ഹിജ്റ പലായനത്തിന്‍റെ നാള്‍വഴികള്‍

ഹിജ്റ പലായനത്തിന്‍റെ നാള്‍വഴികള്‍

തിരുനബി ചരിത്രത്തിലെ അവിസ്മരണീയ നാഴിക കല്ലാണ് ഹിജ്റ. ഗിഗ്രോറിയന്‍ കലണ്ടര്‍ എ.ഡി 622 ജൂണിലാണ് ഇലാഹി കല്‍പന അനുസരിച്ചുള്ള യാത്ര പ്രവാചകന്‍ മുഹമ്മദ് (സ) മക്കയില്‍ നിന്ന് മദീനയിലേക്ക് നടത്തിയത്. ഖലീഫയായ ഉമര്‍ ബ്നു ഖത്താബ് (റ) ഹിജ്റ അടിസ്ഥാനപ്പെടുത്തി കലണ്ടര്‍ രൂപപ്പെടുത്തിയതും ഹിജ്റയുടെ പ്രാധാന്യത്തെ വിളിച്ചോതുന്നുണ്ട്. ഖദീജ (റ) നബി (സ) യെയും കൂട്ടി വേദ പണ്ഡിതനായ വറക്കത്ത് ബ്നു നൗഫലിന്‍റെ അടുക്കല്‍ ചെല്ലുമ്പോള്‍ ‘താങ്കള്‍ പുറത്താക്കപ്പെടും’ എന്ന വാചകം കേട്ടത് മുതല്‍ തന്നെ ഒരു പക്ഷേ തിരുനബി (സ) തങ്ങള്‍ ഒരു ഹിജ്റയുടെ ഒരുക്കം മനസ്സില്‍ സൂക്ഷിച്ചിരിക്കാം. അങ്ങനെയെങ്കില്‍ ഹിജ്റ ഒരു പ്രഭാതത്തില്‍ ഹിജ്റ പെട്ടന്നുണ്ടായതാണെന്ന് പറയാന്‍ കഴിയുകയില്ല മറിച്ച് തിരുനിയോഗത്തോടൊപ്പം തന്നെ ഉണ്ടായതാണ് (ഹിജ്റത്തുന്നബവിയ്യ.19-ശഅ്റാവി)
ശത്രുക്കളുടെ പീഡനങ്ങള്‍ അസഹ്യമായി ചില ഉന്നത സ്ഥാനീയര്‍ ഇസ് ലാമിലേക്ക് വന്നിട്ടുണ്ടെങ്കിലും മുസ്ലിംകള്‍ ഏല്‍ക്കുന്ന അക്രമങ്ങള്‍ക്ക് ഒരു തടസ്സവും ഉണ്ടായില്ല. മക്ക, മുസ്ലിംകള്‍ക്ക് സുരക്ഷിത ഇടമല്ലെന്ന് മുസ്ലിംകള്‍ക്ക് തന്നെ ബോധ്യമായി. അങ്ങനെയിരിക്കെ ഒരു ദിവസം തിരുനബി (സ) തങ്ങള്‍ സ്വഹാബത്തിനോട് പറഞ്ഞു. നമുക്ക് ഹിജ്റ പോകാനുള്ള സ്ഥലം അറിയിക്കപ്പെട്ടിരിക്കുന്നു. (ബുഖാരി). ജനിച്ച് വളര്‍ന്ന നാടും സമ്പത്തുമൊക്കെ കൈ ഒഴിഞ്ഞ് അഖബ ഉടമ്പടി പ്രകാരം മുസ്ലിംകള്‍ മദീനയിലേക്ക് പലായനം തുടങ്ങി.

ഒന്നാം അഖബ ഉടമ്പടി

തിരുനബി (സ) മിനയിലെ അഖബയിലായിരിക്കെ യസ് രിബിലെ ഖസ്റജ് ഗോത്രത്തിലെ അസ്അദ് ബ്നു സുറാറ, ഔഫ് ബ്നു ഹാരിസ്, റാഫിഅ് ബ്നു മാലിക്, ഖുത്തുബത്ത് ബ്നു ആമിര്‍, ഉഖ്ബത്തു ബ്നു ആമിര്‍, ജാബിര്‍ ബ്നു അബ്ദില്ല എന്നവരെ കണ്ട് അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും അവര്‍ ഇസ്ലാം ആശ്ലേഷിക്കുകയും ചെയ്തു. അവര്‍ സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോയി. പ്രവാചകനായ നബി (സ) യെക്കുറിച്ചുള്ള വിവരണം മറ്റുള്ളവര്‍ക്ക് നല്‍കുകയും ചെയ്തു. തുടര്‍ന്ന് അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഈ വാര്‍ത്ത അവരില്‍ പടര്‍ന്ന് പിടിച്ചു. എത്രത്തോളമെന്നാല്‍ നബി (സ) തങ്ങളെ കുറിച്ച് അറിയാത്ത ഒരു വീടും ഇല്ലാതെയായി. അങ്ങനെ അടുത്ത വര്‍ഷം ഹജ്ജിന്‍റെ വേളയില്‍ 12 പേര് മിനയില്‍ വച്ച് നബി (സ) തങ്ങളോട് ഉടമ്പടിയിലാവുകയും ചെയ്തു. ഇതാണ് ഒന്നാം അഖബാ ഉടമ്പടി. (അല്‍ ബിദായത്തു വന്നിഹായ -3)
