Mahabba Campaign Part-1/365
Part-2/365
മക്ക പണ്ടു മുതലേ പട്ടണ പ്രദേശമാണ്. പട്ടണത്തിൽ ജനിക്കുന്ന ആൺകുട്ടികളെ മുലയൂട്ടാൻ ഗ്രാമത്തിലേക്കയക്കും. അത് അന്നാട്ടിലെ സമ്പ്രദായമായിരുന്നു. ശുദ്ധവായു ലഭിക്കാനും പകർച്ചവ്യാധികളും മറ്റും വരാതിരിക്കാനും അതുപകരിക്കുമായിരുന്നു. മരുഭൂമിയിലെ ജീവിതം കുട്ടികൾക്ക് ഒരുപാട് നന്മകൾക്ക്അ വസരമൊരുക്കുന്നതുമായിരുന്നു.
കുട്ടികളെ ഇണക്കി പോറ്റുന്നതിൽ ചില കുടുംബങ്ങൾക്ക് പ്രത്യേക മികവുണ്ടായിരുന്നു. അതിൽ പ്രസിദ്ധമാണ് ‘ബനൂ സഅദ്’ ഗോത്രം. മക്കയുടെ തെക്കു കിഴക്ക് ഭാഗത്ത് താമസിക്കുന്ന ഹവാസിൻ കുലത്തിന്റെ ഭാഗമായിരുന്നു അവർ. മഹതി ആമിനയും മകനെ മുലയൂട്ടാൻ ബനൂ സഅദ് ഗോത്രത്തെ ആഗ്രഹിച്ചു. പോറ്റുമ്മമാർ മക്കളെത്തേടി മക്കയിൽ വരുന്നതും കാത്ത് കഴിഞ്ഞു. അധികം വൈകിയില്ല. സംഘങ്ങൾ വന്നു തുടങ്ങി. കൂട്ടത്തിൽ അബൂദു ഐബിന്റെ മകൾ ഹലീമയും ഉണ്ടായിരുന്നു. ഒപ്പം ഭർത്താവ് ഹാരിസും മുലകുടി പ്രായത്തിലുള്ള മകൻ അബ്ദുല്ലയും (ളംറ).
ഹലീമയുടെ ഓർമകൾ ചരിത്രത്തിന്റെ ഭാഗമായി. ഉജ്വലമായി അത് അയാളപ്പെട്ടു. മഹതി വിവരിക്കുന്നതിങ്ങനെയാണ്. ഒരു വരൾച്ചക്കാലം. ഞങ്ങളുടെ ജീവിതവിഭവങ്ങളെല്ലാം കഴിഞ്ഞിരിക്കുന്നു. എത്രയും വേഗം മക്കയിലേക്ക് പോകണം . മുലയൂട്ടാൻ ഒരു കൂട്ടിയെ ലഭിക്കണം. അതുവഴി കിട്ടുന്ന ആനുകൂല്യങ്ങൾ കൊണ്ട് ജീവിതം മെച്ചപ്പെടുത്താം. ചാരനിറമുള്ള ഒരു പെൺ കഴുതയും കറവ വറ്റാറായ ഒരൊട്ടകവുമാണ് ഞങ്ങൾക്കുള്ളത്. എന്റെ മുലയിൽ പാലില്ലാത്ത കാരണം കുഞ്ഞുമോൻ നിർത്താതെ കരയുകയാണ്. ഏതായാലും മക്കയിലേക് പുറപ്പെട്ടു. ഞങ്ങളെ പോലെയുള്ള ഒരു സംഘത്തോടൊപ്പമാണ് യാത്രതിരിച്ചത്. വേച്ചു വേച്ചു നടക്കുന്ന എന്റെ വാഹനത്തെക്കാത്ത് കൂട്ടുകാരികൾ കുഴങ്ങി. ഒരു മഴ ലഭിച്ചെങ്കിൽ എന്ന് ഏറെ ആഗ്രഹിച്ചു. പക്ഷേ, മക്കയെത്തും വരെ ലഭിച്ചതേയില്ല. എല്ലാവരും കുട്ടികളെത്തേടി ഇറങ്ങി. ആമിന ബീവിയുടെ വീട്ടിലും എത്തി. പിതാവ് മരണപ്പെട്ടതിനാൽ കുട്ടിയെ ഏറ്റെടുക്കാൻ പലരും താത്പര്യം കാണിച്ചില്ല. കുട്ടിയുടെ പിതാവിൽ നിന്നുള്ള പാരിതോഷികങ്ങളാണല്ലോ പോറ്റുമ്മമാരുടെ പ്രതീക്ഷ. നേരിട്ട് കൂലിവാങ്ങുന്ന ഒരു ജോലിയായിരുന്നില്ല മുലയൂട്ടൽ. മറിച്ച്, ദീർഘ ദൂര ഭാവിയിലുമുള്ള ഒരു ബന്ധവും അനുബന്ധമായി ലഭിക്കുന്ന ആനുകൂല്യങ്ങളുമായിരുന്നു. ഒപ്പം ഒരു സമ്പ്രദായത്തിന്റെ ഭാഗവും കൂടിയായിരുന്നു അത്. ഒരു ഗ്രാമീണ കുടുംബവും ഒരു പട്ടണവാസിയും തമ്മിലുള്ള ബന്ധത്തിന് ഏറെ മാനങ്ങളുണ്ടായിരുന്നു. പരസ്പരമുള്ള ആവശ്യങ്ങൾ നിർവഹിച്ചിരുന്നു.
ഒരു അനാഥ ബാലനെ ഏറ്റെടുക്കുന്നതിൽ വൈമനസ്യം വന്നതവിടെയാണ്. ഞാനേതായാലും കുഞ്ഞിനെയൊന്ന് കാണാമെന്നു വച്ചു. മറുള്ളവർ അതിനകം കുട്ടികളെയുമായി മക്കവിടാൻ റെഡിയായിരുന്നു. ആമിനയുടെ അരുമ മകന്റ അടുത്ത് ഞാനെത്തി. ഈ മോനെ നമുക്ക് കൊണ്ടുപോകാം, ദൈവം അതുവഴി നമ്മെ അനുഹിച്ചേക്കും. ഭർത്താവും സമ്മതം നൽകി. കുഞ്ഞിനെ എടുത്ത് മാറോടു ചേർത്തതേ ഉള്ളൂ. മാറിൽ പാൽ നിറഞ്ഞു . എന്റെ മോനും പോറ്റു മോനും വയർ നിറയെ മുല കുടിച്ചു. എന്തൊരത്ഭുതം! ഒടുകത്തിന്റെ അകിടും നിറഞ്ഞിരി ക്കുന്നു. കഴുതയും ആരോഗ്യത്തോടെ തുള്ളിച്ചാടുന്നു. എന്റെ ഭർത്താവു പറഞ്ഞു: നീ തെരഞ്ഞെടുത്ത കുഞ്ഞ് ഒരു അനുഗ്രഹം തന്നെയാണല്ലോ? ‘അതെ, ഞാനും പ്രതീക്ഷിച്ചത് അത് മാത്രം’: ഞാൻ പ്രതികരിച്ചു. ഞങ്ങൾ ഗ്രാമത്തിലേക്കു മടങ്ങി. ഞാനും പുതിയ കുട്ടിയും കഴുതപ്പുറത്ത് കയറി. വാഹനത്തിന് നവോന്മഷം കൈവന്നിരിക്കുന്നു. അതിവേഗം സഞ്ചരിക്കാൻ തുടങ്ങി. കൂട്ടുകാരികൾ എല്ലാം പിന്നിലായി. അവർ ഞങ്ങളോട് കാത്ത് നിൽക്കാൻ പറഞ്ഞു. ‘ഇതെന്തൊരത്ഭുതം, ഹലീമ വലിയ്യ ഭാഗ്യം ചെയ്തവളാണ്’: കൂട്ടുകാരികൾ പറയാൻ തുടങ്ങി
അതേ, മുഹമദ് (നബി) ﷺ മക്കയിൽ നിന്ന് ഗ്രാമത്തിലേക് യാത്രയാരംഭിച്ചു കഴിഞ്ഞു…..
Part-3/365
ഹലീമ തുടരുന്നു, ഞങ്ങള്‍ ബനൂ സഅദ് ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. ഞങ്ങളുടെ കുഞ്ഞ് കുടിലില്‍ പ്രവേശിച്ചു. എന്തെന്നില്ലാത്ത ഒരാനന്ദം. മുഹമ്മദ് മോന്റെ ആഗമനം എല്ലാവര്‍ക്കും അനുഗ്രഹങ്ങള്‍ പകര്‍ന്നു. ഗ്രാമത്തിന്റെ ഛായ തന്നെ മാറി. ഒരു തരുവും ഇല്ലാതിരുന്ന നാടായിരുന്നു അത് ഇപ്പോള്‍ ഹരിതാഭമായിരിക്കുന്നു. നാല്‍കാലികള്‍ക്ക് ആവശ്യാനുസൃതം മേയാനുണ്ട്. എപ്പോഴും അകിട് നിറഞ്ഞിരിക്കുന്നു. അയല്‍പക്കത്തെ കാലികള്‍ക്ക് പാലില്ലാത്തപ്പോഴും ഞങളുടെ മൃഗങ്ങള്‍ക് പാലുണ്ട്. ചിലര്‍ പറയും ഹലീമയുടെ ആടുകളെ കെട്ടുന്ന സ്ഥലത്ത് നമുക്കും മേയ്ക്കാം പക്ഷേ അത് കൊണ്ട് മാത്രമായില്ല ഞങ്ങളുടെ ആടുകള്‍ എപ്പോഴും ക്ഷീര സമ്യദ്ധമായി.
രണ്ട് വയസ്റ്റ് വരെ ഞാന്‍ മുഹമ്മദ് മോനെ മുലയൂട്ടി. അപ്പോഴും പിന്നെയും അസാധാരണമായ ഒരു വളര്‍ച്ചയായിരുന്നു മോന്. ഇനിയിപ്പോള്‍ മാതാവിനെ തിരിച്ചേല്‍പിക്കാനുള്ള സമയമായി. വിട്ടു പിരിയാന്‍ മനസ്സനുവദിക്കുന്നില്ല. പൊന്നു മോന്റെ ആഗമനം ഞങള്‍ക്ക് നല്‍കിയ ആനന്ദവും ഐശ്വര്യവും വര്‍ണനാതീതമാണ്. ആമിന ഉമ്മയോട് ഒന്നു കൂടി പറഞ്ഞ് നോക്കാം. അക്കാലത്ത് മക്കയില്‍ ഒരു പ്ലേഗ് ബാധിച്ചിരുന്നു. ഞങളുടെ നിര്‍ബന്ധവും പ്ലേഗും കാരണം മനസ്സില്ലാ മനസ്സോടെ ഉമ്മ മകനെ ഒരിക്കല്‍ കൂടി വിട്ടു തന്നു. അത്യാനന്ദത്തോടെ വീട്ടില്‍ തിരിച്ചെത്തി. എന്റെ മകള്‍ ശൈമക്ക്് എന്തെന്നില്ലാത്ത ആശ്വാസം. അവളാണ് താരാട്ട് പാടുക. ഒക്കത്ത് വെച്ച് കൊണ്ട് നടക്കുക. അങ്ങനെ മാസങള്‍ കഴിഞ്ഞു. രണ്ട് കുഞ്ഞ് മക്കളും പുല്‍മേടില്‍ കളിച്ചു കൊണ്ടിരികുകയായിരുന്നു. ഞങ്ങളുടെ വീടിന്റെ തൊട്ടു ചേര്‍ന്നു തന്നെയാണ് സ്ഥലം പെട്ടന്ന് ളംറ മോന്‍ ഓടി വന്നു. വിറച്ചു കൊണ്ട് പറയാന്‍ തുടങ്ങി. നമ്മുടെ ഖുറൈശി സഹോദരന്‍… രണ്ട് പേര്‍ വന്ന് എടുത്ത് കൊണ്ട് പോയി. വെള്ള വസ്ത്രം ധരിച്ചവരാണവര്‍, അല്‍പമകലെ മലര്‍ത്തി കിടത്തി. നെഞ്ച് പിളര്‍ത്തി കൈകള്‍ ഉള്ളില്‍ പ്രവേശിപ്പിക്കുന്നു. ഞാനും ഭര്‍ത്താവും പേടിച്ചരണ്ടു. പെട്ടന്ന് തന്നെ ഓടിച്ചെന്നു. അതാ നില്‍ക്കുന്നു മുഹമ്മദ് മോന്‍. പക്ഷേ മുഖത്ത് ഒരു ഭാവമാറ്റം. പെട്ടന്ന് ഞാന്‍ വാരിയെടുത്ത് മാറോടണച്ചു. പൊന്നു മോനെ എന്ത് പറ്റി ? ഞാന്‍ ചോദിച്ചു. മോന്‍ ഇങ്ങനെ പറഞ്ഞു. വെളള വസ്ത്രം ധരിച്ച രണ്ട് പേര്‍ വന്നു എന്നെ മലര്‍ത്തിക്കിടത്തി നെഞ്ച് തുറന്നു ഉള്ളില്‍ നിന്ന് എന്തോ ഒന്ന് പുറത്തെടുത്തു എന്താണെന്നറിയില്ല. ഞാനും ഭര്‍ത്താവും പരിസരം മുഴുവന്‍ നോക്കി. ആരെയും കണ്ടില്ല. ദേഹത്ത് മുറിവോ ചോരപ്പാടോ ഒന്നും കാണാനില്ല. ദേഹപരിശോധന നടത്തിയപ്പോള്‍ ഒരത്ഭുതം കൂടി ശ്രദ്ധയില്‍ പെട്ടു. ചുമലില്‍ അതാ ഒരു മുദ്ര…
(തുടരും)
ഡോ.ഫാറൂഖ് നഈമി അല്‍ബുഖാരി
Part-4/365
പ്രവാചകത്വത്തിന്റെ മുദ്രയാണത്. “ഖാതമുന്നുബുവ്വ” എന്നാണ് അറബിയിൽ പറയുക. ജന്മനാ തന്നെ മുത്തു നബിയുടെ ചുമലിൽ മുദ്രയുണ്ട്. ഇപ്പോൾ സവിശേഷമായ ഒരു ശ്രദ്ധ അതിലേക്കെത്തിയന്നേയുള്ളൂ. മാടപ്രാവിന്റെ മുട്ടയുടെ ആകൃതിയിലുള്ള മാംസത്തിന്റെ തന്നെ ഒരു തടിപ്പ്. അൽപ്പം രോമാവൃതമായിട്ടുണ്ട്. ഇങ്ങനെയാണ് ഹദീസിൽ വന്നിട്ടുളളത്.
ഹലീമയും ഭർത്താവും ആലോചനയിലാണ്ടു, ഇനിയെന്ത് ചെയ്യും. എത്രയും വേഗം മക്കയിലേക്കു പോകാം. ഉമ്മയെ ഏൽപ്പിച്ച് കാര്യം ധരിപ്പിക്കാം. ഇതിനിടയിൽ മറ്റൊരു ഭയം കൂടി വന്നു. പ്രവാചകത്വ മുദ്രയുള്ള കുട്ടിയെ വേദക്കാർ തിരിച്ചറിഞ്ഞിരിക്കുന്നു. വാഗ്ദത്ത പ്രവാചകനാണ് ഇതെന്ന് അവർ മനസ്സിലാക്കി. ജൂതന്മാർ ശത്രുതയോടെയാണ് നോക്കുന്നത്.
ഹലീമ മകനെയും കൊണ്ട് മക്കയിലെത്തി ആമീന ബീവിയെ സമീപിച്ചു. കാര്യങ്ങൾ ചുരുക്കി പറയാമെന്ന് വെച്ചെങ്കിലും ആമിന വിശദാംശങ്ങൾ തേടി. ഒടുവിൽ എല്ലാം ഹലീമ തുറന്നു പറഞ്ഞു. ആമിനയിൽ പക്ഷേ ആശങ്കകൾ കണ്ടില്ല. പകരം ഹലീമയെ ആശ്വസിപ്പിച്ചു. “മഹത്തായ പദവികൾ എന്റെ മകനെ കാത്തിരിക്കുന്നു”. ഗർഭകാലത്തെ അനുഭവങ്ങൾ കൂടി ചേർത്തു പറഞ്ഞു.
എങ്കിൽ പിന്നെ മകനെയും കൊണ്ട് തന്നെ മടങ്ങാമെന്നായി ഹലീമ. പക്ഷേ ആമിന അനുവദിച്ചില്ല. ഹൃദയപൂർവ്വം യാത്രാ മംഗളങ്ങൾ നേർന്നു.
ഉമ്മയും മകനുമൊത്തുള്ള ജീവിതത്തിന്റെ നാളുകൾ. കുടുംബത്തിൽ എല്ലാവർക്കും പ്രിയപ്പെട്ട മോൻ. സമപ്രായക്കാരായി കുടുംബത്തിൽ വേറെയും അംഗങ്ങളുണ്ട്. പിതാമഹന്റെയും പിതൃ സഹോദരന്മാരുടെയും മക്കൾ. പ്രത്യേകിച്ച് ഹംസയും സ്വഫിയ്യയും. പിതാമഹൻ അബ്ദുൽ മുത്വലിബിന്റെ മക്കളാണവർ. മൂന്നുപേരും തമ്മിൽ സുദൃഢമായ ബന്ധമായിരുന്നു. മധുരതരമായ മൂന്നു വർഷങ്ങൾ അങ്ങനെ കടന്നു പോയി.
കഅബയുടെ ചാരത്ത് അബ്ദുൽ മുത്വലിബിന് പ്രത്യേകം ഒരു ഇരിപ്പിടം ഉണ്ടായിരുന്നു. കുട്ടികൾ ആരും അതിൽ ഇരിക്കുമായിരുന്നില്ല. എന്നാൽ മുഹമ്മദ് മോന് അവിടെ അധികാരമുണ്ടായിരുന്നു. ഈ പരിഗണനയെ കുറിച്ച് പ്രമാണികൾ പലരും ചോദിച്ചു. ഈ മകനിൽ പല അത്ഭുതങ്ങളും ഞാൻ കാണുന്നു എന്നായിരുന്നു വല്യുപ്പയുടെ മറുപടി.
