Mahabba Campaign Part-31/365
മുത്ത്നബിﷺ യുടെ അഞ്ചാമത്തെ സന്താനമാണ് ഫാത്വിമ(റ). പുത്രിമാരിൽ ഏറ്റവും ഇളയതും സന്താനങ്ങളിൽ ഏറ്റവും പ്രസിദ്ധയുമാണ് മഹതി. മുത്ത് നബിﷺയുടെ മുപ്പത്തി അഞ്ചാം വയസ്സിലായിരുന്നു അവരുടെ ജനനം. ഖുറൈശികൾ കഅബ പുതുക്കിപ്പണിയുന്ന ഘട്ടമായിരുന്നു അത്. അല്ല, നബിﷺക്ക് നാൽപത്തി ഒന്ന് വയസ്സുള്ളപ്പോഴായിരുന്നു എന്ന അഭിപ്രായവും ചരിത്രത്തിനുണ്ട്.
ഉപ്പയോട് ഏറ്റവും അടുത്തിടപഴകാൻ ഭാഗ്യം ലഭിച്ച മകളാണ് ഫാത്വിമ(റ). നബിﷺ എല്ലാ രഹസ്യങ്ങളും സങ്കടങ്ങളും മകളോട് പങ്കുവെക്കുമായിരുന്നു. ചിലപ്പോൾ ഉമ്മയുടെ റോളിൽ കാര്യങ്ങളിൽ ഇടപെടും. അക്കാരണത്താൽ ‘ഉമ്മു അബീഹാ’ (സ്വന്തം ഉപ്പയുടെ ഉമ്മ) എന്ന വിളിപ്പേരും മഹതിക്ക് ലഭിച്ചു. ‘എന്റെ കരളിന്റെ കഷ്ണമാണ് ഫാത്വിമ’ എന്ന് നബിﷺ പറയാറുണ്ടായിരുന്നു. പ്രബോധനത്തിന്റെ ആദ്യ നാളുകളിലെ പരീക്ഷണങ്ങൾ നേരിട്ട് കാണാനും അനുഭവിക്കാനും അവസരമുണ്ടായി. മുത്ത് നബി ﷺ യുടെ പിതൃസഹോദരൻ അബൂത്വാലിബിന്റെ മകൻ അലി(റ) ആണ് വിവാഹം കഴിച്ചത്. അലി ഫാത്വിമ(റ) ദമ്പതികൾക്ക് അഞ്ച് സന്താനങ്ങൾ പിറന്നു. ഹസൻ ഹുസൈൻ മുഹ്സിൻ എന്നീ മൂന്ന് ആൺമക്കളും സൈനബ് ഉമ്മു കുൽസും എന്നീ രണ്ട് പെൺമക്കളും.
സ്വർഗത്തിലെ രാജ്ഞിയായി ബീവി യെ മുത്ത് നബിﷺ തന്നെ പരിചയപ്പെടുത്തി. പല ഓമനപ്പേരുകളിലും ഉപ്പ മകളെ വിളിക്കുമായിരുന്നു. ബതൂൽ, സഹ്റാ എന്നീ പേരുകൾ അവയിൽ പ്രസിദ്ധമായതാണ്. മുസ്ലിംകളിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾക് നാമകരണം ചെയ്യപ്പെടുന്ന പേര് ഫാത്വിമ എന്നാണ്. നബിﷺയുടെ വിയോഗത്തിന് ആറുമാസത്തിന് ശേഷം മഹതിയും യാത്രയായി. ഹിജ്റ പതിനൊന്നാം വർഷത്തിലായിരുന്നു വിയോഗം. പ്രവാചകരുടെ സന്താന പരമ്പര നിലനിൽക്കുന്നത് മഹതിയിലൂടെയാണ്.
മുത്ത് നബിﷺയുടെ ആറാമത്തെ സന്താനമാണ് മകൻ അബ്ദുല്ലാഹ്. പ്രവാചകത്വ പ്രഖ്യാപനത്തിന് ശേഷമാണ് മകന്റെ ജനനം. എന്നാൽ ഖാസിമിനെപ്പോലെ ചെറിയ പ്രായത്തിൽ തന്നെ അബ്ദുല്ലാഹിയും മരണമടഞ്ഞു. ത്വയിബ്, ത്വാഹിർ എന്നീ ഓമനപേരുകളിലും ഈ മകൻ വിളിക്കപ്പെട്ടു. ത്വയ്യിബ്, ത്വാഹിർ എന്നീ പേരുകൾ വേറെ തന്നെ രണ്ട് ആൺ മക്കളുടേതാണ് എന്ന അഭിപ്രായം പ്രമുഖ ചരിത്രകാരന്മാരൊന്നും അംഗീകരിച്ചിട്ടില്ല.
ബീവി ഖദീജ(റ) മുത്ത് നബിﷺയിൽ നിന്നുള്ള ഓരോ മക്കൾക്കും സ്വന്തം തന്നെയാണ് മുലയൂട്ടിയത്. അന്നത്തെ അറബ് സംസ്കാരമനുസരിച്ച് പോറ്റുമ്മമാരെ ഏൽപിച്ചിരുന്നില്ല. ഒരിക്കൽ കുഞ്ഞ് മോൻ മരണപ്പെട്ടതില്‍ പിന്നെ മാറിൽ പാൽ നിറഞ്ഞ സങ്കടം നബിﷺയോട് പങ്കുവെച്ചു. മോൻ മരണപ്പെട്ടില്ലെങ്കിൽ മുലയൂട്ടാമായിരുന്നല്ലോ എന്ന്. നബിﷺ പറഞ്ഞു സ്വർഗ്ഗത്തിൽ മോനെ സ്വർഗീയ സ്ത്രീകൾ മുലയൂട്ടുന്നുണ്ട്. അവൻ അമിഞ്ഞ ഈമ്പുന്ന ശബ്ദം കേൾകുന്നില്ലേ എന്ന് ചോദിച്ച് ആശ്വസിപ്പിച്ചു.
ഓരോ മക്കൾ ജനിച്ചപ്പോഴും നബിﷺ അഖീഖ അറുത്ത് വിതരണം ചെയ്തു. ആൺ കുട്ടികൾക് രണ്ട് ആടുകൾ വീതവും പെൺകുട്ടികൾ ജനിച്ചപ്പോൾ ഓരോ ആട് വീതവുമായിരുന്നു അഖീഖ:
നബിﷺയുടെ രണ്ട് ആൺമക്കളും കുഞ്ഞ് പ്രായത്തിൽ തന്നെ മരണപ്പെട്ടപ്പോൾ ‘പരമ്പര മുറിഞ്ഞ വ്യക്തി’ എന്ന് ചിലർ നബിﷺയെ ആക്ഷേപിച്ചു. ഖുറൈശീ പ്രമുഖനായ ആസ്വ് ബിൻ വാഇൽ എന്നയാളായിരുന്നു ആക്ഷേപത്തിന് മുന്നിൽ നിന്നത്. പരിഹസിച്ചവർക്ക് മറുപടി നൽകിക്കൊണ്ട് ഖുർആൻ അവതരിച്ചു. “അല്ലയോ പ്രവാചകരേ.. അവിടുത്തേക് അനവധി അനുഗ്രഹങൾ നാം നൽകിയിരിക്കുന്നു. അതിനാൽ അവിടുന്ന് തങ്ങളുടെ പരിപാലകനെ നിസ്കരിക്കുക. അവനു വേണ്ടി ബലിയറുക്കുകയും ചെയ്യുക. തീർച്ചയായും തങ്ങളെ ആക്ഷേപിച്ചവർക് തന്നെയാണ് പരമ്പരയില്ലാത്തത്.” ഖുർആനിലെ നൂറ്റി രണ്ടാം അധ്യായം ‘അൽ കൗസർ’ ന്റെ ആശയമാണിത്. നബി ﷺയുടെ പരമ്പര ഇന്നും ലോക വ്യാപകമായി നിലനിൽക്കുന്നു. ലക്ഷക്കണക്കിന് വ്യക്തികൾ മുത്ത് നബിﷺ വരെ എത്തിച്ചേരുന്ന വ്യക്തമായ പരമ്പര ചരിത്ര സഹിതം സംരക്ഷിച്ച് ലോകത്ത് ജീവിച്ചു പോരുന്നു. ഇത്രമേൽ കൃത്യമായ കുടുംബ പാരമ്പര്യവും ചരിത്രവും അവകാശപ്പെടാൻ ലോകത്ത് വേറേ ഒരു വ്യക്തിയും ഇല്ല തന്നെ.
മുത്ത് നബിﷺ ഖദീജ(റ)യോടൊപ്പമുള്ള കുടുംബ ജീവിതത്തിൽ പുതിയ ഒരു അഥിതി കൂടി കടന്നു വന്നു…
(തുടരും)
Mahabba Campaign Part-32/365
മുത്തുനബി ﷺ യുടെ കുടുംബ ജീവിതത്തിൽ വീട്ടിലെ ഒരംഗമായി പുതിയ ഒരാൾ കൂടി കടന്നു വരുന്നു. വേറെയാരുമല്ല; ഉക്കാള് മാർക്കറ്റിൽ നിന്ന് വാങ്ങിയ അടിമ സൈദ്. പുണ്യ നബി ﷺ യുടെ സ്വഭാവത്തെയും ജീവിതത്തെയും പ്രകാശിപ്പിക്കുന്ന ഒരു സംഭവം കൂടി ഇവിടെ വായിക്കാനുണ്ട്. സൈദ് മുത്ത് നബി ﷺ യുടെ ജീവിതത്തിലേക്ക് എത്തിച്ചേർന്നതെങ്ങനെ എന്ന് നോക്കാം.
അറേബ്യയിലെ പ്രസിദ്ധമായ കൽബ് ഗോത്രത്തിലെ ശുറാഹീലിന്റെ പുത്രനാണ് ഹാരിസ. അദ്ദേഹത്തിന്റെ ഭാര്യയാണ് ത്വയ് വംശത്തിലെ സഅലബയുടെ മകൾ സുഅദ: ഹാരിസ സുഅദ ദമ്പതികളുടെ പ്രിയപ്പെട്ട മകനാണ് സൈദ് .ഐശ്വര്യവും സമ്പന്നവും നിറഞ്ഞ കുടുംബമാണ് അവരുടേത്. ഒരു ദിവസം സുഅദ അമ്മാവൻമാരുടെ വീട് സന്ദർശിക്കാനായി പുറപ്പെട്ടു. ഒപ്പം മകൻ സൈദിനെയും കൂട്ടി. ‘ബനുൽ ഖൈന് ബിൻ ജസ്റ് ‘ എന്ന കുപ്രസിദ്ധ കൊള്ള സംഘം ഊരുചുറ്റുന്ന കാലമായിരുന്നു അത്. യാത്രാമധ്യേ , കൊള്ളക്കാരുടെ കണ്ണിൽപ്പെട്ടു. ആയുധ ധാരികളായ അവർ ഉമ്മയെയും മകനെയും ബന്ദികളാക്കി. താണു കേണപ്പോൾ ഉമ്മയെ മോചിപ്പിച്ച് മകനെയും കൊണ്ട് അവർ കടന്നു കളഞ്ഞു ! സൈദിനെ അടിമച്ചന്തയിൽ വിൽക്കുകയായിരുന്നു അവരുടെ ലക്ഷ്യം.
ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ട സുഅദ വീട്ടിലെത്തി . കുടുംബക്കാരെ വിവരം ധരിപ്പിച്ചു. കുടുംബക്കാർ ഒത്തു ചേർന്നു. പിതാവ് ഹാരിസയും സഹോദരൻ കഅബും നാലുപാടും അന്വേഷിച്ചു. ശക്തരായ ഗോത്രക്കാർ സാധ്യതകൾ മുഴുവൻ ഉപയോഗപ്പെടുത്തി. പക്ഷേ, ഫലം കണ്ടില്ല. സൈദിനെ കണ്ടെത്താനായില്ല.
കൊള്ളക്കാർ സൈദിനെ അടിമയാക്കി നാടുകടത്തി. എത്രയും വേഗം മറുദേശത്തെത്തിച്ചു. മകന്റെ വിരഹത്തിൽ മനം നൊന്ത ഹാരിസ പരിഭ്രാന്തനായി. അങ്ങിങ്ങായി അലഞ്ഞും അന്വേഷിച്ചും നടന്നു. എന്നെങ്കിലും മകനെക്കണ്ടെത്തുമെന്ന് അയാൾ ആശിച്ചു. എന്ത് വില കൊടുത്തും മോചിപ്പിക്കും എന്നയാൾ നിശ്ചയിച്ചു. അവനെക്കണ്ടെത്തുന്നത് വരെ ജീവിതാസ്വാദനം വർജിക്കാൻ അയാൾ പ്രതിജ്ഞ ചെയ്തു. അവന്റെ ഗോത്രവും അന്വേഷണം അവസാനിപ്പിച്ചില്ല. അവസാനം മകൻ മരണപ്പെട്ടോ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും വിവരം ലഭിക്കാത്തതിൽ അയാൾ വ്യാകുലനായി. മകനോടുള്ള സ്നേഹവും വിരഹ നൊമ്പരവും ചേർത്ത് കവിത ചൊല്ലി നടന്നു. ഒരു മകനോട് പിതാവിനുള്ള സ്നേഹത്തിന്റെ ഉദാഹരണമായി അത് മാറി. സൈദിൻ്റെ തിരോധാനവും ഹാരിസയുടെ കവിതകളും ഇന്നും വായിക്കപ്പെടുന്നു.
ഇതിനകം സൈദ് മക്കയിലെ പ്രസിദ്ധമായ ഉക്കാള് ചന്തയിൽ കച്ചവടച്ചരക്കായി എത്തിക്കഴിഞ്ഞിരുന്നു ! മുത്ത് നബി ﷺ എന്തോ ഒരാവശ്യത്തിന് മാർക്കറ്റിലെത്തി. അടിമകളുടെ കൂട്ടത്തിൽ മുഖലക്ഷണമൊത്ത സൈദിനെക്കണ്ടു. അവന്റെ ഭാവവും രീതിയും നബി ﷺ യെ ആകർഷിച്ചു. വീട്ടിൽച്ചെന്ന് പ്രിയ പത്നി ഖദീജ(റ)യോട് വിഷയം പങ്കുവച്ചു. “നല്ല സത്യസന്‌ധതയും സദ്സ്വഭാവവുമുള്ള ആ കുട്ടിയെ നമുക്ക് വാങ്ങണം. അവനെ നമുക്ക് നമ്മുടെ മകനായി വളർത്താം. നല്ല ഒരു ഭാവി അവനിൽ ഞാൻ കാണുന്നുണ്ട്.” ബീവി സമ്മതിച്ചു. മുത്ത് നബി ﷺയുടെ താത്പ്പര്യം ബീവിക്ക് സ്വന്തത്തെക്കാൾ എപ്പോഴും പ്രാധാന്യമുള്ളതാണല്ലോ? ബീവി ഉടനെ സഹോദരൻ ഹിസാമിന്റെ മകൻ ഹകീമിനെ വിളിച്ചു. ആവശ്യമായ പണം കൈയിൽ നൽകി. സൈദിനെ വാങ്ങിക്കൊണ്ട് വരാൻ മാർക്കറ്റിലേക്കയച്ചു. അതിവേഗം ഹക്കീം ചന്തയിലെത്തി. നാനൂറ് ദിർഹമിന് സൈദിനെ വാങ്ങി അമ്മായിക്കെത്തിച്ചുകൊടുത്തു. പ്രവാചകത്വ പ്രഖ്യാപനത്തിന്റെ പന്ത്രണ്ട് വർഷം മുമ്പായിരുന്നു ഈ സംഭവമെന്നാണ് ‘അലി അൽ ഖുസാഇ’ യുടെ അഭിപ്രായം. അന്ന് സൈദിന്റെ പ്രായം എട്ട് വയസ്സായിരുന്നുവത്രെ! അങ്ങനെയെങ്കിൽ അന്ന് മുത്ത് നബി ﷺ യുടെ പ്രായം ഇരുപത്തിയെട്ടായിരിക്കും.
ഇനി മുതൽ സൈദിന്റെ യജമാനൻ മുഹമ്മദ് ﷺ യും യജമാനത്തി ബീവി ഖദീജ(റ)യുമാണ്. പുതിയ പരിസരത്തോട് അവൻ വേഗം ഇണങ്ങി. മുത്ത് നബിﷺക്ക് നല്ല ഒരു സമ്മാനം നൽകിയ സന്തോഷത്തിലാണ് ബീവി. നല്ല ഒരു പരിചാരകനെയും പ്രിയപ്പെട്ട ഒരു മകനെയും ഒരുമിച്ചു കിട്ടിയ സന്തോഷത്തിലാണ് നബി ﷺ. സ്വന്തം മാതാപിതാക്കളെക്കാൾ സ്നേഹവും വാത്സല്യവും നൽകുന്ന ഉമ്മയേയും ഉപ്പയേയും കിട്ടിയ ആനന്ദത്തിലാണ് സൈദ് !
നബി ﷺയോടുള്ള നിരന്തര സഹവാസം സൈദിന്റെ ഹൃദയത്തിൽ ചില തിരിച്ചറിവുകൾ നൽകി. എന്റെ യജമാനൻ ഒരു സാധാരണക്കാരനല്ല. അവിടുത്തേക്ക് മഹത്തായ എന്തൊക്കെയോ വന്നു ചേരാനുണ്ട്.
Mahabba Campaign Part-33/365
അൽ അമീനിന്റെ പരിചാരകൻ, അബ്ദുൽ മുത്വലിബിന്റെ പേരക്കുട്ടി മുഹമ്മദ് ﷺ ന്റെ അടിമ. മക്കക്കാർക്ക് സൈദും, സൈദിന് മക്കയും സുപരിചിതമായി. സൈദിന് വിരഹത്തിന്റെ വേദനയില്ല. ഉപ്പയും ഉമ്മയും സഹോദരങ്ങളും എല്ലാം ഇവിടെ ലഭിച്ചിരിക്കുന്നു. ഒപ്പം സാധാരണയിൽ കവിഞ്ഞ എന്തൊക്കെയോ അനുഗ്രഹങ്ങളും സൈദ് പ്രതീക്ഷിക്കുന്നുണ്ട്.
അങ്ങനെയിരിക്കെ ഹജ്ജ് കാലം വന്നു. നാനാ ഭാഗത്തുമുള്ള ആളുകൾ മക്കയിലും പരിസരത്തുമുണ്ട്. കൂട്ടത്തിൽ ‘കൽബ്’ ഗോത്രത്തിൽ നിന്നുമുള്ളവരും മക്കയിലുണ്ട്. അവരിൽ ചിലർ വളരെ അപ്രതീക്ഷിതമായി സൈദിനെ കണ്ട് മുട്ടി. അവർ അവനെ തിരിച്ചറിഞ്ഞു. അവന് അവരേയും തിരിച്ചറിയാൻ കഴിഞ്ഞു. കാര്യങ്ങളെല്ലാം പങ്കുവെച്ചു. താമസിക്കുന്ന വീടും മറ്റും അവർക്ക് പറഞ്ഞു കൊടുത്തു. യജമാനൻ ആരാണെന്ന് കൃത്യമായി ചോദിച്ചറിഞ്ഞു. സൈദ് അവരുടെ പക്കൽ ഒരു കവിതാശകലം എഴുതിക്കൊടുത്തു. ഞാൻ ഇവിടെ ക്ഷേമത്തിലും സന്തോഷത്തിലുമാണ് എന്നതായിരുന്നു കവിതയുടെ ആശയം. ഇത് എന്റെ വീട്ടുകാരെ ഏൽപ്പിക്കണം. എന്റെ അസാന്നിധ്യത്തിൽ വിഷമിക്കുന്ന വീട്ടുകാർക്ക് ഇതൊരാശ്വാസമാകും. ഇത്രയും പറഞ്ഞ് അവൻ യജമാനന്റെ(നബി ﷺ) അടുക്കലേക്ക് ഓടിപ്പോയി. ‘കൽബ്’ ഗോത്രക്കാരായ തീർത്ഥാടകർക്ക് സന്തോഷമായി. ഹാരിസക്കും കുടുംബത്തിനും ഈ വാർത്ത ആശ്വാസം നൽകുമെന്ന് അവർ വിശ്വസിച്ചു. അവർ നാട്ടിലെത്തേണ്ട താമസം അവർ ഹാരിസയുടെ കുടുംബത്തെ വിവരമറിയിച്ചു. അവർക്ക് പുത്തൻ പ്രതീക്ഷ ലഭിച്ചു. തീർത്ഥാടകരിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു.
ഹാരിസ് തീരുമാനിച്ചു. ഇനി ഒട്ടും വൈകിക്കൂടാ. ഉടനെ മക്കയിലേക്ക് പുറപ്പെടണം. എന്ത് വില കൊടുത്തും മകനെ മോചിപ്പിച്ചു കൊണ്ടു വരണം. സഹോദരൻ കഅബ്നെ വിളിച്ചു. അദ്ദേഹം മക്കയിൽ പരിചിതനും സ്വീകാര്യനുമാണ്. ഭീമമായ സംഖ്യയും കയ്യിൽ കരുതി രണ്ടു പേരും മക്കയിലേക്ക് പുറപ്പെട്ടു. മക്കയിലെത്തിയ ഉടനെ സൈദ് താമസിക്കുന്ന കുടുംബവും വീടും കണ്ടെത്തി. അവർ സൈദിന്റെ യജമാനൻ മുഹമ്മദ് ﷺ യെ സന്ദർശിച്ചു. അവർ പറയാൻതുടങ്ങി. അല്ലയോ അബ്ദുൽ മുത്വലിബിന്റെയും ഹാഷിമിന്റെയും പൗത്രനായ ബഹുമാന്യരേ.. ഈ നാടിന്റെ അഭിമാനമാണ് അവിടുന്ന് എന്ന് ഞങ്ങൾക്കറിയാം. അല്ലാഹുവിന്റെ അതിഥികളെ സ്വീകരിക്കുന്നവരും അവന്റെ ഭവനത്തിന്റെ പരിപാലകരുമാണല്ലൊ ഖുറൈശ്. കഷ്ടപ്പെടുന്നവരെ രക്ഷപ്പെടുത്തുന്നവരും ബന്ദികളെ മോചിപ്പിക്കുന്നവരുമാണല്ലോ അവിടുന്ന്. ഞങ്ങൾ ഇപ്പോൾ വന്നത് ഞങ്ങളുടെ മകനെ മോചിപ്പിക്കാൻ വേണ്ടിയാണ്. അവിടുത്തെ കൈവശമാണ് അവൻ ഉള്ളത്. അതിനെത്ര പണം വേണമെങ്കിലും ഞങ്ങൾ തരാൻ തയ്യാറാണ്. ഞങ്ങളോട് ദയ ഉണ്ടാവണം.
നിങ്ങൾ ആരെ കുറിച്ചാണ് പറയുന്നത്? നിങ്ങളുടെ ഏത് മകനാണ് ഞങ്ങളുടെ പക്കലുള്ളത്? നബി ﷺ ചോദിച്ചു. അവർ പറഞ്ഞു. അവിടുത്തെ പരിചാരകനായ സൈദ്. അവൻ എന്റെ മകനാണ്. എന്റെ പേര് ഹാരിസ: എന്റെ ഒപ്പമുള്ളത് സഹോദരൻ കഅബ്.
ശരി, നബി ﷺ സ്നേഹാദരങ്ങളോടെ അവരോട് പ്രതികരിച്ചു. അവൻ നിങ്ങളുടെ മകനാണ് അല്ലേ! എന്നാൽ നിങ്ങൾക്കവനെ കൂട്ടിക്കൊണ്ട് പോകാം. സൈദിന്റെ പിതാവാണ് നിങ്ങൾ എങ്കിൽ ഒരു തുകയും ഞങ്ങൾക്ക് നൽകേണ്ടതില്ല. പക്ഷേ ഒരു കാര്യം. ഞാൻ അവനെ വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാം. അവൻ സ്വയം സന്നദ്ധനാകുന്നു എങ്കിൽ നിങ്ങൾക്ക് കുട്ടിക്കൊണ്ട് പോകാം. അവൻ ഇവിടെ എന്നോടൊപ്പം തുടരാൻ ആഗ്രഹിക്കുന്നപക്ഷം ബലാൽകാരമായി നിങ്ങൾ കൊണ്ടു പോകരുത്.
ശരിയാണ്, അവിടുന്ന് പറഞ്ഞത് ന്യായമാണ്. ഇതിലപ്പുറം ഒരു സഹായവും ഞങ്ങൾ പ്രതീക്ഷിക്കുന്നില്ല.
നബി ﷺ സൈദിനെ ഉടനെ വിളിച്ചു വരുത്തി. അവൻ ആവേശത്തോടെ ഓടിയെത്തി.
അഥിതികള അവൻ വേഗം തിരിച്ചറിഞ്ഞു. മുഖം പ്രസന്നമായി. ഹാരിസക്കും എന്തെന്നില്ലാത്ത സന്തോഷം. വിരഹത്തിന്റെ വേദനയിൽ നിന്ന് വീണ്ടും കണ്ടുമുട്ടിയതിന്റെ ആനന്ദത്തിൽ അയാൾ ലയിച്ചു. ഇനിയൊരിക്കലും കണ്ടുമുട്ടില്ലെന്ന് കരുതിയ പൊന്നോമന ആരോഗ്യത്തോടെ ഉന്മേഷവാനായി മുന്നിൽ നിൽക്കുന്നു. വിശ്വസിക്കാനാവാത്ത സമാഗമം.
മുത്ത് നബി ﷺ സൈദിനോട് ചോദിച്ചു. ആരൊക്കെയാ മോനേ ഈ വന്ന് നിൽക്കുന്നത്? ഇതെന്റെ ഉപ്പ ഹാരിസത്ത് ബിൻ ശറാഹീൽ. അത് എന്റെ പിതൃവ്യൻ കഅബ്. മോനേ ഇവർ നിന്നെ മോചിപ്പിച്ചു കൊണ്ട് പോകാനാ വന്നത്. മോൻ ഇവർക്കൊപ്പം പോകുന്നുണ്ടോ? അതല്ല, ഇവിടെ നമ്മോടൊപ്പം തന്നെ താമസിക്കുന്നോ? മോന്റെ ഇഷ്ടംപോലെയാകാം.
(തുടരും)
Mahabba Campaign Part-34/365
കൂടുതൽ ഒന്നും ആലോചിക്കാനില്ല. സൈദ് പറഞ്ഞു, ഞാൻ ഇവിടെത്തന്നെ തുടരുകയാണ്. ഞാൻ അവിടുത്തെ വിട്ട് എവിടേക്കും പോകുന്നില്ല. അങ്ങ് എനിക്ക് ഉമ്മയും ഉപ്പയും എല്ലാമെല്ലാമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത മറുപടി കേട്ട് ഹാരിസയും സഹോദരനും അത്ഭുതപ്പെട്ടു. ഇതെന്തൊരാശ്ചര്യം? അവർ ചോദിച്ചു. മോനേ, മോനെന്താണീ പറയുന്നത്. നീ ഉമ്മയെയും ഉപ്പയേയും വിട്ട് അടിമയായി ജീവിക്കാനാണോ ഇഷ്ടപ്പെടുന്നത്. സ്വന്തം വീട്ടിനേക്കാളും കുടുംബത്തേക്കാളും അടിമത്തമാണോ തെരഞ്ഞെടുക്കുന്നത്. ഇതെന്ത് പുതുമ? അതേ ഉപ്പാ, ഈ വ്യക്തിത്വത്തെ ഉപേക്ഷിച്ച് ഞാൻ എവിടേക്കും വരില്ല. ഈ വ്യക്തിത്വത്തിൽ നിന്ന് വരും നാളുകളിൽ ചിലതെല്ലാം ഞാൻ പ്രതീക്ഷിക്കുന്നുണ്ട്, സൈദ് പൂർത്തിയാക്കി.
ഇത്രമേൽ സ്നേഹിക്കുന്ന ഒരാളിൽ നിന്ന് എങ്ങനെ എന്റെ മകനെ ഞാൻ അടർത്തി മാറ്റും. ഹാരിസ തിരിച്ചറിഞ്ഞു. സൈദിന്റെ പ്രത്യാശയും പ്രതിപത്തിയും ഒരിക്കൽ കൂടി ബോധ്യപ്പെട്ട മുത്തുനബിﷺ അവന്റെ കരം കവർന്നു. നേരേ കഅബയുടെ അങ്കണത്തിലേക്ക് നടന്നു. ഹാരിസയും കഅബും അവരെ അനുഗമിച്ചു. ഖുറൈശീ പ്രമുഖരുടെ സാന്നിധ്യത്തിൽ മുത്ത് നബിﷺ ഇങ്ങനെയൊരു പ്രഖ്യാപനം നടത്തി. “പ്രിയപ്പെട്ട നാട്ടുകാരേ.. ഖുറൈശീ കുടുംബമേ.. ഇവൻ സൈദ്, ഹാരിസയുടെ പുത്രൻ. ഞാൻ ഇവനെ ദത്തു പുത്രനായി പ്രഖ്യാപിക്കുന്നു. എന്റെ അനന്തര സ്വത്തിൽ അവനും അവന്റെ അനന്തര സ്വത്തിൽ ഞാനും അവകാശിയായിരിക്കും. അക്കാലത്തെ പ്രധാന വിജ്ഞാപനങ്ങൾ കഅബയുടെ ചാരത്ത് വെച്ചാണ് നടക്കുക. മക്കയിലെ പ്രധാനികൾ ഒത്തു കൂടുന്നതും കാര്യങ്ങൾ ചർച്ച ചെയ്യുന്നതും കഅബയുടെ അങ്കണത്തിൽ വെച്ചായിരുന്നു.
ഹാരിസക്കും കഅബിനും ആശ്വാസമായി. സൈദ് ഇന്നു മുതൽ അടിമയല്ല ‘അൽ അമീൻ’ ന്റെ പുത്രനാണ്. ഏതായാലും മകനെ വേർപിരിക്കാൻ കഴിയില്ല. അവർ തമ്മിലുള്ള സ്നേഹത്തിന്റെ അളവും ഗാഢതയും മനസ്സിലാക്കി കഴിഞ്ഞു. മകനെ മക്കയിൽ ഏൽപ്പിച്ച് അവർ നാട്ടിലേക്ക് മടങ്ങി. മുത്തുനബിയുംﷺ സൈദും അവരെ യാത്രയാക്കി. മകനെ ഒപ്പം കൊണ്ടുപോകാനായില്ലെങ്കിലും സുരക്ഷിത കരങ്ങളിലാണെന്ന ആശ്വാസത്തോടെയാണവർ നാട്ടിലെത്തിയത്. കുടുംബത്തിൽ പോയി വിവരങ്ങൾ പങ്കുവെച്ചു. കേട്ടവർക്കും വേറെ ഒന്നും പറയാനുണ്ടായിരുന്നില്ല. പിന്നീടവർ ഇടക്കിടെ മക്കയിൽ വന്നു. കുടുംബത്തോടൊപ്പം മകനെ സന്ദർശിച്ചു മടങ്ങി.
സൈദ് മുത്ത് നബി ﷺ യുടെ തണലിൽ വളർന്നു. പ്രവാചക പ്രഭുവിന്റെ മുന്നേറ്റങ്ങൾക്കൊപ്പം സൈദും പടവുകൾ കയറി. അന്ത്യ പ്രവാചകരുടെ അരങ്ങും അടുക്കളയും അടുത്തറിയുന്ന ഒരു നല്ല സാക്ഷിയായി ചരിത്രത്തിൽ സൈദ്(റ) കടന്നു വന്നു. പ്രവാചകരുടെ പ്രബോധനത്തിന്റെ ആദ്യ നാളുകളിൽ തന്നെ ഇസ്‌ലാം പ്രഖ്യാപിച്ചു. പിതാവ് ഹാരിസയും ഇസ്‌ലാമിലേക്ക് വന്നു. തുടർന്നും പ്രവാചകരെ നിഴൽ പോലെ പിന്തുടർന്ന സൈദ്(റ) സൗഭാഗ്യങ്ങൾ നേടി. വിശുദ്ധ ഖുർആനിൽ പേര് പറയപ്പെട്ട ഏക സ്വഹാബി(പ്രവാചക അനുചരൻ) എന്ന സ്ഥാനം ലഭിച്ചു.
പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പും ശേഷവും നബിﷺ യോട് അടുത്തിടപഴകിയ അപൂർവ്വം ആളുകളിൽ ഒരാളാണ് സൈദ്(റ). മുത്ത് നബിﷺയുടെ സ്വഭാവം, ജീവിതം, പെരുമാറ്റം തുടങ്ങിയുള്ള വ്യക്തിത്വപരമായ കാര്യങ്ങൾ അറിയാനുള്ള ആധികാരിക സ്രോതസ്സുകളിൽ ഒന്നായിരുന്നു അദ്ദേഹം.
സന്ദർഭവശാൽ നബി ജീവിതത്തിന്റെ ധന്യ മുഹൂർത്തങ്ങൾക്കൊപ്പം പരീക്ഷണത്തിന്റെ നാളുകളിലും സൈദ്(റ) സാക്ഷിയും സാന്നിധ്യവും ചിലപ്പോൾ കക്ഷിയുമായി. നബി ചരിത്രവായനയിൽ തുടർന്നും ഭാഗ്യവാനായ ഈ സ്വഹാബി കടന്നുവരും. കുടുംബ ജീവിതത്തിന്റെ സൗന്ദര്യത്തിലും യുദ്ധക്കളത്തിലെ ശൗര്യത്തിലും സൈദി(റ)നിടമുണ്ടായിരുന്നു.
