The biography of Prophet Muhammad – Month 23

Admin October 30, 2024 No Comments

The biography of Prophet Muhammad – Month 23

Mahabba Campaign Part-723

Tweet 723

ഔദാര്യത്തിന്റെ പര്യായമായ പ്രവാചകൻﷺ, പിശുക്ക് ഒരു ദുർഗുണമാണെന്നും മനുഷ്യർ അതിൽ നിന്ന് വിട്ടുനിൽക്കണമെന്നും പഠിപ്പിച്ചിട്ടുണ്ട്. വിശുദ്ധ ഖുർആൻ അൽഹശ്ര്‍ അധ്യായത്തിലെ ഒൻപതാം സൂക്തത്തിന്റെ ശകലം പകർന്നു തരുന്ന ആശയം ഇങ്ങനെയാണ്.
“ഏതൊരാള്‍ തന്റെ മനസ്സ് പിശുക്കില്‍ നിന്ന് കാത്തുരക്ഷിക്കപ്പെടുന്നുവോ അത്തരക്കാര്‍ തന്നെയാകുന്നു വിജയം പ്രാപിച്ചവര്‍.”
ആലുഇംറാന്‍ അധ്യായത്തിലെ 180 ആം സൂക്തത്തിന്റെ ആശയം ഇങ്ങനെ ചേർത്തു വായിക്കാം.
”അല്ലാഹു അവന്റെ അനുഗ്രഹത്തില്‍ നിന്ന് തങ്ങള്‍ക്കു തന്നിട്ടുള്ളതില്‍ പിശുക്ക് കാണിക്കുന്നവര്‍ അതവര്‍ക്ക് ഗുണകരമാണെന്ന് ഒരിക്കലും വിചാരിക്കരുത്. എന്നല്ല, അവര്‍ക്ക് ദോഷകരമാണത്. അവര്‍ പിശുക്ക് കാണിച്ച ധനം കൊണ്ട് ഉയിര്‍ത്തെഴുന്നേല്‍പിന്റെ നാളില്‍ അവരുടെ കഴുത്തില്‍ ഹാരം ചാര്‍ത്തപ്പെടുന്നതാണ്.”

ലുബ്ധനെയും ലുബ്ധതയെയും എത്രമേൽ ഗൗരവതരമായിട്ടാണ് ഇസ്ലാം കൈകാര്യം ചെയ്യുന്നത്. പരസ്പരം ആശ്രയിച്ചു കഴിഞ്ഞു പോകേണ്ട സാമൂഹിക ഘടനയിൽ ഔദാര്യവും ദാനവും ആണ് നിർമ്മാണാത്മകവും കരണീയവും എന്ന് പ്രവാചകൻ‍ﷺ പഠിപ്പിക്കുന്നു. അതിനെതിരായി നിൽക്കുന്ന ദുർഗുണമാണ് പിശുക്ക്. പ്രവാചകരുﷺടെ തിരു മൊഴിയിൽ അക്രമത്തെക്കുറിച്ച് പറഞ്ഞിട്ടാണ് പിശുക്കിനെ സൂചിപ്പിക്കുന്നത്. മുസ്ലിം(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിന്റെ ആശയം ഇപ്രകാരം പകർത്താം. നബിﷺ പറയുന്നു: ”അക്രമത്തെ നിങ്ങള്‍ സൂക്ഷിക്കണം. നിശ്ചയമായും അക്രമം അന്ത്യദിനത്തിലെ ഇരുട്ടുകളില്‍ പെട്ടതാണ്. പിശുക്കിനെ നിങ്ങള്‍ സൂക്ഷിക്കുക. കാരണം, പിശുക്കാണ് നിങ്ങള്‍ക്ക് മുമ്പുള്ളവരെ നശിപ്പിച്ചത്. പരസ്പരം രക്തം ചിന്താനും പവിത്രതകള്‍ കളങ്കപ്പെടുത്താനും അവരെ പ്രചോദിപ്പിച്ചത്.

സാമൂഹികമായ ഈ ദുരന്ത തലത്തെ കൂടി ഉൾക്കൊണ്ടുകൊണ്ടാണ് അന്നിസാഅ് അദ്ധ്യായത്തിൽ മുപ്പത്തി ഏഴാം സൂക്തത്തിൽ ഖുർആൻ ഇങ്ങനെ പറഞ്ഞത്. “പിശുക്ക് കാണിക്കുകയും പിശുക്ക് കാണിക്കാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും തങ്ങള്‍ക്ക് അല്ലാഹു അവന്റെ ഔദാര്യം കൊണ്ട് നല്‍കിയ അനുഗ്രഹം മറച്ചു വെക്കുകയും ചെയ്യുന്നവരാണവര്‍. ആ നന്ദികെട്ടവര്‍ക്ക് അപമാനകരമായ ശിക്ഷയാണ് നാം തയ്യാർ ചെയ്തു വെച്ചിരിക്കുന്നത്.”

എത്ര ഗൗരവതരമായിട്ടാണ് ഖുർആൻ ഈ വിഷയത്തെ സമീപിക്കുന്നത്. പരസ്പര സഹായത്തെയും ഔദാര്യത്തെയും അങ്ങേയറ്റം പ്രോത്സാഹിപ്പിക്കുകയും പ്രേരിപ്പിക്കുകയും ചെയ്യുന്ന മതം എങ്ങനെയാണ് പിശുക്കിനെയും ലുബ്ധതയെയും അംഗീകരിക്കുക!

പിശുക്കന് പരലോകത്ത് ലഭിക്കാനിരിക്കുന്ന ദുരന്തത്തെ കൂടി ഇസ്ലാം അനുബന്ധമായി സൂചിപ്പിക്കുന്നു. ഇമാം അഹ്മദും(റ) മറ്റും ഉദ്ധരിക്കുന്ന ഒരു നിവേദനത്തിന്റെ ആശയം ഇങ്ങനെ വായിക്കാം. പിശുക്കു കാണിക്കുന്നവനും ജനങ്ങള്‍ക്കിടയില്‍ കുഴപ്പമുണ്ടാക്കുന്നവനും താന്‍ ഉടമപ്പെടുത്തിയതില്‍ മോശമായ ഇടപാട് നടത്തുന്നവനും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല.

ഇമാം ബുഖാരി(റ)യും മറ്റും അബൂഹുറൈറ(റ)യില്‍ നിന്നും നിവേദനം ചെയ്യുന്നു. നബി‍ﷺ പറഞ്ഞു : ”ഓരോ ദിവസവും പ്രഭാതമാവുമ്പോൾ രണ്ട് മലക്കുകള്‍ ഇറങ്ങിവരും. അവരില്‍ ഒരാള്‍ പറയും: അല്ലാഹുവേ, ചെലവഴിക്കുന്നവര്‍ക്ക് വീണ്ടും കൊടുക്കേണമേ! രണ്ടാമത്തെ മലക്ക് പറയും: പിടിച്ച് വെക്കുന്നവര്‍ക്ക് അഥവാ പിശുക്ക് കാണിക്കുന്നവര്‍ക്ക് നാശം കൊടുക്കേണമേ!

അപരനുവേണ്ടി വിനിയോഗിക്കാൻ നിരന്തരമായി പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്ന മതം, ഓരോ വ്യക്തിക്കും അല്ലാഹു നൽകിയ അനുഗ്രഹത്തെ മറ്റുള്ളവർക്ക് വേണ്ടി കൂടി പങ്കുവെച്ചുകൊടുക്കാൻ നിർദ്ദേശിക്കുന്നു. അതിനു വിരുദ്ധമായ ലുബ്ധതയും പിശുക്കും ഹൃദയങ്ങളെ കൂടുതൽ സങ്കുചിതമാക്കുകയും പല നന്മകളെയും നിരാകരിക്കുകയും ചെയ്യും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-724

Tweet 724

ഇമാം ബുഖാരി(റ)യും മുസ്‌ലിമും(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. തിരുനബി‍ﷺ പറഞ്ഞു. ഉഹ്ദ് പർവതത്തോളം സ്വർണം എന്റെ പക്കൽ ലഭിച്ചാലും മൂന്നുദിവസത്തിലേറെ അതെന്റെ പക്കൽ ഉണ്ടായിരിക്കുകയില്ല. വല്ല കടബാധ്യതയും ഉണ്ടെങ്കിൽ അത് വീട്ടുന്നത് ഒഴിച്ചാൽ ബാക്കി മുഴുവനും ഞാൻ പാവങ്ങൾക്ക് ദാനം ചെയ്യും.

തിരുനബി‍ﷺയുടെ വ്യവഹാര മനസ്സ് എത്രമേൽ വിശാലമായിരുന്നു എന്നറിയിക്കുന്ന അധ്യായമാണിത്. ഔദാര്യം നൽകുക എന്ന പ്രാഥമിക നന്മക്കപ്പുറം ഈ ഭൗതികലോകത്തെ സമ്പാദ്യങ്ങളോടുള്ള തിരുനബി‍ﷺയുടെ സമീപനത്തിന്റെ നിർണയം കൂടിയായിരുന്നു അത്. ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ നിന്ന് ഇത് മനസ്സിലാക്കാം. ഹക്കീം ബിൻ ഹിസാം(റ) എന്നവർ പറയുന്നു. ഞാൻ പ്രവാചകനോ‍ﷺട് ദാനം ആവശ്യപ്പെട്ടു. അവിടുന്ന് എനിക്ക് നൽകി. വീണ്ടും ചോദിച്ചപ്പോൾ വീണ്ടും നൽകി.

ഒടുവിൽ എന്നോട് ഇങ്ങനെ പറഞ്ഞു. അല്ലയോ ഹക്കീമേ(റ)! ഈ ലോകത്തെ സമ്പാദ്യം മധുരമുള്ളതും ഹരിതാഭവുമാണ്. അഥവാ കാണാനും അനുഭവിക്കാനും രസമുള്ളതാണ്. ഔദാര്യ മനസ്സോടുകൂടി അത് സ്വീകരിച്ചാൽ അല്ലാഹു ആ സമ്പാദ്യത്തിൽ അനുഗ്രഹം ചൊരിയും. എന്നാൽ താൻ പോരിമയോടുകൂടിയും ഭൗതികതയോടുള്ള അതിരറ്റ പ്രണയത്തോടെയും ഈ ലോകത്തെ സമ്പാദ്യം സ്വീകരിച്ചാൽ അതിൽ അനുഗ്രഹം ലഭിക്കുകയില്ല. അങ്ങനെയുള്ളവർ ഭക്ഷിക്കുന്നു വയറു നിറയുന്നില്ല എന്നതുപോലെയായിരിക്കും. സ്വീകരിക്കുന്ന കയ്യേക്കാൾ ഉത്തമം നൽകുന്ന കയ്യാണ്. അഥവാ ദാനം നൽകുന്നതാണ് ദാനം സ്വീകരിക്കുന്നതിനേക്കാൾ ഉത്തമം.

ഇപ്പോൾ നാം വായിച്ച നയത്തിൽ നിന്നു കൊണ്ടായിരുന്നു തിരുനബി‍ﷺ ഈ ഭൗതിക ലോകത്തെ അനുഗ്രഹങ്ങളെ മുഴുവനും കണ്ടത്. അതുകൊണ്ടുതന്നെ ഔദാര്യം ചെയ്യുന്നതിനോ മറ്റുള്ളവരെ ആശ്വസിപ്പിക്കുന്നതിനോ ഒരു പിശുക്കും ഉണ്ടായിരുന്നില്ല.

ഉഖ്ബ ബിൻ ആമിർ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇപ്രകാരം വായിക്കാം. ഞാൻ പ്രവാചകരു‍ﷺടെ പിന്നിൽ നിന്ന് ഒരു ദിവസം സായാഹ്ന നിസ്കാരം അഥവാ അസർ നിസ്കാരം നിർവഹിച്ചു. മദീനയിൽ വച്ചായിരുന്നു സംഭവം. പതിവിൽനിന്ന് വ്യത്യസ്തമായി നിസ്കാരം കഴിഞ്ഞ ഉടനെ പ്രവാചകൻ‍ﷺ മുസ്വല്ലയിൽ നിന്ന് എഴുന്നേറ്റു പോയി. പിന്നിൽ ഉണ്ടായിരുന്ന നിരകൾ ഭേദിച്ച് അതിവേഗമുള്ള പ്രവാചകന്റെ‍ﷺ ഈ പോക്ക് അനുയായികളെ ആശ്ചര്യപ്പെടുത്തി. പ്രവാചകൻ‍ﷺ മടങ്ങിവന്ന് പോക്കിന്റെ രഹസ്യം പറഞ്ഞു. എന്റെ പക്കൽ ഉണ്ടായിരുന്ന ഒരു സ്വർണ്ണക്കട്ടിയെ കുറിച്ച് ഓർത്തത് കൊണ്ടാണ് ഞാൻ പോയത്. അതെന്റെ പക്കൽ കരുതിവെക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് അത് വിതരണം ചെയ്യാൻ ഏൽപ്പിക്കുന്നതിന് വേണ്ടി പോയതായിരുന്നു.

ഈ ലോകത്തെ സമ്പാദ്യങ്ങളും ഖജനാവുകളും ഒന്നും കരുതിവെച്ചു പരിപാലിക്കാൻ തിരുനബി‍ﷺ ആഗ്രഹിച്ചില്ല. അനന്തരാവകാശികൾക്ക് വേണ്ടി സൂക്ഷിച്ചുവെക്കാനും താല്പര്യപ്പെട്ടില്ല. ഭൗതികതയോടുള്ള പ്രണയം ആളുകളെ ആത്മീയതയിൽ നിന്ന് അകറ്റുമെന്നും താൽക്കാലിക സന്തോഷങ്ങൾക്ക് വേണ്ടിയുള്ള സമരങ്ങൾ അനന്തമായ സന്തോഷത്തെ ചിലപ്പോൾ ഇല്ലായ്മ ചെയ്യുമെന്നും തിരുനബി‍ﷺക്ക് ബോധ്യമുണ്ടായിരുന്നു. അത് ഇടയ്ക്കിടെ അനുയായികളെ ഓർമ്മപ്പെടുത്തുകയും ചെയ്യും.

ലോകത്ത് അറിയപ്പെടുന്ന പലമഹാന്മാരുടെയും ഔദാര്യങ്ങളുടെ അധ്യായങ്ങൾ നമുക്ക് വായിക്കാൻ ഉണ്ടാകും. എന്നാൽ, ഇത്രമേൽ വിശാലമായ ഒരു ഔദാര്യ വിചാരത്തെ ലോക സമക്ഷത്തിൽ അവതരിപ്പിക്കുകയും ജീവിതം കൊണ്ട് പ്രയോഗിക്കുകയും അന്ത്യനാൾ വരെയുള്ള പലകോടി ജനങ്ങളിൽ അത് സ്ഥാപിക്കുകയും ചെയ്ത ഔദാര്യത്തിന്റെ ഒരു പര്യായത്തെ ചരിത്രത്തിൽ വേറെ എവിടെയും വായിക്കാനുണ്ടാവില്ല. വിവിധ മൂല്യങ്ങളുടെ പ്രചാരകരും പ്രവാചകനുമായി ലോകത്ത് അവതരിപ്പിക്കപ്പെടുന്ന പലരും അവരുടെ ജീവിതത്തിൽ ഉണ്ടായ ഏതോ ചില സന്ദർഭങ്ങളെയും സംഭവങ്ങളെയും മുന്നിൽ വച്ചുകൊണ്ട് അവരോധിക്കപ്പെട്ടവരായിരിക്കും. എന്നാൽ, മൂല്യങ്ങളെ അതിന്റെ ശരിയായ ലക്ഷ്യങ്ങളോടെ അവതരിപ്പിക്കുകയും പ്രയോഗിക്കുകയും ചെയ്ത, അന്ത്യനാൾ വരെയുള്ള അനുയായികളുടെ ജീവിത വ്യവഹാരങ്ങളിൽ അടയാളപ്പെടുത്തിയ എത്ര പേരെ നമുക്ക് വായിക്കാൻ ലഭിക്കും! ഇവിടെയാണ് തിരുനബി‍ﷺയുടെ വ്യക്തിത്വവും ജീവിതമൂല്യങ്ങളും എല്ലാവരെക്കാളും ഉയർന്നു നിൽക്കുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-725

Tweet 725

ദാനധർമ്മങ്ങൾ സമ്പന്നൻ ദരിദ്രന് നൽകുന്ന ഔദാര്യമായിട്ടല്ല പ്രവാചകനും‍ﷺ മതവും നിരീക്ഷിക്കുന്നത്. ഒരു വ്യക്തിയിൽ ഉണ്ടായിരിക്കേണ്ട മഹത്തായ ഒരു മൂല്യമായിട്ടാണ് അതിനെ കാണുകയും അവതരിപ്പിക്കുകയും ചെയ്യുന്നത്. അതുകൊണ്ടുതന്നെ സാമ്പത്തികമായ വ്യവഹാരങ്ങൾക്കപ്പുറം ദാനധർമ്മങ്ങൾക്ക് വിശാലമായ മറ്റൊരു ലോകം കൂടിയുണ്ട്. അപരന്റെ മനസ്സിന് സന്തോഷം നൽകുകയും ആശ്വാസമേകുകയും ചെയ്യുന്ന പല കർമ്മങ്ങളെയും ധർമ്മമായിട്ടാണ് മതം നിരീക്ഷിക്കുന്നത്. തിരുനബി‍ﷺയുടെ ഒരു മഹത് വചനത്തിന്റെ ആശയം ഇങ്ങനെ വായിക്കാം. എന്റെ സഹോദരന്റെ മുഖത്തുനോക്കി കൊണ്ടിരിക്കുന്നത് ധർമ്മമാണ്. നന്മകൊണ്ട് കൽപ്പിക്കുകയും തിന്മയെ വിരോധിക്കുകയും ചെയ്യുന്നത് ധർമ്മമാണ്. വഴികേടിന്റെ ഭൂമിയിൽ ഒരാൾക്ക് നേർവഴി കാണിച്ചു കൊടുക്കുന്നത് ധർമ്മമാണ്. കാഴ്ച കുറഞ്ഞവന് നിന്റെ ഒരു നോട്ടം കൊണ്ട് സഹായിക്കുന്നത് ധർമ്മമാണ്. വഴിയിൽനിന്ന് കല്ലും മുള്ളും എല്ലും തടസ്സങ്ങളും നീക്കുന്നത് ധർമ്മമാണ്. നിന്റെ ബക്കറ്റിൽ നിന്ന് അവർ എന്റെ ബക്കറ്റിലേക്ക് വെള്ളം പകർന്നു കൊടുക്കുന്നതും ധർമ്മമാണ്.

ദാനധർമ്മങ്ങളെ എത്ര വിശാലമായ ഒരു ആശയമായിട്ടാണ് തിരുനബി‍ﷺ അവതരിപ്പിക്കുന്നത്. മനുഷ്യരുടെ മനസ്സിൽ സ്ഥാപിച്ചിടേണ്ട ഒരു വലിയ മൂല്യമായി ഇത്തരം വിചാരങ്ങളെ ഉണർത്തുകയും അതിലേക്ക് കോടിക്കണക്കിന് ജനങ്ങൾ ആകർഷിക്കപ്പെടുകയും ചെയ്യുന്നു. ഇതായിരുന്നു നബി ജീവിതത്തിന്റെ ലോക വിസ്മയം. ഇത്രമേൽ വ്യാപകമായ അർത്ഥത്തോടെ ദാനധർമ്മത്തെ വ്യാഖ്യാനിക്കുകയോ പ്രയോഗിക്കുകയോ ചെയ്ത ആരെയാണ് നമുക്ക് വായിക്കാനുള്ളത്.

ഇമാം അബൂബക്കർ(റ) ഉദ്ധരിക്കുന്ന മറ്റൊരു ഹദീസിൽ ധർമ്മത്തിന്റെ വിശാലമായ വേറൊരു തലം കൂടി അവതരിപ്പിക്കുന്നുണ്ട്. ആശയം ഇങ്ങനെയാണ്. മനുഷ്യന്റെ ഓരോ ജോയിന്റിലും ഉണ്ട്. ഓരോ പ്രഭാതത്തിലും രണ്ടുപേർക്കിടയിൽ ധർമ്മം വിളയുന്നുണ്ട്. വാഹനത്തിനു മുകളിൽ ഇരിക്കുന്ന ഒരാൾക്ക് വീണുപോയ സാധനം താഴെ നിന്ന് എടുത്തു കൊടുക്കുന്നത് ധർമ്മമാണ്. നല്ല വാക്കുകളും നിസ്കാരത്തിലേക്ക് നടക്കുന്ന ഓരോ ചുവടുകളും വഴിയിൽ നിന്ന് തടസ്സം നീക്കി കൊടുക്കുന്നതും ഒക്കെ ധർമ്മമാണ്.

മനുഷ്യജീവിതത്തിന്റെ ആത്മീയവും ഭൗതികവും സാമൂഹികവുമായ എല്ലാ തലങ്ങളിലേക്കും പടർന്നുകിടക്കുന്നതാണ് ധർമ്മം. അതിൽ ഓരോ തലങ്ങളിലും കൃത്യമായി വ്യവഹരിക്കാൻ കഴിയുന്നവനാണ് പൂർണ്ണ വിശ്വാസി. മനുഷ്യൻ അനിവാര്യമായും നിർവഹിക്കേണ്ട കടപ്പാടുകളോട് ചേർത്ത് ധർമ്മത്തെ വായിക്കുന്ന ഒരു തിരുവചനത്തിന്റെ ആശയം ഇപ്രകാരമാണ്. ഒരാൾ അല്ലാഹുവിന്റെ മാർഗത്തിൽ ഒരു ദിനാർ ചെലവഴിച്ചു. മറ്റൊരു ദിനാർ അടിമ മോചനത്തിന് വേണ്ടിയും മറ്റൊരു ദിനാർ പാവപ്പെട്ടവന് വേണ്ടിയും മറ്റൊരു ദിനാർ കുടുംബത്തിന്റെ ആവശ്യങ്ങൾ നിറവേറ്റാനും. എന്നാൽ, നീ നിന്റെ കുടുംബത്തിനുവേണ്ടി വിനിയോഗിച്ചത് കൂട്ടത്തിൽ ഏറ്റവും മെച്ചപ്പെട്ട ധർമ്മമാണ്.

എത്ര ഹൃദയഹാരിയാണ് ഈ വായന. അനിവാര്യമായും പരിപാലിക്കേണ്ട കുടുംബത്തെ ആവശ്യമായ കാര്യങ്ങൾ നൽകി പോറ്റുന്നതിനും പരലോകത്ത് പ്രതിഫലം ഉണ്ടെന്ന്. നാളെ നന്മതിന്മകൾ കണക്കാക്കുമ്പോൾ നന്മയുടെ ഭാഗത്ത് ഭാരമേറുന്ന കർമ്മമാണെന്ന്.

ഭൗതിക ജീവിതത്തിൽ നിന്ന് ഒളിച്ചോടുന്ന സന്യാസം അല്ല ഇസ്ലാം. ഭൗതികമായ ഭ്രാന്തിൽ വ്യവഹരിച്ചു മതിമറക്കുന്ന കേവലാസ്വാദനത്തിന്റെ വീക്ഷണവും അല്ല. മറിച്ച് ഈ ലോകത്തും പരലോകത്തും ക്ഷേമം കൽപിക്കുകയും അതിന് ആവശ്യമായ ധർമ്മ പാഠങ്ങളെ കൃത്യമായി പഠിപ്പിച്ചുതരുകയും ചെയ്ത വിശ്വമഹാദർശനമാണ് ഇസ്‌ലാം. അത് പൂർത്തീകരിച്ച് ലോകത്തിന് സമർപ്പിച്ച പ്രവാചകനാണ് മുഹമ്മദ്‍ﷺ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-726

Tweet 726

സാമ്പത്തിക വ്യയത്തിന്റെയും വിനിയോഗത്തിന്റെയും സദാചാരത്തെക്കുറിച്ചോ സാമൂഹിക ബാധ്യതയെ കുറിച്ചോ വിചാരങ്ങൾ ഇല്ലാത്ത വിധം സമ്പത്ത് സമാഹരിക്കണം എന്ന ചിന്ത മാത്രമേ പുതിയ ലോകത്തുള്ളൂ. എന്നാൽ, വിനിയോഗത്തിന്റെയും കരുതിവെപ്പിന്റെയും കൃത്യമായ അടിസ്ഥാനങ്ങൾ രൂപപ്പെടുത്തി കൊണ്ടാണ് തിരുനബിﷺ സമ്പത്തിനെ സമീപിക്കുന്നത്; സാമ്പത്തിക വിനിമയത്തെ കുറിച്ച് സംസാരിക്കുന്നത്. പ്രവാചക ശിഷ്യന്മാരിൽ പ്രമുഖനായ സഅദ് ബിൻ അബീ വഖാസ്(റ) പങ്കുവെക്കുന്ന ഒരു നിവേദനം ഉണ്ട്. അദ്ദേഹം പറയുന്നു.

