The biography of Prophet Muhammad – Tweets 1000 – 1050

Admin March 19, 2025 No Comments

The biography of Prophet Muhammad – Tweets 1000 – 1050

 

Tweet 1001

തിരുനബിﷺ കടന്നുപോയ വഴികളും സാന്നിധ്യമറിയിച്ച ഇടങ്ങളും ഓരോ സന്ദർഭങ്ങളിലെയും സ്ഥലത്തെയും സമീപനങ്ങളും തിരുജീവിതത്തിന്റെ ദിനരാത്രങ്ങൾ വായിക്കുമ്പോൾ നാം പരിചയപ്പെട്ടു കൊണ്ടിരിക്കുകയാണ്. അവിടുന്ന് പള്ളിയിൽ പ്രവേശിക്കുമ്പോഴും പള്ളിയിൽനിന്ന് പുറത്തുവരുമ്പോഴും എങ്ങനെയൊക്കെയായിരുന്നു എന്നൊരു അധ്യായം ഈ ഗണത്തിൽ നമുക്ക് വായിക്കാനുണ്ട്.

ഇമാം അഹ്മദും(റ) ഇബ്നുമാജ(റ)യും ഉദ്ധരിക്കുന്നു. പ്രവാചക പുത്രി ഫാത്വിമ(റ) പറഞ്ഞു. തിരുനബിﷺ പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ സ്വലാത്ത് ചൊല്ലാറുണ്ടായിരുന്നു. അവിടുന്ന് അവിടുത്തേക്ക് തന്നെ അല്ലാഹുവിൽ നിന്ന് ഗുണവും രക്ഷയും തേടിയിരുന്നു എന്നർഥം. ശേഷം, ഇങ്ങനെ കൂടി പറയും. അല്ലാഹുമ്മഗ്ഫിർലീ ദുനൂബി…!(അല്ലാഹുവേ എന്റെ പാപങ്ങൾ പൊറുക്കേണമേ! നിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ തുറന്നു തരേണമേ!). പള്ളിയിൽ നിന്ന് പുറത്തേക്ക് വരുമ്പോഴും അവിടുന്ന് സ്വലാത്ത് ചൊല്ലുമായിരുന്നു. ശേഷം, ഇങ്ങനെ പ്രാർഥിച്ചിരുന്നു. അല്ലാഹുവേ എന്റെ പാപങ്ങൾ പൊറുക്കേണമേ! നിന്റെ അനുഗ്രഹത്തിന്റെ കവാടങ്ങൾ എനിക്ക് തുറന്നു തരേണമേ.

ഈ ചുവടുകളും മന്ത്രങ്ങളും ഇന്നും വിശ്വാസികൾ ഓർത്തു വെക്കുകയും അനുകരിക്കുകയും ചെയ്യുന്നു. നിത്യവും ഒരായിരം അധരങ്ങളിൽ ഈ മന്ത്രങ്ങൾ ഉരുവിടുന്നു. അവകൾ പ്രാർഥനയായി അല്ലാഹുവിലേക്ക് ഉയരുന്നു.

ഇമാം അഹ്മദ്(റ) ഉദ്ധരിച്ച മറ്റൊരു ഹദീസിൽ മഹതി ഫാത്വിമ(റ) തന്നെ പറയുന്നു. തിരുനബിﷺ പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ ബിസ്മില്ലാഹി… അല്ലാഹുവിന്റെ നാമത്തിൽ… അല്ലാഹുവിന്റെ ദൂതന്റെﷺ മേൽ അല്ലാഹുവിന്റെ രക്ഷയുണ്ടാവട്ടെ! എൻ്റെ പാപങ്ങൾ പൊറുത്തു തരേണമേ! അല്ലാഹുവേ നിന്റെ കാരുണ്യത്തിന്റെ കവാടങ്ങൾ തുറന്നു തരേണമേ! എന്നിങ്ങനെ പ്രാർഥിക്കുമായിരുന്നു.

നല്ലതെന്തു ചെയ്യുമ്പോഴും വലതുഭാഗം കൊണ്ടു തുടങ്ങിയിരുന്ന തിരുനബിﷺ പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ വലതുകാൽ വെച്ചു കൊണ്ടായിരുന്നു പ്രവേശിച്ചിരുന്നത് എന്ന് ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു.

അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിന്റെ ആശയം ഇങ്ങനെയാണ്. തിരുനബിﷺ പള്ളിയിലേക്ക് പ്രവേശിക്കുമ്പോൾ ഇപ്രകാരം പ്രാർഥിക്കാറുണ്ടായിരുന്നു. അഊദു ബില്ലാഹിൽ അലീം…ഉന്നതനായ അല്ലാഹുവിനെ കൊണ്ടും അവൻ്റെ മഹത്വമേറിയ സത്തയും അധികാരവും മുൻനിർത്തിയും അപശക്തനായ പിശാചിൽ നിന്ന് ഞാൻ കാവൽ ചോദിക്കുന്നു.

അല്ലാഹുവിന്റെ ഭവനങ്ങളായ പള്ളികളിൽ പ്രവേശിക്കുമ്പോൾ ഏതെല്ലാം ചിട്ടകളും മര്യാദകളും പാലിക്കണമെന്ന വിഷയത്തിൽ ക്രമിക ഉണ്ടാക്കുകയോ കൽപ്പനകൾ നിർവഹിക്കുകയുമായിരുന്നില്ല തിരുനബിﷺ. എപ്രകാരമായിരിക്കണമെന്ന് ജീവിച്ചു കാണിച്ചു തരികയായിരുന്നു. ഇസ്ലാമും തിരുനബിﷺയും ലോകത്തിന്റെ ഹൃദയങ്ങളിൽ പതിഞ്ഞത് പ്രായോഗികമായി അത് നിവർത്തിക്കപ്പെടുകയും ഇസ്ലാമിനെ ജീവിതം കൊണ്ട് ആവിഷ്കരിക്കുകയും ചെയ്തപ്പോഴാണ്.

വിശ്വാസത്തിന്റെ നിർവചനം എന്താണെന്ന് ചോദിച്ചാൽ തിരുനബിﷺ എത്തിച്ചു തന്നതാണെന്ന് അറിയപ്പെട്ട മുഴുവൻ കാര്യങ്ങളും അംഗീകരിക്കുക എന്നാണ്. ഈമാനും ഇസ്ലാമും പ്രപഞ്ചാധിപനായ അല്ലാഹു നിശ്ചയിച്ചു തന്ന വിശ്വാസാനുഷ്ഠാന രീതികളാണെങ്കിലും അതാവിഷ്കരിക്കാൻ നിയോഗിക്കപ്പെട്ട തിരുനബിﷺയുടെ ജീവിതത്തെ പകർന്നെടുക്കാനാണ് ലോകത്തിനു സൗകര്യം ചെയ്തു തന്നത്. ഒരു സംഹിതയെ പറയുന്നതിനു പകരം; ഒരു ജീവിത വ്യവസ്ഥിതിയെ നിർദ്ദേശിക്കുന്നതിന് പകരം അവ രണ്ടും ഏറ്റവും സമ്പൂർണ്ണമായി പ്രയോഗിക്കുന്ന ഒരു മഹാവ്യക്തിയെ മുന്നിൽ നടത്തിത്തരുകയായിരുന്നു. ഏറ്റവും തെളിമയാർന്ന ഒരു ജീവിതത്തെ ആവിഷ്കരിച്ചു കൊണ്ടാണ് പുണ്യ റസൂൽﷺ ഉലകത്തിന്നു മുഴുവനും ഉദാഹരണവും അനുധാവനം ചെയ്യപ്പെടേണ്ട വ്യവസ്ഥിതിയുമായി മാറിയത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 1002

പള്ളികൾ ഏറ്റവും പവിത്രമായി പരിപാലിക്കണമെന്ന് തിരുനബിﷺ ഉദ്ബോധിപ്പിച്ചിരുന്നു. സഹവസിക്കുന്ന മുഴുവൻ സ്ഥലങ്ങളും ഏറ്റവും വൃത്തിയിലും വെടിപ്പിലും കൊണ്ടുനടക്കണം എന്നത് തിരുനബിﷺയുടെ പൊതുവായ അധ്യാപനമാണ്. ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. പള്ളിയിലെ ഖിബ്ലയുടെ ഭാഗത്ത് തന്നെ മാലിന്യം പുരണ്ടിരിക്കുന്നത് തിരുനബിﷺയുടെ ശ്രദ്ധയിൽപ്പെട്ടു. അത് അവിടുത്തേക്ക് വല്ലാതെ പ്രയാസമായി. ദുഃഖം അവിടുത്തെ മുഖത്തു നിഴലിച്ചു. നേരിട്ടുതന്നെ തിരുനബിﷺ അത് നീക്കം ചെയ്ത് വൃത്തിയാക്കുകയും ചെയ്തു.