ആകർഷകമായ ഏറെ ഭാവങ്ങൾ മകനിൽ പ്രകടമായിരുന്നു. മകന് ആറു വയസ്റ്റായപ്പോൾ ഉമ്മ ആമിനക്ക് ഒരു മോഹം. മകനുമൊത്ത് യസ്‌രിബിലെ ബന്ധുക്കളെ ഒന്ന് സന്ദർശിച്ചാലോ. അധികം വൈകാതെ ഒരു കച്ചവട സംഘത്തോടൊപ്പം യാത്രയായി. പരിചാരക ഉമ്മു അയ്മൻ (ബറക)യും ഒപ്പമുണ്ടായിരുന്നു. രണ്ട് ഒട്ടകപ്പുറത്തായിട്ടാണ് യാത്ര ചെയ്തത്. യസ്‌രിബിലെത്തി ബന്ധുക്കളോടൊപ്പം ദിവസങ്ങൾ കഴിച്ചു കൂട്ടി. മകനുമായി പ്രിയപ്പെട്ട ഭർത്താവായിരുന്ന അബ്ദുല്ലയുടെ ഖബറിടം സന്ദർശിച്ചു.
അന്നത്തെ അനുഭവങ്ങൾ പിൽക്കാലത്ത് പ്രവാചകൻ ഓർത്ത് പറയാറുണ്ടായിരുന്നു. ഖസ്റജുകാരുടെ കുളത്തിൽ നീന്തിയതും കുട്ടികളോടൊപ്പം പട്ടം പറത്തിയതും. മക്കയിലേക്ക് മടങ്ങാറായി, യാത്ര ആരംഭിച്ചു. കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും ആമിനക്ക് അസുഖം ബാധിച്ചു….
(തുടരും)
ഡോ.ഫാറൂഖ് നഈമി അൽ ബുഖാരി
Part-5/365
ഇനി യാത്ര തുടരാൻ പ്രയാസമാണ്. എവിടെയെങ്കിലും ഒന്നു വിശ്രമിക്കണം. അങ്ങനെ അബവാഅ് എന്ന സ്ഥലത്ത് തമ്പടിച്ചു. മദീനയിൽ നിന്ന് മക്കയിലേക്കുള്ള വഴിയിൽ 273 കിലോമീറ്റർ അകലെയാണ് അബവാഅ്. രോഗം വീണ്ടും വീണ്ടും മൂർഛിച്ചു. ബീവി ആമിന (റ) ഈ ലോകത്തോട് യാത്ര പറഞ്ഞു. ഗർഭകാലത്ത് പിതാവും ഇപ്പോഴിതാ ഉമ്മയും വിട്ടുപിരിഞ്ഞു. മുത്ത് നബി ആറാം വയസിൽ പൂർണ അനാഥത്വത്തിലായി.
അവസാന നിമിഷം ഉമ്മയും മകനും നടത്തിയ സംഭാഷണം ഏറെ ചിന്തനീയമായിരുന്നു: ‘മോനെ, ഞാൻ യാത്രയാവുകയാണ്.ഒരു പാട് നന്മകൾ അവശേഷിപ്പിച്ചാണ് ഞാൻ പോകുന്നത്. ഞാൻ കണ്ട സ്വപ്നങ്ങൾ പുലരും. അങ്ങനെയെങ്കിൽ മോൻ മനുഷ്യ കുലത്തിനാകെയുള്ള പ്രവാചകനാണ്. ചുടു ചുംബനങ്ങൾ നൽകി. മകനെ നല്ലപോലെ പരിചരിക്കണമെന്ന് പറഞ്ഞ് ബറകയെ ഏൽപിച്ചു.
ഏറെ ഭാഗ്യവതിയായ പരിചാരകയാണ് ബറക. ഉമ്മു ഐമൻ എന്നാണ് അറിയപ്പെടുന്നത്. മുത്ത്നബിയെ ഏറ്റെടുക്കാൻ നിയോഗം ലഭിച്ച മഹതി. അവിടുത്ത ബാല്യവും കൗമാരവും യൗവ്വനവും നേരിട്ടു കണ്ടു. പ്രബോധനവും പലായനവും നേരിട്ടനുഭവിച്ചു. പ്രാഥമിക ഘട്ടത്തിൽ തന്നെ വിശ്വാസിനിയായി. പ്രവാചക സന്താനങ്ങളെയും ശേഷം പേരകുട്ടികളയും അവർ പരിചരിച്ചു.
പലായന വേളയിൽ മഹതിക്ക് ലഭിച്ച അനുഗ്രഹം ഹദീസിൽ ഇങ്ങനെ കാണാം. മദീനയിലേക്കുള്ള യാത്രയിൽ കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയി. കുടിവെള്ളമില്ലാതെ മരുഭൂമിയിൽ അലഞ്ഞു. അതാ ആകാശത്ത് നിന്നും ഒരു ബക്കറ്റ് അടുത്തേക്ക് വന്നു. ദാഹം ശമിക്കുവോളം കുടിച്ചു. പിന്നീട് ജീവിതത്തിൽ ഒരിക്കലും ദാഹിച്ചിട്ടില്ല.
പ്രവാചകരിൽ നിന്ന് നേരിട്ട് സ്വർഗ്ഗപ്രവേശത്തിന്റെ സുവിശേഷം ലഭിച്ചു. നബിയുടെ പരിചാരകൻ സൈദ് (റ) ന്റെ ഭാര്യാപദം അലങ്കരിച്ചു. മുത്ത് നബിക്ക് ഏറെ പ്രിയപ്പെട്ട ഉസാമയുടെ ഉമ്മയായി. ഇങ്ങനെ തുടരുന്നു മഹതിയുടെ വിശേഷങ്ങൾ.
ബീവി ആമിന(റ)യെ അബവാഇൽ മറമാടി. തപിക്കുന്ന ഹൃദയവും സ്നേഹ ബാഷ്പങ്ങളും സാക്ഷിയായി. ആറ് വയസ്സിൽ അനുഭവിച്ച വിരഹത്തിന്റെ വേദന മകനിൽ ആഴ്ന്നു നിന്നു. അറുപത് വയസ്സ് പിന്നിട്ടപ്പോൾ അനുയായികൾകൊപ്പം വന്നപ്പോഴും അത് പെയ്തിറങ്ങിയിരുന്നു.
ബറകയും മകനും മക്കയിലേക്ക് യാത്ര തുടർന്നു. പിതാമഹൻ അബ്ദുൽ മുത്വലിബ് ഇതിനകം വിവരമറിഞ്ഞിരുന്നു. പ്രിയ പൗത്രനെ കാത്തു നിന്നു സ്വീകരിച്ചു. ഉപ്പയും ഉമ്മയും ഇല്ലാത്ത വേദന അറിയിക്കാതെ പോറ്റാൻ തീരുമാനിച്ചു. സദാ സമയവും ഒപ്പം കൊണ്ടു നടന്നു. ഓരോ നിമിഷവും പൗത്രനിലെ അസാധാരണത്വത്തെ തിരിച്ചറിഞ്ഞു. അത് മറ്റുള്ളവരോട് പങ്കു വെച്ചു. ചർച്ചാ വേദികളിൽ അഭിപ്രായമാരാഞ്ഞു. പറയുന്ന അഭിപ്രായങ്ങളിൽ അഭിമാനിച്ചു. ഒപ്പമിരുത്തിയേ ഭക്ഷണം കഴിക്കൂ. മക്കളും പേരമക്കളും എല്ലാവരും എത്തിയാലും മുഹമ്മദ് ﷺ മോനില്ലെങ്കിൽ സമാധാനമാവില്ല. ഇടക്കിടെ ഉമ്മു ഐമനെ വിളിക്കും എന്നിട്ടിങ്ങനെ പറയും. “ഉമ്മു ഐമൻ! എന്റെ മോനെ ശ്രദ്ധിക്കാതിരിക്കല്ലെ! കുട്ടികൾകൊപ്പം സിദ്റ മരത്തിനരികെ മോൻ നിൽക്കുന്നത് ഞാൻ കണ്ടു”. അക്ഷരാർത്ഥത്തിൽ സ്റ്റേഹം കൊണ്ട് വല്യുപ്പ മകനെ വീർപ്പ് മുട്ടിച്ചു. ആ തണലിന്റെ തളിര് മുത്ത് നബിയും നന്നായി ആസ്വദിച്ചു. അങ്ങനെ നാളുകൾ നടന്നു നീങ്ങി…
(തുടരും)
ഡോ:മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
Part-6/365
അബ്ദുൽ മുത്വലിബ് മക്കയിലെ പൗരപ്രമുഖരുടെ നേതാവായിരുന്നു. അന്യദേശങ്ങളിൽ നിന്നു വരെ അദ്ദേഹത്തെ കാണാൻ അഥിതികൾ വന്നിരുന്നു. കൂട്ടത്തിൽ പുരോഹിതന്മാരും വേദജ്ഞാനികളും ഉണ്ടാകും. അവർ പലപ്പോഴും തന്റെ പേരക്കുട്ടിയെ സവിശേഷമായി നിരീക്ഷിക്കുന്നത് ശ്രദ്ധയിൽ പെട്ടു. തുടർന്ന് അവർ അന്ത്യ പ്രവാചകനെ കുറിച്ച്പറയും. മുഹമ്മദിﷺൽ കണ്ട ലക്ഷണങ്ങൾ വിവരിക്കും. അപ്പോഴെല്ലാം അഭിമാനത്തോടെ മകനെ ചേർത്തു പിടിക്കും.
ഒരിക്കൽ നജ്റാനിൽ നിന്ന് ഒരു സംഘം വന്നു. വേദക്കാരായിരുന്നു അവർ. കൂട്ടത്തിലെ പുരോഹിതന്മാർ മക്കയുടെ നേതാവുമായി ഏറെ നേരം സംസാരിച്ചു. ഇനി ഉദയം ചെയ്യാനുള്ള പ്രവാചകനെ കുറിച്ച് പ്രത്യേകം പരാമർശിച്ചു. ഇസ്മായിൽ നബിയുടെ പരമ്പരയിലാണ് ജനിക്കുക. വേദത്തിൽ പറഞ്ഞ പ്രകാരം നിയോഗത്തിൻറെ സമയം ആഗതമായിക്കഴിഞ്ഞു. പെട്ടെന്ന് മുഹമ്മദ് മോൻ ﷺ അവിടേക്ക് കടന്നു വന്നു. പുരോഹിതന്മാരുടെ ശ്രദ്ധ കുട്ടിയിലേക്കായി. അടിമുടി അവർ നിരീക്ഷിച്ചു. ചുമലും പാദങ്ങളും കൺ തടങ്ങളും പ്രത്യേകം പരിശോധിച്ചു. ഉടനെ അവർ ഉറക്കെവിളിച്ചു പറഞ്ഞു.”ഇതാണാ വ്യക്തി” തുടർന്നു ചോദിച്ചു. താങ്കൾ ഈ കുട്ടിയുടെ ആരാണ്? ഇത് എന്റെ പുത്രനാണ്. അബ്ദുൽ മുത്വലിബ് പ്രതികരിച്ചു. നിങ്ങൾ ഈ കുട്ടിയുടെ പിതാവോ? അങ്ങനെയാകാൻ സാധ്യതയില്ല. ഉടനെ കൃത്യപ്പെടുത്തി. ഇതെൻ്റെ മകൻ്റെ മകനാണ്. ശരി അത് സത്യമാണ്. അവർ സമ്മതിച്ചു. ഈ മകനെ ശ്രദ്ധയോടെ പരിപാലിക്കണമെന്ന് അവർ നിർദ്ദേശിച്ചു. അബ്ദുൽ മുത്വലിബ് തന്റെ മക്കളെയെല്ലാം വിളിച്ചു വരുത്തി. പുരോഹിതന്മാർ പറഞ്ഞ കാര്യം വിശദീകരിച്ചു. ‘ശേഷം ഇങ്ങനെ പറഞ്ഞു. നിങ്ങൾ ഈ മോനെ പ്രത്യേകം സംരക്ഷിക്കണം. എപ്പോഴും ശ്രദ്ധയിൽ വേണം.
മറ്റൊരു ദിവസം, മുഹമ്മദ് ﷺ കുട്ടികൾക്കൊപ്പം വിനോദത്തിലായിരുന്നു. ബനൂ മുദ് ലജ് ഗോത്രത്തിലെ ചിലജ്ഞാനികൾ മുഹമ്മദ് ﷺ യെ നിരീക്ഷിക്കാൻ വന്നു. കുറേ കഴിഞ്ഞപ്പോൾ അവർ അടുത്തേക്ക് വിളിച്ചു. കാൽപാദവും വിരലടയാളവും സസൂക്ഷ്മം വിലയിരുത്തി. ശേഷം പിതാമഹനോട് പറഞ്ഞു. ഈ കുട്ടിയെ നിങ്ങൾ നന്നായി ശ്രദ്ധിക്കണം. ഇബ്രാഹീം നബിയുടെ പാദമുദ്രയോട് ഏറെ സാമ്യമുള്ളതാണ് ഈ കുട്ടിയുടേത്.
നിരന്തരമായ സുവിശേഷങ്ങൾക്ക് പിതാമഹൻ സാക്ഷിയായി. ഖുറൈശി പ്രമുഖർക്ക് യമനിലെ രാജാവ് സൽക്കാരമൊരുക്കി. രാജസൽകാരത്തിനുശേഷം രാജാവ് അബ്‌ദുൽ മുത്വലിബിനെ സ്വകാര്യ മുറിയിലേക്ക് ക്ഷണിച്ചു. പ്രതീക്ഷിക്കുന്ന പ്രവാചകന്റെ പിതാമഹനെന്ന നിലയിൽ ആദരിച്ചു. സയ്ഫ് ബിൻ സീയസൻ ആയിരുന്നു രാജാവ്.
പൗത്രന്റെ പദവികൾ പിതാമഹൻ തിരിച്ചറിഞ്ഞു. ആദരവും വാത്സല്യവും ആവോളം നൽകി. അങ്ങനെയിരിക്കെ മക്കയിൽ ഒരു വരൾച്ചക്കാലം. വറുതിയും വരൾച്ചയും മക്കാനിവാസികളെ ആകുലപ്പെടുത്തി. അവർ മഴക്ക് വേണ്ടിയുളള പ്രാർത്ഥനകൾ നടത്തി. പക്ഷേ ഫലം കണ്ടില്ല. ആ നാളുകളിൽ റുഖൈഖ എന്ന മഹതി ഒരു സ്വപ്നം കണ്ടു. അന്ത്യ പ്രവാചകൻ മക്കയിൽ ഉദയം ചെയ്തു കഴിഞ്ഞു. പ്രവാചകന്റെയും രക്ഷകർത്താവിന്റെയും ആകാരവും വിശേഷണങ്ങളും പറയപ്പെട്ടു. അദ്ദേഹത്തിനൊപ്പം പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ക്രമവും രീതിയുമെല്ലാം സ്വപ്നത്തിൽ തന്നെ ലഭിച്ചു.
രാവിലെയായപ്പോഴേക്കും റുഖെഖ പരിഭ്രമചിത്തയായി. ഏതായാലും സ്വപ്നം വിളംബരം ചെയ്തു.
(തുടരും)
ഡോ:മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
Part-7/365
റുഖൈഖയുടെ സ്വപ്നം മക്കക്കാർ കാതോർത്തു. സ്വപ്നത്തിൻ്റെ വിശദാംശങ്ങൾ ഇങ്ങനെയായിരുന്നു. ഞാൻ ഒരശരീരി കേൾക്കുന്നു. ആരോ ഒരാൾവിളിച്ചു പറയുന്നു. അല്ലയോ ഖുറൈശികളെ! ഇനി നിയോഗിക്കപ്പെടാനുള്ള പ്രവാചകൻ നിങ്ങളോടൊപ്പമുണ്ട്. ആഗമന സമയം വളരെ അടുത്ത് കഴിഞ്ഞു. നിങ്ങൾക്ക് ക്ഷേമവും ഐശ്വര്യവും ആസന്നമായിരിക്കുന്നു. നിങ്ങളിൽ സമുന്നതനും ദീർഘകായനുമായ ഒരു വ്യക്തിയുണ്ട്. വെളുത്ത ശരീരമുള്ള സുന്ദരനാണ്. കൺമിഴികൾ നീണ്ട് ലോല ശരീരമുള്ള മനുഷ്യൻ. ഉയർന്നു നീണ്ട നാസികയും തടിച്ച കവിൾ തടങ്ങളുമാണദ്ദേഹത്തിന്റേത്. അദ്ദേഹവും മക്കളും പേരക്കുട്ടികളും അണി നിരക്കട്ടെ. മക്കയിലെ ഗോത്രങ്ങളിൽ നിന്നെല്ലാം ഓരോ പ്രതിനിധികളും ഒപ്പം നിൽക്കട്ടെ. എല്ലാവരും അംഗസ്നാനം ചെയ്ത് സുഗന്ധമുപയോഗിച്ച ശേഷം കഅബാലയത്തിന്റെ കോർണറിൽ സംഗമിക്കണം. സവിനയം ചുംബനം നൽകിയ ശേഷം ഏഴുതവണ കഅബയെ പ്രദക്ഷിണം ചെയ്യണം. ശേഷം എല്ലാവരും ചേർന്ന് ‘അബൂ ഖുബൈസ്’ പർവ്വതത്തിലേറി പ്രാർത്ഥിക്കണം. നേതാവിന് ചുറ്റും എല്ലാവരും ഒത്തു കൂടണം. കൂട്ടത്തിലുള്ള വിശുദ്ധ വ്യക്തിയെ മുന്നിൽ നിർത്തി പ്രാർത്ഥന നിർവ്വഹിക്കണം. മറ്റുള്ളവർ ‘ആമീൻ’ ചൊല്ലണം.