വിടവാങ്ങൽ ഹജ്ജ് വേളയിൽ എനിക്ക് രോഗം മൂർച്ഛിച്ചു. എന്നെ സന്ദർശിക്കാൻ വേണ്ടി തിരുനബിﷺ വന്നു. എന്റെ സമീപത്ത് ഇരിക്കുന്ന നബിﷺയോട് ഞാൻ ചോദിച്ചു. അവിടുന്ന് എന്റെ അവസ്ഥ കാണുന്നുണ്ടല്ലോ? അഥവാ ഞാൻ ഇനി അധികം ഉണ്ടാവണമെന്നില്ല. ഞാൻ അത്യാവശ്യം സമ്പത്തുള്ള ആളാണ്. എനിക്ക് അനന്തരാവകാശിയായി ഒരു മകളെ ഉള്ളൂ. എന്റെ സമ്പത്തിന്റെ മൂന്നിൽ രണ്ട് ഭാഗം ഞാൻ ധർമ്മം ചെയ്താലോ?നബി ﷺ പറഞ്ഞു, വേണ്ട. എന്നാൽ, എന്റെ സ്വത്തിന്റെ പകുതി ഞാൻ ദാനം ചെയ്താലോ? അതും വേണ്ട. എന്നാൽ മൂന്നിൽ ഒരു ഭാഗം ആയാലോ? അതെ, മൂന്നിലൊന്നു തന്നെ മതിയായതാണ്. അനന്തരാവകാശികളെ മറ്റുള്ളവരോട് കൈനീട്ടുന്ന വിധം ഉപേക്ഷിക്കുന്നതിനേക്കാൾ നല്ലത് സമ്പന്നരായി പെട്ടുപോകുന്നതാണ്. അല്ലാഹുവിന്റെ പ്രീതികാംക്ഷിച്ചുകൊണ്ട് വിനിയോഗിക്കുന്നതെല്ലാം പുണ്യദാനങ്ങൾ ആയി പരിഗണിക്കപ്പെടും. ഏതുവരെ എന്നല്ലേ! നിങ്ങളുടെ ഭാര്യയുടെ വായയിൽ നിങ്ങൾ സ്നേഹപൂർവ്വം വെച്ചു കൊടുക്കുന്ന ഭക്ഷണവും ആ ഗണത്തിൽ ഉൾപ്പെടും.

എത്ര വിശാലമായ ആശയങ്ങളാണ് മേൽ ഹദീസിൽ നിന്ന് നാം വായിച്ചത്. സമൂഹത്തിന്റെ മനസ്സിനെയും വിചാരത്തെയും വ്യവഹാര മേഖലകളെയും മുഴുവൻ ഉൾക്കൊള്ളുന്ന പരാമർശങ്ങൾ. സ്നേഹപൂർവ്വം ഭാര്യക്കു നൽകുന്ന ഭക്ഷണവും പരലോകത്ത് പ്രതിഫലം ലഭിക്കുന്ന ധർമ്മമാണെന്ന് അടയാളപ്പെടുത്തുമ്പോൾ, എത്ര വിശാലമാണ് തിരുനബിﷺയുടെ ധർമ്മത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകൾ. മരണം ആസന്നനായ ആളുടെ സമ്പാദ്യം മുഴുവനും മറ്റുള്ളവർക്ക് വേണ്ടി ധർമ്മം ചെയ്തു പോകാൻ അല്ല പ്രേരിപ്പിക്കുന്നത്. ആശ്രിതരെ അനാഥരാക്കാതെ ആവശ്യത്തിനു നൽകിയിട്ട് പോകണം എന്നു തന്നെയാണ്.

തിരുനബിﷺയുടെ വ്യക്തിജീവിതത്തിലെ നിലപാടുകളാണ് സമ്പത്തിൽ സ്വീകരിച്ചത്. പ്രവാചകൻﷺ ലോകത്തോട് വിടപറയുമ്പോൾ എന്തെങ്കിലും സമ്പാദ്യം ശേഷിക്കുന്നുവെങ്കിൽ അത് പൊതുഖജനാവിലേക്ക് നീക്കാൻ ആണ് നിർദ്ദേശിച്ചത്. അതിസൂക്ഷ്മമായ നിലപാടുകൾ സ്വന്തം ജീവിതത്തിലും ലളിതമായ ജീവിതരീതികൾ സമുദായത്തിനും നിർദ്ദേശിച്ച അത്ഭുതകരമായ നേതൃത്വമാണ് മുഹമ്മദ് നബിﷺ.

ലഭിച്ച സമ്പാദ്യത്തിൽ മറ്റുള്ളവരെ കൂടി പരിഗണിക്കണമെന്ന് നിരന്തരമായി നബിﷺ ഉൽബോധിപ്പിച്ചു കൊണ്ടിരുന്നു. വിശുദ്ധ ഖുർആൻ രണ്ടാം അധ്യായം അൽ ബഖറയിലെ 261 ആം സൂക്തത്തിന്റെ ആശയം വായിച്ചു നോക്കൂ. “അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ‎ചെലവഴിക്കുന്നവരുടെ ഉപമയിതാ: ഒരു ധാന്യമണി; അത് ‎ഏഴ് കതിരുകളെ മുളപ്പിച്ചു. ഓരോ കതിരിലും നൂറു ‎മണികള്‍. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ഇവ്വിധം ‎ഇരട്ടിയായി കൂട്ടിക്കൊടുക്കുന്നു. അല്ലാഹു ഏറെ ‎വിശാലതയുള്ളവനും സര്‍വജ്ഞനുമാണ്.”

പണമുള്ളവൻ പാവപ്പെട്ടവന് നൽകിയാൽ തീർന്നു പോകുമോ എന്ന് ഭയപ്പെടുമ്പോൾ, അല്ലെങ്കിൽ ഇറുക്കിപ്പിടിച്ച് വീണ്ടും വീണ്ടും സമ്പന്നൻ ആകാൻ ശ്രമിക്കുമ്പോൾ, ദാനം കൊണ്ടാണ് വളർച്ചയെന്നും പുരോഗമനത്തിനുള്ള നിമിത്തമാണ് മറ്റുള്ളവർക്ക് നൽകുന്നതെന്നും അതിശക്തമായി പ്രവാചകൻﷺ ലോകത്തോട് വിളിച്ചു പറയുകയാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-727

Tweet 727

സമ്പത്ത് ലഭിക്കുകയും അത് ശരിയായി വിനിയോഗിക്കുകയും ചെയ്യുന്നവന്റെ മഹത്വം പ്രവാചകൻﷺ പഠിപ്പിക്കുന്നത് ഇങ്ങനെയാണ്. രണ്ടു കാര്യങ്ങളിലല്ലാതെ അസൂയ ഇല്ല. ഒരാൾക്ക് അല്ലാഹു ഖുർആൻ നൽകി. രാപ്പകൽ ഭേദമന്യേ അദ്ദേഹം പാരായണം ചെയ്തു. മറ്റൊരാൾക്ക് അല്ലാഹു സമ്പാദ്യം നൽകി. രാപ്പകൽ ഭേദമന്യേ അദ്ദേഹം അത് വിനിയോഗിച്ചു. വിശദീകരണം ഇപ്രകാരമാണ്. ഒരാൾക്ക് ഖുർആൻ പഠിക്കാനും ഹൃദ്യസ്ഥമാക്കാനും അല്ലാഹു സൗഭാഗ്യം നൽകി. അയാൾ രാത്രിയും പകലും അത് പാരായണം ചെയ്യുകയും അത് കൊണ്ട് ജീവിക്കുകയും ചെയ്തു. അയാൾക്ക് ലഭിച്ചിരിക്കുന്നത് അസൂയാർഹമായ ഒരു പദവിയാണ്. അതുപോലെ മറ്റൊരാൾക്ക് അല്ലാഹു സമ്പാദ്യം നൽകി. രാപ്പകൽ ഭേദമന്യേ അല്ലാഹുവിന്റെ തൃപ്തിയിൽ അത് വിനിയോഗിച്ചു. അയാളും അസൂയാർഹമായ ഭാഗ്യം ലഭിച്ചയാളാണ്.

ഒരാളുടെ അനുഗ്രഹം നീങ്ങി തനിക്കു ലഭിക്കണമെന്ന അർത്ഥത്തിലുള്ള അസൂയ ഒന്നിലും പാടില്ല. അയാൾക്കു ലഭിച്ചതുപോലെ എനിക്കും ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്നതാണ് ഈ പറഞ്ഞ അസൂയയുടെ അർത്ഥം.

സാമ്പത്തിക സമാഹരണവും വിനിയോഗവും ശരിയായ രീതിയിലാകുന്ന ഒരാൾക്ക് എത്രമേൽ വലിയ പദവിയാണ് തിരുനബിﷺ വകവെച്ചു കൊടുത്തിട്ടുള്ളത്; അല്ലാഹുവിൽ നിന്ന് വാഗ്ദാനം ചെയ്യുന്നത്.

അതിസമ്പന്നൻമാർക്ക് മാത്രം ലഭിക്കുന്നതല്ല ദാനധർമ്മത്തിന്റെ പ്രതിഫലം. എത്ര ചെറിയ ധർമ്മവും വലുതായി അല്ലാഹു പരിഗണിക്കും. ഇമാം ബുഖാരി(റ) നിവേദനം ചെയ്ത ഒരു ഹദീസിന്റെ ആശയം ഇപ്രകാരമാണ്. നല്ല സമ്പാദ്യത്തിൽ നിന്ന് ഒരു കാരക്കയോളം ധർമ്മം ഒരാൾ നിർവഹിച്ചാൽ. അല്ലാഹു അത് സർവ്വാത്മനാ സ്വീകരിക്കും. നല്ല സമ്പാദ്യം മാത്രമേ അല്ലാഹു സ്വീകരിക്കുകയുള്ളൂ. പോറ്റുമൃഗങ്ങളുടെ കുട്ടികളെ നിങ്ങൾ പരിപാലിക്കുമ്പോലെ ആ ദാനം ചെയ്തവന് വേണ്ടി അല്ലാഹു അത് പരിപാലിക്കും. ആ ചെറിയ ദാനം ഒരു മഹാപർവ്വതത്തോളം അവൻ വളർത്തും.

അഥവാ സത്യസന്ധമായ സമ്പാദ്യത്തിൽ നിന്ന് സ്വരൂപിക്കുന്നത് എത്ര ചെറുതാണെങ്കിലും അതിൽ നിന്ന് നൽകുന്ന ദാനം വലിയ പ്രതിഫലം നൽകി അല്ലാഹു സ്വീകരിക്കും. പർവതസമാനമായി പരലോകത്തു അല്ലാഹു നൽകും.

ഇമാം ബുഖാരി(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ ഇങ്ങനെ വായിക്കാം. എല്ലാ മുസ്ലിമും ധർമ്മം നൽകണം. കയ്യിൽ ഒന്നുമില്ലെങ്കിലോ എന്ന് അനുയായികൾ ചോദിച്ചു. അധ്വാനിച്ചുണ്ടാക്കിയ പ്രയോജനം സ്വീകരിക്കുകയും മറ്റുള്ളവർക്ക് കൊടുക്കുകയും വേണം. അങ്ങനെ നിർവഹിക്കാതിരിക്കുകയോ നിർവഹിക്കാൻ സാധിക്കാതിരിക്കുകയോ ചെയ്താലോ? അങ്ങനെയെങ്കിൽ അവലംബം ആവശ്യമുള്ളവനെ അവൻ സഹായിക്കട്ടെ. അങ്ങനെയും സാധിച്ചില്ലെങ്കിലോ? അവൻ നന്മ കൊണ്ട് കൽപ്പിക്കുകയും നല്ല കാര്യം അറിയിച്ചു കൊടുക്കുകയും ചെയ്യട്ടെ. അങ്ങനെയും സൗകര്യപ്പെട്ടില്ലെങ്കിലോ?എന്നാൽ അവൻ ആർക്കും ഉപദ്രവം ചെയ്യാതിരിക്കട്ടെ. അത് തന്നെയാണ് അവന്റെ ധർമം.

ധർമ്മത്തെ എത്ര വിശാലമായിട്ടാണ് തിരുനബിﷺ അവതരിപ്പിക്കുന്നത്. നന്മ എത്ര ചെറുതാണെങ്കിലും വലുതാണെന്നും തിന്മ അത് എത്ര ചെറുതാണെങ്കിലും ഗൗരവമുള്ളതാണെന്നും വരികൾക്കിടയിലൂടെ തിരുനബിﷺ പഠിപ്പിക്കുകയാണ്. വളരെ വിശാലമായ സാരങ്ങളോടെ പരസ്പര സഹകരണത്തെയും സഹായത്തെയും ഒരു സംസ്കാരമായി സ്ഥാപിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ദാനധർമ്മങ്ങൾ ആരാധനയുടെ ഭാഗമായും ഒരു സംസ്കാരത്തിന്റെ വിലാസമായും ഇന്നും ലോകത്ത് പ്രയോഗിച്ചുകൊണ്ടിരിക്കുന്നതിൽ ഏറ്റവും വലിയ സമൂഹം മുസ്ലിം സമൂഹം തന്നെയായിരിക്കും. തിരുനബിﷺ ജീവിതം കൊണ്ട് അടയാളപ്പെടുത്തിയ ധർമ്മ പാഠങ്ങളുടെ തുടർച്ചയാണത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-728

Tweet 728

ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന രണ്ടു ഹദീസുകളുടെ ആശയങ്ങൾ ഇപ്രകാരമാണ്. ദാനധർമ്മങ്ങൾ പരലോകത്ത് കർമ്മം ചെയ്യുന്നവന് അനുകൂലമായ പ്രമാണമായി വരും. നീതിമാനായ ഭരണാധികാരിയും സൗഭാഗ്യവാനായ ധർമ്മിഷ്ഠനും സ്വർഗ്ഗ പ്രവേശം ലഭിക്കുന്നതായിരിക്കും.

വിചാരണയുടെ നാളിൽ അഥവാ പരലോകത്ത് തണൽ കിട്ടാതെ എല്ലാവരും പ്രയാസപ്പെടുന്ന സമയം, അല്ലാഹുവിന്റെ അർശിന്റെ സവിശേഷമായ തണൽ ലഭിക്കുന്ന ഏഴ് വിഭാഗത്തിൽ ഒരു വിഭാഗമായി പ്രവാചകൻﷺ എണ്ണിയത് സ്വകാര്യമായി ധർമ്മം ചെയ്തവനെയാണ്. അല്ലാഹുവിന്റെ കോപത്തിൽ നിന്ന് കാവലും മരണത്തിൽ നിന്ന് രക്ഷയുമാണ് ധർമ്മം. ഇമാം തുർമുദി(റ) ഉദ്ധരിച്ച ഹദീസിന്റെ ആശയമാണിത്.

ദാനധർമ്മങ്ങളെ പ്രോത്സാഹിപ്പിച്ചു കൊണ്ട് തിരുനബിﷺ പകർന്നു കൊടുത്ത ഖുർആനിക ആശയങ്ങളിൽ ചിലത് ഇപ്രകാരമാണ്. വിശുദ്ധ ഖുർആൻ രണ്ടാം അധ്യായം അൽ ബഖറയിലെ ഇരുന്നൂറ്റി എഴുപത്തി ഒന്നാം സൂക്തത്തിന്റെ ആശയം നോക്കൂ. “നിങ്ങള്‍ ദാനധര്‍മങ്ങള്‍ പരസ്യമായി ചെയ്യുന്നുവെങ്കില്‍ ‎അതു നല്ലതുതന്നെ. എന്നാല്‍ നിങ്ങളത് ‎രഹസ്യമാക്കുകയും പാവങ്ങള്‍ക്ക് ‎നല്‍കുകയുമാണെങ്കില്‍ അതാണ് കൂടുതലുത്തമം. അത് ‎നിങ്ങളുടെ പല തെറ്റുകളെയും മായ്ച്ചുകളയും. ‎നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് ‎അല്ലാഹു.”

അതേ അധ്യായത്തിൽ തന്നെ 267ആം സൂക്തം പറയുന്നു. “അല്ലയോ വിശ്വസിച്ചവരേ, നിങ്ങള്‍ സമ്പാദിച്ച ഉത്തമ ‎വസ്തുക്കളില്‍ നിന്നും നിങ്ങള്‍ക്കു നാം ഭൂമിയില്‍ ‎ഉത്പാദിപ്പിച്ചു തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക. ‎കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങള്‍ക്കു തന്നെ ‎സ്വീകരിക്കാനാവാത്ത ചീത്ത വസ്തുക്കള്‍ ദാനം ‎ചെയ്യാനായി കരുതിവെക്കരുത്. അറിയുക: അല്ലാഹു ‎പരാശ്രയമില്ലാത്തവനും സ്തുത്യര്‍ഹനുമാണ്.”

ദാനധർമങ്ങൾ ചെയ്യുന്നതിൽ തന്നെ പാലിച്ചിരിക്കേണ്ട ചില സത്യവിചാരങ്ങളെ കൂടി ഈ സൂക്തം നമ്മോട് പങ്കുവെക്കുന്നുണ്ട്.

‘നിങ്ങളുടെ രോഗികളെ ധർമ്മം കൊണ്ട് ചികിത്സിക്കുക’ എന്ന പ്രവാചക വചനത്തിന് ആത്മീയവും ഭൗതികവുമായ പല വശങ്ങളും ഉണ്ട്. ഒരു കാരക്ക ചീന്തു കൊണ്ടെങ്കിലും നരകാഗ്നിയിൽ നിന്ന് കവചം തീർക്കുക എന്ന് പ്രയോഗിക്കുമ്പോൾ എല്ലാവരും ഉള്ളതുപോലെ സ്വർഗം നേടാനുള്ള മാർഗമായി ദാനധർമ്മങ്ങളെ നിർവഹിക്കണമെന്നാണ് പ്രവാചകൻﷺ പഠിപ്പിക്കുന്നത്. മനുഷ്യൻ മരിച്ചാലും മുറിയാത്ത മൂന്ന് പ്രത്യേക അനുഗ്രഹങ്ങളിൽ ഒന്ന് മുറിയാത്ത ദാനധർമ്മങ്ങളാണ്. മരണാനന്തരം നിരന്തരമായി അനുഗ്രഹങ്ങൾ ലഭിക്കാനുള്ള മാർഗമായിട്ടാണ് ഇവിടെ പരസഹായത്തെയും പരോപകാരത്തെയും പരിഗണിച്ചിട്ടുള്ളത്.

മുറിയാത്ത ദാനധർമ്മം എന്നതിന് നിർമ്മാണാത്മകമായ വിശാലാർത്ഥങ്ങളുണ്ട്. അരുവികളും കിണറുകളും മസ്ജിദുകളും നന്മയ്ക്കുവേണ്ടി നിർമ്മിക്കപ്പെടുന്ന മുഴുവൻ നിർമ്മിതികളും ഈ പ്രയോഗത്തിന്റെ പരിധിയിൽ വരുന്നു.

പരസ്പരബന്ധിതമായ സമൂഹ ഘടനയെ രൂപപ്പെടുത്തിയ സ്രഷ്ടാവ് ആശ്രയങ്ങൾ ആവശ്യമുള്ളവർക്ക് നൽകുന്നതിനെ നിരന്തരമായി പ്രോത്സാഹിപ്പിക്കുകയാണ്. വൈജ്ഞാനിക സംരംഭങ്ങൾക്ക് വേണ്ടിയുള്ള സഹായത്തെ വളരെ പ്രാധാന്യത്തോടെയാണ് പ്രവാചകൻﷺ നിരീക്ഷിക്കുന്നത്.

ദാനധർമ്മങ്ങൾ ചെയ്യുന്നവർക്ക് സ്വർഗ്ഗത്തിൽ പ്രത്യേക കവാടമുണ്ട്. അത്തരം ആളുകളെ നാളെ അതുവഴി സ്വാഗതം ചെയ്യപ്പെടും. എല്ലാ നന്മകളും ഒരുമിച്ചു കൂട്ടിയ അബൂബക്കർ സിദ്ദീഖി(റ)നെ കുറിച്ച് സ്വർഗ്ഗത്തിലെ എല്ലാ വാതിലുകളിൽ നിന്നും വിളിക്കപ്പെടുന്നയാൾ എന്നാണ് തിരുനബിﷺ പരിചയപ്പെടുത്തിയത്. ഓരോരുത്തർക്കും ലഭിക്കുന്ന അനുഗ്രഹങ്ങളേതാണോ അതിൽ നിന്നെല്ലാം ധർമ്മം നിർവഹിക്കാനുള്ള വിചാരം ഉണ്ടായിരിക്കണം. സ്ഥാനങ്ങൾ, പദവികൾ, അംഗീകാരങ്ങൾ തുടങ്ങി പരസഹായത്തിന് ഉതകുന്ന ഏതു മേഖലകളും ദാനധർമ്മങ്ങൾക്ക് പ്രയോജനപ്പെടുത്തേണ്ടതാണ്. തിരുനബിﷺയുടെ ദാനധർമ്മവീക്ഷണങ്ങളുടെ സമീക്ഷയാണ് നാം വായിച്ചത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-729

Tweet 729

തിരുനബിﷺയുടെ ആത്മീയ ജീവിതത്തെ കുറിച്ചുള്ള ചില ശകലങ്ങളിലേക്കാണ് നാം പ്രവേശിക്കുന്നത്. പ്രപഞ്ചാധിപനായ അല്ലാഹുവിനോട് ദൂതനായ തിരുനബിﷺയുടെ ആത്മീയ സമീപനങ്ങൾ ഏതുവിധമൊക്കെയായിരുന്നു എന്നറിഞ്ഞുകൊണ്ടുള്ള ഒരു സഞ്ചാരമാണിത്. നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഭയഭക്തിയുള്ള വ്യക്തി ഞാൻ ആകുന്നു എന്ന ഒറ്റ പ്രയോഗത്തിൽ ഈ അധ്യായത്തിൽ വരേണ്ട മുഴുവൻ ആശയങ്ങളെയും സ്വാംശീകരിച്ചിരിക്കുന്നു.

ഞാൻ പ്രവാചകൻ ആയതുകൊണ്ട് എനിക്ക് നിയമങ്ങളും ആത്മീയ അനുഷ്ഠാനങ്ങളുമൊന്നും വേണ്ടന്നായിരുന്നില്ല സമീപനം. നിയമങ്ങളെല്ലാം പൊതുജനങ്ങൾക്ക് പാലിക്കാൻ ഉള്ളതും പ്രവാചകന് ബാധകമല്ലാത്തതുമാണ് എന്ന വിചാരത്തെ ഒരിക്കലും പ്രവാചകൻﷺ പ്രോത്സാഹിപ്പിച്ചില്ല. ഇമാം മാലിക്(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. മഹതി ആഇശ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പള്ളിയുടെ വാതിൽക്കൽ നിൽക്കുകയായിരുന്നു. അതുകൊണ്ട് അവിടെ നടക്കുന്ന സംഭാഷണം എനിക്ക് കേൾക്കാമായിരുന്നു. ഒരാൾ നബിﷺയോട് ഇങ്ങനെ ചോദിച്ചു. ഞാൻ വലിയ അശുദ്ധിക്കാരനായിട്ടാണ് പ്രഭാതമായത്. ഞാൻ നോമ്പനുഷ്ഠിക്കാൻ ഉദ്ദേശിക്കുന്നുമുണ്ട്. കേട്ട മാത്രയിൽ നബിﷺ പറഞ്ഞു. ഞാനും വലിയ അശുദ്ധിയുള്ള ആളായിട്ടാണ് പ്രഭാതമായത്. ഞാനും നോമ്പനുഷ്ഠിക്കാനുദ്ദേശിക്കുന്നുണ്ട്. അതുകൊണ്ട് ഞാൻ കുളിച്ചു നോമ്പുകാരനായിരിക്കുന്നു. അപ്പോൾ അനുവാചകൻ പറഞ്ഞു. അതിന് അവിടുന്ന് ഞങ്ങളെപ്പോലെയല്ലല്ലോ?അവിടുത്തേക്ക് കഴിഞ്ഞകാലവും ശിഷ്ടകാലവും അല്ലാഹു പാപമുക്തി നൽകിയിട്ടുണ്ടല്ലോ? ഈ പ്രതികരണം നബിﷺയെ ദേഷ്യം പിടിപ്പിച്ചു. അല്ലാഹു സത്യം നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഭയഭക്തിയുള്ള ആളാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.

വേറിട്ട് നിന്ന് പരിശുദ്ധി വാദിക്കുകയല്ല തിരുനബിﷺയുടെ നയം. വിശുദ്ധമായ ജീവിതം നയിച്ച് മാർഗ്ഗദർശിയാവുകയായിരുന്നു. നേരത്തെ അനുവാചകൻ പ്രയോഗിച്ച പരാമർശങ്ങൾ ഒന്നും ശരികേടല്ല. മറിച്ച്, ആ സന്ദർഭം തെറ്റിദ്ധാരണകൾക്ക് വഴിയുണ്ടാക്കും എന്നതാണ് തിരുനബിﷺ ഗൗരവതരമായി ഓർമ്മപ്പെടുത്തിയത്. മനുഷ്യന് മാതൃകയായി നിയോഗിക്കപ്പെട്ട പ്രവാചകന്മാർ സമൂഹത്തിൽ ഏറ്റവും കൂടുതൽ ഭയഭക്തിയും സൂക്ഷ്മതയും ഉള്ളവരായിരിക്കണം. ആത്മീയമായ അനുഷ്ഠാനങ്ങളും അല്ലാഹുവിന്റെ സാമിപ്യത്തിലേക്ക് വേണ്ട കർമ്മങ്ങളും അവരും പരിപാലിച്ചിരിക്കണം. ഇതൊക്കെ ബോധ്യപ്പെടുത്തുകയായിരുന്നു തിരുനബിﷺയുടെ പ്രതികരണത്തിന്റെ ലക്ഷ്യം.

