The biography of Prophet Muhammad – Month 13

Admin June 17, 2023 No Comments

The biography of Prophet Muhammad – Month 13

Mahabba Campaign Part-361/365

പൊതുഖജനാവിൽ നിന്നുള്ള നഷ്ടപരിഹാരം നൽകാൻ വ്യക്തമായ ഒരു വ്യവസ്ഥ മദീനാ കരാറിൽ നേരത്തെത്തന്നെ എഴുതിയിട്ടുണ്ടായിരുന്നു. അതുപ്രകാരം അബദ്ധവശാൽ സംഭവിച്ച ഇക്കാര്യത്തിൽ നഷ്ടപരിഹാരത്തിനു മദീനയിലെ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണം. ജനങ്ങളിൽ നിന്നുള്ള സഹകരണവും പങ്കാളിത്തവും സ്വീകരിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തു. ജൂത ഗോത്രങ്ങളിലെ പ്രമുഖമായ ബനൂ നളീർ ഗോത്രത്തിലേക്ക് നബി ﷺ നേരിട്ടു തന്നെ പുറപ്പെട്ടു. ഒപ്പം സ്വഹാബീ പ്രമുഖരുമുണ്ടായിരുന്നു.

മദീനയിലെ ജൂത ഗോത്രങ്ങളിൽ പ്രധാനപ്പെട്ട മൂന്ന് ഗോത്രങ്ങളിലൊന്നായിരുന്നു ബനൂ നളീർ. ബനൂ ഖുറയ്ള, ബനൂ ഖൈനുഖാ എന്നിവയായിരുന്നു മറ്റു രണ്ടെണ്ണം. ബദ്റിന് ശേഷം നിരന്തരമായി കരാർ ലംഘനം നടത്തിയതിനാൽ ബനൂ ഖൈനുഖാ ഗോത്രത്തെ നബി ﷺ മദീനയിൽ നിന്നു പുറത്താക്കിയിരുന്നു. ഇത് മറ്റു ഗോത്രങ്ങൾക്കുള്ള ഒരു താക്കീതും ഒപ്പം കരാറിനുള്ള പ്രാധാന്യം ബോധ്യപ്പെടുത്തലുമായിരുന്നു.

എന്നാൽ ജൂത ഗോത്രങ്ങൾ അവരുടെ കുതന്ത്രങ്ങൾ തുടർന്നുകൊണ്ടിരുന്നു. മദീനയിൽ കരാർ പ്രകാരം സുരക്ഷയിൽ ജീവിക്കുകയും രഹസ്യമായി മദീനയ്ക്കെതിരെ ബാഹ്യ ശക്തികളോട് ചാരപ്രവർത്തനം ചെയ്യുകയുമായിരുന്നു അവർ. സവീഖ് യുദ്ധത്തിൽ അബൂസുഫ്‌യാനു എല്ലാ സഹായവും ചെയ്തു മദീനയ്ക്കും ഇസ്‌ലാമിനുമെതിരെ പിന്തുണച്ചവരായിരുന്നു ബനൂ നളിർ. പക്ഷേ, നബിﷺ അതറിഞ്ഞെങ്കിലും അറിയാത്ത ഭാവത്തിൽ തുടരുകയായിരുന്നു. ചില ഒറ്റപ്പെട്ട വ്യക്തികൾ ഇസ്‌ലാമിനുമെതിരെത്തിരിഞ്ഞപ്പോൾ അവരെ മാത്രം ഒതുക്കി ചില നയതന്ത്രങ്ങളിലൂടെ അവർക്ക് നബിﷺ ആലോചിക്കാനുള്ള അവസരങ്ങൾ നൽകിയിരുന്നു. പക്ഷേ, നളിർ ഗോത്രം കിട്ടുന്ന ഒരവസരവും പാഴാക്കാതെ കരാറിനു വിരുദ്ധമായ രഹസ്യ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരുന്നു. ഉഹ്ദ്‌ യുദ്ധത്തിൽ ശത്രുക്കൾക്ക് ആവശ്യമായ പല സുപ്രധാന വിവരങ്ങളും നൽകിയിരുന്നത് ഇവരായിരുന്നു എന്ന്‌ മൂസ ബിൻ ഉഖ്ബയെപ്പോലെയുള്ളവർ രേഖപ്പെടുത്തുന്നുണ്ട്.

ബദ്റിന് ശേഷം നിരന്തരമായി ഖുറൈശികൾ ബനൂ ഖുറയ്ളയുമായി ബന്ധം പുലർത്തുന്നുണ്ടായിരുന്നു. അന്നവർ നബിﷺക്ക് ഒരു കത്തു നൽകി. അതിലെ ഉള്ളടക്കം ഇപ്രകാരമായിരുന്നു. ‘ഞങ്ങൾ ഞങ്ങളുടെ കൂട്ടത്തിലെ മുപ്പതോളം റബ്ബിമാരെ ഒരിടത്തൊരുമിച്ചുകൂട്ടാം. അവിടെ വന്നു ഇസ്‌ലാമിനെ പരിചയപ്പെടുത്തുക. ഒപ്പം മുപ്പതു പേരെ, അവർക്കു ബോധ്യമായാലവരും ഞങ്ങളും ഇസ്‌ലാം സ്വീകരിക്കും. നബിﷺ ക്കു താല്പര്യമായി. പ്രബോധനത്തിനുള്ള നല്ല ഒരവസരമാണല്ലോ എന്ന്‌ അവിടുന്നു ചിന്തിച്ചു. നേരത്തെ ധാരണയായ ദിവസമായി. അവരോട് പറഞ്ഞിരുന്ന പ്രകാരം മുപ്പതു അനുയായികളോടൊപ്പം പുറപ്പെടാൻ നബിﷺ ഒരുങ്ങി. അപ്പോഴാണ് ഇതൊരു ചതിയാണെന്ന വിവരം ലഭിക്കുന്നത്. ജൂതഗോത്രത്തിൽ തന്നെയുള്ള ഒരു സ്ത്രീ അൻസ്വാരി വനിതയ്ക്കു നൽകിയ വിവരപ്രകാരം ഇത് നബിﷺയെ വധിക്കാനുള്ള ശ്രമമാണെന്നറിഞ്ഞു. ആയുധങ്ങൾ ഒളിപ്പിച്ചു വച്ചു കാത്തിരിക്കുകയാണ് എന്ന വിവരമാണ് അവിടുന്നു ലഭിച്ചത്. നബിﷺ സ്വാഹാബികളിൽ നിന്നു ഒരു സംഘത്തെയയച്ചു ആ പദ്ധതി പൊളിച്ചു കളഞ്ഞു.

ഇത്തരമൊരു പരിസരം നിലനിൽക്കുമ്പോഴാണ് നബിﷺ ഇങ്ങനെ ഒരു സമ്പർക്ക പ്രവർത്തനവുമായി രംഗത്തു വരുന്നത്. ഖുബാ പള്ളിക്കടുത്ത് കോട്ട കെട്ടിയ ആവാസ സ്ഥലത്താണ് അവർ താമസിച്ചിരുന്നത്. നബിﷺയും കൂട്ടുകാരും നേരെ അങ്ങോട്ട്‌ കടന്നു ചെന്നു. ഗോത്ര പ്രമുഖന്മാർ ആഗമനം കണ്ടു, സ്വാഗതം ചെയ്തു. ആദ്യമായിട്ടായിരുന്നു നബിﷺ ഇങ്ങനെയൊരു സന്ദർശനം നടത്തിയത്. ഗോത്രക്കാരോട് നബിﷺ ആഗമന ലക്ഷ്യം പറഞ്ഞു. നഷ്ടപരിഹാര ധനസമാഹാരണത്തിൽ സഹായം ആവശ്യപ്പെട്ടു. അവർ സഹായം വാഗ്ദാനം ചെയ്തു. ശേഷം, അവർ കോട്ടയ്ക്കകത്തേക്ക് പോയി. നബിﷺയും കൂട്ടരും പുറത്തു കാത്തു നിന്നു. നബിﷺ കോട്ടയെ ചാരിയുള്ള ഒരു തണലിലിരുന്നു. ആതിഥേയർ സ്വീകരണമോ സത്ക്കാരമോ ഒരുക്കാൻ പോയതായിരിക്കുമെന്ന്‌ കരുതാവുന്നതായിരുന്നു സന്ദർഭം.

പക്ഷേ, അകത്തേക്കുപോയ ജൂതന്മാർ ഉള്ളിൽ വച്ചു പരസ്പരം സംസാരിച്ചു. ചില ദുഷ്ടവിചാരങ്ങൾ അവർ പരസ്പരം പങ്കുവച്ചു. ഒരാൾ പറഞ്ഞതിങ്ങനെയാണ് : ഇതൊരു സുവർണാവസരമാണ്. ഇതുപോലെയൊരവസരം ഇനി നമുക്ക് ലഭിച്ചുകൊള്ളണമെന്നില്ല. ഇപ്പോൾ ഇതാ ആൾ നമ്മുടെ അടുത്തുണ്ടല്ലോ. നമുക്കങ്ങു വകവരുത്തിയാലോ? അഥവാ നബിﷺയെ വധിച്ചു കളഞ്ഞാലോ എന്നവർ കൂടിയാലോചിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-362/365

“അതെ, നല്ല ഒരവസരമാണ്. ഇത്രയും നല്ല ഒരു അനുകൂല സമയം ഇനി കിട്ടിക്കൊള്ളണമെന്നില്ല. ശരിയാണ്. പക്ഷേ, എങ്ങനെയാണ് നമ്മൾ ആ കാര്യം നിർവഹിക്കുക ? ഒടുവിൽ ഒരുപായം കണ്ടെത്തി. അവിടെയുള്ള ഒരാട്ടു കല്ല് അഥവാ, ധാന്യങ്ങൾ അരക്കുന്ന കല്ലുയർത്തി മുകളിലെത്തിക്കുക, മുഹമ്മദ്‌ നബിﷺ ഇരിക്കുന്നതിനു മുകളിൽ നിന്നു താഴേക്കിടുക , ശിരസ്സിൽ പതിച്ചുകൊള്ളും. അതോടെ കാര്യം പൂർത്തിയാകും”. ഇത് കേട്ടു അവരുടെ കൂട്ടത്തിൽ തന്നെയുള്ള ഒരാൾ പറഞ്ഞു. സല്ലാം ബിൻ മിശ്കം എന്നായിരുന്നു അയാളുടെ പേര്. “ദൈവത്തിനാണെ, നിങ്ങളത് ചെയ്യരുത്. ഒരുപക്ഷേ, ഇക്കാര്യം ആ നബിﷺക്കു വിവരം ലഭിച്ചേക്കാം “. ജൂതന്മാർക്ക് നബിﷺയെ അറിയാമായിരുന്നു എന്ന പ്രയോഗത്തിന്റെ ഒരു തെളിവ് കൂടിയായിരുന്നു ഈ പരാമർശം. അയാൾ ഒന്നുകൂടി പറഞ്ഞു. “മാത്രമല്ല, നാം ചെയ്തിട്ടുള്ള കരാറിന്റെ നഗ്നമായ ലംഘനമായിരിക്കുമത്‌ “. പക്ഷേ, അപ്പോൾ അവർ അത്‌ ചെവിക്കൊണ്ടില്ല. അവർ കൃത്യം നിർവഹിക്കാൻ തന്നെ തീരുമാനിച്ചു. എന്നാൽ ആരാണത് ചെയ്യുക ? അപ്പോഴതാ ദുർഭാഗ്യവാനായ ഒരുത്തൻ മുന്നോട്ടു വന്നു. അംറ് ബിൻ ജഹ്ഹാഷ് എന്നായിരുന്നു അവന്റെ പേര്. അവൻ ആ പാറയും ചുമന്നു മുകളിലേക്കു കയറിത്തുടങ്ങി.

പുറത്ത് നബിﷺയും അനുചരന്മാരും അകത്തുപോയ ആതിഥേയരെ കാത്തിരിക്കുകയാണല്ലോ? പെട്ടെന്ന് നബിﷺ എഴുന്നേറ്റു നടന്നകന്നു. കൂടെയാരെയും കൂട്ടുകയോ എങ്ങോട്ടെന്ന് പറയുകയോ ചെയ്തില്ല. നേരം കുറേ കഴിഞ്ഞു. സ്വഹാബികൾ ആകുലപ്പെട്ടു. എവിടേക്കായിരിക്കും പോയത് ?

എന്തായിരുന്നു അവിടെ സംഭവിച്ചത് ? ശത്രുക്കൾ കല്ലെടുത്തു മുകളിലേക്കു പോകവെ , ജിബ്‌രീൽ(അ) നബിﷺയെ സമീപിച്ചു അവിടുന്നു വിവരം നൽകി. പെട്ടെന്നവിടുന്നു പോയ്കൊള്ളാൻ പറഞ്ഞു. നബിﷺ പൊടുന്നനെ ആ ആജ്ഞ പാലിച്ചു. മദീനയിലേക്ക് പുറപ്പെട്ടു. ആരോടും വിവരം പറഞ്ഞില്ല.

കാത്തിരുന്നു നേരം കഴിഞ്ഞ സ്വഹാബികൾ അവിടെ നിന്നെഴുന്നേറ്റു. അവരും മുന്നോട്ട് നീങ്ങി. അതുവഴി വന്ന ഒരാളോട് നബിﷺയെക്കണ്ടോ എന്നന്വേഷിച്ചു. അദ്ദേഹം പറഞ്ഞു. അവിടുന്നു മദീനയിലേക്ക്‌ പ്രവേശിക്കുന്നത് ഞാൻ കണ്ടു. സ്വഹാബികൾക്ക് ആശ്വാസമായി. അവർ വേഗം മദീനയിലെത്തി നബിﷺയെ സമീപിച്ചു. അവിടുന്നു ജിബ്‌രീൽ (അ) വന്ന കാര്യവും ജൂതന്മാർ ചതിക്കാൻ ഉദ്ദേശിച്ച കാര്യവുമെല്ലാം പറഞ്ഞു. ഈ സംഭവം അല്ലാഹു വാഗ്ദാനം ചെയ്ത സുരക്ഷയുടെ പുലർച്ചയായിരുന്നു. “ദൈവദൂതരേ, തങ്ങളുടെ നാഥനിൽനിന്ന് തങ്ങൾക്ക് ഇറക്കിക്കിട്ടിയത് ജനങ്ങള്‍ക്കെത്തിച്ചുകൊടുക്കുക. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അവിടുന്ന്‌ അവന്‍ ഏല്പിച്ച ദൗത്യം നിറവേറ്റാത്ത വ്യക്തിയായിത്തീരും. ജനങ്ങളില്‍നിന്ന് അല്ലാഹു തങ്ങളെ രക്ഷിക്കും. സത്യനിഷേധികളായ ജനത്തെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല.“ വിശുദ്ധ ഖുർആൻ അഞ്ചാമധ്യായം അറുപത്തിയേഴാം സൂക്തത്തിന്റെ ആശയമാണിത്. നബിﷺയെ വധിക്കാൻ പലരും ശ്രമിച്ചിട്ടും സാധിക്കാതെ പോയത് ഈ സുരക്ഷ ഒന്നു കൊണ്ടായിരുന്നു.

ഇത്രയുമായപ്പോൾ ബനൂ നളീർനെതിരെ ചില നടപടികൾക്ക് മദീന നിർബന്ധിതരായി. കാരണം, രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് പുറമെ രാഷ്ട്ര നായകരെ ചതിച്ചു കൊലപ്പെടുത്താൻ കൂടി അവർ ശ്രമിച്ചിരിക്കുന്നു. മാപ്പർഹിക്കാത്ത കുറ്റങ്ങളാണ് അവർ ചെയ്തിരിക്കുന്നത്. നബിﷺ നയതന്ത്ര പരമായ ചില നീക്കങ്ങൾക്കൊരുങ്ങി. അവിടുത്തെ ഒരു ദൂതനെ അവരിലേക്കയച്ചു. അവർ നാടുവിട്ടുകൊള്ളാനുള്ള സന്ദേശവുമായി മുഹമ്മദ്‌ ബിൻ മസ്‌ലമ (റ)യെ അവരിലേക്കയച്ചു. ഔസ് ഗോത്രക്കാരനായ സ്വഹാബിയായിരുന്നു അദ്ദേഹം.
ഔസ് ഗോത്രത്തിൽ നിന്നു തന്നെ ഒരാൾ ഇത്തരമൊരു കത്തുമായി വന്നപ്പോൾ ബനൂ നളീറിനു അദ്ഭുതമായി ! അവർ വിശദമായി അന്വേഷിച്ചു. അപ്പോൾ മുഹമ്മദ്‌ ബിൻ മസ്‌ലമ (റ) പറഞ്ഞു. “കാലങ്ങളും അവസ്ഥകളുമൊക്കെ മാറിപ്പോയി. ഞങ്ങൾ നബിﷺയെ ആത്മാർഥമായി ഉൾക്കൊണ്ട്‌ കഴിഞ്ഞു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-363/365

മുഹമ്മദ് ബിൻ മസ്‌ലമ (റ)യുടെ കത്ത് ലഭിച്ചതും അവർ ക്ഷുഭിതരായി. എന്നിട്ട് ചോദിച്ചു : “ഈ സന്ദേശം ഞങ്ങൾക്കെത്തിച്ചുതരാൻ നിനക്കെങ്ങനെ ധൈര്യം വന്നു. നിങ്ങൾ പണ്ടുകാലത്തേ ഞങ്ങളോട് സഖ്യത്തിൽ കഴിഞ്ഞിരുന്ന ഗോത്രക്കാരനല്ലേ?” അപ്പോഴും മുഹമ്മദ് ബിൻ മസ്‌ലമ (റ) ഇസ്‌ലാം വഴി ലഭിച്ച നന്മകളെ എണ്ണിപ്പറഞ്ഞു.

നബിﷺക്കെതിരെ ജൂതന്മാർ നടത്തിയ ഗൂഢാലോചനയുടെ സന്ദർഭത്തെപ്പറ്റി വ്യത്യസ്ത നിവേദനങ്ങൾ കാണാം. ഇക്‌രിമ(റ)യിൽ നിന്ന് അബ്ദുബിൻ ഹുമൈദ് (റ) നിവേദനം ചെയ്യുന്നു. “ബനൂ നളീറുകാർ നബിﷺക്കെതിരെ ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ജൂതന്മാരിൽത്തന്നെയുള്ള ഒരാൾ അവിടേക്ക് വന്നു. അയാൾ ചോദിച്ചു : “നിങ്ങൾ എന്താണ് ആലോചിക്കുന്നത് ?”
അവർ പറഞ്ഞു. “ഞങ്ങൾ മുഹമ്മദ്ﷺനെ വധിച്ച് അനുചരന്മാരെ അധീനപ്പെടുത്താൻ ഒരുങ്ങുകയാണ് “.
“ശരി, അതിന് മുഹമ്മദെﷺവിടെ?”
“ഇതാ നമ്മുടെയടുത്ത് തന്നെയുണ്ടല്ലോ? പുറത്തിരിക്കുന്നു “.
“അതെങ്ങനെ മദീനയുടെ ഉൾപ്രദേശത്ത് നിന്ന് ഇപ്പോൾ മുഹമ്മദ്ﷺനെ കണ്ടിട്ടു വരുകയാണല്ലോ ഞാൻ “.
അപ്പോഴേക്കും നബിﷺയെ അന്വേഷിച്ചു അനുചരന്മാരും പോയിക്കഴിഞ്ഞു. ഇളിഭ്യരായ യഹൂദികളോട് ഹുയയ്ബിൻ അഖ്തബ് പറഞ്ഞു, അബുൽ ഖാസിം അഥവാ മുഹമ്മദ്‌ﷺ തിരക്ക് കാണിച്ചു. ഞങ്ങൾ ആവശ്യം നിറവേറ്റി സത്ക്കരിക്കാനിരിക്കുകയായിരുന്നു. ഏതായാലും യഹൂദികൾ അവരുടെ ചെയ്തിയിൽ നിരാശരായി. ഉടനെ കിനാനത് ബിൻ സുവൈറാ എന്നയാൾ ഇടപെട്ടു. അയാൾ പറഞ്ഞു : “എന്താണ് മുഹമ്മദ്‌ﷺ എഴുന്നേറ്റു പോയതെന്ന് നിങ്ങൾക്കറിയുമോ?” അവർ പറഞ്ഞു, “ഇല്ല. നിങ്ങൾക്കറിയുമോ എന്താണെന്ന്?” കിനാന പറഞ്ഞു, “എനിക്കറിയാം.
തൗറാത് സത്യം! നിങ്ങളുടെ ചതിയെക്കുറിച്ചു മുഹമ്മദ്‌ﷺനു വിവരം ലഭിച്ചിരിക്കും. നിങ്ങൾ നിങ്ങളെത്തന്നെ മറന്നു പറയാതിരിക്കുക. അവിടുന്ന്‌ അല്ലാഹുവിന്റെ ദൂതരാﷺണ്‌. നിങ്ങളുടെ വഞ്ചനയെക്കുറിച്ചു വിവരം ലഭിച്ചിട്ടു തന്നെയാണ് അവിടുന്ന്‌ എഴുന്നേറ്റു പോയത്. അവിടുന്ന്‌ അന്ത്യപ്രവാചകനാﷺണ്. നിങ്ങൾ ആഗ്രഹിച്ചു അന്ത്യപ്രവാചകൻ ഹാറൂൻ പരമ്പരയിൽ വരണമെന്ന്. അല്ലാഹു അവനിഷ്ടപ്പെട്ടവരിലൂടെ നിയോഗിച്ചു. ഭേദഗതി ചെയ്യാത്ത തൗറാത്തും നമ്മുടെ മറ്റു ഗ്രന്ഥങ്ങളിലും പറഞ്ഞത് പ്രകാരം അന്ത്യപ്രവാചകന്റെ ജനനം മക്കയിലും പലായനം ചെയ്തെത്തുന്ന ദേശം യസ്‌രിബുമല്ലേ? വേദത്തിൽപ്പറഞ്ഞതിൽ ഒരക്ഷരം പോലും തെറ്റാത്ത വിധം ലക്ഷണമൊത്തെ വ്യക്തിത്വമല്ലേ ഇത് “.

“പക്ഷേ, നിങ്ങൾ കുട്ടികളെയും കരയിച്ച്‌ യാത്ര ചെയ്യുന്നതാണു ഞാനിപ്പോൾക്കാണുന്നത്. നിങ്ങൾ സ്വത്ത് സമ്പാദ്യങ്ങളെല്ലാം ഇട്ടേച്ചു പോകുന്നു. ഇത് നിങ്ങളുടെ മാന്യതയാണ്. പക്ഷേ, ഞാനൊന്നു പറയട്ടെ. നിങ്ങൾ വിശ്വാസികളാവുക. ആശ്വാസത്തോടെ ഇവിടെ വസിക്കുക “.
അപ്പോഴവർ പറഞ്ഞു, “ഞങ്ങൾ തൗറാത്തിനെയോ മൂസാനബി(അ)യുടെ കരാറിനെയോ അവഗണിക്കുകയില്ല. ഞങ്ങളോട് ആവശ്യപ്പെട്ടത് ഇവിടം വിട്ടുപോകാനാണ്. ഞങ്ങൾ പോവുകയാണ് “. സല്ലാം ബിൻ മിഷ്കം പറഞ്ഞു, “നിങ്ങളുടെ ഇടപെടലിനോട് ഞാൻ വിയോജിക്കുന്നു. ഏതായാലും പോകാൻ പറഞ്ഞതല്ലേ! നമുക്ക് പോകാം “.
ഇത് കേട്ടയുടൻ കിനാന പറഞ്ഞു, “നിങ്ങളുടെ ഇഷ്ടം പോലെയാകാം “. അദ്ദേഹം ഇറങ്ങിപ്പോയി.

ഇബ്നു ഉത്ബ (റ) നിവേദനം ചെയ്യുന്നു. ‘വിശുദ്ധ ഖുർആൻ അഞ്ചാമധ്യായം അൽ മാഇദയിലെ പതിനൊന്നാം സൂക്തം ഈ സന്ദർഭത്തെയാണ് സൂചിപ്പിക്കുന്നത്. ആശയം ഇങ്ങനെ വായിക്കാം. “വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ: ഒരുകൂട്ടര്‍ നിങ്ങള്‍ക്ക് നേരെ കൈയോങ്ങാന്‍ ഒരുമ്പെടുകയായിരുന്നു. അപ്പോള്‍ അല്ലാഹു നിങ്ങളില്‍ നിന്ന് അവരുടെ കൈകളെ തടഞ്ഞുനിര്‍ത്തി. അതിനാല്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം സര്‍വസ്വം സമര്‍പ്പിക്കട്ടെ.“

ബനൂ നളീർ മദീന വിട്ടുപോകാനുള്ള ഒരുക്കത്തിലാണ്. അവർ അവരുടെ സാധന സാമഗ്രികളൊക്കെ ക്രമീകരിക്കുകയാണ്. അതിനിടയിൽ മുനാഫിഖുകൾ അഥവാ കപട വിശ്വാസികളുടെ നേതാവ് അബുല്ലാഹിബ്നു ഉബയ്യൂ ബിൻ സലൂൽ ബനൂ നളീർ ഗോത്രത്തിലേക്ക് ഒരു സന്ദേശമയച്ചു. സുവൈദ്, ദാഇസ് എന്നീ രണ്ടുപേരാണ് സന്ദേശവുമായി വന്നത്. ഉള്ളടക്കം ഇങ്ങനെയായിരുന്നു. “നിങ്ങൾ നാടും സ്വത്തും ഒന്നും വിട്ടു പോകേണ്ടതില്ല. എനിക്കൊപ്പം രണ്ടായിരം അംഗങ്ങളുണ്ട്. നിങ്ങൾ കോട്ടകളിൽത്തന്നെ കഴിയുക. നിങ്ങൾക്കൊപ്പം ഞങ്ങളും നിങ്ങളുടെ കോട്ടകളിൽ പ്രവേശിക്കാം. അവരിൽ അവസാനത്തെയാളും മരിച്ചതിനു ശേഷമേ നിങ്ങളെയാരെങ്കിലും തൊടുകയുള്ളൂ. ബനൂ ഖുറയ്ള ഗോത്രവും നിങ്ങളോട് കരാറിൽക്കഴിയുന്ന ഗത്ഫാൻ ഗോത്രവും നിങ്ങളെ കൈവിടില്ല.

തുടർന്നു അബുല്ലാഹിബിനു ഉബയ്യ് ബനൂ ഖുറയ്ളയിലേക്ക് ഒരു ദൂതനെ അയച്ചു. കഅ്ബു അസദിനെക്കണ്ടു അവരുടെ പിന്തുണ നേടുകയായിരുന്നു ലക്ഷ്യം. എന്നാൽ അവർ വഴങ്ങിയില്ല. മുസ്‌ലിംകളുമായുള്ള കരാറിൽ നിന്നും പിൻവാങ്ങുകയില്ല എന്ന്‌ അദ്ദേഹം തറപ്പിച്ചു പറഞ്ഞു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-364/365

സല്ലാം ബിൻ മിഷ്കം, ഹുയയ്യ് ബിൻ അഖ്‌തബ്നോട് പറഞ്ഞു, “നിങ്ങളുടെ അഭിപ്രായം തെറ്റാണ്. അപക്വമായ കാര്യമാണ് നിങ്ങൾ പറയുന്നത്. അതുകൊണ്ടാണ് ഞാൻ നിങ്ങളെ മാറ്റി നിർത്തുന്നത് “.
“പൊന്നു ഹുയയ്യേ , നിങ്ങൾ നിങ്ങളുടെ തീരുമാനത്തിൽ നിന്നു പിൻമാറുക. നിങ്ങൾക്കറിയില്ലേ അത്‌ അല്ലാഹുവിന്റെ ദൂതരാﷺണെന്ന് ?. ആ പ്രവാചകﷺന്റെ വിശേഷണങ്ങളെല്ലാം നമുക്കറിയുന്നതല്ലേ? നാം ആ പ്രവാചകനെﷺ പിൻപറ്റുന്നതിനു പകരം അസൂയപ്പെടുകയാണ് ചെയ്തത്. ഇനി നമുക്ക് ആ പ്രവാചകൻﷺ തന്ന സുരക്ഷ മാനിച്ചു പുറത്തേക്കു പോകാം. ചതിപ്രയോഗം ചെയ്യരുതെന്ന് പറഞ്ഞപ്പോൾ നിങ്ങൾ എന്നെ മാനിച്ചില്ല. ഇനി ഇതെങ്കിലും ഒന്നു മാനിക്കുക “.

“നമ്മുടെ സ്വത്തു മുഴുവൻ ഒഴിവാക്കിപ്പോയാൽ നമുക്ക് എന്ത് നിലനിൽപ്പാണുള്ളത് ? സമ്പത്ത് കൂടിയില്ലെങ്കിൽ നമ്മൾ മറ്റു ദരിദ്ര ജൂതന്മാരെപ്പോലെ വഴിയാധാരമാവും. നാം പോകാൻ വിസമ്മതിക്കുകയും മുഹമ്മദ്‌ നബിﷺ വന്നു നമ്മെ കോട്ടയിൽ ഉപരോധിക്കുകയും ചെയ്താൽ ഇപ്പോൾ പോകുന്നത് പോലെ സ്വത്തുകൾ എടുത്തു കൊണ്ടുപോകാൻ നമുക്കാവില്ല. പിന്നീട് നമ്മുടെ ആവശ്യങ്ങൾ അവർ പരിഗണിക്കേണ്ടതില്ല. അതുകൊണ്ട് അതിനൊന്നും വഴിയൊരുക്കാതെ സ്വത്തുകൾ സംരക്ഷിച്ചു മറ്റു സ്ഥലത്തേക്ക് നീങ്ങുക തന്നെ “.

ഉടനെ ഹുയയ്യു പറഞ്ഞു : ” നമ്മിൽ നിന്നു പ്രകോപനമൊന്നുമില്ലാതെ മുഹമ്മദ്‌ﷺ നമ്മെ ഉപരോധിക്കുകയില്ല. പോരാത്തതിന് അബ്ദുല്ലാഹി ബിനു ഉബയ്യ് നൽകിയ വാഗ്ദാനങ്ങൾ നിങ്ങൾ കണ്ടതല്ലേ?”

ഉടനെ സല്ലാം പറഞ്ഞു. “അബ്ദുല്ലാഹിബിന് ഉബയ്യ് പറഞ്ഞതിൽ ഒരു കഥയുമില്ല. അവൻ നമ്മെ തമ്മിൽത്തല്ലിച്ചിട്ടു വീട്ടിൽ കയറിയിരിക്കും. അവൻ മുസ്‌ലിമോ ജൂതനോ അവന്റെ തന്നെ സമുദായത്തിലെ വിശ്വാസിയോ അല്ല. പിന്നെ അവനെ ആരാണ് അംഗീകരിക്കുക?” അപ്പോൾ ഹുയയ്യ് പറഞ്ഞു, “മുഹമ്മദിﷺനോടുള്ള ശത്രുതയും യുദ്ധവും മാത്രമേ എന്റെ മുന്നിലുള്ളൂ “.
“എന്നാൽ ഈ നാടുവിട്ടു പോവുകയും സാമ്പത്തിക നഷ്ടം വരുത്തുകയും കുടുംബങ്ങളെ ബന്ധിയാക്കുകയുമല്ലാതെ ഒരു മിച്ചവുമുണ്ടാകില്ല. പോരാത്തതിന് യുദ്ധവും “. സല്ലാം പ്രതികരിച്ചു. പക്ഷേ, ഹുയയ്യു യുദ്ധത്തിന്റെ വഴി തന്നെ തെരഞ്ഞെടുത്തു.

അങ്ങനെ നിൽക്കുമ്പോഴാണ് സാമൂക് ബിൻ അബിൽ ഹാഖിഖ് എന്നയാൾ ഹുയയ്യിനെ സമീപിച്ചത്. കൂട്ടത്തിൽ ഒരല്പം ബുദ്ധി മാന്ദ്യമുള്ളയാളായിരുന്നു സാമൂക്. അയാൾ ഹുയയ്യിനോട് പറഞ്ഞു. “നീ ഒരു ലക്ഷണക്കേടുള്ളവനാണ്. നീ ഈ ബനൂ നളീറിനെ നശിപ്പിക്കും, ഇല്ലാതെയാക്കും”. ഇത് കേട്ടതും ഹുയയ്യിന് ദേഷ്യം പിടിച്ചു. അയാൾ ഒച്ചവച്ചു. “ബനൂ നളീറിലെ എല്ലാവരും എന്നോട് നേരിടുന്നു. ഒടുവിൽ ഇതാ, ഈ പിരാന്തനും എന്നെ ഉപദേശിക്കാൻ വന്നിരിക്കുന്നു “. ഉടനെ അയാളുടെ സഹോദരങ്ങൾ ഇടപെട്ടു പിന്തുണ നൽകി. “ഹുയയ്യേ നിങ്ങൾക്കൊപ്പമാണ് ഞങ്ങൾ, നിങ്ങളെ എതിർക്കുന്നില്ല “.

ഹുയയ്യു തന്റെ സഹോദരൻ ജുദയ്യിനെ നബി ﷺ യുടെ അടുത്തേക്കയച്ചു. എന്നിട്ടറിയിച്ചു. “ഞങ്ങൾ ഇവിടെ നിന്നു പോകാൻ ഉദ്ദേശിക്കുന്നില്ല. സ്വത്തും വീടും ഒഴിവാക്കി ഞങ്ങൾ പോകില്ല. നിങ്ങൾക്കു വേണ്ടത് ചെയ്യാം “.

ശേഷം ജുദയ്യ്, ഇബ്നു ഉബ്ബയ്യിന്റെ അടുത്തേക്ക് പോയി. ഹുയയ്യിന്റെ സന്ദേശം കൈമാറി. അതിങ്ങനെയായിരുന്നു : “ഞങ്ങൾ മുഹമ്മദ്‌ﷺനോട് യുദ്ധത്തിന് സന്നദ്ധത അറിയിച്ചിരിക്കുന്നു. അതുകൊണ്ട് നിങ്ങൾ വാഗ്ദാനം ചെയ്ത സഹായം എത്രയും വേഗം എത്തിച്ചു തരണം”.

ജുദയ്യ് ബിൻ അഖ്‌തബ് സന്ദേശവുമായി വരുമ്പോൾ നബിﷺ അനുയായികൾക്കൊപ്പം ഇരിക്കുകയായിരുന്നു. ജുദയ്യ് സന്ദേശം കൈമാറിയതും നബിﷺ തക്ബീർ മുഴക്കി. അല്ലാഹുവിന്റെ മഹത്വത്തെ വാഴ്ത്തി. ഇത് കേട്ടതും അനുയായികളും തക്ബീർ മുഴക്കി. നബിﷺ അനുയായികളോട്‌ പറഞ്ഞു. “ഇതാ ജൂതന്മാർ യുദ്ധത്തിനു തയ്യാറായിരിക്കുന്നു “.

ശേഷം, ജുദയ്യ് അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ അടുത്തേക്ക് പോയി. അയാൾ തന്നോട് ഉടമ്പടിയിൽക്കഴിയുന്ന ചിലരോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോഴേക്കും നബിﷺയുടെ ദൂതന്മാർ ബനൂ നളീറിലേക്ക് പോകാനുള്ള വിജ്ഞാപനവുമായി എത്തി. അതുകേട്ടു ഉബയ്യ് പടയങ്കി ധരിച്ചു. കാരണം, ഇബ്നു ഉബയ്യ് പ്രത്യക്ഷത്തിൽ പ്രവാചകർക്കൊപ്പം നിൽക്കുന്ന ആളാണല്ലോ.

