Mahabba Campaign Part-748
Tweet 748
ബസറയിൽ നിന്ന് അഹ്‌നഫ് ബിൻ ഖൈസ് അടങ്ങുന്ന ഒരു സംഘം ഖലീഫ ഉമറി(റ)ന്റെ അടുക്കലേക്ക് വന്നു. ഖലീഫയുടെ കഠിനമായ ഭക്ഷണവും പഴകിയ വസ്ത്രങ്ങളും കണ്ട് അദ്ദേഹം അത്ഭുതപ്പെട്ടു. മകളും തിരുനബിﷺയുടെ പത്നിയുമായ ഹഫ്‌സ(റ)യെ അവർ വിഷയം അറിയിച്ചു. അവർ ഉമറി(റ)നോട് കാര്യങ്ങൾ പറഞ്ഞു. അപ്പോൾ അദ്ദേഹം മകളോട് ചോദിച്ചു. യവത്തിന്റെ റൊട്ടി കൊണ്ടു പോലും വയറു നിറയ്ക്കാതെ ഇരുപത് കൊല്ലം കഴിഞ്ഞു കൂടിയ തിരുനബിﷺയുടെ ജീവിതം പരിചയമില്ലേ! മൂന്നുദിവസം തുടർച്ചയായി അവിടുന്ന് ഭക്ഷണം കഴിച്ചത് ഓർമ്മയില്ലല്ലോ!
തിരുനബിﷺയുടെ അരമനയിൽ കഴിഞ്ഞ പ്രിയപ്പെട്ട മകളുടെ ഇന്നലെകളെ ഓർമിപ്പിച്ചുകൊണ്ട് ഖലീഫ ഉമർ(റ) സംസാരിച്ചത് ഇങ്ങനെയായിരുന്നു. ഞാൻ എന്തുകൊണ്ട് ലളിതമായ ജീവിതം നയിക്കുന്നു എന്നതിനുത്തരം അവിടെയുണ്ട് എന്നായിരുന്നു വിശദീകരിച്ചത്.
പ്രവാചക ശിഷ്യരിൽ പ്രമുഖനും ഏറ്റവും കൂടുതൽ ഹദീസ് നിവേദനം ചെയ്ത പണ്ഡിതനുമായ അബൂ ഹുറൈറ(റ)യുടെ ഒരു നിവേദനം ഇങ്ങനെയുണ്ട്. ഒരു ദിവസം ഞാൻ തിരുനബിﷺയുടെ സന്നിധിയിലേക്ക് ചെന്നു. അപ്പോൾ അവിടുന്ന് ഇരുന്നു നിസ്കരിക്കുകയായിരുന്നു. ഞാൻ ചോദിച്ചു. എന്താണ് അവിടുന്ന് ഇങ്ങനെ ഇരുന്നു നിസ്കരിക്കുന്നത്? വിശപ്പുകാരണമെന്നായിരുന്നു അവിടുത്തെ മറുപടി. അതുകേട്ടതും ഞാൻ കരഞ്ഞുപോയി. ഉടനെ അവിടുന്ന് പറഞ്ഞു. അല്ലയോ അബൂഹുറൈറാ(റ), കരയേണ്ടതില്ല. ഇവിടെ വിശക്കുന്നവർക്ക് നാളെ വിശക്കേണ്ടി വരില്ല. പരലോകത്ത് അല്ലാഹുവിന്റെ മുന്നിൽ വിചാരണ ചെയ്യപ്പെടുമ്പോൾ വിജയിക്കാനാകുമല്ലോ!
മഹാനായ അബൂഹുറൈറ(റ)യുടെ നിവേദനത്തിൽ ഒരു സന്ദർഭം കൂടി ഇങ്ങനെ ഉദ്ധരിക്കുന്നത് കാണാം. ഒരിക്കൽ പ്രാരാബ്ദം നേരിടുന്ന ഒരാൾ തിരുനബി സന്നിധിയിലേക്ക് വന്നു. അദ്ദേഹത്തിന്റെ കഷ്ടപ്പാടുകൾ പറയുകയും ആവശ്യം ഉന്നയിക്കുകയും ചെയ്തു. തിരുനബിﷺ അപ്പോൾ അവിടുത്തെ ഭാര്യമാരുടെ അടുത്തേക്ക് ആളെ അയച്ചു. എന്തെങ്കിലും ഭക്ഷണസാധനങ്ങളുണ്ടെങ്കിൽ കൊടുത്തുവിടാൻ ആവശ്യപ്പെട്ടുകൊണ്ടായിരുന്നു അത്. വീട്ടിൽ പച്ചവെള്ളം മാത്രമേ ഉള്ളൂ എന്ന മറുപടിയായിരുന്നു ഓരോ പത്നിമാരുടെയും വീട്ടിൽ നിന്ന് ലഭിച്ചത്. അപ്പോൾ പ്രവാചകൻﷺ അനുയായികളോട് ചോദിച്ചു. ആരാണ് ഇദ്ദേഹത്തെ ഇന്ന് സൽക്കരിക്കുക? ഞാൻ സൽക്കരിച്ചു കൊള്ളാമെന്നു പറഞ്ഞു ഒരു അൻസ്വാരി അദ്ദേഹത്തെ കൂട്ടി കൊണ്ടുപോയി. അദ്ദേഹം വീട്ടിലെത്തിയപ്പോൾ തന്റെ ഭാര്യയോട് ചോദിച്ചു. എന്നോടൊപ്പമുള്ള അതിഥിയെ സൽക്കരിക്കാൻ ഇവിടെ എന്തെങ്കിലും ഉണ്ടോ? നമ്മുടെ മക്കൾക്കുള്ള ഭക്ഷണം മാത്രമേയുള്ളൂ എന്നായിരുന്നു മറുപടി. തന്ത്രപൂർവം മക്കളെ ഉറക്കുകയും അതിഥിയെ സൽകരിക്കുകയും ചെയ്തു എന്നാണ് ഈ നിവേദനത്തിന്റെ തുടർച്ച.
ഇമാം ജുറൈരി(റ) പറയുന്നു. ഇങ്ങനെയൊരു സംഭവം ഞാനറിഞ്ഞു. തിരുനബിﷺ അനുയായികൾക്കൊപ്പം ഇരിക്കുകയായിരുന്നു. ഇടയിൽ വെച്ച് അവിടുത്തെ വയർ ഒന്ന് തടകി. ഉടനെ സദസ്സിൽ ഉണ്ടായിരുന്ന ഒരാൾ ചോദിച്ചു. എന്റെ മാതാപിതാക്കളെ ഞാൻ അവിടത്തേക്ക് സമർപ്പിച്ചിരിക്കുന്നു. എന്താണ് അവിടത്തേക്ക് വയറ്റിൽ എന്തെങ്കിലും പ്രയാസമുണ്ടോ?
രോഗമോ ബുദ്ധിമുട്ടുകളോ ഒന്നുമില്ല. വിശപ്പിന്റെ വിളിയാളം മാത്രമേ ഉള്ളൂ. മറുപടി കേട്ട് അദ്ദേഹം മദീനയിലെ തോട്ടങ്ങളിലേക്ക് പോയി. അതാ ഒരാൾ തോട്ടം നനച്ചു കൊണ്ടിരിക്കുന്നു. അദ്ദേഹത്തോട് പറഞ്ഞു. നിങ്ങളോടൊപ്പം ഞാനും തോട്ടം നനയ്ക്കാൻ കൂടാം. ഒരു ചുവട് നടക്കുന്നതിന് ഒരു കാരക്ക കൂലിയായി തന്നാൽ മതി. അദ്ദേഹം സമ്മതിച്ചു. അദ്ദേഹം അതിവേഗം കുറച്ച് ഈത്തപ്പന ചുവടുകൾ നനച്ചു. ശേഷം, തോട്ടക്കാരനോട് പറഞ്ഞു. എനിക്ക് തരാനുള്ള ഈത്തപ്പഴങ്ങൾ എണ്ണിത്തരൂ. അതിവേഗം കൂലിയും സ്വീകരിച്ചു അദ്ദേഹം തിരുനബിﷺയുടെ സന്നിധിയിലേക്ക് പോയി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 749
ലഭിച്ച കാരയ്ക്കകൾ മുഴുവൻ തിരുനബിﷺയുടെ മുമ്പിൽ കുടഞ്ഞിട്ടു. തിരുനബിﷺ അതിൽ നിന്ന് ഓരോ പിടി കാരയ്ക്ക എടുത്തു. അടുത്തു നിന്നവരോട് പറഞ്ഞു. ഇതാ ഇതുകൊണ്ടുപോയി ഇന്നവർക്ക് കൊടുക്കൂ. വീണ്ടും കുറച്ചെടുത്ത് മറ്റൊരാൾക്ക് എത്തിച്ചു കൊടുക്കാൻ പറഞ്ഞു. തിരുനബിﷺക്ക് കാരയ്ക്ക എത്തിച്ചു കൊടുത്തയാൾ അത്ഭുതത്തോടെ നോക്കി നിന്നു. എന്നിട്ട് അദ്ദേഹം പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, അവിടുന്ന് ഓരോ പിടി വാരുമ്പോഴും ഇതിൽനിന്ന് ഒട്ടും കുറയുന്നില്ലല്ലോ! ഉടനെ ചോദിച്ചു. ഖുർആനിലെ ഒരു സൂക്തം നിങ്ങൾ പാരായണം ചെയ്തിട്ടില്ലേ? ഏതു സൂക്തമാണ് എന്ന് അദ്ദേഹം വിശദീകരണം തേടി. ഉടനെ സബഅ് അധ്യായത്തിലെ 39 ആം സൂക്തം നബിﷺ പാരായണം ചെയ്തു. തിരുനബിﷺ പാരായണം ചെയ്ത സൂക്തത്തിന്റെ ആശയം ഇപ്രകാരമാണ്. “നിങ്ങള്‍ സത്യമാര്‍ഗത്തില്‍ ചെലവഴിക്കുന്ന എന്തിനും അവന്‍ പകരം നല്‍കും. അന്നം നല്‍കുന്നവരില്‍ അത്യുത്തമനാണവന്‍.”
അല്ലാഹുവിൽ നിന്ന് സവിശേഷമായി ലഭിക്കുന്ന അനുഗ്രഹമാണ് ഇപ്പോൾ സുപ്രയിൽ കണ്ടുകൊണ്ടിരിക്കുന്നത് എന്ന് അദ്ദേഹത്തിന് മനസ്സിലായി.
തിരുനബിﷺയുടെ ഒരു ദിവസത്തെ ജീവിതാനുഭവമാണ് അനുയായി പങ്കുവെക്കുന്നത്. അവിടുന്ന് അനുഭവിച്ച ജീവിതലാളിത്യവും കാത്തിരുന്നു കിട്ടിയ കാരയ്ക്ക സ്വയം കഴിക്കുന്നതിനു മുമ്പ് ആവശ്യക്കാരെ അന്വേഷിച്ചു കൊടുത്തയക്കുന്ന ഉദാരതയും എത്രമേൽ ഹൃദയം ചേർത്തുകൊണ്ടാണ് നാം വായിക്കേണ്ടത്.
നബി ജീവിതത്തിലെ സമാനമായ മറ്റൊരു സംഭവം ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നുണ്ട്. കഅബ് ബിൻ ഉജ്റ(റ) പറയുന്നു. ഞാൻ ഒരു ദിവസം നബിസന്നിധിയിലേക്ക് വന്നു. അവിടുത്തെ മുഖത്ത് നോക്കിയപ്പോൾ ഒരു ഭാവമാറ്റം. ക്ഷീണം നിഴലിച്ചു നിൽക്കുന്നു. അപ്പോൾ ഞാൻ നബിﷺയോട് ചോദിച്ചു. എന്തേ അവിടുത്തേക്ക് ഒരു ഭാവമാറ്റം? മൂന്നുദിവസമായി ഒരു ജീവി കഴിക്കുന്ന ഒരു ഭക്ഷണവും എന്റെ ആമാശയത്തിലേക്ക് എത്തിയിട്ടില്ല. ഞാൻ അവിടെ നിന്നിറങ്ങി. ഒട്ടകത്തിന് വെള്ളം കുടിപ്പിച്ചു കൊണ്ടിരുന്ന ഒരു ജൂതന്റെ അടുത്തേക്ക് പോയി. ഒരു തൊട്ടി വെള്ളത്തിന് ഒരു കാരയ്ക്ക കൂലി എന്ന നിലയിൽ വേല ചെയ്തു കൊടുക്കാം എന്ന് ഞാൻ സമ്മതിച്ചു. അങ്ങനെ ഒട്ടകങ്ങൾക്ക് വെള്ളം കോരി കുറച്ചു കാരയ്ക്കകൾ ഞാൻ സമാഹരിച്ചു. അതുമായി അതിവേഗം തിരുനബിﷺയുടെ സന്നിധിയിലേക്ക് തന്നെ വന്നു. എവിടുന്നാണ് കഅ്ബേ(റ) ഇത് ലഭിച്ചത് എന്ന് നബിﷺ ചോദിച്ചു. ഞാൻ വിവരങ്ങളെല്ലാം നബിﷺയോട് പറഞ്ഞു.
ലോക ഗുരുവിന്റെ ജീവിതത്തിലെ ഒരു അനുയായിയുടെ അനുഭവമാണ് നാം പകർത്തിയത്. മൂന്നുദിവസം തുടർച്ചയായി വിശന്നിരുന്നപ്പോഴും പരിഭവങ്ങളില്ലാതെ കഴിഞ്ഞുകൂടിയ ലോക നേതാവിന്റെ ജീവിതവിസ്മയം.
ഇത്തരം അനുഭവങ്ങൾ പിൽക്കാലത്ത് അനുയായികൾ പങ്കുവെക്കുന്നുണ്ട്. ഓരോ ജീവിതഘട്ടത്തിലേക്കും ചുറ്റുപാടിലേക്കുമെത്തുമ്പോൾ അവർക്കയവിറക്കാനുള്ള ഓർമ്മകളായിരുന്നു അത്. അലിയ്യ് ബിൻ റബാഹ്(റ) പറയുന്നു. ഞാൻ അംറ് ബിൻ ആസ്വി(റ)നൊപ്പം അലക്സാൻഡ്രിയയിലായിരുന്നു. അവർ സ്വഹാബികളുടെ ഗതകാല ജീവിതത്തെക്കുറിച്ച് സംസാരിച്ചു. കൂട്ടത്തിൽ ഇങ്ങനെ കൂടി അവർ പറഞ്ഞു. ഗോതമ്പിന്റെ റൊട്ടി പോലും മതിയായ അളവിൽ ലഭിക്കാതിരുന്ന ഒരു കാലത്താണ് തിരുനബിﷺ വഫാത്തായത്. അഥവാ ഈ ലോകത്തോട് വിയോഗം തേടിയത്.
തിരുനബിﷺയുടെ ജീവിതത്തിന്റെ ഇടവഴികൾ എത്ര ഉന്നതമായ വിചാരങ്ങളാണ് നമുക്ക് പങ്കുവെച്ചുകൊണ്ടിരിക്കുന്നത്. വിനയത്തിന്റെയും ലാളിത്യത്തിന്റെയും; കുറഞ്ഞ വിഭവങ്ങൾ കൊണ്ട് ജീവിതം മുന്നോട്ടു നയിച്ചതിന്റെയും ശുഭ്രങ്ങളിലൂടെയാണ് നമ്മൾ സഞ്ചരിച്ചത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 750
തിരുനബിﷺയുടെ ലാളിത്യവും വിനയാന്വിതമായ ജീവിതാദ്ധ്യായങ്ങളും വായിച്ചു കൊണ്ടിരിക്കുകയായിരുന്നു നമ്മൾ. എന്നാൽ, ആ വിനയത്തിനൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു വശം കൂടിയുണ്ട്. എത്രമേൽ വിനയവും താഴ്മയും കാണിക്കുമ്പോഴും അവിടുത്തേക്ക് സവിശേഷമായ ഒരു പ്രൗഢിയുണ്ടായിരുന്നു. അങ്ങനെ വരുമ്പോഴല്ലേ നേതൃത്വത്തിന്റെ മഹത്വം നിലനിൽക്കുകയുള്ളൂ. നിസ്സാരതയില്ലാത്ത താഴ്മ എന്നതായിരുന്നു പ്രവാചകർﷺ മുന്നോട്ടുവെച്ച വിനയത്തിന്റെ സമവാക്യം. മഹാനായ അലി(റ) പറഞ്ഞ ഒരു പ്രയോഗമുണ്ട്. തിരുനബിﷺയെ പെട്ടെന്നു കണ്ടാൽ പ്രൗഢിയുടെ ഒരു പര്യായമായിരിക്കും. സഹവസിച്ചു മുന്നോട്ടു പോയാൽ സ്നേഹനിധിയായ ഒരു തണലായിരിക്കും.
ഖൈല ബിൻത് മഖ്റമ(റ) എന്ന മഹതി പറയുന്നു. തിരുനബിﷺ ആത്മീയ സാന്നിധ്യത്തോടെ അനുചരന്മാരോടൊപ്പമിരിക്കുമ്പോൾ ഞാൻ അങ്ങോട്ട് കടന്നു ചെന്നു. ഇരിക്കുന്നതിന്റെ പ്രൗഢി കണ്ടു ഞാൻ വിഹ്വലയായി. അപ്പോൾ സദസ്സിലുണ്ടായിരുന്ന ഒരാൾ നബിﷺയോട് പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, അവിടുത്തെ ഭാവം ആ പാവപ്പെട്ടവളെ ഭയപ്പെടുത്തി കളഞ്ഞല്ലോ! അപ്പോൾ പ്രവാചകൻﷺ ഇങ്ങനെ പ്രതികരിച്ചു. അല്ലയോ മിസ്കീനയായ അഥവാ വിനീതയായവളെ, ശാന്തതയോടെ അഥവാ ‘സക്കീന’യോടുകൂടി വന്നോളൂ. നബിﷺയുടെ സംസാരം കേട്ടപ്പോഴേക്കും ശാന്തത കൈവന്നു.
ഒരു നേതാവിൽ ഉണ്ടായിരിക്കേണ്ട പ്രൗഢിയുടെ എല്ലാ ഭാവങ്ങളും തിരുനബിﷺക്കുണ്ടായിരുന്നു എന്ന് സാരം. ശാന്തമായ അവിടുത്തെ വാക്കുകൾ കേൾക്കുമ്പോൾ അനുവാചകരുടെ ഹൃദയത്തിൽ മധുനിറച്ചതുപോലെയാണ്. ഗൗരവതരമായ ഒരു കാര്യം പ്രഖ്യാപിക്കേണ്ട നേരത്ത് അനിവാര്യമായും ഒരു നേതാവിൽ നിറഞ്ഞു നിൽക്കേണ്ട ആദരവിന്റെ മുഴുവൻ ഭാവങ്ങളും തിരുനബിﷺയിൽ വായിക്കാൻ കഴിയും. നബിﷺ സംഭാഷണം ആരംഭിച്ചാൽ സദസ്സിലുള്ള ഓരോരുത്തരും അതീവ ജാഗ്രതയോടെ നബിﷺയിലേക്ക് തന്നെ ശ്രദ്ധിക്കും. തങ്ങളുടെ തലക്ക് മുകളിൽ ഇരിക്കുന്ന പറവ മാറിപ്പോകാതെ എത്രമാത്രം ഒരാൾ ശ്രദ്ധിക്കുമോ അത്രയും ഏകാഗ്രതയോടെയായിരിക്കും സദസ്സിൽ ഓരോരുത്തരും ഉണ്ടായിരിക്കുക. അനുവാചകരിൽ ഓരോരുത്തരും എന്നെ നോക്കി എന്നിലേക്കാണ് ഈ സന്ദേശം തരുന്നത് എന്ന ഭാവത്തിലായിരിക്കും നബിﷺയുടെ സംഭാഷണങ്ങളെ കേട്ടിരിക്കുന്നത്.
യസീദ് ബിന് അസ്വദ് അസവാഇ(റ) നിവേദനം ചെയ്യുന്നു. വിടവാങ്ങൽ ഹജ്ജ് വേളയിൽ ഞങ്ങൾ തിരുനബിﷺയോടൊപ്പം ഉണ്ടായിരുന്നു. ഒരു ദിവസം പ്രഭാത നിസ്കാരം കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ ഒപ്പം നിസ്കരിച്ചവരുടെ പിന്നിൽ നിസ്കാരത്തിൽ കൂടാതെ രണ്ടുപേർ വേറിട്ട് നിൽക്കുന്നു. അവർ രണ്ടുപേരെയും വിളിച്ചു വരുത്താൻ നബിﷺ പറഞ്ഞു. നബി സന്നിധിയിലേക്ക് അവർ വന്നുചേർന്നതും അവർ പേടിച്ചരണ്ടു പോയി. നബിﷺ അവരോട് ചോദിച്ചു. എന്തേ നിങ്ങൾ ഞങ്ങളോടൊപ്പം നിസ്കരിക്കാതിരുന്നത്? അവർ പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ തമ്പുകളിൽ നിസ്കാരം നിർവഹിച്ചിരുന്നു. നബിﷺ അവരെ ഉപദേശിച്ചു. അങ്ങനെ പ്രവർത്തിക്കരുത്. നിങ്ങൾ നിങ്ങളുടെ തമ്പിൽ നിസ്കരിച്ചിട്ട് വന്നതാണെങ്കിലും ഇവിടെ സംഘമായി നിസ്കാരം നടക്കുമ്പോൾ നിങ്ങൾ അതിന്റെ ഭാഗമാവണം. രണ്ടാമത് നിങ്ങൾ നിർവഹിക്കുന്ന നിസ്കാരം നിങ്ങൾക്ക് പുണ്യം ലഭിക്കുന്ന സുന്നത്തായി പരിഗണിക്കപ്പെടും.
അബൂ മസ്ഊദ് അൽ അൻസ്വാരി(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഒരു സദസ്സിൽ വച്ച് തിരുനബിﷺ ഒരാളോട് നേരിട്ട് സംസാരിച്ചു. അഭിമുഖമായി സംസാരിച്ചതും അയാൾ ബേജാറായി. നബിﷺ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾ ശാന്തമാകൂ. നിങ്ങൾ എന്തിന് ഭയക്കണം! ഞാൻ ഒരു രാജാവൊന്നുമല്ലല്ലോ! സാധാരണ ഈത്തപ്പഴം കഴിച്ചു ജീവിച്ച ഖുറൈശികളിലെ ഒരു സാധാരണ സ്ത്രീയുടെ മകനാണ് ഞാൻ.
വിനയവും പ്രൗഢിയും ഒരുമിച്ച് ചേർന്ന മനോഹരമായ ഒരു സംഭാഷണം ആണിത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 751
യഅ്ഖൂബ് ബിൻ സുഫിയാൻ (റ)പറയുന്ന രസകരമായ ഒരു വർത്തമാനമുണ്ട്. ഞാനെന്റെ പിതാവിനൊപ്പം തിരുനബിﷺയുടെ അടുത്തേക്ക് പോയി. പ്രവാചക സവിധത്തിൽ എത്തിയപ്പോൾ പിതാവ് എന്നോട് ചോദിച്ചു. ഇതാരാണെന്ന് അറിയുമോ മോനെ? ഞാൻ പറഞ്ഞു അറിയില്ല. ഇതാണ് അല്ലാഹുവിന്റെ പ്രവാചകൻﷺ. കേട്ടപ്പോഴേക്കും എന്റെ ഉള്ളിൽ ഒരു ഭയം പടർന്നു. മഹാ സന്നിധിയോടുള്ള ആദരവിന്റെ ഭയം. അല്ലാഹുവിന്റെ ദൂതൻ എന്നാൽ എന്തോ ഒന്നെന്നായിരുന്നു ഞാൻ മനസ്സിലാക്കിയിരുന്നത്. എന്നാൽ അടുത്തുകൂടിയപ്പോഴല്ലേ അറിയുന്നത്, തീർത്തും അതൊരു സുവിശേഷവും സന്തോഷവുമാണ്.
പ്രവാചകരുﷺടെ പ്രൗഢി ഹൃദയത്തിൽ പതിയുന്നതിന് പല തലങ്ങളുണ്ട്. പെട്ടെന്ന് പ്രവാചക ദൃഷ്ടിയിൽ പെടുമ്പോൾ ആളുകൾക്കുണ്ടാകുന്ന പ്രത്യേകമായ ഒരുണർവ്. മറ്റൊന്ന് നബിﷺയുടെ സ്ഥാനങ്ങളും മഹത്വങ്ങളും മനസ്സിലാക്കുമ്പോൾ ഒരു അനുയായിയിലും വിശ്വാസിയിലും രൂപപ്പെടുന്ന ആദരവ്. പ്രമുഖരായ മുഴുവൻ സ്വഹാബികളിലും ഈ രണ്ടാമത്തെ ആദരവ് നിറഞ്ഞു നിന്നിരുന്നു. പ്രമുഖ സ്വഹാബി അംറ് ബിൻ അൽ ആസ്വി(റ)ൻ്റെ ഒരു പ്രസ്താവന ഇത് വിശദീകരിച്ചു തരുന്നു. അദ്ദേഹം പറയുന്നു. പ്രവാചകരോﷺളം പ്രിയവും ബഹുമാനവുമുള്ള മറ്റൊരാളും എനിക്കില്ല. കണ്ണുനിറച്ചു പ്രവാചകരെﷺ നേരിട്ട് നോക്കാൻ എനിക്ക് സാധിക്കില്ല. അവിടുത്തെ സ്ഥാന ബഹുമാനങ്ങളാണ് അതിന് കാരണം. പ്രവാചകന്റെﷺ വിശേഷണങ്ങളൊന്ന് പറയാൻ പറഞ്ഞാൽ വിശദീകരിക്കാൻ അശക്തനായിരിക്കും.
അടുക്കുംതോറും സ്ഥാന പദവികൾ കൂടുതൽ അറിയുകയും, അറിയുംതോറും ആദരവ് വർദ്ധിക്കുകയും ചെയ്യുന്ന ഒരു പ്രതിഭാസമാണ് മഹാനവർകൾ പരിചയപ്പെടുത്തിയത്. ഖലീഫ ഉമറും(റ) സമാനമായ പ്രസ്താവന നടത്തിയത് നമുക്ക് വായിക്കാൻ കഴിയും.
ഞങ്ങളെല്ലാവരും പള്ളിയിൽ നിസ്കാരത്തിനു വേണ്ടി കാത്തിരിക്കുമ്പോൾ പള്ളിയിലേക്ക് പ്രവേശിക്കുന്ന തിരുനബിﷺയെ നേരിട്ട് നോക്കാൻ ഞങ്ങൾക്ക് സാധിക്കുമായിരുന്നില്ല. അബൂബക്കറും(റ) ഉമറും(റ) ചിലപ്പോൾ അങ്ങനെ നോക്കിയെന്നിരിക്കും. അപ്പോൾ പരസ്പരം പുഞ്ചിരിക്കും. തിരുനബിﷺയിൽ നിറഞ്ഞു നിന്നിരുന്ന പ്രൗഢിയാല്‍ മുഖാമുഖം നേരിട്ട് നോക്കാനോ മറ്റുള്ളവരോട് സംസാരിക്കുംപോലെ എന്തെങ്കിലും സംസാരിക്കാനോ ഞങ്ങൾക്ക് സാധിച്ചിരുന്നില്ല. സഹവസിക്കുന്തോറും വിലയും താഴ്മയും നിറഞ്ഞുനിൽക്കുന്നത് അനുഭവപ്പെടും. എന്നാൽ മറ്റുള്ളവരോട് സംസാരിക്കുംപോലെ അശ്രദ്ധമായോ അലംഭാവത്തോടെയോ സഹവസിക്കാൻ ആ പ്രൗഢി ഞങ്ങളെ അനുവദിച്ചിരുന്നില്ല.
അബൂ മസ്ഊദ്(റ) പറയുന്നു. ഞാൻ എന്റെ വീട്ടിലെ അടിമയെ അടിക്കുന്നതിനിടയിൽ പിറകിൽ നിന്ന് ഒരു ശബ്ദം കേട്ടു. അല്ലയോ മസ്ഊദേ(റ), ഒരു കാര്യം മനസ്സിലാക്കണം. നിങ്ങൾക്ക് ഈ അടിമയുടെ മേൽ അധികാരമുള്ളതിനേക്കാൾ വലിയ അധികാരം നിങ്ങളുടെ മേൽ അല്ലാഹുവിനുണ്ട്. ദേഷ്യം പിടിച്ചുനിന്ന ഞാൻ ശബ്ദം കേട്ട ഭാഗത്തേക്ക് തിരിഞ്ഞുനോക്കിയില്ല. പെട്ടെന്നാണ് തിരുനബിﷺ എന്റെ മുന്നിലേക്ക് പ്രത്യക്ഷപ്പെടുന്നത്. അവിടുത്തെ ഭാവം കണ്ടപ്പോഴേക്കും എന്റെ കയ്യിലുള്ള ചാട്ടവാർ നിലത്ത് വീണു.
ഒരു വാക്കും ഒരു നോക്കും ലഭിച്ചപ്പോഴേക്കും അനുവാചകൻ ഭയപ്പെട്ടുപോയി. അടിമകളോട് എങ്ങനെ പെരുമാറുമെന്ന സന്ദേശം അതിനകം കൈമാറി കഴിഞ്ഞു. ഗൗരവതരമായി ഇടപെടേണ്ട ഇത്തരം ഒരു സന്ദർഭത്തിൽ അതിനാവശ്യമായ എല്ലാ പ്രൗഢിയും പ്രഭാവവും പരിപൂർണ്ണമായും തിരുനബിﷺയിൽ ഉണ്ടായിരുന്നു.
വാചകപ്രയോഗങ്ങളുടെയും ശാരീരിക ഭാഷയുടെയും പേരിൽ ഉന്നത വിദാനങ്ങളിലുള്ളവർ ആദരവ് അർഹിക്കാതെ പോകുമ്പോൾ, ഓരോ വ്യവഹാരങ്ങൾക്കും അതിന്റേതായ ഭാഷയും ഭാവവുമുണ്ട്. കരുണയും ആർദ്രതയും വിട്ടുവീഴ്ചയും എല്ലാം ഒരുമിച്ച് നിറഞ്ഞു നിൽക്കുമ്പോഴും, പ്രൗഢിയും പ്രഭാവവും നേതൃഭാവവും ഒരു ശതമാനം പോലും കുറവുണ്ടായിരുന്നില്ല എന്നത് തിരുനബിﷺയുടെ വ്യക്തിവിശേഷത്തിലെ ഏറ്റവും സമ്പൂർണ്ണതയാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 752
തിരുനബിﷺയുടെ തമാശകളെ കുറിച്ചുള്ള ചില പരാമർശങ്ങളാണ് നാം ഇനി വായിക്കുന്നത്. മനുഷ്യജീവിതത്തിന്റെ എല്ലാ വിചാര തലങ്ങളെയും വൈകാരിക വ്യവഹാരങ്ങളെയും ഉൾക്കൊള്ളുകയും ആവശ്യമായ വിധത്തിൽ സമീപിക്കാനുള്ള രീതിശാസ്ത്രങ്ങൾ രൂപപ്പെടുത്തി തരികയും ചെയ്ത ദർശനമാണ് ഇസ്ലാം. തിരുനബിﷺയുടെ ജീവിതത്തിൽ തമാശകളോട് എങ്ങനെയായിരുന്നു എന്ന് അന്വേഷിക്കുന്നതിന് പിന്നിലും ചില പാഠങ്ങൾ നമുക്ക് അറിയാനുണ്ട്.
