൾ വിശുദ്ധ ഖുർആൻ സൂറത്തുൽ ബഖറയിലെ 158ആം സൂക്തം പാരായണം ചെയ്തു. പ്രസ്തുത സൂക്തത്തിന്റെ പ്രാഥമിക ആശയം ഇങ്ങനെയാണ്. “തീര്‍ച്ചയായും സ്വഫായും മര്‍വയും അല്ലാഹു നിശ്ചയിച്ച ചിഹ്നങ്ങളിൽ പെട്ടതാകുന്നു. കഅ്ബയിൽ ചെന്ന് ഹജ്ജോ ഉംറഃയോ നിര്‍വഹിക്കുന്ന ഏതൊരാളും അവയിലൂടെ വലയം വെച്ചു നടക്കുന്നതില്‍ പന്തികേടൊന്നുമില്ല. ആരെങ്കിലും സ്വയം സന്നദ്ധനായി സല്‍കര്‍മം ചെയ്യുകയാണെങ്കില്‍ തീര്‍ച്ചയായും അല്ലാഹു കൃതജ്ഞതയുള്ളവനും സര്‍വ്വജ്ഞനുമാകുന്നു.
‘ഫലാ ജുനാഹ’ പ്രയോഗത്തിനാണ് പന്തികേടില്ല എന്നർഥം കൽപ്പിച്ചിരിക്കുന്നത്. എന്നാൽ സ്വഫാ, മർവ എന്നീ കുന്നുകൾക്കിടയിൽ അങ്ങോട്ടുമിങ്ങോട്ടുമായി ഏഴു പ്രാവശ്യം നടക്കുക എന്ന സഇയ്യ് കർമം ഹജ്ജിന്റെയും ഉംറയുടെയും നിർബന്ധമായ അനുഷ്ഠാനമാണ്. അല്ലാഹു ആദ്യം പറഞ്ഞ സ്ഥലത്തുനിന്ന് ഞാൻ തുടങ്ങട്ടെ എന്ന് പറഞ്ഞുകൊണ്ട് സഫയിൽ നിന്നാണ് തിരുനബിﷺ സഇയ്യ് ആരംഭിച്ചത്. എല്ലാ തീർഥാടകരും ഇന്നും അങ്ങനെയാണ് നിർവഹിക്കുന്നതും നിർവഹിക്കേണ്ടതും.
ഇവിടെയെല്ലാം തിരുനബിﷺ സവിശേഷമായ പ്രാർഥനകൾ നിർവഹിച്ചു. എല്ലാ പ്രാർഥനകളുടെയും ഉള്ളടക്കം അല്ലാഹുവിന്റെ ഏകത്വത്തെ വാഴ്ത്തുന്നതും അവൻ്റെ അധികാരത്തെ പുകഴ്ത്തി പറയുന്നതും അവൻ്റെ കാരുണ്യത്തെ തേടുന്നതുമായിരുന്നു. ഈ കർമങ്ങളെല്ലാം തിരുനബിﷺ നിർവഹിച്ചത് സ്വഹാബികളോടൊപ്പമായിരുന്നു. എന്റെ നടപടികളിൽ നിന്നും നിങ്ങൾ ആരാധനാക്രമങ്ങളെ സ്വീകരിക്കൂ എന്ന പൊതുവായ നിർദ്ദേശത്തിൽ സ്വഹാബികൾ തിരുനബിﷺയിൽ നിന്ന് കർമങ്ങളെ പകർത്തിയെടുത്തു.
Tweet 1112
സഇയ്യിൻ്റെ വേളയിൽ തിരുനബിﷺയുടെ പ്രഖ്യാപനം വന്നു.സഫാ-മര്‍വക്കിടയിലെ നടത്തവും കഅ്ബയെ പ്രദക്ഷിണവും ചെയ്തു നിങ്ങള്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കുവിൻ. നിങ്ങള്‍ മുടി വെട്ടുവിൻ. ദുല്‍ഹജ്ജ് എട്ടുവരേക്കും ഇഹ്റാമില്‍ നിന്ന് മുക്തരായി കഴിഞ്ഞുകൊള്ളുവിൻ. ഹജ്ജിന്റെ ദിനങ്ങളിൽ പെട്ട യൗമുത്തർവ്വിയ ദിവസം വരുമ്പോൾ ഹജ്ജിന് ഇഹ്റാം കെട്ടുക. നിങ്ങള്‍ ആദ്യം കെട്ടിയ ഇഹ്റാം തമത്തുഇല്‍ അവസാനിപ്പിക്കുക. അപ്പോള്‍ അവര്‍ ചോദിച്ചു. എങ്ങനെയാണ് ഞങ്ങളതു തമത്തുആക്കുക? ഹജ്ജ് എന്നു പറഞ്ഞുകൊണ്ടാണല്ലോ ഇഹ്റാം കെട്ടിയിട്ടുള്ളത്? തിരുനബിﷺ പറഞ്ഞു. ഞാന്‍ നിങ്ങളോട് നിര്‍ദ്ദേശിച്ചതുപോലെ നിങ്ങൾ ചെയ്തോളൂ. ബലി മൃഗങ്ങളെ കൊണ്ടുവന്നില്ലെങ്കില്‍ നിങ്ങളോട് കല്‍പ്പിച്ചതുപോലെ ഞാനും പ്രവര്‍ത്തിക്കുമായിരുന്നു. ബലി അതിന്‍റെ സന്ദര്‍ഭത്തില്‍ നിര്‍വ്വഹിക്കും വരേക്കും ഞാന്‍ ഇഹ്റാമില്‍ നിന്ന് വിരമിക്കുകയില്ല. അപ്പോൾ സ്വഹാബികൾ കാര്യം മനസ്സിലാക്കുകയും അപ്രകാരം നിർവഹിക്കുകയും ചെയ്തു.
തിരുനബിﷺയുടെ പ്രസ്താവന അനുസരിച്ച് അവർ നിർവഹിക്കാൻ ഒരുങ്ങിയപ്പോഴും ചിലരുടെ ഹൃദയങ്ങളിൽ ഒരു ഞെരുക്കം അനുഭവപ്പെടുന്നത് പോലെ. അവരുടെ പ്രയാസങ്ങൾ മുഖത്ത് നിഴലിക്കാൻ തുടങ്ങി. കാരണം ഹജ്ജ് മാസത്തിൽ ഉംറ നിർവഹിക്കുന്നത് ഒരു ബാധകമായിട്ടായിരുന്നു മുൻകാല ജാഹിലിയ്യത്ത് വിശ്വസിച്ചിരുന്നത്. പ്രസ്തുത വിശ്വാസത്തെ മാറ്റി സ്ഥാപിക്കുക കൂടി തിരുനബിﷺയുടെ ലക്ഷ്യമായിരുന്നു. നടന്നുവന്ന രീതിയിൽ നിന്ന് മാറിപ്പോകുന്നതിനോട് മനുഷ്യസഹജമായി ഉണ്ടാകാവുന്ന നൊമ്പരത്തെ തിരുനബിﷺ തിരിച്ചറിഞ്ഞു. അവർക്ക് കൂടുതൽ ബോധ്യം നൽകുന്നതിന് വേണ്ടി തിരുനബിﷺ സംസാരിച്ച ആശയങ്ങളും വാചകങ്ങളും ഇമാം ബുഖാരി(റ) തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംക്ഷിപ്തം ഇങ്ങനെ വായിക്കാം. അല്ലാഹുവോട് ഏറ്റവും തഖ്‌വ ഉള്ളവനും സത്യസന്ധനും പുണ്യം ചെയ്യുന്നവനും ഞാനാണെന്ന് നിങ്ങൾക്കറിയാമല്ലോ? എന്റെ കൂടെ ബലിമൃഗം ഇല്ലായിരുന്നുവെങ്കിൽ നിങ്ങൾ ഇഹ്റാമിൽ നിന്ന് ഒഴിവാകുന്നത് പോലെ ഞാനും ഒഴിവാകുമായിരുന്നു. പിന്നീടുണ്ടായ കാര്യങ്ങൾ ഞാൻ മുൻകൂട്ടി കണ്ടിരുന്നു എങ്കിൽ ഞാനും ബലിമൃഗത്തെ കൊണ്ടുവരുമായിരുന്നില്ല. ഇത്രയുമായപ്പോഴേക്കും സ്വഹാബികൾ പറഞ്ഞു. ഞങ്ങൾ ഇഹ്റാമിൽ നിന്ന് ഒഴിവാകുകയാണ്. ഞങ്ങൾ അവിടുത്തെ സന്ദേശങ്ങൾ കേൾക്കുകയും പൂർണ്ണമായി അനുസരിക്കുകയും ചെയ്യുന്നു.
സ്വഹാബികളുടെ ഹൃദയത്തോടും വിചാരത്തോടും ചേർന്നു നിന്നുകൊണ്ടുള്ള ഈ സംസാരം ഒരു നീരൊഴുക്ക് പോലെ അവർ സ്വീകരിച്ചു. ഒരു കടുകിട പോലും തെറ്റാതെ അനുസരിക്കാൻ അവർ മുന്നോട്ടു വന്നു. സമ്പ്രദായങ്ങളെ മാറ്റിയെഴുതാൻ ലോകത്തേതൊരു വിപ്ലവകാരിക്കും നേരിട്ടേക്കാവുന്ന പ്രതിസന്ധികളെ പുണ്യ നബിﷺ എത്ര ഹൃദ്യമായിട്ടാണ് അതിജീവിച്ചു മുന്നോട്ടുപോകുന്നത്.
ഈ ഹജ്ജ് വേളയിലെ ഓരോ നിമിഷവും നിവാരണങ്ങളുടെയും നിയമനിർമാണങ്ങളുടേതുമായിരുന്നു. അതുകൊണ്ട് ചോദ്യങ്ങൾ തുടർന്നുകൊണ്ടേയിരുന്നു. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. ഹജ്ജ് ഉംറയിലേക്ക് മാറ്റുവാൻ ആവശ്യപ്പെട്ടതിന് ശേഷം സുറാഖത്തുബ്നു മാലിക്(റ) തിരുനബിﷺയോട് ചോദിച്ചു. ‘അല്ലാഹുവിന്റെ പ്രവാചകരെﷺ, ഈ നിയമം ഈ വർഷത്തേക്ക് മാത്രമുള്ളതാണോ അതോ എന്നന്നേക്കും ഉള്ളതാണോ? തിരുനബിﷺ തന്റെ വിരലുകൾ ചേർത്ത് പിടിച്ചു കൊണ്ട് പറഞ്ഞു. ഉംറ ഹജ്ജിൽ പ്രവേശിച്ചു. ഇത് രണ്ടു തവണ ആവർത്തിച്ചു. എന്നിട്ട് പറഞ്ഞു. ഇത് എന്നെന്നേക്കുമുള്ള നിയമമാണ്.
ഇസ്‌ലാമിക നിയമനിർമാണത്തിന്റെയും രൂപീകരണത്തിന്റെയും ചരിത്ര നിമിഷങ്ങളെയും നിയമ നിർദ്ദേശങ്ങളെയും രേഖപ്പെടുത്താൻ പറ്റുന്ന രാപ്പകലുകളായിരുന്നു തിരുനബിﷺയുടെ ഹജ്ജിന്റെ ദിവസങ്ങൾ.
Tweet 1113
നിലനിന്നിരുന്ന പല തെറ്റിദ്ധാരണകളും തിരുത്താൻ തിരുനബിﷺ ഈ സന്ദർഭം ഉപയോഗിച്ചു. ഹജ്ജിന്റെയോ ഉംറയുടെയോ ഭാഗമല്ലാതെയും കഅ്ബയെ ത്വവാഫ് ചെയ്യൽ സുന്നത്താണ്. എന്നാൽ, തിരുനബിﷺ ഇപ്പോൾ അത് നിർവഹിച്ചാൽ നിർബന്ധമാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തിരുനബിﷺ ആ സമയത്ത് ത്വവാഫിന് ഒരുങ്ങിയില്ല. ഉമ്മത്തിന് ലഘൂകരണം ഉണ്ടാക്കാനായിരുന്നു തിരുനബിﷺ ഇഷ്ടപ്പെട്ടിരുന്നത്. ഹജ്ജ് തുടങ്ങുന്ന ദിവസം വരെയും അബ്ത്വഹിൽ തന്നെയാണ് നബിﷺ താമസിച്ചത്. ഈ ദിവസങ്ങളിലെല്ലാം നിസ്കാരം ചുരുക്കി അഥവാ ഖസ്ർ ആക്കിയായിരുന്നു നിർവഹിച്ചിരുന്നത്. എന്നാൽ ജംആക്കിയിരുന്നില്ല. അഥവാ രണ്ട് സമയത്തെ നിസ്കാരം ചേർത്തു നിസ്കരിക്കാതെ ഓരോന്നും അതിന്റെ സമയങ്ങളിൽ നിർവഹിച്ചു. ഈ വിവരങ്ങളെല്ലാം ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്യുന്നുണ്ട്.
ഹജ്ജിലേക്കുള്ള നാളുകളെണ്ണി തിരുനബിﷺ കഴിയുന്നതിനിടയിൽ അലിയ്യ്(റ) യമനിൽ നിന്ന് അവിടെ എത്തിച്ചേർന്നു. ഹജ്ജിന്റെ ഇഹ്റാം നിർവഹിച്ചു ബലിമൃഗത്തെയും കരുതിയാണ് വന്നത്. തിരുനബിﷺയൂം അലി(റ)യും കൊണ്ടുവന്ന ബലിമൃഗങ്ങൾ ഒരുമിച്ച് കൂടിയപ്പോൾ അതു 100 ഒട്ടകങ്ങളായിരുന്നു.
നബിﷺ അബ്തഹിലായിരിക്കെ തന്നെ അബൂമൂസൽ അശ്അരി(റ)യും യമനിൽ നിന്നു വന്നു. അദ്ദേഹത്തോട് നബിﷺ ചോദിച്ചു. നിങ്ങൾ ബലിമൃഗം കൂടെ കൊണ്ടു വന്നിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു, ഇല്ല പ്രവാചകരെﷺ. നിങ്ങൾ കഅ്ബ ത്വവാഫ് ചെയ്യുക. സഫാ മർവക്കിടയിൽ സഅയ് നടത്തുക. ശേഷം ഇഹ്റാമിൽ നിന്ന് ഒഴിവാകുകയും ചെയ്യുക. തിരുനബിﷺ അവർക്ക് നിർദ്ദേശം നൽകി. ഈ സംഭവം ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്യുന്നു.
ദുൽഹജ്ജ് മാസം എട്ടാം തീയതി തിരുനബിﷺ കൂടെയുള്ളവരെയും കൊണ്ട് മിനായിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച ദിവസം ളുഹാ സമയത്തായിരുന്നു അത്. നബിﷺ ഇഹ്റാമിൽ തന്നെയാണല്ലോ ഉള്ളത്. എന്നാൽ ഉംറ കഴിഞ്ഞ് ഇഹ്റാമിൽ നിന്ന് ഒഴിവായവർ ഈ ദിവസത്തിൽ വീണ്ടും ഹജ്ജിന്റെ ഇഹ്റാമിൽ പ്രവേശിച്ചു. തിരുനബിﷺയും സ്വഹാബിമാരും മിനായിൽ എത്തി. ളുഹ്റും അസ്റും മഗ്‌രിബും ഇശാഉം അതാത് സമയങ്ങളിൽ തന്നെ നിസ്കരിച്ചു. നാല് റക്അത്തുള്ള നിസ്കാരങ്ങൾ രണ്ട് റക്അത്താക്കി ചുരുക്കി ഖസ്റാക്കിയാണ് നിർവഹിച്ചത്. ഒരു ദിവസം മിനായിൽ താമസിച്ച ശേഷം ദുൽഹജ്ജ് ഒമ്പതിന് സുബ്ഹി നിസ്കരിച്ചു. ശേഷം സൂര്യോദയം വരെ കാത്തു നിന്നു. അന്ന് ഒരു വെള്ളിയാഴ്ചയായിരുന്നു.
സൂര്യോദയം കഴിഞ്ഞതും തിരുനബിﷺ അറഫയിലേക്ക് നീങ്ങി. അറഫയിൽ നബിﷺക്ക് വേണ്ടി ഒരു ടെന്റ് നിർമിക്കാൻ കൽപ്പിച്ചു. ഹറമിന്റെ പരിധിക്ക് പുറത്തായിരുന്നു അത്. അതായത് ഹറം അവസാനിക്കുകയും അറഫയിലേക്ക് പ്രവേശിക്കുകയും ചെയ്യുന്നതിന്റെ ഇടക്കുള്ള സ്ഥലം. ‘ള്വബ്ബ്’ എന്ന പേരിൽ അറിയപ്പെടുന്ന സ്ഥലത്ത് കൂടെയായിരുന്നു തിരുനബിﷺ അറഫയിലേക്ക് പ്രവേശിച്ചത്.
നബിﷺയുടെ കൂടെയുണ്ടായിരുന്ന സ്വഹാബിമാരിൽ ചിലർ തൽബിയത് ചൊല്ലുകയായിരുന്നു. മറ്റുചിലർ തക്ബീർ മുഴക്കുകയായിരുന്നു. തിരുനബിﷺ ആരെയും എതിർത്ത് സംസാരിച്ചിട്ടില്ല. അറഫയിൽ എത്താറായപ്പോൾ നബിﷺക്ക് വേണ്ടി നിർമിക്കപ്പെട്ട ടെന്റ് കണ്ടു. അപ്പോൾ അവിടെ ഇറങ്ങി. സൂര്യൻ മധ്യത്തിൽ നിന്നും നീങ്ങിയപ്പോൾ തിരുനബിﷺയുടെ വാഹനം ഖസ്വാഅ് കൊണ്ടുവരാൻ ആവശ്യപ്പെടുകയും അതിലേറി മുന്നോട്ട് നീങ്ങുകയും ചെയ്തു. ‘ഉർന’ താഴ്‌വരയിൽ എത്തിയപ്പോൾ വാഹനപ്പുറത്ത് ഇരുന്നു കൊണ്ട് തന്നെ സ്വഹാബികൾക്ക് വേണ്ടി ഉജ്ജ്വലമായ ഒരു പ്രഭാഷണം നടത്തി. ഇസ്‌ലാമിലെ അടിസ്ഥാന നിയമങ്ങൾ അതിൽ ഉറപ്പിച്ചു പറഞ്ഞു. ശിർക്കിന്റെ അടിസ്ഥാനങ്ങളെയും ജാഹിലിയ്യാ സ്വഭാവങ്ങളെയും മാറ്റിമറിക്കുകയും നന്മയുടെ ഉജ്ജ്വലമായ ഭാവങ്ങളെ അവതരിപ്പിക്കുകയും ചെയ്തു.
Tweet 1114
അറഫ ദിനത്തിന്റെ മധ്യാഹ്നത്തിൽ ളുഹ്റിന്റെ ബാങ്ക് വിളിച്ചപ്പോൾ ളുഹറും അസറും ജംആക്കി നിസ്കരിച്ചു. അതിനുശേഷം ഒട്ടകപ്പുറത്ത് കയറി അറഫയിൽ നിൽക്കാൻ ഉദ്ദേശിച്ച സ്ഥലത്തെത്തി. ഒട്ടകത്തിന്റെ പള്ള ഭാഗം അറഫയിലുള്ള പാറകൾക്ക് നേരെയാക്കി നിർത്തി. എന്നിട്ട് നബിﷺ ഖിബ്‌ലക്കഭിമുഖമായി നിന്നു. സൂര്യാസ്തമയം വരെ ഈ നിർത്തം തുടർന്നു.
തിരുനബിﷺ അന്ന് നോമ്പനുഷ്ഠിച്ചിരുന്നില്ല. എന്നാൽ ചിലയാളുകൾക്കിടയിൽ നബിﷺക്ക് നോമ്പാണ് എന്ന ഒരു സംശയമുണ്ടായിരുന്നു. ഈ സംഭവത്തെക്കുറിച്ച് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നത് ഇങ്ങനെയാണ്. ഹാരിസി(റ)ന്റെ മകൾ ഉമ്മുൽ ഫള്ൽ(റ) ആഇശ(റ)യിൽ നിന്നും ഉദ്ധരിക്കുന്നു. അറഫ ദിവസത്തിലെ തിരുനബിﷺയുടെ നോമ്പിനെ കുറിച്ച് ചില ആളുകൾ അവർക്ക് മുമ്പിൽ വെച്ച് തർക്കിച്ചു. നബിﷺ നോമ്പുകാരനാണ് എന്ന് ചിലർ. അല്ല, നോമ്പ് എടുത്തിട്ടില്ല എന്ന് മറ്റു ചിലരും അഭിപ്രായപ്പെട്ടു. ഈ സന്ദർഭത്തിൽ ഉമ്മുൽ ഫള്ൽ(റ) ഒരു പാത്രം പാൽ നബിﷺക്ക് കൊടുത്തയച്ചു. തിരുനബിﷺ അറഫയിൽ നിൽക്കെ ആ പാൽ വാങ്ങി കുടിക്കുകയും ചെയ്തു.
അറഫയിൽ നിൽക്കുന്നവരോട് പ്രസ്തുത ഭൂപ്രദേശത്ത് എവിടെയും നിൽക്കാമെന്ന് തിരുനബിﷺ അറിയിച്ചു. ഉറനാ താഴ്‌വരയിൽ നിന്ന് മാറിനിൽക്കാൻ പ്രത്യേകം നിർദ്ദേശിച്ചു. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഈ സംഭവം കാണാം. അറഫാ ദിനത്തിൻ്റെ മഹത്വത്തെക്കുറിച്ച് തിരുനബിﷺ പറഞ്ഞത് ഇപ്രകാരമാണ്. മഹതി ആഇശ(റ)യിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. അറഫാ ദിനത്തിൽ നരകത്തിൽ നിന്ന് മോചിപ്പിക്കുന്ന അത്രയും ആളുകളെ മറ്റൊരു ദിവസവും അല്ലാഹുതആല നരകത്തിൽ നിന്ന് മോചിപ്പിക്കുന്നില്ല. അല്ലാഹു സമീപസ്ഥനായി മലക്കുകളോട് ചോദിക്കും. എൻ്റെ അടിമകൾ എന്താണ് ആഗ്രഹിക്കുന്നത് എന്ന്. അറഫയിൽ ഒരുമിച്ചു കൂടിയ അടിമകളോട് അല്ലാഹു ഏറെ പ്രിയവും കാരുണ്യവും കാണിക്കും.
തിരുനബിﷺയുടെ ഹജ്ജ് ലോകത്തിന് സമർപ്പിക്കപ്പെട്ട ഏറ്റവും ഉജ്വലമായ പ്രത്യയശാസ്ത്രത്തിന്റെ പൂർത്തീകരണ പ്രഖ്യാപനം കൂടിയായിരുന്നു. പരിശുദ്ധ ഖുർആനിലെ അഞ്ചാം അധ്യായത്തിലെ മൂന്നാം സൂക്തം പ്രസ്തുത വിളംബരം നിർവഹിച്ചു. ആശയം ഇപ്രകാരമാണ്. “ഇന്ന് ഞാൻ നിങ്ങൾക്ക് നിങ്ങളുടെ മതം പൂർത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങൾക്ക് നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. ഇസ്‌ലാമിനെ മതമായി ഞാൻ നിങ്ങൾക്ക് തൃപ്തിപ്പെട്ടു തന്നിരിക്കുന്നു.”
ഇസ്‌ലാം സംസ്കൃതിയുടെ പൂർത്തീകരണ പ്രഖ്യാപനം കേട്ടപ്പോൾ അനുവാചകർ മുഴുവൻ ആനന്ദത്തിലും സന്തോഷത്തിലുമായി. എന്നാൽ, മതം പൂർത്തീകരിക്കപ്പെടുന്നതോടെ പ്രവാചക ദൗത്യവും പൂർത്തിയാവുകയാണല്ലോ! തിരുനബിﷺയുടെ വിയോഗത്തെ കൂടിയാണ് ഈ സൂക്തം സൂചിപ്പിക്കുന്നത് എന്ന് മനസ്സിലാക്കിയ സ്വഹാബികൾ മനസ്സറിഞ്ഞ് കരയാൻ തുടങ്ങി. ഉമറുബ്നുൽ ഖത്വാബ്(റ) അങ്ങനെ കരഞ്ഞവരിൽ പ്രമുഖരായിരുന്നു. മഹാനവർകളുടെ അത്തരമൊരു വിചാരവും ചിന്തയും അസ്ഥാനത്തായിരുന്നില്ല. ഈ സംഭാഷണത്തിന്റെ 80 ദിവസത്തിനുശേഷം തിരുനബിﷺ ലോകത്തോട് വിടപറയുകയും ചെയ്തു.
അറഫയിലെ ഏറെ സമയവും തിരുനബിﷺ പ്രാർത്ഥനയിൽ തന്നെയായിരുന്നു. സൂര്യൻ അസ്തമിച്ച് പ്രകാശമെല്ലാം മറഞ്ഞു എന്നു വന്നപ്പോൾ ‘മഅ്സമീൻ’ വഴി തിരുനബിﷺ മുസ്ദലിഫയിലേക്ക് പുറപ്പെട്ടു.
അന്ത്യനാൾ വരെയുള്ള കോടാനുകോടി മനുഷ്യർക്ക് അറഫയിൽ ഉണ്ടാവേണ്ട ആചാരങ്ങളെയും ആലോചനകളെയും വ്യക്തവും ക്ലിപ്തവുമായി അവതരിപ്പിച്ചു കൊണ്ടാണ് തിരുനബിﷺയുടെ അറഫാ പകൽ കടന്നുപോയത്. തിരുനബിﷺ നിർവഹിച്ച അറഫാ പ്രഭാഷണം ഏതുകാലത്തും പുതുമയോടെ വായിക്കപ്പെടുകയും ആലോചനകൾക്ക് വിധേയമാവുകയും ചെയ്യുന്നു. ഓരോ വാചകങ്ങളും എക്കാലത്തും പ്രസക്തവും പ്രാധാന്യവും അർഹിക്കുന്നു.
Tweet 1115
അറഫയിൽ നിന്നും മുസ്ദലിഫയിലേക്ക് വളരെ ശാന്തമായിട്ടായിരുന്നു തിരുനബിﷺയുടെ യാത്ര. ഉസാമത്ത് ബിൻ സൈദും(റ) തിരുനബിﷺയോടൊപ്പം ഉണ്ടായിരുന്നു. തിക്കിലും തിരക്കിനുമിടയിൽ തിരുനബിﷺയുടെ യാത്രയെ കുറിച്ച് ഹദീസ് പറയുന്നത് ഇങ്ങനെയാണ്. ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന നിവേദനത്തിൽ ഇബ്നു അബ്ബാസ്(റ) വിശദീകരിക്കുന്നു. തിരുനബിﷺയോടൊപ്പം അറഫയിൽ നിന്നും നീങ്ങിത്തുടങ്ങിയപ്പോൾ പിറകിൽ നിന്നും ജനങ്ങളുടെ ശബ്ദങ്ങളും ഒട്ടകങ്ങളെ തെളിക്കുന്ന ശബ്ദ കോലാഹലങ്ങളും കേട്ടു. ഈ സന്ദർഭത്തിൽ അവിടുത്തെ കൈവശമുള്ള വടി അവർക്ക് നേരെ ചൂണ്ടിക്കൊണ്ട് പറഞ്ഞു. അല്ലയോ ജനങ്ങളെ, നിങ്ങൾ ശാന്തത പാലിക്കുക. തിക്കും തിരക്കും കൂട്ടി മൃഗങ്ങളെ തെളിക്കുന്നതിലല്ല പുണ്യമുള്ളത്.
തിരുനബിﷺ അവർക്കിടയിലൂടെ അവധാനതയോടെ മുന്നോട്ട് നീങ്ങി. നടക്കുന്ന സന്ദർഭത്തിൽ ജനങ്ങളുടെ വിടവുകൾ കണ്ടാൽ വേഗത്തിൽ അവിടേക്ക് പ്രവേശിക്കും. നീണ്ടു നിൽക്കുന്ന മണൽ തിട്ടകൾ കണ്ടാൽ ഒട്ടകത്തിന് സൗകര്യ പ്രകാരം നടക്കാൻ വേണ്ടി അതിന്റെ കടിഞ്ഞാൺ അൽപ്പം നീട്ടി കൊടുക്കും. മുസ്ദലിഫയിലേക്കുള്ള വഴിയിൽ രണ്ടു മലകൾക്കിടയിൽ ഇടുങ്ങിയ പ്രദേശത്ത് എത്തിയപ്പോൾ തിരുനബിﷺ വാഹനപ്പുറത്ത് നിന്ന് ഇറങ്ങുകയും പ്രാഥമികാവശ്യം നിർവഹിക്കുകയും ലളിതമായ രീതിയിൽ വുളൂഅ് നിർവഹിക്കുകയും ചെയ്തു. അപ്പോൾ ഉസാമതുബ്നു സൈദ്(റ) ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, നിസ്കരിക്കാൻ വേണ്ടി ആണോ? നിസ്കാരം ഇനിയും മുന്നോട്ടു പോയതിനു ശേഷമാണ് എന്ന് അവിടുന്ന് പ്രതികരിക്കുകയും ചെയ്തു. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്ത ഹദീസിൽ ഇക്കാര്യമുണ്ട്.
തുടർന്ന് തിരുനബിﷺ ഒട്ടകപ്പുറത്ത് കയറി വീണ്ടും മുന്നോട്ടു നീങ്ങി. മുസ്ദലിഫയിൽ എത്തിയതിനു ശേഷം അവിടെ ഇറങ്ങുകയും പരിപൂർണ്ണമായി വുളൂഅ് നിർവഹിക്കുകയും ഇഖാമത് കൊടുത്തു മഗ്‌രിബ് നിസ്കരിക്കുകയും ചെയ്തു. ശേഷം സ്വഹാബികൾ എല്ലാവരും ഒട്ടകങ്ങളെ മുട്ട് കുത്തിച്ചു. പിന്നീട് ഇഖാമത് കൊടുത്തു ഇശാഅ് നിസ്കരിച്ചു. മഗ്‌രിബിനും ഇശാഇനും ഇടയിൽ സുന്നത്ത് നിസ്കാരങ്ങളൊന്നും നിർവഹിച്ചില്ല. ഇമാം ബുഖാരി(റ) തന്നെ ഇക്കാര്യം നിവേദനം ചെയ്യുന്നുണ്ട്.
തഹജ്ജുദ് നിസ്കാരം തിരുനബിﷺ ഇവിടെവച്ചുതന്നെ നിർവഹിച്ചതായി നിവേദനങ്ങൾ പറയുന്നുണ്ട്. ചന്ദ്രൻ പൂർണ്ണമായും മറഞ്ഞു, രാത്രിയുടെ മധ്യഭാഗം കഴിഞ്ഞപ്പോൾ സ്ത്രീകൾക്കും കുട്ടികൾക്കും ദുർബലരായ മനുഷ്യർക്കും മുസ്‌ദലിഫ വിട്ടുപോകാൻ തിരുനബിﷺ സമ്മതം നൽകി. ഇവിടെ അനുബന്ധമായ ഒരു കാര്യം ഇമാം ബുഖാരി(റ) മഹതി ആഇശ(റ)യിൽ നിന്ന് നിവേദനം ചെയ്യുന്നു. മഹതി പറഞ്ഞു. ഞങ്ങൾ മുസ്ദലിഫയിൽ ഇറങ്ങിയപ്പോൾ തിരക്ക് കൂടുന്നതിന് മുമ്പ് മുസ്ദലിഫ വിട്ടുപോകുവാൻ സൗദ(റ) തിരുനബിﷺയോട് അനുവാദം ചോദിച്ചു. വളരെ സാവകാശം നടക്കുന്നവരായിരുന്നു അവർ. നബിﷺ അവർക്ക് സമ്മതം നൽകി. അങ്ങിനെ ജനങ്ങളുടെ തിരക്ക് വരുന്നതിനു മുമ്പ് അവർ മുസ്ദലിഫയിൽ നിന്നും പുറപ്പെട്ടു. ഞങ്ങൾ പുലരുവോളം മുസ്ദലിഫയിൽ തന്നെ കഴിഞ്ഞു. തിരുനബിﷺയോടൊപ്പമാണ് ഞങ്ങൾ പുറപ്പെട്ടത്.
കുടുംബത്തിലെ ദുർബലരോടൊപ്പം ഞാനും പുറപ്പെട്ടിരുന്നു എന്ന് അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറയുന്നതായി ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നുണ്ട്.
ഹജ്ജിന്റെ കർമങ്ങളിലും അനുഷ്ഠാനങ്ങളിലും മനുഷ്യൻ്റെ സാഹചര്യങ്ങൾക്കും ആരോഗ്യസ്ഥിതിക്കും അനുസരിച്ച് വിശാലമായ നിയമസൗകര്യങ്ങൾ ഇസ്‌ലാം നൽകിയിട്ടുണ്ട്. അതിൽ നിന്ന് ഒരു അധ്യായം കൂടിയാണ് നാം വായിച്ചത്. ഇത്തരം നിവേദനങ്ങൾ കൂടി അടിസ്ഥാനപ്പെടുത്തി മദ്ഹബിന്റെ ഇമാമുകൾ അനുഷ്ഠാന നിയമങ്ങളെ ക്രമീകരിക്കുകയും ചെയ്തിട്ടുണ്ട്.
Tweet 1116
ദുൽഹജ്ജ് പത്തിന് സുബ്ഹി ആകുന്നതുവരെ ഞങ്ങൾ മുസ്ദലിഫയിൽ കഴിഞ്ഞുകൂടി. ബാങ്കും ഇഖാമത്തും കൊടുത്തു സ്വഹാബികളെയും കൂട്ടി നബിﷺ സുബ്ഹി നിസ്കരിച്ചു. ശേഷം തിരുനബിﷺ ഒട്ടകപ്പുറത്ത് കയറി മശ്അറുൽ ഹറാമിലേക്ക് വന്നു. അവിടെ നിന്നു കൊണ്ട് ഖിബ്‌ലക്കഭിമുഖമായി ദീർഘനേരം പ്രാർഥിച്ചു. അല്ലാഹുവിനെ വാഴ്ത്തുകയും തക്ബീർ അഥവാ അല്ലാഹു അക്ബർ ചൊല്ലിക്കൊണ്ടിരുന്നു. സൂര്യനുദിക്കുന്നതിനു മുൻപ് വെളിച്ചം നന്നായി പരക്കുന്നതുവരെ പ്രാർഥനയിൽ തന്നെ കഴിഞ്ഞു. മശ്അറുൽ ഹറാമിൽ നിൽക്കുമ്പോൾ നബിﷺ സ്വഹാബിമാരോട് പറഞ്ഞു. “ഞാൻ ഇവിടെ നിന്നു. നിങ്ങൾക്ക് മുസ്ദലിഫയിൽ എവിടെയും നിൽക്കാവുന്നതാണ്.” ഇമാം മുസ്‌ലിം(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇക്കാര്യങ്ങൾ വിശദീകരിക്കുന്നു.
മുസ്ദലിഫയിൽ നിന്നും മിനായിലേക്കുള്ള യാത്രയിലാണ് തിരുനബിﷺ എറിയാനാവശ്യമായ കല്ലുകൾ പെറുക്കി എടുത്തത്. ഇമാം അഹ്മദ്(റ), ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. ബലിപെരുന്നാൾ ദിവസം രാവിലെ മുസ്ദലിഫയിൽ വച്ച് തിരുനബിﷺ എന്നോട് പറഞ്ഞു. വരൂ എനിക്ക് കല്ല് പെറുക്കിത്തരൂ. ഞാൻ നബിﷺക്കാവശ്യമായ കല്ലുകൾ എടുത്തു കൊടുത്തു. നബിﷺ അവകൾ കയ്യിൽ വാങ്ങി വെച്ചു കൊണ്ട് പറഞ്ഞു. ശരി. ഇത്തരം കല്ലുകൾ കൊണ്ടാണ് എറിയേണ്ടത്. മതകാര്യങ്ങളിൽ അതിരു കവിയുന്നതിനെ നിങ്ങൾ സൂക്ഷിക്കുക. മതത്തിൽ അതിരു കവിഞ്ഞതാണ് ഗതകാല സമൂഹങ്ങൾ നശിച്ചു പോകാൻ കാരണമായത്.
