The biography of Prophet Muhammad – Month 16

Admin December 24, 2023 No Comments

The biography of Prophet Muhammad – Month 16

Mahabba Campaign Part-451

Tweet 451

നബി‍ﷺയുടെ കാലത്ത് ബഹ്റൈന്‍ ഭരിച്ചിരുന്നത് മുന്‍ദിറുബ്നുസാമവ് ആയിരുന്നു. അദ്ദേഹത്തിന്റെ അടുത്തേക്ക് അലാഉല്‍ ഹള്റമി(റ)നെയാണ് നബി‍ﷺ നിയോഗിച്ചത്. അലാഇ(റ)ന്റെ പക്കൽ നിന്നും കത്ത് സ്വീകരിച്ചയുടൻ അദ്ദേഹം വിശ്വസിച്ചു. ഭരണപ്രദേശത്തുണ്ടായിരുന്ന അറബികളെല്ലാം അദ്ദേഹത്തോടൊപ്പം വിശ്വാസികളായി. അറബികളല്ലാത്ത ജൂതന്മാരും ക്രിസ്ത്യാനികളും അഗ്നിയാരാധകരും അനുനയത്തോടെ മുന്നോട്ട് പോകാൻ കരാർ ചെയ്തു. സമാധാനപൂര്‍വം ഇസ്‌ലാമിനു പൂര്‍ണമായി വിധേയപ്പെട്ട പ്രദേശമാണ് ബഹ്റൈന്‍. അന്നത്തെ ബഹ്റൈൻ പ്രവിശ്യയിലാണ് ഇസ്‌ലാമിക ചരിത്രത്തിലെ രണ്ടാമത്തെ ജുമുഅ അഥവാ വെള്ളിയാഴ്ചത്തെ പ്രത്യേക പ്രാർഥന സംഘടിപ്പിക്കപ്പെട്ടത്.

നബി‍ﷺ കത്ത് കൊടുത്തയച്ച് പ്രബോധനം നടത്തിയ അടുത്ത ദേശമാണ് ഒമാൻ. ഒമാനിലെ അന്നത്തെ ഭരണാധികാരികളായിരുന്ന ജൂലന്‍ദി കുടുംബത്തിലെ ജീഫര്‍, അസദ് എന്നിവരുടെ അടുത്തേക്ക് അംറുബ്നുല്‍ ആസ്വി(റ)നെയാണ് നബി‍ﷺ കത്തുമായി അയച്ചത്. കത്ത് ലഭിച്ച ഉടനെ അവരും മുഹമ്മദ് നബി‍ﷺയെയും അവിടുത്തെ വിശ്വാസ മാർഗത്തെയും അംഗീകരിച്ചു. ഭരണകാര്യങ്ങളും ജീവിതകാര്യങ്ങളും ഇസ്‌ലാമിക ചിട്ടപ്രകാരം നിര്‍വഹിച്ചു തുടങ്ങി. ആസ്വ് (റ) പ്രബോധന ദൗത്യങ്ങളുമായി കുറേക്കാലം കൂടി അവിടെ തന്നെ കഴിഞ്ഞു.
കത്ത് കൂടാതെ നേരിട്ട് സംസാരിക്കുന്നതിനും കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിനും നിരവധി സ്വഹാബികളെ വ്യത്യസ്ത പ്രമുഖരുടെയടുത്തേക്കും നാടുകളിലേക്കും നബി‍ﷺ വേറെയും നിയോഗിച്ചിട്ടുണ്ട്. ദൂതന്മാരും സന്ദേശങ്ങളും പൊതുവെ സ്വീകരിക്കപ്പെടുകയാണുണ്ടായത്. ഇസ്‌ലാം സ്വീകരിക്കാത്ത പലരും ദൂതന്മാരോട് മാന്യമായിപ്പെരുമാറിയിരുന്നു.
വേദത്തെക്കുറിച്ചോ പ്രവാചകന്മാരെക്കുറിച്ചോ ധാരണകൾ ഇല്ലാത്തവരായിരുന്നു നബി‍ﷺയെയും സന്ദേശത്തെയും വിമർശിച്ചത്. മുൻകാല വേദങ്ങളിൽ നിന്നോ പ്രവാചക ദൗത്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ചോ ഒരു ധാരണയുമില്ലാത്തവരായിരുന്നു അവർ.

ഇതര രാജ്യങ്ങളിലെ ഭരണാധികാരികളോടുള്ള പ്രവാചകന്റെ‍ﷺ നിലപാടുകളും സമീപനങ്ങളും വളരെ മാന്യവും വിനയാന്വിതവും മാതൃകാപരവുമായിരുന്നു. അവരോടൊരിക്കലും ശത്രുതാഭാവത്തോടെയല്ല നബി‍ﷺ പെരുമാറിയത്. മതം നോക്കാതെത്തന്നെ അവരുടെ പദവികളെ പ്രവാചകൻ‍‍ﷺ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്തു. അതിന്റെ വ്യക്തമായ തെളിവാണ് അവരെ ക്ഷണിച്ചുകൊണ്ടുള്ള കത്തുകളിലെ വരികള്‍. അവ ബഹുമാനവും ആദരവും വിനയവും മുറ്റിനില്‍ക്കുന്നതായിരുന്നു. കത്തുകളില്‍ ഭരണാധികാരികളുടെ പേരിനു മുമ്പില്‍ ബഹുമാനവും ആദരവും പ്രകടിപ്പിക്കുന്ന വാക്കുകള്‍ പ്രവാചകൻ‍‍ﷺ പ്രയോഗിച്ചിരുന്നു. ആളുകളുടെ രാഷ്ട്രീയവും മതപരവുമായ നിലപാടുകളും കാഴ്ചപ്പാടുകളും നോക്കിയായിരുന്നില്ല പ്രവാചകന്റെ‍ﷺ പെരുമാറ്റം. അത് മാന്യവും വിനയം നിറഞ്ഞതുമായിരുന്നു.

ഒരോ രാജ്യത്തേക്കും അവിടത്തെ അവസ്ഥകള്‍ നന്നായറിയുന്നവരും അവരുടെ ഭാഷകള്‍ വശമുള്ളവരും ദൗത്യനിര്‍വഹണത്തിന് കഴിവുറ്റവരും ക്ഷമാശീലരും വാക്ചാതുര്യമുള്ളവരും സമര്‍ഥരുമായ ആളുകളെയാണ് നബി‍ﷺ നിയോഗിച്ചത്.

അവരവരുടെ സ്ഥാനം വകവച്ചുകൊടുക്കുന്നത് പോലെത്തന്നെ ധീരവുമായിരുന്നു അവിടുത്തെ നിലപാടുകൾ. ഇസ്‌ലാമിക പ്രബോധനമെന്ന മഹത്തായ ദൗത്യനിര്‍വഹണ പാതയില്‍ പ്രവാചകൻ‍ﷺ ആരെയും ഭയപ്പെട്ടിട്ടില്ല. സമൂഹത്തിലെ എല്ലാത്തരം ആളുകളിലേക്കും ആ സന്ദേശമെത്തിച്ചു. അതില്‍ സാധാരണക്കാരും ഭരണാധികാരികളുമെല്ലാം ഉള്‍പ്പെട്ടിരുന്നു. പ്രവാചകൻ‍ﷺ അല്ലാത്ത മറ്റാരെങ്കിലുമായിരുന്നുവെങ്കില്‍ ഭരണാധികാരികളിലേക്കും രാജാക്കന്മാരിലേക്കും കത്തയക്കുന്നതിലുള്ള പരിണിതഫലം എന്തായിരിക്കുമെന്നോര്‍ത്ത് ഭയന്നു നിൽക്കേണ്ടി വരുമായിരുന്നു. പ്രവാചകൻ‍‍ﷺ അതൊന്നും ആലോചിച്ചില്ല. എന്നാൽ സ്വന്തം ഉത്തരവാദിത്തം സത്യസന്ധമായി നിർവഹിക്കുന്നതിൽ നബി‍ﷺക്ക് ആരെയും ഭയമുണ്ടായിരുന്നില്ല. ഇസ്‌ലാമിക സന്ദേശം മുഴുവനാളുകളിലേക്കുമെത്തിക്കാന്‍ പ്രവാചകൻ‍‍ﷺ കാണിച്ച അതീവ താല്പര്യം കൂടിയാണ് ഈ കത്തുകൾ. ഏതെങ്കിലും പ്രത്യേക സമൂഹത്തിലേക്കോ നിശ്ചിത സ്ഥലത്തേക്കോ നിയോഗിതനായ പ്രവാചകനല്ലെന്നും സ്ഥലകാലവ്യത്യാസമില്ലാതെ അന്ത്യനാള്‍ വരെയുള്ള മുഴുവന്‍ മനുഷ്യരിലേക്കും സന്തോഷവാര്‍ത്ത അറിയിക്കുന്നവരും താക്കീതുകാരനുമായാണ് അല്ലാഹു നബി‍ﷺയെ നിയോഗിച്ചത്. വിശുദ്ധ ഖുർആനിലെ 34-ാം അധ്യായം സൂറത്ത് സബഇലെ ഇരുപത്തിയെട്ടാം സൂക്തത്തിന്റെ നിദർശനമായിരുന്നു മേൽപ്പറയപ്പെട്ട കത്തുകൾ. ആശയം ഇങ്ങനെ വായിക്കാം.”മനുഷ്യര്‍ക്കാകമാനം ശുഭവാര്‍ത്ത അറിയിക്കുന്നവരും മുന്നറിയിപ്പ് നല്‍കുന്നവരുമായല്ലാതെ തങ്ങളെ നാം നിയോഗിച്ചിട്ടില്ല. പക്ഷേ, ഏറെപ്പേരും അതറിയുന്നില്ല.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet451

.

Mahabba Campaign Part-452

Tweet 452

മദീന ഒരു ഉരുക്കു കോട്ടയായി മാറി. മദീനയിൽ നിന്നുള്ള മുന്നേറ്റങ്ങൾ പലരുടെയും ഉറക്കം കെടുത്തി. ഇനിയത്ര ലളിതമല്ല മദീനയിലേക്ക് ആക്രമിച്ചു കയറാനെന്ന് മറ്റുള്ളവർക്ക് ബോധ്യമായി. നബി‍ﷺയും അനുയായികളുമായി കരാറിൽക്കഴിഞ്ഞിരുന്ന മക്കക്കാരും ഈ ചലനങ്ങൾ നോക്കിക്കൊണ്ടിരുന്നു. ഇനിയങ്ങോട്ടുള്ള ദിനങ്ങൾ എങ്ങനെയായിരിക്കുമെന്ന് അവരുടെ കൂട്ടത്തിൽ ഉത്തരവാദിത്തപ്പെട്ടവർക്ക് ആശങ്കയായി!

ലോകത്തിന്റെ പല ഭാഗങ്ങളും ഇസ്‌ലാമിനെ സ്വീകരിക്കുകയും, പ്രവാചകനോ‍ﷺടൊപ്പം ചേരുകയും ചെയ്തുകൊണ്ടിരുന്നപ്പോഴും കുടിപ്പകയിൽക്കഴിഞ്ഞിരുന്ന മക്കയിലെ ചിലർക്കു ഇതൊന്നും ഉൾക്കൊള്ളാനായില്ല. അവർ അവരുടെ ആഢ്യത്വത്തിലും പ്രമാണിത്തത്തിലും തന്നെ കഴിഞ്ഞുകൂടി. അതിനിടയിൽ മക്കക്കാർ ചിലർ കരാറിനെകുകുറിച്ച് ആലോചിക്കാതെയുള്ള നടപടികളിൽ ഇടപെടുകയും ചെയ്തു.

മുസ്‌ലിംകള്‍ മക്കക്കാരുമായി ഹുദൈബിയ്യയില്‍ വച്ച് കരാറുണ്ടാക്കുമ്പോള്‍ ഇരു കക്ഷികളുമായി നേരത്തെ സഖ്യത്തിലുള്ള മറ്റു ഗോത്രങ്ങള്‍ക്കും കരാര്‍ വ്യവസ്ഥകള്‍ ബാധകമാണെന്ന് എഴുതിച്ചേര്‍ത്തിരുന്നു. അഹാബീഷ് ഗോത്രം അക്കൂട്ടത്തിൽ ഒരു വിഭാഗമായിരുന്നു. അവര്‍ മക്കക്കാരുമായി സഖ്യമുള്ള ഗോത്രമാണ്. കരാര്‍ പരിധിയില്‍ വരുന്ന മറ്റൊരു ഗോത്രമാണ് ഖുസാഅ. അവര്‍ക്ക് പ്രവാചകനു‍ﷺമായാണ് സഖ്യമുണ്ടായിരുന്നത്. ഈ രണ്ട് ഗോത്രവും ശത്രുതയിലായിരുന്നു. ഇടയ്ക്കിടെ ഏറ്റുമുട്ടലുകളുണ്ടാവുക പതിവായി. കരാറിന്റെ ആദ്യ ഘട്ടത്തില്‍ ഇവര്‍ തമ്മില്‍ കാര്യമായ പ്രശ്‌നങ്ങളൊന്നുമുണ്ടായിരുന്നില്ല. ക്രമേണ ബന്ധം വഷളാവാൻ തുടങ്ങി. പ്രവാചകനെ‍ﷺ അമാന്യമായ വാക്കുകളാല്‍ അധിക്ഷേപിച്ച അഹാബീശ് ഗോത്രത്തില്‍പ്പെട്ട ഒരാളെ, ആ കടുത്ത അധിക്ഷേപം കേട്ട് പ്രകോപിതനായ ഒരു ഖുസാഅ ഗോത്രക്കാരന്‍ കൊന്നുകളഞ്ഞു. പ്രതികാരമായി അഹാബീശുകാര്‍ മൂന്ന് ഖുസാഅക്കാരെയും വധിച്ചു.

ഇതൊരു പ്രാദേശിക പ്രശ്‌നം മാത്രം. അതവിടെത്തീരേണ്ടതായിരുന്നു. വിവരമറിഞ്ഞ മക്കയിലെ ഖുറൈശികള്‍ വളരെ രഹസ്യമായി പടനീക്കം നടത്തുകയും ഖുസാഅക്കാരെ ആക്രമിക്കുകയും ചെയ്തു. ഖുസാഅക്കാര്‍ പ്രവാചകനോ‍ﷺട് പരാതി പറഞ്ഞു. പ്രാര്‍ഥനയിലായിരിക്കെയാണ് തങ്ങള്‍ ആക്രമിക്കപ്പെട്ടതെന്നും അവര്‍ വിശദീകരിച്ചു. ഈ ചതിയാക്രമണം ഹുദൈബിയ്യ സന്ധിയുടെ വ്യക്തമായ ലംഘനമാണ്. ഇതോടെ സന്ധിയിലെ സമാധാനപാലനം എന്ന വ്യവസ്ഥ പാലിക്കാന്‍ മുസ്‌ലിംകള്‍ ബാധ്യസ്ഥരല്ലാതായി.
ഏതു പ്രതിസന്ധിഘട്ടത്തിലും കരാറിനെ മുൻനിർത്തിക്കൊണ്ടായിരുന്നു തിരുനബി‍ﷺയുടെ ഇടപെടലുകൾ. ദയനീയമായി പീഡിപ്പിക്കപ്പെട്ട വിശ്വാസികൾ വന്നപ്പോഴും പ്രവാചകൻ‍ﷺ ഉടമ്പടിക്കായിരുന്നു പ്രാധാന്യം നൽകിയത്. ആ സമയങ്ങളിൽ എല്ലാം ഇനിയും നാം ക്ഷമിക്കേണ്ടതുണ്ടോ എന്ന് അനുയായികൾ ചോദിച്ചു കൊണ്ടേയിരുന്നിരുന്നു.

പ്രത്യക്ഷത്തിൽ പൂർണമായും പ്രതികൂലമാണെന്ന് പലരും വായിച്ച കരാർ പ്രവാചകനും‍ﷺ വിശ്വാസികൾക്കും ലംഘിക്കേണ്ടിവരുമെന്നായിരുന്നു എല്ലാവരുടെയും നിഗമനം. എന്നാൽ, പൂർണമായും അനുകൂലമായി രേഖപ്പെടുത്തിയ മക്കക്കാരാണ് ഇപ്പോൾ കരാർ ലംഘനത്തിന് വന്നിരിക്കുന്നത്. കാരണം, കരാറിനു വേണ്ടി മാത്രം മുസ്‌ലിംകൾ ഒരുപാട് ജീവനും ത്യാഗവും സഹിക്കേണ്ടി വന്നിട്ടുണ്ട്. ഇനി വിശ്വാസികൾ മക്കയ്ക്കെതിരെ പടനീക്കം നടത്തിയാല്‍ കുറ്റം പറയാനാവില്ല. പക്ഷേ, പ്രവാചകൻ ‍‍ﷺ ഒരു യുദ്ധം ആഗ്രഹിക്കുന്നില്ല. പരാതിയുമായി വന്ന ഖുസാഅ സംഘത്തെ പ്രവാചകൻ ‍‍ﷺ തിരിച്ചയയ്ക്കുകയാണുണ്ടായത്. ഖുർആൻ പ്രഖ്യാപിച്ച വിജയം വരും എന്നുള്ള ആത്മവിശ്വാസത്തിൽത്തന്നെയായിരുന്നു മുത്ത് നബി‍ﷺയുടെ പ്രതികരണം. “കാര്‍മുകിലുകള്‍ നീങ്ങും; വിജയം വരാനിരിക്കുന്നു “. അവിടുന്ന് ആശ്വസിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു. എന്നാലും മുസ്‌ലിംകള്‍ മക്കയിലേക്ക് പടനയിക്കുമെന്ന പ്രതീക്ഷയില്‍ ഖുസാഅക്കാര്‍ സന്തോഷത്തോടെ സ്വന്തം നാട്ടിലേക്ക് തിരിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ-ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet452

Mahabba Campaign Part-453

Tweet 453

ഹുദൈബിയ്യ സന്ധിക്ക്‌ ഇരുപത്തിരണ്ട് മാസം കഴിഞ്ഞു. ഒരു ശഅ്ബാൻ മാസത്തിലായിരുന്നു അത്. ബനൂ നുഫാസ, ബനൂ ബക്കർ ഗോത്രങ്ങൾ ഖുറൈശീ പ്രമുഖരുമായി സംസാരിച്ചു. ‘ഖുസാഅ ഗോത്രത്തിനെതിരെ സൈനിക നീക്കത്തിന് ആയുധങ്ങളും മറ്റും നൽകി സഹായിക്കണം’ എന്നായിരുന്നു സംഭാഷണത്തിന്റെ ഉള്ളടക്കം. ഖുസാഅ ഗോത്രം മുസ്‌ലിംകളുമായി ഉടമ്പടിയിൽക്കഴിഞ്ഞിരുന്ന ഗോത്രമായിരുന്നു.

ഇത്തരമൊരു നീക്കം ഹുദൈബിയ്യയിൽ വച്ച് നടത്തിയ കരാറിന് എതിരായിരുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തിന് കൂട്ടുനിൽക്കാൻ അബൂ സുഫ്‌യാനെപ്പോലുള്ള പ്രമുഖർ തയ്യാറാകുമായിരുന്നില്ല. അതിനാൽത്തന്നെ, ഖുറൈശി പ്രമുഖരുടെ കൂട്ടത്തിൽ അബൂ സുഫ്‌യാൻ പ്രസ്തുത ചർച്ചയിൽ പങ്കെടുത്തിട്ടില്ല എന്നാണ് പ്രബലാഭിപ്രായം. അതല്ല, ചർച്ചയിൽ പങ്കെടുക്കുകയും ഇത്തരം ഒരു നീക്കത്തെ എതിർക്കുകയും ചെയ്തിട്ടുണ്ടെന്നും അഭിപ്രായമുണ്ട്.

മക്കയുടെ പരിസരത്തുള്ള ‘വതീർ’ എന്ന പ്രദേശത്ത് വച്ച് ഖുസാഅ ഗോത്രത്തിനെതിരെ നടപടികളുമായി മുന്നോട്ടുപോകാമെന്നായിരുന്നു ധാരണ.

പൊടുന്നനെയുള്ള ഈ സൈനിക നീക്കം ഒരുപാട് പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കി. നൗഫൽ ബിൻ മുആവിയ ഹറമിന്റെ അതിർത്തികൾ പോലും ഭേദിച്ച് ആയുധപ്രയോഗങ്ങൾ നടത്തി. അപ്പോൾ ആളുകൾ വിളിച്ചു പറയുന്നുണ്ടായിരുന്നു, ‘നിങ്ങൾ ഹറമിന്റെയുള്ളിലാണ് യുദ്ധം ചെയ്യുന്നത് ‘ എന്ന് . അപ്പോൾ അതൊന്നും ഉൾക്കൊള്ളാൻ പറ്റുന്ന മാനസികാവസ്ഥയിലായിരുന്നില്ല നൗഫൽ. അയാൾ പറഞ്ഞു. “ഈ ദിവസം എനിക്ക് ദൈവമില്ല, അഥവാ, എനിക്ക് ഹറമിനെ മാനിക്കുകയോ പരിഗണിക്കുകയോ വേണ്ടതില്ല “. ഖുറൈശികൾ പ്രതീക്ഷിച്ചതിലുമേറെ കഷ്ടനഷ്ടങ്ങൾക്കാണ് ഈ നടപടി കാരണമായത്. നബിﷺയുമായുള്ള കരാറിന്റെ വ്യക്തമായ ലംഘനം ഇത്ര കൂടിയായപ്പോൾ ഇനി തിരുനബിﷺക്ക് എന്ത് നടപടിയും സ്വീകരിക്കാമെന്നായി.

ബനൂ നുഫാസയും ഖുസാഅയും തമ്മിലുണ്ടായ പ്രസ്തുത സംഭവത്തിന്റെ ദിവസം പ്രഭാതത്തെക്കുറിച്ച് ബീവി ആഇശ (റ) പറയുന്നതിങ്ങനെയാണ് : നബിﷺ മഹതിയെ വിളിച്ച് ഇങ്ങനെ പറഞ്ഞുവത്രെ. “ഖുസാഅയിൽ എന്തോ സംഭവിച്ചിരിക്കുന്നു”. അപ്പോൾ ആഇശ (റ) തിരിച്ചു പറഞ്ഞു. “ഖുറൈശികൾ പ്രവാചകനുﷺമായുള്ള കരാർ ധിക്കാര പൂർവം ലംഘിച്ചിരിക്കുന്നു”. അപ്പോൾ നബിﷺ പറഞ്ഞു. “അല്ലാഹു തീരുമാനിച്ച ഒരു തീരുമാനത്തിന് വേണ്ടിയാണ് അവർ കരാർ ലംഘിച്ചിരിക്കുന്നത് “.
”നല്ല കാര്യത്തിനാണോ?” നബിﷺ പറഞ്ഞു. ”അതെ, നല്ലത് തന്നെ”.

ഇമാം ത്വബ്റാനി(റ)യുടെ ഒരു നിവേദനം ഇങ്ങനെ കൂടി വായിക്കാം. ‘പ്രസ്തുത കാലയളവിൽ ഒരു രാത്രിയിൽ നബിﷺ ബീവി മൈമൂന(റ)യുടെ അടുത്തായിരുന്നുവത്രേ. അവിടുന്ന് നിസ്കാരം നിർവഹിക്കാൻ വേണ്ടി അംഗസ്നാനത്തിന് പോയ സ്ഥലത്ത് വച്ച് ഇങ്ങനെ പറഞ്ഞുകൊണ്ടിരുന്നു. “ലബ്ബൈക്, ലബ്ബൈക്, ലബ്ബൈക് ; നുസിർതു, നുസിർതു, നുസിർതു”. അഥവാ, ‘നിനക്ക് ഞാൻ ഉത്തരം ചെയ്യുന്നു, സഹായം ലഭിച്ചിരിക്കുന്നു’ എന്നിങ്ങനെ മൂന്നു പ്രാവശ്യം പറഞ്ഞു. അംഗസ്നാനം കഴിഞ്ഞു വന്നപ്പോൾ ബീവി മൈമൂന (റ) ചോദിച്ചു. “അല്ല അവിടുന്ന് ആരോടോ സംസാരിച്ചത് പോലെയുണ്ടല്ലോ. അവിടെ തങ്ങളോടൊപ്പം ആരെങ്കിലുമുണ്ടായിരുന്നുവോ?”
‘ബനൂ കഅ്ബിലെ ഒരു സന്ദേശം എനിക്ക് കേൾക്കാൻ കഴിഞ്ഞു. അവർക്കെതിരെ ബക്കർ ബിൻ വാഇലിനു ഖുറൈശികളുടെ സഹായം ലഭിച്ചു’ എന്ന്.

ഖുറൈശികളുടെ കരാർ ലംഘനത്തെക്കുറിച്ചുള്ള വിവരം ആത്മീയമായും ഭൗതികമായും നബിﷺ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതൊരു ശുഭലക്ഷണമായിട്ടാണ് നബിﷺ വായിച്ചത്.

ഇമാം ത്വബ്റാനി (റ) തന്നെ ഉദ്ധരിക്കുന്നു : ‘ഖുസാഅ ഗോത്രക്കാർ നബിﷺയുമായി ഉടമ്പടിയിൽക്കഴിഞ്ഞിരുന്നവരായതുകൊണ്ട്, നീക്കങ്ങൾ നബിﷺയെ അറിയിക്കാൻ അവർ ബാധ്യസ്ഥരായിരുന്നു. അംറു ബിൻ സാലിം അൽ ഖുസാഇ എന്ന ഗോത്ര പ്രതിനിധി 40 പേരോടൊപ്പം നബിﷺയെ സമീപിച്ചു. 40 വാഹനങ്ങളിലായിട്ടാണ് അവർ പോയത്. ജനങ്ങൾക്കിടയിൽ പള്ളിയിലിരിക്കുന്ന നേരത്താണ് നബിﷺയുടെ അടുത്തേക്ക് ഈ സംഘം എത്തിച്ചേർന്നത്. അവർ വിഷയങ്ങൾ നബിﷺയെ ധരിപ്പിച്ചു. ഖുറൈശികളിൽ നിന്ന് ചർച്ചയിൽ പങ്കെടുത്തവരുടെ പേരുകൾ എണ്ണിപ്പറഞ്ഞു. ശേഷം സാലിം ഒരു കവിത ആലപിച്ചു’. അതിന്റെ തുടക്കം ഇങ്ങനെയാണ്.

“യാ റബ്ബി ഇന്നീ നാഷിദുൻ മുഹമ്മദാ….”.
ആശയം ഇങ്ങനെ പകർത്താം:

“സത്യം ചെയ്തു ഞാൻ നബിﷺയോട് ചൊല്ലുന്നു.

അവിടുന്നു സന്ധിയിലായിരുന്നല്ലോ നാം
ഉപ്പയും ഉപ്പാപ്പയും കാലം മുതൽത്തന്നെ.

ഞങ്ങൾ യുവാക്കളും നിങ്ങളോ പിതാക്കളും

എത്രമേൽ ശാന്തിയിലായിരുന്നല്ലോ നമ്മൾ

ലംഘിച്ചു, ഖുറൈശികൾ സന്ധിയും കരാറുകൾ.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-454

Tweet 454

അംറ് ബിൻ സാലിമിന്റെ കവിത കേട്ടപ്പോൾ നബിﷺക്ക് പ്രയാസമായി. വൈകാരികമായി തന്നെ അവിടുന്ന് അതേറ്റെടുത്തു. “നിങ്ങളെ സഹായിച്ചില്ലെങ്കിൽ പിന്നെ എനിക്ക് അല്ലാഹുവിന്റെ സഹായം എങ്ങനെ ലഭിക്കാനാണ് ? ഏതായാലും ഞാൻ നിങ്ങളുടെ സഹായത്തിൽ ഉണ്ടാകും”. അവരോട് തിരുനബിﷺ പ്രതികരിച്ചു. നയതന്ത്ര ചർച്ചകളും സംഭാഷണങ്ങളും കഴിഞ്ഞ് അവർ പോകാനൊരുങ്ങി. അപ്പോൾ നബിﷺ അവരോട് പറഞ്ഞു. “ഖുസാഅക്കു എന്നോടും എനിക്ക് ഖുസാഅയോടും വലിയ ആത്മബന്ധമുണ്ട് “. ശേഷം, അവർക്കൊരു നിർദേശം നൽകി. “നിങ്ങൾ മടങ്ങിപ്പോകുമ്പോൾ താഴ്‌വാരങ്ങളിലൂടെ സഞ്ചരിക്കുക. മുഖ്യ വഴിയിലൂടെ പോകരുത് “. അവർ യാത്ര തിരിച്ചു. ബുദൈൽ ബിനു വർഖാ തീരദേശ വഴി തെരഞ്ഞെടുത്തു. അങ്ങനെ വ്യത്യസ്തങ്ങളായ വഴികളിലൂടെ അവർ സഞ്ചരിച്ചുകൊണ്ടിരുന്നു.

ഇതേ സമയം തന്നെ മക്കയിൽ ചില ചർച്ചകൾ രൂപപ്പെട്ടു. ‘ഇനിയെന്താണ് ചെയ്യുക? മുഹമ്മദ് നബിﷺഎന്തു സമീപനമായിരിക്കും സ്വീകരിക്കുക? കരാറിനെ നമ്മൾ തന്നെ ലംഘിച്ചു കളഞ്ഞു. ഇനി അവർ ഏതു നടപടി സ്വീകരിച്ചാലും നമ്മളത് സ്വീകരിച്ചേ പറ്റൂ. പ്രത്യാഘാതങ്ങൾ ഇല്ലാതാക്കാൻ എന്താണ് ചെയ്യുക?’ അബൂസുഫ്‌യാന്റെ നേതൃത്വത്തിൽ തന്നെയാണ് ചർച്ചകൾ നടന്നത്. ഒടുവിൽ ഇങ്ങനെയൊരു ധാരണയിലെത്തി. ‘അബൂസുഫ്‌യാന്റെ നേതൃത്വത്തിൽ ഒരു സംഘം മദീനയിലേക്ക് പോകുക. മുഹമ്മദ് നബിﷺയോട് കരാർ പുന:സ്ഥാപിക്കാൻ ആവശ്യപ്പെടുക. വീണ്ടും നമുക്ക് സുരക്ഷയും സമാധാനവും ഉറപ്പിക്കുക’. ചർച്ചയുടെ ഒടുവിൽ അബൂസുഫ്‌യാൻ ഇത് ഏറ്റെടുക്കേണ്ടി വന്നു. അയാൾ യാത്ര തിരിച്ചു. കച്ചവട സംഘത്തിന്റെ നേതാവായും പോരാളികളുടെ മേധാവിയായും സഞ്ചരിച്ച വഴികളിലൂടെ. വിട്ടുവീഴ്ച തേടിയുള്ള അദ്ദേഹത്തിന്റെ സഞ്ചാരം. അതുതന്നെ ചരിത്രപരമായ ഒരു തിരിച്ചു വരവായിരുന്നു.

പലപ്പോഴും നേർവഴിയുടെ സംഗീതം അദ്ദേഹത്തെത്തേടിയെത്തി. ആലോചനകൾ അദ്ദേഹത്തിന്റെ മനസ്സിൽ ഉടക്കിക്കടന്നുപോയി. അപ്പോഴൊന്നും പരിഗണിക്കാനോ കാതോർക്കാനോ കഴിഞ്ഞില്ല. കടന്നുപോയ ദിനങ്ങളിലെ ഒരുപാട് മുഹൂർത്തങ്ങൾ അബൂസുഫ്‌യാന് ഓർമ വന്നു. ‘തൊട്ടടുത്ത് കഴിഞ്ഞ ദിവസങ്ങളിൽ മദീനയിൽപ്പോയി വിശ്വാസം അംഗീകരിച്ച ഖാലിദ് ബിനു വലീദി(റ)നെപ്പോലെ നിങ്ങൾക്കും ഒന്നാലോചിച്ചു കൂടെ’ എന്ന് അദ്ദേഹത്തിന്റെ ആത്മാവിൽ സന്ദേശങ്ങൾ കടന്നുപോയി.

ഏതായാലും അബൂസുഫ്‌യാനും കൂട്ടുകാരും മദീനയിലേക്കുള്ള വഴിയിലാണ്. ഖുസാഅ ഗോത്രക്കാർ നബിﷺയെക്കണ്ടു വിവരങ്ങൾ പറയുന്നതിനുമുമ്പ് അവിടെ എത്തണമെന്നായിരുന്നു പുറപ്പെടുമ്പോഴുള്ള ഉദ്ദേശ്യം. ഇത് പ്രതീക്ഷിച്ചുകൊണ്ട് തന്നെയായിരുന്നു തിരുനബിﷺ ഖുസാഅക്കാരെ വഴിമാറ്റി യാത്രയാക്കിയത്.

പക്ഷേ, അസ്ഫാനിൽ എത്തിയപ്പോൾ ബുദൈൽ ബിൻ വർഖാഇനെ അബൂ സുഫ്‌യാൻ കണ്ടുമുട്ടി. അദ്ദേഹം ചോദിച്ചു, “അല്ല നിങ്ങൾ മദീനയിൽപ്പോയിട്ട് വരുകയാണോ? മുഹമ്മദ് നബിﷺയെക്കണ്ടു കാര്യങ്ങൾ ധരിപ്പിച്ചുവോ?” ബുദൈൽ പറഞ്ഞു. “ഞങ്ങൾ കടൽത്തീരത്ത് കൂടി സഞ്ചരിക്കുകയാണ്. ഞങ്ങളോടൊപ്പം സംഘങ്ങളെ ചേർക്കാൻ വേണ്ടിയുള്ള പ്രവർത്തനത്തിലാണ് “. അപ്പോൾ അബൂ സുഫ്‌യാൻ എടുത്തു ചോദിച്ചു. “നിങ്ങൾ മുഹമ്മദ് നബിﷺയെക്കണ്ട് കാര്യങ്ങൾ ധരിപ്പിച്ചില്ലേ?”
“ഇല്ല, ഞങ്ങൾ അങ്ങനെയൊന്നും ധരിപ്പിക്കാൻ പോയില്ല “. അബൂ സുഫ്‌യാന് അതത്ര ബോധ്യമായില്ല. ബുദൈലും കൂട്ടുകാരും മക്കയിലേക്കുള്ള വഴിയിൽ നീങ്ങിക്കഴിഞ്ഞപ്പോൾ അവർ തമ്പടിച്ചിരുന്ന സ്ഥലം അദ്ദേഹം പരിശോധിച്ചു. ‘ബദ്റിൽ പ്രയോഗിച്ച അതേ തന്ത്രത്തോടെ. ഒട്ടകത്തിന്റെ കാഷ്ടങ്ങൾ എടുത്ത് പരിശോധിച്ചു നോക്കി. അതിൽ ഈത്തപ്പഴത്തിന്റെ കുരു കണ്ടപ്പോൾ അദ്ദേഹം അല്ലാഹുവിൽ സത്യം ചെയ്തു പറഞ്ഞു. ഇവർ തീർച്ചയായും മദീനയിൽപ്പോയിട്ട് വരുകയാണ്. അതുകൊണ്ടാണ് ഒട്ടകക്കാട്ടങ്ങളിൽ ഈ സ്വഭാവം കാണുന്നത് ‘.

ഈ രംഗങ്ങൾ ലൈവ് ആയിക്കണ്ടുകൊണ്ടെന്ന പോലെ നബിﷺ അനുയായികളോട് മദീനയിൽ വച്ച് സംസാരിച്ചു. “അബൂ സുഫ്‌യാൻ കരാർ വീണ്ടും ഉറപ്പിക്കാൻ വരുന്നതുപോലെയുണ്ടല്ലോ “.