ലോക ചരിത്രത്തിൽ തന്നെ ഒരു വ്യക്തിത്വത്തിന്റെ മഹത്വം അടയാളപ്പെടുത്താൻ ഇത്തരമൊരു സംഭവം അപൂർവ്വ മായിരിക്കും. സൈദ്(റ) എവിടെ വരെ എത്തി എന്ന് പിന്നീട് നാം വായിക്കും. മുത്തുനബിﷺയുടെ ഇടപെടലിന്റെ മറ്റൊരധ്യായത്തിലേക്കാണ് നാം ഇനി സഞ്ചരിക്കുന്നത്.
Mahabba Campaign Part-35/365
മുത്ത് നബിﷺ സർവ്വാംഗീകൃതനായി മക്കയിൽ അവിടുത്തെ യുവത്വത്തിലൂടെ സഞ്ചരിക്കുകയാണ്. സർവ്വ സ്വീകാര്യത ബോധ്യപ്പെടുത്തുന്ന പല സന്ദർഭങ്ങളും അക്കാലത്തുണ്ടായി. അതിൽ സുപ്രധാനമായിരുന്നു കഅബയുടെ പുന:നിർമാണം.
സംഭവം ഇങ്ങനെയാണ്. കഅ്ബയുടെ പരിസരത്ത് ഒരു സ്ത്രീ പാചകത്തിനോ മറ്റോ തീ കത്തിച്ചു. തീപ്പൊരി വന്ന് കഅബയുടെ ഖില്ലയിൽ പതിച്ചു. അഗ്നിപടർന്ന് കഅബ മന്ദിരത്തിന് കേടുപാടുകൾ സംഭവിച്ചു. ഇനി പുന:നിർമിക്കാതെ മുന്നോട്ടു പോകാനാവില്ല എന്നായി. പെട്ടെന്നുള്ള പുന:നിർമ്മാണത്തിന് മറ്റു രണ്ട്കാ രണങ്ങൾ കൂടി ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
ഒന്ന്, ശക്തമായ ജലപ്രവാഹം മൂലം കഅബക്കുണ്ടായ കേടുപാടുകൾ. മലകളാൽ ചുറ്റപ്പെട്ട സ്ഥലത്താണല്ലോ കഅബ സ്ഥിതി ചെയ്യുന്നത്. പലപ്പോഴായി ഉണ്ടായ മലവെള്ളം കഅബയുടെ ചുവരുകൾക്ക് ക്ഷതമുണ്ടാക്കിയിരുന്നു.
രണ്ട്, കഅബയിലുണ്ടായ കവർച്ച. കഅബയ്ക്കുളളിലെ പല അമൂല്യവസ്തുക്കളും മോഷ്ടാക്കൾ അതിക്രമിച്ച് കൈവശപ്പെടുത്തി. കഅബയുടെ ഉള്ളിൽ ഒരു കിണറ്റിൽ സൂക്ഷിച്ചിരുന്ന മാനുകളുടെ രണ്ട് സ്വർണ ശിൽപങ്ങൾ, മറ്റു രത്നങ്ങൾ ഖുസാഅ: ഗോത്രക്കാരനായ ദുവൈക്കിന്റെ വീട്ടുവളപ്പിൽ നിന്ന് കണ്ടെടുത്തു. ഏതോ മോഷ്ടാക്കൾ തന്റെ വളപ്പിൽ ഇട്ടു പോയതാണെന്ന് അയാൾ വാദിച്ചു. പക്ഷേ സമഗ്രാന്വേഷണത്തിൽ ദുവൈക് തന്നെയാണെന്ന് മോഷ്ടാവ് എന്ന് കണ്ടെത്തി. അയാളെ കരഛേദം നടത്തി ശിക്ഷ നടപ്പിലാക്കി. ഇനിയും ഇത്തരം ശ്രമങ്ങൾ നടക്കാതിരിക്കാൻ കഅബയുടെ പുന:നിർമാണം അനിവാര്യമായി.
മറ്റൊരു മുഹൂർത്തം കൂടി അപ്പോൾ ഒത്തുവന്നു. റോമാ ചക്രവർത്തിയുടെ ഒരു കപ്പൽ സമുദ്രത്തിലൂടെ സഞ്ചരിക്കുന്നുണ്ടായിരുന്നു. അതിൽ നിറയെ കെട്ടിട നിർമാണത്തിനാവശ്യമായ വിലപ്പെട്ട സാധനങ്ങളായിരുന്നു. കല്ലുകൾ, മരങ്ങൾ, ഇരുമ്പ് ഇങ്ങനെയെല്ലാമായി എത്യോപ്യയിലേക്കായിരുന്നു കപ്പലിന്റെ സഞ്ചാരം. ജിദ്ദക്ക് സമീപമെത്തിയപ്പോൾ ശക്തമായ കൊടുങ്കാറ്റിൽ കപ്പൽ തീരത്തണയേണ്ടി വന്നു. അങ്ങനെ ജിദ്ദാ തുറമുഖത്ത് കപ്പൽ നങ്കൂരമിട്ടു. സാധന സാമഗ്രികളോടൊപ്പം ബാഖൂം എന്നു പേരുള്ള ഒരു ശിൽപിയും കപ്പലിലുണ്ടായിരുന്നു. കപ്പലും സാധനങ്ങളും ജിദ്ദയിലടിഞ്ഞ വിവരം ഖുറൈശികൾ അറിഞ്ഞു. സാധ്യത പ്രയോജനപ്പെടുത്താമെന്ന് കരുതി വലീദ് ബിൻ അൽമുഗീറയുടെ നേതൃത്വത്തിൽ ഒരു സംഘം ജിദ്ദയിലേക്ക് പോയി. കപ്പൽ അധികൃതരെ കണ്ടു സംസാരിച്ചു. കെട്ടിട സാമഗ്രികൾ വാങ്ങാൻ ധാരണയായി. ശിൽപി ബാഖൂമിന്റെ മേൽനോട്ടവും വാഗ്ദാനം ചെയ്തു.
പുന:നിർമാണത്തിനുള്ള എല്ലാ സാഹചര്യങ്ങളും ഒത്തുവന്നിരിക്കുന്നു. ഇനി ഉടനെ പണിയാരംഭിക്കാം. പക്ഷേ, നിർമിക്കണമെങ്കിൽ ഉള്ളത് പൊളിച്ചുനീക്കണം. ആർക്കും ധൈര്യം വരുന്നില്ല. അവസാനം മന്ദിരത്തിൽ നിന്ന് ഒരു കല്ലിളക്കി മാറ്റി. കല്ലിളക്കിയ ആൾക്ക് എന്തെങ്കിലും വിപത്തുകൾ സംഭവിക്കുമോ എന്നറിയാൻ മൂന്ന്ദിവസം കാത്ത് നിന്നു. ഒന്നും സംഭവിച്ചില്ല. അത് ശുഭ ലക്ഷണമായിക്കണ്ട് അവർ നിലവിലുള്ള മന്ദിരം പൊളിച്ചു നീക്കാൻ തീരുമാനിച്ചു. വലീദുബിനുൽ മുഗീറ, ആഇദ് ബിൻ അംറ് അൽ മഖ്സൂമി എന്നിവരുടെ നേതൃത്വത്തിൽ പ്രാർത്ഥനകളും ഉപചാരങ്ങളും നടത്തി. അതിനിടയിൽ ഒരു സംഭവമുണ്ടായി. ആഇദ് ഒരു കല്ലിളക്കിയതും അത് സ്വയം കയ്യിൽ നിന്ന് തെറിച്ച് പൂർവ്വ സ്ഥാനത്ത് തന്നെ പോയിപ്പതിഞ്ഞു. കാരണമാലോചിച്ചപ്പോൾ അവൻ ഒരു നിഗമനത്തിലെത്തി. ഇതൊരു നിർദേശമാണ്. സംശുദ്ധമായ സ്വത്തു മാത്രമേ കഅബാ നിർമാണത്തിന് ഉപയോഗികാൻ പാടുള്ളൂ അതാണ് ഈ പ്രതിഭാസത്തിന്റെ പൊരുൾ. അവർ പരസ്യം ചെയ്തു. സംശുദ്ധമായ സ്വത്തേ ഉപയോഗിക്കൂ എന്ന്. മോഷ്ടിച്ചത്, വ്യഭിചാരമോ ചൂതാട്ടമോ വഴി ലഭിച്ചത്, അത്തരമൊരു സ്വത്തും ഉപയോഗിക്കുകയില്ലെന്ന് തീരുമാനിച്ചു. പ്രസ്തുത തീരുമാന പ്രകാരം ഇബ്രാഹിം നബി(അ) നിർമിച്ച ബെയ്സ്മെന്റിന്റെ പൂർണ ഭാഗവും നിർമിക്കാൻ മാത്രമുള്ള വിശുദ്ധ സ്വത്ത് ഖുറൈശികൾക്കുണ്ടായിരുന്നില്ല. അതിനാൽ കഅബയുടെ വടക്കുഭാഗത്തെ അർദ്ധവൃത്തത്തിലുള്ള സ്ഥലം അടിത്തറ മാത്രമാക്കി നിലനിർത്തേണ്ടി വന്നു. കഅബയുടെ നിർമാണം ധ്രുതഗതിയിൽ നടന്നു. ഓരോ ഭാഗത്തെയും ഓരോ കുടുംബത്തെ ചുമതലപ്പെടുത്തിക്കൊണ്ടായിരുന്നു നിർമാണ പ്രവർത്തനങ്ങൾ ക്രമീകരിച്ചത്.
Mahabba Campaign Part-36/365
അതു പ്രകാരം കഅബയുടെ കവാടവും അനുബന്ധ ഭാഗങ്ങളും ബനൂസഹ്റ ബനൂ അബ്ദുമനാഫ് കുടുംബങ്ങൾക്കായിരുന്നു. തിരുനബിﷺ യുടെ ശ്രമദാനം ഈ ഭാഗത്തെ നിർമാണത്തിനായിരുന്നു. ഹജറുൽ അസ്‌വദ് മുതൽ റുക്നുൽ യമാനി വരെയുള്ള ഭാഗം മഖ്സൂം കുടുംബത്തിനും ഉപകക്ഷികൾക്കുമായിരുന്നു. ബൂസഹമ് ബനൂ ജുമഹ് എന്നിവർക്കായിരുന്നു ഉപരിതല നിർമാണങ്ങളുടെ ചുമതല. ബനൂ അബ്ദുദ്ദാർ, ബനൂഉസ്സ, ബനൂ അസദ്, ബനൂ അദിയ്യ് എന്നിവർക്കായിരുന്നു ഹജറുൽ അസ്‌വദിന്റെ ഭാഗത്തെ നിർമാണ ഉത്തരവാദിത്വം.
നിർമ്മാണ പ്രവർത്തനങ്ങൾ ഭംഗിയായി നടന്നു. റോമൻ ശിൽപി ബാഖൂമിന്റെയും കോപ്ടിക് വംശജനായ ഒരു തച്ചു വിദഗ്ധന്റെയും മേൽനോട്ടത്തിലായിരുന്നു നിർമാണം. കഅബയിൽ നിന്ന് അൽപം അകലെയുള്ള മലയിൽ നിന്ന് പൊട്ടിച്ചെടുത്ത ശിലകൾ കൊണ്ടായിരുന്നു ചുവർ നിർമിച്ചത്. പിൽകാലത്ത് ആ പർവ്വതം ജബൽ കഅബ എന്നറിയപ്പെട്ടു. തിരുനബിﷺയുടെ പ്രധാന സേവനം കല്ലു ചുമന്ന് എത്തിച്ചു കൊടുക്കുന്നതിലായിരുന്നു. തുണി മടക്കി തോളിൽ തെരിക വെക്കുന്ന ചർച്ച ഈ സമയത്താണ് ഉണ്ടായത്.
കഅബയുടെ നിർമാണം പൂർത്തിയായതിൽ പിന്നെ ഒരു തർക്കത്തിന് വഴി തുറന്നു. കഅബയുടെ തെക്കുകിഴക്കേ മൂലയിൽ ഉണ്ടായിരുന്ന കറുത്ത ശില അഥവാ ഹജറുൽ അസ്വദ് പുന:സ്ഥാപിക്കുന്നതിനെ കുറിച്ചായിരുന്നു തർക്കം. പരിശുദ്ധി കൊണ്ട് പ്രസിദ്ധമായ സ്വർഗീയ ശില പുനർപ്രതിഷ്ടിക്കുക ഓരോ വിഭാഗത്തിന്റെയും അഭിമാനമായിരുന്നു. ഓരോ വിഭാഗവും അവകാശവാദമുന്നയിച്ചു. ബനൂ അബ്ദുദാർ ഒരു തളികയിൽ പൗരന്മാരുടെ രക്തം ശേഖരിച്ചു. അതിൽ കൈമുക്കി പ്രതിജ്ഞ ചെയ്തു, ഞങ്ങൾ തന്നെ പുണ്യ ശില പ്രതിഷ്ടിക്കും. ബനൂ അദിയ്യ് ബിൻ കഅബും അതേ രീതിതന്നെ സ്വീകരിച്ചു പ്രശ്നം രൂക്ഷമായി. രംഗം സംഘർത്തിലേക്കടുത്തു.
ഖുറൈശീ പ്രമുഖർ പരിഹാരത്തിന്റെ വഴി തേടി. കഅബയുടെ അങ്കണത്തിൽ ഒത്തുകൂടി ആലോചിച്ചു. ഖുറൈശികളിൽ ഏറ്റവും തലമുതിർന്ന നേതാവ് അബൂ ഉമയ്യ മുഗീറ ബിൻ അൽ മഖ്സൂമിയെ തീരുമാനമെടുക്കാൻ ഏൽപ്പിച്ചു. അദ്ദേഹം പ്രഖ്യാപിച്ചു, അല്ലയോ ഖുറൈശികളെ.. പ്രശ്നത്തിന് ഞാനൊരു പരിഹാരം നിർദ്ദേശിക്കാം. ഇനി ഏറ്റവുമാദ്യം മന്ദിരത്തിന്റെ കവാടത്തിലൂടെ ആരാണോ കടന്നു വരുന്നത് നാമെല്ലാവരും ചേർന്ന് അദ്ദേഹത്തെ ചുമതലപ്പെടുത്താം. അദ്ദേഹം ഹജറുൽ അസ്വദ് പുന:സ്ഥാപിക്കട്ടെ, ആഗതൻ ആരായാലും ശരി. എല്ലാവരും ഈ അഭിപ്രായത്തോട് യോജിച്ചു.
എല്ലാവരും ആകാംക്ഷയോടെ നോക്കിനിന്നു. ആരായിരിക്കും ആദ്യം കടന്നു വരിക! അധികം വൈകിയില്ല. അതാ ഒരാൾ കടന്നു വരുന്നു. എല്ലാവരും ഏകസ്വരത്തിൽ വിളിച്ചു പറഞ്ഞു. ഹാദാ ‘അൽ അമീൻ’ ഈ വരുന്നത് അൽ അമീനാണ് അഥവാ മുഹമ്മദ്ﷺ. എല്ലാവരും പറഞ്ഞു. റളീനാ.. ഞങ്ങൾക്ക് സമ്മതമാണ്.
നാട്ടുകാരുടെ ചർച്ചയിലോ തീരുമാനത്തിലോ നബിﷺ പങ്കെടുത്തിരുന്നില്ല. അവിടുന്ന് വിനയത്തോടെ ജനങ്ങളുടെ അടുത്തേക്ക് വന്നു. അവർ തീരുമാനം നബിﷺയെ അറിയിച്ചു, “ഹജറുൽ അസ്വദ് പുന:സ്ഥാപിക്കുന്നതിൽ തീരുമാനമെടുക്കാൻ ഞങ്ങൾ ഐക്യത്തോടെ അങ്ങയെ ഏൽപ്പിക്കുന്നു. “വിനയ പുരസ്സരം അവിടുന്ന് പ്രശ്നം ഏറ്റെടുത്തു.
തങ്ങൾﷺക്ക് ആലോചിക്കേണ്ടി വന്നില്ല. അവിടുന്ന് നിർദ്ദേശം നൽകി. ഒരു വലിയ വസ്ത്രം കൊണ്ടുവരൂ. അവർ കൊണ്ടുവന്നു. തിരുനബിﷺ അത് നിലത്ത് വിരിച്ചു. ശില അതിൽ എടുത്ത് വച്ചു.എല്ലാ ഗോത്രത്തിന്റെയും മേധാവികളെ വിളിച്ചു. എല്ലാവരും വസ്ത്രത്തിന്റെ ഭാഗങ്ങൾ പിടിച്ചു. ഒരുമിച്ചുയർത്തി. എല്ലാവരുടേയും പങ്കാളിത്തത്തോടെ ശില സ്ഥാപിക്കേണ്ട ഭാഗത്തേക്കുയർന്നു. മുത്ത് നബിﷺ പുണ്യശിലയെടുത്ത് നിശ്ചിത സ്ഥാനത്ത് സ്ഥാപിച്ചു. എല്ലാവരും ആഹ്ലാദത്തിലായി. എല്ലാവർക്കും പങ്കാളിത്തം ലഭിച്ചു. ബുദ്ധിപരവും സമർത്ഥവുമായ തീരുമാനത്തിൽ എല്ലാവരും അൽ അമീൻﷺ യെ അഭിനന്ദിച്ചു. സംഭവങ്ങൾക്ക് ദൃക്സാക്ഷിയായ മഹാകവി ഹുബൈറ: ബീൻ അബീ വഹബ് ഇങ്ങനെ പാടി.
“തശാജറതിൽ അഹിയാഉ ഫീ ഫസ്ലി ഖുത്തതി’……..
യറുഹു ബിഹാ റകബുൽ ഇറാഖി വ യഗ്തദീ”
പതിനൊന്നു വരികളുള്ള ഈ കവിതയിലുടനീളം മുത്ത് നബിയുടെ മഹത്വവും ഈ സംഭവത്തിന്റെ പ്രാധാന്യവുമാണ് പറയുന്നത്.
Mahabba Campaign Part-37/365
Tweet 37/365
മുത്ത് നബിﷺ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി മക്കയിൽ വളരുകയാണ്. അതേ സമയം തന്നെ ലോകത്തിന്റെ പലഭാഗത്തും വാഗ്ദത്ത പ്രവാചകനെ കുറിച്ചുളള ചർച്ചകൾ വർദ്ധിച്ചു വരുന്നു. ലോകം മുഴുവൻ നന്മയുടെ ഒരു ദൂതന് വേണ്ടി കാത്തിരിക്കുന്നു. ഇരുട്ട് കനത്ത് കനത്ത് ഒരു പ്രകാശ രേണുവിന് വേണ്ടി പരിസരങ്ങൾ മുഴുവൻ യാചിച്ചു കൊണ്ടിരിക്കുന്നു.
ഇതെല്ലാം ഒത്തു കൂടിയപ്പോൾ വാഗ്ദത്ത പ്രവാചകനെ മുഹമ്മദ് നബിﷺയിൽ കണ്ടെത്തുകയും. പ്രസ്തുത വിവരം പങ്കുവെക്കുകയും ചെയ്യുന്ന ചില സാക്ഷ്യങ്ങളെ കുറിച്ച് നമുക്ക് വായിക്കാം.
വരാനുള്ള പ്രവാചകനെ സംബന്ധിച്ച ചർച്ചകൾ വേദക്കാർക്കിടയിൽ സജീവമായി. ഒപ്പം ജോത്സ്യന്മാരും പണ്ഡിറ്റുകളും പറയാൻ തുടങ്ങി. അന്നു മക്കയിൽ ജീവിച്ചിരുന്ന ദാർശനികർ അന്വേഷണങ്ങൾ ആരംഭിച്ചു. അങ്ങനെയിരിക്കെ മക്കയിൽ ഒരുത്സവ കാലം. ‘ബുവാന’ വിഗ്രഹത്തെ കേന്ദ്രീകരിച്ചു കൊണ്ടുളള ആഘോഷമാണ്. എല്ലാ വർഷവും നടന്നു വരുന്ന ആചാരങ്ങളുടെ തുടർച്ചയാണ്. ബലിയറുത്തും അർച്ചനകൾ സമർപ്പിച്ചും മക്കക്കാരെല്ലാം അവിടെ സംഗമിക്കും. ഇതിനിടയിൽ നാലാളുകൾ അതീവ സ്വകാര്യമായി ഒരു ചർച്ചയിൽ ഒത്തുകൂടി. ചർച്ചയും തീരുമാനങ്ങളും സ്വകാര്യമായിരിക്കണം എന്ന് പരസ്പരം ധാരണയായി. അവർ ഏകോപിച്ച ചർച്ചയുടെ മർമ്മം ഇതായിരുന്നു. നമ്മുടെ ജനങ്ങൾ ഇപ്പോൾ നിലകൊള്ളുന്ന ആദർശങ്ങളോ അനുഷ്ടാനങ്ങളോ ഒരു നിലക്കും നീതീകരിക്കാവുന്നതല്ല. പൂർവപിതാവും പ്രവാചകനുമായ ഇബ്റാഹീം(അ)ന്റെ മാർഗത്തിൽ നിന്ന് ഏറെ അകലെയാണ് ജനം സഞ്ചരിക്കുന്നത്. ഒരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത കേവലം പ്രതിഷ്ടകളെ അവർ ആരാധിക്കുന്നു. പ്രദക്ഷിണം ചെയ്യുന്നു. ഇതൊരിക്കലും ശരിയല്ല. സമൂഹത്തിന്റെ പൊതുധാരണയിൽ നിന്ന് മാറി സത്യാന്വേഷണത്തിനായി നാലുപേരും പ്രതിജ്ഞ ചെയ്തു. വറഖത് ബിൻ നൗഫൽ, ഉബൈദുല്ലാഹ് ബിൻ ജഹ്ഷ്, ഉസ്മാനുബിനുൽ ഹുവൈരിസ്, സൈദ് ബിൻ അംറ് ബിന് നുഫൈൽ ഇവരായിരുന്നു ആ നാല് പേർ.
വറഖത് ബിൻ നൗഫൽ വേദങ്ങൾ പഠിച്ചു. പല പ്രദേശങ്ങളിലും ഉള്ള പണ്ഡിതന്മാരെ സന്ദർശിച്ചു. മൂസാ ഈസാ (അ) പ്രവാചകന്മാരുടെ മാർഗ്ഗങ്ങൾ മനസ്സിലാക്കി. അതേ മാർഗത്തിൽ ജീവിച്ചു. മക്കയിൽ തന്നെ അറിയപ്പെടുന്ന വേദ വിജ്ഞാനിയായി. മുത്തു നബിﷺയുടെ പ്രവാചകത്വ പ്രഖ്യാപന കാലത്ത് നബിﷺയുമായി സംഭാഷണം നടത്തി. നബിﷺയെ അംഗീകരിക്കുകയും പ്രചോദനം നൽകുകയും ചെയ്തു.
ഉബൈദുല്ലാഹിബ്നു ജഹ്ഷ് പ്രത്യേകിച്ചൊരു മതവും അംഗീകരിച്ചില്ല. സ്വതന്ത്രമായി സത്യാന്വേഷണം നടത്തി. അതിനിടയിലാണ് മുത്ത് നബിﷺയുടെ നിയോഗമുണ്ടായത്. ഉബൈദിന്റെ ഭാര്യ ഉമ്മുഹബീബ: പ്രാഥമിക ഘട്ടത്തിൽ തന്നെ ഇസ്‌ലാം സ്വീകരിച്ചു. ഖുറൈശീ പ്രമുഖൻ അബൂ സുഫിയാനിന്റെ പുത്രിയായിരുന്നു അവർ. ഭാര്യയെ തുടർന്ന് ഉബൈദും ഇസ്‌ലാം അംഗീകരിച്ചു. മക്കയിലെ പരീക്ഷണങ്ങൾക്ക് സാക്ഷിയായി. എത്യോപ്യയിലേക്കുള്ള സംഘത്തോടൊപ്പം ഭാര്യാസമേതം പലായനം ചെയ്തു. എന്നാൽ എത്യോപ്യയിലെത്തിയ അദ്ദേഹം ചില ക്രൈസ്തവ പുരോഹിതന്മാരുടെ വലയിൽ അകപ്പെട്ടു. ക്രൈസ്തവ മതം സ്വീകരിച്ചു, അവരോടൊപ്പം ചേർന്നു. പിൽക്കാലത്ത് കൃസ്ത്യാനിയായിത്തന്നെ മരണമടഞ്ഞു. ഉറച്ച വിശ്വാസിനിയായ ഉമ്മു ഹബീബ ഇസ്ലാമിൽ തന്നെ ജീവിച്ചു. പിൽക്കാലത്ത് പ്രവാചക പത്നീ പദം അലങ്കരിച്ചു. ഉമ്മു ഹബീബ(റ) വിശ്വാസികളുടെ മാതാവായി.
മൂന്നാമൻ ഉസ്മാൻ ബിൻ അൽ ഹുവൈരിസ് കുറച്ച് കൂടി പഴയ ഒരു മുഹൂർത്തത്തിലാണ് അന്വേഷണം ആരംഭിച്ചത്. സംഭവം ഇങ്ങനെയാണ്. ഒരു ഉത്സവ വേള. മേൽ പറയപ്പെട്ട മൂന്ന് പേരോടൊപ്പം ഉസ്മാനുമുണ്ട്. ജനങ്ങളെല്ലാവരും ഒരു വിഗ്രഹത്തെ പ്രീതിപ്പെടുത്തുകയാണ്. കള്ളു കുടിച്ചും കൂത്താടിയും എല്ലാം. പക്ഷേ, പ്രതിഷ്ഠ ഉറയ്ക്കുന്നില്ല. തലകുത്തിവീഴുകയാണ്. പല തവണ പരിശ്രമിച്ചിട്ടും ഫലമുണ്ടായില്ല. ഇതെന്തായിരിക്കും, എന്തോ ഒരു പ്രതിഭാസം ഉണ്ടായിരിക്കുന്നു. ഉസ്മാൻ ആലോചിച്ചു. എന്തായിരിക്കും ഇത്. പിന്നീടദ്ദേഹത്തിന് ബോധ്യമായി ആ രാത്രി ബീവി ആമിന(റ) മുത്ത് നബിﷺയെ പ്രസവിച്ച രാത്രിയായിരുന്നു..
പല തവണ നേരേ നിർത്തിയിട്ടും നിൽക്കാത്ത പ്രതിഷ്ടയും ബഹുദൈവ സങ്കൽപവും അർത്ഥശൂന്യമാണെന്ന് അയാൾ തിരിച്ചറിഞ്ഞു. അത് ഇതിവൃത്തമാക്കി അയാൾ ഒരു കവിതയാലപിച്ചു. തുടർന്ന് അശരീരിയായി ഒരു കവിത കേട്ടു. ബിംബങ്ങൾ മറിഞ്ഞു വീഴാനുണ്ടായ കാരണം ആ കവിതയിൽ ഉണ്ടായിരുന്നു. നാലംഗ സംഘത്തിന്റെ വേറിട്ട ചിന്തകളുടെ തുടക്കമതായിരുന്നുവത്രെ ഇത്.
Mahabba Campaign Part-38/365
Tweet 38/365
ഉസ്‌മാൻ ബിൻ അൽ ഹുവൈരിസ് അന്വേഷണം തുടർന്നു. റോമാ ചക്രവർത്തി സീസറിന്റെ സന്നിധിയിൽ എത്തി. അറേബ്യയിൽ നിന്നെത്തിയ വിജ്ഞാനിയെ സീസർ ആദരിച്ചു. ഉസ്‌മാൻ ക്രൈസ്തവ മതം സ്വീകരിച്ചു. മുത്ത് നബിﷺയുടെ പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പ് മരണപ്പെട്ടു.
നാലാമൻ സൈദ് ബിൻ അംറ് ബിൻ നുഫൈൽ. ചിന്തകനും ദാർശനികനുമായിരുന്നു അദ്ദേഹം. അറേബ്യയിൽ നടമാടിക്കൊണ്ടിരുന്ന ദുരാചാരങ്ങളെ ശക്തിയുക്തം അദ്ദേഹം വിമർശിച്ചു. ബിംബാരാധന നടത്തുകയോ ബഹുദൈവ വിശ്വാസം അംഗീകരിക്കുകയോ ചെയ്തില്ല. അനുബന്ധമായ നേർച്ച വഴിപാടുകളോട് വിയോജിച്ചു. പെൺകുട്ടികളെ ജീവനോടെ കുഴിച്ചു മൂടുന്ന സമ്പ്രദായത്തിനെതിരെ നിലകൊണ്ടു. കുഴിമാടത്തിലേക്ക് കൊണ്ടുപോകുന്ന പെൺകുഞ്ഞുങ്ങളെ അദ്ദേഹം ദത്തെടുത്തു. ക്രൈസ്തവതയോ ജൂതായിസമോ അദ്ദേഹം വിശ്വസിച്ചില്ല. ശരിയായ തൗഹീദും (ഏക ദൈവ വിശ്വാസം) ഇബ്രാഹീമി മാർഗ്ഗവും അദ്ദേഹം സ്വീകരിച്ചു. അബൂബക്കർ(റ)ന്റെ മകൾ ബീവി അസ്മാ(റ) ഒരനുഭവം പങ്കുവെക്കുന്നു. ഒരിക്കൽ കഅബാ മന്ദിരത്തിന്റെ ചുവരിൽ ചാരിനിന്ന് കൊണ്ട് സൈദ് ബിന് അംറ് സംസാരിക്കുന്നുണ്ടായിരുന്നു. കൂട്ടത്തിൽ അദ്ദേഹം പറഞ്ഞു. ഖുറൈശികളേ ഇബ്റാഹീം(അ)ന്റെ മതത്തിൽ നേരേ ചൊവ്വേ വിശ്വസിച്ചംഗീകരിക്കുന്ന ഒരാൾ ഈ കൂട്ടത്തിൽ ഞാൻ മാത്രമേ ഉള്ളൂ. അദ്ദേഹം ഇടക്കിടെ പറയുമായിരുന്നു, അല്ലാഹുവേ നിന്നോടെങ്ങനെയാണ് ആരാധനയർപ്പികേണ്ടതെന്ന് എനിക്കറിയില്ല. അറിഞ്ഞിരുന്നെങ്കിൽ ഞാൻ അപ്രകാരം നിർവഹിക്കുമായിരുന്നു. ശേഷം അദ്ദേഹം വാഹനത്തിന്മേൽ സുജൂദ് (സാഷ്ടാംഗം) ചെയ്യുമായിരുന്നു.
ഇദ്ദേഹത്തിന്റെ അന്വേഷണ യാത്രയെ സംബന്ധിച്ച ഒരു വിവരണം ബുഖാരിയിൽ ഉണ്ട്. അബ്ദുല്ലാഹ് ബിൻ ഉമർ(റ) ഉദ്ദരിക്കുന്നു. ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പ് തന്നെ സത്യാന്വേഷിയായി സൈദ് ബിന് അംറ് സിറിയയിലെത്തി. ഒരു ജൂത പുരോഹിതനോട് അവരുടെ മതത്തെ കുറിച്ച് ചോദിച്ചറിഞ്ഞു. അവസാനം അദ്ദേഹത്തോട് ആരാഞ്ഞു. ഞാൻ ഈ മതത്തിൽ ചേർന്നാലോ? അദ്ദേഹം പറഞ്ഞു. ഇന്ന് ജൂതമതം ആകെ തകരാറിലായിരിക്കുന്നു. ഇപ്പോഴുള്ള ജൂതമതത്തിൽ ചേരുന്ന പക്ഷം പടച്ചവന്റെ കോപത്തിനിരയായെന്ന് വരും. താങ്കളും അല്ലാഹുവിന്റെ അനിഷ്ടം സമ്പാദിച്ചേക്കും. എന്നാൽ വേണ്ട, അല്ലാഹുവിന്റെ കോപത്തിൽ നിന്ന് വിട്ട് ഇഷ്ടം നേടാനാണ് ഞാൻ ഇവിടേക്ക് വന്നത്. മറ്റേതെങ്കിലും ഒരു മാർഗം നിങ്ങൾക്ക് നിർദ്ദേശിക്കാനുണ്ടോ? സൈദ് ചോദിച്ചു. പണ്ഡിതൻ ഇങ്ങനെ പറഞ്ഞു, ഹനീഫി മാർഗം അഥവാ ‘നേർവഴി’ സ്വീകരിക്കാതെ വേറെ സാധ്യതകളില്ല.
ഏതാണീ നേർവഴി? സൈദ് ചോദിച്ചു. പണ്ഡിതൻ തുടർന്നു, അതാണ് ഇബ്രാഹീമി(അ)ന്റെ മാർഗ്ഗം. അവിടുന്ന് ജൂതനോ കൃസ്ത്യാനിയോ ആയിരുന്നില്ല, ഹനീഫി മാർഗം അഥവാ നേർവഴിയിലായിരുന്നു. അല്ലാഹുവിനെ മാത്രമേ അദ്ദേഹം ആരാധിച്ചിട്ടുള്ളൂ.
