തിരുസ്നേഹത്തിന്‍റെ ദാര്‍ശനിക തലങ്ങള്‍
ഒരാളെ നമ്മള്‍ ഇഷ്ടപ്പെടുമ്പോള്‍ നമ്മള്‍ നമ്മളെത്തെ അവരോടൊപ്പം അനുരൂപമാക്കുന്നു. നബി(സ്വ)യുടെ അനുചരന്മാര്‍ക്ക് പ്രവാചകരോടുള്ള പ്രണയം ശരിക്കും ഒരു ജീവിത വഴി തയൊയിരുന്നു..
പ്രണയത്തിന് തീര്‍ച്ചയായും വ്യത്യസ്ത തലങ്ങളുണ്ട്. അതില്‍ രാഷ്ട്രീയം വരെ ഉള്‍പ്പെടുന്നു. ബ്രിട്ടീഷ് തത്വജ്ഞാനിയായ എഫ്.എച് ബ്രാഡ് ലി പ്രണയത്തെ കുറിച്ച് പറഞ്ഞത് സ്വന്തത്തിന് അതീതമായുള്ള, അന്യനിരപേക്ഷാസ്ഥിത്വമുള്ള ഒരു അനുഭവം എന്നാണ്. അത് അമൂര്‍ത്തമെങ്കിലും യഥാര്‍ത്ഥമാണ്. ഒപ്പം അതല്ലാത്തതെല്ലാം കേവലം അപ്പിയറന്‍സുകള്‍ മാത്രമാവുന്നു. നമ്മുടെ ജീവിതം സമയ ബന്ധിതമായതിനാല്‍ ജീവിതത്തോടൊപ്പം സമയവും മാറിക്കൊണ്ടിരിക്കുന്നുണ്ട്. ഭൗതികാവസ്ഥയില്‍ നമുക്കൊരിക്കലും സമായാതീതമായി നിലകൊള്ളാനാവില്ല, എാല്‍ മാനസികാവസ്ഥയില്‍ കഴിയുന്നു. അങ്ങനെ മാനസികാവസ്ഥയില്‍ നമ്മള്‍ ഒരു നിമിഷത്തേക്കെങ്കിലും നിശ്ചലതയില്‍ നില്‍ക്കുമ്പോള്‍ നമ്മള്‍ എത്തിപ്പെടുക അന്യനിരപേക്ഷാസ്ഥിത്വത്തിലാണ്. അത് കൊണ്ട് തന്നെ, സമയത്തിന് അതീതമായി പ്രപഞ്ചത്തോട് അലിഞ്ഞ് ചേര്‍ന്ന് മാനസിക തലത്തില്‍ അനുഭവിക്കുന്ന സന്തോഷമായി പ്രണയത്തെ കണക്കാക്കാം. മൗലാനാ റൂമിയുടെ വാക്കുകള്‍ ശ്രദ്ധേയമാണ്. ‘ഇതാണ് പ്രണയം; ഒരു രഹസ്യ വിഹായുസ്സിലേക്ക് പറക്കുക. ഓരോ നിമിഷവും നൂറു കണക്കിന് ആവരണങ്ങള്‍ താഴേക്ക് പതിക്കട്ടെ. ആദ്യം ജീവിതത്തെ സ്വതന്ത്രമാക്കുക. അവസാനം, കാല്‍പാദങ്ങള്‍ ഇല്ലാതെ ചുവട് വെയ്ക്കുക’. പ്രവാചകരോടുള്ള പ്രണയത്തെ ഈ ഒരു തലത്തില്‍ നിന്നാണ് നമ്മള്‍ വായിച്ച് തുടങ്ങേണ്ടത്.
