The biography of Prophet Muhammad – Month 12

Admin June 2, 2023 No Comments

The biography of Prophet Muhammad – Month 12

Mahabba Campaign Part-331/365

ഹിജ്റാബ്ദം മൂന്ന്, ശവ്വാൽ മാസത്തിലാണല്ലോ ഉഹ്ദ് സംഭവം നടക്കുന്നത്. എന്നാൽ അതേ വർഷം റബീഉൽ അവ്വൽ നാലിന് നടന്ന ഒരു സംഭവം സീറയിൽ ശ്രദ്ധേയമായൊരു അധ്യായമാണ്. അതാണ് കഅ്ബ് ബിൻ അൽ അശ്റഫിന്റെ വധം. ഇതു സംബന്ധമായ പല അവലോകനങ്ങളും മുത്ത്നബിﷺയെയും ഇസ്‌ലാമിനെയും തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി ഇസ്‌ലാമിൻ്റെ വിരോധികൾ ഉപയോഗിക്കാറുണ്ട്. എന്നാൽ ഇതിന്റെ ശരിയായ വായന നമുക്ക് കൃത്യതകൾ ബോധ്യപ്പെടുത്തിത്തരും.

ബനൂ ത്വയ്യ് ഗോത്രത്തിന്റെ ശാഖയായ ബനൂനബ്ഹാൻ ഗോത്രക്കാരനാണ് കഅ്ബ് ബിൻ അൽ അശ്റഫ്. മദീനയിൽ നിന്ന് വളരെ വിദൂരത്തുള്ള ഗോത്രമാണ് ബനൂ നബ്ഹാൻ. കഅ്ബിൻ്റെ പിതാവ് അശ്റഫ് തന്റെ ഗോത്രത്തിലെ ഒരാളെ വധിച്ച കാരണത്താൽ നാട് വിട്ട് മദീനയിൽ വന്നു താമസമാക്കിയതായിരുന്നു. മദീനയിലെ ജൂത ഗോത്രമായ ബനൂനളീർ അയാൾക്ക് അഭയം നൽകുകയും അവരിലൊരാളായി പരിഗണിക്കുകയും ചെയ്തു. അവരിൽ നിന്ന് തന്നെ അഖീല എന്ന സ്ത്രീയെ വിവാഹം കഴിച്ചു. അതിൽ ജനിച്ച സന്തതിയാണ് കഅ്ബ്. അത് പ്രകാരം കഅ്ബിൻ്റെ പിതാവ് അറബ് വംശജനും മാതാവ് ജൂതകുടുംബത്തിൽ നിന്നുമാണ്. രണ്ട് വംശത്തിന്റെയും സൗന്ദര്യം ഒത്തു ചേർന്നപ്പോൾ മദീനയിൽത്തന്നെ ശ്രദ്ധിക്കപ്പെടുന്ന സൗന്ദര്യം കഅ്ബിനുണ്ടായിരുന്നു. ജൂതമത പ്രകാരം വംശാവലി പരിഗണിക്കപ്പെടുന്നത് മാതാവ് വഴിയായതിനാൽ കഅ്ബ് വളർന്നതും അറിയപ്പെട്ടതും ജൂത സമൂഹത്തിന്റെ ഭാഗമായിട്ടാണ്. സ്വന്തമായി കോട്ടയും പരിസരങ്ങളും പരിവാരങ്ങളുമുള്ള സമ്പന്നനുമായിരുന്നു അദ്ദേഹം. ഇതിനെല്ലാം പുറമേ വശ്യസുന്ദരമായ കവിതകൾ കോർത്തിണക്കുന്ന ഒരു കവിയും കൂടിയായിരുന്നു.

നബിﷺ മദീനയിൽ എത്തിയത് മുതൽ തന്നെ കഅ്ബിന് നബിﷺയോട് വിരോധമായിരുന്നു. അത് പല വിധേനയും അയാൾ പ്രകടിപ്പിച്ചു. അനാവശ്യമായി അയാൾ മുസ്‌ലിംകളുടെ വിഷയങ്ങളിൽ ഇടപെട്ടു. നബിﷺ മദീനയിൽ ഒരു ബഹുസ്വര സമൂഹത്തെ വ്യവസ്ഥാപിതമായി അഭിസംബോധനം ചെയ്തിരുന്നു. എല്ലാ വിശ്വാസ വിഭാഗങ്ങൾക്കും അവരുടെ അവകാശങ്ങൾ വകവച്ചു കൊണ്ടായിരുന്നു അത് ക്രമപ്പെടുത്തിയത്. അതിനിടയിൽ കഅ്ബിന്റെ ഇടപെടൽ പരസ്പരമുള്ള സാമൂഹിക ഭദ്രതയെ തകർത്തു. ഇയാളുടെ ഈ അനാവശ്യ ഇടപെടലിനെ ഖുർആൻ തന്നെ പല സ്ഥലത്തും പരാമർശിച്ചു. മുസ്‌ലിംകൾ നിസ്ക്കാരത്തിൽ ഖിബ്’ല അഥവാ തിരിഞ്ഞു നിൽക്കുന്ന ദിശ നിർണയിച്ചപ്പോൾ ഇയാൾ ഇടപെട്ടത് ഒരുദാഹരണമാണ്. വിശുദ്ധ ഖുർആൻ രണ്ടാമധ്യായം അൽ ബഖറ: യിലെ നൂറ്റി നാൽപ്പത്തിരണ്ടാമത്തെ സൂക്തം ഇത് സംബന്ധമായി അവതരിച്ചതാണ്. ആശയം ഇങ്ങനെയാണ്. “മൂഢന്മാര്‍ ചോദിക്കുന്നു: അന്നോളം അവര്‍ ‎തിരിഞ്ഞുനിന്നിരുന്ന ഖിബ്’ലയില്‍ നിന്ന് അവരെ ‎തെറ്റിച്ചതെന്ത്? പറയുക: കിഴക്കും പടിഞ്ഞാറും ‎അല്ലാഹുവിന്റേതുതന്നെ. അല്ലാഹു ‎അവനിച്ഛിക്കുന്നവരെ നേര്‍വഴിയില്‍ നയിക്കുന്നു.”

ഇയാൾ ദാനധർമങ്ങളിൽ നിന്നു ജനങ്ങളെത്തടഞ്ഞപ്പോൾ ഖുർആൻ നാലാമധ്യായം അന്നിസാഇലെ മുപ്പത്തി ഏഴാമത്തെ സൂക്തം പറഞ്ഞതിങ്ങനെയാണ്. “പിശുക്കു കാട്ടുകയും പിശുക്കു കാട്ടാന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നവരാണവര്‍; അല്ലാഹു തന്റെ ഔദാര്യത്താല്‍ നല്‍കിയ അനുഗ്രഹങ്ങള്‍ മറച്ചുപിടിക്കുന്നവരും. ആ നന്ദികെട്ടവര്‍ക്ക് തന്നെ നിന്ദ്യമായ ശിക്ഷയാണ് നാം ഒരുക്കിവച്ചിരിക്കുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-332/365

ബദ്റിലെ മുസ്‌ലിംകളുടെ അദ്ഭുതകരമായ വിജയം കഅ്ബിനെ കൂടുതൽ അലോസരപ്പെടുത്തി. ബദ്റിൽ കൊല്ലപ്പെട്ട ഖുറൈശീ നേതാക്കളുടെ പേരുകൾ കേട്ടപ്പോൾ അയാൾക്ക് വിശ്വസിക്കാനായില്ല. അയാൾ പറഞ്ഞു : “ഇവരെയെല്ലാം മുഹമ്മദ്‌ﷺ പരാജയപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഭൂമിയുടെ മുകളിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് ഭൂമിയുടെ ഉള്ളിലേക്ക് പോകുന്നതായിരിക്കും “. മറ്റൊരർഥത്തിൽ
പറഞ്ഞാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല.
ശേഷം വാർത്ത ശരിയാണെന്ന് അയാൾ ഒരിക്കൽ കൂടി ഉറപ്പിച്ചു. മദീനയിൽ ജൂതന്മാർ നബിﷺയുമായി ഉണ്ടാക്കിയിരുന്ന കരാറുകളെ പരസ്യമായി നിരാകരിക്കാൻ ഇയാളുടെ ഇടപെടലുകൾ കാരണമായി. ഇയാൾ രഹസ്യമായി മക്കയിലെത്തി ഖുറൈശീ നേതാവ് അബൂസുഫ്‌യാനെക്കണ്ടു. അദ്ദേഹത്തെ മുസ്‌ലിംകൾക്കെതിരെ തിരിച്ചു വിടാൻ കുൽസിത ശ്രമങ്ങൾ നടത്തി. ഗസ്’വത് സവീഖ് അഥവാ ധാന്യ യുദ്ധവും തുടർന്നുള്ള സംഭവങ്ങളും നാം വായിച്ചു പോയിട്ടുണ്ട്. ആ സമയത്ത് മദീനയിലെ ജൂത ഗോത്രങ്ങളുമായി അബൂസുഫ്‌യാൻ സമ്പർക്കമുണ്ടാക്കാനുള്ള കാരണക്കാരൻ കഅ്ബായിരുന്നു.

മക്കയിലെ ഖുറൈശികളിൽ മുസ്‌ലിംകളോടുള്ള പ്രതികാരദാഹം വർധിപ്പിക്കാനും മുസ്‌ലിംകളെ ആക്ഷേപിക്കാനുമായി നിരവധി കവിതകൾ അയാൾ ചൊല്ലി. ആധുനിക ലോക ക്രമത്തിൽ മീഡിയകൾക്കുള്ള സ്വാധീനമായിരുന്നു അന്ന് കവിതകൾക്കുണ്ടായിരുന്നത്. ആധുനിക സങ്കേതത്തിൽപ്പറഞ്ഞാൽ, സ്വന്തം രാജ്യത്തിന്റെ രഹസ്യങ്ങൾ ശത്രു രാജ്യത്തിനു ചോർത്തിക്കൊടുക്കുകയും ശത്രു രാജ്യത്തെ സൈനികമായി ഇളക്കി വിടുകയും ചെയ്യുന്ന പണിയായിരുന്നു അപ്പോൾ കഅ്ബ് ചെയ്തുകൊണ്ടിരുന്നത്. ഒരു രാജ്യത്തിനും വ്യാവസ്ഥാപിത സംവിധാനത്തിനും ഇതിനെ എങ്ങനെയാണ് ന്യായീകരിക്കാനാവുക? ഇത്തരമൊരു രാജ്യദ്രോഹക്കുറ്റത്തിന് അർഹിക്കുന്ന ശിക്ഷ എന്തായിരിക്കും ?

കഅ്ബും അബൂസുഫ്‌യാനും തമ്മിലുള്ള സംഭാഷണത്തിനൊടുവിൽ അബൂസുഫ്‌യാൻ കഅ്ബിനോട് ചോദിച്ചു; “മുഹമ്മദ്‌ നബിﷺയുടെ മതമാണോ അതല്ല ഞങ്ങളുടെ മതമാണോ മെച്ചപ്പെട്ട മതം ?” ജൂതന്മാരും വേദക്കാരും ഒരുപരി വർഗം തന്നെയാണെന്ന് കല്പിച്ചു നൽകുന്ന ഒരു പശ്ചാത്തലം കൂടി മുന്നിൽ വച്ചു കൊണ്ടാണ് അബൂസുഫ്‌യാൻ ഇങ്ങനെ ചോദിച്ചത്. കഅ്ബ് തന്റെ വിശ്വാസത്തെ പരിഗണിക്കുകയാണെങ്കിൽത്തന്നെ മക്കക്കാരെക്കാൾ നല്ലത് മുഹമ്മദ്‌ നബിﷺയുടെ വിശ്വാസമാണ് എന്നായിരുന്നു പറയേണ്ടത്. കാരണം, ഏകദൈവ വിശ്വാസമാണ് ജൂതന്മാരും അടിസ്ഥാനപരമായി അവകാശപ്പെടുന്നത്. അതിനു നേരേ എതിരുള്ള ബഹുദൈവ വിശ്വാസികളാണ് മക്കാ മുശ്‌രിക്കുകൾ. എന്നാൽ, അബൂസുഫ്‌യാനെ തൃപ്തിപ്പെടുത്താൻ വേണ്ടി കഅ്ബ് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. “അൻതും അഹ്ദാ മിൻഹും സബീലാ..” (നിങ്ങളാണ്‌ അവരെക്കാൾ മാർഗദർശനം ലഭിച്ചവർ.) കഅ്ബും അബൂസുഫ്‌യാനും അതീവ സ്വകാര്യമായി നടത്തിയ ഈ സംഭാഷണം ഖുർആൻ അതേ പദം പ്രയോഗിച്ചുകൊണ്ട് തന്നെ പരാമർശിച്ചു. വിശുദ്ധ ഖുർആൻ നാലാം അധ്യായം അന്നിസാഇലെ അൻപത്തിയൊന്നാമത്തെ വചനത്തിന്റെ ഉള്ളടക്കം അതാണ്‌. ആശയം ഇങ്ങനെ വായിക്കാം.

“വേദവിജ്ഞാനത്തില്‍ നിന്നൊരു വിഹിതം ലഭിച്ചവരെ തങ്ങൾ കണ്ടില്ലേ? അവര്‍ ഗൂഢവിദ്യകളിലും പൈശാചിക ശക്തികളിലും വിശ്വസിക്കുന്നു. സത്യനിഷേധികളെ സംബന്ധിച്ച് സത്യവിശ്വാസികളെക്കാള്‍ നേര്‍വഴിയിലാണെന്ന് അവർ പറയുകയും ചെയ്യുന്നു.“

തുടർന്നു കഅ്ബു ചെയ്‌ത മറ്റൊരു പ്രവൃത്തിയായിരുന്നു അശ്ലീല കവിതകൾ രചിക്കുക എന്നത്. പരിശുദ്ധകളായ സ്വഹാബി വനിതകളെ അധിക്ഷേപിച്ചും അവരുടെ പേരും അവയവങ്ങളും എടുത്തു പറഞ്ഞ് അവഹേളിച്ചും അയാൾ കവിതകൾ എഴുതി. പതിവ്രതകളായ വിശ്വാസിനികളെ അത് പ്രയാസപ്പെടുത്തി. രാഷ്ട്രീയപരമായും സാംസ്‌കാരികമായും മാപ്പർഹിക്കാത്ത കുറ്റക്കാരനായ കഅ്ബിനെ കാലമാവശ്യപ്പെടുന്ന ശിക്ഷയ്ക്ക് വിധേയനാക്കേണ്ടത് ഏതൊരു ഭരണാധികാരിയുടേയും ദൗത്യമായി മാറി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-333/365

കഅ്ബുബിൻ അഷ്റഫിനെതിരെ നിയമനടപടി സ്വീകരിച്ച കാലക്രമം ഏതാണെന്നതിൽ പലയഭിപ്രായങ്ങളുണ്ട്. ഉഹ്ദിന് മുമ്പായിരുന്നു എന്ന ഗണനയിലാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഇബ്നുഹിശാം വാഖിദി (റ), ഇബ്നുകസീർ (റ) തുടങ്ങിയവർ ഈ അഭിപ്രായക്കാരാണ്. എന്നാൽ ഉഹ്ദിന് ശേഷമായിരുന്നു എന്ന അഭിപ്രായക്കാരും പ്രധാനികളാണ്. ഇമാം ബഗവി (റ), ‘സുബുലുൽ ഹുദ’ യുടെ കർത്താവായ ഇമാം ശാമി (റ), ഖുർആൻ വ്യാഖ്യാതാവായ ഇമാം സുയൂത്വി (റ) എന്നിവരാണവർ. അവർക്കതിനൊരു ചരിത്രപരമായ ന്യായം കൂടിയുണ്ട്. നബിﷺ ബനൂ നളീർ ഗോത്രത്തെ മദീനയിൽ നിന്ന് പുറത്താക്കിയത് ഉഹ്ദിന് ശേഷമായിരുന്നു എന്നതാണത്. അങ്ങനെ വരുമ്പോൾ നബിﷺ ക്കെതിരെ ജൂതന്മാർ നടത്തിയ വധശ്രമത്തിന്റെ മുഖ്യസൂത്രധാരൻ കഅ്ബായിരുന്നു എന്നതും കാലക്രമം കൊണ്ട് യോജിച്ചു വരുന്നു.

കഅ്ബു ബിൻ അശ്റഫ് ചെയ്ത ഓരോ കുറ്റങ്ങളും വധ:ശിക്ഷയ്ക്ക് അർഹമായതായപ്പോൾ നബിﷺ ചോദിച്ചു; “ആരാണാ ദൗത്യം നിർവഹിക്കുക?”
അപ്പോൾ മുഹമ്മദ് ബിൻ മസ്‌ലമ: (റ) പ്രതികരിച്ചു; “ഞാനത് നിർവഹിച്ചു വന്നാലോ?” നബിﷺ അദ്ദേഹത്തിന് സമ്മതം നൽകി. ഔസ് ഗോത്രക്കാരനായ വ്യക്തിയാണ് മുഹമ്മദ് ബിൻ മസ്‌ലമ: (റ). കഅ്ബ് പ്രതിനിധാനം ചെയ്യുന്ന ബനൂനളീർ ഗോത്രവുമായി നല്ല ബന്ധത്തിലായിരുന്നു ഔസ്. മറിച്ച്, ഖസ്റജ് ഗോത്രത്തിൽ നിന്നുള്ളയൊരാൾ ഈ ദൗത്യം ഏറ്റെടുത്താൽ ഗോത്രപരമായിത്തന്നെ ബനൂനളീർ അവരുടെ എതിർ കക്ഷിയാകുമായിരുന്നു. അഥവാ, ഈ നിർണയത്തിലും നയതന്ത്രപരമായ വിചാരങ്ങൾ സ്വാധീനിച്ചിട്ടുണ്ട്.

മുഹമ്മദ്‌ ബിൻ മസ്‌ലമ (റ) ദൗത്യമേറ്റെടുത്ത് ആലോചനയിലാണ്ടു. ദിവസങ്ങളോളം പിന്നെ ഭക്ഷണം തന്നെ കഴിക്കാതെയായി. നബിﷺ കാര്യമന്വേഷിച്ചു. താനേറ്റെടുത്ത ദൗത്യം ശ്രമകരമാണെന്നും വിജയിച്ചില്ലെങ്കിലോ എന്ന ആശങ്കയാണെന്നും അദ്ദേഹം പറഞ്ഞു. ‘നിങ്ങൾ ശ്രമിച്ചാൽ മതി’ എന്ന് പറഞ്ഞ് അദ്ദേഹത്തെ നബിﷺ ആശ്വസിപ്പിച്ചു. അപ്പോൾ മുഹമ്മദ് ബിൻ മസ്‌ലമ: (റ) നബിﷺയോട് ചോദിച്ചു; “അങ്ങനെയെങ്കിൽ അയാളോട് ചില കാര്യങ്ങൾ പറയാനുള്ള സ്വാതന്ത്ര്യം എനിക്ക് തരാമോ?” നബിﷺ അത് സമ്മതിച്ചു. കാരണം , യുദ്ധമാകുമ്പോൾ ചില കൗശലങ്ങൾ ആവശ്യമായി വരുമെന്ന്‌ നബിﷺക്കും അറിയാമല്ലോ. ദൗത്യം നിർവഹിക്കാൻ ബിൻ മസ്‌ലമ (റ) തയ്യാറായി. രണ്ടാളെക്കൂടി അതിലേക്ക് അദ്ദേഹം കൂട്ടി. ഹാരിസ് ബിൻ ഔസും(റ), അബൂ നായില: എന്നറിയപ്പെട്ടിരുന്ന സൽക്കാന് ബിൻ സലാമ(റ)യും ആയിരുന്നു ആ രണ്ടുപേർ. കഅ്ബു ബിൻ അശ്റഫിന്റെ മുലകുടി സഹോദരനും ഔസ് ഗോത്രക്കാരനുമായിരുന്നു സൽക്കാൻ. ഇവർ മൂന്നു പേരും കൂടി കഅ്ബിനെക്കാണാൻ അനുമതി വാങ്ങി മുന്നിലെത്തി. ബിൻ മസ്‌ലമ: (റ) സംസാരിക്കാൻ തുടങ്ങി. “മദീനയിൽ വന്നതിന് ശേഷം അതാ, ആ വ്യക്തി ഞങ്ങളോട് സമ്പത്തിൽ നിന്നു ധർമമായി വിഹിതം ചോദിക്കുന്നു “. നബിﷺയെ സൂചിപ്പിച്ചു കൊണ്ടാണീ സംസാരിച്ചത്. ഇത്തരം ചില സംസാരങ്ങൾക്കാണ് നേരത്തെ അനുമതി തേടിയിരുന്നത്. ബിൻ മസ്‌ലമ: (റ) തുടർന്നു. “ധർമം ചോദിക്കുക വഴി ഞങ്ങളെ പ്രയാസപ്പെടുത്തുന്നു. ഞങ്ങളുടെ പക്കലുള്ള സ്വത്തെല്ലാം കഴിഞ്ഞു പോയി. ഇനി നിങ്ങൾ ഞങ്ങളെയൊന്നു സഹായിക്കണം “. സംഭാഷണം കേട്ടു കഅ് ബിനു സന്തോഷമായി. ഒരു മുസ്‌ലിമെങ്കിലും പ്രവാചകനെതിരെ സംസാരിക്കാൻ തുടങ്ങിയല്ലോ എന്നതായിരുന്നു അയാളെ ആനന്ദിപ്പിച്ചത്. എന്നാൽ, ഇത് മുത്തു നബിﷺയുടെ സമ്മതപ്രകാരം തന്ത്രപൂർവം നടത്തുന്ന സംഭാഷണമാണെന്ന് അയാളറിഞ്ഞില്ല. കഅ്ബ് പറഞ്ഞു; “ഞാൻ നിങ്ങൾക്ക് വേണ്ട തുക തരാം. പക്ഷേ, നിങ്ങൾ ആ പ്രവാചകനെ നിഷേധിക്കണം “.
“ഞങ്ങൾ അംഗീകരിച്ചു പോയതിനാൽ വേഗമങ്ങ് നിഷേധിക്കാൻ പറ്റില്ലല്ലോ? അത് നമുക്ക് സാവധാനം വേണ്ട കാര്യമല്ലേ? നിങ്ങൾ എന്തായാലും പണം വായ്പ തന്നു സഹായിക്കണം “. ബിൻ മസ്‌ലമ: (റ) പ്രതികരിച്ചു.
അപ്പോൾ കഅ്ബ് പറഞ്ഞു : “ഞാൻ തരാം. പക്ഷേ, എന്തെങ്കിലും ഒരു പണയം തന്നിട്ട് പകരമായി ഞാൻ വായ്പ തരാം “.
“നിങ്ങളെന്താണ് ഉദ്ദേശിക്കുന്നത് ?”
“നിങ്ങൾ നിങ്ങളുടെ സ്ത്രീകളെ എനിക്ക് പണയം വച്ചോളൂ ഞാൻ പണം തരാം “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-334/365

“അതെങ്ങനെയാണ്. അതിസുന്ദരനായ നിങ്ങളുടെയടുക്കൽ ഞങ്ങളുടെ സ്ത്രീകളെ കരുതലിനു വേണ്ടി ഏല്പിക്കുക. എങ്കിൽപ്പിന്നെ നിങ്ങളുടെ മക്കളെ പണയമായി നൽകുക. അതും അത്ര എളുപ്പമുള്ള കാര്യമല്ല. അവരൊക്കെ നല്ല ഭാവിയുള്ളവരല്ലേ ? അവരെക്കുറിച്ച് പണയവസ്തുക്കൾ എന്നല്ലേ പറയൂ. പിന്നെ, എന്താണ് ചെയ്യുക?” മുഹമ്മദ്‌ ബിൻ മസ്‌ലമ: (റ) പറഞ്ഞു. “ഞങ്ങളുടെ ആയുധം ഞങ്ങൾക്ക് വളരെ വിലപ്പെട്ടതാണ്. എപ്പോഴും ഞങ്ങൾക്കാവശ്യമുള്ളതുമാണ്. അത് ഞങ്ങൾ നിങ്ങൾക്ക് പണയമായി ഏല്പിച്ചാലോ?”
“ശരി”, കഅ്ബ് സമ്മതിച്ചു. ആയുധവുമായി കഅ്ബിന്റെ കോട്ടയിലേക്ക് നിർഭയം കടന്നു വരാനുള്ള സമ്മതം അതി വിദഗ്ധമായി സംഘടിപ്പിക്കുകയായിരുന്നു ബിൻ മസ്‌ലമ: (റ)യുടെ ലക്ഷ്യം. അത് സാധിച്ചെടുത്തു.

നല്ല നിലാവുള്ള ഒരു രാത്രിയിൽ മൂവർ സംഘം കഅ്ബിന്റെ കോട്ടയിലേക്ക് പുറപ്പെട്ടു. മദീനയിലെ ഖബർസ്ഥാൻ ബഖീഇന്റെ അടുത്തു വച്ച് നബിﷺയെക്കണ്ടുമുട്ടി. അവിടുന്ന് അവർക്ക് വേണ്ടി പ്രത്യേകം പ്രാർഥിച്ചു. ആശിർവാദങ്ങൾ നേടി കഅ്ബിന്റെ കോട്ടയുടെ കവാടത്തിലെത്തി. അബൂനാഇല (റ) കഅ്ബിനെ വിളിച്ചു. ഉടനെ അയാൾ വിളികേട്ടു പുറത്തേക്ക് വരാനൊരുങ്ങി. ഇമാം ഇബ്നു ഹിഷാം (റ) നിവേദനം ചെയ്യുന്നു. “ആ സമയത്ത് അയാൾ തന്റെ നവവധുവിന്റെ കൂടെ അരമനയിലായിരുന്നു. അവൾ ചോദിച്ചുവത്രെ; ‘ഈ അസമയത്ത് നിങ്ങൾ എവിടെപ്പോവുകയാണ്? നിങ്ങൾ മറ്റുള്ളവരോട് യുദ്ധത്തിൽക്കഴിയുന്ന ആളല്ലേ?’ അയാൾ പറഞ്ഞു – ‘ആ വിളിക്കുന്നത് എന്റെ മുലകുടി സഹോദരനായ അബൂ നാഇല (റ)യാണ്. ഞങ്ങൾ നേരത്തെ തീരുമാനിച്ച ഒരു വിഷയത്തിന് വേണ്ടി ക്ഷണിക്കുകയാണ് ‘. അപ്പോഴും അവൾ പറഞ്ഞുവത്രെ; ‘രക്തം ഇറ്റു വീഴുന്ന ശബ്ദം കേൾക്കുന്നത് പോലെയുണ്ട്. നിങ്ങളിപ്പോൾ പുറത്തു പോകുന്നത് പന്തിയല്ല’. പക്ഷേ, അയാളത് ഗൗനിച്ചില്ല. നല്ല വിലപിടിപ്പുള്ള സുഗന്ധം പുരട്ടി അയാൾ പുറത്തേക്കു വന്നു. കോട്ടയുടെ കാവടത്തിൽ ബിൻ മസ്‌ലമയും (റ) അബൂ നാഇല (റ)യും മറ്റും കാത്തു നിന്നു. കഅ്ബ് പുറത്തേക്കു വന്നാൽ കൗശലത്തിൽ ചേർത്ത് പിടിച്ചു ദൗത്യം നിർവഹിക്കുകയായിരുന്നു ലക്ഷ്യം.
ഏതായാലും കഅ്ബ് പുറത്തേക്കെത്തി. അബൂ നാഇല (റ) സ്വീകരിച്ചു. ‘നല്ല നിലാവുള്ള രാത്രി. നിങ്ങൾക്കോ എന്തെന്നില്ലാത്ത നല്ല സുഗന്ധം’. കഅ്ബ് പറഞ്ഞു. ‘അതെ, ഞാൻ സുഗന്ധവതിയായ അറബ് സുന്ദരിയുടെ അരമനയിൽ നിന്നു വരികയാണ് . പോരാത്തതിന് നല്ല സുഗന്ധവും ഞാൻ പുരട്ടിയിട്ടുണ്ട് ‘. അബൂ നാഇല (റ) വീണ്ടും വീണ്ടും കഅ്ബിന്റെ സുഗന്ധത്തെ പ്രശംസിച്ചു. തുടർന്നു പറഞ്ഞു. ‘നിങ്ങളുടെ ശിരസ്സിൽ നിന്നാണല്ലോ നല്ല സുഗന്ധം വീശുന്നത്. നിങ്ങൾക്ക് പ്രയാസമില്ലെങ്കിൽ ഞാൻ ഒന്ന് ചുംബിച്ചോട്ടെ?’ അയാൾ സമ്മതിച്ചു. വീണ്ടും ഒരിക്കൽക്കൂടി ചുംബിക്കാൻ അനുമതി തേടി. രണ്ടാമതും ചുംബിക്കാൻ അണച്ചുകൂട്ടിയപ്പോഴേക്കും മുഹമ്മദ്‌ ബിൻ മസ്‌ലമ: (റ)യും കൂട്ടുകാരനും കഅ്ബിന്റെ പിരടിയിൽ ചാടിവീണ് ആയുധപ്രയോഗം നടത്തി. അതോടെ അയാളുടെ കഥ കഴിഞ്ഞു. മൂവർസംഘം വിജയകരമായി ദൗത്യം പൂർത്തീകരിച്ചു. കേവലം നിലാവെളിച്ചത്തിലുള്ള ഈ ഓപറേഷനിൽ മൂവർ സംഘത്തിലെ ഹാരിസ് (റ) എന്നവർക്കും പരുക്കേറ്റു. പക്ഷേ, നബിﷺയുടെ അനുഗൃഹീത ഉമിനീർ പുരട്ടിയതും മുറിവ് പൂർണമായും ശമിക്കുകയും ചെയ്തു “.