സൂര്യൻ ഉദിക്കുന്നതിനു മുമ്പു തന്നെ തിരുനബിﷺ മുസ്ദലിഫയിൽ നിന്ന് പുറപ്പെട്ടു. മക്കയിലെ ബഹുദൈവ വിശ്വാസികളിൽ നിന്ന് വിപരീതമായ രീതിയായിരുന്നു അത്. അവർ ഹജ്ജ് നിർവഹിക്കുമ്പോൾ സൂര്യനുദിച്ചതിനു ശേഷമല്ലാതെ മുസ്ദലിഫയിൽ നിന്നും പുറപ്പെടാറുണ്ടായിരുന്നില്ല. തിരുനബിﷺയുടെ പിറകിൽ ഇബ്നു അബ്ബാസും(റ) ഉണ്ടായിരുന്നു. ബഹുമാനപ്പെട്ടവർ പറഞ്ഞതായി ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ഒരു സ്ത്രീ വന്നു തിരുനബിﷺയോട് ചോദിച്ചു. എന്റെ ഉമ്മ ഹജ്ജ് ചെയ്യാൻ നേർച്ച നേർന്നിരുന്നു. പക്ഷെ ഉമ്മ മരണപ്പെട്ടുപോയി. എന്റെ ഉമ്മാക്ക് വേണ്ടി ഞാൻ ഹജ്ജ് ചെയ്യാൻ പറ്റുമോ? ഉമ്മാക്ക് വേണ്ടി നിങ്ങൾ ഹജ്ജ് ചെയ്തു കൊള്ളുക. തിരുനബിﷺ പ്രതികരിച്ചു. നിങ്ങളുടെ ഉമ്മാക്ക് കടം ഉണ്ടെങ്കിൽ ആ കടം നിങ്ങൾ വീട്ടുന്നതല്ലേ? അവർ പറഞ്ഞു, അതെ. എങ്കിൽ അല്ലാഹുവിനുള്ളതും അഥവാ നേർച്ച നേർന്നതും നിങ്ങൽ വീട്ടിക്കൊള്ളുക. വീടാൻ ഏറ്റവും അർഹതപ്പെട്ടത് അല്ലാഹുവിനോടുള്ള ബാധ്യതയാണ്.
തുടർന്നുള്ള ഭാഗം ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. വളരെ അവധാനതയോടെയും ശാന്തതയോടെയുമായിരുന്നു തിരുനബിﷺ മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നത്. എന്നാൽ വാദിയ മുഹസ്സർ എത്തിയപ്പോൾ നടത്തത്തിന് അല്പം വേഗത കൂട്ടി. മഹസ്സർ താഴ്‌വര കഴിഞ്ഞപ്പോൾ മിനായിൽ എറിയുവാനുള്ള കല്ലുകൾ എടുത്തുകൊള്ളാൻ സ്വഹാബികളോട് തിരുനബിﷺ നിർദേശിച്ചു.
ഇമാം ബുഖാരി(റ)യുടെ നിവേദന തുടർച്ച ഇങ്ങനെയാണ്. ഇബ്നു അബ്ബാസ്(റ) പറയുന്നു. മിനായിൽ എത്തുന്നതുവരെ തിരുനബിﷺ തൽബിയത്ത് ചൊല്ലിക്കൊണ്ടേയിരുന്നു. ആ സമയത്ത് ഇബ്നു അബ്ബാസി(റ)നെ നബിﷺ പിറകിൽ നിർത്തിയിരുന്നു. മിനായിൽ നിന്ന് വരുമ്പോൾ മൂന്നാമത്തെ ജംറ അഥവാ ജംറതുൽ അഖബയിലെത്തിയപ്പോൾ നബിﷺ താഴ്‌വരയുടെ താഴ്ഭാഗത്തു നിന്നു. കഅ്ബയെ ഇടതുവശത്തും മിനാ വലതു ഭാഗത്തുമാക്കി ജംറക്ക് അഭിമുഖമായി നബിﷺ നിന്നു. ഒട്ടകപ്പുറത്ത് തന്നെയിരുന്നു ചെറിയ ഏഴ് കല്ലുകൾ കൊണ്ട് തക്ബീർ ചൊല്ലി ജംറകളിലേക്ക് എറിഞ്ഞു. ദുൽഹജ്ജ് 10 പെരുന്നാൾ ദിവസത്തിലെ ഹജ്ജുമായി ബന്ധപ്പെട്ട ആദ്യത്തെ കർമമായിരുന്നു ഇത്.
Tweet 1117
ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ജാബിർ(റ) പറയുന്നു. അറവ് ദിനത്തിൽ അഥവാ ദുൽഹിജ്ജ പത്തിന് തിരുനബിﷺ അവിടുത്തെ വാഹനപ്പുറത്തിരുന്ന് ജംറയിലേക്കുള്ള കല്ലേറ് നിർവഹിച്ചുകൊണ്ട് ഇങ്ങിനെ പറയുന്നുണ്ടായിരുന്നു. നിങ്ങൾ നിങ്ങളുടെ ഹജ്ജിന്റെ കർമങ്ങൾ എന്നിൽനിന്നും സ്വീകരിക്കുക. കാരണം, ഈ ഹജ്ജിന് ശേഷം ഞാൻ ഇനി ഹജ്ജ് ചെയ്‌തേക്കുമോ എന്ന് എനിക്ക് അറിയുകയില്ല.
ഏതാണ്ട് ളുഹാ സമയത്തായിരുന്നു തിരുനബിﷺ ഇവിടെ എത്തിയത്. ജംറകൾക്കിടയിൽ നിന്നു കൊണ്ട് അവിടുന്ന് ഒരു പ്രഭാഷണം നടത്തി. തിരുനബിﷺയുടെ വാക്കുകളെ വീണ്ടും ശബ്ദത്തിൽ ഏറ്റു പറഞ്ഞിരുന്നത് അലി(റ)യായിരുന്നു. സ്വഹാബികൾ നബിﷺക്ക് ചുറ്റും നിന്നും ഇരുന്നും ആ പ്രഭാഷണം ശ്രദ്ധിച്ചു. അറഫയിൽ പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി ഊന്നിപ്പറഞ്ഞുകൊണ്ടുള്ള സംസാരമായിരുന്നു അത്.
ഇമാം ബുഖാരി(റ)യുടെ നിവേദനത്തിൽ നിന്ന് പ്രസ്തുത സംഭാഷണത്തിന്റെ ഉള്ളടക്കം ഇങ്ങനെ വായിക്കാം. “അബൂബകറത്(റ) പറയുന്നു. ബലിയുടെ ദിവസം തിരുനബിﷺ ഞങ്ങളോട് പ്രസംഗിച്ചു. അവിടുന്ന് ചോദിച്ചു. ഇത് ഏത് ദിവസമാണെന്ന് നിങ്ങൾക്കറിയാമോ? ഞങ്ങൾ പറഞ്ഞു. അല്ലാഹുവിനും അവന്റെ ദൂതനുംﷺ അറിയാം. അൽപനേരം നബിﷺ നിശബ്ദമായി നിന്നു. അറിയപ്പെടുന്ന പേരല്ലാത്ത മറ്റൊരു പേര് പറയുമെന്നാണ് ഞങ്ങൾ കരുതിയത്. നബിﷺ ചോദിച്ചു. ഇത് ബലി നിർവഹിക്കുന്ന ദിനം അഥവാ യൗമുന്നഹ്ർ അല്ലേ? ഞങ്ങൾ പറഞ്ഞു. അതേ, തീർച്ചയായും. നബിﷺ വീണ്ടും ചോദിച്ചു. ഇത് ഏത് മാസമാണ്? ഞങ്ങൾ പറഞ്ഞു. അല്ലാഹുവിനും റസൂലിﷺനും അറിയാം. അല്പ സമയം നബിﷺ നിശബ്ദത പാലിച്ചു. ഏതെങ്കിലും പുതിയ പേര് പറയുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു. ഉടനെ നബിﷺ ചോദിച്ചു. ഇത് ദുൽഹജ്ജ് മാസമല്ലേ? ഞങ്ങൾ പറഞ്ഞു. അതെ, തീർച്ചയായും. നബിﷺ ചോദിച്ചു. ഇത് ഏത് രാജ്യമാണ്? അല്ലാഹുവിനും അവന്റെ പ്രവാചകനുംﷺ അറിയാമെന്ന് ഞങ്ങൾ പറഞ്ഞു. നബിﷺ അല്പസമയം ഒന്നും പറഞ്ഞില്ല. ഈ രാജ്യത്തിനു നിലവിലുള്ള പേരല്ലാത്ത മറ്റൊരു പേര് പറയുമായിരിക്കുമെന്ന് ഞങ്ങൾ കരുതി. പക്ഷേ നബി ﷺ ചോദിച്ചു. ഇത് പവിത്ര രാജ്യം അഥവാ അൽ ബലദുൽ ഹറാം അല്ലെ? ഞങ്ങൾ പറഞ്ഞു. അതെ, തീർച്ചയായും. നബിﷺ പറഞ്ഞു. ഈ ദിവസത്തിന്റെയും മാസത്തിന്റെയും രാജ്യത്തിന്റെയും പവിത്രത പോലെ നിങ്ങൾ നിങ്ങളുടെ റബ്ബിനെ കണ്ടുമുട്ടുന്ന ദിവസം വരെ നിങ്ങളുടെ രക്തവും സമ്പത്തും പവിത്രമാണ്. ഞാൻ സന്ദേശം നിങ്ങൾക്ക് എത്തിച്ചു തന്നില്ലേ? അവർ പറഞ്ഞു. അതെ, എത്തിച്ചു തന്നു. നബിﷺ പറഞ്ഞു. അല്ലാഹുവേ നീ തന്നെ സാക്ഷി! ഇവിടെ ഹാജരുള്ളവർ ഇല്ലാത്തവർക്ക് എത്തിച്ചു കൊടുക്കുക. സന്ദേശം ലഭിക്കുന്ന എത്രയോ ആളുകൾ നേരിട്ടു കേൾക്കുന്നവരെക്കാൾ മനസ്സിലാക്കാൻ ശേഷിയുള്ളവരായിരിക്കും. എനിക്കു ശേഷം നിങ്ങൾ പരസ്പരം കഴുത്തുവെട്ടി സത്യ നിഷേധികളായി മടങ്ങരുത്.
ബലിപെരുന്നാൾ ദിവസം തിരുനബിﷺ നിരന്തരമായ ഉപദേശങ്ങൾ നൽകി. ഒപ്പമുണ്ടായിരുന്നവരെ ഓരോ ഭാഗങ്ങളിൽ താമസിപ്പിച്ചു. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. മുഹാജിറുകളെ ഖിബ്‌ലയുടെ വലത് ഭാഗത്തും അൻസ്വാറുകളെ ഇടത് ഭാഗത്തുമായാണ് താമസിപ്പിച്ചത്. മറ്റുള്ള ജനങ്ങളെ അവർക്ക് ചുറ്റും താമസിപ്പിച്ചു. തിരുനബിﷺയാകട്ടെ മിനയിൽ നിസ്കാര സ്ഥലത്ത് ഇമാമ് നിൽക്കുന്നതിന്റെ ഇടതു ഭാഗത്തും ഇറങ്ങി.
ആളുകളെല്ലാം തിരുനബിﷺക്ക് ചുറ്റും തന്നെ കൂടി. മുൻ പരിചയമില്ലാത്ത പല കർമക്രമങ്ങളും അവരിൽ സംശയങ്ങളുയർത്തി. അപ്പപ്പോൾ അവർ നബിﷺയോട് നിവാരണം തേടിക്കൊണ്ടിരുന്നു. കൂടുതൽ ചോദ്യങ്ങളും ആദ്യമേത് ചെയ്യണം പിന്നെ എന്തു ചെയ്യണം എന്ന ക്രമത്തെ കേന്ദ്രീകരിച്ചു കൊണ്ടായിരുന്നു. ഓരോ ചോദ്യങ്ങളും ശ്രദ്ധാപൂർവ്വം കേട്ട് തിരുനബിﷺ നിവാരണം നൽകിക്കൊണ്ടിരുന്നു.
Tweet 1118
അബ്ദുല്ലാഹിബ്നു അംറ് ബ്നു ആസ്വി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. വിടവാങ്ങൽ ഹജ്ജ് വേളയിൽ മിനയിൽ വെച്ച് അല്ലാഹുവിന്റെ തിരുദൂതർﷺ ജനങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി കൊടുക്കാൻ വേണ്ടി നിന്നു കൊടുത്തു. അപ്പോൾ ഒരാൾ വന്നു ചോദിച്ചു. ഞാൻ അറുക്കുന്നതിന് മുൻപ് തലമുണ്ഡനം ചെയ്തു. എനിക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. നബിﷺ പറഞ്ഞു. അറുത്തു കൊള്ളുക വിരോധമില്ല. മറ്റൊരാൾ ചോദിച്ചു. ഞാൻ ഏറ് നടത്തുന്നതിനു മുമ്പ് ബലിയറുത്തു. എനിക്ക് അതിനെക്കുറിച്ച് അറിയുമായിരുന്നില്ല. തിരുനബിﷺ പറഞ്ഞു. എറിഞ്ഞു കൊള്ളുക കുഴപ്പമില്ല. വ്യത്യസ്ത ക്രമങ്ങളിൽ നിർവഹിച്ച ഏതെല്ലാം പ്രവർത്തനങ്ങളെക്കുറിച്ച് അന്ന് ചോദിക്കപ്പെട്ടുവോ അതിനെല്ലാം ‘ചെയ്തു കൊള്ളുക വിരോധമില്ല’ എന്ന മറുപടിയാണ് അവിടുന്ന് നൽകിയത്.
ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. അന്നത്തെ ദിവസം തിരുനബിﷺ ഓരോ വിഭാഗം ആളുകളെയും ഓരോ ഭാഗത്തു താമസിപ്പിച്ചു. മുഹാജിറുകളെ ഖിബ്‌ലയുടെ വലത് ഭാഗത്തും അൻസ്വാറുകളെ ഇടത് ഭാഗത്തുമാണ് താമസിപ്പിച്ചത്. മറ്റുള്ള ജനങ്ങളെ അവർക്ക് ചുറ്റും. തിരുനബിﷺയാകട്ടെ മിനയിലെ നിസ്കാര സ്ഥലത്ത് ഇമാമ് നിൽക്കുന്നതിന്റെ ഇടത് ഭാഗത്തും താമസമാക്കി.
ബലിപെരുന്നാളിന്റെ ദിവസം ബലിഅറുക്കലും വിതരണം ചെയ്യലും ഒരു പ്രധാനപ്പെട്ട കർമമാണല്ലോ! അതു സംബന്ധമായി ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിന്റെ ആശയം ഇങ്ങനെയാണ്. മിനയിലെ അറവിന്റെ സ്ഥാനത്തേക്ക് തിരുനബിﷺ നീങ്ങി. 63 ഒട്ടകങ്ങളെയാണ് തിരുനബിﷺ അറുത്തത്. ബാക്കിയുള്ള 37 ഒട്ടകങ്ങളെ അറുക്കുവാൻ അലി(റ)യോട് തിരുനബിﷺ തന്നെ കൽപ്പിച്ചു. തിരുനബിﷺ അതിൽ നിന്ന് ഭക്ഷിക്കുകയും പാവങ്ങൾക്ക് വിതരണം ചെയ്യാൻ അലി(റ)യോട് കൽപ്പിക്കുകയും ചെയ്തു. ബലിമൃഗങ്ങളെ മിനയിൽ വെച്ചു കൊണ്ട് തന്നെ പാകം ചെയ്യുകയും നബിﷺയും അലി(റ)വും അതിൽ നിന്ന് ഭക്ഷിക്കുകയും അതിന്റെ കറി കുടിക്കുകയും ചെയ്തു.
ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. ബലിമൃഗത്തിന്റെ മാംസവും തൊലിയും കുളമ്പുകളുമെല്ലാം ദാനം ചെയ്യുവാൻ തിരുനബിﷺ അലി(റ)യെ ഏൽപിച്ചു. അറവിന്റെ പ്രതിഫലമായി അതിൽ നിന്ന് ഒന്നും എടുക്കരുത് എന്നും പ്രത്യേകം കല്പിച്ചു.
സ്വഹാബികൾ ഓരോരുത്തരും അവരവരുടെ ബലിമൃഗങ്ങളെ അറുത്തു. ഒട്ടകം, മാട് എന്നിവയിൽ ഏഴു പേർ വരെ കൂറ് ചേർന്നും ആടുകളെ ഓരോരുത്തരുടേത് എന്ന നിലയിലുമാണ് ബലി നിർവ്വഹിച്ചത്. തമത്തുഇന്റെ ഹജ്ജിലായിരുന്ന പത്‌നിമാരുടെ പേരിലും തിരുനബിﷺ ബലി നിർവ്വഹിച്ചു.
ഇതിനിടയിലുണ്ടായ ഒരു വേറിട്ട സംഭവം അബ്ദുല്ലാഹിബ്നു അബ്ബാസ്(റ)വിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ബഹുമാനപ്പെട്ടവർ നബിﷺയുടെ പിറകിലായിരുന്നു ഉണ്ടായിരുന്നത്. ഈ സന്ദർഭത്തിൽ ഖശ്അം ഗോത്രത്തിൽ പെട്ട ഒരു സ്ത്രീ നബിﷺയുടെ അടുക്കലേക്കു വന്നു. ഇബ്നു അബ്ബാസ്(റ) ആ സ്ത്രീയെ ഒന്ന് നോക്കി. ആ സ്ത്രി ഇബ്നു അബ്ബാസി(റ)നെയും നോക്കുന്നുണ്ടായിരുന്നു. അപ്പോൾ തിരുനബിﷺ ഇബ്നു അബ്ബാസി(റ)ന്റെ മുഖം മറുഭാഗത്തേക്ക് തിരിച്ചു. ആ സ്ത്രീ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെﷺ, എന്റെ വൃദ്ധനായ പിതാവിന് ഹജ്ജ് നിർബന്ധമായിരിക്കുന്നു. എന്നാൽ, വാഹനപ്പുറത്ത് ഉറച്ചിരിക്കാൻ അദ്ദേഹത്തിന് കഴിയുകയില്ല. പകരം അദ്ദേഹത്തിന് വേണ്ടി എനിക്ക് ഹജ്ജ് ചെയ്യാൻ പറ്റുമോ? അപ്പോൾ നബിﷺ പറഞ്ഞു, ചെയ്യാം.
തിരുനബിﷺയുടെ അധ്യാപനങ്ങളുടെയും ഒപ്പം നടക്കുന്നവരുടെ ആത്മീയ ചിട്ടയിൽ തിരുനബിﷺയുടെ ശ്രദ്ധ എത്രമാത്രമുണ്ടായിരുന്നു എന്നതിന്റെയും ലളിതമായ ഒരുദാഹരണമാണിത്. ഏത് സമയത്തും തിരുനബിﷺയോട് ആർക്കും നിവാരണങ്ങൾ നടത്താനും വൈജ്ഞാനിക അന്വേഷണങ്ങൾ നിർവഹിക്കാനും സാധിക്കുന്ന വിധം പൊതുജനങ്ങളോട് ഇടകലർന്നുകൊണ്ടായിരുന്നു തിരുനബിﷺയുടെ ജീവിതം.
Tweet 1119
ബലികർമത്തിന് ശേഷം തിരുനബിﷺ തങ്ങളുടെ ബാർബറെ വിളിച്ചു തല മുണ്ഡനം ചെയ്തു. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. മഅ്മറുബ്നു അബ്ദില്ലാഹിൽ അദ്‌വി(റ) ആയിരുന്നു തിരുനബിﷺയുടെ തല മുണ്ഡനം ചെയ്തത്. “ആദ്യം വലതു ഭാഗത്തെയും ശേഷം ഇടതു ഭാഗത്തെയും മുടിയെടുക്കാൻ അദ്ദേഹത്തോട് നബിﷺ പറഞ്ഞു. ജനങ്ങൾക്കിടയിൽ ആ മുടി വിതരണം ചെയ്യുകയും ചെയ്തു.
തിരുനബിﷺയുടെ കേശവും ശേഷിപ്പുകളും എങ്ങനെയായിരുന്നു സ്വഹാബികൾ കൈകാര്യം ചെയ്തിരുന്നത് എന്ന് പല അധ്യായങ്ങളിൽ നമ്മൾ വായിച്ചു പോയിട്ടുണ്ട്. നമ്മൾ സാധാരണ മനുഷ്യർ. നമ്മുടെ മുടിയും നഖവും മറ്റുശേഷിപ്പുകളും എന്നതിനോട് ചേർത്തു കൊണ്ടല്ല തിരുനബിﷺയുടേത് വായിക്കേണ്ടത്. അല്ലാഹുവിൻ്റെ സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠരായവരുടെ തിരു ശരീരത്തിലെ ശേഷിപ്പുകൾ. അടിസ്ഥാനപരമായ വ്യക്തി വിശേഷവും മഹത്വങ്ങളും മുന്നിൽവച്ച് കൊണ്ട് വായിക്കുമ്പോഴാണ് ഇത്തരം അധ്യായങ്ങളുടെ സാരം ബോധ്യപ്പെടുന്നത്. രത്നവും കല്ലാണ് പക്ഷേ സാധാരണ കല്ലല്ല. സ്വർണ്ണവും ലോഹമാണ് സാധാരണ ലോഹമല്ല. നാമെല്ലാവരും അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്യുന്ന യാഥാർത്ഥ്യങ്ങളാണല്ലോ ഇതെല്ലാം. തിരുനബിﷺ മനുഷ്യനാണ് എന്നാൽ സാധാരണ മനുഷ്യനല്ല. ഇത്രയേ ഉള്ളൂ ഈ അധ്യായത്തിൽ മനസ്സിലാക്കാൻ.
തിരുനബിﷺയെ നേരിട്ട് അനുഭവിച്ച സ്വഹാബികൾ അവിടുത്തെ സമീപിച്ചത് എങ്ങനെയെന്ന് വായിക്കാനുള്ള അധ്യായം കൂടിയാണ്. ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ ശിരസ്സിൽ നിന്നും നീക്കം ചെയ്യുന്ന ഓരോ കേശങ്ങളും സ്വഹാബികളുടെ കൈകളിലായിരുന്നു പതിച്ചിരുന്നത്.
തിരുനബിﷺയോടൊപ്പം ഉണ്ടായിരുന്ന സ്വഹാബികളുടെ നടപടിയെ നാം ഇങ്ങനെ വായിക്കാം. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ കൂടെയുണ്ടായിരുന്നവരിൽ ചിലർ തല മുണ്ഡനം ചെയ്യുകയും ചില ആളുകൾ മുടി വെട്ടുകയും ചെയ്തു. മുടി വടിച്ചവർക്ക് കാരുണ്യത്തിനും പാപമോചനത്തിനുമായി നബിﷺ മൂന്നു തവണ പ്രാർഥിച്ചു. മുടി വെട്ടിയവർക്ക് ഒരു തവണയും പ്രാർഥിച്ചു.
തലമുണ്ഡനം ചെയ്തതിനു ശേഷം അവിടുത്തെ ഇഹ്റാമിന്റെ വസ്ത്രം അഴിച്ചു വെക്കുകയും സാധാരണ വസ്ത്രം ധരിക്കുകയും ചെയ്തു. സുഗന്ധം പൂശി. പ്രിയ പത്നി ആഇശ(റ)യാണ് സുഗന്ധം പുരട്ടി കൊടുത്തത്. കസ്തൂരിയുടെ ചേരുവ ഉണ്ടായിരുന്ന സുഗന്ധമായിരുന്നു ഉപയോഗിച്ചത്. തവാഫുൽ ഇഫാളയുടെ അഥവാ ഹജ്ജിന്റെ നിർബന്ധ ഭാഗമായ ത്വാവാഫിന് മുമ്പായിരുന്നു ഇത് ചെയ്തത്.
തുടർന്നുള്ള കർമങ്ങളെ സൂചിപ്പിച്ചുകൊണ്ട് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ അവിടുത്തെ ഒട്ടകപ്പുറത്ത് കയറി ളുഹ്റിന് മുമ്പായി മസ്ജിദുൽ ഹറാമിലേക്ക് വന്നു. ഒട്ടകപ്പുറത്ത് ഇരുന്നു കൊണ്ട് തന്നെയാണ് അവിടുന്ന് ത്വവാഫ് നിർവഹിച്ചത്. മറ്റുള്ള ആളുകൾ കാണുന്നതിന് വേണ്ടിയായിരുന്നു അത്. കാരണം തിരുനബിﷺയിൽ നിന്നാണല്ലോ ജനങ്ങൾ പഠിക്കേണ്ടത്. മാത്രമല്ല ജനങ്ങൾക്ക് ചോദിച്ചറിയുവാനുള്ള അവസരവും വേണ്ടതുണ്ടായിരുന്നു. ത്വവാഫിന്റെ സന്ദർഭത്തിൽ ഓരോ ചുറ്റിലും നബിﷺ തങ്ങളുടെ കയ്യിലുള്ള വടികൊണ്ട് ഹജറുൽ അസ്‌വദിനെ സ്പർശിച്ചിരുന്നു. വടി കൊണ്ട് അതല്ലെങ്കിൽ കയ്യിലുള്ള വസ്തുകൊണ്ട് അതിലേക്ക് ചൂണ്ടിക്കാണിക്കുകയും അല്ലാഹു അക്ബർ എന്ന് പറയുകയും ചെയ്തിട്ടുണ്ട്.
ഹജ്ജിന്റെ ത്വവാഫ് ഏതുവിധമാണ് നിർവഹിക്കേണ്ടത് എന്ന് തിരുനബിﷺ തന്നെ നേരിട്ട് പ്രായോഗികമായി അവതരിപ്പിക്കുന്ന ഏക സന്ദർഭമായിരുന്നു ഇത്. അനുയായികൾക്കൊപ്പം തന്നെ ചേർന്നുകൊണ്ട് അനുഷ്ഠാനങ്ങൾ പൂർത്തിയാക്കാനും അപ്പപ്പോൾ വരുന്ന ആശങ്കകൾ അകറ്റി മുന്നോട്ടു പോകാനും തിരുനബിﷺ ആവശ്യം പോലെ അവസരങ്ങൾ നൽകി.
Tweet 1120
ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ത്വവാഫ് നിർവഹിച്ചതിനു ശേഷം സംസമിന്റെ അടുക്കലേക്ക് ചെന്നു. അബ്ദുൽ മുത്തലിബിന്റെ സന്തതികളായിരുന്നു വെള്ളം കോരി കൊടുത്തിരുന്നത്. നബിﷺ അവരോടു വെള്ളം ആവശ്യപ്പെടുകയും ഒരു പാത്രത്തിൽ അവർ വെള്ളം എടുത്തു കൊടുക്കുകയും നബിﷺ അതിൽ നിന്നും കുടിക്കുകയും ചെയ്തു. ശേഷം, ഇങ്ങനെ പറഞ്ഞു. നിങ്ങൾ നിങ്ങളുടെ ജോലി തുടർന്നു കൊള്ളുക. ഏറ്റവും നല്ല പ്രവൃത്തിയാണ് നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്.
തുടർന്നുള്ള കർമങ്ങളെക്കുറിച്ച് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. ‘ത്വവാഫുൽ ഇഫാള’ നിർവഹിച്ചതിനു ശേഷം അന്നേ ദിവസം തന്നെ നബിﷺ മിനയിലേക്ക് മടങ്ങി. അയ്യാമുത്തശ്’രീഖിന്റെ മൂന്നു ദിവസങ്ങളും മിനയിൽ താമസിച്ചു. കൂടെയുള്ളവരോടൊപ്പം ഓരോ സമയത്തെയും നിസ്കാരങ്ങൾ ജമാഅത്തായി ചുരുക്കി അഥവാ ഖസ്റാക്കി നിർവഹിച്ചു. ബശീറുബ്നു സുഹൈം(റ) എന്ന സ്വഹാബിയോട് ഇപ്രകാരം വിളിച്ചു പറയുവാൻ തിരുനബിﷺ കല്പിച്ചു. അറിയുക! സത്യ വിശ്വാസികൾ അല്ലാതെ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല! അയ്യാമുത്തശ്’രീഖിന്റെ ദിവസങ്ങൾ കഴിക്കാനും കുടിക്കാനുമുള്ള ദിവസങ്ങളാണ്.
അയ്യാമുത്തശ്’രീഖിന്റെ ദിവസങ്ങളിൽ തിരുനബിﷺ നിർവഹിച്ച പ്രധാന കർമം ജംറയിൽ പോയി കല്ലേറു നിർവഹിക്കുക എന്നതായിരുന്നു. ഓരോ ദിവസവും മധ്യാഹ്നത്തിനു ശേഷം കാൽനടയായി പോയി ഏറു കഴിഞ്ഞു മടങ്ങി വരികയായിരുന്നു പതിവ്. പെരുന്നാൾ ദിവസം ഒരു ജംറയിൽ മാത്രമായിരുന്നു എറിഞ്ഞതെങ്കിൽ തുടർന്നുള്ള മൂന്നു ദിവസങ്ങളിൽ മൂന്നു ജംറകളിലും ഏഴു കല്ലുകൾ വീതം എറിഞ്ഞിരുന്നു.
അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ ഏഴു കല്ലുകൾ വീതമാണ് എറിഞ്ഞത്. ഓരോ കല്ലുകൾ എറിയുമ്പോഴും അല്ലാഹുഅക്ബർ എന്ന് പറയും. ഒന്നാമത്തെയും രണ്ടാമത്തെയും ജംറകളിൽ എറിഞ്ഞതിനു ശേഷം അല്പം മുമ്പോട്ടു നീങ്ങി ഖിബ്‌ലക്കഭിമുഖമായി നിന്ന് കൈകളുയർത്തി പ്രാർഥിച്ചിരുന്നു. ശേഷം താഴ്‌വരയുടെ ഭാഗത്തു നിന്ന് കൊണ്ട് ജംറത്തുൽ അഖബയിൽ എറിയും. ജംറത്തുൽ അഖബയിൽ എറിഞ്ഞതിനു ശേഷം അവിടെ നിൽക്കാറുണ്ടായിരുന്നില്ല. ശേഷം, ജംറകളിൽ നിന്ന് തിരിച്ചു പോരും. ഇപ്രകാരമാണ് തിരുനബിﷺ ചെയ്യുന്നതായി ഞാൻ കണ്ടിട്ടുള്ളതു്.
ഇതിൻ്റെ തുടർച്ച ഇമാം ബുഖാരി(റ) രേഖപ്പെടുത്തുന്നു. ഏറു കഴിഞ്ഞു തിരിച്ചു വരുന്ന വഴിയിൽ മസ്ജിദുൽ ഖൈഫിൽ കയറി രണ്ട് റക്അത് ളുഹ്ർ നിസ്കരിക്കുകയും ചെയ്യും. മിനയിൽ താമസിച്ച ദിവസങ്ങളിൽ നബിﷺ മസ്ജിദുൽ ഹറാമിലേക്ക് പോയിട്ടില്ല. നേരെമറിച്ച് ത്വവാഫുൽ വിദാഇനു വേണ്ടി പോകുന്നതു വരെ മിനയിൽ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ആളുകൾക്ക് വെള്ളം കുടിക്കാൻ കൊടുക്കാനുള്ളത് കൊണ്ട് അയ്യാമുത്തശ്’രീഖിന്റെ ദിവസങ്ങളിൽ മക്കയിൽ താമസിക്കുവാൻ അബ്ബാസ്(റ) എന്നവർ തിരുനബിﷺയോട് അനുവാദം ചോദിച്ചു. അവിടുന്ന് അദ്ദേഹത്തിന് സമ്മതം നൽകി.
ഒട്ടകത്തെ മേയ്ക്കുന്ന ഇടയന്മാരും മിനയുടെ പുറത്ത് താമസിക്കുവാനും വൈകി എറിയുവാനും തിരുനബിﷺയോട് അനുവാദം ചോദിക്കുകയും അവർക്ക് ഇളവ് നൽകുകയും ചെയ്തു എന്ന് ഇമാം അഹ്മദി(റ)ന്റെ നിവേദനത്തിൽ കാണാം.
മിനയിൽ താമസിച്ച മൂന്നു ദിവസങ്ങളിലും തിരുനബിﷺയുടെ വൈജ്ഞാനിക ഉപദേശങ്ങളുണ്ടായിരുന്നു. അബൂ നള്ർ(റ)വിൽ നിന്നും ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അയ്യാമുത്തശ്’രീഖിന്റെ ദിവസങ്ങളിൽ തിരുനബിﷺയുടെ ഖുത്വുബ കേട്ട ഒരാൾ ഇങ്ങനെയാണ് എന്നോട് പങ്കുവെച്ചത് “അല്ലയോ ജനങ്ങളെ, അറിയുക! നിങ്ങളുടെ റബ്ബ് ഏകനാണ്. അറിയുക! അറബിക്ക് അനറബിയെക്കാൾ ഒരു ശ്രേഷ്ഠതയുമില്ല. അനറബിക്ക് അറബിയെക്കാളും മഹത്വമില്ല. ചുവന്നവന് കറുത്തവനെക്കാളോ കറുത്തവന് ചുവന്നവനെക്കാളോ മഹത്വങ്ങളില്ല. മഹത്വങ്ങളുടെ മാനദണ്ഡം തഖ്‌വയാണ്. തിരുനബിﷺ തുടർന്ന് ഇങ്ങനെ ചോദിച്ചു. ഞാൻ നിങ്ങൾക്ക് എത്തിച്ചു തന്നില്ലയോ? അഥവാ നിങ്ങൾക്ക് എത്തിച്ചു തരേണ്ട സന്ദേശം ഞാൻ കൃത്യമായി പകർന്നു തന്നില്ലയോ എന്ന്.
Tweet 1121
മിനായിലെ ആരാധനാ കർമങ്ങളും ജീവിതവും കഴിഞ്ഞ് അയ്യാമുത്തശ്’രീഖിന്റെ അവസാന ദിവസം മധ്യാഹ്നം പിന്നിട്ടതും ജംറയിൽ എറിഞ്ഞതിനു ശേഷം തിരുനബിﷺ മിനായിൽ നിന്നും പുറപ്പെട്ടു. ‘അൽ മുഹസ്വബ്’ വഴിയായിരുന്നു മടക്കം. ബനൂ കിനാനക്കാരുടെ ഒരു ഉയർന്ന പ്രദേശമായിരുന്നു അത്. ഇന്ന് ആ സ്ഥലത്ത് വഴികളും കെട്ടിടങ്ങളുമാണ്. അവിടെ എത്തിയപ്പോൾ അബൂ റാഫിഅ്(റ) തിരുനബിﷺക്ക് വേണ്ടി ഒരു ടെന്റ് ഉണ്ടാക്കിയിരുന്നു. നബിﷺ അവിടെ കയറി. ഇതു സംബന്ധിയായി ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഹദീസ് ഇങ്ങനെ വായിക്കാം. അബൂഹുറൈറ(റ) പറയുന്നു. തിരുനബിﷺ മിനയിൽ ആയിരിക്കെ ഇപ്രകാരം പറഞ്ഞു. നാളെ നാം ബനൂ കിനാനക്കാരുടെ ഉയർന്ന പ്രദേശത്ത് ഇറങ്ങുന്നതാണ്. സത്യനിഷേധത്തിന്റെ പേരിൽ അവർ പരസ്പരം സത്യം ചെയ്ത സ്ഥലമാണ് അത്. ‘അൽ മുഹസ്സബ്’ അതായത് ഖുറൈശികളും കിനാനക്കാരും ഒരുമിച്ചു കൂടി മുഹമ്മദ് നബിﷺയെ അവർക്ക് വിട്ടു കൊടുക്കുന്നത് വരെ ബനൂ ഹാശിമുമായും ബനുൽ മുത്ത്വലിബുമായും വിവാഹ ബന്ധമോ വ്യാപാരബന്ധമോ ഉണ്ടാവുകയില്ല എന്ന് പ്രതിജ്ഞ ചെയ്ത സ്ഥലമാകുന്നു അത്.
ഇമാം ബുഖാരി(റ) അനസ് ബിനു മാലികി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അനസ്(റ) പറഞ്ഞു. തിരുനബിﷺ ളുഹ്റും അസ്റും മഗ്‌രിബും ഇശാഉം മുഹസ്സബിൽ വെച്ചാണ് നിസ്കരിച്ചത്. ശേഷം അവിടെത്തന്നെ കിടന്നുറങ്ങി. പിന്നീട് കഅ്ബയിലേക്ക് പുറപ്പെടുകയും ത്വവാഫ് നിർവഹിക്കുകയും ചെയ്തു.
മൂന്നുദിവസത്തെ മിനാവാസത്തിനുശേഷം തിരുനബിﷺ നിർവഹിച്ച തുടർക്കർമങ്ങളെ കുറിച്ചാണ് അനസുബ്നു മാലിക്(റ) പറഞ്ഞു തന്നത്.
