Mahabba Campaign Part-671
Tweet 671
വാസിലത് ബിൻ അൽ അസ്‌ഖഇന്റെ ആഗമനം
ഇബ്നു ജരീർ(റ) ഉദ്ധരിക്കുന്നു.
വാസിലത് ബിൻ അൽ അസ്‌ഖഅ് പറയുന്നു. ഞാൻ ഇസ്ലാം ലക്ഷ്യം വെച്ചുകൊണ്ട് വീട്ടിൽ നിന്ന് ഇറങ്ങി. മദീനയിൽ എത്തി പ്രവാചക സവിധത്തിലേക്ക് ചെന്നു. അപ്പോൾ പ്രവാചകനുംﷺ ശിഷ്യന്മാരും നിസ്കാരത്തിനു വേണ്ടി അണിഒപ്പിച്ചു നിൽക്കുകയായിരുന്നു. ഞാനും ആ അണിയിൽ ചേർന്നു. അവർ നിസ്കരിക്കുന്നത് പോലെ ഞാനും നിസ്കരിച്ചു. നിസ്കാരാനന്തരം പ്രവാചകൻﷺ എന്നോട് ചോദിച്ചു. നിങ്ങളുടെ ആഗമന ഉദ്ദേശ്യം എന്താണ്?ഞാൻ ഇസ്ലാം ലക്ഷ്യം വെച്ചുകൊണ്ട് വന്നതാണ്. അതെ, അതാണ് നിങ്ങൾക്ക് നല്ലത്. തുടർന്ന് പ്രവാചകൻﷺ ചോദിച്ചു. നിങ്ങൾ പലായനം ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ? അതെ. ബാധിയുടെ പലായനം ആണോ അതല്ല ബാനിയുടെ പതാക പലായനമാണോ ഉദ്ദേശിക്കുന്നത്? ഇതിൽ ഏത് പലയാനമാണ് മെച്ചപ്പെട്ടത്? ബാദിയുടെ പലായനം എന്നുവച്ചാൽ പ്രവാചക സന്നിധിയിൽ വന്നതിനുശേഷം നാട്ടിലേക്ക് തന്നെ മടങ്ങി പോവുക എന്നാണ്. ബാനിയുടെ പലായനം എന്നതിനർത്ഥം ഇസ്ലാം സ്വീകരിച്ച പ്രവാചകരോﷺടൊപ്പം തന്നെ സ്ഥിരമായി സഹവസിക്കുക എന്നാണ്. ശേഷം, പ്രവാചകൻﷺ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾ എപ്പോഴും അനുസരണയുള്ള ആളായി നിലകൊള്ളുക. സന്തോഷത്തിലും ദുഃഖത്തിലും ഉന്മേഷമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഒക്കെ അല്ലാഹുവിനെയും റസൂലിﷺനെയും അനുസരിക്കുക. അതെ. ശേഷം, അദ്ദേഹം കൈ നീട്ടി. പ്രവാചകനുംﷺ കൈനീട്ടി. ഞാൻ എനിക്കുവേണ്ടി ഒന്നും പ്രത്യേകമായി വെക്കുന്നില്ല എന്ന് കണ്ടപ്പോൾ. പ്രവാചകൻﷺ എന്നോട് പറഞ്ഞു. നിങ്ങൾ സാധ്യമാകുന്ന അത്രയും അനുസരിക്കുക. അപ്പോൾ ഞാൻ പറഞ്ഞു. എനിക്ക് സാധ്യമാകുന്ന അത്രയും ഞാൻ അനുസരണയുള്ള ആളായിരിക്കും. അപ്പോൾ എന്റെ കയ്യിൽ പ്രവാചകൻﷺ ഒന്നടിച്ചു.
മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ്. പ്രവാചകൻﷺ ചോദിച്ചു. നിങ്ങൾ ആരാണ്? അപ്പോൾ വിവരം പറഞ്ഞു. എന്തിനാണ് നിങ്ങൾ വന്നത്? അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുത്തോട് ഉടമ്പടിയിൽ ചേരാൻ വന്നതാണ്. നിങ്ങൾക്ക് താല്പര്യമുള്ളതിലും അല്ലാത്തതിലും നിങ്ങൾ ഉടമ്പടി ചെയ്യാൻ കണ്ടെത്താനാണോ? ശരി. നിങ്ങൾ നിരുപാധികം കാര്യങ്ങൾ പറയുകയാണല്ലോ അതു പ്രകാരം ഉടമ്പടിയിൽ ചേരാം. ശരി.
ശേഷം, പ്രവാചകൻﷺ തബൂഖിലേക്ക് പുറപ്പെടാൻ ഒരുങ്ങി. അപ്പോൾ വാസിലത്തി(റ)നു സഞ്ചരിക്കാൻ വാഹനം ഉണ്ടായിരുന്നില്ല. അദ്ദേഹം വിളിച്ച് ഇങ്ങനെ ചോദിച്ചു. എന്നെ ആരാണോ വാഹനത്തിൽ കൊണ്ടുപോകുന്നത് യുദ്ധാനന്തര സ്വത്തിൽ നിന്ന് എന്റെ വീതം അദ്ദേഹത്തിന് ഞാൻ നൽകും. കഅബു ബിൻ ഉജ്റ(റ) അത് ഏറ്റെടുത്തു. അദ്ദേഹത്തെ ഒപ്പം കൂട്ടാം എന്ന് പറഞ്ഞു. നമ്മൾ കൈകോർത്തിരിക്കുന്നു. നിങ്ങൾ പറഞ്ഞത് പ്രകാരം മുന്നോട്ടു പോകാം.
പ്രവാചക സന്നിധിയിലേക്ക് വരുന്ന ഓരോരുത്തരുടെയും മനോഗതികളെ എത്രമേൽ കൃത്യമായിട്ടാണ് തിരുനബിﷺ വായിക്കുകയും അനുസൃതമായി പ്രതികരിക്കുകയും ചെയ്യുന്നത്. അവിടുന്ന് കല്പിക്കുന്ന ഏതു കാര്യവും അംഗീകരിക്കാൻ തയ്യാറാണെന്ന് വിനീതമായി സമ്മതിച്ച അനുയായിയോട് അങ്ങേയറ്റത്തെ കരുണയോടെയാണ് പ്രവാചകൻﷺ പ്രതികരിച്ചത്. നിങ്ങൾക്ക് സാധ്യമാകുന്നത്ര എന്ന് ഒരു അനുബന്ധം ഉടനെതന്നെ ചേർത്തു പറയുന്നത് ആ കരുണയുടെ ഭാഗമാണ്. ആ ഒരു വിട്ടുവീഴ്ചയെ അംഗീകരിക്കുന്ന ശിഷ്യനോട് സ്നേഹപൂർവ്വം കയ്യിലടിച്ച് സന്തോഷിപ്പിക്കുന്ന രംഗവും നാം വായിച്ചു കഴിഞ്ഞു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-672
Tweet 672
ജിന്ന് പ്രതിനിധികളോടൊപ്പം
ജിന്ന് വിഭാഗത്തിൽ നിന്ന് ഇസ്ലാം സ്വീകരിക്കുകയും സംഘങ്ങളായി പ്രവാചകരെﷺ സമീപിക്കുകയും ചെയ്ത സംഭവങ്ങൾ ഏറെയുണ്ട്. മനുഷ്യരെപ്പോലെ തന്നെ പലപ്പോഴായി പല സംഘങ്ങൾ പ്രവാചക സന്നിധിയിൽ വന്നിട്ടുണ്ട്. ജിന്നുകളുമായുള്ള വ്യവഹാരത്തിന്റെയും സഹവാസത്തിന്റെയും നിവേദനങ്ങൾ പ്രവാചക ചരിത്രരേഖകളിൽ കാണാം.
ഇബ്നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നു. പ്രവാചകരുﷺടെ പള്ളിയിൽ അറിവ് നുകരാൻ താമസിച്ചിരുന്ന അഹ്ലു സുഫ്ഫായിലെ ഓരോ പഠിതാക്കളെയും മറ്റും ഓരോ സഹാബികൾ കൂട്ടിക്കൊണ്ടു പോയി. ഒടുവിൽ ഞാൻ മാത്രം അവശേഷിച്ചു. എന്റെ കൈപിടിച്ച് പ്രവാചകൻﷺ മുന്നോട്ടു നടന്നു. നേരെ പോയത് തൊട്ടടുത്തുള്ള ഖബർസ്ഥാൻ ജന്നത്തുൽ ബഖീഇലേക്കായിരുന്നു. ഖബർസ്ഥാനിലേക്ക് പ്രവേശിച്ച ശേഷം പ്രവാചകൻﷺ ഒരു വൃത്തം വരച്ചു. എന്നെ അതിനുള്ളിൽ നിർത്തി. ഇവിടെത്തന്നെ നിൽക്കണമെന്നും ഒരു കാരണവശാലും പുറത്തേക്ക് പോകരുതെന്നും പ്രവാചകൻﷺ പ്രത്യേകം നിർദ്ദേശം നൽകി. ശേഷം പ്രവാചകൻﷺ മുന്നോട്ടു നടന്നു. മരങ്ങൾക്കിടയിലൂടെ നടന്നു നീങ്ങുന്ന നബിﷺയെ ഞാൻ നോക്കി നിന്നു. അപ്പോഴതാ ശക്തമായി ഇരുണ്ട പൊടിപടലങ്ങൾ ഉയരുന്നു.
അപ്പോൾ ഞാൻ ആലോചിച്ചു. ഹവാസിൻകാർ എങ്ങാനും പ്രവാചകനെﷺ ആക്രമിക്കാൻ വേണ്ടി വന്നതാണോ? ഞാനിവിടെ നിന്നും ഇറങ്ങി നാട്ടുകാരുടെ അടുക്കൽ വിവരം അറിയിച്ചാലോ? തിരുനബിﷺക്ക് എന്തെങ്കിലും സംഭവിക്കുകയാണോ?പെട്ടെന്ന് ഞാൻ ഇവിടെത്തന്നെ നിൽക്കണമെന്ന നബിﷺയുടെ പ്രസ്താവന ഓർത്തു. ഞാൻ അവിടെത്തന്നെ നിലനിന്നു. പ്രവാചകൻﷺ അവിടെ ഒരുമിച്ചു കൂടിയവർക്ക് നിർദ്ദേശം നൽകുന്നത് കേൾക്കാൻ കഴിഞ്ഞു.
നിങ്ങൾ അവിടെ ഇരിക്കൂ എന്ന് പറയുകയും വടികൊണ്ട് കാണിക്കുകയും ചെയ്യുന്നു. പ്രഭാതത്തിനു തൊട്ടുമുമ്പു വരെ അവർ അവിടെ ഒരുമിച്ചു കൂടി. പ്രവാചകൻﷺ അവരോട് സംവദിച്ചു. അവർ മടങ്ങിപ്പോയ ശേഷം പ്രവാചകൻﷺ എന്റെ അടുത്തേക്ക് തന്നെ തിരിച്ചു വന്നു. എന്നോട് ഇങ്ങനെ പറഞ്ഞു. ജിന്നു വിഭാഗത്തിൽ നിന്നുള്ള പ്രതിനിധികളാണ് ആ വന്നത്. അവരുടെ ഭക്ഷണത്തെക്കുറിച്ചും മറ്റും എന്നോട് സംസാരിച്ചു. മാംസങ്ങൾ തീർന്നുപോയ ദ്രവിച്ച എല്ലുകൾ അവർക്ക് ഭക്ഷണമായി അനുവദിച്ചു. നുരുമ്പിയ എല്ലുകളും ഉണങ്ങിയ കാഷ്ടങ്ങളും അവരുടെ ഭക്ഷണമാണ്.
മനുഷ്യൻ അല്ലാഹുവിന്റെ സൃഷ്ടി വിഭാഗം ആയതുപോലെ വിവേകവും വിചാരവും നിയമങ്ങളും ഉള്ള മറ്റൊരു വിഭാഗം സൃഷ്ടികളാണ് ജിന്നുകൾ. മനുഷ്യ വിഭാഗത്തിലേക്ക് മുഴുവൻ നിയോഗിക്കപ്പെട്ടത് പോലെ ജിന്ന് വർഗ്ഗത്തിലേക്കും നിയോഗിക്കപ്പെട്ടതാണ് തിരുനബിﷺ. പ്രവാചകൻﷺ അവർക്ക് കൂടി പ്രവാചകനാണ്. അതുകൊണ്ടുതന്നെ പല സന്ദർഭങ്ങളിലും പ്രവാചകൻﷺ അവരുമായി സംവദിക്കുകയും ഇടപെടുകയും ചെയ്തിട്ടുണ്ട്. അതിന് സാക്ഷിയായ സ്വഹാബികളും ഉണ്ട്. വിശുദ്ധ ഖുർആൻ അവരെ കേൾപ്പിച്ചു കൊടുക്കുകയും. ആശ്ചര്യത്തോടുകൂടി അവർ കേൾക്കുകയും ചെയ്ത രംഗം ഖുർആൻ പരാമർശിക്കുന്നുണ്ട്. ജിന്ന് വിഭാഗത്തിന്റെ പേരിൽ തന്നെ ഒരു അധ്യായം ഖുർആനിലും നമുക്ക് കാണാം.
മനുഷ്യകുലത്തിലെ വ്യത്യസ്ത ദേശങ്ങളിൽ വ്യത്യസ്ത ഭാഗങ്ങളിൽ നിന്ന് പ്രവാചകനെﷺയും പ്രവാചകൻﷺ മുന്നോട്ടുവച്ച ആദർശത്തെയും അന്വേഷിച്ച് ആളുകൾ വന്നതുപോലെ ജിന്നുകളുടെ വ്യത്യസ്ത വിഭാഗത്തിലെ ആളുകൾ സംഘമായും അല്ലാതെയും നബിﷺയെ സമീപിച്ചു. അവർക്കൊക്കെ പ്രവാചകൻﷺ ഇസ്ലാമിനെ പരിചയപ്പെടുത്തി കൊടുത്തു. ജിന്ന് വിഭാഗത്തിലും അല്ലാഹുവിനെ സ്വീകരിക്കുന്നവരും അല്ലാത്തവരും ഉണ്ട്. അവരിൽ നിന്നുള്ള നല്ലവർക്ക് നാളെ രക്ഷയും സ്വർഗ്ഗവും അവരുടെ കൂട്ടത്തിൽ നിന്ന് സത്യത്തെ അംഗീകരിക്കാത്തവർക്ക് നാളെ ശിക്ഷയും നരകവും ഉണ്ട്. ജിന്നുകളുമായി പ്രവാചകൻﷺ സംവദിച്ച മറ്റുചില മുഹൂർത്തങ്ങൾ കൂടി വായിക്കാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-673
Tweet 673
അബൂ നുഐമി(റ)ന്റെ മറ്റൊരു നിവേദനം ഇങ്ങനെയാണ്. സുബൈർ ബിൻ അൽ അവ്വാം(റ) പറയുന്നു. ഒരു ദിവസം സുബഹി നിസ്കാരാനന്തരം മദീനത്ത് പള്ളിയിൽ വച്ചു നബിﷺ ചോദിച്ചു. ഇന്നു രാത്രി ജിന്നുകളുടെ സംഘത്തിലേക്ക് എന്നോടൊപ്പം ആരാണ് വരിക. ഞാൻ സന്നദ്ധത അറിയിക്കുകയും സമയമായപ്പോൾ കൂടെ പുറപ്പെടുകയും ചെയ്തു. തിരുനബിﷺക്കൊപ്പം ഞാനും മുന്നോട്ട് നീങ്ങി. പർവതങ്ങളെല്ലാം പിന്നോട്ട് പോകുന്നതുപോലെ. കുറെ കഴിഞ്ഞപ്പോൾ ഒരു പ്രത്യേക സ്ഥലത്ത് എത്തി. അതാ അതികായന്മാരായ കുറെ ആളുകൾ. അവരുടെ വസ്ത്രങ്ങൾ കാലുകൾക്കിടയിലേക്ക് ചുരുട്ടി വച്ചിരിക്കുന്നു. നീണ്ട ഉയർന്നു നിൽക്കുന്ന കുന്തം പോലെയാണ് അവരെ കാണാൻ കഴിയുന്നത്. ഞാൻ അവരെ കണ്ടതും ഭയ ചകിതനായി. കാലുകൾ മുന്നോട്ടു നീങ്ങുന്നില്ല. കാൽ ഉറയ്ക്കുന്നുമില്ല.
അവരുടെ സമീപത്തേക്ക് എത്തിയപ്പോൾ പ്രവാചകൻﷺ അവിടുത്തെ കാലിന്റെ തള്ളവിരൽ കൊണ്ട് ഒരു വൃത്തം വരച്ചു. അതിന്റെ നടുവിൽ എന്നോട് ഇരിക്കാൻ പറഞ്ഞു. ആ വൃത്തത്തിന്റെ ഉള്ളിൽ പ്രവേശിച്ചതും എന്റെ ഭയം മുഴുവനും പമ്പകടന്നു. വെളുക്കുവോളം ഞാൻ അവിടെത്തന്നെ ഇരുന്നു. പ്രവാചകൻﷺ അവരുടെ ഇടയിലേക്ക് ചെന്ന് അവർക്ക് ഖുർആൻ ഓതി കേൾപ്പിക്കുകയായിരുന്നു. മടങ്ങിവന്ന് എന്നോട് നബിﷺയോടൊപ്പം സഞ്ചരിക്കാൻ പറഞ്ഞു. കുറച്ചു മുന്നോട്ടു നീങ്ങിയപ്പോൾ എന്നോട് ഇങ്ങനെ പറഞ്ഞു. പിന്നിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിക്കോളൂ അവിടെ നേരത്തെ കണ്ട ആരെങ്കിലും ഉണ്ടോ എന്ന്. ആ രാത്രിയിൽ അവിടെ വച്ച് പ്രവാചകൻﷺ അവർക്കുള്ള ഭക്ഷണങ്ങൾ നിർണയിച്ചു കൊടുത്തു. അവരുടെ പ്രധാന ഭക്ഷണം എല്ലുകളും കാഷ്ടങ്ങളുമാണ്.
അൽഖമാ(റ)യിൽ നിന്ന് ഇമാം മുസ്ലിമും(റ) മറ്റും ഉദ്ധരിക്കുന്ന ഒരു സംഭവം ഇങ്ങനെയുണ്ട്. അൽഖമ(റ) പറയുന്നു. ഞാൻ ഇബ്നു മസ്ഊദി(റ)നോട് ചോദിച്ചു. ജിന്നുകളുമായി തിരുനബിﷺ സംഭാഷണം നടത്തിയ രാത്രിയിൽ നബിﷺയോടൊപ്പം വേറെ ആരെങ്കിലും സഹവസിച്ചിരുന്നുവോ? അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. ഞങ്ങൾ ആരും ഒപ്പമുണ്ടായിരുന്നില്ല. കുറേനേരം നബിﷺയെ കാണാതായി. ഞങ്ങൾ താഴ്‌വരകളിലും മറ്റും അന്വേഷിച്ചിറങ്ങി. ഏറ്റവും വിഷമം ഉള്ള രാത്രിയായിട്ടാണ് ഞങ്ങൾക്ക് ആ രാത്രി അനുഭവപ്പെട്ടത്. കാരണം, തിരുനബിﷺ എങ്ങോട്ട് പോയി എന്നറിയാതെ ആകുലപ്പെട്ട രാത്രിയായിരുന്നു അത്. അപ്പോഴതാ പ്രവാചകൻﷺ ഹിറായുടെ ഭാഗത്തുനിന്ന് നടന്നുവരുന്നു.
ഞങ്ങൾ അപ്പോൾ നബിﷺയോട് പറഞ്ഞു. അവിടുന്ന് രാത്രിയിൽ ഞങ്ങളുടെ അടുക്കൽ നിന്ന് പോയിക്കഴിഞ്ഞപ്പോൾ ഞങ്ങൾ ആകെ ബേജാറായി. ഞങ്ങൾക്കേറ്റവും മനപ്രയാസം അനുഭവപ്പെട്ട രാത്രിയായിരുന്നു ഇത്. ഞങ്ങൾ പലവഴിക്കും അന്വേഷിച്ചുവെങ്കിലും തങ്ങളെ കണ്ടെത്താനായില്ല. ഞങ്ങൾ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ പ്രവാചകൻﷺ വിശദീകരിച്ചു. ജിന്നുകളുടെ കൂട്ടത്തിൽ നിന്ന് ഒരു സംഘം എന്നെ ക്ഷണിക്കാൻ വന്നു. ഞാൻ അവരോടൊപ്പം പോയി അവർക്ക് ഖുർആൻ കേൾപ്പിച്ചു കൊടുത്തു. ശേഷം, ഞങ്ങൾക്ക് അവർ വന്നുപോയതിന്റെ ലക്ഷണങ്ങൾ കാണിച്ചുതന്നു. ശേഷം അവരുടെ ഭക്ഷണത്തെക്കുറിച്ച് നബിﷺ പറഞ്ഞു. മനുഷ്യർ എല്ലുകളും ഉണങ്ങിയ കാഷ്ടവും ശുചീകരണത്തിനു വേണ്ടി ഉപയോഗിക്കരുത്. നിങ്ങളെപ്പോലെ സൃഷ്ടികളായ ജിന്നുകളുടെ ഭക്ഷണമാണത്. പ്രവാചകൻﷺ പഠിപ്പിച്ചു.
പ്രവാചകൻﷺ ജിന്നുകളും ആയിട്ടുള്ള ഇടപെടലുകൾ വ്യത്യസ്ത സന്ദർഭങ്ങളിൽ ഉണ്ടായി എന്നതിലേക്ക് സൂചിപ്പിക്കുന്ന ഒരു നിവേദനം ആണിത്. പല സമയത്തും പല സ്വഹാബികളോടുമൊപ്പം ഉള്ളപ്പോഴായിരുന്നു അനുഭവങ്ങൾ. എല്ലാ സന്ദർഭങ്ങളിലും ജിന്നുകളുമായി പ്രവാചകർﷺ സംവദിക്കുകയും ആശയ കൈമാറ്റം ചെയ്യുകയും ചെയ്തപ്പോൾ കൂടെ പോയവരെ അവരുടെ ലോകത്ത് അല്പം അകലെ നിർത്തി കൊണ്ടായിരുന്നു പ്രവാചകൻﷺ കടന്നുപോയത്. അതുകൊണ്ടാണ് നേരിട്ടുള്ള സംഭാഷണത്തിന്റെ സാന്നിധ്യം പറയാൻ വ്യത്യസ്ത പദങ്ങൾ ഉപയോഗിച്ച് സ്വഹാബികൾ നിവേദനങ്ങൾ നിർവഹിച്ചത്. ജിന്നുകളോട് സംഭാഷണം നടത്തുമ്പോൾ സാന്നിധ്യം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിനാണ്. ഇല്ല എന്ന് ഒരു സ്വഹാബി മറുപടി പറഞ്ഞത്. എന്നാൽ, അടിസ്ഥാനപരമായി ജിന്നുകളുമായി സഹവാസവും സമ്പർക്കവും പുലർത്തിയിരുന്നോ എന്ന ചോദ്യത്തിന് അതേ എന്നാണ് മറുപടി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-674
Tweet 674
ജിന്നുകൾ പ്രവാചക സവിധത്തിൽ വന്ന വ്യത്യസ്ത നിവേദനങ്ങൾ നമുക്ക് വായിക്കാൻ കഴിയും. ചില ജിന്നുകളുടെ പേരുകൾവരെ ഉദ്ധരിച്ചുകൊണ്ട് ഒറ്റപ്പെട്ട നിവേദനങ്ങൾ നമുക്ക് വായിക്കാനുണ്ട്. ഹാമത് ബിൻ അഹ്യം ബിൻ ലാഖീസ് എന്ന ഒരു ജിന്നിന്റെ പേര് അക്കൂട്ടത്തിൽ അബ്ദുല്ലാഹിബ്നു അഹ്മദ് ബിന് ഹമ്പൽ(റ) സവാഇദുൽ സുഹ്ദിൽ പരാമർശിച്ചിട്ടുണ്ട്. ജിന്ന് വർഗ്ഗത്തിലേക്കും നിയോഗിക്കപ്പെട്ട പ്രവാചകൻ എന്ന നിലയിൽ അങ്ങനെയുള്ള സംഭവങ്ങൾ അസംഭവ്യമാണ് എന്ന് പറയാൻ കഴിയില്ല. എന്നാൽ ഇത്തരം ചില സംഭവങ്ങളുടെ നിവേദന പരമ്പരകൾ വേണ്ടത്ര പ്രബലം അല്ല എന്ന് വരുമ്പോൾ ഒരു നിർണ്ണിത സംഭവം ഉദ്ധരിക്കുന്നതിനും പരിമിതിയുണ്ട്.
ഇല്യാസ്, ഖിദ്ർ തുടങ്ങി പ്രവാചകന്മാർ തിരുനബിﷺയെ കാണാൻ വന്ന രംഗങ്ങൾ ചില നിവേദനങ്ങളിൽ നമുക്ക് വായിക്കാൻ കഴിയും. അതു സംബന്ധമായി അബ്ദുല്ലാഹിബ്നു ഔഫ്(റ) ഉദ്ധരിക്കുന്ന ഒരു നിവേദനത്തെക്കുറിച്ച് വേണ്ടത്ര സ്വീകാര്യമല്ല എന്ന പരാമർശം നമുക്ക് കാണാം. ഈ വിഷയത്തിലും അടിസ്ഥാനപരമായി നിരാകരിക്കാനോ അസംഭവ്യമാണെന്ന് പറയാനോ കഴിയില്ല. എന്നാൽ നിശ്ചിതമായ ചില നിവേദനങ്ങളും സംഭവങ്ങളും ഉദ്ധരിച്ചുവന്ന പരമ്പരകളും ഹദീസ് നിദാനത്തിന്റെ മാനദണ്ഡങ്ങൾ വച്ച് നോക്കുമ്പോൾ വേണ്ടത്ര ബലം ഉള്ളതല്ല. ഇത്തരം ചില നിവേദനങ്ങളുടെ പരമ്പരകളിൽ നിർമ്മിത ഹദീസിന്റെ ആളുകളെയും കാണാൻ കഴിയും. എന്നാൽ സീറാ പണ്ഡിതന്മാർ നിവേദനങ്ങളെ ഉദ്ധരിക്കുകയും അനുബന്ധമായി പരമ്പരകളുടെ ബലാബലങ്ങളെ പരാമർശിക്കുകയും ആണ് ചെയ്തിട്ടുള്ളത്. അങ്ങനെ ഒരു സമീപനത്തിനും വൈജ്ഞാനിക പ്രാധാന്യമുണ്ട്. ഹദീസിന്റെ ഉള്ളടക്കം സ്വീകാര്യമാവുകയും എന്നാൽ പരമ്പര സ്വീകാര്യമല്ലാതിരിക്കുകയും ചെയ്യുന്ന രംഗങ്ങളും ഉണ്ടാവാം. രണ്ടുനിലയിലും സ്വീകാര്യമല്ലാത്തതും ഉണ്ടാവാം.
സീറയുടെയും ചരിത്രത്തിന്റെയും അനുഷ്ഠാനങ്ങളുടെ മഹത്വം പറയുന്ന ഹദീസുകളുടെയും നിവേദന ശക്തി മതവിധികൾ പ്രസ്താവിക്കുന്ന ഹദീസിനോളം ആവശ്യമില്ല എന്ന ഒരു പതിവ് പൊതുതത്വവും നമുക്ക് വായിക്കാൻ ഉണ്ട്.
വ്യത്യസ്ത ഘട്ടങ്ങളിൽ വ്യത്യസ്ത മൃഗങ്ങളും മറ്റു ജന്തുജാലങ്ങളും ആവലാതി ബോധിപ്പിക്കുന്ന ശരീര ഭാഷയിലും, മനുഷ്യന്റെ ഭാഷയിൽ തന്നെ ആവലാതി ബോധിപ്പിച്ചു കൊണ്ടും നബി സവിധത്തിൽ വന്നിട്ടുണ്ട്. ചില സന്ദർഭങ്ങളിൽ അത്തരം ആഗമനങ്ങളെ മൃഗങ്ങളുടെ കൂട്ടത്തിൽ നിന്നുള്ള നിവേദക സംഘം എന്ന് പ്രയോഗിച്ചു കാണാം.
വ്യത്യസ്ത ജന്തുജാലങ്ങളുമായി ബന്ധപ്പെട്ട മുഅ്ജിസതുകൾ പരാമർശിക്കുന്ന സ്വീകാര്യമായ ഹദീസുകൾ തന്നെയുണ്ട്. അതിന് അനുബന്ധമായി പ്രവാചകരുﷺടെ ഇടപെടലുകളും ജന്തു വർഗ്ഗങ്ങളോട് അവിടുന്ന് പ്രകാശിപ്പിച്ച കാരുണ്യത്തിന്റെ പ്രാധാന്യവും, അവകളുടെ ആവലാതികൾ പരിഗണിച്ചുകൊണ്ട് ഉടമസ്ഥരോട് സംസാരിച്ച രംഗങ്ങളും ആധികാരികമായ ഹദീസ് രേഖകളിൽ തന്നെ വായിച്ചു പോയതാണ്.
മനുഷ്യേതര ജീവജാലങ്ങളോട് പ്രവാചകന്‍ﷺ പുലർത്തിയ കാരുണ്യ സമീപനങ്ങൾ സ്വതന്ത്ര പഠനങ്ങളായി തന്നെ നിരവധി ഗ്രന്ഥങ്ങൾ ഉണ്ട്. സാധാരണ ഇസ്ലാമിക വൈജ്ഞാനിക വേദികളിലും പ്രവാചക പ്രകീർത്തന സദസ്സുകളിലും പറയുന്നതും അല്ലാത്തതും ഏറെ നമുക്ക് വായിക്കാവുന്നതാണ്.
പ്രവാചക സന്നിധിയിലേക്ക് പ്രതിനിധി സംഘങ്ങൾ വന്ന അധ്യായത്തിന്റെ തുടർച്ചയിൽ ഇവകൾ കൂടി ചേർത്തു വായിക്കേണ്ടതുണ്ട്. അതുകൊണ്ടാണ് ഇങ്ങനെ ഒരു അനുബന്ധം കുറിക്കുന്നത്. പ്രപഞ്ചത്തിനു മുഴുവനും കാരുണ്യമായി അല്ലാഹു നിയോഗിച്ച നബിﷺയുടെ തിരുസന്നിധിയിലേക്ക് എല്ലാ മേഖലയിൽ നിന്നുമുള്ള പ്രതിനിധികൾ എത്തുന്നതിൽ ആശ്ചര്യവും അത്ഭുതവും നമുക്ക് പറയാനില്ലല്ലോ!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-675
Tweet 675
നബി ജീവിതത്തിന്റെ നാൾവഴികളിലൂടെയാണ് നാം ഇതുവരെ സഞ്ചരിച്ചത്. തിരുപ്പിറവി മുതൽ ലോകത്തിന്റെ നാനാദിക്കിൽ നിന്നും തിരുനബിﷺയെ തേടിയെത്തിയ ദൗത്യസംഘങ്ങൾ വരെ നമ്മുടെ വായന എത്തിച്ചേർന്നു.
ഇനി നാം നബിജീവിതം ഉയർത്തിയ മൂല്യങ്ങളിലേക്ക് സഞ്ചരിക്കുകയാണ്. പ്രവാചക വ്യക്തിത്വത്തിലും ജീവിതത്തിലും നിറഞ്ഞു നിന്ന നന്മകളെയും മേന്മകളെയുമാണ് നാം പരിചയപ്പെടുന്നത്. അത്തരം ഒരു പഠന പാരായണം തീർത്തും നിർമ്മാണാത്മകമായിരിക്കും. ഹിംസാത്മകതയുടെ ഒരു ശകലം പോലും അതിൽ ഉണ്ടാവുകയില്ല. അനുകരിക്കാനും തിരസ്കരിക്കാനുമുള്ള ഒരു ജീവിതത്തെക്കുറിച്ചല്ല, നാം വായിക്കാൻ പോകുന്നത്. അനുകരിക്കാൻ മാത്രമുള്ള ഒരു വ്യക്തിത്വത്തെ കുറിച്ചാണ്. ലോകത്ത് വേറെ ആരെ കുറിച്ച് എഴുതിയാലും ഇങ്ങനെ ഒരു പരിപൂർണ്ണത ഉണ്ടാവില്ല. എല്ലാവർക്കും കൊള്ളാനും തള്ളാനും ഉള്ളതുണ്ടാവും. ഇവിടെ കൊള്ളാനും സ്വീകരിക്കാനും ഉള്ളത് മാത്രമേയുള്ളൂ എന്നതാണ് പ്രത്യേകത.
രചയിതാവിന്റെ രചന കൊണ്ട് മഹത്വപ്പെടേണ്ട ഒരാളെ കുറിച്ച് അല്ല നാം പരാമർശിക്കുന്നത്. എഴുത്തുകാരന് മഹത്വം ലഭിക്കാൻ വേണ്ടിയുള്ള ഒരു ജീവിതത്തെയാണ് പകർത്തുന്നത്. വിവരവും ഭാഷയും പേനയും ഉണ്ടായാൽ എഴുതി തീർക്കാവുന്നതായിരിക്കും ഒരുപാട് വ്യക്തികളുടെയും മറ്റും ചരിത്രം. ഇതങ്ങനെയല്ല. ഹൃദയവും സ്നേഹവും അനുകരണവും അടുപ്പവും വികാരവും എല്ലാം ചേർത്തു കൊണ്ട് പകർത്തേണ്ടതാണ്. അലങ്കാരങ്ങൾക്കും വർണ്ണനകൾക്കും ഏറെ അവസരങ്ങൾ ഉള്ളതായിരിക്കും മറ്റാരുടെയും ജീവിതം. ഇവിടെ ഉള്ളത് പകർത്താൻ പോലും ഭാഷയും ഭാവനയും മതിയാകാതെ വരികയാണ്. പിന്നെങ്ങനെയാണ് ഉള്ളതിനുമപ്പുറം അലങ്കാരത്തെ പകർത്താൻ ആവുക. സാധ്യമല്ല. നബി ജീവിതത്തെ രചിക്കുകയോ പകർത്തുകയോ ചെയ്യുന്നത്, സമാനമായി മറ്റൊന്നിനെ ചേർത്തുവയ്ക്കാൻ ഇല്ലാത്ത വിധം തുല്യതയില്ലാത്ത ഒരു പരിശ്രമമാണ്. നാവുകൊണ്ട് പറഞ്ഞ്, കാതുകൊണ്ട് കേട്ട്, പേനകൊണ്ട് പകർത്തി മതിയാക്കാവുന്ന ജീവിതത്തെക്കുറിച്ച് അല്ല നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ആത്മാവിനെ സംസാരിപ്പിച്ച് ഹൃദയചലനങ്ങൾ കൊണ്ട് അടയാളപ്പെടുത്തേണ്ട ജീവിതം, ഹൃദയ ധമനികളിൽ രചിക്കപ്പെടുന്ന ചരിത്രത്തെ ലഭ്യമായ ഒരു രചനാ പ്രതലത്തിലേക്ക് പകർത്തി എടുക്കേണ്ട സാഹസികത. ഒടുവിൽ അത് വേണ്ടവിധമാകാതെ വരുമ്പോൾ ആയുധം വെച്ച് കീഴടങ്ങേണ്ടി വരുന്ന നിസ്സഹായതയുടെ പ്രകാശനം. ചുരുക്കത്തിൽ രചയിതാവിന്റെ നിസ്സഹായത പ്രകടിപ്പിക്കാനുള്ളതാണ് നബി രചനകൾ മുഴുവൻ.
ഇങ്ങനെയൊക്കെ പറയുമ്പോഴും തിരുനബിﷺ നമുക്ക് ഒരു അവസരം നൽകിയിട്ടുണ്ട്. അവിടുത്തെ പാതിരാ പ്രാർത്ഥനയിൽ ഉള്ള നിലവിളിയോടൊപ്പം അടുത്തുനിന്ന് കണ്ണീരൊലിപ്പിക്കാൻ ആയില്ലെങ്കിലും ആ ഓർമ്മകളെ ഹൃദയത്തിലേക്ക് ചേർത്തുവയ്ക്കാനുള്ള ഒരു പാതിരാ നിസ്ക്കാരം നമുക്കും ചര്യയാക്കി തന്നിട്ടുണ്ട്. അവിടുത്തെ സഹവാസികളായ സ്വഹാബികളെ പോലെ ചേർന്നൊന്ന് ചുംബനം കൊടുക്കാൻ അവസരം ലഭിച്ചില്ലെങ്കിലും അനുകരണം കൊണ്ട് ഹൃദയം ചേർത്തുവെക്കാനുള്ള അവസരം നിഷേധിച്ചിട്ടില്ല, അവിടുത്തെ ജീവിതവും ചര്യകളും പകർന്നു കൊടുക്കാനുള്ള അവസരം നിരാകരിച്ചിട്ടില്ല.
എനിക്കെന്റെ ഹൃദയം കൊണ്ട് രചിക്കാൻ ആവുന്നില്ലല്ലോ എന്ന് ആശങ്കപ്പെട്ട് പിന്മാറാതിരിക്കാൻ, പേന കൊണ്ട് പകർത്താനുള്ള ഒരു അവസരം കൂടി നമുക്ക് അനുവദിച്ചിട്ടാണ് നബിﷺ ഈ ലോകത്ത് നിന്ന് യാത്ര പറഞ്ഞത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-676
Tweet 676
ഇനിയങ്ങോട്ട് വായിക്കാനുള്ള വരികൾക്ക് സുഗന്ധം വേറെയാണ്. മധുവൂറുന്ന ഫലങ്ങളാണ്. നബി ജീവിതത്തിന്റെ ചില നിമിഷങ്ങൾ നമ്മുടെ കണ്ണിനു നേരെ വന്നു നിൽക്കും. നമ്മുടെ നോട്ടം എങ്ങനെയായിരിക്കണം എന്ന് ആ നേത്രങ്ങൾ നമ്മളോട് സംസാരിക്കും. സൗന്ദര്യമാർന്ന ചുണ്ടുകൾ മെല്ലെ ചലിച്ചു കൊണ്ടിരിക്കും. നമ്മുടെ അധരങ്ങളുടെ ചലനം എങ്ങനെയായിരിക്കണം എന്നാണ് അത് കാണിച്ചുതരുന്നത്. അവിടുത്തെ കാതുകളുടെ ഭാവങ്ങൾ നമ്മുടെ കാതുകളിലേക്ക് ചേർന്നു ഏതൊക്കെ മന്ത്രങ്ങളാണെന്ന് നിശബ്ദമായി തന്നെ പങ്ക് വെക്കും. തിരുപാദങ്ങളുടെ ചലനം എത്രമേൽ ധൃതിയിലായിരുന്നു എന്ന് നമ്മൾ ശ്രദ്ധിക്കും. അത് നമ്മുടെ ചുവടുകളെ ചിട്ടപ്പെടുത്താനുള്ള ചലനങ്ങൾ ആണെന്ന് തിരിച്ചറിയും.
അവിടുത്തെ കരങ്ങൾ സ്പർശിച്ച സ്ഥലത്ത് നിന്ന് പ്രകാശം സ്ഫുരിക്കുന്നത് നോക്കി നിൽക്കണം. നമ്മുടെ കരങ്ങൾ എത്ര പവിത്രമായി സൂക്ഷിക്കണം എന്ന് പഠിപ്പിക്കാനാണത്. അവിടുത്തെ പ്രയോഗങ്ങളുടെ സൗന്ദര്യം നമ്മൾ വിലയിരുത്തും. എത്രമേൽ മനോഹരമായിട്ടാണ് ആശയവിനിമയം നടത്തുന്നത് എന്ന് ബോധ്യപ്പെടാൻ. അവിടുന്ന് ഉപയോഗിക്കുന്ന പദാവലികൾ ഓരോന്നും നമ്മുടെ ഹൃദയത്തിലേക്ക് തറക്കും. ചിലപ്പോൾ അത് ഉറവ നൽകും. ചിലപ്പോൾ അത് കരുതലുകളെ ഉണർത്തി തരും. ഒരിക്കലും ഒരു പദം പോലും ഉപയോഗിക്കാതെ എങ്ങനെ കഴിഞ്ഞുപോയി എന്ന വിചാരം നമ്മെ കൂടുതൽ സദ് വൃത്തരാക്കും. അവിടുത്തെ ഇമകളുടെ ചലനത്തിലേക്ക് നമ്മൾ കൂടുതൽ ശ്രദ്ധിക്കും. നമ്മുടെ കൺകോണുകൾ വഴിമാറി സഞ്ചരിക്കുന്നുണ്ടോ എന്ന് വിചാരണ നടത്താൻ.
അവിടുത്തെ നിലപാടുകളുടെ ആഴവും സ്വാധീനവും വായിച്ചുകൊണ്ടേയിരിക്കും, എങ്ങനെയാണ് മാനേജ് ചെയ്യുന്നത് എന്ന് പഠിച്ചെടുക്കാൻ. അവിടുത്തെ പാരായണത്തിന്റെ സൗന്ദര്യം നമ്മുടെ കാതിൽ നിറയും. ഖുർആൻ അതിന്റെ സ്രോതസ്സിൽ നിന്ന് ആദ്യ സ്വീകർത്താവിലേക്ക് എങ്ങനെയാണ് സംവേദിച്ചത് എന്ന് മനസ്സിലാക്കാൻ. അവിടുത്തെ വിയർപ്പ് കണങ്ങളിലേക്ക് നമ്മൾ നോക്കിയിരിക്കും. എങ്ങനെയാണ് ചിപ്പിയിൽ നിന്ന് മുത്ത് വരുന്നത് എന്ന് മനസ്സിലാക്കാൻ. നമ്മുടെ മൂക്ക് തുറന്നു നമ്മൾ ശ്വസിച്ചു കൊണ്ടേയിരിക്കും. കസ്തൂരി ചെപ്പു തുറക്കുമ്പോൾ എങ്ങനെയായിരിക്കും എന്ന് നേരിട്ട് അനുഭവിക്കാൻ.
അവിടുത്തെ കരം കവരാൻ വേണ്ടി നമ്മൾ കൈയുയർത്തി കാത്തുനിൽക്കും. പട്ടുടയാടകൾ എത്രമേൽ മാർദ്ദവമാണെന്ന് സ്പർശിച്ചു നോക്കാൻ. അവിടുത്തെ കാൽപാദങ്ങളിലേക്ക് വീഴുന്ന ജലത്തുള്ളികളിലേക്ക് കണ്ണു നട്ടിരിക്കും. ഏറ്റവും മിനുസമായ പ്രതലം എങ്ങനെയാണെന്ന് തിരിച്ചറിയാൻ. അവിടുത്തെ മുഖകമലത്തിൽ തന്നെ നോക്കിയിരിക്കും. ഇമ വെട്ടാതെ എത്രനേരം നോക്കാൻ കഴിയുമെന്ന് മത്സരിക്കാൻ.
അവിടുത്തെ ധൈര്യത്തെക്കുറിച്ച് നമ്മൾ വായിക്കും. കാലം തന്നെ ഇളകി വന്നാലും കാലിടറാതിരിക്കാൻ. അവിടുത്തെ വാഗ്മയങ്ങളെ കുറിച്ചു നമ്മൾ പഠിക്കും. ജനനം മുതൽ വിയോഗം വരെ സത്യം മാത്രം പറയാൻ എങ്ങനെ കഴിഞ്ഞു എന്ന് ആശ്ചര്യപ്പെട്ടു നിൽക്കാൻ. അവിടുന്ന് ഒരുക്കിവെച്ച സദ്യയിലേക്കും തളികയിലേക്കും നമ്മൾ നോക്കി നിൽക്കും. എങ്ങനെയാണ് അതിഥിയെ സ്വീകരിക്കേണ്ടത് എന്ന് മനസ്സിലാക്കാൻ. അവിടുത്തെ സംവാദങ്ങളെക്കുറിച്ച് നമ്മൾ വായിക്കും. എങ്ങനെയാണ് ശത്രുവിനെ മിത്രം ആക്കി മാറ്റിയത് എന്നറിയാൻ.
ഇതെല്ലാം ഒത്തുചേർന്ന ഒരു വായന തിരുനബിﷺയെക്കുറിച്ചല്ലാതെ വേറെ ആരെക്കുറിച്ചാണ് ലഭിക്കുക. ഇവയൊക്കെയും ആവിഷ്കരിക്കാൻ കേവലം അക്ഷരങ്ങളും പ്രതലവും മാത്രം പോരാ എന്ന് പറയേണ്ടതില്ലല്ലോ?
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-677
Tweet 677
തിരുനബിﷺയിൽ തെളിഞ്ഞ മേന്മകളെ കുറിച്ചു പറയുമ്പോൾ ഒരു മുഖവുര കൂടിയുണ്ട്. കേവലമായ ചില നന്മകളെ അവതരിപ്പിച്ചോ പ്രയോഗിച്ചോ പോവുകയല്ല തിരുനബിﷺ ചെയ്തത്. പ്രായോഗികമായ ഒരു ജനതയിൽ അത് സ്ഥാപിച്ചു. ഉയിരുള്ളിടത്തോളം അവ അനുകരിക്കുന്ന ഒരു ജനതയെ വാർത്തെടുത്തു. അവരിൽനിന്ന് ലോകം മുഴുവനും അത് അനുഭവിക്കുകയും സന്തോഷിക്കുകയും ചെയ്തു. ഉറ്റമിത്രമായ അബൂബക്കറി(റ)നോട് ഒരിക്കൽ അവിടുന്ന് പറഞ്ഞു. എന്റെ ഹൃദയത്തിലെ അങ്ങേയറ്റത്തെ സ്നേഹം ഒരാൾക്ക് നൽകാൻ എനിക്ക് സാധിക്കുമായിരുന്നെങ്കിൽ അത് ഞാൻ നിങ്ങൾക്ക് നൽകുമായിരുന്നു. പക്ഷേ, എനിക്കത് നൽകാൻ കഴിയുന്നില്ല. കാരണം പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിനെ ഞാൻ ഏറ്റവും കൂടുതൽ സ്നേഹിച്ചു പോയി. സ്രഷ്ടാവിനെ എത്രമേൽ സ്നേഹിക്കണം എന്ന ഒരു സന്ദേശമാണ് ഇതുവഴി പ്രവാചകൻﷺ കൈമാറിയത്.
അത് അതേ അർത്ഥത്തിൽ തന്നെ സിദ്ദീഖ്(റ) ഏറ്റെടുത്തു. സ്രഷ്ടാവിനോടുള്ള പ്രീതിക്ക് കൂടുതൽ ആഴവും പരപ്പും ഉണ്ടായി. അങ്ങനെയിരിക്കെ ഒരിക്കൽ നബിﷺ അനുയായികളോട് ചോദിച്ചു. ഇന്ന് നോമ്പ് നോറ്റ് നേരം വെളുത്ത ആരൊക്കെയുണ്ട് ഈ കൂട്ടത്തിൽ? സിദ്ദീഖ്(റ) പറഞ്ഞു. എനിക്ക് നോമ്പുണ്ട്. മരണപ്പെട്ടവരുടെ പരിചരണത്തിന് സേവനം ചെയ്ത ആരുണ്ട് ഈ കൂട്ടത്തിൽ? സിദ്ധീഖ്(റ) പറഞ്ഞു. ഞാനുണ്ട്. പാവപ്പെട്ടവന് ഭക്ഷണം കൊടുത്ത ആരെങ്കിലുമുണ്ടോ ഈ കൂട്ടത്തിൽ? അപ്പോഴും സിദ്ദീഖ്(റ) തന്നെ പറഞ്ഞു. ഞാനുണ്ട്. ഇന്ന് രോഗിയെ സന്ദർശിക്കാൻ അവസരം കണ്ടെത്തിയ ആരുണ്ട് ഈ കൂട്ടത്തിൽ? സിദ്ധീഖ്(റ) തന്നെ മുന്നോട്ട് വന്നു പറഞ്ഞു. ഞാനുണ്ട്. ഇത്രയും ആയപ്പോഴേക്കും ഒരു വാചകം കൊണ്ട് പ്രവാചകൻﷺ സംഭാഷണം പൂർത്തിയാക്കി. ഈ നന്മകളെല്ലാം ഒരുമിച്ചുകൂടിയ ഒരാൾ എന്തായാലും സ്വർഗ്ഗത്തിൽ പ്രവേശിക്കുമെന്ന്. നബി ജീവിതം ഒരാളിൽ സ്ഥാപിച്ച നന്മകളുടെ സമ്മേളനമാണിത്. പ്രിയ പ്രവാചകൻﷺ പറയുന്ന ഓരോ സന്ദേശങ്ങളും കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ചപ്പോഴാണ് ഈ നന്മകൾ ഓരോന്നും സിദ്ദീഖി(റ)ൽ നിറഞ്ഞുനിന്നത്.
പ്രവാചകരുﷺടെ സന്തതസഹചാരികളിൽ ഏറ്റവും മുന്നിലായിരുന്നു അവിടുന്ന്. തൊട്ടടുത്തു നിന്ന ഉമറി(റ)നും ഇതുപോലെ തന്നെയാണ് കഥ പറയാനുള്ളത്. ഉമറി(റ)ൽ മഹത്വങ്ങളേറെ നിറഞ്ഞു. ഉമറി(റ)ന്റെ നിശ്ചയദാർഢ്യവും വിശ്വാസത്തോടുള്ള പ്രതിബദ്ധതയും എല്ലാവർക്കും നന്നായി അറിയാമായിരുന്നു. നീളക്കുപ്പായം അണിഞ്ഞ സംഘത്തെ സ്വപ്നത്തിൽ കണ്ടു. ഓരോരുത്തരുടെയും കുപ്പായത്തിന്റെ നീളം വ്യത്യാസമുണ്ട്. ഉമറി(റ)ന്റെ കുപ്പായം ശരീരം മുഴുവനും കവർ ചെയ്ത് പിന്നെയും അല്പം അധികമുണ്ടായിരുന്നു. പ്രവാചകൻﷺ ഇങ്ങനെ വിശദീകരിച്ചു. ഉമറി(റ)ൽ നിറഞ്ഞു നിൽക്കുന്ന വിശ്വാസകർമ്മങ്ങളുടെ സൂചികയാണിത്. ഉമറി(റ)നും ഊർജ്ജം പകർന്നു നൽകിയത് അതേ നെരിപ്പോടിൽ നിന്ന്. അഥവാ തിരുനബിﷺയിൽ നിന്ന് തന്നെ.
സമ്പന്നനായ ഉസ്മാൻ(റ) ഇരട്ട പ്രകാശമായി ലോകത്തിന്റെ മുന്നിൽ തിളങ്ങിനിന്നു. പ്രവാചകരുﷺടെ രണ്ട് പുത്രിമാർക്ക് പ്രിയതമൻ ആകാൻ കഴിഞ്ഞതു മാത്രമല്ല, അതിലേറെ ഉസ്മാനി(റ)ൽ നിറഞ്ഞ നന്മകളുടെ അംഗീകാരം കൂടിയായിരുന്നു അത്. ഉസ്മാനി(റ)നെ പ്രകാശിപ്പിച്ചതും ഇതേ വിളക്കുമാടത്തിൽ നിന്നുതന്നെ.