ഇസ്‌ലാമിനും രാജ്യത്തിനുമെതിരെത്തിരിഞ്ഞ ഒരു കൊടിയ ശത്രു അങ്ങനെ അന്ത്യം കുറിച്ചു. ഇതോടെ ഇസ്‌ലാമിനെതിരെ പത്തിവിടർത്തിയ നിരവധി സർപ്പങ്ങൾ മാളത്തിലേക്ക് തന്നെ മടങ്ങി. ആധുനിക നീതിന്യായ വ്യവസ്ഥിതിയിൽ പോലും കൊടുംകുറ്റവാളിയായി ശിക്ഷിക്കപ്പെടേണ്ട വ്യക്തിയായിരുന്നു കഅ്ബു ബിൻ അൽ അശ്റഫ്‌ എന്ന്‌ നാൾവഴികൾ വായിച്ചപ്പോൾ ബോധ്യമായിട്ടുണ്ടാകും. അത്കൊണ്ട് തന്നെ ഈ വധശിക്ഷയെച്ചൊല്ലി വിമർശകർ ഉന്നയിക്കുന്ന വിയോജിപ്പുകൾക്ക് പ്രസക്തിയില്ല തന്നെ. അന്നത്തെ ശിക്ഷാ രീതിയിൽ വച്ചു ഏറ്റവും മാന്യമായ രീതിയാണ് സ്വീകരിച്ചത്. പുതിയ കാലത്തെ വികസിതമായ വിചാരങ്ങൾക്കനുസരിച്ചായിരിക്കണം എന്ന ശാഠ്യത്തിനു പ്രസക്തിയില്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-335/365

ഹിജ്റാബ്ദം മൂന്ന് ശവ്വാലിലാണല്ലോ ഉഹ്ദ് അരങ്ങേറുന്നത്. എന്നാൽ, നബിﷺയുടെ വ്യക്തി ജീവിതത്തിൽ നിന്ന് വായിക്കുമ്പോൾ ഇതേ വർഷം ശഅ്ബാനിലുണ്ടായ സുപ്രധാനമായ ഒരു സംഭവമാണ് നബിﷺയും ഹഫ്‌സ(റ)യുമായുള്ള വിവാഹം. നബിﷺയുടെ സന്തത സഹചാരിയായ ഉമർ(റ)വിന്റെ മകൾ ഹഫ്സ (റ) നബിയുടെ ജീവിതത്തിലേക്ക് കടന്നു വന്ന നാലാമത്തെ പത്നിയാണ്. പ്രഥമ പത്നിയായ ഖദീജാ ബീവി (റ) വിയോഗം തേടിയത് പരിഗണിക്കുമ്പോൾ നിലവിൽ മൂന്നാമത്തെ ഭാര്യയാണ് മഹതി ഹഫ്സ (റ). ആദ്യഘട്ടത്തിൽ തന്നെ ഇസ്‌ലാം സ്വീകരിക്കുകയും രണ്ടു ഹിജ്റകളിലും ബദ്റിലും സംബന്ധിക്കുകയും ചെയ്ത് ഖുനൈസ് ബിൻ ഹുദാഫ (റ) എന്ന സ്വഹാബിയുടെ വിയോഗത്തെത്തുടർന്നു വിധവയായതായിരുന്നു അവർ. ഇരുപത്തിയഞ്ചു വയസ്സ് പ്രായമുള്ളപ്പോഴാണ് മഹതി വിധവയാകുന്നത്. മകളുടെ വൈധവ്യം ഉമറി(റ)നെ വല്ലാതെ പ്രയാസപ്പെടുത്തി. മകളുടെ പുനർവിവാഹത്തെക്കുറിച്ച് ഏറെ ആലോചിച്ചു. പെട്ടെന്ന് ഓർമ വന്നത് ഉസ്മാൻ ബിൻ അഫ്ഫാനെ(റ)യായിരുന്നു. കാരണം, ഉസ്മാൻ (റ) എന്നവർ പ്രിയപ്പെട്ട ഭാര്യ നബി പുത്രിയായ റൂഖിയ്യ(റ)യുടെ വിയോഗത്തെത്തുടർന്ന് വിഭാര്യനായിക്കഴിയുകയായിരുന്നു. ഒപ്പം കുഞ്ഞുമോനായ അബ്ദുള്ളയുമുണ്ടായിരുന്നു. വളരെ പ്രതീക്ഷയോടെ ഉമർ (റ) ഉസ്മാനെ(റ) സമീപിച്ചു. മകൾക്കു വേണ്ടി വിവാഹാലോചന നടത്തി. ഒന്നാലോചിക്കട്ടെ എന്നായിരുന്നു ഉസ്മാനി(റ)ന്റെ മറുപടി. ഇത് ഉമറി(റ)നത്ര തൃപ്തിയായില്ല. എന്നാലും മറുപടിക്കു വേണ്ടി ദിവസങ്ങൾ കാത്തിരുന്നു. വീണ്ടും അന്വേഷിച്ചപ്പോൾ, ഇപ്പോൾ ഞാൻ വിവാഹം ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു. ഉസ്മാൻ (റ) ഉമറി(റ)ന്റെ ഈ അന്വേഷണം മാന്യമായി നിരസിച്ചു. എന്നാൽ ഉമറി(റ)ന് ഇതൊരു പ്രയാസമായി. തുടർന്നു ഉമർ (റ) പ്രിയ കൂട്ടുകാരൻ അബൂബക്കറി(റ)നെ സമീപിച്ചു. നിങ്ങൾ താല്പര്യപ്പെടുന്നപക്ഷം എന്റെ മകൾ ഹഫ്‌സ(റ)യെ ഞാൻ നിങ്ങൾക്ക് വിവാഹം ചെയ്തു തരാമെന്നു പറഞ്ഞു. അബൂബക്കർ (റ) അനുകൂലിച്ചോ പ്രതികൂലിച്ചോ ഒന്നും പറഞ്ഞില്ല. ഇത് ഉമറി(റ)നെ കൂടുതൽ വേദനിപ്പിച്ചു. ഉമർ (റ) പറഞ്ഞു : “ഉസ്മാൻ (റ) നിരസിച്ചതിനേക്കാൾ എന്നെ വേദനിപ്പിച്ചത് സ്വിദ്ദീഖി(റ)ന്റെ മൗനമായിരുന്നു “. ഉറ്റമിത്രങ്ങളായ രണ്ടു പേരുടെയും നിരാസം ഉമറി(റ)ൻ്റെ മുഖത്തും മനസ്സിലും നിഴലിച്ചു. ഈ ദുഃഖ ഭാരത്തോടെ ഉമർ(റ) നബിﷺയെ സമീപിച്ചു. വിവരങ്ങൾ കേട്ടമാത്രയിൽ പുഞ്ചിരിച്ചു കൊണ്ട് നബിﷺ ഇങ്ങനെ പ്രതികരിച്ചു. “ഹഫ്സ(റ)യ്ക്ക് ഉസ്മാനെ(റ)ക്കാൾ ഉത്തമനായ ഒരു ഭർത്താവിനെ ലഭിക്കും. ഉസ്മാനി(റ)ന് ഹഫ്സ(റ)യെക്കാൾ ഉത്തമയായ ഒരു പത്നിയേയും ലഭിക്കും. ഇത് കേട്ടതോടെ ഉമറി(റ)ന് ഏറെ ആശ്വാസമായി. ഉമറി(റ)ന്റെ മകളെ സ്വീകരിക്കാൻ നബിﷺ താത്പ്പര്യപ്പെടുന്നു എന്നറിഞ്ഞതിൽ ഉമറി(റ)ന് എന്തെന്നില്ലാത്ത സന്തോഷമായി. ഈ വിവരം നേരത്തേയറിഞ്ഞതിനാലാണ് സിദ്ദീഖും (റ) ഉസ്മാനും(റ) അപ്രകാരം പ്രതികരിച്ചത് എന്നറിഞ്ഞപ്പോൾ അവരോടുണ്ടായ പ്രയാസവും നീങ്ങി. അധികം വൈകാതെ സിദ്ദീഖ് (റ) അവിടെയെത്തി. ഉമറി(റ)നോട് ചോദിച്ചു, “എന്റെ പ്രതികരണം നിങ്ങളെ പ്രയാസപ്പെടുത്തിയിരുന്നു, അല്ലേ?”
ഉമർ(റ) പറഞ്ഞു, “അതെ”. സിദ്ദീഖ്(റ) തുടർന്നു. “നബിﷺയുടെ താത്പ്പര്യം ഞാൻ നേരത്തെത്തന്നെ അറിഞ്ഞിരുന്നതിനാലാണ് അങ്ങനെ പ്രതികരിച്ചത്. നബിﷺയുടെ ഉദ്ദേശ്യം അവിടുത്തെ സമ്മതമില്ലാതെ വെളിപ്പെടുത്താനും ഞാൻ താത്പ്പര്യപ്പെട്ടില്ല”. എന്തെങ്കിലും കാരണത്താൽ നബിﷺ തീരുമാനം മാറ്റിയാൽ ഞാനവളെ സ്വീകരിച്ചു കൊള്ളാം എന്നുകൂടി സിദ്ദീഖ്(റ) ചേർത്ത് പറഞ്ഞു. ഉമറി(റ)ന് ഏറെ സന്തോഷമായി. നബിﷺയും ബീവി ഹഫ്‌സ(റ)യും തമ്മിലുള്ള വിവാഹം നടന്നു. അതുവഴി ഉമർ(റ)വുമായുള്ള നബിﷺയുടെ ബന്ധത്തിന് പുതിയ മാനങ്ങൾക്കൂടി രൂപപ്പെടുകയും ശക്തിപ്പെടുകയും ചെയ്തു. പിൽക്കാലത്തെ മുന്നേറ്റങ്ങൾക്കും ഖിലാഫത്തിന്റെ കൃത്യമായ പ്രയോഗങ്ങൾക്കും അത് വലിയ മുതൽക്കൂട്ടായി.

ഉസ്മാനി(റ)നു ഹഫ്‌സ(റ)യെക്കാൾ ഉന്നതയായ ഒരു ഇണയെ സമ്മാനിക്കാം എന്ന്‌ പറഞ്ഞതിനും പുലർച്ചയുണ്ടായി. ഉസ്മാനും (റ) പ്രവാചക പുത്രി റുഖിയ്യ(റ)യുമൊത്തുള്ള ജീവിതം വളരെക്കുറഞ്ഞ കാലമേ ഉണ്ടായിരുന്നുള്ളൂ. വിരഹത്തിന്റെ വേദന ഉസ്മാനെ(റ) വല്ലാതെ ദുഃഖത്തിലാഴ്ത്തുകയും ചെയ്തിരുന്നു. മാസങ്ങളോളം ആ ദുഃഖം മുഖത്ത് നിഴലിച്ചിരുന്നു. അത് കണ്ട് നബിﷺ ആശ്വസിപ്പിക്കുക പോലും ചെയ്യേണ്ടി വന്നു. ഒരിക്കൽ ഉസ്മാൻ (റ) ഇങ്ങനെ കൂടി ചേർത്തു പറഞ്ഞു. “നബിﷺയേ റുഖിയ്യ(റ)യുടെ വിയോഗത്തോടെ അവിടുത്തോടുള്ള ബന്ധം കുറഞ്ഞല്ലോ എന്നതാണ് എന്നെ ഏറെ അലട്ടുന്നത് ” .

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-336/365

ഉസ്മാനി(റ)ന്റെ ദുഃഖം നബിﷺ ശരിക്കും മനസ്സിലാക്കി. നബിﷺയുടെ മരുമകനായിരിക്കുന്നതിൽ ഉസ്മാനി(റ)നുണ്ടായിരുന്ന സ്നേഹാദരങ്ങൾ കൂടി പരിഗണിച്ചു അവിടുത്തെ പ്രിയപ്പെട്ട മകൾ ഉമ്മു കുൽസൂമി(റ)നെ ഉസ്മാനി(റ)നു വിവാഹം ചെയ്തുകൊടുത്തു. അതോടെ ഒരു പ്രവാചകന്റെ രണ്ടു പുത്രിമാരെ വിവാഹം ചെയ്യാൻ അവസരം ലഭിച്ചു എന്ന, ചരിത്രത്തിൽത്തന്നെ അത്യപൂർവമായ ഭാഗ്യം ഉസ്മാനി(റ)നു കൈവന്നു. മുൻകാല പ്രവാചകന്മാരുടെ ചരിത്രത്തിലും ഇതിനു സമാനതകളില്ലെന്നു ചരിത്രകാരനായ ഇബ്നു കസീർ (റ) തന്റെ പ്രത്യേക വിശകലനത്തിന് ശേഷം രേഖപ്പെടുത്തുന്നുണ്ട്. ഉസ്മാൻ(റ)വിനു ഇരട്ടവെളിച്ചം എന്നർഥമുള്ള ‘ദുന്നൂറൈൻ’ എന്ന അപരവിലാസം ഇതുവഴി കൈവന്നതാണ്. എന്നാൽ, ആ ദാമ്പത്യവും പിന്നീട് ഏഴു വർഷമേ നീണ്ട് നിന്നുള്ളൂ. വിവാഹം കഴിഞ്ഞ് അധികം വൈകാതെത്തന്നെ റൂഖ്യ്യ(റ)യിൽ ഉസ്മാനി(റ)നുണ്ടായ മകൻ അബ്ദുള്ള(റ)യും വിയോഗം തേടിയിരുന്നു. ഹിജ്‌റ ഒൻപതിലാണ് ഉമ്മുകുൽസൂം (റ) മരണപ്പെടുന്നത്. ആ സമയത്തും ഉസ്മാനി(റ)ൽ നിഴലിച്ചു നിന്ന ദുഃഖം നബിﷺ വായിച്ചു. അവിടുന്ന് പറഞ്ഞു. “അല്ലയോ ഉസ്മാൻ(റ), നിങ്ങൾക്ക് നൽകാൻ എനിക്കിനി പെണ്മക്കളില്ല. എനിക്ക് നാൽപ്പതു പെണ്മക്കളുണ്ടായിരുന്നെങ്കിൽ ഒരാൾ മരണപ്പെട്ടാൽ അടുത്തതിനെ എന്ന നിലയ്ക്ക് ഞാൻ നിങ്ങൾക്കു വിവാഹം ചെയ്തു തരുമായിരുന്നു “. ഉസ്മാൻ (റ) അത്രമേൽ ഉത്തമമായ സ്വഭാവത്തിന്റെ ഉടമയായിരുന്നു. നബി ﷺ യുടെ വിയോഗം വരെ ഉസ്മാൻ (റ) വേറെ വിവാഹം ചെയ്തിരുന്നില്ല. അതുകൊണ്ട് തന്നെ പിൽക്കാലത്തു നടന്ന വിവാഹങ്ങളിൽ പതിന്നാല് സന്താനങ്ങളുണ്ടെങ്കിലും ഒരാളും സ്വാഹാബിയല്ല. ഒൻപതു ആണ്മക്കളും അഞ്ചു പെണ്മക്കളുമായിരുന്നു. എന്നാൽ താബിഉകളായ പണ്ഡിതന്മാരിൽ പ്രമുഖർ അവരിലുണ്ടായിരുന്നു. അബാൻ ബിൻ ഉസ്മാൻ (റ) അതിൽ പ്രധാനിയാണ്.

സീറയുടെ രചയിതാക്കൾ സ്വീകരിച്ച ക്രമത്തിൽ നാം വായിച്ചുപോകുമ്പോൾ അധ്യായങ്ങൾ സമ്മിശ്രമായി വരും. ആനന്ദത്തിന്റെയും ആഘോഷത്തിന്റെയും അധ്യായങ്ങൾക്കിടയിൽത്തന്നെ വിരഹത്തിന്റെയും ദുഖത്തിന്റെയും അധ്യായങ്ങളും കടന്നു വരും. അത്തരം ഒരു വായനയിലേക്കാണ് നാം ഇപ്പോൾ കടക്കുന്നത്.

ഇതേ കാലയളവിൽത്തന്നെ സംഭവിച്ച ദുഃഖകരമായ ഒരു സംഭവമാണ് പ്രമുഖ സ്വഹാബി ഉസ്മാൻ ബിൻ മള്ഊൻ (റ) എന്ന സ്വഹാബിയുടെ വിയോഗം. അബ്സീനിയയിലേക്കുണ്ടായ ആദ്യ പലായനത്തിന്റെ നായകനായി ഈ സ്വഹാബിയെക്കുറിച്ചു നാം പറഞ്ഞുപോയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യ ഖൗല: ബിൻത് ഹകീം (റ) എന്ന മഹതിയായിരുന്നു ആഇശ ബീവി (റ)യുടെ വിവാഹാലോചനയുമായി നബിﷺയെ സമീപിച്ചത്. അതുകൊണ്ട് തന്നെ നബിﷺയുടെ വീടുമായി നല്ല ബന്ധമുള്ള കുടുംബമായിരുന്നു ഉസ്മാൻ ബിൻ മള്ഊനി(റ)ന്റേത്. മദീനയിലെത്തിയ ശേഷം അദ്ദേഹം കൂടുതൽ ആത്മീയ നിഷ്ഠയിലേക്ക് മാറി. പരമാവധി ഭൗതിക പരിത്യാഗത്തിന്റെ മാർഗം തെരഞ്ഞെടുത്തു. ഒരുവേള അമിതമായ ശപഥം ചെയ്യാനൊരുങ്ങിയ സന്ദർഭവും നബിﷺ അവരെ നിയന്ത്രിച്ചതും ഹദീസിൽ വന്നിട്ടുണ്ട്. ഭാര്യയെപ്പോലും മറന്നു ആരാധനയിൽ മുഴുകിയ ഉസ്മാനി(റ)ന്റെ ജീവിതം ഖൗല: യുടെ വസ്ത്രധാരണത്തിൽ നിന്നു ആഇശ (റ) തിരിച്ചറിഞ്ഞു. വിഷയം നബിﷺയെ ധരിപ്പിക്കുകയും ചെയ്തു. നബിﷺ വൈകാതെത്തന്നെ ഉസ്മാനി(റ)നോട് ഉപദേശം നൽകി. ഭാര്യയോടുള്ള കടമയുടെ പ്രാധാന്യം ഓർമപ്പെടുത്തി. ലളിതമായ ജീവിതത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ധരിച്ചിരുന്ന വസ്ത്രത്തിന്റെ രീതിയും ലാളിത്യവും കണ്ടു മറ്റു സ്വാഹാബികൾ പലപ്പോഴും അദ്ഭുതപ്പെട്ടിട്ടുണ്ട്.

ഇങ്ങനെയെല്ലാം നബിﷺയുടെ ജീവിതത്തിൽ പലപ്പോഴും കടന്നുവരുന്ന നാമമാണ് ഉസാമാനി(റ)ന്റെ പേര്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-337/365

ഒരിക്കൽ നബിﷺ വീട്ടുമുറ്റത്ത് വിശ്രമിക്കുകയായിരുന്നു. ഉസ്മാൻ ബിൻ മള്ഊൻ (റ) അതുവഴി നടന്നു പോയി. ശ്രദ്ധയിൽപ്പെട്ട നബി ﷺ അടുത്തേക്ക് വിളിച്ചു. പരസ്പരം സംസാരിച്ചിരുന്നു. അതിനിടയിൽ നബിﷺ ആകാശത്തേക്ക് നോക്കി ശേഷം വലതു ഭാഗത്ത്‌ കൂടി താഴേക്കും നോക്കി. സാധാരണയിൽ മുന്നിലിരിക്കുന്ന ആളെ പൂർണമായി പരിഗണിച്ചു സംസാരിക്കുന്ന നബിﷺയുടെ അസാധാരണമായ ഈ നടപടിയിൽ അദ്ഭുതപ്പെട്ട ഉസ്മാൻ (റ) നബിﷺയോട് കാര്യമന്വേഷിച്ചു. അവിടുന്ന് തിരിച്ചു ചോദിച്ചു. “നിങ്ങളെന്നെ ശ്രദ്ധിച്ചുവല്ലേ? എന്താണ് നിങ്ങൾ കണ്ടത്?” കണ്ട രംഗം ഉസ്മാൻ (റ) വിശദീകരിച്ചു. അപ്പോഴവിടുന്നു പറഞ്ഞു; “അപ്പോൾ എന്റെയടുത്ത് അല്ലാഹുവിൽ നിന്നുള്ള ദൂതൻ ജിബ്‌രീൽ (അ) വന്നതായിരുന്നു. എന്നിട്ട് വിശുദ്ധ ഖുർആനിലെ ഒരു സൂക്തം അവതരിപ്പിച്ചു. വിശുദ്ധ ഖുർആനിലെ പതിനാറാമത്തെ അധ്യായം സൂറത്തുന്നഹ്’ലിലെ തൊണ്ണൂറാമത്തെ സൂക്തം ഓതിക്കേൾപ്പിച്ചു “. ആശയം ഇങ്ങനെ വായിക്കാം.

“നീതിപാലിക്കണമെന്നും നന്മ ചെയ്യണമെന്നും കുടുംബ ബന്ധമുള്ളവര്‍ക്ക് സഹായം നല്‍കണമെന്നും അല്ലാഹു കല്‍പ്പിക്കുന്നു. നീചവും നിഷിദ്ധവും അതിക്രമവും വിലക്കുകയും ചെയ്യുന്നു. നിങ്ങള്‍ കാര്യം മനസ്സിലാക്കാന്‍ വേണ്ടി അവന്‍ നിങ്ങളെ ഉപദേശിക്കുകയാണ്.“

മനുഷ്യകത്തിനാവശ്യമായ അടിസ്ഥാനമൂല്യങ്ങളെ സമഗ്രമായി പരാമർശിച്ച ആയത്ത് എന്ന വിശേഷണം ഈ സൂക്തത്തിനുണ്ട്. ഇത് കേട്ടതോടെ എനിക്ക് നബിﷺയോടുള്ള സ്നേഹവും വിശ്വാസത്തിന്റെ ആനന്ദവും വർധിച്ചു എന്ന്‌ ഉസ്മാൻ (റ) എടുത്തു പറഞ്ഞു.

ഹിജ്രാബ്ദം മൂന്നാം വർഷത്തിൽ ഉസ്മാൻ (റ)നു രോഗം ബാധിക്കുകയും ക്രമേണ രോഗം മൂർച്ഛിക്കുകയും ചെയ്തു. വിവരമറിഞ്ഞ നബിﷺ നേരെ ഉസ്മാനി(റ)ന്റെ അടുത്തെത്തി. നബിﷺയുടെ സാന്നിധ്യത്തിൽ തന്നെ ഉസ്മാൻ ബിൻ മള്ഊൻ (റ) ഈ ലോകത്തോട് വിടപറഞ്ഞു. നബിﷺയുടെ കണ്ണുകൾ ഈറനണിഞ്ഞു. നബിﷺ ജനാസയിൽ ചുംബിച്ചു. അവിടുത്തെ കണ്ണുനീർ അവിടുത്തെ മുഖത്ത് പതിച്ചു. സ്വഹാബികൾ വൈകാരികമായ ആ രംഗത്തിനു സാക്ഷിയായി. നബി ﷺ ജനാസയെ അനുഗമിച്ചു. മദീനയിലെ ജന്നത്തുൽ ബഖ്വീഇൽ മറമാടുന്നിടത്തേക്ക് ഒപ്പം നടന്നു പോയി. മദീനയിൽ മറമാടുന്ന ആദ്യത്തെ മുഹാജിറായ സ്വഹാബിയായിരുന്നു ഉസ്മാൻ ബിൻ മള്ഊൻ (റ). നബിﷺ തന്നെ ഖബറിലിറങ്ങി മറമാടൽ പൂർത്തിയാക്കി. ശേഷം, ഒരു കല്ല് ചൂണ്ടിക്കാട്ടി അതെടുത്തു കൊണ്ടുവരാൻ ഒരു സ്വഹാബിയോട് കല്പിച്ചു. കല്ലിന്റെ വലുപ്പം കൊണ്ട് അതെടുക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. അപ്പോൾ നബിﷺ തന്നെ നേരിട്ടു പോയി ആ കല്ലെടുത്ത് ഉസ്മാനി(റ)ന്റെ ശിരസ്സിന്റെ ഭാഗത്ത്‌ നാട്ടി വച്ചു. ഇതെന്റെ സഹോദരന്റെ ഖബറാണെന്ന് തിരിച്ചറിയാനാണെന്നും ഇനി ഈ കുടുംബത്തിൽ നിന്നു മരണപ്പെടുന്നവരെ സമീപത്തടക്കാനാണെന്നും അവിടുന്നു പറഞ്ഞു. മരണാനന്തരം ഉസ്മാൻ ബിൻ മള്ഊൻ(റ)നെ പ്രശംസിച്ചുകൊണ്ട് നബിﷺ ഇങ്ങനെ പറഞ്ഞു. “അല്ലയോ ഉസ്മാൻ (റ)! അല്ലാഹു നിങ്ങൾക്ക് കാരുണ്യം ചെയ്യട്ടെ. നിങ്ങൾ ദുനിയാവിൽ നിന്നു ഒന്നും സാമ്പാദിച്ചിട്ടില്ല. ദുനിയാവിനെ നിങ്ങൾ ഒന്നും ചെയ്തിട്ടുമില്ല.”

ഖാരിജത്തുബ്നു സൈദ് (റ) പറയുന്നു : “ഉസ്മാന്‍(റ)ന്‍റെ കാലഘട്ടത്തില്‍ ഞങ്ങള്‍ യുവാക്കളായിരുന്നു. ഉസ്മാനുബ്നു മള്ഊനി(റ)ന്‍റെ ഖബര്‍ ചാടിക്കടക്കുന്നവരായിരുന്നു ഞങ്ങളിലെ ഏറ്റവും വലിയ ചാട്ടക്കാര്‍ “.(ബുഖാരി, 4/364)

ഇമാം ഇബ്നു ഹജർ (റ)‍ പറയുന്നു : “ഖബര്‍ ഉയര്‍ത്തല്‍ അനുവദനീയമാണെന്ന് ഈ ഹദീസ് തെളിവാകുന്നു “.(ഫത്തുഹുല്‍ ബാരി,4/365 )

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-338/365

ഇക്കാലയളവിലെ സുപ്രധാനമായ ഒരു നീക്കമാണ് ‘സരിയ്യത്തു സൈദ് ബിൻ ഹാരിസഃ’. ഖുറൈശികൾ അവരുടെ കച്ചവട യാത്രയ്ക്ക് തയ്യാറെടുക്കുകയായിരുന്നു. മക്കക്കാരുടെ ഏറ്റവും പ്രധാന വരുമാന സ്രോതസ്സും വിഭവസമാഹരണ മാർഗവുമാണല്ലോ വർഷത്തിലെ രണ്ടു വ്യാപാര യാത്രകൾ. അക്കൊല്ലം യാത്രക്കൊരുങ്ങിയപ്പോൾ “നാമിനി സാധാരണ വഴിയിൽ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ല ” എന്ന് ഖുറൈശികളിൽപ്പലരും അഭിപ്രായപ്പെട്ടു. അബൂസുഫ്‌യാന്റെ നേതൃത്വത്തിൽ കഴിഞ്ഞവർഷത്തെ യാത്രയും അതിനിടയിൽ രൂപപ്പെട്ട ബദ്റും ബദ്റിൽ ലഭിച്ച തിരിച്ചടിയുമെല്ലാം അവർ ഓർത്തെടുത്തു. അക്കൊല്ലത്തെ യാത്രാനായകൻ സഫ്‌വാൻ ബിൻ ഉമയ്യയാണ്. അദ്ദേഹം ഖുറൈശീ പ്രമുഖരുടെ ഒരു യോഗം വിളിച്ചു ചേർത്തു. എന്നിട്ടദ്ദേഹം പറഞ്ഞു, “നാം സാധാരണ പോകുന്ന റൂട്ടോ കഴിഞ്ഞവർഷം അബൂസുഫ്‌യാൻ സഞ്ചരിച്ച തീരദേശ പാതയോ നമുക്ക് സുരക്ഷിതമല്ല. അതുകൊണ്ട് നാം പുതിയ ഒരു വഴി കണ്ടെത്തണം “.
സദസ്സംഗീകരിച്ചു. കാരണം, അവർ കടന്നു പോകാനുള്ള വഴിയിൽ പലഭാഗത്തും മുഹമ്മദ്‌ നബിﷺയെ അംഗീകരിക്കുന്നവർ അധികരിച്ചിരിക്കുന്നു. പലഗോത്രങ്ങളും ഇന്ന് അവരുടെ അനുകൂലികളായിരിക്കുന്നു. യഥാർഥത്തിൽ ഇസ്‌ലാമിക വളർച്ചയുടെ ഒരു ഗതിയെ അവർ തിരിച്ചറിയുകയായിരുന്നു അവിടെ.

ഏതായാലും അസ്’വദ് ബിൻ അബ്ദുൽ മുത്തലിബിന്റെ അഭിപ്രായ പ്രകാരം അവർ ഇറാഖ് വഴി സഞ്ചരിച്ച് ലക്ഷ്യത്തിലെത്താൻ പദ്ധതിയൊരുക്കി. ഫുറാത് ബിൻ ഹയ്യാൻ എന്നയാളെ അവർ വഴികാട്ടിയായി നിശ്ചയിച്ചു. വളരെ ദുർഘടമായ വഴിയാണവർ തെരഞ്ഞെടുത്തത്. ഒരുവിധത്തിലും ഇക്കാര്യം പുറത്തറിയാതിരിക്കാൻ അവർ ശ്രദ്ധിച്ചു. അതീവ രഹസ്യമായി അവർ യാത്ര തിരിച്ചു. പക്ഷേ, നബിﷺക്ക് വാർത്ത ലഭിച്ചു. കാരണം, നഈമു ബിൻ മസ്ഊദ് എന്ന ഖുറൈശീ നേതാവ് തന്റെ കൂട്ടുകാരൻ സലിയ്യത് ബിൻ നുഉമാൻ എന്ന വ്യക്തിയോടൊപ്പം മദ്യപിക്കുകയായിരുന്നു. ലഹരിയിലായപ്പോൾ നഈമ് പറഞ്ഞു. ഇക്കൊല്ലം ഖുറൈശികൾക്ക് സാധാരണ വഴിയേ വ്യാപാര സംഘത്തെ നയിക്കാൻ പറ്റില്ല. വഴിയിലുടനീളം ഖുറൈശീ വിരുദ്ധരായയാളുകൾ വ്യാപിച്ചിരിക്കുന്നു. കടൽത്തീരത്തുകൂടി യാത്ര ചെയ്താലും പല തകരാറുമുണ്ട്. വഴിയിലുള്ള ഗോത്രങ്ങൾ പലതും ഇസ്‌ലാമിനോടും മുഹമ്മദ്‌ നബി ﷺ യോടും ആഭിമുഖ്യമുള്ളവരാണ്. അതുകൊണ്ട് പുതിയ വഴി കണ്ടെത്തി ഇറാഖ് വഴിയാണ് യാത്ര ഉദ്ദേശിക്കുന്നത്. സലിയ്യത്തു ബിൻ നുഉമാൻ പരസ്യപ്പെടുത്താത്ത ഒരു മുസ്‌ലിമായിരുന്നു. മദ്യം നിരോധിക്കുന്നതിനു മുമ്പായതിനാലാണ് മദ്യപിക്കാൻ ഒത്തു വന്നത്. വിവരം കിട്ടിയതും വിശ്വാസിയായ സലിയ്യത്ത് മദീനയിൽ വിവരമെത്തിച്ചു.