ഈ സന്ദർഭത്തിലാണ് തിരുനബിﷺയുടെ പത്നി മഹതി ആഇശ(റ) ഉംറ നിർവഹിക്കാനുള്ള ആഗ്രഹം തിരുനബിﷺയോട് പ്രകടിപ്പിച്ചത്. അപ്പോൾ നബിﷺ ആഇശ(റ)യുടെ സഹോദരൻ അബ്ദുറഹ്മാനി(റ)നോട് ആഇശ(റ)യെയും കൊണ്ട് തൻഈമിലേക്ക് പോകുവാനും അവിടെ നിന്ന് ഇഹ്റാമിൽ പ്രവേശിച്ചു ആഇശ(റ)യെ ഉംറ നിർവഹിപ്പിക്കാനും നിർദ്ദേശിച്ചു. ആഇശ(റ)യെ സന്തോഷിപ്പിക്കാൻ വേണ്ടിയായിരുന്നു അങ്ങനെ നിർദ്ദേശിച്ചത്. അതുപ്രകാരം ആഇശ(റ) തന്റെ സഹോദരൻ അബ്ദുറഹ്മാന്റെ(റ) കൂടെ തൻഈമിലേക്ക് പുറപ്പെട്ടു. ഇഹ്റാമിൽ പ്രവേശിച്ചു. മക്കയിൽ വന്ന് ഉംറയും നിർവഹിച്ചു. രാത്രിയോടു കൂടി ഉംറ പൂർത്തിയായി. അന്ന് രാത്രി തന്നെ തന്റെ സഹോദരന്റെ കൂടെ ആഇശ(റ) തിരുനബിﷺയുടെ അടുത്തേക്ക് വരികയും ചെയ്തു. തിരുനബിﷺ അപ്പോഴും മുഹസ്സബിലായിരുന്നു ഉണ്ടായിരുന്നത്. ആഇശ(റ) മടങ്ങി വന്നതിനു ശേഷമാണ് നബിﷺ തന്റെ കുടെയുള്ള ആളുകൾക്ക് പോകാനുള്ള അനുമതി നൽകിയത്.
മിനായിലെ കർമങ്ങളെല്ലാം കഴിഞ്ഞ് ആളുകളെല്ലാം ഹജ്ജ് പൂർത്തിയാക്കിയപ്പോൾ മഹതി ആഇശ(റ)ക്ക് ഉണ്ടായിരുന്ന ദുഃഖവും തുടർന്നുള്ള നിർദ്ദേശവും ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നത് ഇങ്ങനെയാണ്. ആഇശ(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെﷺ, അവിടുന്ന് ഹജ്ജും ഉംറയുമായിട്ടാണല്ലോ മടങ്ങി പോകുന്നത്. ഞാൻ ഹജ്ജ് മാത്രം കൊണ്ടാണല്ലോ മടങ്ങി പോകുന്നത്. അപ്പോൾ നബിﷺ അബ്ദുറഹ്മാനോ(റ)ട് മഹതിയുടെ കൂടെ തൻഈമിലേക്ക് പോകാൻ കൽപ്പിച്ചു. അങ്ങനെ ഹജ്ജിനു ശേഷം ദുൽഹജ്ജ് മാസത്തിൽ തന്നെ അവർ ഉംറ നിർവ്വഹിക്കുകയും ചെയ്തു.
ഇമാം ബുഖാരി(റ)യുടെ തന്നെ നിവേദനം തുടരുന്നു. ഉംറ നിർവഹിച്ചതിനു ശേഷം പാതിരാ സമയത്താണ് ആഇശ(റ) തിരുനബിﷺയുടെ അടുക്കൽ എത്തിയത്. അപ്പോൾ അവിടുന്ന് ചോദിച്ചു. ഉംറ കഴിഞ്ഞോ? ആഇശ(റ) പറഞ്ഞു, അതെ. അപ്പോൾ നബിﷺ സ്വഹാബിമാർക്ക് പോകാനുള്ള അനുമതി നൽകി. അവർ യാത്ര ആരംഭിക്കുകയും ചെയ്തു.
അപ്പോൾ അവരോട് വിടവാങ്ങൽ ത്വവാഫിനെ കുറിച്ച് തിരുനബിﷺ ഓർമപ്പെടുത്തി. ഇബ്നു അബ്ബാസ്(റ) പറയുന്നു. “അവസാനത്തെ ബന്ധം കഅ്ബയോട് ആക്കുവാൻ ജനങ്ങൾ കൽപ്പിക്കപ്പെട്ടു.” ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) റിപ്പോർട്ട് ചെയ്യുന്ന മറ്റൊരു ഹദീസിന്റെ ആശയം ഇങ്ങനെയാണ്. മുഹസ്സബിൽ താമസിച്ച ആ ദിവസം രാത്രി തന്നെ തിരുനബിﷺ സ്വഹാബിമാരോട് ത്വവാഫുൽ വിദാഇനു വേണ്ടി പുറപ്പെടാൻ കൽപിച്ചു. സുബ്ഹി നിസ്കാരത്തിന് മുമ്പായി അവർ കഅ്ബ ത്വവാഫ് ചെയ്യുകയും ചെയ്തു. ശേഷം മദീനയിലേക്ക് യാത്ര തിരിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ
Tweet 1122
എല്ലാവരും മദീനയിലേക്ക് പുറപ്പെടാമെന്ന് പറഞ്ഞപ്പോഴും ചില നിവാരണങ്ങൾ ആവശ്യമുണ്ടായിരുന്നു. ആർത്തവകാരികൾ വിടവാങ്ങൽ ത്വവാഫ് നിർവഹിക്കേണ്ടതുണ്ടോ എന്നായിരുന്നു അത്.
ആഇശ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. പ്രവാചക പത്നി സ്വഫിയ്യ ബിൻ ഹുയയ്യിന്(റ) തവാഫുൽ വിദാഇനു മുമ്പ് ആർത്തവം ആരംഭിച്ചു. ഞാൻ ഈ വിവരം തിരുനബിﷺയെ അറിയിച്ചു. അവിടുന്ന് ചോദിച്ചു. അവർ നമ്മളെ തടഞ്ഞു വെക്കുമോ? അപ്പോൾ ആയിശ(റ) പറഞ്ഞു. അവർ ത്വവാഫുല് ഇഫാള അഥവാ ഹജ്ജിന്റെ ത്വവാഫ് നിർവഹിച്ചു കഴിഞ്ഞതാണ്. അപ്പോൾ നബിﷺ പറഞ്ഞു. എങ്കിൽ വിരോധമില്ല. തവാഫുൽ വിദാഅ് നിർബന്ധമില്ല എന്ന് സാരം.
തിരുനബിﷺയും ഒപ്പമുള്ളവരും ത്വവാഫുൽ വിദാഅ് നിർവഹിച്ചതിനു ശേഷം മസ്ജിദുൽ ഹറാമിൽ നിന്നും നേരെ മദീന ലക്ഷ്യമാക്കി നീങ്ങി. മക്കയുടെ താഴ്ഭാഗത്തുള്ള കുദായ് വഴിയാണ് പുറപ്പെട്ടത്. പത്ത് ദിവസമാണ് നബിﷺ മക്കയിൽ താമസിച്ചത്. മക്കയുടെ ഉയർന്ന ഭാഗമായ ‘കദാഅ്’ എന്ന സ്ഥലത്തുകൂടെ നബിﷺ മക്കയിൽ പ്രവേശിക്കുകയും താഴ്ന്ന ഭാഗത്തു കൂടെ അഥവാ കുദായ് വഴി മടങ്ങിപ്പോവുകയും ചെയ്തു. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) ഇക്കാര്യം നിവേദനം ചെയ്യുന്നുണ്ട്.
മടക്കയാത്രയിൽ ഗദീറുഖും എന്ന സ്ഥലത്തിറങ്ങി. ഒരു ജലതടാകമായിരുന്നു അത്. അവിടെ വെച്ചു കൊണ്ട് സ്വഹാബികളോട് തിരുനബിﷺ ഒരു നീണ്ട പ്രഭാഷണം നടത്തി. അല്ലാഹുവിൻ്റെ ഗ്രന്ഥം അനുസരിച്ചുകൊണ്ട് ജീവിക്കണമെന്നും ശ്രദ്ധിക്കേണ്ട മത വിധികൾ ഏതാണെന്നും ഒക്കെ ഉൾക്കൊള്ളുന്ന ഒരു പ്രഭാഷണമായിരുന്നു അത്. സൈദുബ്നു അര്‍ഖ(റ)മിൽ നിന്ന് ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. മക്കയുടെയും മദീനയുടെയും ഇടയിലുള്ള ‘ഖുമ്മ്’ എന്ന സ്ഥലത്ത് വെച്ചു തിരൂനബിﷺ ഞങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് എഴുന്നേറ്റുനിന്നു. അല്ലാഹുവിൻ്റെ മഹത്വത്തെ വാഴ്ത്തുകയും ഞങ്ങളെ ഉപദേശിക്കുകയും ഉദ്ബോധിപ്പിക്കുകയും ചെയ്തു.
ശേഷം പറഞ്ഞു. അല്ലയോ ജനങ്ങളെ, ഞാൻ ഒരു മനുഷ്യൻ മാത്രമാണ്. അല്ലാഹുവിന്റെ ദൂതൻ എന്റെ അടുക്കലേക്ക് വരികയും ഞാൻ ഉത്തരം കൊടുക്കുകയും ചെയ്യാറായിട്ടുണ്ട്. അമൂല്യമായ രണ്ടു വസ്തുക്കൾ ഞാൻ നിങ്ങൾക്ക് തന്നേച്ചു പോവുകയാണ്. അതിലൊന്ന് അല്ലാഹുവിന്റെ ഗ്രന്ഥമാണ്. അതിൽ സന്മാർഗ്ഗവും പ്രകാശവുമുണ്ട്. അതു കൊണ്ട് അല്ലാഹുവിന്റെ കിതാബിനെ നിങ്ങൾ സ്വീകരിക്കുകയും അതിനെ മുറുകെ പിടിക്കുകയും ചെയ്യുക. അങ്ങനെ ഖുർആനിനെക്കുറിച്ച് അവർക്ക് പ്രേരണയും പ്രോത്സാഹനവും നൽകി.
ശേഷം അവിടുന്ന് പറഞ്ഞു. രണ്ടാമത്തേത് എന്റെ കുടുംബമാണ്. അഥവാ അഹ്‌ലുബൈത്. എന്റെ കുടുംബത്തിന്റെ വിഷയത്തിൽ നിങ്ങളോട് ഞാൻ അല്ലാഹുവിനെ ഓർമിപ്പിക്കുന്നു. എന്റെ കുടുംബത്തിന്റെ വിഷയത്തിൽ നിങ്ങളോട് ഞാൻ അല്ലാഹുവിനെ ഓർമിപ്പിക്കുന്നു. എന്റെ കുടുംബത്തിന്റെ വിഷയത്തിൽ നിങ്ങളോട് ഞാൻ അല്ലാഹുവിനെ ഓർമിപ്പിക്കുന്നു. സൈദുബ്നു അർഖം ഇത് പറയുമ്പോൾ ഹുസൈനുബ്നു സ്വബ്റ(റ) ചോദിച്ചു. അല്ലയോ സൈദേ(റ), ആരാണ് നബിﷺയുടെ കുടുംബം. അവിടുത്തെ ഭാര്യമാർ നബി കുടുംബമല്ലേ? സൈദുബ്നു അർഖം(റ) പറഞ്ഞു. അവിടുത്തെ ഭാര്യമാർ കുടുംബത്തിൽ പെട്ടവർ തന്നെയാണ്. എന്നാൽ അഹ്‌ലുബൈത് കൊണ്ട് ഉദ്ദേശിക്കുന്നത് തിരുനബിﷺക്കു ശേഷം സക്കാത്ത് നിഷിദ്ധമായ ആളുകളാണ്. ഹസൻ(റ) ചോദിച്ചു. ആരൊക്കെയാണ് അവർ. സൈദുബ്നു അർഖം(റ) പറഞ്ഞു. അലി(റ), അഖീൽ ജഅ്ഫർ(റ), അബ്ബാസ്(റ) തുടങ്ങിയവരുടെ കുടുംബങ്ങളാണ്. ഇവർക്കെല്ലാം സകാത് നിഷിദ്ധമാണ്. ഹുസൈൻ(റ) പറഞ്ഞു. ശരി, അഥവാ ബോധ്യമായിരിക്കുന്നു.
തുടർന്ന് അലി(റ)യുടെ മഹത്വം പ്രത്യേകം തിരുനബിﷺ എടുത്തു പറഞ്ഞു. യമനികൾ അലി(റ)ക്കെതിരെ പറഞ്ഞുണ്ടാക്കിയ ആരോപണങ്ങളിലെ യാഥാർത്ഥ്യവും അദ്ദേഹത്തിൻ്റെ നിരപരാധിത്തവും തിരുനബിﷺ പ്രത്യേകം വിശദീകരിച്ചു. എന്നാൽ, ഇതിനെ ആസ്പദമാക്കി തിരുനബിﷺക്ക് ശേഷം ഖലീഫയാവേണ്ടത് അലി(റ)യായിരുന്നു എന്ന ശിയാക്കളുടെ വാദം ശരിയല്ല.
Tweet 1123
തിരുനബിﷺ മദീനയിലേക്കുള്ള യാത്ര തുടർന്നു. ദുൽഹുലൈഫയിൽ എത്തിയപ്പോൾ രാത്രിയായി. അന്നവിടെ താമസിച്ചു. നേരം പുലർന്നപ്പോൾ മദീനയിലേക്കുള്ള യാത്ര തുടർന്നു. മദീന ദൃഷ്ടിയിൽ പെട്ടപ്പോൾ തിരുനബിﷺ മൂന്ന് തവണ ‘അല്ലാഹു അക്ബർ’ എന്ന് പറഞ്ഞു. ശേഷം സവിശേഷമായ ചില മന്ത്രങ്ങൾ ഉരുവിട്ടു. ആശയം ഇപ്രകാരമാണ്. ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല. അവനൊരു പങ്കുകാരുമില്ല. എല്ലാ അധികാരങ്ങളും അവന് മാത്രമാണ്. എല്ലാ സ്തോത്രങ്ങളും അവന്. അവൻ എല്ലാ കാര്യങ്ങൾക്കും കഴിവുള്ളവൻ. അവനോട് പശ്ചാത്തപിച്ചും അവന് ആരാധനകൾ അർപ്പിച്ചും സുജൂദ് നിർവഹിച്ചും സ്തോത്രങ്ങൾ സമർപ്പിച്ചും ഞങ്ങൾ മടങ്ങുകയാണ്. അല്ലാഹു അവന്റെ വാഗ്ദാനങ്ങൾ പാലിച്ചിരിക്കുന്നു. അവന്റെ അടിമയെ സഹായിച്ചിരിക്കുന്നു. എല്ലാ സഖ്യകക്ഷികളെയും ഒറ്റയ്ക്ക് പരാജയപ്പെടുത്തിയിരിക്കുന്നു.
ദീർഘകാലത്തെ സ്വപ്നങ്ങളുടെ പൂർത്തീകരണം. അതിജീവനത്തിന്റെയും ആശയ സംസ്ഥാപനത്തിന്റെയും പൂർത്തീകരണം സാധ്യമായിരിക്കുന്നു. എല്ലാ ഇരുട്ടുകളെയും നീക്കി വെളിച്ചം സ്ഥാപിക്കാനായി. ലോകത്തേക്ക് മുഴുവനും, എല്ലാ കാലത്തേക്കും പ്രയുക്തമായ സാർവകാലികവും സാർവദേശീയവുമായ ആശയത്തെ വിളംബരം ചെയ്തിരിക്കുന്നു. ലോകത്തെ ഏറ്റവും അനുഗ്രഹീതമായ ജന്മത്തിന്റെയും നിയോഗത്തിന്റെയും ദൗത്യം പൂർണമായി സമർപ്പിക്കപ്പെട്ടു കഴിഞ്ഞു. വിടവാങ്ങൽ ഹജ്ജ് കഴിഞ്ഞ് മദീനയിലേക്ക് പോകുമ്പോൾ തിരുനബിﷺയുടെ സഞ്ചാരത്തിന്റെ ഓരോ ചുവടുകളും ലോകത്തോട് പങ്കുവെച്ച ആശയങ്ങളാണിത്.
തിരുനബി കാലം വരെയുള്ള ഓരോ യുഗമാറ്റങ്ങളും അടുത്ത ഒരു പ്രവാചകനുവേണ്ടി ദാഹിക്കുന്നതായിരുന്നു. ഇനിയൊരു പ്രവാചകന്റെയും നിയോഗം ആവശ്യമില്ലാത്ത വിധം അല്ലാഹുവിൻ്റെ സന്ദേശം ലോകത്ത് വിളംബരം ചെയ്യപ്പെട്ടു. ഇനിയൊരു പ്രവാചകനിയോഗം ഉണ്ടാവില്ലെന്ന ആധികാരിക പ്രഖ്യാപനത്തോടെയാണ് തിരുനബിﷺയുടെ മടക്കയാത്ര.
മക്കയിലെ അറഫയിൽ വച്ച് വിളംബരത്തിന്റെ മഹാസമ്മേളനം കഴിഞ്ഞപ്പോൾ അഭയവും ആശയവും നൽകിയ മദീനയിൽ അല്പനാളത്തെ ആഘോഷ ജീവിതത്തിനു വേണ്ടിയുള്ള സഞ്ചാരം പോലെ, വിശ്രമിക്കാൻ നിശ്ചയിക്കപ്പെട്ട ഭൂമിയിലേക്കുള്ള തീർത്ഥാടനം പോലെ, അന്ത്യനാൾ വരെയുള്ള പരകോടികൾ സ്വീകരിക്കാൻ ഏറ്റവും അനുഗ്രഹീതമായ ഇടം തീർത്ഥാടന കേന്ദ്രമായി നിശ്ചയിക്കാനുള്ള പുറപ്പാട് പോലെ, ലോകത്ത് കഴിഞ്ഞുപോയതോ വരാനുള്ളതോ ആയ ഒരു യാത്രയെക്കുറിച്ചും ഒരു സഞ്ചാരത്തെക്കുറിച്ചും വർണ്ണിക്കാനും വിവരിക്കാനും ഭാഷയും വിചാരങ്ങളും ഇത്രമേൽ ദാരിദ്ര്യപ്പെടുന്നുണ്ടാവില്ല.
അത്രമേൽ അക്ഷരങ്ങൾക്കും ആലോചനകൾക്കും വഴങ്ങാത്തത്രയും വിശാലമാണ് തിരുനബിﷺയുടെ ഈ മടക്കയാത്രയുടെ ഉള്ളടക്കം; അതിലെ ഓരോ പാദചലനങ്ങളുടെയും ആശയ സമൃദ്ധി. ഇരുപത്തിമൂന്നോളം വർഷങ്ങൾക്കു മുമ്പ് ഒരു പ്രഘോഷണത്തോടെ ആരംഭിച്ച പ്രവാചകത്വ ദൗത്യ നിർവഹണം അതിൻ്റെ പരിസമാപ്തിയിൽ എത്തിക്കുകയും എണ്ണിത്തിട്ടപ്പെടുത്താവുന്ന തുടർ ദിവസങ്ങളിൽ ആഘോഷങ്ങൾക്കും ഔപചാരികതകൾക്കും വേണ്ടി മദീനയിലേക്ക് തീർഥാടനം ചെയ്യുകയും ചെയ്യുന്നു. ഇങ്ങനെയെല്ലാമായിരുന്നു തിരുനബിﷺയുടെ മദീനയിലേക്കുള്ള മടക്കം.
പകൽസമയത്തായിരുന്നു തിരുനബിﷺ മദീനയിലേക്ക് പ്രവേശിച്ചത്. നേരെ എത്തിച്ചേർന്നത് അവിടുത്തെ അനുഗ്രഹീതമായ മസ്ജിദിൽ. എന്നെന്നേക്കുമുള്ള ലോക വിശ്വാസികളുടെ ആസ്ഥാന മന്ദിരത്തിൽ. രണ്ട് റക്അത്ത് നിസ്കാരത്തിനു ശേഷം അവിടുന്ന് ജനങ്ങൾക്ക് വേണ്ടി ഇരുന്നു കൊടുത്തു. ശേഷമായിരുന്നു വീട്ടിലേക്ക് മടങ്ങിയത്. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്ത ഹദീസിൽ ഈ ആശയങ്ങൾ കാണാം. ചരിത്രത്തിലെ ഏറ്റവും ആധികാരികവും അനുഗ്രഹീതവുമായ ഹജ്ജ് കർമം പൂർത്തിയായി. ഏറ്റവും അനുഗ്രഹങ്ങൾ നിറഞ്ഞ അമീറും അനുയായികളും സ്വന്തം ഭവനങ്ങളിലേക്ക് മടങ്ങിയെത്തി കഴിഞ്ഞു. അന്ത്യനാൾ വരെയുള്ള ഓരോ ഹാജിമാരും മടങ്ങിയെത്തുമ്പോൾ ഈ നിമിഷങ്ങൾ പുനർവായിക്കപ്പെടും. അന്നത്തെ മനസ്സും മന്ത്രവും എക്കാലത്തും പുനർവായിക്കുകയും ഉദ്ധരിക്കുകയും ചെയ്യും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1124
തിരുനബിﷺയുടെ ആത്മീയ അനുഷ്ഠാനങ്ങളിൽ സ്വതന്ത്രമായ ഒരു അധ്യായമാണ് അവിടുത്തെ ഖുർആൻ പാരായണം. ലോകത്തെ ഏതൊരു ഗ്രന്ഥങ്ങളിൽ നിന്നും വ്യത്യസ്തമായി ഖുർആന് സ്വതന്ത്രമായ അസ്ഥിത്വവും വ്യക്തിത്വവുമുണ്ട്. അല്ലാഹുവിൻ്റെ വചനം എന്നതാണ് ഖുർആനിന്റെ മൗലികമായ ഏറ്റവും വലിയ മഹത്വം. അനുഗ്രഹം പ്രതീക്ഷിച്ചുകൊണ്ട് ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്നത് എന്ന പ്രത്യേകതയും ഖുർആനിന്റേത് മാത്രമാണ്. ലോകത്ത് എവിടെയുമുള്ള ലക്ഷക്കണക്കിന് വിശ്വാസികൾ തുടക്കം മുതൽ ഒടുക്കം വരെ നിരന്തരമായി പാരായണം ചെയ്തുകൊണ്ടിരിക്കുന്നു. ഖുർആനിലെ ഓരോ സൂക്തങ്ങളെയും അക്ഷരങ്ങളെയും അതിന്റെ എല്ലാ സാധ്യതകളിലൂടെയും പഠന വിധേയമാക്കപ്പെടുന്നു എന്നതും പ്രത്യേകതയോടെ തന്നെ മനസ്സിലാക്കേണ്ടതാണ്.
അല്ലാഹുവിൻ്റെ വചനം എന്ന അർഥത്തിൽ അനുഗ്രഹം പ്രതീക്ഷിച്ചു പാരായണം ചെയ്യുന്ന വിശ്വാസി, നിരന്തരമായ ഒരു ആത്മീയ വ്യാപാരത്തിലും ആസ്വാദനത്തിലുമാണ് ഏർപ്പെടുന്നത്. ലോകത്തെ ഏറ്റവും കൂടുതൽ വ്യാഖ്യാനിക്കപ്പെടുന്ന ഗ്രന്ഥം എന്ന അർഥത്തിൽ ഖുർആനിന്റെ ആശയനങ്ങളെക്കുറിച്ച് മനന പഠനങ്ങൾ നടത്തുന്നവർ ധൈഷണികവും ബൗദ്ധികവുമായ ഏറ്റവും വലിയ വ്യവഹാരത്തിലാണ് ഏർപ്പെടുന്നത്. ഖുർആനിന്റെ ഭാഷയെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുന്നവർ ഏറ്റവും സമഗ്രമായ ഭാഷാ പഠനങ്ങളെയാണ് അഭിമുഖീകരിക്കുന്നത്.
അവതരണത്തിന് 1500 വർഷം പിന്നിടുമ്പോഴും നവ്യമായ ഭാഷാ ഭാവം നിലനിർത്താനാവുന്നു എന്നത് ഖുർആനിന്റെ മാത്രം പ്രത്യേകതയാണ്. ഇത്രമേൽ പഴക്കമുള്ള ഒരു ഗ്രന്ഥവും രചനാ കാലത്തെയോ അവതരണ കാലത്തെയോ തനതു ഭാഷയിൽ പ്രാഥമികമായി തന്നെ വായിക്കുകയും മനസ്സിലാക്കപ്പെടുകയും ചെയ്യുന്നില്ല. ലോകത്തെ ഏതു രചനകളും വിരചിതമായ ഭാഷ പഠിക്കുന്നതിലൂടെ വായിക്കാനും മനസ്സിലാക്കാനും സാധിച്ചു എന്ന് വരും. ഖുർആൻ പാരായണത്തിന് കേവലം അറബി ഭാഷ മാത്രം അറിഞ്ഞാൽ പോരാ. ഖുർആൻ പാരായണത്തിന് സ്വതന്ത്രമായ ഒരു പാരായണ ശാസ്ത്രമുണ്ട്. അത് അവലംബിച്ചും ആശ്രയിച്ചും പാരായണം ചെയ്യുമ്പോൾ മാത്രമേ ഖുർആൻ പാരായണം എന്ന് പറയാനാവൂ. പാരായണത്തിലെ താളഭേദങ്ങൾ ആശയ വ്യത്യാസങ്ങളെ വരെ രൂപപ്പെടുത്തും.
ഖുർആനിന്റെ പാരായണ രീതി ഗദ്യപാരായണമോ പദ്യപാരായണമോ അല്ല. മറിച്ച്, സ്വതന്ത്രമായ ഒരു ശൈലി തന്നെയാണ് എന്നത് അഭിമാനകരമായ ഒരു യാഥാർത്ഥ്യമാണ്.
ഈ ചേരുവകൾ എല്ലാമുള്ള ഖുർആൻ തിരുനബിﷺയോട് ചേർത്തുവച്ചുകൊണ്ട് പലതലങ്ങളിൽ നിന്നും നമുക്ക് വായിക്കാനുണ്ട്. ആത്മീയമായ ഒരു അനുഷ്ഠാനുമുറ എന്ന രീതിയിൽ തിരുനബിﷺയുടെ ഖുർആൻ സമീപനങ്ങളും പാരായണ ചിട്ടകളുമാണ് ഈ അധ്യായത്തിൽ പരിശോധിക്കുന്നത്. ഖുർആൻ ഉയർത്തിയ വൈവിധ്യമാർന്ന വിപ്ലവങ്ങളും വിചാരങ്ങളും സാമൂഹിക ധൈഷണിക സംഭാവനകളും സ്വതന്ത്രമായി തന്നെ പല അധ്യായങ്ങളായി വായിക്കേണ്ടതാണ്.
ഖുർആൻ പാരായണ നിയമങ്ങളുടെ അടിസ്ഥാനം തിരുനബിﷺ എങ്ങനെ പാരായണം ചെയ്തിരുന്നുവോ അപ്രകാരം എന്നു വരുമ്പോൾ തിരുനബിﷺയുടെ പാരായണം ഒരു വിജ്ഞാന ശാഖയുടെ രൂപീകരണമായിരുന്നു.
ഖത്താദ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. തിരുനബിﷺയുടെ ഖുർആൻ പാരായണത്തെക്കുറിച്ച് അനസുബ്നു മാലികി(റ)നോട് ഒരാൾ ചോദിച്ചു. ഓരോ അക്ഷരങ്ങളും അതിൻ്റെ ദൈർഘ്യം പാലിച്ചു കൊണ്ടായിരുന്നു എന്ന് അദ്ദേഹം മറുപടി പറഞ്ഞു. ഖുർആനിലെ ഒന്നാം അധ്യായത്തിലെ ഓരോ സൂക്തങ്ങളും അതുപ്രകാരം ഓതി കേൾപ്പിക്കുകയും ചെയ്തു. ഓരോ അക്ഷരങ്ങൾക്കും അതിനാവശ്യമായ ദൈർഘ്യം പാലിച്ചു കൊണ്ടായിരുന്നു പാരായണം ചെയ്തിരുന്നത് എന്നും വിശദീകരിച്ചു.
തിരുനബിﷺയുടെ പാരായണം കേട്ടാൽ ഓരോ സൂക്തങ്ങൾക്കും ഓരോ അക്ഷരങ്ങളും വേറിട്ടു തന്നെ വ്യക്തമാകുമായിരുന്നു. അക്ഷരങ്ങളോ സൂക്തങ്ങളോ ഒന്നിനുമേൽ ഒന്നുചേർന്ന് അവ്യക്തമാകുമായിരുന്നില്ല.
Tweet 1125
തിരുനബിﷺയുടെ പാരായണ ഭംഗിയും ഖുർആനിക സൂക്തങ്ങൾ ഉദ്ധരിക്കുമ്പോഴുള്ള കൃത്യതയും നിരവധി ഹദീസുകളിൽ നിന്ന് നമുക്ക് വായിക്കാൻ കഴിയും. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഇബ്നു അബീ ഖൈസമാ(റ) രേഖപ്പെടുത്തുന്നു. തിരുനബിﷺയുടെ പത്നിമാരിൽ ഒരാളോട് അവിടുത്തെ ഖുർആൻ പാരായണത്തെക്കുറിച്ച് ചോദിച്ചു. നിങ്ങൾക്ക് അങ്ങനെ സാധ്യമല്ല എന്നായിരുന്നു മറുപടി. എന്നാൽ അതൊന്നു വർണിച്ചു തരൂ. അപ്പോൾ മഹതി അവർകൾ ഓരോ അക്ഷരങ്ങളും വ്യക്തമാക്കുന്ന വിധം വളരെ ചിട്ടയോടെയുള്ള ഒരു പാരായണം കേൾപ്പിച്ചു കൊടുത്തു.
തിരുനബിﷺയുടെ പാരായണം ഓരോ അക്ഷരങ്ങളും വാക്കുകളും വേറിട്ടു മനസ്സിലാകുന്നതും ആശയം വ്യക്തമാക്കുന്നതുമിയിരുന്നു എന്ന ആശയം ഉൾക്കൊള്ളുന്ന പല നിവേദനങ്ങളും വ്യത്യസ്ത ഗ്രന്ഥങ്ങളിൽ കാണാം.
ഇമാം കുറൈബ്(റ) പറയുന്നു. തിരുനബിﷺയുടെ പാരായണം എങ്ങനെയായിരുന്നു എന്ന് അബ്ദുല്ലാഹിബ്നു അബ്ബാസി(റ)നോട് ഞാൻ ചോദിച്ചു. തിരുനബിﷺ അവിടുത്തെ ഭവനങ്ങളിൽ ഏതെങ്കിലും ഒരു ഭവനത്തിൽ വച്ച് ഖുർആൻ പാരായണം ചെയ്യുമ്പോൾ പുറത്തുള്ളവർക്ക് വ്യക്തമായി കേൾക്കാമായിരുന്നു.
തിരുനബിﷺ അവിടുത്തെ വീട്ടിലിരുന്ന് പാരായണം ചെയ്യുന്നത് എനിക്ക് എൻ്റെ വീട്ടിലിരുന്ന് കേൾക്കാമായിരുന്നു എന്നു പറഞ്ഞ നിവേദനവും ഇബ്നു അബ്ബാസി(റ)ൽ നിന്നുതന്നെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.
തിരുനബിﷺ രാത്രിയിൽ ഖുർആൻ പാരായണം ചെയ്യുമ്പോൾ ശബ്ദത്തിലായിരുന്നോ പതുക്കെയായിരുന്നോ എന്ന് ബീവി ആഇശ(റ)യോട് അബ്ദുല്ലാഹിബ്നു ഉമർ(റ) ചോദിച്ചു. ചിലപ്പോൾ ഉറക്കയും ചിലപ്പോൾ പതുക്കെയും എന്നായിരുന്നു മഹതിയുടെ മറുപടി. ദീനിൽ വിശാലത നൽകിയ അല്ലാഹുവിന് സ്തുതി എന്ന് ഇബ്നു ഉമർ(റ) പ്രതികരിച്ചു.
ഉറങ്ങുന്നവർക്ക് സമീപത്തുള്ളവർക്കോ ഉറക്കിനോ മറ്റു കാര്യങ്ങൾക്കോ തടസ്സമാകുന്ന വിധം ശബ്ദത്തിൽ തിരുനബിﷺ പാരായണം ചെയ്തിരുന്നില്ല എന്ന് അനസുബ്നു മാലിക്(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം.
ചില സവിശേഷമായ സന്ദർഭങ്ങളിൽ തീർത്തും വേറിട്ടതും ആശ്ചര്യകരവുമായ ശൈലിയിൽ തിരുനബിﷺ ഖുർആൻ പാരായണം ചെയ്തിരുന്നു. മക്കാ വിജയവേളയിൽ അവിടുന്ന് ഖുർആൻ പാരായണം ചെയ്തതിനെ കുറിച്ച് ഇബ്നുൽ മുഖഫ്ഫൽ(റ) അപ്രകാരം ഒരു വിശദീകരണം നൽകുന്നുണ്ട്. തിരുനബിﷺ അപ്പോൾ സ്വീകരിച്ച ഈണവും ശൈലിയും ഓർത്തു വെക്കുകയും പകർന്നു കൊടുക്കുകയും ചെയ്ത അനുഭവങ്ങളും നിവേദനങ്ങളിൽ നിന്ന് നമുക്ക് വായിക്കാൻ കഴിയും.
തിരുനബിﷺയുടെ പാരായണത്തെ സംബന്ധിച്ച് പരാമർശിക്കപ്പെട്ട പല ഹദീസുകളിലും തിരുനബിﷺയുടെ ശബ്ദ ഭംഗിയെ കുറിച്ച് പ്രത്യേകം എടുത്തു പറയുന്നുണ്ട്. അല്ലാഹു ലോകത്തേക്ക് അയച്ച മുഴുവൻ പ്രവാചകന്മാരും മുഖഭംഗിയും ശബ്ദ ഭംഗിയുമുള്ളവരായിരുന്നു എന്ന ഒരു അനുബന്ധം കൂടി അത്തരം ഹദീസുകളിൽ കാണാം.
തിരുനബിﷺയുടെ ഖുർആൻ പാരായണം കേവലം ഈണവും താളവും എന്നതിനപ്പുറം ഓരോ സൂക്തത്തിന്റെയും ആശയങ്ങൾ ആലോചിച്ചും മനസ്സിൽ ചേർത്തുവച്ചും കൊണ്ടായിരുന്നു. അതുകൊണ്ടുതന്നെ പാരായണം ചെയ്യുന്ന സൂക്തങ്ങളുടെ ആശയത്തിനനുസരിച്ചുള്ള ശാരീരിക ഭാഷയും ഭാവവും പ്രകടമായിരുന്നു. അല്ലാഹുവിൻ്റെ കാരുണ്യത്തെ പരാമർശിക്കുന്ന സൂക്തങ്ങൾ കടന്നു പോകുമ്പോൾ അല്ലാഹുവിനോട് കരുണ തേടുകയും, അബദ്ധവിശ്വാസികൾക്കും അപകടകാരികൾക്കും അല്ലാഹു ഒരുക്കി വെച്ചിരിക്കുന്ന ശിക്ഷയെക്കുറിച്ച് പരാമർശിക്കുന്ന സൂക്തങ്ങൾ കടന്നു പോകുമ്പോൾ ശിക്ഷയിൽ നിന്ന് അല്ലാഹുവിനോട് കാവൽ തേടുകയും ചെയ്യുക പതിവായിരുന്നു. എത്രമേൽ ഹൃദയം ചേർത്തുവെച്ചുകൊണ്ടാണ് ഓരോ സൂക്തങ്ങളും പാരായണം ചെയ്തിരുന്നത് എന്നതിന്റെ തെളിവു കൂടിയാണിത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1126
ഔഫ് ബിൻ മാലിക്കി(റ)ൽ നിന്നും ഇമാം അഹ്മദും(റ) മറ്റും വേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. ഞാൻ തിരുനബിﷺയോടൊപ്പം ഉണ്ടായിരുന്നു. അവിടുന്ന് എഴുന്നേറ്റ് ദന്തശുദ്ധീകരണം നടത്തി. ശേഷം, അംഗസ്നാനം ചെയ്തു. തുടർന്ന് നിസ്കാരത്തിലേക്ക് നിന്നു. സൂറത്തുൽ ബഖറ പാരായണം ചെയ്യാൻ തുടങ്ങി. അല്ലാഹുവിൻ്റെ കാരുണ്യം പരാമർശിക്കുന്ന ഓരോ സൂക്തങ്ങൾ കടന്നുപോകുമ്പോഴും അൽപനേരം ഒന്നു നിർത്തുകയും അല്ലാഹുവിൻ്റെ കാരുണ്യത്തിന് വേണ്ടി പ്രാർഥിക്കുകയും ചെയ്യും. അല്ലാഹുവിൻ്റെ ശിക്ഷയെ പരാമർശിക്കുന്ന സൂക്തങ്ങൾ കടന്നുപോകുമ്പോഴും അല്പം ഒന്നു നിർത്തുകയും ശിക്ഷയിൽ നിന്ന് കാവൽ തേടുകയും ചെയ്യും.