യസ് രിബില്‍ നിന്ന് ഉടമ്പടിയില്‍ ഏര്‍പ്പെട്ടവരുടെ കൂടെ മിസ്അബ് ബ്നു ഉമൈര്‍ (റ) വിനെ അവര്‍ക്ക് ഖുര്‍ആനും, ഇസ്ലാമും പഠിപ്പിക്കാനായി നബി (സ) നിയോഗിച്ചു. അസ്അദ് ബ്നു സുറാറയുടെ വീട്ടില്‍ ദൗത്യവുമായി മുന്നോട്ട് നീങ്ങി. അപ്പോള്‍ ബനൂ അഷ്ഹല്‍ ഗോത്രത്തിലെ നേതാക്കളായ സഅ്ദു ബ്നു ഉബാദയും, ഉബൈദ് ബിനു ഹുളെയ്റും മുസ്ലിം ആയതോടെ അവരുടെ ഗോത്രവും ഇസ്ലാം പുല്‍കി. പിന്നീട് സഅ്ദ് ബ്നു മുആദ് (റ) കടന്നു വന്നു. അങ്ങനെ യസ് രിബില്‍ ഇസ്ലാം വ്യാപിച്ചു. ഓരോ വീട്ടിലും ഒരു മുസ്ലിം പുരുഷനും വനിതയും എന്ന നിലയില്‍ ഇസ്ലാം വളര്‍ന്ന് പന്തലിച്ചു. എങ്കിലും ബനൂ ഉമയ്യത്ത്, ഖിത്ത്മഃ, വാഇല്‍, വാകിഫ് എന്നിവരുടെ വീടുകളില്‍ ഇസ്ലാം സ്വീകരിച്ചവരായി ആരും ഉണ്ടായിരുന്നില്ല. (അല്‍ ബിദായ 174-206/3)

രണ്ടാം ഉടമ്പടി

മിസ്അബ് (റ) മക്കയിലേക്ക് മടങ്ങി. അടുത്ത വര്‍ഷത്തെ ഹജ്ജിന്‍റെ സമയം ആയപ്പോള്‍ 73 പുരുഷന്മാരും, രണ്ട് സ്ത്രീകളും ഹജ്ജിനായി എത്തി. അവര്‍ നബി (സ) തങ്ങളോട് ഉടമ്പടി ചെയ്യണമെന്ന് ആവശ്യപ്പെട്ടു. ആരാധനയിലും, അനുസരണത്തിലും നന്മ കല്‍പ്പിക്കുന്നതിലും തിന്മ വര്‍ജ്ജിക്കുന്നതിലും ഇസ്ലാമിക പ്രബോധന ദൗത്യത്തിലും അവരുടെ നാട്ടിലേക്ക് നബി (സ) തങ്ങളെ തടയുകയില്ല എന്നതിലും സഹായ സഹകരണത്തിലായി അസ്അദ് ബ്നു സുറാറയില്‍ നിന്ന് തുടങ്ങി ഓരോരുത്തരായി ഉടമ്പടി ചെയ്തു. (അല്‍ ബിദായ 174-206/3) നബി (സ)യുടെ ഹിജ്റയുടെ മൂന്ന് മാസം മുമ്പ് ദുല്‍ ഹിജയിലായിരുന്നു രണ്ടാം ഉടമ്പടി.

ഹിജ്റക്കുള്ള സമ്മതം

രണ്ടാം അഖബ ഉടമ്പടിക്കു ശേഷം ശത്രുക്കളുടെ പീഢനം അസഹ്യമായപ്പോള്‍ നബി (സ) തങ്ങള്‍ അനുയായികള്‍ക്ക് മദീനയിലേക്ക് പലായനം ചെയ്യാന്‍ അനുമതി നല്‍കി. അവരോട് അവിടെയുള്ള സഹോദരങ്ങളോട് ചേര്‍ന്ന് താമസിക്കാന്‍ നബി (സ) കല്‍പിച്ചു. (സീറത്തുബ്നു കസീര്‍) ആയിശ (റ) പറയുന്നു. ഒരു ദിവസം മക്കയിലായിരിക്കെ നബി (സ) പറഞ്ഞു. ഹിജ്റയുടെ വീട് എനിക്ക് കാണിക്കപ്പെട്ടു. (ബുഖാരി). അങ്ങനെ മക്കക്കാര്‍ മദീനയിലേക്ക് പലായനം ചെയ്തു. അബൂബക്കര്‍ (റ) വും ഒരുങ്ങിത്തയ്യാറായപ്പോള്‍ നബി (സ) യുടെ കൂടെ പോകാന്‍ വേണ്ടി അബൂബക്കര്‍ (റ) വിനെ പിന്തിരിപ്പിച്ചു. സിദ്ധീഖ് (റ) തനിക്കും നബി (സ) തങ്ങള്‍ക്കും വേണ്ടി രണ്ട് വാഹനം തയ്യാറാക്കി നിര്‍ത്തി. ‘നിങ്ങള്‍ക്ക് അഭയം നല്‍കുന്ന ആളുകളെയും, സ്ഥലത്തെയും അല്ലാഹു ഒരുക്കിയിരിക്കുന്നു’ എന്ന് നബി (സ) തങ്ങള്‍ സ്വഹാബത്തിനോട് പറഞ്ഞു. (ഇബ്നു ഇസ്ഹാഖ്)