അബൂ സുഫ്‌യാൻ സ്വയം നിന്ദ്യനായതുപോലെ വിചാരിച്ചു മുന്നോട്ടു നീങ്ങുകയായിരുന്നു. ഖുറൈശികളുടെ നേതാവും സൈന്യത്തിലെ അവസാനവാക്കുമായിരുന്ന താൻ ശത്രുക്കളുടെ പാളയത്തിലേക്ക് ഉടമ്പടിയുടെ കാലം നീട്ടിക്കിട്ടാൻ വേണ്ടി യാത്ര ചെയ്യുന്നു. കാര്യങ്ങളുടെ തീരുമാനം മുഹമ്മദ് നബിﷺയുടെ കൈയിലാണ്. വേണമെങ്കിൽ നീട്ടിത്തരാം; അല്ലെങ്കിൽ നിരസിക്കാം. കാര്യങ്ങളുടെ യാഥാർഥ്യം ആലോചിച്ചപ്പോൾ അബൂസുഫിയാന് സ്വയം നിസ്സാരത അനുഭവപ്പെട്ടു. പക്ഷേ, എന്തുചെയ്യാൻ ഖുറൈശികളുടെ മോക്ഷത്തിന് ഇതല്ലാതെ മറ്റൊരു മാർഗവുമില്ല. മദീനയുടെ അതിർത്തിയിലേക്ക് അബൂസുഫ്‌യാന്റെ പാദങ്ങളമർന്നു. ആദ്യം എങ്ങോട്ടാണ് പോവുക ? ആരെയാണ് കാണുക ? അപ്പോഴാണ് സ്വന്തം മകളെ ഓർമ വന്നത്. അവൾ ഇപ്പോൾ പ്രവാചകന്റെﷺ പത്നിയാണ്. വിശ്വാസികളുടെ മാതാവാണ്. ഏതായാലും പിതാവ് എന്ന ബന്ധം മുറിയില്ലല്ലോ. അത് മുന്നിൽ വച്ച് അവരുടെ അടുത്തേക്ക് തന്നെ കടന്നു ചെല്ലാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#Taybacentre
#farooqnaeemi
#tweet454

.

Mahabba Campaign Part-455

Tweet 455

അബൂ സുഫ്‌യാൻ മകളുടെ വീട്ടിലേക്ക് നടന്നു. മദീന പള്ളിയുടെ മുന്നിലെത്തി അകത്തേക്ക് നോക്കിയപ്പോൾ നബിﷺ അവിടെ ഇരിക്കുന്നുണ്ട്. പക്ഷേ, നേരിട്ട് നോക്കാനോ അഭിമുഖീകരിക്കാനോ ഉൾഭയം അനുവദിച്ചില്ല. അദ്ദേഹം നേരെ മകളുടെയടുത്തേക്ക് തന്നെ ചെന്നു. പിതാവിനെ പെട്ടെന്ന് കണ്ട മകൾ പരിഭ്രമിച്ചു. പിതാവെന്ന നിലയിൽ സ്വീകരിക്കേണമോ അവിശ്വാസി എന്ന നിലയിൽ സ്വീകരിക്കാതിരിക്കണമോ എന്ന ചിന്തയിലായിരുന്നു അവർ. ഏതായാലും പിതാവിനെ സ്വാഗതം ചെയ്തു. അദ്ദേഹം ഇരിക്കാൻ ഒരുങ്ങിയപ്പോഴേക്കും അവിടെയുണ്ടായിരുന്ന പ്രത്യേക വിരിപ്പ് അവർ വേഗം മടക്കി എടുത്തു. അപ്പോൾ അബൂ സുഫ്‌യാൻ മകളോട് ചോദിച്ചു, “ഞാൻ ഈ വിരിപ്പിൽ ഇരിക്കാതിരിക്കാനാണോ അതല്ല, ആ വിരിപ്പ് എനിക്ക് പറ്റാത്തത് കൊണ്ടാണോ നീ അതെടുത്തു മാറ്റിയത് ?” അവർ പറഞ്ഞു. “വിശ്വാസത്തിൽ മാലിന്യമുള്ള ബഹുദൈവവിശ്വാസിയായ താങ്കൾ എന്റെ പുണ്യനബിﷺയുടെ വിരിപ്പിൽ ഇരിക്കാതിരിക്കാൻ വേണ്ടിയാണ് “.
“അതല്ല മോളേ,
എന്നെ വിട്ടു പിരിഞ്ഞതിനുശേഷം നിന്റെ നിലപാടുകളെല്ലാം മാറിപ്പോയോ?”
“ഞാൻ ലോകത്തിന്റെ സ്രഷ്ടാവും പരിപാലകനുമായ ഏകനായ അല്ലാഹുവിനെ ആരാധിക്കുന്നു. നിങ്ങൾ ശിലകളെയും ബഹുദൈവങ്ങളെയും ആരാധിക്കുന്നു. അല്ലാഹു എനിക്ക് നേർവഴി നൽകി. ഒരു കഴിവുമില്ലാത്ത വസ്തുക്കളെ താങ്കൾ ആരാധിക്കുന്നു. അവിടുന്ന് ഖുറൈശികളുടെ നേതാവും ബുദ്ധിമാനുമല്ലേ! എങ്ങനെയാണ് ഈ വിശ്വാസമെല്ലാം ഉൾക്കൊള്ളാൻ കഴിയുന്നത് ?”. മകൾ വിശദീകരിച്ചു. “ഞാൻ എന്റെ പിതാക്കളുടെയും പിതാമഹന്മാരുടെയും വിശ്വാസത്തെ ഉപേക്ഷിക്കുകയോ?” അദ്ദേഹം പ്രതികരിച്ചു.

മകൾ വഴി നബിﷺയിലേക്ക് ശുപാർശക്കു പ്രതീക്ഷയില്ലാതെ വന്നപ്പോൾ അദ്ദേഹം നേരെ പള്ളിയിലേക്ക് നടന്നു. നബിﷺ അവിടെ മുഹാജിറുകളുടെയും അൻസ്വാറുകളുടെയും നടുവിലിരിക്കുകയായിരുന്നു. അതിനിടയിൽ ഇരിക്കുന്ന പല പ്രമുഖരിലേക്കും അബൂസുഫിയാന്റെ കണ്ണ് പതിഞ്ഞു. ഖാലിദും(റ) അംർ ബിൻ അൽ ആസും(റ) ഉസ്മാൻ ബിൻ അഫ്‌ഫാനും(റ) എല്ലാം അവിടെയുണ്ടായിരുന്നു. അവരോട് തന്റേതായ അഭിവാദ്യ വാചകം പറഞ്ഞു. അവർ ഇസ്‌ലാമിന്റെ ഭാഷയിൽ പ്രത്യഭിവാദ്യം ചെയ്തു. പെട്ടെന്ന് നബിﷺയിലേക്ക് തന്നെ ശ്രദ്ധിച്ചു കൊണ്ടദ്ദേഹം സംഭാഷണം തുടങ്ങി.
“ഞാൻ ഹുദൈബിയ്യ സന്ധിയിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് ഇപ്പോൾ നേരിട്ട് ഉടമ്പടിയിൽ ചേരാൻ വേണ്ടി വന്നതാണ്. ആ കരാറിന്റെ കാലം ഒരല്പം കൂടി നീട്ടണമെന്നും അഭിപ്രായമുണ്ട് “. അപ്പോൾ നബിﷺ ചോദിച്ചു.
“ഖുറൈശികൾക്കിടയിൽ എന്തെങ്കിലും മാറ്റങ്ങൾ വന്നിട്ടുണ്ടോ? അഥവാ, കരാറിന് വിഘാതമായി അവരെന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്നാണ് ചോദിച്ചത് “. അത് തുറന്നു സമ്മതിക്കാൻ അബൂ സുഫ്‌യാന് കഴിഞ്ഞില്ല. അയാൾ പറഞ്ഞു, ഖുറൈശികൾ ഇപ്പോഴും ഉടമ്പടിയിലും കരാറിലും തന്നെ തുടരുകയാണ്. ഇടക്കാലത്തുണ്ടായ ലംഘനങ്ങൾ അദ്ദേഹം മറച്ചുവച്ചു. ഖുറൈശികൾ നടത്തിയ കരാർ ലംഘനങ്ങളെക്കുറിച്ച് അബൂ സുഫ്‌യാൻ മറച്ചു വച്ചതിൽ നബിﷺയുടെ അനുചരന്മാർ അയാളെത്തന്നെ രൂക്ഷമായി നോക്കി. മുസ്‌ലിംകൾ മക്കയിലേക്ക് വരുന്നത് തടയാൻ വേണ്ടി പുതിയ പോംവഴിയുമായി അയാൾ വന്നതാണെന്ന് വിശ്വാസികൾ തിരിച്ചറിഞ്ഞു. നബിﷺയുടെ പ്രതികരണം എന്തായിരിക്കുമെന്ന് സ്വഹാബികൾ കാതോർത്തു.

നബിﷺ അവിടുന്ന് ഇങ്ങനെ പറഞ്ഞു. “ഞങ്ങൾക്ക് പ്രത്യേകിച്ച് നിലപാട് മാറ്റങ്ങൾ ഒന്നുമില്ല. ഞങ്ങൾ നേരത്തെയുണ്ടാക്കിയ കരാറിൽത്തന്നെയാണുള്ളത്. അതിൽ പ്രത്യേകിച്ച് വ്യത്യാസങ്ങളൊന്നും വരുത്താൻ ആഗ്രഹിക്കുന്നില്ല “. അപ്പോൾ അബൂ സുഫ്‌യാൻ ചോദിച്ചു. “അതിന്റെ കാലാവധി ഒന്ന് പുതുക്കി സ്ഥാപിച്ചാലോ?” നബിﷺ അതിനോടൊന്നും പ്രതികരിച്ചില്ല. പ്രതീക്ഷ നഷ്ടപ്പെട്ട അദ്ദേഹം മേൽമുണ്ട് വലിച്ചിഴച്ച് നിന്ദ്യനായി എഴുന്നേറ്റു നടന്നു. നബിﷺയോട് ശുപാർശ ചെയ്യാൻ പറ്റുന്ന ആരെയെങ്കിലും കണ്ടെത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. അയാൾ നേരെ അബൂബക്കറി(റ)ന്റെ അടുത്തേക്ക് പോയി. അബൂബക്കറി(റ)നെ പ്രശംസിക്കുകയും നല്ല വർത്തമാനങ്ങൾ പറഞ്ഞ് സന്തോഷിപ്പിക്കുകയും ചെയ്തു. നബിﷺയോട് ശുപാർശിക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, അബൂബക്കർ (റ) ഒരു ശതമാനം പോലും വഴങ്ങിയില്ല. ‘ഇത്തരം കാര്യങ്ങളിൽ നബിﷺയോട് സംസാരിക്കാൻ സാധ്യമല്ല’ എന്നു കൂടി അറിയിച്ചു. ബനൂ ഉമയ്യയുടെ നേതാവിനോട് ആരെങ്കിലുമൊക്കെ അനുകൂലമായി പ്രതികരിക്കും എന്ന് അദ്ദേഹം കരുതി.

മെല്ലെ ഉമറി(റ)ന്റെ അടുക്കലേക്കാണ് പിന്നെ എത്തിയത്. ഉമർ (റ) ഒരു കടുകിട വഴങ്ങിയില്ല. എന്നുമാത്രമല്ല, ‘ഏതുഘട്ടം വരെയും താൻ പ്രതിരോധത്തിലാണുണ്ടാവുക’ എന്ന് പറയുകയും ചെയ്തു. ‘ഞങ്ങൾ കരാറിന്മേൽ ഉറച്ചുനിൽക്കുമെന്നും അതുപ്രകാരമുള്ള തുടർച്ചയാണ് ഞങ്ങളിൽ നിന്ന് ഉണ്ടാവുകയെന്നും’ ഉമർ(റ) തറപ്പിച്ചു പറഞ്ഞു. അബൂ സുഫ്‌യാൻ ആകെ ആശങ്കയിലായി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

.

Mahabba Campaign Part-456

Tweet 456

ഇനിയെങ്ങോട്ട് പോകാനാണെന്ന് ആലോചിച്ച് അബൂ സുഫ്‌യാൻ മദീനയിലെ ഇടവഴികളിലൂടെ സഞ്ചരിച്ചു. ഒടുവിൽ ഉസ്മാൻ (റ)ന്റെ വീടിനു മുന്നിലെത്തി. അധികമാരുടെയും കണ്ണിൽപ്പെടാതിരിക്കാൻ വേഗം വീടിന്റെ ചെരുവിലേക്ക് കയറി. ഉസ്മാൻ (റ) അവിടെയുണ്ടായിരുന്നു. ആഗമന വിവരങ്ങൾ ധരിപ്പിച്ചു. നബിﷺയോട് ശുപാർശ ചെയ്യാൻ വേണ്ടി ആവശ്യപ്പെട്ടു. പക്ഷേ, ഉസ്മാനും(റ) തയ്യാറായില്ല. അദ്ദേഹം പറഞ്ഞു, “ഇത്തരം വിഷയങ്ങളിൽ നബിﷺയുടെ തീരുമാനത്തിനപ്പുറം ഒന്നും പറയാൻ ഞങ്ങൾക്ക് സാധ്യമല്ല. ഞങ്ങൾ നിസ്സഹായരാണ്. ഞങ്ങൾ പൂർണാർഥത്തിൽ പ്രവാചകന്റെﷺ അഭിപ്രായത്തിനൊപ്പം നിൽക്കുന്നവരാണ് “. അബൂ സുഫ്‌യാൻ ആകെ വിയർത്തു. ഇനിയെന്താണ് പോംവഴി എന്നാലോചിച്ചുകൊണ്ട് അടുത്ത ഇടത്തേക്ക് നീങ്ങി.

ഏതായാലും അലി(റ)യുടെ വീട്ടിൽക്കൂടി ഒന്നു കയറി നോക്കാം. മുഹമ്മദ് നബിﷺയുടെ മകൾ ഫാത്വിമ (റ) ആണല്ലോ കൂടെയുള്ളത്. അലി(റ)യുടെ വീടിനടുത്തേക്ക് നടന്നു ചെന്നു. രണ്ടുപേരും അവിടെയുണ്ടായിരുന്നു. കൂടെ അവരുടെ മകൻ ഹസ്സൻ (റ) അവിടെ ഇഴഞ്ഞു കളിക്കുന്നുണ്ടായിരുന്നു. അബൂ സുഫ്‌യാൻ പറഞ്ഞു, “അല്ല, അലീ (റ), നിങ്ങൾ എന്റെ അടുത്ത കുടുംബക്കാരനാണല്ലോ. നിങ്ങളിൽ നിന്ന് വളരെ വലിയ ഒരു സഹായം എനിക്കാവശ്യമുണ്ട്. നിങ്ങളെന്നെ കൈവിടില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മുഹമ്മദ് നബിﷺയോട് നിങ്ങൾ ഞങ്ങൾക്ക് വേണ്ടി ഒന്ന് ശുപാർശ ചെയ്യണം “.
“നബിﷺ ഒരു തീരുമാനത്തിലുറച്ചാൽ അതിനപ്പുറത്തൊന്നു പറയാൻ ഞങ്ങൾക്ക് സാധ്യമല്ല “. അലി (റ) പ്രതികരിച്ചു. അപ്പോൾ ഫാത്വിമ(റ)യുടെ ഭാഗത്തേക്ക് തിരിഞ്ഞു കൊണ്ട് അബൂ സുഫ്‌യാൻ ചോദിച്ചു, “അല്ലയോ ഫാത്വിമാ (റ), ഇഴഞ്ഞു കളിക്കുന്ന നിങ്ങളുടെ മകനെക്കൊണ്ടെങ്കിലും എനിക്കുവേണ്ടി ഒന്ന് ശുപാർശ ചെയ്യിക്കാമോ?”
“ഞങ്ങളിലാരും നബിﷺയുടെ തീരുമാനത്തിനപ്പുറം ഒരു തീരുമാനത്തിലേക്ക് തിരിയുന്നവരല്ല”. അഥവാ, മഹതിയും നിസ്സഹായത മാത്രം പ്രകടിപ്പിച്ചു. സ്വഹാബികളിലാരും തനിക്കുവേണ്ടി ശുപാർശ ചെയ്യില്ലെന്ന് അദ്ദേഹം ഉറപ്പിച്ചു. തിരുനബിﷺയുടെ സ്വീകാര്യതയും ആധികാരികതയും ഒരിക്കൽക്കൂടി അദ്ദേഹം മനസ്സിലാക്കി. ഇനി മക്കയിലേക്ക് മടങ്ങുകയല്ലാതെ വേറൊരു മാർഗവുമില്ല. അല്പം നാളുകൾ മദീനയിൽത്താമസിച്ചു അദ്ദേഹം മടങ്ങിപ്പോയി. നിസ്സഹായത സ്വയം ബോധ്യപ്പെട്ടു കൊണ്ടുള്ള മടക്കമായിരുന്നു അത്.

മക്കക്കാർ അദ്ദേഹത്തിന്റെ മടക്കം കാത്തിരിക്കുകയായിരുന്നു. നാളുകൾ പിന്നിട്ടപ്പോൾ അവരാശങ്കപ്പെട്ടു. ‘ഇനി അദ്ദേഹവും കൂടി ഇസ്‌ലാം സ്വീകരിച്ചു മദീനയിൽത്തന്നെ കൂടിയോ’ എന്നവർ ആലോചിച്ചു. അങ്ങനെയിരിക്കെയാണ് രാത്രിയിൽ അദ്ദേഹം മക്കയിലെത്തിയത്. അതീവ രഹസ്യമായി വീട്ടിലേക്ക് കടന്നു. ഭാര്യ യാത്രയെക്കുറിച്ച് ചോദിച്ചു. മദീനയിൽ നിന്ന് അഭിമുഖീകരിച്ച വിഷയങ്ങൾ അദ്ദേഹം തുറന്നു പറഞ്ഞു. അബൂ സുഫ്‌യാൻ ഭാര്യയുടെ മുന്നിലും നിസ്സഹായനായതുപോലെ തോന്നി. പ്രഭാതമായപ്പോൾ അദ്ദേഹം തലമുണ്ടനം ചെയ്തു. തന്റെ ഒട്ടകത്തെ ഇസാഫ്, നാഇല ദൈവങ്ങൾക്ക് മുൻപിൽ ബലിദാനം നടത്തി. അതിന്റെ രക്തം കൊണ്ട് അഭിഷേകം ചെയ്തു. ഖുറൈശികളിൽ തെറ്റിദ്ധാരണ ഉണ്ടാവാതിരിക്കാൻ വേണ്ടിയായിരുന്നു അത്.

ഖുറൈശികൾ അദ്ദേഹത്തെ സമീപിച്ച് ചോദിച്ചു, “നിങ്ങൾ മുഹമ്മദ് നബിﷺയിൽ നിന്ന് കരാറും ഉടമ്പടിയും വല്ലതും സ്വീകരിച്ചുവോ?” അദ്ദേഹം പറഞ്ഞു. “ഒന്നും ഉണ്ടായില്ല. കരാർ പുതുക്കാനോ കാലാവധി നീട്ടാനോ അവർ വിസമ്മതിച്ചിരിക്കുന്നു. മദീനയിൽ ഞാൻ സമീപിച്ച ആരും എന്നോട് കൂട്ടുകൂടിയില്ല. ഏതായാലും മുഹമ്മദ് നബിﷺയെ അനുയായികൾ അനുസരിക്കുന്നതുപോലെ ലോകത്ത് ഒരു നേതാവിനെയും അനുയായികൾ അനുസരിക്കുന്നത് ഞാൻ കണ്ടിട്ടില്ല”. ഖുറൈശികൾ നിരാശരും നിശ്ശബ്ദരുമായി. അല്പനേരത്തെ നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് അബൂ സുഫ്‌യാൻ തന്നെ സംസാരിച്ചു. “മുഹമ്മദ് നബിﷺയെ ഞാൻ നേരിട്ട് സമീപിച്ചെങ്കിലും ഉടമ്പടിയെക്കുറിച്ച് പ്രത്യേകിച്ചൊന്നും പറഞ്ഞിട്ടില്ല. അബൂബക്കറി(റ)നെ സമീപിച്ചു നിരാശയായിരുന്നു ഫലം. ശേഷം, ഉമറി(റ)ന്റടുത്ത് പോയി കർക്കശമായിരുന്നു സമീപനം. അലി(റ)യെയും സമീപിച്ചു. അദ്ദേഹമാണ് എന്നോട് അൽപ്പമെങ്കിലും ആർദ്രമായിപ്പെരുമാറിയത് “. കേട്ടവർ ഇപ്രകാരം ചോദിച്ചു : “എങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ സമീപനം?”.
“അദ്ദേഹം എന്നോട് പറഞ്ഞു, ‘നിങ്ങൾക്ക് പരസ്യമായി ഒരു അഭയം തേടിക്കൂടെ’ എന്ന്. ഞാനത് ചോദിച്ചെങ്കിലും ഫലമുണ്ടായില്ല “.
“ഓ! അപ്പോൾ അദ്ദേഹം നിങ്ങളെക്കൊണ്ട് കളിക്കുകയായിരുന്നു അല്ലേ ?”
” ഇപ്പോൾ എനിക്കും തോന്നുന്നത് അങ്ങനെയാണ് “. അബൂ സുഫ്‌യാൻ കൂട്ടിച്ചേർത്തു.

മദീനയിൽ നിന്ന് ഇനി എന്ത് നടപടിയും ഉണ്ടാകാമെന്ന് മക്കക്കാർ പ്രതീക്ഷിച്ചു. ഈ സാഹചര്യത്തെ കൃത്യമായി നിരീക്ഷിച്ചും ഉന്നതമായ ഒരു വിജയത്തിന് വേണ്ടി ആവശ്യമായ കാര്യങ്ങൾ ആലോചിച്ചുകൊണ്ട് നബിﷺ മദീനയിൽ കഴിഞ്ഞുകൂടി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-457

Tweet 457

നബിﷺ ഒരു സൈനിക നീക്കം ഉദ്ദേശിച്ചാൽ അതിന്റെ നടപടിക്രമങ്ങൾ എല്ലാം അതീവ രഹസ്യമാക്കി വച്ചിരുന്നു. അപ്രകാരം മക്കയിലേക്കുള്ള ഒരു നീക്കം നബിﷺ ഉദ്ദേശിച്ചപ്പോഴും രഹസ്യമായിത്തന്നെ പാലിച്ചു. ശത്രുക്കളുടെയും മറ്റും ശ്രദ്ധ തിരിക്കാനുള്ള ചില നയതന്ത്രങ്ങളും നബിﷺ പ്രയോഗിച്ചു. അതിന്റെ ഭാഗമായി അബൂ ഖത്താദ(റ)യെയും എട്ടു സൈനികരെയും നബിﷺ ഇളമിലേക്ക് നിയോഗിച്ചു. നബിﷺ അപ്പോൾ ലക്ഷ്യം വെക്കുന്നത് ആ പ്രദേശമാണ് എന്ന് എല്ലാവരും വിചാരിക്കാൻ വേണ്ടിയായിരുന്നു അത്. അവരുടെ യാത്രയ്ക്കിടയിൽ ആമിർ ബിൻ അള്ബത് അൽ അഷ്‌ജഇ എന്നയാൾ അവരെ കണ്ടുമുട്ടി. ഇസ്‌ലാമിക അഭിവാദ്യ വാചകം ചൊല്ലി. മുഹ്ക്കം ബിൻ ജുസാമ എന്നയാൾ അദ്ദേഹത്തെ ആക്രമിച്ചു. അദ്ദേഹം കൊല്ലപ്പെടുകയും നബിﷺയുടെ സംഘം സുരക്ഷിതമായി ഇളമിൽ എത്തുകയും ചെയ്തു. അവിടെ പ്രത്യേകിച്ച് സൈനിക ഓപ്പറേഷനുകൾ ആവശ്യമില്ലാത്തതിനാൽ അബൂ ഖതാദ(റ)യുടെ സംഘം മദീനയിലേക്ക് തന്നെ മടങ്ങിവന്നു.

നബിﷺ ആഭ്യന്തരമായി യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തി. ആഇശ(റ)യോട് പോലും കൃത്യമായ യാത്രാ വിവരങ്ങൾ കൈമാറിയില്ല. പക്ഷേ, യാത്രയ്ക്ക് വേണ്ടിയുള്ള സാമഗ്രികൾ ഒരുക്കിവയ്ക്കുന്നതിനിടയിൽ ആഇശ(റ)യുടെ പിതാവ് അബൂബക്കർ (റ) അവിടേക്ക് കടന്നുവന്നു. മകളോട് ചോദിച്ചു. “എന്താണ് വല്ല യാത്രയ്ക്കും തയ്യാറാകുകയാണോ?” “അതെ”, മകൾ പറഞ്ഞു. “എവിടേക്കാണ് ?” ആഇശ (റ) പറഞ്ഞു, “എവിടേക്കാണ് എന്നെനിക്കറിയില്ല “. അതിനിടയിൽ നബിﷺ അങ്ങോട്ട് കടന്നു വന്നു. അബൂബക്കർ (റ) കാര്യം അന്വേഷിച്ചു. “മക്കയിലേക്ക് ഖുറൈശികളെ ലക്ഷ്യം വച്ചുകൊണ്ടാണ് യാത്ര” – എന്ന് പ്രിയ കൂട്ടുകാരനോട് നബിﷺ പറഞ്ഞു. വിവരം രഹസ്യമാക്കി വയ്ക്കണം എന്നും നിർദേശിച്ചു. വർത്തമാനത്തിന്റെ ഇടയിൽ അബൂബക്കർ (റ) ചോദിച്ചു. “അത് നമ്മുടെ ജനത തന്നെയാണല്ലോ?” ഇത് കേട്ടുകൊണ്ട് കടന്നുവന്ന ഉമറി(റ)ന് കാര്യം പിടികിട്ടി. നബിﷺ മക്കയിലേക്ക് ഒരു നീക്കം ഉദ്ദേശിക്കുന്നു എന്ന് ഉമറി(റ)ന് മനസ്സിലായി. ഉമർ (റ) അതിനെ പിന്തുണച്ചു. അവർ അവിശ്വാസത്തിന്റെ നേതാക്കന്മാരാണെന്നും നബിﷺയെ പലവിധ ആരോപണങ്ങളാലും ആക്ഷേപിച്ചവരാണെന്നും വിശദീകരിച്ചു.

നബിﷺ അനുയായികളോട് എല്ലാം യാത്രയ്ക്കൊരുങ്ങാൻ പറഞ്ഞു. എവിടേക്കാണെന്ന് വിളംബരം ചെയ്തില്ല. ഒപ്പം താഴ്‌വരകളിലും ചേരി പ്രദേശങ്ങളിലും താമസിക്കുന്നവരോട് റമളാനിൽ മദീനയിൽ ഉണ്ടാകണമെന്ന സന്ദേശം പ്രചരിപ്പിച്ചു. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കിൽ റമളാനിൽ അവർ മദീനയിൽ ഉണ്ടാവട്ടെ എന്നായിരുന്നു വിളംബരത്തിന്റെ ആശയം.

ഈ വിളംബരത്തിന്റെ പിന്നിലും ചില നയതന്ത്രങ്ങളുണ്ടായിരുന്നു. മദീനയിൽ നിന്ന് നബിﷺയും അനുയായികളും പുറത്തു പോയാലും മദീന കാലിയാകാൻ പാടില്ല. നബിﷺയും അനുയായികളും മദീനയിൽത്തന്നെയുണ്ടാകും എന്നൊരു ധ്വനി കൂടി ഈ വിളംബരത്തിലുണ്ടായിരുന്നു.

‘അതീവ രഹസ്യമായിട്ടായിരിക്കണം മക്കയിലേക്കുള്ള സഞ്ചാരം’ എന്ന് നബിﷺക്ക് നിർബന്ധമുണ്ടായിരുന്നു. അവിടുന്ന് പ്രാർഥിച്ചിരുന്നു. ‘അല്ലാഹുവേ, കാതുകളെ നീ നിയന്ത്രിക്കേണമേ, ഞങ്ങൾ മക്കയിലേക്ക് പ്രവേശിക്കുന്ന വാർത്തകൾ അവിടെ എത്താതിരിക്കാൻ. കണ്ണുകളെയും നീ നിയന്ത്രിക്കേണമേ, ഞങ്ങളുടെ നീക്കങ്ങൾ അവിടെ എത്താതിരിക്കാൻ’. പൊടുന്നനെ മക്കയിലേക്ക് പ്രവേശിക്കുകയും വിജയം സാധ്യമാക്കുകയും ചെയ്യുക. ഒരു യുദ്ധത്തിനോ രക്തച്ചൊരിച്ചിലിനോ വഴിയില്ലാതിരിക്കുക. ഇതായിരുന്നു നബിയുടെ ആഗ്രഹവും പദ്ധതിയും. മദീനയുടെ എല്ലാ കവാടങ്ങളിലും നബിﷺ പ്രതിനിധികളെ നിർത്തി. നമ്മളോട് വിയോജിക്കുന്ന ആരെങ്കിലും മദീനയിലേക്ക് വരുന്നുണ്ടെങ്കിൽ അവരെ മടക്കി വിടാൻ ആയിരുന്നു നിർദേശം. മദീനയിലെ ചലനങ്ങൾ ചോർന്നു പോകാതിരിക്കാനും സൈനിക നീക്കങ്ങൾ മറ്റാരും അറിയാതിരിക്കാനുമായിരുന്നു ഈ നടപടി.

നബിﷺയുടെ മക്കയിലേക്കുള്ള നീക്കത്തിന്റെ പൊരുളറിയാത്ത ചില സ്വഹാബികൾ ഒപ്പമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവർക്ക് ചില ആശങ്കകളുമുണ്ടായിരുന്നു. അവിടുത്തെ ജനങ്ങൾ തന്നെയല്ലേ എന്ന ചോദ്യം അബൂബക്കർ (റ) ഉന്നയിച്ചെങ്കിലും, നബിﷺ തീരുമാനമെടുത്തതോടെ അബൂബക്കർ (റ)ന് മറ്റഭിപ്രായമുണ്ടായിരുന്നില്ല. എന്നാൽ, മറ്റു ചില സ്വഹാബികൾ അതിന്റെ എല്ലാ വശങ്ങളെയും അറിയാത്തവരായിരുന്നു. അവരിലൊരാളായിരുന്നു , ഹാ തബ് എന്ന സ്വഹാബി. അദ്ദേഹം അദ്ദേഹത്തിന്റേതായ ചില നന്മകൾ ഉദ്ദേശിച്ചുകൊണ്ട്, നബിﷺയുടെ ആഗമന വിവരം മക്കയിലെ സുഹൃത്തിനെ അറിയിക്കാൻ ആഗ്രഹിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet457

Mahabba Campaign Part-458

Tweet 458

ഹാത്വബ് ബിൻ അബീ ബൽതഅ (റ) ആലോചിച്ചു. ‘ഞാൻ നബിﷺയോടൊപ്പം മക്കയിലെത്തിയാൽ എനിക്കവിടെ ഒരു പരിഗണന ലഭിക്കാൻ എന്താണ് മാർഗം ? എനിക്ക് വേണ്ടത്ര കുടുംബാദികൾ ഒന്നുമില്ലാത്തതിനാൽ, സുഹൃത്തുക്കൾക്ക് മുൻകൂട്ടി വിവരം നൽകിയാൽ അത് പ്രയോജനം ചെയ്തേക്കും. പ്രവാചകരുﷺടെ ആഗമനത്തെക്കുറിച്ച് അവർക്കൊരു വിവരം നൽകാനെന്താണ് മാർഗം ?’ ഒടുവിൽ അദ്ദേഹം ഒരാശയത്തിലേക്കെത്തി. വിവരങ്ങളടങ്ങുന്ന ഒരു കത്തവിടെ എത്തിച്ചാലോ? അദ്ദേഹം ഒരു കത്ത് തയ്യാറാക്കി. ഉള്ളടക്കം ഇങ്ങനെയായിരുന്നു. ‘രാത്രി പോലെയുള്ള ഒരു സൈന്യത്തോടൊപ്പം നബിﷺ മക്കയിലേക്ക് തിരിച്ചിരിക്കുന്നു. പ്രളയം പോലെയാണ് അവരുടെ സഞ്ചാരം. ഇനി പ്രവാചകൻﷺ ഒറ്റയ്ക്ക് തന്നെ വന്നാലും അല്ലാഹുവിന്റെ സഹായം നബിﷺക്കുണ്ടാകും. നിങ്ങൾക്ക് നേരെ മുന്നറിയിപ്പ് നൽകിയത് സംഭവിക്കുക തന്നെ ചെയ്യും. അല്ലാഹുവാണ് നബിﷺയുടെ സഹായിയും കാര്യകർത്താവും. ഈ കത്ത് മുഖേന നിങ്ങളോട് ഞാനൊരു അടുപ്പം ആഗ്രഹിക്കുന്നു.’ സുഹൈൽ ബിൻ അംറ്, സഫുവാനുബ്നു ഉമയ്യ, ഇക്രിമത് ബിൻ അബീ ജഹൽ എന്നിവരെ സംബോധന ചെയ്തുകൊണ്ടുള്ള ഈ കത്ത് എങ്ങനെയാണവിടെ എത്തിക്കുക ? ഒടുവിലദ്ദേഹം ഒരു തീരുമാനത്തിലെത്തി. ‘സാറ’ എന്നൊരു സ്ത്രീ ഇവിടെയുണ്ട്. അവൾ നേരത്തെ മക്കയിൽ പാട്ടുകാരിയായിരുന്നു. ബദ്റിനു ശേഷം പാട്ടുവേളകൾ മക്കയിൽ അവസാനിച്ചു. അതുകൊണ്ട് മദീനയിലേക്ക് വന്ന് അഭയം തേടിയതായിരുന്നു. മദീനയിലെ ആചാരങ്ങളോട് യോജിച്ചു ജീവിക്കാമെന്ന് വാക്കു പറഞ്ഞ അവൾക്ക് നബിﷺ അവസരം നൽകി. അങ്ങനെയാണ് സാറ മദീനയിലുണ്ടായത്.

ഹാത്വബ് (റ) പത്തുദീനാർ ഇനാം വാഗ്ദാനം ചെയ്തു കത്തവളെ ഏൽപ്പിച്ചു. അവൾ മുടിക്കെട്ടിൽ കത്തും സൂക്ഷിച്ചു മക്കയിലേക്ക് യാത്രതിരിച്ചു. മക്കയിലേക്കുള്ള പ്രധാന വഴിയിൽ സഞ്ചരിക്കാൻ പാടില്ലെന്നും എല്ലാ പ്രധാന വഴികളിലും പ്രവാചകൻﷺ ചുമതലപ്പെടുത്തിയ കാവൽക്കാരുണ്ടെന്നും ഹാത്വബ് (റ) അവളോട് പറഞ്ഞു. അതിനാൽ, അവൾ സാധാരണ സഞ്ചാരികൾ പോകാത്ത വഴിയിലൂടെ യാത്രചെയ്തു. ഇങ്ങനെ ഒരു വിവരം മക്കയിലേക്കെത്തിയാലുള്ള പ്രത്യാഘാതം നമുക്ക് ആലോചിക്കാവുന്നതേയുള്ളൂ. നബിﷺ ഉദ്ദേശിച്ച മുഴുവൻ രഹസ്യ സ്വഭാവങ്ങളും നഷ്ടമാകും. മക്കക്കാർ നല്ലൊരു സൈന്യത്തെ സജ്ജീകരിക്കുകയും രക്തച്ചൊരിച്ചിലിനു കാരണമാവുകയും ചെയ്യും.

പക്ഷേ, ഈ സഞ്ചാരത്തിന്റെ വിവരങ്ങൾ അല്ലാഹു നബിﷺയെ അറിയിച്ചു. നബിﷺ അനുയായികളിൽ നിന്ന് ചില പ്രധാനികളെ വിളിച്ചു. അലി (റ), സുബൈർ (റ), ത്വൽഹത് (റ), മിഖ്ദാദ് (റ), അമ്മാർ (റ), അബൂ മർസദ് (റ) എന്നിവരോട് നബിﷺ പറഞ്ഞു, “നിങ്ങൾ മക്കയിലേക്കുള്ള വഴിയിൽ സഞ്ചരിക്കുക. ‘ഖാഖ് ‘ തോട്ടത്തിലെത്തിയാൽ അതുവഴി ഒരു സ്ത്രീ സഞ്ചരിക്കുന്നുണ്ടാവും. അവളുടെ കൈയിൽ സൂക്ഷിച്ചിട്ടുള്ള കത്ത് വാങ്ങി ഇവിടെയെത്തുക. ഹാത്വബ് (റ) ഖുറൈശി പ്രമുഖർക്ക് കൊടുത്തയച്ചിട്ടുള്ള കത്താണത്. അവൾ വിധേയപ്പെട്ട് കത്ത് നൽകിയാൽ അവിടെ വെറുതെ വിട്ടേക്കുക. അതല്ല അവൾ വിസമ്മതിക്കുകയാണെങ്കിൽ വേണ്ട നടപടികൾ സ്വീകരിക്കുക. വിട്ടുവീഴ്ച ആവശ്യമില്ല “.