ആളുകളെ കൂടുതൽ അനുനയത്തോടെ അടുപ്പിക്കാനും അവരിലേക്ക് ചില സന്ദേശങ്ങൾ മധുരതരമായി അന്വേഷിപ്പിക്കാനും തമാശക്ക് വലിയ സ്വാധീനമുണ്ട്. എന്നാൽ, കേവലം തമാശ മാത്രമായാൽ കാര്യങ്ങളുടെ ഗൗരവം നഷ്ടപ്പെട്ടു പോവുകയും അനുവാചകന്റെ ചിരി മാത്രം ലക്ഷ്യം വെച്ചുകൊണ്ട് നിർമ്മിതമായി പലതും പറയുകയും കാണിക്കുകയും ചെയ്യും. ഈ രണ്ടു വഴികളുടെയും ഇടയിൽ നിന്നുകൊണ്ടാണ് പ്രവാചക ജീവിതത്തിലെ തമാശയെക്കുറിച്ച് നാം വായിക്കുന്നത്. ജനങ്ങളിൽ ഏറ്റവും കൗതുകമുള്ള ഭാവത്തിലായിരുന്നു തിരുനബിﷺയുടെ സഹവാസമെന്ന് 10 വർഷത്തെ പരിചാരകനായ അനസ്(റ) നിവേദനം ചെയ്യുന്നുണ്ട്. ഞാൻ തമാശ പറഞ്ഞാലും സത്യമേ പറയുകയുള്ളൂ എന്ന തിരുനബിﷺയുടെ പ്രസ്താവന രണ്ടാം ഖലീഫയുടെ മകൻ അബ്ദുല്ലാഹ്(റ) ഉദ്ധരിക്കുന്നു. തങ്ങൾ ഞങ്ങളോട് തമാശയിൽ സഹവസിക്കുകയാണോ എന്ന് ആശ്ചര്യത്തോടെ ചോദിച്ച അനുയായി അബൂഹുറൈറ(റ)യോട് നബിﷺ പറഞ്ഞു. അതെ, ഞാൻ തമാശയിൽ നിങ്ങളോട് സമീപിക്കും പക്ഷേ ഞാൻ സത്യം മാത്രമേ പറയുകയുള്ളൂ. തിരുനബിﷺ അനുയായികൾക്ക് പ്രാപിക്കാനാവാത്ത വിധം അകന്നു ജീവിച്ച ഒരു വ്യക്തിയല്ല. അവരുടെ രാപ്പകലുകളിലും വ്യവഹാരങ്ങളിലും നിരന്തരമായി ഇടപെട്ടുകൊണ്ടിരുന്ന നേതാവായിരുന്നു. അനുയായികളിൽ പലരുടെയും വീട്ടിലെ കുട്ടികളുടെ വിനോദങ്ങൾ പോലും ശ്രദ്ധിക്കുകയും അവരെ ഉത്സാഹിപ്പിക്കുകയുമൊക്കെ ചെയ്തിരുന്നു. സന്തതസഹചാരിയായ അനസി(റ)ന്റെ അനുജൻ അബൂ ഉമൈറി(റ)ന്റെ കിളി ചത്തു പോയപ്പോൾ അതേക്കുറിച്ച് അന്വേഷിക്കാനും പ്രവാചകൻﷺ നേരം കണ്ടെത്തിയിരുന്നു.
അനുവദനീയമായ ഒരു വിനോദത്തിൽ പങ്കു ചേരുന്ന ഒരു രംഗം നമുക്കിങ്ങനെ വായിക്കാം. മഹതിയായ ഉമ്മു നുബൈത്(റ) പറഞ്ഞതായി ഇബ്നു നാസറുദ്ദീൻ(റ) നിവേദനം ചെയ്യുന്നു. ബനൂനജ്ജാർ ഗോത്രത്തിലെ ഒരു മണവാട്ടിയെ ഞങ്ങൾ മണവാളന്റെ അടുത്തേക്ക് ആനയിക്കുകയായിരുന്നു. എന്നോടൊപ്പം ബനൂ നജ്ജാർ ഗോത്രത്തിലെ വേറെയും സ്ത്രീകളുണ്ട്. ഞാനാണ് ദഫ് മുട്ടി പാടിക്കൊണ്ടിരുന്നത്. ‘അതൈനാക്കും അതൈനാകും ഫ ഹയൗനാ നൂഹയ്യീകും…. ‘ എന്നിങ്ങനെ തുടങ്ങുന്ന പാട്ടായിരുന്നു പാടിയിരുന്നത്. ഞങ്ങൾ ഇതാ വന്നല്ലോ…
ഞങ്ങൾ ഇതാ വന്നല്ലോ…
ഞങ്ങൾ നിങ്ങളെ സ്വാഗതം ചെയ്തതു പോലെ നിങ്ങൾ ഞങ്ങളെ സ്വീകരിക്കുവിൻ,
ചുവന്ന സ്വർണ്ണം ഇല്ലായിരുന്നെങ്കിൽ അവൾ നിങ്ങളുടെ താഴ്‌വരയിൽ
ചുവടുവെക്കുമായിരുന്നില്ല’.
ഇങ്ങനെ പാടിക്കൊണ്ടിരുന്നപ്പോൾ തിരുനബിﷺ അവിടേക്ക് വന്നു. എന്നോട് ചോദിച്ചു. എന്താണിത്? ഞാൻ പറഞ്ഞു. ഞങ്ങൾ ബനൂ നജ്ജാർ ഗോത്രത്തിലെ മണവാട്ടിയെ മണവാളന്റെ വീട്ടിലേക്ക് ആനയിക്കുകയാണ്. അപ്പോൾ എന്നോട് ചോദിച്ചു. എന്താണ് നിങ്ങൾ പാടിക്കൊണ്ടിരിക്കുന്നത്? പാടിയ വരികൾ ഞാൻ നബിﷺക്ക് കേൾപ്പിച്ചു കൊടുത്തു. അപ്പോൾ നബിﷺ അതിനോട് ചേർത്ത് ഇങ്ങനെ ഒരു വരി കൂടി പറഞ്ഞു തന്നു.
‘വലൗലൽ ഹിൻത്വതുസ്‌സം റാ മാ സമിനത് അദാരീകും’
തവിട്ട് നിറമുള്ള ഗോതമ്പില്ലായിരുന്നെങ്കിൽ നിങ്ങളുടെ കന്യകകൾ ഇത്രമേൽ വണ്ണം ഉള്ളവരാകുമായിരുന്നില്ല.
അവർ പാടിക്കൊണ്ടിരുന്ന പാട്ടിന് സമാനമായ ഘടനയിൽ കൗതുകകരമായ ഒരു വർത്തമാനം ചേർത്തു പറയുകയായിരുന്നു നബിﷺ.
നബിﷺയുടെ തമാശകൾ ഇസ്ലാമിന്റെ മാധുര്യം കൂടിയാണ് പരിചയപ്പെടുത്തുന്നത്. ഒരു വരണ്ട തത്ത്വശാസ്ത്രമായിട്ടല്ല ഇസ്ലാമിനെ നബിﷺ അവതരിപ്പിച്ചത്, ചിരിക്കേണ്ടിടത്ത് ചിരിക്കാനും കരയേണ്ടിടത്ത് കരയാനും ഓർമ്മകൾ താലോലിക്കേണ്ടിടത്ത് താലോലിക്കാനുമൊക്കെയായിരുന്നു. ജീവനുള്ള ഒരു മതത്തെ ആവിഷ്കരിക്കുമ്പോൾ ജീവന്റെ എല്ലാ ഭാവങ്ങളെയും അതുൾക്കൊള്ളുകയും പരിചയപ്പെടുത്തുകയും ചെയ്യും. അത്തരം ഒരു ആവിഷ്കാരത്തിന്റെ ഭാഗമാണ് ഈ അധ്യായം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 753
തിരുനബിﷺക്ക് ബിലാലി(റ)നോട് വലിയ ഇഷ്ടമായിരുന്നു. അദ്ദേഹത്തോട് പലപ്പോഴും തമാശ പറയുകയും ചെയ്യും. ഒരിക്കൽ ബിലാലി(റ)ന്റെ വയർ അല്പം ചാടിയതായി നബിﷺ കണ്ടു. അവിടുന്ന് പറഞ്ഞു. പ്രസവിക്കാൻ അടുത്തത് പോലെയുണ്ടല്ലോ!
തിരുനബിﷺയുടെ മരുമകൻ കൂടിയായ അലി(റ) പറയുന്നു. ഒരിക്കൽ നബിﷺ ഞങ്ങളുടെ അടുക്കലേക്ക് വന്നു. കിടാവ് എവിടെ എന്ന് ചോദിച്ചു. ഇതാ കിടാവ് ഇവിടെ തന്നെയുണ്ടല്ലോ. സാധാരണ ആട്ടിൻകുട്ടികൾക്കും മറ്റുമൊക്കെ ഉപയോഗിക്കുന്ന പദമാണ് കുട്ടി എന്നതിന് പകരം ഇവിടെ ഉപയോഗിച്ചത്. അപ്പോഴേക്കും അലി(റ)യുടെ മകൻ ഹസ്സൻ(റ) അവിടേക്ക് കടന്നു വന്നു. കുറുൻഫുൽ പ്രദേശത്തു നിന്നുള്ള ഒരു മേൽ കുപ്പായവും ധരിച്ചാണ് വന്നത്. അതിന്റെ ഉള്ളിൽ നിന്ന് തന്നെ കൈ പുറത്തേക്കു നീട്ടുന്നുണ്ടായിരുന്നു. നബിﷺ അങ്ങോട്ട് കൈനീട്ടി മകനെ സ്വീകരിച്ചു വാരിപ്പുണർന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. എൻ്റെ മാതാപിതാക്കളെ മോനുവേണ്ടി ഞാൻ സമർപ്പിക്കുന്നു. ആരെങ്കിലും എന്നെ ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ, ഇതാ ഈ മകനെ സ്നേഹിച്ചു കൊള്ളൂ.
തിരുനബിﷺയുടെ പ്രിയ പത്നി ആഇശ(റ) പറയുന്നു. അവർ നബിﷺയോട് തമാശ പറയാറുണ്ടായിരുന്നുവത്രെ. ഒരിക്കൽ പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, ഈ പറയുന്ന തമാശയിൽ ഭൂരിഭാഗവും ബനൂ കിനാനക്കാരുടേതാണ്. ഇവിടെ പറയാറുള്ള ചിലതൊക്കെ ഖുറൈശികളുടേതുമാണ്. നബിﷺ പ്രതികരിച്ചു.
മഹാനായ ജാബിർ(റ) പറയുന്നു. ദാത്തുരിഖാഅ് യുദ്ധ വേളയിൽ നബിﷺ എന്നോട് പറഞ്ഞു. നിങ്ങളുടെ ഒട്ടകത്തെ എനിക്ക് വിൽക്കുമോ? ഞാൻ പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരേﷺ, ഞാൻ അവിടുത്തേക്ക് സമ്മാനമായി തരാം. വേണ്ട നിങ്ങൾ എനിക്ക് വിറ്റാൽ മതി. എന്നാൽ അവിടുന്ന് വില പറഞ്ഞു കൊള്ളൂ. ഞാൻ ഒരു ദിർഹമിന് എടുത്തുകൊള്ളാം. ഇല്ല, അതെനിക്ക് മുതലാവില്ലല്ലോ. എന്നാൽ രണ്ടു തരാം. ഇല്ല, ആ വിലക്കും തരാൻ പറ്റില്ല. അങ്ങനെ ഏറ്റിയേറ്റി പറഞ്ഞ് ഒരു ഉഖിയ അഥവാ നാൽപ്പത് ദിർഹംവരെ എത്തി. അപ്പോൾ ഞാൻ സമ്മതം മൂളി. എന്നോട് ചോദിച്ചു തൃപ്തിയായില്ലേ? തൃപ്തിയായി എന്ന് പറഞ്ഞപ്പോൾ കൈമാറ്റം നടന്നു.
തിരുനബിﷺയുടെ സഹവാസ ജീവിതത്തിൽ വീട്ടുകാരോടും സുഹൃത്തുക്കളോടും നടത്തിയ ചില സംഭാഷണശകലങ്ങളാണ് നാം പകർത്തിയത്. ഓരോന്നിലും തന്മയത്വത്തോടുകൂടിയുള്ള തമാശകൾ. അതിൽ ഒരല്പം പോലും അസത്യം ഇല്ല. വിനോദം സമ്മാനിക്കുന്ന വർത്തമാനങ്ങൾ. ഒരു കടുംപിടുത്തത്തിന്റെ ശൈലിയില്ല. ബിലാലി(റ)നോട് പറഞ്ഞ കൊച്ചു വർത്തമാനവും ആഇശ(റ)യുടെ തമാശകളോട് കാണിച്ച പ്രതികരണവും പേരക്കുട്ടിയെ അന്വേഷിച്ച് ചെന്നപ്പോൾ പറഞ്ഞ വാചകവും കൂട്ടുകാരനോട് വില പറഞ്ഞു ഓരോ ദിർഹം ഏറ്റി ഏറ്റി പറയുമ്പോഴും അനുയായിക്ക് ഉണ്ടാകുന്ന ആനന്ദത്തിൽ സന്തോഷം കണ്ടതും ലോക നേതാവിന്റെ സഹവാസ മാധുര്യത്തെ പങ്കുവെക്കുകയാണ്.
ജാബിറി(റ)നോടുള്ള മറ്റൊരു സംഭാഷണം കൂടി നമുക്ക് വായിക്കാം. അദ്ദേഹം പറയുന്നു. നബിﷺ എന്നോട് പലപ്പോഴും സംസാരിക്കാറുണ്ട്. പലപ്പോഴും തമാശ പറയാറുമുണ്ട്. ഒരിക്കൽ എന്നോട് ചോദിച്ചു. എന്തേ വിവാഹം കഴിഞ്ഞില്ലേ? ഞാൻ പറഞ്ഞു. അതെ വിവാഹം കഴിഞ്ഞല്ലോ. കന്യകയെയാണോ കല്യാണം കഴിച്ചത്, അതല്ല വിവാഹമോചിതയെ ആണോ? ഞാൻ കന്യകയെയല്ല വിവാഹം കഴിച്ചത്. കന്യകയായിരുന്നെങ്കിൽ പരസ്പരം സന്തോഷിപ്പിക്കാൻ നല്ലതായിരുന്നല്ലോ! എൻ്റെ പിതാവ് ഉഹ്ദിൽ കൊല്ലപ്പെട്ടതാണല്ലോ. അന്ന് ഏഴു പെൺമക്കളാണ് വാപ്പയ്ക്കുണ്ടായിരുന്നത്. അവരെ ഒപ്പിച്ചു കൊണ്ടുപോകാൻ പറ്റുന്ന ഒരു സ്ത്രീയെയാണ് ഞാൻ വിവാഹം കഴിച്ചത്. അത് വളരെ നന്നായി. നിങ്ങളുടെ തീരുമാനം ശരിയായി.
നമ്മൾ സിറാർ എന്ന പ്രദേശത്ത് എത്തുമ്പോൾ ഒരൊട്ടകത്തെ അറുക്കാൻ കൽപ്പിക്കും. ശേഷം ഒരു ദിവസം നമ്മൾ അവിടെ താമസിക്കും. അപ്പോഴേക്കും നമ്മൾ വരുന്ന വിവരം വീട്ടിൽ അറിയും. നിങ്ങളുടെ ആഗമനം ഭാര്യ അറിഞ്ഞാൽ പരവതാനിയൊക്കെ റെഡിയാക്കി വെക്കും. അങ്ങനത്തെ പരവതാനി ഒന്നും വീട്ടിൽ ഇല്ലല്ലോ! അതൊക്കെ ഉണ്ടായിക്കൊള്ളും. നിങ്ങൾ വീട്ടിലേക്ക് ചെന്നാൽ കാര്യങ്ങളൊക്കെ ബുദ്ധിപരമായി കൈകാര്യം ചെയ്യുക. ഞങ്ങൾ സിറാർ എന്ന പ്രദേശത്തെത്തിയപ്പോൾ പറഞ്ഞത് പ്രകാരം ഒട്ടകത്തെ അറുത്ത് ഭക്ഷണം കഴിച്ച് അവിടെ താമസിച്ചു. വൈകുന്നേരമായപ്പോൾ നബിﷺ മദീനയിലേക്ക് പ്രവേശിച്ചു. ഞങ്ങളും എത്തിച്ചേർന്നു. ഞാൻ എൻ്റെ ഭാര്യയോട് നബിﷺ പറഞ്ഞ കാര്യങ്ങളൊക്കെ പറഞ്ഞു. നബിﷺ പറഞ്ഞത് പ്രകാരമെല്ലാം കേട്ടനുസരിക്കണമെന്ന് അവൾ എന്നോട് പ്രതികരിച്ചു.
എത്ര മനോഹരമായ ചിത്രങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. നബി ജീവിതത്തിന്റെ അടരുകളിൽ നിന്ന് സഹവാസികളോടുള്ള സംഭാഷണത്തിന്റെ മാധുര്യങ്ങൾ ഒന്നൊന്നായി നമ്മൾ വായിക്കുകയാണല്ലോ. ഓരോന്നിലും നിറഞ്ഞുനിൽക്കുന്ന ഫലിതങ്ങളും അതിലെ ആത്മസാരങ്ങളും ആനന്ദത്തോടെ ഹൃദയം തുറന്നല്ലാതെ എങ്ങനെയാണ് നമുക്ക് വായിക്കാനാവുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 754
സിയാദ് ബിൻ സബുറ(റ) നിവേദനം ചെയ്യുന്നു. ഞാൻ നബിﷺക്കൊപ്പം മുന്നോട്ടു പോയി. അങ്ങനെ അശ്ജഅ്, ജുഹൈന ഗോത്രക്കാരുടെ അടുക്കലെത്തി. നബിﷺ അവരോട് തമാശ പറയുകയും ചിരിക്കുകയും ചെയ്തു. അപ്പോൾ എന്റെ മനസ്സിൽ ചില വിചാരങ്ങൾ ഉയർന്നു. അഥവാ ഈ താഴ്ന്ന ഗോത്രക്കാരോടൊക്കെ നബിﷺ തമാശ പറയുകയോ എന്ന്. ഞാൻ നബിﷺയോട് ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ. അവിടുന്ന് ഈ ജൂഹൈന, അശ്ജഅ് ഗോത്രക്കാരോടൊക്കെ തമാശ പറയുകയാണോ? തിരുനബിﷺക്ക് ദേഷ്യമായി. അവിടുത്തെ കരങ്ങൾ എന്റെ ചുമലിൻ്റ താഴെ വരെ ഉയർത്തി വെച്ചു. എന്നോട് ചോദിച്ചു. അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയല്ലേ. അഥവാ ഒരു വിഭാഗത്തെ ചെറുതായി കണ്ടത് ശരിയായില്ലല്ലോ എന്നതിന്റെ സൂചനയായിരുന്നു. എന്നിട്ട് നബിﷺ തുടർന്നു. നിങ്ങൾക്കറിയുമോ ബനൂ ഫസാറ, ബനൂ ബദർ, ബനൂ ശരീദ് എന്തിനേറെ നിന്റെ ഗോത്രത്തെക്കാൾ മികച്ചവരാണവർ. എന്തേ അല്ലാഹുവിനോട് മാപ്പപേക്ഷിക്കുകയല്ലേ!
പിൽക്കാലത്ത് ഇസ്ലാമിക സമൂഹത്തിൽനിന്ന് ചിലർ മതഭ്രഷ്ട്ടരായി. നബിﷺ മുന്നറിയിപ്പ് നൽകിയ എല്ലാ ഗോത്രങ്ങളും അതിൽപ്പെട്ടു. സിയാദ് ബിൻ സബുറ(റ) പറയുന്നു. എൻ്റെ ഗോത്രവും അതിൽ ഉൾപ്പെടുമോയെന്ന് ഞാൻ ഭയന്നിരുന്നു. എന്നാൽ, എൻ്റെ സുഹൃത്തായ ഉമറുബ്നു ഖത്വാബി(റ)നെ ഞാൻ സമീപിച്ചു. അദ്ദേഹം എൻ്റെ ആത്മമിത്രമായിരുന്നു. വിഷയങ്ങളൊക്കെ അദ്ദേഹത്തോട് പങ്കുവെച്ചു. അപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു. നീ ഭയപ്പെടേണ്ട. അല്ലാഹുവിനോട് മാപ്പിരക്കാൻ വേണ്ടി നബിﷺ പറഞ്ഞിരുന്നുവല്ലോ. അതുകൊണ്ട് നിങ്ങൾ രക്ഷപ്പെട്ടേക്കുമെന്ന് സാരം.
ഗോത്രവിചാരങ്ങളും ഗോത്രങ്ങൾക്കിടയിലുള്ള നിലവാരവിചാരങ്ങളും അന്നത്തെ സമൂഹത്തിൽ വ്യാപകമായിരുന്നു. ഇന്നും ലോകത്ത് അത്തരം വേർതിരിവുകൾ അവസാനിച്ചിട്ടില്ല. പല രാജ്യങ്ങളുടെയും ആഭ്യന്തര പ്രശ്നങ്ങൾ മുഴുവനും അടിസ്ഥാനപരമായി നിലനിൽക്കുന്നത് ഗോത്ര വിഭാഗങ്ങൾക്കിടയിലുള്ള തർക്കങ്ങളിലാണ്. ഇത്തരമൊരു ഭൂമിയിൽ നിന്നുകൊണ്ടാണ് ഇതിനെ വായിക്കേണ്ടത്. താഴ്ന്ന ഗോത്രമാണെന്ന് പൊതുവായി അറിയപ്പെട്ട ഗോത്ര വിഭാഗക്കാരോട് മനസ്സു തുറന്നു സംസാരിക്കുകയും തമാശ പറയുകയും ചെയ്യുന്ന നബിﷺ. ഒപ്പം സഞ്ചരിക്കുന്ന അനുയായികൾക്ക് ഉൾക്കൊള്ളാൻ കഴിയുന്നതിനും അപ്പുറമായിരുന്നു ആ കാരുണ്യത്തിന്റെ ലോകം. ഒരു സമൂഹത്തോട് ഫലിതം പറയണമെങ്കിൽ എത്ര മേൽ അവരോട് ഇഴുകിച്ചേർന്നിരുന്നു എന്നതാണ് അത് സൂചിപ്പിക്കുന്നത്. നബിﷺയുടെ ജീവിതത്തിലെ ഓരോ അധ്യായങ്ങളും നിർമ്മാണാത്മക വിചാരങ്ങളാണല്ലോ നമുക്ക് സമ്മാനിക്കുന്നത്. അവിടുത്തെ തമാശകളും സാമൂഹിക ഘടനയിലെ പുതിയ നിർമ്മിതികൾക്ക് നിമിത്തമാവുന്നതാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്.
ഗോത്ര വിഭാഗീയത വച്ചുപുലർത്തുന്ന അനുയായിയോട് ആ വിഷയത്തിൽ വിട്ടുവീഴ്ച ചെയ്യാൻ നബിﷺ തയ്യാറായില്ല. അദ്ദേഹത്തെ കൃത്യമായി ബോധ്യപ്പെടുത്തുകയും നിങ്ങളെക്കാൾ നല്ലവരാണ് അവർ എന്ന വിചാരം ഉണർത്തിക്കൊടുക്കുകയും ചെയ്തു. ഒരു ഗോത്രത്തെക്കുറിച്ച് മോശമായി വിചാരിച്ചതിന് പശ്ചാത്തപിച്ചു മടങ്ങാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഇതിലേറെ മനോഹരമായ ഒരു സാമൂഹിക ഘടന എവിടെ നിന്നാണ് നമ്മൾ വായിക്കുക. സമൂഹത്തിൽ ഉൾചേർന്ന് കിടക്കുന്ന മലിനവിചാരങ്ങളെ ഇതിനേക്കാൾ ധൃതിയിൽ ആരാണ് മാറ്റം വരുത്തിയത്!
ഞാൻ തമാശ പറയും പക്ഷേ സത്യമേ പറയൂ എന്ന് പറഞ്ഞത് എത്രമേൽ കൃത്യമാണ്. അനുയായികളോടും സമൂഹത്തോടും ഹൃദയം തുറന്നു സംവദിക്കാനും അവരിൽ ഒരാളായി മാറാനും ജീവിതം കൊണ്ട് പഠിപ്പിക്കുക വഴി ലോകാവസാനം വരെയുള്ള നേതൃത്വങ്ങൾക്ക് നേതൃപാടവം എന്താണെന്ന് കാണിച്ചു കൊടുക്കുകയാണ് ഇവിടെ. മദീനയിൽ വിനോദങ്ങൾക്കും ഉണ്ട് മനോഹരമായ ഒരുപാട് വിചാരങ്ങൾ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 755
അനസ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഒരാൾ വന്ന് നബിﷺയോട് ചോദിച്ചു. എന്നെയും കൂടി ഒട്ടകപ്പുറത്തൊന്നു വഹിക്കുമോ. നിങ്ങളെ ഞാൻ പെണ്ണ് ഒട്ടകത്തിന്റെ കുട്ടിയുടെ പുറത്ത് യാത്ര ചെയ്യിക്കാം. ആശ്ചര്യത്തോടെ അയാൾ ചോദിച്ചു. ഒട്ടക കുട്ടിയുടെ മേൽ യാത്ര ചെയ്യുകയോ? അപ്പോൾ നബിﷺ ഇങ്ങനെ ചോദിച്ചു. പെണ്ണ് ഒട്ടകത്തിന്റെ കുട്ടി അല്ലാത്ത ഏത് ഒട്ടകമാണ് ഇവിടെയുള്ളത്?
അപ്പോഴാണ് നബിﷺ ഫലിതം പറയുകയാണെന്ന് സ്വഹാബിക്ക് ബോധ്യമായത്. ഇത് കേവലം ഒരു പ്രയോഗത്തിൽ ഒതുങ്ങുകയല്ല. ഏറ്റവും ഉന്നതരായ ഒരു നേതാവ് അനുയായികളോട് വർത്തിച്ച സമീപനത്തിന്റെ ഒരു മാപിനിയാണിത്. പരിചാരകനായ അനസി(റ)നെ ചിലപ്പോഴൊക്കെ എന്റെ കുഞ്ഞുമോനെ എന്ന് വിളിക്കും. മറ്റു ചിലപ്പോഴൊക്കെ യാ ദൽ ഉദ്നൈൻ അഥവാ ഇരട്ട ചെവിയാ എന്ന് വിളിക്കും. നിരന്തരം വീട്ടിൽ വരാറുള്ള ജാബിറി(റ)നെ മംഗളം, സ്വാഗതം എന്നൊക്കെ പറഞ്ഞു വീട്ടിലേക്കാനയിക്കും.
മഹാനായ സ്വഹാബി അദിയ്യ് ബിൻ ഹാതിം(റ) പറയുന്നു. ഞാനൊരു കറുത്ത നൂലും വെളുത്ത നൂലും തലയണക്കടിയിൽ വച്ച് കിടന്നു. അത് രണ്ടും വേർതിരിഞ്ഞ് മനസ്സിലാകുന്ന സമയം എനിക്ക് വ്യക്തമായിട്ടില്ല. “അത് വല്ലാത്ത പോയത്തമായല്ലോ, വല്ലാതെ വീതിയുള്ള തലയിണയുടെ ഉടമയാണല്ലോ നിങ്ങൾ. വെളുത്ത നൂലും കറുത്ത നൂലുമൊന്നുമല്ല പറഞ്ഞതിന്റെ താല്പര്യം. രാവിന്റെ ഇരുട്ടും പകലിന്റെ വെളിച്ചവുമാണ്.” രാവും പകലും വേർതിരിക്കുന്നത് വരെ എന്ന് മനസ്സിലാക്കാൻ ഖുർആൻ പ്രയോഗിച്ച ഒരു പ്രയോഗത്തെ മനസ്സിലാക്കിയിടത്തായിരുന്നു അദിയ്യി(റ)ന് അബദ്ധം പറ്റിയത്.
ഉസൈദ് ബിൻ ഹുദൈർ(റ) നിവേദനം ചെയ്യുന്നു. അൻസ്വാരികളിൽ പെട്ട തമാശക്കാരനായ ഒരു സ്വഹാബിയുണ്ടായിരുന്നു. ഒരിക്കൽ അദ്ദേഹം ജനങ്ങൾക്കൊപ്പമിരുന്ന് തമാശ പറഞ്ഞ് ചിരിപ്പിക്കുകയായിരുന്നു. പിൻഭാഗത്ത് നിന്ന് നബിﷺ വടി കൊണ്ട് അദ്ദേഹത്തിന്റെ അരക്കെട്ടിൽ ഒരു കുത്ത് കൊടുത്തു. ഉടനെ അദ്ദേഹം പറഞ്ഞു. എനിക്കിതിന് പരിഹാരക്രിയ ചെയ്യണം അഥവാ പ്രതികാരമെടുക്കണം. നബിﷺ പറഞ്ഞു. പ്രതികാരമെടുത്തോളൂ. അപ്പോൾ അദ്ദേഹം പറഞ്ഞു. അവിടുന്ന് മേൽ കുപ്പായം അണിഞ്ഞിട്ടുണ്ടല്ലോ. എന്റെ കുപ്പായമില്ലാത്ത ഭാഗത്താണ് അവിടുന്ന് കുത്തിയതെന്ന് സാരം. നബിﷺ അവിടുത്തെ മേൽ കുപ്പായം ഉയർത്തി കൊടുത്തു. അദ്ദേഹം സ്നേഹാദരങ്ങളോടെ ആ തിരുമേനിﷺയിൽ ചുംബിച്ചു. എന്നിട്ട് പറഞ്ഞു. ഞാൻ ഇത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ നബിﷺയേ.
എത്ര മനോഹരമായ ഒരു സഹവാസത്തിന്റെ ചിത്രമാണ് നമ്മൾ കണ്ടത്. അനുയായികളോട് നബിﷺ എങ്ങനെയായിരുന്നു എന്ന് കൂടുതൽ ചോദിക്കേണ്ടാത്ത വിധം സുതാര്യമായ രംഗങ്ങളാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്.
അനസ്(റ) നിവേദനം ചെയ്യുന്നു. ഒരു ദിവസം അങ്ങാടിയിൽ ചരക്കുകൾ കച്ചവടം ചെയ്തുകൊണ്ടിരിക്കുന്ന ഉസൈഹിറി(റ)നെ വിളിക്കാൻ നബിﷺ എന്നോട് പറഞ്ഞു. അദ്ദേഹം ഒരു വിരൂപിയായ മനുഷ്യനായിരുന്നു. അദ്ദേഹം സമീപത്തേക്ക് വന്നപ്പോൾ നബിﷺ പിന്നിലൂടെ പോയി ആലിംഗനം ചെയ്തു. നബിﷺയാണ് കെട്ടിപ്പിടിക്കുന്നത് എന്ന് അദ്ദേഹം അറിഞ്ഞില്ല. അദ്ദേഹം പറഞ്ഞു. എന്നെ ഒന്ന് വിട്ടയക്കൂ.. ആരാണിത്? പെട്ടെന്നാണ് നബിﷺയാണെന്ന് മനസ്സിലായത്. ഉടനെ അദ്ദേഹം തിരുനബിﷺയുടെ ശരീരത്തോട് അദ്ദേഹത്തിന്റെ ശരീരം നന്നായി ചേർത്തുവച്ചു. അപ്പോൾ നബിﷺ വിളിച്ചു ചോദിച്ചു. ഈ അടിമയെ ആരാണ് വാങ്ങുക? ഈ അടിമയെ ആരാണ് കൊള്ളുക? അപ്പോഴദ്ദേഹം നബിﷺയോട് ചോദിച്ചു. ഞാൻ അത്രയ്ക്കും ഒരു വിലകുറഞ്ഞ ചരക്കാണല്ലേ? നിങ്ങൾ അല്ലാഹുവിങ്കൽ വിലകുറഞ്ഞ ആളല്ല. നിങ്ങൾ അല്ലാഹുവിന്റെ അടുക്കൽ മൂല്യമുള്ള ആളാണ്.