അനുയായികളിൽ നിഴലിച്ച നന്മകൾക്ക് പ്രവാചകൻﷺ അംഗീകാരം നൽകി. അതിന് അവിടുന്ന് തീരെ അമാന്തിച്ചില്ല. ഒരിക്കൽ ഉമർ(റ) ഉംറ നിർവഹിക്കാൻ വേണ്ടി മക്കയിലേക്ക് പോകാൻ നബിﷺയോട് സമ്മതം ചോദിച്ചു. യാത്ര പറഞ്ഞ് പിരിയുമ്പോൾ നബിﷺ ഇങ്ങനെ പറഞ്ഞു. കൊച്ചനുജാ അവിടുത്തെ പ്രാർത്ഥനകളിൽ എന്നെ മറക്കരുതേ? പാപ സുരക്ഷിതരായ പുണ്യ പ്രവാചകന്റെﷺ വാചകങ്ങൾ ശിഷ്യനുള്ള ഒരു അംഗീകാരമായിരുന്നു. അതുവഴി ഹൃദയത്തിൽ കോരി നിറച്ചു കൊടുത്ത സന്തോഷത്തിന് ഒരു അതിരുമുണ്ടായിരുന്നില്ല. ഉമർ(റ) തന്നെ അത് പ്രസ്താവിക്കുകയും ചെയ്തു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-678
Tweet 678
തിരുനബിﷺയോടുള്ള അനുകരണത്തിന്റെ നാലാം അധ്യായമാണ് അലി(റ). അറിവിന്റെ പട്ടണം നബിﷺയാകുമ്പോൾ അലി(റ) അതിന്റെ കവാടമാണ്. അല്ലാഹുവിനെയും അവന്റെ ദൂതനെﷺയും ഇഷ്ടപ്പെടുകയും അല്ലാഹുവും അവന്റെ ദൂതനുംﷺ ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരാൾക്ക് നാളെ ഞാൻ പതാക കൈമാറും. എല്ലാവരും ആർത്തിയോടെ കാത്തിരുന്നു. അതെനിക്ക് ആയിരുന്നെങ്കിൽ എന്ന്. ആ നിയോഗം ലഭിച്ചത് അലി(റ)നായിരുന്നു. കുഞ്ഞു പ്രായത്തിലെ നബിﷺയോടൊപ്പം ചേർന്നപ്പോൾ ഹൃദയത്തിലേക്കും ജീവിതത്തിലേക്കും പകർന്നു കിട്ടിയ വെളിച്ചത്തിനുള്ള അംഗീകാരം ആയിരുന്നു അത്. ഹൃദയത്തിൽ ലഭിച്ച സ്നേഹത്തിന്റെയും ജീവിതത്തിൽ ലഭിച്ച അനുകരണത്തിന്റെയും വിലാസം കൂടിയായി അത് മാറി. ഒരിക്കൽ നബിﷺ അദ്ദേഹത്തോട് തന്നെ ചോദിച്ചു. ഹാറൂൻ നബി(അ) മൂസാ നബി(അ)ക്ക് എപ്രകാരമായിരുന്നുവോ അപ്രകാരം നമ്മൾ തമ്മിൽ അടുക്കുന്നതിൽ നിങ്ങൾക്ക് തൃപ്തി അല്ലേ ഉള്ളൂ!
പ്രവാചക ജീവിതത്തിൽ നിന്ന് എന്തൊക്കെയാണ് ഓരോ അനുയായികളും പകർത്തിയെടുത്തത്? അതിൽ ഓരോരുത്തരിലും മികച്ചു നിൽക്കുന്ന ഗുണങ്ങൾ ഏതാണ്? ഇതെല്ലാം നബിﷺക്ക് വ്യക്തമായിരുന്നു. തഥടിസ്ഥാനത്തിൽ ഓരോരുത്തരെയും പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. എല്ലാ സമുദായത്തിലും ഒരു വിശ്വസ്തനുണ്ട്. എന്റെ സമുദായത്തിലെ വിശ്വസ്തൻ അബൂ ഉബൈദ(റ)യാണ്. അബൂ ഉബൈദ ആമിർ ബിൻ അൽ ജർറാഹ്(റ) എന്ന സ്വഹാബിക്കുള്ള അംഗീകാരമായിരുന്നു ഇത്. അനുയായിയുടെ ജീവിതത്തെ ആകമാനം അറിഞ്ഞ് മികച്ചുനിൽക്കുന്ന ഗുണത്തെ പ്രശംസിക്കുകയാണ് ഇവിടെ. അൽ അമീൻ (വിശ്വസ്തൻ) എന്ന വിലാസത്തിന്റെ ഉടമയായ തിരുനബിﷺയിൽ നിന്ന് ലഭിച്ചതായിരുന്നു അബൂഉബൈദ(റ)യുടെ ഈ വിശേഷണവും.
എന്റെ ജനതയിൽ വിധിവിലക്കുകൾ കൂടുതൽ അറിയുന്ന ആളാണ് മുആദ് ബിൻ ജബൽ(റ). ഒരു ശിഷ്യന്റെ വൈജ്ഞാനിക വ്യാപ്തിയെക്കുറിച്ച് ഗുരുവായ തിരുനബിﷺ പറയുകയാണ്. പ്രശംസയും അംഗീകാരവും എല്ലാം ഇതിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. അറിവുകൾ മുഴുവനും അള്ളാഹു നേരിട്ട് അറിവ് നൽകിയ നബിﷺയിൽ നിന്ന് പകർന്നെടുത്തതാണ്. മുആദി(റ)ന്റെ മുഴുവൻ വിവരത്തിന്റെയും സ്രോതസ്സ് പുണ്യ പ്രവാചകൻﷺ ആണ്.
ഇപ്രകാരം നേരിട്ടുതന്നെ ലക്ഷക്കണക്കിന് ശിഷ്യഗണങ്ങളിലേക്ക് അറിവും സംസ്കാരവും ആത്മീയതയും സ്വർഗ്ഗസ്ഥരാവാനുള്ള ജീവിതവും എല്ലാം പകർന്നുകൊടുത്ത മനുഷ്യകത്തിന്റെ അധ്യാപകൻ. അങ്ങനെയാണ് തിരുനബിﷺ ലക്ഷങ്ങളെ അറിവിലേക്ക് വിളിച്ചത്.
ആ വിജ്ഞാന സ്രോതസ്സിനെ കുറിച്ചാണ് നമ്മൾ സംസാരിക്കുന്നത്. ഈ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ വിജ്ഞാനിയെ കുറിച്ച്. മനുഷ്യൻ മനുഷ്യരിൽ നിന്ന് പകർന്നെടുക്കുന്ന വിജ്ഞാനത്തിന് ഏറെ പരിമിതികളും കുറവുകളും ഉണ്ടാകും. അത്യുന്നതനായ സ്രഷ്ടാവിൽ നിന്ന് എല്ലാ അറിവും നേടിയെടുത്ത പരിമിതികളില്ലാത്ത ജ്ഞാനത്തിന്റെയും, പന്തികേട് ഇല്ലാത്ത പരിജ്ഞാനത്തിന്റെയും, അലമാലകൾ അടങ്ങാത്ത ആത്മജ്ഞാനത്തിന്റെയും പ്രഭാവമാണ് മുഹമ്മദ് നബിﷺ.
പ്രസ്തുത ജ്ഞാന ചക്രവാളത്തിനടുത്ത് നിൽക്കുമ്പോൾ അറിവിനെക്കുറിച്ചുതന്നെ എത്ര അറിവുകളാണ് നമുക്ക് ഏറ്റെടുക്കാനുള്ളത്! ജ്ഞാനത്തെ കുറിച്ചു മാത്രം എത്ര വിജ്ഞാന കോശങ്ങളാണ് നമുക്ക് അറിയേണ്ടത്!
അബ്ദുല്ലാഹിബ്നു അബ്ബാസ്(റ) എന്ന കുട്ടിയെ നബിﷺ അടുത്തേക്ക് വിളിച്ചു. പിതൃസഹോദരന്റെ മകൻ എന്നതിനപ്പുറം കുട്ടിയുടെ ബുദ്ധിയും ജ്ഞാന താല്പര്യവും ഒക്കെ നബിﷺ അതിവേഗം വായിച്ചു. അല്ലാഹുവേ നിന്റെ ദീനിൽ ഈ കുട്ടിക്ക് നീ വിവരം വർദ്ധിപ്പിച്ചു കൊടുക്കേണമേ! മനസ്സറിഞ്ഞ് നബിﷺ പ്രാർത്ഥിച്ചു. ആ കുട്ടിയാണ് ഈ സമുദായത്തിന്റെ ഖുർആൻ വ്യാഖ്യാതാവായി മാറിയത്. ഖുർആനിന്റെ അന്തസാരങ്ങളെ അന്ത്യനാളത്തേക്ക് വരെ അടയാളപ്പെടുത്തിയതിന്റെ പ്രധാന കൈവഴിയായി ആ കുഞ്ഞു മാറി. അദ്ദേഹമാണ് റഈസുൽ മുഫസ്സിരീൻ അബ്ദുല്ലാഹ് ബിൻ അബ്ബാസ്(റ) ആയി മാറിയത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-679
Tweet 679
തിരുനബിﷺയുടെ ശിഷ്യഗണങ്ങളിൽ പ്രധാനിയാണ് സൈദ് ബിനു സാബിത്ത്(റ). ഒരിക്കൽ അദ്ദേഹത്തെക്കുറിച്ച് അവിടുന്ന് പറഞ്ഞു. നിങ്ങളുടെ കൂട്ടത്തിൽ അനന്തരാവകാശ ജ്ഞാനം ഏറ്റവും കൂടുതൽ അറിയുന്ന ആളാണ് ഇദ്ദേഹം. ഇസ്ലാമിക കർമ്മ ശാസ്ത്രത്തിൽ ഏറെ ശ്രദ്ധയോടെ പഠിക്കേണ്ട ഗഹനമായ വിഷയം സൈദി(റ)നു സരളമായി കിട്ടിയത് തിരുനബിﷺയോടുള്ള നിരന്തര സഹവാസത്തിൽ നിന്നാണ്. അവിടുത്തെ ജ്ഞാന പ്രപഞ്ചത്തിൽ നിന്ന് ഏറെ സമാഹരിക്കാൻ സൗഭാഗ്യം കിട്ടിയ അനുചരനായിരുന്നു സൈദ്(റ).
ഉബയ്യ് ബിൻ കഅബ്(റ)നെ ഏറ്റവും സന്തോഷിപ്പിച്ച ഒരു നിമിഷം ചരിത്രത്തിന് പറയാനുണ്ട്. ഒരിക്കൽ പ്രവാചകൻﷺ അദ്ദേഹത്തെ വിളിച്ചു. എന്നിട്ട് പറഞ്ഞു. നിങ്ങൾക്ക് പ്രത്യേകമായി ഖുർആൻ ഓതി കേൾപ്പിക്കാൻ അല്ലാഹു എന്നോട് കല്പിച്ചിരിക്കുന്നു. ആശ്ചര്യത്തോടെ ഉബയ്യ്(റ) തിരിച്ചു ചോദിച്ചു. അല്ലാഹു എന്റെ പേര് പ്രത്യേകം പറഞ്ഞിരുന്നുവോ? അതെ, അല്ലാഹു നിങ്ങളുടെ പേര് പ്രത്യേകം പറഞ്ഞിട്ടുണ്ട്. ഇത് കേട്ടതും പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. അദ്ദേഹം കരയാൻ തുടങ്ങി.
തമസ്സു മൂടിക്കിടന്ന ആറാം നൂറ്റാണ്ടിൽ നേർവഴിയുടെ സംഗീതം കേൾക്കാൻ വഴികൾ അടഞ്ഞപ്പോൾ പ്രപഞ്ചത്തിന്റെ മുഴുവനും ദീപ്തിയുമായി വന്ന പുണ്യ നബിﷺ, അക്കാലത്തെ ഒരു വ്യക്തിയെ അല്ലാഹു പേരെടുത്ത് പ്രശംസിക്കാൻ മാത്രം ഉന്നതിയിലേക്ക് എത്തിച്ചു. ഉബയ്യി(റ)ന്റെ ഹൃദയത്തിൽ തെളിഞ്ഞ വെളിച്ചത്തിന്റെയും അല്ലാഹുവിൽ നിന്ന് പ്രത്യേക പരാമർശം ലഭിക്കാനുള്ള നിയോഗത്തിന്റെയും എല്ലാം നിമിത്തം പുണ്യ റസൂലﷺല്ലാതെ മറ്റാരാണ്.
മറ്റൊരിക്കൽ ഉബയ്യി(റ)നോട് തിരുനബിﷺ ചോദിച്ചു. ഖുർആനിൽ ഏത് സൂക്തമാണ് ഏറ്റവും മഹത്വം ഉള്ളതായി നിങ്ങൾ കരുതുന്നത്? അല്ലാഹുവിനും അവന്റെ തിരുദൂതനുംﷺ നന്നായി അറിയാം എന്ന് ഉബയ്യ്(റ) മറുപടി പറഞ്ഞു. വീണ്ടും വാത്സല്യത്തോടെ തിരുനബിﷺ ചോദിച്ചു. അല്ലയോ അബുൽ മുൻദിർ(റ) ഖുർആനിൽ ഏറ്റവും മഹത്വമുള്ള സൂക്തം ഏതാണെന്നാണ് നിങ്ങൾ മനസ്സിലാക്കുന്നത്? വാത്സല്യ നാമത്തോടെ വീണ്ടും വിളിച്ചു ചോദിച്ചപ്പോൾ, സവിനയം അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. അല്ലാഹു ലാ ഇലാഹ…. അഥവാ ആയത്തുൽ കുർസിയ്യ്. ശിഷ്യന്റെ ശരിയായ മറുപടി കേട്ട് തിരുനബിﷺ സന്തോഷിച്ചു. ഇനിയും ഒരുപാട് ജ്ഞാനം കരസ്ഥമാക്കാൻ അല്ലാഹു തുണക്കട്ടെ എന്ന് ആശംസിച്ചു.
തിരുനബിﷺയുടെ ജ്ഞാന പാത്രത്തിൽ നിന്ന് ഒരു തുള്ളി നുകർന്ന് ശിഷ്യൻ ഉന്നതങ്ങളിലേക്ക് എത്തിയപ്പോൾ അറിവ് പകർന്നു കൊടുത്ത ഗുരുവര്യർ ആനന്ദത്തോടെയും വാത്സല്യത്തോടെയും ശിഷ്യന്റെ യോഗ്യതയെ അനുഭവിക്കുകയാണ്. ഉബയ്യി(റ)നറിയാം എനിക്ക് ലഭിച്ചിട്ടുള്ളതെല്ലാം തിരുനബിﷺയുടെ സ്നേഹ വലയത്തിൽ നിന്നുള്ള സമ്മാനങ്ങൾ മാത്രമാണെന്ന്. ആ തിരിച്ചറിവിന്റെ മറുപടിയായിരുന്നു ആദ്യം അദ്ദേഹം നൽകിയത്. പിന്നെയും ശിഷ്യനെ പ്രോത്സാഹിപ്പിച്ചപ്പോഴാണ് അറിവുള്ള മറുപടിയിൽ നിന്ന് കൃത്യമായി ഉത്തരം ചെയ്തത്.
മനുഷ്യരെ മലക്കോളം ഉന്നതരാക്കാം എന്ന ഒരു കേവല സിദ്ധാന്തം അല്ല പ്രവാചക പ്രഭുﷺ പ്രസ്താവിച്ചത്. ജീവിതം കൊണ്ടും സഹവാസം കൊണ്ടും ഒരു യുഗത്തെയും അന്ത്യനാൾ വരെയുള്ള യുഗാന്തരങ്ങളെയും നയിക്കാനുള്ളവരെ രൂപപ്പെടുത്തുകയായിരുന്നു.
അല്ലാഹുവിന്റെ പടവാൾ എന്ന് നബിﷺ ഖാലിദി(റ)നെ വിളിച്ചു. അത് കേവലം ഒരു അലങ്കാരമായിരുന്നില്ല. ഒരു യുവാവിന്റെ രക്തം തിളപ്പിക്കാൻ വേണ്ടിയുള്ള പ്രയോഗവും ആയിരുന്നില്ല. ധീരമായി നിലകൊള്ളേണ്ട സൈനിക നീക്കങ്ങളിൽ തുല്യതയില്ലാത്ത വിധം മുന്നേറിയ ഒരു ശിഷ്യനെ പാകപ്പെടുത്തിയതിന്റെ വിളംബരമായിരുന്നു അത്. കാലം ആ പടവാളിനെ കണ്ടറിഞ്ഞു. അതിന്റെ തിളക്കത്തിൽ ഒരുപാട് ദേശങ്ങൾ പ്രകാശം സ്വീകരിച്ചു. ആയിരക്കണക്കിന് ഹൃദയങ്ങളിലെ ഇരുട്ടുകൾ നീങ്ങി. നിരവധി പ്രദേശങ്ങളിലെ കാളരാത്രികൾ അവസാനിച്ചു.
തിരുനബിﷺയുടെ പാഠശാലയിൽ നിന്ന് പകർന്നെടുത്ത പ്രകാശ രേണുക്കൾ എവിടെ വരെ എത്തിയെന്നാണ് നാം സൂചിപ്പിച്ചു കൊണ്ടിരിക്കുന്നത്. നമുക്ക് കുറച്ചു കൂടി വായിക്കാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-680
Tweet 680
പ്രവാചകരുﷺടെ പ്രിയ കവിയാണ് ഹസ്സാൻ(റ). ഘടനയും അക്ഷരവും പ്രാസവും ഭാഷയും എല്ലാം അത്ഭുതപ്പെടുത്തും വിധം കോർത്തിണക്കുന്ന കവി. അദ്ദേഹത്തിന് പ്രവാചകൻﷺ പ്രത്യേകം സ്റ്റേജ് പണിതു കൊടുത്തു. ശേഷം, പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾ കവിത ചൊല്ലിക്കൊള്ളൂ.. മലക്ക് ജിബ്‌രീല്‍(അ) നിങ്ങളോടൊപ്പമുണ്ട്. എത്ര വലിയ പ്രോത്സാഹനവും പിന്തുണയുമാണ് തിരുനബിﷺ ഈ കവിക്കു നൽകിയത്. ലോക ചരിത്രത്തിൽ ഒരു മഹാകവിക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനവും അംഗീകാരവുമാണിത്. ഈയൊരു പ്രോത്സാഹനത്തോടെ ഹസ്സാന്റെ(റ) കവിതക്ക് ഊർജ്ജവും സൗന്ദര്യവും വർദ്ധിച്ചു. സഹസ്രാബ്ദത്തിനിപ്പുറവും നവ യുവകവികളേക്കാൾ അദ്ദേഹം വായിക്കപ്പെടുകയും ഓർമ്മിക്കപ്പെടുകയും ചെയ്യുന്നു.
അനുയായിയുടെ സർഗ്ഗ വൈഭവത്തെ അടുത്തറിഞ്ഞു മൂർച്ചപ്പെടുത്തുന്ന ഗുരുസാന്നിധ്യമായിട്ടാണ് ഇവിടെ നാം നബിﷺയെ പരിചയപ്പെടുത്തുന്നത്. പ്രവാചകനെﷺ പ്രകീർത്തിച്ചും ഇസ്ലാമിനെതിരെ വരുന്ന ആക്ഷേപങ്ങളെ പ്രതിരോധിച്ചും കവിതകൾ രൂപപ്പെടുത്തുന്ന ഇടത്തോളം കാലം നിങ്ങൾക്ക് പവിത്രാത്മാവിന്റെ കൂട്ടുണ്ടാവും. പ്രവാചകൻﷺ ഹസ്സാനി(റ)നെ വീണ്ടും പ്രചോദിപ്പിച്ചു.
സാബിത് ബിൻ ഖൈസ് ബിൻ ശമ്മാസ്(റ) എന്ന ശിഷ്യനെ പ്രവാചകൻﷺ നിരീക്ഷിച്ചു. അദ്ദേഹത്തിന്റെ വാഗ്വൈഭവത്തെ തിരിച്ചറിഞ്ഞു. ഓരോരുത്തരുടെയും കഴിവുകൾ മനസ്സിലാക്കി പ്രചോദിപ്പിക്കുന്ന തിരുനബിﷺ അദ്ദേഹത്തെ പ്രത്യേകം പ്രശംസിച്ചു. പ്രഭാഷണത്തിന് ആവശ്യമായ വേദിയും അനുഗ്രഹ പ്രാർത്ഥനകളും നൽകി.
അബു മൂസ അൽ അശ്അരി(റ), പ്രവാചകരുﷺടെ പ്രിയ ശിഷ്യന്മാരിൽ ഒരാളാണ്. അദ്ദേഹത്തിന്റെ ഹൃദയ നൈർമല്യത്തെ കുറിച്ച് പ്രവാചകൻﷺ പ്രശംസിക്കാറുണ്ട്. അദ്ദേഹം ഖുർആൻ പാരായണം ചെയ്യുന്നത് പ്രവാചകൻﷺ പ്രത്യേകം കേട്ടിരിക്കും. അദ്ദേഹത്തിന്റെ മധുരതരമായ ശബ്ദം പ്രവാചകൻﷺ പ്രത്യേകം ശ്രദ്ധിച്ചു. ദാവൂദ് നബി(അ)യുടെ ശബ്ദമാധുരി അല്ലാഹു നിങ്ങൾക്ക് നൽകിയിട്ടുണ്ടല്ലോ എന്ന നബിﷺയുടെ പ്രയോഗം എത്രമേൽ ഉയർന്ന അംഗീകാരവും ആശംസയും ആണ്.
അബു മൂസ(റ)യുടെ ജീവിതം മുഴുവൻ ഖുർആൻ വിജ്ഞാനങ്ങളുടെ പ്രചാരണത്തിന് വേണ്ടി വിനിയോഗിച്ചു. ഓരോ വ്യക്തിത്വങ്ങളെയും വ്യത്യസ്തങ്ങളായ മണ്ഡലങ്ങളിൽ സ്ഥാപിച്ചെടുക്കാൻ ഇങ്ങനെയൊക്കെയാണ് സാധിക്കുന്നത്. തിരുനബിﷺ ലോകത്തിന് നൽകിയ ഏറ്റവും വലിയ സമ്മാനം, അവിടുന്ന് പ്രചരിപ്പിച്ച ആശയത്തെ പൂർണ്ണമായും ഏറ്റെടുത്തു യുഗങ്ങളിലേക്ക് പകർന്നു തരാൻ പറ്റുന്ന പുരുഷന്മാരെ ആയിരുന്നു. പ്രതിഭാ നിർമ്മാണത്തിന്റെ 23 വർഷമാണ് ലോകത്തെ മുഴുവനും മാറ്റിമറിക്കാനുള്ള വലിയ ആസ്തിയായി തിരുനബിﷺ നൽകിയിട്ടു പോയത്. വരുംകാലത്തേക്ക് മുഴുവനും പ്രമാണമാകാൻ പറ്റുന്ന ഒരു മധ്യ സമുദായമായി നിങ്ങളെ ഞാൻ സമർപ്പിക്കുന്നു എന്ന ആശയം നൽകുന്ന ഖുർആൻ സൂക്തം ഇതിനുള്ള വലിയ പ്രമാണമാണ്.
പ്രഭാഷണത്തിന്റെ ഭംഗിയും കവിതയുടെ മാധുരിയും ഖുർആൻ പാരായണത്തിന്റെ ആത്മസൗന്ദര്യവും ഏറ്റവും ഉന്നതിയിൽ നിന്ന് അനുഭവിച്ചുകൊണ്ട് പകർന്നു കൊടുക്കാൻ ഇത്രമേൽ മികച്ച ഒരു ഗുരുവിനെ ലോകത്ത് വേറെവിടെയാണ് വായിക്കാനുള്ളത്.
മദീനയെ മുഴുവൻ പള്ളിയിലേക്ക് ആനയിച്ച മഹാ ശബ്ദം. ശാരീരികമായി പറഞ്ഞാൽ കറുത്ത വർഗ്ഗക്കാരനായ ഒരു എത്യോപ്യൻ അടിമയാണാ ശബ്ദത്തിന്റെ ഉടമ. മദീനയിൽ സൂര്യനുദിക്കുന്നത് ആ ശബ്ദം കേട്ടതിനുശേഷം ആണ്. ആളുകൾ ഉണർന്നു പള്ളിയിലേക്ക് വരുന്നത് ആ ശബ്ദം കേട്ടുകൊണ്ടാണ്. അതെ ബിലാലി(റ)ന്റെ മധുരമാർന്ന ശബ്ദം. അത് ഏറ്റവും നന്നായി തിരിച്ചറിയുകയും അദ്ദേഹത്തെ ഔദ്യോഗിക മുഅദ്ദിനായി നിശ്ചയിക്കുകയും ചെയ്തത് പുണ്യ നബിﷺ തന്നെയായിരുന്നു. ശേഷികളെ ഉയർത്തിക്കാട്ടി ഒരാളെ എത്രമേൽ ഉയർത്താമെന്നതിന്റെ വലിയ ഒരു പ്രതീകമായി മാറി ബിലാൽ(റ). മനുഷ്യൻ രൂപപ്പെടുത്തിയ ഉച്ഛനീചത്വങ്ങളെ മുഴുവനും ഇല്ലായ്മ ചെയ്യാൻ ഈയൊരു നിർണയത്തിലൂടെ തിരുനബിﷺക്ക് സാധിച്ചു. കറുത്തവനും അടിമയും അകറ്റിനിർത്തപ്പെട്ടവനായിരുന്ന കാലത്ത്, അവർക്ക് മാനുഷികമായ പരിഗണനകൾ നൽകാതിരുന്ന ഒരു ലോകത്ത്, എല്ലാവരുടെയും നേതാവായി ബിലാലി(റ)നെ ഉയർത്തി കാണിക്കുകയായിരുന്നു തിരു റസൂൽﷺ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-681
Tweet 681
ഒരു ദിവസം തിരുനബിﷺ ബിലാലി(റ)നോട് പറഞ്ഞു. നിങ്ങൾ സ്വർഗ്ഗത്തിൽ എന്റെ മുന്നിലൂടെ നടക്കുന്ന കാലൊച്ചകൾ കേട്ടുവല്ലോ! ആ നിമിഷം ബിലാലി(റ)ന്റെ വികാരം എന്തായിരിക്കുമെന്ന് ഒന്നാലോചിച്ചു നോക്കൂ. സ്വർഗ്ഗം തുറന്നു ഉദ്ഘാടനം ചെയ്യാൻ കാത്തിരിക്കുന്ന പുണ്യ റസൂൽﷺ ഭൂമിലോകത്ത് വെച്ച് തന്നെ പറയുന്നു നിങ്ങൾ സ്വർഗ്ഗത്തിൽ എത്തിയത് ഞാൻ കാണുന്നുണ്ടല്ലോ എന്ന്; നിങ്ങൾ സ്വർഗ്ഗത്തിലൂടെ സഞ്ചരിക്കുന്ന കാലൊച്ചകൾ കേൾക്കുന്നുണ്ടല്ലോ എന്ന്. മക്കയിൽ മുതലാളിമാരുടെ പീഡനമേറ്റത് മുതൽ ഇന്നലെകളുടെ മുഴുവൻ ചിത്രങ്ങളിലേക്കും ഒരു നിമിഷം കൊണ്ട് ബിലാലി(റ)ന്റെ ഹൃദയം മിന്നി മറഞ്ഞു.
ശേഷം പ്രവാചകനെﷺ സ്വീകരിച്ചത് മുതൽ തനിക്കു കിട്ടിയ അംഗീകാരങ്ങളുടെ ഉന്നതികളെ കുറിച്ചുകൂടി ആലോചിച്ചു. കമ്പോളത്തിലെ ചരക്കായി കല്പിക്കപ്പെട്ടിരുന്ന ബിലാൽ(റ), ഇസ്ലാം സംസ്കൃതിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിന്റെ വിളംബര നായകനായി ഈ ലോകത്ത് തന്നെ വാഴ്ത്തപ്പെട്ടിരിക്കുന്നു. അനന്തമായ സ്വർഗ്ഗത്തിൽ പ്രവാചകൻമാരോടൊപ്പം സഞ്ചരിക്കാനുള്ള യോഗ്യതയും കൈവരിച്ചിരിക്കുന്നു. തൊലി വെളുപ്പിന്റെ പേരിലും മുതലാളിത്തത്തിന്റെ പേരിലും ഗമ നടിച്ച് നടന്നിരുന്നവരുടെ കരണത്ത് ചരിത്രത്തിൽ തന്നെ ലഭിച്ച ഏറ്റവും വലിയ പ്രഹരം ഈ വാഴ്ത്തലുകളിൽ നിറഞ്ഞു നിൽക്കുന്നു. വ്യക്തിയെ മൂല്യം കൊണ്ടാണ് അളക്കേണ്ടത് എന്നും നിറത്തിന്റെയോ കുലത്തിന്റെയോ ജാതിയുടെയോ ദേശത്തിന്റെയോ അടിസ്ഥാനത്തിലല്ലെന്നും പ്രായോഗികമായി ഇത്രമേൽ വ്യക്തമായി തെളിയിച്ച മറ്റാരെയാണ് നമുക്ക് ചരിത്രത്തിൽ നിന്ന് വായിക്കാനുള്ളത്?
പ്രവാചകർﷺക്ക് വളരെ പ്രിയമുള്ള മറ്റൊരു ശിഷ്യനാണ് അബൂദർ അൽ ഗിഫാരി(റ). പ്രവാചകരുﷺടെ സമീപനത്തിന്റെയും പങ്കുവെച്ച സന്തോഷത്തിന്റെയും ഉന്നതിയിൽ നിന്നുകൊണ്ടേ അദ്ദേഹം സംസാരിക്കൂ. പ്രവാചകൻﷺ എപ്പോൾ എന്നെ കണ്ടുമുട്ടിയാലും എനിക്ക് ഹസ്ത ദാനം ചെയ്യുമായിരുന്നു. ഒരിക്കൽ എന്നെ അന്വേഷിച്ച് പ്രവാചകൻﷺ വീട്ടിലേക്ക് ആളെ അയച്ചു. അപ്പോൾ ഞാൻ വീട്ടിൽ ഉണ്ടായിരുന്നില്ല. ഞാൻ വീട്ടിലെത്തിയപ്പോൾ വിവരമറിഞ്ഞു. ഉടനെ തന്നെ പ്രവാചക സന്നിധിയിലേക്ക് എത്തി. അപ്പോൾ അവിടുന്ന് ഒരു കട്ടിലിൽ കിടക്കുകയായിരുന്നു. എന്നെ കണ്ടതും ഉടനെ ഒന്ന് ചേർത്തുപിടിച്ചു. എത്രമേൽ ഔദാര്യമായിരുന്നു തിരുനബിﷺയുടേത്. എത്രമേൽ ഉന്നതമായ ഔദാര്യമായിരുന്നു അവിടുന്ന് കാഴ്ചവെച്ചത്?
പ്രവാചക തിരുമേനിﷺയുടെ സുഗന്ധ സ്പർശം ഒരനുയായിയിൽ ഉണർത്തിയ വിചാരങ്ങളെയാണ് നാം വായിച്ചത്. ലോകത്തു ലഭിക്കാവുന്നതിൽ വച്ച് ഏറ്റവും വലിയ ഉപഹാരമായിരുന്നല്ലോ അബൂദറി(റ)നു കിട്ടിയത്.
നിറസാന്നിധ്യത്തിന് മതവും നിധിയും സുഗന്ധവും അനുഭവിച്ച ലക്ഷത്തിൽ പരം വരുന്ന അനുയായികൾ, ജീവനും സ്വത്തും മുഴുവനും ആ പ്രവാചകന്ﷺ വേണ്ടി സമർപ്പിച്ചത് വെറുതെയായിരുന്നില്ല, അവർ ഓരോരുത്തരിലും രൂപപ്പെട്ടുവന്ന സമർപ്പണത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു. നിയമമോ നിയമപാലകന്മാരോ ബലാൽക്കാരമായി അടിച്ചേൽപ്പിച്ചതോ, കാര്യലാഭത്തിനു വേണ്ടി ഉണ്ടാക്കിയ നിയമ നിബന്ധനകളുടെ അടിസ്ഥാനത്തിലോ ആയിരുന്നില്ല. അബൂ ദർറി(റ)ന്റെ ജീവിതം പിന്നെയും കുറേക്കാലം കടന്നുപോയി. നബിﷺയോടൊപ്പമുള്ള ജീവിതകാലത്ത് ഹൃദയത്തിൽ ലഭിച്ച സ്നേഹ സ്പർശങ്ങളുടെയും ഹൃദയതീർത്ഥത്തിന്റെയും മതവും സുഗന്ധവും ആസ്വദിച്ചു കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രയാണം മുഴുവൻ. നാളെ സംഭവിക്കാനിരിക്കുന്ന തന്റെ വിയോഗത്തെകുറിച്ച് പ്രവാചകൻﷺ മുന്നറിയിപ്പ് നൽകിയപ്പോഴും കേട്ടുകൊണ്ട് ഹൃദ്യാ ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം ചെയ്തത്.
ഉയിരും ഉർജ്ജവും നൽകി ഒരു ജനതയെ പോറ്റി വളർത്തി യുഗങ്ങളെയും ദേശങ്ങളെയും പ്രകാശിപ്പിക്കാൻ വേണ്ടി ലോകത്തിന് സമ്മാനിച്ചിട്ടായിരുന്നു പുണ്യനബിﷺ യാത്രയായത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-682
Tweet 682
മുആദ് ബിൻ ജബൽ(റ), തിരുനബിﷺക്ക് വളരെ പ്രിയപ്പെട്ട അനുയായികളിൽ ഒരാളാണ്. ഒരിക്കൽ തിരുനബിﷺ അദ്ദേഹത്തിന്റെ കരം കവർന്നു. ശേഷം, ഇങ്ങനെ പറഞ്ഞു തുടങ്ങി. അല്ലയോ മുആദേ(റ), അല്ലാഹു സാക്ഷി! എനിക്ക് നിങ്ങളോട് വലിയ സ്നേഹമാണ്. ആവർത്തിച്ച് ആവർത്തിച്ച് ഇതുതന്നെ പറഞ്ഞു. എന്നിട്ട് ഒരു ഉപദേശവും നൽകി. അല്ലയോ മുആദേ(റ), ഓരോ നിസ്കാരത്തിനു ശേഷവും ഞാനീ പറയുന്ന മന്ത്രം ചൊല്ലണം. അല്ലാഹുമ്മ അഇന്നീ അലാ ദിക്രിക വ ശുക്രിക….. (അല്ലാഹുവേ നിന്നെ ഓർക്കാനും നിനക്ക് നന്ദി ചെയ്യാനും നല്ല രൂപത്തിൽ ആരാധനകൾ അർപ്പിക്കാനും നീ എന്നെ തുണക്കേണമേ!)
അല്ലാഹു സത്യം! എനിക്ക് നിങ്ങളോട് സ്നേഹമാണ് എന്ന തിരുനബിﷺയുടെ പ്രയോഗം ഒരു അനുയായിക്ക് നേതാവിൽ നിന്ന് കിട്ടാവുന്ന ഏറ്റവും വലിയ സമ്മാനമാണ്. മുആദി(റ)ന്റെ ഓർമ്മയും അനുകരണവും യുഗങ്ങൾക്കിപ്പുറത്തേക്കും സ്ഥാപിച്ചത് ആ ധന്യമായ മുഹൂർത്തം ആയിരുന്നു. അനുയായികളെ ഹൃദയത്തിലേക്ക് ഏറ്റെടുക്കുകയും ഹൃദയം തൊട്ട് സംസാരിക്കുകയും ചെയ്തപ്പോൾ തിരുനബിﷺക്ക് തിരിച്ചു കിട്ടിയത് ലോകത്ത് ഒരു നേതാവിനും ലഭിക്കാത്തത്രയും വലിയ അംഗീകാരമായിരുന്നു.
ഒരു ദിവസം അബ്ദുള്ളാഹിബ്നു ഉമറി(റ)ന്റെ ചുമലിൽ തട്ടിക്കൊണ്ട് നബിﷺ പറഞ്ഞു. അല്ലയോ മോനെ അബ്ദുള്ളാഹ്(റ) ഭൗതിക ലോകത്ത് നീ ഒരു പരദേശിയെ പോലെ ജീവിക്കുക, അല്ലെങ്കിൽ ഒരു വഴിയാത്രക്കാരനെപ്പോലെ. പ്രവാചകൻﷺ പറഞ്ഞുകൊടുത്ത സന്ദേശത്തെ പ്രിയ ശിഷ്യൻ ഏറ്റുവാങ്ങുന്നതിനു മുമ്പ് പ്രവാചകർﷺ ചുമലിൽ തട്ടിയത് അബ്ദുള്ളാഹി(റ)ക്ക് എന്നത്തേക്കുമുള്ള അംഗീകാരം ആയിരുന്നു. ധന്യമായ ആ മുഹൂർത്തത്തെ ആവർത്തിച്ച് പറയുമ്പോൾ അബ്ദുല്ലാഹി ബിൻ ഉമർ(റ)ന് എന്തെന്നില്ലാത്ത ആവേശവും സന്തോഷവുമായിരുന്നു.
കേവലമായ ജല സിദ്ധാന്തങ്ങളെയും നിയമങ്ങളെയും പറഞ്ഞുകൊണ്ട് പോയ നേതാവല്ല പുണ്യ റസൂൽﷺ, ശിഷ്യഗണങ്ങളുടെയും അനുവാചകരുടെയും വിചാര വികാരങ്ങളെ തുല്യതയില്ലാത്ത വിധം സ്പർശിക്കുകയും അവരോട് ഹൃദ്യമായി സംവദിക്കുകയും ചെയ്യുകയായിരുന്നു.
അംറ് ബിൻ തഗ്ലബ്(റ) പ്രവാചക ശിഷ്യന്മാരിൽ ഒരാളാണ്. സ്വഹീഹുൽ ബുഖാരിയിലെ ഒരു ഹദീസ് മാത്രമേ അദ്ദേഹത്തിന്റെതായി നമുക്ക് വായിക്കാൻ കിട്ടുന്നുള്ളൂ. ഒരിക്കൽ തിരുദൂതർﷺ അദ്ദേഹത്തോട് പറഞ്ഞു. ഞാൻ ജനങ്ങൾക്ക് ഉപഹാരങ്ങൾ നൽകുമ്പോൾ ബേജാറും ചാഞ്ചാട്ടവുമുള്ള ആളുകൾക്ക് നന്നായി കൊടുത്തു. ഹൃദയത്തിൽ ഐശ്വര്യവും സംതൃപ്തിയും ഉള്ള ആളുകൾക്ക് ഞാൻ നൽകിയില്ല. അവരുടെ കൂട്ടത്തിൽ പെട്ടയാളാണ് അംറ് ബിൻ തഗ് ലബ്(റ). ഇത് കേട്ടതും അദ്ദേഹം പറഞ്ഞു. തിരുനബിﷺയുടെ സന്തോഷകരമായ ഒരു വാക്ക് ഒട്ടക കൂട്ടത്തെക്കാൾ എനിക്ക് ആനന്ദം നൽകുന്നതാണ്.
പ്രവാചകൻﷺ സ്വത്തു വിതരണം ചെയ്തപ്പോൾ, ശിഷ്യന്മാരിൽ ഓരോരുത്തരുടെയും ഹൃദയം വായിച്ചു. ഈ ലോകത്ത് സുഖാഡംബരങ്ങൾക്ക് വിധേയരാകാത്ത ആളുകളെ തിരിച്ചറിഞ്ഞു. അവരുടെ മഹത്വവും ഐശ്വര്യവും എടുത്തുപറഞ്ഞു. അവർക്ക് ലഭിക്കാനിരിക്കുന്ന പാരത്രിക സന്തോഷങ്ങളെ തിരുനബിﷺ വാഴ്ത്തി. അംറി(റ)ന്റെ ജീവിതം പ്രവാചകൻﷺ നിരീക്ഷിച്ചത് പോലെ തന്നെയായിരുന്നു. പരിത്യാഗിയായി ഈ ലോകത്ത് അദ്ദേഹം ജീവിച്ചു. ഈ ലോകത്തെ സമ്പാദ്യങ്ങൾക്ക് പിന്നാലെ പോയില്ല. പ്രവാചകന്റെﷺ ഓരോ വാക്കും അനുമോദനങ്ങളും ഈ ലോകത്തെ ഏതെല്ലാം സമ്പത്തിനേക്കാളും വലുതാണെന്ന് അദ്ദേഹം മനസ്സിലാക്കി.
ഏതെല്ലാം തലത്തിലും തരത്തിലും ആണ് തിരുനബിﷺ ശിഷ്യന്മാരെ പരിശീലിപ്പിക്കുന്നത്. അവരിൽ സ്ഥാപിച്ച മൂല്യങ്ങളുടെ വലിപ്പം എത്രയാണ്. ഇഹലോക അസുഖങ്ങളെ പരിപ്പിക്കാനുള്ള ഏറ്റവും വലിയ അധ്യായം ലോകത്തിനു നൽകിയത് പരിത്യാഗികളുടെ നേതാവായ പുണ്യറസൂൽﷺ അല്ലാതെ മറ്റാരാണ്?
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-683
Tweet 683
തിരുനബിﷺയുടെ പൗത്രനാണ് ഹസ്സൻ ബിൻ അലി(റ). മകളുടെ മകൻ എന്നതിനപ്പുറം സവിശേഷമായ പരിചരണമാണ് തിരുനബിﷺ പേരക്കുട്ടിക്ക് നൽകിയത്. ഒരു ദിവസം തിരുനബിﷺ ഇങ്ങനെ പറഞ്ഞു. എന്റെ ഈ മകൻ നേതാവാണ്. മുസ്‌ലിംകളിൽ തന്നെ വലിയ രണ്ടു സംഘങ്ങൾക്കിടയിൽ ഈ മകൻ വഴി അല്ലാഹു രഞ്ജിപ്പുണ്ടാക്കും.
ഈ പ്രയോഗങ്ങൾ ഹസ്സൻ ബിൻ അലി(റ)യുടെ ഹൃദയത്തിൽ ഉയർത്തിയ വിചാരങ്ങൾ എന്തൊക്കെയായിരിക്കും. എന്റെ ഈ മകൻ നേതാവാണെന്ന് പറയുമ്പോൾ, തിരുനബിﷺയുടെ ഒരു പ്രാർത്ഥന, ഒരു പ്രചോദനം, ഹസനി(റ)ന്റെ ഹൃദയത്തിൽ രൂപപ്പെടുന്ന ഒരു പക്വത, വരുംകാലത്ത് ഉണ്ടാകുന്ന പ്രതിസന്ധികളിൽ ഏതു പക്ഷത്തു നിൽക്കണം എന്ന ഒരു സൂചന. ആ കരുതൽ ചരിത്രം കാത്തു വച്ചു. ഒടുവിൽ മുആവിയ്യ(റ)യുടെ കാലത്ത് ആ മുന്നറിയിപ്പും കരുതലും പുലർന്നു.
ബജീല ഗോത്രത്തിൽ നിന്ന് പ്രവാചകരോﷺടുള്ള സഹവാസം സന്തോഷത്തോടെ അനുഭവിക്കാൻ ഭാഗ്യം ലഭിച്ച ആളാണ് ജരീർ ബിൻ അബ്ദുല്ലാഹ്(റ). തിരുനബിﷺയോടുള്ള സഹവാസത്തിന്റെ നാളുകൾ അടയാളപ്പെടുത്തുമ്പോൾ അദ്ദേഹം ഓർമ്മിച്ചുവെച്ച സുപ്രധാനമായ ഒരു കാര്യം ഇതാണ്. ഞാൻ നബിﷺയെ കാണുമ്പോൾ എല്ലാം പുഞ്ചിരിച്ചുകൊണ്ടല്ലാതെ എന്നെ അഭിമുഖീകരിച്ചിട്ടില്ല.
ചരിത്രം ഒരു പുഞ്ചിരി അടയാളപ്പെടുത്തുന്നത് ഇത്രമേൽ മൂല്യത്തോടെ വേറെ എവിടെയാണ്? അത് അനുയായിയിൽ അടയാളപ്പെടുത്തിയ ആഴത്തിലുള്ള സ്നേഹത്തിന്റെ പ്രാധാന്യം എത്രയാണ്? ഒരു ഗോത്രമേധാവിയെ ആദ്യ നിമിഷത്തിൽ തന്നെ അനുയായി ആയും സഹവാസത്തിന്റെയും സ്നേഹത്തിന്റെയും വിധേയനായും അടയാളപ്പെടുത്തിയത് പുണ്യനബിﷺയുടെ പൂമുഖത്തു തെളിഞ്ഞ പുഞ്ചിരി ആയിരുന്നു. ജരീർ(റ)നു അതുമതി. നാളെ സ്വർഗ്ഗത്തിലേക്ക് പ്രവേശിക്കാനും ഏറ്റവും വലിയ കരുതൽ അതായിരിക്കും. ഈ ലോകത്ത് വെച്ച് കണ്ടുമുട്ടുമ്പോഴെല്ലാം പുഞ്ചിരിച്ചുവെങ്കിൽ, നാളെ പരലോകത്ത് വെച്ച് കണ്ടുമുട്ടുമ്പോഴും ചിരിക്കാതിരിക്കില്ല. അത് നബി സാന്നിധ്യത്തിനും സമീപ്യത്തിനുമുള്ള ഏറ്റവും വലിയ കരുതൽ തന്നെയായിരിക്കും.
റബീഅത് ബിൻ കഅബ് അൽ അസ്‌ലമി(റ) എന്ന സ്വഹാബിയെ നമ്മൾ വായിച്ചിട്ടുണ്ട്. ഈ പേരുകേൾക്കുമ്പോഴേക്കും ആദ്യം ഓർമ്മവരുന്ന ചില പ്രയോഗങ്ങളും ഉണ്ട്. അതു മറ്റൊന്നുമല്ല. എനിക്ക് സ്വർഗ്ഗത്തിൽ അവിടുത്തെ സാന്നിധ്യം മതിയെന്ന റബീഅ(റ)യുടെ അപേക്ഷയാണ്. പാതിരാത്രിയിലും പ്രവാചകന്ﷺ പരിചരണത്തിനു വേണ്ടി കാത്തിരുന്ന അനുയായി. തണുപ്പുള്ള ഒരു രാത്രിയിൽ അംഗസ്നാനത്തിനുള്ള വെള്ളപ്പാത്രവുമായി അടുത്ത് ചെന്നു. കടമയും കടപ്പാടും ഏറ്റവും ശ്രദ്ധിക്കുകയും പാലിക്കുകയും ചെയ്യുന്ന തിരുനബിﷺ ഈ സമയത്ത് അനുയായി കാത്തിരുന്നതിനെ വിലമതിച്ചു. നന്ദിയും പ്രോത്സാഹനവും സന്തോഷവും നൽകാൻ ഏറ്റവും നല്ല നിമിഷമായി അതിനെ ഉപയോഗപ്പെടുത്തി. പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾക്ക് ആവശ്യമുള്ളത് ചോദിച്ചുകൊള്ളൂ എന്ന്. അപ്പോൾ റബീഅ(റ) പറഞ്ഞു. എനിക്ക് സ്വർഗ്ഗത്തിൽ അവിടുത്തെ സാന്നിധ്യം മതിയെന്ന്.
അനുയായിയുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞ സ്നേഹം കൊണ്ടാണ് പാതിരാത്രിയിൽ എനിക്ക് വെള്ളവുമായി വന്നതെന്ന് തിരുനബിﷺക്ക് അറിയാം. എന്നാൽ, ആഴമേറിയ സ്നേഹം നിസ്വാർത്ഥമാണ് എന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ഉന്നയിച്ച ആഗ്രഹം. ഈ സ്നേഹം ഇന്നിവിടെ അവസാനിക്കരുതെന്നും നാളെ പരലോകത്തും അതും സ്വർഗ്ഗത്തിലും തുടരണമെന്നുമുള്ള ആഗ്രഹമായിരുന്നല്ലോ മുന്നോട്ടുവെച്ചത്. വേണ്ടത് ചോദിച്ചു കൊള്ളൂ എന്ന് അനുയായിയോട് പറഞ്ഞപ്പോൾ ആ സുവർണ്ണാവസരത്തെ അനുയായി എങ്ങനെ പ്രയോഗിച്ചു എന്ന് തുടർന്ന് വായിക്കുമ്പോഴാണ് തിരുനബിﷺ തെളിയിച്ചു വെച്ച സ്നേഹദീപത്തിന്റെ വെളിച്ചം നമുക്ക് കൂടുതൽ മനസ്സിലാകുന്നത്. ഇത്രമേൽ ആഴമേറിയ സ്നേഹദാനം നൽകിയ മറ്റാരെയാണ് നമുക്ക് വായിക്കാനും എഴുതാനും പകർത്താനും കാത്തിരിക്കാനുമുള്ളത്?
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-684
Tweet 684
പ്രവാചക ശിഷ്യൻ അബ്ദുല്ലാഹി ബിൻ ബുസ്ർ(റ) നിവേദനം ചെയ്യുന്നു. വയോധികനായ ഒരാൾ തിരുനബിﷺയുടെ സന്നിധിയിൽ എത്തി. അദ്ദേഹം നബിﷺയോട് പറഞ്ഞു. ഇസ്ലാമിക നിയമങ്ങളും വ്യവസ്ഥിതികളുമൊക്കെ ഏറെ ഉണ്ടല്ലോ? എല്ലാം കൂടി എനിക്ക് അറിയാനും പാലിക്കാനുമൊന്നും ഇപ്പോൾ സാധിക്കില്ലല്ലോ? എനിക്ക് പ്രത്യേകമായി മുറുകെ പിടിക്കാൻ എന്തെങ്കിലും ഒന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു. അദ്ദേഹത്തോട് തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. അല്ലാഹുവിനെ സ്മരിക്കുന്ന മന്ത്രം കൊണ്ട് നിങ്ങളുടെ നാവ് എപ്പോഴും നനഞ്ഞിരിക്കട്ടെ.
എത്ര ലളിതമായ ഉത്തരമായിരുന്നു തിരുനബിﷺ നൽകിയത്. ചോദ്യകർത്താവിന്റെ പ്രായവും പരിതസ്ഥിതിയും ഒക്കെ മനസ്സിലാക്കി. ജീവിതകാലത്ത് മുഴുവൻ കാത്തു വെക്കാനും നാളത്തേക്ക് കരുതിവെക്കാനുമുള്ള അമൂല്യനിധി പോലെ അദ്ദേഹം അതിനെ ഏറ്റെടുത്തു. അവസാന നിമിഷം വരെ അത് പരിപാലിച്ചുകൊണ്ടിരുന്നു. പവിത്ര മന്ത്രധ്വനികളിൽ ചലിക്കുന്ന നാവോടെ ഈ ലോകത്തുനിന്ന് അദ്ദേഹം യാത്രയായി. പ്രയാസമോ തടസ്സമോ ഉള്ള ഒരു വർത്തമാനവും തിരുനബിﷺയുടെ ഭാഗത്തുനിന്നുണ്ടായില്ല. ഏതുകാലത്തും ഏതു വ്യക്തിയിലും സ്വാധീനിക്കാവുന്ന മഹാവിസ്മയമായി ഇസ്ലാമിനെ അവതരിപ്പിച്ചത് ഇങ്ങനെയായിരുന്നു.
അംറ് ബിൻ അൽ ആസ്(റ), പ്രസിദ്ധനായ സ്വഹാബി വര്യൻ. കുറച്ചു വൈകിയാണ് അദ്ദേഹം ഇസ്ലാമിലേക്ക് വന്നത്. ഒരിക്കൽ അവിടുന്ന് പ്രവാചക സന്നിധിയിലേക്ക് വന്നു. തിരുനബിﷺയുടെ സദസ്സിൽ വന്നിരുന്നു. കരാർ ചെയ്യാൻ വേണ്ടി തിരുനബിﷺക്ക് കൈനീട്ടി കൊടുക്കാൻ പറഞ്ഞു. നീട്ടിപ്പിടിച്ച കൈ അംറ് (റ) പെട്ടെന്ന് പിന്നോട്ട് വലിച്ചു. നബിﷺ ചോദിച്ചു. എന്തുപറ്റി അംറേ(റ)? അംറ്(റ) തുടരുകയാണ്. ഞാൻ നബിﷺയോട് പറഞ്ഞു. ഞാൻ നിബന്ധനയോടുകൂടി അവിടുത്തെ കരാർ ചെയ്യാൻ ആഗ്രഹിക്കുന്നു. എന്താണ് നിങ്ങൾ നിബന്ധനയായി താല്പര്യപ്പെടുന്നത്? എന്റെ പാപങ്ങളൊക്കെ പൊറുക്കപ്പെടണമെന്ന്. നിങ്ങൾ അറിഞ്ഞില്ലേ! ഇസ്ലാമിലേക്ക് പ്രവേശിക്കുന്നതോടെ അതിനു മുമ്പുള്ള എല്ലാ പാപങ്ങളും പൊറുക്കപ്പെടും. ഹിജ്റ അഥവാ പലായനത്തോടെ പലായനം ചെയ്തവന്റെ മുൻകാല പാപങ്ങളും പൊറുക്കപ്പെടും.