സ്വഹാബികൾ അതിവേഗം യാത്രതിരിച്ചു. നബിﷺ പറഞ്ഞതു പോലെ തോട്ടത്തിൽ (മക്കയ്ക്കും മദീനയ്ക്കും ഇടയിലുള്ള ഈ പ്രദേശം ലേഖകൻ സന്ദർശിച്ചിട്ടുണ്ട്) എത്തിയപ്പോൾ അതാ, അതുവഴി ഒരു സ്ത്രീ സഞ്ചരിക്കുന്നു ! അലി (റ) നേരെ അവരെ സമീപിച്ചു. ആമുഖങ്ങളൊന്നുമില്ലാതെ അവരോട് കത്ത് നൽകാനാവശ്യപ്പെട്ടു. ‘ഏത് കത്ത് ? എന്ത് കത്ത് ? എന്റെ പക്കൽ കത്തൊന്നുമില്ല’. എന്നവൾ പറഞ്ഞു നോക്കി. പക്ഷേ, സ്വഹാബികൾ അവളെ വിടാൻ തയ്യാറായില്ല. നബിﷺ പറഞ്ഞത് നൂറു ശതമാനം സത്യമാണെന്ന് അവർക്കറിയാം. അതുകൊണ്ട് അവരുടെ ശരീരവും അവരുടെ സാധനസാമഗ്രികളുമെല്ലാം പരിശോധിച്ചു. പക്ഷേ, കത്ത് കണ്ടെത്താനായില്ല. ഒടുവിൽ അലി (റ) പറഞ്ഞു. “ഇനിയും നീ കത്ത് നൽകാതിരുന്നാൽ, നിന്നെ വിവസ്ത്രയാക്കി പരിശോധിക്കേണ്ടി വരും”. അപ്പോൾ അവൾ വഴങ്ങി. തന്റെ മുടിക്കെട്ടിൽ സൂക്ഷിച്ചിരുന്ന കത്ത് സ്വഹാബികൾക്ക് കൈമാറി. അവർ കത്തുമായതിവേഗം നബിﷺയുടെ അടുക്കലെത്തി. നബിﷺ ഹാത്വബി(റ)നെയും ഉമറി(റ)നെയും വിളിച്ചുവരുത്തി. വിവരം കേട്ട മാത്രയിൽത്തന്നെ ഉമർ (റ) ക്ഷുഭിതനായി. “അയാളെ ഇങ്ങോട്ട് വിട്ടേക്കൂ നബിﷺയേ, ഇയാൾ കപട വിശ്വാസിയായിരിക്കുന്നു. ഞാനിപ്പോൾത്തന്നെ ഇയാളുടെ കഥകഴിച്ചേക്കാം ” എന്ന് ഉമർ (റ) പറഞ്ഞു. ഹാത്വബ് (റ) പറഞ്ഞു. “ഞാൻ എന്റെ വിശ്വാസത്തിൽ നിന്നും ആദർശത്തിൽ നിന്നും മാറിയിട്ടില്ല. എന്നിൽ നിന്നും സംഭവിച്ചു പോയതാണ്. എന്റേതായ ചില വിചാരങ്ങളിൽ നിന്ന് ഉണ്ടായതാണിത്. എനിക്ക് ഉറ്റവരോ ഉടയവരോ ആയി മക്കയിലിപ്പോൾ ആരുമില്ല. ബാക്കിയെല്ലാവരുടെയും ബന്ധുക്കൾ ഇപ്പോഴും മക്കയിലുണ്ട്. ഞാൻ മക്കയിലെത്തിയാൽ എനിക്കൊരു അനുകമ്പ ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്തത്. ഞാൻ ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം ഇന്നുവരെ ഇസ്‌ലാമിനെ ഉപേക്ഷിക്കുകയോ വിശ്വാസത്തിൽ നിന്ന് വിട്ടുനിൽക്കുകയോ ചെയ്തിട്ടില്ല. എനിക്ക് മാപ്പ് നൽകണം “. ഹാത്വബി(റ)ന്റെ വിശദീകരണം പൂർണമായും നബിﷺ കേട്ടു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#Taybacentre
#farooqnaeemi
#tweet458

Mahabba Campaign Part-459

Tweet 459

ഉമറി(റ)ന്റെയും ഹാത്വബി(റ)ന്റെയും സംഭാഷണം നബിﷺ ശ്രദ്ധിച്ചു. ഉമറി(റ)ന്റെ പ്രതികരണം കൂടുതൽ രൂക്ഷമായപ്പോൾ നബിﷺ ഇടപെട്ടു. മുഖൗഖിസ് രാജാവിന്റെ സന്നിധിയിലേക്ക് നബിﷺയുടെ ദൗത്യവുമായി സഞ്ചരിച്ച പ്രിയ അനുയായിയായ ഹാത്വബി(റ)നെ നബിﷺ ഒന്ന് നോക്കി. എന്നിട്ട് ഉമറി(റ)നോട് പറഞ്ഞു. “ഇതാരാണെന്നാണ് ഉമറേ, (റ) നിങ്ങൾ മനസ്സിലാക്കിയത് ? ഇദ്ദേഹം ബദ്റിൽ പങ്കെടുത്ത ആളല്ലേ ? ബദ്റിലേക്ക് അല്ലാഹു പ്രത്യേകമായി ശ്രദ്ധിക്കുകയും ബദ്റിൽ പങ്കെടുത്തവർക്ക് പൊറുത്തു കൊടുക്കുകയും ചെയ്തത് നിങ്ങൾക്ക് അറിയില്ലേ ? അവർ എന്തും ചെയ്തുകൊള്ളട്ടെ എന്ന പ്രത്യേക പരിഗണനയും അവർക്ക് നൽകിയിട്ടില്ലേ ?” ഉമറി(റ)ന്റെ രോഷമടങ്ങി. പറഞ്ഞുപോയ സംഭാഷണത്തിൽ അദ്ദേഹം ദുഃഖിച്ചു. പറയേണ്ടതില്ലായിരുന്നുവെന്ന് അദ്ദേഹം വിചാരിച്ചു. ഉമറി(റ)ന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീരൊലിക്കാൻ തുടങ്ങി. അതിനിടെ, ഹാത്വബ് (റ) കയറിപ്പറഞ്ഞു, “നബിﷺയേ, ഞാൻ ഖുറൈശികളിൽ ഒരു പരദേശിയായിരുന്നു. അവരുടെ പക്കലാണ് എന്റെ മാതാവുള്ളത്. ഈ വിവരം കൈമാറുക വഴി അവരുടെ ഒരു അനുകമ്പയാണ് ഞാൻ പ്രതീക്ഷിച്ചത്. മറ്റൊന്നും ഞാനിതുവഴി ലക്ഷ്യം വച്ചിട്ടില്ല. ഇസ്‌ലാമായതിൽപ്പിന്നെ ഒരിക്കലും ഞാൻ തങ്ങളെ നിഷേധിച്ചിട്ടില്ല”.

നബിﷺ വീണ്ടും സംസാരിച്ചു. ബദ്റിന്റെയും ബദ്‌രീങ്ങളുടെയും മഹത്വം പറഞ്ഞു. അങ്ങനെയിരിക്കെ, വിശുദ്ധ ഖുർആനിലെ അറുപതാമത്തെ അധ്യായം അൽ ‘മുംതഹിന:’ യിലെ ഒന്നു മുതൽ മൂന്നു വരെയുള്ള സൂക്തങ്ങൾ അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം. “വിശ്വസിച്ചവരേ, നിങ്ങള്‍ എന്റെയും നിങ്ങളുടെയും ശത്രുക്കളുമായി സ്നേഹബന്ധം സ്ഥാപിച്ച് അവരെ രക്ഷാധികാരികളാക്കരുത്. നിങ്ങള്‍ക്കു വന്നെത്തിയ സത്യത്തെ അവര്‍ തള്ളിപ്പറഞ്ഞിരിക്കുന്നു. നിങ്ങളുടെ നാഥനായ അല്ലാഹുവില്‍ വിശ്വസിച്ചുവെന്നതിനാല്‍ അവര്‍ ദൈവദൂതനെയും നിങ്ങളെയും നാടുകടത്തുന്നു. എന്റെ മാര്‍ഗത്തില്‍ സമരം ചെയ്യാനും എന്റെ പ്രീതി നേടാനും തന്നെയാണ് നിങ്ങള്‍ ഇറങ്ങിത്തിരിച്ചതെങ്കില്‍ അങ്ങനെ ചെയ്യരുത്. എന്നാല്‍ നിങ്ങള്‍ അവരുമായി സ്വകാര്യത്തില്‍ സ്നേഹബന്ധം പുലര്‍ത്തുകയാണ്. നിങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നതെല്ലാം ഞാന്‍ നന്നായി അറിയുന്നുണ്ട്. നിങ്ങളില്‍ അങ്ങനെ ചെയ്യുന്നവര്‍ നിശ്ചയമായും നേര്‍വഴിയില്‍നിന്ന് തെറ്റിപ്പോയിരിക്കുന്നു. നിങ്ങള്‍ അവരുടെ പിടിയില്‍പ്പെട്ടാല്‍ നിങ്ങളോട് കൊടിയ ശത്രുത കാണിക്കുന്നവരാണവര്‍. കൈയും നാവുമുപയോഗിച്ച് അവര്‍ നിങ്ങളെ ദ്രോഹിക്കും. ‘നിങ്ങള്‍ സത്യനിഷേധികളായിത്തീര്‍ന്നെങ്കില്‍’ എന്ന് അവരാഗ്രഹിക്കുന്നു. ഉയിര്‍ത്തെഴുന്നേല്പു നാളില്‍ നിങ്ങളുടെ കുടുംബക്കാരോ മക്കളോ നിങ്ങള്‍ക്കൊട്ടും ഉപകരിക്കുകയില്ല. അന്ന് അല്ലാഹു നിങ്ങളെ അന്യോന്യം വേര്‍പിരിക്കും. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം കണ്ടറിയുന്നവനാണ്.”

ഹാത്വബി(റ)ന് ലഭിക്കേണ്ട താക്കീത് ലഭിച്ചു. സമുദായത്തിന് ലഭിക്കേണ്ട മാർഗദർശനവും ലഭിച്ചു. നബിﷺ അവിടുത്തെ നീക്കങ്ങളുമായി മുന്നോട്ടു പോയി. ഹിജ്റയുടെ എട്ടാം വർഷം റമളാൻ 18 ആയി. നബിﷺ മദീനയിൽ നിന്നും മക്കയിലേക്ക് പുറപ്പെടാനൊരുങ്ങി. മുഹാജിറുകളിൽ നിന്ന് 700 പേർ കൂടെച്ചേർന്നു. 300 കുതിരകളാണ് അവരുടെ കൈവശമുണ്ടായിരുന്നത്. 4000 അൻസ്വാരികളും സജ്ജരായി. 500 കുതിരകളാണ് അവരോടൊപ്പമുണ്ടായിരുന്നത്. മുസൈനാ ഗോത്രത്തിൽ നിന്ന് ആയിരം ആളുകളും നൂറു കുതിരകളും. അസ്‌ലം ഗോത്രത്തിൽ നിന്ന് 400 പേരും 30 കുതിരകളും. ജുഹൈന ഗോത്രത്തിൽ നിന്ന് 800 ആളുകളും 50 കുതിരകളും. എല്ലാവരും കൂടി ഒരൊറ്റ സംഘമായി മക്കയിലേക്കൊഴുകി !

അബൂ ഖതാദ(റ)യും സംഘവും നേരത്തെ നിയോഗിച്ച ദൗത്യം കഴിഞ്ഞ് മടങ്ങിവന്നു. നബിﷺയും അനുയായികളും മക്കയിലേക്ക് തിരിച്ചുവെന്നറിഞ്ഞപ്പോൾ അവരോടൊപ്പം ചേർന്നു. നബിﷺ യാത്രാവിവരങ്ങൾ ചോദിച്ചറിഞ്ഞു. ഇസ്‌ലാമിന്റെ അഭിവാദ്യ വാചകം ചൊല്ലിയ ശേഷവും കൊന്ന വിവരം നബിﷺയോട് പങ്കുവച്ചു. അതു കേട്ടതോടെ നബിﷺയുടെ ഭാവം മാറി. ‘അയാളുടെ ഹൃദയം തുറന്നു നോക്കിയോ നിങ്ങൾ’ എന്ന് ചോദിച്ചു വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി. ആത്മരക്ഷയ്ക്ക് വേണ്ടി അവസാനം സലാം ചൊല്ലിയതായിരിക്കുമെന്ന് കരുതിയാണ് സ്വഹാബികൾ നടപടിയെടുത്തത്. എന്നാൽ അങ്ങനെ ചെയ്തത് ഉചിതമായില്ലെന്നാണ് നബിﷺ പഠിപ്പിച്ചത്. ഒരാളുടെ ഹൃദയത്തിൽ മാറ്റമുണ്ടായത് നിങ്ങൾക്ക് എങ്ങനെ അറിയാൻ കഴിയും എന്നായിരുന്നു വിശദീകരണം തേടിയത്. അതോടെ അബൂ ഖതാദ (റ) മാപ്പപേക്ഷിച്ചു. അല്ലാഹുവിനോട് പാപമോചനം തേടി. ‘തനിക്കുവേണ്ടി അല്ലാഹുവിനോട് മാപ്പു ചെയ്തു തരണമെന്ന്’ അപേക്ഷിച്ചു. പക്ഷേ, നബിﷺ അതിനോട് അനുകൂലമായി പ്രതികരിച്ചില്ല. അബൂ ഖതാദ(റ)യുടെ കണ്ണുകൾ വാർന്നൊഴുകി. അപ്പോഴേക്കും വിശുദ്ധ ഖുർആൻ അവതരിച്ചു. നാലാം അധ്യായത്തിലെ 94-ാം സൂക്തത്തിന്റെ ആശയം ഇങ്ങനെയാണ്. “അല്ലയോ സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനിറങ്ങിയാല്‍ ശത്രുക്കളെയും മിത്രങ്ങളെയും വേര്‍തിരിച്ചറിയണം. ആരെങ്കിലും നിങ്ങള്‍ക്ക് സലാം ചൊല്ലിയാല്‍ ഭൗതികനേട്ടമാഗ്രഹിച്ച് ‘നീ വിശ്വാസിയല്ല’ എന്ന് അയാളോടു പറയരുത്. അല്ലാഹുവിങ്കല്‍ സമരാര്‍ജിത സമ്പത്ത് ധാരാളമുണ്ട്. നേരത്തെ നിങ്ങളും അവരിപ്പോഴുള്ള അതേ അവസ്ഥയിലായിരുന്നല്ലോ. പിന്നെ, അല്ലാഹു നിങ്ങളോട് ഔദാര്യം കാണിച്ചു. അതിനാല്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുക. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet459

Mahabba Campaign Part-460

Tweet 460

നബിﷺ അനുയായികളോടൊപ്പം മക്കയിലേക്ക് യാത്രയാരംഭിച്ചു. വിശുദ്ധ റമളാൻ 18 നായിരുന്നു ഇത്. സൗകര്യമുള്ളവർക്ക് നോമ്പെടുക്കാമെന്നും അല്ലാത്തവർക്ക് ഉപേക്ഷിക്കാമെന്നും നബിﷺ അനുമതി നൽകി. സുബൈർ ബിൻ അൽഅവാം (റ) എന്നവരുടെ നേതൃത്വത്തിലായിരുന്നു മുന്നിലെ സംഘം സഞ്ചരിച്ചിരുന്നത്. യാത്രാമധ്യേ, പലയിടങ്ങളിൽ നിന്നും ചെറിയ ചെറിയ സംഘങ്ങൾ നബിﷺയോടൊപ്പം കൂടി. അവരെയെല്ലാവരെയും തിരുനബിﷺ പ്രത്യേകം നിർണയിക്കുകയും നിശ്ചിത പതാകകൾ നൽകുകയും ചെയ്തു.

നല്ല ചൂടുള്ള കാലാവസ്ഥയായിരുന്നു അന്ന്. അറജ് എന്ന പ്രദേശത്ത് എത്തിയപ്പോൾ നബിﷺ ശരീരത്ത് വെള്ളമൊഴിക്കുകയും ചൂട് തണുപ്പിക്കുകയും ചെയ്തു. പിന്നെയും സംഘം മുന്നോട്ടു നീങ്ങി. അറജ്, ത്വലൂബ് എന്നീ രണ്ട് പ്രവിശ്യകൾക്കിടയിലെത്തിയപ്പോൾ, ഒരു പട്ടി തന്റെ കുട്ടികളെ പരിപാലിക്കുന്നത് നബിﷺയുടെ ശ്രദ്ധയിൽപ്പെട്ടു. തന്റെ കുഞ്ഞുങ്ങൾക്ക് പാലുകൊടുത്തു പരിപാലിക്കുന്ന ന പട്ടിയെയും കുട്ടികളെയും നമ്മുടെ കൂട്ടത്തിലെ ആരും ശല്യപ്പെടുത്തരുത് എന്ന് നബിﷺക്ക് നിർബന്ധമുണ്ടായിരുന്നു. സൈന്യം മുഴുവൻ കടന്നു പോകുന്നതുവരെ അവയ്ക്ക്‌ കാവൽ നിൽക്കാൻ ജമീൽ ബിൻ സുറാഖ (റ) എന്ന സ്വഹാബിയെ ചുമതലപ്പെടുത്തി. അപ്രകാരം അദ്ദേഹം ആ പട്ടിയും കുഞ്ഞുങ്ങളും വിശ്രമിക്കുന്നതിന് സമാന്തരമായി കാവൽക്കാരനായി നിന്നു. പ്രപഞ്ചത്തിനാകെ കാരുണ്യമാണ് തിരുനബിﷺ എന്നതിന്റെ ഒരു നേരായ ദൃശ്യമായിരുന്നു ഇത്.

ചരിത്രത്തിലെ ഒരു നിവേദന പ്രകാരം, തിരുനബിﷺയുടെ പിതൃ സഹോദരനായ അബ്ബാസ് (റ) എന്നവർ ഈ സമയത്ത് വിശ്വാസം പ്രഖ്യാപിച്ചു മദീനയിലേക്ക് പലായനം ചെയ്യുകയായിരുന്നു. അവരെ തിരുനബിﷺ വഴിയിൽ വച്ച് കണ്ടുമുട്ടി. ഇത് മക്കയിൽ നിന്നുള്ള അവസാനത്തെ പലായനമാണ് എന്നവരെ അറിയിച്ചു. മക്കയിലേക്ക് നബിﷺയും കൂട്ടുകാരും വരുന്ന വിവരം നേരത്തെ അബ്ബാസി(റ)ന് അറിയുമായിരുന്നില്ല. ജുഹുഫയിൽ വച്ചായിരുന്നു ഈ സംഗമം എന്നും ചരിത്രത്തിലുണ്ട്.

ഏതായാലും നബിﷺയും സംഘവും മുന്നോട്ടുതന്നെ നീങ്ങി. സംഘം ഉസ്‌ഫാൻ, ഖൈദീദ് പ്രദേശങ്ങൾക്കിടയിൽ കുദയ്ദിൽ എത്തി. കുറാഉൽ ഗമീം എന്ന സ്ഥലത്താണ് എത്തിയതെന്നും അഭിപ്രായമുണ്ട്. നോമ്പ് നോറ്റ് ക്ഷീണിച്ച അനുയായികളോട് നബിﷺ പറഞ്ഞു. “നിങ്ങൾക്ക് നോമ്പ് ഒഴിവാക്കാം. ഇനിയങ്ങോട്ട് കൂടുതൽ ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും ഇടപെടേണ്ട സമയങ്ങളാണ്. ഇപ്പോൾ വ്രതം ഒഴിവാക്കി പൂർണ ഉന്മേഷത്തോടെ സഞ്ചരിക്കുകയാണ് വേണ്ടത്. നിങ്ങൾ നിങ്ങളുടെ ശത്രുക്കളെ അഭിമുഖീകരിക്കാൻ അടുത്തിരിക്കുന്നു”. തുടങ്ങിയ സന്ദേശങ്ങൾ നബിﷺ കൈമാറി.

ഇശാഅ് നേരമായപ്പോൾ മർറു ളഹ്റാൻ എന്ന പ്രദേശത്തെത്തി. അവിടെ വച്ച് പതിനായിരം പന്തങ്ങൾക്കൊളുത്താൻ നബിﷺ നിർദേശിച്ചു. ഉമറി(റ)നെ അതിന്റെ നേതൃത്വം ഏൽപ്പിച്ചു. നീക്കങ്ങൾ ഇത്രയുമൊക്കെയായിട്ടും ഖുറൈശികളറിഞ്ഞിരുന്നില്ല. എന്തുകൊണ്ടോ അവർക്ക് കൃത്യമായ വിവരങ്ങൾ ലഭിച്ചുകൊണ്ടിരുന്നില്ല. പ്രവാചകർﷺ അതിനു വേണ്ടി നേരത്തെ പലപ്രാവശ്യം അല്ലാഹുവിനോട് പ്രാർഥിച്ചിരുന്നു.

ആയിരം തീപ്പന്തങ്ങൾ ഒരുമിച്ച് മക്കയിലേക്ക് നീങ്ങി. ആറാക് പ്രവിശ്യലെത്തിയപ്പോഴേക്കും ഖുറൈശികൾ വിവരമറിഞ്ഞു. അബൂ സുഫിയാന്റെ നേതൃത്വത്തിൽ അനുനയത്തിനുള്ള ആലോചനകൾ നടന്നു. സമഗ്രമായ ഒരു സംഘമായോ വ്യവസ്ഥാപിതമായ ഒരു കൂട്ടമായോ അവർക്ക് കൂടാൻ കഴിഞ്ഞില്ല. എന്നാൽ അബൂസുഫിയാൻ ചില അനുകൂല ആലോചനയുമായി നബിﷺയെ സമീപിക്കാൻ തീരുമാനിച്ചു.

ഇതിനിടയിൽ അബൂബക്കർ (റ) ഒരു സ്വപ്നം കണ്ടു. അത് നബിﷺയോട് പങ്കുവച്ചു. ഉള്ളടക്കം ഇങ്ങനെയായിരുന്നു. ‘പ്രവാചകരേ,ﷺ നമ്മൾ മക്കയോടടുത്തപ്പോൾ ഒരു നായ നമ്മുടെയടുക്കലേക്ക് ശബ്ദമുണ്ടാക്കക്കടന്നുവന്നു. അടുത്തെത്തിയപ്പോഴേക്കും അത് നിലത്ത് കിടന്നു. പാലു ചുരത്താൻ തുടങ്ങി’. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. “നായകൾ അസ്തമിച്ചു. ക്ഷീരം ചുരത്താൻ തുടങ്ങി. അവരിൽ നിന്നുള്ള പലരും കുടുംബബന്ധം മുന്നിൽ വച്ച് നമ്മെ സമീപിക്കും. അബൂ സൂഫിയാനെ നിങ്ങൾ കണ്ടുമുട്ടിയാൽ അദ്ദേഹത്തെ വധിക്കരുത്”.

ഇത് വ്യക്തമായ ഒരു സൂചനയും മുന്നറിയിപ്പുമായിരുന്നു. അബൂ സൂഫിയാൻ വരുമെന്നും വിധേയപ്പെടുമെന്നും പ്രവാചകൻ പറഞ്ഞതിന്റെ ഉള്ളടക്കം നമ്മോടു പങ്കുവയ്ക്കുന്നു. ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇങ്ങനെ കൂടിയുണ്ട്. ‘നബിﷺ അനുയായികളോട് പറഞ്ഞു. “അബൂ സൂഫിയാൻ അറാക്കിൽ എത്തിയിട്ടുണ്ട്. അദ്ദേഹത്തെ നിങ്ങൾ പിടികൂടി ഹാജരാക്കുക”. അപ്രകാരം സ്വഹാബികൾ അദ്ദേഹത്തെ കൈവശപ്പെടുത്തി.

ഇബ്നു ഉഖ്ബ (റ) പറയുന്നത് ഇങ്ങനെയാണ് : ‘ഞങ്ങൾ അബൂസുഫിയാന്റെ അടുത്തേക്കെത്തി. അദ്ദേഹത്തോടൊപ്പം ഖുറൈശീ പ്രമുഖരിൽ മറ്റു പലരുമുണ്ടായിരുന്നു. ഹക്കീം ബിൻ ഹിസാം, ബുദൈൽ ബിൻ വർഖാഅ തുടങ്ങിയവരായിരുന്നു അവർ. സ്വഹാബികൾ കടന്നുചെന്ന ഉടനെ അവർ ചോദിച്ചു. “നിങ്ങൾ ആരാണ്?”
“ഞങ്ങൾ പ്രവാചകരുﷺടെ അനുയായികൾ”.
“നമ്മുടെ മാറിടത്തിലേക്ക് ഒരു സൈന്യം ഇപ്രകാരം വന്നിട്ട് നാം ഇതുവരെ അറിഞ്ഞില്ലല്ലോ “. അബൂസുഫിയാൻ പ്രതികരിച്ചു’.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet460

Mahabba Campaign Part-461

Tweet 461

വിവരങ്ങൾ അറിഞ്ഞതും അബൂസുഫ്‌യാൻ പ്രവാചകനെﷺ പ്രാപിക്കാനുള്ള വഴികളാലോചിച്ചു. എങ്ങനെയെങ്കിലും പ്രവാചകന്റെﷺ സന്നിധിയിലെത്തണം. ചില സുരക്ഷാ സംഭാഷണങ്ങൾ നടത്തണം. പക്ഷേ, അദ്ദേഹം പ്രതീക്ഷിക്കുന്നതിനേക്കാൾ വലിയ സൈന്യവും മുന്നേറ്റവുമായിരുന്നു നബിﷺയുടെത്. അദ്ദേഹം തന്റെ കൂട്ടുകാരോട് കാര്യങ്ങൾ പങ്കുവച്ചു. ഇസഹാക്ക് ബിൻ റാഹവൈഹി (റ) നിവേദനം ചെയ്യുന്നു. ‘ഇബ്നു അബ്ബാസ് (റ) പറഞ്ഞു. നബിﷺ മറുൽ ളഹറാൻ എന്ന സ്ഥലത്തെത്തിയപ്പോൾ അബ്ബാസ് (റ) എന്നവരുടെ മനസ്സിൽ ഒരാലോചന. ഖുറൈശികൾക്ക് അനുകൂലമായ എന്തെങ്കിലുമൊന്ന് ചെയ്താലോ. അവരോടുള്ള മമതയായിരുന്നു അപ്പോൾ അദ്ദേഹത്തിന്റെ ഹൃദയത്തിലുദിച്ചത്. നബിﷺയും അനുയായികളും പൊടുന്നനെ മക്കയിലേക്ക് പ്രവേശിച്ചാൽ മക്കക്കാർക്ക് എന്തായിരിക്കും സംഭവിക്കുക ? ഇതായിരുന്നു അബ്ബാസി(റ)ന്റെ ആലോചന. അബ്ബാസ് (റ) തന്നെ പറയുന്നു. “ഞാൻ നബിﷺയുടെ ഷഹബാഅ എന്ന വാഹനത്തിന്മേൽക്കയറി. എന്തെങ്കിലും ആവശ്യങ്ങൾ നേടാനായി സഞ്ചരിക്കുന്ന ആളെപ്പോലെ മെല്ലെ മക്കയിലേക്ക് എത്തുക. മക്കയിലെ പ്രമുഖരുമായി കാര്യങ്ങൾ പങ്കുവയ്ക്കുക. എന്തെങ്കിലും ഒരു സുരക്ഷാ സംവിധാനം ഏർപ്പെടുത്തുക. ഇതായിരുന്നു എന്റെ ലക്ഷ്യം.
ഞാൻ മുന്നോട്ടു നീങ്ങി. അറാക്ക് പ്രദേശത്തെത്തിയപ്പോൾ അബൂസുഫ്‌യാന്റെ ശബ്ദം കേട്ടു. ബുദൈലും കൂടെയുണ്ടായിരുന്നു. അബ്ബാസി(റ)നെക്കണ്ടതോടെ രണ്ടുപേരും ആപൽഘട്ടത്തിൽ ചൊല്ലുന്ന വാചകം ചൊല്ലി. ഞാൻ ‘അബു ഹൻളലാ’ എന്നദ്ദേഹത്തെ വിളിച്ചപ്പോൾ അദ്ദേഹം എന്റെ ശബ്ദം തിരിച്ചറിഞ്ഞു. ”അല്ലയോ അബുൽ ഫള്ല്, എന്നെ അഭിവാദ്യം ചെയ്തു. അബൂസുഫ്‌യാൻ എന്നോട് ചോദിച്ചു. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്?ഇനിയെന്താണ് ചെയ്യുക?” ഞാൻ പറഞ്ഞു. “അല്ലാഹുവിന്റെ പതിനായിരം അംഗങ്ങളുള്ള സൈന്യത്തോടൊപ്പം ഇതാ എത്തിയിരിക്കുന്നു. അല്ലയോ, അബ്ബാസ് (റ) എന്തെങ്കിലും ഉപായം നിങ്ങളുടെ പക്കലുണ്ടോ?” ഞാൻ പറഞ്ഞു, “ഉണ്ട്. എന്റെ ഈ വാഹനത്തിൽക്കയറൂ. നമുക്ക് ഇപ്പോൾത്തന്നെ പുറപ്പെടാം. നബിﷺയുടെ അടുത്ത് ചെന്ന് അഭയം തേടാം. അല്ലാത്തപക്ഷം മക്ക ജയിച്ചടക്കുമ്പോൾ നിങ്ങൾക്ക് രക്ഷയുണ്ടാവില്ല”. അബൂസുഫ്‌യാൻ അബ്ബാസി(റ)ന്റെ വാഹനത്തിൽക്കയറി പിൻസീറ്റിലിരുന്നു. അബ്ബാസ് (റ) മുന്നോട്ടു നീങ്ങി.

അബ്ബാസ് (റ) തുടരുന്നു. “ഞാൻ കടന്നു പോകുന്ന വഴികളിലെല്ലാം സ്വഹാബികൾ തീകൂട്ടി വെളിച്ചം കൊണ്ടിരിക്കുന്ന ഇടങ്ങളുണ്ടായിരുന്നു. ഓരോ സ്ഥലത്ത് കൂടി കടന്നു പോകുമ്പോഴും അവർ ശ്രദ്ധിച്ചു. “ഇതാരാണ് പോകുന്നത്. നബിﷺയുടെ വാഹനമാണ്, അവിടുത്തെ പിതൃസഹോദരനാണ് വാഹനത്തിന് മുകളിലുള്ളത് എന്ന് കാണുമ്പോൾ അവർക്കു പിന്നെ നോട്ടമില്ല. ഉമറി(റ)ന്റെ അടുത്തു കൂടെ കടന്ന് പോകുമ്പോൾ എന്നെ ഒന്നു ശ്രദ്ധിച്ചു നോക്കി. വാഹനവും ആളെയും തിരിച്ചറിഞ്ഞു. ശേഷം, പിന്നിലാരാണെന്നു മനസ്സിലായപ്പോൾ ഉമറി(റ)നു ദേഷ്യം പിടിച്ചു. അല്ലയോ, അല്ലാഹുവിന്റെ ശത്രൂ.. ഇതാ ഒരു കരാറും ഉടമ്പടിയും ഇല്ലാതെ കൈയിൽക്കിട്ടിയിരിക്കുന്നു. അപ്പോഴേക്കും ഞാൻ വാഹനം അതിവേഗം പായിച്ചു. ഉമർ (റ) പിന്നിൽ തന്നെ കൂടി. ഞങ്ങൾ നബിﷺയുടെ ടെന്റിലേക്ക് കടന്നു. ഉടനെ ഉമറും(റ) അവിടെയെത്തി. ഉമർ (റ) പറഞ്ഞുകൊണ്ടേയിരുന്നു. “അല്ലാഹുവിന്റെ ശത്രുവിനെ ഇതാ കൈയിൽക്കിട്ടിയിരിക്കുന്നു. ഉടമ്പടിയും കരാറും ഒന്നുമില്ലാതെ കൈവശത്ത് ലഭിച്ചിരിക്കുന്നു. ഇങ്ങോട്ടിറക്കി വിടൂ. അവന്റെ കാര്യം ഞാൻ തീരുമാനമാക്കട്ടെ “. ഉടനെ അബ്ബാസ് (റ) പറഞ്ഞു, “ഒന്നടങ്ങൂ ഉമറേ ,(റ)… ഒന്ന് സമാധാനപ്പെടൂ”. ഞാൻ നബിﷺയോട് പറഞ്ഞു. “ഇതാ അബൂസുഫ്‌യാൻ സുരക്ഷ തേടിയെത്തിയിരിക്കുന്നു”. അപ്പോഴേക്കും അബ്ബാസി(റ)നോട് ഇങ്ങനെ പറഞ്ഞു. “നിങ്ങളോട് എനിക്ക് വലിയ ബഹുമാനമാണ്. എന്റെ പിതാവ് ഖത്വാബ് ഇസ്‌ലാം സ്വീകരിക്കുന്നതിനേക്കാൾ എനിക്ക് സന്തോഷം നൽകിയത് നിങ്ങൾ ഇസ്‌ലാം സ്വീകരിച്ചപ്പോഴാണ്. കാരണം നിങ്ങൾ ഇസ്‌ലാമിലേക്ക് വന്നത് നബിﷺയെ എത്രത്തോളം സന്തോഷിപ്പിച്ചിട്ടുണ്ടാവും അത് ചിന്തിച്ചിട്ടാണ്. തിരുനബിﷺയുടെ സന്തോഷമാണ് നമ്മെ ഏറ്റവും സന്തോഷിപ്പിക്കുന്നത് “.

മറ്റൊരു നിവേദനത്തിൽ ഇങ്ങനെ ഒരു അനുബന്ധം കൂടിയുണ്ട്. അബ്ബാസ് (റ പറയുന്നു. “ഞാൻ നബിﷺയോട് പറഞ്ഞു. അബൂസുഫ്‌യാൻ, ബുദൈൽ, ഹക്കീം ബിൻ ഹിസാം എന്നിവർക്ക് വേണ്ടി ഞാൻ ജാമ്യം നിൽക്കുന്നു നബിﷺയേ, അവരെ ഇങ്ങോട്ടൊന്നു കടന്നു വരാൻ അനുവദിക്കൂ “. നബിﷺ പറഞ്ഞു, “അവർ വന്നോട്ടെ”. രാത്രിയുടെ നല്ലൊരു ഭാഗം അവർ നബിﷺയോടൊപ്പം ചെലവഴിച്ചു. നബിﷺ അവർക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തിക്കൊടുത്തു. സന്മാർഗത്തിലേക്ക് ക്ഷണിച്ചു. ഹക്കീമും ബുദൈലും സത്യ വാചകം ഏറ്റുചൊല്ലി. ഇസ്‌ലാമിലേക്ക് കടന്നുവന്നു. അബൂസുഫ്‌യാൻ പ്രഖ്യാപിക്കാൻ തയ്യാറായില്ല.