താത്വിക അവലോകനങ്ങളില്‍, പ്രണയത്തെ അതിന്‍റെ ആഴത്തിന്‍റെ (depth) അടിസ്ഥാനത്തില്‍ കേവലം ആകര്‍ഷണീയതക്കോ ഇഷ്ടത്തിനോ അപ്പുറം വിശദീകരിച്ച് കാണാം. സിംഗറും (singer) ബ്രൗണും (brown) കേവലം ഇഷ്ടത്തെ ആസക്തി മാത്രമായിട്ടാണ് മനസ്സിലാക്കിയത്. അവരുടെ അഭിപ്രായത്തില്‍ കേവലം ഇഷ്ടം അതിന്‍റെ ഒബ്ജെക്ടിന് നൈസര്‍ഗികമല്ല, മറിച്ച് യാന്ത്രികമായ ഒരു മൂല്യമാണ് നല്‍കുന്നത്. എന്നാല്‍ ശരിയായ പ്രണയം ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ അതൊരു ജീവിത വഴിയോ സ്വയം സമര്‍പ്പണമായോ മാറുന്നത് കാണാം. നുസ്ബാം Love and the Individual: Romantic Rightness and Platonic Aspiration എന്ന പ്രബന്ധത്തില്‍ ഇത് പറയുന്നുണ്ട്. ഒരാളെ നമ്മള്‍ ഇഷ്ടപ്പെടുമ്പോള്‍ നമ്മള്‍ നമ്മളെത്തന്നെ അവരോടൊപ്പം അനുരൂപമാക്കുന്നു. നബി(സ്വ)യുടെ അനുചരന്മാര്‍ക്ക് പ്രവാചകരോടുള്ള പ്രണയം ശരിക്കും ഒരു ജീവിത വഴി തന്നെയായിരുന്നു. ഒരിക്കല്‍ നബി(സ്വ) പറഞ്ഞു, ‘എനിക്കിഷ്ടം എന്‍റെ സഹോദരന്മാര്‍കൊപ്പം ആവാനാണ്’.ഇത് കേട്ട അനുചരന്മാര്‍ ചോദിച്ചു, ‘അപ്പോള്‍ ഞങ്ങള്‍ അങ്ങേക്ക് ഒപ്പമല്ലേ നബിയേ?’. നിങ്ങളും എന്‍റെ സഹോദരന്മാര്‍ ആണ് എന്ന് നബി(സ്വ) ഉടനെ അവര്‍ക്ക് മറുപടി നല്‍കി. . ഇവിടെ സ്വഹാബികള്‍ നബി തങ്ങളെ ഒരു ജീവിത വഴിയായി തിരഞ്ഞെടുക്കുയായിരുന്നു. മാത്രമല്ല, അവരുടെ സ്വന്തത്തെ നബി തങ്ങളോട് ചേര്‍ത്ത് ഐഡന്‍റിഫൈ ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഈ ഒരു പ്രണയം വയ്റ്റിംഗിന്‍റെ (whiting) അഭിപ്രായത്തില്‍ പ്രേയസിയുടെ താത്പര്യങ്ങളെക്കാള്‍ സ്വന്തത്തിന്‍റെ താത്പര്യങ്ങളെയാണ് ഉത്സാഹിപ്പിക്കുക. ഈ ഒരു ആശങ്ക പ്രവാചകാനുരാഗത്തിന്‍റെ വിഷയത്തില്‍ തീര്‍ത്തും അസ്ഥാനത്താണ്. കാരണം, അവിടെ പ്രാമുഖ്യം പ്രേയസിയുടെ താത്പര്യങ്ങള്‍ക്ക് മാത്രമാണ്.
പ്രണയത്തിന്‍റെ അടിസ്ഥാന തത്വങ്ങളില്‍ ഒന്നാണ് ഹൃദയങ്ങളുടെ ഏകീകരണം. ഹെഗല്‍, നോസിക്, സ്ക്രൂട്ടന്‍ , ഫിഷര്‍ തുടങ്ങിയവരൊക്കെ ഇതിനെ വ്യത്യസ്ഥ തലങ്ങളില്‍ നിന്ന് കൊണ്ട് നിരീക്ഷിച്ചിട്ടുണ്ട്.. നോസിക് Love’s Bond എന്ന പ്രബന്ധത്തില്‍ പറഞ്ഞത് പോലെ രണ്ട് ഹൃദയങ്ങളുടെ ഏകീകരത്തില്‍ ‘ഞങ്ങള്‍’ എന്ന പുതിയ സത്ത രൂപപ്പെടുന്നു. സ്വഹാബത്തും പ്രവാചകാനുരാഗത്തില്‍ ലയിച്ച് കവികളും പാടിയ പോലെ “ഫിദാക നഫ്സീ” എന്ന പദം ആത്യന്തികമായി പറയുന്നത് ഈ ഏകീകരണം ആണ്. . എന്നാല്‍ സോളമന്‍ The Philosophy of Love പുസ്തകത്തില്‍ പ്രണയത്തിന്‍റെ വിരോധാഭാസം ((The paradox of Love) ) എന്ന് വിശേഷിപ്പിച്ച സ്വയംഭരണത്തിനും (Autonomy) ഏകീകരണത്തിനും ഇടയിലുള്ള ആശങ്ക ഒരിക്കലും പ്രാവചകാനുരാഗത്തില്‍ സംഭവിക്കുന്നില്ല. . കാരണം ഇത് നേരത്തെ പറഞ്ഞത് പോലെ ഒരു ജീവിത വഴിയും പ്രവാചകരോടുള്ള സ്വയം സമര്‍പ്പണവുമാണ്. അതുകൊണ്ട് തന്നെ സ്വന്തത്തെ കുറിച്ചുള്ള ചിന്തകള്‍ക്ക് ഒരിക്കലും സ്ഥാനമില്ല.പ്രണയം വൈകാരികമായത് കൊണ്ട് അതിനെ വാക്കുകളില്‍ ആവിഷ്ക്കരിച്ചാല്‍ അത് ഒരിക്കലും പൂര്‍ണ്ണമാവില്ലെന്നത് വസ്തുതയാണ്. പക്ഷെ ആ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് തന്നെ, അത് ഭാഷയുടെയും പ്രണയത്തിന്‍റെയും തത്വശാസ്ത്രത്തെ ഉദ്ദീപിപ്പിക്കും. കാരണം,പ്രണയാവിഷ്കാരം ഏറ്റവും പ്രകടം ഭാഷയിലാണെന്നിരിക്കെ, പ്രണയത്തിന്‍റെ വിജ്ഞാനശാസ്ത്രം (epistemology) മനോവൈകാരികതയുടെ തത്വങ്ങളോടും ഭാഷയുടെ തത്വശാസ്ത്രത്തോടും വളരെ അധികം കടപ്പെട്ടിരിക്കുന്നു. ഇമാം ബൂസൂരി(റ)വിന്‍റെ വാക്കുകളില്‍ കൂടിയുള്ള പ്രണയാവിഷ്ക്കാരം നോക്കാം.