സൈദ് വീണ്ടും യാത്ര തുടർന്നു. അന്വേഷണങ്ങൾ അവസാനിച്ചില്ല. ഇടയിൽ ഒരു ക്രൈസ്തവ പുരോഹിതനെ കണ്ടുമുട്ടി. അദ്ദേഹവും ജൂതപണ്ഡിതന്റെ അതേ രീതിയിൽ തന്നെ പ്രതികരിച്ചു. ഇബ്രാഹീമി സരണിയെക്കുറിച്ചു കേട്ട സൈദ്പറഞ്ഞു, അല്ലാഹുവേ.. നിശ്ചയം ഞാൻ ഇബ്രാഹീമീ മാർഗത്തിൽ നിലകൊള്ളുന്നു നീ തന്നെ സാക്ഷി..
സൈദിന്റെ അന്വേഷണയാത്രയെ കുറിച്ചുള്ള മറ്റൊരു വിവരണം ഇങ്ങനെയാണ്. സൈദ് യാത്രയാരംഭിച്ചു. സത്യം തേടിയുള്ള സഞ്ചാരം. ദേശങ്ങൾ താണ്ടി. അൽ ജസീറയിലും മൗസിലിലും അദ്ദേഹം അലഞ്ഞു. ഒടുവിൽ, ‘ബൽഖാഅ’ എന്ന പ്രദേശത്തെത്തി. വേദം ആഴത്തിൽ പഠിച്ച ഒരു വിജ്ഞാനിയെ കണ്ടെത്തി. അദ്ദേഹത്തോട് നേർവഴി (ഹനീഫി മാർഗം) അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു, സഹോദരാ.. നിങ്ങളന്വേഷിക്കുന്ന മാർഗ്ഗം ഇന്നെവിടെയും കണ്ടെത്താനാവില്ല. എന്നാൽ നേർവഴിയിലേക്കു ക്ഷണിക്കാനുള്ള സത്യദൂതൻ രംഗത്തു വരാൻ സമയം അടുത്തിരിക്കുന്നു. താങ്കളുടെ നാട്ടിൽ തന്നെയാണ് ദൂതൻ ഉദയം ചെയ്യുക. വേഗം നാട്ടിലേക്ക് തന്നെ പൊയ്ക്കോളൂ. ആഗമനം വളരെ അടുത്തിരിക്കുന്നു. ആ പുണ്യദൂതനൊപ്പം ചേരാൻ പരിശ്രമിച്ചോളൂ..
Mahabba Campaign Part-39/365
Tweet 39/365
സൈദിന് ഏറെ സന്തോഷമായി. നാട്ടിലേക്ക് തന്നെ യാത്രതിരിച്ചു. അന്വേഷണത്തിന്റെ തീരത്തണയാനുള്ള മോഹത്തോടെ അദ്ദേഹം സഞ്ചരിച്ചു. പല വഴികളും താണ്ടി. പല വാതിലുകളും മുട്ടി. ഒടുവിൽ ലക്ഷ്യത്തിലേക്കുള്ള പ്രയാണം. അദ്ദേഹം ‘ലഖ്മ്’ എന്ന പ്രദേശത്തെത്തി. അക്രമികൾ അദ്ദേഹത്തെ കടന്നു പിടിച്ചു. മരണം ഉറപ്പായപ്പോൾ അദ്ദേഹം പ്രാർത്ഥിച്ചു. എനിക്ക് എന്റെ ലക്ഷ്യത്തിലേക്കെത്താനായില്ല. എനിക്ക് ഹനീഫീ സരണി പ്രാപിക്കാനുമാവുന്നില്ല. എന്റെ മകൻ സഈദിന് നീആ മാർഗ്ഗം തടയരുതേ.. പടച്ചവനേ! ദുഷ്ടന്മാർ അദ്ദേഹത്തെ കൊലപ്പെടുത്തി. അദ്ദേഹത്തിന്റെ അവസാനത്തെ പ്രാർത്ഥന അല്ലാഹു സ്വീകരിച്ചു. സൈദിന്റെ മകൻ സഈദ്(റ) സ്വഹാബിയായി(പ്രവാചകാനുചരൻ). സ്വർഗ പ്രവേശം സുവിശേഷം ലഭിച്ച പത്തു പ്രമുഖരിൽ ഒരാളായി വാഴ്ത്തപ്പെട്ടു.
സൈദ് കൊല്ലപ്പെട്ട വിവരം മക്കയിലറിഞ്ഞു. സത്യാന്വേഷിയുടെ വിയോഗം വറഖത് ബിൻ നൗഫലിന് താങ്ങാനായില്ല. ദുഃഖം കടിച്ചമർത്തിയ അദ്ദേഹം വിലാപ വരികൾ രചിച്ചു. നേർവഴിയോട് സൈദ് കാണിച്ച താത്പര്യം എഴുതിയ ശേഷം കവിതയിൽ അദ്ദേഹം പറഞ്ഞു. നിശ്ചയം നിങ്ങൾ ഇബ്രാഹീം നബിയെ കണ്ടുമുട്ടും. ഏഴ് താഴ്‌വരകളുടെ ദൈർഘ്യം കണക്കെ ഭൂമിക്കടിയിലായാലും അല്ലാഹുവിൻറെ കാരുണ്യം നിങ്ങൾക്ക് ലഭിക്കും. (വ ഖദ് തുദ് രികുൽ ഇൻസാന റഹ്മതു റബ്ബിഹി-വലൗകാന തഹ്തൽ അർളി സബ് ഈന വാദിയാ..)
സൈദ് നല്ല ഒരു കവികൂടിയായിരുന്നു. തൗഹീദിന്റെ (ഏകദൈവവിശ്വാസം) മഹത്വം പറയുന്ന നിരവധി വരികൾ അദ്ദേഹത്തിന്റേതായി ഗ്രന്ഥങ്ങളിൽ ഉദ്ദരിച്ചിട്ടുണ്ട്. അദ്ദേഹം യഥാർത്ഥത്തിൽ ഏകദൈവ വിശ്വാസിയായിത്തന്നെയാണ് ഗണിക്കപ്പെടേണ്ടത്. ഇബ്രാഹീമി മാർഗത്തെ താത്പര്യപ്പെടുകയും ഏകനായ അല്ലാഹുവിനെ മാത്രം ആരാധ്യനായി ഉൾകൊള്ളുകയും ചെയ്ത ആളാണദ്ദേഹം. പിൽക്കാലത്ത് മുത്ത് നബിﷺ അദ്ദേഹത്തെ പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്. ഹദീസിൽ ഇങ്ങനെ കാണാം. മുത്ത് നബിﷺ പറഞ്ഞു. അദ്ദേഹത്തെ മാത്രം ഒരു സ്വതന്ത്ര സമുദായമായി പരലോകത്ത് അല്ലാഹു ഹാജരാക്കും. മറ്റൊരു നിവേദനത്തിൽ നബിﷺ സൈദിനെ കുറിച്ചു പറഞ്ഞു. “ഞാൻ സ്വർഗത്തിൽ പ്രവേശിച്ചു. സൈദുബിനു അംറിന്റേതായി രണ്ട് ഉദ്യാനങ്ങൾ ഞാനവിടെ ദർശിച്ചു”
എവിടെയും ഇരുട്ടു പടർന്നപ്പോഴും നേർവഴിയുടെ കരിന്തിരികൾ അങ്ങിങ്ങായി നിലകൊള്ളുന്നു. ലോകം മുഴുവൻ ഒരു പ്രവാചകന്റെ ആഗമഗത്തിനായി കാത്തിരിക്കുന്നു. നിയോഗ ഭൂമിയിലേക്ക് ചിലർ സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. ചിലർ വഴിമധ്യേ വിയോഗം തേടി. ചിലർ കാലേകൂട്ടി എത്തിച്ചേർന്ന് പ്രതീക്ഷിക്കുന്നു. ലോകം തന്നെ ഒരു വരവേൽപിനായി പാകപ്പെടുന്നു. എല്ലാ കണ്ണുകളും തിഹാമയുടെ താഴ്വരയിലേക് തിരിയുന്നു. അവിടുത്തെ ചെറിയ ചലനങ്ങളെപ്പോലും കാലം കാതോർക്കുന്നു. മുത്ത് നബിﷺയുടെ നിയോഗത്തിനായി പരിസരം പാകപ്പെടുന്നതിനിടയിലെ ചില ഏടുകൾ കൂടി നാം വായിക്കുകയാണ്. മദീനയിൽ ബനൂ ഖുറൈള ഗോത്രക്കാർ അധിവസിക്കുന്ന സ്ഥലം. അവിടെ സിറിയയിലെ പുണ്യവാളനായ ഒരു യഹൂദ പുരോഹിതൻ വന്ന് താമസമാക്കി. മുത്ത് നബിﷺയുടെ പ്രവാചകത്വ പ്രഖ്യാപനത്തിന് രണ്ട് വർഷം മുമ്പായിരുന്നു സംഭവം. ഇബ്നു ഹയ്യിബാൻ എന്നാണദ്ദേഹത്തിന്റെ പേര്. ഭൗതിക പരിത്യാഗിയും വേദത്തിലും ആത്മീയതയിലും പരിജ്ഞാനിയുമായിരുന്നു അദ്ദേഹം. ക്രമേണ അദ്ദേഹം മദീനയിൽ ഏവർക്കും സ്വീകാര്യനായി മാറി. മഴ ലഭിക്കാതെ വരുമ്പോൾ മദീനക്കാർ അദ്ദേഹത്തെ സമീപിക്കും. അല്ലയോ.. ഇബ്നു ഹയ്യിബാൻ പുറത്തേക്ക് വന്ന് ഞങ്ങൾക്ക് മഴ ലഭിക്കാൻ വേണ്ടി ഒന്നു പ്രാർത്ഥിച്ചാലും. അപ്പോളദ്ദേഹം പറയും പ്രാർത്ഥനക്ക് മുമ്പ് എന്തെങ്കിലും ദാനധർമം ചെയ്യുക. നാട്ടുകാർ ചോദിക്കും. എന്താണ് ചെയ്യേണ്ടത്? അൽപം കാരക്കയോ ബാർലിയോ അങ്ങനെ എന്തെങ്കിലും. ഉടൻ ജനങ്ങൾ ദാനധർമങ്ങളുമായി എത്തും. ശേഷം തുറസ്സായ ഒരു സ്ഥലത്ത് ഒരുമിച്ചു കൂടും. ഇബിനു ഹയ്യിബാന്റെ നേതൃത്വത്തിൽ മഴക്ക് വേണ്ടി പ്രാർത്ഥിക്കും. കൂട്ടം പിരിയുന്നതിന് മുമ്പ് മഴ ലഭിച്ചിരിക്കും. മദീനക്കാർക്ക് പല പ്രാവശ്യം ഇത്തരം അനുഭവങ്ങൾക്ക് സാക്ഷിയാകാൻ കഴിഞ്ഞു.
നാളുകൾ കടന്നു പോയി. ഇബ്നു ഹയ്യിബാന് രോഗം ബാധിച്ചു. എല്ലാവരും അദ്ദേഹത്തെ സന്ദർശിച്ചു. അദ്ദേഹം ചോദിച്ചു, അല്ലയോ.. യഹൂദരേ ഞാനെന്തിനാണ് നാടും വീടും വിട്ട് ഇങ്ങോട്ട് വന്നത് എന്ന് നിങ്ങൾക്കറിയുമോ?
(തുടരും)
Mahabba Campaign Part-40/365
Tweet 40/365
അദ്ദേഹം ഒരിക്കൽ കൂടി ചോദിച്ചു. എല്ലാ സൗകര്യങ്ങളും വിട്ടെറിഞ്ഞ് ഞാനിവിടെ വന്ന് നിൽക്കുന്നതെന്തിനാണെന്ന് നിങ്ങൾക്കറിയാമോ? കേട്ടവർ പറഞ്ഞു അങ്ങ് തന്നെ പറഞ്ഞാലും ഞങ്ങൾക്കറിയില്ല. അദ്ദേഹം പറഞ്ഞു തുടങ്ങി. ഞാനിവിടെ വന്ന് നിൽക്കാൻ ഒരു കാരണമുണ്ട്. ഇനി ലോകത്തേക്ക് നിയോഗിക്കപ്പെടാനുള്ള പ്രവാചകന്റെ ആഗമനം അടുത്തിരിക്കുന്നു. ആ പ്രവാചകൻ കടന്നു വരാനുള്ള വാഗ്ദതത ഭൂമിയാണിത്. പലായനം ചെയ്ത് എത്താനുള്ള ദേശമാണിത്. അവിടുന്ന് ആഗതമായാൽ ഒപ്പം ചേരാമെന്ന് കരുതിയാണ് ഇവിടെ വന്നു നിൽക്കുന്നത്. അല്ലയോ യഹൂദികളേ.. ആ പ്രവാചകൻ കടന്നു വന്നാൽ അതിവേഗം നിങ്ങൾ അനുഗമിക്കണം. അനുയായികളായിത്തീരണം. സത്യദൂതൻ കടന്നു വരുമ്പോൾ അനിവാര്യമായ ചില പോരാട്ടങ്ങളും രക്തച്ചൊരിച്ചിലും ഒക്കെയുണ്ടാവും അതിൽ നിങ്ങൾ തെറ്റിദ്ധരിക്കരുത്. അത് സത്യദൂതൻ തന്നെയായിരിക്കും അന്ത്യപ്രവാചകനുയമായിരിക്കും.
അധികം വൈകിയില്ല ഇബ്നുൽ ഹയ്യിബാൻ യാത്രയായി. അന്ത്യ പ്രവാചകനെ കാണാനും സ്വീകരിക്കാനും കാത്തിരുന്ന ആ പുണ്യപുരുഷൻ മരണപ്പെട്ടു. എന്നാൽ അവസാനം അദ്ദേഹം പറഞ്ഞ വാക്കുകൾ പലരുടെയും ഓർമയിൽ അവശേഷിച്ചു. ഹുദൈൽ ഗോത്രക്കാരായ ഉസൈദ് ബിൻ സഅദ് സഹോദരൻ സഅലബ ചങ്ങാതി ഉസൈദ് ബിൻ ഹുളൈർ എന്നിവർ പിൽക്കാലത്ത് മുത്ത് നബിﷺയെ അനുഗമിച്ചത് ഇബ്നു ഹയ്യിബാന്റെ അന്ത്യോപദേശം മാനിച്ചു കൊണ്ടായിരുന്നു. പിൽകാലത്ത് മുത്ത് നബിﷺ മദീനയിലേക്ക് പലായനം ചെയ്ത് എത്തിച്ചേർന്നു. ആദ്യഘട്ടത്തിൽ ജൂതന്മാർ ശത്രുതയോടെ നബിﷺക്കെതിരെ തിരിഞ്ഞു. എന്നാൽ ബനൂ ഖുറൈള യുദ്ധത്തിന് ശേഷം അവരുടെ നിലപാടുകൾ മാറി. അപ്പോൾ ചിലർ ഇങ്ങനെ പറഞ്ഞു. ‘ഇത് നമ്മുടെ പുണ്യ പുരുഷൻ ഇബ്നുൽ ഹയ്യിബാൻ മുന്നറിയിപ്പു നൽകിയ സത്യപ്രവാചകൻ തന്നെയാണ് സംശയിക്കേണ്ടതില്ല. ‘അങ്ങനെ ഒട്ടനവധിപേർ നബി ﷺയെ നേരിട്ടു സന്ദർശിച്ചു. അവർ ഇസ്‌ലാമിലേക്ക് കടന്നു വന്നു. നബിﷺയുടെ പ്രവാചകത്വ പ്രഖ്യാപനം പെട്ടെന്നുണ്ടായ ഒരു പ്രതിഭാസമല്ല. കാലവും ലോകവും ഒരു നവോത്ഥാന നായകനെ പ്രതീക്ഷിച്ചിരുന്നു. അന്ത്യ പ്രവാചകനായി ഒരു പുണ്യാത്മാവ് നിയോഗിക്കപ്പെടും എന്ന് വേദങ്ങളും ജഞാനികളും മുന്നറിയിപ്പു നൽകി. ആ ശ്രേഷട വ്യക്തി അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദ്ﷺ ആണെന്ന് തിരിച്ചറിഞ്ഞു. മുഹമ്മദ്ﷺ സ്വയമേ തന്നെ ഞാൻ ഒരു ദൗത്യത്തിലേക്ക് നയിക്കപ്പെടുകയാണ് എന്ന ബോധ്യത്തിലേക്ക് സഞ്ചരിച്ചു കൊണ്ടിരുന്നു. എല്ലാ ഒരുക്കങ്ങളും പൂർത്തിയായ മുഹൂർത്തത്തിലാണ് പ്രവാചകത്വ പ്രഖ്യാപനം ഉണ്ടായത്.
മുത്ത് നബിﷺ ദർശിച്ച സ്വപ്നങ്ങൾ അവിടുത്തെ നിയോഗത്തിലേക്കുള്ള ആമുഖങ്ങളായിരുന്നു.ആഇശ(റ)പ്രസ്താവിക്കുന്നു. പ്രാരംഭത്തിൽ ദിവ്യബോധനത്തി (വഹ് യ്)ന്റെ ഭാഗമായി നബി ﷺ ക്ക് ലഭിച്ചത് നല്ല നല്ല സ്വപ്നങ്ങളായിരുന്നു. അവിടുത്തെ സ്വപ്നങ്ങൾ പകൽ പോലെ പുലരുമായിരുന്നു. അഥവാ സ്വപ്നങ്ങൾ പൂർണമായും യാദാർത്ഥ്യമാകുമായിരുന്നു. ഗൗരവതരമായ ചിന്തകൾ സമ്മാനിക്കുന്ന നിരവധി സ്വപ്ന ദർശനങ്ങൾ ഇക്കാലത്ത് നബിﷺക്ക് ലഭിച്ചു. പ്രവാചകത്വ പ്രഖ്യാപനത്തിന്റെ മുന്നോടിയായി ആറുമാസത്തോളം കാഴ്ചകളുടെ കാലമായിരുന്നു എന്ന് പ്രമാണങ്ങൾ പരിചയപ്പെടുത്തുന്നു.കുട്ടത്തിൽ ഒരു സ്വപ്നത്തിൽ ഒരാൾ സമീപത്ത് വന്നു. രണ്ടാളുകൾ പിന്നിലുമുണ്ട്. അവർ വളരെ സൂക്ഷ്മമായി നബിﷺയെ നിരീക്ഷിക്കുന്നു. ഒരാൾ അടുത്തയാളോട്ചോദിച്ചു. നാം ഉദ്ദേശിച്ച വ്യക്തി ഇദ്ദേഹം തന്നെയല്ലേ? ഈ കാഴ്ചയിൽ തിരുനബിﷺ ഒന്നു പരിഭ്രമിച്ചു. പിറ്റേന്ന് രാവിലെ പിതൃസഹോദരൻ അബൂത്വാലിബിനോട് വിവരം പറഞ്ഞു. അതൊരു സ്വപ്നമല്ലേ കാര്യമാക്കേണ്ടതില്ല .അദ്ദേഹം നബിﷺയെ ആശ്വസിപ്പിച്ചു. സ്വപ്നം ആവർത്തിച്ചു. അബൂത്വാലിബിനോട് വിവരം ധരിപ്പിച്ചു. അദ്ദേഹം സഹോദര പുത്രനെയും കൂട്ടി പ്രസിദ്ധനായ ഒരു ചികിത്സകനെ സമീപിച്ചു. അദ്ദേഹം നബിﷺയെ അടിമുടി പരിശോധിച്ചു. പാദങ്ങളും ചുമലുകളും പ്രത്യേകം നിരീക്ഷിച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു അല്ലയോ അബൂത്വാലിബ്.. നിങ്ങൾ വ്യാകുലപ്പെടേണ്ടതില്ല. നിങ്ങളുടെ സഹോദരപുത്രന് ഒന്നും സംഭവിച്ചിട്ടില്ല. ഉത്തമരിൽ ഉത്തമ വ്യക്തിത്വമാണിത്. ഒരു പാട് നന്മകൾ ഈ വ്യക്തിത്വത്തിലൂടെ ഇനി വരാനുണ്ട്. ഒരിക്കലും പിശാചുബാധയോ മറ്റോ ഇവരിൽ സംഭവിക്കില്ല. അതുണ്ടാകാൻ സാധ്യതയുള്ള വ്യക്തിയല്ല ഇത്. ഈ വ്യക്തിത്വത്തിലേക്ക് നാമൂസ്(ജിബ്‌രീൽ) ആഗതമാകാൻ അടുത്തിരിക്കുന്നു അതിന്റെ ലക്ഷണങ്ങളാണിതെല്ലാം.
(തുടരും)
Mahabba Campaign Part-41/365
Tweet 41/365
മുത്തുനബിﷺയിൽ ആഭ്യന്തരമായ പാകപ്പെടലുകൾ നടക്കുന്നു. കണ്ടവരും കേട്ടവരും ദൈവദൂതിന്റെ അവതരണം മുഹമ്മദ്ﷺയിൽ പ്രതീക്ഷിക്കുന്നു. പരിസരങ്ങൾ വീണ്ടും വീണ്ടും തങ്ങളോട് ചിലതൊക്കെ വിളിച്ചുപറയുന്നു.
ഇമാം മുസ്‌ലിം ഉദ്ദരിക്കുന്ന ഹദീസിൽ ഇങ്ങനെ വായിക്കാം. നബിﷺ പറഞ്ഞു, “മക്കയിൽ ഒരു കല്ലുണ്ടായിരുന്നു. നിയോഗത്തിന് മുമ്പ് തന്നെ എനിക്ക് സലാം പറയാറുണ്ടായിരുന്നു. ഇപ്പോഴും എനിക്കതിനെ അറിയാം. “ഇത് കേവലം ഒരു കല്ലിൽ പരിമിതപ്പെട്ടതല്ല. വേറെയും പല പ്രതിഭാസങ്ങളും വസ്തുക്കളും മുത്ത് നബിﷺയെ അഭിവാദ്യം ചെയ്തിരുന്നു. അലി(റ) പറയുന്നതായിക്കാണാം. ഞങ്ങൾ നബിﷺയോടൊപ്പം മക്കയിൽ കഴിയുന്നകാലം. ഞങ്ങൾ ഒരുമിച്ച് മക്കയിലെ ചില പ്രാന്തപ്രദേശങ്ങളിലേക്ക് പോയി. കുന്നുകളും മരങ്ങളുമുള്ള പ്രവിശ്യയിലൂടെയാണ് നടന്നു നീങ്ങിയത്. ഓരോ മരവും കുന്നും മുത്ത് നബിക്ക് ﷺ സലാം പറയുന്നുണ്ടായിരുന്നു. “അസ്സലാമു അലൈക യാറസൂലല്ലാഹ് (അല്ലാഹുവിന്റെ ദൂതരേ.. അവിടുത്തേക്ക് സലാം) എന്ന്. മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. ഏതൊരു മരത്തിന്റെയും കുന്നിന്റേയും സമീപത്തുകൂടി സഞ്ചരിക്കുമ്പോഴും ഓരോന്നും നബിﷺക്ക് സലാം ചൊല്ലുന്നുണ്ടായിരുന്നു. എനിക്കും അത് വ്യക്തമായി കേൾക്കാമായിരുന്നു.
ഇത്തരം നിരവധി സംഭവങ്ങൾ ഹദീസുകളിലും ചരിത്ര ഗ്രന്ഥങ്ങളിലുമുണ്ട്. ഇങ്ങനെയൊക്കെ ഉണ്ടാകാമോ എന്ന് സംശയിക്കേണ്ടതില്ല. ആലങ്കാരികമായി പറഞ്ഞതാണെന്ന് വ്യാഖ്യാനിക്കേണ്ടതുമില്ല. കാരണം, ഇത്തരം സംഭവങ്ങൾ നബിﷺക്ക് മുഅജിസത്തായി (അമാനുഷിക മഹത്വം) അല്ലാഹു നൽകിയതാണ്. ചില അചേതന വസ്തുക്കൾ വിവേകത്തോട് കൂടി പെരുമാറിയത് അതിന്റെ ഭാഗമാണ്. അല്ലാഹുവിനെ ഭയന്ന് ഉരുളുന്ന പാറകളെ കുറിച്ച് ഖുർആൻ പരാമർശിക്കുന്നുണ്ട്. അല്ലാഹുവിനെ സ്തുതിക്കുകയും വാഴ്ത്തുകയും ചെയ്യാത്ത ഒരു വസ്തുവുമില്ലെന്നും ഖുർആൻ പറയുന്നുണ്ട്. ഇമാം നവവി(റ) രേഖപ്പെടുത്തിയ വിശദീകരണത്തിന്റെ ഭാഗമാണിത്.
പ്രവാചകത്വത്തിന്റെ പ്രഖ്യാപനത്തിന് മുമ്പ് നബിﷺ പല അശരീരികളും കേൾക്കുമായിരുന്നു. വാനലോകത്ത് ചില പ്രത്യേകമായ പ്രകാശവീചികൾ പ്രത്യക്ഷപ്പെടുന്നത് ശ്രദ്ധയിൽ പെടും. ഒരിക്കൽ പ്രിയ പത്നി ബീവി ഖദീജ(റ)യോട് അവിടുന്ന് പറഞ്ഞു. ഓ ഖദീജാ ഞാൻ ചില അശരീരികൾ കേൾക്കുന്നു. പ്രത്യേകമായ ചില പ്രകാശങ്ങൾ ദർശിക്കുന്നു, എന്താണാവോ? ഞാൻ എന്തോ ആയിപ്പോകുമോ എന്ന് ഞാൻ ആശങ്കപ്പെടുന്നു. പക്വമതിയായ പ്രിയതമ പറഞ്ഞു. ആശങ്കപ്പെടാനൊന്നുമില്ല, അല്ലാഹു സത്യം! അവിടുത്തേക്ക് നന്മയല്ലാത്തതൊന്നും സംഭവിക്കുകയില്ല. അങ്ങ് സത്യസന്ധതയും കുടുംബബന്ധവും പാലിക്കുകയും പുലർത്തുകയും ചെയ്യുന്നവരാണല്ലോ? അപകടമായി ഒന്നും സംഭവിക്കില്ല.
ക്രമേണ മുത്ത് നബിﷺയിൽ മാറ്റങ്ങൾ വന്നുകൊണ്ടേയിരുന്നു. ഒരു വലിയ ദൗത്യം ഏറ്റെടുക്കുന്നതിന്റെ പാകപ്പെടലുകൾ. അല്ലാഹു അവന്റെ ദൂതനെ സജ്ജീകരിക്കുകയാണ്. ലോകം മുഴുവൻ സമുദ്ദരിക്കാനുള്ള ഒരു സംഹിത ഏൽപിച്ചു കൊടുക്കാൻ തയ്യാറാക്കുകയാണ്. അക്കാലത്ത് തങ്ങൾ ഒറ്റപ്പെട്ടു സഞ്ചരിക്കുമ്പോൾ വിജനതയിൽ നിന്ന് തങ്ങൾക്ക് ആരൊക്കെയോ സലാം ചൊല്ലും. അല്ലാഹുവിന്റെ ദൂതരേ എന്ന് വിളിച്ചു കൊണ്ട് അഭിവാദ്യമർപ്പിക്കും. പിന്നെപ്പിന്നെ അവിടുത്തേക്ക് ഏകാന്തത ഒരു ഹരമായി. അല്ലാഹുവിനെ ആലോചിച്ചും അവന് ആരാധനകൾ അർപിച്ചും ഒറ്റക്കിരിക്കും. ഈയൊരു ഏകാഗ്രധ്യാനം എന്തെങ്കിലും കാരണത്താൽ നബിﷺ പദ്ധതിയിട്ട പ്രകാരം രൂപപ്പെടുത്തിയതല്ല. അല്ലാഹുവിൽ നിന്നുള്ള ആത്മീയ ചോദനയുടെ ഭാഗമായി വന്നു ചേർന്നതാണ്. സാമൂഹിക അനർത്ഥങ്ങളിൽ ആകുലപ്പെട്ട് ധ്യാനം തെരഞ്ഞെടുത്ത ദാർശനികന്മാരെപ്പോലെയല്ല. നിശ്ചിതമായ കർമപദ്ധതികളുടെ ഭാഗമായി രൂപപ്പെടുത്തിയ കാനനവാസത്തെപ്പോലെയുമല്ല. അത്തരം ആലോചനയോ പദ്ധതിയോ ഒന്നും രൂപപ്പെടുത്താത്ത മുഹമ്മദ്ﷺയെ അല്ലാഹു അന്ത്യ ദൂതതനായി തെരഞ്ഞെടുത്തതിന്റെ ഭാഗമായി നൽകിയ ഏകാന്തവാസമാണിത്. അതിൽ മുത്ത് നബിﷺആത്മാർത്ഥമായി ആനന്ദം കണ്ടെത്തി. സവിശേഷമായ ഒരു ഏകാന്തതക്ക് മക്കയിലെ പ്രകാശഗിരി (ജബലുന്നൂർ) യുടെ ഉച്ചിയിൽ ഹിറാ ഗുഹയിൽ പോയി ഇരിക്കാൻ അവിടുത്തേക്ക് ഉൾവിളിയുണ്ടായി.
Mahabba Campaign Part-42/365
Tweet 42/365
ഹിറാഗുഹക്ക് ചില പ്രത്യേകതകളുണ്ടായിരുന്നു.
ഒന്ന്- അതിന്റെ ഉള്ളിൽ ഇരുന്നാൽ കഅബാ മന്ദിരം നേരിട്ട് കാണാമായിരുന്നു.
രണ്ട്- മുത്ത് നബിﷺയുടെ പിതാമഹൻ അബ്ദുൽ മുത്വലിബ് ധ്യാനത്തിലിരിക്കാറുണ്ടായിരുന്ന ഗുഹയായിരുന്നു. ഹിറാഗുഹ നബിﷺയെ തന്നിലേക്ക് താത്പര്യപൂർവ്വം സ്വാഗതം ചെയ്ത പരാമർശങ്ങളും വായിക്കാനുണ്ട്. ഇമാം കുലാഇയുടെ ഒരു വിശദീകരണം ഇങ്ങനെയുണ്ട്. എല്ലാവർഷവും ഒരു മാസക്കാലം നബിﷺ ഹിറാഗുഹയിൽ ഏകാന്തവാസം നടത്തുമായിരുന്നു. ഖുറൈശികൾക്കിടയിൽ അങ്ങനെയൊരു സമ്പ്രദായം നേരത്തേ ഉണ്ടായിരുന്നുവത്രെ. ‘തഹന്നുസ്’ അഥവാ വിഗ്രഹങ്ങളെ വെടിയുക അല്ലെങ്കിൽ, ‘തഹന്നുഫ്’ അഥവാ പ്രതിഷ്ടകളെ വിട്ട് നേർവഴി തേടുക എന്നീ പേരുകളിൽ ഈ ഏകാന്തവാസം അറിയപ്പെട്ടിരുന്നു.
ഒരു മാസത്തെ ഏകാന്തവാസത്തെ തുടർന്ന് അവിടെയെത്തുന്നവർക്ക് നബിﷺ ഭക്ഷണം നൽകുമായിരുന്നു. ധ്യാനം കഴിഞ്ഞു താഴെ ഇറങ്ങിയാൽ നേരേ കഅബാ മന്ദിരത്തിലേക്ക് വരും. ഏഴ് തവണയോ പലഘട്ടമോ കഅബയെ പ്രദക്ഷിണം ചെയ്യും. ശേഷംവീട്ടിലേക്ക് മടങ്ങും. ഒരു തവണ ഹിറയിൽ എത്തിയാൽ എത്ര ദിവസം വരെ തങ്ങുമായിരുന്നു എന്നതിൽ വിവിധ അഭിപ്രായങ്ങളുണ്ട്. മൂന്ന്, ഏഴ്, റമളാനിലായാൽ ഒരു മാസം വരെ എന്നിങ്ങനെയാണ് നിവേദനങ്ങൾ. ഒരു മാസത്തിലധികം എന്ന അഭിപ്രായം നിവേദനങ്ങളിൽ കാണുന്നില്ല. അവിടെ കഴിഞ്ഞു കൂടാൻ ആവശ്യമായ വിഭവങ്ങൾ കരുതിയാണ് പോവുക. ഒരു തരം കേക്കും ഒലീവ് എണ്ണയുമായിരുന്നു കൊണ്ടുപോയിരുന്നത് എന്ന് ഗ്രന്ഥങ്ങളിൽ കാണുന്നു.