അല്ലാഹുവിന്റെ കാരുണ്യവും കടാക്ഷവും ഒന്നുകൊണ്ടു മാത്രമേ ഏവർക്കും ജയിക്കാനാവൂ എന്ന് പ്രവാചകൻﷺ പലപ്പോഴും പറയുമായിരുന്നു. ആരാധനകൾക്കും അനുഷ്ഠാനങ്ങൾക്കുമൊക്കെ മേലെ പരമാധികാരിയുടെ ഔദാര്യം മാത്രമാണ് എല്ലാ രക്ഷയുടെയും വഴി എന്ന് കൃത്യമായി പഠിപ്പിക്കുകയായിരുന്നു. പ്രവാചകനോﷺട് അനുയായികൾ ചോദിച്ചു. അങ്ങേക്കും അല്ലാഹുവിന്റെ കാരുണ്യത്തിലൂടെ മാത്രമേ ജയം സാധ്യമാവൂ എന്നുണ്ടോ? അതെ എനിക്കും കാരുണ്യം ലഭിച്ചെങ്കിൽ മാത്രമേ ജയിക്കാനാവൂ എന്ന് വ്യക്തമായി തറപ്പിച്ചു പറഞ്ഞു.

പ്രപഞ്ചത്തിലെ ഓരോ ദൃഷ്ടാന്തങ്ങളും അല്ലാഹുവിന്റെ വ്യത്യസ്തങ്ങളായ സന്ദേശങ്ങളെ സൂചിപ്പിക്കുന്നതാണ്. അതുകൊണ്ടുതന്നെ പ്രാപഞ്ചികമായ ഏതു ചലനങ്ങളെയും വളരെ പ്രാധാന്യത്തോടെയാണ് തിരുനബിﷺ നിരീക്ഷിച്ചിരുന്നത്. ഈ ലോകത്തുള്ളതെന്തും അല്ലാഹുവിന്റെ സൈന്യമായി പ്രവർത്തിച്ചേക്കാം. മന്ദമാരുതൻ സന്തോഷവും താരള്യവും പകർന്നു തരുമ്പോൾ കാറ്റൊന്ന് ഉറക്കെ വീശിയാൽ ചിലപ്പോൾ അപകടം വിതക്കും. മഴ അനുഗ്രഹത്തിന്റെ വർഷം ആണല്ലോ! എന്നാൽ, അത് അളവിൽ കൂടിപ്പോയാൽ പ്രളയത്തിലേക്കും ദുരന്തത്തിലേക്കുമെത്തും. സൂര്യന്റെ താപം സന്തോഷവും വെളിച്ചവും ആണ്. എന്നാൽ അധികമാകുമ്പോൾ വരൾച്ചയും പൊള്ളലുമായി മാറും. അതുകൊണ്ടുതന്നെ പ്രകൃതിയിലെ ഓരോ ദൃഷ്ടാന്തത്തെയും അതിന്റെ ശരിയായ ഗൗരവത്തോടെയും അതിന്റെ പിന്നിലെ മഹാശക്തിയായ അല്ലാഹുവിനെ ഓർത്തുകൊണ്ടുമാണ് തിരുനബിﷺ നിരീക്ഷിച്ചിരുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-730

Tweet 730

പ്രമുഖ സ്വഹാബിയായ ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തതായി ഇമാം ശാഫിഈ(റ) ഉദ്ധരിക്കുന്നു. നല്ല ഒരു കാറ്റ് വീശിയാൽ തന്നെ നബിﷺ മുട്ടുകുത്തി സുജൂദിലേക്ക് വീഴും. അല്ലാഹുവേ ഇത് കൊടുങ്കാറ്റക്കാതെ ഇളംകാറ്റുകളാക്കണേ എന്ന് പ്രാർത്ഥിച്ചു കൊണ്ടിരിക്കും.

ഇടിമിന്നൽ വരുമ്പോഴേക്കും അവിടുത്തെ മുഖഭാവം തന്നെ മാറുകയും ഗൗരവമായി അതു പരിഗണിക്കുകയും ചെയ്യുമെന്ന് അബൂ ഹുറൈറ(റ) നിവേദനം ചെയ്യുന്നുണ്ട്. ആകാശം മേഘാവൃതമായാൽ പിന്നെ നല്ല മഴ പെയ്യുന്നത് വരെ സമാധാനമാകില്ല. കയറിയും ഇറങ്ങിയും അങ്ങോട്ടുമിങ്ങോട്ടും നടന്നുകൊണ്ടിരിക്കും. ഒരിക്കൽ പ്രിയ പത്നി ആഇശ(റ) ചോദിച്ചു. ആകാശം മേഘാവൃതമാകുമ്പോൾ എല്ലാവർക്കും സന്തോഷമാണ്. എന്നാൽ, അവിടുത്തെ മുഖത്തെന്തേ ഒരു ഭാവമാറ്റം അനുഭവപ്പെടുന്നത്? അല്ലയോ ആഇശ(റ)! ആ മേഘം ശിക്ഷയുടേതായാലോ എന്ന ഭയമാണ് എന്നെ അലട്ടുന്നത്. കഴിഞ്ഞുപോയ ജനതകളിൽ കാറ്റുകൊണ്ട് ശിക്ഷിക്കപ്പെട്ടവരും ഉണ്ടല്ലോ!

ശേഷം, വിശുദ്ധ ഖുർആൻ 46 ആം അധ്യായം അൽ അഹ്ഖാഫിലെ ഇരുപത്തി നാലാം സൂക്തം പാരായണം ചെയ്തു കേൾപ്പിച്ചു. ആശയം ഇപ്രകാരമാണ്.
“അങ്ങനെ ആ ശിക്ഷ ഒരിരുണ്ട മേഘമായി തങ്ങളുടെ താഴ്‌വരയുടെ നേരെ വരുന്നത് കണ്ടപ്പോള്‍ അവര്‍ പറഞ്ഞു: “നമുക്കു മഴ തരാന്‍ വരുന്ന മേഘം!” എന്നാല്‍ നിങ്ങള്‍ ധൃതി കൂട്ടിക്കൊണ്ടിരുന്ന കാര്യമാണിത്. നോവേറിയ ശിക്ഷയുടെ കൊടുങ്കാറ്റ്!”

പരമാധികാരിയായ അല്ലാഹുവിന്റെ നടപടി എന്തായിരിക്കും? അവൻ എന്താണ് ഭൂമിയിൽ നടപ്പാക്കാൻ പോകുന്നത്? എന്നീ വിചാരങ്ങളാണ് തിരുനബിﷺയെ ആലോചനയിലാഴ്ത്തിയത്. പ്രപഞ്ചത്തിലെ ഏത് അവസ്ഥയെ അഭിമുഖീകരിക്കുമ്പോഴും പ്രപഞ്ചാമയനായ അല്ലാഹുവിനെ കുറിച്ചുള്ള ഓർമ്മകളും വിചാരങ്ങളും നിരന്തരമായി നബിﷺയിൽ നിറഞ്ഞു നിന്നു എന്നതിന്റെ ഉദാഹരണം കൂടിയാണിത്.

നബിﷺയുടെ തിരുശിരസ്സിൽ നര പ്രത്യക്ഷപ്പെട്ടപ്പോൾ അനുയായികൾ ചോദിച്ചു? അല്ല, അവിടുത്തേക്ക് നര ബാധിച്ചുവല്ലോ? പ്രവാചകൻﷺ പറഞ്ഞു. വിശുദ്ധ ഖുർആനിലെ ഹൂദും അതിന്റെ സഹോദരിമാരായ അധ്യായങ്ങളുമാണ് എന്നെ നരപ്പിച്ചത്. ഹൂദ്, മുർസലാത്ത്, വാഖിഅ, അമ്മ യതസാഅലൂൻ എന്നീ അധ്യായങ്ങളുടെ പേരുതന്നെ തിരുനബിﷺ എടുത്തു പരാമർശിക്കുകയും ചെയ്തു. ഈ അധ്യായങ്ങളുടെയൊക്കെ പ്രമേയം പരലോകവും മുൻകാല സമുദായങ്ങൾക്ക് വന്ന് ഭവിച്ച നാശങ്ങളുമാണ്.

നാളെ അല്ലാഹുവിന്റെ മുമ്പിൽ ഹാജരാക്കപ്പെടുമ്പോൾ എന്ന വിചാരമാണ് ഒരുഭാഗത്ത് തിരുനബിﷺയുടെ മുന്നിലുള്ളത്. അല്ലാഹുവിന്റെ ശിക്ഷകൾക്ക് വിധേയരായ മുൻകാല സമുദായങ്ങളുടെ ദുരവസ്ഥയാണ് മറുഭാഗത്തുള്ളത്. ഈ രണ്ടു വിചാരങ്ങളും ആത്യന്തികമായി നബിﷺയുടെ ജീവിതത്തിൽ ഉണ്ടായിരുന്ന ഭയഭക്തിയുടെ സൂചനകളാണ്.

ഹൂദ് അധ്യായത്തിൽ തങ്ങളോട് കൽപ്പിക്കപ്പെട്ട പ്രകാരം നേരെ ചൊവ്വേ നിലകൊള്ളുക എന്നാശയം വരുന്ന ഒരു സൂക്തശകലമുണ്ട്. പ്രവാചകനെﷺ ഏറ്റവും കൂടുതൽ ആലോചിപ്പിക്കുകയും ഒരുപക്ഷേ നരപ്പിക്കുകയും ചെയ്തത് ഈ സൂക്തം കൂടിയാണ്. അല്ലാഹുവിന്റെ കല്പനയോട് എങ്ങനെയാണ് തിരുനബിﷺ അഭിമുഖീകരിച്ചത് എന്നതിന്റെ പ്രമാണം കൂടി ഈ പരാമർശങ്ങളിലുണ്ട്. ഞാനറിഞ്ഞത് മുഴുവനും നിങ്ങൾ അറിയുമായിരുന്നെങ്കിൽ നിങ്ങൾ കൂടുതൽ കരയുകയും കുറച്ചു മാത്രം ചിരിക്കുകയും ചെയ്യുമായിരുന്നു. പ്രസിദ്ധമായ ഈ നബിവചന സാരം എത്രമേൽ ആഴമേറിയ വിചാരങ്ങളാണ് നമുക്ക് നൽകേണ്ടത്? ഈ ലോകത്തിന്റെയും എന്റെ സമുദായത്തിന്റെയും പരിണിതികളുടെ ശരിയായ അവസ്ഥകൾ, അല്ലാഹുവിന്റെ അധികാരത്തിന്റെയും വിചാരണയുടെയും വ്യാപ്തിയും പ്രാധാന്യവും തുടങ്ങിയുള്ള കാര്യങ്ങൾ നിങ്ങളെക്കാൾ കൂടുതൽ എനിക്കറിയാം. ഞാനറിഞ്ഞ വിധം നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ നിങ്ങൾക്ക് കൂടുതൽ ചിരിക്കാൻ സാധിക്കുമായിരുന്നില്ല എന്ന് സാരം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-731

Tweet 731

അല്ലാഹുവിനെ കുറിച്ചുള്ള വിചാരങ്ങൾ ഹൃദയം ഇളക്കുകയും നയനങ്ങൾ നനയ്ക്കുകയും ചെയ്യും. ഇത് വിശ്വാസികളുടെ സ്വഭാവമായി തന്നെ ഖുർആൻ പരിചയപ്പെടുത്തുന്നുണ്ട്. വിശുദ്ധ ഖുർആൻ പത്തൊമ്പതാം അധ്യായം സൂറത്തു മർയമിലെ 58 ആം സൂക്തത്തിന്റെ ഭാഗം ഇങ്ങനെ ബോധിപ്പിക്കുന്നു. “നാം നേര്‍വഴിയില്‍ നയിക്കുകയും പ്രത്യേകം തെരഞ്ഞെടുക്കുകയും ചെയ്തവർ പരമകാരുണികനായ അല്ലാഹുവിന്റെ വചനങ്ങള്‍ വായിച്ചുകേള്‍ക്കുമ്പോള്‍ സാഷ്ടാംഗം പ്രണമിച്ചും കരഞ്ഞും നിലം പതിക്കുന്നവരായിരുന്നു.” പതിനേഴാം അധ്യായം അൽ ഇസ്റാഇലെ 109 ആം സൂക്തത്തിന്റെ ആശയം ഇങ്ങനെയാണ്. “അവര്‍ കരഞ്ഞുകൊണ്ട് മുഖം കുത്തിവീഴുന്നു. അതവരുടെ ഭയഭക്തി വര്‍ധിപ്പിക്കുന്നു.”

അല്ലാഹുവിനെയും അവന്റെ ദൃഷ്ടാന്തങ്ങളെയും ഹൃദയത്തോട് ചേർത്ത് ആലോചിക്കാതെയും ഗൗരവമറിഞ്ഞ് തപിക്കാതെയും കടന്നുപോകുന്നവരെ ആക്ഷേപിക്കുന്ന സൂക്തങ്ങളും ഖുർആനിൽ കാണാം. “എന്നിട്ടും ഈ വചനത്തെ സംബന്ധിച്ച് നിങ്ങള്‍ വിസ്മയം കൂറുകയാണോ? കരയുന്നതിന് പകരം നിങ്ങൾ ചിരിക്കുകയാണോ?”
53 ആം അധ്യായം അന്നജ്മിലെ 59, 60 സൂക്തങ്ങളുടെ ആശയമാണിത്.

തിരുനബിﷺയുടെ ജീവിതം ഖുർആൻ ഹൃദയത്തോട് ചേർത്തുവച്ചും അല്ലാഹുവിനെ ഓർക്കുന്നതുമായിരുന്നു. അവന്റെ ദൃഷ്ടാന്തങ്ങളെയും പരമാധികാരത്തെയും കൂടുതൽ അവബോധത്തോടെ ഉൾക്കൊള്ളുന്നതായിരുന്നു. അവിടുത്തെ രാവുകൾ ആരാധനാ നിർഭരമാവുകയും നേത്രങ്ങൾ നനഞ്ഞൊലിക്കുകയും ചെയ്തു. സ്വഹാബിയായ അബ്ദുല്ലാഹിബ്നു ശഖീർ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ നിസ്ക്കരിച്ചുകൊണ്ടിരിക്കുമ്പോൾ വറവ് ചട്ടിയിൽ എണ്ണ പതയുമ്പോഴുള്ള ശബ്ദം പോലെ അവിടുത്തെ ഹൃദയത്തിൽ നിന്ന് പതക്കുന്ന ശബ്ദം കേൾക്കാമായിരുന്നു. പോരാട്ട ഭൂമിയിൽ എല്ലാ പടയാളികളും വിശ്രമിക്കുമ്പോഴും തിരുനബിﷺ നിസ്കാരത്തിൽ കരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. മരച്ചുവട്ടിലെ പ്രാർത്ഥനയും നിസ്കാരവും തേങ്ങലും പ്രഭാതം വരെ നീണ്ടു നിന്നു.

ഖുർആനിക സൂക്തങ്ങൾ പാരായണം ചെയ്യുമ്പോൾ അതിലെ ആശയങ്ങളെ ആലോചിച്ചുകൊണ്ട് കരഞ്ഞ സന്ദർഭങ്ങൾ നബി ജീവിതത്തിൽ ഏറെയാണ്. നബി ശിഷ്യന്മാരിൽ പ്രമുഖനായ അംറ് ബിൻ അൽ ആസ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ സൂറത്ത് ഇബ്രാഹീമിലെ 36 ആം സൂക്തം പാരായണം ചെയ്തു. ഉള്ളടക്കം ഇങ്ങനെയായിരുന്നു. “എന്റെ പരിപാലകാ, ഈ വിഗ്രഹങ്ങള്‍ ഏറെപ്പേരെ വഴികേടിലാക്കിയിരിക്കുന്നു. അതിനാല്‍ എന്നെ പിന്തുടരുന്നവന്‍ എന്റെ ആളാണ്. ആരെങ്കിലും എന്നെ ധിക്കരിക്കുന്നുവെങ്കിൽ നാഥാ, നീ ഏറെ പൊറുക്കുന്നവനും ദയാപരനുമാണല്ലോ.”

തുടർന്ന് അൽ മാഇദ അധ്യായത്തിലെ 118 ആം സൂക്തം പാരായണം ചെയ്തു. ഈസാ നബി(അ) തങ്ങളുടെ സമുദായത്തെ പരാമർശിച്ചു കൊണ്ടുള്ള സൂക്തത്തിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു. “നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ അടിമകള്‍ തന്നെയല്ലോ. നീ അവര്‍ക്ക് മാപ്പേകുന്നുവെങ്കിലോ, നീ തന്നെയാണല്ലോ പ്രതാപവാനും യുക്തിമാനും.”
ശേഷം, ഇരുകൈകളും വാനലോകത്തേക്ക് ഉയർത്തി. എന്റെ സമുദായമേ.. എന്റെ സമുദായമേ.. എന്ന് പറഞ്ഞുകൊണ്ട് കരയാൻ തുടങ്ങി.

മുൻഗാമികളായ രണ്ട് പ്രവാചകന്മാർ അവരുടെ സമുദായങ്ങളെ കുറിച്ച് അല്ലാഹുവോട് പറഞ്ഞ പരാമർശങ്ങളാണ് തിരുനബിﷺയെ സ്വന്തം സമുദായത്തെ കുറിച്ച് ആലോചിപ്പിച്ചത്. അവരവരുടെ സമുദായങ്ങൾക്ക് പൊറുത്തു കൊടുക്കണമെന്ന ആഗ്രഹം ആ പ്രവാചകന്മാർ രേഖപ്പെടുത്തുകയായിരുന്നു. എങ്കിൽ പിന്നെ എന്റെ സമുദായത്തിന് പൊറുത്തുകൊടുക്കാൻ ഞാനല്ലാതെ ആരാണ് അല്ലാഹുവിനോട് പറയുക. എന്റെ സമുദായം ശിക്ഷിക്കപ്പെട്ടാൽ എനിക്കെങ്ങനെയാണ് സഹിക്കാനാവുക. ഇത്തരം ആലോചനയായിരുന്നു നബിﷺയെ നൊമ്പരപ്പെടുത്തിയത്. ആ നോവിൽ നിന്നാണ് സമുദായമേ എന്ന് വിളിച്ചതും കരഞ്ഞതും.

തിരുനബിﷺക്ക് അനുയായികളോടും സമുദായത്തോടുമുള്ള അനുതാപത്തിന്റെയും കരുണയുടെയും പ്രമാണം കൂടിയാണിത്. നമുക്കുവേണ്ടി കരഞ്ഞ നേതാവാണ് പുണ്യ റസൂൽﷺ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-732

Tweet 732

ഖുർആൻ മറ്റുള്ളവരിൽ നിന്ന് കേൾക്കുമ്പോഴും തിരുനബിﷺയുടെ മനോഗതി ഇങ്ങനെയായിരുന്നു. ഓരോ സൂക്തങ്ങളുടെയും ആശയങ്ങളെ ആഴത്തിൽ ആലോചിക്കും. അതിനോട് ഹൃദയം ചേർത്തുവെക്കും. ഗൗരവതരമായ സൂക്തങ്ങളിലൂടെ കടന്നുപോകുമ്പോൾ ഹൃദയം ഇളകും. അത് താപമായി കണ്ണിലൂടെ ഒലിച്ചിറങ്ങും. ഒരിക്കൽ തിരുനബിﷺ പരിചാരകനും ശിഷ്യനുമായ അബ്ദുള്ള ഇബ്നു മസ്ഊദി(റ)നെ വിളിച്ചു. അടുത്തിരുത്തിയിട്ട് പറഞ്ഞു. എനിക്ക് ഖുർആൻ ഓതി കേൾപ്പിക്കുക. ആശ്ചര്യത്തോടെ ശിഷ്യൻ തിരിച്ചു ചോദിച്ചു. തങ്ങൾക്കുമേൽ അവതരിച്ച ഖുർആൻ ഞാൻ തങ്ങൾക്ക് ഓതി കേൾപ്പിക്കുകയോ? അതെ, മറ്റൊരാളിൽ നിന്ന് ഖുർആൻ കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

ഞാൻ അന്നിസാഅ് അദ്ധ്യായം ഓതി കേൾപ്പിക്കാൻ തുടങ്ങി.41 മത്തെ സൂക്തം എത്തിയപ്പോൾ പ്രവാചകൻﷺ എന്നോട് പറഞ്ഞു. തത്ക്കാലം അവിടെ നിർത്താൻ. തിരുനബിﷺയുടെ മുഖത്തേക്ക് നോക്കിയപ്പോൾ അവിടുത്തെ കണ്ണുകൾ നിറഞ്ഞൊലിക്കുന്നു. ഉള്ളടക്കം ഇപ്രകാരമാണ്. “ഓരോ സമുദായത്തില്‍ നിന്നും ഓരോ സാക്ഷിയെ നാം കൊണ്ടുവരും. ഇക്കൂട്ടര്‍ക്കെതിരെ സാക്ഷിയായി തങ്ങളെയും നമ്മൾ ഹാജരാക്കും. അപ്പോഴത്തെ അവസ്ഥ എന്തായിരിക്കും!

കഴിഞ്ഞുപോയ ജനപഥങ്ങൾക്ക് സാക്ഷിയായി അല്ലാഹുവിങ്കൽ ഹാജരാക്കപ്പെടും എന്ന ഗൗരവമേറിയ കാര്യമാണ് നബിﷺയെ നൊമ്പരപ്പെടുത്തിയതും കരയിച്ചതും.

ആറാം വയസ്സിൽ നബിﷺയെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട മാതാവ് ആമിന ഉമ്മ(റ)യുടെ ഖബർ സന്ദർശിച്ച വേളയിൽ തിരുനബിﷺ ഏറെനേരം അവിടെ നിന്ന് കരഞ്ഞു. അതു കണ്ട് കൂടെയുള്ള അനുയായികളുടെ കണ്ണുകളും നിറഞ്ഞൊഴുകാൻ തുടങ്ങി. ഇമാം മുസ്ലിം(റ) ഉദ്ധരിച്ച ഹദീസിൽ അബൂഹുറൈറ(റ)യുടെ നിവേദനമാണിത്. തിരുനബിﷺയുടെ പ്രിയപ്പെട്ട മകളെ മറമാടുമ്പോൾ ഖബറിന്റെ വക്കിൽ ഇരുന്നുകൊണ്ട് കരയുന്ന തിരുനബിﷺയെ അനസ്(റ) പരിചയപ്പെടുത്തുന്നുണ്ട്.

തിരുനബിﷺയുടെ ഈ കരച്ചിലുകൾ, കേവലം ഉറ്റവരുടെ വിയോഗത്തിൽ നിന്നുകൊണ്ട് മാത്രമായിരുന്നില്ല. പരലോക വിചാരം ഉണർത്തുന്ന രംഗങ്ങളിലെല്ലാം തിരുനബിﷺക്കുണ്ടാകുന്ന വികാരമായിരുന്നു ഇത്. മുഅ്തദ്ദ് രണഭൂമിയിൽ കൊല്ലപ്പെട്ട മൂന്നു സ്വഹാബികൾ തിരുനബിﷺക്ക് അടുത്ത ബന്ധമുള്ളവരും പ്രിയപ്പെട്ടവരും ആയിരുന്നു, പരിചാരകനായ സൈദും(റ) പിതൃ സഹോദരന്റെ മകനായ ജഅ്ഫറും(റ) നബി സ്നേഹത്തിന്റെ പര്യായമായിരുന്ന അബ്ദുല്ലാഹ് ബിൻ റവാഹ(റ)യും. അവരുടെ വിയോഗ വാർത്ത അറിഞ്ഞപ്പോൾ തിരുനബിﷺ വല്ലാതെ കരഞ്ഞു പോയി.

പിതൃസഹോദരനായ ഹംസ(റ) കൊല്ലപ്പെട്ടപ്പോൾ തിരുനബിﷺയുടെ ഹൃദയം പൊട്ടി കണ്ണുകൾ വാർന്നു. പ്രിയപ്പെട്ട സ്വഹാബി സഅദ് ബിൻ ഉബാദ(റ) രോഗിയായി കിടപ്പിലായി. അബ്ദുറഹ്മാൻ ബിൻ ഔഫ്(റ), സഅദ് ബിന് അബീ വഖ്ഖാസ്(റ), അബ്ദുല്ലാഹ് ബിൻ മസ്‌ഊദ്(റ) എന്നിവരോടൊപ്പം നബിﷺ അദ്ദേഹത്തെ സന്ദർശിക്കാൻ പോയി. രോഗാധിക്യത്തിൽ പ്രയാസപ്പെടുന്ന ശിഷ്യനെ കണ്ടപ്പോൾ തിരുനബിﷺയുടെ കണ്ണുകൾ ഒലിക്കാൻ തുടങ്ങി. കണ്ടുനിന്നവരുടെ മുഴുവനും കണ്ണുകൾ ഈറനണിഞ്ഞു. ഉസ്മാൻ ബിൻ മള്ഗൂൻ(റ) എന്ന സ്വഹാബി മരണപ്പെട്ടപ്പോൾ കണ്ണീരൊലിപ്പിച്ചു കരഞ്ഞുകൊണ്ട് അദ്ദേഹത്തിന് ചുംബനം നൽകി യാത്രയാക്കി.

