തിരുനബി(സ)യുടെ ഖുര്‍ആന്‍ പാരായണം

തിരുനബി(സ)യുടെ ഖുര്‍ആന്‍ പാരായണം

പ്രവാചകരുടെ ജീവിതം മുഴുവന്‍ ഖുര്‍ആന്‍ അനുസരിച്ച് പ്രവര്‍ത്തിക്കലും അതിന്‍റെ സ്വഭാവം ജീവിതത്തില്‍ പകര്‍ത്തലും അതിന്‍റെ മര്യാദകള്‍ പാലിക്കലും ജനങ്ങളെ അതിലേക്ക് ക്ഷണിക്കലുമായിരുന്നു. ആഇശാ(റ) പറഞ്ഞു: നബിയുടെ പ്രകൃതം തന്നെ വിശുദ്ധ ഖുര്‍ആനായിരുന്നു (മുസ്ലിം 746). ഖുര്‍ആനിനോട് അതിന്‍റെ കര്‍മശാസ്ത്രപരമായ നിര്‍ദ്ദേശങ്ങളനുസരിച്ച് ഇടപഴകാന്‍ ഒരു മുസ്ലിം ബാധ്യസ്ഥനാണ്. വുളു(അംഗശുദ്ധി)വോടുകൂടി മാത്രമേ അവന്‍ ഖുര്‍ആന്‍ സ്പര്‍ശിക്കാന്‍ പാടുള്ളൂ. എന്നാല്‍ വുളൂഅ് ഇല്ലാതെ ഖുര്‍ആന്‍ പാരായണം ചെയ്യലും സ്പര്‍ശനം കൂടാതെ നോക്കി ഓതലും അനുവദിനീയമാണ്. പാരായണത്തില്‍ തജ്വീദിന്‍റെ നിയമങ്ങള്‍ പാലിക്കേണ്ട് അനിവാര്യമാണ്. അതറിയില്ലെങ്കില്‍ പഠിക്കാന്‍ അവസരമുള്ളവര്‍ ആ അറിവ് കരസ്ഥമാക്കി അതനുസരിച്ച് പാരായണം ചെയ്യല്‍ നിര്‍ബന്ധമാണ്. നമ്മുടെ നാട്ടില്‍ ഖുര്‍ആന്‍ പാരായണം പഠിക്കാന്‍ സൗകര്യങ്ങള്‍ ആവോളം ലഭ്യമാണ് എന്നതിനാല്‍ അറിവില്ല എന്ന നീതീകരണത്തിലൂടെ ഈ നിര്‍ബന്ധത്തില്‍ നിന്ന് പിډാറാന്‍ കഴിയില്ല. ഒരു സാധാരണക്കാരനായ മുസ്ലിം ഖുര്‍ആന്‍ തജ്വീദിന്‍റെ ആഴങ്ങളില്‍ ഇറങ്ങി പഠനം നടത്തിയില്ലെങ്കിലും പൊതു നിയമങ്ങള്‍ അനുസരിച്ചെങ്കിലും ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ബാധ്യസ്ഥനാണ്. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ ധൃതി വെക്കാതെ ഈണത്തില്‍ പാരായണം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക. അല്ലാഹു പറഞ്ഞു: “ഖുര്‍ആന്‍ നിര്‍ത്തി നിര്‍ത്തി സാവധാനം ഓതുക.” നബി തങ്ങള്‍ ഖുര്‍ആന്‍ ഈണത്തില്‍ പാരായണം ചെയ്യാനും ആകര്‍ഷണീയമായി പാരായണം ചെയ്യുന്നവരില്‍ നിന്ന് ഖുര്‍ആന്‍ ശ്രവിക്കാനും ഇഷ്ടപ്പെട്ടിരുന്നതായി ഹദീസുകളില്‍ കാണാം. അവിടുന്ന് പറഞ്ഞു: “നിങ്ങളുടെ ശബ്ദങ്ങളാല്‍ ഖുര്‍ആനിന്‍റെ കേള്‍വി മനോഹരമാക്കുക.” മധുര്യമുള്ള ശബ്ദമില്ലെങ്കില്‍ ഖുര്‍ആന്‍ സാവകാശം പാരായണം ചെയ്യേണ്ടതാണ്. നബി ഓരോ ആയത്തും നിര്‍ത്തി നിര്‍ത്തി സാവകാശമാണ് പാരായണം