കിതാബുശിഫാ

Admin November 11, 2018 1 Comment

കിതാബുശിഫാ

സ്നേഹം സാര്‍ത്ഥകമാക്കിയ രചന

(ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി കൊല്ലം)

പ്രവാചക ജീവിതത്തിന്‍റെ സര്‍വ്വ തലങ്ങളെയും സരളമായ രീതിയില്‍ അവതരിപ്പിക്കുന്ന വിശ്വപ്രസിദ്ധ ഗ്രന്ഥമാണ് പന്ത്രണ്ടാം നൂറ്റാണ്ടില്‍ വിരചിതമായ കിതാബുശിഫാ ബി തഅ്രീഫി ഹുഖൂഖില്‍ മുസ്ത്വഫാ. മാലികി മദ്ഹബുകാരനായ ഖാളി ഇയാള്(റ)വിന്‍റെ വൈജ്ഞാനിക പ്രതിഭാത്വവും പ്രകാശന പാടവവും പ്രകടമാക്കുന്ന ഈ കൃതി അദ്ദേഹത്തെ ലോകപ്രശസ്തനാക്കി. അന്ധമായ സ്നേഹം രോഗമാണ്, സ്നേഹിതനെ അടുത്തറിയുമ്പോഴേ സ്നേഹം അര്‍ത്ഥവത്താവുകയുള്ളൂ എന്ന സന്ദേശമാണ് ഗ്രന്ഥത്തിന്‍റെ തലവാചകം നല്‍കുന്നത്.
രണ്ടു വാള്യങ്ങളിലായി നാലു ഭാഗങ്ങളാണുള്ളത്. ദീര്‍ഘമായ ഒന്നാം ഭാഗത്ത് സ്രഷ്ടാവ് ആരമ്പറസൂല്‍(സ്വ)ക്ക് നല്‍കിയ ആദരവിന്‍റെ വ്യത്യസ്ത ഭാവങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. തിരുജീവിതത്തിലെ ഖുര്‍ആനുള്‍പ്പെടെയുള്ള അമാനുഷിക സംഭവങ്ങള്‍, നബി(സ്വ)യുടെ ശ്രേഷ്ഠത മനസ്സിലാക്കിയ ചേതനാചേതന വസ്തുക്കള്‍, അവയുടെ സ്നേഹപ്രകടനങ്ങള്‍ , അന്ത്യനാളില്‍ നബി(സ്വ)ക്ക് ലഭിക്കുന്ന പ്രത്യേക പദവി തുടങ്ങിയ പ്രധാന വിഷയങ്ങള്‍ ഈ ഭാഗത്ത് വിവിധ അദ്ധ്യായങ്ങളിലായി വിശദീകരിക്കുന്നുണ്ട്. സൃഷ്ടികള്‍ക്കു പ്രവാചകരോടുള്ള ബാധ്യതകളാണ് രണ്ടാം ഭാഗത്തെ ചര്‍ച്ചാ വിഷയം. നബി(സ്വ)യിലുള്ള വിശ്വാസം, പ്രവാചക സ്നേഹം, അതിന്‍റെ അടയാളങ്ങള്‍, മുന്‍ഗാമികളുടെ മാതൃക, തിരുറസൂലിന്‍റെ അനുചരരായ സ്വഹാബികളെയും അഹ്ലുബൈതിനെയും ആദരിക്കേണ്ടതിന്‍റെ ആവശ്യകത, സ്വലാത്തിന്‍റെ ശ്രേഷ്ഠത, മസ്ജിദ്ദുന്നബവി, റൗളാ ശരീഫ്, സിയാറത്ത് തുടങ്ങിയവയുമായി ബന്ധപ്പെട്ട പ്രതിപാദനങ്ങളാണ് ഈ ഭാഗത്തു കടന്നു വരുന്നത്. റസൂല്‍(സ്വ)ക്ക് അസംഭവ്യമായ കാര്യങ്ങളാണ് മൂന്നാം ഭാഗത്ത് വിവരിക്കുന്നത്. പാപസുരക്ഷിതത്വം അതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്കു മറുപടി, പ്രവാചകരുടെ ജ്ഞാനം, സന്ദേഹം, മറവി തുടങ്ങിയ സുപ്രധാന കാര്യങ്ങളാണ് ഈ ഭാഗത്ത് ചര്‍ച്ച ചെയ്യപ്പെടുന്നത്. നാലാം ഭാഗത്ത് പ്രവാചക നിന്ദകരോടും അഹ്ലുബൈത്തിനെ അവഗണിക്കുന്നവരോടുമുള്ള സമീപനം എങ്ങനെയാവണമെന്നും പരാമര്‍ശിക്കപ്പെടുന്നു.
ഖുര്‍ആന്‍, ഹദീസ്, ഇജ്മാഅ്, പൂര്‍വ്വികരുടെ വചനങ്ങള്‍ തുടങ്ങിയ പ്രധാന പ്രമാണങ്ങളുടെ വെളിച്ചത്തിലാണ് ഗ്രന്ഥകാരന്‍ ഓരോ അദ്ധ്യായവും സമര്‍ത്ഥിക്കുന്നത്. പൂര്‍ണ്ണ സനദോടു കൂടി ഗ്രന്ഥകര്‍ത്താവിനു ലഭിച്ച ധാരാളം ഹദീസുകളും അക്കൂട്ടത്തിലുണ്ട്. ഖുര്‍ആന്‍-ഹദീസ് എന്നിവക്കു പുറമെ പ്രവാചക ചരിത്ര കൃതികളിലെ പരാമര്‍ശിത സംഭവങ്ങള്‍ ഉദ്ധരിച്ച് വിമര്‍ശകര്‍ മുന്നോട്ടു വെക്കാറുള്ള ചോദ്യങ്ങള്‍ക്കു പോലും വസ്തുനിഷ്ഠമായി മറുപടികള്‍ നല്‍കിയിട്ടുണ്ട്. മദ്ഹബുകളിലെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ചര്‍ച്ചയാകുന്ന ചിലയിടങ്ങളില്‍ മാലികി മദ്ഹബിനെ പിന്തുണക്കുന്ന രീതിയിലാണ് സമര്‍ത്ഥിച്ചിട്ടുള്ളത്. കിതാബുശിഫാക്ക് ധാരാളം വിശദീകരണ കൃതികള്‍ രചിക്കപ്പെട്ടിട്ടുണ്ടെങ്കിലും പതിനാറാം നൂറ്റാണ്ടുകാരനായ ശിഹാബുദ്ദീന്‍ അല്‍ഖഫാജി എന്ന ഹനഫീ പണ്ഡിതന്‍ രചിച്ച നസീമുരിയാളാണ് ഏറ്റവും പ്രശസ്തമായ ഗ്രന്ഥം.
അവതരണത്തിലെ ആകര്‍ഷണീയതക്കു പുറമെ ചര്‍ച്ച ചെയ്യുന്ന പ്രമേയത്തിന്‍റെ മഹത്വം കൊണ്ടും ഏറെ ബറക്കത്തുള്ള ഗ്രന്ഥം കൂടിയാണ് കിതാബുശ്ശിഫാ. ചില അനുഭവ സാക്ഷ്യങ്ങള്‍ ഇബ്നുല്‍ മുഖ്രി തന്‍റെ ദീവാനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കപ്പല്‍ യാത്രികര്‍ സംരക്ഷണമെന്നനിലയില്‍ ഈ ശ്രേഷ്ഠ ഗ്രന്ഥം സൂക്ഷിക്കാറുണ്ടായിരുന്നുവത്രെ. രോഗിയായ വ്യക്തി ശിഫാ പാരായണം ചെയ്യുകയോ സമീപത്തിരുത്തി മറ്റുള്ളവര്‍ പാരായണം ചെയ്ത് കൊടുക്കുകയോ ചെയ്താല്‍ ശമനം ലഭിക്കാറുമുണ്ടായിരുന്നു. ളഈഫായ ചില ഹദീസുകള്‍ ശിഫായിലുണ്ടെന്ന് ആരോപിച്ചവര്‍ പോലും ഗ്രന്ഥത്തിന്‍റെ മഹത്വവും ഗ്രന്ഥകര്‍ത്താവിന്‍റെ പാടവവും നിസ്തര്‍ക്കം അംഗീകരിക്കുന്നുണ്ട്.

