‘അല്ലാഹുവേ മരണപ്പെടുന്നതിന് മുമ്പ് റൗളാ ശരീഫില്‍ എത്തിക്കേണമേ.’
ഒരു സാധാരണ വിശ്വാസിയുടെ നിത്യേനയുള്ള പ്രാര്‍ത്ഥനയുടെ ഭാഗമാണിത്. ‘റൗളാ ശരീഫ്’ അത്രമേല്‍ ചെറുപ്പത്തിലേ പരിചയമുള്ള പ്രയോഗമാണ്. മുലപ്പാലിനൊപ്പം ചേര്‍ത്തു തന്ന നബിസ്നേഹത്തില്‍ ഇതും ഇഴചേര്‍ന്നുവരുന്നു.
എന്നാല്‍ പുണ്യപ്രവാചകരുടെ വിശ്രമസ്ഥലം എന്നതിന്‍റെ ഒരു പര്യായമായിട്ടാണത് പറയപ്പെടുന്നത്. അതൊരു അബദ്ധ പ്രയോഗമല്ല. എന്നാലും സാങ്കേതികമായി ‘റൗളാ ശരീഫ്’എന്ന പ്രയോഗത്തില്‍ ഉദ്ദേശിക്കപ്പെടുന്ന കൃത്യമായ സ്ഥലമേതാണ്. വേര്‍തിരിച്ചുള്ള ഒരു വായന നല്ലതാണല്ലോ? പ്രവാചകരെ സന്ദര്‍ശിക്കാനുള്ള ഭാഗ്യത്തിനായി പ്രാര്‍ത്ഥിക്കും പോലെ ആശിച്ച് എത്തിച്ചേരേണ്ട ഇടം തന്നെയാണതും. ആകാശവും ഭൂമിയും ചുംബനം നല്‍കുന്ന മദീനയില്‍, പുണ്യമേറിയ ഈ ഇടത്തിലൂടെ ഒന്നു സഞ്ചരിക്കാം. മദീനയിലെ ഏത് വഴിയും, ഇടവും അനുഗ്രഹീതം മാത്രമാണല്ലോ?
ഇങ്ങനെയൊരു ലഘുവായന മസ്ജിദുന്നബവിയില്‍ നിന്നുദിച്ച ആശയമാണ്. തിരുദൂതര്‍ക്ക് സലാം ചൊല്ലാന്‍ നില്‍ക്കുന്ന ജനസഹസ്രത്തോടൊപ്പം ചേര്‍ന്നു നിന്നപ്പോള്‍ ഉണ്ടായ വിചാരം. അതേ… ആ പുണ്യ ഗേഹത്തില്‍ നിന്നു തന്നെ വായന ആരംഭിച്ചു. ആ തിരുസന്നിധിയില്‍ നിന്നു തന്നെ എഴുതിയും തുടങ്ങി.
ഓര്‍മകളുടെ ഇന്നലെകള്‍ക്ക് ക്ഷാമമില്ലാത്ത പുണ്യമണ്ണ്. മുറിയാത്ത പ്രഭയും അണമുറിയാത്ത ജനപ്രവാഹവും ഒത്തു ചേര്‍ന്ന സ്ഥലം. ചേഷ്ടകളെ അവഗണിച്ച് ഹൃദയങ്ങളെ ആലിംഗനം ചെയ്ത പുണ്യദേശം. ഓരോ മണല്‍ത്തരിക്കും തുടിക്കുന്ന ഹൃദയങ്ങളുള്ള മദീനാദേശം. കല്ലിനും മലക്കും മണ്ണിനും മരത്തിനും വാചാലമാകാന്‍ നിയോഗം ലഭിച്ച നാട്. സ്നേഹസംഗീതങ്ങളോടെ കാറ്റു വീശുന്ന അന്തരീക്ഷം. സ്നേഹചുംബനങ്ങള്‍ക്ക് വേണ്ടി മാത്രം ഓലകള്‍ ആടുന്ന ഈത്തപ്പനകളുടെ പ്രദേശം. ഉറച്ച വേരും അഭിമാനബോധമുള്ള ഓലകളും മധുരം നിറഞ്ഞ പഴവുമുള്ള വൃക്ഷമാണ് ഈത്തപ്പന. അതൊരു സംഹിതയുടെ സസ്യഭാവമാണ്. ആദര്‍ശത്തിന്‍റെ ഫലവൃക്ഷമാണ്.