നബിﷺ അബൂസുഫ്‌യാനെ ഇസ്‌ലാമിലേക്ക് വീണ്ടും ക്ഷണിച്ചു. അപ്പോൾ അദ്ദേഹം ചോദിച്ചു. “ഞാൻ ലാത്തയെയും ഉസ്സയെയും എന്താണ് ചെയ്യുക?” ഇതു കേട്ടുകൊണ്ട് പുറത്തുനിന്ന് ഉമർ (റ) പറഞ്ഞു. “നിങ്ങൾ ടെന്റിനു പുറത്തായിരുന്നുവെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് ഞാൻ കാണിച്ചു തരാമായിരുന്നു”. നബിﷺ ചോദിച്ചു, “അതാരാണ് പുറത്തുനിന്ന് സംസാരിക്കുന്നത് ?” അബ്ബാസ് (റ) പറഞ്ഞു, “അത് ഉമറാ(റ)ണ് “. നബിﷺ അബ്ബാസി(റ)നോട് പറഞ്ഞു. “ഇപ്പോൾ നിങ്ങൾ തല്ക്കാലം പോവുക. വളരെ ശ്രദ്ധാപൂർവം വേണം യാത്ര ചെയ്യാൻ. പ്രഭാതമായാൽ നിങ്ങൾ വീണ്ടും വരുക”.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി

Mahabba Campaign Part-462

Tweet 462

പ്രഭാത നിസ്കാരത്തിന്റെ നേരമായി. വാങ്ക് കൊടുത്തു. കേട്ടവർ മുഴുവനും വാങ്കിന്റെ വാചകങ്ങൾ ഏറ്റുചൊല്ലി. ഇത്രയുമായപ്പോഴേക്കും അബൂ സുഫിയാന് ഭയമായി. ചൊല്ലുന്ന വാചകങ്ങളെക്കുറിച്ചോ ഈ ചിട്ടകൾ എന്താണെന്നോ കൃത്യമായി അദ്ദേഹത്തിന് അറിയില്ലായിരുന്നു. അദ്ദേഹം അബ്ബാസി(റ)നോട് ചോദിച്ചു. “എന്തൊക്കെയാണ് കാണുന്നതും കേൾക്കുന്നതും? ഇവരൊക്കെ എന്താണ് ചെയ്യുന്നത്?”
“അത് , അവർ നിസ്കാരത്തിലേക്ക് പ്രവേശിക്കുകയാണ്. ഓരോ രാപ്പകലുകളിലും അഞ്ചുനേരത്തെ നിസ്കാരം നിർബന്ധമുണ്ട്. അത് നിർവഹിക്കാനൊരുങ്ങുകയാണവർ “. അബൂ സുഫിയാൻ സംഘത്തിലേക്ക് ഒന്ന് ശ്രദ്ധിച്ചു. “അതാ! പ്രവാചകൻ‍ﷺ അംഗസ്നാനം ചെയ്യാൻ വന്നിരിക്കുന്നു. അനുയായികൾ മുഴുവൻ ചുറ്റും കൂടി. അവിടുത്തെ വുളുവിന്റെ വെള്ളം നിലത്ത് വീഴാൻ അവർ അനുവദിക്കുന്നില്ല. അവരവരുടെ കൈകളിലവർ ആ വെള്ളം സ്വീകരിക്കുന്നു. അത് അനുഗ്രഹത്തിനു വേണ്ടി അവർ ശരീരത്തിൽ ലേപനം ചെയ്യുന്നു. ഈ കാഴ്ച കണ്ട് അബൂ സുഫിയാൻ പറഞ്ഞു, “ലോകത്ത് ഒരു രാജാവിനെയും ഞാനിതുപോലെ ദർശിച്ചിട്ടില്ല. കിസ്രയോ കൈസറോ പോലും “.

അബ്ബാസ് (റ) പറയുന്നു. ‘നബിﷺയുടെ പ്രഭാത നിസ്കാരം കഴിഞ്ഞപ്പോഴേക്കും നേരത്തെത്തന്നെ ഞാനവിടെയെത്തി. നബിﷺയുടെ അടുത്തേക്ക് പ്രവേശിക്കാൻ അബൂ സുഫിയാൻ സമ്മതം തേടി’

ഇബ്നു അബീ ശൈബ(റ)യുടെ നിവേദനം ഇങ്ങനെയാണ്. പ്രഭാത നിസ്കാരത്തിന് നേരമായപ്പോൾ സ്വഹാബികൾ ഒത്തുകൂടി. അവരുടെ നടപടിക്രമങ്ങൾ കണ്ടപ്പോൾ അബൂ സുഫിയാൻ അബ്ബാസി(റ)നോട് ചോദിച്ചു. “എന്നെ നേരിടാൻ വല്ല കൽപ്പനയും ഇവർക്ക് ലഭിച്ചിട്ടുണ്ടോ? എന്തിനാണ് ഇവരെല്ലാവരും ഒരുങ്ങുന്നത്?” ഞാൻ പറഞ്ഞു, “അവർ നിസ്കാരത്തിനു വേണ്ടി തയ്യാറാവുകയാണ് “. ഞങ്ങൾ നബിﷺയുടെ അടുക്കലെത്തി. അവിടുന്ന് നിസ്കരിക്കാൻ നിന്നു. തക്ബീർ മുഴക്കിയതുകേട്ട് അനുയായികളും അനുകരിച്ചു. പ്രവാചകനെﷺ പിന്തുടർന്ന് വിശ്വാസികൾ പിന്നിൽ നിന്നു. നിസ്കാരത്തിലെ ഓരോ കർമവും ചിട്ടയോടെ അനുകരിക്കുന്നത് കണ്ടപ്പോൾ അബൂ സുഫിയാൻ പറഞ്ഞു, “റോമിലോ പേർഷ്യയിലോ മറ്റെവിടെയെങ്കിലും ഇതുപോലെ അനുസരിക്കപ്പെടുന്ന നേതാവിനെയോ അനുസരിക്കുന്ന അനുയായികളെയോ ഞാൻ ദർശിച്ചിട്ടില്ല. അല്ലയോ അബുൽ ഫള്ലേ , (റ) നിങ്ങളുടെ സഹോദരന്റെ മകൻ സാക്ഷാൽ ഏറ്റവും ഉന്നതനായ രാജാവായിരിക്കുന്നു. റോമിന്റെയും പേർഷ്യയുടെയും ഭരണാധികാരികളെക്കാൾ വലിയ രാജാവ് “. അപ്പോൾ അബ്ബാസ് (റ) പറഞ്ഞു, “മുഹമ്മദ് നബിﷺ കേവലം രാജാവല്ല. അല്ലാഹുവിന്റെ തിരുദൂതരാണ്ﷺ. അല്ലാഹു നിയോഗിച്ച പ്രവാചകനാﷺണ് “.

നിസ്കാരം പൂർത്തിയായ ശേഷം നബിﷺ അബൂ സുഫിയാനെ അഭിമുഖീകരിച്ചു. അദ്ദേഹത്തോട് സംസാരിച്ചു തുടങ്ങി. “അല്ലാഹുവല്ലാതെ ആരാധനയ്ക്കർഹനില്ലെന്ന് മനസ്സിലാക്കാൻ ഇനിയും നിങ്ങൾക്ക് നേരമായില്ലേ?”
” ഇനിയും ഞാനെങ്ങനെയാണത് മനസ്സിലാക്കാതിരിക്കുക. കാരണം, ഞാൻ വിശ്വസിച്ചിരുന്ന ദൈവം എന്നെ സഹായിക്കുമായിരുന്നെങ്കിൽ. ഇന്ന് ഞാൻ അത് ജയിക്കുമായിരുന്നു. ഓരോ രംഗത്തും തങ്ങൾ ജയിച്ചടക്കുകയും ഇന്ന് മഹാവിജയത്തിലേക്കെത്തുകയും ചെയ്തു എന്നത് തങ്ങൾ വിശ്വസിക്കുന്ന ദൈവം സത്യമാണെന്നതിന് തെളിവാണ് “. അപ്പോൾ തിരുനബിﷺ ചോദിച്ചു, “അല്ലയോ, അബൂ സുഫിയാൻ ! ഞാൻ അല്ലാഹുവിന്റെ ദൂതനാﷺണെന്ന് ഇനിയും നിങ്ങൾക്ക് ബോധ്യമായില്ലേ?”
“അവിടുത്തെ സഹിഷ്ണുതയും കാരുണ്യവും വിട്ടുവീഴ്ചയും എത്രമാത്രം അദ്ഭുതമാണ്! ഇനിയും എങ്ങനെയാണ് നമുക്ക് ഉൾക്കൊള്ളാതിരിക്കാൻ പറ്റുക. പക്ഷേ, ഒന്നുകൂടി. എനിക്ക് ആലോചിക്കാൻ ഇനിയും ബാക്കിയുണ്ട്”.
ഉടനെ അബ്ബാസ് (റ) ഇടപെട്ടു. അദ്ദേഹം പറഞ്ഞു, “നിനക്ക് രക്ഷ വേണമെങ്കിൽ ഇനിയെങ്കിലും നീ വിശ്വസിച്ചോളൂ”. അപ്പോൾ അദ്ദേഹം സത്യവാചകം ചൊല്ലി, ഇസ്‌ലാമിലേക്ക് പ്രവേശിച്ചു. എന്നാൽ മുഹമ്മദ് ബിൻ ഉമറും(റ) ഇബ്നു ഉക്ബയും(റ) ഉദ്ധരിച്ചത് ഇത്തരമൊരു സന്ദർഭത്തിനു മുമ്പ് തന്നെ അബൂ സുഫിയാൻ ഇസ്‌ലാം സ്വീകരിച്ചു എന്നാണ്.

അബൂബക്കറി(റ)ന്റെ ഇടപെടലിലൂടെ അബൂ സുഫിയാനും അബൂസുഫിയാന്റെ വീട്ടിൽ പ്രവേശിച്ചവർക്കും ഹക്കീമിനും അദ്ദേഹത്തിന്റെ വീട്ടിൽ പ്രവേശിച്ചവർക്കും നബിﷺ സംരക്ഷണം വാഗ്ദാനം ചെയ്തു. മക്കയിലേക്ക് പ്രവേശിക്കുന്നതിനു മുമ്പ് തന്നെ അനുയായികൾക്ക് ആ വിവരം നൽകി. വാതിലുകൾ അടച്ച് അകത്തു കഴിയുന്നവരെ ശല്യപ്പെടുത്തരുതെന്ന് നിർദേശിച്ചു. പവിത്രഭവനം മസ്ജിദിൽ കടന്നവർക്കും പൂർണ സുരക്ഷ വാഗ്ദാനം ചെയ്തു. മക്കയിൽ ഒരു വിധേനയും രക്തച്ചൊരിച്ചിൽ ഉണ്ടാകരുതെന്ന് നബിﷺക്ക് നിർബന്ധമുണ്ടായിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

.

Mahabba Campaign Part-463

Tweet 463

തിരുനബിﷺയും അനുയായികളും മക്കയുടെ ഹൃദയ ഭൂമിയിലേക്ക് പ്രവേശിക്കാൻ തുടങ്ങി. അബൂ സൂഫിയാൻ ഇസ്‌ലാമിലേക്ക് വന്നെങ്കിലും തുടർന്ന് അദ്ദേഹത്തിന്റെ നടപടികൾ എന്തായിരിക്കുമെന്നതിൽ പല സ്വഹാബികൾക്കും ആശങ്കയുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് അദ്ദേഹം ധൃതിയിൽ മുന്നോട്ടു പോകാൻ തുനിഞ്ഞത്. അപ്പോൾ അബ്ബാസ് (റ) അദ്ദേഹത്തെ തടഞ്ഞുവച്ചു. മളീഖ് എന്ന പ്രദേശത്ത് വച്ചായിരുന്നു അത്. ഉടനെ അബൂസുഫിയാൻ ചോദിച്ചു. “അല്ല, നിങ്ങൾ എനിക്കെതിരെ ചതി പ്രയോഗം നടത്താൻ പോവുകയാണോ?”
“ചതിപ്രയോഗം പ്രവാചകത്വത്തിന് നിരക്കുന്നതല്ലല്ലോ? അതുകൊണ്ട് അങ്ങനെയൊന്നും ഞങ്ങൾ ചെയ്യില്ല. മറിച്ച്, അല്പസമയം നിങ്ങൾ അവിടെ നിൽക്കൂ. അല്ലാഹുവിന്റെ സൈന്യം മുന്നോട്ടുപോകുന്നത് ഇവിടെ നിന്ന് ഒന്ന് ശ്രദ്ധിക്കൂ “. പ്രവാചകരുﷺടെ അനുയായികൾ എത്ര ചിട്ടയോടെയും ക്രമത്തോടെയുമാണ് അനുസരണാ ശീലരായി മക്കയിലേക്ക് പ്രവേശിക്കുന്നത് എന്ന് കാണിച്ചു കൊടുക്കാൻ വേണ്ടിയായിരുന്നു അത്.

ഓരോ ഗോത്രവും ഉപഗോത്രവും വേറെവേറെ സംഘങ്ങളായി പ്രവേശിക്കാൻ തുടങ്ങി. ആദ്യം മുന്നോട്ടു വന്നത് സുലൈം ഗോത്രമായിരുന്നു. ഖാലിദ് ബിൻ വലീദ്(റ)ന്റെ നേതൃത്വത്തിലായിരുന്നു അവർ നീങ്ങിയത്. തൊള്ളായിരമോ ആയിരമോ അംഗങ്ങളാണ് അവരിൽ ഉണ്ടായിരുന്നത്. രണ്ടു വിജയ പതാകകളും ഒരു സൈനിക പതാകയുമാണ് അവർ വഹിച്ചിരുന്നത്. ഹജ്ജാജിബിന് ഉലാത്ത് (റ) എന്ന ആളായിരുന്നു സൈനിക പതാകയുടെ വാഹകൻ. മറ്റു രണ്ടു പതാകകളും വഹിച്ചിരുന്നത് അബ്ബാസ് ബിൻ മിർദാസും(റ) ഖുഫാഫും(റ) ആയിരുന്നു. അബൂസുഫിയാന്റെ അടുത്തുകൂടി കടന്നുപോയപ്പോൾ അവർ മൂന്നു പ്രാവശ്യം തക്ബീർ മുഴക്കി. അബ്ബാസി(റ)നോട് അബൂസുഫിയാൻ ചോദിച്ചു, “ഇവർ ആരാണ്?”
” ഖാലിദ് ബിൻ വലീദി(റ)ന്റെ നേതൃത്വത്തിൽ സുലൈം ഗോത്രമാണ് “.

തൊട്ടു പിറകിൽ അടുത്ത സംഘവും കടന്നു വന്നു. സുബൈർ ബിൻ അവ്വാമി(റ)ന്റെ നേതൃത്വത്തിലുള്ള 500 അംഗ സംഘമായിരുന്നു അവർ. അബൂസുഫിയാൻ ചോദിച്ചു, “ഇവർ ആരാണ്?” “സുബൈറി(റ)ന്റെ നേതൃത്വത്തിലുള്ളവർ “.
“നിങ്ങളുടെ സഹോദരിയുടെ മകൻ സുബൈറോ (റ)?”
“അതെ”.
“കൂടെയുള്ളവർ ആരാണ്?”
“അവർ ബനൂ ഗിഫാർ ഗോത്രക്കാരാണ് “. അവരും അബൂസുഫിയാന്റെ അടുത്തെത്തിയപ്പോൾ മൂന്നുപ്രാവശ്യം തക്ബീർ മുഴക്കി. ഗിഫാർ ഗോത്രത്തിന്റെ തലവൻ അബൂദർ അൽ ഗിഫാരി(റ)യായിരുന്നു അവരുടെ പതാക വഹിച്ചിരുന്നത്. തൊട്ടുപിന്നിൽ തന്നെ 400 അംഗങ്ങളുള്ള അസ്‌ലം ഗോത്രം കടന്നുവന്നു. ബറൈദയും(റ) ബിൻ അൽ ഹുസൈബുമായിരുന്നു അവരുടെ രണ്ട് പതാകകൾ വഹിച്ചിരുന്നത്. അവരും അബൂസുഫിയാൻ നേരെ എത്തിയപ്പോൾ തക്ബീർ മുഴക്കി. അവർ കടന്നുപോയപ്പോൾ അബ്ബാസി(റ)നോട് ചോദിച്ചു, “ഇവർ ആരാണ്?” അബ്ബാസ് (റ) അവരുടെ ഗോത്രത്തെ പരിചയപ്പെടുത്തി.

തൊട്ടുപിന്നിൽ തന്നെ ബനൂ കഅ്ബ് ബിന് അംർ 500 അംഗങ്ങളെയും നയിച്ചു കടന്നുവന്നു. അവരുടെ പതാക വഹിച്ചിരുന്നത് ബുസർ (റ) എന്നയാളായിരുന്നു. അവരും അബൂസുഫിയാന്റെ അടുത്തെത്തിയപ്പോൾ തക്ബീർ മുഴക്കി. അബൂ സുഫിയാൻ അബ്ബാസി(റ)നോട് ചോദിച്ചു, “ഇവർ ആരാണ്?” അബ്ബാസ് (റ) അവരെയും പരിചയപ്പെടുത്തി. ഓരോ ഗോത്രത്തെയും പരിചയപ്പെടുത്തുമ്പോൾ അവർ ഈ സംഘത്തിൽ ചേർന്ന് അദ്ഭുതം പ്രകടിപ്പിച്ചുകൊണ്ട് അബൂസുഫിയാൻ “എന്റെ നഷ്ടമേ!” എന്ന് പറഞ്ഞുകൊണ്ടിരുന്നു. ബനൂ കഅ്ബിനെക്കുറിച്ച് പറഞ്ഞപ്പോൾ ‘അവർ നേരത്തെ തന്നെ മുഹമ്മദ് നബിﷺയോട് ഉടമ്പടിയിലാണല്ലോ’ എന്നും അദ്ദേഹം പറഞ്ഞു.

തുടർന്നു വന്നത് മുസൈനാ ഗോത്രമായിരുന്നു. നൂറു കുതിരകളും മൂന്നു പതാകകളും ആയിരം അംഗങ്ങളുമായിരുന്നു അവർക്കൊപ്പമുണ്ടായിരുന്നത്. അവരും അബൂസുഫിയാന്റെ മുന്നിലൂടെ തക്ബീർ മുഴക്കിക്കടന്നുപോയി. അബ്ബാസി(റ)നോട് ഗോത്രത്തെക്കുറിച്ച് ചോദിക്കുകയും ചെയ്തു. അപ്പോഴും അദ്ഭുതത്തോടെ സ്വന്തം നഷ്ടത്തെക്കുറിച്ച് അദ്ദേഹം വിലപിച്ചു. നുഅ്മാനു ബിൻ മുഖ്റിൻ (റ), ബിലാൽ ബിൻ അൽ ഹാരിസ് (റ), അബ്ദുല്ലാഹിബിൻ അംർ ബിൻ അൽ ഔഫ് (റ) എന്നിവരായിരുന്നു മുസൈന ഗോത്രത്തിന്റെ പതാകകൾ വഹിച്ചിരുന്നത്. നാലു പതാകകളും 800 അംഗങ്ങളുമായി തൊട്ടു പിന്നിൽ കടന്നു വന്നു ജുഹൈന ഗോത്രക്കാർ. അബൂ റൗഅ (റ), സുവൈദ് ബിൻ സഖർ (റ), റാഫി ബിൻ മകീസ് (റ), അബ്ദുല്ലാഹിബിൻ ബദ്ർ (റ) എന്നിവരായിരുന്നു പതാകകൾ വഹിച്ചിരുന്നത്. അവരും തക്ബീർ മുഴക്കിയാണ് കടന്നുവന്നത്. ഗോത്രത്തിന്റെ നാമം കേട്ടപ്പോൾ അബൂ സുഫിയാൻ അദ്ദേഹത്തിന്റെ നഷ്ടത്തിൽ വിലപിച്ചു. തുടർന്ന് കടന്നുവന്നത് കിനാന ഗോത്രമായിരുന്നു. അബൂ വാഖിദ് (റ) ആയിരുന്നു അവരുടെ പതാക വഹിച്ചത്. 200 അംഗങ്ങളാണ് ആ സംഘത്തിലുണ്ടായിരുന്നത്. അവരും തക്ബീർ മുഴക്കിയാണ് കടന്നു വന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet463

.

Mahabba Campaign Part-464

Tweet 464

ബനൂ ബകർ ഗോത്രത്തെക്കുറിച്ച് പറഞ്ഞപ്പോൾ അബൂ സുഫിയാൻ പറഞ്ഞു. ”ശകുനം കെട്ടവരാണവർ; അവർ കാരണമാണ് മുമ്പ് ഖുറൈശികൾക്ക് മുഹമ്മദ്‌ നബിﷺയോട് യുദ്ധം ചെയ്യേണ്ടി വന്നത് ”.

അവസാനമായി കടന്നു വന്നത് മുന്നൂറ് അംഗങ്ങളുള്ള അശ്ജഅ് ഗോത്രക്കാരായിരുന്നു. അവരുടെ പതാകകൾ വഹിച്ചിരുന്നത് മഅ്ഖൽ ബിൻ സിനാനും(റ) നുഐമു ബിൻ മസ്‌ഊദു(റ)മായിരുന്നു. അബൂ സുഫിയാൻ ചോദിച്ചു, ”ഇവർ ആരാണ്?” അബ്ബാസ് (റ) ഗോത്രത്തിന്റെ പേര് പറഞ്ഞു. ”അവർ മുഹമ്മദ് നബിﷺയോട് ഏറ്റവും ദേഷ്യമുള്ളവരായിരുന്നല്ലോ?”
”അല്ലാഹു അവരുടെ ഹൃദയങ്ങളിൽ ഇസ്‌ലാം സന്നിവേശിപ്പിച്ചു. അത് അല്ലാഹുവിൽനിന്നുള്ള അനുഗ്രഹമാണ് ”. അബ്ബാസ്(റ) മറുപടി പറഞ്ഞു.
”മുഹമ്മദ് നബിﷺ പോയിട്ട് കുറേ ദൂരം പിന്നിട്ടുവോ?” അബൂ സുഫിയാൻ ചോദിച്ചു.
”ഇല്ല, ഇതുവരെ പോയിട്ടില്ല. ഇനി വരുകയേ ഉള്ളൂ”. നബിﷺയുടെ സംഘം വരുമ്പോൾ നമുക്ക് കാണാനുണ്ട്. സന്നദ്ധ ഭടന്മാരെയും സന്നാഹങ്ങളെയുമെല്ലാം ദർശിക്കാനുണ്ട്.

ഓരോ സംഘവും കടന്നുപോകുമ്പോൾ അബൂ സുഫിയാൻ ചോദിക്കും, ”അല്ല, മുഹമ്മദ് നബിﷺയോടൊപ്പമുള്ളവർ എത്തിയില്ല അല്ലേ?” അങ്ങനെ നിൽക്കുമ്പോഴാണ് പടച്ചട്ട അണിഞ്ഞ രണ്ടായിരം ആളുകളോടൊപ്പം നബിﷺ കടന്നുവന്നത്. വളരെ പ്രൗഢിയുള്ള ഒരു സൈനിക വ്യൂഹം. അൻസ്വാറുകളുടെ ഒരു വലിയ സംഘം. ഓരോ ഗോത്രത്തിനും കുടുംബത്തിനും പ്രത്യേകം പ്രത്യേകം പതാകകൾ. ഉമർ (റ) ശബ്ദത്തിൽ സന്ദേശങ്ങൾ വിളിച്ചു പറയുന്നുണ്ട്. അത് പോലെയുള്ളവർ ‘ഇത് മഹാവിജയത്തിന്റെ ദിവസമാണെന്ന്’ ഉദ്ഘോഷിക്കുന്നു. ചിലർ ഇത് ‘മഹായുദ്ധത്തിന്റെ ദിവസം’ എന്ന് വിശേഷിപ്പിക്കുന്നു. രാജകീയ പ്രൗഢിയോടെ മുഹമ്മദ് നബിﷺ അവിടുത്തെ ഖസ്’വാ എന്ന ഒട്ടകത്തിന്മേൽ മക്കയിലേക്ക് പ്രവേശിച്ചു. അബൂബക്കറും(റ) ഉസൈദ് ഹുസൈനും(റ) ആണ് നബിﷺയുടെ രണ്ടുഭാഗത്തും ചേർന്ന് നിന്നിരുന്നത്. നബിﷺ അവരോട് സംസാരിച്ചുകൊണ്ടാണ് കടന്നുവന്നത്. ശ്രദ്ധയിൽപ്പെട്ടതോടെ അബ്ബാസ് (റ) വിളിച്ചുപറഞ്ഞു. ”അതാ വരുന്നു, അല്ലാഹുവിന്റെ ദൂതൻﷺ !” അതായിരുന്നു റസൂലുല്ലാഹ്ﷺ. ആഗമനത്തിന്റെ ആരവങ്ങളും അനുയായികളുടെ അനുസരണയും സൈന്യത്തിന്റെ സന്നാഹങ്ങളും പ്രവാചകരുﷺടെ പ്രവേശന പ്രൗഢിയുമെല്ലാം ഒരുമിച്ചു കണ്ടപ്പോൾ അബൂ സുഫിയാൻ പറഞ്ഞു, ”അല്ലയോ ! അബ്ബാസ് (റ) , നിങ്ങളുടെ സഹോദരന്റെ മകൻ അതാ അത്യുന്നതനായ ഭരണാധികാരിയായി ഇരിക്കുന്നു”. ഉടനെ അബ്ബാസ് (റ) തിരുത്തി. ”ഇത് രാജാധികാരമല്ല; ഇത് പ്രവാചകത്വമാണ്. രാജാവിന്റെ ആഗമനമല്ല, അല്ലാഹുവിന്റെ ദൂതന്റെﷺ ആഗമനമാണ് ”.

ഇമാം ത്വബ്റാനി(റ)യും മറ്റും ഉദ്ധരിക്കുന്ന കൗതുകകരമായ ഒരു നിവേദനമുണ്ട്. അതിങ്ങനെയാണ് : ”മുഹമ്മദ് നബിﷺ നിയോഗിക്കപ്പെട്ടയുടനെ അബൂസുഫിയാനെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. പെട്ടെന്ന് അദ്ദേഹം പറഞ്ഞു. ”കൂട്ടായി താഴ്‌വരയിലൂടെ അശ്വസംഘത്തെക്കാണാതെ ഞാൻ അംഗീകരിക്കില്ല”. യഥാർഥത്തിൽ പുതുതായി താഴ്‌വരയിലൂടെ അങ്ങനെ കുതിരപ്പടകൾ വരാറില്ല. അബൂസുഫിയാൻ അപ്പോൾ ഹൃദയത്തിൽ തോന്നിയത് അങ്ങ് പറഞ്ഞു എന്നേയുള്ളൂ. പക്ഷേ, അതിപ്പോൾ പുലർന്നിരിക്കുന്നു.

നബിﷺയുടെ ആഗമനം കണ്ടപ്പോൾ അബൂസുഫിയാന് പണ്ടത്തെ വർത്തമാനം ഓർമവന്നു. അത് ശരിയായിപ്പുലർന്നതിൽ അദ്ഭുതപ്പെടുകയായിരുന്നു അദ്ദേഹം ! ആ പഴയ വർത്തമാനം അബ്ബാസ് (റ) ഓർമപ്പെടുത്തിയപ്പോൾ അബൂസുഫിയാന് അദ്ഭുതം ഏറെയായി.

മക്കാ പ്രവേശന നേരത്ത് സഹദ് ബിൻ ഉബാദ(റ)യുടെ മുദ്രാവാക്യം അല്പം തീവ്രമായിരുന്നു. ഇന്ന് പോരാട്ടത്തിന്റെ ദിവസമാണ്. എന്നു തുടങ്ങുന്നതായിരുന്നു അദ്ദേഹത്തിന് മുദ്രാവാക്യം. ഇത് മുന്നിൽ വച്ചുകൊണ്ട് അബൂസുഫിയാൻ നബിﷺയോട് ചോദിച്ചു, ”അവിടുന്ന് അവിടുത്തെ ജനതയോട് ഏറ്റവും കാരുണ്യം കാണിക്കുന്നവരല്ലേ. പിന്നെന്താണ് സഹദ് (റ) ഇങ്ങനെ വിളിച്ചു പറയുന്നത് ?” നബിﷺ പറഞ്ഞു, ”സഹദ് (റ) പറഞ്ഞത് ശരിയല്ല. ഇത് പോരാട്ടത്തിന്റെ അഥവാ മൽഹമയുടെ ദിവസമല്ല. ഇത് കാരുണ്യത്തിന്റെ അഥവാ, മർഹമയുടെ ദിവസമാണ്. ഇതാരോടും പകയുടെയും വിദ്വേഷത്തിന്റെയും നാളല്ല. പക വീട്ടാനോ വിദ്വേഷം തീർക്കാനോ വന്നതല്ല. ഇന്ന് അല്ലാഹുവിന്റെ ഭവനം ഏറെ മഹത്വപ്പെടുത്തപ്പെടും. ഖുറൈശികൾ ഏറെ വാഴ്ത്തപ്പെടും. കഅ്ബ പുടവയണിയും”.

തീവ്രമായി മുദ്രാവാക്യം വിളിച്ച സഹദി(റ)ന്റെ പക്കൽ നിന്ന് നബിﷺ പതാക വാങ്ങിച്ചു. പകരം അദ്ദേഹത്തിന്റെ മകൻ ഖൈസി(റ)ന്റെ കൈയിൽ നൽകി. സമാധാനപരമായ മുദ്രാവാക്യങ്ങൾ വിളിക്കാൻ നിർദേശം നൽകി. സഅദി(റ)ന്റെ കൈയിൽ നിന്ന് വാങ്ങിയ പതാക സുബൈറി(റ)ന്റെ കൈയിലാണ് നൽകിയതെന്നും അഭിപ്രായമുണ്ട്.

അന്നുവരെയോ ഇന്നുവരെയോ ചരിത്രത്തിൽ തുല്യതയില്ലാത്ത അതിജീവനത്തിലേക്കും വിജയത്തിലേക്കും നബിﷺ ചുവടുവച്ചു. ലോകാവസാനം വരെയുള്ള മുഴുവൻ വ്യവസ്ഥിതികളോടും സംവദിക്കാൻ നിയോഗിക്കപ്പെട്ട നബിﷺ മക്കാ മഹാ വിജയത്തിലേക്ക് പ്രവേശിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

.

Mahabba Campaign Part-465

Tweet 465

തിരുനബിﷺ മക്കയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് അബ്ബാസ് (റ) നബിﷺയോട് പറഞ്ഞു, “ഞാൻ ആദ്യം മക്കക്കാരുമായി ഒന്നു സംസാരിക്കട്ടെ. അവർക്ക് സുരക്ഷിതത്വം പ്രഖ്യാപിക്കുകയും സത്യസന്ധമായ വിവരം കൈമാറുകയും ചെയ്യട്ടെ”. ശേഷം, അദ്ദേഹം ശഹബാഅ എന്ന് പേരുള്ള കോവർ കഴുതയുടെ പുറത്ത് കയറി മക്കയിലേക്ക് തിരിച്ചു. ഉടനെ നബിﷺ അടുത്തുള്ളവരോട് പറഞ്ഞു, “എന്റെ ഉപ്പയെ തിരികെ വിളിക്കൂ “. ഉപ്പയുടെ സ്ഥാനത്താണല്ലോ ഉപ്പയുടെ സഹോദരൻ, അതുകൊണ്ടാണ് അങ്ങനെ സംബോധന ചെയ്തത്. ഉപ്പയെ വേഗം വിളിക്കൂ. അല്ലെങ്കിൽ, ഉർവത് ബിൻ മസ്ഊദി(റ)നെ അദ്ദേഹത്തിന്റെ ഗോത്രക്കാർ വധിച്ചു കളഞ്ഞതുപോലെ, എന്റെ ഉപ്പയെ ഖുറൈശികൾ വധിച്ചു കളഞ്ഞേക്കാം”. ഉർവ (റ) തൗഹീദിലേക്ക് ക്ഷണിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ ജനത അദ്ദേഹത്തെ വധിച്ചു കളഞ്ഞത്. പക്ഷേ, അബ്ബാസ് (റ) എന്നവർ തിരികെ വരാൻ മടിച്ചു. അബൂ സുഫിയാന്റെ ഗതിയും മാറുമോ എന്നതും അദ്ദേഹത്തിന്റെ ആശങ്കയായിരുന്നു. അപ്പോഴാണ് നബിﷺ അബൂസുഫിയാനെ മക്കയിലേക്ക് വിടാതെ ഒപ്പം നിർത്താനും മുസ്‌ലിം സംഘങ്ങളുടെ ആഗമനം കാണാൻ അവസരം നൽകാനും നിർദേശിച്ചത്.

അബ്ബാസ് (റ) മുന്നോട്ടു തന്നെ. അബൂസുഫിയാനെ ഒപ്പം നിർത്തുകയും നബിﷺ ആഗമനത്തെക്കുറിച്ച് മക്കക്കാരോട് വിളംബരം നടത്തുകയും ചെയ്തു എന്നും ഒരു നിവേദനത്തിൽ നമുക്ക് വായിക്കാം.

വിശ്വാസികൾ മക്കയിലേക്ക് പ്രവേശിച്ചതോടെ അബൂസുഫിയാനും മക്കയിലേക്ക് കടന്നു. ‘അബൂസുഫിയാന്റെ ഭവനത്തിൽ അഭയം തേടുന്നവർക്ക് സുരക്ഷ’ എന്ന് അദ്ദേഹം വിളിച്ചു പറഞ്ഞു. അപ്പോൾ കേട്ടവർ ചോദിച്ചു. “എത്രയാളുകളാണ് നിങ്ങളുടെ ഭവനത്തിൽ ഉൾക്കൊള്ളുക?” അപ്പോൾ അദ്ദേഹം അനുബന്ധമായി വിളിച്ചുപറഞ്ഞു. “സ്വന്തം ഭവനത്തിൽ വാതിൽ അടച്ചിരിക്കുന്നവർക്കും സുരക്ഷ നൽകിയിരിക്കുന്നു”. അബ്ബാസു(റ)മായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഇങ്ങനെ വിളംബരം ചെയ്തത്. പക്ഷേ, ഈ പ്രഖ്യാപനമോ സന്ദേശമോ ഒന്നും അബൂസുഫിയാന്റെ ഭാര്യ ഹിന്ദിന് അത്ര ദഹിച്ചില്ല. അവൾ അബൂസുഫിയാനെ വിമർശിച്ചു കൊണ്ടിരുന്നു. ‘അബൂസുഫിയാന്റെ നിലപാട് ഭീരുത്വമാണെന്നും ഇതെത്ര ദുഃഖകരമായ സാഹചര്യമാണെന്നും’ അവൾ വിളിച്ചു പറഞ്ഞു.

“എല്ലാവർക്കും പരിപൂർണമായ മാപ്പ് ” എന്നുറക്കെ വിളിച്ചുപറഞ്ഞു കൊണ്ടാണ് നബിﷺയും വിശ്വാസികളും മക്കയിലേക്ക് പ്രവേശിച്ചത്. എന്നാൽ സാമൂഹിക സുരക്ഷയ്ക്കും രാഷ്ട്രരക്ഷയ്ക്കും വേണ്ടി ചില സാമൂഹിക ദ്രോഹികളെ കരിമ്പട്ടികയിലായി പ്രഖ്യാപിക്കേണ്ടതുണ്ടായിരുന്നു. അത് ഏത് സമൂഹത്തിനും ആവശ്യമായി വന്നേക്കാം. സമഗ്രമായ ഒരു വ്യവസ്ഥിതിയും സംവിധാനവും മുന്നോട്ടു കൊണ്ടുപോകാൻ ഭരണാധികാരികൾക്ക് ചില സന്ദർഭങ്ങളിൽ ഇതാവശ്യമായി വരും. പിടികിട്ടാപ്പുള്ളികളെയും രാജ്യദ്രോഹികളെയുമെല്ലാം ലിസ്റ്റ് ചെയ്ത് പ്രഖ്യാപിക്കുന്ന പതിവ് വർത്തമാനകാല ആധുനിക സമൂഹങ്ങളിലും നിലനിൽക്കുന്നുണ്ടല്ലോ. ഇല്ലാത്ത കേസുകളും മാപ്പില്ലാത്ത കുറ്റങ്ങളും ഓരോ ഭരണകൂടത്തിന്റെ മുന്നിലും നമുക്ക് കാണാനാവും.

ഇവ്വിധം ചിലയാളുകളെ പേരെടുത്ത് പ്രഖ്യാപിക്കുകയും അവരെക്കണ്ടെത്തിയാൽ നിയമത്തിനു മുന്നിൽ ഹാജരാക്കണമെന്ന അറിയിപ്പ് നൽകുകയും ചെയ്തു. അങ്ങനൊരാളായിരുന്നു ഇബ്നു ഖത്തൽ. ആദ്യകാലത്ത് അയാൾ ഇസ്‌ലാം വിരുദ്ധ ചേരിയിലായിരുന്നു. പിന്നീട് ഇസ്‌ലാം സ്വീകരിച്ചു. അബ്ദുല്ല എന്ന് നബിﷺ നാമകരണം ചെയ്യുകയും അദ്ദേഹം മദീനയിലെത്തുകയും ചെയ്തു. ശേഷം, അദ്ദേഹത്തിന്റെ ഒരു യാത്രയിൽ ഭക്ഷണം പാചകം ചെയ്യാനും മറ്റുമായി ഖുസാഅ ഗോത്രക്കാരനായ ഒരാളെ നിയോഗിച്ചു. ഗ്രാമീണരായ അറബികൾ സക്കാത്ത് സമാഹരിക്കുന്ന ഒരു സംഗമത്തിലേക്ക് എത്തിച്ചേർന്നു. പരിചാരകനോട് ഭക്ഷണം പാചകം ചെയ്യാൻ പറഞ്ഞു ഇബ്നു ഖത്തൽ സംഗമത്തിലേക്ക് പോയി. തിരികെ വന്നപ്പോൾ പരിചാരകൻ ഭക്ഷണം പാചകം ചെയ്യാതെ ഉറങ്ങുകയായിരുന്നു. ഉടനെ അദ്ദേഹത്തെ വധിച്ചു കളയുകയും ഇസ്‌ലാമിൽ നിന്ന് പുറത്തു പോവുകയും ചെയ്തു. ശേഷം, പാട്ടുകാരികളായ രണ്ട് സ്ത്രീകൾക്കൊപ്പം ഇസ്‌ലാമിനെയും പ്രവാചകരെﷺയും ആക്ഷേപിക്കാൻ തുടങ്ങി. തെമ്മാടികളായ ആ സ്ത്രീകൾക്കൊപ്പം നിരന്തരമായി ആക്ഷേപകാവ്യങ്ങൾ ഉതിർത്തുകൊണ്ടിരുന്നു.

