ഉമ്മഹാത്തുല്‍ മുഅ്മിനീന്‍

Admin February 25, 2020 No Comments

ഉമ്മഹാത്തുല്‍ മുഅ്മിനീന്‍

തിരുനബി(സ)യുടെ പത്നിമാര്‍ക്ക് മാത്രം അവകാശപ്പെട്ട വിശേഷണം. മുഅ്മിനീങ്ങളുടെ മാതാക്കള്‍ എന്നാണ് ഇതിന്‍റെ അര്‍ഥം. കഴിഞ്ഞുപോയവരും വരാനിരിക്കുന്നവരുമായ മുഴുവന്‍ സത്യവിശ്വാസികള്‍ക്കും മാതാക്കളാണ് ഇവര്‍. സ്വര്‍ഗത്തിലും ഇതേ പദവിയില്‍ തന്നെയാണ് ഇവര്‍ വിശേഷിപ്പിക്കപ്പെടുക. സ്വതന്ത്രസ്ത്രീകളും പരിചാരുമുള്‍പ്പെടെ 13 പേരാണ് ഉമ്മഹാതുല്‍മുഅ്മിനീന്‍ എന്ന പദവിക്കര്‍ഹരായവര്‍. ഇവര്‍ക്കെല്ലാവര്‍ക്കും തുല്യപദവിയാണ് വിശ്വാസി കല്‍പിക്കേണ്ടത്.

1. ഖദീജ ബിന്‍ത് ഖുവയ്ലിദ് (റ)
25ാം വയസിലാണ് തിരുനബി (സ) ആദ്യവിവഹം കഴിച്ചത്. ഖദീജഃ ബിന്‍ത് ഖുവൈലിദ് (റ) എന്ന 40 വയസുകാരിയായ കുലീനസ്ത്രീ തിരുനബി(സ)യുടെ സത്യസന്ധതയിലും വ്യക്തിത്വത്തിലും ആകൃഷ്ടയായി വിവാഹാഭ്യര്‍ഥന നടത്തുകയായിരുന്നു. ഇതിന് മുമ്പ് മക്കയിലെ പ്രമുഖര്‍ അടക്കം പലരും ഖദീജ(റ)യെ വിവാഹാഭ്യര്‍ഥനയുമായി സമീപിച്ചിരുന്നുവെങ്കിലും മഹതി താത്പര്യം കാണിച്ചിരുന്നില്ല. തിരുനബി(സ)യുടെ 52ാം വയസില്‍ മഹതി വഫാത്താവുന്നതുവരെയും ഈ ദാമ്പത്യബന്ധം തുടര്‍ന്നിരുന്നു. ഇതിനിടെ തിരുനബി(സ) മറ്റൊരു വിവാഹം ചെയ്തിരുന്നില്ല. ഹിന്ദ് ബിന്‍ നബാശ് ബിന്‍ സുറാറ(അബൂഹാല)യാണ് ആദ്യം ഇവരെ വിവാഹം ചെയ്തത്. അദ്ദേഹത്തിന്‍റെ മരണശേഷം അതീഖ് ബിന്‍ ആഇദ് വിവാഹം ചെയ്തു. പിന്നീട് അദ്ദേഹം മരണപ്പെടുകയുമുണ്ടായി. അതിന് ശേഷം ആരുമായും വൈവാഹിക ബന്ധിത്തിലേര്‍പ്പെട്ടില്ല. തിരുനബി(സ)യുടെ ഇബ്റാഹീം എന്ന മകന്‍ ഒഴികെ മറ്റു സന്താനങ്ങെളെല്ലാം മഹതിയില്‍ നിന്നായിരുന്നു. നുബുവ്വത്തിന്‍റെ പത്താം വര്‍ഷം വഫാത്തായി.

2. സൗദ ബിന്‍ത് സംഅ (റ)
ആദ്യ പത്നി ഖദീജ(റ)യുടെ വഫാത്തിന് ശേഷം തിരുനബി (സ) വിവാഹം ചെയ്തത് ഇവരെയായിരുന്നു. പ്രബോദനത്തിന്‍റെ തുടക്കത്തില്‍ തന്നെ സത്യവിശ്വാസം സ്വീകരിച്ചിരുന്നു. സക്റാന്‍ ബിന്‍ അബ്ദിശംസ് (റ) ആണ് ആദ്യം ഇവരെ വിവാഹം ചെയ്തത്. ഹബ്ശയിലേക്ക് ഹിജ്റ പോയപ്പോള്‍ അദ്ദേഹം അവിടെവെച്ച് വഫാത്തായി. മഹതി മദീനയിലേക്ക് മടങ്ങി വന്നതിന് ശേഷമാണ് തിരുനബി (സ) വിവാഹം ചെയ്തത്. രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബി(റ)ന്‍റെ ഭരണകാലത്താണ് വഫാത്തായത്.