ജുദയ്യിന് എന്തുചെയ്യണമെന്നറിയാതെയായി. അയാൾ തന്റെ സഹോദരൻ ഹുയയ്യിനോട് പോയിപ്പറഞ്ഞു. “ഇബ്നു ഉബയ്യിൽ നിന്നു നാശമല്ലാതെ ഞാനൊന്നും പ്രതീക്ഷിക്കുന്നില്ല “. ശേഷം അദ്ദേഹം നബിﷺയുടെയും ഇബ്നു ഉബയ്യിന്റെയും അടുത്തുപോയ രംഗങ്ങളെക്കുറിച്ച് വിശദീകരിച്ചു. അപ്പോൾ ചോദിച്ചു. “ഒടുവിൽ ഇബ്നു ഉബയ്യ് എന്ത് പറഞ്ഞു ?”
“ഗത്ഫാനിൽ നിന്നു തന്നോട് കരാറിലായവർ നമ്മോടൊപ്പം വന്നു ചേർന്നുകൊള്ളും എന്ന്‌ പറഞ്ഞു “.

ജൂതന്മാർക്ക് അപ്പോഴേ അപകടം മണത്തു കഴിഞ്ഞു. ബനൂ നളീറിലേക്ക് പുറപ്പെടാൻ നബിﷺ അനുയായികൾക്ക് ആഹ്വാനം നൽകി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-365/365

നബിﷺയും സ്വഹാബികളും ബനൂ നളീറിലേക്ക് പുറപ്പെട്ടപ്പോൾ അബ്ദുല്ലാഹിബിന് ഉമ്മു മക്തൂമ്(റ)നെ മദീനയിലെ നേതൃത്വം ഏല്പിച്ചു. ഹിജ്‌റ വർഷം നാല് റബീഉൽ അവ്വലിലായിരുന്നു ഈ പുറപ്പാട്. ഈ തിയ്യതിയെക്കുറിച്ചുള്ള ചർച്ചകളിൽ വ്യത്യസ്ത അഭിപ്രായങ്ങൾ കാണാം. അതിൽ ചിലർ ഈ സംഭവം ബദ്റിനുടനെ ആയിരുന്നു എന്ന്‌ പറഞ്ഞിട്ടുണ്ട്. അവർക്ക് ബനൂ ഖൈനുഖാഉം ബനൂ നളീറും തമ്മിൽ അവ്യക്തത വന്നതാകാം എന്നതാണ് പണ്ഡിത വീക്ഷണം.

സധൈര്യം നബിﷺയും സംഘവും അവരുടെ കോട്ടമുറ്റത്തേക്കെത്തി. മുളകൊണ്ടുണ്ടാക്കിയ ഒരു കുടിൽ നബിﷺക്കു വേണ്ടി സഅ്ദ് ബിൻ ഉബാദ (റ) കൊടുത്തുവിട്ടിരുന്നു. നബിﷺ ആ അംഗണത്തിൽ വച്ചായിരുന്നു അസ്ർ നിസ്ക്കാരം നിർവഹിച്ചത്. മുസ്‌ലിം സംഘത്തിന്റെ ആഗമനം കണ്ടു ബനൂ നളീർ അവരുടെ കോട്ടയുടെ ഉള്ളിലേക്ക് കയറി. മുസ്‌ലിം സൈന്യം കോട്ട ഉപരോധിച്ചു. ബനൂ നളീറിലെ യോദ്ധാക്കൾ കോട്ടയുടെ ഉയർന്ന ഭാഗങ്ങളിൽക്കയറി കോട്ടയോടു ചേർന്നുള്ള ഈത്തപ്പന തോട്ടം മറയാക്കി അമ്പെയ്യാനൊരുങ്ങി.

ഇശാ നിസ്ക്കാരാനന്തരം നബിﷺയും പത്ത് അനുയായികളും വീട്ടിലേക്കു പോയി. അലി(റ)യ്യിനെ നേതൃത്വം ഏല്പിച്ചു. അബൂബക്കറി(റ)നെയാണെന്നും അഭിപ്രായമുണ്ട്. രാത്രിയിൽ അവർ കോട്ട ഉപരോധിച്ച് ജാഗ്രതയോടെ നിലകൊണ്ടു. നബിﷺ പ്രഭാതത്തിന് മുമ്പ് തന്നെ തിരിച്ചെത്തി. ബിലാൽ (റ) പ്രഭാത നിസ്ക്കാരത്തിനു വാങ്ക് കൊടുത്തു. ബനൂ ഖത്മ ഭാഗത്ത് നബിﷺ സ്വഹാബികൾക്കൊപ്പം പ്രഭാത നിസ്ക്കാരം നിർവഹിച്ചു. ശേഷം അതിനോട് ചേർന്ന് നബിﷺയുടെ കുടിൽ ക്രമീകരിച്ചു. ഉടനെത്തന്നെ നബിﷺ കുടിലിൽ പ്രവേശിച്ചു.

ബനൂ നളീർ അമ്പെയ്ത്തു തുടർന്നു. അവരുടെ കൂട്ടത്തിലെ അമ്പെയ്ത്തു വിദഗ്ധനായ ഗസ്’വക് എന്നയാൾ എയ്ത അമ്പ് നബിﷺയുടെ കുടിലിനുമേൽപ്പതിച്ചു. അതോടെ സ്വഹാബികൾ നബിﷺയുടെ കുടിലിന്റെ സ്ഥാനം മാറ്റി. മസ്ജിദുൽ ഫളീഖിന്റെയടുത്തു സ്ഥാപിച്ചു. അമ്പ് എത്തുന്നതിനേക്കാൾ അകലത്തിലായിരുന്നു അത്.

ഉബയ്യ് ബിൻ സലൂലിന്റെ വാഗ്ദാനത്തിൽ വിശ്വസിച്ചു അയാളുടെയും സൈന്യത്തിന്റെയും പിന്തുണ പ്രതീക്ഷിച്ചാണ് ജൂതന്മാർ നിൽക്കുന്നത്. ഒപ്പം ബനൂ ഖുറയ്ള എന്ന ജൂത ഗോത്രം നബിﷺയോടുള്ള കരാർ ലംഘിച്ചു തങ്ങളോടൊപ്പം കൂടുമെന്നും ബനൂ നളീർ പ്രതീക്ഷിച്ചു. പക്ഷേ, രണ്ടും സംഭവിച്ചില്ല. അതിനിടയിൽ നബിﷺ ബനൂ ഖുറയ്ളയെ സന്ദർശിച്ചു. അവരുമായുള്ള കരാർ പുതുക്കുകയും ശക്തിപ്പെടുത്തുകയും ചെയ്തു.

പ്രതീക്ഷിച്ച സഹായം എത്താതെ വിഷമിച്ചിരിക്കുന്ന ഹുയയ്യു ബിൻ അഖ്‌തബിനോട് സല്ലാം ബിൻ മിശ്കാമും കിനാനത് ബിൻ സുവൈറാഉം ചോദിച്ചു. “എവിടെപ്പോയി ഇബ്നു ഉബയ്യും സംഘവും?” ദയനീയമായി അയാൾ പറഞ്ഞു, “ഇത് നമുക്ക് ദൈവം കണക്കാക്കിയ യുദ്ധമായിരിക്കും. ഞാനെന്തു ചെയ്യും? ”

ഉപരോധം തുടർന്നു. അങ്ങനെയിരിക്കെ, രാത്രിയായപ്പോൾ അലി( റ)യെ കാണാനില്ല. സ്വഹാബികൾ വന്നു നബിﷺയോട് വിഷയം പറഞ്ഞു. “അത് നോക്കണ്ട, അദ്ദേഹം എന്തെങ്കിലും ദൗത്യത്തിലായിരിക്കും ” എന്ന്‌ നബിﷺ പ്രതികരിച്ചു. അധികം വൈകിയില്ല. ഗസ്’വക് എന്ന ശത്രുവിന്റെ ശിരസ്സുമായി അലി (റ) എത്തിച്ചേർന്നു. അമ്പെയ്ത്തു വിദഗ്ധനായ ഗസ്’വക് മുസ്‌ലിംകളെ ചതിക്കാനിറങ്ങിയ തക്കത്തിൽ പതിയിരുന്ന് അവനെ ബന്ധിച്ചു കൊലപ്പെടുത്തിയിട്ടാണ് അലി (റ) വന്നിരിക്കുന്നത്. അവനൊപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയും ചെയ്തു. അബൂ ദുജാന(റ)യും സഹൽ ബിൻ ഹുനൈഫു(റ)മടങ്ങുന്ന ഒരു പത്തംഗ സംഘത്തെ നബിﷺ ഓടിപ്പോയവരെത്തേടിയയച്ചു. അവർ ഭംഗിയായി ആ ദൗത്യം നിർവഹിച്ചു. അവരെ പരാജയപ്പെടുത്തി വകവരുത്തി.

സഅ്ദ് ബിൻ ഉബാദ (റ) സ്വഹാബികൾക്കുള്ള കാരക്കയും മറ്റും എത്തിച്ചു കൊണ്ടിരുന്നു.
ഈത്തപ്പനക്കൂട്ടത്തിന്റെ മറവിൽ നിന്നുകൊണ്ടുള്ള അമ്പെയ്‌ത്തുകൾ മുസ്‌ലിംകൾക്ക് വലിയ തലവേദനയായി. ഉപരോധം ദിവസങ്ങൾ നീളുകയാണ്. ഇനിയും നന്നായി ഭയപ്പെടുത്തിയെങ്കിലേ അവരുടെ ആക്രമണങ്ങൾ അവസാനിപ്പിച്ചു നാടുവിട്ടുപോവുകയോ വിധേയപ്പെടുകയോ ചെയ്യുകയുള്ളൂ. ഒടുവിൽ പ്രതിരോധത്തിന് തടസ്സമായ ഈത്തപ്പന മരങ്ങൾ മുറിക്കാൻ നബിﷺ കല്പന നൽകി. അബൂലൈല അൽ മാസിനി(റ)യും അബ്ദുല്ലാഹിബ്നു സലാമും(റ) ആ ദൗത്യം നിറവേറ്റാൻ തുടങ്ങി. മരങ്ങൾ മുറിക്കാൻ തുടങ്ങിയതോടെ ശത്രു പാളയത്തിൽ ഭയം ഇരച്ചു കയറി. യഥാർഥത്തിൽ മാസങ്ങളോളം ജൂതൻമാർക്ക് സുരക്ഷിതമായിക്കഴിയാവുന്ന വിധം വിഭവങ്ങളോടെ അവർ കോട്ടയ്ക്കുള്ളിലാണുള്ളത്. എന്നാൽ അവരുടെ ഹൃദയങ്ങളിൽ അല്ലാഹു ഭയമിട്ടുകൊടുത്തു. വിശുദ്ധ ഖുർആനിലെ ‘അൽ ഹശ്ർ’ അധ്യായത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. (തുടരും….)

അൽഹംദുലില്ലാഹ് 365 ദിവസത്തേക്ക് പ്രഖ്യാപിച്ച MAHABBA TWEET എഴുത്ത് ഇന്നിവിടെ പൂർത്തിയാവുകയാണ്. അല്ലാഹുവിനെ സ്തുതിക്കുന്നു. പ്രഖ്യാപിച്ചത് മുതൽ ഈ വർഷത്തേക്ക് ആയുസ്സും അവസരവും എല്ലാമെല്ലാം കനിഞ്ഞു നൽകിയ ഔദാര്യവാനായ അല്ലാഹുവിന്, സന്തോഷത്തോടെ വായിച്ചും പ്രചോദിപ്പിച്ചും ഒപ്പം നിന്ന വായനക്കാർക്ക്, പ്രിയപ്പെട്ട എല്ലാവർക്കും നന്ദി… അല്ലാഹു സ്വീകരിക്കട്ടെ…. നന്മകൾ ഉണ്ടാവട്ടെ…. നബി വായന എവിടെയും എത്തിയിട്ടില്ല…. ഇനിയും കുറച്ചുകൂടി മുന്നോട്ടുപോകാമെന്ന് ഉദ്ദേശിക്കുന്നു…. അല്ലാഹു ഭാഗ്യം തരട്ടെ…. ഏവരുടെയും പ്രാർഥന വേണം…..

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-366/365

ഗതിമുട്ടിയ ഹുയയ്യ് ബിൻ അഖ്തബ് നബിﷺയുടെ അടുത്തേക്ക് ആളെയയച്ചു. എന്നിട്ടദ്ദേഹം പറഞ്ഞു, “അവിടുന്ന്‌ ആവശ്യപ്പെട്ട ദിയാ ധനം ഞങ്ങൾ തരാം. ഞങ്ങൾ ഇവിടെ നിന്നും പോയ്ക്കൊള്ളാം “.

“നിങ്ങൾ ഇനി തരുന്നതൊന്നും ഞങ്ങൾക്ക് വേണ്ട. ഒട്ടകപ്പുറത്തു കൊണ്ടുപോകാവുന്നതുമായി നിങ്ങൾ നാട് വിട്ടാൽ മാത്രം മതി.” നബിﷺ പ്രതികരണമറിയിച്ചു. അപ്പോൾ സല്ലാം ബിൻ മിഷ്കം ഹുയയ്യിനോട് പറഞ്ഞു, “ഇനിയും വൈകിയിട്ടു കൂടുതൽ നഷ്ടങ്ങൾ വരുത്താതെ പോയ്ക്കൊള്ളുക. അതാണ്‌ നല്ലത് “.
അയാൾ ചോദിച്ചു, “ഇനിയെന്താണ് നഷ്ടം വരാനുള്ളത് ? ഇനിയും മുന്നോട്ട് പോയാൽ നിങ്ങളിൽ പലരും ബന്ധികളാവും. നീണ്ട യുദ്ധത്തിന് വഴിയൊരുങ്ങും. അതിനൊന്നും നിൽക്കാതെ പോകുന്നതല്ലേ നല്ലത്?”
പെട്ടെന്നതങ്ങ് അംഗീകരിക്കാൻ ഹുയയ്യിന് കഴിഞ്ഞില്ല. അതിനിടെ യാമീൻ ബിൻ ഉമൈർ, അബൂ സഈദ് ബിൻ വഹബ് എന്നീ രണ്ടാളുകൾ നബിﷺയെ കണ്ടു ഇസ്‌ലാമിലേക്ക് ചേർന്നു. അവർ സുരക്ഷ സമ്പാദിക്കുകയും ചെയ്തു.

ബനൂ നളീറിനെതിരെ ഉപരോധം ഏർപ്പെടുത്തിയത് പതിനഞ്ചു ദിവസം, ആറ് ദിവസം, ഇരുപതു ദിവസം ഇങ്ങനെ പല അഭിപ്രായങ്ങളും ഉണ്ട്. ആഇശ (റ) റിപ്പോർട്ട് ചെയ്തത് ഇരുപത്തി അഞ്ച് ദിവസങ്ങൾ എന്നായിരുന്നു.

ബനൂ നളീർ മദീന വിട്ടു പാലായനം തുടങ്ങി. ഓരോ ഒട്ടകത്തിലും കുന്നുപോലെ സാധനങ്ങളും വഹിച്ചു ആഘോഷപൂർവം അവർ നടന്നു നീങ്ങി. മദീനയുടെ ഹൃദയ ഭാഗത്തുകൂടി അറുനൂറ് ഒട്ടകങ്ങളുടെ ഒരു മഹാനിര അരിച്ചു നീങ്ങി. ആഭരണങ്ങളും ഉടയാടകളും ആഡംബര വസ്തുക്കളുമെല്ലാം മദീനക്കാരെ അദ്ഭുതപ്പെടുത്തി. അവരിൽ വലിയ ഒരു സംഘം ഖൈബറിലേക്കാണ് പോയത്. ഹുയയ്യ്, സല്ലാം, കിനാന എന്നീ നേതാക്കൾ അക്കൂട്ടത്തിലുണ്ടായിരുന്നു. ബാക്കിയുള്ളവർ സിറിയയിലേക്ക് സഞ്ചരിച്ചു. ഈത്തപ്പനയും കൃഷിയും അനുകൂലമായ സ്ഥലങ്ങളാണ് അവർ തെരഞ്ഞെടുത്തത്. മദീനയിൽ നിന്നു ചെല്ലുന്നവർക്ക് നല്ല ആസ്തിയുണ്ടായിരുന്നതിനാൽ അവരെ സ്വീകരിക്കുന്നതിൽ മറ്റു ദേശക്കാർക്ക് പരിഭവമില്ലായിരുന്നു.

ഏതു അന്താരാഷ്ട്ര നിയമങ്ങൾ വച്ചു നോക്കിയാലും രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഭദ്രതയ്ക്കു വേണ്ടി ഒരു ഭരണാധികാരി സ്വീകരിച്ച ഈ നടപടി തീവ്രമായെന്നോ കുറ്റകരമായിപ്പോയെന്നോ പറയാനാവില്ല.

ബനൂ നളീർ സംഭവത്തിന്റെ നയവും രാഷ്ട്രീയവും ആർജിത സ്വത്തിന്റെ വിതരണവുമെല്ലാം വളരെ മനോഹരമായി ഖുർആൻ തന്നെ വിശദീകരിക്കുന്നു. അൽ ഹശ്ർ അധ്യായത്തിന്റെ ആശയസാരം ഒന്നു വായിച്ച് നോക്കൂ.

“ആകാശഭൂമികളിലുള്ളവയെല്ലാം അല്ലാഹുവെ പ്രകീര്‍ത്തിക്കുന്നു. അവന്‍ അജയ്യനും യുക്തിമാനുമത്രെ. ഒന്നാമത്തെ പടപ്പുറപ്പാടില്‍ത്തന്നെ വേദക്കാരിലെ സത്യനിഷേധികളെ അവരുടെ പാര്‍പ്പിടങ്ങളില്‍ നിന്ന് പുറത്താക്കിയത് അവനാണ്. അവര്‍ പുറത്തുപോകുമെന്ന് നിങ്ങള്‍ കരുതിയിരുന്നില്ല. അവരോ, തങ്ങളുടെ കോട്ടകള്‍ അല്ലാഹുവില്‍ നിന്ന് തങ്ങളെ രക്ഷിക്കുമെന്ന് കരുതിക്കഴിയുകയായിരുന്നു. എന്നാല്‍, അവര്‍ തീരെ പ്രതീക്ഷിക്കാത്ത വഴിയിലൂടെ അല്ലാഹു അവരുടെ നേരെ ചെന്നു. അവന്‍ അവരുടെ മനസ്സുകളില്‍ ഭയം പടര്‍ത്തി. അങ്ങനെയവര്‍ സ്വന്തം കൈകള്‍ക്കൊണ്ടുതന്നെ തങ്ങളുടെ പാര്‍പ്പിടങ്ങള്‍ തകര്‍ത്തുകൊണ്ടിരുന്നു. സത്യവിശ്വാസികള്‍ തങ്ങളുടെ കൈകളാലും. അതിനാല്‍ കണ്ണുള്ളവരേ, ഇതില്‍നിന്ന് പാഠമുള്‍ക്കൊള്ളുക. അല്ലാഹു അവര്‍ക്ക് നാടുകടത്തല്‍ ശിക്ഷ വിധിച്ചില്ലായിരുന്നെങ്കില്‍ അവന്‍ അവരെ ഈ ലോകത്തുവച്ചുതന്നെ ശിക്ഷിക്കുമായിരുന്നു. പരലോകത്തവര്‍ക്ക് നരകശിക്ഷയാണുണ്ടാവുക. അവര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും എതിര്‍ത്തതിനാലാണിത്. അല്ലാഹുവോട് വിരോധം വച്ചുപുലര്‍ത്തുന്നവരേ, അറിയണം: അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്. നിങ്ങള്‍ ചില ഈത്തപ്പനകളെ മുറിച്ചിട്ടതും ചിലതിനെ അവയുടെ മുരടുകളില്‍ നിലനിര്‍ത്തിയതും അല്ലാഹുവിന്റെ അനുമതിയോടെത്തന്നെയാണ്. അധര്‍മകാരികളെ അപമാനിതരാക്കാനാണത്. അവരില്‍നിന്ന് അല്ലാഹു തന്റെ ദൂതന് അധീനപ്പെടുത്തിക്കൊടുത്ത ധനമുണ്ടല്ലോ; അതിനായി നിങ്ങള്‍ക്ക് കുതിരകളെയും ഒട്ടകങ്ങളെയും ഓടിക്കേണ്ടി വന്നില്ല. എന്നാല്‍, അല്ലാഹു അവനാഗ്രഹിക്കുന്നവരുടെ മേല്‍ തന്റെ ദൂതന്മാര്‍ക്ക് ആധിപത്യമേകുന്നു. അല്ലാഹു എല്ലാറ്റിനും കഴിവുറ്റവനല്ലോ. വിവിധ നാടുകളില്‍നിന്ന് അല്ലാഹു അവന്റെ ദൂതന് നേടിക്കൊടുത്തതൊക്കെയും അല്ലാഹുവിനും അവന്റെ ദൂതനും അടുത്ത ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും യാത്രക്കാർക്കുമുള്ളതാണ്. സമ്പത്ത് നിങ്ങളിലെ ധനികര്‍ക്കിടയില്‍ മാത്രം ചുറ്റിക്കറങ്ങാതിരിക്കാനാണീ നടപടികൾ. അല്ലാഹുവിന്റെ ദൂതന്‍ നിങ്ങള്‍ക്കു നല്‍കുന്നതെന്തോ അതു നിങ്ങള്‍ സ്വീകരിക്കുക. വിലക്കുന്നതെന്തോ അതില്‍നിന്ന് വിട്ടകലുകയും ചെയ്യുക. അല്ലാഹുവോട് ഭക്തിയുള്ളവരാവുക. അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവന്‍ തന്നെ; തീര്‍ച്ച!”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-367/365

സൂറതുൽ ഹശ്റിന്റെ തുടർന്നുള്ള ഭാഗം കൂടി ഒന്ന് വായിച്ചു നോക്കൂ.
“തങ്ങളുടെ വീടുകളില്‍നിന്നും സ്വത്തുക്കളില്‍ നിന്നും പുറത്താക്കപ്പെട്ട് പലായനം ചെയ്തുവന്ന പാവങ്ങള്‍ക്കുമുള്ളതാണ് യുദ്ധമുതല്‍. അല്ലാഹുവിനെയും അവന്റെ ദൂതനെയും സഹായിക്കുന്നവരും അല്ലാഹുവിന്റെ ഔദാര്യവും പ്രീതിയും തേടുന്നവരുമാണവര്‍. അവര്‍ തന്നെയാണ് സത്യസന്ധര്‍. അവരെത്തും മുമ്പേ സത്യവിശ്വാസം സ്വീകരിക്കുകയും അവിടെത്താമസിക്കുകയും ചെയ്തവര്‍ക്കുമുള്ളതാണ് ആ സമരാര്‍ജിത സമ്പത്ത്. പലായനം ചെയ്ത് തങ്ങളിലേക്കെത്തുന്നവരെ അവര്‍ സ്നേഹിക്കുന്നു. അവര്‍ക്കു നല്‍കിയ സമ്പത്തിനോട് ഇവരുടെ മനസ്സുകളില്‍ ഒട്ടും മോഹമില്ല. തങ്ങള്‍ക്കു തന്നെ അത്യാവശ്യമുണ്ടെങ്കില്‍പ്പോലും അവര്‍ സ്വന്തത്തെക്കാള്‍ മറ്റുള്ളവര്‍ക്ക് മുന്‍ഗണന നല്‍കുന്നു. സ്വമനസ്സിന്റെ പിശുക്കില്‍ നിന്ന് മോചിതരായവര്‍ ആരോ, അവര്‍തന്നെയാണ് വിജയം വരിച്ചവര്‍. ഈ യുദ്ധമുതല്‍ അവര്‍ക്കു ശേഷം വന്നെത്തിയവര്‍ക്കുമുള്ളതാണ്.
അവരുടെ പ്രാർഥന ഇപ്രകാരമാണ്. “ഞങ്ങളുടെ നാഥാ, നീ ഞങ്ങള്‍ക്കും ഞങ്ങളുടെ മുമ്പെ സത്യവിശ്വാസം സ്വീകരിച്ച ഞങ്ങളുടെ സഹോദരങ്ങള്‍ക്കും പൊറുത്തുതരേണമേ! ഞങ്ങളുടെ മനസ്സുകളില്‍ വിശ്വാസികളോട് ഒട്ടും വെറുപ്പ് ഉണ്ടാക്കരുതേ. ഞങ്ങളുടെ നാഥാ! ഉറപ്പായും നീ ദയാപരനും പരമകാരുണികനുമല്ലോ.”
കാപട്യം കാണിച്ചവരെ നീ കണ്ടില്ലേ? വേദക്കാരിലെ സത്യനിഷേധികളായ സഹോദരങ്ങളോട് അവര്‍ പറയുന്നു: “നിങ്ങള്‍ നാടുകടത്തപ്പെടുകയാണെങ്കില്‍ നിശ്ചയമായും നിങ്ങളോടൊപ്പം ഞങ്ങളും പുറത്തുപോരും. നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ ഒരിക്കലും മറ്റാരെയും അനുസരിക്കുകയില്ല. നിങ്ങള്‍ക്കെതിരെ യുദ്ധമുണ്ടായാല്‍ ഉറപ്പായും ഞങ്ങള്‍ നിങ്ങളെ സഹായിക്കും.”

എന്നാല്‍ ഈ കപടന്മാര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. അവര്‍ പുറത്താക്കപ്പെട്ടാല്‍ ഒരിക്കലും ഇക്കൂട്ടര്‍ കൂടെ പുറത്തു പോവുകയില്ല. അവര്‍ യുദ്ധത്തിന്നിരയായാല്‍ ഈ കപടന്മാര്‍ അവരെ സഹായിക്കുകയുമില്ല. അഥവാ, സഹായിക്കാനിറങ്ങിയാല്‍ത്തന്നെ പിന്തിരിഞ്ഞോടും; തീര്‍ച്ച. പിന്നെ, അവര്‍ക്ക് ഒരിടത്തുനിന്നും ഒരു സഹായവും ലഭിക്കുകയില്ല. ആ കപടവിശ്വാസികളുടെ മനസ്സുകളില്‍ അല്ലാഹുവോടുള്ളതിലേറെ ഭയം നിങ്ങളോടാണ്. കാരണം, അവരൊട്ടും കാര്യബോധമില്ലാത്ത ജനതയാണെന്നതുതന്നെ. ഭദ്രമായ കോട്ടകളോടുകൂടിയ പട്ടണങ്ങളില്‍ വച്ചോ വന്‍മതിലുകള്‍ക്കു പുറകിൽ ഒളിച്ചിരുന്നോ അല്ലാതെ അവരൊരിക്കലും ഒന്നായി നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ക്കിടയില്‍ പരസ്പര തർക്കം അതിരൂക്ഷമാണ്. അവര്‍ ഒറ്റക്കെട്ടാണെന്ന് തങ്ങൾ കരുതുന്നു. എന്നാല്‍ അവരുടെ മനസ്സുകള്‍ പലതാണ്. കാരണം, അവര്‍ അവരുടെ തൊട്ടുമുമ്പുള്ളവരെപ്പോലെത്തന്നെ ശരിയാംവിധം കാര്യം മനസ്സിലാക്കാത്തവരാണ്. അവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ദുഷ്ഫലം അനുഭവിച്ചുകഴിഞ്ഞു. ഇവര്‍ക്കും നോവേറിയ ശിക്ഷയുണ്ട്.”

ബനൂ നളീർ ഓപ്പറേഷനുമായി ബന്ധപ്പെട്ട സകല പരിസരങ്ങളെയും ഈ അധ്യായം ഉൾക്കൊണ്ടിരിക്കുന്നു. ഈ അധ്യായത്തിന് സൂറതുന്നളീർ എന്ന പേര് കൂടി ഇബ്നു അബ്ബാസ്(റ) തന്നെ പരിചയപ്പെടുത്തിയിട്ടുണ്ട്.

ബനൂ നളീറിൽ നിന്ന് ലഭിച്ച ഭൗതിക സമ്പാദ്യങ്ങൾ മക്കയിൽ നിന്ന് പലായനം ചെയ്തെത്തിയ ‘മുഹാജിറുകൾ’ക്കാണ് നൽകിയത്. കാരണം, അവർ അവർക്കുള്ളതെല്ലാം അല്ലാഹുവിന്റെ പ്രീതിയിൽ വിനിയോഗിച്ചവരായിരുന്നു. ആവശ്യങ്ങളുംള്ളവർ പലരും മദീനക്കാരിൽ ഉണ്ടായിരുന്നിട്ടു പോലും മക്കക്കാർക്ക് സമ്പത്ത് പകുത്തു നൽകിയതിൽ ഒരാൾക്കും ഒരു പരിഭവവും ഉണ്ടായില്ല. ഒരുപക്ഷേ, ലോക ചരിത്രത്തിൽത്തന്നെ അത്യപൂർവമായ ഒരുൾക്കൊള്ളലിൻ്റെ മുഹൂർത്തവും സാക്ഷ്യവുമായിരുന്നു അത്.

സാഹചര്യങ്ങളെയും പരിസരങ്ങളെയും ചേർത്തു വായിക്കാതെ മുത്തുനബിﷺയുടെ സൈനിക നീക്കങ്ങളെയും രാഷ്ട്രീയ ഇടപെടലുകളെയും വായിപ്പിക്കാനാണ് ചില തത്‌പ്പരകക്ഷികൾ ശ്രമിക്കാറുള്ളത്. നയങ്ങളും തന്ത്രങ്ങളും രാഷ്ട്ര സുരക്ഷയും കരാറുകളോട് കാണിക്കേണ്ട പ്രതിബദ്ധതയും എല്ലാം ചേർത്ത് വയ്ക്കുമ്പോഴാണ് ഇത്തരം നീക്കങ്ങളുടെ അനിവാര്യതയും സാംഗത്യവും ബോധ്യമാകുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-368/365

ബനൂ നളീറുകാർ മദീന വിട്ടു പോയപ്പോൾ അവരുടെ വാസസ്ഥലങ്ങളിലേക്ക് അംറ് ബിൻ സുഅദാ എന്ന പുരോഹിതൻ വന്നു. തകർന്നു പോയ വീടുകൾക്കിടയിലൂടെ സഞ്ചരിച്ചു. ജൂതന്മാർ നാടുവിട്ടുപോയപ്പോൾ ഇനിയിതിൽ ആരും വസിക്കരുത് എന്ന്‌ കരുതി സ്വന്തം വീടുകൾ തകർത്തിട്ടാണ് പലരും മദീന വിട്ടത്. ആ അവശിഷ്ടങ്ങൾ ദർശിച്ച ശേഷം ബനൂ ഖുറയ്ളക്കാരുടെ കനീസയിലേക്കെത്തി. മദീനയിൽ ഉടമ്പടിയിൽക്കഴിഞ്ഞിരുന്ന മറ്റൊരു ഗോത്രമായിരുന്നല്ലോ അവർ. പുരോഹിതനെ കണ്ടപാടെ സബീർ ബിൻ ബാത എന്നയാൾ കാഹളം മുഴക്കി ആളുകളെ ആരാധനാലയത്തിലേക്ക് ക്ഷണിച്ചു. എന്നിട്ട് ചോദിച്ചു, “നിങ്ങൾ ഇത്രനാൾ എവിടെയായിരുന്നു? ഇപ്പോൾ എവിടെ നിന്നാണ് വരുന്നത്?” അദ്ദേഹം പറഞ്ഞു : “വലിയ ഒരു ദൃഷ്ടാന്തത്തിന് സാക്ഷിയായിട്ടാണ് ഞാൻ വരുന്നത്. നമ്മുടെ സഹോദരങ്ങൾ, പ്രതാപത്തിൽ ജീവിച്ച അവരുടെ ഭവനങ്ങൾ തകർന്നു കിടക്കുന്നു. ആഡംബരത്തോടെ അവർ ജീവിച്ച സമ്പത്തുകൾ ഒഴിവാക്കി അവർക്ക് പോകേണ്ടി വന്നിരിക്കുന്നു. നിന്ദ്യരായിട്ടാണവർ പോയത്. തൗറാത്ത് സാക്ഷി! ഇത് പോലെ ആരും പരാജയപ്പെട്ടിട്ടില്ല. ബനൂ ഖൈനുഖാഉം കഅബു ബിൻ അൽ അശ്രഫും ഒക്കെ പരാജയപ്പെട്ടില്ലേ? അവരെല്ലാം എത്ര ശക്തരും സ്വാധീനമുള്ളവരും ആയുധ ശക്തിയുള്ളവരുമായിരുന്നു. പക്ഷേ, അതൊന്നും അവരെ രക്ഷിച്ചില്ല “.

“നിങ്ങളീ കണ്ടതൊക്കെ മുന്നിൽ വച്ച് ഞാൻ പറയട്ടെ. വരൂ നമുക്ക് മുഹമ്മദ്ﷺനെ അംഗീകരിക്കാം. അല്ലാഹു സാക്ഷി! നമ്മുടെ മുൻഗാമികളായ പണ്ഡിതന്മാർ മുന്നറിയിപ്പ് നൽകിയ പ്രവാചകൻ തന്നെയാണല്ലോ മുഹമ്മദ് നബിﷺ. അവസാനമായി ഇബ്നുൽ ഹയ്യിബാനും ഇബ്നുൽ ജവ്വാസും നമുക്ക് സുവിശേഷമറിയിച്ചതല്ലേ? അവർ യഹൂദരിലെ ഉന്നത പണ്ഡിതന്മാരായിരുന്നില്ലേ? അവർ പുണ്യഭൂമിയായ ബൈതുൽ മുഖദ്ദസിൽ നിന്നു വന്നിട്ടല്ലേ നമുക്ക് വാഗരണ പ്രവാചകനെക്കുറിച്ച് പറഞ്ഞു തന്നത് ? പ്രവാചകന് കൈമാറാനുള്ള സലാം അഥവാ അഭിവാദ്യവും നമ്മെ ഏൽപ്പിച്ച് അതേ ആദർശത്തിലല്ലേ അവർ രണ്ടും ഇഹലോകവാസം വെടിഞ്ഞത്? അവരെ ഈ അങ്കണത്തിലല്ലേ നാം മറമാടിയത്?”
കേട്ടവർക്കൊന്നും പറയാനുണ്ടായിരുന്നില്ല. എല്ലാവരും മൗനം ദീക്ഷിച്ചു. അംറു ബിൻ സുഅദാ ഒരിക്കൽക്കൂടി കാര്യങ്ങൾ ആവർത്തിച്ചു പറഞ്ഞു. “ഇനിയും നമുക്ക് കാര്യബോധമില്ലാതെ പോയാൽ യുദ്ധവും ബന്ധനവും ഒക്കെ നാം സഹിക്കേണ്ടിവരും ” – എന്നു കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.

ഇത്രയുമായപ്പോൾ സബീർ ബിൻ ബാത്വാ സംഭാഷണം തുടങ്ങി. അദ്ദേഹം പറഞ്ഞു. “മൂസാ നബി(അ)ക്കവതരിച്ച തോറയിൽ ഈ പ്രവാചകൻ്റെ വിശേഷണങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. നാം പുതുതായി രൂപപ്പെടുത്തിയ വേദ പുസ്തകത്തിലല്ല “. ഉടനെ കഅബ് ബിൻ അസദെന്നയാൾ ഇടക്കു കയറി ചോദിച്ചു. “എന്നിട്ട് നിങ്ങളെന്താണ് ആ പ്രവാചകനിൽ വിശ്വസിക്കാത്തത് “. കഅബിനോടപ്പോൾ തിരിച്ചു ചോദിച്ചു. “എന്താ നിങ്ങൾ വിശ്വസിക്കാത്തത്? നിങ്ങളാണല്ലോ ഞങ്ങളുടെ കരാർ പ്രതിനിധിയും വേദമറിയുന്ന വ്യക്തിയും. നിങ്ങൾ അംഗീകരിച്ചാൽ ഞങ്ങളും അംഗീകരിക്കും. നിങ്ങൾ വിട്ടു നിന്നാൽ ഞങ്ങളും വിട്ടു നിൽക്കും “.