ഇത്തരം സാമൂഹികവിരുദ്ധനായ ഇയാൾക്കെതിരെ പരസ്യമായി വധശ്ശിക്ഷ പ്രഖ്യാപിച്ചു. കണ്ടെത്തിയാൽ നിയമത്തിനു മുമ്പിൽ ഹാജരാക്കാൻ നിർദേശം നൽകി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ
وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ-ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet465

.

Mahabba Campaign Part-466

Tweet 466

നബിﷺ പടത്തൊപ്പിയണിഞ്ഞ് മക്കയിലേക്ക് പ്രവേശിച്ചു. അതഴിച്ചു വച്ചപ്പോൾ ഒരാൾ ഓടി വന്നു പറഞ്ഞു, “അതാ, ഇബ്നു ഖത്തൽ കഅ്ബയുടെ കിസ്’വയുടെ ഉള്ളിൽ കയറിയിരിക്കുന്നു”. അബൂ ബർസയോ(റ) സഈദ് ബിൻ ഹുറൈസോ(റ) ആയിരുന്നു വന്ന് പറഞ്ഞത്. അപ്പോൾ നബിﷺ പറഞ്ഞു, “അദ്ദേഹത്തിന്റെ മേൽ വധശ്ശിക്ഷ നടപ്പിലാക്കുക”. മാപ്പർഹിക്കാത്ത കുറ്റം ചെയ്ത കുറ്റവാളിയാണ് എന്ന് സാരം. സഈദ് ബിൻ ദുഐബ് (റ) അല്ലെങ്കിൽ സഈദ് ബിൻ ഹുറൈസ് (റ) പ്രസ്തുത ശിക്ഷ നടപ്പിലാക്കി. അബൂ ഖത്തൽ ഏറ്റുവാങ്ങേണ്ടി വന്നത് അദ്ദേഹം നടത്തിയ കൊലപാതകത്തിന്റെ ശിക്ഷ കൂടിയായിരുന്നു. അതോടെ ആ അധ്യായം അവസാനിച്ചു.

കരിമ്പട്ടികയിൽ ഇടംപിടിച്ച മറ്റൊരാളുടെ പേര് അബ്ദുല്ലാഹിബിന് സഅ്ദ് ബിൻ അബീ സർഹ് എന്നായിരുന്നു. അദ്ദേഹവും നേരത്തെ ഇസ്‌ലാം സ്വീകരിച്ചതിനു ശേഷം ഇസ്‌ലാം ഉപേക്ഷിച്ചയാളായിരുന്നു. അദ്ദേഹത്തിന് വേണ്ടി ശുപാർശ ചെയ്യാൻ ഉസ്മാൻ (റ) രംഗത്ത് വന്നു. അയാൾക്ക് ആവശ്യമായ സുരക്ഷാ ധനം നൽകി. ശേഷം, അയാൾ വീണ്ടും ഇസ്‌ലാമിലേക്ക് വരുകയും ഇസ്‌ലാമിന്റെ മഹത്വം കൂടുതൽ ഉൾക്കൊള്ളുകയും ചെയ്തു. ഉസ്മാൻ (റ) അദ്ദേഹത്തെ ഭരണച്ചുമതലകൾ പലതും ഏൽപ്പിച്ചു. ഒടുവിൽ സുബ്ഹി നിസ്കാരത്തിൽ സുജൂദിലാണ് അദ്ദേഹം മരണപ്പെട്ടത്. അദ്ദേഹം ഖുറൈശികളുടെ കൂട്ടത്തിൽ തന്നെ ബുദ്ധിമാനും കാര്യശേഷിയുള്ള ആളുമായിരുന്നു.

ഈ രണ്ടാമത്തെ സംഭവം ചില പാഠങ്ങൾ കൂടി നമുക്ക് നൽകുന്നുണ്ട്. കരിമ്പട്ടികയിൽ പേര് വന്നവർക്കും രക്ഷപ്പെടാനോ മോചനം നേടാനോ ഉള്ള വഴികൾ അനുവദിച്ചു കൊടുത്തിരുന്നു. ഏതു കുറ്റവാളിയും മന:സ്താപം ഉണ്ടാവുകയും പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്താൽ ഏതറ്റം വരെയും പരിഗണിക്കാനുള്ള വിശാലത മുസ്‌ലിം സമൂഹത്തിനുണ്ടായിരുന്നു.

വധശ്ശിക്ഷയ്ക്ക് വിധേയമാക്കപ്പെടാൻ മാത്രം പേര് ഉദ്ധരിക്കപ്പെട്ട മറ്റൊരാളാണ് അബൂജഹലിന്റെ മകൻ ഇക്രിമ. എന്നാൽ, അല്ലാഹു അദ്ദേഹത്തിന് നേർവഴി നൽകി. ഇസ്‌ലാം സ്വീകരിക്കാനും സ്വഹാബികളുടെ ഗണത്തിൽ ഉൾപ്പെടാനും അദ്ദേഹത്തിനു അവസരമുണ്ടായി. പിൽക്കാലത്ത് ഏറെ ആദരിക്കപ്പെടുന്ന സ്വഹാബി പ്രമുഖരിൽ അദ്ദേഹം ഉൾപ്പെട്ടു.

മക്കാ വിജയത്തിന്റെയന്ന് വധശ്ശിക്ഷയർഹിക്കുന്ന മറ്റൊരാളായിരുന്നു ഹുവൈരിസ് ബിൻ നുഖൈദിർ. അദ്ദേഹം ധിക്കാരിയും പ്രവാചകനെﷺ ഏറെ ആക്ഷേപിച്ച ആളുമായിരുന്നു. നബിﷺയുടെ മകൾ സൈനബ് (റ) മദീനയിലേക്ക് പലായനം ചെയ്തപ്പോൾ പിന്നിൽ നിന്ന് കമ്പുകൊണ്ട് കുത്തി ശല്യം ചെയ്തയാളായിരുന്നു അദ്ദേഹം. അയാൾക്കതിൽ പശ്ചാത്താപ ബോധമോ നേർവഴിയിലേക്കുള്ള വിചാരമോ ഉണ്ടായിരുന്നില്ല. അയാളെ അന്വേഷിച്ചു മുസ്‌ലിം പ്രതിനിധികൾ വീട്ടിലേക്കെത്തി. അയാൾ വീട്ടിലില്ലെന്ന് വീട്ടുകാർ വിവരം നൽകി. അലി(റ)ക്ക് ധാരണയുണ്ടായിരുന്നു അദ്ദേഹം വീട്ടിലുണ്ടെന്ന്. അലി (റ) അത് പ്രതീക്ഷിക്കുകയും വീട്ടിൽ നിന്ന് രക്ഷപ്പെടാനൊരുങ്ങി പുറത്തിറങ്ങിയയാളെക്കടന്നു പിടിക്കുകയും ശിക്ഷ നടപ്പിലാക്കുകയും ചെയ്തു. അതോടെ ആ അധ്യായവും അവസാനിച്ചു.

അബ്ബാസ് (റ) എന്നവർ ഫാത്വിമ (റ)യെയും ഉമ്മുക്കുലുസൂമി(റ)നെയും മദീനയിലേക്ക് യാത്രയാക്കാൻ പോയപ്പോഴും ഹുവൈരിസ് ശല്യപ്പെടുത്തിയിരുന്നതായി ഇബ്നു ഹിശാം (റ) ഉദ്ധരിക്കുന്നുണ്ട്.

മിഖ്’യസ് എന്ന മറ്റൊരാൾ കൂടി കരിമ്പട്ടികയിലുണ്ടായിരുന്നു. അയാൾ പ്രത്യക്ഷത്തിൽ ഇസ്‌ലാം സ്വീകരിക്കുകയും അൻസ്വാരികളിൽ ഒരാളെ വധിക്കുകയും ചെയ്തു. തന്റെ സഹോദരനെ വധിച്ചയാൾ എന്ന നിലയ്ക്കായിരുന്നു ഇങ്ങനെ ഒരു കർമം ചെയ്തത്. എന്നാൽ, തന്റെ സഹോദരൻ കൊല്ലപ്പെട്ടത് ഒരു യുദ്ധത്തിനിടയിൽ ആളുമാറിപ്പോയതിന്റെ പേരിലായിരുന്നു. അതിന് രക്ത മൂല്യം വാങ്ങിയതിനുശേഷമാണ് ഇങ്ങനെ ഒരു പ്രതികാരം അയാൾ ചെയ്തത്. നുമൈല ബിൻ അബ്ദുല്ല (റ) എന്ന സ്വഹാബി അയാളുടെ മേൽ ശിക്ഷ നടപ്പിലാക്കി.

ഹബ്ബാർ എന്ന മറ്റൊരാൾക്കെതിരെയും വധശ്ശിക്ഷ പ്രഖ്യാപിച്ചിരുന്നു. അയാൾ മുസ്‌ലിംകളെ ഏറെ ശല്യപ്പെടുത്തിയ ആളും നബിﷺയുടെ മകൾ സൈനബ് (റ) മദീനയിലേക്ക് വരുന്ന വഴിയിൽ ശല്യം ചെയ്ത ആളുമായിരുന്നു. അക്കാരണത്താലാണ് നിലത്ത് വീണത്. അന്നുണ്ടായ പരുക്കാണ് മഹതിയുടെ മരണകാരണമായി രേഖപ്പെടുത്തിയത്. മക്കാ വിജയവേളയിൽ അയാൾ വിശ്വാസം പ്രഖ്യാപിക്കുകയും അഭയം തേടുകയും ചെയ്തു. നബിﷺ അയാളുടെ മാപ്പും സ്വീകരിച്ചു. വിശാല ഹൃദയത്തോടെ നബിﷺ അവരെയൊക്കെ പരിഗണിക്കുകയും സൗകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു.

വിട്ടുവീഴ്ചയുടെയും കാരുണ്യത്തിന്റെയും ഏറെ അധ്യായങ്ങളാണ് നാം വായിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ, ചരിത്രത്തിൽ നിന്ന് പലതും പ്രത്യുൽപാദനം നടത്തുന്നവർ ഇത്തരം നിമിഷങ്ങളെ കേൾക്കാനോ വിലയിരുത്താനോ പഠിക്കാനോ ശ്രമിക്കാറില്ല. നബിﷺയുടെ ഓരോ പ്രവർത്തനവും എത്രമേൽ മാനവികമായിരുന്നു എന്ന് ഓരോ സംഭവവും നമ്മളെ കൂടുതൽ ബോധ്യപ്പെടുത്തുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#FarooqNaeemi
#TaybaCentre
#Tweet466

.

Mahabba Campaign Part-467

Tweet 467

കരിമ്പട്ടികയിൽ അംറ് ബിൻ ഹിശാമിന്റെ വിമോചിത അടിമ സാറയുമുണ്ടായിരുന്നു. അവൾ നേരത്തെ ഖുറൈശികളിലെ പാട്ടുകാരിയായിരുന്നു. പിന്നീട് മദീനയിലേക്ക് ചെല്ലുകയും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ആ സമയത്ത് അവരുടെ പാട്ടിനെക്കുറിച്ചും മക്കയുടെ സാന്നിധ്യത്തെക്കുറിച്ചും ചോദിച്ചു. ബദ്റിന് ശേഷം മക്കയിൽ പാടാനുള്ള അവസരങ്ങളില്ല എന്നായിരുന്നു അവളുടെ മറുപടി. അവർ ഇസ്‌ലാം സ്വീകരിച്ചപ്പോൾ നബിﷺ അവരെ പരിഗണിക്കുകയും ഒരൊട്ടകവും ഭക്ഷണത്തിനുള്ള വകയും നൽകുകയും ചെയ്തു. പിന്നീട്, അവർ മക്കയിലേക്ക് തന്നെ മടങ്ങി. ഇബ്നു ഖത്തലിന്റെ കൂടെച്ചേർന്ന് നമുക്കെതിരെ ആക്ഷേപ കാവ്യങ്ങൾ ചൊല്ലി. ഇവരുടെ കൈകളിലായിരുന്നു ഹാത്വിബ് (റ) കത്ത് കൊടുത്തയച്ചത്. ആ കത്തായിരുന്നു നബിﷺ സ്വഹാബികളെ അയച്ച് തോട്ടത്തിൽ നിന്ന് പിടിച്ചെടുത്തത്. മക്കാ വിജയത്തിന്റെ ഘട്ടത്തിൽ അവർ ഇത്തരമൊരു പശ്ചാത്തലത്തിലായിരുന്നു. അവർക്ക് കാര്യങ്ങൾ ബോധ്യമാവുകയും വീണ്ടും ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ഖലീഫ ഉമറി(റ)ന്റെ കാലത്താണ് അവർ മരണപ്പെട്ടത്.

ഇസ്‌ലാമിനോടും ഇസ്‌ലാമിക സമൂഹത്തോടും അതിക്രൂരമായ നിലപാട് സ്വീകരിക്കുകയും നബിﷺയുടെ പിതൃസഹോദരൻ ഹംസ(റ)യെ വധിച്ചുകളയാൻ മുന്നിൽ നിൽക്കുകയും ചെയ്ത സ്ത്രീയായിരുന്നു ഉത്ബയുടെ മകൾ ഹിന്ദ്. അബൂസുഫിയാന്റെ ഭാര്യ കൂടിയായിരുന്നു അവർ. മക്കാ വിജയത്തോടനുബന്ധിച്ച് അവർ ഇസ്‌ലാം സ്വീകരിക്കുകയും നബിﷺ അവർക്ക് വിട്ടുവീഴ്ച ചെയ്തു കൊടുക്കുകയും ചെയ്തു.

എത്രമേൽ ക്രൂരമായ നിലപാടുകൾ സ്വീകരിച്ചവർക്കും പശ്ചാത്താപ മനസ്സോടെ വന്നാൽ വിടുതിയും വിട്ടുവീഴ്ചയും അനുവദിക്കാം എന്നതിന്റെ ഉദാത്തമായ ഉദാഹരണമാണ് നാമിപ്പോൾ വായിച്ചത്. നബിﷺയുടെ ഔദ്യോഗിക ജീവിതത്തിന്റെ സുപ്രധാനമായ കാലങ്ങളെല്ലാം കഴിയാനടുത്തപ്പോഴും ഇനി ഒരാളുടെയും ഒത്താശ വേണ്ടാത്ത വിധം സമൂഹം സ്വയം പര്യാപ്തമായപ്പോഴും നബിﷺ നൽകിയ വിട്ടുവീഴ്ച തുല്യതയില്ലാത്തതാണ്. മാപ്പ് നൽകപ്പെട്ടവരിൽ നിന്ന് ഏതെങ്കിലും ഭൗതികമായ താല്പര്യം തിരുനബിﷺക്കുണ്ടായിരുന്നില്ല. അതിനുള്ള സാഹചര്യവുമായിരുന്നില്ല അവരുടേത്. ആയകാലത്ത് മുഴുവനും പല്ലും നഖവും ഉപയോഗിച്ച് നബിﷺയെയും ഇസ്‌ലാമിനെയും വിമർശിച്ചവർ, പക്ഷേ ഗത്യന്തരമില്ലാതെ വന്നപ്പോൾ ഇസ്ലാം സ്വീകരിച്ചു. എന്നിട്ടുപോലും അവരുടെ മോക്ഷവും പുരോഗതിയുമാണ് പ്രവാചകൻﷺ കാംക്ഷിച്ചത്. അവർക്ക് സമൂഹത്തിന്റെ ഭാഗമാകാനും വളരാനുമുള്ള അവസരങ്ങൾ നൽകി.

ഇബ്നു ഖത്തലിന്റെ പരിചാരകകളും പാട്ടുകാരികളുമായ അർനബും ഫർതനയും പ്രവാചകരെﷺ ആക്ഷേപിച്ചുകൊണ്ട് പാട്ടുപാടുന്നവരായിരുന്നു. അവരിലൊരാൾ കൊല്ലപ്പെടുകയും ഒരാൾ ഇസ്‌ലാം സ്വീകരിച്ച് നേർവഴിയിൽ വരുകയും ചെയ്തു.

മക്ക വിജയഘട്ടത്തിൽ നബിﷺയുടെ അടുക്കൽ വന്ന നീണ്ട ഒരു നിരയുണ്ടായിരുന്നു. അവരോടെല്ലാം പ്രതികാരമില്ലെന്നും എല്ലാവർക്കും മാപ്പ് നൽകിയിരിക്കുന്നുവെന്നും തിരുനബിﷺ ആവർത്തിച്ചു പറഞ്ഞു. എന്റെ മുൻഗാമിയായ നബി യൂസഫി(അ)ന്റെ പ്രഖ്യാപനമാണ് ഞാനും നടത്തുന്നത്. എനിക്ക് നിങ്ങൾക്കാരോടും പ്രതികാരമില്ല. ചെറുപ്പത്തിലെ നബിﷺയുടെ ജീവിതവും ശൈലികളുമറിയുന്ന മക്കക്കാരോട് ‘നിങ്ങൾ ഈ പ്രവാചകനിﷺൽ നിന്ന് എന്താണ് ആഗ്രഹിക്കുന്നത് ‘ എന്ന് ചോദിച്ചപ്പോൾ ‘ഔദാര്യവും വിട്ടുവീഴ്ചയുമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത് ‘ എന്നായിരുന്നു അവരുടെ മറുപടി.
ആചാരങ്ങളുടെയും അനുഷ്ഠാനങ്ങളുടെയും പേരിൽ തങ്ങളുടെ നേതാക്കൾക്ക് വഴങ്ങുകയും മുൻഗാമികൾക്ക് വിധേയരാവുകയും ചെയ്ത ജനങ്ങൾ പക്ഷേ, നബിﷺയുടെ തെളിമയാർന്ന ജീവിതത്തെ അംഗീകരിക്കുന്നവരായിരുന്നു. പ്രവാചകത്വ പ്രഖ്യാപനത്തിനു മുമ്പുള്ള 40 വർഷത്തെ മക്ക ജീവിതം ഒരു പുള്ളി പോലും വീഴാത്ത മഹദ് വ്യക്തിത്വത്തെയാണ് മക്കയിൽ അവതരിപ്പിച്ചത്. അതു മറക്കാൻ അന്നാട്ടുകാർക്ക് കഴിയുമായിരുന്നില്ല. അതുകൊണ്ട് അത്തരം ഒരു വ്യക്തിത്വത്തിൽ നിന്ന് നീതിയും കരുണയുമല്ലാതെ അവർ പ്രതീക്ഷിച്ചതുമില്ല. എല്ലാ ആയുധങ്ങളും ഉപയോഗിച്ച് പരാജയപ്പെടുത്താൻ ശ്രമിച്ചവർ, എല്ലാ പിടിവള്ളികളും നഷ്ടപ്പെട്ടപ്പോൾ സഹായം തേടുമ്പോഴും പ്രവാചക പ്രഭയിൽ നിന്ന് ആർദ്രതയും അനുകമ്പയും പ്രതീക്ഷിക്കുന്നുവെന്ന് വന്നാൽ ആ വ്യക്തിത്വത്തിന്റെ മഹത്വം എത്രമേൽ വലുതായിരിക്കും !

തിരുനബിﷺയുടെ മഹനീയ വ്യക്തിത്വത്തെ നേരെ ചൊവ്വെ മനസ്സിലാക്കാനുള്ള ശ്രേഷ്ഠ മുഹൂർത്തങ്ങളാണ് സീറാ പഠനത്തിന്റെ മുഴുവൻ സന്ധികളും നമുക്ക് സംഭാവന ചെയ്യുന്നത്. ഔദാര്യത്തിന്റെ തിരുഹൃദയത്തെക്കുറിച്ചുള്ള വിശേഷങ്ങളാണ് നമുക്ക് പഠിപ്പിച്ചു തരുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet467

.

Mahabba Campaign Part-468

Tweet 468

മുസ്‌ലിംകൾ മക്കയുടെ ഹൃദയ ഭൂമിയിലേക്ക് പ്രവേശിക്കുന്നതിന്റെ അടുത്ത് ദീതുവായിൽ എത്തി. സംഘത്തിലുള്ള മുഴുവനാളുകളും എത്തിച്ചേരാൻ വേണ്ടി കാത്തു നിന്നു. നബിﷺ അവിടുത്തെ ഹരിതസേനയോടൊപ്പം വന്നുചേർന്നു. അവിടുന്ന് ഖസ്‌വാ എന്ന ഒട്ടകത്തിൻമേലായിരുന്നു യാത്ര ചെയ്തിരുന്നത്.

നബിﷺ മക്കയിലേക്ക് പ്രവേശിച്ചപ്പോൾ ജനാരവം ആദരപൂർവം നബിﷺയെ വരവേറ്റു. അപ്പോൾ അവിടുന്ന് അല്ലാഹുവിനെ ഓർത്ത് വിനയാന്വിതനായി ശിരസ്സ് താഴ്ത്തി. അവിടുത്തെ താടിയെല്ല് ഒട്ടകത്തിന്റെ പൂഞ്ഞയിൽ തട്ടും വിധം അല്ലാഹുവിനെ സാഷ്ടാഗം ചെയ്തു. മഹാ വിജയവും അനുയായി വൃന്ദത്തിന്റെ വിശാലതയും തിരുനബിﷺയെ കൂടുതൽ വിനയാന്വിതരാക്കി. അവിടുന്ന് പറഞ്ഞുകൊണ്ടേയിരുന്നു, “യഥാർഥ ജീവിതം പാരത്രിക ജീവിതമല്ലോ!” അഥവാ ഈ വിജയത്തോടെ എല്ലാം ആവുന്നില്ലെന്ന് സാരം. കറുത്ത തലപ്പാവണിഞ്ഞുകൊണ്ടായിരുന്നു നബിﷺ മക്കയിലേക്ക് പ്രവേശിച്ചത്. അങ്ങനെയാണ് ഇമാം മുസ്‌ലിം (റ) ഉദ്ധരിച്ച ഹദീസിൽ അനസ് (റ) റിപ്പോർട്ട് ചെയ്തത്. ചുമലിലേക്ക് തലപ്പാവ് ഇറക്കിയിട്ടിരുന്നു. മക്കയിലെ ഉയർന്ന പ്രദേശമായ കദായ് ഭാഗത്ത് കൂടിയാണ് നബിﷺ മക്കയിലേക്ക് പ്രവേശിച്ചതെന്ന് ആഇശ (റ) റിപ്പോർട്ട് ചെയ്ത ഹദീസിൽക്കാണുന്നു.

മക്കയിലേക്ക് പ്രവേശിക്കുന്ന സമയം ധവള പതാകയായിരുന്നു തിരുനബിﷺ ഉപയോഗിച്ചിരുന്നത് എന്ന് ആഇശ ബീവി(റ)യിൽ നിന്ന് ഇമാം ബുഖാരി (റ) റിപ്പോർട്ട് ചെയ്യുന്നു. ഉഖാബ് എന്ന കറുത്ത കൊടിയും ഉണ്ടായിരുന്നതായി ഇബ്നു ഇസ്ഹാഖ് (റ) ഉദ്ധരിക്കുന്നു. നബിﷺയും സംഘവും മക്കയിലേക്ക് പ്രവേശിക്കുന്ന സമയം മക്കയിലെ സ്ത്രീകൾ അവരുടെ കുതിരകളെ മക്കനകൊണ്ട് മുഖം മറയ്ക്കുന്നത് കണ്ടപ്പോൾ അബൂബക്കറി(റ)നെ നോക്കി തിരുനബിﷺ പുഞ്ചിരിച്ചു. കാദായ് ഭാഗത്ത് കൂടെത്തന്നെ മക്കയിലേക്ക് പ്രവേശിക്കാൻ സുബൈർ ബിൻ അവാമി(റ)നോട് നബിﷺ നിർദേശിച്ചു. ഖാലിദ് ബിനു വലീദി(റ)നോട് ലൈത്വ ഭാഗത്ത് കൂടി പ്രവേശിക്കാനാണ് കൽപ്പന നൽകുന്നത്. നബിﷺയോടൊപ്പമുണ്ടായിരുന്ന സംഘത്തിന്റെ വലതുഭാഗത്തെ നേതാവായിരുന്നു ഖാലിദ് (റ). അസ്‌ലം, സുലൈം, ഗിഫാർ, മുസൈന, ജുഹൈന ഗോത്രങ്ങൾ എല്ലാം അദ്ദേഹത്തിന്റെ കൂടെയായിരുന്നു ഉണ്ടായിരുന്നത്. മക്കയുടെ താഴ്ന്ന പ്രദേശമായിരുന്നു അത്. കഅ്ബയോട് ഏറ്റവും അടുത്ത് പതാക സ്ഥാപിക്കാനാണ് അവരോട് നിർദേശിച്ചത്. നബിﷺയോടൊപ്പമുണ്ടായിരുന്നവരോട് അവരുടെ പതാക ഹുജൂനിൽ നാട്ടി വയ്ക്കാൻ പറഞ്ഞു. പ്രവാചക പത്നി ബിവി ഖദീജ(റ)യുടെ അന്ത്യവിശ്രമസ്ഥാനത്തോടടുത്ത സ്ഥലമാണത്. അഥവാ മക്കയിലെ പ്രസിദ്ധ ഖബർസ്ഥാൻ ജന്നത്തുൽ മുഅല്ലയുടെയടുത്ത്.

ഇങ്ങോട്ട് പോരിനു വന്നാലല്ലാതെ ആയുധമെടുക്കരുതെന്ന് എല്ലാവരോടും നബിﷺ നിർദേശിച്ചിരുന്നു. ആയുധവും ആംഗ്യങ്ങളും ഇടപെടലുകളും ശ്രദ്ധിക്കണമെന്നായിരുന്നു അവിടുത്തെ കൽപ്പന. എന്നാൽ സഫുവാൻ ബിൻ ഉമയ്യയും ഇക്രിമ ബിൻ അബീ ജഹലും സുഹൈൽബിൻ അംറും ചേർന്ന് ഒരു സംഘത്തെ രൂപപ്പെടുത്തി പ്രതിരോധിക്കാൻ തീരുമാനിച്ചു. അവരെ എല്ലാവരെയും ഖൻദമയിൽ ഒരുമിച്ചു കൂട്ടി. വാർത്തയറിഞ്ഞ് കുറേക്കൂടി ഖുറൈശികൾ വന്നുചേർന്നു. ബനൂബക്കർ, ഹുദൈൽ ഗോത്രക്കാർ ആയുധമണിഞ്ഞു. ‘ഒരുനിലയ്ക്കും മുഹമ്മദ് നബിﷺയെയും അനുയായികളെയും ഒറ്റയടിക്ക് മക്കയിലേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല’ – ഇതായിരുന്നു അവരുടെ ശപഥം.

ഈ സംഘം നേരിട്ട് അഭിമുഖീകരിച്ചത് ഖാലിദി(റ)ന്റെ നേതൃത്വത്തിലുള്ള മുസ്‌ലിംകളെയായിരുന്നു. ഖാലിദും(റ) സംഘവും ശക്തമായി പ്രതിരോധിച്ചു. ഖുറൈശികൾ ആദ്യം ആയുധമെടുക്കുകയും അമ്പെയ്യാനാരംഭിക്കുകയും ചെയ്തു. ഗത്യന്തരമില്ലെന്ന് വന്നപ്പോൾ ഖാലിദും(റ) സായുധ പ്രതിരോധത്തിലേക്ക് നീങ്ങി. ഖുറൈശികളിൽ നിന്ന് 24 പേരും ഹുദൈൽ ഗോത്രത്തിൽ നിന്ന് നാലുപേരും കൊല്ലപ്പെട്ടു. അതോടെ ബാക്കിയുള്ളവർ വിരണ്ടോടി. മലകളുടെ മുകളിലേക്ക് പാഞ്ഞു കയറി. മുസ്‌ലിം സംഘം അവരുടെ പിന്നാലെത്തന്നെ കൂടി. അവരുടെ സംഘം ആകെ ഛിന്നഭിന്നമായി. ഒത്തുകൂടാനോ സംഘമായി നിൽക്കാനോ പറ്റാത്ത വിധം പലസ്ഥലങ്ങളിലായിച്ചിതറി. മക്കം ഫത്ഹിലും മറ്റും മുസ്‌ലിം സൈന്യത്തിന് ചില കോഡ് വാക്കുകളുണ്ടായിരുന്നു. ബനൂ അബ്ദുറഹ്മാൻ എന്നായിരുന്നു പൊതുവേയുള്ള സൂചന വാക്യം. ഖസ്റജ് ഗോത്രക്കാർ ബനൂ അബ്ദുല്ല എന്നും ഹുദൈൽ ഗോത്രക്കാർ ബനൂ ഉബൈദുള്ള എന്ന സൂചന വാക്യവും ഉപയോഗിച്ചു.

ആധുനിക സൈനിക സംഘങ്ങൾക്കുള്ള നയതന്ത്രപരമായ ഇത്തരം ചിട്ടവട്ടങ്ങൾ പോലും അന്ന് മുസ്‌ലിം സമൂഹത്തിനും സൈനിക ശക്തിക്കും അന്യമായിരുന്നില്ലെന്നാണ് ഇവയൊക്കെ സൂചിപ്പിക്കുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet468

.

Mahabba Campaign Part-469

Tweet 469

സുബൈറും(റ) സംഘവും ഹുജൂനിൽ പതാക നാട്ടിയ സ്ഥലത്തേക്കെത്തിച്ചേർന്നു. അതിനടുത്തുതന്നെയായിരുന്നു തിരുനബിﷺയുടെ ഭവനവും.

സുബൈറി(റ)ന്റെ സംഘത്തിൽ നിന്ന് രണ്ടുപേരാണ് കൊല്ലപ്പെട്ടത്. അവർക്ക് വഴി പിഴയ്ക്കുകയും ശത്രുപാളയത്തിൽ എത്തിപ്പെടുകയും ചെയ്യുകയായിരുന്നു. മക്കയുടെ ഉയർന്ന ഭാഗത്ത് പൊടിപടലങ്ങളുയർന്നു. കാര്യമന്വേഷിച്ചപ്പോൾ ഖാലിദി(റ)ന്റെ നേതൃത്വത്തിലുള്ള സൈന്യം സൈനിക പ്രതിരോധം നടത്തുന്ന രംഗമാണെന്ന് തിരുനബിﷺ അറിഞ്ഞു. ഖാലിദി(റ)നോട് ആയുധം താഴ്ത്തിവയ്ക്കാൻ ആവശ്യപ്പെടുകയും മറ്റു മുസ്‌ലിം സംഘങ്ങളോടൊപ്പം ചേരാനറിയിക്കുകയും ചെയ്തു.

ആഘോഷപൂർവം മക്കയിലേക്ക് കടന്നപ്പോൾ മക്കയിലെ ഓരോ ഭവനവും കണ്ട സമയത്ത് നബിﷺ അല്ലാഹുവിനെ സ്തുതിച്ചു. നബിﷺക്ക് വേണ്ടി തയ്യാർ ചെയ്ത ടെന്റിന്റെ അടുത്തെത്തിയപ്പോൾ പ്രിയപ്പെട്ട സ്വഹാബിയായ ജാബിറി(റ)നോട് പറഞ്ഞു, “ജാബിറേ(റ) , നമുക്കിവിടെയാണ് താമസിക്കാനുള്ളത് .

മക്കാ വിജയത്തിന്റെ ദിവസം തിരുനബിﷺ വിശുദ്ധ ഖുർആനിലെ അൽ ഫത്തഹ് അധ്യായം ഈണത്തിൽ പാരായണം ചെയ്തുകൊണ്ടിരുന്നു. ഇമാം ത്വബ്റാനി(റ)യുടെ നിവേദനപ്രകാരം അല്ലാഹുവിൽ നിന്നുള്ള വിജയവും സഹായവും പ്രഖ്യാപിക്കുന്ന അന്നസ്ർ അധ്യായവും പാരായണം ചെയ്തു കൊണ്ടിരുന്നു. ആശയം ഇങ്ങനെയാണ്. “അല്ലാഹുവിന്റെ സഹായവും വിജയവും വന്നെത്തിയാല്‍; ജനം കൂട്ടംകൂട്ടമായി അല്ലാഹുവിന്റെ മതത്തില്‍ കടന്നുവരുന്നത് തങ്ങൾ കാണുകയും ചെയ്താല്‍; തങ്ങളുടെ നാഥനെ സ്തുതിച്ച് വാഴ്ത്തുക. അവനോട് പാപമോചനം തേടുക. തീര്‍ച്ചയായും അവന്‍ പശ്ചാത്താപം സ്വീകരിക്കുന്നവനാണ്.”
ഹുജൂനിലെത്തിയ നേരം നബിﷺയോടൊപ്പം അവിടുത്തെ പത്നിമാരായ മൈമൂനയും(റ) ഉമ്മു സലമയും(റ) ഉണ്ടായിരുന്നു. താത്ക്കാലികമായി കെട്ടിയുണ്ടാക്കിയ ഹുജൂനിലെ കുടിലിൽ താമസിക്കുമ്പോൾ ‘നബിﷺ ജനിച്ച അവിടുത്തെ സ്വന്തം വീട്ടിലേക്ക് എപ്പോഴാണ് മടങ്ങുക’ എന്ന് പലരും ചോദിച്ചുകൊണ്ടിരുന്നു. അപ്പോൾ നബിﷺ പറഞ്ഞു. “അത് അഖിൽ കച്ചവടം ചെയ്ത് കഴിഞ്ഞുവല്ലോ “. അഥവാ, നബിﷺയുടെ ഭവനം കൈവശം ലഭിച്ച കുടുംബക്കാരനായ അഖിൽ അത് കച്ചവടം ചെയ്തിട്ടുണ്ടായിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ മക്കയിലെ മറ്റേതെങ്കിലും ഭവനത്തിൽ താമസിക്കാൻ നബിﷺയോട് പലരും ആവശ്യപ്പെട്ടു. പക്ഷേ, അവിടുന്ന് തയ്യാറായില്ല. പകരം ഹുജൂനിലെ താത്ക്കാലിക ഭവനത്തിൽത്തന്നെ താമസം തുടർന്നു. അഞ്ചുനേരവും അവിടെനിന്ന് പള്ളിയിലേക്ക് നടന്നു വന്നു. ആരാധനകൾക്ക് നേതൃത്വം നൽകി.

നബിﷺ മക്കയിലേക്ക് പ്രവേശിച്ച സമയത്ത് ഒരനുഭവം ഉമ്മു ഹാനി (റ) പറയുന്നത് ഇങ്ങനെയാണ്. “ഞാൻ മക്കയിലെ വീട്ടിലായിരുന്നു. രണ്ടാളുകൾ വന്ന് എന്റടുക്കൽ അഭയം തേടി. ഞാനവർക്ക് അഭയം നൽകി. അതിനു പിന്നാലെ അവിടേക്ക് കടന്നുവന്ന അലി (റ) അവരെ വിട്ടുകൊടുക്കണമെന്നാവശ്യപ്പെട്ടു. അപ്പോൾ ഞാൻ നബിﷺയുടെ വാസസ്ഥലത്തേക്ക് ചെന്നു. രണ്ടുപേർക്ക് അഭയം നൽകിയ വർത്തമാനം നബിﷺയോട് പറഞ്ഞു. അലി(റ)യുടെ നിലപാടും പങ്കുവച്ചു. ഉടനെ നബിﷺ പറഞ്ഞു, നിങ്ങൾ അഭയം നൽകിയവർക്ക് ഞാനും നൽകിയിരിക്കുന്നു. അതുകൊണ്ട് അവർ സുരക്ഷിതരായിരിക്കും. ശേഷം, നബിﷺ കുളിക്കാനൊരുങ്ങി, മകൾ ഫാത്വിമ (റ) മറയൊരുക്കിക്കൊടുത്തു. തുടർന്ന് നബിﷺ എട്ടു റക്അത്ത് ളുഹാ നിസ്കരിച്ചു “.

