The biography of Prophet Muhammad – Month 21

Admin June 6, 2024 No Comments

The biography of Prophet Muhammad – Month 21

Mahabba Campaign Part-591

Tweet 591
ജരീർ ബിൻ അബ്‌ദില്ലാഹ് അൽ ബുജലി(റ)യെ ദുൽ ഖലസയിലേക്ക് നിയോഗിച്ചത്….

ഇമാം ബുഖാരി(റ)യും മുസ്ലിമും(റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ കാണാം. ജരീർ ബിൻ അബ്ദുല്ല(റ) പറയുന്നു. ഒരു ദിവസം തിരുനബിﷺ ചോദിച്ചു. ദുൽ ഖലസയിൽ നിന്ന് നിങ്ങൾ എനിക്ക് ആശ്വാസം തരുന്നില്ലേ? അഥവാ അവിടെയുള്ള അധർമ്മകാരികളെ നന്മയിലേക്ക് ക്ഷണിച്ചു വിജയ വാർത്ത അറിയിക്കുന്നില്ലേ? അവിടെ ബിംബങ്ങൾ ആരാധിക്കപ്പെടുന്ന ഒരു ഗേഹം ഉണ്ടായിരുന്നു. ഖസ്അം, ബുജൈല ഗോത്രക്കാരായിരുന്നു അവിടെ ആരാധനകൾ നിർവഹിച്ചിരുന്നത്. അൽ കഅ്ബത്തുൽ യമാനിയ്യ എന്നാണ് ആ ഗേഹം അറിയപ്പെട്ടത്. ജരീർ(റ) തുടരുന്നു. 150 അശ്വഭടന്മാരോടൊപ്പം ഞാൻ പുറപ്പെടാൻ തീരുമാനിച്ചു. എന്നോടൊപ്പമുള്ള മുഴുവനാളുകളും നന്നായി കുതിരസവാരി പരിചയമുള്ളവരായിരുന്നു. എനിക്ക് കുതിരപ്പുറത്ത് ഇരിപ്പുറക്കുമായിരുന്നില്ല.

ഇതറിഞ്ഞ തിരുനബിﷺ എന്റെ മാറിടത്തിൽ ഒന്ന് അടിച്ചു. അവിടുത്തെ വിരലിന്റെ പാടുകൾ എന്റെ മാറിൽ അടയാളപ്പെട്ടതുപോലെ. എന്നിട്ട് അവിടെ ഇങ്ങനെ പ്രാർത്ഥിച്ചു. അല്ലാഹുവേ ഇദ്ദേഹത്തിന് കുതിരപ്പുറത്ത് നന്നായിരുന്നു യാത്ര ചെയ്യാൻ നീ അവസരം നൽകണമേ! ഇരിപ്പുറപ്പിച്ച് കൊടുക്കേണമേ! നേർവഴി സിദ്ധിച്ച ആളും നേർവഴി കാട്ടുന്ന ആളുമാക്കി ഇദ്ദേഹത്തെ നീ നയിക്കേണമേ! അങ്ങനെ ഞങ്ങൾ പുറപ്പെട്ടു. നിർദ്ദേശിച്ച സ്ഥലത്ത് എത്തി. അവിടുത്തെ ദൗത്യങ്ങൾ പൂർത്തിയാക്കി. അന്ധകാരത്തിന്റെയും അവിശ്വാസത്തിന്റെയും ഇരുട്ടുകൾ നീക്കി. അതിന്റെ കേന്ദ്രങ്ങൾ ഇല്ലായ്മ ചെയ്തു. ഈ സുവിശേഷം അറിയിക്കാൻ തിരുനബിﷺയുടെ അടുത്തേക്ക് ഒരാളെ നിയോഗിച്ചു. അബൂ അറാത്വ എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. അദ്ദേഹം നേരെ തിരുനബി സന്നിധിയിൽ എത്തി.

അദ്ദേഹം പറഞ്ഞു. സത്യസന്ദേശവുമായി നിയോഗിക്കപ്പെട്ട അല്ലാഹുവിന്റെ ദൂതരെﷺ, ശരീരമാസകലം രോഗ ഗ്രേസ്ഥമായ ഒട്ടകത്തെ പോലെയാണ് നാം അവരെ എത്തിച്ചത്. അഥവാ നാം അവരെ പൂർണമായും പരാജയപ്പെടുത്തി ജയിച്ചടക്കിയിരിക്കുന്നു. അഹമ്മസ് ഗോത്രത്തിലെ കുതിരകൾക്കും അതിൻമേൽ സഞ്ചരിച്ചവർക്കും അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. അഞ്ചു പ്രാവശ്യം പ്രാർത്ഥന ആവർത്തിച്ചു. ജരീർ (റ) വീണ്ടും പറയുന്നു. ഞാൻ തിരുനബിﷺയുടെ അടുക്കൽ എത്തിയപ്പോൾ അഹ്മസിലെ കുതിരകൾക്ക് വേണ്ടിയും ഞങ്ങൾക്കുവേണ്ടിയും പ്രാർത്ഥിച്ചു. അവിടുന്ന് പ്രാർത്ഥിച്ചു അനുഗ്രഹിച്ച ശേഷം ഒരിക്കൽ പോലും കുതിരപ്പുറത്തുനിന്ന് ഞാൻ വഴുതി പോയിട്ടില്ല.

മദീനയിൽ ഇരുന്നുകൊണ്ട് ലോകത്തിന്റെ വിവിധ ദിശകളിലേക്ക് തിരുനബിﷺ നോക്കി. എവിടെയൊക്കെയാണ് ഇരുട്ടു പടർന്നു കിടക്കുന്നത് എന്ന് നിരീക്ഷിച്ചു. പരമാവധി സംഘങ്ങളെ ഓരോ ഇടങ്ങളിലേക്കും അയച്ചു. അവരെല്ലാവരും പോയി ഭംഗിയായി ദൗത്യങ്ങൾ നിർവഹിച്ചു. ഓരോ അനുയായിയുടെയും കുറവും മികവും തിരുനബിﷺക്ക് അറിയാമായിരുന്നു. കുറവുകൾ നിരത്താൻ ചില ആളുകൾക്ക് ചില പരിശീലനങ്ങളും ശിക്ഷണങ്ങളും നിർദ്ദേശിച്ചു. മറ്റു ചിലർക്ക് ആത്മീയ മാർഗ്ഗത്തിലൂടെ വളരെ പരിഹാരം നൽകി. ജരീർ ബിൻ അബ്ദില്ലാഹി(റ)ക്ക്‌ പ്രാർത്ഥനയിലൂടെ ഉടനടി പരിഹാരം നൽകിയതാണ് ഇപ്പോൾ നാം വായിച്ചത്. ആത്മീയമായ പരിഹാരങ്ങളും കാര്യകാരണങ്ങളോടുകൂടിയുള്ള പരിഹാരങ്ങളും സമ്മിശ്രമായി തന്നെ തിരുനബിﷺ നിർദേശിച്ചു. അങ്ങനെ തന്നെ കേൾക്കുന്നതിൽ അനുയായികൾക്ക് ഒരു പരിഭവവും ഉണ്ടായിരുന്നില്ല. അവരും രൂപപ്പെടുത്തിയ വിശ്വാസ സംസ്കാരം അങ്ങനത്തേതായിരുന്നു.

ഒരാൾക്ക് അവിടുന്ന് പ്രാർത്ഥിച്ചു പരിഹാരം നൽകിയപ്പോൾ എനിക്കെന്തുകൊണ്ട് നൽകിയില്ല എന്നൊരു സ്വഹാബിയും ചോദിച്ചില്ല. ഒരിക്കൽ ആത്മീയമായ പരിഹാരം കിട്ടിയ അനുയായി, മറ്റൊരിക്കൽ അങ്ങനെ എന്തുകൊണ്ട് തന്നില്ല എന്നും ചോദിച്ചില്ല. സ്വഹാബികളിൽ രൂപപ്പെടുത്തിയ സത്യവിശ്വാസത്തിന്റെ ഗതി അത്രമേൽ കൃത്യമായിരുന്നു. വർത്തമാനകാലത്ത് ആഭ്യന്തര യുക്തിവാദികൾ ഉന്നയിക്കുന്ന ചില സംശയങ്ങൾ സ്വഹാബികളെ പോലും അത്ഭുതപ്പെടുത്തുന്നതായിരിക്കും..!

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-592

Tweet 592
അലിയ്യ് ബിൻ അബീത്വാലിബി(റ)നെയും ഖാലിദ് ബിനു സഈദി(റ)നെയും തിരുനബിﷺ യമനിലേക്ക് നിയോഗിച്ചു…

മനാഖിബുൽ ഇമാം ഷാഫി എന്ന ഗ്രന്ഥത്തിൽ മുഹമ്മദ് ബിൻ റമളാൻ ഉദ്ധരിക്കുന്നു. അലിയ്യ് ബിൻ അബീത്വാലിബി(റ)നെയും ഖാലിദ് ബിൻ സഈദ് ബിൻ അൽ ആസി(റ)നെയും തിരുനബിﷺ യമനിലേക്ക് നിയോഗിച്ചു. രണ്ടുപേരും ഒരുമിച്ചു കൂടിയാൽ അലി(റ) അമീർ ആവും. രണ്ടുപേരും രണ്ടു ദിശയിലായാൽ ഓരോരുത്തരും നേതൃത്വം നൽകും. അങ്ങനെ രണ്ടുപേരും ഒരുമിച്ച് സഞ്ചരിക്കവേ ധീരനും അശ്വഭടനും കവിയുമായ അംറ് ബിൻ മഅദീ കരിബയെ കണ്ടുമുട്ടി. അദ്ദേഹം തന്റെ സമുദായത്തിലെ ഒരു സംഘത്തോടൊപ്പം വരികയായിരുന്നു. അലി(റ)യും ഖാലിദും(റ) വരുന്നത് കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു. എന്റെ പേര് എവിടെ കേട്ടാലും കേൾക്കുന്നവർക്ക് ഒന്ന് വിറക്കും, എന്റെ പോരാട്ടവീര്യത്തിൽ അവരൊന്ന് ഭയപ്പെടും. ഞാൻ ഇവർ രണ്ടുപേരെയും ഒന്ന് അഭിമുഖീകരിച്ചിട്ട് വരട്ടെ.

അംറിന്റെ ആഗമനം കണ്ട ഉടനെ അലി(റ)യും ഖാലിദും(റ) മത്സരിച്ചു പറഞ്ഞു. ഇയാളെ എനിക്ക് വിട്ടു തന്നേക്കൂ ഞാൻ കൈകാര്യം ചെയ്തുകൊള്ളാം. അംറിനെ കിട്ടാൻ വേണ്ടി അവർ അങ്ങോട്ടുമിങ്ങോട്ടും ഉമ്മ സത്യം വാപ്പ സത്യം എന്നൊക്കെ പറയുന്നു. ഞാൻ ഇതുവരെ അഭിമുഖീകരിച്ച ജനങ്ങളെ പോലെയല്ല ഇവർ എന്ന് ഇത് കേട്ടപ്പോൾ അംറിന് മനസ്സിലായി. അതോടെ അദ്ദേഹം ഭംഗിയായി പിന്മാറി.

ഏകദൈവ വിശ്വാസത്തിന്റെ അമരധ്വനിയായ വാങ്കൊലി കേൾക്കാത്ത ഇടങ്ങളിൽ അത് കേൾക്കാൻ ആവശ്യമായ പരിസരം ഒരുക്കണമെന്ന് തിരുനബിﷺ സ്വഹാബിമാരോട് നിർദ്ദേശിച്ചിരുന്നു. അതിനു കൂട്ടാക്കാത്തവരോട് ഉചിതമായ നിലപാടുകൾ സ്വീകരിക്കണമെന്നും കൽപ്പിച്ചു. ബനൂ ഉബൈദ് ഗോത്രത്തിൽ ആയുധ നടപടികൾ സ്വീകരിക്കേണ്ടി വന്നു.

പ്രവാചക അനുയായികൾ പുലർത്തിയ ആത്മവിശ്വാസവും ആത്മധൈര്യവും ഇസ്ലാമിക പ്രചാരണത്തിന്റെയും മുന്നേറ്റത്തിന്റെയും അടിസ്ഥാന ഇന്ധനമായിരുന്നു. താൽക്കാലികവും ഭൗതികവുമായ കാര്യലാഭങ്ങൾക്കപ്പുറം കൃത്യവും സത്യസന്ധവുമായ ഒരു ആശയത്തെ ശരിയായ അനുപാതത്തിൽ എല്ലായിടത്തും എത്തിക്കണം എന്ന ദൗത്യമായിരുന്നു അവർ ഏറ്റെടുത്തത്. തങ്ങൾക്ക് എന്തെങ്കിലും സ്ഥാന പദവികൾ ലഭിക്കണമെന്നോ, സാമ്പത്തിക ഭദ്രത ഉണ്ടാക്കണമെന്നോ, കേവലം കായികമായി ആരെയെങ്കിലും പരാജയപ്പെടുത്തണമെന്നോ, അവർക്ക് ലക്ഷ്യമുണ്ടായിരുന്നില്ല. ഇത്രമേൽ നിസ്വാർത്ഥമായ ഒരു സംഘവും ചരിത്രത്തിൽ എവിടെയും പ്രവർത്തിച്ചതായി നമുക്ക് വായിക്കാൻ കഴിയില്ല. പ്രവാചക കൽപ്പനകൾക്ക് അനുചരന്മാർ നൽകിയ അംഗീകാരം പോലെ ഒരു നേതാവിന്റെയും കൽപ്പനക്ക് ലോകത്ത് അംഗീകാരം ലഭിച്ചിട്ടില്ല.

തിരുനബിﷺയുടെ കാൽപെരുമാറ്റങ്ങൾ അനുകരിക്കപ്പെട്ടത് പോലെ ലോകത്ത് ഒരു വ്യക്തിയുടെയും ചുവടുകൾ അനുകരിക്കപ്പെട്ടിട്ടില്ല. ഞങ്ങളോട് കടലിലേക്ക് എടുത്തു ചാടാൻ പറഞ്ഞാലും ഞങ്ങൾ മടിച്ചു മാറി നിൽക്കുകയില്ല എന്ന നിലപാടായിരുന്നു അനുചരന്മാർ നബിﷺയോട് സ്വീകരിച്ചത്. കർമ്മഭൂമിയിൽ കൊല്ലപ്പെടുന്നത് അനന്തമായ സ്വർഗ്ഗ പ്രാപ്തിക്കുള്ള മാർഗ്ഗമാണെന്ന് ഇത്രമേൽ വിശ്വസിക്കുകയും ആത്മീയമായി അനുഭവിക്കുകയും പ്രതീക്ഷിക്കുകയും ചെയ്ത ഒരു ജനതയെയും ലോക ചരിത്രം കണ്ടിട്ടില്ല. ഈ ആമുഖങ്ങൾ ഒക്കെ ചേർത്തുവച്ചു കൊണ്ടുവേണം പ്രവാചകരുﷺടെയും അനുയായികളുടെയും പ്രബോധന വഴികളുടെ ചരിത്രം വായിക്കാൻ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-593

Tweet 593
തിരുനബിﷺയുടെ സൈനിക നയതന്ത്ര നീക്കങ്ങളെ കുറിച്ചാണ് ഇതുവരെ നാം വായിച്ചു കൊണ്ടിരുന്നത്. സത്യത്തിന്റെ പ്രചാരണത്തിനും സംസ്ഥാപനത്തിനും വ്യത്യസ്ത ശൈലിയിലും ഭാവത്തിലും ദേശങ്ങളുടെയും രാഷ്ട്രങ്ങളുടെയും സ്വഭാവം അറിഞ്ഞ് സ്വഹാബികളിൽ ചെറുതും വലുതുമായ സംഘങ്ങളെ നിയോഗിച്ചു. കുറഞ്ഞ കാലത്തിനുള്ളിൽ ലോകത്തിന്റെ നിരവധി പ്രദേശങ്ങളിലേക്ക് ഇസ്ലാമിന്റെ വെളിച്ചം എത്താൻ ഇത് കാരണമായി. മദീനയും ഇസ്ലാമും പ്രവാചകനുംﷺ അത്ര എളുപ്പം അക്രമിക്കപ്പെടാവുന്നതല്ല എന്ന ഒരു ബോധ്യം കൂടി ഇതുവഴി ഉണ്ടായി.

മറികടക്കാനാവാത്ത ആശയത്തോടൊപ്പം തോൽപ്പിക്കാനാവാത്ത ഒരു വ്യവസ്ഥിതിയും രാഷ്ട്രവും കൂടി ഇസ്ലാമിനൊപ്പം ഉണ്ട് എന്ന് ഈ നയതന്ത്രങ്ങളിലൂടെ ലോക പരിസരങ്ങൾക്ക് ബോധ്യമായി. അക്കാലത്തെ മുഴുവൻ വൻശക്തികളും ഇസ്ലാമിക രാഷ്ട്രത്തിന്റെ ശക്തിയും പ്രതിരോധശേഷിയും തിരിച്ചറിഞ്ഞു.

ഇതേ സന്ദർഭത്തിൽ തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാർഥവാഹക സംഘങ്ങൾ മദീനയിലേക്കും വന്നു. ഇസ്ലാമിനെയും പ്രവാചകനെﷺയും കേട്ടറിഞ്ഞ് നേരിട്ട് കണ്ട് ബോധ്യപ്പെടാൻ വന്നവരും, നേരിട്ട് കണ്ടതിനുശേഷം തീരുമാനമെടുക്കാൻ വന്നവരും, പരീക്ഷണാർത്ഥം ഇസ്ലാമിനെയും പ്രവാചകനെﷺയും സമീപിച്ചവരും ഈ സംഘങ്ങളിൽ ഉൾപ്പെടും. സാർഥവാഹക സംഘങ്ങൾ എന്ന അർത്ഥമുള്ള വുഫൂദ് എന്ന പദമാണ് ഇതു സംബന്ധിയായി ഗ്രന്ഥങ്ങളിൽ പ്രയോഗിച്ചിട്ടുള്ളത്. പ്രവാചകരുﷺടെ തിരുഭവനത്തിൽ ഇത്തരം സംഘങ്ങളെ സ്വീകരിക്കാൻ വേണ്ടിയിരുന്ന സ്ഥലത്തുള്ള തൂണിന് ഉസ്തുവാനത്തുൽ വുഫൂദ് എന്ന പേരാണുള്ളത്. ഇന്നും അതേ നാമത്തിലുള്ള തൂണ് നമുക്ക് അവിടെ കാണാവുന്നതാണ്. ഇത്തരം സ്വീകരണങ്ങളെ എത്രമേൽ പ്രാധാന്യത്തോടെ കണ്ടിരുന്നു എന്നതിന്റെ തെളിവു കൂടിയാണ് ഈ ചരിത്ര സാക്ഷ്യം.

പ്രവാചക സന്നിധിയിലേക്ക് വ്യത്യസ്ത ദിക്കുകളിൽ നിന്ന് വന്ന ചില സംഘങ്ങളെയാണ് നാം പരിചയപ്പെടുന്നത്. ജുൻദുബ് ബിൻ മിക്യസ്(റ) എന്നവർ നിവേദനം ചെയ്യുന്നു. പ്രവാചകനെﷺ തേടി പല ദേശങ്ങളിൽ നിന്നും വഫദുകൾ വരുമ്പോൾ അവരെ സ്വീകരിക്കാൻ വേണ്ടി പ്രവാചകൻﷺ ഒരുങ്ങി തയ്യാറാകുമായിരുന്നു. ആ വിധത്തിൽ ഒരുങ്ങി സജ്ജമാകാൻ അനുയായികളോടും പ്രവാചകൻﷺ നിർദ്ദേശിച്ചിരുന്നു. കിന്ഡയിൽ നിന്നുള്ള സംഘം മദീനയിലേക്ക് വന്നപ്പോൾ യമനി പുടവകൾ അണിഞ്ഞു കൊണ്ടാണ് തിരുനബിﷺ അവരെ സ്വീകരിച്ചത്. ഒപ്പം അബൂബക്കറും(റ) ഉമറും(റ) സമാനമായ വസ്ത്രങ്ങൾ തന്നെ ധരിച്ചിരുന്നു. രണ്ടു മുഴം വീതിയും നാലു മുഴം നീളവും ഉള്ള ഹള്റമി മേൽവസ്ത്രം അവിടുന്ന് ഉപയോഗിച്ചിരുന്നു.

ആധുനിക രാഷ്ട്രീയ സങ്കേതങ്ങൾക്ക് പരിചയമുള്ള അംബാസഡർ സംവിധാനങ്ങളോട് സമാനമായ നയതന്ത്ര രീതികളെ അക്കാലത്തുതന്നെ പ്രവാചകന്‍ﷺ പ്രയോഗിച്ചു എന്നാണ് ഇതിലൂടെ നാം വായിക്കുന്നത്. ഓരോ ദൗത്യസംഘങ്ങളും എത്തിച്ചേരുമ്പോൾ അവരെ സ്വീകരിക്കാനും അവരോട് സംവദിക്കാനും തിരുനബിﷺ നടത്തിയിരുന്ന ക്രമീകരണങ്ങൾ എത്ര ഔചിത്യത്തോടുകൂടിയായിരുന്നു എന്നു വായിക്കുമ്പോൾ നമുക്കേറെ കൗതുകം തോന്നും.

അതിഥികളെ സ്വീകരിക്കുന്നതിലും അവരുടെ ആവശ്യങ്ങൾ കേൾക്കുന്നതിലും പ്രവാചകൻﷺ സ്വീകരിച്ച സമീപന രീതികൾ ഒരുപാടാളുകളെ ഉടനടി ഇസ്ലാമിലേക്ക് വരാൻ പ്രേരിപ്പിച്ചു. ഒരു കാഴ്ച കൊണ്ട് മാത്രം തെറ്റിദ്ധാരണകൾ മാറിയ അനുഭവങ്ങളും ഇത്തരം സന്ദർശനങ്ങളിൽ ഏറെയാണ്. പ്രവാചക ഭവനത്തെ പരാമർശിക്കുന്ന ഖുർആൻ സൂക്തങ്ങളിൽ മദീനയിലേക്ക് വന്ന സംഘങ്ങളുടെ സംസ്കാരങ്ങളടക്കം കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-594

Tweet 594
അഹ്‌മസ് നിവേദക സംഘം

ഇബ്നു സഅദ്(റ) പറയുന്നു. ഖൈസ് ബിൻ ഗർബ അൽ അഹ്‌മസി 250 അനുയായികൾക്കൊപ്പം മദീനയിലെത്തി. തിരുനബിﷺ ചോദിച്ചു. നിങ്ങൾ ആരാണ്?ഞങ്ങൾ അഹ്‌മസല്ലാഹ് അഥവാ ഞങ്ങൾ അല്ലാഹുവിന്റെ ധീരരാണ്. അങ്ങനെയായിരുന്നു അവർ പഴയകാലത്ത് പ്രയോഗിച്ചിരുന്നത്. പ്രവാചകൻﷺ പറഞ്ഞു. ഇപ്പോൾ നിങ്ങൾ അല്ലാഹുവിനു വേണ്ടിയുള്ള ധീരന്മാരാണ്. എന്നിട്ട് പ്രവാചകൻﷺ ബിലാലി(റ)നോട് പറഞ്ഞു. ബജീലാ ഗോത്രക്കാർക്ക് നൽകൂ. അവരിൽ ആദ്യം അഹ്മസികൾക്കാവട്ടെ. അതുപ്രകാരം ബിലാൽ(റ) വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു. ത്വാരീക് ബിൻ ശിഹാബ്(റ) നിവേദനം ചെയ്യുന്നു. ബജീലയിൽ നിന്നുള്ള ഒരു ദൗത്യസംഘം നബിﷺയുടെ അടുത്തേക്ക് വന്നു. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. അഹ്‌മസിയ്യീന് എന്ന് തുടങ്ങി ബജീലക്കാർക്ക് വേണ്ടി എഴുതൂ. അപ്പോൾ ഖൈസ് ഗോത്രത്തിൽ നിന്നുള്ള ഒരാൾ പിൻവാങ്ങി നിന്നു. അപ്പോൾ പ്രവാചകൻﷺ ബജീല ഗോത്രക്കാർക്ക് വേണ്ടി പ്രാർത്ഥിക്കുകയായിരുന്നു. അല്ലാഹുവേ അവർക്ക് നീ അനുഗ്രഹം ചൊരിയണമേ! അല്ലാഹുവേ അവർക്ക് നീ ഔദാര്യം ചെയ്യേണമേ! എന്നിങ്ങനെയായിരുന്നു ആ പ്രാർത്ഥനയുടെ ആശയം.

പ്രവാചകർﷺ മദീനയിലേക്ക് വന്ന ഒരു ഗോത്രത്തിലെ ദൗത്യ സംഘത്തെ അവരുടെ അടിവേരുകളും താല്പര്യങ്ങളും അറിഞ്ഞുകൊണ്ട് പ്രാർത്ഥിക്കുകയും സ്വീകരിക്കുകയും ചെയ്ത അനുഭവമാണ് നാം വായിച്ചത്.

മറ്റൊരു നിവേദക സംഘത്തെ കുറിച്ച് ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. മുനീർ ബിൻ അബ്ദുല്ല അൽ അസ്ദി(റ) പറയുന്നു. സുറദ് ബിൻ അബ്ദുല്ല അൽ അസ്ദിയുടെ നേതൃത്വത്തിൽ ഒരു 10 അംഗസംഘം മദീനയിലേക്ക് വന്നു. ഫർവത് ബിൻ അംറി(റ)ന്റെ അടുക്കൽ അതിഥികളായി താമസിച്ചു. അദ്ദേഹം അവരെ ആദര ബഹുമാനങ്ങളോടെ സ്വീകരിക്കുകയും 10 ദിവസത്തോളം നന്നായി സൽക്കരിക്കുകയും ചെയ്തു. അതിനിടയിൽ അദ്ദേഹം ഇസ്ലാമിനെ പരിചയപ്പെടുത്തി. വന്നവർ മുഴുവൻ ഇസ്ലാം സ്വീകരിച്ചു. കൂട്ടത്തിൽ നേതാവായിരുന്നു സുറദ് ബിൻ അബ്ദില്ലാഹ്(റ). നബിﷺ അദ്ദേഹത്തെ സംഘത്തിന്റെ നേതാവാക്കി. യമനിൽ നിന്ന് അവരുടെ ഗോത്രങ്ങൾക്ക് പരിസരത്തുള്ളവരെ നേർവഴിയിലേക്ക് ക്ഷണിക്കുവാനും ആവശ്യമെങ്കിൽ ബഹുദൈവാരാധകരുടെ സായുധ നീക്കങ്ങളെ പ്രതിരോധിക്കാനും നബിﷺ അദ്ദേഹത്തെ ചുമതലപ്പെടുത്തി.

നബിﷺയുടെ കൽപ്പന പ്രകാരം അദ്ദേഹം സംഘത്തോടൊപ്പം സഞ്ചരിച്ചു. ജുറശ് എന്ന പ്രദേശത്ത് എത്തി. കോട്ട കെട്ടി സുരക്ഷിതമായി ജീവിക്കുന്ന ഒരു സംഘം ആളുകളായിരുന്നു അവിടെ ഉണ്ടായിരുന്നത്. യമനിലെ പല ഗോത്രങ്ങളും ആ കോട്ടയ്ക്കുള്ളിൽ താമസിച്ചിരുന്നു. മുസ്ലീംകളുടെ ആഗമനം അറിഞ്ഞപ്പോൾ
ഖസ്അം ഗോത്രക്കാർ കൂടി കോട്ടയിലേക്ക് വന്ന് അവരോടൊപ്പം കൂടി. ഗത്യന്തരമില്ലാതെ വന്നപ്പോൾ സൂറദും സംഘവും ജുറശുകാരുടെ കോട്ട ഉപരോധിച്ചു. ഒരുമാസത്തോളം നീണ്ടുനിന്ന ഉപരോധത്തിനു ശേഷം അവർ പർവത പ്രദേശങ്ങളിലേക്ക് മാറിനിന്നു. ഭയന്ന് ഓടിയതായിരിക്കും എന്ന് കരുതി കോട്ടയിൽ ഉണ്ടായിരുന്നവർ അവരെ തേടിയിറങ്ങി. അവരെ
കണ്ടെത്താനും ആക്രമിച്ചു കീഴ്പ്പെടുത്താനുമായിരുന്നു കോട്ടവാസികളുടെ ലക്ഷ്യം. മുസ്‌ലിംകൾ പിൻവാങ്ങി നിന്ന പർവ്വതത്തിന്റെ പേര് ശകർ എന്നായിരുന്നു. ശത്രു സംഘങ്ങൾ തേടിവന്നു കൺമുന്നിൽ എത്തിയപ്പോൾ മുസ്‌ലിംകൾക്ക് പ്രതിരോധിക്കുകയല്ലാതെ മറ്റൊരു മാർഗം ഉണ്ടായിരുന്നില്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-595

Tweet 595
സുറദ് ബിൻ അബ്ദുല്ല(റ)യുടെ നേതൃത്വത്തിൽ മുസ്ലിംകൾ അണിയൊപ്പിച്ചു നിന്നു. ശത്രുക്കളുടെ 20 കുതിരകളെ അവർ പിടിച്ചടക്കി. ദീർഘമായ പകൽ. ശക്തമായ പ്രതിരോധം. ഈ സമയം പ്രവാചക സവിധത്തിലേക്ക് നിരീക്ഷണത്തിനു വേണ്ടി രണ്ടുപേരെ ജുറശുകാർ അയച്ചു. സായാഹ്ന നിസ്കാരം കഴിഞ്ഞ് പ്രവാചക സവിധത്തിൽ എത്തിയ അവരോട് തിരുനബിﷺ ചോദിച്ചു. ഏതു പ്രദേശത്താണ് ശകർ ഉള്ളത്? അവർ പറഞ്ഞു ഞങ്ങളുടെ നാട്ടിൽ ഒരു മലയുണ്ട്. അതിന് കശർ എന്നാണ് പറയുക. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. ഇനി മുതൽ അതിന്റെ പേരിൽ കശർ എന്നല്ല ശകർ എന്നാണ്. അപ്പോൾ ആഗതർ ചോദിച്ചു. അല്ലയോ പ്രവാചകരെﷺ എന്താണ് ഇപ്പോൾ അത് സംസാരിക്കാൻ ഉള്ള കാരണം?

തിരുനബിﷺ പറഞ്ഞു. ഇപ്പോൾ ആ പർവതത്തിനടുത്തു അല്ലാഹുവിന്റെ ഒട്ടകങ്ങൾ അറുപ്പെടുന്നുണ്ട്. ഇപ്പോൾ അവരുടെ ഗോത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന സംഭവങ്ങളെക്കുറിച്ച് പ്രവാചകൻﷺ പറഞ്ഞു. സുറദി(റ)ന്റെ ഇടപെടലും മുന്നേറ്റവും പ്രവാചകൻﷺ പ്രത്യേകം എടുത്തു സൂചിപ്പിച്ചു. നബിﷺയുടെ വർത്തമാനം കേട്ട ആഗതർ അബൂബക്കറി(റ)ന്റെയും ഉസ്മാന്റെ(റ)യും അടുത്തേക്ക് വന്നു. അവർ രണ്ടുപേരും ചോദിച്ചു. നിങ്ങൾ പ്രവാചകന്റെﷺ വർത്തമാനം കേട്ട് വെറുതെ നിൽക്കുകയാണോ? നിങ്ങളുടെ നാട്ടുകാർക്ക് വന്നുഭവിക്കാവുന്ന വിപത്തുകളെ കുറിച്ചല്ലേ അവിടുന്ന് പറഞ്ഞത്. പ്രവാചകരോﷺട് നാട്ടുകാർക്ക് വേണ്ടി പ്രാർത്ഥിക്കാനും അവിടെ വരാനുള്ള വിപത്ത് മാറിക്കിട്ടാൻ വേണ്ടി അല്ലാഹുവിനോട് അഭ്യർത്ഥിക്കാനും പറഞ്ഞു കൂടായിരുന്നോ?

കേട്ട മാത്രയിൽ തന്നെ അവർ പ്രവാചക സവിധത്തിലേക്ക് ചെന്നു. നാട്ടിൽ വന്നേക്കാവുന്ന വിപത്തിനെ തൊട്ട് രക്ഷപ്പെടുത്താൻ പ്രാർത്ഥിക്കാൻ പറഞ്ഞു. പ്രവാചകൻﷺ ഇങ്ങനെ പ്രാർത്ഥിച്ചു. അല്ലാഹുവേ അവരിൽ നിന്ന് നീ വിപത്തിനെ ഉയർത്തണമേ! പിന്നെ അവർ അധികം അവിടെ നിന്നില്ല. നാട്ടിലേക്ക് തന്നെ മടങ്ങി. അവരുടെ നാട്ടുകാരോട് സംസാരിച്ചപ്പോൾ പ്രവാചകൻﷺ സംസാരിച്ച അതേ നിമിഷം തന്നെയായിരുന്നു ഈ ഗോത്രത്തിൽ ശക്തമായ പ്രതിരോധങ്ങളും പ്രതിഷേധങ്ങളും നടന്നത്. പ്രവാചക സവിധത്തിൽ വന്നു പോയവർ നാട്ടുകാരോട് വിവരങ്ങളെല്ലാം വിശദമായി സംസാരിച്ചു. പിന്നെ അധികം വൈകിയില്ല. ജുറശിന്റെ നേതൃത്വത്തിൽ ഒരു സംഘം മദീനയിലേക്ക് പുറപ്പെട്ടു. അവരെല്ലാവരും ഇസ്ലാം സ്വീകരിച്ചു. പ്രവാചകൻﷺ അവരെ ഹൃദയം തുറന്ന് സ്വാഗതം ചെയ്തു. വിശ്വസ്തരും സത്യസന്ധരും പ്രസന്ന മുഖരുമായ അതിഥികൾക്ക് സ്വാഗതം. നിങ്ങൾ എന്നിൽ നിന്നും ഞാൻ നിങ്ങളിൽ നിന്നുമാണ്. പ്രവാചകൻﷺ അനുമോദിച്ചു കൊണ്ട് പറഞ്ഞു.

സവിശേഷമായ വിലാസങ്ങളോടെ അവർ നാട്ടിലേക്ക് മടങ്ങി. ആ പ്രദേശത്ത് മുഴുവനും സത്യത്തിന്റെ വെളിച്ചം പരന്നു. ഒരു ദൗത്യസംഘം മദീനയിൽ വന്ന് തങ്ങളുടെ പ്രദേശത്തേക്ക് മുഴുവനും നന്മയുടെ വാഹകരായി എത്തിച്ചേരുന്ന ശോഭനമായ ഒരു ചിത്രമാണ് നാം വായിച്ചത്. ഔപചാരികതയ്ക്ക് വേണ്ടി ദൗത്യസംഘങ്ങൾ നിരന്തരമായ ആഭ്യന്തര സന്ദർശനങ്ങൾ നടത്തുന്ന കാലത്ത്. ഒരു സന്ദർശനം കൊണ്ട് ഒരു ജനതയെ മുഴുവനും മാറ്റിയെടുക്കുന്ന സാമൂഹിക നിർമ്മാണത്തിന്റെ മദനി മെക്കാനിസം ആണ് നാം പഠിച്ചത്. ഒരു ജനതയോട് എങ്ങനെ പെരുമാറണമെന്നും ഏതുവിധത്തിലാണ് അവരെ നേർ ദിശയിലേക്ക് നയിക്കുക എന്നും പ്രവാചക പ്രഭുﷺ മദീനയിൽ നിന്ന് പഠിപ്പിച്ചതുപോലെ ലോകത്ത് ഏതു ആസ്ഥാനത്തുനിന്ന് ആരാണ് ആഗോള ജനതയ്ക്ക് പഠിപ്പിച്ചിട്ടുള്ളത്! ചരിത്രവും കാലവും വർത്തമാനവും സാക്ഷി..!

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-596

Tweet 596
ഒമാനിൽ നിന്നുള്ള അസ്ദ് നിവേദക സംഘം.

ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഒമാൻ നിവാസികൾ ഇസ്ലാം സ്വീകരിച്ചു. അവർക്ക് ഇസ്ലാമിക നിയമങ്ങളും ചിട്ടകളും അധ്യാപനം നടത്താൻ അലാഉ ബിൻ ഹള്റമി(റ)യെ തിരുനബിﷺ അയച്ചുകൊടുത്തു. ഒമാനിൽ നിന്നുള്ള ഒരു നിവേദകസംഘം തിരുനബിﷺയുടെ അടുത്തേക്ക് വന്നു. അസദ് ബിൻ ബൈറഹ് അത്താഹി എന്ന വ്യക്തിയും അവരോടൊപ്പം ഉണ്ടായിരുന്നു. അവർ തിരുനബിﷺയുമായി സംഭാഷണം നടത്തിയ ശേഷം ഒരു ദൂതനെ മദീനയിൽ നിന്ന് അവർക്ക് നൽകണമെന്ന് ആവശ്യപ്പെട്ടു. ചർച്ച കേട്ടുകൊണ്ടിരുന്ന മഖ്റബത്തുൽ അബ്‌ദി എന്നറിയപ്പെടുന്ന മുദ്രിക് ബിൻ ഖുത്(റ) നബിﷺയോട് പറഞ്ഞു. അവിടേക്ക് എന്നെ നിയോഗിച്ചാലും. എനിക്ക് ആ നാട്ടുകാരോട് ഒരു കടപ്പാടുണ്ട്. ജനൂബ് ദിവസം എന്നറിയപ്പെട്ട അറബ് സംഭവത്തിൽ ഞാൻ ബന്ദിയാക്കപ്പെട്ടു. ഒമാൻക്കാര്‍ എന്നെ മോചിപ്പിച്ചു. അതുകൊണ്ട് ഞാൻ അവർക്ക് ഉൽബോധനം നൽകാൻ വേണ്ടി പോകാം. തിരുനബിﷺ സമ്മതിക്കുകയും അദ്ദേഹത്തെ അവർക്കൊപ്പം അയച്ചു കൊടുക്കുകയും ചെയ്തു.

സലമതു ബിൻ ഇയാദ് അൽ അസദി ഒരു സംഘത്തോടൊപ്പം തിരുനബിﷺയെ കാണാൻ വേണ്ടി മദീനയിലേക്ക് വന്നു. ആരാധനയെ കുറിച്ചും പ്രാർത്ഥനയെ കുറിച്ചും തിരുനബിﷺയോട് അവർ ചോദിച്ചു. അവിടുന്ന് വിശദമായി കാര്യങ്ങൾ പറഞ്ഞു കൊടുത്തു. നമ്മുടെ വചനവും അടുപ്പവും ഒന്നാക്കി തരാൻ വേണ്ടി അല്ലാഹു പ്രാർത്ഥിക്കാൻ പറഞ്ഞു. തിരുനബിﷺ പ്രത്യേകമായി പ്രാർത്ഥന നിർവഹിച്ചു. സലമത്തുബിന് ഇയാദും(റ) സംഘവും ഇസ്ലാം സ്വീകരിച്ചു. അബൂഹുറൈറ(റ) നിവേദനം ചെയ്യുന്നു. അസ്ദ് നിവേദക സംഘം എത്ര അനുഗ്രഹീതർ. അവരുടെ വാക്കുകൾ പവിത്രവും കർമ്മങ്ങൾ ശ്രേഷ്ഠവും ഹൃദയങ്ങൾ പരിശുദ്ധവുമാണ്. പ്രസ്തുത സംഘത്തെ പ്രശംസിച്ചുകൊണ്ട് ഒമാനിൽ നിന്ന് വന്ന നിവേദകസംഘം നല്ലവരാണെന്ന് പറഞ്ഞ മറ്റൊരു ഹദീസ് ഇമാം ത്വബ്റാനി(റ)യും ഉദ്ധരിച്ചിട്ടുണ്ട്.

ബിശർ ബിൻ ഇസ്മ(റ) നിവേദനം ചെയ്ത ഹദീസിന്റെ ആശയം ഇങ്ങനെയാണ്. അസ്ദ്കാർ എന്നിൽ പെട്ടവരും ഞാൻ അവരിൽ നിന്നുമാണ്. തൃപ്തിയിലും അതൃപ്ത്തിയിലും എല്ലാം ഞാൻ അവരോടൊപ്പം. ഞാൻ ഇഷ്ടപ്പെട്ടതിനെ അവരും ഇഷ്ടം വെക്കുന്നു. ഞാൻ അനിഷ്ടം വെച്ചതിനെ അവരും അനിഷ്ടം വെക്കുന്നു.

അബൂലബീദ്(റ) നിവേദനം ചെയ്യുന്നു. യബ്റഹ് ബിൻ അസദ് തിരുനബിﷺയെ തേടി പലായനം ചെയ്തു. അദ്ദേഹം മദീനയിൽ എത്തിയപ്പോഴേക്കും പ്രവാചകൻﷺ പരലോകത്തേക്ക് യാത്രയായി. മദീനയിലേക്ക് എത്തുന്ന വഴിയിൽ വെച്ച് അദ്ദേഹം ഉമറുബ്നു ഖത്വാബി(റ)നെ കണ്ടുമുട്ടി. ഉമർ(റ) ചോദിച്ചു. നിങ്ങൾ എവിടെ നിന്നാണ്? ഒമാൻ കാരനാണ് എന്ന മറുപടി കേട്ടപ്പോൾ അദ്ദേഹത്തിന്റെ കരം കവർന്ന് അബൂബക്കറി(റ) ന്റെ സന്നിധിയിൽ എത്തിച്ചു. അപ്പോൾ അബൂബക്കർ(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതർﷺ മഹത്വം പറഞ്ഞ ദേശത്തിൽ നിന്നുള്ള വ്യക്തിയാണല്ലോ ഇത്. ഇമാം അഹ്മദ്(റ) ഉദ്ധരിച്ച ഹദീസ് ഇങ്ങനെ കൂടിയുണ്ട്. അബൂബക്കർ(റ) പറഞ്ഞു. അല്ലാഹുവിന്റെ ദൂതർﷺ പറയുന്നതായി ഞാൻ കേട്ടു. ഒമാൻ എന്ന ഒരു പ്രദേശം എനിക്കറിയാം. അവർ കടലിനോട് ചേർന്നാണ് താമസിക്കുന്നത്. എന്റെ ദൂതൻﷺ അവരുടെ അടുക്കലേക്ക് എത്തിയാൽ അവർ അമ്പെയ്യുകയോ കല്ലെറിയുകയോ ഇല്ല.

ഓരോ ദേശത്തെക്കുറിച്ചും തിരുനബിﷺക്ക് വ്യക്തമായ വീക്ഷണങ്ങൾ ഉണ്ടായിരുന്നു. ഓരോ നാട്ടുകാരും എത്തിച്ചേരുമ്പോൾ അവരുടെ നാടിന്റെ വിശേഷങ്ങൾ വെച്ചുകൊണ്ട് അവരോട് സംസാരിക്കുമായിരുന്നു. വർത്തമാനം കേട്ട് കഴിയുമ്പോൾ അവർ പറയും ഞങ്ങളുടെ നാടിനെ കുറിച്ച് ഏറ്റവും വിശദമായി അറിയുന്ന ആൾക്കും ഇതിൽ കൂടുതൽ പറയാൻ കഴിയില്ല. അഥവാ തിരുനബിﷺയുടെ അവലോകനം കൃത്യവും വ്യക്തവും വിശാലവും ആയിരുന്നു. ലോകത്തിന്റെ വിവിധ ദിക്കുകളിൽ നിന്ന് നിവേദക സംഘങ്ങൾ മദീനയിലെത്തി പ്രവാചകനെﷺയും ഇസ്ലാമിനെയും നേരിട്ട് അനുഭവിക്കുകയും അവരവരുടെ ദേശങ്ങളിലേക്ക് പകർന്നു കൊടുക്കുകയും ചെയ്തു. അതിൽ പ്രത്യേകം പ്രാധാന്യമർഹിക്കുന്ന ഒമാൻ ദേശവുമായി ബന്ധപ്പെട്ട ചില പഠനങ്ങളാണ് നാം വായിച്ചത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-597

Tweet 597
ബനൂ അസദ് നിവേദക സംഘം.

ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഹിജ്റയുടെ ഒൻപതാം വർഷം പ്രാരംഭത്തിൽ ബനൂ അസദ് ഇബിനു ഖുസൈമയിൽ നിന്ന് പത്തു പേരുള്ള ഒരു സംഘം തിരുനബിﷺയുടെ അടുക്കൽ എത്തി. ഹദ്റമി ബിൻ ആമിർ, ളിറാർ ബിൻ അൽ അസ്വർ, വവാസ്വിബത്തു ബിന് മഅ്ബദ്, ഖതാദത് ബിൻ അൽ ഖാഇഫ്, റസലമത് ബിൻ അൽ ഹുബൈശ്, ത്വലൈഹത് ബിൻ ഖുവൈലിദ്, നുഖാദത് ബിൻ അബ്‌ദില്ലാഹ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. അവർ എത്തിച്ചേരുന്ന സമയത്ത് തിരുനബിﷺ അനുചരന്മാരോടൊപ്പം പള്ളിയിലായിരുന്നു. ആഗതർ അഭിവാദ്യമർപ്പിച്ച് തിരുസവിധത്തിലേക്ക് കടന്നു. കൂട്ടത്തിൽ ഒരാൾ ഇങ്ങനെ പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവൻ ഏകനും പങ്കുകാർ ഇല്ലാത്തവനും അവിടുന്ന് അല്ലാഹുവിന്റെ ദാസനും ദൂതനുംﷺ ആണെന്നും ഞങ്ങൾ പ്രഖ്യാപിക്കുന്നു.

ഹദ്റമി ബിൻ ആമിർ(റ) പറഞ്ഞു. ഞങ്ങളിലേക്ക് ഒരു നിയോഗവും ലഭിക്കാത്തതിനാൽ കറുത്ത കടുത്ത രാത്രിയിൽ നിന്ന് മോക്ഷം പ്രതീക്ഷിച്ചു അവിടുത്തെ സവിധത്തിലേക്ക് വന്നവരാണ് ഞങ്ങൾ.

ഇമാം ത്വബ്റാനി(റ)യുടെ ഒരു നിവേദനത്തിൽ ഇതിന്റെ ഒരു തുടർച്ച കൂടി കാണാം. ബനൂ അസദ് തിരുനബിﷺയുടെ സവിധത്തിൽ എത്തി. എന്നിട്ട് അവർ തിരുനബിﷺയോട് പറഞ്ഞു. ഞങ്ങൾ അവിടുത്തെ വിശ്വസിച്ചു കൊണ്ടാണ് വന്നിട്ടുള്ളത്. അറബികൾ അവിടുത്തോട് യുദ്ധം പ്രഖ്യാപിച്ച പോലെ ഞങ്ങൾ യുദ്ധത്തിന് ഒരുങ്ങിയിട്ടില്ല.

പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾ മാർഗദർശനം സിദ്ധിച്ച വിഭാഗമാണ്. ശേഷം, തിരുനബിﷺയോട് അവർ വിവിധ സംഭാഷണങ്ങൾ നടത്തി. അവർ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങൾ നബിﷺയോട് അന്വേഷിച്ചു. ഒന്ന്, ഇയാഫ അഥവാ പക്ഷി ലക്ഷണം നോക്കൽ. രണ്ട്, കഹാന അഥവാ ജോത്സ്യം. മൂന്ന്, ചരൽക്കല്ലുകൾ കൊണ്ടുള്ള കളി. പ്രവാചകൻﷺ ഈ മൂന്നു കാര്യങ്ങളെയും നിരോധിച്ചു. ചരൽ കല്ലുകൾ കൊണ്ടുള്ള കളി പലപ്പോഴും അപകടങ്ങൾക്ക് കാരണമാകും എന്നതായിരുന്നു വീക്ഷണം. ഞങ്ങൾ ജാഹിലിയ്യാ കാലത്ത് ഇത്തരം കളികളും കാര്യങ്ങളും ചെയ്യാറുണ്ടായിരുന്നു എന്ന് അവർ പറഞ്ഞു.

ഓരോ നിവേദക സംഘങ്ങളും എത്തിച്ചേരുകയും അവരുടെ പരിസരങ്ങളിലെ ജീവിതരീതികളെക്കുറിച്ച് തിരുനബിﷺയോട് പരിചയപ്പെടുത്തുകയും തുടർന്നുള്ള ഇസ്ലാമിക ജീവിതത്തിൽ എന്തൊക്കെയാണ് ഞങ്ങൾ അനുകരിക്കേണ്ടതെന്ന് അന്വേഷിക്കുകയും ചെയ്യുന്ന മനോഹരമായ ഒരു രംഗമാണിത്. ഇസ്ലാം സംസ്കൃതി ലോകത്ത് വിവിധ പ്രദേശങ്ങളിൽ ഏതെല്ലാം മാറ്റങ്ങളെയും ഏതുവിധം ഇടപെടലുകളും നടത്തി എന്ന് ഒരു സൂക്ഷ്മ പഠനം നടത്തിയാൽ വൈവിധ്യങ്ങളുടെ ഒരു മഹാലോകത്തെ നമുക്ക് വായിക്കാൻ കഴിയും. ഓരോ ജനവിഭാഗത്തെയും പ്രതിനിധീകരിച്ചുവരുന്ന ദൗത്യസംഘങ്ങളെ പ്രവാചകൻﷺ എങ്ങനെ സ്വീകരിച്ചു എന്നതും അതിമനോഹരമായ ഒരു അന്വേഷണമാണ്.

ചെറിയ ഒരു കാലപരിധിക്കുള്ളിൽ മദീനയിൽ നിന്ന് ഭൂമിശാസ്ത്രപരമായി വളർന്ന ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളിലേക്കും, ഒരു സംസ്കൃതിയായി വികസിച്ച് ലോകത്തിന്റെ നാനാ ദിക്കിലേക്കും, ഹൃദയത്തോട് ചേർന്ന് ഒരു വിശ്വാസമായി കോടിക്കണക്കിനാളുകളുടെ ധമനികളിലേക്കും ഇസ്ലാം എങ്ങനെയൊക്കെയാണ് പടർന്നെത്തിയത് എന്ന് സാമൂഹ്യശാസ്ത്രവും നരവംശശാസ്ത്രവും ഭൂമിശാസ്ത്രവും കാലാവസ്ഥ ശാസ്ത്രവും ബിഹേവിയർ സയൻസും എല്ലാം ചേർത്തുവച്ചുകൊണ്ട് പഠിക്കുമ്പോഴേ പൂർണമാവുകയുള്ളൂ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-598

Tweet 598
അസ്‌ലം ഗോത്രത്തിൽ നിന്നുള്ള നിവേദക സംഘം…

ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഉമൈർ, അഫ്‌സ അസ്‌ലം ഗോത്രത്തിലെ ഒരു സംഘം ആളുകളോടൊപ്പം മദീനയിൽ എത്തി. പ്രവാചകരോﷺട് പറഞ്ഞു. ഞങ്ങൾ അല്ലാഹുവിലും റസൂലിﷺലും വിശ്വസിച്ചിരിക്കുന്നു. അവിടുത്തെ മാർഗ്ഗം ഞങ്ങൾ അനുകരിക്കുന്നു. ഞങ്ങൾ അൻസ്വാറുകളുടെ സഹോദരങ്ങളാണ്. അറബികൾക്കിടയിൽ പരിഗണനീയമായ ഒരു സ്ഥാനം ഞങ്ങൾക്കും നൽകണം. ഞങ്ങൾ കരാർ പാലിക്കുന്നവരും വിഷമഘട്ടങ്ങളിൽ ഒപ്പം നിൽക്കുന്നവരും ആണ്. അപ്പോൾ പ്രവാചകൻﷺ അവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥന നടത്തി. അസ്ലം ഗോത്രത്തിന് അല്ലാഹു പ്രത്യേകം സുരക്ഷ നൽകട്ടെ! ഗിഫാർ ഗോത്രത്തിന് അല്ലാഹു മാപ്പ് നൽകട്ടെ! രക്ഷ എന്ന അർത്ഥമുള്ള സലാം എന്ന പദത്തോട് അസ്ലം എന്ന പദത്തിന് ബന്ധമുള്ളതുകൊണ്ടാണ് അവർക്ക് സലാമത്ത് നൽകട്ടെ എന്ന മനോഹരമായ പദപ്രയോഗത്തിലൂടെ പ്രാർത്ഥിച്ചത്. ഗിഫാർ എന്ന ഗോത്രനാമത്തിന് പാപമോചനം എന്ന അർത്ഥമുള്ള മഗ്ഫിറത്തുമായി ചേർത്തുവച്ചുകൊണ്ടാണ് അവർക്ക് വേണ്ടി പ്രാർത്ഥിച്ചത്.

ഗോത്രങ്ങൾക്ക് പൊതുവേയും അസ്ലം ഗോത്രത്തിന് സവിശേഷമായും പ്രവാചകൻﷺ സന്ദേശങ്ങൾ എഴുതി അയച്ചു. ഇസ്ലാമിലെ വിശ്വാസവും അനുഷ്ഠാനങ്ങളും പ്രത്യേകം പരാമർശിച്ചു. സാബിത് ബിൻ ഖൈസ് ബിൻ ശമ്മാസാ(റ)ണ് പ്രവാചകർﷺക്ക് വേണ്ടി എഴുത്തു കുത്തുകൾ നടത്തിയത്. അബൂ ഉബൈദ അൽ ജറാഹും(റ) ഉമറുബ്നുൽ ഖത്താബും(റ) സാക്ഷികളായി.

അസീദു ബിനു അബീ ഉനാസിന്റെ ആഗമനം…

പ്രവാചകർﷺക്കെതിരെ രംഗപ്രവേശനം ചെയ്ത ആളായിരുന്നു അസീദ്. ഇത്തരമൊരു നിലപാടോടുകൂടി അദ്ദേഹത്തിന്റെ സാന്നിധ്യം ഒരു സാമൂഹിക പ്രശ്നമാണെന്നും അയാളെ കണ്ടെത്തി കൈകാര്യം ചെയ്യാനും പ്രവാചകർﷺ ആഹ്വാനം ചെയ്തു. അങ്ങനെയിരിക്കെ അദ്ദേഹം ത്വാഇഫിൽ എത്തി. അവിടെ താൽക്കാലികമായി താമസമാക്കി. അദ്ദേഹത്തിന്റെ ഭാര്യ പ്രസവത്തോട് അടുത്ത സമയമായിരുന്നു. അതിനിടയിൽ മക്കാ വിജയം പ്രഖ്യാപിക്കപ്പെടുകയും അസീദിന്റെ കുടുംബക്കാരനായ സാരിയത്തുബ്നു സനീം ത്വാഇഫിൽ എത്തിച്ചേരുകയും ചെയ്തു. അദ്ദേഹത്തോട് വിവരങ്ങൾ അന്വേഷിച്ചു. അല്ലാഹു അവന്റെ പ്രവാചകനെﷺ സഹായിച്ചതും മക്ക ജയിച്ചടക്കിയതും എല്ലാം വിശദീകരിച്ചു. നിങ്ങൾ പ്രവാചകനെﷺ നേരിട്ട് സമീപിച്ചാൽ നിങ്ങൾ വധിക്കപ്പെടുകയില്ലെന്നും സുരക്ഷ ലഭിക്കുമെന്നും സാരിയ അസീദിനോട് പറഞ്ഞു. ഖർനു സആലിബ്‌ എന്ന പ്രദേശത്ത് വച്ച് അദ്ദേഹത്തിന്റെ ഭാര്യ പ്രസവിച്ചു. അസീദ് വീട്ടിലെത്തി കുപ്പായവും തലപ്പാവും അണിഞ്ഞ് പ്രവാചക സവിധത്തിലേക്ക് പുറപ്പെട്ടു. സാരിയത് ബിൻ സുനൈയിം ആയുധം അണിഞ്ഞ് പ്രവാചക സന്നിധിയിൽ കാവൽക്കാരനായി നിന്നു. അപ്പോഴേക്കും പ്രവാചകരുﷺടെ തിരുമുമ്പിൽ വന്നിരുന്ന അസീദ് ചോദിച്ചു. അല്ലയോ പ്രവാചകരെﷺ അസീദിനെ കണ്ടെത്തുന്നിടത്ത് വച്ച് കൈകാര്യം ചെയ്യാൻ അവിടുന്ന് ആജ്ഞ പുറപ്പെടുവിച്ചിട്ടുണ്ടോ? പ്രവാചകൻﷺ പറഞ്ഞു, അതെ. അദ്ദേഹം വിശ്വാസിയായി തങ്ങളുടെ സന്നിധിയിൽ വന്നാൽ എങ്ങനെയുണ്ടാകും? അവിടുന്ന് സ്വീകരിക്കുമോ? അപ്പോഴും പ്രവാചകൻﷺ പറഞ്ഞു. അതെ, സ്വീകരിക്കും. ഉടനെ അസീദിന്റെ കരങ്ങൾ പ്രവാചക തിരുകരങ്ങളിലേക്ക് ചേർത്തുവച്ചു. ഇതാ ഞാൻ തന്നെയാണ് അയാൾ. എന്റെ കരങ്ങൾ അവിടുത്തെ തിരു കരങ്ങളിലേക്ക് ചേർത്തു വക്കുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവിടുന്ന് അല്ലാഹുവിന്റെ ദൂതൻﷺ ആണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ഉടനെ തിരുനബിﷺ അസീദ് വിശ്വാസിയായ വിവരം വിജ്ഞാപനം നടത്താൻ ഒരാളെ ചുമതലപ്പെടുത്തി. ശേഷം, തിരുനബിﷺ അദ്ദേഹത്തിന്റെ മാറിൽ കൈവച്ച് അനുഗ്രഹ പ്രാർത്ഥന നടത്തി. പിൽക്കാലത്ത് അദ്ദേഹം പോകുന്ന വഴിയിലൊക്കെ ഒരു വെളിച്ചം ഉണ്ടായിരുന്നു. ഇരുട്ടിലേക്ക് പ്രവേശിച്ചാൽ ആ വെളിച്ചം തിരിച്ചറിയുമായിരുന്നു.

തിരുനബിﷺയുടെ കരസ്പർശം കൊണ്ട് ആത്മീയമായും ഭൗതികമായും അനുഗ്രഹം സിദ്ധിച്ച ആളായി അദ്ദേഹം മാറി. പ്രവാചക സാന്നിധ്യത്തിലൂടെയും പ്രവാചകരുടെ വിശ്വാസത്തിലൂടെയും കൈവന്ന അനുഗ്രഹങ്ങളെ ചൊല്ലി മനോഹരമായ ഒരു കവിത അദ്ദേഹം രചിച്ചിട്ടുണ്ട്.

നേർവഴിയുടെ സംഗീതം എങ്ങനെയൊക്കെയാണ് പുണ്യനബിﷺയിൽ നിന്ന് ആളുകളിലേക്ക് വരുന്നത് എന്ന അന്വേഷണത്തിന് കൂടുതൽ വിതാനങ്ങളെ പരിചയപ്പെടുത്തുകയാണ് ഇത്തരം സംഭവങ്ങൾ. പ്രവാചകരുﷺടെ സാന്നിധ്യവും കരസ്പർശവും തലോടലും അനുഭവിക്കാൻ കഴിഞ്ഞ അസീദ്(റ) എത്ര വലിയ ഭാഗ്യവാൻ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-599

Tweet 599
അശ്ജഅ് നിവേദക സംഘം….

ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഖൻദഖ്‌ യുദ്ധം നടന്ന വർഷത്തിൽ അശ്ജഅ് ഗോത്രത്തിൽ നിന്നും ഒരു സംഘം മദീനയിലേക്ക് വന്നു. മസ്ഊദ് ബിൻ റുഖൈല ആയിരുന്നു സംഘത്തിന്റെ നേതാവ്. മദീനയിലെ സൽഅ് താഴ്‌വരയിലേക്കാണ് അവർ ആദ്യം എത്തിയത്. പ്രവാചകർﷺ അവരുടെ അടുത്തേക്ക് എത്തി. കാരക്ക നിറച്ച വാഹനങ്ങൾ ഹാജരാക്കാൻ സമ്മതിച്ചു. അപ്പോൾ അവർ തിരുനബിﷺയോട് ഇങ്ങനെ പറഞ്ഞു. അല്ലയോ മുഹമ്മദ് നബിﷺയെ, അംഗബലം കുറവുള്ള ഞങ്ങൾക്ക് തങ്ങളെക്കാൾ അടുത്ത് എത്തിച്ചേരാൻ മറ്റൊരു പ്രദേശം ഇല്ല. ഞങ്ങൾക്ക് ഈ പ്രദേശത്ത് ഒന്ന് താമസിക്കാൻ അനുവദിച്ചാലും. പ്രവാചകൻﷺ അവർക്ക് ആവാസത്തിന് അനുമതി നൽകി. 700 അംഗങ്ങൾ ഉണ്ടായിരുന്ന ആ സംഘം ഇസ്ലാം സ്വീകരിച്ചു. ബനൂ ഖുറൈള സംഭവത്തിനു ശേഷമാണ് അവർ വന്നതെന്ന മറ്റൊരു അഭിപ്രായം കൂടി ചരിത്രത്തിലുണ്ട്.

അശ്അരി സംഘത്തിന്റെ ആഗമനം..

യമനിൽ നിന്നുള്ള അശ്അരി സംഘം മദീനയിലേക്ക് വന്നുകൊണ്ടിരുന്നപ്പോൾ തന്നെ പ്രവാചകൻﷺ അവർക്ക് വേണ്ടി പ്രാർത്ഥിച്ചു. കടൽ മാർഗം യാത്ര ചെയ്തു വരുന്ന സംഘത്തെ അവർ മുങ്ങിപ്പോകാതെ കാത്തുരക്ഷിക്കേണമേ എന്ന് പ്രവാചകൻﷺ പ്രാർത്ഥിച്ചു കൊണ്ടിരുന്നു. ഇമാം അബ്ദുറസാഖി(റ)ന്റെ നിവേദനത്തിൽ ഇങ്ങനെ കാണാം. പ്രവാചകൻﷺ അനുയായികളോടൊപ്പം പള്ളിയിൽ ഇരിക്കുമ്പോൾ ഇങ്ങനെ പ്രാർത്ഥിച്ചു. അല്ലാഹുവേ കപ്പൽ യാത്രക്കാരെ നീ കാത്തു രക്ഷിക്കേണമേ! അധികം വൈകാതെ അവർക്ക് അല്ലാഹുവിന്റെ സഹായം ലഭിച്ചിട്ടുണ്ട് എന്നും പ്രവാചകൻﷺ പറഞ്ഞു. കപ്പലിൽ യാത്ര ചെയ്തു എത്തിച്ചേർന്ന ആളുകൾ മദീനയോട് അടുക്കുമ്പോഴേക്കും പ്രവാചകൻﷺ ഇങ്ങനെ കൂടി പറഞ്ഞു. അതാ അവർ എത്തിക്കൊണ്ടിരിക്കുന്നു. അവരെ നയിക്കുന്നത് സദ് വൃത്തനായ ഒരു നല്ല വ്യക്തിയാണ്. അംർ ബിൻ ഹമീഖ് അൽ ഖുസാഇ ആയിരുന്നു ആ സംഘത്തിന്റെ തലവൻ.

അവർ വന്നു കയറിയപ്പോൾ പ്രവാചകൻﷺ അവരോട് ചോദിച്ചു. നിങ്ങൾ ഏതു പ്രദേശത്തു നിന്നാണ് വരുന്നത്? അവർ പറഞ്ഞു. സബീദിൽ നിന്ന്. സബീദിൽ അല്ലാഹു അനുഗ്രഹം ചൊരിയട്ടെ! വീണ്ടും അവരോട് ചോദിച്ചു. നിങ്ങൾ എവിടെ നിന്നാണ്? അപ്പോൾ കൂട്ടത്തിൽ ചിലർ പറഞ്ഞു. ഞങ്ങൾ സംഇൽ നിന്നാണ്. ഇവ രണ്ടും യമനിലെ പ്രദേശങ്ങളാണ്. അപ്പോഴും നബിﷺ സബീദിന് വേണ്ടി മാത്രം പ്രാർത്ഥിച്ചു. സംഉകാർ വീണ്ടും അവരുടെ നാടിന്റെ പേര് പറഞ്ഞപ്പോൾ ആ നാടിനു വേണ്ടി കൂടി അനുഗ്രഹ പ്രാർത്ഥന നടത്തി.

ഇമാം ബൈഹഖി(റ)യും അഹ്മദും(റ) ഉദ്ധരിച്ച ഒരു നിവേദനത്തിൽ ഇങ്ങനെ കാണാം. യമനിൽ നിന്ന് അശ്അരികൾ വന്നപ്പോൾ പ്രവാചകൻﷺ പറഞ്ഞു. മൃദുല ഹൃദയക്കാരായ ഒരു സംഘം യമനിൽ നിന്ന് വരുന്നുണ്ട്. അവരുടെ സംഘത്തിൽ ഉണ്ടായിരുന്ന പ്രമുഖ വ്യക്തിയാണ് അബൂ മൂസ അൽ അശ്അരി(റ). മനോഹരമായ ചില വരികൾ പിടിച്ചുകൊണ്ടാണ് മദീനയിലേക്ക് വന്നത്. “ഗദൻ നൽഖൽ അഹിബ്ബ: മുഹമ്മദൻ വ ഹിസ്ബഹ്” ഇതായിരുന്നു ആ വരികൾ. ഞങ്ങൾ നാളെ മുഹമ്മദ് നബിﷺയെയും അനുയായികളെയും കണ്ടുമുട്ടുമല്ലോ എന്ന് ആവേശപൂർവം പറയുന്നതാണ് ഈ വരികളുടെ ആശയം.

ഇമാം നസാഇ(റ)യും മറ്റും നിവേദനം ചെയ്യുന്ന ഹദീസിൽ തിരുനബിﷺ പറഞ്ഞതായി അബൂഹുറൈറ(റ) ഉദ്ധരിക്കുന്നു. യമനിൽ നിന്ന് ഒരു സംഘം എത്തിയിരിക്കുന്നു. അവർ ലളിതമനസ്കരും ലോലഹൃദയരും ആണ്. ഈമാൻ യമനികമാണ്, തത്വജ്ഞാനം യമൻകാരുടേതാണ്. ആട്ടിടയന്മാരിലാണ് വിനയവും ശാന്തതയും. ഒട്ടകത്തെ മേയ്ക്കുന്നവരിലാണ് ഗമയും ഗരിമയും. ജുബൈർ ബിൻ മുത്ത്ഇമ്(റ) പറയുന്നു. ഞങ്ങൾ പ്രവാചക സവിധത്തിൽ ആയിരുന്നു. അപ്പോൾ അവിടുന്ന് പറഞ്ഞു. നിങ്ങളിലേക്ക് യമൻകാർ എത്തിയിരിക്കുന്നു. അവർ ഭൂമിലോകത്ത് ഏറ്റവും ഉത്തമരാണ്. അൻസ്വാരികളിൽ ഒരാൾ പറഞ്ഞു. ഞങ്ങൾ ഒഴികെയുള്ള, തിരുനബിﷺയപ്പോൾ മൗനം ദീക്ഷിച്ചു. വീണ്ടും അദ്ദേഹം പറഞ്ഞപ്പോൾ മെല്ലെ ഒന്നുമൂളി. ജുബൈർ(റ) തന്നെ ഉദ്ധരിക്കുന്ന മറ്റൊരു നിവേദനത്തിൽ അവർ കസ്തൂരി നിറച്ച പാത്രം പോലെയാണെന്ന വിശേഷണം കൂടി നൽകിയത് കാണാം.

പ്രവാചക സന്നിധിയിൽ എത്തിച്ചേരുന്ന ഓരോ സംഘങ്ങളും കൃത്യമായി നിരീക്ഷിക്കപ്പെടുന്നു. അവരുടെ മേന്മകളും നന്മകളും പ്രവാചകൻﷺ തന്നെ എടുത്തുപറയുന്നു. പിൽക്കാലത്ത് ആ നന്മകളുടെ തുടർച്ചകൾ അനുഭവിക്കാൻ വിശ്വാസി ലോകത്തിനു മുഴുവനും അവസരം ലഭിക്കുന്നു. അശ്അരികളിൽ നിന്ന് ഇസ്ലാമിക വിശ്വാസ ശാസ്ത്രത്തിന്റെ സംരക്ഷണത്തിൽ എത്രമേൽ പ്രൗഢമായ സംഭാവനയാണ് അബൂമൂസൽ അശ്അരി(റ)യുടെ പിൻഗാമിയായ അബുൽഹസൻ അൽ അശ്അരി(റ) സമർപ്പിച്ചത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-600

Tweet 600
ബാഹിലയുടെ ദൗത്യസംഘം.

ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. മുത്വർരിഫ് ബിൻ അൽക്കാഹിൻ അൽ ബാഹിലി അദ്ദേഹത്തിന്റെ സമൂഹത്തിന്റെ പ്രതിനിധിയായി പ്രവാചക സവിധത്തിലേക്ക് വന്നു. മക്ക വിജയത്തിനുശേഷം ആയിരുന്നു ഇത്. അദ്ദേഹം പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ! ഞങ്ങൾ ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും ആകാശത്തു നിന്ന് അവൻ അവതരിപ്പിച്ച മതത്തിലും ഞാൻ സാക്ഷ്യം വഹിക്കുന്നു. തങ്ങളെﷺ ഞങ്ങൾ സ്വീകരിക്കുകയും സത്യമാണെന്ന് അംഗീകരിക്കുകയും ചെയ്യുന്നു. അവിടുന്ന് ഞങ്ങൾക്ക് അവതരിപ്പിച്ച കാര്യങ്ങൾ സ്വീകരിക്കുന്നു. അതുകൊണ്ട് ഞങ്ങൾക്ക് വേണ്ടി ഒരു സന്ദേശം എഴുതിത്തരണം.

പ്രവാചകൻﷺ എഴുതി. “മുത്വർരിഫ് ബിൻ അൽബാഹിലിക്കും ബാഹിലയിലെ ബീശ നിവാസികൾക്കും വേണ്ടി അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് നബിﷺ എഴുതുന്നത്. ഉപയോഗ രഹിതമായി കിടന്ന ഭൂമി ആരെങ്കിലും പ്രയോജനപ്രദമായി ജീവിപ്പിച്ചാൽ, നാൽക്കാലികളെ മേയ്ക്കാൻ വേണ്ടി പ്രയോജനപ്പെടുത്തിയാൽ ആടിൽ നിന്ന് 40 ഉം മാടില്‍ നിന്ന് 30ഉം ഒട്ടകത്തിൽ നിന്ന് 50ഉം എണ്ണം എത്തിയാൽ നിർദ്ദേശിക്കപ്പെട്ട സകാത്ത് നൽകാൻ അതിന്റെ ഉടമസ്ഥർ ബാധ്യസ്ഥരാണ്.”

പ്രസ്തുത സമുദായത്തോട് അനുഷ്ഠാന സാമ്പത്തിക വ്യവഹാരങ്ങളെ കുറിച്ച് പ്രവാചകൻﷺ സംസാരിച്ചു എന്നർത്ഥം. ശരിയായ വിശ്വാസത്തിലേക്കും അനുബന്ധമായ സദ്കർമ്മങ്ങളിലേക്കും എല്ലാവരും എത്തിച്ചേരുക എന്നതിനപ്പുറം സാമ്പത്തികമോ അധികാരപരമോ ആയ ഒരു താൽപര്യവും പ്രവാചകന്ﷺ ഉണ്ടായിരുന്നില്ല. ഓരോ നാട്ടിലെയും വിഭവങ്ങൾക്ക് അനുസരിച്ചായിരുന്നു അവരവരോട് സംസാരിച്ചിരുന്നത്. ധാന്യങ്ങൾ ഉള്ള നാട്ടുകാരോട് ധാന്യത്തെക്കുറിച്ചും അതിന്റെ ധർമ്മത്തെക്കുറിച്ചും നാൽക്കാലികൾ ഉള്ള നാടുകളിൽ നിന്ന് വരുന്നവരോട് അവർക്ക് ലഭ്യമായ വിഭവങ്ങളും അതിന്റെ വ്യവഹാരങ്ങളും എങ്ങനെയായിരിക്കണം എന്നും കൃത്യമായി ഉത്ബോധിപ്പിച്ചു.

ഇബ്നു സഅദ്(റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു റിപ്പോർട്ട് ഇങ്ങനെയാണ്. നഹ്ശൽ ബിൻ മാലിക് അൽ വാഇലി എന്ന ആൾ ബാഹിലയിൽ നിന്ന് പ്രവാചക സവിധത്തിലേക്ക് വന്നു. തിരുനബിﷺ അവർക്ക് വേണ്ടി സന്ദേശങ്ങൾ എഴുതി കൊടുത്തു. അതിൽ ഇസ്ലാമിക നിയമങ്ങളും ചിട്ടകളും കൃത്യമായി രേഖപ്പെടുത്തിയിരുന്നു. ഉസ്മാൻ ബിൻ അഫ്ഫാനാ(റ)ണ് ആ കത്ത് തയ്യാർ ചെയ്തത്.

ഇസ്ലാം സംസ്കൃതിയുടെ ഏറ്റവും വലിയ പ്രത്യേകത ജീവിത വ്യവഹാരത്തിന്റെ ഓരോ തലത്തിലും വ്യക്തമായ നിയമങ്ങളും നിർദ്ദേശങ്ങളും ഉണ്ട് എന്നതാണ്. ഓരോ സാധാരണ വിശ്വാസിയും മതാനുസൃതമായി ജീവിക്കണമെങ്കിൽ കുറെയേറെ കാര്യങ്ങളിൽ അറിവ് ആർജിക്കേണ്ടതുണ്ട്. മതം നിർദ്ദേശിക്കുന്ന നിർബന്ധ ആരാധനകളും അത് നിർവഹിക്കേണ്ട രീതികളും, മനുഷ്യസഹജമായി ദൈനംദിന കാര്യങ്ങൾ എങ്ങനെ നിർവഹിക്കണം എന്നതിന്റെ മത നിയമങ്ങളും ചിട്ടയോടെ പഠിച്ചു കൊണ്ട് വേണം മുന്നോട്ടു പോകാൻ. പ്രാഥമിക ശുചീകരണ പ്രക്രിയകൾ മുതൽ അന്താരാഷ്ട്ര വ്യവഹാരങ്ങൾ വരെ ഇസ്ലാമിന് ഇസ്ലാമിന്റേതായ നിർദ്ദേശങ്ങളും ചിട്ടകളും ഖുർആനും തിരുചര്യകളും പഠിപ്പിക്കുന്നുണ്ട്.

അതാതു കാര്യങ്ങളിൽ മതം നിർദ്ദേശിച്ച രൂപത്തിൽ നിർവഹിച്ചാൽ മാത്രമേ നടപടികൾ പ്രതിഫലാർഹവും ശിക്ഷയിൽ നിന്ന് മുക്തവും ആവുകയുള്ളൂ. പൊതുവിഭവങ്ങളെ വിനിയോഗിക്കുന്നത് എങ്ങനെയൊക്കെ ആയിരിക്കണം എന്നതിന് കണിശമായ നിർദ്ദേശങ്ങൾ മതം വെച്ചിട്ടുണ്ട്. അത് പാലിക്കാത്ത പക്ഷം ശിക്ഷ നടപ്പിലാക്കാൻ ഇസ്ലാമിക ഗവൺമെന്റുകൾക്ക് അധികാരമുണ്ട്. ഇസ്ലാമിക ഗവൺമെന്റുകൾ നിലവിലില്ലാത്ത സ്ഥലങ്ങളിൽ ആണെങ്കിലും പരലോകത്ത് ചെല്ലുമ്പോൾ ആത്യന്തികമായ നീതിന്യായ വ്യവസ്ഥിതി നടപ്പിലാക്കപ്പെടുമെന്നും ഭൂമിയിൽ നിർവഹിച്ച കർമ്മങ്ങൾക്ക് രക്ഷാശിക്ഷകളും പ്രതിഫലങ്ങളും വിജയിച്ചവർക്ക് സ്വർഗ്ഗവും പരാജയപ്പെട്ടവർക്ക് നരകവും ഉണ്ടെന്നും അത് കൃത്യമായി ലഭിക്കുമെന്നും ഇസ്ലാം പഠിപ്പിക്കുന്നു. താൽക്കാലിക കൗശലങ്ങൾ കൊണ്ട് ഈ ലോകത്ത് രക്ഷപ്പെടുന്നവരും പരമാധികാരത്തിന്റെ പരലോകത്ത് പടച്ചവന്റെ നീതിന്യായ നടപടിക്ക് മുമ്പിൽ ഹാജരാക്കപ്പെടുമെന്നും ഇസ്ലാം വ്യക്തമായും ന്യായമായും പഠിപ്പിക്കുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-601

Tweet 601
ബനുൽ ബക്കാഅ് നിവേദക സംഘം.