അതീവ രഹസ്യമായി ഖുറൈശികൾ കരുതിവച്ച പദ്ധതി വളരെ ലളിതമായി അല്ലാഹുവിന്റെ ദൂതർﷺ അറിഞ്ഞിരിക്കുന്നു. ഉടനെ നബി ﷺ സൈദ് ബിൻ ഹാരിസ (റ) എന്ന പ്രിയങ്കരനായ സ്വഹാബിയുടെ നേതൃത്വത്തിൽ ഒരു നയതന്ത്ര സംഘത്തെ സജ്ജീകരിച്ചു. അവർ ഖുറൈശീ വ്യാപാര സംഘത്തെത്തേടിപ്പുറപ്പെട്ടു. നൂറുപേരടങ്ങുന്ന സംഘമായിരുന്നു അത്. ഖറദ എന്ന പ്രദേശത്ത് വച്ചു അവർ ഖുറൈശികളെ കണ്ടുമുട്ടി. സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഈ നേരിടൽ അവരെ പരിഭ്രാന്തരാക്കി. അവർ വസ്തുവകകൾ മുഴുവൻ ഇട്ടെറിഞ്ഞു ഓടിക്കളഞ്ഞു ! യുദ്ധമോ പോരാട്ടമോ ഒന്നും നടന്നില്ല. ഖുറൈശികളുടെ ആസ്തികൾ സമാഹരിച്ചു സൈദും സംഘവും യാത്ര തിരിച്ചു. മക്കയിൽ നിന്നു മദീനയിലേക്ക് പലായനം ചെയ്തപ്പോൾ മുസ്‌ലിംകൾ ഉപേക്ഷിച്ചു വന്ന സ്വത്തിന്മേലായിരുന്നു ഖുറൈശികളുടെ അഹങ്കാരം മുഴുവൻ. ഈ വികാരം കൂടി സ്വഹാബികളെ സ്വാധീനിച്ചു.

ലഭിച്ച സമ്പാദ്യവും പിടികൂടിയ വഴികാട്ടിയെയും കൊണ്ട് അവർ മദീനയിലെത്തി. വഴികാട്ടി ഇസ്‌ലാം സ്വീകരിച്ചു. സ്വത്തുക്കൾ വിതരണം ചെയ്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-339/365

ഹിജ്റ മൂന്നിലെ സുപ്രധാന സംഭവങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. പ്രസ്തുത വർഷത്തിലെ രണ്ടു വിവാഹങ്ങളെ നാം പരാമർശിച്ചു. നാലാമതായി നബി ജീവിതത്തിലേക്ക് കടന്നു വന്ന മഹതിയായിരുന്നല്ലോ ഹഫ്സ ബീവി (റ). ബീവി ഖദീജ (റ) ,ബീവി സൗദ (റ), ബീവി ആഇശ (റ) എന്നിവരായിരുന്നു അതിനുമുമ്പുള്ള മൂന്നുപേർ. ഹഫ്സ ബീവി(റ)യും നബിﷺയും തമ്മിലുള്ള ജീവിതത്തിൽ ചില വർത്തമാനങ്ങൾക്കൂടിപ്പറയാനുണ്ട്. നബിﷺയുടെ കൂടുതൽ പ്രീതി പിടിച്ചുപറ്റാനുള്ള മഹതിയുടെ വ്യഗ്രതയിൽ ചില അഭംഗികൾ പ്രകടമായി. തേൻ പാത്രവുമായി ബന്ധപ്പെട്ടതും മറ്റും അതിന്റെ ഭാഗമായിരുന്നു. വിശുദ്ധ ഖുർആൻ അറുപത്തി ആറാം അധ്യായം അത്തഹ്‌രീമിന്റെ ആദ്യ ഭാഗത്ത് ഇത് പരാമർശിക്കുന്നുണ്ട്. ഒടുവിൽ ഒരിക്കൽ മഹതിയെ ഒരു ത്വലാഖ് ചൊല്ലേണ്ടി വന്നു. ഉമർ (റ) വളരെ ദുഃഖിതനായി. പക്ഷേ, ദീക്ഷകാലം അഥവാ, ഇദ്ദ കഴിയുന്നതിനു മുമ്പ് ജിബ്‌രീൽ (അ) വന്നു നബിﷺയോട് പറഞ്ഞു; “ഹഫ്‌സ(റ)യെ അവിടുന്ന് തിരിച്ചെടുക്കുക. അവർ ഏറെ നിസ്കരിക്കുന്നവരും വ്രതമനുഷ്ഠിക്കുന്നവരുമാണ്. അവർ സ്വർഗത്തിൽ അവിടുത്തെ പത്നിയായിരിക്കും “. അതോടെ നബി ﷺ മഹതിയെ തിരിച്ചെടുത്തു. പിന്നീട്, നബിﷺയുടെ വിയോഗം വരെയും പരിപൂർണ സംതൃപ്തമായ ജീവിതമായിരുന്നു മഹതിയുടേത്. നബിﷺയുടെ വിയോഗാനന്തരം ഖുർആൻ ക്രോഡീകരണ വേളയിൽ മഹതിയുടെ സാന്നിധ്യവും സേവനവും ശ്രദ്ധേയമായിരുന്നു.

നബിﷺയുടെ ജീവിതത്തിലൂടെ വിവാഹ ജീവിതത്തിൽ ഇണക്കവും പിണക്കവും എങ്ങനെയായിരിക്കണം എന്നുകൂടി ഈ അധ്യായം നമുക്ക് പകർന്നു തരുന്നു. വൈവാഹിക ജീവിതത്തിന്റെ മഹത്വവും പരിപാലിക്കേണ്ടതിന്റെ പ്രാധാന്യവുമെല്ലാം പഠിപ്പിച്ചു. അതോടൊപ്പം ഇനിയൊരിക്കലും യോജിക്കാനാവാത്ത വിധം അകന്നുപോയ മനസ്സുമായി ഇണകൾ ജീവിതം നശിപ്പിക്കുന്നതിനു പകരം മാന്യമായി ഇണപിരിയാനും പുതിയ ജീവിതത്തിലേക്ക് കടക്കാനും വരനും വധുവിനും സാധ്യതകൾ നൽകുന്ന സമ്പൂർണമായ സംഹിത കൂടിയാണ് ഇസ്‌ലാം. അനിവാര്യ ബഹിർഗമന കവാടമില്ലാത്ത പൊതു വാഹനങ്ങൾ സേവനയോഗ്യമല്ലെന്നു നിശ്ചയിക്കുന്ന മനുഷ്യൻ ഇങ്ങനെ ഒരു സാധ്യത കൂടി ആവശ്യപ്പെടുന്നുണ്ട്.

ഇതേ കാലയളവിൽ നബി ﷺ യുടെ ജീവിതത്തിൽ സന്തോഷം നൽകിയ പ്രധാന സംഭവമായിരുന്നു പ്രിയപ്പെട്ട മകൾ ഫാത്വിമ(റ)യുടെ പ്രസവം. റമളാനിലായിരുന്നു അത്. വിശേഷമറിഞ്ഞു നബിﷺ അലി(റ)യുടെ വീട്ടിലേക്കെത്തി. നവജാത ശിശുവിനെ കൊണ്ടുവരാൻ പറഞ്ഞു. അലി-ഫാത്വിമ ദമ്പതികളുടെ ആദ്യത്തെ സന്താനം; സുന്ദരനായ ഓമന മകനെ എടുത്തു കൊണ്ടുവന്നു. നബിﷺ പ്രാർഥനാപൂർവം സ്വീകരിച്ചു. അനുഗ്രഹാശിസ്സുകൾ നേർന്നു. എന്നിട്ട് ചോദിച്ചു; “അല്ല, അലീ(റ), എന്താണ് പേരുവയ്ക്കാൻ ഉദ്ദേശിച്ചത് ? ”
അലി(റ) പറഞ്ഞു : “ഹർബ് “. ധീര യോദ്ധാവായ അലി (റ) യുദ്ധം എന്നർഥമുള്ള ഹർബ് എന്ന പേരായിരുന്നു കണ്ടു വച്ചത്. ഉടനെ നബിﷺപറഞ്ഞു; “അല്ല, ഹസൻ എന്ന്‌ ഞാൻ പേര് വയ്ക്കുന്നു “. നന്മ, മെച്ചപ്പെട്ടത് എന്നൊക്കെ അർഥമുള്ള ആ നാമം അലി (റ) സർവാത്മനാ അംഗീകരിച്ചു. നബിﷺ, അലി (റ), ഫാത്വിമ (റ) മൂന്നുപേർക്കും വലിയ സന്തോഷമായി. ഏഴു ദിവസമായപ്പോൾ മുടികളയാനും അഖീഖ: അറുക്കാനും മറ്റും ഏർപ്പാടുകൾ ചെയ്തു. ഹസന്(റ) നബി ﷺയോട് ഏറെ രൂപ സാദൃശ്യമുണ്ടായിരുന്നു. ഒരിക്കൽ സിദ്ദീഖ് (റ) തന്നെ അലി (റ)യോടു പറഞ്ഞു : “ഹസൻ(റ)നു വാപ്പയായ നിങ്ങളോടല്ല സാദൃശ്യമുള്ളത് മറിച്ചു, മുത്തു നബി ﷺ യോടാണ് “. അത് കേട്ടപ്പോൾ അലിയ്യി(റ)നും വലിയ സന്തോഷമായി.

നബിﷺക്കു ഹസ്സന്റെ(റ) സാന്നിധ്യം കൂടുതൽ ആനന്ദം നൽകി. ഇടയ്ക്കിടെ അവിടുന്നു മകനെ താലോലിക്കാൻവേണ്ടി വരും. ഫാത്വിമ(റ)യ്ക്കും ഉപ്പയെ കുറച്ചുകൂടി ലഭിക്കാൻ തുടങ്ങി. ഇമാം മുസ്‌ലിം (റ) ഉദ്ധരിച്ച ഹദീസിൽ ഇപ്രകാരമുണ്ട്. അക്റഉ ബിൻ ഹാബിസ് (റ) പറയുന്നു : നബിﷺ ഒരു നിവേദക സംഘത്തോടൊപ്പം തിരക്കിട്ടു പോകുന്ന സമയത്തും മകൾ ഫാത്വിമ(റ)യുടെ വീടടുത്തപ്പോൾ ഒന്നു നിന്നു. മകളെ വിളിച്ചു; ഹസ്സ(റ)നെ എടുപ്പിച്ചു. ആനന്ദ ചുംബനം നൽകി. ശേഷം പറഞ്ഞു, ‘അല്ലാഹുവേ, ഞാൻ ഈ മോനെ ഇഷ്ടം വയ്ക്കുന്നു. നീയും ഇഷ്ടം വയ്ക്കേണമേ!’ ഇത് കണ്ട അഖ്റഇ(റ)ന് അദ്‌ഭുതമായി. അദ്ദേഹം പറഞ്ഞു. ‘നബിﷺയേ! എനിക്ക് പത്ത് സന്താനങ്ങളുണ്ട്. ഞാനിതുവരെ ഒരാളെയും ഇതുപോലെ ചുംബിക്കുകയോ താലോലിക്കുകയോ ചെയ്തിട്ടില്ല’. നബി ﷺ അദ്ദേഹത്തോട് കാരുണ്യത്തിന്റെ മഹത്വം പറഞ്ഞു കൊടുത്തു “.
നിസ്കാരത്തിലുൾപ്പെടെ മക്കളെ പരിഗണിച്ച നിരവധി ഉദാഹരണങ്ങൾ ഹദീസ് ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-340/365

ഹിജ്‌റ മൂന്നാം വർഷത്തിന്റെ ഒടുവിൽ നബിﷺയുടെ വീട്ടിലേക്ക് പത്നിയായി ഒരാൾ കൂടിക്കടന്നു വന്നു. സൈനബ് ബിൻത് ഖുസൈമ അൽ ഹിലാലിയ (റ) എന്ന മഹതിയായിരുന്നു അത്. സൈനബ് (റ) എന്ന പേരിൽ മറ്റൊരു പത്നി കൂടി പിൽക്കാലത്ത് വന്നിട്ടുണ്ട്. അത് ജഹ്ശിന്റെ മകൾ സൈനബ് (റ) ആണ്. മഹതിയെക്കുറിച്ചാണ് സൈനബ് (റ) എന്ന പേരിൽ സീറ അധ്യായങ്ങളിൽ കൂടുതൽ ചർച്ച നടക്കാറുള്ളത്. അതെക്കുറിച്ച് പിന്നീട് വായിക്കും.

ഇത് ഖുസൈമയുടെ മകൾ സൈനബ് (റ). കുറഞ്ഞകാലമേ നബിﷺയോടൊപ്പം മഹതി ജീവിച്ചിട്ടുള്ളൂ. ഹിന്ദ് ബിൻത് ഔഫ് എന്നായിരുന്നു മഹതിയുടെ മാതാവിന്റെ പേര്. ഭൂലോകത്ത് ഏറ്റവും ഭാഗ്യം ചെയ്ത വനിത എന്ന പേരിൽ അവർ അറിയപ്പെട്ടിരുന്നു. കാരണം, അവരുടെ മൂന്നു വിവാഹങ്ങളിലായി ലഭിച്ച ആറു പെൺകുട്ടികളെയും ഏറ്റവും ശ്രേഷ്ഠരായ ആളുകളായിരുന്നു വിവാഹം കഴിച്ചിരുന്നത്. അവരിൽ ഒരാളായിരുന്നു സൈനബ് (റ). സൈനബി(റ)ന്റെ വിയോഗാനന്തരം മറ്റൊരു മകളായ മൈമൂന ബിൻത് അൽ ഹാരിസ(റ)യേയും നബിﷺ തന്നെ വിവാഹം കഴിച്ചു. മറ്റൊരുമകൾ സൽമ ബിൻത് ഉമൈസ(റ)യെ വിവാഹം കഴിച്ചത് നബിﷺയുടെ പിതൃ സഹോദരനായ ഹംസ(റ)യായിരുന്നു. ഉമ്മുൽ ഫളിൽ ലുബാബ അൽ കുബ്റ: (റ) എന്ന മകളെ വിവാഹം ചെയ്തത് നബിﷺയുടെ മറ്റൊരു പിതൃസഹോദരനായ അബ്ബാസ്(റ)വാണ്. ലുബാബ അസുഗ്രാ എന്ന അഞ്ചാമത്തൊരു മകളെ വിവാഹം കഴിച്ചത് വലീദ് ബിൻ അൽ മുഗീറ എന്ന ഖുറൈശീ നേതാവായിരുന്നു. അവരാണ് പിൽക്കാലത് ഖാലിദ് ബിൻ അൽ വലീദി(റ)നു ജന്മം നൽകിയത്. ആറാമത്തേത് അസ്മ ബിൻത് ഉമൈസാ(റ)ണ്. മഹതിയെ പ്രമുഖ സ്വഹാബിയായ ജാഫർ (റ) ആയിരുന്നു വിവാഹം കഴിച്ചത്. അദ്ദേഹം മുഅത്താ യുദ്ധത്തിൽ കൊല്ലപ്പെട്ടതിനെത്തുടർന്നു അബൂബക്കർ(റ) ആണ് വിവാഹം കഴിച്ചത്. അബൂബക്കർ(റ)ന്റെ വിയോഗാനന്തരം അലി(റ) യും അസ്മ(റ)യെ വിവാഹം ചെയ്തു. അപ്പോൾ ഹിന്ദി(റ)നു മരുമക്കളായി ലഭിച്ചവർ ആരൊക്കെയാണെന്നാണ് നാം വായിച്ചത്‌. ഈ അർഥത്തിലാണ് ‘അത്യുന്നത വനിത’ എന്ന വിലാസം മഹതിക്കു ലഭിക്കുന്നത്.

സൈനബി(റ)ലേക്ക് തന്നെ വരാം. മഹതിയെ വൈധവ്യത്തിൽ നിന്നാണ് നബിﷺ വിവാഹം ചെയ്തു സ്വീകരിച്ചത്. തുഫൈൽ ബിൻ ഹാരിസ് ബിൻ അബ്ദുൽ മുത്തലിബ് ആയിരുന്നു മഹതിയെ ആദ്യം വിവാഹം കഴിച്ചിരുന്നത്. പക്ഷേ, ആ ജീവിതം അധികം നീണ്ടു നിന്നില്ല. രണ്ടാമതായി ഭർത്താവായി വന്നത് ഉബൈദുല്ലാഹി ബിൻ ഹാരിസാ(റ)യിരുന്നു. ബദ്ർ പോരാട്ട ഭൂമിയിൽ ആദ്യഘട്ടത്തിൽ ദ്വന്ദ യുദ്ധത്തിനിറങ്ങിയ മൂന്നുപേരിലൊരാളായിരുന്നു ഉബൈദുല്ലാഹി (റ). അവിടുന്നേറ്റ മാരകമായ വെട്ടിനെത്തുടർന്നു ബദ്ർ കഴിഞ്ഞു നാളുകൾക്കു ശേഷം മഹാനവർകൾ ഇഹലോകവാസം വെടിഞ്ഞു. തുടർന്നു അബ്ദുള്ളാഹി ബിൻ ജഹ്ശ് (റ) എന്ന സ്വഹാബി വിവാഹം ചെയ്തു എന്നുകൂടി ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. അദ്ദേഹവും ഉഹ്ദിൽ രക്തസാക്ഷിയായി. വൈധവ്യത്തിന്റെ നൊമ്പരവും അത്യാവശ്യം പ്രായവുമായപ്പോഴാണ് നബി ജീവിതത്തിലേക്ക് മഹതി കടന്നു വന്നത്.

അന്നത്തെ സാമൂഹിക ക്രമത്തിൽ വിശേഷിച്ചും വിധവകൾ വേഗം തന്നെ മറ്റൊരാളുടെ സംരക്ഷണയിലെത്തുമായിരുന്നു. യുദ്ധത്തിലൊക്കെ വധിക്കപ്പെട്ടവരുടെ ഭാര്യമാർക്ക് ദീക്ഷകാലം കഴിയുമ്പോഴേക്കും തന്നെ വിവാഹാലോചനകൾ വരുമായിരുന്നു. ഇന്നത്തെ ലോകക്രമം പല മാറ്റങ്ങളും സാംസ്‌കാരികമായി അവകാശപ്പെടുമ്പോഴും ശരിയായ പുനർജീവിതം ലഭിക്കാത്ത വിധവകൾ ആയിരക്കണക്കിന് അരമനകളിൽ നീറിക്കഴിയുന്നുണ്ട്.

വിധവയും വയോധികയുമായ സൈനബിനെ നബിﷺ പത്നീ പദം നൽകിയത് ഒരാദരവാണെന്ന് വായിക്കാവുന്ന വിധമാണ് ചരിത്രം നമ്മോട് സംസാരിക്കുന്നത്. ചെറുപ്പത്തിൽത്തന്നെ ‘ഉമ്മുൽ മസാക്കിൻ’ അഥവാ പാവങ്ങളുടെ രക്ഷക എന്ന വിലാസം നേടിയ ഉദാരമതിയായിരുന്നു മഹതി. അഞ്ചോ എട്ടോ മാസം നീണ്ടു നിന്ന ആ ദാമ്പത്യം ധന്യതയുടെയും മഹത്വത്തിന്റെയും ഉദാഹരണമായിരുന്നു. മദീനയിൽ വച്ചാണ് മഹതി മരണപ്പെടുന്നത്. നബിﷺയുടെ ജീവിതകാലത്ത് രണ്ട് പത്നിമാർ മാത്രമാണ് ഈലോകവാസം വെടിഞ്ഞത്. ഒന്നാമത്തേത് മക്കയിൽ വച്ച് . ബീവി ഖദീജ(റ)യും മദീനയിൽ വച്ച് . സൈനബ് ബിൻത് ഖുസൈമയും(റ). നബിﷺയുടെ ഭാര്യമാരിൽ നിന്ന് മദീനയിലെ വിശിഷ്ട ഖബർസ്ഥാനായ ജന്നതുൽ ബഖീഇൽ ഖബറടക്കപ്പെട്ടതും മഹതിയെത്തന്നെയാണ്. ജനാസ നിസ്ക്കാരത്തിനും സംസ്ക്കരണ ചടങ്ങുകൾക്കും നബിﷺ തന്നെ നേതൃത്വം നൽകി. ബഖീഇൽ നബിﷺയുടെ പത്നിമാരുടെ ഖബറുകളിൽ നമുക്ക് സന്ദർശിക്കാൻ ലഭിക്കുന്ന ആദ്യ ഖബറും അവിടുത്തേതാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-341/365

ഈ കാലയളവും വിവാഹവുമായി ബന്ധപ്പെട്ട ഒരു പ്രണയകഥ കൂടി സീറയിൽ നിന്ന് വായിക്കാനുണ്ട്. അബ്ദുല്ലാഹിബിൻ അംറി(റ)ൽ നിന്ന് ഇമാം തുർമുദി (റ) ഈ സംഭവം ഉദ്ധരിക്കുന്നുണ്ട്. “മർസദ് ബിൻ അബീ മർസദ് അൽ ഗനമി (റ) കരുത്തനായ ഒരു സ്വഹാബിയാണ്. മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തെത്തിയ ശേഷം അദ്ദേഹം വേറിട്ട ഒരു ദൗത്യം ഏറ്റെടുത്തു. മക്കയിലെ മുശ്‌രിക്കുകൾ ബന്ധിയാക്കി വച്ചിരിക്കുന്നയാളുകളെ മുശ്‌രിക്കുകൾ അറിയാതെ തടവറകളിൽനിന്ന് മോചിപ്പിക്കുന്ന പണിയായിരുന്നു അത്. അതിവിദഗ്ധമായി രാത്രികാലങ്ങളിൽ തടവറകളിൽ ചാടിക്കടന്നുകൊണ്ടായിരുന്നു ഈ ദൗത്യം നിർവഹിച്ചത്. ഖുറൈശികൾ തങ്ങളുടെ തടവുകാരെ നഷ്ടപ്പെടുമ്പോൾ ഇതാരാണീ പണി ചെയ്യുന്നതെന്നന്വേഷിച്ചു കുഴങ്ങി.

അങ്ങനെയിരിക്കെ, ഒരു രാത്രിയിൽ ഒരു തടവറയുടെ ചാരത്ത് മർസദ് (റ) എത്തി. നല്ല നിലാവുള്ള രാത്രിയായിരുന്നു. മർസദ് (റ) തന്നെ പറയുന്നു : ‘ഞാനങ്ങനെയിരിക്കെ, ഒരു നിഴൽ എനിക്കു നേരെ നീങ്ങി വന്നു. ഞാൻ ഭയപ്പെട്ടു. ആരായിരിക്കും ഈ വരുന്നത് ?’ അടുത്തെത്തിയപ്പോഴാണ് അതൊരു സ്ത്രീയാണെന്നറിഞ്ഞത്. അവൾ ചോദിച്ചു; ‘മർസദ(റ)ല്ലേ നിങ്ങൾ ?’ ഞാൻ പറഞ്ഞു, ‘അതെ’. ഞാനൊന്നു ശ്രദ്ധിച്ചു നോക്കി. എന്റെ മുൻകാല പ്രണയിനി അനാഖാണ് മുന്നിൽ നിൽക്കുന്നത്. അവൾ ഒരു അഭിസാരിക കൂടിയായിരുന്നു. മർസദി(റ)നോട് അവൾക്ക് അതിയായ താത്പ്പര്യമായിരുന്നു. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചതും ഇസ്‌ലാമിക സദാചാര നിയമങ്ങളും മർസദി(റ)ൽ വന്നു ചേർന്ന വിശ്വാസ വിചാരങ്ങളുമൊന്നും അവൾക്കറിയില്ല. കാലങ്ങളായി കൊതിച്ചയാളെ മുന്നിൽക്കിട്ടിയ ആവേശത്തിൽ അവൾ സംസാരിച്ചു.

ഒടുവിലവൾ പറഞ്ഞു; ‘ഈ രാത്രിയിൽ നമുക്കൊരുമിച്ചു കഴിയാം’. രാത്രിയാണ്, മൂന്നാമതൊരാൾ അറിയാൻ വഴിയില്ല. അവൾ താത്പ്പര്യപൂർവം ഇങ്ങോട്ട് വന്നതാണ്. എന്തും ആവാം. പക്ഷേ, മർസദി(റ)ന്റെ ഹൃദയത്തെ വിശ്വാസം അലങ്കരിച്ചിരിക്കുന്നു .പടച്ചവൻ കാണും എന്ന ചിന്ത സംരക്ഷിച്ചിരിക്കുന്നു. അദ്ദേഹം പറഞ്ഞു. ‘അല്ലയോ, അനാഖ് ! അല്ലാഹു വ്യഭിചാരത്തെ നിഷിദ്ധമാക്കിയിരിക്കുന്നു. അത് കൊണ്ട് എനിക്കതിന് കഴിയില്ല’. അവൾക്കാ പ്രതികരണം അത്ര രസിച്ചില്ല. അവൾ കുപിതയായി. അവൾ ഒച്ചയിട്ട് വിളിച്ചു പറഞ്ഞു : ‘യാ അഹ്‌ലൽ ഖിയാം! അല്ലയോ നാട്ടുകാരേ! നിങ്ങളുടെ തടവുകാരെ കടത്തിക്കൊണ്ട് പോകുന്നയാൾ ഇതാ നിൽക്കുന്നു !’ നാട്ടുകാർ ഞെട്ടിയുണർന്നു. കാത്തിരുന്ന കള്ളനെക്കിട്ടിയ പ്രതീതിയിൽ അവർ ഓടിക്കൂടി. മർസദ്(റ) പറയുന്നു : ‘ഗതിമുട്ടിയ ഞാൻ അരമുറുക്കിയോടി. അവർ എന്നെ പിൻതുടർന്നു. ഒടുവിൽ എട്ടു പേർ എന്നെ വിടാതെ പിൻതുടർന്നു. ഞാൻ പാഞ്ഞു പാഞ്ഞു മക്കൻ അതിർത്തിയിലുള്ള ‘ഖൻതമ’ കുന്നിന്റെ മുകളിലേക്ക് കയറി. അവർ എന്നെപ്പിൻതുടർന്നു. ഞാൻ അവിടെയൊരു പൊത്തിൽ അഭയം തേടി. എന്നെ പിൻതുടർന്നവർ സമീപത്തെത്തിയെങ്കിലും അല്ലാഹു അവരുടെ കണ്ണുകൾ മറച്ചു കളഞ്ഞു. അവർക്കെന്നെക്കാണാൻ കഴിഞ്ഞില്ല ! അവരിലാരോ ഞാനിരുന്ന ഗുഹയുടെ മുകളിലെത്തി. അതിനു മുകളിരുന്ന് മൂത്രമൊഴിച്ചു. അത് ഞാനിരിക്കുന്ന ഭാഗത്തേക്ക് തെറിച്ചു വന്നു. എന്നിട്ടും ഞാനവരുടെ ദൃഷ്ടിയിൽപ്പെടാതെ രക്ഷപ്പെട്ടു.

കുറെക്കഴിഞ്ഞ് അവർ മടങ്ങിപ്പോയി. ഞാനവിടെത്തന്നെയിരുന്നു. എന്റെ സഹായം പ്രതീക്ഷിച്ച് തടവറയിൽക്കഴിയുന്നയാളെ രക്ഷപ്പെടുത്തിയേ മടങ്ങൂ എന്നു ഞാനുറച്ചു. രാത്രി ഞാൻ മലയിറങ്ങി. തടവറയിൽച്ചെന്ന് ബന്ധിയെ സമീപിച്ചു. നല്ല ശരീരമുള്ളയാളായിരുന്നു. എങ്കിലും അയാളെത്തോളിലേറ്റി യാത്ര തുടർന്നു. മക്കയുടെ അതിർത്തിയിൽ ‘ഇദ്ഖിർ’ വരെയെത്തി. ഇനി സുരക്ഷിതമാണെന്ന് കണ്ട് അയാളുടെ വിലങ്ങുകളഴിച്ച് സാവധാനം യാത്ര തുടർന്നു. മദീനയിലെത്തി. നബി ﷺ യെ സമീപിച്ചു. അവിടുത്തേക്ക് വലിയ സന്തോഷമായി. അവിടുന്ന് സ്വാഗതം ചെയ്തു.

അപ്പോഴും മർസദി(റ)ന്റെ മനസ്സിൽ പഴയ പ്രണയത്തിന്റെ ഓർമകളുണ്ടായിരുന്നു. അനുചരന്മാർക്ക് ഉള്ളുതുറന്ന് പങ്ക് വയ്ക്കാവുന്ന സാന്നിധ്യമായിരുന്നു മുത്ത് നബിﷺ. എന്താശയും ആശങ്കയും അവിടുത്തോട് അവർക്ക് പറയാമായിരുന്നു. മർസദ് (റ) മനസ്സു തുറന്നു. അനാഖുമായി നേരത്തെയുണ്ടായിരുന്ന പ്രണയത്തെക്കുറിച്ചു പറഞ്ഞു. യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ കാര്യം തുറന്ന് പറഞ്ഞു. എന്നിട്ട് ചോദിച്ചു. ‘എനിക്കവളെ വിവാഹം കഴിക്കാൻ പറ്റുമോ?’ നബിﷺ ഒന്നും പറഞ്ഞില്ല. മൂന്നു പ്രാവശ്യം ആവർത്തിച്ചു. അപ്പോഴേക്കും ദിവ്യ സന്ദേശം വന്നു. വിശുദ്ധ ഖുർആൻ ഇരുപത്തിനാലാം അധ്യായം സൂറതുന്നൂറിലെ ആദ്യ ഭാഗം അവതരിച്ചു. മൂന്നാമത്തെ സൂക്തത്തിന്റെ ഉള്ളടക്കം മർസദി(റ)നുള്ള ഉത്തരമായിരുന്നു. ആശയം ഇങ്ങനെ വായിക്കാം. “വ്യഭിചാരി വ്യഭിചാരിണിയെയോ ബഹുദൈവ വിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കുകയില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവ വിശ്വാസിയോ അല്ലാതെ വിവാഹം ചെയ്യുകയുമില്ല. സത്യവിശ്വാസികള്‍ക്ക് അത് നിഷിദ്ധമാക്കിയിരിക്കുന്നു.”
ശേഷം, മുത്ത് നബിﷺ അദ്ദേഹത്തെ വിളിച്ചു. തീരുമാനം പറഞ്ഞു. മർസദ് (റ) അല്ലാഹുവിന്റെ തീരുമാനത്തെ സ്വാഗതം ചെയ്തു “.

ഈ സൂക്തത്തിൻ്റെ അവതരണത്തിന് ഒരു സാഹചര്യം കൂടിയുണ്ടായിരുന്നു. മദീനയിൽ അത്യാവശ്യം സമ്പത്തുള്ള ചില അഭിസാരികകളുണ്ടായിരുന്നു. അവരുടെ വീടുകൾക്ക് അവർ പ്രത്യേകം കൊടിയടയാളങ്ങൾ വയ്ക്കുകയും ചെയ്തിരുന്നു. ദരിദ്രരായ ചില വിശ്വാസികൾ ആശ്വാസത്തിനായി അവരെ വിവാഹം കഴിച്ചാലോ എന്നന്വേഷിച്ചിരുന്നു. അതിനു കൂടിയുള്ള മറുപടിയായിരുന്നു മേൽ സൂക്തങ്ങൾ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-342/365

ഉഹ്ദിന്റെ അനന്തരമുള്ള പ്രധാന സംഭവങ്ങളെയാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെ എടുത്തു പറയേണ്ട ഒരു ഭാഗമാണ് മദ്യനിരോധനം. അക്കാലത്തെ അറബികളിൽ മദ്യത്തിന്റെ സാന്നിധ്യവും പ്രാധാന്യവും എത്രമേൽ ഉണ്ടായിരുന്നു എന്ന് മുമ്പേ വായിച്ചു പോയ പല അധ്യായങ്ങളിൽ നിന്നും നാം മനസ്സിലാക്കിയിട്ടുണ്ട്. അവരുടെ ആഘോഷങ്ങളുടെയും അനുശോചനങ്ങളുടെയും അവിഭാജ്യ ഘടകമായിരുന്നു ലഹരി. അവർക്കിടയിലെ സാഹിത്യവും ആവിഷ്ക്കാരങ്ങളും വർണനകളും എല്ലാം മദ്യത്തെ പുകഴ്ത്തിയും ലഹരിയിൽ ആസ്വദിച്ചുമായിരുന്നു. അതിനിടയിലും ഒരു നിയോഗം പോലെ മദ്യം തീരെ സ്പർശിക്കാത്ത ചുരുക്കം ചിലരും ഉണ്ടായിരുന്നു. സ്വിദ്ദീഖ് (റ), അലി (റ), ഉസ്മാൻ (റ) എന്നിവർ ഉദാഹരണമാണ്.

