അന്നൊരു വെള്ളിയാഴ്ചയായിരുന്നു. മസ്ജിദുന്നബവിയില്‍ സ്വഹാബികളെല്ലാം സന്നിഹിതരായി ആരാധനാ നിമഗ്നരായി ഇരിക്കുന്നു. പക്ഷെ ഈ ദിവസത്തിന് ഒരു പ്രത്യേകത ഉണ്ട് പള്ളിയില്‍ പുതിയ മിമ്പര്‍ സ്ഥാപിക്കാന്‍ പോകുകയാണ്. തിരുനബി(സ)ക്ക് ഖുതുബ നിര്‍വഹിക്കാന്‍ ഇനി പുതിയ മിമ്പര്‍. പഴയ ഈന്തപ്പനത്തടിയുടെ മിമ്പര്‍ ഇപ്പോള്‍ പള്ളിയുടെ മൂലയില്‍ ഇരിക്കുന്നു. നിര്‍വികാരമായ ഒരു മുഖഭാവവും പ്രകടമായ വൈശ്യമതയുമായി കരയാന്‍ വെമ്പി നില്ക്കുന്ന കുട്ടിയെ പോലെ ആത്മാര്‍ത്ഥ പ്രണയം നഷ്ടപെട്ട കാമുകനെ പോലെ ഒരു മൂലയില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്നു .
ആ വെള്ളിയാഴ്ച ദിവസം ശക്തമായ മഴ പെയ്തുകൊണ്ടിരുന്നു. പക്ഷെ ആ മഴ പെയ്തത് ആ നാട്ടില്‍ ആയിരുന്നില്ല ആ പള്ളിയുടെ മുറ്റത്തും ആയിരുന്നില്ല. മറിച്ചു ആ പള്ളിയുടെ മൂലയില്‍ നിന്നായിരുന്നു. ആ മിമ്പര്‍ കരയുന്നു ആ തുള്ളികള്‍ പെരുമഴ തുള്ളിയുടെ ശക്തിയോടെ ഒഴുകുന്ന പോലെ തോന്നിച്ചു.
‘കേവലം ഒരു ഈന്തപ്പന മരമായിരുന്നു ഞാന്‍. വര്ഷാവര്ഷങ്ങളില് മധുരമൂറുന്ന ഈന്തപ്പഴങ്ങള്‍ നല്കി അറേബ്യയുടെ വിശപ്പടക്കിയിരുന്ന ഞാന്‍ കേവലം ഈന്തപ്പനത്തടി എന്നതിനപ്പുറം ആരുടെയെങ്കിലും അടുപ്പിലെ വിറകുകൊള്ളിയാകേണ്ട ഞാനാണ് ഇന്ന് വിരഹ നൊമ്പരത്തിന്റെ കൈപ്പുനീര് പേറി നീറി കഴിയുന്നത്. ഹോ എത്ര സുന്ദരങ്ങളായ ദിനങ്ങളാണ് കഴിഞ്ഞു പോയത് ആ മനോഹര മുഹൂര്‍ത്തങ്ങള്‍ ഓര്‍ക്കുമ്പോള്‍ കുളിരു കോരുന്നു. ആ ഒരു ദിവസമായിരുന്നു എന്നെ വെട്ടി മിമ്പറാക്കിയത് മിമ്പറെന്ന് പറയുമ്പോള്‍ മദീനയിലെ മണലാരുണ്യത്തില് ഏതെങ്കിലും ഒരു പള്ളിയില്‍ ഇരിപ്പുറപ്പിക്കാനെന്ന് നിനച്ച് നിര്‍വികാരനായി ഞാന്‍ നിന്ന് കൊടുത്തു. എന്നാല്‍ എന്റെ ജീവിതത്തില്‍ അമൂര്‍ത്തമായ ആനന്ദ ദായകമായ എന്റെ ഹബീബിന്റെ ചാരത്തേക്കാണ് ഞാന്‍ പോകുന്നതെന്ന് സ്വപ്നേപി നിനച്ചിരുന്നില്ല.