വിശുദ്ധ ഖുർആനിലെ ഏറ്റവും ദൈർഘമേറിയ മൂന്ന് അധ്യായങ്ങൾ പാരായണം ചെയ്യുമ്പോഴും ഇപ്രകാരം പ്രാർഥിച്ചിരുന്നു എന്ന് മഹതി ആഇശ(റ)യിൽ നിന്ന് ഇമാം അഹ്മദും(റ) മറ്റും നിവേദനം ചെയ്യുന്നുണ്ട്.
കാരുണ്യം തേടുകയും രക്ഷ തേടുകയും ചെയ്യുന്നതിന് പുറമേ അല്ലാഹുവിൻ്റെ മഹത്വം പരാമർശിക്കുന്ന സൂക്തങ്ങൾ വരുമ്പോൾ അതിന് അനുസൃതമായും അല്ലാഹുവിൻ്റെ അധികാരത്തെ സൂചിപ്പിക്കുന്ന സൂക്തങ്ങൾ എത്തുമ്പോൾ അതേറ്റു പറഞ്ഞു കൊണ്ടും തുടങ്ങി വ്യത്യസ്തങ്ങളായ പ്രാർഥനകളും സമർപ്പണ വാചകങ്ങളും ഖുർആൻ പാരായണത്തിനിടയിൽ തിരുനബിﷺ നിർവഹിക്കാറുണ്ടായിരുന്നു. അല്ലാഹുവല്ലാതെ ആരാണ് നിങ്ങൾക്ക് വെള്ളം നൽകുവാൻ! മരണാനന്തരം ജീവിപ്പിക്കാൻ കഴിവുള്ളവൻ വേറെ ആരാണ്! തുടങ്ങിയ ആശയങ്ങളോട് അതേയെന്നും അല്ലാഹുവിൻ്റെ മഹത്വം വാഴ്ത്തിയും മന്ത്രങ്ങൾ ചൊല്ലാറുണ്ടായിരുന്നു.
ഖുർആൻ പാരായണം തിരുനബിﷺയുടെ നിത്യകർമങ്ങളിൽ പ്രധാനമായിരുന്നു. ഓരോ ദിവസവും എത്രമാത്രം പാരായണം ചെയ്തിരുന്നു എന്നതിൽ വ്യത്യസ്ത നിവേദനങ്ങൾ കാണാം. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഔസ് ബിൻ ഹുദൈഫ(റ) പറഞ്ഞു. സഖീഫ് നിവേദക സംഘത്തോടൊപ്പം ഞങ്ങൾ തിരുനബിﷺയുടെ സന്നിധിയിലേക്ക് ചെന്നു. ഞങ്ങൾ താമസിക്കുന്ന ഹൈമയുടെ അടുക്കലേക്ക് എല്ലാ രാത്രിയിലും ഇശാഅ് കഴിഞ്ഞ് തിരുനബിﷺ വരും. നിന്നുകൊണ്ടുതന്നെ ഏറെനേരം ഞങ്ങളോട് സംസാരിക്കും. ചിലപ്പോൾ ദീർഘനേരം നിൽക്കുന്ന കാരണം അവിടുത്തെ കാലിന് ക്ഷീണം പിടിക്കും. ഒരിക്കൽ ഞങ്ങളുടെ അടുക്കലേക്ക് വരാൻ അല്പം വൈകി. ഞങ്ങൾ ചോദിച്ചു. എന്തേ ഇന്ന് വൈകിപ്പോയല്ലോ അവിടുന്ന്? അപ്പോൾ പറഞ്ഞു. ഖുർആനിൽ നിന്ന് സാധാരണ പാരായണം ചെയ്യുന്ന കുറച്ചു ഭാഗം കൂടി ബാക്കിയുണ്ടായിരുന്നു. അത് പൂർത്തിയാക്കാൻ വേണ്ടി ഞാൻ വൈകിയതാണ്. ഞാൻ തിരുനബിﷺയുടെ സ്വഹാബിമാരോട് ചോദിച്ചു. തിരുനബിﷺ ഖുർആനിൽ നിന്ന് നിത്യവും എത്രയായിരുന്നു പാരായണം ചെയ്തിരുന്നത്. മൂന്ന്, അഞ്ച്, ഏഴ്, പതിനൊന്ന് എന്നിങ്ങനെയായിരുന്നു അവരുടെ മറുപടി. ചിലപ്പോൾ ഖാഫ് സൂറത്ത് വരെയും പാരായണം ചെയ്യാറുണ്ട്.
ഓരോ ദിവസവും ഖുർആനിൽ നിന്ന് നല്ലൊരു ഭാഗം പാരായണം ചെയ്യുന്നത് തിരുനബിﷺയുടെ പതിവായിരുന്നു എന്ന് അറിയിക്കുന്ന ഹദീസാണ് നാം വായിച്ചത്. എന്നാൽ ചില പ്രത്യേക അധ്യായങ്ങളും സൂക്തങ്ങളും സവിശേഷമായ പരിഗണനയോടെ പതിവാക്കുന്നതും തിരുനബിﷺയുടെ ജീവിതത്തിലുണ്ടായിരുന്നു. ആലു ഇംറാൻ അധ്യായത്തിലെ അവസാനത്തെ 10 സൂക്തങ്ങൾ എല്ലാ രാത്രിയിലും പാരായണം ചെയ്യാറുണ്ടായിരുന്നു എന്ന് അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നുണ്ട്. ബനൂ ഇസ്രായേലും അഥവാ ഇസ്റാഅ് സൂറത്തും സുമറും എല്ലാ രാത്രിയിലും തിരുനബിﷺ പാരായണം ചെയ്തിരുന്നു എന്ന് മഹതി ആഇശ(റ)യിൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു.
പ്രത്യേകമായ മൂല്യങ്ങൾ എണ്ണിപ്പറഞ്ഞ നിത്യവും പാരായണം ചെയ്യുകയും പാരായണം ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്ത നിരവധി സൂക്തങ്ങളും അധ്യായങ്ങളും സംബന്ധിച്ച പരാമർശങ്ങൾ ഹദീസുകളിൽ നിന്ന് വായിക്കാം.
Tweet 1127
ഖുർആൻ പാരായണത്തിന് പുറമേ പാരായണം കേൾക്കുന്നതും തിരുനബിﷺക്ക് വലിയ ആനന്ദമായിരുന്നു. അതൊരു ആത്മീയ അനുഷ്ഠാനമായി തന്നെ അവിടുന്ന് കണ്ടു. പ്രമുഖ സ്വഹാബിയായ അബൂ മൂസ(റ) പറയുന്നു. തിരുനബിﷺയും പത്നി ആഇശ(റ)യും കൂടി നടന്നു പോവുകയായിരുന്നു. അബൂ മൂസ(റ) വീട്ടിൽ വച്ച് ഖുർആൻ ഓതുന്നത് കേൾക്കാനിടയായി. തിരുനബിﷺയും പത്നിയും അവിടെത്തന്നെ നിന്നു. ഖുർആൻ പാരായണം ശ്രദ്ധിച്ചു കേട്ടതിനുശേഷം നടന്നുപോയി. പിന്നെ അബു മൂസ(റ)യെ കണ്ടപ്പോൾ തിരുനബിﷺ അദ്ദേഹത്തോട് കാര്യം പറഞ്ഞു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. നിങ്ങൾ ഇരുവരും കേൾക്കുന്നത് ഞാൻ അറിഞ്ഞിരുന്നുവെങ്കിൽ ഒന്നുകൂടി മനോഹരമായി ഞാൻ പാരായണം ചെയ്യുമായിരുന്നു.
അബു മൂസൽ അശ്അരി(റ) നല്ല ശബ്ദഭംഗിയുള്ള വ്യക്തിയായിരുന്നു. അദ്ദേഹത്തിൻ്റെ പാരായണ ഭംഗിയെക്കുറിച്ച് തിരുനബിﷺ പ്രത്യേകം തന്നെ പറഞ്ഞിട്ടുണ്ട്. ദാവൂദ് നബി(അ)യുടെ വീണ നൽകപ്പെട്ടയാൾ എന്ന പ്രത്യേക പരാമർശം അദ്ദേഹത്തെക്കുറിച്ച് തിരുനബിﷺ പറഞ്ഞത് ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്തത് കാണാം.
അനസുബ്നു മാലിക്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ അബു മൂസ(റ) വീട്ടിലിരുന്ന് ഖുർആൻ പാരായണം ചെയ്യാൻ തുടങ്ങി. ചുറ്റും ആളുകൾ കൂടി. അപ്പോൾ ഒരാൾ തിരുനബിﷺയുടെ അടുക്കൽ വന്നു പറഞ്ഞു. അബു മൂസ(റ) വീട്ടിലിരുന്ന് ഖുർആൻ ഓതുന്നതും അവിടെ ആളുകൾ ഒത്തുകൂടുന്നതും അവിടുത്തേക്ക് ആശ്ചര്യം നൽകുന്നുണ്ടോ? നബിﷺ ചോദിച്ചു. അവിടെയുള്ള ആരും കാണാത്ത വിധം ആ പാരായണം ഒന്ന് കേൾക്കാൻ പറ്റുന്ന ഇടത്ത് എന്നെ എത്തിക്കാമോ? അതെ എന്ന് പറയുകയും ആഗതൻ നബിﷺയെ കൂട്ടിക്കൊണ്ടുപോയി അബൂ മൂസ(റ)യും സദസ്സിലുള്ളവരും കാണപ്പെടാത്ത ഖുർആൻ കേൾക്കാൻ പറ്റുന്ന സ്ഥലത്തിരുത്തി. ശ്രദ്ധാപൂർവ്വം തിരുനബിﷺ പാരായണം കേട്ടു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ദാവൂദ് നബി(അ)യുടെ ഈണത്തിലാണല്ലോ പാരായണം ചെയ്യുന്നത്!
ഖുർആൻ പാരായണം കേൾക്കുമ്പോഴും ആലോചനാപൂർവ്വമായിരുന്നു ഓരോ സൂക്തവും അവിടുന്ന് ശ്രദ്ധിച്ചിരുന്നത്. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു മസ്ഊദ്(റ) പറഞ്ഞു. ഒരിക്കൽ തിരുനബിﷺ എന്നോട് ഖുർആൻ പാരായണം ചെയ്തു കേൾപ്പിക്കാൻ പറഞ്ഞു. അല്ലയോ അല്ലാഹുവിൻ്റെ ദൂതരേﷺ, അവിടുത്തേക്ക് അവതരിപ്പിക്കപ്പെട്ട ഖുർആൻ ഞാൻ ഓതിക്കേൾപ്പിക്കുകയോ? ആശ്ചര്യത്തോടെ ഞാൻ തിരിച്ചു ചോദിച്ചു. മറ്റുള്ളവരിൽ നിന്ന് കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു എന്ന് തിരുനബിﷺ മറുപടി പറഞ്ഞു. പരിശുദ്ധ ഖുർആനിലെ നാലാമത്തെ അധ്യായം അന്നിസാഅ് ഞാൻ പാരായണം ചെയ്യാൻ തുടങ്ങി. മുൻകാല സമുദായങ്ങൾക്ക് സാക്ഷിയായി തങ്ങളെ പരലോകത്ത് ഹാജരാക്കുന്ന രംഗം… എന്ന് തുടങ്ങിയ ആശയമുള്ള 41 -ാമത്തെ സൂക്തമെത്തി. അപ്പോഴേക്കും ഇപ്പോൾ ഇത്ര മതിയെന്ന് തിരുനബിﷺ പറഞ്ഞു. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ അവിടുത്തെ കണ്ണുകൾ നിറഞ്ഞൊലിക്കുന്നു.
ഖുർആൻ പാരായണം കേൾക്കുകയും അതിൻ്റെ ആശയം ആലോചിച്ചുകൊണ്ട് കരയുകയും ചെയ്യുന്ന തിരുനബിﷺയെയാണ് നാം വായിച്ചത്. കേവലം പഠനവും പാരായണവും മാത്രം നിർദ്ദേശിക്കപ്പെട്ട ഗ്രന്ഥമല്ല ഇത്. പാരായണം ചെയ്യുമ്പോഴെല്ലാം ഉള്ളടക്കം ഉള്ളിലേക്ക് ചേർത്തുവച്ച് ആലോചിക്കുകയും അല്ലാഹുവിലേക്ക് മനസ്സു തിരിക്കുകയും വേണ്ട ഗ്രന്ഥമാണ് എന്ന് പഠിപ്പിക്കുകയാണിവിടെ. ഖുർആനിന്റെ ആശയധനങ്ങൾ മുഴുവനും ഹൃദയത്തിലുള്ളപ്പോഴും മറ്റൊരാളിൽ നിന്ന് കേൾക്കാനും ഒന്നുകൂടി ഉണർവോടെ ആത്മാവിലേക്ക് ചേർത്തു പിടിക്കാനുമുള്ള തിരുനബിﷺയുടെ ഉത്സാഹവും ആവേശവുമാണ് അബ്ദുല്ലാഹിബ്നു മസ്ഊദി(റ)നോട് പറഞ്ഞത്. തുടർന്നുള്ള വൈകാരിക തലങ്ങളെയുമാണ് നാം വായിച്ചത്.
Tweet 1128
തിരുനബിﷺയും ഖുർആൻ പാരായണവും എന്ന അധ്യായത്തിൽ വളരെ ആശ്ചര്യകരമായ ഒരു നിവേദനം ഇങ്ങനെ ആണ്. അനസുബിനു മാലികി(റ)ൽ ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. ഉബയ്യുബിന് കഅ്ബി(റ)നോട് തിരുനബിﷺ പറഞ്ഞു. നിങ്ങൾക്ക് ‘ലം യകുനി’ എന്ന് തുടങ്ങുന്ന അഥവാ സൂറത്തുൽ ബയ്യിന പാരായണം ചെയ്തു തരാൻ അല്ലാഹു എന്നോട് കൽപ്പിച്ചിരിക്കുന്നു. ഉബയ്യ്(റ) ചോദിച്ചു. അള്ളാഹു എൻ്റെ പേര് എടുത്തുപറഞ്ഞുവോ പ്രവാചകരെﷺ! അതെ എന്ന് പറഞ്ഞതും ഉബയ്യ്(റ) കരയാൻ തുടങ്ങി.
ഇമാം ത്വബ്റാനി(റ)യുടെ നിവേദനത്തിൽ ഇങ്ങനെ കാണാം. ഉബയ്യ്(റ) പറഞ്ഞു. ഞാൻ തിരുനബിﷺക്ക് ഖുർആൻ ഓതി കേൾപ്പിച്ചു. അപ്പോൾ തിരുനബിﷺ എന്നോട് പറഞ്ഞു. നിങ്ങൾക്ക് ഖുർആൻ ഓതി കേൾപ്പിക്കാൻ അല്ലാഹു എന്നോട് പറഞ്ഞിരിക്കുന്നു.
ഇതേ സംഭവം തന്നെ ഇബ്നു അസാകിർ(റ) നിവേദനം ചെയ്യുന്നത് ഇപ്രകാരമാണ്. തിരുനബിﷺ ഉബയ്യി(റ)നോട് പറഞ്ഞു. അല്ലയോ അബുൽ മുന്ദിറെ(റ) നിങ്ങൾക്ക് ഖുർആൻ ഓതി കേൾപ്പിക്കാൻ അല്ലാഹു എന്നോട് പറഞ്ഞിരിക്കുന്നു. അപ്പോൾ ഉബയ്യ്(റ) പറഞ്ഞു. ഞാൻ അല്ലാഹുവിൽ വിശ്വസിച്ചു. തങ്ങളിലൂടെ ഇസ്‌ലാം സ്വീകരിച്ചു. അവിടുത്തെ സന്നിധിയിൽ നിന്ന് ഞാൻ പഠിച്ചു. അപ്പോൾ തിരുനബിﷺ ആ വാചകങ്ങൾ ആവർത്തിച്ചു. ഉടനെ ഉബയ്യ്(റ) ചോദിച്ചു. അല്ലയോ അല്ലാഹുവിൻ്റെ ദൂതരെﷺ, എൻ്റെ പേര് അല്ലാഹുവിങ്കൽ പറയപ്പെട്ടുവോ? നിങ്ങളുടെ പേരും പരമ്പരയും എല്ലാം അത്യുന്നതങ്ങളിൽ പറയപ്പെട്ടിരിക്കുന്നു. അപ്പോൾ ഉബയ്യ്(റ) പറഞ്ഞു. എന്നാൽ അവിടുന്ന് ഓതി കേൾപ്പിച്ചാലും പ്രവാചകരെﷺ! അപ്രകാരം തിരുനബിﷺ ഓതി കേൾപ്പിക്കുകയും ഉബയ്യ്(റ) ആവർത്തിച്ചു അത് പാരായണം ചെയ്തുകൊണ്ടിരിക്കുകയും ചെയ്തു എന്ന് പ്രമുഖ സ്വഹാബി ഇക്രിമ(റ) നിവേദനം ചെയ്യുന്ന ഹദീസിലുണ്ട്.
ഖുർആൻ ഇഷ്ടപ്പെടുകയും പാരായണം ചെയ്യുകയും ഖുർആനുമായി കൂടുതൽ വ്യാപിക്കുകയും ചെയ്യുന്നവർക്ക് ലഭിക്കുന്ന സമ്മാനങ്ങൾ കൂടിയാണ് ഈ നിവേദനങ്ങളിലൂടെ നാം വായിച്ചത്.
തിരുനബിﷺ ജിബ്‌രീലി(അ)നെ ഖുർആൻ പാരായണം ചെയ്ത് കേൾപ്പിക്കുമായിരുന്നു. പ്രത്യേകിച്ചും വിശുദ്ധ റമളാനിൽ അത് പതിവായിരുന്നു. ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരം കാണാം. എല്ലാവർഷവും റമളാനിൽ തിരുനബിﷺ ജിബ്‌രീലി(അ)നെ ഖുർആൻ പാരായണം ചെയ്തു കേൾപ്പിക്കും. തിരുനബിﷺയുടെ അവസാനത്തെ റമളാൻ മാസത്തിൽ രണ്ടുപ്രാവശ്യം പൂർണ്ണമായും ഖുർആൻ ജിബ്‌രീലി(അ)നെ ഓതി കേൾപ്പിച്ചു.
എല്ലാവർഷവും ഒരു പ്രാവശ്യമാണ് ഖുർആൻ കേൾപ്പിക്കാറുള്ളത് എന്നും തിരുനബിﷺയുടെ അവസാനത്തെ റമളാനിൽ രണ്ടുപ്രാവശ്യം പൂർണ്ണമായും കേൾപ്പിച്ചു എന്നും അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഹദീസിലുമുണ്ട്.
അല്ലാഹുവിൽ നിന്ന് ഖുർആൻ തിരുനബിﷺക്ക് എത്തിച്ചു കൊടുക്കുന്നത് ജിബ്‌രീൽ(അ) ആണല്ലോ. ആ തിരുസമക്ഷത്തിൽ ഒരിക്കൽ കൂടി ഓതി കേൾപ്പിക്കുന്നത് തിരുനബിﷺക്ക് ഒരാനന്ദവും ആശ്വാസവുമാണ്. അല്ലാഹുവിൽ നിന്ന് അവതരിച്ചതിൽ യാതൊരു ഭാവഭാഷാ വ്യതിയാനം ഇല്ലാതെയാണെന്ന് ഒരിക്കൽ കൂടി ഉറപ്പിക്കാനും ആത്മസംതൃപ്തി വർധിപ്പിക്കാനുമുള്ള വഴി കൂടിയായിരുന്നുവല്ലോ ഇത്.
സ്വന്തം ജീവിതത്തിൽ ഖുർആൻ പാരായണത്തിന് ഏറെ സമയം നീക്കി വെക്കുകയും ആസ്വാദനത്തോടെയും ആനന്ദത്തോടെയും ഖുർആൻ പാരായണം ചെയ്യുകയും ചെയ്ത തിരുനബിﷺ, അനുയായികൾ നിർവഹിക്കാനുള്ള സുപ്രധാനമായ ഒരു ആത്മീയ അനുഷ്ഠാനമായി ഖുർആൻ പാരായണത്തെ പഠിപ്പിക്കുന്നുണ്ട്. നിത്യവും ഖുർആൻ പാരായണം ചെയ്യുന്നവർക്ക് പരലോകത്ത് അനുകൂല സാക്ഷിയായി ഖുർആൻ വരുമെന്നും ഇരുലോക വിജയത്തിനും നിതാനമായ ആരാധനയാണ് ഖുർആൻ പാരായണമെന്നും അവിടുന്ന് പഠിപ്പിക്കുന്നുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1129
തിരുനബിﷺയുടെ ആത്മീയ അനുഷ്ഠാനങ്ങളിൽ വളരെ സുപ്രധാനമായ ഒരു അധ്യായമാണ് അവിടുത്തെ പ്രാർഥനകൾ. അഥവാ അല്ലാഹുവിൻ്റെ ഔദാര്യവും അനുഗ്രഹവും രക്ഷയും തേടിയുള്ള അർഥനകൾ. പ്രാർഥനയ്ക്ക് പ്രത്യേകമായി ചിട്ടയും ഭാവവും ഒക്കെ ഉണ്ടായിരുന്നു. സലമത്തുബിന് അക്’വഇൽ(റ)നിന്ന് ഇമാം ഇബ്നു അബീ ശൈബ(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ എപ്പോൾ പ്രാർഥന നിർവഹിക്കുമ്പോഴും ”സുബ്ഹാന റബ്ബി അല് അഅ്ലൽ വഹാബ്” ഉന്നതനും ഔദാര്യവാനുമായ എൻ്റെ പരിപാലകന്റെ മഹത്വത്തെ വാഴ്ത്തുന്നു എന്ന ആമുഖത്തോടെ ആയിരുന്നു ആരംഭിച്ചിരുന്നത്.
അന്ത്യം പ്രാസമൊപ്പിക്കുക, വാചകങ്ങൾ ഒരേ ഘടനയിൽ ആക്കുക എന്ന കാര്യങ്ങളിലൊക്കെ ശ്രദ്ധ ഊന്നുന്നതിനേക്കാൾ സാരവത്തായ പ്രാർഥനകളായിരുന്നു അവിടുന്ന് നിർവഹിച്ചിരുന്നത്. പ്രാസം ഒപ്പിക്കാൻ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനെ അവിടുന്ന് നിരുത്സാഹപ്പെടുത്തി.
“റബ്ബനാ ആത്തിനാ ഫിദ്ദുൻയാ ഹസനത്തൻ വഫില്‍ ആഖിറത്തി ഹസനത്തൻ വഖിനാ അദാബന്നാർ” അല്ലാഹുവേ ഈ ലോകത്തും പരലോകത്തും ഞങ്ങൾക്ക് നന്മ ചൊരിയുകയും നരകത്തിൽ നിന്ന് ഞങ്ങളെ കാത്തുരക്ഷിക്കുകയും ചെയ്യേണമേ! എന്ന പ്രാർഥന ആവർത്തിച്ചാവർത്തിച്ച് നിരന്തരം അവിടുന്ന് നിർവഹിക്കാറുണ്ടായിരുന്നു. ഒരു നൂറ് പ്രാവശ്യമെങ്കിലും തുടക്കത്തിലും ഒടുക്കത്തിലും ഈ പ്രാർഥന നിർവഹിച്ച പ്രാർഥനാ ഘട്ടങ്ങളുണ്ടായിരുന്നു എന്ന് അനസുബ്നു മാലിക്ക്(റ) പറയുന്നുണ്ട്. രണ്ടു വാചകങ്ങളിലാണ് പ്രാർഥിക്കുന്നതെങ്കിലും അതിലൊന്ന് ഈ വാചകമായിരിക്കും.
ഒരു മനുഷ്യൻ്റെ ആവശ്യങ്ങളും ആഗ്രഹങ്ങളും എല്ലാ ഉൾക്കൊള്ളുന്ന ആശയവ്യാപ്തിയുള്ള രണ്ട് വാചകങ്ങളാണ് മേൽ ഉദ്ധരിച്ച പ്രാർഥന. തിരുനബിﷺയുടെ പ്രാർഥനകളിൽ തുടക്കത്തിലും ഒടുക്കത്തിലും അവസാനത്തിലും ചിലപ്പോൾ ഈ വാചകങ്ങളുണ്ടാകാറുണ്ടായിരുന്നു എന്ന് ബഖിയ്യ് ബിൻ മഖ്‌ലദ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം.
പ്രാർഥനാ വേളകളിൽ ഇരുകൈകളും വാനലോകത്തേക്ക് ഉയർത്തുക തിരുനബിﷺയുടെ രീതിയായിരുന്നു. അല്ലാഹുവിനോട് അപേക്ഷിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്ന വിഷയങ്ങൾക്ക് അനുസരിച്ചുള്ള ഭാവങ്ങളും ശരീരഭാഷകളും ഉണ്ടാകാറുണ്ട്. അഹ്സാബ് യുദ്ധ വേളയിൽ പ്രതിസന്ധികൾ നേരിട്ടപ്പോൾ മേൽ മുണ്ട് ഒഴിവാക്കി രണ്ടു കൈകളും വാനലോകത്തേക്ക് നന്നായി ഉയർത്തി അവിടുന്ന് പ്രാർഥിച്ചിരുന്നു. ജാബിർ ബിൻ അബ്ദുല്ലാഹ്(റ) ഇക്കാര്യം ഉദ്ധരിക്കുന്നുണ്ട്.
വലിയ പ്രയാസങ്ങളും പ്രതിസന്ധികളും നേരിടുന്ന ഘട്ടങ്ങളിൽ കക്ഷം നേരിട്ട് കാണാവുന്ന വിധത്തിൽ കൈയുയർത്തി പ്രാർഥിക്കാറുണ്ടായിരുന്നു. സാധാരണ പ്രാർഥനകളിൽ മുഖത്തിന് നേരെയായിരുന്നു കൈവെള്ള ഉയർത്തിയിരുന്നത്. അറഫയിൽ വെച്ച് പ്രാർഥന നിർവഹിക്കുമ്പോൾ ദീർഘനേരം കൈകൾ ഉയർത്തി നിൽക്കുന്നത് കണ്ട അനുഭവങ്ങൾ നിരവധി നിവേദനങ്ങളിൽ കാണാം.
മഴ തേടിയുള്ള പ്രാർഥനകളിൽ സവിശേഷമായ ഭാവങ്ങളും ഏറെനേരം കൈ ഉയർത്തി നിന്നുള്ള തേടലുകളും നബി ജീവിതത്തിൽ നിന്ന് വായിക്കാനുണ്ട്. വന്നുചേർന്ന വിപത്ത് ഉയർന്നു പോകുന്നതിന് കൈ കമിഴ്ത്തി പിടിക്കുകയും കാരുണ്യം തേടിയുള്ള പ്രാർഥനകളിൽ കൈവെള്ള ആകാശത്തേക്ക് കാണിച്ച് ഉയർത്തിപ്പിടിക്കുകയും ചെയ്തിരുന്നു. പ്രാർഥന പൂർത്തിയാകുന്ന നേരത്ത് ഇരുകൈകൾ കൊണ്ടും മുഖം തടവുമായിരുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) തിരുനബിﷺയിൽ നിന്ന് അത്തരം രംഗങ്ങൾക്ക് സാക്ഷിയായത് രേഖപ്പെടുത്തുന്നുണ്ട്. പ്രാർഥനക്കിടയിൽ പ്രധാന പ്രമേയങ്ങൾ മൂന്നുപ്രാവശ്യം ആവർത്തിക്കുകയും പൊറുക്കലിനെ തേടുന്ന വാചകങ്ങൾ അത് പ്രകാരം തന്നെ മൂന്നുപ്രാവശ്യം ചൊല്ലുകയും തിരുനബിﷺയുടെ പതിവായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1130
തിരുനബിﷺ ലോകത്തിനു മുന്നിൽ ആവിഷ്കരിച്ചത് പ്രപഞ്ചനാഥനായ അല്ലാഹുവിൻ്റെ സ്മരണയിൽ ദൈനംദിന ജീവിതത്തെ ക്രമീകരിക്കുക എന്ന ശ്രേഷ്ഠമായ ഒരു സന്ദേശത്തെയാണ്. ഉറക്കും ഉണർവും പരിശ്രമവും വിശ്രമവും എല്ലാം അല്ലാഹു നിർദ്ദേശിച്ച ചിട്ടയിലും അല്ലാഹുവിനെക്കുറിച്ചുള്ള ഓർമയിലും ക്രമീകരിക്കുക. അല്ലാഹുവേ നിൻ്റെ നാമത്തിലാണ് ഞാൻ ജീവിക്കുന്നതും മരിക്കുന്നതും എന്നർഥം വരുന്ന “ബിസ്മികല്ലാഹുമ്മ അഹ്യാ വ അമൂതു” എന്ന പ്രാർഥന ചൊല്ലിയിട്ടായിരുന്നു തിരുനബിﷺ ഉറങ്ങാൻ കിടക്കാറുണ്ടായിരുന്നത്.
ബറാഉ ബിൻ ആസിബി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ കിടക്കയിലേക്ക് ചേരാൻ ഉദ്ദേശിച്ചാൽ അല്ലാഹുമ്മ അസ്‌ലംതു നഫ്സി ഇലയ്ക…. എന്നു തുടങ്ങുന്ന പ്രത്യേക പ്രാർഥന ചൊല്ലും. എന്നിട്ട് വലതുഭാഗത്തേക്ക് ചരിഞ്ഞ് ഉറങ്ങും. അല്ലാഹുവേ എന്നെ നിനക്ക് ഞാൻ കീഴ്പ്പെടുത്തുന്നു. നിന്നിലേക്ക് ഞാൻ ലക്ഷ്യം വെക്കുന്നു. എന്റെ കാര്യങ്ങൾ എല്ലാം നിന്നെ ഏൽപ്പിക്കുന്നു. നീ അവതരിപ്പിച്ച ഗ്രന്ഥത്തിലും നീ നിയോഗിച്ച പ്രവാചകനിലും ഞാൻ വിശ്വസിക്കുന്നു. എന്നിങ്ങനെയാണ് ആ മന്ത്രത്തിന്റെ ആശയം. തിരുനബിﷺ തുടർന്ന് പറയുന്നു. ഈ മന്ത്രം ചൊല്ലി ഉറങ്ങുന്ന ഒരാൾ ആ ഉറക്കിൽ മരണപ്പെട്ടു പോയാൽ പവിത്രമായ മരണമായിരിക്കും അയാൾക്ക് ലഭിക്കുക.
ഈ മന്ത്രങ്ങൾക്കും ചിട്ടകൾക്കും ആത്മീയമായും മനശാസ്ത്രപരമായും ഏറെ മേന്മകളുണ്ട്. ഓരോ രാത്രിയിലും ഒരാൾ ജീവിതത്തെ മുഴുവനും സമർപ്പിക്കുന്നു. ആത്മവിചാരണ നടത്തുന്നു. എല്ലാം ഏറ്റവും സുരക്ഷിതമായ അഭയ കേന്ദ്രത്തിൽ അവതരിപ്പിക്കുന്നു. അടുത്ത പ്രഭാതം ജീവിതത്തിലേക്കാണെങ്കിലും മരണത്തിലേക്കാണെങ്കിലും വിജയം പ്രതീക്ഷിക്കാവുന്ന ഒരു കർമത്തോടെ ഉറങ്ങാൻ കിടക്കുന്നു. എത്ര ശുഭകരമായ ഒരു ചിട്ടയാണ് തിരുനബിﷺ പകർന്നുതന്നിട്ട് പോയത്. അല്ലാഹുവേ നിൻ്റെ നാമത്തിലാണ് എൻ്റെ ജീവിതവും മരണവും എന്ന് വരുമ്പോൾ നിർമലമായ ഒരു ഹൃദയവും രക്ഷിതാവിലേക്ക് സമർപ്പിക്കപ്പെട്ട വിചാരങ്ങളും ഉണ്ടാവണമെന്ന്, ഏത് ആകുലതയും നൊമ്പരവും പറയാനും സമർപ്പിക്കാനും എനിക്ക് അഭയകേന്ദ്രം ഉണ്ടെന്ന്, തുടങ്ങി എത്ര അനുഗ്രഹീതമായ കാര്യങ്ങളാണ് തിരുനബിﷺയുടെ പ്രാർഥനാ വചനങ്ങൾ ഉൾക്കൊണ്ടിട്ടുള്ളത്.
പ്രിയ പത്നി ആഇശ(റ) നിവേദനം ചെയ്യുന്നു. എല്ലാ രാത്രിയിലും തിരുനബിﷺ കിടക്കാൻ ഒരുങ്ങുമ്പോൾ വിശുദ്ധ ഖുർആനിലെ അവസാനത്തെ മൂന്ന് അധ്യായങ്ങൾ പാരായണം ചെയ്തു രണ്ട് കൈവെള്ളയും വിരിച്ച് ചേർത്തുപിടിച്ച് അതിലേക്ക് ഒന്ന് ഊതും. ശേഷം കൈകൊണ്ട് ശരീരം മുഴുവനും ഒന്ന് തലോടും. മൂന്നുപ്രാവശ്യം ഇപ്രകാരം നിർവഹിക്കും.
തിരുനബിﷺ ഉറങ്ങാൻ ഒരുങ്ങുമ്പോൾ ചൊല്ലിയ വേറെയും പ്രാർഥനകളും മന്ത്രങ്ങളും വ്യത്യസ്ത നിവേദനങ്ങളിൽ വന്നിട്ടുണ്ട്. എല്ലാ പ്രാർഥനകളുടെയും അടിസ്ഥാന ആശയം പ്രപഞ്ചനാഥനായ അല്ലാഹുവിലേക്കുള്ള വിലയമാണ്. ശേഷം വലതു കൈവെള്ളയിൽ വലതു കവിൾ ചേർത്തു വലതുഭാഗത്തേക്ക് ചരിഞ്ഞ് കിടക്കും. അത് ഖിബ്‌ലക്കഭിമുഖവുമായിരുന്നു.
ഓരോ ഉറക്കവും മരണത്തിൻ്റെ ഒരു ലളിതഭാവമാണെന്ന വിചാരം തിരുനബിﷺ വേറെയും പങ്കുവെച്ചിട്ടുണ്ട്. ആത്മാവ് ശരീരത്തിൽ നിന്ന് താൽക്കാലികമായി ചില അടിസ്ഥാന ബന്ധങ്ങൾ പാലിച്ചുകൊണ്ട് അകന്നു നിൽക്കുന്നതാണ് ഉറക്കം. പൂർണ്ണമായ ഒരു വിട്ടുപോക്കാണ് മരണം. എത്രയോ ആളുകൾ ഉറങ്ങാൻ കിടന്നിട്ടു ഉണർന്നിട്ടില്ല. അന്തിയുറക്കത്തിലേക്ക് അവർ നീങ്ങുകയായിരുന്നു. ഇത്തരം യാഥാർത്ഥ്യങ്ങളെ ആലോചിച്ചും പങ്കുവെച്ചുമായിരുന്നു തിരുനബിﷺയുടെ ചിട്ടകളും ക്രമങ്ങളും പാരായണങ്ങളും. അതുകൊണ്ട് അല്ലാഹുവോട് രക്ഷതേടിയും അവൻ്റെ ശിക്ഷയിൽ നിന്ന് കാവൽ ചോദിച്ചും ശ്രേഷ്ഠകരമായ ഒരു ആത്മീയ പ്രവർത്തനം പോലെയായിരുന്നു തിരുനബിﷺ ഉറങ്ങാൻ കിടന്നത്.