പ്രവാചകത്വ പ്രഖ്യാപനത്തിനുടനെത്തന്നെ മദ്യം നിരോധിച്ചിരുന്നില്ല. ഘട്ടം ഘട്ടമായിട്ടായിരുന്നു ആ നിരോധനം സാധ്യമാക്കിയത്. ഉമർ (റ) നേരത്തേത്തന്നെ മദ്യനിരോധനം എന്ന ആശയത്തെ ഉന്നയിച്ചയാളും അതിനു വേണ്ടിയാഗ്രഹിച്ച വരുമായിരുന്നു. ‘അല്ലാഹുവേ, മദ്യത്തിന്റെ കാര്യത്തിൽ വ്യക്തവും ആശ്വാസദായകവുമായ ഒരു തീരുമാനം തരേണമേ’ എന്ന് പ്രാർഥിച്ച കാര്യം ഇമാം തുർമുദി (റ) ഉദ്ധരിച്ച ഹദീസിൽക്കാണാം. ഇവ്വിഷയികമായി ആദ്യം അവതരിച്ചത് വിശുദ്ധ ഖുർആൻ രണ്ടാമത്തെ അധ്യായം അൽ ബഖറ: യിലെ ഇരുന്നൂറ്റിപ്പത്തൊൻപതാമത്തെ സൂക്തമായിരുന്നു. ആശയം ഇങ്ങനെ വായിക്കാം. “തങ്ങളോടവര്‍ മദ്യത്തെയും ചൂതിനെയും സംബന്ധിച്ച് ‎ചോദിക്കുന്നു. പറയുക: അവ രണ്ടിലും ഗുരുതരമായ ‎തിന്മയുണ്ട്. മനുഷ്യര്‍ക്ക് ചില ഉപകാരങ്ങളുമുണ്ട്. ‎എന്നാല്‍ അവയിലെ തിന്മയാണ് പ്രയോജനത്തെക്കാള്‍ ‎ഏറെക്കൂടുതലുള്ളത്. തങ്ങള്‍ ചെലവഴിക്കേണ്ടതെന്തെന്നും ‎അവര്‍ തങ്ങളോട് ചോദിക്കുന്നു. അവിടുന്ന് പറയുക: ‎‎’’ആവശ്യം കഴിച്ച് മിച്ചമുള്ളത്.” നിങ്ങള്‍ ‎ചിന്തിക്കുന്നവരാകാന്‍; ‎ ഇവ്വിധം അല്ലാഹു ‎നിങ്ങള്‍ക്ക് വിധികള്‍ വിശദീകരിച്ചുതരുന്നു.”

ഈ സൂക്തം അവതരിച്ചയുടനെ നബിﷺ ഉമറി(റ)നെ വിളിച്ച് സൂക്തം കേൾപ്പിച്ചു കൊടുത്തു. അപ്പോഴും ഉമർ (റ) നേരത്തെ നിർവഹിച്ച പ്രാർഥനയാവർത്തിച്ചു. ‘അല്ലാഹുവേ, ഞങ്ങൾക്ക് ശമനം നൽകുന്ന ഒരു തീരുമാനം നൽകേണമേ !’ പൂർണമായ നിരോധനം നിലവിൽ വരാത്തതിനാൽ ആ സമയത്തും സ്വഹാബികളിൽ ചിലർ മദ്യപാനം ഒഴിവാക്കിയിരുന്നില്ല. അങ്ങനെയിരിക്കെ ആയിടയ്ക്ക് ചില സംഭവങ്ങളുണ്ടായി. മദ്യപിച്ച് നിസ്ക്കരിക്കുന്നയാളുകൾ ഖുർആൻ വചനങ്ങൾ തെറ്റായി പാരായണം ചെയ്യുന്നു. ഈ അവസരത്തിലാണ് വിശുദ്ധ ഖുർആൻ നാലാമത്തെ അധ്യായം അന്നിസാഇലെ നാൽപ്പത്തിമൂന്നാം വചനം അവതരിക്കുന്നത്. ഉള്ളടക്കം ഇങ്ങനെ പകർത്താം. “വിശ്വസിച്ചവരേ, നിങ്ങള്‍ ലഹരി ബാധിതരായി നിസ്ക്കാരത്തെ സമീപിക്കരുത്. നിങ്ങള്‍ പറയുന്നതെന്തെന്ന് നിങ്ങള്‍ക്ക് നല്ല ബോധമുണ്ടാകുംവരെ. ജനാബത്തുകാരനെങ്കില്‍ കുളിച്ചു ശുദ്ധി വരുത്തുന്നതുവരെയും- വഴിയാത്രക്കാരാണെങ്കിലല്ലാതെ. അഥവാ, നിങ്ങള്‍ രോഗികളാവുകയോ യാത്രയിലാവുകയോ ചെയ്തു; അല്ലെങ്കില്‍, നിങ്ങളിലൊരാള്‍ വിസര്‍ജനം കഴിഞ്ഞുവന്നു; അതുമല്ലെങ്കില്‍, സ്ത്രീകളുമായി സംസര്‍ഗം നടത്തി; എന്നിട്ട് വെള്ളം കിട്ടിയതുമില്ല; എങ്കില്‍ ശുദ്ധിയുള്ള മണ്ണ് ഉപയോഗിക്കുക. അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. തീര്‍ച്ചയായും അല്ലാഹു ഏറെ മാപ്പുനൽകുന്നവനും പൊറുക്കുന്നവനുമാണ്.”

ക്രമേണയായി ഒരു ജനതയെ സംസ്കരിക്കുന്നതിന്റെ മനോഹരമായ ചിത്രമാണിത് ! ആദ്യം മദ്യത്തിന്റെ ഉപദ്രവം പറഞ്ഞു. കുറച്ചാളുകൾ അപ്പോൾത്തന്നെ മദ്യം ഉപേക്ഷിച്ചു തുടങ്ങി. പിന്നീട് നിസ്ക്കാര സമയത്ത് ലഹരിയിലാവരുത് എന്ന് കല്പിച്ചപ്പോൾ അഞ്ച് നേരത്തെ ആരാധനയുടെ സമയം ലഹരിമുക്തമാകാൻ അവർ ശ്രദ്ധിച്ചു. അപ്പോൾ രാത്രിയിലെ കുറഞ്ഞ സമയവും പ്രഭാതത്തിനും മധ്യാഹ്നത്തിനുമിടയിൽ കുറഞ്ഞ സമയം മാത്രമായി. പക്ഷേ, ഈ സൂക്തം അവതരിച്ചപ്പോഴും ഉമർ(റ)ന് പൂർണ ആശ്വാസമായില്ല. പഴയ പ്രാർഥന ആവർത്തിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

.

Mahabba Campaign Part-343/365

മദ്യനയത്തിൽ അല്ലാഹുവിൽ നിന്നുള്ള വിധിവിലക്കുകളുടെ തുടർച്ച കാത്തിരിക്കുമ്പോഴാണ് സമ്പൂർണ നിരോധനം ഉണ്ടാവുന്നത്. ഉഹ്ദ് യുദ്ധം കഴിഞ്ഞ തിന്റെയുടനെയായിരുന്നു ഈ പ്രഖ്യാപനം. ഇവ്വിഷയികമായി വിശുദ്ധ ഖുർആൻ അഞ്ചാമധ്യായം അൽമാഇദയിലെ തൊണ്ണൂറ് മുതൽ തൊണ്ണൂറ്റി മൂന്ന് വരെയുള്ള സൂക്തങ്ങൾ അവതരിച്ചു. ആശയം ഇപ്രകാരം വായിക്കാം.

“വിശ്വസിച്ചവരേ, മദ്യവും ചൂതും പ്രതിഷ്ഠകളും ഭാഗ്യപരീക്ഷണത്തിനുള്ള അമ്പുകളും പൈശാചികവൃത്തികളില്‍പ്പെട്ട മാലിന്യങ്ങളാണ്. അതിനാല്‍ നിങ്ങള്‍ അവയൊക്കെ ഒഴിവാക്കുക. നിങ്ങള്‍ വിജയിച്ചേക്കാം. മദ്യത്തിലൂടെയും ചൂതാട്ടത്തിലൂടെയും നിങ്ങള്‍ക്കിടയില്‍ വെറുപ്പും വിദ്വേഷവും വളര്‍ത്താനും, അല്ലാഹുവിനെ ഓര്‍ക്കുന്നതില്‍ നിന്നും നിസ്ക്കാരത്തില്‍ നിന്നും നിങ്ങളെ തടയാനുമാണ് പിശാച് ആഗ്രഹിക്കുന്നത്. അതിനാല്‍ നിങ്ങള്‍ ആ തിന്മകളില്‍ നിന്ന് വിരമിക്കാനൊരുക്കമുണ്ടോ? അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. ജാഗ്രത പുലര്‍ത്തുകയും ചെയ്യുക. അഥവാ, നിങ്ങള്‍ പിന്തിരിയുകയാണെങ്കില്‍ അറിയുക: നമ്മുടെ ദൂതന്റെ കടമ ദിവ്യസന്ദേശം വ്യക്തമായി എത്തിച്ചുതരല്‍ മാത്രമാണ്.”

‘ഖമറ’ എന്ന പദത്തിൽ നിന്നുള്ള ‘ഖംറ്’ എന്ന വാക്കാണ് മദ്യത്തെക്കുറിച്ചു ഖുർആൻ പ്രയോഗിച്ചത്. ഇത് കേവലം അക്കാലത്തെ കള്ളിനെയോ മദ്യത്തെയോ മാത്രം ഉൾക്കൊള്ളുന്നതല്ല. മറിച്ച് ബുദ്ധിയെ ഭ്രമിപ്പിക്കുകയും വിവേകത്തിന് മറയിടുകയും ചെയ്യുന്ന ഏതിനെയും ഉൾക്കൊള്ളാൻ മാത്രം വ്യാപ്തിയുള്ള പദമാണ്. “എല്ലാ തിന്മകളുടെയും താക്കോലാണ് എന്നാണ് പ്രവാചക വചനം വിശേഷിപ്പിച്ചത്. ഈ പ്രയോഗം എത്രമേൽ കൃത്യമാണെന്ന് സമകാലിക സംഭവങ്ങൾ നമ്മെ ബോധ്യപ്പെടുത്തുന്നു. ഓരോ വർഷവും മുപ്പതു ലക്ഷം ആളുകൾ ലഹരി കാരണമായി മരണപ്പെടുന്നു എന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. ഇത് ലോകത്തെ മൊത്തം മരണ നിരക്കിന്റെ 5.3 ശതമാനമാണ്. ലോക ജനതയിൽ സംഭവിക്കുന്ന രോഗങ്ങളുടെയും അപകടങ്ങളുടെയും കണക . ലഹരി കാരണമായിട്ടാണ്.

മേൽ സൂക്തം അവതരിച്ചയുടനെ പതിവുപോലെ നബിﷺ ഉമറി(റ)നെ വിളിച്ചു. സൂക്തങ്ങൾ കേൾപ്പിച്ചു കൊടുത്തു. “ഫ ഹൽ അൻതും മുൻതഹൂൻ?” അഥവാ നിങ്ങൾ ആ തിന്മകളിൽ നിന്ന് വിരമിക്കാനൊരുക്കമാണോ? എന്ന ഭാഗം എത്തിയപ്പോൾ ഉമർ (റ) പറഞ്ഞു. ” ഇതാ ഞങ്ങൾ വിരമിച്ചിരിക്കുന്നു.! “ഇൻതഹയ്നാ…”

ഈ വിവരണത്തിന് സാക്ഷിയായ ഒരു ജൂതൻ മദീനയുടെ തെരുവിലേക്കോടി. “ഇതാ മദ്യം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു. മദ്യം നിരോധിച്ചിരിക്കുന്നു”. കേൾക്കേണ്ട താമസം ഷാപ്പുകളിൽ നിന്ന് മദ്യത്തിന്റെ ശേഖരങ്ങൾ തട്ടി മറിച്ചു. പാനം ചെയ്തുകൊണ്ടിരുന്നവർ കോപ്പകൾ വലിച്ചെറിഞ്ഞു. മദ്യത്തിന്റെ ഒരു പുഴ തന്നെ മദീനയിലൂടെയൊഴുകി. സാക്ഷാൽ സമ്പൂർണമായ മദ്യനിരോധനം മദ്യവർജനമായി പരിണമിച്ചു. നിയമപാലകരോ സൈനിക ഇടപെടലോ ഒന്നും വേണ്ടി വന്നില്ല. ലോകചരിത്രത്തിൽത്തന്നെ ഇത്തരമൊരു മാറ്റം ലളിതവും നിശ്ശബ്ദവുമായി സാധിച്ചെടുത്ത ഉദാഹരണം വേറെയുണ്ടാവില്ല.

അനസ് ബിൻ മാലികി(റ)ൽ നിന്ന് ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്ന നിവേദനത്തിൽ ഇങ്ങനെ കാണാം. അദ്ദേഹം പറയുന്നു. “ഞങ്ങളക്കാലത്ത് ഈത്തപ്പഴത്തിൽ നിന്ന് ഉദ്പാദിപ്പിക്കുന്ന ഒരു തരം കള്ളുണ്ടായിരുന്നു. അത് ഏറ്റവും മുന്തിയ ഇനത്തിലുള്ള കളളായിരുന്നു. അത് ഞാൻ മറ്റൊരാൾക്ക് ഒഴിച്ചുകൊടുക്കുമ്പോഴാണ് ഒരു ദൂതൻ വന്ന് കളള് നിഷിദ്ധമാക്കിയ വിവരം അറിയിച്ചത്. ഉടനെത്തന്നെ ശേഖരിച്ചു വച്ചിരുന്ന മുഴുവൻ മദ്യവും കമഴ്ത്തിക്കളഞ്ഞു. അല്ലാതെ, അതിൻ്റെ വിശദാംശങ്ങൾ തേടാനോ ഇളവന്വേഷിച്ചു പോകാനോ ഉപായത്തിൽ സംരക്ഷിക്കാനോ ഒന്നും ഞങ്ങൾ ചിന്തിച്ചതേയില്ല “.

1920 കളിൽ അമേരിക്കയിൽ മദ്യനിരോധന നിയമം വന്നു. 1933 വരെ നിയമമായി നിലനിന്നു. അതിനിടയിൽ കുറ്റകൃത്യങ്ങൾ ക്രമാതീതമായി വർധിച്ചു. അനധികൃത മദ്യ വില്പപന അധികരിച്ചു. ഈ നിരോധനത്തിന്റെ പ്രതികൂല ഫലം കാരണമാണ് പതിമൂന്നു വർഷത്തിന് ശേഷം നിയമം പിൻവലിച്ചത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-344/365

ഇനി നമുക്ക് മദീനയിലെ രാഷ്ട്രീയത്തിലേക്ക് വരാം. ബദ്റിന് ശേഷം ശത്രുക്കൾ മാളത്തിലൊളിച്ചിരുന്നു. ഉഹ്ദിൽ മുസ്‌ലിംകൾക്ക് ഏറെ പരുക്കുകൾ പറ്റിയെന്നറിഞ്ഞപ്പോൾ അവരിൽച്ചിലർ പൊത്തു വിട്ട് പുറത്തു വരാൻ തുടങ്ങി. കൂട്ടത്തിൽ ആദ്യമായി ഒരുങ്ങിയത് ബനുൽ അസദ് ഗോത്രമായിരുന്നു. അവരുടെ ഗോത്രത്തലവനായ ത്വുലൈഹ ബിൻ ഖുവൈലിദ് അൽ അസദിയുടെ നേതൃത്വത്തിൽ മദീനയെ ആക്രമിക്കാൻ തയ്യാറെടുക്കുന്ന വിവരം നബിﷺ അറിഞ്ഞു. ത്വുലൈഹ ഒരു വിചിത്ര വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.

മദീനയിലേക്ക് അവരെത്തുന്നതിന് മുമ്പ് അങ്ങോട്ട് ചെന്ന് പ്രതിരോധിക്കലാണ് ഉചിതമെന്ന് നബിﷺ നിരീക്ഷിച്ചു. തദടിസ്ഥാനത്തിൽ അബൂസലമ: (റ) യുടെ നേതൃത്വത്തിൽ ഒരു ചെറിയ സംഘത്തെ നബിﷺ അങ്ങോട്ട് നിയോഗിച്ചു. നബിﷺയുമായി മുലകുടി ബന്ധത്തിൽ സഹോദരനും അടുത്ത കുടുംബക്കാരനുമാണ് അബൂസലമ: (റ). വിശ്വാസികളുടെ ഉമ്മയായ ഉമ്മു സലമ (റ)യുടെ ഭർത്താവായിരുന്നു അബൂസലമ: (റ). ആദ്യകാലത്ത് തന്നെ ഇസ്‌ലാം സ്വീകരിക്കുകയും അബ്സീനിയയിലേക്കുള്ള പലായനത്തിൽ പങ്കെടുക്കുകയും ചെയ്ത സ്വഹാബിയായിരുന്നു അദ്ദേഹം. അവിടെ വച്ച് ജനിച്ച സലമ: യോട് ചേർത്താണ് പിതാവ് അബൂസലമയും മാതാവ് ഉമ്മുസലമയുമായത്. അബ്ദുല്ലാഹിബിന് അബ്ദുൽ അസദെന്നായിരുന്നു അദ്ദേഹത്തിന്റെ ശരിയായ പേര്.

മക്കയിലെ പ്രസിദ്ധ ഗോത്രമായ ബനൂ മഖ്സൂമുകാരിയായിരുന്നു ഉമ്മുസലമ:(റ). മഹതിയും ഭർത്താവും കുഞ്ഞും കൂടി പലായനം ചെയ്ത രംഗം വളരെ വൈകാരികമായിരുന്നു. പാലായന മധ്യേ, ഗോത്രക്കാർ ഇടപെട്ടു. അവർ അബൂസലമ(റ)യോട് പറഞ്ഞു : “നിങ്ങൾക്ക് വേണമെങ്കിൽ പോകാം; ഇവളെയും കുഞ്ഞിനെയും കൊണ്ടുപോകാൻ പാടില്ല. ഇവൾ ഞങ്ങളുടെ ഗോത്രക്കാരിയാണ് “.
അദ്ദേഹത്തിന് ഗത്യന്തരമില്ലാതെയായി. അദ്ദേഹത്തിന് ഒറ്റയ്ക്ക് മുന്നോട്ട് നീങ്ങേണ്ടി വന്നു. കുഞ്ഞിനെയും ചേർത്ത് പിടിച്ച് നിൽക്കുമ്പോൾ അസദ് ഗോത്രക്കാർ ഇടപെട്ടു. അവർ പറഞ്ഞു : “കുഞ്ഞിനെത്തടയാൻ നിങ്ങൾക്കെന്താണ് അവകാശം? കുഞ്ഞ് വാപ്പയുടെ ഗോത്രത്തിലേതാണ് “. ഒടുവിൽ ഉമ്മുസലമ(റ)യുടെ കൈയിൽ നിന്ന് കുഞ്ഞിനെ അവർ പിടിച്ചു വാങ്ങി. ഭർത്താവിനെയും കുഞ്ഞിനെയും നഷ്ടപ്പെട്ട ഉമ്മുസലമ (റ) കണ്ണീരിലായി. പിന്നീട് ഗോത്രക്കാർത്തന്നെ ഇടപെട്ട് കുഞ്ഞിനെ മാതാവിന് തന്നെ ഏൽപ്പിച്ചു കൊടുത്തു. ഒട്ടും വൈകാതെ ഉമ്മുസലമ (റ) കുഞ്ഞിനെയും കൂട്ടി തക്കം നോക്കി മറ്റാരും കൂട്ടിനില്ലാതെ മദീനയിലേക്ക് നടന്നു. തൻഈമിൽ എത്തിയപ്പോൾ ഉസ്മാൻ ബിൻത്വൽഹ: (റ)യെ കണ്ടുമുട്ടി. അദ്ദേഹം ചോദിച്ചു : “എങ്ങോട്ടാണീ പോക്ക്?”
“മദീനയിലേക്ക് “. “ഒറ്റയ്ക്കൊരു സ്ത്രീ മദീനവരെ പോവുകയോ? ഞാൻ നിങ്ങളെ അവിടെയെത്തിച്ചു തരാം “. അദ്ദേഹം അകമ്പടി സേവിച്ചു. ഉസ്മാൻ ബിനുത്വൽഹ: അക്കാലത്ത് ഒരു വിശ്വാസി ആയിരുന്നില്ലെങ്കിലും അദ്ദേഹം പുലർത്തിയ സൂക്ഷ്മതയും വ്യക്തിശുദ്ധിയും ഉമ്മുസലമ (റ) എടുത്ത് പറഞ്ഞത് നാം നേരത്തേ വായിച്ചുപോയിട്ടുണ്ട്.
മദീനയിലെത്തിയ ഉമ്മുസലമ (റ) ഭർത്താവിനൊപ്പം സന്തോഷപൂർണമായ കുടുംബജീവിതം നയിച്ചു. അവർക്ക് സലമയെക്കൂടാതെ മൂന്ന് സന്താനങ്ങൾക്കൂടി ജനിച്ചു. അബൂസലമ: (റ) ബദ്റിലും ഉഹ്ദിലും ധീരമായ സാന്നിധ്യമറിയിച്ചു. ഉഹ്ദിൽ വച്ച് മാരകമായ മുറിവ് പറ്റി. ഉമ്മുസലമ: (റ) ഭർത്താവിനെ നന്നായി പരിചരിച്ചു. അങ്ങനെ ആരോഗ്യ പൂർണമായ തിരിച്ചുവരവിന് ശേഷമാണ് ഹിജ്റ നാലാം വർഷം ഇത്തരമൊരു ദൗത്യവുമായി അബൂസലമ: (റ) നിയോഗിക്കപ്പെടുന്നത്. നൂറ്റിയൻപത് പേരടങ്ങുന്ന ഒരു സംഘത്തെ നയിച്ചു കൊണ്ടാണ് അബൂസലമ: (റ) യാത്രതിരിച്ചത്. പ്രമുഖരായ പലരും സംഘത്തിലുണ്ടായിരുന്നു. സഅ്ദ് ബിൻ അബീ വഖ്ഖാസ് (റ), അബൂ ഉബൈദ: (റ) തുടങ്ങി സ്വർഗം കൊണ്ട് സുവിശേഷം ലഭിച്ചവർ വരെ ആ ടീമിലെ അംഗങ്ങളായിരുന്നു.

അസദ് ഗോത്രത്തിലേക്ക് അപ്രതീക്ഷിതമായി എത്തിച്ചേർന്ന സംഘത്തെക്കണ്ട് ഗോത്രവാസികൾ ഭയന്നോടി. വിജയകരമായ ഇടപെടലിനുശേഷം മടങ്ങിയെത്തിയപ്പോൾ അബൂസലമ: (റ)യുടെ പഴയമുറിവ് വീണ്ടും പഴുത്തു. രോഗബാധിതനായി. രോഗം മൂർഛിച്ചു. ഈ ദിവസങ്ങളിൽ ഉമ്മുസലമ: (റ)യോട് മഹാനവർകൾ നടത്തിയ ഒരു സംഭാഷണശകലം ഇങ്ങനെയാണ് : “ഞാൻ നബി(സ)യിൽ നിന്ന് കേട്ടിട്ടുണ്ട്. നിങ്ങൾക്കെന്തെങ്കിലും ഒരു വിപത്ത് സംഭവിച്ചാൽ ‘അല്ലാഹുമ്മ അജ്ർനീ ഫീ മുസ്വീബതീ വഖ്ലുഫ് നീ ഖൈറൻ മിൻഹാ’ എന്ന് പറയണം. ‘എനിക്ക് ഭവിച്ച ഈ വിപത്തിൽ എനിക്ക് നീ പ്രതിഫലം നൽകേണമേ! മെച്ചപ്പെട്ടത് എനിക്ക് നീ നൽകേണമേ’ ഇതായിരുന്നു പ്രാർഥനയുടെ ആശയം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-345/365

അബൂസലമ: (റ) ഉമ്മുസലമ: (റ)യോട് പറഞ്ഞു : “ഞാനിപ്പോൾ പറഞ്ഞ പ്രാർഥന ഒരു വിപത്ത് വന്നാലുടനെ നീ പ്രാർഥിക്കുക. എന്നാൽ, നിലവിലുള്ളതിനെക്കാൾ വലിയ അനുഗ്രഹം നിങ്ങൾക്ക് ലഭിക്കും “. ആ പ്രാർഥന മഹതി കേട്ട് മനസ്സിലാക്കിവച്ചു. എന്താണ് സംഭവിക്കുകയെന്നോ എന്തിനാണിപ്പോൾ ഇത് പഠിപ്പിച്ചതെന്നോ പ്രത്യേകിച്ച് ധാരണയൊന്നും ഉണ്ടായിരുന്നില്ല.

നാളുകൾ നടന്നു നീങ്ങി. നാൾക്കുനാൾ അവർ തമ്മിലുള്ള സ്നേഹം അധികരിച്ചു കൊണ്ടേയിരുന്നു. അവർ തമ്മിലുള്ള പൊരുത്തം നാട്ടുകാർക്കിടയിൽത്തന്നെ പ്രസിദ്ധമായിരുന്നു. അങ്ങനെയിരിക്കെ, ഒരു ദിവസം ഭാര്യ ഭർത്താവിനോട് ഇങ്ങനെ പറഞ്ഞു : “ഒരു ഭാര്യ മരണപ്പെട്ടതിന് ശേഷം ഭർത്താവ് മറ്റൊരു വിവാഹം കഴിക്കാതിരുന്നാൽ അവരിരുവരും സ്വർഗത്തിൽ ഇണകളായി സംഗമിക്കും എന്ന് ഞാൻ കേട്ടിട്ടുണ്ടല്ലോ! അത് പോലെ ഒരു ഭർത്താവ് മരണപ്പെട്ട ശേഷം ഭാര്യ മറ്റൊരു വിവാഹം കഴിക്കാതിരുന്നാലും ഇപ്രകാരം സ്വർഗത്തിൽ സംഗമിക്കുമെന്നുണ്ടല്ലോ? അങ്ങനെയെങ്കിൽ നമ്മളിൽ ആര് ആദ്യം മരണപ്പെട്ടാലും ശേഷിക്കുന്നയാൾ മറ്റൊരു വിവാഹം കഴിക്കില്ല എന്ന് നാമൊരു ശപഥം ചെയ്താലോ?”

ഭർത്താവ് രോഗശയ്യയിൽ കിടക്കുമ്പോൾ ഭാര്യയുടെ ഈ വർത്തമാനത്തിന് പ്രത്യേകമായ ഒരു മാനമുണ്ട്. നിങ്ങളൊരു പക്ഷേ, വിട്ടു പിരിഞ്ഞാലും എനിക്ക് മറ്റൊരാളെ സ്വീകരിച്ച് ജീവിക്കാനാവില്ല. നമ്മൾത്തമ്മിലുള്ള മധുരസ്മരണയിൽ ഞാൻ ജീവിച്ചു കൊള്ളും എന്നാണത്. ഇത് അവർ തമ്മിലുള്ള ഗാഢമായ സ്നേഹത്തിന്റെ പ്രകാശനം കൂടിയാണ്. ഉടനെ അബൂസലമ: (റ) ഒന്നു പുഞ്ചിരിച്ചു. എന്നിട്ട് ചോദിച്ചു; “ഞാനൊരു കാര്യം പറഞ്ഞാൽ നീ സ്വീകരിക്കുമോ?”
മഹതി ചോദിച്ചു; “അതെന്താ സ്വീകരിക്കാതിരിക്കാൻ ? ഇത്രയും കാലം നാം അങ്ങനെത്തന്നെയല്ലേ?” അബൂസലമ: (റ) തുടർന്നു. “ഞാൻ മരണപ്പെട്ടാൽ നീയും മക്കളും തനിച്ച് ജീവിക്കരുത്. വൈകാതെത്തന്നെ മറ്റൊരാളെ സ്വീകരിക്കണം. എന്നിട്ട്, അവിടുന്ന് തന്നെ പ്രാർഥിച്ചു. എനിക്ക് ശേഷം ഉമ്മുസലമ: (റ)യ്ക്ക് എന്നെക്കാൾ നല്ലയൊരാളെ നൽകേണമേ! ഒരു നിലയ്ക്കും അവളെ പ്രയാസപ്പെടുത്താത്ത പകരക്കാരനെ നിശ്ചയിക്കേണമേ!”

പിന്നീട്, അധിക നാളുകൾ കഴിഞ്ഞില്ല. അദ്ദേഹത്തിന്റെ രോഗം അധികരിച്ചു. സന്ദർശിക്കാൻ നബി ﷺ വീട്ടിലേക്ക് വന്നു. രോഗിയുടെ അടുത്ത് വന്നിരുന്നു. ആശ്വാസ വാചകങ്ങൾ പറഞ്ഞു. ശരീരം തലോടി. സത്യസാക്ഷ്യ വാചകം ‘ലാ ഇലാഹ ഇല്ലല്ലാഹ്’ ഒരിക്കൽക്കൂടി ഉണർത്തിക്കൊടുത്തു. ഒരാളുടെ അന്ത്യനിമിഷങ്ങൾക്ക് പ്രവാചക അനുചരന്മാരടക്കം സാക്ഷിയായി. അബൂസലമ: (റ) അന്ത്യശ്വാസം വലിച്ചു. ഈ ലോകത്തോട് വിട പറഞ്ഞു. അദ്ദേഹത്തിന്റെ കണ്ണുകൾ തുറന്നിരുന്നു. നബിﷺയുടെ തിരുകരങ്ങൾക്കൊണ്ട് അവയടച്ചു കൊടുത്തു. അവിടുന്ന് പറഞ്ഞു : “ഒരാളിൽ നിന്ന് ആത്മാവ് പിടിക്കപ്പെട്ടാൽ കണ്ണുകളതിനെ പിൻതുടരും “. മരണപ്പെട്ടയാൾക്ക് കണ്ണടച്ചു കൊടുക്കാനുള്ള ചര്യ ഈയവസരത്തിൽ നബിﷺ നടപ്പിലാക്കിക്കാണിച്ചു തരുകയായിരുന്നു.