ഇബ്നു ശാഹിൻ അബൂ നുഐം(റ) എന്നിവർ നിവേദനം ചെയ്യുന്നു. ഹിജ്റയുടെ ഒൻപതാം വർഷം ബനുൽ ബക്കാഇൽ നിന്ന് മൂന്നാളുകളുള്ള ഒരു സംഘം തിരുനബിﷺയുടെ സന്നിധിയിൽ എത്തി. നൂറു വയസ്സുള്ള മുആവിയത് ബിൻ സൗർ അൽ ബക്കാഇ, അദ്ദേഹത്തിന്റെ മകൻ ബിശർ, ഫുജയ്ഉ ബിൻ അബ്ദുല്ലാഹി ബിനു ജുൻദുഹ് എന്നിവരായിരുന്നു ആ മൂന്നു പേർ. അബ്ദു അംറ് എന്ന ഒരു അന്ധനും അവരെ അനുഗമിച്ചു. ഈ സംഘത്തിന് നല്ല ആതിഥ്യവും സൽക്കാരവും ഒരുക്കി മദീനയിൽ സ്വീകരിച്ചു. സന്തോഷകരമായ ആതിഥ്യത്തിനു ശേഷം അവർ നാട്ടിലേക്ക് തിരിച്ചു പോകാൻ ഒരുങ്ങി. ആ സമയത്ത് വയോധികനായ മുആവിയ(റ) പറഞ്ഞു. അല്ലയോ പ്രവാചകരേﷺ, ഞാൻ ഏറെ പ്രായമായല്ലോ അവിടുത്തെ സ്പർശം കൊണ്ട് ഞാൻ അനുഗ്രഹം സ്വീകരിക്കുന്നു. ഇതാ എന്റെ ഈ മകൻ എനിക്ക് ഏറെ നന്മ നൽകുന്ന പുത്രനാണ്. അവിടുന്ന് മകന്റെ മുഖത്ത് ഒന്ന് തലോടിയാലും. പ്രവാചകർﷺ അവർക്ക് അനുഗ്രഹ പ്രാർത്ഥന നൽകി. ആശിർവാദങ്ങളും അനുഗ്രഹങ്ങളും നേർന്നു. നല്ല കറവയുള്ള ഉയർന്ന തരം വെളുത്ത ആടുകളെ അവർക്ക് സമ്മാനിച്ചു. ഈ സംഭവത്തിന്റെ നിവേദകന്മാരിൽ ഒരാൾ പറയുന്നു. പിൽക്കാലത്ത് അവരുടെ ഗോത്രത്തിൽ ദാരിദ്ര്യം ഉണ്ടാകുമ്പോഴും മുആവിയ(റ)യുടെ കുടുംബത്തിന് ദാരിദ്ര്യം സ്പർശിക്കാറില്ലായിരുന്നു.

അന്ധനായി അവരുടെ ഒപ്പം ഉണ്ടായിരുന്ന അബ്ദു അംറി(റ)നെ അബ്ദുറഹ്മാൻ എന്ന് നാമകരണം ചെയ്തു. അംറിന്റെ ദാസൻ എന്നർത്ഥമുള്ള പേരുമാറ്റി അല്ലാഹുവിന്റെ ദാസൻ എന്നാക്കിയെന്നു സാരം.

ബനൂ ബക്കർ ബിൻ വാഇലിന്റെ സംഘം.

ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ബനൂ ബക്കർ ഗോത്രത്തിലെ ഒരു സംഘം തിരുനബിﷺയുടെ സന്നിധിയിൽ എത്തി. കൂട്ടത്തിൽ നിന്ന് ഒരാൾ തിരുനബിﷺയോട് ചോദിച്ചു. ഖുസ്സ് ബിൻ സാഇദായെ അവിടുത്തേക്ക് അറിയുമോ? അയാൾ നിങ്ങളുടെ കൂട്ടത്തിൽ പെട്ട ആളല്ലല്ലോ? എന്നുമാത്രം തിരുനബിﷺ പ്രതികരിച്ചു.

അബ്ദുല്ലാഹി ബിൻ അസ്‌വദ് എന്ന വ്യക്തിയും ഈ സംഘത്തോടൊപ്പം വന്നിരുന്നു. അവർ വരുന്ന വഴിയിൽ യമാമയിൽ ഇറങ്ങി കൈവശമുണ്ടായിരുന്ന ചരക്കുകൾ കച്ചവടം ചെയ്തു സംഖ്യയും കയ്യിൽ കരുതിയാണ് മദീനയിലെത്തിയത്. ഒരു തോൽപാത്രത്തിൽ കാരക്കകൾ പ്രവാചക സവിധത്തിലേക്ക് അവർ കൊണ്ടുവന്നു. തിരുനബിﷺ അവർക്ക് വേണ്ടി സവിശേഷമായ പ്രാർത്ഥനകൾ നടത്തി.

പ്രവാചകരുﷺടെ സാന്നിധ്യവും ഇസ്ലാം ദർശനത്തിന്റെ വളർച്ചയും കേട്ടും അറിഞ്ഞും ചെറുതും വലുതുമായ സംഘങ്ങൾ പരിസര രാജ്യങ്ങളിൽ നിന്നെല്ലാം നിരന്തരമായി വന്നുകൊണ്ടിരുന്നു എന്നാണ് ഇത്തരം വായനകൾ നമുക്ക് സമ്മാനിക്കുന്ന സന്ദേശം. ഓരോരുത്തരെയും അർഹിക്കുന്ന വിധം സ്വീകരിക്കാനും അവരുടെ ആവശ്യങ്ങൾ അറിഞ്ഞു പ്രതികരിക്കാനും നിവാരണങ്ങൾ വേണ്ടവർക്ക് നിവാരണങ്ങൾ നൽകാനും തിരുനബിﷺ എത്രമേൽ ശ്രദ്ധിച്ചു എന്നുകൂടി ഈ സംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

മദീനയിൽ നിന്ന് രൂപപ്പെട്ടുവന്ന ഒരാഗോള സംസ്കാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾക്ക് പ്രയോഗിച്ച് തെളിയിക്കാൻ സാധിച്ചിരുന്നു എന്നും ആഗോള സമൂഹം എന്ന ആധുനിക സങ്കേതങ്ങൾ രൂപപ്പെടുന്നതിന് മുമ്പ് ഒരു മഹാദർശനത്തെ ആഗോള സ്വഭാവത്തിൽ ചിട്ടപ്പെടുത്തി എന്നതും തിരുനബിﷺയുടെ ജീവിതത്തിൽ ശ്രദ്ധേയമായ ഒരു അധ്യായമാണ്. പേർഷ്യയിൽ നിന്നുള്ള സൽമാനും(റ) ആഫ്രിക്കയിൽ നിന്നുള്ള ബിലാലും(റ) ദോസിൽ നിന്നുള്ള അബൂഹുറൈറ(റ)യും യമനിൽ നിന്നുള്ള അബു മൂസ(റ)യും മനസ്സും ചിന്തയും ചേർത്തും കോർത്തും ഒരേ ലക്ഷ്യത്തിലേക്ക് ഒരേ നിരയിൽ നിന്നും ഒരു സമൂഹഗാത്രത്തെ എങ്ങനെ പരിപാലിച്ചു എന്ന ചരിത്രവും വർത്തമാനവും ഇന്നും അത്ഭുതത്തോടെ നോക്കിക്കാണുകയാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-602

Tweet 602
ബലിയ്യ് ഗോത്രത്തിൽ നിന്നുള്ള ദൗത്യസംഘം

റുവൈഫ് ബിന് സാബിത്തിൽ ബലവി(റ)യിൽ നിന്നുള്ള നിവേദനം ഇമാം ഇബ്നു സാഹിദ്(റ) ഉദ്ധരിക്കുന്നു. ഹിജ്റയുടെ ഒമ്പതാം വർഷം റബീഉൽ അവ്വലിൽ ഞങ്ങളുടെ ഗോത്രത്തിൽ നിന്നുള്ള ഒരു സംഘം മദീനയെ ലക്ഷ്യം വെച്ച് പുറപ്പെട്ടു. ഞാൻ സാധാരണ മദീനയിൽ എത്തുമ്പോൾ പോകാറുള്ള ബനൂ ജദീല ഗോത്രത്തിൽ ഞങ്ങൾ സംഘമായി എത്തിച്ചേർന്നു. അവിടെനിന്ന് നേരെ പ്രവാചക സവിധത്തിലേക്ക് നീങ്ങി. അവിടുന്ന് അവിടുത്തെ ഭവനത്തിൽ അനുയായികളോടൊപ്പം ഇരിക്കുകയായിരുന്നു. ഞാൻ അവിടുത്തേക്ക് സലാം ചൊല്ലി. അപ്പോൾ എന്നെ പേരിട്ടു വിളിച്ചു. റുവൈഫീ…. ഞാൻ പറഞ്ഞു. ലബ്ബൈക്ക്, ഞാനിതാ വിളിക്ക് ഉത്തരം ചെയ്യുന്നു. എന്നിട്ട് എന്നോട് ചോദിച്ചു. ആരാണ് ഒപ്പമുള്ളത്?എന്റെ നാട്ടുകാരാണ്. നിങ്ങൾക്കും നിങ്ങളുടെ ജനതക്കും സ്വാഗതം.

ഞാൻ പറഞ്ഞു. അല്ലാഹുവിന്റെ ദൂതരെﷺ, അല്ലാഹുവിന്റെ ഏകത്വത്തിലും അവിടുത്തെ പ്രവാചകത്വത്തിലും വിശ്വസിച്ചുകൊണ്ടാണ് എന്നോടൊപ്പമുള്ളവർ വന്നിട്ടുള്ളത്. അവരുടെ ജനതയുടെ മുഴുവൻ പ്രതിനിധികളായിട്ടാണ് അവർ വന്നത്. അല്ലാഹു ആർക്കെങ്കിലും നന്മ പ്രദാനം ചെയ്യാൻ നിശ്ചയിച്ചാൽ അവരെ ഇസ്ലാമിലെത്തിക്കും. അപ്പോൾ കൂട്ടത്തിലെ മറ്റൊരു നേതാവ് മുന്നോട്ടുവന്നു. അബൂ ദുബൈബ് എന്നാണ് അദ്ദേഹത്തിന്റെ പേര്. അദ്ദേഹം പറഞ്ഞു അല്ലാഹുവിന്റെ ദൂതരെﷺ, ഞങ്ങൾ അല്ലാഹുവിന്റെ ഏകത്വവും അവിടുത്തെ പ്രവാചകത്വവും വിശ്വസിച്ച് സാക്ഷ്യപ്പെടുത്തിയാണ് വന്നിട്ടുള്ളത്. ഞങ്ങൾ ഇതുവരെ ആരാധിച്ചുകൊണ്ടിരുന്നതിനെ മുഴുവൻ ഞങ്ങൾ വർജ്ജിച്ചിരിക്കുന്നു.

നിങ്ങൾക്ക് ഇസ്ലാമിലേക്ക് മാർഗ്ഗദർശനം നൽകിയ അല്ലാഹുവിനു സർവസ്തുതിയും. ഇസ്ലാമല്ലാത്ത ഏത് വിശ്വാസധാരയിൽ ആര് മരണപ്പെട്ടാലും അവരുടെ സങ്കേതം നരകമാണ്. ഞാൻ അതിഥി സൽക്കാരത്തിൽ വലിയ താല്പര്യമുള്ള ആളാണ്. എനിക്കതിൽ അല്ലാഹുവിൽ നിന്ന് പ്രതിഫലം ലഭിക്കുമോ? അബൂ ദുബാബ് നബിﷺയോട് ചോദിച്ചു. ധനികർക്കും പാവപ്പെട്ടവർക്കും ചെയ്യുന്ന ഏതു നന്മയ്ക്കും അല്ലാഹുവിൽ നിന്ന് പ്രതിഫലം ഉണ്ട്. അപ്പോൾ വീണ്ടും അദ്ദേഹം ചോദിച്ചു. അതിഥിയായി പരിഗണിക്കപ്പെടുന്ന ദിവസങ്ങൾ എത്രയാണ്? മൂന്നുദിവസം. പിന്നീടുള്ളത് പൊതു ധർമ്മമായി പരിഗണിക്കപ്പെടും. നിങ്ങളുടെ അടുക്കൽ താമസിക്കുന്ന ഒരു അതിഥി നിങ്ങളെ പ്രയാസപ്പെടുത്താൻ പാടില്ല.

പ്രാന്ത പ്രദേശത്ത് ഒറ്റപ്പെട്ടു കാണുന്ന ആടിന്റെ അവസ്ഥ എന്താണ്? അത് ഒന്നുകിൽ നിങ്ങൾക്ക് അല്ലെങ്കിൽ നിങ്ങളെപ്പോലെ മറ്റൊരാൾക്ക് അല്ലെങ്കിൽ ചെന്നായക്ക്. അപ്പോൾ ഒട്ടകമോ? നിങ്ങളുടേതാണെങ്കിൽ നിങ്ങൾക്ക് അല്ലെങ്കിൽ അതിന്റെ ഉടമസ്ഥനും. ഉടമ അതിനെ കണ്ടെത്തുന്നതുവരെ അതിനെ ഉപേക്ഷിക്കുക. ഇതുപോലെ ഉയർന്നു വന്ന മുഴുവൻ ചോദ്യങ്ങൾക്കും പ്രവാചകൻﷺ ഉത്തരം നൽകി.

പിന്നീട് പ്രവാചകൻﷺ വന്നപ്പോൾ കുറച്ച് കാരക്കകൾ കൊണ്ടുവന്നു. അതിൽ നിന്ന് വിശപ്പടക്കാൻ അവരോട് അഭ്യർത്ഥിച്ചു. മൂന്നുദിവസം അതിഥികളായി അവർ താമസിച്ചു. പിന്നീടവർക്ക് സമ്മാനങ്ങൾ നൽകി യാത്രയാക്കി. മദീനയിൽ നിന്ന് ലഭിച്ച ഉപഹാരങ്ങളുമായി അവർ നാട്ടിലേക്ക് പുറപ്പെട്ടു.

ഈയൊരു സംഭവത്തിൽ നിന്ന് എത്ര സന്ദേശങ്ങളാണ് നമുക്ക് ലഭിച്ചിട്ടുള്ളത്. ജീവിതത്തിന്റെ ഓരോഘട്ടത്തിലും എങ്ങനെയൊക്കെ സമീപിക്കണം എന്നതിന് കൃത്യമായ ദർശനങ്ങളും കാഴ്ചപ്പാടുകളും പ്രവാചകൻﷺ അവതരിപ്പിച്ചിരുന്നു എന്നതാണ് പ്രധാനം. കേവലമായ ഒരു മാനസിക വികാരത്തിനപ്പുറം ജീവിതത്തിന്റെ എല്ലാ സ്ഥലങ്ങളിലും കൃത്യമായ വീക്ഷണങ്ങൾ അവതരിപ്പിച്ചുകൊണ്ട് തന്നെയാണ് പ്രാഥമിക കാലത്തുതന്നെ ഇസ്ലാം ലോകത്തെ സംബോധന ചെയ്തത്. ഇന്നും ഇത്രമേൽ ധർമ്മ പാഠങ്ങൾ പറയാൻ വേറെ ഏതു നഗരിക്കാണ് മദീനയെക്കാൾ അവകാശമുള്ളത്! വേറെ ഏതു നേതാവിനാണ് മുഹമ്മദ് നബിﷺയേക്കാൾ അർഹതയുള്ളത്!

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-603

Tweet 603
ബഹ്റാഅ് ദൗത്യ സംഘം തിരു സന്നിധിയിലേക്ക്

കരീമത് ബിൻത് മിഖ്ദാദ്(റ) എന്ന മഹതി പറയുന്നു. എന്റെ ഉമ്മ ളുബാഅത് ബിൻത് സുബൈർ ബിൻ അബ്ദുൽ മുത്തലിബ് പറയുന്നത് ഞാൻ കേട്ടു. ബഹ്റാഇൽ നിന്നുള്ള 13 അംഗ സംഘം അവരുടെ വാഹനങ്ങളിൽ മിഖ്ദാദ് ബിൻ അംറിന്റെ വീട്ടുമുന്നിൽ വരെ എത്തി. ഞങ്ങൾ ഞങ്ങളുടെ ബനൂ ഹുദൈലയിലുള്ള ഭവനത്തിൽ ആയിരുന്നു അപ്പോൾ ഉണ്ടായിരുന്നത്. സംഘത്തിന്റെ ആഗമനമറിഞ്ഞ് മിഖ്ദാദ് അവരുടെ അടുക്കലേക്ക് ചെന്ന് സ്വീകരിച്ചു. അവർക്ക് താമസിക്കാനുള്ള സൗകര്യങ്ങൾ ചെയ്തു കൊടുത്തു. ഹൈസ് പലഹാരം കൊടുത്ത് അവരെ സൽകരിച്ചു.

ളുബാഅ(റ) എന്ന മഹതി പറയുന്നു. അവർ വരുന്നതിനു മുമ്പ് തന്നെ ഞങ്ങൾ തയ്യാർ ചെയ്ത ഭക്ഷണമായിരുന്നു അത്. അന്നദാന പ്രിയനായ മിഖ്ദാദ് അതിഥികൾ വന്നപ്പോൾ അവർക്ക് വേണ്ടി അതിവേഗം അതെടുത്തു കൊണ്ടുപോവുകയായിരുന്നു. അവർ അതിൽ നിന്ന് ഭക്ഷിച്ച് പാത്രം തിരിച്ചു കൊടുത്തു വിട്ടു. പാത്രത്തിൽ ശേഷിച്ചത് സമാഹരിച്ച് ചെറിയൊരു പാത്രത്തിലേക്ക് മാറ്റി. അത് വീട്ടിലെ പരിചാരിക സിദ്റയുടെ പക്കൽ തിരുനബിﷺക്ക് വേണ്ടി കൊടുത്തയച്ചു. അപ്പോൾ അവിടുന്ന് ഉമ്മുസലമ(റ)യുടെ ഭവനത്തിൽ ആയിരുന്നു. ഭക്ഷണം സ്വീകരിച്ച തിരുനബിﷺ ചോദിച്ചു. ളുബാഅ(റ) തന്നയച്ചതാണോ ഈ ഭക്ഷണം? അതെ എന്ന് അറിയിച്ചപ്പോൾ അവിടെ വെക്കാൻ പറഞ്ഞു. എന്നിട്ട് ചോദിച്ചു അബൂ മഅബദിന്റെ അതിഥികൾ എന്തായി? അപ്പോൾ ഞാൻ പറഞ്ഞു അവർ അവിടെയുണ്ട്.

കൊണ്ടുവന്ന ഭക്ഷണത്തിൽ നിന്ന് നബിﷺയും പരിസരത്തുള്ളവരും കഴിച്ചു. സിദ്റയെ അടുത്തിരുത്തി ഭക്ഷിപ്പിച്ചു. അത്ഭുതകരമായി ശേഷിച്ച ഭക്ഷണം സിദ്റയെ തന്നെ ഏൽപ്പിച്ചു. അതുകൊണ്ട് പോയി അതിഥികൾക്ക് നൽകാൻ ആവശ്യപ്പെട്ടു. ആവോളം അവർ എല്ലാവരും അവിടെ താമസിച്ച അത്രയും ദിവസങ്ങൾ ഭക്ഷിച്ചു. അവർക്ക് ഏറെ സന്തോഷവും സംതൃപ്തിയുമായി. ഞങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഭക്ഷണം ഇത്രത്തോളം സുലഭമായി നിങ്ങൾ നൽകിയല്ലോ എന്ന് അവർ പറഞ്ഞുകൊണ്ടിരുന്നു. അപ്പോൾ ഞങ്ങൾ പറഞ്ഞു. ഇത് പ്രവാചകർﷺ ഭക്ഷിച്ചതിന്റെ ബാക്കിയാണ്. അവിടുത്തെ കരങ്ങളുടെ അനുഗ്രഹമാണ് ഇത്രയും വിഭവ വർദ്ധനവിന് കാരണം. അപ്പോൾ അവർ പ്രവാചകരുﷺടെ പ്രവാചകത്വത്തെ ആവേശപൂർവം പ്രഖ്യാപിക്കുകയും വിശ്വാസം പ്രാമാണികമായി ബോധ്യപ്പെട്ടതിന്റെ ഉറപ്പിൽ സന്തോഷിക്കുകയും ചെയ്തു. പ്രവാചകൻﷺ ലക്ഷ്യം സാധിക്കുകയും അവർക്ക് ഇസ്ലാമിക വിജ്ഞാനീയങ്ങൾ പകർന്നു കൊടുക്കുകയും ചെയ്തു. പിന്നെയും കുറച്ചുദിവസം അവർ അവിടെ താമസിച്ചു. ശേഷം അവർ അവരുടെ നാടുകളിലേക്ക് മടങ്ങിയപ്പോൾ ഉപഹാരങ്ങൾ നൽകി അവരെ യാത്രയാക്കി.

പ്രവാചകർﷺ രൂപപ്പെടുത്തിയ സാമൂഹിക ഗാത്രത്തിൽ ദൗത്യസംഘങ്ങൾ എത്തിച്ചേർന്നാൽ അവരെ സ്വീകരിക്കാനും പ്രവാചകനെﷺയും ഇസ്ലാമിനെയും പരിചയപ്പെടുത്താനും കൃത്യമായ വിചാരങ്ങൾ ഉണ്ടായിരുന്നു. പ്രവാചകരുﷺടെ അല്ലാഹു വെളിപ്പെടുത്തിയ സ്വഭാവവും സൗന്ദര്യവും സൽക്കാരവും അസാധാരണ ഭാവങ്ങളും എല്ലാം ആകർഷിക്കപ്പെടാവുന്ന മഹത് ഗുണങ്ങൾ ആയിരുന്നു. എല്ലാ ഭാഗത്തു കൂടെയും നേർവഴിയിലൂടെ വെളിച്ചം ലഭിച്ച ആളുകൾ ഉണ്ടായിരുന്നു. ജനപഥങ്ങൾ ഒന്നായി തന്നെ ഇസ്ലാമിലേക്ക് വരുന്ന മനോഹരമായ ദൃശ്യങ്ങളുടെ കാലമായിരുന്നു മദീനയിലേക്ക് ദൗത്യസംഘങ്ങൾ വന്ന കാലം. വരുന്ന ഓരോ സംഘങ്ങളും ഏറ്റെടുത്ത വെളിച്ചങ്ങൾ അവരുടെ നാട്ടിലേക്കും ഭൂഖണ്ഡത്തിലേക്കും എത്തിച്ചുകൊടുത്തു. അങ്ങനെ ചെറിയ ഒരു കാലം കൊണ്ട് ഇസ്ലാം ലോകത്ത് എവിടെയും വിലാസം നേടി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-604

Tweet 604
സുകൂനിൽ നിന്നുള്ള തുജീബ് ഗോത്രത്തിലെ ദൗത്യസംഘം.

യമനിലെ സുക്കൂനിൽ നിന്ന് തുജീബ് ഗോത്രത്തിലെ പതിമൂന്ന് അംഗങ്ങൾ ഒരു നിവേദക സംഘമായി പ്രവാചക സവിധത്തിലേക്ക് വന്നു. അവരുടെ സമ്പാദ്യത്തിൽ നിന്ന് ദാനധർമ്മമായി നൽകേണ്ട സ്വത്തുവകകളുമായിട്ടാണ് അവർ വന്നത്. അവരുടെ ആഗമനം പ്രവാചകരെﷺ വല്ലാതെ സന്തോഷിപ്പിച്ചു. അവരെ ആദരപൂർവ്വം സ്വീകരിച്ചു. അവർ പറഞ്ഞു അല്ലയോ പ്രവാചകരേﷺ! ഞങ്ങൾ ഞങ്ങളുടെ സമ്പാദ്യത്തിൽ നിന്ന് അല്ലാഹുവിന്റെ മാർഗത്തിൽ വിനിയോഗിക്കൽ നിർബന്ധമായുള്ള സാമ്പത്തിക വിഹിതവും ആയിട്ടാണ് വന്നിട്ടുള്ളത്. അത് നിങ്ങൾ നിങ്ങളുടെ നാട്ടിലേക്ക് തന്നെ കൊണ്ടുപോയി അവിടെയുള്ള പാവങ്ങൾക്ക് കൊടുക്കൂ എന്ന് പ്രവാചകൻﷺ പ്രതികരിച്ചു. ഞങ്ങളുടെ നാട്ടിലെ എല്ലാ ദരിദ്രർക്കും കൊടുത്തു തീർന്ന മിച്ചം വന്നതാണ് ഞങ്ങൾ കൊണ്ടുവന്നിട്ടുള്ളത് എന്ന് അവർ പ്രതികരിച്ചു. അബൂബക്കർ(റ) അപ്പോൾ ഇടപെട്ടുകൊണ്ട് പറഞ്ഞു. ഇതുവരെയും അറബ് ഗോത്രങ്ങളിൽ നിന്ന് ഇങ്ങനെ ഒരു വിഭാഗം നമ്മളുടെ അടുക്കലേക്ക് വന്നിട്ടില്ലല്ലോ. എത്രമേൽ സംതൃപ്തരായും ദൗത്യങ്ങൾ നിർവഹിച്ചുകൊണ്ടുമാണ് അവർ എത്തിയിട്ടുള്ളത്.

അവർ പ്രവാചകനിﷺൽ നിന്ന് പല കാര്യങ്ങളും ചോദിച്ചറിഞ്ഞു. അവകൾ രേഖപ്പെടുത്തിവെച്ചു. ഖുർആനും തിരുചര്യകളും അവർ നേരിട്ടുതന്നെ പഠിച്ചു. അതോടെ പ്രവാചകന്ﷺ അവരോട് താൽപര്യം വർദ്ധിക്കുകയും അവരുടെ ആതിഥ്യത്തിൽ പ്രത്യേകം ശ്രദ്ധിക്കാൻ ബിലാലി(റ)നെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാൽ, അവർ നീണ്ടകാലം നിൽക്കാൻ താല്പര്യപ്പെട്ടില്ല. വേഗം തന്നെ നാട്ടിലേക്ക് മടങ്ങി പോകണമെന്ന് അവർ താൽപര്യം പ്രകടിപ്പിച്ചു. ഞങ്ങൾ അല്ലാഹുവിന്റെ ദൂതനെﷺ കണ്ടതും സംസാരിച്ചതും ഞങ്ങൾക്ക് ലഭിച്ച അനുഭവങ്ങളും അതിവേഗം ഞങ്ങളുടെ നാട്ടുകാർക്ക് തിരിച്ചു ചെന്ന് എത്തിച്ചു കൊടുക്കണം അതിനുവേണ്ടിയാണ് ഞങ്ങൾ ധൃതി കൂട്ടുന്നത് എന്നവർ പറഞ്ഞു.

അധികം വൈകാതെ തന്നെ അവർ യാത്ര ചോദിക്കാൻ വേണ്ടി പ്രവാചക സവിധത്തിൽ എത്തി. ദൗത്യ സംഘങ്ങൾക്ക് നൽകുന്ന ഏറ്റവും മികച്ച ഉപഹാരങ്ങൾ നൽകി പ്രവാചകൻﷺ അവരെ യാത്രയാക്കി. അവരുടെ സാധനസാമഗ്രികൾക്ക് മേൽനോട്ടം കൊടുത്തുകൊണ്ട് ഒരു പ്രായം കുറഞ്ഞയാൾ അവരുടെ ചരക്കുകൾക്കൊപ്പം തന്നെ ഉണ്ടായിരുന്നു. അയാൾ അതുവരെ പ്രവാചക സവിധത്തിലേക്ക് വന്നിരുന്നില്ല. യാത്രാസംഘം തിരിച്ചു ചരക്കുകൾക്കടുത്ത് എത്തിയപ്പോൾ സംഘം അയാൾക്ക് അനുമതി നൽകി. പ്രവാചകനെﷺ കണ്ട് യാത്ര പറഞ്ഞു വരാൻ നിർദേശിച്ചു. അയാൾ അതിവേഗം തിരുസന്നിധിയിലെത്തി.

ഇങ്ങനെ പറഞ്ഞു. ഇപ്പോൾ ഇവിടെ വന്ന് യാത്ര ചോദിച്ചു പോയ സംഘത്തോടൊപ്പം ഉള്ള ആളാണ് ഞാൻ. അവർക്ക് അവരുടെ ആവശ്യങ്ങളൊക്കെ നിറവേറ്റി സന്തോഷിപ്പിച്ചതുപോലെ എനിക്കും എന്റെ ആവശ്യങ്ങൾ അവിടുന്ന് നിറവേറ്റി തന്നാലും. എനിക്ക് മറ്റു സാധാരണ ആവശ്യങ്ങളൊന്നുമല്ല മുന്നോട്ടുവെക്കാനുള്ളത്. അല്ലാഹുവിൽ നിന്നുള്ള പൊരുത്തവും കാരുണ്യവും അവിടുന്ന് എനിക്ക് നേടി തരണം. അതിനുവേണ്ടി അവിടുന്ന് പ്രാർത്ഥിക്കണം. അതാണ് ഞാൻ ഉപഹാരമായി അവിടുന്ന് താൽപര്യപ്പെടുന്നത്. എന്റെ സമ്പന്നതയും ഐശ്വര്യവും ആത്മസംതൃപ്തിയും ഹൃദയസംബന്ധതയുമായി നിലനിൽക്കണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. മറ്റു ഭൗതിക സമ്പാദ്യങ്ങൾ ഒന്നും ഞാൻ താല്പര്യപ്പെടുന്നില്ല. പ്രവാചകൻﷺ അദ്ദേഹത്തിനുവേണ്ടി സവിശേഷമായ പ്രാർത്ഥന നടത്തി. പാപങ്ങൾ പൊറുത്ത് കാരുണ്യം ചൊരിഞ്ഞ് ഹൃദയസംബന്ധന നൽകേണമേ എന്ന് അല്ലാഹുവിനോട് പ്രാർത്ഥിച്ചു. ശേഷം, സ്നേഹോപഹാരങ്ങൾ നൽകി യാത്രയാക്കി.

പിന്നീട് സംഘം മുഴുവനും നാട്ടിലേക്ക് മടങ്ങി. ഹിജ്റയുടെ പത്താം വർഷം മിനയിൽ വെച്ചുകൊണ്ടാണ് അവരിൽനിന്ന് ചിലയാളുകളെ പിന്നീട് സംഗമിക്കാൻ ആയത്. അപ്പോൾ പ്രവാചകൻﷺ ആ ചെറുപ്പക്കാരനെ കുറിച്ച് ചോദിച്ചു. അയാളെക്കുറിച്ച് നാട്ടിൽ നിന്ന് വന്നവർക്ക് നല്ലതേ പറയാനുണ്ടായിരുന്നുള്ളൂ. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്ന ആളാണെന്നും ഈ ലോകത്തുള്ള മുഴുവൻ സമ്പാദ്യങ്ങളും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ വച്ച് വിതരണം ചെയ്താലും ഒരു ശകലം പോലും അതിൽ നിന്ന് അയാൾ താൽപര്യപ്പെടുന്നില്ലെന്ന് അയാളെക്കുറിച്ച് മറ്റുള്ളവർ പരിചയപ്പെടുത്തി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-605

Tweet 605
പ്രവാചകനോﷺട് സവിശേഷമായി പ്രാർത്ഥിക്കാൻ പറഞ്ഞ യുവാവിനെ കുറിച്ച് വീണ്ടും തിരുനബിﷺ അന്വേഷിച്ചു. ഇഹലോക സുഖങ്ങളെ പൂർണ്ണമായും പരിത്യജിച്ചുകൊണ്ടുള്ള സംതൃപ്തമായ ജീവിതമാണെന്ന് തിരുനബിﷺ അറിഞ്ഞു. അപ്പോൾ പ്രവാചകൻﷺ അദ്ദേഹത്തിനു വേണ്ടി പ്രത്യേകമായ ഒരു പ്രാർത്ഥന നടത്തി. ‘അയാൾ മുഴുവനായും മരണപ്പെടും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു’ ഇതിന്റെ ആശയം വേഗം അനുചരന്മാർക്ക് മനസ്സിലായില്ല. അവർ പ്രവാചകനോﷺട് ചോദിച്ചു. ഒരാൾ എങ്ങനെയാണ് മുഴുവനായും മരിക്കുക? ഒരാളുടെ താൽപര്യങ്ങളും പ്രയാസങ്ങളും ഒരു താഴ്‌വരയുടെ വിവിധ ഭാഗങ്ങളിലേക്ക് ശിഥിലമായി കിടക്കുക. എന്നിട്ട് അവിടെ എവിടെയെങ്കിലും വെച്ച് ഈ ലോകത്തോട് വിട പറയുക. ഇതാണല്ലോ സാധാരണഗതിയിൽ ഉണ്ടാവാറുള്ളത്. പൂർണ്ണമായും പരിത്യാഗം സ്വീകരിച്ചവർ മരണപ്പെടുന്നതോടുകൂടി പൂർണമായും ഈ ലോകത്തോടുള്ള ബന്ധം ഉപേക്ഷിച്ച് പരലോകത്തിലേക്ക് ചേരുന്നു. ഇവിടുത്തെ മോഹങ്ങളും താല്പര്യങ്ങളും ബാക്കിവെച്ച് പോകുന്നവർ, അവർക്കത് ലഭിക്കുകയും ഇല്ല എന്നാൽ ഇവിടെ പല സ്ഥലങ്ങളിലായി മോഹങ്ങൾ ശേഷിക്കുകയും ചെയ്യും. ഒരാൾ പൂർണ്ണമായി മരണപ്പെടുക എന്നത് ഈ ലോകത്തോട് പൂർണ്ണാർത്ഥത്തിൽ യാത്ര പറയാൻ മാത്രമുള്ള പരിത്യാഗം നിലനിർത്തുക എന്നതാണ്.

മേൽ പറയപ്പെട്ട വ്യക്തി സർവ്വ സംഘപരിത്യാഗിയായി ജീവിച്ചു. ലഭിക്കുന്ന ലളിതമായ ഭക്ഷണത്തിൽ തൃപ്തനായി. ഒന്നിനും വേണ്ടി ആരോടും അഭ്യർത്ഥിക്കുകയോ ആവശ്യപ്പെടുകയോ ചെയ്തില്ല.

പ്രവാചക പ്രഭുﷺവിന്റെ വിയോഗാനന്തരം യമനിലെ ചില പ്രവിശ്യകളിൽ ചിലർ ഇസ്ലാമിൽ നിന്ന് പിന്മാറി. ആ സമയത്ത് ഇദ്ദേഹം ഇസ്ലാമിക പ്രചാരണ പ്രവർത്തനങ്ങളിൽ വ്യാപൃതനായി. അല്ലാഹുവിനെ കുറിച്ചുള്ള ആലോചനകളും ശരിയായ വിചാരങ്ങളും അനുവാചകരെ ബോധ്യപ്പെടുത്തി. ഇസ്ലാമിന്റെ പാഠഭാഗങ്ങൾ വ്യക്തമായും സുതാര്യമായും ആളുകൾക്ക് പകർന്നു കൊടുത്തു. അദ്ദേഹത്തിന്റെ പ്രവിശ്യയിൽ നിന്ന് ഒരാളും ഇസ്ലാം ഉപേക്ഷിച്ചു പോയില്ല. പ്രവാചകരുﷺടെ വിയോഗാനന്തരം നേതൃത്വം ഏറ്റെടുത്ത അബൂബക്കർ(റ) ഇദ്ദേഹത്തെക്കുറിച്ച് പറയുകയും അന്വേഷിക്കുകയും ചെയ്തു. അദ്ദേഹവും അദ്ദേഹത്തിന്റെ പരിസരവും എങ്ങനെയാണെന്ന വിവരം അന്വേഷിച്ചറിഞ്ഞു കൊണ്ടിരുന്നു. ഖലീഫയുടെ പ്രതിനിധിയായ സിയാദ് ബിൻ ലബീദി(റ)ന് ഇദ്ദേഹത്തെ പരാമർശിച്ചുകൊണ്ട് കത്തുകൾ അയച്ചു. പരിത്യാഗിയായ ഈ ചെറുപ്പക്കാരനോട് നന്മകൊണ്ട് സന്ദേശം അറിയിക്കാനും സന്തോഷാശംസകൾ പങ്കുവെക്കാനും അബൂബക്കർ(റ) ഏൽപ്പിച്ചു.

തുജീബ് നിവേദക സംഘം മദീനയിൽ വന്ന വേറിട്ട അനുഭവമാണ് നാം വായിച്ചത്. ഓരോ സമൂഹങ്ങളിലും സാധാരണമായ ജീവിതത്തിൽ നിന്ന് വ്യത്യസ്തമായി അല്ലാഹുവിനോടുള്ള വിചാരത്തിൽ മാത്രം കഴിയുന്ന ആത്മ ജ്ഞാനികളും ആധ്യാത്മിക വിചാരത്തിൽ കഴിയുന്ന വ്യക്തിത്വങ്ങളും ഉണ്ടാകും എന്നതിന്റെ സൂചന കൂടിയാണ് ഇത്. പ്രവാചകൻﷺ പങ്കുവെക്കുന്ന പൊതുവായ വ്യവസ്ഥിതികൾ അനുസരിച്ച് അള്ളാഹുവിലേക്ക് അടുക്കുകയും ജീവിക്കുകയും ചെയ്യുന്ന സാധാരണക്കാരിൽ നിന്ന് വ്യത്യസ്തമായി, ചിലയാളുകൾ ആധ്യാത്മിക വിചാരത്തിൽ മാത്രം കഴിഞ്ഞുകൂടും. അവർക്ക് പരിസരങ്ങളും പ്രതാപങ്ങളും ഒന്നും ആവശ്യമില്ല. അവർ ഈ ലോകത്തെ ജീവിതത്തെയും അതിന്റെ പരമാർത്ഥത്തെയും നേരത്തെ തിരിച്ചറിഞ്ഞു കഴിഞ്ഞു. അത് നൈമിഷികമാണെന്നും എന്നന്നേക്കും ഉള്ളതല്ലെന്നും അവർക്ക് കാലേക്കൂട്ടി ബോധ്യമായി. അനന്തമായ പരലോകത്തെ വിജയവും ക്ഷേമവും മാത്രം മുന്നിൽ കണ്ടുകൊണ്ട് അവർ ജീവിച്ചു. ഇവിടെ ലഭിക്കുന്ന ഏത് അനുഗ്രഹങ്ങളും ഇന്നല്ലെങ്കിൽ നാളെ വിട്ടേച്ചു പോകേണ്ടതാണെന്ന് അവർ മനസ്സിലാക്കി. അതനുസരിച്ചുകൊണ്ട് മാത്രം അവകളെ സ്വീകരിക്കുകയും അവയോട് പെരുമാറുകയും ചെയ്തു. പ്രവാചകർﷺ ഇത്തരം വിചാരക്കാരെ എത്രമേൽ പരിഗണിച്ചു എന്നും അവരിൽ എത്രമാത്രം പ്രതീക്ഷ നിലനിർത്തിയെന്നും നമുക്ക് ഈ സംഭവത്തിൽ നിന്ന് തന്നെ മനസ്സിലാക്കാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-606

Tweet 606
ബനൂ തഗ്ലബ് നിവേദക സംഘം

16 മുസ്ലിംകളും കുറച്ച് ക്രിസ്ത്യാനികളും അടങ്ങുന്ന ഒരു സംഘം ബനൂ തഗ്ലബിൽ നിന്ന് മദീനയിലേക്ക് വന്നു. പ്രവാചകൻﷺ അവരെ സ്വീകരിച്ചു. സ്വർണ്ണ കുരിശുകളും ഏന്തിയാണ് ക്രൈസ്തവർ വന്നത്. മുസ്ലിംകൾക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കുകയും ക്രൈസ്തവർക്ക് അവരുടെ വിശ്വാസം സംരക്ഷിക്കുന്ന ആവശ്യമായ ഉടമ്പടികളിൽ ഏർപ്പെടുകയും ചെയ്തു. കുഞ്ഞുങ്ങളെ മാമോദിസ മുക്കുന്നതിന് ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നു. അതവർ അംഗീകരിക്കുകയും ചെയ്തു. ഉപഹാരങ്ങൾ നൽകി അവരെ യാത്രയാക്കി.

മദീനയിലെ ഒരു രാഷ്ട്രീയ സാഹചര്യത്തെ കൂടി സൂചിപ്പിക്കുന്നതാണ് ഈ നിവേദക സംഘത്തിന്റെ ആഗമനം. ഇതര വിശ്വാസികൾക്കും മതാചാരങ്ങൾ പുലർത്തുന്നവർക്കും സുരക്ഷിതമായി മദീനയിൽ എത്താവുന്ന സാഹചര്യം ഉണ്ടായിരുന്നു എന്നതിന്റെ പ്രമാണം കൂടിയാണിത്. ഇതര മതവിശ്വാസികളുമായി എപ്പോഴും ധാരണയിലാകുവാനും വർഗീയതയും വംശീയതയും ഇല്ലാതെ അവരെ ഉൾക്കൊള്ളാനുമുള്ള വിചാരങ്ങൾ മദീനയിൽ നിലനിർത്തിയിരുന്നു.
എത്ര സുതാര്യമായിട്ടായിരുന്നു ഇസ്ലാം ദർശനങ്ങളെ പകർന്നുകൊടുത്തത് എന്നതിനു കൂടി ഈ സംഭവം പ്രമാണമാണ്.

ബനൂ തമീം നിവേദക സംഘങ്ങൾ.

എഴുപതോ എൺപതോ അംഗങ്ങളും ഒരുപറ്റം നേതാക്കളും അടങ്ങുന്ന സംഘമാണ് ബനൂ തമീമിൽ നിന്ന് മദീനയിൽ എത്തിയത്. അവരുടെ കൂട്ടത്തിൽ നേതാക്കളായി ഉണ്ടായിരുന്ന ഉയയ്നത് ബിൻ ഹിസ്‌ൻ(റ), അഖ്റഅ് ബിൻ ഹാബിസ്(റ) എന്നിവർ പ്രവാചകർﷺക്കൊപ്പം മക്കാ വിജയത്തിലും ഹുനൈനിലും ത്വാഇഫിലും സംബന്ധിച്ചവരായിരുന്നു.

അവർ മദീനയിലേക്ക് എത്തിച്ചേർന്ന സമയം മധ്യാഹ്ന നിസ്കാരം അഥവാ ളുഹറിനു വാങ്ക് കൊടുത്ത സമയമായിരുന്നു. ബിലാൽ(റ) വാങ്ക് കൊടുത്തിട്ട് പ്രവാചകരുﷺടെ ആഗമനം കാത്തുനിൽക്കുകയായിരുന്നു. പക്ഷേ, ബനൂ തമീംകാർക്ക് പ്രവാചകൻﷺ ഇറങ്ങിവരുന്നത് വരെ കാത്തുനിൽക്കാനുള്ള ക്ഷമയുണ്ടായിരുന്നില്ല. അവർ ധൃതി കാണിക്കുകയും പ്രവാചക ഭവനത്തിന്റെ പിൻവാതിൽക്കൽ പോയി ശബ്ദത്തിൽ വിളിക്കുകയും ചെയ്തു. ഇത് അത്ര ഭംഗിയുള്ള ഒരു സമീപനമായിരുന്നില്ല. അവരുടെ ശബ്ദം കേട്ട് പ്രവാചകർﷺ പുറത്തേക്കിറങ്ങി വന്നു. അപ്പോൾ അവർ പറഞ്ഞു. ഞങ്ങൾ സ്തുതിച്ചു പറയുന്നത് ആത്യന്തികമായ സ്തുതിയും ഞങ്ങൾ മോശമാണെന്ന് പറയുന്നത് ആത്യന്തികമായ അരുതായ്മയും ആണെന്ന് അവർ വിശദീകരിച്ചു. ഉടനെ പ്രവാചകൻﷺ അവരെ തിരുത്തി. അല്ലാഹുവിങ്കൽ നന്മയായി പരിഗണിക്കപ്പെടുന്നത് ആത്യന്തിക നന്മയും അല്ലാഹുവിന്റെ തിന്മയായി കരുതപ്പെടുന്നത് ആത്യന്തിക തിന്മയും ആണെന്ന് വിശദീകരിച്ചു.

ആരുടെയും പ്രീതിക്ക് നിലപാടുകൾ മാറ്റേണ്ടതില്ല എന്ന വ്യക്തമായ പാഠമാണ് പ്രവാചകർﷺ ഇതിലൂടെ പകർന്നു നൽകിയത്. അതിഥികളെ സ്വീകരിക്കുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം അവരുടെ തെറ്റിദ്ധാരണകളെ സമയോചിതമായി തിരുത്തുന്നതിൽ തീർത്തും പ്രവാചകർﷺ അമാന്തിച്ചിരുന്നില്ല. അതുകൊണ്ടാണ് ആഗതർക്ക് മുമ്പിൽ വളച്ചുകെട്ടില്ലാതെ കാര്യങ്ങൾ വിശദീകരിച്ചു കൊടുത്തത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-607

Tweet 607
ബറാഉ ബിൻ ആസിബ്(റ) പറയുന്നു. പ്രവാചക ഭവനത്തിന്റെ പിൻഭാഗത്തേക്ക് ഒരാൾ വന്നു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. ഓ മുഹമ്മദേﷺ… ഞങ്ങളിലേക്ക് ഇറങ്ങിവരൂ.. പ്രവാചക ഭവനത്തിൽ നിന്ന് ഉത്തരം ലഭിച്ചില്ല. ഉടനെ അദ്ദേഹം പറഞ്ഞു. അല്ലയോ മുഹമ്മദേﷺ, ഞാൻ സ്തുതിച്ചാൽ അത് അലങ്കാരവും ഞാൻ അപകീർത്തിച്ചാൽ അത് അഭംഗിയുമാണ്. അപ്പോൾ പ്രവാചകൻﷺ ഇങ്ങനെ പ്രതികരിച്ചു. അതൊക്കെ അല്ലാഹുവിൽ നിന്ന്… അപ്പോൾ അവർ ഇങ്ങനെ പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ മഹത്വം പറയാനും മേന്മ പറയാനും വേണ്ടി വന്നതാണ്. അതുകൊണ്ട് ഞങ്ങളിൽ നിന്നുള്ള പ്രഭാഷകനും കവിക്കും ഒരു അവസരം തരണം. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. നിങ്ങളുടെ കൂട്ടത്തിലെ പ്രഭാഷകൻ മുന്നോട്ടുവന്നു കൊള്ളട്ടെ. ഉടനെ ഉതാറിദ് ബിൻ ഹാജിബ് എഴുന്നേറ്റുനിന്ന് പ്രഭാഷണം ആരംഭിച്ചു.

അല്ലാഹുവിനാണ് സർവ്വസ്തുതിയും. അവന്റെ മഹത്വത്തെ വാഴ്ത്തുന്നു. അവൻ അതിന് അർഹനാണ്. ഞങ്ങളിൽ അവൻ ഭരണാധികാരികളെയും ഉയർന്ന സമ്പത്തും നൽകി. ഞങ്ങൾ അതുകൊണ്ട് നന്മ പ്രവർത്തിക്കുന്നു. പൗരസ്ത്യ ദേശത്തെ ഏറ്റവും പ്രതാപം ഉള്ളവരാക്കി അവൻ ഞങ്ങളെ നിശ്ചയിച്ചു. അംഗബലത്തിലും സന്നാഹത്തിലും ഞങ്ങളാണ് മുന്നിൽ. അപ്പോൾ പിന്നെ ജനങ്ങളിൽ ഞങ്ങളെപ്പോലെ ആരാണുള്ളത്? ഞങ്ങളല്ലേ ജനങ്ങളുടെ നേതാവും ശ്രേഷ്ഠരും ആവേണ്ടത്? ഞങ്ങളോട് പെരുമ പറയാൻ ആരെങ്കിലും ഉണ്ടെങ്കിൽ അവരും അവരുടെ എണ്ണവും വലിപ്പവും പറയട്ടെ. എന്നാൽ പിന്നെ ഞങ്ങൾ ഓരോന്നും എണ്ണിയെണ്ണി പറയാം. വിശദമായി ഇപ്പോൾ തന്നെ പറയാൻ ഞങ്ങൾക്ക് ശങ്കയുണ്ട്. ആരെങ്കിലും സമാന്തരമായി പറഞ്ഞാൽ പിന്നീട് വിശദീകരിക്കാം. ഇത്രയും പറഞ്ഞ് അദ്ദേഹം ഇരുന്നു.

അപ്പോൾ പ്രവാചകൻﷺ സാബിത്തുബിന് ഖൈസു ബിനു ശമ്മാസി(റ)നെ വിളിച്ചു. ബനുൽ ഹാരിസ് ബിൻ അൽ ഖസ്റജിന്റെ സഹോദരനായിരുന്നു അദ്ദേഹം. പ്രവാചകൻﷺ അദ്ദേഹത്തോട് പറഞ്ഞു. ഈ നടത്തിയ പ്രഭാഷണത്തിന് ഒരു മറുപടി നൽകൂ. അദ്ദേഹം എഴുന്നേറ്റുനിന്ന് സംസാരം ആരംഭിച്ചു. “സർവ്വസ്തുതിയും അല്ലാഹുവിനാകുന്നു. ആകാശത്തും ഭൂമിയിലും അവന് സൃഷ്ടികളുണ്ട്. ആകാശഭൂമികളുടെ കാര്യങ്ങൾ അവനാണ് തീരുമാനിക്കുന്നത്. അവന്റെ അറിവ് അവന്റെ കുർസിയ്യിനോളം വിശാലമാണ്. അവന്റെ ഔദാര്യം കൊണ്ടല്ലാതെ ഒന്നും ഉണ്ടാവുകയില്ല. അവന്റെ അധികാരത്തിൽ പെട്ടതാണ് നമ്മെ ഭരണാധികാരികളാക്കുന്നത്.

അല്ലാഹുവിന്റെ ശ്രേഷ്ഠ സൃഷ്ടികളിൽ നിന്നും അവൻ അവന്റെ ദൂതനെﷺ തിരഞ്ഞെടുത്തു. ഏറ്റവും വലിയ കുടുംബവും പാരമ്പര്യവും നൽകി ആദരിച്ചു. ഏറ്റവും വലിയ സത്യസന്ധതയും നൽകി. സൃഷ്ടികൾക്കുമേൽ വിശ്വസ്തത ഏൽപ്പിച്ചു കൊടുക്കുകയും ഉന്നതമായ ഗ്രന്ഥം അല്ലാഹു തന്നെ നൽകുകയും ചെയ്തു. അല്ലാഹുവിന്റെ സൃഷ്ടികളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠരാണ് അവിടുന്ന്. ആ പ്രവാചകൻ‍ﷺ ജനങ്ങളെ നേർവഴിയിലേക്ക് ക്ഷണിച്ചു. സത്യവിശ്വാസത്തിലേക്ക് സ്വാഗതം ചെയ്തു. മുഹാജിറുകളും അടുത്ത കുടുംബക്കാരുമായ കുറെ ആളുകൾ ആ പ്രവാചകനെﷺ വിശ്വസിച്ചു. അവർ സ്ഥാന പദവികൾ കൊണ്ട് ഉന്നതരും വ്യക്തിത്വം കൊണ്ട് മഹത്വമുള്ളവരും കർമ്മങ്ങളാൽ ശ്രേഷ്ഠരുമാണ്.

പിന്നീട്, ഞങ്ങൾ അൻസ്വാരികളാണ് ആ പ്രവാചകന്റെﷺ വിളിക്ക് ഉത്തരം ചെയ്തത്. ഞങ്ങൾ അല്ലാഹുവിന്റെ സഹായികളും പ്രവാചകർﷺ ഏല്പിക്കുന്ന ദൗത്യം ഏറ്റെടുത്ത് നിർവഹിക്കുന്നവരും ആണ്. വിശ്വാസ സംരക്ഷണത്തിന് വേണ്ടി ഞങ്ങൾ പോർക്കളത്തിൽ ഇറങ്ങും. നേരെ ചൊവ്വേ ആകുന്നതുവരെ ഞങ്ങൾ ശക്തമായി യുദ്ധത്തിലേർപ്പെടും. നേരെ ചൊവ്വേയായി കഴിഞ്ഞാൽ പിന്നെ അവരുടെ സ്വത്തും രക്തവും അവർ സംരക്ഷിച്ചിരിക്കുന്നു. ശത്രുക്കളോടുള്ള പോരാട്ടം ഞങ്ങൾക്ക് വളരെ ലളിതമാണ്. ഇത്രയും പറഞ്ഞു അല്ലാഹുവിനോട് എനിക്കും സർവ്വ വിശ്വാസി വിശ്വാസിനികൾക്കും പൊറുക്കൽ തേടി ഞാൻ എന്റെ വാക്കുകൾ അവസാനിപ്പിക്കുന്നു. അസ്സലാമു അലൈക്കും.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-608

Tweets 608
പ്രവാചകൻﷺയുടെ മറുപടി പ്രഭാഷണം കേട്ട് ബനൂ തമീമുകാർ അത്ഭുതപ്പെട്ടു. കുടുംബത്തിന്റെയും ഗോത്രത്തിന്റെയും മഹിമ പറഞ്ഞു കൊണ്ടായിരുന്നു തങ്ങളുടെ പ്രഭാഷണം. എന്നാൽ, പ്രാപഞ്ചിക യാഥാർത്ഥ്യങ്ങളും, പ്രപഞ്ചാധിപനെ കുറിച്ചുള്ള വസ്തുതകളും മുന്നിൽവച്ച് കൊണ്ടായിരുന്നു സ്വഹാബിയുടെ പ്രസംഗം. ഉള്ളടക്കം കൊണ്ടും ഭാഷ കൊണ്ടും പ്രസംഗത്തിൽ മുന്നേറാൻ സാധിച്ചില്ല എന്ന് വന്നപ്പോൾ ഇനി കവിതയിലേക്ക് തിരിയാം എന്നായി ബനൂ തമീമുകാർ.
അവർ സബ്രിഖാൻ ബദ്ർ എന്ന അവരുടെ കവിയെ ക്ഷണിച്ചു. സബ്രിഖാൻ ചന്ദ്രനെ കുറിച്ച് പ്രയോഗിക്കുന്ന ഒരു പ്രയോഗമാണത്. സൗന്ദര്യവും ഭംഗിയും മുൻനിർത്തിയാണ് അദ്ദേഹത്തിന് അങ്ങനെ ഒരു പേര് ലഭിച്ചത്. വലിയ വാക്ചാതുരിയും കവിതാ ഭംഗിയുമുള്ള ആളായിരുന്നു അദ്ദേഹം.

അദ്ദേഹം കവിത ആലപിക്കാൻ തുടങ്ങി. അതിന്റെയും ഉള്ളടക്കം അവരുടെ കുലമഹിമയും കുടുംബത്തിന്റെ പെരുമയുമായിരുന്നു. ചില വരികളുടെ ആശയം ഇങ്ങനെ വായിക്കാം.

ഉന്നതകുലജാതരാം ഞങ്ങൾക്കു കിടയൊത്ത
ഗോത്രങ്ങൾ ഒന്നുമേ ഇല്ല ഈ ഭൂവിലും.

നേതാക്കൾ അനവധിയുണ്ടല്ലോ ഞങ്ങളിൽ
ജേതാക്കളായവർ എന്നുമേ വാഴുന്നു.

എത്രയെത്ര ക്ഷേത്രങ്ങൾ ഞങ്ങൾക്കുണ്ടല്ലോ
എന്നുമെന്നും ഞങ്ങൾ ധീരന്മാരാണല്ലോ.

എത്രയെത്ര മല്ലന്മാർ തോൽപ്പിക്കപ്പെട്ടുപോയ്
ഞങ്ങളിൽ ധീരന്മാർ നേരിട്ടുവന്നപ്പോൾ.

പട്ടിണിക്കാലത്തുമൂട്ടിയല്ലോ നമ്മൾ
പശിയിൽ വിലപിക്കും പരസഹസ്രങ്ങളെ.

ഒരു ചെറു മേഘവും കാണാത്ത കാലത്തും
വർഷമായ് ഞങ്ങൾ ജനങ്ങൾക്കു തണിയേകി.

നേതാക്കൾ എത്രയോ ഞങ്ങളിൽ എത്തുന്നു
ദിക്കുകളിൽ നിന്നൊക്കെയും തുടരെയായ്.

ഉടമ്പടിയായ് പിന്നെ തുടരുന്ന ബന്ധമായ്
എത്ര കരാറുകൾ, എത്രയെത്ര നന്മകൾ.

അതിഥിയായി എത്തുന്നവർക്കൊക്കെയും ഞങ്ങൾ
ഒട്ടകമറുത്ത് നൽ സദ്യ വിളമ്പിടും.

പെരുമ പറഞ്ഞു നാം ആരോടൊരുത്തരിൽ
പിന്നീടവർ നമ്മെ ആശ്രയിച്ചീടുമേ.

അല്ലെങ്കിൽ പിന്നവർ ആത്മഹത്യാപൂർവ്വം
കഴുത്തു മുറിക്കാതെ മറ്റെന്തു ചെയ്യുവാൻ.

ആരോടും ഞങ്ങൾ പിടലി കുനിച്ചില്ല
ഏവരും ഞങ്ങൾക്ക് വിനീത വിധേയരായ്.

പെരുമ പറഞ്ഞു മത്സരിക്കും കാലം
എപ്പോഴും ഞങ്ങൾ ഒരു പടി മുന്നിലായ്.

ഞങ്ങളിൽ കാണുന്ന മേന്മകൾ ഒക്കെയും
മത്സരിച്ചിട്ടു നാം നേടിയതാണല്ലോ!

കിടപിടിക്കാൻ വന്ന പലരോടും നേരിട്ട്
കിടമത്സരത്തിൽ ജയിച്ചതാ നമ്മളും.

കുടുംബത്തിന്റെ മഹിമയും ഗോത്രത്തിന്റെ പെരുമയും ഗതകാലത്തെ വിജയങ്ങളും എണ്ണിയെണ്ണി പറഞ്ഞുകൊണ്ട് കവിത അവസാനിച്ചു. അപ്പോൾ പ്രവാചകൻﷺ പ്രവാചക കവി ഹസ്സാനുബിനു സാബിത്തി(റ)നെ അന്വേഷിച്ചു. അദ്ദേഹം അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. ഉടനെ ആളെ അയച്ചു വിളിപ്പിച്ചു. കവിതചൊല്ലി മഹത്വം പറയുന്ന ഗോത്രത്തോട് കവിതയിൽ തന്നെ മറുപടി കൊടുക്കാൻ വേണ്ടിയായിരുന്നു ഹസ്സാനി(റ)നെ വിളിപ്പിച്ചത്. അദ്ദേഹം വരുന്ന വഴിയിൽ തന്നെ ചില വരികൾക്ക് ഈണം കൊടുത്തു കൊണ്ടാണ് വന്നത്. ഹസ്സാൻ(റ) തന്നെ പറയുന്നത് ഇങ്ങനെയാണ്. ബനൂ തമീം പ്രവാചക സവിധത്തിൽ വന്നു കവിത ചൊല്ലി പെരുമ പറഞ്ഞപ്പോൾ തിരുനബിﷺ എന്നെ വിളിപ്പിച്ചു. ഞാൻ അവർക്ക് ഇങ്ങനെ മറുപടി കൊടുത്തു. അറബി കവിതയുടെ ആശയം തുടർന്ന് നമുക്ക് വായിക്കാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-609

Tweet 609
“അല്ലാവിൻ തിരുദൂതർﷺ ഞങ്ങളിൽ വന്നപ്പോൾ
സുരക്ഷയൊരുക്കി നാം കാവൽഭടന്മാരായ്.

ചിലരോ വഴങ്ങിയും ഇതരർ ഒരുങ്ങിയും
നബിﷺയോർക്ക് വേണ്ടി നാം ഭൂമിക തീർത്തല്ലോ.

വീടകത്തായ് നബിﷺ വന്നൊരു നേരത്ത്
ആയുധമേന്തി നാം രക്ഷകരായ് നിന്നു.

‘ജാബിയ ജവലാനി’ൽ കീർത്തികളെത്തുന്ന
പ്രൗഢമാം ഭവനത്തിൽ പാർപ്പിച്ചു നബിﷺയോരെ.

തുടരുന്ന ധർമവും അധികാരവും പോലെ
ക്ഷമയും ധൈര്യവുമല്ലോ മഹത്വങ്ങൾ.

ഫിഹ്റും സഹോദര വൃന്ദവുമാണല്ലോ
നേതാക്കൾ ആകുവാനായി ജനിച്ചവർ.

അവരോ പഠിപ്പിച്ചു ഉത്തമ മാതൃക
ലോകത്തിനാകെയും അനുകരിച്ചീടുവാൻ.

അല്ലാഹുവിനെ നാം എങ്ങനെ വണങ്ങണം
നന്മകൾ എത്രമേൽ ശീലിക്കുക വേണം.

എല്ലാം അവർ തന്നെ നമ്മെ പഠിപ്പിച്ചു
എപ്പോഴും ഉത്തമരാം ഫിഹ്ർ ഗോത്രവും.

അനുയായികൾക്കായി നന്മ നൽകുവാൻ
ഏതു വരെയും അവർ എത്തുവാൻ ശീലിച്ചു.

പോർക്കളമായാലോ ശത്രുവിൻ മുന്നിൽ അവർ
ധീരരായ് വിജയക്കൊടികൾ പറപ്പിച്ചു.

പ്രകൃതിയായ് വന്ന നന്മകളിവയൊക്കെ
തിന്മകളെല്ലാമോ പിന്നീട് വന്നതും.”

(ജാബിയ, ജവലാൻ ശാമിലെ പ്രവിശ്യകളെയാണ് കവി ഉദ്ദേശിക്കുന്നത്. അവിടെ വരെ പ്രസിദ്ധി എത്താവുന്ന വിധത്തിലുള്ള ഭവനം എന്നാണ് സാരം.)

ഈ കവിതകൾ കൂടി കേട്ടപ്പോൾ ബനൂ തമീംകാർ എല്ലാ ആയുധവും നഷ്ടപ്പെട്ടവരെ പോലെയായി. പ്രഭാഷണത്തെ മറികടക്കുന്ന പ്രഭാഷണം, കവിതയെ മറികടക്കുന്ന കവിത. ഉള്ളടക്കവും ശബ്ദവും ആവിഷ്കാരവും എല്ലാം ഒന്നിനൊന്നു മെച്ചം. ഏകസ്വരത്തിൽ അവരെല്ലാവരും ഇസ്ലാം സ്വീകരിച്ചു. പ്രവാചകൻﷺ അവർക്ക് നിരവധി ഉപഹാരങ്ങൾ നൽകി.

സാംസ്കാരികമായ ചില അടിത്തറകൾ അവരെയും അവരിലൂടെ ലോകത്തെയും പഠിപ്പിച്ചു. വീടിന്റെ പിന്നിലൂടെ വന്ന് അപമര്യാദയായി വിളിച്ചത് ഒരു ഔചിത്യവും ഇല്ലാത്ത നടപടിയായിരുന്നു എന്ന് അവരെ ബോധ്യപ്പെടുത്തി. അവരുടെ പ്രസ്തുത നടപടിയെ പരാമർശിച്ചുകൊണ്ട് വിശുദ്ധ ഖുർആൻ 49 ആം അധ്യായം നാല്, അഞ്ച് സൂക്തങ്ങൾ സംസാരിക്കുന്നുണ്ട്. ആശയം ഇങ്ങനെ വായിക്കാം. “മുറികള്‍ക്കു വെളിയില്‍ നിന്ന് തങ്ങളെ അഥവാ പ്രവാചകരെ വിളിക്കുന്നവരിലേറെ പേരും ഒന്നും ചിന്തിച്ചു മനസ്സിലാക്കാത്തവരാണ്. അവിടുന്ന് അവരുടെ അടുത്തേക്ക് വരുംവരെ അവര്‍ ക്ഷമയോടെ കാത്തിരുന്നുവെങ്കില്‍ അതായിരുന്നു അവര്‍ക്കുത്തമം. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമല്ലോ.”

ഒരു വ്യക്തിയുടെ വീട്ടിലേക്ക് പിൻവാതിലിൽ നിന്ന് വരുന്നതും, വീട്ടുകാരൻ പുറത്തേക്ക് വരുന്നതുവരെ കാത്തുനിൽക്കാതിരിക്കുന്നതും, സാംസ്കാരികമായ ഒരു ശൂന്യതയായി തന്നെ പ്രവാചകൻﷺ കാണുകയും അതിനെതിരെ എല്ലാവരെയും ഉദ്ബോധിപ്പിക്കുകയും ചെയ്തു. നാളെ ഈ ജനതയിൽ നിന്ന് വലിയ ഒരു ഉപയോഗം അഥവാ ദജ്ജാൽ എന്ന ദുശക്തിക്കെതിരെ ശക്തമായി നിലകൊള്ളുന്ന വിഭാഗം എന്ന വിശേഷണം ഇല്ലായിരുന്നുവെങ്കിൽ ഇവർക്കെതിരെ ഞാൻ പ്രാർത്ഥിക്കുമായിരുന്നു എന്നു വരെ പ്രവാചകൻﷺ പരാമർശിച്ചു. വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്താൻ വേണ്ടിയായിരുന്നു അത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-610

Tweet 610
ബനൂ സഅലബ് ഗോത്രത്തിലെ നിവേദക സംഘം…..

ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ബനൂ സഅലബ് ഗോത്രത്തിലെ ഒരു വ്യക്തി പറഞ്ഞു. ഹിജ്‌റ എട്ടാം വർഷം നബിﷺ ജഇർറാനയിൽ നിന്ന് വരുന്ന സമയത്ത് ഞങ്ങൾ നാലുപേർ തിരു സന്നിധിയിലേക്ക് വന്നു. ഞങ്ങൾ ഇസ്‌ലാം സ്വീകരിക്കുന്നു എന്നറിയിക്കാനാണ് എത്തിച്ചേർന്നത്. റംല ബിൻത് ഹാരിസിന്റെ ഭവനത്തിനടുത്താണ് ഞങ്ങൾ ആദ്യം എത്തിയത്. അപ്പോഴേക്കും ബിലാൽ(റ) ഞങ്ങളുടെ അടുത്തേക്ക് വന്നു. ഞങ്ങളെ ഒന്നാകെ ഒന്ന് നിരീക്ഷിച്ചിട്ട് ചോദിച്ചു. നിങ്ങളോടൊപ്പം മറ്റാരെങ്കിലും ഉണ്ടോ? ഞങ്ങൾ പറഞ്ഞു, ഇല്ല. ഉടനെ തന്നെ തിരിഞ്ഞു പോയി അധികം വൈകാതെ മടങ്ങി വന്നു. വിഭവ സമൃദ്ധമായ ‘സരീദ്’ കൊണ്ടുവന്നു സത്കരിച്ചു. ഞങ്ങൾ കഴിച്ചു. മധ്യാഹ്നമായപ്പോൾ പ്രവാചകൻﷺ പുറത്തേക്കു വന്നു. അപ്പോൾ അവിടുത്തെ ശിരസ്സിൽ നിന്ന് വെള്ളം ഇറ്റു വീഴുന്നുണ്ടായിരുന്നു. അവിടുന്ന് ഞങ്ങളെ ഒന്നാകെ ഒന്ന് നിരീക്ഷിച്ചു. ഞങ്ങൾ അതിവേഗം തിരുസവിധത്തിലേക്ക് ചെന്നു. അപ്പോഴേക്കും ബിലാൽ(റ) നിസ്കാരത്തിനു വേണ്ടി ‘ഇഖാമത്’ കൊടുത്തു.

ഞങ്ങൾ നബിﷺയോട് സംസാരിക്കാൻ തുടങ്ങി. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, ഞങ്ങൾ ഞങ്ങളുടെ ജനതയുടെ പ്രതിനിധികളായിട്ടാണ് വന്നത്. നാട്ടിലുള്ളവർ അവരുടെ നൽകാലികളെ നോക്കി ജീവിക്കുകയാണ്. അതവരുടെ ജീവിത സന്ധാരണത്തിന്റെ ഭാഗമാണ്. മറ്റു ഉപജീവന മാർഗങ്ങളില്ല. അല്ലയോ പ്രവാചകരേﷺ, പലായനം അഥവാ ഹിജ്‌റ ചെയ്യാത്തവന് ഇസ്‌ലാമില്ല എന്നുണ്ടോ? അല്ലാഹുവിനെ സൂക്ഷിച്ചു എവിടെ ജീവിച്ചാലും നിങ്ങൾക്ക് ഒരു പ്രയാസവുമില്ല.

ശേഷം, പ്രവാചകൻﷺ നിസ്കാരത്തിനു നേതൃത്വം നൽകി. ഞങ്ങൾ അവിടുത്തെ പിന്നിൽ നിസ്കരിച്ചു. ഇത്രമേൽ സമ്പൂർണമായും മനോഹരമായും നിസ്കരിക്കുന്ന മറ്റൊരാളുടെ പിന്നിലും നാം നിസ്കരിച്ചിട്ടില്ല. നിസ്കാരാനന്തരം നബിﷺ വീട്ടിനകത്തേക്ക് പോയി. അല്പം വൈകിയപ്പോൾ ആരോ പറഞ്ഞു. അവിടുന്ന് സുന്നത്ത് നിസ്കരിക്കുകയാണ്. വൈകാതെ നബിﷺ പുറത്തേക്ക് വന്നു ഞങ്ങളോട് ചോദിച്ചു. നിങ്ങളോടൊപ്പമുള്ളവരൊക്കെ എവിടെ? ഇവിടെ അടുത്തു തന്നെയുണ്ടല്ലോ ഞങ്ങൾ പറഞ്ഞു. നിങ്ങളുടെ നാട്ടിൽ എങ്ങനെയുണ്ട്? വളരെ സമ്പന്നവും സമ്പുഷ്ടവുമാണ്. അൽഹംദുലില്ലാഹ്! സർവസ്തുതിയും അല്ലാഹുവിനാണ് എന്നു തിരുനബിﷺ പ്രതികരിച്ചു.

ഞങ്ങൾ കുറച്ചു ദിവസം അവിടെ താമസിച്ചു. ഖുർആനും തിരുചര്യകളും പഠിക്കുകയും തിരുനബിﷺയുടെ സൽക്കാരം സ്വീകരിക്കുകയും ചെയ്തു. ഞങ്ങൾ പ്രവാചകരോﷺട് യാത്ര പറഞ്ഞിറങ്ങാൻ ഒരുങ്ങി. അപ്പോൾ നബിﷺ ബിലാലി(റ)നെ വിളിച്ചു പറഞ്ഞു. എല്ലാ ദൗത്യ സംഘങ്ങൾക്കും ഉപഹാരങ്ങൾ നൽകിയതുപോലെ ഇവർക്കും ഉപഹാരങ്ങൾ നൽകൂ. എല്ലാവർക്കും അഞ്ചു ഊഖിയ വീതം സമ്മാനം നൽകി.

പ്രവാചക സവിധത്തിൽ നിന്ന് ഓരോ ദൗത്യ സംഘങ്ങൾക്കും ലഭിക്കുന്ന പരിഗണനയുടെയും, അവരുടെ പരിസരങ്ങൾ അറിഞ്ഞുകൊണ്ടുള്ള പ്രതികരണങ്ങളുടെയും മനോഹരമായ ഒരു ചിത്രം കൂടിയാണ് നാം കണ്ടത്. ഇസ്ലാം എത്ര ലളിതമാണെന്നും അതിന്റെ അനുഷ്ഠാനങ്ങൾക്കും വിചാരങ്ങൾക്കും എത്ര സാർവത്രികത ഉണ്ടെന്നും തിരുനബിﷺ പറയാതെ പറയുകയായിരുന്നു. പലായനം ചെയ്തില്ലെങ്കിൽ ഇസ്ലാം ആവുകയില്ല എന്ന ധാരണയോട് എവിടെയായാലും അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിച്ചാൽ മതിയെന്ന മറുപടി, പരിസരങ്ങളോടും സാഹചര്യങ്ങളോടും ഇസ്ലാം എങ്ങനെ സംവദിക്കുന്നു എന്നതിന്റെ ഉദാഹരണമാണ്. പ്രവാചകരുﷺടെ സമീപനങ്ങളും പരിഗണനകളും ഒരു സംഘത്തെ എത്രമേൽ സ്വാധീനിക്കുന്നു എന്ന് ഓരോ സംഭവങ്ങളും നമ്മെ ആഴത്തിൽ ബോധ്യപ്പെടുത്തുന്നു. ഒരു വിശ്വാസി സംഘം എങ്ങനെയായിരിക്കണം എന്നും, നേതൃത്വത്തിന്റെ പരിഗണനകൾ ആഗതരെ അറിഞ്ഞു കൊണ്ടായിരിക്കണം എന്നും തിരുനബിﷺ പഠിപ്പിക്കുന്നു. ഏതുകാലത്തെയും ഇസ്ലാം പ്രചരണത്തിന്റെ അടിസ്ഥാന ഉപാധി ഇസ്ലാം തനത് മൂല്യങ്ങളോട് കൂടി പകർത്തിയവരുടെ പച്ചയായ തുറന്ന ജീവിതങ്ങൾ ആയിരുന്നു. പുതിയ കാലത്തിനും ഇസ്ലാമിന് തുറന്നു വെക്കാനുള്ളത് ജീവിതങ്ങളിൽ നിഴലിച്ചു കാണുന്ന ഇസ്ലാം സംസ്കൃതിയെ തന്നെയാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-611

Tweet 611
സഖിഫ് ഗോത്രത്തിൽ നിന്നുള്ള നിവേദക സംഘം.

ഇബ്നു ഇസ്ഹാഖ്(റ) നിവേദനം ചെയ്യുന്നു. പ്രവാചകൻﷺ തബൂഖിൽ നിന്ന് മടങ്ങി വരുമ്പോഴാണ് സഖിഫ് ഗോത്രത്തിൽ നിന്നുള്ള നിവേദക സംഘം പ്രവാചകനെﷺ കണ്ടുമുട്ടുന്നത്. പ്രവാചകൻﷺ മദീനയിലേക്ക് തിരിച്ചു പ്രവേശിക്കുന്നതിന് മുമ്പ് തന്നെ ഉർവ ബിൻ മസ്‌ഊദ്(റ) പ്രവാചകനുﷺമായി അഭിമുഖം നടത്തി. അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയും പ്രബോധനത്തിനുവേണ്ടി സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ അനുമതി ചോദിക്കുകയും ചെയ്തു. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. അവർ നിങ്ങളെ വധിച്ചു കളയും. പ്രസ്തുത ജനതയുടെ പ്രകൃതിപരമായ സ്വഭാവ ഗുണങ്ങൾ മനസ്സിലാക്കി കൊണ്ടായിരുന്നു പ്രവാചകൻﷺ സംസാരിച്ചത്. എന്നാൽ, ഉർവ(റ)യുടെ മറുപടി ഇങ്ങനെയായിരുന്നു. അല്ലയോ പ്രവാചകരെﷺ ഞാൻ അവരുടെ കൂട്ടത്തിൽ ഏറ്റവും പ്രിയപ്പെട്ട ആളാണ്. അവർക്ക് എന്നോട് വലിയ സ്നേഹവും ആദരവുമാണ്. അവർ എന്നോട് നല്ല രൂപത്തിൽ മാത്രമേ പെരുമാറുകയുള്ളൂ. കൗമാരപ്രായത്തിലുള്ള അവരുടെ സ്വന്തം മക്കളെക്കാൾ അവർ എന്നെ പരിഗണിക്കാറുണ്ട്.