3. ആഇശാ ബിന്‍ത് അബീബക്കര്‍ (റ)
നുബുവ്വത്തിന് നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ജനനം. ഹിജ്റക്ക് മുന്‍പ് ഇവരുമായി വിവാഹാലോചന നടത്തുകയും ഹിജ്റയുടെ ഒന്നാം വര്‍ഷം വിവാഹം കഴിക്കുകയും ചെയ്തു. നബി(സ) വഫാത്താവുമ്പോള്‍ ആഇശ(റ)യുടെ പ്രായം 18 ആയിരുന്നു. ഹജ്റ 58ാം വര്‍ഷം, 66-ാം വയസില്‍ വഫാത്തായി. തിരുനബി(സ)യുടെ പത്നിമാരിലെ ഏകകന്യക. മതകാര്യങ്ങളില്‍ അഗാധ പാണ്ഡിത്യം. ഏറ്റവും കൂടുതല്‍ ഹദീസ് നിവേദനം ചെയ്ത വനിത.

4. ഹഫ്സ ബിന്‍ത് ഉമര്‍ ബിന്‍ അല്‍ഖതാബ് (റ)
നുബുവ്വത്തിന് അഞ്ച് വര്‍ഷം മുമ്പ് ജനനം. ഖുനൈസ് ബിന്‍ ഹുദാഫ ആണ് ആദ്യം ഇവരെ വിവാഹം ചെയ്തത്. ഉഹദ് യുദ്ധത്തില്‍ മാരകമായി പരിക്കേറ്റതിനെ തുടര്‍ന്ന് വഫാത്താവുകയായിരുന്നു. ഹിജ്റ മൂന്നാം വര്‍ഷം നബി(സ്വ) ഇവരെ വിവാഹംചെയ്തു. ഹിജ്റ വര്‍ഷം 44ല്‍ മുആവിയ(റ)യുടെ ഭരണകാലത്ത് വഫാത്തായി.

5. സൈനബ് ബിന്‍ത് ഖുസൈമ (റ)
നുബുവ്വത്തിന് പതിമൂന് വര്‍ഷം മുമ്പ് ജനനം. ഉബൈദ് ബിന്‍ ഹാരിസി(റ)ന്‍റെ പത്നിയായിരുന്നു. അദ്ദേഹം ഉഹദ് യുദ്ധത്തില്‍ ശഹീദായതിനെ തുടര്‍ന്ന് ഹിജ്റ മൂന്നാം വര്‍ഷം തിരുനബി(സ) മഹതിയെ വിവാഹം ചെയ്തു. ആ ദാമ്പത്യം എട്ടുമാസം മാത്രമാണ് നീണ്ടു നിന്നത്. മഹതിയുടെ 30ാം വയസില്‍ നാലില്‍ റബീഉല്‍ആഖിര്‍ മാസത്തിലായിരുന്നു വഫാത്ത്.

6. ഉമ്മുസലമ ബിന്‍ത് അബീഉമയ്യഃ (റ)
ഹിന്ദ് ബിന്‍ത് അബീഉമയ്യ എന്നാണ് യദാര്‍ഥ നാമം. നുബുവ്വത്തിന് പതിനേഴ് വര്‍ഷം മുമ്പ് ജനനം. അബൂസലമ ബിന്‍ അബ്ദില്‍അസദ് (റ) ആണ് മഹതിയെ ആദ്യം വിവാഹം ചെയ്തത്. ഉഹ്ദില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മഹാനര്‍ വഫാത്തായി. ഹിജ്റ നാലില്‍ നബി(സ്വ) ഇവരെ വിവാഹം ചെയ്തു. മുപ്പത്തഞ്ച് വയസായിരുന്നു അന്ന് അന്ന് ഉമ്മുസലമഃ(റ)യുടെ പ്രായം. ഹിജ്റ 61ല്‍ വഫാത്ത്. തിരുനബി(സ)യുടെ പത്നിമാരില്‍ ഒടുവില്‍ വഫാത്തായത് ഉമ്മുസലമഃ(റ)യായിരുന്നു.