ദീർഘമായ ഈ ഹദീസിന്റെ ഒടുവിൽ ഇങ്ങനെ കൂടിയുണ്ട്. നിങ്ങൾ തുപ്പുന്ന നേരത്ത് ഖിബ്ലക്ക് നേരെ തുപ്പരുത്. വലത്തോട്ടോ ഇടത്തോട്ടോ ആയിക്കൊള്ളട്ടെ. തിരുനബിﷺ അവിടുത്തെ മേൽത്തട്ടത്തിന്റെ അഗ്രം എടുത്ത് അതിലേക്ക് തുപ്പുന്നതുപോലെ കാട്ടിയിട്ട് മടക്കി വെച്ചു.

നിസ്കാരത്തിലോ മറ്റോ തുപ്പേണ്ട സന്ദർഭമുണ്ടായാൽ മറ്റുള്ളവർക്കോ പള്ളിയിലോ പ്രയാസമുണ്ടാകാത്ത വിധം പരിപാലിക്കണം എന്ന് പഠിപ്പിക്കുകയായിരുന്നു. പരിസരങ്ങൾക്കും പരിസരത്തു നിൽക്കുന്നവർക്കും അലോസരമോ ബുദ്ധിമുട്ടോ ഉണ്ടാകുന്ന ഒരു കാര്യവും ഉണ്ടാവരുത് എന്ന് വ്യത്യസ്ത ഭാഷയിലും ഭാവത്തിലും നിരന്തരമായി പഠിപ്പിച്ചിരുന്നു. പള്ളിയുടെ ഒരു ഭാഗത്ത് ആരോ കാർക്കിച്ചു തുപ്പിയതിന്റെ അംശം കണ്ടപ്പോൾ വളരെ ഗൗരവതരമായി തന്നെ അനുയായികളോട് സംസാരിച്ചു. പള്ളിയും പരിസരവും വൃത്തിയിലും വെടിപ്പിലും കൊണ്ടുനടക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് അവരെ ഉദ്ബോധിപ്പിച്ചു. അബൂഹുറൈറ(റ)യിൽ നിന്ന് ഇമാം മുസ്ലിം(റ) ഉദ്ധരിച്ച ഹദീസിൽ ഈ സംഭവം വായിക്കാവുന്നതാണ്.

മണൽപ്പരപ്പ് മാത്രം പള്ളിയുടെ തറയായിരുന്ന കാലത്ത് അവിടെയോ ഇവിടെയോ ഒക്കെ തുപ്പിയതിന്റെയും കാർകിച്ചതിന്റെയും അടയാളം കണ്ടപ്പോൾ ചെരുപ്പ് ധരിച്ചു കൊണ്ടുപോയി തിരുനബിﷺ തന്നെ വൃത്തിയാക്കിയ വ്യത്യസ്ത സന്ദർഭങ്ങൾ ഹദീസുകളിൽ നമുക്ക് വായിക്കാം. മനുഷ്യന്റെ പരിസരങ്ങൾ ഹൈജീനിക്കായിരിക്കണമെന്ന ആധുനിക കാഴ്ചപ്പാടുകളും കോവിഡ് കാലത്ത് നിർദ്ദേശിക്കപ്പെട്ട അകല സമവാക്യങ്ങളും അടിസ്ഥാനപരമായി പ്രവാചകന്‍ﷺ തന്നെ അക്കാലത്ത് അഭ്യസിപ്പിച്ചിരുന്നു എന്ന് വേണം മനസ്സിലാക്കാൻ.

മനുഷ്യന്റെ വ്യവഹാര മേഖലകൾ മുഴുവനും അഴുക്കുകളിൽ നിന്നും മാലിന്യങ്ങളിൽ നിന്നും എപ്പോഴും വൃത്തിയായിരിക്കണം എന്ന് പല പാഠങ്ങളിലൂടെയും തിരുനബിﷺ പഠിപ്പിച്ചു കൊണ്ടേയിരുന്നു. മനുഷ്യനോട് ഇണങ്ങി ജീവിക്കുന്ന ജീവികളിൽ നിന്ന് പകർന്നേക്കാവുന്ന മാലിന്യങ്ങളെക്കുറിച്ചും ഇനം തിരിച്ചു വിശദമായ പഠനങ്ങൾ തിരുനബിﷺയുടെ കർമശാസ്ത്ര പാഠശാലയിൽ കഴിഞ്ഞു പോയിട്ടുണ്ട്. അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള അതി സൂക്ഷ്മമായ നിയമങ്ങൾ കർമശാസ്ത്ര പണ്ഡിതന്മാർ ഗ്രന്ഥങ്ങളിൽ അടയാളപ്പെടുത്തി. ഇസ്ലാമിക കർമശാസ്ത്ര ഗ്രന്ഥങ്ങളുടെ മുഴുവനും പ്രാഥമിക അധ്യായം തന്നെ അശുദ്ധിയിൽ നിന്നും മാലിന്യത്തിൽ നിന്നും ശുദ്ധിയാകാനുള്ള നിയമങ്ങളും നിർദ്ദേശങ്ങളുമായിരിക്കും.

സുഭദ്രമായ കെട്ടിടങ്ങളോ നാലുകെട്ടുകളോ ഇല്ലാതിരുന്ന കാലത്ത് തുറന്ന തറയിൽ നിർണയിക്കപ്പെട്ട സ്ഥലത്ത് പള്ളികളായി പരിഗണിച്ചു പോന്ന ഇടങ്ങളിൽ വളര്‍ത്തു മൃഗങ്ങളും മറ്റും വന്നു കയറാറുണ്ടായിരുന്നു. അത്തരം സന്ദർഭങ്ങളിൽ തിരുനബിﷺ എന്തായിരുന്നു പറഞ്ഞത്? അനുയായികൾക്ക് നൽകിയ നിർദ്ദേശങ്ങൾ എന്തൊക്കെയായിരുന്നു? എന്നിങ്ങനെ വായിച്ചു നോക്കുമ്പോൾ ഏതെല്ലാം മാലിന്യങ്ങളിൽ നിന്ന് എങ്ങനെയെല്ലാം വിട്ടുനിൽക്കണമെന്ന് എല്ലാ കാലത്തേക്കുമുള്ള കൃത്യമായ നിയമങ്ങളെ രൂപപ്പെടുത്താനും കണ്ടെത്താനും കഴിയും. ഹജ്ജ് വേളകളിൽ വാഹനപ്പുറത്ത് കഅ്ബയുടെ പരിസരത്ത് എത്തിയപ്പോൾ കർമങ്ങളുടെ ഭാഗമായത് എങ്ങനെയെന്ന് ഹദീസ് ഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നുണ്ട്. എന്നത്തേക്കുമുള്ള സമീപനങ്ങൾക്ക് അടിസ്ഥാനപരമായ നിയമങ്ങൾ രൂപപ്പെടുത്താൻ അത്തരം ഹദീസുകൾ വളരെ പ്രധാനമാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