മരണം സ്ഥിരീകരിച്ചതോടെ അകത്തളത്തിൽ നിന്ന് തേങ്ങലുകളുയർന്നു. നബിﷺ പറഞ്ഞു. “നിങ്ങൾ നിങ്ങൾക്ക് വേണ്ടി നാശപ്രാർഥന നടത്തരുത്. നന്മയ്ക്കായി മാത്രം പ്രാർഥിക്കുക. നിങ്ങളുടെ പ്രാർഥനകൾക്ക് മലക്കുകൾ ആമീൻ ചൊല്ലുന്നുണ്ട്. അഥവാ പ്രാർഥന സ്വീകരിക്കേണമേ എന്ന് പ്രാർത ഥിക്കുന്നുണ്ട് “.

മുത്തുനബിﷺ തന്നെ അവിടുത്തെ തിരുകരങ്ങൾ ക്കൊണ്ട് കുളിപ്പിച്ചു. ജനാസ നിസ്ക്കാരത്തിന് നേതൃത്വം നൽകി. അകാര്യം പ്രബലമല്ലാത്ത നിവേദനങ്ങളിൽ ഇങ്ങനെ കൂടിയുണ്ട്. ആ നിസ്ക്കാരത്തിൽ പതിവിൽ നിന്ന് വ്യത്യസ്തമായി ഒൻപത് പ്രാവശ്യം തക്ബീർച്ചൊല്ലി. ഒരു പക്ഷേ, നബിﷺ മറന്നതായിരിക്കുമോ എന്ന് കരുതി ശിഷ്യന്മാർ നബിﷺയോട് കാര്യമന്വേഷിച്ചു. അപ്പോഴവിടുന്ന് പറഞ്ഞു. “ആയിരം തക്ബീറുകൾ ചൊല്ലിനിസ്ക്കരിച്ചാലും അബൂസലമ: (റ)യ്ക്ക് അത് അധികമാകില്ല. അദ്ദേഹത്തിന്റെ മഹത്വം എടുത്ത് കാണിക്കാനുള്ള സവിശേഷമായ ഒരു പ്രതികരണമായിരുന്നു അത്. ഖബറടക്കത്തിനും നബിﷺ തന്നെ നേതൃത്വം നൽകി. ശേഷം അദ്ദേഹത്തിന് വേണ്ടി നബിﷺ പ്രത്യേകം അനുഗ്രഹ പ്രാർഥന നടത്തി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-346/365

നബിﷺ പ്രാർഥിച്ച വാചകങ്ങളുടെ ആശയം ഇപ്രകാരം വായിക്കാം: “അല്ലാഹുവേ, അബൂസലമയ്ക്ക് നീ അനുഗ്രഹം ചൊരിയേണമേ! അദ്ദേഹത്തിന്റെ പദവികൾ ഉയർത്തേണമേ. പൊറുത്തു കൊടുക്കുകയും ഖബറിൽ പ്രകാശം ചൊരിക്കുകയും ചെയ്യേണമേ. അദ്ദേഹത്തെ നീ സൻമാർഗികളിൽപ്പെടുത്തേണമേ. അദ്ദേഹത്തിന്റെ ശേഷമുള്ളവർക്ക് നഷ്ടപ്പെട്ടതിന് നല്ലത് പകരം നീ നൽകേണമേ! ഞങ്ങൾക്കും അദ്ദേഹത്തിനും നീ പൊറുക്കേണമേ. അദ്ദേഹത്തിന്റെ ഖബർ നീ വിശാലമാക്കേണമേ.”

എത്ര വല്യ സൗഭാഗ്യമാണ് അബൂസലമ:(റ)യ്ക്ക് ലഭിച്ചത് ! ആസന്നഘട്ടത്തിലും മരണാനന്തര കർമങ്ങളിലും മുത്ത്നബിﷺയുടെ സാന്നിധ്യവും നേതൃത്വവും ! അവിടുത്തെ മനം നിറഞ്ഞ പ്രാർത്ഥന ! പരലോക ജീവിതത്തിലേക്കുള്ള വിജയാശംസകൾ !

പരേതനു വേണ്ടിയുള്ള പ്രാർഥനയും അദ്ദേഹത്തിന്റെ മേലുള്ള നിസ്ക്കാരവും മരണപ്പെട്ടയാളുടെ മോക്ഷത്തിനുവേണ്ടിച്ചെയ്യുന്ന കർമങ്ങളാണ്. മരണപ്പെട്ടയാൾക്ക് ജീവിച്ചിരിക്കുന്ന വിശ്വാസികളായ സഹോദരങ്ങളിൽ നിന്ന് ലഭിക്കുന്ന ഉപകാരങ്ങളാണ്. മരണപ്പെട്ടവർക്ക് അവർ ചെയ്ത കർമഫലം മാത്രമേയുള്ളൂ എന്ന് പറഞ്ഞുകൂടാ. അതാണ് മുഖ്യമായി ലഭിക്കാനുള്ളത് എന്നാണതിന്റെ ആശയം. മരണപ്പെട്ടവർക്ക് വേണ്ടി ജീവിച്ചിരിക്കുന്നവർ നടത്തുന്ന പ്രാർഥനയുടെ ഫലമായി പരേതന് ഗുണങ്ങൾ കിട്ടും. ഖുർആൻ അത്തരം പ്രാർഥനകൾത്തന്നെ പഠിപ്പിച്ചിട്ടുണ്ട്. അവരുടെ മേൽ നിസ്ക്കരിക്കുന്നത് ഒരർഥത്തിൽ വിശ്വാസികൾ അല്ലാഹുവിനോട് പരേതനു വേണ്ടി സമർപ്പിക്കുന്ന ശുപാർശയാണ് കൂടുതൽ വിശ്വാസികൾ നിസ്ക്കരിക്കുന്നത്, ജീവിതത്തിൽ നന്മകളും മഹത്വങ്ങളും ഉള്ളവർ നിസ്ക്കരിക്കുന്നതും പ്രാർഥിക്കുന്നതും അല്ലാഹുവിൽ നിന്ന് കൂടുതൽ അനുഗ്രഹങ്ങൾ ലഭിക്കാൻ നിമിത്തമാകുന്നു. നബിﷺയുടെ പ്രാർഥനയും നിസ്ക്കാരവും ലഭിച്ചവർ സൃഷ്ടി ജാലങ്ങളിൽ ഏറ്റവും ഉത്തമരായ വ്യക്തിത്വത്തിന്റെ ശുപാർശ നേടിയവരാണ്. അല്ലാഹു സ്വീകരിക്കാൻ ഏറ്റവും പ്രതീക്ഷയുള്ള പ്രാർഥന ലഭിച്ചവരാണ്.

മരണപ്പെട്ടുപോയവരുടെ ഖബറിനരികെ നിന്നുള്ള പ്രാർഥനയും നബിﷺ കാണിച്ചു തന്നു. ഇതൊന്നും കേവലമായ ആചാരോപചാരങ്ങളല്ല. മറിച്ച്, നമ്മെ വിട്ടു പിരിഞ്ഞവർക്ക് നമുക്ക് ചെയ്തു കൊടുക്കാവുന്ന ഉപകാരങ്ങളാണ്. മരണപ്പെട്ടവർ അവരായി, അവരുടെ ഖബറായി, അവരുടെ ലോകമായി എന്നുപേക്ഷിച്ചു പോവാതെ അവർക്കുവേണ്ടി ചിലത് ചെയ്യാനുണ്ട് എന്നു കൂടിയാണ് നബിﷺയുടെ സമീപനം നമ്മെ പഠിപ്പിക്കുന്നത്.

ഉമ്മുസലമ(റ)യിലേക്ക് തന്നെ വരാം. ഭർത്താവിന്റെ വിയോഗ ദുഃഖത്തിൽ മഹതി അവർകൾ അദ്ദേഹത്തിന്റെ വസ്വിയ്യത്തുകൾ ഓർത്തു. അദ്ദേഹം പഠിപ്പിച്ച പ്രാർഥന ആവർത്തിച്ചുകൊണ്ടിരുന്നു. “എനിക്കു വന്ന ദുഃഖത്തിൽ എനിക്ക് പ്രതിഫലം നൽകേണമേ. ഉത്തമമായത് പകരം നീ പ്രദാനം ചെയ്യേണമേ “. മഹതി പറയുകയാണ് പ്രാർഥനയുടെ രണ്ടാം ഭാഗം ഉരുവിടുമ്പോൾ ഞാനാലോചിക്കും എന്റെ ഭർത്താവിനെക്കാൾ മെച്ചപ്പെട്ടത് എന്താണ് എനിക്ക് ലഭിക്കാനുള്ളത് ? ഏതായാലും പരിചയമില്ലാത്ത ഒരു നാട്ടിൽ ഞാൻ തനിച്ചായി. എനിക്ക് താങ്ങാനാവാത്ത ദുഃഖത്താൽ ഞാൻ കരഞ്ഞുകൊണ്ടേയിരുന്നു. ദുഃഖം കരഞ്ഞു തീർക്കാൻ തന്നെ തീരുമാനിച്ചു എന്ന് പറയാവുന്ന വിധം ഞാൻ കരച്ചിലിലായി. ‘അയ്യിമുൽ അറബ് ‘ അഥവാ അറബികളുടെ വിധവ എന്നറിയപ്പെടുന്ന വിധം അവരുടെ ദുഃഖം നാട്ടുകാരൊന്നാകെ തിരിച്ചറിഞ്ഞു. അത്തരമൊരു സാഹചര്യത്തിൽ നബിﷺ അവരെ ഉപദേശിച്ചു. ഇങ്ങനെ കരഞ്ഞ് പിശാചിനെ നിങ്ങൾ വിളിച്ചു വരുത്തരുത്. അഥവാ, ആത്മീയമായ തിരിച്ചറിവും വിട്ട് നിങ്ങളൊരിക്കലും പൈശാചിക വിചാരത്തിലേക്ക് പോകരുതെന്നായിരുന്നു അതിൻ്റെ തത്വം.

മദീനയിലെ അന്നത്തെ സാമൂഹിക ചുറ്റുപാടിൽ പ്രത്യേകിച്ചും വിധവകൾ ഏറെ നാൾ വൈധവ്യത്തിൽ കഴിയേണ്ടി വരാറില്ല. മറ്റുള്ളവർ അവരെ ഏറ്റെടുത്ത് പുതുജീവിതം നൽകും.
അത് കൊണ്ട് തന്നെ ദീക്ഷാ കാലം കഴിഞ്ഞതും പ്രമുഖരായ പലരും മഹതിയോട് വിവാഹാലോചനയുമായെത്തി. ഉന്നതമായ മഖ്സൂം ഗോത്രക്കാരിയായതിനാൽ പ്രസ്തുത ഗോത്രവുമായി ഒരു ബന്ധമുണ്ടാക്കാൻ താത്പ്പര്യപ്പെട്ടവരും ആലോചനയുമായെത്തി. പക്ഷേ, മഹതി ഒന്നും സ്വീകരിക്കാൻ തയ്യാറായില്ല. അബൂബക്കർ (റ), ഉമർ (റ) എന്നിവരും മുന്നോട്ടു വന്നു. അബൂസലമ(റ)യ്ക്ക് ആരും തുല്യരാവില്ല എന്ന വിധം അത്യധികം ഭർത്താവിന്റെ മഹത്വം വാഴ്ത്തുകയും ഇണയും തുണയുമായി വസിക്കുകയും ചെയ്ത ഉമ്മുസലമ:(റ) ആ ആലോചനകൾക്കൊന്നും സമ്മതം മൂളിയില്ല. അങ്ങനെയിരിക്കെയാണ് നബിﷺയുടെ വിവാഹാന്വേഷണം വരുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-347/365

നബിﷺയിൽ നിന്ന് വിവാഹാന്വേഷണം വന്നപ്പോൾ മഹതിക്ക് അഭിമാനവും സന്തോഷവും തോന്നി. പക്ഷേ, ഒറ്റയടിക്കങ്ങ് സമ്മതം മൂളാൻ കഴിഞ്ഞില്ല. മഹതിയുടെ തിരിച്ചറിവും കാര്യബോധവുമായിരുന്നു അത്. അവിടുന്ന് നബിﷺയുടെ അടുത്തേക്ക് ആളെയയച്ചു പറഞ്ഞു. “എനിക്ക് മൂന്നു കാര്യങ്ങൾ ബോധിപ്പിക്കാനുണ്ട്. അതിന് ശേഷമേ എനിക്ക് തീർപ്പ് പറയാനാവൂ. ഒന്ന്, എന്നിൽ നിന്ന് അവിടുത്തേക്ക് അനിഷ്ടമായതു വല്ലതും വന്നേക്കുമോ എന്ന് ഞാൻ ഭയപ്പെടുന്നു. കാരണം, ഞാനൽപ്പം വേഗം വിക്ഷുബ്ധത വരുന്ന ആളാണ്. രണ്ട്, ഞാനൽപ്പം പ്രായമുള്ളവളാണ്. മൂന്ന്, എനിക്ക് നാല് കുട്ടികളുണ്ട് അവരുടെ കാര്യം “. ഈ മൂന്നു വിഷയങ്ങളും നബിﷺ ശ്രദ്ധാപൂർവം കേട്ടു. എന്നിട്ട് പറഞ്ഞു. “ഒന്നാമത്തെ കാര്യം. അത് പരിഹരിക്കാൻ വേണ്ടി ഞാൻ അല്ലാഹുവിനോട് പ്രാർഥിക്കാം. രണ്ടാമത്തേത് പ്രായം. അതെനിക്കും ബാധകമാണ്. മൂന്നാമത്തേത് മക്കൾ. അവർ എന്റെ മക്കളെപ്പോലെ തന്നെയാണല്ലോ?” ഉമ്മുസലമ(റ)യ്ക്ക് ഏറെ സന്തോഷമായി. മൂന്നു കാര്യങ്ങളും പരിഗണിക്കപ്പെട്ടതിൽ ആശ്വാസവുമായി. അബൂസലമ(റ)യേക്കാൾ മെച്ചപ്പെട്ടത് എന്തായിരിക്കും ആരായിരിക്കും എന്നതിനുത്തരം ലഭിച്ചു കഴിഞ്ഞു. ലോകത്ത് ലഭിക്കാവുന്നതിൽ ഏറ്റവും ഉത്തമമായ സാന്നിധ്യം ലഭിക്കാൻ പോവുകയാണ്.

ഉമ്മുസലമ(റ) പഴയ ഹിന്ദിലേക്ക് മടങ്ങിയെത്തി. അഥവാ അവരുടെ യഥാർഥ പേര് ഹിന്ദ് ബിൻത് അബൂ ഉമയ്യ എന്നാണ്. ഹിജ്റ നാലാം വർഷത്തിന്റെ ആരംഭത്തിലാണ് മഹതി നബിﷺയുമായുള്ള പുതു ജീവിതത്തിലേക്ക് കടക്കുന്നത്.

നബിﷺയുടെ ഈ വിവാഹത്തിനു പിന്നിലും നിറഞ്ഞു നിൽക്കുന്ന ന്യായങ്ങൾ എത്രയുണ്ട് എന്ന് നാം ഇതിനകം മനസ്സിലാക്കിക്കഴിഞ്ഞു. മഹതി അനുഭവിച്ച ത്യാഗങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനമായിരുന്നു ഈ പത്നീപദം. പരദേശത്ത് ഏകാന്തയായിപ്പോയല്ലോ എന്ന പരിഭവം മഹതിയെ ദുഃഖിപ്പിച്ചിരുന്നു എന്ന ഭാഗം കൂടി ചേർത്തുവായിക്കുമ്പോഴാണ് ഇത് കൂടുതൽ വ്യക്തമാകുന്നത്. അബൂബക്കർ സിദ്ദീഖി(റ)നെയും ഉമറുൽ ഫാറൂഖി(റ)നെയും വരെ നിരസിച്ച മഹതിക്ക് ലഭിക്കാനുള്ള ഏക ആശ്രയം നബിﷺ തന്നെയായിരുന്നു.

ഈ വിവാഹം വഴി പ്രബോധന രംഗത്ത് ലഭിച്ച നന്മകൾ കൂടി നാം വായിക്കേണ്ടതുണ്ട്. പ്രമുഖ അറബ് ഗോത്രമായ ബനൂ മഖ്സൂമുകാർ നബിﷺയോടും ഇസ്‌ലാമിനോടും കാണിച്ച കണിശമായ നിലപാടിന് ഏറെ അയവ് വന്നു. പ്രസ്തുത ഗോത്രത്തിലെ പ്രമുഖ വ്യക്തിയായിരുന്ന ഖാലിദ് ബിൻ വലീദിന് ഇസ്‌ലാമിനോട് പ്രതിപത്തിതോന്നിത്തുടങ്ങിയത് അപ്പോഴായിരുന്നു. അധികം വൈകാതെ അദ്ദേഹം ഇസ്‌ലാമിലേക്ക് വരുകയും ചെയ്തു.
മുത്തു നബിﷺയോടൊപ്പം ഉമ്മുസലമ: (റ) സന്തോഷകരമായ ജീവിതം നയിച്ചു. നബിﷺ അവരെ നന്നായി പരിഗണിച്ചു. ഒരിക്കൽ ഫാത്വിമ(റ)യുടെ മക്കൾ ഹസനെ(റ)യും ഹുസൈനെ(റ)യും ചേർത്തു പിടിച്ച് നബിﷺ കുടുംബത്തിന് വേണ്ടി പ്രാർഥിച്ചു. അപ്പോൾ ഉമ്മുസലമ: (റ)യുടെ മുഖത്ത് ഒരു നിഴൽ വീണതുപോലെ. നബിﷺ അവരോട്‌ കാര്യമന്വേഷിച്ചു. ഞങ്ങളും അതിൽപ്പെടില്ലേ എന്നായിരുന്നു മഹതിയുടെ പ്രതികരണം. ഉടനെ നബിﷺ ഉമ്മുസലമ(റ)യേയും മക്കളേയും ചേർത്ത് പിടിച്ച് അവർക്കു വേണ്ടിയും പ്രാർഥിച്ചു.

നബിﷺയിൽ നിന്ന് പിൽക്കാലത്തേക്കുള്ള വൈജ്ഞാനിക കവാടം കൂടിയായിരുന്നു മഹതി. മുന്നൂറ്റി അൻപതോളം നിവേദനങ്ങൾ മഹതിയിൽ നിന്ന് വന്നത് രേഖപ്പെട്ടിട്ടുണ്ട്. മറ്റു പലരുടേയും അന്വേഷണമെത്താത്ത ചോദ്യങ്ങൾ മഹതി ഉന്നയിക്കുകയും നിവാരണങ്ങൾ നേടിത്തരികയും ചെയ്തിട്ടുണ്ട്. ഒരിക്കൽ മഹതി നബിﷺയോട് ചോദിച്ചു. “ഖുർആനിൽ പുരുഷന്മാരെപ്പറയുന്നത് പോലെ സ്ത്രീകളെയെന്താണ് പറയാത്തത് ?” നബിﷺ ചോദ്യം ശ്രദ്ധിച്ചു. തത്ക്കാലം മറുപടിയൊന്നും പറഞ്ഞില്ല. അടുത്ത ദിവസം മഹതി തലവാർന്നു കൊണ്ടിരിക്കുന്ന നേരത്ത് മിമ്പറിൽ വച്ച് നബിﷺ സ്വഹാബികൾക്ക് അന്നിറങ്ങിയ ഖുർആനിക സൂക്തം പഠിപ്പിച്ചു കൊടുത്തു. അത് കഴിഞ്ഞ ദിവസം ഉമ്മുസലമ: (റ) ഉന്നയിച്ച ചോദ്യത്തിനുള്ള മറുപടിയായിരുന്നു. വിശുദ്ധ ഖുർആൻ മുപ്പത്തിമൂന്നാം അധ്യായം അൽ അഹ്സാബിലെ മുപ്പത്തി നാലാമത്തെ സൂക്തമായിരുന്നു അത്. ആശയം ഇങ്ങനെ വായിക്കാം. “അല്ലാഹുവിലുള്ള സമര്‍പ്പണം, സത്യവിശ്വാസം, ഭയഭക്തി, സത്യസന്ധത, ക്ഷമാശീലം, വിനയം, ദാനശീലം, വ്രതാനുഷ്ഠാനം, ലൈംഗിക വിശുദ്ധി എന്നിവ ഉള്‍ക്കൊള്ളുന്നവരും അല്ലാഹുവെ ധാരാളമായി സ്മരിക്കുന്നവരുമായ സ്ത്രീപുരുഷന്മാര്‍ക്ക് അവന്‍ പാപമോചനവും മഹത്തായ പ്രതിഫലവും ഒരുക്കിവച്ചിട്ടുണ്ട്.”

ഇതിൽ ഓരോ വിശേഷണം പറയുമ്പോഴും സ്ത്രീകളും എന്ന് എടുത്ത് പറയുന്നുണ്ട്. “അല്ലയോ വിശ്വസിച്ചവരേ ” എന്ന സംബോധന വാചകപരമായി പുല്ലിംഗമാണെങ്കിലും സംബോധനയിൽ സ്ത്രീകളും പുരുഷന്മാരും ഉൾക്കൊള്ളുന്നതാണ്. എന്നാൽ മഹതിക്കു നൽകിയ നിവാരണം ലോകാവസാനം വരെ വായിക്കാനുള്ള ഒരു സവിശേഷ പരാമർശമായി വന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-348/365

 

Mahabba Campaign Part-349/365

നബിﷺ നൽകിയ വിശദീകരണങ്ങൾ കേട്ട ശേഷം അബ്ദുല്ലാഹിബിൻ ഉനൈസ് (റ) ചോദിച്ചു : “അല്ലയോ പ്രവാചകരേ,ﷺ എനിക്കീ ദൗത്യം നിർവഹിക്കാൻ ചില കൗശലങ്ങൾ പ്രയോഗിക്കാനുള്ള അനുമതി നൽകുമോ?”
നബിﷺ സമ്മതിച്ചു. യുദ്ധം കൗശലമാണ് എന്ന് നബിﷺ നേരത്തെത്തന്നെ പറഞ്ഞിട്ടുമുണ്ട്. സ്വഹാബി പുറപ്പെട്ടു. ഹുദൈൽ ഗോത്രത്തിന്റെ ആവാസ കേന്ദ്രത്തിലേക്കെത്തി. നഖ്‌ല പ്രദേശത്തായിരുന്നു അത്. ദൂരെ നിന്ന് രംഗങ്ങൾ നിരീക്ഷിച്ചു. ഖാലിദിന്റെ ഒരു ദൂരക്കാഴ്ച ലഭിച്ചപ്പോൾത്തന്നെ അവന്റെ ഭീകര ഭാവം ഞെട്ടിക്കുന്നതായിരുന്നു. മുത്ത് നബിﷺ പറഞ്ഞതെത്ര സത്യമാണെന്ന് ബിൻ ഉനൈസ് (റ) വിളിച്ചു പറഞ്ഞു.

നിസ്ക്കാരത്തിന്റെ സമയമായപ്പോൾ എങ്ങനെ നിസ്ക്കരിക്കുമെന്നായി അദ്ദേഹം. അപരിചിതനായ ഞാൻ ഈ ദേശത്ത് പരസ്യമായി നിസ്ക്കരിച്ചാൽ നിർവഹിക്കാനുള്ള ദൗത്യത്തിന് ഹാനികരമായി ബാധിക്കുമെന്ന് നിരീക്ഷിച്ചു. അത് കാരണം നടന്നു കൊണ്ട് നിർവഹിച്ചു. ഇത്തരം ഭയ ഘട്ടങ്ങളിൽ എങ്ങനെ നിസ്ക്കരിക്കണം എന്ന ഒരധ്യായം തന്നെ ഇസ്‌ലാമിക കർമശാസ്ത്രത്തിലുണ്ട്. “സ്വലാത്തുൽ ഖൗഫ്” എന്നാണിതിന് സാങ്കേതികമായിപ്പറയുക. യുദ്ധഘട്ടങ്ങളിലും മറ്റുമുള്ള ഇത്തരം നിസ്ക്കാരങ്ങൾക്ക് പത്തോളം രൂപങ്ങളുണ്ട്. വിശുദ്ധ ഖുർആൻ നാലാമധ്യായം അന്നിസാഇലെ നൂറ്റി ഒന്ന്, നൂറ്റി രണ്ട് സൂക്തങ്ങൾ ഇത്തരം നിസ്ക്കാരത്തെയാണ് പ്രതിപാദിക്കുന്നത്. ആശയം ഇങ്ങനെ വായിക്കാം.

“നിങ്ങള്‍ ഭൂമിയില്‍ യാത്ര ചെയ്യുമ്പോള്‍ സത്യനിഷേധികള്‍ നിങ്ങളെ അപകടപ്പെടുത്തുമെന്ന് ഭയപ്പെടുന്നുവെങ്കില്‍ നിസ്ക്കാരം ചുരുക്കി നിര്‍വഹിക്കാം. അതില്‍ നിങ്ങള്‍ക്കു കുറ്റമില്ല. തീർച്ചയായും സത്യനിഷേധികള്‍ നിങ്ങളുടെ പ്രത്യക്ഷ ശത്രുക്കള്‍ തന്നെയാണ്. തങ്ങൾ അവര്‍ക്കിടയിലുണ്ടാവുകയും അവര്‍ക്ക് നിസ്ക്കാരത്തിന് നേതൃത്വം നല്‍കുകയുമാണെങ്കില്‍ അവരിലൊരു കൂട്ടര്‍ തങ്ങളോടൊപ്പം നില്‍ക്കട്ടെ. അവര്‍ തങ്ങളുടെ ആയുധങ്ങള്‍ എടുക്കുകയും ചെയ്യട്ടെ. അവര്‍ സാഷ്ടാംഗം ചെയ്തുകഴിഞ്ഞാല്‍ പിറകോട്ട് മാറിനില്‍ക്കുകയും നിസ്ക്കരിച്ചിട്ടില്ലാത്ത വിഭാഗം വന്ന് കൂടെ നിസ്ക്കരിക്കുകയും വേണം. അവരും ജാഗ്രത പുലര്‍ത്തുകയും ആയുധമണിയുകയും ചെയ്യട്ടെ. നിങ്ങള്‍ ആയുധങ്ങളുടെയും സാധനസാമഗ്രികളുടെയും കാര്യത്തില്‍ അല്‍പ്പം അശ്രദ്ധരായാല്‍ നിങ്ങളുടെ മേല്‍ ചാടിവീണ് മിന്നലാക്രമണം നടത്താന്‍ തക്കം പാര്‍ത്തിരിക്കുകയാണ് സത്യനിഷേധികള്‍. മഴ കാരണം ക്ളേശമുണ്ടാവുകയോ രോഗികളാവുകയോ ചെയ്താല്‍ ആയുധം താഴെ വയ്ക്കുന്നതില്‍ നിങ്ങള്‍ക്കു കുറ്റമില്ല. അപ്പോഴും നിങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണം. സംശയമില്ല; അല്ലാഹു സത്യനിഷേധികള്‍ക്ക് നിന്ദ്യമായ ശിക്ഷ ഒരുക്കിവച്ചിട്ടുണ്ട്.”

ഈ സൂക്തത്തിൻ്റെ ഒരു പശ്ചാത്തലം കൂടി ഇവിടെത്തന്നെ വായിക്കാം. ഹുദൈബിയ്യയാണ് രംഗം. ഗസ്ഫാനിൽ വച്ച് മുസ്‌ലിംകളും ശത്രുക്കളും മുഖാമുഖം കണ്ടുമുട്ടി. അപ്പോൾ മധ്യാഹ്ന നിസ്ക്കാരം അഥവാ ളുഹ്റിൻ്റെ സമയമായി. മുസ്‌ലിംകൾ ഒന്നിച്ച് നിസ്ക്കരിച്ചു. ഇത് കഴിഞ്ഞപ്പോൾ അന്ന് ശത്രുപാളയത്തിലുണ്ടായിരുന്ന ഖാലിദ് ബിൻ അൽവലീദ് പറഞ്ഞു. “നമ്മൾ നല്ല ഒരവസരമാണ് നഷ്ടപ്പെടുത്തിയത്. അതാ മുസ്‌ലിംകൾ നിസ്ക്കരിച്ച നേരം നമുക്ക് നന്നായി പ്രയോജനപ്പെടുത്താമായിരുന്നു. അവർ സാഷ്ടാംഗത്തിലായ നേരത്ത് ചാടി വീഴാമായിരുന്നു. പ്രശ്നമില്ല അടുത്ത നേരത്തെ നിസ്ക്കാരമാകുമ്പോൾ നമുക്ക് നോക്കാം. അവർ നിസ്ക്കാരത്തെ അവരുടെ സർവസ്വത്തേക്കാളും സ്നേഹിക്കുന്നവരാണ്. അവർ സന്ദർഭം കാത്തിരുന്നു. അപ്പോഴേക്കും ളുഹറിനും അസ്വറിനും ഇടയിൽ ജിബ്‌രീല്‍ (അ) നബിﷺയെ സമീപിച്ചു. മേലുദ്ധരിച്ച സൂക്തങ്ങൾ അവതരിപ്പിച്ചു കൊടുത്തു. അത് ശത്രുക്കൾ അറിഞ്ഞില്ല. അസ്വർ നിസ്ക്കാരത്തിന് മുസ്‌ലിം സൈന്യം അണി നിന്നു. ശത്രുക്കൾ വില്ലു ്് കുലയ്ക്കാൻ കാത്തിരുന്നു. നിസ്ക്കരിക്കുന്നവർ സാഷ്ടാംഗത്തിലേക്ക് പോകുന്നത് കാത്ത് നിന്നു. അപ്പോഴാണ് യുദ്ധരംഗത്തെ പ്രത്യേകരീതിയിലുള്ള നിസ്ക്കാരം മുസ്‌ലിംകൾ പ്രയോഗിച്ചത്. ഒരു നിരയിലുള്ളവർ സാഷ്ടാംഗം ചെയ്യുമ്പോൾ അടുത്ത നിര നിർത്തത്തിൽ തന്നെ തുടരും. ഈ രീതി കണ്ട് ശത്രുക്കൾ ഇളിഭ്യരായി. അവരുടെ മോഹങ്ങൾ നിഷ്പ്രഭമായി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-350/365

ഖാലിദ് ബിൻ വലീദിനെ ഇസ്‌ലാമിലേക്ക് ചിന്തിപ്പിച്ചതിന് പ്രേരകമായ ഒരു സംഭവം കൂടിയായിരുന്നു. പടക്കളത്തിൽക്കണ്ട നിസ്ക്കാരം. ഇസ്‌ലാമിലേക്ക് വന്നതിന് ശേഷം പിൽക്കാലത്ത് ഖാലിദ് ബിൻ അൽവലീദ് (റ) പറഞ്ഞ മറ്റൊരു പ്രസക്തമായ പരാമർശം കൂടിയുണ്ട്. “മുഹമ്മദ് നബിﷺയെ കെണിയിൽപ്പെടുത്താൻ ഞാൻ പലപ്പോഴും പല തന്ത്രങ്ങളും പയറ്റി നോക്കിയിട്ടുണ്ട്. പക്ഷേ, അഭൗതികമായ ഒരു സുരക്ഷാകവചം തങ്ങളെ സംരക്ഷിക്കുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്. കാരണം, എല്ലാ തന്ത്രങ്ങളും ഒടുവിൽ പാളിപ്പോകുമായിരുന്നു “.