അംറ് ബിൻ സഅദ് ചോദിച്ചു. “ഇനിയുമെന്തിനു വൈകണം? നമുക്ക് മുഹമ്മദ്നബിﷺയെ അംഗീകരിച്ചു കൂടെ?”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-369/365

വേദങ്ങളും ബോധ്യങ്ങളും ഉണ്ടായിട്ടും അവരുടേതായ ചില താല്പപര്യങ്ങൾ കാരണം, അവർക്ക് നബിﷺയെ അംഗീകരിക്കാൻ കഴിഞ്ഞില്ല. താത്ക്കാലികമായ വായനകളും പ്രഖ്യാപനങ്ങളും മാത്രമായി അതവസാനിച്ചു. ജൂത വിഭാഗങ്ങൾ മുഴുവൻ കാലക്രമേണ കരാറുകൾ ലംഘിക്കുകയും നയതന്ത്ര നീക്കങ്ങൾക്ക് മദീനയും നബിﷺയും നിർബന്ധിതമാവുകയും ചെയ്തു. ഖൻദഖ്‌ സൈനിക പ്രതിരോധത്തിലേക്ക് മദീനയെ നിർബന്ധിച്ചത് അത്തരം ഒരു സാഹചര്യമായിരുന്നു.

ഖൻദഖിനെക്കുറിച്ച് പറയുന്നതിന് മുമ്പ് ബദറുൽ മൗഇദ് എന്ന ഒരു നയതന്ത്ര നീക്കം കൂടി നമുക്ക് വായിക്കാനുണ്ട്.

ഉഹ്ദ്‌ കഴിഞ്ഞ വേളയിൽ ഇനി നമുക്ക് ബദറുസ്സഫ്രാഇൽ വച്ചു കാണാം എന്ന് പറഞ്ഞുകൊണ്ടാണ് ഖുറൈശികളുടെ നേതാവ് അബൂസുഫ്‌യാൻ പോയത്. അറബികളുടെ എട്ടു ദിവസം നീണ്ടു നിൽക്കുന്ന ഒരു മഹാ സംഗമമാണ് ബദറു സഫ്രാ. ഉമർ (റ) ഈ വെല്ലുവിളിയെ സ്വാഗതം ചെയ്തു. ഹിജ്‌റ നാലാം വർഷം ദുൽഖഅദ് മാസമായി. രണ്ടായിരം അംഗങ്ങളും അൻപതു കുതിരകളുമുള്ള സൈന്യത്തെ അബൂസുഫ്‌യാൻ സജ്ജീകരിച്ചു.

ദിവസങ്ങൾ അടുത്ത് വരുംതോറും അബൂസുഫ്‌യാന് ഈ നീക്കത്തോട് താല്പര്യം കുറഞ്ഞു വന്നു. ഒരു മഹാ സൈന്യത്തെ ഒരുക്കി മുസ്‌ലിംകളെ ഭയപ്പെടുത്തുകയും നിലയ്ക്ക് നിർത്തുകയുമായിരുന്നു അയാളുടെ ലക്ഷ്യം. എന്നാൽ നുഐമു ബിൻ മസ്ഊദ് അൽ അസ്‌ലമി എന്നയാൾ മദീനയിൽ മുസ്‌ലിംകൾ പ്രതിരോധത്തിന് തയ്യാറാകുന്നു എന്നറിയിച്ചപ്പോൾ വീണ്ടും താല്പര്യം കുറഞ്ഞു. ഇടയിലൂടെ കപട വിശ്വാസികൾ പല തെറ്റായ വിവരങ്ങളും പരസ്പരം കൈമാറിക്കൊണ്ടിരുന്നു. ഏതായാലും മുസ്‌ലിംകളെ ഒന്ന് കൈയേറാൻ അവസരം പ്രയോജനപ്പെടുത്താം എന്നവർ വിചാരിച്ചു. ഇനി നമുക്ക് ബദ്റിലേക്ക് പോകാതിരുന്നാലോ എന്ന ചർച്ച നബി സന്നിധിയിലുമെത്തി. പക്ഷേ, പ്രമുഖരായ എല്ലാ സ്വഹാബികളും ഒരു പ്രതിരോധത്തിന്റെ അനിവാര്യത നബിﷺയോട് പങ്കുവച്ചു. അതിൽ നബിﷺ സന്തോഷിക്കുകയും ബദ്റിലേക്ക് പുറപ്പെടാനുള്ള തീരുമാനത്തിൽ ഉറയ്ക്കുകയും ചെയ്തു. നബിﷺ പുറപ്പെടാൻ തന്നെ തയ്യാറായി. മദീനയിലെ കാര്യ നിർവഹണങ്ങളുടെ ഉത്തരവാദിത്തം അബ്ദുല്ലാഹിബ്നു ഉബയ്യ് ബിൻ സലൂലി(റ)നെ ഏൽപ്പിച്ചു. മുഹമ്മദ് ബിനു ഉമർ (റ) പറഞ്ഞത് അബ്ദുല്ലാഹിബിനു റവാഹ(റ)യെയാണ് ഏൽപ്പിച്ചത് എന്നാണ്.

അഞ്ഞൂറ് അംഗങ്ങളോടൊപ്പം നബിﷺ ബദ്റിലേക്ക് പുറപ്പെട്ടു. പത്തോളം കുതിരകൾ സൈന്യത്തോടൊപ്പമുണ്ടായിരുന്നു. നബിﷺ, അബൂബക്കർ (റ), ഉമർ (റ), അബൂ ഖതാദ (റ), സഈദ് ബിൻ സൈദ് (റ), മിഖ്ദാദു ബിൻ അൽ അസ്‌വദ് (റ), ഹുബാബു ബിൻ മുന്ദിർ (റ), സുബൈർ ബിൻ അൽ അവ്വാം (റ), അബ്ബാദ് ബിൻ ബിശ്ർ (റ) എന്നിവർ അന്ന് കുതിരപ്പുറത്തായിരുന്നു സഞ്ചരിച്ചിരുന്നത്. അന്ന് പ്രവാചകരുﷺടെ പതാക വഹിച്ചിരുന്നത് അലി (റ) ആയിരുന്നു. ദുൽഖഅദ് മാസത്തിന്റെ ആരംഭത്തിൽത്തന്നെ ബദ്റിൽ എത്തിയ മുസ്‌ലിംകൾ എട്ടു ദിവസം അബൂസുഫ്‌യാന്റെയും സൈന്യത്തിന്റെയും ആഗമനം പ്രതീക്ഷിച്ചു അവിടെക്കഴിച്ചുകൂട്ടി.

അബൂസുഫ്‌യാന് രംഗം അത്ര പന്തി തോന്നിയില്ല. പുറപ്പെടാനും വയ്യ, പുറപ്പെടാതിരിക്കാനും വയ്യ എന്ന അവസ്ഥയിലായി. ഒടുവിലദ്ദേഹം ഖുറൈശീ നേതാക്കളോട് പറഞ്ഞു. “മുഹമ്മദ്ﷺയും അനുയായികളും പുറപ്പെടാതിരിക്കാൻ അവരെ നിരുത്സാഹപെടുത്തികൊണ്ട് നുഐം ബിൻ മസ്ഊദ്നെ നാം മദീനയിലേക്കയച്ചു. പക്ഷേ, അവർ പുറപ്പെടാൻ തന്നെയുള്ള ഒരുക്കത്തിലാണെന്നറിഞ്ഞു. അതുകൊണ്ട് നമ്മളും പുറപ്പെടുക. ഇതറിഞ്ഞിട്ട് അവർ പിന്മാറിയാൽപ്പിന്നെ നമുക്ക് തിരിച്ചു പോരാം. നമ്മളവരെ ഭയപ്പെടുത്തി എന്നാശ്വസിക്കാം. അതല്ല, അവർ വീണ്ടും മുന്നോട്ടു തന്നെയാണെന്നറിഞ്ഞാൽ നമുക്ക് ഇപ്പോഴത്തെ ദാരിദ്ര്യവും പ്രതിസന്ധിയും കാരണം പറഞ്ഞു പിൻവാങ്ങാം “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-370/365

അബൂസുഫ്‌യാന്റെ അഭിപ്രായം ഖുറൈശികൾ അംഗീകരിച്ചു. അതുപ്രകാരം മക്കയിൽ നിന്നുള്ള സൈന്യം യാത്ര തിരിച്ചു. രണ്ടായിരം അംഗങ്ങളും അൻപത് കുതിരകളും അടങ്ങിയതായിരുന്നു സംഘം. അവർ മർറു ളഹ്റാൻ എന്ന താഴ്‌വരയിലെത്തി. മുഹമ്മദ് നബി ﷺ യും അനുയായികളും ബദ്റിൽത്തന്നെ ഉണ്ടാകുമെന്ന് അറിഞ്ഞിട്ടും അബൂസുഫ്‌യാൻ തന്റെ സൈന്യത്തെ മക്കയിലേക്ക് തന്നെ തിരിച്ചു. ഈ ദാരിദ്ര്യമുള്ള കാലത്ത് നമ്മൾ യുദ്ധത്തിന് പോകുന്നത് ശരിയല്ലെന്നും സമ്പന്നതയും ഐശ്വര്യവും ഉള്ളപ്പോഴാണ് വിജയിക്കുകയെന്നും അദ്ദേഹം അനുയായികളെ പറഞ്ഞു ബോധ്യപ്പെടുത്തി. മഅ്ബദ് ബിൻ അബീ മഅ്ബദ് അൽ ഖുസാഇ എന്നയാൾ സീസൺ കഴിഞ്ഞു വേഗം മക്കയിലേക്ക് വന്നു. മുസ്‌ലിംകളുടെ അംഗബലത്തെക്കുറിച്ച് മക്കയിലുള്ളവരോട് അദ്ദേഹം സംസാരിച്ചു. അത് മക്കക്കാരിൽ കൂടുതൽ ആശങ്കയുണ്ടാക്കി.

മക്കയിൽ നിന്നുള്ള ഇസ്‌ലാമിക വിരോധികൾക്ക് ഇനിയും ഒരു അതിക്രമത്തിന് മുന്നോട്ടു വരാൻ പറ്റാത്ത വിധം താക്കീതു നൽകി നബി ﷺ യും സംഘവും ബദ്റിൽ നിന്ന് മദീനയിലേക്ക് തന്നെ തിരിച്ചു.
അബൂസുഫ്‌യാനും സംഘവും സ്വീകരിച്ച ഭീരുത്വ നിലപാടുകളെ എടുത്തുകാട്ടിക്കൊണ്ട് ഹസ്സാനുബിനു സാബിതും(റ) അബ്ദുല്ലാഹിബ്നു റവാഹ(റ)യും മനോഹരമായ കവിതകൾ ആലപിച്ചു.

നബിﷺയുടെ നേതൃത്വത്തിലുള്ള നയതന്ത്ര നീക്കങ്ങൾ വിവിധ രാജ്യങ്ങളിൽ സ്വാധീനമുണ്ടാക്കി. ഈയവസരം ഉപയോഗപ്പെടുത്തി പ്രബോധനത്തിന്റെ പരിധികൾ വികസിപ്പിക്കാൻ അവിടുന്ന് തീരുമാനിക്കുകയും ചെയ്തു. ഇരുട്ടിനെയും ഇരുട്ടിന്റെ ഉപാസകരെയും നിയന്ത്രിക്കുകയോ വരുതിയിൽക്കൊണ്ടുവരികയോ ചെയ്തെങ്കിൽ മാത്രമല്ലേ നേർവഴിയും വെളിച്ചവും സ്ഥാപിക്കാനാവൂ ? അതുപ്രകാരം അന്നത്തെ ലോക ശക്തികളായ കൈസറിനെയും കിസ്രയേയുമൊക്കെ നേർവഴിയിലേക്ക് ക്ഷണിക്കുകയും വഴങ്ങാത്ത പക്ഷം ജനക്ഷേമപരമായ സമീപനങ്ങൾ സ്വീകരിക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരുന്നു. അത്തരമൊരു നയതന്ത്ര നീക്കമാണ് ദൗമത്തുൽ ജന്തലിൽ നാം വായിക്കുന്നത്.

ശാം അഥവാ സിറിയ എന്ന ദേശത്തോടടുത്ത പ്രദേശമായിരുന്നു അത്. അവിടുത്തെ ആളുകൾ അതുവഴി മദീനയിലേക്ക് വരുന്നവരെ ശല്യപ്പെടുത്തുകയും മാർഗതടസ്സമുണ്ടാക്കുകയും ചെയ്തിരുന്നു. തക്കം കിട്ടിയാൽ മദീനയിലേക്ക് കടന്നു കയറാമെന്നും അവരുദ്ദേശിച്ചു. കൈസറിലേക്കുള്ള കവാടമെന്ന നിലയിൽ തന്ത്രപ്രധാനമായ പ്രവിശ്യയായിരുന്നു ഇത്. ഈ ഭാഗത്ത് നിന്നുണ്ടാകുന്ന ഏതു നീക്കങ്ങളും മദീന തലസ്ഥാനമായ മുന്നേറ്റങ്ങൾക്ക് വിഘാതമാകുമെന്ന് നബിﷺ ദർശിച്ചു. അതുകൊണ്ടുതന്നെ അവർക്ക് നേരെ ഒരു സൈനിക നീക്കം അത്യാവശ്യമായിരുന്നു. നബിﷺ ആയിരം അംഗങ്ങളോടൊപ്പം അവിടേക്ക് പുറപ്പെട്ടു. സിബാഉ ബിൻ ഉർഫുത (റ) എന്ന സ്വഹാബിയെ മദീനയുടെ ചുമതല ഏൽപ്പിച്ചു. ബനൂ ഉദ്റ ഗോത്രത്തിൽ നിന്നുള്ള മദ്കൂർ എന്ന വ്യക്തിയായിരുന്നു വഴികാട്ടിയായുണ്ടായിരുന്നത്. രാത്രിയിൽ യാത്ര ചെയ്തും പകലിൽ പതിയിരുന്നുമായിരുന്നു അവരുടെ സഞ്ചാരത്തിന്റെ രീതി. ഏകദേശം ദൗമത്തുൽ ജന്തൽ അടുത്തപ്പോൾ വഴികാട്ടി നബിﷺയോട് പറഞ്ഞു. “അവരുടെ നാൽക്കാലികൾ മേയുന്ന സ്ഥലത്ത് നാം എത്തിയിരിക്കുന്നു. ഇനി അവരിലേക്ക് അധികം ദൂരമില്ല “.
വഴികാട്ടി അവരുടെ സ്ഥിതിഗതികൾ അന്വേഷിക്കാൻ വേണ്ടി പോയപ്പോഴേക്കും പ്രദേശക്കാരുടെ ആസ്തികളായ മൃഗങ്ങളെ മുസ്‌ലിം സൈന്യം വരുതിയിൽ വരുത്തി. സ്വത്തുകൾ അധീനപ്പെടുത്തിയാൽ സന്ധിക്ക് വരാനും അതുവഴി യുദ്ധം ഒഴിവാക്കാനുമുള്ള നയതന്ത്ര നീക്കമായിരുന്നു ഇത്. എന്നാൽ വഴികാട്ടി തിരിച്ചുവന്ന് ഗോത്രവാസികളായ ആരെയും കാണുന്നില്ല എന്ന വിവരം നബിﷺക്കു നൽകി. നബിﷺയും സംഘവും അവരുടെ വാസസ്ഥലങ്ങളിലേക്ക് എത്തിയെങ്കിലും ഗോത്രവാസികളാരും അവിടെയുണ്ടായിരുന്നില്ല. തങ്ങളുടെ നാൽക്കാലികളുടെയടുത്തേക്ക് മദീനയിൽ നിന്നുള്ള സംഘം എത്തിയെന്നറിഞ്ഞപ്പോൾ പ്രദേശവാസികൾ ആത്മരക്ഷാർഥം നാടുവിട്ടുവെന്നാണ് വിശദീകരണം ലഭിച്ചത്. മുഹമ്മദ്‌ ബിൻ മസ്‌ലമ എന്നയൊരാളെ മാത്രമാണ് അവിടെക്കാണാനായത്. അദ്ദേഹത്തോട് വിശദീകരണങ്ങൾ തേടുകയും ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയും ചെയ്തു. ക്രമേണ അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും ശേഷം നബിﷺയുടെ അനുചരനായി മാറി. റബീഉൽ ആഖിർ ഇരുപതോടെ നബിﷺയും സംഘവും മദീനയിലേക്ക് തിരിച്ചു. മടങ്ങി വരുന്ന വഴിയിൽ തഗ്ലമീൻ വഴി മൃഗങ്ങളെ തെളിച്ചു വരാൻ ഉയയ്നത് ബിൻ ഹിസിൻ (റ)നോട് പറഞ്ഞു. പ്രസ്തുത പ്രവിശ്യയിലെ ദാരിദ്ര്യത്തിന് ആശ്വാസമേകാനായിരുന്നു അത്.

ഖാലിദ്(റ)വിന്റെ നേതൃത്വത്തിൽ പിൽക്കാലത്ത് നടന്ന ദൗമത്തുൽ ജന്തൽ മുന്നേറ്റം ചരിത്രപ്രസിദ്ധമാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-371/365

ഇനി നമുക്ക് വായിക്കാൻ ഉള്ളത് ബനുൽ മുസ്തലഖ് സംഭവത്തെക്കുറിച്ചാണ്. അറബ് ഗോത്രമാണ് ബനൂ മുസ്തലഖ്. അസ്ദി ഖഹ്താനിയിൽ നിന്നുള്ള ബനൂ ഖുസായുടെ ഒരു ഉപവംശമാണവർ. മുറൈസീഉ സൈനിക നീക്കമെന്നും ഈ സംഭവത്തിന് പേരുണ്ട്. ഹാരിസ് ബിൻ അബീളിറാറിന്റെ നേതൃത്വത്തിൽ പ്രസ്തുത ഗോത്രം മദീനയ്ക്കെതിരെ സൈനിക നീക്കത്തിനൊരുങ്ങി. മറ്റു ചില അറബ് ഗോത്രങ്ങളെ കൂടി കൂട്ടുപിടിച്ച് ഫറഉ പ്രവിശ്യയിലേക്ക് അവർ പ്രവേശിച്ചു. വിവരമറിഞ്ഞ നബിﷺ ബുറൈദത് ബിൻ ഹുസൈൻ അൽ അസ്‌ലമി(റ)യെ അങ്ങോട്ടയച്ചു. അദ്ദേഹം തന്ത്രപൂർവം അവർക്കിടയിലേക്ക് പ്രവേശിച്ചു. അവർക്ക് ഊർജം പകരുന്നയാളായി അഭിനയിച്ച് അവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. പിന്തുണയ്ക്കാവശ്യമായ കാര്യങ്ങൾ ചെയ്യാമെന്ന് പറഞ്ഞു, അവിടെനിന്ന് നബിﷺയുടെയടുത്തേക്ക് മടങ്ങിയെത്തി. തിരുസവിധത്തിൽ വന്ന് വിവരങ്ങൾ വിശദീകരിച്ചു. അനിവാര്യമായും ഒരു സൈനിക പ്രതിരോധം ആവശ്യമാണെന്ന് നബിﷺ തിരിച്ചറിഞ്ഞു. അനുചരന്മാരോട് കാര്യങ്ങൾ ആലോചിച്ചു. ഒരു സംഘത്തെ ഒരുമിച്ചുകൂട്ടി ബനുൽ മുസ്തലഖിനെ പ്രതിരോധിക്കാൻ പുറപ്പെടാൻ തയ്യാറായി. സെയ്ദുബ്നു ഹാരിസ(റ)യെ മദീനയുടെ ചുമതല ഏൽപ്പിച്ചു. അബൂദർ അൽ ഗിഫാരി(റ)യെയാണെന്നും അല്ല നുമൈല ബിൻ അബ്ദില്ല(റ)യെയാണെന്നും അഭിപ്രായങ്ങളുണ്ട്. മുഹാജിറുകളുടെ പത്തും മറ്റു മുപ്പതും കുതിരകൾ ഒപ്പമുണ്ടായിരുന്നു. നബിﷺയുടെതായി രണ്ടു കുതിരകൾ വേറെയും. ലിസാസ്, ളരിബ് എന്നീ പേരുകളിലാണ് അവ അറിയപ്പെട്ടിരുന്നത്.

മറ്റു സൈനിക നീക്കങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി വലിയ ഒരു സംഘം മുനാഫിഖുകൾ അഥവാ കപട വിശ്വാസികളും മുസ്‌ലിം സംഘത്തോടൊപ്പം ചേർന്നു. പടക്കളത്തിൽ നിന്ന് പരമാവധി വിട്ടുനിന്നിരുന്ന അവർ സമരാർജിത സ്വത്തുകൾ ലക്ഷ്യം വച്ചുകൊണ്ടാണ് ഒപ്പം കൂടിയത്. നബിﷺയുടെ യാത്ര ജനസാന്നിധ്യമുള്ള സ്ഥലത്ത് കൂടിയായപ്പോൾ അബ്ദുൽ ഖൈസ് ഗോത്രത്തിൽ നിന്ന് ഒരാൾ അവിടുത്തെ സവിധത്തിലേക്ക് വന്നു. നബിﷺ അയാളോട് ചോദിച്ചു. “നിങ്ങളുടെ കുടുംബങ്ങൾ എവിടെയാണുള്ളത് ? റൗഹാഇലാണെന്ന് അയാൾ മറുപടിയും നൽകി. “എന്താണ് നിങ്ങൾ ഉദ്ദേശിക്കുന്നത്? അവിടുത്തെ വിശ്വസിക്കാനും അംഗീകരിക്കാനും ഒപ്പം നിന്ന് ശത്രുവിനോട് പോരാടാനും ” ആണെന്ന് അദ്ദേഹം വിശദീകരിച്ചു. അയാൾക്ക് നേർവഴി നൽകിയ അല്ലാഹുവിനെ സ്തുതിച്ചു. അദ്ദേഹം ചോദിച്ചു. “കർമങ്ങളിൽ വച്ച് ഏറ്റവും പുണ്യമായത് ഏതാണ്?”
” അഞ്ചു നേരത്തെ നിസ്ക്കാരം അതിന്റെ ആദ്യ സമയത്ത് തന്നെ നിർവഹിക്കുക ” – എന്ന് നബിﷺ മറുപടി നൽകി.

യാത്രയ്ക്കിടയിൽ ഖുറൈശികളിലെ നിരീക്ഷകനെ വഴിയിൽ വച്ച് കണ്ടുമുട്ടി. അദ്ദേഹത്തോട് അവരുടെ വിവരങ്ങൾ അന്വേഷിച്ചെങ്കിലും ഒരു കാര്യവും അദ്ദേഹം തുറന്നു പറഞ്ഞില്ല. അയാളെ നേർവഴിയിലേക്ക് ക്ഷണിച്ചിട്ട് അയാൾ സ്വീകരിച്ചതുമില്ല. ഒടുവിലയാൾ ഉമറി(റ)ന്റെ കൈകളാൽ വധിക്കപ്പെടുകയാണ് ചെയ്തത്.

നബിﷺയും സംഘവും മുറൈസീഇലെത്തിയതോടെ ബനുൽ മുസ്തലഖിനൊപ്പം ചേർന്നിരുന്ന അറബ് ഗോത്രങ്ങളെല്ലാം പിൻവാങ്ങി. അവരവരുടെ ഇടങ്ങളിലേക്ക് അവർ ചെന്നുചേർന്നു.

നബിﷺയും സംഘവും താവളം അടിക്കുകയും നബിﷺക്കുവേണ്ടി പ്രത്യേകം കുടിൽ നിർമിക്കുകയും ചെയ്തു. അന്ന് മുത്തുനബിﷺയോടൊപ്പം പത്നിമാരായ ആഇശ(റ)യും ഉമ്മുസലമ(റ)യും ഉണ്ടായിരുന്നു.
ബനുൽ മുസ്തലഖ് നേതാവ് യുദ്ധത്തിന് തയ്യാറെടുക്കുകയാണ് എന്നറിഞ്ഞപ്പോൾ നബിﷺയും അനുയായികളെ അണിനിരത്തി. അൻസ്വാറുകളുടെ പതാക സഅദ് ബിൻ ഉബാദ(റ)യെയും മുഹാജിറുകളുടേത് അബൂബക്കർ(റ)വിനെയും ഏല്പിച്ചു. അമ്മാർ ബിൻ യാസിറി(റ)നെയാണെന്നും അഭിപ്രായം ഉണ്ട്.

നബിﷺയുടെ കല്പനപ്രകാരം ഉമർ (റ) ഇങ്ങനെ വിളിച്ചു പറഞ്ഞു. “ലാഇലാഹ ഇല്ലല്ലാഹ് സ്വീകരിക്കൂ! നിങ്ങൾക്കുള്ളതെല്ലാം നിങ്ങൾ സംരക്ഷിക്കൂ! ” പക്ഷേ, അവർ തീരെ പരിഗണിച്ചില്ല. അവർ അമ്പെയ്ത് തുടങ്ങി. ഒരു മണിക്കൂറോളം നീണ്ടുനിന്നു. ശേഷം മുസ്‌ലിം സൈന്യം അമ്പെയ്യാൻ തുടങ്ങി. ഒരുമണിക്കൂറിനുള്ളിൽ അവരുടെ മുഴുവൻ ഇടങ്ങളെയും അത് കവർ ചെയ്തു. അവരിൽ പത്തുപേർ കൊല്ലപ്പെടുകയും ബാക്കിയുള്ളവർ ബന്ധികളാവുകയും ചെയ്തു.

ഈ ഓപറേഷനിൽ മുസ്‌ലിംകളിൽ നിന്ന് ഒരാൾ മാത്രമാണ് കൊല്ലപ്പെട്ടത്. ഹിശാം ബിൻ സുബാബ (റ) എന്നാണദ്ദേഹത്തിന്റെ പേര്. അതും അൻസ്വാരികളിൽപ്പെട്ട ഔസ് എന്നവർ തെറ്റിദ്ധരിച്ചു നടത്തിയ ഒരായുധ പ്രയോഗത്തിലാണ് കൊല്ലപ്പെട്ടത്, ശത്രുക്കളുടെ കൈകളാലായിരുന്നില്ല. അദ്ദേഹത്തിന്റെ സഹോദരൻ മിഖ്’യസ് ബിൻ സുബാബ എന്നയാൾക്ക് നബിﷺ ദിയ ധനം നൽകി. അത് സ്വീകരിച്ച ശേഷം അദ്ദേഹം സഹോദരനെ അബദ്ധവശാൽ കൊന്നയാളെ അതിക്രമമായി കൊലചെയ്യുകയും ഇസ്‌ലാമിൽ നിന്ന് പുറത്തു പോവുകയും ചെയ്തു. ശേഷം, മക്കയിലെ മുശ്‌രിക്കുകളോടൊപ്പം ചേർന്ന അയാൾ മക്കാവിജയ നാളുകളിൽ കൊല്ലപ്പെടുകയും ചെയ്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-372/365

ബനുൽ മുസ്തലഖ് യുദ്ധത്തിൽ മുശ്‌രിക്കുകളുടെ പതാക വഹിച്ചിരുന്നത് സഫ്‌വാൻ ദു ശുഖ്റ എന്നയാളായിരുന്നു. ‘യാ മൻസൂർ അമിത്’ എന്ന വാക്കാണ് മുസ്‌ലിംകൾ സൈനിക സൂചനാ വാക്യമായി ഉപയോഗിച്ചിരുന്നത്. ശത്രുക്കളുടെ ഹൃദയങ്ങളിൽ അല്ലാഹു പ്രത്യേകമായ ഒരു ഭയമിട്ടു കൊടുത്തു. മുസ്‌ലിം സൈന്യം ഒരു വലിയ സംഘമായിട്ടാണ് അവർക്ക് തോന്നിയത്. ബീവി ജുവൈരിയ (റ) തന്നെ പറയുന്നു. “യുദ്ധത്തിന്റെ പ്രഥമഘട്ടത്തിൽ ഞാനെന്റെ പിതാവിനൊപ്പം മുസ്‌ലിം സൈന്യത്തെ നോക്കിയപ്പോൾ തുല്യതയില്ലാത്ത ഒരു മഹാസംഘമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്; അംഗബലത്തിലും ആയുധബലത്തിലും ഒരിക്കലും നേരിടാനാവാത്ത ഒരു മഹാസൈന്യമായിട്ട്. എന്നാൽ ഞാൻ നബിﷺയുടെ പത്നിയായി വിശ്വാസികളോടൊപ്പം ചേർന്നപ്പോഴാണ് യഥാർഥ അംഗ ബലവും ശക്തിയുമെനിക്ക് കാണാനായത്. അവിശ്വാസികളുടെ ഹൃദയത്തിൽ അല്ലാഹു ഇട്ടുകൊടുത്ത ഭയം എത്രമാത്രമാണെന്ന് എനിക്കപ്പോൾ വ്യക്തമായി”. അന്ന് പ്രതിപക്ഷത്തുണ്ടായിരുന്ന ചിലർ പിന്നീട് ഇസ്‌ലാമിലേക്ക് വന്നപ്പോൾ വെള്ള വസ്ത്രധാരികളായ ഒരു പ്രത്യേക സംഘത്തെ മുസ്‌ലിംകൾക്കൊപ്പം കണ്ടിരുന്നതായി അയവിറക്കി.

യുദ്ധത്തിന്റെ ഒടുവിൽ 200 ഓളം കുടുംബങ്ങൾ ബന്ധികളാക്കപ്പെട്ടു. കൂട്ടത്തിൽ ഗോത്രമേധാവിയായ ഹാരിസിന്റെ പുത്രി ജുവൈരിയയും ഉണ്ടായിരുന്നു. സമരാർജിത സ്വത്ത് വിതരണം ചെയ്തപ്പോൾ സാബിത് ബിൻ ഖൈസ് (റ) എന്ന സ്വഹാബിക്കാണ് ജുവൈരിയയെ ലഭിച്ചത്. കുലീനയും പ്രമാണിയുമായ ഇവർക്ക് അടിമ ജീവിതം ഉൾക്കൊള്ളാനായില്ല. മോചനപത്രം എഴുതി സ്വാതന്ത്ര്യം ഉദ്ദേശിച്ചപ്പോൾ സാബിത്ത് (റ) ആവശ്യപ്പെട്ട സംഖ്യ നൽകാൻ അവരുടെ പക്കലുണ്ടായിരുന്നില്ല. അതിനിടയിൽ അവർക്കൊരു സ്വപ്നദർശനം കൂടിയി. മദീനയിലെ ചന്ദ്രൻ അവരുടെ മടിത്തട്ടിൽ കിടക്കുന്ന ദൃശ്യമായിരുന്നു അത്. പക്ഷേ, അത് ആരോടും പങ്കുവച്ചില്ല. ഉള്ളിൽ ചില മോഹങ്ങളും പ്രതീക്ഷകളുമായി അത് കിടന്നു.

എന്തോ മഹാ നന്മകൾ വരാനുണ്ട് എന്ന മനോവിചാരത്തോടെ പ്രശ്നപരിഹാരം തേടി അവർ നബിﷺയെ സമീപിച്ചു. നബിﷺ അവരെക്കുറിച്ച് നന്നായിപ്പഠിച്ച് മനസ്സിലാക്കി. അവർക്ക് മോചന പത്രം എഴുതി സ്വന്തം ജീവിതത്തിലേക്ക് ചേർത്താൽ അവരുടെ നിലവാരത്തിനൊത്ത ജീവിതം നൽകാനും അവരുടെ ഗോത്രത്തിൽ നിന്ന് ബന്ദിയാക്കപ്പെട്ടവരെ മോചിപ്പിക്കപ്പെടാനും കാരണമാകുമെന്ന് നബിﷺ തിരിച്ചറിഞ്ഞു. സഹഭാര്യയായി സുന്ദരിയും കുലീനയുമായ മറ്റൊരാൾ കൂടി വരുന്നത് ഒരു സ്ത്രീയുടെ പക്ഷത്തു നിന്നായിരുന്നു ആദ്യം ആഇശ ബീവി(റ)യും കണ്ടിരുന്നത്. എന്നാൽ, അവർ നബിﷺയോടൊപ്പമുള്ള ജീവിതത്തിലേക്ക് വന്ന കാരണത്താൽ വന്നുചേർന്ന നന്മകളെക്കുറിച്ച് ബീവി ആഇശ(റ)യും പിന്നീട് പറഞ്ഞു. ‘സ്വന്തം ജനതയ്ക്ക് ഇത്രമേൽ ഗുണം ചെയ്ത മറ്റൊരു സ്ത്രീയെയും കാണാൻ കഴിയില്ല’ എന്നായിരുന്നു ഒടുവിൽ ആഇശ(റ) ജുവൈരിയ(റ)യെക്കുറിച്ച് പറഞ്ഞത്. ഈ പരാമർശം ഇമാം അഹ്മദ് മുസ്‌നദി(റ)ൽ ഉദ്ധരിച്ചിട്ടുണ്ട്. നബിﷺയും ജുവൈരിയ(റ)യും തമ്മിലുള്ള വിവാഹത്തിന്റെ കാരണത്താൽ നൂറു കുടുംബങ്ങൾ മോചിപ്പിക്കപ്പെട്ടുവെന്ന് ആഇശ ബീവി (റ) തന്നെ പറഞ്ഞു. നബി ജീവിതത്തിന്റെ അരമന യാഥാർഥ്യങ്ങളെയും രാഷ്ട്രീയ പരിസരങ്ങളെയും വസ്തുതാപരമായി പഠിക്കാതെ വരുമ്പോഴാണ് നബി ജീവിതത്തിലെ വിവാഹാധ്യായങ്ങളെ മറ്റെന്തുമായി ആരോപിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുന്നത്. സുന്ദരിയും കുലീനയുമായ സഹഭാര്യയിലൂടെ സമൂഹത്തിൽ ലഭിച്ച നന്മകളെക്കുറിച്ച് ബീവി ആഇശ (റ) തന്നെ നിവേദനം ചെയ്തത് ഏറെ പ്രസക്തിയുള്ള കാര്യമാണ്. മുത്ത് നബിﷺയുടെ ഭാര്യമാരിൽ ഏക കന്യകയും സുന്ദരിയും ബുദ്ധിമതിയും പണ്ഡിതയുമായിരുന്നല്ലോ ആഇശ (റ). അതിനു പുറമേ ജുവൈരിയ (റ) നബി സവിധത്തിലേക്ക് കടന്നു വരുന്ന രംഗത്തിന് സാക്ഷിയുമായിരുന്നു മഹതി.

യുദ്ധത്തിന്റെയാരവങ്ങളവസാനിച്ച ശേഷം മകൾ ജുവൈരിയ(റ)യെത്തേടി പിതാവ് ഹാരിസ് നബിﷺയെ സമീപിച്ചു. ഒന്ന് കൊമ്പുകോർക്കാം എന്ന് വിചാരിച്ചു കൂടിയായിരുന്നു ആ വരവ്. എന്നാൽ സൗമനസ്യത്തോടെ നബിﷺ അദ്ദേഹത്തെ സ്വീകരിച്ചു. മകളുടെ ഇഷ്ടത്തിനനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കാമെന്ന് പറഞ്ഞു. മകളുടെ ഹിതമന്വേഷിച്ചപ്പോൾ അവർ നബിﷺയെത്തിരഞ്ഞെടുക്കുകയും പിതാവിനോട് തന്റെ സൗഭാഗ്യത്തെക്കുറിച്ച് സംസാരിക്കുകയും ചെയ്തു. ഇസ്‌ലാമിനെയും പ്രവാചകരെﷺയും മനസ്സിലാക്കിയ ഹാരിസ് (റ) അപ്പോൾ തന്നെ വിശ്വാസിയായി.

