The biography of Prophet Muhammad – Month 20

Admin June 6, 2024 No Comments

The biography of Prophet Muhammad – Month 20

Mahabba Campaign Part-561

Tweet 561

അബൂബക്കർ(റ) റാഫിഇ(റ)നോട് പറഞ്ഞു തുടങ്ങി. അല്ലാഹു മുഹമ്മദ് നബിﷺയെ പവിത്രമായ ഈ ജീവിത വ്യവസ്ഥിതി അഥവാ ദീനുമായി നിയോഗിച്ചു. അതിന്റെ പ്രചാരണത്തിൽ അവിടുന്ന് നന്നായി പരിശ്രമിച്ചു. ഒരുപാട് ആളുകൾ സ്വയം സന്നദ്ധരായും നിർബന്ധിതരായും ആ മതത്തിലേക്ക് വന്നു. അവർ മതത്തിലേക്ക് പ്രവേശിച്ചതോടെ അല്ലാഹു അവർക്ക് സുരക്ഷ നൽകുകയും അവർ അല്ലാഹുവിന്റെ കാവലും സംരക്ഷണവും ലഭിക്കുന്നവരായി മാറുകയും ചെയ്തു. അല്ലാഹുവിന്റെ ആൾക്കാർ അയൽവാസികൾ അവന്റെ ഉത്തരവാദിത്വത്തിൽ കഴിയുന്നവർ എന്നൊക്കെ ആലങ്കാരികമായി പറയാം. അല്ലാഹുവിന്റെ ഇഷ്ടക്കാരിൽ അല്ലാഹുവിനുള്ള ബന്ധത്തെ ഇല്ലായ്മ ചെയ്യാൻ ആരെങ്കിലും ശ്രമിച്ചാൽ അല്ലാഹു അവരോടുള്ള അടുപ്പം ഇല്ലായ്മ ചെയ്യും. അവരുടെ എന്തെങ്കിലും അവകാശങ്ങളെ നിരാകരിച്ചാൽ അല്ലാഹുവിന്റെ കോപം അവർക്ക് ലഭിക്കും.

റാഫിഇ(റ) എന്നവർ പറയുന്നു. ഈ സംഭാഷണങ്ങൾക്ക് ശേഷം ഞാൻ അബൂബക്കറി(റ)നോട് യാത്ര പറഞ്ഞു പിരിഞ്ഞു. കുറേ കാലങ്ങൾക്ക് ശേഷം തിരുനബിﷺ ഈ ലോകത്തോട് യാത്ര ചോദിച്ചു. ശേഷം, അബൂബക്കർ(റ) ഭരണാധികാരിയായി തെരഞ്ഞെടുക്കപ്പെട്ടു. അപ്പോൾ ഞാൻ നേരെ അബൂബക്കറി(റ)ന്റെ അടുത്തേക്ക് ചെന്നു. അധികാരസ്ഥാനം വഹിക്കരുത് എന്ന് നേരത്തെ പറഞ്ഞ ഉപദേശത്തെ കുറിച്ചു ഞാൻ ഓർമ്മപ്പെടുത്തി. അല്ല, നിങ്ങളല്ലേ പറഞ്ഞത് രണ്ടാൾക്കുമേൽ പോലും അധികാരം ഏറ്റെടുക്കരുത് എന്ന്. അബൂബക്കർ(റ) പറഞ്ഞു. അതെ ഞാൻ നിങ്ങളോട് പറഞ്ഞിട്ടുണ്ട്. അപ്പോൾ റാഫിഇ(റ) വിളിച്ചു ചോദിച്ചു. അവിടുന്ന് ഇപ്പോൾ ഭരണാധികാരം ഏറ്റെടുത്തതോ? അപ്പോൾ അബൂബക്കർ(റ) പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു. ജനങ്ങൾ അഭിപ്രായ വ്യത്യാസത്തിൽ ആയി. നാശം വന്നു ഭവിക്കുമോ എന്ന് ഞാൻ ആശങ്കപ്പെട്ടു. അത്തരമൊരു സാഹചര്യത്തിലാണ് ഈ ഉത്തരവാദിത്വം എനിക്ക് ഏറ്റെടുക്കേണ്ടി വന്നത്. മറ്റൊരു മാർഗം അപ്പോൾ എന്റെ മുന്നിൽ ഉണ്ടായിരുന്നില്ല.