അങ്ങനെ ഞാന്‍ മസ്ജിദുന്നബവി എന്ന എന്റെ പ്രേമഭാജനത്തിന്റെ ചാരത്തു ഞാന്‍ ഇരിപ്പുറപ്പിച്ചു. അടുത്ത വെള്ളിയാഴ്ചയായി. എന്റെ ഉള്‍ത്തടം തുടിച്ചു. മാനുഷിക മൂല്യങ്ങള്‍ക്കപ്പുറം ആ പ്രവാചകര്‍ അമാനുഷിക മൂല്യങ്ങളുടെയും നിധിയായിരുന്നു. തെരുവിന്റെ വീഥികളിലൂടെ നടന്നുപോകുമ്പോള്‍ കല്ലുകളും മരങ്ങളും അവിടുത്തോട് സലാം ചൊല്ലിയിരുന്നു. മേഘങ്ങള്‍ തണലിട്ടു കൊടുത്തിരുന്നു. ഹോ ഇനി ഞാനും അവിടുത്തെ സ്പര്‍ശനം കൊണ്ട് നിതാന്തമായ സൗഭാഗ്യം കൈവരിക്കുന്നു. മനതാരിലെ അഗാധമായ തിരു സ്നേഹത്തിന്റെ ദിവ്യ ദര്‍ശനങ്ങള്‍ എനിക് പ്രകടമാക്കണം. അവിടുത്തെ തിരു പാദം എന്നില്‍ സ്പര്‍ശിക്കണം ദീര്‍ഘ നേരം അവിടുത്തെയും ചുമന്നു സ്വഹാബികളുടെ മുന്നില്‍ ഗമ നടിച്ചു നിലകൊള്ളണം. അവിടുന്ന് നില്‍പ്പ് ദീര്‍ഘിപ്പിക്കുമ്പോള്‍ ആശ്റഫായ പുണ്യകരതലം എന്റെ മേല്‍ പിടിക്കും. കുഞ്ഞിനെ മാതാവ് പുണരുന്നത് പോലെ അവിടുന്ന് എന്നില്‍ പിടിച്ചു നില്ക്കും പറഞ്ഞറിയിക്കാന്‍ സാധിക്കാത്ത അനുഭൂതിയുമായി ഞാന്‍ നില്ക്കും. ലോകത്തെ അഖില നിഖില മേഖലയ്ക്കും അനുഗ്രഹമായി വന്ന നേതാവ്. എല്ലാ സൃഷ്ടികളും സ്നേഹിക്കേണ്ട നേതാവ്. എന്റെ മുന്നിലിരിക്കുന്ന സ്വഹാബികള്‍ ജീവന് വരെ കൊടുക്കാന്‍ തയ്യാറായ നേതാവ്. ആ പ്രവാചകര്‍ നില്‍ക്കുന്നത് എന്റെ നെഞ്ചിലാണല്ലോ ഉള്‍പുളകത്താല്‍ അഹങ്കാരം കൊണ്ട് ഞാന്‍ ലോകം കീഴടക്കിയത് പോലെ തോന്നി. ഖുതുബ നിര്‍വഹണം കഴിഞ്ഞു തിരുനബി എന്നില്‍ നിന്നും അകലുമ്പോളാണ് ഏകാന്തത എന്താണെന്ന് ഞാന്‍ അനുഭവിക്കുന്നത്. ഇനി എന്നാണ് ആ തിരു സ്പര്‍ശനം? പിന്നെ കാത്തിരിപ്പിന്റെ നാളുകള്‍. അങ്ങനെ നാളുകള്‍ നീങ്ങി
വര്‍ഷങ്ങള്‍ കഴിഞ്ഞു. മസ്ജിദുന്നബവി ജന നിബിഢമായി.പള്ളി പണി പൂര്‍ത്തിയായി.അപ്പോഴാണ് ഒരു അന്‍സാരി വനിത തിരു സവിധത്തിലേക്ക് കടന്നു വരുന്നത് അവര്‍ തിരുനബിയോട് പറഞ്ഞു :-അങ്ങേക്ക് ഖുതുബ നിര്‍വഹിക്കാന്‍ ഒരു മിമ്പര്‍ ഉണ്ടാക്കി തരട്ടെ എന്റെ മകന് നല്ലൊരു ആശാരിയാണ് നബി (സ) സമ്മതം നല്കി.അങ്ങനെ പുതിയ മിമ്പര്‍ തയ്യാറായി. ഇതൊന്നുമറിയാതെ ഞാന്‍ ഗമ നടിച്ചു മിഹ്റാബിന്റെ ചാരത്തു നിലകൊണ്ടു. ഇന്ന് വെള്ളിയാഴ്ച തിരുഹബീബ് എന്നിലേക് അണയുന്ന ആ മുഹൂര്‍ത്തം സ്വപ്നം കണ്ടു നില്ക്കുമ്പോള് അതാ പള്ളിയുടെ പടിവാതില്‍ കടന്നു പുതിയ ഒരതിഥി ഞാന്‍ ഒറ്റതവണയെ നോക്കിയുള്ളൂ തലകറങ്ങിപ്പോയി വേറൊരു മിമ്പറുമായി സഹാബികള്‍ എന്നെ ലക്ഷ്യമാക്കി നീങ്ങുന്നു. ഞാനാകെ തളര്‍ന്നുപോയി. പല ആശ്വാസ വാക്കുകള്‍കൊണ്ടും എന്റെ ഉള്‍ത്തടത്തെ സാന്ത്വനം നല്കാന് ശ്രമിച്ചെങ്കിലും പുതുമയുടെ പ്രൗഢിയോടെ നവീനത്വം തുളുമ്പി നില്ക്കുന്ന ആ മിമ്പറിനെ കണ്ടമാത്രയില്‍ എന്റെ ആശ്വാസ ജല്പനങ്ങള് മനസിനെ തെല്ലും അടക്കാനായില്ല.