കവയിത്രികൂടിയായ റുഖൈഖ നേരത്തെ തന്നെ കുളിച്ചൊരുങ്ങി കഅബയുടെ അടുത്തെത്തി. കഅബാ പ്രദക്ഷിണം പൂർത്തിയാക്കി. അബ്ദുൽ മുത്വലിബും മക്കളും മക്കയിലെ മറ്റുപ്രമുഖരും എത്തി. സ്വപ്‌നത്തിൽ പറയപ്പെട്ട നേതാവ് അബ്‌ദുൽമുത്വലിബാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഒരു സംഘമായി അബൂഖുബൈസ് പർവ്വതത്തിന് മുകളിലേക്ക് കയറി. ശിഖിരത്തിലെത്തിയപ്പോൾ പിതാമഹൻ ഏഴു വയസ്സു കഴിഞ്ഞ മുഹമ്മദ് ﷺ നെ എടുത്ത് മടിയിൽ ഇരുത്തി. (അഥവാ വിശുദ്ധവ്യക്തിയെ മുന്നിൽ നിർത്തി) പ്രാർത്ഥനയാരംഭിച്ചു. “അല്ലാഹുവേ! ഇതാ ഞങ്ങൾ നിന്റെ ദാസന്മാർ, നിന്റെ ദാസന്മാരുടെ മക്കൾ, ഞങ്ങൾ നിനക്കറിയുന്ന പോലെ ഇതാ വറുതിയിൽ അകപ്പെട്ടിരിക്കുന്നു. കുറേ നാളുകളായി ഞങ്ങൾ വരൾച്ച അനുഭവിക്കുന്നു. അല്ലാഹുവേ… പരിമിതികൾ പരിഹരിക്കുന്നവനേ… വിഷമങ്ങൾ അകറ്റുന്നവനേ… നിന്റെ വിശുദ്ധ ഭവനത്തിന്റെ മുറ്റത്ത് ഞങ്ങൾ വരൾച്ചയിലാണ്.. ഞങ്ങൾ ആവലാതിബോധിപ്പിക്കുന്നു നാഥാ.. ഞങ്ങൾക്ക് മഴ നൽകേണമേ.. സുഖദായകമായ മഴ.. ക്ഷേമം നൽകുന്ന അനുഗ്രഹ വർഷം.
റുഖൈഖ തുടരുന്നു.. അബ്ദുൽ മുത്തലിബിന്റെ പ്രാർത്ഥന കഴിഞ്ഞതേ ഉള്ളു. കോരിച്ചൊരിയുന്ന മഴയാരംഭിച്ചു. താഴ്‌വരകൾനിറഞ്ഞു. എല്ലാവരും ആനന്ദത്തിലായി. മക്കക്കാർ ഒരേ സ്വരത്തിൽ അബ്ദുൽമുത്വലിബിന് ആശംസകൾ നേർന്നു. അദ്ദേഹത്തിൻ്റെ നന്മയെ പ്രശംസിച്ചു. ഈ സംഭവത്തെ അനുസ്മരിച്ചു കൊണ്ട് റുഖൈഖ ഒരു കവിത ചൊല്ലി. ആശയം ഇപ്രകാരമാണ്.
“ശൈബതുൽ ഹംദ് (അബ്ദുൽ മുത്വലിബിൻറെ പേര്) വഴി അല്ലാഹു ഞങ്ങൾക്ക് മഴ തന്നിരിക്കുന്നു. ഏറെക്കാലത്തിനു ശേഷം ഇതാ ഒരനുഗ്രഹവർഷം. ജീവജാലങ്ങളും വൃക്ഷലതാദികളും തളിർത്തിരിക്കുന്നു. വരണ്ട താഴ്‌വരകൾ ഹരിതാഭമായിരിക്കുന്നു. മഹത്വങ്ങൾ നിറഞ്ഞ നിമിത്തം അല്ലാഹു നൽകിയ മഴയാണിത്. “മുളർ ഗോത്രത്തിൽ ഉദിക്കാനിരിക്കുന്ന സുവിശേഷകൻ (ദൈവദൂതൻ) നിമിത്തമാണീ അനുഗ്രഹം ലഭിച്ചത്. ആ പുണ്യവ്യക്തി കാരണമാണ് ഇന്നു പ്രാർത്ഥനസ്വീകരിക്കപ്പെട്ടത്.
മനുഷ്യ വംശത്തിൽ തന്നെ അതുല്യ വ്യക്തിത്വത്തമാണത്”
ഓരോ സംഭവങ്ങളും മുഹമ്മദ് ﷺ യുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തിക്കൊണ്ടേ ഇരുന്നു. ഈ കാലയളവിൽ തന്നെ മുത്ത് നബിക്ക് ഒരു കണ്ണ് രോഗം ബാധിച്ചു. പിതാമഹൻ പല മരുന്നുകളും പ്രയോഗിച്ചു. പക്ഷേ ഫലം കണ്ടില്ല. അവസാനം ‘ഉക്കാള്’ മാർക്കറ്റിൽ ഒരു വൈദ്യനെ കണ്ടെത്തി. അദ്ദേഹം ഒരു വേദജ്ഞാനി കൂടിയായിരുന്നു. പിതാമഹനും പൗത്രനും വൈദ്യന്റെ വീട്ടുപടിക്കലെത്തി. പരിശോധനക്ക് ശേഷം വൈദ്യൻ ഇങ്ങനെ പറഞ്ഞു. “ഇതൊരു സാധാരണ കുട്ടിയല്ല. വാഗ്‌ദത്ത പ്രവാചകനാണിത്. വേദക്കാർ ഈ കുട്ടിയെ പിന്തുടർന്നേക്കും. സദാ ശ്രദ്ധയുണ്ടാകണം”. ശേഷം മരുന്നുകൾ നൽകി രണ്ടു പേരെയും യാത്രയാക്കി.
മുത്ത് നബിക്ക് ഇപ്പാൾ എട്ടു വയസ്സ് പിന്നിട്ടു. വയോധികനായ അബ്ദുൽ മുത്വലിബിൽ ക്ഷീണം കണ്ടു തുടങ്ങി..
(തുടരും)
ഡോ: മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
Part-8/365
അബ്ദുൽ മുത്വലിബിന് ഇപ്പോൾ വയസ്സ് 120 ആയി(ചരിത്രത്തിൽ 82,95,140,144 എന്നീ അഭിപ്രായങ്ങളുമുണ്ട്). താൻ ഈ ലോകം പിരിയാനായി എന്ന ചിന്ത അദ്ദേഹത്തിന് തന്നെ ഉണ്ടായിത്തുടങ്ങി. അപ്പോൾ അദ്ദേഹത്തിന് വേറിട്ട ഒരാഗ്രഹം ജനിച്ചു. എന്റെ വിയോഗാനന്തരം പാടാനുള്ള വിലാപകാവ്യം എനിക്കൊന്നു കേൾക്കണം. സാധാരണ ആളുകൾ മരണപ്പെട്ടവരെ പുകഴ്ത്തി പാടുന്നതിനാണല്ലോ വിലാപകാവ്യം എന്ന് പറയുക. അദ്ദേഹം തന്റെ കവയിത്രികളായ ആറ് പെൺമക്കളെയും വിളിച്ചു. സ്വഫിയ്യ, ബർറ, ആത്വിക, ഉമ്മു ഹകീം, ഉമൈമ, അർവ എന്നിങ്ങനെയാണ് അവരുടെ പേരുകൾ. തന്റെ ആഗ്രഹം മക്കളോട് പങ്കുവെച്ചു. ആറു പേരും അത് കൃത്യമായി നിർവ്വഹിച്ചു. മൂത്തമകൾ സ്വഫിയ്യയുടെ ദീർഘകാവ്യം അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചു. മരണത്തിന് മുമ്പ് വിലാപകാവ്യം കേട്ടയാൾ എന്ന ശ്രുതി അദ്ദേഹത്തിന് ലഭിച്ചു. മഹാ മനസ്കനായ അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു.
പ്രിയപ്പെട്ട പിതാമഹന്റെ വിയോഗം എട്ടുവയസ്സുകാരനായ മുഹമ്മദ് ﷺ നെ ആഴത്തിൽ നൊമ്പരപ്പെടുത്തി. പിതാവിനെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത മകന് ഉപ്പയും വലിയുപ്പയുമായിരുന്നു അബ്ദുൽ മുത്വലിബ്. ഉമ്മയും മൺമറഞ്ഞതിൽ പിന്നെ എല്ലാമായിരുന്നു അവിടുന്ന്. അനാഥത്വത്തിന്റെ ഒരു വേദന കൂടി അവിടുന്ന് കടിച്ചിറക്കി. തങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞു. പോറ്റുമ്മയായ ഉമ്മു ഐമൻ രംഗം വിശദീകരിക്കുന്നു. ‘അബ്‌ദുൽ മുത്വലിബ് മരണപ്പെട്ടപ്പോൾ നബി ﷺ ക്ക് എട്ടു വയസ്സു പ്രായമായിരുന്നു. പിതാമഹന്റെ മൃതദ്ദേഹം കിടത്തിയ കട്ടിലിനു പിന്നിൽ നിന്ന് മുത്ത് നബിﷺ ദീർഘനേരം കരയുന്നത് ഞാൻ കണ്ടു’. വിരഹത്തിൻറെ വേദന സഹിക്കാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങൾ.
ആസന്ന സമയത്തും അബ്ദുൽ മുത്വലിബ് പൗത്രനെ കുറിച്ചുള്ള ചിന്തയിലായിരുന്നു. അതിനാൽ തന്നെ മക്കളോട് സവിശേഷമായ ചില വസ്വിയതുകൾ ചെയ്തിരുന്നു. തിരുനബി ﷺ യുടെ പ്രത്യേക ഉത്തരവാദിത്വം മകൻ അബൂത്വാലിബിനെ ഏൽപിച്ചു. പിതാവ് അബ്‌ദുല്ല എന്നവരുടെ പൂർണ സഹോദരനായിരുന്നു അബൂത്വാലിബ്. ഈ വിഷയത്തിൽ വേറിട്ട ഒരു നിവേദനത്തിൽ ഇങ്ങനെയുണ്ട്. അബ്ദുൽ മുത്വലിബിന് ശേഷം മുഹമ്മദ് ﷺ മോന്റെ സംരക്ഷണം സുബൈർ ആവശ്യപ്പെട്ടു. സഹോദരനായ അബൂത്വാലിബിനോട് മത്സരിച്ചു. ഒടുവിൽ നറുക്കിടാൻ തീരുമാനിച്ചു. നറുക്ക് അബൂത്വാലിബിനാണ് ലഭിച്ചത്. തിരുനബിക്കും ﷺ കൂടുതൽ താത്പര്യം അബൂത്വാലിബിനോടായിരുന്നു. എന്നിരുന്നാലും ലഭിച്ച അവസരങ്ങളിലൊക്കെ സുബൈർ മുത്ത് നബി ﷺ യെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തിരുനബി ﷺ യുടെ പതിനാലാം വയസ്സിൽ സുബൈർ പരലോകം പ്രാപിച്ചു. പിന്നീട് പൂർണമായും അബൂത്വാലിബിനൊപ്പമായി.
ക്രിസ്താബ്ദം 579 ലാണ് അബ്‌ദുൽ മുത്വലിബിന്റെ വിയോഗം. മക്കയിലെ ‘അൽ ഹജൂൻ’ എന്ന പ്രവിശ്യലാണ് മറമാടിയത്. പ്രപിതാമഹൻ ‘ഖുസയ്യ്’ ന്റെ ഖബറിനോട് ചേർന്നാണ് ഖബ്ർ ഒരുക്കിയത്.
പിതാവിനെപ്പോലെ മക്കയുടെ സാരഥ്യവും അബൂ ത്വാലിബിന് ലഭിച്ചു. എന്നാൽ സാമ്പത്തികാവസ്ഥ അത്രമേൽ മെച്ചമായിരുന്നില്ല. കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിന്റെ ചിലവ് നടത്താൻ തന്നെ പ്രയാസപ്പെട്ടിരുന്നു. പക്ഷേ മുത്തുനബി ﷺ യുടെ ആഗമനം അദ്ദേഹത്തിന് ആശ്വാസം നൽകി. തിരുനബി ﷺ ഒപ്പമുള്ള സുപ്രയിൽ കുറഞ്ഞ ഭക്ഷണം കൊണ്ട് എല്ലാവർക്കും വിശപ്പടങ്ങുമായിരുന്നു. എന്റെ പൊന്നുമോൻ വരുന്നത് വരെ കാത്തിരിക്കാൻ മക്കളോടദ്ദേഹം ആവശ്യപ്പെടും. പാനം ചെയ്യാനുള്ള പാൽ ആദ്യം നബി ﷺയെ ക്കൊണ്ട് കുടിപ്പിക്കും ശേഷമേ സന്താനങ്ങൾക്ക് നൽകിയിരുന്നുള്ളു. ഇത്തരം സന്ദർഭങ്ങളിലെല്ലാം പ്രിയ മകന്റെ സാന്നിധ്യത്തിന്റെ അനുഗ്രഹം എടുത്ത് പറഞ്ഞു ആശംസകൾ നേരും. പൊന്നുമോന്റെ ഓരോ ചലനങ്ങളും ഭാവങ്ങളും നിരീക്ഷിച്ചുകൊണ്ട് എപ്പോഴും ഒപ്പം നിർത്തി. അനാഥത്വത്തിന്റെ നൊമ്പരം അറിയാതിരിക്കാൻ ഏറെ ശ്രദ്ധിച്ചു.
ഏതായാലും അനാഥത്വം ഒരു ഭാഗ്യദോഷമായിരുന്നില്ലേ? എന്ന സംശയം ഉയർന്നു വന്നേക്കാം…(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
Part-9/365
അനാഥത്വം ഒരു ദൗർഭാഗ്യമായി കാണാറുണ്ട്. അനാഥരായവർക്ക് പലപ്പോഴും പലതും ലഭിക്കാതെ പോകും. പ്രത്യേകിച്ചും ശരിയായ ഒരു ശിക്ഷണം ലഭിച്ചെന്നു വരില്ല. എന്നാൽ ഇതൊന്നും മുത്ത് നബി ﷺ യെ ബാധിച്ചിട്ടില്ല. എന്നു മാത്രമല്ല നബി ﷺയുടെ അനാഥത്വത്തിൽ ചിലതത്വങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ വിഷയം സവിശേഷമായി പഠനം നടത്തിയവർ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. പ്രവാചക കുടുംബ പരമ്പരയിലെ ഉന്നത ഇമാമായ ജഅ്ഫർ സ്വാദിഖ്(റ) പറഞ്ഞു. ആരോടും ഒരു കടപ്പാടുമില്ലാത്ത അവസ്ഥയിൽ വളരാൻ വേണ്ടിയായിരുന്നു അത്. മാതാപിതാക്കളോടുള്ള കടപ്പാട് ഏത് പ്രത്യുപകാരത്തിലും പൂർത്തിയാകുന്നതല്ലല്ലോ?
മറ്റൊരു വിശദീകരണം ഇങ്ങനെയാണ്. തങ്ങളുടെ മുഴുവൻ മഹത്വവും അല്ലാഹുവിൽ നിന്ന് നേരിട്ടുള്ളതാണ് എന്ന രൂപത്തിൽ പരിചരിക്കപ്പെടാനായിരുന്നു. ‘അല്ലാഹുവാണ് എനിക്ക് ശിക്ഷണം നൽകിയത്, അത് ഉത്തമശിക്ഷണമായിരുന്നു’ എന്ന് നബി ﷺ തങ്ങൾ പറഞ്ഞിട്ടുമുണ്ട്.
അല്ലാഹു ഔന്നിത്യം നൽകിയാൽ ആരും ഉന്നതരാകും, അനാഥത്വം അതിന്നു തടസ്സമല്ല. പ്രാരാബ്ധങ്ങൾ സഹിച്ചു വളർന്ന വ്യക്തിക്ക് പാവപ്പെട്ടവരുടെ വേദനകൾ വേഗം തിരിച്ചറിയാനാകും. എക്കാലത്തും വരുന്ന യതീമുകൾക്ക് എന്റെ മുത്തുനബിﷺയും യതീമായിരുന്നല്ലോ എന്ന ചിന്ത ആശ്വാസം നൽകും. പ്രവാചകരുടെ ﷺ എല്ലാ കഴിവും പ്രാപ്തിയും ദൈവദത്തമാണ്. ആരിൽ നിന്നും കടം കൊണ്ടതല്ല. ഇങ്ങനെ ഒരുപാട് തത്വങ്ങൾ ഈ അനാഥത്വത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. സർവ്വോപരി പടച്ചവൻ അവന്റെ ഹബീബിനെ നേരിട്ടുള്ള പരിചരണത്തിൽ വളർത്താൻ തീരുമാനിച്ചു. അതൊരു പദവിയും ഭാഗ്യവുമാണ്. പരിമിതിയോ പരിഭവമോ അല്ല. ഈ ആശയം ഖുർആനിലെ തൊണ്ണൂറ്റിമൂന്നാം അധ്യായം ഉൾകൊള്ളുന്നുണ്ട്.