നമുക്ക് അബ്ദുല്ലാഹി ബിൻ ഉനൈസി(റ)ലേക്ക് വരാം. ‘സ്വലാത്തുൽ ഖൗഫ്’ ആദ്യമായി നിർവഹിച്ച വ്യക്തി എന്ന പരാമർശവും മഹാനവർകളെക്കുറിച്ചു വന്നിട്ടുണ്ട്. അദ്ദേഹം ഹുദൈൽ ഗോത്രത്തലവൻ ഖാലിദ് ബിൻ അബ്ദില്ല അൽ ഹുദലിയെ ലക്ഷ്യം വച്ച് നീങ്ങുകയാണ്. അൽപ്പം ഉൾഭയത്തോടെ അയാളുടെ മുന്നിലെത്തി. അയാൾ തന്റെ കൂടെയുള്ള സ്ത്രീകൾക്ക് ഇടങ്ങൾ നിശ്ചയിച്ചു കൊടുത്തു കൊണ്ടിരിക്കുകയായിരുന്നു. രൂക്ഷഭാവത്തിൽ അബ്ദുല്ല(റ)യെ ഒന്നു നോക്കിയിട്ട് ചോദിച്ചു. “നിങ്ങൾ ആരാണ്?” അബ്ദുല്ല (റ) പറഞ്ഞു. “ഞാൻ ഖുസാഅ: ഗോത്രത്തിൽ നിന്നുള്ള ആളാണ് “.
“എന്തിനാണ് വന്നത് ?”. അബ്ദുല്ല(റ) തിരിച്ചു ചോദിച്ചു : “നിങ്ങൾ മദീനയിലെ മുഹമ്മദ് ﷺ നെതിരെ പടയൊരുക്കം നടത്തുന്നതായറിഞ്ഞു. അതിനെന്താ?”
“ഞാനൊരു യോദ്ധാവാണ്. ഞാനും ഒപ്പം കൂടാനാഗ്രഹിക്കുന്നു. നബി ﷺ യിൽ നിന്നും അബ്ദുല്ലാഹിബിനു ഉനൈസ്(റ) സമ്മതം വാങ്ങിയത് ഇത്തരം തന്ത്രപരമായ വർത്തമാനങ്ങൾക്ക് വേണ്ടിയായിരുന്നു “.

എന്തായാലും ഖാലിദിന് വലിയ സന്തോഷമായി. ഇങ്ങനെയൊരു ഘട്ടത്തിൽ ഒരു യോദ്ധാവ് ഇങ്ങോട്ട് വന്ന് ചേർന്നതിൽ അയാൾക്ക് വലിയ ആവേശമായി. അബ്ദുല്ല (റ) മധുരതരമായ സംഭാഷണത്തിലൂടെ അയാളെ വശീകരിച്ചു. അയാൾക്കൊപ്പമുള്ളവർ ഓരോരുത്തരായി അവരവരുടെ സങ്കേതങ്ങളിലേക്ക് നീങ്ങി. ഒടുവിൽ ഖാലിദും അബ്ദുല്ല(റ)യും മാത്രമായി. ഇനി അവസരം പാഴാക്കിക്കൂടാ ! അബ്ദുല്ല (റ) നിശ്ചയിച്ചു. അദ്ദേഹത്തിന്റെ വാളെടുത്ത് നിഷ്പ്രയാസം അയാളെ വകവരുത്തി, ദൗത്യം പൂർത്തീകരിച്ചു. അതോടെ ക്രൂരനായ ആ രാജ്യദ്രോഹിയെ എന്നെന്നേക്കുമായി ഇല്ലായ്മ ചെയ്‌തു. ശേഷം, അതീവ രഹസ്യമായി സ്ഥലം വിട്ടു. പകലിൽ ഒളിച്ചു പാർത്തും രാത്രിയിൽ യാത്ര ചെയ്തും വിജയകരമായി മദീനയിൽത്തിരിച്ചെത്തി. വീട്ടിൽപ്പോയി യാത്രാചടപ്പുകൾ മാറ്റി മദീനാ പള്ളിയിലെത്തി. നബിﷺയെക്കണ്ട് കാര്യങ്ങൾ അവതരിപ്പിക്കാനായിരുന്നു പുറപ്പെട്ടത്. പള്ളിയിലെത്തിയതും നബിﷺ അതാ നിൽക്കുന്നു ! അവിടുന്ന് അഭിവാദ്യം ചെയ്തു. “അഫ്‌ലഹൽ വജ്ഹ്..” നിങ്ങളുടെ മുഖം വിജയിക്കട്ടെ. അബ്ദുല്ല (റ) അതേ വാചകത്തിൽ പ്രത്യഭിവാദ്യം ചെയ്തു. “അഫ്‌ലഹ വജ്ഹുക യാ റസൂലല്ലാഹ്ﷺ…” ശേഷം, നബിﷺയുടെ സമീപത്തെത്തി സംഭവങ്ങൾ മുഴുവൻ വിശദീകരിച്ചു. സന്തോഷത്തോടെ നബിﷺ കേട്ടിരുന്നു. സഹചാരിയുടെ ധീരതയെ പ്രശംസിച്ചു. തുടർന്ന് കൈപിടിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി. അദ്ദേഹത്തിനു ഉപഹാരമായി ഒരു വടി നൽകി. ഉടനെ അബ്ദുല്ല (റ) ചോദിച്ചു, “ഇതെന്താണ്?”
“അന്ത്യനാളിൽ നമുക്കിടയിൽ ഒരടയാളമായിരിക്കും ഇത് ” എന്ന് നബിﷺ മറുപടി നൽകി. ഹിജ്റ അൻപത്തിനാലിൽ ഇഹലോകവാസം വെടിയുന്നത് വരെ അബ്ദുല്ല (റ) ഈ തിരു രംഭം പരിപാലിച്ചു കൊണ്ടു നടന്നു. പ്രധാന മുഹൂർത്തങ്ങളിൽ അത് കൈയൽക്കരുതാൻ മറക്കാറില്ല. ഒടുവിൽ ലോകത്തോട് വിടപറയാൻ നേരം തനിക്കൊപ്പം ഖബറിൽ ഈ വടി കൂടി വയ്ക്കണമെന്ന് അദ്ദേഹം വസ്വിയ്യത്ത് ചെയ്തു. അത് പ്രകാരം നിർവഹിക്കുകയും ചെയ്തു. മുആവിയ(റ)യുടെ കാലത്ത് ശാമിൽ വച്ചാണ് മഹാനവർകൾ അന്ത്യം വരിച്ചത്.

പ്രസക്തമായ ചില ബോധ്യങ്ങൾ നമുക്ക് നിലനിർത്തേണ്ടതുണ്ട്.
ഒന്ന്, ഖാലിദ് ബിൻ അബ്ദില്ലാഹ് അൽഹുദലി രാജ്യക്ഷേമത്തിനും സാമൂഹിക ഭദ്രതയ്ക്കും അനിവാര്യമായ ഒരു ഓപ്പറേഷന്റെ ഭാഗമായിട്ടാണ് കൊല്ലപ്പെട്ടത്. നിരവധിയാളുകൾ കൊല്ലപ്പെടുകയും ഒരു രാജ്യം ശിഥിലമാക്കപ്പെടുകയും ചെയ്യാതിരിക്കാനാണ് അയാളെ വധിക്കേണ്ടി വന്നത്.
രണ്ട്, നബി ﷺ യുമായി ബന്ധപ്പെട്ട എന്തിനും ഏതിനും സ്വഹാബികൾ കൽപ്പിച്ച പ്രാധാന്യവും പുണ്യവും എത്രമേൽ വലുതായിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-351/365

ഉഹ്ദിന്റെ അനന്തരമുണ്ടായ രാഷ്ട്രീയ വിചാരങ്ങളും സ്ഥിതിഗതികളും നാം വായിച്ചു. ഒളിഞ്ഞിരുന്ന പലവിരോധികളും ചിലത് പ്രതീക്ഷിച്ച് രംഗത്തേക്ക് വന്നു. മദീനയുടെ ഉള്ളിലും പരിസര പ്രദേശങ്ങളിലുമെല്ലാം ആ അനുരണനങ്ങൾ ഉണ്ടായിരുന്നു. അവരിൽ പലരെയും മദീനയിലേക്ക് പുറപ്പെടും മുമ്പ് മാളത്തിൽത്തന്നെ പ്രതിരോധിക്കുക എന്നതായിരുന്നു നബിﷺ സ്വീകരിച്ച രീതി. അതിന്റെ ഭാഗമായിട്ടാണ് ഖാലിദ് ബിൻ സുഫ്‌യാൻ അൽ ഹുദലിയെ അബ്ദുല്ലാഹിബിൻ ഉനൈസ് (റ) വകവരുത്തിയത്.

അതിനെത്തുടർന്ന് ഹുദൈൽ ഗോത്രത്തിൽ പുതിയ ഒരന്തരീക്ഷം രൂപപ്പെട്ടു. ഖാലിദിന്റെ നിർബന്ധത്തിന് വഴങ്ങി മുസ്‌ലിംകളെ അക്രമിക്കാനിറങ്ങിയവർ മെല്ലെ രംഗം വിട്ടു. എന്നാൽ, ഈ നടപടിയിൽ പ്രതിഷേധിച്ച് പ്രതികാര നടപടികൾക്ക് ലക്ഷ്യം വച്ചവർ ചില കുതന്ത്രങ്ങളും കൗശലങ്ങളും പ്രയോഗിച്ച് ഇസ്‌ലാമിനും മദീനയ്ക്കുമെതിരെത്തിരിഞ്ഞു. ഹുദൈലിന്റെ സമീപ ഗോത്രങ്ങളായ ഉദൽ , ഖാർറ എന്നിവ അയൽ ഗോത്രങ്ങളെ കൂട്ടു പിടിച്ചു. അവർക്ക് വലിയ വാഗ്ദാനം നൽകി. അവർ ഒരുമിച്ച് ചില പദ്ധതികൾ തയ്യാറാക്കി. അതിന്റെ ഭാഗമായി അവരിൽ ചിലർ ഇസ്‌ലാം അഭിനയിച്ച് മദീനയിൽക്കടന്നു. പ്രവാചകർﷺയെ സമീപിച്ച് സ്വഹാബികളിൽ നിന്നുള്ള പ്രബോധക സംഘങ്ങളെ ആവശ്യപ്പെട്ടു. ഇസ്‌ലാം എത്തിച്ചു കൊടുക്കാൻ ഒരു സംഘത്തെ വേണമെന്നു പറഞ്ഞാൽ ആവേശപൂർവം നബിﷺ ആ അപേക്ഷ സ്വീകരിക്കുമായിരുന്നു. അതവർ തിരിച്ചറിഞ്ഞു. ഇത്തരമുള്ള ചതിപ്രയോഗങ്ങൾ വേദക്കാരുടെയും ഒരു ശൈലിയായിരുന്നു. ഖുർആൻ അത് പരാമർശിക്കുന്നുണ്ട്. മൂന്നാമധ്യായം ആലുഇംറാനിലെ എഴുപത്തിരണ്ടാമത്തെ സൂക്തത്തിന്റെ ആശയം ഇപ്രകാരം വായിക്കാം.

“വേദക്കാരിലൊരുകൂട്ടര്‍ പറയുന്നു: “ഈ വിശ്വാസികള്‍ക്ക് ‎അവതീര്‍ണമായതില്‍ പകലിന്റെ പ്രാരംഭത്തില്‍ നിങ്ങള്‍ ‎വിശ്വസിച്ചുകൊള്ളുക. സായാഹ്നത്തില്‍ അതിനെ ‎തള്ളിപ്പറയുകയും ചെയ്യുക. അതുകണ്ട് ആ ‎വിശ്വാസികള്‍ നമ്മിലേക്ക് തിരിച്ചുവന്നേക്കാം”. ‎

ഹിജ്റയുടെ നാലാം വർഷം സഫർ മാസത്തിൽ ഹുദൈൽ ഗോത്രത്തിലെ ചിലർ നബിﷺയെ സമീപിച്ചു. എന്നിട്ട് പറഞ്ഞു. “ഞങ്ങൾക്ക് മതകാര്യങ്ങൾ പഠിപ്പിച്ചു തരാൻ ഒരു സംഘത്തെ അയച്ചു തരണം “. നബിﷺ ആവേശപൂർവം അത് സ്വീകരിച്ചു. ആറു പേരടങ്ങുന്ന ഒരു സംഘത്തെ ; ചില നിവേദന പ്രകാരം ഒരു പത്തംഗ സംഘത്തെ നബിﷺ അവർക്കൊപ്പം നിയോഗിച്ചു. മദീനാ പളളിയിൽ ഏറെ നേരവും നബിﷺയോടൊപ്പം സഹവസിച്ചിരുന്ന തിണ്ണവാസികൾ അഥവാ അഹ് ലുസ്സുഫ്ഫയിലെ അംഗങ്ങളെയാണ് പ്രബോധക സംഘത്തിൽ നിയോഗിച്ചത്. മർസദ് ബിൻ അബി മർസദ് അൽ ഗനമി (റ), ഖുബൈബ് ബിൻ അദിയ്യ് (റ), ആസിമ് ബിൻ സാബിത് (റ), സൈദ് ബിൻ ദസിന (റ), അബ്ദുല്ലാഹി ബിൻ ത്വാരിഖ് (റ), ഖാലിദ് ബിൻ ബുഖൈർ അല്ലൈസി (റ) എന്നീ ആറു പേരാണ് സംഘത്തിലെ പ്രമുഖർ. സംഘത്തിന്റെ നേതാവായി നിശ്ചയിച്ചിരുന്നത് മർസദ്(റ)നെയായിരുന്നു. ബദ്റിലേക്കുള്ള യാത്രയിൽ നബിﷺയോടൊപ്പം വാഹനത്തിന്റെ ഊഴം പങ്കുവച്ച സ്വഹാബിയായിരുന്നു ഇത്. മക്കയിൽ നിന്ന് ബന്ധികളെ മോചിപ്പിക്കുന്നതിനിടയിൽ പൂർവകാല പ്രണയകഥയിൽ ഈ സ്വഹാബിയെ നാം പ്രതിപാദിച്ച് പോയിട്ടുണ്ട്.

ഒപു ഗോത്രക്കാരനായ ആസ്വിമ് ബിന് സാബിതി(റ)ന്റെ നേതൃത്വത്തിൽ പത്തംഗ സംഘമായിരുന്നു എന്നും പ്രബലമായ മറ്റു നിവേദനങ്ങളിൽ വന്നിട്ടുണ്ട്.

ഹുദൈൽ ഗോത്രത്തിൽ നിന്നുള്ള പ്രതിനിധികൾ ഈ സംഘത്തെയും കൂട്ടി റജീഅ എന്ന പ്രദേശത്തേക്കാണ് പോയത്. ഒരു തടാകത്തിന്റെ പേരിനോട് ചേർത്താണ് ഈ സ്ഥലം ഇങ്ങനെ അറിയപ്പെടുന്നത്. വഞ്ചകന്മാരായ ഹുദൈൽക്കാരുടെ പദ്ധതി പ്രകാരം റജീഇലെത്തിയ പ്രബോധക സംഘത്തെ ബനൂ ലീഹിയാൻ ഉപഗോത്രത്തിലെ നൂറ്റമ്പതംഗ ആയുധധാരികൾ വളഞ്ഞു. അപ്പോഴാണ് മുസ്‌ലിം സംഘത്തിന് ഇത് ചതിയായിരുന്നുവെന്ന് ബോധ്യമായത്. നിരായുധരായ സ്വഹാബികൾ നിസ്സഹായരായി അടുത്തുള്ള മലമുകളിലേക്ക് ഓടിക്കയറി. അപ്പോൾ താഴ്‌വാരത്ത് നിന്ന് ഹുദൈലുകാർ വിളിച്ചു പറഞ്ഞു, “ഞങ്ങൾ നിങ്ങളെ ഒന്നും ചെയ്യില്ല. അല്ലാഹു സത്യം ! ഞങ്ങൾ നിങ്ങളെ വധിക്കുകയില്ല”. ഉടനെ ആസ്വിം (റ) വിളിച്ചു പറഞ്ഞു. “ഞങ്ങൾ നിങ്ങളെ വിശ്വസിക്കില്ല. നിങ്ങൾ നബി ﷺ യെ കള്ളം പറഞ്ഞ് പറ്റിച്ചവരാണ്. നിങ്ങളെ വിശ്വസിക്കാൻ കൊള്ളുന്നവരല്ല..”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-352/365

ആസ്വിമ് ബിൻ സാബിത് (റ) രംഗത്തിന്റെ ഗൗരവം മനസ്സിലാക്കി. സാധാരണ യാത്രയിൽ കൊണ്ടു നടക്കാറുള്ള അമ്പും വില്ലും കൈവശമുണ്ട്. അതെടുത്തു. ഇനി വേറെ മാർഗമില്ല. ആത്മ ധൈര്യത്തോടെ ആസ്വിമ് ബിൻ സാബിത് (റ) രണ്ട് പ്രാർഥനകൾ നിർവഹിച്ചു.

ഒന്ന്, അല്ലാഹുവേ ഞങ്ങളുടെ ഈ വിവരം അല്ലാഹുവിന്റെ റസൂലിനെ നീ അറിയിക്കേണമേ!
രണ്ട്, എന്റെ ശരീരം ശത്രുക്കൾക്ക് നീ വിട്ടുകൊടുക്കരുതേ നാഥാ!

ആസ്വിം (റ) ഇത്തരമൊരു പ്രാർഥന നടത്താൻ ഒരു കാരണമുണ്ട്. ഉഹ്ദിൽ ഹിന്ദ് ഹംസ(റ)യോട് നടപ്പിലാക്കിയ പ്രതികാരം ആസ്വിമി(റ)നറിയാമായിരുന്നു. ഹിന്ദിനെപ്പോലെ പ്രതിജ്ഞയെടുത്ത മറ്റൊരു പെണ്ണുകൂടിയുണ്ട്. സുലാഫ: എന്നാണവളുടെ പേര്. അവൾ ഓർത്തു വച്ചിരിക്കുന്ന പേര് ആസ്വിമി(റ)ൻ്റേതായിരുന്നു. ആ രംഗം നമുക്കിങ്ങനെ വായിക്കാം : “സുലാഫ: പടക്കളത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. അതാ, ഭർത്താവ് കൊല്ലപ്പെട്ടു കിടക്കുന്നു ! മുസാഫിർ , കിലാബ് എന്നീ രണ്ടാണ്മക്കളും കൊല്ലപ്പെട്ടിരിക്കുന്നു. മൂന്നാമത്തെ മകൻ ജൂലാസ് മരണത്തോട് മല്ലടിക്കുന്നു. അവൾ മകനോട് ചോദിച്ചു, ‘ആരാണ് നിങ്ങളെ നേരിട്ടത് ‘. അദ്ദേഹം പറഞ്ഞു , ‘ആസ്വിമ്ബ്നു സാബിതാ(റ)ണ് ‘. അപ്പോഴവൾ പ്രതിജ്ഞയെടുത്തു. ‘ആസ്വിമി(റ)നെ ഞാൻ കൊന്നു തലയോട്ടിയിൽ മദ്യപിക്കും’. ഈ പ്രതിജ്ഞയാണ് ആസ്വിമ(റ)പ്പോൾ ഓർത്തെടുത്തത്. ‘ആരെങ്കിലും ആസ്വിമി(റ)നെ വധിച്ചോ ബന്ധിയായോ എത്തിച്ചാൽ നൂറൊട്ടകം അവർക്ക് ഇനാമായി നൽകും’ എന്നുകൂടി സുലാഫ പ്രഖ്യാപിച്ചിരുന്നു. അതുകൊണ്ട് തന്നെ പലരും ആസ്വിമി(റ)ന്റെ ശിരസ്സ് നൽകി സമ്മാനം വാങ്ങാൻ കാത്തിരിക്കുകയായിരുന്നു. ഇങ്ങനെയൊരു പശ്ചാത്തലത്തിലാണ് ആസ്വിം (റ) അല്ലാഹുവിനോട് പ്രത്യേകമായ ഈ പ്രാർഥന നിർവഹിക്കുന്നത്.

ആസ്വിമും(റ) കൂട്ടുകാരും മലമുകളിൽ നിന്നു കഴിയുമ്പോലെ പ്രതിരോധിച്ചു. നൂറുപേരോട് ആറുപേർ എന്തുചെയ്യാനാണ്? അധികം വൈകിയില്ല. മൂന്നുപേർ കൊല്ലപ്പെട്ടു. ആസ്വിം (റ) , മർസദ് (റ) ഖാലിദ് ബിൻ ബുഖൈർ (റ) എന്നിവരായിരുന്നു ആ മൂന്നു പേർ.

ആസ്വിമ് (റ) വധിക്കപ്പെട്ടതും ആ ശരീരം എടുത്തു കൊണ്ടുപോയി ഇനാം വാങ്ങാനാളുകൾ തിരക്ക്കൂടി ഓടിയെത്തി. അപ്പോഴേക്കും ഒരദ്ഭുതം അവിടെ സംഭവിച്ചു. ‘ഒരു കടന്നൽ പറ്റം വന്ന് മഹാനവർകളുടെ മൃതശരീരം പൊതിഞ്ഞു’. ആർക്കും അടുക്കാൻ പറ്റാത്ത വിധം അത് സുരക്ഷിതമായി. അല്ലാഹുവിന്റെ പ്രത്യേകമായ സംരക്ഷണം ഈ വിധം ഉണ്ടാകുമെന്ന് ഖുർആൻ തന്നെ പഠിപ്പിക്കുന്നുണ്ട്.
“തങ്ങളുടെ നാഥന്റെ സൈന്യങ്ങളെ സംബന്ധിച്ച് അവനല്ലാതെ ആരുമറിയില്ല.” എഴുപത്തിനാലാം അധ്യായം മുപ്പത്തിയൊന്നാം സൂക്തം നൽകുന്ന സന്ദേശത്തിന്റെ ഭാഗമാണിത്.

അവർക്കറിയുന്ന തന്ത്രങ്ങൾ മുഴുവൻ പയറ്റി നോക്കിയെങ്കിലും കടന്നൽക്കൂട്ടത്തെ ആട്ടിയകറ്റാൻ പറ്റിയില്ല. രാത്രിയായാൽ കടന്നൽ അകന്നു പോകുമെന്ന് കരുതി ആളുകൾ കാത്തു നിന്നു. പക്ഷേ, രാത്രിയായപ്പോൾ മറ്റൊരദ്ഭുതം കൂടി സംഭവിച്ചു ! ശക്തമായ മഴ പെയ്യാൻ തുടങ്ങി. അന്നുവരെ അങ്ങനൊരു മഴയുണ്ടായിട്ടില്ലെന്നു പ്രായമുള്ളവർപ്പറയാൻ മാത്രം ശക്തമായിരുന്നു ആ മഴ. അധികം വൈകിയില്ല. വലിയ വെള്ളപ്പാച്ചിൽ രൂപപ്പെട്ടു. ആ പ്രളയം ആസ്വിമി(റ)ന്റെ മൃതശരീരത്തെ വഹിച്ചുകൊണ്ടൊഴുകി. ഒരാൾക്കും പിന്നെയാ ശരീരത്തെ പ്രാപിക്കാനായില്ല. ഈ വാർത്ത കേട്ട ഉമർ (റ) പിന്നീട് പറഞ്ഞു. ‘യഥാർഥ വിശ്വാസിയായ ദാസനെ ജീവിതകാലത്ത് സംരക്ഷിച്ച പോലെ മരണാനന്തരവും അല്ലാഹു കാത്തു രക്ഷിക്കും’.

കൊല്ലപ്പെട്ടവർക്ക് ശേഷം ബാക്കിയുള്ള മൂന്നു പേർ മലമുകളിൽത്തന്നെ തുടർന്നു. താഴ്‌വാരത്ത് ശത്രുക്കളവരെ വിളിച്ചുകൊണ്ടേയിരുന്നു. ഒടുവിൽ അവരുടെ പിടിയിൽ അകപ്പെട്ടു. അബ്ദുല്ലാഹിബിനു ത്വാരിഖ് (റ), സൈദ് ബിൻ ദസിന: (റ), ഖുബൈബ് ബിൻ അദിയ്യ് (റ) എന്നിവരായിരുന്നു മൂന്നുപേർ. ഒന്നും ചെയ്യില്ലെന്ന് പറഞ്ഞ് താഴേക്ക് വിളിച്ചു കൊണ്ടിരുന്നവർ മൂന്നു പേരെയും വിലങ്ങു വച്ചു. പരുഷമായിപ്പെരുമാറി. ഉടനെ അബ്ദുല്ലാഹിബിനു ത്വാരിഖ് (റ) പറഞ്ഞു . ‘ഇതാദ്യത്തെ വഞ്ചനയാണ്. ഇവരെ വിശ്വസിക്കാൻ കൊള്ളില്ല’. വിലങ്ങിൽ നിന്ന് കൊണ്ട് തന്നെ മഹാനവർ അവരോട് പ്രതികരിച്ചു. അപ്പോഴേക്കും അവർ അദ്ദേഹത്തെ വധിച്ചു കളഞ്ഞു. ഇനി രണ്ട് പേർ മാത്രമേ ബാക്കിയുള്ളൂ..

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-353/365

ബാക്കിയുള്ള രണ്ടുപേരെ മക്കയിലെ ഖുറൈശികൾക്ക് കൈമാറാൻ അവർ തീരുമാനിച്ചു. കാരണം, ഇവരെ വധിച്ചാൽ പ്രത്യേകിച്ചൊന്നും കിട്ടാനില്ല. അതേ സമയം ഖുറൈശികൾക്ക് വിറ്റാൽ നല്ല ഉപഹാരങ്ങൾ സ്വീകരിക്കാൻ കഴിയും. കാരണം, ഇവർ രണ്ടുപേരും ഖുറൈശി പ്രമുഖരെ ബദ്റിൽ കൈകാര്യം ചെയ്തവരാണ്. അപ്പോൾ അവരുടെ ബന്ധുക്കൾ പക തീർക്കാൻ വേണ്ടി ഇവരെ വാങ്ങിക്കൊള്ളും. അങ്ങനെ ഹുദൈൽ ഗോത്രക്കാർ ഖുറൈശികളുമായി ബന്ധപ്പെട്ടു. പ്രമുഖനായ സഫ്‌വാൻ ബിൻ ഉമയ്യ എന്നയാൾ സൈദ് ബിൻ ദസിന(റ)യെ വാങ്ങി. കാരണം, ഉമയ്യത്തു ബിൻ ഖലഫിനെ ബദ്റിൽ വച്ചു ബിലാൽ വകവരുത്തിയപ്പോൾ സഹായിച്ച ആളായിരുന്നു സൈദ് (റ). പിതാവിന്റെ വധത്തിന് പ്രതികാരം തീർക്കാനാണ് സഫ്‌വാൻ ഈ ഇടപാട് നടത്തിയത്. ഹാരിസ് ബിൻ ആമിറിന്റെ മക്കൾ ഖുബൈബി(റ)നെയും വാങ്ങി. കാരണം, അവരുടെ പിതാവിനെ ബദ്റിൽ നേരിട്ടു വകവരുത്തിയ ആളായിരുന്നു ഖുബൈബ് (റ). വലിയ തുക നൽകിയാണ് അവർ ഇദ്ദേഹത്തെ വാങ്ങിയത്. പ്രതികാര നടപടികൾ ഉടനെ നടത്താൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും യുദ്ധം നിഷിദ്ധമാക്കപ്പെട്ട മാസമായിരുന്നതിനാൽ അവർ സ്വഹാബികളെ തടങ്കലിൽ വച്ചു. കൈകാലുകൾ ചങ്ങലകളിൽ ബന്ധിച്ച് വന്യമായ ഏകാന്തതയിലാണ് അവരെ പാർപ്പിച്ചത്.

പവിത്രമാസം കഴിഞ്ഞയുടനെ ആദ്യം സൈദി(റ)നെ വധിക്കാൻ അവർ കളമൊരുക്കി. മക്കയുടെ പവിത്ര ഭൂപരിധി അഥവാ, ഹറമിന് പുറത്ത് തൻഈമിലേക്ക് അവർ അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. പരസ്യമായ വധ ശിക്ഷയിലൂടെ ആഘോഷിക്കാൻ തന്നെ അവർ തീരുമാനിച്ചു. സൈദി(റ)നെയും കൂട്ടി അവർ തൻഈമിലേക്ക് പോകുമ്പോൾ സൈദി(റ)ൽക്കണ്ട ധൈര്യം അവരെ അദ്ഭുതപ്പെടുത്തി. കൊലക്കയറിലേക്കാണെന്നറിഞ്ഞിട്ടും കൂസാത്ത ഭാവം കണ്ടപ്പോൾ അബൂസുഫ്‌യാൻ ഏറെ ആശ്ചര്യപ്പെട്ടു. അദ്ദേഹം സൈദി(റ)നോട് ചോദിച്ചു. “അല്ലാഹുവിനെ മുൻനിർത്തി ഞാൻ നിങ്ങളോട് ഒരു കാര്യം ചോദിക്കട്ടെ! നിങ്ങളുടെ ഈ സ്ഥാനത്തു മുഹമ്മദ്‌ നബിﷺയാവുകയും നിങ്ങൾ സുരക്ഷിതമായി വീട്ടിലിരിക്കുന്നതും നിങ്ങൾക്കൊന്നു സങ്കല്പിക്കാമോ? അങ്ങനെയൊന്നു ഇഷ്ടപ്പെടുന്നുണ്ടോ?” സൈദ് (റ) കൂസലില്ലാതെ ചിരിച്ചുകൊണ്ട് പ്രതികരിച്ചു. “അല്ലാഹു സത്യം! ഞാൻ സ്വസ്ഥമായി എന്റെ കുടുംബത്തോടൊപ്പമിരിക്കുന്നതും അതേ സമയം, മുത്തുനബിﷺ ഉള്ള സ്ഥലത്തുവച്ചു തന്നെ അവിടുത്തെ കാലിൽ ഒരു മുള്ളു തറക്കുന്നതു പോലും എനിക്ക് സഹിക്കാവുന്നതിലും അപ്പുറമാണ് “. മറുപടി കേട്ടു അബൂസുഫ്‌യാൻ ഒരിക്കൽ കൂടി അദ്ഭുതപ്പെട്ടു. പിന്നൊരിക്കൽ അദ്ദേഹം പറഞ്ഞു. “മുഹമ്മദ്‌ നബിﷺയെ അനുയായികൾ സ്നേഹിക്കുമ്പോലെ ഒരു നേതാവും ലോകത്തു അനുയായികളാൽ സ്നേഹിക്കപ്പെടുന്നതേയില്ല “.