ഇയാള് ബിന്‍ മൂസാ(റ)
ക്രി.1083/ ഹി.476 ശഅ്ബാന്‍ 15ന് മൊറോക്കോയിലെ ഒരു തീരപ്രദേശമായ സബ്തയിലാണ് ശിഫായുടെ ഗ്രന്ഥകര്‍ത്താവായ ഇയാള് ബിന്‍ മൂസാ(റ)വിന്‍റെ ജനനം. സഹപാഠികളും സുഹൃത്തുക്കളും സ്നേഹത്തോടെ അബുല്‍ഫള്ല്‍ എന്ന് വിളിച്ചു. ഖാളി ഇയാള് ബിന്‍ മൂസ അല്‍ യഹ്സ്വബി എന്നാണ് പൂര്‍ണ്ണനാമം. യമനില്‍ നിന്ന് മൊറോക്കോയിലേക്ക് കുടിയേറിയവരാണ് മഹാന്‍റെ പൂര്‍വ്വികര്‍. ജډദേശമായ സബ്ത ജ്ഞാനികളെക്കൊണ്ട് സമ്പന്നമായിരുന്നു. തദ്ദേശീയരും വിദേശികളും അവിടെ ഒത്തുകൂടുകയും ആത്മീയ സംഗമങ്ങളും പഠന വേദികളും സംഘടിപ്പിക്കുകയും ചെയ്തു. ഇതെല്ലാമാണ് ബാലനായ ഇയാളിന്‍റെ ജീവിതത്തെയും രൂപപ്പെടുത്തിയത്. കൊച്ചു കുട്ടിയായിരിക്കുമ്പോള്‍ തന്നെ വിശുദ്ധ ഖുര്‍ആന്‍ മനപാഠമാക്കി. പണ്ഡിത സദസ്സുകള്‍ കാണാനും ചര്‍ച്ചകള്‍ കേള്‍ക്കാനും അവസരം കണ്ടെത്തുകയും ചെയ്തു. അല്‍ഹാഫിള് അബൂഅലിയ്യില്‍ ഗസ്സാനിയില്‍ നിന്നാണ് ഇയാള്(റ) പ്രാഥമിക പഠനം പൂര്‍ത്തിയാക്കിയത്. ശേഷം ഉപരിപഠനത്തിനു വേണ്ടി ഇസ്ലാമിക് സ്പെയിനിലേക്കു പോയി. ഇബ്നു ഹംദീന്‍, അബൂബക്കര്‍ ബിന്‍ അല്‍അറബി(റ) എന്നിവരില്‍ നിന്നും വിദ്യ നേടി. ഹദീസ് പണ്ഡിതനായ അബൂഅലിയ്യസ്സ്വദഫി(റ)വില്‍ നിന്നാണ് ബുഖാരിയും മുസ്ലിമും പഠിച്ചത്. ശേഷം സ്പെയിനിലെ ധാരാളം പര്‍ണ്ണശാലകളിലും പഠനകേന്ദ്രങ്ങളിലും പര്യടനം നടത്തി. നൂറോളം പണ്ഡിതډാരില്‍ നിന്ന് പഠിക്കുകയോ ഇജാസത്ത് സ്വന്തമാക്കുകയോ ചെയ്തിട്ടുണ്ട്. മാലികി മദ്ഹബുകാരനായ ഖാളി ഇയാള്(റ)വിന്‍റെ പ്രധാന കര്‍മ്മശാസ്ത്ര ഗുരുക്കള്‍ അബൂഅബ്ദില്ല മുഹമ്മദ് അത്തമീമി, അല്‍ഖാളി മുഹമ്മദ് ബിന്‍ അബ്ദില്ല(റ) എന്നിവരാണ്. പഠന ശേഷം സ്വദേശമായ സബ്തയില്‍ ജഡ്ജി (ഖാളി)യായി നിയമിക്കപ്പെട്ടു. പതിനാറു വര്‍ഷത്തെ സേവനത്തിനു ശേഷം ഇസ്ലാമിക് സ്പെയിനിന്‍റെ ഭാഗമായിരുന്ന ഗ്രാനഡയിലേക്കു മാറി. എണ്ണപ്പെട്ട വര്‍ഷങ്ങള്‍ അവിടെയും തന്‍റെ സേവനം തുടര്‍ന്നു. ശേഷം സബ്തയിലേക്കു തന്നെ തിരിച്ചു വന്നു. ഇതിനിടയില്‍ കര്‍മ്മ ശാസ്ത്ര സംവാദങ്ങള്‍, ആത്മീയ വേദികള്‍ ഇതിനെല്ലാം കാര്‍മ്മികത്വം വഹിക്കാനും സമയം കണ്ടെത്തി.
അഞ്ചാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ മൊറോക്കോ ഭരിച്ചിരുന്ന മുറാബിതൂന്‍ ഭരണാധികള്‍ ശരീഅത്തിനെ പ്രോത്സാഹിപ്പിക്കുന്നവരും മാലികി മദ്ഹബിന് മുന്‍ഗണന നല്‍കുന്നവരുമായിരുന്നു. ഇയാള്(റ)വിന്‍റെ കര്‍മ്മശാസ്ത്ര ചിന്തകള്‍ക്ക് ഇത് ആക്കം കൂട്ടി.