മുത്ത് നബി ﷺ അബൂത്വാലിബിന്റെയൊപ്പം സന്തോഷപൂർവ്വം ജീവിക്കുകയാണല്ലൊ. പ്രവാചകരുടെ പ്രസന്നതയും ഉന്മേഷവും ഏറെ ശ്രദ്ധേയമായിരുന്നു. അക്കാലത്തെ ജീവിതാനുഭവങ്ങളിൽ ഇങ്ങനെ ഒരു പരാമർശമുണ്ട്. ‘പ്രഭാതത്തിൽ എല്ലാവരും ഉറക്കച്ചടവോടെയായിരിക്കും എഴുന്നേൽക്കുക. എന്നാൽ പ്രവാചകരിൽ ﷺ അപ്രകാരം ഒരു ചടവോ ചുളിവോ കണ്ടിരുന്നില്ല. എപ്പോഴും നല്ല വൃത്തിയും ചിട്ടയും നിലനിന്നിരുന്നു. തലമുടി എപ്പോഴും ക്രമത്തിലും എണ്ണ പുരട്ടിയ പോലെ വൃത്തിയിലുമായിരുന്നു. ഊണിലും ഉറക്കിലും ഒപ്പം കൊണ്ടുനടന്ന അബൂത്വാലിബ് ഒരനുഭവം പങ്കുവെക്കുന്നു. ചെറുപ്പത്തിൽ ഞാൻ മുഹമ്മദ് ﷺ നെ വളർത്തിയിരുന്ന കാലം, എപ്പോഴും എനിക്കൊപ്പം തന്നെയുണ്ടാകും. ഒരിക്കൽ ഉറങ്ങാനൊരുങ്ങിയപ്പോൾ ഞാൻ പറഞ്ഞു: മോനെ, ഇരുട്ടുള്ള രാത്രിയല്ലെ വസ്ത്രമഴിച്ച് വെച്ചിട്ടു കിടന്നോളൂ.(വിവസ്ത്രരായി ആളുകൾ കഅബയെ പ്രദക്ഷിണം ചെയ്യുന്ന കാലമാണത്) അപ്പോൾ തന്നെ മുഖത്ത് അനിഷ്ടം പ്രകടമായി. എന്നെ അനുസരിക്കണമല്ലോ എന്നതിനാൽ നിരസിക്കാനും വയ്യ. എന്നോട് പറഞ്ഞു: ‘നിങ്ങൾ എന്റെ ഭാഗത്തേക്ക് നോക്കാതെ മറുവശത്തേക്ക് നോക്കു. എന്റെ നഗ്നത ആരും കാണുന്നത് എനിക്കിഷ്ടമല്ല’. ഞാൻ തിരിഞ്ഞു കിടന്നു. അപ്പോഴേക്കും വസ്ത്രം മാറ്റി വിരിപ്പിൽ വന്നു കിടന്നു. രാത്രിയെപ്പോഴോ ഒന്നുണർന്നപ്പോൾ ഞാൻ മകനെയൊന്ന് പരതിനോക്കി. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തത്ര ഉന്നതവസത്രമണിഞ്ഞു കിടക്കുകയായിരുന്നു മോൻ. നല്ല കസ്തൂരിയുടെ ഗന്ധവും റൂമിൽ നിറഞ്ഞു നിന്നു. ഞാനാശ്ചര്യപ്പെട്ടു.
അബൂത്വാലിബ് തുടരുന്നു. പലരാത്രികളിലും ഉറക്കറയിൽ മകനെക്കാണാറില്ല. പെട്ടെന്ന് പരിഭ്രമിച്ച് ഞാൻ വിളിക്കും: മോനേ… ഞാനിവിടെത്തന്നെയുണ്ടേ എന്ന് പറഞ്ഞ് പ്രത്യക്ഷപ്പെടും. പല പാതിരാത്രികളിലും എനിക്ക് പരിചയമില്ലാത്ത സംഭാഷണങ്ങൾ കേൾക്കും. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ‘ബിസ്മില്ലാഹ്’ എന്ന് ചൊല്ലും. ശേഷം “അൽഹംദുലില്ലാഹ്’എന്ന് ചൊല്ലും. ഇങ്ങനെയൊര് പതിവ് നേരത്തെ ഞങ്ങൾക്ക് പരിചയമുണ്ടായിരുന്നില്ല.
ബാല്യകാലത്ത് തന്നെ മുഹമ്മദ് ﷺ യിൽ കണ്ട പ്രത്യേകതകൾ പിതൃവ്യൻ തിരിച്ചറിഞ്ഞു. ഇതൊരു അസാധാരണ വ്യക്തിയാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ചില ആപൽഘട്ടങ്ങളിൽ മുഹമ്മദ് ﷺ യെ പ്രയോജനപ്പെടുത്തിയത് തുടർന്ന് വായിക്കാം… (തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
Part-10/365
മുത്തുനബി ﷺ യുടെ വിശേഷങ്ങൾ നന്നായി അറിയുന്ന ആളാണല്ലോ അബൂത്വാലിബ്. ആപൽഘട്ടങ്ങളിൽ ഈ സാന്നിധ്യം അനുഗ്രമാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ജൽഹമതു ബിൻ അർഫത്വ നിവേദനം ചെയ്യുന്നു. കടുത്ത വരൾച്ചയുടെ സമയത്ത് ഞാൻ മക്കയിൽ ചെന്നു. ഖുറൈശികൾ പറഞ്ഞു. അബൂത്വാലിബ് എന്നവരേ.. താഴ്‌വരകൾ വരണ്ടു, കുടുംബങ്ങൾ പട്ടിണിയിലായി. നിങ്ങൾ മുന്നോട്ട് വന്ന് മഴക്ക് വേണ്ടി ഒന്നു പ്രാർത്ഥിച്ചാലും. അബൂത്വാലിബ് സന്നദ്ധനായി. അദ്ദേഹത്തിനൊപ്പം സുന്ദരനായ ഒരു ബാലനുമുണ്ട്തെ .ളിഞ്ഞ ആകാശത്തിൽ തിളങ്ങി നിൽക്കുന്ന പൂർണ ചന്ദ്രനെപ്പോലെയുണ്ട് ആ കുട്ടിയുടെ മുഖം. അഴകാർന്ന ഭാവങ്ങളുടെ ഉടമ. ചുറ്റും കുറച്ച് യുവാക്കളുമുണ്ട്. അബൂത്വാലിബ് കുട്ടിയെ ചുമലിലേറ്റി കഅബയുടെ അടുത്തെത്തി. കഅബയുടെ ചുവരിലേക്ക് കുട്ടിയെ ചേർത്തു വെച്ചു. സ്വന്തം കൈകൊണ്ട് താങ്ങിപ്പിടിച്ചു. അപ്പോൾ ആകാശത്ത് ഒരു മേഘക്കീറ് പോലും ഉണ്ടായിരുന്നില്ല. നിമിഷങ്ങൾ കഴിഞ്ഞതേ ഉള്ളൂ. എന്തൊരത്ഭുതം നാനാ ഭാഗത്ത് നിന്നും മേഘങ്ങൾ ഉരുണ്ടു കൂടുന്നു. അനുഗ്രഹീത വർഷം പെയ്തിറങ്ങി. മക്കയും താഴ്‌വരകളും നനഞ്ഞു കുളിർത്തു. ഈ സംഭവത്തെച്ചൊല്ലി പിൽക്കാലത്ത് അബൂത്വാലിബ് മനോഹരമായ ഒരു കവിത ചൊല്ലിയിട്ടുണ്ട്. ആവരികൾ ചൊല്ലി കേൾക്കുന്നത് മുത്ത് നബി ﷺ ക്കും ഇഷ്ടമായിരുന്നു.
പതിറ്റാണ്ടുകൾക്ക് ശേഷം മദീനയിൽ വരൾചയുണ്ടായി. നബി ﷺ മഴക്ക് വേണ്ടി പ്രാർത്ഥിച്ചു. അനുഗ്രഹീത വർഷം കോരിച്ചൊരിഞ്ഞു. മദീന നനഞ്ഞു തണുത്തു. സന്തോഷത്തിനിടയിൽ കണ്ണീർ വാർത്തുകൊണ്ട് മുത്ത് നബി ﷺ പറഞ്ഞു. അബൂത്വാലിബ് ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ഏറെ സന്തോഷിക്കുമായിരുന്നു. എന്നിട്ട് സദസ്സിനോട് ചോദിച്ചു. അബൂത്വാലിബ് ചൊല്ലിയ വരികൾ ഇവിടെ ആർക്കാണ് ഓർമയുള്ളത്? അബൂത്വാലിബിന്റെ മകൻ അലി(റ) അവിടെ ഉണ്ടായിരുന്നു. ഉടനെ ആ വരികൾ ചൊല്ലി കേൾപിച്ചു .(വ അബ്യള്ള…) തങ്ങൾ ﷺ ക്ക് സന്തോഷമായി.
അബൂത്വാലിബിന്റെ ജീവിതാനുഭവങ്ങളിലെ അത്ഭുതങ്ങൾ അവസാനിച്ചില്ല. അദ്ദേഹത്തിൽ നിന്ന് അംറ് ബിൻ സഈദ് നിവേദനം ചെയ്യുന്നു. ഞാൻ സഹോദരപുത്രൻ മുഹമ്മദ് ﷺ നൊപ്പം ‘ദുൽ മജാസി’ലായിരുന്നു. എനിക്ക് അസഹനീയമായ വിശപ്പും ദാഹവും അനുഭവപ്പെട്ടു. ഞാൻ മകനോട് പറഞ്ഞു. “മോനേ വല്ലാത്ത ദാഹമുണ്ടല്ലോ”. തിരിച്ചു ചോദിച്ചു. ഉപ്പാക്ക് നല്ല ദാഹമുണ്ട് അല്ലേ? അതേ മോനെ.… ഞാൻ പറഞ്ഞു. പെട്ടെന്ന് പൊന്നുമോൻ കുഞ്ഞിളം കാൽ കൊണ്ട് തൊട്ടടുത്തുള്ള പാറയിൽ ചെറുതായി ഒന്ന് ചവിട്ടി. അത്ഭുതമെന്ന് പറയട്ടെ നല്ല തെളിനീർ പൊട്ടിയൊലിച്ചു. നല്ലൊരു ജല പ്രവാഹം. പാറക്കല്ലിൽ നിന്ന് ഇത്തരമൊരു ഉറവ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. ദാഹം തീരുവോളം അതിൽ നിന്ന് കുടിച്ചു. ശേഷം മകൻ ചോദിച്ചു. ഉപ്പക്ക് ദാഹം മാറിയോ? ഞാൻ പറഞ്ഞു അതെ. തുടർന്നു ഒരിക്കൽ കൂടി ആ പാറയുടെ മേൽ ചവിട്ടി. പാറ പഴയ അവസ്ഥയിലേക്ക് തന്നെ മാറി. ജല പ്രവാഹം അവസാനിച്ചു. ഇമാം ഇബ്നു സഅദ് ഇത് ഉദ്ദരിച്ചിട്ടുണ്ട്.
സമൂഹത്തിൽ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയതോടെ മകൻറെ കാര്യത്തിൽ അബൂത്വാലിബ് കൂടുതൽ സൂക്ഷ്മത പുലർത്തി. വേദക്കാരുടേയും ജോത്സ്യന്മാരുടേയും ചതിയിൽ പെടാതെ കാത്ത് കൊണ്ടു നടന്നു. ഒരിക്കൽ ലക്ഷണ വിദഗ്ധനായ ഒരാൾ മക്കയിൽ വന്നു. ‘അസദ്-ശനൂഅ’ ഗോത്രത്തിലെ അറിയപ്പെട്ട ജോത്സ്യനാണദ്ദേഹം. മുഖലക്ഷണം നോക്കി പറയുന്ന കാര്യങ്ങൾ ചിലപ്പോൾ ഒത്തുവരാറുണ്ട്. ലഹബ് ബിന് അഹ്ജൻ എന്നാണത്രേ അയാളുടെ പേര്. അന്ധവിശ്വാസികളായ അന്നത്തെ മക്കക്കാർ കുട്ടികളെയും കൊണ്ട് അയാളെ സന്ദർശിക്കും. ഇയാൾ അബൂതാലിബിനെ കണ്ട ഉടനെ തന്നെ ഒപ്പമുള്ള മുഹമ്മദ് ﷺ നെ നോക്കാൻ തുടങ്ങി. ആ നോട്ടം അബൂത്വാലിബിനെ വ്യാകുലപ്പെടുത്തി. പെട്ടെന്ന് മറ്റൊരു വിഷയത്തിലേക്ക് ചർച്ച വഴുതി മാറി. ഉടനെ അബൂ ത്വാലിബ് മകനെ അവിടെ നിന്ന് മാറ്റിക്കളഞ്ഞു. ശേഷം ലഹബ് അന്വേഷിച്ചു. ആ കുട്ടി എവിടെ ? ആവർത്തിച്ച് അയാൾ ചോദിച്ചു കൊണ്ടിരുന്നു. ഞാനിപ്പോൾ കണ്ട ആ കുട്ടിയെ ഒരിക്കൽ കൂടി ഒന്നു കാണട്ടെ! ആ കുട്ടിക്ക് ശോഭനമായ ഒരു ഭാവിയുണ്ട്.
ഉത്തരവാദിത്വമുള്ള ഒരു രക്ഷിതാവിൻറെ പൂർണ ദൗത്യം നിർവഹിച്ചു കൊണ്ട് താങ്ങും തണലുമായി അബൂത്വാലിബ് നിലനിന്നു. ദീർഘദൂര യാത്രകളിൽ പോലും വിട്ടുപിരിയാതെ കൊണ്ടു നടന്നു. അത്തരം സന്ദർഭങ്ങളും അത്ഭുതം പകർന്നു നൽകുന്ന അനുഭവങ്ങളായിരുന്നു അദ്ദേഹത്തിന് നൽകിയത്. (തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
Part-11/365
Part-12/365
Part-13/365
Part-14/365
Part-15/365
ആറാം നൂറ്റാണ്ടിൽ മക്കയിൽ ജീവിച്ചിരുന്ന സമൂഹം ഏറെ അധാർമികമായിരുന്നു. അവർക്കിടയിൽ തെളിമയാർന്ന ഒരു യൗവനത്തെയാണ് നാം വായിക്കുന്നത്. കളവ് പറയലും നടത്തലും മോശമായിക്കാണാത്ത ഒരു ജനത. തമാശയായിപ്പോലും കളവു പറയാത്ത ഒരു യുവാവ്. മദ്യം പുണ്യജലം പോലെയോ കുടിവെള്ളം പോലെയോ ഉപയോഗിക്കുന്ന ജനങ്ങൾ. ഒരിക്കൽ പോലും മദ്യമൊന്ന് രുചിച്ചു പോലും നോക്കാത്ത ഒരാൾ. സർവ്വവിധ അനാവശ്യങ്ങളും നിറഞ്ഞു നിൽക്കുന്ന ജനകൂട്ടം. ഒരു വൃത്തികേടിലേക്കും തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത ഒരു വ്യക്തി. ഇപ്രകാരമാണ് മുത്ത് നബി ﷺ മക്കയിൽ വളർന്നു വരുന്നത്.
പവിത്രമായ ഈ ജീവിതത്തിന് പിന്നിൽ അല്ലാഹുവിന്റെ പ്രത്യേകമായ ഒരു കാവൽ നമുക്ക് വായിക്കാനാകും. സ്വീകാര്യയോഗ്യമായ ഒരു നിവേദനം ഇങ്ങനെയാണ്. ഖുറൈശികൾ കഅബാലയം പുതുക്കിപ്പണിതു കൊണ്ടിരിക്കുന്നു. കല്ലു ചുമക്കുന്നവരുടെ കൂട്ടത്തിൽ തിരുനബിﷺ യുമുണ്ട്. പിതൃ സഹോദരനായ അബ്ബാസ് (റ)ആണ് ഒപ്പമുള്ളത്. ഉടുമുണ്ട് അഴിച്ച് തോളിൽ വെച്ച് അതിന്മേൽ കല്ലേറ്റികൊണ്ട് വരിക. ഇതായിരുന്നു സാധാരണയിൽ അവിടുത്തെ രീതി. പക്ഷേ മുഹമ്മദ്ﷺ ഉടുവസ്ത്രമഴിക്കാതെ നേരേ തന്നെ തോളിൽ കല്ലു ചുമക്കുന്നു. അനുകമ്പ തോന്നിയ അബ്ബാസ് ചോദിച്ചു. മോനേ മുണ്ടഴിച്ച് തോളിൽ വെച്ച് കല്ലു ചുമന്നു കൂടെ?(വിസമ്മതിച്ചു.) അവർ രണ്ടു പേരും മാത്രമായപ്പോൾ കൊച്ചാപ്പയുടെ അഭിപ്രായം മാനിക്കാമെന്ന് കരുതി. മുണ്ടഴിക്കാനൊരുങ്ങിയപ്പോഴേക്കും ബോധം നഷ്ടപ്പെട്ടു വീണു. ഉടനെ അബ്ബാസ് താങ്ങിയെടുത്തു. എന്ത് പറ്റി മോനെ? മുത്ത് നബിﷺ യുടെ കണ്ണുകൾ ആകാശത്തേക്കുയർന്നിരുന്നു. അവിടുന്ന് പറഞ്ഞു. നഗ്നനായി നടക്കുന്നത് എനിക്ക് നിരോധിക്കപ്പെട്ടിരിക്കുന്നു. പിന്നീടൊരിക്കലും അങ്ങനെയൊരു ശ്രമം ഉണ്ടായില്ല.
പ്രവാചകത്വ പ്രഖ്യാപനത്തിനു മുമ്പും മുത്ത് നബിﷺ പാപസുരക്ഷിതരായിരുന്നു എന്നതിന് തെളിവ്കൂടിയാണീ സംഭവം. ഇമാം ബുഖാരിയും ഈ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. ഈ സംഭവത്തിന് മുമ്പൊരിക്കൽ കുട്ടികളോടൊപ്പം അവിടുന്ന് കല്ലു ചുമന്നു. അപ്പോഴും ഇത്തരം ഒരു ശ്രമം നടന്നു. ‘നിങ്ങൾ ഉടുമുണ്ട് ധരിക്കുക’ എന്ന ആജഞകേട്ടു. പിന്നാമ്പുറത്ത് നിന്ന് ആരോ ഒരാൾ ശക്തമായി മുതുകിൽ ഇടിക്കുകയും ചെയ്തു. എന്നാൽ വേദന അനുഭവപ്പെടുകയോ ആളെക്കാണുകയോ ചെയ്തില്ല. തുടർന്ന് ചുമലിൽ തന്നെ കല്ല് ചുമന്ന് പണി പൂർത്തീകരിച്ചു.