അമിതമായ ശുഭപ്രതീക്ഷയിൽ അദ്ദേഹം നാട്ടിലേക്ക് മടങ്ങി. നാട്ടുകാർ തനിക്ക് വകവെച്ചുതരുന്ന സ്നേഹാദരങ്ങൾ കാരണം അവർ നല്ല രൂപത്തിൽ മാത്രമേ പ്രതികരിക്കുകയുള്ളൂ എന്നായിരുന്നു അദ്ദേഹത്തിന്റെ വിശ്വാസം. അദ്ദേഹം നേരെ അദ്ദേഹത്തിന്റെ തന്നെ ഭവനത്തിൽ എത്തി. ആളുകളെ നന്മയിലേക്കും ഇസ്ലാമിലേക്കും ക്ഷണിച്ചു. നാട്ടുകാർക്ക് അത് തീരെ ഇഷ്ടമായില്ല. അവർ എല്ലാം മറന്നു രൂക്ഷമായി തന്നെ പ്രതികരിക്കാൻ തുടങ്ങി. സ്വന്തം വീടിന്റെ മച്ചിൻ മുകളിൽ നിന്ന് പ്രബോധനത്തിന്റെ സുന്ദരവാക്യങ്ങൾ ഉരുവിട്ടപ്പോൾ അവർ അത് കേൾക്കാൻ തയ്യാറായില്ല. അവർ അമ്പെയ്യുകയും ആയുധങ്ങൾ കൊണ്ട് നേരിടുകയും ചെയ്തു. ഒടുവിൽ ആഴത്തിൽ വന്നു പതിച്ച അമ്പ് തറച്ചതുമൂലം അദ്ദേഹം ലോകത്തോട് വിട പറഞ്ഞു. അവസാന നിമിഷങ്ങളിൽ അദ്ദേഹത്തിന്റെ രക്തത്തെക്കുറിച്ച് ചോദിച്ചുവത്രേ.

അപ്പോൾ അദ്ദേഹം പറഞ്ഞു. ഈ വഴിയിൽ നേരത്തെ രക്തസാക്ഷികളായവരോടൊപ്പം ഞാനും ചേരാൻ ആഗ്രഹിക്കുന്നു. എനിക്ക് ഇതിൽ തീർത്തും സങ്കോചമോ ദുഃഖമോ ഇല്ല. രക്തസാക്ഷിത്വം നൽകി അല്ലാഹു എന്നെ ആദരിച്ചു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. അല്ലാഹുവിന്റെ മാർഗത്തിൽ ജീവത്യാഗം ചെയ്തവരോടൊപ്പം എന്നെ മറമാടണമെന്നു മാത്രമേ ഉള്ളൂ എന്റെ ആഗ്രഹം. ഒടുവിൽ ആഗ്രഹം നിറവേറ്റപ്പെടുക തന്നെ ചെയ്തു. വിശുദ്ധ ഖുർആനിലെ യാസീൻ അധ്യായത്തിൽ പരാമർശിക്കപ്പെട്ട മഹത് വ്യക്തിയെ പോലെയാണ് ഉർവ(റ) എന്ന് തിരുനബിﷺ തന്നെ പറഞ്ഞു. അദ്ദേഹം അദ്ദേഹത്തിന്റെ ജനതയാൽ തന്നെ കൊല്ലപ്പെടുകയും ഉപരി ലോകത്തേക്ക് ഉയർത്തപ്പെടുകയുമായിരുന്നു.

ഉർവ(റ)യുടെ തിരോധാനത്തിനുശേഷം മാസങ്ങൾ കടന്നുപോയി. സഖിഫിന്റെ പരിസരത്തുള്ള ഏകദേശം ഗ്രാമങ്ങളും പ്രദേശങ്ങളും പ്രവാചകനെﷺ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്തു. ഞങ്ങൾക്കും ഇനിയാ സത്യം പുൽകണം എന്ന വിചാരം ഗോത്രക്കാർക്ക് സ്വന്തം തന്നെ ഉണ്ടായി. ഉർവ(റ)യുടെ പ്രായത്തിലുള്ള ഒരാളെ മദീനയിലേക്ക് നിയോഗിക്കാൻ അവർ തീരുമാനിച്ചു. അതുപ്രകാരം അബ്ദു യാലീൽ ബിൻ അംർ ബിൻ ഉമൈറിനോട് മദീനയിലേക്ക് പോകാൻ അവർ നിർദ്ദേശിച്ചു. താനും മദീനയിൽ പോയി മടങ്ങി വന്നാൽ ഉർവ(റ)യുടെ അനുഭവം തന്നെ ഉണ്ടായേക്കുമോ എന്ന് അദ്ദേഹം ആശങ്കപ്പെട്ടു. അതുകൊണ്ടുതന്നെ അദ്ദേഹം ഒറ്റയ്ക്ക് പോകാൻ സമ്മതിച്ചില്ല. തന്നോടൊപ്പം ചില പ്രതിനിധികൾ കൂടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആ ആവശ്യം അംഗീകരിക്കുകയും തങ്ങളുടെ ഗോത്രത്തിൽ നിന്നും ഉടമ്പടിയിൽ കഴിയുന്ന മറ്റു ഗോത്രങ്ങളിൽ നിന്നും രണ്ടുപേരെ വീതം അബ്ദു യാലീലിനൊപ്പം അയച്ചു കൊടുക്കാൻ തീരുമാനിച്ചു. അതുപ്രകാരം അൽ ഹകമു ബിൻ അംർ ബിൻ റഹ്ബ്, ശർഹബീൽ ബിൻ ഗയലാൻ, ഉസ്മാൻ ബിൻ അബിൽ ആസ്, ഔസ് ബിൻ ഔഫ്, നുമൈർ ബിൻ ഖറശ എന്നിങ്ങനെ അഞ്ചു പേരെ കൂടി ഒപ്പമയച്ചു കൊടുത്തു. അവർ നേരെ മദീനയിലേക്ക് സഞ്ചരിച്ചു. മുഗീറതു ബിൻ ശുഅബയുടെ താഴ്‌വരയിലേക്കായിരുന്നു അവർ ആദ്യം എത്തിച്ചേർന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-612

Tweet 612
മുഗീറ(റ)ക്ക് വലിയ ആവേശമായി. ഇവരുടെ ആഗമനത്തെക്കുറിച്ച് എത്രയും വേഗം തിരുനബിﷺയോട് പറയണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെ സഞ്ചരിക്കവേ വഴിയിൽ വെച്ച് അബൂബക്കർ സിദ്ദീഖിനെ(റ) കണ്ടു. സിദ്ദീഖ്(റ) പറഞ്ഞു. ഇക്കാര്യം ഞാൻ നബിﷺയോട് പറയാം. അതിനുമുമ്പ് ആരോടും പറയരുത്. മുഗീറ(റ) സമ്മതിച്ചു. അബൂബക്കർ(റ) നേരെ നബിﷺയുടെ അടുത്തേക്ക് നടന്നു. തിരുസന്നിധിയിൽ എത്തി ഇവരുടെ ആഗമനം അറിയിച്ചു. അപ്പോഴേക്കും മുഗീറ(റ) സംഘത്തിന്റെ അടുത്തേക്ക് തന്നെ ചെന്നു. അനുയായികൾക്ക് പ്രവാചകരോﷺടുള്ള സ്നേഹത്തെക്കുറിച്ചും മറ്റുമുള്ള വർത്തമാനങ്ങൾ അദ്ദേഹം അവരോട് പങ്കുവെച്ചു. എന്നാൽ അവർ അവർക്കറിയുന്ന ജാഹിലിയ്യ കാലത്തെ അഭിവാദ്യം തന്നെ പ്രവാചകരുﷺടെ മുന്നിൽ അവതരിപ്പിക്കാൻ തീരുമാനിച്ചു.

അവർ പ്രവാചക സവിധത്തിൽ എത്തിയപ്പോൾ അവർക്ക് വേണ്ടി പ്രത്യേകം കുടിലുകൾ നിർമ്മിച്ചു. അവർക്ക് സ്വസ്ഥമായി താമസിക്കാൻ സൗകര്യമൊരുക്കി. പ്രവാചകരുﷺടെ പള്ളിയിൽ നടക്കുന്ന കർമ്മങ്ങളും അനുഷ്ഠാനങ്ങളും നേരിട്ട് കാണാൻ അവർക്ക് സൗകര്യം ചെയ്യുകയായിരുന്നു. പ്രവാചകരുﷺടെയും അനുയായികളുടെയും ജീവിതം അവർ ദർശിച്ചുകൊണ്ടിരുന്നു. വിശുദ്ധ ഖുർആൻ കേൾക്കുകയും നിസ്കാരാദി കർമ്മങ്ങൾ കണ്ടു മനസ്സിലാക്കുകയും ചെയ്തു.

അവരുടെയും പ്രവാചകരുﷺടെയും ഇടയിലുള്ള ആശയവിനിമയങ്ങൾ നടത്തിയത് ഖാലിദ് ബിൻ സഈദ്(റ) ആയിരുന്നു. അവർക്കുവേണ്ടി കരാറുകൾ എഴുതിയതും അദ്ദേഹമായിരുന്നു. അവർക്ക് ഭക്ഷണം എത്തിച്ചു കൊടുത്താൽ ഖാലിദ്(റ) കഴിച്ചു കാണിച്ചു കൊടുക്കാതെ അവർ കഴിക്കുമായിരുന്നില്ല. ഒടുവിൽ അവർ ഇസ്ലാം സ്വീകരിച്ചു. എന്നാൽ, ചില ആവശ്യങ്ങൾ അവർ മുന്നോട്ടുവെച്ചു. അവർ ആരാധിച്ചുകൊണ്ടിരിക്കുന്ന ലാത വിഗ്രഹത്തെ മൂന്നുവർഷത്തേക്ക് ഒന്നും ചെയ്യാതെ ഉപേക്ഷിക്കണം എന്നായിരുന്നു അതിലൊന്ന്. വർഷത്തിൽ അതിന് അനുമതി ലഭിക്കാതെ വന്നപ്പോൾ ഒരു മാസമെങ്കിലും എന്ന അഭ്യർത്ഥനയിലേക്ക് അവർ എത്തി. ഇസ്ലാമിന്റെ ഏറ്റവും അടിസ്ഥാനപരമായ കാര്യം അല്ലാഹുവിനെ മാത്രം ആരാധിക്കുക എന്നതാണ്. അതിന് കളങ്കം വരുത്തുന്ന എന്തുണ്ടായാലും ആ വിശ്വാസം പൂർത്തിയാവില്ലല്ലോ. കുറച്ചുദിവസത്തേക്കെങ്കിലും അത് അനുവദിച്ചു കൊടുത്താൽ മതത്തിന്റെ ഭാഗമായി അത് വ്യാഖ്യാനിക്കപ്പെടുകയും പിന്നീട് ഒരിക്കലും പറ്റാത്ത വിധം അവരിൽ വേരുറക്കുകയും ചെയ്യും.

അവർ ആരാധിച്ചുകൊണ്ടിരുന്ന താഗൂത്തുകളെ നീക്കിവെക്കുക വഴി അവർക്ക് എന്തെങ്കിലും കോപം സംഭവിക്കുമോ എന്നൊരു ആശങ്ക കൂടി അവർക്ക് ഉണ്ടായിരുന്നു. പ്രവാചകൻﷺ അതിനും പരിഹാരം നൽകി. അത്തരം കാര്യങ്ങൾ ശരിപ്പെടുത്താനും നീക്കേണ്ടത് നീക്കാനും രണ്ടാളുകളെ നിയോഗിക്കാൻ തീരുമാനിച്ചു. അബൂസുഫിയാന് ബിൻ ഹർബി(റ)നെയും മുഗീറത്തു ബിൻ ശുഅബ(റ)യെയും ആ ദൗത്യം ഏൽപ്പിച്ചു.

ആദ്യഘട്ടത്തിൽ നിസ്കാരത്തിന്റെ പ്രാധാന്യം അവർക്ക് ഉൾക്കൊള്ളാൻ കഴിയുമായിരുന്നില്ല. പ്രവാചകൻﷺ അതിന്റെ പ്രാധാന്യവും മഹത്വവും അവരെ ബോധിപ്പിച്ചു. നിസ്കാരം ഇല്ലെങ്കിൽ ഇസ്ലാമികമായ മൂല്യങ്ങൾ ഉണ്ടാകില്ലെന്ന് അവരെ പഠിപ്പിച്ചു.

ഇസ്ലാമിക അനുഷ്ഠാനങ്ങളെയും കർമ്മങ്ങളെയും ബോധ്യപ്പെടുത്തുന്ന എഴുത്തു കുത്തുകൾ അവർക്ക് വേണ്ടി നൽകി. അവരുടെ കൂട്ടത്തിൽ തന്നെയുള്ള ഉസ്മാൻ ബിൻ അബിൽ ആസി(റ)നെ അവരുടെ നേതാവാക്കി. അദ്ദേഹത്തിന് മതകാര്യങ്ങൾ കൃത്യമായി പഠിക്കുന്നതിൽ പ്രത്യേക ആവേശം ഉണ്ടായിരുന്നു. അദ്ദേഹം അല്ലാഹുവിന്റെ ദൂതരോﷺട് വിജ്ഞാനത്തിനു വേണ്ടി പ്രാർത്ഥിക്കാൻ പ്രത്യേകമായി അഭ്യർത്ഥിച്ചു. പ്രവാചകൻﷺ അദ്ദേഹത്തോട് ആവർത്തിച്ചു ചോദിച്ചപ്പോഴും അതുതന്നെ അദ്ദേഹം പറഞ്ഞു. അപ്പോൾ അവിടുന്ന് ഇങ്ങനെ പ്രതികരിച്ചു. നിങ്ങളുടെ കൂട്ടത്തിൽ ആരും ചോദിക്കാത്ത കാര്യമാണല്ലോ നിങ്ങൾ ചോദിച്ചത്. നിങ്ങൾ തന്നെയാണ് ഈ സമൂഹത്തിന്റെ നേതാവ്. മുഴുവനാളുകളെയും നയിക്കേണ്ടത് നിങ്ങൾ തന്നെയാണ്. അദ്ദേഹം പ്രവാചകനോﷺട് ഒരു മുസ്ഹഫ് അഥവാ ഏട് ആവശ്യപ്പെടുകയും പ്രവാചകൻﷺ അത് നൽകുകയും ചെയ്തു എന്നുകൂടി ഒരു നിവേദനത്തിൽ ഉണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-613

Tweet 613
ജാറൂദ് ബിൻ മുഅല്ലാ(റ)യുടെയും സലമത് ബിൻ ഇയാളി(റ)ന്റെയും ആഗമനം.

ജാറൂദ്(റ) സലമത്തി(റ)നോട് പറഞ്ഞു. തിഹാമയിൽ ഒരു വ്യക്തി പ്രത്യക്ഷപ്പെട്ടിരിക്കുന്നു. പ്രവാചകനാണെന്നാണ് അവകാശപ്പെടുന്നത്. സത്യത്തിൽ അത് പ്രവാചകൻ തന്നെയാണെങ്കിൽ ആദ്യം തന്നെ പോയി സ്വീകരിക്കുന്നവർക്ക് മഹത്വം ഉണ്ടാകും. ഈസാ പ്രവാചകൻ(അ) മുന്നറിയിപ്പ് നൽകിയ അല്ലാഹുവിന്റെ ദൂതൻ ആയിരിക്കും ചിലപ്പോൾ. ജാറൂദ്(റ) നല്ല വേദജ്ഞാനം ഉള്ള ഒരു ക്രിസ്ത്യാനിയായിരുന്നു.

രണ്ടുപേരും പുറപ്പെടാൻ തീരുമാനിച്ചു. അപ്പോൾ ജാറൂദ്(റ) പറഞ്ഞു. നമുക്ക് ഓരോരുത്തർക്കും മൂന്ന് ചോദ്യം വീതം സ്വകാര്യമായി വെക്കാം. ആ ചോദ്യങ്ങൾ നമ്മൾ തന്നെ പരസ്പരം അറിയാൻ പാടില്ല. നമുക്ക് ആ വ്യക്തിയുടെ സന്നിധിയിൽ ചെല്ലുമ്പോൾ അതെന്താണെന്ന് ചോദിച്ചു മനസ്സിലാക്കി സത്യ പ്രവാചകൻ ആണോ എന്ന് പ്രതീക്ഷിക്കാമല്ലോ? രണ്ടുപേരും പ്രവാചക സവിധത്തിൽ എത്തി. ജാറൂദ്(റ) ചോദിച്ചു തുടങ്ങി. അവിടുന്ന് എന്ത് സന്ദേശവും ആയിട്ടാണ് നിയോഗിക്കപ്പെട്ടത്? പ്രവാചകൻﷺ പറഞ്ഞു. അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനില്ലെന്നും ഞാൻ അല്ലാഹുവിന്റെ ദൂതനും ദാസനും ആണെന്നുമാണ് നിയോഗ സന്ദേശത്തിന്റെ ആകെത്തുക. ആരാധിക്കപ്പെടുന്ന ഏതുവിധത്തിലുള്ള പ്രതിഷ്ഠയുമായോ വിഗ്രഹവുമായോ നമുക്ക് യാതൊരു ബന്ധവുമില്ല. നിസ്കാരം അതിന്റെ സമയത്ത് നിർവഹിക്കുക. ദാനധർമ്മം അതിന്റെ അവകാശികൾക്ക് നൽകുക. റമളാനിൽ നോമ്പ് അനുഷ്ഠിക്കുക. കഅ്ബയിൽ ഹജ്ജ് നിർവഹിക്കുക. “ആരെങ്കിലും നന്മ ചെയ്താല്‍ അതിന്റെ ഗുണം അവനുതന്നെയാണ്. വല്ലവനും തിന്മ ചെയ്താല്‍ അതിന്റെ ദോഷവും അവനുതന്നെ. നിന്റെ നാഥന്‍ തന്റെ ദാസന്മാരോടു തീരെ അനീതി ചെയ്യുന്നവനല്ല.” ഇത്രയും കൂടി കൂട്ടിച്ചേർത്തു.

തുടർന്ന് ജാറൂദ്(റ) പറഞ്ഞു. അവിടുന്ന് അല്ലാഹുവിന്റെ പ്രവാചകൻ ആണെങ്കിൽ, ഞങ്ങൾ മനസ്സിൽ ഒളിച്ചു വെച്ചിരിക്കുന്ന ചോദ്യങ്ങൾ ഒന്ന് പറയാമോ. പെട്ടെന്ന് പ്രവാചകൻﷺ ഒന്ന് മയങ്ങുന്നത് പോലെ നിശബ്ദമായി. ശേഷം, ഇങ്ങനെ പറഞ്ഞു. അല്ലയോ ജാറൂദേ നിങ്ങൾ മനസ്സിൽ ഒളിച്ചുവെച്ച ചോദ്യങ്ങൾ ഇതൊക്കെയാണ്?
ഒന്ന്, ജാഹിലിയ്യ കാലത്തെ രക്തത്തെക്കുറിച്ച്. രണ്ട്, ജാഹിലിയ്യ കാലത്തെ സത്യത്തെക്കുറിച്ച്. അഥവാ രക്തം ചൊരിഞ്ഞതിനുള്ള പരിഹാരവും ശപഥം ചെയ്തതിനുള്ള തീരുമാനവും. മൂന്നാമത്തേത് മനീഹ അഥവാ ഉപഹാരത്തെക്കുറിച്ച്. മൂന്നും വിശദമായി തിരുനബിﷺ അദ്ദേഹത്തിന് പറഞ്ഞു കൊടുത്തു. താൻ മനസ്സിൽ കണ്ടത് ഇതേ ചോദ്യങ്ങളായിരുന്നു എന്ന് അദ്ദേഹത്തിന് ബോധ്യമായി. തിരുനബിﷺ തുടർന്ന് സലമത്തി(റ)ന്റെ മനസ്സിലെ വിചാരങ്ങളെ കുറിച്ച് പറഞ്ഞു.

ഒന്ന്, ബിംബാരാധനയെക്കുറിച്ച്. രണ്ട്, സബീബ് ദിനത്തെക്കുറിച്ച്. ജാഹിലിയ്യ കാലത്ത് പുണ്യമായി കാണുന്ന ഒരു ദിവസമായിരുന്നു അത്. മൂന്ന്, അഖ്‌ലുൽ ഹജീൻ അഥവാ ദിയയെ കുറിച്ച്. പ്രവാചകൻﷺ അത് മൂന്നും വിശദീകരിച്ചും കൊടുത്തു. നമ്മുടെ ആചാരം എന്തൊക്കെയാണെന്നും ആചാരവുമായി ബന്ധമില്ലാത്ത കാര്യങ്ങൾ ഏതൊക്കെയാണെന്നും സവിസ്തരം തന്നെ പറഞ്ഞു. ഇസ്ലാമിക സംസ്കൃതിയിൽ ആയിരം മാസത്തേക്കാൾ പുണ്യമുള്ള ഒരു രാത്രി ഉണ്ടെന്നും അത് വിശുദ്ധ റമളാനിലെ അവസാന പത്തിൽ പ്രതീക്ഷിക്കപ്പെടേണ്ടതാണെന്നും തിരുനബിﷺ പഠിപ്പിച്ചു. പ്രസ്തുത രാത്രി അതീവ ശാന്തമായിരിക്കും എന്നും തുടർന്നുവരുന്ന പ്രഭാതത്തിലെ സൂര്യന് ജ്വാല കുറവായിരിക്കും തുടങ്ങി അടയാള സഹിതം വിശദീകരിച്ചു.

തങ്ങൾ ഉള്ളിൽ ഒതുക്കിയ ചോദ്യങ്ങളും വിചാരങ്ങളും കൃത്യമായ വിശദീകരണങ്ങളോടെ പറഞ്ഞു കഴിഞ്ഞപ്പോൾ ഇത് സത്യപ്രവാചകൻ തന്നെയാണെന്ന് രണ്ടുപേർക്കും ബോധ്യമായി. അവർ രണ്ടുപേരും സത്യ വാചകം ചൊല്ലി ഇസ്ലാം പ്രഖ്യാപിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-614

Tweet 614
ഇസ്ലാം സ്വീകരിച്ച നാട്ടിലേക്ക് പോകാൻ ഒരുങ്ങിയ ജാറൂദ്(റ) പ്രവാചകരുﷺടെ അടുക്കൽ വാഹനം ഉണ്ടോ എന്ന് അന്വേഷിച്ചു. അപ്പോൾ പ്രവാചകന്റെﷺ അടുക്കൽ അദ്ദേഹത്തിന് നൽകാവുന്ന വാഹനം ഉണ്ടായിരുന്നില്ല. കൂട്ടംതെറ്റിപ്പോയ മൃഗങ്ങളെ വാഹനമായും മറ്റും ഉപയോഗിക്കാമോ എന്ന് അദ്ദേഹം ചോദിച്ചു. പ്രവാചകൻ‍ﷺ നിരുത്സാഹപ്പെടുത്തുകയും അപരന്റെ അധീനപ്പെടുത്തുന്നത് നരക പ്രവേശത്തിന് കാരണമാകുമെന്ന് പഠിപ്പിക്കുകയും ചെയ്തു.

ഞങ്ങളുടെ നാട്ടുകാരുടെ യോജിപ്പിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് അദ്ദേഹം പ്രവാചകനോﷺട് ആവശ്യപ്പെട്ടു. അല്ലാഹുവേ ഇദ്ദേഹത്തിന്റെ നാട്ടുകാരെ യോജിപ്പിക്കുകയും അവരുടെ കരയിലും കടലിലും അനുഗ്രഹം ചൊരിയുകയും ചെയ്യേണമേ എന്ന് പ്രവാചകൻﷺ പ്രത്യേകം പ്രാർത്ഥിച്ചു. എന്റെ നാട്ടിലെ ഏത് സ്വത്തിൽ നിന്നാണ് ഞാൻ സക്കാത്ത് സമാഹരിക്കേണ്ടത് എന്ന് അദ്ദേഹം പ്രവാചകനോﷺട് ചോദിച്ചു. നിങ്ങളുടെ നാട് ഏതാണ് അഥവാ അവിടെയുള്ള വിഭവങ്ങളെങ്ങനെയാണ് എന്നൊക്കെ നബിﷺ അന്വേഷിച്ചു. ഞങ്ങളുടെ നാട് എല്ലാവരെയും ഉൾക്കൊള്ളാവുന്നതാണ്. അവിടുത്തെ സസ്യങ്ങൾ ഔഷധങ്ങളാണ്. അവിടുത്തെ കാറ്റ് ഇളം തെന്നലാണ്. ഈത്തപ്പനകൾ ഫല സമൃദ്ധമാണ്. ഇത്രയും കേട്ടപ്പോൾ പ്രവാചകൻﷺ പ്രതികരിച്ചു. നിങ്ങൾ അവിടെ ഒട്ടകത്തിൽ നിന്ന് ധർമ്മം നൽകിക്കോളൂ. ഒട്ടകങ്ങൾ ഗർഭം ധരിക്കുകയും പെറ്റ് വളരുകയും ചെയ്യുന്നതാണല്ലോ.

അപ്പോൾ സലമ(റ) ചോദിച്ചു. എന്റെ നാട്ടിലെ ഏത് സ്വത്തിൽ നിന്നാണ് ഞാൻ സ്വീകരിക്കേണ്ടത്? നിങ്ങളുടെ നാടിന്റെ അവസ്ഥ എന്താണ്? എന്റെ നാടും സമൃദ്ധമാണ്. അവിടുത്തെ പനകൾ നല്ല പഴം തരുന്നതാണ്. നിങ്ങൾ ആടുകളെ സ്വീകരിച്ചോളൂ. അവകൾ ക്ഷീര സമൃദ്ധമാണ്. അവകളുടെ രോമങ്ങളിൽ വസ്ത്രവും അലങ്കാരവുമുണ്ട്. അവയുടെ സന്താനങ്ങളിൽ അനുഗ്രഹമുണ്ട്.

ഇബ്നു ഇസ്ഹാഖി(റ)ന്റെ നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. നാട്ടിലേക്ക് മടങ്ങി. വിശ്വാസത്തിലും കർമത്തിലും ചിട്ടയുള്ള ഒരു വ്യക്തിയായി ജീവിച്ചു. മുഹമ്മദ് നബിﷺയുടെ വിയോഗാനന്തരം മത ഭ്രഷ്ട്കാരുടെ പ്രശ്നം വന്നപ്പോൾ വിശ്വാസത്തിൽ ഉറച്ചു നിൽക്കുകയും പ്രബോധന പ്രവർത്തനങ്ങളിൽ വ്യാപൃതനാവുകയും ചെയ്തു. ഗറൂർ ബിൻ മുന്ദിരിന്റെ നേതൃത്വത്തിൽ കുറെ ആളുകൾ ഇസ്ലാമിൽ നിന്ന് പുറത്തു പോയപ്പോൾ ജാറൂദ്(റ) ശക്തമായ നിലപാട് സ്വീകരിക്കുകയും അല്ലാഹുവിലുള്ള വിശ്വാസത്തിന്റെ ദൃഢത ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു.

ഓരോ നിവേദക സംഘത്തിന്റെയും പരിസരങ്ങളെ തിരുനബിﷺ എങ്ങനെയൊക്കെയാണ് ചോദിച്ചറിഞ്ഞത്. അവരുടെ തിരിച്ചുപോക്ക് ഏതെല്ലാം പരിണാമങ്ങളെയാണ് രൂപപ്പെടുത്തിയത്. അവരുടെ നാടുകളിലേക്ക് എത്തിയ ഇസ്ലാമിക സന്ദേശത്തിന്റെ വളർച്ചയും വികാസവും ഇങ്ങനെയൊക്കെയായിരുന്നു. ഇതെല്ലാം ചരിത്രം വ്യക്തവും സ്പഷ്ടവുമായി രേഖപ്പെടുത്തിയിരിക്കുന്നു. തിരുനബിﷺ ഒരു ചരിത്ര വ്യക്തിത്വമായിരുന്നു എന്നതിന് ആയിരക്കണക്കിന് പ്രമാണങ്ങൾക്കൊപ്പം ഇതും നമുക്ക് ചേർത്തു വായിക്കാവുന്നതാണ്. ഓരോ ദേശത്തിന്റെയും ഇസ്‌ലാമിന്റെ ഇന്നലെകൾ വായിച്ചു നോക്കിയാൽ കണ്ണിമുറിയാതെ ഒരു സ്വഹാബിയിലേക്ക് അത് എത്തിച്ചേരും. സ്വഹാബിയുടെ ശിക്ഷണം തിരുനബിﷺയിൽ നിന്ന് നേരിട്ടായിരുന്നു എന്ന് പറയേണ്ടതില്ലല്ലോ. ഐതിഹ്യങ്ങളിലും കഥകളിലും പരാമർശിക്കപ്പെട്ടവർ പുണ്യാളന്മാരായും ആരാധനാ വ്യക്തിത്വങ്ങളായും മാറുമ്പോൾ ആധുനികതയും പുരോഗമനവും അവകാശപ്പെടുന്ന വർത്തമാനകാല സമൂഹം പോലും അത്തരം അന്ധതയിലേക്ക് വീണു പോവുകയാണ്.

ചരിത്രത്തിന്റെ പൂർണ ശോഭയിൽ ജീവിച്ച പ്രവാചക ഗുരുﷺവിനെ വായിക്കാനും പഠിക്കാനും അവസരം കിട്ടിയിരുന്നെങ്കിൽ, നേരെ ചൊവ്വയുള്ള ചരിത്ര അന്വേഷണങ്ങളിൽ അവർ എത്തിയിരുന്നെങ്കിൽ ഈ വ്യക്തിത്വത്തിന്റെ ആധികാരികത അവർക്ക് ബോധ്യപ്പെടുമായിരുന്നു.

സത്യവിശ്വാസത്തിന്റെ മഹത്വവും പ്രാധാന്യവും ഉൽഘോഷിച്ചുകൊണ്ട് ജാറൂദ്(റ) കോർത്തുവച്ച ചില വരികളുടെ ആശയങ്ങളാണ് നമുക്കിനി വായിക്കാനുള്ളത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-615

Tweet 615
ജാറൂദി(റ)ന്റെ കവിതയുടെ ആശയം ഇങ്ങനെ പകർത്താം…

“ദൃഢമായുറപ്പിച്ചു ഞാനള്ളാവിൻ സാന്നിധ്യം
ഹൃദയ ധമനികളൊന്നിച്ചു സാക്ഷ്യവും

എന്റെ ഒരു സന്ദേശം നബിﷺയോർക്ക് നൽകുമോ
ഉയിരുള്ള കാലം ഞാൻ അവിടുത്തെ വഴിയിലാ

സൃഷ്ടിജാലങ്ങൾക്കാകെ കാവലല്ലോ അങ്ങ്,
ഉലകത്തിനാകെയും വഹ്’യിന്റെ ദൂതുമായ്

എൻ ഭവനം അവിടുത്തെ യസ്‌രിബിലല്ലേലും
അവിടുത്തെ സഹചാരിയായി ഞാനൊപ്പമാ

അവിടുന്നു സന്ധിയായുള്ളോരോടൊക്കെയും
ഞാനും ഉടമ്പടി പാലിച്ചു പോരുന്നു.

അവിടുന്നനിഷ്ടമായ് അകലുന്നവർ എല്ലാം
നമ്മളിൽ ഭ്രഷ്ടരായ് തന്നെ നാം കരുതുന്നു.

അവിടുന്നു സ്നേഹിച്ചു കൂടെ പിടിച്ചവർ
നമ്മുടെ പ്രിയക്കാർ തന്നെയായ് നിന്നിടും

ഗോത്രവിചാരങ്ങൾക്കപ്പുറം നബിﷺയുടെ
പ്രീതിയല്ലാതൊന്നും നമ്മൾ കരുതീല.

തങ്ങൾക്ക് വേണ്ടി ഞാൻ പ്രതിരോധം തീർത്തിടും
പടവാളെടുത്തു ഞാൻ പോരാളിയായ് നിൽക്കും

അത്രമേൽ തങ്ങളെ സ്നേഹിച്ചു പോയി ഞാൻ
അവിടുന്നെതിർത്തവരോട് വിരോധിച്ചും….

പരിചയായി നിന്നു ഞാൻ പ്രതിരോധം തീർത്തിടും
ഏതൊരു ദുർഘടസന്ധിയും നേരിടും.”

സത്യവിശ്വാസത്തോടും പ്രവാചകനോﷺടും ഹൃദയത്തിൽ ആഴ്ന്നിറങ്ങിയ ബന്ധത്തിന്റെ പ്രകാശങ്ങളായിരുന്നു അദ്ദേഹത്തിന്റെ വരികൾ. ഏത് തീക്ഷ്ണഘട്ടത്തിലും നബിﷺയുടെ പക്ഷത്തു നിൽക്കാനും സ്നേഹത്തിനു വേണ്ടി എല്ലാം സമർപ്പിക്കാനും താൻ സന്നദ്ധനാണെന്ന് പല വാക്കുകളിലൂടെയും വരികളിലൂടെയും ഒരുമിച്ചു പറയുകയായിരുന്നു. അദ്ദേഹത്തോടൊപ്പം വന്ന സലമ(റ)യും തന്റെ ഹൃദയം പങ്കുവെക്കാൻ കവിതയെ തന്നെയാണ് അവലംബിച്ചത്.

അദ്ദേഹത്തിന്റെ വരികളുടെ ആശയം കൂടി ലളിതമായി നമുക്കൊന്നു വായിക്കാം..

“സത്യത്തിനുദ്ഘോഷമായ് വന്ന വേദത്തെ
ലോകത്തിനായ് തന്ന ഉന്നത ശ്രേഷ്ഠരേ

ഇരുട്ടു കടുത്തൊരു കാലത്ത് നന്മയെ
നന്നായ് തെളിയിച്ചു കാട്ടിയ പ്രവാചകാﷺ

ഖുർആൻ വെളിച്ചത്താൽ തമസ്സിനെ നീക്കിയും
കുഫ്രിൻ കടുപ്പത്തെ തട്ടി അകറ്റിയും

അല്ലാവിൻ ഔന്നിത്യം ഏറെ പുകഴ്ത്തിയും
അംബരത്തേക്കാൾ ഉയർത്തി പ്രകീർത്തിച്ചും.”

പ്രവാചക അനുചരൻ ജാറൂദ്(റ)വിന്റേതായി ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്ത ഉദ്ധരണിയിൽ നിന്ന് ഇങ്ങനെയുള്ള ആശയങ്ങൾ കൂടി നമുക്ക് വായിക്കാം.

സത്യപ്രവാചകാﷺ അവിടുത്തെ തേടിയൊരു
സംഘം പുരുഷന്മാർ വന്നിതാ സവിധത്തിൽ

മരുവും മരീചിക താണ്ടിക്കടന്നവർ.
സമതലങ്ങൾ വിട്ട് ഗമനം തുടർന്നപ്പോൾ
ക്ഷീണം മറന്നവർ എല്ലാവരും വന്നു.

ദൃഷ്ടിയെത്താ ദൂരം നീണ്ടുകിടക്കുന്ന
മരുഭൂവിൽ വേഗതയോടവർ നീങ്ങിയും.

താരസമാനരാം ധീരരെയും താങ്ങി
കുതിരകുളമ്പുകൾ അതിവേഗം പായിച്ചും

ഹൃദയം തകർക്കുന്ന പരലോക ഭീതിയിൽ
അന്ത്യ നാളിൽ ഭയം തട്ടാതിരിക്കുവാൻ.

കവിതക്ക് അതിന്റെ പ്രാഥമിക ആശയത്തിനപ്പുറം അത് വിരചിതമായ കാലത്തെയും ഭാഷയെയും പരിസരത്തെയും സംസ്കൃതിയെയും ഉയർന്നുവന്ന സാഹചര്യങ്ങളുടെ വികാരത്തെയും ഒക്കെ ഏറ്റു പകർത്താനുള്ള ഊർജ്ജമുണ്ട്. ഇങ്ങനെ ഒരു സൂക്ഷ്മമായ സഞ്ചാരം മേൽ ഉദ്ധരിച്ച കവിതകളിലൂടെ നാം ഒന്ന് നിർവഹിച്ചാൽ തിരുനബിﷺ രൂപപ്പെടുത്തിയ ഒരു ആശയ പരിസരത്തെയും ആത്മീയ വിചാരങ്ങളെയും സംഭാഷണങ്ങളിലെ സാംസ്കാരിക വിനിമയങ്ങളെയുമൊക്കെ പഠിച്ചെടുക്കാനാവും. കേവലമായ ഒരു മന്ത്രത്തെയോ ഒരു പ്രണാമത്തെയോ അല്ല മതമായി ദർശിക്കുകയും അവതരിപ്പിക്കുകയും ചെയ്തത്. മറിച്ച് ജീവിതത്തിന്റെ എല്ലാ തലങ്ങളെയും സ്പർശിക്കുന്ന, ദൃശ്യമായ ഒരു ലോകത്തിനപ്പുറത്തേക്ക് വിശാലമായ യഥാർത്ഥ ജീവിതത്തെ കുറിച്ച് ബോധ്യം നൽകുന്ന സമഗ്രമായ ദർശനങ്ങളെയും വിചാരങ്ങളെയും ചേർത്തും കോർത്തും വെച്ചുകൊണ്ടാണ് പ്രാഥമിക ഘട്ടത്തിൽ തന്നെ ഇസ്ലാം പ്രബോധനം ചെയ്യപ്പെട്ടത്.

ആവിഷ്കാരങ്ങളെയോ വർണനകളെയോ മതം അന്യം നിർത്തിയില്ല. മൂല്യങ്ങളെ പരിരക്ഷിച്ചുകൊണ്ടുള്ള ആവിഷ്കാരങ്ങളെ പ്രോത്സാഹിപ്പിക്കുകയും അത് നന്മയുടെ സഞ്ചാര ഉപാധികളായി കണക്കാക്കപ്പെടുകയും ചെയ്തു. ജാറൂദി(റ)ന്റെയും സലമ(റ)യുടെയും വരികൾ എത്രയെത്ര വേറിട്ട വിചാരങ്ങളെയും അന്വേഷണങ്ങളെയുമാണ് പങ്കുവെക്കുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-616

Tweet 616
ജുദാമി(റ)ന്റെ നിവേദകസംഘം…

ഉമൈർ ബിൻ മഅ്ബദ് അൽ ജുദാമി പറഞ്ഞതായി ഇമാം ത്വബ്റാനി(റ)യും ഇബ്നു സഅദും(റ) ഉദ്ധരിക്കുന്നു. രിഫാഅത്‌ ബിൻ സൈദ് ബിൻ ഉമൈർ അൽ ജുദാമി(റ)യും ബനൂ ദുബൈബിലെ ഒരു പ്രതിനിധിയും നബിﷺയുടെ സന്നിധിയിൽ എത്തി. ഒരു അടിമയെ സമ്മാനിക്കുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. അവർക്ക് വേണ്ടി തിരുനബിﷺ ചില സന്ദേശങ്ങൾ എഴുതി കൊടുത്തു. ഉള്ളടക്കത്തിന്റെ സാരം ഇങ്ങനെ വായിക്കാം. “ഇത് അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് നബിﷺയിൽ നിന്ന് രിഫാഅത്‌ ബിൻ സൈദി(റ)നും അദ്ദേഹം പ്രതിനിധീകരിക്കുന്ന സമൂഹത്തിനുമുള്ളതാണ്. നിങ്ങളിൽ നിന്ന് വിശ്വസിക്കുകയും പ്രവാചക സവിധത്തിലേക്ക് എത്തുകയും ചെയ്തവർ അല്ലാഹുവിന്റെ സംഘമാണ്. പ്രവാചകരുﷺടെ ഇഷ്ടക്കാരും അനുയായികളുമാണ്. ഈ ദൗത്യത്തെ വിസമ്മതിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നവർ, രണ്ടുമാസം വരെ അവർക്ക് പ്രത്യേക സുരക്ഷ ഉണ്ടായിരിക്കും. ഈ സന്ദേശം ആ ജനത ഏറ്റെടുക്കുകയും അവർ മുഴുവനും വിശ്വാസികളായി പ്രവാചക സവിധത്തെ അംഗീകരിക്കുകയും ചെയ്തു.

ഇവിടെ ഒരു അനുബന്ധം കൂടി ഇമാം ത്വബ്റാനി(റ) പറഞ്ഞിട്ടുണ്ട്. കാലം അധികം വൈകിയില്ല. തിരുനബിﷺയുടെ സന്ദേശ വാഹകനായ ദിഹ്യത്തുൽ കൽബി(റ) കൈസർ ചക്രവർത്തിയുടെ അടുക്കൽ നിന്ന് മടങ്ങി വരികയായിരുന്നു. ഹർറത്തു റജ്ലാ എന്ന സ്ഥലത്ത് എത്തിയപ്പോൾ ഹുനൈദ് ബിൻ ഔസും അദ്ദേഹത്തിന്റെ മകനും കൂടി ചാടി വീണു. ദിഹ്യ(റ)യുടെ കയ്യിൽ ഉണ്ടായിരുന്ന മുഴുവൻ സാധന സാമഗ്രികളും കൊള്ളയടിച്ചു. രിഫാഅതു ബിൻ സൈദും(റ) സംഘവും ഈ വിവരം അറിഞ്ഞു. അവർ നേരെ അങ്ങോട്ട് കുതിച്ചു. ളുബാബ് ഗോത്രത്തിൽ നിന്ന് നുഅ്മാൻ ബിൻ അബൂ ജുആലും(റ) ഒപ്പം ചേർന്നു. അവർ അക്രമികളെ പിടികൂടി. ഒടുവിൽ അക്രമികൾ കൊല്ലപ്പെട്ടു. ഖുർറത് ബിൻ അശ്കർ അള്ളുളമി എന്നയാളിൽ നിന്ന് അസ്ത്രം തറച്ചു നുഅമാൻ ബിൻ ജുആലി(റ)ന്റെ കാൽമുട്ടുകൾക്ക് പരിക്കേറ്റു.

ഒരു ചെറിയ കാല പരിധിക്കുള്ളിൽ തിരുനബിﷺയുടെ ഇടപെടലുകൾ എവിടെയൊക്കെ എത്തിയിരുന്നു എന്ന് വീണ്ടും വീണ്ടും നമ്മെ ഓർമിപ്പിക്കുന്ന സംഭവങ്ങളും അനുഭവങ്ങളുമാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. വ്യവസ്ഥാപിതമായ സാങ്കേതിക സംവിധാനങ്ങളോ, ആശയവിനിമയ സൗകര്യങ്ങളോ ഇല്ലാതിരുന്ന കാലത്ത് വിവിധ തലങ്ങളിൽ ഒരേസമയത്ത് പ്രവർത്തനങ്ങൾ നിയന്ത്രിക്കപ്പെടുന്നു. നിർമ്മാണവും പ്രതിരോധവും അതിജീവനവും ആശയത്തിന്മേൽ അണു അളവുപോലും സന്ധിയില്ലാതെയുള്ള ഇടപെടലുകളും ഒരേസമയത്ത് സമാന്തരമായി തന്നെ നടന്നുകൊണ്ടിരിക്കുന്നു എന്നത് പുതിയ ഗവൺമെന്റ് സിസ്റ്ററങ്ങളുടെ കാലത്ത് പോലും ആലോചിക്കാവുന്നതിലും അപ്പുറത്തേക്ക് നമ്മെ കൊണ്ടുപോകുന്നു.

ഒരു സന്ദർശനം കൊണ്ടുമാത്രം ഒരു ജനതയെ മുഴുവൻ മാറ്റി എഴുതുക, നാലുവരിയുള്ള ഒരു സന്ദേശത്തിലൂടെ മാത്രം ഒരു ജനതയുടെ നിലപാട് ഉറപ്പിക്കുക, അതിശക്തമായ പ്രതിഷേധങ്ങളെ മറികടക്കാൻ ചില വിരലനക്കങ്ങൾ കൊണ്ട് മാത്രം കഴിയുക. കാലങ്ങളായി സ്ഥാപിച്ചുവന്ന അന്ധവിശ്വാസങ്ങളെ ഒരു വാക്കും ഒരു വിചാരവും കടത്തിവിട്ട് ശരിയായ ദിശയിലേക്ക് കൊണ്ടുവരിക. ഇങ്ങനെ എന്തെല്ലാം പ്രക്രിയകളാണ് തിരുനബിﷺയുടെ സമ്പർക്കത്തിലൂടെയും സ്വീകരണത്തിലൂടെയും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-617

Tweet 617
ജർമ് നിവേദക സംഘത്തിന്റെ ആഗമനം.

സഅദ് ബിനു മുർറ(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു. അസ്‌ഖഅ് ബിൻ ശുറൈഹ് ബിൻ സുറൈമ്(റ), ഹൗദ ബിൻ അംറ് ബിൻ യസീദ്(റ) എന്നീ രണ്ടുപേർ തിരുനബിﷺയുടെ സവിധത്തിലേക്ക് വന്നു. അവർ ഇസ്ലാം സ്വീകരിക്കുകയും അവർക്ക് വേണ്ടി നബിﷺ സന്ദേശം എഴുതിക്കൊടുക്കുകയും ചെയ്തു.

അംറ് ബിൻ സലമ(റ)യുടെ മറ്റൊരു വിശദീകരണത്തിൽ ഇങ്ങനെയാണ്. അവർ നബിﷺയുടെ അടുക്കൽ വന്നു. ഖുർആൻ പഠിക്കുകയും ആവശ്യങ്ങൾ നിറവേറ്റുകയും ചെയ്തു. മടങ്ങിപ്പോകാൻ നേരം അവർ ചോദിച്ചു. ഞങ്ങളുടെ നിസ്കാരങ്ങൾക്കും മറ്റും നേതൃത്വം കൊടുക്കേണ്ടത് ആരാണ്. തിരുനബിﷺ പറഞ്ഞു. നിങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നന്നായി ഖുർആൻ അറിയുന്നവർ. നാട്ടിലെത്തി സംഘത്തിൽ അന്വേഷണം നടത്തിയപ്പോൾ ഖുർആൻ ഏറ്റവും നന്നായി അറിയുന്ന ആൾ ഞാനായിരുന്നു. അന്ന് ഞാൻ ഒരു ഉടുമുണ്ട് മാത്രമുള്ള കുട്ടിയായിരുന്നു. എന്നെ അവർ ഇമാമായി അഥവാ നിസ്കാരത്തിലും മറ്റും നേതൃത്വം നൽകാനുള്ള ആളായി നിശ്ചയിച്ചു. പള്ളിയിൽ നിസ്കാരത്തിന് നേതൃത്വം നൽകാനും ആരെങ്കിലും മരണപ്പെട്ടു പോയാൽ ജനാസ നിസ്കാരത്തിന് ഇമാമത്ത് നിൽക്കാനും എന്നെ തന്നെയാണ് വിളിച്ചത്.

അംറ് ബിൻ സലമ(റ)യിൽ നിന്നുള്ള മറ്റൊരു നിവേദനം ഇമാം ബുഖാരി(റ)യും ഇബ്നു സഅദും(റ) ഒക്കെ ഉദ്ധരിച്ചത് ഇങ്ങനെയാണ്. ജനങ്ങൾ സഞ്ചരിക്കുന്ന വഴിയിൽ ഒരു ജലസ്രോതസ്സിന്റെ അടുക്കൽ ഇരിക്കുകയായിരുന്നു ഞങ്ങൾ. വർത്തമാനത്തിനിടയിൽ നബിﷺയുടെ കാര്യം കടന്നുവന്നു. അതാ ആ വ്യക്തി നബിയാണെന്ന് വാദിക്കുന്നു. അല്ലാഹുവിൽ നിന്നുള്ള പ്രത്യേക സന്ദേശം ലഭിക്കുന്നുണ്ടെന്നും, അല്ലാഹു ലോകത്തേക്ക് നിയോഗിച്ച ദൂതൻ ആണെന്നും അവകാശപ്പെടുന്നു. കേൾക്കുന്നതെല്ലാം നന്നായി മനപ്പാഠമാക്കുന്ന ശീലം എനിക്കുള്ളതുകൊണ്ട്, ഖുർആനിൽ നിന്ന് കേട്ടതൊക്കെ ഞാൻ മനപാഠമാക്കി.

ജനങ്ങൾ ഇസ്ലാമിന്റെ വിജയം കാത്ത് കഴിയുകയായിരുന്നു. ഇസ്ലാമും പ്രവാചകരുംﷺ ജനിച്ചാൽ ഒപ്പം കൂടാം എന്ന വിചാരത്തിൽ ആയിരുന്നു പലരും ഉണ്ടായിരുന്നത്. പ്രവാചകത്വവാദം സത്യമാണെന്ന് അംഗീകരിക്കാനുള്ള മാർഗമായവർ കണ്ടത് ജയിക്കട്ടെ എന്നതായിരുന്നു. മക്കാവിജയത്തോടുകൂടി അതുണ്ടായി. നാടുകൾ ഒന്നൊന്നായി ഇസ്ലാമിലേക്ക് വരാൻ തുടങ്ങി. എന്റെ പിതാവ് ഞങ്ങളുടെ പ്രവിശ്യയിലുള്ളവരോടൊപ്പം ഇസ്ലാം സ്വീകരിക്കാനും സാന്നിദ്ധ്യം അറിയിക്കാനും തിരുനബി സവിധത്തിലേക്ക് പോയി. കുറച്ചുകാലം അവിടെത്തന്നെ താമസിച്ചു. മടങ്ങി വരുന്ന വഴിയിൽ ഞാനുമായി കണ്ടുമുട്ടി. സത്യപ്രവാചകൻ തന്നെയാണ് മുഹമ്മദ് നബിﷺ എന്ന് പറയുകയും അവിടുന്ന് പഠിച്ചെടുത്ത നിയമങ്ങളും നിർദ്ദേശങ്ങളും ഓർമ്മപ്പെടുത്തുകയും ചെയ്തു.

നിസ്കാരത്തിന്റെ സമയമായാൽ നിങ്ങളുടെ കൂട്ടത്തിൽ ഒരാൾ ബാങ്ക് കൊടുക്കണം എന്നും ഏറ്റവും നന്നായി ഖുർആൻ അറിയുന്ന ആൾ നിസ്കാരത്തിന് നേതൃത്വം നൽകണമെന്നനും തിരുനബിﷺയുടെ അധ്യായങ്ങളിൽ ഉണ്ടായിരുന്നു. ആരായിരിക്കും ഈ പ്രദേശത്ത് ഏറ്റവും കൂടുതൽ ഖുർആൻ അറിയുന്ന ആൾ എന്ന് പരിശോധിച്ചപ്പോൾ, എന്നെയാണ് അവർ കണ്ടെത്തിയത്. നിസ്കാരത്തിലെ മറ്റു കർമ്മങ്ങൾ ഒക്കെ വ്യക്തമായി എനിക്ക് അഭ്യസിപ്പിക്കുകയും ഇമാമത്തിനുവേണ്ടി എന്നെത്തന്നെ ഏൽപ്പിക്കുകയും ചെയ്തു. എനിക്കന്ന് ആറു വയസ്സേ ഉണ്ടായിരുന്നുള്ളൂ. എനിക്കന്നു ധരിക്കാൻ ചെറിയൊരു വസ്ത്രമേ ഉണ്ടായിരുന്നുള്ളൂ. സുജൂദിൽ പോകുമ്പോൾ കാലിന്റെ ഭാഗം തുറന്നു കാണുമായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നമ്മുടെ പ്രദേശത്തെ ഒരു സ്ത്രീ ആളുകളോട് ചോദിച്ചു. നിങ്ങൾക്ക് ഖുർആൻ ഓതുന്ന ആൾക്ക് നന്നായി മറക്കാവുന്ന ഒരു വസ്ത്രമെങ്കിലും നൽകി കൂടെ. അവർ എനിക്ക് ഒരു ബഹ്റൈനി ഖമീസ് തന്നു. അത്രത്തോളം സന്തോഷിപ്പിച്ച ഒരു വസ്ത്രം എനിക്ക് വേറെ ഉണ്ടായിരുന്നില്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-618

Tweet 618
ജരീർ ബിൻ അബ്ദില്ലാഹ് അൽ ബുജലി(റ)യുടെ ആഗമനം…

ഇമാം ത്വബ്റാനി(റ) ഉദ്ധരിക്കുന്നു. ജരീർ ബിൻ അബ്ദില്ലാഹ് അൽ ബുജലി(റ) തന്നെ പറയുന്നു. നബിﷺ എന്റെ അടുക്കലേക്ക് ആളെ അയച്ചു. ഞാൻ ക്ഷണം സ്വീകരിച്ച് അവിടെ എത്തി. എന്നിട്ട് ചോദിച്ചു അവിടുന്ന് ഏത് ആശയത്തിലേക്കാണ് ക്ഷണിക്കുന്നത്? അല്ലാഹുവല്ലാതെ ആരാധനക്കർഹൻ ഇല്ലെന്നും ഞാൻ അല്ലാഹു നിയോഗിച്ച ദൂതൻ ആണെന്നും സാക്ഷ്യം വഹിക്കുക. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുക. എല്ലാം സംഭവിക്കുന്നത് അല്ലാഹുവിന്റെ നിശ്ചയപ്രകാരം മാത്രമാണ്. അഞ്ചു നേരത്തെ നിസ്കാരം കൃത്യമായി നിർവഹിക്കുക. നിർബന്ധ ദാനം നിർവഹിക്കുകയും റമളാനിൽ വ്രതമനുഷ്ഠിക്കുകയും ചെയ്യുക. എല്ലാ വിശ്വാസികൾക്കും ഗുണം കാംക്ഷിക്കുകയും കറുത്ത വർഗ്ഗക്കാരനായ അടിമയാണെങ്കിലും ശരി ഭരണാധികാരിയെ അനുസരിക്കുക. തിരുനബിﷺ വിശദീകരിച്ചു കൊടുത്തു.

ഇമാം അഹ്മദ് നിവേദനം ചെയ്യുന്നു. ജരീർ ബിൻ അബ്ദില്ല(റ) തന്നെ പറയുന്നു. ഞാൻ മദീനയോടടുത്തപ്പോൾ മുഷിഞ്ഞ വസ്ത്രമൊക്കെ മാറ്റി നല്ല വസ്ത്രമണിഞ്ഞു. വാഹനം കടിഞ്ഞാണിട്ട് പളളിയിലേക്ക് നടന്നു. അപ്പോൾ പ്രവാചകൻﷺ പ്രസംഗിക്കുകയായിരുന്നു. ഞാൻ സലാം പറഞ്ഞു അഭിവാദ്യം ചെയ്തു. സദസ്സിലുള്ളവർ എല്ലാം എന്നെ വളരെ കൗതുകത്തോടെ നോക്കി. അപ്പോൾ എന്റെ അടുത്തുള്ള ആളോട് ഞാൻ ചോദിച്ചു. പ്രവാചകൻﷺ എന്നെക്കുറിച്ചു വല്ലതും പറഞ്ഞിരുന്നോ? അദ്ദേഹം പറഞ്ഞു. അതെ ശുഭകരമായ വർത്തമാനം പറഞ്ഞിരുന്നു. ഇതാ ഈ വാതിലിലൂടെ നല്ല സുമുഖനായ ഒരു നല്ല വ്യക്തി കടന്നുവരും. അദ്ദേഹം സൗന്ദര്യത്തിന്റെ പ്രതീകമാണ്. ഇതു കേട്ടപ്പോൾ ഞാൻ അല്ലാഹുവിനെ സ്തുതിച്ചു.

ബറാഉ ബിൻ ആസിബ്(റ) പറയുന്നു. ഞങ്ങൾ ഒരു ദിവസം സ്വഹാബികളോടൊപ്പം നബി സവിധത്തിൽ ആയിരുന്നു. ഏറെയും യമനിൽ നിന്നുള്ള ആളുകളായിരുന്നു. അപ്പോൾ തിരുനബിﷺ പറഞ്ഞു. ഇതാ ഈ വഴിയിലൂടെ ഒരു സുമുഖനായ മനുഷ്യൻ കടന്നുവരും. അപ്പോൾ എല്ലാവരും ആഗ്രഹിച്ചു തങ്ങളുടെ കുടുംബത്തിലെ ഒരാൾ ആയിരുന്നെങ്കിൽ എന്ന്. ഉടനെ ഒരാൾ വാഹനത്തിൽ നിന്നിറങ്ങി പ്രവാചകരുﷺടെ അടുത്തേക്ക് വന്നുചേർന്നു. അവിടുത്തെ കരം കവർന്ന് കരാർ ചെയ്തു. വിശ്വാസം പ്രഖ്യാപിക്കുകയും ഞങ്ങളോടൊപ്പം ചേരുകയും ചെയ്തു. പ്രവാചകൻﷺ അവരുടെ പേര് അന്വേഷിച്ചു. ജരീർ ബിൻ അബ്ദുള്ള(റ) എന്ന് പറഞ്ഞപ്പോൾ അടുത്തിരുത്തുകയും അനുഗ്രഹിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മൂർദ്ധാവ് മുതൽ തലോടുകയും അദ്ദേഹത്തിനും സന്താന പരമ്പരകൾക്കും വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുകയും ചെയ്തു. പ്രവാചക സാന്നിധ്യത്തിൽ നിന്ന് ലഭിച്ച ഈ പരിചരണത്തിൽ ജരീർ(റ) വിനയപൂർവ്വം തലതാഴ്ത്തി. അദ്ദേഹത്തിന് പ്രത്യേകം വിരിപ്പ് വിരിച്ചുകൊടുത്തിരുത്തി. എന്നിട്ട് പ്രവാചകൻﷺ ഇങ്ങനെയൊരു തത്വം കൂടി പറഞ്ഞു. ‘ജനങ്ങളിലെ മാന്യന്മാർ നിങ്ങളുടെ അടുക്കലേക്ക് വന്നാൽ അവരെ പ്രത്യേകം മാന്യമായി പരിഗണിക്കുക.’

ഹിജ്‌റ അഥവാ പലായനത്തിന്റെ കാര്യത്തിൽ പ്രവാചകനോﷺട് കരാർ ചെയ്തു. എല്ലാവരോടും ഗുണകാംക്ഷ ഉണ്ടായിരിക്കണമെന്ന് പ്രവാചകൻﷺ ഓർമ്മപ്പെടുത്തി. ഫർവതു ബിൻ അംർ അൽ ബയാളി(റ) എന്ന സ്വഹാബിയുടെ അടുക്കൽ ആയിരുന്നു ജരീർ(റ) ആതിഥ്യം സ്വീകരിച്ചിരുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-619

Tweet 619
ബനുൽ ഹാരിസ് ബിൻ കഅബിന്റെ നിവേദക സംഘം…

നജ്റാനിലെ ബനുൽ ഹാരിസ് ബിൻ കഅബ്, ഖാലിദ് ബിൻ വലീദി(റ)ന് വിധേയപ്പെട്ടപ്പോൾ അദ്ദേഹം വിവരം നബിﷺയെ അറിയിച്ചു. പ്രസ്തുത പ്രദേശത്ത് നിന്ന് ഒരു നിവേദക സംഘത്തോടൊപ്പം മദീനയിലേക്ക് വരാൻ തിരുനബിﷺ ആവശ്യപ്പെട്ടു. ഖാലിദ്(റ) ഉടനെ പുറപ്പെട്ടു. ഖൈസ് ബിൻ ഹുസൈൻ(റ), യസീദ് ബിൻ അബ്ദിൽ മദാൻ(റ), യസീദ് ബിൻ അബ്ദുൽ മുഹജ്ജൽ(റ), അബ്ദുല്ലാഹ് ബിൻ ഖുറാദ്(റ), ശാദ്ദാദ് ബിൻ അബ്‌ദില്ലാഹ് അൽ ഖനാനി(റ), അംറ് ബിൻ അബ്‌ദില്ലാഹ്(റ) എന്നീ പ്രമുഖരും ഖാലിദി(റ)നൊപ്പമുണ്ടായിരുന്നു.

നബിﷺ അവരെ സ്വാഗതം ചെയ്തു. അവരോട് കാര്യങ്ങൾ അന്വേഷിച്ചു. എന്നിട്ട് പ്രവാചകൻﷺ ചോദിച്ചു. മുൻകാലത്ത് നിങ്ങൾ എതിരാളികളെ മറികടന്നത് എങ്ങനെയായിരുന്നു? അവരെ പരാജയപ്പെടുത്താൻ നിങ്ങൾക്കുണ്ടായിരുന്ന ശക്തി എന്തായിരുന്നു? അപ്പോൾ അവർ പറഞ്ഞു. ഞങ്ങൾ ആരെയും പരാജയപ്പെടുത്തുകയോ മറികടക്കുകയോ ചെയ്തിട്ടില്ല. അല്ലല്ലോ, നിങ്ങളോട് യുദ്ധത്തിനു വന്നവരെ നിങ്ങൾ പരാജയപ്പെടുത്തുകയും ജയിച്ചടക്കുകയും ചെയ്തിട്ടില്ലേ! അതെ അതെന്തുകൊണ്ടായിരുന്നു? അപ്പോൾ നിങ്ങൾക്കുണ്ടായിരുന്ന ശക്തി എന്തുകൊണ്ട് ലഭിച്ചതാണ്? ഞങ്ങൾ ഒറ്റക്കെട്ടായിരുന്നു. എന്തെങ്കിലും കാരണത്താൽ ഞങ്ങൾ ഭിന്നിക്കുകയോ അഭിപ്രായ വ്യത്യാസത്തിലാവുകയോ ചെയ്തിരുന്നില്ല. ആരെയും ആക്രമിക്കാൻ ഞങ്ങൾ മുതിർന്നിരുന്നില്ല. ശരി എന്ന് നബിﷺ മറുപടി പറയുകയും ചെയ്തു.

ശേഷം അവർ അവരുടെ ജനതയിലേക്ക് തന്നെ മടങ്ങി. ഖൈസ് ബിൻ ഹുസൈനി(റ)നെ അവരുടെ നേതാവായി നിശ്ചയിച്ചു. അവർ അവരുടെ നാട്ടിലേക്ക് എത്തി നാലുമാസം കഴിയുന്നതിന് മുമ്പ് തന്നെ പ്രവാചക പ്രഭുﷺ ലോകത്തോട് യാത്രയായി.

അവർ അവരുടെ നാടുകളിലേക്ക് മടങ്ങിയതിനുശേഷം ഖാലിദ് ബിൻ വലീദി(റ)ന്റെ നേതൃത്വത്തിലുള്ള ഒരു സൗഹൃദ സന്ദർശനം ചരിത്രം പരാമർശിക്കുന്നുണ്ട്. പ്രസ്തുത പ്രദേശത്തെ പ്രബോധനം ശക്തിപ്പെടുത്താനും അവിടെ ഇസ്ലാമിക അധ്യാപനങ്ങൾ കൃത്യമായി എത്തിച്ചു കൊടുക്കാനും ലക്ഷ്യം വെച്ചു കൊണ്ടായിരുന്നു അത്. ആദ്യഘട്ടത്തിൽ ഖാലിദി(റ)നും പ്രദേശവാസികൾക്കും വേണ്ടി പ്രവാചകൻﷺ എഴുതികൊടുത്ത സന്ദേശങ്ങൾ കൂടി ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കുന്നു.

ഖാലിദി(റ)ന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ ഇസ്ലാം സ്വീകരിച്ചതും അവരോട് സമീപിക്കേണ്ട രീതികളുമായിരുന്നു ആ കത്തിൽ ഉണ്ടായിരുന്നത്. ആവശ്യമായ സുവിശേഷങ്ങളും അവരെ അറിയിക്കേണ്ട താക്കീതുകളും അതിൽ ഉൾക്കൊള്ളിക്കാൻ മറന്നിരുന്നില്ല.

23 വർഷത്തിനുള്ളിൽ ഇസ്ലാം ലോകത്തിന്റെ ഏതെല്ലാം ദിക്കുകളിൽ എങ്ങനെയൊക്കെ എത്തി എന്ന് അന്വേഷിക്കുമ്പോൾ വൈവിധ്യമാർന്ന ഈ വായനകൾ വളരെയേറെ സന്തോഷവും അത്ഭുതവും സമ്മാനിക്കുന്നു. അടിസ്ഥാന ആദർശങ്ങളിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്നും പരിസരങ്ങളെയും സാഹചര്യങ്ങളെയും അറിഞ്ഞുകൊണ്ടുള്ള പ്രബോധനം അനിവാര്യമാണെന്നും ഓരോ അധ്യായങ്ങളും നമ്മെ ഉദ്ബോധിപ്പിക്കുന്നു.

മാതൃകാ യോഗ്യരായ വ്യക്തികളുടെ സാന്നിധ്യം ഒരു ദേശത്തേക്ക് ആശയം എത്തിക്കാനുള്ള ഏറ്റവും വലിയ മാതൃകയാണെന്ന് ഇസ്ലാം കാഴ്ചവെച്ചതുപോലെ വേറെ ഒരു ദർശനവും കാഴ്ചവെച്ചിട്ടുണ്ടാവില്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-620

Tweet 620
ഹജ്ജാജ് ബിൻ ഇലാത്ത് അസ്സുലമി(റ)യുടെ നിവേദക സംഘം

ഇബ്നു അസാകിറും(റ) ഇബ്നു അബിദ്ദുന്യാ(റ)യും ഉദ്ധരിക്കുന്നു. വാസിലത്തു ബിൻ അൽ അസ്‌ഖഅ് (റ) പറഞ്ഞു. ഹജ്ജാജ് ബിൻ ഇലാത്ത് അസ്സുലമി(റ)യുടെ ഇസ്‌ലാം ആശ്ലേഷത്തിനു നിമിത്തമായ ഒരു സംഭവം ഇങ്ങനെ വായിക്കാം. അദ്ദേഹത്തിന്റെ നാട്ടിൽനിന്നുള്ള ഒരു സംഘത്തോടൊപ്പം മക്കയിലേക്ക് പുറപ്പെട്ടു. വഴിമദ്ധ്യേ ഭീതിമായ ഒരു താഴ്‌വരയിലെത്തി. മുന്നോട്ട് പോകാൻ തീരെ കഴിയുന്നില്ല. ഉടനെ അദ്ദേഹം തന്റെ സംഘത്തെ വലയം ചെയ്തുകൊണ്ട് ഇങ്ങനെ പ്രാർത്ഥിച്ചു. എന്നെയും എന്റെ സംഘത്തെയും എല്ലാവിധ ഭൂതബാധയെ തൊട്ടും ഈ വഴിയിൽ വെച്ചു നീ കാവൽ നൽകേണമേ! സുരക്ഷിതരായി ഞങ്ങളുടെ നാട്ടിലേക്ക് എത്തിക്കേണമേ! അപ്പോഴതാ ഒരു സൂക്തം കേൾക്കുന്നു.

യാ മഅ്ശറൽ ജിന്നി വൽ ഇൻസി…..
(ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശഭൂമികളുടെ അതിരുകള്‍ ഭേദിച്ച് പുറത്തു പോകാനാകുമെങ്കില്‍ നിങ്ങള്‍ പുറത്തുപോവുക. ഒരു മഹാശക്തിയുടെ പിന്‍ബലമില്ലാതെ,
നിങ്ങള്‍ക്ക് പുറത്തുകടക്കാനാവില്ല.) അവർ സുരക്ഷിതമായി മക്കയിലെത്തി. മക്കക്കാരായ ആളുകളോട് യാത്രയിലെ അനുഭവം പങ്കുവെച്ചു. അവർ കേട്ട അശരീരിയിലെ വാചകങ്ങൾ പറഞ്ഞപ്പോൾ, അത് ഖുർആനിന്റെ വചനമാണെന്ന് കേട്ടവർക്ക് മനസ്സിലായി. വിശുദ്ധ ഖുർആൻ 55 ആം അധ്യായം അൽ റഹ്മാൻ സൂറയുടെ 33 ആം സൂക്തമായിരുന്നു അത്.

ഉൾക്കൊള്ളാൻ ആവാതെ അത്ഭുതപ്പെട്ട മക്കക്കാരായ ആളുകൾ പറഞ്ഞു. നിങ്ങൾ എന്നുമുതലാണ് സാബി അഥവാ പുതിയ മതക്കാരനായത്? പ്രവാചകത്വം വാദിച്ച് ഞങ്ങളുടെ ഇടയിലുള്ള മുഹമ്മദ് നബിﷺയുടെ വേദത്തിലെ വാചകങ്ങൾ ആണല്ലോ അത്. അപ്പോൾ അബൂ കിലാബ് പറഞ്ഞു. ഞാനും എന്റെ ഒപ്പമുള്ളവരും വ്യക്തമായി കേട്ട കാര്യം ആണല്ലോ ഇത്. ഞങ്ങൾക്ക് എങ്ങനെയാണ് നിഷേധിക്കാനാവുക. നബിﷺ ഇപ്പോൾ എവിടെയാണെന്ന് അവർ അന്വേഷിച്ചു. മദീനയിൽ ആണെന്ന് അറിഞ്ഞപ്പോൾ അവർ മദീനയിലേക്ക് പുറപ്പെട്ടു. പ്രവാചക സന്നിധിയിൽ എത്തി ഇസ്ലാം സ്വീകരിച്ചു.

നേർവഴിയുടെ സംഗീതം ഏതെല്ലാം രീതിയിലാണ് ആളുകളിലേക്ക് എത്തുന്നത്. കേവലമായ സൈദ്ധാന്തികതയും മതപ്രയോഗങ്ങളും മാത്രമേ പ്രബോധനത്തിന്റെ വഴിയുള്ളൂ എന്ന് വാദിക്കുന്നവർ മതത്തിന്റെ ആസ്വാദന പരമായ പല ഭാഗങ്ങളെയും മറച്ചു വെക്കുകയാണ്. അനുഭവവേദ്യമായ പല ഭാഗങ്ങളെയും അന്യവൽക്കരിക്കുകയാണ്. പ്രവാചക ജീവിതത്തിന്റെ വിവിധ ഭാഗങ്ങൾ വ്യത്യസ്ത രീതിയിലാണ് ലോകത്തെ സ്വാധീനിച്ചത്. അവിടുത്തെ ജീവിതത്തിൽ വെളിപ്പെട്ട അത്ഭുത സംഭവങ്ങൾ ഇസ്ലാമിക പ്രബോധനത്തിലെ സുപ്രധാനമായ ഒരു ഭാഗം തന്നെയായിരുന്നു.

ഒരു സംസ്കൃതിയെയും ഒരു വിശ്വാസത്തെയും എങ്ങനെയെല്ലാം സമൂഹത്തിൽ സ്ഥാപിക്കപ്പെടുകയും വ്യാപിക്കുകയും ചെയ്തുവെന്ന സമഗ്രമായ ഒരു പഠനം നബി ജീവിതത്തിന്റെ വ്യത്യസ്ത അടരുകളെയും സ്വഭാവത്തെയും നമുക്ക് പരിചയപ്പെടുത്തിത്തരും. മാതൃഭാഷ അറബിയായി സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു ജനത ഖുർആനിക വാചകങ്ങളെ എത്രമേൽ വ്യക്തമായി വേർതിരിച്ചു മനസ്സിലാക്കിയിരുന്നു എന്ന് ശത്രുക്കളുടെ പ്രയോഗത്തിൽ നിന്നും നമുക്ക് മനസ്സിലാവുന്നു. ഭാഷക്ക് അപ്പുറം ഖുർആനിക വചനങ്ങളെ വേർതിരിച്ചു മനസ്സിലാക്കി കൊടുക്കാനുള്ള തന്മയത്വം ഖുർആൻ വചനങ്ങൾക്കുണ്ടായിരുന്നു എന്നതിന്റെ പ്രമാണം കൂടിയാണ് മേൽ സംഭവം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-621

Tweet 621
ഹദർ മൗത് നിവേദക സംഘം

ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു.
കിൻദ സംഘത്തോടൊപ്പം ഹദർമൗത്തിൽ നിന്നുള്ള ഒരു നിവേദകസംഘവും നബി സവിധത്തിലേക്ക് വന്നു. അവർ ഹദ്ർ മൗതിലെ ബനൂ വലീഅ ഗോത്രക്കാരായ രാജാക്കളായിരുന്നു. ജമദ്, മിശ്റഖ്, മിഖ്‌വസ്, അബ്ളഅ എന്നിവരായിരുന്നു കൂട്ടത്തിൽ മുന്നിൽ. മിഖ്‌വസി(റ)ന് സംസാരിക്കുമ്പോൾ ഒരു കൊഞ്ഞു അഥവാ വിക്ക് ഉണ്ടായിരുന്നു. നബിﷺ അദ്ദേഹത്തിന്റെ വായിൽ ഭക്ഷണം വെച്ചു കൊടുക്കുകയും അതുവഴി അതിന് ശമനം ലഭിക്കുകയും ചെയ്തു.

അബൂഉബൈദ(റ)യിൽ നിന്ന് ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്ന ഒരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. മിഖ്‌വസ് ബിൻ മഅദീ കരിബ(റ)യുടെ നിവേദകസംഘം നബിﷺയുടെ സവിധത്തിലേക്ക് വന്നു. അവർ മടങ്ങി നാട്ടിലേക്ക് പോയതിനുശേഷം കൂട്ടത്തിൽ ഉണ്ടായിരുന്ന മിഖ്‌വസ്(റ) എന്നയാൾക്ക് മുഖപേശികൾക്ക്‌ തളർച്ച സംഭവിച്ചു. അവിടെനിന്ന് ഒരു സംഘം പ്രവാചക സവിധത്തിലേക്ക് വന്നു. അല്ലയോ പ്രവാചകരെﷺ അറബികളുടെ നേതാവായ ഞങ്ങളുടെ ഭരണാധികാരിക്ക് മുഖപേശികളിൽ തളർച്ച സംഭവിച്ചിരിക്കുന്നു. അവിടുന്ന് എന്തെങ്കിലും ഒരു ശമനം നിർദ്ദേശിച്ചാലും. സൂചി ചൂടാക്കിയുള്ള ഒരു ചികിത്സ പ്രവാചകൻﷺ നിർദ്ദേശിച്ചു. അതുവഴി അദ്ദേഹത്തിന് ശമനം ലഭിക്കുകയും ചെയ്തു.

അംർ ബിൻ മുഹാജിർ അൽ കിന്ദി(റ) പറഞ്ഞതായി ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഹദർമൗത് നിവാസിയായ തൻഹാ ബിൻത് കുലൈബ് എന്ന സ്ത്രീ ഒരു നല്ല വസ്ത്രം തുന്നി ഉണ്ടാക്കി. അത് മകൻ കുലൈബ് ബിൻ അസദ് അൽ കുലൈബി(റ)യെ ഏല്പിച്ചു. അദ്ദേഹം അതുമായി പ്രവാചക സന്നിധിയിൽ എത്തി. സമ്മാനം സമർപ്പിക്കുകയും ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. മദീനയിലേക്കെത്തിയപ്പോൾ അദ്ദേഹം മനോഹരമായ ഒരു കാവ്യം ആലപിച്ചു. അതിന്റെ ആശയം ഇങ്ങനെ പകർത്താം.

പാദുകമണിഞ്ഞ ശ്രേഷ്ഠരിൽ ശ്രേഷ്ഠരാം
പുണ്യപ്രവാചകാ ഞാൻ വന്നു ഇവിടേക്ക്.

ദുർഘടമാം ഹദർ മൗത്തിലെ താഴ്‌വര,
മേടുകൾ താണ്ടിയും ദൂരങ്ങൾ നീങ്ങിയും.

ഒട്ടകമേറി നാം മരുഭൂമിയും താണ്ടി
അതിവേഗം വന്നു നാം അങ്ങയെ പ്രാപിക്കാൻ

മാസങ്ങൾ രണ്ടു നാം ചെലവഴിച്ചല്ലോ വഴി
എത്തുവാൻ ഇവിടമിൽ പ്രതിഫലം കാംക്ഷിച്ചു.

കാലം പ്രവചിച്ച പുണ്യപ്രവാചകാ
തോറയും നേരത്തെ ചൊല്ലിപ്പറഞ്ഞല്ലോ.