സന്ദർഭോചിതമായി നബിﷺ നൽകിയ വിശദീകരണം അനുയായിയെ ഏറെ സന്തോഷിപ്പിച്ചു. ജീവിതത്തിലേക്ക് മുഴുവനുമുള്ള ഒരു കരുതൽ ധനമായി അത് ഹൃദയത്തിൽ കരുതി. പാപമുക്തനായി പുതിയൊരു ജീവിതത്തിലേക്ക് കടക്കുന്നു എന്ന കൃത്യമായ ഒരു മാനസികാനുഭവം അദ്ദേഹം ആസ്വദിച്ചു. ഒരു യുഗത്തെയും ഒരു ദേശത്തെയും ഒരു കാലത്തെയും മാറ്റുന്നതിനേക്കാൾ പ്രയാസകരമായ ഹൃദയ മാറ്റം ഒരു പ്രയോഗം കൊണ്ട്, ഒരു നിമിഷംകൊണ്ട്, മാറ്റിയെടുത്തു. പരിവർത്തനത്തിന്റെ ഈ മഹാവിസ്മയത്തെ ഹൃദയത്തിന്റെ ഏതെല്ലാം കോണിൽ ഏറ്റെടുത്തുകൊണ്ടാണ് നമ്മൾ സ്വീകരിക്കേണ്ടത്! പരകോടി ഹൃദയങ്ങളെ ഒരേ കേന്ദ്രബിന്ദുവിലേക്ക് തിരിച്ചു നിർത്താൻ മാത്രമുള്ള പ്രണയത്തിന്റെ മഹാലോകം ലോകത്ത് ഒരു വ്യക്തി സ്ഥാപിച്ചത്; തിരുനബിﷺയിലൂടെ ഇന്നും നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു.
തിരുനബിﷺ അനുയായികളിൽ സ്ഥാപിച്ച ആവേശത്തിന്റെയും സ്നേഹത്തിന്റെയും ഓളങ്ങൾ ഏതെങ്കിലും ഒരു കാല പരിധിയിൽ അവസാനിച്ചില്ല. കാലങ്ങളുടെ പുറത്തേക്കും അത് തുടർന്നുകൊണ്ടിരുന്നു. അന്ന് അനുയായികൾ ഉയിര് കൊടുത്തും ആ സ്നേഹത്തെ കാത്തു രക്ഷിച്ചു. തിരുനബിﷺയോടുള്ള സ്നേഹമാണോ അതല്ല നിങ്ങളുടെ ജീവനാണോ വലുത് എന്ന് ചോദിച്ചാൽ ജീവനേക്കാൾ വലുത് നബിﷺയാണെന്ന് അവർ കർമ്മം കൊണ്ടും വാക്കുകൊണ്ടും സ്ഥാപിച്ചു. സമാനമായ സ്നേഹ സമർപ്പണങ്ങളുടെ നിറഞ്ഞ മനസ്സോടെ ജീവിക്കുന്ന പരകോടികൾ ഇന്നും ലോകത്ത് അവശേഷിക്കുന്നു.
ഒന്നര സഹസ്രാബ്ദത്തിന്റെ കാലദൂരം ആ സ്നേഹ വിസ്മയത്തിന് തടസ്സം തീർത്തിട്ടില്ല. വൈകാരികമായ ആ സ്നേഹവിചാരത്തെ മുറിച്ചു കളഞ്ഞിട്ടില്ല. അതിനിയും തുടർന്നുകൊണ്ടേയിരിക്കും. ഒരു കോട്ടയോ രാജ്യമോ ഉണ്ടാക്കി ഒരുപാട് ആളുകളെ അങ്ങോട്ട് വിളിച്ചു ചേർക്കുകയല്ല തിരുനബിﷺ ചെയ്തത്. പ്രപഞ്ചത്തോളം വിശാലമായ ഹൃദയം തുറന്നുവെച്ച് അതിൽ ലോകത്തെ മുഴുവനും നേർവഴിക്ക് നയിക്കാനുള്ള ദീപം തെളിയിച്ചു വെക്കുകയായിരുന്നു. ഭാഗ്യവാൻമാരെല്ലാം ആ വെളിച്ചത്തിലേക്കും ഹൃദയത്തിലേക്കും വന്നുചേരുന്നു. അത്രമാത്രം!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-685
Tweet 685
ഒരു വിശ്വാസിക്ക് തിരുനബിﷺ ഹൃദയത്തിൽ ഓർമ്മയായി വരുന്നത് ഒരു മഹാത്മാവിനെ സ്മരിക്കേണ്ടതുണ്ടല്ലോ എന്ന കേവലമായ സ്മരണയിൽ നിന്നല്ല. ഒരുപകാരസ്മരണയോ ഒരു ഉപചാര ഓർമ്മയോ അല്ല. ഓർക്കാൻ വേണ്ടിയുള്ള ഒരു പ്രത്യേക ഒരുക്കമോ ഓർമ്മിക്കാൻ വേണ്ടിയുള്ള ചടങ്ങ് നിർവഹിക്കലോ അല്ല. ഉറക്കിൽ നിന്നുണരുമ്പോൾ എന്റെ പുണ്യ നബിﷺ ഉണർന്നപ്പോൾ ചൊല്ലി എഴുന്നേറ്റ മന്ത്രം കുഞ്ഞു പ്രായത്തിലേ എന്റെ ഓർമ്മയിൽ വന്നു കഴിഞ്ഞു. ഉറക്കമോ, ഗവേഷണത്തിൽ നിന്നോ ഒരു സമഗ്ര പഠനത്തിൽ നിന്നോ അല്ല. അമ്മിഞ്ഞയോടൊപ്പം ഉമ്മ ചേർത്തുവച്ച ഒരു സംസ്കാരമായി വന്നതാണത്. പല്ലുതേക്കാൻ ഒരുങ്ങുമ്പോഴേക്കും പുണ്യ നബിﷺയുടെ മിസ്വാക്കിന്റെ ഓർമ്മകൾ വരാതിരിക്കില്ല.
നിസ്കാരത്തിനു വേണ്ടി അംഗ സ്നാനം ചെയ്യുമ്പോൾ ഒന്നര സഹസ്രാബ്ദങ്ങൾക്ക് മുമ്പ് ഇത് ആദ്യമായി പഠിപ്പിച്ചുതന്ന നേതാവിന്റെ ചുവടുകൾ ഒപ്പിച്ചല്ലാതെ ചെയ്യാൻ കഴിയില്ല. ഞാൻ നിസ്കരിച്ചതുപോലെ നിസ്കരിക്കുക എന്ന് പഠിപ്പിച്ച തിരുനബിﷺയോട് നിസ്കാരത്തിന്റെ ചൊല്ലും ചുവടും ഒത്തു വരുമ്പോഴേ നിസ്കാരമാവുകയുള്ളൂ. ദൈനംദിന ജീവിതത്തിന്റെ ഓരോ അടരുകളിലും നബി ജീവിതത്തിന്റെ പകർപ്പുകൾ ചേർത്തുവച്ച് ശീലമായും ചിട്ടയായും പാഠമായും ഓരോ സാധാരണ വിശ്വാസിയിൽ പോലും ഒരുപാട് അനുകരണങ്ങൾ ലയിച്ചു നിൽക്കുന്നു. മനുഷ്യ ജീവിതത്തിന്റെ നിമിഷാ നിമിഷങ്ങളിൽ ഇത്ര കൃത്യമായി ഇഴചേർന്ന മറ്റൊരു വ്യക്തിയുടെ ജീവിതം നമുക്ക് വായിക്കാനേ ലഭിക്കില്ല.
സാധാരണയിൽ ഒരു പുണ്യ പുരുഷനെ; ഒരു മഹാത്മാവിനെ ഓർക്കുക എന്നത് സ്വതന്ത്രമായ ഒരു പ്രക്രിയയോ അനുഷ്ഠാനമോ ആയി ഉയർന്നു വരുന്നതാണ്. എന്നാൽ നബി ഓർമ്മകൾ ജീവിതത്തിന്റെ നിമിഷങ്ങളോട്; ഓരോ രാപ്പകലുകളുടെയും കൃത്യമായ സമയക്രമങ്ങളോട് ഇഴചേർന്ന് കെട്ടിപ്പിണഞ്ഞ് കിടക്കുന്നതാണ്. മാതാപിതാക്കളെയോ ജീവിതപങ്കാളിയെയോ സന്താനങ്ങളെയോ എല്ലാവരും എന്നും അഭിവാദ്യം ചെയ്തു കൊള്ളണമെന്നില്ല. അവരോടെല്ലാം എന്നും ആശയവിനിമയം നടത്തി എന്നും വരില്ല. എന്നാൽ, ഓരോ വിശ്വാസിയും നിത്യേന ചുരുങ്ങിയത് ഒൻപത് പ്രാവശ്യം എങ്കിലും പ്രവാചകനെﷺ അഭിവാദ്യം ചെയ്യുകയും ആ അഭിവാദ്യത്തിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്യുന്നു. കാല ദേശങ്ങൾക്കെല്ലാം അതീതമായി നടക്കുന്ന ഒരു മഹാ പ്രക്രിയയെ കുറിച്ചാണ് ഇപ്പോൾ ഇവിടെ പറഞ്ഞത്.
ആത്മാവിനോടും ഹൃദയത്തോടും ചേർന്നു കിടക്കുന്ന ഒരു മഹാപ്രമേയമാണ് പുണ്യ റസൂൽﷺ. അല്ലാഹു റസൂലിൽ മാത്രം നിക്ഷേപിച്ച കുറെ മഹത്വങ്ങൾ ഉണ്ട്. അത് വേറെ എവിടെയും വേറെ ആരിലും ഇല്ല. അതുകൊണ്ട് പുണ്യ പ്രവാചകനിﷺൽ നിന്ന് അനുഭവിച്ചുകൊണ്ടിരിക്കുന്ന അനുരാഗത്തിന്റെ മധുവും സ്നേഹത്തിന്റെ തണലും കരുതലിന്റെ കവചവും വരച്ചും എഴുതിയും പറഞ്ഞും പ്രകാശിപ്പിക്കാവുന്നതല്ല. ആ ജീവിതത്തിന്റെ ഏടുകളിൽ നിന്ന് നമ്മുടെ ഭാഷയിൽ പകർത്താവുന്നതും പങ്കുവെക്കാവുന്നതും ആയ ചിലത് ആവുന്ന വിധത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുക മാത്രമാണ് ഓരോ രചയിതാവും ചെയ്യുന്നത്. അനുവാചകന്റെ ഹൃദയത്തിലേക്ക് ഒരു വെളിച്ചം പകരാൻ ഈ പകർത്തലുകൾക്ക് ചിലപ്പോൾ സാധിച്ചേക്കും. അതു കേവലം സൂചനകളും വഴികളും മാത്രമാണ്. ആത്യന്തികമായ ഒരു തീർപ്പോ പൂർണാർത്ഥത്തിൽ ഉള്ള ഒരാവിഷ്കാരമോ അല്ല. ഇങ്ങനെയൊക്കെയേ പറയാനാവൂ എന്ന് പറഞ്ഞു ഒഴിയുകയല്ലാതെ ഓരോ അധ്യായത്തിലും ഒന്നും ചെയ്യാൻ കഴിയുന്നില്ല.
നബി ജീവിതത്തിന്റെ വിവിധ പാഠങ്ങളിലൂടെ നമുക്കിനി സഞ്ചരിക്കാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-686
Tweet 686
തിരുനബിﷺയുടെ സ്നേഹവും അനുകരണവും സൗന്ദര്യ ഭാവങ്ങളുമാണ് നാം കൂടുതൽ വായിക്കാറുള്ളത്. ഒരു നേതാവിനെ അറിയുമ്പോൾ വളരെ പ്രാധാന്യത്തോടെ മുന്നിൽ നിൽക്കുന്ന വിശേഷണമാണ് ബുദ്ധി വൈഭവം. റസൂലിﷺന്റെ ബുദ്ധിയും ധിഷണയും എത്രമേലെയായിരുന്നു എന്ന് വഹബ് ബിൻ മുനബ്ബഹ്(റ) നിവേദനം ചെയ്യുന്നത് നോക്കൂ. ഞാൻ 71 ഗ്രന്ഥങ്ങൾ വായിച്ചു. അതിൽ മുഴുവനും എനിക്ക് കാണാൻ കഴിഞ്ഞ ഒരു വസ്തുതയുണ്ട്. ലോകോൽപത്തി മുതൽ അന്ത്യനാൾ വരെയുള്ള എല്ലാവരുടെ ബുദ്ധിയും തിരുനബിﷺയുടെ ബുദ്ധിയും താരതമ്യം ചെയ്തു നോക്കിയാൽ ഒരു മണൽത്തരിയോളം ബുദ്ധി ലോകത്തുള്ള മറ്റെല്ലാ മനുഷ്യർക്കും ലോകത്തുള്ള മുഴുവൻ മണൽത്തരികളോളം ബുദ്ധി തിരുനബിﷺക്കും എന്ന വ്യത്യാസം നമുക്ക് കാണാൻ കഴിയും. അഥവാ ലോകത്ത് തന്നെ ഏറ്റവും മികച്ച ബുദ്ധി നബിﷺയുടേതായിരുന്നു. മനുഷ്യകുലത്തിൽ വച്ച് ഏറ്റവും ശ്രേഷ്ഠതയുള്ളയാൾ അവരിൽ ഏറ്റവും ബുദ്ധിയുള്ള വ്യക്തിയാണ്, അത് തിരുനബിﷺ തന്നെയാണ്. ഇബ്നു അബ്ബാസി(റ)ന്റെ ഈ പ്രയോഗം നേരത്തെ പറഞ്ഞ ആശയം ഒന്നുകൂടി വ്യക്തമാക്കുന്നു.
ദൃശ്യമായ ഈ ലോകത്തെ കാര്യങ്ങൾ മാത്രമല്ല, നബിﷺയിലൂടെ കടന്നുപോയത്. അദൃശ്യമായ ലോകത്തെ അത്ഭുതങ്ങളും, അതിലുമുപരിയായി പ്രപഞ്ചാധിപനുമായുള്ള സ്വകാര്യതകളും അവിടുത്തെ വിചാരങ്ങളിലൂടെയും നിരീക്ഷണങ്ങളിലൂടെയും കടന്നുപോകുന്നുണ്ടായിരുന്നു. പ്രപഞ്ചോൽപത്തി മുതൽ അന്ത്യനാൾ വരെയുള്ള രീതിമാറ്റങ്ങളെയും സൃഷ്ടിഭാവങ്ങളെയുമെല്ലാം കൊള്ളാനും ആവിഷ്കരിക്കാനും എത്രമേൽ ധിഷണ ആവശ്യമുണ്ട്. ആസ്വാദനങ്ങൾക്കും വൈകാരിക വേലിയേറ്റങ്ങൾക്കും മാത്രം പ്രാധാന്യം കൽപ്പിച്ചിരുന്ന ഒരു ജനതയുടെ മുമ്പിൽ എത്ര വിദഗ്ധമായിട്ടാണ് പരലോകത്തെക്കുറിച്ച് അവിടുന്ന് സംവദിച്ചത്; ഉപരിലോക രഹസ്യങ്ങളെ കുറിച്ച് സംസാരിച്ചത്; സൂര്യചന്ദ്രാദികളെ കുറിച്ച് വിശദീകരണം ചെയ്തത്; ജീവശാസ്ത്ര പരാമർശങ്ങളും ശാരീരികശാസ്ത്ര രഹസ്യങ്ങളും പങ്കുവെച്ചു പോയത്.
പ്രവാചകരുﷺടെ നടപടിക്രമങ്ങളിലോ ഇടപെടലുകളിലോ എവിടെയെങ്കിലും ഒരു പാളിച്ച ഉണ്ടായതായി നമുക്ക് വായിക്കാനില്ല. അവിടുന്ന് മുന്നോട്ടുവെക്കുന്ന ആശയങ്ങളെ തുറന്നു പറയാനോ സമർഥിക്കാനോ യാതൊരുവിധ പ്രയാസങ്ങളും അവിടുത്തേക്ക് ഉണ്ടായിരുന്നില്ല. അവിടുത്തെ മൊഴികളിലും പരാമർശങ്ങളിലും ഒളിഞ്ഞു കിടക്കുന്ന വൈജ്ഞാനിക രഹസ്യങ്ങളെ ഇഴകീറി രചിക്കപ്പെട്ടത് പോലെ വേറെ ആരുടെയും വചനങ്ങളെയോ പ്രയോഗങ്ങളെയോ പരിശോധിക്കപ്പെടുകയോ രചിക്കപ്പെടുകയോ ചെയ്തിട്ടില്ല.
ഒരു വിശാലമായ സമൂഹത്തെ നേരിട്ട് നയിച്ചുകൊണ്ട് മുന്നേറിയപ്പോൾ, ഒരേസമയത്ത് ഏതൊക്കെ വിഭാഗങ്ങളെയാണ് തിരുനബിﷺ നിയന്ത്രിച്ചിരുന്നത്! അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും ആശയ സംസ്ഥാപനത്തിന്റെയും സന്ധി സംഭാഷണങ്ങളുടെയും രംഗങ്ങൾ ഒരുമിച്ച് സമ്മേളിച്ച സാഹചര്യങ്ങളിൽ അതിവിദഗ്ധമായി എല്ലാ കാര്യങ്ങളും നിർവഹിച്ചു മുന്നോട്ടുപോയ നേതാവിനെ ധിഷണയുടെ എത്ര ഉന്നതിയിൽ വച്ചുകൊണ്ടാണ് നമുക്ക് വായിക്കാനുള്ളത്! ബൗദ്ധികമായ ഇടപെടലുകളുടെ എത്ര രംഗങ്ങളോട് ചേർത്തുവച്ചുകൊണ്ടാണ് നാം പരിചയപ്പെട്ടത്! പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും ഒന്നും വകവെക്കാതെ കൃത്യമായ ഒരു ലക്ഷ്യത്തിലേക്ക് സഞ്ചരിക്കണമെങ്കിൽ, അതും ലോകം മുഴുവനും വിമർശിച്ചു നിന്ന ഒരു കാലത്ത് എത്രമേൽ തന്ത്രമുണ്ടെങ്കിൽ ആയിരുന്നു അത് സാധ്യമായിരുന്നത്. മോഹാലസ്യങ്ങളോ മാനസിക വിഭ്രാന്തിയോ ഇല്ലാതെ ആ ഘട്ടങ്ങൾ മുഴുവനും അതിജീവിച്ചു മുന്നോട്ടു പോയപ്പോൾ ഒപ്പം നിന്ന നയതന്ത്രത്തിന്റെ പേരാണ് തിരുറസൂലിﷺന്റെ ധിഷണ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-687
Tweet 687
ആശയപരമായി നബിﷺയെ വിമർശിച്ചവർക്കും അവിടുത്തെ സ്വഭാവത്തെ അംഗീകരിക്കാതിരിക്കാൻ കഴിഞ്ഞില്ല. ‘അവിടുന്ന് അത്യുത്തമമായ സ്വഭാവത്തിന്മേലാണ്’ എന്ന ഖുർആനിക പരാമർശത്തിന്റെ പുലർച്ച കൂടിയായിരുന്നു അത്. പ്രിയ പത്നി ആഇശ(റ)യോട് ഒരിക്കൽ നബിﷺയുടെ സ്വഭാവത്തെ കുറിച്ചു ചോദിച്ചു. മഹതി ഇപ്രകാരം പറഞ്ഞു. നബിﷺയേക്കാൾ മികച്ച സ്വഭാവമുള്ള ആരുമില്ല. ഏറ്റവും ഉത്തമമായ സ്വഭാവത്തിന്റെ ഉടമയാണവിടുന്ന്. ഖുർആനിന്റെ നേർപകർപ്പായിരുന്നു ആ സ്വഭാവം. അല്ലാഹുവിന്റെ തൃപ്തിയിൽ തൃപ്തി പ്രകടിപ്പിക്കുകയും അല്ലാഹുവിന്റെ അനിഷ്ടം ഭയന്നാൽ മാത്രം അനിഷ്ടം പ്രകടിപ്പിക്കുകയും ചെയ്തു. അഭംഗിയുള്ള വാക്കുകളോ പ്രവൃത്തികളോ അവിടുന്ന് സംഭവിച്ചിരുന്നില്ല. അങ്ങാടിയിൽ കലപില ഉണ്ടാക്കുകയോ തെറ്റിനെ തെറ്റുകൊണ്ട് പ്രതികരിക്കുകയോ ചെയ്തില്ല.
വിശുദ്ധ ഖുർആനിലെ അൽ മുഅ്മിനൂൻ അധ്യായത്തിലെ വിശ്വാസികളുടെ മഹത്വം പറയുന്ന ആദ്യ ഭാഗം പാരായണം ചെയ്യാൻ മഹതി ആഇശ(റ) അനുവാചകനോട് പറഞ്ഞു. അത് അദ്ദേഹം പാരായണം ചെയ്തു. അപ്പോൾ മഹതി വിശദീകരിച്ചു. അതെ, ഇതു തന്നെയായിരുന്നു നബിﷺയുടെ സ്വഭാവവും.
മാന്യമായ സ്വഭാവങ്ങളുടെ പൂർണമായ ആവിഷ്കാരത്തിനാണ് ഞാൻ നിയുക്തനായത് എന്ന തിരുനബിﷺയുടെ തന്നെ പരാമർശം ഏറെ ആശയങ്ങൾ ഉൾകൊള്ളുന്നതാണ്. തിരുനബിﷺയുടെ സ്വഭാവ സമീപനങ്ങളെ ലോകം പകർത്തിയത് പോലെ ലോകത്ത് വേറെ ആരുടെ ഭാവങ്ങളെയാണ് പകർത്തിയത്?
തിരുനബിﷺ പ്രാർത്ഥിച്ചിരുന്നതായി പ്രിയപ്പെട്ട ശിഷ്യൻ ഇബ്നു മസ്ഊദ്(റ) ഉദ്ധരിക്കുന്നു. അല്ലാഹുവേ എന്റെ സൃഷ്ടിപ്പിനെ ഏറ്റവും സൗന്ദര്യവത്താക്കിയതുപോലെ സ്വഭാവത്തെയും ഏറ്റവും സൗന്ദര്യമുള്ളതാക്കേണമേ!
രൂക്ഷമോ കഠിനമോ ആയ രീതിയിൽ സമീപിക്കാനല്ല എന്നെ നിയോഗിച്ചിട്ടുള്ളത്, ലളിതമായി സമീപിക്കാനും അറിവുകൾ പകർന്നു കൊടുക്കാനുമാണ്. കേവലമായ ഒരു പ്രയോഗം എന്നതിലുപരി, വാചകങ്ങളിൽ നിറഞ്ഞുനിൽക്കുന്നത് തിരുനബിﷺയുടെ സ്വഭാവ സൗന്ദര്യമാണ്.
സ്വന്തം താല്പര്യങ്ങൾക്ക് മേൽ മറ്റെല്ലാം നിഷ്പ്രഭമാക്കുകയും, കാഴ്ച സൗന്ദര്യത്തിന് മാത്രം പ്രാധാന്യം കൽപ്പിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് സ്വഭാവ മഹിമ യുഗങ്ങളെ കീഴടക്കിയ തിരുനബിﷺയെ കുറിച്ചുള്ള പഠനങ്ങൾ ഏറെ അനിവാര്യമാണ്. ആ സ്വഭാവത്തിലാണ് ലോകത്തെ പല ശത്രുക്കളും നബിﷺയുടെ മുന്നിൽ മിത്രങ്ങൾ ആയത്. വധിക്കാൻ വന്ന പലരും ആയുധം വെച്ച് കീഴടങ്ങിയത്. കഥ കഴിക്കാൻ വന്ന പലരും വിനീതശിഷ്യന്മാരായി മാറിയത്. ആദ്യകാലത്തെ കഠിനതകൾക്കെല്ലാം കണക്ക് പറഞ്ഞ് ആശ്വാസം നൽകിയത്.
രണ്ടു കാര്യങ്ങൾക്കോ അവസരങ്ങൾക്കോ ഇടയിൽ തെരഞ്ഞെടുപ്പിനുള്ള സ്വാതന്ത്ര്യം തിരുനബിﷺക്ക് ലഭിക്കുമ്പോഴെല്ലാം മറ്റുള്ളവർക്ക് വേണ്ടിയാണെങ്കിൽ ലളിതമായതിനെയും സ്വന്തമാണെങ്കിൽ കഠിനമായതിനെയും തിരഞ്ഞെടുത്തു. സ്വന്തത്തോടുള്ള കൃത്യതയും മറ്റുള്ളവരോടുള്ള വിട്ടുവീഴ്ചയും ഏറെ പ്രകാശിപ്പിക്കുന്ന രംഗങ്ങളായിരുന്നു അത്.
പ്രവാചകർﷺ അവിടുത്തെ കൈകൾ കൊണ്ട് ആരെയും പ്രഹരിക്കുകയോ മർദ്ദിക്കുകയോ ചെയ്തിട്ടില്ല. ഭാര്യയെയോ പരിചാരകനെയോ അടിച്ചിട്ടില്ല. സത്യത്തിന്റെ സംസ്ഥാപനത്തിനുവേണ്ടി അല്ലാഹുവിന്റെ മാർഗത്തിൽ ആയുധമുയർത്തിയും കൈകൊണ്ടു തടുത്തും ഇടപെടലുകൾ നടത്തിയെന്നല്ലാതെ സ്വാർത്ഥമായി ആരോടും ഒരു നടപടിക്കും തയ്യാറായിട്ടില്ല. എപ്പോഴും മികച്ച സ്വഭാവത്തെ പ്രശംസിച്ചും അങ്ങനെ ആകാൻ വേണ്ടി പ്രചോദിപ്പിച്ചുമാണ് അവിടുന്ന് സംസാരിച്ചിരുന്നത്. നന്മയ്ക്ക് പകരം നന്മ മാത്രം ചെയ്യുകയും, തിന്മയെ കൂടി നന്മകൊണ്ട് തോൽപ്പിക്കാൻ ശ്രമിക്കുകയുമാണ് അവിടുത്തെ ജീവിതത്തിൽ ചെയ്തിരുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-688
Tweet 688
തിരുനബിﷺയുടെ പരിചാരക വൃത്തിയിൽ പത്തോ പതിനൊന്നോ വർഷം ഭാഗ്യം ലഭിച്ചയാളാണ് അനസ് ബിൻ മാലിക്(റ). അദ്ദേഹം സേവനകാലത്തെ അനുഭവം പങ്കുവെക്കുന്നതിങ്ങനെയാണ്. ഞാൻ നബിﷺയോടൊപ്പമുള്ള കാലത്ത് അവിടുന്ന് ഒരിക്കൽപോലും എന്നെ ശാസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തിട്ടില്ല. എന്തിനു ചെയ്തു? എന്തുകൊണ്ട് ചെയ്തില്ല? എന്ന ചോദ്യം ഒരുകാര്യത്തിലും ഒരിക്കലും ഉണ്ടായിട്ടില്ല. ഛേ! എന്നോ ചെയ്തത് മോശമായിപ്പോയി എന്നോ ഒരിക്കലും പ്രയോഗിച്ചിട്ടേയില്ല. ഞാൻ ചെയ്യാതെ പോയതിനോ, ചെയ്തതിൽ വന്ന കുറവിനോ ഒരിക്കലും എന്നെ മോശപ്പെടുത്തുകയോ, കുറവ് പറയുകയോ ചെയ്തിട്ടില്ല. ഒരിക്കൽ നബിﷺ എന്നോടൊരു കാര്യം നിറവേറ്റി വരാൻ പറഞ്ഞു. ഏല്പിച്ചത് നിർവഹിക്കാൻ മനസ്സിൽ കരുതിയെങ്കിലും പ്രത്യക്ഷത്തിൽ ഞാൻ ചെയ്യൂല്ലാന്ന് പറഞ്ഞു. ഞാൻ കുട്ടികളോടൊപ്പം അങ്ങാടിയിലേക്ക് കളിക്കാൻ പോയി. തിരുനബിﷺ എന്റെ പിന്നിൽ വന്നു ചുമലിൽ തട്ടി. ഞാൻ തിരിഞ്ഞു നോക്കിയപ്പോഴേക്കും അവിടുന്ന് മുഖത്ത് നോക്കി ഒന്ന് പുഞ്ചിരിച്ചു. ഞാൻ പറഞ്ഞിടത്തേക്ക് പോവുകയല്ലേ എന്നു ചോദിച്ചു. ഞാൻ പോയി കാര്യം നിർവഹിച്ചു വന്നു.
തിരുനബിﷺ ചെവിയോർത്തു കേട്ടുകൊണ്ടിരുന്ന ഒരാളെയും സംസാരിച്ചയാൾ പിന്തിരിയുന്നത് വരെ വിട്ടുമാറിയത് കാണാനായിട്ടില്ല. അവിടുത്തെ കരം കവർന്ന ആരെയും കൈപ്പിടിച്ചയാൾ കൈ അഴിക്കുന്നത് വരെ അവിടുന്നു ഊരി മാറ്റാറില്ല.
ഓരോ രംഗങ്ങളെയും അവിടുന്നു കൈകാര്യം ചെയ്തിരുന്ന രീതിയും സൗന്ദര്യവും അതൊന്നു വേറെ തന്നെയായിരുന്നു. ഉസാമത്തു ബിൻ മുആവിയ ബിൻ അൽ ഹകം(റ) ഒരനുഭവം പങ്കുവെക്കുന്നു. ഞാൻ ഒരിക്കൽ നബിﷺയോടൊപ്പം നിസ്കരിക്കുകയായിരുന്നു. നിസ്കാരത്തിനിടയിൽ ഒരാളൊന്നു തുമ്മി. സാധാരണ ഒരാൾ തുമ്മിയാൽ നിർവഹിക്കുന്ന പ്രാർത്ഥന യർഹമുക്കല്ലാഹ് അഥവാ അല്ലാഹു നിങ്ങൾക്ക് കരുണ ചെയ്യട്ടെ എന്നു ഞാൻ പറഞ്ഞു. അപ്പോഴേക്കും എല്ലാവരും എന്നെ തുറിച്ചു നോക്കാൻ തുടങ്ങി. നിസ്കാരത്തിൽ അങ്ങനെ പറഞ്ഞത് ഉചിതമായില്ല എന്നു അറിയിക്കാനായിരുന്നു. പക്ഷേ, എല്ലാവരും കണ്ണ് നട്ടുനോക്കിയപ്പോൾ ഞാനിങ്ങനെ പറഞ്ഞു. നിങ്ങൾക്ക് നാശമുണ്ടാകട്ടെ! ഇതുകൂടിയായപ്പോൾ ആളുകൾ അവരുടെ തുടയിൽ അടിച്ചു ശബ്ദമുണ്ടാക്കാൻ തുടങ്ങി. ആളുകൾ എന്നെ നിശബ്ദമാക്കാൻ ശ്രമിക്കുകയാണെന്നറിഞ്ഞപ്പോൾ ഞാൻ നിശബ്ദനായി.
നിസ്കാരം കഴിഞ്ഞപ്പോൾ നബിﷺ എന്നെ അടുത്തേക്ക് വിളിച്ചു. ഇത്രമേൽ നല്ല ഒരു അധ്യാപകനെ ഇതിനു മുൻപോ ശേഷമോ ഞാൻ കണ്ടിട്ടില്ല. അവിടുന്ന് എന്നെ ശാസിക്കുകയോ അടിക്കുകയോ ശിക്ഷിക്കുകയോ ചെയ്തില്ല. അവിടുന്ന് എന്നോടിങ്ങനെ പറഞ്ഞു. സാധാരണ വർത്തമാനമൊന്നും നിസ്കാരത്തിൽ അനുവദിച്ചിട്ടില്ല. അല്ലാഹുവിന്റെ മഹത്വം വാഴ്ത്തുകയും പുകഴ്ത്തുകയും ചെയ്യുന്ന തക്ബീർ തസ്ബീഹ് ഖുർആൻ പാരായണം എന്നീ കർമങ്ങളെ അനുവദിച്ചിട്ടുള്ളൂ.
എത്ര മനോഹരമായിട്ടാണ് തിരുനബിﷺ ഒരു അനുയായിയെ ആശ്വസിപ്പിക്കുകയും നേർവഴിക്കു നയിക്കുകയും ചെയ്യുന്നത്. സമാനമായ രംഗം മറ്റെവിടെയെങ്കിലും ഒന്ന് സങ്കൽപ്പിച്ചു നോക്കിയാൽ എന്തായിരിക്കും പരിണിതി. സ്വഭാവ മഹിമയും സമീപന സൗന്ദര്യവും ഒരു അലങ്കാരമായി രൂപപ്പെടുത്തി വെക്കുന്നതല്ല, വ്യക്തിത്വത്തിൽ ലയിച്ചുചേർന്നു നിൽക്കുകയും സന്ദർഭോചിതമായി പ്രകാശിപ്പിക്കപ്പെടുകയും ചെയ്യുന്നതാണ്. സൈദ്ധാന്തികമായി ഇങ്ങനെയൊക്കെ ആകണം എന്ന് പറയുന്നവർ ഏറെയുണ്ടാകും. പ്രായോഗികമായി ജീവിതത്തിൽ പാലിക്കാൻ കഴിഞ്ഞവർ വളരെ കുറവായിരിക്കും. ജീവിതത്തിന്റെ പ്രഭാത പ്രദോഷങ്ങളിൽ ഒരു വ്യക്തിയിൽ നിന്ന് സന്ദർഭോചിതമായി പ്രകാശിതമായ ധന്യ മുഹൂർത്തങ്ങളെയാണ് നമ്മൾ വായിച്ചു കൊണ്ടിരിക്കുന്നത്. അനുഷ്ഠാനപരമായി ഇങ്ങനെയാകണമെന്നോ ആശയപരമായി ഇങ്ങനെ നിലനിൽക്കണമെന്നോ ഒക്കെ പറയാൻ എളുപ്പമാണ്. യാഥാർത്ഥ്യത്തിലേക്ക് വരുമ്പോൾ മൂല്യങ്ങൾ പുലർന്നു കാണാനാണ് പ്രയാസപ്പെടുക. ഇനി ഈ സംഭവം ഒന്നുകൂടി മനസ്സ് ചേർത്തുവച്ചു വായിച്ചു നോക്കൂ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-689
Tweet 689
ഗ്രാമീണനായ ഒരു അറബി നബിﷺയുടെ അടുക്കൽ വന്നു. സംസാരത്തിനിടെ നബിﷺയോട് ചോദിച്ചു. സ്വർഗ്ഗത്തിലെ നമ്മുടെ പുടവകൾ നാം തന്നെ കൈകൊണ്ടു തുന്നേണ്ടതുണ്ടോ അതല്ല സ്വർഗീയ വൃക്ഷത്തിൽ നിന്നെടുക്കുകയാണോ ചെയ്യേണ്ടത്? ചോദ്യം കേട്ട് സദസ്സിൽ ഉള്ളവരെല്ലാം ചിരിച്ചു. ഉടനെ അദ്ദേഹം ചോദിച്ചു. എന്തിനാണ് ചിരിക്കുന്നത്? അറിവില്ലാത്തവർ അറിവുള്ളവരോട് ചോദിക്കുകയല്ലേ വേണ്ടത്? ഉടനെ നബിﷺ ഇടപെട്ടു. അല്ലയോ അഅ്റാബി നിങ്ങൾ പറഞ്ഞതാണ് ശരി. അഥവാ അറിവില്ലാത്തവർ അറിവുള്ളവരോട് ചോദിച്ചു മനസ്സിലാക്കുകയാണല്ലോ വേണ്ടത്. സ്വർഗ്ഗത്തിലെ വസ്ത്രം അവിടുത്തെ മരത്തിൽ നിന്ന് സ്വീകരിക്കലാണ്.
എത്ര വേഗമാണ് തിരുനബിﷺ ഇരയുടെ പക്ഷത്ത് ചേർന്നത്. അപരവത്കരിക്കപ്പെടുകയും വേദനിക്കുകയും ചെയ്യുന്ന ആളുകളോടൊപ്പം ചേർന്നുനിന്ന് ചേർത്തുപിടിക്കുക എന്ന മനോഹരമായ രംഗമാണ് തിരുനബിﷺ ഇവിടെ സൃഷ്ടിച്ചത്. ഹൃദയത്തിൽ നന്മ നിറയുകയും സ്വഭാവത്തിൽ പൂർണ്ണമായി അത് പ്രകാശിക്കുകയും ചെയ്തവർക്കേ ഇത് സാധിക്കുകയുള്ളൂ.
മഹതി ആഇശ(റ) നിവേദനം ചെയ്യുന്ന ഒരു സന്ദർഭം ഇങ്ങനെ വായിക്കാം. ഒരിക്കൽ ഒരു സംഘം ജൂതന്മാർ നബിﷺയുടെ സമക്ഷത്തിലേക്ക് വന്നു. അസ്സാമു അലൈക്ക എന്നായിരുന്നു അവർ അഭിവാദ്യം ചെയ്തത്. അവിടുത്തേക്ക് രക്ഷ ഉണ്ടാവട്ടെ എന്ന് അർത്ഥം വരുന്ന അസ്സലാമു അലൈക്കും എന്നതിന് പകരം, അങ്ങേക്ക് നാശം ഉണ്ടാകട്ടെ എന്ന് അർത്ഥം വരുന്ന പ്രയോഗമാണ് അവർ നടത്തിയത്. വഅലൈക്കും എന്ന് മാത്രം തിരുനബിﷺ അവരോട് പ്രതികരിച്ചു. അഭിവാദ്യത്തിന്റെ ആശയം ശ്രദ്ധിച്ച ആഇശ(റ) അവരോട് പറഞ്ഞു. നിങ്ങൾക്ക് നാശം ഉണ്ടാകട്ടെ. ഉടനെ തിരുനബിﷺ ഇടപെട്ടു പറഞ്ഞു. ശാന്തമാകൂ ആഇശാ(റ). എല്ലാക്കാര്യത്തിലും മൃതു സമീപനമാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. അപ്പോൾ ആഇശ(റ) ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ അവർ പറഞ്ഞത് അവിടുന്ന് കേട്ടില്ലേ! അതേ കേട്ടുവല്ലോ. അതുകൊണ്ടാണല്ലോ ഞാൻ നിങ്ങൾക്കും എന്ന് മാത്രം അർത്ഥമുള്ള വഅലൈക്കുമെന്ന് പറഞ്ഞത്.
വഞ്ചനാപൂർവ്വം വന്ന് ശാപ പ്രാർത്ഥന നടത്തുമ്പോഴും അതിശാന്തമായി അതിനെ അഭിമുഖീകരിക്കുകയും അതിവിദഗ്ധമായി പ്രതിരോധിക്കുകയും ചെയ്യുന്ന ശോഭനമായ ഒരു കാഴ്ചയാണ് നാം ഇവിടെ കണ്ടത്. ഭർത്താവും പ്രവാചകനുമായ തിരുനബിﷺയെ പരസ്യമായി ശാപപ്രാർത്ഥന നടത്തുമ്പോൾ സ്വാഭാവികമായും പത്നിക്ക് വേദനിക്കും. ആ മനോവിചാരം അറിഞ്ഞപ്പോഴും ശാന്തതയോടു കൂടി പെരുമാറാൻ തിരുനബിﷺ പഠിപ്പിക്കുന്നു. സൗമ്യതയുടെയും സഹിഷ്ണുതയുടെയും എത്ര മനോഹരമായ അധ്യാപനമാണ് പ്രിയ പത്നിക്ക് തിരുനബിﷺ പകർന്നുകൊടുത്തത്.
അല്ലാഹുവിന്റെ ഏറ്റവും ഉത്തമസൃഷ്ടിയും, പ്രവാചകന്മാരുടെ മുഴുവനും നേതാവുമായ തിരുനബിﷺ അനുയായികൾക്കോ സാധാരണക്കാർക്കോ പ്രാപ്യമല്ലാത്ത ഒരു ലോകത്തല്ല കഴിഞ്ഞത്. പ്രിയപ്പെട്ട മൂന്നാം ഖലീഫ ഉസ്മാനി(റ)ന്റെ പ്രഭാഷണത്തിൽ അത് പരാമർശിക്കുന്നത് ഇങ്ങനെയാണ്. നാട്ടിലും യാത്രയിലും ഞങ്ങൾ പ്രവാചകരോﷺടൊപ്പം സഹവസിച്ചു. ഞങ്ങളിൽ രോഗികളെ അവിടുന്ന് സന്ദർശിച്ചു. ഞങ്ങളോടൊപ്പം ഇല്ലായ്മയിലും സമ്പന്നതയിലും കൂടെ നിന്നു. ഞങ്ങളിൽ ആരെങ്കിലും മരണപ്പെട്ടാൽ അനന്തര ചടങ്ങുകൾക്ക് തിരുനബിﷺയും ഒപ്പമുണ്ടായിരുന്നു. ഞങ്ങളോടൊപ്പം അവിടുന്ന് ഭക്ഷണം കഴിക്കുമായിരുന്നു.
അത്യുത്തമരായ വ്യക്തിവിശേഷത്തിന്റെ സ്വഭാവമാഹാത്മ്യത്തെ വളരെ ലളിതമായി അടയാളപ്പെടുത്തുകയാണിവിടെ. തിരുനബിﷺ ആരോടും മുഖം തിരിച്ചു കളഞ്ഞില്ല. ആരും നീട്ടിയ കരങ്ങൾ അവഗണിച്ചില്ല. ആരെയും അവഗണിച്ച് പിന്നോട്ടാക്കാൻ ശ്രമിച്ചില്ല. എല്ലാവരെയും ചേർത്തു പിടിക്കാനും നന്മയിലേക്ക് ഒപ്പം നയിക്കാനുമായിരുന്നു അവിടുത്തെ ശ്രമങ്ങൾ മുഴുവനും. ഒരു സദസ്സിൽ എല്ലാവരെയും പിന്നോട്ടാക്കി മുന്നോട്ടിരിക്കണം എന്ന പ്രത്യേക താൽപര്യങ്ങൾ ഒന്നും നബിﷺക്കുണ്ടായിരുന്നില്ല. നബിﷺയുടെ സ്ഥാന പദവികൾ അറിഞ്ഞും അനുസരിച്ചും അനുയായികൾ ആദരവുകൾ കൽപ്പിച്ചപ്പോഴും എത്രയോ വിനയപുരസ്സരമായിരുന്നു അവിടുന്ന് സ്വീകരിച്ചിരുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-690
Tweet 690
ഒരു ദിവസം അൻസ്വാരികളിൽ നിന്ന് ഒരാൾ തിരുനബിﷺയുടെ അടുക്കൽ വന്നു. അയാൾക്ക് നബിﷺ അഭയം നൽകുകയും സ്വീകരിക്കുകയും ചെയ്തു. അയാൾ പക്ഷേ ചില മന്ത്രിച്ച കെട്ടുകൾ തൊട്ടടുത്തുള്ള കിണറിൽ നിക്ഷേപിച്ചു. മാരണ മന്ത്രങ്ങളുടെ ആ കെട്ടുകളുടെ വിവരം നബിﷺ അറിഞ്ഞു. മലക്കുകൾ വന്നു പ്രവാചകനോﷺട് കാര്യങ്ങൾ പറഞ്ഞു. ഉടൻ തന്നെ നബിﷺ അലി(റ)യെ അങ്ങോട്ട് അയക്കുകയും അവകൾ കിണറ്റിൽ നിന്ന് എടുക്കുകയും ചെയ്തപ്പോൾ കിണറ്റിലെ വെള്ളം നിറം മാറിയിരുന്നു. കെട്ടുകൾ അതോടെ അഴിഞ്ഞിരുന്നു. കാര്യങ്ങളെല്ലാം നബിﷺ വ്യക്തമായി അറിഞ്ഞെങ്കിലും അദ്ദേഹത്തോട് നബിﷺ ഒരു പരിഭവവും കാണിച്ചില്ല. മരണംവരെ അദ്ദേഹത്തോട് പരിഭവങ്ങളോ പ്രയാസങ്ങളോ പ്രകടിപ്പിച്ചില്ല.
മഹാനായ അനസ്(റ) പറയുന്നു. ഒരു ദിവസം ഞാനും നബിﷺക്കൊപ്പം നടക്കുകയായിരുന്നു. നജ്റാനിൽ നിന്നുള്ള ഒരു മേൽമുണ്ട് നബിﷺ കഴുത്തിൽ അണിഞ്ഞിരുന്നു. പെട്ടെന്നതാ ഗ്രാമീണനായ ഒരു അറബി നബിﷺയുടെ അടുത്തേക്ക് വന്നു. മേൽമുണ്ടിൽ പിടിച്ചു വലിച്ചു. ആ വലിച്ചതിന്റെ ശക്തി കൊണ്ട് നബിﷺയുടെ കഴുത്തിൽ ഒരു അടയാളം വീഴുകയും ചെയ്തു. അതൊന്നും കാര്യമാക്കാതെ അദ്ദേഹം നബിﷺയോട് പറഞ്ഞു. അല്ലാഹുവിന്റെ സ്വത്തിൽ നിന്ന് തങ്ങളുടെ പക്കൽ ഉള്ളതിൽ ഒരു വിഹിതം എനിക്കുകൂടി തരാൻ പറയൂ. നബിﷺ അദ്ദേഹത്തെ നോക്കി ഒന്ന് ചിരിച്ചു. ശുഭകരമായി ഒന്നും പ്രതികരിക്കാതെ അദ്ദേഹത്തിന് സംഭാവന നൽകാൻ നിർദ്ദേശിച്ചു.
രണ്ടുമൂന്നു വരികളിൽ വായിച്ചു പോയ ഈ സംഭവം എത്രമേൽ വലിയ സന്ദേശങ്ങളാണ് നമുക്ക് നൽകുന്നത്. സൃഷ്ടി ശ്രേഷ്ഠരായ പ്രവാചകരുﷺടെ മേൽമുണ്ട് പിടിച്ചു പിന്നോട്ട് വലിക്കാൻ അയാൾക്ക് എങ്ങനെ സാധിച്ചു. അതിന്റെ പേരിൽ യാതൊരുവിധ വിഷമവും പ്രയാസവും പ്രകടിപ്പിക്കാതെ എത്ര സൗമ്യമായിട്ടാണ് തിരുനബിﷺ അദ്ദേഹത്തിന്റെ ആവശ്യം നിറവേറ്റിയത്. സ്വഭാവ മഹിമയിൽ ഇത്രത്തോളം പവിത്രമായ സംഭവങ്ങൾ ഏതു നേതാവിൽ നിന്ന്, ഏത് സന്ദർഭത്തിൽ നിന്നാണ് നമുക്ക് വായിക്കാനുള്ളത്. ആളും തരവും സന്ദർഭവും തിരിച്ചറിയാനും വിവരമില്ലാത്തവരോട് വിട്ടുവീഴ്ച ചെയ്യാനും അപരിഷ്കൃതരായ ആളുകൾക്ക് പരിഷ്കൃത ലോകത്തെ കുറിച്ച് പറഞ്ഞു കൊടുക്കാനും ഗ്രാമീണരായ ആളുകളുടെ നിഷ്കളങ്കതയെ മനസ്സിലാക്കി പ്രതികരിക്കാനും ഏത് അനുവാചകരുടെയും നന്മ മാത്രം ലക്ഷ്യം വെച്ച് പെരുമാറാനും അതിശ്രേഷ്ഠരായ ഒരു പ്രവാചകനല്ലാതെ മറ്റാർക്കാണ് സാധിക്കുക! വേറെ ആരാണ് ചരിത്രത്തിൽ സമാനമായ അധ്യായങ്ങൾ രചിച്ചത്!
അബൂഹുറൈറ(റ)യും മറ്റും പറയുന്ന മറ്റൊരു സന്ദർഭം ഇങ്ങനെ കൂടി നമുക്ക് വായിക്കാം. ഒരു ദിവസം തിരുനബിﷺ പള്ളിയിൽ ഇരിക്കുകയായിരുന്നു. ഗ്രാമീണനായ ഒരു അറബി അവിടേക്ക് വന്നു. അദ്ദേഹം രണ്ട് റക്അത്ത് നിസ്കാരം നിർവഹിച്ചു. ശേഷം, ഇങ്ങനെ പ്രാർത്ഥിച്ചു. എനിക്കും മുഹമ്മദ് നബിﷺക്കും നീ കരുണ ചെയ്യേണമേ! വേറെ ആർക്കും ഈ കരുണ നൽകരുതേ!
ഇതുകേട്ട തിരുനബിﷺ അദ്ദേഹത്തോട് പറഞ്ഞു. വിശാലമായതിനെ നിങ്ങൾ എന്തിനാണ് ചുരുക്കുന്നത്? അഥവാ അദ്ദേഹത്തിന്റെ സങ്കുചിതത്വത്തെ അപ്പോൾ തന്നെ തിരുനബിﷺ തിരുത്തുകയായിരുന്നു.
ഈ രംഗത്തിനുശേഷം അധികം വൈകിയില്ല. അദ്ദേഹം പള്ളിയുടെ ഒരു മൂലയിൽ ഇരുന്ന് മൂത്രമൊഴിച്ചു. ജനങ്ങളെല്ലാവരും അയാളുടെ നേർക്ക് തിരിഞ്ഞു. നബിﷺ ജനങ്ങളെ തടുത്തു. അദ്ദേഹത്തെ വിട്ടേക്കൂ എന്ന് നബിﷺ അറിയിച്ചു. അയാൾ പൂർണ്ണമായും മൂത്രമൊഴിച്ചു കഴിഞ്ഞപ്പോൾ നബിﷺ പറഞ്ഞു. മൃദുവായി കാര്യങ്ങൾ ചെയ്യാനാണ് നിങ്ങളെ നിയോഗിച്ചിട്ടുള്ളത്. കഠിനമായും പ്രയാസകരമായും രംഗങ്ങൾ കൈകാര്യം ചെയ്യാനല്ല. കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കുകയും ലളിതമായി നിർവഹിക്കുകയും ചെയ്യുക. ഒരു ബക്കറ്റ് വെള്ളം കൊണ്ടുവന്ന് അതിന്മേൽ ഒഴിക്കൂ. പിന്നീട് കാര്യങ്ങൾ ബോധ്യപ്പെട്ട ആ അറബി പറഞ്ഞു. പ്രവാചകൻﷺ എന്നെ ഒരിക്കലും ആക്ഷേപിക്കുകയോ മാനം കെടുത്തുകയോ ചെയ്തില്ല. മറിച്ച് എന്നോട് ഇങ്ങനെ പറഞ്ഞു. അല്ലാഹുവിനെ സ്മരിക്കാനും അവനെ നിസ്കരിക്കാനും ആണ് പള്ളി നിർമ്മിച്ചിട്ടുള്ളത്. ഇവിടെ മൂത്രം ഒഴിക്കുകയോ മറ്റോ ചെയ്യാൻ പാടില്ല.
