The biography of Prophet Muhammad – Month 1

Admin June 20, 2022 1 Comment

The biography of Prophet Muhammad – Month 1

Mahabba Campaign Part-1/365

മക്കയിലെ ഉന്നത കുടുംബമാണ് ഖുറൈശ്. ഖുറൈശികളിലെ പ്രമാണിയാണ് അബ്ദുൽ മുത്വലിബ് .അദ്ദേഹത്തിന്റെ പതിമൂന്ന് ആൺമക്കളിൽ ഒരാളാണ് അബ്ദുല്ല. സുന്ദരനും സുമുഖനും സുശീലനുമായ ഒരു ചെറുപ്പക്കാരൻ. എപ്പോഴും പിതാവിനൊപ്പം തന്നെയുണ്ടാകും. കുടുംബത്തിലെന്നപോലെ മക്കക്കാർക്കെല്ലാം പ്രിയങ്കരനായിരുന്നു അദ്ദേഹം. അനാവശ്യങ്ങൾ ഉറഞ്ഞുതുളളിയ സമൂഹത്തിൽ അബ്ദുല്ല വേറിട്ടു നിന്നു. അന്ധ വിശ്വാസങ്ങൾ അടക്കി വാണ കാലം പക്ഷേ ഇദ്ദേഹത്തിനതന്യമായിരുന്നു.
ന്യായമായും മക്കയിലെ തരുണികൾ ഈ യുവാവിനെ ആഗ്രഹിച്ചു. ചിലർ ആഗ്രഹം അറിയിച്ചു. മറ്റു ചിലർ നേരിട്ടു തന്നെ വിളിച്ചു പറഞ്ഞു. എന്നാൽ അബ്ദുല്ല അതൊന്നും അനുകൂലിച്ചില്ല. മോഹന വാഗ്ദാനങ്ങളോടെ ചില കുലീന വനിതകൾ അഭിലാഷം പങ്കു വച്ചു. പക്ഷേ, ഫലമുണ്ടായില്ല.
നാട്ടുനട പ്പു പ്രകാരം അബ്ദുല്ലയ്ക്ക് വിവാഹ പ്രായമായപ്പോൾ കുടുംബക്കാരും വിവാഹ അനേഷണങ്ങൾ അഭിമുഖീകരിക്കാൻ തുടങ്ങി. അതാ നല്ല ഒരു അന്വേഷണം. കുലീനനായ വഹബിന്റെ മകൾ ആമിന. കുടുബക്കാർക്ക് നന്നേ ബോധിച്ചു . എന്ത്കൊണ്ടും അബ്ദുല്ലയ്ക്ക് യോജിച്ച ഒരു പെൺകുട്ടി . പ്രഥമ ദൃഷ്ടിയിൽ തന്നെ പരസ്പരം സമ്മതമായി.
ശ്രദ്ധേയമായ ഒരു വിവാഹം. നടപ്പു രീതികളിൽ നിന്ന് വിഭിന്നമായി പ്രൗഢമായിരുന്നു സദസ്സ്. വാദ്യമേളങ്ങളോ ആരവങ്ങളോ ഉണ്ടായിരുന്നില്ല. വധുവരന്മാരുടെ കുടുബങ്ങളിൽ നിന്ന് പ്രമുഖർ ഒത്തുകൂടി .പരസ്പരം ആദര ബഹുമാനങ്ങൾ പങ്കു വെച്ചു. വിവാഹ ഉടമ്പടി പൂർത്തിയായി.
അബ്ദുല്ലാ ആമിനാ ദമ്പതികളുടെ ദാമ്പത്യ ജീവിതം മക്കക്കാർക്ക് കൗതുകം പകർന്നു. ഇണക്കുരുവികളുടെ ഒത്തൊരുമ ആരെയും അസൂയപ്പെടുത്തി. ദമ്പതികളുടെ ജീവിത വല്ലരിയിൽ മധുനിറഞ്ഞു. ആമിന ഗർഭവതിയായി.
അപ്പോഴേക്കും മക്കയിൽ നിന്ന് കച്ചവട സംഘം പുറപ്പെടാനുളള നാളുകളായി. ഭാര്യയെ തനിച്ചാക്കി അബ്ദുല്ലയും വ്യാപാര സംഘത്തിൽ അംഗം ചേർന്നു.
വിധിക്ക് ചില നിർണയങ്ങളുണ്ട്. വിധിക്കുന്നവന് ( പടച്ചവന് ) അതിൽ
പരമാധികാരവും ലക്ഷ്യങ്ങളുമുണ്ട്.
അത് മാറ്റാൻ ആർക്കും കഴിയില്ല തന്നെ. അതെ, മടക്ക യാത്രയിൽ മദീനയിൽ (അന്നത്തെ യസ് രിബ് ) വച്ച് അബ്ദുല്ല രോഗഗ്രസ്തനായി. തുടർന്ന് പരലോകം പ്രാപിച്ചു. വിവരമറിഞ്ഞ പത്നി ദുഖം കടിച്ചിറക്കി, വിധിയോട് പൊരുത്തപ്പെട്ടു. ഒപ്പം സ്റ്റേഹ ഭാജനം സമ്മാനിച്ച ഗർഭത്തെ പരിപാലിച്ചു കാത്തിരുന്നു.
എ.ഡി. 571 ഏപ്രിൽ 20 തിങ്കളാഴ്ച (റബീഉൽ അവ്വൽ 12 )പ്രഭാതത്തിൽ ആമിന ഒരാൺകുഞ്ഞിന് ജന്മം നൽകി. അതായിരുന്നുമുത്തു നബി മുഹമ്മദ് സല്ലല്ലാഹു അലൈഹി വസല്ലം…… ചരിത്രത്തിന്റെ കൺമുന്നിലേക്ക് കടന്നു വന്ന തിരു ജന്മം.

 

Part-2/365

മക്ക പണ്ടു മുതലേ പട്ടണ പ്രദേശമാണ്. പട്ടണത്തിൽ ജനിക്കുന്ന ആൺകുട്ടികളെ മുലയൂട്ടാൻ ഗ്രാമത്തിലേക്കയക്കും. അത് അന്നാട്ടിലെ സമ്പ്രദായമായിരുന്നു. ശുദ്ധവായു ലഭിക്കാനും പകർച്ചവ്യാധികളും മറ്റും വരാതിരിക്കാനും അതുപകരിക്കുമായിരുന്നു. മരുഭൂമിയിലെ ജീവിതം കുട്ടികൾക്ക് ഒരുപാട് നന്മകൾക്ക്അ വസരമൊരുക്കുന്നതുമായിരുന്നു.
കുട്ടികളെ ഇണക്കി പോറ്റുന്നതിൽ ചില കുടുംബങ്ങൾക്ക് പ്രത്യേക മികവുണ്ടായിരുന്നു. അതിൽ പ്രസിദ്ധമാണ് ‘ബനൂ സഅദ്’ ഗോത്രം. മക്കയുടെ തെക്കു കിഴക്ക് ഭാഗത്ത് താമസിക്കുന്ന ഹവാസിൻ കുലത്തിന്റെ ഭാഗമായിരുന്നു അവർ. മഹതി ആമിനയും മകനെ മുലയൂട്ടാൻ ബനൂ സഅദ് ഗോത്രത്തെ ആഗ്രഹിച്ചു. പോറ്റുമ്മമാർ മക്കളെത്തേടി മക്കയിൽ വരുന്നതും കാത്ത് കഴിഞ്ഞു. അധികം വൈകിയില്ല. സംഘങ്ങൾ വന്നു തുടങ്ങി. കൂട്ടത്തിൽ അബൂദു ഐബിന്റെ മകൾ ഹലീമയും ഉണ്ടായിരുന്നു. ഒപ്പം ഭർത്താവ് ഹാരിസും മുലകുടി പ്രായത്തിലുള്ള മകൻ അബ്ദുല്ലയും (ളംറ).
ഹലീമയുടെ ഓർമകൾ ചരിത്രത്തിന്റെ ഭാഗമായി. ഉജ്വലമായി അത് അയാളപ്പെട്ടു. മഹതി വിവരിക്കുന്നതിങ്ങനെയാണ്. ഒരു വരൾച്ചക്കാലം. ഞങ്ങളുടെ ജീവിതവിഭവങ്ങളെല്ലാം കഴിഞ്ഞിരിക്കുന്നു. എത്രയും വേഗം മക്കയിലേക്ക് പോകണം . മുലയൂട്ടാൻ ഒരു കൂട്ടിയെ ലഭിക്കണം. അതുവഴി കിട്ടുന്ന ആനുകൂല്യങ്ങൾ കൊണ്ട് ജീവിതം മെച്ചപ്പെടുത്താം. ചാരനിറമുള്ള ഒരു പെൺ കഴുതയും കറവ വറ്റാറായ ഒരൊട്ടകവുമാണ് ഞങ്ങൾക്കുള്ളത്. എന്റെ മുലയിൽ പാലില്ലാത്ത കാരണം കുഞ്ഞുമോൻ നിർത്താതെ കരയുകയാണ്. ഏതായാലും മക്കയിലേക് പുറപ്പെട്ടു. ഞങ്ങളെ പോലെയുള്ള ഒരു സംഘത്തോടൊപ്പമാണ് യാത്രതിരിച്ചത്. വേച്ചു വേച്ചു നടക്കുന്ന എന്റെ വാഹനത്തെക്കാത്ത് കൂട്ടുകാരികൾ കുഴങ്ങി. ഒരു മഴ ലഭിച്ചെങ്കിൽ എന്ന് ഏറെ ആഗ്രഹിച്ചു. പക്ഷേ, മക്കയെത്തും വരെ ലഭിച്ചതേയില്ല. എല്ലാവരും കുട്ടികളെത്തേടി ഇറങ്ങി. ആമിന ബീവിയുടെ വീട്ടിലും എത്തി. പിതാവ് മരണപ്പെട്ടതിനാൽ കുട്ടിയെ ഏറ്റെടുക്കാൻ പലരും താത്പര്യം കാണിച്ചില്ല. കുട്ടിയുടെ പിതാവിൽ നിന്നുള്ള പാരിതോഷികങ്ങളാണല്ലോ പോറ്റുമ്മമാരുടെ പ്രതീക്ഷ. നേരിട്ട് കൂലിവാങ്ങുന്ന ഒരു ജോലിയായിരുന്നില്ല മുലയൂട്ടൽ. മറിച്ച്, ദീർഘ ദൂര ഭാവിയിലുമുള്ള ഒരു ബന്ധവും അനുബന്ധമായി ലഭിക്കുന്ന ആനുകൂല്യങ്ങളുമായിരുന്നു. ഒപ്പം ഒരു സമ്പ്രദായത്തിന്റെ ഭാഗവും കൂടിയായിരുന്നു അത്. ഒരു ഗ്രാമീണ കുടുംബവും ഒരു പട്ടണവാസിയും തമ്മിലുള്ള ബന്ധത്തിന് ഏറെ മാനങ്ങളുണ്ടായിരുന്നു. പരസ്പരമുള്ള ആവശ്യങ്ങൾ നിർവഹിച്ചിരുന്നു.
ഒരു അനാഥ ബാലനെ ഏറ്റെടുക്കുന്നതിൽ വൈമനസ്യം വന്നതവിടെയാണ്. ഞാനേതായാലും കുഞ്ഞിനെയൊന്ന് കാണാമെന്നു വച്ചു. മറുള്ളവർ അതിനകം കുട്ടികളെയുമായി മക്കവിടാൻ റെഡിയായിരുന്നു. ആമിനയുടെ അരുമ മകന്റ അടുത്ത് ഞാനെത്തി. ഈ മോനെ നമുക്ക് കൊണ്ടുപോകാം, ദൈവം അതുവഴി നമ്മെ അനുഹിച്ചേക്കും. ഭർത്താവും സമ്മതം നൽകി. കുഞ്ഞിനെ എടുത്ത് മാറോടു ചേർത്തതേ ഉള്ളൂ. മാറിൽ പാൽ നിറഞ്ഞു . എന്റെ മോനും പോറ്റു മോനും വയർ നിറയെ മുല കുടിച്ചു. എന്തൊരത്ഭുതം! ഒടുകത്തിന്റെ അകിടും നിറഞ്ഞിരി ക്കുന്നു. കഴുതയും ആരോഗ്യത്തോടെ തുള്ളിച്ചാടുന്നു. എന്റെ ഭർത്താവു പറഞ്ഞു: നീ തെരഞ്ഞെടുത്ത കുഞ്ഞ് ഒരു അനുഗ്രഹം തന്നെയാണല്ലോ? ‘അതെ, ഞാനും പ്രതീക്ഷിച്ചത് അത് മാത്രം’: ഞാൻ പ്രതികരിച്ചു. ഞങ്ങൾ ഗ്രാമത്തിലേക്കു മടങ്ങി. ഞാനും പുതിയ കുട്ടിയും കഴുതപ്പുറത്ത് കയറി. വാഹനത്തിന് നവോന്മഷം കൈവന്നിരിക്കുന്നു. അതിവേഗം സഞ്ചരിക്കാൻ തുടങ്ങി. കൂട്ടുകാരികൾ എല്ലാം പിന്നിലായി. അവർ ഞങ്ങളോട് കാത്ത് നിൽക്കാൻ പറഞ്ഞു. ‘ഇതെന്തൊരത്ഭുതം, ഹലീമ വലിയ്യ ഭാഗ്യം ചെയ്തവളാണ്’: കൂട്ടുകാരികൾ പറയാൻ തുടങ്ങി
അതേ, മുഹമദ് (നബി) ﷺ മക്കയിൽ നിന്ന് ഗ്രാമത്തിലേക് യാത്രയാരംഭിച്ചു കഴിഞ്ഞു…..

 

Part-3/365

ഹലീമ തുടരുന്നു, ഞങ്ങള്‍ ബനൂ സഅദ് ഗ്രാമത്തില്‍ എത്തിച്ചേര്‍ന്നു. ഞങ്ങളുടെ കുഞ്ഞ് കുടിലില്‍ പ്രവേശിച്ചു. എന്തെന്നില്ലാത്ത ഒരാനന്ദം. മുഹമ്മദ് മോന്റെ ആഗമനം എല്ലാവര്‍ക്കും അനുഗ്രഹങ്ങള്‍ പകര്‍ന്നു. ഗ്രാമത്തിന്റെ ഛായ തന്നെ മാറി. ഒരു തരുവും ഇല്ലാതിരുന്ന നാടായിരുന്നു അത് ഇപ്പോള്‍ ഹരിതാഭമായിരിക്കുന്നു. നാല്‍കാലികള്‍ക്ക് ആവശ്യാനുസൃതം മേയാനുണ്ട്. എപ്പോഴും അകിട് നിറഞ്ഞിരിക്കുന്നു. അയല്‍പക്കത്തെ കാലികള്‍ക്ക് പാലില്ലാത്തപ്പോഴും ഞങളുടെ മൃഗങ്ങള്‍ക് പാലുണ്ട്. ചിലര്‍ പറയും ഹലീമയുടെ ആടുകളെ കെട്ടുന്ന സ്ഥലത്ത് നമുക്കും മേയ്ക്കാം പക്ഷേ അത് കൊണ്ട് മാത്രമായില്ല ഞങ്ങളുടെ ആടുകള്‍ എപ്പോഴും ക്ഷീര സമ്യദ്ധമായി.
രണ്ട് വയസ്റ്റ് വരെ ഞാന്‍ മുഹമ്മദ് മോനെ മുലയൂട്ടി. അപ്പോഴും പിന്നെയും അസാധാരണമായ ഒരു വളര്‍ച്ചയായിരുന്നു മോന്. ഇനിയിപ്പോള്‍ മാതാവിനെ തിരിച്ചേല്‍പിക്കാനുള്ള സമയമായി. വിട്ടു പിരിയാന്‍ മനസ്സനുവദിക്കുന്നില്ല. പൊന്നു മോന്റെ ആഗമനം ഞങള്‍ക്ക് നല്‍കിയ ആനന്ദവും ഐശ്വര്യവും വര്‍ണനാതീതമാണ്. ആമിന ഉമ്മയോട് ഒന്നു കൂടി പറഞ്ഞ് നോക്കാം. അക്കാലത്ത് മക്കയില്‍ ഒരു പ്ലേഗ് ബാധിച്ചിരുന്നു. ഞങളുടെ നിര്‍ബന്ധവും പ്ലേഗും കാരണം മനസ്സില്ലാ മനസ്സോടെ ഉമ്മ മകനെ ഒരിക്കല്‍ കൂടി വിട്ടു തന്നു. അത്യാനന്ദത്തോടെ വീട്ടില്‍ തിരിച്ചെത്തി. എന്റെ മകള്‍ ശൈമക്ക്് എന്തെന്നില്ലാത്ത ആശ്വാസം. അവളാണ് താരാട്ട് പാടുക. ഒക്കത്ത് വെച്ച് കൊണ്ട് നടക്കുക. അങ്ങനെ മാസങള്‍ കഴിഞ്ഞു. രണ്ട് കുഞ്ഞ് മക്കളും പുല്‍മേടില്‍ കളിച്ചു കൊണ്ടിരികുകയായിരുന്നു. ഞങ്ങളുടെ വീടിന്റെ തൊട്ടു ചേര്‍ന്നു തന്നെയാണ് സ്ഥലം പെട്ടന്ന് ളംറ മോന്‍ ഓടി വന്നു. വിറച്ചു കൊണ്ട് പറയാന്‍ തുടങ്ങി. നമ്മുടെ ഖുറൈശി സഹോദരന്‍… രണ്ട് പേര്‍ വന്ന് എടുത്ത് കൊണ്ട് പോയി. വെള്ള വസ്ത്രം ധരിച്ചവരാണവര്‍, അല്‍പമകലെ മലര്‍ത്തി കിടത്തി. നെഞ്ച് പിളര്‍ത്തി കൈകള്‍ ഉള്ളില്‍ പ്രവേശിപ്പിക്കുന്നു. ഞാനും ഭര്‍ത്താവും പേടിച്ചരണ്ടു. പെട്ടന്ന് തന്നെ ഓടിച്ചെന്നു. അതാ നില്‍ക്കുന്നു മുഹമ്മദ് മോന്‍. പക്ഷേ മുഖത്ത് ഒരു ഭാവമാറ്റം. പെട്ടന്ന് ഞാന്‍ വാരിയെടുത്ത് മാറോടണച്ചു. പൊന്നു മോനെ എന്ത് പറ്റി ? ഞാന്‍ ചോദിച്ചു. മോന്‍ ഇങ്ങനെ പറഞ്ഞു. വെളള വസ്ത്രം ധരിച്ച രണ്ട് പേര്‍ വന്നു എന്നെ മലര്‍ത്തിക്കിടത്തി നെഞ്ച് തുറന്നു ഉള്ളില്‍ നിന്ന് എന്തോ ഒന്ന് പുറത്തെടുത്തു എന്താണെന്നറിയില്ല. ഞാനും ഭര്‍ത്താവും പരിസരം മുഴുവന്‍ നോക്കി. ആരെയും കണ്ടില്ല. ദേഹത്ത് മുറിവോ ചോരപ്പാടോ ഒന്നും കാണാനില്ല. ദേഹപരിശോധന നടത്തിയപ്പോള്‍ ഒരത്ഭുതം കൂടി ശ്രദ്ധയില്‍ പെട്ടു. ചുമലില്‍ അതാ ഒരു മുദ്ര…
(തുടരും)
ഡോ.ഫാറൂഖ് നഈമി അല്‍ബുഖാരി

 

Part-4/365

പ്രവാചകത്വത്തിന്റെ മുദ്രയാണത്. “ഖാതമുന്നുബുവ്വ” എന്നാണ് അറബിയിൽ പറയുക. ജന്മനാ തന്നെ മുത്തു നബിയുടെ ചുമലിൽ മുദ്രയുണ്ട്. ഇപ്പോൾ സവിശേഷമായ ഒരു ശ്രദ്ധ അതിലേക്കെത്തിയന്നേയുള്ളൂ. മാടപ്രാവിന്റെ മുട്ടയുടെ ആകൃതിയിലുള്ള മാംസത്തിന്റെ തന്നെ ഒരു തടിപ്പ്. അൽപ്പം രോമാവൃതമായിട്ടുണ്ട്. ഇങ്ങനെയാണ് ഹദീസിൽ വന്നിട്ടുളളത്.
ഹലീമയും ഭർത്താവും ആലോചനയിലാണ്ടു, ഇനിയെന്ത് ചെയ്യും. എത്രയും വേഗം മക്കയിലേക്കു പോകാം. ഉമ്മയെ ഏൽപ്പിച്ച് കാര്യം ധരിപ്പിക്കാം. ഇതിനിടയിൽ മറ്റൊരു ഭയം കൂടി വന്നു. പ്രവാചകത്വ മുദ്രയുള്ള കുട്ടിയെ വേദക്കാർ തിരിച്ചറിഞ്ഞിരിക്കുന്നു. വാഗ്ദത്ത പ്രവാചകനാണ് ഇതെന്ന് അവർ മനസ്സിലാക്കി. ജൂതന്മാർ ശത്രുതയോടെയാണ് നോക്കുന്നത്.
ഹലീമ മകനെയും കൊണ്ട് മക്കയിലെത്തി ആമീന ബീവിയെ സമീപിച്ചു. കാര്യങ്ങൾ ചുരുക്കി പറയാമെന്ന് വെച്ചെങ്കിലും ആമിന വിശദാംശങ്ങൾ തേടി. ഒടുവിൽ എല്ലാം ഹലീമ തുറന്നു പറഞ്ഞു. ആമിനയിൽ പക്ഷേ ആശങ്കകൾ കണ്ടില്ല. പകരം ഹലീമയെ ആശ്വസിപ്പിച്ചു. “മഹത്തായ പദവികൾ എന്റെ മകനെ കാത്തിരിക്കുന്നു”. ഗർഭകാലത്തെ അനുഭവങ്ങൾ കൂടി ചേർത്തു പറഞ്ഞു.
എങ്കിൽ പിന്നെ മകനെയും കൊണ്ട് തന്നെ മടങ്ങാമെന്നായി ഹലീമ. പക്ഷേ ആമിന അനുവദിച്ചില്ല. ഹൃദയപൂർവ്വം യാത്രാ മംഗളങ്ങൾ നേർന്നു.
ഉമ്മയും മകനുമൊത്തുള്ള ജീവിതത്തിന്റെ നാളുകൾ. കുടുംബത്തിൽ എല്ലാവർക്കും പ്രിയപ്പെട്ട മോൻ. സമപ്രായക്കാരായി കുടുംബത്തിൽ വേറെയും അംഗങ്ങളുണ്ട്. പിതാമഹന്റെയും പിതൃ സഹോദരന്മാരുടെയും മക്കൾ. പ്രത്യേകിച്ച് ഹംസയും സ്വഫിയ്യയും. പിതാമഹൻ അബ്ദുൽ മുത്വലിബിന്റെ മക്കളാണവർ. മൂന്നുപേരും തമ്മിൽ സുദൃഢമായ ബന്ധമായിരുന്നു. മധുരതരമായ മൂന്നു വർഷങ്ങൾ അങ്ങനെ കടന്നു പോയി.
കഅബയുടെ ചാരത്ത് അബ്ദുൽ മുത്വലിബിന് പ്രത്യേകം ഒരു ഇരിപ്പിടം ഉണ്ടായിരുന്നു. കുട്ടികൾ ആരും അതിൽ ഇരിക്കുമായിരുന്നില്ല. എന്നാൽ മുഹമ്മദ് മോന് അവിടെ അധികാരമുണ്ടായിരുന്നു. ഈ പരിഗണനയെ കുറിച്ച് പ്രമാണികൾ പലരും ചോദിച്ചു. ഈ മകനിൽ പല അത്ഭുതങ്ങളും ഞാൻ കാണുന്നു എന്നായിരുന്നു വല്യുപ്പയുടെ മറുപടി.
ആകർഷകമായ ഏറെ ഭാവങ്ങൾ മകനിൽ പ്രകടമായിരുന്നു. മകന് ആറു വയസ്റ്റായപ്പോൾ ഉമ്മ ആമിനക്ക് ഒരു മോഹം. മകനുമൊത്ത് യസ്‌രിബിലെ ബന്ധുക്കളെ ഒന്ന് സന്ദർശിച്ചാലോ. അധികം വൈകാതെ ഒരു കച്ചവട സംഘത്തോടൊപ്പം യാത്രയായി. പരിചാരക ഉമ്മു അയ്മൻ (ബറക)യും ഒപ്പമുണ്ടായിരുന്നു. രണ്ട് ഒട്ടകപ്പുറത്തായിട്ടാണ് യാത്ര ചെയ്തത്. യസ്‌രിബിലെത്തി ബന്ധുക്കളോടൊപ്പം ദിവസങ്ങൾ കഴിച്ചു കൂട്ടി. മകനുമായി പ്രിയപ്പെട്ട ഭർത്താവായിരുന്ന അബ്ദുല്ലയുടെ ഖബറിടം സന്ദർശിച്ചു.
അന്നത്തെ അനുഭവങ്ങൾ പിൽക്കാലത്ത് പ്രവാചകൻ ഓർത്ത് പറയാറുണ്ടായിരുന്നു. ഖസ്റജുകാരുടെ കുളത്തിൽ നീന്തിയതും കുട്ടികളോടൊപ്പം പട്ടം പറത്തിയതും. മക്കയിലേക്ക് മടങ്ങാറായി, യാത്ര ആരംഭിച്ചു. കുറച്ച് ദൂരം പിന്നിട്ടപ്പോഴേക്കും ആമിനക്ക് അസുഖം ബാധിച്ചു….
(തുടരും)
ഡോ.ഫാറൂഖ് നഈമി അൽ ബുഖാരി

 

Part-5/365

ഇനി യാത്ര തുടരാൻ പ്രയാസമാണ്. എവിടെയെങ്കിലും ഒന്നു വിശ്രമിക്കണം. അങ്ങനെ അബവാഅ് എന്ന സ്ഥലത്ത് തമ്പടിച്ചു. മദീനയിൽ നിന്ന് മക്കയിലേക്കുള്ള വഴിയിൽ 273 കിലോമീറ്റർ അകലെയാണ് അബവാഅ്. രോഗം വീണ്ടും വീണ്ടും മൂർഛിച്ചു. ബീവി ആമിന (റ) ഈ ലോകത്തോട് യാത്ര പറഞ്ഞു. ഗർഭകാലത്ത് പിതാവും ഇപ്പോഴിതാ ഉമ്മയും വിട്ടുപിരിഞ്ഞു. മുത്ത് നബി ആറാം വയസിൽ പൂർണ അനാഥത്വത്തിലായി.
അവസാന നിമിഷം ഉമ്മയും മകനും നടത്തിയ സംഭാഷണം ഏറെ ചിന്തനീയമായിരുന്നു: ‘മോനെ, ഞാൻ യാത്രയാവുകയാണ്.ഒരു പാട് നന്മകൾ അവശേഷിപ്പിച്ചാണ് ഞാൻ പോകുന്നത്. ഞാൻ കണ്ട സ്വപ്നങ്ങൾ പുലരും. അങ്ങനെയെങ്കിൽ മോൻ മനുഷ്യ കുലത്തിനാകെയുള്ള പ്രവാചകനാണ്. ചുടു ചുംബനങ്ങൾ നൽകി. മകനെ നല്ലപോലെ പരിചരിക്കണമെന്ന് പറഞ്ഞ് ബറകയെ ഏൽപിച്ചു.
ഏറെ ഭാഗ്യവതിയായ പരിചാരകയാണ് ബറക. ഉമ്മു ഐമൻ എന്നാണ് അറിയപ്പെടുന്നത്. മുത്ത്നബിയെ ഏറ്റെടുക്കാൻ നിയോഗം ലഭിച്ച മഹതി. അവിടുത്ത ബാല്യവും കൗമാരവും യൗവ്വനവും നേരിട്ടു കണ്ടു. പ്രബോധനവും പലായനവും നേരിട്ടനുഭവിച്ചു. പ്രാഥമിക ഘട്ടത്തിൽ തന്നെ വിശ്വാസിനിയായി. പ്രവാചക സന്താനങ്ങളെയും ശേഷം പേരകുട്ടികളയും അവർ പരിചരിച്ചു.
പലായന വേളയിൽ മഹതിക്ക് ലഭിച്ച അനുഗ്രഹം ഹദീസിൽ ഇങ്ങനെ കാണാം. മദീനയിലേക്കുള്ള യാത്രയിൽ കൂട്ടത്തിൽ നിന്ന് ഒറ്റപ്പെട്ടുപോയി. കുടിവെള്ളമില്ലാതെ മരുഭൂമിയിൽ അലഞ്ഞു. അതാ ആകാശത്ത് നിന്നും ഒരു ബക്കറ്റ് അടുത്തേക്ക് വന്നു. ദാഹം ശമിക്കുവോളം കുടിച്ചു. പിന്നീട് ജീവിതത്തിൽ ഒരിക്കലും ദാഹിച്ചിട്ടില്ല.
പ്രവാചകരിൽ നിന്ന് നേരിട്ട് സ്വർഗ്ഗപ്രവേശത്തിന്റെ സുവിശേഷം ലഭിച്ചു. നബിയുടെ പരിചാരകൻ സൈദ് (റ) ന്റെ ഭാര്യാപദം അലങ്കരിച്ചു. മുത്ത് നബിക്ക് ഏറെ പ്രിയപ്പെട്ട ഉസാമയുടെ ഉമ്മയായി. ഇങ്ങനെ തുടരുന്നു മഹതിയുടെ വിശേഷങ്ങൾ.
ബീവി ആമിന(റ)യെ അബവാഇൽ മറമാടി. തപിക്കുന്ന ഹൃദയവും സ്നേഹ ബാഷ്പങ്ങളും സാക്ഷിയായി. ആറ് വയസ്സിൽ അനുഭവിച്ച വിരഹത്തിന്റെ വേദന മകനിൽ ആഴ്ന്നു നിന്നു. അറുപത് വയസ്സ് പിന്നിട്ടപ്പോൾ അനുയായികൾകൊപ്പം വന്നപ്പോഴും അത് പെയ്തിറങ്ങിയിരുന്നു.
ബറകയും മകനും മക്കയിലേക്ക് യാത്ര തുടർന്നു. പിതാമഹൻ അബ്ദുൽ മുത്വലിബ് ഇതിനകം വിവരമറിഞ്ഞിരുന്നു. പ്രിയ പൗത്രനെ കാത്തു നിന്നു സ്വീകരിച്ചു. ഉപ്പയും ഉമ്മയും ഇല്ലാത്ത വേദന അറിയിക്കാതെ പോറ്റാൻ തീരുമാനിച്ചു. സദാ സമയവും ഒപ്പം കൊണ്ടു നടന്നു. ഓരോ നിമിഷവും പൗത്രനിലെ അസാധാരണത്വത്തെ തിരിച്ചറിഞ്ഞു. അത് മറ്റുള്ളവരോട് പങ്കു വെച്ചു. ചർച്ചാ വേദികളിൽ അഭിപ്രായമാരാഞ്ഞു. പറയുന്ന അഭിപ്രായങ്ങളിൽ അഭിമാനിച്ചു. ഒപ്പമിരുത്തിയേ ഭക്ഷണം കഴിക്കൂ. മക്കളും പേരമക്കളും എല്ലാവരും എത്തിയാലും മുഹമ്മദ് ﷺ മോനില്ലെങ്കിൽ സമാധാനമാവില്ല. ഇടക്കിടെ ഉമ്മു ഐമനെ വിളിക്കും എന്നിട്ടിങ്ങനെ പറയും. “ഉമ്മു ഐമൻ! എന്റെ മോനെ ശ്രദ്ധിക്കാതിരിക്കല്ലെ! കുട്ടികൾകൊപ്പം സിദ്റ മരത്തിനരികെ മോൻ നിൽക്കുന്നത് ഞാൻ കണ്ടു”. അക്ഷരാർത്ഥത്തിൽ സ്റ്റേഹം കൊണ്ട് വല്യുപ്പ മകനെ വീർപ്പ് മുട്ടിച്ചു. ആ തണലിന്റെ തളിര് മുത്ത് നബിയും നന്നായി ആസ്വദിച്ചു. അങ്ങനെ നാളുകൾ നടന്നു നീങ്ങി…
(തുടരും)
ഡോ:മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