 

Tweet 1003

തിരുനബിﷺയും മസ്ജിദും വായിച്ചു കൊണ്ടിരിക്കുമ്പോൾ മനോഹരമായ ചില സന്ദർഭങ്ങളെ നമുക്ക് കാണാൻ കഴിയും. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്യുന്നു. അബൂ രിഫാഅ(റ) എന്നവർ പറഞ്ഞു. ഞാൻ തിരുനബിﷺയുടെ അടുക്കൽ ചെന്നപ്പോൾ അവിടുന്ന് മിമ്പറിന്റെ മുകളിൽ നിന്നുകൊണ്ട് ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു. അപ്പോൾ ഞാൻ ഇങ്ങനെ വിളിച്ചുപറഞ്ഞു. പരദേശിയായ ഒരാൾ ദീനിന്റെ അഥവാ മതത്തിന്റെ കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്. എന്താണ് ദീൻ എന്ന് അദ്ദേഹത്തിന് അറിയില്ല. നടന്നുകൊണ്ടിരുന്ന സംഭാഷണം ഉപേക്ഷിച്ച് നബിﷺ താഴേക്ക് ഇറങ്ങിവന്നു. എനിക്ക് അഭിമുഖമായി നിന്നു. അപ്പോഴേക്കും ഒരു കസേര കൊണ്ടുവന്നു. ഇരുമ്പിന്റെ കാലുകളായിരുന്നു അതിന് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അതിന്മേൽ ഇരുന്നുകൊണ്ട് തിരുനബിﷺ ദീനിനെ കുറിച്ച് എനിക്ക് പഠിപ്പിച്ചു തന്നു. ശേഷം മടങ്ങിപ്പോയി നിർവഹിച്ചുകൊണ്ടിരുന്ന സംഭാഷണം തുടർന്നു.

പള്ളിയിലുണ്ടായിരുന്ന മിമ്പറിന് മുകളിൽ വച്ചുകൊണ്ട് വെള്ളിയാഴ്ചയിലെയും പെരുന്നാൾ ദിവസത്തെയും സവിശേഷമായ ആരാധനയാകുന്ന ഖുത്വുബ മാത്രമായിരുന്നില്ല തിരുനബിﷺ നിർവഹിച്ചിരുന്നത്. പൊതുവായി ആളുകൾക്ക് നിർദ്ദേശങ്ങളോ ഉപദേശങ്ങളോ നൽകാനും മിമ്പറിന് മുകളിൽ കയറുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.

സവിശേഷമായ ഖുത്വുബ നിർവഹിക്കുമ്പോൾ തന്നെ അനിവാര്യമായ ചില ഘട്ടങ്ങളിൽ വന്നുചേരുന്ന സന്ദർഭങ്ങളെ അഭിമുഖീകരിക്കുന്ന കർമശാസ്ത്ര വീക്ഷണങ്ങളുമുണ്ട്. അവ അടിയന്തര പ്രാധാന്യങ്ങൾ പരിഗണിച്ചുകൊണ്ട് മാത്രമായിരിക്കും.

തിരുനബിﷺയുടെ വിനയവും താഴ്മയും മതം അന്വേഷിച്ചു വരുന്നവരോടുള്ള താൽപര്യവും ഏറെ ബോധ്യപ്പെടുത്തുന്ന ഒരു സന്ദർഭം കൂടിയാണല്ലോ ഇത്. ഒരുപാട് ആളുകൾക്ക് വേണ്ടി പ്രാധാന്യമുള്ള പലതും ഉപദേശിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ ഒരാൾക്കുവേണ്ടി അടിസ്ഥാന കാര്യങ്ങൾ പറഞ്ഞുകൊടുക്കാൻ വിനയപുരസരം മിമ്പറിന് മുകളിൽ നിന്ന് താഴേക്ക് ഇറങ്ങി വരികയും സൗമനസ്യത്തോടുകൂടി അദ്ദേഹത്തെ സ്വീകരിക്കുകയും ആവശ്യമായ കാര്യങ്ങൾ അടിയന്തര പ്രാധാന്യത്തോടെ നിർവഹിച്ചു കൊടുക്കുകയും വീണ്ടും നടത്തിക്കൊണ്ടിരിക്കുന്ന പ്രസംഗത്തിലേക്ക് മടങ്ങിപ്പോവുകയും ചെയ്യുന്ന മദീന പള്ളിയിലെ ചിത്രം പ്രവാചക പ്രഭുﷺവിൽ നിറഞ്ഞുനിൽക്കുന്ന എത്ര ഉത്തമ ഗുണങ്ങളുടെ പ്രകാശനങ്ങളായിട്ടാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്.

പള്ളിയിൽ താമസിക്കുന്ന സമയത്ത് അനിവാര്യമായ ഘട്ടങ്ങളിൽ മസ്ജിദിൽ ഇരുന്നുകൊണ്ടു തന്നെ വുളൂഅ് ചെയ്തിരുന്നു എന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഹദീസിൽ കാണാം. പള്ളിയിൽ വെച്ച് വുളൂഅ് ചെയ്യാൻ പറ്റുമോ എന്ന് പിൽക്കാലത്ത് ഒരു അന്വേഷണം വന്നാൽ അനിവാര്യ ഘട്ടങ്ങളിൽ അനുവദനീയമാണ് എന്ന് പഠിപ്പിക്കേണ്ട ഒരു അധ്യാപനം കൂടിയായിരുന്നു അത്.

പള്ളിയിൽ ഇഇ്തികാഫ് ഇരിക്കുന്ന സമയത്തും അല്ലാതെയും പള്ളിയിൽ കിടക്കുകയും പള്ളിയിൽ വച്ച് തന്നെ ഭക്ഷണപാനീയങ്ങൾ കഴിക്കുകയും ചെയ്തത് അബ്ദുല്ലാഹിബ്നു ഹാരിസി(റ)ൽ നിന്ന് ഇമാം അഹ്മദ്(റ) നിവേദനം ചെയ്തിട്ടുണ്ട്.

ബിലാൽ(റ) വാങ്ക് വിളിക്കുന്നതിന് സമ്മതം ചോദിച്ചു വരുമ്പോൾ അത്താഴം കഴിക്കുന്ന തിരുനബിﷺയെ കണ്ടിരുന്നു എന്ന് ഇമാം അഹ്മദ്(റ) തന്നെ നിവേദനം ചെയ്തിട്ടുണ്ട്.

ഒരിക്കൽ തിരുനബിﷺ പള്ളിയിൽ ഇരിക്കുമ്പോൾ ഈത്തപ്പഴവും ചൂടുവെള്ളവും ചേർത്ത് ഉണ്ടാക്കുന്ന അൽ ഫളീഖ് എന്ന പ്രത്യേക പലഹാരം ഒരാൾ തിരുനബിﷺക്ക് കൊണ്ടുവന്നു കൊടുത്തു. പിന്നീട് ആ പള്ളിക്ക് തന്നെ മസ്ജിദുൽ ഫളീഖ് എന്ന പേര് വീണു. മദീനയിലെ അവാലി ഭാഗത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്. മസ്ജിദ് ശംസ് എന്നും ഈ പള്ളിക്ക് പേരുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 1004

മസ്ജിദും തിരുനബിﷺയും എന്ന അധ്യായത്തിൽ, നിസ്കാരത്തിന്റെ മുന്നോടിയായി അവിടുന്ന് ശ്രദ്ധിച്ചിരുന്ന ചില കാര്യങ്ങളും നബിﷺയുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട ചില പരാമർശങ്ങളും ഇമാമുകൾ പ്രത്യേകം ഉദ്ധരിക്കുന്നുണ്ട്. ഇമാം ഇബ്നു അബീ ശൈബ(റ) നിവേദനം ചെയ്യുന്നു. അബൂബക്കറി(റ)ന്റെ മകൾ അസ്മാഅ്(റ) പറഞ്ഞു. എൻ്റെ പിതാവ് ഒറ്റ വസ്ത്രം കൊണ്ട് ശരീരം ചുറ്റിമറിച്ച് നിസ്കരിക്കുന്നത് ഞാൻ കണ്ടു. ആ സമയത്ത് എന്നോട് പറഞ്ഞു. അല്ലയോ പൊന്നുമോളെ തിരുനബിﷺ എന്റെ പിന്നിൽ തുടർന്നുകൊണ്ട് അവിടുത്തെ ജീവിതത്തിലെ അവസാനത്തെ നിസ്കാരം നിർവഹിച്ചത് ഒറ്റ വസ്ത്രത്തിൽ ചുറ്റി ശരീരം മറച്ചു കൊണ്ടായിരുന്നു.