അതിലളിതമായി അയാൾക്ക് കാര്യങ്ങൾ തിരുത്തി കൊടുക്കുകയും ശരിയായ ബോധ്യങ്ങളിലേക്ക് എത്തിക്കുകയും ചെയ്തു. തിരുനബിﷺയുടെ പെരുമാറ്റ ശീലങ്ങളിൽ മധുരതരമായി വായിച്ചു ആശ്വസിക്കാനുള്ള ഏറെ രംഗങ്ങളിൽ ഒന്നാണിത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-691
Tweet 691
തുഫൈൽ ബിൻ അംറ് അദ്ദൗസി(റ) തിരുനബിﷺയുടെ സന്നിധിയിൽ എത്തി. ഇങ്ങനെ പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, ദൗസ് ഗോത്രക്കാർക്കെതിരെ അവിടുന്ന് പ്രാർത്ഥിച്ചാലും! അവർ നമ്മുടെ ക്ഷണത്തെ നിരസിക്കുകയും വിസമ്മതിക്കുകയും ചെയ്തിരിക്കുന്നു. ഉടനെ പ്രവാചകൻﷺ ഖിബ്’ലക്ക് അഭിമുഖമായി നിന്നു. ഇരു കൈകളും വാനലോകത്തേക്കുയർത്തി. പ്രാർത്ഥന ആരംഭിച്ചു. അല്ലാഹുവേ ദൗസ് ഗോത്രത്തെ നീ നേർവഴിയിൽ ആക്കേണമേ! അവരെ ഒന്നടങ്കം ഇവിടെ എത്തിച്ചു തരേണമേ.!
തിരുനബിﷺയുടെ സ്വഭാവ മഹിമയും ഹൃദയത്തിൽ നിറഞ്ഞുനിൽക്കുന്ന ആർദ്രതയുടെ പ്രകാശനവും ആണ് നാം വായിച്ചത്. ഒരു ഗോത്രത്തിനെതിരെ പ്രാർത്ഥിക്കാൻ ആവശ്യപ്പെടുമ്പോൾ അവർക്കു മുഴുവനും നേർവഴി ലഭിച്ചു അവർ മുഴുവൻ നല്ലവരായി ഭവിക്കട്ടെ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നു.
താൽക്കാലിക താല്പര്യങ്ങളോ നൈമിഷിക വികാരങ്ങളോ അല്ല തിരുനബിﷺയെ നയിച്ചത്. എല്ലാവർക്കും നല്ലത് ലഭിക്കണമെന്ന മഹത്തായ മനസ്സിന്റെ ശരിയായ ആവിഷ്കാരമായിരുന്നു അവിടുത്തെ വാചകങ്ങൾ.
ഒരിക്കൽ ഒരു ഗ്രാമീണനായ അറബി സഹായം തേടി തിരുനബിﷺയുടെ അടുക്കൽ എത്തി. അയാൾ ഇങ്ങനെ പറയാൻ തുടങ്ങി. അല്ലയോ മുഹമ്മദേﷺ എനിക്ക് നൽകൂ. സ്വന്തം സ്വത്തിൽ നിന്നോ പിതാവിന്റെ സ്വത്തിൽ നിന്നോ ഒന്നും എനിക്ക് തരേണ്ടതില്ല. അല്ലാഹു തന്നതിൽ നിന്ന് തന്നാൽ മതി. നബിﷺ അദ്ദേഹത്തിന് കുറച്ചു സംഭാവന നൽകി. എന്നിട്ട് ചോദിച്ചു. നിങ്ങൾക്ക് തൃപ്തി ആയോ? തൃപ്തി ആയിട്ടുമില്ല മതിയായിട്ടുമില്ല. അയാൾ പ്രതികരിച്ചു. ഇത് കേട്ടതും നബിﷺയുടെ സ്വഹാബികൾക്ക് വളരെ പ്രയാസമായി. അവർക്ക് ദേഷ്യം പിടിച്ചു. അവരിൽ ചിലർ അയാൾക്ക് നേരെ എഴുന്നേറ്റ് അടുത്തു. പ്രവാചകൻﷺ അവരെ ആംഗ്യം കാണിച്ചു തടഞ്ഞു. നബിﷺ അവിടെ നിന്ന് എഴുന്നേറ്റു വീട്ടിലേക്ക് പോയി. ശേഷം, ആളെ അയച്ചു അദ്ദേഹത്തെ വീട്ടിലേക്ക് വിളിപ്പിച്ചു. അദ്ദേഹത്തിന് വീണ്ടും ദാനങ്ങൾ നൽകി. മതിയായോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. തൃപ്തിയായി എന്ന് പറയുന്നതുവരെ വീണ്ടും വീണ്ടും കൊടുത്തു കൊണ്ടേയിരുന്നു. അദ്ദേഹം തൃപ്തിയായി എന്ന് പറഞ്ഞപ്പോൾ തിരുനബിﷺ അദ്ദേഹത്തോട് ഇങ്ങനെ നിർദേശിച്ചു. നിങ്ങൾ ഞങ്ങളുടെ അടുക്കലേക്ക് വന്നു. നിങ്ങൾ ആവശ്യമുന്നയിച്ചു. ഞാൻ നൽകിയെങ്കിലും നിങ്ങൾക്ക് തൃപ്തിയാകുന്നതുവരെ ആദ്യം ലഭിച്ചില്ല. അത് നിങ്ങൾ പരസ്യമായി പറഞ്ഞു. അത് കേട്ടുകൊണ്ട് നിന്ന എന്റെ അനുയായികൾക്ക് നിങ്ങളോട് അതൃപ്തി ആയിട്ടുണ്ട്. എനിക്ക് തൃപ്തിയായി എന്ന് നിങ്ങൾ ഇപ്പോൾ എന്നോട് പറഞ്ഞ വാചകം അവരുടെ സാന്നിധ്യത്തിൽ ഒന്ന് പറഞ്ഞാൽ നന്നായിരുന്നു. അവരുടെ മനസ്സിലുള്ള ആ പ്രയാസം നീങ്ങി കിട്ടുമായിരുന്നു. അതെ, അദ്ദേഹം സമ്മതിച്ചു. അന്ന് വൈകുന്നേരമോ പിറ്റേന്ന് പ്രഭാതമോ ആയപ്പോൾ അദ്ദേഹം സ്വഹാബികളുടെ സാന്നിധ്യത്തിലേക്ക് വന്നു. പ്രവാചകൻﷺ അദ്ദേഹത്തെ അടുത്തു നിർത്തിക്കൊണ്ട് പറഞ്ഞു. നിങ്ങളുടെ ഈ സഹോദരൻ വിശന്നു നമ്മുടെ അടുക്കലേക്ക് വന്നു. അദ്ദേഹത്തിന് നമ്മൾ ദാനം നൽകുകയും അദ്ദേഹം അതിൽ തൃപ്തിപ്പെടുകയും ചെയ്തിരിക്കുന്നു. ശേഷം, അങ്ങനെ തന്നെയല്ലേ എന്ന് അദ്ദേഹത്തോട് തിരുനബിﷺ ചോദിച്ചു. അദ്ദേഹം പറഞ്ഞു അതെ എനിക്ക് സർവാത്മനാ തൃപ്തിയായിരിക്കുന്നു. ശേഷം, അല്ലാഹു തിരുനബി കുടുംബത്തിനും നല്ല പ്രതിഫലങ്ങൾ നൽകട്ടെ എന്ന് തിരുനബിﷺക്ക് വേണ്ടി അദ്ദേഹം പ്രാർത്ഥിക്കുകയും ചെയ്തു.
തുടർന്ന് സ്വഹാബികളോടായി തിരുനബിﷺ ഇങ്ങനെ വിശദീകരിച്ചു. ഇദ്ദേഹത്തെയും നിങ്ങളെയും എന്നെയും ഇങ്ങനെ ഉപമിക്കാം. ഒരാളുടെ ഒട്ടകം ഇടഞ്ഞു. ആളുകൾ മുഴുവനും അതിന്റെ പിന്നാലെ കൂടിയപ്പോൾ അതിന്റെ മോട്ട് വർദ്ധിക്കുകയും കൂടുതൽ നിയന്ത്രണം വിടുകയും ചെയ്തു. അപ്പോൾ ഒട്ടകത്തിന്റെ ഉടമ ഇടപെട്ടു കൊണ്ട് പറഞ്ഞു. അതെനിക്ക് വിട്ടേക്കൂ. എന്റെ ഒട്ടകം ആണല്ലോ ഞാൻ അതിനെ വശപ്പെടുത്തി കൊള്ളാം. അങ്ങനെ അദ്ദേഹം ഒട്ടകത്തെ ഇണക്കി കൂട്ടി കൂട്ടത്തിലേക്ക് കൊണ്ടുവന്നു. അതുപോലെ ഒരുപക്ഷേ ഞാൻ ഇദ്ദേഹത്തെ നിങ്ങൾക്കിടയിൽ ഉപേക്ഷിച്ചു പോയിരുന്നെങ്കിൽ നിങ്ങൾ അദ്ദേഹത്തെ വകവരുത്തുകയും അതുവഴി നരകത്തിൽ പ്രവേശിക്കുകയും ചെയ്തേനെ. അതുകൊണ്ടാണ് ഞാൻ ഇങ്ങനെയൊക്കെ ഇടപെട്ടത്.
എത്ര ഉജ്ജ്വലമായ ആശയങ്ങളെയാണ് പുണ്യ നബിﷺ നമ്മുടെ മുന്നിൽ വരച്ചുകാട്ടുന്നത്. ജീവിതം കൊണ്ട് ആർദ്രതയും കരുണയും വിട്ടുവീഴ്ചയും സാമൂഹിക നിർമ്മിതിയും പാരസ്പര്യങ്ങളിലെ സൗന്ദര്യവും പരസ്പരബന്ധങ്ങളുടെ സൗഹാർദവും മാനവികമായി പാലിക്കേണ്ട ശ്രദ്ധകളും എല്ലാം സമം ചേർത്ത് അവതരിപ്പിക്കുകയായിരുന്നല്ലോ ഇവിടെ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-692
Tweet 692
തിരുനബിﷺയുടെ സ്വഭാവ മഹിമ പരിസരത്തുള്ള എല്ലാവരെയും കൂടുതൽ ആകർഷിച്ചു. തിരുനബിﷺയുമായി ബന്ധപ്പെട്ട ഓരോരുത്തർക്കും നബിﷺ എല്ലാമെല്ലാമായിരുന്നു. അങ്ങോട്ട് തിരുനബിﷺ കൊടുത്ത സ്നേഹ സൗഹൃദത്തിന്റെ പ്രതിഫലനമായിരുന്നു അത്. അനസ്(റ) പറയുന്നു. അനുയായികളിൽ നിന്ന് ആരെയെങ്കിലും മൂന്നുദിവസം കാണാതായാൽ തിരുനബിﷺ അവരെ അന്വേഷിക്കും. രോഗിയാണെന്ന് അറിഞ്ഞാൽ സന്ദർശിക്കും. അല്ലാത്തവരെയും കണ്ടുമുട്ടാൻ ശ്രമിക്കും. യാത്ര പോയി എന്നറിഞ്ഞാൽ അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കും.
വലിയവരെ പരിഗണിക്കുകയും കുട്ടികൾക്ക് വാത്സല്യം നൽകുകയും ചെയ്തു. അനസ്(റ) തന്നെ പറയുന്നു. ഒരു ദിവസം എന്നെ ഒരാവശ്യത്തിന് അയച്ചു. പോകുന്ന വഴിയിൽ കുറച്ചു കുട്ടികൾ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ അവരോടൊപ്പം കൂടി. അല്പം കഴിഞ്ഞപ്പോൾ തിരുനബിﷺ ആ വഴിക്ക് വന്നു. ഞങ്ങൾ കുട്ടികളെ കണ്ടപ്പോൾ ഞങ്ങളോടൊപ്പം ഇരുന്നു.
സൈദ് ബിൻ സാബിത്(റ) പറയുന്നു. നബിﷺ ഞങ്ങളോടൊപ്പം സദസ്സിൽ ഇരിക്കും. ഞങ്ങൾ ഭൗതിക കാര്യങ്ങൾ നബിﷺയോടൊപ്പം ചേർന്ന് വർത്തമാനം പറയും. ഞങ്ങൾ പരലോകത്തെ കുറിച്ച് പറഞ്ഞാൽ അതിലും നബിﷺ ഭാഗമാകും. ഞങ്ങൾ ഭക്ഷണത്തെക്കുറിച്ച് സംസാരിച്ചാൽ നബിﷺയും ഭക്ഷണത്തെക്കുറിച്ച് തന്നെ സംസാരിക്കും.
അനുയായികളോട് എത്രമാത്രം ഇഴുകിചേർന്നു കൊണ്ടായിരുന്നു തിരുനബിﷺ സംസാരിച്ചിരുന്നത് എന്ന് അറിയിക്കുന്ന പരാമർശങ്ങൾ ആണിത്. ഉപചാരങ്ങൾ പറഞ്ഞു അകലം പാലിക്കുകയോ പെരുമ പറഞ്ഞു മാറിനിൽക്കുകയോ ചെയ്യൽ തിരുനബിﷺയുടെ രീതിയായിരുന്നില്ല.
അബൂബക്കറി(റ)ന്റെ മകൾ അസ്മാഅ്(റ) പറയുന്ന ഒരു സംഭവം ഇങ്ങനെ വായിക്കാം. വിടവാങ്ങൽ ഹജ്ജിനു വേണ്ടി തിരുനബിﷺ ഒരുങ്ങി. അബൂബക്കർ(റ) നബിﷺയോട് പറഞ്ഞു. എനിക്ക് ഒരു വാഹനമുണ്ട്. നബിﷺയുടെ സാധനസാമഗ്രികൾ ഒക്കെ അതിന്മേൽ വഹിച്ചുകൊണ്ടുപോകാം. നബിﷺ പറഞ്ഞു. എന്നാൽ അങ്ങനെയാവട്ടെ. ധാന്യപ്പൊടികളും മറ്റ് സാധനങ്ങളും ഒക്കെ വാഹനത്തിൽ സജ്ജീകരിച്ചു. അബൂബക്കർ(റ) അദ്ദേഹത്തിന്റെ ഒരു അടിമയെ ആ ഒട്ടകത്തെ ഏൽപ്പിച്ചു. ആ വാഹനത്തെ തെളിച്ചു കൊണ്ടുവരൽ ആയിരുന്നു അയാളുടെ ഉത്തരവാദിത്വം. വഴിമധ്യേ അയാൾ ഉറങ്ങിപ്പോയി. ഒട്ടകവും സാധനങ്ങളും എല്ലാം ഏതോ വഴിക്ക് പോയി. തിരുനബിﷺയും സംഘവും വഴിയിൽ വിശ്രമത്തിനിറങ്ങിയപ്പോൾ ആ അടിമ വെറും കൈയോടെ അടുത്തേക്ക് വന്നു. വാഹനവും സാധനങ്ങളും നഷ്ടപ്പെട്ട വിവരം പറഞ്ഞു. അബൂബക്കറി(റ)ന് സഹിക്കാനായില്ല. അദ്ദേഹം അടിമയെ അടിക്കാൻ വേണ്ടി ഒരുങ്ങി. അപ്പോൾ അബൂബക്കർ(റ) ഇങ്ങനെ പറയുന്നുണ്ടായിരുന്നു. ഞാൻ മാത്രമായിരുന്നെങ്കിൽ യാതൊരു കുഴപ്പവും ഇല്ലായിരുന്നു. തിരുനബിﷺയും കുടുംബവും ഒപ്പമുള്ളപ്പോൾ എന്താണിനി ചെയ്യുക. വർത്തമാനം കേട്ട് തിരുനബി പുഞ്ചിരിച്ചു. എന്നിട്ട് ഇങ്ങനെ ചോദിച്ചു. ഇഹ്‌റാമിൽ പ്രവേശിച്ച ഇദ്ദേഹം എന്താണ് ചെയ്യുന്നതെന്ന് നോക്കൂ? അഥവാ തിരുനബിﷺ രംഗം ശാന്തമാക്കുകയായിരുന്നു.
അധികം വൈകിയില്ല ഒരാൾനല്ല പലഹാരം തിരുനബിﷺയുടെ അടുക്കൽ കൊണ്ടുവന്നു. ഉടനെ നബിﷺ അബൂബക്കറി(റ)നെ വിളിച്ചുകൊണ്ട് പറഞ്ഞു. വരൂ അബൂബക്കറെ(റ) അല്ലാഹു നമുക്ക് നല്ല ഭക്ഷണം നൽകിയിരിക്കുന്നു. അപ്പോഴും അബൂബക്കർ(റ) അടിമയോട് അമര്‍ഷം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. നബിﷺ ഇടപെട്ടുകൊണ്ട് പറഞ്ഞു. അതൊന്നും അത്ര കാര്യമാക്കണ്ട. കാര്യങ്ങൾ ഒന്നും അവരുടെ കയ്യിലോ നമ്മുടെ കയ്യിലോ അല്ല. ഒട്ടകം വിട്ടുപോകരുതെന്ന് അടിമയുടെ മനസ്സിൽ ഉണ്ടായിരുന്നു. കാര്യം അദ്ദേഹത്തിന്റെ നിയന്ത്രണത്തിനും അപ്പുറമായിപ്പോയി. ശേഷം, തിരുനബിﷺയും ഒപ്പമുള്ളവരും നന്നായി ഭക്ഷണം കഴിച്ചു.
എത്ര ഹൃദ്യമായ ഇടപെടലുകളാണ് തിരുനബിﷺ നടത്തിയത്. അബൂബക്കറി(റ)ന്റെ സ്നേഹവും തിരുനബിﷺയുടെ വിട്ടുവീഴ്ചയും യാഥാർത്ഥ്യങ്ങളിലേക്കുള്ള വിചാരവും അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുന്നതിന്റെ ധന്യ മുഹൂർത്തങ്ങളും എല്ലാം ഒത്തുചേർന്ന രംഗങ്ങളാണ് നാം വായിച്ചു പോയത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-693
Tweet 693
തിരുനബിﷺയുടെ സഹവാസത്തിന്റെ സൗന്ദര്യം ഏറെ വായിക്കാൻ ഉണ്ട്. തിരുനബിﷺയുടെ ഓരം പറ്റിയ ഏത് പ്രായക്കാർക്കും സ്വതന്ത്രമായി സംസാരിക്കാനും സഹവസിക്കാനും ഉള്ള സ്വാതന്ത്ര്യവും സൗകര്യവും ഉണ്ടായിരുന്നു. നബിﷺയുടെ പിതൃ സഹോദരനായ അബ്ബാസി(റ)ന്റെ മക്കൾ വളരെ സ്വാതന്ത്ര്യത്തോടുകൂടിയായിരുന്നു തിരുനബിﷺയുമായി ഇടപഴകിയിരുന്നത്. ചിലപ്പോഴൊക്കെ അബ്ദുള്ള, ഉബൈദുള്ള എന്നീ മക്കളോട് നിങ്ങളിൽ ആദ്യം എന്റെ അടുക്കലേക്ക് ഓടി വരുന്നവർക്ക് ഞാൻ സമ്മാനം തരാം എന്ന് നബിﷺ പറയും. അവർ മത്സരിച്ച് നബിﷺയുടെ അടുത്തേക്ക് വരും. കെട്ടിപ്പുണരുകയും ആലിംഗനം ചെയ്ത് സന്തോഷിക്കുകയും ഒക്കെ ചെയ്യും. ആദ്യം ഓടിയെത്തുന്നവർക്ക് തിരുനബിﷺ സന്തോഷ സമ്മാനങ്ങൾ നൽകും.
കുടുംബത്തിലെ ആര് നബിﷺയെ വിളിച്ചാലും ‘ലബ്ബൈക്ക്’ (ഞാൻ ഉത്തരം ചെയ്തിരിക്കുന്നു) എന്ന് പറഞ്ഞുകൊണ്ട് അവരുടെ വിളി സ്വീകരിക്കും. അവരുടെ ആഗ്രഹങ്ങളും ആശങ്കകളും ആവശ്യങ്ങളും പറയാൻ എല്ലാ സ്വാതന്ത്ര്യവും നബിﷺ അനുവദിച്ചു കൊടുത്തു. ഉത്തമമായ സ്വഭാവത്തിന് മേലാണ് തങ്ങൾ എന്ന ഖുർആനിക വിവരണത്തിന്റെ പുലർച്ചയായിരുന്നു ഓരോ ഘട്ടത്തിലും നബിﷺയിൽ നിന്ന് കാണാനായത്.
അനിഷ്ടകരമായ എന്തെങ്കിലും അനുയായികളിൽ നിന്ന് കണ്ടാൽ സൗമ്യമായിട്ട് മാത്രമായിരുന്നു അത് തിരുത്തിയിരുന്നത്. പൊതുജനങ്ങളിൽ ആരുടെയെങ്കിലും പ്രയാസം തിരുനബിﷺയെ അറിയിച്ചാൽ, അങ്ങനെ അറിയിക്കുന്നവരെ തിരുനബിﷺ പ്രത്യേകം പ്രശംസിച്ചു. അവർക്കും നന്മയിൽ പങ്കാളിത്തം ഉണ്ടെന്ന് സന്തോഷം പറയുകയും ഉന്നയിക്കപ്പെട്ട ആവശ്യങ്ങൾ പരിഹരിച്ചു കൊടുക്കുകയും ചെയ്യും. അനുയായികളോടൊപ്പം സദസ്സിലിരിക്കുമ്പോൾ ആരെക്കുറിച്ചും അപരാധം പറയാനോ ആരെയും അപമാനപ്പെടുത്താനോ അവിടുന്ന് അനുവദിച്ചിരുന്നില്ല. നല്ല നല്ല വർത്തമാനങ്ങൾക്ക് മാത്രം അവസരം നൽകി. ആരെയും നിസ്സാരപ്പെടുത്താൻ അവിടുന്ന് സമ്മതിക്കുമായിരുന്നില്ല. വൈജ്ഞാനികമായും സ്ഥാനമാനങ്ങൾ കൊണ്ടും മഹത്വമുള്ളവരെ പ്രത്യേകം പരിഗണിക്കുകയും ആശംസിക്കുകയും ചെയ്തു.
ഓരോരുത്തരും കടന്നുവന്ന വഴികളിലെ യാഥാർത്ഥ്യങ്ങളെക്കുറിച്ച് തിരുനബിﷺക്ക് അറിയുമായിരുന്നു. അതിനനുസരിച്ച് കൊണ്ട് അവരെ പരിഗണിക്കുകയും അവസരങ്ങൾ നൽകുകയും ചെയ്തു. ഖുറൈശിയായ ഖത്വീബും നീഗ്രോ ആയ മുഅദ്ദിനും ഒരിക്കലും ജാഹിലിയ്യ കാലത്ത് മക്കക്കാർക്ക് ഉൾക്കൊള്ളാൻ പറ്റുന്ന കാര്യമായിരുന്നില്ല. മാനുഷിക മൂല്യങ്ങളെ മുൻനിർത്തിയും വിശ്വാസത്തിന്റെ പ്രാധാന്യം പരിഗണിച്ചും ബിലാലി(റ)നു നൽകിയ അവസരങ്ങളും സ്ഥാനങ്ങളും മനുഷ്യകുലത്തിന് തന്നെ മാനവികമായ പുതിയ സന്ദേശം കൈമാറുകയായിരുന്നു. നിറവും ഗോത്രവും വംശവും നോക്കി മനുഷ്യനെ മാറ്റി നിർത്താതെ മൂല്യങ്ങൾ കൊണ്ട് പരസ്പരം ചേർന്നുനിൽക്കാൻ ആയിരുന്നു അവിടുന്ന് പഠിപ്പിച്ചത്. ലോക സൗന്ദര്യത്തിന്റെ പര്യായമായ പുണ്യ റസൂൽﷺ നീഗ്രോ അടിമയായ ബിലാലി(റ)നെ ആലിംഗനം ചെയ്യുന്നത് ആറാം നൂറ്റാണ്ടിലെ അറബികൾക്ക് ആലോചിക്കാൻ പോലും പറ്റാത്ത കാര്യമായിരുന്നു. പ്രവാചകൻﷺ മനോഹരമായി അത് ആവിഷ്കരിക്കുകയും മാനവികതയ്ക്ക് പുതിയ ഉദാത്തമായ സന്ദേശങ്ങൾ കൈമാറുകയും ചെയ്തു.
യാത്രാവേളകളിൽ പ്രത്യേകമായ സഹകരണമായിരുന്നു തിരുനബിﷺയിൽ നിന്ന് അനുയായികൾ അനുഭവിച്ചത്. എല്ലാവരുടെയും യാത്രാ ക്ലേശങ്ങളെ നബിﷺ ഉൾക്കൊള്ളുകയും ഒപ്പം നിൽക്കുകയും ചെയ്തു. ഇമാം ത്വബ്’രി(റ) ഉദ്ധരിക്കുന്ന ഒരു രംഗം ഇങ്ങനെ വായിക്കാം. ഒരു യാത്രാവേളയിൽ തിരുനബിﷺ അനുയായികളോട് ആട് പാചകം ചെയ്യാൻ ആവശ്യപ്പെട്ടു. ഒരാൾ പറഞ്ഞു. ഞാൻ അറുത്ത് പാകപ്പെടുത്തിക്കൊള്ളാം, ഞാൻ പൊളിച്ചു പാകപ്പെടുത്താം, ഞാൻ പാചകം ചെയ്തുകൊള്ളാം ഇങ്ങനെ ഓരോരുത്തരും സന്നദ്ധരായി മുന്നോട്ടുവന്നു. തിരുനബിﷺ അവരോട് ചേർന്ന് നിന്നുകൊണ്ട് പറഞ്ഞു. ഈ പാചകത്തിന് ആവശ്യമായ വിറക് ഞാൻ സമാഹരിച്ചു കൊണ്ടുവരാം. അപ്പോൾ സ്വഹാബികൾ പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുന്ന് അവിടെ മാറി ഇരുന്നാൽ മതി. ഞങ്ങൾ എല്ലാ കാര്യങ്ങളും ചെയ്ത് റെഡിയാക്കിക്കൊള്ളും. നബിﷺ പക്ഷേ അതിന് സമ്മതിച്ചില്ല. കൂട്ടുകാർക്കിടയിൽ വേറിട്ട് നിൽക്കുന്നത് അല്ലാഹുവിന് അത്ര ഇഷ്ടപ്പെടില്ല എന്ന് പറഞ്ഞുകൊണ്ടായിരുന്നു തിരുനബിﷺ അവരോടൊപ്പം ചേർന്നുനിന്നത്.
എത്ര കൗതുകകരമായ വായനയാണിത്. കേവലം ഒരു ലീഡറോ നേതാവോ അല്ല തിരുനബിﷺ. മനുഷ്യകത്തിന്റെ മുഴുവനും നേതാവും ലോകത്തെ ഏറ്റവും ശ്രേഷ്ഠ വ്യക്തിത്വവും എങ്ങനെയാണ് സഹവാസങ്ങൾ രൂപപ്പെടുത്തേണ്ടത് എന്ന് പ്രായോഗികമായി കാണിച്ചു തരികയാണ്. സഹസഞ്ചാരികളോടൊപ്പം ഇഴയടുപ്പം തീർക്കേണ്ടതെങ്ങനെ എന്ന് അവതരിപ്പിക്കുകയാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-694
Tweet 694
അവിടുന്ന് വിട്ടുവീഴ്ച കാണിക്കുക, നല്ലതു കല്‍പിക്കുക, അവിവേകികളെ അവഗണിക്കുക. വിശുദ്ധ ഖുർആനിലെ ഏഴാം അധ്യായം അൽ അഅ്റാഫിലെ 199 ആം സൂക്തത്തിന്റെ ആശയമാണിത്. പ്രപഞ്ചാധിപനായ അല്ലാഹു അവന്റെ തിരുദൂതരോﷺട് നൽകുന്ന കൽപ്പനയാണിത്. മനുഷ്യകത്തെ നയിക്കുമ്പോൾ അവിടുന്ന് സ്വീകരിക്കേണ്ട മാർഗ്ഗദർശനം കൂടിയായിരുന്നു ഇത്. പൂർണാർത്ഥത്തിൽ ഈ നിർദ്ദേശം പാലിക്കുകയും അതുവഴി പ്രവാചക സവിധത്തിലേക്ക് മനുഷ്യകുലം ചേർന്നു നിന്നതും വിശുദ്ധ ഖുർആനിലെ മൂന്നാം അധ്യായം ആലുഇമ്രാനിലെ നൂറ്റി അൻപത്തി ഒൻപതാം സൂക്തം വിശദീകരിക്കുന്നത് ഇങ്ങനെയാണ്. “അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ടാണ് തങ്ങൾ അവരോട് സൗമ്യതയിൽ സമീപിച്ചത്. തങ്ങൾ പരുഷപ്രകൃതനും കഠിനമനസ്കനുമായിരുന്നെങ്കിൽ ചുറ്റുനിന്നും അവരൊക്കെയും പിരിഞ്ഞുപോകുമായിരുന്നു. അതിനാല്‍ അവിടുന്ന് അവര്‍ക്ക് മാപ്പ് നൽകുക.”
നബി ജീവിതത്തിന്റെ അടരുകളിൽ മുഴുവനും ഈ വിടുതലിന്റെയും വിട്ടുവീഴ്ചയുടെയും പ്രകാശങ്ങൾ നിറഞ്ഞുനിന്നു. ഇമാം ബുഖാരി(റ)യുടെ ഒരു നിവേദനം ഇങ്ങനെ വായിക്കാം. ഒരിക്കൽ ഒരു സൈനിക നീക്കം കഴിഞ്ഞ് തിരുനബിﷺയും അനുയായികളും മടങ്ങി വരികയായിരുന്നു. യാത്രാസംഘം ഒരു താഴ്‌വരയിൽ തമ്പടിച്ചു. ആളുകൾ പലയിടങ്ങളിലായി വിശ്രമിക്കാൻ ഒരുങ്ങി. ഒരു മരച്ചുവട്ടിൽ നബിﷺയും കിടന്നു. അവിടുത്തെ പടവാൾ ആ മരക്കൊമ്പിൽ കൊളുത്തിവച്ചു. അവിടുന്നും അല്പനേരം ഉറങ്ങി. കുറച്ചു കഴിഞ്ഞ് നബിﷺയുടെ വിളി കേട്ട് ആളുകൾ അടുത്തേക്ക് വന്നു. അതാ മുമ്പിൽ അപരിഷ്കൃതനായ ഒരു അറബി നിൽക്കുന്നു.
നബിﷺ അവിടുന്ന് പരിചയപ്പെടുത്തി. ഇയാളാണ് എന്റെ പടവാൾ കൈവശപ്പെടുത്തിയത്. ഞാൻ ഉറങ്ങുകയായിരുന്നു. പെട്ടെന്ന് ഉണർന്നപ്പോൾ വാൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇയാൾ ചോദിച്ചു. എന്റെ ഈ വാൾ തലപ്പിൽ നിന്ന് ആരാണ് തങ്ങളെ രക്ഷിക്കുക? ഞാൻ പറഞ്ഞു അല്ലാഹു രക്ഷിക്കും. അപ്പോഴേക്കും അയാളുടെ കയ്യിൽ നിന്ന് വാൾ നിലത്തു വീണു. ഞാൻ ആ വാൾ കൈവശപ്പെടുത്തി അയാളോട് ചോദിച്ചു. ആരാണ് നിന്നെ ഈ വാൾ തലപ്പിൽ നിന്ന് രക്ഷിക്കുക? എന്റെ വിട്ടുവീഴ്ചയാണ് അയാൾ പ്രതീക്ഷിച്ചത്.
പ്രവാചകരുﷺടെ വിട്ടുവീഴ്ച അനുഭവിച്ചുകൊണ്ട് നിൽക്കുന്ന ആളെ ചൂണ്ടിക്കൊണ്ടായിരുന്നു തിരുനബിﷺയുടെ ഈ വർത്തമാനം. മേൽ പറയപ്പെട്ട ആളെ ശിക്ഷിക്കുകയോ അനുയായികളെ ഏൽപ്പിച്ചുകൊടുത്ത് ശിക്ഷിക്കാൻ കൽപ്പിക്കുകയോ ചെയ്തില്ല.
അയാളുടെ ഹൃദയത്തിൽ പ്രവാചകനെﷺ കുറിച്ചുള്ള വിചാരങ്ങൾ മാറി. ഇതുപോലെ സമാനമായ പല സംഭവങ്ങളുമായി നിരവധി ആളുകളുടെ ഹൃദയങ്ങൾ തിരുനബിﷺയുടെ സമക്ഷത്തിലേക്ക് ചേർന്നു.
പരുഷമായി പെരുമാറിയ പല ഗ്രാമീണരും നബിﷺയുടെ അടുത്തേക്ക് വന്നു. അവരുടെ വിവരശൂന്യതയെ തിരുനബിﷺ തിരിച്ചറിഞ്ഞു. അതിന്മേൽ അവരെ ആരെയെങ്കിലും ആക്ഷേപിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല. മാനുഷികമായി അവർ ഉന്നയിച്ച ആവശ്യങ്ങളെ കേട്ടു. അവർക്ക് വേണ്ട സഹായസഹകരണങ്ങൾ നിർവഹിച്ചു കൊടുത്തു. സമീപന മര്യാദകൾ പോലും അറിയാതെ കടന്നുവന്ന പലരും പ്രവാചകരുﷺടെ വിട്ടുവീഴ്ചയിൽ സന്തോഷവാന്മാരായി നേർവഴിക്ക് വന്നു. അവരുടെ ജീവിതത്തെ മുഴുവനും അത് മാറ്റിമറിച്ചു. അവർ നന്മയുടെ നക്ഷത്രങ്ങളായി യുഗങ്ങൾക്ക് പ്രകാശം പരത്തി. കാട്ടറബികൾ നാട്ടറബികളും പിന്നീട് അറബി പുണ്യപുരുഷന്മാരുമായി ലോകത്ത് വാഴ്ത്തപ്പെട്ടു.
ഒരിക്കൽ തിരുനബിﷺയുടെ കഴുത്തിൽ കിടന്ന ഷാൾ ഒരാൾ പിടിച്ചു വലിച്ചു. വലിച്ചതിന്റെ ശക്തികൊണ്ട് തിരുനബിﷺയുടെ കഴുത്തിൽ ചുമന്ന അടയാളം വീണു. ദാനം ചോദിക്കാൻ വേണ്ടി വന്ന ആളായിരുന്നു അയാൾ. തിരുനബിﷺ തിരിഞ്ഞു അദ്ദേഹത്തിന്റെ മുഖത്തുനോക്കി, ഒരു ഭാവപ്പകർച്ചയും കാണിച്ചില്ല. താൻ ചെയ്തത് ഒരു അപരാധമാണെന്ന തിരിച്ചറിവ് പോലും ഇല്ലാത്ത വിധം അപരിഷ്കൃതനായിരുന്നു ആഗതൻ. ആശ്രയം തേടി വന്നവന് ആദ്യം ആശ്രയം ആണ് ലഭിക്കേണ്ടത് എന്ന് തിരിച്ചറിഞ്ഞു. അയാളെ സന്തോഷിപ്പിക്കുകയും സ്വീകരിക്കുകയും ചെയ്തു. അയാൾ പിൽക്കാലത്ത് ലോകത്തിന്റെ മാതൃകയുള്ള ഉന്നത പുരുഷന്മാരിൽ ഒരംഗമായി മാറി.
തമസ്സുമാറ്റി വെളിച്ചം പകർന്നു നൽകണമെന്ന് പ്രസംഗിക്കുകയല്ല ഇവിടെ. ഇരുട്ടിലേക്ക് വെളിച്ചം പ്രവേശിപ്പിച്ച് പ്രദീപ്തമാക്കുകയാണ് തിരുനബിﷺ ചെയ്തുകൊണ്ടിരുന്നത്. നമുക്കും നമ്മുടെ ഹൃദയത്തിലെ ഇരുട്ടിലേക്ക് തിരുനബിﷺ എന്ന പ്രകാശത്തെ കൂടുതൽ കൂടുതലായി സ്വീകരിക്കാം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-695
Tweet 695
മക്ക ജയിച്ചടക്കി തിരുനബിﷺ കഅ്ബയുടെ സന്നിധിയിലേക്ക് പ്രവേശിച്ചു. കഅ്ബയെ പ്രദക്ഷിണം ചെയ്തു. രണ്ട് റക്അത്ത് നിസ്കാരം നിർവഹിച്ചു. കഅ്ബയുടെ കവാടത്തിൽ പിടിച്ചുകൊണ്ട് നാട്ടുകാരോട് നബിﷺ ചോദിച്ചു. നിങ്ങൾ എന്നിൽ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നത്? ഞാനെങ്ങനെ കൈകാര്യം ചെയ്യുമെന്നാണ് നിങ്ങൾ കരുതുന്നത്? അവർ ഒന്നടങ്കം ഇങ്ങനെ മറുപടി പറഞ്ഞു. മാന്യനും മാന്യതയുള്ളവരുടെ മകനുമായി ഞങ്ങൾ തങ്ങളെ പ്രതീക്ഷിക്കുന്നു. ഇതേ മറുപടി തന്നെ മൂന്നുപ്രാവശ്യം അവർ ആവർത്തിച്ചു. പ്രവാചകന്റെ പ്രതികരണം ഇപ്രകാരമായിരുന്നു. എന്റെ സഹോദരൻ യൂസുഫ് നബി(അ) പറഞ്ഞ അതേ വർത്തമാനമാണ് ഞാൻ നിങ്ങളോട് പറയാൻ ഉദ്ദേശിക്കുന്നത്. ശേഷം, സൂറത്ത് യൂസുഫിലെ 92ആം സൂക്തം പാരായണം ചെയ്തു. ആശയം ഇങ്ങനെ വായിക്കാം. “ഇന്നു നിങ്ങള്‍ക്കെതിരെ പ്രതികാരമൊന്നുമില്ല. അല്ലാഹു നിങ്ങള്‍ക്ക് മാപ്പ് നല്‍കട്ടെ. അവന്‍ കാരുണ്യകരില്‍ പരമകാരുണ്യകനല്ലോ!”
കേട്ടുനിന്നവർ മുഴുവൻ ആശ്ചര്യപ്പെട്ടു. പീഡനത്തിന്റെ ഇന്നലെകളിൽ ശിക്ഷ അർഹിക്കുന്ന കുറ്റവാളികളാണ് ഞങ്ങൾ എന്ന് തിരിച്ചറിഞ്ഞവരായിരുന്നു അവർ. പ്രവാചകന്റെﷺ ഈ പ്രഖ്യാപനം കേട്ടതും മണ്ണറകളിൽ നിന്ന് പുനർജീവനം ലഭിച്ചതുപോലെ ആവേശപൂർവം അവർ ഓടി വന്നു. പ്രവാചക സവിധത്തിൽ വിനീത വിധേയരായി നിന്നു. അധികം വൈകാതെ അവർ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു.
വിടുതലിന്റെ വിശാലമായ വിഹായുസ്സ് കാണിച്ചുകൊടുത്തപ്പോൾ പ്രവാചകനുﷺ മുന്നിൽ അവർ വിനീത ദാസന്മാരായി. സ്വാതന്ത്ര്യത്തിന്റെ പുതിയ ലോകത്തേക്ക് അവർ പ്രവേശിച്ചു. മനുഷ്യകുലത്തിന്റെ നന്മയ്ക്ക് വേണ്ടി നിയുക്തരായ നബിﷺ തന്നെയാണ് ഇത് എന്ന് അവർ തിരിച്ചറിഞ്ഞു. ഇന്നലെവരെയും ശത്രുപാളയത്തിലെ നേതാക്കന്മാരായിരുന്നവർ വരെ പ്രവാചകന്റെﷺ ഔദാര്യത്തിന്റെ വിശാലതയെ അനുഭവിച്ചു. തിരുസന്നിധിയിലെ സുഗന്ധവും മൃദുസ്പർശവും അവർ സ്വീകരിച്ചു. അരുംകൊലയുടെയും കൊടുംക്രൂരതയുടെയും ഇന്നലെകൾ തീർത്തവരോട് ഇത്രമേൽ വ്യാപകമായി എങ്ങനെയാണ് വിടുതി ചെയ്യുന്നത് എന്നവർ ആശ്ചര്യപ്പെട്ടു.
ഏറെ കൗതുകകരമായ മറ്റൊരു രംഗം ജാബിർ(റ) ഉദ്ധരിക്കുന്നുണ്ട്. ഹുനൈൻ മുന്നേറ്റത്തെ തുടർന്ന് ലഭിച്ച സമ്പാദ്യങ്ങൾ മുഴുവൻ തിരുനബിﷺ വിതരണം ചെയ്യുകയായിരുന്നു. ആ സമയത്ത് ഒരാൾ എഴുന്നേറ്റു. മുഹമ്മദ് നബിﷺയെ അവിടുന്ന് നീതി ചെയ്യണം! എന്നു പറഞ്ഞു. എല്ലാവരും അത്ഭുതപ്പെട്ടു. എന്താണിയാൾ സംസാരിക്കുന്നത്? അല്ലാഹുവിന്റെ ദൂതനോﷺട് നീതി ചെയ്യാൻ പറയാൻ ഇയാൾ ആരാണ്? പക്ഷേ, പ്രവാചകൻﷺ സൗമ്യമായി അയാളോട് പ്രതികരിച്ചു. ഞാൻ നീതി നിർവഹണം നടത്തിയില്ലെങ്കിൽ പിന്നെ ആരാണ് നീതി നിർവഹണം നടത്തുക! ഞാൻ നീതിയുടെ പക്ഷത്തല്ലെങ്കിൽ ഞാൻ എത്രമേൽ കഷ്ടവും നഷ്ടവും അനുഭവിക്കേണ്ടിവരും! പ്രവാചകൻﷺ ശാന്തമായി മറുപടി പറയുമ്പോഴും ഈ രംഗം ഉമറി(റ)ന് സഹിച്ചില്ല. അദ്ദേഹം നബിﷺയോട് ചോദിച്ചു. ഞാൻ ഈ കപട വിശ്വാസിയുടെ കഥ കഴിച്ചട്ടെ? ഇയാൾ എത്ര അഹങ്കാരമാണ് സംസാരിക്കുന്നത്? പ്രവാചകൻﷺ ഉമറി(റ)നെ നിയന്ത്രിച്ചു. ഞാൻ എന്റെ അനുയായികളെ വക വരുത്തുന്നു എന്ന് കേൾക്കുന്നത് എത്ര കഷ്ടമാണ്?
പ്രവാചകൻﷺ അയാൾക്കും വിടുതി ചെയ്തു കൊടുത്തു. അടിസ്ഥാനമില്ലാതെ അനീതി ആരോപിക്കുന്നതിനേക്കാൾ ഗുരുതരമായ തെറ്റെന്താണ്? അതും പൊതുകാര്യങ്ങൾ നിർവഹിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രവാചകന്റെﷺ പേരിൽ. ഈ രംഗത്തും തിരുനബിﷺ പ്രതികാരമോ പകയോ പ്രയോഗിച്ചില്ല. വിമർശനങ്ങളെ ഉൾക്കൊള്ളാനും ആരോപണങ്ങളെ നയപരമായി പ്രതിരോധിക്കാനും സത്യസന്ധതയെ ബോധ്യപ്പെടുത്താനുമുള്ള ഭൂമികയെ തുറന്നിടുകയായിരുന്നു. ആവേശപൂർവം ധ്രുതഗതിയിൽ പ്രതികരിക്കുന്നവരെ നിയന്ത്രിക്കുകയും ചെയ്തു.
ഹൃദയം തൊട്ട് ഹൃദയം കൊണ്ട് സംസാരിക്കുകയായിരുന്നു തിരുനബിﷺ. മനോവൈകല്യങ്ങൾ സംഭവിച്ചു പോയവരെ തിരിച്ചു പവിത്രരാക്കി മാറ്റുക എന്ന ദൗത്യമായിരുന്നു അവിടുന്ന് നിർവഹിച്ചത്. കാലത്തിന്റെ ഓരോ ദശയിലും ദിശയിലും വെളിച്ചം പകർത്തുക എന്ന പരിശുദ്ധമായ നടപടിയാണ് അവിടുന്ന് സ്വീകരിച്ചത്. പ്രകാശത്തോട് ചേർന്ന് ഇത്രമേൽ വിശേഷിപ്പിക്കപ്പെട്ട വേറെ ആരെയും നമുക്ക് വായിക്കാനില്ല. സത്യം… സത്യം.. സത്യം!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-696
Tweet 696
അബ്ദുല്ലാഹ്ബ്‌നു സലാം(റ) നിവേദനം ചെയ്യുന്നു: ജൂത പുരോഹിതനായിരുന്ന സൈദ്ബ്‌നു സഅന പ്രഖ്യാപിച്ചു: ”ഞാന്‍ മുഹമ്മദ് നബിﷺയുടെ വദനം കണ്ടപ്പോള്‍ പ്രവാചകത്വത്തിന്റെ ചില അടയാളങ്ങൾ ദർശിച്ചു. എന്നാല്‍, അവ എനിക്ക് ഉറപ്പുവരുത്തേണ്ടതായുണ്ട്. വിവേകം കൊണ്ട് അവിവേകത്തെ അതിജയിക്കണം, അവിവേകം എത്ര തീക്ഷ്ണമായാലും വിവേകമതിയായി നിലകൊള്ളണം എന്നീ ലക്ഷണങ്ങളാണവ.
അങ്ങനെയിരിക്കെ ഒരു ദിവസം റസൂൽﷺ വീട്ടില്‍ നിന്നും അലി(റ)യുടെ കൂടെ പുറത്തേക്കിറങ്ങി. അവരുടെ അടുത്തേക്ക് ഗ്രാമീണനായ ഒരാള്‍ തന്റെ വാഹനപ്പുറത്ത് വന്ന് പറഞ്ഞു: ”തിരുദൂതരേﷺ, ഇന്ന് ഒരു ഗോത്രം മുസ്‌ലിംകളായിരിക്കുന്നു. അവര്‍ ഇസ്‌ലാമില്‍ പ്രവേശിച്ചിരിക്കുന്നു. ഞാന്‍ അവരുമായി ഇസ്‌ലാമിനെ കുറിച്ച് സംസാരിച്ചിരുന്നപ്പോള്‍ അവരോട് ഞാന്‍ പറഞ്ഞിരുന്നു. നിങ്ങള്‍ ലോകരക്ഷിതാവായ അല്ലാഹുവിന് കീഴ്‌പെട്ട് മുസ്‌ലിംകളായി മാറിയാല്‍ അല്ലാഹു നിങ്ങള്‍ക്ക് സമൃദ്ധി നല്‍കുമെന്ന്. എന്നാല്‍, ഇപ്പോള്‍ അവര്‍ക്ക് ക്ഷാമം പിടിപെട്ടിരിക്കുകയാണ്. മഴ ലഭിക്കാതെ പ്രയാസപ്പെടുന്നു. പ്രവാചകരേﷺ, ഞാനിപ്പോള്‍ ഭയപ്പെടുന്നത് അവര്‍ അല്ലാഹുവിന്റെ ദീനില്‍ നിന്ന് തിരിച്ചുപോകുമോ എന്നതാണ്. അതുകൊണ്ട് അവിടുന്ന് അവര്‍ക്ക് വേണ്ടി വല്ല സഹായവും ചെയ്തിരുന്നെങ്കില്‍…”
നബിﷺ ചാരത്തുണ്ടായിരുന്ന അലി(റ)യെ നോക്കി. അലി(റ) പറഞ്ഞു: ”നമ്മുടെ കയ്യില്‍ ഒന്നുമില്ലല്ലോ.”
സൈദ്ബിന്‍ സഅന തുടരുന്നു: ഞാന്‍ മുഹമ്മദിﷺന്റെ അടുത്തേക്ക് നിന്നുകൊണ്ട് ചോദിച്ചു: ”ഇന്നാലിന്ന വ്യക്തിയുടെ ഈത്തപ്പനത്തോട്ടം നിശ്ചിത കാലത്തേക്ക് ഞങ്ങള്‍ക്ക് വില്‍ക്കാമോ?”
നബിﷺ പറഞ്ഞു: ”പറ്റില്ല യഹൂദീ, എന്നാല്‍ ഞാന്‍ താങ്കള്‍ക്ക് നിശ്ചിത ഈത്തപ്പഴം വില്‍ക്കാന്‍ വഴിയുണ്ടാക്കാം.” ഇന്ന വ്യക്തിയുടേതെന്ന് നബിﷺ പറഞ്ഞില്ല.
ഞാന്‍ പറഞ്ഞു: ”മതി, അവ നല്‍കുക. ഞാന്‍ എന്റെ പണക്കിഴി തുറന്ന് എണ്‍പത് മിസ്‌ക്വാല്‍ സ്വര്‍ണ നാണയം നല്‍കി, നബിﷺയില്‍ നിന്നും ഈത്തപ്പഴം വാങ്ങി ആ മനുഷ്യന് നല്‍കി. അയാള്‍ പറഞ്ഞു: ഞാന്‍ അതിരാവിലെ തന്നെ ഇത് അവര്‍ക്ക് നല്‍കി സഹായിക്കും.”
സൈദ് ബിന്‍ സഅന പറയുന്നു: ”ഞാന്‍ നബിﷺയുടെ അടുത്തേക്ക് നീങ്ങി, എന്നിട്ട് പറഞ്ഞു: മുഹമ്മദ്ﷺ എന്ന വ്യക്തിയുടെ തോട്ടത്തിന് ജാമ്യമായി എന്റെ കയ്യില്‍ നിന്നും ഈ ഈത്തപ്പഴം വാങ്ങിക്കൂടെ?” മുഹമ്മദ് നബിﷺ മറുപടി പറഞ്ഞു: ”പറ്റില്ല ജൂത സുഹൃത്തേ, പകരം നിശ്ചിത അവധി കണക്കാക്കി ഞാന്‍ താങ്കളില്‍ നിന്നും ഇവ വാങ്ങും. ഇന്ന വ്യക്തിയുടെ നാമം നാം പറയുന്നില്ല.” ഞാന്‍ പറഞ്ഞു: ആയിക്കോട്ടെ. ശരി സമ്മതിച്ചു. അതുപ്രകാരം അവധി നിശ്ചയിച്ച കടമിടപാടായി അത് മാറി.
അങ്ങനെ അവധി പറഞ്ഞ ദിവസം എത്താന്‍ രണ്ടോ മൂന്നോ ദിവസം ബാക്കിനില്‍ക്കെ ഞാന്‍ നബിﷺയെ സമീപിച്ചു. നബിﷺയുടെ കുപ്പായത്തിലും തട്ടത്തിലും പിടിച്ച്, ക്രൗര്യ ഭാവത്തോടെ ഒന്ന് നോക്കി. ”ഓ മുഹമ്മദേﷺ, എന്റെ കടം വീട്ടാനുള്ള പരിപാടിയൊന്നുമില്ലേ? അല്ലാഹുവാണെ, അബ്ദുല്‍ മുത്ത്വലിബിന്റെ കുടുംബം കടം വെച്ച് താമസിപ്പിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് നിങ്ങളെക്കുറിച്ചറിയാം.” അപ്പോൾ അടുത്തുണ്ടായിരുന്ന ഉമറി(റ)നെ ഞാനൊന്ന് നോക്കി. കറങ്ങുന്ന ഗോളം പോലെ അദ്ദേഹത്തിന്റെ കൃഷ്ണമണികള്‍ എന്നെ വലയം വെച്ചുകൊണ്ടിരുന്നു, പിന്നെ എന്നെ തറപ്പിച്ച് നോക്കി പറഞ്ഞു: ”അല്ലാഹുവിന്റെ ശത്രുവേ, നീ അല്ലാഹുവിന്റെ പ്രവാചകനോﷺടാണ് കയര്‍ക്കുന്നത്. അത് ഞങ്ങള്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നില്ല എന്നാണോ നീ കരുതിയത്? റസൂലിﷺനെ സത്യ സന്ദേശം കൊണ്ട് നിയോഗിച്ച അല്ലാഹു സത്യം! നിന്റെ തല എന്റെ വാളിന്റെ ഇരയായിമാറിയേനെ.”