എന്റെ അഹങ്കാരത്തിനുള്ള ശിക്ഷ ആണോ ഇത്?
മുത്ത് നബിയുടെ മൃദുലമായ പൂമേനി എന്റെ പരുക്കനായ ശരീരത്തില്‍ ഉറഞ്ഞു അവിടുന്ന് പ്രയാസമായോ?
എന്റെ മുന്നില്‍ വച്ച് ഹബീബ് വേറൊരു മിമ്പറില്‍ കേറി ഖുതുബ നിര്‍വഹിക്കുന്നത് കാണാന്‍, താങ്ങാന്‍ എനിക്കാവില്ല. ഈ നില്പില് ഭൂമി പിളര്‍ന്നു ഞാന്‍ ഇല്ലാണ്ടായിരുന്നെങ്കില്‍. എന്റെ മേല്‍ നിന്ന് ഖുതുബ നിര്‍വഹിക്കുമ്പോള്‍ അത് ശാശ്വതമല്ല എന്നനിക്കറിയാം എന്നാലും ആ കാത്തിരിപ്പിന് ഒരു സുഖമുണ്ട്. കാത്തിരുന്നു കാത്തിരുന്നു ഒരു ദിവസം പടച്ചോന് ഹബീബിന്റെ അടുക്കല്‍ ഒരു ശാശ്വത ഇടം നല്കിയാലോ. നിലക്കാത്ത പേമാരി കണക്കെ അശ്രു കണങ്ങള്‍ പൊഴിയുന്നു. പിടിച്ചു നിര്‍ത്താന്‍ ആവതു ശ്രമിച്ചാലും. അതാ ഹബീബ് വരുന്നുണ്ട് . കല്പ്രതിമ കണക്കെ ഞാന്‍ നില്ക്കും എന്റെ സ്നേഹം ആത്മാര്‍ത്ഥമാണെങ്കില്‍ എന്നോട് അവിടുന്ന് സ്നേഹം ഉണ്ടെങ്കില്‍ എന്നെ അവിടുന്ന് ഒഴിവാക്കാനാകില്ല. ഹബീബ് അടുത്തേക്ക് നടന്നടുക്കുമ്പോള്‍ എന്റെ ഉള്‍ത്തടം വിതുമ്പി എന്നെ ഒന്ന് സ്പര്ശിച്ചിരുന്നെങ്കില്…………..
ഇനി എന്തിനാണ് ഞാന്‍ ജീവിക്കുന്നത്. എന്റെ മുന്നിലൂടെ അതാ പുതിയ മിമ്പറിലേക് കയറുന്നു. ഞാനതെങ്ങനെ സഹിക്കും?
അല്ലെങ്കിലും ഞാനെന്തിനാ ഇത്ര നോവ് സഹിക്കുന്നെ. ഞാനാരാണ്? കേവലം ഒരു ഈന്തപ്പന തടി എനിക്കെന്ത് പ്രേത്യേകത? എന്റെ മേല്‍ കയറി മുത്ത് നബി ഖുതുബ നിര്‍വഹിച്ചെന്ന് കരുതി ഞാനെന്തിനാ ഇത്ര അഹങ്കരിച്ചത്? ഇന്നലെ ഞാന്‍ ഇന്ന് വന്ന പുതിയ മിമ്പര്‍ പിന്നെയും മാറില്ലേ.