ലോക സൗന്ദര്യത്തിന്റെ പ്രതീകം. ഗ്രാമീണനായ ഒരു വിരൂപിയെ പരസ്യമായി ആലിംഗനം ചെയ്യുന്നു. അയാളോട് കൊച്ചു വർത്തമാനം പറഞ്ഞ് സന്തോഷിപ്പിക്കുന്നു. ശാരീരികമായി സൗന്ദര്യമില്ലെങ്കിലും നിങ്ങളിൽ വിലപ്പെട്ട മൂല്യങ്ങളുണ്ടെന്ന് നബിﷺ ഉറക്കെ പ്രഖ്യാപിക്കുന്നു. ഇഷ്ടക്കാരനായ ഈ ഗ്രാമീണനോട് തമാശ കാണിക്കാൻ നേരം കണ്ടെത്തുന്നു. ഇത് കേവലം ഒരു സംഭവമായിട്ടല്ല വായിക്കേണ്ടത്. ഉച്ചനീചത്വങ്ങൾ ഇല്ലായ്മ ചെയ്യാനുള്ള ഒരു മഹാ വിപ്ലവത്തിന്റെ ഭേദിക്കാനാവാത്ത ചുവടുകളായിട്ടാണ് ചരിത്രം അടയാളപ്പെടുത്തിയത്.
മക്കയിലെ മുശ്രിക്കുകൾ നബിﷺയോട് വൈര്യം വെക്കാനുള്ള കാരണം ആശയം മാത്രമായിരുന്നില്ല. മനുഷ്യന്മാരെ തന്നെ മനുഷ്യന്മാർ അടിമകളാക്കി വെക്കുന്ന സമ്പ്രദായത്തിനെതിരെ മാനുഷിക മൂല്യങ്ങളെ പരിഗണിച്ച് മനുഷ്യൻ ഒന്നാണെന്ന് പറയാനൊരുങ്ങിയത് കൊണ്ട് കൂടിയായിരുന്നു. മക്കയിലെ മുതലാളിമാരുടെ മുഴുവനും ഏറ്റവും വലിയ ആസ്ഥി അവരുടെ പക്കലുണ്ടായിരുന്ന അടിമകളായിരുന്നു. എല്ലാ മനുഷ്യരും തുല്യരാണ് എന്ന പ്രഖ്യാപനം കുത്തക മുതലാളിമാരുടെ ഖജനാവിനെയാണ് ഭേദിച്ചത്. അതവർക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. ഒരേ തളികയിൽ നിന്ന് അടിമയും ഉടമയും ഭക്ഷണം കഴിക്കുന്നത് അവർക്ക് ആലോചിക്കാൻ പോലും പറ്റില്ലായിരുന്നു. പ്രായോഗികമായിട്ടാണ് നബിﷺ അതിനു തിരുത്തലുകൾ കൊണ്ടുവന്നത്. ഇതുകൂടി ഈ സംഭവങ്ങളോട് നമുക്ക് ചേർത്ത് വായിക്കാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 756
മഹതി ആഇശ(റ) നിവേദനം ചെയ്യുന്നു. ഒരു ദിവസം ഞാൻ ഒരു സൂപ്പ് തയ്യാറാക്കി നബിﷺയുടെ അടുത്തെത്തി. അപ്പോൾ ഞാൻ സൗദ(റ)യോട് പറഞ്ഞു. ഇതിൽ നിങ്ങൾ കഴിച്ചോളൂ അല്പം. അപ്പോൾ ഞങ്ങൾ രണ്ടുപേരുടെയും ഇടയിൽ തിരുനബിﷺ ഉണ്ടായിരുന്നു. പക്ഷേ, സൗദ(റ) കഴിക്കാൻ തയ്യാറായില്ല. ഞാൻ പറഞ്ഞു. നിങ്ങൾ കഴിച്ചോളൂ.. അല്ലെങ്കിൽ ഞാൻ ഇതിൽനിന്ന് വാരി നിങ്ങളുടെ മുഖത്ത് പുരട്ടി തരും. അപ്പോഴും കഴിക്കാതെ വന്നപ്പോൾ ആഇശ(റ) അല്പം സൂപ്പെടുത്ത് സൗദ(റ)യുടെ മുഖത്ത് തേച്ചുകൊടുത്തു. തിരുനബിﷺ അവിടുത്തെ കാല് സൗദ(റ)ക്ക് നീട്ടി കൊടുത്തു. എന്നിട്ട് പറഞ്ഞു. നിങ്ങളും അല്പം എടുത്ത് ആഇശ(റ)ക്ക് തേച്ചുകൊടുക്കൂ. സൗദ(റ) അത് പ്രകാരം ചെയ്തു. ഈ രംഗം കണ്ട് നബിﷺ ചിരിച്ചു. അപ്പോഴതാ ഉമർ(റ) വരുന്ന ശബ്ദം കേൾക്കുന്നു. യാ അബ്ദുള്ളാഹ് എന്ന് വിളിച്ചു കൊണ്ടാണ് അദ്ദേഹം അപ്പോൾ അങ്ങോട്ട് വന്നത്. അല്ലയോ അല്ലാഹുവിന്റെ ദാസരേ എന്ന്. നബിﷺ വിചാരിച്ചു ഉമർ അകത്തേക്ക് കടന്നു വരുമെന്ന്. ഉടനെ പത്നിമാരോട് പറഞ്ഞു. നിങ്ങൾ രണ്ടുപേരും പോയി മുഖം കഴുകി വരൂ. ഉമറി(റ)ന്റെ ആഗമനത്തോട് നബിﷺ പരിഗണിക്കുന്ന ഗൗരവം എനിക്കും ഉണ്ടായിരുന്നു.
തിരുനബിﷺയുടെ തന്നെ രണ്ടു ഭാര്യമാർക്കിടയിലുണ്ടായ വിനോദകരമായ ഒരു രംഗമാണിത്. തിരുനബിﷺ അതിന്റെ രീതിയിൽ തന്നെ അത് കാണുന്നു. ഒരു തമാശയായി തന്നെ പരിഗണിക്കുന്നു. അവരോടൊപ്പം ചിരിയിൽ പങ്കുചേരുന്നു. അരമനയിലെ സൗന്ദര്യ പിണക്കങ്ങൾ എങ്ങനെയാണ് കൈകാര്യം ചെയ്തത് എന്നതിന്റെ ഒരു ചിത്രം കൂടിയാണിത്.
എല്ലാ ഭാര്യമാരോടും നബിﷺ വിനോദം പങ്കിടുമായിരുന്നു. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആഇശ(റ)യോട് തമാശ കളിച്ച രംഗങ്ങളാണ് കൂടുതൽ നിവേദനങ്ങളിൽ കാണുന്നത്. നിന്റെ കണ്ണുകൾക്ക് എത്രമാത്രം വെളുപ്പുണ്ട്? എന്താണ് അതിനെ ഇത്ര സൗന്ദര്യപൂർണ്ണമാക്കിയത്? എന്നൊരിക്കൽ പറഞ്ഞ രംഗം അനസ്(റ) നിവേദനം ചെയ്യുന്നുണ്ട്.
സുബൈർ ബിൻ ബക്കർ(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഉമ്മുഐമൻ എന്ന് പേരുള്ള ഒരു സ്ത്രീ നബിﷺയുടെ അടുക്കൽ വന്നു. എന്നിട്ട് നബിﷺയോട് പറഞ്ഞു. ഭർത്താവ് അവിടുത്തെ വിളിക്കുന്നുണ്ട്. അപ്പോൾ നബിﷺ ചോദിച്ചു. ആരാണത്? കണ്ണിൽ വെളുപ്പുള്ള ആളല്ലേ? അപ്പോൾ ആഗത ചോദിച്ചു. ആരെയാണ് നബിﷺ ഉദ്ദേശിച്ചത്? എന്റെ ഭർത്താവിന്റെ കണ്ണിൽ വെളുപ്പോ? അതെ, തീർച്ചയായും അദ്ദേഹത്തിന്റെ രണ്ട് കണ്ണിലും വെളുപ്പുണ്ടല്ലോ. അപ്പോഴും സ്ത്രീ അത് വിട്ടുകൊടുത്തില്ല. നബിﷺ ചോദിച്ചു. കണ്ണിൽ വെളുപ്പില്ലാത്ത ആരെങ്കിലുമുണ്ടോ?
തമാശ കലർന്ന ഒരു മറുപടി ആയിരുന്നല്ലോ ഇത്. അനസി(റ)നോട് ഇരട്ട ചെവിയാ എന്ന് ചോദിച്ചതുപോലെ പെട്ടെന്ന് കേൾക്കുമ്പോൾ ഇതെന്തോ വ്യത്യസ്തമാണെന്ന് വിചാരിക്കും. എന്നാൽ, എല്ലാവർക്കുമുള്ളതാണ് എന്ന് പിന്നെയാണല്ലോ ഓർമ്മ വരിക. ഇതുപോലെ ഒരു ഫലിതമായിരുന്നു ഉമ്മു ഐമനോ(റ)ട് പറഞ്ഞതും.
ഖവ്വാത് ബിൻ ജുബൈർ(റ) നിവേദനം ചെയ്യുന്നു. ഞങ്ങൾ ഒരിക്കൽ മർറുള്ളഹ്റാനിലായിരുന്നു. അവിടുത്തെ ടെന്റിൽ നിന്നു പുറത്തു വന്നപ്പോൾ അതാ ഒരുസംഘം സ്ത്രീകളിരുന്നു വർത്തമാനം പറയുന്നു. അദ്ദേഹം നല്ല വസ്ത്രം ധരിച്ച് അവരോടൊപ്പം ഒന്നിച്ചു സംസാരിച്ചു. അങ്ങനെയിരിക്കെ അതാ തിരുനബിﷺ അവിടുത്ത ടെന്റിൽ നിന്ന് പുറത്തേക്ക് വരുന്നു. കണ്ട മാത്രയിൽ എന്നോട് ചോദിച്ചു. എന്താണിവിടെ? അപ്പോഴേക്കും ഞാൻ ഭയപ്പെട്ടു. ആകെ ഒരു അസ്വസ്ഥതയായി. ഞാൻ പറഞ്ഞു. എന്റെ ഒരു ഒട്ടകം തീരെ അടങ്ങിയിരിക്കുന്നില്ല. അതിനെ കെട്ടാൻ കയറോ മറ്റോ കിട്ടിയാൽ എന്ന് വിചാരിച്ച് ഇറങ്ങിയതാണ്.
കുറച്ചു കഴിഞ്ഞ് നബിﷺ യാത്ര തുടർന്നു. ഞാനും ഒപ്പം സഞ്ചരിച്ചു. അതിനിടയിൽ നബിﷺ പ്രാഥമികാവശ്യ നിർവഹണത്തിന് പോയപ്പോൾ അവിടുത്തെ മേൽമുണ്ട് എന്നെ ഏൽപ്പിച്ചു. അറാക്ക് മരങ്ങളുള്ള ഒരു തോട്ടത്തിലേക്ക് നബിﷺ പ്രവേശിച്ചു. അപ്പോൾ ഞാൻ അവിടുത്തെ കാൽപാദത്തിന്റെ സൗന്ദര്യം ഇങ്ങനെ കാണുന്നുണ്ടായിരുന്നു. അംഗസ്നാനമൊക്കെ കഴിഞ്ഞ് നബിﷺ തിരിച്ചുവന്നപ്പോൾ എന്നോട് ചോദിച്ചു. ഒട്ടകത്തിന്റെ മെടയൊക്കെ എന്തായി? നബിﷺ ആ തമാശ ഓർത്തു. പിന്നെയും ഇടക്ക് കാണുമ്പോൾ ഈ ചോദ്യം ചോദിക്കും. ഞാൻ ഇങ്ങനെ മെല്ലെ ഒഴിഞ്ഞൊഴിഞ്ഞു നടക്കും. പിന്നെ വേഗം ഞാൻ മദീനയിലേക്ക് വന്നു. അധികം പള്ളിയിലേക്കൊന്നും പോകാറില്ല. ആളൊഴിയുന്ന സമയത്ത് പള്ളിയിൽ ചെന്ന് നിസ്കരിക്കും.
അങ്ങനെ ഒരിക്കൽ പള്ളിയിലെത്തിയപ്പോൾ നബിﷺ അവിടുത്തെ ഒരു വീട്ടിൽ നിന്ന് ഇറങ്ങി പള്ളിയിലേക്ക് വന്നു. ലഘുവായി രണ്ട് റക്അത്ത് നിസ്കരിച്ചു. എന്നിട്ട് അവിടെ ഇരുന്നു. ഞാൻ അപ്പോൾ എന്റെ നിസ്കാരം ദീർഘിപ്പിച്ചു. തിരുനബിﷺ പോയിട്ടാകാം പൂർത്തിയാക്കുന്നത് എന്ന് ചിന്തിച്ചിട്ടായിരുന്നു ഞാൻ നിസ്കാരം നീട്ടിയത്. അപ്പോൾ നബിﷺ അടുത്തിരുന്നു കൊണ്ട് പറഞ്ഞു. അല്ലയോ അബ്ദുള്ളാഹ് നിങ്ങൾ നിസ്കാരം എത്ര വേണമെങ്കിലും ദീർഘിപ്പിച്ചോളൂ. ഞാനിവിടെ കാത്തിരുന്നു കൊള്ളാം. അപ്പോൾ ഞാൻ മനസ്സിൽ വിചാരിച്ചു. ഏതായാലും നബിﷺയോട് കാര്യങ്ങൾ പറഞ്ഞ് വിട്ടുവീഴ്ച ആവശ്യപ്പെടാം. ഞാൻ നിസ്കാരത്തിൽ നിന്ന് വിരമിച്ച ഉടനെ സലാം പറഞ്ഞു. നബിﷺ ചോദിച്ചു. എന്തായി നിങ്ങളുടെ ഒട്ടകത്തിന്റെ മെട? അപ്പോൾ ഞാൻ പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, സത്യവുമായി അവിടുത്തെ നിയോഗിച്ച അല്ലാഹു സത്യം! ഞാൻ ഇസ്ലാം സ്വീകരിച്ചത് മുതൽ ഇതുവരെ ആ ഒട്ടകം എന്നോട് ഇടഞ്ഞിട്ടില്ല. അപ്പോൾ നബിﷺ എനിക്ക് വേണ്ടി കാരുണ്യത്തിന്റെ പ്രാർത്ഥന നടത്തി. പിന്നെ എന്നോടൊന്നും അതിനെക്കുറിച്ച് സംസാരിച്ചില്ല.
എത്ര കൗതുകകരമായ രംഗമാണിത്. നബിﷺക്ക് കാര്യം മനസ്സിലായി എന്നും മറ്റു കാര്യം പറഞ്ഞു ഒഴിഞ്ഞുമാറേണ്ടതില്ലെന്നും ബോധ്യപ്പെടുത്തുകയായിരുന്നു അവിടുന്ന്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 757
ഔൻ ബിൻ മാലിക്(റ) നിവേദനം ചെയ്യുന്നു. ഞാൻ ഒരു ദിവസം തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. അവിടുന്ന് ചോദിച്ചു. ആരാത്? ഞാൻ പറഞ്ഞു. ഔൻ ബിൻ മാലികാ(റ)ണ്. തിരുനബിﷺ പറഞ്ഞു. എന്നാൽ അകത്തേക്ക് പ്രവേശിച്ചോളൂ. അപ്പോൾ ഞാൻ ചോദിച്ചു. ഞാൻ മുഴുവനായിട്ടും അകത്തേക്ക് കടന്നോട്ടെ. അതെ, അങ്ങനെ തന്നെ ആയിക്കൊള്ളട്ടെ.
അബ്ദുല്ലാഹിബിന് ബിശ്ർ അൽമാസിനി(റ) പറയുന്നു. ഒരു കുല മുന്തിരിയും നൽകി എന്റെ ഉമ്മ എന്നെ നബിﷺയുടെ അടുത്തേക്കയച്ചു. അദ്ദേഹം അത് നബിﷺക്ക് എത്തിച്ചു കൊടുക്കാതെ സ്വന്തമായി തന്നെ കഴിച്ചു. പിന്നീട് ഒരിക്കൽ നബിﷺയെ കണ്ടപ്പോൾ ഉമ്മ അന്വേഷിച്ചു. മകൻ മുന്തിരി കൊണ്ടുവന്ന് തന്നിരുന്നില്ലേ എന്ന്. നബിﷺ പറഞ്ഞു. ഇല്ലല്ലോ! പിന്നീട് ഔനി(റ)നെ കാണുമ്പോഴൊക്കെ നബിﷺ തമാശപറയും. ചതിയാണ്… ചതിയാണ് എന്ന്.
സുപ്രസിദ്ധമായ ചില സംഭവങ്ങൾ കൂടി നമുക്ക് ചേർത്ത് വായിക്കാം. മഹതിയായ നബി പത്നി ആഇശ(റ) പറയുന്നു. ഞാൻ ഒരിക്കൽ തിരുനബിﷺക്കൊപ്പം യാത്ര തിരിച്ചു. അന്നെനിക്ക് അധികം വണ്ണമൊന്നുമുള്ള കാലമല്ല. യാത്രക്കിടയിൽ വെച്ച് നബിﷺ എന്നോട് പറഞ്ഞു. നമുക്കൊന്ന് ഓടി മത്സരിച്ചാലോ? അങ്ങനെ ഞങ്ങൾ മത്സരിച്ചതും ഞാൻ ആദ്യം ഓടി ലക്ഷ്യത്തിലെത്തി. നബിﷺയെ മുൻ കടന്നു ഓട്ടമത്സരത്തിൽ വിജയിച്ചു. അന്ന് നബിﷺ മൗനം ദീക്ഷിച്ചു. കുറച്ചുനാൾ കഴിഞ്ഞ് എനിക്ക് ശാരീരികമായി വണ്ണമൊക്കെ വച്ചു. അന്നൊരു യാത്രയിലും നബിﷺ ഓട്ടമത്സരത്തിന് അവസരമൊരുക്കി. അന്ന് നബിﷺ എന്നെ തോൽപ്പിച്ചു. ശേഷം, ചിരിച്ചുകൊണ്ട് നബിﷺ പറഞ്ഞു. അന്നത്തേതിനു പകരമാണ് ഇന്നത്തേത്. അഥവാ അന്ന് എന്നെ തോൽപ്പിച്ചതിന് പകരം ഇന്ന് നിങ്ങളെ ഞാൻ തോൽപ്പിച്ചിരിക്കുന്നു. ഞാൻ പഴയ സംഭവമൊക്കെ മറന്നിരുന്നു.
വീട്ടുകാരോടും അനുയായികളോടും എത്രമേൽ ഇഴുകിച്ചേർന്നു കൊണ്ടായിരുന്നു നബിﷺയുടെ ജീവിതം. അവരുടെ തമാശകളിൽ പങ്കുചേർന്നും അവർക്ക് തമാശകൾക്കവസരം നൽകിയും നബിﷺ ജീവിതത്തെ ആഘോഷമാക്കി. ഒരിക്കൽ സൗന്ദര്യവാനായ ഒരു സ്വഹാബിയോട് പറഞ്ഞു. നിങ്ങൾ യഥാർത്ഥത്തിൽ വർദ് തന്നെയാണ്. സൗന്ദര്യമുള്ളയാൾ എന്നതിനെ സൂചിപ്പിച്ചു പറയാവുന്ന വാക്കാണ്. അതോടൊപ്പം ആ സ്വഹാബിയുടെ പേരും അതുതന്നെയായിരുന്നു.
അനസ്(റ) പറയുന്നു. ഒരിക്കൽ ഒരു വൃദ്ധ തിരുനബിﷺയുടെ അടുക്കൽ വന്നു. അവർക്ക് പറയേണ്ടതൊക്കെ പറയുകയും തിരുനബിﷺ അവർക്ക് ആശ്വാസങ്ങൾ നേരുകയും ചെയ്തു. ഒടുവിൽ അവിടുന്ന് പറഞ്ഞു. വാർദ്ധക്യമുള്ളവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല. ഇതും പറഞ്ഞു നബിﷺ നിസ്കരിക്കാൻ പോയി. അത് കേട്ട വൃദ്ധ അവിടെ ഇരുന്ന് കരയാൻ തുടങ്ങി. നിസ്കാരം കഴിഞ്ഞു മടങ്ങി വന്നപ്പോൾ ആഇശ(റ) പറഞ്ഞു. അതാ അവിടുത്തെ വർത്തമാനം കേട്ട് വൃദ്ധയിരുന്ന് കരയുന്നു. തിരുനബിﷺയപ്പോൾ ചിരിച്ചുകൊണ്ട് അവരോട് പറഞ്ഞു. ഞാൻ പറഞ്ഞത് ശരിയാണ്. വൃദ്ധരായി ആരും സ്വർഗ്ഗത്തിൽ കടക്കുകയില്ല. ശേഷം, സൂറത്തുൽ വാഖിഅയിലെ ചില സൂക്തങ്ങൾ പാരായണം ചെയ്തു. ആശയം ഇങ്ങനെയാണ്.”അവര്‍ക്കുള്ള ഇണകള്‍ നാം പ്രത്യേക ശ്രദ്ധയോടെ സൃഷ്ടിച്ചവരാണ്. അവരെ നാം നിത്യ കന്യകകളാക്കിയിരിക്കുന്നു. ഒപ്പം സ്നേഹസമ്പന്നരും സമപ്രായക്കാരും.” എത്ര വൃദ്ധരായി മരണപ്പെട്ടു പോയാലും യുവത്വമുള്ളവരായിട്ടേ സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കപ്പെടുകയുള്ളൂ എന്നാണ് പറഞ്ഞതിന്റെ താല്പര്യം എന്ന് പറഞ്ഞു നബിﷺ അവരെ ആശ്വസിപ്പിച്ചു.
എല്ലാതലത്തിലുമുള്ളവരോട് ഫലിതം പറയാനും ലളിതമായി പെരുമാറാനുമുള്ള തിരുനബിﷺയുടെ ജീവിത വിതാനങ്ങളെയാണ് ഓരോ നിവേദനങ്ങളും നമുക്ക് പറഞ്ഞു തന്നു കൊണ്ടിരിക്കുന്നത്. കുറേ സിദ്ധാന്തങ്ങൾ പറഞ്ഞ് അകലെ മാറി നിൽക്കുന്ന നേതാവായിരുന്നില്ല അവിടുന്ന്. ജീവിതങ്ങളോട് ചേർന്നു നിന്ന് ജീവിതത്തെ ആവിഷ്കരിക്കുകയായിരുന്നു. ഹൃദയങ്ങളോട് ചേർന്നു നിന്ന് ഹൃദയങ്ങളെ സ്വീകരിക്കുകയായിരുന്നു. മനുഷ്യരുടെ രാപ്പകലുകളോട് ഇഴ ചേർന്നു നിന്ന് വെളിച്ചം പകർന്നു കൊടുക്കുകയായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 758
അബൂ ഹുറൈറ(റ) പറയുന്നു. തിരുനബിﷺ പേരക്കുട്ടി ഹുസൈനെ(റ) കയ്യിൽ പിടിച്ചു ഉയർത്തും. കാൽപാദത്തിന്റെ പള്ള ഭാഗത്ത് ചവിട്ടി നിർത്തും. നീളം കുറഞ്ഞ വണ്ണമുള്ളവനെ, ഫാത്വിമ(റ)യുടെ കണ്ണിലുണ്ണീ എന്നിങ്ങനെ വിളിച്ചുകൊണ്ട് കളിപ്പിക്കും. അല്ലാഹുവേ ഞാൻ ഈ മോനെ ഇഷ്ടപ്പെടുന്നു. നീയും ഇഷ്ടപ്പെടേണമേ!
കളിയും കാര്യവും ചേർന്ന പ്രത്യേകമായ ഒരു വിനോദമാണ് നാം വായിച്ചത്. പേരക്കുട്ടിയെ കളിപ്പിക്കുന്നു. അവനെ ചിരിപ്പിക്കാൻ വേണ്ടി കൊച്ചു വർത്തമാനങ്ങൾ പറയുന്നു. ഒപ്പം മകളുടെ പൊന്നുമോനെ എന്ന് പറഞ്ഞ് സന്തോഷിപ്പിക്കുന്നു. പേരക്കുട്ടിയോടുള്ള ഇഷ്ടം പ്രകാശിപ്പിക്കുന്നു. അല്ലാഹുവിൽ നിന്നുള്ള സ്നേഹത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. ഇത്ര മനോഹരമായി കുഞ്ഞുങ്ങളെ വളർത്തുകയും പരിപാലിക്കുകയും ചെയ്ത ഒരു വ്യക്തിയെ എവിടെ നിന്നാണ് നമുക്ക് വായിക്കാനുള്ളത്. അനന്തമായ സന്തോഷങ്ങളുടെ സ്വപ്നം പേരക്കുട്ടിയിൽ ചേർത്തുവച്ചു ആലോചിക്കാനും കളിപ്പിക്കാനും വേറെ ആർക്കാണ് ഇത്രമേൽ സാധിക്കുക.
അബൂ ഹുറൈറ(റ) തന്നെ പറയുന്നു. തിരുനബിﷺ പേരക്കുട്ടിയായ ഹസനെ(റ) കളിപ്പിക്കാൻ അവിടുത്തെ നാവ് നീട്ടി കൊടുക്കും. ആവേശത്തോടുകൂടി മകൻ ഓടിവന്നു അതിൽ പങ്കുചേരും. ചിലപ്പോഴൊക്കെ അവർക്ക് വിശക്കുമ്പോഴും ദാഹിക്കുമ്പോഴും ആ തിരുനാവിൽ നിന്ന് തീർത്ഥവും ആശ്വാസവും അവർക്ക് ലഭിച്ചിട്ടുണ്ട്. അല്ലാഹുവിൽ നിന്ന് സന്ദേശങ്ങളെ സ്വീകരിക്കുമ്പോഴും സാധാരണ ജീവിതങ്ങളുടെ സന്തോഷങ്ങൾക്കും സവിശേഷമായ ആവിഷ്കാരം തീർക്കുകയായിരുന്നു പുണ്യ റസൂൽﷺ. തീക്ഷ്ണമായ പരീക്ഷണങ്ങളുടെയും നിറഞ്ഞ പോരാട്ടങ്ങളുടെയും കാലത്തും വീട്ടിലെ സന്തോഷങ്ങൾക്ക് നേരം കണ്ടെത്താൻ, ഇത്രമേൽ ഹൃദയം തുറന്നു ഉറ്റവരോട് സംവദിക്കാൻ എത്ര മനോഹരമായിട്ടാണ് ലോക നേതാവിﷺന് സാധിക്കുന്നത്!
ആ ജീവിതം മുഴുവനും അധ്യാപനമാണ്. ഒരു പൗരന്റെ വ്യവഹാരങ്ങൾ എങ്ങനെയാകണമെന്നും ആനന്ദവിചാരങ്ങൾ ഏതെല്ലാം തലങ്ങളിലേക്ക് പടർന്നെത്താമെന്നും ഫലിതവും വിനോദവും കൗതുകവും കുട്ടിക്കളികളുമെല്ലാം ജീവിതത്തിന്റെ ഭാഗമാണെന്നും അതെല്ലാം പരിഗണിക്കുന്നത് കൊണ്ട് ആത്മീയതക്ക് ഒരു കുറവും വരില്ലെന്നും ഇങ്ങനെ ആ ചരിത്ര വായനയുടെ ഇടവഴികളിലൂടെ സഞ്ചരിക്കുമ്പോൾ ഏതെല്ലാം ഹൃദയഹാരിയായ സന്ദേശങ്ങളാണ് വായനക്കാരന് വാരിക്കോരി തന്നു കൊണ്ടിരിക്കുന്നത്.
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. ഞാൻ തിരുനബിﷺക്കൊപ്പം ഒരു യാത്രയിലായിരുന്നു. ഒപ്പമുണ്ടായിരുന്ന സഞ്ചാരികൾക്ക് ഭാരമായി തോന്നിയ ചരക്കുകളൊക്കെ എന്റെ മേൽ വെക്കാൻ തുടങ്ങി. അത് കണ്ടുകൊണ്ട് തിരുനബിﷺ എന്റെ സമീപത്തു കൂടി നടന്നു പോയി. അപ്പോൾ നബിﷺ ചോദിച്ചു. ഇതെന്തേ നിങ്ങൾ ചുമട്ടു മൃഗമാണോ?
സാധാരണ നമ്മുടെയും യാത്രകളിലും സഞ്ചാരങ്ങളിലും അനുഭവപ്പെടുന്ന ഒരു രംഗം. കൂട്ടുകാരന്റെ ലഗേജിലേക്ക് ഭാരം നിറയ്ക്കുന്ന ചിത്രം നേതാവായ തിരുനബിﷺയുടെ കണ്ണിൽപ്പെടുന്നു. അത്തരം ഒരു കൗതുക ക്രിയയിൽ കമന്റ് കൊണ്ട് നബിﷺയും ഭാഗമാകുന്നു.
കടുപ്പം നിറഞ്ഞ സിദ്ധാന്തങ്ങളുടെ കഠിന വാചകങ്ങൾ കൊണ്ടല്ല നബിﷺ ലോകത്തോട് സംവദിച്ചത്. ഹൃദയത്തോട് ചേർത്തുവച്ച സ്നേഹവും കരുതലും പച്ചയായ ജീവിതങ്ങളോട് ചേർന്നു നിന്നുകൊണ്ടുള്ള തൊട്ടുരുമ്മലുകളുമാണ് അവിടുന്ന് കാഴ്ചവച്ചത്. ഒരേസമയത്ത് ആശ്വാസത്തിന്റെ തലോടലായും കരുതലിന്റെ കൈകളായും ﷺ നിറഞ്ഞ പുഞ്ചിരിയായും ഫലിതത്തിൽ കൂട്ടുകൂടുന്ന കൂട്ടുകാരനായും ജീവിതത്തിന്റെ വിവിധ തലങ്ങളിൽ തിരുനബിﷺ പ്രത്യക്ഷപ്പെട്ടു. അപ്പോൾ അനുയായികൾക്കെല്ലായിടത്തും എല്ലാവരെക്കാളും പ്രിയപ്പെട്ടവരായി അവിടുന്ന് ഉയർന്നുവന്നു. കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിൽ ഇന്നും അത് തണുപ്പും തലോടലുമായി നിറഞ്ഞുനിൽക്കുന്നു. ഇന്നേവരെ ലോകത്ത് ഒരാൾക്കും ലഭിക്കാത്ത അത്രയും സ്വീകാര്യതയോടെ. അതാണ് പുണ്യ റസൂൽﷺ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 759
മഹാനായ സ്വഹാബി സഫീന(റ) പറയുന്നു. ഒരിക്കൽ ഒപ്പമുള്ള ആളുകൾക്ക് അവരുടെ ചരക്കുകൾ ഒരു ഭാരമായി. അപ്പോൾ നബിﷺ എന്നോട് പറഞ്ഞു. നിങ്ങളുടെ മേൽ വസ്ത്രം ഒന്നു വിരിച്ചു വെക്കൂ. എല്ലാവരും അവരുടെ ചരക്കുകൾ അതിൽ നിക്ഷേപിച്ചു. നിങ്ങൾ ഏതായാലും സഫീന അഥവാ കപ്പലാണല്ലോ ഇത് വഹിച്ചാലും. അന്നുമുതൽ ഏഴ് ഒട്ടകത്തിന്റെ വരെ ഞാൻ വഹിച്ചാലും എനിക്ക് ഭാരം അനുഭവപ്പെടില്ലായിരുന്നു.