‘നബിﷺയുടെ അന്നേരത്തെ നിസ്കാരം വളരെ ലളിതമായിരുന്നു’ എന്നുകൂടി മഹതി ചേർത്തു പറഞ്ഞിട്ടുണ്ട്.

പ്രവാചകരുﷺടെ മുന്നേറ്റ ലക്ഷ്യങ്ങൾ സ്വയം താത്പ്പര്യങ്ങളുടെ സംരക്ഷണമായിരുന്നില്ലെന്നും മഹത്തായ ഒരു മൂല്യത്തെ സ്ഥാപിക്കാനും മാനവികതയെ രക്ഷിക്കാനുമായിരുന്നുവെന്നും ഈ വായനകൾ നമുക്ക് തിരിച്ചറിവുതരുന്നു. മക്കാ വിജയത്തിന്റെ ദിവസം പ്രവാചകർﷺ പുലർത്തിയ വിനയവും താഴ്മയും ഈ യാഥാർഥ്യങ്ങളെ നമുക്ക് ബോധ്യപ്പെടുത്തിത്തരുന്നു.

ഈ ദിവസം ഇബിലീസ് തേങ്ങിക്കരയുകയും വിലപിച്ചു കൊണ്ടോടി നടക്കുകയും ചെയ്തു. ഇരുട്ടിന്റെ കൂട്ടാളികൾക്ക് എന്നെന്നേക്കും ലഭിച്ച പ്രഹരമായിട്ടാണ് ഈ പ്രയോഗത്തെയും നാം വായിക്കേണ്ടത്. പിശാചിനും പിശാചിന്റെ കെണി വലയിൽപ്പെട്ടവർക്കും കാലാകാലത്തേക്കുമുള്ള ഒരു ദുഃഖ ദിനമായിരുന്നു അത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet469

.

Mahabba Campaign Part-470

Tweet 470

മക്ക വിജയവേളയിലെ സുപ്രധാന സംഭവങ്ങളിലൊന്നാണ് അബൂബക്കറി(റ)ന്റെ പിതാവ് അബൂ ഖുഹാഫയുടെ ഇസ്‌ലാം ആശ്ലേഷം. നബിﷺയും അനുയായികളും ദൂതുവാ എന്ന പ്രവിശ്യയിലെത്തിയപ്പോൾ അബൂ ഖുഹാഫ മകളോട് പറഞ്ഞു. എന്നെയും കൂട്ടി അബൂഖുബൈസ് പർവതത്തിന്റെ മുകളിലേക്ക് ഒന്ന് കയറാമോ? മകൾ അസ്മ (റ) ആണോ ഖരീബയാണോ എന്ന വ്യത്യസ്ത അഭിപ്രായങ്ങളുണ്ട്. മകൾ സമ്മതിച്ചു. അതുപ്രകാരം കൈപ്പിടിച്ച് കുന്നിൻമുകളിലേക്കെത്തി. മകളോട് ചോദിച്ചു. “എന്താണ് മകളേ, താഴ്‌വരയിൽക്കാണുന്നത്? ഒരു വലിയ സംഘം വരുന്നതിന്റെ ഇരുട്ട് കാണുന്നുണ്ട് “. പ്രായാധിക്യം കൊണ്ട് കാഴ്ച നഷ്ടപ്പെട്ട അബൂഖുഹാഫയ്ക്ക് നേരിട്ട് കാണാൻ കഴിയുമായിരുന്നില്ല. കുറേക്കഴിഞ്ഞ് വീണ്ടും മകളോട് ചോദിച്ചു. ” ഇപ്പോൾ എന്താണ് കാണുന്നത്?” അപ്പോൾ കണ്ട കാഴ്ചയും മകൾ ഉപ്പയോട് പറഞ്ഞു. കുതിരകൾ കൂട്ടം പിരിഞ്ഞിട്ടുണ്ടാകും എന്ന് വർണനയിൽ നിന്ന് അദ്ദേഹത്തിന് മനസ്സിലായി. “നമുക്ക് വീട്ടിലേക്ക് തന്നെ പോകാം ” എന്നു പറഞ്ഞ് മകളോടൊപ്പം വീട്ടിലേക്ക് മടങ്ങി.

പോകുന്ന വഴിയിൽ തിക്കിലും തിരക്കിലും മകളുടെ മാല ആരോ കൈവശപ്പെടുത്തിയിരുന്നു. വെള്ളിമാല നഷ്ടപ്പെട്ട ദുഃഖവും മറന്ന് മകൾ ഉപ്പയെയും കൊണ്ട് മുന്നോട്ടു നീങ്ങി. ആ സമയത്ത് തിരുനബിﷺ പള്ളിയിലായിരുന്നു ഉണ്ടായിരുന്നത്. നബിﷺയും സിദ്ദീഖും(റ) ഉള്ള സ്ഥലത്തേക്ക് മകൾ ഉപ്പയെയും കൊണ്ട് എത്തിച്ചേർന്നു. അബൂബക്കർ (റ) നബിﷺയോട് പറഞ്ഞു. “അല്ലയോ പ്രിയപ്പെട്ട പ്രവാചകരേﷺ, എന്റെ ഉപ്പ അബൂ ഖുഹാഫയാണ് വന്നിട്ടുള്ളത് “.
“പ്രായാധിക്യത്തിൽ അവരെ എന്തിനാണ് ഇങ്ങോട്ട് വരുത്തിയത്? നമുക്ക് അങ്ങ് വീട്ടിലേക്ക് പോകാമായിരുന്നല്ലോ “. നബിﷺ പ്രതികരിച്ചു.
ശേഷം, നര ബാധിച്ച ശിരസ്സിത്തലോടി. ഹൃദയഭാഗത്ത് കൈവച്ചുകൊണ്ട് അദ്ദേഹത്തോട് പറഞ്ഞു. “നിങ്ങൾ ഇസ്‌ലാം സ്വീകരിക്കുക. രക്ഷ കൈവരിക്കുക “. അദ്ദേഹം ഇസ്‌ലാം ആശ്ലേഷിച്ചു. അബൂബക്കറി(റ)ന് അതിയായ സന്തോഷമായി. ഉപ്പയെയും കൂട്ടിവന്ന സഹോദരിയെ പ്രശംസിച്ചു. അവളുടെ മാല നഷ്ടപ്പെട്ടെങ്കിലും ഉപ്പ ഇസ്‌ലാമിലേക്ക് കടന്നുവന്നതിന്റെ സന്തോഷത്തിൽ അവളെ പ്രത്യേകം അഭിനന്ദിച്ചു. സഹോദരിയുടെ കരം കവർന്നുകൊണ്ട് അബൂബക്കർ (റ) പറഞ്ഞു. “നഷ്ടപ്പെട്ട മാലയിൽ അല്ലാഹുവിൽ നിന്ന് പ്രതിഫലം പ്രതീക്ഷിച്ചു കൊള്ളൂ. വിശ്വാസ്യത കുറഞ്ഞ കാലമാണല്ലോ ഇത് “.

അബൂ ഖുഹാഫ മുസ്‌ലിമായതിൽ നബിﷺ അബൂബക്കറി(റ)നെ പ്രത്യേകം ആശംസിച്ചു. ഇമാം അഹ്മദും(റ) ഇബ്നു ഹിബ്ബാനും(റ) നിവേദനം ചെയ്ത പ്രകാരം അബൂബക്കർ (റ) തന്നെയായിരുന്നു വയോധികനായ പിതാവിനെ ചുമന്നുകൊണ്ട് നബിﷺ സന്നിധിയിലേക്ക് വന്നത്. തലയും താടിയും മുഴുവനായും നരച്ച അബൂഖുഹാഫയെ ക്കണ്ടപ്പോൾ കറുപ്പല്ലാത്തതുകൊണ്ട് നരയ്ക്ക് ലേപനം കൊടുക്കാൻ നബിﷺ നിർദേശിച്ചു. നര കറുപ്പിക്കുന്നത് ഇസ്‌ലാം പ്രോത്സാഹിപ്പിക്കുന്നില്ല. മൈലാഞ്ചി പോലെയുള്ളതുകൊണ്ട് നിറം പുരട്ടുന്നത് മാത്രമേ അനുവദിച്ചിട്ടുള്ളൂ.

തിരക്കിനിടയിൽ അബൂഖുഹാഫയ്ക്ക് ചെറിയ പരുക്കു പറ്റുകയും സഹോദരിയുടെ മാല നഷ്ടപ്പെടുകയും ചോരപുരണ്ട രീതിയിൽ സഹോദരിയെ അബൂബക്കർ (റ) കണ്ടെത്തുകയും ചെയ്തു. അപ്പോൾ അവിടുന്ന് ആശ്വസിപ്പിച്ചു, വേണ്ട പരിചരണങ്ങൾ നൽകി. ഇങ്ങനെയും ചില നിവേദനങ്ങളിലുണ്ട്.

അബൂബക്കറി(റ)ന്റെ നബിസ്നേഹം വെളിപ്പെടുത്തുന്ന ഒരു അനുബന്ധം കൂടി ഇവിടെ വായിക്കാനുണ്ട്. അബൂഖുഹാഫ ഇസ്‌ലാം സ്വീകരിച്ചതിൽ അബൂബക്കറി(റ)ൽ നിന്ന് പ്രതീക്ഷിച്ച ഒരു ആനന്ദവും ആഹ്ലാദവും നബിﷺക്ക് കാണാനായില്ല. നബിﷺ അവിടുന്ന് കാരണമന്വേഷിച്ചു. പ്രതികരണം ഇങ്ങനെയായിരുന്നു. “അവിടുത്തെ പിതൃസ്ഥാനീയനായ അബൂത്വാലിബ് സത്യവാചകം ചൊല്ലുന്നത് അവിടുന്ന് ആഗ്രഹിച്ചിരുന്നല്ലോ. എന്റെ ഉപ്പ ഇസ്‌ലാം സ്വീകരിക്കണമെന്നതിന്നു സമാനമായ ഒരാഗ്രഹം തന്നെയായിരുന്നല്ലോ അതും. എനിക്കെന്റെ ആഗ്രഹം പുലരുകയും സമാനമായി തങ്ങൾക്കുണ്ടായിരുന്ന ആഗ്രഹം പുലരാതിരിക്കുകയും ചെയ്തതിനാലാണ് എനിക്ക് ആഹ്ലാദിക്കാനാവാത്തത് ” എന്ന് അബൂബക്കർ(റ) വിശദീകരണം നൽകി. ആഴത്തിൽപ്പതിഞ്ഞ തിരുനബി സ്നേഹത്തിന്റെ ഉദാഹരണമെന്നല്ലാതെ മറ്റെന്താണ് ഇതിനെക്കുറിച്ച് പറയുക ! ‘നബിﷺ ആഗ്രഹിച്ചത് സാധിക്കാതെ, ഞാൻ ആഗ്രഹിച്ചത് സാധിച്ചിരിക്കുന്നു എന്നതിനാൽ എനിക്ക് ആഹ്ലാദിക്കാൻ വകുപ്പില്ല’ എന്ന അത്യനുരാഗത്തിന്റെ പ്രകടനമായിരുന്നു അബൂബക്കർ (റ).
അങ്ങനെയിരിക്കെയാണ് ഖാലിദ് (റ) നബിﷺയുടെയടുത്തേക്ക് വന്നത്. നബിﷺ അദ്ദേഹത്തോട് ചോദിച്ചു. “ആയുധമെടുക്കരുതെന്നും പ്രതിരോധിക്കരുതെന്നും പറഞ്ഞതിൽ പിന്നെ എന്തിനായിരുന്നു നിങ്ങൾ ആയുധ പ്രതിരോധം നടത്തിയത് ? “.
ഖാലിദ്(റ) പറഞ്ഞു. “അല്ലയോ പ്രവാചകരേﷺ…,
ഞങ്ങൾ പരമാവധി ആത്മനിയന്ത്രണം പാലിക്കുകയും, എതിർപ്പുകൾ വകവയ്ക്കാതെ മുന്നോട്ട് നീങ്ങുകയും ചെയ്തു. പക്ഷേ, അവർ ആയുധമെടുത്ത് നമ്മെ ആക്രമിക്കാൻ തുടങ്ങി. ഗത്യന്തരമില്ലെന്ന് വന്നപ്പോഴാണ് നമ്മൾക്കും ആയുധമെടുക്കേണ്ടി വന്നത്. ഒടുവിൽ അവർ പിന്തിരിഞ്ഞോടി. ഞങ്ങൾ അവരെത്തേടിപ്പോവുകയും പരാജയപ്പെടുത്തുകയും ചെയ്തു “.
വിശദീകരണങ്ങൾ കേട്ട തിരുനബിﷺ പറഞ്ഞു. “ഇനി അവരെത്തേടി പോകേണ്ടതില്ല. അല്ലാഹു വിധിച്ചതിൽ നന്മയുണ്ടാകും”. സംഭാഷണം അവസാനിപ്പിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ്‌ ഫാറൂഖ് നഈമി അൽ-ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet470

.

Mahabba Campaign Part-471

Tweet 471

ജനങ്ങൾ ശാന്തമാകുന്നത് വരെ നബിﷺ വീട്ടിൽ തന്നെ കഴിഞ്ഞു. ശേഷം കുളിച്ചു റെഡിയായി അവിടുത്തെ വാഹനം ഖസ്വാഇനെ ഹാജരാക്കാൻ പറഞ്ഞു. തിരുനബിﷺ താമസിച്ചിരുന്ന ഖൈമയുടെ അടുത്തേക്ക് വാഹനമെത്തി. ആയുധമണിഞ്ഞ് പടത്തൊപ്പിയും ധരിച്ച് അവിടുന്ന് വാഹനത്തിന്മേൽക്കയറി. ഖന്തമാ മുതൽ ഹുജൂൻ വരെ കുതിരകളുടെ നീണ്ട ഒരു നിരയുണ്ടായിരുന്നു. ജനനിബിഡമായ നീണ്ട വഴി. പ്രവാചകൻﷺ സഞ്ചാരമാരംഭിച്ചു. സംസാരിച്ചുകൊണ്ട് വലതുഭാഗത്ത് തന്നെ അബൂബക്കർ സിദ്ദീഖും(റ) ഉണ്ടായിരുന്നു. അബൂ ഉഹൈഹയിലെ പെൺകുട്ടികൾ നാണം കൊണ്ട് അവരുടെ കുതിരകളുടെ മുഖം മറച്ചത് നബിﷺയുടെ ശ്രദ്ധയിൽപ്പെട്ടു. അവിടുന്ന് സിദ്ദിഖി(റ)നെ നോക്കി പുഞ്ചിരിച്ചു. ജനങ്ങളോടൊപ്പം നേരെ കഅ്ബ മന്ദിരത്തിന്റെ അടുത്തേക്ക് വന്നു. കൈവശമുണ്ടായിരുന്ന വളഞ്ഞ വടികൊണ്ട് ഹജറുൽ അസ്‌വദ് അഥവാ, പുണ്യശില തൊട്ടുമുത്തി. ശേഷം, പ്രദക്ഷിണം വയ്ക്കാൻ തുടങ്ങി. മുഹമ്മദ് ബിൻ മസ്‌ലമ (റ) നബിﷺയുടെ വാഹനത്തിന്റെ കടിഞ്ഞാൺ പിടിച്ചുകൊണ്ടു നടന്നു.

ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു. ‘മക്കാ വിജയത്തിന്റെയന്ന് പ്രവാചകൻﷺ കഅ്ബയുടെ മുറ്റത്തേക്ക് വന്നപ്പോൾ അവിടെ മുന്നൂറോളം വിഗ്രഹങ്ങളുണ്ടായിരുന്നു. പ്രവാചകൻﷺ കഅ്ബ പ്രദക്ഷിണം ചെയ്യുന്ന നേരത്ത് ഓരോ പ്രതിമയുടെയും നേരെയെത്തുമ്പോൾ പ്രവാചകന്റെﷺ സ്പർശനം കൂടാതെത്തന്നെ ബിംബങ്ങൾ നിലം പൊത്താൻ തുടങ്ങി. വിശുദ്ധ ഖുർആൻ പതിനേഴാം അദ്ധ്യായം അൽ ഇസ്രാഇലെ 81-ാം സൂക്തം പ്രവാചകൻﷺ പാരായണം ചെയ്യുന്നുണ്ടായിരുന്നു. ആശയം ഇങ്ങനെയാണ്. “പ്രവാചകരേ, അവിടുന്ന് പ്രഖ്യാപിക്കുക: സത്യം വന്നു. അസത്യം തകര്‍ന്നു. അസത്യം തകരാനുള്ളതു തന്നെ.” ഈ രംഗം കണ്ടു കൊണ്ട് തമീം ബിൻ അസദ് (റ) ഇങ്ങനെ പാടി :
ഫ ഫഫിൽ അസ്നാമി മുഅതബറുൻ വ ഇൽമു.
ലിമൻ യർജു സ്സവാബ അവിൽ ഇഖാബ”
അഥവാ
“രക്ഷയോ രക്ഷയോ താല്പര്യമുള്ളവൻ
ബിംബങ്ങളിൽ നോക്കൂ ബോധ്യം ലഭിച്ചിടും.”

ഏഴു പ്രാവശ്യം പ്രവാചകൻﷺ കഅ്ബയെ പ്രദക്ഷിണം ചെയ്തു. ഓരോ തവണയും കൈവശമുള്ള വടികൊണ്ട് ഹജറുൽ അസ്’വദിനെ സ്പർശിച്ചു ചുംബിച്ചു. പ്രദക്ഷിണം കഴിഞ്ഞാണ് വാഹനത്തിൽ നിന്നിറങ്ങിയത്. ശേഷം, മഖാമി ഇബ്രാഹിമിന് പിന്നിൽ രണ്ട് റക്അത്ത് നിസ്കരിച്ചു. തുടർന്ന് സംസമിന്റെ അടുത്തേക്ക് നീങ്ങി. ബനുൽ മുത്തലിബിനെ മറികടന്നു എന്ന വിചാരം ഉണ്ടായേക്കുമോ എന്ന ആശങ്കയില്ലായിരുന്നെങ്കിൽ ഞാനിതിൽ നിന്ന് ബക്കറ്റ് കൊണ്ട് നേരിട്ട് കോരിയെടുക്കുമായിരുന്നു. അബ്ബാസ് (റ) നബിﷺക്ക് വെള്ളം കോരിക്കൊടുത്തു. നബിﷺയതില്‍ നിന്ന് പാനം ചെയ്യുകയും അംഗസ്നാനം നിർവഹിക്കുകയും ചെയ്തു. നബിﷺയുടെ ശരീരം സ്പർശിച്ച വെള്ളം ലഭിക്കുന്നതിനുവേണ്ടി അനുയായികൾ തിക്കിത്തിരക്കി. ഓരോരുത്തരുടെയും പക്കൽ ലഭിച്ച അനുഗ്രഹ ജലം അവർ പാനം ചെയ്യുകയോ തലയിൽ പുരട്ടുകയോ ശരീരത്ത് പുരട്ടുകയോ ഒക്കെ ചെയ്തു. ഇതു കണ്ട് മക്കയിലെ ബഹുദൈവ വിശ്വാസികൾ ആശ്ചര്യപ്പെട്ടു. പ്രവാചകന്ﷺ അനുയായികൾ നൽകുന്ന ആദരവും സ്വീകാര്യതയും അവരെ അദ്ഭുതപ്പെടുത്തി.

കർമങ്ങൾ പൂർത്തിയാക്കിയ ശേഷം പ്രവാചകൻﷺ പള്ളിയുടെ ഒരു കോണിലിരുന്നു. അബൂബക്കർ (റ) അടുത്തുതന്നെ അംഗരക്ഷകനെപ്പോലെ നിന്നു.

പ്രവാചകൻﷺ പള്ളിയിലേക്ക് പുറപ്പെടുന്ന നേരത്തെക്കുറിച്ച് ഉമ്മുഹാനി (റ) റിപ്പോർട്ട് ചെയ്തത് നാം നേരത്തെ വായിച്ചു. ലളിതമായ ഭക്ഷണവും കറിയില്ലാത്ത റൊട്ടിയും മാത്രമായിരുന്നു കഴിച്ചിരുന്നത്. അതും നേരത്തെയുണ്ടായിരുന്ന ശിഷ്ടം ചില കഷണങ്ങൾ മാത്രം.

വിജയത്തിന്റെയും വിനയത്തിന്റെയും വിശിഷ്ടഭാവങ്ങൾ വളരെ മനോഹരമായിട്ടാണ് ഇവിടെ സമ്മേളിച്ചിരിക്കുന്നത്. ഓരോ വിജയവും പ്രവാചകന്റെﷺ വിനയം വർധിപ്പിച്ചു. എല്ലാറ്റിന്റെയും നിയന്ത്രണം സർവാധിപതിയായ രക്ഷിതാവാണെന്ന ബോധ്യം പ്രവാചകനെﷺ നയിച്ചു. അത് സമയാസമയം അനുയായികൾക്ക് പകർന്നു നൽകി. അവിടുത്തെ ഭാഷയോ ശരീരചലനങ്ങളോ ഒന്നും ഒരു അഹംഭാവത്തെപ്പോലും സൂചിപ്പിക്കുന്നതായിരുന്നില്ല. സ്വന്തം താല്പര്യങ്ങൾക്കുവേണ്ടി പട നയിക്കുകയും ജയിച്ചടക്കുമ്പോൾ അഹങ്കരിക്കുകയും ചെയ്യുന്ന ഭരണാധികാരിയോ ഏകാധിപതിയോ ഒന്നുമായിരുന്നില്ല അവിടുന്ന്. അല്ലാഹുവിന്റെ ദൂതനും അവനെ ഏറ്റവും നന്നായി അറിയുന്ന വിനീതനായ ദാസനും എന്നിങ്ങനെ വിളിച്ചു പറയുന്നതായിരുന്നു അവിടുത്തെ ഓരോ ഭാവവും. പ്രവാചകന്റെﷺ വ്യക്തിത്വം എന്തായിരുന്നു എന്ന് അറിയാത്തവരാണ് മറ്റുള്ള പലരോടും ചേർത്ത് പ്രവാചകനെﷺ വായിച്ചത്. അധികാര രാഷ്ട്രീയ താല്പര്യങ്ങൾക്ക് വേണ്ടി ദേശങ്ങളെയും ജനങ്ങളെയും കൈകാര്യം ചെയ്ത ഭൗതിക താല്പര്യങ്ങളുടെ മനുഷ്യരൂപങ്ങളെ പ്രപഞ്ചാധിപൻ നിയോഗിച്ച പുണ്യദൂതനോട്ﷺ ചേർത്ത് വായിക്കുന്നത് ഒരു നിലയ്ക്കും ഔചിത്യമുള്ളതല്ല. അത്തരമൊരു അനൗചിത്യമാണ് പ്രവാചകനെﷺ പഠിച്ച പലരും സ്വീകരിച്ചതും പ്രവാചകനെﷺക്കുറിച്ച് രചിച്ച പലരും മനസ്സിലാക്കിയതും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ.മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#tweet471

.

Mahabba Campaign Part-472

Tweet 472

മക്കാവിജയ നാളുകളിൽ നബിﷺ പുലർത്തിയ സഹനത്തിന്റെയും വിട്ടുവീഴ്ചയുടെയും അധ്യായങ്ങൾ നിരവധിയാണ്. അക്കൂട്ടത്തിൽ ഫുളാലയുടെ സംഭവം ഏറെ ശ്രദ്ധേയമാണ്. അതിപ്രകാരമാണ് : നബിﷺ കഅ്ബ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കെ നബിﷺയെ വധിച്ചുകളയാൻ ഫുളാല തീരുമാനിച്ചു. ആയുധം ഒളിപ്പിച്ചുവച്ചു അയാളും കഅ്ബാ പ്രദക്ഷിണത്തിനിറങ്ങി. അയാൾ നബിﷺയുടെ അടുത്തെത്തിയ ഉടൻ നബിﷺ ചോദിച്ചു. “ഫുളാലയല്ലേ?”
“അതെ” എന്നയാൾ മറുപടി പറഞ്ഞു. ഉടനെ നബിﷺ ചോദിച്ചു. “എന്താണ് നീ പറഞ്ഞു കൊണ്ടിരിക്കുന്നത്?”
“ഞാൻ അല്ലാഹുവിന്റെ മന്ത്രം ചൊല്ലുകയാണ് “. അതു കേട്ടപ്പോൾ നബിﷺയൊന്നു ചിരിച്ചു. ശേഷം, അല്ലാഹുവിനോട് മാപ്പ് ചോദിക്കുന്ന വാചകം ഉരുവിട്ടു. “അസ്‌തഗ്ഫിറുല്ലാഹ്…” എന്നിട്ട് അവിടുത്തെ തിരുകരങ്ങൾ ഫുളാലയുടെ മാറത്തു വച്ചു. ഫുളാല പറയുന്നു. “പ്രവാചകൻﷺ അവിടുത്തെ തിരുകരങ്ങൾ കൊണ്ട് എന്റെ മാറിടത്തിൽ തലോടിയതിൽ പിന്നെ എന്റെ മനം മാറി. ലോകത്ത് ഏറ്റവും പ്രിയപ്പെട്ട വ്യക്തിയായി അവിടുന്നു പരിണമിച്ചു. അതു വരെ എനിക്കേറ്റവും ദേഷ്യമുള്ള ആൾ മുഹമ്മദ്‌ നബിﷺയായിരുന്നു “.

ശേഷം, അദ്ദേഹം വീട്ടിലേക്ക് മടങ്ങി. സാധാരണ കമ്പനിയടിച്ചു വർത്തമാനം പറയാറുള്ള പെണ്ണുങ്ങളിൽ ഒരാൾ പതിവുപോലെ അദ്ദേഹത്തെ സംസാരിക്കാൻ ക്ഷണിച്ചു. പക്ഷേ, അദ്ദേഹം അതിനു കൂട്ടാക്കിയില്ല. പ്രസ്തുത രംഗം ഫുളാലയുടേതായി കവിതയണിഞ്ഞതിങ്ങനെയാണ്.

“ഖാലത് ഹലുമ്മ ഇലൽ ഹദീസി ഫ ഖുൽതു ലാ…”

(സൊള്ളാൻ ക്ഷണിച്ചവൾ ഞാൻ ചൊന്നു, പറ്റില്ല.
ഇസ്‌ലാമും അല്ലാഹുവും എന്നെ വിലക്കുന്നു.
ബിംബങ്ങൾ തലകുത്തി വീഴുന്ന നേരത്ത്
നബിﷺയെയും കൂട്ടരെയും നീയൊന്നു നോക്കുകിൽ
നേരിട്ടു കണ്ടിടാം സത്യ ദീൻ വ്യക്തമായ്
ശിർക്കിന്റെ മുഖപടം ഇരുളിൽ പൊതിഞ്ഞതും.)

വധിക്കാനൊരുങ്ങിയവനെ വാക്കിനു കിട്ടിയിട്ടും വിദ്വേഷമില്ലാതെ നേർവഴിയിലേക്ക് ക്ഷണിച്ച മനോഹരമായ ചിത്രമാണ് നാം കണ്ടത്. മതത്തെയും പ്രവാചകനെﷺയും ആക്ഷേപിക്കുന്നവർ ഇത്തരം ചരിത്രയാഥാർഥ്യങ്ങൾ പഠിക്കാതെയോ പറയാതെയോ പുകമറ തീർക്കുകയാണ്. നിസ്സഹായതയിൽ നിന്നല്ല തിരുനബിﷺ ശത്രുവിനോട് അനുനയത്തിനൊരുങ്ങിയത്, പ്രതിസ്വരമില്ലാത്ത വിധം വിജയഭേരി മുഴക്കി മക്ക ജയിച്ചടക്കിയ നേരത്തായിരുന്നു ഈ സംഭവം എന്നത് പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നു. നബിﷺയുടെ സൈനിക നീക്കങ്ങളും സായുധ പ്രതിരോധങ്ങളുമെല്ലാം മഹത്തായ ഒരു സംഹിത ലോകത്തിനു കൈമാറുന്നതിനുള്ള വഴിയൊരുക്കാനോ തടസ്സങ്ങൾ നീക്കാനോ മാത്രമായിരുന്നു എന്ന് ചരിത്രം നേരെ ചൊവ്വേ വായിച്ചാൽ ബോധ്യമാകുന്നതേയുള്ളൂ.

അധികാരം നേടി പെരുമ്പറയടിക്കുകയായിരുന്നില്ല അവിടുത്തെ ലക്ഷ്യം. സമ്പത്ത് നേടി വിലസുകയായിരുന്നില്ല അവിടുത്തെ താല്പര്യം. അധികാരമുറപ്പിച്ചു പരമ്പരകൾക്ക് കൈമാറുകയായിരുന്നില്ല അവിടുത്തെ ഉദ്ദേശ്യം. അധികാരം കിട്ടിയപ്പോഴും ലളിതമായി ജീവിച്ചു. കൈയിൽ വന്ന സ്വത്തുക്കൾ മുഴുവൻ അതാത് സമയം ജനങ്ങൾക്ക്‌ പങ്കുവച്ചുകൊണ്ടേയിരുന്നു. ലോകത്തോട് വിയോഗം തേടുമ്പോൾ അത് മക്കൾക്കോ ഭാര്യമാർക്കോ മരുമക്കൾക്കോ അധികാരം കൈമാറുകയോ വസിയ്യത്ത് എഴുതുകയോ ചെയ്തില്ല. മഹാവിജയത്തിന്റെ ആഘോഷവേളയിൽ ഇനിയും ഞാൻ തന്നെ അധികാരിയായി തുടരുകയാണെന്ന് പറയാതെ, “എന്റെ ദൗത്യം പൂർത്തിയായിരിക്കുന്നു; ഞാനിനി പോകാനൊരുങ്ങുകയാണ് ” – എന്ന് പറഞ്ഞു യാത്ര ചോദിച്ച വ്യക്തിത്വത്തെ ശരിയായ വിധത്തിൽ പഠിക്കാത്തതാണ് ആക്ഷേപങ്ങളുടെ നിദാനം.

ആ നടപടി അപരാധമായിപ്പോയി എന്ന് പറയാവുന്ന ഒരധ്യായം പോലും നബിയുടെ ജീവിതത്തിൽ കാണാനാവില്ല. അതുതന്നെയാണ് നബി ചരിത്രത്തിന്റെ മഹത്വവും. കൃത്യമായ പഠനവും ശരിയായ മനനവു മുണ്ടായാലേ അതു പൂർണമായും ബോധ്യമാവുകയുള്ളൂ എന്നു മാത്രം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet472

.

Mahabba Campaign Part-473

Tweet 473

മക്കാ വിജയ ദിവസം ഹറം പള്ളിയിൽ നബിﷺയും അനുയായികളും ഒരുമിച്ചുകൂടി. കഅ്ബാ മന്ദിരത്തെ സ്നേഹ ബഹുമാനങ്ങളോടെ പരിചരിച്ചു. കൂട്ടത്തിൽ ഇടക്കാലത്തു വിഗ്രഹാരാധകർ കഅ്ബയിൽ സ്ഥാപിച്ച വിഗ്രഹങ്ങൾ നീക്കം ചെയ്യേണ്ടിയിരുന്നു. ലോഹംകൊണ്ട് നിർമിച്ചു വലിയ ആണി തറച്ചു കഅ്ബയുടെ മുകൾ ഭാഗത്തു തറച്ചു വച്ചിരുന്ന വലിയ ഒരു വിഗ്രഹവുമുണ്ടായിരുന്നു. ഇമാം ഇബ്നു അബീ ശൈബ(റ)യും ഹാകിമും(റ) ഉദ്ധരിക്കുന്നു. “അലി(റ) നിവേദനം ചെയ്യുന്നു. നബിﷺ എന്നെയും കൂട്ടി കഅ്ബയുടെ അടുത്തേക്ക് പോയി. സമീപത്തെത്തിയപ്പോൾ എന്നോട് ഇരിക്കാൻ പറഞ്ഞു. അലി(റ)യുടെ ചുമലിൽക്കയറി കഅ്ബയുടെ മുകൾ ഭാഗത്തേക്കുയർന്നു വിഗ്രഹം നീക്കം ചെയ്യാൻ വേണ്ടിയായിരുന്നു. പക്ഷേ, നബിﷺ ചുമലിൽ കറിയപ്പോൾ എനിക്ക് ഉയരാൻ കഴിയുന്നില്ല. എനിക്ക് താങ്ങാനാവില്ലെന്നു കണ്ടപ്പോൾ നബിﷺ എന്നോട് അവിടുത്തെ ചുമലിൽ കയറാൻ പറഞ്ഞു. നബിﷺ എന്നെ ഉയർത്തിയപ്പോൾ എനിക്ക് വേണമെങ്കിൽ ആകാശവും തൊടാമെന്നായി. ഞാൻ കഅ്ബയുടെ മുകളിലെത്തി. നബിﷺ ചുമല് താഴ്ത്തി നീങ്ങി നിന്നു. അവിടുത്തെ നിർദേശപ്രകാരം കഅ്ബയുടെ മുകളിൽ നിന്നു വളരെ സാഹസപ്പെട്ടു ആ വലിയ വിഗ്രഹം നീക്കം ചെയ്തു “.

ഏകനായ അല്ലാഹുവിനെ ആരാധിക്കാൻ വേണ്ടി ഭൂമിയിൽ ആദ്യമായി സ്ഥാപിതമായ ഭവനമാണ് കഅ്ബ. അല്ലാഹുവിന്റെ കല്പനപ്രകാരം ആദ്യം മലക്കുകളും പിന്നീട് പ്രവാചകന്മാരുമാണ് അതിന്റെ നിർമാണവും പുനരുദ്ധാനവുമെല്ലാം നിർവഹിച്ചിട്ടുള്ളത്. ഇടക്കാലത്തു ബഹുദൈവാരാധകരും ബിംബാരാധകരും മക്കയിൽ കടന്നുകൂടി ആധിപത്യം സ്ഥാപിച്ചപ്പോഴാണ് കഅ്ബയിൽ വിഗ്രഹങ്ങൾ സ്ഥാപിക്കപ്പെട്ടത്. നിർമാണം മുതൽ അന്നും ഇന്നും എന്നും കഅ്ബ അല്ലാഹുവിനെ മാത്രം ആരാധിക്കുന്നവരുടെ ആരാധനാലയവും കേന്ദ്രവുമാണ്.

കഅ്ബയുമായി ബന്ധപ്പെട്ട മറ്റൊരു മുഹൂർത്തത്തിന് മക്കാവിജയം കളമൊരുക്കുകയാണ്. നബിﷺ കഅ്ബയെ പ്രദക്ഷിണം ചെയ്തതിനു ശേഷം കഅ്ബയുടെ അകത്തു പ്രവേശിക്കാൻ ഉദ്ദേശിച്ചു. അവിടുന്നു ബിലാലി(റ)നെ വിളിച്ചു കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരനായ ഉസ്മാൻ ബിൻ ത്വല്ഹ(റ)യുടെ അടുത്തേക്കയച്ചു. അദ്ദേഹം ഖാലിദ് ബിൻ വലീദി(റ)നൊപ്പം മദീനയിൽ ചെന്നു. നബിﷺയിൽ വിശ്വസിക്കുകയും സത്യവാചകം പ്രഖ്യാപിക്കുകയും ചെയ്തയാളായിരുന്നു. ബിലാൽ (റ) ഉസ്മാനോ(റ)ട് കാര്യം അവതരിപ്പിച്ചു. ഉസ്മാൻ (റ) സമ്മതിച്ചു. പക്ഷേ, താക്കോൽ എന്റെ മാതാവ് സുലാഫയുടെ പക്കലാണെന്ന് പറഞ്ഞു. അവരുടെ അടുത്തേക്ക് നബിﷺ ആളെയയച്ചു. “ലാത്തയും ഉസ്സയും സത്യം ! ഒരിക്കലും ഞാനതു തരില്ല ” പ എന്നവർ മറുപടി പറഞ്ഞു. ഇതുകേട്ട ഉസ്മാൻ (റ) നബിﷺയോട് പറഞ്ഞു. “ഞാനത് തരപ്പെടുത്തിക്കൊണ്ടുവന്നു തരാം. ഉസ്മാൻ (റ) ഉമ്മയുടെയടുത്തെത്തി. കാര്യം പറഞ്ഞു. അവരത് നൽകാൻ കൂട്ടാക്കിയില്ല. ലാത്തയെയും ഉസ്സയെയും സത്യം ചെയ്തു വിസമ്മതം പറഞ്ഞുകൊണ്ടിരുന്നു. ഉമ്മയെ വശീകരിക്കാൻ വേണ്ടി മകൻ പറഞ്ഞു. ” ഉമ്മാ അവിടുന്നു താക്കോൽ തന്നില്ലെങ്കിൽ ഞാനും എന്റെ സഹോദരനും ഒരുപക്ഷേ, കൊല്ലപ്പെട്ടേക്കും. ഉമ്മകാരണമായിരിക്കും അത്‌. അപ്പോഴവർ താക്കോൽ അരക്കെട്ടിലേക്കു താഴ്ത്തി; എന്നിട്ട് ചോദിച്ചു. ഇനി ഇവിടെനിന്നാരാ കൈവശപ്പെടുത്താൻ വരിക ? ഉമ്മാ മറ്റാരെങ്കിലും വന്നു പിടിച്ചെടുക്കും മുമ്പ് ഇങ്ങു തന്നേക്കു ഉമ്മാ”.