7. സൈനബ് ബിന്‍ത് ജഹ്ശ് (റ)
നുബുവ്വത്തിന് 17 വര്‍ഷം മുമ്പ് മക്കയില്‍ ജനനം. ഉമൈമഃ ബിന്‍ത് അബ് ദില്‍മുത്വലിബാണ് മാതാവ്. പ്രബോദനത്തിന്‍റെ ആരംഭത്തില്‍ തന്നെ ഇസ്ലാം സ്വീകരിച്ചു. തിരുനബി(സ)യുടെ അടിമയും പിന്നീട് വളര്‍ത്തുപുത്രനുമായ സൈദ് ബിന്‍ ഹാരിസ(റ)യാണ് മഹതിയെ ആദ്യം വിവാഹം ചെയ്തത്. പിന്നീട് ഈ വിവാഹബന്ധം വേര്‍പിരിയുകയും ശേഷം അല്ലാഹുവിന്‍റെ കല്‍പനപ്രകാരം തിരുനബി(സ) മഹതിയെ വിവാഹം ചെയ്യുകയും ചെയ്തു. ഹിജ്റ വര്‍ഷം 20ല്‍ രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബി(റ)ന്‍റെ ഭരണകാലത്തായിരുന്നു മഹതിയുടെ വഫാത്ത്. തിരുനബി(സ)യുടെ വഫാത്തിന് ശേഷം അവിടുത്തെ പത്നിമാരില്‍ ആദ്യം വഫാത്തായത് മഹതിയാണ്.

8. ജുവൈരിയ ബിന്‍ത് അല്‍ഹാരിസ് (റ)
നുബുവ്വത്തിന് 3 വര്‍ഷം മുമ്പ് ജനനം. ജൂതഗോത്രമായ ബനുല്‍മുസ്ത്വലിഖിന്‍റെ നേതാവ് ഹാരിസ് ബിന്‍ അബീള്വിറാര്‍ ആണ് മഹതിയുടെ പിതാവ്. ബനുല്‍മുസ്ത്വലിഖുമായുള്ള യുദ്ധത്തെ തുടര്‍ന്ന് ബന്ധിയായി പിടിക്കപ്പെട്ട മഹതിയെ തിരുനബി (സ) സ്വതന്ത്രയാക്കുകയും വിവാഹാഭ്യര്‍ഥന നടത്തുകയും തുടര്‍ന്ന് തിരുനബി(സ) മഹതിയെ വിവാഹം ചെയ്യുകയുമായിരുന്നു. ഹിജ്റ അമ്പതില്‍, 65-ാം വയസിലായുരുന്നു മഹതിയുടെ വഫാത്ത്.

9. സ്വഫിയ്യ ബിന്‍ത് ഹുയയ്യ് (റ)
നുബുവ്വത്തിന്‍റെ മൂന്ന് വര്‍ഷത്തിന് ശേഷം ജനനം. ഖൈബര്‍ യുദ്ധത്തെ തുടര്‍ന്ന് ബന്ധിയായി പിടിക്കപ്പെട്ടു. തിരുനബി (സ) അവരെ മോചിപ്പിക്കുകയും വിവാഹം ചെയ്യുകയും ചെയ്തു. ഹിജ്റ 50ല്‍ വഫാത്തായി.

10. റൈഹാന ബിന്‍ത് സൈദ് (റ)
ജൂതഗോത്രമായ ബനൂനള്വീറിലെ വനിത. ബനൂഖുറൈള്വ ഗോത്രക്കാരനായ ഹകം എന്നയാളാണ് ആദ്യം വിവാഹം ചെയ്തിരുന്നത്. ബനൂഖുറൈള്വയുമായുള്ള യുദ്ധത്തില്‍ ബന്ധിയാക്കപ്പെട്ടു. തിരുനബി (സ) മഹതിയെ മോചിപ്പിക്കുകയും ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ശേഷം വിവാഹം ചെയ്യുകയും ചെയ്തു. ഹജ്ജത്തുല്‍ വദാഇന് ശേഷം വഫാത്തായി.

11. മൈമൂന ബിന്‍ത് അല്‍ഹാരിസ്(റ)
ബര്‍റ എന്നായിരുന്നു ആദ്യത്തെ പേര്. നബി(സ)യാണ് മൈമൂന എന്ന് നാമകരണം ചെയ്തത്. ഹുദൈബിയ്യാ സംഭവത്തിന് ശേഷം നടന്ന ഉംറതുല്‍ഖള്വാഇന്‍റെ വേളയിലാണ് തിരുനബി(സ)യുടെ പിതൃസഹോദരന്‍ അബ്ബാസ് ബിന്‍ അബ്ദില്‍മുത്വലിബ് (റ) തിരുനബി(സ)ക്ക് മഹതിയെ വിവാഹം ചെയ്തു കൊടുത്തത്. ഹിജ്റ വര്‍ഷം 51ല്‍ മഹതിയുടെ 80ാം വയസിലായിരുന്നു വഫാത്ത്.