‘ഞാനാരെ സ്നേഹിക്കുന്നുവോ ആ ആത്മാവിന്‍റെ സ്വരൂപം രാത്രിയിലെന്നെ സമീപിക്കുകയും എന്‍റെ ഉറക്കം കെടുത്തുകയും ചെയ്യുന്നു. പ്രേമം നോവ് കൊണ്ട് ആനന്ദങ്ങളെ തടയിടുക തന്നെ ചെയ്യും’.
ഇമാം ബൂസ്വൂരി(റ) എത്ര മനോഹരമായിട്ടാണ് ഈ വരികളിലൂടെ പ്രണയാവിഷ്കാരം നടത്തിയിരിക്കുന്നത്. സത്യത്തില്‍ ഇവിടെ പ്രേയസിയുടെ മുമ്പില്‍ പ്രണയിതാവ് നിഷ്ക്രിയനാവുകയാണ്. ഫ്രാങ്ക്ഫുര്‍ട്, വൈററ് തുടങ്ങിയവരുടെ അഭിപ്രായത്തില്‍ പ്രണയം ഒരിക്കലും സാഹചര്യം കൊണ്ടോ, ധാരണകളുടെ പുറത്തോ ജനിക്കുന്നതല്ല, മറിച്ച് അത് പൂര്‍ണ്ണമായും ഇച്ഛശക്തിപൂര്‍വമാണ് (volitional). ഫ്രാങ്ക്ഫുര്‍ട് Necessity, Volition, and Love എന്ന കൃതിയില്‍ ഇത് വ്യക്തമായി വിശദീകരിക്കുന്നുണ്ട്. എന്നാല്‍ പ്രവാചകാനുരാഗികളെ സംബന്ധിച്ചിടത്തോളം അത് അവരുടെ വിശ്വാസത്തിന്‍റെ ഭാഗം കൂടിയാണ്.
അത് പ്രണയത്തിന്‍റെ വ്യാപ്തി കുറക്കുന്നുമില്ല. ഇമാം ബൂസ്വൂരിയുടെ വരികള്‍ ഇത് അടിവരയിടുന്നുണ്ട്.
‘അനുരാഗം ഉണ്ടായിരുന്നില്ലെങ്കില്‍ പ്രവാചക ഭവനത്തിന്‍റെ നഷ്ടാവശിഷ്ടങ്ങള്‍ ഓര്‍ത്ത് നീ കണ്ണുനീര്‍ വാര്‍ക്കുമായിരുന്നില്ല. ബാന്‍ എന്ന സുഗന്ധച്ചെടിയെയോ പര്‍വതത്തെയോ കുറിച്ചുള്ള നിന്‍റെ ഓര്‍മ നിന്‍റെ സുഖനിദ്രയെ അപഹരിക്കുകയും ചെയ്യുമായിരുന്നില്ല.
ഹൃദയവേദന, കണ്ണുനീര്‍ എന്നീ രണ്ട് നീതിമാന്‍മാരായ സാക്ഷികള്‍ നിനക്കെതിരെ സാക്ഷ്യം വഹിച്ചിരിക്കെ നിനക്കെങ്ങനെ നിന്‍റെ അനുരാഗത്തെ നിഷേധിക്കാനാവും?’