നിര്‍വഹിച്ചിരുന്നത്. ഖുര്‍ആന്‍ വചനങ്ങളിലെ മദ്ദും ശദ്ധും (അക്ഷരങ്ങളുടെ ദീര്‍ഘവും കടുപ്പവും) പ്രത്യേകം ശ്രദ്ധിച്ച് പാരായണം ചെയ്യുക. നബി ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ആരംഭിക്കുമ്പോള്‍ പിശാചില്‍ നിന്ന് കാവല്‍ തേടാറുണ്ടായിരുന്നുവെന്നും ധാരാളം ഹദീസുകളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: “നീ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ അല്ലാഹുവിനോട് കാവല്‍ തേടുക.” നബിക്ക് നല്‍കപ്പെട്ട ഏറ്റവും മഹത്തായ മുഅ്ജിസത്താണ് വിശുദ്ധ ഖുര്‍ആന്‍. മക്കാ മുശ്രിക്കുകള്‍ക്കും മദീനയിലെ ജൂത-ക്രൈസ്തവര്‍ക്കും അവിടുത്തെ പ്രവാചകത്വം ബോധ്യപ്പെടാന്‍ ഖുര്‍ആന്‍ വചനങ്ങള്‍ പര്യാപ്തമായിരുന്നു. 40 വയസ് വരെ അറബ് സാഹിത്യത്തില്‍ പ്രത്യേകിച്ച് കഴിവ് തെളിയിക്കുകയോ എഴുത്തോ വായനയോ ഒന്നും അഭ്യസിക്കുകയോ ചെയ്യാത്ത അത്രയും കാലം ജനങ്ങള്‍ക്കിടയില്‍ വിശ്വസ്ഥരാ(അല്‍ അമീന്‍)യി അറിയപ്പെട്ട; സര്‍വ്വാംഗീകൃതനായ നബി പെട്ടെന്നൊരു സുപ്രഭാതത്തില്‍ മക്കയിലെ ഭൂരിപക്ഷത്തിനും അസ്വീകാര്യമായ ഒരാശയവുമായി രംഗത്ത് വരുന്നു. അതിന് പ്രത്യേകിച്ച് ആരുടെയും പിന്തുണ തുടക്കത്തില്‍ അവിടുത്തേക്ക് ഉണ്ടായിരുന്നില്ല. ഖുറൈശികളൊന്നടങ്കം അവിടുത്തെ ആശയത്തെ എതിര്‍ത്തു. തിരുനബിയെ പിന്‍പറ്റുന്നവരെയും അവിടുത്തെ സംരക്ഷിക്കുന്നവരെയുമെല്ലാം ശത്രുക്കള്‍ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നു. ഈ ആശയ പ്രചരണത്തില്‍ നിന്ന് പിډാറാന്‍ അധികാരവും ധനവും സ്ത്രീയുമെല്ലാം അവിടുത്തെ മുന്നില്‍ സമ്മാനമായി നല്‍കാമെന്ന് വരെ അവര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ ഇതൊന്നും ഖുര്‍ആനിന്‍റെ ആശയം പ്രചരിപ്പിക്കുന്നതില്‍ നബിയെ അല്‍പം പോലും പിന്നോട്ട് വലിച്ചില്ല. വലത് കൈയില്‍ സൂര്യനെയും ഇടതു കൈയില്‍ ചന്ദ്രനെയും സമ്മാനക്കാമെന്ന് പറഞ്ഞാലും ഈ ദൗത്യത്തില്‍ നിന്ന് അവിടുത്തേക്ക് പിന്മാറാന്‍ കഴിയില്ലെന്ന് അവിടുന്ന് പ്രഖ്യാപിച്ചു.