ഈ പുണ്യമദീനയിലെ റൗളാ ശരീഫ് എന്ന ഏറ്റം സവിശേഷമായ ഇടത്തിലൂടെയാണ് നാം നടന്നു നീങ്ങാനൊരുങ്ങുന്നത്. നിവേദനങ്ങളെയും പ്രമാണങ്ങളെയും ചേര്‍ത്തുപിടിച്ചു കൊണ്ടുള്ള ലളിത സഞ്ചാരം…………..
റൗള
‘തോട്ടം’ ‘ഉദ്യാനം’ എന്നൊക്കെ അര്‍ത്ഥം നല്‍കുന്ന റൗള: ‘അനുഗ്രഹീതം’ എന്നര്‍ത്ഥമുള്ള ശരീഫ്, എന്നീ രണ്ട് പദങ്ങള്‍ ചേര്‍ന്നതാണ് ‘റൗളാ ശരീഫ്.’ ‘അനുഗ്രഹീത ഉദ്യാനം’ എന്നര്‍ത്ഥം കുറിക്കുന്ന ‘അര്‍റൗളത്തുശ്ശരീഫ:’ എന്നാണറബികള്‍ പരിചയപ്പെടുത്തുക. ആഇശാ (റ) യുടെ ഭവനത്തിന്‍റെയും നബി (സ) യുടെ മിമ്പറിന്‍റെയും ഇടയിലുള്ള സ്ഥലത്തിനാണ് സാങ്കേതികമായി ‘റൗള’ എന്ന് പ്രയോഗിക്കുന്നത്.
ഈ പുണ്യസ്ഥലത്തിന്‍റെ പരിധി നിര്‍ണയിച്ചുകൊണ്ട് ഇമാം ബുഖാരിയും മുസ്ലിമും ഉദ്ദരിച്ച നിവേദനത്തിന്‍റെ ആശയം ഇങ്ങനെയാണ്. തിരുനബി (സ) പറഞ്ഞു: ‘എന്‍റെ വീടിന്‍റെയും മിമ്പറിന്‍റെയും ഇടയിലുള്ള സ്ഥലം സ്വര്‍ക്ഷത്തോപ്പുകളില്‍ നിന്നുള്ള ഒരു തോപ്പാണ്'(റൗള).
ഏതാണീ വീട,് എന്താണ് റൗള എന്ന പ്രയോഗത്തിന്‍റെ താത്പര്യം….
കിഴക്കു ഭാഗത്ത്, നബി (സ) യുടെ ഖബര്‍ സ്ഥിതിചെയ്യുന്ന മുറി (ഹുജ്റ:) മുതല്‍, നബി (സ) യാത്രാസംഘത്തെ സ്വീകരിച്ചിരുന്ന സ്ഥലത്തുള്ള തൂണ്‍ (ഉസ്തുവാനത്തുല്‍ വുഫൂദ്) വരെയും, പടിഞ്ഞാറ് ഭാഗത്ത് മിമ്പര്‍ മുതല്‍ ബാങ്ക് കൊടുക്കുന്ന സ്ഥലത്തിന്‍റെ പകുതി ഭാഗം വരെയുമാണ് റൗളയുടെ പരിധി. കിഴക്കു പടിഞ്ഞാറ് 26.5 മീറ്റര്‍ വീതിയും തെക്കുവടക്ക് 15 മീറ്റര്‍ നീളവുമാണുള്ളത്. ഹുജ്റ: യുടെ അഴികള്‍ ഒഴിച്ചാല്‍ 22 മീറ്റര്‍ വീതിയാണുള്ളത്. മൊത്തത്തില്‍ 397.5 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണം.
റൗളയുടെ പരിധി നിര്‍ണയിച്ചുകൊണ്ടുള്ള വേറെയും നിവേദനങ്ങളുണ്ട്. ഒരു നിവേദനപ്രകാരം ഇങ്ങനെയാണ്. ആഇശ (റ) യുടെ വീട് മുതല്‍ പ്രസിദ്ധമായ പെരുന്നാള്‍ മുസ്വല്ല, മസ്ജിദുല്‍ ഗമാമ: വരെയും റൗളയുടെ പരിധിയില്‍ പെട്ടതാണ്. അത്ര പ്രബലമല്ലാത്ത ഒരു നിവേദനപ്രകാരം നബി (സ) യുടെ കാലത്തുണ്ടായിരുന്ന പള്ളി മുഴുവനും റൗളയായി പരിഗണിക്കപ്പെടും.