ഇപ്പോൾ ഇവിടെ ഉദ്ധരിച്ച ഭാഗങ്ങൾ കാതുമുളച്ചതു മുതൽ ഓരോ വിശ്വാസിയും കേട്ടു വരുന്ന നബിസ്നേഹ കഥനമാണ്.

സൈദി(റ)നെ വധിക്കാൻ വേണ്ടി ശത്രുക്കൾ കൊലക്കല്ലിന്റെയടുത്തു ഹാജരാക്കി. ഖുറൈശികളിലെ അതിനീചനായ നസ്താഷ് എന്ന്‌ പേരുള്ളവൻ ഓടിവന്ന് തന്റെ കുന്തം കൊണ്ട് സൈദി(റ)നെ ആഞ്ഞു കുത്തി. വിശ്വാസ വാചകം ഉറക്കെച്ചൊല്ലി സൈദ് (റ) യാത്രയായി. ഈ സംഭവങ്ങൾക്കെല്ലാം സാക്ഷിയായ നിരവധിയാളുകൾ പിൽകാലത്തു വിശ്വാസികളായി. ഖുറൈശി പ്രമുഖനായ അബൂസുഫ്‌യാനും അദ്ദേഹത്തിന്റെ മകൻ മുആവിയയും മുസ്‌ലിം പക്ഷത്തിന്റെ നേതാക്കളായി. മുആവിയയാണ് ഈ സംഭവങ്ങളുടെയൊക്കെ വിശദമായ വിവരങ്ങൾ നിവേദനം ചെയ്തത്.

ഒരു വിശ്വാസത്തിനും നേതാവിനും വേണ്ടി ഇത്രമേൽ സമർപ്പിച്ച ഉദാഹരണങ്ങൾ മറ്റൊരു വിശ്വാസ സമൂഹത്തിൽ നിന്നും നമുക്ക് വായിക്കാനുണ്ടാവില്ല. അല്ലാഹുവിലും അവന്റെ ദൂതരിലുമുള്ള വിശ്വാസത്തിന്റെ യാഥാർഥ്യമാണ് അവസാന ഘട്ടത്തിൽ അവർക്കു മനസ്സമാധാനവും പുഞ്ചിരിയും പകർന്നു നൽകിയത്; പതറാത്ത മനോഗതികൾ അവർക്ക് സമ്മാനിച്ചത്.

ഒപ്പമുള്ള എല്ലാവരും യാത്രയായി. ഇനിയൊരാൾ മാത്രമേ ബാക്കിയുള്ളൂ. ഖുബൈബ് ബിൻ അദിയ്യ് (റ). തൻഈമിനോടും താഴ്‌വരയോടും അദ്ദേഹത്തെക്കുറിച്ചു നമുക്ക് ചോദിച്ചു നോക്കാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-354/365

ഖുബൈബ്(റ) ഇപ്പോഴുള്ളത് ബനൂ ഹാരിസയുടെ തടവറയിലാണ്. ഹാരിസിന്റെ മക്കളാണ് തടവറയിൽ അദ്ദേഹത്തെ നിരീക്ഷിക്കുന്നത്. അതിനിടയിൽ ഒരദ്ഭുതം അവർ ദർശിച്ചു. ഒരു ദിവസം ഹാരിസിന്റെ മകൾ തടവറയിലേക്ക് നോക്കിയപ്പോൾ ഒരു വലിയ കുല മുന്തിരി അദ്ദേഹം കഴിച്ചു കൊണ്ടിരിക്കുന്നു. ഈ വീട്ടുകാർ നൽകാതെ ഒന്നും ഖുബൈബി(റ)ന് കിട്ടാനുള്ള ഒരു വഴിയുമില്ല. അപ്പോൾ ഇതെങ്ങനെ ലഭിച്ചു? അതിലുപരി ഇപ്പോഴെവിടെയും മുന്തിരി ലഭിക്കുന്ന കാലമോ സീസണോ അല്ല. അവരദ്ദേഹത്തോട് തന്നെ ചോദിച്ചു : “എവിടെ നിന്നാണ് നിങ്ങൾക്കിത് കിട്ടിയത്?” ഉടനെ അവിടുന്ന് പ്രതികരിച്ചതിങ്ങനെയാണ്. “എൻ്റെ രക്ഷിതാവായ അല്ലാഹുവാണ് എന്നെ കുടിപ്പിക്കുന്നതും കഴിപ്പിക്കുന്നതും “.

അല്ലാഹു അവന്റെ ഇഷ്ടദാസന്മാർക്കു നൽകുന്ന അസാധാരണത്വം അഥവാ ‘കറാമത്ത്’ – ന്റെ ഭാഗമാണിത്. അല്ലാഹുവിനെ സ്നേഹിച്ച്, അനുസരിച്ച് വിധേയപ്പെടുന്നവർക്ക് അനുഗ്രഹവും ആദരവുമായി നൽകുന്ന അസാധാരണത്വം. ഖുബൈബി(റ)ന് ലഭിച്ചതിന് സമാനമായ അനുഗ്രഹങ്ങൾ അല്ലാഹു മുൻകാലത്ത് നൽകിയതിന്റെ ഉദാഹരണം ഖുർആൻ തന്നെ പ്രതിപാദിക്കുന്നുണ്ട്. മഹതിയായ മർയം ബീവി(റ)യുടെ ചരിത്രത്തിൽ ഖുർആൻ എടുത്ത് പറയുന്നത് നോക്കൂ.

“അങ്ങനെ അവളുടെ നാഥന്‍ അവളെ നല്ല നിലയില്‍ ‎സ്വീകരിച്ചു. മെച്ചപ്പെട്ട രീതിയില്‍ ‎വളര്‍ത്തിക്കൊണ്ടുവന്നു. സകരിയ്യായെ അവളുടെ ‎സംരക്ഷകനാക്കി. സകരിയ്യാ മിഹ്റാബില്‍ അവളുടെ ‎അടുത്തു ചെന്നപ്പോഴെല്ലാം അവള്‍ക്കരികെ ‎ആഹാരപദാര്‍ഥങ്ങള്‍ കാണാറുണ്ടായിരുന്നു. അതിനാല്‍ ‎അദ്ദേഹം ചോദിക്കുമായിരുന്നു: “മര്‍യം, നിനക്കെവിടെനിന്നാണിത് ‎ലഭിക്കുന്നത്?” അവർ പറഞ്ഞു.: “ഇത് അല്ലാഹുവിങ്കല്‍ ‎നിന്നുള്ളതാണ്. അല്ലാഹു അവനിച്ഛിക്കുന്നവര്‍ക്ക് ‎കണക്കറ്റ് കൊടുക്കുന്നു.” ‎ മൂന്നാമധ്യായം ആലു ഇംറാനിലെ മുപ്പത്തിയേഴാം സൂക്തത്തിന്റെ ആശയസാരമാണിത്.

ഏതായാലും ഖുബൈബ്(റ)നെ അവർ തടവറയിൽത്തന്നെ കിടത്തി. വധശിക്ഷ നടപ്പിലാക്കാൻ നിശ്ചയിച്ചത്തിന്റെ തലേ ദിവസം മഹാനവർകൾ ഒരാവശ്യം ഉന്നയിച്ചു. എനിക്കൊന്നു ക്ഷൗരം ചെയ്യാനാവശ്യമായ ഒരു കത്തി വേണമായിരുന്നു. ഹാരിസിൻ്റെ വീട്ടിലെ പരിചാരക അത് കൊണ്ടുവന്നു കൊടുത്തു. ശരീരത്തിൽ നിന്ന് നീക്കേണ്ട രോമവും മറ്റും നാൽപ്പത് ദിവസത്തിലൊരിക്കൽ നീക്കം ചെയ്യണമെന്ന നബിചര്യയാണ് ഖുബൈബ് (റ) തടവറയിലും ശ്രദ്ധിച്ചിരുന്നത്. അതോടൊപ്പം അടുത്ത ദിവസം ഞാനെന്റെ രക്ഷിതാവിലേക്ക് യാത്രയാവുകയാണല്ലോ? അവനെക്കണ്ടുമുട്ടാൻ തയ്യാറെടുക്കണമല്ലോ? എന്ന വിചാരം കൂടി മഹാനവർകളെ സ്വാധീനിച്ചിട്ടുണ്ട്.

മഹാനവർകൾ ക്ഷൗരക്കത്തിയുമായി തടവുമുറിയിലിരിക്കുമ്പോൾ ഹാരിസിൻ്റെ കുടുംബത്തിൽ നിന്ന് ഒരു കുട്ടി ഓടി അദ്ദേഹത്തിന്റെ അടുത്തേക്ക് ചെന്നു. വാത്സല്യപൂർവം ഖുബൈബ് (റ) കുഞ്ഞിനെയെടുത്ത് മടിയിലിരുത്തി. ഈ രംഗം കണ്ട വീട്ടുകാരി ഓടി വന്ന് തടവറയുടെ മുമ്പിൽ ഭയവിഹ്വലയായി വന്നു നിന്നു. തടവുപുള്ളിയുടെ കൈയിൽ കത്തിയിരിക്കുന്നു. തടവിലാക്കിയവരുടെ വീട്ടിലെ കുഞ്ഞിനെ മടിയിൽ കിട്ടിയിരിക്കുന്നു. നാളെ വധശിക്ഷ നടപ്പിലാക്കാൻ പോകുന്നവരാണ് കുട്ടിയുടെ കുടുംബക്കാർ. അപകട സാധ്യത മുന്നിൽക്കണ്ട മാതാവിന്റെ മുഖഭാവം കണ്ട് ഖുബൈബ് (റ) പുഞ്ചിരിച്ചുകൊണ്ട് അവളോട് ചോദിച്ചു. “ഞാനീ കുഞ്ഞിനെ വധിച്ചു കളയുമെന്നാണോ നീ ഭയപ്പെടുന്നത്? നീ ഒന്നു കൊണ്ടും ഭയപ്പെടേണ്ടതില്ല. ഞാനങ്ങനെ ചെയ്യുകയോ?” സത്യവിശ്വാസിയായ തന്നെക്കുറിച്ച് അങ്ങനെ ചിന്തിച്ചു പോയോ എന്ന രൂപേണയാണ് ഖുബൈബ് (റ) സംസാരിച്ചത്. കാരണം, നിരപരാധിയായ ഒരാളെ വധിക്കുന്നതിന്റെ ഗൗരവം എത്ര വ്യക്തമായിട്ടാണ് ഖുർആനെടുത്ത് പറഞ്ഞത് ! “ആരെയെങ്കിലും കൊന്നതിനോ ഭൂമിയില്‍ കുഴപ്പമുണ്ടാക്കിയതിനോ അല്ലാതെ വല്ലവനും ഒരാളെ വധിച്ചാല്‍ അവന്‍ മുഴുവന്‍ മനുഷ്യരെയും വധിച്ചവനെപ്പോലെയാണ്.” അഞ്ചാമധ്യായം അൽ മാഇദയിലെ മുപ്പത്തിരണ്ടാം സൂക്തത്തിന്റെ ആശയ ശകലമാണിത്.

ഖുബൈബി(റ)ന്റെ തടവറ ജീവിതത്തെ ലോകത്തോട് പങ്കുവച്ച ഹാരിസിന്റെ വീട്ടിലെ പരിചാരക ഇപ്രകാരം പറഞ്ഞു. “അല്ലാഹു സത്യം! ഖുബൈബി(റ)നോളം മഹത്വമുള്ള ഒരു ബന്ധിയേയും ഞാനറിഞ്ഞിട്ടില്ല”.

തൊട്ടടുത്ത ദിവസം ഖുബൈബി(റ)നെ കൊലക്കയറിലേക്ക് കൊണ്ടുപോകാൻ ഖുറൈശികൾ തയ്യാറായിരിക്കുകയാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-355/365

പ്രഭാതമായി. ഖുബൈബി(റ)നെ ശത്രുക്കൾ കൊലക്കളത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. പരസ്യമായി വധിക്കാനാണ് അവരുടെ ഉദ്ദേശ്യം. അതറിഞ്ഞയുടനെ മഹാനവർകൾ അവരോടു ഒരന്ത്യാഭിലാഷം അറിയിച്ചു. അത് മറ്റൊന്നുമായിരുന്നില്ല, രണ്ടു റകഅത്‌ നിസ്കരിക്കാൻ. അവരത് അനുവദിച്ചു കൊടുത്തു. അദ്ദേഹം വേഗം നിസ്ക്കാരം പൂർത്തീകരിച്ചു. എന്നിട്ട് പറഞ്ഞു “ഞാൻ വേഗം നിസ്ക്കാരം പൂർത്തിയാക്കിയത് നിങ്ങൾ എന്റെമേൽ ഭീരുത്വം ആരോപിക്കുമെന്ന് പേടിച്ചു മാത്രമാണ്. അല്ലാതെ നിസ്ക്കാരത്തിന്റെ ആശ മതിയായിട്ടോ മധുരം നുണഞ്ഞു കഴിഞ്ഞത് കൊണ്ടോ അല്ല”. ഇത്തരമൊരു നിസ്ക്കാരം മരണത്തിനു മുമ്പ് നിർവഹിക്കുന്ന ശൈലി ആദ്യമായി സ്വീകരിച്ചത് തന്നെ ഖുബൈബ് (റ) ആയിരുന്നുവെന്ന്‌ ഹദീസുകൾ പഠിപ്പിക്കുന്നു. പിന്നീട് പലരും ആ ചര്യ പിന്തുടർന്നു.

ഖുറൈശികളിൽ അന്നുവരെ ശീലമില്ലാതിരുന്ന ക്രൂശിക്കുക എന്ന രീതിയാണ് ഖുബൈബി(റ)നെതിരെ അവർ സ്വീകരിക്കാനുദ്ദേശിച്ചത്. ഒരുപക്ഷേ, റോം പോലെയുള്ള രാജ്യങ്ങളിൽ വ്യാപാര യാത്രകൾ നടത്തുക വഴി അറബികൾ കണ്ടു പകർത്തിയതായിരിക്കണം ഈ രീതിയെന്നാണ് പ്രമാണങ്ങളുടെ നിഗമനം. മരത്തിൽ വരിഞ്ഞുമുറുക്കിക്കെട്ടുമ്പോഴും കൂസലില്ലാത്ത ഭാവമാണ് അദ്ദേഹം പുലർത്തിയത്. പതറാത്ത മനോധൈര്യത്തോടെ മഹാനവർകൾ നിലകൊണ്ടു. അപ്പോഴും ചില കവിതാ ശകലങ്ങൾ അദ്ദേഹം ഉരുവിട്ടുകൊണ്ടിരുന്നു. അതിൽപ്പെട്ട വരികളാണ്:
“വ ലസ്തു ഉബാലീ ഹീന ഉഖ്‌തലു മുസ്‌ലിമൻ,
അലാ അയ്‌യി ജൻബിൻ കാന
ലില്ലാഹി മസ്റഈ.”
‘’അല്ലാവിൻ മാർഗത്തിൽ മരിക്കുകിൽ
പരിഭവമില്ലതിൽ ഏതു വിധേനയും.“

അഥവാ, അല്ലാഹുവിന്റെ മാർഗത്തിലാണ് എന്റെ മരണമെങ്കിൽ എങ്ങനെ കൊല്ലപ്പെട്ടാലും എനിക്ക് പരാതിയില്ല. കഷണങ്ങളായി പല ദിക്കുകളിൽച്ചിതറിയാലും ഒരുമിച്ചുകൂട്ടാൻ കഴിവുള്ളവനല്ലോ എന്റെ രക്ഷിതാവ് എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശ്വാസം.
മരണത്തോടടുത്ത വേളയിൽ അദ്ദേഹത്തിന്റെ കണ്ണുകൾ ആകാശത്തേക്കുയർന്നു. എന്നിട്ട് പ്രാർഥിച്ചു. “അല്ലാഹുവേ എന്റെ ഒരു സലാം എന്റെ പ്രിയപ്പെട്ട പ്രവാചക തിരുനബിﷺക്കു എത്തിച്ചു കൊടുക്കാൻ ഒരാളെയും ഞാൻ പരിസരത്ത് കാണുന്നില്ല. നീ തന്നെ എന്റെ ഒരഭിവാദ്യം പുണ്യനബിﷺക്കു എത്തിച്ചു നൽകേണമേ!”

നോക്കൂ അനുരാഗത്തിന്റെ ആത്മ ശീലുകൾ എത്രമേൽ കൃത്യമായിട്ടാണ് ഖുബൈബി(റ)നെ പുൽകിയിരിക്കുന്നത് ! ഏതൊരു നേതാവിനെ അംഗീകരിച്ചതിനാലാണോ ക്രൂശിക്കപ്പെടാൻ പോകുന്നത് അതേ തിരുനബിﷺയിലേക്കാണ് പിന്നെയും ഹൃദയം ഓടിച്ചെല്ലുന്നത്. ആത്മാവിനോട് പ്രണയം ചേർത്തു വച്ചു എന്ന പ്രയോഗമല്ല ഇവിടെ, പ്രണയം മരണത്തെയും തോൽപ്പിച്ചു അനുരാഗിയെ ആസ്വദിപ്പിക്കുകയാണ് ചെയ്യുന്നത്. ഇതുപോലെ ഒരു സ്നേഹ ഗാഥ മുത്തു നബിﷺയുടെ ചരിത്രത്തിലല്ലാതെ ആരുടെ ചരിത്രത്തിലാണ് വായിക്കാൻ ലഭിക്കുക ?

ഈ മുഹൂർത്തത്തിൽ നമ്മുടെ ക്യാമറയൊന്നു മദീനയിലേക്ക്‌ തിരിക്കാം. അഥവാ, മുത്തുനബിﷺയുടെ സവിധത്തിലേക്ക്. നബിﷺയെ അടുത്തുള്ള അനുയായികൾ അസ്വസ്ഥമായിട്ടാണ് കാണുന്നത്. അവിടുത്തെ തിരുമുഖത്തു ആകുലത നിഴൽ വീഴ്ത്തിയിരിക്കുന്നു. പെട്ടെന്നവിടുന്ന് ‘വഅലൈകുമുസ്സലാം’ എന്ന്‌ സലാം മടക്കുന്നത് അഥവാ പ്രത്യഭിവാദ്യം ചെയ്യുന്നത് കേട്ടു. അടുത്തുള്ള അനുയായികൾ ആകെ അദ്ഭുതപ്പെട്ടു. ആർക്കായിരിക്കും ഈ സലാം മടക്കിയത്! ഉടനെ നബിﷺ കാര്യം വിശദീകരിച്ചു. ഖുബൈബി(റ)ന്റെ സലാം ജിബ്‌രീല്‍ (അ) എനിക്ക് എത്തിച്ചു തന്നിരിക്കുന്നു. തുടർന്നു ഖുബൈബി(റ)ന്റെ വിവരങ്ങൾ അനുയായികളോട് പങ്കുവച്ചു.

ഖുബൈബി(റ)നെ അവർ ഇഞ്ചിഞ്ചായി കൊലചെയ്യാൻ തുടങ്ങി. ഉറച്ച വിശ്വാസത്തോടെ സഹിച്ചു നിൽക്കുന്ന ഖുബൈബ് (റ) ശത്രുക്കളെയും അദ്ഭുതപ്പെടുത്തി. അതിനിടയിൽ അദ്ദേഹത്തെ ചൊടിപ്പിക്കാൻ വേണ്ടി അവർ ചോദിച്ചു. നിങ്ങളുടെ ഈ സ്ഥാനത്ത് മുഹമ്മദ്‌ നബിﷺ ആയിരുന്നെങ്കിലോ? ഉടനെ അദ്ദേഹം പ്രതികരിച്ചു. “മുത്തു നബിﷺ ഈ സ്ഥാനത്തു പോയിട്ട് അവിടുത്തെ പൂമേനിയിൽ ഒരു മുള്ളു കൊള്ളുന്നതു പോലും ഞാനിഷ്ടപ്പെടുന്നില്ല “.
വീണ്ടും നബിസ്നേഹത്തിന്റെ അതുല്യമായ സാക്ഷ്യം അടയാളപ്പെടുത്തി. ജീവിതത്തിന്റെ അവസാന നിമിഷമടുത്തപ്പോൾ അദ്ദേഹം സഹനത്തിന്റെ പാരമ്യതയും കടന്നു ഇങ്ങനെ പ്രാർഥിച്ചു. “അല്ലാഹുവേ, ഇവരിലൊരാളെയും നീ ബാക്കിയാക്കരുതേ! എല്ലാവരോടും നീ കണക്കു ചോദിക്കേണമേ!”

മരണം സ്ഥിരീകരിച്ചതോടെ ഖുറൈശികൾ മക്കയിലേക്ക് മടങ്ങി. പക്ഷേ, കാഴ്ചക്കാരായ പലരുടെയും ഹൃദയങ്ങളിൽ ഖുബൈബി(റ)ന്റെ ഓരോ ഭാവവും ആഴത്തിൽപ്പതിഞ്ഞു. ആജീവനാന്തം ആ ഓർമകൾ അവരെ സ്വാധീനിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-356/365

അനുരാഗത്തിനായി ആത്മാവ് സമർപ്പിച്ച ആ ശ്രേഷ്ഠ വ്യക്തിത്വത്തിന്റെ ശരീരം ക്രൂശിക്കപ്പെട്ട മരത്തിൽത്തന്നെ നിന്നു. വിവരം നബിﷺ മദീനയിലിരുന്ന് അല്ലാഹുവിൽ നിന്നുള്ള അറിയിപ്പു പ്രകാരം അറിഞ്ഞു. ഉടനെ രണ്ടാളുകളെ അങ്ങോട്ടയച്ചു. മിഖ്ദാദ് ബിൻ അംറും(റ) സുബൈർ ബിൻ അൽ അവ്വാമു(റ)മായിരുന്നു ആ രണ്ടു പേർ എന്നാണ് പ്രബലാഭിപ്രായം. അതല്ല, അവരിലൊരാൾ അംറ് ബിൻ ഉമയ്യ അള്ളംരി (റ) ആയിരുന്നു എന്നും അഭിപ്രായമുണ്ട്. ഈ രണ്ടു ദൂതന്മാർ രാത്രിയുടെ മറവിൽ കഴുമരത്തിനടുത്തെത്തി. ഖുബൈബ്(റ)ന്റെ ശരീരം അഴിച്ചിറക്കി മറമാടി. ഇന്ന് തൻഈമിലെ ആഇശ പള്ളി നിലനിൽക്കുന്നതിന്റെയധികം ദൂരെയായിരുന്നില്ല ഈ സംഭവങ്ങൾ നടന്നത്. പള്ളിയിൽ ഖിബ്’ലയ്ക്ക് നേരേ നിൽക്കുമ്പോൾ ഇടതു ഭാഗത്തായിരുന്നുവത്രെ കൃത്യമായ സ്ഥലം.

ഖുബൈബി(റ)ന്റെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷിയായ ഒരു വ്യക്തിത്വത്തിൽ നിഴലിച്ച വികാരം കൂടി വായിക്കുമ്പോഴാണ് ഈ അധ്യായം പൂർത്തിയാകുന്നത്.

സഈദ് ബിൻ ആമിർ അൽ ജുമഹി ഈ സംഭവങ്ങൾക്ക് സാക്ഷിയായിരുന്നു. പക്ഷേ, അന്ന് ഇസ്‌ലാം പക്ഷത്തായിരുന്നില്ല. ശത്രുസംഘത്തിൽ നിന്ന് രംഗം കാണാൻ വന്നയാളായിരുന്നു. എന്നാൽ, ഖുബൈബി(റ)ൻ്റെ അവസാന സമയത്തെ സ്ഥൈര്യവും നിലപാടുകളും അദ്ദേഹത്തെ മാറ്റിച്ചിന്തിപ്പിച്ചു. അങ്ങനെയദ്ദേഹം ഇസ്‌ലാം സ്വീകരിച്ചു. നല്ല ഒരനുയായിയായി ജീവിച്ചു.

നബിﷺയുടെ വിയോഗവും പിന്നെ വർഷങ്ങളും കഴിഞ്ഞു. ഉമർ (റ) ഇദ്ദേഹത്തെ സിറിയയിലെ ഹിംസിൽ ഗവർണറായി നിയോഗിച്ചു. ഉമറി(റ)ന്റെ ഭരണക്രമത്തിൽ ഗവർണർമാർ കൃത്യമായി നിരീക്ഷിക്കപ്പെട്ടിരുന്നു. അവരെക്കുറിച്ചുള്ള ഭരണീയരുടെ വിലയിരുത്തലുകൾ മുഖവിലയ്ക്കെടുത്തിരുന്നു. അതിന്റെ ഭാഗമായി ഹിംസുകാരോട് സഈദി(റ)നെക്കുറിച്ച് അഭിപ്രായാന്വേഷണം നടത്തി. അവർ മൂന്ന് പരാതികൾ സഈദി(റ)നെതിരെ ഉന്നയിച്ചു. പരസ്യമായി സഈദി(റ)നെ വിചാരണ ചെയ്യാൻ ഖലീഫ മുന്നോട്ട് വന്നു. നാട്ടുകാർ പരാതികൾ ഓരോന്നായി ഉന്നയിച്ചു തുടങ്ങി. ‘രാവിലെ വളരെ വൈകിയാണ് സഈദ് കാര്യാലയത്തിലേക്കെത്തുക’ എന്നതായിരുന്നു ആദ്യത്തേത്. സഈദി(റ)നോട് ഈ പരാതിക്ക് വിശദീകരണം തേടി. അദ്ദേഹം പറഞ്ഞു. “ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ വ്യക്തിപരമായി എനിക്ക് താല്പര്യമില്ല. ഇത്തരമൊരു ഘട്ടത്തിലായത് കൊണ്ട് മാത്രം ഞാൻ പറയാം. എന്റെ ഭാര്യ രോഗിണിയാണ്. വീട്ടുവേലയ്ക്ക് വേറെയാരുമില്ല. പരിചാരകരെയോ സേവകരെയോ വച്ചിട്ടില്ല. ഞാൻ തന്നെയാണ് ഭാര്യയെ പരിചരിക്കുന്നതും വീട്ടുവേലകൾ ചെയ്യുന്നതും. അതിനാലാണ് രാവിലെ എത്താൻ ഞാൻ വൈകുന്നത് “. ഇതു കഴിഞ്ഞപ്പോൾ ഖലീഫയുടെ നിർദേശപ്രകാരം അടുത്ത പരാതി ഉന്നയിച്ചു. ‘ഗവർണർ പകൽ മാത്രമെ ജനങ്ങളുടെ കാര്യത്തിൽ ഇടപെടാറുള്ളൂ. രാത്രിയിലദ്ദേഹത്തെ ലഭിക്കുന്നില്ല’. സഈദ്(റ) പ്രതികരിച്ചു. “അല്ലയോ അമീറുൽ മുഅ്മിനീൻ, ഇതും പുറത്തൊരാളോട് പറയുന്നതില്‍ എനിക്ക് ബുദ്ധിമുട്ടുണ്ട്. ഞാനെന്റെ പകല്‍ സമയം ജനങ്ങള്‍ക്കും രാത്രി എന്റെ റബ്ബിനും വേണ്ടി നീക്കി വച്ചിരിക്കുന്നു. അതുകൊണ്ടാണ് രാത്രിയിലെന്നെ ലഭിക്കാത്തത് “.
‘ചിലപ്പോള്‍ അദ്ദേഹത്തെ ഒരു ബോധക്ഷയം പിടികൂടും. അങ്ങനെയദ്ദേഹം സദസ്സില്‍ നിന്ന് അപ്രത്യക്ഷനാകും. ഇതായിരുന്നു ഹിംസുകാരുടെ അടുത്ത പരാതി’.
ഉമർ (റ) സഈദി(റ)നോട് ചോദിച്ചു. “ഇതെന്തുകൊണ്ടാണ് ?”

സഈദ് (റ) പറഞ്ഞു തുടങ്ങി. “അത്…. ഞാന്‍ ബഹുദൈവ വിശ്വാസിയായിരിക്കെ ഖുബൈബ്‌നു അദിയ്യ്(റ)ന്റെ വധത്തിന് സാക്ഷിയായിട്ടുണ്ട്. ഖുറൈശികള്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ നിന്ന് മാംസം മുറിച്ചെടുക്കുമ്പോള്‍ അവര്‍ ചോദിക്കുന്നുണ്ടായിരുന്നു. ‘നിന്റെ സ്ഥാനത്ത് മുഹമ്മദ്ﷺ ആയിരിക്കാന്‍ നീ ആഗ്രഹിക്കുന്നില്ലേ?’ അദ്ദേഹം പറഞ്ഞു: ‘അല്ലാഹുവാണെ, മുഹമ്മദ്ﷺക്ക് ഒരു മുള്ള് തറയ്ക്കുകയും ഞാനെന്റെ കുടുംബത്തില്‍ മക്കളോടൊപ്പം നിര്‍ഭയനായിരിക്കുകയും ചെയ്യുന്നത് പോലും എനിക്ക് ഇഷ്ടമല്ല…’ ‘അല്ലാഹുവാണെ, ആ ദിവസത്തെ ഞാന്‍ ഓര്‍ക്കുമ്പോഴെല്ലാം അന്ന് അദ്ദേഹത്തെ സഹായിക്കാന്‍ കഴിയാതെ പോയതില്‍ അല്ലാഹു എനിക്ക് പൊറുത്തുതരാതിരിക്കുമോ എന്ന ചിന്ത എന്നെ വേട്ടയാടും’. അപ്പോഴാണ് അങ്ങനെ സംഭവിക്കുന്നത് “.

ഇത് കേട്ട് ഉമറി(റ)ന്റെ കണ്ണുകളിലും ഈറനണിഞ്ഞു. ചില നിവേദനങ്ങളിൽ ഹിംസുകാർക്ക് ഒരു പരാതി കൂടിയുണ്ടായിരുന്നു. ‘മാസത്തിലൊരു ദിവസം അദ്ദേഹം തീരെ പുറത്തിറങ്ങാറില്ല എന്നതായിരുന്നു’.
‘‘ഇതെന്താണ് സഈദേ?’’ ഉമർ (റ) വിശദീകരണം തേടി.
“അമീറുല്‍ മുഅ്മിനീന്‍, എനിക്ക് വേലക്കാരനില്ല. ഞാനുടുത്ത ഈ വസ്ത്രമല്ലാതെ മറ്റു വസ്ത്രങ്ങളുമില്ല. അത് അലക്കിയുണങ്ങും വരെ ഞാന്‍ കാത്തിരിക്കും. അന്ന് പകലിന്റെയവസാനം ഞാന്‍ പുറത്തിറങ്ങുകയും ചെയ്യും.”
മറുപടികൾ കേട്ട് സംതൃപ്തനായി. ഹിംസുകാർ ആശ്ചര്യത്തോടെ തങ്ങളുടെ ഗവർണറുടെ മഹത്വം മനസ്സിലാക്കി.