അപ്പോഴും പ്രവാചകൻﷺ ശാന്തപ്രകൃതനായി ഉമറി(റ)നെ സാകൂതം നോക്കുകയായിരുന്നു. നബിﷺ പറഞ്ഞു: ”ഇപ്പോൾ ഞങ്ങൾക്ക് രണ്ട് പേർക്കും ഏറ്റവും ആവശ്യമായ ഒരു ഇടപെടലായിരുന്നു ഉമറി(റ)ന്റെ പക്കൽ നിന്ന് ഉണ്ടാവേണ്ടിയിരുന്നത്. കൊടുത്തുതീര്‍ക്കാനുള്ള ബാധ്യത കൊടുത്തുതീര്‍ക്കാൻ എന്നോടും അവകാശം ചോദിക്കുമ്പോള്‍ മാന്യമായി ചോദിക്കാന്‍ സൈദിനോടും പറയാമായിരുന്നു. താങ്കള്‍ പോയി അദ്ദേഹത്തിന്റെ അവകാശം തിരിച്ച് നല്‍കാനുള്ള കാര്യങ്ങള്‍ ചെയ്യുക. നാം വാങ്ങിയതിനെക്കാള്‍ 20 സ്വാഅ് അധികമായി നല്‍കുകയും ചെയ്യുക.”
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-697
Tweet 697
സൈദ് പറയുന്നു: ഉമര്‍(റ) എനിക്ക് രണ്ട് സ്വാഅ് അധികം തന്നു. ഞാന്‍ ചോദിച്ചു: എന്തിനാണ് ഈ അധിക ധനം? ഉമര്‍(റ) പറഞ്ഞു: അല്ലാഹുവിന്റെ ദൂതൻﷺ എന്നോട് അധികം തരാന്‍ പറഞ്ഞു. ഞാന്‍ തന്നു. അത്രയേ ഉള്ളൂ. ഞാന്‍ ചോദിച്ചു: താങ്കള്‍ക്കെന്നെ അറിയില്ലേ ഉമര്‍(റ)? ഇല്ല, താങ്കളാരാണ്? ഉമര്‍(റ) ചോദിച്ചു. ഞാന്‍ സൈദ്ബിന്‍ സഅന, ജൂത പുരോഹിതൻ! ഉമര്‍(റ) അത്ഭുതം കൂറി. പിന്നെ എന്തുകൊണ്ടാണ് താങ്കള്‍ അല്ലാഹുവിന്റെ ദൂതനോﷺട് ഇങ്ങനെയൊക്കെ പെരുമാറിയത്? ഉമര്‍(റ)! ഞാന്‍ റസൂലിനെ കണ്ട മാത്രയില്‍, പ്രവാചകത്വത്തിന്റെ അടയാളങ്ങളില്‍ പെട്ട രണ്ട് കാര്യങ്ങളല്ലാത്ത മറ്റെല്ലാം ഞാനാ വ്യക്തിത്വത്തിൽ കണ്ടു. ആ രണ്ടെണ്ണം ഉണ്ടെന്ന് എനിക്കുറപ്പില്ലായിരുന്നു. അവയിൽ ഒന്ന് വിവേകമാണ്, അവിവേകത്തെ അതിജയിക്കുക. അവിവേകം ആരില്‍ നിന്നു വന്നാലും നബിﷺയിൽ വിവേകം മാത്രമാണ് വർത്തിക്കുക, അതാണ് രണ്ടാമത്തേത്. അവ രണ്ടും ഞാന്‍ പരിശോധിച്ചുറപ്പിച്ചു കഴിഞ്ഞിരിക്കുന്നു.
ഉമര്‍(റ), താങ്കളെ സാക്ഷി നിര്‍ത്തി ഞാനിതാ പ്രഖ്യാപിക്കുന്നു: അല്ലാഹുവിനെ റബ്ബായും ഇസ്‌ലാമിനെ മതമായും മുഹമ്മദിﷺനെ നബിയായും ഞാന്‍ തൃപ്തിപ്പെട്ടിരിക്കുന്നു. ഒന്നുകൂടി അറിയുക. എന്റെ ഭീമമായ ധനത്തിന്റെ പാതിഭാഗം മുഹമ്മദ് നബിﷺയുടെ സമുദായത്തിന് ദാനമായി നല്‍കുകയും ചെയ്തിരിക്കുന്നു. ഉമര്‍(റ)വും സൈദും റസൂലിﷺനടുത്തേക്ക് ചെന്നു. സൈദ് ശഹാദത്ത് അഥവാ സത്യസാക്ഷ്യം ഉരുവിട്ടു: ‘അശ്ഹദു…’ അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ഞാന്‍ അവനില്‍ വിശ്വസിച്ചിരിക്കുന്നു. ഒപ്പം ഞാനിതാ കരാറും ചെയ്തിരിക്കുന്നു. ഈ രംഗം കണ്ടുനിന്ന ധാരാളം പേര്‍ വിശ്വാസികളായി മാറി. പിന്നീട് സൈദ്(റ) തബൂക്ക് യുദ്ധത്തില്‍ നെഞ്ച് വിരിച്ച് രക്തസാക്ഷിത്വം വരിക്കുകയുണ്ടായി. അല്ലാഹു സൈദി(റ)ന് കാരുണ്യം ചൊരിയുമാറാകട്ടെ.
എത്ര ശോഭനമായ ഒരു രംഗമാണ് നാം വായിച്ചത്. പ്രവാചകരുﷺടെ വിശേഷങ്ങളും മഹത്വങ്ങളും മുൻകാല വേദങ്ങളിൽ നിന്ന് വായിക്കുന്നു. ഒറ്റക്കാഴ്ചയിൽ തന്നെ പല വിശേഷങ്ങളും വായിച്ചെടുക്കുന്നു. സ്വഭാവപരമായി നബിﷺയിൽ ഉണ്ടായിരിക്കേണ്ട ഗുണങ്ങളെ പരീക്ഷിച്ചറിയുന്നു. കോപത്തെ നിയന്ത്രിക്കുകയും സഹിഷ്ണുതയോടെ സമീപിക്കുകയും ചെയ്യുമെന്ന ഗുണം നേരിട്ടുതന്നെ പരീക്ഷിക്കാൻ തീരുമാനിക്കുന്നു. 100% വും അത് ശരിയാണ് എന്ന് ബോധ്യപ്പെടുന്നു.
വസ്ത്രത്തിലാകമാനം കടന്നുപിടിച്ച് ക്രൂരമായി നോക്കിയ മനുഷ്യനോട് സൗമ്യമായി സംഭാഷണം നടത്താൻ തിരുനബിﷺക്ക് സാധിക്കുന്നു. പ്രതിയോഗിയായി കടന്നു വന്നയാളെ നേരിടാൻ ശ്രമിക്കുന്ന അനുയായിയെ നിയന്ത്രിക്കുന്നു. ഓരോ ഘട്ടങ്ങളിലും ഒരാൾ നന്മയ്ക്കുവേണ്ടി എങ്ങനെയാണ് ചിന്തിക്കേണ്ടത് എന്ന് അനുയായിയെ പഠിപ്പിക്കുന്നു. ഇടപാടുകാർ തമ്മിൽ ഇടഞ്ഞു നിന്നാൽ കൊടുക്കാനുള്ളയാൾ കൃത്യമായി കൊടുക്കാനും ചോദിക്കുന്ന ആൾ സൗമ്യമായി ചോദിക്കാനും പഠിപ്പിക്കുകയാണ് വേണ്ടത് എന്ന് ഉപദേശിക്കുന്നു. വ്യത്യസ്ത രംഗങ്ങൾ മുഴുവനും അനുവാചകന്റെ ഹൃദയത്തിൽ ആഴത്തിൽ പതിക്കുന്നു. പ്രവാചകൻﷺ മുന്നോട്ടുവെച്ച വിശ്വാസത്തിലേക്ക് വളരെ ലളിതമായി കടന്നുവരുന്നു.
ഇവിടെ സൈദ്(റ) എങ്ങനെയാണ് ഇസ്ലാം സ്വീകരിച്ചത്. മഹത്വങ്ങളുടെ മഹാ സമ്മേളനത്തെ ഒരു സംഗീതം പോലെ സ്വീകരിക്കുകയായിരുന്നു. ധാർമിക പാഠങ്ങളുടെ രാഗങ്ങൾ ഒത്തുചേർന്ന ഒരു ജീവിതത്തെ ഹൃദയത്തിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു. സാമൂഹിക നടപടികളിൽ ഉണ്ടായിരിക്കേണ്ട നന്മകളെ മുഴുവൻ ഒരുമിച്ച് പ്രകാശിപ്പിക്കുന്ന ഒരു മഹാലോകത്തേക്ക് പുഞ്ചിരിച്ചുകൊണ്ട് കടന്നു വരികയായിരുന്നു. ഇങ്ങനെയൊക്കെ സ്വീകരിക്കപ്പെട്ട ഇസ്ലാം, എങ്ങനെയാണ് വാളും ബലാൽക്കാരവും ഒക്കെ ഉപയോഗപ്പെടുത്തുക. ഇല്ല, ചരിത്രത്തിൽ എവിടെയും അങ്ങനെയൊരു പഠനവും പാഠനവും പ്രബോധന രീതിയും ഇസ്ലാം പരിചയപ്പെടുത്തിയിട്ടില്ല. ഇല്ലേയില്ല! ജീവിതത്തിന്റെ സൗന്ദര്യത്തിൽ മനോഹരമായ ഒരു ഉദ്യാനത്തിലേക്ക് പ്രവേശിക്കുമ്പോലെയാണ് പരകോടികൾ ഇസ്ലാമിനെ സ്വീകരിച്ചത്. ശാന്തതയെ നാമവും ശൈലിയും ആയി സ്വീകരിച്ചപ്പോൾ ശാന്തിയുടെ ഹൃദയങ്ങൾ ഈ ശാദ്വല തീരത്തേക്ക് വന്നു ചേരുകയായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-698
Tweet 698
നബിﷺ ഒരു അഅ്റാബിയുമായി ഇടപാട് നടത്തി. അദ്ദേഹത്തിന്റെ പക്കൽ നിന്ന് ഒരു ഒട്ടകത്തെ വാങ്ങി. മുന്നൂറ്റി പതിനെട്ടു റാത്തൽ അജ്’വ കാരക്ക വിലയായി നൽകാമെന്ന് തിരുനബിﷺ സമ്മതിച്ചു. വീട്ടിൽ കരുതിവെച്ചിരുന്ന കാരക്ക എടുക്കാൻ വേണ്ടി വന്നു നോക്കിയപ്പോഴേക്കും അതു കഴിഞ്ഞു പോയിരുന്നു. തിരുനബിﷺ അദ്ദേഹത്തെ വിവരം അറിയിച്ചു. അപ്പോഴേക്കും അയാൾ പറഞ്ഞു. ഇത് മഹാചതിയായി പോയല്ലോ! ആവർത്തിച്ചുള്ള അദ്ദേഹത്തിന്റെ ഈ സംസാരം സ്വഹാബികളിൽ അതൃപ്തി ഉളവാക്കി. അയാളെ കയ്യേറ്റം ചെയ്യാൻ ഒരുങ്ങിയ അനുയായികൾ അദ്ദേഹം പറഞ്ഞ വിവരം നബിﷺയോട് പങ്കുവെച്ചു. അപ്പോൾ വളരെ സൗമ്യമായി നബിﷺ ഇങ്ങനെ പ്രതികരിച്ചു.
അവകാശം ലഭിക്കാനുള്ള ആൾക്ക് ചിലതൊക്കെ പറയാൻ പറ്റുമല്ലോ? അയാൾ പറഞ്ഞു കൊള്ളട്ടെ, അയാളെ വിട്ടേക്കൂ എന്ന് സാരം. വീട്ടിൽ കരുതി വച്ചിരുന്ന കാരക്ക പ്രതീക്ഷിച്ചുകൊണ്ടാണ് വില പറഞ്ഞതെന്നും ഇപ്പോൾ അത് ഇല്ലാത്തതുകൊണ്ടാണ് വാക്ക് പാലിക്കാൻ കഴിയാത്തതെന്നും ഇടപാടുകാരനെ ബോധ്യപ്പെടുത്താൻ തിരുനബിﷺ പരമാവധി ശ്രമിച്ചു നോക്കി. പക്ഷേ അദ്ദേഹം അംഗീകരിച്ചില്ല. ഒടുവിൽ നബിﷺ അനുയായികളിൽ ഒരാളെ വിളിച്ചു. ഖൗല ബിൻത് ഹകീമിന്റെ അടുത്തേക്കയച്ചു. അവരുടെ പക്കൽ അജ്’വാ കാരക്കയുണ്ടോ എന്ന് അന്വേഷിക്കാൻ പറഞ്ഞു.
ഖൗലയുടെ പക്കൽ അജ്’വ കാരക്കയുണ്ടെന്നും നബിﷺക്ക് നൽകാമെന്നും അവർ അറിയിച്ചു. നബിﷺ ആളെ അയച്ചു സാധനം സംഘടിപ്പിച്ചു. സന്തോഷപൂർവ്വം ഇടപാടുകാരന് അത് നൽകി. ഏറെ സന്തോഷത്തോടെ അദ്ദേഹമത് സ്വീകരിക്കുകയും ചെയ്തു. അദ്ദേഹം കാരക്കയും വാങ്ങി മടങ്ങി പോകുമ്പോൾ മുന്നിലുള്ള അനുയായികളോട് നബിﷺ പറഞ്ഞു. അവർ നല്ലവരാണ്. കാര്യങ്ങൾ നേരെ ചൊവ്വേ ചെയ്യുന്നവരാണ്. കിട്ടാനുള്ളത് ശരിയായ രൂപത്തിൽ അവർ സ്വീകരിച്ചു. അത്രയേ ഉള്ളൂ..
എത്ര ഹൃദ്യമായ ഒരു രംഗമാണ് നാം വായിച്ചത്. ഒരു ഇടപാടുകാരനോട് എങ്ങനെയാകണമെന്ന്, അയാളുടെ അവകാശങ്ങളോടും ന്യായങ്ങളോടും എങ്ങനെ പ്രതികരിക്കണമെന്ന്, അയാളുടെ വികാര പ്രകടനങ്ങളെ എങ്ങനെ ഉൾക്കൊള്ളണമെന്ന് ഇത്രമേൽ സുന്ദരമായി ആരാണ് അടയാളപ്പെടുത്തി തരിക! അനുയായികളുടെ സാന്നിധ്യത്തിൽ അവകാശങ്ങൾ നിഷേധിക്കാൻ ഒരുങ്ങുന്ന അപകടകരമായ ഒരു ചിത്രം അല്ല ഇത്. കാര്യം പറഞ്ഞിട്ടും ഉൾകൊള്ളാത്തതെന്തേ എന്ന് ചോദിച്ച് കയർക്കുന്ന രംഗമല്ല ഇത്. അവകാശങ്ങൾക്കും അവകാശികൾക്കും കൃത്യമായ ന്യായങ്ങൾ വകവെച്ചു കൊടുക്കുകയാണിവിടെ.
പറഞ്ഞതുപോലെ പാലിക്കാനുള്ള തിരുനബിﷺയുടെ ജാഗ്രത എത്ര മേൽ വിചാരങ്ങളാണ് ഉണർത്തുന്നത്. അവകാശവും വാങ്ങി മടങ്ങി പോകുന്നവനെ സമ്മർദ്ദങ്ങൾ ഉയർത്തിയിട്ട് പോലും ഒരു നോക്കു കൊണ്ടോ വാക്ക് കൊണ്ടാ പ്രയാസപ്പെടുത്തിയില്ല. അവരിൽ ഉണ്ടായിരുന്ന നന്മയെ ഉയർത്തി കാണിക്കുകയും അവർക്കും ഗുണം ഉണ്ടാകണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.
മാനവികമായ മൂല്യങ്ങളെ ഇത്രമേൽ ഉയർത്തിക്കാണിക്കാൻ ഇതിനേക്കാൾ സുന്ദരമായ ഒരു വ്യക്തിചരിത്രം വേറെ ഏതാണ് പഠിക്കാനുള്ളത്. കേവലമായി ഒരൊറ്റ വ്യക്തിയായി നിൽക്കുമ്പോൾ അല്ല തിരുനബിﷺ മൂല്യങ്ങളെ ഒക്കെ പരിപാലിച്ചത്. എന്തും സമർപ്പിച്ച് തിരുനബിﷺക്ക് വേണ്ടി ജീവൻ കൊടുക്കാൻ സന്നദ്ധരായ ഒരു മഹാസംഘം അനുയായികൾക്കൊപ്പം ആണ് നബിﷺ ഉണ്ടായിരുന്നത്. അംഗബലം കൊണ്ടും സൈനികശക്തി കൊണ്ടും എന്തും ആകാമെന്ന അപകടവിചാരങ്ങളുള്ള കാലത്ത് ഏതു സാഹചര്യത്തിലും നീതിയും ന്യായവും സംരക്ഷിക്കപ്പെടണം എന്ന മൂല്യത്തെയാണ് നബിﷺ ഉയർത്തിക്കാട്ടിയത്.
ഒരു വ്യക്തിയെയോ ഒരു സംഘം പ്രബോധിതരെയോ മാത്രം നബിﷺ അനുയായികൾ ആക്കിയെടുത്തുവെങ്കിൽ അവിടെ ആയുധമോ ബലപ്രയോഗമോ നടത്തി എന്ന് പറയാമായിരുന്നു. ഒരു വ്യക്തിയിൽ നിന്ന് ഒരായിരം വ്യക്തികളിലേക്കും ഒരു രാഷ്ട്രത്തിൽ നിന്ന് ഒരുപാട് രാഷ്ട്രങ്ങളിലേക്കും നബിﷺയും നബിﷺ ഉയർത്തിക്കാട്ടിയ ദർശനവും എത്തിച്ചേർന്നത് അവിടുന്ന് മുന്നോട്ടുവച്ച ജീവിതത്തിന്റെയും മൂല്യങ്ങളുടെയും മാഹാത്മ്യം ഒന്നുകൊണ്ട് മാത്രമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-699
Tweet 699
തിരുനബിﷺയുടെ വിട്ടുവീഴ്ചയെ കുറിച്ചാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഉഹ്ദ് യുദ്ധഭൂമിയാണ് രംഗം. ശത്രുപക്ഷത്തു നിന്ന് ഏറെ ആക്രമണങ്ങൾ ഉണ്ടായി. ഒടുവിൽ തിരുനബിﷺയുടെ ശരീരത്തും ആയുധങ്ങൾ പതിച്ചു. മുഖത്ത് മുറിവേൽക്കുകയും പല്ലുകൾക്ക് പരിക്ക് പറ്റുകയും ചെയ്തു. തിരുശരീരത്തിൽ നിന്ന് പുണ്യ രക്തം ഇറ്റു വീഴാൻ തുടങ്ങി. സ്വന്തത്തേക്കാൾ തിരുനബിﷺയെ സ്നേഹിക്കുന്ന അനുചരന്മാർക്ക് ഏറെ ദുഃഖമായി. തങ്ങൾ ഓരോരുത്തരും കൊല്ലപ്പെട്ടാലും തിരുനബിﷺക്ക് ഒരു മുറിവ് പോലും ഏൽക്കരുത് എന്നാണ് അവരുടെ നിലപാട്. അവർ അതിനു വേണ്ടി മാറുകാണിക്കാനും സമർപ്പിക്കാനും തയ്യാറാണ്.
യുദ്ധക്കളത്തിൽ പടർന്ന ചില തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ സ്വഹാബികളിൽ പലരും പല വഴിക്കു നീങ്ങി. തിരുനബിﷺയുടെ അടുത്തുള്ളവരാണ് അവിടുത്തെ പരിക്കിനെ കുറിച്ച് നൊമ്പരപ്പെട്ടു കൊണ്ടിരിക്കുന്നത്. ഒടുവിൽ ഒരാൾ ഇങ്ങനെ പറഞ്ഞു. അല്ലയോ പ്രവാചകരെﷺ, അവിടുത്തെ തിരുമേനിയിൽ പരിക്കേൽപ്പിച്ചവർക്കെതിരെ അവിടുന്ന് അല്ലാഹുവിനോട് ഒന്ന് പ്രാർത്ഥിച്ചാലും. പ്രവാചകൻﷺ സമ്മതിച്ചില്ല. ഇങ്ങനെ പ്രതികരിക്കുകയും ചെയ്തു. ഞാൻ ശപിക്കാനോ ശാപവർഷം ചൊരിയാനോ അല്ല നിയോഗിക്കപ്പെട്ടത്. കാരുണ്യത്തിന്റെയും വിട്ടുവീഴ്ചയുടെയും പ്രതീകമായിട്ടാണ് ഞാൻ വന്നിട്ടുള്ളത്. ശത്രുപക്ഷത്തുനിന്ന് ഒരാളെങ്കിലും നേർവഴിയിൽ എത്തിയാൽ അതാണ് ഞാൻ ആഗ്രഹിക്കുന്നത്. ഞാൻ കാരണമായി ഒരാൾക്കും ഒന്നും സംഭവിക്കാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല.
ഇപ്പോൾ നാം വായിച്ചത് കേവലമായ ഒരു സിദ്ധാന്ത പ്രഭാഷണം അല്ല. സ്വന്തം ശരീരത്തിലേക്ക് പരിക്കേറ്റപ്പോൾ സ്വീകരിച്ച നിലപാടാണ്. തത്വവും മൂല്യവും ഒക്കെ പറയാൻ ഒരുപാടുപേർക്ക് കഴിയും. സ്വയം ജീവിതത്തിൽ നടപ്പിലാക്കാൻ ഏറെ ആൾക്കും സാധിച്ചു കൊള്ളണമെന്നില്ല. തിരുനബിﷺ അവിടുത്തെ ജീവിതത്തിൽ പ്രയോഗിച്ചുകൊണ്ടാണ് മൂല്യങ്ങളെ പ്രബോധനം ചെയ്യുന്നത്. ജീവിതം കൊണ്ടാണ് ധർമ്മത്തെ ആവിഷ്കരിക്കുന്നത്. നിലപാടുകളിലൂടെയാണ് നീതിയെ നടപ്പിലാക്കിയത്. ആത്മസമർപ്പണത്തോടുകൂടിയാണ് കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്. ആരെക്കുറിച്ചെങ്കിലും അഭിപ്രായം പറഞ്ഞു കൊണ്ടല്ല അവിടുന്ന് മുന്നേറിയത്. കർമ്മവും നേരിട്ട് ഇറങ്ങുകയും കർമ്മ വഴിയിൽ സ്വയം നിലനിൽക്കുകയും ചെയ്തു കൊണ്ടാണ് സ്ഥാപിച്ചെടുക്കേണ്ട നന്മകളെ കുറിച്ച് സംവാദങ്ങൾ നടത്തിയത്.
ഉഹ്ദിൽ പരിക്കേൽപ്പിച്ചവർക്കെതിരെ പ്രാർഥിച്ചില്ലെന്ന് മാത്രമല്ല, അവർക്ക് അനുകൂലമായി അല്ലാഹുവോട് ശിപാർശ ചെയ്യുക കൂടി ചെയ്തു. ഇങ്ങനെയായിരുന്നു ആ പ്രാർത്ഥനയുടെ ആശയം. അല്ലാഹുവേ എന്റെ ജനങ്ങൾക്ക് നീ പൊറുത്തു കൊടുക്കേണമേ! അവർ അറിവില്ലാത്തവരാണ്.
പരിക്കേൽപ്പിച്ചവരെ കുറിച്ചും എന്റെ ജനത എന്ന് പ്രയോഗിക്കാൻ എത്ര വിശാലമായ ഒരു ഹൃദയമാണ് തിരുനബിﷺ വഹിച്ചിരുന്നത്. നൊമ്പരം കടിച്ചിറക്കുമ്പോഴും ജനതയുടെ ക്ഷേമത്തിനു വേണ്ടി അല്ലാഹുവോട് പ്രാർഥിക്കുന്നു. എന്റെ മുന്നിൽ ശത്രുക്കളായി നിലനിൽക്കുന്നവർ ഒരുപക്ഷേ നേർവഴിക്ക് വന്നില്ലെന്ന് വരാം. എന്നാൽ അവരുടെ പരമ്പരകളെങ്കിലും സ്വർഗ്ഗത്തിന്റെ വഴിയിൽ വരട്ടെ എന്നായിരുന്നു അവിടുത്തെ ഹൃദയം മന്ത്രിച്ചത്, അവിടുത്തെ മനസ്സ് കൊതിച്ചത്.
തിരുനബിﷺ എപ്പോഴും മുന്നിൽ കണ്ടിരുന്നത് പൊതുജനങ്ങളുടെ ക്ഷേമവും ആശ്വാസവും ആയിരുന്നു. അനുഷ്ഠാനങ്ങളിൽ പാലിച്ച നിലപാടുകളിൽ പോലും ഇത് കാണാമായിരുന്നു. ഓരോ നിസ്കാരത്തിനു മുമ്പും ദന്ത ശുദ്ധീകരണം നിർബന്ധമാക്കാൻ എനിക്ക് താല്പര്യമുണ്ട്, പക്ഷേ എന്റെ അനുയായികൾക്ക് അത് പ്രയാസമാകുമോ എന്ന് കരുതി ഞാൻ അതിനെ പുണ്യകർമ്മമായി മാത്രം നിലനിർത്തുന്നു. പാതിരാ നിസ്കാരം സ്വന്തം നിർബന്ധമായി നിർവഹിക്കുമ്പോഴും അനുയായികൾക്ക് അത് ഐച്ഛികമായി മാത്രം നിലനിർത്തുന്നു. റമളാനിലെ രാത്രി നിസ്കാരം നിർബന്ധമാക്കപ്പെടുമോ എന്ന് ഭയന്ന് പള്ളിയിൽനിന്ന് സ്വകാര്യമുറിയിലേക്ക് മാറി നിർവഹിക്കുന്നു. ഓരോ ആരാധനാകർമങ്ങളിലും ലളിതമായ ഭാഗം ജനങ്ങളോട് പറഞ്ഞു കൊടുക്കുകയും കണിശമായ നിലയിൽ സ്വന്തം ജീവിതത്തിൽ പുലർത്തുകയും ചെയ്യുന്നു. മാംസത്തിൽ വിഷമൂട്ടി സൽക്കരിച്ച സ്ത്രീക്ക് നിരുപാധികം മാപ്പ് നൽകുന്നു. കൊടും ക്രൂരമായി പെരുമാറിയ എല്ലാവർക്കും പൊതുമാപ്പ് പ്രഖ്യാപിക്കുന്നതിൽ ഒട്ടും പിശുക്ക് കാണിക്കുന്നില്ല.
തിരുനബിﷺയുടെ വിടുതിയുടെ വിഹായുസ്സിലൂടെ സഞ്ചരിച്ചാൽ തീരമണയാനാവാത്ത ഒരു യാത്രയായിരിക്കും അത്. ഇനി ആ ജീവിതത്തെ മുഴുവൻ ഹൃദയത്തോട് ചേർത്തു വെച്ചു ആലോചിക്കാം. സമാനമായ മുഹൂർത്തങ്ങൾ മുഴുവനും ഈ അധ്യായത്തോട് ചേർത്ത് നമുക്ക് പഠിച്ചു കൊണ്ടിരിക്കാം. നാളത്തെ രക്ഷയ്ക്കുവേണ്ടി നമുക്കും കരുതിവെക്കാവുന്ന കരുതൽ ധനം കാരുണ്യത്തിന്റെ തിരുദൂതരുടെ സാന്നിധ്യം ഒന്നുമാത്രം. അതെ, അത് മാത്രം. അല്ലാഹുവിന്റെ ഔദാര്യത്തിലേക്കുള്ള കവാടമായി വേറെ ആരെയാണ് കാത്തുവെക്കാനുള്ളത്!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-700
Tweet 700
തിരുനബിﷺയുടെ ജീവിതത്തിലും വ്യക്തിത്വത്തിലും നിറഞ്ഞുനിൽക്കുന്ന ആശയ സൗന്ദര്യത്തെയാണ് നാം പകർത്തുന്നത്. വ്യക്തിയിൽ നിറഞ്ഞു നിൽക്കുന്നതും സമൂഹത്തിൽ പ്രതിഫലിക്കുന്നതുമായ എല്ലാ നന്മകളും തിരുനബിﷺയിൽ വായിക്കാൻ കഴിയും.
ഓരോ വ്യക്തിയിലും അവരുടെ നിലവാരത്തിനും പദവിക്കുമനുസരിച്ച് വ്യവഹാരങ്ങളിലും വ്യത്യാസമുണ്ടാകും. സാധാരണക്കാർ തുറന്നു പറയുന്നതും പ്രകടിപ്പിക്കുന്നതുമെല്ലാം ഉന്നതർ പരാമർശിക്കുകയോ പ്രകടിപ്പിക്കുകയോ ചെയ്തുകൊള്ളണമെന്നില്ല. സ്ഥാന പദവികൾക്കനുസരിച്ച് ആവിഷ്കാരങ്ങളിലും വ്യത്യാസങ്ങൾ ഉണ്ടാകും.
ലജ്ജയും നാണവും പല അർത്ഥത്തിലും വായിക്കപ്പെടും. അഭംഗിയുള്ളത് ചെയ്യാതെ സൂക്ഷിക്കുക, അത്ര ഭംഗി ഇല്ലാത്ത കാര്യങ്ങളിൽ ഇടപെടാതിരിക്കുക എന്നീ മാനങ്ങളിലൂടെ ലജ്ജയെ മനസ്സിലാക്കിക്കൊണ്ട് തിരുനബിﷺ എത്രമേൽ നാണവും ലജ്ജയും പാലിച്ചിരുന്നു എന്ന് നാം പഠിക്കുകയാണ്. തിരുനബിﷺയുടെ സൗന്ദര്യവും ജീവിതവും പകർത്തിയ ബഹുഭൂരിപക്ഷം പണ്ഡിതന്മാരും ഈ വിഷയവുമായി ബന്ധപ്പെട്ടു സ്വതന്ത്ര അദ്ധ്യായം എഴുതിയിട്ടുണ്ട്.
അബൂ സഈദ് അൽ ഖുദ്രി(റ) അഭിപ്രായപ്പെടുന്നു. അരമനയിൽ കഴിയുന്ന കന്യകയെക്കാൾ നാണമായിരുന്നു തിരുനബിﷺക്ക്. അനിഷ്ടമായത് എന്തെങ്കിലും കണ്ടാൽ മുഖത്ത് അത് പ്രതിഫലിക്കുമായിരുന്നു. അനസ്(റ) പറയുന്നു. നബിﷺയുടെ സദസ്സിൽ വന്ന ഒരാളുടെ മുഖത്ത് ഒരു മഞ്ഞനിറം കാണാനിടയായി. അയാളോട് നേരിട്ട് പറഞ്ഞാൽ എങ്ങനെയുണ്ടാകും എന്ന് ആലോചിച്ച നബിﷺ, അദ്ദേഹത്തോട് അത് തുറന്നു പറയാൻ ഉദ്ദേശിച്ചില്ല. കൂട്ടുകാരോട് പറഞ്ഞു സ്വകാര്യമായി അദ്ദേഹത്തെ ബോധ്യപ്പെടുത്തി.
ഒരു വ്യക്തിയെക്കുറിച്ച് എന്തെങ്കിലും ഔചിത്യം ഇല്ലാത്ത കാര്യം അറിഞ്ഞാൽ നേരിട്ട് അയാളോട് പറയുന്നതിനും പരസ്യമായി അയാളോട് പറയുന്നതിനും തിരുനബിﷺക്ക് പരിമിതികൾ ഉണ്ടായിരുന്നു. പൊതു തത്വങ്ങൾ ആയി ഉപദേശിച്ചു അയാളെ കൂടി ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു അവിടുന്ന് സ്വീകരിച്ച മാർഗം. ഇങ്ങനെയൊക്കെ പ്രയോഗിക്കുന്ന ആളുകളുടെ അവസ്ഥ എന്താണ്? എന്ന തിരുനബിﷺയുടെ ഒരു ചോദ്യം പലരുടെയും പല രീതികളെയും തിരുത്തിയെടുക്കാനുള്ളതായിരുന്നു. അതവർക്ക് ഫലം ചെയ്യുകയും ചെയ്തു. ആരെങ്കിലും ഒരാവശ്യം ഉന്നയിച്ചാൽ അവരെ നിരാശരാക്കി വിടുന്നത് തിരുനബിﷺക്ക് നാണമായിരുന്നു. നാണം തോന്നിയാൽ കണ്ണ് ചിമ്മുകയും പരമാവധി താഴേക്ക് നോക്കി വിനയത്തോടെ സഞ്ചരിക്കുകയും, കൂടുതൽ നോട്ടങ്ങളും വിചാരമുണർത്തുന്ന വിധം ദൃഷ്ടാന്തങ്ങളെക്കുറിച്ച് ആലോചിച്ചു കൊണ്ടുമായിരുന്നു.
ചിലയാളുകൾ നബിﷺ നൽകിയ വിട്ടുവീഴ്ചകൾ പരിഗണിക്കാതെ കൂടുതൽ സ്മാർട്ട് ആകാനുള്ള പരിശ്രമങ്ങൾ നടത്തി. അവരെ വ്യക്തിപരമായി ചോദ്യം ചെയ്യലോ പ്രയാസപ്പെടുത്തലോ ഒന്നും നബിﷺയുടെ മാർഗ്ഗമായിരുന്നില്ല. അവിടുന്ന് പ്രഭാഷണത്തിനിടെ ഇങ്ങനെ പറഞ്ഞു. ഞാൻ നിർവഹിക്കാൻ സമ്മതം നൽകിയ കാര്യം അതിസൂക്ഷ്മത പറഞ്ഞ് മാറ്റിവെക്കുന്നവരുടെ അവസ്ഥ എന്താണ്?അല്ലാഹു സാക്ഷി, അവനെ ഏറ്റവും കൂടുതൽ അറിയുന്നതും അവനെ ഭയക്കേണ്ട വിധം ഭയക്കുന്നതും ഞാൻ തന്നെയാണ്. എന്നിരിക്കെ എന്നെക്കാൾ കൂടുതൽ സൂക്ഷ്മാലുക്കളായി അനുയായികൾ വിചാരിക്കുന്നത് അത്ര ശരിയാണോ എന്ന ആശയം ചിലർക്ക് നൽകുകയായിരുന്നു ഈ സംഭാഷണത്തിന്റെ ലക്ഷ്യം. അതവരെ തിരുത്തുകയും നേർവഴിക്ക് കൊണ്ടുവരികയും ചെയ്തു. എന്നാൽ കക്ഷികളോട് തന്നെ നേരിട്ട് ഇതൊക്കെ പറയാൻ അവിടുത്തേക്ക് നാണമായിരുന്നു.
നാണമില്ലെങ്കിൽ എന്തും ചെയ്തുകൊള്ളൂ എന്ന ആശയം പകർന്നു തരുന്ന ഒരു തിരുവചനം കൂടിയുണ്ട്. നാണിക്കേണ്ട കാര്യങ്ങളിൽ നാണിക്കുകയും, ലജ്ജ ഉണ്ടാകേണ്ട സന്ദർഭങ്ങളിൽ അത് ഉണ്ടാവുകയും വേണം. അത്തരം നാണം വിശ്വാസത്തിന്റെ ഭാഗമാണെന്നു കൂടി ചേർത്തു വായിക്കാം.
സ്ത്രീകളുടെ ഏറ്റവും ഉയർന്ന ആഭരണം അവരുടെ ശാലീന ഭാവവും സ്ത്രീത്വത്തെ പാലിച്ചുകൊണ്ട് ഉണ്ടായിരിക്കേണ്ട ലജ്ജയുമാണ്. അത് അന്യമായി പോയാൽ അവരുടെ ഏറ്റവും മൂല്യമുള്ള ആഭരണം നഷ്ടപ്പെട്ടതിനു തുല്യമാണ്. അതോടെ സ്ത്രീയുടെ ആശയപരമായ സൗന്ദര്യം ഇല്ലാതെയാകും. ശാരീരികമായ സൗന്ദര്യ പ്രകടനങ്ങൾ മതം നിർദ്ദേശിച്ച പരിധിയിലും ആ രീതിയിലും ആകുമ്പോൾ സ്ത്രീകൾക്ക് അവരുടേതായ വ്യക്തിത്വം സംരക്ഷിക്കപ്പെടും.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-701
Tweet 701
“പ്രപഞ്ചത്തിന് കാരുണ്യമായിട്ടല്ലാതെ തങ്ങളെ നാം നിയോഗിച്ചിട്ടില്ല.” വിശുദ്ധ ഖുർആൻ ഇരുപത്തി ഒന്നാം അധ്യായം അൽ അമ്പിയാഇലെ നൂറ്റിയേഴാം സൂക്തത്തിന്റെ ആശയമാണിത്. അല്ലാഹുവിന്റെ ഈ പ്രഖ്യാപനത്തിന്റെ നേർപകർപ്പായിരുന്നു തിരുനബിﷺയുടെ ജീവിതം. ഐനുർ റഹ്മത് അഥവാ കാരുണ്യത്തിന്റെ പര്യായമാണ് തിരുനബിﷺ എന്ന പ്രയോഗം ആത്മജ്ഞാനികളുടെ രചനകളിൽ സുലഭമാണ്.
ഒരു രാത്രിയിൽ തിരുനബിﷺ എഴുന്നേറ്റു നിസ്കരിക്കാൻ നിന്നു. ഖുർആനിലെ ഒരു സൂക്തം പാരായണം ചെയ്തുകൊണ്ട് ഏറെനേരം നിസ്കാരത്തിൽ തുടർന്നു. വിശുദ്ധ ഖുർആൻ അഞ്ചാം അധ്യായം അൽ മാഇദയിലെ നൂറ്റിപതിനെട്ടാം സൂക്തമായിരുന്നു അത്. “നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ അടിമകള്‍ തന്നെയല്ലോ. നീ അവര്‍ക്ക് മാപ്പേകുന്നുവെങ്കിലോ, നീ തന്നെയാണല്ലോ പ്രതാപവാനും യുക്തിമാനും.” ഇങ്ങനെയാണ് ആ സൂക്തത്തിന്റെ ആശയം.
പ്രിയ സ്വഹാബിയായ അബൂദർ(റ) പറയുന്നു. പിറ്റേന്ന് രാവിലെ ഞാൻ നബിﷺയോട് ചോദിച്ചു. ഇന്നലെ രാത്രി അവിടുന്ന് ദീർഘനേരം ഒരു സൂറത്ത് തന്നെ ആവർത്തിച്ച് കരഞ്ഞ് നിസ്കാരത്തിൽ തുടർന്നുവല്ലോ. എന്തായിരുന്നു അതിന് കാരണം? എന്റെ സമുദായത്തിന് പരലോകത്ത് ശിപാർശ ചെയ്യാനുള്ള സമ്മതം അല്ലാഹുവിനോട് തേടിക്കൊണ്ടിരിക്കുകയായിരുന്നു. അതെനിക്ക് ലഭിക്കുകയും ചെയ്തു.
കാരുണ്യത്തിന്റെ തിരുഹൃദയം
അനുയായികളെ ഓർത്തു ഒരു രാത്രി മുഴുവൻ അല്ലാഹുവിന്റെ സമക്ഷത്തിൽ നിസ്കാരത്തിലായിരുന്നുവത്രെ. അല്ലാഹുവിന്റെ അടിമകളോട് തിരുനബിﷺക്ക് പെരുത്ത കാരുണ്യമായിരുന്നു എന്ന അനസ് ബിൻ മാലികി(റ)ന്റെ പ്രസ്താവന കൂടി ചേർത്തുവായിക്കുമ്പോൾ എത്ര മനോഹരമാണീ രംഗം.
മേലുദ്ദരിച്ച ആശയം കൂടി ചേർത്തു കൊണ്ട് ഇമാം മുസ്ലിം(റ) പങ്കുവെക്കുന്ന ഒരു നിവേദനം ഇങ്ങനെ വായിക്കാം. ഇബ്നു ഉമർ(റ) പറയുന്നു. ഒരു ദിവസം തിരുനബിﷺ സൂറതു ഇബ്റാഹീമിലെ മുപ്പത്തി ആറാം സൂക്തം പാരായണം ചെയ്തു. അല്ലാഹു ഇബ്റാഹീം നബി(അ)യെ ഉദ്ദരിക്കുന്നതാണ് ഉള്ളടക്കം. ആശയം ഇപ്രകാരമാണ്. “എന്റെ നാഥാ! ഈ വിഗ്രഹങ്ങള്‍ ഏറെപ്പേരെ വഴികേടിലാക്കിയിരിക്കുന്നു. അതിനാല്‍ എന്നെ പിന്തുടരുന്നവന്‍ എന്റെ ആളാണ്. ആരെങ്കിലും എന്നെ ധിക്കരിക്കുന്നുവെങ്കില്‍, അല്ലാഹുവേ, നീ എറെ പൊറുക്കുന്നവനും ദയാപരനുമല്ലോ. ”ശേഷം ഈസാ നബി(അ)യുടേതായി അല്ലാഹു ഉദ്ദരിക്കുന്ന പ്രസ്താവന തിരുനബിﷺ പാരായണം ചെയ്തു. ആശയം ഇങ്ങനെയാണ്. “നീ അവരെ ശിക്ഷിക്കുന്നുവെങ്കില്‍ തീര്‍ച്ചയായും അവര്‍ നിന്റെ അടിമകള്‍ തന്നെയല്ലോ. നീ അവര്‍ക്ക് മാപ്പേകുന്നുവെങ്കിലോ, നീ തന്നെയാണല്ലോ പ്രതാപവാനും യുക്തിമാനും.”
കഴിഞ്ഞുപോയ രണ്ട് പ്രവാചകന്മാർ അവരുടെ അനുയായികൾക്ക് വേണ്ടി പ്രാർത്ഥിക്കുകയും അഭ്യർത്ഥിക്കുകയും ചെയ്ത വാചകങ്ങൾ പാരായണം ചെയ്തു കഴിഞ്ഞപ്പോൾ തിരുനബിﷺയുടെ ഹൃദയം ഉയർന്നു. സ്വന്തം അനുയായികൾക്ക് എല്ലാത്തിലും ഉപരി ക്ഷേമം ലഭിക്കണമെന്ന് ആഗ്രഹിച്ചു. അതിനുവേണ്ടി അല്ലാഹുവോട് പ്രാർത്ഥനയിൽ മുഴുകി. ഇരുകൈകളും വാനലോകത്തേക്ക് ഉയർത്തി ഉമ്മത്തീ….. ഉമ്മത്തീ…. എന്റെ സമുദായമേ എന്റെ സമുദായമേ എന്ന് പറഞ്ഞുകൊണ്ട് തിരുനബിﷺ കരഞ്ഞു കൊണ്ടിരുന്നു. അല്ലാഹു ഈ കരച്ചിൽ പരിഗണിച്ചു. മലക്കുകളുടെ നേതാവായ ജിബ്‌രീലി(അ)നെ വിളിച്ചുപറഞ്ഞു. വേഗം മുഹമ്മദ് നബിﷺയുടെ അടുത്തേക്ക് ചെല്ലണം. എന്തിനാണ് കരയുന്നത് എന്ന് ചോദിക്കണം. അപ്രകാരം നബിﷺയുടെ അടുത്തേക്ക് വന്നു. നബിﷺയോട് വിവരം അന്വേഷിച്ചു. അവിടുന്ന് കാര്യങ്ങൾ പറഞ്ഞു. വിവരം ജിബ്‌രീൽ(അ) അല്ലാഹുവിന് എത്തിച്ചുകൊടുത്തു. ഉടനെ അല്ലാഹു പറഞ്ഞുവിട്ടു. ഓ ജിബ്‌രീൽ(അ) നിങ്ങൾ നബിﷺയോട് പറയണം. അവിടുത്തെ സമുദായത്തിന്റെ കാര്യത്തിൽ അല്ലാഹു തൃപ്തിപ്പെടുക തന്നെ ചെയ്യും. ഒരിക്കലും വിഷമിപ്പിക്കുകയില്ലെന്ന്.
അല്ലാഹുവിന്റെ ഈ ചോദ്യവും അന്വേഷണവും അല്ലാഹുവിന്റെ ഒരു നടപടിക്രമത്തിന്റെ ഭാഗം മാത്രമാണ്. അല്ലാതെ അള്ളാഹുവിന് വിവരം ലഭിക്കാനോ മറ്റോ അല്ല.
തിരുനബിﷺക്ക് അനുയായികളോടുള്ള അനുതാപത്തിന്റെ നേർചിത്രമാണ് നമ്മൾ വായിച്ചത്. ഉമ്മിയ്യ് ആയ നബി എന്നതിന്റെ പൊരുൾ ഉമ്മത്തിന് വേണ്ടി ജീവിച്ച നബി എന്ന ആശയം പറഞ്ഞവർ മേൽ സംഭവത്തിന്റെ ആത്മാവിനെയാണ് പകർത്തിയത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-702
Tweet 702
തിരുനബിﷺയെപ്പോഴും സമുദായത്തിന്റെ ക്ഷേമത്തെക്കുറിച്ച് ആലോചിക്കുമായിരുന്നു. അവർക്ക് നന്മയുണ്ടാകുന്ന എന്തിനെയും അവിടുന്ന് പിന്തുണച്ചു. അവർക്ക് വിപത്തുണ്ടാകുന്നതൊന്നും സംഭവിക്കല്ലേ എന്നവിടുന്ന് ആഗ്രഹിച്ചു. ഇമാം മുസ്ലിം(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ ഒരു പ്രാർത്ഥന കാണാം. അല്ലാഹുവേ എന്റെ സമുദായത്തിന്റെ കാര്യം ഏറ്റെടുക്കുകയും അതിൽ പ്രയാസം നൽകുകയും ചെയ്യുന്നവരെ നീ പ്രയാസപ്പെടുത്തേണമേ! എന്റെ സമുദായത്തിന്റെ കാര്യം ഏറ്റെടുക്കുകയും അവർക്ക് ക്ഷേമം നൽകുകയും ചെയ്യുന്നവർക്ക് നീ ക്ഷേമം നൽകേണമേ!
ഇശാഅ് നിസ്കാരം രാത്രിയിൽ അധികം വൈകാതെ നിർവഹിക്കാൻ നിർദ്ദേശിക്കുമ്പോഴും ഉമ്മത്തിന്റെ ക്ഷേമവും സംതൃപ്തിയും ആയിരുന്നു മുന്നിൽ വച്ചത്. വിശുദ്ധ റമളാനിലെ രാത്രിയിൽ അവിടുന്ന് പ്രത്യേകം നിസ്കാരം നിർവഹിച്ചു. പല ദിവസങ്ങൾ ആയപ്പോൾ ആളുകൾ ആവേശത്തോടെ അധികം എത്തിച്ചേർന്നു. ഇങ്ങനെ തുടർന്നാൽ ഒരുപക്ഷേ നിർബന്ധമാക്കപ്പെടുമോ എന്ന് അവിടുന്ന് ആശങ്കപ്പെട്ടു. നിസ്കാരത്തിൽ പോലും സമുദായത്തിന് പ്രയാസകരമായത് ഉണ്ടാവരുതെന്ന് തിരുനബിﷺ ആത്മാർത്ഥമായി ആഗ്രഹിച്ചു. അവിടുത്തെ നിസ്കാരം പരസ്യമായി നിർവഹിക്കുന്നതിന് പകരം സ്വകാര്യമായി വീട്ടിലേക്കു മാറ്റി. കാര്യമന്വേഷിച്ചപ്പോഴാണ് ഇത് നിർബന്ധമാക്കപ്പെട്ടാൽ നിങ്ങൾക്ക് ഭാരമാകും എന്ന് കരുതിയാണ് ഞാൻ ഈ നടപടി സ്വീകരിച്ചത് എന്ന് തിരുനബിﷺ വിശദീകരിച്ചു.
തിരുനബിﷺയിൽ നിറഞ്ഞുനിന്ന കാരുണ്യത്തിന്റെ പ്രഭാവങ്ങളെ അടയാളപ്പെടുത്തുന്ന നിരവധി സംഭവങ്ങൾ ഉണ്ട്. യമാമയിലെ സുമാമയുടെ സംഭവം അതിൽ വളരെ പ്രധാനപ്പെട്ടതാണ്. ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ ബദ്ധവൈരിയായിരിക്കെ അദ്ദേഹം മക്ക സന്ദർശിക്കാൻ പുറപ്പെട്ടു. അദ്ദേഹത്തെ മദീനയുടെ പരിസരത്തുവെച്ച് മുസ്‌ലിം സൈന്യം കണ്ടു മുട്ടി. മദീനയെ അക്രമിക്കാൻ വല്ല ശത്രുസൈന്യവും വരുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ ഇറങ്ങിയതായിരുന്നു അവർ. മുമ്പ് കണ്ടിട്ടില്ലാത്ത ഈ അപരിചിതനെ അവർ പിടികൂടി മസ്ജിദുന്നബവിയുടെ ഒരു തൂണിൽ ബന്ധിച്ചു.
എന്നാൽ സുമാമയെ തിരുനബിﷺ തിരിച്ചറിഞ്ഞു. അനുചരന്മാരോട് അവിടുന്ന് പറഞ്ഞു: ‘’നിങ്ങൾ ബന്ധനസ്ഥനാക്കിയയാൾ ആരാണെന്നറിയാമോ? ഇതാണ് സുമാമത്തുബ്‌നു ഉസാൽ. ഇദ്ദേഹത്തോട്. മര്യാദകേടൊന്നും കാണിക്കരുത്. മാന്യമായി പെരുമാറുക.’’
അനന്തരം തിരുദൂതർﷺ തന്റെ വീട്ടുകാരോട് സുമാമത്തിന് ഭക്ഷണം തയ്യാറാക്കി നൽകാൻ ആവശ്യപ്പെട്ടു. അവരദ്ധേഹത്തിന് ഭക്ഷണപാനീയങ്ങൾ നൽകി മാന്യമായി പരിചരിച്ചു. ശേഷം, തിരുദൂതർﷺ സുമാമയുടെ അടുത്ത് ചെന്ന് വിശേഷണങ്ങൾ ആരാഞ്ഞു.
എന്തുണ്ട് വിശേഷം? സുമാമ പറഞ്ഞു: നല്ല വിശേഷം. എനിക്കൊരു കാര്യം പറയാനുണ്ട്.