‘രിയാളുല്‍ ജന്ന’ എന്ന പ്രയോഗത്തിന്‍റെ അര്‍ത്ഥം ‘സ്വര്‍ഗോദ്യാനങ്ങള്‍്’ എന്നാണ്. എന്‍റെ വീടിന്‍റെയും മിമ്പറിന്‍റെയും ഇടയിലുള്ള സ്ഥലം റൗളത്തുന്‍ മിന്‍ രിയാളില്‍ ജന്ന: (സ്വര്‍ഗ ത്തോപ്പുകളില്‍ നിന്നുള്ള ഒരു തോപ്പാണ്) എന്നാണ് ഹദീസില്‍ വന്നത്. എന്താണിതിന്‍റെ താത്പര്യം എന്നതില്‍ വിവിധ വീക്ഷണങ്ങള്‍ ഉണ്ട്. സ്വര്‍ക്ഷം അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ ഗേഹമാണല്ലോ? ആ വിധത്തില്‍ അല്ലാഹുവിന്‍റെ കാരുണ്യം വര്‍ഷിക്കുന്ന സ്ഥലം എന്ന് വ്യാഖ്യാനിച്ചവരാണ് ഒരുസംഘം. ദിക്ര്‍ ഹല്‍ഖ നടക്കുന്ന സ്ഥലം, അഥവാ അല്ലാഹുവിനെസ്മരിച്ചുകൊണ്ട് ഒത്തുകൂടുന്ന സ്ഥലത്തെക്കുറിച്ച് സ്വര്‍ക്ഷത്തോപ്പെന്ന പ്രയോഗമുണ്ട്. ഇവിടെയും അതാണ് ഉദ്ദേശ്യം എന്ന് വ്യാഖ്യാനിച്ച് മറ്റൊരു സംഘം. കാരണം നബി (സ) യുടെ കാലത്ത് സ്വഹാബികള്‍ ദിക്ര്‍ ചൊല്ലാന്‍ ഒത്തുകൂടുന്ന സ്ഥലമായിരുന്നു അത്.
മറ്റൊരു വ്യാഖ്യാനപ്രകാരം ഇങ്ങനെയാണ്. ഈ പുണ്യസ്ഥലത്ത് നിസ്കരിക്കാന്‍ ഭാഗ്യം ലഭിക്കുന്നവര്‍ക്കു നാളെ സ്വര്‍ക്ഷത്തില്‍ ഏത്താനും ഭാഗ്യം ലഭിക്കും. അഥവാ പരലോകത്തെ സ്വര്‍ക്ഷം പ്രാപിക്കാന്‍ നിമിത്തമാകുന്ന ഭൂമിയിലെ പുണ്യസ്ഥലം.
ഇബ്നു അബ്ദില്‍ ബര്‍റ് ‘അത്തംഹീദ്’ എന്ന ഗ്രന്ഥത്തില്‍ നല്‍കിയ ഒരു വിശദീകരണമുണ്ട്. ഈ സ്ഥലത്തു വെച്ചാണ് പ്രവാചകര്‍ (സ) അറിവുകള്‍ പകര്‍ന്നു നല്‍കിയിരുന്നത്. സ്വര്‍ക്ഷ പ്രവേശനത്തിനു നിമിത്തമാകുന്ന കാര്യമാണല്ലോ അത്. ഇക്കാരണത്താലാണ് സ്വര്‍ക്ഷത്തോപ്പ് എന്ന് പ്രയോഗിച്ചത്. അറിവിന്‍റെ സദസ്സുകള്‍ക്ക് തന്നെ സ്വര്‍ഗ്ഗാരാമം എന്ന പ്രയോഗം വന്നിട്ടുണ്ടല്ലോ?
എന്നാല്‍ സ്വര്‍ഗ്ഗത്തോപ്പ് എന്ന പ്രയോഗത്തെ പ്രത്യക്ഷാര്‍ത്ഥത്തില്‍ തന്നെ പരിഗണിച്ചവരാണ് ഭൂരിപക്ഷം. കഅ്ബാലയത്തിന്‍റെ തെക്കുകിഴക്കേ മൂലയില്‍ സ്ഥാപിച്ചിരിക്കുന്ന ഹജറുല്‍ അസ്വദ് സ്വര്‍ഗ്ഗത്തില്‍ നിന്നുള്ള ശിലയാണല്ലോ? അപ്രകാരം സ്വര്‍ഗ്ഗത്തിന്‍റെ ഒരു ഗ്ഗാഗം മസ്ജിദുന്നബവിയിലേക്കു ചേര്‍ത്തതാണ്. ഭൂമിയുടെ മറ്റുഭാഗങ്ങള്‍ പോലെ ഇത് നശിക്കുകയില്ല. നബിസ്നേഹത്താല്‍ വിതുമ്പിയ മിമ്പറിന്‍റെ ഭാഗം (മരക്കഷ്ണം) സ്വര്‍ഗ്ഗത്തില്‍ മരമായി വരുന്ന പോലെ ഈ സ്ഥലം അന്ത്യനാളില്‍ സ്വര്‍ക്ഷത്തിലേക്ക് ചേര്‍ക്കപ്പെടും. ടൈഗ്രീസ്, യൂഫ്രട്ടീസ് നദികളുടെ ഉറവയാരംഭിക്കുന്നത് സ്വര്‍ഗത്തോപ്പില്‍ നിന്നാണെന്ന പരാമര്‍ശങ്ങള്‍ കൂടി ഇവിടെ ചേര്‍ത്ത് വായിക്കാവുന്നതാണ്.