അമ്മാർ ബിൻ യാസിർ(റ) എന്ന സ്വഹാബി പറഞ്ഞു. ഒറ്റ തുണി കൊണ്ട് ശരീരം ചുറ്റിമറച്ച് തിരുനബിﷺ നിസ്കരിക്കാറുണ്ടായിരുന്നു. ഇമാം അഹ്മദും(റ) ഇബ്നു അബീ ശൈബ(റ)യും മറ്റും നിവേദനം ചെയ്യുന്നു. അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) പറഞ്ഞു. തിരുനബിﷺ ഒറ്റ വസ്ത്രം ചുറ്റി ശരീരം മറച്ചുകൊണ്ട് നിസ്കരിച്ചിരുന്നു. വസ്ത്രത്തിന്റെ അഗ്രഭാഗങ്ങൾ തമ്മിൽ കോർത്ത് ബന്ധിച്ചിരുന്നു. മിച്ചം വരുന്ന വസ്ത്ര ഭാഗം കൊണ്ട് ഭൂമിയുടെ ചൂടോ തണുപ്പോ ഒക്കെ അകറ്റാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

ഒറ്റത്തുണി ചുറ്റി നിസ്കരിക്കാൻ പറ്റുമോ എന്ന ചോദ്യത്തിനുള്ള മറുപടികളാണ് മേലെ ഹദീസുകൾ നമ്മോട് പങ്കുവെക്കുന്നത്. തിരുനബിﷺയുടെ കാലത്തെ ജീവിതപാടുകളെ വായിച്ചറിയാനും എത്രമേൽ ലളിതമായിട്ടായിരുന്നു അവിടുന്ന് ജീവിച്ചിരുന്നത് എന്ന് മനസ്സിലാക്കാനും ഇത്തരം ഹദീസുകൾ നമ്മെ സഹായിക്കുന്നു. നിസ്കാരവും വസ്ത്രവും എന്ന അധ്യായത്തിൽ നിർദ്ദേശിക്കപ്പെട്ട വിധം ഔറത്ത് മറച്ചിരിക്കുക എന്നതാണ് ഓരോരുത്തർക്കും നിർബന്ധമായ കാര്യം. പുരുഷന്മാരെ സംബന്ധിച്ചിടത്തോളം മുട്ടുപൊക്കിളുകൾക്കിടയിൽ മുഴുവൻ ഭാഗങ്ങളും മറഞ്ഞിരിക്കൽ നിർബന്ധമാണ്. മാന്യമായും പ്രൗഢിയോടെയും നല്ല വസ്ത്രങ്ങൾ ധരിച്ച് പരമാവധി ചുറ്റിയുള്ള വസ്ത്രധാരണമുണ്ടായിരിക്കണം എന്നതാണ് അനുബന്ധമായ നിർദ്ദേശം.

ഇപ്രകാരമുള്ള എല്ലാ രീതിയിലും വസ്ത്രം ധരിച്ചുകൊണ്ട് തിരുനബിﷺ നിസ്കരിച്ച സന്ദർഭങ്ങൾ വായിക്കാനുണ്ട്. വ്യത്യസ്തങ്ങളായ ജോലികളിൽ വ്യാപൃതരായിരിക്കുന്ന ആളുകൾക്ക് മുട്ട് പൊക്കിളുകൾക്കിടയിലെ മാനം മറച്ചു കൊണ്ട് നിസ്കാരത്തിന് നിർദ്ദേശിക്കപ്പെട്ട മറ്റു നിബന്ധനകൾ കൂടി പാലിച്ച് വളരെ ലളിതമായി തന്നെ നിസ്കാരം നിർവഹിക്കാവുന്നതാണ്.

തിരുനബിﷺ വീട്ടിൽ ഉപയോഗിച്ചിരുന്ന അതേ വസ്ത്രം അണിഞ്ഞുകൊണ്ടുതന്നെ ഒറ്റ ചേലയിൽ ചുറ്റി മാനം മറച്ച് നിസ്കാരം നിർവഹിക്കാറുണ്ടായിരുന്നു എന്ന് ഉമ്മു ഹബീബ:(റ) പറയുന്നതായി ഹദീസുകളിൽ വന്നിട്ടുണ്ട്.

ജനങ്ങൾക്ക് ഇമാമായി നിന്ന് നിസ്കാരം നിർവഹിക്കാൻ അവസാനമായി തിരുനബിﷺ പുറപ്പെട്ടപ്പോൾ ഒറ്റ കോട്ടൺ തുണിയിൽ ശരീരം മറച്ചു കൊണ്ടായിരുന്നു പള്ളിയിലേക്ക് പുറപ്പെട്ടത് എന്ന് ഉസാമത്ത് ബിൻ സൈദ്(റ) റിപ്പോർട്ട് ചെയ്യുന്നുണ്ട്.

ലോകത്ത് ചില നേതാക്കളുടെ വസ്ത്രങ്ങളെയോ വസ്ത്രധാരണങ്ങളെയോ മറ്റും ചരിത്രത്തിൽ പരാമർശിച്ചു പോയിട്ടുണ്ടാകാം. എന്നാൽ ഒരു വ്യക്തിയുടെ ജീവിതത്തിലെ വസ്ത്രധാരണങ്ങൾക്ക് കാലാവസ്ഥയുടെയും ദേശാന്തരങ്ങളുടെയും ഒക്കെ വ്യതിയാനങ്ങൾ സംഭവിക്കുമ്പോഴും കൃത്യമായ ചില അടിസ്ഥാനങ്ങളിലൂടെ തിരുനബിﷺയുടെ വസ്ത്രധാരണത്തിന്റെ എല്ലാ ഭാവങ്ങളെയും രേഖപ്പെടുത്തുകയും കൃത്യമായ നിയമ വീക്ഷണത്തിലൂടെ എങ്ങനെയായിരിക്കും തിരുനബിﷺയുടെ വസ്ത്രധാരണ എന്ന് സൂക്ഷ്മമായി നിരീക്ഷിക്കുകയും ഇസ്ലാമിക ചിട്ടകളും മര്യാദകളും രേഖപ്പെടുത്തുന്ന ഗ്രന്ഥങ്ങളിൽ വസ്ത്രധാരണത്തിൽ സൂക്ഷിക്കേണ്ട അടിസ്ഥാന മൂല്യങ്ങളെ ഉദ്ബോധിപ്പിക്കുകയും ചെയ്യുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 1005

