തിരുനബി (സ)യുടെ വിയോഗാനന്തര ജീവിതം

Admin February 7, 2019 2 Comments

തിരുനബി (സ)യുടെ വിയോഗാനന്തര ജീവിതം

”നിശ്ചയം അമ്പിയാക്കളുടെ ശരീരം അല്ലാഹു ഭൂമിക്ക് ഹറാമാക്കിയിരിക്കുന്നു.”
ഒരു നബിക്കും മണ്ണിലെത്തിയാല്‍ ജീര്‍ണ്ണതയില്ല. ആ ശ്രേഷ്ട ശരീരങ്ങളെ തൊടാന്‍ മണ്ണില്‍ നിലകൊള്ളുന്ന സൂക്ഷ്മ ജീവികളെ അല്ലാഹു അനുവദിക്കില്ല എന്നാണ് ഹറാം എന്നതിന്‍റെ സാരം.

സമാനമായ പ്രമേയം സൂറത്തുസ്വാഫാത്തില്‍ 144-ആം വചനത്ത ലുണ്ട്:- മഹാനായ യൂനുസ് നബി (അ) മത്സ്യത്തിന്‍റെ വയറ്റില്‍ വച്ച് തസ്ബീഹ് നിര്‍വ്വഹിച്ചില്ലായിരുന്നെങ്കില്‍ പുനര്‍ജ്ജന്മം വരെ മത്സ്യത്തിന്‍റെ വയറ്റില്‍ ശേഷിച്ചേനെ’

പുനര്‍ജ്ജന്മം വരെ എന്ന് അല്ലാഹു പ്രയോഗിച്ചതിന്‍റെ സാംഗത്യം ബര്‍സഖിയായ ജീവിതത്തിന്‍റെ അവസാനം വരെ ആ മത്സ്യം അവശേഷിക്കുമെന്നാണ്. മത്സ്യത്തിന്‍റെ വയര്‍ പരിശുദ്ധമല്ലെങ്കിലും പരിശുദ്ധമായ ഒരു ശരീരം അതിലുള്ളത് കൊണ്ട് മത്സ്യത്തിന്‍റെ ശരീരം അവശേഷിക്കും.

അല്ലെങ്കില്‍ യൂനുസ് നബി(അ)  മത്സ്യത്തിന്‍റെ വയറ്റിനുള്ളില്‍ വഫാതാകും മത്സ്യത്തിന്‍റെ മൃതദേഹത്തോടൊപ്പം കടല്‍ചളിയില്‍ യൂനുസ് നബിയുടെ ശരീരവും പെടും. പക്ഷെ അമ്പിയാക്കളുടെ ശരീരത്തെ ദഹിപ്പിക്കാന്‍ മല്‍സ്യത്തിനോ കടലിലെ മാലിന്യങ്ങള്‍ക്കോ മറ്റു ഹിംസ്ര ജന്തുക്കള്‍ക്കോ കഴിയില്ല. അല്ലാഹു പറഞ്ഞത് പോലെ പുനര്‍ജ്ജന്മം വരെ അതിനുള്ളില്‍ നിലനില്‍ക്കും.

  ഉദൃത വചനത്തില്‍ നിന്നും തിരുനബി (സ) യുടെ ശരീരം ദഹിക്കില്ല എന്നു ബോധ്യപ്പെട്ടു. എങ്ങനെയാണോ സ്വഹാബികള്‍ തിരുനബി (സ) യെ മറമാടിയത് ആ രൂപത്തില്‍ ഒരു കേടുമില്ലാതെ അവിടുന്ന് ഇന്നും നിലകൊള്ളുന്നു.

