ഹൃദയമറിഞ്ഞ അദ്ധ്യാപകര്‍

Admin February 25, 2020 No Comments

ഹൃദയമറിഞ്ഞ അദ്ധ്യാപകര്‍

സക്രിയമായ സമൂഹം രൂപപ്പെടുത്തുന്നതില്‍ അദ്ധ്യാപകര്‍ക്കുള്ള പങ്ക് അനിഷേധ്യമാണ്. അവരില്‍ നിന്ന് മാതൃക കണ്ടെത്തിയാണ് നാളെയുടെ സമൂഹത്തിന്‍റെ ഭാഗമാകേണ്ട ഓരോ വിദ്യാര്‍ത്ഥിയും വളരുന്നത്. അദ്ധ്യാപകന്‍റെ പ്രചോദനം ഒന്നുകൊണ്ടു മാത്രം ജീവിതത്തില്‍ വിജയം നേടിയ ഒട്ടേറെ വിശ്രുത വ്യക്തിത്വങ്ങളെ ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്. അത്തരത്തില്‍ ഒരു അദ്ധ്യാപകന്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന്‍റെ ആഴം പ്രവാചക ജീവചരിത്രത്തിന്‍റെ താളുകളിലും വായിക്കാനാവും. വിദ്യാര്‍ത്ഥിവൃന്ദത്തിന്‍റെ പ്രാവീണ്യം അദ്ധ്യാപകന്‍റെ മികവ് അളക്കാനുള്ള മാനദണ്ഡമാണെങ്കില്‍ ചരിത്രം കണ്ട ഏറ്റവും ഉന്നതരായ ഗുരു ആദരവായ റസൂല്‍ (സ) യാണ്. കാരണം അവിടുത്തെ പാഠശാലയില്‍ നിന്ന് വിദ്യ അഭ്യസിച്ച സ്വഹാബികള്‍ സ്വയം സംസ്കരിക്കപ്പെടുക മാത്രമല്ല, മറ്റുള്ളവരെ സംസ്കരിക്കാന്‍ യോഗ്യരാവുക കൂടി ചെയ്തു. ശ്രേഷ്ഠ ഗുരുവായ പ്രവാചകരുടെ പ്രാവീണ്യമാണ് ഇത് തെളിയിക്കുന്നത്. നബി (സ) യുടെ അദ്ധ്യാപനത്തെ കുറിച്ചും വിശുദ്ധ ഖുര്‍ആന്‍ പറയുന്നു. നിരക്ഷരര്‍ക്കിടയില്‍ തന്‍റെ ദൃഷ് ടാന്തങ്ങള്‍ അവര്‍ക്കു ഓതിക്കേള്‍പ്പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക് വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നു തന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍. അവര്‍ മുമ്പ് വ്യക്തമായ വഴികേടിലായിരുന്നു (ജുമുഅഃ2). നബി (സ) യുടെ അദ്ധ്യാപനങ്ങള്‍ക്ക് അതുല്യമായ ഫലങ്ങളാണുണ്ടായത്. തോമസ് കാര്‍ലൈല്‍ അറബികളുടെ അവസ്ഥയെക്കുറിച്ച് എഴുതുന്നു.’മരുഭൂമിയിലൂടെ അലഞ്ഞു നടന്നിരുന്ന ഒരു ജന വിഭാഗമായിരുന്നു അവര്‍, നൂറ്റാണ്ടുകളോളം ആരാലും ശ്രദ്ധിക്കപ്പെടാത്തവര്‍. എന്നാല്‍ അറബി പ്രവാചകര്‍ ആഗതമായപ്പോള്‍ അറിവിന്‍റെയും ആത്മജ്ഞാനത്തിന്‍റെയും ശ്രദ്ധാകേന്ദ്രമായി അവര്‍ മാറി. അംഗബലം വര്‍ദ്ധിച്ചു. പ്രതാപികളായി. അവരുടെ വിജ്ഞാനവും ചിന്താശേഷിയും കൊണ്ട് കേവലം ഒരു നൂറ്റാണ്ടിനുള്ളില്‍ തന്നെ ലോകത്തിന്‍റെ നാനാദിക്കുകള്‍ പ്രകാശിച്ചു. ‘ നബി (സ) യുടെ മികച്ച് അദ്ധ്യാപന രീതിയാണ് വിപ്ലവകരമായ ഈ പരിവര്‍ത്തനം സാധ്യമാക്കിയത് .