തമാശയും അനുഗ്രഹവും നിറഞ്ഞ ഒരു നിവേദനമാണിത്. പേരിനോട് ചേർത്തുള്ള ഫലിതം നബിﷺ കൂട്ടുകാരനോട് പറയുന്നു. പ്രവാചകരുടെ വാക്കിന്റെ പുലർച്ചയെന്നോണം അത് അദ്ദേഹത്തിന് സാധിക്കുകയും ചെയ്യുന്നു. ഞാൻ തമാശ പറഞ്ഞാലും അത് സത്യമായിരിക്കും എന്നതിന്റെ മറ്റൊരു പുലർച്ച കൂടിയാണിത്. മറ്റൊരു യാത്രയിലും കൂട്ടുകാരുടെ ആയുധങ്ങൾ അടക്കമുള്ള സാധനങ്ങൾ ഈ സ്വഹാബി തന്നെ വഹിക്കുകയും നിങ്ങൾ കപ്പലാണല്ലോ എന്ന് തിരുനബിﷺ പരിചയപ്പെടുത്തുകയും ചെയ്തത് ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഒരു നിവേദനത്തിൽ കാണാം.
അനസ്(റ) ഉദ്ധരിക്കുന്നു. ഒരിക്കൽ നബിﷺയെ കാണുമ്പോൾ അവിടുന്ന് നിസ്കരിക്കുകയായിരുന്നു. അവിടുത്തെ പുറത്ത് പേരക്കുട്ടി ഹസ്സൻ(റ) ഇരുന്നു കളിക്കുന്നുണ്ടായിരുന്നു. സുജൂദിലേക്ക് പോകുമ്പോൾ അരികത്തേക്ക് ഇരുത്തും. ശേഷം ഉയരുമ്പോൾ മകനെയും വഹിച്ചുകൊണ്ട് ഉയരും.
ഇബ്നു അബീ ലൈല(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഞങ്ങൾ തിരുനബിﷺയുടെ സദസ്സിൽ ഇരിക്കുമ്പോൾ പേരക്കുട്ടി ഹസ്സൻ(റ) അവിടേക്ക് വന്നു. നബിﷺയുടെ ശരീരത്ത് കെട്ടി മറിഞ്ഞു കളിച്ചു. അവിടുത്തെ കുപ്പായം ഉയർത്തി കൊടുത്തപ്പോൾ തിരുമേനിയിൽ ചുംബിച്ചു.
അബൂ ജഅ്ഫർ അൽ ഖത്മി(റ) പറയുന്നു. അബൂ അംറ അഥവാ അംറ യുടെ പിതാവ് എന്ന് വിളിക്കപ്പെടുന്ന ഒരാൾ നബിﷺയുടെ സദസ്സിലേക്ക് വന്നു. നബിﷺ അദ്ദേഹത്തെ അംറയുടെ മാതാവ് അഥവാ ഉമ്മു അംറ എന്ന് അഭിസംബോധന ചെയ്തു. ഞാനൊരു സ്ത്രീയാണെന്ന് അവിടുന്ന് വിചാരിച്ചു പോയോ എന്ന് ചോദിച്ചു കൊണ്ട് അദ്ദേഹത്തിന്റെ രഹസ്യഭാഗത്തിന് നേരെ അദ്ദേഹം ചൂണ്ടി. അപ്പോൾ നബിﷺ ഇങ്ങനെ പ്രതികരിച്ചു. ഞാനൊരു മനുഷ്യനാണല്ലോ നിങ്ങളെ ഒന്ന് തമാശയാക്കിയതാണ്.
ഇമ്രാന്റെ പിതാവ് ഹുസൈൻ(റ) എന്നവർ പറയുന്നു. ഒരിക്കൽ തിരുനബിﷺ മകൾ ഫാത്വിമ(റ)യുടെ വീടിനടുത്ത് നിൽക്കുകയായിരുന്നു. പേരമക്കളായ ഹസ്സൻ(റ), ഹുസൈൻ(റ) എന്നിവരിൽ നിന്നും ഒരാൾ അടുത്തേക്ക് വന്നു. നബിﷺ മകന്റെ ഒരു വിരലിൽ പിടിച്ചുയർത്തിക്കൊണ്ടു പറഞ്ഞു. ഇതാ ഉപ്പാന്റെ പുറത്തേക്കു കയറിക്കോളൂ, ഫാത്വിമാ(റ)ക്ക് സന്തോഷമുണ്ടാകട്ടെ. ആ മകനെ ഒരു ചുമലിൽ ഇരുത്തി. അല്പം കഴിഞ്ഞപ്പോൾ അടുത്ത ആളും വന്നു. ആദ്യത്തെ ആളെ ക്ഷണിച്ചത് പോലെ രണ്ടാമത്തെ ആളെയും ക്ഷണിച്ചു. അടുത്ത തോളിൽ ഇരുത്തി. രണ്ടുപേരുടെയും ചുമലുകൾ പിടിച്ച് തിരുനബിﷺയുടെ ചുണ്ടുകൾക്ക് നേരെ ചേർത്തു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. അല്ലാഹുവേ ഇവർ രണ്ടുപേരെയും ഞാൻ ഇഷ്ടപ്പെടുന്നു. നീയും ഇവരെ ഇഷ്ടപ്പെടേണമേ.
നബി ജീവിതത്തിന്റെ രാപ്പകലുകളിൽ നിന്നും കൗതുകകരമായ ചില നിമിഷങ്ങളെയാണ് നാം പകർത്തി കൊണ്ടിരിക്കുന്നത്. തിരക്കുപിടിച്ച ദൗത്യ ജീവിതത്തിനിടയിലും അടുക്കളയിലും അരുമസന്താനങ്ങൾക്കൊപ്പവും വാത്സല്യത്തിന്റെയും സ്നേഹ രൂപങ്ങളുടെയും വിലാസങ്ങൾ എത്ര മനോഹരവും ഉജ്ജ്വലവുമായിട്ടാണ് നിറഞ്ഞുനിന്നിരുന്നത്. ഓമനിക്കാനും താലോലിക്കാനും, പേരക്കുട്ടികൾക്ക് പിതാമഹനെ വകവച്ചു കൊടുക്കാനുമൊക്കെ ആ ജീവിതത്തിൽ സമയമുണ്ടായിരുന്നു. ലോകങ്ങളുടെ ഒക്കെ നേതാവായിരിക്കുമ്പോഴും പേരക്കുട്ടിക്ക് കയറി കളിക്കാനുള്ള വാഹനമായി അവിടുന്ന് വിധേയപ്പെട്ടു കൊടുത്തു.
കാതങ്ങൾപ്പുറവും കാതോർക്കുവാൻ ആളുകൾ കാത്തിരുന്നപ്പോഴും കൗതുകത്തോടെ കൊച്ചു വർത്തമാനം പറയാൻ അവിടുത്തേക്ക് സമയമുണ്ടായിരുന്നു. പ്രിയപ്പെട്ട മകൾ ഫാത്വിമ(റ) ഉപ്പാ എന്ന് വിളിക്കുമ്പോൾ കാതോർക്കാൻ ഇപ്പുറത്ത് ആശ്വാസത്തിന്റെ പിതൃ സ്പന്ദനമുണ്ടായിരുന്നു. അനുയായികൾ ആനന്ദത്തോടെ തമാശ പറഞ്ഞിരിക്കുമ്പോൾ കൂടെ ചേർന്നിരിക്കാൻ ആ പാൽ പുഞ്ചിരിയുണ്ടായിരുന്നു. ചിലപ്പോൾ നാണം കൊണ്ട് ഇറങ്ങിപ്പോയ ആ കണ്ണുകൾ അനുയായികൾക്ക് ഔചിത്യ ബോധത്തിന്റെ അധ്യാപനമായി മിന്നി തെളിഞ്ഞു. ഇങ്ങനെ ഇങ്ങനെ ആ ജീവിതത്തെ നാം വായിച്ചു കൊണ്ടിരിക്കുകയാണ്…..
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 760
തിരുനബിﷺയുടെ ഫലിതങ്ങളിൽ നിന്ന് ചില ഭാഗങ്ങളാണ് നാം വായിച്ചത്. അതിനിടയിൽ തെളിഞ്ഞുവരുന്ന ചിത്രങ്ങളാണല്ലോ ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന നബിﷺ. അവിടുത്തെ ചിരിയെ കുറിച്ചുള്ള ചില വർത്തമാനങ്ങളാണ് ഇനി പറയുന്നത്. എല്ലാ അധ്യായത്തിനും ചില അടിസ്ഥാനങ്ങളുള്ളതുപോലെ ഈ അധ്യായത്തിലും ഒരു അടിസ്ഥാനമുണ്ട്. തിരുനബിﷺ ഒരിക്കലും ശബ്ദമുയർത്തി പൊട്ടിച്ചിരിച്ചിട്ടില്ല. അവിടുത്തെ ചിരിയുടെ ഭൂരിഭാഗവും തെളിഞ്ഞ പുഞ്ചിരിയായിരുന്നു. കൂടി വന്നാൽ വിടർന്നൊന്നു പുഞ്ചിരിക്കുകയോ തേറ്റപ്പല്ലുകൾ കാണുന്ന വിധം ഒന്നുകൂടി നിറഞ്ഞു ചിരിക്കുകയോ ചെയ്യും. ചിരിക്കുന്ന നേരത്തൊക്കെയും അവിടുത്തെ പല്ലുകളുടെ സൗന്ദര്യത്തിനപ്പുറം പല്ലുകൾക്കിടയിൽ നിന്ന് ഒരു വെളിച്ചം കാണാമായിരുന്നു. പവിഴങ്ങൾ നിരത്തി വച്ചത് പോലെയായിരുന്നു അവിടുത്തെ പല്ലുകൾ. നിരയൊത്തും പൽക്കോവകളിൽ നിന്നുള്ള വെളിച്ചം പരന്നും വർണ്ണിക്കാനാവാത്ത ഒരു സൗന്ദര്യമായിരുന്നു അവിടുത്തെ ചിരി. ചില നിവേദനങ്ങളിലൂടെ നമുക്ക് സഞ്ചരിക്കാം.
അബുദ്ദർദാഅ്(റ) എന്ന സ്വഹാബി സംസാരത്തിനിടയിൽ പലപ്പോഴും പുഞ്ചിരിക്കും. ഇതൊരു ബുദ്ധി ശൂന്യതയായി ആളുകൾ വായിക്കുമോ എന്ന സംശയം അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞു. തിരുനബിﷺയുടെ സംഭാഷണത്തിനിടയിൽ അവിടുന്ന് പുഞ്ചിരിക്കാറുണ്ട്. അബ്ദുല്ലാഹി ബിൻ ഉത്ബത് ബിൻ മസ്‌ഊദ്(റ) പറഞ്ഞു. തിരുനബിﷺയുടെ ചിരി പുഞ്ചിരിയായിരുന്നു. അവിടുന്ന് തിരിഞ്ഞു നോക്കിയാൽ ശരീരം ഒന്നാകെ തിരിഞ്ഞു കൊണ്ടേ നോക്കുമായിരുന്നുള്ളൂ.
വിശുദ്ധ ഖുർആൻ യാസീൻ അധ്യായത്തിലെ 65 ആം സൂക്തം വിശദീകരിക്കുമ്പോൾ ചിരിക്കേണ്ട ഒരു സന്ദർഭമുണ്ടായി. പരലോകത്ത് ആളുകളുടെ വായകൾ മുദ്ര വെക്കപ്പെടുന്നതായിരുന്നു പ്രസ്തുത സൂക്തത്തിന്റെ ഉള്ളടക്കം. തിരുനബിﷺ അപ്പോൾ വിടർന്നൊന്ന് പുഞ്ചിരിച്ചു. അവിടുത്തെ തേറ്റപ്പല്ലുകൾ അപ്പോൾ കാണാമായിരുന്നു. അനസ് ബിൻ മാലിക്കാ(റ)ണ് ഈ അനുഭവം പങ്കുവെച്ചത്.
അബൂ ദർ അൽ ഗിഫാരി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ പറഞ്ഞു. സ്വർഗ്ഗത്തിലേക്ക് ആദ്യം പ്രവേശിക്കുന്നയാളെയും നരകത്തിൽ നിന്ന് അവസാനം പുറപ്പെടുന്ന ആളെയും എനിക്കറിയാം. അന്ത്യനാളിൽ അല്ലാഹു ഒരാളെ ഹാജരാക്കും. അയാൾ ചെയ്ത വൻകുറ്റങ്ങളെല്ലാം മറച്ചുവെച്ച് ചെറുപാപങ്ങളെല്ലാം കാണിച്ചുകൊടുക്കാൻ അല്ലാഹു കല്പിക്കും. ഓരോന്നും അയാൾക്ക് കാണിക്കുമ്പോഴും അയാളോട് ചോദിക്കും നീ ഈ തെറ്റ് ചെയ്തിരുന്നില്ലേ എന്ന്. ഓരോന്നും അയാൾ സമ്മതിക്കും. ഒടുവിൽ അല്ലാഹു പറയും. ഓരോ തിന്മകളും മാറ്റി നന്മയായി പരിഗണിക്കുക. അപ്പോൾ അയാൾ പറയും പറയപ്പെടാത്ത ഇനിയും കുറ്റങ്ങൾ എന്റെ ജീവിതത്തിൽ ഞാൻ ചെയ്തു പോയിട്ടുണ്ട്. ഇത്രയും പറഞ്ഞപ്പോഴേക്കും തേറ്റപ്പല്ലുകൾ തെളിഞ്ഞു കാണാവുന്നവിധം തിരുനബിﷺ വിടർന്നൊന്ന് പുഞ്ചിരിച്ചു.
നന്മയായി മാറ്റിമറിക്കുന്നുണ്ട് എന്ന് ബോധ്യമായപ്പോൾ വെളിപ്പെട്ട് പോകരുതേ എന്ന് ഇതുവരെ കരുതിയിരുന്ന കുറ്റങ്ങൾ കൂടി ഏറ്റുപറയുന്ന രംഗമാണ് നാം വായിച്ചത്. മറച്ചുവെക്കപ്പെട്ട വൻപാപങ്ങൾ കൂടി എടുത്തുപറയുകയും അതും കൂടി നന്മകളായി സ്ഥാപിച്ചുകിട്ടുകയും ചെയ്താൽ എന്ന അത്യാഗ്രഹമാണ് നബിﷺയെ ചിരിപ്പിച്ചത്. മനുഷ്യന്റെ അത്യാഗ്രഹവും അല്ലാഹുവിന്റെ മുമ്പിൽ സ്വാതന്ത്ര്യപൂർവ്വം കാര്യങ്ങൾ പറയാൻ അവൻ അനുവദിച്ചു കൊടുക്കുന്ന ഔദാര്യവുമെല്ലാം ആ ചിരിയിലുണ്ടായിരുന്നു.
ഏറ്റവും അനുയോജ്യമായ സന്ദർഭത്തിൽ ഒരുപാട് ആശയങ്ങൾ നിറച്ചു കൊണ്ടായിരുന്നു അവിടുത്തെ ശരീരഭാഷകൾ മുഴുവൻ. ചിരിയും അതുപോലെ തന്നെയായിരുന്നു.
ലോകത്ത് ഒരു നേതാവിന്റെയും ചിരിയെക്കുറിച്ച് ഇത്രമേൽ ആശയപൂർണ്ണമായ ഒരു വായനയും ചർച്ചയും ഉണ്ടാവാനിടയില്ല. ചിരിയും കരച്ചിലും മൗനവും ശബ്ദവും ഇത്രമേൽ ശ്രദ്ധിക്കപ്പെടുകയും രേഖപ്പെടുത്തപ്പെടുകയും ചെയ്ത നേതാവും ഉണ്ടാവില്ല. പിന്നെയല്ലേ..!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 761
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. ഒരു ദിവസം ഞങ്ങൾ നബിﷺയുടെ സദസ്സിൽ ഇരിക്കുകയായിരുന്നു. ഞാൻ നശിച്ചു, എല്ലാം കഴിഞ്ഞു എന്ന് പറഞ്ഞുകൊണ്ട് ഒരാൾ അവിടേക്ക് കടന്നുവന്നു. നബിﷺ ചോദിച്ചു. എന്താണ് സംഭവിച്ചത്? റമളാനിൽ വ്രതമനുഷ്ഠിച്ചു കൊണ്ട് ഞാൻ എന്റെ ഭാര്യയോട് സംസർഗ്ഗത്തിലേർപെട്ടു. പ്രവാചകൻﷺ പറഞ്ഞു. എന്നാൽ, നിങ്ങൾ ഒരു അടിമയെ മോചിപ്പിക്കുക. അയാൾ പറഞ്ഞു. എനിക്കതിന് സാധിക്കുകയില്ല. എന്നാൽ, നിങ്ങൾ രണ്ടുമാസം തുടർച്ചയായി വ്രതമനുഷ്ഠിക്കുക. എനിക്ക് അതിനും സാധിക്കുകയില്ലല്ലോ. എന്നാൽ 60 മിസ്കീൻമാർക്ക് ഭക്ഷണം നൽകുക. എന്റെ പട്ടണത്തിൽ എന്നെക്കാൾ ആവശ്യക്കാരായി ആരുമില്ല. ഇത്രയും കേട്ടപ്പോഴേക്ക് തിരുനബിﷺ വിടർന്നൊന്ന് ചിരിച്ചു. അവിടുത്തെ തേറ്റപ്പല്ലുകൾ കാണാമായിരുന്നു. അദ്ദേഹത്തിന് ദാനം നൽകിയിട്ട് ഇത് നിങ്ങൾ സ്വീകരിക്കുകയും അല്ലാഹുവിനോട് പൊറുക്കൽ തേടുകയും ചെയ്യുക എന്ന് പറഞ്ഞ് മടക്കി അയച്ചു.
റമളാനിൽ നോമ്പുകാരൻ നോമ്പിന് ഭംഗം വരുന്ന ഗുരുതരമായ ഒരു കാര്യം സംഭവിച്ചു പോയപ്പോൾ മതപരമായി പരിഹാരം തേടി പ്രവാചക സന്നിധിയിലേക്ക് വരികയായിരുന്നു. സ്വഹാബികളുടെ പതിവും അങ്ങനെയായിരുന്നു. അല്ലാഹുവിൽ നിന്നുള്ള നിയമങ്ങൾ ഭൂമിയിൽ സ്ഥാപിക്കാനുള്ള നേതാവാണല്ലോ അവിടുന്ന്ﷺ. സംഭവിച്ച കാര്യം അനുയായി തുറന്നു പറഞ്ഞപ്പോൾ പരിഹാരക്രിയകൾ ഓരോന്നോരോന്നായി നബിﷺ അദ്ദേഹത്തോട് പറഞ്ഞു കൊടുത്തു. ഏറ്റവും ലളിതമായ പരിഹാരമാർഗ്ഗം 60 പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കുക എന്നതായിരുന്നു. എന്റെ നാട്ടിലെ ഏറ്റവും പാവപ്പെട്ടയാൾ ഞാനാണെന്നു കൂടി പറഞ്ഞപ്പോൾ അവിടുന്ന് ചിരിക്കാതിരിക്കാൻ കഴിഞ്ഞില്ല. അപ്പോഴും മതം അയാളെ കൈവിട്ടില്ല. ഇപ്പോൾ ഞാൻ നൽകുന്ന ദാനം സ്വീകരിക്കുകയും വന്നു പോയതിൽ അല്ലാഹുവിനോട് പൊറുക്കൽ തേടുകയും ചെയ്യുക എന്നുപറഞ്ഞു കൊണ്ട് അദ്ദേഹത്തെ യാത്രയാക്കി.
തിരുനബിﷺയുടെ ചിരിയും കാരുണ്യവും സമ്മേളിക്കുന്ന കൗതുകകരമായ ഒരു രംഗമാണിത്. അതുകൊണ്ട് കാരുണ്യത്തിന്റെ അധ്യായത്തിൽ ഇതിന്റെ ഒരു ഭാഗം നാം പരാമർശിച്ചു പോയിട്ടുണ്ട്.
ഇബ്നു അബിദ്ദുന്യാ(റ) ഉദ്ധരിക്കുന്ന വേറിട്ട ഒരു നിവേദനം ഇങ്ങനെ വായിക്കാം. ഒരു ദിവസം തിരുനബിﷺ അവിടുത്തെ വിശുദ്ധ ദന്തങ്ങൾ വെളിവാകുന്ന വിധം ഒന്നു ചിരിച്ചു. ഉടനെ ഉമർ(റ) ചോദിച്ചു. എന്റെ മാതാപിതാക്കൾ അവിടുത്തേക്ക് ദണ്ഡം..! എന്തേ അവിടുന്ന് ചിരിക്കുന്നത്? തിരുനബിﷺയുടെ മറുപടി അല്പം വിശദമായിരുന്നു. അതിങ്ങനെയാണ്..
എന്റെ സമുദായത്തിലെ രണ്ടാളുകൾ അല്ലാഹുവിന്റെ സാന്നിധ്യത്തിൽ ഹാജരായി. അതിൽ ഒരാൾ പറഞ്ഞു. അല്ലാഹുവേ ഇയാൾ എന്നെ ആക്രമിച്ചതിൽ എനിക്ക് പരിഹാരം ലഭിക്കണം. അങ്ങനെ രണ്ടാമത്തെ ആളിൽ നിന്നുള്ള നന്മകൾ ആദ്യത്തെ ആൾക്ക് നൽകി. ഒടുവിൽ നന്മകൾ മുഴുവനും അവസാനിച്ചു. അതുകൊണ്ട് രണ്ടാമത്തെയാൾ പറഞ്ഞു. എന്റെ നന്മകളിൽ നിന്ന് ഇനി ഒന്നും ബാക്കിയില്ല. അപ്പോൾ ആദ്യത്തെയാൾ പറഞ്ഞു. എന്നാൽ, എന്റെ പാപങ്ങളിൽ നിന്ന് അവൻ ചുമക്കട്ടെ.
അപ്പോഴേക്കും തിരുനബിﷺയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. ഇത് എത്ര ഗൗരവമേറിയ ദിവസമാണ്. മറ്റുള്ളവരുടെ പാപം പേറേണ്ടിവരുന്ന ദിവസം. അല്ലാഹു ആദ്യത്തെയാളോട് പറഞ്ഞു. നിങ്ങൾ ശിരസ്സൊന്നുയർത്തി നോക്കൂ. അതാ സ്വർഗ്ഗത്തിലേക്കൊന്നു നോക്കൂ. അയാൾ കണ്ണുകൾ മേൽപ്പോട്ടുയർത്തി. അല്ലാഹുവേ, വെള്ളിയാലുള്ള നഗരം, സ്വർണ്ണത്താലുള്ള കൊട്ടാരങ്ങൾ, രത്നങ്ങളാലുള്ള അലങ്കാരങ്ങൾ ഇത് ഏത് നബിക്ക് വേണ്ടിയാണ്? ഇത് ഏതു സിദ്ദീഖിനു വേണ്ടിയുണ്ടാക്കിയതാണ്?അല്ലാഹു പറഞ്ഞു. ഇത് എനിക്ക് വില നൽകുന്നവർക്ക് വേണ്ടിയുള്ളതാണ്. ഇതാരാണ് ഉടമപ്പെടുത്തുക റബ്ബേ? അതെ, നിങ്ങൾക്കിത് ഉടമപ്പെടുത്താം. എന്തു നൽകിയാലാണ് എനിക്ക് വാങ്ങാനാവുക? നിന്റെ സഹോദരന് നീ വിട്ടുവീഴ്ച ചെയ്തു കൊടുക്കുക. അതാണ് വില. അല്ലാഹുവേ ഞാൻ അവന് വിട്ടുവീഴ്ച ചെയ്തിരിക്കുന്നു. അപ്പോൾ അല്ലാഹു പറയും. നീ നിന്റെ സഹോദരന്റെ കൈപിടിച്ച് സ്വർഗ്ഗത്തിലേക്ക് പ്രവേശിച്ചു കൊള്ളുക. തിരുനബിﷺ പറഞ്ഞു. അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങൾക്കിടയിൽ രഞ്ജിപ്പിലാവുക. പരലോകത്ത് അല്ലാഹു വിശ്വാസികൾക്കിടയിൽ രഞ്ജിപ്പുണ്ടാക്കും.
അല്ലാഹുവിന്റെ ഔദാര്യം തിരുനബിﷺയെ ചിരിപ്പിക്കുന്നു. അവിടുത്തെ ഹൃദയത്തിൽ സന്തോഷം വാരി നിറക്കുന്നു. അനുയായികളിൽ നിന്ന് ഒരാൾ വേദനിക്കുന്ന നിമിഷം അവിടുത്തെ കണ്ണീരൊലിച്ചപ്പോഴും അല്ലാഹുവിന്റെ അതിരില്ലാത്ത അനുഗ്രഹത്തിൽ അവിടുത്തെ ഹൃദയം നിറഞ്ഞു അധരങ്ങൾ വിരിയുന്നു. വാനലോകത്തെ സന്ദേശങ്ങൾ ഭൂമി ലോകത്തോട് സംവദിച്ച ഏറ്റവും അത്യുന്നതനായ വ്യക്തിത്വം. അതത്രെ, പുണ്യ റസൂൽﷺ!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 762
തിരുനബിﷺയുടെ ചിരിയും തമാശയും ചില നിവേദനങ്ങളിലൂടെ നമ്മൾ വായിച്ചു പോയി. എന്നാൽ അവിടുത്തെ ശരീരഭാഷയ്ക്ക് ഓരോ സന്ദർഭത്തിലും ഉചിതമായത് പങ്കുവെക്കാനുണ്ടായിരുന്നു. അവിടുത്തെ ശരീരഭാഷകൂടി ശരിയായി വിലയിരുത്തുമ്പോൾ മാത്രമേ ഹദീസുകളുടെ പഠനം പൂർത്തിയാവുകയുള്ളൂ. പരമ്പരയായി അധ്യാപകരിൽ നിന്ന് തന്നെ ഹദീസ് പഠനം നടന്നിരിക്കണം എന്നു പറയുന്നതിന്റെ ഒരാവശ്യംകൂടി ഇതാണ്. അവിടുത്തെ മുഖഭാവത്തിൽ നിന്ന്കൂടി വായിക്കുമ്പോഴായിരിക്കും ആ വചനത്തിന്റെ താൽപര്യം പൂർണ്ണമാകുന്നത്.
രണ്ടു വിരലുകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് തിരുനബിﷺ സംസാരിക്കും, ചിലപ്പോൾ അത് ചേർത്തുവച്ചു കൊണ്ടായിരിക്കും, ചിലപ്പോൾ അതല്പം അകറ്റി വച്ചു കൊണ്ടായിരിക്കും. പ്രസ്തുത ഹദീസുകൾ കൈമാറ്റം ചെയ്യുമ്പോൾ അത് നബിﷺയിൽ നിന്ന് കണ്ട രീതിയിൽ ആവിഷ്കരിച്ചു കൊണ്ടായിരിക്കും ഹദീസ് പണ്ഡിതർ ശിഷ്യന്മാർക്ക് പറഞ്ഞു കൊടുക്കുന്നത്. കേവലം പുസ്തകത്തിൽ നിന്ന് മാത്രം പഠിച്ചാൽ ഹദീസ് പഠനം പൂർത്തിയാവില്ല എന്നു പറഞ്ഞതിന്റെ താല്പര്യവും ഇതാണ്.
ഇത്തരം ഒരു വായനയിലേക്കാണ് നാം ഇപ്പോൾ കടക്കുന്നത്. അവിടുത്തെ ഭാവങ്ങളിൽ പ്രകടമായ ഭാഷ. മൗനത്തിൽ നിന്ന് വായിച്ചെടുത്ത സന്ദേശങ്ങൾ. മുഖഭാവത്തിൽ നിന്ന് മാത്രം മനസ്സിലാക്കിയ ആശയങ്ങൾ. ഇങ്ങനെ ചിലത്. കഅബുബിനു മാലിക്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ സന്തോഷിക്കുമ്പോൾ മുഖം കൂടുതൽ പ്രകാശിക്കും. ഒരു പൂർണ്ണചന്ദ്രനെ പോലെ തിളങ്ങും. അഥവാ നബിﷺയുടെ സന്തോഷത്തിന്റെ മുഖഭാവം അങ്ങനെയായിരുന്നു. മഹതി ഉമ്മു സലമ(റ) പറയുന്നു. തിരുനബിﷺക്ക് ദേഷ്യമുണ്ടാകുന്ന രംഗം വന്നാൽ അവിടുത്തെ മുഖം ചുവന്നു തുടുക്കും. അഥവാ അത്തരം ഒരു ഭാവത്തിൽ നിന്ന് അവിടുത്തെ ദേഷ്യം ഞങ്ങൾ വായിച്ചെടുക്കുമായിരുന്നു. ഇമ്രാൻ ബിൻ ഹുസൈൻ(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺക്ക് ഏതെങ്കിലും ഒരു കാര്യം അനിഷ്ടമായാൽ അത് ഞങ്ങൾ അവിടുത്തെ മുഖത്ത് നിന്ന് വായിക്കുമായിരുന്നു. മഹതി ആഇശ(റ) തുടരുന്നു. തിരുനബിﷺക്ക് കോപമുണ്ടാകുന്ന സാഹചര്യം വന്നാൽ അവിടുത്തെ താടിരോമങ്ങൾ തലോടിക്കൊണ്ടിരിക്കും. കാസിം ബിൻ സാബിത്തി(റ)ന്റെ നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. ഏതെങ്കിലും ഒരു കാര്യം അലട്ടിക്കൊണ്ടിരുന്നാൽ അവിടുന്ന് ശിരസ്സിലും താടിയിലും കൈകൊണ്ട് തടവി കൊണ്ടേയിരിക്കും. ദീർഘശ്വാസങ്ങൾ അയക്കും. അല്ലാഹു മതി. അവൻ തന്നെയാണ് ഏൽപ്പിക്കാൻ ഏറ്റവും നല്ലവൻ എന്ന അർത്ഥം വരുന്ന മന്ത്രം ഉരുവിട്ടുകൊണ്ടിരിക്കും. ഇത്തരം ഭാവങ്ങളിൽ നിന്ന് അവിടുത്തെ വിചാരങ്ങൾ ഞങ്ങൾ വായിച്ചെടുക്കും.
തിരുനബിﷺയുടെ ശരീര ലാവണ്യം ഏറ്റവും നന്നായി അവതരിപ്പിച്ച നിവേദകനാണ് ഹിന്ദ് ബിൻ അബീ ഹാല(റ). കൂട്ടത്തിൽ ഇങ്ങനെ കൂടി അദ്ദേഹം പറഞ്ഞു. തിരുനബിﷺയുടെ നെറ്റിത്തടം വിശാലമായിരുന്നു. പുരികങ്ങൾ നല്ല തിങ്ങിയതായിരുന്നു. പുരികങ്ങൾക്കിടയിൽ അവിടുന്ന് കോപിക്കുമ്പോൾ മാത്രം ഉദിച്ചു കാണാവുന്ന ഒരു ഞരമ്പ് ഉണ്ടായിരുന്നു. സാധാരണ അവസ്ഥയിൽ അത് കാണുമായിരുന്നില്ല. അവിടുന്ന് കോപിക്കേണ്ട സന്ദർഭങ്ങളിൽ തെളിഞ്ഞു കാണാമായിരുന്നു. അപ്പോൾ ഞങ്ങൾ അവിടുത്തെ വിചാരങ്ങളെ മനസ്സിലാക്കും. പ്രതികരണങ്ങളെ വായിച്ചെടുക്കും എന്ന് സാരം.