Tweet 1131
ഓരോ സമയങ്ങളിലും സന്ദർഭങ്ങളിലും തിരുനബിﷺ ഉണർത്തിയ ആത്മീയ വിചാരങ്ങൾ അതാത് സമയങ്ങളിലെ ആത്മീയ അനുഷ്ഠാനമായി രൂപാന്തരപ്പെട്ടു. പ്രഭാതത്തിലും പ്രദോഷത്തിലും തിരുനബിﷺയിൽ ഉണർന്ന ആത്മീയ ചിന്തകൾ വാക്കുകളും വാചകങ്ങളും മന്ത്രങ്ങളുമായി ആവിഷ്കരിക്കപ്പെടുകയും അവകളെല്ലാം പിന്നീട് ആത്മീയ അനുഷ്ഠാനങ്ങളായി പരിപാലിക്കപ്പെടുകയും ശ്രദ്ധിക്കപ്പെടുകയും ചെയ്തു. അബ്ദുല്ലാഹിബ്നു ഖാസിമി(റ)ല്‍ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ അയൽവാസിയായിരുന്ന ഒരു മഹതി പറഞ്ഞു. പ്രഭാതമാകുമ്പോൾ തിരുനബിﷺ ഇപ്രകാരം പറയാറുണ്ടായിരുന്നു. “അല്ലാഹുമ്മ ഇന്നീ അഊദുബിക മിൻ അദാബിൽ ഖബ്’രി വ മിൻ ഫിത്നതിൽ ഖബ്ർ” അല്ലാഹുവേ ഖബറിലെ ശിക്ഷയിൽ നിന്നും നാശത്തിൽ നിന്നും നിന്നോട് ഞാൻ കാവൽ തേടുന്നു.
മേൽ പറയപ്പെട്ടത് ഒരു പ്രാർഥനാ വാചകം എന്നതിലപ്പുറം നിരന്തരമായി ഒരു വിശ്വാസിയിൽ ഉണ്ടായിരിക്കേണ്ട ആത്മീയ ആലോചനയെ കുറിച്ചുള്ള അധ്യാപനമാണ്. എപ്പോഴാണ് ഈ വീടുവിട്ട് മൺ വീട്ടിലേക്ക് പോവുക എന്നറിയില്ല. അവിടുത്തെ ക്ഷേമത്തിനും സന്തോഷത്തിനും ഉപകരിക്കുന്ന വിചാരങ്ങളും അനുഷ്ഠാനങ്ങളും എപ്പോഴും ഉണ്ടായിരിക്കണം.
അബൂ സഈദ് അല് ഖുദ്രി(റ)യിൽ നിന്ന് ഇമാം ബസ്സാർ(റ) നിവേദനം ചെയ്യുന്നു. പ്രഭാതമായി സൂര്യനുദിച്ചാൽ തിരുനബിﷺ ഇപ്രകാരം പ്രാർഥിക്കും. നീ സാക്ഷ്യപ്പെടുത്തുകയും നിന്റെ മലക്കുകളെയും വിജ്ഞാനികളെയും സാക്ഷി നിർത്തുകയും ചെയ്ത ഒരു യാഥാർത്ഥ്യത്തെ അംഗീകരിച്ചുകൊണ്ട് ഞാൻ പ്രഭാതത്തിലേക്ക് പ്രവേശിക്കുന്നു. അല്ലാഹുവേ, നീ തന്നെയാണ് ശാന്തി അഥവാ സലാം. നിന്നിൽ നിന്നാണ് സമാധാനത്തിന്റെ തുടക്കം. നിന്നിലേക്കാണ് സമാധാനത്തിന്റെ മടക്കം. അല്ലയോ പ്രതാപവും മഹത്വവുമുള്ള രക്ഷിതാവേ! ഞങ്ങളുടെ പ്രാർഥനകൾക്ക് നീ ഉത്തരം നൽകേണമേ! ആഗ്രഹങ്ങളെ നീ സഫലമാക്കേണമേ! നീ നിൻ്റെ സൃഷ്ടികൾക്ക് ഐശ്വര്യം നൽകിയതിൽ നിന്ന് ഞങ്ങൾക്കും നീ ഐശ്വര്യവും പ്രതാപവും നൽകേണമേ! എൻ്റെ എല്ലാ കാര്യങ്ങളുടെയും പവിത്രത നിലകൊള്ളുന്ന ദീനീ കാര്യങ്ങളെ നീ ചിട്ടപ്പെടുത്തി തരേണമേ! ജീവനോപാധികൾ നിലനിൽക്കുന്ന ഭൗതിക ജീവിതത്തെയും നീ നന്നാക്കി തരേണമേ! മടങ്ങിയെത്തുന്ന പാരത്രിക ജീവിതത്തെയും നീ ക്ഷേമകരമാക്കി തരേണമേ!
മേൽ ഉദ്ധരിച്ച ഹദീസിന്റെ വാചകങ്ങളും ആശയവും എല്ലാം ഒരു വിശ്വാസിക്ക് ഉണ്ടായിരിക്കേണ്ട പ്രഭാതവിചാരങ്ങളെയാണ് അടയാളപ്പെടുത്തുന്നത്. ഒരു മനുഷ്യജീവിതത്തിന്റെ യാഥാർത്ഥ്യങ്ങളെ കുറിച്ചുമാണ് അതിലെ ഓരോ പരാമർശങ്ങളും. മത ജീവിതത്തെയും പൊതുജീവിതത്തെയും അതിലെല്ലാം ഉപരിയായി അനന്തമായ പാരത്രിക ജീവിതത്തെയും നിരന്തരമായി ആലോചിച്ചു കൊണ്ടായിരുന്നു അവിടുത്തെ അനുഷ്ഠാനങ്ങളും ഇടപെടലുകളുമെല്ലാം. മനുഷ്യൻ പക്ഷേ താൽക്കാലികമായി നേരിട്ടു കാണുന്ന ഇഹലോക ജീവിതത്തെക്കുറിച്ചു മാത്രം ആലോചിച്ചു മതിയാക്കുന്നു. ഇവകളെല്ലാം താൽക്കാലിക വ്യവഹാരങ്ങൾ മാത്രമാണെന്ന് പലപ്പോഴും മറന്നുപോകുന്നു.
പ്രവാചകന്മാരും ആത്മീയ ഗുരുക്കന്മാരും ജീവിതത്തിൻ്റെ എല്ലാതരങ്ങളെയും ആലോചിക്കാനും അറിയാനും ചിട്ടപ്പെടുത്താനും പഠിപ്പിക്കുന്നു. മനസ്സറിഞ്ഞുകൊണ്ട് നിർവഹിക്കുന്ന പ്രാർഥനാ വചനങ്ങളിൽ തന്നെ ജീവിതയാഥാർത്ഥ്യങ്ങളെ അടയാളപ്പെടുത്തുക എന്ന് വന്നാൽ, ശരിയായ വിചാരങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ ഒരു വിശ്വാസിക്ക് സാധ്യമല്ല. അല്ലാഹുവിനെ നമുക്ക് ചെന്നുചേരാനുള്ള അപേക്ഷ സ്ഥാനമായി അവതരിപ്പിച്ചു വെച്ചാൽ ജീവിതത്തിന്റെ ഏതു ഘട്ടത്തിലും ശരിയായ ദിശയിലേക്ക് മാത്രം മനുഷ്യൻ ചിന്തിക്കും. ക്ഷേമകരമായ ഒരു ദിനത്തിൻ്റെ തുടക്കമാണ് ശുഭകരമായ ഒരു പ്രഭാതം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1132
തിരുനബിﷺയുടെ പ്രാർഥനകളിൽ അല്ലാഹുവിനോട് കാവൽ തേടുന്ന സവിശേഷമായ വാചകങ്ങളും ആശയങ്ങളുമുണ്ട്. ഇമാം ഇബ്നു അബീ ശൈബ(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. തിരുനബിﷺ ഇപ്രകാരം പ്രാർഥിക്കാറുണ്ടായിരുന്നു. ഉപകരിക്കാത്ത വിജ്ഞാനം, സ്വീകരിക്കപ്പെടാത്ത കർമങ്ങൾ, ഭയഭക്തി ഇല്ലാത്ത ഹൃദയം, സ്വീകരിക്കപ്പെടാത്ത പ്രാർഥന എന്നിവയിൽ നിന്ന് നിന്നോട് ഞാൻ കാവൽ തേടുന്നു അല്ലാഹുവേ!
ഈ പ്രാർഥനാ വാചകങ്ങൾ കേവലം ഒരു പ്രാർഥന മാത്രമല്ല. മറിച്ച് വലിയ ചില സന്ദേശങ്ങൾ കൂടിയാണ്. കേവലം വിജ്ഞാനമുണ്ടായിട്ട് കാര്യമില്ല, ഉപകാരപ്രദമായ വിജ്ഞാനമുണ്ടാവണം. കുറെ കർമങ്ങൾ ചെയ്തിട്ടു കാര്യമില്ല, അവകൾക്ക് അല്ലാഹുവിൽ നിന്ന് സ്വീകാര്യത ലഭിക്കണം. കേവലം ഹൃദയമുണ്ടായിട്ട് കാര്യമില്ല, ഹൃദയത്തിൻ്റെ അധിപനായ അല്ലാഹുവിനെ കുറിച്ചുള്ള ഭയഭക്തി ഉണ്ടായിരിക്കണം. പ്രാർഥനകൾ അല്ലാഹു സ്വീകരിക്കുമ്പോള്‍ മാത്രമാണ് അതിനു മൂല്യമുണ്ടാകുന്നത്.
ജീവിതത്തിലുടനീളം ഒരു വ്യക്തിയിൽ നന്മനിറക്കുന്ന മൂല്യങ്ങളാണല്ലോ ഈ പറഞ്ഞതെല്ലാം. വിജ്ഞാനം പ്രയോജനപ്രദമായതാകണമെങ്കിൽ പഠിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും ആവശ്യമായ ചിട്ടകളും മര്യാദകളും പാലിച്ചിരിക്കണം. കർമങ്ങൾ സ്വീകാര്യമാകണമെങ്കിൽ അതിന് ആവശ്യമായ ഘടകങ്ങൾ ഒത്തുചേരണം. ഹൃദയത്തിൽ ഭയഭക്തി ഉണ്ടാകണമെങ്കിൽ ഹൃദയത്തിനാവശ്യമായ വിഭവങ്ങളും വിചാരങ്ങളും നിരന്തരമായി നൽകിക്കൊണ്ടിരിക്കണം. പ്രാർഥനകൾ സ്വീകരിക്കപ്പെടണമെങ്കിൽ വ്യക്തിയുടെ വിശ്വാസവും ജീവിതവും സമീപനവും മനോഗതിയും എല്ലാം പ്രത്യേകമായ ഗുണങ്ങൾ നിറഞ്ഞതായിരിക്കണം.
ഇങ്ങനെയൊക്കെ ആലോചിക്കുമ്പോൾ തിരുനബിﷺയുടെ പ്രാർഥനാ വചനങ്ങൾ പകർന്നു നൽകുന്ന ആശയലോകം വളരെ വലുതാണ്. അല്ലാഹുവോട് ഒരു കാര്യം പ്രാർഥിക്കുമ്പോൾ തന്നെ സ്വയം ഉണ്ടായിരിക്കേണ്ട വിചാരങ്ങൾ സ്വന്തം ഉണർത്തുകയും കൂടി ചെയ്യുന്നു. ഇത് അത്ഭുതകരമായ ഒരു മനശാസ്ത്ര ശിക്ഷണം കൂടിയാണ്.
തിരുനബിﷺ പ്രത്യേകമായി കാവൽ തേടിയിരുന്ന മറ്റൊരു കാര്യമാണ് കടം. മഹതി ആഇശ(റ) നിവേദനം ചെയ്യുന്നു. വീടാനാവാത്ത കടത്തിൽ നിന്ന് തിരുനബിﷺ പ്രത്യേകം കാവൽ തേടുമായിരുന്നു.
കടം വലിയ ബാധ്യതയും ഭാരവും അനിവാര്യമെങ്കിൽ മാത്രം സ്വീകരിക്കേണ്ട കാര്യവുമായിട്ടാണ് തിരുനബിﷺ പഠിപ്പിച്ചത്. വീടാൻ വഴി കാണാതെ കടം വാങ്ങരുതെന്നും അവധി എത്തിയാൽ കൃത്യമായി നൽകണമെന്നും തുടങ്ങി ഇടപാടുകൾ സംബന്ധമായി മാത്രം സമഗ്രമായ നിയമങ്ങൾ തിരുനബിﷺ നമുക്ക് പകർന്നു നൽകിയിട്ടുണ്ട്. ഒരു നല്ല വ്യക്തിയെ അളക്കാനുള്ള മാനവും മാനദണ്ഡവുമായി സാമ്പത്തിക വ്യവഹാരങ്ങളെ ഇസ്‌ലാം പ്രകാശിപ്പിക്കുന്നു. വിശുദ്ധനും സത്യസന്ധനുമായിരിക്കുക എന്നത് ഏറ്റവും മികച്ച ഗുണമായി മനുഷ്യകുലം മുഴുവനും കാണുന്നുണ്ടല്ലോ. വിശ്വസ്തതയുടെയും സത്യസന്ധതയുടെയും ഏറ്റവും മികച്ച ഉദാഹരണമാണല്ലോ തിരുനബിﷺ.
അല്ലാഹുവിനോട് കാവൽ തേടുന്ന പ്രധാനപ്പെട്ട പ്രമേയങ്ങൾ കൂടി ഉൾക്കൊള്ളുന്നതാണ് ഇമാം ഇബ്നു ഹിബ്ബാൻ(റ), അനസ് ബിൻ മാലികി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസ്. അദ്ദേഹം പറയുന്നു. തിരുനബിﷺ ഇപ്രകാരം പ്രാർഥിക്കാറുണ്ടായിരുന്നു. ദുഃഖത്തിൽ നിന്നും മനപ്രയാസത്തിൽ നിന്നും അശുദ്ധിയിൽ നിന്നും അലസതയിൽ നിന്നും പിശുക്കിൽ നിന്നും ഭീരുത്വത്തിൽ നിന്നും വീടാനാവാത്ത കടത്തിൽ നിന്നും മറ്റുള്ളവരുടെ മുമ്പിൽ നിസ്സാരനും ഇളിഭ്യനും ആവുന്നതിൽ നിന്നും അല്ലാഹുവേ നിന്നോട് ഞാൻ കാവൽ തേടുന്നു.
ഈ പ്രാർഥനാ വാചകങ്ങളും ഒരുപാട് ആത്മീയ സാരങ്ങളെയും കരുതലുകളെയും ഉൾക്കൊള്ളുന്നുണ്ട്. സ്വയമായി സൂക്ഷിക്കേണ്ടതും വന്നുഭവിക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടതും വ്യവഹാരങ്ങളിൽ പാലിക്കേണ്ടതും സ്വയമായി വികസിപ്പിച്ചെടുക്കേണ്ടതും എന്ന് തുടങ്ങി മനുഷ്യൻ ശ്രദ്ധയോടെ പരിഗണിക്കേണ്ട നിരവധി പ്രമേയങ്ങൾ കുറഞ്ഞ വാചകങ്ങളിൽ ഈ പ്രാർഥന വചനങ്ങൾ ഉൾക്കൊള്ളുന്നുണ്ട്.
Tweet 1133
തിരുനബിﷺയുടെ സവിശേഷമായ പ്രാർഥനകളിൽ അല്ലാഹുവിനോട് എണ്ണിപ്പറഞ്ഞ് കാവൽ തേടിയ വസ്തുക്കളും വസ്തുതകളുമുണ്ട്. ചില സംഭവങ്ങൾ, പ്രതിസന്ധികൾ, ജീവജാലങ്ങൾ, വിപത്തുകൾ ഇങ്ങനെ പല ഭാവത്തിലും പേരെടുത്തു പറഞ്ഞുകൊണ്ട് അല്ലാഹുവേ അതിൽ നിന്നൊക്കെ കാത്തുരക്ഷിക്കേണമേ എന്ന് അവിടുത്തെ പ്രാർഥനകളിലുണ്ടായിരുന്നു.
ഇബ്നു അബീ ശൈബ(റ) ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. തിരുനബിﷺ ഇങ്ങനെ പ്രാർഥിച്ചിരുന്നു. അല്ലാഹുവേ നിൻ്റെ പവിത്രവും പരിപൂർണ്ണവുമായ വചനങ്ങൾ മുൻനിർത്തി നിന്നോട് നിൻ്റെ കോപം, ശിക്ഷ, നിൻ്റെ അടിമകളിൽ നിന്നുള്ള തിന്മകൾ, പൈശാചിക ബോധനങ്ങൾ, അവയുടെ സാന്നിധ്യങ്ങൾ എന്നിവയിൽ നിന്ന് കാവൽ തേടുന്നു.
ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറയുന്നു. അല്ലാഹുവേ വിഘടന വിചാരങ്ങളിൽ നിന്നും കാപട്യത്തിൽ നിന്നും ദുസ്വഭാവം, താങ്ങാനാവാത്ത കാര്യങ്ങൾ എന്നിവയിൽ നിന്നെല്ലാം നിന്നോട് ഞാൻ കാവൽ തേടുന്നു.
മറ്റൊരു നിവേദനത്തിൽ. അന്ധത, ബധിരത, പാപങ്ങൾ, കടം, ഖബറിലെ വിപത്തുകൾ, കാര്യങ്ങളൊക്കെ നിയന്ത്രണരഹിതമാവുക, ദുർമരണങ്ങൾ, അപകടമരണങ്ങൾ, വഞ്ചിക്കുന്ന സ്വകാര്യത, സഹിക്കാനാവാത്ത വിശപ്പ്, ഇവയിൽ നിന്നെല്ലാം നീ കാവൽ നൽകേണമേ!
ഈ പ്രാർഥന വചനങ്ങൾ എല്ലാം കേവലം അല്ലാഹുവിൽ നിന്ന് കാവൽ തേടുന്ന വചനങ്ങൾക്കപ്പുറം മനുഷ്യൻ പ്രതീക്ഷിക്കേണ്ട വിപത്തുകളെ കുറിച്ചും ജാഗ്രത പാലിക്കേണ്ട അപകടങ്ങളെക്കുറിച്ചും എപ്പോഴും വന്നു ഭവിച്ചേക്കാം എന്ന് വിചാരിക്കേണ്ട കാര്യങ്ങളെക്കുറിച്ചുമുള്ള ഉൽബോധനങ്ങൾ കൂടിയാണ്. പ്രാർഥനകൾ കേവലം അല്ലാഹുവിനോടുള്ള അർഥനാ വചനങ്ങളിൽ മാത്രം ഒതുങ്ങുകയല്ല. സമഗ്രമായ ഒരുപാട് വിചാരങ്ങളെ കൂടിയാണ് പങ്കുവെക്കുന്നത്. ചൊല്ലിക്കൊണ്ടിരിക്കുന്ന വാചകങ്ങളുടെ ആശയങ്ങൾ ഹൃദയത്തോട് ചേർത്തു വെക്കുമ്പോൾ കാര്യബോധം ഉണർത്താൻ പറ്റുന്നതും നിസ്സാരത ബോധ്യപ്പെടുത്തുന്നതും ജാഗ്രത്തായിരിക്കേണ്ടതുമായ നിരവധി ഉള്ളടക്കങ്ങളെയാണ് തിരിച്ചറിയുന്നത്.
നരക ശിക്ഷയിൽ നിന്നും ഖബറിലെ വിപത്തിൽ നിന്നും നിരന്തരമായി തന്നെ തിരുനബിﷺ കാവൽ തേടുമായിരുന്നു. അല്ലാഹുവിൻ്റെ ശിക്ഷയുടെ ഭവനം നരകമാണെന്ന് ബോധ്യപ്പെടുത്തുകയും അതിലേക്ക് എത്തിച്ചേരുന്ന കാര്യങ്ങളൊന്നും ഉണ്ടാകാതിരിക്കണമെന്ന് നിരന്തരമായി ഓരോ ആത്മാവും ഉണർത്തി കൊണ്ടിരിക്കുകയും വേണം. വിനാശത്തിന്റെ വിലാസമായി അന്ത്യനാളിൽ പ്രത്യക്ഷപ്പെടുന്ന ദജ്ജാലിൽ നിന്ന് നിരന്തരമായി കാവൽ ചോദിച്ചു കൊണ്ടിരിക്കുക വിശ്വാസിയുടെ നിത്യ കർമങ്ങളുടെ ഭാഗമാണ്. അതും കേവലം ഒരു പ്രാർഥന എന്നതിനപ്പുറം ലോകത്ത് വന്നുഭവിക്കുന്ന ഏറ്റവും വലിയ ഒരു വിപത്താണ് എന്ന് നിരന്തരമായി ഓർമപ്പെടുത്തുന്ന ഒരു പ്രക്രിയ കൂടി അതിലുണ്ട്.
നരകത്തെക്കുറിച്ചും ദജ്ജാലിനെ കുറിച്ചുമൊക്കെ പറയുമ്പോൾ ശിക്ഷയ്ക്ക് ഹേതുകമായേക്കാവുന്ന പാപങ്ങളെ കുറിച്ചുള്ള ആത്മവികാരം നടക്കും. ഉടനെ പാപമോചനത്തിനു വേണ്ടിയുള്ള പ്രാർഥനയാണ് തിരുനബിﷺ തുടർന്ന് പറഞ്ഞു തരുക. അല്ലാഹുവേ ഞങ്ങളുടെ പാപങ്ങൾ നീ കഴുകിക്കളയേണമേ! വെള്ളവസ്ത്രം ശുദ്ധമാക്കപ്പെടുന്നതുപോലെ ഞങ്ങളെയും ഞങ്ങളുടെ ഹൃദയത്തെയും പാപത്തിൽ നിന്ന് ശുദ്ധമാക്കി തരേണമേ! ഞങ്ങൾ മാപ്പിരക്കുന്നത് നീ സ്വീകരിക്കേണമേ! ഞങ്ങളുടെ കേണപേക്ഷകളെ പരിഗണിക്കേണമേ! എന്നിങ്ങനെ നിരന്തരമായി അല്ലാഹുവിനോട് വിലയും തേടുന്ന പുണ്യനബിﷺയുടെ പ്രാർഥന മന്ത്രങ്ങളെ നിരവധി ഹദീസുകളിൽ നിന്ന് നമുക്ക് വായിക്കാനുണ്ട്. നമ്മുടെയും നിത്യജീവിതത്തിൽ അല്ലാഹുവിലേക്ക് ഹൃദയവും കൈകളും ഉയർത്തി വയ്ക്കുന്ന, പ്രതീക്ഷയോടെ നീട്ടിപ്പിടിക്കുന്ന പ്രാർഥനകളുണ്ടായിരിക്കണം.
Tweet 1134
ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറഞ്ഞു. അലസത, അമിതമായ പ്രായാധിക്യം, ഹൃദയത്തിന് വന്നുഭവിക്കുന്ന നാശങ്ങൾ, ഖബറിലെ ശിക്ഷകൾ എന്നിവയിൽ നിന്ന് തിരുനബിﷺ അല്ലാഹുവിനോട് കാവൽ തേടിയിരുന്നു.
ഈ പ്രാർഥനയിൽ പരാമർശിക്കപ്പെട്ട ഓരോ കാര്യങ്ങളും പല മനുഷ്യരെയും വിനാശകരമായി ബാധിച്ചു പോകുന്നതാണ്. അലസത കൊണ്ട് ഒരുപാട് നന്മകൾ നഷ്ടപ്പെടുന്ന എത്ര ആളുകൾ!! അത്തുപിത്തും പറയുന്ന പ്രായാധിക്യം കൊണ്ട് സ്വന്തവും ബന്ധുക്കളും പ്രയാസമനുഭവിക്കുന്ന എത്രയോ വ്യക്തികൾ! ഹൃദയത്തിനു വന്നു ഭവിക്കുന്ന നാശത്തേക്കാൾ വലുതായി മറ്റൊന്നുമില്ലല്ലോ! മേടയിൽ ജീവിക്കുന്ന മനുഷ്യൻ മൺകൂടിലേക്ക് പോയി കിടക്കേണ്ടിവരുമ്പോൾ അത് രക്ഷയുടെ ഭവനമായി ലഭിക്കുക എന്നത് ഒരു വലിയ ഭാഗ്യമായി തന്നെയാണ് ആത്മീയ ഭാഷകൾ അവതരിപ്പിക്കുന്നത്.
മേൽ പരാമർശിക്കപ്പെട്ട ഓരോ പ്രാർഥനകളും നമ്മുടെ ഹൃദയത്തിൽ ആലോചനാപരമായി കടന്നുവരേണ്ടതാണ്. ഈ അധ്യായത്തിൽ പലതവണ സൂചിപ്പിച്ചതുപോലെ പ്രാർഥനാ വാചകങ്ങൾ എന്നതിനപ്പുറം ഒരു മനുഷ്യനിൽ ഉണ്ടാകേണ്ട ബോധ്യങ്ങൾ കൂടിയാണ് ഓരോ പ്രാർഥനാ വാചകങ്ങളുടെയും ഉള്ളടക്കം.
പിശാചിനെയും അതിൻ്റെ എല്ലാ ഭാവങ്ങളെയും എണ്ണിപ്പറഞ്ഞുകൊണ്ട് തന്നെ അല്ലാഹുവിനോട് കാവൽ ചോദിക്കുന്ന വാചകങ്ങളും തിരുനബിﷺയുടേതായി ഇമാം ബസ്സാർ(റ) ഉദ്ധരിക്കുന്ന ഹദീസിൽ കാണാം.
അബ്ദുറഹ്മാനുബ്നു അബീബക്കർ(റ) പറയുന്നു. തിരുനബിﷺ ഇപ്രകാരം പ്രാർഥിക്കുന്നത് ഞാൻ കേട്ടു. അത്യുദാത്തമായ നിൻ്റെ സത്തയെ മുൻനിർത്തിയും അത്യുന്നതമായ നിൻ്റെ നാമങ്ങളെ മുൻനിർത്തിയും കുഫ്ർ അഥവാ സത്യനിഷേധത്തിൽ നിന്നും ഫഖ്ർ അഥവാ ദാരിദ്ര്യത്തിൽ നിന്നും നിന്നോട് ഞാൻ കാവൽ ചോദിക്കുന്നു അല്ലാഹുവേ!
ദാരിദ്ര്യം ഒരുപക്ഷേ മനുഷ്യനെ ഉചിതമല്ലാത്ത പലതിലേക്കും ചിന്തിപ്പിച്ചേക്കാം. സത്യനിഷേധത്തിലേക്ക് വരെയും എത്തിച്ചേക്കാം. ദാരിദ്ര്യം ഒരു ഭീകരമായ യാഥാർത്ഥ്യമായി, അല്ലാഹുവിൽ നിന്നും സുരക്ഷ തേടേണ്ട ഒരു വസ്തുതയായി തിരുനബിﷺ പഠിപ്പിച്ചു. അതും ഒരു കരുതലിന്റെ വിചാരമാണ്.
ഉഖ്ബത് ബിൻ ആമിർ(റ) പറയുന്നു. മോശമായ ദിവസം, മോശമായ രാത്രി, മോശമായ നിമിഷം, വൃത്തികെട്ട കൂട്ടുകാരൻ, സ്ഥിരമായി താമസിക്കുന്ന സ്ഥലത്തെ വൃത്തികെട്ട അയൽവാസി എന്നിവയിൽ നിന്ന് അല്ലാഹുവേ നിന്നോട് ഞാൻ കാവൽ തേടുന്നു.
എത്ര ആശയപൂർണ്ണമായ ഒരു പ്രാർഥനയാണിത്. ജീവിതത്തെ മുഴുവനും നന്മയിലേക്ക് നയിക്കേണമേ എന്ന് പറയുന്നതുപോലെ. എന്നാൽ, അതിനിടയിൽ ജീവിതത്തെ ഹനിക്കുന്ന പല പ്രമേയങ്ങളും ശ്രദ്ധിക്കാൻ നമ്മെ പഠിപ്പിക്കുകയാണ്. അല്ലാഹു വിലക്കിയത് ചെയ്യുന്ന ഓരോ ദിവസവും മോശമായ ദിവസമാണ്. അല്ലാഹുവിന് ഇഷ്ടമല്ലാത്ത കാര്യങ്ങളുമായി വ്യാപരിക്കുന്ന ഓരോ രാത്രിയും മോശമായ രാത്രിയാണ്. ഓരോ നിമിഷവും മോശമായ നിമിഷമാണ്. അങ്ങനെ അങ്ങനെ….. കൂട്ടുകാരൻ്റെ നന്മയും തിന്മയും ഒരു വ്യക്തിയെ സ്വർഗ്ഗത്തിലേക്കും നരകത്തിലേക്കും എത്തിക്കും. ഒരു നല്ല അയൽവാസിയിലൂടെ ലഭിക്കുന്ന നന്മകൾ എണ്ണമറ്റതും അമൂല്യവുമാണ്. ഉന്നതമായ വിചാരങ്ങളെയും ബോധപൂർവ്വമുള്ള ചില കരുതലുകളെയും എണ്ണിയെണ്ണി പഠിപ്പിക്കുകയും അല്ലാഹുവിൽ നിന്ന് അതെല്ലാം നേടിയെടുക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്ന പ്രാർഥനാ വചനങ്ങളാണിവ.
നല്ല മരണത്തിനുവേണ്ടി അവിടുന്ന് പ്രത്യേകം പ്രാർഥിച്ചു. മോശമായ മരണം, അപകടമരണം, പെട്ടെന്നുള്ള മരണം, വിഷബാധയേറ്റോ മുങ്ങിയോ മരണപ്പെടുന്നത് തുടങ്ങിയുള്ള ആകസ്മികങ്ങളെ തൊട്ട് അല്ലാഹുവിനോട് അവിടുന്ന് കാവൽ തേടി. മാനസിക സംഘർഷങ്ങളിൽപ്പെട്ട് മരണപ്പെടുന്നതിനെതൊട്ടും അല്ലാഹുവിനോട് സംരക്ഷണം ചോദിച്ചു.
എത്ര മേൽ ഉന്നത വിചാരങ്ങളെയും മുൻകരുതലുകളെയുമാണ് പുണ്യറസൂൽﷺ ഈ പ്രാർഥന വചനങ്ങളിലൂടെ നമുക്ക് പകർന്നു തന്നത്.
Tweet 1135
തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളും ക്രയവിക്രയങ്ങളും സംബന്ധിച്ച അധ്യായത്തിലേക്കാണ് ഇനി നാം പ്രവേശിക്കുന്നത്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. സ്വഹാബികളിൽ ഒരാൾ അദ്ദേഹത്തിൻ്റെ ആകെയുള്ള സമ്പാദ്യമായ അടിമയെ സ്വതന്ത്രനാക്കാൻ ഉദ്ദേശിക്കുന്നു എന്ന് തിരുനബിﷺ അറിഞ്ഞു. 800 ദിർഹമിന് തിരുനബിﷺ അതിനെ വാങ്ങുകയും സംഖ്യ അദ്ദേഹത്തിന് അയച്ചുകൊടുക്കുകയും ചെയ്തു.
അടിമകൾ ആസ്തിയായി കണ്ടിരുന്ന ഒരു സമൂഹ ഘടനയിലായിരുന്നു തിരുനബിﷺ ഉണ്ടായിരുന്നത്. ഒരു സ്വഹാബിയുടെ ആകെ ആസ്തിയും ഒരു അടിമയുടെ വിമോചനത്തിലൂടെ ഇല്ലായ്മ ചെയ്യപ്പെടുന്നതിൽ നിന്ന് നിർമാണപരമായി അതിനെ അറ്റൻഡ് ചെയ്യുകയായിരുന്നു അവിടുന്ന്.
ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്യുന്നു. ഒരു അടിമ തിരുനബിﷺയുടെ അടുക്കൽ വന്ന് ഹിജ്റയുടെ മേൽ ബയ്അത് അഥവാ അനുസരണ പ്രതിജ്ഞ ചെയ്തു. എന്നാൽ അദ്ദേഹം അടിമയാണെന്ന കാര്യം വെളിപ്പെടുത്തിയിരുന്നില്ല. ശേഷം അദ്ദേഹത്തെ തേടി ഉടമസ്ഥൻ വന്നു. തിരുനബിﷺ രണ്ട് നീഗ്രോകളെ കൊടുത്തു ഈ അടിമയെ വാങ്ങി. പിന്നീട് ഉടമ്പടി ചെയ്യാൻ വരുന്ന ഓരോരുത്തരോടും അടിമയാണോ അല്ലേ എന്ന് പ്രത്യേകം അന്വേഷിച്ചിരുന്നു.
സർവ്വസാധാരണയായി അടിമകളെ വിൽക്കപ്പെടുന്ന ഒരു സാമൂഹിക ഘടനയിൽ തിരുനബിﷺയുടെ ചില വ്യവഹാര നിമിഷങ്ങളെ ഹദീസ് നിവേദനങ്ങളിൽ നിന്ന് ഉദ്ധരിക്കുകയാണ് ചെയ്യുന്നത്.
പ്രമുഖ ഹദീസ് പണ്ഡിതന്മാരെല്ലാം നിവേദനം ചെയ്യുന്നു. സുവൈദുബിന് ഖൈസ്(റ) പറഞ്ഞു. ഞാനും മഖ്റൂമത്തുൽ അബ്ദി(റ)യും യമനിലെ ഹജറിൽ നിന്നുള്ള വസ്ത്രവുമായി മദീനയിലേക്ക് വന്നു. തിരുനബിﷺ നടന്നു പോവുകയായിരുന്നു. ഞങ്ങളെ കണ്ടുമുട്ടുകയും വിൽക്കാനുള്ള വസ്ത്രത്തിന്റെ വില പറയുകയും ചെയ്തു. തിരുനബിﷺ ഒരു സൽവാർ വാങ്ങുകയും അതിനു വില നൽകുകയും ചെയ്തു. വില തൂക്കിയെടുത്തപ്പോൾ അല്പം മിച്ചം തൂക്കിയെടുത്തോളാൻ തിരുനബിﷺ പറഞ്ഞു.
അന്ന് വില തൂക്കിയെടുക്കുന്ന സമ്പ്രദായമായിരുന്നു ഉണ്ടായിരുന്നത്. തിരുനബിﷺ സ്വഹാബികളോട് വ്യാപാര വ്യവഹാരങ്ങളിൽ ഇടപെട്ടു എന്നും കച്ചവടക്കാരോട് ക്ഷേമകരമായി പെരുമാറി എന്നുമാണ് ഈ അധ്യായം നമുക്ക് നൽകുന്ന പാഠം.
അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ മദീനയിലേക്ക് വന്ന ഒട്ടകങ്ങളെ വാങ്ങി. അതിൽ ലാഭം ലഭിച്ചു. അതുകൊണ്ട് അബ്ദുൽ മുത്തലിബ് കുടുംബത്തിലെ വിധവകൾക്ക് ധർമം ചെയ്തു.
ലാഭകരമായി കച്ചവടം ചെയ്യുന്നതും ലഭിച്ച സമ്പത്തിൽ നിന്ന് ദാനം ചെയ്യുന്നതും തിരുനബിﷺ പ്രായോഗിക ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തരികയായിരുന്നു. അവിടുത്തെ വ്യാപാരവും വ്യവഹാരവും ഭൗതികമായ താല്പര്യങ്ങൾ കൊണ്ടോ സമ്പത്തിനോടുള്ള പ്രതിപത്തി കൊണ്ടോ ആയിരുന്നില്ല. എന്നാൽ അനുവദിക്കപ്പെട്ട വ്യാപാരവും അതിന്മേൽ ലാഭം നേടുന്നതും മനുഷ്യ ജീവിതത്തിന്റെ ഭാഗമായി തിരുനബിﷺ പഠിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ഉമർ(റ) പറഞ്ഞു. ഞാൻ എൻ്റെ പിതാവിൻ്റെ ഒരു ചെറിയ ഒട്ടകപ്പുറത്തായിരുന്നു. യാത്രക്കിടയിൽ അതനുസരിക്കുന്നുണ്ടായില്ല. പലപ്പോഴും ഉമർ(റ) അതിനെ വിരട്ടി നോക്കി. അല്പം കഴിയുമ്പോൾ വീണ്ടും ഒട്ടകം പഴയ പടിയാവും. ഇതു കണ്ട തിരുനബിﷺ പറഞ്ഞു. ആ ഒട്ടകത്തെ ഇങ്ങ് വിറ്റ്കൊള്ളൂ. അതെ, അവിടുത്തേക്ക് തന്നിരിക്കുന്നു പ്രവാചക പ്രഭോﷺ. ഉമർ(റ) ഉടനടി പറഞ്ഞു. തിരുനബിﷺ അതിനെ വാങ്ങിയിട്ട് അബ്ദുല്ലാഹിബ്നു ഉമറി(റ)നോട് പറഞ്ഞു. ഇതാ ഞാൻ നിങ്ങൾക്ക് തന്നിരിക്കുന്നു. ഇഷ്ടമുള്ള പ്രകാരം ഇതിനെ കൊണ്ടുനടന്നോളൂ.