ഒരുപാട് ഘടകങ്ങൾ ഒരുമിച്ച് ചേർന്ന് പുണ്യനബിﷺയെ കുറിച്ച് പറയുന്ന ഒരു ഒരു സംഘത്തിന്റെ ആഗമനമാണ് നാം വായിച്ചത്. പ്രവാചകനെﷺ അന്വേഷിച്ചു കൊണ്ട് സഞ്ചരിക്കുന്നു. വേദത്തിൽ മുന്നറിയിപ്പ് നൽകപ്പെട്ട വാർത്തകൾ അറിയുന്നു. അല്ലാഹു പ്രവാചകർﷺക്ക് നൽകിയ അമാനുഷികതയെ നേരിട്ടറിയാൻ അവസരം ലഭിക്കുന്നു. പുണ്യ നബിﷺയുടെ പ്രാർത്ഥനയും നിർദ്ദേശങ്ങളും സ്വീകരിച്ച്, രോഗശമനത്തെ നേരിൽ അനുഭവിക്കുന്നു. ഇങ്ങനെ ഒരുപാട് കാര്യങ്ങൾ ഒത്തുചേർന്ന ഒരു ദൗത്യ സംഘത്തിന്റെ വർത്തമാനമാണ് നാം വായിച്ചത്. ചെറിയൊരുകാലം കൊണ്ട് ഇസ്ലാമിലേക്ക് ഇത്രയേറെ വ്യക്തികളും ദേശങ്ങളും എങ്ങനെ എത്തി എന്ന് ചരിത്രത്തോട് ചോദിക്കുമ്പോഴുള്ള വ്യക്തമായ മറുപടിയാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-622

Tweet 622
ഹകം ബിൻ ഹസനി(റ)ന്റെ നിവേദക സംഘം

ഹകം ബിൻ ഹസൻ(റ) പറയുന്നു. ഏഴിൽ ഏഴാമത്തെയോ ഒൻപതിൽ ഒൻപതാമത്തെയോ നിവേദകസംഘമായി ഞങ്ങൾ പ്രവാചക സമീപമെത്തി. ക്ഷേമത്തിനുവേണ്ടി പ്രാർത്ഥന ആഗ്രഹിച്ചുകൊണ്ട് തങ്ങളുടെ അടുക്കലേക്ക് വന്നതാണെന്ന് ഞങ്ങൾ പറഞ്ഞു. പ്രവാചകൻﷺ അത് കേൾക്കുകയും ഞങ്ങൾക്ക് വേണ്ടി അനുഗ്രഹ പ്രാർത്ഥന നടത്തുകയും ചെയ്തു. ഞങ്ങളോട് ചില കാര്യങ്ങൾ കൽപ്പിക്കുകയും നിർദ്ദേശിക്കുകയും ചെയ്തു. കുറച്ചു ദിവസം ഞങ്ങൾ അവിടെ കഴിച്ചുകൂട്ടി. പ്രവാചകനൊﷺപ്പം വെള്ളിയാഴ്ച ദിവസം പ്രത്യേക പ്രാർത്ഥനയിൽ അഥവാ ജുമുഅഃയിൽ പങ്കെടുത്തു. ഒരു വടിയോ വില്ലോ കയ്യിൽ പിടിച്ചുകൊണ്ടായിരുന്നു വെള്ളിയാഴ്ചത്തെ ഖുതുബ നിർവഹിച്ചത്. അല്ലാഹുവിനെ സ്തുതിച്ച ശേഷം സവിശേഷമായ രൂപത്തിലുള്ള ഉപദേശങ്ങൾ നൽകി. അതിന്റെ ചെറിയൊരു ഭാഗം ഇങ്ങനെ ആയിരുന്നു. അല്ലയോ ജനങ്ങളെ, രോഗികളോട് കല്പിക്കുന്നതെല്ലാം അതേ വിധത്തിൽ നിർവഹിക്കുക നിങ്ങൾക്ക് സാധിച്ചു കൊള്ളണമെന്നില്ല. എന്നാൽ നിങ്ങൾ നിഷ്ഠയോടുകൂടി പ്രവർത്തിക്കുകയും സുവിശേഷം സ്വീകരിക്കുകയും ചെയ്യുക.

ഹിംയറിന്റെ നിവേദക സംഘം

ഇമാം ഹംദാനി(റ) അൻസാബ് എന്ന ഗ്രന്ഥത്തിൽ ഉദ്ധരിക്കുന്നു.
ഹാരിസ് ബിൻ അബ്ദു കുലാൽ, സഹോദരൻ നുഐം എന്നിവർക്ക് പ്രവാചകൻﷺ സന്ദേശം അയച്ചു. ഹാരിസ്(റ) നിവേദക സംഘത്തോടൊപ്പം മദീനയിലേക്ക് വരികയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. പ്രവാചകൻﷺ അവിടുത്തെ വിരിപ്പ് വിരിച്ചു കൊടുത്തു അദ്ദേഹത്തെ സ്വീകരിച്ചു. അദ്ദേഹത്തിന്റെ ആഗമനത്തിനു മുമ്പ് തന്നെ സദസ്സിനോട് തിരുനബിﷺ ഇങ്ങനെ പറഞ്ഞു. മുഖപ്രസന്നനും മാന്യരുടെ പരമ്പരയിൽ ജനിച്ചവരുമായ ഒരാൾ ഇതുവഴി കടന്നു വരും.

തക്മില യിൽ ഉദ്ധരിച്ച ഈ സംഭവത്തതിൽ ഇമാം ഇബ്നു ഹജർ(റ) അൽ ഇസാബയിൽ ഉദ്ധരിച്ചതുമായി വ്യത്യാസമുണ്ട്. ഹാരിസ്(റ) ഇസ്ലാം സ്വീകരിച്ചു യമനിൽ തന്നെ തുടരുകയായിരുന്നു എന്നാണ് അൽ ഇസാബയുടെ വീക്ഷണം.

ഇതിനോട് ചേർത്ത് വായിക്കേണ്ട ഒരു നിവേദനം ഇബ്നു സഅദ്(റ) പറഞ്ഞത് ഇങ്ങനെയാണ്. ഹിംയർ രാജാവിന്റെ ദൂതനായി മാലിക് ബിൻ മുറാറ: അൽ റഹാവി എന്നയാൾ പ്രവാചക സന്നിധിയിൽ എത്തി. അബ്ദു കുലാലിന്റെ മക്കളായ ഹാരിസ് നുഅ്മാൻ, നഐം എന്നവർ ഒപ്പം ഉണ്ടായിരുന്നു.

ഹിജ്‌റ ഒമ്പതാം വർഷം നബിﷺ തബൂഖിൽ നിന്ന് വന്ന ഉടനെയുള്ള റമളാൻ മാസത്തിൽ ആയിരുന്നു ഈ ആഗമനം എന്നും അനുബന്ധമായി പറഞ്ഞിട്ടുണ്ട്.

പ്രവാചകൻﷺ അവരെ ഹൃദ്യമായി സ്വീകരിക്കുകയും അവർക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുക്കാൻ ബിലാലി(റ)നോട് നിർദ്ദേശിക്കുകയും ചെയ്തു.

പ്രവാചകൻﷺ സുപ്രധാനമായ സന്ദേശങ്ങൾ നൽകിയ വിഭാഗമാണ് ഹിംയർ. ഓരോ പ്രദേശത്തിന്റെയും ഗോത്രങ്ങളുടെയും ആഗമനം അവരുടെ നിലക്കും നിലവാരത്തിലും അനുസരിച്ച് വിലയിരുത്താനും, അതിനനുസൃതമായി അവരെ പരിചരിക്കാനും, പ്രവാചകൻﷺ പ്രത്യേകം താല്പര്യമെടുത്തു. അതിനായി മദീനയെ ചിട്ടപ്പെടുത്തുകയും പരിശീലിപ്പിക്കുകയും ചെയ്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-623

Tweet 623
ഹിംയറുകാർക്ക് വേണ്ടി തിരുനബിﷺയൊരു സന്ദേശം എഴുതിക്കൊടുത്തു. അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. “ഞാൻ നിങ്ങളെ അഭിനന്ദിക്കുന്നു. റോമിൽ ഇന്ന് മടങ്ങുന്ന വഴിയിൽ നിങ്ങളുടെ പ്രതിനിധി ഇവിടെ എത്തി. നിങ്ങളുടെ വർത്തമാനങ്ങളും വിശേഷങ്ങളും ഒക്കെ പറഞ്ഞു. നിങ്ങൾ ഇസ്ലാം സ്വീകരിച്ചു എന്നും ബഹുദൈവാരാധനക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. അല്ലാഹു നിങ്ങളെ നേർവഴിയിൽ ആക്കിയിരിക്കുന്നു. നിങ്ങൾ അല്ലാഹുവിനെയും റസൂലിനെﷺയും അനുസരിക്കുകയും നന്മയിൽ വർത്തിക്കുകയും വേണം. നിസ്കാരം നിലനിർത്തുകയും ദാനധർമ്മങ്ങൾ നൽകുകയും ചെയ്യണം. സമരാർജിത സ്വത്തിൽ നിന്ന് അല്ലാഹുവിലേക്ക് വെക്കുന്ന അഞ്ചിൽ ഒരു ഭാഗവും, പ്രവാചകന്റെﷺ അഭീഷ്ടത്തിനു വേണ്ടി നൽകുന്ന അഞ്ചിൽ ഒന്ന് ഭാഗവും കൃത്യമായി നൽകുക.(ശേഷം, കത്തിൽ സകാത്തിന്റെ വിഹിതം ഇങ്ങനെ രേഖപ്പെടുത്തി.) അരുവികളാലും മഴയാലും ഉണ്ടാകുന്നതോ, തന്നത്താന്‍ ഉണ്ടാകുന്നതോ ആയ കൃഷിയില്‍ നിന്നും 10% വും, നനച്ചുണ്ടാക്കുന്നതില്‍ നിന്നും 5% വും സകാത്ത് നല്‍കണം.”

ഒട്ടകത്തിന്റെ നിസ്വാബ്‌ 5 എണ്ണമാണ്‌. 5 മുതൽ 9 വരെ ഒരു ആട്‌. 10 മുതൽ 14 വരെ 2 ആട്‌. 15 മുതൽ 19 വരെ 3 ആട്‌. 20 മുതൽ 24 വരെ 4 ആട്‌. 25 മുതൽ 35 വരെ ഒരു വയസ്സുള്ള ഒരു ഒട്ടകം. അല്ലെങ്കിൽ 2 വയസ്സുള്ള ഒരൊട്ടകം. 36 മുതൽ 45 വരെ 2 വയസ്സുള്ള ഒരു ഒട്ടകം. 46 മുതൽ 60 വരെ 3 വയസ്സുള്ള ഒരു ഒട്ടകം. 61 മുതൽ 75 വരെ 4 വയസ്സുള്ള ഒരു ഒട്ടകം. 76 മുതൽ 90 വരെ 2 വയസ്സുള്ള 2 ഒട്ടകം. 91 മുതൽ 120 വരെ 3 വയസ്സുള്ള 2 ഒട്ടകം. പിന്നീട്‌ വരുന്ന ഓരോ 40 നും 2 വയസ്സുള്ള ഓരോ ഒട്ടകം വീതം. ഓരോ 50 ന്‌ 3 വയസ്സുള്ള ഒട്ടകവും.

മാട്‌ വർഗ്ഗത്തിന്റെ നിസ്വാബ്‌ 30 മൃഗം മുതൽ 39 വരെ ഒരു വയസ്സായ കാളക്കുട്ടി​. 40 മുതൽ 59 വരെ 2 വയസ്സായ പശുക്കുട്ടി. 60 മുതൽ 69 വരെ ഒരു വയസ്സുള്ള 2 കാളക്കുട്ടി. 70 മുതൽ 79 വരെ 2 വയസ്സുള്ള ഒരു പശുക്കുട്ടിയും ഒരു വയസ്സുള്ള ഒരു കാളക്കുട്ടിയും. പിന്നീട്‌ ഓരോ 30 നും 2 വയസ്സുള്ള ഒരു കാളക്കുട്ടി വീതവും. ഓരോ 40 നും 2 വയസ്സുള്ള പശുക്കുട്ടിയും.

ആടിന്റെ നിസ്വാബ്‌ 40 എണ്ണമാണ്‌. 40 മുതൽ 120 വരെ ഒരു ആട്​. 121 മുതൽ 200 വരെ 2 ആട്‌. 201 മുതൽ 300 വരെ 3 ആട്‌. 301 മുതൽ 400 വരെ 4 ആട്‌. 401 മുതൽ 500 വരെ 5 ആട്‌. പിന്നീട്‌ വരുന്ന ഓരോ 100 നും ഓരോ ആട്‌ വീതമാണ്‌ നൽകേണ്ടത്‌.

ഇത് അല്ലാഹു വിശ്വാസികൾക്ക് നിശ്ചയിച്ചിട്ടുള്ള ദാനധർമ്മ വ്യവസ്ഥിതിയാണ്‌. ഇതിന് പുറമേ എത്രമേൽ നന്മ അധികരിപ്പിക്കുന്നുവോ അത്രമേൽ ഗുണം ലഭിക്കും.

മേൽ പറയപ്പെട്ട കാര്യങ്ങൾ നിറവേറ്റുകയും ഇസ്ലാമിനു സാക്ഷിയായി നിലകൊള്ളുകയും ബഹുദൈവാരാധനക്കെതിരെ പ്രത്യക്ഷത്തിൽ നിലപാടെടുക്കുകയും ചെയ്താൽ അയാൾ സത്യവിശ്വാസിയായി. അയാൾക്ക് അല്ലാഹുവിന്റെ സംരക്ഷണം ഉണ്ട്. ജൂത ക്രിസ്ത്യാനികളിൽ നിന്ന് വിശ്വാസം സ്വീകരിക്കുന്നവർക്ക് അവരുടേതായ പ്രതിഫലം ഉണ്ട്. ജൂത ക്രൈസ്തവ വിശ്വാസങ്ങൾ നിലനിർത്തി പോരുന്ന ആളുകൾക്ക് നികുതിയോട ജീവിക്കുകയും ജീവസന്താരണം നടത്തുകയും ചെയ്യാം. അവർക്കും പൊതുവായ സംരക്ഷണവും സുരക്ഷിതത്വവും ഉണ്ട്. ആരെങ്കിലും അല്ലാഹുവിന്റെയും റസൂലിﷺന്റെയും ശത്രുക്കളായാൽ, ആ ശത്രുതയ്ക്ക് പ്രതികരണം അവർ അനുഭവിക്കേണ്ടിവരും.

അല്ലാഹുവിന്റെ ദൂതർﷺ അവിടുത്തെ പ്രതിനിധികളെ സുർഅതു സീയസനിന്റെ അടുത്തേക്ക് അയക്കുന്നു. അവർ നിങ്ങളുടെ അടുക്കലേക്ക് വന്നാൽ നന്മയിൽ വർത്തിക്കണമെന്ന് ഞാൻ പ്രത്യേകം വസിയ്യത്ത് ചെയ്യുന്നു. മുആദ് ബിൻ ജബൽ(റ), അബ്ദുല്ലാഹി ബിൻ സൈദ്(റ), മാലിക് ബിൻ ഉബാദ(റ), ഉക്ബത് ബിൻ നമിർ(റ), മാലിക് ബിൻ മുറാറ:(റ) എന്നിവരാണ് പ്രതിനിധികൾ. അവരാണ് ദാനധർമ്മങ്ങളും മറ്റും സമാഹരിക്കുന്നത്. അവരുടെ നേതാവ് മുആദ് ബിൻ ജബൽ(റ) ആയിരിക്കും. അദ്ദേഹത്തെ നിങ്ങൾ സംതൃപ്തിയോടുകൂടി മാത്രം തിരിച്ചയക്കുക.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-624

Tweet 624
ഹിംയറിലേക്ക് നബിﷺ അയച്ച കത്തിന്റെ ഒരു ഭാഗം കൂടി നിവേദനങ്ങളിൽ നിന്ന് ഇങ്ങനെ വായിക്കാം.
“ആമുഖങ്ങൾക്ക് ശേഷം. അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ലെന്നും ഞാൻ അല്ലാഹുവിന്റെ ദൂതൻ ആണെന്നും മുഹമ്മദ് നബിﷺ സാക്ഷ്യം വഹിക്കുന്നു. മാലിക് ബിൻ മുറാറ അൽ റഹാവി(റ) ഹിംയറിൽ നിന്ന് ആദ്യമായി നിങ്ങൾ വിശ്വസിച്ചു എന്ന് എന്നോട് പറഞ്ഞിരിക്കുന്നു. ബഹുദൈവ വിശ്വാസികളെ നിങ്ങൾ നേരിട്ടു എന്നും അറിയാൻ കഴിഞ്ഞു. നിങ്ങൾക്കു ഞാൻ സന്തോഷവാർത്ത അറിയിക്കുന്നു. നിങ്ങൾ ചതിക്കുകയോ പരസ്പരം നിസ്സാരപ്പെടുത്തുകയോ ചെയ്യരുത്. നിങ്ങളോട് ഞാൻ നന്മകൊണ്ട് കൽപ്പിക്കുന്നു. നിങ്ങളുടെ കൂട്ടത്തിലെ സമ്പന്നരുടെയും ദരിദ്രരുടെയും നേതാവാണ് അല്ലാഹുവിന്റെ ദൂതർﷺ. സകാത്തിന്റെ സ്വത്ത് മുഹമ്മദ് നബിﷺക്കോ കുടുംബത്തിനോ അവകാശപ്പെട്ടതല്ല. എന്നല്ല, അത് നിഷിദ്ധമാണ്. സകാത്തിന്റെ സ്വത്ത് സമ്പത്തിനെ ശുദ്ധീകരിക്കാൻ വേണ്ടി പാവപ്പെട്ടവർക്ക് നൽകുന്നതാണ്. വഴിയാത്രക്കാർക്കുള്ള അവകാശമാണ്.

മാലിക്(റ) വൃത്താന്തങ്ങൾ അറിയിക്കുകയും, രഹസ്യം സൂക്ഷിക്കുകയും ചെയ്തിരിക്കുന്നു. ഞാൻ നിങ്ങൾക്ക് നന്മ കല്പ്പിക്കുന്നു. എന്റെ കൂട്ടുകാരിൽ നിന്ന് ഏറ്റവും ഉത്തമരായ ഒരു സംഘത്തെ ഞാൻ നിങ്ങൾക്കയച്ചു തരുന്നു. ദീനിലും വിജ്ഞാനത്തിലും ഉന്നതരാണ് അവർ. അവർ നിങ്ങളുടെ മേൽനോട്ടക്കാരായി എത്തും. നിങ്ങൾ അവരോട് നല്ല രൂപത്തിൽ പെരുമാറണം. അസ്സലാമു അലൈക്കും വറഹ്മതുള്ളാഹി വബറകാതുഹു.”

1400 വർഷങ്ങൾക്കു മുമ്പ് പ്രവാചകൻﷺ നിർവഹിച്ച ഉഭയ കക്ഷി ബന്ധങ്ങളുടെ രേഖകളും കുറിപ്പുകളും ആണിത്. ആലേഖിതമായ ഇത്തരം പ്രമാണങ്ങൾക്ക് ചരിത്രപരമായി വലിയ പ്രാധാന്യമുണ്ട്. ആ കാലത്തിന്റെ ചരിത്രവും വ്യവഹാരങ്ങളുടെ രീതിയും പ്രവാചകൻﷺ മുന്നോട്ടുവച്ച ആശയങ്ങളുടെ സുതാര്യതയും ആത്യന്തികമായി കത്തിടപാടിലൂടെ തിരുനബിﷺ ലക്ഷ്യം വെക്കുന്നത് എന്തായിരുന്നു എന്നുമൊക്കെ മനസ്സിലാക്കാവുന്ന ഒരു വലിയ പ്രമാണം കൂടിയാണിത്.

വൈജ്ഞാനികമായും ആത്മീയമായും സജ്ജീകരിക്കപ്പെട്ട ഒരു സംഘം പ്രവാചകനൊﷺപ്പം ഉണ്ടായിരുന്നു. അവരെ പ്രതിനിധികളായി ഓരോ നാട്ടിലേക്കും ദേശത്തേക്കും അയക്കാൻ ആത്മവിശ്വാസത്തോടുകൂടി തന്നെ തിരുനബിﷺക്ക് സാധിച്ചിരുന്നു. അവർ ദൗത്യ നിർവഹണത്തിൽ വിദഗ്ധരും, ഏൽപ്പിക്കപ്പെടുന്ന ഉത്തരവാദിത്വങ്ങൾ നിർവഹിക്കാൻ സത്യസന്ധതയുള്ളവരും പ്രവാചക വിശേഷങ്ങളെ ജീവിതത്തിലേക്ക് പകർത്തിയും സന്ദേശങ്ങളിൽ ഉണർത്തിയും എത്തിച്ചുകൊടുക്കാൻ പ്രാപ്തരുമായിരുന്നു.

അധികാരത്തിന്റെ ദണ്ഡുകൾ ഇല്ലാതിരുന്നിട്ടും ഒരു ദേശത്തേക്കും ഒരു ജനതയിലേക്കും ആധികാരികമായി ദൗത്യ സംഘങ്ങളെ അയക്കാനും അതുപോലെതന്നെ സംഘങ്ങൾ അന്വേഷിച്ചു വരാനുമുള്ള വ്യക്തിത്വവും ആശയഭദ്രതയും സംഘാടനമികവും തിരുനബിﷺയിൽ ലോകം വായിച്ചിരുന്നു എന്നതിന് തെളിവ് കൂടിയാണ് ഇത്തരം സംഭവങ്ങൾ. രാഷ്ട്രീയ സമവാക്യങ്ങൾ വെച്ച് വായിച്ചു നോക്കിയാൽ തിരുനബിﷺ ഒരു ഭരണാധികാരി ആയിരുന്നില്ല. കേവലമായ സൈനിക സമവാക്യങ്ങൾ വച്ചു നോക്കിയാൽ പ്രവാചകരുﷺടേത് അത്തരം ഒരു സൈനിക സംഘാടനവും ആയിരുന്നില്ല. എന്നാൽ ഈ രണ്ടു മേഖലയിലുമുള്ള മുഴുവൻ സങ്കേതങ്ങളെയും മറികടക്കാൻ മാത്രം വ്യക്തിത്വവും സ്വീകാര്യതയും തിരുനബിﷺയിൽ എല്ലാവരും വായിച്ചു. അതുകൊണ്ട് ലോകം അംഗീകരിക്കേണ്ടി വരികയും പ്രവാചകർﷺക്ക് മുന്നിൽ നമ്രശിരസ്‌കരാവുകയും ചെയ്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-625

Tweet 625
ബനൂ ഹനീഫയിൽ നിന്നുള്ള സംഘം

ഇബ്നു ഇസ്ഹാഖി(റ)ന്റെ നിവേദനം ഇങ്ങനെ വായിക്കാം. വ്യാജ പ്രവാചകത്വവാദി ആയ മുസൈലിമ ഉൾക്കൊള്ളുന്ന ബനൂ ഹനീഫയിലെ ഒരു സംഘം മദീനയിൽ എത്തി. ബനൂ നജ്ജാർ ഗോത്രത്തിലെ ഒരു സ്ത്രീയുടെ വീട്ടിലാണ് ആദ്യം അവർ താമസിച്ചത്. മുസൈലിമയെ ഒരു വസ്ത്രം കൊണ്ട് മൂടി അദ്ദേഹത്തെയും കൂട്ടി സംഘം തിരുനബിﷺയുടെ സവിധത്തിലേക്ക് വന്നു. ഈത്തപ്പന മട്ടലിന്റെ ഒരു കഷണവും കയ്യിൽ പിടിച്ചു കൊണ്ടിരിക്കുകയായിരുന്നു അപ്പോൾ അവിടുന്ന്. ആഗതർ നബിﷺയെ അഭിമുഖീകരിക്കുകയും ഒപ്പമുള്ള ആളെ കുറിച്ച് പറയുകയും ചെയ്തു. ഈയൊരു മട്ടൽ കഷണം പോലും ഞാൻ അയാൾക്ക് നൽകുകയില്ല എന്ന് തിരുനബിﷺ പ്രതികരിച്ചു.

ഇബ്നു ഇസ്ഹാഖി(റ)ന്റെ തന്നെ മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ് കാണുന്നത്. യമാമയിലെ ബനൂ ഹനീഫ ഗോത്രക്കാരൻ ആയ ഒരു വയോധികൻ പറഞ്ഞു. മുസൈലിമയെ തമ്പിൽ നിർത്തിയിട്ട് ബനൂ ഹനീഫക്കാർ നബിﷺയുടെ അടുത്തെത്തി. തിരുനബിﷺയോട് സംസാരങ്ങളൊക്കെ കഴിഞ്ഞ ശേഷം, ഞങ്ങളോടൊപ്പം ഇന്ന ഒരാൾ ഉണ്ടെന്നും ഞങ്ങളുടെ സാധനങ്ങൾ സൂക്ഷിക്കാൻ വേണ്ടി അയാളെ ഏൽപ്പിച്ചിട്ട് വന്നതാണെന്നും നബിﷺയോട് പറഞ്ഞു. അത് നിങ്ങൾക്ക് നാശം ഉള്ള സ്ഥലം ഒന്നുമല്ല എന്ന് നബിﷺ അപ്പോൾ പ്രതികരിച്ചു. ഒപ്പമുള്ള ആളോട് നിങ്ങളോട് ഉപദേശിച്ച ഉപദേശങ്ങൾ ഒക്കെ കൈമാറാനും ആവശ്യപ്പെട്ടു. എല്ലാം കഴിഞ്ഞ് സംഘം ബനൂ ഹനീഫയിലേക്ക് മടങ്ങി. മാർഗ്ഗമധ്യേ മുസൈലിമയുടെ ഗതി മാറി. പ്രവാചകൻﷺ എന്നെ കൂടി ദൗത്യത്തിൽ പങ്കാളിയാക്കിയിട്ടുണ്ടെന്നും താൻ തന്നെ പ്രവാചകനാണെന്നും അയാൾ വാദിച്ചു. നിങ്ങൾക്ക് അവിടെ നാശം ഒന്നുമില്ല എന്ന് പ്രവാചകൻﷺ പ്രയോഗിച്ചതിന്റെ സാരം, മുസൈലിമയെ കൂടി ദൗത്യത്തിൽ പങ്കാളിയാക്കിയതാണെന്ന് അയാൾ വാദിച്ചു. ഖുർആനിന് കടകവിരുദ്ധമായ ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് പ്രാസമൊത്ത ചില അറബി വാചകങ്ങൾ അയാൾ ഉരുവിട്ടു. ഖുർആനിന് സമാനമായി തനിക്ക് പറയാനുള്ളതാണെന്ന് അയാൾ വാദിച്ചു.

ശേഷം, അയാൾ മുഹമ്മദ് നബിﷺക്ക് ഒരു കത്ത് അയച്ചു. പ്രവാചകത്വത്തിൽ നമ്മൾ കൂറുകാരാണെന്നും പകുതിയും പകുതിയും ആയി കൊണ്ടുനടക്കാമെന്നും ഖുറൈശികൾ നീതിമാന്മാർ അല്ലെന്നും അയാൾ അതിൽ കുറിച്ചു. അപ്പോൾ തന്നെ തിരുനബിﷺ അയാൾക്ക് ഒരു കത്ത് തിരിച്ചയച്ചു. അതിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. “റഹ്മാനും റഹീമും ആയ അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കുന്നു. പെരുങ്കള്ളനായ മുസൈലിമയ്ക്ക് അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ്ﷺ എഴുതുന്നത്. നേർവഴി സ്വീകരിക്കുന്നവർക്ക് ശാന്തി ഉണ്ടാവട്ടെ. ഈ ഭൂമിയുടെ പരമാധികാരി അല്ലാഹു ആകുന്നു. അവന്റെ ഇച്ഛപ്രകാരമുള്ള ആളുകൾ അതിനെ അനന്തരമെടുക്കും. അന്തിമവിജയം അല്ലാഹുവിന്റെ നിയമങ്ങളെ പാലിച്ചു ജീവിക്കുന്നവർക്കാണ്.”

തിരുനബിﷺയുടെ കാലത്തോ ശേഷമോ പ്രവാചകത്വം അവകാശപ്പെട്ടു വന്ന ആളുകൾക്ക് അവരുടെ ഒരു ആശയത്തെ സ്ഥാപിക്കാനോ പ്രവാചകനാണെന്ന വാദം സ്ഥിരപ്പെടുത്താനോ സാധിച്ചില്ല എന്നത് തിരുനബിﷺയുടെ സത്യസന്ധതയുടെ കൂടി പ്രമാണമാണ്. തിരുനബിﷺക്ക് അല്ലാഹുവിൽ നിന്ന് സന്ദേശം ലഭിക്കുന്നുണ്ടെന്നും അതിനു മതിയായ രേഖകളും ഖുർആനിക സൂക്തങ്ങളും ഒപ്പം ഉണ്ടെന്നും വാദിച്ചപ്പോൾ അത് സ്വീകാര്യമോ സത്യസന്ധമോ ആയിരുന്നില്ലെങ്കിൽ പ്രതിയോഗികൾക്ക് ഉപയോഗിക്കാവുന്ന ഏറ്റവും വലിയ തന്ത്രം ഞങ്ങൾക്കും ദിവ്യ സന്ദേശം ലഭിക്കുന്നുണ്ട് എന്ന് വാദിക്കലും അത് സ്ഥിരപ്പെടുത്തലും ആയിരുന്നു. അതൊരിക്കലും സാധിച്ചില്ല എന്നതുതന്നെ മുഹമ്മദ് നബിﷺ സത്യപ്രവാചകൻ ആണ് എന്നതിന്റെ ഏറ്റവും വലിയ പ്രമാണമാണ്. മുസൈലിമയെ കുറിച്ചുള്ള നിവേദനങ്ങളിലേക്ക് തന്നെ കുറച്ചുകൂടി നമുക്ക് വരാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-626

Tweet 626
അബൂ ദാവൂദ് അത്തയാലിസി(റ)യുടെ ഒരു നിവേദനം ഇങ്ങനെയാണ്. മുസൈലിമയുടെ കത്തുമായി അയാളുടെ ദൂതന്മാരായി ഇബ്നു നവ്വാഹ, ഇബ്നു ഉസാൽ എന്നീ രണ്ടാളുകൾ വന്നു. ഇബ്നു മസ്‌ഊദ്(റ) പറയുന്നു. നബിﷺ അവരോട് സംസാരിച്ചു. നിങ്ങൾ രണ്ടുപേരും മുസൈലിമയുടെ വിശ്വാസത്തിലാണോ? അഥവാ അയാൾ പ്രവാചകനാണെന്ന വിശ്വാസം ഉൾക്കൊള്ളുന്ന ആളുകളാണോ? അവർ പറഞ്ഞു. അതെ. ദൂതന്മാരെ വധിച്ചു കളയുന്നത് സാംഗത്യമുള്ളതല്ലെങ്കിൽ നിങ്ങൾ ആ ശിക്ഷയ്ക്ക് വിധിക്കപ്പെടേണ്ടവരാണ്. പ്രവാചകൻﷺ അവരെ വെറുതെ വിട്ടയച്ചു.

അബൂ റജാ അൽ ഉതാരിദി(റ)യിൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. പ്രവാചകൻﷺ നിയോഗിക്കപ്പെട്ടപ്പോൾ ഞങ്ങൾ ആ വിവരം അറിഞ്ഞു. ഞങ്ങൾ മുസൈലിമയുടെ അടുത്തേക്ക് ചെന്നു. അയാൾ അഗ്നിയിലേക്ക് അല്ലെങ്കിൽ നരകത്തിലേക്കാണ് കൊണ്ടുപോയത്. ജാഹിലിയ്യ കാലത്ത് ഞങ്ങൾ ശിലയെ ആരാധിക്കുന്നവരായിരുന്നു. അടുത്ത നല്ല ഒരു ശില കണ്ടാൽ ആദ്യത്തേത് ഉപേക്ഷിച്ച് അതിലേക്ക് തിരിയും. അങ്ങനെ ലഭിച്ചില്ലെങ്കിൽ ഒരു കൂനമണ്ണ് ഞങ്ങൾ സ്വീകരിക്കും. അതിന്മേൽ ആടിനെ കറന്നു ക്ഷീരാഭിഷേകം നടത്തും. എന്നിട്ട് അതിനെ പ്രദക്ഷിണം ചെയ്യും. റജബ് മാസമായാൽ ആയുധങ്ങളുടെ മുനകൾ ഊരിവക്കും. എല്ലാ അസ്ത്രങ്ങളുടെയും അമ്പിന്റെയും മൂർച്ചയുള്ള ഭാഗം അഴിച്ചു മാറ്റിവെക്കും. അഥവാ യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസമായാൽ ഞങ്ങൾ ആയുധങ്ങൾ മുഴുവൻ മാറ്റിവെക്കും.

ഇബ്നു അബ്ബാസി(റ)ൽ നിന്ന് നാഫിഉ ബിനു ജുബൈർ(റ) റിപ്പോർട്ട് ചെയ്യുന്ന ഒരു നിവേദനത്തിൽ ഇങ്ങനെയുണ്ട്. തിരുനബിﷺയുടെ കാലത്ത് മുസൈലിമ നബിﷺയുടെ അടുത്തേക്ക് ഒരു സംഘത്തോടൊപ്പം വന്നു. എന്നിട്ട് പറഞ്ഞു. മുഹമ്മദ് നബിﷺക്ക് ശേഷം പ്രവാചകത്വം എനിക്കു നൽകിയാൽ ഞാൻ മുഹമ്മദ് നബിﷺയെ പിന്തുടരാം. ഈ സമയത്ത് നബി(റ)യുടെ അടുത്ത് സാബിത് ബിൻ ഖൈസ് ബിൻ ശമ്മാസ് ഉണ്ടായിരുന്നു. തിരുനബിﷺയുടെ കൈവശമുണ്ടായിരുന്ന ഒരു ഈത്തപ്പനയുടെ മട്ടൽ കഷണം എടുത്തു കാണിച്ചിട്ട് നബിﷺ പറഞ്ഞു. നീ ആവശ്യപ്പെടുന്ന പക്ഷം ഇതുപോലും ഞാൻ നിനക്ക് നൽകില്ല. അല്ലാഹു നിന്റെ കാര്യത്തിൽ എന്താണോ നിശ്ചയിച്ചത് അതിനപ്പുറത്തേക്ക് നിനക്ക് പോകാൻ സാധ്യമല്ല.

ഈ സന്ദേശത്തോടു നീ പുറംതിരിഞ്ഞാൽ നിന്നെ അല്ലാഹു നിലംപരിശാക്കട്ടെ! എനിക്ക് സ്വപ്നത്തിൽ ലഭിച്ച ഒരു ദർശനത്തിന്റെ ഭാഗമായിട്ടാണ് നിന്നെ ഞാൻ കാണുന്നത്. നബിﷺക്ക് സ്വപ്നത്തിൽ കാണിക്കപ്പെട്ടത് എന്ന ആശയമുള്ള പ്രയോഗത്തെക്കുറിച്ച് അബൂ ഹുറൈറ(റ)യോട് ചോദിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു. നബിﷺ പറഞ്ഞു. ഞാൻ ഉറക്കിൽ വച്ച് രണ്ട് സ്വർണ്ണ വളകൾ എന്റെ കയ്യിൽ കണ്ടു. ആ സാന്നിധ്യം എന്നെ പ്രയാസപ്പെടുത്തി. ഞാൻ അതിനെക്കുറിച്ച് ആലോചിച്ചു. അപ്പോൾ അതിന്മേൽ ഊതാൻ എനിക്ക് ദിവ്യ സന്ദേശം ലഭിച്ചു. അതുപ്രകാരം ഞാൻ അതിൽ ഊതിയതും രണ്ടും പറന്ന് അപ്രത്യക്ഷമായി. എനിക്ക് ശേഷം രംഗപ്രവേശനം ചെയ്യുന്ന രണ്ട് വ്യാജന്മാർ എന്നാണ് ഈ രണ്ടു വളകളെ ഞാൻ വ്യാഖ്യാനിച്ചത്. സൻആഇൽ നിന്നുള്ള അസ്‌വദ് അൽ അനസിയും യമാമയിൽ നിന്നുള്ള മുസൈലിമയുമാണ് ആ രണ്ടുപേർ.

ബുഖാരി(റ)യുടെയും മുസ്ലിമി(റ)ന്റെയും മറ്റൊരു നിവേദനത്തിൽ ഇങ്ങനെയുണ്ട്. തിരുനബിﷺ പറഞ്ഞതായി അബൂഹുറൈറ(റ) നിവേദനം ചെയ്തു. ലോകത്തിന്റെ ഖജനാവുകൾ എനിക്ക് ലഭിച്ചതായി ഞാൻ സ്വപ്നത്തിൽ ദർശിച്ചു. കൂട്ടത്തിൽ രണ്ടു വളകൾ എന്നെ വല്ലാതെ പ്രയാസപ്പെടുത്തി. അവകൾക്കുമേൽ ഊതാൻ എനിക്ക് അല്ലാഹുവിൽ നിന്ന് സന്ദേശം ലഭിച്ചു. അതുപ്രകാരം ചെയ്തതും അവർ രണ്ടും പറന്ന് അപ്രത്യക്ഷമായി. രണ്ടു വ്യാജന്മാരായിട്ടാണ് ഞാൻ ഇതിനെ വ്യാഖ്യാനിച്ചത്. ഒന്ന് സൻആയിൽ നിന്നുള്ള ആളും രണ്ടാമത്തേത് യമാമയിൽ നിന്നുള്ള ആളും.

പ്രവാചകന്മാരാണെന്ന് വ്യാജമായി വാദിച്ച ആളുകളുടെ പരിണതിയും അവരെക്കുറിച്ച് തിരുനബിﷺക്ക് നേരത്തെ ഉണ്ടായിരുന്ന വിവരങ്ങളുമാണ് നാം വായിച്ചത്. തിരുനബിﷺയുടെ പ്രവാചകത്വ വാദം സത്യസന്ധവും പ്രമാണങ്ങൾ കൊണ്ട് സ്ഥിരപ്പെട്ടതുമാണ് എന്നതിനുള്ള മറ്റൊരു പ്രമാണം കൂടിയാണ് ഇവകൾ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-627

Tweet 627
ഖൗലാൻ നിവേദക സംഘം

ഹിജ്‌റയുടെ പത്താം വർഷം ശഅ്ബാനിൽ പത്തു പേരടങ്ങുന്ന ഖൗലാൻ സംഘം നബിﷺയുടെ അടുത്തേക്ക് വന്നു. നബിﷺയോട് ഇങ്ങനെ പറഞ്ഞു. ഞങ്ങൾ അല്ലാഹുവിൽ വിശ്വസിക്കുന്നവരും അല്ലാഹുവിന്റെ ദൂതരെﷺ അംഗീകരിക്കുന്നവരുമാണ്. ഞങ്ങൾ ഞങ്ങളുടെ ജനതയുടെ പ്രതിനിധികളാണ്. ദീർഘദൂരം ഒട്ടകസവാരി ചെയ്‌ത്‌ ഇങ്ങോട്ട് വന്നത് ദുർഘടമായ വഴികളും വിജനമായ പാതകളും താണ്ടിയാണ്. എല്ലാ ഔദാര്യങ്ങളും അല്ലാഹുവിനും റസൂലിﷺനും ആണ്. ഞങ്ങൾ തങ്ങളെﷺ സന്ദർശിക്കാൻ വേണ്ടി വന്നതാണ്. തിരുനബിﷺ അവരെ പ്രത്യഭിവാദ്യം ചെയ്തു. നിങ്ങളുടെ വാഹനം കടന്നുവന്ന ഓരോ ചുവടുകളും നിങ്ങൾക്ക് നന്മകൾ രേഖപ്പെട്ടു കഴിഞ്ഞു. എന്നെ സന്ദർശിക്കാൻ വേണ്ടി വന്നതാണെന്നാണല്ലോ നിങ്ങൾ പറഞ്ഞത്. എന്നാൽ, മദീനയിൽ എന്നെ വന്ന് സന്ദർശിക്കുന്നവർ പരലോകത്ത് എന്റെ അയൽവാസികൾ ആയിരിക്കും.

അപ്പോൾ അവർ പറഞ്ഞു. യാത്രയിൽ ഞങ്ങൾക്ക് യാതൊരു നഷ്ടവുമില്ല. തിരുനബിﷺ അവരോടുള്ള സംഭാഷണം തുടർന്നു. അവിടുന്ന് ചോദിച്ചു. നിങ്ങളുടെ അമ്മു അനസ്സിനെ നിങ്ങൾ എന്തു ചെയ്തു? അവർ ആരാധിച്ചുകൊണ്ടിരുന്ന ബിംബത്തിന്റെ പേരായിരുന്നു അത്. അത് വളരെ കഷ്ടത്തിലും നഷ്ടത്തിലുമാണ്. അവിടുന്ന് കൊണ്ടുവന്ന മഹത്തായ ദർശനങ്ങൾ അല്ലാഹു ഞങ്ങൾക്ക് പകരമായി തന്നല്ലോ! ഇനി ഞങ്ങൾ മടങ്ങിച്ചെന്നാൽ ആ ബിംബത്തെ നീക്കം ചെയ്യും. പ്രായം ചെന്ന ഒരു സ്ത്രീയും പുരുഷനും മാത്രമേ ഉള്ളൂ ഇപ്പോൾ അമ്മു അനസിന്റെ കൂടെ. ഞങ്ങൾ മടങ്ങിച്ചെന്നാൽ തീർച്ചയായും അമ്മു അനസ്സിനെ നീക്കം ചെയ്യും. അതിൽ നിന്ന് ഞങ്ങൾക്ക് ഒരുപാട് നാശങ്ങളും ചതികളുമാണ് സംഭവിച്ചിട്ടുള്ളത്. അപ്പോൾ നബിﷺ ചോദിച്ചു. അതിൽ നിന്ന് നിങ്ങൾക്കുണ്ടായ പ്രധാന വിപത്ത് എന്തായിരുന്നു?

ഞങ്ങൾക്ക് ദാരിദ്ര്യം സംഭവിക്കുന്ന കാലത്ത് ഞങ്ങൾ കണ്ടതാണ്. ഒരു പ്രഭാതത്തിൽ മാത്രം 100 കാളകളെ ഒക്കെ അമ്മു അനസ്സിന് വേണ്ടി കാണിക്ക അറുത്തിട്ടുണ്ട്. അഥവാ ബലിദാനം നടത്തിയിട്ടുണ്ട്. അറുക്കപ്പെട്ട മൃഗങ്ങൾ ഒക്കെ വന്യജീവികൾക്കിട്ടുകൊടുക്കും. യഥാർത്ഥത്തിൽ അവകളെക്കാൾ വിശപ്പടക്കാൻ ആവശ്യക്കാർ ഞങ്ങളായിരുന്നു. അങ്ങനെ ഞങ്ങൾക്ക് മഴ ലഭിച്ചാൽ ഞങ്ങൾ പറയും അമ്മു അനസ്സിനെ കൊണ്ടാണ് ഞങ്ങൾക്ക് മഴ ലഭിച്ചത് എന്ന്.

കന്നുകാലികളിൽ നിന്നും കൃഷിയിൽ നിന്നും ദൈവങ്ങൾക്ക് വേണ്ടി സമർപ്പിക്കപ്പെടുന്നതിനെ കുറിച്ച് തിരുനബിﷺയോട് അവർ വിശാലമായി സംസാരിച്ചു. ഞങ്ങൾ കൃഷി ഇറക്കിയാൽ അതിൽ ഒരു ഭാഗം അമ്മു അനസ്സിന് വേണ്ടി വെക്കും. മറ്റൊരു ഭാഗം അല്ലാഹുവിനുവേണ്ടിയും നിശ്ചയിക്കും. കാറ്റ് അമ്മു അനസിന്റെ ഭാഗത്തേക്ക് ചാഞ്ഞാൽ ആ ഭാഗം ദൈവത്തിനു നൽകും. കാറ്റ് അല്ലാഹുവിന് വേണ്ടി നിശ്ചയിക്കപ്പെട്ട ഭാഗത്തേക്ക് ചാഞ്ഞാൽ അത് അമ്മു അനസിന് നൽകും. ഇത്രയും കേട്ടുകഴിഞ്ഞപ്പോൾ ഇത് സംബന്ധമായി അവതരിച്ച ഖുർആൻ സൂക്തം തിരുനബിﷺ അവരെ കേൾപ്പിച്ചു. ആറാം അധ്യായം അൽ അൻആമിലെ 136 ആം സൂക്തമായിരുന്നു അത്.

ആശയം ഇങ്ങനെ വായിക്കാം. “അല്ലാഹു തന്നെ സൃഷ്ടിച്ചുണ്ടാക്കിയ വിളകളില്‍നിന്നും കാലികളില്‍നിന്നും ഒരു വിഹിതം അവരവന് നിശ്ചയിച്ചുകൊടുത്തിരിക്കുന്നു. എന്നിട്ടവര്‍ കെട്ടിച്ചമച്ച് പറയുന്നു: “ഇത് അല്ലാഹുവിനുള്ളതാണ്. ഇത് തങ്ങള്‍ പങ്കാളികളാക്കിവെച്ച ദൈവങ്ങള്‍ക്കും.” അതോടൊപ്പം അവരുടെ പങ്കാളികള്‍ക്കുള്ളതൊന്നും അല്ലാഹുവിലേക്കെത്തിച്ചേരുകയില്ല. അല്ലാഹുവിനുള്ളതോ അവരുടെ പങ്കാളികള്‍ക്കെത്തിച്ചേരുകയും ചെയ്യും. അവരുടെ തീരുമാനം എത്ര ചീത്തയാണ്.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-628

Tweet 628
ഖൗലാൻ നിവേദക സംഘത്തിന്റെ വർത്തമാനങ്ങൾ തിരുനബിﷺ ശ്രദ്ധിച്ചു കൊണ്ടിരുന്നു. അവർ പറഞ്ഞു. ഞങ്ങൾ അമ്മു അനസ് എന്ന പ്രതിഷ്ഠയോട് തീരുമാനങ്ങൾ ആരായുമായിരുന്നു. അപ്പോൾ അതിൽ നിന്ന് സംസാരം കേൾക്കാൻ കഴിയും. ഉടനെ പ്രവാചകൻﷺ ഇടപെട്ടു പറഞ്ഞു. അപ്പോൾ നിങ്ങളോട് സംസാരിച്ചത് പിശാചുക്കളായിരിക്കും. അവർ സംസാരം തുടർന്നു. അല്ലയോ പ്രവാചകരെﷺ, ആ പ്രതിഷ്ഠയെക്കൊണ്ട് ഒരു ഉപകാരവും ഉപദ്രവും ഇല്ലെന്ന് ഇപ്പോൾ ഞങ്ങൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിനെ ആരൊക്കെയാണ് ആരാധിക്കുന്നതെന്നും അതിനറിയാൻ യാതൊരു ന്യായവുമില്ല. ആരൊക്കെയാണ് ആരാധിക്കാത്തതെന്നും അതിനറിയില്ല. നിങ്ങളെ നേർവഴിയിലേക്ക് നയിക്കുകയും മുഹമ്മദ് നബിﷺയെ കൊണ്ട് ബഹുമാനിക്കുകയും ചെയ്ത അല്ലാഹുവിനാണ് സർവ്വസ്തുതിയും നബിﷺ പ്രതികരിച്ചു. അവർ നബിﷺയോട് മതകാര്യങ്ങൾ ചോദിച്ചു പഠിച്ചു. അവിടുന്ന് മതത്തിന്റെ വിധിവിലക്കുകൾ അവരെ അഭ്യസിപ്പിച്ചു. ഖുർആൻ പഠിപ്പിക്കുകയും തിരുചര്യകൾ ബോധ്യപ്പെടുത്തുകയും ചെയ്തു. കരാർ പാലിക്കണം, വിശ്വസിച്ചേൽപ്പിച്ച കാര്യങ്ങൾ കൃത്യമായി നിർവഹിക്കണം, ആരെയും ആക്രമിക്കരുത്, അയൽവാസിയോട് നല്ല രൂപത്തിൽ സമീപിക്കണം തുടങ്ങിയുള്ള കാര്യങ്ങൾ തിരുനബിﷺ അവരെ ഉപദേശിച്ചു. അക്രമം പരലോകത്ത് ഇരുട്ടുകളായി പരിണമിച്ച് ശിക്ഷ അനുഭവിക്കേണ്ടിവരും എന്ന് അവർക്ക് ഉദ്ബോധനം നൽകി.

റംല(റ)യുടെ ഭവനത്തിലായിരുന്നു അവർ താമസിക്കുന്നത്. അവർക്ക് നല്ല സൽക്കാരം കൊടുക്കാനും പരിചരിക്കാനും നബിﷺ സാഹചര്യമൊരുക്കി. കുറച്ചു ദിവസങ്ങൾക്ക് ശേഷം അവർ മടങ്ങി പോകാൻ അനുമതി ചോദിച്ചുവന്നു. പന്ത്രണ്ടിൽ ചില്ലാനം ഊഖിയ ഉപഹാരം നൽകി അവരെ യാത്രയാക്കി. അവർ നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോൾ തന്നെ കരാർ പാലിക്കുകയും പ്രവാചകൻﷺ കൽപ്പിച്ച കാര്യങ്ങൾ അനുഷ്ഠിക്കുകയും വിലക്കിയ കാര്യങ്ങളിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്തു. അമ്മു അനസിനെ അവർ തന്നെ നീക്കം ചെയ്തു.

ഒരു ദൗത്യസംഘത്തോട് തിരുനബിﷺ നിർവഹിച്ച ഏറ്റവും സുതാര്യമായ സംഭാഷണ വ്യവഹാരങ്ങളുടെ കൃത്യമായ ഒരു ചരിത്ര ശകലമാണ് നാം വായിച്ചത്. പ്രാഥമികമായി തന്നെ ഒരു ജനതയിൽ സ്ഥാപിച്ചെടുക്കേണ്ടത് എന്താണെന്ന മുൻഗണനാക്രമങ്ങളെ മനസ്സിലാക്കാൻ ഈ അധ്യാപനങ്ങൾ നമ്മെ സഹായിക്കുന്നു. അടിസ്ഥാനപരമായി അവരിൽ സത്യവിശ്വാസം രൂപപ്പെട്ടതിനു ശേഷം മാത്രമേ മറ്റ് അനുഷ്ഠാനങ്ങളും കർമ്മങ്ങളും പറഞ്ഞു കൊടുക്കേണ്ടതുള്ളൂ. മാനുഷികമായിത്തന്നെ വ്യക്തികളിലും ഉണ്ടായിരിക്കേണ്ട സദാചാര നിഷ്ഠയും നീതിബോധവും ഒരു വിട്ടുവീഴ്ചയും ഇല്ലാതെ തന്നെ തിരുനബിﷺ അവരിൽ സ്ഥാപിച്ചെടുത്തു. കരാർ പാലിക്കണമെന്നും വിശ്വാസ്യതയ്ക്ക് പരിഗണന നൽകണമെന്നും ഊന്നിപ്പറഞ്ഞതിന് പിന്നിൽ ശരിയായ ഒരു സാമൂഹിക നിർമ്മാണത്തിന്റെ അസ്ഥിവാരങ്ങളുണ്ട്. സത്യം നന്മയിലേക്കും നന്മ സ്വർഗ്ഗത്തിലേക്കും അസത്യം അധർമ്മത്തിലേക്കും അധർമ്മം നരകത്തിലേക്കും നയിക്കുമെന്ന പ്രവാചക പാഠം കൂടി ഇവിടെ ചേർത്തു വായിക്കാവുന്നതാണ്.

ഒരു ജനതയിൽ ആഴത്തിൽ പതിച്ചിരിക്കുന്ന അന്ധവിശ്വാസങ്ങളെ അവർക്ക് തന്നെ അവബോധം നൽകി ഇല്ലാതാക്കുക എന്ന ഒരു പരിവർത്തന രസതന്ത്രം എത്ര മനോഹരമായിട്ടാണ് ഈ അതിഥികളോട് തിരുനബിﷺ പഠിപ്പിച്ചുകൊടുത്തത്. ഏകനായ ദൈവത്തിന് പുറമേ ആരാധിക്കപ്പെടുന്ന വസ്തുക്കളെല്ലാം സൃഷ്ടികളാണെന്നും അവയ്ക്ക് ശരിയായ അസ്തിത്വമില്ലെന്നും തിരിച്ചറിയാത്ത ഏറെ ആളുകൾ വർത്തമാനകാലത്തുമുണ്ട്. അവരിൽ കാര്യബോധം ഉണ്ടാക്കിയെടുക്കുക എന്നതാണ് സാമൂഹിക പരിവർത്തനത്തിന്റെ ബാലപാഠം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-629

Tweet 629
ദാരിയ്യീൻ നിവേദക സംഘം

തിരുനബിﷺ തബൂഖിൽ നിന്ന് മടങ്ങി വരുന്ന സമയത്ത് പത്തംഗങ്ങൾ ഉള്ള ദാരിയ്യീൻ നിവേദക സംഘം നബിﷺയെ സമീപിച്ചു. ഔസ് ബിൻ ഖരിജത്തിന്റെ മക്കൾ തമീമും നുഐമും, യസീദ് ബിൻ ഖൈസ്, ഫാകിഹ് ബിൻ നുഅ്മാൻ, ദർറിന്റെ മക്കളായ അബൂ ഹിന്ദ്, ത്വയ്യിബ്, ഹാനി ബിൻ ഹബീബ്, മാലിക്കിന്റെ മക്കളായ മുർറ അസീസ് എന്നിവർ ആ സംഘത്തിൽ ഉണ്ടായിരുന്നു. അവരെല്ലാവരും ഇസ്ലാം സ്വീകരിച്ചു. ത്വയ്യിബി(റ)നു അബ്ദുല്ല എന്നും അസീസി(റ)ന് അബ്ദുറഹ്മാൻ എന്നും തിരുനബിﷺ പുനർനാമകരണം ചെയ്തു. ഹാനി(റ) തിരുനബിﷺക്ക് കുതിരകളും സ്വർണം അലങ്കരിച്ച തട്ടവും സമ്മാനിച്ചു. നബിﷺ സമ്മാനങ്ങൾ സ്വീകരിക്കുകയും അബ്ബാസ് ബിൻ അബ്ദുൽ മുത്തലിബി(റ)ന് നൽകുകയും ചെയ്തു. കയ്യിൽ ലഭിച്ചപ്പോൾ അബ്ബാസ്(റ) ചോദിച്ചു ഇതെന്തു ചെയ്യാനാണ്. അപ്പോൾ പറഞ്ഞു അതിലെ സ്വർണ്ണം വേർതിരിച്ചെടുത്ത് ആഭരണം ആക്കി സ്ത്രീകൾക്ക് അണിയാൻ കൊടുക്കുക. അതിലെ പട്ട് വിറ്റ് അതിന്റെ വില കൊണ്ട് വ്യയം ചെയ്തുകൊള്ളുക. 8000 ദിർഹമിനാണ് അബ്ബാസ്(റ) ഇതൊരു ജൂത സഹോദരന് വിറ്റത്. തമീം(റ) പറഞ്ഞു. എനിക്ക് റോമിൽ നിന്നുള്ള അയൽവാസികൾ ഉണ്ട്. ഹിബറാ, ബൈത് ഐനൂൻ രണ്ട് ഗ്രാമങ്ങൾ അവരുടേതാണ്. പ്രവാചകരെﷺ അവിടുന്ന് സിറിയ കീഴടക്കുന്ന പക്ഷം അവ രണ്ടും എന്നെ ഏൽപ്പിക്കണം. അത് രണ്ടും നിങ്ങൾക്കുള്ളതാണ് എന്ന് ഉടനെ തന്നെ പ്രതികരിച്ചു. അബൂബക്കറി(റ)ന്റെ കാലത്ത് ആ പ്രവിശ്യകൾ കൈവശം വന്നപ്പോൾ തമീമി(റ)ന് നൽകുകയും അതിന്മേലുള്ള രേഖകൾ കൈമാറുകയും ചെയ്തു.

ഏതെല്ലാം വേറിട്ട സ്വഭാവങ്ങളിലുള്ള വ്യവഹാരങ്ങളും വിചാരങ്ങളും ചർച്ചകളുമാണ് ഓരോ നിവേദക സംഘങ്ങളും തിരുനബി സമക്ഷത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ സാമ്പത്തിക വ്യാപാര വിചാരങ്ങൾ എല്ലാം അക്കൂട്ടത്തിൽ കടന്നുവരുന്നു. രാജകീയമായ പരിഗണനകളോടുകൂടി പ്രവാചകർﷺക്ക് ഉപഹാരങ്ങൾ നൽകുകയും തിരുനബിﷺ ആദരപൂർവ്വം അത് സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരം ഉപകാരങ്ങൾ ഒന്നും എന്റെ ആത്യന്തിക ലക്ഷ്യമല്ല എന്ന് ബോധ്യപ്പെടുത്താൻ സമ്മാനങ്ങൾ സ്വീകരിച്ചു മറ്റുള്ളവർക്ക് അത് പങ്കുവെച്ചുകൊടുക്കുന്നു.

ഇത്തരം സംഭവങ്ങളെ കേവലം ഒരു ചരിത്രശകലമായി മാത്രം വായിച്ചാൽ പോരാ. ഓരോ സമീപനങ്ങളും നിലപാടുകളും രൂപപ്പെടുത്തിയ രീതികളെയും വിചാരങ്ങളെയും ആശയങ്ങളെയും വേർതിരിച്ചു തന്നെ നാം പഠിക്കേണ്ടതുണ്ട്. രാഷ്ട്രീയമായോ സാമ്പത്തികമായോ അധികാരപരമായോ ഒരു ഭൗതിക ലക്ഷ്യത്തിനു വേണ്ടിയായിരുന്നു തിരുനബിﷺ പരിശ്രമിച്ചിരുന്നതെങ്കിൽ അവകളിലേക്ക് ഒക്കെ തിരിയാനുള്ള ഒരുപാട് മുഹൂർത്തങ്ങൾ നബി ജീവിതത്തിൽ കടന്നുപോയി. അപ്പോഴെല്ലാം പരിത്യാഗത്തിന്റെയും ലാളിത്യത്തിന്റെയും രീതിശാസ്ത്രത്തെയാണ് തിരുനബിﷺ സ്വീകരിച്ചത്. മഹത്വമേറിയ ഒരു ആശയത്തെയും ലക്ഷ്യത്തെയും സ്ഥാപിക്കാൻ വേണ്ടി മാത്രമാണ് കാരണങ്ങളോടും വ്യവഹാരങ്ങളോടും തിരുനബിﷺ ഇടപെടുന്നത് എന്ന് ആവർത്തിച്ച് ആവർത്തിച്ച് ബോധ്യപ്പെടുത്തുന്നതായിരുന്നു ഇതെല്ലാം.

തിരുനബിﷺ ഇഹലോകവാസം വിടുന്നതുവരെ ദാരിയ്യീൻ പ്രതിനിധികൾ മദീനയിൽ തന്നെ താമസിച്ചു. ഖൈബറിൽ നിന്ന് ലഭിച്ച സമ്പാദ്യത്തിൽ നിന്നും മികച്ച കാരക്കയുടെ നൂറു വസ്ഖ് അവർക്കുവേണ്ടി പ്രത്യേകം നിശ്ചയിച്ചിരുന്നു.

ഒരു സാമൂഹിക ഘടനയിൽ ആവാസവസ്തുക്കളെ എങ്ങനെയാണ് ക്രമീകരിക്കേണ്ടതെന്നും, അധിവാസം ആവശ്യമുള്ള നിവേദക സംഘങ്ങളെ ഏതുവിധം കൈകാര്യം ചെയ്യണമെന്നും പ്രായോഗികമായി കാണിച്ചു തരുന്നതായിരുന്നു ഇത്തരം ഒരു സമീപനം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-630

Tweet 630
ദൗസ് നിവേദക സംഘം

ദൗസ് ഗോത്രത്തിൽ നിന്ന് നാനൂറംഗ സംഘം പ്രവാചക സവിധത്തിലേക്ക് വന്നു. അവിടുന്ന് അവരെ സ്വാഗതം ചെയ്തു. വിശ്വസ്തതയിൽ ഉന്നതരും മധുര ഭാഷികളും സുമുഖരുമായവർക്ക് സ്വാഗതം എന്നിങ്ങനെയാണ് പ്രവാചകർﷺ അവരെ വരവേറ്റത്.

പ്രവാചകൻﷺ മക്കയിൽ ഉണ്ടായിരുന്നപ്പോഴാണ് തിരുസവിധത്തിലേക്ക് വന്നുചേർന്നത് എന്ന് ദൗസ് ഗോത്രക്കാരൻ ആയ തുഫൈൽ ബിൻ അംറ്(റ) പറഞ്ഞതായി ഇബ്‌നു ഇസ്ഹാഖ്(റ) നിവേദനം ചെയ്തിട്ടുണ്ട്. ബുദ്ധിമാനും കവിയും ഉന്നതനുമായ അദ്ദേഹത്തിന്റെ അടുക്കലേക്ക് ഖുറൈശികളിൽ നിന്നുള്ള ഒരു സംഘം പുരുഷന്മാർ ചെന്നു. എന്നിട്ട് അയാളോട് പ്രവാചകനെﷺക്കുറിച്ച് ഇങ്ങനെ പറഞ്ഞു. അല്ലയോ തുഫൈലെ(റ) ഞങ്ങൾക്കിടയിൽ പ്രത്യക്ഷപ്പെട്ട ഈ വ്യക്തി ഞങ്ങളുടെ സംഘത്തെ ശിഥിലമാക്കുകയും കാര്യങ്ങളെ തകരാറിലാക്കുകയും ചെയ്തിട്ടുണ്ട്. ആ വ്യക്തിയുടെ വാചകങ്ങൾ മാരണം പോലെയാണ്. സഹോദരങ്ങളെയും ഭാര്യഭർത്താക്കളെയും മാതാപിതാക്കളെയും തമ്മിൽ വേർപിരിക്കും. അതുകൊണ്ട് നിങ്ങൾ ആ വ്യക്തിയെ സമീപിക്കരുത്. നിങ്ങളുടെ കാര്യത്തിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. തുഫൈൽ(റ) പറയുന്നു. ഖുറൈശികളുടെ ആ ഉപദേശം ഞാൻ ശ്രദ്ധിച്ചു. കഅ്ബയുടെ അടുക്കലേക്ക് പോകുമ്പോഴും വരുമ്പോഴും എല്ലാം ചെവിയിൽ തുണി തിരുകി സഞ്ചരിച്ചു. പ്രസ്തുത വ്യക്തിയുടെ ഒരു വാക്കുപോലും കേട്ടു പോകാതിരിക്കാനും വിപത്ത് വന്നുഭവിക്കാതിരിക്കാനുമായിരുന്നു അങ്ങനെ ചെയ്തത്.

അങ്ങനെയിരിക്കെ ഒരു ദിവസം പള്ളിമുറ്റത്തേക്ക് ചെല്ലുമ്പോൾ പ്രവാചകൻﷺ അവിടെ നിന്ന് നിസ്കരിക്കുന്നു. ഞാൻ മെല്ലെ അടുത്തേക്ക് ചെന്നു. അവിടുത്തെ അല്പം ചില വചനങ്ങൾ കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല. കേട്ടപ്പോഴോ നല്ല മധുരമുള്ള സംഭാഷണം. അപ്പോൾ ഞാൻ എന്നെക്കുറിച്ച് ഒന്ന് ആലോചിച്ചു. അഹോ കഷ്ടം! ഞാനെന്തു മനുഷ്യനാണ്?ബുദ്ധിമാനും കവിയും സമർത്ഥനുമായ ഞാൻ എന്തിന് ആ വ്യക്തിയുടെ സംഭാഷണം കേൾക്കാതിരിക്കണം. നല്ലതും അല്ലാത്തതും വേർതിരിച്ചറിയാൻ എനിക്കുതന്നെ സാധിക്കുമല്ലോ! കേൾക്കുന്നത് നല്ലതാണെങ്കിൽ സ്വീകരിക്കാം അല്ലെങ്കിൽ നിരാകരിക്കാം അത്രയല്ലേ ഉള്ളൂ!

ഞാൻ അൽപ്പ നേരം അവിടെത്തന്നെ താമസിച്ചു. പ്രവാചകൻﷺ വീട്ടിലേക്ക് തിരിഞ്ഞു നടന്നപ്പോൾ ഞാനും പിന്തുടർന്നു. പ്രവാചകരുﷺടെ സമീപത്തേക്ക് എത്തിച്ചേർന്നു. എന്നിട്ടു ഞാൻ പറഞ്ഞു. അവിടുത്തെ ജനത എന്നോട് ഇങ്ങനെയൊക്കെ പറഞ്ഞു. അതുകൊണ്ട് ഞാൻ ചെവിയിൽ അവിടുത്തെ സംഭാഷണങ്ങൾ ഒന്നും കേൾക്കാതെ സഞ്ചരിച്ചു. ഒടുവിൽ അത് കേൾക്കാതിരിക്കാൻ കഴിഞ്ഞില്ല. അല്ലാഹുവിന്റെ നിശ്ചയപ്രകാരം കേൾക്കുകയും അവിടുന്ന് ചൊല്ലുന്ന വചനങ്ങൾ മധുരമുള്ളതായി എനിക്ക് അനുഭവപ്പെടുകയും ചെയ്തു. എനിക്ക് കാര്യങ്ങൾ ഒന്ന് പറഞ്ഞു തരണം. ഇസ്ലാം എന്താണെന്ന് പ്രവാചകൻﷺ എനിക്ക് അവതരിപ്പിച്ചു തന്നു. ശേഷം, ഖുർആനിൽ നിന്ന് അല്പം പാരായണം ചെയ്തു. ഖുർആൻ വചനങ്ങളുടെ മാധുര്യം എന്നെ വല്ലാതെ സ്വാധീനിച്ചു. ഇത്രമേൽ മധുരമുള്ള ഒരു വചനവും പ്രവാചകൻﷺ അവതരിപ്പിച്ചതുപോലെ ശ്രേഷ്ഠതയുള്ള ഒരാശയവും ഞാൻ ഇതുവരെ കേട്ടിട്ടില്ല. ഞാൻ അത് അംഗീകരിക്കുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. തുടർന്ന് ഞാൻ പ്രവാചകനോﷺട് പറഞ്ഞു. ഞാൻ നാട്ടിൽ സ്വീകാര്യനായ ഒരാളാണ്. ഞാൻ ക്ഷണിക്കുന്നതിലേക്ക് ജനങ്ങൾ വരും. ഞാൻ നാട്ടിലേക്ക് മടങ്ങിച്ചെന്ന് അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കാം. അപ്പോൾ അത് കൂടുതൽ സ്വീകാര്യമാകാൻ എനിക്ക് ഒരു ദൃഷ്ടാന്തം ആവശ്യമുണ്ട്. പ്രവാചകൻﷺ അദ്ദേഹത്തിനുവേണ്ടി സവിശേഷമായ പ്രാർത്ഥന നടത്തി.

ഇസ്ലാമിക പ്രബോധനത്തിന്റെ ആദ്യകാലത്ത് മക്കയിൽ നേരിട്ട വലിയ ഒരു പ്രതിസന്ധിയായിരുന്നു ഖുറൈശികളുടെ നിലപാട്. പുറത്തുനിന്ന് വരുന്നവർ പ്രവാചകനോﷺട് സമ്പർക്കം പുലർത്താതിരിക്കാൻ അവരാവതും പ്രവർത്തിച്ചു. അതിന്റെ ഭാഗമായിരുന്നു തുഫൈലി(റ)നോടുള്ള മേൽ സംഭാഷണവും അഭിമുഖവും എല്ലാം. പക്ഷേ, സത്യത്തിന്റെ വെളിച്ചം തടഞ്ഞുവെക്കാൻ ആർക്കാണ് സാധിക്കുക. സൂര്യന്റെ വെളിച്ചത്തെ എങ്ങനെയാണ് കുടപിടിച്ചു മറക്കാനാവുക. പകലിനെ എങ്ങനെയാണ് കണ്ണടച്ച് നിരാകരിക്കാനാവുക. അവ തെളിഞ്ഞു തന്നെ നിൽക്കും. ഉദിച്ചു തന്നെ നിലകൊള്ളും. ഉജ്വലമായി തന്നെ മുന്നോട്ടു വരും.

വർത്തമാനകാല നിരാകരണങ്ങളോട് ചേർത്തുവച്ച് വായിക്കുമ്പോഴും നമുക്ക് ചിലതൊക്കെ ചിന്തിക്കാനും പങ്കുവെക്കാനും ഉണ്ട്. ഇസ്ലാം ദർശനത്തിന്റെ മൂല്യവും മഹത്വവും കേവലമായ ആരോപണങ്ങളാലോ നിരാകരണങ്ങളാലോ ഇല്ലായ്മ ചെയ്യാനാവില്ല. സത്യം സത്യമായി തെളിയുകയും ധർമ്മം ധർമ്മമായി ഉയർന്നുവരികയും പ്രപഞ്ചത്തിൽ അവതരിപ്പിച്ച സത്യദർശനം അതിന്റെ ശ്രേഷ്ഠമായ വിലാസത്തോടെ കാല സന്ധികളെ അതിജയിക്കുകയും ചെയ്യും.

നമുക്ക് തുഫൈലി(റ)നെ തന്നെ തുടർന്ന് വായിക്കാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-631

Tweet 631
തുഫൈൽ ബിൻ അംർ അദ്ദൗസി(റ) തുടരുന്നു. ഞാൻ എന്റെ ജനതയിലേക്ക് പുറപ്പെട്ടു. നാട്ടുകാരുടെ ദൃഷ്ടിയിൽ പെടുന്ന വിധം അതിർത്തിയിലെ കുന്നിൻ പുറത്ത് എത്തി. അപ്പോൾ എന്റെ മുഖത്ത് ഒരു വെളിച്ചം പ്രകടമായി. എന്റെ നെറ്റിത്തടത്തിൽ നിന്ന് ഒരു വിളക്ക് പോലെ അത് തെളിഞ്ഞു. ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചു. അല്ലാഹുവേ എന്റെ മുഖത്തുനിന്ന് മറ്റൊരു ഭാഗത്തേക്ക് മാറ്റി തരേണമേ. ഇതൊരുപക്ഷേ മുഖത്തെ ഒരു വൈകല്യമായി ആളുകൾ വായിച്ചേക്കാം. അപ്പോൾ ആ വെളിച്ചം എന്റെ ചാട്ടവാറിന്റെ അഗ്രഭാഗത്തേക്ക് മാറി. അതൊരു ടോർച്ച് പോലെ പ്രകാശിച്ചു കൊണ്ടിരുന്നു. പ്രഭാതമായപ്പോൾ ഞാൻ പൂർണ്ണമായും എന്റെ നാട്ടിലേക്ക് എത്തിച്ചേർന്നു.

അധികം വൈകിയില്ല വയോധികനായ എന്റെ പിതാവ് എന്റെ അടുത്തേക്ക് വന്നു. ഞാൻ പിതാവിനോട് പറഞ്ഞു അവിടുന്ന് അല്പം ഒന്ന് വിട്ടു നിന്നാലും. ഞാൻ നിങ്ങളുടെ ആശയത്തിലോ നിങ്ങൾ എന്റെ ആശയത്തിലോ അല്ല. എന്റെ ഉമ്മയും ഉപ്പയും സത്യം! എന്തുപറ്റി മോനെ എന്ന് പിതാവ് എന്നോട് തിരിച്ചു ചോദിച്ചു. എന്തേ ഇസ്ലാം എന്നെയും നിന്നെയും തമ്മിൽ വേർതിരിച്ചുവോ? നീയാ മുഹമ്മദ് നബിﷺയുടെ മാർഗത്തിൽ പ്രവേശിച്ചുവോ? ഇല്ല, ഞാൻ നിന്റെ ആദർശത്തിലേക്ക് വരികയാണ്. ഞാനും വിശ്വാസം സ്വീകരിച്ചിരിക്കുന്നു. ഉടനെ മകൻ പറഞ്ഞു. എന്നാൽ, അവിടുന്ന് സ്നാനം ചെയ്തു ശുദ്ധി വരുത്തി വരൂ. അദ്ദേഹം അതിവേഗം ശുദ്ധി വരുത്തി വസ്ത്രം മാറ്റി മകന്റെ അടുത്തേക്ക് വന്നു. ഹൃദ്യമായി സ്വീകരിക്കുകയും ഇസ്ലാമിനെ കുറിച്ച് കൂടുതൽ പരിചയപ്പെടുത്തുകയും ചെയ്തു. പിതാവ് ഔദ്യോഗികമായി ഇസ്ലാമിലേക്ക് പ്രവേശിച്ചു.

അതാ വരുന്നു എന്റെ സഹധർമ്മിണി. അവളോടും ഞാൻ പറഞ്ഞു നീ അല്പം വിട്ടുനിൽക്കൂ. ഞാൻ നിന്റെ ആദർശത്തിലോ നീ എന്റെ വിശ്വാസത്തിലോ അല്ല. എന്റെ ഉമ്മയും ഉപ്പയും സാക്ഷി. ഇതെന്തേ നമ്മെ തമ്മിൽ വേർപെടുത്തുന്നത്. നിങ്ങൾ മുഹമ്മദ് നബിﷺയുടെ വിശ്വാസം സ്വീകരിച്ചു മുസ്ലിമായോ? എന്നാൽ ഞാനും നിങ്ങളുടെ ആദർശത്തിലേക്ക് വരുന്നു. അവരോട് കുളിച്ചു വൃത്തിയായി വസ്ത്രം മാറ്റി വരാൻ പറഞ്ഞു. അതുപ്രകാരം അവൾ വസ്ത്രം മാറ്റി അംഗ ശുദ്ധി വരുത്തി വന്നു. ഞാൻ വിശദമായി ഇസ്ലാമിനെ പരിചയപ്പെടുത്തുകയും അവൾ ഇസ്ലാമിലേക്ക് പ്രവേശിക്കുകയും ചെയ്തു.

പിന്നീട് ഞാൻ ദൗസ് ഗോത്രത്തെ മുഴുവൻ ഇസ്ലാമിലേക്ക് ക്ഷണിച്ചു. പക്ഷേ, അതിവേഗം അവർ സ്വീകരിക്കാൻ തയ്യാറായില്ല. ഞാൻ പ്രവാചക സവിധത്തിലേക്ക് തന്നെ മടങ്ങിയെത്തി. ഞാൻ തിരുനബിﷺയോട് പറഞ്ഞു. ദൗസു ഗോത്രത്തിൽ വ്യഭിചാരം വളരെ വ്യാപകമായിരിക്കുന്നു. അതുകൊണ്ട് അവരുടെ നാശത്തിനുവേണ്ടി അവിടുന്ന് പ്രാർത്ഥിച്ചാലും. ഉടനെ പ്രവാചകൻﷺ ഇങ്ങനെ പ്രാർത്ഥിച്ചു. അല്ലാഹുവേ നീ ദൗസ് ഗോത്രത്തെ നേർവഴിയിൽ ആക്കേണമേ! എന്നിട്ട് തിരുനബിﷺ എന്നോട് പറഞ്ഞു.

