weet 88/365
എത്യോപ്യയിലെത്തിയ മുസ്‌ലിംകളെ നേഗസ് ചക്രവർത്തി സ്വീകരിച്ചു. ഉമറി (റ)ന്റെയും ഹംസ (റ)യുടെയും ഇസ്‌ലാം സ്വീകരണം വിശ്വാസികൾക്ക് കരുത്ത് നൽകി. ഗോത്രങ്ങളിലേക്ക് ഇസ്‌ലാം വ്യാപിക്കാൻ തുടങ്ങി. നാൾക്കുനാൾ ഇസ്‌ലാം പുതിയ തീരങ്ങൾ തേടുന്നു. ഇതെല്ലാം കണ്ട് ഇളകിവശായ ഖുറൈശികൾ പുതിയ തന്ത്രങ്ങൾ മെനയാൻ തുടങ്ങി. പ്രവാചകﷺനെ വധിച്ചു കളയാം എന്ന അഭിപ്രായം മുന്നോട്ടു വച്ചു. ഖുറൈശികൾക്ക് പുറമെ നിന്ന് ഒരാളെക്കൊണ്ട് ഈ കൃത്യം നിർവഹിപ്പിക്കാമെന്നും അതു വഴി ആഭ്യന്തര പ്രശ്നങ്ങൾ ഒഴിവാക്കാമെന്നും അവർ ചർച്ച ചെയ്തു. എന്നാൽ ബനൂ ഹാഷിം, ബനുൽ മുത്വലിബ് എന്നീ കുടുംബങ്ങൾ ഈ അഭിപ്രായത്തെ എതിർത്തു.
വധിച്ചുകളയാനുള്ള തീരുമാനം നടക്കാതെ വന്നപ്പോൾ ഇനി ഉപരോധിക്കാം എന്ന അഭിപ്രായത്തിലേക്ക് ഖുറൈശികളെത്തി. അതിനാവശ്യമായ ഒരുപരോധക്കരാർ അവർ തയ്യാറാക്കി. ബനൂഹാഷിം, ബനുൽ മുത്വലിബ് കുടുംബങ്ങളുമായി മറ്റുള്ളവർ പൂർണമായും നിസ്സഹകരണം പ്രഖ്യാപിക്കുന്നു. അവരിൽ നിന്ന് വിവാഹബന്ധങ്ങൾ സ്വീകരിക്കാനോ ഉണ്ടാക്കാനോ പാടില്ല. സാധനങ്ങൾ വാങ്ങാനോ വിൽക്കാനോ പാടില്ല. അവരോട് അനുകമ്പ കാണിക്കുകയോ യാതൊരു വിധ ഉടമ്പടികളിൽ ഏർപ്പെടുകയോ അരുത്. പ്രവാചകരെﷺ വധിക്കാൻ വിട്ടു തരുന്നത് വരെ ഈ ഉപരോധം തുടരും. ഇതായിരുന്നു അവരുടെ നിസ്സഹകരണ ഉടമ്പടി. ഇത് രേഖപ്പെടുത്തി കഅ്ബയുടെ അകത്തളത്തിൽ സൂക്ഷിച്ചു. ഈ കരാർ എഴുതി ഉണ്ടാക്കിയത് ആരാണെന്നതിൽ അഭിപ്രായാന്തരങ്ങളുണ്ട്. മൻസൂർ ബിൻ ഇകിരിമ:, നളറ് ബിൻഹാരിസ്, ബുഗൈള് ബിൻ ആമിർ, ഹിഷാം ബിൻ അംറ് എന്നിവരുടെ പേരുകളാണ് വ്യത്യസ്ത ചരിത്രകാരന്മാർ ഉദ്ധരിച്ചത്. കരാറെഴുതിയ ആളുടെ ചില വിരലുകൾ തളർന്നു പോയതായും പരാമർശമുണ്ട്.
തുടർന്ന് ബനൂഹാഷിം, ബനുൽ മുത്വലിബ് കുടുംബക്കാർ ഒന്നാകെ ശിഅബ് അബീത്വാലിബ് അഥവാ, അബൂത്വാലിബിന്റെ താഴ്‌വരയിൽ ഒറ്റപ്പെട്ടു. വിശ്വാസികളും കുടുംബക്കാരായ അവിശ്വാസികളും ഏറെ ദുരിതത്തിലായി. ഒളിച്ചും പാത്തും എത്തുന്ന അൽപ്പം ഭക്ഷണത്തിൽ അവർ തൃപ്തിപ്പെടേണ്ടി വന്നു. അതും എത്താതെയായാൽ മുഴുപ്പട്ടിണിയിലായി. താഴ്‌വരയിലെ ഇലയും കായും കഴിച്ച് വായകൾ മുറിവായി. ആടുകൾ വിസർജികുന്നത് പോലെയായി അവരുടേതും.