 

Part-6/365

അബ്ദുൽ മുത്വലിബ് മക്കയിലെ പൗരപ്രമുഖരുടെ നേതാവായിരുന്നു. അന്യദേശങ്ങളിൽ നിന്നു വരെ അദ്ദേഹത്തെ കാണാൻ അഥിതികൾ വന്നിരുന്നു. കൂട്ടത്തിൽ പുരോഹിതന്മാരും വേദജ്ഞാനികളും ഉണ്ടാകും. അവർ പലപ്പോഴും തന്റെ പേരക്കുട്ടിയെ സവിശേഷമായി നിരീക്ഷിക്കുന്നത് ശ്രദ്ധയിൽ പെട്ടു. തുടർന്ന് അവർ അന്ത്യ പ്രവാചകനെ കുറിച്ച്പറയും. മുഹമ്മദിﷺൽ കണ്ട ലക്ഷണങ്ങൾ വിവരിക്കും. അപ്പോഴെല്ലാം അഭിമാനത്തോടെ മകനെ ചേർത്തു പിടിക്കും.
ഒരിക്കൽ നജ്റാനിൽ നിന്ന് ഒരു സംഘം വന്നു. വേദക്കാരായിരുന്നു അവർ. കൂട്ടത്തിലെ പുരോഹിതന്മാർ മക്കയുടെ നേതാവുമായി ഏറെ നേരം സംസാരിച്ചു. ഇനി ഉദയം ചെയ്യാനുള്ള പ്രവാചകനെ കുറിച്ച് പ്രത്യേകം പരാമർശിച്ചു. ഇസ്മായിൽ നബിയുടെ പരമ്പരയിലാണ് ജനിക്കുക. വേദത്തിൽ പറഞ്ഞ പ്രകാരം നിയോഗത്തിൻറെ സമയം ആഗതമായിക്കഴിഞ്ഞു. പെട്ടെന്ന് മുഹമ്മദ് മോൻ ﷺ അവിടേക്ക് കടന്നു വന്നു. പുരോഹിതന്മാരുടെ ശ്രദ്ധ കുട്ടിയിലേക്കായി. അടിമുടി അവർ നിരീക്ഷിച്ചു. ചുമലും പാദങ്ങളും കൺ തടങ്ങളും പ്രത്യേകം പരിശോധിച്ചു. ഉടനെ അവർ ഉറക്കെവിളിച്ചു പറഞ്ഞു.”ഇതാണാ വ്യക്തി” തുടർന്നു ചോദിച്ചു. താങ്കൾ ഈ കുട്ടിയുടെ ആരാണ്? ഇത് എന്റെ പുത്രനാണ്. അബ്ദുൽ മുത്വലിബ് പ്രതികരിച്ചു. നിങ്ങൾ ഈ കുട്ടിയുടെ പിതാവോ? അങ്ങനെയാകാൻ സാധ്യതയില്ല. ഉടനെ കൃത്യപ്പെടുത്തി. ഇതെൻ്റെ മകൻ്റെ മകനാണ്. ശരി അത് സത്യമാണ്. അവർ സമ്മതിച്ചു. ഈ മകനെ ശ്രദ്ധയോടെ പരിപാലിക്കണമെന്ന് അവർ നിർദ്ദേശിച്ചു. അബ്ദുൽ മുത്വലിബ് തന്റെ മക്കളെയെല്ലാം വിളിച്ചു വരുത്തി. പുരോഹിതന്മാർ പറഞ്ഞ കാര്യം വിശദീകരിച്ചു. ‘ശേഷം ഇങ്ങനെ പറഞ്ഞു. നിങ്ങൾ ഈ മോനെ പ്രത്യേകം സംരക്ഷിക്കണം. എപ്പോഴും ശ്രദ്ധയിൽ വേണം.
മറ്റൊരു ദിവസം, മുഹമ്മദ് ﷺ കുട്ടികൾക്കൊപ്പം വിനോദത്തിലായിരുന്നു. ബനൂ മുദ് ലജ് ഗോത്രത്തിലെ ചിലജ്ഞാനികൾ മുഹമ്മദ്‌ ﷺ യെ നിരീക്ഷിക്കാൻ വന്നു. കുറേ കഴിഞ്ഞപ്പോൾ അവർ അടുത്തേക്ക് വിളിച്ചു. കാൽപാദവും വിരലടയാളവും സസൂക്ഷ്മം വിലയിരുത്തി. ശേഷം പിതാമഹനോട് പറഞ്ഞു. ഈ കുട്ടിയെ നിങ്ങൾ നന്നായി ശ്രദ്ധിക്കണം. ഇബ്രാഹീം നബിയുടെ പാദമുദ്രയോട് ഏറെ സാമ്യമുള്ളതാണ് ഈ കുട്ടിയുടേത്.
നിരന്തരമായ സുവിശേഷങ്ങൾക്ക് പിതാമഹൻ സാക്ഷിയായി. ഖുറൈശി പ്രമുഖർക്ക് യമനിലെ രാജാവ് സൽക്കാരമൊരുക്കി. രാജസൽകാരത്തിനുശേഷം രാജാവ് അബ്‌ദുൽ മുത്വലിബിനെ സ്വകാര്യ മുറിയിലേക്ക് ക്ഷണിച്ചു. പ്രതീക്ഷിക്കുന്ന പ്രവാചകന്റെ പിതാമഹനെന്ന നിലയിൽ ആദരിച്ചു. സയ്ഫ് ബിൻ സീയസൻ ആയിരുന്നു രാജാവ്.
പൗത്രന്റെ പദവികൾ പിതാമഹൻ തിരിച്ചറിഞ്ഞു. ആദരവും വാത്സല്യവും ആവോളം നൽകി. അങ്ങനെയിരിക്കെ മക്കയിൽ ഒരു വരൾച്ചക്കാലം. വറുതിയും വരൾച്ചയും മക്കാനിവാസികളെ ആകുലപ്പെടുത്തി. അവർ മഴക്ക് വേണ്ടിയുളള പ്രാർത്ഥനകൾ നടത്തി. പക്ഷേ ഫലം കണ്ടില്ല. ആ നാളുകളിൽ റുഖൈഖ എന്ന മഹതി ഒരു സ്വപ്നം കണ്ടു. അന്ത്യ പ്രവാചകൻ മക്കയിൽ ഉദയം ചെയ്തു കഴിഞ്ഞു. പ്രവാചകന്റെയും രക്ഷകർത്താവിന്റെയും ആകാരവും വിശേഷണങ്ങളും പറയപ്പെട്ടു. അദ്ദേഹത്തിനൊപ്പം പ്രാർത്ഥിക്കുക. പ്രാർത്ഥനയുടെ ക്രമവും രീതിയുമെല്ലാം സ്വപ്നത്തിൽ തന്നെ ലഭിച്ചു.
രാവിലെയായപ്പോഴേക്കും റുഖെഖ പരിഭ്രമചിത്തയായി. ഏതായാലും സ്വപ്നം വിളംബരം ചെയ്തു.
(തുടരും)
ഡോ:മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

 

Part-7/365

റുഖൈഖയുടെ സ്വപ്നം മക്കക്കാർ കാതോർത്തു. സ്വപ്നത്തിൻ്റെ വിശദാംശങ്ങൾ ഇങ്ങനെയായിരുന്നു. ഞാൻ ഒരശരീരി കേൾക്കുന്നു. ആരോ ഒരാൾവിളിച്ചു പറയുന്നു. അല്ലയോ ഖുറൈശികളെ! ഇനി നിയോഗിക്കപ്പെടാനുള്ള പ്രവാചകൻ നിങ്ങളോടൊപ്പമുണ്ട്. ആഗമന സമയം വളരെ അടുത്ത് കഴിഞ്ഞു. നിങ്ങൾക്ക് ക്ഷേമവും ഐശ്വര്യവും ആസന്നമായിരിക്കുന്നു. നിങ്ങളിൽ സമുന്നതനും ദീർഘകായനുമായ ഒരു വ്യക്തിയുണ്ട്. വെളുത്ത ശരീരമുള്ള സുന്ദരനാണ്. കൺമിഴികൾ നീണ്ട് ലോല ശരീരമുള്ള മനുഷ്യൻ. ഉയർന്നു നീണ്ട നാസികയും തടിച്ച കവിൾ തടങ്ങളുമാണദ്ദേഹത്തിന്റേത്. അദ്ദേഹവും മക്കളും പേരക്കുട്ടികളും അണി നിരക്കട്ടെ. മക്കയിലെ ഗോത്രങ്ങളിൽ നിന്നെല്ലാം ഓരോ പ്രതിനിധികളും ഒപ്പം നിൽക്കട്ടെ. എല്ലാവരും അംഗസ്നാനം ചെയ്ത് സുഗന്ധമുപയോഗിച്ച ശേഷം കഅബാലയത്തിന്റെ കോർണറിൽ സംഗമിക്കണം. സവിനയം ചുംബനം നൽകിയ ശേഷം ഏഴുതവണ കഅബയെ പ്രദക്ഷിണം ചെയ്യണം. ശേഷം എല്ലാവരും ചേർന്ന് ‘അബൂ ഖുബൈസ്’ പർവ്വതത്തിലേറി പ്രാർത്ഥിക്കണം. നേതാവിന് ചുറ്റും എല്ലാവരും ഒത്തു കൂടണം. കൂട്ടത്തിലുള്ള വിശുദ്ധ വ്യക്തിയെ മുന്നിൽ നിർത്തി പ്രാർത്ഥന നിർവ്വഹിക്കണം. മറ്റുള്ളവർ ‘ആമീൻ’ ചൊല്ലണം.
കവയിത്രികൂടിയായ റുഖൈഖ നേരത്തെ തന്നെ കുളിച്ചൊരുങ്ങി കഅബയുടെ അടുത്തെത്തി. കഅബാ പ്രദക്ഷിണം പൂർത്തിയാക്കി. അബ്ദുൽ മുത്വലിബും മക്കളും മക്കയിലെ മറ്റുപ്രമുഖരും എത്തി. സ്വപ്‌നത്തിൽ പറയപ്പെട്ട നേതാവ് അബ്‌ദുൽമുത്വലിബാണെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഒരു സംഘമായി അബൂഖുബൈസ് പർവ്വതത്തിന് മുകളിലേക്ക് കയറി. ശിഖിരത്തിലെത്തിയപ്പോൾ പിതാമഹൻ ഏഴു വയസ്സു കഴിഞ്ഞ മുഹമ്മദ് ﷺ നെ എടുത്ത് മടിയിൽ ഇരുത്തി. (അഥവാ വിശുദ്ധവ്യക്തിയെ മുന്നിൽ നിർത്തി) പ്രാർത്ഥനയാരംഭിച്ചു. “അല്ലാഹുവേ! ഇതാ ഞങ്ങൾ നിന്റെ ദാസന്മാർ, നിന്റെ ദാസന്മാരുടെ മക്കൾ, ഞങ്ങൾ നിനക്കറിയുന്ന പോലെ ഇതാ വറുതിയിൽ അകപ്പെട്ടിരിക്കുന്നു. കുറേ നാളുകളായി ഞങ്ങൾ വരൾച്ച അനുഭവിക്കുന്നു. അല്ലാഹുവേ… പരിമിതികൾ പരിഹരിക്കുന്നവനേ… വിഷമങ്ങൾ അകറ്റുന്നവനേ… നിന്റെ വിശുദ്ധ ഭവനത്തിന്റെ മുറ്റത്ത് ഞങ്ങൾ വരൾച്ചയിലാണ്.. ഞങ്ങൾ ആവലാതിബോധിപ്പിക്കുന്നു നാഥാ.. ഞങ്ങൾക്ക് മഴ നൽകേണമേ.. സുഖദായകമായ മഴ.. ക്ഷേമം നൽകുന്ന അനുഗ്രഹ വർഷം.
റുഖൈഖ തുടരുന്നു.. അബ്ദുൽ മുത്തലിബിന്റെ പ്രാർത്ഥന കഴിഞ്ഞതേ ഉള്ളു. കോരിച്ചൊരിയുന്ന മഴയാരംഭിച്ചു. താഴ്‌വരകൾനിറഞ്ഞു. എല്ലാവരും ആനന്ദത്തിലായി. മക്കക്കാർ ഒരേ സ്വരത്തിൽ അബ്ദുൽമുത്വലിബിന് ആശംസകൾ നേർന്നു. അദ്ദേഹത്തിൻ്റെ നന്മയെ പ്രശംസിച്ചു. ഈ സംഭവത്തെ അനുസ്മരിച്ചു കൊണ്ട് റുഖൈഖ ഒരു കവിത ചൊല്ലി. ആശയം ഇപ്രകാരമാണ്.
“ശൈബതുൽ ഹംദ് (അബ്ദുൽ മുത്വലിബിൻറെ പേര്) വഴി അല്ലാഹു ഞങ്ങൾക്ക് മഴ തന്നിരിക്കുന്നു. ഏറെക്കാലത്തിനു ശേഷം ഇതാ ഒരനുഗ്രഹവർഷം. ജീവജാലങ്ങളും വൃക്ഷലതാദികളും തളിർത്തിരിക്കുന്നു. വരണ്ട താഴ്‌വരകൾ ഹരിതാഭമായിരിക്കുന്നു. മഹത്വങ്ങൾ നിറഞ്ഞ നിമിത്തം അല്ലാഹു നൽകിയ മഴയാണിത്. “മുളർ ഗോത്രത്തിൽ ഉദിക്കാനിരിക്കുന്ന സുവിശേഷകൻ (ദൈവദൂതൻ) നിമിത്തമാണീ അനുഗ്രഹം ലഭിച്ചത്. ആ പുണ്യവ്യക്തി കാരണമാണ്‌ ഇന്നു പ്രാർത്ഥനസ്വീകരിക്കപ്പെട്ടത്.
മനുഷ്യ വംശത്തിൽ തന്നെ അതുല്യ വ്യക്തിത്വത്തമാണത്”
ഓരോ സംഭവങ്ങളും മുഹമ്മദ് ﷺ യുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തിക്കൊണ്ടേ ഇരുന്നു. ഈ കാലയളവിൽ തന്നെ മുത്ത് നബിക്ക് ഒരു കണ്ണ് രോഗം ബാധിച്ചു. പിതാമഹൻ പല മരുന്നുകളും പ്രയോഗിച്ചു. പക്ഷേ ഫലം കണ്ടില്ല. അവസാനം ‘ഉക്കാള്’ മാർക്കറ്റിൽ ഒരു വൈദ്യനെ കണ്ടെത്തി. അദ്ദേഹം ഒരു വേദജ്ഞാനി കൂടിയായിരുന്നു. പിതാമഹനും പൗത്രനും വൈദ്യന്റെ വീട്ടുപടിക്കലെത്തി. പരിശോധനക്ക് ശേഷം വൈദ്യൻ ഇങ്ങനെ പറഞ്ഞു. “ഇതൊരു സാധാരണ കുട്ടിയല്ല. വാഗ്‌ദത്ത പ്രവാചകനാണിത്. വേദക്കാർ ഈ കുട്ടിയെ പിന്തുടർന്നേക്കും. സദാ ശ്രദ്ധയുണ്ടാകണം”. ശേഷം മരുന്നുകൾ നൽകി രണ്ടു പേരെയും യാത്രയാക്കി.
മുത്ത് നബിക്ക് ഇപ്പാൾ എട്ടു വയസ്സ്‌ പിന്നിട്ടു. വയോധികനായ അബ്ദുൽ മുത്വലിബിൽ ക്ഷീണം കണ്ടു തുടങ്ങി..
(തുടരും)
ഡോ: മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

 

Part-8/365

അബ്ദുൽ മുത്വലിബിന് ഇപ്പോൾ വയസ്സ് 120 ആയി(ചരിത്രത്തിൽ 82,95,140,144 എന്നീ അഭിപ്രായങ്ങളുമുണ്ട്). താൻ ഈ ലോകം പിരിയാനായി എന്ന ചിന്ത അദ്ദേഹത്തിന് തന്നെ ഉണ്ടായിത്തുടങ്ങി. അപ്പോൾ അദ്ദേഹത്തിന് വേറിട്ട ഒരാഗ്രഹം ജനിച്ചു. എന്റെ വിയോഗാനന്തരം പാടാനുള്ള വിലാപകാവ്യം എനിക്കൊന്നു കേൾക്കണം. സാധാരണ ആളുകൾ മരണപ്പെട്ടവരെ പുകഴ്ത്തി പാടുന്നതിനാണല്ലോ വിലാപകാവ്യം എന്ന് പറയുക. അദ്ദേഹം തന്റെ കവയിത്രികളായ ആറ് പെൺമക്കളെയും വിളിച്ചു. സ്വഫിയ്യ, ബർറ, ആത്വിക, ഉമ്മു ഹകീം, ഉമൈമ, അർവ എന്നിങ്ങനെയാണ് അവരുടെ പേരുകൾ. തന്റെ ആഗ്രഹം മക്കളോട് പങ്കുവെച്ചു. ആറു പേരും അത് കൃത്യമായി നിർവ്വഹിച്ചു. മൂത്തമകൾ സ്വഫിയ്യയുടെ ദീർഘകാവ്യം അദ്ദേഹത്തെ ഏറെ സന്തോഷിപ്പിച്ചു. മരണത്തിന് മുമ്പ് വിലാപകാവ്യം കേട്ടയാൾ എന്ന ശ്രുതി അദ്ദേഹത്തിന് ലഭിച്ചു. മഹാ മനസ്കനായ അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു.
പ്രിയപ്പെട്ട പിതാമഹന്റെ വിയോഗം എട്ടുവയസ്സുകാരനായ മുഹമ്മദ് ﷺ നെ ആഴത്തിൽ നൊമ്പരപ്പെടുത്തി. പിതാവിനെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത മകന് ഉപ്പയും വലിയുപ്പയുമായിരുന്നു അബ്ദുൽ മുത്വലിബ്. ഉമ്മയും മൺമറഞ്ഞതിൽ പിന്നെ എല്ലാമായിരുന്നു അവിടുന്ന്. അനാഥത്വത്തിന്റെ ഒരു വേദന കൂടി അവിടുന്ന് കടിച്ചിറക്കി. തങ്ങളുടെ കണ്ണുകൾ ഈറനണിഞ്ഞു. പോറ്റുമ്മയായ ഉമ്മു ഐമൻ രംഗം വിശദീകരിക്കുന്നു. ‘അബ്‌ദുൽ മുത്വലിബ് മരണപ്പെട്ടപ്പോൾ നബി ﷺ ക്ക് എട്ടു വയസ്സു പ്രായമായിരുന്നു. പിതാമഹന്റെ മൃതദ്ദേഹം കിടത്തിയ കട്ടിലിനു പിന്നിൽ നിന്ന് മുത്ത് നബിﷺ ദീർഘനേരം കരയുന്നത് ഞാൻ കണ്ടു’. വിരഹത്തിൻറെ വേദന സഹിക്കാൻ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന രംഗങ്ങൾ.
ആസന്ന സമയത്തും അബ്ദുൽ മുത്വലിബ് പൗത്രനെ കുറിച്ചുള്ള ചിന്തയിലായിരുന്നു. അതിനാൽ തന്നെ മക്കളോട് സവിശേഷമായ ചില വസ്വിയതുകൾ ചെയ്തിരുന്നു. തിരുനബി ﷺ യുടെ പ്രത്യേക ഉത്തരവാദിത്വം മകൻ അബൂത്വാലിബിനെ ഏൽപിച്ചു. പിതാവ് അബ്‌ദുല്ല എന്നവരുടെ പൂർണ സഹോദരനായിരുന്നു അബൂത്വാലിബ്. ഈ വിഷയത്തിൽ വേറിട്ട ഒരു നിവേദനത്തിൽ ഇങ്ങനെയുണ്ട്. അബ്ദുൽ മുത്വലിബിന് ശേഷം മുഹമ്മദ് ﷺ മോന്റെ സംരക്ഷണം സുബൈർ ‌ആവശ്യപ്പെട്ടു. സഹോദരനായ അബൂത്വാലിബിനോട് മത്സരിച്ചു. ഒടുവിൽ നറുക്കിടാൻ തീരുമാനിച്ചു. നറുക്ക് അബൂത്വാലിബിനാണ് ലഭിച്ചത്. തിരുനബിക്കും ﷺ കൂടുതൽ താത്പര്യം അബൂത്വാലിബിനോടായിരുന്നു. എന്നിരുന്നാലും ലഭിച്ച അവസരങ്ങളിലൊക്കെ സുബൈർ മുത്ത് നബി ﷺ യെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തിരുനബി ﷺ യുടെ പതിനാലാം വയസ്സിൽ സുബൈർ പരലോകം പ്രാപിച്ചു. പിന്നീട് പൂർണമായും അബൂത്വാലിബിനൊപ്പമായി.
ക്രിസ്താബ്ദം 579 ലാണ് അബ്‌ദുൽ മുത്വലിബിന്റെ വിയോഗം. മക്കയിലെ ‘അൽ ഹജൂൻ’ എന്ന പ്രവിശ്യലാണ് മറമാടിയത്. പ്രപിതാമഹൻ ‘ഖുസയ്യ്’ ന്റെ ഖബറിനോട് ചേർന്നാണ് ഖബ്ർ ഒരുക്കിയത്.
പിതാവിനെപ്പോലെ മക്കയുടെ സാരഥ്യവും അബൂ ത്വാലിബിന് ലഭിച്ചു. എന്നാൽ സാമ്പത്തികാവസ്ഥ അത്രമേൽ മെച്ചമായിരുന്നില്ല. കൂടുതൽ അംഗങ്ങളുള്ള കുടുംബത്തിന്റെ ചിലവ് നടത്താൻ തന്നെ പ്രയാസപ്പെട്ടിരുന്നു. പക്ഷേ മുത്തുനബി ﷺ യുടെ ആഗമനം അദ്ദേഹത്തിന് ആശ്വാസം നൽകി. തിരുനബി ﷺ ഒപ്പമുള്ള സുപ്രയിൽ കുറഞ്ഞ ഭക്ഷണം കൊണ്ട് എല്ലാവർക്കും വിശപ്പടങ്ങുമായിരുന്നു. എന്റെ പൊന്നുമോൻ വരുന്നത് വരെ കാത്തിരിക്കാൻ മക്കളോടദ്ദേഹം ആവശ്യപ്പെടും. പാനം ചെയ്യാനുള്ള പാൽ ആദ്യം നബി ﷺയെ ക്കൊണ്ട് കുടിപ്പിക്കും ശേഷമേ സന്താനങ്ങൾക്ക് നൽകിയിരുന്നുള്ളു. ഇത്തരം സന്ദർഭങ്ങളിലെല്ലാം പ്രിയ മകന്റെ സാന്നിധ്യത്തിന്റെ അനുഗ്രഹം എടുത്ത് പറഞ്ഞു ആശംസകൾ നേരും. പൊന്നുമോന്റെ ഓരോ ചലനങ്ങളും ഭാവങ്ങളും നിരീക്ഷിച്ചുകൊണ്ട് എപ്പോഴും ഒപ്പം നിർത്തി. അനാഥത്വത്തിന്റെ നൊമ്പരം അറിയാതിരിക്കാൻ ഏറെ ശ്രദ്ധിച്ചു.
ഏതായാലും അനാഥത്വം ഒരു ഭാഗ്യദോഷമായിരുന്നില്ലേ? എന്ന സംശയം ഉയർന്നു വന്നേക്കാം…(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

 

Part-9/365

അനാഥത്വം ഒരു ദൗർഭാഗ്യമായി കാണാറുണ്ട്. അനാഥരായവർക്ക് പലപ്പോഴും പലതും ലഭിക്കാതെ പോകും. പ്രത്യേകിച്ചും ശരിയായ ഒരു ശിക്ഷണം ലഭിച്ചെന്നു വരില്ല. എന്നാൽ ഇതൊന്നും മുത്ത് നബി ﷺ യെ ബാധിച്ചിട്ടില്ല. എന്നു മാത്രമല്ല നബി ﷺയുടെ അനാഥത്വത്തിൽ ചിലതത്വങ്ങൾ അടങ്ങിയിട്ടുണ്ട്. ഈ വിഷയം സവിശേഷമായി പഠനം നടത്തിയവർ അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. പ്രവാചക കുടുംബ പരമ്പരയിലെ ഉന്നത ഇമാമായ ജഅ്ഫർ സ്വാദിഖ്(റ) പറഞ്ഞു. ആരോടും ഒരു കടപ്പാടുമില്ലാത്ത അവസ്ഥയിൽ വളരാൻ വേണ്ടിയായിരുന്നു അത്. മാതാപിതാക്കളോടുള്ള കടപ്പാട് ഏത് പ്രത്യുപകാരത്തിലും പൂർത്തിയാകുന്നതല്ലല്ലോ?
മറ്റൊരു വിശദീകരണം ഇങ്ങനെയാണ്. തങ്ങളുടെ മുഴുവൻ മഹത്വവും അല്ലാഹുവിൽ നിന്ന് നേരിട്ടുള്ളതാണ് എന്ന രൂപത്തിൽ പരിചരിക്കപ്പെടാനായിരുന്നു. ‘അല്ലാഹുവാണ് എനിക്ക് ശിക്ഷണം നൽകിയത്, അത് ഉത്തമശിക്ഷണമായിരുന്നു’ എന്ന് നബി ﷺ തങ്ങൾ പറഞ്ഞിട്ടുമുണ്ട്.
അല്ലാഹു ഔന്നിത്യം നൽകിയാൽ ആരും ഉന്നതരാകും, അനാഥത്വം അതിന്നു തടസ്സമല്ല. പ്രാരാബ്ധങ്ങൾ സഹിച്ചു വളർന്ന വ്യക്തിക്ക് പാവപ്പെട്ടവരുടെ വേദനകൾ വേഗം തിരിച്ചറിയാനാകും. എക്കാലത്തും വരുന്ന യതീമുകൾക്ക് എന്റെ മുത്തുനബിﷺയും യതീമായിരുന്നല്ലോ എന്ന ചിന്ത ആശ്വാസം നൽകും. പ്രവാചകരുടെ ﷺ എല്ലാ കഴിവും പ്രാപ്തിയും ദൈവദത്തമാണ്. ആരിൽ നിന്നും കടം കൊണ്ടതല്ല. ഇങ്ങനെ ഒരുപാട് തത്വങ്ങൾ ഈ അനാഥത്വത്തിൽ ഒളിഞ്ഞിരിക്കുന്നുണ്ട്. സർവ്വോപരി പടച്ചവൻ അവന്റെ ഹബീബിനെ നേരിട്ടുള്ള പരിചരണത്തിൽ വളർത്താൻ തീരുമാനിച്ചു. അതൊരു പദവിയും ഭാഗ്യവുമാണ്. പരിമിതിയോ പരിഭവമോ അല്ല. ഈ ആശയം ഖുർആനിലെ തൊണ്ണൂറ്റിമൂന്നാം അധ്യായം ഉൾകൊള്ളുന്നുണ്ട്.
മുത്ത് നബി ﷺ അബൂത്വാലിബിന്റെയൊപ്പം സന്തോഷപൂർവ്വം ജീവിക്കുകയാണല്ലൊ. പ്രവാചകരുടെ പ്രസന്നതയും ഉന്മേഷവും ഏറെ ശ്രദ്ധേയമായിരുന്നു. അക്കാലത്തെ ജീവിതാനുഭവങ്ങളിൽ ഇങ്ങനെ ഒരു പരാമർശമുണ്ട്. ‘പ്രഭാതത്തിൽ എല്ലാവരും ഉറക്കച്ചടവോടെയായിരിക്കും എഴുന്നേൽക്കുക. എന്നാൽ പ്രവാചകരിൽ ﷺ അപ്രകാരം ഒരു ചടവോ ചുളിവോ കണ്ടിരുന്നില്ല. എപ്പോഴും നല്ല വൃത്തിയും ചിട്ടയും നിലനിന്നിരുന്നു. തലമുടി എപ്പോഴും ക്രമത്തിലും എണ്ണ പുരട്ടിയ പോലെ വൃത്തിയിലുമായിരുന്നു. ഊണിലും ഉറക്കിലും ഒപ്പം കൊണ്ടുനടന്ന അബൂത്വാലിബ് ഒരനുഭവം പങ്കുവെക്കുന്നു. ചെറുപ്പത്തിൽ ഞാൻ മുഹമ്മദ് ﷺ നെ വളർത്തിയിരുന്ന കാലം, എപ്പോഴും എനിക്കൊപ്പം തന്നെയുണ്ടാകും. ഒരിക്കൽ ഉറങ്ങാനൊരുങ്ങിയപ്പോൾ ഞാൻ പറഞ്ഞു: മോനെ, ഇരുട്ടുള്ള രാത്രിയല്ലെ വസ്ത്രമഴിച്ച് വെച്ചിട്ടു കിടന്നോളൂ.(വിവസ്ത്രരായി ആളുകൾ കഅബയെ പ്രദക്ഷിണം ചെയ്യുന്ന കാലമാണത്) അപ്പോൾ തന്നെ മുഖത്ത് അനിഷ്ടം പ്രകടമായി. എന്നെ അനുസരിക്കണമല്ലോ എന്നതിനാൽ നിരസിക്കാനും വയ്യ. എന്നോട് പറഞ്ഞു: ‘നിങ്ങൾ എന്റെ ഭാഗത്തേക്ക് നോക്കാതെ മറുവശത്തേക്ക് നോക്കു. എന്റെ നഗ്നത ആരും കാണുന്നത് എനിക്കിഷ്ടമല്ല’. ഞാൻ തിരിഞ്ഞു കിടന്നു. അപ്പോഴേക്കും വസ്ത്രം മാറ്റി വിരിപ്പിൽ വന്നു കിടന്നു. രാത്രിയെപ്പോഴോ ഒന്നുണർന്നപ്പോൾ ഞാൻ മകനെയൊന്ന് പരതിനോക്കി. മുമ്പൊരിക്കലും കണ്ടിട്ടില്ലാത്തത്ര ഉന്നതവസത്രമണിഞ്ഞു കിടക്കുകയായിരുന്നു മോൻ. നല്ല കസ്തൂരിയുടെ ഗന്ധവും റൂമിൽ നിറഞ്ഞു നിന്നു. ഞാനാശ്ചര്യപ്പെട്ടു.
അബൂത്വാലിബ് തുടരുന്നു. പലരാത്രികളിലും ഉറക്കറയിൽ മകനെക്കാണാറില്ല. പെട്ടെന്ന് പരിഭ്രമിച്ച് ഞാൻ വിളിക്കും: മോനേ… ഞാനിവിടെത്തന്നെയുണ്ടേ എന്ന് പറഞ്ഞ് പ്രത്യക്ഷപ്പെടും. പല പാതിരാത്രികളിലും എനിക്ക് പരിചയമില്ലാത്ത സംഭാഷണങ്ങൾ കേൾക്കും. ഭക്ഷണം കഴിക്കുന്നതിന് മുമ്പ് ‘ബിസ്മില്ലാഹ്’ എന്ന് ചൊല്ലും. ശേഷം “അൽഹംദുലില്ലാഹ്’എന്ന് ചൊല്ലും. ഇങ്ങനെയൊര് പതിവ് നേരത്തെ ഞങ്ങൾക്ക് പരിചയമുണ്ടായിരുന്നില്ല.
ബാല്യകാലത്ത് തന്നെ മുഹമ്മദ്‌ ﷺ യിൽ കണ്ട പ്രത്യേകതകൾ പിതൃവ്യൻ തിരിച്ചറിഞ്ഞു. ഇതൊരു അസാധാരണ വ്യക്തിയാണെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ചില ആപൽഘട്ടങ്ങളിൽ മുഹമ്മദ് ﷺ യെ പ്രയോജനപ്പെടുത്തിയത് തുടർന്ന് വായിക്കാം… (തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