ഇബ്നു അബ്ബാസ് നിവേദനം ചെയ്യുന്ന മറ്റൊരു സംഭവം ഇങ്ങനെയുമുണ്ട്. ഒരിക്കൽ അബൂത്വാലിബ് സംസം കിണറിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. സഹോദരപുത്രൻ മുഹമ്മദ്ﷺ യും ഒപ്പം കൂടി. കല്ലുകൾ ചുമന്ന് എത്തിക്കാൻ തുടങ്ങി. തോളിൽ കല്ലു ചുമക്കുന്ന കുട്ടിയോട് മുതിർന്ന ഒരാൾക്ക് അനുകമ്പ തോന്നി. വസ്ത്രം അഴിച്ച് തോളിൽ തടയായി വെച്ചു കൊടുക്കാനൊരുങ്ങി. ഉടനെ തിരുനബിﷺ ബോധരഹിതനായി വീണു. ബോധം തെളിഞ്ഞപ്പോൾ അബൂത്വാലിബ് ചോദിച്ചു മോനേ എന്തു സംഭവിച്ചു? ഉപ്പാ ശുഭ്രവസത്രധാരിയായ ഒരാൾ എന്റെ അടുത്ത് വന്നു പറഞ്ഞു. നിങ്ങൾ ശരീരം മറക്കൂ.. പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പ് വഹിയ്(ദിവ്യസന്ദേശം) ലഭിച്ച സുപ്രധാന സന്ദർഭമായി ഈ സംഭവത്തെ പണ്ഡിതന്മാർ പരിഗണിച്ചിട്ടുണ്ട്.
സദാചാരങ്ങളുടെ പ്രതിരൂപമായി മുത്ത് നബിﷺ ജീവിതം നയിച്ചു. ജീവിതം കൊണ്ട് തന്നെ തിരുത്തലുകൾ നിർവഹിച്ചു കൊണ്ടേയിരുന്നു. അവിടുന്ന് പറഞ്ഞതായി അലി(റ) ഉദ്ദരിച്ചു. ജാഹിലിയ്യാ കാലക്കാർ ചെയ്തിരുന്ന ഒരു വൃത്തികേടും ചെയ്യാൻ ഞാൻ ഉദ്ദേശിച്ചിട്ടു പോലുമില്ല. എന്നാൽ രണ്ട് സന്ദർഭങ്ങളുണ്ടായി. രണ്ട് സമയത്തും അല്ലാഹു എനിക്ക് കാവൽ നൽകുകയും ചെയ്തു. ഒന്ന്, കൂട്ടുകാരോടൊപ്പം ആട് മേയ്ക്കുന്ന കാലം. ഒരു ദിവസം ഞാനവരോട് പറഞ്ഞു. ഇന്ന് നിങ്ങൾ എന്റെ ആടുകളെ കൂടി ഒന്ന് നോക്കാമോ.. ഞാൻ പട്ടണത്തിൽ പോയി യുവാക്കളോടൊപ്പം വിനോദത്തിൽ ഒന്നു കൂടിയിട്ടു വരാം. അവർ സമ്മതിച്ചു. അങ്ങനെ മക്കാ പട്ടണത്തിലെത്തി. അതാ ഒരു വീട്ടിൽ ആരവങ്ങൾ കേൾക്കുന്നു. എന്താണെന്നന്വേഷിച്ചു. വിവാഹത്തിന്റെ ഭാഗമായുള്ള വിനോദങ്ങളാണ്. അവിടേക്ക് കടന്നു ചെന്നു ഒരു ഭാഗത്ത് ഇരുന്നതേ ഉള്ളൂ ഉറങ്ങിപ്പോയി. പരിപാടികള്‍ എല്ലാം കഴിഞ്ഞ് പ്രഭാതമടുത്തപ്പോഴാണ് ഉണർന്നത്. ഒരു വിനോദത്തിലും ഞാൻ ആസ്വദിച്ചില്ല. പിന്നീട് കൂട്ടുകാരിലേക്ക് മടങ്ങിയെത്തി. അവർ വിനോദങ്ങളെ കുറിച്ചു ചോദിച്ചു. സംഭവിച്ച കാര്യങ്ങൾ ഞാൻ അവരോട് പങ്കുവെച്ചു. മറ്റൊരിക്കൽ കൂടി സമാനമായ ഒരു സംഭവമുണ്ടായി. പിന്നോടൊരിക്കലും അത്തരം ഒരു സാന്നിധ്യത്തിന് പോലും ആഗ്രഹിച്ചിട്ടില്ല.
വിശ്വാസാചാരങ്ങളിൽ തുല്യതയില്ലാത്ത ഒരു കരുതൽ മുത്ത് നബിﷺ ക്കുണ്ടായിരുന്നു. പല സംഭവങ്ങളിലും അത് വ്യക്തമാണ്…
(തുടരും)
ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി
Part-16/365
മക്കയിൽ നിലനിന്നിരുന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യമായിരുന്നു ബഹുദൈവാരാധന. അതിന്റെ ഭാഗമായി വിഗ്രഹ പൂജയും വ്യാപകമായിരുന്നു. വ്യത്യസ്ത വിഭാഗങ്ങൾക്ക് വ്യത്യസ്ത ദൈവങ്ങളും വിഗ്രഹങ്ങളും ഉണ്ടായിരുന്നു. ഏകനായ പടച്ചവനെ മാത്രം ആരാധിക്കാൻ നിർമിതമായ കഅബാലയം. അതിനുള്ളിലും പരിസരത്തും വരെ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടു. ശരിയായ ഏകദൈവ വിശ്വാസം മക്കയിൽ ഒറ്റപ്പെട്ട ആളുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മനുഷ്യോൽപത്തി മുതൽ ഏകനായ അല്ലാഹുവിനെ മാത്രമേ മക്കയിൽ ആരാധിക്കപ്പെട്ടിരുന്നുള്ളൂ. നൂഹ് നബിയുടെ ജനതയിലാണ് ആദ്യമായി ബിംബാരാധന ഉണ്ടായത്. അംറ് ബിൻ ലഹിയ എന്ന ആളാണ് ആദ്യമായി അറബ് ഭൂഖണ്ഡത്തിൽ വിഗ്രഹം സ്ഥാപിച്ചത്. പ്രവാചകന്മാരുടെ പ്രബോധനം ലഭിക്കാതെ വന്ന മക്കയിലെ ജനങ്ങൾ അതിൽ ആകൃഷ്ടരായി. മൂസാ ഇസാ പ്രവാചകന്മാരുടെ അനുയായികൾ സത്യസന്ദേശം നൽകിയെങ്കിലും മക്കക്കാർ അതംഗീകരിച്ചില്ല. ഇങ്ങനെ അരക്ഷിതമായ ഒരു ജനതയിലുടെയാണ് മുത്ത് നബി ﷺ യുടെ യുവത്വം കടന്നു പോകുന്നത്. പക്ഷേ ഒരിക്കൽ പോലും അവിടുന്ന് ബഹുദൈവാരാധനയിൽ പങ്കു ചേർന്നില്ല. ഒരു ബിംബത്തെയും വന്ദിക്കുകയയോ വണങ്ങുകയോ ചെയ്തില്ല. പടച്ചവനിൽ നിന്ന് പ്രത്യേകമായ ഒരു കാവൽ നബിﷺ ക്ക് ഉണ്ടായിരുന്നു. ഇത് സംബന്ധമായ ചില രംഗങ്ങൾ ഇങ്ങനെ വായിക്കാം.
1. അലി(റ) നിവേദനം ചെയ്യുന്നു. മുത്ത് നബിﷺയോട് ഒരാൾ ചോദിച്ചു. അവിടുന്ന് എപ്പോഴെങ്കിലും വിഗ്രഹാരാധന നടത്തിയിട്ടുണ്ടോ? ഇല്ല. എപ്പോഴെങ്കിലും മദ്യപിച്ചിട്ടുണ്ടോ? ഇല്ല, അവർ പുലർത്തിയിരുന്നത് സത്യനിഷേധം (കുഫ്ർ)ആണെന്ന് അന്നേ എനിക്കറിയാമായിരുന്നു. നബി ﷺ വിശദീകരിച്ചു.
2. മുത്ത് നബി ﷺ യുടെ പരിചാരകൻ സൈദ് ബിൻ ഹാരിസ പ്രസ്താവിക്കുന്നു “നബിﷺ ഒരിക്കലും ഒരു വിഗ്രഹത്തേയും വന്ദിച്ചിട്ടില്ല. പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പേ തന്നെ അതിനോട് എനിക്ക് വെറുപ്പായിരുന്നു. കഅബയെ പ്രദക്ഷീണം ചെയ്യുന്ന അന്നത്തെ മക്കക്കാർ ഇസാഫ, നാ ഇല എന്നീ വിഗ്രഹങ്ങളെ തൊട്ടു വണങ്ങുമായിരുന്നു. എന്നാൽ പ്രവാചകർ ﷺ അങ്ങനെ പോലും ചെയ്തിട്ടില്ല.”
3. പോറ്റുമ്മ ഉമ്മുഐമൻ വിവരിക്കുന്നു “ഖുറൈശികൾ ‘ബുവാന’ എന്ന വിഗ്രഹത്തെ ആരാധിച്ചിരുന്നു. വർഷം തോറും അതിന്റെ സന്നിധാനത്തിൽ ഒരു ഉത്സവം സംഘടിപ്പിക്കും. ബലിയറുത്ത് തലമുണ്ഡനം ചെയ്യും. ഉത്സവ ദിവസം രാത്രി വരെ അവിടെ ഭജനയിൽ കഴിയും.” അബൂത്വാലിബ് കുടുംബാംഗങ്ങളെ മുഴുവൻ കൂട്ടി അതിൽ പങ്കെടുക്കുമായിരുന്നു. മുത്ത് നബി ﷺ യെ പലതവണ ക്ഷണിച്ചപ്പോഴും വിസമ്മതിച്ചു മാറി നിന്നു. അബൂത്വാലിബിന് അതിഷ്ടമായില്ല. അമ്മായിമാർ പറഞ്ഞു. എന്താണ് മോനെ നമ്മുടെ കുടുംബക്കാർ ഒത്തുകൂടുന്ന ഈ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുന്നത്.? നമ്മുടെ ദൈവത്തെ നിരാകരിക്കുന്നത്? നമ്മുടെ അംഗബലം കാണിക്കേണ്ട ഈ സന്ദർഭത്തിൽ ഒക്കെ മോൻ വിട്ടു നിൽക്കുകയാണോ?
മനസ്സില്ലാ മനസ്സോടെ അവർക്കൊപ്പം പുറപ്പെടാമെന്ന് വിചാരിച്ചു. മുത്തുനബി ﷺ അവർ നടന്ന ദിശയിൽ നടന്നു. ഉമ്മു ഐമൻ പറയുകയാണ്. അൽപനേരത്തേക്ക് മുഹമ്മദ് ﷺമോൻ അപ്രത്യക്ഷനായി. പിന്നീട് ഭയന്ന് വിറച്ച് കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. അമ്മായിമാർ ചോദിച്ചു മോനെ എന്ത് പറ്റി ? എനിക്കെന്തോ ഒരു വല്ലായ്മ അനുഭവപ്പെടുന്നു. മോൻ പറഞ്ഞു. അവർ തുടർന്നു. “മോനെ മോന് ഒരിക്കലും പിശാച് ബാധയൊന്നും ഏൽക്കുകയില്ല. കാരണം മോന്റെ നടപ്പുരീതികൾ അങ്ങനെയാണ്. ഇപ്പോഴെന്താണുണ്ടായതെന്ന് പറയൂ..” ഞാൻ ഉത്സവ സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു. പ്രതിഷ്ഠയുടെ അടുത്ത് എത്താനായപ്പോഴേക്കും ഒരു വെള്ള വസ്ത്രധാരി പ്രത്യക്ഷപ്പെട്ടു. ദീർഘകായനായ അയാൾ ശബ്ദമുയർത്തിപറഞ്ഞു. “ഓ മുഹമ്മദ് ﷺ പിന്നോട്ട് മാറൂ ബിംബത്തിനടുത്തേക്കു പോകരുത്.” പിന്നീടൊരിക്കലും അത്തരം ഉത്സവ സ്ഥലത്തേക്ക് പോലും പോയിട്ടില്ല.
4 . മധുവിധുവിന്റെ നാളുകളിൽ മണവാളൻ മുഹമ്മദ് ﷺ പ്രിയ പത്നി ബീവി ഖദീജയോട് പറഞ്ഞു. ഞാൻ ലാതയെയും ഉസ്സയെയും ഒരു കാലത്തും ആരാധിക്കുകയില്ല. അവക്ക് ഞാൻ വണങ്ങുകയുമില്ല. ബീവി പറഞ്ഞു. അവിടുന്ന് ലാത്തയെയും ഉപേക്ഷിച്ചോളൂ ഉസ്സയേയും ഉപേക്ഷിച്ചോളൂ.
പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പേയുള്ള പരിശുദ്ധിയുടെ പ്രമാണങ്ങൾ. ഇരുൾ നിറഞ്ഞ ചുറ്റുപാടുകൾക്കിടയിൽ സ്വർണശോഭയോടെ നടന്ന് നീങ്ങുന്ന മുഹമ്മദ്ﷺഎന്ന യുവാവ്. സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുകയും നീതിയും ധൈര്യവും അടയാളപ്പെടുത്തുകയും ചെയ്ത രംഗങ്ങളാണിനി വായിക്കാനുള്ളത്.
(തുടരും)
Part-17/365
സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു യുവാവിനെ മുത്ത് നബിﷺ യിൽ കാണാൻ കഴിയും. മക്കയിലും പരിസരങ്ങളിലും കാലങ്ങളായി നീണ്ടു നിന്ന ഒരു വംശീയ കലാപം. ‘ഹർബുൽ ഫിജാർ അഥവാ തെമ്മാടികളുടെ യുദ്ധം’ എന്നാണ് ചരിത്രത്തിൽ ഇതറിയപ്പെടുന്നത്. മുത്ത് നബിﷺ ക്ക് അന്ന് പതിനഞ്ച് വയസ്സായിരുന്നു. ഒരു ഭാഗത്ത് ഖുറൈശികളും കിനാന ഗോത്രവും. മറുഭാഗത്ത് ഹവാസിൻ ദേശക്കാരായ ഖയ്സ് -അയലാൻ ഗോത്രങ്ങൾ. ഒന്നാമത്തെ കക്ഷിയുടെ നേതാവ് ഹർബ് ബിൻ ഉമയ്യയായിരുന്നു. മക്കയിലെ പ്രസിദ്ധമായ ഉക്കാള് ചന്തയിൽ ഒരാൾക്കു അഭയം നൽകിയതിനെ തുടർന്നുള്ള തർക്കങ്ങളാണ് യുദ്ധത്തിൽ കലാശിച്ചത്. നാലു പോരാട്ടങ്ങൾ നടന്നു. നാലാമത്തേതിൽ പിതൃസഹോദരങ്ങൾകൊപ്പം നബിﷺ യും യുദ്ധരംഗത്തേക്ക് പോയി. നേരിട്ട് യുദ്ധത്തിൽ പങ്കെടുത്തില്ല. തെറിച്ചു പോയ അമ്പുകൾ പെറുക്കി കൊടുക്കാൻ സഹായിച്ചു. അതിനിടയിൽ ചില അമ്പെയ്ത്തുകൾ നടത്തേണ്ടിവന്നു. അതും വേണ്ടിയിരുന്നില്ല എന്ന നിരീക്ഷണം നബിﷺ പിൽക്കാലത്ത് പങ്കുവെച്ചു.
യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ഉച്ചക്ക് മുമ്പ് ഹവാസിൻ കാർക്കായിരുന്നു വിജയം. ഉച്ചക്ക് ശേഷം ഖുറൈശികൾ ജയിച്ചു. ന്യായവും ഖുറൈശീ പക്ഷത്തായിരുന്നു. എന്നിട്ടും ഖുറൈശികൾ തന്നെ സമാധാനശ്രമങ്ങൾക്ക് തുടക്കം കുറിച്ചു. എന്നെന്നേക്കും ഈ രക്ത ചൊരിച്ചിൽ അവസാനിപ്പിക്കാൻ അവർ ആഗ്രഹിച്ചു. സേനാ നായകനായ ഉത്ബത്ബിൻ റബീഅ നേരിട്ട് രംഗത്തിറങ്ങി. ഇരു കക്ഷികളും ചില ദൃഢപ്രതിജ്ഞകൾ ചെയ്തു. രംഗം പൂർണ്ണമായും ശാന്തമായി. അപ്പോഴേക്കും നബിﷺക്ക് വയസ്സ് ഇരുപതായി.