ജന്മനാടും, വീടും, സമ്പത്തും ഉപേക്ഷിച്ച് അവര്‍ മക്കയെ വിട്ട് തുടങ്ങി. ഒരുമിച്ച് കൂട്ടം കൂട്ടമാക്കിയപ്പോള്‍ ശത്രുക്കള്‍ വിവരമറിയുമോ എന്ന് ഭയന്നത് കൊണ്ട് കുറച്ച് പേര്‍ കുറച്ചു പേര്‍ മാത്രമായാണ് അവര്‍ മദീനയിലേക്ക് പുറപ്പെട്ടത്. അബൂ സലാമത്ത് ബ്നു അബ്ദുല്‍ അസദാണ് ആദ്യം മദീനയിലെത്തിയത്. പിന്നെ ബാക്കിയുള്ളവര്‍ എത്തി. അവര്‍ അന്‍സ്വാറുകളുടെ വീടുകള്‍ അഭയം നല്‍കപ്പെട്ടു. അന്‍സ്വാറുകള്‍ അവര്‍ക്ക് വേണ്ടത് മുഴുവന്‍ നല്‍കി സ്വീകരിച്ചു. മക്കയില്‍ ഇപ്പോള്‍ തിരു നബി (സ) തങ്ങള്‍ , അബൂബക്കര്‍ , അലി (റ) എന്നിവരും യാത്രക്ക് കഴിയാതെയുള്ള ബലഹീനരും മാത്രമാണ് മുസ്ലിംകളായുള്ളത്.

ഉമര്‍ (റ) മദീനയിലേക്ക്
എല്ലാവരും ശത്രുക്കളെ ഭയന്ന് കൊണ്ട് പലായനം നടത്തിയപ്പോള്‍ വ്യത്യസ്തനായത് ഉമര്‍ (റ) ആയിരുന്നു. വാളും പിടിച്ച് പടച്ചട്ട ധരിച്ച് അമ്പുകള്‍ ചുമലിലേറ്റി ഉമര്‍ (റ) കഅ്ബയെ വിദാഇന്‍റെ ത്വവാഫ് ചെയ്തു. ശേഷം മഖാമു ഇബ്റാഹീമില്‍ നിസ്കാരം നിര്‍വഹിച്ച ശേഷം, ശത്രുക്കളുടെ ഇടയിലേക്ക് ചെന്നു പറഞ്ഞു. ആരെങ്കിലും ഭാര്യയെ വിധവയാക്കാനും, മക്കളെ അനാഥരാക്കാനും മാതാപിതാക്കളെ വിട്ട് പിരിയാനും ആഗ്രഹിക്കുന്നുവെങ്കില്‍ ഈ മലഞ്ചെരുവിന്‍റെ പിന്നില്‍ വെച്ച് എന്നെ കണ്ട് മുട്ടാവുന്നതാണ്’.(അല്‍ ബിദായത്തുവന്നിഹായഃ) ഒരാള്‍ പോലും ഉമര്‍ (റ) വിനെ പിന്തുടര്‍ന്നില്ല. ശത്രുക്കള്‍ ഭയന്നു. ശേഷമാണ് ഉമര്‍ (റ) മദീനയിലേക്ക് ഹിജ്റ പോയത്. തന്‍റെ സഹോദരനായ സൈദ് ബ്നു ഖത്താബ് ,അംറു ബ്നു സുറാഖത്ത്, അബ്ദുല്ലാഹി ബ്നു സുറാഖത്ത് തുടങ്ങി ഇരുപത് പേരടങ്ങുന്ന സംഘമായിട്ടാണ് അവര്‍ മദീനയിലേക്ക് പോയത്. ഖുബാഇലെ രിഫാഅത്തു ബ്നു അബ്ദുല്‍ മുന്‍ദിര്‍ എന്നവരുടെ സമീപത്താണ് അവര്‍ താമസിച്ചത്. മിസ്അബ് ബ്നു ഉമൈര്‍, അബ്ദുല്ലാഹി ബ്നു ഉമ്മി മഖതൂം, ബിലാല്‍ ബ്നു റബാഹ്, സഅ്ദു ബ്നു അബീ വഖാസ്, അമ്മാര്‍ ബ്നു യാസിര്‍ തുടങ്ങിയവര്‍ ഉമര്‍ (റ) നെ മുമ്പേതന്നെ ഹിജ്റ പോയിരുന്നു. (അല്‍ ബിദായ180-200/3)
സുഹൈബ് ബ്നു സിനാന്‍ അറൂമി മദീനയിലേക്ക് പോകാനൊരുങ്ങവെ ശത്രുക്കള്‍ പറഞ്ഞു.’ സുഹൈബേ നീ സമൂഹത്തില്‍ നിന്ദ്യനും, ബലഹീനനും, പാപ്പരനും ആയിരുന്നു. ഇവിടെ വന്നപ്പോള്‍ നിനക്ക് സമൂഹത്തില്‍ സ്ഥാനവും സമ്പാദ്യവും അഢ്യത്വവും കരസ്ഥമായപ്പോള്‍ ഇവിടെ നിന്ന് പുറപ്പെടുകയാണോ?’ എന്‍റെ സമ്പത്തിനെ നിങ്ങള്‍ക്ക് വിട്ട് ഞാന്‍ എന്‍റെ വഴിയിലേക്ക് പോകുന്നു എന്ന് പറഞ്ഞ് സുഹൈബ് (റ) മദീനയിലേക്ക് പോയതറിഞ്ഞ നബി (സ) പറഞ്ഞു. സുഹൈബ് ലാഭം നേടിയിരിക്കുന്നു. (ഇബ്നുഹിശാം)