 

Part-10/365

മുത്തുനബി ﷺ യുടെ വിശേഷങ്ങൾ നന്നായി അറിയുന്ന ആളാണല്ലോ അബൂത്വാലിബ്. ആപൽഘട്ടങ്ങളിൽ ഈ സാന്നിധ്യം അനുഗ്രമാണെന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ജൽഹമതു ബിൻ അർഫത്വ നിവേദനം ചെയ്യുന്നു. കടുത്ത വരൾച്ചയുടെ സമയത്ത് ഞാൻ മക്കയിൽ ചെന്നു. ഖുറൈശികൾ പറഞ്ഞു. അബൂത്വാലിബ് എന്നവരേ.. താഴ്‌വരകൾ വരണ്ടു, കുടുംബങ്ങൾ പട്ടിണിയിലായി. നിങ്ങൾ മുന്നോട്ട് വന്ന് മഴക്ക് വേണ്ടി ഒന്നു പ്രാർത്ഥിച്ചാലും. അബൂത്വാലിബ് സന്നദ്ധനായി. അദ്ദേഹത്തിനൊപ്പം സുന്ദരനായ ഒരു ബാലനുമുണ്ട്തെ .ളിഞ്ഞ ആകാശത്തിൽ തിളങ്ങി നിൽക്കുന്ന പൂർണ ചന്ദ്രനെപ്പോലെയുണ്ട് ആ കുട്ടിയുടെ മുഖം. അഴകാർന്ന ഭാവങ്ങളുടെ ഉടമ. ചുറ്റും കുറച്ച് യുവാക്കളുമുണ്ട്. അബൂത്വാലിബ് കുട്ടിയെ ചുമലിലേറ്റി കഅബയുടെ അടുത്തെത്തി. കഅബയുടെ ചുവരിലേക്ക് കുട്ടിയെ ചേർത്തു വെച്ചു. സ്വന്തം കൈകൊണ്ട് താങ്ങിപ്പിടിച്ചു. അപ്പോൾ ആകാശത്ത് ഒരു മേഘക്കീറ് പോലും ഉണ്ടായിരുന്നില്ല. നിമിഷങ്ങൾ കഴിഞ്ഞതേ ഉള്ളൂ. എന്തൊരത്ഭുതം നാനാ ഭാഗത്ത് നിന്നും മേഘങ്ങൾ ഉരുണ്ടു കൂടുന്നു. അനുഗ്രഹീത വർഷം പെയ്തിറങ്ങി. മക്കയും താഴ്‌വരകളും നനഞ്ഞു കുളിർത്തു. ഈ സംഭവത്തെച്ചൊല്ലി പിൽക്കാലത്ത് അബൂത്വാലിബ് മനോഹരമായ ഒരു കവിത ചൊല്ലിയിട്ടുണ്ട്. ആവരികൾ ചൊല്ലി കേൾക്കുന്നത് മുത്ത് നബി ﷺ ക്കും ഇഷ്ടമായിരുന്നു.
പതിറ്റാണ്ടുകൾക്ക് ശേഷം മദീനയിൽ വരൾചയുണ്ടായി. നബി ﷺ മഴക്ക് വേണ്ടി പ്രാർത്ഥിച്ചു. അനുഗ്രഹീത വർഷം കോരിച്ചൊരിഞ്ഞു. മദീന നനഞ്ഞു തണുത്തു. സന്തോഷത്തിനിടയിൽ കണ്ണീർ വാർത്തുകൊണ്ട് മുത്ത് നബി ﷺ പറഞ്ഞു. അബൂത്വാലിബ് ഇപ്പോൾ ജീവിച്ചിരുന്നെങ്കിൽ ഏറെ സന്തോഷിക്കുമായിരുന്നു. എന്നിട്ട് സദസ്സിനോട്‌ ചോദിച്ചു. അബൂത്വാലിബ് ചൊല്ലിയ വരികൾ ഇവിടെ ആർക്കാണ് ഓർമയുള്ളത്? അബൂത്വാലിബിന്റെ മകൻ അലി(റ) അവിടെ ഉണ്ടായിരുന്നു. ഉടനെ ആ വരികൾ ചൊല്ലി കേൾപിച്ചു .(വ അബ്യള്ള…) തങ്ങൾ ﷺ ക്ക് സന്തോഷമായി.
അബൂത്വാലിബിന്റെ ജീവിതാനുഭവങ്ങളിലെ അത്ഭുതങ്ങൾ അവസാനിച്ചില്ല. അദ്ദേഹത്തിൽ നിന്ന് അംറ് ബിൻ സഈദ് നിവേദനം ചെയ്യുന്നു. ഞാൻ സഹോദരപുത്രൻ മുഹമ്മദ് ﷺ നൊപ്പം ‘ദുൽ മജാസി’ലായിരുന്നു. എനിക്ക് അസഹനീയമായ വിശപ്പും ദാഹവും അനുഭവപ്പെട്ടു. ഞാൻ മകനോട് പറഞ്ഞു. “മോനേ വല്ലാത്ത ദാഹമുണ്ടല്ലോ”. തിരിച്ചു ചോദിച്ചു. ഉപ്പാക്ക് നല്ല ദാഹമുണ്ട് അല്ലേ? അതേ മോനെ.… ഞാൻ പറഞ്ഞു. പെട്ടെന്ന് പൊന്നുമോൻ കുഞ്ഞിളം കാൽ കൊണ്ട് തൊട്ടടുത്തുള്ള പാറയിൽ ചെറുതായി ഒന്ന് ചവിട്ടി. അത്ഭുതമെന്ന് പറയട്ടെ നല്ല തെളിനീർ പൊട്ടിയൊലിച്ചു. നല്ലൊരു ജല പ്രവാഹം. പാറക്കല്ലിൽ നിന്ന് ഇത്തരമൊരു ഉറവ ഞാൻ ഇന്നുവരെ കണ്ടിട്ടില്ല. ദാഹം തീരുവോളം അതിൽ നിന്ന് കുടിച്ചു. ശേഷം മകൻ ചോദിച്ചു. ഉപ്പക്ക് ദാഹം മാറിയോ? ഞാൻ പറഞ്ഞു അതെ. തുടർന്നു ഒരിക്കൽ കൂടി ആ പാറയുടെ മേൽ ചവിട്ടി. പാറ പഴയ അവസ്ഥയിലേക്ക് തന്നെ മാറി. ജല പ്രവാഹം അവസാനിച്ചു. ഇമാം ഇബ്നു സഅദ് ഇത് ഉദ്ദരിച്ചിട്ടുണ്ട്.
സമൂഹത്തിൽ എല്ലാവരുടേയും ശ്രദ്ധ പിടിച്ചു പറ്റിയതോടെ മകൻറെ കാര്യത്തിൽ അബൂത്വാലിബ് കൂടുതൽ സൂക്ഷ്മത പുലർത്തി. വേദക്കാരുടേയും ജോത്സ്യന്മാരുടേയും ചതിയിൽ പെടാതെ കാത്ത് കൊണ്ടു നടന്നു. ഒരിക്കൽ ലക്ഷണ വിദഗ്ധനായ ഒരാൾ മക്കയിൽ വന്നു. ‘അസദ്-ശനൂഅ’ ഗോത്രത്തിലെ അറിയപ്പെട്ട ജോത്സ്യനാണദ്ദേഹം. മുഖലക്ഷണം നോക്കി പറയുന്ന കാര്യങ്ങൾ ചിലപ്പോൾ ഒത്തുവരാറുണ്ട്. ലഹബ് ബിന് അഹ്ജൻ എന്നാണത്രേ അയാളുടെ പേര്. അന്ധവിശ്വാസികളായ അന്നത്തെ മക്കക്കാർ കുട്ടികളെയും കൊണ്ട് അയാളെ സന്ദർശിക്കും. ഇയാൾ അബൂതാലിബിനെ കണ്ട ഉടനെ തന്നെ ഒപ്പമുള്ള മുഹമ്മദ് ﷺ നെ നോക്കാൻ തുടങ്ങി. ആ നോട്ടം അബൂത്വാലിബിനെ വ്യാകുലപ്പെടുത്തി. പെട്ടെന്ന് മറ്റൊരു വിഷയത്തിലേക്ക് ചർച്ച വഴുതി മാറി. ഉടനെ അബൂ ത്വാലിബ് മകനെ അവിടെ നിന്ന് മാറ്റിക്കളഞ്ഞു. ശേഷം ലഹബ് അന്വേഷിച്ചു. ആ കുട്ടി എവിടെ ? ആവർത്തിച്ച് അയാൾ ചോദിച്ചു കൊണ്ടിരുന്നു. ഞാനിപ്പോൾ കണ്ട ആ കുട്ടിയെ ഒരിക്കൽ കൂടി ഒന്നു കാണട്ടെ! ആ കുട്ടിക്ക് ശോഭനമായ ഒരു ഭാവിയുണ്ട്.
ഉത്തരവാദിത്വമുള്ള ഒരു രക്ഷിതാവിൻറെ പൂർണ ദൗത്യം നിർവഹിച്ചു കൊണ്ട് താങ്ങും തണലുമായി അബൂത്വാലിബ് നിലനിന്നു. ദീർഘദൂര യാത്രകളിൽ പോലും വിട്ടുപിരിയാതെ കൊണ്ടു നടന്നു. അത്തരം സന്ദർഭങ്ങളും അത്ഭുതം പകർന്നു നൽകുന്ന അനുഭവങ്ങളായിരുന്നു അദ്ദേഹത്തിന്‌ നൽകിയത്. (തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

 

Part-11/365

പൊന്നുമോനെയും മക്കയും വിട്ടു പിരിയാൻ അബൂത്വാലിബിന് ഇഷ്ടമില്ല. പക്ഷേ, കുടുംബ പ്രാരാബ്ദങ്ങൾ കാരണം വ്യാപാരയാത്ര നടത്താതിരിക്കാൻ കഴിയില്ല. മക്കയിലെ ആളുകളുടെ പ്രധാന ഉപജീവനം കച്ചവടമാണ്. സീസണുകളിലെ വ്യാപാരയാത്രകളാണ് മക്കയിലെ ആവശ്യങ്ങൾ പൂർത്തീകരിക്കുന്നത്.
തൽകാലം മകനെ മറ്റുള്ളവരെ ഏൽപിച്ചു പോകാം. അതേ മാർഗമുള്ളൂ. ഉത്തരവാദിത്വപ്പെട്ടവരെ ഏൽപിച്ചു. യാത്രക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. അപ്പോൾ തന്നെ മകന്റെ മുഖഭാവങ്ങൾ മാറിത്തുടങ്ങി. പിതൃവ്യന്റെ ഒട്ടകത്തിന്റെ കടിഞ്ഞാണിൽ പിടിച്ചു. ഉപ്പ എന്നെ ആരെയേൽപിച്ചിട്ടാണ് പോകുന്നത്. ഉമ്മയും ഉപ്പയുമില്ലാത്ത ഞാനിവിടെ ഒറ്റക്കായിപ്പോവില്ലേ? എന്നെയും കൂടെ കൊണ്ടുപോയി കൂടേ.? കണ്ണുകൾ ഈറനണിഞ്ഞു.
തന്നെ വിട്ടു പിരിയാനുള്ള മകൻ്റെ വേദന അബൂത്വാലിബിന് ബോധ്യമായി. വിരഹത്തിൻ്റെ വേദനയേൽപിക്കുന്ന മുറിവ് തിരിച്ചറിഞ്ഞു. അനുകമ്പയും വാത്സല്യവും പതഞ്ഞു പൊങ്ങി. മകനെ വാരിപ്പുണർന്നു കൊണ്ട് ഇങ്ങനെ പറഞ്ഞു. “അല്ലാഹു സത്യം! മോനെ ഞാൻ എന്റെ കൂടെ കൊണ്ടു പോകും. മോനെ വിട്ടു പിരിയുന്നത് എനിക്കും കഴിയുന്നില്ല. ഇല്ല, ഒരിക്കലും ഞാൻ വിട്ടു പോകില്ല”.
നാലു വർഷത്തെ വേർപിരിയാത്ത ജീവിതത്തിന്റെ തുടർച്ച. പന്ത്രണ്ടു വയസ്സുള്ള മുഹമ്മദ് ﷺ മൂത്താപ്പയോടൊപ്പം യാത്രാ സംഘത്തിൽ ചേരാൻ തീരുമാനിച്ചു. ശാമി(ആധുനിക സിറിയ)ലേക്കാണ് യാത്ര.
യാത്രാമധ്യേ ഇടത്താവളങ്ങളിൽ വിശ്രമിക്കും. ശേഷം യാത്ര തുടരും .അങ്ങനെയാണ് പതിവ്. യാത്രാ സംഘം ബുസ്റ (ആധുനിക സിറിയയിലെ ഹൗറാൻ) പട്ടണത്തിലെത്തി. സാധാരണ ഖുറൈശികളുടെ വ്യാപാര സംഘം തമ്പടിക്കുന്ന മരച്ചുവട്ടിൽ തന്നെ തമ്പടിച്ചു.
അതിനോടടുത്ത് ഒരു പുരോഹിതൻറെ ആശ്രമമുണ്ട്. അദ്ദേഹത്തിൻറെ പേര് ‘ജർജിസ്’ എന്നാണ്. അക്കാലത്തെ വേദജ്ഞാനികളിൽ ഒന്നാമനായിരുന്നു അദ്ദേഹം. ആത്മീയ ഗുരുപരമ്പരയിൽ ഈസാ നബി(അ)ക്കു ശേഷം ആറാമത്തെ ആളായിരുന്നു ജർജസ്. പരമ്പരയുടെ ക്രമം ഇങ്ങനെ വായിക്കാം. ഈസാ(അ) – യഹ്‌യ (അ) – ദാനിയേൽ(അ) – ദസീഖാ പുരോഹിതൻ – നസ്വ്തുറസ് പുരോഹിതൻ – മകൻ മൗഈദ് – ജർജിസ്. അബ്ദുല്ല അൽ ഇസ്വ്ബഹാനി ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ‘ബഹീറാ’ എന്ന സ്ഥാനപ്പേരിലാണ് അറിയപ്പെട്ടിരുന്നത്. അഗാധജഞാനമുള്ള വേദപണ്ഡിതൻ എന്നാണ് ബഹീറാ എന്നതിന്റെ അർത്ഥം. ജൂത മതത്തിലാണോ ക്രൈസ്തവ മതത്തിലാണോ ഇദ്ദേഹം ഉണ്ടായിരുന്നത് എന്നതിൽ അഭിപ്രായങ്ങളുണ്ട്. ആദ്യം മൂസാനബിയുടെ മാർഗ്ഗത്തിലും തുടർന്ന് ഈസാ നബിയുടെ മാർഗത്തിലും എന്ന അഭിപ്രായ സമന്വയവും രേഖകളിൽ വന്നിട്ടുണ്ട്.
ജർജസ് ഖുറൈശീ യാത്രാ സംഘത്തെ നിരീക്ഷിച്ചു കൊണ്ടിരുന്നു. അതിന്റെ ചില പ്രത്യേകതകൾ അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു.
ബഹീറ ആലോചിച്ചു. ആർക്കു വേണ്ടിയായിരിക്കും ഈ സംഘത്തോടൊപ്പം മേഘം സഞ്ചരിക്കുന്നത്. മേഘം തണൽ നൽകുന്ന ആ വ്യക്തിയെ എങ്ങനെയാണൊന്ന് കണ്ട് മുട്ടുക. പൊതുവെ ഞാൻ പുറത്ത് പോകാറില്ല. യാത്രാ സംഘങ്ങൾ പലതും കടന്നു പോകും ഞാൻ ശ്രദ്ധിക്കാറുമില്ല. അവസാനം ഒരു ഉപായം കണ്ടെത്തി. ഒരു സദ്യ ഒരുക്കിയിട്ട് ഈ സംഘത്തെ ഒന്നു ക്ഷണിച്ചാലോ? ശരി. യാത്രാ സംഘം ക്ഷണം സ്വീകരിച്ചു. സദ്യക്ക് അവർ എത്തിച്ചേർന്നു. ഏവരെയും ആദരപൂർവ്വം സ്വീകരിച്ചിരുത്തി. ആഗതർക്ക് ബഹുമാനവും സന്തോഷവും വർദ്ധിച്ചു. ബുസ്റയിലെ ഉന്നത പണ്ഡിതനാണല്ലോ സദ്യക്ക് ക്ഷണിച്ചത്. പ്രകാശം തുളുമ്പുന്ന പ്രൗഢിയുള്ള മുഖം. കുലീനമായ പെരുമാറ്റം. ആതിഥേയനിൽ ആഗതർക്ക് അൽഭുതം.
പക്ഷേ, ബഹീറയുടെ നോട്ടം മറ്റൊന്നായിരുന്നു. മേഘം തണൽ നൽകുന്ന സഞ്ചാരിയെവിടെ?സദ്യക്കെത്തിയവരിൽ ആൾ വന്നിട്ടില്ലല്ലോ?
സംഘത്തോടായി പാതിരി പറഞ്ഞു, ഞാൻ നിങ്ങളുടെ സംഘത്തിലെ എല്ലാവരെയുമാണ് വിരുന്നിന് ക്ഷണിച്ചത്. ഒരാളും ഒഴിയാതെ എല്ലാവരും എത്തിയില്ലേ? ഇടയിൽ ഒരാൾ ചോദിച്ചു. ഞങ്ങൾ എത്രയോ പ്രാവശ്യം ഇത് വഴി കടന്നു പോയിട്ടുണ്ട്, ഇതെന്താ പതിവില്ലാത്ത വിധം ഇപ്പോൾ ഒരു സൽകാരം ഒരുക്കിയത്. ശരിയാണ് നിങ്ങൾ അഥിതികൾ ആണല്ലോ. ഒന്നു ക്ഷണിച്ചു എന്നു മാത്രം. ഇനിയും ആരോ വരാൻ ബാക്കിയുണ്ടല്ലോ?
(തുടരും)
ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി

 

Part-12/365

അതെ, ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ യാത്രാ സാമഗ്രികൾക്കൊപ്പം മരച്ചുവട്ടിൽ വിശ്രമിക്കുകയാണ്. വലിയവർ എല്ലാവരും വന്നിട്ടുണ്ട്. ബഹീറാ ഇടപെട്ടു. അത് പാടില്ല, അദ്ദേഹത്തെയും വിളിക്കൂ. കൂട്ടത്തിലൊരാൾ പറഞ്ഞു: അബ്ദുല്ലയുടെ മകൻ മുഹമ്മദ് ﷺനെ ഒഴിവാക്കിയിട്ട് വന്നത് ശരിയായില്ല. ഇത് കേട്ടപ്പോൾ പാതിരിയുടെ മനം കുളിർത്തു. മുഹമ്മദ് എന്ന പേരു കേട്ടപ്പോൾ മനസ്സിൽ ഒരു തണുപ്പ് ലഭിച്ചതുപോലെ. തോറയിൽ പറയപ്പെട്ട അഹ്മദിന് സാമ്യമുള്ള പേരാണല്ലോ ഇത്. വൈകിയില്ല, കൂട്ടത്തിൽ നിന്ന് ഒരാൾ പോയി കൂട്ടിക്കൊണ്ടുവന്നു. മുഹമ്മദ് ﷺ മൂത്താപ്പയുടെ അടുക്കൽ തന്നെ ഇരുന്നു. കുട്ടിയെ കണ്ടമാത്രയിൽ ബഹീറായുടെ ആത്മ നേത്രങ്ങൾ മിഴി തുറന്നു. മേഘം തണലിട്ടു സഞ്ചരിച്ച കാഴ്ച കൂടി മനസ്സിൽ തെളിഞ്ഞു. സംഘത്തോടായി അദ്ദേഹം ചോദിച്ചു. പ്രയാസങ്ങൾ ഏറെയുള്ള ഈ യാത്രയിൽ എന്തിനാണ് ഈ കുട്ടിയെയും കൂടെ കൊണ്ടുവന്നത്. എന്നിട്ട് നിങ്ങൾ ആ കുട്ടിയെ മാത്രം ചരക്കുകൾക്കൊപ്പം നിർത്തിവരികയും ചെയ്തു?
മറുപടിക്ക് കാത്ത് നിൽക്കാതെ കുട്ടിയെ സസൂക്ഷ്മം നിരീക്ഷിക്കാൻ തുടങ്ങി. വാഗ്ദത്ത പ്രവാചകന്റെ എല്ലാ ലക്ഷണവും ഒത്തിണങ്ങിയ വ്യക്തിയാണല്ലോ ഇത് . പ്രവാചകത്വമുദ്രയെ കുറിച്ചും വേദത്തിൽ വന്നിട്ടുണ്ട്, പക്ഷേ കുപ്പായം തുറന്ന് ചുമൽ പരിശോധിക്കാൻ എങ്ങനെ ആവശ്യപ്പെടും? ഇങ്ങനെ ചിന്തിച്ചു കൊണ്ടിരിക്കെ ഖുറൈശികൾ എഴുന്നേറ്റു. തമ്പിലേക്ക് മടങ്ങാൻ തുടങ്ങി.
അബൂത്വാലിബ് അൽപമൊന്ന് വൈകി. പാതിരിയോട് ഒന്ന് ചോദിച്ചാലോ ഈ മകനിൽ അദ്ദേഹം എന്താണ് ശ്രദ്ധിക്കുന്നതെന്ന്. അപ്പോഴേക്കും പാതിരി സംസാരിക്കാൻ തുടങ്ങി. നിങ്ങളുടെ ലാത്തിനെയും ഉസ്സാ യെയും മുൻ നിർത്തി ഞാൻ ചോദിക്കുന്നു. നിങ്ങൾ സത്യസന്ധമായി മറുപടി പറയുമോ? ഉടനെ കുട്ടി ഇടപെട്ടു ലാത്തിനെയും ഉസ്സായെയും മുൻ നിർത്തി ഒന്നും ചോദിക്കരുത് . ശരി, അല്ലാഹുവിനെ സാക്ഷി നിർത്തി ഞാൻ ചോദിക്കട്ടെ. അതേ ചോദിച്ചോളൂ. വ്യക്തിപരമായ ചില ചോദ്യങ്ങൾ ബഹീറാ ചോദിച്ചു. വ്യക്തമായി അതിന് മറുപടിയും നൽകി. പ്രവാചകത്വ മുദ്ര പരിശോധിച്ചു. ബഹീറാക്ക് കാര്യങ്ങൾ ബോധ്യമായി. ബഹീറായിൽ കണ്ടമാറ്റം അബൂ ത്വാലിബിനെ ആശ്ചര്യപ്പെടുത്തി. അദ്ദേഹം ചോദിച്ചു. എന്താണിത്ര പ്രാധാന്യത്തോടെ നിങ്ങൾ അപഗ്രഥിക്കുന്നത്. ഓ ഖുറൈശികളേ, ഇത് ലോകത്തിന് കാരുണ്യമായി പ്രപഞ്ചാധിപൻ നിയോഗിച്ച പ്രവാചകനാണ്. ബഹീറാ മറുപടി പറഞ്ഞു.
പിന്നീട് സംഭാഷണം ഇങ്ങനെ തുടർന്നു. നിങ്ങൾക്കെങ്ങനെ അറിയാം?
അതെ ഈ സംഘം കടന്നുവരുന്നത് ഞാൻ ദൂരെ നിന്ന് വീക്ഷിക്കുന്നുണ്ടായിരുന്നു. പാർശ്വങ്ങളിലെ മരങ്ങളും കല്ലുകളും ഈ വ്യക്തിക്ക് സാഷ്ടാംഗം ചെയ്യുന്നത് ഞാൻ ശ്രദ്ധിച്ചു. ഒരു പ്രവാചകന് മാത്രമേ അങ്ങനെ ഉണ്ടാകൂ. പോരാത്തതിന് ചുമലിൽ ഉള്ള പ്രവാചകത്വമുദ്രയും ഞാൻ പരിശോധിച്ചു.
നിങ്ങളുടെ സംഘത്തിൽ മേഘം തണൽ നൽകുന്നത് ആർക്കാണെന്ന് ഞാൻ ശ്രദ്ധിച്ചു.
തുടർന്ന് അബൂ ത്വാലിബുമായി ഒരിന്റർവ്യൂ നടത്തി.
ഇത് നിങ്ങളുടെ ആരാണ്?
എന്റെ മകൻ.
അങ്ങനെ ആകാൻ തരമില്ലല്ലോ? ഈ കുട്ടിയുടെ പിതാവ് ജീവിച്ചിരിക്കാൻ സാധ്യതയില്ല.
അതെ ശരിയാണ് ഇതെന്റെ സഹോദരന്റെ മകനാണ്.
പിതാവെവിടെ?
ഭാര്യ ഗർഭിണിയായിരിക്കെതന്നെ മരണപ്പെട്ടു പോയി.
അല്ലാഹ്! വാഗ്ദത്ത പ്രവാചകൻറെ എല്ലാ ലക്ഷണങ്ങളും ഈ കുട്ടിയിൽ ഒത്തു ചേർന്നിരിക്കുന്നു.
അല്ലയോ അബൂ ത്വാലിബ്, എനിക്ക് നിങ്ങളോടൊരപേക്ഷയുണ്ട്.
നിങ്ങളുടെ സഹോദര പുത്രനോടൊപ്പം വേഗം നാട്ടിലേക്ക് മടങ്ങിക്കോളൂ. ജൂതന്മാർ തിരിച്ചറിഞ്ഞാൽ അപകടത്തിന് സാധ്യതയുണ്ട്. വേദങ്ങൾ മുന്നറിയിപ്പു നൽകിയ ഈ പ്രവാചകൻ വലിയ മഹത്വത്തിന്റെ ഉടമയാണ്..!
കാലങ്ങൾ കാത്തിരുന്ന് വാഗ്ദത്ത നബിയെ തിരിച്ചറിഞ്ഞ ജർജസ് പക്ഷേ പ്രവാചക നിയോഗത്തിന് മുമ്പ് മൺമറഞ്ഞു. സത്യവിശ്വാസത്തിൽ ഉറച്ച് പരലോക വിജയം പ്രതീക്ഷിച്ച് യാത്രയായി.
അര നൂറ്റാണ്ടിന്റെ അന്വേഷണം സഫലമാക്കിയായിരുന്നു വിയോഗം.
പ്രവാചക ചരിത്രത്തിൽ എന്നന്നേക്കുമായി അടയാളപ്പെട്ട ബഹീറാ അവസാനിക്കാത്ത ഓർമയുടെ ഭാഗമായി മാറി.
(തുടരും)
ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി

 

Part-13/365

‘ബഹീറാ’ പുരോഹിതനെ കണ്ടുമുട്ടിയ സംഭവം വളരെ പ്രസിദ്ധമാണ്. പ്രവാചകﷺ ചരിത്രം രേഖപ്പെടുത്തിയ ഏതാണ്ടെല്ലാ ചരിത്രകാരന്മാരും അത് ഉദ്ധരിച്ചിട്ടുണ്ട്. പ്രസ്തുത സംഭവം നൽകുന്ന പ്രധാനപ്പെട്ട വിവരങ്ങൾ ഇങ്ങനെയാണ്. ഒന്ന്- ഒരു പ്രവാചകനു വേണ്ടി ലോകം കാത്തിരിക്കുകയായിരുന്നു. രണ്ട്- നിയോഗിക്കപ്പെടാനുള്ള പ്രവാചകരെ കുറിച്ചുള്ള വിവരങ്ങൾ വേദങ്ങളിൽ ഉണ്ടായിരുന്നു. മൂന്ന്- അത് വ്യക്തമായി അറിയുന്ന വേദജ്ഞാനികൾ അക്കാലത്ത് ജീവിച്ചിരുന്നു. നാല്- പറയപ്പെട്ട വിശേഷണങ്ങൾ മുഹമ്മദ്ﷺ ൽ കണ്ടെത്തുകയും അതുവഴി മുഹമ്മദ്ﷺ യെ അവർ ആദരിക്കുകയും ചെയ്തിരുന്നു.
പിൽക്കാലത്ത് വേദങ്ങളിൽ വന്ന കൈക്കടത്തലുകൾ ഇവയിൽ പലതും മാറ്റിമറിച്ചു. എന്നിട്ടും മുഹമ്മദ് ﷺ നു മാത്രം യോജിക്കുന്ന വിശേഷണങ്ങൾ ഉള്ള പല ഭാഗങ്ങളും ബൈബിളിലും മറ്റു വേദങ്ങളിലും ഇന്നും ഉണ്ട്. അവ ക്രോഡീകരിച്ച പഠനങ്ങളും ലഭ്യമാണ്. ഖുർആൻ വേദക്കാരെ കുറിച്ച് വിശദീകരിക്കുന്നു. “അവരുടെ കൈവശമുള്ള ഗ്രന്ഥത്തെ ശരിവെച്ച് കൊണ്ട് ഒരു ഗ്രന്ഥം (ഖുർആൻ) അല്ലാഹുവിൽ നിന്ന് അവതരിച്ചു (അവർ അംഗീകരിച്ചില്ല). നേരത്തേ അവർ സത്യ നിഷേധികൾക്കെതിരിൽ (വാഗ്ദത്ത പ്രവാചകനെ മുൻനിർത്തി) സഹായം തേടുമായിരുന്നു. അവർക്ക് സുവ്യക്തമായ കാര്യം വന്നണഞ്ഞപ്പോൾ അവർ നിഷേധിക്കുകയാണ്(2:89).
അന്ത്യപ്രവാചകനെക്കുറിച്ചുള്ള ചർച്ചകൾ ജൂത ക്രൈസ്തവർക്കിടയിൽ വ്യാപകമായി നടന്നിരുന്നു. ഖുർആൻ പറയുന്നത് ഇങ്ങനെയാണ്: അവർക്ക് അവരുടെ സ്വന്തം മക്കളെ അറിയും പോലെ വാഗ്ദത്ത നബിയെ അറിയാമായിരുന്നു. ബഹുദൈവ വിശ്വാസികളോട് തർക്കിക്കുന്ന സന്ദർഭങ്ങളിൽ അവർ അത് തുറന്ന് പറഞ്ഞിരുന്നു. അവസാനത്തെ നബി വരും ആ നബിക്കൊപ്പം ഞങ്ങൾ കൂടും. അത് വഴി ഞങ്ങൾ അതിജയിക്കും. നിരന്തരമായി വേദക്കാർ ആശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത വസ്തുതയായിരുന്നു ഇത്. എന്നാൽ അറബികൾക്കിടയിൽ നിന്ന് പ്രവാചകൻ ഉദയം ചെയ്തു എന്നറിഞ്ഞപ്പോൾ പെട്ടന്ന് അവർക്ക് ഉൾകൊള്ളാനായില്ല. പ്രധാനമായും ചില സ്വാർത്ഥ താത്പര്യങ്ങളാണ് അവരെ നിയന്ത്രിച്ചത്. ഭൗതികമായ നഷ്ടങ്ങൾ മാത്രം കണ്ട് കൊണ്ടാണ് അവർ മുത്ത് നബിﷺ യെ നിരാകരിച്ചത്.
അബൂത്വാലിബിനൊപ്പം സിറിയയിലേക്കുള്ള യാത്രയാണല്ലൊ നാം പറഞ്ഞു വന്നത്. തുടർന്ന് ഇരുപതാം വയസ്സിൽ അബൂബക്കർ(റ) വിനൊപ്പമുള്ള ഒരു ശാം യാത്രയെ കുറിച്ച് ചില ചരിത്രകാരന്മാർ എഴുതിയിട്ടുണ്ട്. യാത്രയുടെ ലഘു വിവരണം ഇങ്ങനെയാണ്. അബൂബക്കർ(റ)ന് പതിനെട്ട് വയസ്സുള്ളപ്പോൾ മുഹമ്മദ്‌ ﷺനൊപ്പം ശാമിലേക്ക് പുറപ്പെട്ടു. വ്യാപാര സംഘത്തോടൊപ്പമുള്ള യാത്രയായിരുന്നു അത്. സിറിയയിലെ ഒരു മരച്ചുവട്ടിൽ യാത്രാ സംഘം വിശ്രമത്തിന് തങ്ങി. സമീപത്ത് തന്നെ താമസിക്കുന്ന ബഹീറാ എന്ന പുരോഹിതനെ അബുബക്കർ(റ) സന്ദർശിച്ചു. തന്റേതായ ചില കാര്യങ്ങൾ അന്വേഷിക്കാനായിരുന്നു സന്ദർശനം. ഉടനെ പുരോഹിതൻ ചോദിച്ചു. ആ മരച്ചുവട്ടിൽ വിശ്രമിക്കുന്നതാരാണ്? അബൂബക്കർ(റ)പറഞ്ഞു: അബ്ദുൽ മുത്വലിബിന്റെ മകൻ അബദുല്ലയുടെ മകൻ മുഹമ്മദ് ﷺ ആണ്. പുരോഹിതൻ തുടർന്നു. ‘അദ്ദേഹം ഈ ജനതയിലേക്കുള്ള സത്യദൂതനാണ്. ഈസാ പ്രവാചകന് ശേഷം ഈ മരച്ചുവട്ടിൽ ആരും വിശ്രമിച്ചിട്ടില്ല’. ഇബ്നു അബ്ബാസ് (റ) ആണ് ഈ സംഭവം നിവേദനം ചെയ്തത്. ഇരുപതാം വയസിലെ ഈ യാത്രയെ പ്രമുഖ സീറാ ഗ്രന്ഥങ്ങൾ ഉദ്ധരിച്ചിട്ടില്ല. എന്നാൽ ഇത് ചരിത്രപരമായി തള്ളേണ്ടതില്ല എന്ന വീക്ഷണം പ്രമുഖരും ആധുനികരുമായ പണ്ഡിതന്മാർ തന്നെ പറഞ്ഞിട്ടുണ്ട്.
അബൂബക്കർ(റ) മാത്രമുള്ള ഒരു യാത്രയിൽ പുരോഹിതനെ സന്ദർശിച്ചു. വാഗ്ദത്ത പ്രവാചകനെ കുറിച്ച് അദ്ദേഹം വിവരങ്ങൾ നൽകി. ഇങ്ങനെയൊരു പരാമർശവും ചരിത്ര ഗ്രന്ഥങ്ങളിൽ വേറെ തന്നെ ഉണ്ട്.
പിതൃ സഹോദരൻ സുബൈറിനൊപ്പം നബിﷺ യമനിലേക്ക് യാത്ര ചെയ്ത സംഭവം പല ചരിത്രകാരന്മാരും ഉദ്ധരിച്ചിട്ടുണ്ട്. എന്നാൽ അതിന്റെ നിവേദക പരമ്പര അത്രമേൽ പ്രബലമല്ല.
മുത്ത് നബിﷺ യുടെ കൗമാര യൗവ്വനങ്ങൾ ഏറെ മാതൃകാപരമായിരുന്നു. മാലിന്യങ്ങൾ നിറഞ്ഞ ചുറ്റുപാടിൽ ഒരു അഴുക്കും പുരളാതെ ജീവിച്ചു. അദ്ധ്വാനിച്ച് ജീവിത മാർഗം കണ്ടെത്തേണ്ട കാലത്ത് അദ്ധ്വാനപൂർണമായ ജീവിതം നയിച്ചു. ഉപജീവനത്തിനായി മുത്തുനബി സ്വീകരിച്ച മാർഗ്ഗങ്ങളെ കുറിച്ച് തുടർന്ന് വായിക്കാം..