വിശുദ്ധ ഖുര്‍ആന്‍ പ്രവാചകരുടെ ജീവിത്തിലെ ഒരു പ്രധാന ഭാഗണ്. റമളാന്‍ മാസത്തില്‍ ഖുര്‍ആനുമായുള്ള അവിടുത്തെ ബന്ധം കൂടുതല്‍ അരക്കിട്ടുറപ്പിച്ചിരുന്നുവെന്ന് വിവിധ ഹദീസുകളില്‍ വ്യക്തമാണ്. ജീബ്രീല്‍ (അ) അവിടുത്തേക്ക് ഖുര്‍ആന്‍ ഓതിക്കൊടുക്കുകയും അവിടുന്ന് അത് സ്വഹാബത്തിന് പാരായണം ചെയ്ത് നല്‍കുകയുമാണ് ചെയ്യുക. അവിടുന്ന് സ്വഹാബത്തില്‍ നിന്ന് ഖുര്‍ആന്‍ പാരായണം ആസ്വദിക്കുകയും ചെയ്യാറുണ്ടായിരുന്നു. കൂടാതെ സ്വഹാബത്തിനെ നിരന്തരം ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ അവിടുന്ന് പ്രോത്സാഹിപ്പിക്കുമായിരുന്നു. ഖര്‍ആന്‍ നന്നായി മനപാഠമാക്കിയിരുന്നവര്‍ക്കാണ് അവിടുന്ന് പലപ്പോഴും പതാക കൈ മാറിയിരുന്നത്. നബി പറഞ്ഞു: “വിശുദ്ധ ഖുര്‍ആനെ അത് അര്‍ഹിക്കും വിധം നിങ്ങള്‍ സൂക്ഷിച്ചുകൊള്ളുക. എന്‍റെ ശരീരം ഏതൊരുവന്‍റെ അധീനതയിലാണോ അവന്‍ തന്നെ സത്യം, ഒട്ടകം അതിന്‍റെ കയറില്‍ നിന്ന് ഓടി രക്ഷപ്പെടുന്നതിനേക്കാള്‍ വേഗത്തില്‍ ഓടിമറയാന്‍ സാധ്യതയുള്ളതാണ് വിശുദ്ധ ഖുര്‍ആന്‍.” (ബുഖാരി 5033, മുസ്ലിം 791). ഈ ഹദീസ് അല്ലാമാ ത്വീബി വിശദീകരിക്കുന്നു: “തീര്‍ച്ചയായും വിശുദ്ധ ഖുര്‍ആന്‍ മനുഷ്യരുടെ പതിവ് ആശയവിനിമയത്തിലോ ശൈലിയിലോ ഉള്ള വാക്യങ്ങളല്ല. മറിച്ച് അത് സര്‍വ്വത്തെയും സൃഷ്ടിച്ച അല്ലാഹുവിന്‍റെ വചനങ്ങളത്രേ! മനുഷ്യന്‍ സൃഷ്ടിയും അല്ലാഹു സൃഷ്ടാവുമെന്നതിനാല്‍ രണ്ടും വ്യത്യസ്ഥങ്ങളാണ്. അല്ലാഹു എന്നെന്നും ഉള്ളവനാണ്. അവന് തുടക്കമോ ഒരു സൃഷ്ടാവോ ഇല്ല. മനുഷ്യനാണെങ്കില്‍ സൃഷ്ടിയുമാണ്. സൃഷ്ടാവ് സൃഷ്ടിക്കു നല്‍കുന്ന സന്ദേശമാണ് ഖുര്‍ആന്‍. അത് ഗ്രഹിക്കാനും മനപാഠമാക്കാനും മനപാഠമാക്കിയത് ഓര്‍മയില്‍ സൂക്ഷിക്കാനും സൃഷ്ടി പ്രത്യേകം ശ്രദ്ധിക്കേണ്ടതും അല്ലാഹുവില്‍ നിന്ന് അതിന് പ്രത്യേകമായ തൗഫീഖ് ലഭ്യമാകേണ്ടതുമുണ്ട്. അല്ലാഹു അവന്‍റെ ഔദാര്യം കൊണ്ട് മനുഷ്യന് നല്‍കിയ അനുഗ്രമാണ് വിശുദ്ധ ഖുര്‍ആന്‍. അതിനാല്‍ വിശുദ്ധ ഖുര്‍ആനെ വേണ്ടവിധം പരിഗണിക്കുകയും അതിനെ മനപാഠമാക്കി ഹൃദയത്തില്‍ സൂക്ഷിക്കുകയും ചെയ്യേണ്ടത് മനുഷ്യന്‍റെ ബാധ്യതയാണ് (മിശ്കാതുല്‍ മഫാതീഹ് 2187).