തിരുനബിﷺയുടെ ഒരിടപാടിന്റെ രംഗമാണ് ഈ ഹദീസ് നമുക്ക് പരിചയപ്പെടുത്തിയത്.
Tweet 1136
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) പറഞ്ഞു. ഗ്രാമീണനായ ഒരു അറബിയോട് ഒരു വസഖ് അജുവാ കാരക്കയ്ക്ക് പകരം ഒട്ടകത്തെ കച്ചവടം ചെയ്തു. ഉറപ്പിച്ചു കഴിഞ്ഞപ്പോൾ തിരുനബിﷺ അത്രയും കാരയ്ക്ക വീട്ടിലുണ്ടോ എന്ന് പരിശോധിച്ചു. ഇല്ലെന്ന് ബോധ്യമായപ്പോൾ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾക്ക് തരാൻമാത്രം കാരയ്ക്ക എൻ്റെ വകയിൽ ഉണ്ടായിരിക്കുമെന്ന് കരുതിയാണ് ഞാൻ കച്ചവടം ചെയ്തത്. പക്ഷേ, ഇപ്പോൾ എൻ്റെ അടുക്കൽ അതില്ല. കേട്ടപാതി കേൾക്കാത്ത പാതി അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞു. ഇതാ ചതിച്ചിരിക്കുന്നു.. ഇതാ ചതിച്ചിരിക്കുന്നു..
തിരുനബിﷺയുടെ അനുയായികൾ ആശ്ചര്യപൂർവ്വം വന്നിട്ട് പറഞ്ഞു. അല്ലാഹുവിൻ്റെ തിരുദൂതർﷺ ചതിക്കുകയോ? നിങ്ങളായിരിക്കും ചതിച്ചത്. ഒരിക്കലും അല്ലാഹുവിന്റെ ദൂതർﷺ ചതിക്കുകയില്ല. ഉടനെ തിരുനബിﷺ ഇടപെട്ട് പറഞ്ഞു. നിങ്ങൾ അദ്ദേഹത്തെ വിട്ടേക്കൂ. അവകാശം ലഭിക്കാനുള്ള ആൾക്ക് ചിലത് പറയാനുണ്ടാവും. എന്നിട്ട് തിരുനബിﷺ തുടർന്നു. അല്ലയോ അല്ലാഹുവിൻ്റെ ദാസനായ മനുഷ്യാ, നിങ്ങളോട് ഞാൻ വില പറഞ്ഞത് അത്രയും കാരയ്ക്ക എൻ്റെ കയ്യിലുണ്ടാകുമെന്ന് കരുതിയാണ്. പിന്നെയാണ് ഇല്ലെന്ന് ബോധ്യപ്പെട്ടത്. വീണ്ടും ഗ്രാമീണനായ മനുഷ്യൻ അല്ലയോ ചതിക്കപ്പെട്ടുവല്ലോ എന്ന് പറഞ്ഞ് സംസാരിക്കാൻ തുടങ്ങി. തിരുനബിﷺ പലപ്രാവശ്യവും യാഥാർത്ഥ്യം അദ്ദേഹത്തോട് പറഞ്ഞുകൊണ്ടിരുന്നു. പക്ഷേ, അദ്ദേഹം കേൾക്കുന്ന ഭാവത്തിലായിരുന്നില്ല.
ഉടനെ സ്വഹാബികളിൽ ഒരാളോട് നബിﷺ പറഞ്ഞു. നിങ്ങൾ ഖൗലാ ബിൻത് ഹക്കീമി(റ)ന്റെ അടുത്ത് ചെല്ലുക. അവരുടെ പക്കൽ 40 വസഖ് അജുവാ കാരയ്ക്ക ഉണ്ടെങ്കിൽ തരാൻ പറയൂ. പിന്നീട് ഞാൻ തിരിച്ചു കൊടുത്തു കൊള്ളാം. അവർ പറഞ്ഞു. ഇവിടെ ആരൊക്കെയോ ഉണ്ടല്ലോ! ആർക്കാണ് കൊടുക്കേണ്ടത്? അയാളോട് വരാൻ പറയൂ. ലഭിക്കാനുള്ള മനുഷ്യനോട് അങ്ങോട്ട് ചെല്ലാനും കാരയ്ക്ക സ്വീകരിച്ചുകൊള്ളാനും പറഞ്ഞു. കാരയ്ക്ക ലഭിച്ചു കഴിഞ്ഞപ്പോൾ ഗ്രാമീണനായ അറബി നബിﷺയുടെ അടുത്തുകൂടി കടന്നുപോയി. അവിടുന്ന് സ്വഹാബികൾക്കൊപ്പം ഇരിക്കുകയായിരുന്നു. അറബി പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, അവിടുന്ന് എനിക്ക് നൽകാനുള്ളത് നൽകിയിരിക്കുന്നു. കരാർ പാലിക്കുകയും നല്ലത് പ്രവർത്തിക്കുകയും ചെയ്തിരിക്കുന്നു. അതെ അല്ലാഹുവിൻ്റെ ഉത്തമ ദാസന്മാർ കരാർ പാലിക്കുന്നവരും നന്മയിൽ വർത്തിക്കുന്നവരുമാണ്.
തിരുനബിﷺയുടെ സുതാര്യവും ന്യായപൂർണവുമായ ഒരു ഇടപാടിന്റെ ചിത്രമാണ് നാം വായിച്ചത്.
ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. അബൂ ഉസൈദ്(റ) പറഞ്ഞു. ഒരാൾ തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. അയാൾ പറഞ്ഞു. അല്ലയോ പ്രവാചക പ്രഭോﷺ, എൻ്റെ മാതാപിതാക്കളെ അവിടുത്തേക്ക് ഞാൻ സമർപ്പിക്കുന്നു. ഞാൻ മാർക്കറ്റിനു വേണ്ടി ഒരു സ്ഥലം കണ്ടിട്ടുണ്ട്. അവിടുന്ന് ഒന്ന് സന്ദർശിച്ചാൽ നന്നായിരുന്നു. അതേ ആകാമല്ലോ. തിരുനബിﷺ എഴുന്നേറ്റ് അദ്ദേഹത്തോടൊപ്പം പോയി സന്ദർശിച്ചപ്പോൾ അവിടുത്തേക്ക് വളരെ ഇഷ്ടമായി. അവിടുത്തെ പാദം ഉയർത്തി ഒന്ന് ചവിട്ടി. ശേഷം പറഞ്ഞു, ഇത് എന്നും മാർക്കറ്റായി തന്നെ നിലനിൽക്കട്ടെ. ഇത് മറ്റൊന്നിലേക്ക് മാറ്റി പണിയരുത്. ഇവിടെ ആർക്കും നികുതി ഈടാക്കുകയും ചെയ്യരുത്.
ഇമാം ഇബ്നുമാജ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ അല്പം വ്യത്യാസത്തോടെ ഇങ്ങനെ വായിക്കാം. തിരുനബിﷺ നബീത് പ്രദേശത്തേക്ക് പോയി. ഇത് നിങ്ങളുടെ അങ്ങാടിക്ക് പറ്റിയതല്ലല്ലോ. ശേഷം അങ്ങാടിയിലേക്ക് ചെന്നു. അവിടെയൊന്നു ചുറ്റിക്കറങ്ങി നോക്കി. ആ ഇതാണല്ലോ നിങ്ങളുടെ അങ്ങാടി. ഇതങ്ങനെ തന്നെ നിലനിൽക്കട്ടെ. ഇവിടെ നികുതി ഒന്നും ഇടാക്കരുത്.
വ്യാപാര വ്യവഹാരങ്ങളോട് തിരുനബിﷺയുടെ സമീപനങ്ങൾ അറിയിക്കുന്ന നിവേദനങ്ങളാണ് നാം വായിച്ചത്.
Tweet 1137
ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. ബുറൈദ(റ) പറഞ്ഞു. തിരുനബിﷺ അങ്ങാടിയിലേക്ക് പ്രവേശിച്ചാൽ ഇങ്ങനെ പ്രാർഥിക്കുമായിരുന്നു. അല്ലാഹുവിൻ്റെ തിരുനാമത്തിൽ; അല്ലാഹുവേ ഈ അങ്ങാടിയിലെയും ഇതിലുള്ളതിന്റെയും നന്മകൾ നിന്നോട് ഞാൻ തേടുന്നു. അങ്ങാടിയിലെയും ഇതിലുള്ളതിന്റെയും എല്ലാ തിന്മകളെ തൊട്ടും നിന്നോട് ഞാൻ കാവൽ ചോദിക്കുന്നു. അങ്ങാടിയിൽ വച്ചുള്ള കച്ചവട പരാജയത്തിൽ നിന്നും വ്യാജ സത്യങ്ങളിൽ നിന്നും ഞാൻ കാവൽ തേടുന്നു.
പ്രാർഥനയുടെ അധ്യായത്തിൽ നാം വായിച്ചത് പോലെ ഇത് കേവലം ഒരു പ്രാർഥന മാത്രമല്ല. അങ്ങാടിയിൽ പ്രവേശിക്കുന്ന ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ടായിരിക്കേണ്ട വിചാരങ്ങൾ കൂടിയാണ്. നാം മാർക്കറ്റിലേക്ക് പ്രവേശിക്കുന്നത് അതിലെ നന്മകൾ പ്രതീക്ഷിച്ചു കൊണ്ടായിരിക്കണം. മാർക്കറ്റിൽ നിന്നുള്ള തിന്മകൾ നമ്മളെ ബാധിക്കാതെ ശ്രദ്ധിക്കണം. വ്യാപാര വ്യവഹാരങ്ങൾക്കിടയിൽ കള്ള സത്യവും കള്ള സാക്ഷിയും ഒന്നും വന്നു പോകരുത്. ഇടപാടുകളിലെ പരാജയത്തെ തൊട്ട് നിതാന്ത ജാഗ്രതയിലായിരിക്കണം. ഇതിനേക്കാൾ ഉത്തമമായ ഒരു അങ്ങാടി വിചാരം മറ്റെന്താണ് നമുക്ക് ലഭിക്കാനുള്ളത്! ഇടപാടുകൾക്കിടയിൽ കൊടുക്കുന്നവന്റെയും വാങ്ങുന്നവന്റെയും നന്മയും നീതിയും സംരക്ഷിക്കാൻ ഇതിനേക്കാൾ സമഗ്രമായ എന്ത് വിചാരമാണ് നട്ടുപിടിപ്പിക്കേണ്ടത്!
ഇമാം ത്വബ്റാനി(റ) തന്നെ നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറഞ്ഞു. ഒരിക്കൽ ഒരുപറ്റം വ്യാപാരികളോടായി തിരുനബിﷺ സംസാരിച്ചു. അല്ലയോ വ്യാപാരികളെ! അവർ പിരടി ഉയർത്തി ശ്രദ്ധാപൂർവ്വം കേൾക്കാൻ തുടങ്ങി. തിരുനബിﷺ ഇങ്ങനെ പറഞ്ഞു. നിങ്ങൾ സത്യസന്ധരും കരാർ പാലിക്കുന്നവരും നന്മയിൽ വർത്തിക്കുന്നവരും അല്ലാത്തപക്ഷം നാളെ പരലോകത്ത് നിങ്ങൾ തെമ്മാടികളായി ഹാജരാക്കപ്പെടും.
അല്ലയോ കച്ചവടക്കാരെ നിങ്ങളിൽ കളവ് വന്നു പോകാതിരിക്കാൻ നിങ്ങൾ ഏറ്റവും ശ്രദ്ധിക്കണം എന്ന് തിരുനബിﷺ അങ്ങാടിയിൽ വച്ച് വ്യാപാരികളോടായി സംസാരിച്ചത് വാസിലത്തുബിന് അസ്ഖഅ്(റ) എന്നവർ രേഖപ്പെടുത്തുന്നുണ്ട്.
ഇതിനേക്കാൾ അടിസ്ഥാനപരമായ എന്തു കാര്യമാണ് വ്യാപാരികളിൽ ഉണ്ടായിരിക്കേണ്ടത്. സാർവത്രികമായി ഇന്ന് കച്ചവടക്കാരിൽ നിലനിൽക്കുന്ന ഏറ്റവും വലിയ ദൂഷ്യവും കുറ്റവും കച്ചവട ചരക്കുകളുടെയും മാർക്കറ്റുകളുടെയും വസ്തുതകൾ പങ്കുവെക്കുന്നില്ല എന്നതിനപ്പുറം മറ്റെന്താണ്. പരസ്യ വാചകങ്ങളിലും മോഹന വാഗ്ദാനങ്ങളിലും ഉൽപ്പന്നങ്ങൾ വാങ്ങി വഞ്ചിക്കപ്പെടുന്നവർ, അളവിലും തൂക്കത്തിലും ഗുണത്തിലും ബ്രാൻഡിലും വഞ്ചിക്കപ്പെടുന്നവർ, മായം ചേർത്തും തിരിമറി നടത്തിയും സാധനസാമഗ്രികൾ വാങ്ങാനും കൊള്ളാനും ഉറപ്പിക്കാൻ പറ്റാത്ത അങ്ങാടി വിശേഷങ്ങളുള്ള ഇത്തരമൊരു കാലത്ത് ഇതിനേക്കാൾ വലിയ വ്യാപാര സദാചാരം ആരാണ് ഓർമപ്പെടുത്തുക.
തിരുനബിﷺയുടെ എല്ലാ ഉപദേശങ്ങളും എന്നപോലെ വ്യാപാരികളോടുള്ള ഉപദേശത്തിലും കേവലം ഭൗതികമായ ലാഭനഷ്ടങ്ങളെ കുറിച്ചു മാത്രമല്ല ചർച്ചയുള്ളത്. ആത്യന്തികമായ പാരത്രിക ലോകത്തെ കുറിച്ചുകൂടിയുണ്ട്. ലോകത്ത് മനുഷ്യരെ ശരിയായ വഴിക്ക് നിലനിർത്താനുള്ള ഏറ്റവും വലിയ മാർഗം ആത്യന്തികമായ നീതിന്യായങ്ങളുടെ കോടതിയെക്കുറിച്ച് ഓർമപ്പെടുത്തുക മാത്രമാണ്. ഈ ലോകവും ഇവിടുത്തെ കാര്യവും മാത്രം ആലോചിക്കുമ്പോൾ കൗശലക്കാരനും കുതന്ത്രം ഉപയോഗിക്കുന്നവനും അതിവിദഗ്ധമായി പറ്റിക്കാൻ കഴിയുന്നവനും കേമനും മുതലാളിയുമാകുന്നു; ബുദ്ധിമാനും നേതാവുമാകുന്നു. എന്നാൽ ആത്യന്തികമായ ആത്മീയ വിചാരങ്ങളിലൂടെ നന്മകൾ ഊന്നിയ ഒരു വ്യാപാര പരിസരത്തെ പടുത്തുയർത്താൻ സാധിക്കും.
അങ്ങാടിയിലെ ഉൽപ്പന്നങ്ങൾക്കിടയിലേക്ക് കടന്നുവന്ന് എല്ലാം കൃത്യമാണോ എന്ന് പരിശോധിച്ച, ഉപഭോക്താക്കൾ വഞ്ചിക്കപ്പെടുന്നുണ്ടോ എന്ന് അന്വേഷിച്ച, കച്ചവട ചരക്കുകളിൽ മായങ്ങളും മറിമായങ്ങളും ചേർത്തിട്ടുണ്ടോ എന്ന് നിരീക്ഷിച്ച, ശ്രദ്ധയിൽപ്പെട്ടതിനെതിരെ നടപടി സ്വീകരിച്ച തിരുനബിﷺയുടെ വ്യാപാര വിചാരങ്ങളെ കുറിച്ചാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്.
Tweet 1138
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഖൈസ് ബിൻ ഗറത് അല് ബജലി(റ) പറഞ്ഞു. ഞങ്ങൾ മദീനയിൽ വ്യാപാരം ചെയ്യുകയായിരുന്നു. ഞങ്ങൾ ഞങ്ങൾക്ക് സമാസിറ എന്നായിരുന്നു പേര് വിളിച്ചിരുന്നത്. തിരുനബിﷺ ഞങ്ങളുടെ അടുക്കലേക്ക് വന്ന് ഞങ്ങളെ നല്ല മെച്ചപ്പെട്ട ഒരു പേരിൽ വിളിച്ചു. മറ്റൊരു നിവേദന പ്രകാരം തിരുനബിﷺ ബഖീഇൻ്റെ സമീപത്തുണ്ടായിരുന്ന ഞങ്ങളുടെ അടുത്തേക്ക് വന്നു ഞങ്ങളെ അഭിസംബോധന ചെയ്തു. അല്ലയോ കച്ചവടക്കാരെ, ഞങ്ങളെ നല്ല ഒരു പേരിട്ടു വിളിച്ചു. കച്ചവടത്തിൽ സത്യവും അസത്യവും ഒക്കെ കടന്നുവരും. അങ്ങാടിയിൽ പിശാചും പാപങ്ങളും ഒക്കെ പ്രവേശിക്കും. മറ്റൊരു പ്രയോഗത്തിൽ പറഞ്ഞാൽ, അങ്ങാടിയിൽ അനാവശ്യങ്ങളും സത്യം ചെയ്യലുകളും ഒക്കെ ഇടകലർന്നു വരും. അതുകൊണ്ട് നിങ്ങൾ ദാനധർമങ്ങളെ കൂടി ചേർത്തുവയ്ക്കുക.
അങ്ങാടിയിൽ പാലിക്കേണ്ട സദാചാരങ്ങളെ കുറിച്ചും ധാർമിക വിചാരങ്ങളെ കുറിച്ചും നിരന്തരമായി ഉൽബോധിപ്പിച്ചു തിരുനബിﷺ. മനുഷ്യന്റെയും മാർക്കറ്റിന്റെയും പ്രകൃതിയെ ഒന്നുകൂടി പരിഗണിച്ചുകൊണ്ട് വന്നുപോകുന്ന പിഴവുകളിൽ നിന്ന് രക്ഷപ്പെടാൻ ദാനധർമത്തെ ഒരു ഉപാധിയായി പഠിപ്പിച്ചു കൊടുക്കുകയാണ് അവിടുന്ന്. സമ്പത്ത് സമാഹരിക്കുകയും വ്യാപാര വ്യവഹാരങ്ങൾ നടത്തുകയും ചെയ്യുന്നവർക്ക് ദാനധർമങ്ങളെ കുറിച്ചും പരസഹായത്തെക്കുറിച്ചും പ്രചോധിപ്പിക്കുകയാണ് ഇവിടെ. കച്ചവടത്തിൽ നിങ്ങൾ എന്തും ചെയ്തുകൊള്ളൂ. കുറച്ചു ദാനധർമം ചെയ്താൽ പിന്നെ എല്ലാം ഒഴിഞ്ഞുകൊള്ളും എന്നല്ല ഇതിന്റെ അർത്ഥം. സൂക്ഷ്മതയോടൊപ്പം അതിസൂക്ഷ്മതയും അറിയാതെയെങ്കിലും വന്നു പോയതിൽ നിന്ന് രക്ഷപ്പെടാനുള്ള നല്ല ഉപാധികളുമാണ് ഇവിടെ ഉപദേശിക്കുന്നത്.
ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. തിരുനബിﷺ ഒരു ദിവസം മാർക്കറ്റിലേക്ക് പ്രവേശിച്ചു. കൂന കൂട്ടി വച്ചിരിക്കുന്ന കച്ചവട സാധനങ്ങൾ ശ്രദ്ധിച്ചു. കൂനയുടെ ഉള്ളിലേക്ക് തിരുനബിﷺ കൈ പ്രവേശിപ്പിച്ചു. മുകളിൽ വെച്ചിരിക്കുന്നതിൽ നിന്ന് വ്യത്യസ്തമായ സാധനങ്ങൾ ഉള്ളിൽ വച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. നനഞ്ഞതും മൂല്യം കുറഞ്ഞതുമായ സാധനങ്ങൾ ഉള്ളിൽ നിന്ന് തിരുനബിﷺ പുറത്തേക്കെടുത്തു. കച്ചവടക്കാരനോട് ചോദിച്ചു. നീ എന്തിനാണ് ഇങ്ങനെ ചെയ്തത്? അയാൾ പറഞ്ഞു. എല്ലാം ഒരേ ഭക്ഷണം തന്നെയാണല്ലോ. അഥവാ കാരക്ക തന്നെയാണല്ലോ എന്ന്. തിരുനബിﷺ ചോദിച്ചു. നനഞ്ഞത് വേറെയും നനയാത്തത് വേറെയും മാറ്റിമാറ്റി നിനക്ക് വച്ചുകൂടായിരുന്നോ? അപ്പോൾ വേണ്ടത് വേണ്ടവർ വാങ്ങുമായിരുന്നല്ലോ! പറ്റിക്കുകയോ ചതിക്കുകയോ ചെയ്യുന്നവൻ നമ്മളിൽ പെട്ട ആളല്ല.
സാധാരണ മാർക്കറ്റിൽ കണ്ടുവരുന്ന ഒരു തന്ത്രമാണിത്. നല്ല സാധനങ്ങൾ മുകളിൽ പ്രദർശിപ്പിക്കുകയും ഉള്ളിൽ നിന്ന് അത്ര നല്ലതല്ലാത്തത് ഉപഭോക്താവിന് നൽകുകയും ചെയ്യുക എന്നത്. ഇതു പോലും കച്ചവടത്തിൽ പാടില്ലെന്ന് കൃത്യമായി ഉദ്ബോധിപ്പിക്കുകയായിരുന്നു തിരുറസൂൽﷺ.
Tweet 1139
മാർക്കറ്റിൽ നിന്ന് വിഭവങ്ങൾ പരിശോധിക്കുന്ന സന്ദർഭങ്ങൾ മദീനയിൽ പലപ്പോഴും ഉണ്ടായിട്ടുണ്ട്. ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. അബൂ മൂസൽ അശ്അരി(റ) പറഞ്ഞു. ഞാൻ തിരുനബിﷺയോടൊപ്പം ബഖീഅ് മാർക്കറ്റിലേക്ക് പോയി. കച്ചവടക്കാരൻ സാധനം വെച്ചിരിക്കുന്ന പാത്രത്തിലേക്ക് അവിടുത്തെ തിരുകരങ്ങൾ പ്രവേശിപ്പിച്ചു. അപ്പോൾ വഞ്ചന പുറത്തായി. മുകളിൽ നല്ല സാധനങ്ങളും അകത്ത് അത്ര നല്ലതല്ലാത്തതും വെച്ചിരിക്കുന്നു. അവിടെ നിന്ന് തിരുനബിﷺ വിളിച്ചുപറഞ്ഞു. വഞ്ചിക്കുന്നവർ നമ്മിൽ പെട്ടവനല്ല.
സമാനമായ സന്ദർഭങ്ങളും സംഭവങ്ങളും വ്യത്യസ്ത നിവേദനങ്ങളിൽ വന്നിട്ടുണ്ട്.
മാർക്കറ്റിൽ നിന്ന് വ്യത്യസ്ത സാധനങ്ങൾ വാങ്ങുകയും ഇടപാടുകൾ നടത്തുകയും ചെയ്തതിന്റെ അനുഭവങ്ങളും തിരുനബിﷺക്ക് പങ്കുവെക്കാനുണ്ട്. മികച്ച അടിമകളെ വാങ്ങുമ്പോൾ കൂടുതൽ അടിമകളെ പകരം വിലയായി നൽകിയതും ഇമാം അബൂദാവൂദ്(റ) ജാബിറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ കാണാം.
ഖദീജ ബീവി(റ)യുടെ കച്ചവട സാധനങ്ങളുമായി സിറിയയിലേക്ക് പോവുകയും ഏറ്റവും മികച്ച വ്യാപാര സംഘമായി തിരിച്ചുവരികയും ചെയ്തത് തിരുനബിﷺയുടെ വിവാഹത്തിന് മുമ്പുതന്നെയുള്ള വ്യാപാരാനുഭവമാണല്ലോ. തിരുനബി ചരിത്രം വായിക്കുന്ന ആരും പ്രസ്തുത അധ്യായം വായിക്കാതെ പോവുകയില്ല.
തിരുനബിﷺ മറ്റുള്ളവരോട് കൂറുചേർന്നുകൊണ്ടും വ്യാപാരങ്ങളിൽ ഏർപ്പെട്ടിരുന്നു. ഇമാം അഹ്മദും(റ) അബൂദാവൂദും(റ) നിവേദനം ചെയ്യുന്നു. മക്കാവിജയ ദിവസം സാഇബ് ബിൻ അബീ സാഇബ്(റ) നബിﷺയുടെ അടുത്തേക്ക് വന്നു. എന്റെ സഹോദരനും കൂറുകാരനും സ്വാഗതം എന്നു പറഞ്ഞു കൊണ്ടാണ് നബിﷺ അദ്ദേഹത്തെ സ്വാഗതം ചെയ്തത്. ഇസ്‌ലാമിക പ്രബോധന കാലത്തിനു മുമ്പ് അദ്ദേഹത്തോടൊപ്പം ചേർന്ന് കച്ചവടം ചെയ്തതിന്റെ ഓർമയിലാണ് എൻ്റെ കൂറുകാരൻ എന്ന് തിരുനബിﷺ പ്രയോഗിച്ചത്. ഒരുമിച്ച് കച്ചവടം ചെയ്യുന്ന കാലത്ത് അദ്ദേഹത്തിനുണ്ടായിരുന്ന ഇടപാടിലെ ഗുണങ്ങളും നന്മകളും തിരുനബിﷺ എണ്ണിപ്പറയുകയും ചെയ്തു.
വ്യാപാര വ്യവഹാര രംഗങ്ങളിലെ മറ്റൊരു കാര്യമാണല്ലോ വക്കാലത്ത് ഏൽപ്പിക്കൽ. തിരുനബിﷺക്ക് വേണ്ടി സാധനങ്ങൾ വാങ്ങാനും ഇടപാടുകൾ നടത്താനും മറ്റുള്ളവരെ ഏൽപ്പിക്കുന്ന രീതിയും അവിടുത്തേക്കുണ്ടായിരുന്നു.
ഒരു ദീനാറിന് ബലി മൃഗത്തെ വാങ്ങാൻ ഹകീം ബിൻ ഹിസാമി(റ)നെ നബിﷺ ഏൽപ്പിച്ചു വിട്ടു. അദ്ദേഹം ആദ്യം ഒരു ദീനാറിന് ഒരു മൃഗം വാങ്ങി. അത് രണ്ടു ദീനാറിന് വിറ്റു. അതിൽ നിന്ന് ഒരു ദീനാറിന് അറുക്കാനുള്ള ആടിനെ വാങ്ങി. ഒരു ദീനാറും ഒരാടുമായി അദ്ദേഹം തിരിച്ചുവന്നു. തിരുനബിﷺ പറഞ്ഞു. ആ ആടിനെ അറുക്കുക. മെച്ചമുള്ള ഒരു ദീനാർ ധർമം ചെയ്യുക. ഇമാം അബൂദാവൂദും(റ) തുർമുദി(റ)യും ഇത് ഉദ്ധരിക്കുന്നുണ്ട്.
റമളാനിലെ സക്കാത്ത് സ്വത്തുക്കൾ സൂക്ഷിക്കാൻ തിരുനബിﷺ എന്നെ ഏൽപ്പിക്കുമായിരുന്നു എന്ന് അബൂഹുറൈറ(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസുകൾ പലതുമുണ്ട്. ഖൈബറിൽ ചെന്നാൽ എന്റെ വക്കീലുമായി നിങ്ങൾ ഇന്നാലിന്ന ഇടപാടുകൾ നടത്തണമെന്ന് ജാബിറി(റ)നോട് തിരുനബിﷺ പറഞ്ഞ കാര്യം ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു.
വ്യാപാര വ്യവഹാരങ്ങളിലെ എല്ലാ ശൈലിയും ഭാവവും ഏതൊക്കെ രീതിയിൽ കൈകാര്യം ചെയ്യണമെന്നും സത്യസന്ധതയും വിശ്വസ്തതയും ചോർന്നു പോകാതിരിക്കാൻ എന്തൊക്കെ കാര്യങ്ങൾ പാലിക്കണമെന്നും എത്ര നിഷ്ഠയോടെയും ചിട്ടയോടെയുമാണ് തിരുനബിﷺ പഠിപ്പിച്ചിട്ടുള്ളത്.
കേവലമായ ചില ആധ്യാത്മിക അധ്യാപനങ്ങളും മന്ത്രങ്ങളും മാത്രം പറയുന്ന ദർശനമല്ല ഇസ്‌ലാം. അവകൾ മാത്രം പകർന്നുപോയ പ്രവാചകനല്ല മുഹമ്മദ് നബിﷺ. മനുഷ്യജീവിതത്തിന്റെ മുഴുവൻ വ്യവഹാര മേഖലകളെയും അതിമനോഹരമായി സമീപിക്കുകയും ഉൽകൃഷ്ടമായ നിയമ നിർദ്ദേശങ്ങൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു എന്നതിൻ്റെ ശ്രേഷ്ഠമായ അധ്യായങ്ങളാണ് നാം വായിച്ചുകൊണ്ടിരിക്കുന്നത്.
തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളെ വായിക്കുമ്പോൾ അവിടുന്ന് സാധനങ്ങൾ വാങ്ങിയതിനെ കുറിച്ച് കൂടി നമുക്ക് വായിക്കേണ്ടതുണ്ടല്ലോ. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) പറഞ്ഞു. തിരുനബിﷺ ഒരു ജൂതന്റെ പക്കൽ നിന്നും സാധനങ്ങൾ വാങ്ങി. പകരം പണയമായി അവിടുത്തെ പടയങ്കി നൽകി.
ഇരുപത് സാഅ് ഗോതമ്പോ ബാർലിയോ ആയിരുന്നു തിരുനബിﷺ വാങ്ങിയത് എന്ന് ഇമാം ബുഖാരി(റ)യും അഹ്മദും(റ) മറ്റും നിവേദനം ചെയ്യുന്ന ഹദീസുകളിൽ കാണാം. തിരുനബിﷺയുടെ തിരു ദേഹവിയോഗ സമയത്ത് പ്രസ്തുത ജൂതന്റെ പക്കൽ തിരുനബിﷺയുടെ പടയങ്കി പണയത്തിലായിരുന്നു എന്നും കുടുംബത്തിനുവേണ്ടി മുപ്പത് സാഅ് ധാന്യത്തിന് പകരമായിരുന്നു എന്നും ഇമാം അഹ്മദും(റ) തുർമുദി(റ)യും നസാഈ(റ)യും ഉദ്ധരിക്കുന്ന ഹദീസിലുണ്ട്.
തിരുനബിﷺയുടെ വിയോഗ നേരത്ത് അവിടുത്തെ പടയങ്കി പണയത്തിലായിരുന്നു എന്ന് പരാമർശിക്കുന്ന നിരവധി നിവേദനങ്ങളും ഹദീസുകളും വായിക്കാനാവും.
സമ്പന്നരായ സത്യവിശ്വാസികളുണ്ടായിരുന്നിട്ടും ഇതര മത വിശ്വാസിയിൽ നിന്ന് വായ്പ വാങ്ങിയത് ഒരു സാമൂഹിക ക്രമത്തിന്റെ ചിത്രം പകർന്നു നൽകാൻ വേണ്ടി കൂടിയാണ്. തിരുനബിﷺക്ക് വായ്പ നൽകാതെ സൗജന്യമായി തന്നെ എന്തും നൽകാൻ സന്നദ്ധരായ സ്വഹാബികളിൽ സമ്പന്നരായവർ തന്നെയുണ്ടായിരുന്നു. പക്ഷേ, മറ്റൊരു മത വിശ്വാസിയിൽനിന്ന് വ്യവഹാരം നടത്തുക വഴി ഒരു ബഹുസ്വര സമൂഹത്തെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത് എന്ന് തിരുനബിﷺ പഠിപ്പിച്ചു. അക്കാലത്ത് മദീനയിലുണ്ടായിരുന്ന ഇതര മതവിശ്വാസികളോട് തിരുനബിﷺയുടെ സമീപനം എന്തായിരുന്നുവെന്നും സമ്പർക്കം എപ്രകാരമായിരുന്നുവെന്നും ഒക്കെ വായിക്കാൻ ഈ സംഭവം ലോകത്തിന് അവസരം നൽകുന്നു. മദീനയിൽ സമ്പൂർണ്ണ അധികാരമുണ്ടായിരുന്നപ്പോഴും ആജ്ഞാനുവർത്തികളായ അനുയായികൾ ചുറ്റും നിറഞ്ഞു നിന്നപ്പോഴും ഇതര മതവിശ്വാസികൾക്ക് സ്വതന്ത്രമായി ജീവിക്കാനും അവരുടെ ജീവിത വ്യവഹാരങ്ങൾ സുതാര്യമായി നടത്താനും അവരോട് സുഗമമായി തിരുനബിﷺ തങ്ങൾക്ക് തന്നെ ക്രയവിക്രയങ്ങൾ നടത്താനും പറ്റുന്ന ഒരു സാമൂഹിക അന്തരീക്ഷം മദീനയിലുണ്ടായിരുന്നു എന്ന് വായിക്കാൻ വേറെ സംഭവങ്ങൾ ആവശ്യമില്ല.
അബൂ സഈദ് അല് ഖുദ്രി(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഗ്രാമീണനായ ഒരു അറബി നബിﷺയുടെ അടുക്കൽ വന്നു. അദ്ദേഹത്തിന് നൽകാനുള്ള കടം വീട്ടി കൊടുക്കാൻ പറഞ്ഞു. അപ്പോൾ തിരുനബിﷺയുടെ പക്കൽ കടം വീട്ടാനുള്ളതില്ലായിരുന്നു. അദ്ദേഹത്തോട് സാവധാനം ചോദിച്ചെങ്കിലും ഇപ്പോൾതന്നെ കിട്ടണമെന്ന് അദ്ദേഹം ശാഠ്യം പിടിച്ചു. പറഞ്ഞ അവധി എത്തുമ്പോൾ എന്തായാലും നൽകുമെന്ന് തിരുനബിﷺ പറഞ്ഞെങ്കിലും ഇപ്പോൾ തന്നെ നൽകിയില്ലെങ്കിൽ ഞാൻ പ്രയാസപ്പെടുത്തും എന്ന് അദ്ദേഹം പറഞ്ഞു. ഇതു കേട്ട സ്വഹാബികൾ അയാളെ വിരട്ടാൻ ശ്രമിച്ചു. നിങ്ങൾ ആരോടാണ് സംസാരിക്കുന്നത് എന്ന് ചോദിച്ചു. ഉടനെ തിരുനബിﷺ ചോദിച്ചു. നിങ്ങൾ അവകാശം ലഭിക്കാനുള്ള ആളുടെ കൂടെയല്ലേ നിൽക്കുന്നത്. അദ്ദേഹം അദ്ദേഹത്തിനു കിട്ടാനുള്ളതാണല്ലോ ചോദിക്കുന്നത്.
ശേഷം തിരുനബിﷺ ഖൗല ബിൻത് ഖൈസി(റ)ൻ്റെ അടുത്തേക്ക് ആളെ അയച്ചു. അവധിയും നിബന്ധനയും പറഞ്ഞു കടം വാങ്ങി. ഗ്രാമീണനായ അറബിക്ക് നൽകാറുള്ളത് കൃത്യമായി നൽകി. അദ്ദേഹം പറഞ്ഞു. കൃത്യമായും അവിടുന്ന് കരാർ പാലിച്ചിരിക്കുന്നു. അല്ലാഹു അവിടുത്തേക്ക് അനുഗ്രഹങ്ങൾ നൽകട്ടെ. എൻ്റെ പക്കൽ നിന്ന് വാങ്ങിയ വായ്പ തിരിച്ചു നൽകിയിരിക്കുന്നു.
അദ്ദേഹം സന്തോഷവാനായി മടങ്ങി. അതിമനോഹരമായ ഒരു മാതൃക തിരുനബിﷺ ലോകത്തിന് അവതരിപ്പിക്കുകയായിരുന്നു. ഇടപാടുകൾ എത്ര വ്യക്തവും സ്വതാര്യവും സമയബന്ധിതവുമായിരിക്കണം എന്ന ശ്രേഷ്ഠമായ ഒരു അധ്യാപനമാണ് ഇവിടെ നൽകിയത്.