ചില സാമൂഹിക യാഥാർത്ഥ്യങ്ങളെ നേരിട്ടനുഭവിക്കാൻ നബിﷺക്ക് അവസരമുണ്ടായി. തങ്ങളുടെ ധൈര്യവും സാമർത്ഥ്യവും അന്നുള്ളവർക്ക് ബോധ്യമായി. പിൽക്കാലത്തെ പ്രവർത്തനങ്ങൾക്കിടയിൽ മുത്ത് നബി ഈ രംഗങ്ങൾ ഓർക്കാറുണ്ടായിരുന്നു. അനുചരന്മാരോട് പങ്കുവെക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള നാളുകളിൽ മക്കയിൽ ഒരു ഉടമ്പടി രൂപപ്പെട്ടു. ‘ഹിൽഫുൽ ഫുളൂൽ’ എന്നാണ് ഉടമ്പടിയുടെ പേര്. സമാധാന പ്രേമികളായ ഒരു സംഘമാണ് ഇതിന് കളമൊരുക്കിയത്. മേലിൽ യുദ്ധവും അക്രമവും മറ്റും ഒഴിവാക്കാനായിരുന്നു ഇത്. ഉടമ്പടിയിലേക്കെത്തിച്ച സാഹചര്യം ഇതായിരുന്നു. സുബെയ്ദ് ഗോത്രത്തിൽ പെട്ട ഒരാൾ തന്റെ കച്ചവട സാധനങ്ങളുമായി മക്കയിലെത്തി. മക്കയിലെ പ്രതാപിയായ ആസ്വ് ബിൻ വാഇൽ സാധനങ്ങൾക്ക് വില നിശ്ചയിച്ചു കൈപ്പറ്റി. പക്ഷേ ചൂഷകനായ അയാൾ വിലനൽകിയില്ല. തൻ്റെ ഹുങ്കും സ്വാധീനവും അയാൾ പുറത്തെടുത്തു. കഷ്ടത്തിലായ വ്യാപാരി മക്കയിലെ പലപ്രമുഖരോടും ആവലാതി പറഞ്ഞു. പക്ഷേ ബിൻ വാഇലിൽ നിന്ന് അവകാശം വാങ്ങി കൊടുക്കാൻ ആരും സന്നദ്ധരായില്ല. മക്കയിലെ മുതലാളിത്ത ചൂഷണത്തിന്റെ പ്രതീകമായിരുന്നു അയാൾ. ഗതിമുട്ടിയ വ്യാപാരി ഒരടവു പ്രയോഗിച്ചു. അടുത്ത ദിവസം രാവിലെ കഅബയുടെ ചാരത്തുള്ള അബൂഖുബൈസ് പർവ്വതത്തിന്റെ മുകളിൽ കയറി. മക്കയിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം ഒരു കവിതയാക്കി ചൊല്ലി. തന്റെ ദുഃഖവും ഒരു മക്കാനിവാസിയുടെ അക്രമവും ഉൾകൊള്ളുന്ന വരികളായിരുന്നു അത്. മക്കയിലെ പ്രമുഖരെല്ലാം കഅബയുടെ തണലിൽ ഒത്തു കൂടി സൊറ പറയുന്ന നേരമായിരുന്നു അത്. എല്ലാവരും ഈ കവിതശ്രദ്ധിച്ചു. മക്കക്കാരനായ ഒരാൾ വിദേശിയായ ഒരു വ്യാപാരിയെ വഞ്ചിച്ച വാർത്ത ഏവർക്കും മാനക്കേടായി. ആത്മാഭിമാനിയായ സുബൈർ ചാടിയെഴുന്നേറ്റു. മുത്ത്നബിയുടെ പിതൃസഹോദരനാണല്ലോ സുബൈർ. ‘ഇനി അയാളെവെറുതേ വിട്ടു കൂടാ’ എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിച്ചു. മക്കയിലെ പ്രമുഖ ഗോത്രത്തലവന്മാരെയെല്ലാം ക്ഷണിച്ചു വരുത്തി. അബ്ദുല്ലാഹ് ബിൻ ജുദ്ആൻ എന്നയാളുടെ വീട്ടിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു.
“മർദ്ദിതർ ആരായിരുന്നാലും അവർക്ക് മക്കയിൽ നീതി ലഭിക്കണം. നീതിക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കണം. നമുക്കിടയിൽ ഈ വിഷയത്തിൽ ഒരു ദൃഢ പ്രതിജ്ഞ ഉണ്ടാവണം. സമുദ്രത്തിൽ ഒരു തുള്ളി വെള്ളം ബാക്കിയാകുന്നകാലം ഈ ഉടമ്പടി ഉണ്ടാവണം. ഹിറാ സബീർ പർവ്വതങ്ങൾ ഇളകാത്ത കാലത്തോളം ഉടമ്പടി നിലനിൽക്കണം” വിഷയമവതരിപ്പിച്ചു കൊണ്ട് സുബൈർ പ്രസംഗിച്ചു. എല്ലാ ഗോത്ര നേതാക്കളും ഒത്തു സമ്മതിച്ചു. ഭക്ഷണം കഴിച്ച് കരാറിൽ ഒപ്പു വെച്ചു. ഓരോരുത്തരായി ആസ്വ് ബിൻ വാ ഇലിന്റെ വീട്ടിൽ എത്തി. വ്യാപാരിയുടെ മുഴുവൻ ചരക്കുകളും വാങ്ങിക്കൊടുത്തു. അതോടെ ‘ഹിൽഫുൽ ഫുളൂൽ’ സമാധാന സഖ്യ സന്ധി പ്രായോഗികമായി. ഈ ഉടമ്പടിയിൽ പിതൃസഹോദരനൊപ്പം മുത്ത് നബി ﷺ പ്രധാന സംഘാടകനായി. ലോകം മുഴുവൻ നീതി സ്ഥാപിക്കാനുള്ള മഹത് വ്യക്തി യുവത്വത്തിൽ തന്നെ സമാധാന സന്ധിയുടെ സംഘാടകനാകുന്നു…(തുടരും)
ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി
Part-18/365
സമാധാന സന്ധിയെ കുറിച്ച് ആവേശപൂർവ്വം നബിﷺ സംസാരിക്കാറുണ്ടായിരുന്നു. ‘ഞാൻ യുവാവായിരുന്നപ്പോൾ എൻ്റെ പിതൃസഹോദരന്മാരുടെ കൂടെ ഞാനും ആ സഖ്യത്തിൽ സംബന്ധിച്ചു. ചുവന്ന ഒട്ടക കൂട്ടങ്ങൾ ലഭിക്കുന്നതിനേക്കാൾ എനിക്ക് മൂല്യമുള്ളതായിരുന്നു അത്’. മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കാണാം ‘അബ്ദുല്ലാഹിബിൻ ജുദ് ആന്റെ വീട്ടിൽ വെച്ച് ഒരു കരാറിൽ ഒപ്പുവെക്കാൻ ഞാനും പങ്കാളിയായി. അത്തരമൊരു കരാറിലേക്ക് ഇസ്‌ലാമിൽക്ഷണിക്കപ്പെട്ടാലും ഞാൻ സംബന്ധിക്കും’.
ഈ കരാറിന്റെ പേരിൽ മക്കയിൽ ഒരുപാട് നന്മകൾ നടപ്പിലായി. പല അക്രമങ്ങളും ഇല്ലാതെയായി. ഒരു സംഭവം ഇങ്ങനെ വായിക്കാം. ഖസ്അം ഗോത്രക്കാരനായ ഒരാൾ കുടുംബസമേതം മക്കയിൽ എത്തി. തീർത്ഥാടനത്തിന് വന്നതായിരുന്നു അവർ. കൂട്ടത്തിലുണ്ടായിരുന്ന സുന്ദരിയായ മകൾ ‘അൽ ഖതൂലിനെ’ നബീഹ് എന്ന അക്രമി തട്ടികൊണ്ട് പോയി. തീർത്ഥാടകൻ ആകെ പരിഭ്രമിച്ചു. ആവലാതി ആരോട് പറയാൻ. അതെ ഫുളുൽ ഉടമ്പടിയിൽ ഒപ്പുവച്ചവരോട് പറയാം. ഒരാൾ അഭിപ്രായപ്പെട്ടു. അപ്രകാരം അയാൾ കഅബയുടെ സന്നിധിയിൽ വന്ന് കരാറുകാരെ വിളിച്ചു. സമാധാന സന്ധിയിൽ ഒപ്പുവച്ചവരേ! വരൂ! എന്നെ സഹായിക്കൂ! കരാറിൽ സംബന്ധിച്ചവർ ഓടിയെത്തി. ആവലാതിക്കാരന് സഹായം ഉറപ്പു നൽകി. അവർ സംഘമായി ആയുധമേന്തി നബീഹിന്റെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ ഗോത്രത്തിന്റെ പിന്തുണയോടെ പെൺകുട്ടിയെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടു. ഫുളൂൽ ഉടമ്പടിയെ കുറിച്ച് ഓർമപ്പെടുത്തി. ഗതിമുട്ടിയ നബീഹ് ഒരു നിബന്ധനയോടെ പെൺകുട്ടിയെ മോചിപ്പിക്കാമെന്നായി. ഈ ഒരു രാത്രി അവളെ എനിക്ക് തരണം. നേതാക്കൾ സമ്മതിച്ചില്ല. അവർ പറഞ്ഞു. ഒരൊട്ടകത്തെക്കറക്കുന്ന സമയം പോലും അവളെ നിന്റെ കസ്റ്റടിയിൽ വെക്കാൻ പാടില്ല. ഗത്യന്തരമില്ലാതെ അവൻ അവളെ വിട്ടു കൊടുത്തു. അറേബ്യയുടെ സാംസ്കാരിക ഭൂമികയിൽ നീതിയുടെ വെളിച്ചം നൽകാൻചെറുപ്പത്തിൽ തന്നെ മുത്ത്നബിﷺക്ക് അവസരമുണ്ടായി. ഓരോ ദിവസവും ഓരോ സംഭവങ്ങളും നബിﷺ യെ മക്കയിലെ ഉന്നത വ്യക്തിത്വമാക്കി ഉയർത്തി. മക്കയിലുള്ള പലർക്കും നബിﷺ യെ കാണാത്ത ഒരു ദിവസം മങ്ങിയ ദിവസമായിരുന്നു. അവിടുന്ന് പങ്കെടുക്കാത്ത സദ്യ ആസ്വാദ്യകരമായിരുന്നില്ല.
സ്വന്തം ഉപജീവനത്തിന് മറ്റുള്ളവരെ ആശ്രയിക്കാത്ത ശൈലിയായിരുന്നല്ലോ മുത്ത് നബിﷺയുടേത്. ഇടയവൃത്തിയിൽ ഏർപെട്ടത് അതിനു വേണ്ടി കൂടിയായിരുന്നല്ലോ? തങ്ങൾക്ക് വയസ്സ് ഇരുപത്തിനാല് കഴിഞ്ഞു. അബൂത്വാലിബ് നബി ﷺ യെ വ്യാപാര രംഗത്തേക്ക് ക്ഷണിച്ചു. വർത്തക പ്രമുഖയായ ഖദീജയുടെ വ്യാപാര ചുമതല ഏൽപിക്കപ്പെട്ടു. ഇടയവൃത്തിയുടെ താഴ്‌വരകളിൽ നിന്ന് ജനനിബിഢമായ കമ്പോളത്തിലേക്ക്. ഭാവിയിലെ ദൗത്യങ്ങളിലേക്ക് പടച്ചവൻ ഒരുക്കുന്ന ചില പരിശീലനങ്ങൾ കൂടിയാണിതെല്ലാം. മുത്ത് നബിﷺയുടെ വ്യാപാര യാത്രക്ക് ചില പശ്ചാത്തലങ്ങൾ കൂടിയുണ്ട്. ഖദീജയുടെ പരിചാരക ‘നഫീസ ബിൻത് മുൻയ’ അത് വിശദീകരിക്കുന്നു. ഒരു ദുൽ ഹജ്ജ് മാസം പതിനാല്. നബി ﷺ ക്ക് ഇരുപത്തഞ്ച് വയസ്സ് ആകുന്നതേ ഉള്ളൂ. ‘അൽ അമീൻ’ എന്ന പേരിലാണ് മക്കക്കാർ നബിയെ വിളിക്കുന്നത്. അബൂ ത്വാലിബ് നബിയെ സമീപിച്ചു. മോനെ നമ്മുടെ സാഹചര്യം മോന് അറിയാമല്ലോ. സാമ്പത്തികമായ പ്രാരാബ്ദങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. കച്ചവടമോ മറ്റു വരുമാന മാർഗങ്ങളോ ഒക്കെ വഴിമുട്ടിയിരിക്കുന്നു. ഇപ്പോൾ ശാമിലേക്ക് ആളുകൾ വ്യാപാരത്തിനായി പോകുന്നുണ്ട്. ഖുവൈലിദിന്റെ മകൾ ഖദീജ നമ്മുടെ കുടുംബത്തിൽ പലരേയും അവരുടെ സ്വത്തേല്പിച്ചു കച്ചവടത്തിന് അയക്കുന്നുണ്ട്. മോൻ ഒന്ന് ഖദീജയെ സമീപിച്ചു നോക്കൂ. അവർ മോന്റെ ആവശ്യം നിരസിക്കാനിടയില്ല. മക്കയിൽ മോനുള്ള അംഗീകാരവും വ്യക്തിത്വവും അവർ അറിയാതിരിക്കില്ല.
യഥാർത്ഥത്തിൽ മോനെ ശാമിലേക്കയക്കാൻ എനിക്ക് പ്രയാസമുണ്ട്. വല്ല ജൂതന്മാരുടെയും ശ്രദ്ധയിൽ പെടുമോ, അപായത്തിൽ പെടുത്തുമോ ആശങ്കകൾ ഇല്ലാതില്ല. പക്ഷേ നമ്മുടെ മുന്നിൽ വേറെ മാർഗങ്ങളില്ല.
ഖുവൈലിദിന്റെ മകൾ മക്കയിലെ അറിയപ്പെട്ട വ്യാപാര പ്രമുഖയായിരുന്നു. മക്കയിൽ നിന്ന് പുറപ്പെടുന്ന വ്യാപാര സംഘത്തിലെ ഒട്ടകങ്ങളിൽ നല്ലൊരു പങ്കും അവർക്കുള്ളതായിരുന്നു. അവർ പ്രതിനിധികളെ നിശ്ചയിച്ച് സ്വത്തു വകകൾ ഏൽപ്പിച്ചു ശാമിലേക്കയക്കും. ചിലപ്പോൾ പ്രതിഫലം നിശ്ചയിച്ചു നൽകും. അല്ലെങ്കിൽ ലാഭവിഹിതം നൽകാമെന്ന ധാരണയിൽ അയക്കും.
മൂത്താപ്പയുടെ നിർദ്ദേശം നബിﷺ മുഖവിലക്കെടുത്തു. പക്ഷേ ഇപ്രകാരമാണ് പ്രതികരിച്ചത്. ഖദീജയ്ക്ക് എന്നെ ആവശ്യമെങ്കിൽ അവർ ആളെ അയക്കട്ടെ. ഞാൻ പ്രതിനിധിയായി ശാമിലേക്ക് പോകാം. മോനേ… വേറെയാരോടെങ്കിലും അവർ ധാരണയായാൽ പിന്നെയെന്തു ചെയ്യും. നമ്മുടെ പ്രതീക്ഷകൾ തെറ്റിപ്പോകുമല്ലോ.!അബൂത്വാലിബ് പ്രതികരിച്ചു. ഈ സംഭാഷണം എങ്ങനെയോ ഖദീജയുടെ കാതിൽ എത്തി. മുഹമ്മദ് എന്റെ കച്ചവടസംഘം നയിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന സന്ദേശത്തോടെ ഖദീജ ദൂതനെ അയച്ചു.
അവരുടെ വസതിയിലേക്ക് ക്ഷണിച്ചുവരുത്തി. സംഭാഷണമാരംഭിച്ചു. താങ്കളുടെ വിശ്വസ്ഥതയും വ്യക്തി വിശേഷങ്ങളും എനിക്കറിയാം. എന്റെ കച്ചവട സംഘത്തെ നയിക്കാൻ സന്നദ്ധനാകുന്ന പക്ഷം മറ്റുള്ളവർക്ക് നൽകുന്നതിന്റെ ഇരട്ടി പ്രതിഫലം ഞാൻ താങ്കൾക്ക് നൽകാം. നബിﷺ സമ്മതം അറിയിച്ചു. തുടർന്ന് അബൂത്വാലിബിനെ വിവരം ധരിപ്പിച്ചു. അദ്ദേഹത്തിന് ഏറെ സന്തോഷമായി. അദ്ദേഹം പറഞ്ഞു. മോനേ അല്ലാഹു മോന് നൽകിയ ഒരു സുവർണ്ണാവസരമാണിത്. അവൻ കനിഞ്ഞേകിയ ഒരു ഉപജീവനമാർഗം. മുത്ത് നബിﷺ ഖദീജയുടെ കച്ചവട ചരക്കുകൾ ഏറ്റെടുത്ത് സിറിയയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു…
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ-ബുഖാരി
Part-19/365
ഖദീജ ഭൃത്യനായ മൈസറയെ കൂട്ടിനയച്ചു. മൈസറയോട് ഖദീജ ചില നിർദ്ദേശങ്ങൾ നൽകി. അദ്ദേഹത്തെ പൂർണമായും നീ അനുസരിക്കണം. അവിടുന്ന് പറയുന്നതിനൊന്നും എതിര് പറയാനും പാടില്ല. ശരി, മൈസറ അംഗീകരിച്ചു.
അബൂ ത്വാലിബ് വേണ്ട നിർദേശങ്ങൾ നൽകി മകനെ യാത്രയാക്കി. യാത്രാ സംഘത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ സുബൈറും ഉണ്ടായിരുന്നു. മുഹമ്മദ് മോനെ പ്രത്യേകം ശ്രദ്ധിക്കാൻ സുബൈറിനെ ചുമതലപ്പെടുത്തി.