നബിﷺതങ്ങൾ അനുമതി നൽകിയപ്പോൾ അദ്ദേഹം മനസ്സ് തുറന്നു. അവിടുന്ന് എന്നെ വധിക്കുകയാണെങ്കിൽ അത് തികച്ചും നീതി മാത്രമായിരിക്കും. മറിച്ച്, എനിക്ക് മാപ്പ് നൽകുകയാണെങ്കിൽ ഞാൻ അതീവ നന്ദിയുള്ളവനായിരിക്കുമെന്ന് ഉറപ്പ് നൽകുന്നു. അതിന് പ്രതിഫലമായി എന്തും നൽകാൻ ഞാൻ ഒരുക്കമാണ്. സുമാമയുടെ അഭ്യർത്ഥന തിരുനബിﷺ സ്വീകരിച്ചു. ഇദ്ദേഹത്തെ നിരുപാധികം വിട്ടയക്കുക എന്ന് തിരുദൂതർﷺ കൽപന നൽകി. ബന്ധനമുക്തനായ സുമാമ മസ്ജിദുന്നബവിയിൽ നിന്ന് പുറത്തിറങ്ങി. മദീനയുടെ പ്രാന്തത്തിലുള്ള ബഖീഇലെ ഒരു കാരക്കത്തോട്ടത്തിൽ ചെന്നു. ഒട്ടകപ്പുറത്തു നിന്നിറങ്ങി. അവിടെയുള്ള ചെറിയ ഒരു ജലാശയത്തിൽനിന്ന് ശരീരവും വസ്ത്രവും കഴുകി ശുദ്ധിയാക്കി. ശേഷം, തിരുദൂതരുﷺടെ സന്നിധിയിലേക്ക് തന്നെ മടങ്ങിച്ചെന്നു. നബിﷺ അപ്പോൾ ശിഷ്യഗണങ്ങൾക്ക് ജ്ഞാനം പകരുകയായിരുന്നു. സുമാമ സദസ്സ്യരെ സാക്ഷിനിർത്തി ഉറക്കെ മൊഴിഞ്ഞു. ‘അശ്ഹദു…’ അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതനാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. സത്യസാക്ഷ്യവചനം ഉരുവിട്ടു അദ്ദേഹം മുസ്‌ലിമായി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-703
Tweet 703
സുമാമ(റ) തുടർന്നു. പ്രവാചകരേﷺ, ഞാനിന്നു വരെ ഏറ്റവും വെറുത്തിരുന്ന മുഖം അവിടുത്തേതായിരുന്നു. പക്ഷേ, ഇന്നുമുതൽ ഞാനേറ്റവും ഇഷ്ടപ്പെടുന്ന വദനം അവിടുത്തേതാണ്. ഞാനേറ്റവും വെറുത്തിരുന്ന നാട് മദീനയും മതം ഇസ്‌ലാമുമാണ്. ഇന്ന് എനിക്കേറ്റവും പ്രിയപ്പെട്ട മതം ഇസ്‌ലാമും നാട് മദീനയുമാകുന്നു. ഇപ്പോൾ ഈ മതവും പട്ടണവും മനസ്സിന് കുളിർമ്മയേകുന്നതാണ്.
അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുത്തെ അനുയായികളോട് ഞാൻ ശത്രുതയോടെ പെരുമാറുകയും അക്രമിക്കുകയും ചിലരെ വധിക്കുകയും ചെയ്തിട്ടുണ്ട്. അർഹമായ ശിക്ഷ അവിടുന്ന് നൽകിയാലും. താൻ ചെയ്തുകൂട്ടിയ അതിക്രമങ്ങളെക്കുറിച്ചോർത്തപ്പോൾ അദ്ദേഹത്തിന് മനഃസ്താപം ഉണ്ടാവുകയും നബിﷺയോട് അഭ്യർത്ഥിക്കുകയും ചെയ്തു.
സുമാമാ, അത് സാരമാക്കേണ്ട. ഇസ്‌ലാം പുൽകിയതോടെ അതിന് മുമ്പുള്ള എല്ലാ തെറ്റുകുറ്റങ്ങളും പൊറുക്കപ്പെട്ടിരിക്കുന്നു. യഥാർത്ഥ മുസ്‌ലിമിന് അല്ലാഹു നൽകുന്ന പ്രതിഫലം അനുപമവും അനശ്വരവുമാണ്. തിരുദൂതർﷺ സാന്ത്വനിപ്പിച്ചു. സുമാമ(റ)യുടെ മുഖം പ്രസന്നമായി. പശ്ചാത്താപ നിർഭരമായ ഹൃത്തടം കണ്ണുകളെ നനച്ചു.
അദ്ദേഹം തുടർന്നു: അല്ലയോ പ്രവാചകരെﷺ, അവിടുത്തെ അനുയായികളോട് ഞാൻ ചെയ്ത ദ്രോഹത്തിനും മർദ്ദനമുറകൾക്കും പ്രായശ്ചിത്തമെന്നോണം ഇസ്ലാമിനു വേണ്ടിയുള്ള പടക്കളത്തിൽ ഞാൻ സജീവമായി ഉണ്ടാകും. എന്റെയും സഹചരരുടെയും ശരീരവും വാളും ഇസ്‌ലാമിന്റെ പുരോഗതിക്കും വിജയത്തിനും വേണ്ടി ഞാൻ ഉപയോഗിക്കും. റസൂലേﷺ, ഉംറ നിർവ്വഹിക്കാൻ മക്കയിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് ഇവരെന്നെ പിടികൂടി ഇവിടെയെത്തിച്ചത്. അതിനാൽ ഞാനിനി എന്തുവേണം? ഇസ്‌ലാമിക നിയമപ്രകാരം നിങ്ങൾ മക്കയിൽ പോയി ഉംറ നിർവഹിക്കണം. നബിﷺ പറഞ്ഞു. ഇസ്‌ലാമിക ശരീഅത്തനുസരിച്ചുള്ള ഉംറയുടെ അനുഷ്ഠാന രീതികൾ അദ്ദേഹത്തിന് പഠിപ്പിച്ചുകൊടുക്കുകയും ചെയ്തു. സുമാമ(റ) ഉംറ നിർവഹിക്കാൻ മക്കയിലേക്ക് യാത്രയായി. ഉറക്കെ തൽബിയ്യത്ത് (ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്) ചൊല്ലി. നാഥാ, നിന്റെ വിളിക്ക് ഞാൻ ഉത്തരം ചെയ്തിരിക്കുന്നു. നിനക്ക് കൂട്ടുകാരില്ല. സർവ സ്തുതിയും അനുഗ്രഹങ്ങളും എല്ലാ ഉടമാവകാശങ്ങളും നിനക്കാകുന്നു. നിനക്ക് പങ്കുകാരില്ല. ഈ തൽബിയത്ത് മക്കയെ ആവേശം കൊള്ളിച്ചു. മക്കയിൽ വച്ച് ‘ലബ്ബൈക്കല്ലാഹുമ്മ’ എന്ന സ്‌തോത്രം ആദ്യമായി ഉരുവിട്ട മുസ്‌ലിം സുമാമത്തുബ്‌നു ഉസാൽ(റ) ആയിത്തീർന്നു.
സുമാമ(റ)ന്റെ ഉച്ചത്തിലുള്ള ലബ്ബൈക്കിന്റെ ശബ്ദം ഖുറൈശികളുടെ കർണപുടങ്ങളിൽ മുഴങ്ങി. തങ്ങളുടെ പൂർവ്വപിതാക്കൾ പ്രതിഷ്ഠിച്ച ലാത്ത, ഉസ്സമാരുടെ അടിവേരറുത്തുകളായൻ മാത്രം ശക്തമായ ശബ്ദമായി അതനുഭവപ്പെട്ടു. അവർക്ക് സഹിക്കാവുന്നതിലപ്പുറമായിരുന്നു അത്. ഊരിപ്പിടിച്ച വാളുമായി ശബ്ദം കേട്ട ദിക്കിലേക്ക് അവർ ഓടിയടുത്തു. യമാമയിലെ ഭരണാധികാരിയായ സുമാമ ബിൻ ആദിലാ(റ)ണ് അതെന്ന് തിരിച്ചറിഞ്ഞ അവർ സ്തംഭിച്ചു നിന്നു. സുമാമ(റ)യെ കയ്യേറ്റം ചെയ്താൽ മക്കക്കാരുടെ കച്ചവടമാർഗം അടയുമെന്ന് ബോധ്യമായപ്പോൾ വാൾ ഉറയിലിട്ട് ശാന്തരായി സുമാമ(റ)യെ സമീപിച്ചു. അവർ വിവരങ്ങൾ അന്വേഷിച്ചു. ഇത് മഹാകഷ്ടമായി പോയല്ലോ നിങ്ങൾക്ക് എന്തുപറ്റി? ചിലർ അദ്ദേഹത്തോട് ചോദിച്ചു. ഉടനടി അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു.
ഇല്ല. എനിക്ക് പിഴച്ചിട്ടില്ല. ഞാൻ ഉത്തമമായ ഒരു മാർഗം അഥവാ മുഹമ്മദുർറസൂലിന്റെﷺ മാർഗമാണ് അവലംബിക്കുന്നത്. ഞാനൊരു കാര്യം നിങ്ങളെ പ്രത്യേകം ഉണർത്തുന്നു. നിങ്ങളിൽ അവസാനത്തെ ആളും ഇസ്‌ലാം സ്വീകരിക്കാതെ ഞാൻ യമാമയിൽ മടങ്ങിയെത്തിയാൽ ഒരുമണി ധാന്യം പോലും ഇനി മക്കയിലേക്ക് അയക്കാൻ അനുവദിക്കുകയില്ല.
സുമാമ(റ) ഉംറയും ബലികർമങ്ങളും നിർവ്വഹിച്ചു നാട്ടിലേക്ക് മടങ്ങി. സ്വദേശത്ത് എത്തിയ ഉടനെ ഖുറൈശികൾക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ തന്റെ ജനതയോട് കൽപിച്ചു. ഉപരോധം മക്കാ നിവാസികളെ ബാധിച്ചു. ഭക്ഷ്യവസ്തുക്കൾക്ക് കടുത്ത ക്ഷാമം അനുഭവപ്പെട്ടു. പട്ടിണിയും കഷ്ട്പാടുകളും തിരിച്ചുവന്നു. കൂട്ടമരണത്തിലേക്ക് ഇത് തങ്ങളെ തള്ളിവിടുമോ എന്നുവരെ അവർ ആശങ്കപ്പെട്ടു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-704
Tweet 704
ഉപരോധം മറികടക്കാൻ ഇനിയെന്തു ചെയ്യും? മക്കക്കാർ ആലോചിച്ചു തുടങ്ങി. സുമാമ(റ)യെ കണ്ടിട്ട് കാര്യമില്ല. അയാൾ കടുംപിടുത്തത്തിലാണ്. ഒടുവിൽ മുഹമ്മദ് നബിﷺയെ കണ്ട് പ്രതിസന്ധി അറിയിക്കാൻ ഖുറൈശികൾ തീരുമാനിച്ചു. അവർ വിവരം പ്രവാചകരെﷺ എഴുതി അറിയിച്ചു.
കുടുംബബന്ധം മാനിക്കുകയും അതിനായി പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരാളാണ് അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദ്ﷺ എന്നാണ് ഞങ്ങളുടെ ധാരണ. പക്ഷേ, അതിന് വിരുദ്ധമായാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ബന്ധം വിച്ഛേദിച്ചു. ഞങ്ങളുടെ പിതാക്കളെ വാൾകൊണ്ടും സന്താനങ്ങളെ വിശപ്പുകൊണ്ടും നശിപ്പിക്കുന്നു. സുമാമ(റ) മക്കയിലേക്കുള്ള ധാന്യ ഇറക്കുമതി നിർത്തലാക്കിയിരിക്കുന്നു. ഭക്ഷണ സാധനങ്ങൾ തടഞ്ഞുവെച്ച് ഞങ്ങളെ വിഷമിപ്പിക്കുകയാണ്. അതിനാൽ ദയവായി ഉപരോധം പിൻവലിക്കാൻ സുമാമ(റ)യോട് ആവശ്യപ്പെടണം.
പ്രവാചകൻﷺ ആ അപേക്ഷ പരിഗണിച്ചു. കത്തിന്റെ ആദ്യ ഭാഗം വസ്തുതയ്ക്ക് യോജിക്കാത്തതും രണ്ടാം ഭാഗത്ത് പരാമർശിച്ച ഉപരോധം തിരുനബിﷺയുടെ നിർദ്ദേശപ്രകാരമല്ലാതെ ഏർപ്പെടുത്തിയതുമായിരുന്നു. എന്നിട്ടും നബിﷺ അനുഭാവപൂർവ്വം ഖുറൈശികളുടെ അപേക്ഷയെ സ്വീകരിച്ചു. ഉപരോധം പിൻവലിക്കാൻ സുമാമ(റ)യോട് റസൂൽﷺ ആവശ്യപ്പെട്ടു. അദ്ദേഹം അത് പരിഗണിച്ച് ഉപരോധം നീക്കം ചെയ്തു.
തിരുനബിﷺയുടെ കാരുണ്യവർഷം ഏതെല്ലാം വിധത്തിൽ ആരെയൊക്കെ തണുപ്പിച്ചു എന്നതിന്റെ ചിത്രങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. പിടിക്കപ്പെട്ട ശത്രുവിനോട് അനുഭാവപൂർവം പെരുമാറുകയും അദ്ദേഹത്തെ മിത്രമാക്കി മാറ്റുകയും ചെയ്യുന്നു. ക്രൂരതയുടെ ഇന്നലകൾ മുഴുവനും മറന്നു പൊറുത്തു കൊടുക്കാൻ അവിടുന്ന് അപേക്ഷിക്കുകയും അത് നിർവഹിക്കപ്പെടുകയും ചെയ്യുന്നു. പ്രതികാരം നടപ്പിലാക്കാനുള്ള എല്ലാ വഴികളും അടച്ചുവെച്ച് ഏതൊരു വ്യക്തിയുടെയും മോക്ഷത്തിനും നന്മയ്ക്കും വേണ്ടി തിരുനബിﷺ തീരുമാനങ്ങൾ എടുക്കുന്നു.
അദ്ദേഹത്തെ ഉപയോഗിച്ച് മക്കയിലെ ശത്രുക്കളോട് പകവീട്ടാൻ നബിﷺക്ക് അവസരമുണ്ടായിരുന്നു. അതുപയോഗിക്കുകയോ കൈവന്ന അവസരം പ്രയോജനപ്പെടുത്തുകയോ ചെയ്യാതെ നാട്ടിൽ താമസിക്കാൻ പോലും പൊറുതി നൽകാതിരുന്ന ഖുറൈശികൾക്ക് അന്നം മുടക്കരുതെന്ന് ആവശ്യപ്പെടുന്നു. ആർദ്രതയുടെയും കരുണയുടെയും തുല്യതയില്ലാത്ത ആവിഷ്കാരമായി തിരുനബിﷺ ഇവിടെ അവതരിക്കുന്നു.
തിരുനബിﷺ എങ്ങനെയാണ് വ്യക്തികളിൽ നിന്ന് വ്യക്തികളിലേക്കും സമൂഹങ്ങളിൽനിന്ന് സമൂഹങ്ങളിലേക്കും രാഷ്ട്രങ്ങളിൽ നിന്ന് രാഷ്ട്രങ്ങളിലേക്കും ചെറിയൊരു കാല പരിധിക്കുള്ളിൽ സ്വാധീനിക്കപ്പെട്ടത് എന്ന ചോദ്യത്തിന്റെ മറുപടി കൂടിയാണിത്. ചരിത്രത്തിൽ വേറെ ആർക്കും ലഭിക്കാത്ത സ്വീകാര്യത ചെറിയ കാലം കൊണ്ട് തിരുനബിﷺക്ക് എങ്ങനെ ലഭിച്ചു എന്ന് ആലോചിക്കുമ്പോൾ സാധാരണയിൽ കൊടുക്കാവുന്ന ഉത്തരങ്ങൾ ഇല്ലാതെ വന്നപ്പോഴാണ് ശത്രുക്കൾ അപകടകരമായ കാരണങ്ങൾ മെനഞ്ഞുണ്ടാക്കിയത്. വാക്കുകൊണ്ടും ജീവിതം കൊണ്ടും ഇത്രമേൽ സ്വാധീനിക്കുന്ന ഒരു ഉദാഹരണം വേറെ ചരിത്രത്തിലില്ല.
അതുകൊണ്ടുതന്നെ വാളുകൊണ്ടെന്നു പറഞ്ഞു ഉത്തരം കണ്ടെത്താമെന്ന് ശത്രുക്കൾ വിചാരിച്ചു. എന്നാൽ വാളുകൊണ്ട് എങ്ങനെയാണ് ഇത്രമേൽ സ്വീകാര്യതയോടെ സ്വാധീനിക്കുക എന്നതിന് ഉത്തരം പറയാൻ ഇതുവരെയും അവർക്ക് കഴിയുന്നില്ല. അങ്ങനെയെങ്കിൽ ഇത്രമേൽ സ്വാധീനമുണ്ടാക്കിയ മറ്റൊരുദാഹരണം ചേർത്തു പറയാനും സാധിക്കുന്നില്ല. തുലനപ്പെടുത്തി പറയാൻ മറ്റൊരാളില്ലാത്ത വിധം തുല്യതയില്ലാത്ത വ്യക്തിത്വമാണ് തിരുനബിﷺയെന്ന് സമ്മതിക്കുകയല്ലാതെ യാഥാർത്ഥ്യങ്ങൾ മറ്റൊന്നിനും അനുവദിക്കുന്നില്ല. മനസ്സിൽ മധു നൽകിയും ജീവിതത്തിന് ലക്ഷ്യം നിർണയിച്ചും മരണാനന്തരവും തുടരുന്ന നന്മകൾക്കുള്ളതാണ് ഈ ജീവിതം എന്ന് ബോധ്യപ്പെടുത്തിയും ഹൃദയം കവരുന്ന മൂല്യങ്ങളുടെ തേരിലാണ് തിരുനബിﷺ അനുവാചകരെയും അനുയായികളെയും വഹിച്ചു കൊണ്ടുപോയത്. എങ്കിൽ പിന്നെ പരിഭവപ്പെട്ടിട്ട് എന്ത് കാര്യം! ഇല്ല, ഒന്നുമില്ല! തീർച്ചയായും ഒന്നുമില്ല!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-705
Tweet 705
കാരുണ്യത്തിന്റെ തിരുഹൃദയത്തെ കുറിച്ചാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. മഹതി ആഇശ(റ) നിവേദനം ചെയ്യുന്നു. ഒരു ദിവസം യഹൂദികളിൽ നിന്നുള്ള ഒരു സംഘം നബി സന്നിധിയിൽ വന്നു. ‘അസ്സാമു അലൈകും’ അഥവാ അവിടുത്തേക്ക് മരണം ഉണ്ടാകട്ടെ എന്ന് അവർ അഭിവാദ്യം ചെയ്തു. അസ്സലാമു അലൈക്കും(അല്ലാഹുവിൽ നിന്നുള്ള ശാന്തി ഉണ്ടാകട്ടെ) എന്നതിന് പകരമാണ് അവർ ഇങ്ങനെ പ്രയോഗിച്ചത്. ഇതു കേട്ട് ഞാൻ ഇങ്ങനെ പ്രതികരിച്ചു. നിങ്ങൾക്ക് അല്ലാഹുവിന്റെ ശാപവും നാശവും ഭവിക്കട്ടെ അഥവാ അസ്സലാമുഅലൈക്കും വല്ലഅനഃ.
ഉടനെ തിരുനബിﷺ ഇടപെട്ടു. അല്ലയോ ആഇശ(റ), ഒന്നു വിട്ടുവീഴ്ച ചെയ്യൂ. എല്ലാക്കാര്യത്തിലും ആർദ്രതയാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്. ഞാൻ ചോദിച്ചു. അല്ലയോ പ്രവാചകരെﷺ അവർ പറയുന്നത് കേട്ടില്ലേ? അതെ, ഞാൻ കേൾക്കുകയും അവരോട് ഉചിതമായ രൂപത്തിൽ പ്രതികരിക്കുകയും ചെയ്തിട്ടുണ്ടല്ലോ! നിങ്ങൾ ഉദ്ദേശിച്ചത് എന്തോ അത് നിങ്ങൾക്ക് ഉണ്ടാവട്ടെ എന്ന അർത്ഥത്തിൽ വഅലൈക്കുമെന്നു മാത്രമായിരുന്നു തിരുനബിﷺ പറഞ്ഞത്. ആക്ഷേപത്തിന്റെയോ പ്രതികാരത്തിന്റെയോ ഒരു വാക്ക് പോലും അവിടുന്ന് പ്രയോഗിച്ചില്ല. ആഇശ(റ)യോട് ഒരു കാര്യം കൂടി ചേർത്തു പറഞ്ഞു. അല്ലാഹു കാരുണ്യം ചെയ്യുന്നവനാണ്. ആർദ്രതയും കരുണയും എല്ലാ കാര്യത്തിലും അവൻ ഇഷ്ടപ്പെടുന്നു. ആർക്കെങ്കിലും അത് ലഭിക്കാതിരുന്നാൽ ഒരുപാട് നന്മകൾ അവർക്ക് നഷ്ടമായിരിക്കും. മയമായി സമീപിക്കുന്ന എല്ലാ കാര്യത്തിനും ഒരു സൗന്ദര്യം ഉണ്ടാകും. അല്ലാത്തപക്ഷം അത് അഭംഗിയായിരിക്കും.
മനുഷ്യകത്തെ ചേർത്തുനിർത്താനുള്ള അടിസ്ഥാന ഗുണങ്ങളിൽ ഒന്നാണ് ഈ അധ്യായങ്ങളിലൂടെ എല്ലാം തിരുനബിﷺ പകർന്നു തന്നത്. സ്ത്രീ ജന്മങ്ങൾ ശാപമാണെന്ന് കണ്ട ഒരു ലോകത്തോട് പെൺമക്കൾ കാരുണ്യമാണെന്ന് പഠിപ്പിച്ചു കൊടുക്കുകയായിരുന്നു അവിടുന്ന്. കേവലം ഒരു തത്വം പറഞ്ഞു കൊടുക്കുന്നതിനപ്പുറം സ്വന്തം തന്നെയും നാലു പെൺമക്കളെ സ്നേഹ വാത്സല്യങ്ങളോടെ പരിലാളിക്കുകയും പരിപാലിക്കുകയും ചെയ്തു. അവർക്ക് മനോഹരമായ ജീവിതങ്ങൾ സമ്മാനിച്ചു. പെൺമക്കൾ നിങ്ങൾക്ക് നരകത്തിൽ നിന്നുള്ള കവചം ആണെന്ന് കൂടി തിരുനബി പാഠങ്ങൾ പകർന്നു തന്നു.
ലോലമായ അവരുടെ പ്രകൃതിയോട് കഠിനമായി പെരുമാറരുത് എന്ന് പ്രവാചകൻﷺ പുരുഷന്മാരെ ഉപദേശിച്ചു. ഒരു കുടുംബത്തിൽ നന്മ കൈവരുന്നത് ആർദ്രമായ പെരുമാറ്റങ്ങളിലും സമീപനങ്ങളിലൂടെയും ആണെന്ന് പല ആവർത്തി അവിടുന്ന് ഓർമ്മപ്പെടുത്തി. കുഞ്ഞുങ്ങളുടെകരച്ചിൽ നബിﷺയെ നൊമ്പരപ്പെടുത്തി. കൈക്കുഞ്ഞുങ്ങൾ കരയുമ്പോൾ ഉമ്മമാർ അനുഭവിക്കുന്ന മനോനൊമ്പരങ്ങൾ അവിടുന്ന് മനസ്സിലാക്കി. അവർക്ക് പരിഹാരം നൽകാനുള്ള നിർദ്ദേശങ്ങൾ നൽകി. ആരാധനാവേളകളിൽ അവരെ കൂടി പരിഗണിച്ച് ലഘുവായി നിർവഹിക്കണം എന്ന് പഠിപ്പിച്ചു. ഒരേസമയം കുഞ്ഞിന്റെ നൊമ്പരവും മാതാവിന്റെ നൊമ്പരവും ഒരുമിച്ച് മനസ്സിലാക്കുകയും രണ്ടുപേർക്കും ആശ്വാസം പകർന്നു നൽകാൻ ആവശ്യമായ അധ്യാപനങ്ങൾ നിർവഹിക്കുകയും ചെയ്തു.
കരുണ ചെയ്യുന്നവർക്കേ കരുണ ലഭിക്കുകയുള്ളൂ എന്ന പ്രശസ്തമായ നബിവാക്യം എത്ര വിശാലമായ ആശയത്തെയാണ് സംവഹിക്കുന്നത്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യവഹാരങ്ങളിലും മനുഷ്യന്റെ നിയമ സമീപനങ്ങളെ നിർവചിക്കുന്ന വചനമാണത്. നിങ്ങൾ നിങ്ങളോട് കരുണ ആഗ്രഹിക്കുന്ന എല്ലാ മേഖലയിലും നിങ്ങളും മറ്റുള്ളവരോട് കരുണ കാണിക്കണം എന്ന വിശാലമായ ഒരു തലം എത്ര സുന്ദരമായിട്ടാണ് ഇതിൽ ചേർത്തു വെച്ചിരിക്കുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-706
Tweet 706
തിരുനബിﷺയിലെ കാരുണ്യത്തിന്റെ പ്രകാശനങ്ങൾ ജീവിതത്തിന്റെ എല്ലാ അടരുകളിലും അടയാളപ്പെട്ടിരുന്നു. നബിﷺ പരിസരത്തുള്ള മക്കളോട് എപ്പോഴും വാൽസല്യത്തോടു കൂടിയാണ് പെരുമാറിയത്. അവിടുത്തെ സന്താനങ്ങളും പേരക്കുട്ടികളും പരിചാരകരുടെ മക്കളും അടിമ കുട്ടികളും എല്ലാം ആ വാത്സല്യത്തിന്റെ സന്തോഷം അനുഭവിച്ചു. ഒരിക്കൽ തിരുനബിﷺ പ്രിയപ്പെട്ട മകളുടെ മകൻ ഹസ്സനെ(റ) മടിത്തട്ടിൽ ഇരുത്തി. ഒപ്പം പരിചാരകനായ സൈദി(റ)ന്റെ പുത്രൻ ഉസാമയെയും ചേർത്തിരുത്തി. മടിയിൽ രണ്ടു വശത്തായിരിക്കുന്ന രണ്ടുപേരെയും അണച്ചു കൂട്ടിയിട്ട് അവിടുന്ന് പറഞ്ഞു. അല്ലാഹുവേ എനിക്ക് ഇവരോട് രണ്ടുപേരോടും കരുണയാണ്. നീയും ഇവർക്ക് കരുണ ചൊരിയേണമേ. എത്ര ഹൃദ്യമായ ഒരു ചിത്രമാണ് ഇവിടെ അടയാളപ്പെട്ടത്. സഹോദരങ്ങളുടെ മക്കളെ പോലും അന്യവൽക്കരിച്ച് മാറ്റിനിർത്തുകയും സ്വന്തം സന്താനങ്ങൾ എന്ന സങ്കുചിതത്വത്തിൽ മാത്രം പരിമിതപ്പെടുകയും ചെയ്യുന്ന ഇക്കാലത്ത് വീട്ടിലെ പരിചാരകന്റെ മകനെയും സ്വന്തം മകളുടെ മകനെയും ഒരുപോലെ കൂട്ടിപ്പിടിച്ചു ഒരേ വാചകത്തിൽ അനുഗ്രഹത്തിന് വേണ്ടി പ്രാർത്ഥിക്കുന്ന എത്ര ഉയർന്ന വിചാരങ്ങളെയാണ് പകർന്നു തരുന്നത്.
അവിശ്വാസികളുടെ കുട്ടികളെക്കുറിച്ച് പറയുമ്പോൾ അവരും കുട്ടികളല്ലേ എന്ന ഒറ്റ വാചകത്തിൽ നിലപാടിന്റെ കാരുണ്യം അടയാളപ്പെടുത്തുകയായിരുന്നു അവിടുന്ന്. ചൂണ്ടുവിരലും തള്ളവിരലും ചേർത്തുപിടിച്ച് അനാഥരെ സംരക്ഷിക്കുന്നവരും ഞാനും സ്വർഗ്ഗത്തിൽ ഇതുപോലെ ചേർന്നിരിക്കുമെന്ന് സുവിശേഷം അറിയിക്കുന്ന തിരുനബിﷺയുടെ മനോവിചാരം എന്തായിരിക്കും! ജീവനുതുല്യം തിരുനബിﷺയെ സ്നേഹിക്കുന്ന വിശ്വാസികളും അനുയായികളും എത്രമേൽ ഹൃദയം ചേർത്തുകൊണ്ടാണ് ഈ പ്രസ്താവനയെ ഏറ്റെടുത്തത്.
പാവപ്പെട്ടവരുടെയും വിധവകളുടെയും ക്ഷേമത്തിനു വേണ്ടി പ്രവർത്തിക്കുന്നവർ അല്ലാഹുവിന്റെ മാർഗത്തിൽ പോർക്കളത്തിൽ പട വെട്ടുന്നവരെ പോലെയാണ് എന്ന തിരുനബിﷺയുടെ അവലോകനം പരകോടി ആശ്രയങ്ങളാണ് ലോകത്ത് നിർമ്മിച്ചത്. പാവങ്ങൾക്ക് വേണ്ടിയും വിധവകൾക്ക് വേണ്ടിയും പ്രവർത്തിക്കുന്നവർ പകൽ നോമ്പെടുക്കുകയും രാത്രി നിസ്കരിക്കുകയും ചെയ്യുന്നവരെ പോലെ മഹത്വമുള്ളവരാണെന്ന് തിരുനബിﷺ പറഞ്ഞപ്പോൾ സാന്ത്വന പ്രവർത്തനങ്ങളെ എത്രമേൽ മഹത്വവൽക്കരിക്കുകയാണ് ചെയ്തത്.
ആശ്വാസ പ്രവർത്തനങ്ങൾ ഉപചാരങ്ങൾക്ക് വേണ്ടിയോ ഔദാര്യത്തിന് വേണ്ടിയോ പരിമിതപ്പെടുമ്പോൾ അത് കടമയും ബാധ്യതയും ആയി ജനസാമാന്യത്തെ ഏൽപ്പിച്ചു കൊടുക്കുകയായിരുന്നു അവിടുന്ന് നിർവഹിച്ചത്.
ദുർബലരായ പാവങ്ങൾക്കിടയിൽ നിങ്ങൾ എന്നെ അന്വേഷിക്കുക. അവർ ഉള്ളതുകൊണ്ടാണ് നിങ്ങൾക്ക് അനുഗ്രഹങ്ങളും ഭക്ഷണവും ഒക്കെ ലഭിച്ചുകൊണ്ടിരിക്കുന്നത്.
അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹങ്ങളും കടാക്ഷങ്ങളും ലഭിക്കുന്നത് പാവങ്ങളുടെ സാന്നിധ്യം കൊണ്ടാണെന്ന പരാമർശം എത്രമേൽ കൗതുകം ഉള്ളതാണ്. സമ്പന്നരും കഴിവുള്ളവരും പാവങ്ങളെ പരിഗണിക്കാനും പരിരക്ഷിക്കാനും ഹൃദയം തുറന്നു വെക്കാൻ പറ്റുന്ന അധ്യാപനങ്ങളാണ് തിരുനബിﷺ പകർന്നു നൽകിയത്. പരിചാരകരോട് പാലിച്ചിരിക്കേണ്ട ചിട്ടകളെ കുറിച്ചു പറയുമ്പോൾ തിരുനബിﷺ നടത്തിയ ഒരു പരാമർശം ഉണ്ട്. അവരും നിങ്ങളെ പോലെയുള്ള മനുഷ്യരും അല്ലാഹുവിന്റെ അടിമകളുമാണ്. തൽക്കാലം അല്ലാഹു അവരെ നിങ്ങൾക്ക് വിധേയപ്പെടുത്തി തന്നു എന്നേ ഉള്ളൂ. അതുകൊണ്ട് അവരുടെ കാര്യത്തിൽ നിങ്ങൾ അതീവ ശ്രദ്ധാലുക്കളായിരിക്കണം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-707
Tweet 707
മക്കാ വിജയത്തിന്റെ അനുഗ്രഹീത നാളുകൾ. തിരുനബിﷺയുടെ സന്തതസഹചാരിയായ അബൂബക്കർ(റ) നബിﷺയോട് വന്നു പറഞ്ഞു. ഇസ്ലാം സ്വീകരിച്ച് അവിടുത്തോട് ഉടമ്പടി ചെയ്യാൻ എന്റെ പിതാവ് ഇതാ എത്തിയിരിക്കുന്നു. പ്രവാചകൻﷺ ചോദിച്ചു. അല്ലയോ സിദ്ദീഖേ(റ), ആ വയോധികനായ പിതാവിനെ വീട്ടിൽ നിർത്തിയിട്ട് എന്നെ അങ്ങോട്ട് ക്ഷണിച്ചുകൂടായിരുന്നോ?അപ്പോൾ അബൂബക്കർ(റ) ഇങ്ങനെ പറഞ്ഞു. അവിടുന്ന് അങ്ങോട്ട് ചെല്ലുന്നതിനേക്കാൾ എന്റെ പിതാവ് ഇങ്ങോട്ടു വരലാണല്ലോ ഏറ്റവും വേണ്ടത്. അതുകൊണ്ടാണ് ഞാൻ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്. അവിടുന്ന് അങ്ങോട്ട് നടക്കുന്നതിനേക്കാൾ എന്റെ പിതാവ് ഇങ്ങോട്ട് നടക്കുന്നതാണ് മര്യാദ എന്ന് ഞാൻ മനസ്സിലാക്കി. പ്രവാചകൻﷺ അദ്ദേഹത്തെ സ്വീകരിച്ചിരുത്തി. മാറിടത്തിൽ ഒന്ന് തലോടി.
കൂട്ടുകാരന്റെ പിതാവിനോട് എന്നതിനപ്പുറം വയോധികനായ ഒരു മനുഷ്യനോട് ഞാൻ അങ്ങോട്ട് സമീപിക്കേണ്ടതായിരുന്നു എന്ന വിചാരം തിരുനബിﷺ പാലിക്കുകയും അനുയായികളെ പഠിപ്പിക്കുകയും ചെയ്തു. ലോകത്തുള്ള എല്ലാ പദവികൾക്കും മേലെയാണ് പ്രവാചകത്വം എന്ന പദവി. പൗരന്മാർ അവർക്ക് നിയോഗിക്കപ്പെട്ട പ്രവാചകനിലേക്കാണ് എപ്പോഴും ചെല്ലേണ്ടത്. പ്രായത്തെയും മറ്റെല്ലാ മഹത്വങ്ങളെയും മറികടക്കുന്ന മഹത്വമാണ് പ്രവാചകന്മാർക്ക് അല്ലാഹു നൽകിയിട്ടുള്ളത്. അതുകൊണ്ട് തിരുനബിﷺയുടെ അടുത്തേക്ക് തന്നെയാണ് എല്ലാവരും വന്നു ചേരേണ്ടത്. പക്ഷേ തിരുനബിﷺയിൽ നിറഞ്ഞുനിന്ന വിനയത്തിന്റെയും കാരുണ്യത്തിന്റെയും പ്രതിഫലനമായിരുന്നു അനുയായികളോടുള്ള അന്വേഷണം.
തിരുനബിﷺക്ക് ഏറെ പ്രിയമുള്ള അനുയായിയാണ് മുആദ്(റ). പ്രവാചകർﷺ ഞാൻ സ്നേഹിക്കുന്നു എന്ന് പ്രത്യേകം ചേർത്തുപിടിച്ച് തുറന്നുപറഞ്ഞ അനുയായി. യമനിലേക്ക് ഗവർണറായി നിയോഗിക്കുമ്പോൾ വിരഹത്തിന്റെ വിതുമ്പലുകൾ അടയാളപ്പെടുത്തിയ ശിഷ്യൻ. അദ്ദേഹം ഒരിക്കൽ ഒരു സംഘത്തിന്റെ നിസ്കാരത്തിന് നേതൃത്വം നൽകി. അഥവാ ഇമാമായി നിസ്കരിച്ചു. വിശുദ്ധ ഖുർആനിലെ ദീർഘമായ അധ്യായങ്ങൾ പാരായണം ചെയ്തുകൊണ്ടാണ് നിസ്കരിച്ചത്. അനുയായികൾക്ക് അത് ഭാരമായി. അവർ നബിﷺയോട് ആവലാതി അറിയിച്ചു. അരുമ ശിഷ്യനെ അടുത്ത് വിളിച്ചുകൊണ്ട് തിരുനബിﷺ ചോദിച്ചു. നിങ്ങൾ എന്തേ നാശം ഉണ്ടാക്കുകയാണോ? മൂന്നുപ്രാവശ്യം ഈ ചോദ്യം ആവർത്തിച്ചു. ശേഷം ദൈർഘ്യം കുറഞ്ഞ മൂന്ന് അധ്യായങ്ങളുടെ പേര് പറഞ്ഞിട്ട് ചോദിച്ചു. ഇവയൊക്കെ ഓതി നിസ്കരിച്ചുകൂടായിരുന്നോ? നിങ്ങൾ നേതൃത്വം കൊടുക്കുമ്പോൾ പിന്നിൽ പ്രായമുള്ളവരും ക്ഷീണമുള്ളവരും പല ആവശ്യങ്ങൾക്കും പോകേണ്ടവരും തുടർന്നു നിസ്കരിക്കുകയില്ലേ. നിങ്ങൾ ദീർഘമായി നിസ്കരിച്ചാൽ അവരുടെ കാര്യങ്ങൾ തടസ്സം ആവുകയില്ലേ എന്നാണ് ചോദ്യത്തിന്റെ ഉള്ളടക്കം.
ആരെയും മുഖത്തടിക്കരുത്. നാൽക്കാലികളെ പോലും മുഖത്ത് അടയാളമുണ്ടാക്കരുത്. മനുഷ്യന്റെയും ജീവജാലങ്ങളുടെയും ഏറ്റവും മാനിക്കേണ്ട അവയവമാണ് മുഖം എന്ന് പ്രസ്താവിക്കുകയാണിവിടെ. നാൽക്കാലികളെ പോലും നിങ്ങൾക്ക് അധീനപ്പെടുത്തി തന്നത് അല്ലാഹുവിന്റെ അനുഗ്രഹമാണ്. ജീവികൾ എന്ന നിലയിൽ അവർക്ക് ആവശ്യമായ അവകാശങ്ങൾ വകവെച്ചു കൊടുക്കണം. നായക്ക് വെള്ളം കൊടുത്തവന് സ്വർഗ്ഗവും, പൂച്ചയെ പട്ടിണിക്കിട്ടവൾക്ക് നരകവും എന്ന വിചാര ശകലം നമ്മളിൽ ഉണ്ടായിരിക്കേണ്ട സഹജീവി സ്നേഹത്തെ ഉണർത്താനും പരിസരത്തോട് നാം നീതിപൂർവ്വം പെരുമാറാനുമുള്ള ഉപദേശമാണ്.
പ്രപഞ്ചത്തിന്റെ മുഴുവനും
കരുണയാണെന്ന തിരുനബിﷺയുടെ വിലാസം ഒരു ഉപചാര പ്രയോഗമോ അലങ്കാരമോ അല്ല. കൃത്യമായ വസ്തുതയുടെ തലവാചകമാണ്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-708
Tweet 708
അബ്ദുല്ലാഹി ബിൻ ജഅ്ഫർ(റ) നിവേദനം ചെയ്യുന്നു. അൻസ്വാരികളിൽ ഒരാളുടെ തോട്ടത്തിലേക്ക് തിരുനബിﷺ പ്രവേശിച്ചു. തിരുനബിﷺയെ കണ്ടതും അവിടെയുണ്ടായിരുന്ന ഒരൊട്ടകം നിലവിളിക്കാൻ തുടങ്ങി. കണ്ണീരൊലിപ്പിച്ചു കരയുന്ന ഒട്ടകത്തിന്റെ അടുത്തേക്ക് തിരുനബിﷺ നടന്നുചേർന്നു. അവിടുത്തെ തിരുകരങ്ങൾ കൊണ്ട് ആ മൃഗത്തെ തലോടി. അതോടെ അത് കരച്ചിൽ നിർത്തി. നബിﷺ ചോദിച്ചു. ഇത് ആരുടെ ഒട്ടകമാണ്? ഇതിന്റെ ഉടമസ്ഥൻ ആരാണ്? അപ്പോൾ അൻസ്വാരികളിൽ നിന്നുള്ള യുവാവായ മുതലാളി രംഗത്തേക്ക് വന്നു. തന്റേതാണെന്ന് അദ്ദേഹം സമ്മതിച്ചു. നിനക്ക് അല്ലാഹു ഉടമപ്പെടുത്തി തന്ന ഈ മൃഗത്തിന്റെ കാര്യത്തിൽ നീ അല്ലാഹുവിനെ സൂക്ഷിക്കുന്നില്ലേ? അന്നം കൊടുക്കാതെയും വേണ്ടത്ര പരിചരണം ഇല്ലാതെയും നീ ഈ മൃഗത്തെ പ്രയാസപ്പെടുത്തുന്നു എന്ന് അത് എന്നോട് പരാതി പറഞ്ഞിരിക്കുന്നു.
ഒട്ടകത്തിന്റെ ആവലാതിയെ പരിഗണിക്കുന്ന പ്രവാചകന്റെﷺ മനസ്സും മുഖവും നമ്മൾ ഒന്നാലോചിച്ചു നോക്കൂ. ഒരു നാൽക്കാലിയുടെ നൊമ്പരവും വികാരങ്ങളും പരിഗണിക്കേണ്ടതാണെന്നും അറിയേണ്ടതാണെന്നും എത്ര കൃത്യമായിട്ടാണ് തിരുനബിﷺ ബോധിപ്പിക്കുന്നത്. ഈ ലോകത്ത് നാം അനുഭവിക്കുന്നത് മുഴുവനും പ്രപഞ്ചാധിപനായ അല്ലാഹു നമുക്ക് ഔദാര്യം ചെയ്തു തന്ന അനുഗ്രഹങ്ങളാണ് എന്ന് കൃത്യമായി തിരിച്ചറിയേണ്ടതുണ്ട്. പ്രസ്തുത അധ്യാപനം നേരെ ചൊവ്വേ അനുയായികളെ പഠിപ്പിക്കാനും കൂടിയുള്ള ഒരു നടപടിയായിരുന്നു ഇത്. ഒരു വിശ്വാസി വിളവിറക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന പക്ഷം, ആ വിളവുകളിൽ നിന്ന് നാൽക്കാലികളോ പറവകളോ ഭക്ഷിച്ചാൽ പോലും ധർമ്മം ചെയ്തതിന്റെ പ്രതിഫലം ലഭിക്കും എന്നുകൂടി വ്യക്തമായി തിരുനബിﷺ അഭ്യസിപ്പിക്കുന്നുണ്ട്. ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) നിവേദനം ചെയ്ത ഹദീസിൽ അങ്ങനെ തന്നെ കാണാൻ കഴിയും.
ജീവജാലങ്ങളോടും ജീവജാലങ്ങൾ തിരിച്ചും ആർദ്രമായ പെരുമാറ്റങ്ങൾ നടത്തിയതിന്റെ ജീവിതാനുഭവങ്ങൾ വേറെ ആരെക്കുറിച്ചാണ് നമുക്ക് വായിക്കാൻ ഉള്ളത്. കരഞ്ഞുതേങ്ങുന്ന ഒട്ടകവും ജാമ്യത്തിനു വേണ്ടി കരയുന്ന മാൻപേടയും അനുതാപത്തിനുവേണ്ടി കാത്തിരിക്കുന്ന ജീവജാലങ്ങളും ആരുടെ ചരിത്രത്തിൽ നിന്നാണ് നമുക്ക് പഠിക്കാനുള്ളത്.
കുഞ്ഞു പക്ഷിയെയും കൊണ്ടുവന്ന അനുയായിയോട് തള്ളപ്പക്ഷിയുടെ വേർപാടിന്റെ നൊമ്പരത്തെക്കുറിച്ച് പറഞ്ഞുകൊടുത്ത പ്രവാചകൻﷺ, കുഞ്ഞിനെ തിരിച്ചുകൊണ്ടുപോയി കൂട്ടിൽ വച്ചുകൊടുക്കാൻ പറഞ്ഞയക്കുന്നു. കുഞ്ഞു പറവയുടെ മനോനൊമ്പരത്തെയും ഓർത്തെടുത്ത് പരിഹരിക്കാൻ സമയം കണ്ടെത്തിയ പ്രവാചകനെﷺയാണ് ലോകത്തിന്റെ കാരുണ്യം എന്ന് ഖുർആൻ പരിചയപ്പെടുത്തിയത്.
പ്രവാചക ജീവിതത്തെ പകർത്തുമ്പോൾ ഒരു സവിശേഷതയുണ്ട്. വർണ്ണനകളുടെയും കാല്പനികതയുടെയും ലോകത്ത് കൂടിയായിരിക്കില്ല നമ്മൾ സഞ്ചരിക്കുന്നത്. അവിടുന്ന് നടന്നുപോയ വഴിയടയാളങ്ങളൊക്കെ കൃത്യമായി രേഖപ്പെടുത്തി കൊണ്ടാണ് ചരിത്രം വാചാലമാകുന്നത്. ഒരു മഹാചരിത്രത്തിന്റെ മുഴുവൻ ആധികാരികതയും അതിലേറെ നിവേദകന്മാരെ കുറിച്ചുള്ള വ്യക്തതയും മുന്നിൽ വെച്ചുകൊണ്ടാണ് നബി ജീവിതത്തിന്റെ രാപ്പകലകൾ വായനാ ലോകത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
മക്കയിൽ നിന്ന് അവിടുന്ന് കോരി കൊടുത്ത തീർത്ഥത്തിന്റെ തുള്ളികൾ ഇതുവരെയും അവസാനിച്ചിട്ടില്ല. പ്രവാചകൻﷺ വെള്ളവും കാരക്കയും കൊടുത്തപ്പോൾ അത് സ്വീകരിച്ച ശിഷ്യൻ അദ്ദേഹത്തിന്റെ ശിഷ്യനും അതുപോലെ പകർന്നു കൊടുത്തു. അണമുറിയാതെ ഇന്നുവരെയും ആ പരമ്പര ചേർന്നു തന്നെ നിൽക്കുന്നു. എനിക്ക് വെള്ളവും കാരക്കയും പകർന്നു തന്ന ഗുരുവിന് അദ്ദേഹത്തിന്റെ ഗുരു നേരിട്ട് കൈമാറിയപ്പോഴാണ് അത് ലഭിച്ചത്. അങ്ങനെ ഇന്നലെകളിലേക്ക് സഞ്ചരിക്കുമ്പോൾ നാല്പതാമത്തെ തിരുകരം ശ്രേഷ്ഠരായ പുണ്യ പ്രവാചകരുﷺടേതായിരിക്കും. മധുരവും തീർത്ഥവും ഹസ്തദാനവും ആലിംഗനവും ചൂടുമാറാതെ പകർന്നു വന്നതാണ് ഇന്നും തുടരുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-709
Tweet 709
പ്രപഞ്ചത്തോളം വിശാലമായ കരുണയുടെ പര്യായമാണല്ലോ തിരുനബിﷺ. ജീവജാലങ്ങൾക്കപ്പുറവും ആ കരുണയുടെ വർഷം തീർത്ഥം നൽകിക്കൊണ്ടിരുന്നു. മദീന പള്ളിയാണ് രംഗം. പ്രവാചകരുﷺടെ ഉപദേശങ്ങൾക്ക് നാൾക്കുനാൾ ആളുകൾ വർദ്ധിച്ചുകൊണ്ടിരുന്നു. അൻസ്വാരികളിലെ ഒരു വനിത പറഞ്ഞു. ഞാൻ അവിടുത്തേക്ക് വേണ്ടി ഒരു പുതിയ മിമ്പർ പണിതു തരാം. എന്റെ പക്കൽ വിദഗ്ധനായ ഒരു ആശാരി ഉണ്ട്. സവിശേഷമായ ഒരു പ്രസംഗവേദിയാണ് മിമ്പർ. പ്രവാചകൻﷺ സമ്മതം നൽകി. മിമ്പറിന്റെ നിർമ്മാണം അധികം വൈകാതെ പൂർത്തിയായി. പ്രവാചകരുﷺടെ പള്ളിയിൽ സ്ഥാപിക്കുകയും അടുത്ത ദിവസം തന്നെ പ്രവാചകൻﷺ അതിന്മേൽ ഖുത്വുബ അഥവാ സവിശേഷമായ ഉപദേശം ആരംഭിക്കുകയും ചെയ്തു.
ഒരു വെള്ളിയാഴ്ച ദിവസമായിരുന്നു അത്. പ്രവാചകൻﷺ മിമ്പറിന്മേൽ ഇരുന്നതും അതാ ഒരു തേങ്ങൽ കേൾക്കുന്നു. കുഞ്ഞുങ്ങൾ തേങ്ങുന്നത് പോലെ എല്ലാവരുടെയും കാതുകളിൽ അത് അനുഭവപ്പെട്ടു. ഹൃദയം പറിഞ്ഞ നൊമ്പരത്തോടെയാണ് ആ കരച്ചിൽ വരുന്നത്. തിരുനബിﷺയും കാതോർത്തുനോക്കി. ഇതെവിടെ നിന്നാണ് ഈ കരച്ചിൽ? ഉടനെ അവിടുത്തേക്ക് മനസ്സിലായി. കഴിഞ്ഞയാഴ്ച വരെ വെള്ളിയാഴ്ചകളിൽ ചാരി നിന്നുകൊണ്ട് അവിടുന്ന് ഉപദേശം നിർവഹിക്കാൻ ഉപയോഗിച്ചിരുന്ന ഈത്തപ്പന കഷ്ണമാണ് കരഞ്ഞു കൊണ്ടിരിക്കുന്നത്. കാരുണ്യത്തിന്റെ ഹൃദയത്തിൽ ആ നൊമ്പരം പതിഞ്ഞു. അവിടുന്ന് മിമ്പറിൽ നിന്ന് താഴേക്ക് ഇറങ്ങി. കേവലം നാലോ അഞ്ചോ മീറ്റർ മാത്രം ദൂരത്തേക്ക് മാറ്റിവെച്ചിരിക്കുന്ന മിമ്പറിന്റെ അടുത്തേക്ക് പോയി. അതിനെ തലോടി ആശ്വസിപ്പിച്ചു. വിരഹത്തിന്റെ വേദനയും സ്നേഹത്തിന്റെ നൊമ്പരവും അടയാളപ്പെടുത്തിയ ആ മരക്കഷ്ണത്തോട് തിരുനബിﷺ കരുണയോടെ സമീപിച്ചു. നാളെ സ്വർഗ്ഗത്തിൽ മരമായി വരാനുള്ള വരം നൽകിയാണ് സമാധാനിപ്പിച്ചത് എന്നാണ് അതിന്റെ തുടർ വായന.
തിരുനബിﷺയുടെ സാന്നിധ്യത്തെ ആ മരക്കഷ്ണം എത്ര സ്നേഹത്തോടെയാണ് സ്വീകരിച്ചിരുന്നത്. ആ മരക്കഷ്ണത്തിന്റെ വികാരത്തെ തിരുനബിﷺ എത്ര കരുണയോടുകൂടിയാണ് സമീപിച്ചത്. അതിനെയും ആശ്വസിപ്പിക്കുവാനുള്ള ഹൃദയ വിശാലതയെ ഏത് പേരു കൊണ്ടാണ് പകർത്തേണ്ടത്.
മരക്കഷ്ണത്തിനും ഇങ്ങനെ വികാരം ഉണ്ടോ എന്നൊരു ചോദ്യമുയർന്നേക്കാം. ലോകത്തുള്ള എല്ലാ വസ്തുക്കളും അല്ലാഹുവിന് തസ്ബീഹ് ചെയ്യുന്നു അഥവാ മഹത്വപ്പെടുത്തുന്നു എന്നാണ് ഖുർആനിന്റെ ഭാഷ്യം. സസ്യജാലങ്ങൾക്കും അതിന്റേതായ വികാരങ്ങളും പ്രതികരണങ്ങളുമൊക്കെയുണ്ട്. നീരുറവ നൽകുന്ന പാറകളും കരയുന്ന പാറക്കഷ്ണങ്ങളും ഒക്കെ ലോകത്ത് ഉണ്ടെന്നതാണ് ശരി. കുഞ്ഞു പ്രായത്തിലെ തിരുനബിﷺക്ക് സലാം ചൊല്ലുന്ന പാറകൾ മക്കയിൽ ഉണ്ടായിരുന്നു എന്ന് ഹദീസുകളിൽ വന്നിട്ടുണ്ട്. തിരുനബിﷺയുടെ കൈവെള്ളയിൽ ഇരുന്ന് തസ്ബീഹ് ചൊല്ലിയ ചരലുകളെ കുറിച്ചുള്ള സംഭവം വിശ്വാസികൾക്കിടയിൽ പ്രസിദ്ധമാണ്. വളരുന്ന പാറകളും വെളിച്ചത്തിലേക്ക് വളയുന്ന മരങ്ങളും കറയൊലിപ്പിച്ചു കണ്ണീർ വാർക്കുന്ന മരക്കഷ്ണങ്ങളും അവരുടേതായ വികാരങ്ങളെയാണ് പ്രകടിപ്പിക്കുന്നത്.