നബി (സ) തങ്ങള്‍ ഇപ്പോഴും മക്കയില്‍ ഹിജ്റക്കുള്ള അനുമതിയും കാത്ത് നില്‍ക്കുകയാണ്. അബൂബക്കര്‍ (റ) അനുമതി ചോദിച്ചപ്പോള്‍ ‘നിങ്ങള്‍ ധൃതി കാണിക്കരുത്. ചിലപ്പോള്‍ നിങ്ങളെ എന്നോടൊപ്പം യാത്ര ചെയ്യാന്‍ അല്ലാഹു തിരഞ്ഞെടുത്തേക്കാം’ എന്ന് നബി (സ) തങ്ങള്‍ മറുപടി പറഞ്ഞു.
മുസ് ലിംകളുടെ പലായനം ശത്രുക്കളാകുന്ന ഖുറൈശികളെ അസ്വസ്ഥരാക്കി. മദീനയില്‍ പോയ മുസ് ലിംകള്‍ ശക്തി പ്രാപിച്ച് തങ്ങളുമായി സംഘട്ടനത്തിന് വന്നേക്കുമെന്ന് പരിഭ്രാന്തി മക്കക്കാരെ അലട്ടി. അതിനാല്‍ തിരുനബി (സ) യെ വധിക്കാന്‍ അവര്‍ കൂടിയാലോചന നടത്തി. അവര്‍ ദാറുന്നദ് വയില്‍ ഒരുമിച്ച് കൂടി തീരുമാനമെടുത്തു. ഖുറൈശികളിലെ എല്ലാ കുടുംബത്തില്‍ നിന്നും ആരോഗ്യ ദൃഢഗാത്രരായ ഓരോ ചെറുപ്പക്കാര്‍ ഒരുമിച്ച് കൂടി നബി (സ) തങ്ങളുടെ വീട് വളയുക. മുഹമ്മദ് (സ) പുറത്തിറങ്ങുമ്പോള്‍ എല്ലാവരും ഒരുമിച്ച് വധിക്കുകയെന്നതായിരുന്നു ദാറുന്നദ് വയിലെ അന്തിമ തീരുമാനം. (ത്വബഖാത്തുല്‍ ഖുബ്റ 224-238/1)

നബി (സ) പുറപ്പെടുന്നു
ഈ വിവരം ജിബ് രീല്‍ (അ) മുഖേന നബി (സ) തങ്ങള്‍ അറിഞ്ഞു. ഇന്നേ ദിവസം രാത്രിയില്‍ തങ്ങള്‍ ഇവിടെ ഉറങ്ങരുതെന്ന മുന്നറിയിപ്പും നല്‍കി. അബൂബക്കര്‍ (റ) വിനോട് ഹിജ്റ പോകലിന് തയ്യാറെടുക്കാന്‍ പറഞ്ഞ നബി (സ) അലി (റ) വിനോട് തന്‍റെ വിരിപ്പില്‍ കിടന്നുറങ്ങാനും പച്ച പുതപ്പ് കൊണ്ട് പുതയ്ക്കുവാനും പറഞ്ഞു. മുഹമ്മദാണ് കിടക്കുന്നതെന്ന് ജനങ്ങള്‍ ഭാവിക്കാന്‍ വേണ്ടിയായിരുന്നു ഇത്. ശത്രുക്കള്‍ തിരുഭവനത്തിന് മുന്നില്‍ ലക്ഷ്യം നടപ്പിലാക്കാനായി പതുങ്ങിയിരുന്നു. അല്ലാഹുവിന്‍റെ മുന്‍ തീരുമാന പ്രകാരം സൂറത്തു യാസീനിലെ ഒമ്പതാം ആയത്ത് ഓതി ഒരു പിടി മണ്ണില്‍ മന്ത്രിച്ച് ശത്രുക്കളുടെ ഭാഗത്തേക്ക് എറിഞ്ഞ് നബി വീട്ടില്‍ നിന്ന് പുറത്തിറങ്ങി. (റൗളുല്‍ അന്‍ഫ് 312-328) നേരം പുലര്‍ന്നപ്പോള്‍ നബി (സ) തങ്ങളാണെന്ന് തെറ്റിദ്ധരിച്ച ശത്രുക്കള്‍ അലി (റ) വിന്‍റെ അടുത്തേക്ക് നീങ്ങി. അമളി മനസിലാക്കിയ ശത്രുക്കള്‍ അലി (റ) യോട് നിങ്ങളുടെ കൂട്ടുകാരന്‍ എവിടെയെന്ന് ചോദിച്ചപ്പോള്‍ എനിക്കറിയില്ലെന്ന് മറുപടി പറഞ്ഞു. അപ്പോഴാണ് ‘താങ്കളെ കൊല്ലാനോ, തടവിലാക്കാനോ നാട്ടില്‍ നിന്ന് പുറപ്പെടുവിക്കാനോ വേണ്ടി ശത്രുക്കള്‍ കുതന്ത്രം മെനഞ്ഞ സമയത്തെ ഓര്‍ക്കുക. അവരും കുതന്ത്രം പ്രയോഗിച്ചും നാമും തന്ത്രം പ്രയോഗിച്ചു. അല്ലാഹുവാണ് തന്ത്രം പ്രയോഗിക്കുന്നവരില്‍ ഏറ്റവും മെച്ചപ്പെട്ടവന്‍’ എന്ന ആയത്ത് അവതരിപ്പിച്ചത്. (അധ്യായം 8 വചനം 30). സൂക്ഷിപ്പു സ്വത്തുകള്‍ വീട്ടി കൊടുക്കണമെന്ന് നബി (സ) തങ്ങള്‍ പറഞ്ഞതനുസരിച്ച് അലി (റ) അവകാശികള്‍ക്ക് അതിനെ നല്‍കി.