മൈസറ ശ്രദ്ധാപൂർവ്വം നബിﷺയെ അനുഗമിച്ചു. യാത്രയുടെ ആരംഭം മുതൽ തന്നെ അത്ഭുതങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. നബിയുടെ സഞ്ചാരത്തിനൊപ്പിച്ചു മേഘം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ചില സന്ദർഭത്തിൽ രണ്ട് മലകുകൾ സൂര്യനിൽ നിന്ന് പ്രത്യേകം തണൽ നൽകുന്നു. അങ്ങനെ അവർ സിറിയയിലെ ബുസ്വ്റാ പട്ടണത്തിലെത്തി. അവിടെ ഒരു മരച്ചുവട്ടിൽ തമ്പടിച്ചു വിശ്രമിച്ചു. പരിസരത്ത് ‘നസ്തൂറാ’ എന്ന ഒരു പുരോഹിതനുണ്ട്. മൈസറക്ക് നേരത്തേ പരിചയമുള്ള വ്യക്തിയായിരുന്നു. അദ്ദേഹം മുഹമ്മദ് ﷺ നെ നിരീക്ഷിക്കുന്നു. ശേഷം മൈസറയോട് ചോദിച്ചു. ആ മരച്ചുവട്ടിൽ വിശ്രമിക്കുന്നതാരാണ്. അത് ഖുറൈശികളിൽപ്പെട്ട ഒരാൾ. ഹറമിലാണ് താമസം. മൈസറ പ്രതികരിച്ചു. ശരി, പുരോഹിതൻ പറഞ്ഞു തുടങ്ങി. ഈ മരച്ചുവട്ടിൽ ഇപ്രകാരം എത്തിയ ആൾ അന്ത്യ പ്രവാചകനാകാൻ സാധ്യത ഏറെയാണ്. ഞങ്ങളുടെ മുൻഗാമികളായ പണ്ഡിതന്മാർ അങ്ങനെ പറയാറുണ്ട്. അദ്ദേഹത്തിന്റെ കണ്ണിൽ ഒരു ചുവപ്പ് നിറമുള്ളത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? ഉണ്ട്. അത് എപ്പോഴും ഉണ്ടാകാറുണ്ടോ? അതെ, അത് മാറിയതായി ഞാൻ കണ്ടിട്ടില്ല. അങ്ങനെ മൈസറയോട് പല ലക്ഷണങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. ശേഷം പാതിരി പറഞ്ഞു ‘ഇത് അന്ത്യ പ്രാചകൻ തന്നെയാണ്. ഇദ്ദേഹം നിയോഗിക്കപ്പെടുന്നകാലത്ത് ഞാനുണ്ടായിരുന്നെങ്കിൽ!’
മറ്റൊരു നിവേദനത്തിൽ ഇങ്ങനെയുണ്ട്. നബി ﷺ മരച്ചുവട്ടിൽ എത്തുന്നതിന് മുമ്പ് തന്നെ നസ്തൂറാ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാർമേഘത്തിന്റെ സഞ്ചാരം അദ്ദേഹം പ്രത്യേകം നിരീക്ഷിച്ചു. മരച്ചുവട്ടിൽ വിശ്രമിക്കാനിറങ്ങിയതും കൗതുകം വർദ്ധിച്ചു. ശേഷം മയ്സറയിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കി. ആശ്രമത്തിൽ നിന്നിറങ്ങി നബി ﷺ യെ സമീപിച്ചു. ബഹുമാന പുരസ്സരം മൂർദ്ധാവിലും പാദങ്ങളിലും ചുംബിച്ചു. തുടർന്നിങ്ങനെപറഞ്ഞു. “ഞാൻ താങ്കളിൽ വിശ്വസിക്കുന്നു. തോറയിൽ പറയപ്പെട്ട സത്യ പ്രവാചകൻ താങ്കൾ തന്നെയാണെന്ന് ഞാൻ തിരിച്ചറിയുന്നു.”
പിന്നീടദ്ദേഹം പറഞ്ഞു. ഓ പ്രിയപ്പെട്ടവരേ അന്ത്യ പ്രവാചകന്റെ വിശേഷണങ്ങളിൽ ഒന്നൊഴികെ എല്ലാം എനിക്ക് ബോധ്യമായി. ദയവായി അവിടുത്തെ ചുമൽ എനിക്കൊന്ന് കാണിച്ചു തരണം. മുത്തുനബി ﷺ ചുമൽ കാണിച്ചു കൊടുത്തു. പ്രവാചകത്വമുദ്ര ശോഭയോടെ തിളങ്ങുന്നതദ്ദേഹം ദർശിച്ചു. മുത്ത് നബി ﷺയെ ചുംബിച്ചു കൊണ്ടദ്ദേഹം സത്യസാക്ഷ്യം മൊഴിഞ്ഞു. തുടർന്നദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു. മർയമിന്റെ പുത്രൻ ഈസാ പ്രവാചകൻ മുന്നറിയിപ്പ് നൽകിയ സത്യദൂതർ തന്നെയാണ് താങ്കൾ. ഈ മരച്ചുവിട്ടിൽ അങ്ങ് ഒരുനാൾ വിശ്രമിക്കുമെന്ന് അവിടുന്ന് സുവിശേഷം നൽകിയത് പൂർവ്വ ജഞാനികൾ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.
വേറിട്ട അനുഭവകൾക്ക് സാക്ഷിയായി മയ്സറ നബി ﷺ യോടൊപ്പം ശാമിലെത്തി. കച്ചവടം പ്രതീക്ഷിച്ചതിലേറെ മെച്ചമാണ്. ഇടപാടുകൾ നടക്കുന്നതിനിടയിൽ അതാ മറ്റൊരു മുഹൂർത്തം. കച്ചവടത്തിനിടയിൽ ചരക്കു സംബന്ധമായി ഒരാളോട് അഭിപ്രായ വ്യത്യാസമുണ്ടായി. അയാൾ ‘ലാത്ത’ യും ‘ഉസ്സ’യും സത്യം എന്ന് പറഞ്ഞു. കേട്ടമാത്രയിൽ തന്നെ നബി ﷺ പ്രതികരിച്ചു. എൻറെ ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ അവരെക്കൊണ്ട് സത്യം ചെയ്തിട്ടില്ല. എന്റെ നാട്ടിൽ ഞാനവയെ കാണുമ്പോൾ പിന്തിരിയുകയാണ് പതിവ്. ഈ വർത്തമാനത്തിൽ എന്തോ മഹത്വം കണ്ടെത്തിയ ഇടപാടുകാരൻ മയ്സറയെ സമീപിച്ചു സ്വകാര്യമായി പറഞ്ഞു. ഇദ്ദേഹം ഞങ്ങളുടെ വേദത്തിൽ പറയപ്പെട്ട അന്ത്യ പ്രവാചകനാണ് മയ്സറാ…
രംഗങ്ങളെല്ലാം മയ്സറ മനസ്സിൽ സൂക്ഷിച്ചു. തിരുനബി ﷺ ക്കൊപ്പം ശ്രദ്ധയോടെ തന്നെ സഞ്ചരിച്ചു. പതിവിൽ കവിഞ്ഞ വിജയമായിരുന്നു ഇത്തവണത്തെ സീസൺ. മയ്സറ നബി ﷺ യോട് പറഞ്ഞു. ഞങ്ങൾ ഖദീജയുടെ ചരക്കുകളുമായി പലപ്പോഴും കച്ചവടത്തിന് വന്നിട്ടുണ്ട്. ഇതുവരെയും ഇത്ര മെച്ചവും ലാഭവും കിട്ടിയിട്ടില്ല.
മയ്സറയുടെ ഹൃദയത്തിൽ നബി ﷺ യോട് എന്തെന്നില്ലാത്ത സ്നേഹം നിറഞ്ഞു. ഒരു ദാസനെപ്പോലെയായിരുന്നു നബി ﷺ യെ അദ്ദേഹം പരിചരിച്ചത്. യാത്രാ സംഘം മക്കയിലേക്ക് തിരിച്ചു. മടക്കയാത്രയിലും മേഘം തണൽ വിരിക്കുന്നത് അദ്ദേഹം പ്രത്യേകം നിരീക്ഷിച്ചു. മക്കയിലേക്കുള്ള ചരക്കുകൾ വഹിച്ച ഒട്ടക സംഘം. ഏറ്റവും മുന്നിലായാണ് നബിﷺ സഞ്ചരിച്ചിരുന്നത്. മയ്സറ സംഘത്തിന്റെ പിന്നിൽ യാത്ര ചെയ്തു. ഇടയിൽ വച്ച് മയ്സറയുടെ രണ്ട് ഒട്ടകങ്ങൾക്ക് എന്തോ രോഗം ബാധിച്ചു. അവ തീരെ നടക്കാൻ കൂട്ടാക്കുന്നില്ല. മയ്സറ ആകെ വിഷമത്തിലായി. ഒടുവിൽ മുന്നിൽ സഞ്ചരിക്കുന്ന നബി ﷺ യെ വിവരം ധരിപ്പിച്ചു. തങ്ങൾ അവയെ സമീപിച്ചു. എന്തോ ചിലത് മന്ത്രിച്ചു കൊണ്ട് അവയെ ഒന്നു തലോടി. അത്ഭുതമെന്ന് പറയട്ടെ അവകൾ ആരോഗ്യത്തോടെ സംഘത്തിന്റെ മുന്നിലെത്തി…
(തുടരും)
*ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ-ബുഖാരി*
Part-20/365
കച്ചവട സംഘം മക്കയിലേക്ക് തിരിചെത്തുകയാണ്. യാത്രയിലുടനീളമുള്ള അത്ഭുത രംഗങ്ങൾ മയ്സറയുടെ ഓർമയിൽ സൂക്ഷിച്ചിട്ടുണ്ട്. അവ അദ്ദേഹത്തെ ഇതിനകം സ്വാധീനിച്ചു കഴിഞ്ഞു. സംഘം ‘ഉസ്ഫാൻ’ താഴ്‌വരയും കഴിഞ്ഞ് ‘മർറുളഹ്റാൻ’ അഥവാ ‘വാദി ഫാത്വിമ’ യിലെത്തി. മയ്സ്റ നബി ﷺ യെ സമീപിച്ചു കൊണ്ട്പറഞ്ഞു:
ബഹുമാന്യരേ… അവിടുന്ന് അൽപ്പം നേരത്തേ ഖദീജയുടെ അടുത്തെത്തുക. യാത്രാ വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കുക. പ്രഭ്വിക്ക് വലിയ സന്തോഷമാവും. നേരത്തേയുള്ള ധാരണ പ്രകാരം രണ്ട് ഒട്ടകമാണ് നബി ﷺക്ക് പ്രതിഫലമായി കിട്ടേണ്ടത്. അതിലേറെയും നബി ﷺ ക്കു ലഭിക്കണം എന്നൊരാഗ്രഹം കൂടി മൈസറക്കുണ്ടായിരുന്നു.
നബിﷺ നിർദ്ദേശം സ്വീകരിച്ചു. ബീവി ഖദീജയുടെ ഭവനം ലക്ഷ്യം വച്ചു നീങ്ങി…
നട്ടുച്ച നേരം, ഖദീജ തോഴിമാർക്കും കൂട്ടുകാർക്കുമൊപ്പം മട്ടുപ്പാവിൽ ഇരിക്കുകയാണ്. ദൂരേക്ക് കണ്ണ് നട്ടിരിക്കുന്ന ഭവതിയുടെ മുന്നിൽ ഒരു ചുവന്ന ഒട്ടകം പ്രത്യക്ഷപ്പെട്ടു. മുത്തു നബി ﷺയേയും വഹിച്ചു കൊണ്ടുള്ള വാഹനമാണത്. പ്രസന്നതയും പ്രൗഢിയും ഒത്തു ചേർന്ന മുഖഭാവത്തോടെയാണവിടുന്ന്. പെട്ടെന്ന് ഖദീജയും ഒരു കാര്യം ശ്രദ്ധിച്ചു. ‘അൽ അമീൻ’ ന് മേഘം പ്രത്യേകം തണൽ വിരിക്കുന്നു. മേഘം ഒപ്പം സഞ്ചരിക്കുന്നു. കൗതുകത്തോടെ അവർ നോക്കി നിന്നു.
തിരുനബി ﷺ ഖദീജയുടെ വസതിയിലേക്ക് പ്രവേശിച്ചു. അതെ, സൗന്ദര്യത്തിന്റെ പ്രതീകമായ മുത്തുറസൂൽ മക്കയിലെ സുന്ദരിയും രാജാത്തിയുമായ ഖദീജയുടെ വസതിയിൽ എത്തിച്ചേർന്നു. ഉപചാരപൂർവ്വം സ്വീകരിച്ചു. കച്ചവട കാര്യങ്ങൾ അറിയുന്നതിനു മുമ്പ് ഒരു കാര്യം മഹതിക്ക് തീർച്ചപ്പെടുത്തേണ്ടിയിരുന്നു. അത് മറ്റൊന്നുമല്ല. മേഘത്തിന്റെ തണലും സഞ്ചാരവും. അതിനവർ ഒരു കൗശലം പ്രയോഗിച്ചു. മൈസറ എവിടെ? നബി ﷺയോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു ഇതാ തൊട്ടടുത്ത താഴ്‌വരയിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊന്ന് വേഗം വരാൻ പറയാമോ? ഖദീജ അപേക്ഷിച്ചു. മേഘത്തിന്റെ സഞ്ചാരം ഒന്ന് കൂടി കണ്ട് ഉറപ്പിക്കാൻ പ്രയോഗിച്ച ബുദ്ധിയായിരുന്നു അത്. മുത്ത് നബിﷺ ഒട്ടകപ്പുറത്തേറി. ഖദീജ വീണ്ടും മട്ടുപ്പാവിൽ കയറി രംഗം വീക്ഷിച്ചു. വൈകാതെ നബി ﷺയും മയ്സറയും തിരിച്ചെത്തി. കച്ചവടകാര്യങ്ങളെക്കാൾ അൽ അമീനുമൊത്തുള്ള യാത്രയെ കുറിച്ചറിയാനായിരുന്നു ഭവതിക്ക് തിടുക്കം. മൈസറ ആയിരം നാവോടെ സംസാരിച്ചു തുടങ്ങി. സ്വഭാവ മേന്മകൾ, അത്ഭുതങ്ങൾ, ലഭിച്ച സൗഭാഗ്യങ്ങൾ അങ്ങനെ..അങ്ങനെ…
ഖദീജ ദർശിച്ച മേഘത്തിന്റെ സഞ്ചാരം അവർ കൂട്ടിച്ചേർത്തു. മൈസറക്ക് ആ കാഴ്ച പതിവായിക്കഴിഞ്ഞിരുന്നു, അതദ്ദേഹം എടുത്തു പറഞ്ഞു. പുരോഹിതൻ നസ്തുറായും അദ്ദേഹത്തിന്റെ സുവിശേഷവും വിശദീകരിച്ചു, എല്ലാം ശ്രദ്ധിച്ചു കേട്ട ഖദീജയിൽ ചില സൗഭാഗ്യങ്ങൾക്കുള്ള പ്രതീക്ഷകൾ മുളയെടുത്തു, പതിവിൽകവിഞ്ഞ പാരിതോഷികം നൽകി യാത്രയാക്കി. നാല് ഒട്ടകങ്ങളായിരുന്നു നൽകിയത് എന്നും നിവേദനമുണ്ട്..
തിഹാമയിലെ ‘ഹബാശ’ മാർക്കറ്റിലേക്കുള്ള ഒരു വ്യാപാരയാത്രയെ കുറിച്ചും ചരിത്രം പരാമർശിക്കുന്നുണ്ട്. ‘ജുറശ്’ എന്ന ഒരു പേര് കൂടി ഈ സ്ഥലത്തെ കുറിച്ച് പ്രയോഗിച്ചു കാണാം. ഓരോ വ്യാപാര യാത്രക്കും ഓരോ പെണ്ണൊട്ടകം പാരിതോഷികമായി ലഭിച്ചിരുന്നുവത്രെ.
നബി ﷺ നേടിയ സമ്പത്തുകൾ സ്വന്തം വിനിയോഗിച്ച് തീർക്കാനായിരുന്നില്ല. മൂത്താപ്പയേയും കുടുംബത്തേയും സഹായിക്കാനായിരുന്നു. ചില തത്വങ്ങൾ കൂടി ഇവിടെ ഉൾ ചേർന്നിരിക്കുന്നു. അബൂത്വാലിബിൽ നിന്ന് നബി ﷺക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് പ്രത്യുപകാരം ചെയ്യാൻ അല്ലാഹു നൽകിയ അവസരമായിരുന്നു അത്. നബി ﷺ പ്രബോധന വഴിയിൽ പ്രവേശിച്ചപ്പോൾ കടപ്പാട് പറഞ്ഞ് വിധേയപ്പെടുത്താൻ ആരും മക്കയിൽ ഉണ്ടായിരുന്നില്ല എന്ന് സാരം. ഏറ്റവും ഉപകാരം ചെയ്ത അബൂത്വാലിബിന് പോലും അതിലേറെ കടപ്പാട് നബി ﷺയോടായിത്തീർന്നു. ആരെങ്കിലും ഒരു ഉപകാരം ചെയ്താൽ അതിനേക്കാൾ നല്ല പ്രത്യുപകാരം ചെയ്യുക. ഒരു സമ്മാനം നൽകിയാൽ അതിനേക്കാൾ നല്ല സമ്മാനം തിരിച്ചും നൽകുക. പ്രശംസിച്ചാൽ സന്തോഷവാക്കുകൾ പിശുക്കില്ലാതെ തിരിച്ചു നൽകുക. ഇതെല്ലാം നബി ﷺ ജീവിതത്തിലുടനീളം നിലനിർത്തിയ ഗുണങ്ങളായിരുന്നു. പ്രവാചകരെ അനുകരിക്കുന്നവർ ഇന്നും അതു ശീലമാക്കുന്നു.
യുവത്വത്തിന്റെ പ്രസരിപ്പിൽ സൗന്ദര്യത്തിന്റെ വിശ്വരൂപമായി മുത്തുനബി ﷺ തിളങ്ങുകയാണ്. ഇപ്പോൾ അവിടുത്തെ പ്രായം ഇരുപത്തി അഞ്ചായി. സാധാരണയിൽ വിവാഹം നടക്കുന്ന പ്രായം. മണവാളനാകുന്ന പ്രായത്തിൽ നിൽക്കുന്ന വ്യക്തിയുടെ സൗന്ദര്യം പരിചയപ്പെട്ടാലോ?