ഒരു വരണ്ട തത്വശാസ്ത്രമല്ല പ്രവാചകൻﷺ ലോകത്തിന് അവതരിപ്പിച്ചത്. കരയാനും ചിരിക്കാനും തപിക്കാനും, മനുഷ്യന്റെ വിചാരവികാരങ്ങളുടെ സദാചാരങ്ങളെ അവതരിപ്പിച്ചുകൊണ്ടുമാണ് തിരുനബിﷺ ഇസ്ലാമിനെ ആവിഷ്കരിച്ചത്. ചിരിക്കേണ്ടിടത്ത് ചിരിക്കാൻ പറയുന്നതുപോലെ കരയേണ്ടിടത്ത് കരയാനും പറഞ്ഞുകൊണ്ടാണ് ഈ മതം ജനങ്ങളോട് സംവദിച്ചത്.

നാളെ നരകാഗ്നി ബാധിക്കാത്ത ചില നേത്രങ്ങൾ ഉണ്ട്. അല്ലാഹുവിനെ ഭയന്ന് കൊണ്ട് കരഞ്ഞ കണ്ണുകളും അല്ലാഹുവിന്റെ മാർഗത്തിൽ പാറാവുകാരനായി നിന്ന് ഉറക്കൊഴിഞ്ഞു കണ്ണുകളും. ഏകാന്തനായിരുന്നു അല്ലാഹുവിനെ ഓർത്ത് കരഞ്ഞൊലിച്ച കണ്ണുകൾ എന്ന പ്രയോഗവും മറ്റൊരു നിവേദനത്തിൽ കാണാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-733

Tweet 733

തിരുനബിﷺയുടെ ഭയഭക്തിയും ആത്മീയ വിചാരങ്ങളും കേവലം ഹൃദയ നൊമ്പരങ്ങളിലും തേങ്ങലുകളിലും മാത്രം പരിമിതപ്പെട്ടിരുന്നില്ല. അനുസൃതമായ അനുഷ്ഠാനങ്ങളും കർമ്മങ്ങളും ആ ജീവിതത്തിൽ ആവോളം ഉണ്ടായിരുന്നു. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. ഞാൻ ഓരോ ദിവസവും എഴുപത് പ്രാവശ്യം അല്ലാഹുവിനോട് പാപമോചനം നടത്തുകയും പശ്ചാത്തപിക്കുകയും ചെയ്യുന്നുണ്ട്. തിരുനബിﷺ പറഞ്ഞതായി മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ്. അല്ലയോ ജനങ്ങളെ, നിങ്ങൾ അല്ലാഹുവിനോട് പാപമോചനം തേടുക. ഞാൻ എല്ലാ ദിവസവും നൂറു പ്രാവശ്യം അല്ലാഹുവിനോട് പാപമോചനം തേടുന്നുണ്ട്. ഇമാം ഹാക്കിം(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇപ്രകാരമാണുള്ളത്. അല്ലയോ അബൂ ഹുദയ്ഫാ(റ) നിങ്ങൾ അല്ലാഹുവിനോട് പാപമോചനം തേടുന്നത് എങ്ങനെയാണ്? ഓരോ ദിവസവും നൂറു പ്രാവശ്യം അത് നിർവഹിച്ചുകൊണ്ടിരിക്കുന്നു.

പ്രവാചകന്മാർ മുഴുവനും പാപ സുരക്ഷിതരാണ്. പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പോ ശേഷമോ അവരിൽ നിന്ന് ചെറുതോ വലുതോ ആയ ഒരു തെറ്റും സംഭവിക്കുകയില്ല. കാരണം, അല്ലാഹു സവിശേഷമായ കാവൽ അവർക്ക് നൽകിയിട്ടുണ്ട്. നമ്മുടെ നബിﷺ എല്ലാ പ്രവാചകന്മാരുടെയും നേതാവാണ്. എന്നിരിക്കെ, എല്ലാ മഹത്വങ്ങളിലും ഉന്നതിയിലും പൂർണതയിലുള്ളവരാണ് പുണ്യറസൂൽ. ഒരു പാപവും ചിന്തിക്കുക പോലും ചെയ്യാത്ത പ്രവാചക ശ്രേഷ്ഠർ നിത്യേന 100 പ്രാവശ്യം പാപമോചനം തേടുന്നു. എന്നതിനർത്ഥം നമ്മൾ ഓരോരുത്തരും എത്രമേൽ ഗൗരവതരമായി അതിനെ കാണണം എന്നാണ്.

അല്ലാഹുവിന്റെ മഹത്വവും അധികാരവും കൂടുതൽ അറിയുന്നവർ അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ഏറ്റവും കൊതിക്കുന്നവരും അല്ലാഹുവുമായുള്ള ആത്മബന്ധത്തിൽ എന്തെങ്കിലും ഭംഗം വരുമോ എന്ന് ഏറ്റവും ഭയക്കുന്നവരുമായിരിക്കും. അത്തരമൊരു ചിത്രം കൂടിയാണ് തിരുനബിﷺ നമുക്ക് കാണിച്ചു തരുന്നത്. പ്രപഞ്ചാധിപനായ അല്ലാഹു ഏറ്റവും പ്രിയപ്പെട്ടതായാൽ പിന്നെ അവന്റെ പ്രീതിക്ക്‌ നിദാനമായ കർമ്മങ്ങൾ വർദ്ധിപ്പിക്കുക എന്നത് സ്നേഹോന്നതിയുടെ ലക്ഷണമാണ്. അടിമകൾ അല്ലാഹുവിനോട് പാപമോചനം നടത്തുമ്പോൾ അല്ലാഹുവിന് അത്തരം അടിമകളോട് പ്രത്യേകം താൽപര്യവും സ്നേഹവും ഉണ്ടാവും. അവരെ അല്ലാഹു കൂടുതൽ പരിഗണിക്കുകയും അവർക്ക് സ്നേഹം നൽകുകയും ചെയ്യും. ഇത്തരം നിരവധി രഹസ്യങ്ങൾ കൂടി ഈ പാപമോചന പ്രാർത്ഥനയിൽ നിലകൊള്ളുന്നു.

ഹൃദയങ്ങളെയും ഹൃദയവിചാരങ്ങളെയും മാറ്റിമറിക്കുന്നവനെ നിന്റെ ദീനിന്റെയും പ്രീതിയുടെയും അനുസരണയുടെയും മേൽ എന്റെ ഹൃദയത്തെ നീ സ്ഥിരപ്പെടുത്തേണമേ! എന്നീ ആശയങ്ങളുള്ള പ്രാർത്ഥനകൾ തിരുനബിﷺ നിർവഹിക്കാറുണ്ടായിരുന്നു.

പ്രാർത്ഥന നിർവഹിക്കുമ്പോഴെല്ലാം അങ്ങേയറ്റത്തെ വിനയവും താഴ്മയും അല്ലാഹുവിനോട് കേണപേക്ഷിക്കുന്ന ശൈലിയുമായിരുന്നു തിരുനബിﷺക്കുണ്ടായിരുന്നത്. ചില പ്രത്യേക സന്ദർഭങ്ങളിൽ നീണ്ട നേരം പ്രാർത്ഥിക്കുകയും ഇരുകരങ്ങളും വാനിലേക്ക് ഉയർത്തി അല്ലാഹുവിനോട് കാരുണ്യത്തിനു വേണ്ടി കേഴുന്നതും കാണാമായിരുന്നു. പ്രാർത്ഥനയുടെ സമയങ്ങൾക്കനുസരിച്ച് ഭാവ മാറ്റങ്ങൾ ഉണ്ടായിരുന്നു. അല്ലാഹുവിൽ നിന്ന് തേടുമ്പോഴും വിജയങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുമ്പോഴും കൈ മലർത്തി ഉയർത്തിപ്പിടിച്ചു കൊണ്ടായിരുന്നു പ്രാർത്ഥന. വന്നുചേർന്ന വിപത്തുകൾ നീങ്ങി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കുമ്പോൾ കൈ കമഴ്ത്തിപിടിച്ചുകൊണ്ടായിരുന്നു പ്രാർത്ഥിച്ചിരുന്നത്. മണിക്കൂറുകൾ ഒറ്റനിൽപിൽ നിന്ന് പ്രാർത്ഥിച്ച സംഭവങ്ങളുമുണ്ട്. അടിമയുടെ ഓരോ പ്രാർത്ഥനയും ഉടമയായ അല്ലാഹുവിനെ ഏറെ സന്തോഷിപ്പിക്കുമെന്നും വിശ്വാസിയുടെ പരിചയാണ് പ്രാർത്ഥനയെന്നും പ്രവാചകൻﷺ പഠിപ്പിച്ചു. ദാസൻ അല്ലാഹുവിനോട് നടത്തുന്ന പ്രാർത്ഥന ആരാധനകളുടെ മർമ്മമാണ് എന്ന ഹദീസ് സുപ്രസിദ്ധമാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-734

Tweet 734

അല്ലാഹുവിലേക്കുള്ള പ്രതീക്ഷയുടെയും ഇഹലോക വിരക്തിയുടെയും അടയാളമാണ് അതിമോഹം ഇല്ലായ്മ. ഈ ലോകത്തെ ജീവിതത്തെക്കുറിച്ച് യാഥാർത്ഥ്യ പൂർണ്ണമുള്ള വിചാരമാണ് തിരുനബിﷺക്ക് ഉണ്ടായിരുന്നത്. ഏതുനിമിഷവും ഞാൻ ഇവിടെ നിന്ന് പോകേണ്ടി വന്നേക്കാം എന്ന കൃത്യമായ ബോധ്യവും അനുസൃതമായ ചിന്തകളുമാണ് തിരുനബിﷺ പങ്കുവെച്ചത്. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്ന ഒരു സന്ദർഭം ഇങ്ങനെയാണ്. അംഗസ്നാനത്തിനു വേണ്ടി വെള്ളമന്വേഷിച്ചു നബിﷺ സഞ്ചരിക്കാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ പൊടിമണൽ കൊണ്ട് പരിഹാരക്രിയ അഥവാ തയമ്മും ചെയ്തു. ഈ ഹദീസ് ഉദ്ധരിക്കുന്ന സ്വഹാബി ഇബ്നു അബ്ബാസ്(റ) പറയുന്നു. ഞാൻ പ്രവാചകരോﷺട് പറഞ്ഞു. കുറച്ചപ്പുറത്ത് വെള്ളം ലഭിക്കുമല്ലോ? ഒരുപക്ഷേ ഞാൻ അവിടെ വരെ എത്തിയില്ലെങ്കിലോ എന്നാലോചിച്ചു എന്നായിരുന്നു നബിﷺയുടെ പ്രതികരണം.

അഥവാ കുറച്ചു ചുവടുകൾ കൂടി അപ്പുറത്തേക്കെത്താൻ എനിക്ക് സാധിച്ചില്ലെങ്കിലോ എന്ന ആത്മീയ വിചാരം ആണ് തിരുനബിﷺയെ സ്വാധീനിച്ചത്.

അബൂസഈദ് അൽ ഖുദ്രി(റ)യിൽ നിന്ന് ബഖിയ്യ് ബിൻ മഖ്ലാദ്(റ) നിവേദനം ചെയ്യുന്നു. ഒരു മാസത്തെ അവധി പറഞ്ഞു ഉസാമ(റ) ഒരു അടിമസ്ത്രീയെ വാങ്ങി. നൂറു ദിനാർ ആയിരുന്നു വില. പ്രവാചകൻﷺ ഇങ്ങനെ സംസാരിക്കുന്നുണ്ടായിരുന്നു. ഒരു മാസത്തെ അവധി പറഞ്ഞുകൊണ്ട് ഉസാമ(റ) നടത്തിയ ഇടപാട് നിങ്ങളെ അത്ഭുതപ്പെടുത്തുന്നില്ലേ? ഉസാമ(റ) ഒരു അതിമോഹിയായി മാറിയോ? ഞാൻ ഓരോ ചുണ്ടനക്കുമ്പോഴും അതു കൂടുന്നതിനു മുമ്പ് ഞാൻ മരണപ്പെട്ടേക്കുമോ എന്ന് ആലോചിക്കാതിരിക്കില്ല. ഓരോ ഇമയനക്കുമ്പോഴും അത് അടയുന്നതിന് മുമ്പ് ഞാൻ മരണപ്പെട്ടേക്കുമോ എന്ന് ആലോചിക്കാതിരിക്കില്ല. ഓരോ ഉരുള വായിൽ വെക്കുമ്പോഴും അതിറങ്ങുന്നതിനു മുമ്പ് ഞാൻ മരണപ്പെട്ടേക്കുമോ എന്ന് ആലോചിക്കാതിരിക്കില്ല. അല്ലയോ മനുഷ്യരെ! നിങ്ങൾ വിവേകപൂർവ്വം പ്രവർത്തിക്കുകയാണെങ്കിൽ മരണപ്പെട്ടവരിൽ നിന്നും നിങ്ങൾ പാഠമുൾക്കൊള്ളുക.

ഇമാം ഇബ്നു സഅദിറ)ന്റെ ഒരു നിവേദനം ഇതിന് അനുബന്ധമായി വായിക്കേണ്ടതാണ്. ഹസൻ(റ) എന്നവർ പറയുന്നു. ഒരിക്കൽ രാവിലെ തിരുനബിﷺയുടെ മുഖത്ത് നോക്കിയപ്പോൾ കഴിഞ്ഞ രാത്രി സ്വസ്ഥമായി ഉറങ്ങിയിട്ടില്ല എന്ന് മനസ്സിലായി. അപ്പോൾ ആരോ നബിﷺയോട് ചോദിച്ചു. എന്തോ ഒരു കാര്യം അവിടുത്തെ അലട്ടുന്നുണ്ടല്ലോ? അവിടുത്തെ മുഖത്ത് അത് തെളിഞ്ഞു കാണുന്നുണ്ടല്ലോ? സ്വദഖയുടെ സ്വത്തിൽ നിന്നുള്ള രണ്ട് ഊഖിയ അഥവാ 30 ഗ്രാമോളം സ്വർണ്ണം അവകാശികളിലേക്ക് എത്തിക്കാനുള്ളത് എന്റെ പക്കൽ ഉള്ളതുകൊണ്ടാണ് എനിക്ക് ഇന്നലെ ഉറങ്ങാൻ കഴിയാഞ്ഞത്.

ഏൽപ്പിക്കപ്പെട്ട ധർമ്മം അവകാശികൾക്ക് എത്തിക്കുന്നതിന് മുമ്പ് ഞാൻ മരണപ്പെട്ടു പോയാൽ എന്റേതാണെന്ന് തെറ്റിദ്ധരിച്ച് വിനിമയം നടത്തിയേക്കുമോ എന്ന ഭയമാണ് പ്രവാചകരെﷺ നിദ്രാവിഹീനരാക്കിയത്. ഏഴ് ദിർഹം സ്വദഖയുടെ സമ്പാദ്യം അവകാശികളിലേക്ക് കൈമാറാൻ സമയം കിട്ടാത്തതിന്റെ പേരിൽ ഉറക്കം നഷ്ടപ്പെട്ട ഒരു രാത്രിയുടെ കഥ നബി ജീവിതത്തിൽ നിന്ന് ഇമാം അഹ്മദും(റ) ഉദ്ധരിക്കുന്നുണ്ട്. മഹതി ആഇശ(റ)യുടെ ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം. ഏഴിനും ഒമ്പതിനും ഇടയിലുള്ള ദീനാറുകൾ ഒരു രാത്രിയിൽ നബിﷺയുടെ പക്കൽ ഉണ്ടായിരുന്നു. അത് നബിﷺക്ക് ഏറ്റവും ഭാരമുള്ള രാത്രിയായിരുന്നു. പ്രഭാതമായപ്പോഴേക്കും അത് അവകാശികൾക്ക് എത്തിച്ചുകൊടുത്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഇത് എന്റെ പക്കൽ ഉണ്ടായിരിക്കെ ഞാൻ മരണപ്പെട്ടുപോയാൽ അല്ലാഹുവിന്റെ മുന്നിൽ ഞാൻ എങ്ങനെ ഹാജരാകും!

ഭൗതികവിരക്തിയുടെ അങ്ങേയറ്റം. കടപ്പാടുകളോടും ബാധ്യതകളോടുമുള്ള തികഞ്ഞ ജാഗ്രത. നാളെ അല്ലാഹുവിങ്കൽ ചോദ്യം ചെയ്യപ്പെടുമെന്നുള്ള കലർപ്പില്ലാത്ത വിശ്വാസം. ഇങ്ങനെ എന്തെല്ലാം വിലാസങ്ങളിലാണ് ഈ സംഭവങ്ങളെ നാം വായിക്കേണ്ടത്. സമാനതകളില്ലാത്ത ജീവിതപാഠങ്ങളാണ് നബി ജീവിതത്തിന്റെ ഓരോ അടരുകളും നമുക്ക് സമ്മാനിച്ചു കൊണ്ടിരിക്കുന്നത്. ജനിച്ചത് മുതൽ സത്യസന്ധതയുടെയും വിശ്വസ്തതയുടെയും അൽ അമീനായി അറിയപ്പെട്ട പുണ്യ നബിﷺയുടെ ജീവിതത്തിന്റെ നേതൃകാലത്തെ അധ്യായങ്ങൾ ഇതിനപ്പുറം മറ്റെന്തായിരിക്കും വായിക്കാൻ ഉണ്ടാവുക!

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-735

Tweet 735

അല്ലാഹുവിനെ കുറിച്ചുള്ള വിചാരവും ഭയഭക്തിയും നബി ജീവിതത്തിൽ തെളിഞ്ഞു കാണുന്ന വിസ്മയകരമായ മറ്റൊരു രംഗം കൂടിയുണ്ട്. ചില പ്രത്യേക സന്ദർഭങ്ങളിൽ എന്നോട് നിങ്ങൾ പ്രതികാരം ചെയ്തു കൊള്ളൂ, പ്രതിക്രിയ ചെയ്തുകൊള്ളൂ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. തിരുനബിﷺ ഈത്തപ്പനകമ്പ് കൊണ്ട് അണിയൊപ്പിക്കുകയായിരുന്നു. അതിനിടയിൽ ഒരു ഗ്രാമീണനായ അറബിയുടെ പള്ളയിൽ തട്ടി. തിരക്കുകൂട്ടിയപ്പോൾ നിരയൊപ്പിക്കാൻ വേണ്ടി ചെയ്തതായിരുന്നു അത്. നബിﷺ അദ്ദേഹത്തോട് പറഞ്ഞു. എന്നിൽ നിന്നും നിങ്ങൾ പ്രതികാരം എടുത്തുകൊള്ളൂ. അദ്ദേഹം വിസമ്മതിച്ചപ്പോൾ ഒരിക്കൽ കൂടി അവിടുന്ന് പറഞ്ഞു. ഒന്നുകിൽ നിങ്ങൾ പ്രതികാര ക്രിയ ചെയ്യണം അല്ലെങ്കിൽ നിങ്ങൾ നഷ്ടപരിഹാരം സ്വീകരിക്കണം.

ആര് ആരോട് എന്തിനുവേണ്ടി സംസാരിച്ചു എന്ന് കൃത്യമായി നമ്മൾ മനസ്സിരുത്തി വായിക്കണം. മനുഷ്യകുലത്തിന്റെ മുഴുവനും നേതാവ് ഒരു സാധാരണ പൗരന്റെ പള്ളയിൽ തട്ടിയതിന് പ്രതികാരം ചെയ്തുകൊള്ളാൻ ആവശ്യപ്പെടുകയാണ്. അതും ഒരു സന്നിഗ്ധ വേളയിൽ അണിയൊപ്പിക്കുന്ന നേരത്ത് തട്ടിയതിനായിരുന്നു അത്.

തിരുനബിﷺ നൽകിയ ഈ ജീവിതപാഠം കേവലം ഒരു സംഭവത്തിൽ പരിമിതപ്പെട്ടില്ല. യുഗങ്ങളിലേക്ക് മുഴുവനും നീണ്ടുനിൽക്കുന്ന ഉന്നതാധ്യായമായി അത് രേഖപ്പെടുത്തുകയായിരുന്നു. ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. അംറ് ബിൻ ശുഐബ്(റ) നിവേദനം ചെയ്യുന്നു. ഖലീഫ ഉമർ(റ) ശാമിലേക്ക് വന്നപ്പോൾ ഭരണാധികാരിയോട് പ്രതികാരക്രിയ ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ഒരാൾ വന്നു. നേരത്തെ എപ്പോഴോ അടിച്ചതിനുള്ള പ്രതികാരമായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. ഉമർ(റ) അതിനു സമ്മതിച്ചു. പക്ഷേ ഗവർണർ ആയിരുന്ന അംർ ബിൻ അൽ ആസ്വി(റ)ന് അത് അംഗീകരിക്കാൻ കഴിഞ്ഞില്ല. അങ്ങനെ പ്രതികാരം എടുക്കുന്ന പക്ഷം താൻ ഇവിടെ നിന്ന് പിന്മാറും എന്ന് അദ്ദേഹം അറിയിച്ചു. അപ്പോൾ ഉമർ(റ) പറഞ്ഞു. പ്രതികാരം ആവശ്യപ്പെട്ട ആളുടെ നടപടിയിൽ എനിക്കൊരു പന്തികേടും തോന്നുന്നില്ല. കാരണം തിരുനബിﷺ അവിടുത്തോട് പ്രതികാര നടപടി ആവശ്യപ്പെട്ടയാൾക്ക് സ്വയം സമ്മതിച്ചു കൊടുത്തിട്ടുണ്ട്.

ഇമാം ഹാക്കിം(റ) ഉദ്ധരിച്ച ഒരു നിവേദനത്തിൽ കാണാം. ഒരിക്കൽ ഒരു ഗ്രാമീണനായ അറബി പ്രവാചകൻﷺ അണിയൊപ്പിച്ചപ്പോൾ വടികൊണ്ട് തട്ടിയതിന് പ്രതികാരം തേടി വന്നു. അപ്പോൾ മലക്ക് ജിബിരീൽ(അ) അവതരിച്ചുകൊണ്ട് നബിﷺയോട് പറഞ്ഞു. അഹംഭാവത്തിന്റെയോ ആഢ്യത്വത്തിന്റെയോ ആളായിട്ടല്ല അല്ലാഹു തങ്ങളെ അയച്ചിട്ടുള്ളത്. ഉടനെ പ്രവാചകൻﷺ ആ ഗ്രാമീണനെ വിളിച്ചുവരുത്തി. പ്രതികാരക്രിയ ചെയ്തുകൊള്ളാൻ ആവശ്യപ്പെട്ടു. ഉടനെ അദ്ദേഹം പറഞ്ഞു. എന്റെ മാതാപിതാക്കൾ അവിടുത്തേക്ക് സമർപ്പിക്കപ്പെട്ടു. എനിക്കൊരിക്കലും പ്രതികാരം എടുക്കാൻ സാധിക്കില്ല. അവിടുത്തേക്ക് എല്ലാം ഞാൻ തൃപ്തിപ്പെട്ടു തന്നിരിക്കുന്നു. എന്റെ ആത്മാവിനെ തന്നെ അവിടുന്ന് എടുത്താലും എനിക്ക് പരിഭവമില്ല. പ്രവാചകൻﷺ അദ്ദേഹത്തിന്റെ നന്മയ്ക്കു വേണ്ടി പ്രാർത്ഥിച്ചു.

എത്ര മനോഹരമായ രംഗങ്ങളാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ലോകത്ത് വേറെ ഏതെങ്കിലും നേതാവിനെ കുറിച്ച് ഇങ്ങനെയുള്ള അധ്യായങ്ങൾ നമുക്ക് വായിക്കാനുണ്ടോ? ദൗത്യത്തിന്റെ ഭാഗമായി അനുയായികളെ അണിയൊപ്പിക്കുമ്പോൾ വടി കൊണ്ട് നൊന്തുപോയ അനുയായിയെ അതേ വടി കൊണ്ട് വേദനിച്ച തോതിൽ പ്രതികാരക്രിയ ചെയ്യാൻ അനുവദിക്കുന്ന തത്വശാസ്ത്രം, കേവലമായ ഒരു സങ്കൽപ്പമോ ലേഖനത്തിലെ മനോഹര വാചകങ്ങളോ അല്ല. സ്വന്തം ശരീരം സമർപ്പിച്ചുകൊണ്ട് പ്രായോഗികമായി മൂല്യങ്ങളെ സ്ഥാപിക്കുകയായിരുന്നു തിരുനബിﷺ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-736

Tweet 736

ഇമാം ഇബ്നു അബീ ശൈബ(റ)യുടെ ഒരു നിവേദനം ഇങ്ങനെ കാണാം. തിരുനബിﷺ സ്വയം പ്രതികാരക്രിയ സ്വീകരിക്കുന്നത് ഞാൻ കണ്ടു. അബ്ദുല്ലാഹി ബിൻ അബൂബക്കർ(റ) പറയുന്നു. അദ്ദേഹത്തോട് ഒരു അറബ് സഹോദരൻ പറഞ്ഞുവത്രേ. ഹുനൈൻ യുദ്ധ ദിവസത്തിൽ പ്രവാചകൻﷺ നല്ല തിരക്കിനിടയിലായി. ഞാൻ നല്ല കട്ടിയുള്ള ഒരു പാദരക്ഷയായിരുന്നു അന്ന് ധരിച്ചിരുന്നത്. അതണിഞ്ഞുകൊണ്ട് തിരുനബിﷺയുടെ പാദത്തിൽ ചവിട്ടി. അപ്പോൾ അവിടുത്തെ കയ്യിൽ ഉണ്ടായിരുന്ന ചെറിയ വടികൊണ്ട് എന്നെ ഒന്നടിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. അല്ലാഹുവിന്റെ നാമത്തിൽ പറയട്ടെ. നിങ്ങൾ എന്നെ വേദനിപ്പിച്ചുവോ? അഥവാ നൊന്തു പോയല്ലോ എന്ന്.