അലി (റ) ന്‍റെ മക്കയില്‍ തന്നെയുള്ള നിലനില്‍പ്പ് നബി (സ) പുറത്തേക്ക് പോകാനിടയില്ലായെന്ന് ശത്രുക്കള്‍ ധരിച്ചത് കാരണം എവിടെപ്പോയാലും അലി (റ) നബി (സ) യെ അനുഗമിക്കല്‍ പതിവായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം നബി (സ) അബൂ വാഖിദ് അല്ലെയ്സി എന്ന ദൂതന്‍ മുഖേന അലിയ്യ് (റ)വിന് മദീനയിലേക്ക് പോകാന്‍ അനുവാദം നല്‍കി. (മജാലിസുസുന്നിയ്യഃ199/2)
വീട്ടില്‍ നിന്ന് പുറത്തിറങ്ങിയ് തിരുനബി (സ) തങ്ങള്‍ നേരേ പോയത് അബൂബക്കര്‍ (റ) വിന്‍റെ വീട്ടിലേക്കായിരുന്നു. ഹിജ്റയ്ക്കുള്ള എല്ലാം തയ്യാറെടുപ്പുകളും അബൂബക്കര്‍ (റ) നടത്തിയിരുന്നു. ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് ആത്മമിത്രങ്ങള്‍ യാത്ര തിരിച്ചു. അബ്ദുല്ലാഹി ബ്ന് ഉറൈകിതിനെ വഴികാട്ടിയായി സൗര്‍ ഗുഹയില്‍ എത്തിക്കാന്‍ മുമ്പില്‍ വിട്ടു. നുബുവ്വത്തിന്‍റെ 14-ാം വര്‍ഷം സ്വഫര്‍ 27 നായിരുന്നു ഇത്. (ഇബ്നു ഹിശാം 230) ശത്രുക്കളുടെ അന്വേഷണമുണ്ടായാല്‍ പെട്ടെന്ന് പിടിക്കപ്പെടാതിരിക്കാന്‍ അവര്‍ മൂന്ന് ദിവസം മക്കയുടെ താഴ്ഭാഗത്തുള്ള സൗര്‍ മലയിലെ ഒരു ഗുഹയില്‍ താമസിച്ചു. നാട്ടിലെ വര്‍ത്തമാനങ്ങള്‍ എത്തിക്കാന്‍ മകനായ അബ്ദുല്ലയെയും ആട് മേയ്കാനും പാല് കറന്നു കൊണ്ടു സൗറില്‍ എത്തിക്കാനും അടിമയായ ആമിറുബ്നു ഫുഹൈറയെയും ചുമതലപ്പെടുത്തിയതനുസരിച്ച് അവര്‍ ദൗത്യം ഭംഗിയായി നിര്‍വഹിച്ച് കൊണ്ടിരുന്നു. അബൂബക്കര്‍ (റ) വിന്‍റെ മകളായ അസ്മാഅ് (റ) വൈകുന്നേരങ്ങളില്‍ അവര്‍ക്കുള്ള തയ്യാറാക്കി കൊണ്ട് വരുമായിരുന്നു.