ജുവൈരിയ (റ) വിശ്വാസി ലോകത്തിന്റെ മാതാവായി നബി സവിധത്തിൽ സന്തോഷപൂർവം ജീവിച്ചു. മുത്ത് നബിﷺയുടെ വിയോഗാനന്തരം ഏകദേശം നാല് പതിറ്റാണ്ടുകൾക്ക് ശേഷം ഹിജ്‌റ അമ്പതിലാണ് മഹതി ഇഹലോക വാസം വെടിയുന്നത്. അപ്പോൾ മഹതിയുടെ പ്രായം അറുപത്തിയഞ്ചായിരുന്നു. ബരീറ എന്നായിരുന്നു അവരുടെ പേര്. നബിﷺയാണ് ജുവൈരിയ എന്ന പേര് വച്ചത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-373/365

യുദ്ധത്തിന്റെ ആരവങ്ങളടങ്ങിയപ്പോൾ കപട വിശ്വാസികൾ അവരുടെ കുതന്ത്രങ്ങൾക്ക് അവസരം പാർത്തു കഴിഞ്ഞു. അങ്ങനെയിരിക്കെയാണ് മുറൈസിഇൽ ഒരു ചെറിയ തർക്കമുണ്ടാകുന്നത്. വെള്ളം കോരുന്നതിനെച്ചൊല്ലി അൻസ്വാരികളിൽപ്പെട്ട സിനാനുബിൻ മസ്‌ ഊദും മുഹാജിറുകളിൽപ്പെട്ട ജഹ്ജാഹുമാണ് തർക്കിച്ചത്. അതല്പം മൂർച്ഛിച്ചു. ഒടുവിൽ ജഹ്ജാഹ് സിനാനെത്തല്ലി. സിനാനിന്റെ ശരീരത്തിൽ നിന്ന് ചോരയൊലിച്ചു. സിനാൻ അൻസ്വാരികളെ വിളിച്ചു സഹായം തേടി. ജഹ്ജാഹ് മുഹാജിറുകളെയും വിളിച്ചു. രണ്ടു വിഭാഗത്തിൽ നിന്നും കുറേശ്ശെയാളുകൾ രംഗത്തേക്ക് വന്നു. രണ്ട് കക്ഷികൾ തമ്മിലുള്ള തർക്കത്തിലേക്ക് രംഗം വഴിമാറിത്തുടങ്ങി. ആയുധമെടുക്കാനും പുതിയ നാശത്തിനും വേദിയൊരുങ്ങി. പെട്ടെന്ന് നബിﷺ രംഗത്തേക്ക് വന്നു. എന്നിട്ട് ചോദിച്ചു, “ഇതെന്ത് ? ജാഹിലീയത്തിന്റെ ന്യായങ്ങളിലേക്കാണോ പോകുന്നത്? തന്റെ കക്ഷി ആക്രമിച്ചവൻ ആയാലും ആക്രമിക്കപ്പെട്ടവനായാലും സഹായിക്കുകയോ? ഇതെന്താണ് ഇവിടെ സംഭവിക്കുന്നത്?” വിഷയങ്ങളന്വേഷിച്ചു, എന്നിട്ട് ഒരിക്കൽക്കൂടി ഉണർത്തി. “ആക്രമിക്കപ്പെടുന്നവരെ സഹായിക്കുക, ആക്രമിക്കുന്നവരെ തിരുത്തുക. അതല്ലേ നാം ചെയ്യേണ്ടത്?”

ഈയവസരം ഉപയോഗപ്പെടുത്താൻ അബ്ദുല്ലാഹിബ്നു ഉബയ്യ് തീരുമാനിച്ചു. മുഹാജിറുകളുടെയും അൻസ്വാറുകളുടെയുമിടയിൽ തർക്കം ഉണ്ടാക്കാവുന്ന സംഭാഷണങ്ങൾ നടത്തി. “നിങ്ങളുടെ എല്ലാമെല്ലാം നൽകിയിട്ടും അവസാനം നിങ്ങളെ പരാജയപ്പെടുത്തി. നിങ്ങളിലെരാളെ തല്ലുകയും ചെയ്തിരിക്കുകയാണല്ലോ മുഹാജിറുകൾ ” എന്ന് പറഞ്ഞ് അൻസ്വാറുകളെ പ്രകോപിപ്പിച്ചു. “മദീനയിലേക്ക് മടങ്ങി വന്നാൽ നമുക്ക് കാണാം , ആരാണ് വിജയിച്ചത്, ആരാണ് പരാജയപ്പെട്ടത് എന്നൊക്കെ ” ഇബ്നു ഉബയ്യ് പറയാൻ തുടങ്ങി. അന്ന് അവൻ നടത്തിയ സംഭാഷണങ്ങളുടെ പൊരുൾ വിശുദ്ധ ഖുർആൻ പരാമർശിക്കുന്നുണ്ട്. വിശുദ്ധ ഖുർആൻ 63-ാം അധ്യായം എട്ടാം സൂക്തത്തിന്റെ ആശയം നമുക്ക് ഇങ്ങനെ വായിക്കാം.

“അവര്‍ പറയുന്നു: “ഞങ്ങള്‍ മദീനയില്‍ത്തിരിച്ചെത്തിയാല്‍ അവിടെ നിന്ന് പ്രതാപികള്‍ പതിതരെ പുറംതള്ളുക തന്നെ ചെയ്യും.” എന്നാല്‍ പ്രതാപമൊക്കെയും അല്ലാഹുവിനും അവന്റെ ദൂതന്നും സത്യവിശ്വാസികള്‍ക്കുമാണ്. പക്ഷേ, കപടവിശ്വാസികള്‍ അതറിയുന്നില്ല.”

അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ സംഭാഷണം സൈദ് ബിൻ അർഖം (റ) എന്ന ചെറുപ്പക്കാരനായ സ്വഹാബി കേട്ടുകൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം വന്നു നബിﷺയോട് വിശദമായി കാര്യങ്ങൾ പറഞ്ഞു. നബിﷺ ചെറുപ്പക്കാരനായ സ്വഹാബിയുടെ ആ സംഭാഷണത്തെ നിരുത്സാഹപ്പെടുത്താൻ ശ്രമിച്ചു. അതിനു വേണ്ടി ഇങ്ങനെ പറഞ്ഞു. “നിങ്ങൾക്ക് കേട്ടത് മാറിയതായിരിക്കും. മനസ്സിലാകാത്തതായിരിക്കും ” എന്നിങ്ങനെ രംഗത്തിന്റെ ഗൗരവം കുറയ്ക്കാനും ഒരു പ്രശ്നം ഇല്ലാതിരിക്കാനുള്ള എല്ലാ സാധ്യതകളും നബിﷺ പറഞ്ഞു നോക്കി. പക്ഷേ, സൈദ് (റ) അല്ലാഹുവിനെ സാക്ഷി നിർത്തി തറപ്പിച്ചു തന്നെ കാര്യങ്ങൾ നബിﷺയോട് സംസാരിച്ചു. കേട്ടു നിന്ന ഉമർ (റ) ഇടപെട്ടുകൊണ്ട് പറഞ്ഞു. “അല്ലയോ അല്ലാഹുവിന്റെ ദൂതരേﷺ, അവന്റെ ശിരസ്സെടുക്കാൻ വേണ്ടി അബ്ബാദ് ബിൻ ബിശ്റിനോട് അവിടുന്ന് കൽപ്പിച്ചാലും “.
“എന്നിട്ട് വേണം മുഹമ്മദ്‌ നബിﷺ ആളുകളെ കൊല്ലാനും കൊല്ലിക്കാനും വന്നയാളാണെന്നു പറയാൻ ” എന്ന് നബിﷺ അതിനോട് പ്രതികരിച്ചു.
ഇത്രയുമായപ്പോഴേക്കും അബ്ദുള്ളാഹിബ്നു ഉബയ്യ് നബിﷺയുടെയടുക്കൽ വന്നു. അയാൾ നടത്തിയ സംഭാഷണങ്ങളെ നിഷേധിച്ചു. അയാൾ നബിﷺയുടെ മുന്നിൽ കള്ള സത്യം ചെയ്തു. അതുകേട്ടതോടെ കുട്ടിയായ സൈദിനു മാറിപ്പോയതായിരിക്കുമെന്നു അൻസ്വാരികളിൽ ചിലരും മനസ്സിലാക്കി.

നബിﷺയും ഉമറും (റ) തമ്മിലുള്ള പ്രത്യേക സംഭാഷണത്തിനു ശേഷം വേഗം മദീനയിലേക്ക് പുറപ്പെടാമെന്ന് ധാരണയായി. സാധാരണ ചൂടുകാലത്ത് പുറപ്പെടാത്ത സമയത്ത് നബിﷺ ഖസ്വാ എന്ന അവിടുത്തെ ഒട്ടകത്തിന്മേൽ യാത്രതിരിച്ചു. അതിൽപ്പിന്നെ ആദ്യം കണ്ടുമുട്ടിയത് സഅ്ദ് ബിൻ ഉബാദ(റ)യെയായിരുന്നു. അദ്ദേഹം നബിﷺക്ക് സലാം ചൊല്ലി. നബിﷺ സലാം മടക്കിയപ്പോൾ അദ്ദേഹം ചോദിച്ചു. “അല്ലയോ പ്രവാചകരേﷺ! സാധാരണയിൽ ചൂടുകാലത്ത് യാത്ര ചെയ്യാത്ത ഈ സമയം എന്തുകൊണ്ടാണ് അവിടുന്ന് യാത്രയ്ക്ക് തിരഞ്ഞെടുത്തത് ?”
“നിങ്ങളുടെ ആള് പറഞ്ഞതൊന്നും നിങ്ങളറിഞ്ഞില്ലേ?” എന്ന് നബിﷺ അദ്ദേഹത്തോട് പ്രതികരിച്ചു.
“ആരാണ് നമ്മുടെ യാള് എന്ന് പറഞ്ഞാൽ നബിയേﷺ?”
“അത് ആ ഉബയ്യ്, അയാൾ പറയുന്നത് മദീനയിലെത്തിയാൽപ്പിന്നെ പ്രതാപികൾ പതിതരെ പുറത്താക്കുമെന്നാണ് “.
“അതിനെന്താണ് നബിﷺയെ അവിടുത്തേക്കാണല്ലോ അല്ലാഹു പ്രതാപം നൽകിയത്. അല്ലാഹുവിനും തങ്ങൾക്കുംﷺ പിന്നെ വിശ്വാസികൾക്കുമാണല്ലോ പ്രതാപ മുള്ളത് “.

ഇതിനിടയിലാണ് മുനാഫിഖുകളിപ്പെട്ട അബ്ദുല്ലയുടെ മകൻ അബ്ദുല്ല നബിﷺയുടെയടുത്തേക്ക് വരുന്നത്. ഇബ്നു ഉബയ്യിനെ കൊല്ലണമെന്ന ഉമറി(റ)ന്റെ അഭിപ്രായം കേട്ടുകൊണ്ടാണ് മകൻ എത്തിയിട്ടുള്ളത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-374/365

അബ്ദുല്ലാഹി ബിനു ഉബയ്യിന്റെ മകൻ അബ്ദുല്ല നബിﷺയോട് വന്നു പറഞ്ഞു. “അവിടുന്ന് എന്റെ പിതാവിനു വധശിക്ഷ വിധിച്ചിട്ടുണ്ടെങ്കിൽ വേറെ ആരോടും പറയേണ്ടതില്ല. തങ്ങൾ ഇവിടെ നിന്ന് എഴുന്നേൽക്കുന്നതിനു മുമ്പ് ഞാൻ അദ്ദേഹത്തിന്റെ ശിരസ്സ് കൊണ്ടുവന്നു ഹാജരാക്കാം. ഞാൻ എന്റെ മാതാപിതാക്കളോട് വർത്തിക്കുന്നത് എത്രമാത്രം നന്മയോടെയാണെന്ന് ഖസ്രജ് ഗോത്രത്തിനു മുഴുവൻ അറിയുന്ന കാര്യമാണ്. എത്രയോ കാലമായി ഞാൻ എന്റെ അധ്വാനത്തിൽ നിന്നാണ് ഉപജീവനം കണ്ടെത്തുന്നത്. എന്റെ ഉപ്പയുടെ മേൽ വധശിക്ഷ നടപ്പിലാക്കാൻ മറ്റാരോടോ അവിടുന്ന് കല്പിച്ചേക്കുമോ എന്നു ഞാൻ ഭയക്കുന്നു. അങ്ങനെയെങ്കിൽ ചിലപ്പോൾ ഞാൻ ജീവിച്ചിരിക്കെ, എന്റെ പിതാവിന്റെ തലയെടുത്ത ആൾ സുഗമമായി ഇവിടെ സഞ്ചരിക്കുന്നത് എനിക്ക് സഹിക്കാൻ കഴിഞ്ഞെന്നു വരില്ല. പിന്നെ ഞാൻ അയാളെ വധിച്ചെന്നു വന്നേക്കാം. അതുവഴി ഞാൻ കുറ്റവാളി ആവുകയും നരകത്തിൽ കടക്കുകയും ചെയ്യും. അവിടുത്തെ വിട്ടുവീഴ്ചയും അനുഗ്രഹങ്ങളുമാണ് ഏറ്റവും വലുത് “.
“അദ്ദേഹത്തെ വധിക്കാൻ നാം ആരോടും കല്പിച്ചിട്ടുമില്ല, ഒട്ടും ഉദ്ദേശിച്ചിട്ടുമില്ല. അദ്ദേഹം നമുക്കിടയിൽ ജീവിക്കുവോളം നാം നല്ല രീതിയിലേ അയാളോട് വർത്തിക്കുകയുള്ളു.” നബിﷺ പറഞ്ഞു.

അല്ലയോ , അല്ലാഹുവിന്റെ ദൂതരേﷺ! എന്റെ വാപ്പ ഈ തുരുത്തിലെ വലിയ ഒരു നേതാവായിരുന്നു. ഒപ്പം കുറേ ശിങ്കിടികളുമുണ്ടായിരുന്നു. അങ്ങനെയിരിക്കെ തങ്ങളെﷺ അല്ലാഹു നിയോഗിക്കുകയും പ്രതാപം നൽകുകയും ചെയ്തു. ഇവിടുത്തെ വലിയ നേതാവായി വിലസാനുള്ള എന്റെ ഉപ്പയുടെ സ്വപ്നങ്ങളെല്ലാം തകർന്നടിഞ്ഞു “.

ഈ സംഭാഷണങ്ങൾക്ക് ശേഷം നബിﷺ പെട്ടെന്ന് യാത്ര തുടർന്നു. രാപ്പകൽ വിശ്രമമില്ലാത്ത യാത്ര. അബ്ദുല്ലാഹിബിന് ഉബയ്യുമായി ബന്ധപ്പെട്ട കാര്യങ്ങളെ സംബന്ധിച്ച് ചർച്ചകൾ വരാതിരിക്കാൻ കൂടിയാണ് ഇങ്ങനെ തുടർച്ചയായ യാത്ര ക്രമീകരിച്ചത്. യാത്രാസംഘം ഹിജാസിൽ പ്രവേശിച്ചു. ഫുവൈഖുന്നഖിഉ എന്ന ജലസ്രോതസിന്റെ അടുത്തെത്തി.

ഇവിടെ വച്ച് പ്രധാനപ്പെട്ട രണ്ടു സംഭവങ്ങളുണ്ടായി. കാലാവസ്ഥയാകെ മാറി മറിഞ്ഞു. ശക്തമായ കാറ്റും മഴയും. യാത്ര തീരെ മുന്നോട്ടു പോകാൻ തന്നെ കഴിഞ്ഞില്ല. നബിﷺ പറഞ്ഞു. “മദീനയിൽ ഒരാൾ മരണപ്പെട്ടിരിക്കുന്നു. കപട വിശ്വാസികളുടെ നേതാവും കാപട്യത്തിൽ അതിശക്തനുമായ സൈദ് ബിൻ റിഫാഅ ആണ് മരണപ്പെട്ടത് “. അല്ലാഹുവിൽ നിന്നുള്ള അറിവ് പ്രകാരം നബിﷺ ഈ വിവരം അറിയിച്ചു. ഉബാദത് ബിൻ സാമിത് (റ) ഈ വിവരം അബ്ദുല്ലാഹിബ്നു ഉബയ്യിനോട് പറഞ്ഞു. അയാൾ മോഹാലസ്യപ്പെട്ടു വീണു. എങ്ങനെയാണ് നിങ്ങൾ അറിഞ്ഞത് എന്ന് ചോദിച്ചപ്പോൾ. നബിﷺ പറഞ്ഞതാണെന്ന് ഉബാദത് (റ) മറുപടിയും പറഞ്ഞു. അങ്ങനെയിരിക്കെയാണ് നബിﷺയുടെ ഒരു പ്രസ്താവന വരുന്നത്. ‘കാറ്റിലും കോളിലും എന്റെ ഒട്ടകം എവിടെയോ പെട്ടിരിക്കുന്നു. നിങ്ങൾ ഒന്നന്വേഷിക്കൂ, നോക്കൂ… എന്റെ ഒട്ടകം എവിടെയാണെന്ന്..’ സ്വഹാബികൾ നാലുപാടും പരതാൻ തുടങ്ങി. കപട വിശ്വാസികൾ ഇതൊരവസരമായി ഉപയോഗപ്പെടുത്തി. അവർ ചോദിച്ചു. “ഇതെന്തൊരു ആശ്ചര്യം? മദീനയിലൊരാൾ മരണപ്പെട്ട വിവരം പറയുന്നു. സ്വന്തം ഒട്ടകം എവിടെയാണ് എന്നറിയുന്നുമില്ല. എന്തൊക്കെയോ ചില അവ്യക്തതകളുണ്ട് “.
വിശ്വാസികൾക്കിടയിലും മറ്റും സംശയങ്ങളും അനാവശ്യ ചർച്ചകളും ഉടലെടുത്തു. സൈദ് ബിൻ ലുസൈത് എന്ന കപട വിശ്വാസിയാണ് ഈ പ്രചാരണത്തിന് ശക്തി പകർന്നത്. അയാളുടെ അഭിപ്രായ പ്രകടനം കേട്ടപ്പോഴാണ് അയാൾ മുനാഫിഖാണെന്ന് സ്വാഹാബികൾക്ക് ബോധ്യമായത്. അവർ അയാളോട് ശക്തമായി പ്രതികരിച്ചു. “നീ ഇങ്ങനെയുള്ള വിശ്വാസത്തിലാണ് ഞങ്ങൾക്കൊപ്പം വന്നത് അല്ലേ?” അപ്പോൾ അയാൾ പറഞ്ഞു. “ഞാൻ സാമ്പത്തികമായി കാര്യലാഭം ലക്ഷ്യം വച്ചുകൊണ്ടാണ് ഈ സംഘത്തിൽ പുറപ്പെട്ടത്. അല്ലാതെ മറ്റു ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടല്ല “. ഉടനെ ഉസൈദ്‌ ബിൻ ഹുളൈർ പറഞ്ഞു ‘നീ നബിﷺയുടെ സംഘത്തിൽ വന്ന ആളായിപ്പോയി. അല്ലെങ്കിൽ ഞാൻ നിന്റെ കഥ കഴിക്കുമായിരുന്നു. നീ എന്തിനാണ് ഞങ്ങളോടൊപ്പം പുറപ്പെട്ടത്? എടാ അല്ലാഹുവിന്റെ ശത്രു!’

ഇത്രയുമായപ്പോൾ തനിക്കെന്തെങ്കിലും സംഭവിക്കുമോ എന്നു കരുതി സൈദ് നബിﷺയുടെ അടുത്തു പോയി നിന്നു. നബി സവിധത്തിൽ സ്വഹാബികൾ ഒന്നും ചെയ്യില്ലെന്ന് അയാൾ മനസ്സിലാക്കി. അയാൾ നബിﷺയുടെ അടുത്തിരിക്കുമ്പോഴാണ് തങ്ങൾക്കു ഒരു വഹ് യ് വരുന്നത്. “നബിﷺയേ, കപടവിശ്വാസികളിലൊരാൾ പറയുന്നു. “സ്വന്തം ഒട്ടകം എവിടെയാണെന്ന് അറിയുന്നില്ല. പക്ഷേ, മദീനയിൽ ഒരാൾ മരണപ്പെട്ട കാര്യം പറയുന്നു. എന്തെ ഈ മറഞ്ഞ കാര്യം പറയാത്തത് “.
അവിടുന്ന് പറഞ്ഞു,
“അതാ എന്റെ ഒട്ടകം ഇന്നാലിന്ന സ്ഥലത്ത് കുരുങ്ങിക്കിടക്കുന്നു “. അല്ലാഹു അവന്റെ ദൂതനെ എന്തറിയിക്കണം എപ്പോൾ അറിയിക്കണം അതൊക്കെ അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ് എന്നു സാരം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-375/365

നബിﷺയും സംഘവും അഖീഖ് താഴ്‌വരയിൽ എത്തിയപ്പോൾ ഇബ്നു ഉബയ്യിന്റെ മകൻ സ്വഹാബിയായ അബ്ദുല്ലാഹ് (റ) കുറേ മുന്നോട്ട് സഞ്ചരിച്ചു. സഞ്ചാരികൾക്കിടയിൽ നിന്ന് പിതാവിനെക്കണ്ടെത്തി. അദ്ദേഹത്തിന്റെ വാഹനം തടുത്തു നിർത്തി. അതിന്റെ മുൻകാലുകളിൽ ചവിട്ടി നിയന്ത്രിച്ചു. എന്നിട്ട് വാപ്പയോട് ചോദിച്ചു, “എന്താണീ വായാടിത്തം പറയുന്നത്? നബിﷺ സമ്മതം തരാതെ ഞാൻ നിങ്ങളെ മുന്നോട്ട് പോകാൻ അനുവദിക്കില്ല. നിങ്ങളല്ലേ പറഞ്ഞത് മദീനയിൽച്ചെന്നാൽപ്പിന്നെ പ്രതാപികൾക്കിടയിൽ നിന്ന് നിന്ദ്യനായ വ്യക്തിയെ പുറത്താക്കുമെന്ന് ? ഇവിടെ നിന്ന് എനിക്കറിയണം ആരാണതെന്ന്? ആർക്കാണ് പ്രതാപം? നബിﷺക്കാണോ നിങ്ങൾക്കാണോ എന്നൊന്നറിയട്ടെ? എന്നിട്ടേ ഞാൻ വഴിമാറുകയുള്ളൂ “.
അബ്ദുല്ല (റ) വഴിയിൽത്തന്നെ നിലകൊണ്ടു. സ്വഹാബികളുടെ വാഹനങ്ങളെ കടത്തിവിട്ടു, കപടന്മാരായ മുനാഫിഖുകളെ പോകാൻ അനുവദിച്ചില്ല.

ഒടുവിൽ നബിﷺ അവിടേക്കെത്തിച്ചേർന്നു. ആൾക്കൂട്ടം കണ്ട് നബിﷺ ചോദിച്ചു. “എന്താണിവിടെ ?”
“അതാ അബ്ദുല്ല (റ) തന്റെ വാപ്പയെ കടത്തിവിടുന്നില്ല “. നബിﷺ ഇടപ്പെട്ടു പറഞ്ഞു, “മോനേ, വാപ്പയെ വിട്ടേക്കൂ!അവർ പൊയ്ക്കോട്ടെ “.

നബിﷺ വീണ്ടും മുന്നോട്ട് നീങ്ങി. നഖീഅ എന്ന സ്ഥലത്തെത്തി. അവിടെയുള്ള ജനങ്ങൾ ആവലാതി ബോധിപ്പിച്ചു. “ഞങ്ങൾ വരൾച്ചയിലാണ്. മതിയായ വെള്ളം ലഭിക്കുന്നില്ല”.
ഉടനെ നബിﷺ ഹാത്വിബ് ബിൻ അബീ ബൽത്വഅ (റ) എന്ന സ്വഹാബിയെ വിളിച്ചു, ഒരു കിണർ കുഴിച്ചു കൊടുക്കാൻ ഏർപ്പാടാക്കി.

ശേഷം ബിലാൽ ബിൻ ഹാരിസ് അൽ മുസനി(റ)യോട് പറഞ്ഞു. “ഈ പ്രദേശം സുരക്ഷിതമാക്കുക “.
“ഏതുവരെയാണ് നബിﷺയേ?”
“രാവിലെയായാൽ, നല്ല ശബ്ദമുള്ളയൊരാളെ ഈ കുന്നിൻമേൽക്കയറ്റുക. അയാളുടെ ശബ്ദം അവസാനിക്കുന്ന സ്ഥലത്ത് നമ്മുടെ യുദ്ധ വാഹനങ്ങളെ സംരക്ഷിക്കുക “.
“നബിയേ,ﷺ പെട്ടെന്ന് ദിശമാറ്റി സഞ്ചരിക്കുമ്പോൾ സഞ്ചാരികളുടെ കൂട്ടത്തിലെ സ്ത്രീകൾക്കും മറ്റുമൊക്കെ പ്രയാസമാകില്ലേ?”
“കുഴപ്പമില്ല, അവരെ സഞ്ചരിക്കാൻ വിട്ടോളൂ.”
മുത്തുനബിﷺയിലെ നേതൃത്വം ഓരോ സന്ദർഭത്തിലും കാണിച്ചു തരുന്ന മാതൃകകൾ എത്ര മഹത്തരമാണ് ! ചതിയും വഞ്ചനയും മാത്രം മുഖമുദ്രയാക്കിയ ഇബിനു ഉബയ്യിന് എത്ര മനോഹരമായിട്ടാണ് വിട്ടുവീഴ്ച ചെയ്തത് ! ഒരു നിമിഷം മുമ്പ് വരെയും പ്രവാചകരെﷺ അധിക്ഷേപിച്ചിട്ടും മകനെക്കൊണ്ട് പിതാവിനോട് പകവീട്ടാൻ നബിﷺ ഒരുങ്ങിയില്ല. കൂടുതൽ വിശദീകരണങ്ങളൊന്നും ആവശ്യപ്പെടാതെ തന്നെ ‘വാപ്പയെ വിട്ടേക്കൂ’ എന്നായിരുന്നല്ലോ അവിടുന്ന് പറഞ്ഞത്. ശേഷം, സഞ്ചാര വഴിയിൽ വെള്ളത്തിന് ആവശ്യപ്പെട്ടവർക്ക് സാന്ത്വന പ്രവർത്തനത്തിനും നബിﷺ ഒട്ടും അമാന്തിച്ചില്ല. അപ്പോൾ, കൂടെയുള്ള ഒരു അനുചരനെത്തന്നെ കിണർ കുഴിക്കാൻ ചുമതലപ്പെടുത്തുകയും ഉടനടി അവർക്ക് പരിഹാരം നൽകുകയും ചെയ്തു.

തൊട്ടുടനെ നാം ആ സഞ്ചാരത്തിൽ നിന്ന് വായിക്കുന്നത്, ഉന്നതമായൊരു നേതൃത്വത്തിന്റെ നയതന്ത്ര സമീപനങ്ങളാണ്. ഈ സംഘം എങ്ങോട്ട് സഞ്ചരിക്കണം, എവിടെയൊക്കെയാണ് അപകടങ്ങൾ പതിയിരിക്കുന്നത്, എങ്ങനെയൊക്കെയാണ് പ്രതിസന്ധികൾ തരണം ചെയ്യേണ്ടത്, ഓരോ അംഗത്തെയും എങ്ങനെയാണ് സംരക്ഷിക്കേണ്ടത് – ഇതെല്ലാം കൃത്യമായ ധാരണയിലൂടെയാണ് നബിﷺ ഒരു സംഘത്തിന് നേതൃത്വം നൽകുന്നത്. ഇത്രമേൽ വൈവിധ്യമായ ബഹുമുഖ ഇടപെടലുകളെ വേറെയാരുടെ ചരിത്രത്തിലാണ് നമുക്ക് വായിക്കാനുള്ളത് ? കുറഞ്ഞ ഒരു കാലത്തിനുള്ളിൽ എത്ര വിപ്ലവാത്മകമായ മുന്നേറ്റങ്ങളാണ് അവിടുന്ന് കാഴ്ച വച്ചത് ! ഓരോ സംഭവത്തിന്റെയും ഓരം പറ്റി നിന്നുകൊണ്ടുള്ള വായന നമ്മെ കൂടുതൽ അദ്ഭുതപ്പെടുത്തുകയും ആലോചനകൾക്ക് വഴി നൽകുകയും ചെയ്യുന്നു.

ഇതിനിടയിൽ നടന്ന ഒരു മത്സരത്തിന്റെ കഥ കൂടി സീറാ ഗ്രന്ഥങ്ങളിൽക്കാണാം. ഒട്ടകങ്ങൾക്കും കുതിരകൾക്കും ഓട്ട മത്സരം വക്കുകയായിരുന്നു. ഒട്ടകങ്ങളുടെ കൂട്ടത്തിൽ നബിﷺയുടെ ഒട്ടകം ‘ഖസ്’വാ’ ഒന്നാം സ്ഥാനം കരസ്ഥമാക്കി. നബിﷺയുടേതായി ലിസാസ്, ളരിബ് എന്നീ രണ്ട് കുതിരകളാണ് ഉണ്ടായിരുന്നത്. അതിൽ ‘ളരിബ് ‘ ഒന്നാം സ്ഥാനം നേടി. മത്സര സമയത്ത് കുതിരപ്പുറത്ത് അബൂ ഉസൈദും(റ) ഒട്ടകപ്പുറത്ത് ബിലാലും(റ) ആയിരുന്നു ഉണ്ടായിരുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-376/365

നബിചരിത്ര വായനയിൽ ബനുൽ മുസ്തലഖ് യുദ്ധം പകർന്നു തരുന്ന ദുഃഖകരമായ ഒരു സംഭവമാണ് ആഇശ(റ)യ്ക്കെതിരെയുള്ള ആരോപണം. കപടവിശ്വാസികൾ കരുതിക്കൂട്ടിയുണ്ടാക്കിയ ഒരു കഥയായിരുന്നു ഇത്. നബിﷺയെയും സന്തതസഹചാരികളായ അബൂബക്കറി(റ)നെയും ഉമറി(റ)നെയും ഒരുപോലെ അപമാനിക്കാൻ അബൂബക്കറി(റ)ന്റെ മകൾ ആഇശ(റ)യെക്കുറിച്ചും ഉമറി(റ)ന്റെ മകൾ ഹഫ്സ(റ)യെക്കുറിച്ചും പലതും പറയാൻ പലപ്പോഴും അവർ ശ്രമിച്ചു. പക്ഷേ, അതൊന്നും വിജയിച്ചില്ല.

ആഇശ(റ)യെക്കുറിച്ച് ഇപ്പോഴുണ്ടായ സംഭവത്തെ നമുക്ക് ഇങ്ങനെ വായിക്കാം. “ബനുൽ മുസ്തലഖ് കഴിഞ്ഞുള്ള മടക്കയാത്രയിൽ മഹതി സഞ്ചരിച്ചിരുന്നത് ഒരൊട്ടകക്കട്ടിലിൽ ആയിരുന്നു. കട്ടിലിൽ മഹതി കയറി എന്നറിഞ്ഞാൽ അതുയർത്തി ഒട്ടകത്തിൻമേൽ വച്ച് സഞ്ചാരികൾ യാത്ര തുടരും. അതായിരുന്നു പതിവ്. കേവലം 14 വയസ്സ് മാത്രം പ്രായമുള്ള ഭാരം കുറഞ്ഞ വനിതയായിരുന്നു അന്ന് ആഇശ (റ).

യാത്രാമധ്യേ, ഒരു സ്ഥലത്ത് പ്രാഥമികാവശ്യ നിർവഹണത്തിനും മറ്റും സംഘം വാഹനം നിർത്തി. ആഇശ (റ) വാഹനത്തിൽ നിന്ന് ഇറങ്ങി അല്പം അകലേക്ക് നടന്നുപോയി. ആവശ്യനിർവഹണം കഴിഞ്ഞ് മടങ്ങി വരുമ്പോഴാണ് ധരിച്ചിരുന്ന മാല നഷ്ടപ്പെട്ട കാര്യം ശ്രദ്ധയിൽപ്പെട്ടത്. പെട്ടെന്നുതന്നെ മാല അന്വേഷിച്ച് വീണ്ടും പ്രാഥമികാവശ്യം നിർവഹിച്ച സ്ഥലത്തേക്ക് പോയി. മാല കണ്ടെത്തി മടങ്ങി വന്നപ്പോഴേക്കും യാത്രാ സംഘം സ്ഥലം വിട്ടിരുന്നു. ഒട്ടകക്കട്ടിലിൽ ആഇശ (റ) ഉണ്ടാകുമെന്ന് കരുതി വാഹകർ ഒട്ടകപ്പുറത്ത് വച്ച് യാത്ര തുടർന്നതാണ്. ഇനിയെന്ത് മാർഗം എന്ന് ആലോചിച്ചു ആഇശ (റ) അവിടെത്തന്നെയിരുന്നു. ഒരുപക്ഷേ, അടുത്ത സ്ഥലത്തെത്തുമ്പോൾ ആഇശ(റ)യുടെ അസാന്നിധ്യം മനസ്സിലാക്കി യാത്രാസംഘം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചാണ് മഹതി അവിടെയിരുന്നത്.

അങ്ങനെയിരിക്കെയാണ് ഓരോ യാത്ര സംഘത്തിലും ഉള്ളതുപോലെ ഈ യാത്രാ സംഘത്തിലെയും പിന്നണി സഞ്ചാരിയായ സഫ്‌വാൻ (റ) എന്ന സ്വഹാബി ഇതുവഴി കടന്നുവന്നത്. മുന്നേ കടന്നുപോകുന്നവരുടെ സാധനസാമഗ്രികൾ കൊഴിഞ്ഞു പോയിട്ടുണ്ടോ, ആരെങ്കിലും ഒറ്റപ്പെട്ടു പോയിട്ടുണ്ടോ എന്നൊക്കെ അറിയാനാണ് പിന്നണിയിൽ ഒരാളിങ്ങനെ സഞ്ചരിക്കാറുള്ളത്. സഫ്‌വാൻ (റ) നടന്നു വരുമ്പോൾ അതാ അവിടെ ഒരു കറുത്ത രൂപം ഇരിക്കുന്നു. അടുത്തുചെന്ന് ശ്രദ്ധിച്ചപ്പോൾ ആഇശ(റ)യാണെന്ന് മനസ്സിലായി. ഹിജാബിനെക്കുറിച്ചുള്ള ഖുർആൻ സൂക്തം അവതരിക്കുന്നതിന് മുമ്പ് ആഇശ(റ)യെ കണ്ട പരിചയം സഫ്‌വാന് (റ) ഉണ്ടായിരുന്നു. മഹതിയെക്കണ്ട മാത്രയിൽത്തന്നെ ആപത് ഘട്ടങ്ങളിൽ ചൊല്ലാറുള്ള മന്ത്രം ‘ഇന്നാലില്ലാഹ്’ എന്ന് ചൊല്ലി. ശേഷം ഒട്ടകം അടുപ്പിച്ചു കൊടുക്കുകയും ഒട്ടകത്തിൽ മഹതി കയറുകയും ചെയ്തു. ഒരു സംഭാഷണം പോലും നടത്താതെ കടിഞ്ഞാൺ പിടിച്ചുകൊണ്ട് സഫ്‌വാൻ (റ) മുന്നോട്ടുപോയി.