ചവിട്ടിപ്പോയ ആഗതൻ പറയുകയാണ്. ഞാൻ എന്നെ തന്നെ കുറ്റപ്പെടുത്തി രാത്രി കഴിഞ്ഞു കൂടി. ഞാൻ അല്ലാഹുവിന്റെ ദൂതരെﷺ വേദനിപ്പിച്ചുവോ? എന്റെ മനസ്സിനെ അത് അലട്ടിക്കൊണ്ടിരുന്നു. പ്രഭാതമായപ്പോൾ ഒരാൾ ചോദിക്കുന്നു. അദ്ദേഹം എവിടെ? ഇന്നലെ എന്നിൽ നിന്ന് പറ്റി പോയതിനായിരിക്കുമോ വിളിക്കുന്നത് എന്ന് ഞാൻ ആശങ്കപ്പെട്ടു. എന്റെ ഉള്ള് പിടയുന്നുണ്ടായിരുന്നു. ഞാൻ മെല്ലെ അങ്ങോട്ട് ചെന്നു. പ്രവാചകൻﷺ ഇങ്ങോട്ട് തന്നെ പറഞ്ഞു തുടങ്ങി. ഇന്നലെ നിങ്ങൾ ചെരിപ്പിട്ട് എന്നെ ചവിട്ടിപ്പോയി. എനിക്ക് നന്നായി വേദനിച്ചപ്പോൾ ഞാൻ എന്റെ വടി കൊണ്ടൊരു തട്ട് തന്നു. ഇതാ ഈ 80 കാലികൾ നിങ്ങൾക്കുള്ള സമ്മാനമാണ്. അഥവാ നിങ്ങൾ പ്രയാസപ്പെട്ടതിനുള്ള പരിഹാരം.

ഈ ഉദ്ധരണികളൊക്കെ എങ്ങനെയാണ് വായിക്കേണ്ടത്! എന്തുകൊണ്ടാണ് രേഖപ്പെടുത്തേണ്ടത്! ചരിത്രത്തിന്റെ അടരുകളിൽ നിന്ന് പകർന്നെടുക്കുന്ന ഈ അധ്യായങ്ങളെ ഏതു ഭാഷയിലാണ് പുതിയ ലോകത്തോട് പരിചയപ്പെടുത്തേണ്ടത്! സ്വന്തം പ്രതികരണം കൊണ്ട് ഒരു സാധാരണക്കാരന് പ്രയാസം തോന്നിയപ്പോൾ അയാളെ ആശ്വസിപ്പിക്കുകയും സമ്മാനം കൊടുത്ത് സന്തോഷിപ്പിക്കുകയും അദ്ദേഹത്തിന്റെ തൃപ്തി കൂടി എനിക്കാവശ്യമാണ് എന്ന ബോധ്യം ലോകത്തോട് പഠിപ്പിക്കുകയും ചെയ്യുന്ന എത്ര ഉന്നതമായ പാഠങ്ങളാണിത്.

പ്രവാചകന്റെﷺ പ്രതികരണത്തിൽ അല്പമെങ്കിലും വെറുപ്പുണ്ടായി പരാതിപ്പെട്ടവനുള്ള പരിഹാരമല്ല, മറിച്ച് പ്രവാചകനോﷺട് അങ്ങനെ എന്നിൽ നിന്നും സംഭവിച്ചു പോയല്ലോ എന്ന് ആകുലപ്പെട്ടു കഴിയുന്ന ഒരു അനുരാഗിയോട് കൂടിയാണ് ഇങ്ങനെ പെരുമാറുന്നത്. ഒരു നിയമനടപടിക്ക് വിധേയമായി പരിഹാരക്രിയ ചെയ്യുകയല്ല, മാനവികവും മാനസികവുമായ വിചാരങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് ഏതു മനുഷ്യന്റെയും നൊമ്പരത്തെ അതിന്റെ മൂല്യത്തോടു കൂടി കാണാൻ പഠിപ്പിക്കുകയാണ്.

സുപരിചിതമായ മറ്റൊരു സംഭവത്തിന്റെ വേറിട്ട ഒരു നിവേദനം കൂടി നമുക്ക് വായിക്കാം. അബ്ദുല്ലാഹിബ്നു ഉമർ(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ തിരുനബിﷺ ധർമ്മസമരം ലക്ഷ്യം വെച്ചുകൊണ്ട് വിജ്ഞാപനം പുറപ്പെടുവിച്ചു. അതിവേഗം അനുയായികളെല്ലാം ഒത്തുകൂടി. അപ്രതീക്ഷിതമായ തിക്കും തിരക്കും അനുഭവപ്പെട്ടു. തിരുനബിﷺയോട് തൊട്ടുചേർന്ന് ആളുകൾ തിങ്ങിക്കൂടിയപ്പോൾ അവിടുത്തെ പക്കലുണ്ടായിരുന്ന ഒരു ഈത്തപ്പന കമ്പുകൊണ്ട് ആളുകളെ അകറ്റി നിർത്തി. കൂട്ടത്തിൽ ഒരാളുടെ പള്ളയിൽ കമ്പ് കൊണ്ട് ഒരടയാളം വീണു. ഇത് പ്രവാചകൻﷺ ചെയ്തതാണെന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മറ്റുള്ളവരുടെ അടുക്കലെത്തി. കേട്ടു നിന്ന ഉമർ(റ) പറഞ്ഞു. നിങ്ങൾ വേഗം തിരുനബിﷺയുടെ അടുത്തേക്ക് തന്നെ പോകൂ. നബിﷺയിൽ നിന്ന് വല്ലതും സംഭവിച്ചിട്ടുണ്ടെങ്കിൽ അവിടുന്ന് തന്നെ പരിഹാരം ചെയ്യും. അതല്ല, നിങ്ങൾ കളവു പറഞ്ഞതാണെങ്കിൽ, നിന്റെ തലപ്പാവു മടക്കി വെക്കുകയും ചെയ്യും അഥവാ കളവിനനുസരിച്ചുള്ള പ്രതികരണമുണ്ടാവുകയും ചെയ്യും.

എന്നാൽ, ഒപ്പം പോകാം എന്നായി അദ്ദേഹം. ഞാൻ വരുന്നില്ലെന്ന് ഉമർ(റ) പ്രതികരിച്ചു. ഒടുവിൽ വിട്ടുകളയില്ലെന്ന ഭാവമായപ്പോൾ അദ്ദേഹത്തോടൊപ്പം ഉമറും(റ) പോയി. ആഗതൻ വിഷയം അവതരിപ്പിച്ചപ്പോൾ പ്രവാചകൻﷺ ചോദിച്ചു. എന്റെ പക്കൽ നിന്നും അങ്ങനെ സംഭവിച്ചുവല്ലേ? നിങ്ങൾ എന്താണ് ഇപ്പോൾ താത്പര്യപ്പെടുന്നത്? ഞാൻ അവിടുത്തോട് പ്രതികാരക്രിയ തേടി വന്നതാണ്. തിരുനബിﷺ ഈത്തപ്പനയുടെ കമ്പ് അദ്ദേഹത്തിന്റെ പക്കൽ ഏൽപ്പിക്കുകയും അവിടുത്തെ ഉദര ഭാഗത്തെ ഖമീസ് ഉയർത്തിക്കൊടുക്കുകയും ചെയ്തു. ആഗതൻ ഈത്തപ്പനക്കമ്പ് വലിച്ചെറിഞ്ഞു തിരുനബിﷺയുടെ ഉദരഭാഗത്ത് ചുംബനം കൊടുത്തു. ഞാനിതാണ് ഉദ്ദേശിച്ചത് എന്ന് വിശദീകരിക്കുകയും ചെയ്തു. ശേഷം, ഇങ്ങനെ കൂടി അദ്ദേഹം ചേർത്തു പറഞ്ഞു. അവിടുത്തെ ശേഷം ഒരു ഭരണാധികാരിയും ധിക്കാരബോധമുള്ളവരാകരുത്. അതുകൂടി എന്റെ ലക്ഷ്യമാണ്. അഥവാ പ്രവാചകൻﷺ തന്നെ പ്രതിക്രിയയ്ക്ക് വിധേയരാവാൻ തയ്യാറായെങ്കിൽ, നമ്മൾ എന്തുകൊണ്ട് ആകരുത് എന്ന ബോധ്യം ഉണ്ടാകണം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-737

Tweet 737

ഇമാം ദാരിമി(റ) നിവേദനം ചെയ്യുന്നു. അബൂ ഹുറൈറ(റ)യോ അബൂ സഈദോ(റ) പറയുന്നു. മുഹാജിറുകളിൽ നിന്നുള്ള പാവപ്പെട്ട ഒരു മനുഷ്യൻ. അദ്ദേഹത്തിന് ഒരാവശ്യം നിറവേറ്റാൻ ഉണ്ടായിരുന്നു. പ്രവാചകനെﷺ സ്വതന്ത്രമായി ഒന്ന് കണ്ടു മറ്റാരുടെയും സാന്നിധ്യം ഇല്ലാതെ ആവശ്യം ഉന്നയിക്കാനാണ് അദ്ദേഹം ആഗ്രഹിച്ചത്. എന്നാൽ പ്രവാചകൻﷺ ബത്ഹായിലേക്കുള്ള സൈന്യത്തെ സജ്ജീകരിച്ച് രാത്രിയിൽ വരികയായിരുന്നു. കഅ്ബാലയത്തെ പ്രദക്ഷിണം ചെയ്‌ത്‌ അത്താഴ സമയം കഴിഞ്ഞാൽ സ്വഹാബികൾക്ക് പ്രഭാത നിസ്കാരത്തിന് നേതൃത്വം നൽകുകയായിരുന്നു പതിവ്.

എന്നാൽ, ത്വവാഫ് കഴിഞ്ഞപ്പോഴേക്കും നേരം വൈകിപ്പോയി. പെട്ടെന്ന് വാഹനപ്പുറത്തു കയറി പുറപ്പെടാനായപ്പോൾ ആവശ്യം ഉന്നയിക്കാൻ വന്ന മനുഷ്യൻ വാഹനത്തിന്റെ കടിഞ്ഞാൺ പിടിച്ചു. വാഹനത്തിന്റെ മുന്നിൽ തന്നെ കയറി നിന്നു. അദ്ദേഹം പറഞ്ഞു. എനിക്ക് അവിടുന്ന് എന്റെ ഒരാവശ്യം നിറവേറ്റി തരണം. പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾക്ക് വൈകാതെ തന്നെ നിങ്ങളുടെ കാര്യം നിറവേറ്റി തരാം. പക്ഷേ, അദ്ദേഹം മാറാൻ കൂട്ടാക്കിയില്ല. വാഹനം തടഞ്ഞു നിർത്തുന്നു എന്ന് കണ്ടപ്പോൾ കയ്യിൽ ഉണ്ടായിരുന്ന ചാട്ടകൊണ്ട് അദ്ദേഹത്തെ നബിﷺ മെല്ലെ ഒന്ന് തല്ലി. വേഗം മുന്നോട്ടു പോയി നിസ്കാരത്തിന് നേതൃത്വം കൊടുത്തു. നിസ്കാരാനന്തരം നബിﷺ ജനങ്ങളെ അഭിമുഖീകരിച്ചു. സാധാരണയിൽ ഇങ്ങനെ അഭിമുഖീകരിച്ചാൽ എന്തോ കാര്യം പറയാനുണ്ട് എന്ന് സ്വഹാബികൾ മനസ്സിലാക്കും. അത് പ്രകാരം എല്ലാവരും നബിﷺയുടെ ചുറ്റും കൂടി.

അപ്പോൾ നബിﷺ ചോദിച്ചു. ഞാൻ അല്പം മുമ്പ് അടിച്ച ആൾ എവിടെ? നബിﷺ ചോദ്യം ആവർത്തിച്ചു. അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ഞാൻ അല്ലാഹുവിനോടും പ്രവാചകനോﷺടും കാവൽ തേടുന്നു. പ്രവാചകൻﷺ പിന്നെയും പറഞ്ഞു. അദ്ദേഹത്തോട് ഇങ്ങോട്ട് വരാൻ പറയൂ. ഇങ്ങോട്ട് അടുത്തേക്ക് വരൂ. അദ്ദേഹം അടുത്തെത്തിയപ്പോൾ നബിﷺ മുന്നിൽ ഇരുന്നു. നബിﷺയുടെ പക്കലുണ്ടായിരുന്ന ചാട്ടവാർ കൊണ്ടുവരാൻ പറയുകയും അദ്ദേഹത്തിന് കൈമാറിയിട്ട് ഇങ്ങനെ ആവശ്യപ്പെട്ടു. ഇതാ ഈ ചാട്ടവാറുകൊണ്ട് നിങ്ങൾ എന്നോട് പ്രതികാരം ചെയ്തുകൊള്ളൂ. അത്ഭുതത്തോടുകൂടി അദ്ദേഹം പറഞ്ഞു. ചാട്ടവാറുകൊണ്ട് ഞാൻ പ്രവാചകനെﷺ അടിക്കുന്നതിൽനിന്നും അല്ലാഹുവോട് ഞാൻ കാവൽ തേടുന്നു. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. അങ്ങനെയെങ്കിൽ നിങ്ങൾ എനിക്ക് വിട്ടുവീഴ്ച ചെയ്യണം. ചാട്ടവാർ ഉപേക്ഷിച്ചിട്ട് അദ്ദേഹം പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, ഞാൻ അവിടുത്തേക്ക് വിട്ടുവീഴ്ച ചെയ്തിരിക്കുന്നു.

ഈ രംഗം കണ്ടുകൊണ്ട് പ്രവാചക ശിഷ്യനായ അബൂ ദർ(റ) നബിﷺയുടെ അടുത്തേക്ക് എഴുന്നേറ്റു വന്നു. എന്നിട്ട് നബിﷺയോട് ചോദിച്ചു. അഖബ ഉടമ്പടി നടന്ന രാത്രി അവിടുത്തേക്ക് ഓർമ്മയുണ്ടോ? അന്ന് ഞാനായിരുന്നു അവിടുത്തെ വാഹനം തെളിച്ചിരുന്നത്. അവിടുന്ന് വാഹനപ്പുറത്തു ഉറങ്ങുകയായിരുന്നു. ഞാൻ വാഹനം മുന്നോട്ടു നയിച്ചപ്പോൾ അത് മുന്നോട്ടു നീങ്ങാൻ തയ്യാറായില്ല. ഞാൻ അവിടുത്തെ വാഹനത്തെ അടിച്ചു. അപ്പോൾ അവിടുത്തെ ശരീരത്തിൽ തട്ടുകയും ആളുകൾ എത്തിച്ചേർന്നു എന്ന വിവരം ഞാൻ അവിടുത്തോട് പറയുകയും ചെയ്തു. പ്രവാചകൻﷺ പറഞ്ഞു. അതിനു കുഴപ്പമൊന്നുമില്ല. പക്ഷേ, അബൂദർ(റ) പറഞ്ഞു. എന്നോട് അവിടുന്ന് പ്രതികാരം എടുക്കണം.

അപ്പോൾ പ്രവാചകൻﷺ ഇങ്ങനെ പ്രതികരിച്ചു. നിങ്ങൾക്കു ഞാൻ വിട്ടുവീഴ്ച ചെയ്തിരിക്കുന്നു, കുഴപ്പമൊന്നുമില്ല. പക്ഷേ, അബൂദർ(റ) വിടാൻ കൂട്ടാക്കിയില്ല. അദ്ദേഹം പറഞ്ഞു. അവിടുന്ന് ചാട്ടവാറുകൊണ്ട് എന്നെ ഒന്ന് അടിക്കുന്നതാണ് എനിക്ക് ഏറ്റവും സന്തോഷം. പ്രവാചകൻﷺ ചാട്ടവാർ കൊണ്ട് മെല്ലെ അദ്ദേഹത്തെ ഒന്നടിച്ചു. അദ്ദേഹം ആനന്ദപൂർവ്വം അതിൽ പുളകം കൊണ്ടു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഒരു വിശ്വാസി മറ്റൊരു വിശ്വാസിയോട് അക്രമം ചെയ്താൽ നാളെ പരലോകത്ത് അല്ലാഹു അയാൾക്കുമേൽ നടപടി സ്വീകരിക്കും.

എത്ര ഹൃദയഹാരിയായ ഒരു രംഗമാണ് നാം വായിച്ചു പോകുന്നത്. മാനുഷിക മൂല്യങ്ങളെയും പാരസ്പര്യ ബന്ധങ്ങളുടെ മഹത്വത്തെയും ഇത്രമേൽ വാഴ്ത്തുന്ന ഒരു പ്രവാചകനെﷺ നമുക്ക് എവിടുന്ന് പഠിക്കാനാണ്! ഒരു സാധാരണക്കാരന്റെ ചെറിയ ഒരു നോവിനെ പോലും നിസ്സാരമായി കണ്ടുകൂടാ എന്ന് പ്രായോഗികമായി പഠിപ്പിക്കാൻ വേറെ ഏതു പ്രവാചകനാﷺണ് വന്നത്! ചരിത്രത്തിന്റെ സമുജ്വല അദ്ധ്യായങ്ങളിൽ ഇത്തരം അധ്യാപനങ്ങളല്ലാതെ മറ്റെന്താണ് പഠിപ്പിക്കാനുള്ളത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-738

Tweet 738

നേരത്തെ വായിച്ചതിന് സമാനമായ ചില സംഭവങ്ങൾ കൂടി നമുക്ക് നോക്കാം. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ പ്രവാചകൻﷺ സമരാർജിത സ്വത്ത് അഥവാ ഗനീമത്ത് ഓഹരി വെക്കുകയായിരുന്നു. ഒരാൾ തിക്കും തിരക്കും കൂട്ടി മുന്നോട്ടു കയറി വന്നു. തിരുനബിﷺയുടെ പക്കൽ ഉണ്ടായിരുന്ന ചെറിയ വടിയോ മിസ്’വാകോ കൊണ്ട് അദ്ദേഹത്തെ തടഞ്ഞു. ഉടനെ അയാൾ പറഞ്ഞു പ്രവാചകരെﷺ അവിടുന്ന് എന്നെ വേദനിപ്പിച്ചിരിക്കുന്നു. എനിക്കതിന് പ്രതികാരം ചെയ്തേ മതിയാവൂ. തിരുനബിﷺ കൈവശമുണ്ടായിരുന്ന വടി അദ്ദേഹത്തിന് നൽകി. പ്രതികാരം ചെയ്തുകൊള്ളാൻ ആവശ്യപ്പെട്ടു. അദ്ദേഹം കിട്ടിയ അവസരം ഉപയോഗപ്പെടുത്തി പ്രവാചകരുﷺടെ ഉദരത്തിൽ ചുംബനം നൽകിയിട്ട് അവിടുത്തേക്ക് മാപ്പ് ചെയ്തിരിക്കുന്നു എന്ന് പറഞ്ഞു. പരലോകത്ത് ശിപാർശ ചെയ്താൽ മതി എന്ന് പറഞ്ഞു സന്തോഷിച്ചു.

സവാദ് ബിനു അംറ്(റ) പറയുന്ന മറ്റൊരു രംഗം ഇങ്ങനെയാണ്. ഞാനൊരിക്കൽ കുങ്കുമം കലർന്ന സുഗന്ധം ഉപയോഗിച്ച് പ്രവാചക സന്നിധിയിലെത്തി. താഴേക്ക് താഴേക്ക് എന്ന് പറഞ്ഞ് പ്രവാചകൻﷺ കൈവശമുണ്ടായിരുന്ന വടികൊണ്ട് എന്നെ വലയം ചെയ്തു. എനിക്ക് നോവനുഭവപ്പെട്ടു. എനിക്ക് പ്രതികാരം ചെയ്യണമെന്ന് ഞാൻ നബിﷺയോട് ആവശ്യപ്പെട്ടു. തിരുനബിﷺയുടെ ഉദര ഭാഗത്തെ കുപ്പായം നീക്കിത്തന്നു എനിക്ക് പ്രതികാരത്തിന് അനുവദിച്ചു. ഞാൻ തിരുമേനിﷺയിൽ ചുംബനം കൊടുത്തിട്ട് പറഞ്ഞു. എനിക്ക് നാളെ പരലോകത്ത് ശിപാർശ തന്നാൽ മതി.

അബ്ദുല്ലാഹിബ്നു ഉബയ്യ് അൽബാഹിലി(റ) പറയുന്നു. വിടവാങ്ങൽ ഹജ്ജ് വേളയിൽ ഞാൻ തിരുനബിﷺയെ കണ്ടുമുട്ടി. അവിടുന്ന് വാഹനപ്പുറത്തായിരുന്നു. വാഹനത്തിന്റെ ചവിട്ടിൽ ഈത്തപ്പന കഷ്ണത്തിൻമേൽ കാലുവെച്ചിരിക്കുകയായിരുന്നു അവിടുന്ന്. ഞാനാ ചവിട്ടിൽ പിടിച്ചപ്പോൾ പ്രവാചകന്റെﷺ പക്കൽ ഉണ്ടായിരുന്ന വടികൊണ്ട് എന്നെ തട്ടി. ഉടനെ ഞാൻ പറഞ്ഞു. എനിക്കിതിന് പ്രതികാരം ആവശ്യമുണ്ട്. തിരുനബിﷺ അവിടുത്തെ കൈവശമുണ്ടായിരുന്ന ചാട്ടവാർ ഉയർത്തി. ഞാൻ ആ തിരുപാദങ്ങൾ ചുംബിച്ചു.

മുഹമ്മദ് ബിൻ ഉമർ അൽ അസ്ലമി(റ) പറയുന്നു. തിരുനബിﷺ ത്വാഇഫിൽ നിന്ന് ജഇറാനയിലേക്ക് പോവുകയായിരുന്നു. നബിﷺയുടെ വാഹനത്തോട് ചേർന്ന് അബൂ റുഹും(റ) അദ്ദേഹത്തിന്റെ വാഹനത്തിൽ സഞ്ചരിച്ചിരുന്നു. അബൂ റുഹുമി(റ)ന്റെ ചെരുപ്പ് തിരുനബിﷺയുടെ കാലിൽ തട്ടി വേദനിച്ചു. എന്റെ കാലുകൾ വേദനിക്കുന്നുണ്ട്, നിങ്ങളുടെ കാല് പിന്നോട്ട് വലിക്കൂ എന്ന് പറഞ്ഞുകൊണ്ട് കയ്യിലുണ്ടായിരുന്ന വടികൊണ്ട് കാലിൽ ഒരു തട്ടു കൊടുത്തു. അദ്ദേഹം പറയുന്നു. ഈ രംഗം എന്നെ വല്ലാതെ വേദനിപ്പിച്ചു. എന്റെ പക്കൽ നിന്ന് സംഭവിച്ചത് എത്രമേൽ ഗുരുതരമായ കാര്യമാണെന്നും എനിക്കെതിരെ ഖുർആൻ അവതരിക്കുമോ എന്നുവരെയും ഞാൻ ഭയപ്പെട്ടു. പ്രഭാതമായപ്പോൾ ജഇറാനയിൽ തന്നെ കാലികളെയും കൊണ്ട് ഞാൻ പുറത്തിറങ്ങി. തിരുനബിﷺ ഏതായാലും എന്നെ അന്വേഷിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചു.

വൈകുന്നേരം മടങ്ങി വന്നപ്പോൾ കൂട്ടുകാരോട് ചോദിച്ചു. നബിﷺ എന്നെ അന്വേഷിച്ചു എന്ന് അവർ എന്നോട് പറഞ്ഞു. എന്തായിരിക്കും എന്ന ആലോചനയോടെ ഞാൻ നബി സവിധത്തിലേക്ക് ചെന്നു. എന്നെ കണ്ട മാത്രയിൽ തന്നെ നബിﷺ പറഞ്ഞു. നിങ്ങൾ എന്റെ കാലു വേദനിപ്പിച്ചു. ഞാൻ നിങ്ങളെ വടികൊണ്ട് തട്ടുകയും ചെയ്തു. ഞാൻ അടിച്ചതിനു പകരം ഇതാ ഈ കാണുന്ന ആടുകളെ നിങ്ങൾ സമ്മാനമായി സ്വീകരിച്ചുകൊള്ളൂ. ഞാൻ പറഞ്ഞു. ഈ ലോകത്തുള്ള സമ്പാദ്യങ്ങളേക്കാൾ എനിക്കിഷ്ടം അവിടുത്തെ തൃപ്തിയാണ്. എനിക്കതുമതി.