നിങ്ങൾ നിങ്ങളുടെ ഗോത്രത്തിലേക്ക് തന്നെ മടങ്ങി പോവുക. അവരെ ഒരിക്കൽ കൂടി നിർവഴിയിലേക്ക് ക്ഷണിക്കുക.അവരോട് മയമായി പെരുമാറുക. മടങ്ങിവന്ന ഞാൻ പ്രബോധകനായി ദൗസ് ഗോത്രത്തിൽ തന്നെ തുടർന്നു. പിന്നീട് ഞാൻ ഖൈബർ വേളയിലാണ് തിരുനബിﷺയുടെ സന്നിധിയിലേക്ക് എത്തുന്നത്. ദൗസ് ഗോത്രത്തിലെ എഴുപതോ എൺപതോ കുടുംബങ്ങളോടൊപ്പം ആണ് ഞങ്ങൾ മദീനയിൽ എത്തിയത്. ഖൈബറിൽ നിന്നുള്ള ഒരു വിഹിതവും ഞങ്ങൾക്ക് പ്രവാചകൻﷺ നീക്കിവെച്ചിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-632

Tweet 632
ഇബ്നു ഇസ്ഹാഖ്(റ) നിവേദനം ചെയ്യുന്നു. തിരുനബിﷺ വഫാത്താവുകയും ചിലയാളുകൾ മതഭ്രഷ്ടരാവുകയും ചെയ്തപ്പോൾ തുഫൈൽ(റ) മുസ്ലിംകളോടൊപ്പം പുറപ്പെട്ടു. തുലൈഹ എന്ന പ്രദേശത്ത് നിന്ന് ദൂരേക്ക് സഞ്ചരിച്ചു. മുസ്ലിംകൾക്കൊപ്പം യമാമയിലേക്ക് എത്തി. അദ്ദേഹത്തിന്റെ മകൻ അംറും ഒപ്പമുണ്ടായിരുന്നു. ഒരു ദിവസം ഒരു സ്വപ്നം കണ്ടു. ഒപ്പമുണ്ടായിരുന്ന ആളുകളോട് അദ്ദേഹം പറഞ്ഞു. ഞാൻ കണ്ട ഒരു സ്വപ്നം നിങ്ങളോട് പറയാം. അതിന്റെ വ്യാഖ്യാനം നിങ്ങൾ പറഞ്ഞുതരാമോ? അവർ ചോദിച്ചു എന്താണ് ആ സ്വപ്നം. എന്റെ തല മുണ്ഡനം ചെയ്യപ്പെട്ടു. എന്റെ വായിൽ നിന്ന് ഒരു കിളി പറന്നു പുറത്തേക്കു വന്നു. അത് ഒരു സ്ത്രീയുടെ രഹസ്യ ഭാഗത്തേക്ക് പ്രവേശിച്ചു. പിന്നീട് എന്റെ മകൻ എന്നെ അന്വേഷിച്ച് ഇറങ്ങിയത് കണ്ടു. അവനും തുറുങ്കിലടക്കപ്പെട്ടതായി അനുഭവപ്പെട്ടു.

കേട്ടവർ പറഞ്ഞു നിങ്ങൾ കണ്ട സ്വപ്നം ശുഭ സ്വപ്നമാണ്. അപ്പോൾ തുഫൈൽ(റ) പറഞ്ഞു. ഞാൻ അതിനൊരു വ്യാഖ്യാനം കണ്ടിട്ടുണ്ട്. അനുവാചകർ ചോദിച്ചു എങ്ങനെയാണ് നിങ്ങൾ വ്യാഖ്യാനിച്ചത്. അദ്ദേഹം പറഞ്ഞു തുടങ്ങി. തലമുണ്ഡനം ചെയ്യപ്പെട്ടു എന്നതുകൊണ്ട് ശിരസ്സ് നിലംപൊത്തി എന്നാണ്. വായിൽ നിന്ന് പക്ഷി പറന്നു പുറത്തേക്കു വന്നു എന്നതിന്റെ താല്പര്യം എന്റെ ആത്മാവ് ശരീരത്തിൽ നിന്ന് വേറിട്ട് പോയി എന്നാണ്. ഭൂമി മാതാവിന്റെ ഉള്ളിലേക്ക് മറമാടപ്പെട്ടു എന്നാണ് സ്ത്രീയുടെ രഹസ്യ ഭാഗത്തേക്ക് പക്ഷി പ്രവേശിച്ചു എന്നതിന്റെ താല്പര്യം. എന്റെ മകൻ എന്നെ അന്വേഷിച്ച് ഇറങ്ങി എന്നതുകൊണ്ട് എന്റെ മകനും എന്റെ മാർഗത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയെന്നാണ് ഞാൻ വ്യാഖ്യാനിച്ചത്. ഒപ്പം അവനും എന്നെപ്പോലെ തന്നെ ലോകത്തോട് യാത്രയാകും.

സ്വപ്നം അപ്രകാരം തന്നെ പുലർന്നു. തുഫൈൽ ബിൻ അംറ് അദ്ദൗസി(റ) യമാമ യുദ്ധത്തിൽ കൊല്ലപ്പെട്ടു. മകൻ അല്ലാഹുവിന്റെ മാർഗത്തിൽ പരിക്കേൽക്കുകയും, യർമൂക് യുദ്ധകാലത്ത് ലോകത്തോട് വിട പറയുകയും ചെയ്തു. ഖലീഫ ഉമർ(റ)ന്റെ കാലത്തായിരുന്നു അത്.

ഏതെല്ലാം വിചാര തലങ്ങളെ ഉൾക്കൊള്ളുന്ന ഒരു ചരിത്ര സംഭവത്തിലൂടെയാണ് നാം സഞ്ചരിച്ചത്. ഇസ്ലാമിനെ തേടി വരികയും ശരിയായ വിധം അതുൾക്കൊള്ളുകയും ചെയ്ത ഒരു മഹാപുരുഷൻ. പഠിച്ചറിഞ്ഞ ദർശനത്തെ പ്രബോധനം ചെയ്യാൻ കർമ്മ ഗോദയിലിറങ്ങിയ ഒരു ആക്ടിവിസ്റ്റ്. പ്രബോധന വഴിയിൽ പ്രതിസന്ധികളെ മുഴുവനും അതിജീവിച്ച് മുന്നോട്ടുപോകാനുള്ള ആത്മവീര്യം. വിശ്വാസ സംരക്ഷണത്തിന് നാട്ടിൽ തുടർന്നാൽ പ്രതിസന്ധിയാകും എന്ന് കണ്ടപ്പോൾ പലായനത്തിന് തയ്യാറായ സമർപ്പണത്തിന്റെ പ്രതീകം. അതിജീവനത്തിന്റെയും പ്രതിരോധത്തിന്റെയും തുല്യതയില്ലാത്ത ഇടപെടലുകൾ. സ്വയം മരണത്തെക്കുറിച്ച് വ്യാഖ്യാനിക്കുമ്പോൾ ഒരു വിശ്വാസിയുടെ വിയോഗം സ്വർഗ്ഗത്തിലേക്കുള്ള സഞ്ചാരമാണെന്ന തിരിച്ചറിവിൽ നിന്നുകൊണ്ട് ആത്മ പ്രതീക്ഷയോടെ പങ്കുവെക്കാനുള്ള വിശ്വാസദാർഢ്യത. പ്രവാചക പാഠശാലയിൽ നിന്ന് അറിയുകയും പഠിക്കുകയും ചെയ്ത നന്മകളെ പരിപാലിക്കാനുള്ള കൃത്യത. ഇതെല്ലാം ഒത്തുചേർന്നു നിൽക്കുന്ന ഒരു മഹാസംഭവത്തിന്റെ ലളിത ആഖ്യാനമാണ് നമ്മുടെ മുന്നിലൂടെ കടന്നുപോയത്.

മരണം അത് പ്രതീക്ഷയാണെന്നു പഠിപ്പിക്കുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന മതദർശനം ഇസ്ലാം മാത്രമാണ്. മരണം ഒരു അവസാനമാണെന്നും നഷ്ടമാണെന്നും വന്നാൽ ആ വിചാരം മനുഷ്യന് നൽകുന്ന ആത്മസങ്കോചങ്ങൾ എത്രയായിരിക്കും. എന്നാൽ മരണം പ്രതീക്ഷയിലേക്കും പ്രഭാതത്തിലേക്കും പ്രത്യാശയിലേക്കുമുള്ള സഞ്ചാരമാണെന്ന് വരുമ്പോൾ, ഇവിടുത്തെ സൽകർമങ്ങളും അനുഷ്ഠാന നന്മകളുമാണ് നാളത്തെ നീണ്ട ശുഭ ജീവിതത്തിന്റെ ആമുഖം എന്നുകൂടി ചേർത്തു വായിക്കുമ്പോൾ ഒരു വിശ്വാസിയുടെ ജീവിതവും മരണവും ഒരുപോലെ മനോഹരമാകുന്നു. നല്ല മരണത്തിനുവേണ്ടി ജീവിക്കുകയും നല്ല ഒരു തുടർ ജീവിതത്തിനു വേണ്ടി മരിച്ചു പിരിയുകയും ചെയ്യുന്ന തുല്യതയില്ലാത്ത ഒരു ജീവിത രസതന്ത്രമാണ് ഇസ്ലാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-633

Tweet 633
റഹാവിയ്യീൻ നിവേദക സംഘം

ഖത്താദ അർറഹാവി(റ) എന്ന സ്വഹാബി പറയുന്നു. എന്റെ നാട്ടിലേക്ക് എന്നെ പ്രബോധകനായി നിശ്ചയിച്ചപ്പോൾ എന്റെ കരം കവർന്നുകൊണ്ട് തിരുനബിﷺ ഇങ്ങനെ പറഞ്ഞു. അല്ലാഹുവിലുള്ള തഖ്‌വ അഥവാ സൂക്ഷ്മത നിങ്ങളുടെ പാഥേയമാക്കി അല്ലാഹു നൽകട്ടെ! നിങ്ങളുടെ പാപങ്ങൾ പൊറുത്തുതരികയും എവിടെയാണെങ്കിലും നന്മയിലേക്ക് നിങ്ങളെ അല്ലാഹു അഭിമുഖീകരിപ്പിക്കുകയും ചെയ്യുമാറാകട്ടെ!

ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. ഹിജ്റയുടെ പത്താം വർഷം മദ്ഹിജ് ഗോത്രത്തിലെ പതിനഞ്ചു റഹാവി ഖബീലക്കാർ മദീനയിലേക്ക് വന്നു. റംല ബിൻത് ഹാരിസി(റ)ന്റെ വീട്ടിലാണ് ആദ്യം അവർ എത്തിയത്. പിന്നീട് പ്രവാചക സവിധത്തിൽ എത്തി ഏറെ നേരം അവർ സംസാരിച്ചു. പ്രവാചകർﷺക്ക് ചില സമ്മാനങ്ങൾ കൈമാറി. കൂട്ടത്തിൽ മിർവാഹ് എന്ന പേരുള്ള ഒരു കുതിരയും ഉണ്ടായിരുന്നു. അതിന്റെ പ്രകടനം ഒന്ന് കാഴ്ചവെക്കാൻ പ്രവാചകൻﷺ പറഞ്ഞു. കുതിരയുടെ പ്രകടനം കണ്ടപ്പോൾ പ്രവാചകർﷺക്ക് അതിയായ സന്തോഷം തോന്നി.

സംഘത്തിൽ ഉണ്ടായിരുന്ന മുഴുവൻ ആളുകളും ഇസ്ലാം സ്വീകരിച്ചു. ഖുർആനും മതവിധികളും അഭ്യസിച്ചു. സാധാരണ ദൗത്യസംഘങ്ങൾക്ക് നൽകുന്ന ഉപഹാരം അങ്ങോട്ടും തിരുനബിﷺ നൽകി.

പ്രവാചകൻﷺ ഹജ്ജിനു വേണ്ടി പുറപ്പെട്ടപ്പോൾ കൂട്ടത്തിൽ റവാഹികളിൽ നിന്നുള്ള പ്രതിനിധികളും ഒപ്പം ചേർന്നു. പ്രവാചകരുടെ വിയോഗം വരെയും അവർ മദീനയിൽ തന്നെ കഴിഞ്ഞുകൂടി. ഖൈബറിൽ നിന്ന് ലഭിച്ച അനന്തര സ്വത്തിൽ അവർക്കും ഒരു വിഹിതം തിരുനബിﷺ നിശ്ചയിച്ചിരുന്നു. മുആവിയ(റ)യുടെ കാലത്ത് അവർ ആ സ്വത്ത് കച്ചവടം ചെയ്തു.

പ്രവാചക സന്നിധിയിൽ നിന്ന് ഒരു ദേശത്തേക്ക് പ്രബോധനത്തിനു പോകുന്ന ആൾക്ക് തിരുനബിﷺ പ്രാർത്ഥിച്ചുകൊടുത്തത് എന്തായിരുന്നു. ആ വാചകങ്ങളിൽ തന്നെ പ്രബോധക സംഘത്തിന്റെ ദൗത്യത്തെക്കുറിച്ചുള്ള വ്യക്തമായ സൂചനയുണ്ട്. നന്മയെ സ്ഥാപിക്കാനും തിന്മയെ ഇല്ലായ്മ ചെയ്യാനുമുള്ള ഒരു മഹാ ലക്ഷ്യമായിരുന്നല്ലോ അതിൽ മുഴച്ചു നിന്നത്. പ്രതിനിധിയായി പോകുന്ന ആൾക്ക് പാപമോചനം ലഭിക്കണമെന്നും അല്ലാഹുവിന്റെ വിധിവിലക്കുകൾ കൃത്യമായി പാലിക്കുന്ന ആത്മീക ബോധം ഉണ്ടാകണമെന്നും ഇവിടെ എത്തി കഴിഞ്ഞാലും നന്മയെ ലക്ഷ്യം വെച്ചുകൊണ്ട് പ്രവർത്തിക്കണമെന്നും പഠിപ്പിച്ചു കൊടുക്കുമ്പോൾ തന്നെ നിയോഗം കൊണ്ട് ഉന്നം വെക്കുന്നത് എന്താണെന്ന് വ്യക്തമാകുന്നു.

ചെറിയൊരു കാലം കൊണ്ട് എത്രയെത്ര സംഘങ്ങളെയാണ് തിരുനബിﷺ സ്വീകരിച്ചത്. അവർക്കെല്ലാം ആതിഥ്യമരുളാനും ഉപഹാരങ്ങൾ നൽകാനും അവരുടെ പരിസരങ്ങളെ കുറിച്ച് അറിഞ്ഞ് ഇടപെടലുകൾ നടത്താനും ഉപജീവനങ്ങൾ ആവശ്യമുള്ള ആളുകൾക്ക് സംവിധാനിച്ചു കൊടുക്കാനും അവസാനം വരെ മദീനയിൽ തുടർന്നവർക്ക് സ്ഥായിയായ ആസ്തികൾ നിശ്ചയിച്ചു കൊടുക്കാനും വ്യവസ്ഥാപിതമായ ഒരു സർക്കാർ സംവിധാനത്തെക്കാൾ എത്ര കൃത്യമായിട്ടാണ് കാര്യങ്ങൾ നിർവഹിക്കപ്പെട്ടത്. ആധുനിക സങ്കേതങ്ങളെ പോലും അത്ഭുതപ്പെടുത്തുന്ന വിധം 1400 വർഷങ്ങൾക്കു മുമ്പ് ഇതെല്ലാം നിർവഹിച്ചു എന്ന് വായിക്കുമ്പോൾ അനുവാചകർ ലഭിക്കുന്ന കൗതുകം എത്രമേൽ വലുതാണ്.

ആഗതർ കൊണ്ടുവരുന്ന ഉപഹാരങ്ങളോട് ഉചിതമായ പ്രതികരണം നടത്തുകയും പ്രത്യുപകാരമായവർക്ക് പ്രതി സന്തോഷങ്ങൾ നൽകുകയും ചെയ്യുന്ന ശോഭനമായ കാഴ്ചകളും നമുക്ക് മാറ്റിവെക്കാനാവില്ല. സമ്മാനമായി ലഭിച്ച കുതിരയുടെ കഴിവും അഭ്യാസ മികവും അപ്പോൾ തന്നെ കാണാനും അവരെ പ്രചോദിപ്പിക്കാനും ലഭിച്ച ഉപഹാരത്തിന്റെ മേന്മയിൽ സന്തോഷം പ്രകടിപ്പിക്കാനും പ്രവാചകൻﷺ നേരം കണ്ടെത്തുന്നു. ഒരു നേതാവിന്റെ എല്ലാ വശങ്ങളെയും തികവോടെയും മികവോടെയും ആവിഷ്കരിച്ച് മാനുഷ്യകത്തിന്റെ ഉത്തമ ഉപമയായി തിരുനബിﷺ ചരിത്രത്തിൽ എപ്പോഴും ശോഭിച്ചു തന്നെ നിൽക്കുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-634

Tweet 634
ബനൂ സഅദ് ഹുദൈം നിവേദക സംഘം

മുഹമ്മദ് ബിൻ ഉമർ അൽ അസ്‌ലമി(റ) നിവേദനം ചെയ്യുന്നു. ഇബ്നു നുഅ്മാൻ(റ) തന്റെ പിതാവിൽ നിന്ന് ഉദ്ധരിച്ചു. തിരുനബിﷺയുടെ ആഗമനം അറബ് ലോകത്ത് രണ്ട് വിധം ജനങ്ങളെയാണ് രൂപപ്പെടുത്തിയത്. ഒരു വിഭാഗം ഇസ്ലാമിനെയും പ്രവാചകരെﷺയും മനസ്സിലാക്കി ഇസ്ലാം സ്വീകരിച്ചവർ. മറ്റൊരു വിഭാഗം ആശങ്കയോടുകൂടി ഭയന്ന് മാറി നിന്നവർ. അങ്ങനെയിരിക്കെയാണ് എന്റെ സമുദായത്തിലെ കുറച്ച് ആളുകളോടൊപ്പം ഞാൻ പ്രവാചക സന്നിധിയിലേക്ക് വന്നത്. മദീനയിലെ ഒരു പ്രവിശ്യയിൽ വന്നശേഷം പള്ളി ലക്ഷ്യം വെച്ചുകൊണ്ട് ഞങ്ങൾ നടന്നു. പള്ളിയുടെ വാതിൽക്കൽ എത്തിയപ്പോൾ പ്രവാചകൻﷺ ഒരു ജനാസ നിസ്കാരത്തിന് നേതൃത്വം കൊടുക്കുകയാണ് എന്ന് മനസ്സിലായി. നിസ്കാരത്തിന്റെ ഭാഗമായി ചേരാൻ ഞങ്ങൾ ആഗ്രഹിച്ചില്ല. പ്രവാചകനെﷺ കണ്ടുമുട്ടി ഉടമ്പടി ചെയ്യാൻ വേണ്ടി ഒരു മൂലയിൽ മാറി നിന്നു.

നിസ്കാരാനന്തരം പ്രവാചകൻﷺ ഞങ്ങളെ ശ്രദ്ധിക്കുകയും അടുത്തേക്ക് വിളിക്കുകയും ചെയ്തു. ചോദിച്ചു, നിങ്ങൾ എവിടെ നിന്നാണ്? ബനൂ സഅദ് ഹുദൈം ഗോത്രത്തിൽ നിന്ന്. നിങ്ങൾ മുസ്ലീംകൾ ആയിട്ടാണോ വന്നത്? അതെ. നിങ്ങൾ ഞങ്ങളോടൊപ്പം നിസ്കരിക്കാൻ വേണ്ടി കൂടിയിരുന്നോ? ഇല്ല. എന്തേ അങ്ങനെ കൂടാതിരുന്നത്?ഞങ്ങൾ അവിടുത്തെ കണ്ടു ഉടമ്പടി ചെയ്ത ശേഷം ആകാം എന്നു കരുതിയാണ് മാറിനിന്നത്. അതിനുശേഷമേ അനുവദനീയമാകൂ എന്നാണ് ഞങ്ങൾ കരുതിയത്. ഇല്ല, അങ്ങനെയൊന്നുമില്ല. ഇസ്ലാം സ്വീകരിച്ചത് മുതൽ നിങ്ങൾ മുസ്ലിമായി കഴിഞ്ഞു. നിങ്ങൾക്ക് ഇസ്ലാമിക കർമ്മങ്ങൾ നിർവഹിക്കാവുന്നതാണ്. നിങ്ങൾ എവിടെയാണെങ്കിലും ശരി നിങ്ങൾ മുസ്ലിംകൾ തന്നെയാണ്.

ഞങ്ങൾ പ്രവാചക പ്രഭുﷺവിന്റെ തിരു കരങ്ങൾ കവർന്ന് കരാർ ചെയ്തു. ഇസ്ലാം ആശ്ലേഷം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഞങ്ങൾ ഞങ്ങളുടെ വാഹനങ്ങളിലേക്ക് മടങ്ങി. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആളെ വാഹനങ്ങൾക്കും സാധനങ്ങൾക്കും കൂട്ടായി നിർത്തിയിട്ടാണ് ഞങ്ങൾ പോയിരുന്നത്. ഒടുവിൽ അദ്ദേഹത്തെയും തിരുനബിﷺയുടെ സന്നിധിയിൽ ഹാജരാക്കി കരാർ ചെയ്തു. ഞങ്ങളുടെ കൂട്ടത്തിലെ പ്രായം കുറഞ്ഞ ആൾ ഞങ്ങളുടെ സംഘത്തിലെ പരിചാരകനായി അവിടെ നിന്നതാണ് എന്നു പറഞ്ഞു. കൂട്ടത്തിലെ ചെറിയ ആൾ നിങ്ങളുടെ പരിചാരകനായി നിന്നു അല്ലേ എന്ന് പ്രത്യേകമായി തിരുനബിﷺയെടുത്ത് പറയുകയും അദ്ദേഹത്തിനു വേണ്ടി അനുഗ്രഹ പ്രാർത്ഥന നിർവഹിക്കുകയും ചെയ്തു. പ്രവാചകർﷺ അദ്ദേഹത്തിന് വേണ്ടി നിർവഹിച്ച പ്രാർത്ഥനയുടെ ഫലമായി ആ ചെറുപ്പക്കാരൻ ഏറ്റവും നല്ല ഖുർആൻ പാരായണക്കാരനും ഞങ്ങളുടെ ആരാധനകൾക്ക് നേതൃത്വം നൽകുന്ന ആളുമായി മാറി. അദ്ദേഹത്തെ ഞങ്ങളുടെ സംഘത്തിന്റെ നേതാവായി തിരുനബിﷺ തന്നെ നിശ്ചയിച്ചു. ഞങ്ങൾക്ക് ആവശ്യമായ ഉപഹാരങ്ങൾ നൽകാൻ തിരുനബിﷺ ബിലാലി(റ)നെ ഏൽപ്പിച്ചു. ഞങ്ങൾ നാട്ടിലേക്ക് മടങ്ങുകയും ഞങ്ങളുടെ സ്വത്തുകളിൽ അല്ലാഹു അനുഗ്രഹം ചൊരിയുകയും ചെയ്തു.

ഒരു സംഘത്തെ പ്രവാചകർﷺ എങ്ങനെയാണ് സ്വീകരിക്കുകയും അവരുടെ നടപടികളിൽ ഭാഗമാവുകയും ചെയ്തത്. എത്ര വേഗമാണ് അവരെക്കുറിച്ച് അടിമുടി മനസ്സിലാക്കി ആവശ്യമായ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകിയത്. പരിചാരകനായി എത്തിച്ചേർന്ന ചെറുപ്പക്കാരൻ എത്ര വേഗമാണ് സംഘത്തിന്റെ നേതാവും ആരാധനാകർമങ്ങളുടെ നേതൃത്വവുമായി മാറിയത്. ഓരോരുത്തരുടെയും ഗുണങ്ങളെയും നേതൃപാടവത്തെയും മാഹാത്മ്യങ്ങളെയും തിരിച്ചറിഞ്ഞ് ആവശ്യമായ പദവികളും പരിഗണനകളും നൽകി എന്നത്തേക്കും മാതൃകകളായി നിശ്ചയിച്ചത്.

അവഗണിക്കപ്പെടേണ്ടിയിരുന്ന ഒരു ജനതയെ എത്ര വേഗമാണ് ലോകത്തിന്റെ ജേതാക്കളും നേതാക്കളുമാക്കി പ്രവാചകൻﷺ പരിവർത്തിപ്പിച്ചെടുത്തത്. മനുഷ്യ വിഭവത്തെ പ്രബുദ്ധരാക്കുക എന്നതാണല്ലോ ലോകനിർമ്മിതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം. ഒരു രാജ്യത്തെ ജനങ്ങൾ എത്രമേൽ പ്രബുദ്ധരാകുന്നു എന്നതാണല്ലോ ഒരു നാടിന്റെ മേന്മയുടെ ഗ്രാഫ് ഉയർത്തുന്നത്. ജീവിതത്തിൽ, ഒരു സാമൂഹ്യ നിർമാണ പ്രക്രിയയിൽ എത്രമേൽ ഉന്നതമായ ഉദാഹരണങ്ങളും തുല്യതയില്ലാത്ത നിർമ്മാണ പ്രവർത്തനങ്ങളുമാണ് തിരുനബിﷺ ചെറിയ ഒരു കാലംകൊണ്ട് കാഴ്ചവെച്ചത്. മാനുഷിക വിഭവങ്ങളെ മെച്ചപ്പെടുത്തി സാമൂഹിക നിർമ്മിതി നടത്തിയതിനെ കുറിച്ച് മാത്രം ഒരു പഠനം നടത്തിയാൽ പ്രവാചകൻﷺ സ്ഥാപിച്ച മാതൃകയെല്ലാം ലോകത്തെവിടെയാണ് മറ്റൊന്ന് എടുത്തു പറയാനുള്ളത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-635

Tweet 635
* സലാമാൻ നിവേദക സംഘം

മുഹമ്മദ് ബിൻ ഉമർ(റ) പറയുന്നു. പ്രസ്തുത സംഘം ഹിജ്‌റ പത്താം വർഷം ശവ്വാൽ മാസത്തിലാണ് മദീനയിലേക്ക് വന്നത്. ഹബീബ് ബിൻ അസ്സലാമാനി(റ) പറയുന്നു. ഞങ്ങൾ സലാമാൻ സംഘം ഏഴ് ആളുകൾ മദീനയിലേക്ക് എത്തി. അപ്പോൾ തിരുനബിﷺ പള്ളിയിൽ നിന്ന് പുറപ്പെട്ടു, ഒരു ജനത സന്ദർശനത്തിനുവേണ്ടി പോവുകയായിരുന്നു. ഞങ്ങൾ സലാം പറഞ്ഞു അഭിവാദ്യം ചെയ്തു. പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് തിരുനബിﷺ ചോദിച്ചു. നിങ്ങൾ എവിടുന്നാണ്? ഞങ്ങൾ സലാമാൻ ഗോത്രത്തിൽ നിന്നുള്ളവരാണ്. ഞങ്ങളുടെ നാട്ടുകാരുടെ പ്രതിനിധികളായിട്ടാണ് ഞങ്ങൾ വന്നിട്ടുള്ളത്. ഞങ്ങൾ തങ്ങളോട് കരാർ ചെയ്തു ഉടമ്പടിയിൽ ചേരാൻ വന്നതാണ്. ഉടനെ തിരുനബിﷺ അവിടുത്തെ പരിചാരകനായ സൗബാനി(റ)നോട് പറഞ്ഞു. ഈ സംഘത്തെ അവർക്ക് സൗകര്യപ്രദമായ സ്ഥലത്ത് താമസിപ്പിക്കുക. മധ്യാഹ്ന നിസ്കാരത്തിനു ശേഷം ഞങ്ങൾ തിരുനബിﷺയെ കാണാൻ വേണ്ടി വന്നു. അപ്പോൾ അവിടുന്ന് അവിടുത്തെ ഭവനത്തിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലത്തായിരുന്നു. ഞങ്ങൾ ഞങ്ങളുടെ ചില ചോദ്യങ്ങൾ തിരുനബിﷺ തങ്ങളോട് ചോദിച്ചു. അവിടുന്ന് ഞങ്ങൾക്ക് നിവാരണങ്ങൾ നൽകി. ഇസ്ലാമിക നിയമങ്ങളും നിസ്കാരത്തിന്റെ ചിട്ടകളും ഒക്കെ അവിടുന്ന് പരിചയപ്പെടുത്തി. ഞങ്ങൾ ഇസ്ലാം സ്വീകരിക്കുകയും ഞങ്ങൾക്ക് എല്ലാവർക്കും അവിടുന്ന് ഉപഹാരങ്ങൾ നൽകുകയും ചെയ്തു.

സലാമാൻ പ്രദേശത്തുകാരുടെ വിശേഷങ്ങളെക്കുറിച്ച് തിരുനബിﷺ അന്വേഷിച്ചു. വളരെയേറെ ജലക്ഷാമവും മഴക്ഷാമവും അനുഭവിക്കുന്ന പ്രദേശമാണ് എന്ന് അവർ പറഞ്ഞു. ഉടൻതന്നെ അവർക്ക് മഴയ്ക്ക് വേണ്ടി തിരുനബിﷺ പ്രാർത്ഥിച്ചു. അല്ലാഹുവേ നീയവർക്ക് മഴ നൽകേണമേ! അവർ പറഞ്ഞു അല്ലയോ പ്രവാചക പ്രഭോﷺ, അവിടുത്തെ തിരുകരങ്ങൾ നന്നായി ഉയർത്തി ഒന്ന് പ്രാർത്ഥിച്ചാലും. ഉടനടി പുഞ്ചിരി തൂകി കൊണ്ട് അവിടുത്തെ കക്ഷത്തിന്റെ ഭാഗം കാണുന്ന വിധത്തിൽ ഇരുകരങ്ങളും ആകാശത്തേക്ക് ഉയർത്തി. ശേഷം, അവർ നാട്ടിലേക്ക് മടങ്ങി. തിരുനബിﷺ പ്രാർത്ഥിച്ച ദിവസം നാട്ടുകാർക്ക് മഴ ലഭിച്ച വിവരം അവർ അറിഞ്ഞു.

* ബനൂ സുലൈം നിവേദക സംഘം

ബനൂ സുലൈമാന്‍ ഗോത്രത്തിലെ ഖൈസ് ബിൻ നുസൈബ(റ) എന്നയാൾ മദീനയിലേക്ക് വന്നു. ഹിജ്റയുടെ പത്താം വർഷമായിരുന്നു അത്. പ്രവാചകരോﷺട് പല ചോദ്യങ്ങളും ഉന്നയിക്കുകയും നിവാരണങ്ങൾ സ്വീകരിക്കുകയും ചെയ്തു.

തിരുനബിﷺയുടെ സംഭാഷണങ്ങളും ഖുർആൻ പാഠങ്ങളും കേട്ട് കഴിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു. റോമക്കാരുടെ ഭാഷാന്തരങ്ങളും, പേർഷ്യക്കാരുടെ ഗുപ്ത സന്ദേശങ്ങളും, അറബികളുടെ കവിതയും, കണക്കന്മാരുടെ ജോൽസ്യവും ഒക്കെ ഞാൻ കേൾക്കുകയും മനസ്സിലാക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ അതൊന്നും മുഹമ്മദ് നബിﷺയുടെ സംഭാഷണത്തോടും അവതരിപ്പിച്ച വേദത്തോടും സാമ്യമുള്ളതല്ല. അവിടുന്ന് അവതരിപ്പിക്കുന്നത് അതുല്യമായ വചനങ്ങളാണ്. എന്റെ വാചകങ്ങൾ നിങ്ങൾ സ്വീകരിക്കുകയും അംഗീകരിക്കുകയും ചെയ്യൂ.. അദ്ദേഹം തന്റെ അനുവാചകരോടും നാട്ടുകാരോടും വിളിച്ചുപറഞ്ഞു.

ഇസ്ലാമിലേക്ക് ആകർഷിക്കാനുള്ള ഒരുപാട് ഘടകങ്ങളിൽ സുപ്രധാനമായതാണ് തിരുനബിﷺ മുന്നോട്ടുകൊണ്ടുവന്ന പവിത്ര ഖുർആനിന്റെ വചന സ്വാധീനം. വസ്തുതാപരമായി പരിശുദ്ധ ഖുർആനിനെയും അതിന്റെ ശൈലിയും എല്ലാം പഠിച്ചപ്പോൾ അക്കാലത്തും ഇക്കാലത്തും അതിന്റെ വശ്യതയിൽ അത്ഭുതപ്പെടുന്നവരാണ് വിജ്ഞാനികൾ മുഴുവൻ. ഏതുകാലത്തും ഇസ്ലാം സ്വാധീനിക്കപ്പെട്ടതിന്റെ സുപ്രധാനമായ ഘടകവും ഖുർആനിന്റെ സാന്നിധ്യം തന്നെയാണ്. നേരാംവണ്ണം ഖുർആൻ പഠിക്കാനും പഠിപ്പിക്കാനുമുള്ള അവസരങ്ങൾ തുറക്കപ്പെടുമ്പോൾ ഇസ്ലാമിന്റെ മാധുര്യം അനുഭവിക്കാൻ ഏറെ ആളുകൾക്ക് സാധിക്കുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-636

Tweet 636
ബനൂ സുലൈമിന്റെ അല്പം വർത്തമാനം കൂടി നമുക്ക് പറയാം.

മക്ക വിജയവർഷം അവർ തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. എഴുന്നൂറോ ആയിരമോ അംഗങ്ങളുള്ള സംഘമായിരുന്നു അപ്പോൾ അവർ. അബ്ബാസ് ബിൻ മിർദാസ്(റ), അനസ് ബിൻ അബ്ബാസ്(റ), റാശിദ്‌ ബിൻ അബ്‌ദി റബ്ബഹു(റ) എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. അവർ ഇസ്ലാം സ്വീകരിക്കുകയും മക്കാ വിജയ മുന്നേറ്റത്തിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തു. ചുവന്ന പതാക വഹിച്ചു മുന്നണിയിൽ തന്നെ അവർ നിലകൊണ്ടു. തുടർന്ന് ത്വാഇഫ്, ഹുനൈൻ മുന്നേറ്റങ്ങളിലും അവർ പങ്കെടുത്തു. റാശിദ്‌ ബിൻ അബ്‌ദി റബ്ബഹു(റ) എന്ന വ്യക്തിക്ക് തിരുനബിﷺ റൂഹാത് എന്ന പ്രവിശ്യ അനുവദിച്ചു നൽകി. അവിടെ ഐനുർറസൂൽ എന്ന ഒരു അരുവിയുണ്ട്. നേരത്തെ റാശിദ്‌(റ) ബനൂ സുലൈമിലെ ബിംബാരാധനയുടെ കാർമികത്വം നിർവഹിച്ചിരുന്ന ആളായിരുന്നു. ഒരു ദിവസം രണ്ട് കുറുക്കന്മാർ അവർ ആരാധിച്ചിരുന്ന പ്രതിഷ്ഠയിന്മേൽ മൂത്രമൊഴിക്കുന്നത് കണ്ടു. അപ്പോൾ അദ്ദേഹം ഒരു വരി കവിത ചൊല്ലി.

“അറബ്ബുൻ യാബൂലുസ്സുഅലബാനി ബി റാ സിഹി
ലഖദ് ദല്ല മൻ ബാലത് അലൈഹി സ ആലിബു.”

ശിരസ്സിന്മേൽ കുറുക്കന്മാർ മൂത്രമൊഴിക്കുന്ന ഈ വസ്തുവാണോ എന്റെ രക്ഷിതാവ്? എത്രമേൽ നിന്ദ്യമായിരിക്കുന്നു ഇത്.
ഈ രംഗം അദ്ദേഹത്തെ ചൊടിപ്പിച്ചു. കോപാകുലനായി തന്റെ പ്രതിഷ്ഠയെ അദ്ദേഹം തന്നെ തകർത്തു കളഞ്ഞു. ശേഷമായിരുന്നു അദ്ദേഹം പ്രവാചക സന്നിധിയിലേക്ക് വന്നത്. അദ്ദേഹത്തിന്റെ വർത്തമാനങ്ങൾക്ക് ശേഷം തിരുനബിﷺ അദ്ദേഹത്തിന്റെ പേര് അന്വേഷിച്ചു. ഗാവി ബിൻ അബ്ദുൽ ഉസ്സ എന്ന പേര് അദ്ദേഹം പറഞ്ഞു. ദൈവത്തിന്റെ ദാസൻ ഗാവി എന്നാണ് പേരിന്റെ അർത്ഥം. ഉടനെ പ്രവാചകൻﷺ അദ്ദേഹത്തിന്റെ പേര് മാറ്റി. തന്റെ യഥാർത്ഥ പരിപാലകന്റെയും സ്രഷ്ടാവിന്റെയും ദാസനായ മാർഗ്ഗദർശി എന്ന അർത്ഥമുള്ള റാശിദ്‌ ബിൻ അബ്‌ദി റബ്ബഹു(റ) എന്ന് നാമകരണം ചെയ്തു. പിന്നീട് അദ്ദേഹം പ്രവാചകനുﷺമായി നല്ല ബന്ധത്തിൽ തുടരുകയും തുടർന്നുള്ള മുഴുവൻ മുന്നേറ്റങ്ങളിലും ഭാഗമാവുകയും ചെയ്തു. അറബി ഗോത്രങ്ങളിൽ ഏറ്റവും മെച്ചപ്പെട്ടത് ബനു സുലൈമും അവരിൽ ഏറ്റവും മെച്ചപ്പെട്ട വ്യക്തി റാശിദും(റ) ആണ് എന്ന് തിരുനബിﷺ ഒരിക്കൽ പറഞ്ഞു.

ഖുദദ് ബിൻ അമ്മാർ(റ) എന്ന വ്യക്തി പ്രവാചക സവിധത്തിലേക്ക് വരികയും കുതിരപ്പുറത്ത് സഞ്ചരിക്കുന്ന ആയിരം പേരോടൊപ്പം ഈ സന്നിധിയിലേക്ക് വരാമെന്ന് പ്രവാചകരോﷺട് വാഗ്ദാനം ചെയ്യുകയും ചെയ്ത സംഭവം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നുണ്ട്.

അദ്ദേഹം തന്റെ നാട്ടിലേക്ക് പോയി ആളുകളെ സംഘടിപ്പിച്ചു. ആയിരം ആളുകളിൽ നിന്ന് 100 പേരെ നാട്ടിൽ തന്നെ നിർത്തി. എന്തെങ്കിലും പ്രതിരോധം ആവശ്യമായി വന്നാൽ വേണമല്ലോ എന്ന് കരുതിയായിരുന്നു ഇത്. ബാക്കിയുള്ള 900 ആളുകളോടൊപ്പം മദീനയിലേക്ക് പോകാൻ തയ്യാറായി. അങ്ങനെയിരിക്കെ അദ്ദേഹത്തിന് മരണം ആസന്നമായി. അവിടെയുള്ള മൂന്നാളുകളെ 300 വീതം ആളുകളുടെ സംഘങ്ങളെ തിരിച്ച് ചുമതലകൾ നൽകി. എന്റെ വസിയ്യത്ത് നിങ്ങൾ നിറവേറ്റി ഈ സംഘത്തെ നയിച്ച് പ്രവാചക സവിധത്തിലേക്ക് പോകണമെന്ന് ഏൽപ്പിച്ചു. അബ്ബാസ് ബിൻ മിർദാസ്(റ), ജബ്ബാർ ബിൻ അൽ ഹകം(റ), ഫർറാർ അസ്സരീദ്(റ) എന്നിവരായിരുന്നു ആ മൂന്നു പേർ.

ഒസിയത്ത് നിറവേറ്റും വിധം അവർ സംഘങ്ങളെയും നയിച്ചു പ്രവാചക സവിധത്തിലേക്ക് എത്തി. ഉടനെ തന്നെ പ്രവാചകൻ‍ﷺ ചോദിച്ചു. സത്യവിശ്വാസവും സംഭാഷണ ചാതുരിയുമുള്ള ആ സുമുഖൻ എവിടെ? അല്ലാഹു അദ്ദേഹത്തെ വിളിക്കുകയും അദ്ദേഹം ആ വിളിക്കുത്തരം ചെയ്യുകയും ചെയ്തു എന്ന് അവർ മറുപടി പറഞ്ഞു. അപ്പോൾ തിരുനബിﷺയുടെ അടുത്ത ചോദ്യമാണ്. ആയിരം അംഗങ്ങൾ എന്നായിരുന്നല്ലോ അദ്ദേഹം വാഗ്ദാനം ചെയ്തത്. ബാക്കിയുള്ള നൂറുപേർ എവിടെ? കിനാന ഗോത്രത്തിന്റെ ആക്രമണം ഉണ്ടായാൽ പ്രതിരോധിക്കാൻ ആരുമില്ലാതെ വന്നാലോ എന്ന് കരുതി ഞങ്ങൾ അവരെ നാട്ടിൽ നിർത്തി പോന്നതാണ്. ഇല്ല, ഈ വർഷം ഒരു കക്ഷിയും നിങ്ങൾക്കെതിരെ വരില്ല എന്ന് പ്രവാചകൻﷺ മുന്നറിയിപ്പ് നൽകി. ഈ സന്ദേശത്തെ തുടർന്ന് ആ 100 പേരും കൂടി പ്രവാചക സാവിധത്തിലേക്ക് വന്നു. മുൻഖിഅ് ബിൻ മാലിക്കി(റ)ന്റെ നേതൃത്വത്തിലായിരുന്നു ആ സംഘം വന്നത്. ഹദ്ദ എന്ന പ്രദേശത്ത് വച്ചാണ് അവർ പ്രവാചക സന്നിധിയോട് ചേർന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-637

Tweet 637
യമനിലെ സുദാ ഗോത്രത്തിൽ നിന്നുള്ള നിവേദക സംഘം.

സിയാദ് ബിൻ ഹാരിസ് അസ്സുദാഇ(റ) നിവേദനം ചെയ്യുന്നു. ഞാൻ പ്രവാചക സവിധത്തിൽ എത്തി ഇസ്ലാം സ്വീകരിച്ചു. പ്രവാചകനോﷺട് കരാറിൽ ഏർപ്പെട്ടു. എന്റെ പ്രദേശത്തേക്ക് പ്രവാചകരുﷺടെ ഒരു സംഘം സൈനികർ പോയിട്ടുണ്ടെന്ന വിവരം അപ്പോൾ എനിക്ക് ലഭിച്ചു.

ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഹിജ്റയുടെ എട്ടാം വർഷം ജഇർറാനയിൽ നിന്ന് പ്രവാചകൻﷺ മടങ്ങി വന്നശേഷം അവിടുത്തെ അനുയായികളിൽ നിന്ന് ഒരു സംഘത്തെ യമൻ പ്രദേശത്തേക്ക് നിയോഗിച്ചു. സുദാ ഗോത്രക്കാരുടെ ഭൂമിയിൽ എത്തിച്ചേരണമെന്ന് അവരോട് നിർദ്ദേശിക്കുകയും ചെയ്തു.

സിയാദ് ബിൻ ഹാരിസ് അസ്സുദാഇ(റ) തുടരുന്നു. ഞാൻ പ്രവാചകനോﷺട് പറഞ്ഞു. ഞാൻ എന്റെ നാട്ടുകാരുടെ പ്രതിനിധിയാണ്. അവർ ഇസ്ലാം സ്വീകരിച്ച് ഇങ്ങോട്ട് വരാൻ സന്നദ്ധരാണ്. എന്റെ നാട്ടുകാർ ഇസ്ലാം സ്വീകരിച്ച് അനുസരിക്കും എന്നതിന് ഞാൻ തങ്ങളുടെ മുമ്പിൽ സാക്ഷിയാണ്. അതുകൊണ്ട് അവിടുന്ന് അങ്ങോട്ട് അയച്ച സൈന്യത്തെ ഒന്ന് തിരിച്ചു വിളിച്ചാൽ നന്നായിരുന്നു. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾ തന്നെ വേഗം മടങ്ങിപ്പോയി അവരെ ഇങ്ങോട്ട് മടക്കി വിളിച്ചോളൂ. ഞാൻ പറഞ്ഞു, എന്റെ വാഹനം വല്ലാതെ ക്ഷീണിച്ചു പോയി. അതുകൊണ്ട് എനിക്ക് വേഗം അതിൽ യാത്ര ചെയ്യാൻ സാധ്യമല്ല. അപ്പോൾ തന്നെ പ്രവാചകൻﷺ ഒരു പ്രതിനിധിയെ അയച്ചു. സൈന്യത്തോട് തിരിച്ചുവരാൻ ആവശ്യപ്പെട്ടു. എന്റെ സമൂഹത്തിലേക്ക് ഒരു നിവേദനം അയച്ചു. അതുപ്രകാരം അവരിൽ നിന്നുള്ള സംഘങ്ങൾ ഇസ്ലാം സ്വീകരിച്ചു പ്രവാചകസവിധത്തിലേക്ക് വന്നുചേർന്നു.

15 പ്രതിനിധികൾ തിരുനബി സന്നിധിയിൽ എത്തിച്ചേർന്നു. അപ്പോൾ സഅദ് ബിൻ ഉബാദാ(റ) പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ ആ വന്നവർ എന്റെ അടുക്കൽ താമസിച്ചു കൊള്ളട്ടെ. പ്രവാചകൻﷺ സമ്മതം നൽകി. അവർക്ക് നല്ല സ്വീകരണവും സൽക്കാരവും ഉടയാടകളും നൽകി തിരുനബി സന്നിധിയിലേക്ക് അവരെ ആനയിച്ചു. അവരെല്ലാവരും ഔദ്യോഗികമായി ഇസ്ലാം പ്രഖ്യാപിക്കുകയും പ്രവാചകനോﷺട് കരാറിൽ ഏർപ്പെടുകയും ചെയ്തു.

സിയാദ് ബിൻ ഹാരിസ്(റ) പറയുന്നു. ആ സമയത്ത് തിരുനബിﷺ എന്നോട് പറഞ്ഞു. സുദാ ഗോത്രക്കാരുടെ സഹോദരാ നിങ്ങൾ നിങ്ങളുടെ നാട്ടിൽ സ്വീകാര്യനായ ആളാണല്ലോ. ഞാൻ പറഞ്ഞു. അങ്ങനെയൊന്നുമല്ല അവർക്ക് അല്ലാഹു നേർവഴി നൽകിയതാണ്. അപ്പോൾ നബിﷺ ചോദിച്ചു. നിങ്ങളെ അവരുടെ നേതാവാക്കട്ടെയോ? ഞാൻ സമ്മതിച്ചു. എന്നെ എന്റെ സമൂഹത്തിന്റെ നേതാവാക്കുകയും അതിനാവശ്യമായ പ്രസ്താവനകൾ രേഖപ്പെടുത്തുകയും ചെയ്തു. അപ്പോൾ ഞാൻ പ്രവാചകനോﷺട് ചോദിച്ചു. അവരിൽ നിന്നുള്ള ധർമ്മ സമാഹരണം എന്തെങ്കിലും? അപ്പോൾ അതിനു വേണ്ടി പ്രത്യേകം എഴുത്തുകുത്തുകൾ നടത്തി.

സിയാദ്(റ) പറയുന്നു. അത് അവിടുത്തെ ചില യാത്രകൾക്കിടയിലായിരുന്നു. യാത്രാ മദ്ധ്യേ അവരിൽ ചിലരുടെ ഭവനങ്ങളിൽ പ്രവാചകൻﷺ സന്ദർശിച്ചു. അപ്പോൾ അവർ അവരുടെ അമീറിനെ അഥവാ നേതാവിനെ കുറിച് പരാതി പറഞ്ഞു. ജാഹിലിയ്യ കാലത്ത് ഞങ്ങളുണ്ടായിരുന്ന എല്ലാ അവകാശങ്ങളും നീക്കം ചെയ്തു എന്നായിരുന്നു പരാതി. അപ്പോൾ നബിﷺ ചോദിച്ചു. നിങ്ങൾ അങ്ങനെ ചെയ്തുവോ? അതെ, അവർ പ്രതികരിച്ചു. ഞാൻ ഉൾപ്പെടെയുള്ള അനുയായികളിലേക്ക് തിരിഞ്ഞ് തിരുനബിﷺ ഇങ്ങനെ പറഞ്ഞു. ശരിയായ വിശ്വാസിയായ ഒരു മനുഷ്യനു നേതൃഭാരം അത്ര ഉചിതമല്ല, അല്ലേ?ഹാരിസ് പറയുന്നു. തിരുനബിﷺയുടെ ആ പ്രയോഗം എന്റെ മനസ്സിൽ പതിഞ്ഞു. അപ്പോഴേക്കും മറ്റൊരാൾ പ്രവാചകരുﷺടെ അടുത്തേക്ക് വന്നു. അയാൾ പറഞ്ഞു. എനിക്ക് എന്തെങ്കിലും തന്നാലും. ഒരാൾ ഐശ്വര്യവാനായിരിക്കെ മറ്റൊരാളോട് ചോദിക്കുന്നത് ഒരു തലവേദനയും ഉദരരോഗവുമാണ്. അപ്പോൾ അയാൾ പറഞ്ഞു. എന്നാൽ, സ്വദഖയിൽ നിന്നുള്ള സ്വത്ത് എനിക്കും തരൂ. പ്രസ്തുത സ്വത്തിനെ കുറിച്ച് പ്രവാചകനോﷺ മറ്റുള്ളവരോ വിധിച്ചാൽ അത് അല്ലാഹുവിനു തൃപ്തിയാവില്ല. കാരണം അതിൽ അല്ലാഹു തന്നെ നേരിട്ട് 8 അവകാശികൾ നിശ്ചയിക്കുകയും നിർണയിക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങൾ ആ ഗണത്തിൽപെട്ട ഒരാളാണെങ്കിൽ നിങ്ങൾക്ക് തരാം. അല്ലാത്തപക്ഷം നിങ്ങൾക്ക് തരാൻ ന്യായമില്ല. അങ്ങനെ വരുമ്പോൾ ആ ചോദ്യം തലയ്ക്കു വേദനയും പള്ളക്ക് രോഗവുമായി വരും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-638

Tweet 638
സിയാദ്(റ) തുടരുന്നു. ഞാൻ ധനികൻ ആയിരിക്കെ ധർമ്മത്തെക്കുറിച്ച് ചോദിച്ചത് ഉചിതമായില്ല എന്ന് എനിക്ക് മനസ്സിൽ തോന്നി. തുടർന്ന് രാത്രിയുടെ ആദ്യത്തിൽ തിരുനബിﷺ യാത്രതിരിച്ചു. ഞാനും ഒപ്പം ചേർന്നു. പ്രവാചകനോﷺടൊപ്പം മറ്റ് ശിഷ്യന്മാരും ഉണ്ടായിരുന്നെങ്കിലും ഞാൻ തൊട്ടുചേർന്ന് തന്നെ പിന്തുടരുകയും കുറെ മുന്നോട്ടു പോയപ്പോൾ ഞാനും നബിﷺയും മാത്രമായി. മറ്റുള്ളവരെല്ലാം കുറെ പിന്നിലായിരുന്നു. പ്രഭാത നിസ്കാരം അഥവാ സുബ്ഹിയുടെ സമയമായപ്പോൾ എന്നോട് ബാങ്ക് കൊടുക്കാൻ കൽപ്പിച്ചു. ഞാൻ അത് നിർവഹിച്ചു. തുടർന്ന് ഞാൻ ചോദിച്ചു. ഇഖാമത്ത് കൊടുക്കട്ടെയോ? പ്രവാചകൻﷺ പടിഞ്ഞാറോട്ടും കിഴക്കോട്ടും മൊത്തതിൽ ഒന്നു നോക്കിയിട്ട് പറഞ്ഞു. ഇപ്പോൾ വേണ്ട. ഫജർ ഉദിച്ചപ്പോൾ പ്രവാചകൻﷺ വാഹനത്തിൽ നിന്നിറങ്ങി. പ്രാഥമികാവശ്യ നിർവഹണത്തിന് വേണ്ടി പോയി.

അപ്പോഴേക്കും പിന്നിൽ സഞ്ചരിച്ചവരൊക്കെ ഞങ്ങളുടെ സംഘത്തോടൊപ്പം വന്നു ചേർന്നിരുന്നു. എന്റെ ഭാഗത്തേക്ക് തിരിഞ്ഞുകൊണ്ട് തിരുനബിﷺ ചോദിച്ചു. അല്ലയോ സുദായിൽ നിന്നു വന്ന സഹോദരാ. കുറച്ചു വെള്ളം കൈവശമുണ്ടോ? ഇല്ലല്ലോ അവിടുത്തേക്ക് മതിയാകും വിധമുള്ള വെള്ളം കൈവശമില്ല. വളരെ കുറഞ്ഞ വെള്ളമേ ഇപ്പോൾ എന്റെ പക്കൽ ഉള്ളൂ. എന്നാൽ, ആ ഉള്ള വെള്ളം ഒരു പാത്രത്തിൽ ആക്കി ഇങ്ങോട്ട് കൊണ്ടുവരൂ. ഞാൻ അതുപ്രകാരം അനുസരിച്ചു. പ്രവാചകന്‍ﷺ ആ വെള്ളപ്പാത്രത്തിലേക്ക് അവിടുത്തെ മുൻകൈ താഴ്ത്തി വച്ചു. അപ്പോഴതാ അവിടുത്തെ വിരലുകൾക്കിടയിൽ നിന്ന് ഉറവയൊലിക്കും പോലെ.

അല്ലയോ സുദാ സഹോദരാ അല്ലാഹുവിനോട് ഒരു ലജ്ജ തോന്നിയിരുന്നില്ലെങ്കിൽ എത്ര വേണമെങ്കിലും ഇതിൽ നിന്ന് കുടിക്കുകയും കുടിപ്പിക്കുകയും ചെയ്യാൻ നമുക്ക് എടുക്കാമായിരുന്നു. ഏതായാലും സംഘത്തിൽ ആരെങ്കിലും അത്യാവശ്യമുള്ളവർ ഉണ്ടെങ്കിൽ അവരോട് വരാൻ വേണ്ടി പറയൂ. വിളിച്ചു പറഞ്ഞത് പ്രകാരം വെള്ളം അത്യാവശ്യമുള്ളവർ തിരുനബിﷺയുടെ അടുക്കലേക്ക് വന്നു. ശേഷം, പ്രവാചകൻﷺ നിസ്കാരത്തിനു വേണ്ടി എഴുന്നേറ്റു. ബിലാലി(റ)നു ഇഖാമത്ത് കൊടുക്കണം എന്നുണ്ടായിരുന്നു. അപ്പോൾ തിരുനബിﷺ ഇടപെട്ടു പറഞ്ഞു. സുദായിൽ നിന്നുള്ള ആ സഹോദരൻ ഇഖാമത്ത് കൊടുക്കട്ടെ. അദ്ദേഹമാണല്ലോ ബാങ്ക് കൊടുത്തത്. ബാങ്ക് കൊടുത്ത ആൾക്കാണ് ഇഖാമത്ത് കൊടുക്കാനുള്ള അവകാശം. ശേഷം, തിരുനബിﷺയുടെ നേതൃത്വത്തിൽ നിസ്കാരം നടന്നു.

നിസ്കാരാനന്തരം രണ്ട് കരാർ പത്രങ്ങളുമായി ഞാൻ നബിﷺയെ സമീപിച്ചു. നേരത്തെ ചുമതലകൾ ഏൽപ്പിച്ചു കൊടുത്തപ്പോൾ രേഖപ്പെടുത്തിയ കരാറുകൾ ആയിരുന്നു അത്. ഞാൻ പറഞ്ഞു. ഈ രണ്ടു ഉത്തരവാദിത്വത്തിൽ നിന്നും എന്നെ ഒന്ന് ഒഴിവാക്കി തരണം. നബിﷺ ചോദിച്ചു, അതെന്തേ? അവിടുന്ന് പറഞ്ഞുവല്ലോ വിശ്വാസിക്ക് നേതാവാകുന്നതിൽ വലിയ നന്മയൊന്നും ഇല്ല എന്ന്. ഞാൻ ശരിയായ ഒരു മുഅ്മിൻ അഥവാ വിശ്വാസിയാണ്. അല്ലാഹുവിനെയും റസൂലിﷺനെയും ഞാൻ വിശ്വസിക്കുന്നു. പിന്നീട് അവിടുന്ന് പറഞ്ഞത് കേട്ടുവല്ലോ! ഐശ്വര്യം ഉണ്ടായിരിക്കെ ധർമ്മം ചോദിക്കുന്നത് തലയ്ക്ക് വേദനയും വയറിന് രോഗവും ആണെന്ന്. സത്യത്തിൽ ഞാൻ സൗകര്യങ്ങളും ഐശ്വര്യവും ഉള്ള ആളാണ്. അപ്പോൾ പ്രവാചകൻﷺ എന്നോട് പറഞ്ഞു. നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ ഉത്തരവാദിത്വത്തിൽ തുടരാം. ഇല്ലെങ്കിൽ അതിൽ നിന്ന് ഒഴിവാക്കുകയും ചെയ്യാം. ഞാൻ പറഞ്ഞു. ഞാൻ ഒഴിവാക്കാൻ ആണ് താൽപര്യപ്പെടുന്നത്. എന്നാൽ, അതിനു പറ്റുന്ന മറ്റൊരാളെ കാണിച്ചു തരൂ. അപ്പോൾ ഞാൻ ഞങ്ങളുടെ സംഘത്തിൽ നിന്നും ഒരാളെ ചൂണ്ടിക്കൊടുക്കുകയും അദ്ദേഹത്തെ നേതൃചുമതല ഏൽപ്പിക്കുകയും ചെയ്തു.

ഞങ്ങൾ പ്രവാചകരോﷺട് പറഞ്ഞു. ഞങ്ങൾക്കൊരു കിണറുണ്ട്. ശൈത്യകാലമായാൽ ഞങ്ങൾക്ക് ആവശ്യമായ വെള്ളം അതിൽ നിന്ന് ലഭിക്കും. പക്ഷേ, വേനൽ ആയാൽ വെള്ളം കുറയുകയും ഞങ്ങൾ ആവശ്യത്തിനുവേണ്ടി പല ഭാഗത്തേക്കും പോകേണ്ടി വരികയും ചെയ്യുന്നു. ഞങ്ങളുടെ പരിസരങ്ങളിൽ ഉള്ളവരാണെങ്കിലോ ഞങ്ങളുടെ എതിരാളികളും ശത്രുക്കളുമാണ്. അതുകൊണ്ട് ഞങ്ങൾക്ക് മതിയായ വെള്ളം ഞങ്ങളുടെ കിണറ്റിൽ ലഭിക്കാനും അവിടെ ഞങ്ങൾ ഒത്തുകൂടാനും നാലുവഴിക്ക് പോകാതെ ഒരുമിച്ചു കൂടാനും വേണ്ടി പ്രാർത്ഥിക്കണം. അപ്പോൾ 7 ചരൽ കല്ലുകൾ കൊണ്ടുവരാൻ പ്രവാചകൻ പറഞ്ഞു. ഞങ്ങൾ കൊണ്ടുവന്നു കൊടുത്തപ്പോൾ കൈവെള്ളയിൽ വെച്ച് അതിന്മേൽ അവിടുന്ന് പ്രത്യേക പ്രാർത്ഥന നടത്തി പറഞ്ഞു. നിങ്ങൾ നാട്ടിലേക്ക് എത്തിയാൽ അല്ലാഹുവിന്റെ നാമം ഉരുവിട്ട് ഇത് ഓരോന്നോരോന്നായി കിണറ്റിലേക്കിടുക. ഞങ്ങൾ അതുപ്രകാരം നിർവഹിച്ചു. അപ്പോഴേക്കും ആ കിണറിന്റെ ആഴം ഞങ്ങളുടെ കണ്ണെത്താത്ത വിധത്തിലേക്ക് വർദ്ധിച്ചു.

നബിﷺയുടെ സവിധത്തിലേക്ക് വന്ന 15 പേരും അവരുടെ നാട്ടിലേക്ക് മടങ്ങി. പ്രദേശത്ത് ഇസ്ലാം പ്രചരിച്ചു. വിടവാങ്ങൽ ഹജ്ജ് വേളയിൽ പ്രസ്തുത പ്രവിശ്യയിൽ നിന്ന് 100 പേരെ തിരുനബിﷺക്ക് കണ്ടുമുട്ടാൻ കഴിഞ്ഞു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-639

Tweet 639
സ്വദിഫ് നിവേദക സംഘം

ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. സ്വദിഫ് നിവേദക സംഘം പത്തിൽ ചില്ലറ ആളുകൾ തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. അപ്പോൾ നബിﷺ അവിടുത്തെ ഭവനത്തിന്റെയും മിമ്പറിന്റെയും ഇടയിലുള്ള സ്ഥലത്തായിരുന്നു. ആഗതർ സംസാരിക്കുകയോ അഭിവാദ്യം ചെയ്യുകയോ ചെയ്യാതെ അവിടെയിരുന്നു. ഉടനെ പ്രവാചകൻﷺ ചോദിച്ചു. അല്ല, നിങ്ങൾ മുസ്‌ലിംകളല്ലേ? അവർ പറഞ്ഞു. അതെ, ഞങ്ങൾ മുസ്ലിംകൾ ആണല്ലോ. എന്നാൽ പിന്നെ എന്താണ് നിങ്ങൾ സലാം ചൊല്ലാത്തത്? ഉടനെ അവർ എഴുന്നേറ്റുനിന്ന് ഇങ്ങനെ അഭിവാദ്യം ചെയ്തു. അസ്സലാമു അലൈക അയ്യുഹന്നബിയ്യൂ വറഹ്മതുള്ളാഹി വബറകാതുഹു. അല്ലയോ നബിയായിട്ടുള്ളവരെﷺ, അല്ലാഹുവിന്റെ രക്ഷയും കാരുണ്യവും അനുഗ്രഹവും അവിടുത്തെ മേൽ വർഷിക്കട്ടെ. നബിﷺ പ്രത്യേകം അവരോട് ഇരിക്കാൻ പറഞ്ഞു. അവർ നിസ്കാരത്തിന്റെ സമയങ്ങളെക്കുറിച്ച് നബിﷺയോട് അന്വേഷിച്ചു. അവിടുന്ന് വിശദമായി അവർക്ക് പറഞ്ഞു കൊടുത്തു.

ഈ സംഘത്തെ കുറിച്ചുള്ള ഇത്രയും വിവരണങ്ങളെ നമുക്ക് വായിക്കാൻ ലഭിക്കുന്നുള്ളൂ. ഏതെല്ലാം പ്രാവിശ്യകളിൽ നിന്ന് പ്രവാചക സവിധത്തിലേക്ക് ആളുകൾ വന്നു. എന്ന അധ്യായത്തിൽ ഈ പഠനത്തിന് പ്രസക്തിയുണ്ട്. ഓരോ സംഘവും വന്നുചേർന്ന ശൈലിയും ഭാവവും അവർ സ്വീകരിച്ച രീതികളും അവരോട് പ്രവാചകൻﷺ പ്രത്യഭിവാദ്യം ചെയ്തതും സമീപനങ്ങൾ അടയാളപ്പെടുത്തിയതും ഏതു കാലത്തേക്കും ലഭിക്കുന്ന അനുഗ്രഹീത അധ്യായങ്ങളാണ്.

മനോഹരമായ ഒരു ആശയം ലോകത്തിന്റെ വിവിധ ദിക്കിലേക്ക് എങ്ങനെയൊക്കെ എത്തിച്ചേർന്നു എന്നും അത്തരമൊരു ആശയത്തെയും അതിന്റെ നേതൃത്വത്തെയും തേടി ആരെല്ലാം ആസ്ഥാനത്തേക്ക് വന്നു എന്നുമൊക്കെ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ഈ അധ്യായങ്ങൾ എത്ര ശോഭനമാണ്. ഇനി മറ്റൊരു സംഘത്തെ കുറിച്ച് വായിക്കാം.

അബൂ സുഫ്റയുടെ ആഗമനം.

ഇബ്നു അസാകിർ(റ) നിവേദനം ചെയ്യുന്നു. പ്രവാചകനുﷺമായി ഉടമ്പടിയിൽ ഏർപ്പെടാൻ അബൂസുഫ്റ(റ) എന്നയാൾ പ്രവാചക സന്നിധിയിലേക്ക് വന്നു. അതീവ സൗന്ദര്യവും സംഭാഷണ ചാതുരിയും ദീർഘകായനുമായ വ്യക്തിയായിരുന്നു അദ്ദേഹം. ഒരു മഞ്ഞ മേൽവസ്ത്രം അദ്ദേഹം അണിഞ്ഞിരുന്നു. അയാളുടെ സൗന്ദര്യവും ഭാവവും നബിﷺയെ തന്നെ ആശ്ചര്യപ്പെടുത്തി. അവിടുന്നു ചോദിച്ചു. നിങ്ങൾ ആരാണ്? അയാൾ പറഞ്ഞു. ഞാൻ കപ്പൽ കൊള്ളക്കാരനായ മുസ്തകബീറിന്റെ മകൻ ജലൻഡിന്റെ മകൻ ഹിഖ്ആമിന്റെ മകൻ ശിഹാബിന്റെ മകൻ ഉമറിന്റെ മകൻ ളാലിമിന്റെ മകൻ സാരിഖിന്റെ മകൻ ഖാത്തിആണ്. അക്രമിയുടെ മകൻ കള്ളന്റെ മകൻ വഴിക്കൊള്ളക്കാരൻ എന്നാണ് പറഞ്ഞതിന്റെ പ്രാരംഭം. ഞാൻ രാജകുടുംബത്തിലുള്ള ഒരു രാജാവ് എന്നുകൂടി അയാൾ ചേർത്തു പറഞ്ഞു. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. മോഷ്ടാവിനെയും കൊള്ളക്കാരനെയും ഒക്കെ ഒഴിവാക്കൂ. നിങ്ങൾ സുഫ്റയുടെ പിതാവാണ് അഥവാ നിങ്ങൾ ഇനിമുതൽ അബൂസുഫ്റ(റ)യാണ്. ഇത് കേട്ടതും അയാൾ സത്യവാചകം പ്രഖ്യാപിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവിടുന്ന് അല്ലാഹുവിന്റെ ദൂതനാﷺണെന്നും ഞാൻ ഉറപ്പിച്ചു തറപ്പിച്ചു വിശ്വസിക്കുന്നു.

എനിക്ക് 18 ആൺകുട്ടികളും പത്തൊൻപതാമത് ഒരു മകളെയും ലഭിച്ചു. അവൾക്ക് ഞാൻ സുഫ്റ എന്ന പേര് വച്ചു. അപ്പോൾ നബിﷺ പറഞ്ഞു. നിങ്ങൾക്ക് അബൂസുഫ്റ അഥവാ സുഫ്റയുടെ പിതാവ് എന്ന് ഞാൻ നാമകരണം ചെയ്യുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-640

Tweet 640
ളിമാം ബിൻ സഅലബ(റ)യുടെ നിവേദക സംഘം

അബൂ ഹുറൈറ(റ) പറയുന്നു. ഒരു ദിവസം നബിﷺ പള്ളിയിൽ ചാരി ഇരിക്കുകയായിരുന്നു. ഒരാൾ ഒട്ടകപ്പുറത്തു വന്നു പള്ളിയുടെ സമീപത്ത് ഇറങ്ങി. അടുത്തുതന്നെ ഒട്ടകത്തെ ബന്ധിച്ചു. ശേഷം, പള്ളിയിലേക്ക് കടന്നു വന്നു. അതികായനും മുടി നീട്ടി വളർത്തി, രണ്ടു കുടുമയുള്ള ആളുമായിരുന്നു അദ്ദേഹം. അയാൾ നേരെ പ്രവാചകരുﷺടെ അടുത്തേക്ക് തന്നെ വന്നു. എന്നിട്ട് ചോദിച്ചു. നിങ്ങളിൽ ആരാണ് മുഹമ്മദ്ﷺ? നിങ്ങളിൽ ആരാണ് അബ്ദുൽ മുത്തലിബിന്റെ പൗത്രൻﷺ? ഞങ്ങൾ അയാളോട് പറഞ്ഞു. അത് ആ ഇരിക്കുന്ന വെളുത്ത വ്യക്തിത്വം തന്നെ.

മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കാണാം. പ്രാന്ത പ്രദേശത്ത് താമസിക്കുന്ന ഒരാൾ പ്രവാചക സവിധത്തിലേക്ക് വന്നു. ആരാണ് മുഹമ്മദ്ﷺ എന്ന് ചോദിച്ചു കൊണ്ട് തിരുനബിﷺയുടെ സമീപത്തേക്ക് നീങ്ങി. എന്നിട്ട് അയാൾ ഇങ്ങനെ പറഞ്ഞു. ഞാൻ പരുഷമായിട്ടായിരിക്കും അവിടുത്തോട് സംസാരിക്കുന്നത്. അതിൽ അവിടുന്ന് പരിഭവം ഒന്നും വിചാരിക്കരുത്. നബിﷺ പറഞ്ഞു. നിങ്ങൾ എങ്ങനെയും സംസാരിച്ചോളൂ അതുകൊണ്ട് എനിക്കൊന്നുമില്ല.

അനസ്(റ) പറയുന്നു. നമ്മെ ആശ്ചര്യപ്പെടുത്തുന്ന വിധം പ്രാന്ത പ്രദേശത്ത് താമസിക്കുന്ന ആളുകൾ ചോദിക്കുന്ന കാര്യങ്ങളിൽ ഇടപെടരുത് എന്ന് ഖുർആൻ നിർദ്ദേശിച്ചിട്ടുണ്ട്. ചോദിക്കുന്നവർ ചോദിക്കും ഞങ്ങൾ അത് കേട്ടുകൊണ്ടിരിക്കും.

ആഗതന്റെ ചോദ്യം ഇങ്ങനെ തുടർന്നു. അല്ലയോ മുഹമ്മദ് നബിﷺയെ, അവിടുത്തെ പ്രതിനിധി എന്നെ സമീപിച്ചു. എന്നിട്ട് പറഞ്ഞു. അല്ലാഹു തങ്ങളെ അവന്റെ ദൂതനായി തിരഞ്ഞെടുത്തിരിക്കുന്നു എന്ന്. അതെ ശരിയാണല്ലോ. നബിﷺ പ്രതികരിച്ചു. എന്നാൽ ആകാശത്തെ സൃഷ്ടിച്ചത് ആരാണ്? അല്ലാഹു. ഭൂമിയെ പടച്ചത് ആരാണ്? അല്ലാഹു. ഈ പർവതങ്ങളെ നാട്ടുകയും അതിന്മേലുള്ള വസ്തുക്കളെ സ്ഥാപിക്കുകയും ചെയ്തവൻ ആരാണ്? അല്ലാഹു. അയാൾ ചോദിക്കുകയും നബിﷺ ഉത്തരം പറയുകയും ചെയ്തു.

അബൂഹുറൈറ(റ)യും അനസും(റ) നിവേദനം ചെയ്ത ഒരു ഹദീസിൽ കാണാം. ആഗതൻ ചോദിച്ചു. എന്നെയും തങ്ങളെﷺയും നമുക്കു മുമ്പുള്ളവരെയും സൃഷ്ടിച്ചവനെ മുൻനിർത്തി ഞാൻ ചോദിക്കുന്നു. അല്ലാഹുവിനെ മാത്രമേ ആരാധിക്കാൻ പാടുള്ളൂ എന്നും അവനോട് ആരെയും പങ്കു ചേർക്കരുത് എന്നും നമ്മുടെ മുൻഗാമികൾ മുതൽ ആരാധിച്ചു കൊണ്ടിരിക്കുന്ന ബുദ്ദുകളെ മുഴുവൻ ഉപേക്ഷിക്കണമെന്നും അല്ലാഹു തങ്ങളോട് കൽപ്പിച്ചിട്ടുണ്ടോ? നബിﷺ പറഞ്ഞു, അതെ.

രാവിലും പകലിലുമായി അഞ്ചുനേരത്തെ നിസ്കാരം നിലനിർത്തണമെന്ന് അല്ലാഹു കൽപ്പിച്ചിട്ടുണ്ടോ? അതെ. നമ്മുടെ കൂട്ടത്തിലെ ധനികരിൽ നിന്ന് സമ്പാദ്യത്തിന്റെ വിഹിതം ധർമ്മമായി സ്വീകരിച്ച് പാവപ്പെട്ടവർക്ക് നൽകാൻ അല്ലാഹു കൽപ്പിച്ചിട്ടുണ്ടോ? ഉണ്ട്. വർഷത്തിലെ 12 മാസത്തിൽ നിന്ന് ഒരു മാസം വ്രതം അനുഷ്ഠിക്കാൻ അല്ലാഹു കൽപ്പിച്ചിട്ടുണ്ടോ? ഉണ്ട്. അല്ലാഹുവിന്റെ ഭവനം ലക്ഷ്യം വെച്ചുകൊണ്ട് വർഷത്തിൽ ഹജ്ജ് ചെയ്യണം എന്ന് അല്ലാഹുവിന്റെ കല്പനയുണ്ടെന്ന് അവിടുത്തെ പ്രതിനിധി എന്നോട് പറഞ്ഞുവല്ലോ! അത് ശരിയാണോ? അതെ.

കാര്യങ്ങളെല്ലാം വിശദമായിത്തന്നെ അയാൾ നബിﷺയോട് അന്വേഷിച്ചു. ഇസ്ലാമിന്റെ അടിസ്ഥാന ആചാരങ്ങളും അനുഷ്ഠാനങ്ങളും എണ്ണിയെണ്ണി തന്നെ സംസാരിച്ചു. ഒടുവിൽ അയാൾ സത്യവാചകം ചൊല്ലി ഇസ്ലാം പ്രഖ്യാപിച്ചു. എന്നിട്ട് അദ്ദേഹം ഇങ്ങനെ കൂടി പറഞ്ഞു. അവിടുന്ന് പറഞ്ഞ എല്ലാ കാര്യങ്ങളും ഞാൻ വിശ്വസിച്ചിരിക്കുന്നു. ഞാൻ എന്റെ സമൂഹത്തിലേക്കുള്ള പ്രതിനിധിയാണ്. അഥവാ സന്ദേശ മുഴുവനും എന്റെ ജനതയിലേക്ക് ഞാൻ എത്തിക്കും.

സാബിതി(റ)ൽ നിന്നുള്ള ഒരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. ഇസ്ലാമിലെ നിർബന്ധ കാര്യങ്ങൾ എണ്ണിപ്പറഞ്ഞതിനുശേഷം അയാൾ പറഞ്ഞു. ഈ പറയപ്പെട്ടതിൽ നിന്നും ഒന്നും ഞാൻ കുറയ്ക്കുകയോ ഇതിനേക്കാൾ ഒന്നും ഞാൻ വർദ്ധിപ്പിക്കുകയോ ചെയ്യില്ല. അയാൾ പറഞ്ഞത് സത്യമാണെങ്കിൽ അതുവഴി അയാൾ സ്വർഗ്ഗത്തിൽ പ്രവേശിക്കും എന്ന് നബിﷺ അപ്പോൾ തന്നെ പ്രതികരിച്ചു.

ഈ സംഭവത്തെ പരാമർശിച്ചുകൊണ്ട് ഉമറുബ്നു ഖത്വാബ്(റ) പറഞ്ഞു. ളിമാമു ബിൻ സഅലബ(റ)യെ പോലെ ചോദിക്കുകയും ഉത്തരങ്ങൾ സ്വീകരിക്കുകയും ചെയ്ത മറ്റൊരാളെയും എന്റെ ദൃഷ്ടിയിൽ പെട്ടിട്ടില്ല.

പ്രവാചകനുﷺമായുള്ള സംഭാഷണത്തിനു ശേഷം ഒട്ടകത്തെ കെട്ടഴിച്ചു അതിന്മേൽ സഞ്ചരിച്ച് അദ്ദേഹത്തിന്റെ നാട്ടിലേക്ക് പോയി. അപ്പോഴേക്കും പ്രദേശവാസികൾ അയാളുടെ ചുറ്റും കൂടി. അദ്ദേഹം കാര്യങ്ങളൊക്കെ വിശദമായി തന്നെ പറഞ്ഞു. ലാത്തയെയും ഉസ്സയെയും നിരാകരിച്ചു കൊണ്ടാണ് സംഭാഷണം ആരംഭിച്ചത്. അപ്പോൾ പറഞ്ഞു. ളിമാം ഇങ്ങനെയൊന്നും സംസാരിക്കരുത്. വെള്ളപ്പാണ്ടോ കുഷ്ഠരോഗമോ ഭ്രാന്തോ ഒക്കെ നിങ്ങൾക്ക് സംഭവിച്ചേക്കാം. ലാത്തയും ഉസ്സയും നമുക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യില്ല എന്ന് ഉടനെ തന്നെ അദ്ദേഹം പ്രതികരിച്ചു. ശേഷം, അദ്ദേഹം വിശദീകരിച്ചു. മഹത്തായ ഒരു ഗ്രന്ഥത്തോടൊപ്പം അല്ലാഹു അവന്റെ ദൂതനെﷺ നിയോഗിച്ചിരിക്കുന്നു. ഞാനിതാ സത്യസാക്ഷ്യ വാചകം പ്രഖ്യാപിക്കുന്നു. ലാഇലാഹ ഇല്ലല്ലാഹ്. അല്ലാഹു അല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതൻ ആണെന്നനും ഞാൻ സാക്ഷ്യം വഹിക്കുന്നു. അവിടുന്ന് കൽപ്പിച്ചതും വിരോധിച്ചതും ആയ കാര്യങ്ങളുമായിട്ടാണ് ഞാൻ നിങ്ങളിലേക്ക് വന്നിട്ടുള്ളത്. ഈ സംഭാഷണം അവസാനിച്ചതും അന്ന് വൈകുന്നേരം ആയപ്പോഴേക്ക് അവിടെയുള്ള മുഴുവൻ സ്ത്രീപുരുഷന്മാരും ഇസ്ലാം സ്വീകരിച്ചു. വൈകാതെ തന്നെ അവർ പള്ളി നിർമ്മിക്കുകയും വാങ്കൊലി മുഴക്കുകയും ചെയ്തു.