അബൂ ഹുറൈറ(റ) പറയുന്നു. ഒരിക്കൽ ഞങ്ങൾ വിധി അഥവാ ഖദ്റിനെക്കുറിച്ച് സംസാരിച്ചു തർക്കിക്കുകയായിരുന്നു. ഇതു കേട്ടുനിന്ന നബിﷺക്ക് ദേഷ്യമായി. ഉറുമാൻ പഴം തുറന്നു വച്ചത് പോലെ അവിടുത്തെ മുഖം ചുവന്നു തുടുത്തു. ഞങ്ങളുടെ അടുത്തേക്ക് വന്നു കൊണ്ട് ചോദിച്ചു. ഇതാണോ നിങ്ങളോട് കൽപ്പിച്ച കാര്യം? ഇതിനു വേണ്ടിയാണോ എന്നെ നിങ്ങളിലേക്കയച്ചത്? മുൻഗാമികൾ നശിച്ചുപോകാൻ കാരണം ഇത്തരം തർക്കങ്ങളാണ്. നിങ്ങൾ ഇത് അവസാനിപ്പിക്കണം എന്നാണ് എനിക്ക് ഉറപ്പിച്ചു പറയാനുള്ളത്.
ചിരിയും ഫലിതവും വിനോദവും ആവശ്യത്തിനു നിറഞ്ഞു നിൽക്കുമ്പോഴും ഒരു നേതാവിൽ ഉണ്ടായിരിക്കേണ്ട ഒരു ഗൗരവവും അവിടുന്ന് ചോർന്നു പോയിട്ടില്ല. ഓരോ സന്ദർഭത്തിലും വേണ്ടതെന്തായിരുന്നു അതിന്റെ ഏറ്റവും വലിയ തികവായിരുന്നു പുണ്യ റസൂൽﷺ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 763
മഹതി ആഇശ(റ)യിൽ നിന്ന് നിവേദനം. ജനങ്ങളോട് അവർക്ക് സാധ്യമാകുന്ന വിധത്തിലുള്ള കാര്യങ്ങൾ നബിﷺ കൽപ്പിക്കും. ഒരിക്കൽ അവരിൽ ചിലർ പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, അവിടുന്ന് ഞങ്ങളെ പോലെ അല്ലല്ലോ! അല്ലാഹു അവിടുത്തേക്ക് കഴിഞ്ഞകാലത്തെയും ശിഷ്ടകാലത്തെയും പാപങ്ങൾ പൊറുത്തു തന്നിരിക്കുകയാണല്ലോ. അഥവാ അവിടുന്ന് പാപ സുരക്ഷിതരല്ലേ. ഇതു കേട്ടപ്പോൾ അവിടുത്തേക്ക് ദേഷ്യമായി. അത് മുഖത്ത് പ്രകടമാവുകയും ചെയ്തു. ശേഷം, ഇങ്ങനെ പറഞ്ഞു. നിങ്ങളിൽ വച്ച് ഏറ്റവും അല്ലാഹുവിനെ അറിയുന്നതും അവനെ സൂക്ഷിച്ചു ജീവിക്കുന്നതും ഞാനാണ്.
സ്വഹാബികളുടെ ഈ പ്രതികരണത്തിന് ഒരു സാഹചര്യമുണ്ട്. അവിടുന്ന് നിർദ്ദേശിച്ചതിനപ്പുറമുള്ള കർമ്മങ്ങൾ ഞങ്ങൾ ചെയ്താലല്ലേ ഞങ്ങൾക്ക് ഉന്നതങ്ങളിൽ എത്താൻ കഴിയൂ. പാപസുരക്ഷിതത്വമുള്ള അവിടുന്ന് നിർവഹിക്കുന്ന അത്രയും അനുഷ്ഠാനങ്ങൾ കൊണ്ട് മാത്രം ഞങ്ങൾക്ക് രക്ഷപ്പെടാനാകുമോ? ഇതായിരുന്നു അവർ ആലോചിച്ചത്. ഇങ്ങനെ ചിന്തിക്കുന്ന പക്ഷം ഭാരമേറിയ കർമ്മങ്ങൾ ചെയ്യാൻ അവർ ശ്രമിക്കും. അതവർക്ക് പിന്നീട് പാലിക്കാൻ കഴിയില്ല. ഇതായിരുന്നു നബിﷺയെ ദേഷ്യം പിടിപ്പിച്ചത്. എന്നിട്ടും ശാന്തമായി അവരോട് കാര്യങ്ങൾ പറഞ്ഞു കൊടുത്തു. നിങ്ങൾക്ക് മാർഗ്ഗദർശിയായി വന്ന ഞാൻ നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും തഖ്‌വയും അറിവുമുള്ള ആളാണ്. നിങ്ങൾ അനുഷ്ഠിക്കേണ്ട ആരാധനാകർമങ്ങളാണ് ഞാൻ കാണിച്ചുതരുന്നത്.
തിരുനബിﷺയുടെ മുഖഭാവവും ശരീരഭാഷയുമാണ് ഈ സന്ദർഭത്തിൽ നിന്ന് നമ്മൾ വായിച്ചത്.
ഇമാം തുർമുദി(റ) ഉദ്ധരിക്കുന്ന ഒരു നിവേദനം കൂടി വായിക്കാം. ബനൂ അബ്ദുൽ അശ്ഹൽ ഗോത്രത്തിലെ ആളുകളുടെ സക്കാത്ത് സമാഹരിക്കാൻ നബിﷺ ഒരാളെ ചുമതലപ്പെടുത്തി. സ്വത്തുമായി വന്ന അദ്ദേഹം അതിൽ നിന്ന് ഒരൊട്ടകത്തെ ആവശ്യപ്പെട്ടു. അവിടുത്തെ മുഖഭാവം മാറി. ഈ ചോദിച്ച കാര്യത്തിൽ അവിടുത്തേക്ക് കോപമുണ്ടെന്ന് മനസ്സിലായി. ചുവന്ന കണ്ണുകളോടെ അവിടുന്ന് ചോദിച്ചു. എന്നോട് ഒരാൾ ആവശ്യപ്പെട്ടത് എനിക്കോ അയാൾക്കോ ചെയ്യാൻ പറ്റാത്ത ഒരു കാര്യമാണ്. അയാളോട് തരില്ലെന്ന് പറഞ്ഞാൽ ഇല്ലെന്നു പറയാനുള്ള പ്രയാസം ഞാൻ അനുഭവിക്കേണ്ടിവരും. അയാൾക്കു ഞാൻ നൽകിയാൽ എനിക്ക് അയാൾക്ക് വിഹിതം ഇല്ലാത്തത് ഞാൻ കൊടുക്കുകയും അയാൾ സ്വീകരിക്കുകയും വേണ്ടിവരും. ഇതു കേട്ടതും അനുവാചകന്റെ മനസ്സു മാറി. അയാൾ പറഞ്ഞു. അതിൽ നിന്ന് ഒന്നും ഞാൻ ആവശ്യപ്പെടുന്നില്ല.
അതോടെ തിരുനബിﷺക്ക് സമാധാനമായി. ലോകത്തിനു മുഴുവനും നൽകാനുള്ള സന്ദേശവും കൈമാറിക്കഴിഞ്ഞു.
സ്വന്തം കാര്യത്തിൽ നബിﷺ ഒരിക്കലും ആരോടും ദേഷ്യപ്പെട്ടിട്ടില്ല. മഹതി ആഇശ(റ)യുടെ സാക്ഷ്യമാണത്. അല്ലാഹുവിന്റെ മഹത്വം പരിഗണിക്കാതെ സംസാരിക്കുകയോ ഇടപെടുകയോ ചെയ്താൽ അല്ലെങ്കിൽ അല്ലാഹുവിന്റെ നിയമങ്ങൾ ലംഘിക്കപ്പെടുമെന്ന് കണ്ടാൽ അവിടെയായിരുന്നു തിരുനബിﷺയുടെ ദേഷ്യവും കോപവുമെല്ലാം. അതീവ ഗൗരവത്തോടെ ബോധ്യപ്പെടുത്തേണ്ട കാര്യങ്ങൾ സൗമ്യമായി പറഞ്ഞു പോയിട്ട് കാര്യമില്ലല്ലോ. ഒരു കമാൻഡർ എപ്പോഴും തമാശ പറഞ്ഞുകൊണ്ടിരുന്നാൽ സൈന്യം ശരിയായ രൂപത്തിലാവില്ല. ഒരു അധ്യാപകൻ ശ്രദ്ധയോടെ അഭ്യസിപ്പിക്കേണ്ട കാര്യങ്ങൾ പറയുമ്പോൾ ഫലിതം പറഞ്ഞിരുന്നാൽ വിജയിക്കില്ല. ഇതുപോലെ സീരിയസായി പറയേണ്ട രംഗങ്ങൾ ഒരു സമൂഹത്തെ നയിക്കുമ്പോഴും അനുവാചകർക്ക് അഭ്യാസം നൽകുമ്പോഴുമൊക്കെ സ്വീകരിക്കേണ്ടിവരും. അപ്പപ്പോൾ മികച്ച നിലപാടും ഭാഷയും സ്വീകരിക്കുന്നവരാണ് ആ മേഖലയിൽ എല്ലാം വിജയിച്ചവരായി ഗണിക്കപ്പെടുക. നബി ജീവിതത്തിന്റെ മനോഹരമായ ഒരു അധ്യായമായി അവിടുത്തെ മുഖഭാവവും ശരീരഭാഷയും നമുക്ക് വായിച്ചെടുക്കാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 764
തിരുനബിﷺയുടെ വർത്തമാനത്തെ കുറിച്ചുള്ള ചില കാര്യങ്ങളാണ് ഇനി നാം പങ്കുവെക്കുന്നത്. അവിടുത്തെ വർത്തമാനം നിരയും വരിയും ഒത്തതായിരുന്നു. ഓരോ വാക്കുകളും വ്യക്തമാകുമായിരുന്നു. അനുവാചകന് ഹൃദ്യസ്ഥമാക്കാൻ കഴിയും വിധം വ്യക്തവും വേറിട്ടതുമായിരുന്നു. ചറപറാ ഉള്ള വർത്തമാനം ആ ജീവിതത്തിലുണ്ടായിരുന്നതേയില്ല. ശ്രോതാക്കൾക്ക് വ്യക്തമാവാത്ത ഒരു സംഭാഷണ രീതിയായിരുന്നില്ല അവിടുത്തേത്. അഭിവാദ്യം ചെയ്ത് സലാം ചൊല്ലുമ്പോഴും പ്രധാനപ്പെട്ട കാര്യങ്ങൾ പറയുമ്പോഴും ആവശ്യമെങ്കിൽ മൂന്നു പ്രാവശ്യം വരെ ആവർത്തിച്ചിരുന്നു. പുഞ്ചിരിച്ചു കൊണ്ടായിരുന്നു വർത്തമാനം പറഞ്ഞിരുന്നത്. അനുവാചകന് അത് ഏറെ ആകർഷകവും ഹൃദ്യവുമായിരുന്നു. ചിലപ്പോഴൊക്കെ സംഭാഷണത്തിനിടയിൽ അല്ലാഹുവിന്റെ മഹത്വം വാഴ്ത്തി തക്ബീർ മുഴക്കുകയും ആകാശത്തേക്ക് നോക്കുകയും ചെയ്യുമായിരുന്നു.
ആവശ്യത്തിനു മാത്രമേ സംസാരിച്ചിരുന്നുള്ളൂ. അനാവശ്യമായ ഒരു വർത്തമാനമോ തുരുതുരാ സംസാരിച്ചുകൊണ്ടിരിക്കുന്ന രീതിയോ ആ ജീവിതത്തിലില്ലായിരുന്നു. ദീർഘവും വാചാലവുമായ മൗനം അവിടുത്തെ പ്രത്യേക വിശേഷങ്ങളിലൊന്നായിരുന്നു. ഏറെ ആശയങ്ങളുള്ള കൊച്ചു വാക്കുകളും ചെറിയ വാചകങ്ങളും വർത്തമാനങ്ങളിൽ നിറഞ്ഞുനിന്നു. മൗനത്തിന് വാചാലതയും സംസാരത്തിന് പ്രൗഢിയും ഉച്ചാരണങ്ങൾക്ക് ഏറെ ഭംഗിയുമുണ്ടായിരുന്നു.
വ്യക്തമായി പറയുന്നതിൽ അഭംഗിയുള്ള കാര്യങ്ങൾ പരമാവധി വ്യംഗമായി സൂചിപ്പിച്ചു.
വിവാഹത്തെക്കുറിച്ചും വിവാഹാനന്തര സ്വകാര്യ ജീവിതത്തെക്കുറിച്ചുമൊക്കെ പറയുമ്പോൾ അനുവാചകന് ആശയം ബോധ്യമാകാൻ മാത്രമുള്ള കേവല സൂചനകളിൽ പരിമിതപ്പെടുത്തി. വൃത്തികെട്ട ഒരു വാക്കുപോലും ആ ജീവിതത്തിലുണ്ടായിട്ടില്ല. ചീത്ത പറയുന്നതോ കേൾക്കുന്നതോ ഇഷ്ടപ്പെടുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തില്ല. ഏറ്റവും ഉചിതവും മനോഹരവുമായ വാക്കുകൾ പ്രയോഗിച്ചു.
ഒരാൾ അഭിവാദ്യം ചെയ്യുന്നതിനേക്കാൾ ഹൃദ്യമായ വാചകം കൊണ്ടായിരുന്നു പ്രത്യഭിവാദ്യം ചെയ്തിരുന്നത്. ആളുകളെ നൊമ്പരപ്പെടുത്താത്ത വിധം മയമായി വാക്കുകളുപയോഗിച്ചു. ഏതുകാര്യത്തിലും അല്ലാഹുവിന്റെ തൃപ്തിയും സമുദായത്തിന്റെ നന്മയും പ്രധാന അജണ്ടയായി മുന്നിൽ വെച്ചു. രൂക്ഷമായ വാചകങ്ങൾ പ്രയോഗിച്ചവരോട് വിട്ടുവീഴ്ച്ച ചെയ്തു. മറ്റുള്ളവരെ നാവുകൊണ്ട് അഥവാ വാചകങ്ങൾ കൊണ്ട് വേദനിപ്പിക്കുന്നത് ഗുരുതരമായ വീഴ്ചയായി പ്രവാചകൻﷺ നിരീക്ഷിച്ചു. ഒരു വിശ്വാസി പൂർണ്ണതയിൽ എത്തണമെങ്കിൽ അയാളുടെ നാവും കയ്യും മറ്റുള്ളവരെ ശല്യപ്പെടുത്തരുത് എന്ന് പ്രവാചകൻﷺ പഠിപ്പിച്ചു.
ഒരു മനുഷ്യന്റെ സംസാരത്തിലുണ്ടായിരിക്കേണ്ട എല്ലാ നന്മകളെയും ആ ജീവിതത്തിൽ പരിപാലിച്ചു. മറ്റെല്ലാ അധ്യായങ്ങളിലുമെന്നപോലെ ഏറ്റവും ഉചിതമായ സംഭാഷണം എങ്ങനെയായിരിക്കണമെന്ന് സ്വന്തം ജീവിതത്തിലൂടെ ലോകത്തോട് പരിചയപ്പെടുത്തി. നബിﷺയുടെ സംഭാഷണത്തിന്റെ മാധുര്യം കൊണ്ട് മാത്രം ഇത് സത്യസന്ധമായതാണ് എന്ന് മനസ്സിലാക്കിയവരുണ്ട്. അവിടുത്തെ സംസാരത്തിൽ പാലിച്ച സത്യസന്ധത പ്രവാചകത്വ പ്രഖ്യാപനത്തിനു മുമ്പേതന്നെ നബിﷺക്ക് വിലാസമുണ്ടാക്കിക്കൊടുത്തു. ഇസ്ലാമിന്റെ ദർശനങ്ങളുമായി പ്രവാചകൻﷺ പ്രബോധനം ആരംഭിച്ചപ്പോൾ കൈവശമുണ്ടായിരുന്ന ഏറ്റവും വലിയ അംഗീകാരങ്ങളിൽ ഒന്ന് സത്യസന്ധമായി അവിടുന്ന് നയിച്ച ജീവിതം തന്നെയായിരുന്നു.
നബി ജീവിതത്തിന്റെ ഓരോ അധ്യായങ്ങൾ വായിക്കുമ്പോഴും ഇതിനു തുല്യമായി ഈ ലോകത്ത് മറ്റൊരാളെ ചേർത്ത് വായിക്കാനില്ല എന്ന് ബോധ്യപ്പെട്ടു കൊണ്ടേയിരിക്കും. അവിടുത്തെ സംസാരത്തെ കുറിച്ചുള്ള അധ്യായം കൂടുതൽ പ്രമാണങ്ങൾ നൽകുന്നതാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 765
തിരുനബിﷺയുടെ സംസാരത്തോട് ചേർന്ന് നിൽക്കുന്ന ചില രംഗങ്ങളെ കുറിച്ച് കൂടി നമുക്ക് വായിച്ചു പോകാം. ഹിന്ദ്ബിൻ അബീ ഹാല(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ആംഗ്യം കാണിക്കുമ്പോൾ മുൻകൈ മുഴുവനും ഉപയോഗിച്ചുകൊണ്ടാണ് ആംഗ്യം കാണിക്കുക. സാധാരണ വർത്തമാനത്തിൽ കൈകൾ ചേർത്തുവയ്ക്കുകയും ആശ്ചര്യം പ്രകടിപ്പിക്കാൻ വേണ്ടി കൈമലർത്തി കാണിക്കുകയും ചെയ്യും. വലതു കൈവെള്ളയിൽ ഇടത്തെ തള്ളവിരലിന്റെ ഉൾഭാഗം ചേർത്തുവച്ചുകൊണ്ട് ആംഗ്യം കാണിക്കും. അത്ഭുതം പ്രകടിപ്പിക്കാനോ ഉഷാറായി എന്ന് അറിയിക്കാനുമായിരിക്കും ഇത്തരം ആംഗ്യങ്ങൾ.
അത്ഭുതം പ്രകടിപ്പിക്കേണ്ട സന്ദർഭങ്ങളിൽ അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തുന്ന സുബ്ഹാനല്ലാഹ് എന്ന വാചകം പ്രയോഗിക്കും. മഹതി ഉമ്മു സലമ(റ) നിവേദനം ചെയ്യുന്നു. ഒരു ദിവസം പ്രവാചകൻﷺ പെട്ടെന്നുണർന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. സുബ്ഹാനല്ലാഹ്! എന്തെല്ലാം നിധികളാണ് അവതരിപ്പിക്കപ്പെടുന്നത്! ഏതെല്ലാം നാശങ്ങളാണ് വരാനിരിക്കുന്നത്! ആരാണ് എന്റെ വീട്ടുകാരെ ഉണർത്തി നിസ്കരിക്കാൻ സൗകര്യമൊരുക്കുന്നത്? ഈ ലോകത്ത് വസ്ത്രമണിഞ്ഞ എത്രയാളുകൾ നാളെ പരലോകത്ത് നഗ്നരായിരിക്കും!
സംസാരത്തിനിടയിൽ അവിടുത്തെ കൈവശമുണ്ടാകുന്ന വടികൊണ്ട് നിലത്തു വരക്കുകയും സംഭാഷണത്തിന്റെ ഗൗരവത്തിനനുസരിച്ച് വെള്ളത്തിലോ നിലത്തോ ഒക്കെ അടിക്കാറുമുണ്ടായിരുന്നു. സംഭാഷണത്തിന്റെ ഉള്ളടക്കത്തിലേക്ക് സൂചിപ്പിച്ചുകൊണ്ട് തിരുകരങ്ങൾ കൊണ്ട് തന്നെ നിലത്തു തടകുന്ന സന്ദർഭങ്ങളുമുണ്ടായിരുന്നു. ഞാനും അന്ത്യനാളും ഇപ്രകാരമാണ് നിയോഗിക്കപ്പെട്ടത് എന്ന് പറഞ്ഞപ്പോൾ ചൂണ്ടുവിരലും നടുവിരലും ചേർത്തുവച്ചുകൊണ്ടാണ് സംസാരിച്ചത്. വിശ്വാസികൾ പരസ്പരം ഒരു കെട്ടിടം പോലെ ചേർന്ന് നിൽക്കേണ്ടതാണെന്ന് പറഞ്ഞപ്പോൾ കൈവിരലുകൾ കോർത്തു ചേർത്തുവച്ചുകൊണ്ടാണ് ആശയവിനിമയം നടത്തിയത്. രണ്ട് കൈയിലെ വിരലുകളും ചേർത്തുവച്ച് അതിന്മേൽ ശിരസ്സും അടച്ചുപൂട്ടി ആലോചനയോടെ ഇരിക്കുന്ന രംഗവും സ്വഹാബികൾക്ക് കാണാനിടയായിട്ടുണ്ട്. യോജിക്കുന്നതിന്റെയും ചേർന്നു നിൽക്കുന്നതിന്റെയും പ്രാധാന്യം ഉൾക്കൊള്ളുന്ന പരാമർശങ്ങൾ നടത്തുമ്പോൾ കൈവിരലുകൾ കോർത്തുവെച്ച് സംസാരിച്ച രംഗങ്ങൾ നിരവധി നിവേദനങ്ങളിൽ കാണാം.
ഒരു നേതാവിനെ അനുയായികൾ എത്രമേൽ ചേർന്നുനിന്നുകൊണ്ട് പകർത്തി എന്നതിന്റെ തുല്യതയില്ലാത്ത ഉദാഹരണമാണ് തിരുനബിﷺയെ കുറിച്ചുള്ള വായനകൾ. ചിത്രങ്ങളും മറ്റും വ്യാപകമായ കാലത്ത് പോലും ഒരു നേതാവും ഇത്രമേൽ വായിക്കപ്പെടുകയോ പകർത്തപ്പെടുകയോ ചെയ്യുന്നില്ല. ഒരു നേതാവിനെ കുറിച്ചും ഇത്രമേൽ ലോകത്തിന് അറിയേണ്ടതും അറിയിക്കേണ്ടതുമില്ല. ചലച്ചിത്രങ്ങളോ ത്രിമാന ചിത്രങ്ങളോ ഒന്നുമില്ലാത്ത ഒരു കാലത്ത് ഹൃദയത്തിലേക്കും ജീവിതത്തിലേക്കും പകർത്തിയെടുത്ത നബി ജീവിതം നിരന്തരമായി വായിക്കപ്പെടുകയും ഓർമ്മിക്കപ്പെടുകയും അനുകരിക്കപ്പെടുകയും ചെയ്യുന്നു.
ഇത്രമേൽ അത്ഭുതകരമായ ഒരു വ്യക്തി ജീവിതത്തെ എങ്ങനെയാണ് ആവിഷ്കരിക്കുക! ഇതിനേക്കാൾ കൂടുതൽ ഞങ്ങൾക്ക് ഞങ്ങളുടെ നേതാവിനെ കുറിച്ച് പറയാനുണ്ട് എന്ന് ആർക്ക് ആരെക്കുറിച്ചാണ് പറയാനുള്ളത്! എക്കാലത്തും പുതുമയോടെ ഓർമിക്കപ്പെടുകയും നിലനിൽക്കുകയും ചെയ്യേണ്ട ഒരു നേതാവിനെ കാലവും ലോകവും വരി തെറ്റാതെ കാത്തു വച്ചിരിക്കുന്നു എന്നതാണ് ഈ വായനകളുടെ മുഴുവനും ആത്മാവ്. പ്രവാചകൻﷺ കൊണ്ടുവന്നതെന്തോ അതാണ് ഇസ്ലാം എന്ന മുസ്ലിംകളുടെ അടിസ്ഥാന വിശ്വാസവും വീക്ഷണവും ശരിയാകാത്ത ഒരുകാലവും ഉണ്ടാവില്ല. അക്രൈസ്തവനായ യേശു എന്ന പ്രയോഗത്തിലൂന്നി, അമുസ്ലിമായ മുഹമ്മദിﷺനെ അന്വേഷിക്കണം എന്ന് പ്രയോഗിക്കുന്നവർ നബി ജീവിതത്തെ വായിച്ചിട്ടേയില്ല. തീർച്ചയായും അവർ നബി ജീവിതത്തെ വായിച്ചിട്ടേയില്ല…!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 766
തിരുനബിﷺ അവിടുത്തെ ജീവിതത്തിൽ പാലിച്ചിരുന്ന ചില ചിട്ടകൾ കൂടി നമുക്ക് വായിച്ചു നോക്കാം. തിരുനബിﷺ ഒരു വീട്ടിലേക്ക് ചെന്നാൽ വീടിന്റെ കവാടത്തിന് നേരെ അഭിമുഖമായോ നിശബ്ദമായോ കടന്നു ചെല്ലുകയില്ല. പ്രധാന വാതിലിന്റെ ഏതെങ്കിലും ഒരു സൈഡിലേക്ക് മാറിനിന്നു കൊണ്ട് അഭിവാദ്യം അറിയിച്ചു സലാം ചൊല്ലും. സലാം മടക്കി പ്രത്യഭിവാദ്യം ചെയ്തു സമ്മതം നൽകിയാൽ അകത്തേക്ക് കടന്നു ചെല്ലും. അല്ലാത്തപക്ഷം മടങ്ങി പോരും. അക്കാലത്ത് വീടുകൾക്കു മുമ്പിൽ കർട്ടനുകൾ ഉണ്ടായിരുന്നില്ല. ഒരു നിലക്കും വീടകത്തേക്ക് കണ്ണെത്താത്ത രൂപത്തിൽ കടന്നു ചെല്ലുകയും ഒരാളുടെയും സ്വകാര്യതയിലേക്ക് പ്രവേശിക്കാതിരിക്കുകയും ചെയ്യും.
സൈദ് ബിൻ ഹിറാശ്(റ) പറയുന്നു. ബനൂ അമീർ ഗോത്രത്തിലെ ഒരാൾ നബിﷺയുടെ വീട്ടിലേക്ക് വന്നു. ഞാൻ അകത്തേക്ക് കയറട്ടെയോ എന്ന് അദ്ദേഹം വിളിച്ചു ചോദിച്ചു. വീടിനകത്തുണ്ടായിരുന്ന നബിﷺ പരിചാരകനെ അടുത്തേക്ക് വിളിച്ചു. എന്നിട്ട് പറഞ്ഞു. അവിടെ വന്നയാൾക്ക് എങ്ങനെയാണ് വീട്ടിലേക്ക് അനുമതി ചോദിക്കേണ്ടത് എന്ന് പറഞ്ഞു കൊടുക്കൂ. ആദ്യം അസ്സലാമു അലൈക്കും പറയുക. എനിക്ക് പ്രവേശിക്കാൻ അനുമതിയുണ്ടോ എന്ന് ചോദിക്കുക. ഇങ്ങനെയാണ് അയാൾക്ക് പറഞ്ഞു കൊടുക്കേണ്ടത്. പരിചാരകൻ അത് പ്രകാരം ചെയ്തു. സ്വീകരിച്ച ആഗതൻ അതേ പദങ്ങളിൽ തന്നെ പ്രവേശനാനുമതി തേടി. നബിﷺ അദ്ദേഹത്തിന് അനുമതി നൽകി.
പ്രസിദ്ധനായ സ്വഹാബി ജാബിർ(റ) പറയുന്നു. എന്റെ വാപ്പയുടെ കടമിടപാടുമായി ബന്ധപ്പെട്ട് ഞാൻ നബിﷺയുടെ അടുക്കലേക്ക് ചെന്നു. വാതിൽക്കൽ മുട്ടി. ആരാണെന്ന് ചോദിച്ചപ്പോൾ ഞാൻ എന്ന് മറുപടി പറഞ്ഞു. ”ഞാൻ.. ഞാൻ” എന്ന് അനിഷ്ടത്തോടുകൂടി പറഞ്ഞുകൊണ്ട് തിരുനബിﷺ പുറത്തേക്ക് വന്നു.
ഞാൻ എന്നല്ല ആളെ വ്യക്തമാക്കി പറയുകയാണ് വേണ്ടത് എന്ന അധ്യാപനമായിരുന്നു ആ അനിഷ്ടത്തിൽ പ്രകടിപ്പിച്ചത്.
കലദ ബിൻ ഹമ്പൽ(റ) പറയുന്നു. മക്കാ വിജയത്തിന്റെ ദിവസം പാലും കാരയ്ക്കയും കക്കരിയും നൽകി സഫുവാൻബിൻ ഉമയ്യ എന്നെ നബിﷺയുടെ അടുക്കലേക്ക് വിട്ടു. ഞാൻ അനുമതി ഒന്നും തേടാതെ നേരെ അങ്ങ് കയറി ചെന്നു. പിന്നിലേക്ക് പോയി അനുമതി തേടിയിട്ട് തിരിച്ചുവരൂ. സലാം പറഞ്ഞിട്ട് പ്രവേശിക്കട്ടെയോ എന്ന് ചോദിക്കൂ.
വീടിന്റെ ഉള്ളിലേക്ക് സുഷിരത്തിലൂടെ നോക്കിയ ആളോട് ഗൗരവതരമായിട്ടാണ് തിരുനബിﷺ പെരുമാറിയത്. ഗ്രാമീണനായ ഒരു അറബി ഒരിക്കൽ നബിﷺയുടെ വീടിന്റെ ഉള്ളിലേക്ക് ലഭ്യമായ സുഷിരത്തിലൂടെ ചൂഴ്ന്നു നോക്കി. ഇത് കണ്ട് നബിﷺ ഒരു കൂർത്ത വടിയോ അമ്പോ മറ്റോ കയ്യിലെടുത്തു. അപ്പോഴേക്കും അയാൾ പിൻവാങ്ങി. നിങ്ങൾ അവിടെത്തന്നെ നിന്നിരുന്നുവെങ്കിൽ നിങ്ങളുടെ കണ്ണ് ഞാൻ ചൂഴ്ന്നെടുക്കുമായിരുന്നു എന്ന് നബിﷺ അയാളോട് ഗൗരവത്തിൽ അറിയിച്ചു.
എത്ര അനിവാര്യമായ ഒരു സാമൂഹ്യപാഠമാണ് മേൽ അധ്യായങ്ങളിലൂടെ നബിﷺ പഠിപ്പിച്ചു തരുന്നത്. അപരന്റെ സ്വകാര്യതയിലേക്ക് ഒരിക്കലും പ്രവേശിക്കാൻ പാടില്ല. ഓരോരുത്തരുടെയും സ്വകാര്യതയാണ് അവരുടെ ഭവനം. അനുമതിയില്ലാതെയോ മുന്നറിയിപ്പില്ലാതെയോ പൊടുന്നനെ അകത്തേക്ക് കടന്നു ചെല്ലാൻ പാടില്ല. ഓരോരുത്തരും അവരവരുടെ സ്വകാര്യതകളിൽ സ്വാതന്ത്ര്യം സ്വീകരിക്കുമ്പോൾ അതിനുള്ളിലേക്ക് നാം കടന്നു ചെന്നു കൂടാ. ഒരുപക്ഷേ ആതിഥേയന്റെ മാനവും മാന്യതയും അതുവഴി മനസ്സമാധാനവുമൊക്കെ നഷ്ടപ്പെടാൻ കാരണമായേക്കാം. ഖുർആൻ തന്നെ നേരിട്ട് പരാമർശിക്കുന്ന അധ്യാപനങ്ങൾ തിരുനബിﷺ ഓതി തന്നിട്ടുണ്ട്. സ്വകാര്യതകൾ ഏറെ ഭേദിക്കപ്പെടുന്ന പുതിയ കാലത്ത് ഇത്തരം അധ്യാപനങ്ങൾക്ക് കൂടുതൽ പ്രസക്തിയുണ്ട്. മറ്റുള്ളവരുടെ ഡിവൈസുകളിലേക്കും സ്വകാര്യ അക്കൗണ്ടുകളിലേക്കും സംഭാഷണങ്ങളിലേക്കും ചൂഴ്ന്നു കയറുന്നത് വിനോദമാക്കിയ കാലത്ത് എത്ര ബന്ധങ്ങളാണ് അതുവഴി നഷ്ടപ്പെട്ടുപോയത്! ആരുടെയൊക്കെ മാനങ്ങളാണ് മുറിവേൽപ്പിക്കപ്പെട്ടത്!