തിരുശരീരം സചേതന ലോകത്ത്

ഒരു കേടുപാടും സംഭവിക്കാത്ത ശരീരം സചേതന ലോകത്താണോ അചേതന ലോകത്താണോ അഥവാ കേവലം ഒരു കല്ല് കിടക്കുന്നത് പോലെയാണോ കിടക്കുന്നത് എന്ന സംശയം ഉയരാം. മുന്‍കാല പ്രവാചകരുടെ ചരിത്രങ്ങള പരിശോധിച്ചാല്‍ ബോധ്യപ്പെടും കാരണം അവരൊക്കെ തിരുനബി(സ) യെക്കാള്‍ ദറജയിലും ഷറഫിലും താഴെയാണ്. അവരുടെ ബര്‍സഖീ ജീവിതം പരിശോധിച്ചാല്‍ തിരുനബി (സ) യുടെ ബര്‍സഖീ ജീവിതം നിസ്സംശയം ബോധ്യപ്പെടും. മിഅറാജിന്‍റെ രാത്രിയില്‍ ഉണ്ടായ സംഭവം ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു :-ജിബ്രീല്‍(അ) നബി(സ) തങ്ങളുമായി ഒന്നാനാകാശത്തേക്ക് എത്തിയപ്പോള്‍ വാതില്‍ തുറക്കപ്പെട്ടു അപ്പോള്‍ ഒരാള്‍ അവിടെ ഇരിക്കുന്നു അദ്ദേഹത്തിന്‍റെ വലത് ഭാഗത്ത് കുറെ രൂപങ്ങള്‍ ഇടതു ഭാഗത്തു കുറെ രൂപങ്ങള്‍. അദ്ദേഹം വലതുഭാഗത്തേക്ക് തിരിഞ്ഞാല്‍ ചിരിക്കും ഇടതുഭാഗത്തേക്ക് തിരിഞ്ഞാല്‍ കരയും. തിരുനബി (സ) യെ കണ്ടപ്പോള്‍ ‘മര്‍ഹബന്‍ ബി നബിയ്യി സ്വാലിഹ് വ ഇബ്നി സ്വാലിഹ്എന്ന് പറഞ്ഞു സ്വാഗതം ചെയ്തു.തിരുനബി(സ) ജിബ്രീല്‍(അ)നോട് ആരാഞ്ഞപ്പോള്‍ അത് ആദം നബിയാണെന്നും വലത് വശത്തേയും ഇടതുവശത്തെയും രൂപങ്ങള്‍ അവിടുത്തെ സന്താനങ്ങളെ പ്രധിനിധീകരിച്ചിരിക്കുന്നുവെന്നും വലത് ഭാഗത്തെ സ്വര്‍ഗവാസികളെ കണ്ടമാത്രയിലാണ് ചിരിച്ചതെന്നും ഇടത് വശത്തേ നരഗവാസികളെ കണ്ടമാത്രയിലാണ് കരഞ്ഞതെന്നും ജിബ്രീല്‍ (അ) മറുപടി നല്‍കി. (ബുഖാരി ഹദീസ് :345)

ആദം നബി(അ) നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മറമാടപ്പെട്ട നബിയാണ്. അവിടുത്തെ ശരീരം ജീര്‍ണിക്കില്ലെന്ന് ബോധ്യമായി ആദം നബി (അ) സചേതന ലോകത്താണോ?
സചേതന ലോകത്തുണ്ടാകുന്ന കാര്യങ്ങളാണ് ചിരിയുടെ വികാരവും കരച്ചിലിന്‍റെ വികാരവും. കൂടാതെ വെറുതെ ചിരി വരില്ല ചിന്ത വേണം അപ്പോള്‍ ചിന്തയും വൈകാരിക ലോകത്തിലെ സംഗതിയാണ്. കേവലം ചിന്തക്കുമപ്പുറം സജീവമാണെന്നതിന് തെളിവാണ് മര്‍ഹബ പാടിയത്.
ഒരു നവാഗതനെ കാണുമ്പോള്‍ അദ്ദേഹത്തിന്‍റെ വ്യക്തിത്വവും വസ്തുതകളും മനസിലാക്കി. സ്വാലിഹ് അഥവാ എന്തിനും പറ്റിയ ആള്‍ ആണെന്ന് പറയുന്നു. സ്വന്തം മകനാണെന്ന് തിരിച്ചറിയുന്നു. പിന്നീട് തന്‍റെ വലത് ഭാഗത്തും ഇടത് ഭാഗത്തും ഇരിക്കുന്നത് സന്താനങ്ങളാണെന്ന് തിരിച്ചറിയുന്നു. മരണത്തോട് കൂടെ അമ്പിയാക്കള്‍ തന്‍റെ കീഴിലുള്ള ജനതയുമായുള്ള ബന്ധം വേര്‍പെട്ടിട്ടില്ലന്ന് ബോധ്യവുമായി.