ഒട്ടകത്തിന്റെ കാല് മാറി ചവിട്ടിയപ്പോഴേക്ക് ആണ്ടുകൾ നീണ്ട യുദ്ധങ്ങൾക്ക് നാന്ദി കുറിച്ചിരുന്ന ഒരു ജനതയെ പരസ്പര ബഹുമാനത്തിന്റെയും സ്നേഹത്തിന്റെയും ഉയർന്ന വിതാനങ്ങളിലേക്ക് കൊണ്ടുപോയത് ഇത്തരം ഒരു ജീവിതം കാഴ്ച വച്ചു കൊണ്ടായിരുന്നു. നബി ജീവിതത്തിന്റെ പകർപ്പുകളിലേക്ക് അനുയായികൾ വന്നപ്പോഴാണ് ഉത്തമ സമുദായമായി മുസ്‌ലിംകൾ പരിവർത്തിപ്പിക്കപ്പെട്ടത്.

അധികാരത്തിന്റെയും ആഢ്യത്വത്തിന്റെയും സ്വാധീനത്തിൽ മനുഷ്യനെയും മൂല്യങ്ങളെയും മറന്നു കളയുന്ന ഇന്നും അവസാനിച്ചിട്ടില്ലാത്ത കുത്തക വിചാരങ്ങളെ ഇസ്ലാമിന് വെച്ചുപൊറുപ്പിക്കാൻ കഴിയില്ല; പ്രവാചക പാഠശാലിക്ക് അല്പം പോലും ഉൾക്കൊള്ളാൻ സാധ്യമല്ല. തിരുനബിﷺയുടെ ജീവിതാധ്യാപനങ്ങൾ ലോകത്തോട് പങ്കുവെക്കാനും അവരിൽ പ്രയോഗിക്കാനുമായാൽ എങ്ങനെയുണ്ടാവും എന്ന് നമുക്ക് ആലോചിച്ചു നോക്കാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-739

Tweet 739

തിരുനബിﷺയുടെ പരിത്യാഗത്തെ കുറിച്ചുള്ള ചില വൃത്താന്തങ്ങളിലൂടെയാണ് ഇനി നാം സഞ്ചരിക്കുന്നത്. ഭൗതിക സൗകര്യങ്ങളോടും സമ്പത്തിനോടും ഒരാളുടെ സമീപനവും വ്യവഹാരവും എങ്ങനെയായിരുന്നു എന്നത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ കൂടുതൽ മനസ്സിലാക്കാനുള്ള ഒരു മാപിനി കൂടിയാണ്. ലഭ്യമാകാവുന്ന സമ്പത്തെല്ലാം സമാഹരിക്കണമെന്നും തന്റെ അധീനതയിൽ നിർത്തണമെന്നും ഒരാൾ ആഗ്രഹിച്ചാൽ അയാളെ ആർത്തിയുടെ പര്യായമായിട്ടേ നമുക്ക് വായിക്കാനാകൂ. അത്തരം ആസ്തികൾക്കും സൗകര്യങ്ങൾക്കും വേണ്ടി അയാൾ ഏതു നിലപാടുകളെയും മാറ്റിയെന്നും വരും. ഒരുപക്ഷേ, ഏത് മൂല്യങ്ങളെയും ബഹിഷ്കരിച്ചെന്നും വന്നേക്കാം.

ഇവിടെ നിന്നുകൊണ്ടാണ് നാം നബി ജീവിതത്തിലെ അധ്യായങ്ങളെ വായിച്ചുകൊണ്ടിരിക്കുന്നത്. അവിടുന്ന് മുന്നോട്ടുവച്ച പാഠങ്ങൾ എന്തായിരുന്നു? അവിടുന്ന് സമീപിച്ച രീതികൾ എങ്ങനെയായിരുന്നു? വിശുദ്ധ ഖുർആനിലെ ഇത് സംബന്ധിയായി നബിﷺയോട് സംവദിക്കുന്ന ഒരു വചനമുണ്ട്. പതിനഞ്ചാം അധ്യായം അൽ ഹിജ്റിലെ എൺപത്തിയെട്ടാം സൂക്തതിന്റെ ആദ്യഭാഗത്തെ ആശയം ഇങ്ങനെ പകർത്താം. “മനുഷ്യരില്‍ വിവിധ വിഭാഗങ്ങൾക്ക് നാം നല്‍കിയ ഐഹിക സുഖാഢംബരങ്ങളില്‍ അവിടുന്ന് കണ്ണുവെക്കരുത്. അതിലൂടെ നാമവരെ പരീക്ഷിക്കുകയാണ്. തങ്ങളുടെ നാഥൻ നൽകുന്ന ഉപജീവനമാണ് ഉല്‍കൃഷ്ടം. നിലനില്‍ക്കുന്നതും അതുതന്നെയാണ്.”

ഇത്തരമൊരു വിചാര ഭൂമിയിൽ നിന്നുകൊണ്ടാണ് തിരുനബിﷺ ഈ ലോകത്തെയും അതിലെ വിഭവങ്ങളെയും സമീപിച്ചത്. നബി ജീവിതത്തിലെ ഓരോ നിമിഷങ്ങളും അനന്തമായി നാളെ ലഭിക്കാനുള്ള അനുഗ്രഹങ്ങളെ കണ്ണുവച്ചുകൊണ്ടായിരുന്നു. ഈ ലോകത്തെ അനുഗ്രഹങ്ങൾക്ക് പിന്നിൽ സഞ്ചരിച്ച് ഇതുതന്നെയാണ് അനശ്വരം എന്ന അബദ്ധവിചാരം അവിടുന്നിന് ഉണ്ടായിരുന്നില്ല. പ്രിയ പത്നി മഹതിയായ ആഇശ(റ) പറയുന്നു. ഒരിക്കൽ നബിﷺ എന്നോട് പറഞ്ഞു. അല്ലയോ ആഇശാ(റ), ഞാൻ ആഗ്രഹിച്ചിരുന്നുവെങ്കിൽ സ്വർണ്ണ മലകൾ എന്നോടൊപ്പം സഞ്ചരിക്കുമായിരുന്നു. അഥവാ അതിലൊന്നും ഞാൻ അത്ര വലിയ താല്പര്യം കാണുന്നില്ല. പ്രവാചകൻﷺ നിർവഹിച്ചിരുന്ന പ്രാർത്ഥനയായി പ്രിയ ശിഷ്യൻ അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. അല്ലാഹുവേ മുഹമ്മദ് നബിﷺയുടെ കുടുംബത്തിന്റെ ഭക്ഷണം അടിസ്ഥാന ആവശ്യം നിറവേറ്റാൻ മാത്രമുള്ളതാക്കി നൽകേണമേ!

പ്രവാചകൻﷺ പറഞ്ഞതായി അബൂ ഉമാമ(റ) പങ്കുവെക്കുന്നു. മക്കയിലെ ബത്ഹാ മുഴുവൻ സ്വർണ്ണമായി എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു. ഞാൻ പറഞ്ഞു. അല്ലാഹുവേ എനിക്കിത് വേണ്ട. ഒരു ദിവസം വിശന്നും ഒരു ദിവസം ഭക്ഷണം കഴിച്ചും അങ്ങനെ ഒന്നിടവിട്ട് മാത്രം ഭക്ഷിച്ചു ഞാൻ ജീവിച്ചു കൊള്ളാം. എനിക്ക് ഭക്ഷണം ലഭിക്കുന്ന ദിവസം ഞാൻ നിന്നെ സ്തുതിച്ചു സന്തോഷിക്കുകയും വിശക്കുന്ന ദിവസം നിന്നിലേക്ക് വിലയം തേടിയും വിനയപൂർവ്വം ജീവിച്ചും ഞാൻ നിന്റെ സാമീപ്യം പ്രതീക്ഷിച്ചു കൊള്ളാം.

ഒരുപക്ഷെ, ഉഹദ് പർവതം മുഴുവനും സ്വർണ്ണമായി എന്റെ മുന്നിൽ അവതരിച്ചാൽ കടം വീട്ടാനുള്ള എന്തെങ്കിലും ഒഴികെ മറ്റൊന്നും ഞാൻ കരുതിവെക്കാൻ ആഗ്രഹിക്കുന്നില്ല. എല്ലാം അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കാനാണ് എന്റെ താല്പര്യം. അതിൽ നിന്ന് രണ്ടു ദിനാറെങ്കിലും എന്റെ ഉടമസ്ഥതയിൽ ഉണ്ടായിരിക്കെ അത് ശേഷിപ്പിച്ചു ഞാൻ ഈ ലോകത്തോട് വിട പറയാനും താല്പര്യപ്പെടുന്നില്ല. ഒരിക്കൽ പള്ളിയിലെ മിമ്പറിൽ ഇരുന്നുകൊണ്ട് പ്രവാചകൻﷺ ഇങ്ങനെ പറഞ്ഞു. അല്ലാഹു അവന്റെ ഒരു ദാസന് രണ്ടാൽ ഒന്ന് തിരഞ്ഞെടുക്കാൻ അവസരം നൽകി. ഒന്നുകിൽ ഈ ലോകത്തെ അനുഗ്രഹങ്ങൾ അല്ലെങ്കിൽ അല്ലാഹുവിന്റെ സാമീപ്യം. ആ ദാസൻ അല്ലാഹുവിന്റെ സാമീപ്യമാണ് തെരഞ്ഞെടുത്തത്. അഥവാ തിരുനബിﷺക്ക് അല്ലാഹു നൽകിയ അവസരത്തെ ഉപയോഗപ്പെടുത്തി അവന്റെ സാമീപ്യത്തെയാണ് ആഗ്രഹിച്ചത് എന്ന് ശിഷ്യന്മാരെ പഠിപ്പിക്കുകയായിരുന്നു.

പരിത്യാഗത്തിന്റെ പാഠശാലയിൽ ഈ അധ്യായങ്ങളെക്കാൾ മികച്ചത് മറ്റെന്താണുള്ളത്! ഈ ലോകത്തെ അധികാര, സാമ്പത്തിക മേന്മകൾക്ക് വേണ്ടി വടംവലികൾ നടന്നുകൊണ്ടിരിക്കുമ്പോൾ നിലനിൽക്കുന്ന പരലോകത്തെക്കുറിച്ച് കൃത്യമായ ബോധ്യം നിലനിർത്തുകയും അനുസൃതമായി താൽക്കാലികമായ ഈ ലോകത്തെ സമീപിക്കുകയും ചെയ്യുകയായിരുന്നു തിരുനബിﷺ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-740

Tweet 740

മഹതിയായ ഉമ്മു സലമ(റ) നിവേദനം ചെയ്യുന്നു. ഈത്തപ്പനയുടെ നാര് നിറച്ച തലയിണ വച്ചുകൊണ്ടാണ് തിരുനബിﷺ ഉറങ്ങിയത്. അവിടുത്തെ തിരു ശരീരത്ത് പായയുടെ തഴകൾ അടയാളങ്ങൾ വീഴ്ത്തിയിരുന്നു. ഇത് കണ്ടപ്പോൾ എനിക്ക് സഹിക്കാനായില്ല. എന്റെ ഹൃദയം പിടക്കുകയും കണ്ണുകൾ ഈറനണിയുകയും ചെയ്തു. അപ്പോൾ നബിﷺ എന്നോട് ചോദിച്ചു. എന്തിനാണ് കരയുന്നത്? അവിടുത്തെ ശരീരത്തിലെ അടയാളങ്ങൾ കണ്ടതുകൊണ്ടാണ്. അതൊന്നും ഓർത്തു കരയേണ്ടതില്ല. എനിക്ക് ആവശ്യമുണ്ടെന്നു വന്നാൽ പർവതങ്ങൾ സ്വർണ്ണമായി എനിക്കൊപ്പം സഞ്ചരിക്കും. അഥവാ ഈ ലളിതമായ ജീവിതവും പരിത്യാഗവുമൊക്കെ ഞാൻ തിരഞ്ഞെടുത്തതാണ് എന്ന് സാരം.

നബിﷺ പറഞ്ഞതായി അതാഉ ബിൻ യസാർ(റ) പറയുന്നു. ഈ ഭൗതിക ലോകം അണിഞ്ഞൊരുങ്ങി പ്രത്യക്ഷപ്പെട്ടു. ഹരിതാഭവും മധുരതരവുമായിട്ടാണ് രംഗത്ത് വന്നത്. അലങ്കാരപൂർവ്വം ശിരസുയർത്തി എന്നെ നോക്കി. ഞാൻ പറഞ്ഞു നിന്നെ ഞാൻ ലക്ഷ്യം വെക്കുന്നുമില്ല; താല്പര്യവുമില്ല. അപ്പോൾ ദുനിയാവ് എന്നോട് പറഞ്ഞു. എന്നെ അവിടുന്ന് സ്വീകരിക്കുകയാണെങ്കിൽ ജനങ്ങൾ എന്റെ ചുറ്റുവട്ടത്ത് നിന്നും മാറുകയില്ല.

എത്രമേൽ അലങ്കാരത്തോടെയും സൗന്ദര്യത്തോടെയും വന്നാലും ഈ ലോകം നൈമിഷിക വാസത്തിനുള്ള സ്ഥലം മാത്രമാണെന്ന് തിരുനബിﷺക്ക് എപ്പോഴും ബോധ്യമുണ്ടായിരുന്നു.

ഇബ്നു അബ്ബാസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്ന ഒരു നിവേദനം ഉണ്ട്. ഒരിക്കൽ ജിബ്‌രീൽ(അ) നബിﷺയുടെ അടുത്തേക്ക് വന്നു. നബി സന്നിധിയിൽ വച്ച് മേലോട്ടു നോക്കി. അതാ ഒരു മലക്ക്. ജിബ്‌രീൽ(അ) നബിﷺയോട് പറഞ്ഞു. വിളിച്ചത് മുതൽ ഇന്നേവരെ ഈ മലക്ക് ഭൂമിലോകത്തേക്ക് വന്നിട്ടില്ല. ഇപ്പോൾ മാത്രമാണ് അവതരിക്കുന്നത്. പ്രസ്തുത മലക്ക് നബിﷺയോട് ചോദിച്ചു. രണ്ടിലൊരു കാര്യം തെരഞ്ഞെടുക്കാൻ അല്ലാഹു അവിടുത്തേക്ക് അവസരം നൽകിയിരിക്കുന്നു. ഒന്നുകിൽ രാജാവായ നബി അല്ലെങ്കിൽ വിനീത ദാസനായ പ്രവാചകൻ. ഇതിൽ ഏതാണ് അവിടുന്ന് ആവശ്യപ്പെടുന്നത്. ഉടനെ പ്രവാചകൻﷺ നേരെ നോക്കി. വിനയാന്വിതമാവാൻ ജിബ്‌രീൽ(അ) നബിﷺയെ ആംഗ്യം കാണിച്ചു. നബിﷺ ദാസനായ പ്രവാചകൻ എന്ന പദവി തിരഞ്ഞെടുത്തു. പിന്നീട് ഒരിക്കലും തിരുനബിﷺ കിടന്നുകൊണ്ട് ഭക്ഷണം കഴിച്ചിട്ടില്ല എന്ന് ഇബ്നു അബ്ബാസ്(റ) അനുബന്ധമായി ചേർത്തുപറയുന്നുണ്ട്.

ലോകത്തെ മുഴുവൻ ഭണ്ടാരങ്ങളുടെയും ഖജനാവുകളുടെയും താക്കോൽ അവിടുത്തേക്ക് തരട്ടെ എന്ന് പ്രവാചകനോﷺട് ചോദിച്ചുവത്രേ. അപ്പോഴെല്ലാം നാളെ പരലോകത്ത് എനിക്ക് ലഭിച്ചാൽ മതിയെന്നായിരുന്നു അവിടുത്തെ മറുപടി.

കുറഞ്ഞ ചെലവിൽ ലളിതമായി ജീവിക്കുന്ന മിസ്കീന്മാരോട് നബിﷺക്ക് വളരെ താല്പര്യമായിരുന്നു. ആ ഗണത്തിൽ ഒരു മിസ്കീനായി താമസിക്കാൻ ഞാനും ആഗ്രഹിക്കുന്നു എന്ന് പലപ്രാവശ്യവും തിരുനബിﷺ പറഞ്ഞിട്ടുണ്ട്. എന്നെ മിസ്കീന്മാർക്കൊപ്പം ആക്കേണമേ എന്ന പ്രാർത്ഥനാ വചനവും പ്രസിദ്ധമാണ്.

മഹാനായ ഉമർ(റ) പറയുന്ന ഒരു നിവേദനം ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) മറ്റും ഉദ്ധരിച്ചിട്ടുണ്ട്. അദ്ദേഹം പറയുന്നു. ഞാൻ ഒരിക്കൽ പ്രവാചകരുﷺടെ വീട്ടിലെത്തി. അവിടുന്ന് ഒരു പായയിൽ കിടക്കുകയായിരുന്നു. അതിലെ പരുക്കൻ പ്രതലം തിരുനബിﷺയുടെ മേനിയിൽ അടയാളങ്ങൾ വീഴ്ത്തിയിട്ടുണ്ട്. ഞാൻ വീടിന്റെ ഉപരി ഭാഗത്തേക്ക് ഒന്ന് നോക്കി. ചെറുചില്ലറ സാധനങ്ങൾ അല്ലാതെ ഒന്നും അവിടെ ഉണ്ടായിരുന്നില്ല. ഉമറി(റ)ന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അദ്ദേഹം ചോദിച്ചു. ഇതെന്താണ് നബിﷺയെ? അവിടുന്ന് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ട നേതാവല്ലേ! അല്ലാഹുവിന്റെ സൃഷ്ടികളിൽ ഏറ്റവും ഉന്നത പദവിയിലുള്ളവരല്ലേ! കിസ്റയും കൈസറും കണ്ടില്ലേ! അവർ എത്ര പ്രൗഢിയിലാണ് ജീവിക്കുന്നത്!

മുഖം ചുവന്നു തുടുത്ത ഉമർ(റ) മെല്ലെ അവിടെ ഇരുന്നു. നബിﷺ ചോദിച്ചു. അല്ല ഉമറെ(റ), എന്തെങ്കിലും സംശയമുണ്ടോ? നിങ്ങൾ പരാമർശിച്ച കൂട്ടർക്ക് അനുഗ്രഹങ്ങൾ അല്ലാഹു അതിവേഗം നൽകിയിരിക്കുന്നു. ഈ ലോകത്തെ സുഖാഡംബരങ്ങളിൽ അവർ പരിമിതപ്പെടുന്നു. അവർക്ക് ഈ ലോകവും നമുക്ക് പരലോകവും ലഭിക്കുന്നതിൽ നിങ്ങൾക്ക് തൃപ്തിപ്പെടാനാകുന്നില്ലേ? അതെ, എന്ന് പ്രതികരിക്കുകയും അല്ലാഹുവിനെ സ്തുതിക്കുകയും ചെയ്തു. ഈ ഹദീസിന്റെ ഒരു നിവേദനത്തിൽ ഒരു അനുബന്ധം കൂടിയുണ്ട്. അല്ലയോ ഉമറെ(റ), വേണമെന്ന് വെച്ചാൽ മാനം മുട്ടുന്ന പർവതങ്ങൾ സ്വർണ്ണമായി നമ്മളോടൊപ്പം സഞ്ചരിച്ചേനെ. നാം അത് താല്പര്യപ്പെടുന്നില്ലല്ലോ എന്ന് സാരം.

ഭൗതിക ലോകത്തോടും അതിലെ ആഡംബരങ്ങളോടും തിരുനബിﷺ എങ്ങനെയാണ് സമീപിച്ചത് എന്നതിന്റെ ഉജ്ജ്വലമായ ഉദാഹരണങ്ങളാണിത്. പരിത്യാഗിയായ പ്രവാചകനെﷺ അന്വേഷിക്കുന്നവർക്ക് ഈ ഉദ്യാനത്തിൽ ഇനിയും പുഷ്പങ്ങളുണ്ട്. അതിൽ വരുന്ന ഏറെ കനികൾ നമുക്ക് ആസ്വദിക്കാൻ വേറെയുമുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-741

Tweet 741

സൈദ് ബിൻ അർഖം(റ) നിവേദനം ചെയ്യുന്നു. മഴ തേടിയുള്ള പ്രാർത്ഥനയിൽ ഞങ്ങൾ അബൂബക്കറി(റ)നൊപ്പം ഉണ്ടായിരുന്നു. നിസ്‌കാരാനന്തരം തേനും വെള്ളവും ഖലീഫയുടെ മുന്നിൽ കൊണ്ടുവെച്ചു. കയ്യിലേക്ക് കൊടുത്തതും ഖലീഫ കരയാൻ തുടങ്ങി. കരച്ചിലിന്റെ ആധിക്യം കണ്ടപ്പോൾ അദ്ദേഹത്തിനെന്തോ സംഭവിച്ചു പോയെന്ന് എല്ലാവരും വിചാരിച്ചു. ഞങ്ങൾ ചോദിച്ചു അല്ലയോ അല്ലാഹുവിന്റെ റസൂലിﷺന്റെ പ്രതിനിധിയായ അവിടുത്തേക്കു എന്താണ് സംഭവിച്ചത്? അപ്പോൾ ഇങ്ങനെ പറഞ്ഞു. ഒരിക്കൽ ഞാൻ നബിﷺയോടൊപ്പം ഉണ്ടായിരുന്നപ്പോൾ അവിടുത്തെ തിരുകരങ്ങൾ കൊണ്ട് എന്തോ തട്ടി ഒഴിവാക്കുന്നത് കണ്ടു. എന്താണ് എന്ന് എനിക്ക് കാണാമായിരുന്നില്ല. അപ്പോൾ നബിﷺ എനിക്ക് വിശദീകരിച്ചു തന്നു. ദുനിയാവ് എന്റെ മുന്നിലേക്ക് പ്രത്യക്ഷപ്പെടുകയായിരുന്നു. ഞാൻ വേണ്ട എന്ന് പറഞ്ഞുകൊണ്ട് തട്ടി ഒഴിവാക്കുകയായിരുന്നു. നബിﷺ തങ്ങൾ വിസമ്മതിച്ചു മാറ്റിയ ദുനിയാവിനോട് ഞാൻ അടുത്തു പോവുകയും പ്രവാചകരുﷺടെ നിലപാടിനെതിരാവുകയും ചെയ്തുവോ എന്ന് ഞാൻ ഭയപ്പെടുന്നു.

തിരുനബിﷺയുടെ ഏറ്റവും അടുത്ത സഹചാരിയായ അബൂബക്കർ(റ) സ്ഥാപിച്ച പരിത്യാഗത്തിന്റെ നിഴലായിരുന്നു ഇത്. ഈ ലോകത്തെക്കുറിച്ച് നബിﷺ നിലനിർത്തിയിരുന്ന ശരിയായ വിചാരത്തെ അടുത്ത മിത്രമായ അബൂബക്കറി(റ)ലേക്ക് എങ്ങനെ പകർന്നു എന്നതിന്റെ പ്രമാണമാണിത്.

ഹസൻ ബിൻ അറഫ(റ) ഉദ്ധരിക്കുന്നു. ആഇശ(റ) പറയുന്നു. ഒരു ദിവസം ഒരു അൻസ്വാരി വനിത വീട്ടിലേക്ക് വന്നു. പ്രവാചകൻﷺ കിടക്കുന്ന സ്ഥലവും അവിടെ വിരിച്ചിരിക്കുന്ന പരുപരുത്ത വിരിപ്പും കണ്ടപ്പോൾ അവർക്ക് സഹിക്കാനായില്ല. നല്ല രോമങ്ങൾ നിറച്ച ഒരു വിരിപ്പ് അവർ എനിക്ക് കൊടുത്തുവിട്ടു. ശേഷം, നബിﷺ വീട്ടിലേക്ക് വന്നപ്പോൾ ആ വിരിപ്പ് കണ്ടു. അല്ലയോ ആഇശ(റ) ഇതെന്താണ്? ഇതെവിടെ നിന്നാണ്? അൻസ്വാരി വനിത വീട്ടിലേക്ക് വന്നതും നബിﷺയുടെ വിരിപ്പ് കണ്ടിട്ട് അസ്വസ്ഥപ്പെട്ട അവർ വിരിപ്പ് കൊടുത്തുവിട്ടതുമെല്ലാം നബിﷺയോട് ഞാൻ പറഞ്ഞു. അപ്പോൾ നബിﷺ എന്നോട് പറഞ്ഞു. മടക്കി കൊടുത്തേക്കൂ നമുക്ക് വേണ്ട. നല്ല രസമുള്ള ഈ വിരിപ്പ് മടക്കി കൊടുക്കാൻ മനസ്സ് വരുന്നില്ലെന്ന് ഞാൻ തിരിച്ചു പറഞ്ഞു. നബിﷺ പലയാവർത്തി എന്നോട് തിരിച്ചു കൊടുക്കാൻ ആവശ്യപ്പെട്ടു. എനിക്കതിനോടുള്ള താല്പര്യം നബിﷺക്ക്‌ ബോധ്യമായപ്പോൾ എന്നോട് ഇങ്ങനെ കൂടി ചേർത്ത് പറഞ്ഞു. അല്ലയോ ആഇശ(റ) എനിക്ക് വേണമെന്നുവെച്ചാൽ സ്വർണ്ണത്തിന്റെയും വെള്ളിയുടെയും മലകൾ എന്നോടൊപ്പം സഞ്ചരിക്കും.