ഉപരോധം ശക്തമായിത്തന്നെ നിലനിർത്താൻ ഖുറൈശികൾ സദാ ശ്രദ്ധിച്ചു. ഏതെങ്കിലും വഴിയിൽ ഭക്ഷണമോ വിഭവങ്ങളോ താഴ്‌വരയിലെത്താതിരിക്കാൻ അവർ നിരീക്ഷിച്ചു കൊണ്ടിരുന്നു. ഹകീം ബിൻ ഹിസാം അമ്മായി ഖദീജ (റ)യ്ക്ക് വേണ്ടി കൊണ്ടു പോയ ധാന്യം വഴിയിൽവച്ച് അബൂജഹൽ തടഞ്ഞു. ഭക്ഷണം എത്തിച്ചു കൊടുക്കുന്ന പക്ഷം പരസ്യമായി മാനംകെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ശ്രദ്ധയിൽപ്പെട്ട അബുൽ ബക്തരി പറഞ്ഞു, “അയാളെ അയാളുടെ വഴിക്ക് വിടൂ. അയാളുടെ അമ്മായിക്ക് ഭക്ഷണവുമായിട്ട് പോവുകയല്ലേ?” പക്ഷേ, അബൂജഹൽ അത് കൂട്ടാക്കിയില്ല. അവർ തമ്മിൽ വാക്കേറ്റമായി. അവസാനം ഒട്ടകത്തിന്റെ താടിയെല്ലെടുത്ത് അബൂജഹലിനെ അടിച്ചു മുറിവേൽപ്പിച്ചു, ചവിട്ടി മർദിച്ചു. ഈ വിവരം മുഹമ്മദ് നബിﷺ അറിയുന്നത് ഖുറൈശികൾക്ക് ഏറെ മാനക്കേടായിരുന്നു. എന്നാൽ ഇത് ഹംസ (റ) കണ്ടുകൊണ്ട് നിൽക്കുന്നുണ്ടായിരുന്നു.
ബനൂഹാഷിം കുടുംബക്കാരനായ അബൂലഹബും ആദ്യഘട്ടത്തിൽ താഴ്‌വരയിൽ ഉണ്ടായിരുന്നു. എന്നാൽ വൈകാതെ അയാൾ ശത്രുക്കളോടൊപ്പം ചേർന്നു. പരസ്യമായി അവർക്ക് പിന്തുണ പ്രഖ്യാപിച്ചു. മുസ്‌ലിംകൾക്കെതിരെ തിരിഞ്ഞു. അങ്ങനെയിരിക്കെ, ഉത്ബയുടെ മകൾ ഹിന്ദിനെ കണ്ടുമുട്ടി. അവളോട് പറഞ്ഞു. “ലാത്തയേയും ഉസ്സയേയും നാം സഹായിക്കണ്ടേ? അതുകൊണ്ട് അവരെ ഒഴിവാക്കിയവരെ നമ്മളും ഒഴിവാക്കി.
മൂന്നു വർഷം ഈ ഉപരോധം തുടർന്നു. ഈ കാലയളവിലെല്ലാം അബൂത്വാലിബ് നബിﷺക്ക് ഒരു രക്ഷാകർത്താവായിത്തന്നെ നിലനിന്നു. എല്ലാ രാത്രിയിലും നബിﷺ ഉറങ്ങാൻ കിടക്കുന്ന സ്ഥലത്ത് ചെല്ലും. അദ്ദേഹത്തിന്റെ മക്കളിൽ ഒരാളെ അവിടെക്കിടത്തും. നബി ﷺ യെ സ്ഥലം മാറ്റി മാറ്റിക്കിടത്തും. ഇങ്ങനെ ഏത് വിധത്തിലും ശത്രുക്കൾക്കു വിട്ടുകൊടുക്കാതെ സംരക്ഷിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ🌹
(തുടരും)✍️
Dr. മുഹമ്മദ് ഫാറൂഖ് നഈമി അൽബുഖാരി
#Muthunabi (S)🌹
#MahabbaCampaign
#FarooqNaeemi
#TaybaCenter
#Tweet88
Leave a Reply