Tweet 1141
ഇമാം ത്വബ്റാനി(റ)യും ബസ്സാറും(റ) നിവേദനം ചെയ്യുന്നു. അബു റാഫിഈ(റ) പറഞ്ഞു. തിരുനബിﷺയുടെ അടുക്കൽ ഒരു അതിഥി വന്നു. അപ്പോൾ എന്നെ ഒരു ജൂതന്റെ അടുക്കലേക്ക് പറഞ്ഞയച്ചു. അദ്ദേഹത്തോട് ഇങ്ങനെ പറയാൻ പറഞ്ഞു. റജബ് വരെ അവധിയായിട്ടോ വില്പന ആയിട്ടോ എനിക്ക് നൽകുക. അദ്ദേഹം പറഞ്ഞു. അവധി ആയിട്ടോ കടമായിട്ടോ തരില്ല. പണയം ആയിട്ടാണെങ്കിൽ നൽകാം. ഞാൻ തിരുനബിﷺയുടെ അടുക്കൽ വന്ന് കാര്യം പറഞ്ഞു. അപ്പോൾ അവിടുന്ന് ഇങ്ങനെ പ്രതികരിച്ചു. അല്ലാഹു സാക്ഷി! അയാൾ അവധിക്കോ വായ്പയായിട്ടോ തന്നാലും ഭൂമിലോകത്തും ആകാശലോകത്തും ഞാൻ വിശ്വസ്തനാണ്. ഇരുമ്പിന്റെ പടയങ്കി കൊണ്ടുപോയി അദ്ദേഹത്തിൻ്റെ അടുക്കൽ പണയം കൊടുത്തു കൊള്ളൂ. അപ്പോഴാണ് സൂറത്തു ത്വാഹായിലെ ഇരുപതാം സൂക്തം അവതരിച്ചത്. ആശയം ഇപ്രകാരമാണ്. മനുഷ്യരിലെ പല വിഭാഗങ്ങള്‍ക്ക് നാം ഐഹികജീവിതാലങ്കാരം അനുഭവിപ്പിച്ചതിലേക്ക് തങ്ങളുടെ ദൃഷ്ടികള്‍ പായിക്കരുത്. അതിലൂടെ നാം അവരെ പരീക്ഷിക്കുകയാണ്. തങ്ങളുടെ രക്ഷിതാവ് നല്‍കുന്ന ഉപജീവനമാകുന്നു ഏറ്റവും ശ്രേഷ്ഠവും നിലനില്‍ക്കുന്നതും.
അതിഥി സൽക്കാരത്തിനുവേണ്ടി തിരുനബിﷺ വായ്പ വാങ്ങാൻ സഹാബിയെ പറഞ്ഞയക്കുന്നു. കടമായോ അവധിക്കോ ചോദിച്ചപ്പോൾ അദ്ദേഹം നൽകാൻ വിസമ്മതിച്ചു. പണയമാണെങ്കിൽ തന്നു കൊള്ളാമെന്നു പറഞ്ഞു. തിരുനബിﷺ പണയം നൽകി തൽക്കാലം വായ്പ വാങ്ങാൻ ഉദ്ദേശിച്ചു. അതിനിടയിൽ തങ്ങളുടെ വിശ്വസ്തതയും സത്യസന്ധതയും ആത്മാഭിമാനത്തോടെ എടുത്തു പറഞ്ഞു. ആ സമയത്തുള്ള തിരുനബിﷺയുടെ മനോവിചാരങ്ങളെ ഉയർത്തിക്കാണിച്ചുകൊണ്ട് ഖുർആൻ സംവദിച്ചു. ഈ ലോകത്തെ സുഖസൗകര്യങ്ങളും ആഡംബരങ്ങളും നൈമിഷികമാണെന്നും അതിലേക്ക് തങ്ങളുടെ ദൃഷ്ടി പതിയേണ്ടതില്ലെന്നും ആശ്വാസ വാചകങ്ങളായി തിരുനബിﷺയെ അറിയിച്ചു. അല്ലാഹു നൽകുന്ന അനുഭവങ്ങളും സന്തോഷങ്ങളും അനന്തവും ശ്രേഷ്ഠവുമാണെന്ന് ഒരിക്കൽ കൂടി തിരുനബിﷺയെ ഉണർത്തി.
വ്യാപാര വ്യവഹാരങ്ങളുടെ ആത്മീയ തലങ്ങളെയും ഇടപാടുകാരൻ മുന്നോട്ടുവെക്കുന്ന ന്യായമായ അവകാശങ്ങൾ പരിഗണിക്കുന്നതിനെയും ഭൗതികമായി അനുഗ്രഹങ്ങൾ ലഭിച്ചു എന്ന് കരുതി ഒരാൾ ശ്രേഷ്ഠനാവുന്നില്ലെന്നും ഒക്കെ പകർന്നു നൽകുന്ന മനോഹരമായ ഒരു അധ്യായമാണ് നാം വായിച്ചത്.
തിരുനബിﷺയെ പ്രകോപിപ്പിക്കാനോ അനുയായികളുടെ മുമ്പിൽ പരിശോധിക്കാനോ ലക്ഷ്യം വെച്ച് യഹൂദന്മാരായ ഇടപാടുകാർ അവധിയെത്താത്ത വായ്പ തിരിച്ചു വാങ്ങാൻ തിരുനബിﷺയുടെ സന്നിധിയിൽ പലപ്പോഴും വന്നിട്ടുണ്ട്. ജീവനുതുല്യം തിരുനബിﷺയെ ഇഷ്ടപ്പെടുന്ന സ്വഹാബികൾക്ക് പലപ്പോഴും പ്രയാസമോ പ്രകോപനമോ സൃഷ്ടിക്കുകയും ചെയ്തു. അപ്പോഴെല്ലാം തിരുനബിﷺ സഹിഷ്ണുതയോടുകൂടി സഹവസിക്കുകയും ഇടപാടുകാരന്റെ അവകാശം സമയത്തിന് മുമ്പേയാണെങ്കിലും ചോദിച്ചത് കൊടുത്തുവീട്ടി മാതൃകാപരമായ ജീവിതം കാഴ്ചവെക്കുകയും ചെയ്തു. പ്രകോപിപ്പിക്കാനോ ആക്ഷേപിക്കാനോ വന്നവർ പ്രശംസിച്ചു കൊണ്ട് തിരിച്ചു പോയി. ഇത്തരം ചിത്രങ്ങൾ നൽകുന്ന നിരവധി നിവേദനങ്ങൾ ഹദീസ് ഗ്രന്ഥങ്ങളിൽ നിന്ന് വായിക്കാൻ കഴിയും.
മനുഷ്യകത്തിന് മുഴുവനും ഒരുപാട് കരുതലുകളോടെ നൽകിയിട്ടുള്ള ഇടപാടുകളുടെ സൗന്ദര്യമാണ് അവയിലെല്ലാം നമുക്ക് വായിക്കാനുള്ളത്. ഏതൊരു വ്യക്തിയിൽ നിന്നാണെങ്കിലും അവരുടെ അവകാശങ്ങൾ ഹനിക്കപ്പെടരുതെന്നും ഉയർത്തുന്ന ന്യായ വാദങ്ങൾക്ക് മുന്നിൽ സഹിഷ്ണുതയോടുകൂടി പെരുമാറണമെന്നും ഇത്രമേൽ കൃത്യമായി അധ്യാപനം നൽകിയ വേറെ ഒരു ഗുരുവിനെയും ലോകത്ത് നിന്ന് വായിക്കാനുണ്ടാവില്ല.
നബിﷺയുടെ വ്യാപാര വ്യവഹാരങ്ങളിലെ ആത്മീയ സാരം ഉൾക്കൊള്ളുന്ന ഒരു ഭാഗമാണ് ഇപ്പോൾ നാം വായിക്കുന്നത്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. അബൂ ഉമാമ(റ) പറഞ്ഞു. തർക്കിക്കാൻ അവസരമുണ്ടായിട്ടും തർക്കത്തിൽ നിന്ന് വിട്ടുനിൽക്കുന്നവന് സ്വർഗ്ഗത്തിന്റെ ഒരു ഭാഗത്ത് ഒരു കൊട്ടാരം നൽകുമെന്ന് ഞാൻ ജാമ്യം നിൽക്കുന്നു. സത്യസന്ധത പാലിക്കുന്നവന് സ്വർഗ്ഗത്തിന്റെ മധ്യത്തിൽ ഒരു കൊട്ടാരമുണ്ടെന്ന് ഞാൻ ജാമ്യം നിൽക്കുന്നു, സൽസ്വഭാവം നിലനിർത്തുന്നവന് സ്വർഗ്ഗത്തിന്റെ ഉന്നതിയിൽ ഒരു ഭവനം നൽകുമെന്നും.
മനുഷ്യർ പരസ്പരമുള്ള ബന്ധങ്ങളിൽ ഏറ്റവും മൂല്യത്തോടെ പാലിക്കേണ്ട മൂന്നു ഗുണങ്ങളെയാണ് ഇവിടെ പരാമർശിച്ചത്. ഒന്ന്, തർക്കിക്കേണ്ട സന്ദർഭങ്ങളിൽ പോലും തർക്കത്തിൽ നിന്ന് വിട്ടു നിന്നു സഹിഷ്ണുതയും സമാധാനവും പാലിക്കുക. കാരണം തർക്കം പരസ്പരമുള്ള വ്യക്തി ബന്ധങ്ങളെ ഇല്ലായ്മ ചെയ്യും. അനാവശ്യമായ വാശികളിലേക്ക് നയിക്കും. ചിലപ്പോൾ ആജീവനാന്തം തന്നെ അകന്നുനിൽക്കാൻ കാരണമാവുകയും ചെയ്യും. തർക്കത്തിൽ നിന്ന് വിട്ടുനിൽക്കുക വഴി ഒരുപാട് നന്മകൾ നേടിയെടുക്കാനാകും.
സത്യസന്ധത എല്ലാ നന്മയുടെയും ആത്മാവാണല്ലോ. സത്യസന്ധതയ്ക്ക് സ്വർഗ്ഗത്തിന്റെ മധ്യഭാഗത്തു തന്നെ കൊട്ടാരം വാഗ്ദാനം ചെയ്തത് അതിൻ്റെ പ്രാധാന്യം മുൻനിർത്തിയാണ്. സൽസ്വഭാവത്തിന്റെ പ്രാധാന്യവും പ്രത്യേകം പറയേണ്ടതില്ല. തിരുനബിﷺയെ പ്രകീർത്തിച്ചുകൊണ്ട് ഖുർആൻ ഉദ്ഘോഷിച്ചത് തന്നെ അവിടുത്തെ സ്വഭാവ മഹിമയുടെ ഉന്നതിയാണ്.
ഈ മൂന്നു ഗുണങ്ങളും ഒത്തുചേർന്ന ഒരു ഇടപാടിൽ നിന്ന് നന്മ മാത്രമേ ഉണ്ടാവുകയുള്ളൂ. എത്രമേൽ ശാസ്ത്രീയവും നിർമാണപരവുമായ ആത്മീയ വിചാരത്തെയാണ് ഇതുവഴി സമൂഹത്തിന് പകർന്നുനൽകിയത്.
ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. ആറുകാര്യങ്ങളിൽ നിങ്ങൾ എനിക്കുറപ്പു നൽകിയാൽ നിങ്ങൾക്ക് സ്വർഗം ലഭിക്കുമെന്ന് ഞാൻ ജാമ്യം നൽകാം. ഒന്ന്, സത്യം മാത്രം പറയുക. രണ്ട്, കരാറുകൾ പാലിക്കുക. മൂന്ന്, വിശ്വസിച്ചേൽപ്പിച്ചത് നിറവേറ്റുക. നാല്, സ്വകാര്യ അവയവങ്ങളെ തെറ്റിൽ നിന്ന് സൂക്ഷിക്കുക. അഞ്ച്, അനാവശ്യങ്ങളിൽ നിന്ന് കണ്ണു ചിമ്മുക. ആറ്, കൈകൾ നിയന്ത്രിക്കുക അഥവാ അക്രമം, അനാവശ്യമായ കൈ കാര്യങ്ങളിൽ നിന്ന് സൂക്ഷിക്കുക.
പ്രവാചക പ്രഭുﷺ സ്വർഗം കൊണ്ട് വാഗ്ദാനം ചെയ്യുമ്പോൾ ആരാധനാലയത്തിലെ ദീർഘനേരത്തെ ധ്യാനത്തെക്കുറിച്ചല്ല പറഞ്ഞത്. ഏതെങ്കിലും മന്ത്രങ്ങൾ പതിവാക്കണം എന്നല്ല നിർദ്ദേശിച്ചത്. ഒരു വ്യക്തി പാലിക്കേണ്ട ഗുണങ്ങളെയും മേന്മകളെയും പെരുമാറ്റ രീതികളെയും ചിട്ടയിൽ പാലിക്കുക എന്നാണ്. സ്വഭാവഗുണങ്ങൾക്കും വ്യവഹാര നന്മകൾക്കും ഇസ്‌ലാമും തിരുനബിﷺയും കൽപ്പിച്ച പ്രാധാന്യമാണ് മേൽ ഹദീസ് നമുക്ക് പകർന്നു നൽകുന്നത്.
മാതൃകാപരമായ ഒരു സമൂഹത്തെ തിരുനബിﷺ പാകപ്പെടുത്തിയത് മനുഷ്യൻ്റെ സ്വഭാവഗുണങ്ങളിൽ വരുത്തിയ ഗുണപരമായ മാറ്റങ്ങളിലൂടെയാണ്. ഇങ്ങനെ മാനുഷികവും മാനവികവുമായി തിരുനബിﷺയുടെ നവോത്ഥാനത്തെയും സാമൂഹിക നിർമാണത്തെയും വായിക്കാൻ കൂടി നമുക്ക് സാധിക്കണം. ചില ആരാധനാകർമങ്ങൾ നിർദ്ദേശിച്ചും മന്ത്രങ്ങൾ അഭ്യസിപ്പിച്ചും ധ്യാനമുറകൾ പരിശീലിപ്പിച്ചുമല്ല ഇസ്‌ലാമും പ്രവാചക ദർശനങ്ങളും സമൂഹത്തോട് സംവദിച്ചത്, മനുഷ്യരെ മനുഷ്യനായി അവതരിപ്പിച്ചും മാനുഷിക ഗുണങ്ങളിൽ മുൻനിരയിൽ നിൽക്കേണ്ട ഗുണങ്ങളെ എണ്ണിപ്പറഞ്ഞും സ്വഭാവരൂപീകരണത്തിന് പ്രാധാന്യം കൽപ്പിച്ചും ഏറ്റവും ഉത്തമമായ സ്വഭാവത്തെ നബി ജീവിതത്തിലൂടെ ആവിഷ്കരിച്ചും ഒക്കെയായിരുന്നു.
മതം, ആത്മീയത എന്നൊക്കെ കേൾക്കുമ്പോൾ മറ്റു മതങ്ങളെ പഠിച്ച ഒരു മാനസികാവസ്ഥയിലോ രൂപപ്പെടുത്തിയ നരേഷനുകളിലോ നിന്നുകൊണ്ടല്ല ഇസ്‌ലാമിനെയും പ്രവാചക ദർശനത്തെയും വായിക്കേണ്ടത്. ജീവിതഗന്ധിയായ മാനുഷിക പരിസരത്തെ ഏറ്റവും മനോഹരമായി നിർണയിക്കുകയും നിരീക്ഷിക്കുകയും ചെയ്ത, പ്രകൃതിയോട് ഏറ്റവും ഇണങ്ങുന്ന ഒരു മഹാസംസ്കൃതിയായിട്ടാണ്.
Tweet 1143
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. ഒരാൾ നബിﷺയുടെ അടുക്കൽ വന്ന് ആവലാതി പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, ഞാൻ ചുമരു വെക്കാൻ ഉദ്ദേശിക്കുന്നിടത്ത് ഇന്ന ആളുടെ ഒരു ഈത്തപ്പനയുണ്ട്. ഈത്തപ്പനയുടെ ഉടമയോട് തിരുനബിﷺ പറഞ്ഞു. ആ ഈത്തപ്പന ചുമരു വെക്കാൻ ഉദ്ദേശിക്കുന്ന ആൾക്ക് നൽകൂ. പകരം അള്ളാഹു സ്വർഗത്തിൽ നിങ്ങൾക്ക് നൽകും. പക്ഷേ ഈത്തപ്പനയുടെ ഉടമസ്ഥൻ അത് സമ്മതിച്ചില്ല. ഉടനെ സ്വഹാബിയായ അബുദ്ദഹ്ദാഹ്(റ) ഈത്തപ്പനയുടെ ഉടമയുടെ അടുക്കലെത്തി. പ്രസ്തുത ഈത്തപ്പനയ്ക്ക് പകരം തൻ്റെ ഒരു തോട്ടം വിലയായി നൽകാമെന്ന് പറഞ്ഞു. ഉടമസ്ഥൻ സമ്മതിച്ചു. അബുദ്ദഹ്ദാഹ്(റ) നബിﷺയുടെ സവിധത്തിൽ വന്നു കാര്യം പറഞ്ഞു. ഞാനാ ഈത്തപ്പന ഒരു തോട്ടം പകരമായി കൊടുത്തു വാങ്ങിയിട്ടുണ്ട്. ചുമരു കെട്ടാൻ ഉദ്ദേശിക്കുന്ന ആൾക്ക് ഞാനത് സമ്മാനമായി നൽകുന്നു. തിങ്ങിയ കുലകളുള്ള എത്രയെത്ര ഈത്തപ്പനകളാണ് സ്വർഗ്ഗത്തിൽ അബുദ്ദഹ്ദാഹ്(റ)നൂ ഒരുക്കി വെച്ചിരിക്കുന്നത്. തിരുനബിﷺ ഇത് ആവർത്തിച്ച് ആവർത്തിച്ചു പറഞ്ഞു. ഇത് കേട്ട അദ്ദേഹം ഭാര്യയുടെ അടുക്കലേക്ക് ചെന്ന് ഇപ്രകാരം പറഞ്ഞു. നിങ്ങൾ നമ്മുടെ ആ തോട്ടത്തിൽ നിന്ന് പുറത്തേക്ക് വരൂ. സ്വർഗ്ഗത്തിലെ ഒരു തോട്ടത്തിന് പകരം ഞാനിത് കച്ചവടം ചെയ്തിരിക്കുന്നു. ഉടനെ ഭാര്യ പ്രതികരിച്ചു. നിങ്ങളുടെ ഇടപാട് ലാഭകരമായിരിക്കുന്നു.
തിരുനബിﷺ രൂപപ്പെടുത്തിയ ഒരു സാമൂഹിക ഘടനയിലെ വ്യക്തികളുടെ വിചാരങ്ങളാണ് ഇവയെല്ലാം. വ്യാപാരങ്ങളും വ്യവഹാരങ്ങളും കൃത്യമായ നിയമത്തിന്റെയും നിബന്ധനയുടെയും അടിസ്ഥാനത്തിൽ നടക്കുമ്പോഴും ഔദാര്യവും വിട്ടുവീഴ്ചയും ദാനധർമങ്ങളും സമൂഹ ഘടനയെ കൂടുതൽ ശക്തിപ്പെടുത്തുകയും പാവപ്പെട്ടവനെ കൂടുതൽ പരിഗണിക്കുകയും സമൂഹത്തിൽ കൂടുതൽ നന്മകൾ രൂപപ്പെടുത്തുകയും ചെയ്യും.
ഇല്ലാത്തവന് വേണ്ടി ഉള്ളവനോട് സംസാരിക്കുക, ആവശ്യക്കാരനെ സഹായിക്കുക ഇതെല്ലാം തിരുനബിﷺയുടെ അടിസ്ഥാന ശീലങ്ങളായിരുന്നു. ഒട്ടും ചോർന്നു പോകാതെ ഈ മൂല്യങ്ങളെ ശിഷ്യന്മാരിലേക്ക് പകർന്നു നൽകി. ഇന്നും ലോകത്ത് പരസ്പര സഹായത്തിന്റെയും ദാനധർമങ്ങളുടെയും ഏറ്റവും വലിയ സമൂഹമായി ഇസ്‌ലാമിക സമൂഹം നിലനിൽക്കുന്നു. ഇസ്‌ലാം മത വിശ്വാസികൾ ഒരു വർഷം ചെയ്യുന്ന ദാനധർമങ്ങളുടെ കണക്കെടുപ്പ് നടത്തുമ്പോൾ അത് ആശ്ചര്യകരമായിരിക്കും.
ആവശ്യക്കാരനെ കൂടുതൽ ഞെരുക്കുന്ന പലിശ വ്യവസ്ഥിതിയിൽ നിന്നും മാറി ഉള്ളവൻ ഇല്ലാത്തവന് നൽകണമെന്ന കാരുണ്യ വ്യവസ്ഥിതിയാണ് തിരുനബിﷺ സമൂഹത്തിൽ സ്ഥാപിച്ചത്. അതിൻ്റെ മേന്മയും ഗുണവും എക്കാലത്തെയും സമൂഹങ്ങൾ അനുഭവിക്കുകയും ചെയ്തു. അയൽവാസികളുടെ മൂല്യങ്ങൾ കൂടി ചേർത്തുവച്ചപ്പോൾ ജാതിമത വിഭാഗങ്ങൾക്കതീതമായി മുസ്‌ലിംകളുടെ ദാനശീലം അനുഗ്രഹത്തിന്റെ കരങ്ങളായി പകർന്നുവന്നു.
അപരനു നൽകാൻ പ്രേരിപ്പിക്കുമ്പോഴും ഉടമസ്ഥന്റെ അവകാശങ്ങളെയൊന്നും ഹനിക്കാൻ തിരുനബിﷺ തയ്യാറായില്ല. ആത്മീയതയുടെ അടിത്തറയിൽ പാകപ്പെടുത്തിയെടുത്ത വിശാലമായ ഒരു സമൂഹത്തിൻ്റെ കാരുണ്യ തീർത്ഥം ഒരുപാട് ആളുകളുടെ കണ്ണീരൊപ്പുകയും നന്മയുടെ കേന്ദ്രമായി വർത്തിക്കുകയും ചെയ്തു.
ഭർത്താവിൻ്റെ ആത്മീയ വ്യവഹാരത്തെ സർവ്വാത്മനാ സ്വീകരിക്കുകയും പ്രോത്സാഹനപൂർവ്വം പ്രതികരിക്കുകയും ചെയ്യാൻ ഭാര്യക്ക് സാധിച്ചത് സ്വഹാബികൾ വീട്ടിൽ രൂപപ്പെടുത്തിയ ആത്മീയ പരിസരം കൊണ്ട് മാത്രമായിരുന്നു. പ്രവാചകരിﷺൽ നിന്ന് നേരിട്ട് കേട്ടു പഠിച്ച അധ്യാപനങ്ങളെയും ആത്മീയ പാഠങ്ങളെയും സ്വഹാബികൾ അവരുടെ കുടുംബിനികൾക്കും കുടുംബത്തിനും പകർന്നു നൽകി. അതുകൊണ്ട് ഓരോ കുടുംബങ്ങളും നന്മയുടെ കേന്ദ്രങ്ങളായി പരിണമിക്കുകയും ചെയ്തു.
Tweet 1144
തിരുനബിﷺയുടെ വ്യാപാര വ്യവഹാരങ്ങളിലെ വേറിട്ട ഒരു അധ്യായമാണ് മറ്റുള്ളവരുടെ ബാധ്യത ഏറ്റെടുക്കുക എന്നത്. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറഞ്ഞു. പത്തു ദിനാർ നൽകാനുള്ള ഒരാളുടെ പിന്നിൽ ഇടപാടുകാരൻ വിടാതെ പിടികൂടി. ഒന്നുകിൽ കടം വീട്ടണം അല്ലെങ്കിൽ ബാധ്യതയ്ക്ക് നബിﷺ ജാമ്യം നിൽക്കണം. തിരുനബിﷺ ചോദിച്ചു. എത്രകാലത്തേക്ക്? ഒരു മാസത്തേക്ക് എന്ന് അദ്ദേഹം മറുപടി പറഞ്ഞു. തിരുനബിﷺ ആ ജാമ്യം ഏറ്റെടുത്തു. ഒരുമാസം അവധിയെത്തിയപ്പോൾ ബാധ്യതക്കാരൻ പത്തു ദിനാറുമായി വന്നു. നബിﷺ അദ്ദേഹത്തോട് ചോദിച്ചു. ഇത് എവിടുന്നാണ് നിനക്ക് കിട്ടിയത്? അയാൾ പറഞ്ഞു. ഖനിയിൽ നിന്ന്. എന്നാൽ, അതിൻ്റെ ആവശ്യമില്ല. ബാധ്യത ഞാൻ വീട്ടി കൊള്ളാം.
ഇടപാടുകാരിൽ പ്രയാസം നേരിടുന്നവർക്ക് ജാമ്യം നിൽക്കുക. പാവപ്പെട്ടവൻ പ്രയാസം നേരിടുന്ന ഘട്ടത്തിൽ എല്ലാ അർത്ഥത്തിലും സഹായിക്കുക. മനുഷ്യർക്കിടയിൽ ഉണ്ടായിരിക്കേണ്ട കാരുണ്യത്തിന്റെയും നന്മയുടെയും ഉയർന്ന അധ്യായങ്ങളാണ് ഈ സംഭവത്തിലൂടെ തിരുനബിﷺ കാഴ്ചവയ്ക്കുന്നത്.
ഇതിനെക്കാൾ മികച്ച വിശാലതയും ഔദാര്യവും നിറഞ്ഞ ഒരു അധ്യാപനം കൂടി നമുക്കിനി വായിക്കാനുണ്ട്. ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. കടബാധ്യതയോടുകൂടി മരണപ്പെട്ട ഒരാളുടെ ജനാസ കൊണ്ടുവന്നാൽ അയാളുടെ കടം വീട്ടാനുള്ള വകുപ്പ് ശേഷിക്കുന്നുണ്ടോ എന്ന് നബിﷺ അന്വേഷിക്കും. ഉണ്ടെന്ന് മറുപടി കിട്ടിയാൽ നബിﷺ അദ്ദേഹത്തിൻ്റെ മേൽ നിസ്കരിക്കും. ഇല്ലെന്നാണ് മറുപടി എങ്കിൽ സ്വഹാബികളോട് അദ്ദേഹത്തിൻറെ മേൽ നിസ്കരിച്ച് മറമാടാൻ പറയും.
ഇസ്‌ലാം വിവിധ ദേശങ്ങളിലേക്ക് വിജയപ്രവേശം നടക്കുന്ന കാലത്ത് തിരുനബിﷺ ഇങ്ങനെ പ്രസ്താവിച്ചു. വിശ്വാസികൾക്ക് അവരുടെ സ്വന്തത്തെക്കാൾ വേണ്ടപ്പെട്ടവൻ ഞാനാണ്. സത്യവിശ്വാസികളിൽ ആരെങ്കിലും മരണപ്പെട്ടാൽ അവരുടെ മേലുള്ള കടം ഞാൻ ഏറ്റെടുക്കും. അവർ എന്തെങ്കിലും ബാക്കിവെച്ചു പോയാൽ അത് അവരുടെ അനന്തരാവകാശികൾക്കും കുടുംബാദികൾക്കുമായിരിക്കും.
കടബാധ്യതകളുടെ പ്രാധാന്യം ഏറെ ഗൗരവത്തോടുകൂടി തിരുനബിﷺ പഠിപ്പിക്കുകയായിരുന്നു. അനിവാര്യമാണെങ്കിൽ മാത്രം കടം വാങ്ങുക. കൊടുത്തു വീടാൻ വകുപ്പുണ്ടെന്ന് കണ്ടാൽ മാത്രം വാങ്ങുക. നിശ്ചയിക്കുന്ന അവധിക്ക് തന്നെ തിരിച്ചു കൊടുക്കുക. ഒരുപക്ഷേ കഴിയാതെ വന്നാൽ ഇടപാടുകാരനോട് സുതാര്യമായി കാര്യം ബോധ്യപ്പെടുത്തുകയും അവധി നീട്ടി വാങ്ങുകയും ചെയ്യുക. ഇടപാടുകൾ എഴുതി സൂക്ഷിക്കുക. കടബാധ്യത ഉണ്ടാവുകയും വീടാൻ വഴിയില്ലാത്ത വിധം ശേഷിക്കുകയും ചെയ്താൽ അയാളുടെ മേൽ നിസ്കരിക്കാതിരുന്നത് കടബാധ്യതയുടെ ഗൗരവം സൂചിപ്പിക്കാനാണ്. ജീവൻ നിലനിൽക്കാനുള്ള ഭക്ഷണമോ ഉടുതുണിയില്ലാതെ വന്നപ്പോൾ വസ്ത്രത്തിനോ ഒരാൾ കടം വാങ്ങുകയും വീട്ടാൻ കഴിയാതെ മരണപ്പെട്ടു പോവുകയും ചെയ്താൽ തിരുനബിﷺ പരലോകത്ത് ആ ബാധ്യത ഏറ്റെടുക്കും. ഇസ്‌ലാമിൻ്റെ പ്രവർത്തന വഴിയിൽ മുന്നേറുകയും സേവന ഘട്ടത്തിൽ കടബാധ്യതയോടുകൂടി മരണപ്പെടുകയും ചെയ്താൽ അദ്ദേഹത്തിൻ്റെ കടം പരിഹരിക്കാനുള്ള സംവിധാനങ്ങൾ ഇസ്‌ലാമിക വ്യവസ്ഥിതിയുടെ ഭാഗമായി ഉണ്ടായിരുന്നു.
തരാനുള്ളവൻ തരാൻ പ്രയാസപ്പെടുന്നുവെന്നും കിട്ടേണ്ടവന് സാവധാനം ചെയ്തു കൊടുക്കാൻ സാഹചര്യമുണ്ടാവുകയും ചെയ്താൽ തരാനുള്ളവനോട് അവധാനത കാണിക്കുന്നതും പുണ്യകർമമാണ്.
കടമിടപാടുകളുടെ കാര്യത്തിൽ കരുണയും കൃത്യതയും നിഷ്ഠയും സാമൂഹിക ഭദ്രതയും എല്ലാം ഉൾക്കൊള്ളുന്ന എല്ലാ വീക്ഷണ വശങ്ങളെയും പ്രവാചക അധ്യാപനങ്ങൾ ഉൾക്കൊള്ളുന്നു.
Tweet 1145
തിരുനബിﷺയുടെ സാമ്പത്തിക വ്യവഹാരങ്ങളെ കുറിച്ച് വായിക്കുമ്പോൾ ദാനങ്ങൾക്കും ഉപഹാരങ്ങൾക്കും വലിയ പ്രാധാന്യമുണ്ട്. ഉപഹാരങ്ങളും സമ്മാനങ്ങളും നൽകണമെന്നും അത് പരസ്പരമുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും അവിടുത്തെ അധ്യാപനങ്ങൾ നമ്മെ ഉണർത്തുന്നു. ഇമാം അഹ്മദും(റ) മറ്റും നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. ഹദിയ അഥവാ ദാനം ചെയ്യുന്നത് ഹൃദയത്തിലെ കോപം, ആശങ്ക തുടങ്ങിയ രോഗങ്ങൾ ഇല്ലായ്മ ചെയ്യും എന്ന് തിരുനബിﷺ പഠിപ്പിച്ചു.
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. തിരുനബിﷺ ഇപ്രകാരം പ്രസ്താവിച്ചു. ആരെങ്കിലും ഒരാടിന്റെ കുളമ്പാണ് എനിക്ക് സമ്മാനിക്കുന്നതെങ്കിലും ഞാനത് സ്വീകരിക്കും. അത്രമേൽ ലളിതമായ ഒരു സൽക്കാരത്തിലേക്കാണ് എന്നെ ക്ഷണിക്കുന്നതെങ്കിലും ഞാൻ ക്ഷണം സ്വീകരിക്കും.
സമ്മാനങ്ങൾ കൊടുക്കുന്നതും വാങ്ങുന്നതും പരസ്പരം ക്ഷണിക്കുന്നതും പോയി വരുന്നതും വ്യക്തികൾക്കിടയിലും അതുവഴി സമൂഹത്തിലുമുണ്ടാക്കുന്ന അടുപ്പത്തിന്റെയും ബന്ധത്തിന്റെയും പ്രാധാന്യമാണ് തിരുനബിﷺ പകർന്നു തരുന്നത്. മറ്റുള്ളവരോട് അടുത്തുനിൽക്കാനും യോജിച്ചു പോകാനും കഴിയുന്ന എല്ലാ സാഹചര്യങ്ങളെയും പ്രയോജനപ്പെടുത്തുകയും അപരന്റെ ഹൃദയത്തിന് സന്തോഷം നൽകുന്ന ഏതു കർമത്തെയും പുണ്യമായി അവതരിപ്പിക്കുകയുമാണ് തിരുനബിﷺ ചെയ്തിട്ടുള്ളത്.
ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു ബുസ്ർ(റ) പറഞ്ഞു. എൻ്റെ ഉമ്മ സമ്മാനങ്ങളുമായി എന്നെ തിരുനബിﷺയുടെ അടുക്കലേക്ക് അയക്കാറുണ്ടായിരുന്നു. ഞാൻ കൊണ്ട് കൊടുക്കുന്ന സമ്മാനങ്ങൾ തിരുനബിﷺ സ്വീകരിക്കുകയും ചെയ്യുമായിരുന്നു. ഒരിക്കൽ തിരുനബിﷺയുടെ അടുക്കലേക്ക് ഒരു കുല മുന്തിരിയുമായി തന്നെ അയച്ചു. ഞാനാ മുന്തിരി കഴിച്ചു. തിരുനബിﷺയോട് അബ്ദുല്ലാഹ് (റ) മുന്തിരി കൊണ്ട് തന്നോ എന്ന് ചോദിച്ചു. ഇല്ലെന്നു പറഞ്ഞപ്പോൾ തിരുനബിﷺ എന്നെ തമാശയാക്കി. പറ്റിച്ചല്ലോ പറ്റിച്ചല്ലോ എന്ന് പറഞ്ഞു. പിന്നെ എന്നെ കാണുമ്പോഴൊക്കെ തമാശയാക്കും. മറ്റൊരു നിവേദന പ്രകാരം. അബ്ദുല്ലാഹ്(റ) പറയുന്നു. ഉമ്മ എന്നെ ഏൽപ്പിച്ച മുന്തിരിയുമായി ഞാൻ പോയി. തിരുനബിﷺയുടെ അടുക്കൽ എത്തുന്നതിനുമുമ്പ് അതിൽ നിന്ന് കഴിച്ചു. തിരുനബിﷺയോട് കാര്യം പറഞ്ഞു. എന്നെ തലോടി സന്തോഷിപ്പിച്ചുകൊണ്ട് പറഞ്ഞു. പറ്റിച്ചല്ലോ!
അബ്ദുല്ലാഹിബ്നു സർജസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. എൻ്റെ സഹോദരി ചിലപ്പോഴൊക്കെ സമ്മാനങ്ങളുമായി തിരുനബിﷺയുടെ സന്നിധിയിലേക്ക് എന്നെ അയക്കാറുണ്ട്. തിരുനബിﷺ സ്വീകരിക്കുകയും ചെയ്യുമായിരുന്നു.
അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. ഗ്രാമീണനായ ഒരു അറബി തിരുനബിﷺക്ക് ഒരു ഉപഹാരം നൽകി. തിരുനബിﷺ അദ്ദേഹത്തിന് പ്രതിസമ്മാനം സമർപ്പിച്ചു. തൃപ്തിയായോ എന്ന് ചോദിച്ചു. അദ്ദേഹം ഇല്ലെന്നു പറഞ്ഞു. തിരുനബിﷺ അദ്ദേഹത്തിന് ആവർത്തിച്ച് ആവർത്തിച്ചു നൽകി. സമ്പൂർണ്ണ തൃപ്തിയായി എന്നു പറയുന്നതുവരെ തിരുനബിﷺ കൊടുത്തു കൊണ്ടിരുന്നു.
