നബി(സ)യുടെ സന്താനങ്ങള്‍

Admin February 25, 2020 No Comments

നബി(സ)യുടെ സന്താനങ്ങള്‍

തിരുനബി(സ)യുടെ വൈവാഹിക ആരാമത്തില്‍ വിടര്‍ന്ന കുസുമങ്ങള്‍ ഏഴ് പേരാണ്. മൂന്ന് ആണ്‍ സന്തതികളും നാല് പെണ്‍ സന്തതികളുമായിരുന്നു. ജനനാടിസ്ഥാനത്തിലുള്ള സന്താനങ്ങളുടെ ക്രമം ഇപ്രകാരമാണ്. 1, അബുല്‍ഖാസിം, 2. സൈനബ്, 3. റുഖയ്യഃ, 4. ഫാത്വിമഃ, 5. ഉമ്മുകുല്‍സൂം, 6. അബ്ദുല്ലാ, 7. ഇബ്റാഹീം (റ).

ആദ്യത്തെ ആറ് മക്കളും പ്രഥമപത്നി ഉമ്മുല്‍മുഅ്മിനീല്‍ ഖദീജഃ ബിന്‍ത് ഖുവൈലിദി(റ)ല്‍ നിന്നാണ്. അവസാനത്തെ മകനായ ഇബ്റാഹീം(റ), തിരുനബി(സ)യുടെ അടിമസ്ത്രീയായ മാരിയതുല്‍ഖിബ്ത്വിയ്യ(റ)യിലാണ് ജനിച്ചത്. ഇബ്റാഹീം, അബ്ദുല്ലാ(റ) എന്നിവരൊഴികെ മറ്റുള്ളവരെല്ലാം ജനിച്ചത് മക്കയിലായിരിക്കെ നുബുവ്വത്തിന് മുമ്പായിരുന്നു. അബ് ദുല്ലായുടെ ജനനം മക്കയില്‍ നുബുവ്വത്തിന് ശേഷവും ഇബ്റാഹീമിന്‍റെ ജനനം മദീനയിലേക്കുള്ള ഹിജ്റക്ക് ശേഷവുമായിരുന്നു.

ആണ്‍മക്കള്‍ എല്ലാവരും ഇളംപ്രായത്തില്‍ തന്നെ വഫാത്തായി. ആദ്യം ജനിച്ച് അല്‍ഖാസിം(റ) എന്ന പുത്രന്‍ തന്നെയാണ് ആദ്യം വഫാത്തായതും. ഈ മകനിലേക്ക് ചേര്‍ത്തിയാണ് തിരുനബി(സ)ക്ക് അബുല്‍ഖാസിം എന്ന വിളിപ്പേര് നല്‍കപ്പെട്ടത്. അവിടുത്തെ മറ്റൊരു പുത്രനായ അബ്ദുല്ലാ (റ) വഫാത്തായപ്പോള്‍ ആസ്വ് ബിന്‍ വാഇല്‍ എന്നയാള്‍ തിരുനബി(സ)യെ പിډുറക്കാരില്ലാത്തയാളെന്ന് ആക്ഷേപിച്ചു. ഇതിന് പ്രതികരണമായി വിശുദ്ധഖുര്‍ആന്‍ വചനം അവതരിച്ചത് പ്രസിദ്ധമാണ്. അവിടുത്തെ മറ്റൊരു പുത്രനായ ഇബ്റാഹീം (റ) വഫാത്തായ ദിവസം സൂര്യഗ്രഹണം സംഭവിച്ചു. ഇത് കണ്ടപ്പോള്‍ തിരുനബി(സ)യുടെ പുത്രന്‍ ഇബ്റാഹീം (റ) വഫാത്തായതിനാലാണ് സൂര്യഗ്രഹണമുണ്ടായതെന്ന തെറ്റായ വാര്‍ത്ത മദീനയാകെ വ്യാപിച്ചു. ഇതിനെ നിശേധിച്ചുകൊണ്ട് തിരുനബി(സ) ഇപ്രകാരം പറഞ്ഞു: തീര്‍ച്ചയായും സൂര്യനും ചന്ദ്രനും ഗ്രഹണം സംഭവിക്കുന്നത് ആരുടെയും മരണത്തിനോ ജനനത്തിനോ കാരണമായല്ല. ഗ്രഹണം സംഭവിച്ചാല്‍ നിങ്ങള്‍ നിസ്കാരം നിര്‍വഹിക്കുകയും അല്ലാഹുവിനോട് പ്രാര്‍ഥിക്കുകയും ചെയ്യുക.