തിരുനബിﷺക്ക് വേണ്ടി കരഞ്ഞ ഈത്തപ്പന കഷ്ണത്തോട് തിരുനബിﷺ രണ്ടാലൊരു ഓപ്ഷൻ കൊടുത്തുവത്രേ. ഒന്നുകിൽ കാലാവസാനം വരെ പച്ചപ്പുള്ള ഒരു മരമായി ഇവിടെ തുടരാനുള്ള അവസരം. അല്ലെങ്കിൽ നാളെ സ്വർഗ്ഗലോകത്തെ മരമായി വരാനുള്ള നിയോഗം. നാളെ സ്വർഗ്ഗത്തിലെ മരമായി വന്നാൽമതി എന്നതാണത്രെ ആ മരം തെരഞ്ഞെടുത്തത്. പിന്നെ അനന്ദമായി തിരുനബിﷺയുടെ സാമീപ്യം ലഭിക്കുമല്ലോ എന്നതായിരിക്കും അതിനു നൽകിയ ആശ്വാസം.
പ്രവാചകരുﷺടെ സാന്നിധ്യത്തിൽ നിന്ന് ഒരു അഞ്ചു മീറ്റർ ദൂരത്തേക്ക് മാറിയപ്പോഴേക്കും ഈത്തപ്പനക്ക് കരച്ചിൽ വന്നുവെങ്കിൽ, വിശ്വാസികളായ നമ്മൾ പ്രവാചക സാമീപ്യം ലഭിക്കാൻ എത്ര മേൽ ആഗ്രഹിക്കുകയും ലഭിക്കാത്ത പക്ഷം എത്രമേൽ ദുഃഖിക്കുകയും വേണ്ടതുണ്ട് എന്ന് ആത്മജ്ഞാനികൾ ചോദിച്ചത് കാണാം.
അടുപ്പത്തിന്റെ ആർദ്രതയും വിരഹത്തിന്റെ നൊമ്പരവും സസ്യജാലങ്ങളിൽ കൂടി അടയാളപ്പെടുത്തി കൊടുത്ത കരുണയുടെ മഹാപ്രപഞ്ചമാണ് പുണ്യ റസൂൽﷺ.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-710
Tweet 710
അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. ഒരു ദിവസം തിരുനബിﷺ പൗത്രനായ ഹസ്സൻ(റ) മോനെ ചുംബിച്ചു. സദസ്സിൽ ഉണ്ടായിരുന്ന അഖ്റ ബിൻ ഹാബിസ്(റ) എന്നയാൾ അത്ഭുതത്തോടു കൂടി പറഞ്ഞു. എനിക്ക് പത്തു സന്താനങ്ങൾ ഉണ്ട്. ഇതുവരെയും അതിൽ ഒരാൾക്കും ഞാൻ മുത്തം കൊടുത്തിട്ടില്ല. ഏറെ ആശ്ചര്യത്തോടുകൂടി തിരുനബിﷺ അദ്ദേഹത്തെ ഒന്ന് നോക്കി. വളരെ അർത്ഥവത്തായ ഒരു വാക്കിൽ ഇങ്ങനെ പ്രതികരിച്ചു. ‘കാരുണ്യം നൽകാത്തവർക്ക് കാരുണ്യം ലഭിക്കുകയില്ല.’ മഹതി ആഇശ(റ) നിവേദനം ചെയ്യുന്ന ഒരു ഹദീസിൽ ഇങ്ങനെയുണ്ട്. ഒരിക്കൽ ഒരു ഗ്രാമീണനായ അറബി നബിﷺയോട് ചോദിച്ചു. അവിടുന്ന് കുട്ടികളെ ചുംബിക്കാറുണ്ട് എന്ന് കേട്ടു. ഞങ്ങൾ അങ്ങനെ കുട്ടികളെ ചുംബിക്കാറില്ല. “നിങ്ങളുടെ ഹൃദയത്തിൽ നിന്ന് അല്ലാഹു കാരുണ്യം ഊരിയെടുത്തു എന്നല്ലാതെ മറ്റെന്ത് പറയാനാണ്.” ഈ ആശയത്തിൽ ആയിരുന്നു തിരുനബിﷺയുടെ പ്രതികരണം.
ഈ നിവേദനങ്ങൾ എത്ര വിപുലമായ ആശയങ്ങളാണ് നമുക്ക് പകർന്നു തരുന്നത്. തിരുനബിﷺ പ്രബോധനം ചെയ്ത ഒരു സമൂഹത്തിന്റെ മനോഗതിയും സാമൂഹിക വിചാരങ്ങളും എത്രമേൽ താഴ്ന്നതായിരുന്നു. അവരെ സമുദ്ധരിക്കാൻ തിരുനബിﷺ ഏതെല്ലാം നയങ്ങളും രീതികളും പ്രയോഗിച്ചു. മനുഷ്യമനസ്സുകളിൽ കരുണയും ആർദ്രതയും അനുതാപവും നിറക്കുക എന്നത് എത്രമാത്രം ശ്രമകരമായ ദൗത്യമാണ്. മാതൃകാപരമായി അവിടുത്തെ ജീവിതത്തെ അവതരിപ്പിച്ചപ്പോഴാണ് സമൂഹത്തിന്റെ മുഴുവനും ഗതി മാറ്റിയെഴുതാൻ തിരുനബിﷺക്ക് സാധിച്ചത്. സ്വന്തം സന്താനങ്ങൾക്ക് ചുംബനം കൊടുക്കാത്ത ഒരു ജനതയുടെ മുമ്പിൽ, അരുമ സന്താനത്തിന് ചുടുചുംബനം നൽകി ജീവിതത്തെ ആവിഷ്കരിച്ചപ്പോഴാണ് സദസ്സിന്റെ ഹൃദയത്തിൽ കരുണ സ്ഥാപിക്കാനായത്.
മക്കാ വിജയവേളയിൽ തിരുനബിﷺയുടെ സഞ്ചാര വഴിയിൽ അർജ് എന്ന പ്രദേശത്തുണ്ടായ ഒരു സംഭവം നാം നേരത്തെ വായിച്ചു പോയിട്ടുണ്ട്. കുഞ്ഞുങ്ങളെ പരിപാലിച്ച് വഴിയിൽ കിടക്കുന്ന ഒരു നായ തിരുനബിﷺയുടെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ തിരുനബിﷺ ജുഐൽ ബിൻ സുറാഖ(റ) എന്നയാളോട് പറഞ്ഞു. നിങ്ങൾ ഇവിടെ തന്നെ നിൽക്കുക. നമ്മുടെ സംഘം ഇതുവഴി കടന്നു വരുമ്പോൾ ഈ നായക്കും കുട്ടികൾക്കും ഒരു ശല്യവും ഉണ്ടാവരുത്.
ചരിത്രപരമായ ഒരു മുന്നേറ്റത്തിന്റെ സഞ്ചാര വഴിയിലും സഹജീവിയുടെ സുരക്ഷയ്ക്ക് വേണ്ടി ആലോചിക്കാനും ആളെ ഏർപ്പെടുത്താനും തിരുനബിﷺ കാണിച്ച ശ്രദ്ധയെ എത്ര സമുജ്വലമായിട്ടാണ് വായിക്കുകയും പകർത്തുകയും ചെയ്യേണ്ടത്.
അനസ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺയുടെ പുത്രൻ ഇബ്രാഹിം ആസന്ന ഘട്ടത്തിൽ എത്തി. നബിﷺ മകനെ അടുത്തേക്ക് ചേർത്തുപിടിച്ചു. ജീവിതത്തിന്റെ അവസാന നിമിഷങ്ങൾ ആണെന്ന് അവിടുത്തേക്ക് അനുഭവപ്പെട്ടു. തിരുനബിﷺയുടെ കണ്ണുകൾ ഈറനണിഞ്ഞു. അവിടെനിന്ന് ഇങ്ങനെ പറഞ്ഞു. ഹൃദയം വേദനിക്കുന്നുണ്ട്. കണ്ണുകൾ ഒലിക്കുന്നുണ്ട്. പക്ഷേ, അല്ലാഹുവിന് തൃപ്തിപ്പെടാത്തതൊന്നും നാം പറയില്ല.
മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. അല്ലാഹുവിന്റെ ദൂതരായിരിക്കെ അവിടുന്ന് കരയുകയോ എന്ന് ആരോ ചോദിച്ചു. ഉടനെ പ്രവാചകന്റെﷺ മറുപടി ഇപ്രകാരമായിരുന്നു. ഇത് കാരുണ്യത്തിന്റെ കണ്ണുനീരാണ്.
ആർദ്രതയുടെ ഹൃദയംകൊണ്ട് കരുണ നിറഞ്ഞ പരകോടി ഹൃദയങ്ങളെ നിർമ്മിക്കുകയായിരുന്നു തിരുനബിﷺ. മനുഷ്യകത്തിന്റെ മനസ്സുകളിൽ ഇരുട്ടു പടർന്നപ്പോൾ കരുണയുടെ അരുണ വർഷങ്ങൾ പ്രവേശിപ്പിച്ചു അവകളെ പ്രഭാപൂരിതമാക്കുകയായിരുന്നു തിരുനബിﷺ ചെയ്ത ദൗത്യം. കാരുണ്യവാനായ അല്ലാഹുവിനെ പരിചയപ്പെടുത്താൻ കാരുണ്യത്തിന്റെ സമവാക്യമായി ഉദിച്ചു വന്നതായിരുന്നു തിരുനബിﷺ. മൂല്യങ്ങളുടെ മഹാ ലോകത്തുനിന്ന് മുഹമ്മദ് നബിﷺയെ പഠിക്കാൻ ഒരുങ്ങുന്നവർക്ക് എല്ലാ നന്മകളുടെയും കേദാരവും പര്യായവുമായി തിരുനബിﷺയെ വായിക്കാം. അതെ, തീർച്ച!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-711
Tweet 711
“തങ്ങളെ പിൻപറ്റിയ വിശ്വാസികൾക്ക് അവിടുന്ന് ചിറക് താഴ്ത്തി കൊടുക്കുക.” വിശുദ്ധ ഖുർആനിലെ ഇരുപത്തിരണ്ടാം അധ്യായം അശ്ശുഅറാഇലെ ഇരുന്നൂറ്റി പതിനഞ്ചാം സൂക്തത്തിന്റെ ലളിത സാരമാണിത്. തിരുനബിﷺയിലെ വിനയത്തിന്റെ വിസ്മയ മുഹൂർത്തങ്ങളുടെ വിലാസമാണ് ഈ സൂക്തം. സൃഷ്ടികളിൽ ഏറ്റവും ഉന്നതസ്ഥാനത്തുള്ള പുണ്യ റസൂൽﷺ ജനസാമാന്യത്തോട് എങ്ങനെയാണ് പെരുമാറിയിരുന്നത്? സമ്പർക്കത്തെ കുറിച്ചുള്ള എന്ത് വിചാരങ്ങളാണ് കൈമാറിയത്? നാം വായിക്കുകയാണ്.
ഇമാം അബൂ നുഐം(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ തിരുനബിﷺയും ജിബ്‌രീലും(അ) ഒപ്പം ഇരിക്കുകയായിരുന്നു. ആകാശമണ്ഡലം ഒന്നു വിടർന്നു. ജിബ്‌രീല്‍(അ) ഭൂമിയോട് കൂടുതൽ അടുത്തു. അപ്പോഴതാ കഅ്ബയുടെ രൂപത്തിൽ അരക്കെട്ടുള്ള ഒരു മലക്ക് പ്രത്യക്ഷപ്പെട്ടു. അല്ലാഹു നബിﷺയുടെ അടുക്കലേക്ക് നിയോഗിച്ചതായിരുന്നു ആ മലക്കിനെ. ഇസ്റാഫീൽ(അ) ആയിരുന്നു അത്. മുമ്പൊരിക്കലും ഒരു പ്രവാചകന്റെﷺ അടുക്കലും ഇതുപോലെ വന്നിട്ടില്ല. ഇനിയൊരിക്കലും ഒട്ടു വരികയും ഇല്ല. ആഗതനായ മലക്ക് നബിﷺയോട് സലാം പറഞ്ഞു. അഭിവാദ്യം ചെയ്തു. ഞാൻ അല്ലാഹുവിൽ നിന്ന് നിയോഗിക്കപ്പെട്ട പ്രകാരം വന്നതാണെന്നും അല്ലാഹു പ്രത്യേകം സലാം അറിയിച്ചിട്ടുണ്ടെന്നും നബിﷺയോട് പറഞ്ഞു. ഒരു കാര്യത്തിൽ തെരഞ്ഞെടുപ്പ് അറിയാൻ വേണ്ടിയാണ് ഞാൻ വന്നത്. അവിടുന്ന് രാജാവായ നബി ആവാൻ ആണോ ആഗ്രഹിക്കുന്നത് അതല്ല ദാസനായ പ്രവാചകൻ ആകാൻ ആണോ ആഗ്രഹിക്കുന്നത്? ഈ അഭിപ്രായം ആരാഞ്ഞപ്പോൾ നബിﷺ ജിബ്‌രീലി(അ)നെ ഒന്ന് നോക്കി. ഒരു അഭിപ്രായ അന്വേഷണം എന്ന സ്വഭാവത്തിലായിരുന്നു ആ നോട്ടം. ജിബ്‌രീൽ(അ) വിനയത്തെ സൂചിപ്പിക്കുന്ന ആംഗ്യം കാണിച്ചു. പ്രവാചകൻﷺ ഇസ്റാഫീലി(അ)നോട് പറഞ്ഞു. ഒരു ദാസനായ പ്രവാചകൻ ആകാനാണ് ഞാൻ ആഗ്രഹിക്കുന്നത്.
വിനയപൂർണമായ ഈ തെരഞ്ഞെടുപ്പിന്റെ മുഹൂർത്തം നബിﷺ പ്രിയ പത്നി ആഇശ(റ)യോട് പങ്കുവെച്ചു. എന്നിട്ട് ഇങ്ങനെ കൂടി ചേർത്ത് പറഞ്ഞു. ഞാൻ രാജാവായ പ്രവാചകൻ ആകണം എന്നായിരുന്നു തെരഞ്ഞെടുത്തിരുന്നതെങ്കിൽ പർവതങ്ങൾ സ്വർണമായി എന്നോടൊപ്പം സഞ്ചരിക്കുമായിരുന്നു.
മഹതി ആഇശ(റ) തുടരുന്നു. ഇങ്ങനെയുള്ള തിരുനബിﷺ വളരെ വിനയാന്വിതമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. അടിമകൾ ഇരിക്കും പോലെ ഇരിക്കുകയും അവർ ഭക്ഷണം കഴിക്കുമ്പോൾ തളികയിൽ നിന്ന് ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു.
ജീവിതത്തിന്റെ എല്ലാ മേഖലയിലും ആ വിനയം നിറഞ്ഞു നിന്നു. കയ്യിൽ നിന്ന് കാരക്ക കൊഴിഞ്ഞു നിലത്തേക്ക് വീണാൽ അതെടുത്ത് ഭക്ഷിക്കും. സക്കാത്തിന്റെ വിഹിതം ഒരു ധാന്യം പോലും ഭക്ഷണത്തിൽ അകപ്പെടരുത് എന്ന കണിശത പാലിച്ചു. കഴുതപ്പുറത്ത് സഞ്ചരിക്കുകയും, ചിലപ്പോൾ അതിന്മേൽ വിരിപ്പില്ലെങ്കിലും യാത്ര ചെയ്യാൻ മടി കാണിക്കാതിരിക്കുകയും ചെയ്തു.
വാഹനപ്പുറത്ത് സ്വഹാബികളെ ഒപ്പമിരുത്തി യാത്ര ചെയ്യുമായിരുന്നു. തിരുനബിﷺയോട് ഒപ്പം ഇരുന്ന് യാത്ര ചെയ്തവർ എന്ന വിലാസത്തിൽ ഒരു അധ്യായം തന്നെ നമുക്ക് വായിക്കാനുണ്ട്. അറബിയിൽ അതിന് റദീഫ് എന്നാണ് പ്രയോഗിക്കുക. അങ്ങനെ യാത്ര ചെയ്തപ്പോൾ നബിﷺ തന്ന ഉപദേശങ്ങളും നിർദ്ദേശങ്ങളും വളരെ കൗതുകത്തോടുകൂടിയാണ് അനുയായികൾ പങ്കുവെച്ചിട്ടുള്ളത്. അബൂദർ അൽ ഗിഫാരി(റ) എന്ന പ്രമുഖ സ്വഹാബി പറയുന്നു. നബിﷺ കഴുതപ്പുറത്ത് യാത്ര ആരംഭിച്ചു. എന്നെയും പിൻസീറ്റിലിരുത്തി കൊണ്ടുപോയി. നാലു ദിർഹം മാത്രം വില വരുന്ന നുരുമ്പാനായ ഒരു മേലങ്കിയിട്ട വാഹനത്തിന്റെ മേലെയാണ് തിരുനബിﷺ ഹജ്ജ് നിർവഹിക്കാൻ വേണ്ടി പോയത്. എല്ലാ രാജപ്രൗഢിയോടെയും യാത്ര ചെയ്യാൻ പറ്റുന്ന ഒരു കാലത്തായിരുന്നു അത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-712
Tweet 712
തിരുനബിﷺയുടെ ജീവിതം വിനയത്തിന്റെ വിസ്മയ രൂപമായിരുന്നു എന്നാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. സ്വന്തം ജീവിതത്തിൽ താഴ്മയും വിനയവും പ്രകടിപ്പിക്കുന്നതോടൊപ്പം അനുവാചകരുടെ ഹൃദയങ്ങളിൽ അവ അടയാളപ്പെടുത്താനുള്ള വിചാരങ്ങളെ കൃത്യമായും തിരുനബിﷺ ഉണർത്തുന്നുണ്ടായിരുന്നു. ബുഖാരി(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഇങ്ങനെ കാണാം. ഒരിക്കൽ പ്രവാചകൻﷺ ചോദിച്ചു. സ്വർഗ്ഗവാസികൾ ആരാണെന്ന് ഞാൻ നിങ്ങൾക്ക് പറഞ്ഞു തരട്ടെയോ? അനുവാചകർ പറഞ്ഞു, അതെ. ദുർബലരും അരികുവത്കരിക്കപ്പെട്ടവരും പാവപ്പെട്ടവരുമാണ്. അവർ അല്ലാഹുവിനെ മുൻനിർത്തി സത്യം ചെയ്തു പറഞ്ഞാൽ അത് സാധിക്കും. അങ്ങനെയുള്ളവരാണ് അവർ. നരകവാസികൾ ആരാണെന്ന് നിങ്ങൾക്കറിയാമോ എന്നതായിരുന്നു അടുത്ത ചോദ്യം. മറുപടിയിൽ ഇങ്ങനെ പറഞ്ഞു. അഹംഭാവം ഉള്ളവരും അനാവശ്യ തർക്കങ്ങളിൽ ഏർപ്പെടുന്നവരും സമ്പത്തുകൾ പൂഴ്ത്തിവെച്ച് മറ്റുള്ളവരുടെ അവകാശങ്ങൾ നിഷേധിക്കുന്നവരുമാണ്.
വിനയത്തിലും ലാളിത്യത്തിലും ദാരിദ്ര്യത്തിലും ഒക്കെ താമസിച്ച നല്ലവർക്ക് സ്വർഗ്ഗത്തിൽ പ്രഥമ പരിഗണനയുണ്ട് എന്നാണ് പഠിപ്പിച്ചു തരുന്നത്. ആസ്തിയും സമ്പാദ്യവും ഉള്ളപ്പോഴും മറ്റുള്ളവരെ പരിഗണിക്കാനും പാവങ്ങളുടെ മൂല്യം തിരിച്ചറിയാനും സമ്പന്നർക്ക് സാധിക്കണം എന്ന അധ്യാപനമാണ് ഇതിലൂടെ നൽകുന്നത്. അധികാരവും ആസ്തിയും ഉള്ളവർ നീതിനിഷ്ഠമായി ജീവിച്ചാൽ അവർക്ക് സ്വർഗം ഉണ്ടെന്ന് മറ്റ് ഹദീസ് പാഠങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഏത് ഉയർച്ചയിലും വിനയാന്വിതരാകാനുള്ള ഉപദേശമായിരുന്നു അവിടുന്ന് നൽകിക്കൊണ്ടിരുന്നത്.
തിരുനബിﷺയുടെ ശിഷ്യന്മാർ വളരെ സൗഹൃദത്തോടുകൂടി നബിﷺയോട് സംസാരിക്കും. വെള്ളം വിതരണം ചെയ്യുന്നവർ അവസാനമാണ് കുടിക്കേണ്ടത് തുടങ്ങിയുള്ള ഉപദേശങ്ങളോടെ തിരുനബിﷺ വ്യവഹാരങ്ങൾ നടത്തുമ്പോൾ ഒരിക്കൽ അനുയായികൾ ചോദിച്ചു. അവിടുന്ന് ആടുകളെ മേയ്ച്ചിട്ടുള്ളത് പോലെയുണ്ടല്ലോ. അഥവാ ആട്ടിടയൻ പരിപാലിക്കും പോലെ ഞങ്ങളെ താലോലിച്ചുകൊണ്ട് നടക്കുന്നുണ്ടല്ലോ എന്ന തിരിച്ചറിവിൽ നിന്നായിരുന്നു ആ ചോദ്യം. അഭിമാനത്തോടെ തിരുനബിﷺ അവരോട് ഇങ്ങനെ പ്രതികരിച്ചു. അല്ല ഏതെങ്കിലും പ്രവാചകർ ഉണ്ടോ ആടിനെ മേയ്ക്കാത്തതായി? അഥവാ എല്ലാ പ്രവാചകന്മാരും ആടിനെ മേയ്ച്ചിട്ടുണ്ട്. തിരുനബിﷺ ബനൂസഅദിലെയും മറ്റും ആടുകളെ മേയ്ച്ച അനുഭവങ്ങൾ അനുയായികളോട് പങ്കുവെക്കുമായിരുന്നു. ഒരു സംഘത്തെ കൃത്യമായി അനുനയിപ്പിച്ച് ശരിയായ ദിശയിലേക്ക് നയിക്കാനുള്ള പരിശീലനം ഇടയവൃത്തിയിലൂടെ ലഭിക്കുമായിരുന്നു.
വിനയം കാണിക്കുന്ന എല്ലാവർക്കും ഉയർച്ച ലഭിക്കും എന്ന അധ്യാപനം ലോകാവസാനം വരെയുള്ള പരകോടികൾക്ക് കൃത്യമായ മാർഗ്ഗദർശനം നൽകുന്നതായിരുന്നു. സൃഷ്ടികളിൽ ഏറ്റവും ഉന്നത പദവി അലങ്കരിക്കുമ്പോഴും ഏറ്റവും കൂടുതൽ വിനയഭാവങ്ങളോടെ ആയിരുന്നല്ലോ അവിടുന്ന് ജീവിച്ചത്. നടന്നുപോകുന്ന വഴിയിൽ കുട്ടികളെ കണ്ടാൽ അവരെ പരിഗണിക്കുകയും വാത്സല്യത്തോടെ സമീപിക്കുകയും ചെയ്യുമായിരുന്നു. ചിലപ്പോൾ സമയം കണ്ടെത്തി കുട്ടികളെ കളിപ്പിക്കുകയും കുട്ടികൾക്കിടയിൽ മത്സരങ്ങൾ ഏർപ്പെടുത്തി സമ്മാനങ്ങൾ നൽകുകയും ചെയ്യുമായിരുന്നു. കുഞ്ഞുങ്ങളുടെ വിനോദങ്ങളെക്കുറിച്ച് തിരുനബിﷺ പ്രത്യേകം ശ്രദ്ധിക്കും. തിരുനബിﷺയുടെ പരിചാരകനായിരുന്ന അനസി(റ)ന്റെ സഹോദരൻ ഒരു കുഞ്ഞു കിളിയെ പരിപാലിച്ചിരുന്നു. ഒരു ദിവസം ആ കിളി ചത്തുപോയി. കിളിയെ താലോലിച്ചു കൊണ്ട് നടന്നിരുന്ന കുട്ടിയോട് തിരുനബിﷺ അന്വേഷിച്ചു. മോനെ നിന്റെ കിളി എവിടെപ്പോയി? ആ വിളിക്കുന്നതിനും ഒരു വാത്സല്യം ഉണ്ടായിരുന്നു. അല്ലയോ അബൂഉമൈർ(റ) മോന്റെ കുഞ്ഞു കിളി എന്തായി എന്നായിരുന്നു.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-713
Tweet 713
പ്രവാചകൻﷺ മദീനയിലൂടെ നടന്നുപോകുമ്പോൾ കുട്ടികളും അടിമകളും അവിടുത്തെ കരം കവർന്നെടുക്കും. പ്രവാചകരുﷺടെ കൈകോർത്തുപിടിച്ച് അങ്ങാടിയിലൂടെ മുന്നോട്ട് നീങ്ങും. പ്രവാചകൻﷺ അവരെ അലോസരപ്പെടുത്തുകയോ അവരുടെ കൈ വിട്ടുകളയുകയോ ചെയ്യില്ല. സന്തോഷപൂർവ്വം അവർക്ക് സഹവസിക്കാൻ അവസരം നൽകും. ചിലപ്പോൾ അവർ കൂട്ടിക്കൊണ്ടുപോകുന്ന കുറച്ചു ദൂരം വരെ അവരോടൊപ്പം സഞ്ചരിക്കും. അവർക്ക് ആശ്വാസം നൽകിയശേഷം സ്വന്തം കാര്യങ്ങളിലേക്ക് മടങ്ങിവരും.
ഒരിക്കൽ പ്രവാചകൻﷺ പള്ളിയിൽ ഇരിക്കുമ്പോൾ പാവപ്പെട്ട ഒരു മാതാവ് കുഞ്ഞിനെയും കൂട്ടി വന്നു. പ്രവാചകരോﷺട് സ്വകാര്യമായി എന്തോ ചില കാര്യങ്ങൾ പറയാനുണ്ട് എന്ന് ആവശ്യപ്പെട്ടു. അവിടുന്ന് അവരെ കേൾക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും സമയം കണ്ടെത്തി.
ഇക്‌രിമ(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ പൊതുജന സമ്പർക്കത്തിനിടെ അബ്ബാസ്(റ) പറഞ്ഞു. ജനങ്ങൾ തങ്ങളെ പ്രയാസപ്പെടുത്തുന്നുണ്ടോ? പരിസരത്തെ പൊടി പടലങ്ങൾ ബുദ്ധിമുട്ടാകുന്നുണ്ടോ? അവിടുത്തേക്ക് പ്രത്യേകമായ ഒരു കൂടാരമുണ്ടാക്കി അതിൽ ഇരുന്നാലോ?നബിﷺയുടെ പ്രതികരണം ഇങ്ങനെയായിരുന്നു. അവരുടെ മടമ്പുകൾ എന്റെ കാലിൽ തൊടുമ്പോഴും എന്റെ വസ്ത്രങ്ങളിൽ ഒക്കെ അവർ സ്പർശിച്ച് തിക്കിത്തിരക്കി പോകുമ്പോഴും പരിസരത്തുള്ള പൊടിപടലങ്ങൾ എന്നെ ബാധിക്കുമ്പോഴും അല്ലാഹുവിൽ നിന്ന് കാരുണ്യം ലഭിക്കുന്നത് ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
എത്ര വിശാലമായ ഒരു വിചാരമാണ് ഇവിടെ പങ്കുവെച്ചത്. പൊതുജനങ്ങളോട് സഹവസിക്കുകയും സമ്പർക്കം പുലർത്തുകയും ചെയ്യുമ്പോൾ അതുവഴി ഉണ്ടാകുന്ന പ്രയാസങ്ങൾ അല്ലാഹുവിൽ നിന്നുള്ള കാരുണ്യത്തിന് നിദാനമാണ്. സമൂഹത്തെ നയിക്കുകയും അവരുടെ പ്രശ്നങ്ങളിൽ ഇടപെടുകയും ചെയ്യുന്നവർ അത്തരം വിശാലവിചാരങ്ങൾ ഉൾക്കൊള്ളേണ്ടവരാണ്. ലോകത്തെ ഏറ്റവും ഉന്നത വ്യക്തിത്വം സാധാരണക്കാരിൽ സാധാരണക്കാരോടൊപ്പം സഹവസിച്ചപ്പോൾ ഉണ്ടായ മനോവിചാരത്തെയാണ് നാം പകർത്തിയത്. ഇതിലേറെ മനോഹരമായ ഒരു മാനവിക വിചാരം മറ്റേതാണ് നമുക്ക് പങ്കുവെക്കാൻ ഉള്ളത്!
പ്രഭാത നിസ്ക്കാരം കഴിയുമ്പോൾ മദീനയിലെ വീടുകളിൽ നിന്നുള്ള പരിചാരകർ പാത്രങ്ങളിൽ വെള്ളവുമായി പള്ളിമുറ്റത്തെത്തും. പ്രവാചകനിﷺൽ നിന്നുള്ള അനുഗ്രഹം സ്വീകരിക്കാൻ വേണ്ടിയായിരുന്നു അത്. എത്ര തണുപ്പുള്ള പ്രഭാതം ആണെങ്കിലും അവിടുത്തെ തിരുകരങ്ങൾ അതിൽ സ്പർശിക്കുകയും അവർക്ക് അനുഗ്രഹ തീർഥമായി നൽകുകയും ചെയ്യും.
പ്രവാചകർﷺക്ക് വേണ്ടി കാത്തുനിൽക്കുന്നവരെ ഒരിക്കലും നിരാശപ്പെടുത്തിയില്ല. തണുപ്പോ ചൂടോ പറഞ്ഞു അവരുടെ സന്തോഷങ്ങൾക്ക് വിഘാതം നിന്നില്ല. അവർക്കും അവർ പ്രതിനിധീകരിച്ചു വന്ന വീട്ടുകാർക്കും സന്തോഷ ഐശ്വര്യങ്ങൾക്ക് വേണ്ടിയായിരുന്നു പ്രവാചകരുﷺടെ ഈ സമീപനം.
പ്രവാചകൻﷺ ഒരു മതിലിന്റെ പരിചരണം അഥവാ അറ്റകുറ്റപ്പണികൾ തീർത്തുകൊണ്ടിരിക്കുന്ന രംഗത്തേക്ക് കടന്നുവന്ന അനുഭവം ഖാലിദുബ്നു വലീദ്(റ) പങ്കുവെക്കുന്നുണ്ട്.
ഒരു പ്രതിയോഗിയും മുന്നിലില്ലാത്ത വിധം സർവ്വതാ വിജയം വരിച്ചുകൊണ്ട് മക്കയിലേക്ക് പ്രവേശിച്ചപ്പോൾ പ്രവാചകൻﷺ ആവേശത്താൽ തുള്ളുകയായിരുന്നില്ല. എന്നോട് ആരും ചോദിക്കാനില്ല എന്ന ഭാവത്തിൽ ഗർവ് നടിക്കുകയായിരുന്നില്ല. ഇന്നലെ അസ്വാരസ്യങ്ങൾ ഉണ്ടാക്കിയവരെല്ലാം പരാജയപ്പെട്ടിരിക്കുന്നു എന്ന വിചാരത്തിൽ അവർക്കുമേൽ അധികാര സ്വരം ഉയർത്തുകയായിരുന്നില്ല. അതീവ വിനയാന്വിതരായി, സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തിൽ മുകളിലേക്ക് മുഖം താഴ്ത്തി, അല്ലാഹുവിന്റെ മുന്നിൽ സാഷ്ടാംഗത്തിൽ ആവുകയായിരുന്നു. ഇങ്ങനെ ഒരു വിജയാരവം, ചരിത്രം വേറെ അടയാളപ്പെടുത്തിയിട്ടില്ല. എല്ലാ ശത്രുക്കളും പരാജയമടഞ്ഞു ആരും ചോദിക്കാനില്ലാത്ത വിധം മുന്നോട്ടുവന്ന ഒരു നായകരും ഇങ്ങനെ ഒരു വിനയ വിസ്മയം ലോകത്തിനു കാഴ്ചവെച്ചിട്ടുമില്ല.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-714
Tweet 714
പ്രവാചകരുﷺടെ സ്വഭാവത്തെക്കുറിച്ച് ഒരാൾ നബിﷺയുടെ പരിചാരകൻ അനസി(റ)നോട് ചോദിച്ചു. അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു. പ്രവാചകൻﷺ നിലത്തിരിക്കുകയും നിലത്തിരുന്നു ഭക്ഷണം കഴിക്കുകയും ചെയ്യുമായിരുന്നു. സാധാരണ നിലയിലുള്ള രോമവസ്ത്രം ധരിക്കുമായിരുന്നു. ഒരാൾ ഒരു കുളമ്പ് സമ്മാനിച്ചാൽ പോലും സ്വീകരിക്കുകയും ആടിന്റെ ഒരു കൈ മാംസം മാത്രം ഭക്ഷണം ഒരുക്കി സൽക്കാരത്തിന് ക്ഷണിച്ചാലും പോവുകയും ചെയ്യുമായിരുന്നു. ഒട്ടകത്തെ കെട്ടുന്നതിനും മറ്റും അവിടുത്തേക്ക് പ്രയാസം ഉണ്ടായിരുന്നില്ല.
ഇബ്നു അബീ ശൈബ(റ)യുടെ നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. പ്രവാചകൻﷺ മരണപ്പെട്ടവരെ മറമാടാൻ കൊണ്ടുപോകുമ്പോൾ ഒപ്പം പോവുകയും രോഗികളെ സന്ദർശിക്കുകയും കഴുതപ്പുറത്ത് യാത്ര ചെയ്യുകയും അടിമകൾ ക്ഷണിച്ചാലും ക്ഷണം സ്വീകരിക്കുകയും ചെയ്യുമായിരുന്നു. ഖൈബർ മുന്നേറ്റ വേളയിലും ബനൂ ഖുറൈള സന്ദർഭത്തിലും കഴുതപ്പുറത്തായിരുന്നു യാത്ര ചെയ്തിരുന്നത്. ഒരു നൂലു കൊണ്ടുള്ള കടിഞ്ഞാണും തോൽക്കഷ്ണം കൊണ്ടുള്ള ഒരു മേലങ്കിയും മാത്രമായിരുന്നു ആ വാഹനത്തിനുണ്ടായിരുന്നത്.
ഖബ്ബാബ് എന്നവരുടെ മകൾ പറയുന്നു. ഒരിക്കൽ പ്രവാചകൻﷺ അവരുടെ ആടിനെ കറന്നു. നിങ്ങളുടെ ഏറ്റവും നല്ല പാത്രം കൊണ്ടുവരാൻ എന്നോട് ആവശ്യപ്പെട്ടു. കൊടുത്ത പാത്രം പാൽ നിറഞ്ഞപ്പോൾ ഞങ്ങളും അയൽവാസികളും കുടിച്ചുകൊള്ളാൻ പറഞ്ഞു. അനസ്(റ) തന്നെ പറയുന്നു. അബൂത്വൽഹ(റ)ക്ക് ഒരാൺകുഞ്ഞ് പിറന്നപ്പോൾ ആ കുഞ്ഞിനെയും കൊണ്ട് ഞാൻ നബിﷺയുടെ അടുത്തേക്ക് ചെന്നു. അപ്പോൾ പ്രവാചകൻﷺ അവിടുത്തെ ഒട്ടകത്തെ പരിചരിക്കുകയായിരുന്നു.
നബി പത്നി ആഇശ(റ)യോട് ചോദിച്ചു. നബിﷺ വീട്ടിൽ എങ്ങനെയായിരുന്നു? അപ്പോൾ മഹതി മറുപടി പറഞ്ഞു. സാധാരണ ഗൃഹനാഥന്മാർ അവരുടെ വീടുകളിൽ ചെയ്യുന്നതൊക്കെ തിരുനബിﷺ എന്റെ വീട്ടിലും ചെയ്തിരുന്നു. വസ്ത്രം തുന്നുകയും വസ്ത്രം അലക്കുകയും ആടിനെ കറക്കുകയും ചെരുപ്പ് തുന്നുകയും സ്വന്തം കാര്യങ്ങളൊക്കെ അവിടുന്ന് നിർവഹിക്കുകയും ചെയ്തിരുന്നു. സാധാരണ ഗൃഹ വൃത്തികളിൽ അവിടുന്ന് ഭാഗമായിരുന്നു. ബാങ്ക് കേട്ടാൽ ഉടനെ പള്ളിയിലേക്ക് പോകും.
അഭിവാദ്യം ചെയ്തു പ്രവാചക സന്നിധിയിലേക്ക് ഒരാൾ വന്നാൽ ഹസ്തദാനത്തോടെ അദ്ദേഹത്തെ സ്വീകരിക്കും. മുഖാമുഖം തന്നെ സംസാരിക്കും. അദ്ദേഹം കൈവിടുന്നതിനു മുമ്പ് കൈവിടുകയോ മുഖം തിരിക്കുന്നതിനു മുമ്പ് മുഖം തിരിക്കുകയോ ചെയ്യില്ല. ഒപ്പം ഇരിക്കുന്നവരെക്കാൾ മുട്ട് മുന്നോട്ട് നീങ്ങി അവിടെ ഇരിക്കാൻ ശ്രമിക്കില്ല.
ഏതു ചെറിയ ആളെയും സ്വീകരിക്കുകയും അവരോട് സംസാരിക്കുകയും ചെയ്യും. ആർക്കും എന്ത് ആവലാതിയും തിരുനബിﷺയുടെ മുന്നിൽ പറയാം. ആലോചിച്ചു ഉചിതമായ പ്രതികരണം അവിടുന്ന് നൽകും. അബൂഹുറൈറ(റ) പറഞ്ഞു. തിരുനബിﷺയിൽ മൂന്നു ലക്ഷണങ്ങൾ എനിക്ക് കാണാൻ കഴിഞ്ഞു. കഴുതപ്പുറത്ത് യാത്ര ചെയ്യുക, കറുത്തവനോ വെളുത്തവനോ എന്ന വ്യത്യാസമില്ലാതെ ക്ഷണം സ്വീകരിക്കുക, നിലത്തു വീണ കാരക്ക പൊടിതട്ടിയെടുത്തു കഴിക്കുക ഈ മൂന്നു ലക്ഷണങ്ങളും അഹംഭാവമുള്ള ഒരാളിൽ കാണുകയില്ല.
തിരുനബിﷺയുടെ അനുയായികൾ അനുഭവിച്ച വിനയത്തിന്റെ ചിത്രങ്ങളെ അടയാളപ്പെടുത്തിയതാണ് നാം വായിച്ചത്.
നബി ജീവിതത്തിന്റെ പഠനത്തിനും പാരായണത്തിനും വലിയൊരു സൗന്ദര്യവും സൗകര്യവും ഉണ്ട്. ഒത്തിരി ജീവിതത്തിന്റെ ഓരോ നിമിഷങ്ങളും രേഖപ്പെട്ടു കിടക്കുന്നു എന്നതാണത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-715
Tweet 715
നബി ജീവിതത്തിന്റെ വിനയ വിസ്മയങ്ങളെ സമീകരിച്ചുകൊണ്ടുള്ള ഒരു നിവേദനം ഇങ്ങനെ വായിക്കാം. അബ്ദുറഹ്മാൻ ബിൻ ഔസി(റ)ന്റെ മകൻ അബൂസലമ(റ) പറയുന്നു. ഞാൻ അബുസഈദ് അൽ ഖുദ്രി(റ)യോട് ചോദിച്ചു. എന്താണ് ഇത്ര ലളിതമായ ഭക്ഷണവും പാനീയവും വസ്ത്രവും ഒക്കെയായി ജീവിക്കുന്നത്? അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു. അല്ലാഹുവിന്റെ പ്രീതിയിൽ ഭക്ഷിക്കുക, അണിയുക, ധരിക്കുക. ധൂർത്തോ പ്രശസ്തിയോ ലോകമാന്യതയോ ഒക്കെ കലർന്നാൽ അതു പാപമായി. നബിﷺ വീട്ടുകാര്യങ്ങൾ കൈകാര്യം ചെയ്തതുപോലെ നമ്മളും കൈകാര്യം ചെയ്യുക.
തിരുനബിﷺ വീട്ടിലെ മൃഗങ്ങളെ കറക്കും ഒട്ടനങ്ങളെ കെട്ടും വീട് അടിച്ചു വാരും ആടിനെ പരിപാലിക്കും ചെരുപ്പും വസ്ത്രവും തുന്നും. പരിചാരകനോടൊപ്പം ഭക്ഷണം കഴിക്കുകയും മാവ് അയക്കുന്നതിനും മറ്റും സഹായം ചോദിച്ചാൽ കൂടി കൊടുക്കുകയും ചെയ്യും. അങ്ങാടിയിൽ പോയി കാരക്ക വാങ്ങും അത് വസ്ത്രത്തിന്റെ കോന്തലയിലോ അല്ലാതെയോ വീട്ടിലേക്ക് കൊണ്ടുവരുന്നതിന് മടി ഉണ്ടായിരുന്നില്ല. വീട്ടിലേക്കുള്ള സാധനങ്ങൾ എത്തിച്ചു കൊടുക്കും. ചെറിയവർ, വലിയവർ, ധനികർ, പാവപ്പെട്ടവർ ഭേദമില്ലാതെ ഹസ്തദാനം ചെയ്യും. കറുത്തവർ, വെളുത്തവർ, അടിമകൾ, സ്വതന്ത്രർ, കുട്ടികൾ, മുതിർന്നവർ വ്യത്യാസമില്ലാതെ സലാം ചൊല്ലും. അങ്ങോട്ട് തന്നെ അഭിവാദ്യ വാചകം ചൊല്ലുന്നതിൽ മടിയുണ്ടായിരുന്നില്ല.
ആരുടെയും ക്ഷണം സ്വീകരിക്കുന്നതിൽ സന്തോഷമായിരുന്നു. എത്ര പാവപ്പെട്ടവരുടെയും പുരോഹിതരുടെയും ആതിഥ്യം സ്വീകരിച്ചു. എത്ര ലളിതമായ വിഭവങ്ങൾ കൊണ്ടുവന്നാലും സന്തോഷത്തോടെ പരിഗണിച്ചു. അത്താഴത്തിൽ നിന്ന് പ്രാതലിനു വേണ്ടിയോ പ്രാതലിൽ നിന്ന് അത്താഴത്തിനു വേണ്ടിയോ കരുതിവച്ചില്ല. അവിടുത്തെ ഏഴു വീടുകളും ചിലപ്പോൾ ഒരു റൊട്ടിക്കഷ്ണം പോലുമില്ലാതെ രാവുകൾ കടന്നുപോയി. മിതമായ വ്യയം മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളൂ. എല്ലാവരോടും മാന്യമായും മൃദുവായും സമീപിക്കും. സുന്ദരമായ പെരുമാറ്റവും പ്രസന്ന മുഖത്തോടെയുള്ള അഭിവാദ്യവുമായിരുന്നു. ഉറക്കെ ചിരിക്കാതെ പുഞ്ചിരിക്കും. മുഖം മ്ലാനമാകാതെ ആലോചിച്ചിരിക്കും. നിന്ദ്യതയില്ലാത്ത വിനയം കാണിക്കും. പിണക്കം ഉണ്ടാക്കാതെ നിലപാട് പാലിക്കും. ധൂർത്തില്ലാതെ ദാനം ചെയ്യും. വിശ്വാസികളോടും ബന്ധുക്കളോടും പ്രത്യേകം മമത കാണിക്കും. ഒരിക്കലും മടുക്കും വരെ ഭക്ഷണം കഴിച്ചിട്ടില്ല. ഒരാഗ്രഹത്തിനു വേണ്ടിയും കൈ നീട്ടിയിട്ടില്ല.
അബൂസലമ(റ) പറഞ്ഞു. അബൂ സഈദി(റ)ൽ നിന്ന് കേട്ട ഈ കാര്യങ്ങളൊക്കെ ഒരിക്കൽ ഞാൻ പ്രിയപ്പെട്ട നബി പത്നി ആഇശ(റ)യോട് പറഞ്ഞു. ഇക്കാര്യങ്ങളിൽ ഒരക്ഷരം പോലും പിഴച്ചിട്ടില്ല എന്നായിരുന്നു മഹതിയുടെ പ്രതികരണം. എന്നാൽ ചിലത് ഇതിൽ നിന്ന് വിട്ടു പോയിട്ടുണ്ട്. ഞാനത് ഇങ്ങനെ പൂരിപ്പിച്ചു തരാം. ഒരിക്കലും തിരുനബിﷺ വയർ നിറയെ ഭക്ഷിച്ചിട്ടില്ല. ആരോടും ആവലാതി പറയാറില്ല. പ്രയാസങ്ങളെ ആയാസങ്ങളെക്കാളും സമ്പന്നതയെക്കാളും ഇഷ്ടപ്പെട്ടു. ചിലപ്പോൾ വിശന്നൊട്ടിയ വയറുമായി രാത്രി കഴിഞ്ഞു കൂടും. എന്നാൽ പോലും പിറ്റേന്ന് നോമ്പെടുക്കാൻ ലക്ഷ്യം വെച്ചാൽ അത് മുടക്കുകയില്ല.
അല്ലാഹുവോട് പ്രാർത്ഥിച്ചാൽ പ്രവാചകർﷺക്ക് കനികളും നിധികളും ലഭിക്കും. പക്ഷേ, അങ്ങനെ തേടാറില്ല. പാശ്ചാത്യ പൗരസ്ത്വ അനുഗ്രഹങ്ങൾ കൈവെള്ളയിൽ എത്തും. എന്നാൽ അത് ആഗ്രഹിച്ചില്ല. ചിലപ്പോൾ അവിടുത്തെ വിശന്നൊട്ടിയ വയറുകണ്ട് ഞാൻ കരയും. അവിടുത്തെ ഉദരത്തിൽ തലോടിക്കൊണ്ട് ഞാൻ പറയും, ഞാൻ എന്നെ അവിടുത്തേക്ക് സമർപ്പിച്ചിരിക്കുന്നു. അവിടുത്തെ വിശപ്പടക്കാൻ മാത്രമെങ്കിലും ദുനിയാവ് എനിക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു. അപ്പോൾ എന്നോട് ഇങ്ങനെ പ്രതികരിക്കും. അല്ലയോ ആഇശ(റ) നിശ്ചയദാർഢ്യത്തിൽ മുന്നിലുള്ള ഉലുൽ അസ്‌മുകളായ പ്രവാചകന്മാർ എന്തെല്ലാം സഹിച്ചിട്ടുണ്ട്. ഇതിനേക്കാൾ കഠിനമായ പല ഘട്ടങ്ങളും കടന്നാണല്ലോ അവർ അല്ലാഹുവിലേക്ക് പോയത്. നാളെ അവരുടെ മുമ്പിൽ ഞാൻ ചെറുതാവാൻ ആഗ്രഹിക്കുന്നില്ല. പരലോകത്ത് അനുഗ്രഹങ്ങൾ കുറഞ്ഞു പോയിട്ട് കുറഞ്ഞ നാളത്തെ ഈ ലോകത്തെ അനുഗ്രഹങ്ങളെ ഞാൻ അഭിലഷിക്കുന്നില്ല.
എത്ര മനോഹരമായ ഒരു ആഖ്യാനമാണ് നാം വായിച്ചത്. നബി ജീവിതത്തിന്റെ പകർപ്പുകളെ ലോകത്തോട് പറഞ്ഞുകൊടുക്കുകയും അവിടുത്തെ ജീവിതത്തിൽ നിന്ന് പകർപ്പുകളെ സ്വീകരിച്ചതിൽ ആത്മസംതൃപ്തിയോടെ പങ്കുവെക്കുന്നതിനും എത്ര ചൈതന്യത്തോടെയാണ് അനുയായികൾ ആവേശംകൊണ്ടത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-716
Tweet 716
അനസ് ബിൻ മാലിക്(റ) പറയുന്നു. അദ്ദേഹത്തിന്റെ മാതാ മഹി അവർ തന്നെ പാചകം ചെയ്ത ഭക്ഷണത്തിലേക്ക് നബിﷺയെ ക്ഷണിച്ചു. ക്ഷണം സ്വീകരിച്ച് തിരുനബിﷺ വന്നു. ഞങ്ങൾ അവിടെ നിന്ന് ഭക്ഷണം കഴിച്ചു. ശേഷം, നബിﷺ പറഞ്ഞു. നിങ്ങൾ എഴുന്നേൽക്കൂ.. ഞാൻ നിങ്ങൾക്ക് ഇമാമായി നിസ്കരിക്കാം. അനസ്(റ) തുടരുന്നു. കാലപ്പഴക്കം കൊണ്ട് കറുത്ത ഒരു തഴപ്പായ എടുത്ത് വെള്ളം തളിച്ചു. യാതൊരു സങ്കോചവുമില്ലാതെ തിരുനബിﷺ അതിൽ നിസ്കരിക്കാൻ നിന്നു. ഞാനും അവിടെ ഉണ്ടായിരുന്ന മറ്റൊരു അനാഥ ബാലനും കൂടി പിന്നിൽ നിന്നു. വയോധികയായ വല്യുമ്മ പിറകിലുണ്ടായിരുന്നു. രണ്ട് റക്അത്ത് നിസ്കരിച്ച ശേഷം സലാം വീട്ടി നബിﷺ അവിടെ നിന്ന് മടങ്ങി.
ഒരു വയോധികയുടെ കുടിലിൽ പഴയ പായ വിരിച്ച് നിസ്കരിക്കുന്ന പ്രവാചകന്റെﷺ ചിത്രം നമ്മുടെ ഹൃദയത്തിൽ ഒന്ന് സങ്കൽപ്പിച്ചു നോക്കൂ. ജാഡയും ഭാവവും ഒന്നുമില്ലാതെ വിനയത്തിന്റെ സമവാക്യമായി ഒരു വൃദ്ധയുടെ മുന്നിൽ തെളിഞ്ഞു നിൽക്കുന്ന പച്ചയായ ഒരു മനുഷ്യന്റെ ചിത്രം. ഔദ്യോഗികതകളില്ലാതെ മാതൃത്വത്തിന്റെ താരള്യത്തെ വകവച്ചു കൊടുക്കുന്ന ഒരു മകന്റെ മുഖഭാവം.
എന്നെ നിങ്ങൾ മൂസാ പ്രവാചകനെ(അ)ക്കാൾ മഹത്വപ്പെടുത്തരുത് എന്ന് പറയുമ്പോൾ അവിടുത്തെ താഴ്മ അല്ലാതെ മറ്റെന്താണ് തെളിഞ്ഞു കാണുന്നത്. ഒരാൾ ഒരിക്കൽ വന്ന് നബിﷺയോട് ഇങ്ങനെ പറഞ്ഞു. യാ ഖൈറൽ ബരിയ്യ(അല്ലയോ സർവരിലും ഉത്തമരെ)… അത് അല്ലാഹുവിന്റെ മിത്രമായ ഇബ്രാഹിം പ്രവാചകന(അ)ല്ലേ എന്നായിരുന്നു പ്രതികരണം. അനസ്ബിൻ മാലിക്(റ) തന്നെ പറയുന്നു. ഒരിക്കൽ നബി സമക്ഷത്തിലേക്ക് ഒരാൾ വന്നു. യാ സയ്യിദിനാ.. എബ്ന സയ്യിദിനാ.. വ ഖൈറനാ വ ബ്ന ഖൈരിനാ.. ഞങ്ങളുടെ നേതാവേ! നേതാവിന്റെ മകനെ! ഞങ്ങളിൽ ഉത്തമരെ! ഉത്തമരുടെ പുത്രാ!എന്നിങ്ങനെയുള്ള പ്രയോഗങ്ങളോടെ നബിﷺയെ അഭിസംബോധന ചെയ്യുന്നു.