സിംഗറിന്‍റെ അഭിപ്രായത്തില്‍ പ്രണയം എന്നത് കൃത്യമായ ലക്ഷ്യം ഇല്ലാത്ത മനസ്ഥിതി ആണ് . അത് കൊണ്ട് തന്നെ പ്രണയം പ്രയോജനവാദപരമല്ലെന്ന് അദ്ദേഹം പറയുന്നു(The Nature of Love). എന്നാല്‍, കൃത്യമായ ആത്മീയലക്ഷ്യങ്ങള്‍ ഉള്ളതിനാല്‍ പ്രവാചകാനുരാഗത്തിന്‍റെ വിഷയത്തില്‍ ഈ കാഴ്ചപ്പാട് ഒരിക്കലും യോജിക്കുന്നില്ല. കാരണം ഒരു വിശ്വാസിയുടെ വിശ്വാസത്തിന്‍റെ പൂര്‍ത്തീകരണത്തിന് അത് അഭിവാജ്യമാണ്. നിങ്ങള്‍ മറ്റാരേക്കാളും എന്നെ സ്നേഹിക്കുന്നത് വരെ നിങ്ങളുടെ വിശ്വാസം പൂര്‍ണ്ണമാവില്ലെന്ന പ്രവാചകവചനം ദ്യോതിപ്പിക്കുന്നത് അതിന്‍റെ ആത്മീയ ലക്ഷ്യങ്ങളെയാണ്. അതുകൊണ്ട് തന്നെ ആത്മീയമായി അത് പ്രയോജനവാദപരമാവുന്നു (Teleological). .പ്രണയത്തിന്‍റെ മൂല്യം എന്താണ്, അതില്‍ നിന്ന് ലഭിക്കുന്നത് എന്താണ് തുടങ്ങിയ ചോദ്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള തത്വശാസ്ത്ര വിശകലനങ്ങള്‍ ഇവിടെ വളരെ പ്രസക്തമാണ്. അരിസ്റ്റോട്ടിലിയന്‍ വീക്ഷണങ്ങള്‍ അനുസരിച്ച് സ്വന്തത്തെ കുറിച്ച് മനസ്സിലാക്കുവാന്‍ പ്രണയം അനിവാര്യമാവുന്നു. സ്വന്തം വ്യക്തിത്വം മനസ്സിലാക്കാന്‍ പ്രേയസി ഒരു ദര്‍പ്പണമായി അനുവര്‍ത്തിക്കുന്നു, കാരണം,ഒറ്റപ്പെട്ട നില്‍ക്കുന്ന വ്യക്തിത്വം അപൂര്‍ണ്ണവും, പക്ഷപാതപൂര്‍്ണവുമാണ്. LaFollette പറയുന്നത് വ്യക്തിപരമായ ക്ഷേമത്തിനും വികസനത്തിനും പ്രണയം പലപ്പോഴും ഉപകാരപ്രദമാവുന്നുവെന്നാണ്.(Personal Relationships: Love, Identity, and Morality).സോളമന്‍ About Love: Reinventing Romance of Our Times എന്ന കൃതിയിലും ഇതിനെ വ്യക്തമായി അപഗ്രഥഹിക്കുന്നുണ്ട്. അപ്പോള്‍, പ്രവാചകാനുരാഗത്തില്‍ ഇതുമൊക്കെ വിഷയീഭവിക്കുന്നുവെന്ന് വേണം അനുമാനിക്കേണ്ടത്. ഈ ഒരു പശ്ചാത്തലത്തില്‍ എന്നെ സ്നേഹിച്ചവന്‍ എന്‍റെ കൂടെ സ്വര്‍ഗത്തില്‍ ആണ് എന്ന പ്രവാചകപാഠം ഇതും അര്‍ത്ഥമാക്കുന്നുണ്ട്. പ്രവാചകാനുരാഗികള്‍ മാനസികത്തളത്തില്‍ കാലത്തിന് അതീതമായി നിശ്ചലത കൈവരിച്ചവരാണ്. അതുകൊണ്ട് തന്നെ അവരുടെ ചിന്തകളില്‍ സ്നേഹം തളം കെട്ടി നില്‍ക്കും. പ്രപഞ്ചത്തെ തന്നെ അല്ലാഹു സൃഷ്ടിച്ചത് പ്രവാചകരുടെ പ്രകാശത്തില്‍ നിന്നാണെന്ന ചിന്ത അവരുടെ ഹൃദയതാളങ്ങളില്‍ സദാ മിടിച്ചുകൊണ്ടിരിക്കും. അവര്‍ കാണുന്നതിലെല്ലാം പ്രവാചക സ്നേഹം തുളുമ്പി നില്‍ക്കും. മൗലാനാ റൂമിയുടെ വരികള്‍ ഇതാണ് ദ്യോതിപ്പിക്കുന്നത്.
Suddenly, there grew a “branch of candy.”
(And) suddenly, there bubbled such a Water of (Eternal) Life.
Suddenly, there flowed alms (to the poor) from the king.
Swallallahu alaihi Vasallam!
മിദ് ലാജ് ജൗഹരി പാലക്കല്‍
Leave a Reply