വൈകുന്നേരമായപ്പോഴേക്കും യാത്രാ സംഘത്തോടൊപ്പം അവർ ചെന്നുചേർന്നു. ആഇശ(റ)യെ സംഘത്തോടൊപ്പം എത്തിച്ചു കൊടുത്തു. ഇത്തരം യാത്രകളിൽ സാധാരണയുണ്ടാകുന്ന ഒരു സംഭവം മാത്രമാണിത്. എന്നാൽ, കപടവിശ്വാസികൾക്ക് കഥ മെനയാൻ ഇത് അധികമായിരുന്നു. സഫ്‌വാനെ(റ)യും ആഇശ(റ)യും ചേർത്ത് ഇല്ലാക്കഥകൾ പറഞ്ഞുണ്ടാക്കി. നിരപരാധികളായ പലരും യാഥാർഥ്യമറിയാതെ പ്രചാരണത്തിൽ വീണു പോയി. മറ്റുപല കാരണങ്ങളാൽ ആഇശ(റ)യോടോ സഫ്‌വാനോ(റ)ടോ സൗന്ദര്യപ്പിണക്കമുള്ളവർ ഇത് വിശ്വസിപ്പിക്കാനും ശ്രമിച്ചു. പ്രമുഖ സ്വഹാബിമാരായ ഹസാനും(റ) മിസ്‌തഹും(റ) ഹംന ബിൻത് ജഹ്ശും(റ) പ്രചരിപ്പിച്ചവരിൽ ഉൾപ്പെട്ടിരുന്നു. പുറത്തുനിന്നു വന്നവർ ഇവിടെയുള്ളവരെക്കാൾ സ്ഥാനം നേടുന്നു എന്ന മറ്റൊരു പ്രചാരണത്തിൽ വീണുപോയതുകൊണ്ടാണ് ഹസ്സാനി(റ)നു സഫ്‌വാനോ(റ)ട് സൗന്ദര്യപ്പിണക്കമുണ്ടായത്. ഒരു വാർത്ത വന്നപ്പോൾ സ്വാഭാവികമായും അത് സംബന്ധമായ സംഭാഷണങ്ങളുണ്ടായി. ഹംന(റ)യുടെ സഹോദരി സൈനബ് (റ) നബിﷺയുടെ പത്നിമാരിൽ ഒരാളായിരുന്നു. ആഇശ(റ)യുടെ അസാന്നിധ്യത്തിൽ സൈനബി(റ)ന് കുറേക്കൂടി പരിഗണന കിട്ടുമെന്ന് ഹംന(റ)യുടെ കൊച്ചു ബുദ്ധി മന്ത്രിച്ച് കൊടുത്തു. അതുകൊണ്ടാണ് ആഇശ(റ)യ്ക്കെതിരെയുള്ള ആരോപണത്തിൽ ഹംന (റ) പെട്ടുപോയത്. മിസ്തഹ് (റ) സിദ്ദീഖി(റ)ന്റെ ബന്ധവും സിദ്ദീഖി(റ)ന്റെ ചെലവിൽത്തന്നെ കഴിഞ്ഞിരുന്ന ആളുമാണ്. പക്ഷേ, എന്തുചെയ്യാൻ ഈ ആരോപണത്തിൽ എങ്ങനെയോ അദ്ദേഹം പെട്ടുപോയി. ഹസ്സാൻ (റ) ഉയർത്തിയ ആരോപണങ്ങൾ അറിഞ്ഞ് സഫ്‌വാൻ (റ) തന്റെ നിരപരാധിത്വം പ്രഖ്യാപിക്കുകയും ഹസാനെ(റ)തിരെ ആയുധമെടുത്തിറങ്ങി പരുക്കേൽപ്പിക്കുകയും ചെയ്തു. നബിﷺ സഫ്‌വാനെ(റ) നിയന്ത്രിക്കുകയും നഷ്ടപരിഹാരം നൽകാൻ പറയുകയും ചെയ്തു.

പുറത്തു നടക്കുന്ന ഈ സംഭവങ്ങളൊന്നും യഥാർഥത്തിൽ ആഇശ (റ) അറിഞ്ഞിരുന്നില്ല. പതിവുപോലെ ഒരു ദിവസം രാത്രി ആഇശ (റ) മിസ്തഹി(റ)ന്റെ ഉമ്മയോടൊപ്പം പ്രാഥമികാവശ്യ നിർവഹണത്തിന് പുറത്തേക്കിറങ്ങി. വാഷ് റൂമുകളില്ലാത്ത കാലമായതിനാൽ. രാത്രികാലങ്ങളിൽ കാലിപ്രദേശങ്ങളിൽ പോയായിരുന്നു അന്നത്തെ സ്ത്രീകൾ പ്രത്യേകിച്ചും പ്രാഥമികാവശ്യങ്ങൾ നിർവഹിച്ചിരുന്നത്. അങ്ങനെ നടക്കുന്നതിനിടയിൽ മിസ്തഹി(റ)ന്റെ ഉമ്മ മകനെക്കുറിച്ച് ഒരു ശാപവാക്ക് പറഞ്ഞു. ആഇശ (റ) പറഞ്ഞു, ‘അങ്ങനെ പറയരുത്. ഒരു പ്രമുഖ സ്വഹാബിയല്ലേ അദ്ദേഹം ? ‘ അപ്പോഴാണ് മിസ്തഹി(റ)ൽ നിന്നുണ്ടായ സംഭാഷണം ഉമ്മ ആഇശ(റ)യോട് പറയുന്നത്. പുറത്തു പ്രചാരണത്തിലുള്ള വാർത്തയും മറ്റുകാര്യങ്ങളും അപ്പോഴാണ് ആഇശ(റ)യുടെ കാതുകളിലെത്തുന്നത്.

ഇത്രയും കേട്ടതും ആഇശ(റ)യുടെ തലകറങ്ങി. വന്ന കാര്യങ്ങൾ പോലും മാറ്റിവച്ചു. നിലയും ചുവടും തെറ്റി വീട്ടിലേക്ക് മടങ്ങി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-377/365

ഇത്ര വലിയ ഒരാരോപണം താങ്ങാൻ ആ കൗമാരക്കാരിക്ക് സാധിച്ചില്ല. അതിനിടയിലാണ് ഒരു അൻസ്വാരി വനിത വന്ന് നാട്ടിൽ നടക്കുന്ന പ്രചാരണങ്ങളെക്കുറിച്ച് പറഞ്ഞത്. അതുകൂടി കേട്ടതോടെ ആഇശ (റ) തളർന്നു വീണു. മാതാപിതാക്കൾ ആശ്വസിപ്പിച്ചു. ശുശ്രൂഷകൾ നൽകി. ഈ വാർത്തകൾ കേട്ട നബിﷺയുടെ മാനസികാവസ്ഥയും പ്രതികരണവും എന്തായിരിക്കുമെന്ന് മഹതി വീണ്ടും വീണ്ടും ആലോചിച്ചു. അത് കൂടുതൽ തളർത്താൻ തുടങ്ങി. നബിﷺയുടെ സന്ദർശനം ഈ ചിന്തയോടെ ആയിരിക്കുമല്ലോ? അതിനാൽ നബിﷺയുടെ ക്ഷേമാന്വേഷണങ്ങളിൽ മഹതിക്ക് സമാധാനം ലഭിച്ചില്ല. ‘എങ്ങനെയുണ്ട്’ എന്ന് നബിﷺ ചോദിക്കുമ്പോഴും രോഗവിവരം അന്വേഷിക്കുന്നതിനപ്പുറം ചിലതു കൂടി അന്വേഷിക്കുന്നുണ്ടോ എന്ന് മഹതി സംശയിച്ചു. രാവും പകലും തോരാത്ത കണ്ണീരുമായി കിടക്കയിൽത്തന്നെയായി. ഒടുവിൽ ഉമ്മയെ വിളിച്ച് സ്വന്തം വീട്ടിലേക്ക് പോയി. അവിടെയും കരച്ചിലും കണ്ണീരുമായിത്തന്നെ കഴിഞ്ഞു കൂടി. കരഞ്ഞു കരഞ്ഞു കരൾ കലങ്ങുമോ എന്ന് മാതാപിതാക്കൾ വ്യാകുലപ്പെട്ടു. ഇനിയെന്തിനു ജീവിക്കണം എന്നുവരെ ആഇശ (റ) ആലോചിക്കാൻ തുടങ്ങി.

സ്വന്തം പത്നിയെ കുറിച്ചുള്ള ഈ ആരോപണം ആവശ്യമായ ആലോചനകൾക്ക് ശേഷമല്ലാതെ നബിﷺക്ക് കൈകാര്യം ചെയ്യാൻ കഴിയില്ല. ആഇശ(റ)യെക്കുറിച്ച് ഏതെങ്കിലും സംശയമോ സാധ്യതാവിചാരമോ നബിﷺക്കില്ല. പക്ഷേ, വിമർശകർക്ക് കൂടി നിരപരാധിത്വം ബോധ്യപ്പെടുത്താനുള്ള സാവകാശം ആവശ്യമാണ്. അല്ലെങ്കിൽ, ഇത്തരം കാര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കൃത്യമായ ഒരു മാതൃക പഠിപ്പിക്കാൻ സാധിക്കില്ല. സർവോപരി അല്ലാഹുവിന്റെ തീരുമാനവും പ്രഖ്യാപനവും വരാതെ തിരുനബിﷺക്ക് തീർപ്പ് പറയാനാവില്ല. നബിﷺ അല്ലാഹുവിൽ നിന്നുള്ള സന്ദേശങ്ങൾക്ക് കാത്തു നിന്നു. നബിﷺ ഉസാമ(റ)യോടും അലി(റ)യോടും ആഇശ(റ)യെക്കുറിച്ചുള്ള അഭിപ്രായമന്വേഷിച്ചു. പ്രഥമ മറുപടിയിൽത്തന്നെ ആഇശ (റ) നിരപരാധിയാണെന്ന് ഉസാമ (റ) പറഞ്ഞു.
ആഇശ(റ)യെക്കുറിച്ചൊന്നും പറയാത്ത സ്ത്രീകൾ വേറെയുമുണ്ടല്ലോ എന്ന പ്രതികരണമാണ് അലി(റ)യിൽ നിന്നുണ്ടായത്. അലി(റ)യുടെ ഈ പ്രതികരണമറിഞ്ഞതിൽപ്പിന്നെ ആഇശ(റ)യ്ക്ക് അലി(റ)യോട് സ്വാഭാവികമായ ഒരു പരിഭവമുണ്ടായിരുന്നു. പരിചാരകയോട് വ്യംഗ്യമായ രൂപത്തിൽ നബിﷺ ഒരന്വേഷണം നടത്തി. കാര്യത്തിന്റെ യാഥാർഥ്യം മനസ്സിലാക്കാത്തതിനാൽ അവർ പറഞ്ഞു. “ചെറുപ്പമല്ലേ, ചിലപ്പോൾ ഇരുന്നുറങ്ങിക്കളയും, അതുകൊണ്ട് ചിലപ്പോൾ ആട് വന്നു മാവ് തിന്നു പോകും. അല്ലാതെ, വേറെ ഒന്നും ഞാൻ കണ്ടിട്ടില്ല.” ഈ മറുപടി കേട്ടപ്പോൾ നബിﷺ വിഷയം വ്യക്തമാക്കിച്ചോദിച്ചു. കേട്ട മാത്രയിൽത്തന്നെ അവർ പറഞ്ഞു. “സുബുഹാനല്ലാഹ്! തട്ടാൻ തങ്കത്തെ അറിയുമ്പോലെ എനിക്ക് ആഇശ(റ)യെ അറിയാം. ഒരിക്കലും അങ്ങനെയൊന്നുണ്ടാവാൻ സാധ്യതയില്ല.”

ഈ മറുപടികൾ നബിﷺയെ വല്ലാതെ സന്തോഷിപ്പിച്ചു. ആഇശ(റ)യുടെ സഹപത്നിമാരിൽ ആഇശ(റ)യോട് കിടമത്സരം നടത്തിയിരുന്നതായിരുന്നു സൈനബ് (റ). സൈനബി(റ)നോട് നബിﷺ അഭിപ്രായമന്വേഷിച്ചു. ന്യായമല്ലാത്തതൊന്നും ആഇശ(റ)യിൽ കണ്ടിട്ടില്ലെന്നവർ മറുപടി പറഞ്ഞു.

ഇത്രയുമായപ്പോൾ നബിﷺ അനുചരന്മാരെ പള്ളിയിൽ വിളിച്ചു ചേർത്തു. നബി പത്നിമാരുടെ പവിത്രതയും കപടവിശ്വാസികളുടെ ആരോപണങ്ങളും വിശദമായി പങ്കുവച്ചു. എന്നിട്ട് ചോദിച്ചു. “കുറ്റവാളികളെ ആരാണ് കൈകാര്യം ചെയ്യുക?” ഉടനെ ഔസ് ഗോത്രത്തലവൻ കൂടിയായ സഅ്ദ് ബിൻ മആദ്(റ) എഴുന്നേറ്റു പറഞ്ഞു, “അല്ലയോ പ്രവാചകരേﷺ! കുറ്റവാളി എന്റെ ഗോത്രക്കാരനാണെങ്കിൽ ഇപ്പോൾത്തന്നെ ഞാൻ അവന്റെ തലയെടുത്തു വരാം. പ്രതി സഹോദര ഗോത്രമായ ഖസ്‌റജ് ഗോത്രത്തിലാണെങ്കിൽ അവിടുത്തെ കല്പന പോലെ ചെയ്യാം നബിﷺയേ?”

ദീർഘകാലത്തെ കുടിപ്പക അവസാനിപ്പിച്ചു ഏകോദര സഹോദരങ്ങളായിക്കകഴിഞ്ഞിരുന്ന ഔസിന്റെയും ഖസ്‌റജിന്റെയും ഇടയിൽ കപടവിശ്വാസികളുണ്ടാക്കിയ സമീപകാല വിദ്വേഷം സഅ്ദ് (റ) അത്ര ആലോചിച്ചിരുന്നില്ല. പക്ഷേ, സഅ്ദ് (റ) ഇത് പറഞ്ഞതും ഖസ്‌റജിലെ ഒരാൾ എഴുന്നേറ്റു. “ഞങ്ങളുടെ ഗോത്രത്തെക്കുറിച്ചു ഞങ്ങൾ തീരുമാനിച്ചുകൊള്ളാം “. നിങ്ങൾ എന്തിനു പറയണമെന്നായിരുന്നു പ്രശ്നം. വാക്കുകൾ മൂത്തു. വലിയ വിഭാഗീയതയുടെ വക്കിലേക്കെത്തി. ഉടനെ നബിﷺ ഇടപെട്ടു അനുരഞ്ജനമുണ്ടാക്കി. ശേഷം, ആഇശ(റ)യുടെ അടുത്തേക്ക് പോയി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-378/365

ആഇശ (റ) കിടക്കയിൽ തന്നെയാണ്. കണ്ണുനീർ തോർന്നിട്ടില്ല. മാതാപിതാക്കൾ അടുത്തിരുന്നു ശുശ്രൂഷിക്കുന്നു. നബിﷺ അടുത്തു ചെന്നിരുന്നു. എന്നിട്ട് പറഞ്ഞു, “മോളേ! തെറ്റു സംഭവിച്ചുപോയെങ്കിൽ അല്ലാഹുവോട് പശ്ചാത്തപിക്കൂ. അവൻ പൊറുത്തുതരും. അതല്ലെങ്കിൽ ആശ്വസിക്കൂ. നിന്റെ നിരപരാധിത്വം അല്ലാഹു വെളിപ്പെടുത്തും. നിൻ്റെ പവിത്രതയെ അവൻ തന്നെ വിളംബരം ചെയ്യും”. ഇതിനുത്തരം പറയാൻ ആഇശ(റ)യ്ക്ക് കഴിഞ്ഞില്ല. മാതാപിതാക്കളോട് ആംഗ്യം കാണിച്ചു. പക്ഷേ, അവർ മൗനമവലംബിച്ചതേയുള്ളൂ. ആഇശ (റ) തന്നെ പറയുന്നു. “കരഞ്ഞു കരഞ്ഞ് എന്റെ കണ്ണുനീർ വറ്റി. നിരപരാധിയാണെന്നതിനാൽ മനസ്സിന് ആശ്വാസം തോന്നി. പിന്നെ ഞാൻ തന്നെ മറുപടി പറഞ്ഞു. അല്ലാഹുവിന്നറിയാം ഞാൻ നിരപരാധിയാണെന്ന്. ഇനി ഞാൻ കുറ്റം സമ്മതിച്ചാൽ ആരോപണത്തിന്റെ യാഥാർഥ്യം ആരാണറിയുക! ഇനി നിഷേധിച്ചാൽ ആരാണംഗീകരിക്കുക? ഇപ്പോഴെന്റെ അവസ്ഥ യൂസുഫ് നബി(അ)യുടെ പിതാവിന്റെ അവസ്ഥയാണ്.(എത്രയായിട്ടും എനിക്ക് യഅ്ഖൂബ് നബി(അ)യുടെ പേര് അപ്പോൾ ഓർമ വന്നില്ല എന്ന് മഹതി പറഞ്ഞിരുന്നു). സുന്ദരമായ സഹനം അഥവാ ‘സബ്റുൻ ജമീൽ’ തന്നെയാണ് എനിക്ക് നല്ലത് “.

അല്ലാഹുവിന്റെ തീരുമാനത്തിന് കാത്തിരിക്കുകയാണ്. അവന്റെ വെളിപ്പെടുത്തൽ വന്നാലേ അന്തിമ തീരുമാനമാവൂ.

ഇതിനിടയിൽ കപടവിശ്വാസികൾക്ക് തത്ക്കാലം ആശ്വസിക്കാനായി. മുത്ത് നബിﷺയേയും കുടുംബത്തേയും മാനസികമായി പ്രയാസപ്പെടുത്താനായി. കുടുംബങ്ങളെപറ്റി ഹീനമായ ഒരു കഥ പ്രചരിപ്പിക്കാനായി. അതിൽ അവർ ആത്മനിർവൃതിയിൽക്കഴിഞ്ഞു.

പക്ഷേ, കാർമേഘങ്ങൾ അധിക നേരം നീണ്ടു നിന്നില്ല. നബിﷺയുടെ മുഖത്ത് പുഞ്ചിരി വിടർന്നു. നെറ്റിത്തടത്തിൽ വിയർപ്പു കണങ്ങൾത്തിളങ്ങി. വിശുദ്ധ ഖുർആൻ ‘അന്നൂർ’ അധ്യായത്തിലെ പതിനൊന്നു മുതൽ പത്തൊൻപത് വരെ സൂക്തങ്ങൾ അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം. “തീര്‍ച്ചയായും ഈ അപവാദം പറഞ്ഞു പരത്തിയവര്‍ നിങ്ങളില്‍ നിന്നുതന്നെയുള്ള ഒരു വിഭാഗമാണ്. അത് നിങ്ങള്‍ക്ക് ദോഷകരമാണെന്ന് നിങ്ങള്‍ കരുതേണ്ട. മറിച്ച്, അത് നിങ്ങള്‍ക്കു ഗുണകരമാണ്. അവരിലോരോരുത്തര്‍ക്കും താന്‍ ചെയ്ത പാപത്തിന്റെ ഫലമുണ്ട്. അതോടൊപ്പം അതിനു നേതൃത്വം നല്‍കിയവന് കടുത്ത ശിക്ഷയുമുണ്ട്. ആ വാര്‍ത്ത കേട്ടപ്പോള്‍ തന്നെ സത്യവിശ്വാസികളായ സ്ത്രീ പുരുഷന്മാര്‍ക്ക് സ്വന്തം ആളുകളെപ്പറ്റി നല്ലതു വിചാരിക്കാമായിരുന്നില്ലേ? ഇതു തികഞ്ഞ അപവാദമാണെന്ന് അവര്‍ പറയാതിരുന്നതെന്തുകൊണ്ട്? അവരെന്തുകൊണ്ട് അതിനു നാലു സാക്ഷികളെ ഹാജരാക്കിയില്ല? അവര്‍ സാക്ഷികളെ ഹാജരാക്കാത്തതിനാല്‍ അവര്‍ തന്നെയാണ് അല്ലാഹുവിങ്കല്‍ അസത്യവാദികള്‍. ഇഹത്തിലും പരത്തിലും അല്ലാഹുവിന്റെ അനുഗ്രഹവും കാരുണ്യവും നിങ്ങള്‍ക്കുണ്ടായിരുന്നില്ലെങ്കില്‍, ഈ അപവാദവാര്‍ത്തകളില്‍ മുഴുകിക്കഴിഞ്ഞതിന്റെ പേരില്‍ കഠിനമായ ശിക്ഷ നിങ്ങളെ ബാധിക്കുമായിരുന്നു. നിങ്ങള്‍ ഈ അപവാദം നിങ്ങളുടെ നാവുകൊണ്ട് ഏറ്റുപറഞ്ഞു. നിങ്ങള്‍ക്കറിയാത്ത കാര്യങ്ങള്‍ നിങ്ങൾ തന്നെ പറഞ്ഞുപരത്തി. അപ്പോള്‍ നിങ്ങളത് നന്നേ നിസ്സാരമാണെന്നു വിചാരിച്ചു. എന്നാല്‍, അല്ലാഹുവിങ്കലത് അത്യന്തം ഗുരുതരമായ കാര്യമാണ്. അതുകേട്ട ഉടനെ നിങ്ങളെന്തുകൊണ്ടിങ്ങനെ പറഞ്ഞില്ല: നമുക്ക് ഇത്തരം കാര്യങ്ങളെ സംബന്ധിച്ച് സംസാരിക്കാന്‍ പാടില്ല. അല്ലാഹുവേ, നീയെത്ര പരിശുദ്ധന്‍! ഇത് അതിഗുരുതരമായ അപവാദം തന്നെയാണ് എന്ന്. അല്ലാഹു നിങ്ങളെയിതാ ഉപദേശിക്കുന്നു: “നിങ്ങള്‍ സത്യവിശ്വാസികളെങ്കില്‍ നിങ്ങളൊരിക്കലും ഇതുപോലുള്ളത് ആവര്‍ത്തിക്കരുത്.” അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനുമാണ്. അല്ലാഹു നിങ്ങള്‍ക്ക് അവന്റെ പ്രമാണങ്ങള്‍ വിവരിച്ചുതരുന്നു. സത്യവിശ്വാസികള്‍ക്കിടയില്‍ അശ്ലീലം പ്രചരിക്കുന്നതില്‍ കൗതുകം കാട്ടുന്നവര്‍ക്ക് ഇഹത്തിലും പരത്തിലും നോവേറിയ ശിക്ഷയുണ്ട്. അല്ലാഹു എല്ലാം അറിയുന്നു. നിങ്ങളോ അറിയുന്നുമില്ല.“

ആഇശ(റ)യെ പ്രത്യേകം പരാമർശിച്ചു കൊണ്ട് അന്നൂറിലെ തന്നെ ഇരുപത്തിമൂന്നും ഇരുപത്തിനാലും സൂക്തങ്ങൾ കൂടി അവതരിച്ചു. ഉള്ളടക്കം ഇങ്ങനെയാണ്. ”പതിവ്രതകളും ദുര്‍നടപടിയെക്കുറിച്ചാലോചിക്കുക പോലും ചെയ്യാത്തവരുമായ സത്യവിശ്വാസിനികളെ സംബന്ധിച്ച് ദുരാരോപണമുന്നയിക്കുന്നവര്‍ ഇഹത്തിലും പരത്തിലും ശപിക്കപ്പെട്ടിരിക്കുന്നു. അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെപ്പറ്റി അവരുടെതന്നെ നാവുകളും കൈകാലുകളും സാക്ഷിനില്‍ക്കുന്ന നാളിൽ അവര്‍ക്ക് കഠിനമായ ശിക്ഷയുണ്ട്.“

ആഇശ(റ)യുടെ നിരപരാധിത്വം ഖുർആൻ പ്രഖ്യാപിച്ചതോടെ മഹതിയോട് മാതാവ് പറഞ്ഞു. “മോളേ, മുത്തുനബിﷺയുടെ അടുത്തേക്ക് ചെന്നു കാൽക്കൽ വീഴൂ മകളേ “. അപ്പോൾ ആഇശ(റ)യിൽ ഒരു അഭിമാന ബോധം ഉയർന്നു. സ്വാഭാവികമായി ഭാര്യ ഭർത്താവിനോട് കാണിക്കുന്ന ഒരു സൗന്ദര്യ വ്യവഹാരം. “ഞാൻ അല്ലാഹുവിനോട് മാത്രമേ കടപ്പാട് പറയേണ്ടതുള്ളൂ ” എന്ന്‌ പറഞ്ഞു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-379

ആരോപണത്തിന്റെ ഗൗരവം ഖുർആൻ പ്രഖ്യാപിച്ചു. ഒപ്പം ആരോപണം ഉന്നയിക്കുന്നവരുടെ ശിക്ഷയും അറിയിച്ചു കഴിഞ്ഞു. എത്ര വിലകൊടുത്താലും മതിയാകാത്ത അഭിമാനത്തിന്മേൽ തൊട്ടുകളിക്കാതിരിക്കാനുള്ള ഒരു താക്കീത് കൂടിയായിരുന്നു ശിക്ഷാ നടപടി. അതുപ്രകാരം മൂന്നു കുറ്റവാളികൾക്ക് എൻപത് അടി വീതം ശിക്ഷ നടപ്പിലാക്കി. പ്രചാരണത്തിൽ അരികുചേർന്ന ഹസ്സാൻ ബിൻ സാബിത് (റ) പ്രായശ്ചിത്തമായി ആഇശ(റ)യെ പ്രകീർത്തിച്ചുകൊണ്ട് കവിതകളാലപിച്ചു. അതിലെ ഒരു വരി ഇങ്ങനെയായിരുന്നു.

“ഹസാനുൻ റസാനുൻ മാ തുസനു ബി റീബത്തി
വ തുസ്ബിഹു ഗർസാ അൻ ലുഹൂമിൽ ഗാവാഫിലി”

പവിത്രതയും കുലീനയും പ്രൗഢിയിൽ ഉന്നത
പവിത്രരേ,
ദൂഷണം പറയാത്ത മഹോന്നത

ഇതു കേട്ടപ്പോൾ ആഇശ (റ) പറഞ്ഞു. “ഇപ്പറഞ്ഞതൊക്കെ ശരിയാണ്. പക്ഷേ, താങ്കൾ അങ്ങനെയായില്ലല്ലോ?” ഇങ്ങനെയാണെങ്കിലും ഒരിക്കൽ പോലും ഈ സംഭവത്തിന്മേൽ ഹസ്സാനെ(റ) കുറ്റപ്പെടുത്താൻ ആഇശ (റ) മുതിർന്നിരുന്നില്ല. എന്ന്‌ മാത്രമല്ല അതിനാരെങ്കിലും ഒരുങ്ങിയാൽ അവരെ തടയുക കൂടി ചെയ്തിരുന്നു. തന്റെ കവിതയിലൂടെ നബിﷺക്കു ഹസ്സാൻ ഏർപ്പെടുത്തിയ പ്രതിരോധത്തിൽ മഹതിക്കദ്ദേഹത്തോട് എപ്പോഴും നല്ല മതിപ്പും ബഹുമാനവുമായിരുന്നു.

ബനുൽ മുസ്ഥലഖിൽ നഷ്ടപ്പെട്ട ഈ മാലയ്ക്ക് മറ്റൊരു കഥ കൂടിപ്പറയാനുണ്ട്. അതിവിടെച്ചേർക്കുന്നത് രസകരമായിരിക്കും. വേറൊരു യാത്രയിൽ മഹതി ആഇശ (റ) നബിﷺയോടൊപ്പം കൂടി. യാത്രയ്ക്കിടയിൽ ദാത്തുൽ ജയിശിലെത്തിയപ്പോൾ മാല അറ്റു വീണു. ഉടനെ മഹതി വിവരം നബിﷺയെ അറിയിച്ചു. വാഹനം നിർത്തി അന്വേഷണം ആരംഭിച്ചു. ഒരാളെയതിനു വേണ്ടി അയച്ചു. സുബ്ഹിയോടടുത്ത സമയമായിരുന്നു. വെള്ളം ലഭ്യമാകാത്ത സ്ഥലമായിരുന്നു അത്. നിസ്ക്കാര സമയമായപ്പോൾ ആളുകൾ എന്ത് ചെയ്യണമെന്നറിയാതെ പരിഭ്രാന്തരായി. ആഇശ(റ)യ്ക്ക് വേണ്ടിയാണല്ലോ ഇവിടെ നിർത്തേണ്ടി വന്നത് എന്നതിനാൽ പ്രത്യേകിച്ചും ആളുകൾ അബൂബക്കർ(റ)വിനോട് പരിഭവം പറഞ്ഞു. ആഇശ (റ) സൈന്യത്തെ മുഴുവൻ വിഷമത്തിലാക്കിയല്ലോ എന്ന ഭാവത്തിൽ സിദ്ദീഖ് (റ) ആഇശ(റ)യുടെ അടുത്തേക്ക് ചെന്നു. അപ്പോൾ നബിﷺ ആഇശ(റ)യുടെ മടിയിൽ തലവച്ചു കിടക്കുകയായിരുന്നു. ‘’നീ ഓരോ ദിവസവും ജനങ്ങളുടെ തലയിൽ ഓരോ പണി വച്ചു കൊടുക്കുകയാണല്ലോ’’ എന്ന്‌ പറഞ്ഞു കൊണ്ട് വാപ്പ അവിടുത്തെ വിരലു കൊണ്ട് മകളുടെ പാർശ്വത്തിൽ ഒരു കുത്തു വച്ചു കൊടുത്തു. നബിﷺ അറിയാതിരിക്കാൻ ആഇശ (റ) അനങ്ങാതെത്തന്നെയിരുന്നു. നേരം പുലരാനായപ്പോൾ നബിﷺക്കു ഖുർആനിലെ ഒരു സൂക്തം അവതരിച്ചു. വെള്ളം ലഭ്യമായില്ലെങ്കിൽ വുളുവിനു അഥവാ, അംഗ സ്നാനം സാധ്യമായില്ലെങ്കിൽ നിസ്ക്കാരത്തിനുവേണ്ടി ഒരു പരിഹാര ക്രിയ തയമ്മും നിർദേശിച്ചുകൊണ്ടുള്ള ഖുർആൻ അധ്യാപനമായിരുന്നു അത്. നാലാം അധ്യായം അന്നിസാഇലെ നാൽപ്പത്തിമൂന്നാമത്തെ സൂക്തത്തിന്റെ ആശയം ഇങ്ങനെ വായിക്കാം. “അല്ലയോ സത്യവിശ്വാസികളേ,നിങ്ങള്‍ ലഹരി ബാധിതരായ ശേഷം നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് നല്ല ബോധമുണ്ടാകും വരെയും ജനാബത്തുകാരനെങ്കില്‍ കുളിച്ചു ശുദ്ധി വരുത്തുന്നതുവരെയും- നിങ്ങൾ നിസ്കാരത്തെ സമീപിക്കരുത്- വഴിയാത്രക്കാരാണെങ്കിലല്ലാതെ. അഥവാ, നിങ്ങള്‍ രോഗികളാവുകയോ യാത്രയിലാവുകയോ ചെയ്തു; അല്ലെങ്കില്‍ നിങ്ങളിലൊരാള്‍ വിസര്‍ജനം കഴിഞ്ഞുവന്നു; അതുമല്ലെങ്കില്‍ സ്ത്രീകളുമായി സംസര്‍ഗം നടത്തി; എന്നിട്ട് വെള്ളം കിട്ടിയതുമില്ല; എങ്കില്‍ ശുദ്ധിയുള്ള മണ്ണ് ഉപയോഗിക്കുക. അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പേകുന്നവനും പൊറുക്കുന്നവനുമാണ് “.

അല്ലാഹുവിൽ നിന്നും ആനുകൂല്യത്തിന്റെ അനുഗ്രഹം ലഭിച്ചതോടെ സ്വാഹാബികൾ ആഹ്ലാദഭരിതരായി. അവർ വിശ്വാസികളുടെ മാതാവ് ആഇശ(റ)യെ വാഴ്ത്താൻ തുടങ്ങി. ഉസൈദ് ബിൻ ഹളൈർ (റ) ആനന്ദാതിരേകത്താൽ പറഞ്ഞു ‘സിദ്ധീഖി(റ)ന്റെ വീട്ടുകാരേ! ഇത് നിങ്ങളീലൂടെ ലഭിച്ച ആദ്യത്തെ അനുഗ്രഹമല്ല.’

മകളെ ശാസിക്കാൻ കാത്തു നിന്ന സിദ്ദീഖ് (റ) മകളെ വിളിച്ചു പറഞ്ഞു. “വാപ്പച്ചിയുടെ പൊന്നു മോളേ! നീയിത്ര അനുഗൃഹീതയാണെന്ന് ഞാനറിഞ്ഞിരുന്നില്ല. മുസ്‌ലിംകൾക്ക് അല്ലാഹുവിൽ നിന്നു ലഭിച്ച എത്ര വലിയ അനുഗ്രഹത്തിനാണ് നീ കാരണമായത് !“
ആഇശ(റ)യുടെ വിലാസം ഉയർത്തിയ മഹാമുഹൂർത്തമായി ഈ സംഭവം പരിണമിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-380

ബനുൽ മുസ്ത്വലഖിലേക്ക് തന്നെ നമുക്ക് വീണ്ടും വരാം. ജാബിർ ബിൻ അബ്ദില്ലാഹി (റ) നിവേദനം ചെയ്യുന്നു. “മുറൈസീഅ അഥവാ ബനുൽ മുസ്ത്വലഖിൽ എന്റെ കൂട്ടുകാരനും സഹസഞ്ചാരിയുമായിരുന്നു അബ്ദുല്ലാഹിബിൻ റവാഹ: (റ). പാതിരാത്രിയായപ്പോൾ ഞങ്ങൾ വാദിൽ അഖീഖിൽ എത്തി. ജനങ്ങളെല്ലാം ഉറങ്ങിക്കഴിഞ്ഞു. ഞങ്ങൾ ചോദിച്ചു, ‘നബിﷺ എവിടെ?’ അവിടുന്ന് മുന്നേ സഞ്ചരിച്ച് വിശ്രമിക്കുകയാണെന്ന് ഞങ്ങൾക്ക് മറുപടി ലഭിച്ചു. ഉടനെ അബ്ദുല്ലാഹിബിൻ റവാഹ (റ) പറഞ്ഞു. ‘നമുക്ക് മുന്നേ യാത്ര ചെയ്ത് വീട്ടിലേക്ക് പോയാലോ?’
ഞാൻ പറഞ്ഞു. ‘ഇല്ല, ആരും സംഘം വിട്ട് മുന്നോട്ട് പോയിട്ടില്ല. അതുകൊണ്ട് ഞാനവരെ വിട്ട് വരാൻ ആഗ്രഹിക്കുന്നില്ല’. അപ്പോൾ ഇബ്നു റവാഹ (റ) പറഞ്ഞു. ‘നമ്മൾ മുന്നോട്ട് പോകാൻ പാടില്ല എന്നൊന്നും നബിﷺ പറഞ്ഞിട്ടില്ലല്ലോ? അതുകൊണ്ട് പ്രശ്നമില്ല’.
ഞാൻ പറഞ്ഞു, ‘ഏതായാലും ഞാനീ രാത്രി വരാൻ ആഗ്രഹിക്കുന്നില്ല’. അദ്ദേഹം എന്നെ വിട്ട് സ്വന്തമായി മദീനയിലേക്ക് തിരിച്ചു. ഞാൻ പിന്നാലെ നോക്കി നിന്നു. മറ്റാരും അപ്പോൾ വഴിയിലുണ്ടായിരുന്നില്ല.