ഇബ്നു അബ്ബാസ്(റ) പറയുന്നു. ളിമാമു ബിൻ സഅലബ(റ) യോളം മഹത്വമുള്ള ഒരു അന്വേഷണ ദൂതനെയും നാം കേട്ടിട്ടേയില്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-641

Tweet 641
ത്വാരിഖ് ബിൻ അബ്‌ദില്ലാഹി(റ)യുടെ ആഗമനം.

ത്വാരിഖ് ബിൻ അബ്‌ദില്ലാഹി(റ) പഴയ കാര്യങ്ങൾ ഓർത്തെടുത്തു. ഞാൻ ദുൽ മജാസ് മാർകറ്റിൽ നിൽക്കുകയായിരുന്നു. അപ്പോൾ അതാ ജുബ്ബയണിഞ്ഞ ഒരാൾ വിളിച്ചു പറയുന്നു. അല്ലയോ ജനങ്ങളെ, ലാഇലാഹ ഇല്ലല്ലാഹ് അഥവാ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ല എന്ന് നിങ്ങൾ പ്രഖ്യാപിക്കൂ.. വിജയം വരിക്കൂ.. അപ്പോഴതാ ആ വിളിച്ചുപറയുന്ന വ്യക്തിയുടെ തൊട്ടു പിന്നിൽ തന്നെ മറ്റൊരാൾ വരുന്നു. ആദ്യത്തെ വ്യക്തിയെ എറിയാൻ കല്ലും ഓങ്ങി കൊണ്ടാണ് അയാൾ വിളിക്കുന്നത്. “ആ പറയുന്നത് നിങ്ങൾ വിശ്വസിക്കല്ലേ.” ഈ രംഗം ഞാൻ ചോദിച്ചു. ഈ വിളിച്ചു പറയുന്ന ആൾ ആരാണ്? ഹാശിം കുടുംബത്തിൽ നിന്ന് പ്രവാചകനാണെന്ന് അവകാശപ്പെടുന്ന വ്യക്തിയാണത്. പിന്നിൽ കല്ലുമായി പിന്തുടരുന്ന ആൾ ആരാണ്? അത് ആദ്യത്തെ വ്യക്തിയുടെ പിതൃ സഹോദരൻ അബ്ദുൽ ഉസ്സ അഥവാ അബൂലഹബ് ആണ്.

കാലം കഴിഞ്ഞു. നിരവധി ആളുകൾ മുസ്ലിമാവുകയും മദീനയിലേക്കുള്ള പലായനം നടക്കുകയും ചെയ്തു. ഞങ്ങൾ റബദയിൽ നിന്ന് മദീനയിലേക്ക് പോവുകയായിരുന്നു. അവിടുത്തെ കാരക്ക വാങ്ങുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. മദീനയുടെ മതിലുകളും മരങ്ങളും കാണുന്ന വിധം അടുത്തപ്പോൾ ഒന്നിറങ്ങി വസ്ത്രമൊക്കെ മാറ്റി റെഡിയായാലോ എന്ന് ആലോചിച്ചു. അപ്പോഴതാ ലളിതമായ രണ്ടു വസ്ത്രം ധരിച്ച ഒരു വ്യക്തി ഞങ്ങളെ അഭിവാദ്യം ചെയ്തു സലാം ചൊല്ലി. എന്നിട്ട് ചോദിച്ചു. നിങ്ങൾ എവിടുന്നാണ് വരുന്നത്? ഞങ്ങൾ പറഞ്ഞു, റബദയിൽ നിന്ന്. നിങ്ങളുടെ ലക്ഷ്യം എവിടേക്കാണ്? മദീനയിലേക്ക്. എന്താണ് അവിടെ? അവിടുത്തെ കാരക്ക വാങ്ങാൻ വേണ്ടി വന്നതാണ്.

നിവേദനം പറയുന്നു. ഒട്ടകത്തിൽ ഞങ്ങളുടെ സ്ത്രീകളും ഒപ്പം ഒരു ചുവന്ന ഒട്ടകവും ഉണ്ടായിരുന്നു. ഞങ്ങൾ കണ്ടുമുട്ടിയ വ്യക്തി ചോദിച്ചു. ഈ ഒട്ടകം നിങ്ങൾ എനിക്ക് വിൽക്കുമോ? അതെ, ഇത്രയ്ക്ക് ഇത്ര കാരക്ക തന്നാൽ അത് വിൽക്കാം. പറയപ്പെട്ട മൂല്യം ഞങ്ങൾക്ക് നൽകുന്നതിന് മുമ്പ് തന്നെ ഒട്ടകത്തിന്റെ കടിഞ്ഞാൺ പിടിച്ച് ആ വ്യക്തി മദീനയുടെ അതിർത്തിക്കുള്ളിലേക്ക് കടന്നു. അല്പം കഴിഞ്ഞതും ഞങ്ങളുടെ മറയത്തേക്കായി. ഞങ്ങൾ പറഞ്ഞു. എന്താണ് ഇപ്പോൾ നാം ചെയ്തത്. നമ്മൾ പൂർണ്ണമായും വിറ്റതും ഇല്ല. തുക ലഭിച്ചതും ഇല്ല. പരിചയമില്ലാത്ത ഒരു വ്യക്തിയുമായിട്ടാണല്ലോ നമ്മൾ ഇടപാട് നടത്തിയത്. ഉടനെ ഞങ്ങളോടൊപ്പം ഉള്ള സ്ത്രീ പറഞ്ഞു. നിങ്ങൾ ഒരാക്ഷേപവും വിചാരിക്കേണ്ടതില്ല. ആ വ്യക്തിയുടെ മുഖം കണ്ടിട്ട് ഒരിക്കലും ചതിക്കുന്ന ആളാകാൻ ഇടയില്ല. ആ മുഖത്തു നോക്കിയിട്ട് കണ്ടില്ലേ പതിനാലാം നിലാവ് എടുത്തുവച്ചതുപോലെ. നിങ്ങളുടെ ഒട്ടകത്തിന് ഞാൻ ജാമ്യമാണ്.

ഇത്രയും ആയപ്പോഴേക്കും ഒരാൾ അവിടേക്ക് വന്നു സ്വയം പരിചയപ്പെടുത്തി. ഞാൻ അല്ലാഹുവിന്റെ ദൂതന്റെﷺ പ്രതിനിധി ആകുന്നു. ഇതാ നിങ്ങൾക്ക് വേണ്ടി കാരക്ക കൊണ്ട് വന്നിട്ടുണ്ട്. വയറുനിറയെ കഴിക്കൂ. ശേഷം, നിങ്ങളെ കണക്ക് പ്രകാരം അളന്നെടുക്കൂ. ഞങ്ങൾ കഴിക്കുകയും വിശപ്പകറ്റുകയും ചെയ്തു. നേരത്തെ പറഞ്ഞത് പ്രകാരമുള്ള തൂക്കം കാരക്ക തൂക്കിയെടുത്തു. ശേഷം, വന്ന പ്രതിനിധിയോടൊപ്പം ഞങ്ങൾ മദീനയിലേക്ക് പ്രവേശിച്ചു. അപ്പോൾ പ്രവാചകൻﷺ പ്രഭാഷണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. പ്രഭാഷണത്തിനിടയിൽ ധർമ്മത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു.

കൊടുക്കുന്ന കൈയാണ് സ്വീകരിക്കുന്ന കൈയേക്കാൾ ശ്രേഷ്ഠമായത്. നിങ്ങളുടെ കുടുംബത്തിൽ നിന്നു തന്നെ അത് ആരംഭിക്കുക. അഥവാ മാതാപിതാക്കൾ, സഹോദരങ്ങൾ, ഉറ്റവർ, ഉടയവർ എന്നിങ്ങനെ. നിങ്ങൾ ധർമ്മം നിർവഹിക്കുക. അത് നിങ്ങൾക്ക് നന്മയേ വരുത്തുകയുള്ളൂ. ഇപ്രകാരം വിശദമായി തന്നെ പറഞ്ഞു. അപ്പോൾ അൻസ്വാരികളിൽ നിന്ന് ഒരാൾ എഴുന്നേറ്റു. അതല്ല ബനൂ യർബൂഇലെ പ്രതിനിധിയാണെന്നും അഭിപ്രായമുണ്ട്. ഇങ്ങനെ ചോദിച്ചു. അതല്ല, അവരിൽ നിന്ന് ലഭിക്കാനുള്ള രക്തം എങ്ങനെയാണ്? അഥവാ നേരത്തെ ജാഹിലിയ്യ കാലത്ത് നടന്നുപോയ കൊലപാതകത്തിന്റെ പരിഹാരം. പ്രവാചകൻﷺ പറഞ്ഞു. മക്കൾ മാതാവിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കുകയില്ല. മൂന്നുപ്രാവശ്യം അത് ആവർത്തിച്ചു.

നോക്കൂ എന്തെല്ലാം വിവരങ്ങളും വിവരണങ്ങളുമാണ് ഒരു മുഹൂർത്തത്തിൽ നിന്ന് നാം വായിക്കുന്നത്. പ്രവാചകരെﷺ ജീവിതത്തിൽ ആദ്യമായി കാണുന്നവർ അവിടുത്തെ ശോഭയും മനോഹാരിതയും സത്യസന്ധതയും മുഖത്തുനിന്നു തന്നെ വായിക്കുന്നു. അവിടുന്ന് കാര്യ നിർവഹണങ്ങളുടെ സുതാര്യമായ രീതി പരിചയപ്പെടുത്തുന്നു. അതിലളിതമായി നന്മകളെ കുറിച്ച് പ്രചോദനം നൽകുന്നു. വിവരമില്ലാത്ത കാലത്തെ ചെയ്തികൾക്ക് പരിഹാരം തേടിയിറങ്ങിയാൽ വീണ്ടും നന്മ സ്ഥാപിക്കാനാവില്ല എന്ന് മൂല്യങ്ങൾ മുന്നിൽ വെച്ചുകൊണ്ട് സംസാരിക്കുന്നു.

തിരുനബിﷺയുടെ ജീവിതവും വ്യവഹാരങ്ങളും അറ്റവും മൂലയും കൂട്ടാൻ ആവാത്ത ചില പരാമർശങ്ങളുടെ സംഗമം അല്ലെന്നും ചരിത്രത്തിന്റെ കൃത്യമായ വെളിച്ചത്തിൽ സുതാര്യമായ ജീവിതത്തിലൂടെ ആയിരുന്നുവെന്നും ഓരോ പാഠങ്ങളും നിരന്തരമായി നമ്മെ ബോധ്യപ്പെടുത്തി കൊണ്ടിരിക്കുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-642

Tweet 642
സൈദ് അൽ ഖൈലി(റ)ന്റെ ആഗമനം

ത്വയ്യ് ഗോത്രത്തിൽ നിന്ന് സെയ്ദ് അൽ ഖൈലി(റ)ന്റെ നേതൃത്വത്തിൽ പതിനഞ്ചാളുകൾ പ്രവാചക സവിധത്തിലേക്ക് വന്നു. സൈദ് അൽ ഖൈൽ(റ) എന്ന പ്രയോഗത്തിന്റെ സാരം കുതിരക്കാരൻ ആയ സൈദ് എന്നാണ്. അങ്ങനെ ഒരു പ്രയോഗമായി അദ്ദേഹത്തെ വിളിച്ചിരുന്നതാണെന്നും, അതല്ല അദ്ദേഹത്തിന്റേതായി അഞ്ചു കുതിരകൾ ഉണ്ടായിരുന്നതുകൊണ്ട് പ്രയോഗിച്ചതാണെന്നും പ്രമാണങ്ങൾ സംസാരിക്കുന്നു.

പ്രസ്തുത സംഘത്തിന്റെ വാഹനങ്ങൾ ബന്ധിച്ചു സൈദ്(റ) നബിﷺയുടെ സന്നിധിയിലേക്ക് കടന്നുവന്നു. ആഗതനോട് പേരെന്താണെന്ന് തിരുനബിﷺ ചോദിച്ചു. സൈദ് അൽ ഖൈൽ എന്ന് പറഞ്ഞപ്പോൾ അല്ല നിങ്ങൾ സൈദുൽ ഖൈർ നന്മയുടെ സൈദ് ആണെന്ന് അദ്ദേഹത്തോട് പ്രതികരിച്ചു. അന്നുമുതൽ ചരിത്രത്തിൽ അദ്ദേഹത്തെ അറിയപ്പെടുന്നത് സൈദ് അൽ ഖൈർ എന്നാണ്. ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങളും അനുബന്ധ കാര്യങ്ങളും പ്രവാചകർﷺ അവർക്ക് പറഞ്ഞു കൊടുത്തു. അവർ ഇസ്ലാം അംഗീകരിക്കുകയും അനുകരിക്കുകയും ചെയ്യാൻ തീരുമാനിച്ചു.

സൈദ്(റ) ആരോഗ്യ ദൃഢഗാത്രനും സുന്ദരനും അതികായനും ആയിരുന്നു. തിരുനബിﷺ പറഞ്ഞതായി ഒരു പ്രയോഗം ഇങ്ങനെയുണ്ട്. അറബികൾക്കിടയിൽ നിന്ന് ഏതെങ്കിലും ഒരാളെ കുറിച്ച് മഹത്വം പറഞ്ഞ് ആനയിക്കപ്പെട്ടാൽ, വിശേഷിപ്പിച്ചതിനേക്കാൾ എന്തെങ്കിലും ഒരു കുറവ് അയാളിൽ ഉണ്ടാകുമായിരുന്നു. എന്നാൽ, സൈദി(റ)നെ കുറിച്ച് അങ്ങനെ ആയിരുന്നില്ല. അയാളെക്കുറിച്ച് പറയപ്പെട്ടതിനെക്കാൾ മികച്ച രീതിയിൽ ആയിരുന്നു കാണാനായത്.

അദ്ദേഹം പ്രവാചക സവിധത്തിൽ നിന്ന് ഇസ്ലാം സ്വീകരിച്ച് തന്റെ ജനതയിൽ പ്രബോധനത്തിനു വേണ്ടി പുറപ്പെട്ടു. അദ്ദേഹത്തിന്റെ യാത്ര തുടങ്ങിയപ്പോൾ തന്നെ തിരുനബിﷺ പറഞ്ഞു. പനി അയാളെ ബാധിച്ചില്ലെങ്കിൽ അഥവാ പനി മൂലം അയാൾ മരണപ്പെട്ടില്ലെങ്കിലേ ഈ ദൗത്യം അദ്ദേഹത്തിന് നിർവ്വഹിക്കാനാവൂ എന്ന്. യാത്രാമധ്യേ ഫർദ എന്ന പ്രദേശത്ത് എത്തിയപ്പോൾ രോഗബാധിതനാവുകയും അവിടെത്തന്നെ മരണപ്പെടുകയും ചെയ്തു. ഇസ്ലാം സ്വീകരിച്ച നേരത്ത് തിരുനബിﷺ അദ്ദേഹത്തിന് ഫൈദ് പ്രദേശവും മറ്റു രണ്ടു ഭൂമികളും എഴുതി കൊടുത്തിരുന്നു. അതിനുള്ള രേഖകളും കൈമാറിയിരുന്നു.

സൈദി(റ)ന്റെ മരണാനന്തരം രേഖകളെക്കുറിച്ചൊന്നും വിവരമില്ലാത്ത ഭാര്യ ഇതുമായി ബന്ധപ്പെട്ട സാധനങ്ങളൊക്കെ അഗ്നിക്കിരയാക്കിയപ്പോൾ ഈ രേഖയും അതിൽ ഉൾപ്പെട്ടു.

പ്രവാചക സന്നിധിയിലെ മനോഹരമായ ചില കാഴ്ചകൾ സംഭാവന ചെയ്ത ആഗമനം ആയിരുന്നു സൈദി(റ)ന്റേത്. പ്രവാചകനെﷺക്കുറിച്ച് ആരിൽ നിന്നൊക്കെയോ കേട്ടത് പ്രകാരം തെറ്റിദ്ധരിച്ചു കൊണ്ടായിരുന്നു അയാൾ വന്നത്. എന്നാൽ നബിﷺയുടെ സമീപനവും സംഭാഷണവും അയാളെ സ്വാധീനിച്ചു. പ്രവാചകൻﷺ ആരാണെന്ന് നേരെ ചൊവ്വേ മനസ്സിലാക്കാൻ അവസരം കിട്ടി. പ്രവാചകൻﷺ അദ്ദേഹത്തെ പ്രശംസിച്ചപ്പോൾ അന്നുവരെയും പ്രശംസ വാചകങ്ങൾ കേട്ടിട്ടില്ലാത്തയാളിൽ ആശ്ചര്യം ഉണ്ടാക്കി. കൃത്യമായ ന്യായങ്ങൾ വച്ചുകൊണ്ടായിരുന്നു പ്രശംസ എന്നു വന്നപ്പോൾ, ഇത് കേവലം തന്നെ സ്വാധീനിക്കാൻ വേണ്ടി മാത്രമല്ല എന്നും അദ്ദേഹം തിരിച്ചറിഞ്ഞു.

പ്രബോധനാർഥം നാട്ടിലേക്ക് പുറപ്പെട്ട അദ്ദേഹം ഒരുപക്ഷേ പനിബാധിച്ച് ലോകത്തോട് വിട പറഞ്ഞേക്കാം എന്ന ധാരണ ആത്മീയ ജ്ഞാനത്തിലൂടെ ലഭിക്കുകയായിരുന്നു. പ്രവാചകൻﷺ അത് പങ്കുവെക്കുകയും ചെയ്തു.

തിരുനബിﷺയുടെ സ്വഭാവ മേന്മയാൽ സ്വാധീനിക്കപ്പെട്ട ഒരു പ്രബോധിതന്റെ സാക്ഷ്യം കൂടിയാണ് സൈദ്(റ). പ്രവാചകരുﷺടെ വശ്യമാകുന്ന പെരുമാറ്റവും ഉൾക്കൊണ്ടുകൊണ്ടുള്ള പ്രതികരണവും നബിﷺയോടുള്ള അദ്ദേഹത്തിന്റെ പ്രതികാരം മുഴുവനും അലിയിച്ചു കളഞ്ഞു. അനു നിമിഷം കൊണ്ട് അദ്ദേഹം പ്രവാചകന്റെﷺ അനുയായിയും സേവകനും പരിചാരകനുമായി മാറി. ലോക ചരിത്രത്തിൽ ഒരു മഹാ വ്യക്തിയുടെ സ്വാധീനം എങ്ങനെയൊക്കെയായിരുന്നു എന്ന സമഗ്രമായ അന്വേഷണ പഠനങ്ങൾ നബി ജീവിതത്തിന്റെ സ്വഭാവ സമീപനങ്ങളെക്കുറിച്ച് ആയാൽ മറ്റാരെയും എവിടെയും അന്വേഷിച്ചു പോകേണ്ടി വരില്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-643

Tweet 643
ബനൂ ആമിർ ബിൻ സഅ്സാഅയുടെ ആഗമനം

തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്ന വേറിട്ട രണ്ട് വ്യക്തികളുടെയും അവരുടെ അനുഭവങ്ങളുടെയും വിവരണമാണ് നാം വായിക്കാൻ പോകുന്നത്.

ഇബ്നു ഇസ്ഹാഖ്(റ) നിവേദനം ചെയ്യുന്നു. ബനൂ ആമിറിൽ നിന്നുള്ള നിവേദന സംഘം മദീനയിലേക്ക് വന്നു. ആമിർ ബിൻ തുഫൈൽ, ജബ്ബാർ ബിൻ സൽമാ എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. ഇവർ മൂന്നു പേരും അവരുടെ സമൂഹത്തിലെ നേതാക്കളും ഒപ്പം പൈശാചിക ഭാവങ്ങൾ ഉള്ളവരും ആയിരുന്നു. അവർ ദുരുദ്ദേശങ്ങളോടെയും സ്വാർത്ഥ താല്പര്യങ്ങളോടെയും പ്രവാചക സവിധത്തിൽ എത്തി. ആമിർ അർബദിനോട് പറഞ്ഞു. നമ്മൾ മുഹമ്മദ് നബിﷺയുടെ അടുക്കൽ എത്തിയാൽ ഞാൻ സംസാരിച്ചു ശ്രദ്ധ തിരിച്ചുകൊണ്ടിരിക്കും. ആ സമയത്ത് നീ വാൾ ഉപയോഗിച്ച് വേണ്ടത് ചെയ്തുകൊള്ളണം. അർബദ് സമ്മതിച്ചു. രണ്ടുപേരും പ്രവാചകരുﷺടെ മുമ്പിൽ എത്തി. ആമിർ പ്രവാചകരോﷺട് സംസാരിക്കാൻ തുടങ്ങി. എന്നെ അവിടുത്തെ ആത്മമിത്രമായി സ്വീകരിക്കണം എന്നയാൾ ആവശ്യപ്പെട്ടു. പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾ സത്യവിശ്വാസത്തിലേക്ക് വന്നാൽ അങ്ങനെ ആകാം. വീണ്ടും അയാൾ ആവശ്യപ്പെട്ടപ്പോഴും പ്രവാചകൻﷺ പറഞ്ഞു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും ഞാൻ അല്ലാഹുവിന്റെ പ്രവാചകൻﷺ ആണെന്നും അംഗീകരിച്ചാൽ ഞാൻ നിങ്ങളെ ആത്മമിത്രമായി സ്വീകരിച്ചുകൊള്ളാം.

ഇബ്നു അബ്ബാസി(റ)ന്റെ നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. ഒരുപക്ഷേ മുഹമ്മദിﷺനെ വധിച്ചു കളഞ്ഞാൽ സാമ്പത്തിക മൂല്യമോ യുദ്ധമോ ആയിരിക്കും മുമ്പിലുള്ള വഴി. സാമ്പത്തിക നഷ്ടപരിഹാരം നൽകി നമുക്ക് രക്ഷപ്പെടാം.

ഇബ്നു അബ്ബാസ്(റ) തുടരുന്നു. ആമിറും അർബദും പ്രവാചകരുﷺടെ സന്നിധിയിൽ എത്തി. കുറേനേരം സംസാരിച്ചുകൊണ്ടിരുന്നു. സംസാരത്തിനിടയിൽ അർബദ് ആയുധപ്രയോഗം നടത്തി പ്രവാചകരെﷺ വധിച്ചു കളയും എന്നാണ് വിചാരിച്ചത്. എന്നാൽ യാതൊന്നും ചെയ്യുന്നത് അദ്ദേഹത്തിന് കാണാൻ കഴിഞ്ഞില്ല. യഥാർത്ഥത്തിൽ അർബദിന് അതിന് സാധിക്കുമായിരുന്നില്ല. അയാളുടെ കൈ വാളിൽ പറ്റിപ്പിടിച്ചത് പോലെ. ഏതായാലും സംഭാഷണങ്ങൾക്ക് ശേഷം രണ്ടുപേരും പുറത്തിറങ്ങി. ആമിർ കൂട്ടുകാരനോട്, ഒരു ശതമാനവും നിന്റെ ധീരതയിൽ ഇനി എനിക്ക് വിശ്വാസമില്ല. നിന്നെപ്പോലെ ഒരു ഭീരുവിനെ ഞാൻ കണ്ടിട്ടുമില്ല. ഞാൻ മുഹമ്മദ് നബിﷺയോട് സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ എന്തുകൊണ്ടാണ് നീ ആയുധപ്രയോഗം നടത്താതിരുന്നത്. അർബദ് ഇങ്ങനെ പ്രതികരിച്ചു. എപ്പോഴെല്ലാം ഞാൻ വാൾ ഉയർത്താൻ ഒരുങ്ങിയോ അപ്പോഴെല്ലാം മുഹമ്മദ് നബിﷺ അപ്രത്യക്ഷമാവുകയും നീ മാത്രം എന്റെ മുന്നിൽ തെളിയുകയും ചെയ്തു. ഞാൻ എങ്ങനെയാണ് നിന്നെ വധിച്ചു കളയുക. കൃത്യമായി ഒരു മറ എന്റെയും മുഹമ്മദ്‌ നബിﷺയുടെയും ഇടയിൽ, നീ തന്നെ വന്നതുപോലെ.

പ്രവാചക സദസ്സിൽ നിന്ന് അതി രൂക്ഷമായ പ്രതികരണങ്ങളോടെയാണ് ആമിർ പുറത്തിറങ്ങിയത്. താനാവശ്യപ്പെട്ടത് ലഭിക്കാത്തതിനാൽ പ്രതികാരം നടപ്പിലാക്കും എന്നായിരുന്നു അയാളുടെ വാശി. അല്ലാഹുവേ ഇയാളെ അധീനപ്പെടുത്തേണമേ എന്ന് തിരുനബിﷺ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. രണ്ടുപേരും പുറത്തിറങ്ങി യാത്ര ആരംഭിച്ചു. മൂന്ന് ദിവസത്തോളം തിരുനബിﷺയുടെ പ്രാർത്ഥന തുടർന്നു കൊണ്ടിരുന്നു. ഒടുവിൽ മാരകമായ രോഗങ്ങളോടെ ഹീനമായ അന്ത്യമായിരുന്നു അയാൾക്ക് ലഭിച്ചത്.

ഏതൊരു രാഷ്ട്രത്തിനും വ്യക്തിക്കും പ്രതിരോധശക്തി എന്നത് സുപ്രധാനമായ ഒരു കാര്യമാണ്. രാജ്യങ്ങൾ പരസ്പരം സൗഹാർദ്ദത്തിലും സന്തോഷത്തിലും കഴിയുമ്പോഴും ഓരോ രാജ്യവും തനതായ പ്രഹര ശേഷിയും പ്രതിരോധശക്തിയും കൂടുതൽ ഭദ്രതയോടെ സംരക്ഷിച്ചുകൊണ്ടിരിക്കും. അത് നിലനിൽപ്പിന്റെ അനിവാര്യതയാണ്. മുന്നോട്ടുള്ള ഗമനത്തിന് അത്യാവശ്യവുമാണ്.

പ്രവാചക സന്നിധിയിൽ വന്ന് സ്നേഹ സംവാദങ്ങളിലൂടെ മതത്തെ തിരിച്ചറിഞ്ഞവരും പ്രവാചകരുﷺടെ സ്നേഹ സ്വീകരണങ്ങളിൽ തിരുനബിﷺയെ മനസ്സിലാക്കിയവരും ഒക്കെയുണ്ട്. എന്നാൽ, ദുരുദ്ദേശങ്ങളോടുകൂടി വരികയും പരാജയപ്പെടുത്താമെന്നും വധിച്ചു കളയാമെന്നും വിചാരിക്കുകയും ചെയ്തവർക്ക് മുന്നിൽ വേദം ഓതിയിട്ട് കാര്യമില്ലല്ലോ? അവരെ കൃത്യമായി പ്രതിരോധിക്കാനും അവരുടെ ശല്യങ്ങളിൽ നിന്ന് രാഷ്ട്രത്തെയും നേതാവിനെയും സംരക്ഷിക്കാനും ഏതൊരു സംവിധാനത്തിനും ഭദ്രത ഉണ്ടാവണം. അതുതന്നെയാണ് പ്രവാചകൻﷺ അതിശക്തമായി പ്രകാശിപ്പിച്ചത്. അങ്ങനെ ഒരാൾക്ക് മറികടന്ന് പരാജയപ്പെടുത്താൻ ആയാൽ പിന്നെ ഈ സംവിധാനങ്ങൾക്കൊക്കെ എന്താണ് പ്രസക്തി. അപ്പോൾ ഇസ്ലാമും പ്രവാചകരുംﷺ ഏതെല്ലാം ദിശയിൽ മാതൃകയാകാൻ ആണോ വേണ്ടത് അവിടെയെല്ലാം മനോഹരമായി അത് കാഴ്ച വെക്കുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-644

Tweet 644
അബ്ദുൽ റഹ്മാൻ ബിൻ അബീ അഖിലി(റ)ന്റെ ആഗമനം.

അബ്ദുൽ റഹ്മാൻ ബിൻ അബീ അഖിൽ അസ്സഖഫി(റ) പറയുന്നു. സഖിഫ് ഗോത്രത്തിൽ നിന്നുള്ള സംഘം പ്രവാചക സവിധത്തിലേക്ക് വന്നപ്പോൾ ഞാനും കൂടെയുണ്ടായിരുന്നു. ഞങ്ങളുടെ വാഹനം മുറ്റത്ത് കടിഞ്ഞാണിട്ട് അകത്തേക്ക് പ്രവേശിച്ചു. തിരുസവിധത്തിലേക്ക് എത്തുന്ന നേരം ഞങ്ങൾക്ക് ഏറ്റവും ദേഷ്യം ഉള്ള വ്യക്തി പ്രവാചകനാﷺയിരുന്നു. ആ സന്നിധിയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും ഞങ്ങൾക്ക് ലോകത്ത് വെച്ച് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയായി അവിടുന്ന് മാറി. ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾ പ്രവാചകനോﷺട് ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, സുലൈമാൻ നബി(അ)ക്ക് അധികാരം നൽകിയത് പോലെ അവിടുത്തേക്കും അധികാരം നൽകാൻ അല്ലാഹുവിനോട് അവിടുന്ന് പ്രാർത്ഥിച്ചിരുന്നുവോ? ചോദ്യം കേട്ട മാത്രയിൽ തിരുനബിﷺ ഒന്ന് ചിരിച്ചു. എന്നിട്ട് ഇങ്ങനെ പറഞ്ഞു. നിങ്ങളുടെ കൂട്ടുകാരനായ എനിക്ക് അല്ലാഹുവിന്റെ അടുക്കൽ സുലൈമാൻ നബി(അ)യെക്കാൾ സ്ഥാനമുണ്ടായേക്കാം. എല്ലാ പ്രവാചകന്മാർക്കും അല്ലാഹു സവിശേഷമായ ഒരു പ്രാർത്ഥന നൽകിയിട്ടുണ്ട്. അഥവാ നിരസിക്കപ്പെടാത്ത സവിശേഷമായ ഒരു പ്രാർത്ഥന. പ്രവാചകന്മാരിൽ ചിലർ ആ പ്രാർത്ഥന ഈ ലോകത്ത് വെച്ച് തന്നെ ഉപയോഗിച്ചു കഴിഞ്ഞു. ചില പ്രവാചകന്മാർ അവരുടെ സമുദായങ്ങൾക്കുമേൽ ആ പ്രാർത്ഥന ഉപയോഗിച്ചു. ജനത അനുസരണക്കേട് കാണിച്ചപ്പോൾ പ്രസ്തുത പ്രാർത്ഥന ഉപയോഗിക്കുകയും അതുവഴി ജനങ്ങൾ ശിക്ഷ അനുഭവിക്കുകയും ചെയ്തു. എനിക്കും സവിശേഷമായ പ്രാർത്ഥന അല്ലാഹു തന്നിട്ടുണ്ട്. ഞാൻ ആ പ്രാർത്ഥന എന്റെ ജനതയ്ക്ക് വേണ്ടി നാളത്തേക്ക് കാത്തു വച്ചിരിക്കുകയാണ്. അന്ത്യനാളിൽ എന്റെ അനുയായികൾക്ക് ശിപാർശ ചെയ്യാൻ വേണ്ടിയാണത്.

വലിയ ആലോചനകൾക്ക് വഴിതുറക്കുന്ന പരാമർശങ്ങളാണ് തിരുനബിﷺ ഇവിടെ നിർവഹിച്ചിട്ടുള്ളത്. സോളമൻ രാജാവ് എന്നറിയപ്പെടുന്ന സുലൈമാൻ നബി(അ)യുടെ ലോകമടക്കിവാണ അധികാരത്തെ ഞാനല്ലാഹുവോട് ചോദിച്ചിട്ടില്ല എന്ന്. ചോദിച്ചാൽ എനിക്ക് ലഭിക്കുമായിരുന്നു എന്നും. പാരത്രിക ലോകത്തെ പദവികളാണ് അതിനേക്കാൾ ശ്രേഷ്ഠമായത്. കഴിഞ്ഞുപോയ പ്രവാചകന്മാർ സവിശേഷമായ പ്രാർത്ഥനകൾ, അവർക്കുവേണ്ടിയോ അവരുടെ ജനതയോടുള്ള അമർഷം അവസാനിപ്പിക്കാനോ പ്രയോഗിച്ചു കഴിഞ്ഞു. തീക്ഷ്ണമായ പരീക്ഷണങ്ങളുടെ ഘട്ടത്തിൽ ആയിരുന്നു അത്. പക്ഷേ, തിരുനബിﷺയുടെ ജീവിതത്തിൽ വലിയ പരീക്ഷണങ്ങൾ ഉണ്ടായിട്ടും ഒരിക്കൽപോലും സമുദായത്തിനെതിരെ ഒരു പ്രാർത്ഥനയും നിർവഹിച്ചിട്ടില്ല. മറിച്ച് വരുംകാല ജനതയിലെങ്കിലും ഒരാൾ നേർവഴിക്ക് വന്നാൽ മതി എന്നായിരുന്നു പ്രാർത്ഥിച്ചത്. ചോദിച്ചാൽ ഉടനടി ഉത്തരം ലഭിക്കുന്ന പ്രാർത്ഥന തിരുനബിﷺ കുടുംബത്തിനോ സ്വയം സന്തോഷങ്ങൾക്ക് വേണ്ടിയോ ഉപയോഗിച്ചതേയില്ല. മറിച്ച് സമുദായത്തിന്റെ ക്ഷേമത്തിനുവേണ്ടി പ്രാർത്ഥിക്കാൻ നാളേക്ക് കാത്തു വച്ചിരിക്കുകയാണ്.

ഇവിടെയാണ് നബിﷺ ഉമ്മിയ്യാണ് എന്ന പ്രയോഗത്തിന് ഒരു മാനം കൂടി നമുക്ക് വായിക്കാൻ കഴിയുന്നത്. ഉമ്മിയ്യ് എന്നാൽ ഉമ്മത്തിയ്യ് അഥവാ എപ്പോഴും സമുദായത്തിന്റെ ക്ഷേമത്തിനുവേണ്ടി ആഗ്രഹിക്കുന്നവർ എന്ന പ്രയോഗത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നത്. പ്രവാചക ശ്രേഷ്ഠർക്ക് ഒരു വിചാരമേ ഉണ്ടായിരുന്നുള്ളൂ. സ്രഷ്ടാവായ അല്ലാഹുവിന്റെ തിരുനാമവും അവനെക്കുറിച്ചുള്ള വിശ്വാസവും ഉയർന്നു നിൽക്കുക. ലോകത്തുള്ള ജനങ്ങൾ മുഴുവനും നേർവഴിക്ക് വരികയും അവർക്ക് ക്ഷേമം ലഭിക്കുകയും ചെയ്യുക. തിരുനബിﷺയുടെ പ്രവാചകത്വത്തെ അംഗീകരിച്ചവർക്ക് എപ്പോഴും ഗുണകാംക്ഷയോടെ വർത്തിക്കുക. തുടങ്ങിയ കാര്യങ്ങൾ.

മേൽ നിവേദനത്തിന്റെ പ്രാഥമിക ഭാഗം കൂടി ഒന്നാലോചിച്ചുനോക്കൂ. ഒരു കാഴ്ചകൊണ്ടുതന്നെ പ്രവാചകൻﷺ ഏറ്റവും പ്രിയപ്പെട്ട വ്യക്തിത്വമായി മാറുന്നു. ഇതിന്മേൽ സ്വാധീനശക്തിയുള്ള ഒരു വ്യക്തി വേറെ ആരാണുള്ളത്. ഇത്തരമൊരു മാറ്റം നബി ജീവിതത്തിലെ ഒറ്റപ്പെട്ട സംഭവമല്ല. പല മുഹൂർത്തങ്ങളിലും ആഗതർ വിശ്വാസത്തിലേക്ക് ആകർഷിക്കപ്പെട്ടത് ഇത്തരം ഒരു ആത്മീയ സ്വാധീനമായിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-645

Tweet 645
ബനൂ അബ്ദു അദിയ്യിന്റെ ആഗമനം

ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. ബനൂ അബ്ദു അദിയ്യിന്റെ നിവേദകസംഘം തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. ഹാരിസ് ബിൻ വഹ്ബാൻ(റ), ഉവൈമീർ ബിൻ അഖ്റം(റ), ഹബീബ് ബിൻ മില്ല(റ), റബീഅ ബിൻ മില്ല(റ) എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു. അവർ പ്രവാചകനോﷺട് ഇങ്ങനെ പറഞ്ഞു തുടങ്ങി. ഞങ്ങള് ഹറം നിവാസികളാണ്. ഹറമിൽ താമസിക്കുന്നവരിൽ ഏറ്റവും പ്രതാപികളുമാണ്. ഒരിക്കലും അവിടുത്തോട് ഞങ്ങൾ യുദ്ധത്തിന് ഉദ്ദേശിക്കുന്നില്ല. ഖുറൈശികൾ അല്ലാത്തവർ അവിടുത്തേക്കെതിരെ വന്നാൽ ഞങ്ങൾ അവരെ പ്രതിരോധിക്കും. ഖുറൈശികളോട് യുദ്ധത്തിൽ ഏർപ്പെടാനും ഞങ്ങൾക്ക് താല്പര്യമില്ല.

ഞങ്ങളുടെ സംഘത്തിലെ ആരോടെങ്കിലും തങ്ങളുടെ സംഘത്തിൽ നിന്ന് ആരെങ്കിലും അബദ്ധവശാൽ നേരിടുകയോ പരിക്കേൽപ്പിക്കുകയോ ചെയ്തെങ്കിൽ അതിന് നഷ്ടപരിഹാരം കാണണം. ഞങ്ങളുടെ സംഘത്തിൽ നിന്ന് ആരെങ്കിലും അങ്ങനെ ചെയ്താൽ ഞങ്ങൾ നഷ്ടപരിഹാരം നൽകും. സംഘങ്ങളിൽ നിന്ന് ഓടിപ്പോയവർക്ക് എതിരെ എന്തെങ്കിലും നടപടിക്രമങ്ങൾ ഉണ്ടായാൽ പരസ്പരം ഉത്തരവാദികൾ ആവുകയില്ല. ഇത്രയും പറഞ്ഞപ്പോൾ ഉവൈമീർ (റ)പറഞ്ഞു. ഇക്കാര്യത്തിൽ പ്രവാചകൻﷺ നമ്മളോട് എഗ്രിമെന്റ് ചെയ്യട്ടെ. ഞാൻ അതിനു വേണ്ടി ഒരുങ്ങാം. ഉടനെ മറ്റുള്ളവർ പറഞ്ഞു. മുഹമ്മദ് നബിﷺ ഒരിക്കലും ചതിക്കുകയോ വാക്കു മാറുകയോ ചെയ്യുകയില്ല.

ഹബീബും(റ) റബീഅയും(റ) ഇടപെട്ടുകൊണ്ട് ഇങ്ങനെ പറഞ്ഞു. അസീദ് ബിന് അബീ ഉനാസ് എന്നയാൾ ഞങ്ങളിൽ നിന്ന് ഓടിപ്പോയ ആളാണ്. അദ്ദേഹത്തിന്റെ കാര്യത്തിൽ എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം. അതിൽ ഞങ്ങൾക്ക് ഒരു പരാതിയുമില്ല. ഇതറിഞ്ഞ പ്രവാചകൻﷺ അസീദിനെ സായുധമായി നേരിടുന്നതിനുള്ള സമ്മതം നൽകി. അഥവാ വധിക്കപ്പെട്ടാലും പരിഭവം ഇല്ലെന്ന് അറിയിച്ചു. റബീഅ(റ)യുടെയും ഹബീബി(റ)ന്റെയും വർത്തമാനവും പ്രവാചകരുﷺടെ പ്രതികരണവും അസീദ് അറിഞ്ഞു. അയാൾ നേരെ ത്വാഇഫിലേക്ക് പുറപ്പെട്ട് അവിടെ താമസിച്ചു. കാലങ്ങൾ കഴിഞ്ഞു. പ്രവാചകൻﷺ മക്ക ജയിച്ചടക്കി. ചുരുക്കം ചില ആളുകളെ കണ്ടെത്തിയാൽ അവരെ സായുധമായി നേരിടാം എന്ന് പ്രഖ്യാപിക്കപ്പെട്ടവരിൽ അസീദും ഉണ്ടായിരുന്നു.

ആ ഇടയ്ക്ക് സാരിയത്തു ബിൻ സുനൈം(റ) മക്കയിൽ നിന്ന് ത്വാഇഫിലേക്ക് എത്തി. അയാൾ അസീദിനെ കണ്ടുമുട്ടി. അസീദ് വിവരങ്ങൾ അന്വേഷിച്ചു. പ്രവാചകരുﷺടെ ആഗമനവും മക്കാ വിജയവും എല്ലാം വിശദമായിത്തന്നെ അയാൾ പറഞ്ഞു കൊടുത്തു. എന്നിട്ട് അയാൾ ഇങ്ങനെ കൂടി ചേർത്തു. അല്ലാഹു മുഹമ്മദ് നബിﷺക്ക് വിജയം സമ്മാനിച്ചിരിക്കുന്നു. അവന്റെ സഹായം പ്രവാചകർﷺക്ക് കനിഞ്ഞ് നൽകിയിരിക്കുന്നു. നിങ്ങൾ ആ പ്രവാചകന്റെﷺ അടുക്കലേക്ക് ചെല്ലൂ. അങ്ങനെ സമീപിക്കുന്നവരെ ഒന്നും പ്രവാചകൻﷺ വധിക്കുകയില്ല. നിങ്ങൾക്ക് ധൈര്യമായി പോകാം. പ്രസവം പ്രതീക്ഷിച്ചു കഴിയുന്ന ഭാര്യയോടൊപ്പം അസീദ് പുറപ്പെട്ടു. ഖർന്നു സആലിബിൽ വച്ച് പ്രസവം നടന്നു. അദ്ദേഹം വീട്ടിലേക്ക് പ്രവേശിച്ച് നീളക്കുപ്പായവും തലപ്പാവും അണിഞ്ഞു. പ്രവാചക സവിധത്തിലേക്ക് പുറപ്പെട്ടു.

തിരുനബിﷺയുടെ സന്നിധിയിൽ എത്തിയപ്പോൾ പ്രവാചകന്ﷺ കാവൽക്കാരനായി സാരിയ(റ) അവിടെയുണ്ടായിരുന്നു. ആയുധമണിഞ്ഞ് നിൽക്കുന്ന സാരിയയുടെ അടുത്തുകൂടി തിരുനബിﷺയുടെ അടുത്ത് വന്നിരുന്നു. എന്നിട്ട് ചോദിച്ചു. അല്ലയോ പ്രവാചകരേﷺ അവിടുന്ന് അസീദിനെ കണ്ടുമുട്ടി അനുവദിക്കുന്നതിന് കുഴപ്പമില്ലെന്ന പ്രസ്താവന ഇറക്കിയിട്ടുണ്ടോ? പ്രവാചകൻﷺ പറഞ്ഞു, അതെ. അദ്ദേഹം സത്യവിശ്വാസിയായി തങ്ങളുടെ സന്നിധിയിലേക്ക് വന്നാൽ അദ്ദേഹത്തെ സ്വീകരിക്കുമോ? അതെ, എന്നുതന്നെ പ്രവാചകർﷺ മറുപടി പറഞ്ഞു. ഉടനെ അദ്ദേഹം തന്റെ കൈകൾ തിരുനബിﷺയുടെ കരങ്ങളിലേക്ക് ചേർത്തുവച്ചു.

അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും അവിടുന്ന് അല്ലാഹുവിന്റെ ദൂതൻﷺ ആണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു. ഇതാ ഞാൻ തന്നെയാണ് അസീദ്. എന്റെ കരങ്ങൾ അവിടുത്തെ തിരുകരങ്ങളിലേക്ക് ചേർത്തുവച്ചിരിക്കുന്നു. പ്രവാചകൻﷺ അദ്ദേഹത്തെ സ്വീകരിച്ചു. അനുയായികളിൽ ഒരാളെ വിളിച്ച് ഇങ്ങനെ വിളംബരം ചെയ്യാൻ പറഞ്ഞു. അസീദ് സത്യവിശ്വാസിയായി തിരുസവിധത്തിൽ എത്തിക്കഴിഞ്ഞു. അദ്ദേഹത്തിന് പ്രവാചകൻﷺ സംരക്ഷണം പ്രഖ്യാപിച്ചിരിക്കുന്നു. ശേഷം, തിരുനബിﷺ അയാളുടെ മുഖത്ത് തഴുകി തലോടി. മാറത്ത് തിരുകരങ്ങൾ കൊണ്ട് സ്പർശിച്ചു.

പിൽക്കാലത്ത് ഇരുട്ടുള്ള മുറിയിലേക്ക് അദ്ദേഹം പ്രവേശിച്ചാൽ അദ്ദേഹത്തിന്റെ മുഖം പ്രകാശിക്കുമായിരുന്നുവത്രേ. അതുവഴി മുറിയിലും പ്രകാശം പരക്കും.

നേർവഴിയുടെ സംഗീതം ആസ്വദിച്ചു. പിന്നെ അദ്ദേഹം അത് പ്രമേയമായി മനോഹരമായ ഒരു കവിത ചൊല്ലി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-646

Tweet 646
ബനൂ അബ്ദുൽ ഖൈസിന്റെ ആഗമനം.

ഇമാം ത്വബറാനി(റ)യും മറ്റും സ്വീകാര്യമായ നിവേദനങ്ങളിലൂടെ റിപ്പോർട്ട് ചെയ്യുന്നു. ഒരു ദിവസം തിരുനബിﷺ അനുയായികളോട് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് ഇങ്ങനെ പറഞ്ഞു. ഇതാ ഈ ഭാഗത്തുനിന്നും ഒരു സംഘം ഇപ്പോൾ ഇങ്ങോട്ട് കടന്നു വരും. കിഴക്കൻ പ്രവിശ്യയിൽ ഉള്ളവരിൽ ഏറ്റവും ശ്രേഷ്ഠരായിരിക്കും അവർ. ഇത് കേട്ട മാത്രയിൽ തന്നെ ഉമർ(റ) എഴുന്നേറ്റു. തിരുനബിﷺ ആംഗ്യം കാണിച്ച ഭാഗത്തേക്ക് നോക്കി നിന്നു. അതാ കടന്നു വരുന്നു 13 വാഹനങ്ങൾ. അവരോട് ചോദിച്ചു. നിങ്ങൾ ഏതു ജനവിഭാഗങ്ങളിൽ പെട്ടവരാണ്? ഞങ്ങൾ ബനൂ അബ്ദുൽ ഖൈസ്, അബ്ദു ഖൈസിന്റെ ഗോത്രക്കാർ. നിങ്ങൾ കച്ചവടത്തിന് വേണ്ടിയാണോ ഇങ്ങോട്ട് വരുന്നത്? അവർ പറഞ്ഞു, അല്ല. അപ്പോൾ ഉമർ(റ) പറഞ്ഞു. നിങ്ങളെക്കുറിച്ച് ഇപ്പോൾ പ്രവാചകൻﷺ പറഞ്ഞതേയുള്ളൂ. നല്ല കാര്യങ്ങൾ ആയിരുന്നു അവിടുന്ന് നിങ്ങളെ കുറിച്ച് പറഞ്ഞത്.

അവർ ഉമറി(റ)നൊപ്പം നടന്നു തിരുനബി സവിധത്തിലേക്ക് എത്തി. എന്നിട്ട് അവരോട് പറഞ്ഞു. നിങ്ങൾ പ്രതീക്ഷിച്ചു വന്ന നേതാവ് ഇതാ ഇവിടെ ഇരിക്കുന്നു. ഇത് കേട്ടതും എല്ലാം വിട്ടെറിഞ്ഞ് ആവേശപൂർവം അവർ നബിﷺയുടെ സമീപത്തേക്ക് നീങ്ങി. ചിലർ ധൃതിയിൽ, ചിലർ ഓടി, ചേർന്ന് നടന്ന് അങ്ങനെ. അവർ പ്രവാചകരുﷺടെ കരം കവർന്ന് ചുംബനം നൽകി. അവർ യാത്ര ചെയ്തു വന്ന അതേ വസ്ത്രത്തോടെ ആയിരുന്നു ഈ സന്ദർശനം.

ആമിർ അൽ അശജ്ജ് മാത്രം വാഹനത്തിന്റെ സമീപത്തു തന്നെ നിന്നു. കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ അദ്ദേഹം ചരക്കുകളും മറ്റും ശ്രദ്ധിക്കാനാണ് അങ്ങനെ കാത്തു നിന്നത്.

സംഘത്തിൽ ഉണ്ടായിരുന്ന സാരി ബിൻ ആമിർ(റ) പറയുന്നു. ഞങ്ങളെല്ലാവരും തിരക്കിട്ട് പോയി പ്രവാചകരുﷺടെ കരം കവർന്നു ചുംബിച്ചു. മുന്ദിർ ബിൻ അൽ അശജ്ജ് പക്ഷേ അങ്ങനെ തിരക്ക് കൂട്ടിയില്ല. അദ്ദേഹം മെല്ലെ പോയി യാത്ര ചെയ്ത വസ്ത്രം ഒക്കെ മാറ്റി നല്ല വസ്ത്രം ഒക്കെ ധരിച്ച് സാവധാനം പ്രവാചക സവിധത്തിലേക്ക് വന്നു. ആകാരത്തിൽ വിരൂപിയായിരുന്നു അദ്ദേഹം പ്രവാചകരുﷺടെ കരം കവർന്നു ചുംബനങ്ങൾ അർപ്പിച്ചു. എന്നിട്ട് അദ്ദേഹം തന്റെ ശരീരത്തിന്റെ സൗന്ദര്യമില്ലായ്മയെ പരാമർശിച്ചുകൊണ്ട് തിരുനബിﷺയോട് ഒരു പ്രയോഗം നടത്തി. മനുഷ്യന്മാരുടെ തോല് വെള്ളം കുടിക്കാൻ ഒന്നും ഉപയോഗിക്കില്ലല്ലോ. മനുഷ്യരിൽ നിന്നും മറ്റുള്ളവർക്ക് ആവശ്യമുള്ളത് അവന്റെ രണ്ട് ചെറിയ അവയവങ്ങൾ ആണല്ലോ. അഥവാ ഹൃദയവും നാവും. താൻ വിരൂപിയാണ് എന്നതുകൊണ്ട് വിഷമിക്കേണ്ടതില്ലെന്നും മനുഷ്യനുള്ള നന്മയാണല്ലോ പ്രാധാന്യം എന്നും പറഞ്ഞു അദ്ദേഹം അദ്ദേഹത്തിന്റെ പരിമിതിയും ഒപ്പം പരിഗണിക്കേണ്ട കാര്യവും തിരുനബിﷺയോട് പങ്കുവെക്കുകയായിരുന്നു.

അപ്പോൾ തിരുനബിﷺ ഇങ്ങനെ പ്രതികരിച്ചു. അല്ലാഹുവിനും റസൂലിﷺനും ഇഷ്ടമുള്ള രണ്ട് വിശേഷണങ്ങൾ നിങ്ങളിൽ ഉണ്ട്. ഒന്ന് സഹിഷ്ണുതയും രണ്ട് അവധാതയോടു കൂടി കാര്യങ്ങൾ ചെയ്യുന്ന രീതിയും. അല്ലയോ പ്രവാചകരെﷺ അത് ഞാൻ സ്വഭാവമായി സ്വീകരിച്ചതാണോ? അല്ല, എന്റെ പ്രകൃതിയിൽ തന്നെ അല്ലാഹു തന്നതാണോ? അദ്ദേഹം വിശദീകരണം തേടി. നിങ്ങൾക്ക് പ്രകൃതിയിൽ തന്നെ അല്ലാഹു തന്നതാണ് എന്ന് തിരുനബിﷺ പ്രതികരിച്ചു. അദ്ദേഹത്തിന് അത് വലിയ സന്തോഷമായി. അല്ലാഹുവേ നിനക്കും നിന്റെ പ്രവാചകനുംﷺ ഇഷ്ടപ്പെട്ട രണ്ട് മേന്മകൾ എനിക്ക് നീ നൽകിയല്ലോ!അദ്ദേഹം സ്തുതികൾ അർപ്പിച്ചു.

സദസ്യരുടെ മുഖഭാവത്തിലേക്ക് നോക്കി തിരുനബിﷺ ചോദിച്ചു. എന്തേ നിങ്ങളുടെ മുഖത്തൊക്കെ ഒരു മ്ലാനത. പ്രവാചകൻﷺ ചില പദാർത്ഥങ്ങളെ ചെയ്യാൻ പാടില്ലെന്ന് വിലക്കിയതിനെ തുടർന്നുള്ള വിചാരങ്ങളായിരുന്നു അത് എന്ന് അവർ പങ്കുവെച്ചു. ഉടനെ തിരുനബിﷺ ഇങ്ങനെ പറഞ്ഞു. അങ്ങനെ പാനീയങ്ങൾ ഒന്നും നിഷിദ്ധമാക്കുകയോ അനുവദിക്കുകയോ ചെയ്തതല്ല. ലഹരി ഉണ്ടാക്കുന്ന ഏതു പാനീയവും നിഷിദ്ധമാണ് ഇത്രയേ ഉള്ളൂ.

അവർ തിരുനബിﷺക്ക് ഉപഹാരമായി കൊണ്ടുവന്ന കാരക്കുകളുടെ ഇനങ്ങൾ ഓരോന്നും തിരുനബിﷺ പേരു പറഞ്ഞ് പരിചയപ്പെടുത്തി. അപ്പോൾ അവർ പറഞ്ഞു ഞങ്ങൾക്ക് ഇതിനപ്പുറം ഒന്നും പറയാനില്ല. ഞങ്ങളുടെ നാട്ടിലെ വിഭവങ്ങളെക്കുറിച്ച് ഞങ്ങളെക്കാൾ അവിടുത്തേക്ക്‌ അറിയുമല്ലോ എന്ന്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-647

Tweet 647
അബ്ദുൽ ഖൈസിന്റ സംഘം തിരുനബി സവിധത്തിൽ വന്നതിനെക്കുറിച്ച് പ്രസിദ്ധമായ നിവേദനം സ്വഹീഹുൽ ബുഖാരിയിൽ ഉണ്ട്. ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. അബ്ദുൽ ഖൈസിന്റെ നിവേദക സംഘം പ്രവാചക സവിധത്തിലേക്ക് വന്നു. നബിﷺ ചോദിച്ചു. ആരാണ് വന്നത്? റബീഅ ഗോത്രത്തിൽ നിന്നുള്ളവരാണ് എന്ന് പറഞ്ഞപ്പോൾ പ്രവാചകൻﷺ പ്രത്യേകം മംഗളം നേർന്നു സ്വാഗതം ചെയ്തു. അപ്പോൾ അവർ ഇങ്ങനെ പറഞ്ഞു. ഞങ്ങൾ വളരെ വിദൂരത്തു നിന്നുള്ളവരാണ്. എല്ലാ കാലത്തും ഞങ്ങൾക്ക് ഇങ്ങോട്ട് വരാൻ കഴിയില്ല. ഞങ്ങൾ വരുന്ന വഴിയിൽ ഞങ്ങളോട് വിയോജിപ്പുള്ള ഗോത്രമുണ്ട്. അവർ ഒരുപക്ഷേ യുദ്ധത്തിന് തയ്യാറായേക്കും. അതുകൊണ്ട് യുദ്ധം നിഷിദ്ധമായ മാസത്തിൽ മാത്രമേ വരാൻ കഴിയുകയുള്ളൂ. ഞങ്ങൾക്ക് സ്വർഗ്ഗ പ്രവേശം സാധ്യമാകുന്ന വിധം അടിസ്ഥാനപരമായ കാര്യങ്ങൾ സംക്ഷിപ്തമായി ഞങ്ങൾക്ക് പറഞ്ഞു തരണം.

അപ്പോൾ പ്രവാചകൻﷺ നാലു കാര്യങ്ങൾ കൽപ്പിക്കുകയും നാലു കാര്യങ്ങൾ വിരോധിക്കുകയും ചെയ്തു. മദ്യം കരുതി വെക്കാനും ലഹരി ഉണ്ടാക്കാനും ഉപയോഗിച്ചിരുന്ന നാലു പാത്രങ്ങളെ ആയിരുന്നു വിരോധിച്ചത്. ഇസ്ലാമിന്റെ അടിസ്ഥാന കാര്യങ്ങളിൽ നിന്ന് സുപ്രധാനമായ നാലെണ്ണമാണ് കൽപ്പിച്ചത്. അല്ലാഹുവിൽ വിശ്വസിക്കുക, നിസ്കാരം നിലനിർത്തുക, സകാത്ത് നൽകുക, റമദാനിൽ വ്രതമനുഷ്ഠിക്കുക, സമരാർജിത സമ്പാദ്യത്തിൽ നിന്ന് അഞ്ചിൽ ഒന്ന് നൽകുക എന്നീ കാര്യങ്ങൾ ആയിരുന്നു അവ. അതിൽ ഒന്നാമത്തെ കാര്യം പറഞ്ഞ ശേഷം പ്രവാചകൻﷺ ചോദിച്ചു. അല്ലാഹുവിൽ വിശ്വസിക്കുക എന്ന് പറഞ്ഞാൽ എന്താണെന്ന് നിങ്ങൾക്കറിയുമോ? അവർ പറഞ്ഞു. ഞങ്ങൾക്കറിയില്ല, അല്ലാഹുവിനും അവന്റെ ദൂതനുംﷺ ആണ് അതിനെക്കുറിച്ച് നന്നായി അറിയുക.

ഉടനെ പ്രവാചകൻﷺ സത്യസാക്ഷ്യത്തിന്റെ അടിസ്ഥാന കാര്യങ്ങൾ പറഞ്ഞു കൊടുത്തു. അല്ലാഹുവല്ലാതെ ആരാധനയ്ക്ക് അർഹനില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതനാണെന്നും വിശ്വസിക്കുക, സാക്ഷ്യം വഹിക്കുക. ഈ ആശയം മൊത്തം ഉൾക്കൊള്ളുന്നതാണ് അല്ലാഹുവിലുള്ള വിശ്വാസം എന്ന് പഠിപ്പിക്കുകയായിരുന്നു അവിടെ.

പ്രവാചകൻﷺ പിന്നെയും ഏറെനേരം അവരോട് സംസാരിച്ചു. അതിനിടയിൽ ആ നാട് മുഴുവനും തിരുനബിﷺയുടെ മുമ്പിൽ അല്ലാഹു പ്രദർശിപ്പിച്ചു കൊടുത്തു. തഥടിസ്ഥാനത്തിൽ തിരുനബിﷺ ആ നാടിനെ കുറിച്ച് ഓരോ കാര്യങ്ങളും വിശദമായി തന്നെ ചോദിച്ചപ്പോൾ അവർ ആശ്ചര്യപ്പെട്ടു. അവർ ഇങ്ങനെ പറഞ്ഞു. ആ നാട്ടിൽ ജനിച്ച ആൾക്ക് പോലും ഇത്രയും വ്യക്തമായി ആ നാടിനെ കുറിച്ച് പറയാൻ കഴിയില്ല. അവർ തിരുനബിﷺയുടെ പ്രവാചകത്വത്തെ ഒരിക്കൽ കൂടി ഉറപ്പിച്ചു മനസ്സിലാക്കി. എന്നിട്ട് അവിടുന്ന് തന്നെ ഇങ്ങനെ തുറന്നു പറഞ്ഞു. നിങ്ങൾ എന്റെ സന്നിധിയിൽ വന്നിരുന്നപ്പോൾ ആ നാട് മുഴുവനും എന്റെ മുന്നിലേക്ക് ഉയർത്തി കാണിക്കപ്പെട്ടു. അതിന്റെ ഉയർന്ന ഭാഗവും താഴ്ന്ന ഭാഗവും എല്ലാം ഞാൻ നിരീക്ഷിച്ചു. അവിടെ രോഗശമനത്തിന് കാരണമാകുന്ന ബർണി എന്ന കാരക്ക ഉണ്ടല്ലോ? അത് രോഗത്തെ നീക്കം ചെയ്യുന്നതും ശമനം ദാനം ചെയ്യുന്നതുമായ കാരക്കയാണ്.

ഇസ്ലാമിക ചരിത്രത്തിൽ രണ്ടാമത്തെ ജുമുഅ നടന്നത് ഈ ദൗത്യസംഘത്തിന്റെ മാതൃദേശത്തായിരുന്നു. അന്നത്തെ ബഹ്റൈനിന്റെ ഭാഗമായിരുന്ന ജുവാസ എന്ന സ്ഥലത്ത്. ഇന്ന് സൗദി അറേബ്യയുടെ ഭാഗമായാണ് ജുവാസ സ്ഥിതി ചെയ്യുന്നത്. ഇന്നും പ്രസ്തുത സ്ഥലത്തുള്ള പഴയ പള്ളി സൗദിയുടെ പുരാവസ്തു വിഭാഗം പ്രത്യേകം പരിചരിച്ചു സംരക്ഷിച്ചു പോരുന്നു.

പ്രസ്തുത ദേശക്കാരെ പ്രശംസിച്ചുകൊണ്ട് തിരുനബിﷺ വേറെയും പരാമർശങ്ങൾ നടത്തിയിട്ടുണ്ട്.

ഓരോ നാടിനെയും നാട്ടുകാരെയും തിരുനബിﷺ എങ്ങനെയൊക്കെയാണ് സ്വീകരിക്കുന്നത്. ഓരോ നാട്ടുകാരോടും എന്തെല്ലാം സന്ദേശങ്ങളാണ് അവിടുന്ന് കൈമാറുന്നത്. എല്ലാത്തിലും ആഗതരുടെ വൈവിധ്യങ്ങൾക്ക് അനുസരിച്ച് വൈവിധ്യങ്ങളോടെയുള്ള സമീപനങ്ങൾ. ഈ വൈവിധ്യങ്ങളെല്ലാം എങ്ങനെയാണ് ഒരു കേന്ദ്രത്തിൽ സംഗമിപ്പിക്കുന്നത്. ലോകത്ത് ഏതൊരു നേതാവിനാണ് ഇത്രയേറെ വ്യത്യസ്തതകളോട് സമരസപ്പെടാനും സമ്മതിക്കാനും അവസരം ഉണ്ടായത്. ഇത്രയേറെ സംഘങ്ങളെയും ജനങ്ങളെയും അഭിമുഖീകരിക്കേണ്ടി വന്നത്. കേവലമായ ഉപചാരങ്ങൾക്കപ്പുറം മാനുഷികമായ ഇടപെടലുകൾ. നേരിട്ടുള്ള സംഭാഷണങ്ങളും സംസ്കരണങ്ങളും. പച്ചയായ ജീവിതങ്ങളോടും അനുഷ്ഠാനങ്ങളോടുമുള്ള ആഭിമുഖ്യങ്ങൾ. എന്തെല്ലാം ഘടകങ്ങളെ ചേർത്തുവച്ചുകൊണ്ട് വേണം ജീവിതത്തെ വായിക്കാനും പഠിക്കാനും പകർത്താനും. ഓരോ അധ്യായവും കൂടുതൽ കൗതുകങ്ങളും അത്ഭുതങ്ങളും ആണ് നമ്മുടെ മുന്നിൽ തുറന്നു തരുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-648

Tweet 648
അദിയ്യ് ബിൻ ഹാതമിന്റെ ആഗമനം.

അദിയ്യ് തന്നെ പറയുന്നു. മുഹമ്മദ് നബിﷺ പ്രവാചകനായി നിയോഗിക്കപ്പെട്ടു. അന്ന് എനിക്ക് പ്രവാചകനോﷺട് ഉണ്ടായ വെറുപ്പ് അറബികളിൽ മറ്റൊരാൾക്കും ഉണ്ടായിരുന്നതായി ഞാൻ മനസ്സിലാക്കുന്നില്ല. ഞാനൊരു ക്രിസ്ത്യാനിയും എന്റെ ജനതയിലെ നേതാവുമായിരുന്നു. എന്റെ അറബി പരിചാരകനെ വിളിച്ചുകൊണ്ട് ഞാൻ പറഞ്ഞു. നല്ല ലക്ഷണമൊത്ത ഒട്ടകങ്ങളെ തയ്യാർ ചെയ്ത് നിർത്തുക. എപ്പോൾ ആവശ്യപ്പെട്ടാലും എനിക്ക് ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ അടുത്ത് ഉണ്ടാവണം. മുഹമ്മദ് നബിﷺയുടെ സംഘം നമ്മുടെ ഭൂപ്രദേശത്ത് എവിടെയെങ്കിലും എത്തിയെന്ന് അറിഞ്ഞാൽ എന്നെ അറിയിക്കണം.

ഞാൻ പറഞ്ഞത് തന്നെ സംഭവിച്ചു. എന്റെ പരിചാരകൻ എന്നോട് വന്നു പറഞ്ഞു. മുഹമ്മദ് നബിﷺയുടെ സംഘത്തിന്റെ കുതിര നമ്മുടെ അടുത്ത പ്രദേശത്ത് കാലുകുത്തിയിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ എന്താണ് ലക്ഷ്യം വെച്ചത് അത് ചെയ്യാനുള്ള സമയമായി. അപ്പോഴതാ കുറെ പതാകകൾ നീങ്ങുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു. ഞാൻ ചോദിച്ചു. അതെന്താണ്? പരിചാരകൻ പറഞ്ഞു. അത് തന്നെയാണ് മുഹമ്മദ് നബിﷺയുടെ സംഘം. ഞാൻ പറഞ്ഞു. എന്നാൽ എന്റെ ഒട്ടകങ്ങളെ അടുത്തേക്ക് കൊണ്ടു വരൂ. ഞാൻ എന്റെ കുടുംബത്തെയും സാധനസാമഗ്രികളും അതിന്മേൽ വഹിച്ചു യാത്ര ചെയ്യാൻ ഒരുങ്ങി. സിറിയയിൽ ക്രിസ്ത്യാനികൾ താമസിക്കുന്ന സ്ഥലത്തേക്കാണ് ഞാൻ ലക്ഷ്യം വെച്ചത്.

സിറിയയിൽ പ്രവേശിച്ച് റോമിനോട് ചേർന്ന അതിർത്തിയിലേക്ക് ഞാൻ സഞ്ചരിച്ചു. അറബികളിൽ നിന്ന് പരമാവധി അകന്നു നിൽക്കുന്ന പ്രദേശം. അപ്പോഴും എന്റെ മനസ്സിൽ പ്രവാചകനോﷺടുള്ള വെറുപ്പ് വർദ്ധിച്ചുകൊണ്ടേയിരുന്നു.

ഞാനും എന്റെ കുടുംബവും പുറപ്പെട്ടെങ്കിലും ഹാതമിന്റെ ഒരു മകളും മറ്റു കുടുംബാദികളും അവിടെത്തന്നെ ബാക്കിയായി. മറ്റൊരു നിവേദന പ്രകാരം ഇങ്ങനെയാണ്. എന്റെ അമ്മാവനും കുടുംബത്തിലുള്ള മറ്റു പലരും മുഹമ്മദ് നബിﷺയുടെ സംഘത്തിന്റെ പിടിയിലായി. കൂട്ടത്തിൽ ഹാതമിന്റെ മകളും അഥവാ അദിയ്യിന്റെ സഹോദരിയും ഉണ്ടായിരുന്നു. ത്വയ്യ് ഗോത്രത്തിൽ നിന്നുള്ള ബന്ധികളുടെ കൂട്ടത്തിൽ അവരും മദീനയിലെത്തി. ഞാൻ സിറിയയിലേക്ക് ഓടിപ്പോയി എന്നും എന്റെ കുടുംബക്കാരൊക്കെ മദീനയിൽ എത്തിയിട്ടുണ്ടെന്നും പ്രവാചകന്ﷺ നേരിട്ട് വിവരം ലഭിച്ചു. മദീന പള്ളിയുടെ പരിസരത്ത് ബന്ധികൾ ഹാജരാക്കപ്പെട്ടപ്പോൾ സമീപത്തുകൂടി പ്രവാചകന്‍ﷺ കടന്നുപോയി.

ഹാതമിന്റെ മകളുടെ ശാരീരിക ഭാവങ്ങളും ആകർഷകമായിരുന്നു എന്ന് അലിയ്യ്(റ) ഒരു നിവേദനത്തിൽ പറയുന്നുണ്ട്. ഏതായാലും ബുദ്ധിമതിയായ അവൾ പ്രവാചകനോﷺട് ഇങ്ങനെ സംസാരിച്ചു. ഞാൻ ഞങ്ങളുടെ നാട്ടിലെ നേതാവിന്റെ മകളാണ്. എന്റെ പിതാവ് വിശക്കുന്നവർക്ക് ഭക്ഷണം കൊടുക്കുന്ന ആളും വസ്ത്രമില്ലാത്തവർക്ക് വസ്ത്രം നൽകുന്നയാളും അശരണർക്ക് ആശ്രയം നൽകുന്ന ആളുമൊക്കെയായിരുന്നു. അതിഥികളെ സൽക്കരിക്കുന്നതിലും അന്നദാനം നിർവഹിക്കുന്നതിലും ശാന്തിയുടെ അഭിവാദ്യം വ്യാപിപ്പിക്കുന്നതിലും ആവശ്യം ഉന്നയിച്ചു വരുന്നവരെ സ്വീകരിക്കുന്നതിലും എന്റെ പിതാവ് മുന്നിലായിരുന്നു. അഥവാ ഞാൻ ഹാതമു ത്വയ്യിന്റെ മകളാണ്. അപ്പോൾ പ്രവാചകൻﷺ ഇങ്ങനെ പ്രതികരിച്ചു. മോളെ, പിതാവ് സ്വീകരിച്ചത് മുഴുവനും ഒരു യഥാർത്ഥ സത്യവിശ്വാസിയുടെ ലക്ഷണങ്ങൾ ആണല്ലോ! അദ്ദേഹം ഇസ്ലാം സ്വീകരിച്ചിരുന്നുവെങ്കിൽ അദ്ദേഹത്തിന്റെ മേൽ കാരുണ്യവർഷത്തിന്റെ പ്രത്യേക അഭിവാദ്യം ഞങ്ങൾ ചൊല്ലുമായിരുന്നു. എന്നിട്ട് പ്രവാചകൻﷺ പറഞ്ഞു. അവളെ ബന്ധികളുടെ കൂട്ടത്തിൽ നിന്ന് മാറ്റി നിർത്തുക. അവളുടെ പിതാവ് ഉത്തമ സ്വഭാവങ്ങളെ സ്നേഹിച്ചിരുന്ന ആളാണ്. അല്ലാഹുവിനും ഉത്തമ സ്വഭാവങ്ങൾ വലിയ താല്പര്യമാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-649

Tweet 649
ഹാതമിന്റെ മകൾ നബിﷺയോടുള്ള സംഭാഷണം തുടർന്നു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, എന്റെ പിതാവ് മരണപ്പെട്ടു പോയി. എന്നെ കൈപിടിച്ചു കൊണ്ടു പോകേണ്ട ആളെ കാണാനുമില്ല. അതുകൊണ്ട് എനിക്ക് അവിടുന്ന് ഔദാര്യം ചെയ്താലും. അല്ലാഹു അവിടുത്തേക്ക്‌ ഔദാര്യം ചെയ്യും. നബിﷺ ചോദിച്ചു. ആരാണ് നിങ്ങളുടെ വാഫിദ് അഥവാ കൊണ്ടുപോകേണ്ട ആൾ? അദിയ്യ് ബിൻ ഹാതം. അവൾ പറഞ്ഞു. ഓ.. ശരി. അല്ലാഹുവിൽ നിന്നും അവന്റെ ദൂതനില്‍ നിന്നും ഓടിക്കളഞ്ഞ ആൾ. അല്ലേ!

ഹാതമിന്റെ മകൾ പറയുന്നു. എന്റെ വർത്തമാനം കേട്ട് തിരുനബിﷺ മുന്നോട്ട് നടന്നു. അടുത്ത ദിവസവും നബിﷺ അതുവഴി കടന്നു വന്നു. അപ്പോൾ നിരാശയായിരിക്കുന്ന എന്നോട് പിന്നിൽ ഒരാൾ പറഞ്ഞു. നീ എഴുന്നേറ്റു കാര്യങ്ങൾ നബിﷺയോട് സംസാരിക്കൂ. ഞാൻ കഴിഞ്ഞ ദിവസം പറഞ്ഞതുപോലെ കാര്യങ്ങൾ തിരുനബിﷺയുടെ മുമ്പിൽ വീണ്ടും അവതരിപ്പിക്കാൻ തുടങ്ങി. അവിടുന്ന് ഇങ്ങനെ പറഞ്ഞു. അങ്ങനെ ചെയ്തു കഴിഞ്ഞു പക്ഷേ നീ തിരക്കാക്കരുത്. നിന്നെ സുരക്ഷിതമായി അവിടെ എത്തിക്കാൻ പറ്റുന്ന ഒരാളെ കണ്ടുപിടിക്കൂ. വേണ്ട കാര്യങ്ങൾ ചെയ്തു തരാം. നബിﷺയോട് സംസാരിക്കാൻ എന്നോട് ആവശ്യപ്പെട്ട ആൾ ആരാണെന്ന് ഞാൻ അന്വേഷിച്ചപ്പോൾ അത് അലി(റ)യായിരുന്നു എന്ന് എനിക്ക് വിവരം ലഭിച്ചു.

എനിക്ക് സുരക്ഷിതമായി എന്റെ സഹോദരന്റെ അടുക്കൽ എത്താൻ പറ്റുന്ന ഒരു യാത്ര സംഘത്തെ ലഭിച്ചപ്പോൾ ഞാൻ നബിﷺയെ സമീപിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, സുരക്ഷിതമായി എന്നെ ലക്ഷ്യത്തിൽ എത്തിക്കാൻ പറ്റുന്ന ഒരു സംഘത്തെ എനിക്ക് ലഭിച്ചിരിക്കുന്നു. എന്നെ അവരോടൊപ്പം അയച്ചാലും. പ്രവാചകൻﷺ എനിക്ക് ആവശ്യമായ വസ്ത്രങ്ങളും യാത്ര സാമഗ്രികളും യാത്രാമധ്യേ ആവശ്യമായ ചെലവുകളും ഒക്കെ തന്ന് യാത്രയാക്കി. ഞാൻ സിറിയയിലേക്ക് പുറപ്പെട്ടു.