 

Part-14/365

മക്കക്കാരുടെ വരുമാന മാർഗ്ഗങ്ങളിൽ സുപ്രധാനമായമായത് കച്ചവടമായിരുന്നു. അതു പോലെ സാധാരണ ഉപജീവനമാർഗ്ഗങ്ങളിൽ പ്രധാനമായിരുന്നു ഇടയവൃത്തി. അതായത് നാൽക്കാലികളെ മേയ്ക്കുന്ന ജോലി. അതിൽ തന്നെ ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു ആടു മേയ്ക്കൽ. ശൈശവകാലത്ത് തന്നെ പ്രവാചകർക്ക് ഇടയവൃത്തി പരിചയമുണ്ടായിരുന്നു. ബനൂസഅദ് ഗോത്രത്തിലെ കുട്ടികൾക്കാപ്പം ആടിനെ മേയ്ക്കാൻ പോയ സംഭവം അവിടുന്ന് അനുസ്മരിച്ചിട്ടുണ്ട്. കുടുംബക്കാരുടെ ആടിനെ സൗജന്യമായും മറ്റുള്ളവരുടേത് പ്രതിഫലം സ്വീകരിച്ചും മേയ്ക്കുമായിരുന്നു. മുഹമ്മദ് ﷺ പറഞ്ഞു: ഞാൻ മക്കാനിവാസികൾക്കു വേണ്ടി ചില്ലറ നാണയങ്ങൾ സ്വീകരിച്ചുകൊണ്ട് ഇടയവൃത്തി ചെയ്തിരുന്നു. ജാബിർ (റ)പറയുന്നു: ഞങ്ങൾ ഒരിക്കൽ മുത്ത് നബി ﷺ യുടെ കൂടെ അറാക്കിന്റെ പഴുത്ത കായകൾ പറിക്കുകയായിരുന്നു. ഉടനെ അവിടുന്ന് പറഞ്ഞു: നിറമുള്ളത് നോക്കി പറിക്കുക, നല്ലയിനം അതായിരിക്കും. ഞാൻ ആടു മേയ്ക്കുന്ന കാലത്ത് അവ പറിക്കാറുണ്ടായിരുന്നു. അപ്പോൾ ഞങ്ങൾ ചോദിച്ചു. അവിടുന്ന് ആടിനെ മേയ്ക്കാറുണ്ടായിരുന്നോ? അതെ എല്ലാ പ്രവാചകന്മാരും ആടിനെ മേയ്ചിട്ടുണ്ടല്ലോ?മറ്റൊരിക്കൽ ആത്മാഭിമാനത്തോട് കൂടി ഇങ്ങനെ പറഞ്ഞു: മൂസാനബി പ്രവാചകനായി നിയോഗിക്കപ്പെട്ടു അവിടുന്ന് ആടു മേയ്ച്ചു കൊണ്ടിരിക്കുമ്പോഴായിരുന്നു. ദാവൂദ് നബിയും അപ്രകാരം ചെയ്തിരുന്നു. എന്റെ കുടുംബക്കാരുടെ ആട്ടിൻ പറ്റത്തെ മക്കയിലെ അജിയാദിൽ വെച്ച് ഞാൻ പരിപാലിക്കുന്ന കാലത്താണ് എന്നെ പ്രവാചകനായി നിയോഗിക്കപ്പെട്ടത്. അബൂസഈദ്(റ) എന്നവാരാണിത് നിവേദനം ചെയ്തത്.
ആടു മേയ്ക്കുന്നതിൽ ഉപജീവനം എന്നതിനപ്പുറം ഒരു പാട് ഗുണങ്ങൾ അടങ്ങിയിരിക്കുന്നു. ഒരു വലിയ ജനതയെ നയിക്കാനുള്ള നേതാവിന് ഭാവിയിലേക്കുള്ള പരിശീലനമാണിത്. ആട്ടിൻ പറ്റത്തെ നയികുന്നവർക്ക് എപ്പോഴും നല്ല ശ്രദ്ധയുണ്ടായിരിക്കണം. പൊതുവേ ദുർബലരായ ജീവികളാണ് ആടുകൾ. നല്ല കരുതലോടെ വേണം പരിചരിക്കാൻ. കൂട്ടം തെറ്റാൻ എപ്പോഴും സാധ്യതയുണ്ട്. ചെന്നായയുടെ പിടിയിൽ പെടാതെ കൊണ്ടു നടക്കണം. മോഷ്ടാക്കൾ അപഹരിക്കാതിരിക്കാൻ സൂക്ഷിക്കണം. വളരെ സഹനത്തോടെയേ ഇതെല്ലാം നിർവഹിക്കാൻ കഴിയു. ഇത്തരമൊരു പരിശീലനം വ്യക്തിക്ക് നൽകുന്ന മേന്മകൾ എണ്ണമറ്റതാണ്. ഇവയെല്ലാം ആർജിച്ചെടുക്കാനുള്ള അവസരമാണ് നബി ﷺക്കു ലഭിച്ചത്. ലോക പ്രസിദ്ധ പണ്ഡിതനായ ഇമാം ഇബ്നു ഹജർ(റ)വിശദീകരിക്കുന്നു. നബി ﷺ ലോകത്തിൻ്റെ നേതാവായി സ്വീകരിക്കപ്പെട്ട ശേഷവും ചെറുപ്പകാലത്തെ ഇടയവൃത്തിയെ കുറിച്ചു പറയുമായിരുന്നു. അത് നബി ﷺയുടെ വിനയത്തിന്റെ വലിയ ഉദാഹരണമാണ്. ഇല്ലായ്മയിൽ നിന്ന് എല്ലാം ലഭിച്ചത് അല്ലാഹുവിൻറെ ഔദാര്യം മാത്രമാണ് എന്ന ചിന്തയുടെ ഭാഗമാണത്.
പ്രവാചകർ ﷺ യുടെ സാമ്പത്തിക വിശുദ്ധി പഠിപ്പിക്കുന്ന അധ്യായമാണിത്. അധ്വാനിക്കുന്നവൻറെ മൂല്യം ഇതിൽ അടങ്ങിയിരിക്കുന്നു. അല്ലാഹു അവൻറെ പ്രിയപ്പെട്ട പ്രവാചകന് അധ്വാനമില്ലാതെയും സമ്പത്ത് നൽകാമായിരുന്നു. എന്നാൽ മനുഷ്യ കുലത്തിന് ഒരു മാതൃക നബി ﷺ യിൽ സ്ഥാപിക്കുകയായിരുന്നു ഇവിടെ. അനുവദിക്കപ്പെട്ട ഏതു തൊഴിലും സ്വീകരിക്കാം. താരതമ്യേന താഴ്ന്ന തൊഴിലായിട്ടാണല്ലോ ഇടയവൃത്തിയെ കാണുന്നത്. പക്ഷേ അതിനെ അഭിമാനപൂർവ്വം അവിടുന്ന് എടുത്തു പറഞ്ഞു. ആട് ഐശ്വര്യമാണെന്നും ഒട്ടകം അഭിമാനമാണെന്നും പറയുമായിരുന്നു. ഏറ്റവുംനല്ല ഭക്ഷണം സ്വയം അധ്വാനത്തിലൂടെ സ്വരൂപിക്കുന്നതാണ്. ഇങ്ങനെയായിരുന്നു പ്രവാചകർ ﷺ യുടെ നിർദ്ദേശം.
ജനങ്ങളോട് ഇടപെടുകയും ഇടപഴകുകയും ചെയ്യുമ്പോഴാണ് ഒരാളെ ശരിക്ക് ബോധ്യപ്പെടുക. സത്യസന്ധത, വിശ്വസ്ഥത, നീതി തുടങ്ങിയുള്ള ഗുണങ്ങൾ അപ്പോഴല്ലേ അനുഭവിക്കാൻ കഴിയൂ. ഈ വിധത്തിൽ നബിﷺ യുടെ വ്യക്തിത്വം അടയാളപ്പെടുത്താനുള്ള അവസരം കൂടിയായിരുന്നു അവിടുത്തെ ഇടപാടുകൾ. സമൂഹത്തിനൊപ്പം ജീവിക്കുക, ദൈനം ദിന കാര്യങ്ങളിൽ ജനങ്ങളോട് സഹവസിക്കുക, അതിനിടയിൽ നന്മ പരിപാലിക്കുക, തിന്മയിൽ നിന്നു മാറിനിൽക്കുക, സമൂഹത്തിൽ മാതൃകയെ അവതരിപ്പിക്കുക ഈ വിധമായിരുന്നു തിരുനബി ﷺ യുടെ ജീവിതം.
മുത്തുനബി ﷺ യുടെ യുവത്വം നേരിട്ടറിഞ്ഞു. സ്വഭാവഗുണങ്ങളെ അനുഭവിച്ചു. അപ്പോൾ അവർ ഒരുമിച്ചു നൽകിയ സ്ഥാനപ്പേരായിരുന്നു”അൽ അമീൻ” അഥവാ വിശ്വസ്ഥൻ. പ്രശസ്ത ചരിത്രകാരനായ സർ വില്ല്യൻ മൂർ എഴുതിയതിങ്ങനെയാണ് “The fair character and honorable bearing of the unobtrusive youth won the approbation of his fellow citizens :and he received the title by common consent of Al-Ameen,the Trustworthy”(The life of Muhammed)
എന്നത്തേക്കും മാതൃകയായി മുത്തുനബി ﷺ യുടെ യുവത്വം അടയാളപ്പെടുന്ന പരിസരങ്ങളെയാണ് നമുക്ക് വായിക്കാനുള്ളത്.
(തുടരും)
ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി

Part-15/365

ആറാം നൂറ്റാണ്ടിൽ മക്കയിൽ ജീവിച്ചിരുന്ന സമൂഹം ഏറെ അധാർമികമായിരുന്നു. അവർക്കിടയിൽ തെളിമയാർന്ന ഒരു യൗവനത്തെയാണ് നാം വായിക്കുന്നത്. കളവ് പറയലും നടത്തലും മോശമായിക്കാണാത്ത ഒരു ജനത. തമാശയായിപ്പോലും കളവു പറയാത്ത ഒരു യുവാവ്. മദ്യം പുണ്യജലം പോലെയോ കുടിവെള്ളം പോലെയോ ഉപയോഗിക്കുന്ന ജനങ്ങൾ. ഒരിക്കൽ പോലും മദ്യമൊന്ന് രുചിച്ചു പോലും നോക്കാത്ത ഒരാൾ. സർവ്വവിധ അനാവശ്യങ്ങളും നിറഞ്ഞു നിൽക്കുന്ന ജനകൂട്ടം. ഒരു വൃത്തികേടിലേക്കും തിരിഞ്ഞു നോക്കുക പോലും ചെയ്യാത്ത ഒരു വ്യക്തി. ഇപ്രകാരമാണ് മുത്ത് നബി ﷺ മക്കയിൽ വളർന്നു വരുന്നത്.
പവിത്രമായ ഈ ജീവിതത്തിന് പിന്നിൽ അല്ലാഹുവിന്റെ പ്രത്യേകമായ ഒരു കാവൽ നമുക്ക് വായിക്കാനാകും. സ്വീകാര്യയോഗ്യമായ ഒരു നിവേദനം ഇങ്ങനെയാണ്. ഖുറൈശികൾ കഅബാലയം പുതുക്കിപ്പണിതു കൊണ്ടിരിക്കുന്നു. കല്ലു ചുമക്കുന്നവരുടെ കൂട്ടത്തിൽ തിരുനബിﷺ യുമുണ്ട്. പിതൃ സഹോദരനായ അബ്ബാസ് (റ)ആണ് ഒപ്പമുള്ളത്. ഉടുമുണ്ട് അഴിച്ച് തോളിൽ വെച്ച് അതിന്മേൽ കല്ലേറ്റികൊണ്ട് വരിക. ഇതായിരുന്നു സാധാരണയിൽ അവിടുത്തെ രീതി. പക്ഷേ മുഹമ്മദ്ﷺ ഉടുവസ്ത്രമഴിക്കാതെ നേരേ തന്നെ തോളിൽ കല്ലു ചുമക്കുന്നു. അനുകമ്പ തോന്നിയ അബ്ബാസ് ചോദിച്ചു. മോനേ മുണ്ടഴിച്ച് തോളിൽ വെച്ച് കല്ലു ചുമന്നു കൂടെ?(വിസമ്മതിച്ചു.) അവർ രണ്ടു പേരും മാത്രമായപ്പോൾ കൊച്ചാപ്പയുടെ അഭിപ്രായം മാനിക്കാമെന്ന് കരുതി. മുണ്ടഴിക്കാനൊരുങ്ങിയപ്പോഴേക്കും ബോധം നഷ്ടപ്പെട്ടു വീണു. ഉടനെ അബ്ബാസ് താങ്ങിയെടുത്തു. എന്ത് പറ്റി മോനെ? മുത്ത് നബിﷺ യുടെ കണ്ണുകൾ ആകാശത്തേക്കുയർന്നിരുന്നു. അവിടുന്ന് പറഞ്ഞു. നഗ്നനായി നടക്കുന്നത് എനിക്ക് നിരോധിക്കപ്പെട്ടിരിക്കുന്നു. പിന്നീടൊരിക്കലും അങ്ങനെയൊരു ശ്രമം ഉണ്ടായില്ല.
പ്രവാചകത്വ പ്രഖ്യാപനത്തിനു മുമ്പും മുത്ത് നബിﷺ പാപസുരക്ഷിതരായിരുന്നു എന്നതിന് തെളിവ്കൂടിയാണീ സംഭവം. ഇമാം ബുഖാരിയും ഈ ഹദീസ് ഉദ്ദരിച്ചിട്ടുണ്ട്. ഈ സംഭവത്തിന് മുമ്പൊരിക്കൽ കുട്ടികളോടൊപ്പം അവിടുന്ന് കല്ലു ചുമന്നു. അപ്പോഴും ഇത്തരം ഒരു ശ്രമം നടന്നു. ‘നിങ്ങൾ ഉടുമുണ്ട് ധരിക്കുക’ എന്ന ആജഞകേട്ടു. പിന്നാമ്പുറത്ത് നിന്ന് ആരോ ഒരാൾ ശക്തമായി മുതുകിൽ ഇടിക്കുകയും ചെയ്തു. എന്നാൽ വേദന അനുഭവപ്പെടുകയോ ആളെക്കാണുകയോ ചെയ്തില്ല. തുടർന്ന് ചുമലിൽ തന്നെ കല്ല് ചുമന്ന് പണി പൂർത്തീകരിച്ചു.
ഇബ്നു അബ്ബാസ് നിവേദനം ചെയ്യുന്ന മറ്റൊരു സംഭവം ഇങ്ങനെയുമുണ്ട്. ഒരിക്കൽ അബൂത്വാലിബ് സംസം കിണറിന്റെ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്നു. സഹോദരപുത്രൻ മുഹമ്മദ്ﷺ യും ഒപ്പം കൂടി. കല്ലുകൾ ചുമന്ന് എത്തിക്കാൻ തുടങ്ങി. തോളിൽ കല്ലു ചുമക്കുന്ന കുട്ടിയോട് മുതിർന്ന ഒരാൾക്ക് അനുകമ്പ തോന്നി. വസ്ത്രം അഴിച്ച് തോളിൽ തടയായി വെച്ചു കൊടുക്കാനൊരുങ്ങി. ഉടനെ തിരുനബിﷺ ബോധരഹിതനായി വീണു. ബോധം തെളിഞ്ഞപ്പോൾ അബൂത്വാലിബ് ചോദിച്ചു മോനേ എന്തു സംഭവിച്ചു? ഉപ്പാ ശുഭ്രവസത്രധാരിയായ ഒരാൾ എന്റെ അടുത്ത് വന്നു പറഞ്ഞു. നിങ്ങൾ ശരീരം മറക്കൂ.. പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പ് വഹിയ്(ദിവ്യസന്ദേശം) ലഭിച്ച സുപ്രധാന സന്ദർഭമായി ഈ സംഭവത്തെ പണ്ഡിതന്മാർ പരിഗണിച്ചിട്ടുണ്ട്.
സദാചാരങ്ങളുടെ പ്രതിരൂപമായി മുത്ത് നബിﷺ ജീവിതം നയിച്ചു. ജീവിതം കൊണ്ട് തന്നെ തിരുത്തലുകൾ നിർവഹിച്ചു കൊണ്ടേയിരുന്നു. അവിടുന്ന് പറഞ്ഞതായി അലി(റ) ഉദ്ദരിച്ചു. ജാഹിലിയ്യാ കാലക്കാർ ചെയ്തിരുന്ന ഒരു വൃത്തികേടും ചെയ്യാൻ ഞാൻ ഉദ്ദേശിച്ചിട്ടു പോലുമില്ല. എന്നാൽ രണ്ട് സന്ദർഭങ്ങളുണ്ടായി. രണ്ട് സമയത്തും അല്ലാഹു എനിക്ക് കാവൽ നൽകുകയും ചെയ്തു. ഒന്ന്, കൂട്ടുകാരോടൊപ്പം ആട് മേയ്ക്കുന്ന കാലം. ഒരു ദിവസം ഞാനവരോട് പറഞ്ഞു. ഇന്ന് നിങ്ങൾ എന്റെ ആടുകളെ കൂടി ഒന്ന് നോക്കാമോ.. ഞാൻ പട്ടണത്തിൽ പോയി യുവാക്കളോടൊപ്പം വിനോദത്തിൽ ഒന്നു കൂടിയിട്ടു വരാം. അവർ സമ്മതിച്ചു. അങ്ങനെ മക്കാ പട്ടണത്തിലെത്തി. അതാ ഒരു വീട്ടിൽ ആരവങ്ങൾ കേൾക്കുന്നു. എന്താണെന്നന്വേഷിച്ചു. വിവാഹത്തിന്റെ ഭാഗമായുള്ള വിനോദങ്ങളാണ്. അവിടേക്ക് കടന്നു ചെന്നു ഒരു ഭാഗത്ത് ഇരുന്നതേ ഉള്ളൂ ഉറങ്ങിപ്പോയി. പരിപാടികള്‍ എല്ലാം കഴിഞ്ഞ് പ്രഭാതമടുത്തപ്പോഴാണ് ഉണർന്നത്. ഒരു വിനോദത്തിലും ഞാൻ ആസ്വദിച്ചില്ല. പിന്നീട് കൂട്ടുകാരിലേക്ക് മടങ്ങിയെത്തി. അവർ വിനോദങ്ങളെ കുറിച്ചു ചോദിച്ചു. സംഭവിച്ച കാര്യങ്ങൾ ഞാൻ അവരോട് പങ്കുവെച്ചു. മറ്റൊരിക്കൽ കൂടി സമാനമായ ഒരു സംഭവമുണ്ടായി. പിന്നോടൊരിക്കലും അത്തരം ഒരു സാന്നിധ്യത്തിന് പോലും ആഗ്രഹിച്ചിട്ടില്ല.
വിശ്വാസാചാരങ്ങളിൽ തുല്യതയില്ലാത്ത ഒരു കരുതൽ മുത്ത് നബിﷺ ക്കുണ്ടായിരുന്നു. പല സംഭവങ്ങളിലും അത് വ്യക്തമാണ്…
(തുടരും)
ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി

 

Part-16/365

മക്കയിൽ നിലനിന്നിരുന്ന ഏറ്റവും ഗുരുതരമായ കുറ്റകൃത്യമായിരുന്നു ബഹുദൈവാരാധന. അതിന്റെ ഭാഗമായി വിഗ്രഹ പൂജയും വ്യാപകമായിരുന്നു. വ്യത്യസ്ത വിഭാഗങ്ങൾക്ക് വ്യത്യസ്ത ദൈവങ്ങളും വിഗ്രഹങ്ങളും ഉണ്ടായിരുന്നു. ഏകനായ പടച്ചവനെ മാത്രം ആരാധിക്കാൻ നിർമിതമായ കഅബാലയം. അതിനുള്ളിലും പരിസരത്തും വരെ വിഗ്രഹങ്ങൾ പ്രതിഷ്ഠിക്കപ്പെട്ടു. ശരിയായ ഏകദൈവ വിശ്വാസം മക്കയിൽ ഒറ്റപ്പെട്ട ആളുകളിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. മനുഷ്യോൽപത്തി മുതൽ ഏകനായ അല്ലാഹുവിനെ മാത്രമേ മക്കയിൽ ആരാധിക്കപ്പെട്ടിരുന്നുള്ളൂ. നൂഹ് നബിയുടെ ജനതയിലാണ് ആദ്യമായി ബിംബാരാധന ഉണ്ടായത്. അംറ് ബിൻ ലഹിയ എന്ന ആളാണ് ആദ്യമായി അറബ് ഭൂഖണ്ഡത്തിൽ വിഗ്രഹം സ്ഥാപിച്ചത്. പ്രവാചകന്മാരുടെ പ്രബോധനം ലഭിക്കാതെ വന്ന മക്കയിലെ ജനങ്ങൾ അതിൽ ആകൃഷ്ടരായി. മൂസാ ഇസാ പ്രവാചകന്മാരുടെ അനുയായികൾ സത്യസന്ദേശം നൽകിയെങ്കിലും മക്കക്കാർ അതംഗീകരിച്ചില്ല. ഇങ്ങനെ അരക്ഷിതമായ ഒരു ജനതയിലുടെയാണ് മുത്ത് നബി ﷺ യുടെ യുവത്വം കടന്നു പോകുന്നത്. പക്ഷേ ഒരിക്കൽ പോലും അവിടുന്ന് ബഹുദൈവാരാധനയിൽ പങ്കു ചേർന്നില്ല. ഒരു ബിംബത്തെയും വന്ദിക്കുകയയോ വണങ്ങുകയോ ചെയ്തില്ല. പടച്ചവനിൽ നിന്ന് പ്രത്യേകമായ ഒരു കാവൽ നബിﷺ ക്ക് ഉണ്ടായിരുന്നു. ഇത് സംബന്ധമായ ചില രംഗങ്ങൾ ഇങ്ങനെ വായിക്കാം.
1. അലി(റ) നിവേദനം ചെയ്യുന്നു. മുത്ത് നബിﷺയോട് ഒരാൾ ചോദിച്ചു. അവിടുന്ന് എപ്പോഴെങ്കിലും വിഗ്രഹാരാധന നടത്തിയിട്ടുണ്ടോ? ഇല്ല. എപ്പോഴെങ്കിലും മദ്യപിച്ചിട്ടുണ്ടോ? ഇല്ല, അവർ പുലർത്തിയിരുന്നത് സത്യനിഷേധം (കുഫ്ർ)ആണെന്ന് അന്നേ എനിക്കറിയാമായിരുന്നു. നബി ﷺ വിശദീകരിച്ചു.
2. മുത്ത് നബി ﷺ യുടെ പരിചാരകൻ സൈദ് ബിൻ ഹാരിസ പ്രസ്താവിക്കുന്നു “നബിﷺ ഒരിക്കലും ഒരു വിഗ്രഹത്തേയും വന്ദിച്ചിട്ടില്ല. പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പേ തന്നെ അതിനോട്‌ എനിക്ക് വെറുപ്പായിരുന്നു. കഅബയെ പ്രദക്ഷീണം ചെയ്യുന്ന അന്നത്തെ മക്കക്കാർ ഇസാഫ, നാ ഇല എന്നീ വിഗ്രഹങ്ങളെ തൊട്ടു വണങ്ങുമായിരുന്നു. എന്നാൽ പ്രവാചകർ ﷺ അങ്ങനെ പോലും ചെയ്തിട്ടില്ല.”
3. പോറ്റുമ്മ ഉമ്മുഐമൻ വിവരിക്കുന്നു “ഖുറൈശികൾ ‘ബുവാന’ എന്ന വിഗ്രഹത്തെ ആരാധിച്ചിരുന്നു. വർഷം തോറും അതിന്റെ സന്നിധാനത്തിൽ ഒരു ഉത്സവം സംഘടിപ്പിക്കും. ബലിയറുത്ത് തലമുണ്ഡനം ചെയ്യും. ഉത്സവ ദിവസം രാത്രി വരെ അവിടെ ഭജനയിൽ കഴിയും.” അബൂത്വാലിബ് കുടുംബാംഗങ്ങളെ മുഴുവൻ കൂട്ടി അതിൽ പങ്കെടുക്കുമായിരുന്നു. മുത്ത് നബി ﷺ യെ പലതവണ ക്ഷണിച്ചപ്പോഴും വിസമ്മതിച്ചു മാറി നിന്നു. അബൂത്വാലിബിന് അതിഷ്ടമായില്ല. അമ്മായിമാർ പറഞ്ഞു. എന്താണ് മോനെ നമ്മുടെ കുടുംബക്കാർ ഒത്തുകൂടുന്ന ഈ ചടങ്ങിൽ നിന്ന് വിട്ടു നിൽക്കുന്നത്.? നമ്മുടെ ദൈവത്തെ നിരാകരിക്കുന്നത്? നമ്മുടെ അംഗബലം കാണിക്കേണ്ട ഈ സന്ദർഭത്തിൽ ഒക്കെ മോൻ വിട്ടു നിൽക്കുകയാണോ?
മനസ്സില്ലാ മനസ്സോടെ അവർക്കൊപ്പം പുറപ്പെടാമെന്ന് വിചാരിച്ചു. മുത്തുനബി ﷺ അവർ നടന്ന ദിശയിൽ നടന്നു. ഉമ്മു ഐമൻ പറയുകയാണ്. അൽപനേരത്തേക്ക് മുഹമ്മദ് ﷺമോൻ അപ്രത്യക്ഷനായി. പിന്നീട് ഭയന്ന് വിറച്ച് കൊണ്ട് ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നു. അമ്മായിമാർ ചോദിച്ചു മോനെ എന്ത് പറ്റി ? എനിക്കെന്തോ ഒരു വല്ലായ്മ അനുഭവപ്പെടുന്നു. മോൻ പറഞ്ഞു. അവർ തുടർന്നു. “മോനെ മോന് ഒരിക്കലും പിശാച് ബാധയൊന്നും ഏൽക്കുകയില്ല. കാരണം മോന്റെ നടപ്പുരീതികൾ അങ്ങനെയാണ്. ഇപ്പോഴെന്താണുണ്ടായതെന്ന് പറയൂ..” ഞാൻ ഉത്സവ സ്ഥലത്തേക്ക് പുറപ്പെട്ടതായിരുന്നു. പ്രതിഷ്ഠയുടെ അടുത്ത് എത്താനായപ്പോഴേക്കും ഒരു വെള്ള വസ്ത്രധാരി പ്രത്യക്ഷപ്പെട്ടു. ദീർഘകായനായ അയാൾ ശബ്ദമുയർത്തിപറഞ്ഞു. “ഓ മുഹമ്മദ് ﷺ പിന്നോട്ട് മാറൂ ബിംബത്തിനടുത്തേക്കു പോകരുത്.” പിന്നീടൊരിക്കലും അത്തരം ഉത്സവ സ്ഥലത്തേക്ക് പോലും പോയിട്ടില്ല.
4 . മധുവിധുവിന്റെ നാളുകളിൽ മണവാളൻ മുഹമ്മദ് ﷺ പ്രിയ പത്നി ബീവി ഖദീജയോട് പറഞ്ഞു. ഞാൻ ലാതയെയും ഉസ്സയെയും ഒരു കാലത്തും ആരാധിക്കുകയില്ല. അവക്ക് ഞാൻ വണങ്ങുകയുമില്ല. ബീവി പറഞ്ഞു. അവിടുന്ന് ലാത്തയെയും ഉപേക്ഷിച്ചോളൂ ഉസ്സയേയും ഉപേക്ഷിച്ചോളൂ.
പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പേയുള്ള പരിശുദ്ധിയുടെ പ്രമാണങ്ങൾ. ഇരുൾ നിറഞ്ഞ ചുറ്റുപാടുകൾക്കിടയിൽ സ്വർണശോഭയോടെ നടന്ന് നീങ്ങുന്ന മുഹമ്മദ്ﷺഎന്ന യുവാവ്. സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുകയും നീതിയും ധൈര്യവും അടയാളപ്പെടുത്തുകയും ചെയ്ത രംഗങ്ങളാണിനി വായിക്കാനുള്ളത്.
(തുടരും)