മുത്തുനബിﷺ ഹിറയിൽ ആരാധനയിൽ കഴിഞ്ഞ കാലം എല്ലാവിധ പിന്തുണയും നൽകി ഒപ്പം നിന്നു പത്നി ബീവി ഖദീജ(റ). മുത്ത് നബിﷺ കരുതിക്കൊണ്ടുപോയ സാധനങ്ങൾ തീരാനായി എന്ന് തോന്നിയാൽ ആവശ്യമായത് മഹതി എത്തിച്ചുകൊടുക്കുമായിരുന്നു. ചിലപ്പോൾ സ്വന്തം തന്നെ സാധനങ്ങളുമായി മല കയറും. വീട്ടിൽ നിന്ന് നാല് മൈൽ അകലെയാണ് ജബലുന്നൂർ. താഴ്‌വരയിൽ നിന്ന് എണ്ണൂറ്റി എഴുപതോളം മീറ്റർ കുത്തനെയുള്ള പർവ്വതം കയറിയിട്ട് വേണം ഗുഹയിലെത്താൻ. ഒരിക്കൽ പോലും പരിഭവമൊന്നും പറയുകയോ പ്രകടിപ്പിക്കുകയോ ചെയ്തില്ല. സർവ്വാത്മനാ പിന്തുണയോടെ സേവന നിരതയായിരുന്നു ബീവി. മുത്ത് നബിﷺ ഖദീജ ബീവി(റ)യെ പത്നിയായി തെരഞ്ഞെടുത്തത് ഒരു നിയോഗമാണെന്ന് ബോധ്യപ്പെടുത്തുന്ന നാളുകളായിരുന്നു അത്.
ഒറ്റപ്പെട്ട നാളുകളിൽ മലമുകളിലെത്തി ഭർത്താവിന്റെ സേവനത്തിലായി ഗിരിശൃംഖത്തിൽ തന്നെ മഹതിയും താമസിക്കും. ശേഷം താഴ്‌വരയിലേക്ക് ഇറങ്ങിവരും.
ചില സന്ദർഭങ്ങളിൽ മുത്ത് നബിﷺയെ ഗുഹയിലേക്ക് യാത്രയാക്കി മഹതി നാളുകൾ എണ്ണും. ശേഷം നൂർ പർവ്വതത്തിന് നേരേ കുറേ സമയം നോക്കിയിരിക്കും. പിന്നെ പ്രിയതമനെത്തേടി അന്നൂർ താഴ്‌വരയിലേക്ക് നടക്കും. താഴെ നിന്ന് കുറേ നേരം മുകളിലേക്ക് കണ്ണുനട്ട് നിൽക്കും. അൽപം കഴിയുമ്പോഴേക്കും മുത്ത് നബിﷺ മലയിറങ്ങിയെത്തിയിട്ടുണ്ടാകും. ആനന്ദത്തോടെ അവർ സന്ധിക്കും. താഴ്‌വരയിൽ തന്നെ അന്ന് കഴിഞ്ഞുകൂടും. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഭക്ഷണവും മറ്റും നൽകി പരിചരിക്കും. പ്രഭാതമായാൽ മുത്ത് നബിﷺ മലമുകളിലേക്ക് തന്നെ കയറും. മഹതി വീട്ടിലേക്ക് മടങ്ങും. അങ്ങനെ ഒരു രാത്രിയിൽ കഴിഞ്ഞു കൂടിയ സ്ഥലത്ത് പിൽക്കാലത്ത് ഒരു പള്ളി നിർമിക്കപ്പെട്ടു. അതാണ് ‘മസ്ജിദുൽ ഇജാബ:.
ചില ദിവസങ്ങളിൽ മഹതി മലകയറി മുകളിലെത്തിയപ്പോൾ മുത്ത്നബിﷺയെ കാണാനില്ല. നാലുപാടും പരതി. ഉച്ചത്തിൽ വിളിച്ചു നോക്കി. ശേഷം പരിചാരകരെ മലയുടെ പാർശ്വഭാഗങ്ങളിലേക്കയച്ചു. അപ്പോഴതാ താപസരായി ഒരു കോണിൽ ഇരിക്കുന്നു. അല്ലെങ്കിൽ ആത്മീയ വിചാരത്തിൽ ഉലാത്തുന്നു. മഹതിയെ വിവരമറിയിച്ചു. അവർ സംഭാഷണം നടത്തി മടങ്ങിപ്പോന്നു.
ചിലപ്പോൾ പ്രതീക്ഷിച്ചതിലും നേരത്തേ മലയിറങ്ങി വീട്ടിലെത്തും. കാരണം കൈവശം കൊണ്ടുപോയ ഭക്ഷണം ആർക്കെങ്കിലും ദാനം ചെയ്തിട്ടുണ്ടാകും.
എന്തെങ്കിലും വേറിട്ട അനുഭവങ്ങൾ ഉണ്ടായാൽ മുത്ത് നബിﷺ മഹതിയോട് പങ്കുവെക്കും. പക്വമതിയായ ഭവതി ക്ഷമയോടെ കേൾക്കും. ഉചിതമായ രൂപത്തിൽ ആശ്വസിപ്പിക്കും…
Mahabba Campaign Part-43/365
Tweet 43/365
ഹിറാ ഗുഹയിൽ വസിക്കുന്ന കാലത്ത് നബിﷺ ഏത് വിധത്തിലുള്ള ആരാധനയായിരുന്നു നിർവഹിച്ചിരുന്നത്. വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. മുൻകാല പ്രവാചകൻമാരുടെ ആരാധനാ മുറകളായിരുന്നു എന്നതാണൊരു പക്ഷം. എന്നാൽ ഏത് പ്രവാചകന്റെ മാർഗമായിരുന്നു എന്നവർ നിർണയിച്ചിട്ടില്ല. എട്ട് വീക്ഷണങ്ങൾ ഇവിടെ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇബ്നുൽ ബുർഹാൻ പറയുന്നത് ആദിപിതാവായ ആദം നബി(അ)യുടെ സരണിയായിരുന്നു എന്നാണ്. എല്ലാ നബിമാരുടേയും പിതാവണല്ലോ അവിടുന്ന്. ഇമാം ആമുദി നിരീക്ഷിച്ചത് നൂഹ് നബി(അ)ന്റെ മാർഗമാണെന്നാണ്. ശൈഖുൽ അൻബിയാ എന്ന പദവിയുള്ളവരാണല്ലോ അവിടുന്ന്. ഒരുപറ്റം പണ്ഡിതന്മാർ അഭിപ്രായപ്പെട്ടത് ഇബ്റാഹീം നബി(അ)ന്റെ മാർഗം എന്നാണ്. അല്ലാഹുവിന്റെ ഖലീൽ എന്ന പദവിയുള്ള പ്രവാചകനാണല്ലോ അവിടുന്ന്. ഒപ്പം ഇബ്റാഹീമി സരണിയെ നിർദ്ദേശിച്ചു കൊണ്ടുള്ള ഖുർആൻ സൂക്തം പിന്നീട് അവതരിച്ചിട്ടുമുണ്ട്. മൂസാനബി(അ)യുടേത് ഈസാ നബി(അ)യുടേത് എന്നിങ്ങനെയാണ് നാലാമത്തേയും അഞ്ചാമത്തേയും അഭിപ്രായങ്ങൾ. ക്രമപ്രകാരം കലീമുല്ലാഹ്, റൂഹുള്ളാഹ് എന്നീ പദവികൾ ഉള്ളവരാണല്ലോ അവർ. മുൻകാല പ്രവാചകന്മാരുടെ ആരാധനാമുറകളിൽ നിന്ന് പലതും ചേർത്തുകൊണ്ടായിരുന്നു എന്നതാണ് മറ്റൊരു നിരീക്ഷണം. നബിﷺക്ക് സ്വതന്ത്രമായിത്തന്നെ ആരാധനാമുറകൾ അല്ലാഹു അധ്യാത്മികമായി നൽകുകയായിരുന്നു എന്നാണ് അടുത്ത പക്ഷം. അവസാനത്തെ വീക്ഷണത്തെ പരിഗണിച്ചു കൊണ്ട് ഇമാം ഇബ്നുഹജർ(റ) പറയുന്നതി പ്രകാരമാണ്. “തിരുനബിﷺക്ക് അക്കാലത്തും സവിശേഷമായ ചില അധ്യാത്മിക നിർദ്ദേശങ്ങൾ ലഭിച്ചിരുന്നു. അത് പ്രകാരമാണ് അവിടുന്ന് ആരാധനകൾ നിർവഹിച്ചിരുന്നത്.”
അക്കാലത്തെ പ്രധാന ആരാധന ചിന്തയും മനനവും ആയിരുന്നു. അഥവാ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളെ കുറിച്ചുള്ള ആലോചനയും അവന്റെ മഹത്വത്തെ കുറിച്ചുളള വിചാരങ്ങളുമായിരുന്നു. ഈയൊരു കാലയളവിനെ ആത്മീയ മുറകൾ(രിയാള:) ചെയ്തു തീർക്കാനുള്ള തപസ്സ്(ഖൽവത്) കാലമായി അവതരിപ്പിച്ചവരുണ്ട്. ജീവിത വ്യവഹാരങ്ങളിൽ നിന്നൊഴിഞ്ഞ് നിന്ന് ചിന്താധ്യാന (തഫക്കുർ) ത്തിൽ കഴിഞ്ഞു കൂടിയ കാലം എന്ന് സാരം.
ഹിറയിൽ വസിക്കുന്ന കാലം നാൾക്കുനാൾ മുത്ത് നബിﷺക്ക് വ്യത്യസ്തങ്ങളായ ആത്മീയ അനുഭവങ്ങൾ ലഭിച്ചു കൊണ്ടിരുന്നു. ഒരു സന്ദർഭം ഇങ്ങനെയായിരുന്നു. അംറ്ബിൻ ശുറഹബീൽ പറയുന്നു, മുത്ത് നബിﷺ പ്രിയ പത്നി ഖദീജ(റ) യോട് പറഞ്ഞു. ഖദീജാ.. ഞാൻ ഒറ്റക്കാകുമ്പോൾ പ്രത്യേകതരത്തിലുള്ള പ്രകാശരേണുക്കൾ പ്രത്യക്ഷപ്പെടും. ചില സംസാരങ്ങൾ കേൾക്കും.. “അല്ലയോ മുഹമ്മദ്ﷺ… ഞാൻ ജിബ്‌രീലാകുന്നു..” എന്ന്.
എന്താണ് ഖദീജാ ഇത്. എനിക്കെന്തോ സംഭവിക്കുന്നത് പോലെ. ഖദീജ(റ) പറയും. അവിടുന്ന് ഒന്നും ഭയപ്പെടേണ്ടതില്ല. അവിടുത്തേക്ക് നല്ലതല്ലാത്തതൊന്നും സംഭവിക്കുകയില്ല. അൽപം കഴിഞ്ഞ് അബൂബക്കർ(റ) അവിടേക്കു കടന്നുവന്നു. ഖദീജ(റ) വിവരങ്ങൾ അബൂബക്കർ(റ)നെ അറിയിച്ചു. മഹാനവർകൾ പറഞ്ഞു, നിങ്ങൾ വറഖത് ബിൻ നൗഫലിനെ സമീപിച്ചു വിഷയമൊന്ന് ധരിപ്പിക്കൂ. അദ്ദേഹം വലിയ വേദജ്ഞാനിയാണല്ലോ. തുടർന്ന് അദ്ദേഹം മുത്ത് നബിﷺയേയും കൂട്ടി വറഖത്തിനെ സമീപിച്ചു. കാര്യങ്ങളെല്ലാം വിശദമായി അദ്ദേഹത്തോട് പറഞ്ഞു. ഞാൻ ജിബ്‌രീലാണ് എന്ന ശബ്ദ സന്ദേശത്തെ കുറിച്ച് പറഞ്ഞപ്പോൾ വറഖ പറഞ്ഞു.. സുബ്ബൂഹുൻ.. സുബ്ബൂഹുൻ.. വാഴ്ത്തപ്പെട്ടവൻ.. വിഗ്രഹങ്ങൾ ആരാധിക്കപ്പെടുന്ന ഈ ദേശത്ത് ജിബ്രീൽ(അ) പറയപ്പെടുന്നുണ്ടല്ലോ! അല്ലാഹുവിനും തിരുദൂതർക്കുമിടയിൽ ദൗത്യം എത്തിച്ചു നൽകുന്ന മലക്ക് ജിബ്‌രീലാണ് മോനേ അത്, ആശങ്കപ്പെടാനൊന്നുമില്ല.
മറ്റൊരിക്കൽ രാത്രിയിൽ ഒറ്റക്കു നടക്കുമ്പോൾ അതാ ഒരു ശബ്ദം. ‘അസ്സലാം’… വേഗം വീട്ടിലേക്ക് പോയി. ബീവി ഖദീജയോട് കാര്യം പറഞ്ഞു. മഹതിയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. അസ്സലാം എന്നത് ശാന്തിയുടെ സന്ദേശമാണല്ലോ നല്ലതേ സംഭവിക്കുകയുള്ളൂ ഒന്നും വ്യാകുലപ്പെടേണ്ടതില്ല.
പിന്നീടൊരിക്കൽ വറഖയോട് പുതിയ അനുഭവങ്ങൾ പങ്കുവെച്ചു. അപ്പോഴദ്ദേഹം പറഞ്ഞു. സന്തോഷിക്കൂ.. മോനേ സന്തോഷിക്കൂ.. മർയമിന്റെ മകൻ ഈസാ പ്രവാചക(അ)നെ സമീപിച്ച നാമൂസ് തന്നെയാണ് മോനെയും പിൻതുടരുന്നത്…
Mahabba Campaign Part-44/365
Tweet 44/365
മുത്ത് നബിﷺയെ ഔദ്യോഗികമായി ദൗത്യമേൽപിക്കുന്ന പ്രഥമഘട്ടത്തെകുറിച്ചുള്ള ഒരു നിവേദനം ഇങ്ങനെ വായിക്കാം. റമളാനിലെ അവസാനത്തിൽ മുത്ത് നബിﷺ ഹിറാ ഗുഹയിൽ ആരാധനയിലായിരുന്നു. ശനിയാഴ്ച രാത്രിയും ഞായറാഴ്ച രാത്രിയും ജിബ് രീൽ (അ) നബി ﷺയെ സമീപിച്ചു. തിങ്കളാഴ്ച രാത്രിയിൽ ജിബ്‌രീലും മികാഈലും(അ) ഒരുമിച്ച് നബി ﷺയുടെ മുമ്പിൽ പ്രത്യക്ഷപ്പെട്ടു. മികാഈൽ(അ) ആകാശഭൂമികൾകിടയിൽ അന്തരീക്ഷത്തിൽ നിന്നു. മലക്കുകളിൽ ഒരാൾ മറ്റൊരാളോട് ചോദിച്ചു. ഇത് തന്നെയല്ലേ നാം ഉദേശിച്ച വ്യക്തി? അതെ, ഇതു തന്നെ. അടുത്തയാൾ മറുപടിയും പറഞ്ഞു. എന്നാൽ ഈ വ്യക്തിയെ ഒരാളോടൊപ്പം ഒന്നു തൂക്കി നോക്കാം. അപ്പോൾ ഭാരത്തിൽ നബി ﷺ മികച്ചു നിന്നു. ഒരാൾക്ക് പകരം പത്ത് പേരെ വച്ച് തൂക്കി നോക്കാൻ കൽപനയുണ്ടായി. അപ്പോഴും നബി ﷺ തന്നെ മികച്ചു നിന്നു. നൂറു പേരെ വച്ചു പരിശോധിച്ചപ്പോഴും അപ്രകാരം തന്നെ അനുഭവപ്പെട്ടു. അവസാനം അവർ പറഞ്ഞു. കഅബയുടെ നാഥൻ തന്നെ സത്യം. ഈ വ്യക്തിയുടെ മറുഭാഗത്ത് സമുദായത്തെ മുഴുവൻ വച്ച് നോക്കിയാലും ഇവർ തന്നെ മികച്ച് നിൽക്കും.
ശേഷം മുത്ത് രത്നങ്ങൾ കൊണ്ടലങ്കരിച്ച സവിശേഷമായ ഒരു വിരിപ്പ് നിവർത്തി. അതിന്മേൽ നബി ﷺ യെ ഇരുത്തി. ഒരാൾ പറഞ്ഞു, ഈ വ്യക്തിയുടെ അകം ഒന്നു പവിത്രമാക്കണം. അവർ അത് നിർവഹിച്ചു. (മനുഷ്യ പ്രകൃതിയിൽ) പൈശാചിക സംവേദനത്തിന് സാധ്യതയുള്ള രക്ത പിണ്ഡം നബി ﷺ യുടെ ശരീരത്തിൽ നിന്ന് എടുത്ത് മാറ്റി. ഒരാൾ പറഞ്ഞു, അകം നന്നായി കഴുകി പരിശുദ്ധമാക്കുക. തുടർന്ന് ശരീരത്തിൽ നിന്ന് തുറന്ന ഭാഗം തുന്നിച്ചേർത്തു. നബി ﷺ യെ ശരിയായ വിധത്തിൽ നിവർത്തിയിരുത്തി.
പിന്നീട് പ്രവാചകത്വ ദൗത്യം ഏൽപ്പിച്ചു. ശേഷം മനോധൈര്യത്തിനാവശ്യമായതെല്ലാം നൽകി. ജിബ്‌രീൽ(അ) നബി ﷺ യോട് ആവശ്യപ്പെട്ടു, വായിക്കുക… നബി ﷺ പറഞ്ഞു ഞാൻ വായിക്കുന്ന ആളല്ല. ഉടനെ ജിബ്‌രീൽ(അ) നബി ﷺ യെ ഗാഢമായി ഒന്ന് ആലിംഗനം ചെയ്തു.
ആലിംഗനത്തിന്റെ ഗാഢത നബി ﷺ അനുഭവിച്ചു. വീണ്ടും ആവശ്യപ്പെട്ടു, വായിക്കുക… ഞാൻ വായിക്കുന്ന ആളല്ല. മൂന്ന് പ്രാവശ്യം ഇതാവർത്തിച്ചു. തുടർന്ന് സൂറതുൽ ഖലമിലെ ഇഖ്റഅ ബിസ്മി…. തുടങ്ങി ആദ്യഭാഗം ജിബ്‌രീൽ(അ) പാരായണം ചെയ്തു കൊടുത്തു. കേൾപ്പിച്ച സൂക്തങ്ങളുടെ ആശയം ഇപ്രകാരമാണ്. “തങ്ങളെ സൃഷ്ടിച്ച നാഥന്റെ നാമത്തിൽ വായിക്കുക!അലഖിൽ(രക്തപിണ്ഡത്തിൽ) നിന്നും അവൻ മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നു. വായിക്കുക… തങ്ങളുടെ രക്ഷിതാവ് അത്യുദാരനാണ്. അവൻ പേന കൊണ്ട് പഠിപ്പിച്ചിരിക്കുന്നു”
ഞാൻ വായിക്കുന്ന ആളല്ല എന്ന പ്രയോഗം ശ്രദ്ധേയമാണ്. കാരണം അവിടുന്ന് ഒരധ്യാപകനിൽ നിന്നും എഴുത്തോ വായനയോ അഭ്യസിച്ചിരുന്നില്ല. എന്നാൽ അല്ലാഹുവിന്റെ നാമത്തിൽ വായിക്കാൻ പറഞ്ഞപ്പോൾ നബി ﷺ വിസമ്മതിച്ചില്ല. കാരണം, അപ്പോൾ വായിക്കാനുള്ള കഴിവ് അല്ലാഹു നൽകിക്കഴിഞ്ഞു. അഥവാ പ്രവാചകർ ﷺ ക്ക് ലഭിച്ചതെല്ലാം സവിശേഷമായി അല്ലാഹു നേരിട്ട് തന്നെ നൽകിയതാണ്. ‘ഉമ്മിയ്യ്’ എന്ന അറബി പദത്തിന്റെ അർത്ഥം അക്ഷരജ്ഞാനം ഇല്ലാത്തയാൾ എന്നാണ്. എന്നാൽ നബി ﷺ ഉമ്മിയ്യ് ആണെന്ന് പറഞ്ഞാൽ അർത്ഥം അങ്ങനെയല്ല. സാധാരണ രീതിയിൽ വിജ്ഞാനം നേടിയിട്ടില്ല എന്നേ അർത്ഥമുള്ളൂ. നടപ്പു രീതികളിൽ ഒന്നും പഠിക്കാതെ തന്നെ എല്ലാ വിജ്ഞാനവും കൈകാര്യം ചെയ്തപ്പോഴാണ് നബി ﷺ യുടെ വിജ്ഞാനത്തിൽ ഏവരും ആശ്ചര്യപ്പെട്ടത്.
ഹിറാ ഗുഹയിൽ നിന്ന് ഖുർആൻ സ്വീകരിച്ച നബി ﷺ വീട്ടിലേക്ക് നടന്നു. വഴിയോരത്തുള്ള കല്ലുകളും ചില്ലകളും നബിക്ക് സലാം ചൊല്ലുന്നുണ്ടായിരുന്നു. ലഭിച്ച വേദത്തിന്റെയും ഏൽപിക്കപ്പെട്ട ദൗത്യത്തിന്റെയും ഭാരം വലുതായിരുന്നു. നബി ﷺ യുടെ ഹൃദയം പിടച്ചു കൊണ്ടേയിരുന്നു. വീട്ടിലേക്കടുക്കാനും പ്രിയതമയെ വിളിച്ചു. ഓ ഖദീജാ.. എന്നെ പുതപ്പിച്ചു കിടത്തൂ.. എന്നെ പുതപ്പിച്ചു കിടത്തൂ.. വേഗം തന്നെ ഖദീജ(റ) പുതച്ചു കൊടുത്തു. അത്യുന്നതമായ ഒരു സൗഭാഗ്യമാണ് ലഭിച്ചിട്ടുള്ളത് എന്ന ബോധ്യം തങ്ങൾക്കുണ്ടായിരുന്നു. എന്നാൽ ദൗത്യത്തിന്റെ ഭാരം തങ്ങളെ സ്വാധീനിച്ചു. ഖദീജ(റ) അടുത്ത് തന്നെ നിന്ന് ആശ്വാസവാക്കുകൾ പറഞ്ഞു…
Mahabba Campaign Part-45/365
Tweet 45/365
അപ്പോൾ മുത്ത് നബി ﷺ വിശദീകരിച്ചു തുടങ്ങി, ഖദീജാ.. ഞാൻ നിന്നോട് പറയാറില്ലേ സ്വപ്നത്തിൽ വരാറുള്ള ഒരാളെ കുറിച്ച്. അത് സാക്ഷാൽ മലക്ക് ജിബ്രീൽ(അ) തന്നെയാണ്. ഇന്ന് അദ്ദേഹം നേരിട്ട് എന്റെയടുക്കൽ വന്നു. തുടർന്നുള്ള കാര്യങ്ങൾ ഓരോന്നും പ്രിയ പത്നിയോട് പങ്കുവെച്ചു. അവസാനം പറഞ്ഞു. പ്രിയേ, ഞാൻ വല്ലാതെ ഭയന്നുപോയി. എന്തൊക്കെയാണീ സംഭവിക്കുന്നത്. ഉടനെ ഖദീജ ഇടപ്പെട്ടു. അങ്ങ് ഒന്നും ഭയപ്പെടേണ്ടതില്ല. ഏതായാലും അവിടുത്തേക്ക് നല്ലതേ ഉണ്ടാകൂ. കാരണം, അങ്ങ് കുടുംബ ബന്ധങ്ങൾ ചേർക്കുന്നു. സത്യം മാത്രം സംസാരിക്കുന്നു. അതിഥികളെ സൽക്കരിക്കുന്നു. വിശ്വസിച്ചേൽപ്പിക്കുന്ന കാര്യങ്ങൾ കൃത്യമായി സൂക്ഷിക്കുന്നു. അഭയാർത്ഥികളെ ഏറ്റെടുക്കുന്നു. അപരന്റെ ദുഃഖവും ഭാരവും ലഘൂകരിക്കുന്നു. അല്ലാഹു സത്യം അങ്ങയെ അവൻ നിസ്സാരപ്പെടുത്തില്ല. അല്ലാഹുവിൽ നിന്ന് ലഭിച്ചത് അവിടുന്ന് സ്വീകരിച്ചു കൊള്ളുക. നിശ്ചയം! അത് സത്യം മാത്രമേ ആകാൻ തരമുള്ളൂ.
പ്രിയതമന് ആശ്വാസം നൽകി വിശ്രമിക്കാൻ സൗകര്യം ചെയ്തു. ശേഷം ഖദീജ(റ) പുറത്തിറങ്ങി. ഉത്ബയുടെ ഭൃത്യൻ അദ്ദാസിനെ കണ്ടുമുട്ടി. നീനവ ദേശത്ത് നിന്നുള്ള ഒരു ശുദ്ധ കൃസ്ത്യാനിയാണയാൾ. ഖദീജ(റ) അദ്ദേഹത്തോട് ചോദിച്ചു. ഓ.. അദ്ദാസ്, ഒരു കാര്യത്തിൽ കൃത്യമായ മറുപടി നിങ്ങൾ നൽകുമോ? നിങ്ങളുടെ പക്കൽ ജിബ്രീലി(അ)നെ സംബന്ധിച്ച് വല്ല വിജ്ഞാനവും ഉണ്ടോ? ഉടനേ അദ്ദാസ് പറഞ്ഞു. ഖുദ്ദൂസുൻ.. പരിശുദ്ധൻ പരിശുദ്ധൻ. ബിംബങ്ങൾ ആരാധിക്കപ്പെടുന്ന ഈ നാട്ടിൽ ജിബ്‌രീലിനെന്താണാവോ കാര്യം? താങ്കൾക്കറിയാവുന്ന വിവരങ്ങൾ വച്ച് ജിബ്‌രീൽ(അ) ആരാണെന്നൊന്ന് പറയാമോ? ഖദീജ(റ) ചോദിച്ചു. അദ്ദാസ് പറഞ്ഞു. അല്ലാഹുവിന്റെ വിശ്വസ്ത ദൂതൻ. അവന്റെ സന്ദേശം പ്രവാചകന്മാർക്ക് എത്തിച്ചു കൊടുക്കുന്ന മലക്ക്. മൂസാ ഇസാ(അ) പ്രവാചകന്മാരുടെ അടുത്ത മിത്രം. ഇങ്ങനെയൊക്കെയാണല്ലോ ജിബ്‌രീലിനെ കുറിച്ചുള്ള വിവരങ്ങൾ. അദ്ദാസ് പറഞ്ഞു നിർത്തി. ഖദീജ(റ) വീട്ടിലേക്ക് തന്നെ മടങ്ങി. പ്രിയതമനേയും കൂട്ടി വേദജ്ഞാനിയായ വറഖത് ബിൻ നൗഫലിനെ സമീപിച്ചു. അദ്ദേഹം വിശദമായി കാര്യങ്ങൾ അന്വേഷിച്ചു. നബി ﷺ എല്ലാം വ്യക്തമായി അവതരിപ്പിച്ചു. എല്ലാം ശ്രദ്ധാപൂർവം കേട്ട ശേഷം ഇങ്ങനെ പ്രതികരിച്ചു. അങ്ങ് സന്തോഷിക്കുക. മർയമിന്റെ പുത്രൻ ഈസ(അ) മുന്നറിയിപ്പു നൽകിയ ദൂതനാണവിടുന്ന്. മൂസാ(അ) പ്രവാചകന്റെയടുക്കൽ വന്ന ‘നാമുസ്’ അഥവാ ജിബ്‌രീൽ തന്നെയാണ് അങ്ങയെയും സമീപിച്ചത്.
നിസ്സംശയം പ്രബോധന ദൗത്യം ഏൽപിക്കപ്പെടുന്ന പ്രവാചകനാണ് അങ്ങ്. ജിഹാദിനായി കൽപിക്കപ്പെടും. ജനങ്ങൾ വിമർശിക്കും. ഈ നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടിവരും. പ്രതിസന്ധികൾ അഭിമുഖീകരിക്കേണ്ടിവരും. അന്ന് ഞാനുണ്ടാകുമെങ്കിൽ ഞാൻ അങ്ങേക്ക് ശക്തമായ പിന്തുണ നൽകും. ഇത്രയും കേട്ടപ്പോഴേക്കും നബി ﷺ ചോദിച്ചു. ഞാൻ ഈ നാടുവിട്ട് പോകേണ്ടി വരുമെന്നോ? അതെ, വറഖ തുടർന്നു. സത്യദൂതുമായി വന്ന എല്ലാ പ്രവാചകന്മാരും വിമർശിക്കപ്പെട്ടിട്ടുണ്ട്. ഉപദ്രവങ്ങൾക്ക് വിധേയരായിട്ടുണ്ട്. തുടർന്നദ്ദേഹം ഇരിപ്പിടത്തിൽ നിന്നെഴുന്നേറ്റു. നബി ﷺ യുടെ ശിരസ്സുതൊട്ട് വന്ദിച്ചു.(കൂടുതൽകാലം കഴിഞ്ഞില്ല അദ്ദേഹം ഇഹലോകംവെടിഞ്ഞു.) മുത്ത് നബി ﷺ യും ഖദീജ(റ)യും വീട്ടിലേക്ക് മടങ്ങി.
മൂന്ന് ദിവസം മുത്ത് നബി ﷺ വീട്ടിൽ തന്നെ കഴിഞ്ഞു. ഉത്തരവാദിത്തത്തിന്റെ മഹത്വത്തെ കുറിച്ചുള്ള ചിന്തകൾ അധികരിച്ചു. ജിബ്‌രീലു(അ)മായുള്ള അഭിമുഖത്തിന്റെ പേടിയിൽ നിന്ന് ഇനിയെപ്പൊഴാണ് കാണുക എന്ന ആശയിലേക്ക് മാറി. ആശങ്കയും ഭയവും കഴിഞ്ഞ് ഇപ്പോൾ ജിബ്‌രീലി(അ)നെ പ്രതീക്ഷിക്കുന്ന മനോഗതിയിലാണ് എത്തിനിൽക്കുന്നത്. നബി ﷺ വീട്ടിൽ നിന്ന് പുറത്തിറങ്ങി. കഅബയുടെ പരിസരത്ത് വാദിയിലേക്ക് നടന്നു. അതാ ഒരു ശബ്ദം കേൾക്കുന്നു. ആരായിരിക്കും, നാലു ഭാഗത്തേക്കും നോക്കി ആരെയും കാണാനില്ല. യാ.. മുഹമ്മദ്.. അല്ലയോ മുഹമ്മദേ.. നബി ﷺ ദൃഷ്ടികൾ മേലോട്ടുയർത്തി. അതായിരിക്കുന്നു ഹിറയിൽ വച്ചു കണ്ട മലക്ക് ജിബ്രീൽ(അ). അത്ഭുതകരമായ കാഴ്ച. എവിടെയും തൊടാതെ അന്തരീക്ഷത്തിൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്രൗഢമായ ഇരിപ്പിടത്തിലാണ് ജിബ്‌രീലി(അ)ന്റെ ഇരുത്തം. മുത്ത് നബി ﷺ യിൽ വീണ്ടും ഒരു വിഹ്വലത നിഴലിച്ചു. ആകാശം ഭൂമിയെ ആലിംഗനം ചെയ്യുന്നതിന്റെ ഒരു പ്രാഥമിക ശങ്ക. തങ്ങൾ വീട്ടിലേക്ക് തന്നെ നടന്നു.
Mahabba Campaign Part-46/365
Tweet 46/365
മുത്ത് നബി ﷺ ഖദീജ(റ) യെ വിളിച്ചു. പ്രിയേ.. എന്നെ ഒന്നു തണുപ്പിക്കൂ. നല്ല ചൂടുണ്ട്. പനി ബാധിച്ചത് പോലെ.ബീവി നല്ല തണുത്ത വെള്ളം തയ്യാർ ചെയ്ത് കുളിക്കാൻ സൗകര്യമൊരുക്കി. കുളികഴിഞ്ഞ് തങ്ങൾ വീണ്ടും വിശ്രമിക്കാൻ കിടന്നു. അൽപം കഴിഞ്ഞതേ ഉള്ളൂ ജിബിരീൽ(അ) ആഗതനായി. മുത്ത് നബി ﷺ യുടെ തലഭാഗത്തിരുന്ന് വിളിച്ചു. അല്ലയോ.. പുതച്ചു കിടക്കുന്ന പ്രഭോ.. എഴുന്നേൽക്കൂ.. (ജനങ്ങളെ) താക്കീത് ചെയ്യൂ.. അവിടുത്തെ രക്ഷിതാവിനെ മഹത്വപ്പെടുത്തൂ. ഉടയാടകൾ പവിത്രമാക്കൂ. പാപങ്ങളിൽ നിന്ന് അകലം പാലിക്കൂ. കാര്യ ലാഭത്തിനായി ഉപകാരങ്ങൾ ചെയ്യാതിരിക്കൂ. രക്ഷിതാവിന്റെ പ്രീതിക്ക് വേണ്ടി സഹിഷ്ണുതയോടെ വർത്തിക്കൂ. എന്നാൽ കാഹളം മുഴങ്ങിയാൽ.. അതൊരു പ്രയാസകരമായ ദിവസമായിരിക്കും.. തുടങ്ങിയ ആശയങ്ങളോടെ വിശുദ്ധ ഖുർആനിലെ എഴുപത്തിനാലാമത്തെ അധ്യായം ‘അൽ മുദ്ദസിർ’ ഓതിക്കൊടുത്തു.