12. ഉമ്മുഹബീബ ബിന്‍ത് അബീസുഫ്യാന്‍ (റ)
റംല ബിന്‍ത് അബീസുഫ്യാന്‍ എന്ന് യഥാര്‍ത്ഥ നാമം. നുബുവ്വത്തിന് പതിനേഴ് വര്‍ഷം മുമ്പ് ജനനം. പ്രബോദനത്തിന്‍റെ ആദ്യഘട്ടത്തില്‍ തന്നെ ഭര്‍ത്താവായിരുന്ന ഉബൈദുല്ലാ ബിന്‍ ജഹ്ശിനോടൊപ്പം മഹതിയും ഇസ്ലാം സ്വീകരിച്ചു. ഹബ്ശയിലേക്ക് ഹിജ്റ പോയപ്പോള്‍ അവിടെവെച്ച് മഹതിയുടെ ഭര്‍ത്താവ് ക്രിസ്തുമതം സ്വീകരിച്ച് മതഭ്രഷ്ടനായി. മഹതി ഹബ്ശയിലായിരിക്കെ തന്നെ തിരുനബി (സ) അവരെ വിവാഹം ചെയ്തതായി അറിയിച്ചു. ഇത് മഹതിക്ക് അങ്ങേയറ്റം ആശ്വസകരവും സന്തോഷകരവുമായിരുന്നു. ഹിജ്റ വര്‍ഷം ഏഴിലാണ് മഹതി മദീനയിലെത്തിയത്. ഹിജ്റ 44ല്‍ മുആവിയ ബിന്‍ അബീസുഫ്യാ(റ)ന്‍റെ ഭരണകാലത്ത് വഫാത്തായി.

13. മാരിയത്തുല്‍ ഖിബ്ത്വിയ്യ(റ)
ഈജിപ്ഷ്യന്‍ ചക്രവര്‍ത്തി മുഖൗഖിസ് തിരുനബി(സ)ക്കായി സമ്മാനിച്ച പരിചാരക. മിസ്വ്റില്‍ നിന്ന് മദീനയിലേക്കുള്ള യാത്രമധ്യേ ഇസ്ലാമിനെക്കുറിച്ചറിയുകയും മുസ്ലിമാവുകയും ചെയ്തു. തിരുനബി(സ)ക്ക് ഖദീജ ബിന്‍ത് ഖുവൈലിദി(റ)ല്‍ അല്ലാതെ മറ്റൊരു സന്താനം ഉണ്ടായത് മഹതിയിലായിരുന്നു. ഇബ്റാഹീം എന്ന പുത്രനാണ് ഇവര്‍ ജډം നല്‍കിയത്. രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖത്താബി(റ)ന്‍റെ ഭരണകാലത്തായിരുന്നു മഹതിയുടെ വഫാത്ത്.
മേല്‍പറഞ്ഞ വനിതകളെക്കൂടാതെ അവിടുത്തെ പത്നിമാരില്‍ വിവാഹം ചെയ്യുകയും ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് ത്വലാഖ് ചൊല്ലപ്പെട്ടവരുമുണ്ട്. ബനൂകിലാബ് ഗോത്രക്കാരിയായ ഫാത്വമാ ബിന്‍ത് ള്വഹാക്, അസ്മാ് ബിന്‍ത് നുഅ്മാന്‍, ഖുതൈല ബിന്‍ത് ഖൈസ്, മുലൈക ബിന്‍ത് കഅ്ബ്, ബിന്‍ത് ജുന്‍ദുബ്, സനാ ബിന്‍ത് സ്വലിത് എന്നിവരാണ് അവര്‍. ചിലസ്ത്രീകളുമായി വിവാഹാലോചന നടത്തിയെങ്കിലും വിവാഹം ചെയ്തില്ല. ചിലര്‍ തിരുനബി(സ)യോട് വിവാഹാഭ്യര്‍ഥന നടത്തിയെങ്കിലും അവിടുന്ന് നിരസിക്കുകയായിരുന്നു.

Leave a Reply