നിസ്കാരത്തിനു വേണ്ടി ആളുകളെ നിർത്തുമ്പോൾ അണി ഒപ്പിച്ചു നിർത്തുന്നതിൽ തിരുനബിﷺ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. അപ്രകാരം ചെയ്യണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. ഇമാം അഹ്മദും(റ) അബൂദാവൂദും(റ) നിവേദനം ചെയ്യുന്നു. അബൂ മസ്ഊദ് ഉക്ബ ബിൻ അംറ് അൽ അൻസാരി(റ) പറഞ്ഞു. നിസ്കാരത്തിനു വേണ്ടി നിൽക്കുമ്പോൾ തിരുനബിﷺ ഞങ്ങളുടെ ചുമലുകൾ തടകുമായിരുന്നു. അണി ഒപ്പിച്ചു നിൽക്കൂ എന്ന് പ്രത്യേകമായി ഉണർത്തുമായിരുന്നു. എന്നിട്ട് ഇങ്ങനെ പറയും. നിങ്ങൾ നിര ഒപ്പിച്ചു ചേർന്നു നിൽക്കൂ. അല്ലാത്തപക്ഷം നിങ്ങളുടെ ഹൃദയങ്ങൾ തമ്മിൽ വ്യത്യസ്തമാകും. നല്ല ബുദ്ധിയും വിവരവുമുള്ളവർ എന്നോടടുത്തു നിൽക്കൂ. പ്രസ്തുത മാനദണ്ഡത്തിൽ അടുത്തവർ അടുത്തവർ എന്ന ക്രമം പാലിക്കുകയും ചെയ്യൂ.

നിസ്കാരത്തിനു സ്വഫ് അഥവാ വരിയായി നിൽക്കുമ്പോൾ മടമ്പുകളും ചുമലുകളും ഒരേ നിലയിൽ വരുന്ന ക്രമത്തിൽ ഉണ്ടായിരിക്കണം. സവിശേഷമായ പ്രാധാന്യത്തോടുകൂടിയാണ് തിരുനബിﷺ ഇക്കാര്യം ഉണർത്തുകയും ചിട്ടപ്പെടുത്തുകയും ചെയ്തത്. ഇമാമിന് തൊട്ടടുത്തു നിൽക്കേണ്ടത് വിവരത്തിലും വിജ്ഞാനത്തിലും മുന്നിലുള്ളവരായിരിക്കണം. പ്രസ്തുത വൈജ്ഞാനിക യോഗ്യതയിൽ തൊട്ടടുത്തവർ തൊട്ടടുത്തവർ എന്ന ക്രമത്തിലായിരിക്കണം ഇമാമിനോട് അടുത്ത് അണികളില്‍ ഉണ്ടായിരിക്കേണ്ടത്.

നിസ്കാരം എത്ര സമഗ്രമായ ഒരു ആരാധനയാണെന്നും സംഘമായി നിർവഹിക്കുമ്പോൾ കുറെയേറെ ചിട്ടകൾ പാലിക്കേണ്ടതുണ്ടെന്നും വളരെ പ്രാധാന്യത്തോടുകൂടി തന്നെ തിരുനബിﷺ പഠിപ്പിക്കുകയാണ്. ഓരോ സാധാരണ വിശ്വാസിയും ദിവസേന അഞ്ചുനേരം പട്ടാള ചിട്ടയിൽ സംഘം സംഘങ്ങളായി അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ഒരുമിച്ചു കൂടുന്നു എന്ന കൗതുകകരമായ ഒരു കാഴ്ച കൂടി ഇവിടെയുണ്ട്. ജീവിത വ്യവഹാരങ്ങൾക്കിടയിൽ എത്ര ശ്രദ്ധയോടെയാണ് കോടിക്കണക്കിനാളുകൾ ഒരു നേരം പോലും തെറ്റാതെ അല്ലാഹുവിന്റെ ഈ കല്പനയെ അനുസരിച്ചു കൊണ്ടിരിക്കുന്നത്. ഇത്രമേൽ ചിട്ടയും സമഗ്രതയുമുള്ള ആരാധനക്രമം മറ്റേതെങ്കിലും സംവിധാനത്തിന്റെയോ വിശ്വാസത്തിന്റെയോ ഭാഗമായി നിലനിൽക്കുന്നുണ്ടോ? ഇല്ല എന്നല്ലാതെ വസ്തുതകൾ മറ്റെന്താണ് പറയുക!

പ്രവാചകൻﷺ നിസ്കാരത്തിനു വേണ്ടി അണി ഒപ്പിച്ചു നിർത്തുമ്പോൾ എല്ലാവരും ഒരേ നിരയായി എന്ന് ബോധ്യപ്പെട്ടതിനുശേഷമായിരുന്നു അല്ലാഹുവിന്റെ മഹത്വം ഉൽഘോഷിക്കുന്ന തക്ബീർ ചൊല്ലി നിസ്കാരത്തിലേക്ക് പ്രവേശിച്ചിരുന്നത്. അണിയിൽ നിന്ന് ആരെങ്കിലും മുന്നോട്ടോ പിന്നോട്ടോ നിന്നാൽ അവരെ അണിയിലേക്ക് തന്നെ ക്രമപ്പെടുത്തി നിർത്താൻ വളരെ ജാഗ്രതയോടുകൂടി ശ്രദ്ധിച്ചിരുന്നു. അത്തരം അനുഭവങ്ങളും ഇത്തരം സന്ദർഭങ്ങളിലുണ്ടായ ചില കൗതുകകരമായ രംഗങ്ങളും നാം നേരത്തെ വായിച്ചു പോയിട്ടുണ്ട്.

ചിലപ്പോഴൊക്കെ തിരുനബിﷺ അവിടുത്തെ പക്കലുണ്ടായിരുന്ന വടികൊണ്ട് വരിയൊപ്പിക്കുകയും ഒരു സംഘാടകനായി സ്വഹാബികളെ നിരത്തി നിർത്തി ലൈനുകൾ ചിട്ടപ്പെടുത്തുകയും ചെയ്യുമായിരുന്നു.

പ്രവാചക ശിഷ്യന്മാരായ സ്വഹാബികൾ നിസ്കരിക്കാൻ വേണ്ടി അണിനിരക്കുമ്പോൾ അതിനിടയിലൂടെ സഞ്ചരിക്കുകയും അവരെ ക്രമപ്പെടുത്താൻ വേണ്ടി ഇടപെടുകയും ചെയ്യുമായിരുന്നു.

നിസ്കാരത്തിലേക്ക് പുറപ്പെടുമ്പോഴെല്ലാം ദന്ത ശുദ്ധീകരണം നടത്തുകയും മിസ്വാക്ക് ഉപയോഗിക്കുകയും ചെയ്യുന്നത് തിരുനബിﷺയുടെ പതിവായിരുന്നു. മറ്റൊരുപാട് കർമങ്ങളെക്കാൾ കൂടുതൽ പ്രത്യേകമായ ശ്രദ്ധ ബ്രഷ് ചെയ്യുന്നതിൽ തിരുനബിﷺക്കുണ്ടായിരുന്നു. വായ ശുദ്ധീകരിച്ചു നടക്കുമ്പോഴെല്ലാം അല്ലാഹുവിന് അടിമയോട് പ്രത്യേക ഇഷ്ടമാണ് എന്ന് അവിടുന്ന് ഉൽബോധിപ്പിച്ചിരുന്നു. നിസ്കാരം അല്ലാഹുവിനോട് സംഭാഷണം നടത്തുന്ന പുണ്യകർമമായതിനാൽ മിസ്സ് വാക്കിനും പ്രത്യേകമായ പ്രാധാന്യം നൽകി. എൻ്റെ സമുദായത്തിന് പ്രയാസമാകുമായിരുന്നില്ലെങ്കിൽ ഓരോ നിസ്കാര സമയത്തും ബ്രഷ് ചെയ്യാൻ ഞാൻ നിർബന്ധിക്കുമായിരുന്നു എന്ന് തിരുനബിﷺ പറഞ്ഞു പോയിട്ടുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 1006