തിരുനബിﷺക്ക് വേണ്ടി ഇരട്ട വിരിപ്പുകൾ ആഇശ(റ) റെഡിയാക്കിയപ്പോൾ ഒന്നുമാത്രം ഉപയോഗിച്ച് മറ്റൊന്ന് മാറ്റിവെച്ചതും ഇമാം അഹ്മദ്(റ) ഉദ്ധരിച്ച നിവേദനത്തിൽ കാണാം.

ഇവിടുത്തെ ആർഭാടങ്ങളിലും സൗന്ദര്യങ്ങളിലും മയങ്ങാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ലളിതവും വിനീതവുമായ ജീവിതത്തിലൂടെ ഈ ലോകത്തെ സമീപിക്കാനെ എനിക്ക് ആഗ്രഹമുള്ളൂ. ഇതായിരുന്നു തിരുനബിﷺയുടെ നിലപാട്.

ഈ നിലപാടിനെ സാക്ഷ്യപ്പെടുത്തുന്ന ഒരു നിവേദനം കൂടി നമുക്ക് വായിക്കാം. തിരുനബിﷺ പറഞ്ഞതായി അബൂ മുസ്ലിം ഖൗലാനി(റ) പങ്കുവെക്കുന്നു. ധനം സമാഹരിക്കാനും വ്യാപാരിയാകാനുമല്ല എന്നോട് അല്ലാഹു കൽപ്പിച്ചത്. മറിച്ച്, അല്ലാഹു എനിക്ക് നൽകിയ സന്ദേശം ഇങ്ങനെയാണ്. “അതിനാല്‍ തങ്ങൾ തങ്ങളുടെ നാഥനെ കീര്‍ത്തിച്ച് അവന്റെ മഹത്വത്തെ വാഴ്ത്തുക. അവന് പ്രണാമമര്‍പ്പിക്കുന്നവരില്‍ പെടുകയും ചെയ്യുക. ആ ഉറപ്പായ കാര്യം അഥവാ മരണം വന്നെത്തുന്നത് വരെ തങ്ങളുടെ നാഥന് വഴിപ്പെടുക.” വിശുദ്ധ ഖുർആൻ പതിനഞ്ചാം അദ്ധ്യായം അൽ ഹിജ്റിലെ 98, 99 സൂക്തങ്ങളുടെ ആശയമാണിത്.

അല്ലാഹുവിൽ നിന്ന് എനിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത് താത്ക്കാലികമായ ഈ ലോകത്തിനപ്പുറമുള്ള അനന്തമായ പരലോക വിചാരങ്ങളാണ്. അവിടുത്തെ ക്ഷേമവും സുഖവും ഒരിക്കലും അവസാനിക്കാത്തതാണ് എന്ന വിചാരങ്ങളെയും ബോധ്യങ്ങളെയുമാണ് നിരന്തരമായി നബിﷺ ഉദ്ബോധിപ്പിച്ചു കൊണ്ടിരിക്കുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-742

Tweet 742

അംറ് ബിൻ ആസ്വ്(റ) കൂട്ടുകാരെ സംബോധന ചെയ്തുകൊണ്ട് പറഞ്ഞു. പ്രവാചകൻﷺ എന്തെല്ലാം കാര്യങ്ങൾ പരിഹരിച്ചുവോ അത് നേടുന്നതിന് വേണ്ടിയാണ് നിങ്ങൾ രാപ്പകൽ പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രവാചകരുﷺടെ ഇഹലോക വിരക്തി ഓരോ രാത്രിയിലും മുമ്പുള്ളതിനേക്കാൾ കൂടുതലായിരുന്നു.

നബി ജീവിതത്തിൽ നിന്ന് ഒരു ശിഷ്യൻ വായിച്ചെടുത്ത സന്ദേശമാണ് മേൽ നിവേദനത്തിൽ നാം കണ്ടത്. പ്രിയ പത്നി പലപ്രാവശ്യവും നബിﷺയുടെ ലളിത ജീവിതത്തെക്കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതിന്റെയെല്ലാം അനുബന്ധം തിരുനബിﷺക്ക് ഈ ലോകത്തെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളായിരുന്നു. ഒരുദ്ധരണി കൂടി ഇങ്ങനെ വായിക്കാം. പുല്ലും നാരുകളും നിറച്ച രണ്ടു വിരിപ്പുകൾ നബിﷺക്കുവേണ്ടി ഞാൻ തയ്യാർ ചെയ്തു. അപ്പോൾ പ്രവാചകൻﷺ എന്നോട് പറഞ്ഞു. ഞാൻ ഈ ലോകത്തെ കാണുന്നത് എങ്ങനെയാണെന്ന് പ്രിയപ്പെട്ട ആഇശാ(റ) നിനക്കറിയുമോ? യാത്രയ്ക്കിടയിൽ തണൽ കൊള്ളാൻ മരച്ചുവട്ടിൽ ഇറങ്ങിയ ഒരു സഞ്ചാരിയെ പോലെയാണ്. തണൽ നീങ്ങിയാൽ യാത്ര തുടരും. പിന്നെ ഒരിക്കലും ആ മരച്ചുവട്ടിലേക്ക് മടങ്ങി വരില്ല.

ഈ ലോകത്തെയും അതിലെ ജീവിതത്തെയും കുറിച്ചുള്ള ഏറ്റവും ചിന്തോദ്ദീപകമായ ഒരു ഉപമയാണിത്. എല്ലാ മനുഷ്യരുടെയും ജീവിതം ഈ ലോകത്ത് ഇത്രയേ ഉള്ളൂ. അതറിഞ്ഞ് സമീപിക്കുന്നവർ വളരെ കുറവാണ്. പ്രവാചകൻﷺ അതിന്റെ ശരിയായ സത്തയെ ഉൾക്കൊണ്ടു മാത്രം ജീവിച്ച് നമുക്ക് കാണിച്ചു തന്നു.

ബീവി ആഇശ(റ) തന്നെ പറയുന്നു. പ്രവാചകൻﷺ ഒരിക്കലും കട്ടിയുള്ള വിരിപ്പിൽ ഉറങ്ങിയിട്ടില്ല. മഴപെയ്ത ഒരു രാത്രി എനിക്ക് നന്നായി ഓർമ്മയുണ്ട്. അവിടുത്തേക്ക് വേണ്ടി വിരിച്ച വിരപ്പിനടിയിൽ നിന്ന് വെള്ളം ഇങ്ങനെ ഉറവയെടുത്തു വരുന്നത് കാണാൻ കഴിഞ്ഞു. ഞാനിപ്പോഴും ആ ഉറവയിലേക്ക് നോക്കിക്കൊണ്ടിരിക്കുന്നത് പോലെ.

ലോകത്തിന്റെ ചക്രവർത്തിയുടെ ഉറക്കറയെ കുറിച്ചുള്ള സംസാരമാണിത്. പ്രിയ പത്നിയും പണ്ഡിതയുമായ സഹധർമ്മിണി ആഇശ(റ)യാണ് പറയുന്നത്. എത്രമേൽ വിനീതവും ലളിതവുമായിരുന്നു തിരുജീവിതം എന്നതിന്റെ ഒരുദാഹരണം കൂടിയാണിത്. ഭൗതികാസ്വാദനങ്ങളുടെ അന്തപ്പുരങ്ങളിൽ കഴിഞ്ഞു കൂടുമ്പോൾ ജീവിതത്തിന്റെ നാനാർത്ഥം മനസ്സിലാക്കിയ ലോക ഗുരുവിന്റെ ജീവിതപാഠങ്ങൾ നമുക്ക് ചില അനുകൂല വിചാരങ്ങൾ ഉണർത്താതിരിക്കില്ല. മാനത്തിനും മേടക്കും മത്സരിച്ചു മൂല്യങ്ങളെല്ലാം തമസ്ക്കരിക്കുന്ന പുതിയ കാലത്ത് ഒരു മതത്തിനും ദർശനത്തിനും നേതാവിനും ഇതിലേറെ ഉയർന്ന സന്ദേശം മറ്റെന്താണ് നൽകാനുള്ളത്!

ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു. മഹതി ആഇശ(റ) പറഞ്ഞു. തിരുനബിﷺക്ക് ഒരു പരുക്കൻ വിരിപ്പായിരുന്നു ഉണ്ടായിരുന്നത്. കുറച്ചു മാർദ്ധവമുള്ള ഒരു വിരിപ്പാക്കാൻ വേണ്ടി ഞാൻ പരിശ്രമിച്ചു. ഞാൻ തന്നെ ശരിപ്പെടുത്തിയ നല്ല ഒരു വിരിപ്പ് അവിടുത്തേക്ക് തയ്യാർ ചെയ്തു. നബിﷺ വീട്ടിൽ വന്നപ്പോൾ ചോദിച്ചു. എന്താണ് ആഇശാ(റ) ഇത്? അവിടുത്തെ വിരിപ്പ് പരുപരുക്കൻ ആയതുകൊണ്ട് അവിടുത്തേക്ക് അല്പം മാർദ്ധവമുള്ളതാവട്ടെ എന്ന് കരുതി ഞാൻ ചെയ്തതാണ്. പ്രവാചകൻﷺ പറഞ്ഞു. എന്നാൽ അതെടുത്തു മാറ്റിക്കോളൂ. നേരത്തെ ഉണ്ടായിരുന്നതിന് മുകളിൽ തുന്നിച്ചേർത്ത രണ്ടെണ്ണവും മാറ്റിവെക്കാതെ ഇതിൽ ഇരിക്കാൻ ഞാൻ താല്പര്യപ്പെടുന്നില്ല. ഞാൻ അതെടുത്തു മാറ്റിക്കൊടുത്തു.

പ്രവാചകൻﷺ മുന്നോട്ടുവെച്ച ആശയങ്ങളുടെയും അവകാശപ്പെട്ട പ്രവാചക വിലാസത്തിന്റെയും സത്യസന്ധത ബോധ്യപ്പെടുത്തുന്ന ജീവിതം കൂടിയായിരുന്നു അത്.

സുഖാഡംബരങ്ങൾ നിറഞ്ഞ ജീവിതത്തിലേക്ക് ക്ഷണിച്ചപ്പോഴെല്ലാം അനന്തവും ശാശ്വതവുമായ ജീവിതം ഇവിടെയില്ല എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു നബിﷺയുടെ സമീപനം. അനന്തമായ ഒരു ആവാസ ലോകം വരാനുണ്ടെന്നും അതിലേക്ക് കരുതലുകൾ എടുക്കാനുള്ള ജീവിതമാണ് ഈ ലോകത്തെന്നും നിരന്തരമായി ജീവിതം കൊണ്ടും ഉപദേശം കൊണ്ടും ലോകത്തെ ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു പ്രവാചകൻﷺ. കേവലമായ ചില തത്വങ്ങളെ ജീവിതത്തിൽ പറയുകയും തത്വങ്ങളോട് പുലബന്ധം പോലുമില്ലാതെ ജീവിക്കുകയും ചെയ്യുന്ന പല ബുദ്ധിജീവികളെയും പ്രമാണ പുരുഷൻമാരെയും നമ്മൾ വായിച്ചിട്ടും കേട്ടിട്ടും ഉണ്ട്. അതിൽ നിന്ന് തീർത്തും വ്യത്യസ്തമായിരുന്നു മുത്ത് റസൂൽﷺ. പറഞ്ഞ ആശയങ്ങളുടെ പര്യായമായിരുന്നു ആ ജീവിതം മുഴുവനും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-743

Tweet 743

ഈ അധ്യായത്തിലെ വേറിട്ട ഒരു ഏട് സൗബാൻ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ നിന്ന് വായിക്കാം. തിരുനബിﷺ ഒരു യാത്ര പോയാൽ അവസാനം യാത്ര പറഞ്ഞിറങ്ങുന്നതും മടങ്ങിയെത്തിയാൽ ആദ്യം എത്തിച്ചേരുന്നതും മകൾ ഫാത്വിമ(റ)യുടെ വീട്ടിലായിരുന്നു. തിരുനബിﷺ ഒരു ധർമ്മസമരം കഴിഞ്ഞ് മടങ്ങി വരികയായിരുന്നു. ഫാത്വിമ(റ)യുടെ വീട്ടിലേക്ക് എത്തി. വീടിന്റെ വാതിൽക്കൽ നല്ല കമനീയമായ ഒരു വിരിപ്പ് ശ്രദ്ധയിൽപ്പെട്ടു. പേരക്കുട്ടികൾ ആയ ഹസന്റെ(റ)യും ഹുസൈനി(റ)ന്റെയും കയ്യിൽ നല്ല രണ്ട് വെള്ളി വളകളും കാണാനിടയായി. പ്രിയ മകളുടെ വീട്ടിലേക്ക് പ്രവേശിക്കാതെ തിരുനബിﷺ തിരിഞ്ഞു നടക്കാനൊരുങ്ങി.

വീട്ടിലെ വിരിപ്പും മക്കളുടെ കയ്യിലെ ആഭരണവും ആണ് തിരുനബിﷺ പ്രവേശിക്കാത്ത കാരണമെന്ന് മകൾ മനസ്സിലാക്കി. വേഗം തന്നെ കർട്ടൻ നീക്കം ചെയ്യുകയും മക്കളുടെ കയ്യിൽ ഉണ്ടായിരുന്ന വള ഊരി മുറിച്ചു മാറ്റുകയും ചെയ്തു. മക്കൾ കരയാൻ തുടങ്ങി. മക്കളുടെ കയ്യിൽ തന്നെ ആ വളക്കഷണങ്ങൾ ഏൽപ്പിച്ച് നബിﷺയുടെ മുന്നിലേക്ക് അവരെ പറഞ്ഞു വിട്ടു. തിരുനബിﷺ പേരക്കുട്ടികളുടെ കയ്യിൽ നിന്നു വെള്ളിയാഭരണത്തിന്റെ കഷ്ണങ്ങൾ വാങ്ങി. എന്നെ വിളിച്ചു കൊണ്ട് പറഞ്ഞു. അല്ലയോ സൗബാൻ(റ), ഇതാ ഇവകൾ കൊണ്ടുപോയി ഇന്ന വ്യക്തിയുടെ കയ്യിൽ കൊടുക്കുക. എന്നിട്ട് ഫാത്വിമ(റ)യ്ക്ക് വേണ്ടി മരത്തിന്റെയും കൊമ്പുകൊണ്ടുമുള്ള ഇന്നാലിന്ന ആഭരണങ്ങൾ വാങ്ങിക്കൊണ്ടുവരിക. ഇവർ എന്റെ കുടുംബമാണ്. അവർ ഈ ലോകത്തിന്റെ വിഭവങ്ങളിൽ ഭ്രമിക്കുന്നവരാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല.

തിരുനബിﷺ അവിടുത്തെ കുടുംബത്തെ എങ്ങനെയാണ് പരിപാലിച്ചത് എന്നതിന്റെ ഉദാഹരണമാണിത്. തിരുനബിﷺയോട് ഏറ്റവും അടുപ്പമുള്ള എല്ലാവർക്കും ഈ ലോകത്തെ പദവികളെക്കാൾ പരലോകത്തെ പദവികൾക്ക് വേണ്ടിയുള്ള സൗകര്യങ്ങളാണ് തിരുനബിﷺ ചെയ്തുകൊടുത്തത്. വളരെ അടുത്ത ബന്ധമുള്ള പലരും രക്തസാക്ഷികളായി സ്വർഗ്ഗസ്ഥരായി എന്നത് അതിന്റെ വലിയ ഉദാഹരണമാണ്. ഞാൻ പരലോകത്തേക്ക് യാത്രയായാൽ അധികം വൈകാതെ മകളും എന്നോട് വന്ന് ചേരണം എന്ന് ആഗ്രഹിക്കുന്ന ഒരു പിതാവിനെയേ നമ്മൾ വായിച്ചിട്ടുണ്ടാവുള്ളൂ. അത് തിരുനബിﷺയാണ്. മരണാനന്തരമുള്ള ജീവിതത്തിന്റെ യാഥാർഥ്യവും അത് അനന്തമായ സൗകര്യങ്ങളുടെയും സൗന്ദര്യത്തിന്റെയും ലോകമാണെന്ന ബോധ്യവുമാണ് ആസന്ന ഘട്ടത്തിൽ നബിﷺയെ കൊണ്ട് അങ്ങനെ സംസാരിപ്പിച്ചത്. ചേർത്തുപിടിച്ചു സ്നേഹ ചുംബനങ്ങളോടെ പിതാവ് കാതിൽ പറഞ്ഞ കാര്യം സന്തോഷങ്ങളുടെ ലോകത്തേക്കുള്ള ക്ഷണമാണെന്ന് മനസ്സിലാക്കാൻ മകൾക്കും സാധിച്ചിരുന്നു. അത് നബിﷺയിൽ നിന്ന് കിട്ടിയ ശിക്ഷണത്തിന്റെ തുടർച്ചയും പുലർച്ചയുമാണ്.

പ്രിയപ്പെട്ട പത്നി ആഇശ(റ) പറയുന്നു. ചില ദിവസങ്ങളിൽ തിരുനബിﷺ നോമ്പെടുക്കും. വിശപ്പിന്മേൽ വിശപ്പ് എന്ന രീതിയിൽ അടുത്ത ദിവസവും നോമ്പിൽ തന്നെയായിരിക്കും. ഈ ലോകത്തെ ആസ്വാദനങ്ങളോടും സുഖങ്ങളോടും അടിമപ്പെടാൻ എനിക്കും കുടുംബത്തിനും സാധ്യമല്ലെന്ന് അവിടുന്ന് തുറന്നു പറയും. പ്രവാചകന്മാരിൽ നിന്ന് സവിശേഷ പദവിയുള്ള ഉലുൽ അസ്‌മുകൾ അഥവാ നിശ്ചയദാർഢ്യം കൂടുതലുള്ളവർ അവർ സഹനത്തിന്റെ രാപ്പകലുകളിലൂടെയാണ് കടന്നുപോയത്.

അവർ പ്രതികൂല സാഹചര്യങ്ങളോട് സമരസപ്പെടുമ്പോൾ മാത്രമല്ല ക്ഷമിച്ചത്, സുഖസൗകര്യങ്ങളിൽ വീണു പോകാതിരിക്കുക എന്ന ക്ഷമ കൂടി അവർക്കുണ്ടായിരുന്നു. ആഡംബരങ്ങളെ ആഗ്രഹിക്കാതെ ലളിതമായി ജീവിക്കുക എന്നതും ക്ഷമയുടെ വലിയൊരു അധ്യായമാണ്. അപ്രകാരം കടന്നുപോയ മുൻഗാമികളായ പ്രവാചകന്മാരുടെ സഹിഷ്ണുതയുടെ എല്ലാ ഘട്ടങ്ങളെയും ഞാനും കടന്നു പോകേണ്ടതുണ്ട്. ഖുർആൻ എന്നോട് അങ്ങനെ കൽപ്പിച്ചിരിക്കുന്നു എന്ന് പ്രവാചകൻﷺ വിശദീകരിച്ചു. ശേഷം, വിശുദ്ധ ഖുർആനിലെ ഒരു സൂക്തത്തിന്റെ ശകലം പാരായണം ചെയ്തു. ഉലുൽ അസ്‌മുകളായ പ്രവാചകന്മാർ ക്ഷമിച്ചതുപോലെ ക്ഷമിക്കുക എന്നതായിരുന്നു ആ സൂക്തത്തിന്റെ ആശയം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-744

Tweet 744

ലളിതമായ ജീവിതത്തിനൊപ്പം ഉപയോഗിക്കുന്ന ഓരോ വിഭവങ്ങളും നൂറു ശതമാനം അവകാശപ്പെട്ടതാണ് എന്ന ബോധ്യം കൂടി നിലനിർത്തണമെന്നാണ് തിരുനബിﷺ ജീവിതം കൊണ്ട് പഠിപ്പിച്ചത്. ഏതു ഭക്ഷണം കഴിക്കുമ്പോഴും വിഭവങ്ങൾ ഉപയോഗപ്പെടുത്തുമ്പോഴും സ്വയം അവകാശപ്പെട്ടതാണോ എന്ന അതിസൂക്ഷ്മത ജീവിതത്തിലുണ്ടായിരുന്നു. അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെ കാണാം. ഒരിക്കൽ തിരുനബിﷺയുടെ കിടക്കയോട് ചേർന്ന് ഒരു കാരക്ക ലഭിച്ചു. വിശപ്പുകാരണം തിരുനബിﷺ അത് കഴിച്ചു. അന്ന് രാത്രി നബിﷺക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. രാവിലെ കാര്യം അന്വേഷിച്ചപ്പോൾ അവിടുന്ന് പറഞ്ഞത് ഇങ്ങനെയാണ്. ഇന്നലെ രാത്രി ഞാൻ കഴിച്ച കാരക്ക പൊതുമുതലിന്റെ ഭാഗമായിട്ടുള്ളതാണോ എനിക്ക് മാത്രമുള്ളതാണോ എന്ന ആലോചനയാണ് എന്റെ ഉറക്കം നഷ്ടപ്പെടുത്തിയത്.

എത്രമാത്രം ഉയർന്ന ഒരു ആശയമാണ് തിരുനബിﷺ നമുക്ക് പകർന്നു തരുന്നത്. ഏതുകാലത്തേക്കും ഭദ്രമായ ഒരു സാമൂഹിക ഘടനയ്ക്കാവശ്യമായ വ്യക്തി വിചാരങ്ങളാണിവ. ഇങ്ങനെയൊക്കെ ചിന്തിക്കുന്ന വ്യക്തികൾ ഒരുമിച്ചു കൂടിയ ഒരു സമൂഹം എത്രമേൽ സുശക്തവും ഭദ്രവുമായിരിക്കും.

അത്യുഗ്രമായ യുദ്ധം നടന്ന ബദ്ർ രണഭൂമി. ചുട്ടുപൊള്ളുന്ന വെയിലത്ത് സ്വഹാബികളിൽ ചിലർ നബിﷺക്ക് വേണ്ടി ഒരു തണൽ ഒരുക്കി. തണലൊരുക്കാൻ ഉപയോഗിച്ചത് യുദ്ധാർജിത സ്വത്തിൽ നിന്നുള്ള വസ്തുക്കൾ കൊണ്ടായിരുന്നു. നബിﷺ ആ തണൽ കൊള്ളാൻ വിസമ്മതിച്ചു. എന്നിട്ട് അനുയായികളോട് ഇങ്ങനെ പറഞ്ഞു. നാളെ അഗ്നിയായി മാറുന്ന തണലാണോ ഞാൻ ഇവിടെ നിന്ന് അനുഭവിക്കേണ്ടത്. അവിഹിതമായ സ്വത്തോ അന്യന്റെ സ്വത്തോ പൊതുസ്വത്തുകളോ തുടങ്ങി അനർഹമായ ഒരു അനുഭവവും ധാർമികമായി സ്വീകാര്യമല്ല എന്ന പാഠമാണ് പകർന്നുകൊടുത്തത്. അങ്ങനെ അനുഭവിക്കുന്ന പക്ഷം നാളെ നരകാഗ്നിയെ സ്വീകരിക്കേണ്ടി വരും എന്ന ഗൗരവതരമായ ഒരു താക്കീത് കൂടി ഇവിടെ നൽകുന്നുണ്ട്.

ഇന്നത്തെ സാമൂഹിക ഘടനയിലെ സാമ്പത്തിക വിചാരങ്ങളും പാരസ്പര്യങ്ങളുമൊക്കെ നിയന്ത്രിക്കാൻ ഇതിലേറെ സംശുദ്ധമായ ഒരു വ്യവസ്ഥിതി വേറെ ഏതാണുള്ളത്!

തിരുനബിﷺയുടെ ലളിതമായ ജീവിതത്തെ അറിയുകയും ആവിഷ്കരിക്കുകയും ചെയ്ത നിരവധി നിവേദനങ്ങളുണ്ട്. ആശയത്തിലും പ്രത്യയശാസ്ത്രത്തിലും പ്രവാചകർﷺക്കൊപ്പം വന്നിരുന്നില്ലെങ്കിലും വിമർശകർക്ക് പോലും ആ ജീവിതത്തെ പ്രശംസിക്കാതിരിക്കാൻ കഴിഞ്ഞില്ല. മദീനയിൽ ഒരു കൊട്ടാരമോ പരിവാരങ്ങളോ ഉണ്ടായിരുന്നില്ല. രാജാവിനെക്കാൾ ഉന്നതമായ സ്വാധീനവും അധികാരവും ഉണ്ടായിരിക്കുമ്പോഴും പ്രജകളിൽ തന്നെ ഏറ്റവും ലളിതമായ ജീവിതം നയിക്കുന്നവരോടൊപ്പമായിരുന്നു തിരുനബിﷺയുടെ ഇരിപ്പും നടപ്പും.