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ-ബുഖാരി
Part-21/365
മുത്ത് നബി ﷺയുടെ സൗന്ദര്യം വർണനകൾക്കതീതമാണ്. അവിടുത്തെ രൂപ ലാവണ്യം ഉള്ളത് തന്നെ എഴുതാനോ പറയാനോ കഴിയുന്നതിനും അപ്പുറമാണ്. ലോകത്ത് മറ്റൊരാളുടെ സൗന്ദര്യവും ഇത്രമേൽ വായിക്കപ്പെടുന്നില്ല. മറ്റൊരാളുടെ സൗന്ദര്യത്തെ കുറിച്ചും ഇത്രയധികം രചനകളില്ല. ഇന്നും ലക്ഷക്കണക്കിന് പഠിതാക്കൾ നബി ﷺയുടെ സൗന്ദര്യം പഠിക്കുന്നു. അക്കാദമിക സിലബസിന്റെ ഭാഗമായി തന്നെ പ്രാധാന്യത്തോടെ അപഗ്രഥിക്കുന്നു. പ്രവാചകർ ﷺയെ നേരിട്ട് കണ്ട് അനുഭവിച്ചവർ മുതൽ മുറിയാത്ത പരമ്പരയോടെ അവിടുത്തെ ആകാരം പരിചയപ്പെടുത്തുന്നു. ശാരീരികമായി മൺമറഞ്ഞിട്ട് ഒന്നര സഹസ്രാബ്ദ ത്തോളം പിന്നിട്ടിട്ടും അവിടുത്തെ ചേലും ചന്തവും കൗതുകത്തോടെ പരിചയപ്പെടുന്നു. ഒരു പ്രതിമയും ഫോട്ടോയും ഇല്ലാതെ തന്നെ പര കോടികളുടെ ഹൃദയത്തിൽ ആ വിശ്വസൗന്ദര്യം തിളങ്ങി നിൽക്കുന്നു.
ഇങ്ങനെയൊരു വ്യക്തിത്വത്തിന്റെ സൗന്ദര്യം എങ്ങനെ പകർത്താനാണ്. പ്രാമാണിക ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടു കിടക്കുന്ന പരാമർശങ്ങളെ ഒന്നു വായിക്കാമെന്നു മാത്രം. പ്രാഥമികാർത്ഥത്തിൽ ഒന്നു പരിചയപ്പെടാൻ ശ്രമിക്കാം. അതിനപ്പുറം ഇങ്ങനെത്തന്നെയായിരുന്നു എന്നെഴുതാൻ ഒരിക്കലും ഒരെഴുത്തുകാരനും ധൈര്യം വരില്ല. ലളിതമായി നമുക്കൊന്ന് വായിച്ചു നോക്കാം.
ആന്തരികവും ബാഹ്യവുമായ സൗന്ദര്യത്തിന്റെ പൂർണതതയായിരുന്നു അവിടുന്ന്.
സൗന്ദര്യവും പ്രൗഢിയും ഒരു പോലെ തികഞ്ഞ മുഖഭാവം. അത് തങ്ങൾക്ക് മാത്രമുള്ള പ്രത്യേകതയായിരുന്നു. തിരുശരീരത്തിൽ എന്തെങ്കിലും ഒന്ന് കുറഞ്ഞ്പോയി എന്നോ കൂടിപ്പോയി എന്നോ പറയാനുണ്ടായിരുന്നില്ല. ചുവപ്പു കലർന്ന വെളുപ്പു നിറം. ഒപ്പം സ്വർണ്ണവും വെള്ളിയും ചേർത്ത് മിനുസപ്പെടുത്തിയ പോലെയുള്ള തിളക്കം. തിരുമേനിയിൽ രോമമില്ലാത്ത ഭാഗങ്ങളിൽ നിന്നെല്ലാം പ്രകാശം പൊഴിച്ചിരുന്നു. അവിടുത്തെ സാന്നിധ്യം തന്നെ പരിസരങ്ങളെ പ്രകാശിപ്പിക്കും. നീണ്ടവരോ നീളം കുറഞ്ഞവരോ അല്ല. എന്നാൽ ഒരു സദസ്സിൽ ഇരുന്നാൽ ഏറ്റവും ഉയർന്നു കാണുക അവിടുത്തെ ശിരസ്സായിരുന്നു. ഒരു കൂട്ടത്തിൽ നടന്നാൽ
മറ്റെല്ലാവരും മുത്ത് നബി ﷺ യേക്കാൾ നീളം കുറഞ്ഞവരായേ കാണൂ. തലയെടുപ്പം പ്രൗഢിയും എപ്പോഴും ഉദിച്ചു കാണും.
മാംസം തിങ്ങികൂടിയ ശരീര പ്രകൃതമല്ല. വണ്ണമുള്ള ആൾ എന്നോ മെലിഞ്ഞൊട്ടിയ ആൾ എന്നോ പറയാൻ പറ്റില്ല. ഒത്ത പ്രകൃതം. അവസാനകാലത്ത് അപേക്ഷികമായി തടി പുഷ്ടിപ്പെട്ടു. എന്നാൽ പേശികൾ അയഞ്ഞു പോവുകയോ ശരീരത്തിൽ പ്രായം പ്രതിഫലിക്കുകയോ ചെയ്തില്ല. കാലമോ കാലാവസ്ഥയോ ശരീരത്തിന്റെ സൗന്ദര്യം കുറച്ചില്ല. നിത്യശോഭയിൽ നിലനിന്നു.
പൂർണ്ണ ചന്ദ്രന് സമാനമായ മുഖപ്രഭാവം. നബി ﷺയെ വിശേഷിപ്പിച്ചവരെല്ലാം പൂർണ ചന്ദ്രനെ ഉദാഹരിച്ചു. അത് അലങ്കാരത്തിനായിരുന്നില്ല. അവിടുത്തെ മുഖത്തിന്റെ വർണ്ണവും ഭാവവും പരിചയപ്പെടുത്താൻ വേറൊരുദാഹരണം ലഭിച്ചില്ല എന്നതിനാലാണ്. തിളങ്ങുന്ന നെറ്റിത്തടം. പ്രകാശം പൊഴിക്കുന്ന കവിൾ തടങ്ങൾ.’ ജാബിർ (റ) പറയുന്നു. ഒരു പതിനാലാം രാവിന് ചുവന്ന വസ്ത്രമണിഞ്ഞ് തിരുനബി ﷺ സമാഗതമായി. ഞാൻ അവിടുത്തെ മുഖത്തേക്കും മാനത്തെ അമ്പിളിയിലേക്കും മാറി മാറി നോക്കി. അല്ലാഹു സത്യം..! മാനത്തെ ചന്ദ്രനേക്കാൾ പ്രകാശം മുത്ത് നബി ﷺ യുടെ തീരുമുഖത്തിന് തന്നെയായിരുന്നു.
അബൂഹുറൈറാ (റ)പറയുമായിരുന്നു, മുത്ത് നബി ﷺയെ നോക്കിയാൽ ആ മുഖത്ത് കൂടി സൂര്യൻ സഞ്ചരിക്കുന്നപോലെ–ബറാഅ (റ)നോട് ചോദിച്ചു. നബി ﷺയുടെ മുഖം വാളു പോലെയായിരുന്നോ? അദ്ദേഹം പറഞ്ഞു അല്ല. ചന്ദ്രനെപ്പോലെയായിരുന്നു. അഥവാ വെട്ടിത്തിളങ്ങുന്നതോ ദീർഘാകൃതിയിലോ അല്ല. മറിച്ച് ശാന്തമായ തിളക്കമുണ്ടായിരുന്നു. വൃത്താകൃതിയിലുമായിരുന്നു എന്ന്. എന്നാൽ പൂർണ വൃത്തമല്ല. നീളവും വൃത്തവും ഇണക്കമുള്ള ഒരു ഭാവം.
തങ്ങളുടെ ചിന്തയും വിചാരങ്ങളും മുഖത്ത് നിന്ന് വായിക്കാമായിരുന്നു. ഗൗരവമുള്ള വിചാരങ്ങളുള്ളപ്പോൾ മുഖം ചുവന്നു തുടുക്കും. സന്തോഷം നിറയുമ്പോൾ കൂടുതൽ പ്രകാശിക്കും. ദൂരെനിന്നു നോക്കുമ്പോൾ പ്രൗഡിയുടെ പ്രതീകം. പെട്ടെന്ന് പ്രത്യക്ഷപ്പെട്ടാൽ കാഴ്ചക്കാരന്റെ ഹൃദയത്തിൽ ആദരവ് നിറയും. അടുത്തുചേർന്നു നിൽക്കുമ്പോൾ സ്നേഹം കവിഞ്ഞൊഴുകും. സഹവസിക്കുമ്പോൾ പ്രണയംകൂടും. കൽപനകളുടെ നേരത്ത് മുഖത്ത് പ്രൗഢി. നിർദ്ദേശങ്ങളുടെ സമയത്ത് സൗകുമാര്യത. തമാശയുടെ നേരത്ത് നിറഞ്ഞ പുഞ്ചിരി. അല്ലാഹുവിനെ കുറിച്ച് പറയുമ്പോൾ തികഞ്ഞ വിനയം. അങ്ങനെ വേണ്ടതെല്ലാം ഒത്തു ചേർന്ന ഒരു മുഖശോഭ..
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ-ബുഖാരി
Part-22/365
Part-23/365
Part-24/365
നമുക്ക് തിരിച്ചു വരാം. മുത്ത് നബിﷺയുടെ സൗന്ദര്യ സ്വരൂപം നാം വായിച്ചു. ഏതൊരാളും മകൾക്ക് വേണ്ടി തെരഞ്ഞെടുക്കാവുന്ന എല്ലാ ഗുണങ്ങളും മുത്ത് നബിﷺയിൽ ഒത്തു ചേർന്നിരിക്കുന്നു. ഏതൊരു വനിതയും ആഗ്രഹിച്ച് പ്രണയിക്കാവുന്ന ആകർഷണീയതയുടെ പര്യായം. വിശ്വസുന്ദരിയെത്തന്നെ അന്വേഷിക്കാവുന്ന സൗന്ദര്യത്തിന്റെ പ്രതീകമാണല്ലോ മുത്തുറസൂൽ ﷺ. എന്നാൽ അരമനകൾ ചില ദൗത്യങ്ങൾക്ക് വേണ്ടി ഒരുങ്ങുകയാണ്. ഇത് കേവലം വൈകാരികമായ ഒരു വിവാഹ ചർച്ചയല്ല. ഒരു പുരുഷന് ഒരു സ്ത്രീ വേണ്ടേ എന്ന അർത്ഥത്തിലുമല്ല.
മക്കയെയും ലോകത്തെയും തന്നെ മാറ്റി മറിക്കുന്ന ഒരു വിവാഹാന്വേഷണം. ഖദീജ തന്റെ വിശ്വസ്ഥയായ നഫീസ ബിൻത് മുൻയയെ വിളിച്ചു. മുഹമ്മദ്ﷺനെ വിവാഹം കഴിക്കാനുള്ള താൽപര്യം അറിയിച്ചു. നബി ﷺ യുടെ താത്പര്യം അന്വേഷിക്കാൻ ഏൽപിച്ചു. നഫീസ പറയുന്നു. ഞാൻ രഹസ്യമായി നബി ﷺയെ സമീപിച്ചു. ഞാൻ ചോദിച്ചു. അവിടുന്ന് ഒരു വിവാഹം ചെയ്തു കൂടെ? എന്താണങ്ങനെ ചിന്തിക്കാത്തത്? എന്താ തടസ്സം? ഉടനെ പറഞ്ഞു. വിവാഹത്തിനാവശ്യമായ പണമൊന്നും ഞാൻ കരുതിയിട്ടില്ല. ഞാൻ ചോദിച്ചു. സാമ്പത്തികം പ്രശ്നമല്ല. സമ്പന്നയും കുലീനയുമായ ഒരു സുന്ദരിയെ ആലോചിച്ചാലോ? അങ്ങനെയൊരു ക്ഷണം ഇങ്ങോട്ട് വന്നാലോ? സമ്മതിക്കാൻ പറ്റുമോ?
ആരെയാണ് നിങ്ങൾ ഉദേശിക്കുന്നത്? നബി ﷺചോദിച്ചു. ഒറ്റവാക്കിൽ ഞാൻ പറഞ്ഞു ‘ഖദീജ’. ഓ അതെങ്ങനെ നടക്കാനാ? മുത്ത് നബിﷺ പ്രതികരിച്ചു. ഞാൻ പറഞ്ഞു. അതൊക്കെ ഞാൻ ഏറ്റു. വേണ്ടവിധത്തിലൊക്കെ ഞാൻ കൈകാര്യം ചെയ്തു കൊള്ളും. നബിﷺക്ക് വിയോജിപ്പില്ലെന്ന് മനസ്സിലാക്കിയ നഫീസ ഖദീജയെ അറിയിച്ചു. ഖദീജ ഔദ്യോഗികമായി നബിﷺയുടെ അടുത്തേക്ക് ആളെ അയച്ചു. അബൂത്വാലിബിനെ വിവരം ധരിപ്പിച്ചു.
മറ്റൊരു നിവേദനം ഇങ്ങനെയാണ്. നഫീസ വഴിയുള്ള അന്വേഷണത്തിന് ശേഷം ഖദീജ നേരിട്ടുള്ള സംഭാഷണത്തിന് അവസരമുണ്ടാക്കി. ഖദീജ ചോദിച്ചു. അവിടുന്ന് വിവാഹം ഉദ്ദേശിക്കുന്നില്ലേ? നബി ﷺ ചോദിച്ചു ആരുമായിട്ടാണ്? ഞാനുമായിട്ട്. അതെങ്ങനെ നടക്കാനാ?നിങ്ങൾ ഖുറൈശികളിലെ ഉന്നതയായ വിധവ. ഞാൻ ഖുറൈശി കുടുംബത്തിലെ ഒരനാഥൻ. അതൊന്നും പ്രശ്നമല്ല. എന്റെയടുത്ത് ഔദ്യോഗികമായി അന്വേഷണം എത്തിയാൽ എനിക്ക് സമ്മതമാണ്.
മറ്റൊരു വായനയിൽ ഇങ്ങനെ ഒരു തുടർച്ചയുണ്ട്. ബീവി ഖദീജ പറഞ്ഞു. ‘യബ്ന അമ്മീ’ (അല്ലയോ പിതൃസഹോദരന്റെ മകനേ) അവിടുത്തെ കുടുംബം, സ്വഭാവ മഹിമ, സത്യസന്ധത, സമൂഹത്തിലുള്ള അംഗീകാരം തുടങ്ങിയുള്ള മേന്മകളാണ് ഇത്തരം ഒരു മോഹത്തിന് കാരണം.
കുടുംബ ബന്ധുക്കളെ നാളെത്തന്നെ എന്റെ വീട്ടിലേക്കയക്കാമോ? ഖദീജചോദിച്ചു. നബി ﷺ വിവരം അബൂത്വാലിബിനെ അറിയിച്ചു. അദ്ദേഹം അടുത്ത ദിവസം തന്നെ ഖദീജയുടെ വീട്ടിലെത്തി. അത്യാദരപൂർവ്വം അവർ സ്വീകരിച്ചു. ഖദീജ പറഞ്ഞു തുടങ്ങി. ഓ അബൂത്വാലിബ്, താങ്കൾ എന്റെ പിതൃ സഹോദരനുമായി സംസാരിക്കുക. താങ്കളുടെ സഹോദര പുത്രൻ. മുഹമ്മദ്ﷺന് എന്നെ വിവാഹം ചെയ്തു നൽകാൻ പറയുക. ഖദീജാ എന്താണീ പറയുന്നത്. നീ കളിയാക്കുകയാണോ? അല്ല, സത്യം തന്നെ. അല്ലാഹുവിന്റെ നടപടി ഇങ്ങനെയൊക്കെയാണ്. അബൂത്വാലിബ് വേണ്ട ഏർപാടുകൾചെയ്തു.
വിവാഹനിശ്ചയം കഴിഞ്ഞു. മുത്ത് നബി ﷺ യുടെ പ്രായം ഇരുപത്തി അഞ്ച് വയസ്സും രണ്ട് മാസവും പതിനഞ്ച് ദിവസവും. ഖദീജ ബീവിയുടെ പ്രായം നാൽപത് വയസ്സ്. വിവാഹത്തിലേക്ക് കടക്കും മുമ്പ് വധുവിനെയും നമുക്കൊന്ന് പരിചയപ്പെടാം.
ഖുറൈശീ തറവാടിന്റെ ശാഖയാണ് അസദ് ഗോത്രം. ഉന്നതഗണനീയരാണവർ. തിരുനബി ﷺ യുടെ അഞ്ചാം പിതാമഹനാണ് ഖുസയ്യ്. അദ്ദേഹത്തിന്റെ മകൻ അബ്ദുൽ ഉസ്സയുടെ മകൻ അസദ്. അദ്ദേഹത്തിന്റെ മകനാണ് ഖദീജയുടെ പിതാവ് ഖുവൈലിദ്. അബ്ദുൽ മുത്വലിബിന്റെ ഉറ്റമിത്രവും കൂടിയായിരുന്നു അദ്ദേഹം. അബ്ദുൽ മുത്വലിബ് യമൻ ഭരണാധികാരി സയ്ഫ് ബിൻ ദീ യസനിനെ അനുമോദിക്കാൻ പോയപ്പോൾ ഖുവൈലിദും ഒപ്പമുണ്ടായിരുന്നു.
ഖദീജയുടെ മാതാവ് ഫാത്വിമ, നബി ﷺ യുടെ ഒമ്പതാം പിതാമഹൻ ലുഅയ്യിന്റെ പരമ്പരയിലുള്ള സാഇദയുടെ പുത്രി, ഫാത്വിമയുടെ മാതാവ് ഹാല, നബി ﷺ യുടെ പിതാമഹൻ അബ്ദുമനാഫിന്റെ പുത്രിയാണ്. ഖദീജയുടെ കുടുംബം നബി ﷺയുടെ മൂന്നാം പിതാമഹനിൽ ഒത്തു ചേരുന്നു. നബിപത്നിമാരിൽ ഏറ്റവും അടുത്ത കുടുംബബന്ധം ബീവി ഖദീജയോടാണ്…
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി
Part-25/365
1 Comment
Fakih
October 4, 2022Very useful