തിരുനബിﷺയുടെ നിസ്കാരത്തെ കുറിച്ച് പരാമർശിക്കുമ്പോൾ അവിടുന്ന് നിസ്കരിച്ച പള്ളികളെക്കുറിച്ചും മറ്റും നമ്മൾ വായിച്ചു കഴിഞ്ഞു. തിരുനബിﷺ ഉപയോഗിച്ച നിസ്കാര പടങ്ങളെ കുറിച്ച് കൂടിയുള്ള ഒരു അനുബന്ധം നമുക്ക് വായിക്കാൻ ലഭിക്കും. ഇമാം മാലികും(റ) പ്രമുഖരായ അഞ്ച് ഹദീസ് പണ്ഡിതന്മാരും നിവേദനം ചെയ്യുന്നു. അനസുബ്നു മാലിക്(റ) പറഞ്ഞു. മുലേക്ക(റ) എന്ന മഹതി ഭക്ഷണം പാചകം ചെയ്തിട്ട് സൽക്കാരത്തിന് വേണ്ടി നബിﷺയെ ക്ഷണിച്ചു. ഭക്ഷണം കഴിച്ചതിനുശേഷം തിരുനബിﷺ പറഞ്ഞു. എല്ലാവരും നിസ്കാരത്തിലേക്ക് വരൂ. ഞാൻ നിങ്ങൾക്ക് ഇമാമായി നിസ്കരിക്കാം.

അനസ്(റ) തുടരുന്നു. ഞാൻ അവിടെയുണ്ടായിരുന്ന ഒരു പഴയ ഓലപ്പായ ലക്ഷ്യം വെച്ചു നീങ്ങി. അത് കാലപ്പഴക്കം കൊണ്ട് ഇരുണ്ടു പോയിട്ടുണ്ടായിരുന്നു. അതിൽ വെള്ളം കുടഞ്ഞ് ഞാനൊന്ന് വൃത്തിയാക്കി. തിരുനബിﷺ അതിന്മേൽ നിന്ന് നിസ്കരിച്ചു. അവിടെയുണ്ടായിരുന്ന ഒരു അനാഥനും ഞാനും പിന്നിൽ തുടർന്നു. വയോധികയായ ആതിഥേയ ഞങ്ങളുടെ പിന്നിലും നിന്ന് നിസ്കരിച്ചു. ഞങ്ങൾക്ക് ഇമാമായി രണ്ട് റക്അത്ത് നിസ്കരിച്ച ശേഷം തിരുനബിﷺ നിസ്കാരപ്പായയിൽ നിന്ന് പുറപ്പെട്ടു.

തഴകൾ കൊണ്ടുണ്ടാക്കിയ പായയിൽ തിരുനബിﷺ നിസ്കരിച്ചു എന്ന് പറയാനാണ് ഈ ഹദീസ് ഇവിടെ വായിച്ചത്. ഇമാം ബുഖാരി(റ)യും അഹ്മദും(റ) അബൂദാവൂദും(റ) ഉദ്ധരിക്കുന്നു. അൻസ്വാരികളിൽ നിന്ന് നബിﷺക്ക് വളരെ പ്രിയപ്പെട്ട ഒരാൾ നബിﷺയോട് പറഞ്ഞു. എനിക്ക് തങ്ങളോടൊപ്പം വന്ന് നിസ്കരിക്കാൻ കഴിയുന്നില്ല. അദ്ദേഹം വീട്ടിൽ നല്ല ഭക്ഷണം ഉണ്ടാക്കി നബിﷺയെ ക്ഷണിച്ചു. ശേഷം അവിടെ തഴപ്പായയുടെ ഒരു കഷ്ണം നിസ്കരിക്കാൻ വേണ്ടി വിരിച്ചു കൊടുത്തു. തിരുനബിﷺ അതിന്മേൽ നിസ്കരിച്ചു.

തിരുനബിﷺയെ വീട്ടിൽ കൊണ്ടുപോയി നിസ്കരിപ്പിക്കുകയും പ്രസ്തുത സ്ഥലം വീട്ടുകാർക്ക് നിസ്കരിക്കാൻ വേണ്ടി ഉപയോഗിക്കുകയും ചെയ്യുന്ന പതിവ് സ്വഹാബികൾക്കിടയിലുണ്ടായിരുന്നു. എപ്പോഴും പള്ളിയിലേക്ക് എത്താൻ കഴിയാത്തവർ വീട്ടിൽ ഒരു പ്രത്യേക സ്ഥലം മുസല്ലയായി നിശ്ചയിക്കുകയും അവിടെ വന്ന് തിരുനബിﷺ നിസ്കരിച്ചു കൊടുക്കാൻ അപേക്ഷിക്കുകയും ചെയ്യുമായിരുന്നു. വാത്സല്യപൂർവം തിരുനബിﷺ അത് സ്വീകരിക്കുകയും വീടുകളിൽ പോയി അവർ ആവശ്യപ്പെടുന്ന സ്ഥലങ്ങളിൽ നിസ്കാരം നിർവഹിച്ചു അനുഗ്രഹീത സാന്നിധ്യം നൽകുകയും ചെയ്തിരുന്നു.

അബൂ സഈദ് അൽ ഖുദ്രി(റ) പായയിൽ സുജൂദിൽ കിടക്കുന്ന തിരുനബിﷺയെ കണ്ട രംഗം നിവേദനം ചെയ്യുന്നുണ്ട്.

ഊറക്കിട്ട് സംസ്കരിച്ച തോലും നിസ്കാരപ്പടമായി തിരുനബിﷺ ഉപയോഗിച്ചിട്ടുണ്ട്. അബു ദാവൂദ്(റ), ഹാക്കിം(റ) എന്നിവർ നിവേദനം ചെയ്യുന്നു. മുഗീറ ബിൻ ശുഅ്ബ(റ) പറഞ്ഞു. പായയും സംസ്കരിച്ച തോലും തിരുനബിﷺ നിസ്കാര പടമായി ഉപയോഗിച്ചിരുന്നു.

ഖുംറ എന്ന പേരിൽ അറിയപ്പെട്ടിരുന്നത് ഓലകൊണ്ടോ മറ്റു വസ്തുക്കൾ കൊണ്ടോ നെയ്തുണ്ടാക്കുന്ന കുട്ടിപ്പായയിൽ തിരുനബിﷺ നിസ്കരിക്കാറുണ്ടായിരുന്നു. തിരുനബിﷺയുടെ പത്നിയായ ഉമ്മു ഹബീബ(റ) നബിﷺയുടെ നിസ്കാരത്തെക്കുറിച്ച് പറയുമ്പോൾ ഇത്തരം ഒരു പടത്തിന്മേൽ നിസ്കരിച്ച കാര്യം പരാമർശിക്കുന്നുണ്ട്. പ്രസ്തുത ഹദീസ് പ്രമുഖരായ ഹദീസ് പണ്ഡിതന്മാരെല്ലാം ഉദ്ധരിച്ചിട്ടുമുണ്ട്.