ഉസ്മാൻ (റ) വൈകുന്നത് കണ്ടപ്പോൾ സ്വഹാബികൾക്കിടയിൽ ചർച്ചയായി. നബിﷺ കാത്തു നിന്നു വിയർക്കുകയാണ്. അവിടുത്തെ നെറ്റിത്തടത്തിൽ നിന്നു മുത്തുമണികൾ പോലെ വിയർപ്പു കണങ്ങൾ അടർന്നു വീഴുന്നുണ്ട്. ആരോ ഒന്നു പോയി നോക്കിയാലോ ഉസ്മാനെ(റ)ന്താണ് വൈകുന്നതെന്ന് ! പറഞ്ഞു തീരേണ്ട താമസം, അബൂബക്കറും(റ) ഉമറും(റ) വീട്ടിൽ പ്രത്യക്ഷപ്പെട്ടു. ഉമറി(റ)ന്റെ ശബ്ദം കേട്ടപാടെ സുലാഫ പറഞ്ഞു. “വല്ല തൈമ്മ്, അദിയ്യ് ഗോത്രക്കാരെക്കാൾ നീ തന്നെ കൊണ്ടുപോകുന്നതാണെനിക്കിഷ്ടം. ഇതാ, നീ താക്കോൽ കൊണ്ടുപോയ്ക്കോളൂ “. ഉസ്മാൻ (റ) ഉമ്മയുടെ പക്കൽ നിന്നു താക്കോൽ വാങ്ങി നബിﷺയുടെയടുത്തേക്ക് പാഞ്ഞു ! അടുത്തെത്താൻ നേരം താക്കോൽ നിലത്തു വീണു. തുണിയുടെ കോന്തലകൊണ്ട് അടുപ്പിച്ചു കൈയിലെടുത്തു. നബിﷺ തന്നെ കഅ്ബയുടെ വാതിൽ തുറന്നു “.

ഉമറി(റ)നെ ഉസ്മാനു ബിൻ ത്വൽഹ(റ)യുടെ മകൻ ശൈബയോടൊപ്പം അയച്ചു താക്കോൽ എടുപ്പിക്കുകയായിരുന്നു എന്ന ഒരു നിവേദനം ശക്തമായ നിവേദന പരമ്പരയോടെ ഇമാം ഇബ്നു അബീ ശൈബ(റ) ഉദ്ധരിച്ചിട്ടുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-474

Tweet 474

ഉസ്മാൻ ബിൻ ത്വൽഹയി(റ)ൽ നിന്നുള്ള കൗതുകകരമായ ഒരു റിപ്പോർട്ട് ഇമാം ഇബ്നു സഅ്ദ് (റ) ഉദ്ധരിക്കുന്നുണ്ട്. അതിങ്ങനെയാണ്. “ഉസ്മാൻ(റ) പറയുന്നു. ഹിജ്റയുടെ മുമ്പ് ഒരിക്കൽ പ്രവാചകൻﷺ എന്നെ ഇസ്‌ലാമിലേക്ക് ക്ഷണിച്ചു. ഞാൻ പറഞ്ഞു. ‘ഇതെന്തൊരദ്‌ഭുതമാണ്! പാരമ്പര്യമതം ഉപേക്ഷിക്കുകയും, പുതിയ മതം ഉണ്ടാക്കുകയും ചെയ്തിട്ട്, അതിലേക്ക് എന്നെ ക്ഷണിക്കുകയാണോ?’

ഞങ്ങൾ പണ്ടുമുതലേ കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരായിരുന്നു. എല്ലാ തിങ്കളാഴ്ചയും വ്യാഴാഴ്ചയും കഅ്ബ തുറക്കും. അങ്ങനെ ഒരു ദിവസം മുഹമ്മദ് നബിﷺ കഅ്ബയിൽ കയറാൻ വേണ്ടി വന്നു. ഞാൻ ദേഷ്യം പിടിക്കുകയും ആക്ഷേപിക്കുകയും ചെയ്തു. പ്രവാചകൻﷺ സഹിഷ്ണുതയോടുകൂടി അത് കേട്ടുനിന്നു. ശേഷം, എന്നോട് പറഞ്ഞു. ‘ഒരുനാൾ ആ താക്കോൽ എന്റെ കൈയിൽ വരും. അന്ന് അത് ഞാൻ ഉദ്ദേശിക്കുന്നവർക്ക് നൽകും’. അപ്പോൾ ഞാൻ പ്രതികരിച്ചു. ‘ഖുറൈശികൾ നശിക്കുകയും നിന്ദ്യരാവുകയും ചെയ്തിരിക്കുന്നു’. പ്രവാചകൻﷺ പറഞ്ഞു. ‘അങ്ങനെയല്ല, അന്ന് പ്രതാപികളും ഉന്നതന്മാരുയിരിക്കും’. ശേഷം, കഅ്ബയിലേക്ക് പ്രവേശിച്ചു. ഉസ്മാൻ (റ) തുടരുന്നു. ‘പ്രവാചകന്റെﷺ ആ വാക്കുകൾ എന്റെ മനസ്സിൽപ്പതിഞ്ഞു. അത് സംഭവിച്ചേക്കുമെന്ന് എന്റെ മനസ്സിൽ തോന്നി. അങ്ങനെ ഞാൻ ഇസ്‌ലാം സ്വീകരിക്കാൻ ഉദ്ദേശിച്ചു. പക്ഷേ, ജനങ്ങളെന്നെ തടസ്സപ്പെടുത്തി. ശക്തമായി അവർ പ്രതിരോധിച്ചു. മക്കാ വിജയ ദിവസം പ്രവാചകൻ‍ﷺ എന്നെ വിളിച്ചു. കഅ്ബയുടെ താക്കോൽ കൊണ്ടുവരാൻ ആവശ്യപ്പെട്ടു. ഞാൻ കൊണ്ടുവന്നപ്പോൾ എന്റെ കൈയിൽ നിന്ന് വാങ്ങി. ശേഷം, എന്നെത്തന്നെ ഏൽപ്പിച്ചു. എന്നിട്ട് എന്നോട് പറഞ്ഞു. ‘എന്നെന്നേക്കുമായി നിങ്ങളുടെ കൈയിൽത്തന്നെയിരിക്കട്ടെ. അക്രമികളെല്ലാം നിങ്ങളുടെ കൈയിൽ നിന്നും ഇത് കൈവശപ്പെടുത്തുകയില്ല. ഇതിന്റെ ഉത്തരവാദിത്തം അല്ലാഹു നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നു. കഅ്ബയിലേക്ക് വരുന്നതിൽ നിന്ന് നിങ്ങൾക്ക് ആവശ്യത്തിനുള്ളത് നിങ്ങൾക്കു ഉപയോഗിക്കാം’.

ഞാൻ അവിടുന്ന് തിരിഞ്ഞു നടന്നപ്പോൾ എന്നെ വീണ്ടും വിളിച്ചു. ഞാൻ മടങ്ങിച്ചെന്നു. അപ്പോൾ എന്നോട് ചോദിച്ചു. ‘മുമ്പ് ഞാൻ നിങ്ങളോട് ഇക്കാര്യം പറഞ്ഞത് ഓർമയില്ലേ?’ ഹിജറയ്ക്കുമുമ്പുള്ള വർത്തമാനം ഞാൻ ഓർത്തെടുത്തു. ‘അത് ‘ എന്ന് പറഞ്ഞുകൊണ്ട് ഞാൻ ഇങ്ങനെ പ്രതികരിച്ചു. ‘അവിടുന്ന് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു’. ആ സമയത്ത് അലി (റ) എഴുന്നേറ്റു നിന്നുകൊണ്ട് പറഞ്ഞു. തീർഥാടകർക്ക് വെള്ളം കൊടുക്കുന്നതിനുള്ള അവകാശത്തിനൊപ്പം കഅ്ബയുടെ പരിപാലനം കൂടി നമ്മളെ ഏൽപ്പിക്കൂ, അഥവാ, ‘കഅ്ബയുടെ താക്കോൽ അലി(റ)ക്ക് നൽകിയാൽ കൊള്ളാം’ എന്ന്. അപ്പോൾ നബിﷺ ഉസ്മാനുബിനു ത്വൽഹ(റ)യെ വിളിച്ചുകൊണ്ടു പറഞ്ഞു. ‘ഇതാ നിങ്ങൾ വച്ചുകൊള്ളൂ ഈ താക്കോൽ. ഇത് കരാർ പാലനത്തിന്റെയും നന്മയുടെയും ദിവസമാണ്. ജാഹിലിയ്യ കാലത്തും ഇനിയും ഈ താക്കോൽ അല്ലാഹു നിങ്ങളെ ഏൽപ്പിച്ചിരിക്കുന്നു’. ആ സമയത്ത് നബിﷺ ഇഹ്റാമിൽ വലതു തോൾ തുറന്ന വിധത്തിൽ വസ്ത്രം ധരിച്ചിരിക്കുകയായിരുന്നു “.
ഈ സംഭവത്തിന്റെ വിവിധ ഘട്ടങ്ങളിൽ വിശുദ്ധ ഖുർആൻ നാലാം അധ്യായം അന്നിസാഇലെ 58-ാം സൂക്തത്തിന്റെ പ്രാഥമിക ഭാഗം നബിﷺ പാരായണം ചെയ്യുന്നുണ്ടായിരുന്നു. ആശയം ഇങ്ങനെ വായിക്കാം : “നിങ്ങളെ വിശ്വസിച്ചേല്‍പ്പിച്ച വസ്തുക്കള്‍ അവയുടെ അവകാശികളെ തിരിച്ചേല്‍പിക്കാൻ അല്ലാഹു നിങ്ങളോടിതാ കല്‍പ്പിക്കുന്നു.”

ഇന്നും ഉസ്മാൻ ബിൻ ത്വൽഹ(റ)യുടെ പരമ്പരയാണ് ആ താക്കോൽ സൂക്ഷിച്ചു പോരുന്നത്.

ഇമാം അബൂദാവൂദും(റ) ഇബിനു സഅ്ദും(റ) ഉദ്ധരിക്കുന്നു. “കഅ്ബയിലേക്ക് പ്രവേശിക്കാൻ ഉദ്ദേശിച്ചപ്പോൾ പ്രവാചകൻﷺ ഉമറി(റ)നെ വിളിച്ചു. അദ്ദേഹം അപ്പോൾ ബത്വഹാഇൽ ആയിരുന്നു. കഅ്ബയിലുള്ള രൂപങ്ങളും ചിത്രങ്ങളും മുഴുവൻ നീക്കം ചെയ്യാനാവശ്യപ്പെട്ടു. എല്ലാ രൂപങ്ങളും നീക്കം ചെയ്തെങ്കിൽ ഇബ്രാഹിം നബി(അ)യുടെ രൂപം മാത്രം നീക്കം ചെയ്തില്ല. അത് ശ്രദ്ധയിൽപ്പെട്ടപ്പോൾ പ്രവാചകന്റെﷺ മുഖഭാവം മാറി. അവിടുന്ന് ചോദിച്ചു. “എല്ലാം നീക്കം ചെയ്യാനല്ലേ നിങ്ങളോട് പറഞ്ഞത്? ഇബ്രാഹിം നബി(അ)യെ അവർ പ്രതിഷ്ഠകൾക്ക് നേർച്ചയമ്പ് നൽകുന്ന ആളായിട്ടാണ് വച്ചിട്ടുള്ളത്. അങ്ങനെ ഒരു പ്രവർത്തനം ഇബ്രാഹിം നബി (അ) ചെയ്തിട്ടില്ല തന്നെ. ആത്മാവ് (ജീവൻ) നൽകാൻ കഴിയാത്ത രൂപങ്ങളുണ്ടാക്കുന്നവരോട് അല്ലാഹു കോപിച്ചിരിക്കുന്നു”.

എല്ലാ രൂപങ്ങളും ചിത്രങ്ങളും നീക്കം ചെയ്തതിനു ശേഷമാണ് നബിﷺ ഔദ്യോഗികമായി കഅ്ബയിൽ പ്രവേശിച്ചത്. ഇസ്‌ലാമിൽ പ്രതിമകൾക്കോ പ്രതിഷ്ഠകൾക്കോ യാതൊരു സ്ഥാനവുമില്ല. പ്രപഞ്ചാധിപനായ അല്ലാഹുവിനെ മാത്രമേ ആരാധിക്കാവൂ എന്നതാണ് ഇസ്‌ലാമിന്റെ അടിസ്ഥാനം. ആദിമ മനുഷ്യനും പ്രഥമ പ്രവാചകനുമായ ആദം (അ) മുതൽ അന്ത്യപ്രവാചകരായ മുഹമ്മദ് നബിﷺ വരെ ഈയൊരു സന്ദേശം കൈമാറുന്നതിനു വേണ്ടിയാണ് നിയുക്തരായത്. ‘കഅ്ബാലയം’ എന്നത് ‘അല്ലാഹുവിനെ ആരാധിക്കുമ്പോൾ തിരിഞ്ഞു നിൽക്കാനുള്ള ലക്ഷ്യസ്ഥാനം’ മാത്രമാണ്. കഅ്ബാലയവും ആരാധിക്കപ്പെടുന്നില്ല. അല്ലാഹുവിനെ മാത്രം ആരാധിക്കുവാൻ ഭൂമിയിൽ നിർമിക്കപ്പെട്ട ആദ്യത്തെ ഭവനമാണത്. അതിന്റെ മഹത്വവും പ്രാധാന്യവുമാണ് കഅ്ബാലയത്തിനുള്ളത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet474

.

Mahabba Campaign Part-475

Tweet 475

മക്കാ വിജയത്തിന്റെ അന്ന് തിരുനബിﷺയുടെ കഅ്ബയിലേക്കുള്ള ആഗമനത്തെക്കുറിച്ച് നിരവധി നിവേദകന്മാർ ആഇശ(റ)യിൽ നിന്ന് ഉദ്ധരിച്ച ഒരാഖ്യാനം ഇങ്ങനെയാണ്. “മക്കയുടെ ഉയർന്ന ഭാഗത്തുനിന്ന് ഖസ്‌വാഅ് എന്ന ഒട്ടകത്തിന്മേൽ നബിﷺ കടന്നുവന്നു. നബിയോടൊപ്പം പിൻസീറ്റിൽ ഉസാമയും(റ) ബിലാലും(റ) ഉസ്മാനുബ്നു ത്വൽഹ(റ)യും ഉണ്ടായിരുന്നു. കഅ്ബയുടെ അടുത്തെത്തിയപ്പോൾ വാഹനത്തിന്റെ കടിഞ്ഞാൺ പിടിച്ചു. ശേഷം, ഉസ്മാനി(റ)നോട് കഅ്ബയുടെ താക്കോലാവശ്യപ്പെട്ടു. ഉമ്മയുടെ പക്കൽ ആണുള്ളതെന്നും വാങ്ങി വരാമെന്നും പറഞ്ഞു ഉസ്മാൻ (റ) അങ്ങോട്ട് പോയി. ശേഷം, ഉമ്മയിൽ നിന്ന് സ്വീകരിച്ച താക്കോലുമായി കഅ്ബയുടെ അടുത്തേക്ക് വന്നു. കഅ്ബാലയം തുറന്ന് നബിﷺയും അനുചരരും അകത്തേക്ക് കയറി. കൂടെ ഫള്ൽ ബിൻ അബ്ബാസും(റ) ഉണ്ടായിരുന്നു എന്ന് മറ്റൊരു നിവേദനത്തിൽ കാണാം. ശേഷം കഅ്ബയുടെ വാതിലടച്ചു.

ഇബ്നു അബീശൈബ(റ)യുടെ നിവേദനത്തിൽ ഇങ്ങനെയും ഒരു തുടർച്ചയുണ്ട്. “കഅ്ബാലയത്തിന്റെ ഓരോ കോണിലും ഓരോ മൂലയിലും നബിﷺ തക്ബീർ മുഴക്കി. അല്ലാഹുവിനെ സ്തുതിച്ചു. കഅ്ബയുടെ ഉള്ളിൽ രണ്ട് റക്അത്ത് നിസ്കരിച്ചു. കഅ്ബയുടെ ഉള്ളിലെ രണ്ടു തൂണുകൾക്കിടയിൽ വച്ചായിരുന്നു നിസ്കാരം നിർവഹിച്ചത്. ശേഷം, ഏറെ നേരം കഅ്ബയുടെ ഉള്ളിൽക്കഴിച്ചുകൂട്ടി “.
സാലിം (റ) എന്നവർ പറയുന്നു. “ശേഷം, കഅ്ബാലയം തുറന്നപ്പോൾ ആളുകൾ അതിനുള്ളിലേക്ക് കയറാൻ തിങ്ങിക്കൂടി. മുന്നിൽത്തന്നെ ഞാനുമുണ്ടായിരുന്നു “. അബ്ദുല്ലാഹിബ്നു ഉമർ (റ) പറയുന്നു. “ബിലാൽ (റ) കഅ്ബയുടെ രണ്ടു വാതിലുകൾക്കു മിടയിലുണ്ടായിരുന്നു. ബിലാലി(റ)നെക്കണ്ടപ്പോൾ ഞാൻ ചോദിച്ചു. കഅ്ബയുടെ ഉള്ളിൽ നബിﷺ എന്തായിരുന്നു ചെയ്തത് ? നിസ്കാരം നിർവഹിച്ചിരുന്നുവോ? ബിലാൽ (റ) പറഞ്ഞു. അതെ, നബിﷺ നിസ്കരിച്ചിട്ടുണ്ട്. ഉസാമ സൈദും(റ) അതേ അഭിപ്രായം തന്നെ എന്നോട് പറഞ്ഞു. ശേഷം, ഞാനവരോട് ചോദിച്ചു, നബിﷺ എവിടെ വച്ചായിരുന്നു നിസ്കരിച്ചത് ? രണ്ട് യമാനി തൂണുകൾക്കിടയിലുള്ള സ്ഥലം അവർ കാണിച്ചുതന്നു. ഞാനും അവിടെ വച്ച് നിസ്കരിച്ചു. ഭിത്തിയിൽനിന്ന് മൂന്നുമുഴം മാറിയായിരുന്നു ആ സ്ഥലം. പിൽക്കാലത്ത് അബ്ദുല്ലാഹിബ്നു ഉമർ (റ) കൃത്യമായ സ്ഥലം ശിഷ്യനായ നാഫിഇ (റ)ന് പറഞ്ഞു കൊടുത്തു “.

നബിﷺ കഅ്ബാലയത്തിൽ നിന്നിറങ്ങിയശേഷം, കഅ്ബായിലേക്ക് തിരിഞ്ഞു നിന്ന് രണ്ട് റക്അത്ത് നിസ്കരിച്ചു. എന്നിട്ട് പറഞ്ഞു, ഈ കഅ്ബയാണ് നമ്മുടെ നിസ്കാരത്തിന്റെ ലക്ഷ്യസ്ഥാനമെന്ന്. കഅ്ബാലയത്തിൽ നിന്ന് നിസ്കാരം കഴിഞ്ഞ് നബിﷺ ഇറങ്ങിയ രംഗം ഒരാഘോഷ മുഹൂർത്തമായിരുന്നു. സ്വഹാബികൾ മുഴുവനും കഅ്ബയുടെ മുറ്റത്ത് തിങ്ങിക്കൂടി. നബിﷺ കഅ്ബയുടെ വാതിൽക്കൽ നിന്നു. അപ്പോഴേക്കും എല്ലാവരും മുറ്റത്തിരുന്നു. അവിടുന്ന് മഹത്തായ ഒരു സംഭാഷണം നിർവഹിച്ചു. ഉള്ളടക്കം ഇങ്ങനെയായിരുന്നു. “വാഗ്ദത്തം പാലിച്ച അല്ലാഹുവിന് സ്തുതി. അവനല്ലാതെ ആരാധനക്കർഹനില്ല. അവൻ അവന്റെ അടിമയെ സഹായിച്ചിരിക്കുന്നു. ശത്രുപക്ഷത്തെ അല്ലാഹു പരാജയപ്പെടുത്തിയിരിക്കുന്നു. അല്ലയോ, ഖുറൈശികളേ! നിങ്ങൾ എന്താണ് എന്നിൽ നിന്നു പ്രതീക്ഷിക്കുന്നത്?”
“ഞങ്ങൾ നല്ലത് പറയുകയും നല്ലത് പ്രതീക്ഷിക്കുകയും ചെയ്യുന്നു. അവിടുന്ന് ഉത്തമരായ പ്രവാചകനാﷺണ്; ഉത്തമനായ ഒരു സഹോദരനും ഉത്തമനായ ഒരു സഹോദരന്റെ മകനുമാണ് “. ഖുറൈശികളുടെ പ്രതികരണത്തോട് നബിﷺ ഇങ്ങനെ മറുപടി പറഞ്ഞു. “ഞാൻ എന്റെ സഹോദരനും മുൻകാല പ്രവാചകൻമാരായ യൂസഫ് (അ) പറഞ്ഞത് നിങ്ങളോട് പറയുന്നു. എനിക്കാരോടും പ്രതികാരമില്ല. ഏറ്റവും വലിയ കാരുണ്യവാനായ അല്ലാഹു നിങ്ങൾക്ക് പൊറുത്ത് തരട്ടെ. നിങ്ങളെല്ലാവരും സ്വതന്ത്രരാണ്. നിങ്ങളുടെ സ്വാതന്ത്ര്യം അനുസരിച്ചു പോകാം “. ഖബറിൽ നിന്ന് പുനർജനിച്ചതുപോലെ അവരെല്ലാവരും പുറപ്പെട്ടു. അധികം വൈകാതെ എല്ലാവരും ഇസ്‌ലാമിലേക്ക് പ്രവേശിച്ചു. പിന്നീട് നബിﷺ മനുഷ്യാവകാശത്തെക്കുറിച്ചും സാമ്പത്തിക വ്യവഹാരത്തെക്കുറിച്ചും സംഭാഷണം നടത്തി. ‘പലിശയും ചൂതാട്ടവുമെല്ലാം ഇവിടെ അവസാനിപ്പിച്ചിരിക്കുന്നു’ എന്ന് പ്രഖ്യാപിച്ചു. വിശുദ്ധ ഖുർആനിലെ 49-ാം അധ്യായം സൂറത്തു ഹുജറാത്തിലെ പതിന്നാലാമത്തെ സൂക്തം പാരായണം ചെയ്തു. ആശയം ഇങ്ങനെയാണ്. “മനുഷ്യരേ, നിങ്ങളെ നാം ഒരാണില്‍നിന്നും പെണ്ണില്‍നിന്നുമാണ് സൃഷ്ടിച്ചത്. നിങ്ങളെ വിവിധ വിഭാഗങ്ങളും ഗോത്രങ്ങളുമാക്കിയത് നിങ്ങളന്യോന്യം തിരിച്ചറിയാനാണ്. അല്ലാഹുവിന്റെ അടുത്ത് നിങ്ങളിലേറ്റം ആദരണീയന്‍ നിങ്ങളില്‍ കൂടുതല്‍ സൂക്ഷ്മതയുള്ളവനാണ്; തീര്‍ച്ച. അല്ലാഹു സര്‍വജ്ഞനും സൂക്ഷ്മജ്ഞനുമാകുന്നു.”

മാനവികതയുടെ ഏറ്റവും ഉദാത്തമായ പ്രഖ്യാപനം ഔദ്യോഗികമായി ഒരിക്കൽ കൂടി നിർവഹിച്ചു. മനുഷ്യകുലത്തെ മുഴുവനും ഒന്നായിക്കാണാനുള്ള വിചാരങ്ങളെ പങ്കുവച്ചു. കേവലമായ ഒരു രചനയോ ഗിരിപ്രഭാഷണമോ ആയിരുന്നില്ല. മൂല്യങ്ങളെ പരിപാലിച്ചും പ്രയോഗിച്ചുമുള്ള പ്രഖ്യാപനമായിരുന്നു അത്. അനുവാചകർ ഒന്നടങ്കം ആവേശത്തോടെ അതേറ്റെടുത്തു ! മൂലശിലകളെയും അടിസ്ഥാന മൂല്യങ്ങളെയും പരിപാലിക്കാൻ അവർ പ്രതിജ്ഞയെടുത്തു. അങ്ങനെ ഒരു മഹാവിജയത്തിന്റെ പ്രഭാഷണം തുടർന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet475

.

Mahabba Campaign Part-476

Tweet 476

മക്കാവിജയ ദിവസം നബിﷺ നിർവഹിച്ച പ്രഭാഷണത്തിന്റെ ഒരു സംക്ഷിപ്തം വ്യത്യസ്ത ഹദീസ് നിവേദകന്മാർ നിവേദനം ചെയ്യുന്നത് ഇങ്ങനെയാണ്. “അല്ലയോ ജനങ്ങളേ, ജനങ്ങൾ രണ്ടു വിധമാണ്. ഒന്നു അല്ലാഹുവിനെ സൂക്ഷിച്ചു മാന്യനായി ജീവിക്കുന്നയാൾ. ഗുണവാനും വിശ്വസ്തനുമായ വ്യക്തി. രണ്ടാമത്തേത് അല്ലാഹുവിൽ അവിശ്വസിക്കുന്നയാൾ. അയാൾ അല്ലാഹുവിങ്കൽ നിന്ദ്യനായിരിക്കും. ആകാശഭൂമികളെ സൃഷ്ടിച്ച അന്നുതന്നെ മക്കയെ അല്ലാഹു പവിത്രമാക്കിയിരിക്കുന്നു. മക്കയിൽ യുദ്ധം ചെയ്യുന്നത് അല്ലാഹു നിരോധിച്ചിരിക്കുന്നു. കഴിഞ്ഞ കാലത്ത് അല്ലാഹു അവിടെ യുദ്ധം അനുവദിചിട്ടില്ല. ഇനിയുള്ള കാലത്തും അല്ലാഹു അനുവദിക്കുന്നില്ല. പക്ഷേ, ഈ പകലിന്റെ അല്പസമയം അല്ലാഹു അവന്റെ ദൂതനും അനുയായികൾക്കും അനുവദിച്ചിരിക്കുന്നു. ഈ മക്കയിലുള്ള മരങ്ങൾ മുറിക്കപ്പെടുകയോ മുള്ളുകൾ പറിക്കപ്പെടുകയോ ചെയ്തുകൂടാ. വിളംബരം ചെയ്യാൻ വേണ്ടിയല്ലാതെ വീണുകിടക്കുന്ന വസ്തുക്കൾ എടുക്കാൻ പാടില്ല. കൊല്ലപ്പെട്ടവർക്ക് വേണ്ടി നഷ്ടപരിഹാരം ഈടാക്കാനോ പകരമായി വധശിക്ഷ നടപ്പിലാക്കാനോ അനുമതിയുണ്ട്. മരങ്ങൾ മുറിക്കരുതെന്ന് പറഞ്ഞപ്പോൾ അബ്ബാസ് (റ) നബിﷺയോട് പറഞ്ഞു. “ഇദ്ഖിർ മരം ഒഴികെ. കാരണം, അത് ഞങ്ങൾ ഖബറുകൾക്കും വീടുകൾക്കും ഉപയോഗിക്കുന്നതാണ് “. അപ്പോൾ നബിﷺയത് ഒഴിവാക്കിക്കൊണ്ട് പറഞ്ഞു.

ശേഷം ഇങ്ങനെ തുടർന്നു. “അനന്തരാവകാശിക്ക് സ്വത്തിൽ വസ്വിയ്യത്തില്ല. ജാര സന്തതിക്ക് പിതൃത്വം ചേർക്കപ്പെടുകയില്ല. വ്യഭിചാരിക്ക് കല്ലേറു ശിക്ഷയായി ലഭിക്കും. ഒരു സ്ത്രീയും ഭർത്താവിന്റെ സമ്പാദ്യം അദ്ദേഹത്തിന്റെ തൃപ്തിയിലല്ലാതെ വിനിയോഗിക്കരുത്. മുസ്‌ലിംകൾ പരസ്പരം സഹോദരങ്ങളായിരിക്കും. അവർ ഒറ്റക്കൈയ്യായി നിൽക്കേണ്ടതുണ്ട്. അസ്വറിന് ശേഷവും സുബ്ഹിക്ക് ശേഷവും നിസ്കാരമില്ല. പെരുന്നാൾ ദിവസങ്ങളിൽ നോമ്പ് അനുഷ്ഠിക്കാൻ പാടില്ല.” പ്രഭാഷണം കേട്ട് അബുഷ എന്നയാൾ പറഞ്ഞു. “എനിക്കുവേണ്ടി ഇതൊന്നു എഴുതിത്തരൂ പ്രവാചകരേ! ﷺ. പകർത്തി കൊടുക്കാൻ വേണ്ടി പ്രവാചകൻﷺ നിർദേശിച്ചു.

ഇബ്നു അബീ ശൈബ (റ) ഉദ്ധരിക്കുന്നു. “പ്രഭാഷണത്തിനു ശേഷം നബിﷺ പള്ളിയുടെ ഒരു ഭാഗത്തേക്ക് നീങ്ങി. അപ്പോൾ ഒരു ബക്കറ്റിൽ സംസം വെള്ളം കൊണ്ടുവന്നു. നബിﷺ അതിൽ നിന്ന് മുഖം കഴുകി. കഴുകിയ ഒരിറ്റു വെള്ളം പോലും നിലത്ത് വീഴാൻ ശിഷ്യന്മാർ അനുവദിച്ചില്ല. അത് അവർ കൈയിൽ വാങ്ങുകയും ശരീരത്ത് പുരട്ടുകയും ചെയ്തു. ഇത് കണ്ടുനിന്ന മക്കയിലെ മുശ്‌രിക്കുകൾ പറഞ്ഞു. “ഇതുപോലെ വന്ദിക്കപ്പെട്ട ഒരു രാജാവിനെയും നാം കണ്ടിട്ടില്ല. ഇതുപോലെ മൂഢന്മാരായ ഒരു ജനതയെയും നമ്മൾ ദർശിച്ചിട്ടില്ല”.
പ്രവാചകത്വത്തിന്റെ പദവിയോ അനുഗ്രഹത്തെക്കുറിച്ചുള്ള ആത്മീയ പാഠങ്ങളോ അറിയാത്തവർ എക്കാലത്തും ഇങ്ങനെത്തന്നെയാണ് പ്രയോഗിക്കുക. പ്രവാചകൻﷺ ആരാണെന്ന് അറിയുമ്പോഴാണ് പ്രവാചകനുﷺമായി ബന്ധപ്പെട്ട വസ്തുക്കൾക്കും വിശേഷങ്ങൾക്കും മൂല്യമുണ്ടെന്ന ബോധ്യമുണ്ടാകുന്നത്. ഭൗതികമായി ഏതെങ്കിലും നിലയിൽ മൂല്യമുള്ള വസ്തുക്കളെ എല്ലാവരും പരിഗണിക്കുന്നു. തിമിംഗലത്തിന്റെ ഛർദ്ദിയും പാമ്പിന്റെ വിഷവും കസ്തൂരിമാനിന്റെ ഉച്ഛിഷ്ടവും തേനീച്ചയുടെ കാഷ്ഠവും വില കൽപ്പിക്കപ്പെടുന്നത് സുഗന്ധമായോ ശമനമായോ ഏതെങ്കിലും വിധേന പ്രയോജനപ്പെടുന്ന വസ്തുവായോ കാണുകയോ അനുഭവിക്കുകയോ ചെയ്യുമ്പോഴാണ്. ഛർദ്ദി എന്നും അവശിഷ്ടമെന്നും മാത്രം വായിച്ചാൽ അവയെക്കുറിച്ചും നിസ്സാരത മാത്രമേ ഉണ്ടാവുകയുള്ളൂ.

പ്രവാചകർﷺ ഉപയോഗിച്ച വസ്തുക്കൾക്ക് ആത്മീയമായി ലഭിക്കുന്ന അനുഗ്രഹങ്ങൾ തിരിച്ചറിയുന്ന വിശ്വാസികൾക്ക് തേനീച്ചയിൽ നിന്നുള്ള തേനിനെക്കാളും കസ്തൂരിമാനിന്റെ ഉച്ഛിഷ്ടത്തിലെ സുഗന്ധത്തെക്കാളും മൂല്യമുള്ളതായിരിക്കും പ്രവാചകനുﷺമായി ബന്ധപ്പെട്ട വസ്തുക്കൾ. അറിവും ബോധ്യവും കാഴ്ചപ്പാടുമാണ് ഇവിടെ മൂല്യനിർണയം നടത്തുന്നത്. ഇങ്ങനെയൊന്നുമില്ലാതെ വരുമ്പോഴാണ് അറിഞ്ഞനുഭവിക്കുന്നവരെ അറിവില്ലാത്തവർ അപഹസിക്കുന്നത്.

ദൃശ്യ ലോകത്തെ വസ്തുക്കളെയും മൂല്യങ്ങളെയും മാത്രം കാണാനും അനുഭവിക്കാനും കഴിയുന്നവരും അദൃശ്യലോകത്ത് കൂടി തിരിച്ചറിയുന്നവരും ഒരിക്കലും തുല്യമാവില്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet476

.