അദിയ്യ് പറയുന്നു. എനിക്കു നേരെ നടന്നുവരുന്ന ഒട്ടകത്തെ ഞാൻ ശ്രദ്ധിച്ചു. ഞാൻ സ്വയം തന്നെ പറഞ്ഞു. ഹാതമിന്റെ മകൾ? ശ്രദ്ധിച്ചു നോക്കിയപ്പോൾ അതെ അവൾ തന്നെ. എന്റെ സമീപത്തേക്ക് എത്തിയതും അവൾ സംസാരിക്കാൻ തുടങ്ങി. സാഹോദര്യബന്ധം മുറിക്കുന്ന അക്രമിയായ മനുഷ്യാ! നീ നിന്റെ ഭാര്യയെയും മക്കളെയും കൊണ്ട് ഇങ്ങു പോന്നു അല്ലേ? വാപ്പ ഏൽപ്പിച്ചു പോയ ബാക്കിയെല്ലാം നീ ഉപേക്ഷിച്ചു? പാവപ്പെട്ട ഒരു സ്ത്രീയെയും നീ കളഞ്ഞിട്ടാണ് പോന്നതല്ലേ? ഞാൻ ഇടപെട്ട് അവളോട് പറഞ്ഞു. ക്ഷമിക്കണം! നീ നല്ലതേ പറയാവൂ. നീ പറയുന്നതൊക്കെ എന്നിൽ നിന്നും സംഭവിച്ചു പോയി പക്ഷേ നീ എന്നോട് ക്ഷമിക്കണം. ശേഷം, അവൾ എന്റെ അടുക്കൽ തന്നെ താമസിച്ചു. ബുദ്ധിമതിയായ അവളോട് ഞാൻ മുഹമ്മദ് നബിﷺയെ കുറിച്ച് ചോദിച്ചു. ആ വ്യക്തിയെക്കുറിച്ച് നിനക്ക് എന്താണ് പറയാനുള്ളത്. അവൾ ഇങ്ങനെ പറഞ്ഞു. നീ എത്രയും വേഗം ആ വ്യക്തിയുടെ അടുക്കൽ എത്തണമെന്നാണ് എന്റെ അഭിപ്രായം. അതൊരു പ്രവാചകനാണെങ്കിൽ ആദ്യം ചെന്ന് ചേരുന്നവർക്ക് പ്രത്യേകതകൾ ഉണ്ടല്ലോ! ഇന്നാലിന്ന വ്യക്തികളൊക്കെ അവിടെ എത്തുകയും പ്രവാചകന്റെﷺ സാമീപ്യം കരസ്ഥമാക്കുകയും ചെയ്തു കഴിഞ്ഞു. അതല്ല, ഒരുപക്ഷേ ഒരു രാജാവായി വരികയാണെങ്കിലും നിങ്ങളുടെ പ്രതാപം പരിപാലിക്കാൻ അതാണ് നല്ലത്. അവൾ പറഞ്ഞു നിർത്തിയപ്പോൾ എനിക്ക് തോന്നി അവൾ പറയുന്നത് ശരിയാണെന്ന്. ഇത് നല്ലൊരു അഭിപ്രായമാണെന്ന് ഞാൻ പ്രതികരിച്ചു.

ബന്ദിയായി മദീനയിൽ എത്തിയ ബുദ്ധിമതിയായ ഒരു സ്ത്രീയുടെ അവലോകനമാണ് ഇപ്പോൾ നാം വായിച്ചത്. പ്രവാചകരുﷺടെ ചലനങ്ങൾ അവരുടെ ഹൃദയത്തിൽ നൽകിയ അടയാളങ്ങളായിരുന്നു ഇത്. പ്രവാചകനോﷺട് ശക്തമായ വിരോധം വെച്ചുപുലർത്തിയ സഹോദരനോട് ആണ് സഹോദരി ഇങ്ങനെയൊക്കെ സംസാരിക്കുന്നത്. ചെറിയൊരു കാലപരിധിക്കുള്ളിൽ ഇത്രയേറെ ആളുകൾ എങ്ങനെയാണ് മദീനയിലേക്കും പ്രവാചകനിﷺലേക്കും എത്തിച്ചേർന്നത് എന്ന ചോദ്യത്തിന് ചരിത്രം നൽകിക്കൊണ്ടിരിക്കുന്ന മറുപടികളിൽ ചിലതാണിത്.

മുഹമ്മദ് നബിﷺ കാലുകുത്തിയ മണ്ണിൽ നിൽക്കാൻ എനിക്ക് മനസ്സില്ല എന്ന് കരുതി സിറിയയിലേക്ക് പോയ പ്രതാപവാനായ ഒരാളുടെ മനോഗതിയെ മാറ്റിമറിച്ച് മദീനയിലേക്ക് മാടി വിളിക്കുകയാണിവിടെ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-650

Tweet 650
സഹോദരിയുടെ അഭിപ്രായത്തിൽ ശരി തോന്നിയ അദിയ്യ് മദീനയിലേക്ക് പുറപ്പെട്ടു. പ്രവാചകനെﷺക്കുറിച്ച് കേട്ടറിഞ്ഞ സ്വഭാവ മേന്മകൾ എല്ലാം അദ്ദേഹത്തിന്റെ ഹൃദയത്തിൽ സ്വാധീനിച്ചു. അദ്ദേഹം തന്നെ പറയുന്നു. ഞാൻ നേരെ പ്രവാചകരുﷺടെ പള്ളിയിലേക്ക് ചെന്നു. അവിടെ സ്ത്രീകളും കുട്ടികളും ഒക്കെയുണ്ട്. അവർക്ക് പ്രവാചകരോﷺടുള്ള ബന്ധത്തെക്കുറിച്ച് അവർ എന്നോട് പറഞ്ഞു. തുടർന്ന് ഞാൻ പ്രവാചകർﷺക്ക് നേരെ നടന്നടുത്തു. കിസ്റാ കൈസർ ചക്രവർത്തിമാരെ പോലെ ഒന്നുമല്ല അവിടുത്തെ സന്നിധി എന്ന് എനിക്ക് ബോധ്യമായി. ഞാൻ അഭിവാദ്യമായി സലാം ചൊല്ലി. അപ്പോൾ എന്നോട് ചോദിച്ചു. ആരാണ്? ഞാൻ പറഞ്ഞു. അദിയ്യ് ബിൻ ഹാതം. ഉടനെ തന്നെ എഴുന്നേറ്റ് എന്നെയും കൂട്ടി അവിടുന്ന് വീട്ടിലേക്ക് നടന്നു. പോകുന്ന വഴിയിൽ ഒരു വൃദ്ധ പ്രവാചകരോﷺട് അല്പസമയം നിൽക്കാൻ ആവശ്യപ്പെട്ടു. അവരെ കേൾക്കാൻ വേണ്ടി തിരുനബിﷺ സമയം ചെലവഴിച്ചപ്പോൾ ഞാൻ ആത്മഗതം ചെയ്തു. ഇതൊരു രാജാവിന്റെ ഭാവം ഒന്നുമല്ലല്ലോ കാണിക്കുന്നത്.

ഞങ്ങൾ നടന്നു വീട്ടിലേക്ക് പ്രവേശിച്ചു. ഈത്തപ്പന നാരു കൊണ്ട് ഉണ്ടാക്കിയ തടുക്ക് എനിക്കുവേണ്ടി വിരിച്ചു തന്നു. ശേഷം അതിന്മേൽ ഇരിക്കാൻ എന്നോട് ആവശ്യപ്പെട്ടു. ഞാൻ പറഞ്ഞു. അല്ലയോ പ്രവാചക പ്രഭോ അവിടുന്ന് ഇതിന്മേൽ ഇരിക്കുവിൻ. പക്ഷേ പ്രവാചകൻﷺ നിർബന്ധിച്ചു എന്നെ തന്നെ ഇരുത്തി. തിരുനബിﷺ നിലത്തിരുന്നു. ശേഷം എന്നോട് ഇങ്ങനെ സംസാരിച്ചു തുടങ്ങി. അല്ലയോ അദിയ്യേ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്ന് ഞാൻ നിങ്ങളോട് അറിയിക്കുന്നു. അതല്ല, അല്ലാഹുവല്ലാതെ മറ്റാരെങ്കിലും ആരാധ്യനുണ്ടോ? അല്ലാഹുവാണ് ഏറ്റവും വലിയവനും മഹത്വമുള്ളവനും എന്ന് ഞാൻ നിങ്ങളെ അറിയിക്കുന്നു. അതല്ല, മറ്റാരെങ്കിലും ഉണ്ടോ? അപ്പോൾ ഞാൻ പറഞ്ഞു. ഞാൻ എന്റെ വിശ്വാസത്തിൽ തന്നെ നിലകൊള്ളുകയാണ്.

അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. നിങ്ങളുടെ ആദർശത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും എനിക്ക് നന്നായി അറിയാം. അപ്പോൾ ഞാൻ നബിﷺയോട് ചോദിച്ചു. എന്റെ ആദർശത്തെയും വിശ്വാസത്തെയും കുറിച്ച് എന്നെക്കാൾ നന്നായി അവിടുത്തേക്ക് അറിയാമെന്നോ? അതെ എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞു. എന്നിട്ട് എന്നോട് ചോദിച്ചു. നിങ്ങൾ റകൂസിയ്യ് അല്ലേ?( ക്രിസ്തുമതത്തിലെ ഒരു വിഭാഗത്തിന്റെ പേരാണിത്) ഞാൻ പറഞ്ഞു അതെ. നിങ്ങൾ നിങ്ങളുടെ വിഭാഗത്തിലെ നേതാവല്ലേ? ഞാൻ പറഞ്ഞു, അതെ. ആട്ടിൻപറ്റത്തെ നയിച്ചുകൊണ്ട് നിങ്ങൾ അവരുടെ ഇടയിൽ സഞ്ചരിക്കാറില്ലേ? ഞാൻ പറഞ്ഞു. അതെ.

ഇത്രയുമായപ്പോൾ എന്റെ മുന്നിലുള്ളത് പ്രവാചകനാﷺണെന്നും അദൃശ്യമായ ജ്ഞാനങ്ങൾ ഉണ്ടെന്നും എനിക്ക് ബോധ്യമായി. അല്ലയോ അദിയ്യേ, ഞങ്ങളിൽ നിങ്ങൾ കാണുന്ന സാമ്പത്തിക പരിമിതി അല്ലേ ഒരുപക്ഷേ നിങ്ങളെ ഈ മതം സ്വീകരിക്കാൻ തടസ്സം ആക്കുന്നത്? അല്ലാഹു സത്യം! വൈകാതെ തന്നെ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാവുകയും ദാനം സ്വീകരിക്കാൻ ഇവിടെ ആളില്ലാതെ വരികയും ചെയ്യും. മറ്റൊരു കാര്യം നിങ്ങളെ തടസ്സപ്പെടുത്തുന്നത് ഞങ്ങളുടെ അംഗങ്ങളുടെ കുറവും ശത്രുക്കളുടെ ആധിക്യവും ആയിരിക്കും അല്ലേ? എന്നാൽ നിങ്ങൾ മനസ്സിലാക്കിക്കൊള്ളൂ ഖാദിസിയ്യ എന്ന പ്രദേശത്തുനിന്ന് ഒട്ടകപ്പുറത്തേറി സുരക്ഷിതയായി ഒരു വനിത ഈ പവിത്രഗേഹം സന്ദർശിക്കുന്ന ഒരു കാലം വരും. അഥവാ സുരക്ഷിതത്വവും സ്വീകാര്യതയും ഉള്ള ഒരു കാലം നമുക്ക് വരാനുണ്ട് എന്ന്.

മറ്റൊരു നിവേദനത്തിൽ ഇങ്ങനെയുണ്ട്. നബിﷺ അദിയ്യിനോട് ചോദിച്ചു. നിങ്ങൾ ഹിയറാ കണ്ടിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു. ഇല്ല. എന്നാൽ, ആ പ്രദേശത്തുനിന്ന് സ്ത്രീകൾ സുരക്ഷിതരായി ഇവിടെ വരെ യാത്ര ചെയ്തു വന്നു പവിത്രഗേഹം സന്ദർശിക്കും. അന്ന് അവർക്ക് അല്ലാഹുവിനെയും, ആടുകളെ കൊണ്ടുപോകാൻ ഇടയുള്ള ചെന്നായയേയും മാത്രം ഭയന്നാൽ മതിയാകും. കിസ്രയുടെ ഖജനാവുകൾ നിങ്ങൾക്ക് വേണ്ടി തുറക്കപ്പെടും. അപ്പോൾ അദിയ്യ് അത്ഭുതത്തോടെ ചോദിച്ചു. കിസ്ര ബിൻ ഹുർമസിന്റെയോ? അതെ എന്ന് നബിﷺ വ്യക്തമാക്കി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-651

Tweet 651
അദിയ്യിന്റെ വിശദീകരണം കുറച്ചുകൂടി നമുക്ക് വായിക്കാം. തിരുനബിﷺ അദിയ്യിനോട് പറഞ്ഞു. അല്ലയോ അദിയ്യേ! നിങ്ങൾക്ക് കുറച്ചുകൂടി ആയുസ്സ് ലഭിച്ചാൽ, കൈനിറയെ പൊന്നും വെള്ളിയുമായി ദാനം നൽകാൻ വേണ്ടി പുറപ്പെട്ടു, സ്വീകരിക്കാൻ ആളില്ലാതെ നിരാശപ്പെടുന്ന ആളെ നിങ്ങൾക്ക് കാണാൻ കഴിഞ്ഞേക്കും.

അവന്റെയും അടിമയുടെയും ഇടയിൽ ഇടപെടാൻ ആരുമില്ലാത്ത വിധത്തിൽ നാളെ അല്ലാഹുവിന്റെ മുന്നിൽ മനുഷ്യൻ ഹാജരാക്കപ്പെടും. വലത്തോട്ട് നോക്കിയാലും ഇടത്തോട്ട് നോക്കിയാലും നരകം മാത്രം കാണുന്ന വിധത്തിലുള്ള ഒരവസ്ഥയിലേക്ക് എത്തും. അതിനാൽ ഒരു കാരക്കയുടെ ചിന്തുകൊണ്ടെങ്കിലും നരകത്തിൽ നിന്ന് സുരക്ഷ നേടുക. അതിനും സാധിക്കുന്നില്ലെങ്കിൽ ഒരു നല്ല വാക്കുകൊണ്ടെങ്കിലും ധർമ്മം നിർവഹിക്കുക.

അദിയ്യ്(റ) തുടരുന്നു. ഞാൻ ഇസ്ലാം സ്വീകരിച്ചപ്പോൾ പ്രവാചകരുﷺടെ മുഖത്ത് സന്തോഷം പ്രകാശിതമായി. തിരുനബിﷺ മുന്നറിയിപ്പ് നൽകിയ പല കാര്യങ്ങളും എനിക്ക് നേരിട്ട് കാണാൻ കഴിഞ്ഞു. കൂഫയിൽ നിന്ന് സുരക്ഷിതമായി വന്ന് കഅ്ബ തവാഫ് ചെയ്യുന്ന സ്ത്രീയെ എനിക്കറിയാൻ അവസരം ഉണ്ടായി. കിസ്രയുടെ ഖജനാവിൽ നിന്നുള്ള സ്വത്തുകൾ മുസ്ലീംകൾക്ക് വിധേയപ്പെട്ട് കിട്ടിയതിന് എനിക്ക് സാക്ഷിയാവാൻ കഴിഞ്ഞു. ഇനിയും അല്ലാഹു ആയുസ്സ് നീട്ടി തന്നാൽ തിരുനബിﷺ മുന്നറിയിപ്പ് നൽകിയ ബാക്കി കാര്യങ്ങൾ കൂടി നേരിട്ട് മനസ്സിലാക്കാൻ കഴിയും.

അദിയ്യി(റ)ന്റെ ആഗമനവും ഇസ്ലാം സ്വീകരണവും എത്രമേൽ വലിയ പാഠങ്ങളാണ് നമുക്ക് പകർന്നു നൽകിയത്. അറബ് ലോകത്തെ ഏറ്റവും അറിയപ്പെട്ട സമ്പന്നന്റെയും ഔദാര്യവാന്റെയും മകൻ കൃത്യമായ ന്യായങ്ങളോടെയും സ്വഭാവ നിരീക്ഷണങ്ങളോടെയും നബി സവിധത്തിൽ എത്തുന്നു. തിരുനബിﷺയെ അനുഭവിക്കുകയും തുടർന്ന് അനുയായി ആവുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ വിചാരത്തിനും വീക്ഷണത്തിനും അനുസരിച്ച് അദ്ദേഹത്തോട് തിരുനബിﷺ സംസാരിച്ചത് മുഴുവനും ഉയർന്ന കാര്യങ്ങൾ ആയിരുന്നു. സാമ്പത്തികമായ ആസ്തികൾക്കൊന്നും വലിയ പ്രസക്തിയില്ലെന്ന് ബോധ്യപ്പെടുത്താൻ, നാളെ അധീനപ്പെടാനുള്ള കിസ്റയുടെ സമ്പാദ്യത്തെ കുറിച്ച് പറഞ്ഞു. ഈ ഭൂപ്രദേശം മുഴുവനും സമൃദ്ധിയിലേക്ക് എത്തുമെന്ന് അറിയിക്കാൻ, നാളെ ദാനം സ്വീകരിക്കാൻ ആളുണ്ടാവില്ലെന്ന് മുന്നറിയിപ്പ് നൽകി. ഏതൊരാൾക്കും നാളെ അല്ലാഹുവിന്റെ വിചാരണയ്ക്ക് മുന്നിൽ നിൽക്കേണ്ടി വരും എന്ന് അറിയിക്കാൻ പരലോകത്തെ കുറിച്ചുള്ള വിചാരങ്ങൾ പങ്കുവെച്ചു. ദാനധർമ്മങ്ങൾ പാരത്രിക മോക്ഷത്തിന് നിമിത്തമാണെന്ന് ബോധ്യപ്പെടുത്താൻ, ഒരു കാരക്കച്ചിന്ത് കൊണ്ടെങ്കിലും നരകത്തിൽ നിന്ന് കാവൽ തേടണം എന്ന് പഠിപ്പിച്ചു.

തിരുനബി ജീവിതത്തെ നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന ക്യാമറകൾ അവിടുത്തെ മുന്നറിയിപ്പുകളുടെ പരിണിതി കൂടി ഒപ്പിയെടുത്തു എന്ന് തുടർ സംഭവങ്ങൾ പഠിപ്പിക്കുന്നു. അദിയ്യി(റ)നു മുന്നറിയിപ്പ് നൽകിയ കാര്യങ്ങൾ അദ്ദേഹത്തിന് തന്നെ സാക്ഷിയാകാൻ കഴിഞ്ഞു എന്ന സാക്ഷ്യപത്രം കൂടി ചരിത്രം രേഖപ്പെടുത്തുന്നു. നബി ജീവിതത്തിന്റെ പ്രാമാണികതയും ആധികാരികതയും ഒന്നുകൂടി മനസ്സിലാക്കാനുള്ള ഒരു അധ്യായമായി നമുക്ക് ഇതിനെ കാണാം.

ഹിജ്റയുടെ ഒമ്പതാം മാസം ശഅ്ബാനിലാണ് അദിയ്യ്(റ) ഇസ്ലാം സ്വീകരിച്ചതെന്നാണ് ചരിത്രപക്ഷം. തുടർന്ന് അലിയ്യി(റ)നോടൊപ്പം പല മുന്നേറ്റങ്ങളിലും പങ്കെടുത്തു. ഹിജ്റ 68 ലോ 69 ലോ കൂഫയിൽ വച്ച് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു. അന്ന് അദ്ദേഹത്തിന് 120 ഓ 180ഓ വയസുണ്ടായിരുന്നു എന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്.

നീണ്ട ഒരു കാലഘട്ടത്തിന്റെ മനോഹരമായ വായനയാണ് അദിയ്യി(റ)ന്റെ ജീവിതാവലോകനം നമുക്ക് സമ്മാനിക്കുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-652

Tweet 652
ബനൂ ഉദ്റയുടെ ആഗമനം.

ഹിജ്‌റ ഒൻപതാം വർഷം സഫർ മാസത്തിൽ ബനൂ ഉദ്റ ഗോത്രത്തിൽ നിന്നുള്ള നിവേദക സംഘം നബി സവിധത്തിലേക്ക് വന്നു. ജംറത്തു ബിൻ അന്നുഅ്മാൻ, സഅദ് ബിനു മാലിക്, സുലൈമു ബിൻ മാലിക്ക് എന്നിവരടങ്ങുന്ന 12 അംഗ സംഘമായിരുന്നു അത്. ഹദസിന്റെ മകൾ റംലയുടെ വീട്ടിലാണ് അവർ ആദ്യം എത്തിയത്. ശേഷം, അവർ പ്രവാചകരുﷺടെ സമീപത്തേക്ക് നീങ്ങി. ജാഹിലിയ്യ കാലത്തെ രീതിയിലാണ് അവർ പ്രവാചകനെﷺ അഭിവാദ്യം ചെയ്തത്. അപ്പോൾ നബിﷺ ചോദിച്ചു. ആരാണ് നിങ്ങൾ? മാതൃ പരമ്പര വഴി ഞങ്ങൾ ഖുസയ്യിന്റെ സഹോദരങ്ങളാണ്. ഞങ്ങൾക്ക് മക്കയിൽ ബന്ധുക്കളും കുടുംബക്കാരും ഉണ്ട്. പ്രവാചകൻﷺ അവരെ സ്വാഗതം ചെയ്തു. എന്നിട്ട് ചോദിച്ചു. നിങ്ങൾ എന്തുകൊണ്ടാണ് ഇസ്ലാമിക ചിട്ടപ്രകാരം അഭിവാദ്യം ചെയ്യാതിരുന്നത്? ഞങ്ങൾ ഞങ്ങളുടെ പിതാമഹന്മാരുടെ മാർഗത്തിലാണ് ഇപ്പോഴുള്ളത്. അവിടുന്ന് ഏതൊരു ആശയത്തിലേക്കും മാർഗ്ഗത്തിലേക്കും ആണ് ജനങ്ങളെ ക്ഷണിക്കുന്നത്? അവർ നബിﷺയോട് ചോദിച്ചു. അല്ലാഹുവിനെ ആരാധിക്കണം എന്നും അവന് യാതൊരുവിധ പങ്കുകാരും ഇല്ലെന്നുമുള്ള ആശയത്തിലേക്കാണ് ഞാൻ നിങ്ങളെ ക്ഷണിക്കുന്നത്. ഒപ്പം മനുഷ്യകുലത്തേക്കു മുഴുവനും നിയോഗിക്കപ്പെട്ട പ്രവാചകനാﷺണ് ഞാൻ എന്നും നിങ്ങൾ സാക്ഷ്യം വഹിക്കേണ്ടതുണ്ട്. ഇത്രയും കേട്ടപ്പോൾ ആഗതരുടെ സംഘത്തിൽ നിന്ന് ഒരു വക്താവ് ചോദിച്ചു. ഈ ആദർശത്തിനപ്പുറം മറ്റനുഷ്ഠാനങ്ങൾ എന്തൊക്കെയാണ്? സത്യസാക്ഷ്യത്തോടൊപ്പം നിസ്കാരത്തെക്കുറിച്ചും, അത് ഏറ്റവും ശ്രേഷ്ഠമായ കർമ്മം ആണെന്നും, വ്രതാനുഷ്ഠാനം, ദാനധർമ്മം തുടങ്ങി മറ്റു ഇസ്ലാം കാര്യങ്ങളും പ്രവാചകൻﷺ പറഞ്ഞു കൊടുത്തു. അല്ലാഹു അക്ബർ(അല്ലാഹുവാണ് ഏറ്റവും ഉന്നതൻ) എന്ന് പ്രഖ്യാപിച്ചുകൊണ്ട് അവർ അത് ഏറ്റെടുത്തു. സത്യ വാചകം ഉറക്കെ ചൊല്ലി. ഞങ്ങൾ പ്രവാചകനെﷺ അനുസരിക്കുന്നു എന്നും മുന്നോട്ടു വച്ച ആശയങ്ങളെ അംഗീകരിക്കുന്നുവെന്നും പ്രവാചകന്ﷺ സഹായിയായി ഞങ്ങൾ ഉണ്ടാകുമെന്നും അവർ പ്രഖ്യാപിച്ചു.

തുടർന്ന് ഇങ്ങനെ ഒരു കാര്യം അവർ അന്വേഷിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ. ഞങ്ങൾ വ്യാപാരത്തിനു പോകുന്ന സ്ഥലമാണ് ശാമ് അഥവാ സിറിയ. അവിടെ ഹിർഖൽ എന്നൊരു ചക്രവർത്തിയുണ്ട്. അദ്ദേഹത്തെക്കുറിച്ച് വല്ല ദിവ്യ സന്ദേശവും വന്നിട്ടുണ്ടോ? നിങ്ങൾ സന്തോഷിച്ചോളൂ. ആ പ്രദേശം നമ്മുടെ അധീനതയിലാകും. ഭരണാധികാരി അവിടെനിന്ന് നാട് നീങ്ങും.

ജോത്സ്യന്മാരെ സമീപിക്കരുതെന്ന് തിരുനബിﷺ അവരെ ഉൽബോധിപ്പിച്ചു. അപ്പോൾ അവർ ഇങ്ങനെ പറഞ്ഞു. ഞങ്ങളുടെ ഇടയിൽ ഖുറൈശിക്കാരിയായ ഒരു ജോത്സ്യയുണ്ട്. അറബികൾ കാര്യങ്ങൾ തീരുമാനിക്കാനും തീരുമാനമെടുക്കാനും അവരെ സമീപിക്കാറുണ്ട്. അപ്പോൾ പ്രവാചകൻﷺ അതിനെ വ്യക്തമായി വിലക്കി. ആഗതർ തക്ബീർ മുഴക്കി അത് സ്വീകരിച്ചു. ജാഹിലിയ്യ കാലഘട്ടത്തിലെ ബലിദാനങ്ങളെക്കുറിച്ച് അവർ ചോദിച്ചു. ബലിപെരുന്നാളിന്റെ അന്ന് അറുക്കുന്നതല്ലാതെ ഇസ്ലാമിൽ മറ്റൊരു ബലിയും ഇല്ലെന്ന് വ്യക്തമാക്കി. ഒപ്പം ഉള്ഹിയ്യത്തിനെ പരിചയപ്പെടുത്തി.

തുടർന്നും അവർക്ക് ചോദിക്കാനും വ്യക്തത വരുത്താനും ഉണ്ടായിരുന്നു. പ്രവാചകൻﷺ അവർക്ക് അതിനെല്ലാം അവസരം നൽകി. കുറച്ചുദിവസം അവർ മദീനയിൽ കഴിച്ചുകൂട്ടി. ശേഷം, അവർ നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങി. സാധാരണ നിവേദക സംഘങ്ങൾക്ക് നൽകുന്ന സമ്മാനങ്ങൾ അവർക്കും നൽകി നബിﷺ അവരെ യാത്രയാക്കി.

എത്ര വേഗമാണ് ഇസ്ലാമിന്റെ തെളിഞ്ഞ ആശയത്തെ ആളുകൾ സ്വീകരിക്കുകയും, അവർക്കിടയിൽ കാലങ്ങളായി ആഴ്ന്നിറങ്ങിയിരുന്ന അബദ്ധ ആശയങ്ങളെ മാറ്റിനിർത്തുകയും ചെയ്തത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-653

Tweet 653
ബനൂ അഖീൽ ബിൻ കഅബിന്റെ ആഗമനം

ബനൂ കഅബിലെ ഒരു പ്രതിനിധി തന്നെ പറയുന്നത് ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരു സംഘം പ്രവാചക സന്നിധിയിലേക്ക് പുറപ്പെട്ടു. റബീഉ ബിൻ മുആവിയ, മുതർറഫ് ബിൻ അബ്ദുല്ല, അനസ് ബിൻ ഖൈസ് എന്നിവരാണ് ആദ്യം എത്തിയത്. അവർ പ്രവാചകനുﷺമായി കരാറിൽ ഏർപ്പെടുകയും ഇസ്ലാം പ്രഖ്യാപിക്കുകയും ചെയ്തു. ഈത്തപ്പന തോട്ടവും അരുവികളും ഉള്ള അഖീൽ പ്രദേശം അവർക്ക് വേണ്ടി എഴുതി കൊടുത്തു. നിസ്കാരം നിലനിർത്തണമെന്നും ദാനധർമ്മാദികൾ കൊടുക്കണമെന്നുമുള്ള നിബന്ധനയോടുകൂടിയാണ് പ്രവിശ്യയുടെ കരാർ കൈമാറിയത്. അവർ എല്ലാ നിബന്ധനകളും കേട്ട് അംഗീകാരം അറിയിച്ചു.

അവരുടെ കൂട്ടത്തിൽ നിന്ന് അബൂ ഹർബ് ബിൻ ഖുവൈലിദ് എത്തിയപ്പോൾ അവർക്ക് പ്രവാചകൻﷺ ഖുർആൻ പഠിപ്പിച്ചു കൊടുത്തു. ഇസ്ലാമിന്റെ വിശദാംശങ്ങളും നിയമ നിബന്ധനകളും അവരെ ബോധ്യപ്പെടുത്തി. അപ്പോൾ അയാൾ ഇങ്ങനെ പ്രതികരിച്ചു. അവിടുന്ന് അല്ലാഹുവിനെ കണ്ടിട്ടുണ്ടാകാം. അല്ലെങ്കിൽ കണ്ടവരെ കണ്ടിട്ടുണ്ടാകും, ശരി. അവിടുന്ന് പറയുന്ന വാചകങ്ങൾ ഞങ്ങൾക്ക് പറയാൻ പറ്റാത്ത അത്ര ഭംഗിയുള്ളതും മനോഹരവും ആണ്, അതും ശരി. പക്ഷേ, അവിടുന്ന് ക്ഷണിക്കുന്ന ആശയത്തിലേക്ക് വരാൻ എനിക്ക് സാധിക്കില്ല. പാരമ്പര്യമായി ഞങ്ങൾ ഉണ്ടായിരുന്ന ആശയത്തിൽ നിന്ന് മാറാൻ കഴിയില്ല. അതുകൊണ്ട് ആശയത്തിലേക്ക് നിർബന്ധിച്ചാൽ ചിലപ്പോൾ എന്റെ കയ്യിൽ ഉള്ള ഈ പാത്രത്തിന്റെ പിടി പ്രയോഗിക്കേണ്ടി വരും. മൂന്നുപ്രാവശ്യം ഇത് ആവർത്തിച്ചു. ഇത്രയും പറഞ്ഞ് അയാൾ സഹോദരൻ അഖീലിന്റെ അടുക്കലേക്ക് എത്തി. അയാൾ പറഞ്ഞു. എടാ നീ എത്ര ഗുണം കെട്ടവൻ. ഞങ്ങൾ പ്രവാചകനെﷺ അംഗീകരിക്കുകയും ഖുർആൻ സ്വീകരിക്കുകയും അവിടുന്ന് ഞങ്ങൾക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു. അപ്പോൾ അയാൾ തിരിച്ചു പറഞ്ഞു. മുഹമ്മദ് നബിﷺ നൽകിയതിനേക്കാൾ കൂടുതൽ ഞാൻ നിനക്ക് തരാം. അതുകേട്ടു അഖീൽ നബിﷺയുടെ സവിധത്തിലേക്ക് ചെന്നു. പ്രവാചകനുﷺമായുള്ള സംഭാഷണത്തിനു ശേഷം ഒരിക്കൽ കൂടി ഇസ്ലാം പ്രഖ്യാപിച്ചു.

വ്യത്യസ്ത സ്വഭാവത്തിലും സമീപനങ്ങളിലും ഉള്ള ആളുകളാണ് നബി സന്നിധിയിലേക്ക് വന്നുകൊണ്ടിരുന്നത്. ഓരോരുത്തരുടെയും മനോഗതികളെയും ആവശ്യങ്ങളെയും കാണാൻ പ്രവാചകർﷺക്ക് കഴിഞ്ഞു. ചിലയാളുകൾ ഭൗതികമായ നേട്ടങ്ങൾ മുന്നിൽ വച്ചുകൊണ്ട് ഇസ്ലാം സ്വീകരിച്ചു. ഇസ്ലാമിന്റെ മധുരം അറിഞ്ഞതിൽ പിന്നെ അവർക്കുള്ള ഭൗതിക ഭ്രമങ്ങൾ അവസാനിച്ചു. പ്രത്യക്ഷത്തിൽ ആനുകൂല്യങ്ങളും അധികാരങ്ങളും കിട്ടുമെന്ന് കരുതി വന്നവരെയും കാണാൻ കഴിയും. എന്നാൽ ഇസ്ലാമിന്റെ ആശയത്തെ അറിഞ്ഞ് അനുഷ്ഠാനങ്ങളിലേക്ക് വരുമ്പോൾ അവരുടെ മനോഗതികൾ മാറും എന്ന് പ്രവാചകന്ﷺ അറിയാം. ഉപഹാരങ്ങൾ കൊതിച്ചു കൊണ്ടുവന്ന ആളുകളെ മാത്രം വായിച്ച് ഇസ്ലാം ചില ഭൗതിക സമ്മാനങ്ങൾ നൽകി ആളുകളെ ചേർത്തുപിടിച്ചു എന്ന് മനസ്സിലാക്കുന്നത് ശരിയല്ല. വിശപ്പടക്കാൻ വേണ്ടി അനാഥാലയത്തിൽ ചേർന്നുവെന്നും അറിവ് പഠിച്ചതിൽ പിന്നെ അറിവിനെക്കാൾ വലുതായി ഒന്നും എനിക്ക് കാണാൻ കഴിഞ്ഞില്ലെന്നും ആത്മജ്ഞാനികൾ തന്നെ പ്രയോഗിച്ചത് നമുക്ക് വായനകളിൽ ലഭിച്ചിട്ടുണ്ടല്ലോ. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി ആയിരുന്നില്ല എന്റെ അറിവ് അന്വേഷണങ്ങളുടെ ആരംഭം. പക്ഷേ, അറിവിന്റെ മധുരം ലഭിച്ചപ്പോൾ അല്ലാഹുവിലേക്ക് അല്ലാതെ തിരിയാൻ കഴിഞ്ഞതുമില്ല എന്ന പ്രസിദ്ധമായ ഒരു പ്രയോഗം നാം വായിച്ചിട്ടുണ്ടല്ലോ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-654

Tweet 654
അംറ് ബിൻ മഅദീ കരിബിന്റെ ആഗമനം

അംറ് ബിൻ മഅദീ കരിബ് ഒരു സംഘത്തോടൊപ്പം നബിﷺയുടെ സന്നിധിയിലേക്ക് വന്നു. അവർ ഇസ്‌ലാം സ്വീകരിച്ചു. മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. അംറ് (റ) അദ്ദേഹത്തിന്റെ സഹോദരീ പുത്രി ഖൈസിനോട് ചോദിച്ചു. നിങ്ങൾ നിങ്ങളുടെ സമൂഹത്തിലെ നേതാവല്ലേ? നിങ്ങളുടെ ഇടയിൽ മുഹമ്മദ്‌ﷺ എന്ന വ്യക്തി നബിയാണെന്നു വാദിച്ചു രംഗപ്രവേശനം ചെയ്തു എന്ന് കേൾക്കുന്നുണ്ടല്ലോ? ഞങ്ങളെ അവിടുത്തേക്ക് ഒന്ന് കൊണ്ടുപോകൂ. ഞങ്ങൾ വസ്തുതകളൊക്കെ ഒന്ന് മനസ്സിലാക്കട്ടെ. അവിടുന്ന് വാദിക്കുന്നത് പോലെ പ്രവാചകനാണെങ്കിൽ നമുക്ക് ബോധ്യമാവുകയും പിൻപറ്റുകയും ചെയ്യാമല്ലോ. അതല്ലെങ്കിൽ ആ യാഥാർത്ഥ്യം നമുക്ക് ബോധ്യമാവുകയും ചെയ്യുമല്ലോ. പക്ഷേ, ഖൈസ് സമ്മതിച്ചില്ല. ഉന്നയിക്കപ്പെട്ട അഭിപ്രായത്തോട് യോജിച്ചതുമില്ല. അങ്ങനെയായപ്പോഴാണ് അംറ് (റ) സ്വയം വാഹനത്തിൽ കയറി മദീനയിലെത്തി ഇസ്‌ലാം സ്വീകരിച്ചത്. ഇതറിഞ്ഞ ഖൈസിനു ദേഷ്യമായി. പക്ഷേ, അംറ്(റ) അതിന് കണക്കിന് മറുപടി കൊടുത്തു.

ഇബ്നു ഇസ്ഹാഖി(റ)ന്റെ നിവേദന പ്രകാരം തിരുനബിﷺയുടെ വിയോഗത്തിനുശേഷം അംറ് (റ) ഇസ്ലാമിൽ നിന്ന് പുറത്തു പോവുകയും പിന്നീട് ഇസ്ലാമിലേക്ക് തന്നെ വരികയും ഖാദിസിയ്യ സൈനിക നീക്കത്തിലും മറ്റും സംബന്ധിക്കുകയും ചെയ്തു.

ഇമാം ശാഫിഈ(റ) നിവേദനം ചെയ്തത് ഇബ്നു അബ്ദുൽ ഹകം(റ) ഉദ്ധരിക്കുന്നത് ഇങ്ങനെയാണ്. ഖാലിദുബ്നു വലീദി(റ)നെയും അലിയ്യ് ബിൻ അബീത്വാലിബി(റ)നെയും നബിﷺ യമനിലേക്ക് നിയോഗിച്ചു. പുറപ്പെടാൻ നേരം ഇങ്ങനെ പറഞ്ഞു. നിങ്ങൾ രണ്ടുപേരും ഒരുമിച്ചാകുമ്പോൾ അമീർ അഥവാ നേതാവ് അലി(റ) ആയിരിക്കും. രണ്ടുപേരും രണ്ടു ദിശയിലാകുമ്പോൾ നിങ്ങൾ ഓരോരുത്തരും നേതാക്കൾ ആയിരിക്കും. രണ്ടുപേരും ഒരുമിച്ച് യമനിലേക്ക് പ്രവേശിച്ചു. ഈ ആഗമനം അംറ് (റ) അറിഞ്ഞു. ഇവർ രണ്ടുപേരെയും നേരിടാൻ വേണ്ടി ഒരു സംഘത്തോടൊപ്പം പുറപ്പെട്ടു. ഏകദേശം രണ്ട് സംഘങ്ങളും കണ്ടുമുട്ടാൻ ആയപ്പോൾ അലി(റ)യും ഖാലിദും(റ) അങ്ങോട്ടുമിങ്ങോട്ടും പറഞ്ഞു. ഇയാളെ എനിക്ക് വിട്ടു തന്നോളൂ ഞാൻ കൈകാര്യം ചെയ്തുകൊള്ളാം. ഈ വർത്തമാനം കേട്ടപ്പോൾ അംറ്(റ) അത്ഭുതപ്പെട്ടു. സാധാരണയിൽ എന്റെ പേരുകേട്ടാൽ എല്ലാവരും ഭയപ്പെട്ടു പിന്മാറുകയാണ് ചെയ്യാറുള്ളത്. ഇവർ രണ്ടുപേരും എന്നെ നേരിടാൻ വേണ്ടി തർക്കിക്കുകയാണല്ലോ. അത്ഭുതം ഭയമായി മാറുകയും അയാൾ നേരിടാൻ കൂട്ടാക്കാതെ പിൻവാങ്ങുകയും ചെയ്തു. ധൈര്യവാനും മനോഹരമായ കവിതകൾ കോർത്തിണക്കുന്ന കവിയുമായ അദ്ദേഹം പിന്നീട് ഇസ്ലാം സ്വീകരിച്ചു.

ഒരു സംഭവത്തെക്കുറിച്ചുള്ള വ്യത്യസ്ത നിവേദനങ്ങളാണ് നാം വായിച്ചത്. ഓരോ നിവേദനങ്ങളും വേറിട്ട ചില ആശയങ്ങളും അനുഭവങ്ങളുമാണ് നമുക്ക് പങ്കുവെക്കുന്നത്. സ്വഹാബികളുടെ ആത്മധൈര്യവും ഇസ്ലാം സ്വീകരിച്ചതിൽ പിന്നെ പുതു മുസ്ലിംകൾക്ക് കിട്ടിയ ആത്മ സംതൃപ്തിയും, പ്രവാചക സാന്നിധ്യത്തിന്റെ മധുരവും, മുന്നോട്ടുവെച്ച ആശയങ്ങളുടെ ആത്മാവും തിരിച്ചറിയുമ്പോൾ ഓരോരുത്തരും ഇസ്ലാമിനുവേണ്ടി എത്രമേൽ സമർപ്പിക്കപ്പെട്ടു തുടങ്ങി ഒരുപാട് വിചാര തലങ്ങളെ ഈ സംഭവം നമുക്ക് പകർന്നു തരുന്നു.

നബി ജീവിതത്തിന്റെ ചരിത്രപരതയെ കൂടുതൽ ഊന്നലോടെ അടയാളപ്പെടുത്തുന്നതാണ് ഇത്തരം ഓരോ സംഭവങ്ങളും. നബി ചരിത്രത്തിന്റെ ഉജ്വല അദ്ധ്യായങ്ങളെ തുടർന്നും നമുക്ക് വായിച്ചു നോക്കാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-655

Tweet 655
അൻസ് ഗോത്രത്തിൽ നിന്നുള്ള ആഗമനം

യമനിലെ അൻസ് ഗോത്രത്തിൽ നിന്ന് ഒരാൾ പ്രവാചക സവിധത്തിൽ എത്തി. അപ്പോൾ അവിടുന്ന് അത്താഴം കഴിച്ചു കൊണ്ടിരിക്കുകയായിരുന്നു. പ്രവാചകൻﷺ അതിലേക്ക് അദ്ദേഹത്തെ ക്ഷണിക്കുകയും ഒപ്പം ഇരുത്തുകയും ചെയ്തു. ഭക്ഷണത്തിനിടയിൽ പ്രവാചകൻﷺ ചോദിച്ചു. അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതനും ദാസനും ആണെന്നും താങ്കൾ വിശ്വസിക്കുന്നുണ്ടോ? അതെ, ഞാൻ വിശ്വസിക്കുന്നുണ്ട്. എന്തെങ്കിലും മോഹങ്ങൾ വെച്ചുകൊണ്ടോ അതല്ല മറ്റെന്തെങ്കിലും ഭയം കാരണമോ ആണോ താങ്കൾ ഇങ്ങോട്ട് വന്നത്? അപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. എന്തെങ്കിലും മോഹിച്ചു വരണമെങ്കിൽ അവിടുത്തെ സന്നിധിയിൽ അതിനു സമ്പത്ത് ഇല്ലല്ലോ. എന്തെങ്കിലും ഭയക്കേണ്ടതുണ്ടെങ്കിൽ ഇവിടുത്തെ ഏതെങ്കിലും സൈന്യമോ മറ്റോ ഞങ്ങളെ പ്രാപിക്കുകയോ കടന്നാക്രമിക്കുകയോ ചെയ്യാൻ സാധ്യതയുമില്ലല്ലോ.

അല്ലാഹുവിനെ കുറിച്ചുള്ള ഭയം എന്റെ ഹൃദയത്തിൽ വന്നു. ഞാൻ അവനെ ഭയന്നു. അല്ലാഹുവിൽ വിശ്വസിക്കാൻ എനിക്ക് ഉൾവിളിയുണ്ടായി ഞാൻ വിശ്വസിച്ചു. അൻസ് എത്ര നല്ല പ്രഭാഷകൻ, ഇങ്ങനെ പ്രസംഗിക്കാൻ വേറെ ആരാണുള്ളത് എന്ന് നബിﷺ പ്രതികരിച്ചു. ഇടക്കിടെ പ്രവാചകനെﷺ സന്ദർശിച്ചുകൊണ്ട് കുറച്ചുദിവസം അദ്ദേഹം മദീനയിൽ കഴിഞ്ഞുകൂടി. ശേഷം, അദ്ദേഹം യാത്ര ചോദിച്ചിറങ്ങി. അദ്ദേഹത്തിന് ഉപഹാരങ്ങൾ നൽകി യാത്രയാക്കി. അപ്പോൾ ഇങ്ങനെ കൂടി പറഞ്ഞു. നിങ്ങൾക്ക് എന്തെങ്കിലും അസ്വസ്ഥത നേരിട്ടാൽ തൊട്ടടുത്ത ഗ്രാമത്തിലേക്ക് നിങ്ങൾ അഭയം തേടുക. യാത്രാമധ്യേ അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടു. തൊട്ടടുത്ത ഗ്രാമത്തിൽ അദ്ദേഹം അഭയം തേടി. അവിടെവച്ച് ലോകത്തോട് വിട പറയുകയും ചെയ്തു. ആഗതന്റെ പേര് അറബി റബീഅ ബിൻ റുവാ അൽ അൻസി എന്നാണ് ചരിത്രം അഭിപ്രായപ്പെട്ടത്.

മേൽ സംഭാഷണം നമുക്ക് നൽകുന്ന ചില വിചാരങ്ങൾ ഉണ്ട്. ഇസ്ലാമിനെ തേടിയ ആളുകൾ പ്രവാചക സന്നിധിയിലേക്ക് വന്നപ്പോൾ അവരെ പ്രചോദിപ്പിച്ച ഘടകങ്ങൾ എന്തൊക്കെയായിരുന്നു. സാമ്പത്തിക മോഹങ്ങൾ വച്ചുകൊണ്ട് പ്രവാചകനെﷺ സമീപിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. കാരണം അവിടുത്തെ ക്ഷണം സാമ്പത്തിക വാഗ്ദാനങ്ങൾ കൊണ്ട് നിറഞ്ഞതായിരുന്നില്ല. ഭയപ്പെട്ട് ഇസ്ലാമിലേക്ക് വരേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. സായുധമായ ആക്രമണത്തിലൂടെ അല്ല ആളുകളെ ഇസ്ലാമിലേക്ക് ആകർഷിച്ചത്. അങ്ങനെയുണ്ടെങ്കിൽ തന്നെ അഭയം തേടാനുള്ള നിരവധി പ്രദേശങ്ങളും ഗ്രാമങ്ങളും ഉണ്ടായിരുന്നു. ഇന്നത്തേത് പോലെ ജനസാന്ദ്രമായ രാഷ്ട്ര സംവിധാനങ്ങൾ അന്നില്ലല്ലോ. ഏതു ഗ്രാമത്തിൽ നിന്ന് കൊഴിഞ്ഞു പോയാലും കണ്ടെത്താനുള്ള സംവിധാനങ്ങളും ഇന്നത്തേത് പോലെ ഉണ്ടായിരുന്നില്ലല്ലോ?

യാത്ര ചോദിച്ചു പടിയിറങ്ങുമ്പോൾ ഇദ്ദേഹം എവിടം വരെ എന്നൊരു വിചാരം കൂടി പ്രവാചകന്റെﷺ മനസ്സിൽ കടന്നുവരുന്നു. ആത്മീയ നേത്രങ്ങളിലൂടെ അനുഭവിച്ച പരിണിതിക്ക് പരിഹാരം പറഞ്ഞുകൊണ്ടാണ് മുത്ത് നബിﷺ കടന്നുപോയത്.

ഇങ്ങനെയൊക്കെ തീർത്തും വ്യത്യസ്തമായ അനുഭവങ്ങളുടെയും പ്രതികരണങ്ങളുടെയും ലോകം എവിടെ നിന്നാണ് ലഭിക്കുക? ഏതു വ്യക്തിയുടെ ജീവിതത്തെ വായിക്കുമ്പോഴാണ് അനുഭവപ്പെടുക? ഏതു ഗുരുവിനെ കുറിച്ചാണ് ഇത്രമേൽ രചിക്കപ്പെട്ടത്? ഏതു വ്യക്തിയെ കുറിച്ചാണ് സന്നിധിയിലേക്ക് വന്ന ഇത്രയേറെ ആളുകളെ കുറിച്ച് കൃത്യമായ ചരിത്ര പരാമർശങ്ങൾ ഉള്ളത്?

അതെ രേഖപ്പെട്ട ഉജ്ജ്വലമായ ചരിത്രാധ്യായങ്ങളുടെ ശോഭയിൽ തിരുനബിﷺയോളം വായിക്കപ്പെടുന്ന ഒരാളും ഇല്ലേയില്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-656

Tweet 656
ഗാമിദ് നിവേദക സംഘം

വാഖിദി(റ) നിവേദനം ചെയ്യുന്നു. ഹിജ്‌റയുടെ പത്താം വർഷം പത്തു അംഗങ്ങളുള്ള ഗാമിദ് നിവേദക സംഘം നബിﷺയുടെ അടുത്തെത്തി. ബഖീഇന്റെ ഭാഗത്തായിരുന്നു അവർ വാഹനം ഇറങ്ങിയത്. വാഹനവും യാത്രാ സാമഗ്രികളും എല്ലാം ശ്രദ്ധിക്കാൻ കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞ ആളെ വാഹനത്തിന്റെ സമീപത്തു തന്നെ നിർത്തി. സംഗതിവശാൽ അദ്ദേഹം ഉറങ്ങി പോവുകയും ഏതോ ഒരു മോഷ്ടാവ് യാത്രാ സംഘത്തിൽ ഒരാളുടെ വസ്ത്രങ്ങൾ അടങ്ങുന്ന ബാഗ് കൈവശപ്പെടുത്തി പോവുകയും ചെയ്തു.

പ്രവാചക സന്നിധിയിലേക്ക് പോയ ആളുകൾ സലാം ചൊല്ലി അഭിവാദ്യമറിയിക്കുകയും ഇസ്‌ലാം പ്രഖ്യാപിക്കുകയും ചെയ്തു. തിരുനബിﷺ ഇസ്ലാമിന്റെ നിയമങ്ങളും നിബന്ധനകളും അനുഷ്ഠാന കാര്യങ്ങളുമൊക്കെ പങ്കുവെക്കുകയും രേഖപ്പെടുത്തി കൊടുക്കുകയും ചെയ്തു. ഒടുവിൽ അവിടുന്ന് ഇങ്ങനെ ചോദിച്ചു. നിങ്ങളുടെ കൂട്ടത്തിൽ വാഹനത്തിന്റെയും ചരക്കുകളുടെയും അടുക്കൽ ആരെങ്കിലും ഉണ്ടോ? അവർ പറഞ്ഞു. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ചെറുപ്പക്കാരൻ ആയ ആൾ അവിടെയുണ്ട്. ശരി, അദ്ദേഹം ഉറങ്ങി പോവുകയും നിങ്ങളുടെ വാഹനത്തിൽ നിന്ന് ഒരാളുടെ ബാഗ് മോഷ്ടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ഉടനെ കൂട്ടത്തിൽ ഒരാൾ പറഞ്ഞു എന്റെ ബാഗ് മാത്രമേ അവിടെ ഉള്ളൂ. അപ്പോൾ തുടർന്നുകൊണ്ട് നബിﷺ പറഞ്ഞു. മോഷ്ടിക്കപ്പെട്ട സാധനം അവിടെ തിരിച്ചെത്തിയിട്ടുണ്ട്.

ഇതു കേട്ട സംഘം അതിവേഗം അവരുടെ വാഹനത്തിന്റെ അടുത്തേക്ക് ചെന്നു. സൂക്ഷിക്കാൻ ഏൽപ്പിച്ച ആൾ അതാ അടുത്തുനിൽക്കുന്നു. അദ്ദേഹത്തോട് കാര്യങ്ങൾ അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു. എല്ലാവരും പോയശേഷം ഞാൻ പെട്ടെന്ന് ഉറങ്ങിപ്പോയി. ഞെട്ടി ഉണർന്നു നോക്കുമ്പോൾ ബാഗ് കാണാനില്ല. അതാ അടുത്ത് ഒരാൾ ഇരിക്കുന്നു. ഞാൻ അയാളെ ശ്രദ്ധിച്ചതും അയാൾ അതാ ഒളിഞ്ഞു കളിക്കുന്നു. ഞാൻ അയാളുടെ പിന്നിൽ സഞ്ചരിച്ചു. ഒരു കുഴിയുടെ അടയാളം ശ്രദ്ധയിൽപ്പെട്ടു. ആ കുഴിയിൽ നിന്ന് ബാഗ് തിരിച്ചു ലഭിച്ചു. അത് ഞാൻ വാഹനത്തിന്റെ അടുത്തേക്ക് കൊണ്ടുവന്നു.

ഇത്രയും കേട്ടതും മുഹമ്മദ് നബിﷺയുടെ പ്രവാചകത്വം സാക്ഷ്യം വഹിച്ചുകൊണ്ട് ഒരിക്കൽ കൂടി അവർ ഉറക്കെ പ്രഖ്യാപിച്ചു. നടന്ന കാര്യങ്ങൾ എല്ലാം മുന്നേ പറഞ്ഞ പ്രവാചകരുﷺടെ വർത്തമാനത്തിൽ അവർ ആശ്ചര്യപ്പെട്ടു. ശേഷം, അവർ നബിﷺയുടെ അടുത്തേക്ക് തന്നെ മടങ്ങി. നേരത്തെ സൂക്ഷിപ്പുകാരനായിരുന്ന യുവാവും നബി സന്നിധിയിൽ വന്ന് ഇസ്ലാം പ്രഖ്യാപിച്ചു.

ഈ സംഘത്തിന് ഖുർആൻ പഠിപ്പിച്ചു കൊടുക്കാൻ നബിﷺ ഉബയ്യ് ബിൻ കഅബിനെ ചുമതലപ്പെടുത്തി. ശേഷം, അവർക്ക് ഉപഹാരങ്ങൾ നൽകി യാത്രയാക്കി.

ഇത്തരം സംഭവങ്ങൾ നമ്മൾ വേറെയും നേരത്തെ വായിച്ചു പോയിട്ടുണ്ട്. കേവലമായ നിയമങ്ങളും വ്യവസ്ഥിതികളും വായിച്ചു കൊണ്ടായിരുന്നു പ്രവാചകരുﷺടെ പ്രബോധനം പൂർണമായും സാധിച്ചെടുത്തത് എന്നു ചിലർ പ്രയോഗിക്കാറുണ്ട്. പ്രവാചകനിﷺൽ നിന്ന് പ്രകടമായ അസാധാരണ സംഭവങ്ങളെ മറച്ചു വെക്കാനോ അതത്ര പ്രാധാന്യം അറിയിക്കുന്നില്ല എന്ന് കാണിക്കാനോ ഉള്ള ചിലരുടെ ശ്രമമാണ് അത്. വ്യക്തവും സുശക്തവുമായ ശരീഅത്തിനെ അവതരിപ്പിക്കുന്നതിനൊപ്പം പ്രകടമായ മുഅ്ജിസത്തുകൾ അഥവാ അസാധാരണമായ സംഭവങ്ങൾ പ്രവാചകരുﷺടെ വ്യക്തിവിശേഷത്തിലും പ്രബോധന അധ്യായങ്ങളിലും ഏറെ ഉജ്ജ്വലമായി തന്നെ വായിക്കപ്പെടേണ്ടതാണ്. സ്വഹാബികൾ തിരുനബിﷺയെ പ്രകീർത്തിച്ചു പാടുമ്പോൾ നാളത്തെ കാര്യം ഇന്നേ അറിയുന്ന വ്യക്തിത്വം എന്ന് പരാമർശിച്ചുപോയ കവിതാ ശകലങ്ങൾ കാണാൻ കഴിയും. പ്രവാചകത്വത്തിന്റെ പ്രമാണമായി അമാനുഷികതയിൽ അധിഷ്ഠിതമായ സംഭവങ്ങൾ ആധികാരികമായി തന്നെ നാം വായിക്കേണ്ടതാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-657

Tweet 657
ഗസ്സാൻ നിവേദക സംഘം.

ഹിജ്റയുടെ പത്താം വർഷം റമദാൻ മാസത്തിൽ പ്രവാചക സന്നിധിയിലേക്ക് വന്നു. മൂന്നംഗങ്ങുള്ള സംഘം ആയിരുന്നു അത്. അവർ പരസ്യമായി ഇസ്ലാം പ്രഖ്യാപിക്കുകയും പ്രവാചകരോﷺട് സംവദിക്കുകയും ചെയ്തു. ഞങ്ങളുടെ പ്രദേശവാസികൾ ഈ ആശയത്തിൽ ഞങ്ങളോടൊപ്പം നിൽക്കുമോ എന്ന് ഞങ്ങൾക്കറിയില്ല. കൈസറിനോടുള്ള ബന്ധവും സ്വന്തം അധികാര വ്യാപ്തിയും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് അവർ. ഈ അഭിപ്രായത്തോട് പ്രവാചകൻﷺ പ്രത്യേകിച്ചൊന്നും പ്രതികരിച്ചില്ല. ആഗതർക്ക് ഉപഹാരങ്ങൾ നൽകി അവിടെ നിസ്കരിച്ചു.

പ്രവാചക സന്നിധിയിൽ നിന്ന് മടങ്ങിപ്പോയ അവർ അവരുടെ വിശ്വാസം സ്വകാര്യമാക്കി വയ്ക്കുകയും വ്യക്തിപരമായി പവിത്ര ജീവിതം നയിക്കുകയും ചെയ്തു. അക്കാലയളവിൽ തന്നെ രണ്ടാളുകൾ മരണപ്പെട്ടു പോയി. മൂന്നാമതൊരാളെ ഉമർ(റ) യർമൂക് സൈനിക മുന്നേറ്റത്തിൽ വച്ച് കണ്ടുമുട്ടി. അബൂ ഉബൈദ(റ)യോട് തന്റെ വിശ്വാസത്തെക്കുറിച്ച് അദ്ദേഹം ആശയങ്ങൾ പങ്കുവെച്ചു. അബൂ ഉബൈദ(റ) അദ്ദേഹത്തെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു.

വളരെ വേറിട്ട ഒരു വായനയാണ് നമുക്കിവിടെ ലഭിച്ചത്. ന്യൂനപക്ഷത്തിനാവശ്യമായ സഹിഷ്ണുതയാണ് അവിടുന്ന് പകർന്നു നൽകിയത്. പരിസരങ്ങൾ മുഴുവൻ പ്രതികൂലമാവുമ്പോഴും വിശ്വാസം സംരക്ഷിച്ചു ജീവിച്ചതിന്റെ ഉദാഹരണം കൂടിയാണിത്. പ്രവാചക സന്നിധിയിൽ നിന്നു ലഭിച്ച വെളിച്ചത്തിന്റെ തെളിച്ചത്തിനാലാണ് അവർക്ക് പരിപാലിക്കാനായത്.

മദീനയിലേക്ക് വന്ന ഓരോ നിവേദക സംഘങ്ങളുടെയും പരിസരങ്ങളും പശ്ചാത്തലങ്ങളും വ്യത്യസ്തമായിരുന്നു. വൈവിധ്യങ്ങൾ നിറഞ്ഞ എല്ലാ സമൂഹത്തിലേക്കും എങ്ങനെയാണ് മദീനയിൽ നിന്ന് ഒരു വ്യക്തിയുടെ വിശേഷങ്ങൾ എത്തിച്ചേർന്നത്. കാതങ്ങൾ അന്വേഷിച്ചു വരാൻ മാത്രം സ്വീകാര്യമായ ഏതൊക്കെ ഗുണങ്ങളാണ് അവരിലേക്ക് പ്രബോധനം ചെയ്യപ്പെട്ടത്. പുതിയകാലത്തെപ്പോലെ വാർത്താവിനിമയ ഉപാധികൾ ഒന്നുമില്ലാതിരുന്നിട്ടും എങ്ങനെയാണ് ഒരു വ്യക്തിയുടെ വിശേഷങ്ങൾ ലോകത്തിന്റെ എല്ലാ പരിസരങ്ങളിലേക്കും പരന്നെത്തിയത്. സമാനമായ മറ്റേതെങ്കിലും ഒരു വ്യക്തി അക്കാലത്ത് ഇത്രമേൽ ദേശങ്ങളെയും സമൂഹങ്ങളെയും പ്രാപിച്ചതായി ചരിത്രത്തിൽ എവിടെയെങ്കിലും നമുക്ക് വായിക്കാൻ ഉണ്ടോ? അങ്ങനെയെങ്കിൽ കൂട്ടത്തിൽ ഒരാൾ എന്ന് നമുക്ക് മറുപടി പറയാമായിരുന്നു. ആ കാലഘട്ടത്തിലെ നടപടിക്രമങ്ങളുടെ ഭാഗമായിരുന്നു എന്നും വിശദീകരിക്കാമായിരുന്നു.

എന്നാൽ അതിനൊന്നും പഴുതില്ലാത്ത വിധം ഞാൻ ലോകത്തിനു മുഴുവനും കാരുണ്യമാണെന്ന് പ്രഖ്യാപിച്ച തിരുനബിﷺയുടെ അപദാനങ്ങളും വ്യക്തിവിശേഷങ്ങളും ലോകത്തിന്റെ എല്ലാ ദിക്കിലേക്കും ഒരു ചെറിയ കാലയളവിൽ തന്നെ എത്തിച്ചേരുന്നു. എല്ലായിടത്തും സ്വീകരിക്കാനും അനുഗമിക്കാനും വ്യക്തികളും സമൂഹങ്ങളും തയ്യാറാകുന്നു. കേട്ട് മഹത്വങ്ങൾ അറിഞ്ഞവരും കണ്ട് ഗുണങ്ങൾ മനസ്സിലാക്കിയവരും സ്വന്തം ജീവനേക്കാൾ വലുതായി ആ വ്യക്തിയെ സ്നേഹിക്കുന്നു. നിലപാടുകൾക്കൊപ്പം നിൽക്കുന്നു. ഒരു തിരുനോട്ടത്തിനു വേണ്ടി കാത്തിരിക്കുന്നു. ഇതിനൊക്കെ മറ്റെന്തെങ്കിലും സമാനതകൾ വച്ചുകൊണ്ട് ദുർബലപ്പെടുത്താൻ ചരിത്രത്തിൽ ആരെങ്കിലും എവിടെയെങ്കിലും ഉണ്ടോ?

പ്രവാചക ജീവിതത്തിന്റെ നാൾവഴികൾ വായിച്ചു പോകുന്നതിനൊപ്പം മൂല്യങ്ങളും വിചാരങ്ങളും കൂടിയാണ് നമ്മൾ പങ്കുവെക്കുന്നത്. യാഥാർത്ഥ്യങ്ങളെ കുറിച്ചുള്ള ചില ആലോചനകൾ കൂടിയാണ് നാം ആഗ്രഹിക്കുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-658

Tweet 658
ഫർവ ബിൻ മുസൈകിന്റെ ആഗമനം

ഇബ്നു ഇസ്ഹാഖ്(റ) ഉദ്ധരിക്കുന്നു. ഫർവ ബിൻ മുസൈക് അൽ മുറാദി കിന്താ രാജാക്കന്മാരെ ഉപേക്ഷിച്ചു പ്രവാചക സാന്നിധ്യം അന്വേഷിച്ചു കൊണ്ടാണ് അദ്ദേഹം എത്തിയത്. സമൂഹത്തിലെ പ്രധാനിയും മാന്യനുമായ അദ്ദേഹം മദീനയിലെത്തിയപ്പോൾ സഅദ് ബിൻ ഉബാദ(റ)യുടെ വീട്ടിലാണ് ആദ്യം പ്രവേശിച്ചത്. ശേഷം, പ്രവാചകരുﷺടെ സദസ്സിലേക്ക് ചെന്ന് സലാം ചൊല്ലി. പ്രവാചകൻﷺ അപ്പോൾ പള്ളിയിൽ ഇരിക്കുകയായിരുന്നു. ആഗതൻ ഇങ്ങനെ പറഞ്ഞു തുടങ്ങി. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ ഞാൻ എന്റെ ജനതയുടെ പ്രതിനിധി ആയിട്ടാണ് ഇവിടെ വന്നിട്ടുള്ളത്. നബിﷺ ചോദിച്ചു. നിങ്ങൾ ആരുടെ വീട്ടിലേക്കാണ് ആദ്യം എത്തിയത്. സഅദ് ബിൻ ഉബാദ(റ)യുടെ വീട്ടിൽ. ശേഷം, അദ്ദേഹം പ്രവാചകരുﷺടെ സദസ്സിൽ സ്ഥിരമായി വരികയും ഖുർആനും ഇസ്ലാമിലെ നിയമങ്ങളും അഭ്യസിക്കുകയും ചെയ്തു.

ഇസ്ലാമിന്റെ ആഗമനത്തിന് അല്പം മുമ്പ് യമനിലെ മുറാദ്, ഹംദാൻ ഗോത്രങ്ങൾക്കിടയിൽ യുദ്ധമുണ്ടായി. മുറാദ്‌ ഹംദാനിനെ പരാജയപ്പെടുത്തി. അനുബന്ധമായി യൗമു റദ്മ് സംഭവം അരങ്ങേറി. അന്നു ഹംദാനിനെ നയിച്ചിരുന്നത് അൽ അജ്ദ ബിൻ മാലിക് എന്ന ആളായിരുന്നു.
ഈ സംഭവം മുന്നിൽ വച്ചുകൊണ്ട് പ്രവാചകൻﷺ ഫർവായോട് സംസാരിച്ചു.

നബിﷺ അദ്ദേഹത്തെ മുറാദ്‌, സബീദ്, മദ്ഹിജ് തുടങ്ങിയ പ്രദേശങ്ങളുടെ ചുമതല ഏല്പിച്ചു കൊടുത്തു. പ്രസ്തുത പ്രദേശങ്ങളിലെ സക്കാത്തിന്റെ ഉത്തരവാദിത്വം ഖാലിദ് ബിൻ സഈദ് അൽ ആസി(റ)നെ ഏല്പിച്ചു. തിരുനബിﷺയുടെ വിയോഗം വരെ അദ്ദേഹം ആ ചുമതലയിൽ തുടർന്നു.

പ്രവാചക സന്നിധിയിൽ വരുന്ന ഓരോരുത്തരുടെയും അവരുടെ നാട്ടിലെ ഗതകാല സംഭവങ്ങളെയും അവരുടെ ഭാഗധേയങ്ങളെയും ഒക്കെ മുന്നിൽ വെച്ചുകൊണ്ട് എത്ര കൃത്യമായിട്ടാണ് തിരുനബിﷺ സംവദിച്ചത്. ഈ സ്ഥിതി വിവരങ്ങൾ ഒക്കെയും തിരുനബിﷺക്ക് എങ്ങനെയാണ് ലഭിച്ചത്? കൃത്യതയോടെ കൂടിയുള്ള ഈ അവതരണങ്ങളും അന്വേഷണങ്ങളും എത്രയായിരിക്കും ആഗതരെ സ്വാധീനിച്ചത്? കാലത്തിന്റെ ഇങ്ങേ തലയിലിരുന്ന് കൊണ്ട് നൂറ്റി നാല്പത് പതിറ്റാണ്ടുകൾക്കപ്പുറമുള്ള സംഭാഷണങ്ങളെയും സംവാദങ്ങളെയും അതിനെ തുടർന്ന് ആഗതരുടെ ആദർശ വിചാരങ്ങളെയും വായിക്കുന്നത് കൗതുകകരമായ ഒരു അനുഭവമാണ്.

പ്രവാചകരുﷺടെ കാലത്തെയും സദസ്സിനെയും അന്ന് നടന്ന സ്വീകരണങ്ങളെയും സംവാദങ്ങളെയും ഓരോ ജനപദങ്ങളെയും സ്വീകരിച്ചാനയിക്കുന്ന രീതികളെയും ചരിത്രത്തിന്റെ കൃത്യതയിൽ നിന്നുകൊണ്ട് വായിച്ചെടുക്കാൻ ആളുകൾ തയ്യാറായാൽ ഇസ്ലാമിന്റെ ഇന്നലെകൾ എത്രമേൽ പ്രൗഢമായിരുന്നു എന്നും ഒരു വ്യവസ്ഥിതി എങ്ങനെയാണ് സമൂഹത്തിന്റെ എല്ലാ തലങ്ങളിലേക്കും എത്തിച്ചേർന്നതെന്നും മനസ്സിലാക്കാനാവും.

കേവലമായ സങ്കല്പങ്ങളെയോ അനുമാനങ്ങളെയോ അല്ല ഇസ്ലാം അവതരിപ്പിച്ചു കൊണ്ടിരിക്കുന്നത് എന്ന കൃത്യമായ ചരിത്രവും അതിനെ തുടർന്നുണ്ടായ വർത്തമാനവും ആണ് ഇസ്ലാമിക വിശ്വാസത്തിന്റെയും സമൂഹത്തിന്റെയും വേരും ആകാശവും നിർണയിച്ചിട്ടുള്ളത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-659

Tweet 659
ഫസാറ നിവേദക സംഘത്തിന്റെ ആഗമനം

ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ഹിജ്റയുടെ ഒമ്പതാം വർഷം നബിﷺ തബൂഖിൽ മടങ്ങി വരുന്ന സമയത്ത് ഫസാറ സംഘം നബിﷺയെ സമീപിച്ചു. പത്തിലേറെ അംഗങ്ങൾ സംഘത്തിൽ ഉണ്ടായിരുന്നു. ഖാരിജാ ബിൻ ഹിസ്ൻ, ഹുർറ് ബിൻ ഖൈസ് എന്നിവർ അവരിൽ പ്രധാനികളായിരുന്നു. രണ്ടാമത്തെയാൾ വളരെ പ്രായം കുറഞ്ഞ വ്യക്തി കൂടിയായിരുന്നു. ക്ഷീണിച്ച ഒരു വാഹനത്തിന്മേലാണ് അവർ അവിടെ എത്തിയത്. പ്രവാചക സന്നിധിയിൽ വച്ച് പരസ്യമായി അവർ ഇസ്ലാം പ്രഖ്യാപിച്ചു. റംല ബിൻത് ഹദസി(റ)ന്റെ വീട്ടിലാണ് അവർ അതിഥികളായത്. തിരുനബിﷺ അവരോട് നാട്ടുകാര്യങ്ങൾ അന്വേഷിച്ചു. അവർ പറഞ്ഞു തുടങ്ങി. ഞങ്ങളുടെ നാട് ഇപ്പോൾ വരൾച്ചയിലും ദാരിദ്ര്യത്തിലുമാ മാണ്. നാൽക്കാലികൾ ചത്തു തുടങ്ങി. കുടുംബങ്ങൾ പ്രാരാബ്ധത്തിൽ ആയി. അവിടുന്ന് ഞങ്ങൾക്ക് മഴ ലഭിക്കുന്നതിന് വേണ്ടി പ്രാർത്ഥിക്കണം. അവിടുന്ന് അല്ലാഹുവിലേക്ക് ശുപാർശ ചെയ്യണം. അങ്ങനെ അല്ലാഹു തങ്ങളോട് ശുപാർശ ചെയ്യട്ടെ.

സുബ്ഹാനല്ലാഹ്! അല്ലാഹു എത്ര പരിശുദ്ധൻ. സഹോ കഷ്ടം! അല്ലാഹു മറ്റൊരാളോട് ശുപാർശ ചെയ്യുകയോ? അല്ലാഹുവല്ലാതെ ആരാധനക്കർഹൻ ഇല്ല. അവൻ അത്യുന്നതനും മഹത്വമുള്ളവനുമാണ്. ആകാശഭൂമികളും അതുൾക്കൊള്ളുന്ന സംവിധാനങ്ങളും എല്ലാം അവന്റെ ആധിപത്യത്തിലാണ്.

ഈ അവസ്ഥയിൽ നിങ്ങൾ നടത്തുന്ന സഹായാർഥനയിൽ അല്ലാഹു ചിരിക്കുന്നുണ്ടാകും. അപ്പോൾ ഒരു അഅ്റാബി ചോദിച്ചു. അല്ല അല്ലാഹു ചിരിക്കുകയോ? അതെ, എന്ന് പ്രവാചകൻﷺ മറുപടി പറഞ്ഞു. നന്മയിൽ ചിരിക്കുന്ന റബ്ബ് ഉള്ളിടത്തോളം ഞങ്ങൾ തങ്ങളെ കൈവിടുകയോ? ഈ സംഭാഷണം കേട്ട് പ്രവാചകൻﷺ ചിരിച്ചു.

അല്ലാഹു ചിരിച്ചു എന്ന് പറഞ്ഞാൽ നമ്മുടെ ചിരിയോട് സാദൃശ്യപ്പെടുത്തി മനസ്സിലാക്കേണ്ടതല്ല. അല്ലാഹു അവന്റെ അടിമയിൽ തൃപ്തിപ്പെടുകയും അനുഗ്രഹം ചൊരിയുകയും ചെയ്യും. സന്തോഷത്തെ അടയാളപ്പെടുത്തി മനസ്സിലാക്കാൻ സൃഷ്ടികളുടെ ഭാഷയിൽ പരിചയപ്പെടുത്തി എന്നേയുള്ളൂ; ഒരു പ്രയോഗം. സൃഷ്ടികൾക്ക് ഉണ്ടാകുന്ന വിശേഷണങ്ങളോട് ചേർത്ത് അല്ലാഹുവിന്റെ മഹത്വമോ വിശേഷണമോ പറയുമ്പോൾ അതിന് കൃത്യമായ അവബോധത്തോടെ വേണം മനസ്സിലാക്കാനും പകർന്നു കൊടുക്കാനും. അല്ലാഹു സൃഷ്ടികളുടേതായ എല്ലാ കുറവുകളിൽ നിന്നും ന്യൂനതകളിൽ നിന്നും ഭാവങ്ങളിൽ നിന്നും പരിശുദ്ധനാണ്. അവന് സമാനമായി ആരുമില്ല, ഏതുമില്ല.

സംബോദിതരായ മനുഷ്യർക്ക് മനസ്സിലാക്കാൻ ആവശ്യമായ ചില പ്രയോഗങ്ങളും പരാമർശങ്ങളും ഖുർആനിലും ഹദീസിലും മറ്റു മതഗ്രന്ഥങ്ങളിലും വന്നിട്ടുണ്ട്. അതിനെക്കുറിച്ച് എങ്ങനെ വ്യാഖ്യാനിക്കണം എങ്ങനെ മനസ്സിലാക്കണം എന്ന കൃത്യമായ വിശകലനങ്ങൾ അഗ്രഗണ്യന്മാരായ പണ്ഡിതന്മാർ നേരത്തെ പറഞ്ഞു വെച്ചിട്ടുമുണ്ട്. പ്രമാണങ്ങളുടെ പ്രത്യക്ഷ വരികൾ മാത്രം വായിക്കുകയും പ്രാഥമികമായ സാരം മാത്രം മനസ്സിലാക്കുകയും ചെയ്തു വിശ്വാസപരമായ അബദ്ധത്തിൽ വീഴുന്ന പലരും ഉണ്ട്. കാര്യബോധത്തോടെ വിഷയങ്ങൾ മനസ്സിലാക്കാനും അല്ലാഹുവിന്റെ മഹത്വത്തെയും പവിത്രതയെയും ഉൾക്കൊണ്ടുകൊണ്ട് പ്രമാണങ്ങൾ വായിക്കാനും നമുക്ക് കഴിയണം. അപ്പോഴേ ശരിയായ വിശ്വാസത്തിലും വീക്ഷണത്തിലും നാം എത്തുകയുള്ളൂ.

പ്രവാചകൻﷺ തുടർന്ന് സ്വീകരിച്ച രീതിയിൽ നമുക്ക് വായിക്കാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-660

Tweet 660
സംഭാഷണങ്ങൾക്കൊടുവിൽ തിരുനബിﷺ മിമ്പറിൽ കയറി. സവിശേഷമായ ചില വാചകങ്ങൾ ചൊല്ലി. പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തിയപ്പോഴെല്ലാം മഴയ്ക്ക് വേണ്ടി അല്ലാഹുവിനോട് അഭ്യർത്ഥിച്ചു. കക്ഷത്തെ വെളുപ്പ് കാണാവുന്ന വിധത്തിൽ അവിടുത്തെ കൈകൾ വാനലോകത്തേക്ക് ഉയർന്നു. അപ്പോൾ അവിടുന്ന് ചൊല്ലിയ പ്രാർത്ഥനാ വചനങ്ങളുടെ ആശയം ഇപ്രകാരം വായിക്കാം. അല്ലാഹുവേ, നിന്റെ നാടുകൾക്ക് നീ മഴ നൽകേണമേ. നിന്റെ സൃഷ്ടികളായ നാൽക്കാലികൾക്ക് നീ നനവ് നൽകേണമേ. വരണ്ടു കിടക്കുന്ന പ്രദേശങ്ങളെ നിന്റെ കാരുണ്യം പകർന്നു ജീവൻ നൽകേണമേ! തണുപ്പും ഹരിതവും സന്തോഷവും നൽകുന്ന മഴ ഞങ്ങൾക്ക് വർഷിക്കേണമേ! വൈകിക്കാതെ വേഗം തന്നെ, നീ നൽകി അനുഗ്രഹിക്കേണമേ! നാശത്തിന്റെയോ വിപത്തിന്റെയോ നഷ്ടങ്ങളുടെയോ മഴയല്ല, നിന്റെ കാരുണ്യത്തിന്റെ മഴയാണ് ഞങ്ങൾ തേടുന്നത്. നിന്റെ കാരുണ്യം ചൊരിഞ്ഞു ശത്രുക്കൾക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ!