വിരിപ്പ് വിരിച്ച് നിസ്കരിച്ച രംഗവും സ്വഹാബികൾക്ക് പറയാനുണ്ട്. ഇബ്നുമാജ(റ)യും ഇബിനു അബീ ശൈബ(റ)യും അബ്ദുല്ലാഹിബ്നു അബ്ബാസി(റ)ൽ നിന്ന് നിവേദനം ചെയ്യുന്നു. അദ്ദേഹം പറഞ്ഞു. തിരുനബിﷺ ഒരു വിരിപ്പിന്മേൽ നിസ്കരിക്കാറുണ്ടായിരുന്നു. തിരുനബിﷺ വിരിപ്പ് വിരിച്ചു നിസ്കരിക്കുന്നത് കണ്ട അനുഭവം പരിചാരകനായിരുന്ന അനസുബ്നു മാലികും(റ) പങ്കുവെക്കുന്നു. അബൂത്വൽഹ(റ)യുടെ വീട്ടിൽ വച്ചായിരുന്നു കണ്ടത് എന്ന് ഇബ്നു സഅദി(റ)ൻ്റെ നിവേദനത്തിലുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Tweet 1007

തിരുനബിﷺയുടെ നിസ്കാരത്തിന്റെ സ്വഭാവത്തെക്കുറിച്ച് വിശദമായ നിരവധി ഹദീസുകൾ കാണാൻ കഴിയും. മാനസികമായും ശാരീരികമായും അങ്ങേയറ്റത്തെ വിനയം പ്രകാശിപ്പിച്ചു കൊണ്ടായിരുന്നു തിരുനബിﷺ നിസ്കാരം നിർവഹിച്ചിരുന്നത്. അല്ലാഹുവുമായുള്ള സംഭാഷണമാണെന്നും അവന്റെ മുന്നിൽ ഏറ്റവും നിസ്സാരതയോടെയും വിനയത്തോടെയും നിൽക്കണമെന്നും ജീവിതംകൊണ്ടും പ്രസ്താവനകൊണ്ടും തിരുനബിﷺ ഉൽബോധിപ്പിച്ചുകൊണ്ടിരുന്നു. നിസ്കാരത്തിന്റെ ആത്മാവും അകക്കാമ്പും മാനസികമായി പുലർത്തുന്ന ഏകാഗ്രതയും അല്ലാഹുവിനോടുള്ള വിനയവുമാണ്. തിരുനബിﷺയുടെ നിസ്കാരത്തിന്റെ രീതികളെക്കുറിച്ച് ഒരു ഹദീസ് ഇങ്ങനെ വായിക്കാം.

ഇമാം ഇബ്നു മാജ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ നിസ്കരിക്കാൻ നിന്നാൽ ഖിബ്ലക്ക് അഭിമുഖമായി നിൽക്കും. രണ്ടു കൈകൾ ഉയർത്തി വിനയത്തോടെ അല്ലാഹു അക്ബർ എന്ന് ചൊല്ലും. അബ്ദുല്ലാഹിബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ നിസ്കരിക്കാൻ ഒരുങ്ങിയാൽ രണ്ട് കൈകളും ഉയർത്തി തള്ള വിരലുകൾ ചെവിയോട് ചേർന്ന് വരുന്ന രൂപത്തിൽ വെക്കും. അപ്പോൾ തക്ബീർ ചൊല്ലും. റുകൂഇലേക്ക് പോകാൻ നേരവും റുകൂഇൽ നിന്ന് ഉയർന്നുവന്ന ശേഷവും അപ്രകാരം കൈ ഉയർത്തുമായിരുന്നു. സുജൂദിൽ നിന്നും ഉയരുമ്പോൾ അപ്രകാരം ചെയ്യുമായിരുന്നില്ല.

കയ്യും വിരലുകളും ചിട്ടയിൽ വച്ചു കൊണ്ടായിരുന്നു നിസ്കാരത്തിന്റെ ഓരോ ഘട്ടങ്ങളിലുമുണ്ടായിരുന്നത്. റുകൂഇൽ നിന്ന് ഉയരുമ്പോൾ സമിഅല്ലാഹു ലിമൻ ഹമിദഹു എന്ന മന്ത്രമായിരുന്നു ചൊല്ലിയിരുന്നത്.

കൈ കെട്ടുന്ന നേരത്ത് നെഞ്ചിനോട് ചേർത്ത് കൈകൾ വെക്കുകയും വലത് കൈവെള്ള ഇടതുകൈയുടെ മേലെ വെക്കുകയും ചെയ്തിരുന്നു. കൈ കെട്ടുന്ന ഭാഗം ഇടത്തെ നെഞ്ചിന് താഴേക്ക് മാറ്റിവെക്കുന്ന രീതിയും ഹദീസുകളിൽ വന്നിട്ടുണ്ട്. കൈവിരലുകൾ അധികം കോർത്ത് വെക്കുകയോ വിടർത്തിവെക്കുകയോ ചെയ്തിരുന്നില്ല. ഒത്ത രൂപത്തിൽ നിവർത്തിയായിരുന്നു വച്ചിരുന്നത്.

തിരുനബിﷺയുടെ നിസ്കാരത്തിന്റെ സ്വഭാവവും ചിത്രീകരണവുമാണ് ഹദീസുകളിലൂടെ നാം വായിക്കുക. ഏപ്രകാരമാണ് നാം അനുഷ്ഠിക്കേണ്ടത് എന്ന് കർമശാസ്ത്ര ഗ്രന്ഥങ്ങളാണ് നമുക്ക് പറഞ്ഞു തരേണ്ടത്. നമുക്ക് ഇന്ന് ലഭിക്കുന്നതും നമുക്ക് ലഭിക്കാതെ പോയതുമായ നിരവധി ഹദീസുകൾ സമഗ്രമായി പഠിക്കാനും ഹദീസുകൾക്കിടയിലെ പാരസ്പര്യങ്ങളെ കൃത്യമായി വിലയിരുത്താനും ഗവേഷണ സ്വഭാവത്തിൽ അതിൽ നിന്ന് നിയമങ്ങൾ കണ്ടെടുക്കാനും യോഗ്യത നേടിയവരായിരുന്നു മദ്ഹബിന്റെ ഇമാമുകൾ. അവർ നിശ്ചയിച്ച മാനദണ്ഡങ്ങളിലൂടെ ഓരോ അധ്യായങ്ങളും പിന്തുടർന്ന പിൻഗാമികളുമുണ്ട്. അവരാണ് കർമശാസ്ത്ര രചനങ്ങളിലൂടെ നിയമങ്ങളും ചിട്ടകളും രേഖപ്പെടുത്തി വെച്ചത്. അവകൾ അവലംബിച്ചുകൊണ്ട് മാത്രമേ മതനിയമങ്ങളെ അറിയാൻ നമുക്ക് സാധ്യതയുള്ളൂ.

നമുക്ക് ലഭ്യമായ മുഴുവൻ ഹദീസുകൾ വച്ച് പരിശോധിച്ചാൽ പോലും ഏതെങ്കിലും ഒരു അധ്യായത്തിൽ നിരീക്ഷണ വിധേയമാക്കേണ്ട മുഴുവൻ ഹദീസുകളും നമുക്ക് ലഭിച്ചിട്ടുണ്ടാവില്ല. എന്നാൽ അവകൾ കൂടി കാണുകയും പരസ്പരമുള്ള പ്രാമാണിക സമീപനങ്ങളെ വിലയിരുത്തുകയും ചെയ്തവരാണ് കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ നിയമങ്ങൾ ചിട്ടപ്പെടുത്തി എഴുതിയത്. അത്തരം ഗ്രന്ഥങ്ങളെ പ്രമാണമായി സ്വീകരിച്ചുകൊണ്ടാണ് മുസ്ലിം ലോകം അനുഷ്ഠാനകാര്യങ്ങളിൽ മുന്നോട്ടുപോകുന്നത്. ഏറ്റവും ആധികാരികവും സ്വീകാര്യവുമായ മാർഗ്ഗവും അതുതന്നെയാണ്. ഖുർആൻ കഴിഞ്ഞാൽ ഏറ്റവും സ്വീകാര്യമായ സ്വഹീഹുൽ ബുഖാരി ലക്ഷക്കണക്കിന് ഹദീസുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നാലായിരത്തിൽ പരം ഹദീസുകൾ മാത്രം ക്രോഡീകരിച്ച ഗ്രന്ഥമാണ്. ഇമാം ബുഖാരി(റ)യുടെ പക്കൽ തന്നെ രേഖപ്പെടുത്തി കൈമാറാത്ത ലക്ഷക്കണക്കിന് ഹദീസുകളുണ്ടായിരുന്നു എന്ന് സാരം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