Mahabba Campaign Part-477

Tweet 477

നബിﷺ കഅ്ബാലയം പ്രദക്ഷിണം ചെയ്തു. ശേഷം സഫ കുന്നിന്റെ അടുത്തേക്കെത്തി. കഅ്ബാലയം കാണുന്ന വിധത്തിൽ അതിന്റെ ഉച്ചിയിലേക്ക് കയറി കൈകളുയർത്തി. അല്ലാഹുവിനെ സ്തുതിച്ചു. അല്ലാഹുവിന്റെ മഹത്വങ്ങൾ വാഴ്ത്തി. ഏറെനേരം അല്ലാഹുവോട് പ്രാർഥിച്ചു. മദീനയിൽ നിന്ന് വന്ന അനുയായികൾ അഥവാ, അൻസ്വാരികൾ താഴ്‌വരയിൽ നിന്നു. അവരിൽ ആരോ അടുത്തുള്ളവരോട് പറഞ്ഞു. “ജന്മദേശത്തോടുള്ള സ്നേഹവും, ഉറ്റവരോടുള്ള അനുകമ്പയും പ്രവാചകനെﷺ സ്വാധീനിച്ചിരിക്കുന്നു “. അഥവാ ജന്മനാട്ടിലേക്കും കുടുംബക്കാരിലേക്കും തിരിച്ചെത്തിയ തിരുനബിﷺ ഇനി മദീനയിലേക്കുണ്ടാവില്ല എന്ന വിചാരത്തിൽ നിന്നായിരുന്നു ആ വർത്തമാനം. അല്ലാഹുവിൽ നിന്നുള്ള സന്ദേശപ്രകാരം ആ സംഭാഷണം നബിﷺ അറിഞ്ഞു. അൻസ്വാരികളെ അഭിസംബോധനം ചെയ്തു. നിങ്ങൾ അങ്ങനെ പറഞ്ഞോ എന്ന് അവരോട് അന്വേഷിച്ചു. അവർ അത് സമ്മതിച്ചു. അല്ലാഹുവിൽ നിന്ന് സന്ദേശം അവതരിക്കുന്ന നേരം അവരിലാരുടെയും ഇമകൾ നബിﷺയുടെ നേരെ ഉയർന്നില്ല. അപ്പോൾ അവർക്ക് നബിﷺയെ നോക്കാൻ നാണമായിരുന്നു. അല്ലാഹുവിന്റെ ദൂതർﷺ വിശദീകരിച്ചു. “ഞാൻ അല്ലാഹുവിലേക്കും നിങ്ങളിലേക്കുമാണ് പലായനം ചെയ്ത് എത്തിയത്. നിങ്ങളുടെ ജീവിതമാണ് ജീവിതം. നിങ്ങളുടെ മരണമാണ് മരണം “. അഥവാ എപ്പോഴും നിങ്ങളോട് ഒപ്പം ഉണ്ടാകുമെന്ന സൂചന നബിﷺ നൽകി. അൻസ്വാരികളുടെ കണ്ണുകൾ ഒലിച്ചു, കവിളുകൾ നനഞ്ഞു. നബിﷺയെ ലഭിക്കാനുള്ള ആർത്തികൊണ്ട് പറഞ്ഞുപോയതാണെന്ന് അവർ ഉപായം ബോധിപ്പിച്ചു. അല്ലാഹുവും റസൂലുംﷺ നിങ്ങളുടെ കാരണം സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞ് നബിﷺ അവരെ ആശ്വസിപ്പിച്ചു.
അൻസ്വാരികളായ മദീനക്കാർക്ക് നബിﷺയോടുള്ള താല്പര്യവും സ്നേഹവും തിരിച്ച് നബിﷺക്ക് അവരോടുള്ള കടപ്പാടും ബോധ്യപ്പെടുത്തുന്നതായിരുന്നു സംഭാഷണം. നബിﷺ ഇനി മക്കയിൽത്തന്നെ കൂടിപ്പോകുമോ എന്നതായിരുന്നു അവരെ വേവലാതിപ്പെടുത്തിയത്. നബിﷺയില്ലാത്ത മദീനയിൽ ഞങ്ങളെങ്ങനെ താമസിക്കും എന്നതായിരുന്നു അവരെ നൊമ്പരപ്പെടുത്തിയത്. അവരുടെ നിഷ്കളങ്കമായ സ്നേഹവും തങ്ങളോടുള്ള താല്പര്യവും നബിﷺ അംഗീകരിക്കുകയും അവരെ ആശ്വസിപ്പിക്കുകയും ചെയ്തു.
കഅ്ബാലയത്തിന്റെ പരിസരത്തു തന്നെ നബിﷺ വീണ്ടും അനുയായികൾക്കൊപ്പം നിലകൊണ്ടു. മക്ക ജയിച്ചടക്കിയ ദിവസം സ്വഹാബികൾ ഏറെനേരം വ്യത്യസ്ത ആരാധനകളിൽ കഅ്ബയുടെ പരിസരത്ത് കഴിഞ്ഞു കൂടി. ഈ സമയത്ത് അബൂസുഫിയാനും നബിﷺയും തമ്മിൽ നടന്ന ചില സംഭാഷണങ്ങളും സമീപനങ്ങളും വ്യത്യസ്ത ഗ്രന്ഥങ്ങളിലുണ്ട്. അബൂസുഫിയാൻ എപ്പോഴാണ് ഇസ്‌ലാം പ്രഖ്യാപിച്ചത് എന്നതിലുള്ള അഭിപ്രായങ്ങൾ പരിഗണിച്ചുകൊണ്ട് വേണം ഇത് വായിക്കാൻ. മക്കാ വിജയത്തിന്റെ തലേദിവസമാണെന്നും അതല്ല, നബിﷺയും അനുയായികളും മക്കയിലേക്ക് പ്രവേശിക്കുമ്പോൾ ആയിരുന്നുവെന്നും അതുമല്ല, കഅ്ബാലയത്തിന് മുന്നിൽ നബിﷺയുടെ പ്രഭാഷണത്തിന് ശേഷം ആയിരുന്നുവെന്നും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. മൂന്നാമത്തെ അഭിപ്രായത്തിൽ നിന്നുകൊണ്ടാണ് മുഹൂർത്തങ്ങളെ നാം വായിക്കുന്നത്.

നബിﷺയും അനുയായികളും കഅ്ബാലയത്തിന്റെ പരിസരത്ത് നിൽക്കുമ്പോൾ അബൂ സുഫിയാൻ ആലോചിച്ചു. ‘ഈ പ്രവാചകനെ നേരിടാൻ ഒരു സംഘത്തെ സംഘടിപ്പിച്ചു മുന്നോട്ടു വന്നാലോ?’ അപ്പോഴേക്കും നബിﷺ അബൂ സുഫിയാന്റെ മുന്നിലെത്തി. അദ്ദേഹത്തിന്റെ മാറിടത്തിലേക്ക് നബിﷺയുടെ കൈപ്പത്തി ചേർത്തുവച്ചു. മുഖവുര ഒന്നുമില്ലാതെ നബിﷺ പറഞ്ഞു. “അങ്ങനെയെങ്കിൽ നിങ്ങളെ അല്ലാഹു പരാജയപ്പെടുത്തും “.
അബൂസുഫിയാൻ ആകെ ആശ്ചര്യപ്പെട്ടു! “അല്ലാഹുവിനോടും റസൂലിﷺനോടും ഞാൻ മാപ്പിരക്കുന്നു ” എന്ന് പറഞ്ഞു. ഇതുവരെയും അവിടുന്ന് പ്രവാചകൻﷺ ആണെന്ന് ഞാൻ ഉറപ്പിച്ചിട്ടില്ലായിരുന്നു. എന്റെ മനസ്സിൽക്കിടന്ന വിചാരത്തിന് അവിടുന്ന് മറുപടി പറഞ്ഞപ്പോഴാണ് എനിക്ക് പൂർണമായും ബോധ്യമായത്. അയാൾ പറഞ്ഞു നിർത്തി.

സഈദുബ്നു മുസയ്യബ് (റ) നിവേദനം ചെയ്യുന്നു. “മക്കാ വിജയത്തിന്റെ രാത്രിയിൽ നബിﷺയും അനുയായികളും കഅ്ബയുടെ ചുറ്റും നിൽക്കുന്ന കാഴ്ച ! അബൂ സുഫിയാൻ ഭാര്യ ഹിന്ദിനോട് അതിനെക്കുറിച്ച് സംസാരിച്ചു. എന്നിട്ട് ചോദിച്ചു, ഇത് അല്ലാഹുവിൽ നിന്നുള്ളതാണെന്ന് നിനക്ക് തോന്നുന്നുണ്ടോ? അവർ പറഞ്ഞു. അതെ, ഇത് അല്ലാഹുവിൽ നിന്നുള്ളതാണ്. പ്രഭാതമായപ്പോൾ അബൂസുഫിയാൻ നബിﷺയെ സമീപിച്ചു. തലേന്ന് രാത്രി ഭാര്യ തന്നോട് സംസാരിച്ച അതേ വാചകം നബിﷺ അങ്ങോട്ട് പറഞ്ഞു. ഉടനെ അദ്ദേഹം പറഞ്ഞു. അവിടുന്ന് അല്ലാഹുവിന്റെ ദൂതൻﷺ ആണെന്ന് ഞാനിതാ സാക്ഷ്യം വഹിക്കുന്നു. അല്ലാഹു സത്യം! എന്റെ സംഭാഷണം അല്ലാഹുവും എന്റെ പത്നിയും അല്ലാതെ ആരും കേട്ടിട്ടില്ല”. മറ്റൊരാളിൽ നിന്ന് നബിﷺ അറിയാൻ യാതൊരു സാധ്യതയുമില്ലന്ന് സാരം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet477

.

Mahabba Campaign Part-478

Tweet 478

ഇമാം ഇബ്നു അസാക്കിർ (റ) ഉദ്ധരിക്കുന്നു. കഅ്ബയുടെ പരിസരത്തിരുന്ന് കൊണ്ട് അബൂ സുഫിയാൻ സ്വയം പറഞ്ഞു. “എന്തുകൊണ്ടാണ് മുഹമ്മദ് നബിﷺ നമ്മെ മറികടക്കുന്നത് ?” അപ്പോഴേക്കും നബിﷺ മുന്നിൽ പ്രത്യക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ നെഞ്ചത്ത് കൈ വച്ചുകൊണ്ട് പറഞ്ഞു. “അല്ലാഹുവിനെക്കൊണ്ടാണ് ഞാൻ നിങ്ങളെ മറികടന്നത് “. ആരോടും പങ്കുവയ്ക്കാത്ത തന്റെ ആത്മഗതം. മുഹമ്മദ് നബിﷺ എങ്ങനെ അറിഞ്ഞു! അദ്ഭുതപ്പെട്ടു. ഒരു മുഖവുരയുമിരു ചോദ്യവുമില്ലാതെയായിരുന്നല്ലോ നബിﷺ മറുപടി പറഞ്ഞത്. ഇത്രയുമായപ്പോൾ അബൂസുഫിയാൻ ഇങ്ങനെ പറഞ്ഞു. “അവിടുന്ന് അല്ലാഹുവിന്റെ ദൂതനാﷺണെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു “.

അബൂ സുഫിയാൻ തന്റെ ഭാര്യ ഹിന്ദുമായി നടത്തിയ സംഭാഷണത്തെക്കുറിച്ച് ഇബ്നു അബ്ബാസ്(റ)ന്റെ നിവേദനത്തിൽ ഇങ്ങനെയാണുള്ളത്. കഅ്ബയെ പ്രദർശനം വയ്ക്കുന്ന നേരത്ത് നബിﷺ അബൂസുഫിയാനെ ക്കണ്ടു. ഉടനെ അദ്ദേഹത്തോട് ചോദിച്ചു. “നിങ്ങളും ഭാര്യ ഹിന്ദുമായി ഇങ്ങനെയൊക്കെയുള്ള സംഭാഷണങ്ങൾ നടന്നില്ലേ?” അപ്പോൾ അബൂസുഫിയാൻ പറഞ്ഞു. “അവൾ എന്റെ സംഭാഷണങ്ങളും രഹസ്യങ്ങളുമൊക്കെപ്പറഞ്ഞുവല്ലേ? അവളെ ഞാൻ ഇങ്ങനെയൊക്കെ ചെയ്യും”. അഥവാ വെറുതെ വിടില്ലെന്ന് സാരം. ത്വവാഫ് കഴിഞ്ഞപ്പോൾ നബിﷺ വീണ്ടും അബൂസുഫിയാനെക്കണ്ടു. അപ്പോൾ അദ്ദേഹത്തോട് പറഞ്ഞു. “നല്ല ഭാര്യ, നിങ്ങളുടെ രഹസ്യം ഒന്നും പുറത്തു പറഞ്ഞിട്ടില്ല. അതുകൊണ്ട് അവളോട് നിങ്ങൾ ഒന്നും ചെയ്യേണ്ടതില്ല “. അപ്പോൾ അബൂസുഫിയാൻ പറഞ്ഞു, “അവിടുന്ന് അല്ലാഹുവിന്റെ ദൂതൻﷺ ആണെന്ന് ഞാൻ വിശ്വസിക്കുന്നു “.

ചുരുക്കത്തിൽ തിരുനബിﷺയുടെ പ്രവാചകത്വത്തെ അംഗീകരിക്കാനുള്ള നിരവധി പ്രമാണങ്ങൾ അബൂസുഫിയാന് ലഭിച്ചുവെങ്കിലും പല കാരണങ്ങളാലും അദ്ദേഹത്തിന് അതുൾക്കൊള്ളാൻ കഴിഞ്ഞിരുന്നില്ല. നേരിട്ട് തന്നെ മുന്നിൽ പ്രമാണങ്ങൾ തെളിയുകയും, അനിഷേധ്യമാം വിധം അത് ബോധ്യപ്പെടുകയും ചെയ്തപ്പോൾപ്പിന്നെ വിശ്വസിക്കുകയല്ലാതെ നിർവാഹമുണ്ടായില്ല. സമർഥനും ബുദ്ധിമാനും സൈനിക മേധാവിയുമൊക്കെയായിരുന്ന അദ്ദേഹത്തിന് ഒടുവിൽ യാഥാർഥ്യങ്ങളെ അംഗീകരിക്കേണ്ടി വന്നു. അദ്ദേഹം സ്വഹാബിയായി.

മക്ക ജയിച്ചടക്കിയതിനെത്തുടർന്ന് വിശ്വാസികൾ ആഘോഷപൂർവം താമസിച്ചുവരുകയായിരുന്നു. ഓരോ നിമിഷവുമെന്നപോലെ മക്കയിലെ അവിശ്വാസികൾ ഇസ്‌ലാമിലേക്ക് വന്നു. കൊടിയ ശത്രുതയിൽക്കഴിഞ്ഞവർ ഉറ്റ ചങ്ങാതിമാരായി. ആയുധങ്ങൾ കൊണ്ട് കൊമ്പു കോർത്തിരുന്നവർ ഹൃദയം തുറന്നു ആലിംഗനം ചെയ്തു തുടങ്ങി. കണ്ണെടുത്താൽ കണ്ടുകൂടാത്തവർ ഇമ വെട്ടുന്ന സമയം പോലും വിട്ടിരിക്കാൻ കഴിയാത്തവരായി മാറി.

മക്കയിൽ വച്ച് നബിﷺയോട് ഉടമ്പടി ചെയ്യാൻ വന്ന രംഗം ഇമാമുകൾ നിവേദനം ചെയ്യുന്നതിങ്ങനെയാണ്. “മക്ക വിജയവേളയിൽ നിരവധി ആളുകൾ നബിﷺയോട് ഉടമ്പടി ചെയ്യാൻ വന്നു. അല്ലാഹു ഏകനാണെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ പ്രവാചകനാണെന്നും അവർ തുറന്നു പ്രഖ്യാപിച്ചു. വിശ്വാസത്തിന്മേൽ നബിﷺയോട് കരാർ ചെയ്തു. പ്രായഭേദമന്യേ എല്ലാവരും തിരുസവിധത്തിൽ വന്നുചേർന്നു. എല്ലാ വിധേനയും നബിﷺയെ അനുസരിക്കാമെന്ന് അവർ തുറന്നു സമ്മതിച്ചു. പുരുഷന്മാരുമായുള്ള കരാറിനു ശേഷം സ്ത്രീകൾ കരാർ വാചകങ്ങൾ ഏറ്റുചൊല്ലി. പുരുഷന്മാർ ഓരോരുത്തരും കരം കവർന്നാണ് ഉടമ്പടി ചെയ്തതെങ്കിൽ, സ്ത്രീകൾക്ക് പ്രവാചകരുﷺടെ ശബ്ദം കേട്ട് സമ്മതം പ്രഖ്യാപിച്ചാൽ മതിയായിരുന്നു. അന്യസ്ത്രീ പുരുഷന്മാർ തമ്മിൽ ഹസ്തദാനം ഇസ്‌ലാം അനുവദിച്ചിട്ടില്ല. അബൂസുഫിയാന്റെ ഭാര്യ ഹിന്ദും സത്യവിശ്വാസം പ്രഖ്യാപിച്ചു. കരാർ വാചകങ്ങളിൽ മോഷ്ടിക്കുകയില്ലെന്നും വ്യഭിചരിക്കുകയില്ലെന്നും തുടങ്ങിയുള്ള കാര്യങ്ങൾ കൂടി ചേർത്തു പറഞ്ഞിരുന്നു. അപ്പോൾ ഭർത്താവായ അബൂസുഫിയാനിൽ നിന്ന് അദ്ദേഹമറിയാതെ താനെടുത്ത സ്വത്തുക്കളെക്കുറിച് ഹിന്ദ് സൂചിപ്പിച്ചു. വ്യഭിചരിക്കുകയില്ലെന്ന് കരാർ ചെയ്യാൻ പറഞ്ഞപ്പോൾ അദ്ഭുതത്തോടെ അവർ ചോദിച്ചു. സ്വതന്ത്രയായ ഒരു സ്ത്രീ വ്യഭിചരിക്കുമോ എന്ന്. അടിമ സ്ത്രീകളൊക്കെ ചെയ്യുന്ന കാര്യമല്ലേ അതൊക്കെ എന്നായിരുന്നു അവർ ഉദ്ദേശിച്ചത്.

കുട്ടികളെ വധിച്ചു കളയരുത് എന്ന് ഉടമ്പടി ചെയ്യാൻ പറഞ്ഞപ്പോൾ ചെറുപ്പത്തിൽ ഞങ്ങൾ അവരെ വളർത്തുകയും വലുതായപ്പോൾ ഞങ്ങൾ വധിച്ചു കളയുകയും ചെയ്തുവല്ലോ എന്നവരിൽ ചിലർ പറഞ്ഞു. നബിﷺയും ഉമറും(റ) അത് കേട്ട് ചിരിച്ചു. ആരെക്കുറിച്ചും ആരോപണങ്ങൾ പറയരുതെന്നും അല്ലാഹുവിന്റെ വിധിവിലക്കുകളെ ലംഘിക്കരുതെന്നും കൂട്ടിച്ചേർത്ത് കരാർ വാചകങ്ങൾ പൂർത്തീകരിച്ചു.

ബീവി ആഇശ (റ) നിവേദനം ചെയ്യുന്നു. നബിﷺ ഒരിക്കലും ഒരന്യസ്ത്രീയുടെ കരം സ്പർശിച്ചിട്ടില്ല. ഭാര്യമാരുടെയോ വിവാഹബന്ധം നിഷിദ്ധമായവരുടെയോ അല്ലാതെ ഒരു സ്ത്രീയുടെയും ശരീരഭാഗം ഒരിക്കലും നബിﷺ സ്പർശിച്ചിട്ടേയില്ല. ഉടമ്പടിയുടെ സമയങ്ങളിൽ പോലും വാചകങ്ങൾ ചൊല്ലിക്കൊടുക്കുകയല്ലാതെ ഹസ്തദാനം നടത്തിയിട്ടില്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

.

Mahabba Campaign Part-479

Tweet 479

നമുക്ക് കഅ്ബയുടെ മുറ്റത്തേക്ക് തന്നെ നീങ്ങാം. മക്കാ ദിവസം മധ്യാഹ്ന നിസ്കാരത്തിന്റെ സമയമായി. നബിﷺ ബിലാലി(റ)നെ വിളിച്ചു. കഅ്ബയുടെ മുകളിൽ കയറി വാങ്ക് കൊടുക്കാൻ പറഞ്ഞു. മുശ്‌രിക്കുകളെ ഏറ്റവും പ്രകോപിപ്പിക്കുന്ന ഒരു കാര്യമായിരുന്നു അത്. കാരണം, ബിലാലി(റ)ന്റെ ഇന്നലകളിലെ പീഡനങ്ങൾ അവഗണനയുടെയും ആഢ്യത്വത്തിന്റെയും ഇടയിലുള്ള സമരമായിരുന്നു. വൈജാത്യങ്ങൾക്കപ്പുറം മാനുഷിക മൂല്യത്തെ ഉയർത്തിപ്പിടിക്കുന്ന ഒരു മാനവിക സന്ദേശപ്രഖ്യാപനം കൂടിയായിരുന്നു അത്. കഅ്ബയുടെ പരിസരത്തുള്ള പർവതങ്ങളുടെ മുകളിൽ നിന്ന് ഖുറൈശികൾ രംഗം വീക്ഷിച്ചു കൊണ്ടിരുന്നു. അവർക്കത് ഉൾക്കൊള്ളാവുന്ന കാര്യമായിരുന്നില്ല. ചിലർ അപ്പോൾ തന്നെ പർവത മുഖത്തുനിന്ന് ഒഴിഞ്ഞു മാറിനിന്നു. ഈ രംഗത്തെക്കുറിച്ച് പലരും പലതും പറഞ്ഞുകൊണ്ടിരുന്നു. അബൂ സുഫിയാൻ പറഞ്ഞു. “ഞാൻ ഇതിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയുന്നില്ല. ഞാനെന്തെങ്കിലും പറഞ്ഞാൽ ചിലപ്പോൾ ഈ ചരൽക്കല്ലുകൾ തന്നെ എന്നോട് പ്രതികരിക്കും “. ഖുറൈശികളിൽ നിന്ന് മരണപ്പെട്ടുപോയ പലരുടെയും പേരുകൾ എടുത്തു പറഞ്ഞുകൊണ്ട് അവരുടെ ബന്ധുക്കൾ പറഞ്ഞു. ഇങ്ങനെയൊരു രംഗം കാണുന്നതിനു മുമ്പ് അവർ മരണപ്പെട്ടു പോയത് നന്നായി എന്ന് ! അത്രമേൽ ഉച്ചനീചത്വങ്ങളിൽ അടിമപ്പെട്ടവരായിരുന്നു അവർ. ഹാരിസും ബനൂ സഅദ് ബിൻ അൽ ആസിലെ പല പ്രമുഖരും ഈ രംഗത്തെ വിമർശിച്ചുകൊണ്ട് സംസാരിച്ചു. ഹകം ബിൻ അൽ ആസ് പറഞ്ഞു. “ബനൂ ജുമഹിലെ അടിമ അബൂത്വൽഹയുടെ കെട്ടിടത്തിന് മുകളിൽ കയറി ഉച്ചത്തിൽ വിളിച്ചു പറയുന്നത് ഒരു മഹാ സംഭവം തന്നെ ! ”

കമന്റുകൾ പാസാക്കിയ ഓരോരുത്തരുടെയും വർത്തമാനങ്ങളൊന്നൊഴിയാതെ ജിബ്‌രീല്‍ (അ) നബിﷺക്ക് അറിയിച്ചു കൊടുത്തു. നബിﷺ അവരുടെയിടയിലേക്ക് കടന്നു ചെന്നു. അവരുടെ വർത്തമാനങ്ങൾ ഉദ്ധരിച്ചുകൊണ്ട് അവർക്ക് മറുപടി പറഞ്ഞു. അവരാകെ അദ്‌ഭുത സ്തബ്ദരായി. അഭൗതികമായ മാർഗത്തിലൂടെയല്ലാതെ മറ്റൊരു വഴിക്കും പ്രവാചകൻﷺ ഇതൊന്നും അറിയാൻ സാധ്യതയില്ലെന്ന് അവർക്ക് ബോധ്യമായി. അവരിൽ ഭൂരിഭാഗവും പരസ്യമായി ഇസ്‌ലാം സ്വീകരിച്ചു.

അടിമക്കമ്പോളത്തിൽ അടിച്ചമർത്തപ്പെട്ടിരുന്ന ബിലാലി(റ)നെ മക്കാ വിജയത്തിന്റെ ആധികാരിക വിളംബരത്തിന് നിയോഗിക്കുമ്പോൾ പ്രവാചകർﷺക്ക് അഭിമാനമേ ഉണ്ടായിരുന്നുള്ളൂ. മൂല്യങ്ങളെ സ്ഥാപിക്കാനും ഉച്ചനീചത്വങ്ങളെ ഇല്ലാതാക്കാനും വന്ന നബിﷺ അത് സാധ്യമാക്കിയതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു ഇത്. പ്രവാചകരുﷺടെ ഏതു നീക്കങ്ങൾക്കും സാധാരണ ഒരു ഭരണാധികാരിക്കോ പോരാളിക്കോ യോദ്ധാവിനോ ഉണ്ടാകാറുള്ള ഒരു വിചാരവും ഉണ്ടായിരുന്നില്ല. അല്ലാഹു ഏൽപ്പിച്ച ദൗത്യം നിർവഹിക്കുകയും നന്മകളെ സ്ഥാപിക്കുകയും അല്ലാതെ മറ്റൊരു ലക്ഷ്യവും ഇല്ലെന്നതാണ് യാഥാർഥ്യം.

സാധാരണ വ്യക്തി ചരിത്രങ്ങൾ വായിക്കുന്ന മാനദണ്ഡങ്ങൾ വച്ചുകൊണ്ടല്ല പ്രവാചക ചരിത്രം വായിക്കേണ്ടത്. പ്രാഥമിക ബുദ്ധിയിൽ നമുക്ക് തോന്നുന്ന ന്യായങ്ങൾ വച്ചുകൊണ്ടല്ല പ്രവാചകരുﷺടെ നടപടിക്രമങ്ങളെ വിലയിരുത്തേണ്ടത്. കേവലമായ മാനുഷിക ചിന്തയിൽ നിന്ന് രൂപപ്പെട്ടുവന്ന നിയമങ്ങളെ സ്ഥാപിച്ചെടുക്കാൻ വേണ്ടിയല്ല പ്രവാചകൻﷺ മുന്നോട്ടുവന്നത്. കാലാതിവർത്തിയായ നിയമങ്ങളുടെ അധികാരി, പ്രപഞ്ചാധിപൻ ഏൽപ്പിച്ച നിയമക്രമങ്ങളെ പാലിക്കാനും പ്രയോഗിക്കാനും പ്രചരിപ്പിക്കാനുമാണ് നബിﷺ പരിശ്രമിച്ചുകൊണ്ടിരുന്നത്. ഏൽപ്പിക്കപ്പെട്ട ദൗത്യം പൂർത്തിയായപ്പോൾ ഞാനിതാ യാത്രയാകുന്നു എന്ന് മനസ്സു തുറന്നു പറഞ്ഞുകൊണ്ടാണ് അവിടുന്ന് ലോകത്തോട് യാത്ര ചോദിച്ചത്.

പ്രവാചകൻ പ്രവാചകത്വം എന്നീ സങ്കേതങ്ങളെ കൃത്യമായി മനസ്സിലാക്കി കൊണ്ടുവേണം ഇസ്‌ലാമിക നിയമങ്ങളുടെ പ്രാഥമിക പാഠങ്ങളെ പരിശോധിക്കേണ്ടത്. അങ്ങനെ വരുമ്പോഴാണ് പ്രവാചക അധ്യാപനങ്ങളുടെ സാങ്കത്യവും പ്രായോഗികതയും സമകാലിക സംവാദങ്ങളോടുള്ള യോജിപ്പും വിയോജിപ്പും ഒക്കെ ബോധ്യമാകുന്നത്.

മക്ക ജയിച്ചടക്കിയതിൽപ്പിന്നെ വിശ്രമിക്കുകയായിരുന്നില്ല തിരുനബിﷺ. നിർമാണാത്മകമായ പല വിചാരങ്ങളിലേക്കും അവിടുന്ന് കടന്നു. ഇനിയും പ്രതിരോധിക്കേണ്ട ചില ശത്രുസങ്കേതങ്ങളെ തിരിച്ചറിഞ്ഞു. ആവശ്യമായ സൈനിക പ്രതിരോധങ്ങൾക്കും നീക്കങ്ങൾക്കും ചുക്കാൻ പിടിച്ചു. ഇനിയൊരിക്കലും മക്ക അന്യാധീനപ്പെട്ടു പോകാതിരിക്കാൻ ആവശ്യമായ അനുബന്ധ പ്രവർത്തനങ്ങൾക്ക് സാരഥ്യം വഹിച്ചു.
പരിഷ്കരണങ്ങളുടെ ആദ്യപടി എന്നോണം ഹറമിന്റെ അതിർത്തികളെ കൃത്യമായി ഒരിക്കൽ കൂടി അടയാളപ്പെടുത്തി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

(തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#Taybacentre
#farooqnaeemi
#tweet479
.

Mahabba Campaign Part-480

Tweet 480

മക്കാ വിജയത്തിന്റെ അധ്യായത്തിൽ നമുക്കിനി വായിക്കാനുള്ളത് പ്രമുഖരായ ചിലരുടെ ഇസ്‌ലാം ആശ്ലേഷമാണ്.

ഒന്ന്, സാഇബ് ബിൻ അബ്ദുല്ലാഹ് അൽ മഖ്സൂമി (റ). നബിﷺ ഇസ്‌ലാംമത പ്രബോധനം ആരംഭിക്കുന്നതിനു മുമ്പ് ഇദ്ദേഹം കച്ചവടത്തിൽ നബിﷺയുടെ കൂട്ടുകാരനായിട്ടുണ്ട്. മക്കാ വിജയത്തിന്റെയന്ന് അദ്ദേഹം നബിﷺയെ സമീപിച്ചപ്പോൾ, നബിﷺ “അല്ലയോ , കൂട്ടുകാരാ ! കച്ചവടത്തിലെ കൂറുകാരാ, മംഗളം ! ” എന്ന് പറഞ്ഞുകൊണ്ട് സ്വാഗതം ചെയ്തു. അദ്ദേഹത്തെ പരിചയപ്പെടുത്താൻ ഉസ്മാൻ (റ) ഒരുങ്ങിയപ്പോൾ ഇതെന്റെ പഴയ ചങ്ങാതിയാണ് ; നിങ്ങൾ പരിചയപ്പെടുത്തേണ്ടതില്ല എന്ന് നബിﷺ പറഞ്ഞു. അദ്ദേഹം നബിﷺയുടെ സ്വഹാബി ആവുകയും അർഹമായ ജീവിതം നയിക്കുകയും ചെയ്തു.

രണ്ട്, ഹാരിസ് ബിൻ ഹിശാം (റ). അദ്ദേഹം തന്നെ സ്വന്തം അനുഭവം വിവരിക്കുന്നു. നബിﷺ മക്കയിലേക്ക് പ്രവേശിച്ചപ്പോൾ ഞങ്ങൾ ഉമ്മുഹാനിഇന്റെ വസതിയിൽ എത്തി. അവിടെയുള്ളവർക്ക് അഭയം പ്രഖ്യാപിക്കപ്പെട്ട സമയമായിരുന്നു അത്. രണ്ടു ദിവസം അവിടെത്താമസിച്ചു. ശേഷം ഞങ്ങൾ ഞങ്ങളുടെ വീട്ടിലേക്ക് തന്നെ പോയി. അങ്ങനെ വീട്ടുമുറ്റത്തിരിക്കെ, ആലോചിച്ചു നോക്കി. “അല്ല! വിശ്വാസികളെ ആരെയും കാണുന്നില്ലല്ലോ. ഞങ്ങളെ അഭിമുഖീകരിക്കാനോ നേരിടാനോ സംവദിക്കാനോ ആരും വന്നില്ല. ഉമർ (റ) എങ്ങാനും കണ്ടാലോ എന്നൊരു ഭയമുണ്ടായിരുന്നു മനസ്സിൽ. വീട്ടുമുറ്റത്തെ ചെടികൾക്കിടയിലിരുന്നപ്പോൾ അതാ, ഒരു ചെറിയ സംഘം കടന്നു പോകുന്നു ! അത് സാക്ഷാൽ ഉമറും(റ) കൂട്ടരും തന്നെയായിരുന്നു. അവർ സലാം പറഞ്ഞ് കടന്നു പോയതല്ലാതെ ഒന്നും സംസാരിക്കുകയോ മറ്റോ ചെയ്തില്ല. അല്ലാഹുവിന്റെ ദൂതൻﷺ എന്നെക്കണ്ടു മുട്ടിയാൽ എന്തായിരിക്കുമെന്ന രംഗമോർത്ത് ഞാൻ നാണിച്ചു പോയി ! കാരണം, പ്രവാചകൻﷺയുടെ എതിർ ചേരിയിൽ മുശ്‌രിക്കുകൾക്കൊപ്പം എപ്പോഴും ഞാൻ ഉണ്ടാകുമായിരുന്നു. പിന്നെ ഞാൻ ആ പ്രവാചകന്റെﷺ കാരുണ്യവും വിടുതിയുമെല്ലാം ഒന്ന് ആലോചിച്ചു നോക്കി. പള്ളിയുടെ ഉള്ളിലിരുന്ന പ്രവാചകനുﷺമായി കണ്ടുമുട്ടി. സന്തോഷത്തോടെ എന്നെ അഭിമുഖീകരിച്ചു. ഞാൻ അഭിവാദ്യം ചെയ്തു, സത്യസാക്ഷ്യം പ്രഖ്യാപിച്ചു. നിങ്ങൾക്ക് നേർവഴി നൽകിയ അല്ലാഹുവിന് സ്തുതി എന്ന് പ്രവാചകൻﷺ പ്രതികരിച്ചു. “നിങ്ങളെപ്പോലെയുള്ളവർ ഇസ്‌ലാമിനെക്കുറിച്ച് ജ്ഞാനമില്ലാത്തവരാകരുതായിരുന്നു. ഇസ്‌ലാം അറിയപ്പെടാതെ പോയി എന്ന് ഞാൻ വിചാരിക്കുന്നില്ല “, എന്നു ഞാൻ മറുപടിയും പറഞ്ഞു.

ഇസ്‌ലാമിനെതിരെ പ്രയോഗിച്ചതിനെല്ലാം പകരമായി ഇസ്‌ലാമിനുവേണ്ടി അദ്ദേഹം ആരോഗ്യവും സമ്പത്തും ചെലവഴിച്ചു. നബിﷺയോടൊപ്പം സംബന്ധിച്ചു. ശേഷം ശാമിലെ വ്യത്യസ്ത മുന്നേറ്റങ്ങളിൽ പങ്കാളിയായി. ഒടുവിൽ ഹിജ്റ 15ന് അമ്മവാസ് പകർച്ചവ്യാധിയിൽ ശാമിൽ വച്ച് മരണമടഞ്ഞു.

മൂന്ന്, സുഹൈൽ ബിൻ അംർ (റ). അദ്ദേഹം തന്നെ പറയുന്നു. “പ്രവാചകൻﷺ മക്കയിലേക്ക് പ്രവേശിച്ചപ്പോൾ വാതിലടച്ച് ഞാനെന്റെ വീട്ടിൽത്തന്നെ കൂടി. ശേഷം, എനിക്ക് അഭയം ലഭിക്കുമോ എന്നന്വേഷിക്കാൻ എന്റെ മകനെ പ്രവാചകരുﷺടെയടുത്തേക്കയച്ചു. ഞാൻ ഏതു നിലയിലും കൊല്ലപ്പെടാൻ സാധ്യതയുള്ളയാളായിരുന്നു. മകൻ അബ്ദുല്ല നബിﷺയെ സമീപിച്ചു. എന്നിട്ട് നബിﷺയോട് ചോദിച്ചു. “അല്ലയോ അല്ലാഹുവിന്റെ ദൂതരേ, എന്റെ പിതാവ് അവിടുത്തെ അഭയം അഭ്യർഥിക്കുന്നുണ്ട് “. “ഉടനെത്തന്നെ അഭയം നൽകിയിരിക്കുന്നു ” എന്ന് തിരുനബിﷺ പ്രതികരിച്ചു. “അല്ലാഹുവിനുള്ള സുരക്ഷയിൽ അയാൾ സംരക്ഷിതനാണ്. പുറത്തിറങ്ങിക്കൊള്ളട്ടെ” – എന്ന് നബിﷺ ചേർത്തു പറഞ്ഞു. നബിﷺ അനുയായികളോടായി ഇങ്ങനെയറിയിച്ചു. “സുഹൈൽ (റ) നല്ല ബുദ്ധിയും കാര്യശേഷിയുമുള്ളയാളാണ്. നിങ്ങളാരെങ്കിലും അദ്ദേഹത്തെക്കണ്ടുമുട്ടിയാൽ നോട്ടം കൊണ്ട് പോലും അദ്ദേഹത്തെ പ്രയാസപ്പെടുത്തരുത്. അദ്ദേഹത്തെപ്പോലെയുള്ളവർ ഇസ്‌ലാമിനെ അറിയാതെ പോയത് കഷ്ടമാണ് “.

വിവരങ്ങളെല്ലാം മകൻ പിതാവിനെ വിവരമറിയിച്ചു. അപ്പോൾ അദ്ദേഹം നബിﷺയെക്കുറിച്ച് ഇങ്ങനെ പറഞ്ഞു. “ചെറിയ പ്രായത്തിലും വലിയ പ്രായത്തിലും പ്രവാചകൻﷺ നന്മയുടെ കേന്ദ്രം തന്നെയാണല്ലോ “. അദ്ദേഹം വിശ്വാസത്തിലും അല്ലാതെയും മാറിയും തെന്നിയുമൊക്കെ നിന്നു. വിശ്വാസം തുറന്നു പ്രഖ്യാപിക്കാതെ തന്നെ ഹുനൈനിലും പങ്കെടുത്തു. ഒടുവിൽ ജഇറാനയിൽ വച്ച് ഇസ്‌ലാം പ്രഖ്യാപിച്ചു.

പിന്നീട് ഇസ്‌ലാമിക മുന്നേറ്റ പ്രവർത്തനങ്ങളിൽ ശാമിലേക്ക് പോയി. ഹിജ്റ 18ന് അമവാസ് പകർച്ചവ്യാധിയിൽ ഈ ലോകത്തോട് വിട പറഞ്ഞു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

((തുടരും)
ഡോ. മുഹമ്മദ് ഫാറൂഖ് നഈമി അൽ ബുഖാരി

#MahabbaTweet
#HistoryOfProbhet
#TaybaCentre
#FarooqNaeemi
#Tweet480

.

Leave a Reply