ഇസ്ലാമിക നിയമ വ്യവസ്ഥകളോട് പൊരുത്തപ്പെടാത്ത നടപടികളില്‍ നിന്ന് അകലം പാലിക്കാനും ആവശ്യമെങ്കില്‍ ചൂണ്ടിക്കാണിക്കാനും ഭരണാധികാരികളോടുള്ള ബന്ധം മഹാനു തടസ്സമായിരുന്നില്ല. ഗ്രാനഡയില്‍ ജഡ്ജിയായിരിക്കെ നടത്തിയ ചില വിധിതീര്‍പ്പുകള്‍ മുറാബിതൂന്‍ ഭരണാധികാരിയായ താശഫീന്‍ ബിന്‍ അലിയുടെ ആളുകള്‍ക്കു പ്രയാസം സൃഷ്ടിച്ചതാണ് അവിടത്തെ ജഡ്ജി സ്ഥാനം തന്നെ നഷ്ടമാകാന്‍ കാരണം.
മുറാബിതീങ്ങള്‍ക്കു ശേഷം മൊറോക്കോ ഭരിച്ചത് മുവഹിദീങ്ങളാണ്. ഇബ്നുതൂമര്‍ത്ത് എന്ന പേരില്‍ അറിയപ്പെട്ട മുഹമ്മദ് ബിന്‍ അബ്ദില്ലയാണ് ഇതിന്‍റെ സ്ഥാപകന്‍. മഹ്ദിയാണെന്നു വാദിച്ച അദ്ദേഹം തന്നെ അംഗീകരിക്കാത്തവരെ സത്യനിഷേധികളായി മുദ്രകുത്തി. തന്‍റെ അനുയായികളെ മുവഹിദീങ്ങള്‍ എന്നു വിശേഷിപ്പിക്കുകയും അവര്‍ക്കു മാത്രമേ ശരിയായ വിശ്വാസമുള്ളൂ എന്നു പ്രസ്താവിക്കുകയും ചെയ്തു. ഹി.515 ല്‍ അധികാരമേറ്റ അദ്ദേഹം കര്‍മ്മശാസ്ത്ര സരണികളെ നഖശിഖാന്തം എതിര്‍ത്തു. പണ്ഡിതരെ ആക്രമിച്ചു ചിലരെ വധിച്ചു കളഞ്ഞു. അതുവഴി പൊതു മണ്ഡലങ്ങളില്‍ നിന്നും രാഷ്ട്രീയ വേദികളില്‍ നിന്നും അകലാന്‍ ഖാളി ഇയാള്(റ) നിര്‍ബന്ധിതനായി. തിരുനബി(സ്വ)യെയും സ്വഹാബത്തിനെയും ഏറെ സ്നേഹിച്ച ഇയാള്(റ)വിനു പക്ഷേ, പൗരസ്ത്യ ദേശങ്ങള്‍ സന്ദര്‍ശിക്കാനോ മക്ക-മദീനയടക്കമുള്ള പുണ്യസ്ഥലങ്ങളില്‍ വരാനോ കഴിയാതെ പോയത് മുവഹിദീങ്ങളുടെ എതിര്‍പ്പു കൊണ്ടാകാമെന്ന് ചരിത്രകാരډാര്‍ നിരീക്ഷിക്കുന്നു.