അസ്മാഅ് ബിന്‍ത് അബൂബക്കര്‍ (റ) പറയുന്നു. നബി (സ) തങ്ങളും അബൂബക്കര്‍ (റ) വും പുറപ്പെട്ടതിനു ശേഷം ഖുറൈശികളില്‍ നിന്നുള്ള അബൂജഹല്‍ ഉള്‍പ്പെടെ കുറച്ചുപേര്‍ അബൂബക്കര്‍ (റ) വിന്‍റെ വീട്ടില്‍ വന്നപ്പോള്‍ ഞാന്‍ അവരിലേക്കിറങ്ങി ചെന്നു. നിന്‍റെ പിതാവ് എവിടെ പോയി. വന്നവരില്‍ ഒരാള്‍ ചോദിച്ചു. അല്ലാഹുവില്‍ സത്യം എനിക്ക് അറിയില്ല. ഞാന്‍ പറഞ്ഞു. അപ്പോള്‍ മോശക്കാരനായിരുന്ന അബൂജഹല്‍ കൈ ഉയര്‍ത്തി എന്‍റെ ചെകിട്ടില്‍ അടിച്ചു. അടിയുടെ ആഘാതത്തില്‍ എന്‍റെ കാതില്‍ ഉണ്ടായിരുന്ന ആഭരണം തെറിച്ച് പോയി. പിന്നീട് അവര്‍ പിരിഞ്ഞു പോയി. (അല്‍ ബിദായ)
അസ്മാഅ് (റ) പറയുന്നു. നബി (സ) തങ്ങളും അബൂബക്കര്‍ (റ) പുറപ്പെട്ടു. എന്‍റെ പിതാവ് വീട്ടിലുണ്ടായിരുന്ന അയ്യായിരമോ ആറായിരമോ വരുന്ന ദിര്‍ഹം മുഴുവനും കൊണ്ട് പോയി. കുറച്ച് കഴിഞ്ഞപ്പോള്‍ ഞങ്ങളുടെ ഉപ്പാപ്പയായ അബൂഖുഹാഫ വന്നിട്ട് മകളേ അബൂബക്കര്‍ ഇവിടെ വല്ലതും ബാക്കി വെച്ചിട്ടുണ്ടോ എന്ന് ചോദിച്ചു. അദ്ദേഹം കാഴ്ചയില്ലാത്ത വ്യക്തിയായിരുന്നു. എന്‍റെ പിതാവ് സാധാരണയായി സമ്പത്ത് വയ്ക്കാറുള്ള സ്ഥലത്ത് കുറച്ച് കല്ലുകള്‍ വച്ച് അതിന്‍റെ മുകളില്‍ ഒരു തുണി കൊണ്ട് മൂടിയ ശേഷം അബൂഖുഹാഫയുടെ കൈപിടിച്ച് അതില്‍ വച്ചതിന് ശേഷം ഇത് നമുക്ക് വേണ്ടി പിതാവ് ബാക്കി വച്ചതാണെന്ന് പറഞ്ഞ് ഉപ്പാപ്പയും അന്ധനുമായ അബൂ ഖുഹഫയെ ഞാന്‍ സമാധാനിപ്പിച്ചു. അപ്പോള്‍ അദ്ദേഹം പറഞ്ഞു. ഇത് നല്ല കാര്യ തന്നെയാണ്. അസ്മാഅ് (റ) പറയുന്നു. സത്യത്തില്‍ എന്‍റെ പിതാവ് ഒരു ദിര്‍ഹം പോലും ബാക്കി വയ്ക്കാതെയായിരുന്നു പോയത്. ഞാനീ ചെയ്തത് വ്യസനമായ അബൂ ഖുഹാഫയെ സമാധാനിപ്പിക്കാന്‍ ലക്ഷ്യം വെച്ച് കൊണ്ട് മാത്രമായിരുന്നു. (അല്‍ ബിദായ -3)

ഗാര്‍ സൗറില്‍
വീട്ടില്‍ നിന്നും പുറപ്പെട്ട നബി (സ) യും പ്രിയ കൂട്ടുകാരനും സൗര്‍ പര്‍വ്വതത്തിലെ ഗുഹാ മുഖത്തെത്തിയപ്പോള്‍ സിദ്ധീഖ് (റ) പറഞ്ഞു. അല്ലാഹു സത്യം അങ്ങ് പ്രവേശിക്കുന്നതിന് മുമ്പ് ഞാന്‍ അതില്‍ കടന്ന് എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോയെന്ന് നോക്കട്ടെ. ഉള്ളില്‍ കണ്ട പഴുതുകള്‍ വസ്ത്രം കീറി അടച്ച്. ബാക്കി ഒന്ന് തള്ള വിരല്‍ കൊണ്ട് അടച്ച് തിരുനബി (സ) ക്ക് വിശ്രമം ഒരുക്കിയപ്പോള്‍ പഴുതില്‍ ഒളിഞ്ഞിരുന്ന കൊത്തിയ വേദനയാല്‍ അശ്രുകണങ്ങള്‍ പൊഴിഞ്ഞ് തിരുവദനത്തില്‍ പതിച്ചു. തുപ്പു നീര് പുരട്ടി തിരുനബി അതിന് ശമനം നല്‍കി (സീറത്തുല്‍ ഹലബിയ്യ)
ഇബനു ഹിശാം പറയുന്നു. അവര്‍ രണ്ട് പേരും ഗുഹയ്ക്കുള്ളില്‍ പ്രവേശിച്ച ഉടനെ ഒരു ചിലന്തി ഗുഹാമുഖത്ത് വലകെട്ടി (സീറത്തുഇബ്നു ഹിശാം24-25/3) ഖുറൈശികള്‍ നബി (സ)യെ അന്വേഷിച്ച് ഗാര്‍ സൗറില്‍ എത്തി ചിലര്‍ പറഞ്ഞു.അതിലെ ചിലന്തി വല കണ്ടിട്ട് മുഹമ്മദിന്‍റെ ജനനത്തിന് മുമ്പേ ഉള്ളത് പോലെ തോന്നുന്നു. അങ്ങനെ അവര്‍ പിരിഞ്ഞ് പോയി. സിദ്ധീഖ് (റ) പറയുന്നു. ശത്രുക്കള്‍ അവരുടെ കാലുകളിലേക്ക് നോക്കിയാല്‍ നമ്മെ അവര്‍ കണ്ട് മുട്ടും. എന്ന് ഞാന്‍ നബി (സ) യോട് പറഞ്ഞു. അപ്പോള്‍ നബി (സ) പറഞ്ഞു. അല്ലാഹു കൂടെയുള്ള രണ്ട് പേരെ പറ്റി നിന്‍റെ വിചാരം എന്താണ് (സ്വഹീഹ് മുസ് ലിം). നബി (സ)യും അബൂബക്കര്‍ (റ) മൂന്ന് ദിവസം ഗാര്‍ സൗറില്‍ താമസിച്ചു. റബീഉല്‍ അവ്വല്‍ ഒന്ന് തിങ്കളാഴ്ച അവിടെ നിന്നും പുറപ്പെട്ടു. (ത്വബഖാത്തുല്‍ ഖുബ്റ 224-238/1)