റൗളയിലൂടെയുള്ള സഞ്ചാരം നല്‍കുന്ന കൗതുകങ്ങള്‍ എത്രയാണ്. സാരങ്ങള്‍ അറിഞ്ഞുകൊണ്ടുള്ള സന്ദര്‍ശനം എത്ര ഹൃദ്യമായിരിക്കും. ഈ ലോകത്ത് വച്ച് തന്നെ സ്വര്‍ക്ഷത്തില്‍ പ്രവേശിക്കാനുള്ള ഒരവസരം അതാണ് മദീനയില്‍ നിന്നു ലഭിക്കുന്ന സൗഭാഗ്യം.
മേല്‍ പറഞ്ഞ വീക്ഷണങ്ങളെയെല്ലാം ഏകീകരിച്ചുകൊണ്ട് ഇബ്നു അബീ ജംറ എന്നവര്‍ ഇങ്ങനെയൊരു വിശദീകരണം നല്‍കുന്നുണ്ട്. ഹദീസ് വചനത്തെ പ്രത്യക്ഷാര്‍ത്ഥത്തില്‍ സ്വീകരിച്ചവര്‍ക്കും വ്യാഖ്യാനപൂര്‍വ്വം സ്വീകരിച്ചവര്‍ക്കും പ്രാമാണിക പിന്തുണയുണ്ട്. റൗളയില്‍ വച്ച് നിര്‍വ്വഹിക്കുന്ന ആരാധനകള്‍ സ്വര്‍ക്ഷപ്രവേശനത്തിന് കാരണമാകുമെന്നല്ലേ പറഞ്ഞത്. അപ്പോള്‍ റൗള സാധാരണയില്‍ കവിഞ്ഞ മഹത്വമുള്ള സ്ഥലമാണെന്ന് വന്നല്ലോ? ഈ പ്രയോഗത്തില്‍ തന്നെ രണ്ട് വീക്ഷണങ്ങളും ഒരേ ആശയത്തിന്‍റെ രണ്ടാവിഷ്കാരങ്ങളാകുന്നു.
ഹൗളുല്‍ കൗസറിന്‍റെ മേല്‍ ഭാഗത്താണ് എന്‍റെ മിമ്പര്‍ സ്ഥിതി ചെയ്യുന്നത് എന്ന ആശയം ഹദീസില്‍ വന്നിട്ടുണ്ട്. അതനുസരിച്ച് ഈ സ്ഥലം തന്നെ സ്വര്‍ഗ്ഗത്തിന്‍റെ ഭാഗമാണ് എന്ന ബോധ്യം ശരിപ്പെടുന്നു.
ഹജറുല്‍ അസ്വദ് സ്വര്‍ഗീയ ശിലയെന്ന പോലെ റൗളാ ശരീഫ് സ്വര്‍ഗ്ഗീയ സ്ഥലം എന്ന ആശയത്തിലും മറ്റു വ്യഖ്യാനങ്ങളോട് അടിസ്ഥാനപരമായി വിയോജിക്കുന്നില്ല. ഇതാണ് വ്യക്തമായ വായന. ഒന്നു കൂടി ചേര്‍ത്ത് ആലോചിച്ച് നോക്കൂ. ഖലീലായ ഇബ്രാഹീം നബിക്ക് അല്ലാഹു സ്വര്‍ഗ്ഗീയശില നല്‍കി. അതിനേക്കാള്‍ സ്ഥാനപദവിയുള്ള ഹബീബായ തിരുനബിക്ക് അല്ലാഹു സ്വര്‍ഗ്ഗത്തോപ്പ് നല്‍കി.