അപ്പോള്‍ ആദം നബി(അ) ബര്‍സഖീയായ ലോകത്ത് വളരെ ക്രിയാത്മകതയയോടെയാണ് കഴിയുന്നത്.

     മിഅറാജിന്‍റെ അവസാനം തിരുനബി(സ) അള്ളാഹു നല്‍കിയ അമ്പത് വഖ്ത് നിസ്കാരവുമായി മടങ്ങുന്ന വഴിയില്‍ ആറാനാകാശത്തു വെച്ച് കലീമുല്ലാഹി മൂസാ നബി (അ) അല്ലാഹു താങ്കള്‍ക്ക് നല്‍കിയതെന്താണെന്ന് തിരുനബിയോട് ചോദിച്ചപ്പോള്‍ അമ്പത് വഖ്ത് നിസ്കാരം എന്ന് നബി(സ) മറുപടി പറഞ്ഞു.
അപ്പോള്‍ എണ്ണം കുറക്കാന്‍ തിരികെ റബ്ബിന്‍റെ സവിധത്തിലേക്ക് അഥവാ എവിടെ വച്ചാണോ അമ്പത് വഖ്ത്ത് കിട്ടിയത് അവിടേക്കു തിരിച്ചു പോകാന്‍ മൂസാ നബി (അ) നിര്‍ദ്ദേശിച്ചു. അങ്ങനെ നിസ്കാരം അഞ്ച് വഖ്ത് ആകുന്നത് വരെ ഇതു തുടര്‍ന്നു.
മൂസാനബി (അ) വഫാത്തായി വര്‍ഷങ്ങള്‍ക്കു ശേഷമാണ് തിരുനബി(സ) ആകാശയാത്രക്ക് പോകുന്നത്. ആ യാത്രകാരനെയും കാത്ത് വഴിയില്‍ നില്‍ക്കുക എന്നത് ക്രിയാത്മകതയാണ്. തിരുനബിയെ കണ്ടു ചോദ്യങ്ങള്‍ ചോദിക്കുന്നു. എന്താണ് കിട്ടിയത്? ഈ കിട്ടിയതിന്‍റെ പേരില്‍ പിന്നീട് തിരുനബിയുടെ ഉമ്മത്തിന് റഹ്മത്താകുന്ന രൂപത്തില്‍ എണ്ണം കുറക്കുന്നു.
അപ്പോള്‍ മൂസാനബി (അ) പ്രവര്‍ത്തന ലോകത്ത് സജീവമായുണ്ട്.

മൂസനബി(അ) യുടെ സമുദായം ബനൂ ഇസ്രാഈലാണ്. എന്നാല്‍ അവര്‍ക്കു പുറമെ തിരുനബി (സ) യുടെ ഉമ്മത്തിലേക്ക് കൂടി മൂസാ (അ) ശ്രദ്ധ ചെലുത്തുന്നു.