എത്ര മനോഹരമായ വ്യവഹാരങ്ങളാണ് തിരുനബിﷺ നിർവഹിച്ചു കാണിച്ചത്. ഇടപാടുകാരെ തൃപ്തിപ്പെടുത്തുകയും ഉപഹാരം നൽകുന്നവരെ വെറുംകയ്യോടെ മടക്കാതെ അവർക്ക് ഉപകാരപ്പെടുന്ന സമ്മാനങ്ങൾ തിരുനബിﷺ അങ്ങോട്ടും നൽകി. സമ്മാനം സ്വീകരിക്കുന്ന ആൾക്കും സമ്മാനം നൽകുന്നത് തിരുനബിﷺയുടെ ഒരു ശീലമായിരുന്നു. ലളിതമായ സമ്മാനം തിരുനബിﷺക്ക് നൽകുകയും വിലപിടിപ്പുള്ള സമ്മാനങ്ങൾ തിരിച്ച് സ്വീകരിക്കാൻ അവസരം ലഭിക്കുകയും ചെയ്തവരുടെ നിവേദനകളും ഹദീസിൽ കാണാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1146
ഇമാം ത്വബ്റാനി(റ), ഇമാം അഹ്മദ്(റ) തുടങ്ങിയവർ നിവേദനം ചെയ്യുന്നു. ആഇശ(റ) പറഞ്ഞു. ഉമ്മുസുമ്പുല(റ) ഒരു പാത്രത്തിൽ പാല് തിരുനബിﷺക്ക് സമ്മാനമായി കൊണ്ടുവന്നു. അവർ വന്നപ്പോൾ തിരുനബിﷺ ഉണ്ടായിരുന്നില്ല. അഅ്റാബികളുടെ ഭക്ഷണം വാങ്ങുന്നതിൽ നിന്ന് തിരുനബിﷺ ഞങ്ങളെ വിലക്കിയിട്ടുണ്ടെന്ന് ഞാൻ അവരോട് പറഞ്ഞു. അപ്പോഴേക്കും തിരുനബിﷺ അങ്ങോട്ട് കടന്നു വന്നു. ഒപ്പം അബൂബക്കറും(റ) ഉണ്ടായിരുന്നു. അപ്പോൾ നബിﷺ ഉമ്മു സുമ്പുല(റ)യോട് ചോദിച്ചു. എന്താണിത്? അല്ലയോ അല്ലാഹുവിൻ്റെ ദൂതരെﷺ, തങ്ങൾക്ക് സമ്മാനമായി കൊണ്ടുവന്ന പാലാണ്. എന്നാൽ പാത്രത്തിലേക്ക് ഒഴിക്കൂ. അവർ ഒഴിച്ചു. ഒഴിച്ചുവെച്ച പാല് ആഇശ(റ)യെ വിളിച്ചു കുടിക്കാൻ കൊടുത്തു. ആഇശ(റ) പാനം ചെയ്തു. വീണ്ടും ഒഴിക്കാൻ പറഞ്ഞു. അബൂബക്കറി(റ)നും കൊടുത്തു. അദ്ദേഹവും പാനം ചെയ്തു. ശേഷം, തിരുനബിﷺയും കുടിച്ചു. ആഇശ(റ) ചോദിച്ചു. അവിടുന്ന് പറഞ്ഞിട്ടില്ലേ അഅറാബികളുടെ ഭക്ഷണം അങ്ങനെ വാങ്ങി കഴിക്കരുത് എന്ന്. ഓ ഇവർ അഅ്റാബികൾ ഒന്നുമല്ല. ഇവർ നമ്മുടെ ഗ്രാമീണരും നമ്മൾ അവരുടെ പട്ടണക്കാരുമാണ്. അവർ ക്ഷണിച്ചാൽ നമ്മൾ ക്ഷണം സ്വീകരിക്കും.
പാവപ്പെട്ടവരുടെയും ഗ്രാമീണരുടെയും വരെ ഉപഹാരങ്ങൾ സ്വീകരിക്കുകയും തിരിച്ചു സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കുകയും ചെയ്ത ഏറെ അനുഭവങ്ങൾ നബി ജീവിതത്തിൽ നിന്ന് വായിക്കാനുണ്ട്. പരസ്പരമുള്ള ബന്ധങ്ങൾ വർദ്ധിക്കാനും നന്മകളിൽ പങ്കാളികളാവാനുമുള്ള വലിയ സന്ദേശം ഉപഹാരങ്ങൾ നൽകുന്നതിലും സ്വീകരിക്കുന്നതിലുമുണ്ട്.
സെയ്ദുബ്നു അസ്‌ലമി(റ)ൽ നിന്ന് ഇമാം അബ്ദുറസാഖ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ വീട്ടിലേക്ക് വരുമ്പോൾ കയ്യിൽ എന്തോ വഹിച്ചുകൊണ്ട് ഒരു സ്ത്രീ പുറത്തേക്ക് പോകുന്നു. നബിﷺ ചോദിച്ചു. ഇതെന്താ ഭക്ഷണമാണോ? അതെ, ഞാൻ ആഇശ(റ)ക്ക് സമ്മാനമായി നൽകിയതായിരുന്നു. പക്ഷേ അവിടുന്ന് സ്വീകരിച്ചില്ല. ഞാൻ അതുമായി മടങ്ങുകയാണ്. തിരുനബിﷺ ആഇശ(റ)യോട് ചോദിച്ചു. ആദ്യം അത് അവരുടെ കയ്യിൽ നിന്ന് സ്വീകരിച്ചു കൂടായിരുന്നോ? അപ്പോൾ മഹതി പറഞ്ഞു. അവർ എന്നെക്കാൾ ആവശ്യക്കാരി ആണെന്ന് എനിക്ക് തോന്നി. അതുകൊണ്ടാണ് ഞാൻ സ്വീകരിക്കാതിരുന്നത്. കൊണ്ടുവന്നതങ്ങ് സ്വീകരിച്ചിട്ട് അതിനെക്കാൾ മെച്ചപ്പെട്ടത് തിരിച്ചു നൽകിയാൽ പോരായിരുന്നോ? തിരുനബിﷺ ചോദിച്ചു.
നൽകുന്നവരെ നിരാശപ്പെടുത്തരുതെന്ന വലിയ ഒരു ആശയമാണ് തിരുനബിﷺ ഈ പ്രസ്താവനയിലൂടെ കൈമാറുന്നത്. തരുന്നവർ എത്ര ചെറിയവരാണെങ്കിലും സമ്മാനം എത്ര ചെറുതാണെങ്കിലും സ്വീകരിക്കുമ്പോൾ നൽകുന്നവരുടെ ഹൃദയത്തിന് ലഭിക്കുന്ന ഒരു സന്തോഷമുണ്ട്. അത് വളരെ വലുതാണ്. അത് അവർക്ക് നൽകുന്ന വലിയ സമ്മാനവുമാണ്. മനുഷ്യരെയും അവരുടെ മാനസിക വിചാരങ്ങളെയും വളരെ കൃത്യമായി മനസ്സിലാക്കി കൊണ്ടാണ് തിരുനബിﷺ ഇത്തരം അധ്യാപനങ്ങൾ നിർവഹിക്കുന്നത്.
ഇമാം അഹ്മദും(റ) ഇബ്നു ഹിബ്ബാനും(റ) ഉദ്ധരിക്കുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. സാഹിർ എന്ന ഗ്രാമീണനായ മനുഷ്യൻ തിരുനബിﷺക്ക് ഉപഹാരങ്ങളുമായി വരുമായിരുന്നു. സമ്മാനങ്ങളൊക്കെ തിരുനബിﷺ സ്വീകരിക്കും. അവർ മടങ്ങി പോകുമ്പോഴേക്കും പട്ടണത്തിൽ കിട്ടുന്ന നല്ല സാധനങ്ങളൊക്കെ കരുതി വലിയ സമ്മാനങ്ങൾ നൽകി യാത്രയാക്കും. ഇദ്ദേഹം നമ്മുടെ ഗ്രാമീണനാണെന്നും നമ്മൾ അദ്ദേഹത്തിൻ്റെ പട്ടണക്കാരാണെന്നും തിരുനബിﷺ വിശദീകരിക്കും.
മനുഷ്യപ്പറ്റിന്റെ വ്യാപാര വ്യവഹാരങ്ങളെയാണ് തിരുനബിﷺ വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത്. കേവലം കച്ചവടം, സമ്പാദ്യം എന്നതിനപ്പുറം മൂല്യങ്ങളിലൂന്നി നിന്നുകൊണ്ടുള്ള സാമ്പത്തിക സമാഹരണവും ഇടപാടുകളുമായിരുന്നു അവിടുന്ന് പഠിപ്പിച്ചത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1147
തിരുനബിﷺയുടെ വ്യവഹാരങ്ങളെ കുറിച്ച് വായിക്കുമ്പോൾ അവിടുന്ന് സ്വീകരിച്ച ഉപഹാരങ്ങൾ കൂടി കടന്നു വരുന്നു. പ്രമുഖരിൽ നിന്നും രാജാക്കളിൽ നിന്നും ഒക്കെയുള്ള സമ്മാനങ്ങൾ തിരുനബിﷺ സ്വീകരിച്ചിരുന്നു. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അലിയ്യ് ബിൻ അബീത്വാലിബ്(റ) പറഞ്ഞു. കിസ്റ ചക്രവർത്തി തിരുനബിﷺക്ക് ഒരു സമ്മാനം നൽകി. അവിടുന്ന് സ്വീകരിച്ചു. കൈസർ ചക്രവർത്തി ഉപഹാരം കൊടുത്തയച്ചു. അതും സ്വീകരിച്ചു. രാജാക്കന്മാർ പലരും നൽകിയ ഉപഹാരങ്ങളും സമ്മാനങ്ങളും അവിടുന്ന് നിരസിച്ചില്ല.
ഇമാം അഹ്മദ്(റ) അനസുബ്നു മാലിക്(റ) നിന്ന് നിവേദനം ചെയ്യുന്നു. മഹാനവർകൾ പറഞ്ഞു. കിസ്റ രാജാവ് തിരുനബിﷺക്ക് ഒരു ഭരണിയിൽ ‘മന്ന് ‘ കൊടുത്തയച്ചു. തിരുനബിﷺ അത് സ്വീകരിച്ചു. അതിൽ നിന്ന് ഓരോ കഷ്ണങ്ങൾ എടുത്ത് ചുറ്റുമുള്ള സ്വഹാബികൾക്ക് നൽകി. ജാബിറി(റ)നും ഒരു കഷ്ണം നൽകി. രണ്ടാമതും ജാബിറി(റ)ന് നൽകാൻ ഒരുങ്ങിയപ്പോൾ അദ്ദേഹം പറഞ്ഞു എനിക്ക് കിട്ടിയല്ലോ എന്ന്. അപ്പോൾ തിരുനബിﷺ പറഞ്ഞു. ഇത് അബ്ദുല്ലാഹിയുടെ പെൺമക്കൾക്കുള്ളതാണ്. അഥവാ ജാബിറി(റ)ന്റെ സഹോദരിമാർക്ക്.
ഇമാം മുസ്‌ലിം(റ) മറ്റും നിവേദനം ചെയ്യുന്നു. ബദർ(റ) എന്നവർ തിരുനബിﷺക്ക് ഒരു പട്ടു വസ്ത്രം സമ്മാനിച്ചു. തിരുനബിﷺ പട്ടുവസ്ത്രം വിലക്കിയിരിക്കെ ഈ സമ്മാനം അവരെ ആശ്ചര്യപ്പെടുത്തി. അപ്പോൾ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. എൻ്റെ ആത്മാവിൻ്റെ ഉടമസ്ഥൻ തന്നെ സാക്ഷി! നാളെ സ്വർഗ്ഗത്തിൽ സഅദ് ബിൻ മുആദി(റ)ന് ലഭിക്കുന്ന തൂവാല ഇതിനേക്കാൾ മനോഹരമായിരിക്കും.
ഭൗതികതയോട് പ്രമത്തത വരാനിടയുള്ള ഓരോ സ്ഥലങ്ങളിലും ഈ ലോകം ക്ഷണികമാണെന്നും പരലോകമാണ് യഥാർത്ഥ ലോകമെന്നും തിരുനബിﷺ നിരന്തരമായി ഉത്ബോധിപ്പിച്ചു കൊണ്ടിരുന്നു. ഇസ്‌ലാം ദർശനത്തിന്റെ ആത്മാവും അടിത്തറയും ഈ ലോകത്തെ കുറിച്ചുള്ള ശരിയായ വീക്ഷണം കൂടിയാണ്. പട്ടിലും പരവതാനിയിലും മയങ്ങിപ്പോയി അനന്തമായ പരലോകം നഷ്ടപ്പെട്ടു പോകരുത് എന്ന നിർബന്ധവും കണിശതയും അനുയായികളെ സന്ദർഭോചിതമായി ഉദ്ബോധിപ്പിച്ചു.
സ്വദഖ അഥവാ ധർമത്തിന്റെ ഭാഗമായി എത്തുന്ന സമ്പാദ്യങ്ങളോ വിഭവങ്ങളോ തിരുനബിﷺ ഉപയോഗിച്ചിരുന്നില്ല. ഒരാൾ ഉപഹാരവുമായി വന്നാൽ നബിﷺ ചോദിക്കും. ഇത് സ്വദഖയാണോ അതല്ല ഹദിയ അഥവാ സമ്മാനമാണോ എന്ന്. ഹദിയ ആണെങ്കിൽ തിരുനബിﷺ സ്വീകരിക്കുകയും സ്വദഖ അഥവാ ധർമമാണെങ്കിൽ അർഹതപ്പെട്ടവരിലേക്ക് എത്തിക്കുകയും ചെയ്തു.
സാമ്പത്തിക സമാഹരണത്തിൽ ഉറവിടം പവിത്രമാവുക എന്നത് പ്രവാചക ദർശനത്തിന്റെ അടിത്തറയാണ്. സമ്പാദ്യത്തിനും വിനിയോഗത്തിനും വിനിമയത്തിനും വ്യവഹാരത്തിനും എല്ലാം കൃത്യമായ നിയമങ്ങളും ചിട്ടകളും പ്രവാചകൻﷺ മുന്നോട്ടു വച്ചിട്ടുണ്ട്. ഓരോ സമ്പത്തും എവിടെ നിന്ന് വന്നു എന്നും എന്തിനു വിനിയോഗിച്ചു എന്നും സമ്പത്തിന്റെ മുഴുവൻ യഥാർത്ഥ ഉടമസ്ഥനായ അല്ലാഹുവിനോട് കണക്കു പറയേണ്ടി വരും എന്ന വീക്ഷണം ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തിന്റെ ഏറ്റവും സമഗ്രവും നൈതികവുമായ അടിസ്ഥാനമാണ്. എൻ്റെ സ്വത്ത് എൻ്റെ ഇഷ്ടം എൻ്റെ വിനിയോഗം എന്ന് ആലോചിക്കുന്നതിനപ്പുറം യഥാർത്ഥ ഉടമസ്ഥൻ ആരെന്ന ചിന്തയിൽ നിന്നു കൊണ്ടായിരിക്കണം ഓരോ ഇടപാടുകളും നിർവഹിക്കേണ്ടത്. സമ്പത്ത് ഉണ്ടെന്നു കരുതി തന്നിഷ്ടപ്രകാരം വിനിയോഗിക്കാൻ പാടില്ലെന്നതാണ് ശരി. സമ്പന്നരായ പലരും ഞങ്ങളുടെ സ്വത്ത് ഞങ്ങളുടെ ഇഷ്ടപ്രകാരം പ്രയോഗിക്കുമെന്ന വിചാരത്തിലാണ് സഞ്ചരിക്കുന്നത്. എന്നാൽ അവർ ഈ ലോകത്തേക്ക് വന്നപ്പോൾ ഒന്നിന്റെയും ഉടമസ്ഥരായിരുന്നില്ല എന്നും എല്ലാം വിട്ടേച്ചു പോകേണ്ടവരാണ് എന്നും ആലോചിക്കാതെ പോകുന്നതുകൊണ്ടാണ് അപ്രകാരമൊക്കെ ചിന്തിക്കുന്നത്.
Tweet 1148
തിരുനബിﷺയുടെ വ്യവഹാരങ്ങളിൽ പതിച്ചു നൽകിയതോ ഭാഗിച്ചു നൽകിയതോ ആയ സമ്പാദ്യങ്ങളെ കുറിച്ചും അതിൻ്റെ പരിണിതികളെക്കുറിച്ചുമുള്ള ഒരു അധ്യായം കൂടിയുണ്ട്. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. വാഇൽ ബിൻ ഹുജ്ർ(റ) പറഞ്ഞു. ഹളർ മൗത്തിലുള്ള ഒരു ഭൂമി തിരുനബിﷺ അദ്ദേഹത്തിന് പതിച്ചു നൽകി. പ്രസ്തുത കൃത്യം നിർവഹിച്ചു കൊടുക്കാൻ മുആവിയ(റ)യെ അദ്ദേഹത്തോടൊപ്പം തിരുനബിﷺ നിയോഗിച്ചു. യാത്ര ആരംഭിച്ചപ്പോൾ മുആവിയ(റ) വാഇലി(റ)നോട് പറഞ്ഞു. നിങ്ങളുടെ വാഹനത്തിൻ്റെ പിൻസീറ്റിൽ എന്നെയും കൂടി ഇരുത്തിക്കൊണ്ട് പോയാൽ നന്നായിരുന്നു. നിങ്ങളെ രാജാക്കന്മാരുടെ പിൻസീറ്റിൽ ഇരുത്താൻ കൊള്ളില്ല എന്ന് അദ്ദേഹം പ്രതികരിച്ചു. അപ്പോൾ മുആവിയ(റ) ചോദിച്ചു. നിങ്ങളുടെ ചെരുപ്പ് എനിക്ക് അണിയാൻ തരുമോ? അപ്പോൾ അദ്ദേഹം പറഞ്ഞു. നിങ്ങൾ ഒട്ടകത്തിന്റെ തണലിൽ നടന്നുകൊള്ളൂ. മുആവിയ(റ) ഭരണാധികാരിയായ ശേഷം വാഇൽ(റ) അദ്ദേഹത്തിൻ്റെ അടുത്തു ചെന്നു. അപ്പോൾ ഭരണാധികാരിയായ മുആവിയ(റ) വാഇൽ(റ)നെ തൻ്റെ വിരിപ്പിൽ തന്നെ കൂടെ ഇരുത്തി.
തിരുനബിﷺ നിർവഹിച്ച ഒരു ഇടപാടിനെ കുറിച്ചുള്ള നിവേദനമാണിത്. യമനിലെ ഒരു പ്രവിശ്യയിൽ സ്വഹാബികളിൽ ഒരാൾക്ക് ഭൂമി പതിച്ചു നൽകിയ സംഭവം. വാഇൽ(റ) രാജകുടുംബത്തിൽ പെട്ട ആളായിരുന്നു. അദ്ദേഹം ഇസ്‌ലാമിലേക്ക് വന്നിട്ട് അധിക നാളുകളായിരുന്നില്ല. അതുകൊണ്ടാണ് സാമ്പത്തികമായി വളരെ പിന്നിലായിരുന്ന മുആവിയ(റ)യെ ഒപ്പമിരുത്താൻ വിസമ്മതിച്ചത്. ചെരുപ്പ് പോലും ധരിക്കാൻ കൊടുത്തില്ല. പരിഹസിച്ചുകൊണ്ടുള്ള ഒരു മറുപടിയായിരുന്നു ഒട്ടകത്തിന്റെ നിഴലിൽ നടന്നുകൊള്ളൂ എന്നത്. സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒട്ടകത്തിന്റെ തണൽ എത്ര നേരം ആശ്വാസം നൽകും. പക്ഷേ, അതുപോലും പരിഗണിക്കാവുന്നതായിരുന്നില്ല അന്നത്തെ ആഢ്യത്വ വിചാരങ്ങൾ. പിൽക്കാലത്ത് മുആവിയ(റ) ഭരണാധികാരിയായി. അദ്ദേഹം തിരുനബിﷺയിൽ നിന്ന് പഠിച്ച പാഠങ്ങൾ ഉൾക്കൊണ്ടിരുന്നുവല്ലോ. അപ്പോഴേക്കും വാഇലും(റ) ഇസ്‌ലാമിൻ്റെ അധ്യാപനങ്ങൾ പൂർണമായും ഉൾക്കൊണ്ടിരുന്നു. രാജവിരിപ്പിൽ രണ്ടുപേരും ഒരുമിച്ചിരുന്നു. ആദ്യകാലത്തെ അനുഭവം അവർ അയവിറക്കുകയും ചെയ്തു.
തിരുനബിﷺ ഭൂമി പതിച്ച് നൽകിയതാണ് വ്യവഹാരങ്ങളുമായി ബന്ധപ്പെട്ട ഈ അധ്യായത്തിലെ പ്രമേയം.
ഇമാം ബുഖാരി(റ) അനസ് ബിനു മാലിക്(റ) നിന്ന് നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ അൻസ്വാരികളെ വിളിച്ചു. ബഹ്റൈനിലുള്ള ഒരു ഭൂമി അവർക്ക് പട്ടയം നൽകാൻ വേണ്ടിയായിരുന്നു. അപ്പോൾ അവർ പറഞ്ഞു ഞങ്ങളുടെ സഹോദരങ്ങളായ മുഹാജിറുകൾക്കും അതുപ്രകാരം നൽകിയാൽ… ആ സമയത്ത് തിരുനബിﷺക്ക് അങ്ങനെ ഒരു പദ്ധതി ഉണ്ടായിരുന്നില്ല. തിരുനബിﷺ ഇങ്ങനെ കൂടി പറഞ്ഞു. എനിക്കുശേഷം നിങ്ങൾ പരിഗണനാക്രമങ്ങളിൽ വ്യത്യാസം കാണും. എന്നെ കണ്ടുമുട്ടുന്നത് വരെ നിങ്ങൾ ക്ഷമിക്കുക.
അൻസ്വാരികൾക്ക് ഭൂമിപതിച്ചു നൽകുന്നതാണ് ഹദീസിന്റെ പ്രമേയം. മുഹാജിറുകളായ തങ്ങളുടെ സഹോദരങ്ങൾക്ക് കൂടി നൽകുമ്പോൾ മതിയെന്നായിരുന്നു അൻസ്വാരികളുടെ ആഗ്രഹം. തിരുനബിﷺ പറഞ്ഞ കാര്യത്തോട് വിയോജിക്കാതെ തന്നെ അവർ കാര്യം അറിയിച്ചു. അപ്പോൾ നിലവിലുള്ള പദ്ധതിയിൽ മുഹാജിറുകൾക്ക് ഭൂമി കൊടുക്കാൻ പദ്ധതിയില്ലെന്ന വിശദീകരണം തിരുനബിﷺ നൽകി. അവർക്കുവേണ്ടി മറ്റു പ്രവിശ്യകളിലും മറ്റും നിശ്ചയിച്ചു വച്ചിരുന്നതുമുണ്ടായിരുന്നു. ഏതായാലും അനുബന്ധമായി തിരുനബിﷺ ഇതുകൂടി പറഞ്ഞു. എനിക്ക് ശേഷം പരിഗണനാക്രമങ്ങൾ മാറും. മുൻഗണനയിൽ പലരും മാറിമറിഞ്ഞു വരും. ഏതു സാഹചര്യത്തിലും നിങ്ങൾ ക്ഷമിക്കണം. പരലോകത്ത് പവിത്രതീർത്ഥത്തിന്റെ ചാരയെത്തുന്നതുവരെ സഹിഷ്ണുതയോടു കൂടി നിങ്ങൾ ജീവിക്കണം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1149
ഇമാം ത്വബ്റാനി(റ) നിവേദനം ചെയ്യുന്നു. ബിലാൽ ഹാരിസ് അൽ മുസനി(റ)ക്ക് ഖബുലിയ്യയിലെ ഖനികൾ വിഹിതം വെച്ചു നൽകി. അവിടുത്തെ ഉയർന്ന പ്രദേശങ്ങളും താഴ്ന്ന പ്രദേശങ്ങളും പ്രത്യേകം നിർണയിച്ചു കൊടുത്തു. കൃഷിയോഗ്യമായ ഇടങ്ങളിൽ കൃഷി ചെയ്യാനും അവകാശം നൽകി.
മദീനക്കടുത്ത് ഫർഅ് താഴ്‌വരയിലെ സവിശേഷമായ ഭൂമി ഫലമെടുക്കാനും പരിസരങ്ങളിൽ കൃഷി ചെയ്യാനും അനുയായികളിൽ ഒരാൾക്ക് തിരുനബിﷺ ക്രമീകരണങ്ങൾ ചെയ്തു കൊടുത്തതാണ് നാം വായിച്ചത്. ദാനധർമങ്ങൾക്ക് പുറമേ സംരംഭങ്ങൾക്കുള്ള പ്രേരണയും പ്രകൃതി വിഭവങ്ങളോട് പ്രത്യുൽപാദനപരമായി സമീപിക്കാനുള്ള വിചാരവും ഉണർത്തുന്നതാണ് ഈ നിവേദനം. വ്യത്യസ്ത തലങ്ങളിൽ കൃഷി ചെയ്യാനും കാർഷിക ഉത്പന്നങ്ങൾ വിളയിച്ചെടുക്കാനും ആളുകൾക്ക് പ്രചോദനം നൽകുന്ന അധ്യാപനങ്ങൾ വേറെയും നിവേദനങ്ങളിൽ കാണാൻ കഴിയും. ഫലഭൂയിഷ്ടമായ ഭൂമി വെറുതെ ഇടരുതെന്നും അത് കൃത്യമായി പ്രയോജനപ്പെടുത്തണമെന്നുമാണ് പ്രവാചക അധ്യാപനങ്ങളുടെ പൊരുൾ. ഭൂപ്രദേശങ്ങൾ കാർഷികയോഗ്യമാക്കുന്നതും ജീവന പ്രവർത്തനങ്ങളിലൂടെ മുന്നോട്ടുവരുന്നതും ഏറെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് തിരുനബിﷺയുടെ അധ്യാപനങ്ങളിൽ മുഴുവനും കാണാൻ കഴിയുന്നത്.
ചില പ്രദേശങ്ങളിലെ ഭൂവിഭാഗങ്ങളെ കാർഷിക യോഗ്യമാക്കാനും പരിപാലിച്ചു വികസിപ്പിച്ചെടുക്കാനും നിർണിത വ്യക്തികളെ ചുമതലപ്പെടുത്തി കൊണ്ടുള്ള കരാറുകളും ഹദീസുകളിൽ നിന്നും മറ്റും വായിക്കാൻ കഴിയും.
ബനൂ നദീർ ഗോത്രത്തിലെ ഭൂപ്രദേശങ്ങൾ സുബൈറി(റ)ന് പതിച്ചു കൊടുത്തതും അബൂ ഹുറൈറ(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്തിട്ടുണ്ട്.
മുജാഅതു ബിനു മുറാറ(റ) പറയുന്നു. യമാമയിലെ ഔദാ എന്ന് പേരുള്ള ഭൂമി തിരുനബിﷺ അദ്ദേഹത്തിനു പതിച്ചു നൽകി.
അല്ലാഹുവിൻ്റെ ദൂതൻ മുഹമ്മദ് നബിﷺ മുജാഅതു ബിനു മുറാറ(റ)ക്ക് രേഖാമൂലം എഴുതിത്തരുന്നു എന്ന കരാറിനെക്കുറിച്ചും ഹദീസിൽ പരാമർശമുണ്ട്.
അഖീഖ് താഴ്‌വരയിലെ കിണറുകൾ ഹിജ്റ ചെയ്തു വന്ന തന്റെ വലിയുമ്മക്ക് നൽകിയിരുന്നു എന്ന് സായ്ബ്(റ) എന്ന സ്വഹാബി പറയുന്നുണ്ട്.
എനിക്കും അബൂബക്കറി(റ)നും പ്രത്യേക ഭൂമികൾ നിശ്ചയിച്ചു തന്നിരുന്നു എന്ന് റബീഅതുൽ അസ്‌ലമി(റ) എന്ന സ്വഹാബി പറഞ്ഞ കാര്യം ഇമാം അഹ്മദ്(റ) നിവേദനം ചെയ്ത ഹദീസിലുണ്ട്.
സ്വഹാബികൾക്കും ആവശ്യക്കാർക്കും തിരുനബിﷺ ഭൂമിയും പ്രദേശങ്ങളും വിഭവങ്ങളും നിശ്ചയിച്ചു നൽകിയപ്പോൾ സ്വയം പരിത്യാഗത്തെ അടയാളപ്പെടുത്തുകയും സാമ്പത്തികമായ ലക്ഷ്യങ്ങളോടെയല്ല തിരുനബിﷺയുടെ പ്രബോധനം എന്ന് സ്വഹാബികളെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്താൻ സാധിക്കുകയും ചെയ്തു.
മക്കൾക്കും കുടുംബത്തിനും അനന്തര സ്വത്തുക്കൾ ഒന്നും വെക്കാതെയും സാമ്പത്തികമായ ആസ്തിയോ ആഢ്യത്വമോ ആവശ്യപ്പെടാതെയും സ്വയം ഭൗതികവിരക്തിയോടെ ജീവിക്കുകയും മറ്റുള്ളവർക്ക് അല്ലാഹു അനുവദിച്ചു കൊടുത്ത സമ്പാദ്യങ്ങളും ക്ഷേമ വികസന വഴികളും സുതാര്യമായി തുറന്നുകൊടുക്കുകയും ചെയ്ത ആശ്ചര്യകരമായ ഒരു സാമ്പത്തിക വ്യവഹാരത്തിന്റെ വിലാസം കൂടിയാണ് തിരുനബിﷺ. ഉഹദ് പർവതം സ്വർണ്ണമായി എൻ്റെ അടുക്കൽ വന്നാൽ അതിൽ നിന്ന് ഒരു ഒരു ദിർഹമിന്റെ അളവെങ്കിലും മൂന്നുദിവസത്തിലേറെ എൻ്റെ പക്കലുണ്ടായിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എല്ലാം ചെലവഴിക്കാനും വല്ല കടബാധ്യതകളുമുണ്ടെങ്കിൽ അതിനു വേണ്ടി മാത്രം കരുതി വെക്കാനും മാത്രമേ ഞാൻ ആഗ്രഹിക്കുന്നുള്ളൂ എന്ന് തിരുനബിﷺ പറഞ്ഞ ഹദീസ് ഇമാം ബുഖാരി(റ) ഉദ്ധരിച്ചിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 1150
തിരുനബിﷺയുടെ അധ്യാപനങ്ങളിൽ നിന്ന് വിവാഹാനുബന്ധകാര്യങ്ങളെ കുറിച്ചുള്ള വായനയാണ് ഇനി നമുക്ക് നിർവഹിക്കാനുള്ളത്. പരസ്പര കരാറിലൂടെ ഇണകളായി ജീവിക്കുകയും സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന യൂണിറ്റാകുന്ന കുടുംബത്തെ ഏറ്റവും ഭദ്രമായി സജ്ജീകരിക്കുകയും ചെയ്യുന്ന വ്യവസ്ഥാപിതമായ ഒരു സമ്പ്രദായമായാണ് വിവാഹത്തെ പ്രവാചകൻﷺ പരിചയപ്പെടുത്തുന്നത്. വധുവിന്റെ രക്ഷകർത്താവും(വലിയ്യ്യും) വരനും തമ്മിൽ പരസ്പരം നിർവഹിക്കുന്ന കരാറാണ് നിക്കാഹ്. ‘എന്റെ മകളെ നിങ്ങൾക്ക് നിക്കാഹ് ചെയ്തു തന്നിരിക്കുന്നു’ എന്ന സവിശേഷമായ ആശയങ്ങൾ ഉൾക്കൊള്ളുന്ന വാചകം വലിയ്യും ‘ഞാൻ സ്വീകരിച്ചിരിക്കുന്നു’ എന്ന് വരനും സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ പറഞ്ഞാൽ നിക്കാഹായി. അനിവാര്യ ഘടകമായ മഹറും തിരുചര്യയുടെ ഭാഗമായ നിബന്ധനകളോടുകൂടിയ ഖുത്വുബയും ചേരുന്നതോടുകൂടി നിക്കാഹ് കർമത്തിന്റെ ഉള്ളടക്കങ്ങൾ പൂർത്തിയായി.
ബ്രഹ്മചര്യത്തെയോ വന്ധീകരിക്കുന്നതോ ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. അബൂ അയ്യൂബി(റ)ൽ നിന്ന് ഇബ്നു അബസ് ദ്ദുന്യാ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. ലജ്ജ, നിക്കാഹ്, സുഗന്ധം ഉപയോഗിക്കൽ, മിസ്വാക്ക് ചെയ്യൽ അഥവാ ദന്ത ശുദ്ധീകരണം എന്നിവ മുസ്‌ലിംകളുടെ സവിശേഷമായ ചര്യകളിൽ പെട്ടതാണ്.
എല്ലാ മനുഷ്യരിലും പ്രകൃതിപരമായി ഉണ്ടാകാവുന്ന നന്മയും ചിട്ടകളും ഒക്കെയാണെങ്കിലും മതത്തിന്റെയും അനുഷ്ഠാനത്തിന്റെയും ഭാഗമായി മേൽ പറയപ്പെട്ട കാര്യങ്ങൾക്ക് പ്രത്യേക പരിഗണനയും നിയമനിബന്ധനകളും നൽകിയിരിക്കുന്നു എന്നാണ് സാരം.
പ്രവാചകർﷺ യുവാക്കളോട് പറഞ്ഞ പ്രസിദ്ധമായ ഒരു നിർദ്ദേശമുണ്ട്. അല്ലയോ യുവാക്കളെ, നിങ്ങളിൽ നിന്ന് ശേഷിയുള്ളവർ വിവാഹം ചെയ്തുകൊള്ളട്ടെ. അല്ലാത്തവർ വ്രതമനുഷ്ഠിക്കുകയും അതുവഴി വികാര നിയന്ത്രണം നടത്തുകയും ചെയ്യട്ടെ.
ശേഷിയുള്ളവർ എന്ന പ്രയോഗം ശാരീരികവും സാമ്പത്തികവും തുടങ്ങി എല്ലാ വശങ്ങളെയും ഉൾക്കൊള്ളുന്നതാണ്. വിവാഹിതനായതിൽ പിന്നെ ഇണയെ സംരക്ഷിക്കാനും തൃപ്തിപ്പെടുത്താനും പറ്റുന്നവനായിരിക്കണം എന്ന ഉന്നതമായ ഒരു സന്ദേശസാരം ഇതിൽ ഉൾചേർന്നിട്ടുണ്ട്.
വിവാഹത്തിൻ്റെ പ്രാഥമിക അന്വേഷണങ്ങൾ നിർവഹിക്കപ്പെട്ടാൽ ഇണകളാകേണ്ടവർ തമ്മിൽ കാണുന്നത് മതവും പ്രവാചകനുംﷺ പ്രോത്സാഹിപ്പിച്ച കാര്യമാണ്. ഇത് സംബന്ധമായി ഇമാം ഇബ്നുമാജ(റ) ഉദ്ധരിച്ച ഹദീസിന്റെ ആശയം ഇപ്രകാരമാണ്. “നീ പോയി അവളെ കാണുക; നിങ്ങൾ രണ്ട് പേർക്കുമിടയിൽ സ്വരച്ചേർച്ചയുണ്ടാക്കാൻ അതിന് സാധിക്കും.”
എന്നാൽ പെണ്ണുകാണൽ എന്ന പേരിൽ നടന്നുകൊണ്ടിരിക്കുന്ന പേക്കൂത്തുകളെയൊന്നും പ്രവാചകൻﷺ പഠിപ്പിക്കുകയോ അംഗീകരിക്കുകയോ ചെയ്യുന്നില്ല. ആചാരങ്ങളെയും ചര്യകളെയും വിട്ട് അനാചാരങ്ങളെയും താല്പര്യങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പരിഷ്കൃത വിചാരങ്ങൾ വിവാഹത്തിന്റെ തന്നെ മഹത്വവും ആചാരങ്ങളുടെ പവിത്രതയും ഇല്ലായ്മ ചെയ്യുന്നുണ്ട്.
ഒരു പുരുഷൻ ഒരു സ്ത്രീയെ വിവാഹം ചെയ്യാനുദ്ദേശിച്ചാൽ, ഔപചാരികമായി വിവാഹനിർണയത്തിലേക്ക് എത്തുന്നതിന് മുമ്പ് അവളെ അവൻ കാണുന്നത് അനുവദിക്കപ്പെട്ടതാണ്. അതിന്റെ ഉദ്ദേശം ആണും പെണ്ണും പരസ്പരം കണ്ട് അവരുടെ മനസ്സിൽ ഇഷ്ടമുണ്ടാകലാണ്. ശരിയായ ഒരു തീരുമാനമെടുക്കാനും അവളുടെ ബാഹ്യരൂപത്തിൽ സംതൃപ്തിപ്പെട്ടുവെന്നും ഇണയായി സ്വീകരിക്കാൻ പറ്റുമെന്ന് ഉറപ്പു വരുത്താനും അത് സഹായിക്കും. തിരുനബിﷺയുടെ നിര്‍ദ്ദേശങ്ങളിൽ ഇപ്രകാരം വന്നിട്ടുണ്ട്. ഈ ആശയം ഇമാം ഇബ്നുമാജ(റ) ഉദ്ധരിക്കുന്ന ഹദീസിൽ വന്നത് ഇങ്ങനെയാണ്. നീ പോയി അവളെ കാണുക. നിങ്ങൾ രണ്ട് പേർക്കുമിടയിൽ സ്വരച്ചേർച്ചയുണ്ടാക്കാൻ അത് സഹായകമാകും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Leave a Reply