പക്ഷെ ഞാന്‍ നിലനില്‍ക്കുന്നത് എന്റെ ഹൃദയത്തിലെ നാലറകളിലും എന്റെ ഹബീബ് നിറഞ്ഞതുകൊണ്ടല്ലേ ആ സ്നേഹമുള്ളത് കൊണ്ടല്ലേ. ഇനി എനിക്കത് കിട്ടോ?
മധുരമൂറുന്ന ആ തിരു സ്പര്ശനങ്ങള് നഷ്ടമാകും എന്നറിഞ്ഞപ്പോള്‍ ചുട്ടുപൊള്ളുന്ന വേദന സമ്മാനിക്കുന്നു.
എന്റെ നയനങ്ങളെ പിടിച്ചു നിര്‍ത്തുന്നത് ക്രൂരതയാണ് തുറന്നു വിടാം ആര്‍ത്തിരമ്പി വരുന്ന പെരുമഴ കണക്കെ ഒഴുകട്ടെ എന്റെ കണ്ണുനീര്. വിരഹത്തിന്റെ പ്രളയത്തില്‍ ചെന്ന് പതിക്കട്ടെ.
എന്റെ കരച്ചില് ഉറക്കെ ആയി പോയോ? ഹബീബിന്റെ ഖുതുബക്ക് വിഘാതം സൃഷ്ടിച്ചോ?
എന്തേ സ്വഹാബാക്കള്‍ അമ്പരന്ന് നോക്കുന്നത്?
എന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. എന്റെ മുത്ത് നബി അല്ലെ എന്റടുക്കലേക് വരുന്നത്
അതെ പ്രാണ നാഥനെ പുല്കാന് എന്റെ മനസ്സ് വെമ്പി. ആ തിരു കരങ്ങള്‍ കൊണ്ട് എന്നെ തലോടുന്നു എന്നെ വാരി പുണരുന്നു. ഞാന്‍ കൃതഘ്നനായി ജീവിതം ധന്യമായി.
പള്ളി ആകെ കൂട്ടക്കരച്ചില്‍ സ്വഹാബികളും തേങ്ങി കരയുന്നു. മുത്തുനബി എന്നോട് എന്തോ പറയുന്നു ആ തിരു വചനങ്ങള്‍ കേള്‍ക്കാന്‍ എന്റെ ചെവി അവിടുത്തേക്കു ചേര്‍ത്ത് വച്ചു. ‘ നിന്നെ ഒന്നുകില്‍ ഞാന്‍ ഇലയും പഴങ്ങളുമുള്ള പൂര്വസ്ഥിയിലേക് മാറ്റാം അല്ലെങ്കില്‍ നിന്നെ സ്വര്‍ഗത്തിലെ ചെടി ആക്കി ഉയര്‍ത്താം ഏതാണ് നിനക്ക് വേണ്ടത്?
പൂര്വസ്ഥിയിലാകുകയോ അപ്പൊ ഞാനെങ്ങനെ എന്റെ ഹബീബിനെ കാണും? ഈ നശ്വരമായ ദുനിയാവിലെ ഏതെങ്കിലുമൊരു തോട്ടത്തില്‍ പോയി നില്‍ക്കാനോ എനിക്കാവില്ല. എന്നെന്നും ഹബീബിനെ പുല്കണം അതിനു അത്യുത്തമം സ്വര്‍ഗം തന്നെ അവിടെ എനിക്ക് ആ തിരു ദര്‍ശനം ഉണ്ടാകുമല്ലോ മതി ഇനി ഈ ലോകത്തെ എന്റെ ജീവിതം നിരര്‍ത്ഥകമാണ്. എത്രയും വേഗം സ്വര്‍ഗം പുല്കണം. ഇനി ഞാനെന്തിന് കരയണം?
ഇത്ര നാള് ഞാന്‍ എന്റെ മുത്ത്നബിക്ക് വേണ്ടി കാത്തിരുന്ന ഈ മണ്ണില്‍ തന്നെ എനിക്ക് അടങ്ങണം ഒരിക്കലും അവസാനിക്കാത്ത പ്രണയ ഭാണ്ടവുമേന്തി ഹുബ്ബിന്റെ മാസ്മരിക ലഹരിയില്‍ സ്വര്‍ഗ കവാടത്തില്‍ എനിക്ക് നില്‍ക്കണം ഹബീബിനെ പുല്കാന്……..
Leave a Reply