 

Part-17/365

സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുന്ന ഒരു യുവാവിനെ മുത്ത് നബിﷺ യിൽ കാണാൻ കഴിയും. മക്കയിലും പരിസരങ്ങളിലും കാലങ്ങളായി നീണ്ടു നിന്ന ഒരു വംശീയ കലാപം. ‘ഹർബുൽ ഫിജാർ അഥവാ തെമ്മാടികളുടെ യുദ്ധം’ എന്നാണ് ചരിത്രത്തിൽ ഇതറിയപ്പെടുന്നത്. മുത്ത് നബിﷺ ക്ക് അന്ന് പതിനഞ്ച് വയസ്സായിരുന്നു. ഒരു ഭാഗത്ത് ഖുറൈശികളും കിനാന ഗോത്രവും. മറുഭാഗത്ത് ഹവാസിൻ ദേശക്കാരായ ഖയ്സ് -അയലാൻ ഗോത്രങ്ങൾ. ഒന്നാമത്തെ കക്ഷിയുടെ നേതാവ് ഹർബ് ബിൻ ഉമയ്യയായിരുന്നു. മക്കയിലെ പ്രസിദ്ധമായ ഉക്കാള് ചന്തയിൽ ഒരാൾക്കു അഭയം നൽകിയതിനെ തുടർന്നുള്ള തർക്കങ്ങളാണ് യുദ്ധത്തിൽ കലാശിച്ചത്. നാലു പോരാട്ടങ്ങൾ നടന്നു. നാലാമത്തേതിൽ പിതൃസഹോദരങ്ങൾകൊപ്പം നബിﷺ യും യുദ്ധരംഗത്തേക്ക് പോയി. നേരിട്ട് യുദ്ധത്തിൽ പങ്കെടുത്തില്ല. തെറിച്ചു പോയ അമ്പുകൾ പെറുക്കി കൊടുക്കാൻ സഹായിച്ചു. അതിനിടയിൽ ചില അമ്പെയ്ത്തുകൾ നടത്തേണ്ടിവന്നു. അതും വേണ്ടിയിരുന്നില്ല എന്ന നിരീക്ഷണം നബിﷺ പിൽക്കാലത്ത് പങ്കുവെച്ചു.
യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ ഉച്ചക്ക് മുമ്പ് ഹവാസിൻ കാർക്കായിരുന്നു വിജയം. ഉച്ചക്ക് ശേഷം ഖുറൈശികൾ ജയിച്ചു. ന്യായവും ഖുറൈശീ പക്ഷത്തായിരുന്നു. എന്നിട്ടും ഖുറൈശികൾ തന്നെ സമാധാനശ്രമങ്ങൾക്ക് തുടക്കം കുറിച്ചു. എന്നെന്നേക്കും ഈ രക്ത ചൊരിച്ചിൽ അവസാനിപ്പിക്കാൻ അവർ ആഗ്രഹിച്ചു. സേനാ നായകനായ ഉത്ബത്ബിൻ റബീഅ നേരിട്ട് രംഗത്തിറങ്ങി. ഇരു കക്ഷികളും ചില ദൃഢപ്രതിജ്ഞകൾ ചെയ്തു. രംഗം പൂർണ്ണമായും ശാന്തമായി. അപ്പോഴേക്കും നബിﷺക്ക് വയസ്സ് ഇരുപതായി.
ചില സാമൂഹിക യാഥാർത്ഥ്യങ്ങളെ നേരിട്ടനുഭവിക്കാൻ നബിﷺക്ക് അവസരമുണ്ടായി. തങ്ങളുടെ ധൈര്യവും സാമർത്ഥ്യവും അന്നുള്ളവർക്ക് ബോധ്യമായി. പിൽക്കാലത്തെ പ്രവർത്തനങ്ങൾക്കിടയിൽ മുത്ത് നബി ഈ രംഗങ്ങൾ ഓർക്കാറുണ്ടായിരുന്നു. അനുചരന്മാരോട് പങ്കുവെക്കുകയും ചെയ്തിരുന്നു. തുടർന്നുള്ള നാളുകളിൽ മക്കയിൽ ഒരു ഉടമ്പടി രൂപപ്പെട്ടു. ‘ഹിൽഫുൽ ഫുളൂൽ’ എന്നാണ് ഉടമ്പടിയുടെ പേര്. സമാധാന പ്രേമികളായ ഒരു സംഘമാണ് ഇതിന് കളമൊരുക്കിയത്. മേലിൽ യുദ്ധവും അക്രമവും മറ്റും ഒഴിവാക്കാനായിരുന്നു ഇത്. ഉടമ്പടിയിലേക്കെത്തിച്ച സാഹചര്യം ഇതായിരുന്നു. സുബെയ്ദ് ഗോത്രത്തിൽ പെട്ട ഒരാൾ തന്റെ കച്ചവട സാധനങ്ങളുമായി മക്കയിലെത്തി. മക്കയിലെ പ്രതാപിയായ ആസ്വ് ബിൻ വാഇൽ സാധനങ്ങൾക്ക് വില നിശ്ചയിച്ചു കൈപ്പറ്റി. പക്ഷേ ചൂഷകനായ അയാൾ വിലനൽകിയില്ല. തൻ്റെ ഹുങ്കും സ്വാധീനവും അയാൾ പുറത്തെടുത്തു. കഷ്ടത്തിലായ വ്യാപാരി മക്കയിലെ പലപ്രമുഖരോടും ആവലാതി പറഞ്ഞു. പക്ഷേ ബിൻ വാഇലിൽ നിന്ന് അവകാശം വാങ്ങി കൊടുക്കാൻ ആരും സന്നദ്ധരായില്ല. മക്കയിലെ മുതലാളിത്ത ചൂഷണത്തിന്റെ പ്രതീകമായിരുന്നു അയാൾ. ഗതിമുട്ടിയ വ്യാപാരി ഒരടവു പ്രയോഗിച്ചു. അടുത്ത ദിവസം രാവിലെ കഅബയുടെ ചാരത്തുള്ള അബൂഖുബൈസ് പർവ്വതത്തിന്റെ മുകളിൽ കയറി. മക്കയിൽ നിന്ന് തനിക്കുണ്ടായ ദുരനുഭവം ഒരു കവിതയാക്കി ചൊല്ലി. തന്റെ ദുഃഖവും ഒരു മക്കാനിവാസിയുടെ അക്രമവും ഉൾകൊള്ളുന്ന വരികളായിരുന്നു അത്. മക്കയിലെ പ്രമുഖരെല്ലാം കഅബയുടെ തണലിൽ ഒത്തു കൂടി സൊറ പറയുന്ന നേരമായിരുന്നു അത്. എല്ലാവരും ഈ കവിതശ്രദ്ധിച്ചു. മക്കക്കാരനായ ഒരാൾ വിദേശിയായ ഒരു വ്യാപാരിയെ വഞ്ചിച്ച വാർത്ത ഏവർക്കും മാനക്കേടായി. ആത്മാഭിമാനിയായ സുബൈർ ചാടിയെഴുന്നേറ്റു. മുത്ത്നബിയുടെ പിതൃസഹോദരനാണല്ലോ സുബൈർ. ‘ഇനി അയാളെവെറുതേ വിട്ടു കൂടാ’ എന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിച്ചു. മക്കയിലെ പ്രമുഖ ഗോത്രത്തലവന്മാരെയെല്ലാം ക്ഷണിച്ചു വരുത്തി. അബ്ദുല്ലാഹ് ബിൻ ജുദ്ആൻ എന്നയാളുടെ വീട്ടിൽ ഒരു മീറ്റിംഗ് സംഘടിപ്പിച്ചു.
“മർദ്ദിതർ ആരായിരുന്നാലും അവർക്ക് മക്കയിൽ നീതി ലഭിക്കണം. നീതിക്ക് വേണ്ടി ഒറ്റക്കെട്ടായി നിൽക്കണം. നമുക്കിടയിൽ ഈ വിഷയത്തിൽ ഒരു ദൃഢ പ്രതിജ്ഞ ഉണ്ടാവണം. സമുദ്രത്തിൽ ഒരു തുള്ളി വെള്ളം ബാക്കിയാകുന്നകാലം ഈ ഉടമ്പടി ഉണ്ടാവണം. ഹിറാ സബീർ പർവ്വതങ്ങൾ ഇളകാത്ത കാലത്തോളം ഉടമ്പടി നിലനിൽക്കണം” വിഷയമവതരിപ്പിച്ചു കൊണ്ട് സുബൈർ പ്രസംഗിച്ചു. എല്ലാ ഗോത്ര നേതാക്കളും ഒത്തു സമ്മതിച്ചു. ഭക്ഷണം കഴിച്ച് കരാറിൽ ഒപ്പു വെച്ചു. ഓരോരുത്തരായി ആസ്വ് ബിൻ വാ ഇലിന്റെ വീട്ടിൽ എത്തി. വ്യാപാരിയുടെ മുഴുവൻ ചരക്കുകളും വാങ്ങിക്കൊടുത്തു. അതോടെ ‘ഹിൽഫുൽ ഫുളൂൽ’ സമാധാന സഖ്യ സന്ധി പ്രായോഗികമായി. ഈ ഉടമ്പടിയിൽ പിതൃസഹോദരനൊപ്പം മുത്ത് നബി ﷺ പ്രധാന സംഘാടകനായി. ലോകം മുഴുവൻ നീതി സ്ഥാപിക്കാനുള്ള മഹത് വ്യക്തി യുവത്വത്തിൽ തന്നെ സമാധാന സന്ധിയുടെ സംഘാടകനാകുന്നു…(തുടരും)
ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി

 

Part-18/365

സമാധാന സന്ധിയെ കുറിച്ച് ആവേശപൂർവ്വം നബിﷺ സംസാരിക്കാറുണ്ടായിരുന്നു. ‘ഞാൻ യുവാവായിരുന്നപ്പോൾ എൻ്റെ പിതൃസഹോദരന്മാരുടെ കൂടെ ഞാനും ആ സഖ്യത്തിൽ സംബന്ധിച്ചു. ചുവന്ന ഒട്ടക കൂട്ടങ്ങൾ ലഭിക്കുന്നതിനേക്കാൾ എനിക്ക് മൂല്യമുള്ളതായിരുന്നു അത്’. മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കാണാം ‘അബ്ദുല്ലാഹിബിൻ ജുദ് ആന്റെ വീട്ടിൽ വെച്ച് ഒരു കരാറിൽ ഒപ്പുവെക്കാൻ ഞാനും പങ്കാളിയായി. അത്തരമൊരു കരാറിലേക്ക് ഇസ്‌ലാമിൽക്ഷണിക്കപ്പെട്ടാലും ഞാൻ സംബന്ധിക്കും’.
ഈ കരാറിന്റെ പേരിൽ മക്കയിൽ ഒരുപാട് നന്മകൾ നടപ്പിലായി. പല അക്രമങ്ങളും ഇല്ലാതെയായി. ഒരു സംഭവം ഇങ്ങനെ വായിക്കാം. ഖസ്അം ഗോത്രക്കാരനായ ഒരാൾ കുടുംബസമേതം മക്കയിൽ എത്തി. തീർത്ഥാടനത്തിന് വന്നതായിരുന്നു അവർ. കൂട്ടത്തിലുണ്ടായിരുന്ന സുന്ദരിയായ മകൾ ‘അൽ ഖതൂലിനെ’ നബീഹ് എന്ന അക്രമി തട്ടികൊണ്ട് പോയി. തീർത്ഥാടകൻ ആകെ പരിഭ്രമിച്ചു. ആവലാതി ആരോട് പറയാൻ. അതെ ഫുളുൽ ഉടമ്പടിയിൽ ഒപ്പുവച്ചവരോട് പറയാം. ഒരാൾ അഭിപ്രായപ്പെട്ടു. അപ്രകാരം അയാൾ കഅബയുടെ സന്നിധിയിൽ വന്ന് കരാറുകാരെ വിളിച്ചു. സമാധാന സന്ധിയിൽ ഒപ്പുവച്ചവരേ! വരൂ! എന്നെ സഹായിക്കൂ! കരാറിൽ സംബന്ധിച്ചവർ ഓടിയെത്തി. ആവലാതിക്കാരന് സഹായം ഉറപ്പു നൽകി. അവർ സംഘമായി ആയുധമേന്തി നബീഹിന്റെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ ഗോത്രത്തിന്റെ പിന്തുണയോടെ പെൺകുട്ടിയെ മോചിപ്പിക്കാൻ ആവശ്യപ്പെട്ടു. ഫുളൂൽ ഉടമ്പടിയെ കുറിച്ച് ഓർമപ്പെടുത്തി. ഗതിമുട്ടിയ നബീഹ് ഒരു നിബന്ധനയോടെ പെൺകുട്ടിയെ മോചിപ്പിക്കാമെന്നായി. ഈ ഒരു രാത്രി അവളെ എനിക്ക് തരണം. നേതാക്കൾ സമ്മതിച്ചില്ല. അവർ പറഞ്ഞു. ഒരൊട്ടകത്തെക്കറക്കുന്ന സമയം പോലും അവളെ നിന്റെ കസ്റ്റടിയിൽ വെക്കാൻ പാടില്ല. ഗത്യന്തരമില്ലാതെ അവൻ അവളെ വിട്ടു കൊടുത്തു. അറേബ്യയുടെ സാംസ്കാരിക ഭൂമികയിൽ നീതിയുടെ വെളിച്ചം നൽകാൻചെറുപ്പത്തിൽ തന്നെ മുത്ത്നബിﷺക്ക് അവസരമുണ്ടായി. ഓരോ ദിവസവും ഓരോ സംഭവങ്ങളും നബിﷺ യെ മക്കയിലെ ഉന്നത വ്യക്തിത്വമാക്കി ഉയർത്തി. മക്കയിലുള്ള പലർക്കും നബിﷺ യെ കാണാത്ത ഒരു ദിവസം മങ്ങിയ ദിവസമായിരുന്നു. അവിടുന്ന് പങ്കെടുക്കാത്ത സദ്യ ആസ്വാദ്യകരമായിരുന്നില്ല.
സ്വന്തം ഉപജീവനത്തിന് മറ്റുള്ളവരെ ആശ്രയിക്കാത്ത ശൈലിയായിരുന്നല്ലോ മുത്ത് നബിﷺയുടേത്. ഇടയവൃത്തിയിൽ ഏർപെട്ടത് അതിനു വേണ്ടി കൂടിയായിരുന്നല്ലോ? തങ്ങൾക്ക് വയസ്സ് ഇരുപത്തിനാല് കഴിഞ്ഞു. അബൂത്വാലിബ് നബി ﷺ യെ വ്യാപാര രംഗത്തേക്ക് ക്ഷണിച്ചു. വർത്തക പ്രമുഖയായ ഖദീജയുടെ വ്യാപാര ചുമതല ഏൽപിക്കപ്പെട്ടു. ഇടയവൃത്തിയുടെ താഴ്‌വരകളിൽ നിന്ന് ജനനിബിഢമായ കമ്പോളത്തിലേക്ക്. ഭാവിയിലെ ദൗത്യങ്ങളിലേക്ക് പടച്ചവൻ ഒരുക്കുന്ന ചില പരിശീലനങ്ങൾ കൂടിയാണിതെല്ലാം. മുത്ത് നബിﷺയുടെ വ്യാപാര യാത്രക്ക് ചില പശ്ചാത്തലങ്ങൾ കൂടിയുണ്ട്. ഖദീജയുടെ പരിചാരക ‘നഫീസ ബിൻത് മുൻയ’ അത് വിശദീകരിക്കുന്നു. ഒരു ദുൽ ഹജ്ജ് മാസം പതിനാല്. നബി ﷺ ക്ക് ഇരുപത്തഞ്ച് വയസ്സ് ആകുന്നതേ ഉള്ളൂ. ‘അൽ അമീൻ’ എന്ന പേരിലാണ് മക്കക്കാർ നബിയെ വിളിക്കുന്നത്. അബൂ ത്വാലിബ്‌ നബിയെ സമീപിച്ചു. മോനെ നമ്മുടെ സാഹചര്യം മോന് അറിയാമല്ലോ. സാമ്പത്തികമായ പ്രാരാബ്ദങ്ങളിലൂടെയാണ് നാം കടന്നു പോകുന്നത്. കച്ചവടമോ മറ്റു വരുമാന മാർഗങ്ങളോ ഒക്കെ വഴിമുട്ടിയിരിക്കുന്നു. ഇപ്പോൾ ശാമിലേക്ക് ആളുകൾ വ്യാപാരത്തിനായി പോകുന്നുണ്ട്. ഖുവൈലിദിന്റെ മകൾ ഖദീജ നമ്മുടെ കുടുംബത്തിൽ പലരേയും അവരുടെ സ്വത്തേല്പിച്ചു കച്ചവടത്തിന് അയക്കുന്നുണ്ട്. മോൻ ഒന്ന് ഖദീജയെ സമീപിച്ചു നോക്കൂ. അവർ മോന്റെ ആവശ്യം നിരസിക്കാനിടയില്ല. മക്കയിൽ മോനുള്ള അംഗീകാരവും വ്യക്തിത്വവും അവർ അറിയാതിരിക്കില്ല.
യഥാർത്ഥത്തിൽ മോനെ ശാമിലേക്കയക്കാൻ എനിക്ക് പ്രയാസമുണ്ട്. വല്ല ജൂതന്മാരുടെയും ശ്രദ്ധയിൽ പെടുമോ, അപായത്തിൽ പെടുത്തുമോ ആശങ്കകൾ ഇല്ലാതില്ല. പക്ഷേ നമ്മുടെ മുന്നിൽ വേറെ മാർഗങ്ങളില്ല.
ഖുവൈലിദിന്റെ മകൾ മക്കയിലെ അറിയപ്പെട്ട വ്യാപാര പ്രമുഖയായിരുന്നു. മക്കയിൽ നിന്ന് പുറപ്പെടുന്ന വ്യാപാര സംഘത്തിലെ ഒട്ടകങ്ങളിൽ നല്ലൊരു പങ്കും അവർക്കുള്ളതായിരുന്നു. അവർ പ്രതിനിധികളെ നിശ്ചയിച്ച് സ്വത്തു വകകൾ ഏൽപ്പിച്ചു ശാമിലേക്കയക്കും. ചിലപ്പോൾ പ്രതിഫലം നിശ്ചയിച്ചു നൽകും. അല്ലെങ്കിൽ ലാഭവിഹിതം നൽകാമെന്ന ധാരണയിൽ അയക്കും.
മൂത്താപ്പയുടെ നിർദ്ദേശം നബിﷺ മുഖവിലക്കെടുത്തു. പക്ഷേ ഇപ്രകാരമാണ് പ്രതികരിച്ചത്. ഖദീജയ്ക്ക് എന്നെ ആവശ്യമെങ്കിൽ അവർ ആളെ അയക്കട്ടെ. ഞാൻ പ്രതിനിധിയായി ശാമിലേക്ക് പോകാം. മോനേ… വേറെയാരോടെങ്കിലും അവർ ധാരണയായാൽ പിന്നെയെന്തു ചെയ്യും. നമ്മുടെ പ്രതീക്ഷകൾ തെറ്റിപ്പോകുമല്ലോ.!അബൂത്വാലിബ് പ്രതികരിച്ചു. ഈ സംഭാഷണം എങ്ങനെയോ ഖദീജയുടെ കാതിൽ എത്തി. മുഹമ്മദ് എന്റെ കച്ചവടസംഘം നയിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന സന്ദേശത്തോടെ ഖദീജ ദൂതനെ അയച്ചു.
അവരുടെ വസതിയിലേക്ക് ക്ഷണിച്ചുവരുത്തി. സംഭാഷണമാരംഭിച്ചു. താങ്കളുടെ വിശ്വസ്ഥതയും വ്യക്തി വിശേഷങ്ങളും എനിക്കറിയാം. എന്റെ കച്ചവട സംഘത്തെ നയിക്കാൻ സന്നദ്ധനാകുന്ന പക്ഷം മറ്റുള്ളവർക്ക് നൽകുന്നതിന്റെ ഇരട്ടി പ്രതിഫലം ഞാൻ താങ്കൾക്ക് നൽകാം. നബിﷺ സമ്മതം അറിയിച്ചു. തുടർന്ന് അബൂത്വാലിബിനെ വിവരം ധരിപ്പിച്ചു. അദ്ദേഹത്തിന് ഏറെ സന്തോഷമായി. അദ്ദേഹം പറഞ്ഞു. മോനേ അല്ലാഹു മോന് നൽകിയ ഒരു സുവർണ്ണാവസരമാണിത്. അവൻ കനിഞ്ഞേകിയ ഒരു ഉപജീവനമാർഗം. മുത്ത് നബിﷺ ഖദീജയുടെ കച്ചവട ചരക്കുകൾ ഏറ്റെടുത്ത് സിറിയയിലേക്ക് പുറപ്പെടാൻ തീരുമാനിച്ചു…
(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി

 

Part-19/365

ഖദീജ ഭൃത്യനായ മൈസറയെ കൂട്ടിനയച്ചു. മൈസറയോട് ഖദീജ ചില നിർദ്ദേശങ്ങൾ നൽകി. അദ്ദേഹത്തെ പൂർണമായും നീ അനുസരിക്കണം. അവിടുന്ന് പറയുന്നതിനൊന്നും എതിര് പറയാനും പാടില്ല. ശരി, മൈസറ അംഗീകരിച്ചു.
അബൂ ത്വാലിബ് വേണ്ട നിർദേശങ്ങൾ നൽകി മകനെ യാത്രയാക്കി. യാത്രാ സംഘത്തിൽ അദ്ദേഹത്തിന്റെ സഹോദരൻ സുബൈറും ഉണ്ടായിരുന്നു. മുഹമ്മദ് മോനെ പ്രത്യേകം ശ്രദ്ധിക്കാൻ സുബൈറിനെ ചുമതലപ്പെടുത്തി.
മൈസറ ശ്രദ്ധാപൂർവ്വം നബിﷺയെ അനുഗമിച്ചു. യാത്രയുടെ ആരംഭം മുതൽ തന്നെ അത്ഭുതങ്ങൾ ശ്രദ്ധിക്കാൻ തുടങ്ങി. നബിയുടെ സഞ്ചാരത്തിനൊപ്പിച്ചു മേഘം സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ചില സന്ദർഭത്തിൽ രണ്ട് മലകുകൾ സൂര്യനിൽ നിന്ന് പ്രത്യേകം തണൽ നൽകുന്നു. അങ്ങനെ അവർ സിറിയയിലെ ബുസ്വ്റാ പട്ടണത്തിലെത്തി. അവിടെ ഒരു മരച്ചുവട്ടിൽ തമ്പടിച്ചു വിശ്രമിച്ചു. പരിസരത്ത് ‘നസ്തൂറാ’ എന്ന ഒരു പുരോഹിതനുണ്ട്. മൈസറക്ക് നേരത്തേ പരിചയമുള്ള വ്യക്തിയായിരുന്നു. അദ്ദേഹം മുഹമ്മദ് ﷺ നെ നിരീക്ഷിക്കുന്നു. ശേഷം മൈസറയോട് ചോദിച്ചു. ആ മരച്ചുവട്ടിൽ വിശ്രമിക്കുന്നതാരാണ്. അത് ഖുറൈശികളിൽപ്പെട്ട ഒരാൾ. ഹറമിലാണ് താമസം. മൈസറ പ്രതികരിച്ചു. ശരി, പുരോഹിതൻ പറഞ്ഞു തുടങ്ങി. ഈ മരച്ചുവട്ടിൽ ഇപ്രകാരം എത്തിയ ആൾ അന്ത്യ പ്രവാചകനാകാൻ സാധ്യത ഏറെയാണ്. ഞങ്ങളുടെ മുൻഗാമികളായ പണ്ഡിതന്മാർ അങ്ങനെ പറയാറുണ്ട്. അദ്ദേഹത്തിന്റെ കണ്ണിൽ ഒരു ചുവപ്പ് നിറമുള്ളത് ശ്രദ്ധയിൽപെട്ടിട്ടുണ്ടോ? ഉണ്ട്. അത് എപ്പോഴും ഉണ്ടാകാറുണ്ടോ? അതെ, അത് മാറിയതായി ഞാൻ കണ്ടിട്ടില്ല. അങ്ങനെ മൈസറയോട് പല ലക്ഷണങ്ങളും അദ്ദേഹം ചോദിച്ചറിഞ്ഞു. ശേഷം പാതിരി പറഞ്ഞു ‘ഇത് അന്ത്യ പ്രാചകൻ തന്നെയാണ്. ഇദ്ദേഹം നിയോഗിക്കപ്പെടുന്നകാലത്ത് ഞാനുണ്ടായിരുന്നെങ്കിൽ!’
മറ്റൊരു നിവേദനത്തിൽ ഇങ്ങനെയുണ്ട്. നബി ﷺ മരച്ചുവട്ടിൽ എത്തുന്നതിന് മുമ്പ് തന്നെ നസ്തൂറാ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. കാർമേഘത്തിന്റെ സഞ്ചാരം അദ്ദേഹം പ്രത്യേകം നിരീക്ഷിച്ചു. മരച്ചുവട്ടിൽ വിശ്രമിക്കാനിറങ്ങിയതും കൗതുകം വർദ്ധിച്ചു. ശേഷം മയ്സറയിൽ നിന്ന് കാര്യങ്ങൾ മനസ്സിലാക്കി. ആശ്രമത്തിൽ നിന്നിറങ്ങി നബി ﷺ യെ സമീപിച്ചു. ബഹുമാന പുരസ്സരം മൂർദ്ധാവിലും പാദങ്ങളിലും ചുംബിച്ചു. തുടർന്നിങ്ങനെപറഞ്ഞു. “ഞാൻ താങ്കളിൽ വിശ്വസിക്കുന്നു. തോറയിൽ പറയപ്പെട്ട സത്യ പ്രവാചകൻ താങ്കൾ തന്നെയാണെന്ന് ഞാൻ തിരിച്ചറിയുന്നു.”
പിന്നീടദ്ദേഹം പറഞ്ഞു. ഓ പ്രിയപ്പെട്ടവരേ അന്ത്യ പ്രവാചകന്റെ വിശേഷണങ്ങളിൽ ഒന്നൊഴികെ എല്ലാം എനിക്ക് ബോധ്യമായി. ദയവായി അവിടുത്തെ ചുമൽ എനിക്കൊന്ന് കാണിച്ചു തരണം. മുത്തുനബി ﷺ ചുമൽ കാണിച്ചു കൊടുത്തു. പ്രവാചകത്വമുദ്ര ശോഭയോടെ തിളങ്ങുന്നതദ്ദേഹം ദർശിച്ചു. മുത്ത് നബി ﷺയെ ചുംബിച്ചു കൊണ്ടദ്ദേഹം സത്യസാക്ഷ്യം മൊഴിഞ്ഞു. തുടർന്നദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു. മർയമിന്റെ പുത്രൻ ഈസാ പ്രവാചകൻ മുന്നറിയിപ്പ് നൽകിയ സത്യദൂതർ തന്നെയാണ് താങ്കൾ. ഈ മരച്ചുവിട്ടിൽ അങ്ങ് ഒരുനാൾ വിശ്രമിക്കുമെന്ന് അവിടുന്ന് സുവിശേഷം നൽകിയത് പൂർവ്വ ജഞാനികൾ ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്.
വേറിട്ട അനുഭവകൾക്ക് സാക്ഷിയായി മയ്സറ നബി ﷺ യോടൊപ്പം ശാമിലെത്തി. കച്ചവടം പ്രതീക്ഷിച്ചതിലേറെ മെച്ചമാണ്. ഇടപാടുകൾ നടക്കുന്നതിനിടയിൽ അതാ മറ്റൊരു മുഹൂർത്തം. കച്ചവടത്തിനിടയിൽ ചരക്കു സംബന്ധമായി ഒരാളോട് അഭിപ്രായ വ്യത്യാസമുണ്ടായി. അയാൾ ‘ലാത്ത’ യും ‘ഉസ്സ’യും സത്യം എന്ന് പറഞ്ഞു. കേട്ടമാത്രയിൽ തന്നെ നബി ﷺ പ്രതികരിച്ചു. എൻറെ ജീവിതത്തിൽ ഒരിക്കൽ പോലും ഞാൻ അവരെക്കൊണ്ട് സത്യം ചെയ്തിട്ടില്ല. എന്റെ നാട്ടിൽ ഞാനവയെ കാണുമ്പോൾ പിന്തിരിയുകയാണ് പതിവ്. ഈ വർത്തമാനത്തിൽ എന്തോ മഹത്വം കണ്ടെത്തിയ ഇടപാടുകാരൻ മയ്സറയെ സമീപിച്ചു സ്വകാര്യമായി പറഞ്ഞു. ഇദ്ദേഹം ഞങ്ങളുടെ വേദത്തിൽ പറയപ്പെട്ട അന്ത്യ പ്രവാചകനാണ് മയ്സറാ…
രംഗങ്ങളെല്ലാം മയ്സറ മനസ്സിൽ സൂക്ഷിച്ചു. തിരുനബി ﷺ ക്കൊപ്പം ശ്രദ്ധയോടെ തന്നെ സഞ്ചരിച്ചു. പതിവിൽ കവിഞ്ഞ വിജയമായിരുന്നു ഇത്തവണത്തെ സീസൺ. മയ്സറ നബി ﷺ യോട് പറഞ്ഞു. ഞങ്ങൾ ഖദീജയുടെ ചരക്കുകളുമായി പലപ്പോഴും കച്ചവടത്തിന് വന്നിട്ടുണ്ട്. ഇതുവരെയും ഇത്ര മെച്ചവും ലാഭവും കിട്ടിയിട്ടില്ല.
മയ്സറയുടെ ഹൃദയത്തിൽ നബി ﷺ യോട് എന്തെന്നില്ലാത്ത സ്നേഹം നിറഞ്ഞു. ഒരു ദാസനെപ്പോലെയായിരുന്നു നബി ﷺ യെ അദ്ദേഹം പരിചരിച്ചത്. യാത്രാ സംഘം മക്കയിലേക്ക് തിരിച്ചു. മടക്കയാത്രയിലും മേഘം തണൽ വിരിക്കുന്നത് അദ്ദേഹം പ്രത്യേകം നിരീക്ഷിച്ചു. മക്കയിലേക്കുള്ള ചരക്കുകൾ വഹിച്ച ഒട്ടക സംഘം. ഏറ്റവും മുന്നിലായാണ് നബിﷺ സഞ്ചരിച്ചിരുന്നത്. മയ്സറ സംഘത്തിന്റെ പിന്നിൽ യാത്ര ചെയ്തു. ഇടയിൽ വച്ച് മയ്സറയുടെ രണ്ട് ഒട്ടകങ്ങൾക്ക് എന്തോ രോഗം ബാധിച്ചു. അവ തീരെ നടക്കാൻ കൂട്ടാക്കുന്നില്ല. മയ്സറ ആകെ വിഷമത്തിലായി. ഒടുവിൽ മുന്നിൽ സഞ്ചരിക്കുന്ന നബി ﷺ യെ വിവരം ധരിപ്പിച്ചു. തങ്ങൾ അവയെ സമീപിച്ചു. എന്തോ ചിലത് മന്ത്രിച്ചു കൊണ്ട് അവയെ ഒന്നു തലോടി. അത്ഭുതമെന്ന് പറയട്ടെ അവകൾ ആരോഗ്യത്തോടെ സംഘത്തിന്റെ മുന്നിലെത്തി…
(തുടരും)
*ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി*