ഏതുകാലത്തും ഏതു പരിസരത്തും അനിവാര്യമായ എത്ര അധ്യാപനങ്ങളാണ് നബി ജീവിതം ലോകത്തിനുമുന്നിൽ കാഴ്ചവച്ച് യാത്രയായത്. അല്ല, ഇങ്ങനെയൊക്കെയാണ് നബിﷺ എപ്പോഴും ജീവിച്ചു കൊണ്ടിരിക്കുന്നത്. ലക്ഷങ്ങളുടെ ഹൃദയത്തിലും ജീവിതത്തിലും നബി ജീവിതത്തിന്റെ വെളിച്ചം പ്രകാശം പരത്തിക്കൊണ്ടേയിരിക്കുകയാണ്. അത് എക്കാലവും തുടരുകയും ചെയ്യും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 767
തിരുനബിﷺയുടെ അഭിവാദ്യ രീതികളുമായി ബന്ധപ്പെട്ട ചില നിവേദനങ്ങളാണ് നാം ഇന്ന് വായിക്കുന്നത്.
അനസ്(റ) പറയുന്നു. നബിﷺ സലാം ചൊല്ലുമ്പോൾ ആവശ്യമെങ്കിൽ മൂന്നുപ്രാവശ്യം വരെ ആവർത്തിച്ചിരുന്നു.
കുട്ടികളുടെ അടുത്തുകൂടി നടന്നുപോകുമ്പോൾ അനസ്(റ) അവർക്ക് സലാം ചൊല്ലി. പ്രവാചകൻﷺ ഇങ്ങനെ ചെയ്യാറുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുകയും ചെയ്തു. കളിച്ചുകൊണ്ടിരിക്കുന്ന കൊച്ചുകുട്ടികൾക്ക് സലാം പറഞ്ഞതിന്റെ നിവേദനം ഇമാം അബൂദാവൂദ്(റ) ഉദ്ധരിച്ചിട്ടുണ്ട്. അനസ്(റ) തന്നെ ഒരു അനുഭവം പറയുന്നത് ഇങ്ങനെയാണ്. ഞാൻ കുട്ടിയായിരിക്കെ മറ്റു കുട്ടികളോടൊപ്പം നിൽക്കുകയായിരുന്നു. നബിﷺ ഞങ്ങളുടെ അടുത്തേക്ക് വന്നു. കൂട്ടത്തിൽ നിന്ന് എന്നെ വിളിച്ച് ഒരു ദൗത്യം ഏൽപ്പിച്ചു. അത് നിർവഹിച്ചു മടങ്ങി വരുന്നതുവരെ തിരുനബിﷺ അവിടെ ഒരു മതിലിന്മേൽ കാത്തിരുന്നു. പെൺകുട്ടികളായ ഞങ്ങൾക്ക് നബിﷺ സലാം ചൊല്ലിയ അനുഭവം അസ്മാഉബിൻത് യസീദ്(റ) പറയുന്നുണ്ട്.
അബൂ നുമൈർ ഗോത്രത്തിലെ ഒരു വിശ്വാസി അദ്ദേഹത്തിന്റെ പിതാവിൽ നിന്നും പിതാമഹന്റെ അനുഭവം പങ്കുവെക്കുന്നു. അദ്ദേഹം തിരുനബിﷺയുടെ സന്നിധിയിൽ എത്തി. എന്നിട്ട് നബിﷺയോട് പറഞ്ഞു. എന്റെ ഉപ്പ അവിടുത്തേക്ക് സലാം പറഞ്ഞയച്ചിട്ടുണ്ട്. നിങ്ങൾക്കും നിങ്ങളുടെ പിതാവിനും സലാം ഉണ്ടാവട്ടെ എന്ന് പ്രവാചകൻﷺ പ്രത്യഭിവാദ്യം ചെയ്തു.
ദുരുദ്ദേശപരമായി ദ്വയാർത്ഥമുള്ള പ്രയോഗത്തോടെ അഭിവാദ്യം ചെയ്ത ജൂതന്മാരുമായി ബന്ധപ്പെട്ട ഒരു നിവേദനം കൂടി ഈ അധ്യായത്തിലുണ്ട്. മഹതി ആഇശ(റ) നിവേദനം ചെയ്യുന്നു. ഒരു സംഘം ജൂതന്മാർ നബിﷺയുടെ അടുത്തേക്ക് വന്നു. അസ്സാമു അലൈക്കും എന്ന് നബിﷺയോട് പറഞ്ഞു. അവിടുത്തേക്ക് നാശം ഉണ്ടാകട്ടെ എന്നാണ് ഈ വാചകത്തിന്റെ അർത്ഥം. പെട്ടെന്ന് കേട്ടാൽ വിചാരിക്കും അസ്സലാമു അലൈക്കും(അവിടുത്തേക്ക് ശാന്തി ഉണ്ടാകട്ടെ) എന്നാണെന്ന്. വഅലൈക്കും അഥവാ നിങ്ങൾക്കും എന്ന് മാത്രം നബിﷺ പ്രതികരിച്ചു. പക്ഷേ, ജൂതന്മാരുടെ ചതിപ്രയോഗം മനസ്സിലാക്കിയ ആഇശ(റ) അപ്പോൾ ഇങ്ങനെ പറഞ്ഞു. അസ്സാമു അലൈക്കും, വലഅനക്കുമുല്ലാഹ്, വഗളബ അലൈകും(നിങ്ങളുടെ മേൽ മരണവും അല്ലാഹുവിന്റെ കോപവും ശാപവും ഉണ്ടാവട്ടെ.)
അപ്പോൾ നബിﷺ ഇടപെട്ടുകൊണ്ട് പറഞ്ഞു. ഒന്നു മയം കാണിക്കൂ ആഇശാ(റ)…. ഇങ്ങനെയൊന്നും മോശമായ വാക്കുകൾ പറയരുത്. അപ്പോൾ ആഇശ(റ) പറഞ്ഞു. അവർ പറഞ്ഞതെന്താണെന്ന് അവിടുന്ന് കേട്ടിരുന്നില്ലേ! അവിടുത്തേക്ക് നാശത്തിനു വേണ്ടി പ്രാർത്ഥിക്കുകയാണല്ലോ അവർ ചെയ്തത്. അപ്പോൾ നബിﷺ ചോദിച്ചു. ഞാനെന്താണ് പ്രതികരിച്ചതെന്ന് നിങ്ങൾ കേട്ടില്ലേ. നിങ്ങൾക്കുമുണ്ടാകട്ടെ എന്നർത്ഥമുള്ള വാക്ക് മാത്രമല്ലേ ഞാൻ പറഞ്ഞുള്ളൂ. അവരുടെ പ്രാർത്ഥന ഫലിക്കില്ല, എന്റെ പ്രാർത്ഥന ഫലിക്കാതിരിക്കുകയുമില്ല.
ചതിപ്രയോഗം നടത്തുന്നവരെ തിരിച്ചറിയാതിരുന്നു എന്ന് വന്നാൽ അത് പ്രവാചകന്ﷺ ഒരു കുറവായിരിക്കും. നിങ്ങൾ എന്താണ് എനിക്ക് അഭിവാദ്യം ചെയ്തത് അത് നിങ്ങൾക്കുമുണ്ടാകട്ടെ എന്ന ഒരൊറ്റ വാചകം എല്ലാം ഉൾക്കൊള്ളുന്നതായിരുന്നു. ഇനി ഇങ്ങനെ ചതിയുമായി വരാൻ കഴിയില്ലെന്ന ഒരു പാഠം അവർക്ക് നൽകേണ്ടതുണ്ടായിരുന്നു. എന്നാൽ, ആളുകളെ ആക്ഷേപിക്കലോ ശാപവർഷം നടത്തലോ നമ്മുടെ മാർഗ്ഗമല്ല എന്ന് ആഇശ(റ)യോട് പഠിപ്പിക്കേണ്ടതുമുണ്ടായിരുന്നു. ഇതെല്ലാം കുറഞ്ഞ വാചകങ്ങളിലൂടെ പ്രവാചകൻﷺ നിർവഹിച്ചു കഴിഞ്ഞു.
കത്തിൽ അഭിവാദ്യ വാചകം എഴുതിയവർക്ക് പ്രത്യഭിവാദ്യം എഴുതി അറിയിച്ചിരുന്നു. അകലെ നിൽക്കുന്നവർക്ക് സലാം ചൊല്ലിയെന്ന് സൂചിപ്പിക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചിരുന്നു. ചിലർക്ക് താക്കീത് നൽകേണ്ട സന്ദർഭങ്ങളിൽ അഭിവാദ്യം സ്വീകരിക്കാതെ ശിക്ഷണം നൽകുകയും ചെയ്തിരുന്നു. പിന്നീട് അവർ പശ്ചാത്തപിക്കുകയും നേർവഴിയിൽ ഉറച്ചു നിൽക്കുകയും ചെയ്തപ്പോൾ ഹൃദയം തുറന്നു അവരെ സ്വീകരിക്കുകയും ചെയ്തു.
സലാം സവിശേഷമായ ഒരു അഭിവാദ്യമാണ്. ആർക്ക്, ആരോട്, എപ്പോൾ, എങ്ങനെ എന്നൊക്കെ അതിന് കൃത്യമായ വീക്ഷണങ്ങളും ചിട്ടകളുമുണ്ട്. ഇസ്ലാമിന്റെ സ്വഭാവ പാഠങ്ങൾ പഠിപ്പിക്കുന്ന അധ്യായങ്ങളിൽ വിശദമായി അത് പ്രതിപാദിക്കുന്നുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 768
അമ്മാർ ബിൻ യാസിർ(റ) പറയുന്നു. രാത്രിയിൽ ഞാൻ എന്റെ കുടുംബത്തിൽ ചെന്നു. എന്റെ കയ്യിൽ ഒരു മുറിവ് പറ്റി. എല്ലാവരും കൂടി എന്റെ കയ്യിൽ കുങ്കുമം പുരട്ടി. പിറ്റേന്ന് രാവിലെ ഞാൻ പ്രവാചക സവിധത്തിൽ ചെന്നു. അഭിവാദ്യ വാചകം സലാം ചൊല്ലി. പക്ഷേ, അവിടുന്ന് സലാം മടക്കിയില്ല. എന്നെ സ്വാഗതം ചെയ്തതുമില്ല. എന്നോട് പറഞ്ഞു കയ്യിൽ നിന്ന് ആ കുങ്കുമം കഴുകി കളഞ്ഞിട്ട് വരൂ. ഞാൻ പോയി അത് കഴുകി വൃത്തിയാക്കി. വീണ്ടും സലാം ചൊല്ലി അടുത്തേക്ക് വന്നു. എന്നെ അഭിവാദ്യം ചെയ്ത് അവിടുന്ന് സ്വീകരിച്ചു. സത്യനിഷേധിയായ കാഫിറിന്റെയും കുങ്കുമം പുരട്ടിയവന്റെയും വലിയ അശുദ്ധിക്കാരന്റെയും മൃതശരീരത്തിനടുത്ത് കാരുണ്യത്തിന്റെ മലക്കുകൾ വരികയില്ല എന്ന് പ്രവാചകൻﷺ തുടർന്ന് വിശദീകരിച്ചു.
ഇമാം ബുഖാരി(റ) അൽ അദബുൽ മുഫ്റദിൽ ഉദ്ധരിക്കുന്നു. അബൂ സഈദ് അൽഖുദ്രി(റ) പറഞ്ഞു. പട്ടു ജുബ്ബയും സ്വർണ്ണ മോതിരവും അണിഞ്ഞു ബഹ്റൈനിൽ നിന്നൊരാൾ നബിﷺയുടെ സവിധത്തിലേക്ക് വന്നു. അയാൾ നബിﷺക്ക് സലാം ചൊല്ലി. നബിﷺ സലാം മടക്കുകയോ സ്വീകരിക്കുകയോ ചെയ്തില്ല. അയാൾ ദുഃഖിതനായി മടങ്ങി. ഭാര്യയോട് കാര്യങ്ങൾ പങ്കുവെച്ചു. അവൾ പറഞ്ഞു. നിങ്ങളുടെ വസ്ത്രവും സ്വർണമോതിരവും കണ്ടിട്ടായിരിക്കും നബിﷺ നിങ്ങളെ സ്വീകരിക്കാതിരുന്നത്. അതെല്ലാം മാറ്റിയിട്ട് നിങ്ങളൊന്നു പോയി നോക്കൂ. അദ്ദേഹം അപ്രകാരം ചെയ്തു. പ്രവാചകൻﷺ അദ്ദേഹത്തെ സ്വീകരിക്കുകയും ചെയ്തു. അപ്പോൾ അദ്ദേഹം നബിﷺയോട് ചോദിച്ചു. നേരത്തെ ഞാൻ അവിടുത്തെ സന്നിധിയിൽ വന്നപ്പോൾ എന്നെ അവിടുന്ന് സ്വീകരിച്ചില്ലല്ലോ? നിങ്ങളുടെ കയ്യിൽ നരകത്തിന്റെ കനൽക്കഷ്ണം കണ്ടതുകൊണ്ടാണ് ഞാൻ സ്വീകരിക്കാതിരുന്നത്. അഥവാ സ്വർണമോതിരം അണിഞ്ഞതായിരുന്നു കാരണം.
ഹസ്രത്ത് അലി(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരു സംഘം ആളുകളുടെ അടുക്കലൂടെ നടന്നു പോയി. കൂട്ടത്തിൽ മുഖത്ത് കുങ്കുമം തേച്ച ഒരാളുണ്ടായിരുന്നു. ആ സംഘത്തിന് സലാം ചൊല്ലുകയും അവരെ ശ്രദ്ധിക്കുകയും ചെയ്തു. എന്നാൽ, കുങ്കുമം തേച്ച ആളെ പരിഗണിക്കുകയോ അഭിവാദ്യം ചെയ്യുകയോ ചെയ്തില്ല. അയാൾ ചോദിച്ചു. എന്താണ് അവിടുന്ന് എന്നെ പരിഗണിക്കാത്തത്? അപ്പോൾ പറഞ്ഞു. നിങ്ങളുടെ മുഖത്ത് നരകത്തിന്റെ ജ്വാലയുടെ അടയാളമുണ്ടല്ലോ!
മേൽപ്പറഞ്ഞ നിവേദനങ്ങൾ നമുക്ക് ചില പാഠങ്ങൾ പകർന്നു തരുന്നുണ്ട്. അസ്സലാമു അലൈക്കും എന്ന അഭിവാദ്യ വാചകം കേവലം ഒരു അഭിവാദ്യമല്ല. ആദർശ പൊരുത്തമുള്ള വിശ്വാസികൾക്കിടയിലെ സവിശേഷമായ അഭിവാദ്യ വാചകമാണ്. വിശ്വാസപരമായോ അനുഷ്ഠാനപരമായോ സാഹചര്യപരമായോ ഉള്ള കാരണങ്ങളാൽ ആ അഭിവാദ്യം ചൊല്ലാതിരിക്കുകയോ മടക്കാതിരിക്കുകയോ ചെയ്യും. അഭിവാദ്യം ചെയ്യുന്ന ആളോടുള്ള വിയോജിപ്പ് രേഖപ്പെടുത്താനും അയാളിൽ മാറ്റങ്ങൾ സ്ഥാപിക്കാനുമുള്ള അച്ചടക്ക സമീപനം എന്ന നിലയിൽ സലാം ചൊല്ലാതിരിക്കുകയോ മടക്കാതിരിക്കുകയോ ചെയ്യാം.
അല്ലാഹുവിനെക്കുറിച്ചും റസൂലിﷺനെ കുറിച്ചും ഇസ്ലാമിക വിശ്വാസാനുഷ്ഠാനങ്ങളെക്കുറിച്ചും തെറ്റായ വിശ്വാസങ്ങൾ വെച്ചുപുലർത്തുന്നവരോട് വിയോജിപ്പ് രേഖപ്പെടുത്താനോ ഗൗരവം അറിയിക്കാനോ അച്ചടക്ക രീതി എന്ന നിലയിൽ സലാം ചൊല്ലാതിരിക്കുകയോ ചൊല്ലിയാൽ മടക്കാതിരിക്കുകയോ ഒക്കെ ചെയ്തേക്കാം. ഫാസിഖ് അഥവാ തെമ്മാടിക്കും മുബ്തദിഅ് അഥവാ നവീനവിശ്വാസവാദിക്കും സലാം ചൊല്ലുകയോ മടക്കുകയോ ചെയ്യരുത് എന്ന പണ്ഡിത വീക്ഷണം ഇത്തരം പ്രമാണങ്ങളിൽ നിന്ന് രൂപപ്പെട്ടു വന്നതാണ്. സലാം ചൊല്ലപ്പെടാതിരിക്കാനുള്ള സാഹചര്യങ്ങളും നിലപാടുകളും മതത്തിന്റെ വീക്ഷണത്തിൽ തന്നെയുണ്ട് എന്ന് ചുരുക്കം.
ഇത്തരം ചിട്ടകൾ പാലിക്കുന്നതിന്റെ പേരിൽ അറിവില്ലാത്ത ആളുകൾ പലരെയും അപഹസിക്കുകയോ പരിഹസിക്കുകയോ അപരിഷ്കൃതരായി മാറ്റി നിർത്തുകയോ ചെയ്യാറുണ്ട്. വിഷയങ്ങളെക്കുറിച്ച് കൃത്യമായ ബോധ്യമില്ലാത്തതുകൊണ്ടാണ് അങ്ങനെയുണ്ടാവുന്നത്. മേൽപ്പറഞ്ഞ നിവേദനങ്ങളിലെല്ലാം ശ്രദ്ധ ക്ഷണിക്കാനും ചിട്ടകൾ രൂപപ്പെടുത്താനും അനുവാചകരിൽ ചില നന്മകൾ സ്ഥാപിക്കാനുമാണ് തിരുനബിﷺ സലാം ചൊല്ലാതിരിക്കുകയോ മടക്കാതിരിക്കുകയോ ഒക്കെ ചെയ്തത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 769
തിരുനബിﷺയുടെ അഭിവാദ്യങ്ങളുമായി ബന്ധപ്പെട്ട അധ്യായത്തിന് ഒരു അനുബന്ധം കൂടിയുണ്ട്. ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്നു. നബിﷺ പറഞ്ഞതായി അബൂഹുറൈറ(റ) പറഞ്ഞു. ജിബ്‌രീല്‍(അ) എന്റെ അടുക്കൽ വന്നു. എന്നിട്ട് എന്നോട് പറഞ്ഞു. ഇതാ ഖദീജ(റ) വരുന്നുണ്ട്. കയ്യിൽ ഭക്ഷണവും പാനീയവും കറിയുമൊക്കെയുണ്ട്. ഖദീജ(റ) വന്നാൽ അല്ലാഹുവിന്റെയും എന്റെയും ഒരു അഭിവാദ്യം, സലാം അവരെ അറിയിക്കണം. ശബ്ദമോ ബഹളമോ ഒന്നുമില്ലാത്ത പവിഴത്താൽ നിർമ്മിതമായ ഒരു മാളിക അവർക്ക് വേണ്ടി സ്വർഗത്തിൽ തയ്യാർ ചെയ്തിട്ടുണ്ട് എന്ന സന്തോഷവാർത്ത കൂടി അറിയിക്കണം.
അല്ലാഹുവിന്റെയും ജിബ്‌രീലി(അ)ന്റെയും അഭിവാദ്യം ഖദീജ(റ)ക്ക് കൈമാറാൻ വേണ്ടി നബിﷺയെ ഏൽപ്പിച്ചു എന്നാണ് നാം വായിച്ചത്. അനസ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെയുണ്ട്. ജിബ്‌രീല്‍(അ) നബിﷺയുടെ അടുക്കലേക്ക് വന്ന് പറഞ്ഞു. ഖദീജ(റ)യ്ക്ക് അല്ലാഹുവിൽ നിന്ന് സലാമുണ്ട്. അപ്പോൾ ഖദീജ(റ) ഇങ്ങനെ പ്രതികരിച്ചു. പ്രതാപവാനായ അല്ലാഹു തന്നെയാണല്ലോ സലാം അഥവാ ശാന്തി നൽകുന്നവൻ. ജിബ്‌രീലി(അ)നും അല്ലാഹുവിൽ നിന്നുള്ള സലാമും കാരുണ്യവും രക്ഷയും വർഷിക്കട്ടെ.
അഭിവാദ്യത്തെ കുറിച്ചുള്ള അധ്യായത്തിൽ ഏറ്റവും മനോഹരമായ വായനകളാണ് ഇപ്പോൾ നാം നിർവഹിച്ചത്. പ്രപഞ്ചാധിപനായ അല്ലാഹു പുണ്യ നബിﷺയുടെ പ്രിയ പത്നിക്ക് സവിശേഷമായ അഭിവാദ്യം അറിയിച്ച ഹൃദ്യമായ വരികൾ.
ഈ അധ്യായത്തിലെ ഒന്ന് രണ്ട് നിവേദനങ്ങൾ കൂടി നമുക്ക് വായിച്ചു പോകാം. തിരുനബിﷺ താഴ്‌വരയുടെ ഉയർന്ന ഭാഗത്തായിരുന്നു. അപ്പോൾ സഫ്വാനുബ്നു ഉമയ്യ(റ) കാരയ്ക്കയും കക്കരിയും മറ്റു സാധനങ്ങളും നബിﷺക്ക് വേണ്ടി കൊടുത്തയച്ചു. മക്ക വിജയവേളയിലായിരുന്നു ഇത്. സാധനങ്ങളുമായി പോയ കലദ ബിൻ ഹമ്പൽ(റ) പറയുന്നു. ഞാൻ സലാം ചൊല്ലാതെ പ്രവാചക സവിധത്തിലേക്ക് കടന്നുചെന്നു. പ്രവാചകൻﷺ എന്നെ മടക്കി അയക്കുകയും സലാം ചൊല്ലി സമ്മതം ചോദിച്ചു വരാൻ പഠിപ്പിക്കുകയും ചെയ്തു.
സലാം ചൊല്ലിയാൽ മൂന്ന് പ്രാവശ്യം വരെ ആവർത്തിക്കുകയും അപ്പോഴും പ്രത്യഭിവാദ്യം കിട്ടിയില്ലെങ്കിൽ മടങ്ങി പോവുകയും ചെയ്യുക എന്നത് പ്രവാചകന്റെﷺ ശൈലിയായിരുന്നു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് കൗതുകകരമായ ഒരു നിവേദനം കൂടിയുണ്ട്. ഒരിക്കൽ നബിﷺ സഅദി(റ)ന്റെ വീട്ടിലേക്ക് ചെന്നു. മൂന്നുപ്രാവശ്യം അഭിവാദ്യ വാചകം ചൊല്ലി. മൂന്നുപ്രാവശ്യവും സലാം മടക്കുന്നത് പ്രവാചകൻﷺ കേട്ടില്ല. മടങ്ങിപ്പോകാൻ ഒരുങ്ങിയപ്പോൾ സഅദി(റ)ന്റെ വീട്ടിൽ നിന്ന് ആളെ അയച്ചു ഇങ്ങനെ പറഞ്ഞു. അവിടുന്ന് സലാം ചൊല്ലിയത് കേൾക്കാത്തത് കൊണ്ടോ ഞങ്ങൾ പ്രത്യഭിവാദ്യം ചെയ്യാത്തതുകൊണ്ടോ അല്ല. അവിടുത്തെ സലാം ഞങ്ങൾക്ക് വേണ്ടിയുള്ള പ്രാർത്ഥന ആണല്ലോ! വീണ്ടും വീണ്ടും ലഭിക്കട്ടെ എന്ന് കരുതി ഞങ്ങൾ മെല്ലെ പ്രതികരിച്ചതാണ്. അഥവാ പ്രവാചകരിﷺൽ നിന്നുള്ള ശാന്തി പ്രാർത്ഥന ഇനിയും ഇനിയും ലഭിക്കട്ടെ എന്ന ആർത്തിയിലായിരുന്നു അവർ അങ്ങനെ ചെയ്തത്.
സഈദ് ബിൻ ഉബാദ(റ)യിൽ നിന്നും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്.
എല്ലാ കാര്യങ്ങളിലും ചിട്ടകളും മര്യാദകളുമുള്ളതുപോലെ അഭിവാദ്യത്തിനും പ്രത്യേകമായ മര്യാദകളും പ്രവാചകൻﷺ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികൾ മുതിർന്നവരെ ആദരിച്ചും മുതിർന്നവർ കുട്ടികളോട് വാത്സല്യം പുലർത്തിയും സാധാരണക്കാർ പണ്ഡിതന്മാരോട് ബഹുമാനം പാലിച്ചും നിൽക്കുന്നവർ സഞ്ചരിക്കുന്നവരെ പരിഗണിച്ചും ആതിഥേയർ അതിഥികളെ ഉൾക്കൊണ്ടുമൊക്കെ അഭിവാദ്യം പറയുന്നതിൽ സവിശേഷമായ ക്രമങ്ങളുണ്ട്. ആദ്യം അഭിവാദ്യം പറയുന്നവർക്ക് പ്രത്യേകമായ പുണ്യവും അഭിവാദ്യം കേട്ടവർ പ്രത്യഭിവാദ്യം ചെയ്യൽ നിർബന്ധവുമാണ്. നിങ്ങൾക്കിടയിൽ പരസ്പര സ്നേഹം വർദ്ധിക്കണമെങ്കിൽ സലാം വ്യാപിപ്പിക്കണമെന്ന് ഉപദേശിക്കുന്ന പ്രവാചകവചനം വളരെ പ്രസിദ്ധമാണ്.
മറ്റേത് സംസ്കാരത്തിലെയും അഭിവാദ്യ വാചകങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി എപ്പോഴും എവിടെയും പ്രയോഗിക്കാവുന്ന ആശയ പൂർണമായ വചനമാണ് അസ്സലാമു അലൈക്കും എന്നത്. അല്ലാഹുവിൽ നിന്നുള്ള പ്രത്യേകമായ രക്ഷ നിങ്ങൾക്കുണ്ടാകട്ടെ എന്നാണ് അർത്ഥം. രോഗിയോടും ആരോഗ്യവാനോടും പ്രഭാതത്തിലും പ്രദോഷത്തിലും ചെറിയവരോടും വലിയവരോടും ഏത് അവസ്ഥയിലും ഈ പ്രാർത്ഥനയ്ക്ക് മൂല്യമുണ്ട്. മറ്റു സംസ്കാരങ്ങളെല്ലാം പ്രയോഗിച്ചുകൊണ്ടിരിക്കുന്ന അഭിവാദ്യ വാചകങ്ങൾ പല സന്ദർഭങ്ങളിലും വ്യത്യാസപ്പെടുന്നതും ചില സന്ദർഭങ്ങളിലൊക്കെ ഔചിത്യമില്ലാത്തതുമാകാറുണ്ട്.
പ്രവാചക വഴിയിലെ ഓരോ അധ്യായങ്ങളും ഹൃദ്യവും മനോഹരവും സാരസമ്പൂർണവുമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 770
തിരുനബിﷺയുടെ അഭിവാദ്യവും സഹവാസവും പെരുമാറ്റവുമൊക്കെ വായിക്കുമ്പോൾ അവിടുത്തെ ഹസ്തദാനവും ആലിംഗനവും കൂടി നമുക്കൊന്ന് പരിശോധിച്ചു നോക്കാം. ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. അബൂ ഇസ്ഹാഖ്(റ) എന്നവർ പറഞ്ഞു. ഞാൻ ബറാഉ ബിൻ ആസിബി(റ)നെ കണ്ടുമുട്ടി. അദ്ദേഹം സലാം ചൊല്ലി. എന്റെ കരം കവർന്ന ശേഷം നന്നായി ഒന്നു ചിരിച്ചു. എന്നിട്ട് ചോദിച്ചു. ഞാൻ എന്താണ് നിങ്ങളോട് ഇങ്ങനെയൊക്കെ ചെയ്തത് എന്ന് നിങ്ങൾക്കറിയാമോ? അപ്പോൾ അബൂ ഇസ്ഹാഖ്(റ) പറഞ്ഞു. അതൊന്നും എനിക്കറിയില്ല. നിങ്ങൾ ഏതായാലും നല്ല കാര്യങ്ങളല്ലേ ചെയ്യൂ. അപ്പോൾ ബറാഅ്(റ) വിശദീകരിച്ചു. ഞാൻ തിരുനബിﷺയെ കണ്ടുമുട്ടിയപ്പോൾ അവിടുന്ന് ഇങ്ങനെയാണ് എന്നെ സ്വീകരിച്ചത്. എന്നിട്ട് എന്നോട് ചോദിച്ചു. ഞാൻ ഇങ്ങനെ സമീപിച്ചത് എന്താണെന്നറിയാമോ? അപ്പോൾ ഞാൻ പറഞ്ഞു. എനിക്കറിയില്ല. അവിടുന്ന് നല്ലതല്ലേ ചെയ്യൂ. അപ്പോൾ പ്രവാചകൻﷺ എന്നോട് ഇങ്ങനെ പറഞ്ഞു. രണ്ടു വിശ്വാസികൾ തമ്മിൽ കണ്ടുമുട്ടുകയും സലാം ചൊല്ലി ഹസ്തദാനം നടത്തുകയും ചെയ്താൽ അല്ലാഹു അവരുടെ കരം പിടിക്കും. അഥവാ സവിശേഷമായ കാരുണ്യം അവർക്ക് നൽകും. അവർ പിരിഞ്ഞു പോകുമ്പോഴേക്കും പാപങ്ങൾ പൊറുക്കപ്പെടും.
രണ്ടു വ്യക്തികൾ തമ്മിലുണ്ടാവുന്ന മാനുഷികമായ സ്നേഹസമ്പർക്കങ്ങളെ ആത്മീയമായ മൂല്യങ്ങൾ കൊണ്ട് ആദരിക്കുകയാണിവിടെ. ഒരുപാട് നന്മകൾക്ക് ഹേതുവാകുന്ന പുണ്യകർമ്മമായി രേഖപ്പെടുത്തുകയാണ്. ഇത്തരം കൃത്യങ്ങളും അനുഷ്ഠാനങ്ങളുടെ ഭാഗമാണെന്ന് വരുമ്പോൾ മനുഷ്യനോടും അവന്റെ വിചാരവികാരങ്ങളോടും ഇസ്ലാം എത്രമേൽ കെട്ടുപിണഞ്ഞു കിടക്കുന്നു എന്ന് നമുക്ക് വായിക്കാനാവും.
പ്രവാചകൻﷺ അനുയായികളുമായി അഭിമുഖം നടത്തുമ്പോൾ അവർക്ക് സ്നേഹ സ്പർശങ്ങൾ നൽകുകയും അനുഗ്രഹത്തിനു വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു. ഹുദൈഫ(റ) റിപ്പോർട്ട് ചെയ്ത ഹദീസിന്റെ ആശയമാണിത്.
പരിഷ്കാരത്തിന്റെ ജാഡകളായിട്ടല്ല മനുഷ്യന്റെ ഓരോ സമ്പർക്കത്തെയും മതം നിരീക്ഷിച്ചിട്ടുള്ളത്. മനുഷ്യർ തമ്മിലുണ്ടാകുന്ന ഓരോ പാരസ്പര്യങ്ങളും പെരുമാറ്റങ്ങളും എത്രമേൽ കൃത്യവും ചിട്ടയുമുള്ളതാകുന്നുവോ അത്രമേൽ ആത്മീയമായ മൂല്യങ്ങളുയരുന്നു എന്നാണ് ഇവിടെ പഠിപ്പിക്കുന്നത്.