 

Tweet 1008

തിരുനബിﷺയുടെ നിസ്കാരത്തെ കുറിച്ച് വിശദമായ പഠനങ്ങളും വിവരണങ്ങളുമുണ്ട്. ഞാൻ നിസ്കരിച്ചത് പ്രകാരം നിങ്ങൾ നിസ്കരിക്കൂ എന്നാണ് തിരുനബിﷺ അനുയായികളോട് പറഞ്ഞത്. അതുകൊണ്ട് തന്നെ തിരുനബിﷺയുടെ നിസ്കാരത്തെ അടിമുടി നിരീക്ഷിക്കുകയും കൃത്യമായി രേഖപ്പെടുത്തപ്പെടുകയും ചെയ്തു. അന്ത്യനാൾ വരെയുള്ള വിശ്വാസികൾ എങ്ങനെയായിരിക്കണം നിസ്കരിക്കേണ്ടതെന്ന് നബിജീവിതത്തിൽ നിന്ന് പകർന്നെടുക്കുകയും വൈജ്ഞാനിക സമഗ്രതയോടുകൂടി കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു.

തിരുനബിﷺയുടെ നിസ്കാരവുമായി ബന്ധപ്പെട്ട് ലഭിക്കാവുന്ന മുഴുവൻ നിവേദനങ്ങളും മുന്നിൽവച്ച് കൊണ്ട് മുജ്തഹിതുകളായ അഥവാ ഗവേഷണയോഗ്യരായി ഇമാമുകൾ വിശദമായ പഠനങ്ങൾ നടത്തി. വിശ്വാസികൾ അനുകരിക്കേണ്ട വിധത്തിൽ അതിനെ ക്രമപ്പെടുത്തുകയും നിയമ പുസ്തകങ്ങളിലൂടെ അത് കൈമാറുകയും ചെയ്തു. ലോക വിശ്വാസികൾ മുഴുവനും കർമപരമായി അനുധാവനം ചെയ്യുന്ന ഹനഫി മാലികി ശാഫിഈ ഹമ്പലീ കർമശാസ്ത്ര വഴികളിലൂടെ ലോകം അത് ഏറ്റെടുക്കുകയും ഇന്നും അനുകരിച്ച് നിർവഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു.

എങ്ങനെയായിരിക്കണം നാം നിസ്കാരം നിർവഹിക്കേണ്ടത് എന്ന ചോദ്യത്തിന് ഈ നാലിൽ ഒരു വഴിയിൽ രേഖപ്പെടുത്തപ്പെട്ട നിയമങ്ങളും ചിട്ടകളും പഠിച്ചറിഞ്ഞു നിർവഹിക്കുക എന്നതാണ് പരിഹാരം. ഈ നാലിൽ ഒരു വഴിക്കപ്പുറം മറ്റാരുടെയെങ്കിലും പിന്നിൽ സഞ്ചരിക്കുന്നതോ ലഭ്യമായ ഹദീസുകളുടെയും ഖുർആനിന്റെ പ്രാഥമിക ഭാഷാന്തരത്തിന്റെയും പിന്നിൽ സ്വയം ഗവേഷകനാകുന്നതോ പൂർണതയിൽ എത്താത്ത അവകാശവാദങ്ങളോ പരിശ്രമങ്ങളോ ആയിരിക്കും.

തിരുനബിﷺയുടെ നിസ്കാരത്തിന്റെ കർമശാസ്ത്രം സ്വതന്ത്രമായി തന്നെ രചനകൾ ആവശ്യമുള്ള വിശാലമായ പഠനമാണ്. നാം വായിച്ചു കൊണ്ടിരിക്കുന്ന അധ്യായങ്ങളുടെ തുടർച്ചയ്ക്ക് വേണ്ടി ഓരം പറ്റിയുള്ള ഒരു സഞ്ചാരം മാത്രമാണ് ഇവിടെ പങ്കുവെക്കുന്നത്. വാങ്കും ഇഖാമത്തും കഴിഞ്ഞ് നിസ്കാരത്തിലേക്ക് നിന്നാൽ എന്തൊക്കെയായിരുന്നു അവിടുന്ന് ചൊല്ലുകയും ചെയ്യുകയും ചെയ്തിരുന്നത് എന്നതിലേക്കുള്ള ഒരു മിന്നൽ പ്രയാണമാണ് ഇവിടെ പകർത്തുന്നത്.

ഇമാം അഹ്മദും(റ) ഇബ്നുമാജ(റ)യും മറ്റു നിരവധി ഹദീസ് പണ്ഡിതന്മാരും നിവേദനം ചെയ്യുന്നു. അബൂഹുറൈറ(റ) പറഞ്ഞു. തിരുനബിﷺ നിസ്കരിക്കാൻ വേണ്ടി കൈകെട്ടിയാൽ അൽപനേരം മൗനം പാലിക്കുമായിരുന്നു. ശേഷമേ ഖുർആൻ പാരായണം ചെയ്യാറുണ്ടായിരുന്നുള്ളൂ. അപ്പോൾ ഞാൻ നബിﷺയോട് ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ! എൻ്റെ മാതാപിതാക്കൾ അവിടുത്തേക്ക് സമർപ്പിതരാണ്. അവിടുന്ന് നിസ്കാരത്തിനു വേണ്ടി കൈകെട്ടിയാൽ ഖുർആൻ പാരായണം ചെയ്യുന്നതിനു മുമ്പ് എന്തെങ്കിലും ചൊല്ലുന്നുണ്ടോ? അപ്പോൾ അവിടുന്ന് പറഞ്ഞു. ഞാൻ ഇങ്ങനെ പറയാറുണ്ട്. അല്ലാഹുവേ ഉദയാസ്തമാനങ്ങൾക്കിടയിലുള്ള അകലം പോലെ എന്റെയും പാപങ്ങളുടെയും ഇടയിൽ നീ ദൂരം നൽകേണമേ! ധവള വസ്ത്രങ്ങൾ അഴുക്കിൽ നിന്ന് വൃത്തിയാക്കപ്പെടുമ്പോലെ എന്നെ പാപങ്ങളിൽ നിന്ന് വൃത്തിയാക്കേണമേ! എന്നെ പാപങ്ങളിൽ നിന്ന് കഴുകി ശുദ്ധീകരിക്കേണമേ!

നിസ്കാരത്തിൽ പ്രവേശിച്ചാൽ ഖുർആൻ പാരായണത്തിന് മുമ്പ് സവിശേഷമായ പ്രാർഥന നിർവഹിക്കാറുണ്ട് എന്നാണ് ഈ നിവേദനം നമുക്ക് നൽകുന്ന പാഠം. എന്തൊക്കെയായിരുന്നു തിരുനബിﷺ പ്രാർഥിച്ചിരുന്നത് എന്നതിൽ നിരവധി നിവേദനകളുണ്ട്. വ്യത്യസ്ത സന്ദർഭങ്ങളിൽ വ്യത്യസ്ത പ്രാർഥനകൾ നിർവഹിച്ചതും കാണാൻ കഴിയും. എന്നാൽ നിർദ്ദേശിക്കപ്പെട്ട പ്രാർഥന ഏതായിരുന്നു എന്നും വിശ്വാസികൾ നിർവഹിക്കേണ്ടത് ഏത് പ്രാർഥനാ വാചകങ്ങളാണെന്നും പണ്ഡിതന്മാർ സ്വതന്ത്രമായി തന്നെ നിരീക്ഷിച്ചു. മദ്ഹബിന്റെ ഇമാമുകൾ കൃത്യമായ വാചകങ്ങളോടെ അവ പകർന്നു തരികയും ചെയ്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Leave a Reply