ഹിറാ ഗുഹയിൽ ജിബ്‌രീലു(അ)മായി നടന്ന സംഭാഷണത്തെ കുറിച്ച് ഇമാം സൈനീ ദഹ്‌ലാന്റെ വിവരണം ഇങ്ങനെ വായിക്കാം. നിറഞ്ഞ സുഗന്ധത്തോടെ സുന്ദരമായ രൂപത്തിൽ ജിബ്‌രീൽ(അ) പ്രത്യക്ഷപ്പെട്ടു. പ്രവാചകരെ വിളിച്ചു. ഓ മുഹമ്മദ്.ﷺ അല്ലാഹു അങ്ങേക്ക് അഭിവാദ്യം അറിയിച്ചിരിക്കുന്നു. എന്നിട്ടവൻ പറഞ്ഞു. അങ്ങ് മനുഷ്യ ഭൂത വർഗ്ഗങ്ങളിലേക്കുള്ള എന്റെ ദൂതനാകുന്നു. ‘അല്ലാഹുവല്ലാതെ ആരാധനക്കർഹൻ ഇല്ല, മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദൂതനാകുന്നു’. ഈ ആശയത്തിലേക്കവരെ ക്ഷണിക്കുക. ശേഷം ജിബ്രീൽ(അ) മടമ്പ് കൊണ്ട് ഭൂമിയിൽ ഒന്നു ചവിട്ടി. അപ്പോൾ ഒരുറവ പൊടിഞ്ഞു. ആ വെള്ളത്തിൽ നിന്ന് ജിബ്‌രീൽ(അ) അംഗസ്നാനം(വുളൂഅ) നിർവഹിച്ചു. മുത്ത് നബിﷺ അത് നോക്കി നിന്നു. ശേഷം നബി ﷺ യോട് അപ്രകാരം ചെയ്യാൻ പറഞ്ഞു. നിസ്കാരത്തിന് വേണ്ടി അംഗശുദ്ധി വരുത്തുന്ന രീതി പഠിപ്പിക്കുകയായിരുന്നു. നബി ﷺ അപ്രകാരം ചെയ്തു. ശേഷം ജിബ്രീൽ(അ) കഅബ മന്ദിരത്തിനഭിമുഖമായി നിന്നു. ഒപ്പം നിൽക്കാനും ആരാധനകൾ പിൻതുടരാനും നബി ﷺ യോട് പറഞ്ഞു. ജിബ്രീൽ(അ) നിസ്കരിച്ചു. നബിﷺയും അത് പോലെ തന്നെ നിർവഹിച്ചു. നിസ്കാരം കഴിഞ്ഞതിൽ പിന്നെ മലക്ക് ആകാശത്തേക്കുയർന്നു. നബി ﷺ വീട്ടിലേക്കു മടങ്ങി. വഴിയിലുടനീളം കല്ലുകളും ചില്ലകളും നബി ﷺ ക്ക് അഭിവാദ്യമറിയിച്ചു. അല്ലാഹുവിന്റെ ദൂതരേ സലാം.. അവിടുന്ന് നടന്ന് ഖദീജ(റ)യുടെ സന്നിധിയിലെത്തി. നടന്ന സംഭവങ്ങൾ വിവരിച്ചു. സംഭവങ്ങൾ കേട്ട ഖദീജ(റ) ഏറെ സന്തോഷവതിയായി. നബി ﷺ പത്നിയുടെ കയിൽ പിടിച്ചു. രണ്ടു പേരും സംസം കിണറിനടുത്തേക്ക് നടന്നു. അംഗസ്നാനം ചെയ്യുന്ന രൂപം കാണിച്ചുകൊടുത്തു. അപ്രകാരം തന്നെ മഹതിയും നിർവ്വഹിച്ചു. ശേഷം നബി ﷺ
നിസ്കരിച്ചു അത് പ്രകാരം ഖദീജ(റ)യും നിസ്കാരം നിർവ്വഹിച്ചു. അങ്ങനെ ബീവി ഖദീജ(റ)ആദ്യത്തെ വിശ്വാസിയും ആദ്യമായി വുളൂഅം നിസ്കാരവും നടത്തിയ വ്യക്തിയുമായി മാറി. ” മുത്ത് നബിﷺയുടെ സഹധർമിണിക്ക് ആ ജീവിതത്തിന്റെ ഒന്നരപ്പതിറ്റാണ്ട് കാലം എല്ലാം ഉൾകൊള്ളാൻ മാത്രമുള്ള പ്രമാണമായിരുന്നു.
ഇത്രയൊക്കെയായപ്പോഴേക്കും പുറത്ത് ചർച്ചകൾ തുടങ്ങി. പ്രവാചക നിയോഗത്തിന്റെ വാർത്തകൾ പലയിടത്തും ചർച്ചാവിഷയമായി. മുഹമ്മദ് നബി ﷺ യിൽ വന്ന, ഭാവമാറ്റങ്ങളെ മക്കക്കാർ നിരീക്ഷിക്കാൻ തുടങ്ങി. യുഗപുരുഷനെ കാത്തിരുന്നവർ സമയം നിർണയിച്ച് വിവരങ്ങൾ പങ്ക് വെച്ചു. പലയിടങ്ങളിലും മക്കക്കാരെ തേടിപ്പിടിച്ച് വിശേഷങ്ങൾ അന്വേഷിച്ചു. വിദേശത്തുള്ള മക്കക്കാർ വാർത്തകൾ സ്ഥിരീകരിക്കാൻ സ്വദേശത്തേക്കു തന്നെ മടങ്ങി. ചിലർ ദൂതന്മാരെ അയച്ച് കാര്യങ്ങൾ അന്വേഷിച്ചു.
അങ്ങാടിയിലും മേച്ചിൽ പുറങ്ങളിലും ഒരുപോലെ ചർച്ചകൾ ഉയർന്നു. മനുഷ്യർക്ക് പുറമേ ഭൂതവർഗങ്ങളും നാൽകാലികളും വരെ ചില സന്ദേശങ്ങൾ കൈമാറി. ലോകത്തിന് മുഴുവൻ കരുണ ചൊരിയുന്ന ഒരു മഹാത്മാവിനായി എല്ലാ ജീവവർഗങ്ങളും കാത്തിരിക്കുംപോലെ. നീതിയും ന്യായവും ഇല്ലാതായ എല്ലാ മേഖലകളും ഒരു ന്യായ ദൂതിനായി കാത്തിരിക്കുകയാണല്ലോ. അടിമച്ചന്തയിൽ വിൽക്കപ്പെടുന്ന മനുഷ്യരും. ആവുന്നതിലേറെ ചുമടെടുപ്പിക്കപ്പെടുന്ന മൃഗങ്ങളും അവകാശങ്ങൾക്കായി കരയുകയായിരുന്നു, അൽപദിവസമായി അവകൾക്കൊക്കെ ഒരാശ്വാസം പോലെ. അവർക്ക് മോചനം നൽകാൻ ആരോ ഉദയം ചെയ്തു കഴിഞ്ഞു എന്ന പ്രതീക്ഷയിലാണ് അവർ. കാലം കാത്തിരുന്ന പ്രവാചകന്റെ നിയോഗ മുഹൂർത്തം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വിളംബരങ്ങളുടെ കഥകൾ നമുക്ക് വായിച്ചു നോക്കാം….
Mahabba Campaign Part-47/365
Tweet 47/365
മുത്ത് നബിﷺയുടെ പിതൃസഹോദരൻ അബ്ബാസ് ബിൻ അബ്ദുൽ മുത്വലിബ് പറയുന്നു. ഞങ്ങൾ കച്ചവടാർത്ഥം യമനിൽ എത്തി. ഖുറൈശീ പ്രമുഖനായ അബൂസുഫ് യാനും ഒപ്പമുണ്ട്. അദ്ദേഹത്തിന് മക്കയിൽ നിന്നും കത്ത് വന്നു. മകൻ ഹൻളല വീട്ടിൽ നിന്ന് കൊടുത്തയച്ചതാണ്. കത്തിന്റെ ഉള്ളടക്കത്തിൽ ഇങ്ങനെയുണ്ടായിരുന്നു. ‘മക്കാ താഴ്‌വരയിൽ മുഹമ്മദ് ﷺ പ്രവാചകനായി രംഗ പ്രവേശനം ചെയ്തിരിക്കുന്നു. മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദൂതനാണെന്നാണ് അവകാശപ്പെടുന്നത്. നമ്മെയെല്ലാം പ്രവാചകന്റെ മാർഗത്തിലേക്ക് ക്ഷണിക്കുകയും ചെയുന്നു.
കത്തിൻ്റെ ഉള്ളടക്കം അബൂ സുഫ്‌യാൻ പലരോടും പങ്കുവെച്ചു. അങ്ങനെ യമനിൽ ആ വാർത്ത പ്രചാരം നേടി. വാർത്ത അറിഞ്ഞ യമനിലെ ഒരുന്നത പുരോഹിതൻ ഞങ്ങളെത്തേടി വന്നു. മക്കയിൽ രംഗത്ത് വന്ന പ്രവാചകന്റെ പിതൃവ്യൻ നിങ്ങൾക്കൊപ്പമുണ്ടെന്ന് കേട്ടു ശരിയാണോ? അതേ ഞാൻ തന്നെയാണത്. ശരി, എന്നാൽ ഞാൻ ചില കാര്യങ്ങൾ ചോദിക്കാം നിങ്ങൾ ശരിയായ വിവരം മാത്രമേ നൽകാവൂ. പുരോഹിതൻ പറഞ്ഞു, ഞാൻ സമ്മതിച്ചു. അദ്ദേഹം ചോദിക്കാൻ തുടങ്ങി. നിങ്ങളുടെ സഹോദര പുത്രൻ എപ്പോഴെങ്കിലും കളവ് പറഞ്ഞിട്ടുണ്ടോ? ഇല്ല, ഒരിക്കലും കളവു പറയുകയോ വഞ്ചിക്കുകയോ ചെയ്തിട്ടില്ല. മക്കയിൽ എല്ലാവരും ‘അൽ അമീൻ’ അഥവാ വിശ്വസ്തൻ എന്നാണ് വിളിക്കുക. മകൻ അക്ഷരാഭ്യാസം നേടിയിട്ടുണ്ടോ എന്നായിരുന്നു അടുത്ത ചോദ്യം. ഉണ്ട്, എന്ന് പറഞ്ഞാലോ എന്നു വിചാരിച്ചു. പക്ഷേ അബൂ സുഫ്‌യാൻ അത് തിരുത്തുമോ എന്ന് ഞാൻ സംശയിച്ചു. ഞാൻ പറഞ്ഞു. ഇല്ല, എഴുത്തും വായനയും അഭ്യസിച്ചിട്ടില്ല. കേട്ടമാത്രയിൽ അദ്ദേഹം ചാടി എഴുന്നേറ്റു, തന്റെ മേൽവസ്ത്രം എടുത്ത് മാറ്റി. അയാൾ അട്ടഹസിച്ചു. ‘ജൂതന്മാരുടെ കഥ കഴിഞ്ഞതു തന്നെ’
അബ്ബാസ് തുടരുന്നു. ഞങ്ങൾ സ്വവസതികളിലേക്ക് മടങ്ങിയെത്തി.
ഉടനെ അബൂസുഫ്യാൻ പറഞ്ഞു. ഓ.. അബുൽ ഫള്ൽ താങ്കളുടെ സഹോദര പുത്രന്റെ കാര്യം ജൂതന്മാരെപ്പോലും നടുക്കിക്കളഞ്ഞല്ലോ? അതേ, ഞാനും അത് ശ്രദ്ധിച്ചു. അല്ലയോ അബൂസുഫ് യാൻ താങ്കൾക്ക് ആ പ്രവാചകത്വം അംഗീകരിച്ചുകൂടെ? ഇല്ല, ഞാനംഗീകരിക്കില്ല. ആ പ്രവാചകന്റെ സൈന്യം കുദായ് താഴ്‌വരയിലൂടെ മക്ക ജയിച്ചടക്കുന്നത് വരെ ഞാനംഗീകരിക്കില്ല, അദ്ദേഹം പറഞ്ഞു. ഞാൻ ചോദിച്ചു, നിങ്ങൾ എന്താണ് ഇങ്ങനെയൊക്കെ പറയുന്നത്. അബൂ സുഫിയാൻ പറഞ്ഞു, കുദായ് വഴി കുതിരപ്പടവരുമോ എന്നൊന്നും എനിക്കറിയില്ല. പെട്ടെന്ന് എന്റെ നാവിൻ തുമ്പിൽ വന്നത് ഞാനങ്ങ് പറഞ്ഞു എന്നു മാത്രം.
(ഏതാണ്ട് രണ്ട് പതിറ്റാണ്ട് കഴിഞ്ഞപ്പോൾ മക്കാവിജയം നടന്നു. കുദായ് താഴവരയിലൂടെ ഇസ്‌ലാമിന്റെ കുതിരപ്പട മക്കയിലേക്ക് പ്രവേശിച്ചു. അത് കണ്ടുകൊണ്ട് നിന്ന അബ്ബാസ് അടുത്ത് നിന്ന അബൂ സുഫ് യാനോട് പറഞ്ഞു. നിങ്ങൾ അന്ന് പറഞ്ഞ സൈന്യം അതാ കടന്നു വരുന്നു താങ്കളുടെ സമയം അടുത്തിരിക്കുന്നു. അതേ, എനിക്ക് നല്ല ഓർമയുണ്ട് അന്നത്തെ വാചകങ്ങൾ ഞാൻ മറന്നിട്ടില്ല. ഞാനിതാ ഇസ്ലാം സ്വീകരികുന്നു. അദ്ദേഹം മക്കാ വിജയത്തിന്റെ അന്ന് ഇസ്‌ലാം പ്രഖ്യാപിച്ചു.)
മറ്റൊരു വിളംബരം ഇബ്നു അസാകിർ ഉദ്ദരിക്കുന്നു. അബ്ദുർറഹ്മാൻ ബിൻ ഔഫ് വിശദീകരിക്കുന്നു. മുഹമ്മദ് നബി ﷺ യുടെ പ്രവാചകത്വ പ്രഖ്യാപനത്തിന് തൊട്ട് മുമ്പ് ഞങ്ങൾ യമനിലേക്ക് പോയി. ഞങ്ങൾ രാജ കുടുംബത്തിലാണ് താമസിക്കുന്നത്. അസ്‌കലാൻ അൽ ഹിംയരി എന്ന രാജകുടുംബാംഗമായ വയോധികനാണ് ഞങ്ങളുടെ ആതിഥേയൻ. ഞാൻ എപ്പോൾ ചെന്നാലും അദ്ദേഹത്തോടൊപ്പമാണ് താമസിക്കുക. അദ്ദേഹം മക്കയിലെ വിശേഷങ്ങൾ ചോദിച്ചറിയും. ദീർഘനേരം ഞങ്ങളുടെ വർത്തമാനങ്ങൾ കേട്ടിരിക്കും. ശേഷം ചോദിക്കും വല്ല പ്രത്യേക സന്ദേശവുമായി അവിടെ ആരെങ്കിലും രംഗത്ത് വന്നിട്ടുണ്ടോ? ഞാൻ പറയും ഇല്ല.
പതിവുപോലെ ഇത്തവണയും ഞങ്ങൾ ഹിംയരിയുടെ അടുക്കലെത്തി. അദ്ദേഹത്തിന്റെ കാഴ്ചയും കേൾവിയുമൊക്കെ കുറഞ്ഞിരിക്കുന്നു. മക്കളോടും പേരകുട്ടികളോടുമൊപ്പം മതിലിൽ ചാരിയിരിക്കുകയാണ്. ഞാൻ അടുത്തേക്ക് എത്തിയതേ ഉള്ളൂ. അദ്ദേഹം ചോദിച്ചു. അല്ലയോ ഖുറൈശീ സഹോദരാ അടുത്തേക്ക് ചേർന്ന് നിൽക്കൂ. നിങ്ങളുടെ പേരും കുടുംബവുമൊക്കെയൊന്ന് വ്യക്തമാക്കി പറയൂ. ഞാൻ പിതൃപരമ്പരയടക്കം വ്യക്തമാക്കിപ്പറഞ്ഞു. ഉടനേ അദ്ദേഹം പറഞ്ഞു, മതി മതി. നിങ്ങൾ ബനൂ സഹ്റ ഗോത്രത്തിൽ നിന്നാണ് അല്ലേ. എന്നാൽ ഞാൻ നിങ്ങൾക്ക് ഒരു സുവിശേഷം പറഞ്ഞു തരാം. കച്ചവടത്തേക്കാൾ ഏറെ സന്തോഷമുള്ള കാര്യമാണത്. എന്നാൽ എന്താണാ സന്തോഷവാർത്ത ഞാൻ ചോദിച്ചു…
Mahabba Campaign Part-48/365
Tweet 48/365
ഹിംയരി പറഞ്ഞു തുടങ്ങി. വളരെ പ്രത്യാശ നൽകുന്ന വാർത്തയാണത്. ഏറെ ആശ്ചര്യപൂർണമായ വർത്തമാനമാണ്. ഒരു മാസം മുമ്പ് നിങ്ങളുടെ നാട്ടിൽ ഒരു വിശുദ്ധ വ്യക്തിത്വത്തെ അല്ലാഹു അവന്റെ ദൂതനായി നിയോഗിച്ചിരിക്കുന്നു. അല്ലാഹുവിന്റെ ഇഷ്ടമിത്രമാണവിടുന്ന്. ഒരു വിശുദ്ധ ഗ്രന്ഥവും ആ പ്രവാചകന് അവതരിച്ചു കിട്ടിയിട്ടുണ്ട്. വിഗ്രഹ പ്രതിഷ്ഠകളെ അവിടുന്ന് തടയും. സത്യം പ്രബോധനം ചെയ്യും. സത്യസന്ധത പാലിക്കും. തിന്മയിൽ നിന്ന് വിട്ടു നിൽക്കുകയും തിന്മക്കെതിരെ പ്രവർത്തിക്കുകയും ചെയ്യും. ഇസ്‌ലാമിലേക്ക് ക്ഷണിക്കും. ഞാൻ ചോദിച്ചു, അതാരാണ്? ഏത് കുടുംബത്തിൽ നിന്നാണാ പ്രവാചകൻ? അപ്പോൾ ഹിംയരി പറഞ്ഞു.
അസദ്, സുമാല, സർവ്വ്, തബാല ഗോത്രത്തിൽ നിന്നൊന്നുമല്ല. ഹാഷിം സന്തതികളിൽ നിന്നാണ് ആ പ്രവാചകൻ വന്നിട്ടുള്ളത്. അപ്പോൾ നിങ്ങൾ അവരുടെ അമ്മാവന്മാരിൽ പെടും. ഓ അബ്ദുർ റഹ്മാൻ താങ്കൾ വേഗം നാട്ടിലേക്ക് മടങ്ങുക. നല്ല നിലയിൽ ആ വ്യക്തിത്വത്ത സമീപിക്കുക. സ്വന്തക്കാരനായി മാറുക. വേണ്ടവിധത്തിൽ സഹായിക്കുക. കണ്ടുമുട്ടുമ്പോൾ എന്റെയൊരാശംസ അവിടുത്തേക്കു അറിയിക്കുക. ശേഷം, അദ്ദേഹം പ്രവാചകരെ വന്ദിച്ചും സ്വാഗതം ചെയ്തും കവിതയാലപിച്ചു.
അബ്ദുർറഹ്മാൻ ബിൻ ഔഫ് പറയുന്നു. ഞാൻ ആ കവിത വിട്ടുപോകാതെ ഓർത്തു വച്ചു. എന്റെ വ്യാപാരാവശ്യങ്ങൾ വേഗം പൂർത്തിയാക്കി. നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയ ഉടനെ ആത്മമിത്രം അബൂബക്കറിനെ കണ്ടുമുട്ടി. ഞാൻ വിവരങ്ങൾ പങ്കുവെച്ചു. കാര്യങ്ങൾ അന്വേഷിച്ചു. അപ്പോഴദ്ദേഹം പറഞ്ഞു. നമ്മുടെ പ്രിയങ്കരനായ മുഹമ്മദ് ബിൻ അബ്ദില്ലാഹ് ﷺ പ്രവാചകത്വം പ്രഖ്യാപിച്ചിരിക്കുന്നു. അങ്ങനെ ഞാൻ പ്രവാചകനെത്തേടിയിറങ്ങി. ഖദീജ(റ)യുടെ വീട്ടിലെത്തി. കുറച്ചു സ്നേഹിതർക്കൊപ്പം അതായിരിക്കുന്നു മുഹമ്മദ് ﷺ. വിടർന്ന പുഞ്ചിരിയോടെ എന്നെ സ്വാഗതം ചെയ്തു. തുടർന്നു പറഞ്ഞു. നന്മയെ സ്വീകരിക്കാൻ യോഗ്യനായ ഒരാളാണെയാണല്ലോ നിങ്ങളുടെ മുഖത്ത് കാണുന്നത്. താങ്കളുടെ കൂടെ എന്തൊക്കെയുണ്ട്?
ആശ്ചര്യത്തോടെ ഞാൻ ആരാഞ്ഞു. എന്താണങ്ങനെ ചോദിക്കുന്നത്? അവിടുന്ന് തുടർന്നു. എനിക്കെത്തിച്ചു തരാനുള്ള ഒരു സവിശഷമായ സന്ദേശവുമായിട്ടല്ലേ താങ്കൾ വന്നിട്ടുള്ളത്? ഇത് കേട്ടപ്പോൾ എനിക്ക് ആവേശമായി. ഞാൻ സംഭവങ്ങളും സന്ദേശവുമെല്ലാം വിവരിച്ചു കൊടുത്തു. അപ്പോൾ അവിടുന്ന് പറഞ്ഞു. അൽ ഹിംയരി ഒരു വിശേഷപ്പെട്ട വ്യക്തിയാണ്. എന്നെ ഞാനറിയാതെ വിശ്വസിക്കുന്ന എത്രയെത്ര ആളുകൾ. എന്നെ ഒരിക്കൽ പോലും കാണാതെ വിശ്വസിച്ചംഗീകരിക്കുന്ന എത്രയോ പേർ. അവർ യഥാർത്ഥത്തിൽ എന്റെ സഹോദരങ്ങളാണ്.
ഇബ്നു ഔഫ് പ്രവാചക അനുയായി ആയി മാറി. ബുസ്റാ പട്ടണത്തിൽ നിന്നുള്ള വർത്തമാനം കൂടി നമുക്ക് വായിക്കാം. മക്കയിലെ പ്രമുഖ വ്യാപാരിയായ ത്വൽഹത് ബിൻ ഉബൈദില്ലാഹ് പറയുകയാണ്. പ്രവാചക നിയോഗ സമയത്ത് ഞാൻ ബുസ്വ്‌റാ നഗരത്തിലായിരുന്നു. അവിടുത്തെ ജൂത ദേവാലയ സമുഛയത്തിൽ നിന്ന് ഒരു വിളംബരം കേട്ടു. വ്യാപാരോത്സവത്തിൽ എത്തിച്ചേർന്നവരേ.. ശ്രദ്ധിക്കുക. ഹറം ദേശത്തുകാരായ ആരെങ്കിലും ഇവിടെ നഗരത്തിലുണ്ടോ? ഞാനങ്ങോട്ട് നടന്നു ചെന്നു പറഞ്ഞു. ഞാൻ ഹറം ദേശത്തുകാരനാണ്. എന്തിനാണ് അന്വേഷിച്ചത്? ദേവാലയത്തിലെ ജൂത പുരോഹിതൻ പറഞ്ഞു തുടങ്ങി. അല്ല, അഹ്‌മദ് പ്രവാചകൻ രംഗ പ്രവേശനം ചെയ്തോ? അഹ്‌മദോ? അതാരാ? ഞാൻ ചോദിച്ചു.
അദ്ദേഹം തുടർന്നു. അബ്ദുൽ മുത്വലിബിന്റെ പുത്രൻ അബ്ദുല്ല എന്നവരുടെ മകൻ അഹ്‌മദ്. ആ വാഗ്ദത്ത പ്രവാചകൻ രംഗ പ്രവേശനം ചെയ്യുന്ന മാസമിതാണ്. അന്ത്യ പ്രവാചകനാണവിടുന്ന്. ഹറം ദേശത്ത് നിന്നാണ് ഉദയം ചെയ്യുക. ഈത്തപ്പനകൾ നിറഞ്ഞ ദേശത്തേക്ക് പലായനം നടത്തും. നിങ്ങൾ വേഗം മക്കയിലേക്ക് മടങ്ങിക്കോളൂ. മറ്റുള്ളവരേക്കാൾ മുമ്പേ നിങ്ങൾ ആ പ്രവാചകനെ അനുഗമിക്കുക.
തൽഹത് പറയുകയാണ്. ആ വാക്കുകൾ എന്റെ ഹൃദയത്തിൽ പതിഞ്ഞു. ഞാൻ കച്ചവടാവശ്യങ്ങൾ വേഗം പൂർത്തിയാക്കി. നാട്ടിലേക്ക് തിരിച്ചു. യാത്രയിലുടനീളം എന്റെ ഹൃദയത്തിൽ ആ പുരോഹിതന്റെ വാക്കുകളായിരുന്നു.
Mahabba Campaign Part-49/365
Tweet 49/365
ത്വൽഹ: തുടരുന്നു. ഞാൻ നാട്ടിൽ എത്തിയ ഉടനെ വിശേഷങ്ങൾ അന്വേഷിച്ചു. നാട്ടുകാർ പറഞ്ഞു. അതേ, നല്ല വിശേഷമുണ്ട്. നമ്മുടെ അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദ് അഥവാ ‘അൽ അമീൻ’ പ്രവാചകത്വം പ്രഖ്യാപിച്ചിരിക്കുന്നു. അബൂഖുഹാഫയുടെ മകൻ അബൂബക്കർ ഒന്നാമത്തെ അനുയായിക്കഴിഞ്ഞു. ഞാൻ നേരേ അബൂബക്കറി(റ)നെ സമീപിച്ചു. ബുസ്വ്റയിലെ സംഭവങ്ങളെല്ലാം അദ്ദേഹത്തെ ധരിപ്പിച്ചു.
ഞങ്ങൾ രണ്ട് പേരും മുഹമ്മദ് നബിﷺയുടെ സവിധത്തിലേക്കു പോയി. അബൂബക്കർ(റ) ഞാൻ പറഞ്ഞ വിവരങ്ങളെല്ലാം നബിﷺയെ അറിയിച്ചു. അവിടുത്തേക്ക് വലിയ സന്തോഷമായി. ത്വൽഹ(റ) അവിടുന്ന് തന്നെ വിശ്വാസം പ്രഖ്യാപിച്ചു. പിന്നീട് സ്വർഗ്ഗം സുവിശേഷം ലഭിച്ച പ്രമുഖരായ പത്ത് അനുയായികളിൽ ഒരാളായി മാറി.
നജ്റാനിലെ ഒരു വർത്തമാനം കൂടി വായിക്കാം. പാരമ്പര്യമായി വേദജ്ഞാനികൾ കഴിഞ്ഞു പോയ സ്ഥലമാണ് നജ്റാൻ. ഓരോ പുരോഹിതന്മാരും അവരുടെ കാലവസാനത്തിൽ മുദ്രവച്ചു കൈമാറുന്ന രേഖകൾ സൂക്ഷിച്ചു പോന്നിരുന്നു. പ്രവാചക നിയോഗകാലത്ത് അവിടെ ഉണ്ടായിരുന്ന പ്രധാന പാതിരി ഒരു ദിവസം കാൽവഴുതി വീണു. ഉടനെ മകൻ പറഞ്ഞു. “വിദൂരത്ത് നിന്ന് ഉദയം ചെയ്യുന്നവന് നാശമുണ്ടാവട്ടെ” അപ്പോൾ ജ്ഞാനിയായ പിതാവ് പറഞ്ഞു. മോനേ അങ്ങനെയൊന്നും പറയരുത്. വരാനുള്ളത് സത്യ പ്രവാചകനാണ്. ആ മഹാത്മാവിന്റെ പേരും വിശേഷങ്ങളുമെല്ലാം നമ്മുടെ വേദങ്ങളിൽ ധാരാളം കാണുന്നുണ്ട്.
നാളുകൾക്ക് ശേഷം പിതാവ് മരണപ്പെട്ടു. മകൻ വേദഗ്രന്ഥങ്ങളും പൗരാണികരേഖകളുമൊക്കെ നന്നായി പരിശോധിച്ചു. മുഹമ്മദ് നബിﷺയെ കുറിച്ച് വേണ്ടുവോളം വിവരങ്ങൾ പ്രമാണങ്ങളിൽ നിന്ന് ലഭിച്ചു. അയാൾ നബിﷺയെ അംഗീകരിച്ചു. മക്കയിൽ പോയി ഹജ്ജ് നിർവഹിച്ചു. കവിതകൾ ആലപിച്ച് കൊണ്ട് നബിﷺയെ സ്വീകരിക്കാൻ പോയി.
മക്കയിൽ പ്രവാചകത്വ പ്രഖ്യാപനം നടന്നപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ വിളംബരങ്ങൾ. പ്രവാചകരെകുറിച്ചുള്ള പരിചയങ്ങൾ എന്നിവയാണ് നാം വായിച്ചത്. ഇനി നമുക്ക് മക്കയിലേക്ക് തന്നെ മടങ്ങാം.
പ്രവാചകത്വത്തിന്റെ പ്രഖ്യാപനം കഴിഞ്ഞ് നബിﷺ ഒരു മാസത്തോളം വീട്ടിൽ തന്നെ കഴിഞ്ഞു. നിരന്തരമായ ആരാധനയുടെ നാളുകളായിരുന്നു അത്. ദൗത്യ നിർവഹണത്തിനായുള്ള ഒരു ആത്മസജ്ജീകരണം പോലെ. നബിﷺ യുടെ ഏകാന്തവാസം മക്കയിൽ എവിടെയും ചർച്ചയായി. സാധാരണയായി കഅബയുടെ സന്നിധിയിൽ ഉണ്ടായിരുന്ന അൽ അമീനെ ഇപ്പോൾ തീരെ കാണാനില്ലല്ലോ? ചിലർ പറഞ്ഞു. നാട്ടിലെ കാരുണ്യപ്രവർത്തനങ്ങളുടെ നേതാവിനെ ഇപ്പോൾ കാണുന്നില്ലല്ലോ എന്നായി മറ്റു ചിലർ. അവർ പരസ്പരം കാരണങ്ങൾ സങ്കൽപ്പിച്ച് പറഞ്ഞു കൊണ്ടിരുന്നു. നബിﷺയുടെ പിതൃ സഹോദരന്മാരും അമ്മായിമാരും കുടുംബത്തിൽ തന്നെ ചർച്ചകൾ തുടങ്ങി. അപ്പോഴേക്കും അല്ലാഹുവിൽ നിന്നുള്ള കൽപന വന്നു “വ അൻദിർ…” തങ്ങളുടെ ഉറ്റ മിത്രങ്ങൾക്ക് താക്കീത് നൽകുക. പ്രബോധനം എങ്ങനെ തുടങ്ങണം എവിടെ തുടങ്ങണം എന്ന് വ്യക്തമാക്കുന്ന സൂക്തമായിരുന്നു അത്. മുത്ത്നബിﷺ ഈ പ്രഖ്യാപനത്തെ നെഞ്ചിലേറ്റി. കുടുംബാദികളിൽ പ്രധാനികളെയെല്ലാം വിളിച്ചു വരുത്തി. നല്ല ഒരു സദ്യയും തയ്യാർ ചെയ്തു. നാൽപതിനും നാൽപത്തി അഞ്ചിനും ഇടയിൽ അംഗങ്ങൾ പങ്കെടുത്തു. അവരിൽ ഓരോ വിഭാഗത്തിലെയും പ്രതിനിധികളെ അഭിസംബോധനചെയ്തു. സഫാ കുന്നിന്റെ മുകളിൽ കയറി നിന്ന്കൊണ്ട് വിളിച്ചു. അല്ലയോ അബ്ദുമനാഫിന്റെ സന്താനങ്ങളേ… ഹാഷിമിന്റെ മക്കളേ.. മുഹമ്മദ് നബിയുടെ പിതൃസംഹാദരൻ അബ്ബാസ് എന്നവരേ… അമ്മായി സഫിയ്യ എന്നവരേ… അബ്ദുൽ മുത്വലിബിന്റെ കുടുംബമേ… മോളേ ഫാത്വിമാ… ഞാൻ നിങ്ങൾക്ക് വേണ്ടി അല്ലാഹുവിൽ നിന്ന് ഒന്നും ഉടമപ്പെടുത്തിയിട്ടില്ല… എന്റെ സ്വത്തിൽനിന്ന് നിങ്ങൾ എന്തും ചോദിച്ചോളൂ.
ഒരു കാര്യം ചോദിച്ചോട്ടെ… ഈ പർവ്വതത്തിന് പിന്നിൽ നിന്ന് ഒരു അശ്വസൈന്യം വരുന്നു എന്ന് ഞാൻ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? അവർ പറഞ്ഞു. അതേ ഇന്നുവരെ മുഹമ്മദ്ﷺൽ നിന്ന് ഞങ്ങൾ കള്ളം പറഞ്ഞതായി ഒരനുഭവം ഉണ്ടായിട്ടില്ല. അത് കൊണ്ട് ഞങ്ങൾ വിശ്വസിക്കും. നബിﷺതുടർന്നു. എന്നാൽ ഞാൻ പ്രഖ്യാപിക്കുന്നു. അല്ലാഹു നിങ്ങളിലേക്കു നിയോഗിച്ചയച്ച താക്കീത് കാരനാണ് ഞാൻ….