അനസ്(റ) എന്ന ഒരു വ്യക്തിയിൽ നിന്ന് ഇമാം അഹ്മദ്(റ) ഉദ്ധരിക്കുന്നു. അബൂ ദർ(റ) ശാമിലേക്ക് പോകുന്ന സമയത്ത് മഹാനവർകളോട് അനസ് (റ) ചോദിച്ചുവത്രേ! ഞാൻ നിങ്ങളോട് പ്രവാചകരുﷺടെ ഒരു ഹദീസ് ചോദിക്കാൻ ആഗ്രഹിക്കുന്നു. അപ്പോൾ അബൂദർ(റ) പറഞ്ഞു. രഹസ്യമാക്കേണ്ട കാര്യങ്ങളൊന്നുമല്ലെങ്കിൽ ഞാൻ നിങ്ങളോട് പറയാം. അതെ രഹസ്യമൊന്നുമാക്കേണ്ട കാര്യമല്ല. നിങ്ങൾ കണ്ടുമുട്ടുന്ന സമയത്ത് പ്രവാചകൻﷺ ഹസ്തദാനം ചെയ്യാറുണ്ടായിരുന്നോ എന്നാണ്. അതെ, ഞാൻ എപ്പോൾ കണ്ടുമുട്ടിയാലും ഞങ്ങൾ പരസ്പരം കരം കവർന്നു സന്തോഷിക്കാറുണ്ടായിരുന്നു. ഒരിക്കൽ പ്രവാചകൻﷺ എന്നെ അന്വേഷിച്ച് ആളെ അയച്ചു. അപ്പോൾ ഞാൻ വീട്ടിലുണ്ടായിരുന്നില്ല. പിന്നീട്, ഞാൻ പ്രവാചക സവിധത്തിലേക്ക് ചെന്നു. അപ്പോൾ അവിടുന്ന് ഒരു കട്ടിലിൽ കിടക്കുകയായിരുന്നു. എന്നെ അടുത്തേക്ക് ചേർത്തുനിർത്തി. സന്തോഷപൂർവ്വം വർത്തമാനം പറഞ്ഞു. എത്ര ധന്യമായിരുന്നു അത്.
തിരുനബിﷺയെ കാണാനും സഹവസിക്കാനും നയപരമായ പല തീരുമാനങ്ങൾക്കും സാക്ഷ്യം വഹിക്കാനും നിയോഗം ലഭിച്ച സ്വഹാബിയും ശിഷ്യനുമാണ് അബൂ ദർ(റ). എല്ലാ ഔപചാരികതകൾക്കുമപ്പുറം വ്യക്തിപരമായി തിരുനബിﷺയുടെ സമ്പർക്കങ്ങൾ എങ്ങനെയായിരുന്നുവെന്ന് ഹൃദയം തുറന്നു സംസാരിക്കുകയാണിവിടെ. ഒരു പ്രസ്ഥാന നേതാവ് എന്നതിനപ്പുറം ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന എല്ലാമെല്ലാമായിരുന്നു അനുയായികൾക്ക് മുഹമ്മദ് നബിﷺ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 771
മഹതി ആഇശ(റ) പറയുന്നു. ഫാത്വിമ(റ)യെക്കാൾ നബിﷺയോട് സാദൃശ്യമുള്ള ഒരാളെയും എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടില്ല. നബിﷺയുടെ സംസാരം പോലെ തന്നെയായിരുന്നു ഫാത്വിമ(റ)യുടെയും. ഫാത്വിമ(റ) വീട്ടിലേക്ക് വന്നാൽ നബിﷺ എഴുന്നേറ്റ് മകളുടെ അടുത്തേക്ക് ചെല്ലും. സ്വാഗതം ചെയ്തു ചുംബനം നൽകി അടുത്തിരുത്തും. മകളുടെ വീട്ടിലേക്ക് നബിﷺ ചെന്നാൽ അതുപോലെതന്നെ നബിﷺയെ വന്ന് സ്വീകരിക്കും. സ്വാഗതം ചെയ്തു മുത്തം നൽകി കൂട്ടിക്കൊണ്ടുപോകും. അടുത്തിരുത്തി വർത്തമാനം പറയും. അവസാനം രോഗശയ്യയിൽ കിടക്കുമ്പോഴും മകൾ അടുത്തേക്ക് വന്നപ്പോൾ ചുംബനം നൽകി സ്വീകരിച്ചിരുത്തി.
വാത്സല്യത്തോടെ മക്കൾക്ക് ചുംബനം നൽകുന്നത് ഹൃദയത്തിൽ ലഭിച്ച ഇലാഹീ കാരുണ്യത്തിന്റെ ഭാഗമാണെന്നാണ് നബിﷺയുടെ ഭാഷ. നബിﷺ അവിടുത്തെ പേരക്കുട്ടികളെ ചുംബിക്കുന്നത് കണ്ട് ആശ്ചര്യപ്പെട്ട ആളുകൾ അന്നുണ്ടായിരുന്നു. എനിക്ക് പത്തുമക്കളുണ്ടായിട്ട് ഒരാളെപ്പോലും ഒരിക്കൽപോലും ചുംബിച്ചിട്ടില്ല എന്ന് ഏറ്റുപറഞ്ഞ ആളെയും നമ്മൾ വായിച്ചു പോയി. കാരുണ്യത്തിന്റെയും അടുപ്പത്തിന്റെയും സ്നേഹത്തിന്റെയും മനോഹരമായ ശരീരഭാഷകളെ പ്രായോഗിക ജീവിതത്തിൽ അവതരിപ്പിക്കുകയായിരുന്നു പുണ്യറസൂൽﷺ.
അബ്ദുല്ലാഹിബ്നു ഉമറി(റ)ൽ നിന്നുള്ള ഒരു നിവേദനം ഇമാം ബുഖാരി(റ) അൽ അദബുൽ മുഫ്റദിൽ ഉദ്ധരിക്കുന്നു. ജനങ്ങൾ പരിഭ്രമിച്ചു ഓടിയ ഒരു യുദ്ധരംഗം. ഓടിപ്പോയ ചില ആളുകൾക്ക് നബിﷺയെ കണ്ടുമുട്ടാൻ ഒരു പ്രയാസം. അൽ അൻഫാൽ അധ്യായത്തിലെ പതിനാറാമത്തെ സൂക്തം ഈ രംഗം വിശദീകരിക്കുന്നുണ്ട്. “യുദ്ധതന്ത്രമെന്ന നിലയില്‍ സ്ഥലം മാറുന്നതിനോ സ്വന്തം സംഘത്തോടൊപ്പം ചേരുന്നതിനോ അല്ലാതെ ആരെങ്കിലും യുദ്ധരംഗത്തുനിന്ന് പിന്തിരിയുകയാണെങ്കില്‍ അവന്‍ അല്ലാഹുവിന്റെ കോപത്തിനിരയാകും. അവന്‍ ചെന്നെത്തുന്നത് നരകത്തീയിലായിരിക്കും. അതെത്ര ചീത്ത സങ്കേതം!”
ഞങ്ങൾ മദീനയിലേക്ക് പോകില്ലെന്നും ഞങ്ങളെ ആരും കാണരുതെന്നും ഞങ്ങൾ വിചാരിച്ചു. ഒടുവിൽ ഏതായാലും മദീനയിലെത്തി. സുബ്ഹി നിസ്കാരം കഴിഞ്ഞ് നബിﷺ പുറത്തേക്ക് വരികയായിരുന്നു. ഞങ്ങൾ പ്രവാചകരുടെﷺ മുന്നിലേക്ക് ചെന്നു. യുദ്ധക്കളത്തിൽ നിന്ന് ഓടിയവരാണ് ഞങ്ങൾ എന്ന് തുറന്നു പറഞ്ഞു. അപ്പോൾ നബിﷺ പറഞ്ഞു. നിങ്ങൾ പിന്നോട്ട് പോയി സംഘത്തോടൊപ്പം ചേർന്നു വീണ്ടും മടങ്ങി വന്നവരല്ലേ. ഞങ്ങൾ പറഞ്ഞു, അതെ. ഞാനും നിങ്ങളുടെ കൂട്ടത്തിൽപ്പെട്ട ആളാണല്ലോ. അപ്പോൾ ഞങ്ങൾ മുന്നോട്ട് ചെന്ന് നബിﷺയുടെ കരം കവർന്നു ചുംബനം നൽകി.
തെറ്റു വന്നുപോയോ എന്ന് ആശങ്കപ്പെട്ട അനുയായികൾക്ക് ആശ്വാസം നൽകുകയും സ്വീകരിക്കുകയും ചെയ്ത ഒരു ചിത്രം കൂടിയാണിത്. സ്വഹാബികൾ തിരുനബിﷺയുടെ കരം കവർന്നു ചുംബിച്ചതും ആദരങ്ങളോടെ തിരുപാദങ്ങളിൽ ചുംബനം അർപ്പിച്ചതും പ്രമാണങ്ങളിൽ വായിക്കാനുണ്ട്.
തെരുവിലൂടെ നടന്നു പോകുമ്പോൾ കുട്ടികൾക്ക് ഓടിച്ചെന്ന് സലാം പറയാനും കൈപിടിക്കാനും തിരുനബിﷺ അവസരം നൽകിയിരുന്നു. പരിചാരകനായി വീട്ടിലുണ്ടായിരുന്ന സയ്ദി(റ)ന്റെ മകൻ ഉസാമ(റ)യെ സ്നേഹ ചുംബനങ്ങൾ നൽകി പരിപാലിച്ചതും ചരിത്രത്തിന് പറയാനുള്ളതാണ്. കാരുണ്യത്തിന്റെ തിരുഹൃദയം മനുഷ്യ പാരസ്പര്യത്തിന്റെ എല്ലാ നന്മകളെയും വികാരങ്ങളെയും വിചാരങ്ങളെയും പൂർണശോഭയോടെ അടയാളപ്പെടുത്തി. തിരുമേനിﷺക്ക് കസ്തൂരിയുടെ ഗന്ധമുണ്ടായിരുന്നതിനാൽ കരം കവർന്നവർക്കും അത് പലപ്പോഴും പകർന്നു ലഭിച്ചിട്ടുണ്ട്. ഒരു വഴിയിലൂടെ പ്രവാചകൻﷺ വരുന്നു എന്നറിയാൻ അവിടുത്തെ സുഗന്ധം ആളുകൾക്ക് അടയാളമായിരുന്നു. തിരുനബിﷺയുടെ ചുണ്ട് ചേർത്തു വെച്ച് പാനം ചെയ്ത പാത്രങ്ങൾ അനുഗ്രഹത്തിനു വേണ്ടി കരുതിവെച്ച സ്വഹാബികളെയും നമുക്ക് വായിക്കാനുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 772
തിരുനബിﷺയുടെ ഇരുത്തത്തെ കുറിച്ചുള്ള ചില വർത്തമാനങ്ങൾ ആണ് ഇനി നാം വായിക്കുന്നത്. അവിടുന്ന് ഒരു സദസ്സിലേക്ക് വന്നാൽ സദസ്സ് അവസാനിക്കുന്നിടത്ത് ഇരിക്കുമായിരുന്നു. അഥവാ സദസ്യരെ അലോസരപ്പെടുത്തി ഇടയിൽ എവിടെയെങ്കിലും കടന്നുകൂടാൻ ശ്രമിക്കില്ലായിരുന്നു.
ചില സന്ദർഭങ്ങളിൽ ചാരി ഇരിക്കുകയും മറ്റു ചിലപ്പോൾ ചമ്രം പടിഞ്ഞിരിക്കുകയും ചെയ്യുമായിരുന്നു. ഇരുവശങ്ങളിൽ എവിടെയെങ്കിലും ഒരു തലയിണ വച്ച് അതിന്മേൽ ചാരി ഇരിക്കുന്ന രംഗങ്ങളും ഹദീസുകളിൽ നിന്നും വായിക്കാം. സുബ്ഹി അഥവാ പ്രഭാത നിസ്കാരം കഴിഞ്ഞാൽ സൂര്യോദയം വരെ ചമ്രം പടിഞ്ഞിരിക്കും. ചിലപ്പോഴൊക്കെ ദീർഘനേരം ഇരിക്കേണ്ടി വന്നാൽ ഒരു തുണികൊണ്ട് മുട്ടുകെട്ടി ഇരിക്കാറുമുണ്ടായിരുന്നു. ഏകാന്തമായിരിക്കുമ്പോളെല്ലാം ആലോചനകളിലും ഉപരിലോകത്തേക്ക് കണ്ണുകൾ ഉയർത്തി അല്ലാഹുവിലേക്ക് ഹൃദയം ചേർത്തുള്ള ചിന്തകളിലുമായിരുന്നു.
കൗതുകകരമായ ചില സന്ദർഭങ്ങളും ഈ അധ്യായത്തിൽ വായിക്കാനുണ്ട്. അബൂമൂസൽ അശ്അരി(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. പ്രവാചകൻﷺ പ്രാഥമിക ആവശ്യം നിർവഹിക്കാൻ വേണ്ടി ഒരു തോട്ടത്തിലേക്ക് പുറപ്പെട്ടു. ഞാൻ നബിﷺയെ പിന്തുടർന്നു. തോട്ടത്തിന്റെ വാതിൽക്കൽ എത്തിയപ്പോൾ ഞാൻ അവിടെ നിന്നു. ഈയൊരു ദിവസം അവിടുത്തെ പാറാവുകാരനാകാമല്ലോ എന്ന് കരുതി കവാടത്തിൽ തന്നെ ഇരുന്നു. നബിﷺ ആവശ്യ നിർവഹണം കഴിഞ്ഞ് മടങ്ങി വന്നു. അവിടെയുണ്ടായിരുന്ന ഒരു കിണറ്റിന്റെ വക്കിൽ കയറിയിരുന്നു. ഞെരിയാണിയിൽ നിന്ന് തണ്ടം കാൽ വരെ വസ്ത്രമുയര്‍ത്തി കാലുകൾ കിണറ്റിന്റെ ഉൾഭാഗത്തേക്ക് തൂക്കിയിട്ടു.
സമാനമായ ഒരു നിവേദനം ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നുണ്ട്. നബിﷺ അഅവാഫ് എന്ന പ്രദേശത്തു നിന്നു. ബിലാലും(റ) ഒപ്പമുണ്ടായിരുന്നു. വസ്ത്രം അൽപ്പമുയർത്തി കിണറിന്റെ അകത്തേക്ക് കാലിട്ടു കിണറിന്റെ വക്കിൽ കയറിയിരുന്നു. അങ്ങനെയിരിക്കെ അബൂബക്കർ(റ) സമീപത്തേക്ക് വന്നു. നബിﷺയുടെ അടുത്തേക്ക് കടന്നു വരാൻ അനുമതി ചോദിച്ചു. തിരുനബിﷺ അനുമതി നൽകുകയും അദ്ദേഹം അടുത്തേക്ക് വരികയും ചെയ്തു. തിരുനബിﷺ ഇരുന്നതിന്റെ വലതു ഭാഗത്ത് കാൽ അകത്തേക്ക് തൂക്കിയിട്ട് അബൂബക്കറും(റ) ഇരുന്നു. അല്പം കഴിഞ്ഞപ്പോൾ ഉമർ(റ) അവിടേക്ക് വന്നു. അടുത്തേക്ക് വരാൻ അനുവദിച്ചു. അനുമതി നൽകുകയും നബിﷺയുടെ ഇടത് സൈഡിൽ അബൂബക്കർ(റ) ഇരുന്നതുപോലെ ഇരിക്കുകയും ചെയ്തു. അല്പം കഴിഞ്ഞപ്പോൾ ഉസ്മാൻ(റ) കടന്നു വന്നു. അദ്ദേഹത്തിനും അനുമതി നൽകാൻ ബിലാലി(റ)നോട് പറഞ്ഞു. . പരീക്ഷണങ്ങൾക്ക് ശേഷം സ്വർഗ്ഗം കൊണ്ടുള്ള സുവിശേഷം കൂടി പറയാൻ പറഞ്ഞു. അകത്തേക്ക് കടന്നുവന്നു അദ്ദേഹത്തെയും ഒപ്പം ഇരുത്തി.
ഒരു സംഭവത്തിനപ്പുറം തിരുനബിﷺ അനുയായികളോട് പുലർത്തിയ സഹവാസത്തിന്റെ കൗതുകകരമായ ഒരു രംഗം കൂടിയാണിത്. പിൽക്കാലത്ത് വരാനുള്ള നേതൃത്വത്തിന്റെ ക്രമം കൂടി ഇതിൽ നമുക്ക് വായിക്കാം. ഉസ്മാൻ(റ) കൊല്ലപ്പെടുന്ന രംഗത്തെ കുറിച്ചുള്ള മുന്നറിയിപ്പും നാം വായിച്ചു.
നബിﷺയുടെ സദസ്സിൽ ഇരിക്കാൻ എല്ലാ അർത്ഥത്തിലും സ്വഹാബികൾക്ക് അവേശമായിരുന്നു. എപ്പോഴും സുഗന്ധപൂർണ്ണമായ ഒരു അന്തരീക്ഷമായിരുന്നു അവിടെ ഉണ്ടായിരുന്നത്. പ്രത്യക്ഷ സുഗന്ധത്തേക്കാൾ വലിയ ആത്മീയ സന്തോഷവും അവർ ആസ്വദിച്ചു. ചന്ദ്രനെ തോൽപ്പിക്കുന്ന തിരുമുഖത്തേക്ക് നോക്കിയിരിക്കൽ അവർക്ക് ആനന്ദമായിരുന്നു. ഭക്ഷണം കഴിക്കാനെത്തുന്ന ചെറിയവരെയും വലിയവരെയും തൊഴിലാളികളെയും സേവകരെയും ഒപ്പമിരുത്തുമായിരുന്നു. സത്യവിശ്വാസത്തോടെ നബിﷺയുടെ സദസ്സിൽ ഇരുന്നാൽ ഒരുപക്ഷെ നബിﷺയെ കാണാൻ കഴിഞ്ഞില്ലെങ്കിലും അയാൾ സ്വഹാബി എന്ന പദവിയുടെ ഉടമയായി മാറും. അല്ലാഹുവിന്റെ തൃപ്തി കരസ്ഥമാക്കാനും അല്ലാഹുവിൽ തൃപ്തിപ്പെടുന്ന ഹൃദയം ലഭിക്കാനും കാരണമാകുന്ന പദവിയാണ് സ്വഹാബിപദം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 773
തിരുനബിﷺ ഇരിക്കുകയും നടക്കുകയും സ്വഹാബികളോട് സഹവസിക്കുകയുമൊക്കെ ചെയ്യുമ്പോൾ ഓരോ ചലനങ്ങളും അനുയായികൾ ഹൃദയത്തിലേക്ക് ഒപ്പിയെടുക്കും. കാലത്തിന്റെ അടുത്ത പുറത്തേക്ക് അവർ അതിനെ പകർന്നു കൊടുക്കും. അത് തുടർച്ചയായി കാലങ്ങളെ മറികടന്നു കൊണ്ടിരിക്കും. അങ്ങനെ ഇന്ന് ജീവിക്കുന്ന വിജ്ഞാനികളുടെയും പഠന ഗ്രന്ഥങ്ങളുടെയും വാക്കുകൾക്കും വിശദീകരണങ്ങൾക്കുമിടയിലൂടെ ആ നടത്തവുമൊക്കെ കാലത്തിന്റെ നാളെയിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് 1400 സംവത്സരങ്ങൾക്ക് മുമ്പുള്ള ഒരു വ്യക്തിയുടെ നടത്തവും ഇരുത്തവും സഞ്ചരിച്ച വഴികളും വ്യവഹരിച്ച വിതാനങ്ങളുമൊക്കെ നമുക്ക് പുതുമയോടെ പറയാൻ കഴിയുന്നത്.
പ്രമുഖ സ്വഹാബിയായ അബുദദർദാഅ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ ഒരിടത്തിരുന്നാൽ ഞങ്ങളും ഓരം പറ്റിയിരിക്കും. നബിﷺ ആ സദസ്സിലേക്ക് വീണ്ടും വരാൻ ഉദ്ദേശിച്ചാൽ ചെരുപ്പോ മറ്റോ അവിടെ വച്ചിട്ടായിരിക്കും പോവുക. അപ്പോൾ സദസ്സിന് മനസ്സിലാകും ഇനിയും ഇങ്ങോട്ട് തന്നെ മടങ്ങി വരുമെന്ന്. എല്ലാവരും അവിടെത്തന്നെ ഇരിക്കും. ഒരിക്കൽ സദസ്സിൽ നിന്ന് തിരുനബിﷺയിറങ്ങി. ആവശ്യ നിർവഹണത്തിനുള്ള വെള്ളപ്പാത്രവുമായി ഞാനും പിന്നിൽ കൂടി. എന്നാൽ പ്രവാചകൻﷺ അങ്ങോട്ടു പോകാതെ മടങ്ങി വന്നു. ഞാൻ ചോദിച്ചു. എന്തേ അവിടുന്ന് ആവശ്യം നിർവഹിച്ചില്ലല്ലോ! എന്തേ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലേ! എനിക്ക് പോകേണ്ടിയിരുന്നു. പക്ഷേ, അപ്പോഴാണ് അള്ളാഹുവിൽ നിന്നുള്ള സന്ദേശ വാഹകൻ വന്നത്. അപ്പോൾ ലഭിച്ച ഖുർആൻ ശകലം നബിﷺ ഓതിക്കേൾപ്പിച്ചു. അന്നിസാഅ് അധ്യായത്തിലെ നൂറ്റിപ്പത്താമത്തെ സൂക്തമായിരുന്നു അത്. ആശയം ഇങ്ങനെയാണ്. “തെറ്റ് ചെയ്യുകയോ തന്നോടുതന്നെ അതിക്രമം കാണിക്കുകയോ ചെയ്തശേഷം അല്ലാഹുവോട് പാപമോചനം തേടുന്നവന്‍, ഏറെ പൊറുക്കുന്നവനും ദയാപരനുമായി അല്ലാഹുവിനെ കണ്ടെത്തുന്നതാണ്.”
“തിന്മ ചെയ്യുന്നതാരായാലും അതിന്റെ ഫലം അവന് ലഭിക്കും. അല്ലാഹുവിനെക്കൂടാതെ ഒരു രക്ഷകനെയും സഹായിയെയും അവന് കണ്ടെത്താനാകില്ല.” ഈ ആശയം ഉൾക്കൊള്ളുന്ന സൂക്തത്തിനു ശേഷം ആശ്വാസം നൽകുന്ന സന്ദേശമായിരുന്നു മേൽ സൂക്തത്തിലൂടെ തിരുനബിﷺ പങ്കുവെച്ചത്. അനുബന്ധമായി നബിﷺ ഇങ്ങനെ കൂടി പറഞ്ഞു. എന്റെ അനുയായികൾക്ക് സന്തോഷ വാർത്ത അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അപ്പോൾ അവർ ഇങ്ങനെ ഒരു വിശദീകരണം കൂടി ആവശ്യപ്പെട്ടു. വ്യഭിചാരവും മോഷണവും സംഭവിച്ചാൽ പോലും പാപമോചനത്തിന് വഴിയുണ്ടോ എന്നായിരുന്നു. അങ്ങനെയാണെങ്കിലും ശേഷം അല്ലാഹുവിനോട് പാപമോചനം തേടിയാൽ അവൻ കാരുണ്യം ചെയ്യുമെന്ന സന്ദേശമായിരുന്നു നബിﷺ തിരിച്ചു നൽകിയത്. മൂന്നുപ്രാവശ്യം ആവർത്തിച്ചപ്പോഴും അവിടുന്ന് അങ്ങനെ തന്നെ പറഞ്ഞു.
തിരുനബിﷺയുടെ സദസ്സിൽ നിന്ന് സമൂഹത്തിന് ലഭിച്ച ആശ്വാസത്തിന്റെയും ക്ഷേമത്തിന്റെയും ഒരു സന്ദേശം കൂടിയാണിത്. ഒരു സദസ്സിൽ ഇരിക്കുമ്പോൾ എങ്ങനെയൊക്കെ ആകണമെന്നും, സദസ്യർക്ക് എന്തെല്ലാം ന്യായങ്ങൾ വകവച്ചു കൊടുക്കണമെന്നും, സദസ്സിൽ നിന്ന് എഴുന്നേൽക്കുമ്പോൾ എന്തു വിചാരത്തിലും പ്രാർത്ഥനയിലും പിരിഞ്ഞു പോകണമെന്നും പ്രവാചക പാഠശാലയിൽ പ്രത്യേകം അധ്യാപനങ്ങളുണ്ട്. ഏഷണിയോ പരദൂഷണമോ നബിﷺയുടെ സദസ്സിൽ അനുവദിച്ചിരുന്നില്ല. സഹായം ആവശ്യമുള്ളവരെ കുറിച്ചുള്ള വിവരങ്ങൾ കൈമാറുന്നവരെ പ്രത്യേകം പ്രോത്സാഹിപ്പിച്ചു. സദസ്സിലിരിക്കുമ്പോൾ പാരസ്പര്യങ്ങളിൽ സവിശേഷമായ മര്യാദകൾ പാലിക്കണമെന്ന് അവിടുന്ന് നിർദ്ദേശിച്ചു. സദസ്സ്യരെ അലോസരപ്പെടുത്തുന്നത് ഒരാളിൽനിന്നും ഉണ്ടാകരുതെന്ന് പ്രത്യേകം നിഷ്കർഷിച്ചു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 774
തിരുനബിﷺയുടെ നടത്തം നോക്കി നിന്നുകൊണ്ട് കാലത്തിന്റെ അപ്പുറത്തേക്ക് വായിക്കാൻ നിരവധി നിവേദനങ്ങൾ നമുക്ക് കാണാൻ കഴിയും. ഒരു നേതാവിനെ ഇത്രമേൽ നിരീക്ഷിക്കുകയും അത്രത്തോളം അടയാളപ്പെടുത്തുകയും ചെയ്ത അത്യപൂർവ്വമായ ഒരു വായന കൂടിയാണിത്. അബൂഹുറൈറ(റ) രേഖപ്പെടുത്തുന്നു. തിരുനബിﷺയോളം വേഗത്തിൽ നടക്കുന്ന ഒരാളെയും ഞാൻ കണ്ടിട്ടില്ല. ഭൂമി സ്വയം ചുരുണ്ടുകൊടുക്കുന്നതുപോലെയാണ് അനുഭവപ്പെടാറുള്ളത്. തിരുനബിﷺ മനപ്പൂർവം ധൃതി കൂട്ടുകയല്ല. ഞങ്ങൾ കൂടെ നടക്കുമ്പോൾ ഒപ്പമെത്താൻ നന്നായി ശ്രദ്ധിക്കേണ്ടിയിരുന്നു.
അബൂഹുറൈറ(റ) തന്നെ പറയുന്നു. ഒരു ജനാസയ്ക്കൊപ്പം നബിﷺയുടെ കൂടെ ഞാനും സഞ്ചരിച്ചു. നബിﷺയോടൊപ്പം തന്നെ ഉണ്ടാകാൻ ഞാൻ വളരെ ശ്രദ്ധിക്കേണ്ടിവന്നു. എന്റെ അടുത്തേക്ക് ഒരാൾ തിരിഞ്ഞു നോക്കിയപ്പോൾ ഞാൻ പറഞ്ഞു. തിരുനബിﷺക്കും ഇബ്രാഹിം നബി(അ)ക്കും അല്ലാഹു ഭൂമി ചുരുട്ടിക്കൊടുക്കുമായിരുന്നു.
മടിയുള്ള ഒരാൾ നടക്കുന്നതുപോലെയോ ക്ഷീണിച്ച ഒരാൾ സഞ്ചരിക്കുന്നത് പോലെയോ ഒരിക്കലും നബിﷺ നടന്നിരുന്നില്ല. അബൂ യസാർ(റ) എന്നവരുടെ പ്രയോഗം ഇങ്ങനെയാണ്. പ്രധാനപ്പെട്ട ഒരു കാര്യം നിർവഹിക്കാൻ പോകുന്ന ആളെ പോലെ ആയിരുന്നു തിരുനബിﷺയുടെ സഞ്ചാരം; അവശമോ അലസമോ ആയിരുന്നില്ല. ചിലപ്പോഴൊക്കെ ഏതോ ഒരു ഉയർച്ചയിൽ നിന്ന് ഇറങ്ങി വരുന്നതുപോലെ ശ്രദ്ധയോടുകൂടിയുള്ള ചുവടുകളായിരുന്നു. ആഇശ(റ)യുടെ അഭിപ്രായത്തിൽ പറഞ്ഞാൽ ഓരോ ചുവടുകളും ഉയർത്തി വയ്ക്കുന്ന വിധം ചടുലമായിരുന്നു ആ നടത്തം. ചിലത് നിർവഹിക്കാൻ പോകുന്നതുപോലെ മുന്നോട്ടൊന്ന് ആഞ്ഞു കൊണ്ടായിരുന്നു നടന്നിരുന്നത്. പരിസരം നിരീക്ഷിക്കുന്ന വിധം വഴിയുടെ ഇരുവശങ്ങളിലേക്കും നോക്കുകയോ വഴിയോരങ്ങളിലുള്ളവരെ പ്രയാസപ്പെടുത്തുകയോ ചെയ്തിരുന്നില്ല. അവിടുത്തെ നടത്തവും സഞ്ചാരവും പരിസരവാസികൾക്കും അനുവാചകർക്കും എപ്പോഴും സന്തോഷമായിരുന്നു.
ആഗമനത്തിൽ തന്നെ ഒരു അനുഗ്രഹം. അഭിമുഖീകരിക്കുമ്പോളുള്ള സന്തോഷം. ചുവടുകൾക്കോ ശരീരഭാഷക്കോ ഒരു ന്യൂനതയും പറയാനില്ലാത്ത നടത്തം. എപ്പോഴെങ്കിലും തിരിഞ്ഞുനോക്കേണ്ടി വന്നാൽ ശരീരം മുഴുവനായും തിരിഞ്ഞു കൊണ്ടായിരുന്നു നോക്കുക. കേവലം പിരടി മാത്രം തിരിച്ചു പിന്നിലേക്ക് നോക്കുന്ന സ്വഭാവം ഉണ്ടായിരുന്നില്ല. കണ്ണിട്ട് നോക്കുകയോ അഭംഗിയുള്ള രീതിയിൽ നിരീക്ഷിക്കുകയോ അവിടുത്തെ ശൈലിയായിരുന്നില്ല. അഭിമുഖമായി നിന്നാലും പിന്തിരിഞ്ഞു പോയാലും അത് പൂർണ്ണമായ രീതിയിൽ തന്നെയായിരുന്നു. ചിലപ്പോഴൊക്കെ അനുയായികളുടെ കൈകോർത്തു പിടിച്ചു കൊണ്ട് നടക്കും. ഇടത്തും വലത്തും ചേർന്നു നടക്കുന്നവരെ നന്നായി പരിഗണിക്കും.