 

Part-20/365

കച്ചവട സംഘം മക്കയിലേക്ക് തിരിചെത്തുകയാണ്. യാത്രയിലുടനീളമുള്ള അത്ഭുത രംഗങ്ങൾ മയ്സറയുടെ ഓർമയിൽ സൂക്ഷിച്ചിട്ടുണ്ട്. അവ അദ്ദേഹത്തെ ഇതിനകം സ്വാധീനിച്ചു കഴിഞ്ഞു. സംഘം ‘ഉസ്ഫാൻ’ താഴ്‌വരയും കഴിഞ്ഞ് ‘മർറുളഹ്റാൻ’ അഥവാ ‘വാദി ഫാത്വിമ’ യിലെത്തി. മയ്സ്റ നബി ﷺ യെ സമീപിച്ചു കൊണ്ട്പറഞ്ഞു:
ബഹുമാന്യരേ… അവിടുന്ന് അൽപ്പം നേരത്തേ ഖദീജയുടെ അടുത്തെത്തുക. യാത്രാ വിവരങ്ങൾ ഔദ്യോഗികമായി അറിയിക്കുക. പ്രഭ്വിക്ക് വലിയ സന്തോഷമാവും. നേരത്തേയുള്ള ധാരണ പ്രകാരം രണ്ട് ഒട്ടകമാണ് നബി ﷺക്ക് പ്രതിഫലമായി കിട്ടേണ്ടത്. അതിലേറെയും നബി ﷺ ക്കു ലഭിക്കണം എന്നൊരാഗ്രഹം കൂടി മൈസറക്കുണ്ടായിരുന്നു.
നബിﷺ നിർദ്ദേശം സ്വീകരിച്ചു. ബീവി ഖദീജയുടെ ഭവനം ലക്ഷ്യം വച്ചു നീങ്ങി…
നട്ടുച്ച നേരം, ഖദീജ തോഴിമാർക്കും കൂട്ടുകാർക്കുമൊപ്പം മട്ടുപ്പാവിൽ ഇരിക്കുകയാണ്. ദൂരേക്ക് കണ്ണ് നട്ടിരിക്കുന്ന ഭവതിയുടെ മുന്നിൽ ഒരു ചുവന്ന ഒട്ടകം പ്രത്യക്ഷപ്പെട്ടു. മുത്തു നബി ﷺയേയും വഹിച്ചു കൊണ്ടുള്ള വാഹനമാണത്. പ്രസന്നതയും പ്രൗഢിയും ഒത്തു ചേർന്ന മുഖഭാവത്തോടെയാണവിടുന്ന്. പെട്ടെന്ന് ഖദീജയും ഒരു കാര്യം ശ്രദ്ധിച്ചു. ‘അൽ അമീൻ’ ന് മേഘം പ്രത്യേകം തണൽ വിരിക്കുന്നു. മേഘം ഒപ്പം സഞ്ചരിക്കുന്നു. കൗതുകത്തോടെ അവർ നോക്കി നിന്നു.
തിരുനബി ﷺ ഖദീജയുടെ വസതിയിലേക്ക് പ്രവേശിച്ചു. അതെ, സൗന്ദര്യത്തിന്റെ പ്രതീകമായ മുത്തുറസൂൽ മക്കയിലെ സുന്ദരിയും രാജാത്തിയുമായ ഖദീജയുടെ വസതിയിൽ എത്തിച്ചേർന്നു. ഉപചാരപൂർവ്വം സ്വീകരിച്ചു. കച്ചവട കാര്യങ്ങൾ അറിയുന്നതിനു മുമ്പ് ഒരു കാര്യം മഹതിക്ക് തീർച്ചപ്പെടുത്തേണ്ടിയിരുന്നു. അത് മറ്റൊന്നുമല്ല. മേഘത്തിന്റെ തണലും സഞ്ചാരവും. അതിനവർ ഒരു കൗശലം പ്രയോഗിച്ചു. മൈസറ എവിടെ? നബി ﷺയോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു ഇതാ തൊട്ടടുത്ത താഴ്‌വരയിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊന്ന് വേഗം വരാൻ പറയാമോ? ഖദീജ അപേക്ഷിച്ചു. മേഘത്തിന്റെ സഞ്ചാരം ഒന്ന്‌ കൂടി കണ്ട് ഉറപ്പിക്കാൻ പ്രയോഗിച്ച ബുദ്ധിയായിരുന്നു അത്. മുത്ത് നബിﷺ ഒട്ടകപ്പുറത്തേറി. ഖദീജ വീണ്ടും മട്ടുപ്പാവിൽ കയറി രംഗം വീക്ഷിച്ചു. വൈകാതെ നബി ﷺയും മയ്സറയും തിരിച്ചെത്തി. കച്ചവടകാര്യങ്ങളെക്കാൾ അൽ അമീനുമൊത്തുള്ള യാത്രയെ കുറിച്ചറിയാനായിരുന്നു ഭവതിക്ക് തിടുക്കം. മൈസറ ആയിരം നാവോടെ സംസാരിച്ചു തുടങ്ങി. സ്വഭാവ മേന്മകൾ, അത്ഭുതങ്ങൾ, ലഭിച്ച സൗഭാഗ്യങ്ങൾ അങ്ങനെ..അങ്ങനെ…
ഖദീജ ദർശിച്ച മേഘത്തിന്റെ സഞ്ചാരം അവർ കൂട്ടിച്ചേർത്തു. മൈസറക്ക് ആ കാഴ്ച പതിവായിക്കഴിഞ്ഞിരുന്നു, അതദ്ദേഹം എടുത്തു പറഞ്ഞു. പുരോഹിതൻ നസ്തുറായും അദ്ദേഹത്തിന്റെ സുവിശേഷവും വിശദീകരിച്ചു, എല്ലാം ശ്രദ്ധിച്ചു കേട്ട ഖദീജയിൽ ചില സൗഭാഗ്യങ്ങൾക്കുള്ള പ്രതീക്ഷകൾ മുളയെടുത്തു, പതിവിൽകവിഞ്ഞ പാരിതോഷികം നൽകി യാത്രയാക്കി. നാല് ഒട്ടകങ്ങളായിരുന്നു നൽകിയത് എന്നും നിവേദനമുണ്ട്..
തിഹാമയിലെ ‘ഹബാശ’ മാർക്കറ്റിലേക്കുള്ള ഒരു വ്യാപാരയാത്രയെ കുറിച്ചും ചരിത്രം പരാമർശിക്കുന്നുണ്ട്. ‘ജുറശ്’ എന്ന ഒരു പേര് കൂടി ഈ സ്ഥലത്തെ കുറിച്ച് പ്രയോഗിച്ചു കാണാം. ഓരോ വ്യാപാര യാത്രക്കും ഓരോ പെണ്ണൊട്ടകം പാരിതോഷികമായി ലഭിച്ചിരുന്നുവത്രെ.
നബി ﷺ നേടിയ സമ്പത്തുകൾ സ്വന്തം വിനിയോഗിച്ച് തീർക്കാനായിരുന്നില്ല. മൂത്താപ്പയേയും കുടുംബത്തേയും സഹായിക്കാനായിരുന്നു. ചില തത്വങ്ങൾ കൂടി ഇവിടെ ഉൾ ചേർന്നിരിക്കുന്നു. അബൂത്വാലിബിൽ നിന്ന് നബി ﷺക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് പ്രത്യുപകാരം ചെയ്യാൻ അല്ലാഹു നൽകിയ അവസരമായിരുന്നു അത്. നബി ﷺ പ്രബോധന വഴിയിൽ പ്രവേശിച്ചപ്പോൾ കടപ്പാട് പറഞ്ഞ് വിധേയപ്പെടുത്താൻ ആരും മക്കയിൽ ഉണ്ടായിരുന്നില്ല എന്ന് സാരം. ഏറ്റവും ഉപകാരം ചെയ്ത അബൂത്വാലിബിന് പോലും അതിലേറെ കടപ്പാട് നബി ﷺയോടായിത്തീർന്നു. ആരെങ്കിലും ഒരു ഉപകാരം ചെയ്താൽ അതിനേക്കാൾ നല്ല പ്രത്യുപകാരം ചെയ്യുക. ഒരു സമ്മാനം നൽകിയാൽ അതിനേക്കാൾ നല്ല സമ്മാനം തിരിച്ചും നൽകുക. പ്രശംസിച്ചാൽ സന്തോഷവാക്കുകൾ പിശുക്കില്ലാതെ തിരിച്ചു നൽകുക. ഇതെല്ലാം നബി ﷺ ജീവിതത്തിലുടനീളം നിലനിർത്തിയ ഗുണങ്ങളായിരുന്നു. പ്രവാചകരെ അനുകരിക്കുന്നവർ ഇന്നും അതു ശീലമാക്കുന്നു.
യുവത്വത്തിന്റെ പ്രസരിപ്പിൽ സൗന്ദര്യത്തിന്റെ വിശ്വരൂപമായി മുത്തുനബി ﷺ തിളങ്ങുകയാണ്. ഇപ്പോൾ അവിടുത്തെ പ്രായം ഇരുപത്തി അഞ്ചായി. സാധാരണയിൽ വിവാഹം നടക്കുന്ന പ്രായം. മണവാളനാകുന്ന പ്രായത്തിൽ നിൽക്കുന്ന വ്യക്തിയുടെ സൗന്ദര്യം പരിചയപ്പെട്ടാലോ?
(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി

 

Part-21/365

മുത്ത് നബി ﷺയുടെ സൗന്ദര്യം വർണനകൾക്കതീതമാണ്. അവിടുത്തെ രൂപ ലാവണ്യം ഉള്ളത് തന്നെ എഴുതാനോ പറയാനോ കഴിയുന്നതിനും അപ്പുറമാണ്. ലോകത്ത് മറ്റൊരാളുടെ സൗന്ദര്യവും ഇത്രമേൽ വായിക്കപ്പെടുന്നില്ല. മറ്റൊരാളുടെ സൗന്ദര്യത്തെ കുറിച്ചും ഇത്രയധികം രചനകളില്ല. ഇന്നും ലക്ഷക്കണക്കിന് പഠിതാക്കൾ നബി ﷺയുടെ സൗന്ദര്യം പഠിക്കുന്നു. അക്കാദമിക സിലബസിന്റെ ഭാഗമായി തന്നെ പ്രാധാന്യത്തോടെ അപഗ്രഥിക്കുന്നു. പ്രവാചകർ ﷺയെ നേരിട്ട് കണ്ട് അനുഭവിച്ചവർ മുതൽ മുറിയാത്ത പരമ്പരയോടെ അവിടുത്തെ ആകാരം പരിചയപ്പെടുത്തുന്നു. ശാരീരികമായി മൺമറഞ്ഞിട്ട് ഒന്നര സഹസ്രാബ്ദ ത്തോളം പിന്നിട്ടിട്ടും അവിടുത്തെ ചേലും ചന്തവും കൗതുകത്തോടെ പരിചയപ്പെടുന്നു. ഒരു പ്രതിമയും ഫോട്ടോയും ഇല്ലാതെ തന്നെ പര കോടികളുടെ ഹൃദയത്തിൽ ആ വിശ്വസൗന്ദര്യം തിളങ്ങി നിൽക്കുന്നു.
ഇങ്ങനെയൊരു വ്യക്തിത്വത്തിന്റെ സൗന്ദര്യം എങ്ങനെ പകർത്താനാണ്. പ്രാമാണിക ഗ്രന്ഥങ്ങളിൽ രേഖപ്പെട്ടു കിടക്കുന്ന പരാമർശങ്ങളെ ഒന്നു വായിക്കാമെന്നു മാത്രം. പ്രാഥമികാർത്ഥത്തിൽ ഒന്നു പരിചയപ്പെടാൻ ശ്രമിക്കാം. അതിനപ്പുറം ഇങ്ങനെത്തന്നെയായിരുന്നു എന്നെഴുതാൻ ഒരിക്കലും ഒരെഴുത്തുകാരനും ധൈര്യം വരില്ല. ലളിതമായി നമുക്കൊന്ന് വായിച്ചു നോക്കാം.
ആന്തരികവും ബാഹ്യവുമായ സൗന്ദര്യത്തിന്റെ പൂർണതതയായിരുന്നു അവിടുന്ന്.
സൗന്ദര്യവും പ്രൗഢിയും ഒരു പോലെ തികഞ്ഞ മുഖഭാവം. അത് തങ്ങൾക്ക് മാത്രമുള്ള പ്രത്യേകതയായിരുന്നു. തിരുശരീരത്തിൽ എന്തെങ്കിലും ഒന്ന് കുറഞ്ഞ്പോയി എന്നോ കൂടിപ്പോയി എന്നോ പറയാനുണ്ടായിരുന്നില്ല. ചുവപ്പു കലർന്ന വെളുപ്പു നിറം. ഒപ്പം സ്വർണ്ണവും വെള്ളിയും ചേർത്ത് മിനുസപ്പെടുത്തിയ പോലെയുള്ള തിളക്കം. തിരുമേനിയിൽ രോമമില്ലാത്ത ഭാഗങ്ങളിൽ നിന്നെല്ലാം പ്രകാശം പൊഴിച്ചിരുന്നു. അവിടുത്തെ സാന്നിധ്യം തന്നെ പരിസരങ്ങളെ പ്രകാശിപ്പിക്കും. നീണ്ടവരോ നീളം കുറഞ്ഞവരോ അല്ല. എന്നാൽ ഒരു സദസ്സിൽ ഇരുന്നാൽ ഏറ്റവും ഉയർന്നു കാണുക അവിടുത്തെ ശിരസ്സായിരുന്നു. ഒരു കൂട്ടത്തിൽ നടന്നാൽ
മറ്റെല്ലാവരും മുത്ത് നബി ﷺ യേക്കാൾ നീളം കുറഞ്ഞവരായേ കാണൂ. തലയെടുപ്പം പ്രൗഢിയും എപ്പോഴും ഉദിച്ചു കാണും.
മാംസം തിങ്ങികൂടിയ ശരീര പ്രകൃതമല്ല. വണ്ണമുള്ള ആൾ എന്നോ മെലിഞ്ഞൊട്ടിയ ആൾ എന്നോ പറയാൻ പറ്റില്ല. ഒത്ത പ്രകൃതം. അവസാനകാലത്ത് അപേക്ഷികമായി തടി പുഷ്ടിപ്പെട്ടു. എന്നാൽ പേശികൾ അയഞ്ഞു പോവുകയോ ശരീരത്തിൽ പ്രായം പ്രതിഫലിക്കുകയോ ചെയ്തില്ല. കാലമോ കാലാവസ്ഥയോ ശരീരത്തിന്റെ സൗന്ദര്യം കുറച്ചില്ല. നിത്യശോഭയിൽ നിലനിന്നു.
പൂർണ്ണ ചന്ദ്രന് സമാനമായ മുഖപ്രഭാവം. നബി ﷺയെ വിശേഷിപ്പിച്ചവരെല്ലാം പൂർണ ചന്ദ്രനെ ഉദാഹരിച്ചു. അത് അലങ്കാരത്തിനായിരുന്നില്ല. അവിടുത്തെ മുഖത്തിന്റെ വർണ്ണവും ഭാവവും പരിചയപ്പെടുത്താൻ വേറൊരുദാഹരണം ലഭിച്ചില്ല എന്നതിനാലാണ്. തിളങ്ങുന്ന നെറ്റിത്തടം. പ്രകാശം പൊഴിക്കുന്ന കവിൾ തടങ്ങൾ.’ ജാബിർ (റ) പറയുന്നു. ഒരു പതിനാലാം രാവിന് ചുവന്ന വസ്ത്രമണിഞ്ഞ് തിരുനബി ﷺ സമാഗതമായി. ഞാൻ അവിടുത്തെ മുഖത്തേക്കും മാനത്തെ അമ്പിളിയിലേക്കും മാറി മാറി നോക്കി. അല്ലാഹു സത്യം..! മാനത്തെ ചന്ദ്രനേക്കാൾ പ്രകാശം മുത്ത് നബി ﷺ യുടെ തീരുമുഖത്തിന് തന്നെയായിരുന്നു.
അബൂഹുറൈറാ (റ)പറയുമായിരുന്നു, മുത്ത് നബി ﷺയെ നോക്കിയാൽ ആ മുഖത്ത് കൂടി സൂര്യൻ സഞ്ചരിക്കുന്നപോലെ–ബറാഅ (റ)നോട് ചോദിച്ചു. നബി ﷺയുടെ മുഖം വാളു പോലെയായിരുന്നോ? അദ്ദേഹം പറഞ്ഞു അല്ല. ചന്ദ്രനെപ്പോലെയായിരുന്നു. അഥവാ വെട്ടിത്തിളങ്ങുന്നതോ ദീർഘാകൃതിയിലോ അല്ല. മറിച്ച് ശാന്തമായ തിളക്കമുണ്ടായിരുന്നു. വൃത്താകൃതിയിലുമായിരുന്നു എന്ന്. എന്നാൽ പൂർണ വൃത്തമല്ല. നീളവും വൃത്തവും ഇണക്കമുള്ള ഒരു ഭാവം.
തങ്ങളുടെ ചിന്തയും വിചാരങ്ങളും മുഖത്ത് നിന്ന് വായിക്കാമായിരുന്നു. ഗൗരവമുള്ള വിചാരങ്ങളുള്ളപ്പോൾ മുഖം ചുവന്നു തുടുക്കും. സന്തോഷം നിറയുമ്പോൾ കൂടുതൽ പ്രകാശിക്കും. ദൂരെനിന്നു നോക്കുമ്പോൾ പ്രൗഡിയുടെ പ്രതീകം. പെട്ടെന്ന് പ്രത്യക്ഷപ്പെട്ടാൽ കാഴ്ചക്കാരന്റെ ഹൃദയത്തിൽ ആദരവ് നിറയും. അടുത്തുചേർന്നു നിൽക്കുമ്പോൾ സ്നേഹം കവിഞ്ഞൊഴുകും. സഹവസിക്കുമ്പോൾ പ്രണയംകൂടും. കൽപനകളുടെ നേരത്ത് മുഖത്ത് പ്രൗഢി. നിർദ്ദേശങ്ങളുടെ സമയത്ത് സൗകുമാര്യത. തമാശയുടെ നേരത്ത് നിറഞ്ഞ പുഞ്ചിരി. അല്ലാഹുവിനെ കുറിച്ച് പറയുമ്പോൾ തികഞ്ഞ വിനയം. അങ്ങനെ വേണ്ടതെല്ലാം ഒത്തു ചേർന്ന ഒരു മുഖശോഭ..
(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി

 

Part-22/365

‘വിടർന്ന കണ്ണുകൾ, സുറുമ അണിഞ്ഞില്ലെങ്കിലും സുറുമ ഇട്ടപോലെ. കണ്ണിന്റെ വെളുത്ത ഭാഗത്ത് ഒരു ചുവപ്പ് ചേർന്ന ശോഭ. കൃഷ്ണമണിക്ക് അഴകാർന്ന കറുപ്പ്. നേർത്തു നീളമുള്ള കറുത്ത കൺപീലികൾ. കൺകോണുകൾക്ക് ഒരു നേർത്ത ചുവപ്പ്. രോമം നിറഞ്ഞ ലക്ഷണമൊത്ത പുരികങ്ങൾ. ദൂരെ നിന്ന് നോക്കിയാൽ പുരികങ്ങൾക്കിടയിൽ വിടവില്ലെന്നു തോന്നും. എന്നാൽ തിളക്കമുള്ള ചെറിയ ഒരു വിടവുണ്ട്. കോപം വന്നാൽ അവിടെയുള്ള ഞരമ്പ് ഉദിച്ചു കാണും. അപ്പോൾ അകലെയുള്ളവർക്കും വിടവ് ദൃശ്യമാകും. നോട്ടം ഏറെയും നിരീക്ഷണമായിരുന്നു. വിനയത്തോടെ താഴേക്ക് നോക്കി നടക്കും. ഉചിതമല്ലാത്തത് ശ്രദ്ധയിൽ പെട്ടാൽ നാണം കൊണ്ട് കണ്ണുകൾ ഒരു പ്രത്യേക ഭാവത്തിൽ അടക്കും. അകാശത്തേക്ക് ദീർഘനേരം നോക്കിയിരിക്കും ആകാശത്തെ അത്ഭുതങ്ങൾ ആലോചിച്ചു കൊണ്ട്.
വിശാലമായ നെറ്റിത്തടം. സദസ്സുകളിൽ ഇരിക്കുമ്പോൾ പ്രത്യേകമായ ഒരു പ്രകാശം പരക്കും. ചിലപ്പോഴൊക്കെ ഒരു വിളക്ക് പോലെ പ്രഭ പരത്തും. മൃദുലമായ കവിൾ തടങ്ങൾ. മാംസം തൂങ്ങിയതോ മെലിഞ്ഞ് എല്ലുകൾ എടുത്തുകാണിക്കുന്നതോ അല്ല. കവിൾ തടത്തിന്റെ ശോഭമാത്രം പറയുന്ന പരാമർശങ്ങൾ ഗ്രന്ഥങ്ങളിൽ ഇടം പിടിച്ചിട്ടുണ്ട്. നിസ്കാരത്തിൽ നിന്ന് സലാം വീട്ടുമ്പോൾ പിന്നിലുള്ളവർ പ്രത്യേകം ആ കവിൾ തടങ്ങൾ ശ്രദ്ധിക്കുമായിരുന്നു. കവിൾ തടത്തിലേക്ക് മാത്രംസൂക്ഷിച്ചു നോക്കിയാൽ ശരീരത്തിന്റെ ആകെ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു. സാധാരണ കവിളുകളിൽ കാണുന്ന ഒരുയർച്ച അവിടുത്തേക്ക് കണ്ടിരുന്നില്ല. ശരീരത്തിന്റെ ഒരു ഭാഗത്തും ചുളിവുകളോ തടങ്ങളോ ഉണ്ടായിരുന്നില്ല.
അകലെനിന്ന് നോക്കിയാൽ നീണ്ട മൂക്കാണെന്ന് തോന്നും. യഥാർത്ഥത്തിൽ മൂക്കിന്റെ അഗ്രഭാഗം നേർത്തതും ശോഭ കൂടുതലുള്ളതുമായിരുന്നു. നടുവിലുള്ള ചെറിയ ഉദിപ്പും പ്രകാശവും ഗാംഭീര്യത്തെ അടയാളപ്പെടുത്തി. അവിടുത്തെ വായ ഇടുങ്ങിയതായിരുന്നില്ല, വിശാലതയുള്ളതായിരുന്നു. വായയുടെ ഘടനയും ഭാവവും സംഭാഷണത്തിന്റെ ഭംഗിയും സംസാരത്തിന്റെ വ്യക്തതയും നിർണയിക്കുന്നതാണ്. നീണ്ട ചുണ്ടുകൾ. പൂക്കൾ നിറഞ്ഞ് വെട്ടിയൊതുക്കിയ ചെടിയെ ഓർമപ്പെടുത്തുന്ന ഭംഗി. ചുണ്ടോട് ചുണ്ട് ചേരുന്ന ഭാഗം നേർത്ത് മൃദുലമായത്. വെളുത്ത മഞ്ഞു തുള്ളികൾ പോലെയുള്ള പല്ലുകൾ. പവിഴം പൊഴിയുന്ന പുഞ്ചിരി. പല്ലുകൾക്കിടയിൽനിന്ന് പ്രകാശം കാണപ്പെടും. മുൻപല്ലുകൾക്കിടയിൽ ഒരു നാര് പോലെയുള്ള വിടവ്. അവിടെ നിന്ന് ചിലപ്പോൾ നല്ല വെളിച്ചം പരക്കും. മതിലിൽ പ്രതിബിംബിച്ച വെളിച്ചം എവിടുന്നെന്ന് നോക്കിയപ്പോൾ സ്വഹാബികൾക്ക് അത് ബോധ്യമായി.
മൗനത്തിനെന്തൊരു വാചാലത. ആലോചിപ്പിക്കുന്നതായിരിക്കും അത്‌. ശബ്ദത്തിനെന്തു ഭംഗി. ഓരോ അക്ഷരവും വാചകവും വ്യക്തമാക്കുന്ന സംഭാഷണം. കുറഞ്ഞവാക്കുകളിൽ വലിയ ആശയങ്ങൾ നിറയും. ‘ജവാമി ഉൽ കലിം’ എന്നാണതിന് അറബിയിൽ പറയുക. ഒരക്ഷരം പോലും വിട്ടു പോകാതെ സദസ്സ് അവിടുത്തെ സംഭാഷണം ശ്രവിക്കുമായിരുന്നു. തലയിൽ ഇരിക്കുന്ന ഒരു കിളി പറന്നു പോകാതിരിക്കാൻ ഒരാൾ എത്രമേൽ ശ്രദ്ധാലുവായിരിക്കുമോ അത്രമേൽ ശ്രദ്ധാപൂർവമാണ് അനുചരന്മാർ നബി ﷺയുടെ സംഭാഷണം ശ്രവിക്കുക. ഈ ഉദാഹരണം ഹദീസിൽ തന്നെ വന്നിട്ടുണ്ട്.
ചറ പറാ വർത്തമാനം പറയുമായിരുന്നില്ല. അത്തരം സംഭാഷണം താത്പര്യപ്പെട്ടതുമില്ല. മോശമായ ഒരു വാക്കെങ്കിലും ഒരിക്കൽ പോലും ഉച്ചരിച്ചിട്ടില്ല. മനുഷ്യരുടെ രഹസ്യഭാഗങ്ങളെ കുറിച്ചോ മറ്റോ പറയേണ്ടി വന്നാൽ വ്യംഗ്യമായിട്ടു മാത്രമേപറയൂ. ആരെയും ആക്ഷേപിക്കില്ല. ശാപവാക്കോ ചീത്തവാക്കോ പറയാറില്ല.
വീതിയുള്ള ചുമലും പിരടിയും. ചുമലുകൾക്കിടയിൽ നല്ല വിശാലത. അഥവാ വിടർന്ന മാറിടം. കഴുത്തിനും പിരടിക്കും വെളളിയുടെ തിളക്കം. ഒരു പ്രതിമയുടേത് എത്രമേൽ മിനുസമായിരിക്കുമോ അത്രമേൽ മിനുസമെന്ന് ഹദീസിൽ. സാധാരണ കഴുത്തിൽ കാണപ്പെടുന്ന ചുളിവുകളോ മടക്കുകളോ ഇല്ല. കുപ്പായമിടാത്തപ്പോഴും തലമുടി പിരടിയിൽ എത്താത്തപ്പോഴും കഴുത്ത് തെളിഞ്ഞു കാണും. ആ സൗന്ദര്യം ആരും ശ്രദ്ധിച്ചുപോകും. നബിﷺ നെഞ്ചിനും വയറിനും ഒരേ ഉയർച്ചയായിരുന്നു. വയറ് അൽപം പോലും ഉന്തിയിട്ടില്ല. അരയുടുപ്പിന്റെയും ചുവട്ടിലാണ് താഴത്തെ മടക്ക്…
(തുടരും)
ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി

 

Part-23/365

വിശാലമായ ശിരസ്സ്. ബുദ്ധിശക്തിയെ പ്രകാശിപ്പിക്കുന്ന ലക്ഷണമൊത്ത ഭാവം. അവിടുത്തെ തലമുടി കൂടിപ്പിണഞ്ഞതോ പാറിപ്പറന്നതോ അല്ല. വാർന്നിടുമ്പോൾ മണൽ മടക്കുപോലെ. ചിലപ്പോൾ ചുമൽ വരെയും മറ്റു ചിലപ്പോൾ ചെവിക്കുറ്റി വരെയും താഴ്ന്നിട്ടുണ്ടാവും. നെറുകിൽനിന്ന് രണ്ട് ഭാഗമാക്കണമെങ്കിൽ അങ്ങനെ പിരിച്ചിടാമായിരുന്നു. ചിലപ്പോൾ അഴിച്ചിടും മറ്റു ചിലപ്പോൾ ഒതുക്കി വെക്കും. എണ്ണ പുരട്ടിയില്ലെങ്കിലും എണ്ണ പുരട്ടിയ പോലെ ഭംഗിയുണ്ടാകും.
നീണ്ട് തിങ്ങിയ താടി. വെട്ടിയൊതുക്കി ഭംഗിയുള്ള കീഴ്താടി. ചിന്തയിലാണ്ടിരിക്കുമ്പോൾ താടിയിൽ തഴുകിക്കൊണ്ടേയിരിക്കും. വുളൂഅ ചെയ്യുമ്പോൾ താടിരോമങ്ങൾക്കിടയിൽ വിരൽ കോർത്ത് കഴുകും. നഖവും രോമങ്ങളും കൃത്യമായ ഇടവേളകളിൽ വെട്ടി വൃത്തിയാക്കും. സാധാരണഗതിയിൽ നാൽപത് ദിവസത്തിനുള്ളിൽ രോമങ്ങൾ വൃത്തിയാക്കും. ആഴ്ചയിൽ നഖം മുറിക്കുന്ന ചിട്ടപാലിച്ചു. നഖം മുറിക്കുമ്പോൾ വലതു കൈയ്യുടെ ചൂണ്ടുവിരലിൽ തുടങ്ങി തള്ളവിരലിൽ അവസാനിക്കും. ഇടതുകൈ ചെറുവിരലിൽ തുടങ്ങി തള്ളവിരൽ വരെ തുടർച്ചയായി നഖം മുറിക്കും. മുടിചീകി വൃത്തിയാക്കുകയും ഒന്നിടവിട്ട ദിവസങ്ങളിൽ എണ്ണ തേക്കുകയും ചെയ്യും.
ശരീരത്തിൽ അധിക രോമമുള്ള പ്രകൃതമല്ല അവിടുത്തേത്. കൈത്തണ്ടയിലും നെഞ്ചിൻറെ മുകൾ ഭാഗത്തും പിരടി ഭാഗത്തും രോമങ്ങളുണ്ടായിരുന്നു. നെഞ്ച് മുതൽ പൊക്കിൾ വരെ ഒരു വര പോലെ രോമ നിരയുണ്ടായിരുന്നു. ഇതല്ലാത്ത രോമങ്ങൾ മാറിലോ വയറിൻറെ ഭാഗങ്ങളിലോ ഉണ്ടായിരുന്നില്ല. കക്ഷത്ത് രോമം ഉണ്ടാകാറുണ്ട്. രോമം ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും കക്ഷത്തു നിന്ന് ഒരു പ്രകാശം നിറഞ്ഞ വെളുപ്പായിരുന്നു. ദൃഢമായ കൈകാലുകൾ. ആരോഗ്യപൂർണമായ പേശികൾ. ബലമുള്ള എല്ലുകൾ. വലിപ്പവും കൂർമതയുമുള്ള അവയവാഗ്രങ്ങൾ. ദൃഢവും വീതിയുമുള്ള കൈമുട്ടുകൾ, കാൽമുട്ടുകൾ. വിശാലമായ ഉള്ളം കൈ. ഉറച്ച ശേഷിയുള്ള അവയവങ്ങൾ. പട്ടു പോലെ മാർദ്ദവമുള്ള കൈവെള്ള. ഞാൻ സ്പർശിച്ച ഏത് പട്ടിനേക്കാളും മാർദ്ദവമുള്ളതായിരുന്നു തിരുകൈപ്പത്തിയെന്ന് പിൽക്കാലത്ത് അനുചരന്മാർ പറഞ്ഞിട്ടുണ്ട്‌.
കാൽപാദങ്ങൾ ഉറച്ചത്. പാദത്തിന് പുറത്ത് വെള്ളം ഒഴിച്ചാൽ തങ്ങിനിൽക്കുന്ന മടക്കുകളോ ചുളിവുകളോ ഉണ്ടായിരുന്നില്ല. കാലിന്റെ ചൂണ്ട് വിരലിനായിരുന്നു ആപേക്ഷികമായി നീളം. മെലിഞ്ഞ മടമ്പുകൾ. കണങ്കാലിന് കസ്തൂരിയെ വെല്ലുന്ന സുഗന്ധം. നടക്കുമ്പോൾ മുന്നോട്ടരായൽ. ഉയരത്തിൽ നിന്ന് ഇറങ്ങിവരും പോലെ. ഓരോ ചുവടുകളും ചടുലം. പാദങ്ങൾ വലിച്ചിഴച്ച് നടക്കില്ല. പിൽക്കാലത്ത് ബീവി ആഇശ (റ) പറഞ്ഞു “അവിടുത്തെ ഓരോ ചുവടുകളും എടുത്തെടുത്ത് വെക്കുന്നതായിരുന്നു”.
ആരോഗ്യത്തിൽ ഏതു മല്ലനെയും വെല്ലാൻ ശക്തിയുണ്ടായിരുന്നു. പിൽക്കാലത്ത് മത്സരിച്ച് ഗുസ്തിക്കൊരുങ്ങിയ റുകാനയെ തങ്ങൾ ﷺ മലർത്തിയടിച്ചു. അറബ് ലോകത്തെ അറിയപ്പെട്ട ഫയൽവാനായിരുന്നു അയാൾ.
മുത്ത് നബി ﷺ യുടെ സൗന്ദര്യത്തെ കുറിച്ച് ഹസ്സാൻ(റ)പറഞ്ഞത്. ‘അവിടുന്ന് ഉദ്ദേശിച്ച പോലെ അല്ലാഹു പടച്ചു സംവിധാനിച്ചത് പോലെയുണ്ട് സൗന്ദര്യത്തിന്റെ തികവ്.’
യൂസുഫ് നബി (അ)ന്റെ സൗന്ദര്യത്തിൽ ആകൃഷ്ടരായ അന്നത്തെ വനിതകൾ കൈവശമുണ്ടായിരുന്ന ആപ്പിളിന് പകരം കൈവിരലുകൾ മുറിച്ചു. അവർ മുഹമ്മദ് ﷺ യുടെ സൗന്ദര്യം ദർശിച്ചിരുന്നെങ്കിൽ വിരലിനുപകരം ഹൃദയം മുറിക്കുമായിരുന്നുവത്രെ. കറുത്ത തലപ്പാവണിഞ്ഞ് ഒരിക്കൽ മുത്ത് നബി ﷺ പ്രതൃക്ഷപ്പെട്ടു. ബീവി ആഇശ (റ) ചോദിച്ചുവത്രെ അവിടുത്തെ വെളുപ്പാണോ ഈ കറുപ്പിന്റെ അഴക് എടുത്തു കാണിക്കുന്നത്. അതല്ല തട്ടത്തിൻറെ കടുത്ത കറുപ്പാണോ തങ്ങളുടെ വെളുപ്പ് ഉദിപ്പിച്ചുകാണിക്കുന്നത്. സ്വന്തത്തിൽ പരിപൂർണ സൗന്ദര്യം നിറഞ്ഞ് നിന്നതോടൊപ്പം കൃത്യമായ സൗന്ദര്യ സങ്കൽപങ്ങളും മുത്ത് നബി ﷺ ക്കുണ്ടായിരുന്നു.
ഭാഷക്കും ഭാവനക്കും പിടുത്തം തരാത്ത വിശ്വസൗന്ദര്യം. അത് പകർത്താൻ ഞാനെത്ര കസർത്ത് കാട്ടിയിട്ടെന്ത് കാര്യം. ആയുധം വെച്ച് കീഴടങ്ങുകയല്ലാതെ രക്ഷയില്ല….
(തുടരും)
ഡോ. ഫാറൂഖ് നഈമി അൽ ബുഖാരി