      ആദം നബി(അ)യും മൂസാനബി (അ)യും അവരുടെ ബര്‍സഖിയായ ലോകത്ത് സജീവമാണെന്ന് തെളിഞ്ഞു. തദടിസ്ഥാനത്തില്‍ മുത്തുനബി (സ) യും ബര്‍സഖീയായ ലോകത്ത് സജീവമാണ്.
     അമ്പിയാക്കളുടെ ശരീരത്തില്‍ നിന്ന് റൂഹ് വേര്‍പെട്ട് പോയി മറമാടുന്നതിന് മുമ്പ് അവരെ കാണാന്‍ കഴിയുക നിശ്ചല രൂപത്തിലാണ്. എന്നാല്‍ പിന്നീട് അവര്‍ക്ക് ചലനശേഷി ഉണ്ടായിത്തീരുന്നു. ഇത് അസംഭവ്യമായ കാര്യമല്ല. കാരണം തീര്‍ത്തും ചലിക്കാന്‍ സാധ്യതയില്ലാത്ത വസ്തുക്കള്‍ വരെ സ്വയം ചലിച്ചതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ബുഖാരി(റ) റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു സംഭവം വായിക്കാം.  മൂസാനബി (അ) കുളിക്കുന്ന സമയത്ത് വസ്ത്രങ്ങള്‍ വച്ചിരുന്ന കല്ല് ഓടി.

ഭൂമിയിലെ കല്ലുകളെല്ലാം നാം കാണുന്നത് നിശ്ചലാവസ്ഥയിലല്ലേ പക്ഷെ മൂസാനബിയുടെ സവിധത്തില്‍ കല്ല് ഓടി അഥവാ കാലുള്ള ഒരു ജീവി കാണിക്കേണ്ട കാര്യം ചെയ്തു. ഇത്പോലെ അസംഭവ്യമായ ഒരുപാട് കാര്യങ്ങള്‍ ഈ ലോകത്ത് നടന്നിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും ഓരോ വിശ്വാസിയും പ്രവാചകډാരുടെ ബര്‍സഖിയായ ജീവിതത്തെയും ഉള്‍കൊള്ളണം

അല്ലാഹുവിന്‍റെ കൂട്ടുകാരന്‍

ബര്‍സഖീ ലോകത്ത് തിരുനബി (സ) മറ്റ് അമ്പിയാക്കളെക്കാള്‍ ഉയര്‍ന്ന പദവിയിലാണ്. റഫീഖ്’ എന്ന തസ്തികയിലാണ്. നബി(സ) യുടെ റൂഹ് പിടിക്കുന്ന സമയത്ത് തങ്ങളില്‍ നിന്നും അവസാനം കേട്ടത് റഫീഖുല്‍ അഅ്ല’ എന്നായിരുന്നു. അഥവാ ഞാനിതാ എന്‍റ സന്തതസഹചാരിയായ അല്ലാഹുവിന്‍റെ വിളിക്കുത്തരം നല്‍കി പോകുന്നു.

അല്ലാഹുവുമായി സൗഹൃദമുള്ള തങ്ങള്‍ പ്രവര്‍ത്തനലോകത്താണ്. സുഹൃത്ത് നിഷ്ക്രിയനായാല്‍ സൗഹൃദം ഉണ്ടാവുകയില്ല അത് പോലെ നിശ്ചലാവസ്ഥയിലുള്ളവയോട് സൗഹൃദം ഉണ്ടാവുകയില്ല.സൗഹൃദം എന്ന് പറയുമ്പോള്‍ കാര്യങ്ങള്‍ ഏല്‍പ്പിക്കുന്നതിന്‍റെ അടിസ്ഥാനത്തില്‍ ചെയ്യാന്‍ പ്രവര്‍ത്തന മണ്ഡലത്തില്‍ ഉണ്ടാകുമ്പോഴാണ്.