അദ്ദേഹം നേരേ പോയി ബനുൽ ഹാരിസ് ബിൻ ഖസ്റജിലെ തന്റെ വീട്ടിൽപ്പോയി വാതിലിൽ മുട്ടി. അപ്പോഴതാ വീടിന്റെ നടുവിൽ വിളക്ക് തെളിഞ്ഞിരിക്കുന്നു. തന്റെ ഭാര്യയുടെ അടുത്ത് നല്ല ഉയരമുള്ള ഒരാളുടെ നിഴൽ. ഇബ്നു റവാഹ (റ) വിചാരിച്ചു, അതൊരു പുരുഷനായിരിക്കുമെന്ന് ! പെട്ടന്ന് തന്നെ വാളുയർത്തി. സംഘത്തെയും വിട്ട് മുന്നേ വന്നതിൽ ഖേദിച്ചു. പെട്ടെന്ന് ഭാര്യയെ കാലുകൊണ്ട് തട്ടി. ‘ഞാൻ അബ്ദുല്ല(റ)യാണ്. ഇതാരാണ് നിന്റെയടുത്ത്?’
‘ഇത് എനിക്ക് തല വാർന്നു തരുന്ന കൂട്ടുകാരി റുജൈലയാണ് ‘. പെട്ടെന്ന് ഞെട്ടിയുണർന്ന് അവൾ പ്രതികരിച്ചു. അപ്പോഴാണ് തനിക്ക് തോന്നിയതാണെന്ന് ഇബ്നു റവാഹ(റ)യ്ക്ക് മനസ്സിലായത്. നിങ്ങൾ വരുമെന്നറിഞ്ഞു ഞാനവളെ കൂട്ടിനുവിളിച്ചതാണ്. അങ്ങനെയാണ് എനിക്കൊപ്പം അവളുണ്ടായത്. ഭാര്യ വിശദീകരിച്ചു.

പ്രഭാതമായപ്പോൾ അബ്ദുല്ലാഹ് (റ) നബിﷺയെത്തേടി യാത്രതിരിച്ചു. ബിഅ്ർ അബൂ ഇനബയിൽ വച്ചു കണ്ടുമുട്ടി. അപ്പോൾ നബിﷺയുടെ ഇരുവശങ്ങളിലായി അബൂബക്കറും(റ) ബശീറു ബിൻ സഅ്ദ്(റ)മാണ് ഉണ്ടായിരുന്നത്. ഇബ്നു റവാഹ(റ)യെക്കണ്ടതോടെ നബിﷺ ബശീർ ബിൻ സഅ്ദി(റ)നെ വിളിച്ചു. ‘അല്ലയോ ! അബൂ നുഅ്മാനേ,(റ) അബ്ദുല്ല(റ)യുടെ മുഖത്ത് നോക്കിയാലറിയാം രാത്രി കാലത്തു വീട്ടിൽ പോയി മുട്ടിയത് ശരിയായില്ലെന്ന് ‘. ഒടുവിൽ അബ്ദുല്ലാഹ് (റ) അടുത്തു വന്നപ്പോൾ നബിﷺ കാര്യങ്ങളന്വേഷിച്ചു. അദ്ദേഹം വിവരങ്ങൾ വിശദമായിപ്പറഞ്ഞു. നബിﷺ പറഞ്ഞു, ‘രാത്രിയിൽ പോയി അപ്രതീക്ഷിതമായി നിങ്ങൾ വീട്ടുകാരികളെത്തട്ടിയുണർത്തരുത്. ദീർഘയാത്ര കഴിഞ്ഞു മുന്നറിയിപ്പില്ലാതെ വീട്ടിലേക്കു ചെല്ലരുത് എന്ന നിയമം പറഞ്ഞു കൊടുത്തു. നബിﷺ വിലക്കിയ കാര്യങ്ങളിലൊന്നായി അത് മാറി.

എത്ര മന:ശാസ്ത്രപരമായ അധ്യാപനമാണ് തിരുനബിﷺ പകർന്നു തന്നത് ! ദീർഘയാത്ര കഴിഞ്ഞു വരുന്ന വീട്ടുകാരൻ മുന്നറിയിപ്പില്ലാതെ വീട്ടിലേക്ക് വന്നു കയറരുത്. വീട്ടുകാർ അലക്ഷ്യമായി ഇരിക്കുകയോ വീട്ടുവൃത്തികളിൽ വ്യാപൃതരായിരിക്കുകയോ ചെയ്യുമ്പോൾ പൊടുന്നനെ കയറിചെല്ലുന്നത് വരുന്നവർക്കും സ്വീകരിക്കുന്നവർക്കും പ്രയാസമുണ്ടാക്കും. മുന്നറിയിപ്പ് നൽകി ഒരുങ്ങി , കാത്തിരുന്നു സ്വീകരിക്കുന്നതിലെ സന്തോഷം രണ്ടുപേർക്കും ഉണർവും നന്മകളും പ്രദാനം ചെയ്യും. നബിﷺ യാത്ര കഴിഞ്ഞു വന്നാൽ നേരെ പള്ളിയിലേക്കാണ് വരുക. അവിടുന്ന്‌ വന്നു എന്ന്‌ വീട്ടിലറിഞ്ഞു , വീട്ടുകാർക്ക് ഒരുങ്ങാനും സ്വീകരിക്കാനുമുള്ള സാവകാശം നൽകിയിട്ടേ വീട്ടിലേക്കു പോകുമായിരുന്നുള്ളൂ.

ഇരുപത്തിയെട്ടു ദിവസത്തെ യാത്രയ്ക്ക് ശേഷം നബിﷺ മദീനയിൽ പ്രവേശിച്ചു. ശേഷം ജുവൈരിയ്യ(റ)യുടെ പിതാവ് മകളെ മോചിപ്പിക്കാൻ ഒട്ടകങ്ങളുമായി മദീനയിലെത്തി. അദ്ദേഹം കൊണ്ടുവന്ന ഒട്ടകങ്ങളിൽ നിന്നു മെച്ചപ്പെട്ടതും തനിക്ക് പ്രിയപ്പെട്ടതുമായ രണ്ടെണ്ണത്തിനെ അഖീഖിലെ ഒരു ചെരുവിൽ മാറ്റി നിർത്തി. ശേഷിച്ചവയെയും കൊണ്ടാണ് നബിﷺയുടെ അടുത്തേക്ക് വന്നത്. എന്നിട്ട് മകളുടെ മോചനത്തെക്കുറിച്ചു സംസാരിച്ചു. ഉടനെ നബിﷺ ചോദിച്ചു. ‘അഖീഖിലെ ഇന്ന ചെരുവിൽ മാറ്റി നിർത്തിയ രണ്ടു ഒട്ടകങ്ങളെവിടെ?’ ബീവി ജുവൈരിയ്യ(റ)യുടെ പിതാവ് ഹാരിസ് ബിൻ അബീ ളീറാർ (റ) ആകെ അദ്ഭുതപ്പെട്ടു. ഉടനെ അദ്ദേഹം കലിമ ചൊല്ലി. ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹം പറഞ്ഞു. “അല്ലയോ നബിﷺയേ, അവിടുന്ന്‌ സത്യപ്രവാചകനാﷺണ് ഞാനംഗീകരിച്ചു. കാരണം, ഞാനാ ഒട്ടകങ്ങളെ നിർത്തിയത് അല്ലാഹുവിന്നല്ലാതെ ആർക്കുമറിയില്ലായിരുന്നു”.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-381

ബനുൽ മുസ്തലഖിന്റെ ആരവങ്ങളടങ്ങി. കപട വിശ്വാസികളുടെ നേതാവ് ഇബ്നു ഉബയ്യിന്റെ കുതന്ത്രങ്ങൾ പലതും പാളി. എന്നാലും അവർക്കു പരുക്കുകൾ ഏൽക്കാതെ രക്ഷപ്പെട്ടു എന്ന ആശ്വാസത്തിലാണ് നേതാവും സംഘവും. ഇനിയങ്ങോട്ട് എന്തൊക്കെ ചെയ്യാനാവും എന്ന ആലോചനയിൽക്കഴിയുകയാണവർ. അതിനിടയിൽ ഒരു സംഭവമുണ്ടായി. റാഫിഉ ബിൻ ഖദീജ് പറഞ്ഞു. ‘ഉബാദത് ബിൻ സ്വാമിത് (റ) ഇബ്നു ഉബയ്യിനോട് പറയുന്നത് ഞാൻ കേട്ടു. ”അല്ലയോ ഇബ്നു ഉബയ്യേ, നിന്നെക്കുറിച്ചു ഖുർആൻ അവതരിക്കുന്നതിനു മുമ്പ് നീ നബിﷺയെ സമീപിക്കുക. അവിടുന്ന്‌ നിനക്ക് വേണ്ടി അല്ലാഹുവിനോട് മാപ്പിരന്നു കൊള്ളും”. അതുകേട്ടയുടൻ അവൻ അവഗണനയോടെ തല തിരിച്ചു കളഞ്ഞു. അപ്പോൾ ഉബാദ (റ) പറഞ്ഞു. ”നീ ഈ തലതിരിച്ചതിനെക്കുറിച്ചു അല്ലാഹു സൂക്തം അവതരിപ്പിക്കുക തന്നെ ചെയ്യും. നാളെ ആളുകൾ അത് പാരായണം ചെയ്തു നിസ്കരിക്കും”.

അന്നത്തെ ദിവസം നബിﷺ യാത്രയ്ക്കൊരുങ്ങി. വാഹനത്തെ ഉഷാറാക്കി. വേഗം സഞ്ചരിക്കാൻ വേണ്ടി സാധാരണ പോലെ ‘ഹുൽ ഹുൽ’ എന്നൊക്കെപ്പറഞ്ഞു റെഡിയാക്കുകയായിരുന്നു. സൈദ് ബിൻ അർഖം (റ) നബിﷺക്കഭിമുഖമായി യാത്രയ്ക്കൊരുങ്ങി വരുന്നുണ്ടായിരുന്നു. അപ്പോഴേക്കും നബിﷺക്ക് ഇലാഹീ സന്ദേശം അഥവാ, വഹ്’യ് അവതരിച്ചു. അവിടുത്തെ നെറ്റിത്തടത്തിൽ വിയർപ്പു കണങ്ങൾ പൊടിഞ്ഞു തിളങ്ങി. വാഹനത്തിന്റെ കാലുകൾക്ക് ഭാരം അനുഭവപ്പെട്ടു. എനിക്ക് മനസ്സിലായി വഹ്’യ് അവതരിക്കുകയാണെന്ന്. ‘എന്റെ ആശയം ശരിവച്ചിരുന്നെങ്കിൽ’ എന്ന്‌ ഞാനാഗ്രഹിച്ചു. സൈദ് (റ) പറയുന്നു. ‘നബിﷺ എന്റെ ചെവിയിൽ പിടിച്ചുയർത്തി. വാഹനത്തിന്മേലിരുന്ന ഞാൻ ഇരുന്നിടത്തു നിന്നു എഴുന്നേറ്റു പോയി. ശേഷം, ആകാശത്തേക്കുയർത്തിയിട്ട് പറഞ്ഞു, ”നീ കേട്ടത് ശരിയായിരിക്കുന്നു. നിന്റെ വർത്തമാനം അല്ലാഹു ശരി വച്ചിരിക്കുന്നു”.

അതോടെ വിശുദ്ധ ഖുർആനിലെ അറുപത്തിമൂന്നാം അധ്യായം ‘അൽമുനാഫിഖൂൻ’ അവതരിച്ചു. അതിൽ ആദ്യാന്തം ഇബ്നു ഉബയ്യിനെ പരാമർശിച്ചു കൊണ്ടുള്ള പ്രമേയമായിരുന്നു. പിന്നീടങ്ങോട്ട് ഇബ്നു ഉബയ്യ് എന്ത് ചെയ്താലും അയാളുടെയാളുകൾത്തന്നെ അയാളെ കുറ്റപ്പെടുത്തുകയും ആക്ഷേപിക്കുകയും ചെയ്യാൻ തുടങ്ങി. ആ സമയത്തു നബിﷺ ഉമർ ബിൻ അൽഖത്വാബി(റ)നെ വിളിച്ചിട്ട് പറഞ്ഞു. ”അന്ന് നിങ്ങൾ അവനെ വധിക്കാൻ സമ്മതം ചോദിച്ചപ്പോൾ ഞാൻ സമ്മതം നൽകിയിരുന്നെങ്കിൽ എത്രയോ ആളുകൾ പ്രകോപിതരാകുമായിരുന്നു. എന്നാൽ, ഇന്നു ഞാൻ പറഞ്ഞാൽ എങ്ങനെയുണ്ടാകും. ആരെങ്കിലും എതിർക്കുമോ?” അപ്പോൾ ഉമർ (റ) പറഞ്ഞു. ”മുത്തു നബിﷺയുടെ കാര്യം തന്നെയാണ് എന്റെ കാര്യത്തെക്കാൾ ഏറെ മഹത്വവും ശ്രേഷ്ഠവും”.

പ്രസ്തുത അധ്യായത്തിന്റെ ഒന്നുമുതൽ എഴുവരെ സൂക്തങ്ങളുടെ ആശയം ഇങ്ങനെ വായിക്കാം. “കപട വിശ്വാസികള്‍ തങ്ങളുടെയടുത്ത് വന്നാല്‍ അവര്‍ പറയും: ‘തീര്‍ച്ചയായും അവിടുന്ന് അല്ലാഹുവിന്‍റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു’. അല്ലാഹുവിനറിയാം തീര്‍ച്ചയായും തങ്ങൾ അവന്‍റെ ദൂതനാണെന്ന്‌. തീര്‍ച്ചയായും മുനാഫിഖുകള്‍ (കപടന്‍മാര്‍) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു. അവര്‍ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കയാണ്‌. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടഞ്ഞിരിക്കുന്നു.

തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിക്കുന്നത് എത്രയോ ചീത്ത തന്നെ. അത്‌, അവര്‍ ആദ്യം വിശ്വസിക്കുകയും പിന്നീട് അവിശ്വസിക്കുകയും ചെയ്തതിന്‍റെ ഫലമത്രെ. അങ്ങനെ അവരുടെ ഹൃദയങ്ങളിന്‍മേല്‍ മുദ്രവയ്ക്കപ്പെട്ടിരിക്കുന്നു. അതിനാല്‍ അവർ (കാര്യം) ഗ്രഹിക്കുകയില്ല. തങ്ങൾ അവരെക്കാണുകയാണെങ്കില്‍, അവരുടെ ശരീരങ്ങള്‍ തങ്ങളെ അദ്ഭുതപ്പെടുത്തും. അവര്‍ സംസാരിക്കുന്ന പക്ഷം, തങ്ങൾ അവരുടെ വാക്ക് കേട്ടിരുന്നു പോകും. അവര്‍ ചാരി വച്ച മരത്തടികള്‍ പോലെയാകുന്നു. എല്ലാ ശബ്ദവും തങ്ങള്‍ക്കെതിരാണെന്ന് അവര്‍ വിചാരിക്കും. അവർ ശത്രുക്കളാകുന്നു. അവരെ സൂക്ഷിച്ചു കൊള്ളുക. അല്ലാഹു അവരെ നശിപ്പിക്കട്ടെ. എങ്ങനെയാണവര്‍ വഴിതെറ്റിക്കപ്പെടുന്നത്‌? നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ ദൂതന്‍ നിങ്ങള്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ഥിച്ചുകൊള്ളും എന്ന് അവരോട് പറയപ്പെട്ടാല്‍ അവര്‍ അവരുടെ തല തിരിച്ചുകളയും. അവര്‍ അഹങ്കാരം നടിച്ചു കൊണ്ട് തിരിഞ്ഞുപോകുന്നതായി തങ്ങൾക്കു കാണുകയും ചെയ്യാം. തങ്ങൾ അവര്‍ക്ക് വേണ്ടി പാപമോചനത്തിന് പ്രാര്‍ഥിച്ചാലും പ്രാര്‍ഥിച്ചിട്ടില്ലെങ്കിലും അവരെ സംബന്ധിച്ചിടത്തോളം സമമാകുന്നു. അല്ലാഹു ഒരിക്കലും അവര്‍ക്കു പൊറുത്തുകൊടുക്കുകയില്ല. തീര്‍ച്ചയായും അല്ലാഹു ദുര്‍മാര്‍ഗികളായ ജനങ്ങളെ നേര്‍വഴിയിലാക്കുകയില്ല. അല്ലാഹുവിന്‍റെ ദൂതന്‍റെ അടുക്കലുള്ളവര്‍ക്ക് വേണ്ടി, അവർ (അവിടെ നിന്ന്‌) പിരിഞ്ഞു പോകുന്നത് വരെ നിങ്ങള്‍ ഒന്നും ചെലവ് ചെയ്യരുത് എന്ന് പറയുന്നവരാകുന്നു അവര്‍. അല്ലാഹുവിന്‍റേതാകുന്നു ആകാശങ്ങളിലെയും ഭൂമിയിലെയും ഖജനാവുകള്‍. പക്ഷേ, കപടന്മാര്‍ കാര്യം ഗ്രഹിക്കുന്നില്ല.“

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-382

നബിﷺയുടെ പ്രതിരോധത്തിന്റെയും അതിജീവനത്തിന്റെയും നാളുകൾ അവസാനിച്ചില്ല. ജൂതന്മാരുടെ പക അവസാനിച്ചില്ല. വിശിഷ്യാ, ബനൂ നളീർ ഏതുവിധേനെയും ഇസ്‌ലാമിനെയും പ്രവാചകരെയും പരാജയപ്പെടുത്താനുള്ള വഴികൾ ആലോചിച്ചു കൊണ്ടിരുന്നു. മദീനയിൽ നിന്ന് ഖൈബറിൽ എത്തിയ അവർക്ക് ആവാസ രീതികൾ ഒന്നും വേണ്ടപോലെ അനുയോജ്യമായില്ല. ഇനിയെന്തായാലും ഒരു മഹാസഖ്യം രൂപീകരിച്ച് പ്രവാചകർക്കെതിരെ തിരിയാൻ തന്നെ അവർ ശ്രമിച്ചു. അതിന്റെ ഫലമായി അവരുടെ പ്രമുഖ നേതാക്കൾ ഗോദയിലിറങ്ങി. ഹുയയ് ബിൻ അഖ്തബ്, കിനാന:, ഹൗദ ബിൻ ഖൈസ്, അബൂ ആമിർ അൽ ഫാസിഖ് എന്നീ ജൂത നേതാക്കൾ മക്കയിലെത്തി. ഖുറൈശീ നേതാക്കളെക്കണ്ടു. നബിﷺക്കെതിരെ സംഘടിതമായ ഒരു യുദ്ധത്തെക്കുറിച്ച് സംസാരിച്ചു. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്. നമുക്ക് ശക്തമായ ഒരുടമ്പടിയിൽ ഒന്നിച്ചു നിന്ന് മുഹമ്മദ് നബിﷺക്കെതിരെ ഒരു സഖ്യസംഘത്തെ രൂപപ്പെടുത്താം. ഇത് കേട്ടതോടെ ഖുറൈശികൾക്ക് ആവേശമായി. ബദറുൽ മൗഇദിൽ നിന്ന് പിൻമാറിയതിന്റെ ജാള്യത്തിൽ നിന്ന് രക്ഷപ്പെടാനും ശക്തമായ ഒരാക്രമണം നടത്താനും അവസരം ലഭിക്കുമെന്ന് അവർ ആഗ്രഹിച്ചു.

അബൂസുഫ്‌യാൻ പറഞ്ഞു. മുഹമ്മദ് നബിﷺക്കെതിരെ നമ്മോടൊപ്പം നിൽക്കുന്നവരാണ് നമുക്കേറ്റവും പ്രിയപ്പെട്ടവർ. ശേഷം, ഖുറൈശി പ്രമുഖരിൽ നിന്ന് അമ്പത് പേരെ അദ്ദേഹം ഒരുമിച്ചു കൂട്ടി. ജൂത പ്രമുഖരുമായി അവർ സംസാരിച്ചു. ശേഷം കഅ്ബയുടെയും അതിന്റെ കിസ്’വ അഥവാ കഅ്ബാലയത്തെ കവർ ചെയ്തിരിക്കുന്ന വിരിപ്പിന്റെയും ഇടയിൽ വച്ച് രണ്ടു കക്ഷികളും തമ്മിൽ കരാറിലേർപ്പെട്ടു. ചങ്കുകൾ ചേർത്ത് ഉടമ്പടി ചെയ്തു. മുഹമ്മദ് നബിﷺക്കെതിരിൽ നമ്മുടെ ശബ്ദം ഒന്നായിരിക്കും എന്നവർ ഉറപ്പിച്ചു.

തുടർന്ന് അബൂസുഫ്‌യാൻ വേദക്കാരായ ജൂതന്മാരോട് ചോദിച്ചു. “നിങ്ങൾ ആദ്യ വേദത്തിൻ്റെ ആളുകളാണല്ലോ. ഞങ്ങളും മുഹമ്മദ് നബിﷺയും തമ്മിലുള്ള വിയോജിപ്പുകൾ ഏതൊക്കെ വിഷയങ്ങളിലാണ്?ഞങ്ങളുടെ മതമാണോ മെച്ചപ്പെട്ടത് അതല്ല, മുഹമ്മദ്‌ നബിﷺയുടേതാണോ? ഞങ്ങൾ കഅ്ബയുടെ പരിപാലകരാണ്. നേർച്ച മൃഗങ്ങളെ ബലി നടത്തുന്നവരാണ്. മക്കയിലെ തീർഥാടകർക്ക് പാനം നൽകുന്നവരാണ്. ബിംബങ്ങളെ ആരാധിക്കുന്നവരാണ് “. അപ്പോൾ ജൂതന്മാർ പ്രതികരിച്ചു. “ഞങ്ങൾക്ക് നിങ്ങളോടാണ് കൂടുതൽ കടപ്പാടുള്ളത്. നിങ്ങൾ വിശുദ്ധ ഭവനത്തെ ആദരിക്കുന്നു. തീർഥാടകർക്കു തീർഥം നൽകുന്നു. മൃഗങ്ങളെ ബലിദാനം നടത്തുന്നു. നിങ്ങളുടെ മുൻഗാമികൾ ആരാധിച്ചതിനെ ആരാധിക്കുന്നു. നിങ്ങളാണ് ഞങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ടവർ “.

യഥാർഥത്തിൽ ഇത് വേദക്കാരുടെ അവസരവാദമായിരുന്നു. അവർ മക്കാ മുശ്‌രിക്കുകളുടെ വിശ്വാസത്തിനു വിരുദ്ധമായ ഏകദൈവ വിശ്വാസികളായിരുന്നു. ആ അർഥത്തിൽ നബിﷺയോടായിരുന്നു അവർക്ക് കടപ്പാടുണ്ടാകേണ്ടിയിരുന്നത്. പക്ഷേ, അസൂയയും വിദ്വേഷവും അവരെ അവസരവാദികളാക്കി. അവരെ അടിസ്ഥാന വിശ്വാസം മാറ്റിപ്പറയിച്ചു. ഇക്കാര്യം ഖുർആൻ വ്യക്തമാക്കുന്നത് നോക്കൂ. നാലാം അധ്യായം അൻപതു മുതൽ അമ്പത്തിനാല് വരെയുള്ള സൂക്തങ്ങളുടെ ആശയം ഇങ്ങനെയാണ്. “അവര്‍ അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കുന്നതെങ്ങനെയെന്ന് നോക്കൂ? പ്രകടമായ പാപമായിട്ട് അതു തന്നെ മതി. വേദവിജ്ഞാനത്തില്‍ നിന്നൊരു വിഹിതം ലഭിച്ചവരെ തങ്ങൾ കണ്ടില്ലേ? അവര്‍ ഗൂഢവിദ്യകളിലും പൈശാചിക ശക്തികളിലും വിശ്വസിക്കുന്നു. ഇവര്‍ സത്യവിശ്വാസികളെക്കാള്‍ നേര്‍വഴിയിലാണെന്ന് സത്യനിഷേധികളെ സംബന്ധിച്ച് പറയുകയും ചെയ്യുന്നു.
അറിയുക: അല്ലാഹു ശപിച്ചവരാണവര്‍. അല്ലാഹു ശപിച്ചവനെ സഹായിക്കുന്ന ആരെയും തങ്ങൾക്കു കണ്ടെത്താനാവില്ല. അതല്ല; അവര്‍ക്ക് അധികാരത്തിലെന്തെങ്കിലും പങ്കുണ്ടോ? ഉണ്ടായിരുന്നെങ്കില്‍ അവരതില്‍ നിന്ന് ഒന്നും ജനങ്ങള്‍ക്ക് നല്‍കുമായിരുന്നില്ല. അതല്ല; അല്ലാഹു തന്റെ ഔദാര്യത്തില്‍നിന്ന് നല്‍കിയതിന്റെ പേരില്‍ അവര്‍ ജനങ്ങളോട് അസൂയപ്പെടുകയാണോ? എന്നാല്‍ ഇബ്റാഹീം കുടുംബത്തിന് നാം വേദവും തത്ത്വജ്ഞാനവും നല്‍കിയിട്ടുണ്ട്. അവര്‍ക്കു നാം അതിമഹത്തായ ആധിപത്യവും നല്‍കി. അവരില്‍ ആ സന്ദേശത്തില്‍ വിശ്വസിച്ചവരുണ്ട്. അതില്‍നിന്ന് പിന്തിരിഞ്ഞവരുമുണ്ട്. അവര്‍ക്ക് കത്തിക്കാളും നരകാഗ്നി തന്നെ മതിയാകുന്നതാണ്.“

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-383

ഖുറൈശികൾ ആവേശഭരിതരായി. ജൂതന്മാർക്ക് എല്ലാവിധ പിന്തുണയും നൽകി അവർ പോരാട്ട സജ്ജരായി. ജൂതന്മാർ ഗത്ഫാനിലേക്ക് പോയി , അവരുടെ സഖ്യം ആവശ്യപ്പെട്ടു. ഖൈബറിലെ തോട്ടങ്ങളിൽ നിന്നും ഒരു വർഷത്തെ കാരക്ക മുഴുവൻ അവർക്കു ഉപഹാരമായി നൽകാമെന്നു വാഗ്ദാനം ചെയ്തു. ഖുറൈശികൾ പിന്തുണ നൽകുന്ന വിവരം അവരെയറിയിച്ചു. അതോടെ അവരും സഖ്യം ചേരാമെന്നുറപ്പിച്ചു. തുടർന്നു ബനൂ സുലൈം ഗോത്രത്തെ സമീപിച്ചു. ഖുറൈശികൾ പുറപ്പെടുമ്പോൾ ഞങ്ങളും ഒപ്പം ചേർന്നുകൊള്ളാമെന്നു അവർ വാഗ്ദാനം ചെയ്തു.

പട പുറപ്പെടാനായി. മക്കയിലെ ദാറുന്നദ്’വയിൽ പതാക നാട്ടി. അവിടെ നിന്ന് ഉസ്മാൻ ബിൻ തൽഹ: അതിന്റെ വാഹകനായി. നാലായിരം പേർ മക്കയിൽ നിന്നു പുറപ്പെടാൻ സജ്ജരായി. ആയിരത്തി അഞ്ഞൂറ് ഒട്ടകങ്ങളും മുന്നൂറ് കുതിരകളും ഒപ്പമുണ്ടായിരുന്നു. മർറു ളഹ്റാനിൽ എത്തിയപ്പോൾ സുഫിയാൻ ബിൻ അബ്ദു ശംസിൻ്റെ നേതൃത്വത്തിൽ എഴുന്നൂറംഗ സൈന്യം കൂടെച്ചേർന്നു. അബൂ അബിൽഅവർ എന്നറിയപ്പെടുന്ന അദ്ദേഹം പിൽക്കാലത്ത് മുആവിയ(റ)ക്കൊപ്പം സ്വിഫീനിൽ പങ്കെടുത്തിരുന്നു. ത്വൽഹത് ബിൻ ഖുവൈലിദുൽ അസദിയുടെ നേതൃത്വത്തിൽ ബനൂ അസദ് ബിൻ ഖുസൈമയും ഖുറൈശികൾക്കൊപ്പം ചേരാൻ പുറപ്പെട്ടു. ത്വൽഹത് പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു. മസ്ഊദ് ബിൻ റുഖൈലയുടെ നേതൃത്വത്തിൽ അശ്ജഉം നാനൂറംഗ സംഘവും പുറപ്പെട്ടു. അദ്ദേഹവും പിൽക്കാലത്ത് ഇസ്‌ലാമിലേക്ക് വന്നു. ഹാരിസ് ബിൻ ഔഫ് അൽ മുർരിയുടെ നേതൃത്വത്തിൽ ഒരു നാനൂറംഗ സംഘം വേറെയും. ഹാരിസും പിൽക്കാലത്ത് ഇസ്‌ലാമിലേക്ക് വന്നു. സഖ്യകക്ഷികൾ മുഴുവൻ ചേർന്നപ്പോൾ പതിനായിരം അംഗങ്ങളുള്ള ഒരു മഹാസൈന്യം രൂപപ്പെട്ടു. അവർ ഒരേ ലക്ഷ്യത്തിൽ മുന്നോട്ട് നീങ്ങി. പ്രവാചകർﷺയെയും സംഘത്തെയും ഉൻമൂലനം ചെയ്യുകയായിരുന്നു ആ ലക്ഷ്യം. നേരത്തേയുള്ള ഉടമ്പടി പ്രകാരം. സൈന്യത്തിന്റെ മൊത്തം കടിഞ്ഞാൺ അബൂസുഫിയാൻ ഏറ്റെടുത്തു.
ഖുറൈശികളുടെ ഈ പടനീക്കം നബിﷺ അറിഞ്ഞു. ഖുസാഅ് ഗോത്രക്കാരിൽ നിന്നുള്ള യാത്രാ സംഘമാണ് വിവരം നൽകിയത്. നബിﷺ അനുചരന്മാരെ വിളിച്ചു ചേർത്തു. എങ്ങനെ പ്രതിരോധിക്കണമെന്ന് കൂടിയാലോചിച്ചു. മദീനയിലേക്ക് എത്തിയ ശേഷം നേരിടണോ അതല്ല, വഴിയിൽ വച്ചു തന്നെ നേരിടേണ്ടതുണ്ടോ? സ്വഹാബികൾ അവരുടെ അഭിപ്രായങ്ങളും മുന്നോട്ട് വച്ചു. കൂട്ടത്തിൽ പേർഷ്യക്കാരനായ സൽമാൻ (റ) പേർഷ്യൻ യുദ്ധമുറയായ കിടങ്ങു കീറിയുള്ള പ്രതിരോധമുറ പരിചയപ്പെടുത്തി. അതൊരു പുതുമയായി ഏവർക്കും തോന്നി. സൽമാൻ (റ) വിശദീകരിച്ചു. ഞങ്ങൾ പേർഷ്യയിൽ അങ്ങനെയാണ്. അശ്വസേനയെ നേരിടുമ്പോൾ കുതിരയ്ക്ക് ചാടിക്കടക്കാനാവാത്തത്ര വീതിയും ആഴവുമുള്ള വലിയ കിടങ്ങു കീറും അതിന്റെ പിന്നിൽ നിന്ന് ശത്രുവിനെ നേരിടും. എന്നാൽ പിന്നെ നമുക്ക് മദീനയിൽത്തന്നെ നിൽക്കാം. ശത്രുക്കൾ കടന്നു വരുന്ന ഭാഗത്ത് വലിയ കിടങ്ങുകീറി നമുക്കവരെ നേരിടാം. നബിﷺ അനുചരന്മാരെ മണ്ണിലിറക്കി. പരിശ്രമങ്ങൾക്ക് പ്രചോദനം നൽകി. വിജയം നമുക്കായിരിക്കുമെന്ന മുന്നറിയിപ്പും നൽകി.

മസാദ് മുതൽ ദുബാബ് വരെയും അവിടെ നിന്ന് റാതിജ് വരെയുമാണ് കിടങ്ങ് കീറേണ്ടത്. ശൗഖി അബൂഖലീലിൻ്റെ അറ്റ്ലസ് പ്രകാരം അയ്യായിരത്തി അഞ്ഞൂറ്റി നാൽപ്പത്തി നാല് മീറ്റർ നീളത്തിലായിരുന്നു കിടങ്ങ്. നാല് ദശാംശം ആറേ രണ്ട് മീറ്റർ വീതിയും മൂന്ന് ദശാംശം രണ്ട് മൂന്ന് മീറ്റർ ആഴവുമാണ് ഉണ്ടായിരുന്നത്. റാതിജ് മുതൽ ദുബാബ് വരെ മുഹാജിറുകളും അവിടെ മുതൽ അബൂഉബൈദ പർവതം വരെ കുഴിയെടുക്കാൻ അൻസ്വാറുകളെയും ഏൽപ്പിച്ചു. പത്തുപേരടങ്ങുന്ന ഓരോ സംഘത്തിന് നാൽപത് മുഴം വീതം നബിﷺ തന്നെ തിട്ടപ്പെടുത്തിക്കൊടുത്തു. പണിയായുധങ്ങൾ പലതും ബനൂ ഖുറൈളക്കാരുടെ പക്കൽ നിന്നാണ് വായ്പയെടുത്തത്.

അതിനിടയിൽ, ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാൻ സുലൈത്വ് (റ), സുഫ്‌യാൻ ബിൻ ഔഫ് അൽ അസ്‌ലമി (റ) എന്നിവരെ നബി ﷺ ബൈദാഇലേക്കയച്ചു. അബൂസുഫ്‌യാന്റെ കുതിര അവരെ വലയം വച്ചു കൊന്നുകളഞ്ഞു. അവർ ശുഹദാക്കളായി. അവരെ ഒരേ ഖബറിൽ മറമാടി.

അഹ്സാബ് അഥവാ സഖ്യസേന സൽഉ പർവതത്തിന്റെ അടുത്തെത്തി. കിടങ്ങു കീറുന്ന പണി ധൃതിയിലായി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-384

നബിﷺ കുതിരപ്പുറത്തേറി. ഒരു സംഘം മുഹാജിറുകൾക്കും അൻസ്വാറുകൾക്കുമൊപ്പം രംഗങ്ങൾ വീക്ഷിച്ചു. എവിടെയാണ് നേതാക്കൾ താവളമടിക്കേണ്ടതെന്ന് നിരീക്ഷിച്ചു. സൽഉ പർവതം പിന്നിലാക്കുന്ന വിധത്തിൽ നയതന്ത്രപ്രധാനമായ സ്ഥലം കണ്ടെത്തി. നബിﷺയും പ്രമുഖ സ്വഹാബികളുമെല്ലാം കിടങ്ങു കീറുന്ന പണിയിൽ വ്യാപൃതരായി. അനസ് (റ) പറയുന്നു: “നബിﷺ അന്നേ ദിവസം കുഴിയെടുക്കുകയും മണ്ണ് ചുമക്കുകയും ചെയ്തു. അവിടുത്തെ തിരുശരീരത്തിൽ അതിന്റെ തരികൾ പതിഞ്ഞ അടയാളങ്ങൾക്കാണാമായിരുന്നു “. ഉമ്മുസലമ (റ) പറയുന്നു. “ഖൻദഖ് ദിവസം ഒരിക്കലും മറക്കാനാവാത്ത ദിവസമാണ്. നബിﷺ ഇഷ്ടികകൾക്കൊണ്ടുവന്നു. അവിടുത്തെ തിരുകേശങ്ങളിൽ അതിന്റെ പൊടികൾ പടർന്നു. അബൂബക്കറും(റ) ഉമറും(റ) സജീവമായിത്തന്നെ മണ്ണുനീക്കുന്നതിൽ പണിയെടുത്തു. സിദ്ദീഖ്‌ (റ) തന്റെ സ്വന്തം തുണിയിലാണ് മണ്ണ് വഹിച്ച് നീക്കിക്കൊണ്ടിരുന്നത്.

കിടങ്ങിന്റെ പണി നടക്കുമ്പോൾ സ്വഹാബികൾ കവിതകൾ ചൊല്ലി ഈണം പിടിച്ചു. കൂട്ടത്തിൽ വിരൂപിയും എന്നാൽ ഉയർന്ന വ്യക്തിത്വത്തിന്നുടമയുമായ ഒരാളുണ്ടായിരുന്നു. അദ്ദേഹത്തിന്റെ പേര് ജുആലത് ബിൻ സുറാഖ: (റ) എന്നായിരുന്നു. നബിﷺ ആ പേര് മാറ്റി അംറ് എന്ന് പേരു വച്ചു. അത് പറഞ്ഞുകൊണ്ട് സ്വഹാബികൾ ഇങ്ങനെ പാടി. “സമ്മാഹു മിൻ ബഅദി ജുഐലിൻ അംറൻ
വ കാന ലിൽ ബാഇസി യൗമൻ ളഹ്റൻ”

(ജുഐലിന് അംറെന്ന് ശുഭ നാമവും നൽകി.
ഒരു നാൾ നിരാശർക്ക് അവലംബവും നൽകി.)