ഖുബൈബി(റ)ൻ്റെ വിയോഗം ആഴ്ന്നു നിൽക്കുന്ന ഓർമയായി കാലങ്ങൾക്കിപ്പുറത്തേക്കും നാം വായിച്ചു കൊണ്ടിരിക്കുകയാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-357/365

ഉഹ്ദിന് ശേഷമുണ്ടായ റജിഉ സംഭവത്തെക്കുറിച്ചാണ് നാം വായിച്ചത്. അതിന് ശേഷം ഹിജ്‌റ നാലാം വർഷം സഫർ മാസത്തിലുണ്ടായ സംഭവമാണ് ബിഅ്ർ മഊന. സ്വഹീഹുൽ ബുഖാരിയിൽ തന്നെ വിശദമായി ഒരു വിവരണം വന്നിട്ടുണ്ട്. സംഭവം ഇങ്ങനെ വായിച്ചു തുടങ്ങാം. ” നജ്ദിലെ ബനൂ ആമിർ വംശത്തിൽപ്പെട്ട അബൂബറാഅ് ആമിർ മാലിക് എന്നയാൾ നബി ﷺ യുടെ അടുത്തെത്തി. ശക്തനായ ഒരു യോദ്ധാവാണദ്ദേഹം. ‘മുലാഇബുസ്സിന്ന:’ അഥവാ ‘കളിപ്പാട്ടം പോലെ കുന്തമുപയോഗിക്കുന്നയാൾ’ എന്നൊക്കെ അയാളെ പരിചയപ്പെടുത്താറുണ്ട്. നബിﷺയുടെ സവിധത്തിൽ നിന്ന് ഇസ്‌ലാമിനെ പരിചയപ്പെട്ടപ്പോൾ അയാൾക്ക് താല്പര്യമായി. പക്ഷേ, അയാൾ വിശ്വാസം പ്രഖ്യാപിച്ചില്ല. എന്നാൽ, അയാൾ ഒരാവശ്യമുന്നയിച്ചു. ഇവിടെ നിന്ന് ഒരു സംഘത്തെ ഞങ്ങളുടെ നജ്ദിലേക്കയച്ചിരുന്നെങ്കിൽ വളരെ ഉപകാരമായിരുന്നു. അന്നാട്ടുകാർ പലരും ഈ ദർശനങ്ങളെ സ്വീകരിക്കാൻ സാധ്യതയുണ്ട്. കാരണം ഇവിടെക്കണ്ടതൊക്കെ നല്ല നല്ല കാര്യങ്ങളാണ്. ഈ നിർദേശം ഉന്നയിച്ചതിൽ നബിﷺക്ക് താല്പര്യം തോന്നി. പക്ഷേ, നബിﷺക്ക് ഒരാശങ്കയുമുണ്ടായി. അതവിടുന്ന് പങ്കുവച്ചു. എനിക്ക് നജ്ദ്കാരിൽ അത്ര നിർഭയത്വം തോന്നുന്നില്ല. അവരുടെ പ്രതികരണങ്ങൾ പൊതുവെ അത്ര സുഖകരമല്ല. ഇത്രയുമായപ്പോൾ അബൂബറാ പറഞ്ഞു. ഞാനവർക്ക് സംരക്ഷണം നൽകിക്കൊള്ളാം. പൊതുവെ ഒരാളുടെ അഭയത്തിൽ വരുന്നവരെ മറ്റുള്ളവർ പരിഗണിക്കാറുണ്ട്.

നജ്ദ് എന്ന വിശാലമായ ഒരു പ്രവിശ്യയിലേക്ക് ഇസ്‌ലാം എത്തിച്ചു നൽകുന്നതിലുള്ള താല്പര്യം ചെറുതൊന്നുമല്ല നബിﷺക്കുണ്ടായത്. എന്നാൽ അവിടുത്തെ ജനങ്ങളുടെ പ്രകൃതിയും സംസ്കാരവും അത്ര മെച്ചപ്പെട്ടതല്ല എന്നയറിവ് തങ്ങളെ അലട്ടുകയും ചെയ്തു. അവരിൽ നിന്നു തന്നെയുള്ള ഒരാളുടെ സംരക്ഷണയിലായാൽ അന്നത്തെ സമ്പ്രദായ പ്രകാരം അപകടത്തിന് സാധ്യതയുമില്ല.

ഏതായാലും ഖുർആൻ വിജ്ഞാനികളായ എഴുപത് പേരെ നബിﷺ തെരഞ്ഞെടുത്തു. അറിവിൽ ആഴവും ആരാധനാ രീതികളിൽ ഉയർന്ന ചിട്ടകളും ഉള്ളവരായിരുന്നു അവർ. അവരിൽ ഏറിയവരും മുത്ത് നബിﷺയോടൊപ്പം അറിവും അനുഭവങ്ങളും പകർന്നെടുത്ത് പള്ളിയിൽ തന്നെ കഴിഞ്ഞിരുന്ന തിണ്ണവാസികൾ അഥവാ സുഫ്ഫക്കാരായിരുന്നു.

ഈ സംഘത്തിന്റെ അംഗബലവും യോഗ്യതയും വളരെ പ്രധാനമാണ്. കാരണം, ഉഹ്ദിൽ പങ്കെടുത്തവർ ആകെ എഴുന്നൂറ് പേരായിരുന്നു. അതിലേക്ക് ചേർത്തു നോക്കുമ്പോൾ അതിൻ്റെ പത്തു ശതമാനമാണീ പുറപ്പെടുന്നത്. ഇവരോരോരുത്തരും വൈജ്ഞാനികമായി ഉയർന്ന നിലവാരത്തിലുള്ളവരുമാണ്. ഇവർക്ക് നേതാവായി മുൻദിർ ബിൻ അംറ്(റ)നെ നിശ്ചയിച്ചു. ഉഹ്ദിലെ വലതുഭാഗത്തെ കാലാൾപ്പടയുടെ സൈനിക മേധാവിയായിരുന്നു ഇദ്ദേഹം. അനസ്(റ)ന്റെ അമ്മാവൻ ഹറാമ് മിൽഹാൻ (റ), അബൂബക്കർ (റ) മോചനം നൽകിയ അടിമ, ഹിജ്റയുടെ നേരത്തെ വിവരാന്വേഷകനും നബിﷺയുടെ സഹസഞ്ചാരിയുമൊക്കെയായിരുന്ന ആമിർ ബിൻ ഫുഹൈറ (റ) എന്നീ പ്രമുഖരും എഴുപതംഗ സംഘത്തിലുണ്ടായിരുന്നു.

മദീനയിൽ നിന്ന് നജ്ദിലേക്ക് സംഘം യാത്ര തിരിച്ചു. പകലിൽ വിറക് ശേഖരിച്ച് വിറ്റ് പശിയടക്കും. രാത്രികാലങ്ങളിൽ നല്ലൊരു സമയം ആരാധനയ്ക്ക് കണ്ടെത്തും. അങ്ങനെയവർ മുന്നോട്ട് ഗമിച്ചു. ഒടുവിൽ നജ്ദിലെ ബനൂസുലൈം ഗോത്രത്തിന്റെ ഒരു കിണറിനടുത്തെത്തി. ബനൂ ആമിർ ഗോത്രത്തലവന്റെ അടുത്തേക്ക് നബി ﷺ യുടെ സന്ദേശമടങ്ങുന്ന കത്തുമായി ഹറാമ് ബിൻ മിൽഹാൻ (റ) എന്ന സ്വഹാബി കടന്നു ചെന്നു. ആമിർ ബിൻ ത്വുഫൈൽ എന്നായിരുന്നു ഗോത്രത്തലവന്റെ പേര്. മദീനയിൽ നിന്നുള്ള സംഘത്തെ കൂട്ടിക്കൊണ്ടു വന്ന അബൂബറാഇന്റെ ബന്ധുവായിരുന്നു അയാൾ.

ഇയാൾ മുമ്പൊരിക്കൽ നബിﷺയെ വന്നു കണ്ടിരുന്നു. ചില നിബന്ധനകളോടെ വിശ്വാസിയാകാം എന്നയഭിപ്രായം അയാൾ മുന്നോട്ട് വച്ചിരുന്നു. തന്നെ പ്രവിശ്യയുടെ അധികാരിയോ പ്രവാചകന്റെﷺ ഖലീഫയോ ആക്കണമെന്നായിരുന്നു അയാളുടെ നിബന്ധന.
നബിﷺ അത് വകവച്ചു കൊടുത്തിരുന്നില്ല.

ഇതിൽ നിന്ന് രൂപപ്പെട്ട പകയും ഉള്ളിലൊതുക്കിയാണ് ആമിർ നബിﷺയുടെ കത്ത് കൈപ്പറ്റിയത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-358/365

ഹറാം ബിൻ മിൽഹാന്റെ കൈയിൽ നിന്നും കത്ത് വാങ്ങിയയുടൻ ആമിർ ബിൻ തുഫൈൽ അനുയായികളിലൊരാൾക്ക് കണ്ണുകൊണ്ടു ഒരു നിർദേശം നൽകി. ഉടനെ ഒരാൾ പിന്നിൽ നിന്ന് കുന്തവുമായി ഓടി വന്നു. ഹറാം (റ) ആഞ്ഞു കുത്തി , കുന്തം ശരീരത്തിൽത്തുളച്ചു മുൻഭാഗത്തെത്തി. ആ കുത്തിയവന്റെ പേര് ജബ്ബാർ ബിൻ സലമ: എന്നായിരുന്നു. കുത്തു കൊണ്ടതും മഹാനായ സ്വഹാബി നിലം പതിച്ചു. ‘ഫുസ്തു വ റബ്ബറുൽ കഅ്ബ’ അഥവാ ‘കഅ്ബയുടെ നാഥൻ സാക്ഷി‘ ഞാൻ ജയിച്ചിരിക്കുന്നു എന്നാണ് അപ്പോൾ മഹാൻ വിളിച്ചു പറഞ്ഞത്. ഇത് കേട്ടപ്പോൾ കുത്തിയവൻ തന്നെ അദ്ഭുതപ്പെട്ടു! ‘എന്താണിപ്പറയുന്നത് ? മരണം എങ്ങനെയാണ് വിജയമാകുന്നത് ? മരണത്തോടെ എല്ലാം തീരുകയല്ലേ?‘ അയാളിൽ ആ വാക്കുകൾ തറച്ചു. മനസ്സിൽ അന്വേഷണം മുളയെടുത്തു. ഒടുവിലദ്ദേഹം മുസ്‌ലിംകളിൽ ഒരാളോട് തന്നെ ചോദിച്ചു; ‘മരണത്തോടെ എന്ത് വിജയമാണ് ലഭിക്കുക?‘ ‘സ്വർഗം‘ എന്നാണുദ്ദേശ്യമെന്ന് ആ വിശ്വാസി വിശദീകരണം നൽകി. ക്രമേണ അയാൾ ഇസ്‌ലാം സ്വീകരിച്ചു സത്യവിശ്വാസിയായി മാറി.
എത്ര കൗതുകകരമായ കാഴ്ചയാണ് ഈ സീറാ വായന പകർന്നു തരുന്നത് ! ധീരമായ നിലപടുകൾ വഴി വിശ്വാസത്തെ സംരക്ഷിച്ചു സ്വർഗത്തിലേക്ക് പോയവർ. അവരുടെ ഉറച്ച നിലപാടുകൾക്കണ്ട് നേർവഴിക്കു വന്ന അവരുടെ തന്നെ ഘാതകർ. പിന്നീട് അവരും കൊല്ലപ്പെട്ടവർ പോയ സ്വർഗത്തിലേക്ക് പറന്നു പോകുന്നു ! ഹംസയും വഹ്ശിയും; ഇപ്പോഴിതാ ഹറാമും ജബ്ബാറും. ഇങ്ങനെ എത്രപേർ ! ആദർശം പ്രധാനമാവുകയും മൂല്യങ്ങൾക്കു പ്രഥമ പരിഗണന ലഭിക്കുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഒരു പ്രതിഭാസം മാത്രമാണിത്.
നമുക്ക് തുടരാം. ഹറാം (റ) ഒരേ സമയം സ്വർഗത്തിലേക്ക് സഞ്ചരിക്കുകയും അതേസമയം കൊന്നയാളെത്തന്നെ സ്വർഗത്തിലേക്ക് നയിക്കുകയും ചെയ്തു. ഈ ഇരട്ട ഭാഗ്യമാണ് മഹാനായ സ്വഹാബി നേടിയെടുത്തത്.
ആമിർ ബിൻ തുഫൈൽ ചെയ്തത് അന്നത്തേയും എന്നത്തേയും രാഷ്ട്രീയ രീതികൾ വച്ചു നോക്കിയാൽ ഏറ്റവും വലിയ അപരാധമാണ്. കാരണം, ഒരു അംബാസഡറെ സന്ദേശം പോലും വായിച്ചു നോക്കാതെ ക്രൂരമായി കൊല ചെയ്തിരിക്കുകയാണ്. അതും തന്റെ ഗോത്രത്തിലെ ഒരാൾ അഭയം നൽകിയ വ്യക്തികൂടിയായിരുന്നു കൊല്ലപ്പെട്ടത്.
എന്നിട്ടും ആമിർന് തന്റെ ക്രൂരത അടങ്ങിയില്ല. ഹറാം(റ) ന്റെ ഒപ്പമുള്ള ശേഷിക്കുന്നവരെക്കൂടി കൊല്ലാൻ അയാൾ പദ്ധതിയിട്ടു. അതിനു വേണ്ടി അയാളടുത്തുള്ള ഗോത്രങ്ങളുടെ പിന്തുണ തേടി. കാര്യമറിഞ്ഞ അവരാരും അതിന് കൂട്ടുനിന്നില്ല. ‘ഒരാളുടെ വ്യക്തമായ സംരക്ഷണയിൽ ഒരു ഗോത്രത്തിലേക്ക് സമാധാനപരമായി വന്നവരെ എങ്ങനെയാണ് വധിക്കുക‘ എന്ന സാമാന്യ മര്യാദയാണ് അവർ ആലോചിച്ചത്. എന്നാൽ ആമിറിന്റെ ഉപഗോത്രക്കാരിൽച്ചിലർ അയാളെ പിന്തുണയ്ക്കാൻ വന്നു. അന്താരാഷ്ട്ര നീതികൾക്കും അപ്പുറത്തേക്ക് കുബുദ്ധികൾ വളർന്നു വന്ന ഒരു രാഷ്ട്രീയ പരിസരത്തെയാണ് നാമിവിടെ വായിക്കുന്നത്.
രിഅൽ, ദക് വാൻ, അത്വിയ്യ എന്നീ മൂന്നു ഗോതങ്ങളാണ് ഇയാൾക്കൊപ്പം മുന്നോട്ട് വന്നത്. ഈ ഗോത്രങ്ങളുടെ നൂറു കണക്കിനംഗങ്ങളുള്ള സൈന്യം വന്ന് ഈ എഴുപത് പേരെ വളഞ്ഞു.

اللهم صل على سيدنا محمد وعلى اله وصحبه وسلم

Mahabba Campaign Part-359/365

ആയുധമോ യുദ്ധവിചാരമോയില്ലാതെ അറിവ് പകർന്നു കൊടുക്കാൻ വേണ്ടി മാത്രം വന്ന സ്വാഹാബികൾ ഈ സൈനിക വ്യൂഹത്തെ കണ്ട് അമ്പരന്നു ! നിസ്സഹായരായി അവർ നിന്നു. സ്വാഭാവികമായ പ്രതിരോധത്തിന് ശ്രമിച്ചെങ്കിലും നിർദയരായ ആ ക്രൂരസംഘം ആ അറുപത്തിനാല് ആളുകളെയും വധിച്ചുകളഞ്ഞു.

ഈ സംഘത്തിൽ നിന്നു മൂന്നാളുകൾ മാത്രമാണ് രക്ഷപ്പെട്ടത്. അവരിലൊരാൾ കൂട്ടുകാർക്കൊപ്പം വെട്ടേറ്റു വീഴുകയും ശത്രുക്കളദ്ദേഹം മരണപ്പെട്ടുവെന്ന്‌ കരുതി ഉപേക്ഷിക്കുകയും ചെയ്തയാളായിരുന്നു. കഅ്ബുബിൻ നജ്ജാർ (റ) എന്നായിരുന്നു ആ സ്വഹാബിയുടെ പേര്. ശത്രുക്കൾ കളം വിട്ടതിനു ശേഷം അദ്ദേഹം മെല്ലെ രക്ഷപ്പെട്ടു മദീനയിലെത്തി. ശിഷ്ടകാലം മദീനയിൽക്കഴിഞ്ഞു. ശേഷം, ഖന്തക് സൈനിക പ്രതിരോധത്തിൽ പങ്കെടുക്കുകയും കൊല്ലപ്പെടുകയും ചെയ്തു. ബാക്കി രണ്ടാളുകൾ സംഭവ സമയത്ത് ഒട്ടകത്തോടൊപ്പമോ മറ്റോ അല്പം അകലെയായിരുന്നു. ആകാശത്തു കഴുകന്മാർ വട്ടമിട്ടു പറക്കുന്ന രംഗം കണ്ടപ്പോൾ എന്തോ അഹിതമായതുണ്ട് എന്നവർ ‌ മനസ്സിലാക്കി. മുഹാജിറുകളിൽപ്പെട്ട അംറ് ബിൻ ഉമയ്യ അൽ ളംറി (റ)യും അൻസ്വാരികളിൽപ്പെട്ട മുന്ദിർ ബിൻ ഉക്ബാ (റ) എന്നിവരായിരുന്നു ആ രണ്ടുപേർ. കഴുകക്കൂട്ടത്തെക്കണ്ടപ്പോൾ അവർ തമ്മിൽ സംസാരിച്ചു. എന്താണ് ചെയ്യുക? മുന്ദിർ (റ) പറഞ്ഞു, “ഞാനങ്ങോട്ടു പോവുകയാണ്. കാരണം, ഞാനവരുടെ കൂടെ വന്നയാളാണല്ലോ? ഞാനൊന്നു പോയി നോക്കട്ടെ എന്താണ് സംഭവിക്കുന്നതെന്നു. അവർക്കെന്തു സംഭവിച്ചാലും അവരോടൊപ്പം ഞാനും ചേരാൻ ആഗ്രഹിക്കുന്നു. അവരെല്ലാം മരണപ്പെട്ടു പോവുകയും ഞാനവരുടെ വിയോഗവർത്തയറിയിക്കുന്ന ആളാവുകയും ചെയ്യാൻ , ആഗ്രഹിക്കുന്നില്ല “.
അംറ് (റ) പറഞ്ഞു. “അത് യുക്തിയല്ല, നാം വെറുതെ ശത്രുക്കളുടെ വായിൽപ്പോയി കയറി കൊടുക്കേണ്ടതില്ലല്ലോ?”
ഒടുവിൽ രണ്ടുപേരും ഒരുമിച്ചു കിണറിനടുത്തേക്ക് തന്നെ നടന്നു. ശത്രുക്കൾ ഇവരെക്കണ്ട മാത്രയിൽത്തന്നെ ചാടിവീണു രണ്ടുപേരെയും ബന്ധികളാക്കി. പക്ഷേ, മുന്ദിർ (റ) ശക്തമായി പ്രതിരോധിച്ചു. അദ്ദേഹവും വൈകാതെത്തന്നെ കൊല്ലപ്പെട്ടു. അല്പം മുമ്പ് മുന്ദിർ (റ) പറഞ്ഞത് തന്നെ സംഭവിച്ചു.

അംറ് ബിൻ ഉമയ്യ(റ)യെ ശത്രുക്കൾ ബന്ധിയാക്കി. ആമിർ ബിൻ തുഫൈലിന്റെ മുമ്പിൽ ഹാജരാക്കപ്പെട്ടു. അപ്രതീക്ഷിതമായി ആമിർ അംറി(റ)നെ മോചിപ്പിച്ചു. എന്ത് ചെയ്യണമെന്നറിയാതെ അൽപ്പനേരം നിന്നിട്ട് അദ്ദേഹം മദീനയിലേക്ക്‌ തിരിച്ചു. താങ്ങാനാവാത്ത ദുഃഖവും പേറിയുള്ള സഞ്ചാരം. ഒപ്പം വന്ന അറുപത്തൊൻപതുപേരും രക്തസാക്ഷിയായി താന്മാത്രം തിരിച്ചു പോകുന്നതിന്റെ കദനം എത്രവലുതാണ്. ഈ വിട്ടയച്ചതിലും വല്ല ചതിയും പതിയിരിക്കുന്നുണ്ടോ! അതും അറിയാൻ വയ്യ. ഏതായാലും മുന്നോട്ടു തന്നെ നടന്നു.

ആമിർ ഇങ്ങനെ വിട്ടയയ്ക്കാൻ പല കാരണങ്ങളും ഉണ്ടത്രേ. ഒന്നു ഇതൊക്കെ മദീനയിൽ ഒന്നറിയട്ടെ എന്നത് തന്നെയായിരുന്നു. രണ്ടാമത് പറയപ്പെടുന്നത്. ഒരടിമയെ മോചിപ്പിക്കണമെന്ന തന്റെ മാതാവിന്റെ നേർച്ച പൂർത്തിയാക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തി എന്നതാണ്.

കനത്ത ദുഃഖവും കുനിഞ്ഞ ശിരസ്സുമായി അംറ് (റ) മദീനയിലേക്കടുത്തു. അതാ, ഒരിടത്താവളമെത്തി. സാധാരണ യാത്രക്കാർ വിശ്രമിക്കുന്ന സ്ഥലം. അതാ, അവിടെ രണ്ടാളുകൾ. ആരായിരിക്കും ഇവർ? അംറ് (റ) ആലോചിച്ചു. ഏതായാലും അന്വേഷിച്ചു നോക്കാം. അവർ പറഞ്ഞു. ബനൂ ആമിറിൽ നിന്നുള്ള ബനൂ കിലാബ് ഗോത്രക്കാരാണ് ഞങ്ങൾ. ഇനിയധികം ആലോചിക്കാനില്ല. ഇവരിൽ എന്തെങ്കിലും ചതിയുണ്ടാകും. കാരണം, ഇതേ ഗോത്രക്കാരാണ് എന്റെ പ്രിയക്കാരായ അറുപത്തി ഒൻപതാളുകളെ അരുംകൊല ചെയ്തത്. ഇപ്പോൾ ഇവിടെ ഈ രണ്ടുപേരും എന്തോ ഗൂഢ ലക്ഷ്യമില്ലെങ്കിൽ ഈ ഭാവത്തിൽ ഇവിടെ എത്തേണ്ടതില്ല. അവർ ഇരുവരും മെല്ലെയിരുന്നൊന്നു മയങ്ങി. സന്ദർഭം പാഴാക്കാതെ ധൈര്യം കൈവരിച്ചു അവരെ അദ്ദേഹം വകവരുത്തി. ശേഷം, അവരുടെ പക്കൽ നിന്നു ലഭിച്ച കുറിപ്പ് പരിശോധിച്ചപ്പോൾ തന്റെ നിരീക്ഷണം തെറ്റായിപ്പോയി എന്ന്‌ അംറ് (റ) തിരിച്ചറിഞ്ഞു. കാരണം, അവർ മദീനയിൽ നിന്നു സംരക്ഷണ കരാർ നേടിയിട്ടുള്ളവരായിരുന്നു.

അംറി(റ)ന്റെ ആഗമനം ഇരട്ട ദുഃഖ വാർത്തയുമായിട്ടായിരുന്നു. കൂട്ടക്കൊലയും വഴിയിൽ വച്ചുണ്ടായ അബദ്ധവും അദ്ദേഹം നബിﷺയോട് പങ്കുവച്ചു. ശിഷ്യന്മാരും അതിശ്രേഷ്ഠരുമായ എഴുപത് പേർ കൊല്ലപ്പെട്ടത് നബിﷺയുടെ ഹൃദയത്തെ ആഴത്തിൽ നോവിച്ചു. തുടർന്നങ്ങോട്ടുള്ള നാൽപ്പതു ദിവസത്തെ നിസ്ക്കാരങ്ങളിൽ കൊലപാതകികളായ ഗോത്രക്കാർക്കെതിരെ പ്രത്യേക പ്രാർഥന അഥവാ, ‘ഖുനൂത് ‘ നിർവഹിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-360/365

ഒരു യുദ്ധത്തിൽ കൊല്ലപ്പെട്ടവരെക്കാൾക്കൂടുതലാളുകൾ റജീഉം ബിഅ്ർ മഊനയും സംഭവങ്ങളിൽ കൊല്ലപ്പെട്ടു. നബിﷺയും അനുയായികളും മനംനൊന്ത് അല്ലാഹുവിനോട് പ്രാർഥിച്ചുകൊണ്ടിരുന്നു. അതിനിടയിലാണ് ഈ ക്രൂര കൃത്യങ്ങളുടെ മുഴുവൻ സൂത്രധാരൻ ആമിർ ബിൻ തുഫൈൽ അസാധാരണമായ ഒരു രോഗത്തിന് വിധേയനായത്. കക്ഷത്തിൽ നിന്ന് തുടങ്ങിയ രോഗം ശരീരത്തിലാകെപ്പടർന്നു. അസ്സഹനീയമായ ദുർഗന്ധം ശരീരത്തിൽ നിന്ന് വമിക്കാൻ തുടങ്ങി. അതോടെ ഉറ്റവർത്തന്നെ അയാളെ വന്യമായ ഒരു പ്രദേശത്തു കൊണ്ട് കിടത്തി. അയാൾ അന്യനായും നിന്ദ്യനായും ലോകത്തോട് വിടപറഞ്ഞു. അബൂലഹബിനെക്കുറിച്ച് ഖുർആൻ പരാമർശിച്ചത് പോലെ തീർത്തും അയാൾ ഇഹലോകത്തു തന്നെ നിസ്സാരനായി.

മദീനയിൽ നിന്ന് പ്രവാചക ശിഷ്യന്മാരെ ജാമ്യത്തിൽക്കൊണ്ട് പോയ ബറാഅ ബിൻ മാലിക് എന്നയാൾ വഞ്ചിച്ചുവെന്ന് പറയാൻ പ്രമാണങ്ങൾ സമ്മതിക്കുന്നില്ല. മറിച്ച്, അയാളിൽ നിന്ന് കാര്യങ്ങൾ പിടിവിട്ടുപോയി എന്നേ പറയാൻ പറ്റുകയുള്ളൂ. അതിലയാൾ ബന്ധുകൂടിയായ ആമിറിനോട് വാഗ്വാദത്തിലേർപ്പെടുകയും തൻ്റെ ആയുധം പ്രയോഗിക്കാനൊരുങ്ങുകയും ചെയ്തു. കണ്ടു നിന്നവർ ഇടപെട്ടത് കൊണ്ട് ആമിറിനതിൽ ചെറിയ പരിക്കേ പറ്റിയിരുന്നുള്ളൂ. താൻ മദീനയിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന എല്ലാവരും കൊല്ലപ്പെട്ടതിന് ശേഷം അയാൾ മാനസികമായി നില തെറ്റുകയും അധികം വൈകാതെ ഇഹലോകവാസം വെടിയുകയും ചെയ്തു.

ഈ അധ്യായത്തിലെ ഒരു ഭാഗംകൂടി വായിക്കാനുണ്ട്. വഴിയിൽ വച്ച് അംറ് ബിൻ ഉമയ്യ (റ) എന്ന സ്വഹാബി വകവരുത്തിയ രണ്ട് നിരപരാധികളെക്കുറിച്ചുള്ള ഭാഗമാണത്. അവരെ വധിച്ചു കളഞ്ഞ അനുയായിയെ നബിﷺ ന്യായീകരിച്ചില്ല. എഴുപത് പേർക്ക് പകരം രണ്ടു പേരെയെങ്കിലും ശരിപ്പെടുത്തിയല്ലോ എന്ന് പറഞ്ഞില്ല. പകരം ആ നടപടി തെറ്റായിപ്പോയി എന്ന് പറഞ്ഞു. ഒപ്പം പൊതുഖജനാവിൽ നിന്ന് അവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ആറു ഒട്ടകങ്ങൾ വീതമാണ് നഷ്ടപരിഹാരം നൽകിയത്.

എത്ര നീതിനിഷ്ഠമായ വ്യവസ്ഥിതിയാണ് നബി ﷺ നടപ്പിലാക്കിയത് ! “ഒരാളോ ഒരു സംഘമോ വധിക്കപ്പെട്ടതിന് പ്രതികളുടെ സംഘത്തിലെ ആരെയെങ്കിലും വധിക്കുക എന്ന രീതി പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ല. നിയമപരമായി അംഗീകരിക്കപ്പെടേണ്ടതുമല്ല ” എന്ന് നബിﷺ പഠിപ്പിച്ചു.

ഇസ്‌ലാം ഏറെ പരീക്ഷണ ഘട്ടങ്ങളിലൂടെയാണ് കടന്നു വന്നത്. ഏതു ഘട്ടത്തിലും നീതിയും ന്യായവും മുറുകെപ്പിടിക്കാനും ക്ഷമിക്കാനും ഇസ്‌ലാം ഉദ്ബോധിപ്പിച്ചു. മദീനയിലെത്തി ഏതു നടപടിയും സ്വീകരിക്കാവുന്ന ഘട്ടത്തിലും ന്യായവും നീതിയും ഏറെ പരിഗണിച്ചു എന്നത് അതിലേറെ പ്രാധാന്യത്തോടെ നാം വേർതിരിച്ചു മനസ്സിലാക്കേണ്ടതാണ്.

“തീര്‍ച്ചയായും നിങ്ങളുടെ സമ്പത്തിലും ശരീരത്തിലും ‎നിങ്ങള്‍ പരീക്ഷണ വിധേയരാകും. നിങ്ങള്‍ക്കുമുമ്പെ ‎വേദം ലഭിച്ചവരില്‍ നിന്നും ബഹുദൈവ വിശ്വാസികളില്‍ ‎നിന്നും നിങ്ങള്‍ ധാരാളം ചീത്തവാക്കുകള്‍ ‎കേള്‍ക്കേണ്ടിവരും. അപ്പോഴൊക്കെ നിങ്ങള്‍ ‎ക്ഷമ പാലിക്കുകയും സൂക്ഷ്മത ‎പുലര്‍ത്തുകയുമാണെങ്കില്‍ തീര്‍ച്ചയായും അത് ‎നിശ്ചയദാര്‍ഢ്യമുള്ള കാര്യം തന്നെ.“‎ വിശുദ്ധ ഖുർആൻ മൂന്നാമധ്യായം നൂറ്റിയെൻപത്തിയാറാം സൂക്തത്തിൻ്റെ ആശയ സംക്ഷിപ്തമാണിത്.

മേൽ സംഭവങ്ങൾ മുന്നിൽ വച്ച് നബിﷺക്ക് അദൃശ്യകാര്യങ്ങൾ അറിയില്ല എന്ന് നിഗമിച്ചവരും എഴുതിയവരുമുണ്ട്. എന്നാലത് വസ്തുതാപരമല്ല. നബിﷺയുടെ അദൃശ്യ ജ്ഞാനം എന്നത് സ്വതന്ത്രമായി നമ്മുടെ വായനയിൽ വരും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Leave a Reply