അബൂ ഉമാമ(റ) പറയുന്നു. ഒരിക്കൽ എന്റെ കൈപിടിച്ചുകൊണ്ട് തിരുനബിﷺ നടക്കുകയായിരുന്നു. അപ്പോൾ എന്നോട് ഇങ്ങനെ പറഞ്ഞു. വിശ്വാസികളിൽ എനിക്ക് പ്രത്യേകമായി മാനസിക അടുപ്പമുള്ളവരുണ്ട്. അബൂ ബർസ അൽ അസ്‌ലമി(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺ നടന്നു പോകുന്ന വഴിയിൽ നിൽക്കുകയായിരുന്നു. ദൃഷ്ടിയിൽ പെട്ട ഉടനെ എന്നെ അടുത്തക്ക് വിളിച്ചു. എന്റെ കൈപിടിച്ച് നടക്കാൻ തുടങ്ങി. ബശീർ ബിൻ അൽ ഖസാസിയ(റ) എന്ന സ്വഹാബിക്ക് ഒരു പ്രഭാതത്തിൽ തിരുനബിﷺക്കൊപ്പം കൈപിടിച്ചു നടക്കാൻ അവസരം കിട്ടി. അതിനെ കുറിച് അദ്ദേഹം പറഞ്ഞത്, എനിക്ക് ഇന്ന് എല്ലാ നൻമയും ലഭിച്ചു എന്നാണ്. അബൂഉസാമ(റ) എന്നവർ മഹാനായ ജാബിർ(റ)വിൽ നിന്ന് നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. സ്വഹാബികൾ തിരുനബിﷺയുടെ പിന്നിൽ സഞ്ചരിക്കുകയും മുൻഭാഗം മലക്കുകൾക്ക് വേണ്ടി വിട്ടുകൊടുക്കുകയും ചെയ്യുമായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 775
തിരുനബിﷺ നടന്നത്, കിടന്നത്, സഞ്ചരിച്ചത്, നടക്കുമ്പോഴുള്ള ഭാവങ്ങൾ തുടങ്ങി ചിലതൊക്കെയാണ് നാം പറഞ്ഞുകൊണ്ടിരുന്നത്. ഉറങ്ങുന്നതിനു മുമ്പ് നിർവഹിക്കേണ്ട ആത്മീയ ചിട്ടകൾ കൂടി പഠിപ്പിച്ചു തന്നു. ക്ഷീണമകറ്റാൻ നാൽക്കാലികൾ കിടക്കുന്നതുപോലെ, വിശ്രമിക്കുന്നതുപോലെയാകരുത് മനുഷ്യന്റെ വിശ്രമവും ഉറക്കവും. അവന്റെ ഓരോ ചലനത്തിനും സവിശേഷമായ ചില ഗുണങ്ങളുണ്ടായിരിക്കണം. മരണത്തിന്റെ ഒരു മാതൃക പോലെയാണ് ഉറക്കം നമ്മെ ഓരോ ദിവസവും തലോടുന്നത്. നമ്മുടെ ആത്മാവ് ശരീരത്തിൽ നിന്ന് താൽക്കാലികമായി വിട്ടുനിൽക്കുകയാണ്. എന്നത്തേക്കുമായി വിട്ടു മാറുമ്പോഴാണ് മരണം സംഭവിക്കുന്നത്. മനുഷ്യന്റെ ഉറക്കിനും വിശ്രമത്തിനും പോലും പ്രത്യേകമായ ചില ചിട്ടകളും മര്യാദകളുമുണ്ടാകേണ്ടതുണ്ട് എന്ന് തിരുനബിﷺ കാണിച്ചു തന്നു. ഉറങ്ങാൻ കിടക്കുമ്പോൾ നമുക്ക് ജീവിതവും മരണവും ആരോഗ്യവും വിശ്രമവുമെല്ലാം ഒരുക്കി തന്ന അല്ലാഹുവിനെ ഓർത്തുകൊണ്ടും അവനെക്കുറിച്ചുള്ള സ്മരണയോട് ഹൃദയം ചേർത്തുവെച്ചുകൊണ്ടുമായിരിക്കണം കിടക്കേണ്ടത്.
സവിശേഷമായ ചില മന്ത്രങ്ങൾ കൂടി പ്രവാചകൻﷺ പഠിപ്പിച്ചിട്ടുണ്ട്. എല്ലാ മന്ത്രങ്ങളുടെയും ആകെത്തുക, അനുഗ്രഹങ്ങൾ നൽകിയ അല്ലാഹുവിനോടുള്ള നന്ദിയും, ഇനിയും സന്തോഷകരമായ തുടർച്ച തരണമേ എന്ന അവനോടുള്ള പ്രാർത്ഥനയുമാണ്. മനുഷ്യന്റെ ഉറക്കവും കൃത്യമായി ലക്ഷ്യത്തോടുകൂടി ഉള്ളതാണ് എന്ന മഹത്തായ ഒരു സന്ദേശം കൂടി ഇതിലുണ്ട്. ഒരുപക്ഷേ ഈ ഉറക്കം ഈ ലോകത്തോട് വിട പറയാനുള്ള അവസാനത്തെ കിടത്തമാണെങ്കിൽ അതെങ്ങനെ ശുഭകരമാക്കാം എന്ന വിചാരം കൂടി കിടക്കയിലേക്ക് പോകുമ്പോഴുള്ള മന്ത്രത്തിൽ ചേർത്തുവച്ചിട്ടുണ്ട്. രാത്രിയിൽ ഇടക്കുണരുമ്പോഴും അല്ലാഹുവെ കുറിച്ചുള്ള വിചാരം നഷ്ടപ്പെടാതിരിക്കാൻ ആവശ്യമായ ചില നിർദ്ദേശങ്ങൾ കൂടി അവിടുന്ന് പഠിപ്പിച്ചിട്ടുണ്ട്.
മനുഷ്യന്റെ വ്യവഹാര മേഖലകളെ മുഴുവൻ പ്രാധാന്യത്തോടുകൂടി നിരീക്ഷക്കണമെന്ന ഉന്നതമായ ഒരു സന്ദേശം ഇതിൽ ചേർത്തുവച്ചിട്ടുണ്ട്. എന്നാൽ ആവശ്യമായ വിനോദങ്ങൾക്കോ പരസ്പരമുള്ള പങ്കുവെക്കലുകൾക്കോ ഇസ്ലാം തടസ്സം നിൽക്കുന്നില്ല. രാത്രികാലങ്ങളിൽ തിരുനബിﷺ ഭാര്യമാരോടൊപ്പം ഇരുന്ന് സംസാരിച്ചിരുന്ന ചില കൗതുകകരമായ നിവേദനങ്ങൾ കൂടി നമുക്ക് വായിക്കാം. പ്രിയ പത്നിയായ മഹതി ആഇശ(റ) പറയുന്നു. ഒരു രാത്രിയിൽ തിരുനബിﷺ പത്നിമാരോട് കഥ പറഞ്ഞുകൊണ്ടിരുന്നു. അല്പം നീണ്ട കഥയ്ക്ക് ശേഷം കൂട്ടത്തിലുള്ള ഒരാൾ പറഞ്ഞു. ഇതു കേട്ടിട്ട് ഒരു കുറാഫത് പോലെയുണ്ടല്ലോ? അപ്പോൾ ചോദിച്ചു. എന്താണ് കുറാഫയുടെ വർത്തമാനം? നിങ്ങൾക്കറിയാമോ? ബനൂ ഉദ്റ ഗോത്രത്തിൽ ഒരാളുണ്ടായിരുന്നു. അയാളെ ജിന്നുകൾ അഥവാ ഭൂതവിഭാഗം പിടിച്ചുകൊണ്ടുപോയി. കുറച്ചുകാലം അവരോടൊപ്പം താമസിപ്പിച്ചു. ശേഷം, അയാളെ മനുഷ്യവർഗ്ഗത്തിന്റെ ഇടയിലേക്ക് തന്നെ തിരിച്ചയച്ചു. മനുഷ്യരുടെ കൂട്ടത്തിലേക്ക് മടങ്ങി വന്നശേഷം ഇടക്കാലത്ത് ജിന്നുകൾക്കൊപ്പം ഉണ്ടായിരുന്ന താമസ കാലത്തെ അനുഭവങ്ങൾ അദ്ദേഹം ജനങ്ങളോട് പറയാൻ തുടങ്ങി. അത്ഭുതകരമായ കഥനങ്ങൾ കേട്ടപ്പോൾ ആളുകൾ പറഞ്ഞു. ഇത് കുറാഫയുടെ കഥയാണല്ലോ എന്ന്. പ്രവാചകന്റെﷺ പത്നിമാർ ചിരിച്ചു.
അബൂബക്കറി(റ)നോട് രാകഥ പറഞ്ഞിരുന്ന അനുഭവങ്ങളും ചില നിവേദനങ്ങളിൽ നമുക്ക് വായിക്കാൻ കഴിയും. അനുവദിക്കപ്പെടാവുന്ന വിനോദങ്ങൾക്കൊപ്പം നിൽക്കുമ്പോഴും മനുഷ്യനിൽ ഉണ്ടാവേണ്ട പ്രധാനപ്പെട്ട ഒരു വിചാരവും അന്യമാകരുത് എന്ന കണിശത നബി ജീവിതത്തിൽ എപ്പോഴുമുണ്ടായിരുന്നു. അവിടുത്തെ ഓരോ ചലനങ്ങളും സമീപനങ്ങളും ഏതു കാലത്തേക്കും അറിയാനും അനുകരിക്കാനും മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനുമുള്ളതാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 776
തിരുനബിﷺയുടെ ഭക്ഷണത്തളികയിലേക്ക് നോക്കി നിൽക്കുമ്പോൾ അനുചരന്മാർ പകർന്നെടുത്ത ചിത്രങ്ങളുണ്ട്. അതിൽ തിരുനബിﷺയുടെ ഭക്ഷണ മര്യാദകളും ചിട്ടകളുമെല്ലാം ലയിച്ചു ചേർന്നുനിൽക്കുന്നു. അമ്മാർ ബിൻ യാസിർ(റ) പറയുന്നു. തിരുനബിﷺക്ക് സമ്മാനമായി ആരെങ്കിലും ഭക്ഷണപാനീയങ്ങൾ കൊണ്ടുവന്നാൽ കൊണ്ടുവന്ന ആളോട് തന്നെ ആദ്യം ഭക്ഷിക്കാൻ ആവശ്യപ്പെടും. ഖൈബറിൽ വച്ച് വിഷം ചേർത്ത ആട്ടു മാംസം നബിﷺക്ക് സൽക്കരിച്ച ഒരു പശ്ചാത്തലം കൂടി ഈ പ്രസ്താവനക്കും സമീപനത്തിനും പിന്നിലുണ്ട്.
ഇബ്നുൽ ഹൂതികിയ്യ(റ) എന്നവർ നിവേദനം ചെയ്യുന്നു. ഞാൻ ഉമർ(റ) എന്നവരോട് നോമ്പിനെ കുറിച്ച് ചോദിച്ചു. അപ്പോൾ ഉമർ(റ) സദസ്സിലുള്ളവരോട് ചോദിച്ചു. അൽ ഖാഹ എന്ന പ്രദേശത്ത് വച്ച് ഗ്രാമീണനായ ഒരു അറബി തിരുനബിﷺക്ക് ചുട്ടമുയൽ കൊണ്ടുവന്ന് കൊടുത്ത സമയത്ത് നമ്മളിൽ ആരൊക്കെയാണ് അവിടെയുണ്ടായിരുന്നത്? അപ്പോൾ സദസ്സ് ഒന്നടങ്കം പറഞ്ഞു. ഞങ്ങളെല്ലാവരും അവിടെയുണ്ടായിരുന്നു. എങ്കിൽ ആ സംഭവം നിങ്ങളൊന്നു വിശദീകരിക്കൂ എന്ന് ഉമർ(റ) അവരോട് ആവശ്യപ്പെട്ടു. അപ്പോൾ അവർ പറഞ്ഞു തുടങ്ങി.
ഞങ്ങളെല്ലാവരും അൽ ഖാഹ എന്ന പ്രദേശത്ത് നബിﷺയോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ ഗ്രാമീണനായ ഒരു അറബി ചുട്ടമുയൽ നബിﷺക്ക് ഭക്ഷണമായി കൊണ്ടുവന്നു കൊടുത്തു. ഖൈബറിലെ അനുഭവത്തിനുശേഷം സമ്മാനമായി കൊണ്ടുവരുന്ന ഭക്ഷണത്തിൽ നിന്ന് കൊണ്ടുവന്നയാൾ കഴിക്കാതെ നബിﷺ കഴിക്കാറില്ലായിരുന്നു. അത് പ്രകാരം ഈ ഗ്രാമീണനോടും പറഞ്ഞു. നിങ്ങൾ അതിൽ നിന്ന് കഴിക്കൂ. അപ്പോൾ അദ്ദേഹം പറഞ്ഞു ഞാൻ നോമ്പുകാരനാണ്. ശേഷം അവിടുന്ന് അദ്ദേഹത്തോട് എപ്പോഴൊക്കെയാണ് നോമ്പെടുക്കുന്നത് എന്ന് അന്വേഷിക്കുകയും അയ്യാമുൽ ബീളിന്റെ നോമ്പിനെ നബിﷺ പരിചയപ്പെടുത്തുകയും ചെയ്തതാണ് തുടർ ഭാഗം. സ്വഹീഹ് ഇബ്നു ഖുസൈമയിലും ത്വബ്’രിയിലും ഈ ഹദീസ് വായിക്കാൻ കഴിയും.
കൊണ്ടുവരുന്ന ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ട സമയങ്ങളിൽ ശ്രദ്ധിക്കണം എന്നൊരു പാഠം ഇവിടെ പ്രത്യേകിച്ചും നൽകുന്നുണ്ട്. പ്രധാന വ്യക്തികളുടെ ഭക്ഷണത്തിൽ സവിശേഷമായി ശ്രദ്ധ പുലർത്തുന്ന സംവിധാനങ്ങൾ തന്നെ പുതിയകാലത്തുമുണ്ട്. പരിചാരകർ കൊടുത്ത ഭക്ഷണത്തിൽ വിഷം കലർത്തപ്പെട്ടതിന്റെ പേരിൽ കൊല്ലപ്പെട്ട ഭരണാധികാരികളുടെ ചരിത്രവും നമുക്ക് വായിക്കാനുണ്ട്. തിരുനബിﷺ ലോക നേതാവായിരിക്കെ നിരവധി പ്രതിയോഗികളുടെ പ്രതികാരത്തിന്റെ സാധ്യതകൾ കൂടി പരിഗണിച്ചു കൊണ്ടായിരിക്കണമല്ലോ സമീപിക്കേണ്ടത്.
ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഭക്ഷണം കഴിക്കുമ്പോൾ എങ്ങനെയിരിക്കണം എന്നതിലേക്കുള്ള പരാമർശങ്ങളിൽ ഇങ്ങനെ വായിക്കാം. അബൂ ജഹൈഫ(റ) എന്നവർ പറയുന്നു. ഞാൻ ചാരിയിരുന്നു ഭക്ഷണം കഴിക്കാറില്ല എന്ന് തിരുനബിﷺ അവിടുത്തെ സമീപത്തുള്ള ഒരാളോട് പറഞ്ഞു.
അയാൾ ചാരിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതുകൊണ്ടാവാം തിരുനബിﷺ അങ്ങനെ പറഞ്ഞിട്ടുണ്ടാവുക. ഈ ആശയം ഉൾക്കൊള്ളുന്ന വേറെയും നിവേദനങ്ങൾ നമുക്ക് വായിക്കാൻ ലഭിക്കും.
ഇമാം മുസ്ലിം(റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കൂടിയുണ്ട്. അബ്ദുല്ലാഹിബിന് ബൂസ്ർ(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ ഒരാൾ തിരുനബിﷺക്ക് ആട്ടിറച്ചി സമ്മാനമായി നൽകി. നബിﷺ മുട്ടുകുത്തി നിന്ന് ഭക്ഷിക്കാൻ തുടങ്ങി. അപ്പോൾ അഅ്റാബി ചോദിച്ചു. ഇതെന്ത് ഇരുത്തമാണ്? അല്ലാഹു എന്നെ മാന്യനായ അടിമയായിട്ടാണ് നിയോഗിച്ചത്. അല്ലാതെ ശത്രുത പുലർത്തുന്ന പോക്കിരിയായിട്ടല്ല.
തിരുനബിﷺയുടെ വിനയം നിറഞ്ഞ ജീവിതത്തിന്റെ ഒരു രംഗമായിരുന്നു അത്. സാധാരണക്കാരോടൊപ്പം സാധാരണ പോലെ ഇരുന്നുകൊണ്ട് അവിടുന്ന് ഭക്ഷണം കഴിക്കുമോ! ഇതായിരുന്നു ആ ഗ്രാമീണന്റെ സംശയം. ഞാൻ വിനയത്തെ തെരഞ്ഞെടുക്കുകയും സാധാരണക്കാരോടൊപ്പം ചേർന്ന് നിൽക്കുകയും എന്നതായിരുന്നു മറുപടിയുടെ താല്പര്യം. നബി ജീവിതത്തിന്റെ എല്ലാ അടരുകളും ഒരായിരം വിഷയങ്ങളുടെ കലവറയായിട്ടാണ് നാം അനുഭവിച്ചുകൊണ്ടിരിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 777
ഇബ്നു അബ്ബാസ്(റ) പറയുന്നു. അല്ലാഹു ജിബ്‌രീലി(അ)നെയും മറ്റൊരു മലക്കിനെയും നബിﷺയുടെ അടുത്തേക്ക് പറഞ്ഞു വിട്ടു. അല്ലാഹുവിൽ നിന്നുള്ള സന്ദേശമായി ജിബ്‌രീലി(അ)നൊപ്പമുള്ള മലക്ക് നബിﷺയോട് പറഞ്ഞു. ഇനി പറയാൻ പോകുന്ന രണ്ടു കാര്യങ്ങളിൽ ഒന്ന് തെരഞ്ഞെടുക്കാൻ അല്ലാഹു അവിടുത്തേക്ക് അവസരം നൽകിയിരിക്കുന്നു. ഒന്നുകിൽ രാജാവായ നബി, അല്ലെങ്കിൽ ദാസനായ നബി. ഇതുകേട്ടപ്പോൾ അഭിപ്രായമാരായുന്നത് പോലെ നബിﷺ ജിബ്‌രീലി(അ)നെ നോക്കി. അപ്പോൾ ജിബ്‌രീൽ(അ) താഴ്മ കാണിക്കാൻ സൂചന നൽകി. നബിﷺ പറഞ്ഞു. അല്ലാഹുവിന്റെ ദാസനായ നബിയാകാനാണ് ഞാൻ ആഗ്രഹിക്കുന്നത്. ഈ പ്രയോഗത്തിനുശേഷം ഞാൻ ചാരിയിരുന്നു ഭക്ഷണം കഴിച്ചിട്ടില്ല എന്ന് തിരുനബിﷺ പറയുന്നത് കാണാം.
പ്രവാചകന്മാരിൽ രാജപദവിയുള്ളവരും അല്ലാത്തവരും കഴിഞ്ഞുപോയിട്ടുണ്ട്. പ്രവാചകന്മാരുടെ മുഴുവനും നേതാവും ഏറ്റവും കൂടുതൽ അനുയായികളുള്ള റസൂലുമൊക്കെയായിരിക്കുമ്പോഴും വിനയാന്വിതമായ സമീപനമാണ് തിരുനബിﷺ തിരഞ്ഞെടുത്തത്. ഏറ്റവും ഉന്നതിയിൽ ആയിരിക്കുമ്പോഴും ഏറ്റവും വിനയം പുലർത്താനാവുക എന്നത് മഹാത്മ്യത്തിന്റെ ഔന്നിത്യമാണ് അടയാളപ്പെടുത്തുന്നത്.
അബ്ദുല്ലാഹ് ബിൻ ഉബൈദ്(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺക്ക് ഭക്ഷണം കൊണ്ടുവന്നു. മഹതിയായ പത്നി ആഇശ(റ) പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, അവിടുന്ന് ചാരിയിരുന്നു കഴിച്ചിരുന്നെങ്കിൽ എത്ര നന്നായിരുന്നു. അവിടുത്തേക്ക് സുഖപ്രദമായിരുന്നല്ലോ? ഇത് കേട്ടതും വിനയപുരസരം അവിടുന്ന് ശിരസ്സ് താഴ്ത്തി. സാഷ്ടാംഗത്തോളം നെറ്റിത്തടം ഭൂമിയോടടുത്തു. “ഞാൻ അടിമകൾ ഇരിക്കുമ്പോലെ ഇരിക്കും. അടിമകൾ ഭക്ഷണം കഴിക്കുമ്പോലെ ഭക്ഷണം കഴിക്കും. ഞാൻ അല്ലാഹുവിന്റെ ദാസനാകുന്നു.” ചിലപ്പോഴൊക്കെ തിരുനബിﷺ ഇരിക്കുമ്പോൾ, എപ്പോൾ വേണമെങ്കിലും എഴുന്നേൽക്കാം എന്ന ഭാവത്തിലായിരുന്നുവത്രേ.
അതാഉ ബിൻ യസാർ(റ) നിവേദനം ചെയ്യുന്നു. മക്കയിലെ ഒരു ഉയർന്ന പ്രദേശത്ത് ചാരിയിരുന്നു ഭക്ഷണം കഴിക്കുമ്പോൾ ജിബ്‌രീൽ(അ) വന്നു ചോദിച്ചുവത്രെ. “അല്ലയോ മുഹമ്മദ് നബിﷺയെ, അവിടുന്ന് രാജാക്കന്മാരുടെ ഭാവത്തിലാണോ ഇരുന്നു കഴിക്കുന്നത്?”
അപ്പോൾ നബിﷺ നേരെയിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി.
ഇങ്ങനെയൊരു മുൻകാല അനുഭവം കൂടി ചില നിവേദനങ്ങളിൽ നമുക്ക് വായിക്കാം. എന്നാൽ, അബ്ദുല്ലാഹിബ്നു അംറി(റ)ൽ നിന്നുള്ള നിവേദനത്തിൽ തിരുനബിﷺ ഒരിക്കലും ചാരിയിരുന്നു ഭക്ഷണം കഴിക്കുന്നത് കണ്ടിട്ടില്ല എന്ന ഒരുദ്ധരണി കൂടി വായിക്കാൻ കഴിയും.
കുറഞ്ഞ കാലം തിരുനബിﷺ ചാരിയിരുന്നു ഭക്ഷണം കഴിച്ചുവെന്നും പിന്നീട് അത് ഒഴിവാക്കി എന്നും മനസ്സിലാക്കാവുന്ന ചില നിവേദനങ്ങൾ കൂടിയുണ്ട്. ഖബ്ബാബ്(റ) പറയുന്നു. ഒരു പാത്രത്തിൽ നിന്ന് ചുട്ട മാംസം ചാരിയിരുന്ന് കഴിക്കുന്നത് ഞാൻ കണ്ടിരുന്നു എന്ന്. ശേഷം, തൊട്ടടുത്തുള്ള തോൽ പാത്രത്തിൽ നിന്ന് വെള്ളം കുടിക്കാൻ എഴുന്നേറ്റുപോയി. അബ്ദുല്ലാഹ് ബിൻ സഅദ്(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. ഞാൻ തിരുനബിﷺയുടെ വഴികാട്ടിയായി പോയിരുന്നപ്പോൾ അവിടുന്ന് ചാരിയിരുന്നു ഭക്ഷണം കഴിക്കുന്ന രംഗം ഞാൻ കണ്ടിട്ടുണ്ട്.
നിയമ വീക്ഷണത്തിൽ ചാരിയിരുന്നു ഭക്ഷണം കഴിക്കൽ ഉത്തമമായ രൂപത്തിന് എതിരാണ്. അഥവാ കറാഹത്താണ്. തിരുനബിﷺ ചാരിയിരുന്നു ഭക്ഷണം കഴിച്ചു എന്ന നിവേദനങ്ങൾ അങ്ങനെ ഭക്ഷണം കഴിക്കുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതായി നിയമം വരുന്നതിന് മുമ്പായിരിക്കണം. എല്ലാ നിവേദനങ്ങളും ചേർത്ത് വായിക്കുമ്പോൾ അങ്ങനെയൊരു നിരീക്ഷണത്തിലേക്കാണ് എത്തുന്നത്. പാലിക്കേണ്ട ഭക്ഷണ മര്യാദകളിൽ ചാരിയിരുന്നു കഴിക്കാതിരിക്കുക എന്നതാണ് നാം പുലർത്തേണ്ട പാഠം.
ഒരു വ്യക്തിയുടെ ജീവിതം ഇത്രമേൽ സൂക്ഷ്മമായി വായിക്കുകയും പുനർവായിക്കുകയും ആലോചനകൾക്ക് വിധേയമാക്കപ്പെടുകയും ചെയ്യുന്നു എന്നത് ഓരോ അധ്യായങ്ങൾക്കിടയിലും സംഭവങ്ങൾക്കിടയിലും വേറിട്ട അനുഭവങ്ങളും വിചാരങ്ങളുമാണ് നമുക്ക് പകർന്നുതരുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Tweet 778
ഇബ്നു ഉമർ(റ) നിവേദനം ചെയ്യുന്നു. ആദ്യത്തെ പിടി ഭക്ഷണം വായയിൽ വെക്കാൻ നേരം ”അല്ലാഹുമ്മ യാ വാസിഅൽ മഗ്ഫിറ:” (പാപം പൊറുക്കുന്നതിൽ വിശാലത ചെയ്യുന്നവനേ) എന്ന് പറയാറുണ്ടായിരുന്നു.
ജീവിതത്തിലെ ഓരോ വ്യവഹാരവും ദൈനംദിന പ്രവർത്തനവും സ്രഷ്ടാവായ അല്ലാഹുവിനെ കുറിച്ചുള്ള വിചാരത്തിൽ നിന്ന് അന്യമല്ല എന്ന് പ്രായോഗികമായി കാണിച്ചു തരാൻ വേണ്ടി കൂടിയായിരുന്നു ഇങ്ങനെ പ്രാർത്ഥിച്ചത്.
അനസ്(റ) പറയുന്നു. കുറച്ച് ഈത്തപ്പഴം തിരുനബിﷺക്ക് സമ്മാനമായി ലഭിച്ചു. സദസ്സിലുള്ളവർക്ക് അത് വിതരണം ചെയ്യാൻ തുടങ്ങി. മടമ്പിന്മേൽ ഇരുന്നുകൊണ്ട് തിരുനബിﷺ അതിൽ നിന്ന് അല്പം കഴിച്ചു. പെട്ടെന്ന് പോകാനുള്ള ഭാവത്തിലുള്ള ഇരുത്തമായിരുന്നു അത്.
ഇമാം ഇബ്നു അബീ ശൈബ(റ) ഉദ്ധരിക്കുന്നു. ജാബിർ(റ) പറയുന്നു. വീട്ടിൽ മാംസം വാങ്ങുകയാണെങ്കിൽ തിരുനബിﷺ പത്നിമാരോട് പറയും. അതിൽ അല്പം ചാറ് വർദ്ധിപ്പിച്ചു കറി വെക്കുക. അയൽവാസികളെകൂടി പരിഗണിക്കുക എന്ന സന്ദേശത്തോടുകൂടിയായിരുന്നു ഈ നിർദ്ദേശം. അബൂദർറി(റ)ൽ നിന്നുള്ള നിവേദനത്തിൽ ഈ ആശയം വ്യക്തമായി തന്നെ പറയുന്നുണ്ട്. നിങ്ങൾ കറിവെക്കുമ്പോൾ അതിൽ ചാറ് അധികരിപ്പിക്കുകയും അയൽവാസികൾക്ക് പകർന്നു നൽകുകയും ചെയ്യുക.
വീട്ടിൽ വിശിഷ്ടമായ ഭക്ഷണം ഉണ്ടാക്കുമ്പോൾ പോലും അയൽവാസികളെ അറിയുകയും പരിഗണിക്കുകയും വേണം എന്ന അയൽപക്ക ബന്ധത്തിന്റെ വലിയ മൂല്യമാണ് തിരുനബിﷺ പഠിപ്പിച്ചു തരുന്നത്. ഈ ഹദീസിൽ നിന്ന് പാഠം സ്വീകരിച്ച് അയൽവാസികളെ പരിഗണിക്കുന്നതിന്റെ വ്യത്യസ്തമായ മാനങ്ങളെ ഇമാമുകൾ വിശദീകരിച്ചിട്ടുണ്ട്.
ഇമാം അഹ്മദ്(റ) അനസി(റ)ൽ നിന്ന് ഉദ്ധരിക്കുന്നു. തിരുനബിﷺക്ക് കറിയുടെയും മറ്റു ഭക്ഷണങ്ങളുടെയുമൊക്കെ അടിമട്ട് വളരെ ഇഷ്ടമായിരുന്നു. കൂടുതൽ ആളുകൾ കഴിക്കുന്ന ഭക്ഷണമാണ് തങ്ങൾക്കിഷ്ടം എന്ന് പറയാറുണ്ടായിരുന്നു. കുറേ ആളുകൾക്ക് കഴിക്കാനുള്ള ഭക്ഷണമെന്നും, കുറേ കൈകൾ ഒരുമിച്ചു കഴിക്കുന്ന തളികയെന്നും അതിനെ വ്യാഖ്യാനിച്ചവരുണ്ട്. ആളുകൾക്കൊപ്പം ഇരുന്നു കഴിക്കുമ്പോഴാണ് സംതൃപ്തമായി കഴിക്കാറുള്ളത് എന്ന നിവേദനം കൂടി ചേർത്തു വെക്കുമ്പോൾ ഒരുപാട് കൈകൾ ഒരുമിച്ച് ചേരുന്ന തളിക എന്നതാണ് കൂടുതൽ യോജിപ്പ് തോന്നുന്ന വ്യാഖ്യാനം.
ഭക്ഷണം കഴിക്കാനൊരുങ്ങിയാൽ തിരുനബിﷺ രണ്ട് കൈകളും കഴുകുമായിരുന്നു. അതൊരു ചര്യയായി നമുക്ക് പഠിപ്പിച്ചു തരാൻ വേണ്ടിയാണ്. മണിക്കൂറുകളോളം എവിടെയെല്ലാം വ്യവഹരിച്ച കൈകൾ പല മാലിന്യങ്ങളും പൊടിപടലങ്ങളും പുരണ്ടിരിക്കാൻ സാധ്യതയുള്ളതാണ്. ആ അർത്ഥത്തിൽ ശുചീകരണം എന്ന വലിയൊരു വൃത്തി ബോധം ഈ അധ്യാപനത്തിൽ നിറഞ്ഞു നിൽക്കുന്നു. പ്രവാചകരുﷺടെ മാതൃക പിൻപറ്റിക്കൊണ്ട് നിർവഹിക്കുന്നു എന്ന വിചാരത്തോടെയാണെങ്കിൽ ആത്മീയമായ ഒരു അനുഷ്ഠാനത്തിന്റെ പ്രതിഫലം കൂടി നേടിയെടുക്കാനാകും. സാധാരണ ജീവിതത്തിന്റെ രാപ്പകലുകളിൽ നിന്ന് അന്യമായിട്ടല്ല ഇസ്ലാം നിൽക്കുന്നത്. ദൈനംദിന ജീവിതത്തിന്റെ എല്ലാ പരിസരങ്ങളെയും ചേർത്തുപിടിച്ചുകൊണ്ടാണ് മതത്തിന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഭക്ഷണരീതിയും ശുചീകരണ ക്രമങ്ങളും എങ്ങനെയായിരിക്കണമെന്ന് പ്രവാചകൻﷺ പഠിപ്പിച്ചത് വായിച്ചപ്പോൾ, ഇസ്ലാമിന്റെ സൗന്ദര്യത്തെ ആലോചിച്ചുകൊണ്ട് വിസ്മയിച്ച ഒരുപാട് ബുദ്ധിജീവികൾ കഴിഞ്ഞു പോയി.
ഹൃദയത്തോടും ജീവിതത്തോടും ചേർത്തുവച്ച് തിരുനബിﷺയെ വായിച്ചു കൊണ്ടിരിക്കുന്ന പുതിയ കാലത്തെ ആളുകളും ഇത്തരമൊരു സൗന്ദര്യം ആസ്വദിക്കുന്നുണ്ട്. ജീവിതത്തിന്റെ എല്ലാ മേഖലയിലും സ്രഷ്ടാവായ രക്ഷിതാവിനെയും അവൻ നിയോഗിച്ച പ്രവാചകനായ മുഹമ്മദ് നബിﷺയെയും നിരന്തരമായി ഓർമിക്കുന്നു എന്നത് ഇതര മതദർശനങ്ങളിൽ നിന്ന് വേറിട്ടുള്ള ഒരു രീതിയും സംസ്കാരവുമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Leave a Reply