അവിടുത്തെ പെണ്‍മക്കള്‍ എല്ലാവരും പ്രായപൂര്‍ത്തി എത്തുകയും ഇസ്ലാം സ്വീകരിക്കുകയും ഹിജ്റ ചെയ്യുകയും ചെയ്തവരാണ്. എന്നാല്‍ ഫാത്വിമഃ(റ) ഒഴികെയുള്ള എല്ലാവരും തിരുനബി(സ) വഫാത്താവുതിന് മുമ്പുതന്നെ വഫാത്താവുകയുണ്ടായി. നബി(സ) വഫാത്തായി ആറുമാസം കഴിഞ്ഞാണ് മഹതി വഫാത്തായത്. അബുല്‍ആസ്വ് ബിന്‍ റബീഅയാണ് സൈനബ് (റ) എന്ന പുത്രിയെ വിവാഹം ചെയ്തത്. അദ്ദേഹം ആദ്യം ഇസ്ലാം സ്വീകരിക്കാന്‍ തയാറായില്ല. ബദ് ര്‍ യുദ്ധത്തില്‍ ബന്ധികളായി പിടിക്കപ്പെട്ടവരില്‍ അബുല്‍ആസ്വും ഉണ്ടായിരുന്നു. സൈനബി(റ)നെ മദീനയിലെത്തിക്കണമെന്ന നിബന്ധനയില്‍ അദ്ദേഹത്തിന് മോചനം നല്‍കപ്പെട്ടു. പിന്നീട് അദ്ദേഹം ഇസ്ലാം സ്വീകരിച്ച് മദീനയിലേക്ക് വരികയും തിരുനബി(സ) മകള്‍ സൈനബി(റ)നെ ഭര്‍ത്താവിന് തിരികെ നല്‍കുകയും ചെയ്തു. ഈ ദാമ്പത്യത്തില്‍ അലീ, ഉമാമഃ (റ) എന്നീ രണ്ട് മക്കളാണുണ്ടായത്. അലീ എന്ന ആണ്‍കുട്ടി ചെറുപ്പത്തില്‍ തന്നെ വഫാത്തായി. ഉമാമഃ(റ)യെ തിരുനബി(സ)യുടെ മകള്‍ ഫാത്വിമഃ(റ)യുടെ വഫാത്തിന് ശേഷം അലീ ബിന്‍ അബീത്വാലിബ് (റ) വിവാഹം ചെയ്തു. ഹി. എട്ടിലാണ് സൈനബ് (റ) വഫാത്തായത്.

റുഖയ്യഃ(റ)യെ വിവാഹം ചെയ്തത് അബൂലഹബിന്‍റെ മകന്‍ ഉത്ബഃയായിരുന്നു. അബൂലഹബിന്‍റെ കല്‍പനപ്രകാരം ഉത്ബഃ ഭാര്യയെ വിവാഹമോചനം ചെയ്തു. ഇരുവരും ശാരീരികബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് തന്നെ ഈ സംഭവം നടന്നിരുന്നു. ശേഷം ഉസ്മാന്‍ ബിന്‍ അഫാന്‍ (റ) മഹതിയെ വിവാഹം ചെയ്തു. ഹി. 12ാം വര്‍ഷം 20ാം വയസിലാണ് മഹതി വഫാത്തായത്. ഈ ദാമ്പത്യ ബന്ധത്തില്‍ അബ് ദുല്ലാ എന്ന കുട്ടി ജനിച്ചു. ഹി. 4ല്‍ 6ാം വയസില്‍ ഈ കുഞ്ഞ് വഫാത്തായി.

അബൂലഹബിന്‍റെ മറ്റൊരു പുത്രനായ ഉതൈബഃയാണ് ഉമ്മുകുല്‍സൂമി(റ)നെ വിവാഹം ചെയ്തത്. അബൂലഹബിന്‍റെ കല്‍പനപ്രകാരം അയാളും തിരുനബി(സ)യുടെ പുത്രിയെ വിവാഹമോചനം ചെയ്തു. ഇവരും ശാരീരിക ബന്ധത്തല്‍ ഏര്‍പെട്ടിരുന്നില്ല. തിരുനബി(സ)യുടെ പുത്രി റുഖയ്യഃ(റ)യുടെ വഫാത്തിനെ തുടര്‍ന്ന് ഹി. 3 റബീഉല്‍ അവ്വല്‍ മാസത്തില്‍ ഉസ്മാന്‍ ബിന്‍ അഫാന്‍ (റ) മഹതിയെ വിവാഹം ചെയ്തു. ഹി. 9ല്‍ മഹതി വഫാത്തായി. ഈ ദാമ്പത്യ ബന്ധത്തില്‍ സന്താനങ്ങളൊന്നും ഉണ്ടായില്ല.

ഫാത്വമാ(റ)യെ വിവാഹം ചെയ്യതത് ഹി. രണ്ടില്‍ അലീ ബിന്‍ അബീത്വാലിബാ(റ)യിരുന്നു. വിവാഹിതരാവുമ്പോള്‍ മഹതിക്ക് 15 വയസും അലി(റ)ക്ക് 22ാം വയസുമായിരുന്നു. നബി(സ)യുടെ 41ാം വയസിലായിരുന്നു ഫാത്വിമാ(റ)യുടെ ജനനം. 24ാം വയസില്‍ ഹി. 11ാം വര്‍ഷം റമളാനിലാണ് മഹതി വഫാത്തായത്. ഈ ദമ്പതികള്‍ക്ക് അഞ്ച് മക്കളാണ് ജനിച്ചത്. ഹസന്‍, ഹുസൈന്‍, മുഹസ്സിന്‍, ഉമ്മുകുല്‍സൂം, സൈനബ് (റ). മുഹസ്സിന്‍ എന്ന കുഞ്ഞ് നേരത്തേ വഫാത്തായി. തിരുനബി(സ)യുടെ കുടുംബ പരമ്പര ഫാത്വിമാ ബീവി(റ)യുടെ സന്താന പരമ്പരയിലൂടെയാണ് കണക്കാക്കപ്പെടുന്നത്. ഹസന്‍, ഹുസൈന്‍ (റ) എന്നീ രണ്ട് മക്കളിലൂടെ തിരുനബി(സ)യുടെ സന്താനങ്ങള്‍ ലോകത്തിലാകെ വ്യാപിച്ചു. കേരളത്തിലും പ്രസിദ്ധമായ ധാരാളം സയ്യിദ് കുടുംബങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

Leave a Reply