തിരുശരീരം ഖബറിന് പുറത്ത് രംഗപ്രവേശം ചെയ്യുന്നു
ڇആരെങ്കിലും എന്നെ സ്വപ്നം കണ്ടാല്‍ അത് എന്നെ കണ്ടപോലെയാണ് കാരണം ശൈത്താന്‍ എന്‍റെ രൂപം പ്രാപിക്കുകയില്ല

മറ്റൊരു ഹദീസില്‍ സ്വപ്നത്തില്‍ എന്നില്ല. പകരം എന്നെ കണ്ടാല്‍ എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. അപ്പോള്‍ ഉണര്‍വിലും കാണാമെന്ന് ഇതില്‍ നിന്നു മനസ്സിലാക്കാം. ഈ ഹദീസിന്‍റെ അടിസ്ഥാനത്തില്‍ ഇമാം സുയൂഥ്വി (റ) രേഖപെടുത്തുന്നു. ‘ഹദീസുകളില്‍ നിന്നും ഉദ്ധരണികളില്‍ നിന്നും ബോധ്യമാകുന്നത് തിരുനബി (സ) അവിടുത്തെ തിരുശരീരത്തോടെ അവിടുത്തെ റൂഹോടെ ജീവിച്ചിരിക്കുന്നവരാണ് ഭൂമിയിലെ സര്‍വ സ്ഥലങ്ങളും അഭൗമ ലോകത്തും തങ്ങള്‍ സഞ്ചരിക്കുന്നു. തിരുനബി (സ) വഫാത്തിന് മുമ്പ് ഏതു രൂപത്തിലായിരുന്നോ ആ രൂപത്തില്‍ സഞ്ചരിക്കുന്നു പക്ഷേ മലക്കുകള്‍ അദൃശ്യമായത് പോലെ തിരുനബി(സ)യും അദൃശ്യമാണ്. അല്ലാഹു ആര്‍ക്കെങ്കിലും അവിടുത്തെ തിരുദര്‍ശനം കൊണ്ട് കടാക്ഷിച്ചാല്‍ കണ്ണിന്‍റെ മറ നീക്കും( അല്‍ ഹാവി 2/486)

വഫാത്തായ തിരുനബി(സ) യെ വിളിക്കാം

അല്ലാഹുവില്‍ നിന്നുള്ളതാണെന്ന് ഉറപ്പുള്ള ഒന്നിനെയും അവഗണിക്കാന്‍ പാടില്ല. അയ്യൂബ് നബി (അ) ന്‍റെ ഒരു ചരിത്രം ബുഖാരി ഉദ്ധരിക്കുന്നു :- അയ്യൂബ് നബി (അ) കുളിക്കുന്ന സമയത്ത് സ്വര്‍ണ വെട്ടുകിളികള്‍ ഭൂമിയില്‍ വന്നു അയ്യൂബ് നബി തുണി വിരിച്ച് അതെല്ലാം വാരിയിട്ടു അപ്പോള്‍ അല്ലാഹു ചോദിച്ചു ഞാന്‍ ഇതിനേക്കാള്‍ സമ്പന്നമാക്കി തന്നില്ലേ? അയ്യൂബ് നബി(അ) പറഞ്ഞു :- അതൊക്കെ ശരി പക്ഷേ, നിന്‍റെ ബര്‍ക്കത്തുണ്ടെന്നു ബോധ്യമായാല്‍ അതിനെ അവഗണിക്കാന്‍ കഴിയില്ല ‘

അത് പോലെ നബി (സ) ക്ക് ബര്‍സഖീ ലോകത്തും അല്ലാഹു പ്രത്യേക കഴിവ് കൊടുത്തിട്ടുണ്ടെന്ന് ബോധ്യമായാല്‍ അത് പരമാവധി ഉപയോഗപെടുത്തുക. ബര്‍കത്തിനെ കരസ്ഥമാക്കുക. അങ്ങനെ റസൂലുല്ലാഹി (സ) പ്രവര്‍ത്തന മണ്ഡലത്തില്‍ സജീവമാണെന്ന് വിശ്വസിച്ചു കൊണ്ടാണ് നാം അവിടുത്തെ വിളിക്കുന്നതും സ്വലാത്ത് ചെല്ലുന്നതുമെല്ലാം.

2 Comments

Leave a Reply