തീര്‍ത്തും മനശാസ്ത്രപരമായ സമീപനമാണ് തന്‍റെ പഠിതാക്കളോട് പ്രവാചകര്‍ സ്വീകരിച്ചത്.ഒരിക്കല്‍ സ്വഹാബിയായ അബൂബക്റ (റ) പള്ളിയിലെത്തിയപ്പോള്‍ നബി (സ) റുകൂഇലായിരുന്നു. വേഗം ജമാഅത്തില്‍ സംബന്ധിക്കുക എന്ന ലക്ഷ്യത്തില്‍ സ്വഫിലേക്കെത്തുന്നതിനു മുമ്പു തന്നെ അദ്ദേഹം നിസ്കാരത്തിലേക്കു പ്രവേശിച്ച് റുകൂഅ് ചെയ്തു. ഇമാമായി നിന്നിരുന്ന നബി (സ) യോട് നിസ്കാരശേഷം താന്‍ ചെയ്തതിനെ കുറിച്ച് അദ്ദേഹം പറഞ്ഞു. അപ്പോള്‍ പ്രവാചകരുടെ മറുപടി ഇപ്രകാരമായിരുന്നു.’ (നډയില്‍ പങ്കുചേരാനുള്ള) അങ്ങയുടെ അതിയായ ആഗ്രഹം അല്ലാഹു വര്‍ദ്ധിപ്പിച്ചു തരട്ടേ, എന്നാല്‍ ഇത് ഇനി ആവര്‍ത്തിക്കരുത്’ (ബുഖാരി). സ്വഹാബിയുടെ ഉദ്ദേശ ശുദ്ധിയെയും നډയില്‍ പങ്കുചേരാനുള്ള താത്പര്യത്തെയും അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തതിനു ശേഷമാണ് തിരുനബി (സ) തെറ്റുതിരുത്തിയത്. ഇതാണ് പറയുന്ന കാര്യങ്ങള്‍ പഠിതാവ് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളാന്‍ ഉചിതമായ മാര്‍ഗം. ഇത്തരത്തില്‍ ഒട്ടേറെ ഉദാഹരണങ്ങള്‍ ഹദീസ് ഗ്രന്ഥങ്ങളില്‍ വായിക്കാനാകും. വീട്ടിലെ പ്രാരാബ്ധങ്ങള്‍ കാരണം ഒരിക്കല്‍ പ്രവാചകപത്നിമാര്‍ തങ്ങളുടെ വിഷമം നബി (സ) യെ അറിയിച്ചു. അപ്പോള്‍ അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരം തന്‍റെ കൂടെ നില്‍ക്കേണ്ടവര്‍ക്കു അങ്ങനെയും വിവാഹമോചനം വാങ്ങി സ്വഗൃഹത്തിലേക്കു മടങ്ങിപ്പോകാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു അങ്ങനെയും ചെയ്യാനുള്ള സ്വാതന്ത്ര്യം നബി (സ) നല്‍കി. ഈ ഘട്ടത്തില്‍ പ്രാരാബ്ധങ്ങള്‍ സഹിച്ചാണെങ്കിലും പ്രവാചകരോടൊപ്പം നില്‍ക്കാനാണ് എല്ലാവരും താത്പര്യപ്പെട്ടത്. പത്നിമാരില്‍ ആദ്യം ഈ നിലപാട് സ്വീകരിച്ചത് ആഇശ (റ) യാണ്. തന്‍റെ നിലപാട് മറ്റുള്ള