നബി (സ)യും ,കൂട്ടുകാരനും ഗാര്‍ സൗറില്‍ നിന്ന് യസ് രിബ് പട്ടണത്തിലേക്ക് യാത്ര തിരിച്ച് തിരുനബി (സ)യെ വധിക്കുകയോ, അറസ്റ്റ് ചെയ്ത് ഖുറൈശികളുടെ അടുത്തേക്ക് എത്തിക്കുകയോ ചെയ്യുന്നവര്‍ക്ക് നൂറ് ഒട്ടകത്തെ നല്‍കാമെന്ന് ഇനാം പ്രഖ്യാപിച്ചു (സീറത്തു ഇബ്നു ഹിശാം 24-25/3)
വഴി മദ്ധ്യേ കുതിരപ്പുറത്ത് സുറാഖത്ത് ബ്നു മാലിക്ക് മുഹമ്മദ് (സ) യെ അപായപ്പെടുത്താന്‍ അടുത്തപ്പോള്‍ കുതിരയുടെ കാലുകള്‍ ഭൂമിയിലേക്ക് ആഴ്ന്ന് പോയി. സൂറാഖത്ത് നബി (സ) യോട് സഹായം തേടിയപ്പോള്‍ അവിടുന്ന് നേരെയാക്കി നല്‍കുകയും സുറാഖത്ത് മടങ്ങി പോവുകയും ചെയ്തു. (സീറത്തു ഇബ്നു ഹിശാം24-25/3)
നബി (സ)യും കൂട്ടരും യാത്ര തുടര്‍ന്നു. വഴിയില്‍ അവര്‍ ഒരു ടെന്‍റിന്‍റെ അടുക്കലെത്തി. ഉമ്മു മഅ്ബദിന്‍റെതായിരുന്നു അത്. അവരോട് കുടിക്കാനെന്തെങ്കിലും ഉണ്ടോയെന്ന് ആരാഞ്ഞപ്പോള്‍ പാനിയങ്ങളോ കറവയുള്ള ആടുകളോ ഇല്ല എന്നവര്‍ പറഞ്ഞു. നബി (സ) ഒരു ആടിനെ അകിടില്‍ തടകിയപ്പോള്‍ അത് പാല് ചുരത്താന്‍ തുടങ്ങി. അവര്‍ ആവശ്യ നിര്‍വഹണം നടത്തി. വീണ്ടും യാത്ര തുടര്‍ന്നു.(സീറത്തുല്‍ ഹലബിയ്യ). ഉടന്‍ തന്നെ ഖുറൈശികള്‍ അവിടെ എത്തുകയും നബി (സ) യെ അന്വേഷിക്കുകയും ചെയ്തപ്പോള്‍ വാര്‍ത്തയെ ഉമ്മു മഅ്ബദ് നിഷേധിച്ചു. മാത്രവുമല്ല, ഈ ഉദ്ദേശത്തോടെ നിങ്ങള്‍ മുന്നോട്ട് പോവുകയാണെങ്കില്‍ ഞാന്‍ എന്‍റെ കുടുംബത്തെ നിങ്ങളോട്പോരടിക്കാന്‍ തയ്യാറാക്കുമെന്നും കുലീനയായ ഉമ്മു മഅ്ബദ് ഖുറൈശികളോട് അറിയിച്ചു. തന്മൂലം അവര്‍ പിന്മാറി മക്കയിലേക്ക് തിരിച്ചു.(സീറത്തുല്‍ ഹലബിയ്യ)

മദീനയില്‍ എത്തുന്നു
നബി (സ) മദീനയില്‍ പ്രവേശിച്ച ദിവസം എല്ലാ വസ്തുക്കളും പ്രഭാപൂരിതമായി. അവിടുന്ന് വഫാത്തായ ദിവസം എല്ലാ വസ്തുക്കളും ഇരുട്ട് പ്രാപിച്ചു. അനസ് ബ്നു മാലിക് (റ)
റബീഉല്‍ അവ്വല്‍ എട്ട് നബി (സ) യും കൂട്ടരും ഖുബാഇല്‍ എത്തി. കുല്‍സൂം ബിനു ഹദ്മാ എന്നവരുടെ വീട്ടില്‍ താമസിച്ചു. അബൂബക്കര്‍ (റ) ഖുബൈബ് ബ്നു ഈസാഫ് എന്നവരുടെ വീട്ടിലും(ഇബ്നു ഹിശാം) നാല് ദിവസം അവിടെ തങ്ങി . മസ്ജിദ് ഖുബാഇന് ശില നാട്ടി . അവിടെ നിന്ന് മദീനയിലേക്ക് തിരിച്ചു. റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് നബിയും സ്വഹാബത്തും മദീനയില്‍ പ്രവേശിച്ചു. അത് എ.ഡി 622 സെപ്തംബര്‍ ഇരുപത്തിയേഴായിരുന്നു. (റൗളുല്‍ അന്‍ഫ്-സുഹൈലി 310-330/2 ) നബി (സ്) അന്ന് 53 വയസ്സായിരുന്നു പ്രായം . അതിന് മുമ്പ് വരെ യസ് രിബ് എന്ന പേരിലറിയപ്പെട്ടിരുന്ന ആ പട്ടണം നബി (സ) യുടെ ആഗ്രഹത്തോടെ മദീനത്തുറസൂല്‍ എന്ന പേരിലറിയപ്പെടുന്നു.