ഇത്രയും കേട്ടപ്പോൾ അബൂ ലുബാബ എഴുന്നേറ്റു. അദ്ദേഹം പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരേﷺ! ഉണക്കാനിട്ടിരിക്കുന്ന കാരയ്ക്കകൾ…. നബിﷺ അതിനോട് പ്രതികരിച്ചില്ല. ഇപ്പോൾ മഴപെയ്താൽ കാരക്കകൾ നനയും എന്നാണ് അദ്ദേഹം ഉദ്ദേശിച്ചത്. പ്രവാചകൻﷺ മഴയ്ക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ തുടർന്നു. അബൂലുബാബ രണ്ടാമതും തന്റെ കാരക്കയെ കുറിച്ച് പറഞ്ഞു. പ്രവാചകൻﷺ പ്രതികരിച്ചില്ല. അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹത്തിനു വേണ്ടിയുള്ള പ്രാർത്ഥനകൾ തുടർന്നു. മൂന്നാമതും അഭ്യർത്ഥന ആവർത്തിച്ച ശേഷം കാരക്കാ തളത്തിൽ നിന്ന് വെള്ളം ഒലിച്ചു പോകുന്ന ഓവ് തുണികൊണ്ട് അടച്ചുവെച്ചു.

ഈ സംഭവം ഉദ്ധരിച്ച അനസ്ബിൻ മാലിക്(റ) പറയുന്നു. പ്രവാചകൻﷺ പ്രാർത്ഥിക്കുന്ന നേരത്ത് ഒരു മേഘ ശകലം പോലും ആകാശത്തുണ്ടായിരുന്നില്ല. പെട്ടെന്നതാ പരിച പോലെ സൽഅ പർവതത്തിന്റെ ഭാഗത്തുനിന്ന് മേഘം പ്രത്യക്ഷപ്പെടാൻ തുടങ്ങി. അത് മധ്യാകാശത്തേക്ക് എത്തിയതും നല്ല മഴ വർഷിച്ചു. ഒരാഴ്ചയോളം പിന്നെ ഞങ്ങൾക്ക് സൂര്യനെ കാണാനായില്ല. അടിത്തട്ടു വരെ തണുക്കുന്ന നല്ല മഴ വർഷിച്ചുകൊണ്ടേയിരുന്നു. മേൽമുണ്ടു പോലും ധരിക്കാതെ അബൂ ലുബാബ തന്റെ കാരക്കകൾ ഒലിച്ചു പോകാതെ തുണികൊണ്ട് ഓവുകൾ അടച്ചു കൊണ്ടേയിരുന്നു. ഒരാഴ്ചയായപ്പോൾ അദ്ദേഹമോ അതല്ല മറ്റൊരാളോ നബിﷺയുടെ അടുക്കലേക്ക് ഓടി വന്നു പറഞ്ഞു. വെള്ളം കയറി വഴികൾ അടയുകയും സ്വത്തുകൾ നാശത്തിലേക്ക് നീങ്ങാൻ അടുക്കുകയും ചെയ്യുന്നു. ഇതുകേട്ടപ്പോൾ പ്രവാചകൻﷺ വീണ്ടും മിമ്പറിൽ കയറി കക്ഷത്തെ വെളിച്ചം കാണും വിധം ഇരു കൈകളും ആകാശത്തേക്ക് ഉയർത്തി പ്രാർത്ഥന ആരംഭിച്ചു. അല്ലാഹുവേ! മഴയെ നീ പരിസരങ്ങളിലേക്ക് നീക്കേണമേ. താഴ്വരകളിലേക്കും മരച്ചുവട്ടിലേക്കും വർഷിപ്പിക്കേണമേ! കെട്ടിയിരുന്ന തുണി നീങ്ങുന്നത് പോലെ മേഘം പരിസരങ്ങളിലേക്ക് നീങ്ങി. മദീനയുടെ ആകാശത്തു നിന്ന് കാർമുകിലുകൾ പിൻവാങ്ങി. മദീനയും പരിസരവും തണുത്തു ഹരിതാഭമായി.

മഴയ്ക്ക് വേണ്ടിയുള്ള പ്രവാചകരുﷺടെ പ്രാർത്ഥനകൾ നിരവധി സന്ദർഭങ്ങളിൽ നിന്ന് വിവിധ നിവേദനങ്ങളിൽ നാം വായിക്കുന്നുണ്ട്. മഴയാവശ്യപ്പെട്ടപ്പോൾ പ്രാർത്ഥിച്ചതും ഉടൻ ലഭിച്ചതും, മഴ മതിയെന്ന് പറഞ്ഞപ്പോൾ ഉടൻ നീങ്ങിയതും പ്രവാചക ജീവിതത്തിലെ മനോഹരമായ അധ്യായങ്ങളാണ്. ആധികാരികമായ നിരവധി നിവേദനങ്ങളിൽ നമുക്കവ വായിക്കാൻ കഴിയും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-661

Tweet 661
ബനൂ ഖുശൈർ നിവേദക സംഘം.

ബനൂ അഖീലിലെ ഒരു വ്യക്തിയും അലി ബിൻ മുഹമ്മദ് അൽ ഖുറൈശിയും പറയുന്നു. ബനൂ ഖുശൈറിൽ നിന്നും ഒരു നിവേദക സംഘം തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. സൗർ ബിൻ അസ്റ എന്നയാൾ സംഘത്തിലെ ഒരു അംഗമായിരുന്നു. അദ്ദേഹം ഇസ്ലാം പ്രഖ്യാപിച്ചപ്പോൾ ഒരു പ്രവിശ്യയുടെ ഉത്തരവാദിത്വം അദ്ദേഹത്തിനു നൽകി. അതിന് ആവശ്യമായ പ്രമാണങ്ങൾ എഴുതിക്കൊടുത്തു. ഹുനൈനിനു ശേഷം ഹജ്ജത്തുൽ വദാഇന് മുമ്പായിരുന്നു ഈ സംഭവം. കൂട്ടത്തിൽ ഉണ്ടായിരുന്ന ഹുർറ ബിൻ ഖുശൈർ ഇസ്ലാം പ്രഖ്യാപിച്ചപ്പോൾ നബിﷺ അദ്ദേഹത്തിന് ഒരു പുതപ്പ് സമ്മാനിച്ചു. അദ്ദേഹത്തിന്റെ ജനതയിൽ നിന്ന് സക്കാത്ത് സമാഹരിക്കുന്ന ഉത്തരവാദിത്വം ഏൽപ്പിച്ചു കൊടുക്കുകയും ചെയ്തു.

ബനൂ കിലാബിന്റെ ആഗമനം

ഹിജ്റയുടെ ഒമ്പതാം വർഷം ഈ സംഘം പ്രവാചകരുﷺടെ അടുക്കലേക്ക് വന്നു. ലബീദു ബിൻ റബീഅ, ജബ്ബാർ ബിൻ സൽമ അടക്കം 13 അംഗങ്ങളുടെ സംഘം ആയിരുന്നു അത്. റംല ബിൻത് ഹദസി(റ)ന്റെ അടുക്കലാണ് അവർ ആദ്യമെത്തിയത്. ജബ്ബാറും കഅബു ബിൻ മാലിക്കും തമ്മിൽ നേരത്തെ തന്നെ നല്ല സൗഹൃദത്തിൽ ആയിരുന്നു. ജബ്ബാറിന്റെ ആഗമനത്തിൽ സന്തോഷിക്കുകയും സ്വീകരിക്കാൻ ആവശ്യമായതൊക്കെ ചെയ്തുകൊടുക്കുകയും ചെയ്തു. അതുകൊണ്ടാണ് ആദ്യം അവിടെ എത്തിയത്. കഅബി(റ)നോടൊപ്പം അവർ ഒരുമിച്ച് പ്രവാചക സന്നിധിയിൽ എത്തി.

ഇസ്ലാമിക ചിട്ടപ്രകാരമുള്ള അഭിവാദ്യം; സലാം ചൊല്ലി. എന്നിട്ടവർ പ്രവാചകരോﷺട് സംസാരിക്കാൻ തുടങ്ങി. കൂട്ടത്തിൽ ഇങ്ങനെ പറഞ്ഞു. ളഹ്ഹാക്‌ ബിൻ സുഫിയാൻ എന്നയാൾ ഞങ്ങളുടെ ഇടയിൽ ജീവിച്ചു. അദ്ദേഹം പരിശുദ്ധ ഖുർആനും അവിടുന്ന് പ്രവാചകർﷺ പകർന്നു നൽകിയ ചര്യകൾ അനുസരിച്ചുള്ള ജീവിതം ഞങ്ങളെ പഠിപ്പിച്ചു. അദ്ദേഹം ഞങ്ങളെ അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും ക്ഷണിച്ചു. ഞങ്ങൾ ക്ഷണം സ്വീകരിച്ചു. ഞങ്ങളുടെ ഇടയിലെ ധനികരിൽ നിന്നുള്ള സമ്പാദ്യം അദ്ദേഹം സമാഹരിച്ചു. പാവപ്പെട്ടവരിലേക്ക് അത് എത്തിച്ചു കൊടുത്തു.

ഒരു ദേശത്തുകാർ നബിﷺയോട് വന്നു പറഞ്ഞ കഥയാണ് നാം വായിച്ചത്. അവരുടെ നാട്ടിൽ എങ്ങനെയാണ് ഇസ്ലാം എത്തിയതെന്നും ആളുകൾ എങ്ങനെ സ്വീകരിച്ചു എന്നും, ആഗമനത്തിലൂടെ ആദ്യം നടപ്പിലായ നടപടിക്രമങ്ങൾ എന്തൊക്കെയായിരുന്നു എന്നും ഇതിൽ നിന്ന് നാം അറിയുകയാണ്.

സാമ്പത്തികമായി ഉയർന്നു നിൽക്കുന്നവർ തങ്ങളുടെ സ്വത്തിൽ നിന്നും പാവപ്പെട്ടവർക്ക് അവകാശം നൽകണമെന്ന് ഇസ്ലാം പ്രാഥമികമായി തന്നെ സമൂഹങ്ങളെ ബോധ്യപ്പെടുത്തി. അതിലൂടെ സന്തുലിതമായ ഒരു സമൂഹത്തിന്റെ സൃഷ്ടിക്ക് വേണ്ടിയായിരുന്നു ഇസ്ലാമിന്റെ ആദ്യ ചുവട്. ഇത് സമൂഹത്തിന് ബോധ്യപ്പെടാനും ഉൾക്കൊള്ളാനും യഥാർത്ഥത്തിൽ അല്പം പ്രയാസമുള്ള കാര്യമാണ്. കാരണം ഓരോ സമൂഹത്തിലെയും ധനികരോട് അവരുടെ സമ്പത്തിൽ നിന്ന് ചെലവഴിക്കാൻ വേണ്ടിയാണല്ലോ ആവശ്യപ്പെടുന്നത്. സമൂഹത്തിൽ ഏറ്റവും സ്വാധീനമുള്ളവർ അവിടെ സമ്പത്തുള്ളവരും ആണല്ലോ? എന്നിരിക്കെ ഇസ്ലാമിന്റെ ആഗമനത്തിനും പ്രവേശനത്തിനും ഈ നടപടി ഒരു തടസ്സമാകേണ്ടതാണ്. എന്നാൽ പ്രവാചകൻﷺ സാമ്പത്തിക നടപടികൾ സ്ഥാപിക്കുന്നതിന് മുമ്പ് തന്നെ ഇസ്ലാം മുന്നോട്ട് വെക്കുന്ന ആശയത്തിന്റെ മാധുര്യം അവരുടെ ഹൃദയങ്ങളിൽ സ്ഥാപിച്ചു കഴിഞ്ഞു. അവരുടെ ബോധ്യങ്ങളിൽ അത് കൃത്യത നിർവഹിച്ചു.

എല്ലാം പ്രചാരണത്തിന്റെയും വ്യാപനത്തിന്റെയും വേരുകളും പടർപ്പുകളും അന്വേഷിച്ചു പോയാൽ എത്ര വ്യത്യസ്തതകൾ നിറഞ്ഞ അനുഭവങ്ങളാണ് നമുക്ക് വായിക്കാൻ ഉള്ളത്. എത്ര പുതുമയാർന്ന അധ്യായങ്ങളിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-662

Tweet 662
കിന്ദ നിവേദക സംഘം

ഇമാം സുഹരി(റ) ഉദ്ധരിക്കുന്നു. അറുപതോ എൺപതോ അംഗങ്ങളുള്ള ഒരു സംഘത്തോടൊപ്പം അശ്അസ്‌ ബിൻ ഖൈസ് തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു. അവർ നേരെ പള്ളിയിലേക്കാണ് വന്നത്. മുടി വാർന്ന്, സുറുമ അണിഞ്ഞ്, പട്ടിൽ തുന്നിയ കഫ്ഫുകളോട് കൂടിയ യമനി വസ്ത്രങ്ങൾ ധരിച്ചു കൊണ്ടാണ് അവർ വന്നത്. അവർ കടന്നു വന്നപ്പോൾ പ്രവാചകൻﷺ ചോദിച്ചു. അല്ല, നിങ്ങൾ ഇസ്ലാം സ്വീകരിച്ചിട്ടാണോ വന്നത്? അവർ പറഞ്ഞു, അതെ. എന്നാൽ പിന്നെ എന്താണ് നിങ്ങളുടെ പിരടിയിൽ പട്ടണിഞ്ഞിരിക്കുന്നത്? എന്തുകൊണ്ടാണ്? അപ്പോൾ അവർ ഇങ്ങനെ മറുപടി പറഞ്ഞു. ഞങ്ങൾ മുറാർ ഭക്ഷിക്കുന്നവരുടെ മക്കളാണ്. തങ്ങളും മുറാർ ഭക്ഷിച്ചിരുന്നവരുടെ സന്താനമാണല്ലോ? ഈ മറുപടി കേട്ടപ്പോൾ പ്രവാചകർﷺ ചിരിച്ചു പോയി. ഞങ്ങളും അവിടുന്നും അരിയാഹാരം കഴിക്കുന്നവർ ആണല്ലോ എന്ന് പറയുന്നതു പോലെ ഒരു പ്രയോഗമാണിത്. അബ്ബാസ് ബിന് അബ്ദുൽ മുത്തലിബിനോടും റബീഅ ബിൻ ഹാരിസിനോടും ചേർത്തു വായിക്കാനുള്ളതായിരുന്നു ഈ പരാമർശം. വ്യാപാരികളായിരുന്ന ഇവർ രണ്ടുപേരും പരദേശങ്ങളിൽ ചെല്ലുമ്പോൾ അവരെ പരിചയപ്പെടുത്താൻ പ്രയോഗിച്ചിരുന്ന പ്രയോഗം ഞങ്ങൾ മുറാർ ഭക്ഷിക്കുന്നവരാണ് എന്നതായിരുന്നു. രാജാക്കന്മാരായ കിന്തയിലെ ആളുകളോട് പിടിച്ചുനിൽക്കാൻ വേണ്ടിയായിരുന്നു ഇങ്ങനെ ഒരു പ്രയോഗം അവർ നടത്തിയിരുന്നത്.

ഞങ്ങൾ നള്ർ കിനാനിയിൽ നിന്നുള്ളവരാണ്. പ്രവാചകൻﷺ അനുബന്ധമായ വിശദീകരണം നൽകി.

പരമ്പരകളെ കുറിച്ചും മാതൃ പിതൃ താവഴികളെക്കുറിച്ചും അറിയുകയും വിജ്ഞാനങ്ങൾ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് അറബികൾ സവിശേഷമായി കാണുന്ന ഒരു കാര്യമാണ്. പ്രവാചകർﷺക്കും അവിടുത്തെ ഓരോ താവഴികളെ കുറിച്ചും കൃത്യമായ വിവരവും ബോധ്യവും ഉണ്ടായിരുന്നു. അത് മുന്നിൽ വച്ചുകൊണ്ടാണ് ആഗതരോട് സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഏതു കുടുംബ ശാഖകൾ എവിടെയൊക്കെ ചെന്ന് ചേരുന്നു എന്ന കൃത്യമായ വിവരങ്ങൾ സൂക്ഷിക്കുന്നതിൽ പ്രവാചകരുﷺടെ പ്രിയപ്പെട്ട ശിഷ്യനായ സിദ്ദീഖും(റ) മുന്നിലായിരുന്നു.

ഓരോ ഖബീലകളുടെയും ഗോത്രങ്ങളുടെയും വിശേഷവും തൊഴിലുകളും സംസ്കാരങ്ങളും എല്ലാം അധികാര സാമ്പത്തിക വിനിമയ മേഖലകളിൽ നിഴലിച്ചു കാണാമായിരുന്നു. കുടുംബങ്ങൾക്ക് ഉണ്ടാകാവുന്ന മഹത്വങ്ങളെ പരിഗണിക്കുമ്പോഴും ഗോത്ര കുടുംബവിചാരങ്ങൾ അതിരുകടക്കുന്നത് അപകടം ആണെന്ന് പ്രവാചകൻﷺ നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ ഇസ്ലാം മുന്നോട്ട് വെക്കുന്ന സമത്വവാദത്തിന്റെ ആമുഖം തന്നെ എല്ലാവരും ആദമി(അ)ന്റെ മക്കളാണെന്നും ആദം(അ) മണ്ണിൽ നിന്നുമാണെന്നുമുള്ള അടിസ്ഥാനവിചാരം ആണ്.

എന്നാൽ വിവാഹബന്ധങ്ങളും മറ്റു വ്യവഹാരങ്ങളും നടക്കുമ്പോൾ സന്തുലിതമായ ജീവിതത്തിനും ക്ഷേമകരമായ മുന്നോട്ടുപോക്കിനും ആവശ്യമായ വിചാരത്തിൽ ഒക്കെയുള്ള കുടുംബ അന്വേഷണങ്ങൾ അനിവാര്യമായിരുന്നു. തൊഴിലുകളും പരിസരങ്ങളും സംസ്കാരങ്ങളും കുടുംബങ്ങളുടെ ചേർച്ചയിൽ സ്വാധീനിച്ചേക്കാവുന്ന രീതികളെക്കുറിച്ച് നരവംശപരമായി തന്നെ വിചാരങ്ങളും സ്വഭാവങ്ങളും നിലനിൽക്കുന്നതുകൊണ്ടാണ് അത് അനുവദിച്ചത്.

എന്നാൽ, സങ്കുചിതമായ ഗോത്ര വിചാരങ്ങളിലൂടെ തർക്കങ്ങളിലേക്കും വഴക്കുകളിലേക്കും ചിലപ്പോൾ യുദ്ധങ്ങളിലേക്കും വഴിതെളിക്കാൻ ഒരിടയും ഉണ്ടാവരുത് എന്ന് പ്രവാചകർﷺ കണിശമായും പഠിപ്പിച്ചു. നിങ്ങളുടെ വിലാസങ്ങൾ നിർണയിക്കാനും വിവര കൈമാറ്റങ്ങൾക്ക് സുതാര്യത ഉണ്ടാവാനുമാണ് ഗോത്രങ്ങളും കുടുംബങ്ങളും ആക്കി നിങ്ങളെ മാറ്റിയത് എന്ന പൊതുവിചാരത്തെയാണ് പ്രവാചകൻﷺ എപ്പോഴും ഉയർത്തിപ്പിടിച്ചത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-663

Tweet 663
മുഹാരിബിന്റെ ആഗമനം

ഹിജ്റയുടെ പത്താം വർഷം വിടവാങ്ങൽ ഹജ്ജ് വേളയിൽ പത്തു പേരോടൊപ്പം ആണ് അദ്ദേഹം തിരുനബി സവിധത്തിൽ എത്തിയത്. കൂട്ടത്തിൽ സവാഉ ബിൻ ഹാരിസും മകൻ ഖുസൈമയും ഉണ്ടായിരുന്നു. റംല ബിൻ ഹദസി(റ)ന്റെ വീട്ടിലാണ് അവർ താവളം അടിച്ചത്. രാവിലെയും വൈകുന്നേരവും ബിലാൽ(റ) ഭക്ഷണം എത്തിച്ചു കൊടുത്തു. ഒരു ദിവസം ഉച്ച മുതൽ വൈകുന്നേരം വരെ അവർ തിരുനബിﷺയുടെ സന്നിധിയിൽ ഇരുന്നു. ശേഷം, അവർ പരസ്യമായി ഇസ്ലാം പ്രഖ്യാപിച്ചു. അപ്പോൾ അവർ ഇങ്ങനെ കൂടി പറഞ്ഞു. ഞങ്ങൾ ഞങ്ങളുടെ നാട്ടുകാരുടെ പ്രതിനിധികളാണ്. പ്രവാചകരുﷺടെ സൗമ്യമായ പ്രതികരണം അക്കാലഘട്ടത്തിൽ പ്രത്യേകിച്ചും ഏറ്റവും വലിയ ചാലകശക്തിയായിരുന്നു.

വന്ന സംഘത്തിൽ ഒരാളെ തിരുനബിﷺക്ക് പരിചയമുണ്ട്. അദ്ദേഹത്തെ തന്നെ അല്പം സുദീർഘമായി നോക്കി. നോട്ടം ദീർഘമായപ്പോൾ അദ്ദേഹം ചോദിച്ചു. എന്തേ എന്നെക്കുറിച്ച് എന്തെങ്കിലും പ്രത്യേക ധാരണകൾ ഉണ്ടോ? അപ്പോൾ നബിﷺ പറഞ്ഞു. അതെ, നിങ്ങളെ ഞാൻ കണ്ടിട്ടുണ്ടല്ലോ. മുഹാരിബ്(റ) പറഞ്ഞു. അല്ലാഹു സത്യം! അവിടുന്ന് എന്നെ കണ്ടിട്ടുണ്ട്. അവിടുന്ന് എന്നോട് സംസാരിക്കുകയും ഞാൻ തിരിച്ച് മോശമായ രൂപത്തിൽ പ്രതികരിച്ചു സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അവിടുന്ന് ഉക്കാള് മാർക്കറ്റിൽ ജനങ്ങളെ സന്ദർശിച്ചു പ്രബോധനം നടത്തുന്ന സമയത്ത് ഞാൻ മോശമായി പെരുമാറുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോൾ നബിﷺ പറഞ്ഞു, അതെ.

അപ്പോൾ മുഹാരിബ്(റ) തുടർന്നു. അന്ന് ഞങ്ങൾ കൂട്ടുകാർക്കിടയിൽ ഏറ്റവും ദേഷ്യവും വെറുപ്പും ഉള്ള ആൾ ഞാനായിരുന്നു. എന്നാൽ, അല്ലാഹു എന്നെ അവശേഷിപ്പിക്കുകയും തങ്ങളെ വിശ്വസിക്കാൻ അവസരം നൽകുകയും ചെയ്തു. അന്ന് എന്റെ കൂടെയുണ്ടായിരുന്നവരെല്ലാം മരണപ്പെട്ടു പോയി. അവരെല്ലാം അവരുടെ ആദർശത്തിൽ തന്നെയാണ് ജീവിച്ചിരുന്നത്. അവർക്കാർക്കും ഇസ്‌ലാം സ്വീകരിക്കാനുള്ള ഭാഗ്യം ലഭിച്ചില്ല. എനിക്ക് ഇസ്ലാം സ്വീകരിക്കാൻ ആയതിൽ ഞാൻ അല്ലാഹുവിനെ സ്തുതിക്കുന്നു. മനുഷ്യരുടെ ഹൃദയം അല്ലാഹുവിന്റെ നിയന്ത്രണത്തിലാണ്, നബിﷺ പ്രതികരിച്ചു. എനിക്ക് അവിടുന്ന് അല്ലാഹുവിനോട് പൊറുക്കൽ തേടിയാലും. അദ്ദേഹം അപേക്ഷിച്ചു. നബിﷺ പറഞ്ഞു. ഇസ്‌ലാം സ്വീകരിക്കുന്നതോടെ മുൻകാലത്ത് സംഭവിച്ച തെറ്റുകൾ പൂർണമായും പൊറുക്കപ്പെടുന്നു. ശേഷം, അദ്ദേഹത്തിന്റ മുഖം ഒന്ന് തലോടി. അതോടെ അദ്ദേഹത്തിൽ ഒരു പ്രകാശം പ്രത്യക്ഷമായി.

ഇത്തരം സംഭാഷണങ്ങൾക്കും കുശലാന്വേഷണങ്ങൾക്കും ശേഷം സാധാരണ ദൗത്യസംഘങ്ങൾക്ക് നൽകുന്ന ഉപഹാരങ്ങൾ നൽകി. അവരെ നാട്ടിലേക്ക് യാത്രയാക്കി.

തിരുനബിﷺയുടെ സ്വഭാവ ഗുണങ്ങളെ ഒരിക്കൽ കൂടി ഊന്നിപ്പറയുന്ന സംഭവമാണിത്. മഹത്വമുള്ള സ്വഭാവത്തിന്റെ പ്രതിസ്ഫുരണങ്ങൾ അവിടുത്തെ ജീവിതകാലം മുഴുവനും നമുക്ക് കാണാമായിരുന്നു. അധികം അനുയായികൾ ഒന്നുമില്ലാത്ത കാലത്ത് മാർക്കറ്റിൽ വച്ച് ചീത്തവിളിക്കുകയും ആക്ഷേപിക്കുകയും ചെയ്ത ആളെ എല്ലാ അധികാരങ്ങളും ലഭിച്ചശേഷം കാണുമ്പോഴും അയാളുടെ ഇരുലോക ക്ഷേമം മാത്രം മുന്നിൽ കണ്ടുകൊണ്ട് വിട്ടുവീഴ്ച ചെയ്യാനുള്ള വിശാലത വേറെ ഏതു നേതാവിൽ നിന്നാണ് നമുക്ക് വായിക്കാനുള്ളത്. വേറേത് പ്രത്യയശാസ്ത്രത്തിന്റെ ചരിത്രത്തിൽ നിന്നാണ് മനസ്സിലാക്കാനുള്ളത്.

എല്ലാം പ്രചരിച്ചതിന്റെയും ലോകോത്തരമായി സ്വീകരിക്കപ്പെട്ടതിന്റെയും നാൾവഴികളും കാരണങ്ങളും പഠിക്കാൻ ഒരുങ്ങിയാൽ മനോഹരമായ ഇത്തരം എത്ര ചിത്രങ്ങളാണ് നമ്മുടെ മുൻപിൽ തെളിയുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-664

Tweet 664
മുർറ നിവേദക സംഘം

ഇമാം ഇബ്നു സഅദ്(റ) ഉദ്ധരിക്കുന്നു. ഹിജ്റയുടെ ഒമ്പതാം വർഷം തബൂഖിൽ നിന്ന് മടങ്ങിവരുന്ന സമയത്ത് തിരുനബിﷺയുടെ സന്നിധിയിലേക്ക് ബനൂ മുർറയിൽ നിന്നുള്ള നിവേദക സംഘം എത്തിചേർന്നു. ഹാരിസ് ബിൻ ഔഫിന്റെ നേതൃത്വത്തിലുള്ള പതിമൂന്ന് അംഗങ്ങളായിരുന്നു അവർ. ലുഅയ്യ് ബിൻ ഗാലിബിന്റെ പരമ്പരയിൽ പെട്ട ഞങ്ങൾ നബിﷺയുടെ കുടുംബക്കാരും ബന്ധുക്കളും ആണ് എന്ന് പറഞ്ഞുകൊണ്ടാണ് അവർ സംബോധന ആരംഭിച്ചത്. അവരുടെ വർത്തമാനം കേട്ട് നബിﷺ പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു. നിങ്ങളുടെ കുടുംബക്കാരും കൂട്ടുകാരും ഒക്കെ എവിടെ? സിലാഹ് എന്ന പ്രദേശത്തുണ്ട് എന്നവർ മറുപടി പറഞ്ഞു. നിങ്ങളുടെ നാട്ടിലെ അവസ്ഥ ഇപ്പോൾ എന്താണ്? വരൾച്ചയുടെ വലിയ പ്രയാസത്തിലാണ് ഞങ്ങൾ ഉള്ളത്. അതുകൊണ്ട് ഞങ്ങൾക്ക് വേണ്ടി ഒന്നു പ്രാർത്ഥിച്ചാൽ നന്നായിരുന്നു. ഉടനെ പ്രവാചകൻﷺ ഇവിടെ പ്രാർത്ഥിച്ചു. അല്ലാഹുവേ നീ അവർക്ക് മഴ നൽകേണമേ!

സംഘം കുറച്ചുദിവസം അവിടെത്തന്നെ താമസിച്ചു. ശേഷം, നാട്ടിലേക്ക് മടങ്ങാൻ ഒരുങ്ങി. യാത്ര പറയാൻ അവർ നബിﷺയുടെ അടുക്കലേക്ക് വന്നു. ഉടനെ പ്രവാചകൻﷺ ബിലാലി(റ)നെ വിളിച്ചു. സാധാരണ നിവേദക സംഘങ്ങൾക്ക് നൽകാറുള്ള ഉപഹാരങ്ങൾ നൽകാൻ ആവശ്യപ്പെട്ടു. അത് പ്രകാരം പത്തു ഊഖിയ വെള്ളി അവർക്ക് സമ്മാനമായി നൽകി. നേതാവായ ഹാരിസ് ബിൻ ഔഫി(റ)നെ ആദരിച്ചുകൊണ്ട് അദ്ദേഹത്തിന് പന്ത്രണ്ട് വെള്ളിയും നൽകി. അവർ സന്തോഷവാന്മാരായി നാട്ടിലേക്ക് മടങ്ങി. നാട്ടിലെത്തിയപ്പോഴാണ് നല്ല മഴ ലഭിച്ചു എന്ന സന്തോഷം അവർ അറിയുന്നത്.

അവർ നാട്ടുകാരോട് ചോദിച്ചു. ഇവിടെ എപ്പോൾ മുതലാണ് മഴ ലഭിക്കാൻ തുടങ്ങിയത്? അവർ സമയം പറഞ്ഞപ്പോൾ, പ്രവാചകൻﷺ മഴക്ക് വേണ്ടി പ്രാർത്ഥിച്ച അതേസമയത്ത് തന്നെയാണ് മഴ ലഭിച്ചത് എന്ന് ബോധ്യമായി. ശേഷം, അവർ പ്രവാചക സവിധത്തിലേക്ക് വന്നു. അപ്പോഴേക്കും നബിﷺ വിടവാങ്ങൽ ഹജ്ജിനു വേണ്ടിയുള്ള തയ്യാറെടുപ്പിലായിരുന്നു. അവർ നബിﷺയോട് ഇപ്രകാരം പറഞ്ഞു. അവിടുന്ന് ഞങ്ങളുടെ നാട്ടുകാർക്ക് മഴയ്ക്ക് വേണ്ടി പ്രാർത്ഥിച്ചത് മുതൽ നല്ല മഴ ഞങ്ങൾക്ക് ലഭിച്ചിരിക്കുന്നു. വിളകൾ സമൃദ്ധം ആവുകയും ഒട്ടകങ്ങളൊക്കെ നല്ല ഭക്ഷണം കിട്ടി സന്തോഷിക്കുകയും ചെയ്യുന്നു. ആടുകളൊക്കെ രാവിലെ പോയി മേഞ്ഞു ഉച്ചക്ക് തന്നെ വീട്ടിൽ വന്നു വിശ്രമിക്കുന്നു. ഇത്രയും കേട്ടപ്പോൾ പ്രവാചകൻﷺ ഇങ്ങനെ പ്രതികരിച്ചു. ഇതെല്ലാം നിർവഹിച്ചു തന്ന അല്ലാഹുവിനാകുന്നു സർവ്വസ്തുതിയും.

ഒരു ദേശത്തിന്റെയും ആ നാട്ടുകാരുടെ വിചാര വികാരങ്ങളുടെയും നേർവായനയാണ് നാം നിർവഹിച്ചത്. സാധാരണ ജീവിതത്തിലേക്കും സാധാരണ പ്രമേയങ്ങളിലേക്കും പ്രവാചകൻﷺ എത്രമേൽ ചേർന്നുനിന്നു എന്നതിന്റെ മനോഹരമായ ഒരു ചിത്രം ഇതിലുണ്ട്. കഠിനമായ ചില തത്വശാസ്ത്ര സിദ്ധാന്തങ്ങൾ അല്ല പ്രവാചകനെﷺ ഹൃദയങ്ങളിലേക്ക് കുടിയിരുത്തിയത്. ദുർഗ്രാഹ്യമായ ചില സമവാക്യങ്ങളുടെ ജാഡകൾ അല്ല പ്രവാചകരെﷺ മനുഷ്യ ഹൃദയങ്ങളിലേക്ക് ആകർഷിച്ചത്.

മനുഷ്യന്റെ പ്രകൃതിയിൽ തന്നെയുള്ള ആവശ്യങ്ങളെയും വിചാരങ്ങളെയും വികാരങ്ങളെയും അറിഞ്ഞും അടുത്തും അവർക്ക് തണലും താങ്ങും വഴികാട്ടിയും ഒക്കെയായപ്പോഴാണ് ഓരോരോ ദേശങ്ങൾ ഒന്നായി പ്രവാചകന്റെﷺ മുന്നിൽ വിനീതവിധേയരായി വന്നുനിന്നത്. മണ്ണും മനസ്സും മഴയും നാൽക്കാലികളും വിളയും കൊയ്ത്തും ദാനവും ധർമ്മവും സഹജീവികളായ ആടും ഒട്ടകവും എല്ലാം പ്രവാചക പാഠശാലയിൽ കൃത്യമായ നിർണയങ്ങളിലൂടെയും ആർദ്രമായ പെരുമാറ്റങ്ങളിലൂടെയും കടന്നുപോയി. അപ്പോഴാണ് സർവലോകീയമായ ഒരു രീതിശാസ്ത്രം ലോകത്താകമാനമായി തന്നെ സ്ഥാപിക്കപ്പെട്ടത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-665

Tweet 665
മുസൈന നിവേദക സംഘം

ഇമാം അഹ്മദ്(റ) നിവേദനം ചെയ്യുന്നു. നുഅ്മാൻ ബിൻ മുഖരറിൻ(റ) പറഞ്ഞു. ഞങ്ങൾ ഒരു നാനൂറ് അംഗസംഘം പ്രവാചക സന്നിധിയിലേക്ക് വന്നു. മുസൈന, ജുഹൈന എന്നീ രണ്ടു ഗോത്രത്തിൽ നിന്നുള്ള ആളുകൾ ഉണ്ടായിരുന്നു ഞങ്ങൾ. പ്രവാചകൻﷺ അവിടുന്ന് ഞങ്ങളോട് വർത്തമാനം പറഞ്ഞു. ഞങ്ങൾ അവിടുത്തോട് ഇങ്ങനെ പ്രതികരിച്ചു. ഞങ്ങളുടെ പക്കൽ കഴിക്കാൻ ഒന്നും കരുതിയിട്ടില്ലല്ലോ! ഉടനെ അവിടുന്ന് ഉമറി(റ)നോട് പറഞ്ഞു. ഈ വന്ന ആളുകൾക്കൊക്കെ നല്ല ഭക്ഷണം കൊടുക്കൂ. അപ്പോൾ ഉമർ(റ) പറഞ്ഞു. എന്റെ പക്കൽ മിച്ചമുള്ള കുറച്ചു കാരക്ക മാത്രമേ ഉള്ളൂ. ഈ സംഘത്തിന് മുഴുവനും അത് മതിയാകും എന്ന് തോന്നുന്നില്ല. കുഴപ്പമില്ല, പോയി അവർക്ക് കഴിക്കാൻ കൊടുത്തോളൂ. അവരെയും കൂട്ടിക്കൊണ്ടുപോയി ഭക്ഷണം കൊടുത്തു. അവർക്ക് മതിയാവോളം അവരെല്ലാവരും കഴിച്ചു. ഉള്ളതിൽ നിന്ന് അല്പം പോലും ചുരുങ്ങുകയോ കുറയുകയോ ചെയ്തില്ല.

സമാനമായ അമാനുഷിക സംഭവങ്ങൾ നബി ജീവിതത്തിലെ പല സന്ദർഭങ്ങളിലും ഉണ്ടായിട്ടുണ്ട്. പ്രവാചകരുﷺടെ ജീവിതത്തിലെ അമാനുഷിക സംഭവങ്ങളിൽ പ്രധാനപ്പെട്ട ഒരു അധ്യായമാണ് ഭക്ഷണത്തിൽ ഉണ്ടായ വർദ്ധനവും അനുഗ്രഹങ്ങളും. കുറഞ്ഞ ആളുകൾക്കുള്ള ഭക്ഷണം ഒരുപാട് സംഘങ്ങൾ കഴിച്ച അനുഭവങ്ങൾ വേറെയും നാം വായിച്ചു പോയിട്ടുണ്ട്.

ഹിജ്റയുടെ അഞ്ചാം വർഷം നബി സവിധത്തിലേക്ക് വന്ന മുസൈനയിലെ 400 അംഗ സംഘമായിരുന്നു നബി സവിധത്തിലേക്ക് വന്ന ആദ്യത്തെ നിവേദക സംഘമെന്ന് ചരിത്രം പരാമർശിച്ചിട്ടുണ്ട്. ഹിജ്റ അഥവാ പലായനത്തിൽ പ്രത്യേക പരിഗണന തിരുനബിﷺ അവർക്ക് നൽകി. അവർ എവിടെയായിരുന്നാലും മുഹാജിറുകളായിരിക്കും എന്ന് അവിടുന്ന് സന്തോഷ വാർത്ത അറിയിച്ചു.

പ്രവാചകരുﷺടെ സമ്മതപ്രകാരം അവർ അവരുടെ നാടുകളിലേക്ക് മടങ്ങി.

ഓരോ ഗോത്രങ്ങളുടെയും പ്രമുഖരുടെയും മദീനയിലേക്കുള്ള ആഗമനവും അവർ ഇസ്ലാം സ്വീകരിക്കാനുള്ള കാരണങ്ങളും ഗഹനമായി പഠിച്ചു നോക്കിയാൽ നബി ജീവിതത്തിൽ അല്ലാഹു നൽകിയ അമാനുഷിക സംഭവങ്ങൾ ചെറുതല്ലാത്ത ഭാഗധേയം അറിയിച്ചിട്ടുണ്ട്. ചില പരിഷ്കരണ വാദികൾ ഇത്തരം സംഭവങ്ങളെ പൂർണമായും മാറ്റിനിർത്താനോ പ്രബോധന വഴിയിൽ അത്തരം സംഭവങ്ങൾക്ക് പ്രാധാന്യമില്ലെന്ന് കാണിക്കാനോ പല വിധേനയും ശ്രമിച്ചിട്ടുണ്ട്. നബി ജീവിതം പഠിക്കുമ്പോഴും ഖുർആനിക ആശയങ്ങൾ പകർന്നു കൊടുക്കുമ്പോഴും സൈദ്ധാന്തികമായ ചില ആമുഖങ്ങളും ആചാരവും അനുഷ്ഠാനവും സംബന്ധിച്ച കാര്യങ്ങളും മാത്രം പറഞ്ഞാൽ മതി എന്നും, അത്ഭുതങ്ങളും ആശ്ചര്യങ്ങളും നിറഞ്ഞ അധ്യായങ്ങൾ പറയേണ്ടതില്ലെന്നും ചില അൽപജ്ഞാനികളോ ഭാഗികജ്ഞാനികളോ പറയാറുണ്ട്. അത് വസ്തുതാപരമായി ന്യായീകരിക്കാൻ പറ്റുന്നതല്ല. പ്രമാണങ്ങളോട് യോജിക്കുന്നതല്ല. പ്രവാചകത്വം എന്ന പദവി തന്നെ അസാധാരണങ്ങളുടെ പര്യായമാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-666

Tweet 666
മുആവിയതു ബിൻ ഹൈദയുടെ സംഘം

അദ്ദേഹം പറയുന്നു. എന്നെ ആനയിക്കപ്പെട്ടപ്പോൾ നബി സന്നിധിയിൽ ഞാനെത്തി. അപ്പോൾ എന്നോട് അവിടുന്ന് പറഞ്ഞു. നിങ്ങളിലേക്ക് എത്തിച്ചേരാനുള്ള ഒരു വ്യവസ്ഥിതി ലഭിക്കുന്നതിനും നിങ്ങളുടെ സമൂഹത്തിന്റെ ഹൃദയത്തിൽ ഭയം സൃഷ്ടിക്കുന്നതിനും ഞാൻ അല്ലാഹുവിനോട് പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഉടനെ മുആവിയ പ്രതികരിച്ചു. ഞാൻ ഒരിക്കലും അവിടുത്തെ വിശ്വസിക്കുകയോ അനുകരിക്കുകയോ ചെയ്യില്ല. ഒരിക്കലും ഒരു വ്യവസ്ഥിതിയും എന്നെ വലയം വയ്ക്കുകയോ ഭയം കടന്നു കൂടുകയോ ഉണ്ടാവില്ല. അവിടുത്തെ മുന്നിൽ എത്തുന്നതുവരെ എന്റെ അവസ്ഥ അതായിരുന്നു. അല്ലാഹു ഏതൊരാശയം കൊണ്ടാണ് തങ്ങളെ നിയോഗിച്ചിട്ടുള്ളത്? എന്നെ ഇസ്ലാം പ്രോബോധിപ്പിക്കാൻ വേണ്ടിയാണ് നിയോഗിച്ചിട്ടുള്ളത്. എന്താണ് ഇസ്ലാം? അല്ലാഹുവല്ലാതെ ആരാധനക്ക്‌ അർഹനില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ പ്രവാചകൻ ആണെന്നും സാക്ഷ്യം വഹിക്കുക. നിസ്കാരം നിലനിർത്തുക. ദാനധർമ്മങ്ങൾ നൽകുക. ഇസ്ലാം സ്വീകരിച്ച ശേഷം ശിർക്ക് അഥവാ ബഹുദൈവ വിശ്വാസത്തിലേക്ക് വന്നാൽ അല്ലാഹു അവർക്ക് വിട്ടുവീഴ്ച ചെയ്യുകയില്ല. വീണ്ടും അദ്ദേഹം ചോദിച്ചു. ഭാര്യമാരോടുള്ള ബാധ്യതകൾ എന്താണ്? നിങ്ങൾ ഭക്ഷണം കഴിക്കുന്നു എങ്കിൽ അവരെ ഭക്ഷണം കഴിപ്പിക്കുക. നിങ്ങൾ വസ്ത്രം ധരിക്കുമ്പോൾ അവർക്കും നൽകുക. അഥവാ അവർക്ക് ഭക്ഷണവും വസ്ത്രവും നൽകുക. അവരുടെ മുഖത്ത് അടിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യരുത്. ശിക്ഷണം സ്വീകരിക്കേണ്ട സമയത്ത് അകൽച്ച പാലിക്കുന്നുവെങ്കിൽ കിടപ്പറയിൽ മാത്രം അത് പാലിക്കുക.

മറ്റൊരു നിവേദനത്തിൽ അദ്ദേഹം ചോദിച്ച ചോദ്യം ഇങ്ങനെയായിരുന്നു. സ്ത്രീകളുടെ കാര്യത്തിൽ അവിടുന്ന് എന്താണ് പറയുന്നത്. അപ്പോൾ പ്രവാചകൻﷺ പരിശുദ്ധ ഖുർആൻ രണ്ടാം അധ്യായത്തിലെ 223ആം വചനം ഓതികേൾപ്പിച്ചു. ആശയം ഇങ്ങനെയാണ്.”നിങ്ങളുടെ സ്ത്രീകള്‍ നിങ്ങളുടെ കൃഷിയിടമാകുന്നു. ‎അതിനാല്‍ നിങ്ങളാഗ്രഹിക്കുംവിധം നിങ്ങള്‍ക്ക് ‎നിങ്ങളുടെ കൃഷിയിടത്ത് ചെല്ലാവുന്നതാണ്.”

കർഷകനും കൃഷിയിടവും തമ്മിലുള്ള ബന്ധം അതിന്റെ എല്ലാ വൈകാരികതയോടെയും മനസ്സിലാക്കുമ്പോഴാണ് ഈ ഉപമയുടെ നാനാർത്ഥങ്ങൾ ബോധ്യമാകുന്നത്. ഒരാൾക്ക് മറ്റൊരാളുടെ സ്വകാര്യ ഭാഗം കാണാൻ പറ്റുമോ? ഇല്ലെന്നു പറഞ്ഞുകൊണ്ട് പരലോകത്തെ വിചാരണയെ കുറിച്ച് പ്രവാചകൻﷺ അദ്ദേഹത്തോട് സംസാരിച്ചു. കാലുകൾ ചേർത്തുവച്ചുകൊണ്ട് പരലോകത്ത് വായകൾ മൂടി കെട്ടുകയും കാലുകൾ സംസാരിക്കുകയും ചെയ്യുന്ന രംഗം ഓർമ്മപ്പെടുത്തി.

വേറിട്ട ചില സംഭാഷണങ്ങളിലൂടെയാണ് ഈ ദൗത്യസംഘവുമായുള്ള ഇടപെടൽ ചരിത്രം രേഖപ്പെടുത്തിയത്. വ്യക്തിയുടെയും സമൂഹത്തിന്റെയും പരിസരങ്ങൾക്ക് അനുസരിച്ചാണ് പ്രവാചകന്റെﷺ ഓരോ സംഭാഷണങ്ങളും ചർച്ചകളും കടന്നുപോയത്. പ്രവാചകൻﷺ മുന്നോട്ടുവച്ച പ്രമേയങ്ങളുടെയും പരാമർശിച്ച മതവിധികളുടെയും അടിസ്ഥാനം വച്ചുകൊണ്ട് ആഗതരായ സമൂഹത്തിന്റെ പിന്നാമ്പുറങ്ങളെ കുറിച്ച് നമുക്ക് പഠിക്കാൻ കഴിയും. ദേശവും സംസ്കാരവും അതിലെ വൈവിധ്യങ്ങളും തേടിയുള്ള ഒരു വൈജ്ഞാനിക യാത്രയായിരിക്കും അത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-667

Tweet 667
നഖ്ഉ നിവേദക സംഘം.

ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു.
നഖ്ഉ ഗോത്രക്കാർ രണ്ടു പ്രതിനിധികളെ പ്രവാചകരുﷺടെ സന്നിധിയിലേക്ക് അയച്ചു. നഖ്ഉ ഗോത്രത്തിന്റെ ഇസ്ലാം വിചാരങ്ങളെ പങ്കുവെക്കാൻ വേണ്ടിയായിരുന്നു നിയോഗം. അർഥഅതു ബിൻ ശറാഹീൽ, അർഖം ബിൻ ബക്കർ എന്നിവരാണ് പ്രതിനിധികളായി പോയത്. അവർക്ക് തിരുനബിﷺ ഇസ്ലാമിനെ പരിചയപ്പെടുത്തി. അവർ സ്വീകരിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. അവരുടെ രൂപവും ഭാവവും എല്ലാം പ്രവാചകനെﷺ ആശ്ചര്യപ്പെടുത്തി. സവിശേഷമായ ഒരു താല്പര്യം അവരോട് ഉണ്ടായി. അവിടുന്ന് ഇങ്ങനെ ചോദിച്ചു. നിങ്ങളെപ്പോലെയുള്ള ആളുകൾ നിങ്ങളുടെ പിന്നിൽ നിങ്ങളുടെ നാട്ടിൽ ഉണ്ടോ? അവർ ഇങ്ങനെ മറുപടി പറഞ്ഞു. ഞങ്ങളെക്കാൾ എന്തുകൊണ്ടും ശ്രേഷ്ഠരായ 70 ആളുകൾ ഞങ്ങളുടെ പിന്നിൽ നാട്ടിലുണ്ട്. ഈ ദൗത്യത്തിന്റെ ഭാഗമായി അവർ വന്നാൽ ഞങ്ങളെക്കാൾ കാര്യശേഷിയുള്ളവരും കാര്യനിർവഹണങ്ങൾക്ക് ശക്തിയുള്ളവരും ആണ്.

പ്രവാചകൻﷺ അവർക്കും അവരുടെ സമൂഹത്തിനും വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു. ‘നഖ്ഉകാർക്ക് പ്രത്യേകം അനുഗ്രഹം ചൊരിയണമേ അല്ലാഹ്!’ അർഥഅ എന്നയാളുടെ മക്കൾക്ക് പ്രവാചകൻﷺ അവിടുത്തെ പതാക കൈമാറി. മക്കാ വിജയ ദിവസം പ്രവാചകൻﷺ വഹിച്ചിരുന്ന പതാകയായിരുന്നു അത്. അദ്ദേഹം പിന്നീട് ആ പതാകയുമായി ഖാദിസിയ്യയിൽ പങ്കെടുത്തു. അദ്ദേഹം അവിടെ വച്ച് കൊല്ലപ്പെട്ടപ്പോൾ അദ്ദേഹത്തിന്റെ സഹോദരൻ ദുറൈദ്(റ) ഏറ്റെടുത്തു. അദ്ദേഹവും രക്തസാക്ഷിത്വം വഹിച്ചു. ശേഷം ആ പതാക ബനീ ജസീമ ഗോത്രത്തിലെ സൈഫ് ബിൻ ഹാരിസ്(റ) കൈവശപ്പെടുത്തി. അദ്ദേഹം അതുമായി പ്രവേശിച്ചു.

ഇബ്നു മസ്ഊദ്(റ) നിവേദനം ചെയ്യുന്നു. പ്രവാചകൻﷺ നഖ്ഉ ഗോത്രക്കാരെ പ്രത്യേകമായി അഭിനന്ദിക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്തപ്പോൾ ഞാനും ആ ഗോത്രത്തിൽ ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി.

മുഹമ്മദ് ബിൻ ഉമർ അൽ അസ്ലമി(റ) നിവേദനം ചെയ്യുന്നതിൽ ഇങ്ങനെ കാണാം. പ്രവാചക സന്നിധിയിലേക്ക് അവസാനം എത്തിയ പ്രധാനപ്പെട്ട ഗോത്രം നഖ്ഉകാരായിരുന്നു. ഹിജ്റ പതിനൊന്നാം വർഷം മുഹറം മാസം മധ്യത്തിൽ ആയിരുന്നു അവർ വന്നത്. അവർ 200 പുരുഷന്മാർ ഉണ്ടായിരുന്നു. റംല ബിൻത് ഹദസി(റ)ന്റെ വീട്ടിലേക്കാണ് അവർ ആദ്യം എത്തിച്ചേർന്നത്. സാധാരണ നിവേദക സംഘങ്ങൾ എത്തുന്ന ഭവനമാണത്. ശേഷം, പ്രവാചക സന്നിധിയിലേക്ക് ഇസ്ലാം പ്രഖ്യാപിച്ചുകൊണ്ട് അവർ കടന്നുവന്നു. അവർ നേരത്തെ തന്നെ പ്രമുഖ സ്വഹാബി മുആദ് ബിനു ജബലു(റ)മായി കണ്ടുമുട്ടിയിരുന്നു. പ്രാഥമികമായി അവർ ഉടമ്പടിയും നിർവഹിച്ചിരുന്നു. സറാരത് ബിൻ എന്ന ക്രിസ്തീയനും അവരോടൊപ്പം ഉണ്ടായിരുന്നു.

വിവിധ ദേശങ്ങളിൽ നിന്നും പ്രവാചക സന്നിധിയിലേക്ക് വന്ന ആളുകളിൽ ഇസ്ലാം അറിഞ്ഞും ഉൾക്കൊണ്ടും വന്നവർ മാത്രമായിരുന്നില്ല. അറിയാനും പരീക്ഷിക്കാനും ഒരുപക്ഷേ നിരൂപീക്കാനും വിലയിരുത്താനും ഒക്കെ ഉള്ള ആളുകൾ വന്നിരുന്നു. എല്ലാവരെയും ഹൃദ്യമായി പ്രവാചകൻﷺ സ്വീകരിച്ചു. എല്ലാവരോടും ഇസ്ലാമിന്റെ ബാലപാഠങ്ങളും അടിസ്ഥാന തത്വങ്ങളും പരിചയപ്പെടുത്തി. വസ്തുതകൾ മനസ്സിലാക്കുകയും പ്രവാചകരെﷺ തിരിച്ചറിയുകയും ചെയ്തവർ ഇസ്ലാം സ്വീകരിച്ചു. അല്ലാത്തവർ വിട്ടു നിന്നുകൊണ്ട് അവർക്കെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടുണ്ടായിരുന്നില്ല. അഥവാ അവർക്ക് അതിന് സ്വാതന്ത്ര്യം ഉണ്ടായിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-668

Tweet 668
നഖ്ഉ ഗോത്രത്തോടൊപ്പം നബി സവിധത്തിൽ വന്ന സറാറത് ബിൻ അംറി(റ)നെ സംബന്ധിച്ച് അല്പം കൂടി നമുക്ക് വായിക്കാം. ഇബ്നു ശാഹിൻ(റ) നിവേദനം ചെയ്യുന്നു. നഖ്ഉ ഗോത്രത്തിലെ പ്രതിനിധികൾക്കൊപ്പം സറാറത് ബിൻ അംറ്(റ) എന്ന ഒരാൾ നബിﷺയുടെ അടുക്കൽ എത്തി. അദ്ദേഹം പ്രവാചകനോﷺട് ഇങ്ങനെ പറഞ്ഞു. ഞാൻ യാത്രയിൽ ഒരു സ്വപ്നം കണ്ടു. അത് എന്നെ വല്ലാതെ ആശ്ചര്യപ്പെടുത്തി. നബിﷺ ചോദിച്ചു. എന്താണ് നിങ്ങൾ കണ്ടത്? ഗർഭിണിയായ ഒരു ചുവന്ന കുതിര. ഞാനതിനെ നാട്ടിൽ ഉപേക്ഷിച്ചിട്ട് വന്നു. അതൊരു ആൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു. കറുപ്പുകളുള്ള ചുവന്ന നിറമാണ് അതിനുള്ളത്. അപ്പോൾ നബിﷺ അദ്ദേഹത്തോട് ചോദിച്ചു. ഞങ്ങൾ ഗർഭിണിയായ നിങ്ങളുടെ അടിമ സ്ത്രീയെ നാട്ടിൽ നിർത്തിയിട്ടാണോ വന്നത്? അതെ, അയാൾ മറുപടി പറഞ്ഞു. എന്നാൽ അവർ ഒരാൺകുഞ്ഞിന് ജന്മം നൽകിയിരിക്കുന്നു. അത് നിങ്ങളുടെ മകനാണ്.

അപ്പോൾ അദ്ദേഹം ചോദിച്ചു ആ കറുപ്പുനിറഞ്ഞ ചുവപ്പിന്റെ താല്പര്യമെന്താണ്? ഉടനെ പ്രവാചകൻﷺ പറഞ്ഞു. നിങ്ങൾ അല്പം ഇങ്ങോട്ട് അടുത്തു നിൽക്കൂ. നിങ്ങൾ സ്വകാര്യമാക്കി വച്ചിരിക്കുന്ന വെള്ളപ്പാണ്ടുള്ള ഒരു ഭാഗം ഉണ്ടോ നിങ്ങൾക്ക്? ഉടനെ അത്ഭുതത്തോടെ അയാൾ ഇങ്ങനെ പ്രതികരിച്ചു. തങ്ങളെ പ്രവാചകനാﷺയി നിയോഗിച്ച അല്ലാഹു സത്യം! കാര്യം മറ്റൊരാളും അറിയുകയുമില്ല ആരെയും ഞാൻ കാണിച്ചിട്ടുമില്ല. അവിടുന്ന് പറഞ്ഞത് സത്യമാണ്. തുടർന്ന് അദ്ദേഹം ചോദിച്ചു. അല്ലാഹുവിന്റെ ദൂതരെﷺ, നുഅ്മാൻ ബിൻ മുന്ദിർ എന്നയാളെ പ്രൗഢി ഉള്ള രണ്ട് മേൽ വസ്ത്രങ്ങളോടെ എനിക്ക് കാണാൻ കഴിഞ്ഞു. എന്താണ് അതിന്റെ താല്പര്യം? പ്രൗഢിയോടുകൂടിയുള്ള അധികാരങ്ങൾ ഇനി അറബികളിലേക്ക് വരുന്നു എന്നതിന്റെ സൂചനയാണത്. ഭൂമിയിൽ നിന്ന് പുറപ്പെട്ട ഒരു വായോധികയെ കാണാൻ കഴിഞ്ഞു. അവളുടെ മുടികൾ നരച്ചതും കറുത്തതും ആയി ഇടകലർന്നിരിക്കുന്നു. പ്രവാചകൻﷺ പറഞ്ഞു. ഈ ഭൗതിക ലോകത്തിന്റെ ശേഷിപ്പിനെയാണ് അത് സൂചിപ്പിക്കുന്നത്.

എന്നെയും അംറ് എന്ന് പേരുള്ള എന്റെ മകന്റെയും ഇടയിൽ വലിയ തീജ്വാലകൾ മതിൽ തീർക്കുന്നത് കാണാൻ കഴിഞ്ഞു. അതിന്റെ ഓരോ നാളങ്ങളും വിഴുങ്ങാൻ നിൽക്കുന്നത് പോലെ. എനിക്ക് ഭക്ഷണം അല്ലെങ്കിൽ നിങ്ങളെ ഞാൻ വിഴുങ്ങും എന്നാണ് ആ അഗ്നി പറഞ്ഞുകൊണ്ടിരിക്കുന്നത്. പ്രവാചകൻﷺ പറഞ്ഞു, അന്ത്യ നാളിലെ നാശങ്ങളെയാണ് അത് സൂചന നൽകുന്നത്. ആ നാശം എന്തായിരിക്കും പ്രവാചകരെﷺ? ജനങ്ങൾ അവരുടെ നേതാവിനെ വധിക്കും. പിന്നീട് വ്യത്യസ്ത കക്ഷികളായി മാറും. പ്രവാചകൻﷺ വിരലുകൾ വിടർത്തി കാണിച്ചിട്ട് പറഞ്ഞു. ഇതുപോലെ വ്യത്യസ്തമായി അവർ മാറും. അന്ന് മോശക്കാരൻ വിചാരിക്കും നല്ലവൻ ആണെന്ന്. അന്ന് വിശ്വാസിയുടെ രക്തം മറ്റൊരു വിശ്വാസിക്ക് തീർത്ഥത്തേക്കാൾ രുചികരമായിരിക്കും. നിങ്ങളുടെ മകൻ മരണപ്പെട്ടുപോയാൽ നിങ്ങൾ ഈ നാശങ്ങളെ അഭിമുഖീകരിക്കേണ്ടിവരും. അതല്ല, നിങ്ങളാണ് മരണപ്പെടുന്നത് എങ്കിൽ മകൻ അനുഭവിക്കേണ്ടിവരും. ഉടനെ അദ്ദേഹം പറഞ്ഞു. എനിക്കത് കാണേണ്ടി വരാതിരിക്കാൻ പ്രാർത്ഥിക്കണം. പ്രവാചകൻﷺ പ്രാർത്ഥിച്ചു. അദ്ദേഹം നേരത്തെ മരിക്കുകയും മകൻ അംറ് ഉസ്മാൻ(റ)ന്റെ കാലത്തെ വിപത്തുക്കൾക്ക് സാക്ഷിയാകുകയും ചെയ്തു.

ഇവിടെയൊക്കെയാണ് പ്രവാചകന്റെﷺ കണ്ണും കാതും കടന്നുപോയത്. ഒരു വ്യക്തിയിൽ നിഷ്ടമായ സ്വകാര്യത മുതൽ, അവസാനകാലത്ത് ലോകത്ത് സംഭവിക്കാവുന്ന വിപത്തുകൾ വരെ ഒരു ചെറിയ സ്ക്രീനിൽ അതിബൃഹത്തായി മിന്നി മറഞ്ഞിരിക്കുന്നു.

ഒരാളുടെ സ്വപ്നത്തിന്റെ വ്യാഖ്യാനം, മനോവിചാരത്തിൽ നിന്ന് താഴ്‌വരയിലേക്കും. അവിടെനിന്ന് വരാനുള്ള കാലത്തെ ഗതിമാറ്റങ്ങളിലേക്കും എത്ര വേഗമാണ് സഞ്ചരിച്ച് എത്തിയത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-669

Tweet 669
ബനൂ ഹിലാൽ ബിൻ ആമിറിന്റെ സംഘം

സിയാദ് ബിൻ അബ്ദുല്ലാഹ് ബിൻ മാലിക് നബിﷺയെ ലക്ഷ്യം വച്ചു മദീനയിൽ എത്തി. പ്രവാചക പത്നി മൈമൂന ബിൻത് ഹാരിസി(റ)ന്റെ വീട്ടിലേക്ക് ആയിരുന്നു ആദ്യം വന്നത്. അദ്ദേഹത്തിന്റെ അമ്മായി ആയിരുന്നു മൈമൂന(റ). പ്രവാചകൻﷺ മൈമൂന(റ)യുടെ അടുത്തേക്ക് വരുമ്പോൾ യുവാവായ സിയാദിന്റെ സാന്നിധ്യം നബിﷺയെ അത്ഭുതപ്പെടുത്തി. പെട്ടെന്ന് മൈമൂന(റ) പറഞ്ഞു. ഇതെന്റെ സഹോദരി അസ്സയുടെ മകനാണ്. പ്രവാചകൻﷺ അദ്ദേഹത്തെയും കൂട്ടി പള്ളിയിലേക്ക് പ്രവേശിച്ചു. മധ്യാഹ്ന നിസ്കാരം അഥവാ ളുഹർ കഴിഞ്ഞു അദ്ദേഹത്തിന് വേണ്ടി പ്രത്യേകം പ്രാർത്ഥിച്ചു. ശിരസ്സിൽ കൈവച്ച് അനുഗ്രഹിച്ചു. ശേഷം, അടുത്ത് അണച്ചു കൂട്ടി. മൂക്കിന്റെ ചുംബനം നൽകി. അന്ന് മുതൽ പ്രത്യേകമായ അനുഗ്രഹം ലഭിച്ചിരുന്നതായി ബനൂ ഹിലാൽ പറയുമായിരുന്നു. സിയാദി(റ)ന്റെ മുഖത്തു കണ്ട സവിശേഷമായ സന്തോഷത്തെ അടയാളപ്പെടുത്തിയ മനോഹരമായ ചില വരികൾ ഉണ്ട്.
“യബ്നല്ലെദീ മസഹന്നബിയ്യൂ ബി റഅസിഹി.”

‘തിരുനബി ചുംബനം ലഭിച്ച ശിരസ്സിന്മേൽ
അനുഗ്രഹ കടാക്ഷങ്ങൾ വഹിക്കും പ്രിയങ്കരാ…

പള്ളിയിൽ വച്ചു നൽ പ്രാർത്ഥനാ വർഷങ്ങളും
തിരുനബിയിൽ നിന്നു ലഭിച്ച സഹോദരാ

മാറ്റാരെയുമല്ല ഞാൻ ഉദ്ദേശിച്ചത്
സാക്ഷാൽ പ്രിയനാം സിയാദിനെ തന്നെയാ.

നസികാഗ്രത്തിലാ ശോഭയതെപ്പോഴും
നാളേക്ക് കരുതലായ് കിട്ടിക്കഴിഞ്ഞല്ലോ’

മുഹമ്മദ് ബിൻ അൽ ഖുറശ്ശി(റ)യിൽ നിന്ന് ഇമാം ഇബ്നു സഅദ്(റ) നിവേദനം ചെയ്യുന്നു. ബനൂ ഹിലാലിൽ നിന്ന് ഒരു സംഘം പ്രവാചക സവിധത്തിൽ വന്നു. ഔഫ് ബിൻ അസ്‌റം എന്ന ഒരാൾ അക്കൂട്ടത്തിൽ ഉണ്ടായിരുന്നു. പ്രവാചകൻﷺ അദ്ദേഹത്തിന്റെ പേര് കേട്ടപ്പോൾ അബ്ദുല്ല എന്ന് പുനർനാമകരണം ചെയ്തു. സംഘത്തിൽ ഉണ്ടായിരുന്ന ഖബീസ ബിൻ അൽ മുഖാരിഖ് നബിﷺയോട് പറഞ്ഞു. ഞാൻ ഞങ്ങളുടെ നാട്ടുകാരിൽ നിന്നുള്ള കുറച്ചു വിഭവങ്ങൾ വഹിച്ചുകൊണ്ടു വന്നിട്ടുണ്ട്. അക്കാര്യത്തിൽ എന്നെ അവിടുന്ന് സഹായിക്കണം. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. ആ സ്വത്ത് ഇവിടെ എത്തിയാൽ അത് നിങ്ങൾക്കുള്ളതാണ്.

ഇമാം മുസ്‌ലിം(റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം. ഖബീസത് ബിൻ മുഖാറിഖ്(റ) പറയുന്നു. ഞാൻ ഒരു കടബാധ്യതയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആ വിഷയത്തിൽ സഹായം വേണമെന്ന് പ്രവാചകരോﷺട് പറഞ്ഞു. സ്വദഖയുടെ അഥവാ ധർമ്മത്തിന്റെ സ്വത്തുക്കൾ വരട്ടെ അതുവരെ നിങ്ങൾ അവിടെ നിൽക്കൂ എന്ന് നബിﷺ എന്നോട് പറഞ്ഞു. ശേഷം, പ്രവാചകൻﷺ ഇങ്ങനെ തുടർന്നു. ഞാൻ ഇനി പറയാൻ പോകുന്ന മൂന്നു സാഹചര്യത്തിൽ അല്ലാതെ ഒരാൾ മറ്റൊരാളോട് ചോദിക്കരുത്. അഥവാ മറ്റുള്ളവരുടെ സമ്പാദ്യം അധ്വാനത്തിന്റെ ഫലമോ സാധനത്തിന്റെ വിലയോ അല്ലാതെ ആവശ്യപ്പെടരുത്.

ഒന്ന്, ഒരു കടബാധ്യത ഏറ്റെടുത്തു അത് നിവർത്തിക്കാൻ നിർവാഹം ഇല്ലാതെ വന്നു.
രണ്ട്, വിളകളിലോ വിഭവങ്ങളിലോ മറ്റോ അപ്രതീക്ഷിതമായ ഒരു വിപത്ത് സംഭവിച്ചു. പരിഹരിക്കാൻ വേറെ മാർഗ്ഗങ്ങൾ ഇല്ലാതെയായി.
മൂന്ന്, ദാരിദ്ര്യം കൊണ്ട് ഗതിമുട്ടി. അത് സമൂഹത്തിലെ മൂന്നുപേർക്കെങ്കിലും ബോധ്യമായി. കഷ്ടിച്ച് അക്കാര്യത്തിൽ രക്ഷപ്പെടാൻ വേണ്ടി മാത്രം ജനങ്ങളോട് ചോദിക്കാം.

ഈ മൂന്ന് സാഹചര്യത്തിൽ അല്ലാതെ മറ്റുള്ളവരിൽ നിന്ന് സഹായം ചോദിക്കുന്നത് ഉചിതമല്ല. സഹായം തേടിക്കൊണ്ടു മാത്രം ഉപജീവനം അനുഗ്രഹമില്ലാത്ത ഉപായമാണ്. അങ്ങനെയുള്ള ആൾ കഴിക്കുന്നത് അത്ര ശുഭകരമല്ലാത്ത ഭക്ഷണമാണ്.

സാമൂഹികമായി പാലിക്കേണ്ട മര്യാദകളും വ്യക്തിയിൽ ഉണ്ടായിരിക്കേണ്ട സാമ്പത്തിക സദാചാരവും എത്ര കൃത്യമായിട്ടാണ് തിരുനബിﷺ പഠിപ്പിച്ചു കൊടുത്തത്. പ്രവാചകൻﷺ ഓരോരുത്തരോടും പ്രതികരിക്കുകയും വിശദീകരണങ്ങൾ നൽകുകയും ചെയ്യുമ്പോൾ. തൽസമയം അവരിൽ ഉണ്ടായിരിക്കുന്ന വിചാരങ്ങളെയും പരിസരങ്ങളെയും പരിഗണിച്ചു കൊണ്ടായിരിക്കും അത് നിർവഹിക്കുന്നത്. അവരിൽ സിദ്ധമായ ഒരു ഗുണത്തെ പ്രചോദിപ്പിക്കാനോ അവരിൽ വന്നുഭവിച്ച ഒരു ഭാവത്തെ തിരുത്താനോ എപ്പോഴും പ്രാധാന്യത്തോടെ നബിﷺ ഇടപെട്ടു. ഇത്തരം അധ്യായങ്ങളെ മനസ്സ് തുറന്നും ഹൃദയം വിരിച്ചും അല്ലാതെ എങ്ങനെയാണ് സ്വീകരിക്കാനാവുക.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-670

Tweet 670
വാഇൽ ബിൻ ഹുജ്റിന്റെ ആഗമനം.

വാഇൽ ബിൻ ഹുജ്ർ പറയുന്നു. പ്രവിശാലവും ആർഭാട പൂർണവുമായ രാജ്യത്താണ് ഞാൻ ഉണ്ടായിരുന്നത്. അപ്പോഴാണ് പ്രവാചകരുﷺടെ ആഗമനത്തെ കുറിച്ചുള്ള വിവരം ലഭിച്ചത്. എല്ലാ ആഡംബരങ്ങളും ഉപേക്ഷിച്ച് അല്ലാഹുവിലും റസൂലിലുംﷺ പ്രതീക്ഷയർപ്പിച്ച് ഞാൻ പുറപ്പെട്ടു. പ്രവാചക സവിധത്തിൽ എത്തിയപ്പോൾ അവിടുത്തെ അനുചരന്മാർ എന്നോട് പറഞ്ഞു. എന്റെ ആഗമനത്തിന് മൂന്നു ദിവസം മുമ്പ് ഞാൻ വരുന്ന കാര്യം പ്രവാചകൻﷺ ശിഷ്യന്മാരോട് പറഞ്ഞിരുന്നു അത്രേ. ഞാൻ അഭിവാദ്യ വാചകം സലാം ചൊല്ലി അടുത്തേക്ക് ചെന്നു. പ്രവാചകൻﷺ പ്രത്യഭിവാദ്യം ചെയ്തു. അവിടുന്ന് ആലിംഗനം ചെയ്തു എന്നെ സ്വീകരിച്ചു. അവിടുത്തെ മേൽമുണ്ട് വിരിച്ച് എന്നെ അടുത്തിരുത്തി.

ശേഷം പ്രസംഗപീഠത്തിലേക്ക് കയറി. എന്നെയും സമീപത്തിരുത്തി. ഇരുകരങ്ങളും ആകാശ ലോകത്തേക്ക് ഉയർത്തി. അല്ലാഹുവിനെ സ്തുതിക്കുകയും സവിശേഷമായ പ്രാർത്ഥനാ വചനങ്ങൾ ഉരുവിടുകയും ചെയ്തു. ഇത്രയുമായപ്പോഴേക്കും ആളുകൾ പ്രവാചകരുﷺടെ സന്നിധിയിലേക്ക് വന്നുചേർന്നു. ശേഷം, പ്രവാചകൻﷺ സംഭാഷണം ആരംഭിച്ചു. അല്ലയോ ജനങ്ങളെ, ഇത് വാഇൽ ബിൻ ഹുജ്ർ(റ). വിദൂര ദേശത്തു നിന്ന് വന്നതാണ്. അല്ലാഹുവിനെയും അവന്റെ ദൂതനെയും പ്രതീക്ഷിച്ചു കൊണ്ടാണ് വന്നത്. അടുത്തകാലത്താണ് രാജ പദവികൾ ഉപേക്ഷിച്ച് ഇറങ്ങിയത്. അദ്ദേഹത്തോട് അടുത്ത സൗഹൃദത്തോടെ പെരുമാറുക. ഞാനപ്പോൾ പ്രവാചകനോﷺട് പറഞ്ഞു. എന്റെ ഈ നിലപാടിൽ എന്റെ കുടുംബക്കാർ പലരും എന്നെ കുറ്റം പറയുന്നുണ്ട്. കുഴപ്പമില്ല നിങ്ങൾക്ക് വേണ്ടതെല്ലാം അതിന്റെ ഇരട്ടിയും ഞാൻ നിങ്ങൾക്ക് നൽകിക്കൊള്ളും.

അബൂ ഉമറി(റ)ന്റെ നിവേദനം ഇങ്ങനെയാണ്. വാഇൽ ബിൻ ഹുജ്ർ ബിൻ റബീഅ ബിൻ വാഇൽ അൽ ഹള്റമി, അബൂ ഹ്യൂനൈദ അൽ ഹള്റമി എന്നും വിളിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ പിതാവ് യമനി രാജാക്കന്മാരിൽ ഒരാളായിരുന്നു. വാഇൽ നേർവഴി തേടി പ്രവാചക സന്നിധിയിൽ എത്തി. അദ്ദേഹത്തിന്റെ ആഗമനത്തെക്കുറിച്ച് നേരത്തെ തന്നെ പ്രവാചകൻﷺ അനുയായികളോട് പറഞ്ഞിരുന്നു അത്രേ. അദ്ദേഹത്തെ പ്രവാചകൻﷺ ഹൃദ്യമായി സ്വീകരിക്കുകയും അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.

അബൂ നഈമി(റ)ന്റെ നിവേദന പ്രകാരം അദ്ദേഹത്തെ മിമ്പറിൽ ഒപ്പം ഇരുത്തുകയും സവിശേഷമായി അദ്ദേഹത്തിന് അനുഗ്രഹ പ്രാർത്ഥന നടത്തി കൊടുക്കുകയും തലോടുകയും ചെയ്തു. അദ്ദേഹത്തിന്റെ പരമ്പരകൾക്ക് വേണ്ടിയും പ്രത്യേകം പ്രാർത്ഥിച്ചു. ശേഷം ഒത്തുകൂടുന്നതിനുവേണ്ടി നിസ്കാരങ്ങൾക്ക് ആളുകളെ ക്ഷണിക്കും പോലെ “അസ്സ്വലാത്ത ജാമിഅഃ” എന്ന് വിളംബരം ചെയ്യപ്പെട്ടു. അദ്ദേഹത്തിന് ഉപഹാരങ്ങളും സന്തോഷങ്ങളും കൈമാറി.

അല്ലാഹുവിനെയും അവന്റെ ദൂതനെﷺയും ആഗ്രഹിച്ചുകൊണ്ട് വിദൂരത്തുനിന്ന് വന്നയാളെ എങ്ങനെയൊക്കെയാണ് തിരുനബിﷺ പ്രത്യേകമായി പരിഗണിച്ചത്. രാജകുടുംബത്തിൽ നിന്ന് വന്നയാൾ ഇസ്ലാം സ്വീകരിച്ചതിന്റെ പേരിൽ പരിഭവങ്ങൾ അനുഭവിക്കാതിരിക്കാൻ പ്രത്യേകമായ പരിഗണന നൽകുന്നു. മനുഷ്യന്റെ ജീവിത പരിസരങ്ങൾക്ക് അനുസൃതമായി രൂപപ്പെടുന്ന ജീവിതചിട്ടകളെ പരിഗണിക്കുന്നതിൽ കൂടി തിരുനബിﷺ കാണിച്ചുതന്ന പ്രത്യേകമായ ശ്രദ്ധയാണ് നമുക്കിവിടെ വായിക്കാനുള്ളത്. ജാഹിലിയ്യ കാലത്ത് സവിശേഷമായ പദവികൾ അലങ്കരിച്ചിരുന്നവരെ ഇസ്ലാം സ്വീകരിച്ച ശേഷവും നേതൃ പരമായി തന്നെ പരിഗണിക്കാനും പരിപാലിക്കാനും പ്രവാചകൻﷺ പഠിപ്പിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaCampaign
#TaybaCenter
#FarooqNaeemi
#Tweet670

 

Leave a Reply