മുവഹിദീങ്ങള്‍ അധികാരത്തില്‍ വന്നപ്പോള്‍ സബ്തയില്‍ നിന്നും സ്ഥലം മാറ്റി ഒരു ചെറിയ പ്രദേശത്തിന്‍റെ ഖാളിയായി നിശ്ചയിച്ച് മഹാനെ അവമതിച്ചു. തുടര്‍ന്നും അവരില്‍ നിന്ന് പല പ്രയാസങ്ങളും നേരിടേണ്ടി വന്നു. ഒടുവില്‍ ഹി. 544 ല്‍ ജമാദുല്‍ ആഖിര്‍ ഏഴ്, വെള്ളിയാഴ്ച ദിവസം ഇയാള്(റ) എന്ന ജ്ഞാനദീപം അണഞ്ഞു. മൊറോക്കോയിലെ മറാകുശില്‍ മറമാടുകയും ചെയ്തു. മുവഹിദീങ്ങള്‍ മഹാനെ വിഷം കൊടുത്ത് കൊന്നതാണെന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതډാരുണ്ട്. ഇതിനു ഉപോത്ബലകമായ ധാരാളം സൂചനകളും മഹാന്‍റെ ജീവചരിത്രത്തില്‍ വായിക്കാനാകും

1 Comment

  • Mr.Shafeeq
    November 16, 2018

    Alhamdulillah good article.
    Please upload more…

    Reply

Leave a Reply