സ്വീകരണം
അന്‍സ്വാരികള്‍ എല്ലാ ദിവസവും നബി (സ) യെ പ്രതീക്ഷിച്ചു നില്‍ക്കാറുണ്ടായിരുന്നു. ചൂട് അസഹനീയമാകുമ്പോള്‍ അവര്‍ വീടുകളിലേക്ക് മടങ്ങുമായിരുന്നു. അങ്ങനെ പന്ത്രണ്ടിന്‍റെ അന്നും അപ്രകാരം സംഭവിച്ചു. ഉയര്‍ന്ന സ്ഥലത്തിരിക്കുകയായിരുന്നു ഒരു യഹൂദിയാണ് നബി (സ)യെ ആദ്യം കണ്ടത്. അയാള്‍ വിളിച്ച് പറഞ്ഞു. ഇതാ നിങ്ങളുടെ സ്വാഹിബായ മുഹമ്മദ് നബി (സ) വരുന്നു. അവര്‍ വിശാലമായൊരു സ്ഥലത്തേക്ക് നബി (സ) തങ്ങളെ സ്വീകരിക്കാന്‍ ഇറങ്ങി വന്നു. ശാമില്‍ നിന്ന് മക്കയിലേക്ക് വന്ന ഉര്‍വ്വത്തുബനു സുബൈറിന്‍റെ സംഘം നബി (സ) യെ കണ്ടുമുട്ടിയപ്പോള്‍ അദ്ദേഹം ഒരു വെള്ള വസ്ത്രത്തെ നബി (സ) തങ്ങള്‍ക്കും അബൂബക്കര്‍ (റ) വിനും പുതപ്പിച്ചു. (അല്‍ ബിദായ ) മദീനാ നിവാസികള്‍ ആനന്ദഭരിതരായി. പാട്ടുകള്‍ പാടിയും ദഫ്മുട്ടിയുമാണ് അവര്‍ തിരുപ്രവാചകരെ സ്വീകരിച്ചത് ആഹ്ലാദപൂര്‍വ്വം മദീന പ്രവാചകന്‍ ആതിഥ്യമേകി. നിത്യവും നബി (സ) യെ സന്ദര്‍ശിക്കാന്‍ ജനങ്ങള്‍ നബി (സ) താമസിച്ചിരുന്ന അബൂ അയ്യൂബുല്‍ അന്‍സ്വാരി (റ) ന്‍റെ വീട്ടിലെത്തി.
ഈ സുപ്രധാന സംഭവത്തിന്‍റെ സ്മരണകള്‍ അയവിറക്കാലാണ് ഓരോ ഹിജ്റ വര്‍ഷവും കടന്ന് വരുന്നത്. ഉമര്‍ (റ) വിന്‍റെ കാലത്ത് കലണ്ടര്‍ ക്രോഡീകരണം നടന്നപ്പോള്‍ നബി (സ)യുടെ ജനനം, നിയോഗം, ഹിജ്റ തുടങ്ങി പല അഭിപ്രായങ്ങളും വന്നെങ്കിലും ഉമര്‍ (സ) ഹിജ്റയെ പരിഗണിക്കുകയായിരുന്നു. ഏത് മാസമെന്ന് തര്‍ക്കത്തിനിടയില്‍ മുഹറത്തിനെയും തിരഞ്ഞെടുക്കുകയായിരുന്നു. പുതിയൊരു ഹിജ്റ വര്‍ഷം മാറ്റങ്ങള്‍ക്കും നന്മകള്‍ക്കും ഉള്ളതാകട്ടെ എന്ന് നമുക്കൊരുമിച്ച് പ്രതിജ്ഞയെടുക്കാം .

Leave a Reply