പത്നിമാരെ അറിയിക്കരുതെന്ന് നബി (സ) യോട് അവര്‍ സൂചിപ്പിച്ചു. എന്നാല്‍ പ്രവാചകരുടെ മറുപടി ഇപ്രകാരമായിരുന്നു: ‘ മറ്റുള്ളവര്‍ക്കു പ്രയാസമുണ്ടാക്കുന്നവനോ അപരന്‍റെ പരാജയം ആഗ്രഹിക്കുന്നവനോ ആയിട്ടല്ല അല്ലാഹു എന്നെ നിയോഗിച്ചത്. പ്രത്യുത, എന്നെ നിയോഗിച്ചത് സങ്കുചിത മനോഭാവമില്ലാത്ത അദ്ധ്യാപകനായാണ്.(മുസ്ലിം). ഈ പ്രവാചക വചനത്തെ വിശദീകരിച്ചു കൊണ്ട് ഇമാം ഗസാലി (റ) പറഞ്ഞു’ മഹതിയായ ആഇശ (റ) യെ ഇത്തരം ചിന്തകളില്‍ നിന്ന് വിലക്കാന്‍ നബി (സ) വ്യക്തമായ പദപ്രയോഗം നടത്താതെ അവ്യക്തമാക്കി പറഞ്ഞതില്‍ അദ്ധ്യാപന വൃത്തിയിലെ ചില സൂക്ഷ്മ പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നുണ്ട്. പഠിതാവിനെ തെറ്റായ സ്വഭാവത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ സൗമ്യവും വ്യംഗ്യവുമായ സമീപനമാണ് ഗുരു സ്വീകരിക്കേണ്ടത്. ഭീഷണിയുടെ സ്വരമില്ലാതെ കാരുണ്യ ഭാവത്തോടു കൂടിയായിരിക്കണമത്. വിലക്കാന്‍ വ്യക്തമായ പദങ്ങള്‍ പ്രയോഗിക്കുന്നത്. അദ്ധ്യാപകന്‍റെ ഗാഭീര്യം പ്രൗഢി നശിപ്പിക്കും. ഗുരുവിനെ എതിര്‍ത്തു തോല്‍പ്പിക്കാനുള്ള പ്രേരണയുമുണ്ടാക്കും. തെറ്റില്‍ തന്നെ തുടരാനുള്ള വാശി വളര്‍ത്തും.(ഫൈളുല്‍ ഖദീര്‍/അല്‍ മുനാവി : 2/ 573).തിരുനബിയുടെ സൗമ്യവും ശ്രദ്ധാപൂര്‍വ്വവുമുള്ള ഇത്തരം ഇടപെടലുകളാണ് സ്വഹാബികളില്‍ മാനസാന്തരമുണ്ടാക്കിയത്.പ്രവാചക നിയോഗത്തിനു മുമ്പും ശേഷവുമുള്ള സ്വഹാബികളുടെ ജീവിത ചിത്രം പരിശോധിച്ചാല്‍ പരിവര്‍ത്തനത്തിന്‍റെ വ്യാപ്തി ഗ്രഹിക്കാനാകും.അതു കൊണ്ടു തന്നെയാണ് നിദാനശാസ്ത്ര പണ്ഡിതരില്‍ ചിലര്‍ ഇങ്ങനെ പറയുന്നത് : തന്‍റെ അനുചരവൃന്ദത്തെ കൂടാതെ മറ്റൊരു അമാനുഷിക സിദ്ധിയും തിരുദൂതര്‍ക്കിലെങ്കില്‍ പോലും പ്രവാചകത്വം സ്ഥിരപ്പെടുത്താന്‍ അവര്‍ തന്നെ മതിയാകുമായിരുന്നു.

Leave a Reply