കിടങ്ങു കീറുന്നതിനിടയിൽ ഒരു തണുത്ത പ്രഭാതം. നബിﷺ സ്വഹാബികളുടെ അടുത്തത്തി. അവർ ചുമലിൽ മണ്ണ് വഹിച്ച് നീങ്ങുകയാണ്. അവരുടെ പരിശ്രമവും അതോടൊപ്പം വിശപ്പും എല്ലാമൊന്നിച്ചു കണ്ടപ്പോൾ അവിടുന്നിങ്ങനെ പറഞ്ഞു. ”ലാ ഐശ ഇല്ലാ ഐശുൽ ആഖിറ: ഫഗ്ഫിർ ലിൽ അൻസ്വാരി വൽ മുഹാജിറ:”(പരലോക ജീവിതം അതു തന്നെ ജീവിതം./അൻസ്വാർ മുഹാജിറുകൾക്കൊക്കെ പൊറുക്കണേ!) പരലോകജീവിതമാണ് ശരിയും സ്ഥായിയുമായ ജീവിതമെന്നും ഇവിടുത്തെ പ്രാരാബ്ദങ്ങളിൽ പ്രയാസപ്പെടരുതെന്നും അനുചരന്മാരെ ഓർമിപ്പിക്കുകയായിരുന്നു. മാത്രമല്ല, അവർക്കു വേണ്ടി അല്ലാഹുവിനോട് പ്രാർഥിക്കുകയും ചെയ്തു. നബിﷺ ഒരു കവിത കോർത്തതല്ല, സംഭാഷണം അത്തരമൊരു ഭംഗിയിൽ രൂപപ്പെട്ടതാണ്. അവിടുന്ന് കവിത കോർക്കാനിരുന്നവരോ അല്ലാഹു കുറെ കവിത പഠിപ്പിച്ച് വിട്ടവരോ അല്ല. അതിന്റെ ആവശ്യവും നബിﷺക്കില്ല തന്നെ. ഖുർആൻ തന്നെ ഈ ആശയം പങ്കുവച്ചിട്ടുണ്ട്.

മുത്ത്നബി ﷺ യുടെ തിരുമൊഴികൾക്ക് പ്രതികരണമായി സ്വഹാബികൾ ഇങ്ങനെ പാടി. ”നഹ്നു ല്ലദീന ബായഊ മുഹമ്മദാ…”
ഞങ്ങളോ മുത്ത് നബിﷺക്കു കരാർ നൽകി.
ജീവുള്ള കാലം ഒപ്പമുണ്ടേ ഞങ്ങൾ
ധർമക്കളത്തിലും പോരാട്ടനിരയിലും
ഒപ്പമുണ്ടേ.. ഞങ്ങളൊപ്പമുണ്ടേ..

അനസ് (റ) പറയുന്നു. “രണ്ട് പിടി ഗോതമ്പും അല്പം കാറിയ എണ്ണയുമുണ്ടായിരുന്നു. അത് പാചകം ചെയ്ത് സ്വാഹാബികളുടെ മുന്നിൽ വച്ചു. എണ്ണ കനച്ചതിന്റെ ഗന്ധവും തൊണ്ടയിൽ കെട്ടും സഹിച്ച് വിശപ്പിന്റെ കാഠിന്യത്താൽ അതവർ കഴിക്കാനെടുത്തു വച്ചു “.

ബറാഉ ബിൻ ആസിബ് (റ) പറയുന്നു. “ഖൻദക് മണ്ണു നീക്കം ചെയ്യുന്ന പണിയിൽ നബിﷺയും ഭാഗമായി. മൺപൊടികൾ കൊണ്ട് നബിﷺയുടെ വയറിന്റെ ഭാഗത്ത് ഒരാവരണം പോലെയായിരുന്നു. അതിനിടയിൽ അബ്ദുല്ലാഹിബ്നു റവാഹ(റ)യുടെ വരികൾ ഈണം പിടിക്കുന്നുണ്ടായിരുന്നു. “വല്ലാഹി ലൗലാ അൻത മഹ്തദൈനാ….”
(തങ്ങളില്ലേൽ ഞങ്ങൾ നേർവഴിക്കാകില്ല,
നിസ്ക്കാരമോ ദാനമോ ഒന്നും ചെയ്യില്ല.

ശാന്തിയേകീടണേ അല്ലാഹ്!
ഞങ്ങളിൽ
പാദമുറപ്പിച്ചു ശക്തിയും നൽക നീ

അക്രമം ചെയ്യുന്നു ശിർക്കിന്റെ വാഹകർ
ഞങ്ങൾക്ക് നാശം വിതയ്ക്കുകിൽ കാക്കണേ!)

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-385

അബൂ ഉസ്മാൻ അന്നഹ്ദി (റ) പറയുന്നു. ‘കിടങ്ങ് കീറാനുള്ള പണിയാരംഭിച്ച സമയത്ത് നബിﷺ ഇങ്ങനെ ചൊല്ലി. “ബിസ്മിൽ ഇലാഹി വ ബിഹിഹുദീനാ…”
(അല്ലാഹുവിൻ തിരു നാമത്തിലോതുന്നു
അതിലൂടെയല്ലേ നാം നേർവഴിയിലായത്

അവനെയല്ലാതെ നാം ആരാധിച്ചെന്നാലോ
നിശ്ചയം നമ്മൾ പരാജിതരായേനെ”

മതത്തോട് പ്രണയം,
നാഥന്നു മംഗളം)

നബിﷺ കഠിനാധ്വാനം ചെയ്തു പണിയെടുത്തു. വെട്ടിയും കൊത്തിയും മണ്ണു നീക്കിയുമുള്ള അധ്വാനങ്ങൾ. ഇടയിൽ ഒരിക്കൽ ക്ഷീണിച്ചിരുന്നു. ഒരു പാറയിൽച്ചാരിയുറങ്ങിപ്പോയി. അബൂബക്കറും(റ) ഉമറും(റ) അത് ശ്രദ്ധിച്ചു. വേറാരെങ്കിലും വന്നു അവിടുത്തെ ഉറക്കം നഷ്ടപ്പെടാതിരിക്കാൻ അവർ കാവൽ നിന്നു. അല്പം കഴിഞ്ഞു അവിടുന്ന്‌ ഉണർന്നു. അല്ല, നിങ്ങൾ എന്നെ ഭയപ്പെടുത്തിയോ എന്ന്‌ ചോദിച്ചുകൊണ്ട് പണിയായുധമെടുത്തു. വീണ്ടും പരിശ്രമം തുടർന്നു. അപ്പോഴവിടുന്നു ഇങ്ങനെ ചൊല്ലിക്കൊണ്ടിരുന്നു.

‘’പരലോക ജീവിതമാണല്ലോ ജീവിതം,
മുഹാജിർ അൻസ്വാറുകൾക്ക് പൊറുക്കണേ..
ശാപമുണ്ടാവട്ടെ അളലിനും ഖാറക്കും

അവരാണല്ലോ നമുക്ക് പണി തന്നത്
കല്ല് ചുമക്കുവാൻ നമ്മെ വിധിച്ചത്.”

കിടങ്ങ് കുഴിക്കുന്ന പണി ആറു ദിവസം തുടർന്നു. ആഇശ (റ), ഉമ്മുസലമ (റ), സൈനബ് (റ) എന്നീ പത്നിമാർ ഊഴം നിശ്ചയിച്ചു നബി ﷺ ക്കൊപ്പം സേവനത്തിനു നിന്നു.

പുതിയ യുദ്ധമുറ പറഞ്ഞു കൊടുത്ത സൽമാൻ അൽഫാരിസി(റ)യോട് സ്വഹാബികൾക്ക് ഏറെ പ്രിയം വർധിച്ചു. അൻസ്വാറുകളും മുഹാജിറുകളും മാറി മാറി അദ്ദേഹത്തെ പ്രശംസിച്ചു. ഒടുവിൽ രണ്ടു കൂട്ടരും അദ്ദേഹത്തെ അവരുടെയാളാണന്ന് അവകാശപ്പെട്ടു. ഒരു കൂട്ടർ പറഞ്ഞു. “സൽമാൻ (റ) അൻസ്വാരികളിൽപ്പെട്ടയാളാണ്. മദീനയിലുള്ള ആളല്ലേ!”
അടുത്ത കൂട്ടർ പറഞ്ഞു. “മദീനയുടെ പുറത്തു നിന്നു വന്നയാളല്ലേ , അതുകൊണ്ട് മുഹാജിറാണ് “. ഒടുവിൽ നബിﷺ ഇടപെട്ടു. അവിടുന്ന്‌ പറഞ്ഞു. സൽമാൻ (റ) എന്റെ വീട്ടുകാരനാണ്. നിങ്ങൾ ആരും സൽമാനി(റ)നു വേണ്ടി തർക്കിക്കേണ്ടതില്ലെന്ന്‌ സാരം. സൽമാൻ (റ) പത്തു പേരുടെ പണി ഒറ്റയ്ക്കെടുക്കുമായിരുന്നു. ഒടുവിൽ ഖൈസ് ബിൻ സഅസഅ എന്നയാളുടെ കണ്ണ് പറ്റി. അദ്ദേഹത്തോട് അംഗസ്നാനം ചെയ്തു വെള്ളമെടുത്തു കഴുകാനും പിൻഭാഗത്തുകൂടി വാർന്നൊഴിക്കാനും പറഞ്ഞു. അപ്രകാരം ചെയ്തതോടെ ആ കണ്ണേറിന്റെ കെട്ടിൽ നിന്നു സൽമാൻ (റ) വിമോചിതനായി.

നമുക്ക് കിടങ്ങിലേക്ക് തന്നെ വരാം. സ്വഹാബികൾ ആവതും പരിശ്രമിച്ചു പണി പുരോഗമിച്ചു കൊണ്ടിരുന്നു. അതാ, വലിയ ഒരു പാറ ! എങ്ങനെ നോക്കിയിട്ടും പൊട്ടുന്നില്ല. വെളുത്ത വൃത്താകൃതിയിലുള്ള ഒരുഭാഗം എന്നാണ് ചിലർ പ്രയോഗിച്ചത്. എങ്ങനെ കൊത്തിയിട്ടും ആയുധങ്ങൾ കേടു വരുകയല്ലാതെ പാറയ്ക്ക് ഒരനക്കവും ഇല്ല. സ്വഹാബികൾ പഠിച്ച പണി പതിനെട്ടും നോക്കി. ഒടുവിൽ അവർ നബി ﷺ യെ സമീപിച്ചു. ഉമർ (റ) കുഴിക്കുമ്പോഴാണോ സൽമാൻ (റ) കുഴിച്ചിടത്താണോ ഈ പാറയുണ്ടായിരുന്നത് എന്നതിൽ വ്യത്യസ്താഭിപ്രായങ്ങളുണ്ട്. ഏതായാലും, നബിﷺ ആവലാതി കേട്ടു. അവിടുന്ന്‌ പറഞ്ഞു, “ഞാൻ വരാം, ഞാൻ കുഴിയിൽ ഇറങ്ങി നോക്കട്ടെ “. അവിടുന്നെഴുന്നേറ്റു. അപ്പോഴവിടുത്തേക്ക് നല്ല വിശപ്പുണ്ടായിരുന്നു. അതുകാരണം വയറ്റിൽ പാറക്കഷണം വച്ചു കെട്ടിയിരിക്കുകയായിരുന്നു. ഞങ്ങളെല്ലാവരും എന്തെങ്കിലുമൊന്നുകഴിച്ചിട്ട് മൂന്നു ദിവസമായിരുന്നു.

നബിﷺ ഒരു പാത്രം വെള്ളം ആവശ്യപ്പെട്ടു. കിട്ടിയ ഉടനെ അവിടുന്നതിൽ തുപ്പി. ശേഷം ആ വെള്ളത്തിൽ അല്പനേരം മന്ത്രിച്ചു. ശേഷം ആ വെള്ളം ആയുധങ്ങൾക്ക് വഴങ്ങാത്ത ആ പാറയുടെ മേൽ തളിച്ചു. കണ്ടു നിന്നവർ പറയുന്നു. അതോടെ ആ പാറ മണൽ കൂന പോലെയായി. നബിﷺ തന്നെ സൽമാന്റെ(റ) കൈയിൽ നിന്നു മൺവെട്ടി വാങ്ങി ബിസ്മില്ലാഹ് എന്ന്‌ ചൊല്ലി വെട്ടിയതും അതിന്റെ മൂന്നിലൊരു ഭാഗം ഇളകി മാറി. അതോടൊപ്പം ഒരു വലിയ
പ്രകാശം അവിടുന്ന്‌ പുറപ്പെട്ടു.യമനിന്റെ ഭാഗത്ത്‌ നിന്നുള്ള ഒരു വെളിച്ചം! അതോടെ മദീനയിലെ ഇരുണ്ട രാത്രിയെ പ്രകാശിപ്പിച്ചു. മദീനയിലെ രണ്ടു കുന്നുകൾക്കിടയിലുള്ള ഭാഗത്ത് ഒരു വിളക്ക് പോലെ അത് തെളിഞ്ഞു നിന്നു. ഉടനെ നബിﷺ പറഞ്ഞു. “യമനിലെ താക്കോലുകൾ എനിക്ക് നൽകപ്പെട്ടിരിക്കുന്നു. സൻആഇന്റെ കവാടങ്ങൾ ഇപ്പോൾ , ഇവിടെ നിന്നു ഞാൻ കണ്ടുകൊണ്ടിരിക്കുന്നു “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-386

സൻആയിലെ കവാടങ്ങൾ ഇവിടെ നിന്നുകൊണ്ട് ഞാൻ കാണുന്നുണ്ട്. തുടർന്ന് രണ്ടാമത് കൈക്കോട്ട് കൊണ്ട് ഒന്നുകൂടിക്കൊത്തി. മൂന്നിൽ രണ്ടാമത്തെ ഭാഗവും കൂടിയിളകി. ഉയർന്ന വലിയ മിന്നൽത്തെളിഞ്ഞു ! നബിﷺ തക്ബീർ മുഴക്കിയിട്ട് പറഞ്ഞു, “ശാമിലെ ചുവന്ന കോട്ടകൾ ഇപ്പോൾ ഞാൻ ഇവിടെ നിന്നുകൊണ്ട് കാണുന്നു. അവിടുത്തെയും താക്കോലുകൾ എനിക്ക് നൽകപ്പെട്ടിരിക്കുന്നു “. വീണ്ടും ആയുധമുയർത്തി മൂന്നാം ഭാഗത്തേക്ക് കൊത്തി. അപ്പോഴും വലിയൊരു പ്രകാശം പ്രവഹിച്ചു. മുത്തുനബിﷺ പറഞ്ഞു, “പേർഷ്യയുടെ കവാടങ്ങൾ എനിക്കുവേണ്ടി തുറക്കപ്പെട്ടിരിക്കുന്നു. ഹിയറയുടെ കോട്ടകളും കിസ്റയിലെ പട്ടണങ്ങളും ഞാനിവിടെ നിന്നു കൊണ്ട് കാണുന്നു. അവകൾക്കുമേൽ മുസ്‌ലിം ആധിപത്യം ഉണ്ടാകുമെന്ന് ജിബ്‌രീല്‍ (അ) എന്നെ അറിയിച്ചിരിക്കുന്നു. നിങ്ങൾ സന്തോഷവാർത്ത സ്വീകരിക്കുക “. മുത്ത് നബിﷺ പറഞ്ഞു നിർത്തി. മുസ്‌ലിംകൾ സന്തുഷ്ടരായി. പ്രയാസത്തിനു ശേഷമുള്ള സഹായത്തിന്മേൽ അവർ സന്തോഷിച്ചു.

നബിﷺ പേർഷ്യയെക്കുറിച്ച് വിശദീകരിച്ചു. നേരത്തെ നേരിട്ട് കണ്ടു പരിചയമുള്ള സൽമാൻ (റ) വിവരങ്ങളൊക്കെ കൃത്യമാണെന്ന് സ്ഥിരീകരിച്ചു. എന്നിട്ട് സൽമാൻ (റ) തുടർന്നു. “അല്ലയോ പ്രവാചകരേ,ﷺ അവിടുന്ന് സത്യമാണ് പറയുന്നത്. അവിടുന്ന് സത്യപ്രവാചകനാണെന്ന് ഒരിക്കൽക്കൂടി ഞാൻ സാക്ഷ്യം വഹിക്കുന്നു”. മുത്ത് നബിﷺ തുടർന്നു. “ഈ വിജയങ്ങളെല്ലാം എന്റെ വിയോഗാനന്തരം നിങ്ങൾക്ക് അനുഭവിക്കാനുള്ളതാണ്. സത്യമായും സിറിയ നാം ജയിച്ചടക്കും. അവിടുത്തെ ഹിർഖൽ ഭരണാധികാരി ഭരണപ്രദേശത്തിന്റെ അതിർത്തിയിലേക്ക് ഓടിപ്പോകും. നിങ്ങൾ സിറിയ ജയിച്ചടക്കുമ്പോൾ നിങ്ങളെ പ്രതിരോധിക്കാൻ ആരും ഉണ്ടാവുകയില്ല. നിലവിലുള്ള കിസ്റ കൊല്ലപ്പെടും. അതിനുശേഷം കിസ്റ ഉണ്ടാവില്ല “. പിൽക്കാലത്ത് സൽമാൻ (റ) ഈ രംഗങ്ങൾക്കൊക്കെ സാക്ഷിയായി. അപ്പോൾ അദ്ദേഹം പ്രവാചകർ മുത്ത് നബിയുടെﷺ മുന്നറിയിപ്പുകളെ ഓർക്കുകയും പ്രഖ്യാപിക്കുകയും ചെയ്തു. അബൂ ഹുറൈറ (റ) നിവേദനം ചെയ്യുന്നു. “മേൽപ്പറയപ്പെട്ട പട്ടണങ്ങളൊക്കെ ഉമറി(റ)ന്റെ കാലത്ത് ജയിച്ചടക്കി. മുഹമ്മദ് നബിﷺയുടെ കാലശേഷം മുസ്‌ലിംകൾക്ക് കീഴിൽ അധികാരപ്രദേശമായ മുഴുവൻ പ്രവിശ്യകളെക്കുറിച്ചും മുത്ത് നബിﷺ മുന്നറിയിപ്പ് നൽകിയിട്ടുണ്ടായിരുന്നു.

പ്രയാസപ്പെട്ട് കിടങ്ങു കുഴിക്കുന്നതിനിടയിൽ അവിടുന്ന് നടത്തിയ പ്രവചനങ്ങളെയുൾക്കൊള്ളാൻ കപട വിശ്വാസികൾക്കായില്ല. അതവർ ഒരു സന്ദർഭമായി ഉപയോഗപ്പെടുത്തി. “പ്രയാസപ്പെട്ട് കിടങ്ങു കീറുന്നു. നിങ്ങൾ രംഗത്ത് വരാൻ പ്രയാസപ്പെടുന്നു. എന്നിട്ടാണിപ്പോൾ വലിയ പ്രഖ്യാപനം നടത്തുന്നത്. ലോക വൻശക്തികളെയൊക്കെ കീഴടക്കുമെന്ന് പ്രഖ്യാപിക്കുന്നത്. ഇതെന്ത് വിരോധാഭാസമാണ് ! ” വിശ്വാസികളിലും മറ്റും സംശയമുണ്ടാക്കാൻ കപട വിശ്വാസികൾ ശ്രമിച്ചു. അപ്പോഴാണ് അഹ്സാബ് അധ്യായത്തിലെ പന്ത്രണ്ടാം സൂക്തം അവതരിച്ചത്. ആശയം ഇങ്ങനെ വായിക്കാം. “നമ്മോട് അല്ലാഹുവും അവന്‍റെ ദൂതനും വാഗ്ദാനം ചെയ്തത് വഞ്ചന മാത്രമാണെന്ന് കപടവിശ്വാസികളും ഹൃദയങ്ങളില്‍ രോഗമുള്ളവരും പറയുകയും ചെയ്തിരുന്ന സന്ദര്‍ഭം.“
ഖുർആൻ അവതരിച്ചതോടെ വിശ്വാസികളുടെ സംശയങ്ങൾ മാറി. അവർ പ്രതിരോധത്തിന്റെ വഴിയിൽക്കൂടുതൽ ഉർജസ്വലരായി.

ഇതിനിടയിൽ ജാബിർ(റ)വിന്റെ കണ്ണും ഖൽബും നബിﷺയുടെയും കൂട്ടുകാരുടെയും വിശപ്പിലേക്ക് പതിഞ്ഞു. പലരും വിശപ്പുകാരണമായി ക്ഷീണിച്ചതിനാൽ നിവർന്നു നില്കാൻ വേണ്ടി പള്ളയിൽ കല്ല് വച്ചു കെട്ടിയിട്ടുണ്ട്. നബിﷺ രണ്ടു കല്ലുകൾ വച്ചു കെട്ടിയാണ് നിവർന്നു നില്ക്കുന്നത്. ജാബിർ (റ) നബിﷺയോട് സമ്മതം വാങ്ങി വീട്ടിലേക്ക് പോയി. ഭാര്യയോട് പറഞ്ഞു : “നബിﷺയും കൂട്ടുകാരും മൂന്നു ദിവസമായി എന്തെങ്കിലുമൊന്നു കഴിച്ചിട്ട്. മുത്തുനബിﷺ ക്കെങ്കിലും ലഘുവായ ഒരു ഭക്ഷണമൊരുക്കാൻ ഇവിടെ വല്ലതുമുണ്ടോ?” ഒരു ‘സാഅ് ‘ അഥവാ
ഒരു മൂന്നു കിലോയിൽ താഴെ ഗോതമ്പും ഒരു ചെറിയ ആട്ടിൻ കുട്ടിയും ഇവിടെയുണ്ട്. എന്ന് പറഞ്ഞു കൊണ്ടവർ ധാന്യപ്പാത്രം പുറത്തെടുത്തു. റൊട്ടിക്ക് ഉണ്ടാക്കാൻ വേണ്ടി ധാന്യം പൊടിച്ചു നനച്ചു. ആടിനെയറുത്ത് ചട്ടിയിലാക്കി. ഏകദേശം പാകമാകാനടുത്തു. നബിﷺ അന്നത്തെ ജോലിയിൽ നിന്ന് വിരമിച്ചു വിശ്രമിക്കാൻ ടെന്റിലേക്ക് പോകാനായി. രാവിലെ മുതൽ വൈകുന്നേരം വരെ കിടങ്ങു കീറിയാൽ രാത്രി അൽപ്പം വിശ്രമിക്കും. അതായിരുന്നു അന്നത്തെ രീതി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-387

ജാബിർ(റ)ന്റെ ഭാര്യ പറഞ്ഞു. മുത്തുനബിﷺയുടെയും കൂട്ടുകാരുടെയുമിടയിൽ നിങ്ങൾ എന്നെ നാണം കെടുത്തരുതേ! അഥവാ ഇത് കുറഞ്ഞ ആളുകൾക്കുള്ള ഭക്ഷണമേയുള്ളൂ. എല്ലാവരെയും കൂടി വിളിക്കരുതേ എന്ന്. ജാബിർ (റ) പുറപ്പെട്ടു. നബിﷺയുടെയടുക്കൽ ചെന്നു. സ്വകാര്യമായിപ്പറഞ്ഞു. “കുറഞ്ഞ ഭക്ഷണം വീട്ടിൽ ഒരുക്കിയിട്ടുണ്ട്. അവിടുത്തേക്കും ഒരു രണ്ടോ മൂന്നോ ആളുകൾക്കും മാത്രം. അവിടുന്ന്‌ വന്നാൽ കഴിച്ചു പോകാമായിരുന്നു “.
അപ്പോൾ മുത്തുനബിﷺയുടെ കൈവിരലുകൾ എന്റെ കൈയിൽ കോർത്തു പിടിച്ചു. എന്നിട്ട് ചോദിച്ചു, “എത്രയാ ഉള്ളത് ?” ഞാൻ പറഞ്ഞതാവർത്തിച്ചു. അപ്പോൾ ഇങ്ങനെ പ്രതികരിച്ചു. “അത് കൂടുതലുണ്ട്, നല്ല ഭക്ഷണവുമാണ്. ഞാൻ വരുന്നത് വരെ റൊട്ടി ചുടാൻ തുടങ്ങുകയോ കറിയുടെ ചട്ടി അടുപ്പിൽ നിന്നു ഇറക്കുകയോ അരുത് “. ശേഷം, നബിﷺ ഉറക്കെ വിളിച്ചു പറഞ്ഞു. “അല്ലയോ ! ഖന്ദഖ്കാരേ, വരൂ . ജാബിർ (റ) എല്ലാവർക്കും നല്ല സദ്യ ഒരുക്കിയിരിക്കുന്നു “.

ജാബിർ (റ) പറയുന്നു. “അപ്പോൾ എനിക്കനുഭവപ്പെട്ട നാണം അല്ലാഹുവിനേ അറിയൂ. ഞാൻ സ്വയം പറഞ്ഞു, അതാ എല്ലാവരും വരുന്നു. ആകെ ഒരു സാഉ ധാന്യവും ഒരു ചെറിയ ആട്ടിൻകുട്ടിയും. എന്ത് ചെയ്യും?”
ഞാൻ വേഗം ഭാര്യയുടെ അടുക്കൽ ചെന്നു കാര്യം പറഞ്ഞു. “എന്തു ചെയ്യാനാ നബിﷺയും മുഹാജിറുകളും അൻസ്വാരികളും മറ്റു ഒപ്പമുള്ളവരും എല്ലാവരും അതാ വരുന്നു “. അപ്പോഴവൾ പറഞ്ഞു. “നിങ്ങൾ തന്നല്ലേ ഇതൊപ്പിച്ചത്. നിങ്ങൾ തന്നല്ലേ!” എന്നിട്ടവൾ വീണ്ടും ചോദിച്ചു. “നിങ്ങളോട് നബിﷺ കാര്യങ്ങൾ ചോദിച്ചിരുന്നോ?” “അതെ”. മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ്. അവൾ ചോദിച്ചു. “നിങ്ങളാണോ അവരെയെല്ലാം വിളിച്ചത്, അതല്ല നബിﷺയാണോ?”
” അത് നബിﷺയാണ് “എന്നാൽപ്പിന്നെ വിഷയം വിട്ടേക്കൂ. അത് കുഴപ്പമില്ല. അഥവാ മുത്തുനബിﷺ വിളിച്ചതാണെങ്കിൽ അതിൽ പിന്നെ ബേജാറാകാൻ ഒന്നുമില്ല. അല്ലാഹുവിനും റസൂലിﷺനും ഏറ്റവും അറിയാമല്ലോ. നമ്മുടെ പക്കലുള്ളത് നാം പറയുകയും ചെയ്തല്ലോ. പ്രശ്നമില്ല “. അവൾ എനിക്കാശ്വാസം നൽകി. അപ്പോഴേക്കും നബിﷺ അകത്തേക്ക് വന്നു. എന്നിട്ട് സ്വഹാബികളോട് പറഞ്ഞു. “പത്തു വീതം ആളുകൾ കഴിക്കാനിരുന്നോളൂ. ആരും തിരക്കാക്കരുത് “.
ജാബിറി(റ)ന്റെ ഭാര്യ ധാന്യപ്പാത്രം നബിﷺയുടെയടുത്തേക്ക് വച്ചു കൊടുത്തു. നബിﷺ അതിൽ ഉമിനീർ ചേർത്തു. അനുഗ്രഹത്തിനായി പ്രാർഥിച്ചു. കറിപ്പാത്രവും അടുത്തേക്ക് വച്ചു. ഉമിനീർ ചേർത്ത് മന്ത്രിച്ചു. “ഇനി റൊട്ടി ചുട്ടോളൂ; കറിയുമൊഴിച്ചോളൂ. ഇടയിൽ പത്രം മൂടി വയ്ക്കുകയും ചെയ്യുക “. തിരുദൂതർ പറഞ്ഞു.
ഞങ്ങൾ റൊട്ടി ചുടുന്നു, കറി ഒഴിച്ച് കൊടുക്കുന്നു , ഇടവേളകളിൽ പാത്രം മൂടിവയ്ക്കുന്നു, ആളുകളെ സത്ക്കരിക്കുന്നു , മാവോ കറിയോ ആദ്യമുള്ള അളവിൽ നിന്നു അല്പം പോലും കുറയുന്നില്ല.
ജനങ്ങളെല്ലാം നന്നായിക്കഴിച്ചു. എല്ലാവരും നല്ല വിശപ്പിലായിരുന്നല്ലോ. പത്തു പത്തു വീതം സൈന്യം മുഴുവനും ഭക്ഷണം കഴിച്ചു കഴിഞ്ഞു. അവസാനം ഞങ്ങളും നന്നായി ഭക്ഷിച്ചു. അപ്പോഴും പാത്രത്തിൽ നിന്നു ധാന്യമോ കറിയോ അല്പം പോലും കുറഞ്ഞില്ല. നബിﷺ സദ്യയൊക്കെക്കഴിഞ്ഞു പോയി. അതോടെ പാത്രം കാലിയാവാൻ തുടങ്ങി.

ഇമാം ബുഖാരി (റ) തന്നെയാണ് ഈ സംഭവം നിവേദനം ചെയ്തത്. എന്നാൽ ഇതിനനുബന്ധമായി ചില കഥകൾ സാരോപദേശ ഗ്രന്ഥങ്ങളിൽക്കാണുന്നുണ്ട്. അവകൾ അത്ര പ്രബലമായ നിവേദനങ്ങളോടെ വന്നതായിക്കാണുന്നില്ല. താരീഖുൽ ഖമീസിൽ ജാബിർ(റ)വിന്റെ സത്ക്കാരത്തെപ്പരാമർശിക്കുന്ന ഒരു നിവേദനം ഇങ്ങനെയാണ്. “ജാബിർ(റ) നബിﷺയെ സത്ക്കാരത്തിനു ക്ഷണിച്ചു. നബിﷺ ക്ഷണം സ്വീകരിച്ചു. ജാബിറി(റ)നു സന്തോഷമായി. വീട്ടിലുണ്ടായിരുന്ന ആട്ടിൻകുട്ടിയെ അറുത്തു പാകം ചെയ്യാൻ പത്നിയെ ഏല്പിച്ചു. ഇത് കണ്ടു ജാബിറി(റ)ന്റെ രണ്ടാണ്മക്കളിൽ മൂത്തയാൾ അനുജനെ വിളിച്ചു പറഞ്ഞു. വാപ്പ ആടിനെയറുത്തത് എങ്ങനെയാണെന്ന് ഞാൻ കാണിച്ചു തരാം. അങ്ങനെ അനുജനെ ജേഷ്ഠൻ പിടിച്ചു കിടത്തി, കൈകാലുകൾ കെട്ടിയറുത്തു. തലയുമായി ഉമ്മയെ സമീപിച്ചു. വിഹ്വലയായ ഉമ്മ ഭയചകിതയായി. ഇത് കണ്ട മകൻ ഓടി മച്ചിന്റെ മുകളിൽക്കയറി. പിന്നാലെ വന്ന ഉമ്മയെക്കണ്ടു ഭയന്ന് അവിടെ നിന്നു ചാടി നിലം പതിച്ചു മരണപ്പെട്ടു. രണ്ടുമക്കളും മരണപ്പെട്ട മാതാവ് പക്ഷേ, വേദന കടിച്ചിറക്കി. മക്കളുടെ ശരീരം വീടിന്റെ ഒരു മൂലയിൽ പുതച്ചു കിടത്തി. ദുഃഖം പ്രകടമാക്കാതെ പാചകത്തിൽ മുഴുകി.

ജാബിർ (റ) വന്നു, നബിﷺയോടൊപ്പം ഭക്ഷണത്തിനിരുന്നു. അപ്പോൾ നബിﷺയോട് ജിബ്‌രീല്‍ (അ) വന്നു പറഞ്ഞു. ജാബിറി(റ)ന്റെ മക്കളെ കൂട്ടിയിരുത്തി ഭക്ഷണം കഴിക്കാൻ അല്ലാഹു കല്പിച്ചിരിക്കുന്നു. നബി ﷺ ജാബിറി(റ)നോട് മക്കളെ വിളിക്കാൻ പറഞ്ഞു. ഇപ്പോൾ അവരിവിടെയില്ലെന്നു ഭാര്യ ജാബിറി(റ)നോട് പറഞ്ഞു. അല്ലാഹു കല്പിച്ചതാണ് അവരെക്കൂടി ഒപ്പമിരുത്തിക്കഴിക്കാൻ എന്ന്‌ നബിﷺ പ്രതികരിച്ചു. ഇതുകേട്ട് ജാബിർ (റ) വീണ്ടും മക്കളെ അന്വേഷിച്ചു. അപ്പോഴേക്കും ഭാര്യ പൊട്ടിക്കരഞ്ഞു. കാര്യമന്വേഷിച്ചപ്പോൾ സംഭവം പറഞ്ഞു. ശേഷം, മക്കളുടെ ശരീരം കാണിച്ചുകൊടുത്തതും ജാബിറും(റ) പൊട്ടിത്തെറിച്ചു. നബിﷺയോട് സംഭവം പറഞ്ഞു. അപ്പോഴേക്കും ജിബ്‌രീല്‍ (അ) അവതരിച്ചു. മക്കളെ വിളിക്കാനും ഉത്തരം നൽകുന്നവൻ ഞാനാണെന്നും അല്ലാഹു പറഞ്ഞതായറിയിച്ചു. നബി ﷺ മക്കളെ വിളിച്ചു. അല്ലാഹു അവർക്കു ജീവൻ നൽകി.

ഈ സംഭവത്തിലെ ആശയം സ്വീകാര്യമാണെങ്കിലും നിവേദനപരമായി പ്രബലമാണെന്ന് പറയാൻ മതിയായ തെളിവുകൾ കണ്ടെത്താനായിട്ടില്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-388

അൽ മവാഹിബുല്ലദുന്നിയ്യയിൽ ഒരു അനുബന്ധം കൂടി വായിക്കാൻ കഴിയും. ജാബിർ (റ) നബിﷺയെ ആടറുത്ത് സത്ക്കരിച്ചു. ഭക്ഷണം കഴിഞ്ഞു നബിﷺ വീട്ടുകാരോട് പറഞ്ഞു. “എല്ലുകൾ പൊട്ടിക്കാതെ നിങ്ങളും കഴിക്കുക “. ശേഷം, നബിﷺ എല്ലുകൾ ഒരുമിച്ചുകൂട്ടി അവിടുത്തെ തിരുകരങ്ങൾ അതിന്മേൽ വച്ചു മന്ത്രിച്ചു. അതോടെ ആട് പുനർജനിച്ചു. ചെവികളാട്ടി എഴുന്നേറ്റു നിന്നു.

ഖന്ദഖിൽ നബിﷺയെയും അനുചരന്മാരെയും സത്ക്കരിച്ച സംഭവത്തിലാണ് ജാബിറി(റ)ന്റെ മക്കളുടെ മരണമുണ്ടായതെന്നോ അതിലെ ആടിനെയാണ് പുനർ ജനിപ്പിച്ചതെന്നോ പറയാൻ മതിയായ തെളിവുകൾ വായനയിൽ ലഭിച്ചിട്ടില്ല. അങ്ങനെയുള്ള ആഖ്യാനങ്ങൾ തത്ത്വോപദേശ ഗ്രന്ഥങ്ങൾ വഴിയോ വാമൊഴിയായോ പ്രഭാഷണ വേദികളിൽ വന്നതായിരിക്കാം. അതിൽത്തന്നെ സംഭവങ്ങൾ സമ്മിശ്രമായതോ കഥനത്തിൽ വന്ന വർണനകളോ കടന്നു കൂടിയിട്ടുമുണ്ടാകാം.