എത്ര ഹൃദ്യമായ ജ്ഞാനസഞ്ചാരമാണിത്. അറിയുന്ന കാര്യങ്ങള്‍ ഹൃദയത്തിന്‍റെ വിശേഷങ്ങളായാല്‍ അനുവാചകന്‍ എത്ര ആനന്ദത്തിലെത്തും. പുണ്യനബിയുടെ വിശ്രമസ്ഥാനത്തിന്‍റെ ചാരത്തുനിന്നാണ് നാം ഈ അപഗ്രഥനത്തിന് കാതോര്‍ക്കുന്നത്. റൗളാ ശരീഫിന്‍റെ മഹാത്മ്യങ്ങളെണ്ണുന്ന ഏറെ ഹദീസുകള്‍ പഠിക്കാനുണ്ട്.
1. അബ്ദുല്ലാഹി ബിനു സൈദ് അല്‍ മാസിന്‍ നിവേദനം ചെയ്യുന്നു. നബി (സ) പറഞ്ഞു. ‘എന്‍റെ വീടിന്‍റെയും മിമ്പറിന്‍റെയും ഇടയിലുള്ള ഇടം സ്വര്‍ക്ഷഗ്ഗത്തോപ്പുകളില്‍ നിന്നും ഒരു തോപ്പാണ്.’
2. അബൂഹുറൈറ (റ) വില്‍ നിന്ന് നിവേദനം: നബി (സ) അരുളി. ‘എന്‍റെ വീടിന്‍റെയും മിമ്പറിന്‍റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗോദ്യാനങ്ങളില്‍ നിന്നും ഒരുദ്യാനമാണ്. എന്‍റെ മിമ്പര്‍ എന്‍റെ ഹൗളിനു മുകളിലാണ്’ (പരലോകത്തെ ഹൗളുല്‍ കൗസര്‍).
3. അബൂ സഈദില്‍ ഖുദ്രി (റ) വില്‍ നിന്നു നിവേദനം. നബി (സ) പറഞ്ഞു: ‘എന്‍റെ മിമ്പര്‍ സ്വര്‍ഗ്ഗത്തിലെ അരുവികളില്‍ ഒരു അരുവിക്ക് മുകളിലാണ്. ആഇശയുടെ വീടിന്‍റെയും എന്‍റെ മിമ്പറിന്‍റെയും ഇടയിലുള്ള സ്ഥലം സ്വര്‍ക്ഷഗ്ഗത്തോട്ടങ്ങളില്‍ നിന്നൊരു തോട്ടമാണ്.’
4. ജാബിര്‍ ബിന്‍ അബ്ദില്ലാഹിയില്‍ നിന്ന് നിവേദനം. നബി (സ) പറഞ്ഞു: ‘എന്‍റെ മിമ്പറില്‍ നിന്ന് വീട് വരെയുള്ള സ്ഥലം സ്വര്‍ക്ഷഗ്ഗത്തോപ്പുകളില്‍ നിന്നൊരു തോപ്പാണ്. എന്‍റെ മിമ്പര്‍ സ്വര്‍ഗ്ഗത്തിലെ അരുവികളില്‍ ഒരു അരുവിയുടെ മേലെയാണ്.
5. സഹ്ല്‍ ബിന്‍ സഅ്ദ് (റ) നബി (സ) യില്‍ നിന്നുദ്ധരിക്കുന്നു. ‘എന്‍റെ വീടിന്‍റെയും മിമ്പറിന്‍റെയും ഇടയിലുള്ള സ്ഥലം സ്വര്‍ഗ്ഗത്തോപ്പാണ്. എന്‍റെ മിമ്പറിന്‍റെ കാലുകള്‍ സ്വര്‍ഗ്ഗത്തിലാണ് ക്രമപ്പെടുത്തിയിരിക്കുന്നത്.’. സമാനമായ നിവേദനം ഇമാം ഹുമൈദിയുടെ മുസ്നദിലും ഉണ്ട്.
പുണ്യ റൗളയുടെ മൊത്തത്തിലുള്ള ഒരു നിര്‍ണയവും മഹത്വവുമാണ് നാം അറിഞ്ഞത്. റൗളയിലെ ഓരോ ഭാഗത്തിനും തനതായ മഹത്വങ്ങളുണ്ട്. ഇന്നലെകളുടെ കഥകള്‍ പറയാനുണ്ട്.
(ത്വയ്ബ സെന്‍റര്‍ പ്രസിദ്ധീകരിച്ച റൗളാ ശരീഫ് എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം)
Leave a Reply