നിങ്ങൾ അങ്ങനെയൊന്നും അഭിസംബോധന ചെയ്യണമെന്നില്ല. പൈശാചികതകൾ ഒന്നും നിങ്ങളെ സ്വാധീനിക്കാതിരിക്കട്ടെ. ഞാൻ അബ്ദുല്ലാഹിയുടെ മകൻ മുഹമ്മദ്ﷺ ആണ്. ഞാൻ അല്ലാഹുവിന്റെ ദൂതനും ദാസനും ആണ്. അല്ലാഹു എനിക്ക് നൽകിയ സ്ഥാനത്തിനപ്പുറം ഒന്നും നിങ്ങൾ വാഴ്ത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല.
ആഗതൻ പ്രയോഗിച്ച പ്രയോഗങ്ങൾ ഒന്നും മതപരമായി തെറ്റല്ല. എന്നുമാത്രമല്ല വിശ്വാസികൾ വ്യാപകമായി പ്രയോഗിക്കുന്ന പ്രയോഗം കൂടിയാണ്. എന്നാൽ തിരുനബിﷺയുടെ അങ്ങേയറ്റത്തെ വിനയത്തെ പ്രകാശിപ്പിക്കുകയായിരുന്നു ഇവിടെ.
മാർക്കറ്റിംഗ് തന്ത്രങ്ങൾ ഉപയോഗിച്ച് വ്യക്തികളെ വലുതാക്കുന്ന പുതിയ കാലത്ത്, ഉള്ള സ്ഥാനങ്ങൾ എടുത്തു പറയുമ്പോൾ പോലും വിനയത്തോടെ മാറിനിന്ന് മൂല്യങ്ങളിലേക്ക് ക്ഷണിക്കുന്ന നബിﷺയെ വായിക്കുമ്പോൾ എക്കാലത്തെയും മാതൃകയായി മുത്ത് നബിﷺ ഉയർന്നു തന്നെ നിൽക്കുകയാണ്. അല്ലാഹു എനിക്ക് നൽകിയ സ്ഥാനത്തേക്കാൾ എന്നെ ഉയർത്തേണ്ടതില്ല എന്ന പ്രയോഗത്തിൽ എല്ലാമുണ്ട്. എന്റെ സ്ഥാനങ്ങളും പദവികളും എല്ലാം അല്ലാഹു നൽകിയതാണെന്നും അവരുടെ വാഴ്ത്തലും പുകഴ്ത്തലും എല്ലാം അടിസ്ഥാനപരമായി അല്ലാഹുവിലേക്ക് മടങ്ങുന്നതാണെന്നും ഒരു നല്ല വായനയുണ്ട്.
ലോകത്തിന്റെ മുഴുവനും കാരുണ്യമായും എല്ലാ സൃഷ്ടികളേക്കാൾ ഉത്തമരായും നബിﷺയെ വാഴ്ത്തി അവതരിപ്പിച്ചത് അല്ലാഹു തന്നെയാണല്ലോ? എന്നെ പുകഴ്ത്തുമ്പോൾ എല്ലാം എനിക്ക് സ്ഥാന പദവികൾ നൽകിയ അല്ലാഹുവിനെ ഓർക്കണം എന്ന ഒരു ആത്മീയ വിചാരം കൂടി അതിൽ ഉണർത്തുന്നുണ്ട്. അല്ലാഹുവിന്റെ അടുക്കൽ ഒരാൾ വലുതാകുന്നത് അല്ലാഹുവിന്റെ മുമ്പിൽ ഏറ്റവും ചെറുതാകുമ്പോഴാണ്. അഥവാ ഉടമസ്ഥന് ഏറ്റവും പ്രിയപ്പെട്ട ആളാകുന്നത് അങ്ങേയറ്റത്തെ അടിമത്തബോധം അവന്റെ മുൻപിൽ സമർപ്പിക്കുമ്പോഴാണ്. ഞാനാണ് അല്ലാഹുവിനെ ഏറ്റവും സൂക്ഷിക്കുന്നതും ഭയപ്പെടുന്നതും എന്ന പ്രയോഗത്തിൽ ഈ ആശയങ്ങൾ എല്ലാം ഉണ്ട്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-717
Tweet 717
താഴ്മയുടെ പര്യായമായ തിരുനബിﷺയെയാണ് നമ്മൾ ഇതുവരെ വായിച്ചത്. ഇനി ആ ശ്രേഷ്ഠ പ്രവാചകനിﷺലെ ധീരതയെ കുറിച്ചുകൂടി നമുക്ക് മനസ്സിലാക്കാനുണ്ട്. ഉത്തമനായ ഒരു നേതാവിന്റെ പ്രധാന ഗുണങ്ങളിൽ പെട്ടതാണല്ലോ സ്‌ഥൈര്യവും ധൈര്യവും. ലോക ചരിത്രത്തിൽ തന്നെ ഏറ്റവും വലിയ പ്രതിസന്ധികളെ നേരിട്ടവർ പ്രവാചകന്മാരാണല്ലോ. അവരിൽ തന്നെ അതിജീവനത്തിന്റെ ഏറ്റവും വലിയ അധ്യായങ്ങൾ രചിച്ചത് തിരുനബിﷺയാണ്.
കാലുഷ്യങ്ങളുടെയും പോരുകളുടേയും സാമൂഹിക പരിസരത്ത് ആണല്ലോ തിരുനബിﷺ ജനിച്ചു വീണത്. പതിനഞ്ചാം വയസ്സിൽ തന്നെ യുദ്ധഭൂമിയിൽ എത്തിച്ചേരേണ്ട സാഹചര്യം ഉണ്ടായി. ഫിജാർ യുദ്ധത്തിൽ അമ്മാവന്മാരോടൊപ്പമായിരുന്നു അവിടെ എത്തിയത്. പോർക്കളത്തിന്റെ ചൂരും ചൂടും യുദ്ധക്കളത്തിലെ ആയുധപ്രയോഗങ്ങളും അതിജീവനത്തിന് ഉപയോഗിക്കുന്ന അടവുകളും നേരിട്ടു കാണാനുള്ള സാഹചര്യം ആയിരുന്നു അത്. ഫിജാർ യുദ്ധത്തിൽ പങ്കെടുത്ത അനുഭവം പിൽക്കാലത്ത് നബിﷺ അനുയായികളോട് പങ്കുവെച്ചിട്ടുണ്ട്.
ഉയർന്ന മലയുടെ മുകളിൽ ഏകാന്തമായ ഗുഹാന്തരത്തിൽ നാളുകൾ നീളുന്ന ഏകാന്തവാസം തെരഞ്ഞെടുക്കണമെങ്കിൽ എത്രമേൽ ആത്മധൈര്യവും ആത്മവിശ്വാസവും വേണം. തിരുനബിﷺക്ക് ഏറ്റവും ഇഷ്ടപ്പെട്ട വാസമായിരുന്നല്ലോ നൂർ പർവതത്തിനു മുകളിലുള്ള ഹിറാ ഗുഹയിലെ താമസം. സ്വന്തം ആത്മാവിനോടും പ്രപഞ്ചത്തിന്റെ അധിപനോടും സംഭാഷണം നടത്താനുള്ള അനുഗ്രഹീത ഇടം ആയിട്ടാണ് തിരുനബിﷺ അതിനെ കണ്ടത്. ഗുഹാന്തരത്തിൽ ഇരുന്ന് കഅ്ബാലയത്തെ നോക്കുന്നത് നബിﷺക്ക് ഏറ്റവും സംതൃപ്തി ലഭിക്കുന്ന അനുഷ്ഠാനമായിരുന്നു.
നാടു മുഴുവനും നിലനിന്നിരുന്ന അനാശാസ്യതകൾക്കെതിരെ നാട്ടുപ്രമുഖന്മാരെ പോലും വകവെക്കാതെ ഉറച്ചു നിന്ന് നിലപാട് പ്രഖ്യാപിക്കണമെങ്കിൽ എത്രമേൽ ആത്മധൈര്യമാണ് ആവശ്യമുള്ളത്! മക്കയിലെ സമൂഹ ഘടനയിൽ കാലങ്ങളായി ആഴത്തിൽ പതിഞ്ഞുകിടക്കുന്ന അരുതായ്മകൾക്കെതിരെയായിരുന്നു നബിﷺക്ക് ശബ്ദിക്കേണ്ടിയിരുന്നത്. അത് അത്രമേൽ സുഖകരമായ ഒരു കാര്യമായിരുന്നില്ല.
ഒരുപാട് അനാവശ്യങ്ങൾ അവർക്ക് ആരാധനയോ പുണ്യകർമ്മമോ ആയിരുന്നു. ഒരുപാട് ദുശക്തികൾ അവരുടെ ദൈവമോ പ്രതിഷ്ഠയോ ആയിരുന്നു. നിരവധി ദുർവിചാരങ്ങൾ അവർക്ക് വേദവാക്യങ്ങൾ ആയിരുന്നു. മദ്യം നിവേദ്യം പോലെയായിരുന്നു അവർ പാനം ചെയ്തിരുന്നത്. ലൈംഗിക വഴികേടുകൾ അവരുടെ സംസ്കാരത്തിന്റേതായിട്ടാണ് അവർ കണ്ടിരുന്നത്. പെൺ ജന്മങ്ങളെ കുഴിച്ചുമൂടുന്നതിൽ ഒരു കൊതുകിനെ കൊല്ലുന്ന ലാഘവം പോലും അവർക്ക് ഉണ്ടായിരുന്നില്ല. അടിമ സമ്പ്രദായം അവരുടെ സാമ്പത്തിക സ്രോതസ്സുകളിൽ സുപ്രധാനമായിരുന്നു. ഇങ്ങനെയുള്ള ഒരു ജനതയുടെ മുമ്പിൽ നിവർന്നു നിന്നുകൊണ്ട് അരുതെന്ന് ശബ്ദം ഉയർത്താൻ ലോകത്ത് തന്നെ ഏറ്റവും വലിയ ധൈര്യവാനേ സാധിക്കുമായിരുന്നുള്ളൂ.
അന്നുവരെ ആറ്റുനോറ്റു പരിപാലിച്ചവരും സത്യസന്ധനും വിശ്വസ്തനുമായി കൊണ്ടുനടന്നവരും പ്രിയപ്പെട്ട പിതാവിന്റെ സഹോദരന്മാരും തിരുനബിﷺയുടെ ശിരസ്സെടുക്കാൻ തീരുമാനിക്കുന്നത് വരെയെത്തി എന്നത് പ്രവാചകൻﷺ ഉയർത്തിയ ധർമ്മസ്വരത്തിന്റെ ഊക്ക് എത്രമേൽ ശക്തമായിരുന്നു എന്നതിന്റെ തെളിവാണ്. ജീവനേക്കാൾ വലുതായി ഒരു ആദർശത്തെ എങ്ങനെ സ്നേഹിക്കാമെന്ന് ലോക ചരിത്രത്തിൽ അടയാളപ്പെടുത്തിയതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നേതാവാണ് മുഹമ്മദ് നബിﷺ. ഒരു ആദർശത്തെ സ്ഥാപിക്കണമെന്നതിലുപരി മറ്റൊരു താൽപര്യവും ഇല്ലാത്ത വിധം ആദർശത്തിനു വേണ്ടി നിലകൊണ്ടതിലും ഏറ്റവും മുന്നിൽ മുഹമ്മദ് നബിﷺ തന്നെയായിരിക്കും. അറിവും അനുഷ്ഠാനവും നീതിയും സത്യസന്ധതയും ധിഷണയും ആത്മശക്തിയും എല്ലാം ചേർത്തുവച്ചുകൊണ്ട് തിരുനബിﷺ ഉയർത്തിയ ധർമ്മസ്വരങ്ങളുടെ ഊർജ്ജമാണ് നബിﷺയിലെ ധൈര്യത്തെ നമുക്ക് പരിചയപ്പെടുത്തുന്നത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-718
Tweet 718
ഒരു ദിവസം തിരുനബിﷺ ഉക്കാള് മാർക്കറ്റിലേക്ക് കടന്നുവന്നു. ശത്രുപാളയത്തിലെ ഒരുപാട് നേതാക്കൾ അവിടെയുണ്ട്. തിരുനബിﷺയുടെ പ്രബോധനത്തെ ഇഷ്ടപ്പെടാത്ത പലരും ഉണ്ട്. ആത്മധൈര്യത്തോടുകൂടി അവിടുന്ന് വിളിച്ചു പറഞ്ഞു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല എന്ന് നിങ്ങൾ വിശ്വസിച്ചു പ്രഖ്യാപിക്കൂ. നിങ്ങൾക്ക് വിജയം വരിക്കാം. എല്ലാ നിലയിലും തുറന്ന പ്രബോധനത്തിന്റെ പ്രഖ്യാപനം. ശത്രുപാളയത്തിലെ നായകന്മാർ പാഞ്ഞടുത്തു. ഒരു നിമിഷം പോലും ധൈര്യം കൈവിടാതെ തിരുനബിﷺ ഉറച്ചുനിന്നു. മല ഇളകി വന്നാലും സത്യപ്രഖ്യാപനത്തിൽ നിന്ന് പിന്നോട്ടില്ല എന്ന് നിലപാടുകൊണ്ട് അടയാളപ്പെടുത്തി.
ഒരു കാര്യത്തിലും ഇത്രമേൽ കണിശത കാണിക്കാത്ത ഈ മഹാവ്യക്തി, സ്വന്തമായ ഒരു ആവശ്യത്തിനും വൈകാരികമായി ഇടപെട്ടിട്ടില്ലാത്ത ഈ വ്യക്തിത്വം, ഇത്രമേൽ ശക്തമായ ഒരു നിലപാട് വിശ്വാസപരമായി നിലനിർത്തുന്നത് എന്തുകൊണ്ടാണെന്ന് ചിലരെങ്കിലും ആലോചിച്ചു. പ്രീണനവും പ്രലോഭനവും ഒരുമിച്ചു മുന്നോട്ട് വന്നു. ഒന്നിനും വഴങ്ങിക്കൊടുക്കാൻ തിരുനബിﷺ തയ്യാറായില്ല. മുത്ത് നബിﷺയുടെ ധീരതയെ അടയാളപ്പെടുത്തിയ നിമിഷമായിരുന്നു ഇത്.
ഒരു പോർക്കളത്തിൽ നിന്നും തിരുനബിﷺ പിൻവാങ്ങിയില്ല. എങ്ങോട്ടും ഓടിയില്ല. ശത്രുവിനെ ഭോഗീകരിക്കുന്നതിൽ ഭീരുത്വം കാണിച്ചില്ല. ചില സന്ദർഭങ്ങളിൽ അനുയായികൾ പതറിയപ്പോഴും നേരിട്ട് പട നയിക്കാൻ അവിടുന്ന് ധൈര്യം കാണിച്ചു. നേതാവ് തന്നെ പോർക്കളത്തിൽ ഇറങ്ങി മുന്നിൽ നിന്ന് നയിക്കുന്ന അനുഭവങ്ങൾ ലോകചരിത്രത്തിൽ അപൂർവമായിരിക്കും. ഭരണാധികാരികളും പ്രസ്ഥാന നേതാക്കളും അരമനയിൽ ഇരുന്ന്, പട്ടാളം സൈനിക മേധാവിയുടെ നേതൃത്വത്തിൽ സൈന്യത്തെ നയിക്കുന്നതായിരിക്കും ലോകയുദ്ധങ്ങളുടെ ചിത്രങ്ങൾ. എന്നാൽ, തിരുനബിﷺയുടേത് അങ്ങനെയല്ല. അതിജീവനത്തിനു വേണ്ടിയുള്ള പ്രതിരോധ സമരങ്ങൾ ആയിരുന്നെങ്കിലും അനിവാര്യമായി പടക്കളത്തിൽ ശത്രുവിനെ നേരിടേണ്ടി വന്നപ്പോഴെല്ലാം പ്രവാചകൻﷺ പോർക്കളത്തിലോ അതിന്റെ ചാരത്തോ തന്നെ ഉണ്ടായിരുന്നു. അനുയായികൾക്ക് ആത്മവിശ്വാസം നൽകാനും ആത്മധൈര്യം പകർന്നു കൊടുക്കാനും എല്ലാവരും പതറിയാലും ധൈര്യത്തോടെ മുന്നോട്ട് പോകാൻ പ്രവാചകൻﷺ മുന്നിൽ തന്നെ ഉണ്ടായിരുന്നു.
ഹുനൈൻ യുദ്ധവേളയിൽ ആദ്യഘട്ടം പരീക്ഷണം നിറഞ്ഞതായിരുന്നു. ശത്രുക്കൾ നന്നായി അടിച്ചുകയറുകയും സൈന്യത്തിന്റെ ഉള്ളിലേക്ക് കടന്നു വരികയും ചെയ്തു. എന്തുചെയ്യണമെന്നറിയാതെ മുസ്ലിം സൈന്യം പലവഴിക്കു ചിതറി. ഇത്തരമൊരു ഘട്ടത്തിൽ സാധാരണ ഭരണാധികാരികൾ അരമനയിൽ നിന്ന് ഇറങ്ങാറില്ല. പ്രസ്ഥാന നായകന്മാർ കമന്റുകൾ നടത്തി അകത്തിരിക്കുകയാണ് ചെയ്യുക. എന്നാൽ തിരുനബിﷺ അങ്ങനെയായിരുന്നില്ല. നേരെ പോർക്കളത്തിലേക്ക് ഇറങ്ങി. ഒപ്പമുള്ള കുറച്ച് അനുയായികളോടൊപ്പം സൈന്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു.
ശത്രുക്കളെ അഭിമുഖീകരിച്ചുകൊണ്ട് ഇങ്ങനെ പ്രഖ്യാപിച്ചു. ഞാൻ ഒരിക്കലും കള്ള പ്രവാചകൻ അല്ല. ഞാൻ അബ്ദുൽ മുത്തലിബിന്റെ പുത്രനാണ്. അഥവാ എനിക്ക് നിലപാടും പാരമ്പര്യവും ഉണ്ട്. ഒരു സത്യവാദത്തിന് മേലാണ് ഞാൻ നിങ്ങൾക്കെതിരെ നിൽക്കുന്നത്. പാരമ്പര്യമുള്ള ഒരു തറവാട്ടിൽ നിന്നാണ് ഞാൻ വന്നത്. ഭീരുവായി പിൻവാങ്ങേണ്ട യാതൊരു സാഹചര്യവും എനിക്കില്ല. ഏതുവരെയും നിലകൊള്ളുന്നതിൽ പേടിയുമില്ല. ഇതായിരുന്നു ആ നിലപാടിന്റെയും പ്രഖ്യാപനത്തിന്റെയും സാരം. അതോടെ യുദ്ധത്തിന്റെ ഗതി മാറി. ചിതറിപ്പോയ അനുയായികൾ വന്നുകൂടി. ഒടുവിൽ വിശ്വാസ സമൂഹം വിജയഭേരി മുഴക്കി ജയിച്ചടക്കി.
ഒരു പ്രതിസന്ധിഘട്ടത്തിലെ ധൈര്യപൂർണ്ണമായ ഇടപെടലായിരുന്നു ഈ വിജയത്തിന് നിദാനം.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-719
Tweet 719
തിരുനബിﷺയുടെ സഖാക്കളിൽ ധൈര്യത്തിന്റെ പര്യായം കൂടിയായ അലി(റ) പറയുന്നു. യുദ്ധക്കളങ്ങളിൽ ഞങ്ങൾ പ്രതിസന്ധിയിൽ അകപ്പെട്ടാൽ എല്ലാവരും അഭയം തേടിയെത്തുന്നത് നബിﷺയുടെ അടുത്തേക്ക് ആയിരുന്നു. അത്തരം സന്ദർഭങ്ങളിലെല്ലാം ശത്രുവിനോട് ഏറ്റവും അടുത്ത് നിൽക്കുന്നതും അവിടുന്ന് തന്നെയായിരുന്നു.
ഒരിക്കൽ തിരുനബിﷺ പറഞ്ഞതായി ഹദീസ് രേഖപ്പെടുത്തുന്നു. എന്റെ ശരീരത്തിന്റെ ഉടമസ്ഥനെ തന്നെ സത്യം! ഞാൻ ആഗ്രഹിച്ചു പോകുന്നത് ഇങ്ങനെയാണ്. അല്ലാഹുവിന്റെ മാർഗത്തിൽ പടക്കളത്തിൽ എത്തുകയും കൊല്ലപ്പെടുകയും വേണം. വീണ്ടും ജീവിതം ലഭിക്കുകയും വീണ്ടും പടക്കളത്തിൽ വരികയും കൊല്ലപ്പെടുകയും വേണം. മൂന്നു പ്രാവശ്യം ഇത് ആവർത്തിച്ചു.
രണ്ടു ആശയങ്ങളാണ് ഈ പരാമർശം ഉൾക്കൊള്ളുന്നത്. അല്ലാഹുവിനുവേണ്ടി എല്ലാം സമർപ്പിക്കാനുള്ള മനോഗതിയും ധൈര്യമായി ഇത്തരം സന്ദർഭങ്ങളെ അഭിമുഖീകരിക്കാനുള്ള സാമർത്ഥ്യവും ആയിരുന്നു അത്. കൊല്ലപ്പെടുക എന്ന പരാമർശം മാത്രം എടുത്തു വച്ചുകൊണ്ട് സന്ദർഭത്തിൽ നിന്ന് മാറ്റി ഇതിനെ പ്രയോഗിക്കേണ്ടതില്ല. യുദ്ധത്തെക്കുറിച്ചും യുദ്ധക്കളത്തിൽ വച്ചും സംസാരിക്കുമ്പോൾ ധീരമായി എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്ന് തന്നെയാണല്ലോ പറയേണ്ടത്. എല്ലാ സമാധാനത്തിന്റെയും സന്ധിയുടെയും എല്ലാ കവാടങ്ങളും അടയുമ്പോൾ മാത്രമായിരുന്നു സായുധമായ പ്രതിരോധത്തിന്റെ വഴികൾ തിരുനബിﷺ സ്വീകരിച്ചിരുന്നത്. ഈ ഒരു അനുബന്ധം കൂടി എവിടെയും ചേർത്ത് വായിക്കേണ്ടതാണ്.
അതാ ഒരു രാത്രിയിൽ മദീനയിലുള്ളവർ അതിഭയങ്കരമായ ഒരു ശബ്ദം കേട്ടു. എന്തായിരിക്കും എന്ന് കരുതി ശബ്ദം കേട്ട ഭാഗത്തേക്ക് ആളുകൾ പോകാൻ ഒരുങ്ങി. അപ്പോഴേക്കും അതാ പ്രവാചകൻﷺ ആ ശബ്ദത്തിന്റെ ഉറവിടത്തിൽ പോയി അന്വേഷിച്ചു വരുന്നു. ഭയപ്പെടേണ്ടതില്ല.. ഭയപ്പെടേണ്ടതില്ല.. നിങ്ങൾ ശാന്തരാകൂ എന്ന് പറഞ്ഞ് അവരെ ആശ്വസിപ്പിക്കുകയായിരുന്നു. അബൂത്വൽഹയുടെ കുതിരപ്പുറത്ത് തോളിൽ വാളുമിട്ട് കുതിരപ്പുറത്തിരുന്നു പ്രത്യേക വസ്ത്രം പോലും ഇടാതെ ധീരമായി വരുന്ന പ്രവാചകനെﷺയാണ് മദീന അപ്പോൾ കണ്ടത്.
ഒരു ഭരണാധികാരിയോ നേതാവോ ഇത്തരം സന്ദർഭങ്ങളിൽ എന്താണ് ചെയ്യുക? ആളുകളെയും ഉദ്യോഗസ്ഥന്മാരെയും വിളിച്ച് അന്വേഷിക്കാൻ വിടും. വിവരം എത്തുന്നതുവരെ കാത്തിരിക്കും. പ്രവാചകൻﷺ എല്ലാവർക്കും വേണ്ടി ആദ്യം പോയി അന്വേഷിക്കുകയും പരിഹാരം കണ്ടെത്തുകയുമായിരുന്നു. സമാനതകളില്ലാത്ത വായനകൾ ആണ് ഇതെല്ലാം.
തിരുനബിﷺയുടെ സാധാരണ നടപ്പിൽ തന്നെ ഒരു ചടുലതയുണ്ടായിരുന്നു. ശത്രുക്കൾ കാണുന്ന സന്ദർഭങ്ങളിൽ ചടുലമായി സഞ്ചരിക്കാൻ അനുയായികളോട് നിർദ്ദേശിക്കുമായിരുന്നു. കഅ്ബാലയം ത്വവാഫ് ചെയ്യുമ്പോൾ വലത്തെ തോൾ തുറന്നു ചടുലമായ ചുവടുകളോടെ പ്രദക്ഷിണം നിർവഹിക്കണമെന്ന് അനുയായികളോട് പറഞ്ഞതിലും ഒരു ധീരതയുടെ അടയാളപ്പെടുത്തൽ ഉണ്ടായിരുന്നു. സഖ്യസേനകൾ മുഴുവനും മദീനയെ ആക്രമിക്കാൻ വന്നപ്പോഴാണ് കിടങ്ങ് കീറി മദീനയെ സംരക്ഷിക്കാൻ സൽമാനുൽ ഫാരിസി(റ)യുടെ തന്ത്രത്തിന് നബിﷺ സമ്മതം നൽകിയത്. അനുയായികൾ കിടങ്ങു കീറിയപ്പോൾ പ്രവാചകൻﷺ വെറുതെ ഇരിക്കുകയായിരുന്നില്ല. അവർക്ക് നീക്കം ചെയ്യാനാവാത്ത ഭീമാകാരമായ പാറ പ്രത്യക്ഷപ്പെട്ടപ്പോൾ അവർ ഓടിച്ചെന്നതും നബിﷺയുടെ അടുത്തേക്കായിരുന്നു. ഒരു നിമിഷം പോലും വൈകാതെ നബിﷺ ആ ദൗത്യം ഏറ്റെടുത്തു. പണിയായുധമെടുത്ത് പ്രവാചകൻﷺ സ്വന്തം കരങ്ങൾ കൊണ്ട് അത് അടിച്ചു പൊട്ടിക്കാൻ തുടങ്ങി. ആത്മധൈര്യം നൽകുന്ന മുന്നറിയിപ്പുകളോടെ ദൗത്യം പൂർത്തിയാക്കി.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-720
Tweet 720
ധീരതയും ആരോഗ്യവും പ്രാധാന്യത്തോടെ തന്നെ നബിﷺ എടുത്തു പറയാറുണ്ട്. ആരോഗ്യമുള്ള വിശ്വാസിയാണ് ദുർബലനായ വിശ്വാസിയെക്കാൾ ഉത്തമനെന്ന് തിരുനബിﷺ പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹുവിന് ഏറ്റവും ഇഷ്ടം ആരോഗ്യവാനായ വിശ്വാസിയോടാണ് എന്നാണ് നബിﷺയുടെ പ്രയോഗത്തിന്റെ സാരം. അല്ലാഹുവേ ദൗർബല്യത്തിൽ നിന്നും മടിയിൽ നിന്നും പിശുക്കിൽ നിന്നും ഭീരുത്വത്തിൽ നിന്നും നീ കാവൽ നൽകേണമേ എന്ന് നബിﷺ പ്രാർത്ഥിക്കാറുണ്ട്. ഒരു മനുഷ്യനിൽ ധീരതയ്ക്കുള്ള പ്രാധാന്യം അടയാളപ്പെടുത്തുന്ന പ്രാർത്ഥനയാണത്. പ്രതിസന്ധികളെ അതിജീവിക്കാനും സമൃദ്ധമായി മുന്നേറാനുമുള്ള വിചാരങ്ങളാണ് അനുയായികൾക്ക് അവിടുന്ന് പഠിപ്പിച്ചു കൊടുത്തത്. പോർക്കളത്തിൽ അഭിമുഖമായി നിൽക്കുമ്പോൾ ഒളിച്ചോടിപ്പോകുന്നതും ഭീരുവായി പിൻവാങ്ങുന്നതും വൻകുറ്റമായിട്ടാണ് പ്രവാചകൻﷺ അവതരിപ്പിച്ചത്. അനുയായികളിൽ ഉണ്ടായിരിക്കേണ്ട സാമർത്ഥ്യത്തെ അടയാളപ്പെടുത്തുന്നതായിരുന്നു ഈ പരാമർശവും.
ഓരോ രാഷ്ട്രങ്ങളും സമൂഹ ഘടനയും ധീരതയ്ക്കുള്ള അവാർഡുകൾ പലപ്പോഴും നൽകാറുണ്ടല്ലോ! ഒരു വ്യക്തിയിൽ ധീരത അടയാളപ്പെടുത്തുന്ന മൂല്യത്തെയാണ് അതും നമ്മെ പഠിപ്പിക്കുന്നത്.
ധീരമായി മുന്നേറിയിരുന്ന അനുയായികളെ പ്രശംസിക്കുന്നതിൽ തിരുനബിﷺക്ക് തീരെ പിശുക്കില്ലായിരുന്നു. യുദ്ധം കൊടുമ്പിരി കൊണ്ട ഒരു ഘട്ടത്തിൽ സഅദ് ബിൻ അബീ വഖാസ്(റ) ധീരമായ നിലപാട് സ്വീകരിക്കുകയും നിരന്തരം ശത്രുപാളയത്തിലേക്ക് അമ്പെയ്തു കൊണ്ടിരിക്കുകയും ചെയ്തു. ഇത് കണ്ടപ്പോൾ അദ്ദേഹത്തോട് നബിﷺ പറഞ്ഞു. എന്റെ മാതാപിതാക്കൾ നിങ്ങൾക്ക് ദണ്ഡമാണ്. നിങ്ങൾ ധൈര്യമായി അമ്പെയ്ത്ത് തുടർന്നോളൂ. സധൈര്യം നിലകൊള്ളുന്ന ഒരു അനുയായിക്ക് നൽകാവുന്ന ഏറ്റവും വലിയ പ്രോത്സാഹനമായിരുന്നു ഇത്. ലോകത്ത് എന്ത് നൽകുന്നതിനേക്കാളും വലുതായിരുന്നു പ്രവാചകരുﷺടെ ഈ അഭിനന്ദനവും പ്രാർത്ഥനയും.
നബിﷺയുടെ ധീരതയെ കാലത്തോട് ഉപമിച്ച ഒരുപാട് കവികൾ ഉണ്ട്. കാരണം കാലത്തിന് ആരെയും പേടിയില്ലല്ലോ! ആരു മരിച്ചാലും കാലം അതിന്റെ സഞ്ചാരം തുടരും. ആരോ ജനിച്ചുവെന്നോ മരിച്ചുവെന്നോ കരുതി കാലം സഞ്ചാരം നിർത്തി വയ്ക്കില്ല. പ്രഭാതം പ്രദോഷമാകാതിരിക്കില്ല. കാലം അതിന്റെ കലണ്ടർ മറിക്കാതിരിക്കില്ല. അതുകൊണ്ടാണ് ധീരതയെ കാലത്തോടുപമിച്ചത്. മറ്റൊരു വ്യാഖ്യാനം കൂടിയുണ്ടതിന്. കാലത്തോളം വിശാലമായിരുന്നു തിരുനബിﷺയുടെ ധീരത എന്നാണ് ആ വ്യാഖ്യാനം. എല്ലാ അർത്ഥത്തിലും തിരുനബിﷺയോളം ധീരതയുള്ള ഒരാളെയും ചരിത്രത്തിൽ നമുക്ക് വായിക്കാൻ ഇല്ല. അവിടുന്ന് അതിജീവിച്ചതിന് സമാനമായ ഒരു ഘട്ടവും ഒരു വിപ്ലവകാരിയും ഒരു നവോത്ഥാന നായകനും അതിജീവിക്കേണ്ടി വന്നിട്ടില്ല.
ഊരിപ്പിടിച്ച വാളുമായി വീടുവളഞ്ഞ സൈന്യത്തിന്റെ നടുവിലൂടെ അവർക്കാർക്കും ഒരു പ്രഹരവും ഏൽപ്പിക്കാതെ സധൈര്യം ഇറങ്ങി വരാൻ ലോകചരിത്രത്തിൽ ആർക്കാണ് സാധിച്ചിട്ടുള്ളത്. വാളും പരിചയും നേർക്കുനേർ അഭിമുഖമാകുന്ന പടക്കളങ്ങളിൽ ഏതു വിപ്ലവകാരിയാണ് പരിചാരകനും അംഗരക്ഷകനും ഇല്ലാതെ ശത്രുക്കളെ നേരിട്ടത്. ആയുധമുയർത്തിപ്പിടിച്ച് ആര് രക്ഷിക്കും എന്ന് ചോദിച്ചപ്പോൾ ഒരല്പം പോലും പതറാതെ അല്ലാഹു എന്ന് പറയാനുള്ള ധൈര്യം എത്ര ഉജ്ജ്വലമായിട്ടാണ് രേഖപ്പെടുത്തുകയും പുനർ വായിക്കുകയും ചെയ്യേണ്ടത്.
കാല്പനികമായ ഒരു സാഹിത്യശകലത്തിലെ കഥാപാത്രത്തിന് എഴുത്തുകാരൻ കൽപ്പിച്ചു കൊടുക്കുന്ന ധൈര്യത്തെക്കുറിച്ചല്ല നാം വായിച്ചു പോകുന്നത്. അലങ്കാരങ്ങൾ ഏതും ചേർക്കാതെ രേഖപ്പെടുത്തപ്പെട്ട വ്യക്തമായ ചരിത്രത്തിന്റെ ഇന്നലെകളെയാണ് നമ്മൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു കഥാപാത്രത്തിന് എത്ര ധീരതയും എത്ര സൗന്ദര്യവും കൽപ്പിച്ചു കൊടുക്കാൻ ആവും! എഴുത്തുകാരന്റെ സങ്കല്പങ്ങളുടെ വികാസങ്ങളിലേക്ക് അതിനെ എത്രയും വളർത്താനാകും! ചരിത്രത്തിന്റെ യഥാർത്ഥ വായനയിൽ നിന്ന് സമാനമായി ആരെയാണ് കൊണ്ടുവരാൻ ഉള്ളത്! പുണ്യാളന്മാരായി വാഴ്ത്തപ്പെടുന്ന പലരും കേവലം സാഹിത്യങ്ങളിലെ കഥാപാത്രങ്ങൾ മാത്രമാണ് എന്ന ബോധ്യം എത്രപേർക്കാണുള്ളത്!
എന്നാൽ തിരുനബിﷺയുടെ ജീവിതം ജനനം മുതൽ വിയോഗം വരെയും ചരിത്രത്തിന്റെ ശരിയായ മാനങ്ങളോടെ രേഖപ്പെട്ടു കിടക്കുകയും വായിക്കപ്പെടുകയും ചെയ്യുന്നു.
ശരിയായി പറഞ്ഞാൽ പുണ്യ നബിﷺയുടെ തിരുശരീരം അന്ത്യവിശ്രമത്തിനു വേണ്ടി ഖബറിൽ കിടത്തിയതിനു ശേഷം ഇന്നുവരെയും മദീന കണ്ണടച്ചിട്ടേയില്ല. ലോകത്തിന്റെ നേത്രങ്ങൾ മുഴുവനും അവിടെ തുറന്നിരിക്കുകയാണ്. കണ്ടവരെ കണ്ടവരും അന്ത്യയാത്രക്ക് സാക്ഷ്യം വഹിച്ചവരും ജീവനോടെ പകർന്നുകൊടുത്ത തുടർച്ചകൾ കണ്ണി മുറിയാതെ ഇന്നുവരെ നീണ്ടുനിൽക്കുന്നു. അതെ ഇന്നുവരെ. അല്ല, ഇനി നാളേക്കും…
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-721
Tweet 721
അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല, എന്നർത്ഥമുള്ള ലാഇലാഹ ഇല്ലല്ലാഹ് എന്ന അടിസ്ഥാന വിശ്വാസ വാചകം പറയുമ്പോഴല്ലാതെ “ഇല്ല’ എന്ന നിഷേധത്തിന്റെ പ്രയോഗം തിരുനബിﷺ പ്രയോഗിക്കാറില്ല. അഥവാ നബിﷺയുടെ അടുക്കൽ ചോദിച്ചെത്തുന്ന ആർക്കും നീരസത്തോടെയുള്ള ഒരു നിരാസം അനുഭവിക്കേണ്ടി വന്നിട്ടില്ല എന്നതിന് കവി പ്രയോഗിച്ച രീതിയാണിത്. തിരുനബിﷺയുടെ ഔദാര്യവും മാന്യതയും വിശദീകരിക്കുന്ന അധ്യായത്തിൽ മേൽ ആശയം ഉൾക്കൊള്ളുന്ന കവിത പ്രാധാന്യത്തോടുകൂടി തന്നെ ഉദ്ധരിക്കാറുണ്ട്.
ആവശ്യങ്ങൾ ഉന്നയിച്ചു വരുന്നവരെ നിരാശരാക്കുന്നത് നബിﷺക്ക് സഹിക്കാവുന്ന കാര്യമായിരുന്നില്ല. തിരുനബിﷺയുടെ ദാന വ്യാപ്തിയെക്കുറിച്ച് അനസ്(റ) റിപ്പോർട്ട് ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം. ഒരുവേള നബിﷺ ഒരുപാട് ആളുകൾക്ക് നിരന്തരമായി ദാനം നൽകി. ഒരാൾക്കുതന്നെ രണ്ട് പർവതങ്ങൾക്കിടയിലെ താഴ്‌വര നിറയെ ഉള്ള ആടുകളെ സമ്മാനിച്ചു. അദ്ദേഹം പറഞ്ഞു. മുഹമ്മദ് നബിﷺ ദാനം ചെയ്യുന്നു. സ്വയം ദാരിദ്ര്യം ഭയക്കാതെയുള്ള ദാനമാണ് നൽകുന്നത്. അന്നത്തെ സമൂഹത്തിലെ ആളുകൾക്ക് വിശ്വസിക്കാനാവുന്നതിലും അപ്പുറമായിരുന്നു അത്.
പ്രവാചക സന്നിധിയിൽ വന്ന് ഭൗതികമായ ആവശ്യങ്ങൾ ഉന്നയിച്ച് സ്വീകരിച്ചവരും, കേവലം ഭൗതിക അനുഗ്രഹത്തിൽ മാത്രം പരിമിതപ്പെട്ടിരുന്നില്ല. അവരും ക്രമേണ ആത്മീയമായി ഉന്നതി കൈവരിക്കുകയും പ്രവാചകരുടെ ശിഷ്യഗണങ്ങളിൽ ചേരുകയും ചെയ്തതാണ് ചരിത്രം പരിചയപ്പെടുത്തിയത്.
തിരുനബിﷺയുടെ ഔദാര്യത്തിന്റെ വ്യാപ്തി അടയാളപ്പെടുത്തുന്ന ഒരു നിവേദനം ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. ഒരു ദിവസം ഒരു സ്ത്രീ തിരുനബിﷺക്ക് നല്ല ഒരു വസ്ത്രം സമ്മാനിച്ചു. അവർ തന്നെ നെയ്തുണ്ടാക്കി വളരെ താല്പര്യപൂർവ്വം തിരുനബിﷺക്ക് നൽകിയതായിരുന്നു. തങ്ങൾക്ക് അത് നന്നായി ഇഷ്ടപ്പെടുകയും സന്തോഷപൂർവ്വം അത് അണിയുകയും ചെയ്തു. പുതുവസ്ത്രം ആയി ഉപയോഗിക്കാൻ ആവശ്യമുള്ള സമയത്തുമായിരുന്നു അവർ അത് നൽകിയത്. പ്രവാചകൻﷺ മനോഹരമായ ആ വസ്ത്രം ധരിച്ചുകൊണ്ട് പുറത്തേക്കിറങ്ങി. കണ്ട മാത്രയിൽ ഗ്രാമീണരായ ഒരു അറബി നബിﷺയോട് ചോദിച്ചു. ആ വസ്ത്രം അവിടുന്ന് എനിക്ക് സമ്മാനിക്കുമോ? പ്രവാചകൻﷺ സന്തോഷപൂർവ്വം ആ അഭ്യർത്ഥന സ്വീകരിച്ചു. അദ്ദേഹത്തിന് സമ്മാനമായി ആ വസ്ത്രം കൊടുത്തയച്ചു. ഇതറിഞ്ഞ മറ്റുള്ളവർ അദ്ദേഹത്തോട് ചോദിച്ചു. ചോദിക്കുന്നവരെ നിരാശരാക്കാത്ത നബിയാണ് എന്ന് നിങ്ങൾക്കറിയില്ലേ? പ്രവാചകൻﷺ താല്പര്യപൂർവ്വം അണിഞ്ഞിരുന്ന വസ്ത്രം എന്തിനാണ് നിങ്ങൾ ചോദിച്ചു വാങ്ങിയത്? അദ്ദേഹം ഇങ്ങനെ വിശദീകരിച്ചു. അതെനിക്ക് ധരിച്ചു നടക്കാൻ വേണ്ടിയല്ല ഞാൻ ചോദിച്ചത്. പ്രവാചകരുﷺടെ തിരുശരീരം സ്പർശിച്ച; അവിടുന്ന് അണിഞ്ഞിരുന്ന ആ വസ്ത്രം എനിക്ക് കിട്ടിയാൽ അത് സൂക്ഷിച്ചുവെക്കാൻ ഞാൻ ഉദ്ദേശിച്ചു. ഞാൻ മരണപ്പെടുന്ന സമയത്ത് എന്റെ കഫൻ പുടവ അഥവാ മൃതശരീരത്തിൽ പുതയ്ക്കാൻ വേണ്ടിയാണ് ഞാൻ ചോദിച്ചു വാങ്ങിയത്. അദ്ദേഹത്തിന്റെ അന്ത്യയാത്രയിൽ അതുതന്നെ ഉപയോഗിച്ചു എന്നാണ് ചരിത്രത്തിന്റെ തുടർവായന.
ആ നിമിഷവും ഘട്ടവും ഒക്കെ നമുക്ക് ഒന്ന് ആലോചിച്ചു നോക്കിയാലോ? എത്രമേൽ ഉദാരമായിരുന്നു അവിടുത്തെ ഹൃദയവും സമീപനവും എന്ന് വ്യക്തമാക്കാൻ വേറെ സംഭവങ്ങളുടെ ആവശ്യമുണ്ടോ! തത്തുല്യമായ ഉദാഹരണങ്ങൾ ചരിത്രത്തിൽ എവിടെയാണ് നമുക്ക് വായിക്കാൻ ലഭിക്കുക!
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
Mahabba Campaign Part-722
Tweet 722
ഹാറൂൺ ബിൻ അബാൻ(റ) നിവേദനം ചെയ്യുന്നു. ഒരിക്കൽ എഴുപതിനായിരം ദിർഹം തിരുനബിﷺക്ക് സമ്മാനമായി ലഭിച്ചു. അന്നുവരെ ലഭിച്ചതിൽ ഏറ്റവും മികച്ച സംഖ്യയായിരുന്നു അത്. പ്രവാചകൻﷺ പള്ളിയിൽ തന്നെ പായയിൽ ഇരുന്നു. തൊട്ടുമുന്നിൽ പായയിൽ തന്നെ ദിർഹമുകളും വച്ചു. ചോദിച്ചു വന്ന എല്ലാവർക്കും തിരുനബിﷺ നൽകിക്കൊണ്ടേയിരുന്നു. പൂർണ്ണമായും അത് കൊടുത്തു തീർന്നതിനുശേഷമാണ് തിരുനബിﷺ അവിടെ നിന്നും എഴുന്നേറ്റു പോയത്.
ഹുനൈൻ യുദ്ധാനന്തരം തിരുനബിﷺ നൽകിയ ദാനം എക്കാലത്തും എവിടെയും ഉദ്ധരിക്കാൻ മാത്രം വിശാലമായിരുന്നു. ഹുനൈനിലെ യുദ്ധാനന്തര സ്വത്ത് വിഹിതം വച്ചുകൊണ്ടിരിക്കുമ്പോഴാണ് തിരുനബിﷺയുടെ പോറ്റു സഹോദരി നബിﷺയുടെ സന്നിധിയിലേക്ക് വന്നത്. ആരെയും അത്ഭുതപ്പെടുത്തുന്ന വിധമുള്ള ദാനധർമ്മങ്ങൾ ആയിരുന്നു അവർക്ക് വേണ്ടി സമ്മാനമായി നൽകിയത്. അഞ്ചുലക്ഷം ദിർഹമിനോളം വരുന്ന സമ്മാനങ്ങൾ നൽകിയെന്ന് കണക്കാക്കിയവരും ഉണ്ട്. കയ്യിലുള്ളത് നഷ്ടപ്പെടുമോ ദാരിദ്ര്യം വന്നുചേരുമോ എന്നൊരു വിചാരവും ദാനം ചെയ്യുമ്പോൾ തിരുനബിﷺക്ക് ഒരിക്കലും ഉണ്ടായിട്ടില്ല.
അനസി(റ)ൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്ന ഒരു നിവേദനത്തിൽ ഇങ്ങനെ വായിക്കാം. ബഹ്റൈനിൽ നിന്നുള്ള വലിയ ഒരു സമ്പാദ്യം നബി സമക്ഷത്തിലേക്ക് കൊണ്ടുവന്നു. പള്ളിയുടെ ഒരു മൂലയിൽ പരസ്യമായി അത് കൂട്ടിവെക്കാൻ പറഞ്ഞു. ശേഷം, ഓരോരുത്തർക്കായി വിതരണം ചെയ്യാൻ തുടങ്ങി. ഒരു ചില്ലി കാശ് പോലും അവശേഷിക്കാതെ ആവശ്യക്കാർക്കും ചോദിച്ചു വന്നവർക്കും നൽകി. പ്രവാചകൻﷺ അവിടെ നിന്ന് എഴുന്നേൽക്കുമ്പോൾ വീട്ടിലേക്കോ സ്വന്തം ആവശ്യത്തിനോ ഒന്നും കരുതിയിരുന്നില്ല. തിരുനബിﷺക്ക് വേണ്ടി കരുതിവെക്കാൻ ആരെയും ഒന്നും ഏൽപ്പിച്ചതുമില്ല.
ഈ ലോകത്ത് സമ്പാദ്യങ്ങളോട് പരിത്യാഗപൂർണ്ണമായ സമീപനങ്ങൾ സ്വീകരിച്ചവർക്കല്ലേ ഇങ്ങനെ ആകാൻ കഴിയൂ. തിരുനബിﷺയുടെ പ്രവാചകത്വ പ്രഖ്യാപനത്തിന്റെ സത്യസാക്ഷ്യം കൂടിയായിരുന്നു സമ്പാദ്യത്തോടും അധികാരത്തോടുമുള്ള തിരുനബിﷺയുടെ സമീപനം. പലരും പല വാദങ്ങളും ഉയർത്തുകയും സ്വാധീനം ഉണ്ടാക്കുകയും ചെയ്യുന്നത് സമ്പത്ത് സമാഹരിക്കാനും അധികാരം കയ്യാളുന്നതിനുമൊക്കെയായിരിക്കും. എന്നാൽ, നബി ജീവിതത്തിൽ അതിന്റെ ഒരു ലാഞ്ചന പോലും വായിക്കാൻ കഴിയില്ല. പ്രവാചകരുﷺടെ ജീവിതം നേരെ ചൊവ്വേ വായിക്കാൻ ലോകം തയ്യാറാകുമ്പോഴാണ് ഈ വസ്തുതകളൊക്കെ തിരിച്ചറിയാൻ കഴിയുക. കേവലമായ കേട്ടുകേൾവികളും വിമർശകന്മാർ ഉന്നയിക്കുന്ന ആക്ഷേപങ്ങളും മാത്രം കേട്ട് പ്രവാചകനെﷺക്കുറിച്ച് അവതരിപ്പിക്കുന്നവർക്ക് വസ്തുതകളുടെ അയലത്തേക്ക് പോലും എത്താൻ കഴിയില്ല.
ഓരോ അനുഗ്രഹങ്ങൾ ലഭിക്കുമ്പോഴും ദാനധർമ്മങ്ങൾ കൊണ്ട് നന്ദി രേഖപ്പെടുത്താനും അല്ലാഹുവിൽ നിന്ന് പ്രീതി കാംക്ഷിക്കാനും തിരുനബിﷺ താല്പര്യപ്പെടുമായിരുന്നു. പരിശുദ്ധ റമളാനിലെ തിരുനബിﷺയുടെ ദാന ധർമ്മങ്ങളെ കുറിച്ചുള്ള നിവേദനങ്ങൾ ഏറെ പ്രസിദ്ധമാണ്. വ്യാപകമായ ഔദാര്യത്തിന്റെ നാളുകളായിരുന്നു അത്. ഖുർആൻ സന്ദേശവുമായി എത്തിച്ചേരുന്ന മലക്ക് ജിബ്‌രീലി(അ)ന്റെ ആഗമന നാളുകൾ പ്രവാചകർﷺക്ക് ദാനധർമ്മങ്ങളുടെ തുല്യതയില്ലാത്ത നാളുകൾ കൂടിയായിരുന്നു. ഒരു നാടുമുഴുവൻ വ്യാപിക്കുന്ന മന്ദമാരുതനെ പോലെ തിരുനബിﷺയുടെ ഔദാര്യത്തിന്റെ ശകലങ്ങൾ എത്താത്ത ആരും ഉണ്ടായിരുന്നില്ല.
ഒരിക്കൽ ഒരാൾ സഹായം തേടി നബിﷺയെ സമീപിച്ചു. അദ്ദേഹത്തിന് കൊടുക്കാൻ പാകത്തിൽ ഒന്നും നബിﷺയുടെ കൈവശമുണ്ടായിരുന്നില്ല. അവിടുന്ന് മറ്റൊരാളുടെ പക്കൽ നിന്നും വായ്പ വാങ്ങി അദ്ദേഹത്തിന് ആവശ്യം നിറവേറ്റി കൊടുത്തു. ഈ രംഗത്തിന് സാക്ഷിയായ ഉമർ(റ) ചോദിച്ചു. അല്ലയോ പ്രവാചകരെﷺ അവിടുന്ന് കൈവശമുണ്ടെങ്കിൽ കൊടുത്താൽ പോരെ? എന്തിനാണ് ഇങ്ങനെ പ്രയാസപ്പെടുന്നത്? പ്രവാചകരെﷺ ആശ്വസിപ്പിക്കാൻ ആയിരുന്നു ഉമറി(റ)ന്റെ ഇടപെടൽ. എന്നാൽ, പ്രവാചകർﷺക്ക് അത് അത്ര സന്തോഷമായില്ല. ആ അസംതൃപ്തി തിരുനബിﷺയുടെ മുഖത്ത് പ്രകടമായി. അപ്പോഴാണ് ഒരു ഗ്രാമീണൻ നബിﷺയോട് ഇങ്ങനെ പറഞ്ഞത്. അല്ലയോ പ്രവാചകരെﷺ അവിടുന്ന് എത്ര വേണമെങ്കിലും ദാനം ചെയ്തു കൊള്ളൂ. അർശിന്റെ അധിപനായ അല്ലാഹുവിൽനിന്ന് ദാരിദ്ര്യത്തെ ഭയക്കേണ്ടതില്ല. ഈ വർത്തമാനം നബിﷺക്ക് വളരെ സന്തോഷമായി. ഉടനെ ഉമറി(റ)നോട് പറഞ്ഞു. ഇങ്ങനെയാണ് ഉമറേ(റ) പറയേണ്ടിയിരുന്നത്.
തിരുനബിﷺയിൽ നിറഞ്ഞു നിന്ന ഔദാര്യ മനസ്സിന്റെ എത്ര ഉജ്ജ്വലമായ ഒരു ഉദാഹരണമാണിത്.
اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി
#MahabbaCampaign
#TaybaCenter
#FarooqNaeemi
#Tweet722
Leave a Reply