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-50/365
Tweet 50/365
അറബികളിൽ ഒരാളും ഞാൻ നിങ്ങൾക്ക് നൽകുന്ന പോലെയുള്ള നന്മ അവരുടെ കുടുംബക്കാർക്ക് നൽകിയിട്ടില്ല. രണ്ട് ലോകത്തെയും നന്മയാണ് നിങ്ങൾക്ക് ഞാൻ വാഗ്ദാനം ചെയ്യുന്നത്. ഞാൻ നിങ്ങളെ വിജയത്തിലേക്ക് ക്ഷണിക്കുന്നു. ഈ വിഷയത്തിൽ നിങ്ങൾ എന്നോടൊപ്പമുണ്ടാകണം. ഒത്തുകൂടിയ എല്ലാവരും നബി ﷺയുടെ പ്രസ്താവന ശ്രദ്ധാപൂർവ്വം ശ്രവിച്ചു. പക്ഷേ, അബൂലഹബ് എന്നയാൾക്ക് മാത്രം അത് ഇഷ്ടമായില്ല. അയാൾ ചോദിച്ചു. ഇത് പറയാനാണോ ഞങ്ങളെ ഇവിടെ വിളിച്ചുചേർത്തത്. നിങ്ങൾക്ക് നാശം.. മുഹമ്മദേ.. തബ്ബൻ ലക യാ മുഹമ്മദ് എന്ന വാചകമാണയാൾ ഉപയോഗിച്ചത്. മുത്ത് നബി ﷺ ക്ക് അത് പ്രയാസമായി. പക്ഷേ, അല്ലാഹു നബി ﷺ യെ സമാധാനിപ്പിച്ചു. അബൂലഹബിനെ അതേ നാണയത്തിൽ ഖുർആൻ കൈകാര്യം ചെയ്തു. തബ്ബത് യദാ-ഖുർആനിലെ നൂറ്റിപ്പതിനൊന്നാമത്തെ അധ്യായം അവതരിച്ചു. ആശയം ഇങ്ങനെയാണ്. “അബൂലഹബിന്റെ ഇരുകൈകൾക്കും നാശം. അവന്റെ നേട്ടങ്ങളും സമ്പാദ്യങ്ങളും ഒന്നും അവനുപകരിക്കുകയില്ല. ജ്വാലകൾ ഉയരുന്ന നരകത്തിലേക്ക് അവൻ ചെന്നുചേരും. ഒപ്പം അവന്റെ ഏഷണിക്കാരിയായ ഭാര്യയും. അവളുടെ കഴുത്തിൽ പനനാര് കൊണ്ട് ഒരു കയറുണ്ടാകും” (ഇതെല്ലാം പിൽക്കാലത്ത് പുലർന്നു). എന്നാൽ കുടുംബ സദസ്സിൽ വെച്ചു തന്നെ ചെറുപ്പക്കാരനായ അലി വിശ്വാസം പ്രഖ്യാപിച്ചു. ഏത് ഘട്ടത്തിലും ഞാൻ തങ്ങൾക്കൊപ്പമാണെന്ന് അറിയിക്കുകയും ചെയ്തു.
മുത്ത് നബി ﷺ വീട്ടിലേക്ക് മടങ്ങി. ആരാധനയിലും ആലോചനയിലും സമയം ചിലവഴിച്ചു. പ്രബോധനത്തിന്റെ പ്രതിഫലനങ്ങൾ കണ്ടു തുടങ്ങി…
മക്കയിൽ എവിടെയും പുതിയ മാർഗ്ഗത്തെ കുറിച്ചുള്ള ചർച്ചകൾ. നബി, റസൂൽ, ദിവ്യബോധനം അഥവാ വഹിയ്.
എന്തായിരിക്കും ഈ വഹിയ്? ആരായിരിക്കും ഈ പ്രവാചകൻ?നമുക്കൊന്ന് പഠിക്കാൻ ശ്രമിക്കാം.
ദിവ്യ ബോധനം ദിവ്യവെളിപാട് എന്നൊക്കെയാണ് ‘വഹ് യ്’ എന്ന അറബി പദത്തിന്റെ പ്രാഥമിക സാരം. എന്നാൽ പരോക്ഷമായ മാർഗത്തിൽ വിവരം നൽകുക എന്നതാണ് സാമാന്യമായ അർത്ഥം. പ്രപഞ്ചാധിപനായ അല്ലാഹു അവന്റെ പ്രവാചകന്മാർക്ക് സന്ദേശങ്ങൾ നൽകുന്ന സവിശേഷമായ രീതി. ഇതാണ് സാങ്കേതികമായി വഹിയിന്റെ ഉദ്ദേശ്യം. പൂർണാർത്ഥത്തിൽ വഹ് യിനെ മനസിലാകുന്നതിന് സാധാരണക്കാർക്ക് പരിമിതികളുണ്ട്. അനുഭവിച്ചറിയാനോ അനുഭവിച്ചവരിൽ നിന്ന് നേരിട്ട് മനസ്സിലാക്കാനോ നമുക്കവസരമില്ല എന്നതാണ് അതിന്റെ ഒരു കാരണം.
വഹിയിന് വ്യത്യസ്ഥങ്ങളായ രീതികളുണ്ട്.
ഒന്ന്: സ്വപ്നത്തിലൂടെ ലഭിക്കുന്ന പ്രത്യേക സന്ദേശങ്ങൾ. നബി ﷺ യുടെ ഓരോ സ്വപ്നങ്ങളും പ്രഭാതം പുലരും പോലെ യാഥാർത്ഥ്യമാകുമായിരുന്നു. ഇബ്രാഹീം നബി(അ)ക്ക് മകനെ ബലി നൽകാനുള്ള സന്ദേശം സ്വപ്നത്തിലൂടെയായിരുന്നു ലഭിച്ചത്.
രണ്ട്: മലക്ക് വഴി പ്രവാചകന്റെ മനസ്സിലോ ബോധ മണ്ഡലത്തിലോ സന്ദേശം ഇട്ടുകൊടുക്കുക. അപ്പോൾ മലക്ക് പ്രത്യക്ഷത്തിൽ രംഗത്ത് വരണമെന്നില്ല. ഹദീസുകളിൽ അപ്രകാരം തന്നെയുള്ള പ്രയോഗങ്ങൾ കാണാം. ഒരിക്കൽ നബി ﷺ പറഞ്ഞു പവിത്രാത്മാവ് എന്റെ ഹൃദയത്തിൽ ഒരു സന്ദേശം ഇട്ടു തന്നു. ഒരു ദേഹവും അതിനു നിശ്ചയിച്ച ആഹാരം പൂർത്തിയാക്കാതെ മരണപ്പെടുകയില്ല. അതിനാൽ നിങ്ങൾ ഭക്തിയുള്ളവരാവുക. നല്ല രീതിയിൽ വിഭവ സമാഹരണം നടത്തുക. അന്നത്തിനു മുട്ട് വരുമ്പോൾ പടച്ചവൻ നിശ്ചയിക്കാത്ത മാർഗ്ഗങ്ങൾ നിങ്ങൾ സ്വീകരിക്കരുത്. അല്ലാഹുവിനെ അനുസരിച്ചു കൊണ്ടേ അവന്റെ പക്കലുള്ളത് നേടാൻ സാധിക്കൂ.
മൂന്ന്: മലക്ക് മലക്കിന്റെ തനത് രൂപത്തിൽ തന്നെ വരിക. തുടർന്ന് സന്ദേശം കൈമാറുക. അത് ചിലപ്പോൾ ഒരു മണിനാദത്തിന്റെ അകമ്പടിയോടെയായിരിക്കും. വഹിയ് സ്വീകരിക്കുമ്പോൾ ഏറ്റവും പ്രയാസമനുഭവിക്കുന്നത് ഈ മാർഗത്തിൽ വരുമ്പോഴാണെന്ന് ഹദീസുകളിൽ കാണാം. മണിനാദം എന്നത് കേവലമായ ഒരു പരിഭാഷ മാത്രമാണ്. അതിന്റെ ശരിയായ രൂപമോ ഭാവമോ നമുക്ക് മനസ്സിലാക്കാൻ കഴിയില്ല. ഇത്തരം വിഷയങ്ങളിൽ നിവേദനങ്ങൾ ഉൾക്കൊള്ളുകയും അംഗീകരിക്കുകയുമേ നിർവ്വാഹമുള്ളൂ.
നാല്: മലക്ക് മനുഷ്യന്റെ രൂപത്തിൽ വന്ന് സന്ദേശം കൈമാറുന്ന രീതി. അങ്ങനെ വരുമ്പോൾ സദസ്സിലുള്ളവർക്കും ജിബ്‌രീലിനെ കാണാൻ കഴിയുമായിരുന്നു. എന്നാൽ ഈ വന്നത് ജിബ്രീൽ(അ) ആണെന്ന് നബി ﷺ തന്നെ പരിചയപ്പെടുത്തേണ്ടിയിരുന്നു. ഈമാൻ ഇസ്‌ലാം കാര്യങ്ങൾ എണ്ണിപ്പറയുന്ന പ്രസിദ്ധമായ ഹദീസിൽ ജിബ്‌രീൽ(അ) മനുഷ്യരൂപത്തിൽ വന്നതിന്റെ ചിത്രീകരണമുണ്ട്. പ്രസ്തുത ഹദീസ് ഹദീസുജിബ്‌രീൽ (ജിബ്‌രീലിന്റെ ഹദീസ്) എന്ന പേരിലും അറിയപ്പെടുന്നു. പലപ്പോഴും ജിബിരീൽ(അ) പ്രമുഖ സ്വഹാബി ദിഹ്യതുൽ കൽബി എന്നവരുടെ രൂപത്തിൽ വന്നിട്ടുണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-51/365
അഞ്ച്: ജിബ്‌രീൽ (അ) ജിബ്‌രീലിന്റെ യഥാർഥ രൂപത്തിൽ പ്രത്യക്ഷപ്പെട്ടുകൊണ്ട് സന്ദേശം കൈമാറുക. ഈ വിധത്തിൽ അത്യപൂർവമായി മാത്രമേ ഉണ്ടാകാറുള്ളൂ. പ്രവാചകന്മാരിൽ തന്നെ ജിബ്രീലി (അ)ന്റെ യഥാർഥ രൂപം മുത്ത്നബി ﷺ മാത്രമേ കണ്ടിട്ടുള്ളു. അവിടുന്ന് രണ്ട് പ്രാവശ്യമെ അങ്ങനെ ദർശിച്ചിട്ടുള്ളൂ എന്ന അഭിപ്രായം രേഖകളിൽ വന്നിട്ടുണ്ട്.
ആറ്: മധ്യവർത്തികളില്ലാതെ അല്ലാഹു നേരിട്ട് സന്ദേശം നൽകും. സന്ദേശം ലഭിക്കുക ഒരു തിരശ്ശീലയ്ക്ക് പിന്നിൽ നിന്നായിരിക്കും. മൂസാനബി (അ)യോടുള്ള അല്ലാഹുവിന്റെ സംഭാഷണം ഈ വിധത്തിലായിരുന്നു.
ഏഴ്: മധ്യവർത്തിയോ തിരശ്ശീലയോ ഇല്ലാതെയുള്ള അല്ലാഹുവിന്റെ സംഭാഷണം. മിഅ്റാജ് വേളയിൽ അല്ലാഹു നബി ﷺ യോട് സംഭാഷണം നടത്തിയത് ഈ വിധത്തിലായിരുന്നു. പ്രസ്തുത രാത്രിയിൽ നബി ﷺ അല്ലാഹുവിനെ നേരിട്ട് കാണുകയും സന്ദേശം സ്വീകരിക്കുകയും ചെയ്തു. ഇക്കാര്യം ‘അന്നജ്മ് ‘ അധ്യായത്തിൽ ഖുർആൻ തന്നെ പ്രസ്താവിക്കുന്നതിങ്ങനെയാണ്. “അങ്ങനെ അല്ലാഹു അവന്റെ അടിമയ്ക്ക് വഹ്‌യ് നൽകേണ്ടത് വഹ്‌യായി നൽകി.”
എട്ട്: ഉറക്കത്തിൽ അല്ലാഹു നബിക്ക് സന്ദേശം നൽകുന്ന രീതി. സ്വപ്നദർശനമല്ലാത്ത പ്രത്യേകമായ ഒരു സംവേദന മാർഗമാണത്. ഇമാം അഹമദ് (റ) ഉദ്ധരിച്ച സുപ്രധാനമായ ഒരു ഹദീസിൽ ഈ വിധത്തിലുള്ള സന്ദേശം കാണാം :
” ഇമാം ഇബ്നു അബ്ബാസ് ഉദ്ധരിക്കുന്നു. നബി ﷺ പറഞ്ഞു. എന്റെ നാഥൻ ഏറ്റവും സുന്ദരമായി എന്റെയടുത്ത് വന്നു.(സ്വപ്നത്തിൽ എന്ന് നബി പറഞ്ഞുവെന്നാണ് എന്റെ ധാരണ) എന്നെ വിളിച്ചു. ഓ മുഹമ്മദ്.. സർവാത്മനാ എന്റെ നാഥന് ഞാനുത്തരം ചെയ്യുന്നു, ഞാൻ പറഞ്ഞു.
അല്ലാഹു ചോദിച്ചു, അത്യുന്നതങ്ങളിൽ എന്തിനെക്കുറിച്ചാണ് ചർച്ച നടക്കുന്നത് എന്നറിയാമോ?
ഞാൻ പറഞ്ഞു, എന്റെ നാഥാ എനിക്കറിയില്ല. അപ്പോൾ അല്ലാഹു പ്രത്യേകമായ ചില അനുഗ്രഹ വർഷങ്ങൾ എന്റെമേൽ ചൊരിഞ്ഞു. അതോടെ ഉദയാസ്തമാനങ്ങൾക്കിടയിലുള്ളതെല്ലാം ഞാൻ അറിഞ്ഞു “.
ഒമ്പത്: തേനീച്ചകളുടെ ഇരമ്പൽ പോലെ അനുഭവപ്പെടുകയും ഒപ്പം ദിവ്യ സന്ദേശം ലഭിക്കുകയും ചെയ്യുന്ന രീതി. ഈ അനുഭവം ഉമർ (റ) പങ്കുവച്ചത് ഇമാം അഹ്‌മദ് (റ) ഉദ്ധരിച്ച ഹദീസിൽക്കാണാം.
പത്ത്: ഗവേഷണപരമായി വിഷയങ്ങളെ സമീപിക്കുമ്പോൾ മുത്ത് നബിയുടെ ഹൃദയത്തിൽ ലഭിക്കുന്ന തീർപ്പുകൾ, പ്രസ്താവിക്കുന്ന തീരുമാനങ്ങൾ. ഇജ്തിഹാദ് വഹ്‌യിൽ പെടുമോ എന്ന വൈജ്ഞാനിക ചർച്ചയുണ്ട്. എന്നാലും അവിടുന്ന് മൊഴിയുന്നതെന്തും വഹ്‌യ് ന്റെ അടിസ്ഥാനത്തിലാണ് എന്നതിൽ ഇതും ഉൾപ്പെടും. ദിവ്യസന്ദേശങ്ങളുടെ വേറെയും രീതികളുണ്ട്. സന്ദേശം എത്തിക്കുന്ന ഭാവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഏറെയും വ്യത്യാസപ്പെടുന്നത്. വഹ്‌യിന് നാൽപ്പത്തിയാറ് ഇനങ്ങളുണ്ട് എന്ന് ഹദീസിൽത്തന്നെ വന്നിട്ടുണ്ട്.
മുത്ത് നബി ﷺ ക്ക് ലഭിക്കുന്ന സന്ദേശങ്ങളുടെ മഹത്വം ഖുർആൻ പരിചയപ്പെടുത്തുന്നു. 53-ാം അധ്യായം അന്നജ്മിലെ ഒന്നു മുതൽ അഞ്ച് വരെയുള്ള സൂക്തങ്ങളുടെ ആശയം ഇപ്രകാരമാണ് : “അസ്തമാന നക്ഷത്രം സത്യം ! നിങ്ങളുടെ കൂട്ടുകാരൻ (നബി) വഴി തെറ്റിയിട്ടില്ല. (സത്യത്തിൽ നിന്ന്) വഴുതിമാറിയിട്ടുമില്ല. തന്നിഷ്ടപ്രകാരം നബി സംസാരിക്കുകയില്ല.(സംസാരം) അവിടുത്തേക്ക് ലഭിക്കുന്ന വഹ്‌യ് മാത്രമായിരിക്കും. സുശക്തനായ ഒരാൾ നബിയെ അത് പഠിപ്പിച്ചിരിക്കുന്നു.”
മുത്ത് നബി ﷺ യുടെ അറിവിന്റെയും പ്രസ്താവനകളുടെയും ഉറവിടം വഹ്‌യ് തന്നെയാണ്. ഇത് ബോധ്യപ്പെടുത്തുന്ന ഒരു ഹദീസ് ഇമാം അബൂദാവൂദ് നിവേദനം ചെയ്തിട്ടുണ്ട്. അബ്ദുല്ലാഹി ബിൻ അംറ് പറയുന്നു :
” തിരുനബിﷺയിൽ നിന്ന് കേൾക്കുന്നതെല്ലാം ഞാൻ പകർത്തി വയ്ക്കുമായിരുന്നു. മന:പാഠമാക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്തു വന്നത്. അപ്പോൾ ചില ഖുറൈശികൾ എന്നെ വിലക്കി. അവർ പറഞ്ഞു, പ്രവാചകൻ പറയുന്ന എല്ലാകാര്യങ്ങളും നിങ്ങൾ എഴുതിവയ്ക്കുകയോ? അവിടുന്ന് കോപിക്കേണ്ടിവരുമ്പോഴും അല്ലാത്തപ്പോഴും ഒക്കെ സംസാരിക്കുന്ന മനുഷ്യനല്ലേ? ഇത് കേട്ട ഞാൻ എഴുത്ത് നിർത്തി. ഇക്കാര്യം പിന്നീട് ഞാൻ നബി ﷺ യോട് പങ്കുവച്ചു. അവിടുന്ന് പറഞ്ഞു, നീ എഴുതിക്കോളൂ… എന്റെ ആത്മാവിന്റെ അധിപൻ തന്നെ സത്യം! എന്നിൽ നിന്ന് സത്യമല്ലാത്തതൊന്നും ഉണ്ടാവില്ല “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-52/365
വഹ്‌യ് അഥവാ ദിവ്യസന്ദേശത്തെക്കുറിച്ച് നാം വായിച്ചു. ഇനി ‘പ്രവാചകൻ’ ആരാണെന്ന് നോക്കാം. പ്രപഞ്ചാധിപനായ അല്ലാഹു നേരത്തെത്തന്നെ നിശ്ചയിച്ചു നിയോഗിക്കുന്നവരാണ് പ്രവാചകന്മാർ. ഏതെങ്കിലും വിധത്തിൽ നേടിയെടുക്കുന്ന ഒരു പദവിയല്ല പ്രവാചകത്വം. കർമഫലമോ ധ്യാനത്തെളിച്ചമോ വിദ്യാഭ്യാസ യോഗ്യതയോ അങ്ങനെ ഒന്നുമല്ല. സവിശേഷമായ സന്ദേശം (വഹ്‌യ്) ലഭിച്ച പുരുഷൻ. ഇതാണ് നബി അഥവാ പ്രവാചകൻ എന്ന പ്രയോഗത്തിന്റെ സാരം. സന്ദേശത്തോടൊപ്പം പ്രബോധന ദൗത്യം കൂടി ഏൽപ്പിക്കപ്പെട്ടാൽ ആ വ്യക്തിയെ ‘റസൂൽ ‘ എന്ന് വിളിക്കും. എല്ലാ റസൂലുകളും നബിമാരായിരിക്കും. എന്നാൽ എല്ലാ നബിമാരും റസൂൽ ആയിരിക്കില്ല. ഒരു പ്രവാചകനുണ്ടായിരിക്കേണ്ട മുഴുവൻ ഗുണങ്ങളും നേരത്തെത്തന്നെ പ്രസ്തുത വ്യക്തിയിൽ അല്ലാഹു സമ്മേളിപ്പിക്കുന്നു. പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പും ശേഷവും അവർ പാപസുരക്ഷിതരായിരിക്കും. ചെറുതോ വലുതോ ആയ പാപങ്ങൾ അവരിൽ നിന്നുണ്ടാവില്ല. അവരുടെ കാഴ്ചയും കേൾവിയും ജീവിതങ്ങളും സാധാരണയിൽക്കവിഞ്ഞ മഹത്വമുള്ളതായിരുന്നു. “അല്ലാഹുവിന് നന്നായി അറിയാം ആർക്കാണ് രിസാലത്ത് നൽകേണ്ടത്” അൻആം എന്ന അധ്യായത്തിലെ നൂറ്റിയിരുപത്തിനാലാം സൂക്തത്തിൽ ഇങ്ങനെയൊരാശയം പഠിപ്പിക്കുന്നു. അഥവാ ഏറ്റവും യോഗ്യരും യുക്തരുമായ വ്യക്തികളെ പാകപ്പെടുത്തിയാണ് അല്ലാഹു പ്രവാചകന്മാരാക്കിയിട്ടുള്ളത് എന്ന് സാരം.
പ്രവാചകൻമാരുടെ എണ്ണം എത്രയാണെന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. ഏറ്റവും പ്രസിദ്ധമായത് ഒരു ലക്ഷത്തി ഇരുപത്തിനാലായിരം എന്നതാണ്. ഇതിന് പ്രമാണമായി അബൂദർറ് (റ)ൽ നിന്നുദ്ധരിക്കുന്ന ഒരു ഹദീസ് ഇങ്ങനെയാണ്. “മഹാനവർകൾ പറയുന്നു, ഞാൻ ചോദിച്ചു : ‘അല്ലാഹുവിന്റെ ദൂതരേ, പ്രവാചകന്മാർ എത്രയുണ്ട് ?’
‘ ഒരു ലക്ഷത്തി ഇരുപത്തിനാലായിരം ‘.
‘അവരിൽ റസൂലുകൾ എത്ര പേരാണ് ? ‘
‘മുന്നൂറ്റിപ്പതിമൂന്ന് ‘.
‘അവരിൽ ആദ്യത്തെയാൾ ആരാണ് ?”
” ആദം ‘.
‘ആദം റസൂലായ നബിയാണോ ?’
‘അതെ’ – നബി ﷺ ഉത്തരങ്ങൾ പറഞ്ഞു “.
ഈ ഹദീസിനെക്കുറിച്ച് നിരൂപണങ്ങൾ ഉണ്ട്. എന്നാൽ ഇമാം അഹ്മദ് ബിൻ ഹമ്പൽ (റ) അടക്കം നിരവധിയാളുകൾ ഈ ഹദീസ് നിവേദനം ചെയ്തിട്ടുണ്ട്.
പ്രവാചക പരമ്പരയിലെ അവസാനത്തെ വ്യക്തിയും എന്നാൽ എല്ലാവരുടെയും നേതാവുമാണ് മുഹമ്മദ് നബി ﷺ. മുർസലുകളിൽ അഞ്ചു പേർ ‘ഉലുൽ അസ്മ്’ എന്ന പ്രത്യേക പദവിയിൽ ഉള്ളവരാണ്. നൂഹ്(അ), ഇബ്റാഹീം(അ), മൂസാ(അ), ഈസാ(അ), മുഹമ്മദ് ﷺ എന്നിവരാണവർ. അസാമാന്യമായ ക്ഷമയുടെയും നിശ്ചയദാർഢ്യത്തിന്റെയും ഉടമകൾ എന്ന അർഥത്തിലാണ് ഈ വിലാസം നൽകപ്പെട്ടത്. മുഹമ്മദ് ﷺ ശാരീരികപ്പിറവിയിലും ദൗത്യ നിയോഗത്തിലും അവസാനത്തെ നബിയാണ്. എന്നാൽ, ആത്മീയ നിയോഗത്തിൽ ആദ്യത്തേതും മറ്റെല്ലാപ്രവാചകന്മാരുടെയും നേതാവുമാണ്. എല്ലാ പ്രവാചകന്മാരും പ്രത്യേക കാലത്തേക്കോ ദേശത്തേക്കോ ജനതയിലേക്കോ മാത്രം നിയോഗിക്കപ്പെട്ടവരായിരുന്നു. ഹൂദ് നബി (അ)യെ യമനിലെ ‘ആദ്’ ; സ്വാലിഹ് നബി(അ)യെ ‘സമൂദ്’ എന്നീ സമൂഹങ്ങളിലേക്കായിരുന്നു നിയോഗിക്കപ്പെട്ടത്
എന്ന് ഖുർആൻ പഠിപിക്കുന്നു. പക്ഷേ, മുഹമ്മദ് ﷺ ലോകത്തേക്ക് മുഴുവൻ നിയോഗിക്കപ്പെട്ട റസൂലാണ്. ഈ ആശയം പറയാൻ “കാഫതൻ ലിന്നാസ് …” എന്ന പ്രയോഗമാണ് ഖുർആൻ ഉപയോഗിച്ചത്. മനുഷ്യവർഗത്തിന് പുറമെ ഭൂതവർഗത്തിലേക്കും മുഹമ്മദ് ﷺ നിയോഗിക്കപ്പെട്ടിട്ടുണ്ട്. ജിന്നുകൾ അഥവാ ഭൂതവർഗം നബി ﷺയിൽ നിന്ന് ഖുർആൻ കേൾക്കുകയും അദ്ഭുതം പ്രകടിപ്പിക്കുകയും ചെയ്തു. ഈ ആശയം കൂടി ഉൾക്കൊള്ളുന്ന ഖുർആനിലെ അധ്യായത്തിന്റെ പേര് ‘സൂറതുൽ ജിന്ന് ‘ എന്നാണ്. പ്രവാചകരിൽ നിന്ന് ജിന്നുകൾ ഖുർആൻ ശ്രവിച്ച സ്ഥലത്ത് നിർമിതമായ പള്ളിയാണ് മക്കയിലെ പ്രസിദ്ധമായ ‘മസ്ജിദുൽ ജിന്ന്’.
എല്ലാ പ്രവാചകന്മാരും ശബ്ദഭംഗിയും മുഖഭംഗിയും ഉള്ളവരായിരുന്നു. എല്ലാവരും അവരവർ ജനിച്ചു വളർന്ന നാട്ടിൽ വച്ചു തന്നെ പ്രവാചകത്വം പ്രഖ്യാപിച്ചവരായിരുന്നു. അതാത് ദേശങ്ങളിലെ അറിയപ്പെട്ട പവിത്ര കുടുംബങ്ങളിൽ നിന്നുള്ളവരുമായിരുന്നു. അഥവാ, അവരുടെ ഊരോ പേരോ നിയോഗിക്കപ്പെടുന്ന ജനതയ്ക്ക് അറിയാത്തതായിരുന്നില്ല. ലോകത്ത് തന്നെ ഏറ്റവും അറിയപ്പെട്ടതും പവിത്രവുമാണ് മുത്ത്നബി ﷺ യുടെ കുടുംബ പരമ്പര.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-53/365
വഹ്‌യ്, പ്രവാചകത്വം എന്നിവയാണ് നാം പരിചയപ്പെട്ടത്. എന്നാൽ പ്രവാചകന്മാരെ നിയോഗിക്കുന്നതിന്റെ താത്പ്പര്യമെന്താണ് ? ഉത്തരം ലളിതമാണ്. മനുഷ്യനെ സൃഷ്ടിച്ചു പരിപാലിക്കുന്ന അല്ലാഹു അവൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ മനഷ്യർക്കെത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു. അതിനായി മനുഷ്യരിൽ നിന്നു തന്നെ ദൂതന്മാരെ സംവിധാനിച്ചു. അവരാണ് പ്രവാചകന്മാർ. മനുഷ്യനു മാർഗദർശനം നൽകാൻ എന്തു മാർഗവും സ്വീകരിക്കാൻ അധികാരവും കഴിവുമുള്ളവനാണ് അല്ലാഹു. അതിൽ നിന്നു അവൻ സ്വീകരിച്ച മാർഗം മാതൃകാപുരുഷന്മാരായ ദൂതന്മാരെ നിയോഗിക്കുക, പ്രമാണങ്ങളായ ഗ്രന്ഥങ്ങളെ അവതരിപ്പിക്കുക എന്നതായിരുന്നു. സൃഷ്ടികളിൽ വച്ച് മനുഷ്യനെ സവിശേഷ പ്രകൃതിയിലും സ്വഭാവത്തിലുമാക്കിയതും അവൻ തന്നെയാണ്. അതിനനുസൃതമായ ജീവിത രീതിയാണ് സ്രഷ്ടാവ് മനുഷ്യന് നിർദേശിച്ചത്.
ശരി, മുഹമ്മദ് നബിﷺ പ്രപഞ്ചനാഥൻ നിയോഗിച്ച ദൂതനാണ് എന്നതിനെ യുക്തി പരമായി എങ്ങനെ മനസ്സിലാക്കാം ? നമുക്ക് ഒന്നു ആലോചിച്ചു നോക്കാം. മുഹമ്മദ്ﷺ മക്കയിലെ ഉന്നത തറവാട്ടിൽ ജനിച്ചു. മാതാപിതാക്കൾ ഉന്നത ഗുണങ്ങളുള്ളവരും അറിയപ്പെട്ടവരും. ജനിച്ചു വീണ ദേശത്തും ജനതയിലും തന്നെ വളർന്നു വലുതായി. കൗമാര യൗവനങ്ങൾ മാതൃകാപരമായി ജീവിച്ചു. സമൂഹം ഒന്നടക്കം വിശ്വസ്തൻ, സത്യസന്ധൻ എന്നീ വിലാസങ്ങളിൽ വിളിച്ചു കൊണ്ടിരുന്നു. തമാശയ്ക്ക് പോലും കളവ് പറഞ്ഞിട്ടേയില്ല. ആരുടെയും ഒരവകാശവും ഹനിച്ചില്ല. ഏതെങ്കിലും ഒരു കുറ്റകൃത്യത്തിൽപ്പെടുകയോ സ്വഭാവ ദൂഷ്യങ്ങൾ പുലർത്തുകയോ ചെയ്തില്ല. അങ്ങനെ നാൽപ്പത് കൊല്ലം സ്വന്തം നാട്ടിൽത്തന്നെ ജീവിച്ചു. അതിനിടയിൽ മക്കയിലെ പ്രമുഖരുടെയടക്കം വിലപിടിപ്പുള്ള വസ്തുക്കളുടെ സൂക്ഷിപ്പുകാരനായി. പ്രതിസന്ധികളിൽ മധ്യസ്ഥ റോളിൽ അവരോധിക്കപ്പെട്ടു. ഇങ്ങനെയെല്ലാമുള്ള ഒരാളാണ് അതേ ജനതയിൽ ഞാൻ ദൈവതൂതനാണെന്ന് പ്രഖ്യാപിച്ചത്. നാൽപ്പത് കൊല്ലം എന്തെങ്കിലും ഒരു കാരണത്താൽ ഒരിക്കൽപോലും കളവ് പറയാത്ത ഒരാൾ ഇത്രയും വലിയ ഒരു കാര്യത്തിൽ മഹാകള്ളം പറയുകയോ? സാമാന്യമായിത്തന്നെ നമുക്കതുൾക്കൊള്ളാൻ കഴിയുമോ? ഇല്ല. അപ്പോൾ ഈ വാദം ശരിയാകാനല്ലേ തരമുള്ളൂ ?
ഇനിയും നമുക്കാലോചിക്കാം. ഞാൻ ദൈവദൂതനാണ് എന്ന് വാദിച്ചപ്പോൾ എന്തെങ്കിലും തെളിവോ സാക്ഷ്യമോ ഹാജരാക്കിയിരുന്നോ? അതെ, ഖുർആൻ എന്ന മഹത്തായ ഒരു ഗ്രന്ഥം അവതരിപ്പിച്ചു. അത് രക്ഷിതാവിന്റെ വചനങ്ങളാണെന്നും അവകാശപ്പെട്ടു. ശരി, അത്തരമൊരു ഗ്രന്ഥം സ്വന്തം എഴുതിയിട്ട് അല്ലാഹുവിൽ നിന്നാണ് എന്ന് അവകാശപ്പെടാൻ സാധ്യതയുണ്ടോ? അതെങ്ങനെ ? ഈ വ്യക്തി സാമ്പ്രദായികമായി ഒരു വിദ്യാഭ്യാസവും നേടിയിട്ടേയില്ല. ഒരഭ്യാസവും നൽകിയ ഒരധ്യാപകനുമില്ല. എന്നാലിനി എവിടെന്നെങ്കിലും കോപ്പിയടിച്ചതായിരിക്കുമോ? അതിനും ഒരു സാധ്യതയും കാണുന്നില്ല. കാരണം, ഖുർആനിന്റെ അതേ ഭാഷയിലോ ഉള്ളടക്കത്തിലോ ശൈലിയിലോ ലോകത്ത് ഒരു വേദഗ്രന്ഥവും അറിയപ്പെട്ടിട്ടുപോലുമില്ല. വർത്തമാനകാലത്ത് ചിന്തിക്കുകയാണെങ്കിൽ ഒന്നര സഹസ്രാബ്ദത്തോളം ഒരു ഗ്രന്ഥം ഇത്രമേൽ വായിക്കപ്പെടുകയും ചർച്ച ചെയ്യപ്പെടുകയും കോടിക്കണക്കിന് വ്യക്തികൾ നിത്യജീവിതത്തിൽ പാരായണം ചെയ്യുകയും ചെയ്യുന്നു. ഇത്തരമൊരു ഗ്രന്ഥം വേറിട്ടതെന്നല്ലാതെ പിന്നെന്ത് പറയാനാണ് ? ഇങ്ങനെ ചോദിക്കാവുന്ന എല്ലാ ചോദ്യങ്ങളും മനസ്സിൽ ഹാജരാക്കിയാലും ഉത്തരം ഈ ഗ്രന്ഥത്തിന്റെ ദൈവികതയിലേക്കേ എത്തിക്കൂ. ഇന്നുവരെയും തത്തുല്യമായ ഒരു ഗ്രന്ഥം അവതരിപ്പിക്കാൻ വിമർശകർക്ക് പോലും സാധിച്ചിട്ടില്ല എന്നതും ചേർത്ത് വായിക്കാം.