ഖുര്‍ആന്‍ പാരായണം എന്നത് ഏറ്റവും ലളിതമായ അമലുകളില്‍ ഒന്നും എന്നാല്‍ അല്ലാഹു ധാരാളം പ്രതിഫലം വാഗ്ദാനം ചെയ്യുന്ന മഹത്തായ കര്‍മ്മവുമാണ്. അതിന്‍റെ പാരായണത്തിന് പ്രഥമമായി തന്നെ വാഗ്ദാനം ചെയ്യപ്പെട്ടത് സങ്കല്‍പിക്കാനാവാത്തത്രയും പ്രതിഫലമാണ്. വിശുദ്ധ റമളാനിലാവുമ്പോള്‍ അതിന്‍റെ പ്രതിഫലം എത്രയായിരിക്കുമെന്ന് വര്‍ണിക്കുക അസാധ്യമാണെന്ന് പറയേണ്ടതില്ലല്ലോ. നബി പറഞ്ഞു: “ഒരാള്‍ അല്ലാഹുവിന്‍റെ ഗ്രന്ഥത്തില്‍ നിന്ന് ഒരക്ഷരം പാരായണം ചെയ്താല്‍ അവന് ഒരു നډ പ്രതിഫലം നല്‍കപ്പെടും. ഒരു നډക്ക് അതിന്‍റെ പത്ത് മടങ്ങ് അധികമായാണ് പ്രതിഫലം നല്‍കപ്പെടുക. അലിഫ്, ലാം, മീം എന്ന വാക്യം ഒരു ഹര്‍ഫ് ആണെന്ന് ഞാന്‍ പറയുന്നില്ല. മറിച്ച് അലിഫ് ഒരു ഹര്‍ഫാണ്, ലാം മറ്റൊരു ഹര്‍ഫാണ്, മീം മറ്റൊരു ഹര്‍ഫാണ്. (തിര്‍മുദീ 2910).
അതായത് ഒരു സത്യവിശ്വാസി വിശുദ്ധ റമളാന്‍ മാസത്തില്‍ തന്‍റെ മുസ്ഹഫ് എടുത്ത് അഞ്ച് മിനിറ്റ് പാരായണം ചെയ്യുകയും ശേഷം താന്‍ പാരായണം ചെയ്ത അക്ഷരങ്ങളുടെ എണ്ണം കണക്കാക്കുകയും ശേഷം അതിനെ പത്തിരട്ടിയാക്കി പിന്നീട് എഴുന്നൂറ് ഇരട്ടിയാക്കി മാറ്റുകയും ചെയ്യുമ്പോള്‍ ലഭിക്കുന്ന അനന്തമായ സംഖ്യയാണ് ആ കുറഞ്ഞ നേരം ഖുര്‍ആന്‍ പാരായണത്തിലൂടെ താന്‍ സമ്പാദിച്ച പ്രതിഫലമെന്ന യാഥാര്‍ഥ്യം അവന്‍ ഉള്‍ക്കൊള്ളും. ബുദ്ധിമാന്‍ ഇതില്‍ നിന്ന് പരമാവധി ലാഭമുണ്ടാക്കാനേ ശ്രമിക്കുകയുള്ളൂ എന്നതില്‍ സംശയമില്ല. താന്‍ എത്ര തിരക്കേറിയ ജീവിതം നയിക്കുന്നവനായാലും ഈ വിശുദ്ധ മാസത്തിന്‍റെ പവിത്രത ഉള്‍ക്കൊള്ളുകയും തന്‍റെ സമയത്തിലെ ഒരു ഭാഗം ഖുര്‍ആന്‍ പാരായണത്തിനായി മാറ്റിവെക്കുകയും ചെയ്യുമെന്നത് തീര്‍ച്ചയാണ്. ഈ വിശാലമായ പ്രതിഫലം കരസ്ഥമാക്കണമെങ്കില്‍ നേരത്തേ സൂചിപ്പിക്കപ്പെട്ടത് പോലെ നമ്മുടെ നിയ്യത്ത് അല്ലാഹുവും അവന്‍ വാഗ്ദാനം ചെയ്യുന്ന പ്രതിഫലവും മാത്രമായിരിക്കണമെന്നത് ചിന്തയില്‍ നിന്നും മറഞ്ഞു പോകരുത്. നിയ്യത്തില്‍ അപാകതകള്‍ സംഭവക്കാതിരിക്കാന്‍ അത് നിരന്തരം ഹൃദയത്തില്‍ കൊണ്ടുവരിക.
ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ കഴിവുള്ളവര്‍ക്ക് അനന്തമായ പ്രതിഫലം വാഗ്ദാനം ചെയ്യുന്ന ഇസ്ലാം അത് വേണ്ടവിധം ഓതാനറിയാത്തവരെ നിരാശരാക്കി വെറുംകയ്യോടെ വിടുകയല്ല ചെയ്യുന്നത്. അത്തരക്കാര്‍ക്ക് ഇരട്ടി പ്രതിഫലമാണ് അല്ലാഹു വാഗ്ദാനം ചെയ്യുന്നത്. പാരായണം ചെയ്യാനറിയാത്തവര്‍ അത് പഠിക്കാന്‍ ശ്രമിക്കുകയും തന്‍റെ പരിമിതമായ അറിവില്‍ നിന്ന് അത് നിര്‍വഹിക്കുകയുമാണ് വേണ്ടത്. ആഇശാ(റ) ഉദ്ദരിക്കുന്നു: നബി പറഞ്ഞു: “പാരായണത്തില്‍ വിദഗ്ദനായ ഒരുവന്‍ ഖുര്‍ആന്‍ ഓതുമ്പോള്‍ അവന്‍ മലക്കുകളോടൊപ്പമായിരിക്കും. എന്നാല്‍ പാരായണം അറിയാതിരുന്നിട്ടും പ്രയാസപ്പെട്ട് അത് നിര്‍വഹിക്കുന്നവന് രണ്ട് പ്രതിഫലമുണ്ട്.” ഒന്ന് പാരായണം ചെയ്യുന്നതിനും മറ്റൊന്ന് അറിവില്ലാതിരുന്നിട്ടും പ്രയാസത്തോടെ അത് ചെയ്യുന്നതിനാണെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്. അല്ലാഹു തന്‍റെ അടിമയോട് നടത്തുന്ന അഭിമുഖ സംഭാഷണമാണ് അടിമ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ സംഭവിക്കുന്നത്. ഇക്കാര്യം മനസ്സില്‍ ഓര്‍മിച്ചുവേണം ഒരുവന്‍ പാരയണം നിര്‍വഹിക്കേണ്ടത്. ഇത്തരമൊരു ചിന്ത ഖുര്‍ആന്‍ പാരായണം എന്ന മഹത്തായ കര്‍മ്മത്തിനോടുള്ള താത്പര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായകമാണ്. വിശുദ്ധ ഖുര്‍ആന്‍ അല്ലാഹു അടിമയോട് നടത്തുന്ന സംഭാഷണമാണെന്നതിനാല്‍ സാവധാനം പാരായണം ചെയ്യാന്‍ നാം സന്നദ്ധരാവണം. ഒരിക്കലും ഖുര്‍ആന്‍ പാരായണം ധൃതിയില്‍ നിര്‍വഹിക്കാന്‍ പാടില്ല. അത് പാരായണത്തില്‍ ധാരാളം തെറ്റുകള്‍ വരുത്താന്‍ കാരണമാവുകയും നാം ആഗ്രഹിക്കുന്നതിന്‍റെ വിപരീത ഫലത്തില്‍ കൊണ്ടെത്തിക്കുകയും ചെയ്യും. അല്ലാഹുവിന്‍റെ കാരുണ്യം വാഗ്ദാനം ചെയ്യുന്ന വാക്യങ്ങളില്‍ അല്ലാഹുവിനോട് അത് തേടുകയും അവന്‍റെ ശിക്ഷകളെക്കുറിച്ച് പരാമര്‍ശിക്കപ്പെടുന്ന ആയത്തുകളില്‍ അവയില്‍ നിന്നും കാവല്‍ തേടേണ്ടതുമാണ്.

2 Comments

 • Abdullah
  April 24, 2020

  പഠനാർഹമായ ലേഖനം. കൂടുതുൽ േലേഖനങ്ങൾ പ്രതീക്ഷിക്കുന്നു.

  Reply
 • sikis izle
  November 15, 2020

  Good post. I learn something totally new and challenging on blogs I stumbleupon every day. Robenia Lowrance Santana

  Reply

Leave a Reply