ഞാൻ ഒരു ഗ്രാമീണയുടെ മകനാണെന്നും അടിമകൾ ഭക്ഷിക്കുമ്പോലെ നിരത്തിലിരുന്ന് ഭക്ഷിക്കുന്നതു കൊണ്ട് ഒരു കുറവും വരാനില്ലെന്നും ജനങ്ങളോടൊപ്പമുള്ള പൊതു സദ്യയിൽ മാത്രമാണ് മനം നിറഞ്ഞു ഭക്ഷിക്കാനാവുന്നതെന്നും പ്രയോഗംകൊണ്ടും പ്രസ്താവന കൊണ്ടും പ്രവാചകർﷺ ലോകത്തോട് സംവദിച്ചു.

പർവതങ്ങൾ സ്വർണ്ണമായി കയ്യിലേക്ക് വരാമെന്ന് മാടി വിളിച്ചപ്പോഴും അടിസ്ഥാന ആവശ്യങ്ങൾക്കു പോലും സ്വീകരിക്കാതെ പരിത്യാഗത്തിന്റെ പര്യായമായി മാറുകയായിരുന്നു എന്ന ഇമാം ബൂസ്വീരി(റ) എഴുതിയ കവിത നൂറ്റാണ്ടുകൾക്ക് ശേഷവും അനുരാഗികൾ പാടിക്കൊണ്ടിരിക്കുന്നു. ആവശ്യങ്ങളേറുംതോറും ഈ ലോകത്തോടുള്ള വിരക്തിയും വർധിക്കുകയായിരുന്നു എന്ന് മനോഹരമായ ഭാഷയിൽ ബുർദ എടുത്തു പറയുന്നുണ്ട്. തിരുനബിﷺയുടെ പവിത്രവിചാരങ്ങളെ ഭേദിച്ചു കളയാൻ അനിവാര്യമായ ഘട്ടങ്ങളിൽ മുന്നിൽ തെളിഞ്ഞ പൊന്നുമലകൾക്കുമായില്ല എന്നാണ് കവി ക്രോഡീകരിക്കുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-745

Tweet 745

 

തിരുനബിﷺയുടെ ജീവിതത്തെയും വിനിമയത്തെയും കുറിച്ച് ഒരിക്കൽ ബിലാലി(റ)നോട് ചോദിച്ചു. ബിലാലി(റ)ന്റെ മറുപടി അല്പം നീണ്ടതായിരുന്നു. അതിങ്ങനെയാണ് പറഞ്ഞു തുടങ്ങിയത്. തിരുനബിﷺയെ ദൗത്യം ഏൽപ്പിച്ചു നിയോഗിച്ചത് മുതൽ ഈ ലോകത്തോട് വിടപറയും വരെയുള്ള ജീവിതത്തിൽ എനിക്ക് പ്രധാനപ്പെട്ട ഒരോർമ പറയാൻ കഴിയും. മതിയായ വസ്ത്രമില്ലാത്ത ഒരാൾ നബിﷺയുടെ അടുക്കൽ വന്നാൽ അദ്ദേഹത്തിന് കൊടുക്കാൻ ഒന്നുമില്ലെങ്കിൽ കടം വാങ്ങിയെങ്കിലും അദ്ദേഹത്തെ ധരിപ്പിക്കും. എന്നോട് പറയും കടം വാങ്ങിയിട്ട് അദ്ദേഹത്തിന് കൊടുക്കാൻ. ഏത് ആവശ്യക്കാർ വന്നാലും അങ്ങനെയാണ്. കൈവശം എന്തെങ്കിലുമുണ്ടെങ്കിൽ നൽകും. ഇല്ലെങ്കിൽ കടം വാങ്ങി പരിഹരിച്ചുകൊടുക്കും.

തിരുനബിﷺക്ക് വേണ്ടി അത്തരം വ്യവഹാരങ്ങളൊക്കെ ഞാനാണ് നടത്തുക. അങ്ങനെയിരിക്കെ ഒരിക്കൽ ഒരു അമുസ്ലിമായ മനുഷ്യൻ എന്നോട് പറഞ്ഞു. നിങ്ങൾക്കാവശ്യമുള്ളപ്പോൾ കടമായി തരാൻ എത്രയും എന്റെ അടുക്കൽ ഉണ്ട്. അതുകൊണ്ട് കടം ആവശ്യമുള്ളപ്പോൾ എന്നോട് ചോദിച്ചോളൂ. പിന്നീട് നിങ്ങൾ തിരിച്ചങ്ങ് തന്നാൽ മതിയല്ലോ. അതൊരു സൗകര്യമായി കണ്ടു നമ്മൾ അവസരം പ്രയോജനപ്പെടുത്തിക്കൊണ്ടിരുന്നു. ആയിടയ്ക്കൊരു ദിവസം ഞാൻ അംഗസ്നാനം നടത്തി നിസ്കാരത്തിനു വാങ്ക് കൊടുക്കാൻ ഒരുങ്ങുകയായിരുന്നു. പെട്ടെന്നതാ വായ്പ തന്നിരുന്ന ആ കച്ചവടക്കാരൻ ഒരു സംഘത്തോടൊപ്പം എന്നെ സമീപിച്ചു. പരസ്യമായി ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു.

എടോ എത്യോപ്യക്കാരാ! നമുക്കിടയിലുള്ള ഇടപാടിന് എത്ര മാസം ഉണ്ടെന്നറിയാമല്ലോ? നാലു നാളുകളെ ബാക്കിയുള്ളൂ. കൃത്യമായി കൈകാര്യം ചെയ്തില്ലെങ്കിൽ നിങ്ങളെ ഞാൻ പിടിക്കും. നിങ്ങളോടോ നിങ്ങളുടെ നേതാവിനോടോ ഉള്ള ബഹുമാനം വെച്ചുകൊണ്ടൊന്നുമല്ല ഞാൻ വായ്പ തന്നിട്ടുള്ളത്. അതുവഴി നിങ്ങളെ ഞാൻ ചിലപ്പോൾ അടിമയാക്കിയേക്കും. പഴയതുപോലെ ചിലപ്പോൾ ആടിനെ മേയ്ക്കേണ്ടി വരും. അടിമയായിരുന്ന കാലത്തെ അനുഭവങ്ങൾ ഇനിയും ആവർത്തിച്ചെന്നുവരും. പരസ്യമായി ആക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും പഴി പറയുകയുമൊക്കെ ചെയ്തു. അവധിയെത്താത്ത വായ്പയിന്മേൽ ആയിരുന്നു ഇതു മുഴുവൻ.

ഏതായാലും വാങ്ക് കൊടുത്ത് നിസ്കാരമൊക്കെ കഴിഞ്ഞു. പള്ളിയിൽനിന്ന് ഇശാഅ് നിസ്കാരം കഴിഞ്ഞ് നബിﷺ വീട്ടിലേക്ക് മടങ്ങി. ഞാൻ തിരുനബിﷺയുടെ കവാടത്തിലേക്ക് ചെന്ന് പ്രവേശന അനുമതി തേടി. അകത്തേക്ക് പ്രവേശിച്ചു. നടന്ന സംഭവങ്ങളെല്ലാം നബിﷺയോട് പറഞ്ഞു. ശേഷം, ഇങ്ങനെ കൂടി ചേർത്തു പറഞ്ഞു. അദ്ദേഹത്തിന്റെ ഇടപാട് പൂർത്തിയാക്കാനുള്ളത് ഇപ്പോൾ തങ്ങളുടെ പക്കൽ ഇല്ലല്ലോ. എനിക്ക് അവിടുന്ന് ഒരു കാര്യത്തിൽ അനുമതി തരണം. ഈയടുത്തയിടയിൽ ഇസ്ലാം സ്വീകരിച്ച ചില ഗോത്രങ്ങളുടെ അടുത്തേക്ക് ഞാൻ പോകാം. അവരിലൂടെ എന്തെങ്കിലുമൊക്കെ അനുഗ്രഹങ്ങൾ അല്ലാഹു നമുക്ക് നൽകിയേക്കും. അതുകൊണ്ടു വന്ന് അയാളുടെ ഇടപാട് തീർക്കാം. രാവിലെ പുറപ്പെടാൻ വേണ്ടി ഞാൻ എല്ലാം ഒരുക്കിവെച്ചു. ഉറങ്ങിയും ഉണർന്നും നേരം വെളുപ്പിച്ചു. ഉണരുമ്പോൾ എല്ലാം രാത്രി തന്നെയാണെന്ന് അറിഞ്ഞാൽ വീണ്ടും ഞാൻ കിടക്കും. പ്രഭാതമായി എന്നറിഞ്ഞപ്പോൾ ഞാൻ എഴുന്നേറ്റു. പുറപ്പെടാൻ തയ്യാറായി. അപ്പോഴതാ ഒരാൾ വന്നു വിളിക്കുന്നു. അല്ലയോ ബിലാലേ(റ)! നിങ്ങളെ ക്ഷണിക്കുന്നുണ്ട് വേഗം അങ്ങോട്ട് ചെല്ലൂ.

അവധിയെത്താത്ത കടത്തിന്മേൽ പരസ്യമായി ആക്ഷേപിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്തു, അവധിക്കു മുമ്പ് തന്നെ അയാൾക്ക് കടം കൊടുത്തു വീട്ടി മാനം രക്ഷിക്കാൻ വേണ്ടിയുള്ള തത്രപ്പാടിൽ അനുഗ്രഹം തേടിയുള്ള യാത്രയ്ക്കൊരുങ്ങി നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി നബിﷺയുടെ ഈ വിളി വരുന്നത്. എന്തായിരിക്കും എന്ന ഉദ്വേഗത്തോടെ ബിലാൽ(റ) നബിﷺയുടെ വിളിക്ക് ഉത്തരം ചെയ്തു, അങ്ങോട്ട് നീങ്ങി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-746

Tweet 746

നബിﷺയുടെ വിളിക്ക് ഉത്തരം ചെയ്ത് ബിലാൽ(റ) അടുത്തെത്തിയപ്പോൾ അതാ നാലു വാഹനങ്ങൾ നിൽക്കുന്നു. നിറയെ ചരക്കുകളും പേറിയാണ് വാഹനങ്ങൾ വന്നിട്ടുള്ളത്. തിരുനബിﷺ ബിലാലി(റ)നോട് പറഞ്ഞു. സന്തോഷിക്കൂ ബിലാൽ(റ). നിങ്ങളുടെ ഇടപാടുകൾ തീർക്കാനുള്ള വകുപ്പെത്തിയിരിക്കുന്നു. അല്ലാഹു നമുക്ക് എത്തിച്ചു തന്നിരിക്കുന്നു. ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു. ഫാദക് എന്ന പ്രദേശത്തെ പ്രമുഖൻ കൊടുത്തയച്ച ചരക്കുകളാണിത്. പാത്രങ്ങളും ഭക്ഷണസാധനങ്ങളുമെല്ലാമുണ്ട്. നാലു വാഹനങ്ങളെയും സ്വീകരിച്ചു നിർത്തുക. അവയിലെ ചരക്കുകൾ കരുതി വെക്കുക. അതിൽ നിന്ന് നമുക്ക് ഇടപാടുകൾ തീർക്കാം. ഞാൻ വാഹനങ്ങളെയെല്ലാം അണച്ചുകൂട്ടി. ചരക്കുകളെല്ലാം ഇറക്കി വാഹനങ്ങളെ സൗകര്യപ്രദമായി കെട്ടി. അപ്പോഴേക്കും സുബ്ഹിയുടെ ബാങ്ക് കൊടുക്കാനായി.

തിരുനബിﷺയുടെ നേതൃത്വത്തിൽ നിസ്കാരം കഴിഞ്ഞു. ഞാൻ മദീനയിലെ ഖബർസ്ഥാനായ ജന്നത്തുൽ ബഖീഇലേക്ക് പ്രവേശിച്ചു. എന്റെ കാതിൽ വിരലുകൾ ചേർത്തുവച്ച് ഒരു സന്ദേശം മുഴക്കി കൊണ്ടാണ് അങ്ങോട്ട് കടന്നുപോയത്. വിളിച്ചു പറഞ്ഞത് ഇപ്രകാരമായിരുന്നു. “തിരുനബിﷺയുടെ പക്കൽ നിന്ന് ഇടപാടുകൾ വീടാനുള്ളവർ എത്രയും വേഗം ഹാജരാവുക.” സന്ദേശം കേട്ടുകൊണ്ട് ആളുകൾ വരാൻ തുടങ്ങി. ചരക്കു സാധനങ്ങൾ വിറ്റും സാധനങ്ങളായി നൽകേണ്ടവർക്ക് നൽകിയും അന്ന് വരെയുണ്ടായിരുന്ന മുഴുവൻ കടബാധ്യതകളും അവസാനിപ്പിച്ചു. നടപടിക്രമങ്ങളെല്ലാം പൂർത്തിയായപ്പോഴേക്കും നേരം ഏറെ വൈകി. ബിലാൽ(റ) പറയുന്നു. എല്ലാ ബാധ്യതകൾക്കും ശേഷം എന്റെ പക്കൽ ഒന്നര ഊഖിയാ മാത്രം അവശേഷിച്ചു. ഞാൻ അതുമായി തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു.

അപ്പോൾ അവിടുന്ന് ഒറ്റയ്ക്ക് പള്ളിയിൽ ഇരിക്കുകയായിരുന്നു. ഞാൻ സലാം ചൊല്ലി അടുത്തേക്ക് ചെന്നു. തിരുനബിﷺ കാര്യങ്ങളെല്ലാം ചോദിച്ചറിഞ്ഞു. തങ്ങളുടെ പേരിലുള്ള എല്ലാ കടബാധ്യതകളും പൂർണമായും കൊടുത്തു തീർത്തു എന്ന് ഞാൻ പറഞ്ഞു. ഇനി എന്തെങ്കിലും കൈവശം അവശേഷിക്കുന്നുണ്ടോ എന്ന് നബിﷺ ചോദിച്ചു. അവശേഷിക്കുന്ന സംഖ്യയെ കുറിച്ച് സന്തോഷപൂർവ്വം ഞാൻ നബിﷺയോട് പറഞ്ഞു. അപ്പോൾ അവിടുന്ന് ഇങ്ങനെ പറഞ്ഞു. ആ സമ്പത്തിൽ നിന്ന് ഒരല്പമെങ്കിലും അവശേഷിക്കുന്നിടത്തോളം ഞാൻ വീട്ടിലേക്ക് പോകാൻ ആഗ്രഹിക്കുന്നില്ല. ഇത് സ്വീകരിക്കാൻ പറ്റുന്ന ആരെങ്കിലും വന്നാൽ അർഹതപ്പെട്ടവർക്ക് നൽകിയിട്ടു പോകാം എന്നായിരുന്നു അവിടുത്തെ ലക്ഷ്യം. പക്ഷേ, അന്ന് രാത്രി ആരും പിന്നെ അങ്ങോട്ട് വന്നില്ല. തിരുനബിﷺയും ബിലാലും(റ) പള്ളിയിൽ തന്നെ താമസിച്ചു.

പിറ്റേന്ന് പകൽ വൈകുന്നതുവരെയും നബിﷺ എങ്ങോട്ടും പോയില്ല. വൈകുന്നേരം ആയപ്പോൾ രണ്ടു യാത്രക്കാർ പള്ളിയിലേക്ക് വന്നു. ഞാനവരെ സ്വീകരിക്കുകയും സൽക്കരിക്കുകയും ആവശ്യമായതൊക്കെ നൽകുകയും ചെയ്തു. അതോടെ കൈവശമുണ്ടായിരുന്ന മുഴുവൻ സമ്പാദ്യവും തീർന്നു. അന്നത്തെ രാത്രി നിസ്കാരം കഴിഞ്ഞപ്പോൾ നബിﷺ എന്നെ വിളിച്ചു. എന്നോട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഞാൻ ഇങ്ങനെ പറഞ്ഞു. അല്ലയോ പ്രവാചകരേﷺ അവിടുന്ന് സമാധാനത്തോടെ വീട്ടിലേക്ക് പൊയ്ക്കോളൂ. അവശേഷിക്കുന്ന ഈ സമ്പാദ്യത്തോടെ മരണപ്പെടേണ്ടി വന്നില്ലല്ലോ എന്ന സമാധാനത്തിൽ അല്ലാഹുവിന്റെ മഹത്വം വാഴ്ത്തി തക്ബീർ മുഴക്കുകയും അവനെ സ്തുതിക്കുകയും ചെയ്തു. ശേഷം അവിടുന്ന് കുടുംബങ്ങളിലേക്ക് പോയി.

നബി ജീവിതത്തിലെ നിർണായകമായ ഒരു ദിവസത്തെ കുറിച്ചാണ് നാം വായിച്ചത്. ബാധ്യതകളോടും ഉത്തരവാദിത്വങ്ങളോടുമുള്ള അവിടുത്തെ കണിശതയും കൃത്യതയും സാമ്പത്തിക വ്യവഹാരങ്ങളോടുള്ള സൂക്ഷ്മതയും എത്ര കൃത്യമായിട്ടാണ് നമ്മുടെ മുന്നിൽ അവതരിപ്പിച്ചത്. ആ ജീവിതത്തോളം മധുരതരമായ ജീവിതം വേറെ ഏതുണ്ട്! ആ അനുഭവങ്ങളോളം ഹൃദയം തൊട്ട് സ്നേഹിക്കാൻ വേറെ എന്തുണ്ട്!

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Mahabba Campaign Part-747

Tweet 747

നബി ജീവിതത്തിന്റെ ഒരു പൊതു ചിത്രം വിവിധ നിവേദനങ്ങളെ ക്രോഡീകരിച്ചുകൊണ്ട് നമുക്ക് ഇങ്ങനെ വായിക്കാം. മഹതിയായ ബീവി ആഇശ(റ) പറയുന്നു. ഒരു ദിവസം പോലും അടുപ്പ് പുകയാത്ത മാസങ്ങൾ ഞങ്ങൾക്ക് കഴിഞ്ഞു പോയിട്ടുണ്ട്. തുടർച്ചയായി മൂന്ന് ദിവസം നന്നായി ഭക്ഷണം കഴിച്ച അനുഭവമില്ല. രണ്ടുനേരം ഭക്ഷണം കിട്ടിയ ദിവസങ്ങൾ വളരെ കുറവാണ്. വെള്ളവും ഈത്തപ്പഴവും മാത്രം കഴിച്ച ദിവസങ്ങൾ ഏറെയുണ്ട്. അതുതന്നെയും തുടർച്ചയായോ നിരന്തരമായോ ലഭിച്ചിരുന്നില്ല.

ഒരു നേരം പോലും ഒലീവും റൊട്ടിയും വയറു നിറച്ച് ലഭിക്കുന്ന ഒരു കാലത്തല്ല തിരുനബിﷺ വിയോഗം തേടിയത്. അന്ന് പൊതുവേ ഈത്തപ്പഴവും വെള്ളവും മാത്രം കഴിക്കുന്ന കാലമായിരുന്നു. അതും വേണ്ടത്ര അളവിൽ അവിടുത്തേക്ക് ലഭിച്ചിരുന്നില്ല.

ചെരുപ്പ്, ഖമീസ്, ഉടുമുണ്ട് തുടങ്ങി വസ്ത്രം അനുബന്ധ വസ്തുക്കളിൽ രണ്ടു ജോഡികൾ ഒരുമിച്ച് ഒരിക്കലും തിരുനബിﷺയുടെ കൈവശമുണ്ടായിരുന്നില്ല. നബിﷺ വീട്ടിലുണ്ടെങ്കിൽ വെറുതെ ഇരിക്കുന്ന കാഴ്ച കാണാമായിരുന്നില്ല. ചെരുപ്പ് കുത്തുകയോ വസ്ത്രം തുന്നുകയോ ഗൃഹ ജോലികളിൽ പത്നിമാരെ സഹായിക്കുകയോ ചെയ്യുന്ന രീതിയായിരുന്നു അവിടുന്ന് സ്വീകരിച്ചത്.

ധാന്യ പൊടികൾ അരിച്ചെടുക്കാൻ അരിപ്പയുണ്ടായിരുന്ന കാലമല്ല അത്. ഉമിയും തവിടുമൊക്കെ ഒന്നുകൂടി മാത്രം പറത്തി ഒഴിവാക്കുകയും ശേഷം കിട്ടുന്ന പൊടികൊണ്ട് റൊട്ടി ഉണ്ടാക്കുകയുമായിരുന്നു പതിവ്. ധാന്യപ്പൊടികൾ അരിച്ചതിനുശേഷം ഉണ്ടാക്കിയ റൊട്ടി ഒരിക്കൽ പോലും പ്രവാചകൻﷺ കഴിച്ചിട്ടില്ലല്ലോ എന്ന് തിരു ജീവിതത്തിന്റെ ലാളിത്യമോർത്ത് സങ്കടപ്പെട്ട അനുചരന്മാരെ വായിക്കാൻ കഴിയും.

ഭക്ഷണപദാർത്ഥങ്ങൾ വേസ്റ്റാക്കുന്ന രീതിയേ ഉണ്ടായിരുന്നില്ല. സുപ്ര ഉയർത്തുമ്പോൾ റൊട്ടിക്കഷ്ണങ്ങളോ മറ്റു ഭക്ഷണപദാർത്ഥങ്ങളോ ഒഴിവാക്കപ്പെടുകയോ അവഗണിക്കപ്പെടുകയോ ചെയ്തത് കാണാമായിരുന്നില്ല.

സമ്പന്നമായ ഒരു പിൽക്കാലത്ത് നിന്നുകൊണ്ട് അന്നത്തെ ഭരണാധികാരിയായിരുന്ന ഉമറുൽ ഫാറൂഖ്(റ) പറയുന്നുണ്ട്. നിങ്ങൾക്ക് ഇന്ന് സുലഭമായി ഭക്ഷണം ലഭിക്കുന്നുണ്ടല്ലോ. എന്റെ പ്രിയപ്പെട്ട പ്രവാചകന്ﷺ വയറുനിറയ്ക്കാൻ മതിയായ ഭക്ഷണങ്ങൾ കിട്ടിയിട്ടില്ല. ഏറ്റവും നിലവാരം കുറഞ്ഞ കാരയ്ക്ക പോലും തികച്ചു കഴിക്കാനുണ്ടായിരുന്നില്ല.

മൂന്നുദിവസം ഭക്ഷണം കിട്ടാതിരുന്നതിനു ശേഷം കിട്ടിയ റൊട്ടിക്കഷ്ണങ്ങളുടെ മധുരം അനുഭവിക്കുന്ന കാഴ്ചയും ആ ജീവിതത്തിൽ നിന്ന് വായിക്കാനുണ്ട്. അതും തൊട്ടുകൂട്ടാൻ ഒരു കറിയോ വിഭവമോ ഒപ്പമുണ്ടായിരുന്നില്ല. വെള്ളത്തിൽ നനച്ച് കറിയായി ഒപ്പം ചേർക്കാൻ വിനാഗിരി ഉണ്ടോ എന്ന് ചോദിച്ചു കൊണ്ടായിരുന്നു ആ സദ്യ മുന്നോട്ടുപോയത്.

വിഭവങ്ങൾ നിറഞ്ഞ ഭക്ഷണ തളിക കണ്ടപ്പോൾ ഭർത്താവ് കൂടിയായ തിരുനബിﷺയുടെ ജീവിത ലാളിത്യത്തെ ഓർത്തുകൊണ്ട് കരഞ്ഞ പ്രിയപ്പെട്ട ആഇശ(റ)യുടെ ചിത്രം ചരിത്രത്തിൽ നിന്ന് മാഞ്ഞു പോയിട്ടില്ല. അന്ന് അടർന്ന് വീണ ബാഷ്പകണങ്ങളെ എത്ര ഭാരത്തോടെയാണ് ചരിത്രം കരുതി വച്ചിരിക്കുന്നത്. അക്കാലത്ത് തിരുനബിﷺക്കൊപ്പം തളിക പങ്കിട്ടവർ പിൽക്കാലത്ത് സമൃദ്ധിയുടെ സുപ്രക്കടുത്തിരുന്നു കരയുന്ന ചിത്രവും പിടക്കുന്ന ഹൃദയത്തോടെയേ ഒപ്പിയെടുക്കാനും പകർന്നു കൊടുക്കാനും സാധിക്കൂ. വിളക്കു തെളിക്കാനുള്ള ഒലീവെണ്ണയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഞങ്ങൾ അന്ന് സമൃദ്ധമായി ഭക്ഷണത്തിൽ കൂട്ടിയേനെ എന്ന ഒരു പ്രയോഗം ഏതു ഹൃദയത്തോടെയാണ് വായിച്ചുപോകാനാവുന്നത്!

ഒൻപതു വീടുകളിലേക്ക് പങ്കുവെക്കാൻ ഒരു സാഅ് അഥവാ രണ്ടര കിലോ ധാന്യം മാത്രം ഉണ്ടായിരുന്ന ഒരു ജീവിതം ലോക ചക്രവർത്തിയുടെ കൊട്ടാരത്തിൽ കഴിഞ്ഞുപോയിട്ടുണ്ട്. അഥവാ മദീനയിലെ ഒരു രാത്രിയുടെ കഥയാണിത്. റൊട്ടിയോ മാംസമോ ഇല്ലാത്ത ഒരു വിവാഹ സദ്യയെക്കുറിച്ചും വേറെ എവിടെ നിന്നാണ് വായിക്കാനുണ്ടാവുക!

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Leave a Reply