സമാനമായ ഒരു സംഭവം ഖൻദഖിൽ നിന്ന് തന്നെ നുഅ്മാൻ ബിൻ ബഷീറി(റ)ന്റെ സഹോദരി നിവേദനം ചെയ്യുന്നു. എന്റെ ഉമ്മ അല്പം കാരക്ക തന്നുവിട്ടു. ചെറിയ പാത്രത്തിനുള്ളിൽ തുണിക്കോന്തലയിൽക്കെട്ടി അതുമായി ഞാൻ നബിﷺയുടെ അടുക്കലെത്തി. അവിടുന്ന് സ്വീകരിച്ചു. കൈവെള്ള നിറയാൻ പോലും അതുണ്ടായിരുന്നില്ല. നബിﷺ തന്നെ അതൊരു തുണി വിരിച്ച് അതിലേക്ക് വിതറിയിട്ടു. എന്നിട്ട് അടുത്തുനിന്നയാളോട് പറഞ്ഞു, എല്ലാവരെയും വിളിക്കാൻ. “എല്ലാവരും വരൂ പ്രാതൽ കഴിക്കാം ” – എന്നദ്ദേഹം വിളിച്ചുപറഞ്ഞു. കേട്ടുനിന്നവരെല്ലാവരും സുപ്രയിലേക്ക് വന്നു. അവർക്കെല്ലാം മതിയാവോളം കാരക്കകൾ തുണിക്കോന്തലയിൽ നിന്ന് വർഷിച്ചുകൊണ്ടേയിരുന്നു.

അബ്ദുല്ലാഹിബിന് അബീ ബുർദ(റ)യിൽ നിന്ന് ഇബിനു അസാക്കിർ (റ) ഉദ്ധരിക്കുന്നു. ഉമ്മു ആമിർ (റ) എന്ന മഹതി അല്പം ഹെയ്‌സ് പലഹാരം നബിﷺക്ക് കൊടുത്തുവിട്ടു. അവിടുന്നപ്പോൾ ഉമ്മുസലമ(റ)യോടൊപ്പം ടെന്റിലായിരുന്നു. ഇതു കണ്ട നബിﷺ ഖന്ദഖിൽ എല്ലാവരെയും അത്താഴത്തിന് ക്ഷണിച്ചു. എല്ലാവരും വന്ന് കഴിച്ചതിനു ശേഷവും ആദ്യം ഉണ്ടായിരുന്ന പലഹാരം അങ്ങനെത്തന്നെ ബാക്കിയായിരുന്നു.

ഇമാം അഹമ്മദ്( റ) മുസ്നദിൽ ഉദ്ധരിക്കുന്നു. “അബ്ദുല്ലാഹിബ്നു അബീ റാഫി(റ) അദ്ദേഹത്തിന്റെ പിതാവിൽ നിന്ന് നിവേദനം ചെയ്തു. ഞാൻ ഒരു പാത്രത്തിൽ പാചകം ചെയ്ത ആടിനെയും കൊണ്ട് ഖന്ദഖ് ദിവസം നബിﷺയുടെ അടുത്തെത്തി. അവിടുന്ന് പറഞ്ഞു, ‘അതിൽ നിന്ന് മുഴങ്കൈ ഇങ്ങെടുക്കൂ’. ഞാനെടുത്തു കൊടുത്തു. പിന്നെയും എന്നോട് പറഞ്ഞു. ‘മുഴങ്കൈ ഇങ്ങെടുക്കൂ’. അപ്പോൾ ഞാൻ അടുത്തതുമെടുത്തു കൊടുത്തു. മൂന്നാമതും ആവശ്യപ്പെട്ടപ്പോൾ ഞാൻ ചോദിച്ചു. ‘ഒരാടിന് രണ്ടു മുഴങ്കൈ അല്ലാതെ ഉണ്ടാവുമോ?’ അപ്പോൾ അവിടുന്ന് പറഞ്ഞു, ‘നിങ്ങൾ മൗനമായി ആ പാത്രത്തിൽ നിന്നെടുക്കാൻ ശ്രമിച്ചിരുന്നെങ്കിൽ ഞാൻ ചോദിക്കുന്നിടത്തോളം പ്രാവശ്യം മുഴങ്കൈ അതിൽ നിന്നെടുക്കാൻ ലഭിക്കുമായിരുന്നു “.

ഭക്ഷണപദാർഥങ്ങളിൽ ലഭിച്ച അഭൗതികമായ അനുഗ്രഹങ്ങളുടെ ഖന്ദഖിൽ വച്ചുണ്ടായ ചില ഉദാഹരണങ്ങളാണ് നാം വായിച്ചത്. പ്രവാചകന്മാർക്ക് ഇങ്ങനെയൊക്കെ ലഭിക്കാമെന്നതിൽ വിശ്വാസികൾക്കിടയിൽ അഭിപ്രായന്തരങ്ങളില്ല. നിവേദന പരമായി അഭിപ്രായ വ്യത്യാസങ്ങളുന്നയിച്ച മേൽപ്പറഞ്ഞ സംഭവങ്ങളും പ്രവാചകന്മാരിൽ നിന്ന് ഉണ്ടാകാവുന്നതാണ്. എന്നാൽ അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടോ എന്നതിനെച്ചൊല്ലി മാത്രമാണ് പ്രമാണങ്ങളുടെ ബലാബലങ്ങൾ ഉദ്ധരിച്ചിട്ടുള്ളത്.

ചിലപ്പോൾ സഹനത്തിന്റെയും മറ്റു ചിലപ്പോൾ അദ്ഭുതകരമായ അതിജീവനത്തിന്റെയും ചിലപ്പോൾ വിശപ്പിന്റെയും മറ്റു ചിലപ്പോൾ അദ്ഭുതകരമായി ഭക്ഷണം ലഭിച്ചതിന്റെയും എല്ലാ വശങ്ങളെയും ഉൾക്കൊള്ളുമ്പോഴാണ് പ്രവാചകന്മാരിലും അവർക്ക് ലഭിക്കുന്ന അമാനുഷികതകളിലും നമ്മുടെ വിശ്വാസം നേരെയാകുന്നത്. അസാധാരണ രീതിയിൽ രോഗശമനം നൽകിയ നബിﷺ സ്വന്തം മുറിവേറ്റപ്പോൾ എന്തിന് ചികിത്സിച്ചു എന്ന ചോദ്യത്തിന് ഇവിടെ പ്രസക്തിയില്ല. ഒരു സ്വഹാബിക്ക് അസാധാരണ രീതിയിലും മറ്റൊരു സ്വഹാബിക്ക് സാധാരണ ചികിത്സാരീതി നിർദേശിച്ചും രോഗശമനത്തിന് പരിഹാരം നൽകിയ പ്രവാചകരെﷺ ശരിയായ വിധത്തിൽ ഉൾക്കൊണ്ടില്ലെങ്കിൽ ഇവയൊക്കെ വൈരുദ്ധ്യങ്ങളാണോ എന്ന് തോന്നിപ്പോകും. കാര്യത്തെയും കാരണത്തെയും കാര്യകാരണങ്ങളുടെ മുഴുവൻ അധിപനായ അല്ലാഹുവിനെയും വേണ്ടവിധത്തിൽ മനസ്സിലാക്കുമ്പോഴേ ഇത്തരം വിജ്ഞാനീയങ്ങളിലെ ആത്മാവിനെ ഉൾക്കൊള്ളാനാവൂ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-389

കിടങ്ങു കീറുന്ന പ്രവൃത്തി പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് അലിയ്യുബിനുൽ ഹകമി(റ)ന്റെ കുതിരയുടെ കാലിനു കിടങ്ങിന്റെ ഭിത്തിയിൽത്തട്ടി പരുക്കേറ്റത്. മുആവിയത്ത്ബ്നുൽ ഹകം (റ) പറയുന്നു. “ഞങ്ങൾ ആവലാതിയുമായി നബിﷺയെ സമീപിച്ചു. അവിടുന്ന് അല്ലാഹുവിന്റെ നാമം ഉച്ചരിച്ചു കൊണ്ട് കുതിരയുടെ കാലിൽത്തലോടി. അതോടെ ശമനം ലഭിക്കുകയും ചെയ്തു “.

ശത്രുവിനെ ശക്തമായി പ്രതിരോധിക്കാൻ രാപ്പകൽ ഭേദമില്ലാതെ വിശ്വാസികൾ കിടങ്ങു കീറുകയും മറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയും ചെയ്യുകയായിരുന്നല്ലോ. എന്നാൽ, പ്രത്യക്ഷത്തിൽ വിശ്വാസികളോടൊപ്പമുള്ള കപട വിശ്വാസികൾ അഥവാ, മുനാഫിഖുകൾ ഇത്തരം പരിശ്രമങ്ങളിൽ നിന്നെല്ലാം വിട്ടുനിന്നു. മുത്തുനബിﷺ അറിയാതെത്തന്നെ അവർ അവരുടെ വീടുകളിലേക്ക് പോവുകയും അവരുടെ ആവശ്യങ്ങളിൽ വ്യാപൃതരാവുകയും ചെയ്തു. വിശ്വാസികളാകട്ടെ, വീടുകളിലെ എന്തെങ്കിലും അനിവാര്യ സാഹചര്യങ്ങൾ ഉണ്ടായാൽത്തന്നെ നബിﷺയുടെ അനുമതിയോടെ മാത്രം പോയി അതിവേഗം നിർവഹിച്ചു മടങ്ങി വന്നിരുന്നു. തന്റെ അസാന്നിധ്യത്തിൽ കിടങ്ങിന്റെ പ്രവർത്തനങ്ങൾ മുടങ്ങാതിരിക്കാൻ കൂട്ടുകാരിലൊരാളെ പകരമാക്കുകയും ചെയ്യും. ഇതായിരുന്നു പതിവ്. ഈ വിശ്വാസികളെ പ്രശംസിച്ചുകൊണ്ട് വിശുദ്ധ ഖുർആൻ 24ാം അധ്യായം അന്നൂറിലെ അറുപത്തി രണ്ടാം സൂക്തം അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം:

“അല്ലാഹുവിലും അവന്റെ ദൂതനിലും ആത്മാര്‍ഥമായി വിശ്വസിക്കുന്നവര്‍ മാത്രമാണ് സത്യവിശ്വാസികള്‍. പ്രവാചകനോടൊപ്പം ഏതെങ്കിലും പൊതുകാര്യത്തിലായിരിക്കെ, അവിടുത്തോട് അനുവാദം ചോദിക്കാതെ അവര്‍ പിരിഞ്ഞുപോവുകയില്ല. തങ്ങളോട് അനുവാദം ചോദിക്കുന്നവര്‍ ഉറപ്പായും അല്ലാഹുവിലും അവന്റെ ദൂതനിലും വിശ്വസിക്കുന്നവരാണ്. അതിനാല്‍ അവര്‍ തങ്ങളുടെ എന്തെങ്കിലും ആവശ്യനിര്‍വഹണത്തിന് അനുവാദം തേടിയാല്‍ തങ്ങൾ ഉദ്ദേശിക്കുന്നവര്‍ക്ക് അവിടുന്ന് അനുവാദം നല്‍കുക. അവര്‍ക്കുവേണ്ടി അല്ലാഹുവോട് പാപമോചനം തേടുക. അല്ലാഹു ഏറെ പൊറുക്കുന്നവനും പരമകാരുണികനുമാണ്.”

തുടർന്ന് തന്നെ കപടവിശ്വാസികളെ പരാമർശിച്ചു കൊണ്ടും സൂക്തങ്ങൾ അവതരിച്ചു. അന്നൂറിലെ തന്നെ അറുപത്തി മൂന്നു, അറുപത്തി നാല് സൂക്തങ്ങളുടെ ആശയം നോക്കൂ. “മറ്റുള്ളവരെ മറയാക്കി തങ്ങളില്‍നിന്ന് ഊരിപ്പോകുന്നവരെ അല്ലാഹു നന്നായറിയുന്നുണ്ട്. അതിനാല്‍ തങ്ങളുടെ കല്‍പന ലംഘിക്കുന്നവര്‍ അവർക്ക് വല്ലവിപത്തും ബാധിക്കുമെന്നോ നോവേറിയ ശിക്ഷ പിടികൂടുമെന്നോ തീര്‍ച്ചയായും ഭയപ്പെട്ടുകൊള്ളട്ടെ. അറിയുക: ആകാശഭൂമികളിലുള്ളതൊക്കെയും അല്ലാഹുവിന്റേതാണ്. നിങ്ങള്‍ എന്തു നിലപാടാണെടുക്കുന്നതെന്ന് അവനു നന്നായറിയാം. അവനിലേക്ക് എല്ലാവരും തിരിച്ചുചെല്ലുന്ന നാളിനെക്കുറിച്ചും അവന്‍ നന്നായറിയുന്നു. അപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്നതിനെപ്പറ്റി അവന്‍ അവര്‍ക്ക് വിവരിച്ചുകൊടുക്കും. അല്ലാഹു സകല സംഗതികളും നന്നായറിയുന്നവനാണ്.”

പോരാട്ട ഭൂമിയിലും പ്രതിരോധ ഘട്ടങ്ങളിലും നബിﷺ അഭിമുഖീകരിച്ച സമ്മർദങ്ങളുടെയും സാഹചര്യങ്ങളുടെയും ചിത്രീകരണങ്ങളാണിവ. സമാനമായ ഏതു സന്ദർഭങ്ങളിലും ഇത്തരം സാഹചര്യങ്ങൾ ആവർത്തിക്കപ്പെടാം എന്ന ഒരു വിചാരം കൂടി ഈ സംഭവങ്ങൾ പങ്കുവയ്ക്കുന്നുണ്ട്. ഒരേ സമയത്ത് പ്രത്യക്ഷ ശത്രുവിനെയും പരോക്ഷ വിമർശങ്ങളെയും എങ്ങനെയാണ് നയപരമായി മുത്തുനബിﷺ കൈകാര്യം ചെയ്തത് എന്ന വലിയ പാഠങ്ങൾ ഈ അധ്യായം നമുക്ക് പകർന്നു തരുന്നു.

സമ്മിശ്രമായ കാഴ്ചകളും പ്രതികരണങ്ങളും ഓരോ പോരാട്ട ഭൂമിയിലും നമുക്ക് വായിക്കാനായിട്ടുണ്ട്. ഒരുഭാഗത്ത് കപടവിശ്വാസികൾ വിട്ടുനിൽക്കുമ്പോൾത്തന്നെ. വിശ്വാസി സമൂഹത്തിലെ കുഞ്ഞുമക്കൾ വരെ പ്രായവും ആരോഗ്യവും മറന്ന് മുത്തുനബിﷺക്കൊപ്പം നിന്ന കാഴ്ചകളുമുണ്ട്. അബൂ വാഖിദ് അല്ലൈസി (റ) നിവേദനം ചെയ്യുന്നു. “കിടങ്ങു കുഴിക്കുന്നേടത്ത് കുറെ കുട്ടികളെ നബിﷺ കണ്ടു. കൂട്ടത്തിൽ പ്രായപൂർത്തിയാകാത്തവരെ നബിﷺ മടക്കിവിട്ടു. രംഗം കൂടുതൽ ദുർഘടമായപ്പോൾ കുഞ്ഞുങ്ങളും സ്ത്രീകളും സംരക്ഷിക്കപ്പെടുന്ന ഇടത്തേക്ക് അവരോടും പോകാൻ പറഞ്ഞു. പ്രായം കുറഞ്ഞവരുടെ കൂട്ടത്തിൽ നിന്ന് അന്നത്തെ പ്രവൃത്തികളിൽ അനുമതി ലഭിച്ച ചിലരുമുണ്ടായിരുന്നു. അബ്ദുല്ലാഹിബ്നു ഉമർ (റ), സൈദ് ബിൻ സാബിത്ത് (റ), അബൂ സഈദ് അൽ ഖുദ് രി (റ), ബറാഅ് ബിൻ ആസിബ് (റ) എന്നിവർ അവരിൽപ്പെട്ടവരാണ്. അന്ന് ഇവരുടെയെല്ലാം പ്രായം ഏകദേശം 15 വയസ്സായിരുന്നു “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-390

കിടങ്ങു നിർമാണം പൂർത്തിയായി. മദീനയിലെ ചുമതല അബ്ദുല്ലാഹിബിന് ഉമ്മി മക്തൂമി(റ)നെ ഏൽപ്പിച്ചു. നബിﷺ ഖന്ദഖിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. സൽഅ പർവതം പിൻഭാഗത്താക്കി താവളമടിച്ചു. ഇപ്പോൾ അവിടെ ഉയർന്ന ഭാഗത്തുള്ള പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലത്തായിരുന്നു അത്. അന്ന് ഏകദേശം 3000 ആളുകൾ നബിﷺക്കൊപ്പമുണ്ടായിരുന്നു. മുഹാജിറുകളുടെ പതാക സൈദ് ബിന് ഹാരിസ(റ)യും അൻസ്വാരികളുടേത് സഅ്ദ് ബിന് ഉബാദ(റ)യുമാണ് വഹിച്ചിരുന്നത്. സ്ത്രീകളെയും കുട്ടികളെയും കുന്നിൻ പ്രദേശത്തേക്ക് മാറ്റി. വയോധികനായ ഹസ്സാനി(റ)നെ സ്ത്രീകളുടെ ഭാഗത്ത് താമസിപ്പിച്ചു. കെട്ടിടങ്ങൾ വലയം ചെയ്ത ഒരു കോട്ട പോലെ മദീനയെ സുരക്ഷിതമാക്കി. അന്ന് മുസ്‌ലിം സൈന്യത്തിന്റെ സൂചന വാക്യം, അവർ സഹായിക്കപ്പെടുകയില്ല എന്നർഥമുള്ള ‘ഹും ലാ യുൻസ്വറൂൻ’ എന്നായിരുന്നു.

നബിﷺയും അനുയായികളും കിടങ്ങിന്റെയും കുന്നിന്റെയുമിടയിൽ സൈനിക പ്രതിരോധത്തിന് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോൾ സ്ത്രീകൾ താമസിക്കുന്ന കുന്നിൻ പ്രദേശത്ത് ഒരു സംഭവമുണ്ടായി. നബിﷺയുടെ കുടുംബിനികളും അമ്മായി ബീവി സ്വഫിയ്യ(റ)യും അവിടെത്തന്നെയായിരുന്നു ഉണ്ടായിരുന്നത്. പത്തു ജൂതന്മാർ അതീവ രഹസ്യമായി സ്ത്രീകളുടെ തമ്പിലേക്ക് കടന്നുവന്നു. അവരെ പ്രതിരോധിക്കാൻ പറ്റുന്ന ആരും അവിടെയില്ല. അപ്പോൾ ബീവി സ്വഫിയ്യ (റ) കിടക്കയിലുള്ള ഹസ്സാനി(റ)നോട് പറഞ്ഞു. “നിങ്ങൾ അവരെ ഒന്ന് നേരിടൂ “. അപ്പോൾ അദ്ദേഹം പറഞ്ഞു. “അല്ലയോ , അബ്ദുൽ മുത്തലിബിന്റെ മകളേ! എനിക്കതിന് സാധിക്കില്ലെന്ന് നിനക്കറിയില്ലേ ? എനിക്ക് എന്തെങ്കിലും ഒരു ആരോഗ്യം ഉണ്ടായിരുന്നെങ്കിൽ ഞാൻ നബിﷺയോടും അനുയായികളോടുമൊപ്പം ശത്രുക്കളെ നേരിടാൻ യുദ്ധക്കളത്തിലേക്ക് പോകുമായിരുന്നില്ലേ ? സ്വഫിയ്യ (റ) പറയുന്നു. ഇനി നിർവാഹം ഒന്നുമില്ലെന്ന് കണ്ടപ്പോൾ ഞാൻ വാളെടുത്തണിഞ്ഞു. ശത്രുവിനെ നേരിടാൻ തന്നെ തയ്യാറായി. മറ്റൊരു നിവേദന പ്രകാരം ഇങ്ങനെയാണ്. പ്രതിരോധിക്കാൻ ഒന്നുമില്ലെന്ന് കണ്ടപ്പോൾ ഞങ്ങൾ താമസിച്ചിരുന്ന ടെന്റിന്റെ ഒരു കാൽ ഞാൻ ഒരു കൈയിലെടുത്തു. അതുമായി ശത്രുവിനെ നേരിടാൻ തന്നെ തീരുമാനിച്ചു. അവന്റെ തലയ്ക്ക് അടിച്ചു നിലത്ത് വീഴ്ത്തി. ശേഷം, ഞാൻ തമ്പിന്റെ അകത്തേക്ക് വന്ന് ഹസ്സാനെ(റ) വീണ്ടും വിളിച്ചു. എന്നിട്ട് പറഞ്ഞു. ഞാൻ ശത്രുവിനെ നിലംപരിശാക്കിയിട്ടുണ്ട്. അതൊരു പുരുഷന്‍ ആയതുകൊണ്ട്. അയാളെ എടുത്തു ക്രൂശിക്കാൻ എനിക്ക് നാണമാകുന്നു. നിങ്ങൾ അങ്ങനെ ഒന്ന് ചെയ്തിരുന്നെങ്കിൽ നന്നായിരുന്നു. “മോളേ, എനിക്ക് അതിനും സാധിക്കില്ലെന്ന് നിനക്കറിയില്ലേ. അപ്പോൾ ഞാൻ പറഞ്ഞു. അവന്റെ തലയെടുത്ത് അപ്പുറത്തേക്ക് ഒന്നിട്ടു കൊടുക്കൂ. അതിനും ഹസ്സാനി(റ)ന് കഴിയില്ലെന്ന് വന്നപ്പോൾ ഞാൻ തന്നെ അത് നിർവഹിക്കേണ്ടി വന്നു. ജൂതന്മാരുടെ മുന്നിലേക്ക് ഇട്ടുകൊടുത്തു. അതോടെ അവർ പറഞ്ഞു. “മുഹമ്മദ് നബിﷺ ഏതായാലും സ്ത്രീകൾക്ക് സുരക്ഷയില്ലാത്ത വിധം ഉപേക്ഷിച്ചു പോകാനിടയില്ലെന്ന് ബോധ്യമായില്ലേ ? എന്നിട്ട് അവർ പിരിഞ്ഞു പോയി.

സ്വഫിയ്യ(റ)യുടെ ധീരമായ ഈ നിലപാട് സ്ത്രീകളെയും കുട്ടികളെയും ശത്രുക്കളുടെ കണ്ണിൽ നിന്ന് രക്ഷപ്പെടുത്താൻ ഏറെ പ്രയോജനപ്പെട്ടു. ഈ സംഭവം പിന്നീട് നബിﷺ അറിയുകയും സ്വഫിയ്യ(റ)യെ പ്രശംസിക്കുകയും ചെയ്തു. ഒടുവിൽ സമരാർജിത സ്വത്ത് വിഹിതം വയ്ക്കുമ്പോൾ സ്വഫിയ്യ(റ)യ്ക്കും ഒരു വിഹിതം ഉണ്ടായിരുന്നു.

സഅ്ദ് ബിൻ മന്ത്ര മുആദ്(റ) സ്ത്രീകളുടെ ടെന്റിലുള്ള തന്റെ മാതാവിന്റെ അടുത്തുകൂടി കറകടന്നുപോയി. അപ്പോൾ അദ്ദേഹം ഇങ്ങനെ ചൊല്ലുന്നുണ്ടായിരുന്നു.
“ലബ്ബിസ് ഖലീലൻ യശ്ഹദിൽ ഹൈജാ ഹമൽ
ലാ ബാസ ബിൽ മൗതി ഇദാ ഹാനൽ അജൽ.. ”
(അല്പം പ്രതീക്ഷിക്കൂ, ശക്തനായൊരാൾ വരും;
നേരെമെത്തി മരിച്ചാൽ അതിനെന്തു പരിഭവം)

ഇത് കേട്ടപ്പോൾ മാതാവിന്റെ അടുത്തു നിന്ന ബീവി ആഇശ(റ) പറഞ്ഞു. സദി(റ)ന്റെ പടയങ്കി ഒന്ന് കൂടി വലുതായിരുന്നെങ്കിൽ ഒന്നുകൂടി നന്നായിരുന്നു. അപ്പോൾ മാതാവ് പ്രതികരിച്ചു. ഏതായാലും വിധി വഴിമാറിപ്പോകില്ല. അല്ലാഹു വിധിക്കുന്നത് തന്നെ സംഭവിക്കും. അല്ലാഹു വിധിച്ചു. സദ്(റ) ശഹീദായി.

ഖന്ദഖിന്റെ പിന്നാമ്പുറത്തെ മഹിളകളുടെ വർത്തമാനങ്ങൾക്കൂടിയാണ് നാം വായിച്ചു കൊണ്ടിരുന്നത്. അവരിലുണ്ടായിരുന്ന കുലീനതയും ധീരതയും സമർപ്പണബോധവും വിശ്വാസ ദാർഢ്യതയും എല്ലാം ഒത്തു ചേർന്ന ചിത്രമാണ് നാം ദർശിച്ചത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-400

കഅ്ബ് ബിൻ അസദിന്റെ സംഭാഷണം കേട്ടപ്പോൾ സുബൈർ ബിൻ ബാത്വാ എന്ന ജൂത നേതാവ് പറഞ്ഞു. “ഖുറൈശികളും ഗത്ഫാൻ ഗോത്രവും പിൻവാങ്ങിയാൽപ്പിന്നെ വാളിനിരയാവുകയല്ലാതെ നമുക്കൊരു മാർഗവുമുണ്ടാവില്ല. നമുക്കിപ്പോൾ ഖുറൈശികളോട് പണയം ഒന്നും ചോദിക്കേണ്ട ആവശ്യമില്ല. മുഹമ്മദ് നബിﷺയുടെ അടുത്ത് പോയി നമ്മുടെ കരാർ പുതുക്കാം. ഒരിക്കലും ഖുറൈശികൾ നമുക്ക് പണയം തരും എന്ന് തോന്നുന്നില്ല. എണ്ണത്തിലും ശക്തിയിലുമൊക്കെ അവരാണല്ലോ മുന്നിൽ നിൽക്കുന്നത്. അവർക്കെപ്പോൾ വേണമെങ്കിലും അവരുടെ നാട്ടിലേക്ക് മടങ്ങിപ്പോകാം. നമ്മൾ എവിടേക്കാണ് പിന്തിരിഞ്ഞു പോവുക ?” – ഒരു നിലയ്ക്കും ഇനി ഖുറൈശികളോട് യോജിച്ചു പോകാനാവില്ല എന്ന ചിന്തയിലേക്ക് അവരെത്തി.

ശനിയാഴ്ചയായപ്പോൾ അബൂസുഫ്‌യാൻ ജൂതന്മാരിലേക്ക് ഒരു സംഘത്തെ അയച്ചു. ഇക്‌രിമ ബിൻ അബൂ ജഹലായിരുന്നു സംഘത്തിന്റെ നേതാവ്. ഗത്ഫാൻ ഗോത്രത്തിലെ ചില പ്രതിനിധികളും കൂടെയുണ്ടായിരുന്നു. അവർ ബനൂ ഖുറൈളക്കാരോട് പറഞ്ഞു. “നമുക്കിവിടെ സ്ഥിരം നിൽക്കാനൊന്നും കഴിയില്ല. നമ്മുടെ ചെരുപ്പും പാദവുമെല്ലാം തേഞ്ഞു തുടങ്ങി. നമുക്ക് മുഹമ്മദിﷺനെ പരാജയപ്പെടുത്താൻ വേണ്ടി യുദ്ധ രംഗത്തേക്കിറങ്ങാം “.
ജൂതന്മാർ പ്രതികരിച്ചു. “ഇന്ന് ശബ്ബാത് ദിവസം അഥവാ ശനിയാഴ്ചയാണ്. ഇന്ന് ഞങ്ങൾ ഒരു കാര്യത്തിനും രംഗത്തിറങ്ങില്ല. നിങ്ങൾ ജാമ്യം തരാതെ ഞങ്ങൾ ഒരിക്കലും നിങ്ങളോടൊപ്പം ഇനി യുദ്ധത്തിൽ പങ്കുചേരില്ല. യുദ്ധം കൊടുമ്പിരിക്കൊള്ളുകയും നിങ്ങൾ പിന്തിരിഞ്ഞോടുകയും ചെയ്താൽ ഞങ്ങൾക്കഭയം തേടാൻ ഒരു സ്ഥലവുമുണ്ടാവില്ല. പിന്നീടുള്ളതൊക്കെ ഞങ്ങൾ അനുഭവിക്കേണ്ടി വരും”. ജൂതന്മാരുടെ ഈ മറുപടി കേട്ടപ്പോൾ അബൂസുഫ്‌യാൻ പറഞ്ഞു. “നുഐം പറഞ്ഞത് സത്യമാണല്ലോ “. എന്നിട്ടവർക്ക് തിരിച്ച് ഇങ്ങനെ ഒരു സന്ദേശമറിയിച്ചു. “ഞങ്ങളിൽ ഒരാളെയും നിങ്ങൾക്ക് ഞങ്ങൾ തരില്ല. നിങ്ങൾക്ക് വേണമെങ്കിൽ നിങ്ങൾ യുദ്ധം ചെയ്തു കൊള്ളുക”.
ഇത് കേട്ടപ്പോൾ ജൂതന്മാരും പറഞ്ഞു. “നുഐം പറഞ്ഞത് സത്യമാണല്ലോ. ഇവർ ഒരു തരം കിട്ടിയാൽ പിൻവാങ്ങുകയും നമ്മൾ മാത്രം ഇവിടെ ബാക്കിയാവുകയും ചെയ്യും”. തുടർന്നങ്ങോട്ട് ഖുറൈശികളുടെയും ജൂതന്മാരുടെയുമിടയിൽ വിവിധങ്ങളായ സന്ദേശങ്ങൾ കൈമാറി. ഒടുവിലവർക്ക് വേർപിരിയാൻ മാത്രമെ കഴിഞ്ഞുള്ളൂ.

നുഐമിന്റെ തന്ത്രങ്ങൾ ഫലിച്ചു. യുദ്ധം തന്ത്രമാണെന്നത് സാക്ഷാൽ ബോധ്യപ്പെട്ടു. ഒരു രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഭദ്രതയ്ക്ക് വേണ്ടി പ്രതിരോധ രംഗത്ത് ഏറ്റവും തന്ത്രപരമായി ഇടപെടാനുള്ള മനോഹരമായ ചിത്രങ്ങളാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. വർത്തമാനകാല രാഷ്ട്രീയത്തിലും കഴിഞ്ഞുപോയ കെടുതികളുടെ കഥകളിലും, ഇതുപോലെയുള്ള ഇടപെടലുകൾ എത്രമാത്രമുണ്ടാകുമെന്ന് പഠിക്കാനും ആലോചിക്കാനുമുള്ള പാഠങ്ങളാണിത്. കേവലം ആരാധനാലയത്തിലെ മന്ത്രങ്ങളോ നിഷ്ഠകളോ മാത്രമല്ല, സാമൂഹിക നിർമാണത്തിലും രാഷ്ട്ര സംരക്ഷണത്തിലും മുസ്‌ലിം സമൂഹം ഇടപെട്ടതിന്റെ ശോഭനമായ ചിത്രങ്ങൾക്കൂടിയാണിത്. സർവായുധരായ ശത്രു സൈന്യം വരുമ്പോൾ സമാധാനത്തെക്കുറിച്ചല്ലല്ലോ സംസാരിക്കേണ്ടത് ! എത്ര വിദഗ്ധമായി ശത്രുവിനെ പരാജയപ്പെടുത്താം എന്നാണല്ലോ. ഇതിലും മനോഹരമായ ഉദാഹരണങ്ങളുണ്ട് എന്ന് സാരം.
സഖ്യസേനയ്ക്കെതിരെയുള്ള പ്രതിരോധത്തിൽ ശത്രു ചേരിയിലെ സഖ്യം എങ്ങനെ തകർക്കാം എന്നത് തന്നെയാണ് ഏറ്റവും വലിയ തന്ത്രം. അവിടെയാണ് ഇസ്‌ലാമിക സൈന്യം വിജയം വരിച്ചിരിക്കുന്നത്. ഖുറൈശികൾ നിരാശരായി. ജൂതന്മാർ അവരുടെ മടയിലേക്ക് ഒരുങ്ങാൻ തുടങ്ങി. സഖ്യകക്ഷികൾ പലരും ആത്മസംഘർഷത്തിലായി. അങ്ങനെ ശനിയാഴ്ച ശ്രമിച്ചു. രാത്രിയായപ്പോൾ ശക്തമായ മഴയും കൊടുങ്കാറ്റും. അടുപ്പുകളൊഴിച്ച് പാത്രങ്ങളടക്കം എല്ലാം ഒഴുകിപ്പോയി. ശത്രുപാളയത്തിലെ ടെന്റുകൾ ഇളകാൻ തുടങ്ങി. പ്രവാചകൻﷺ അനുയായികളോട് പറഞ്ഞു. “നിങ്ങൾ സന്തോഷിക്കുവിൻ ! അല്ലാഹുവിൽ നിന്നുള്ള സഹായം നമുക്ക് ലഭിച്ചു തുടങ്ങി. ജിബ്‌രീല്‍.(അ) മഴയും കാറ്റുമായിട്ടാണ് വന്നിട്ടുള്ളത് “.
അൽ അഹ്‌സാബ് അധ്യായത്തിലെ ഒമ്പതാം സൂക്തം ഈ വിഷയം പരാമർശിക്കുന്നു.

“അല്ലയോ, വിശ്വാസികളേ! അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ: നിങ്ങള്‍ക്കു നേരെ കുറേ പടയാളികള്‍ പാഞ്ഞടുത്തു. അപ്പോള്‍ അവര്‍ക്കെതിരെ നാം കൊടുങ്കാറ്റയച്ചു. നിങ്ങള്‍ക്കു കാണാനാവാത്ത സൈന്യത്തെയുമയച്ചു. നിങ്ങള്‍ ചെയ്യുന്നതൊക്കെയും കണ്ടറിയുന്നവനാണ് അല്ലാഹു.”

ആദ് സമൂഹത്തെ പരാജയപ്പെടുത്തിയ അല്ലാഹുവിന്റെ നടപടിയെക്കുറിച്ച് തിരുനബിﷺ അനുയായികളോട് സംസാരിച്ചുകൊണ്ടിരുന്നു.

കാലാവസ്ഥ കലിയിളകിയപ്പോൾ ഖുറൈശികൾ ഭയവിഹ്വലരായി. യുദ്ധത്തിന്റെ അഗ്നികൾ കെട്ടു തുടങ്ങി. ആത്മരക്ഷയ്ക്ക് വേണ്ടി ഖുറൈശികൾ ആലോചിച്ചു. കൊടുങ്കാറ്റ് കൊണ്ടുവന്നു ചേർന്ന പൊടിപടലങ്ങൾ ശത്രുക്കളെ അന്ധരാക്കി. മലക്കുകളിലെ സൈന്യം അവരെ വലയം ചെയ്തു. അൽ അഹ്സാബ് അധ്യായത്തിലെ 25-ാം സൂക്തം ഈ രംഗം വിശദീകരിക്കുന്നുണ്ട്. “സത്യനിഷേധികളെ അവരുടെ കോപാഗ്നിയോടെത്തന്നെ യുദ്ധരംഗത്തു നിന്ന് അല്ലാഹു തിരിച്ചയച്ചു. അവര്‍ക്കൊട്ടും നേട്ടം ലഭിച്ചില്ല. സത്യവിശ്വാസികള്‍ക്ക് വേണ്ടി പൊരുതാന്‍ അല്ലാഹു തന്നെ മതി. അല്ലാഹു ഏറെ കരുത്തനും പ്രതാപിയുമാണ്.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet400

 

Leave a Reply