 

Part-24/365

നമുക്ക് തിരിച്ചു വരാം. മുത്ത് നബിﷺയുടെ സൗന്ദര്യ സ്വരൂപം നാം വായിച്ചു. ഏതൊരാളും മകൾക്ക് വേണ്ടി തെരഞ്ഞെടുക്കാവുന്ന എല്ലാ ഗുണങ്ങളും മുത്ത് നബിﷺയിൽ ഒത്തു ചേർന്നിരിക്കുന്നു. ഏതൊരു വനിതയും ആഗ്രഹിച്ച് പ്രണയിക്കാവുന്ന ആകർഷണീയതയുടെ പര്യായം. വിശ്വസുന്ദരിയെത്തന്നെ അന്വേഷിക്കാവുന്ന സൗന്ദര്യത്തിന്റെ പ്രതീകമാണല്ലോ മുത്തുറസൂൽ ﷺ. എന്നാൽ അരമനകൾ ചില ദൗത്യങ്ങൾക്ക് വേണ്ടി ഒരുങ്ങുകയാണ്. ഇത് കേവലം വൈകാരികമായ ഒരു വിവാഹ ചർച്ചയല്ല. ഒരു പുരുഷന് ഒരു സ്ത്രീ വേണ്ടേ എന്ന അർത്ഥത്തിലുമല്ല.
മക്കയെയും ലോകത്തെയും തന്നെ മാറ്റി മറിക്കുന്ന ഒരു വിവാഹാന്വേഷണം. ഖദീജ തന്റെ വിശ്വസ്ഥയായ നഫീസ ബിൻത് മുൻയയെ വിളിച്ചു. മുഹമ്മദ്ﷺനെ വിവാഹം കഴിക്കാനുള്ള താൽപര്യം അറിയിച്ചു. നബി ﷺ യുടെ താത്പര്യം അന്വേഷിക്കാൻ ഏൽപിച്ചു. നഫീസ പറയുന്നു. ഞാൻ രഹസ്യമായി നബി ﷺയെ സമീപിച്ചു. ഞാൻ ചോദിച്ചു. അവിടുന്ന് ഒരു വിവാഹം ചെയ്തു കൂടെ? എന്താണങ്ങനെ ചിന്തിക്കാത്തത്? എന്താ തടസ്സം? ഉടനെ പറഞ്ഞു. വിവാഹത്തിനാവശ്യമായ പണമൊന്നും ഞാൻ കരുതിയിട്ടില്ല. ഞാൻ ചോദിച്ചു. സാമ്പത്തികം പ്രശ്നമല്ല. സമ്പന്നയും കുലീനയുമായ ഒരു സുന്ദരിയെ ആലോചിച്ചാലോ? അങ്ങനെയൊരു ക്ഷണം ഇങ്ങോട്ട് വന്നാലോ? സമ്മതിക്കാൻ പറ്റുമോ?
ആരെയാണ് നിങ്ങൾ ഉദേശിക്കുന്നത്? നബി ﷺചോദിച്ചു. ഒറ്റവാക്കിൽ ഞാൻ പറഞ്ഞു ‘ഖദീജ’. ഓ അതെങ്ങനെ നടക്കാനാ? മുത്ത് നബിﷺ പ്രതികരിച്ചു. ഞാൻ പറഞ്ഞു. അതൊക്കെ ഞാൻ ഏറ്റു. വേണ്ടവിധത്തിലൊക്കെ ഞാൻ കൈകാര്യം ചെയ്തു കൊള്ളും. നബിﷺക്ക് വിയോജിപ്പില്ലെന്ന് മനസ്സിലാക്കിയ നഫീസ ഖദീജയെ അറിയിച്ചു. ഖദീജ ഔദ്യോഗികമായി നബിﷺയുടെ അടുത്തേക്ക് ആളെ അയച്ചു. അബൂത്വാലിബിനെ വിവരം ധരിപ്പിച്ചു.
മറ്റൊരു നിവേദനം ഇങ്ങനെയാണ്. നഫീസ വഴിയുള്ള അന്വേഷണത്തിന് ശേഷം ഖദീജ നേരിട്ടുള്ള സംഭാഷണത്തിന് അവസരമുണ്ടാക്കി. ഖദീജ ചോദിച്ചു. അവിടുന്ന് വിവാഹം ഉദ്ദേശിക്കുന്നില്ലേ? നബി ﷺ ചോദിച്ചു ആരുമായിട്ടാണ്? ഞാനുമായിട്ട്. അതെങ്ങനെ നടക്കാനാ?നിങ്ങൾ ഖുറൈശികളിലെ ഉന്നതയായ വിധവ. ഞാൻ ഖുറൈശി കുടുംബത്തിലെ ഒരനാഥൻ. അതൊന്നും പ്രശ്നമല്ല. എന്റെയടുത്ത് ഔദ്യോഗികമായി അന്വേഷണം എത്തിയാൽ എനിക്ക് സമ്മതമാണ്.
മറ്റൊരു വായനയിൽ ഇങ്ങനെ ഒരു തുടർച്ചയുണ്ട്. ബീവി ഖദീജ പറഞ്ഞു. ‘യബ്ന അമ്മീ’ (അല്ലയോ പിതൃസഹോദരന്റെ മകനേ) അവിടുത്തെ കുടുംബം, സ്വഭാവ മഹിമ, സത്യസന്ധത, സമൂഹത്തിലുള്ള അംഗീകാരം തുടങ്ങിയുള്ള മേന്മകളാണ് ഇത്തരം ഒരു മോഹത്തിന് കാരണം.
കുടുംബ ബന്ധുക്കളെ നാളെത്തന്നെ എന്റെ വീട്ടിലേക്കയക്കാമോ? ഖദീജചോദിച്ചു. നബി ﷺ വിവരം അബൂത്വാലിബിനെ അറിയിച്ചു. അദ്ദേഹം അടുത്ത ദിവസം തന്നെ ഖദീജയുടെ വീട്ടിലെത്തി. അത്യാദരപൂർവ്വം അവർ സ്വീകരിച്ചു. ഖദീജ പറഞ്ഞു തുടങ്ങി. ഓ അബൂത്വാലിബ്, താങ്കൾ എന്റെ പിതൃ സഹോദരനുമായി സംസാരിക്കുക. താങ്കളുടെ സഹോദര പുത്രൻ. മുഹമ്മദ്ﷺന് എന്നെ വിവാഹം ചെയ്തു നൽകാൻ പറയുക. ഖദീജാ എന്താണീ പറയുന്നത്. നീ കളിയാക്കുകയാണോ? അല്ല, സത്യം തന്നെ. അല്ലാഹുവിന്റെ നടപടി ഇങ്ങനെയൊക്കെയാണ്. അബൂത്വാലിബ് വേണ്ട ഏർപാടുകൾചെയ്തു.
വിവാഹനിശ്ചയം കഴിഞ്ഞു. മുത്ത് നബി ﷺ യുടെ പ്രായം ഇരുപത്തി അഞ്ച് വയസ്സും രണ്ട് മാസവും പതിനഞ്ച് ദിവസവും. ഖദീജ ബീവിയുടെ പ്രായം നാൽപത്‌ വയസ്സ്. വിവാഹത്തിലേക്ക് കടക്കും മുമ്പ് വധുവിനെയും നമുക്കൊന്ന് പരിചയപ്പെടാം.
ഖുറൈശീ തറവാടിന്റെ ശാഖയാണ് അസദ് ഗോത്രം. ഉന്നതഗണനീയരാണവർ. തിരുനബി ﷺ യുടെ അഞ്ചാം പിതാമഹനാണ് ഖുസയ്യ്. അദ്ദേഹത്തിന്റെ മകൻ അബ്ദുൽ ഉസ്സയുടെ മകൻ അസദ്. അദ്ദേഹത്തിന്റെ മകനാണ് ഖദീജയുടെ പിതാവ് ഖുവൈലിദ്. അബ്ദുൽ മുത്വലിബിന്റെ ഉറ്റമിത്രവും കൂടിയായിരുന്നു അദ്ദേഹം. അബ്ദുൽ മുത്വലിബ് യമൻ ഭരണാധികാരി സയ്ഫ് ബിൻ ദീ യസനിനെ അനുമോദിക്കാൻ പോയപ്പോൾ ഖുവൈലിദും ഒപ്പമുണ്ടായിരുന്നു.
ഖദീജയുടെ മാതാവ് ഫാത്വിമ, നബി ﷺ യുടെ ഒമ്പതാം പിതാമഹൻ ലുഅയ്യിന്റെ പരമ്പരയിലുള്ള സാഇദയുടെ പുത്രി, ഫാത്വിമയുടെ മാതാവ് ഹാല, നബി ﷺ യുടെ പിതാമഹൻ അബ്ദുമനാഫിന്റെ പുത്രിയാണ്. ഖദീജയുടെ കുടുംബം നബി ﷺയുടെ മൂന്നാം പിതാമഹനിൽ ഒത്തു ചേരുന്നു. നബിപത്നിമാരിൽ ഏറ്റവും അടുത്ത കുടുംബബന്ധം ബീവി ഖദീജയോടാണ്…
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി

 

Part-25/365

ബീവി ജനിച്ചതും വളർന്നതും‌ പിതാമഹൻ അബ്ദുൽഉസ്സയുടെ വീട്ടിലാണ്. കഅബാലയത്തിന്റെ മുറ്റത്ത്, കഅബയിൽ നിന്ന് വെറും ഒൻപതു മുഴം അകലെയായിരുന്നു അത്. രാവിലെ കഅബയുടെ നിഴൽ ഈ വീട്ടിലേക്കും വൈകുന്നേരം വീടിന്റെ നിഴൽ കഅബയിലേക്കും പതിക്കും. അപ്പോൾ കഅബയുടെ നിഴലിലാണ് ബീവി ജനിച്ചു വളർന്നത്.
ഖലീഫ ഉമർ(റ)ന്റെ കാലത്തും ആ വീട് അതേ സ്ഥാനത്ത് ഉണ്ടായിരുന്നു. അതിന്റെ മുറ്റത്തുണ്ടായിരുന്ന ഒരു മരത്തിന്റെ ശാഖയും മറ്റും കഅബ പ്രദക്ഷിണം വെക്കുന്നവർക്ക് ബുദ്ധിമുട്ടായി. ഉമർ(റ)അത് മുറിച്ചു മാറ്റുകയും ഒരു പശുവിനെ പകരമായി നൽകുകയും ചെയ്തുവത്രെ. ഉമർ(റ)ൻ്റെ അവസാനകാലത്ത് തീർത്ഥാടകരുടെ സൗകര്യത്തിന് വേണ്ടി വീട് തന്നെ പൊളിച്ച്നീക്കി. സ്ഥലം പള്ളിയിൽ ചേർത്തു.
ബീവി വളർന്നു വലുതായ ശേഷം കഅബയുടെ പരിസരത്ത് തന്നെ മറ്റൊരു വീട്ടിലേക്ക് മാറി. അജ് യാദിലെ ‘ജബൽ ഖൽഅ’ യിലുള്ള വീട്ടിൽ വെച്ചായിരുന്നു പ്രഥമ വിവാഹം. ഈ പ്രദേശം ഇന്ന് വികസനത്തിന്റെ ഭാഗമായി പൊളിച്ചുമാറ്റപെട്ടു.
തിരുനബിﷺ യുമായുള്ള വിവാഹസമയത്ത് മർവക്കടുത്തുള്ള ഭവനത്തിലാണ് താമസിച്ചിരുന്നത്. സുറാത് ബിൻ നബ്ബാശ്ന്റെ മകൻ ഹിന്ദ് ആയിരുന്നു ഖദീജയെ ആദ്യം വിവാഹം ചെയ്തത്. അബൂഹാല എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. തമീം ഗോത്രത്തിലെ പ്രമുഖ വ്യക്തിയായിരുന്നു അദ്ദേഹം. പ്രസ്തുത ദാമ്പത്യത്തിൽ ഹിന്ദ്, ഹാല എന്നീ രണ്ട് ആൺമക്കൾ ജനിച്ചു. പക്ഷേ യുവത്വത്തിൽ തന്നെ മരണം വരിച്ചു. അദ്ദേഹത്തിൻറേതായി മോശമല്ലാത്ത അനന്തര സ്വത്തും ബീവിക്ക് ലഭിച്ചു. വിധവയായി അധികനാൾ കഴിഞ്ഞില്ല. അടുത്ത വിവാഹം മഹതിയെത്തേടിയെത്തി. മഖ്സൂമി ഗോത്രത്തിലെ ആബിദിന്റെ മകൻ അതീഖായിരുന്നു വരൻ. പക്ഷേ ആ ദാമ്പത്യവും നീണ്ടു നിന്നില്ല. ഹിന്ദ് എന്ന മകളെ സമ്മാനിച്ച് യാത്രയായി.
വിവാഹ ക്രമത്തിൽ ആദ്യം ഹിന്ദായിരുന്നോ അതീഖായിരുന്നോ എന്നതിൽ അഭിപ്രായാന്തരങ്ങളുണ്ട്.
ഇരട്ട വിധവയും മൂന്ന് മക്കളുടെ മാതാവുമായ ബീവി പെട്ടെന്ന് മറ്റൊരു വിവാഹം ആലോചിച്ചില്ല. ഖദീജയുടെ കുലീനതയും സൗന്ദര്യവും സാമ്പത്തിക ഭദ്രതയും കാരണം. നിരവധി പ്രമുഖർ വിവാഹമാലോചിച്ചു. ആരെയോ കാത്തിരിക്കുന്ന പോലെ ഒരു അന്വേഷണത്തിനും സമ്മതം നൽകിയില്ല. ജാഹിലിയ്യാ കാലത്തും ശുദ്ധവതിയായി ജീവിച്ച അപൂർവ്വം വ്യക്തികളിൽ ഒരാളായിരുന്നു മഹതി. അന്നത്തെ അനാവശ്യങ്ങളുടെയൊന്നും ഒപ്പം ചേർന്നില്ല. ശുദ്ധവതി അഥവാ ‘ത്വാഹിറ’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ബുദ്ധിമതിയായ ബീവി ഉള്ള സമ്പത്ത് വ്യാപാരത്തിൽ വിനിയോഗിച്ചു. ക്രമേണ മക്കയിലെ വർത്തക പ്രമുഖയായി മാറി. ‘സയ്യിദതു നിസാഇ ഖുറൈശ്’ അഥവാ ഖുറൈശീ വനിതകളുടെ നേതാവ് എന്ന സ്ഥാനപ്പേര് കൂടി മഹതിക്ക് ലഭിച്ചു.
ബീവി മക്കളെ നന്നായി പരിചരിച്ചു. ഹിന്ദ് എന്ന പേര് മകനും മകൾക്കും ഭർത്താവിനും. ഇതൊരു കൗതുകകരമായ വസ്തുതയാണ്. മൂത്തമകൻ ഹിന്ദിൻറെ മകൻ ഹിന്ദ് ഉമ്മയോടൊപ്പം തന്നെ ജീവിച്ചു. അത് വഴി പിൽക്കാലത്ത് നബിﷺ യുടെ ശിക്ഷണവും ലഭിച്ചു. ആദ്യഘട്ടത്തിൽ തന്നെ ഇസ്‌ലാം സ്വീകരിച്ചു. പ്രവാചകർﷺയുടെ ശാരീരികവർണനയിലും സ്വഭാവ ആവിഷ്കാരത്തിലും മുന്നിലായിരുന്നു ഹിന്ദ്. പിൽക്കാലത്ത് മുത്ത് നബിﷺയുടെ പേര കുട്ടികൾ വരെ നബിﷺയുടെ വർണന കേൾക്കാൻ ഹിന്ദിനെ സമീപിക്കുമായിരുന്നു. ജമൽ യുദ്ധത്തിൽ അലി(റ)നൊപ്പം നിൽക്കുകയും കൊല്ലപ്പെടുകയും ചെയ്തു.
ഹാല എന്ന മകൻ പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ച് മദീനയിൽ വന്നതായിക്കാണാം. എന്നാൽ വിശദമായ ചരിത്രം ലഭ്യമല്ല.
മകൾ ഹിന്ദും ഉമ്മയോടൊപ്പം തന്നെ ജീവിച്ചു. പിതൃവ്യ പുത്രൻ സ്വഫിയ്യ് ബിൻ ഉമയ്യ അവരെ വിവാഹം ചെയ്തു. അതിൽ ‘മുഹമ്മദ്’ എന്ന ഒരു പുത്രനുണ്ടായി. മദീനയിൽ അറിയപ്പെട്ടു. അദ്ദേഹത്തിന്റെ സന്താന പരമ്പരയാണ് പിൽകാലത്ത് ബനൂത്വാഹിറ അഥവാ ഖദീജയുടെ മക്കൾ എന്ന പേരിൽ പ്രസിദ്ധരായത്. ബീവിയുടെ മറ്റു രണ്ട് സന്താനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ചരിത്രത്തിൽ നിന്ന് വ്യക്തമല്ല.
(തുടരും)

 

Part-26/365

വധൂവരന്മാരുടെ പിന്നാമ്പുറങ്ങൾ നമ്മൾ വായിച്ചു. ഓരോരുത്തരും ഇത്തരം ഒരു വിവാഹത്തിന് തയ്യാറായത് എന്ത് കൊണ്ട്. ചരിത്രത്തിന് ചിലതൊക്കെപ്പറയാനുണ്ട്. കുലീനയും സുന്ദരിയും ബുദ്ധിമതിയും സമ്പന്നയുമായ ഖദീജയുടെ കാരണങ്ങൾ എന്തൊക്കെയായിരുന്നു.
മുത്ത് നബി ﷺ യുടെ കുലീനത, സ്വഭാവശുദ്ധി, സ്വീകാര്യത ഇതിനെല്ലാം പുറമേ ആത്മീയമായ ചില സന്ദേശങ്ങൾ ലഭിച്ചത് പോലെ. നിയോഗപുരുഷന്റെ അരമനയിലേക്ക് പടച്ചവൻ കാത്ത് വെച്ച പോലെ.
ഇടയിൽ ഒരു സംഭവമുണ്ടായി. ഖുറൈശികളുടെ ഒരാഘോഷദിനം. മക്കയിലെ സ്ത്രീകളെല്ലാം കഅബയുടെ പരിസരത്ത് ഒരുമിച്ചു കൂടി. സ്ത്രീകൾക്കായി പ്രത്യേകം സംവിധാനിച്ച സ്ഥലം. ഖദീജയും അവിടെയുണ്ട്. എല്ലാവരും വിനോദങ്ങളിൽ ലയിച്ചിരിക്കുകയാണ്. വേദ ജഞാനിയായ ഒരു ജൂതൻ അവിടേക്ക് കടന്നു വന്നു. തീർത്ഥാടകനായി മക്കയിലെത്തിയതാണയാൾ. സ്ത്രീകളുടെ വേദിയിലേക്ക് തലയിട്ട് അയാൾ ഇങ്ങനെ പറഞ്ഞു. ഖുറൈശിവനിതകളേ! നിങ്ങൾക്കിടയിൽ വൈകാതെ തന്നെ ഒരു ദൈവദൂതൻ രംഗ പ്രവേശനം ചെയ്യും. നിങ്ങളിൽ ആരായിരിക്കും ആ മഹാത്മാവിന്റെ കിടപ്പറ പങ്കിടുക? ആരായിരിക്കും ആ ഭാഗ്യവതി? വേണമെങ്കിൽ ഒന്ന് ശ്രമിച്ചുനോക്കുക. ഇക്കിളി കലർന്ന ഈ വർത്തമാനം കേട്ട് സ്ത്രീകൾ പൊട്ടിച്ചിരിച്ചു. ചിലർ പൂഴിവാരി ജൂതനെ എറിഞ്ഞു. ചിലർ പഴി പറഞ്ഞു. എന്നാൽ ഖദീജ ഒന്നും പ്രതികരിച്ചില്ല. ആ വേദജ്ഞാനി പറഞ്ഞ കാര്യം ആലോചിച്ചു കൊണ്ടേ ഇരുന്നു.
നാളുകൾക്കു ശേഷം മൈസറ നബി ﷺ യെ പരിചയപ്പെടുത്തിയപ്പോൾ ആ വേദജ്ഞാനിയുടെ വാക്കുകൾ ഓർമ വന്നു. ശാമിലേക്കുള്ള യാത്രക്ക് ശേഷം ലഭിച്ച വിവരങ്ങൾ പ്രതീക്ഷയെ ശക്തിപ്പെടുത്തി. നേരിട്ടു കണ്ട അത്ഭുതങ്ങൾ കൂടിയായപ്പോൾ പിന്നെ കൂടുതൽ ആലോചിക്കാനില്ല.
നാൽപത് കൊല്ലമായി കഅബയുടെ മുറ്റത്തും ചാരത്തും തന്നെ താമസിച്ചു വളർന്നതാണല്ലോ ഖദീജ. മുഹമ്മദ് ﷺ യുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും അറിയാൻ മഹതിക്ക് അവസരം ലഭിച്ചിട്ടുണ്ട്. വരൾച്ചക്കാലത്ത് അബ്ദുൽ മുത്വലിബിന്റെ പ്രാർത്ഥന. ഒപ്പമുണ്ടായിരുന്ന മുഹമ്മദ് ﷺ മോൻ തുടങ്ങി അനുഭവങ്ങളുടെ ലോകത്താണല്ലോ മഹതി ജീവിച്ചത്.
ഇമാം കുലാ ഈ ഉദ്ദരിക്കുന്ന ഒരു പിന്നാമ്പുറം കൂടിയുണ്ട് വായിക്കാൻ. മൈസറയുടെ അവലോകനവും നേരിട്ടു കണ്ട അത്ഭുതങ്ങളും ഖദീജയെ ചിന്താധീനയാക്കി. നിജസ്ഥിതി അറിയാൻ വേണ്ടി വറഖത് ബിൻ നൗഫലിനെ സമീപിച്ചു. ബീവിയുടെ കുടുംബക്കാരനും വേദ പണ്ഡിതനുമായിരുന്നു അദ്ദേഹം. കാര്യങ്ങളെല്ലാം അദ്ദേഹം ശ്രദ്ധാപൂർവ്വം കേട്ടു. ശേഷം ഇങ്ങനെ പറഞ്ഞു. “ഓ ഖദീജാ.. ഈ പറഞ്ഞതെല്ലാം സത്യമാണെങ്കിൽ മുഹമ്മദ് ﷺ വാഗ്ദത്ത പ്രവാചകനാണ്. ഇങ്ങനെയൊരു പ്രവാചകൻ നിയോഗിക്കപ്പെടാനുണ്ടെന്ന് എനിക്ക് നേരത്തേ തന്നെ അറിയാം. ആ പ്രവാചകൻ രംഗ പ്രവേശനം ചെയ്യേണ്ട സമയം അടുത്തിട്ടുമുണ്ട്.” ഈ വിശദീകരണം ഖദീജക്ക് നന്നായി ബോധിച്ചു. സൗഭാഗ്യങ്ങൾ കാംക്ഷിച്ച് ഒരു സഹജീവിതത്തെ ആഗ്രഹിച്ചു.
വാഗ്ദത്ത നബിയുടെ വിശേഷങ്ങൾ പിന്നെയും വറഖത് ഖദീജക്ക് നൽകിക്കൊണ്ടിരുന്നു. ഇവിഷയികമായി കവിതകൾ രചിച്ച് എത്തിച്ചു കൊടുക്കാറുമുണ്ടായിരുന്നു. ചരിത്രഗ്രന്ഥങ്ങളിൽ ഈ കവിതാശകലങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.
ഏറെ കൗതുകകരമായ ഒരു നിവേദനം കൂടി ഇവിടെ ഉദ്ധരിക്കാനുണ്ട്. ഇമാം ഫാകിഹിയാണ് നിവേദനം ചെയ്യുന്നത്. അനസ്(റ) പറയുന്നു. ഖദീജയുടെ വിവാഹാന്വേഷണം അബൂത്വാലിബിന് ലഭിച്ചു. അദ്ദേഹം വേഗം തന്നെ സമ്മതമറിയിച്ചു. നേരിട്ടൊരു സംഭാഷണത്തിന് മുഹമ്മദ് ﷺ നെ ഖദീജയുടെ വീട്ടിലേക്കയച്ചു. മറ്റു ചില കാര്യങ്ങൾ സംസാരിക്കാൻ പരിചാരക നബ്അ: യേയും ഒപ്പമയച്ചു. നബ് അ തുടരുന്നു. ഞങ്ങൾ ഖദീജയുടെ വീട്ടിലേക്കെത്തി. അവർ വാതിൽ വരെ വന്ന് ഞങ്ങളെ സ്വീകരിച്ചു. സ്നേഹാദരങ്ങളോടെ ഖദീജ പറഞ്ഞു തുടങ്ങി. എന്റെ മാതാപിതാക്കൾ അവിടുത്തേക്ക് ദണ്ഡം. ഞാൻ ഇത്തരമൊരു ബന്ധത്തിന് ആലോചിക്കാൻ കാരണമുണ്ട്. അവിടുന്ന് ഈ സമുദായത്തിലേക്ക് നിയോഗിക്കപ്പെടാനുള്ള പ്രവാചകനായിരിക്കും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അങ്ങനെയെങ്കിൽ പ്രവാചകത്വത്തെ തുടർന്നും എന്നെ അംഗീകരിക്കുകയില്ലേ? പ്രവാചകനായി നിയോഗിക്കുന്ന അല്ലാഹുവിനോട് എനിക്ക് വേണ്ടി പ്രാർത്ഥിക്കില്ലേ? തിരുനബി ﷺ പ്രതികരിച്ചു. ആ വ്യക്തി ഞാനാണെങ്കിൽ.. ഒരിക്കലും മുറിയാത്ത ഒരു ബാധ്യതയിലാണല്ലോ നാം പരസ്പരം സമ്മതമാകുന്നത്. ഇനി ആ വ്യക്തി ഞാനല്ലെങ്കിൽ.. നിങ്ങൾ പ്രതീക്ഷയർപിച്ച നാഥൻ നിങ്ങളെ നിരാശപ്പെടുത്തുകയില്ല.