മറ്റെന്തെങ്കിലും തെളിവുകൾ ? അതെ , അങ്ങനെയും ഒന്നു ചിന്തിക്കാം. ശരി, പ്രവാചകന്റെ പ്രവചനങ്ങൾ ഒരു പ്രമാണമാണ്. ഭൗതികമായ യാതൊരു നിഗമനങ്ങളാലും പറയാനാവാത്ത പല പ്രവചനങ്ങളും അവതരിപ്പിച്ചു. അതെല്ലാം പകൽ പോലെ പുലർന്നു. അത്തരമൊരു പട്ടിക തന്നെ തയ്യാറാക്കാൻ കഴിയും.
ഇനി ആരെങ്കിലും ഒന്നു കൂടിക്കടന്ന് ഇങ്ങനെ ചോദിച്ചാലോ? മുഹമ്മദ് ﷺ എന്ന ഒരു വ്യക്തി ആയിരത്തി നാനൂറ് കൊല്ലങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നോ? അതല്ല, കേവലം ഒരു കഥാപാത്രമാണോ?
ഇവിടെയും ഉത്തരം ലളിതമാണ്. ചരിത്രത്തിൽ ഒരാൾ ജീവിച്ചിരുന്നു എന്നതിന് ലോകത്ത് സമർപ്പിക്കാവുന്നതിൽ ഏറ്റവും ശക്തമായ തെളിവുകൾ മുഹമ്മദ് നബിﷺ ജീവിച്ചിരുന്നു എന്നതിന് മാത്രമെയുള്ളൂ. മുഹമ്മദ് ﷺ മുതൽ ഇന്നേ വരെയുള്ള വിജ്ഞാന പരമ്പരയും സന്താന പരമ്പരയും അവയ്ക്കിടയിൽ ഒരാൾ പോലും വിട്ടു പോകാതെ രേഖപ്പെട്ടുകിടക്കുന്നു. അവ രേഖപ്പെടുത്തിയവരുടെ ചരിത്രവും രേഖപ്പെടുത്തിയിരിക്കുന്നു.
ചരിത്രത്തിന്റെ ജ്ഞാന ശാസ്ത്രം മുന്നോട്ട് വയ്ക്കുന്ന മാനദണ്ഡങ്ങൾ വച്ച് ഇവയൊക്കെ പരിശോധിക്കാനും സാധ്യമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ
وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-54/365
നമുക്ക് മക്കയിലേക്ക് മടങ്ങാം. മുത്ത് നബി ﷺ പ്രബോധനത്തിന്റെ ആദ്യ നാളുകളിലാണ്. കുടുംബക്കാർക്കിടയിൽ മുത്ത് നബി ﷺ ഇസ്‌ലാം വിളംബരം ചെയ്തു. കുടുംബക്കാരോട് പറഞ്ഞു തുടങ്ങുമ്പോൾ അവിടുന്ന് പങ്കുവച്ച ഒരാമുഖം ഇങ്ങനെയാണ് : “ഒരു നേതാവും സ്വന്തം കുടുംബത്തോട് കളവു പറയില്ല. ഞാൻ ലോകത്തോട് മുഴുവൻ കളവു പറഞ്ഞാലും നിങ്ങളോട് പറയുമോ? ലോകത്തെ മുഴുവൻ വഞ്ചിച്ചാലും നിങ്ങളെ വഞ്ചിക്കുമോ? ഏകനായ അല്ലാഹുവിൽ സത്യം. ഞാൻ നിങ്ങളിലേക്ക് പ്രത്യേകിച്ചും, ജനതയിലേക്ക് മൊത്തവുമുള്ള അല്ലാഹുവിന്റെ ദൂതനാണ്. അല്ലാഹുസത്യം ! ഉറങ്ങുന്നത് പോലെ നിങ്ങൾ മരണപ്പെടും. ഉണരുന്നത് പോലെ പുനർജനിക്കും. സത്‌ക്കർമങ്ങൾക്ക് നന്മ പ്രതിഫലമായി ലഭിക്കും. തെറ്റുകൾക്ക് ശിക്ഷയായിരിക്കും പ്രതിഫലം. ഒന്നുകിൽ അനന്തമായ സ്വർഗം അല്ലെങ്കിൽ, അനന്തമായ നരകം..”
നാലുപാട് നിന്നും വിമർശനങ്ങൾ ഉയർന്നു. അതിനിടയിൽ സൗഭാഗ്യവാന്മാരായ ആളുകൾ നബി ﷺ യുടെ ചാരത്തെത്തി. അവർക്ക് നേർവഴിയുടെ സംഗീതം ആസ്വദിക്കാൻ കഴിഞ്ഞു. ആദ്യ ഘട്ടത്തിൽത്തന്നെ ഇസ്‌ലാമിലേക്ക് വന്നവരെ ഖുർആൻ പ്രത്യേകം പ്രശംസിച്ചിട്ടുണ്ട്. സൂറതു തൗബ: യിലെ “പ്രാരംഭഘട്ടത്തിൽ ഇസ്‌ലാമിലേക്ക് വന്ന മുഹാജിറുകളും അൻസാറുകളും, അവരെ നന്മയിൽ പിൻപറ്റിയവരും ; അല്ലാഹു അവരെയും അവർ അല്ലാഹുവിനെയും തൃപ്തിപ്പെട്ടിരിക്കുന്നു. താഴ്‌വരകളിൽ അരുവി ഒഴുകുന്ന ഉദ്യാനങ്ങൾ അല്ലാഹു അവർക്ക് വേണ്ടി ഒരുക്കിവച്ചിരിക്കുന്നു. അവരതിൽ ശാശ്വതമായിരിക്കും അതാണ് മഹത്തായ വിജയം”.
പ്രാരംഭഘട്ടത്തിൽ ഇസ്‌ലാം സ്വീകരിച്ചവരെ ക്രമാനുഗതമായി പട്ടിക തയ്യാറാക്കാൻ പ്രയാസമാണ്. പല സഹാബികളും സ്വയം പരിചയപ്പെടുത്തുമ്പോൾ ഞാൻ ഇത്രാമത്തെ ആൾ എന്ന് പരിചയപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ആ ക്രമം കൃത്യമാകണം എന്നില്ല. കാരണം, അവർ അവരുടെ അറിവിന്റെയും ധാരണയുടെയും അടിസ്ഥാനത്തിൽ പറഞ്ഞതായിരിക്കും. ഉദാഹരണമായി, സഅദ് ബിൻ അബീ വഖാസ് (റ)നെയെടുക്കാം. മഹാനവർകൾ പറഞ്ഞു ; “ഞാൻ ഇസ്‌ലാമിലെ വെറും മൂന്നംഗങ്ങളിൽ ഒരാളായി ഉണ്ടായിരുന്നു ” . ഇമാം ബുഖാരിയാണ് ഈ പ്രസ്താവന ഉദ്ധരിച്ചത്. എന്നാൽ, ചരിത്രപരമായി ആദ്യത്തെ നാലാളുകളിൽ സഅദ് (റ) ഉൾപ്പെടില്ല എന്നത് തീർച്ചയാണ്. അപ്പോൾ പുരുഷന്മാരിൽ മൂന്നാമത്തെയാൾ എന്ന കാഴ്ചപ്പാടിലായിരിക്കും പ്രസ്തുത എണ്ണം നിർണയിച്ചത്. അല്ലെങ്കിൽ, സ്ത്രീകളെയും കുട്ടികളെയും ഭൃത്യന്മാരെയും എണ്ണാതെയും ആകാം. അതൊന്നുമല്ലെങ്കിൽ സ്വന്തം അറിവിന്റെയും ലഭിച്ച വിവരത്തിന്റെയും അടിസ്ഥാനത്തിലായിരിക്കാം.
ഏറ്റവും ആദ്യം ഇസ്‌ലാം സ്വീകരിച്ച നാലുപേർ ബീവി ബദീജ, അബൂബക്കർ സിദീഖ്, അലി ബിൻ അബീത്വാലിബ്, സൈദ് ബിൻ ഹാരിസ (റ) എന്നിവരാണ്. സ്ത്രീ, പുരുഷൻ, കുട്ടി, ഭൃത്യൻ എന്നീ നാല് വിഭാഗമായി വേർതിരിച്ചു നിർണയിച്ചാൽ ഓരോ വിഭാഗത്തിലെയും ഒന്നാമത്തെയാൾ ഈ നാലു പേരിൽ ഓരോരുത്തരായിരിക്കും.ഉമർ(റ) ഇസ്‌ലാം സ്വീകരിച്ചവരിൽ നാൽപ്പതാമത്തെ ആളായിട്ടാണ് ഗണിക്കപ്പെടുന്നത്.
ആദ്യഘട്ടത്തിൽ ഇസ്‌ലാം സ്വീകരിച്ച ഏഴുപത്തി മൂന്ന് ആളുകളുൾ ഇവരൊക്കെയാണ് : –
1) അബൂബക്കർ 2) ഖദീജ 3) അലി 4) സൈദ് ബിൻ ഹാരിസ 5) ബിലാൽ 6) ആമിർ ബിൻ ഫുഹൈറ 7) അബൂ ഫുകൈഹ 8) ഷഖ്റാൻ 9) അമ്മാർ ബിൻ യാസിർ 10) സുമയ്യ 11) യാസിർ 12) ഉമ്മു ഐമൻ 13) ഖാലിദ് ബിൻ സഈദ് ബിൻ അൽ ആസ് 14) ഉസ്മാൻ ബിൻ അഫ്ഫാൻ 15) ആമിന ബിൻത് ഖലഫ് 16) സഅദ് ബിൻ അബീവഖാസ് 17) ത്വൽഹത് ബിൻ ഉബൈദില്ലാഹ് 18) സുബൈർ ബിൻ അൽ അവാം 19) അബ്ദുറഹ്മാൻ ബിൻ ഔഫ് 20) അയ്യാഷ് ബിൻ റബീഅ: 21) മിസ്അബ് ബിൻ ഉമൈർ 22) സുഹൈൽ ബിൻ സിനാൻ 23) ഉസ്മാൻ ബിൻ മള്ഗൂൻ 24) മിഖ്ദാദ് 25) അർഖം ബിൻ അൽ അർഖം 26) ഉമ്മുൽ ഫള്ൽ 27) അബൂ റാഫിഅ് 28) അബൂസലമ: 29) ഉമ്മുസലമ(ഹിന്ദ്) 30) അബൂ ഉബൈദ: 31)ഖബ്ബാ ബിൻ അൽ അറത്ത് 32) ഖുദാമ: ബിൻ മള്ഗൂൻ 33) സഈദ് ബിൻ സൈദ് 34) ഫാത്വിമ ബിൻത് ഖത്താബ് 35) ഉത്ബത് ബിൻ ഗസ്‌വാൻ 36) അബ്ദുല്ല ബിൻ മസ്ഊദ് 37) ഉമൈർ ബിൻ അബീവഖാസ് 38) ഉബൈദത്ത് ബിൻ ഹാരിസ് 39) ഖുദാമത്ത് ബിൻ മള്ഗൂൻ 40) അബ്ദുല്ലാഹ് ബിൻ മള്ഗൂൻ 41)അബ്ദുല്ലാഹ് ബിൻ ഖൈസ് 42) ഖുനൈസ് ബിൻ ഹുദാഫ 43) അസ്മാ ബിൻതു സിദ്ദീഖ് 44) സലീത്വ് ബിൻ അംറ് 45) ഇബ്ൻ ഖുസൈമതുൽ ഖാർറ 46) ഉത്ബത് ബിൻ മസ്ഊദ് 47) അംറ് ബിൻ അബസ 48) ആമിർ ബിൻ റബീഅ അൽ അനസി 49) അബൂദർറ് അൽ ഗിഫാരി 50) മാസിൻ ബിൻ മാലിക് 51) ഹാത്വിബ് ബിൻ അൽഹാരിസ് 52) ജഅ്ഫർ ബിൻ അബീത്വാലിബ് 53) അസ്മാ ബിൻത് ഉമൈസ് 54) അബ്ദുല്ലാഹ് ബിനു ജഹ്ഷ് 55) അനീസ് ബിൻ ജുനാദ അൽ ഗിഫാരി 56) അൽ മുത്വലിബ് ബിൻ അസ്ഹർ 57) സാഇബ് ബിൻ ഉസ്മാൻ 58) ഖത്വാബ് ബിൻ അൽഹാരിസ് 59) മഅ്മർ ബിൻ അൽഹാരിസ് 60) ഫാത്വിമ ബിൻത് മുജല്ലൽ 61) അബൂ ഹുദൈഫത് ബിൻ അൽ മുഗീറ 62) ഹാത്വിബ് ബിൻ ഉമർ 63) ഇബ്നു മുലൈഹ് 64) നുഐമ് ബിൻ അബ്ദില്ലാഹ് 65) റംല ബിൻത് അബീ ഔഫ് 66) ഖാലിദ് ബിൻ ബുകൈർ 67) ആമിർ ബിൻ ബുകൈർ 68) മസ്ഊദ് ബിൻ അൽ ഖാരി 69) ഇയാസ് ബിൻ അബ്ദു യാലിൽ 70) വാഖിദ് ബിൻ അബ്ദില്ലാഹ് 71) ആഖിൽ ബിൻ ബുകൈർ 72) അസ്മാഅ് ബിൻത് സലാമ: 73) ഫക്ഹ ബിൻതു യസാർ റളിയല്ലാഹു അൻഹും….
Mahabba Campaign Part-55/365
ആദ്യഘട്ടത്തിൽ ഇസ്‌ലാം സ്വീകരിച്ച എഴുപത്തിമൂന്ന് ആളുകളുടെ പട്ടിക നാം വായിച്ചു. നിവേദനങ്ങളെ അടിസ്ഥാനപ്പെടുത്തി ലഭ്യമായ ഒരു ലിസ്റ്റ് പരിചയപ്പെടുത്തി എന്ന് മാത്രമേയുള്ളൂ. ഇസ്‌ലാമിലേക്ക് കടന്നു വന്ന ക്രമത്തിലല്ല പ്രസ്തുത പട്ടിക നൽകിയിട്ടുള്ളത്. അതുകൊണ്ടാണ് അറിയപ്പെട്ട ചിലരുടെ നാമങ്ങൾ പട്ടികയിൽ കാണാത്തത്. ഉമർ (റ), ഹംസ (റ) , മുത്ത് നബിﷺയുടെ മക്കൾ എന്നിങ്ങനെ പലരും പ്രാരംഭഘട്ടത്തിൽത്തന്നെ ഇസ്‌ലാം സ്വീകരിച്ചവരാണ്.
പ്രമുഖരായ ചിലർ ഇസ്‌ലാമിലേക്ക് കടന്നു വന്ന സാഹചര്യങ്ങൾ നമുക്കുത്സാഹം നൽകുന്ന ഒരു വായനയാണ്. നമുക്കൊന്ന് പരിചയപ്പെടാം.
ഒന്ന്, ബീവി ഖദീജ:(റ)
മുത്ത് നബി ﷺ യെ ഏറ്റവും ആദ്യം അംഗീകരിച്ചതും വിശ്വസിച്ചതും മഹതി തന്നെയാണ്. അതിന് മുമ്പ് ഒരു പുരുഷനോ സ്ത്രീയോ മുത്ത് നബി ﷺ അവതരിപ്പിച്ച ഇസ്‌ലാമിലേക്ക് വന്നിട്ടില്ല. ഇത് മുസ്‌ലിം ലോകത്തിന്റെ ഏകോപിത അഭിപ്രായമാണെന്ന് ഇമാം ഇബ്നുൽ അസീർ രേഖപ്പെടുത്തിയിട്ടുണ്ട്. ഭാര്യ ഭർത്താവിനെ അന്ധമായി അംഗീകരിച്ചു എന്ന കേവലാർഥത്തിലായിരുന്നില്ല ആ അംഗീകാരം. നബി ﷺ യുടെ ജീവിതത്തെ കൃത്യമായി പഠിച്ചും വിലയിരുത്തിയും തന്നെയായിരുന്നു അവർ വിശ്വസിച്ചത്. നബി ﷺ യെ ആശ്വസിപ്പിച്ചത് സാധാരണയിൽ ഒരിണയെ ആശ്വസിപ്പിക്കുന്ന ഭാഷയിലായിലായിരുന്നില്ല. മറിച്ച്, നബിജീവിതത്തിലെ നന്മകളും മഹത്വങ്ങളും എണ്ണിപ്പറഞ്ഞു കൊണ്ടായിരുന്നു. സ്വന്തം ഭർത്താവ് പറഞ്ഞ കാര്യങ്ങൾ വസ്തുതാപരമായി ബോധ്യപ്പെടാൻ ആവശ്യമായ അന്വേഷണങ്ങൾ നടത്തി. വേദ പണ്ഡിതനായ വറഖതിനെ സമീപിച്ചതും വേദമറിയുന്ന അദാസിനോട് ചോദിച്ചറിഞ്ഞതും അതിന്റെ ഭാഗമായിരുന്നു.
പ്രിയതമനെ സമീപിക്കുന്നതും വിവരങ്ങൾ നൽകുന്നതും മലക്ക് തന്നെയാണോ എന്നറിയാൻ മഹതി സ്വന്തം തന്നെ ഒരു നിരീക്ഷണം നടത്തി. സംഭവം ഇങ്ങനെയായിരുന്നു : “പ്രവാചകത്വ സംഭാഷണങ്ങളുടെ ആദ്യനാളുകളിൽ ഒരിക്കൽ ബീവി നബി ﷺ യോട് പറഞ്ഞു ; ‘പ്രിയപ്പെട്ടവരേ , അവിടുത്തേക്ക് ദിവ്യസന്ദേശം എത്തിച്ചു തരുന്ന കൂട്ടുകാരൻ വരുമ്പോൾ എന്നോടൊന്ന് പറയാമോ?’
നബി ﷺ പറഞ്ഞു : ‘പറയാം’.
അതു പ്രകാരം തൊട്ടടുത്ത സമയം ജിബ്‌രീൽ വന്നപ്പോൾ നബി ﷺ ബീവിയെ വിളിച്ചു. ‘ഓ ഖദീജാ ! ജിബ്‌രീൽ ഇപ്പോൾ എന്റെ സമീപത്തുണ്ട് ‘. മഹതി പറഞ്ഞു, ‘അങ്ങ് എഴുന്നേറ്റ് എന്റെ വലതു കാലിൻമേൽ ഒന്നിരിക്കാമോ?’
‘അതെ’. നബി ﷺ അപ്രകാരം ചെയ്തു. ഖദീജ ചോദിച്ചു, ‘ഇപ്പോൾ അദ്ദേഹത്തെക്കാണുന്നുണ്ടോ?’
‘അതെ’.
‘ശരി, ഇനിയെന്റെ ഇടത് കാലിന്മേൽ ഒന്നിരിക്കാമോ? ‘
മുത്ത് നബി ﷺ ഇരുന്നു. ‘ഇപ്പോൾ അദ്ദേഹത്തെക്കാണുന്നുണ്ടോ?’
‘അതെ’.
‘ശരി, ഇനിയെന്റെ മടിത്തട്ടിൽ ഒന്നിരിക്കാമോ?’ മുത്ത് നബി ഇരുന്നു. ‘ഇപ്പോൾ അദ്ദേഹത്തെ കാണുന്നുണ്ടോ?’
‘അതെ’.
അപ്പോൾ മഹതി തലയിൽ ധരിച്ചിരുന്ന മേൽമുണ്ട് അൽപ്പമൊന്ന് നീക്കിയ ശേഷം ചോദിച്ചു; ‘ഇപ്പോൾ അദ്ദേഹത്തെക്കാണുന്നുണ്ടോ?’
നബി ﷺ പറഞ്ഞു, ‘ഇല്ല, ഇപ്പോൾ ജിബ്‌രീൽ അപ്രത്യക്ഷനായിരിക്കുന്നു ‘.
ഖദീജ പറഞ്ഞു : “അവിടുന്ന് സധൈര്യം മുന്നോട്ട് ഗമിച്ചോളൂ.. സന്തോഷിച്ചോളൂ.. അവിടുത്തെ സമീപിക്കുന്നത് മലക്ക് തന്നെയാണെന്ന് എനിക്ക് ബോധ്യമായിരിക്കുന്നു “.
ഈ സംഭവത്തെ ഇമാം ഹലബി ഇപ്രകാരം വിശദീകരിച്ചു : “പ്രവാചകത്വ പ്രഖ്യാപനത്തിന്റെയുടനെ നടന്ന സംഭവമായിരുന്നു ഇത്. തിരുനബി ﷺ ക്ക് ലഭിക്കുന്ന സന്ദേശം ആരിൽ നിന്നാണ് എന്ന് വ്യക്തമായി ബോധ്യപ്പെടാൻ മഹതി സ്വീകരിച്ച മാർഗമാണിത്. തെളിവ് സഹിതം നേരിട്ട് മനസ്സിലാക്കാൻ കഴിഞ്ഞാൽ അങ്ങനെ ചെയ്യുക. അതിബുദ്ധിമാന്മാർ സ്വീകരിക്കുന്ന രീതിയാണല്ലോയിത്. മുത്ത് നബി ﷺ പറഞ്ഞതിൽ ലവലേശം സംശയമുള്ളത് കൊണ്ടല്ല പ്രത്യുത, നേർസാക്ഷിയാവുക വഴി ‘സിദ്ദീഖ:’ അഥവാ സംശയത്തിന് സാധ്യത പോലുമില്ലാത്ത വിശ്വാസിനിയാകാനായിരുന്നു.”
തനിക്കുള്ളതെല്ലാം മുത്ത് നബി ﷺ ക്ക് നൽകാൻ ഭാഗ്യം ലഭിച്ച മഹതിയാണല്ലോ ഖദീജ: (റ). ഇസ്‌ലാം അംഗീകരിച്ചതിൽപ്പിന്നെ, ആദ്യമായി നിസ്ക്കാരം നിർവഹിക്കാനും മഹതിക്ക് സൗഭാഗ്യമുണ്ടായി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-56/365
രണ്ട്: അലി(റ).
രണ്ടാമതായി മുത്ത് നബിﷺയുടെ പ്രവാചകത്വം അംഗീകരിച്ചത് അലി(റ) ആയിരുന്നു. ഒന്നാമതായി ഇസ്‌ലാം സ്വീകരിച്ച പുരുഷൻ അലി(റ) എന്ന ഇബ്നു ഇസ്ഹാഖിന്റെ പ്രയോഗവും കുട്ടികളിൽ നിന്ന് ആദ്യം എന്ന പ്രയോഗവും തത്ത്വത്തിൽ ഒന്നു തന്നെയാണ്. ചെറിയ പ്രായത്തിൽത്തന്നെ നബിﷺയോടൊപ്പം ജീവിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. അതിന്റെ പശ്ചാത്തലം ഇതായിരുന്നു. മുത്ത് നബിﷺക്ക് എല്ലാവിധ പരിചരണങ്ങളും നൽകിയിരുന്ന പിതൃസഹോദരൻ അബൂത്വാലിബിന് സാമ്പത്തിക പ്രതിസന്ധി നേരിട്ടു. നബി ﷺ ഇത് കൃത്യമായി തിരിച്ചറിഞ്ഞു. എന്തെങ്കിലും ഒരു പരിഹാരം ഉണ്ടാക്കണമല്ലോ എന്നു കരുതി പിതൃസഹോദരനെ സഹായിക്കാൻ ഒരു ഉപാധി കണ്ടെത്തി. അബൂത്വാലിബിന്റെ സഹോദരൻ അബ്ബാസ് എന്നവർ അത്യാവശ്യം സമ്പന്നനായിരുന്നു. അദ്ദേഹത്തെ സമീപിച്ചു കൊണ്ട് നബി ﷺ പറഞ്ഞു : “അല്ലയോ അബുൽ ഫള്ൽ ! താങ്കളുടെ സഹോദരൻ അബൂത്വാലിബ് കുറച്ച് പ്രാരാബ്ദത്തിലാണെന്ന് അറിഞ്ഞു കാണുമല്ലോ? പൊതുവെ ജനങ്ങളും തന്നെ സാമ്പത്തിക ഞെരുക്കത്തിലാണല്ലോ? അബൂത്വാലിബിനാണെങ്കിൽ മക്കളും ചുറ്റുപാടുകളുമൊക്കെയായി നല്ല ബാധ്യതയാണ്. ഞാനൊരു പരിഹാരം ആരാഞ്ഞ് കൊണ്ടാണ് വന്നിട്ടുള്ളത്. നമുക്ക് അദ്ദേഹത്തെ സമീപിച്ച് ഓരോ മകനെ വീതം ഏറ്റെടുത്താലെന്താ?”
അബ്ബാസ് പറഞ്ഞു : “അതിനെന്താ ? നല്ല കാര്യമാണല്ലോ സന്തോഷമേ ഉള്ളു. ഒരു നല്ല കാര്യത്തിലേക്കാണല്ലോ ക്ഷണിക്കുന്നത് ” .
അങ്ങനെ രണ്ടു പേരും അബൂത്വാലിബിനെ സമീപിച്ചു. ക്ഷേമാന്വേഷണങ്ങൾ നടത്തി. ശേഷം പറഞ്ഞു:
” നിങ്ങളുടെ ജീവിത ചുറ്റുപാടുകൾ ഞങ്ങൾക്കറിയാം. ഒരാശ്വാസവുമായിട്ടാണ് ഞങ്ങൾ വന്നിട്ടുള്ളത്. അത് മറ്റൊന്നുമല്ല. താങ്കളുടെ മക്കളിൽ ചിലരെ ഞങ്ങൾ കൊണ്ടു പോകാം. ഈ പ്രയാസങ്ങളൊക്കെത്തീരും വരെ ഞങ്ങൾ പരിപാലിച്ചോളാം. എന്ത് പറയുന്നു ?”
അബൂത്വാലിബിന് അധികം ആലോചിക്കേണ്ടി വന്നില്ല. അദ്ദേഹം പറഞ്ഞു ; “ശരി. ചെറിയ മകൻ അഖീലിനെ നിങ്ങൾ കൊണ്ടു പോകരുത്. ബാക്കിയുള്ളവരെ നിങ്ങളുടെ താത്പ്പര്യം പോലെയാകാം “.
അത് പ്രകാരം അബ്ബാസ് ജഅ്ഫറിനെയും നബി ﷺ അലിയെയും ഏറ്റെടുത്തു. രണ്ട് പേരും മക്കളെയും കൂട്ടി വീട്ടുകളിലേക്ക് മടങ്ങി.
അലിയെ ഏറ്റെടുക്കുക വഴി ഒരു പ്രത്യുപകാരവും മധുര സമ്മാനവും അബൂത്വാലിബിന് സമർപ്പിക്കാൻ നബി ﷺ ക്ക് സാധിച്ചു. മറ്റൊരർഥത്തിൽപ്പറഞ്ഞാൽ, ‘മോനെ ഞാനല്ലേ പോറ്റി വളർത്തിയത് ‘ എന്ന് നബി ﷺ യോട് കടപ്പാട് പറയാനുള്ള അവസരം അബൂത്വാലിബിന് ഇല്ലാതെയായി. കാരണം, ‘നബി ﷺ യല്ലേ അലിയെ പോറ്റിവളർത്തിയത് ‘ എന്ന ചോദ്യം അവിടെ ബാക്കിയാവും.
അലി(റ) ഇസ്‌ലാമിലേക്കു കടന്നു വരുന്ന ദിനങ്ങളെ നമുക്ക് വായിച്ചു നോക്കാം.
പ്രവാചകത്വം പ്രഖ്യാപിച്ചതിന്റെ തൊട്ടടുത്ത ദിവസം അലി(റ) നബി ﷺ യുടെ അടുത്തേക്ക് കടന്നു വന്നു. അപ്പോൾ അവിടുന്ന് ബീവി ഖദീജ(റ) യോടൊപ്പം നിസ്ക്കരിച്ചു കൊണ്ടിരിക്കുകയായിരുന്നു. കൗതുകത്തോടെ അലി(റ) അത് നോക്കി നിന്നു ശേഷം ചോദിച്ചു : “നിങ്ങൾ എന്താണീ ചെയ്തു കൊണ്ടിരിക്കുന്നത് ?”
നബി ﷺ പറഞ്ഞു : “ഇത് അല്ലാഹുവിന്റെ മതമാണ്. അവൻ അവന്റെ പ്രവാചകന്മാരെ നിയോഗിച്ച് പ്രബോധനം ചെയ്ത മതം.. മോനേ അലീ, നിന്നെ ഞാൻ ഏകനായ അല്ലാഹുവിലേക്ക് ക്ഷണിക്കുന്നു. അവനെ നീ ആരാധിക്കുക. ലാത്തയെയും ഉസ്സയേയും നിരസിക്കുക “.
അലി(റ)പറഞ്ഞു. “ഇത് ഇന്ന് വരെ കേൾക്കാത്ത കാര്യങ്ങളാണല്ലോ ? ഞാൻ ഉപ്പയോട് ചോദിച്ചിട്ട് തീരുമാനമെടുക്കാം സാധാരണയിൽ അങ്ങനെയാണല്ലോ.. ”
ഉടനെ നബി ﷺ പറഞ്ഞു: ” മോനേ, ഇപ്പോൾ നീ സ്വീകരിക്കുന്നില്ലെങ്കിൽ വേണ്ട. പക്ഷേ, ഇപ്പോൾ ഇക്കാര്യം ആരോടും പങ്കുവയ്ക്കരുത്! ”
അലി(റ) അന്ന് രാത്രി അവിടെത്തന്നെ കഴിഞ്ഞു. പ്രഭാതമായപ്പോഴേക്കും അലി(റ) യുടെ ഹൃദയത്തിൽ അല്ലാഹു നേർവഴി തെളിയിച്ചു. അതിരാവിലെ തന്നെ അദ്ദേഹം നബി ﷺ യുടെ അടുത്തെത്തി. താത്പ്പര്യപൂർവം ഇസ്‌ലാമിന്റെ വിശദാംശങ്ങൾ അന്വേഷിച്ചു. നബി ﷺ എല്ലാം വിശദീകരിച്ചു കൊടുത്തു. “അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ല. ലാത്തയും ഉസ്സയും തുടങ്ങി അവന് ഒരു പങ്കാളിയും ഇല്ലെന്ന് പ്രഖ്യാപിക്കുക “.
അലി(റ) അംഗീകരിച്ചു. പൂർണമായും ഇസ്‌ലാം സ്വീകരിച്ചു. അബൂത്വാലിബിന്റെ പ്രതികരണം എന്തായിരിക്കും എന്നറിയാത്തതിനാൽ ഇക്കാര്യം അദ്ദേഹത്തെ അറിയിച്ചില്ല…
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-57/365
അന്ന് അലി (റ)യുടെ പ്രായം. എട്ടായിരുന്നു എന്ന അഭിപ്രായവും ഉണ്ട്. അതോടൊപ്പം ചെറുപ്പത്തിൽത്തന്നെ മുത്ത് നബിﷺ യോടൊപ്പമായിരുന്നതിനാൽ ഒരിക്കൽ പോലും ബിംബത്തെ നമിക്കുകയോ ബഹുദൈവാരാധകരുടെ ആരാധനാ ശീലങ്ങളിൽ പങ്കുചേരുകയോ ചെയ്തിട്ടില്ല. പ്രാരംഭഘട്ടത്തിൽ അതീവ രഹസ്യമായിട്ടായിരുന്നല്ലോ മുത്തുനബി ﷺ ആരാധനകൾ നിർവഹിച്ചിരുന്നത്. ചിലപ്പോൾ സ്വകാര്യമായി ആരാധനയിൽ കഴിയാൻ വേണ്ടി നബി ﷺ മലഞ്ചരുവുകളിലേക്ക് പോകുമായിരുന്നു. ആരാധനകൾ കഴിഞ്ഞ് സന്ധ്യയായാൽ വീട്ടിലേക്ക് മടങ്ങും. പിതാവിന്റെ സഹോദരന്മാർ അറിയാതിരിക്കുക എന്ന താത്പ്പര്യംകൂടി അതിൽ ഉണ്ടായിരുന്നു. അപ്പോഴെല്ലാം അലി(റ)യും ഒപ്പം ചേരുകയും സ്വകാര്യത കാത്ത് സൂക്ഷിക്കുകയുംചെയ്തു.
എന്നാൽ ഒരിക്കൽ രണ്ടു പേരും ആരാധന നിർവഹിക്കുന്നത് അബൂത്വാലിബിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ ചോദിച്ചു ; “അല്ലയോ സഹോദരപുത്രാ ! എന്തോ മതാനുഷ്ഠാനങ്ങൾ നിങ്ങൾ നിർവഹിക്കുകയാണല്ലോ? എന്താണിത്?”