Part-27/365

ഇനി നമുക്ക് മുത്ത് നബിﷺയിലേക്ക് വരാം. ഏതൊരു വിശ്വസുന്ദരിയേയും ലഭിക്കാവുന്ന നബിﷺ എന്ത് കൊണ്ട് ഖദീജയെ തെരഞ്ഞെടുത്തു. അല്ലാഹുവിന്റെ പ്രത്യേകമായ ഒരു തെരഞ്ഞെടുപ്പ് എന്നതാണ് പ്രാഥമികമായ മറുപടി. നബിﷺയുടെ ബാല്യവും കൗമാരവും എല്ലാം പ്രത്യേകമായ ആത്മീയ ശിക്ഷണത്തിൽ തന്നെയാണല്ലോ കടന്നു വന്നത്. അതിന്റെ തുടർച്ചയാണിതും. ഖദീജയുമായുള്ള വിവാഹം ഭാവി ജീവിതത്തിൽ നൽകിയ പിന്തുണ ഇക്കാര്യം കൂടുതൽ ബോധ്യപ്പെടുത്തുന്നു.
അന്ത്യനാൾ വരെ ഉന്നയിക്കപ്പെടാവുന്ന വിവാഹ സംബന്ധിയായ മുഴുവൻ ആരോപണങ്ങൾക്കും മറുപടിയായിരുന്നു ഈ നിശ്ചയം. ഇരുപത്തി അഞ്ചു വയസ്സുള്ള നബിﷺ നാൽപത് വയസ്സുള്ള ഖദീജയെ വരിക്കുന്നു. ഖദീജയുടെ വിയോഗം വരെ ഇരുപത്തിയഞ്ച് കൊല്ലം പൂർണ സംതൃപ്തിയോടെ അത് തുടരുന്നു. ബഹുഭാര്യത്വം വ്യാപകമായ അറബ് സമൂഹത്തിലായിട്ട് പോലും മറ്റൊരു വിവാഹത്തെ ആലോചിച്ചത് പോലുമില്ല. ഒരു പുരുഷന്റെ ഇരുപത്തി അഞ്ച് മുതൽ അൻപത് വരെയുള്ള പ്രായം. നാൽപത് മുതൽ അറുപത്തി അഞ്ച് വരെ പ്രായമുള്ള ഭാര്യയോടൊപ്പം ഒരപസ്വരം പോലുമില്ലാതെ കഴിഞ്ഞു കൂടുന്നു. ഇങ്ങനെയൊരു വ്യക്തിക്കുമേൽ അമിത സ്ത്രീ താൽപര്യം ആരോപിക്കുന്നവർ ഏത് ലോകത്താണ് ജീവിക്കുന്നത്.?
ഓറിയന്റലിസ്റ്റുകൾ ഇവിടെ കണ്ടെത്തിയ ന്യൂനത മറ്റൊന്നായിരുന്നു. ഖദീജയുടെ സമ്പത്ത് മോഹിച്ചു കൊണ്ട് മുഹമ്മദ്ﷺ വിവാഹം ചെയ്തതായിരുന്നു എന്ന്. ഈ ആരോപണത്തിന് ചരിത്രപരമായി യാതൊരു നിലനിൽപുമില്ല. കാരണം നബിﷺയുടെ ജീവിതത്തിൽ ഒരിക്കൽ പോലും സാമ്പത്തിക മോഹം പ്രകടമാകുന്ന ഒരു സംഭവവും ഉദ്ദരിക്കാൻ കഴിയില്ല. ഖദീജയുടെ സമ്പത്ത് പോലും പ്രബോധന വഴിയിൽ പ്രയോജനപ്പെട്ടു എന്നത് ശരിയാണ്. എന്നാൽ സ്വയം ആഢംബരത്തിൽ ജീവിക്കാനോ ഖദീജയുടെ വ്യാപാരാധിപത്യം ഏറ്റെടുക്കാനോ ശ്രമിച്ചില്ല. കൊട്ടാരവും സിംഹാസനവും സ്വീകരിക്കാവുന്ന കാലത്തും കുടിലും ലാളിത്യവുമാണ് തൃപ്തിപ്പെട്ടത്. ലഭിച്ചത് മുഴുവൻ ആവശ്യക്കാർക്ക് നൽകുകയും ഉദാരതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. യുവാവായിരിക്കെ സ്വയം തെരഞ്ഞെടുത്തത് ലളിതമായ ഇടയവൃത്തിയായിരുന്നു. ശേഷം വ്യാപാര രംഗത്തേക്ക് വന്നത് മൂത്താപ്പയുടെ ആവശ്യാർത്ഥമായിരുന്നു. അത് വഴി സമാഹരിച്ച സ്വത്ത് മുഴുവൻ മൂത്താപ്പയുടെ കുടുംബാശ്വാസത്തിനാണ് വിനിയോഗിച്ചത്.
ഖദീജയുമായുള്ള വിവാഹം നബിﷺയുടെ ഭാഗത്ത് നിന്നുള്ള ആലോചന പ്രകാരമായിരുന്നില്ല. അങ്ങനെ പരാമർശിക്കുന്ന ഒരു ചരിത്രരേഖയും ഇല്ലതന്നെ. പൂർണമായും ബീവിയുടെ ഭാഗത്ത് നിന്നുള്ള അന്വേഷണമായിരുന്നു. ധനവും ശരീരവും താത്പര്യങ്ങളുമെല്ലാം ദൗത്യ നിർവ്വഹണത്തിനായി മാത്രം വിനിയോഗിച്ചു. അങ്ങനെ ഒരു പരിത്യാഗിയെയാണ് ചരിത്രം നേരേ വായിച്ചാൽ നബിﷺ യിൽ കാണാനാവുക.
ഏതൊരു കന്യകയേയും വരിക്കാവുന്ന കാലത്ത് തങ്ങളുടെ ദൗത്യത്തിന് ഉപയോഗപ്പെടുന്ന പക്വമതിയായ സ്ത്രീയെ സ്വീകരിച്ചു. ഇരട്ടവൈധവ്യമുള്ള മൂന്ന് മക്കളുടെ മാതാവായ ഒരു നാൽപതുകാരിയെ. ഈ തീരുമാനത്തെ ചരിത്രം എത്ര ശോഭയോടെയാണ് വായിക്കേണ്ടത്.
ഖദീജയുടെ പണം മോഹിച്ചു എന്ന് എഴുതിയവർ അവർ തന്നെ രേഖപ്പെടുത്തിയ ചില വസ്തുതകൾ മറന്നു പോയി. മറ്റൊന്നുമല്ല, ബീവിയുടെ മറ്റു മേന്മകൾ. ബുദ്ധി വൈഭവം, സൗന്ദര്യം, കാര്യശേഷി, സ്വീകാര്യത, ജീവിതാനുഭവങ്ങൾ, അങ്ങനെ നീളുന്നു ആ പട്ടിക.
ഇനി വിവാഹത്തിന്റെ നാളുകളിലേക്ക്. നിശ്ചയിച്ചുറച്ച വിവാഹത്തിന്റെ നടത്തിപ്പിനെകുറിച്ചുള്ള ചർച്ചകളാണ്. നബിﷺയുടെ ഭാഗത്ത് നിന്ന് വേണ്ടതെല്ലാം അബൂത്വാലിബ് ഏർപാട് ചെയ്തു. വിവാഹം വധുഗൃഹത്തിൽ വച്ചാണ് നിശ്ചയിച്ചിട്ടുള്ളത്. വരനും ബന്ധുക്കളും വധൂഗൃഹത്തിൽ ചെന്ന് പ്രതിജ്ഞ ചെയ്യുക. അങ്ങനെയാണ് ധാരണയായിട്ടുള്ളത്.
(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി

Part-28/365

പൗര പ്രമുഖരെയെല്ലാം അബൂത്വാലിബ് വിളിച്ചു വരുത്തി. മക്കയിലെ പത്തോളം പ്രമുഖരാണ് നവവരനൊപ്പം വധുഗൃഹത്തിലേക്ക് പുറപ്പെട്ടത്. വിവാഹ വേദി നന്നായി സംവിധാനിച്ചിട്ടുണ്ട്. വധുവിന്റെ കുടുംബത്തിലെ പ്രമുഖരും ഒത്തു ചേർന്നു. മുഖ്യ അതിഥിയായി വേദജ്ഞാനിയായ വറഖത് ബിൻ നൗഫലാണ് എത്തിയിട്ടുള്ളത്. പ്രാഥമികമായി വിവാഹ ഖുതുബ (പ്രത്യേക പ്രഭാഷണം) യിലേക് കടന്നു. അബൂത്വാലിബാണ് ഖുതുബ നിർവഹിച്ചത്. ഖുതുബയുടെ ഉള്ളടക്കം ഇങ്ങനെ വായിക്കാം. ‘എല്ലാ സ്തുതികളും അല്ലാഹുവിന്. അവൻ ഞങ്ങളെ ഇബ്റാഹീമി സന്താനങ്ങളിലും ഇസ്മാഈലീ പരമ്പരയിലും ഉൾപെടുത്തിയിരിക്കുന്നു. മഅദ്ദ് ന്റെ തറവാട്ടിലും മുളറിൻറെ താവഴിയിലുമാണ് ഞങ്ങൾ. അല്ലാഹു അവന്റെ ഭവനത്തിന്റെ പരിചാരകരും ഹറമിന്റെ പാറാവുകാരുമായി ഞങ്ങളെ തെരഞ്ഞെടുത്തു. സുരക്ഷിതമായ പവിത്രനഗരവും തീർത്ഥാടകർ എത്തുന്ന വിശുദ്ധ ഗേഹവും അവൻ ഞങ്ങൾക്കു നൽകി. ജനങ്ങൾക്കിടയിൽ വിധികർത്താക്കളായി ഞങ്ങളെ നിശ്ചയിച്ചു. എന്റെ സഹോദരൻ അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദ ﷺ ഏതൊരു യുവാവിനെക്കാളും എല്ലാ മേഖലയിലും മികച്ച വ്യക്തിത്വമാണ്. ആരോട് തുലനം ചെയ്താലും മുഹമ്മദ് ﷺ മുന്നിട്ടു നിൽക്കും. മഹത്വം, സാമർത്ഥ്യം ബുദ്ധി ഇങ്ങനെ ഏതു നോക്കിയാലും, പിന്നെ സമ്പത്തിൽ ചിലപ്പോൾ അൽപം കുറവുണ്ടാകും അത് നീങ്ങിക്കളിക്കുന്ന നിഴലാണല്ലൊ, തിരിച്ചു കൊടുക്കേണ്ട വായ്പയും. എന്നാൽ ഞാൻ പ്രഖ്യാപിക്കുന്നു. എന്റെ സഹോദരപുത്രന് എല്ലാത്തിനെയും മറികടക്കുന്ന സുവിശേഷം വരാനുണ്ട്. ഒരു സുപ്രധാന വിഷയം ആഗതമാകാനുണ്ട്.
‘എന്റെ സഹോദര പുത്രൻ നിങ്ങളുടെ അഭിമാന്യ പുത്രി ഖദീജയെ വിവാഹം കഴിക്കുകയാണ്. വിവാഹമൂല്യമായി പന്ത്രണ്ടര ഊഖിയ (500 ദിർഹം) സ്വർണമാണ് വധുവിന് നൽകുന്നത്.’ അബൂത്വാലിബിന്റെ പ്രഭാഷണം കഴിഞ്ഞ ഉടനെ വധുവിന്റെ ഭാഗത്ത് നിന്നും അംറ്ബിൻ അസദ് എഴുന്നേറ്റു. ഖദീജയുടെ പിതൃസഹോദരനാണദ്ദേഹം. അബൂത്വാലിബിന്റെ സംഭാഷണത്തിന് മറുപടി നൽകി. നിങ്ങൾ പറഞ്ഞ യുവാവ് സർവ്വാംഗീകൃത വ്യക്തിത്വമാണ്. ഈ അഭ്യർത്ഥന നിരസിക്കാവുന്നതല്ല. ഞങ്ങൾ ഖദീജയെ മുഹമ്മദ്ﷺന് വിവാഹം നടത്തിക്കൊടുത്തിരിക്കുന്നു. തുടർന്ന് വറഖത് ബിൻ നൗഫൽ സംഭാഷണം തുടങ്ങി. ‘സർവ്വസ്തുതികളും അല്ലാഹുവിന്. നിങ്ങൾ പറഞ്ഞ എല്ലാ പദവികളും അല്ലാഹു ഞങ്ങൾക്കും നൽകിയിരിക്കുന്നു. ഞങ്ങൾ അറബികളിലെ നേതാക്കളും ഉന്നതരുമത്രെ. നിങ്ങളും അതിനെല്ലാം അർഹരാണ്. നിങ്ങളുടെ ഔന്നത്യം അറബികളാരും വിലമതിക്കാതിരിക്കില്ല.നിങ്ങളുടെ പ്രൗഢിയും പ്രതാപവും ആരും ചോദ്യം ചെയ്യില്ല. നിങ്ങളുടെ മഹത്വത്തോടും കുടുംബത്തോടും ബന്ധം സ്ഥാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. അല്ലയോ ഖുറൈശികളേ, നിങ്ങളെല്ലാവരും സാക്ഷി: അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദുംﷺ ഖുവൈലിദിന്റെ മകൾ ഖദീജയും തമ്മിൽ മേൽ പറയപ്പെട്ട മഹ്റിനു (വിവാഹമൂല്യം) വിവാഹിതരായ വിവരം ഞാൻ പ്രഖ്യാപിക്കുന്നു.
അബൂത്വാലിബ് ഇടപെട്ടു. ശരി, വധുവിന്റെ പിതൃവ്യൻ കൂടി ഉടമ്പടി പ്രഖ്യാപിക്കണമെന്ന് ഞാനാഗ്രഹിക്കുന്നു. അംറ് ബിൻ അസദ് പറഞ്ഞു: അല്ലയോ ഖുറൈശികളേ, നിങ്ങളെല്ലാവരും സാക്ഷി അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദ്ﷺഉം ഖുവൈലിദിന്റെ മകൾ ഖദീജയും തമ്മിൽ വിവാഹിതരായിരിക്കുന്നു.
ഖദീജയുടെ മനസ്സ് ആനന്ദത്തേരിലേറി. ഉലകത്തിൽ ഒരു പെണ്ണിന് ലഭിക്കാവുന്ന ഏറ്റവും വലിയ ഭാഗ്യം ലഭിച്ചിരിക്കുന്നു. വൈധവ്യത്തിന്റെ മ്ലാനതയോ മാതൃത്വത്തിന്റെ ക്ഷീണമോ ഇല്ല. സൗഭാഗ്യത്തിന്റെ പ്രസന്നതയിൽ പുതുമാരനെ സ്വീകരിക്കാൻ മണവാട്ടി ഒരുങ്ങി. മക്കാനിവാസികൾ ഒന്നടങ്കം ആഘോഷത്തിന്റെ ഭാഗമായി. ഖദീജയുടെ തോഴിമാർ ദഫ് മുട്ടി പാട്ടുകൾ പാടി. ഖുറൈശീ വനിതകളുടെ നേതാവിന് ‘അൽ അമീൻ’ വരനായിരിക്കുന്നു. എവിടെയും സൗഭാഗ്യമെന്ന് മാത്രം പറയാൻ തുടങ്ങി. കവികൾ ആശംസാകവിതകൾ രചിച്ചു . കവിതാശകലങ്ങൾ പലരും ഏറ്റുചൊല്ലി. ഒരു വരി ഇങ്ങനെ പകർത്താം
“ലാ തസ്ഹദീ ഖദീജു ഫീ മുഹമ്മദീ- നജ്മുൻ യുളീഉ കമാ അളാ അൽ ഫർഖദു”
-മാർഗം തെളിയിക്കും പൊൻതാരകത്തെപ്പോൽ
ഒളിവിതറും മുത്ത് മുഹമ്മദിﷺൽ നിന്ന്
വിരക്തിയേ കൂടാതെ ആസ്വദിച്ചീടുവിൻ
ഭവതീ ഖദീജാ നീ (ആനന്ദ ഘോഷത്താൽ)…
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി

Part-29/365

വളരെ മംഗളമായി വിവാഹം നടന്നതിൽ അബൂത്വാലിബ് അതിയായി സന്തോഷിച്ചു. അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞു. “അല്ലാഹുവിനാണ് സർവ്വസ്തുതിയും അവൻ നമ്മുടെ പ്രയാസങ്ങൾ അകറ്റിത്തന്നു. വിഷമതകളെ ദൂരീകരിച്ചു”
വിവാഹത്തിന് വധൂ ഗൃഹത്തിൽ വിഭവസമൃദ്ധമായ സദ്യയായിരുന്നു. പശുവിനെ അറുത്താണ് ഭക്ഷണം തയ്യാർ ചെയ്തത്. മധുവിധുവിന്റെ ഭക്ഷണം (വലീമ) നബിﷺ തയ്യാർ ചെയ്തു. രണ്ട് ഒട്ടകങ്ങളെ അറുത്താണ് വിരുന്നൊരുക്കിയത്. നബിﷺ ഏറ്റവും കൂടിയ മഹർ (വിവാഹമൂല്യം) നൽകിയത് ബീവി ഖദീജക്കായിരുന്നു. ഇരുപത് ഒട്ടകമായിരുന്നു നൽകിയത് എന്നൊരഭിപ്രായം കൂടി ഉണ്ട് . രണ്ടഭിപ്രായങ്ങളും സമന്വയിപ്പിച്ച് ഇങ്ങനെ ഒരു വിശദീകരണവും വായിക്കാവുന്നതാണ്. അഥവാ മഹർ പറഞ്ഞത് പന്ത്രണ്ടര ഊഖിയയും പിന്നീട് നൽകിയപ്പോൾ മൂല്യത്തിന് തത്തുല്യമായ ഇരുപത് ഒട്ടകങ്ങളും എന്ന്.
ഖദീജയുമായുള്ള വിവാഹത്തിലൂടെ മുത്ത് നബിﷺക്ക്‌ ലഭിച്ചത് കേവലം ഒരു പത്നിയെ മാത്രമായിരുന്നില്ല. മറിച്ച് പക്വമതിയായ ഒരു സഹചാരിയെ കൂടിയാണ്. പ്രത്യക്ഷത്തിൽ പറയപ്പെടുന്ന അനാഥത്വത്തിൽ നിന്ന് സനാഥത്വം കൂടി ലഭിച്ച സാന്നിധ്യമായിരുന്നു. പരസ്പരം സ്നേഹവും ബഹുമാനവും സമം ചേർന്ന സമ്പർക്കുമായിരുന്നു പുലർത്തിയത്. ഇരുപത്തിയഞ്ച് വർഷത്തെ വൈവാഹിക ജീവിതത്തിന് ശേഷം നബിﷺ മറ്റു വിവാഹങ്ങൾ നടത്തി. അതിൽ കന്യകയായ ബീവി ആഇശയും ഉണ്ടായിരുന്നു. എന്നിട്ടും ഖദീജയോടുള്ള സ്നേഹവും മഹതിയെ കുറിച്ചുള്ള ഓർമകളും ജീവിതാവസാനം വരെ അവിടുന്ന് നിലനിർത്തിയിരുന്നു.
വിവാഹാനന്തരവും നബിﷺ വ്യാപാരവൃത്തികളിൽ ഏർപെട്ടിരുന്നു. അതിന് പ്രമാണമായി ചില സംഭവങ്ങൾ ഉണ്ട്. ഒരു സംഭവം ഇങ്ങനെയാണ്. മക്കയിലെ പ്രമുഖനായ ഉമയ്യത് ബിൻ അബിസ്സൽത്വ് തന്റെ സുഹൃത്തായ അബൂസുഫിയാനുമായി നടത്തിയ സംഭാഷണ മധ്യേ പറഞ്ഞു. ഞാൻ യമനിൽ നിന്ന് കച്ചവടയാത്ര കഴിഞ്ഞ് വീട്ടിലെത്തി. എല്ലാവരും എന്നെ സമീപിച്ചു. ആശംസകൾ നേർന്നു. എന്നെ കച്ചവടച്ചരക്കുകൾ ഏൽപ്പിച്ച ഓരോരുത്തരും ലാഭവിഹിതം അന്വേഷിച്ചു. കൂട്ടത്തിൽ മുഹമ്മദ്ﷺഉം വന്നു. ആശംസകൾ നേർന്നു. ക്ഷേമാന്വേഷണങ്ങൾ നടത്തി. കച്ചവട ലാഭത്തെകുറിച്ച് ഒന്നും ചോദിച്ചില്ല. യാത്ര പറഞ്ഞിറങ്ങി. എന്റെ ഭാര്യ ഹിന്ദ് അടുത്തുണ്ടായിരുന്നു. അവൾ പറഞ്ഞു. ഇതെന്തൊരത്ഭുതം. എല്ലാവരും അവരവരുടെ ലാഭമന്വേഷിച്ചാണ് എത്തിയത്. മുഹമ്മദ്ﷺ മാത്രം നിങ്ങളുടെ സുഖവിവരങ്ങൾ അന്വേഷിച്ചു മടങ്ങി.
ഉമയ്യത്തിന്റെ വിവരണം കേട്ട അബൂസുഫിയാൻ പറഞ്ഞു. എനിക്കും മുഹമ്മദ് ﷺ യുമായുള്ള ചില വ്യാപാരാനുഭവങ്ങൾ ഉണ്ട്. ഞാൻ കച്ചവടയാത്ര കഴിഞ്ഞ് കഅബ പ്രദക്ഷിണം ചെയ്യാനെത്തി. അവിടെ വെച്ച് മുഹമ്മദ്ﷺ നെ കണ്ടു. ഞാൻ പറഞ്ഞു. താങ്കൾ ഏൽപിച്ച കച്ചവടച്ചരക്കുകൾ ഇത്രയുണ്ടായിരുന്നു. നല്ല ലാഭം ലഭിച്ചു. വീട്ടിലേക്ക് ആളെ അയച്ചാൽ ലാഭം കൊടുത്തു വിടാം. എല്ലാവരിൽ നിന്നും ഞാനീടാക്കുന്ന ലാഭവിഹിതം താങ്കൾ എനിക്ക് തരേണ്ടതില്ല. ഉടനെ പ്രതികരിച്ചു. എല്ലാവരിൽ നിന്നും ഈടാക്കുന്ന ലാഭവിഹിതം എന്നിൽ നിന്നും ഈടാക്കണം. എങ്കിൽ മാത്രംമേ ലാഭം വാങ്ങാൻ ആളെ അയക്കുകയുള്ളൂ. ഞാൻ സമ്മതിച്ചു. ആളെ അയച്ചു .എന്റെ വിഹിതം ഈടാക്കിയ ശേഷമുള്ളത് ഞാൻ കൊടുത്തയച്ചു.
വിവാഹാനന്തരം സ്വയം പര്യാപ്തതയോടെ കുടുംബജീവിതം നയിച്ചു. വ്യാപാര വ്യവഹാരങ്ങളുടെ നീതിയും ന്യായവും സ്വന്തം ജീവിതത്തിലൂടെ കാണിച്ചു കൊടുത്തു. ഖദീജാ ബീവിയുമൊത്തുള്ള ജീവിതം മുത്ത് നബിﷺ യുടെ ചുറ്റുപാടുകൾ മെച്ചപ്പെടുത്തി. സന്തോഷ സസൂർണമായ ദാമ്പത്യ ജീവിതം നയിച്ചു. ഖദീജയുടെ സ്വപ്നങ്ങൾ വൈധവ്യത്തിന്റെ ലോകം വിട്ട് വലിയ ആകാശങ്ങൾ തേടി. പ്രതീക്ഷയുടെ പുതിയ നാളെകൾക്കായി കാത്തിരുന്നു. പ്രാണ നാഥന്റെ എല്ലാ താത്പര്യങൾക്കും ഒത്തു നിന്നു. മുത്ത്നബിﷺയെ ഭർത്താവായി കിട്ടിയതിൽ പിന്നെ ഖദീജ മക്കയിൽ ഏറെ ആദരിക്കപ്പെട്ടു.
നവദമ്പതികളുടെ ദാമ്പത്യവല്ലരിയിൽ നിന്ന് തേൻ നുകരാൻ പൂമ്പാറ്റകൾ അടുത്തു കൂടി. നിറകുസുമകൾക്ക് വേണ്ടി കാലവും കാത്തിരുന്നു…
(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി

Part-30/365

ആനന്ദത്തിന്റെ വസന്തത്തിൽ ദാമ്പത്യ വല്ലരിയിൽ മൊട്ടിട്ടു തുടങ്ങി. മുത്ത് നബിﷺയുടെ പത്നി ബീവി ഖദീജ(റ) ഗർഭവതിയായി. രണ്ടു പേർക്കും സന്തോഷം ഇരട്ടിച്ചു. ചരിത്രത്തിന്റെ പ്രബലാഭിപ്രായ പ്രകാരം മുഹമ്മദ്ﷺ ഖദീജ(റ) ദമ്പതികൾക്ക് ആറു മക്കൾ ജനിച്ചു. രണ്ടാൺമക്കളും നാല് പെൺമക്കളും.
ആദ്യമായി ജനിച്ച മകന് അൽഖാസിം എന്ന് നാമകരണം ചെയ്തു. അതോടെ നബിﷺ ഖാസിമിന്റെ പിതാവ് ‘അബുൽ ഖാസിം’ എന്ന് കൂടി വിളിക്കപ്പെട്ടു. പക്ഷേ അധികനാൾ കണ്ടനുഭവിക്കാൻ നിയോഗമുണ്ടായില്ല. രണ്ടു വയസ്സായപ്പോഴേക്കും ഖാസിം മരണപ്പെട്ടു. ജന്മനാ അനാഥത്വത്തിന്റെയും ആറാം വയസ്സിൽ ഉമ്മ മരണപ്പെട്ടതിന്റെയും വേദന സഹിച്ചതാണല്ലോ മുത്ത് നബിﷺ. ഇപ്പോഴിതാ മൂത്ത പുത്രൻ കുഞ്ഞു പ്രായത്തിൽ തന്നെ വിയോഗം തേടിയതിന്റെ ദുഃഖവും അവിടുന്ന് കടിച്ചിറക്കി. ഉടമയുടെ വിധിനിർണയങ്ങളിൽ അടിമ എങ്ങനെയൊക്കെ തൃപ്തിപ്പെടണമെന്ന് സ്വന്തം ജീവിതത്തിൽ കാണിച്ചു തന്നു. ഖദീജ(റ)യെ ആശ്വസിപ്പിച്ചു. ഖാസിമിന്റെ വിയോഗം രണ്ടു വയസ്സിലല്ല ഒട്ടകത്തിൽ കയറാൻ മാത്രം പ്രായമായതിന് ശേഷമാണ് എന്ന അഭിപ്രായവും കൂടി ചരിത്രത്തിലുണ്ട്.
രണ്ടാമത് ജനിച്ചത് മകൾ സൈനബ്(റ) ആണെന്നാണ് പ്രബലാഭിപ്രായം. മുത്ത് നബിﷺക്ക് അന്ന് മുപ്പത് വയസ്സായിരുന്നു എന്നാണ് ഇബ്നു അബദുൽ ബർറ് രേഖപ്പെടുത്തിയത്. സൈനബ്(റ) മാതാപിതാക്കൾക്കൊപ്പം ആനന്ദത്തോടെ വളർന്നു. വലുതായപ്പോൾ വിവാഹം കഴിച്ചയച്ചു. ഖദീജ(റ)യുടെ പിതൃസഹോദരന്റെ മകൻ അബുൽ ആസ് ബിൻ റബീആയിരുന്നു വരൻ. അവർക്ക് അലി എന്ന മകനും ഉമാമ എന്ന മകളും ജനിച്ചു. അലി ചെറുപ്പത്തിൽ തന്നെ മരണമടഞ്ഞു. മുത്ത് നബിﷺയുടെ മകൾ ഫാത്വിമ(റ)യുടെ വിയോഗാനന്തരം ഭർത്താവ് അലി(റ) ഉമാമയെ വിവാഹം ചെയ്തു. അത് ഫാത്വിമ(റ)യുടെ മുൻകൂട്ടിയുള്ള നിർദേശ പ്രകാരമായിരുന്നു.
സൈനബ് (റ) പ്രാരംഭത്തിൽ തന്നെ ഇസ്‌ലാം അനുസരിച്ചു. എന്നാൽ ഭർത്താവ് അബുൽ ആസ് അംഗീകരിച്ചില്ല. സൈനബ് (റ)മദീനയിലേക്ക് പലായനം ചെയ്തു. ഉപ്പയോടൊപ്പം ചേർന്നു. അബുൽ ആസ് ബദ്റിൽ മുസ്‌ലിം വിരുദ്ധ പക്ഷത്തായിരുന്നു. യുദ്ധത്തിൽ മുസലിംകൾ അദ്ദേഹത്തെ ബന്ധിയാക്കി. തടവിൽ നിന്ന് വിട്ടയച്ച ശേഷമാണ് സൈനബി(റ)നെ മദീനയിലേക്ക് പലായനത്തിനനുവദിച്ചത്. പിന്നെയും വർഷങ്ങൾ കടന്നു. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. സൈനബ് (റ)നോടൊപ്പം ജീവിച്ചു. പക്ഷേ നീണ്ടു നിന്നില്ല. ഹിജ്റയുടെ എട്ടാം വർഷം മുത്ത്നബിﷺയുടെ കാലത്ത് തന്നെ മരണപ്പെട്ടു. (അബുൽ ആസ്വിന്റെ ചരിത്രം പിന്നീട് വരും)
മുത്ത് നബിﷺക്ക് മുപ്പത്തി മൂന്ന് വയസ്സായപ്പോൾ മൂന്നാമത്തെ സന്തതി റുഖിച്ച ജനിച്ചു. വളർന്നു വലുതായപ്പോൾ അബൂലഹബിന്റെ മകൻ ഉത്ബയുമായി വിവാഹം നടന്നു. എന്നാൽ മധുവിധുവിന് മുമ്പ് തന്നെ ഉത്ബ വിവാഹ മോചനം നടത്തി. പിതാവ് അബൂലഹബിന്റെ നിർബന്ധപ്രകാരമായിരുന്നു അത്. പിന്നീട്‌ അവരെ ഉസ്മാൻ ബിൻ അഫ്ഫാൻ(റ)വിവാഹം ചെയ്തു. മഹതി ആദ്യനാളുകളിൽ തന്നെ ഇസ്‌ലാം സ്വീകരിക്കുകയും മദീനയിലേക്ക് പലായനം ചെയ്യുകയും ചെയ്തു. റുഖിയ്യ ഉസ്മാൻ(റ) ദമ്പതികൾക്ക് അബ്ദുല്ല എന്ന ഒരാൺകുഞ്ഞ് ജനിച്ചു. പക്ഷേ ആറാം വയസ്സിൽ പരലോകം പ്രാപിച്ചു. ഹിജ്റയുടെ രണ്ടാം വർഷം ബദർ യുദ്ധാനന്തരം മദീനയിൽ വെച്ച് ബീവി റുഖിയ്യ(റ)യും മരണപ്പെട്ടു. ഇരുപത് വയസ്സായിരുന്നു അന്ന് മഹതിയുടെ പ്രായം. ബീവിയെ ആദ്യം വിവാഹം ചെയ്തിരുന്ന ഉത്ബ മക്കാവിജയ ദിവസം ഇസ്‌ലാം സ്വീകരിച്ചു.
മുത്ത് നബി ﷺ യുടെ നാലാമത്തെ സന്തതിയായി മകൾ ഉമ്മു കുൽസൂം(റ) പിറന്നു. അബൂലഹബിന്റെ മകൻ ഉത്വൈബത് വിവാഹം ചെയ്തു. മധുവിധുവിന്റെ മുമ്പ് തന്നെ അദ്ദേഹം വിവാഹമോചനം ചെയ്തു. പിതാവിന്റെ സമ്മർദ്ദ പ്രകാരമായിരുന്നു അത്. ഉതൈബത് നബിﷺയുടെ വിരുദ്ധ പക്ഷത്ത് സജീവമായി. അലോസരകരമായ പ്രവർത്തനങ്ങൾ ചെയ്തു. പിന്നീട് അതിന്റെ ദുഃഖ ഫലങ്ങൾ അനുഭവിക്കുകയും ചെയ്തു. ബീവി റുഖിയ്യ( റ)യുടെ വിയോഗാനന്തരം ഉമ്മുകുൽസൂമി(റ)നെ ഉസ്മാൻ(റ) വിന് വിവാഹം ചെയ്തു കൊടുത്തു. ഹിജ്റ യുടെ മൂന്നാം വർഷമായിരുന്നു, റബീഉൽ അവ്വലിലായിരുന്നു അത്. എന്നാൽ ആ ജീവിതത്തിന് അധികം ധൈർഘ്യമുണ്ടായില്ല. ഹിജ്‌റ ഒൻപതാം വർഷം ഉമ്മുകുൽസും(റ) ശഅബാനിൽ മരണമടഞ്ഞു. ഈ സമയത്ത് ഉസ്മാൻ(റ) നെ പുകഴ്ത്തി ക്കൊണ്ട് നബിﷺഇങ്ങനെ പറഞ്ഞു. “എനിക്ക് പത്ത് പെൺമക്കൾ ഉണ്ടായിരുന്നെങ്കിൽ ഒന്നിന് പിറകെ ഒന്ന് എന്ന ക്രമത്തിൽ ഞാൻ ഉസ്മാനിന് വിവാഹം ചെയ്തു നൽകുമായിരുന്നു.”
(തുടരും)
ഡോ.മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി

1 Comment

  • Fakih
    October 4, 2022

    Very useful

    Reply

Leave a Reply