നബി ﷺ ഇതൊരവസരമായിക്കണ്ടു. പിതൃവ്യനോട് തുറന്ന് സംസാരിച്ചു :
“അല്ലയോ പ്രിയപ്പെട്ടവരേ , ഇത് അല്ലാഹുവിന്റെ മതമാണ്. അവന്റെ മലക്കുകളുടെയും പ്രവാചകന്മാരുടേയും മതം. ഒപ്പം നമ്മുടെ പിതാമഹനായ ഇബ്റാഹീം നബി (അ)യുടെയും മതം. ഈ മതത്തിലേക്ക് ലോക ജനതയെ ക്ഷണിക്കാൻ അല്ലാഹു എന്നെ നിയോഗിച്ചിരിക്കുകയാണ്. എനിക്ക് ഏറ്റവും ഗുണകാംക്ഷയോടെ സമീപിക്കേണ്ട വ്യക്തിയാണവിടുന്ന്. ഞാൻ നേർവഴിയിലേക്ക് ക്ഷണിക്കാൻ ഏറ്റവും വേണ്ടപ്പെട്ടയാളാണ് താങ്കൾ. ഞാൻ താങ്കളെ ഈ ആദർശത്തിലേക്ക് ക്ഷണിക്കുന്നു “.
സഹോദര പുത്രന്റെ സംഭാഷണം അബൂത്വാലിബ് ശ്രദ്ധാപൂർവം കേട്ടിരുന്നു. അവസാനം അദ്ദേഹം പറഞ്ഞു :
“മോനേ, എന്റെ പൂർവമതം ഉപേക്ഷിക്കാൻ എനിക്ക് കഴിയില്ല. പക്ഷേ, ഒരു കാര്യം ഞാൻ വാക്കു തരാം. മോന് ഞാനൊരു സംരക്ഷകനായിരിക്കും. മോന് പ്രയാസമുണ്ടാകുന്നതൊന്നും ഞാനനുവദിക്കുകയില്ല. ഞാൻ ജീവിച്ചിരിക്കുവോളം എന്റെ സഹായം എപ്പോഴും ഒപ്പമുണ്ടാകും”.
മറ്റൊരിക്കൽ അബൂത്വാലിബ് മകൻ അലിയോട് ചോദിച്ചു. മോനേ , നീ ഈയിടെയായി ആചരിക്കുന്ന മതമേതാണ് ?”
” ഉപ്പാ ഞാൻ അല്ലാഹുവിനെയും അവന്റെ സത്യദൂതനെയും വിശ്വസിക്കുന്നു. പ്രവാചകൻ അവതരിപ്പിക്കുന്നതെന്തും സത്യസന്ധമാണെന്ന് ഞാനംഗീകരിക്കുന്നു. ഞാൻ അവിടുത്തോടൊപ്പം നിസ്ക്കാരം നിർവഹിക്കുന്നു “.
അബൂത്വാലിബ് പറഞ്ഞു: ” മോനേ, നീ മുഹമ്മദ് മോനോടൊപ്പം തന്നെ നീങ്ങിക്കോളൂ. ഏതായാലും മോൻ നന്മയിലേക്കേ കൊണ്ടു പോകൂ…”
പിൽക്കാലത്തൊരിക്കൽ അലി(റ) മിമ്പറിൽ വച്ചുകൊണ്ട് അണപ്പല്ലു വെളിവാകും വിധം ഒന്നു ചിരിച്ചു. അബൂത്വാലിബിന്റെ ഒരു വാചകം ഓർത്തിട്ടാണത്രെ അങ്ങനെ ചിരിച്ചത്. അലി (റ) തുടർന്നു : “ഞാനും നബി ﷺ യും മക്കയുടെ പ്രാന്ത പ്രദേശമായ ‘നഖ്ല’യിൽ വച്ച് സ്വകാര്യമായി നിസ്ക്കരിക്കുകയായിരുന്നു. യാദൃശ്ചികമായി ഉപ്പ അവിടെ എത്തിപ്പെട്ടു. കുറച്ച് നേരം ഞങ്ങളുടെ പ്രവൃത്തികൾ നോക്കി നിന്നു. ശേഷം ചോദിച്ചു. നിങ്ങൾ എന്താണീ ചെയ്തു കൊണ്ടിരിക്കുന്നത്? നബി ﷺ എല്ലാം വിശദമായി അവതരിപ്പിച്ചു. അദ്ദേഹത്തെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. എല്ലാം ശ്രദ്ധാപൂർവം ശ്രവിച്ചതിന് ശേഷം ഇങ്ങനെ പറഞ്ഞു. ഇപ്പറഞ്ഞതൊക്കെ നല്ല കാര്യങ്ങൾ തന്നെ. പക്ഷേ, എന്റെ പൃഷ്ടത്തെ ഉയർത്തി വയ്ക്കാൻ ഞാനെന്തായാലും തയ്യാറല്ല “.
(നിസ്ക്കാരത്തിലെ സുജൂദിൽ കിടക്കുന്ന രംഗത്തെയാണ് അദ്ദേഹം ഉദ്ദേശിച്ചത്/യഥാർഥത്തിൽ സ്രഷാവിന് മുന്നിൽ മനുഷ്യന്റെ ഏറ്റവും മഹത്വമുള്ള അവയവത്തെ(മുഖത്തെ)നിലത്ത് വച്ച് വിനയം പ്രകടിപ്പിക്കുന്ന കർമമാണല്ലോ സുജൂദ്). അബൂത്വാലിബിന്റെ പ്രസ്തുത പ്രയോഗത്തെ ഓർത്താണ് മകൻ അലി(റ) ചിരിച്ചത്.
പുരുഷന്മാരിൽ ആദ്യം ഇസ്‌ലാം സ്വീകരിച്ചത് അബൂബക്കർ (റ) തന്നെയാണെന്ന അഭിപ്രായത്തെയും അതല്ല അലി(റ)ആണെന്ന അഭിപ്രായത്തെയും സമന്വയിപ്പിച്ചു മനസ്സിലാക്കേണ്ടതിങ്ങനെയാണ് : – അലി(റ) തന്നെയാണ് ആദ്യം സത്യസാക്ഷ്യം പ്രഖ്യാപിച്ചത്. എന്നാൽ, കുറച്ചു കാലം അത് രഹസ്യമാക്കിവച്ചു. അബൂബക്കർ(റ) വിശ്വാസം പ്രഖ്യാപിച്ചപ്പോൾത്തന്നെ എല്ലാവരും അറിഞ്ഞിരുന്നു. അപ്പോൾ ഒന്നാമത് രംഗത്ത് അറിയപ്പെട്ടത് സിദ്ദീഖ് എന്നവരും യഥാർഥത്തിൽ അലി (റ)യും ആയിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-58/365
മുത്ത് നബിﷺയും അലി (റ)വും ആദ്യകാലത്ത് ആരാധനയിൽ ഏർപ്പെട്ട ഒരു രംഗം നമുക്ക് വായിച്ച് നോക്കാം. യമനിൽ നിന്ന് വ്യാപാരാർഥം മക്കയിൽ വന്നു കൊണ്ടിരുന്ന ‘അഫീഫ് അൽ കിൻദി ‘ എന്നവർ പറയുന്നു : ” ഞാൻ ഒരു ഹജ്ജ് വേളയിൽ മക്കയിലെത്തി. അബ്ബാസ് എന്നവരുടെ കൂടെയാണ് ഞാൻ താമസിച്ചത്. ഞങ്ങൾത്തമ്മിൽ കച്ചവട ബന്ധങ്ങളുണ്ടായിരുന്നു. അദ്ദേഹം യമനിൽ വന്നാൽ എൻ്റെയടുക്കലാണുണ്ടാവുക. ഒരു ദിവസം ഞങ്ങൾ മിനയിൽ ഇരിക്കുകയാണ്. അപ്പോഴതാ യുവത്വം പിന്നിട്ട ഒരാൾ ഒരു ടെന്റിൽ നിന്ന് പുറത്തേക്കിറങ്ങി. ആകാശത്തേക്ക് നോക്കി മധ്യാഹ്നം പിന്നിട്ടു എന്നുറപ്പിച്ചു. ശേഷം നിസ്ക്കാരം ആരംഭിച്ചു. തൊട്ടുപിന്നിൽ ഒരു സ്ത്രീ ഇറങ്ങി വന്നു ആദ്യത്തെ വ്യക്തിയുടെ പിന്നിൽ തുടർന്നു. ഉടനെ ഒരു കൗമാര പ്രായക്കാരൻ ഇറങ്ങി വന്നു. ഇവരോടൊപ്പം ചേർന്ന് നിസ്ക്കരിച്ചു. ഞാൻ ചോദിച്ചു. അല്ലയോ അബ്ബാസ് !അവർ ആരാണ്? അവർ എന്താണ് ചെയ്യുന്നത്? അദ്ദേഹം പറഞ്ഞു; ‘ആദ്യം പുറത്ത് വന്നത് എന്റെ സഹോദരൻ അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദാ ﷺ ണ്. ശേഷം വന്നത് ഖുവൈലിദിന്റെ മകൾ ഖദീജ:(റ) മുഹമ്മദ് ﷺ ന്റെ ഭാര്യ’.
‘ആ ചെറുപ്പക്കാരനാരാണ് ? ‘ ഞാൻ ചോദിച്ചു.
‘അത് എന്റെ സഹോദരൻ അബൂത്വാലിബിന്റെ മകൻ അലി(റ). അവർ നിസ്കരിക്കുകയാണ് ‘. അബ്ബാസ് തുടർന്നു : ‘മുഹമ്മദ് ﷺ പറയുന്നത് , മുഹമ്മദ് ﷺ അല്ലാഹുവിന്റെ പ്രവാചകനാണെന്നാണ്. പ്രസ്തുത വാദം ഭാര്യയും അലി(റ)യും മാത്രമേ അംഗീകരിച്ചിട്ടുള്ളൂ. കിസ്റയുടെയും കൈസറിന്റെയും നിധി കുംഭങ്ങൾ വരെ അവർ ജയിച്ചടക്കും എന്നാണ് ഇപ്പോൾ വാദിക്കുന്നത് “.
അഫീഫ് എന്നവർ പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു. അന്നദ്ദേഹം പറഞ്ഞു : ” എന്റെ ഭാഗ്യ ദോഷമെന്നല്ലാതെ എന്ത് പറയാൻ ? അന്ന് ഞാൻ സന്മാർഗം സ്വീകരിച്ചിരുന്നെങ്കിൽ, എനിക്ക് അലി(റ)യുടെ രണ്ടാമനായി ഇസ്‌ലാമിൽ ചേരാമായിരുന്നു “.
അലി(റ)യുടെ ഇസ്‌ലാം ആശ്ലേഷത്തിന്റെ പ്രത്യേകത പറയുന്ന ഒരു നിവേദനം കൂടി വായിക്കാം. “ഉമർ (റ) പറയുന്നു. ഞാനും അബൂബക്കർ (റ), അബൂ ഉബൈദ (റ) എന്നിവരടങ്ങുന്ന ഒരു സംഘം നബി ﷺ സവിധത്തിൽ ഇരിക്കുകയായിരുന്നു. അലി(റ) അവിടേക്ക് കടന്നു വന്നു. അപ്പോൾ അലി(റ) യുടെ ചുമലിൽത്തട്ടിക്കൊണ്ട് നബി ﷺ പറഞ്ഞു. ഓ അലീ, നിങ്ങളാണ് വിശ്വാസികളിൽ ഒന്നാമൻ. നിങ്ങൾ തന്നെയാണ് മുസ്‌ലിംകളിൽ ഒന്നാമൻ. മൂസാനബി (അ)ക്ക് ഹാറൂൻ (അ) എന്ന പോലെയാണ് നിങ്ങൾ എനിക്ക് “.
സൽമാനുൽ ഫാരിസി (റ) പറയുന്നു : “പരലോകത്ത് നബി ﷺ യുടെ കൗസർ പാനീയത്തിനടുത്ത് ആദ്യം എത്തുന്നത് മുത്ത് നബിﷺയെ ആദ്യം വിശ്വസിച്ച ആളായിരിക്കും. ആ സൗഭാഗ്യം അലി (റ) നുള്ളതാണ് “.
ഇബ്നു അബ്ബാസ് ഉദ്ധരിക്കുന്നു : “ഒരിക്കൽ നബി ﷺ പറഞ്ഞു. ചരിത്രത്തിൽ ആദ്യം അംഗീകരിച്ചവർ മൂന്നു പേരാണ്. മൂസാ നബി (അ)യെ യൂശഅ ബിൻ നൂനും ഇസാനബി (അ)യെ ഹബീബുന്നജ്ജാറും(സ്വാഹിബു യാസീൻ) എന്നെ അലിയും.
മുത്ത് നബി ﷺ യോടുള്ള നിരന്തര സഹവാസം അലിയെ അറിവിന്റെ ഉറവിടമാക്കി. വിജ്ഞാനത്തിന്റെ പട്ടണത്തിലേക്കുള്ള കവാടമാക്കി.
ഏതു പ്രയാസഘട്ടത്തിലും നബി ﷺ ക്കൊപ്പം ഉറച്ചു നിന്ന അദ്ദേഹം ജീവൻ പണയം വച്ചും നബിﷺക്ക് വേണ്ടി നിലകൊണ്ടു.
ആത്മീയതയിലും ആരാധനാ ക്രമങ്ങളിലും കൃത്യമായ ചിട്ടകൾ സഹവാസ ജീവിതത്തിലൂടെ മുത്ത് നബി ﷺയിൽ നിന്ന് പകർന്നെടുത്തു. പ്രിയമകൾ ഫാത്വിമ(റ)യെ വധുവായി സ്വീകരിച്ചപ്പോൾ നബി ﷺ യുടെ പിതൃസഹോദരന്റെ മകൻ എന്നതിനൊപ്പം മരുമകൻ കൂടിയായി. മുത്ത് നബി ﷺ യുടെ സന്താന പരമ്പരകളുടെ പിതാവ് എന്ന പദവിയിലെത്തിയപ്പോൾ പോറ്റുമകൻ എന്നതിൽ നിന്ന് മാറി സ്വന്തം പുത്രന്റെ സ്ഥാനത്തുമെത്തി. ലോകചരിത്രത്തിൽത്തന്നെ അത്യപൂർവമായ നിരവധി വിലാസങ്ങൾ അലി (റ) ന് സ്വന്തമായി.
അലി(റ)യുടെ കൗമാരവും യൗവനവും ദാമ്പത്യജീവിതവുമെല്ലാം തിരുനബി ﷺ യുടെ തണലിൽ ത്തന്നെയായിരുന്നു.
നബി ﷺ അലി (റ)യെ ഏറ്റെടുത്തപ്പോൾ അബ്ബാസ് ജഅഫറിനെ ഏറ്റെടുത്തിരുന്നുവല്ലോ. അദ്ദേഹവും ആദ്യഘട്ടത്തിൽത്തന്നെ ഇസ്‌ലാം സ്വീകരിച്ചു. രണ്ട് സന്താനങ്ങളും മുത്ത് നബി ﷺയോടൊപ്പം തന്നെയുണ്ടാകണമെന്ന് അബൂത്വാലിബ് ആഗ്രഹിച്ചിരുന്നു. അതിനായി അവരെ പ്രേരിപ്പിക്കുകയും ചെയ്തു. ‘ഉസ്ദുൽ ഗാബ’ എന്ന ഗ്രന്ഥത്തിൽ ഇങ്ങനെയൊരു സംഭവം വായിക്കാം : “ഒരിക്കൽ നബി ﷺ യും അലി(റ)യും നിസ്ക്കാരത്തിലായിരുന്നു. അബൂത്വാലിബ് മകൻ ജഅഫറിനൊപ്പം അവിടേക്ക് കടന്നു വന്നു. ഉടനെ ജഅഫറിനോട് പറഞ്ഞു. നോക്കിനിൽകാതെ നീയും അവരോടൊപ്പം കൂടിക്കോളൂ. അവസരം പാഴാക്കാതെ ജഅഫർ നബി ﷺ യോടൊപ്പം ചേർന്ന് നിസ്ക്കരിച്ചു “.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-59/365
അബൂബക്കർ (റ).
മുത്ത് നബി ﷺ ക്കു ശേഷം മുസ്‌ലിം സമുദായത്തിലെ പ്രഥമപൗരനായി ഗണിക്കപ്പെടുന്നത് അബൂബക്കർ (റ) വിനെയാണ്. മുതിർന്ന പുരുഷന്മാരിൽ നിന്ന് ആദ്യം ഇസ്‌ലാം സ്വീകരിച്ചതും മഹാനവർകൾ തന്നെ. സ്വഹാബികളും അനുബന്ധമായി ചില ചരിത്രകാരന്മാരും ആദ്യം ഇസ്‌ലാം സ്വീകരിച്ചവരെ എണ്ണുമ്പോൾ നബി ﷺ യുടെ അടുത്ത കുടുംബക്കാരെ എണ്ണാറില്ല. അങ്ങനെ വരുമ്പോൾ ഒന്നാമതായി ഇസ്‌ലാം സ്വീകരിച്ചയാൾ എന്ന പ്രയോഗത്തിൽ അബൂബക്കർ (റ) പലപ്പോഴും കടന്നു വരും. അത്വീഖ് അല്ലെങ്കിൽ അബ്ദുല്ലാഹ് എന്നായിരുന്നു മഹാനവർകളുടെ യഥാർഥ പേര്. ചെറുപ്പം മുതലേ നബി ﷺ യുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. നബി ﷺ പ്രവാചകത്വം പ്രഖ്യാപിച്ചതിൽപ്പിന്നെ ഖുറൈശികൾ അബൂബക്കറി (റ)നോട് പറഞ്ഞു : “നിങ്ങളുടെ സുഹൃത്ത് ബഹുദൈവങ്ങളെ നിരാകരിക്കുന്നു. പാരമ്പര്യ വിശ്വാസത്തെ വിമർശിക്കുന്നു. അത് വിവേക ശൂന്യമാണെന്ന് വാദിക്കുന്നു “. ഉടനെ അദ്ദേഹം നബി ﷺയോട് ചോദിച്ചു : “ഖുറൈശികൾ പറയുന്നത് ശരിയാണോ ?”
നബി ﷺ പറഞ്ഞു : “ശരിയാണ്, ഞാൻ അല്ലാഹുവിന്റെ പ്രവാചകനാണ്. അവന്റെ ദൗത്യം ഏൽപ്പിക്കപ്പെട്ട ദൂതനാണ്. ഞാൻ നിങ്ങളെ ആ യാഥാർഥ്യത്തിലേക്ക് ക്ഷണിക്കുന്നു “.
കേട്ടമാത്രയിൽത്തന്നെ പറഞ്ഞു : “സർവാത്മനാ ഞാൻ അതംഗീകരിക്കുന്നു “.
നബി ﷺ ഖുർആൻ ഓതിക്കേൾപ്പിച്ചു. ആദരപൂർവം അത് സ്വീകരിച്ചു. നബി ﷺ പറഞ്ഞു: ” ഞാൻ ഏതൊരാളെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചപ്പോഴും അവർ ആശങ്കപ്പെടുകയോ സംശയിക്കുകയോ ചെയ്തു. എന്നാൽ അബൂബക്കർ എന്നെ ഉടനടി അംഗീകരിച്ചു. അണുവോളം സംശയിക്കുകയോ അൽപ്പമെങ്കിലും വൈകുകയോ ചെയ്തില്ല “.
മറ്റൊരിക്കൽ ഒരു വിധി പ്രസ്താവനയുടെ സന്ദർഭം. ഉമർ (റ) അടക്കം പലരും സദസ്സിലുണ്ട്. നബി ﷺ പറഞ്ഞു : “അല്ലാഹു എന്നെ നിയോഗിച്ചു. അത് ഞാൻ പ്രഖ്യാപിച്ചു. അപ്പോൾ നിങ്ങളിൽപ്പലരും എന്നെ നിരാകരിച്ചു. കളവാണെന്ന് പറഞ്ഞു. അപ്പോൾ അബൂബക്കർ എന്നോടൊപ്പം നിന്നു. സത്യം തന്നെയാണെന്ന് എന്നെ അംഗീകരിച്ചു”
അബൂബക്കർ (റ) നേരത്തേത്തന്നെ നീതിമാനും കാര്യസ്ഥനുമായിരുന്നു. വ്യാപാരിയും സമ്പന്നനും ഉദാരമനസ്ക്കനുമായിരുന്നു. ജനക്ഷേമ പ്രവർത്തനങ്ങളിൽ മുന്നിൽ നിന്നു. ജനങ്ങൾ പൊതുകാര്യങ്ങളിൽ അദ്ദേഹത്തെ ആശ്രയിച്ചിരുന്നു. അറബ് നാട്ടിലെ ഗോത്രങ്ങളെക്കുറിച്ചും അവരുടെ പരമ്പരകളെക്കുറിച്ചും അഗാധ ജ്ഞാനമുണ്ടായിരുന്നു അദ്ദേഹത്തിന്. പിതാവ് അബൂ ഖുഹാഫയുടെ എട്ടാമത്തെ പിതാമഹനും മുത്തു നബിയു ﷺ ടെ ഏഴാമത്തെ പിതാമഹനും ‘മുർറ’ എന്നവരായിരുന്നു. അഥവാ, പിതൃ പരമ്പരകൾ സന്ധിച്ചിരുന്നു.
അബൂബക്കർ (റ) ഇസ്‌ലാം പ്രഖ്യാപിച്ചപ്പോൾ നബി ﷺ ഏറെ സന്തോഷിച്ചു. സിറിയയിലെ പുരോഹിതൻ നൽകിയ മുന്നറിയിപ്പും അവിടെ വച്ചുണ്ടായ സ്വപ്ന ദർശനവും അബൂബക്കർ (റ) വിന് ആവേശം പകർന്നു. ഇക്കാര്യങ്ങളെല്ലാം അങ്ങോട്ട് പറയും മുമ്പ് ഇങ്ങോട്ടു പറഞ്ഞ നബി ﷺ യെക്കുറിച്ച് ആത്മവിശ്വാസവും അഭിമാനവുമുണ്ടായി. മുത്ത് നബിﷺയെക്കാളും മൂന്നു വയസ് പ്രായം കുറവാണെങ്കിലും രണ്ടു പേരും നേരത്തേത്തന്നെ പരസ്പരം നല്ല സൗഹൃദത്തിലും സ്നേഹത്തിലുമായിരുന്നു. കുടുംബങ്ങളും ആ സൗഹൃദത്തിൽ പങ്കു ചേർന്നു. ബീവി ഖദീജ (റ) നബിﷺയുടെ നിയോഗത്തെക്കുറിച്ച് അബൂബക്കർ(റ) നോട് വിശദീകരണം തേടിയ സന്ദർഭം നാം നേരത്തേ വായിച്ചിരുന്നു.
ഇസ്‌ലാം സ്വീകരിച്ച അന്ന് മുതൽത്തന്നെ അദ്ദേഹം പ്രബോധനവും തുടങ്ങി. അടുത്ത സുഹൃത്തുക്കളെയും മിത്രങ്ങളെയും കാര്യങ്ങൾ ബോധ്യപ്പെടുത്തി. പ്രമാണികളും ബുദ്ധിശാലികളുമായ പലരും അതുവഴി ഇസ്‌ലാമിനെ അടുത്തറിഞ്ഞു. അവരെ നബി സന്നിധിയിൽ എത്തിച്ചു. അവരിൽ ഏറെപ്പേരും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. പ്രസ്തുത ഗണത്തിലെ ആദ്യ ലിസ്റ്റ് ഇപ്രകാരമാണ്.
1.ഉസ്മാനു ബിനു അഫ്ഫാൻ
2.സുബൈർ ബിൻ അൽ അവാം
3.ത്വൽഹ ബിൻ ഉബൈദില്ലാഹ്
4.സഅദ് ബിൻ അബീ വഖാസ്
5.അബ്ദുർ റഹ്മാൻ ബിൻ ഔഫ്
6.ഉസ്മാൻ ബിൻ മള്ഗൂൻ
7.അബൂസലമത് ബിൻ അബ്ദുൽ അസദ്
8.അബൂ ഉബൈദ അൽ ജർറാഹ്
9.ഖാലിദ് ബിൻ സഈദ്
10. അർഖം ബിൻ അബിൽ അർഖം
(റളിയല്ലാഹു അൻഹും)
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-60/365
ഉസ്മാൻ( റ).
അബൂബക്കർ (റ) മുത്ത് നബി ﷺ യോടൊപ്പം നിഴൽ പോലെ പിൻതുടരുകയാണ്. തിരുജീവിവിതത്തിന്റെ എല്ലാ അധ്യായങ്ങളിലും ഇനി അവിടുന്ന് കടന്നു വരും. നമുക്കിപ്പോൾ ഉസ്മാൻ (റ)ലേക്ക് വരാം.
പ്രാരംഭഘട്ടത്തിൽത്തന്നെ ഇസ്‌ലാമിലേക്ക് വന്ന പ്രമുഖരിൽ ഒരാളാണ് ഉസ്മാൻ ബിൻ അഫ്ഫാൻ(റ). ഇസ്‌ലാമിലേക്ക് ആദ്യം വന്ന നാലു പേരിൽ നാലാമനാണ് ഞാൻ എന്ന് അദ്ദേഹം പറയാറുണ്ടായിരുന്നു. ഉസ്മാൻ(റ) ന്റെ ഇസ്‌ലാം സ്വീകരണത്തെക്കുറിച്ച് മനോഹരമായ ഒരു നിവേദനം ഇങ്ങനെ വായിക്കാം :
” ഉസ്മാൻ(റ) കഅ്ബയുടെ തണലിൽ ഇരിക്കുകയായിരുന്നു. പെട്ടെന്നാണ് നബിﷺയുടെ മകൾ റുഖിയ്യ: (റ)യും അബൂലഹബിൻ്റെ മകൻ ഉത്ബ: യും തമ്മിൽ വിവാഹം നടന്ന കാര്യമറിയുന്നത്. അതീവ സുന്ദരിയായ റുഖിയ്യ: (റ)യെ വിവാഹം ചെയ്യണമെന്ന ആഗ്രഹം ഉസ്മാനി (റ)നുണ്ടായിരുന്നു. അതിനാൽത്തന്നെ ഈ വാർത്ത കേട്ടപ്പോൾ ഒരു പ്രയാസമായി. ഉത്ബയെക്കാൾ മുന്നേ എനിക്ക് വിവാഹലോചന നടത്താമായിരുന്നു. ഉസ്‌മാൻ ആരോടെന്നില്ലാതെ പറഞ്ഞു. വീട്ടിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ഭാവം കണ്ട അമ്മായി സഅദാബിൻത്കുറൈസ് കാര്യമന്വേഷിച്ചു. ജോത്സ്യം അറിയുന്നവരായിരുന്നു അവർ. അവരോട് വിഷയം പറഞ്ഞു. അവർ ഉസ്മാന്റെ (റ) മുഖത്ത് നോക്കി സംസാരിക്കാൻ തുടങ്ങി. ‘നീ ഭാഗ്യവാനാണ്. നിരവധി സൗഭാഗ്യങ്ങൾ നിന്നെത്തേടിയെത്തും. സുന്ദരിയായ ആ സുഗന്ധ പുഷ്പത്തെ നീ പ്രാപിക്കും. മഹദ് വ്യക്തിയുടെ മകളാണവൾ. ഉസ്മാൻ (റ) ചോദിച്ചു: ‘ അമ്മായി എന്തൊക്കെയാണിപ്പറയുന്നത് ?’
‘അതെ, മോനേ, സൗന്ദര്യവും സംസാര ഭംഗിയുമുള്ള ഉസ്മാനേ. മുഹമ്മദ് നബിﷺ അല്ലാഹുവിൻറെ ദൂതനാണ്, സത്യ പ്രവാചകൻ. തെളിവിന്, സത്യവും അസത്യവും വേർതിരിക്കുന്ന ഗ്രന്ഥവുമായിട്ടാണ് വന്നിട്ടുള്ളത്. നീ ആ പ്രവാചകനെ സമീപിക്കുക. അതിന് വിഗ്രഹങ്ങൾ നിനക്ക് ഒരു തടസ്സമാകാതിരിക്കട്ടെ ‘.
ഉസ്മാൻ (റ) ഇടപെട്ടു. ‘ഇതൊക്കെ ഈ നാട്ടിലെ കാര്യങ്ങൾ തന്നെയല്ലേ ? ‘
അപ്പോൾ സുഅ്ദ: വിശദീകരിച്ചു : ‘അബ്ദുല്ലാഹിയുടെ പുത്രൻ മുഹമ്മദ് ﷺ അല്ലാഹു നിയോഗിച്ച പ്രവാചകനാണ്. അവിടുന്ന് ക്ഷണിക്കുന്നത് അല്ലാഹുവിലേക്കാണ് ‘.
സുഅദ വിശേഷങ്ങൾ അങ്ങനെ പറഞ്ഞു കൊണ്ടേയിരുന്നു. പറയപ്പെട്ട കാര്യങ്ങൾ ഞാൻ ആലോചിക്കാൻ തുടങ്ങി. അങ്ങനെ പുറത്തിറങ്ങിയപ്പോൾ അബൂബക്കർ (റ)നെ കണ്ടുമുട്ടി. വിവരങ്ങളെല്ലാം അദ്ദേഹത്തോട് പങ്കുവച്ചു. എല്ലാം കേട്ടതിന് ശേഷം അബൂബക്കർ (റ) പറഞ്ഞു തുടങ്ങി : ‘ഉസ്മാൻ താങ്കൾക്ക് ബോധവും വിവരവുമുള്ള ആളല്ലേ ? ഒന്നാലോചിച്ചു നോക്കൂ. ഈ ആരാധിക്കപ്പെടുന്ന ബിംബങ്ങളൊക്കെ വെറും കല്ലുകളല്ലേ? ഉപകാരമോ ഉപദ്രവമോ ചെയ്യാത്ത കാഴ്ചയോ കേൾവിയോ ഇല്ലാത്ത വെറും കല്ലുകൾ ? ‘
ഞാൻ പറഞ്ഞു : ‘ശരിയാണ് ‘.
അബൂബക്കർ(റ) തുടർന്നു. ‘നിന്റെ അമ്മായി പറഞ്ഞത് സത്യമാണ്. മുഹമ്മദ് ﷺ പ്രവാചകത്വം പ്രഖ്യാപിച്ചിരിക്കുന്നു. നമുക്ക് പോയി പ്രവാചകനെയൊന്ന് സന്ദർശിച്ചാലോ ? ‘
ഞാൻ സമ്മതിച്ചു. ഞങ്ങൾ ഒരുമിച്ചു തിരുസവിധത്തിലെത്തി. നബി ﷺ എന്നോട് സംസാരിച്ചു : ‘ ഓ , ഉസ്മാൻ ! ഞാൻ നിങ്ങളെയും ലോകത്തെയാകെയും അല്ലാഹുവിലേക്ക് ക്ഷണിക്കാൻ നിയോഗിക്കപ്പെട്ട അവന്റെ ദൂതനാണ്. അത് കൊണ്ട് നിങ്ങൾ അല്ലാഹുവിന്റെ ക്ഷണം സ്വീകരിക്കുക’.
ഇത്രയും കേട്ടപ്പോഴേക്ക് എനിക്ക് പിടിച്ചു നിൽക്കാനായില്ല. ഞാൻ ഇസ്‌ലാം സ്വീകരിച്ചു. ഏകദൈവ വിശ്വാസത്തിന്റെ പവിത്ര വാചകങ്ങൾ ഉച്ചരിച്ചു “.
മുത്ത്നബി ﷺയുടെ വിശ്വസ്ഥ അനുയായിയായി പിൻതുടർന്നു. അധികം നാളുകൾ കഴിഞ്ഞില്ല. ഉത്ബ റുഖിയ്യ(റ)യുമായുള്ള വിവാഹത്തിൽ നിന്ന് പിന്മാറി. വിവാഹ ഉടമ്പടി കഴിഞ്ഞ് ഒരുമിച്ചു ജീവിക്കുന്നതിന് മുമ്പായിരുന്നു അത്. നബി ﷺ മകളെ ഉസ്മാനി(റ)ന് വിവാഹം ചെയ്തു കൊടുത്തു. റുഖിയ്യ: (റ)യുടെ വിയോഗാനന്തരം ഉമ്മുകുൽസൂമി (റ)നെയും നബിﷺ ഉസ്മാനി( റ)ന് വിവാഹം ചെയ്ത് കൊടുത്തു. നബി ﷺ ക്ക് അദ്ദേഹത്തോടുള്ള സ്നേഹത്തിന്റെ ഭാഗമായിരുന്നു ഇത്.
ഉസ്മാൻ(റ) ഇസ്‌ലാം സ്വീകരിച്ചതിന്റെ പേരിൽ ഏറെ പ്രയാസങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നു.
പിൽക്കാലത്ത് അദ്ദേഹത്തിന്റെ സ്വത്തും നിലപാടും ഇസ്‌ലാമിക മുന്നേറ്റങ്ങൾക്ക് ഏറെ പ്രയോജനപ്പെട്ടു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.
.
Leave a Reply