ഓരോന്നിനെക്കുറിച്ചും ഇസ്ലാമിന്റെ അടിസ്ഥാനവിചാരങ്ങൾ എങ്ങനെയാണ് എന്ന് മനസ്സിലാക്കാൻ ഇത്തരം വായനകൾ ഏറെ പ്രയോജനപ്പെടും. അധികാരം ആഗ്രഹിക്കുന്നതിനെക്കുറിച്ചും അതിനുവേണ്ടിയുള്ള മൽപ്പിടുത്തങ്ങളെ കുറിച്ചും. ഒരുപക്ഷേ, അധികാരമേൽപ്പിക്കപ്പെട്ടാൽ അതിനോട് കാണിക്കേണ്ട നീതിയെക്കുറിച്ചും. ആത്യന്തികമായ ക്ഷേമം ലക്ഷ്യം വെച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളെക്കുറിച്ചുമെല്ലാം മതത്തിനും പ്രവാചകനുംﷺ കൃത്യമായ കാഴ്ചപ്പാടുകളും നിയതമായ നിരീക്ഷണങ്ങളും ഉണ്ട്. അധികാരം മോഹിക്കുകയോ അപഹരിക്കുകയോ ആവശ്യപ്പെടുകയോ അരുത് എന്നാണ് അടിസ്ഥാന തത്വം. അതേസമയം ആഗ്രഹിക്കാതെയും ആവശ്യപ്പെടാതെയും ഏൽപ്പിക്കപ്പെടുന്ന നേതൃത്വം ഒരുപാട് അനുഗ്രഹത്തിന് നിമിത്തമായിരിക്കും. അങ്ങനെ എവിടെയെങ്കിലും ഉത്തരവാദിത്വം ഏൽപ്പിക്കപ്പെട്ടാൽ അതിന്റെ മഹത്വവും മൂല്യവും തിരിച്ചറിയാനും പരിപാലിക്കാനും ഒരു വിശ്വാസിക്ക് സാധിക്കണം. ഏത് ക്രമീകരണങ്ങളുടെയും ക്രയവിക്രയങ്ങളുടെയും ശരിയായ മൂല്യമറിഞ്ഞു കൊണ്ടാണ് സമീപിക്കേണ്ടത്.

അബൂബക്കറി(റ)ന്റെ നയസമീപനങ്ങൾ സമൂഹത്തിന്റെ സുരക്ഷയും മത മൂല്യങ്ങളുടെ സംരക്ഷണവുമായിരുന്നു എന്ന് വരികൾക്കിടയിലൂടെ നമുക്ക് മനസ്സിലാക്കാം. അധികാരത്തിന്റെ താൽപര്യത്തിന്മേൽ ഉയർന്നുവന്ന ഖിലാഫത്ത് ആയിരുന്നില്ല മഹാന്മാരായ സ്വഹാബികളുടേത്. മറിച്ച് തിരുനബിﷺ ഏൽപ്പിച്ച പവിത്രസംഹിതയുടെ കരുതലും കാവലും മാത്രമായിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-562

Tweet 562

ദാതുസ്സലാസിൽ സംഭവത്തിന്റെ പരിസരത്ത് ചില കൗതുകങ്ങൾ കൂടി ഉണ്ടായി. അബൂബക്കർ ബിൻ ഹസമ്(റ) ഉദ്ധരിക്കുന്നു. നല്ല തണുത്ത രാത്രിയിൽ ഞങ്ങൾ യാത്ര ചെയ്യവേ അംറുബിന് ആസിന്(റ) വലിയ അശുദ്ധി അഥവാ ജനാബത്ത് ഉണ്ടായി. വെള്ളം ഉപയോഗിച്ച് കുളിച്ചാൽ മരണപ്പെട്ടു പോകുമോ എന്ന അവസ്ഥയിലായി. അങ്ങനെ ആശങ്കാകുലനായി നിൽക്കവേ കൂട്ടുകാർ ചോദിച്ചു. എന്താണ് നിങ്ങൾ ആലോചിക്കുന്നത്? അദ്ദേഹം പറഞ്ഞു. എനിക്ക് സ്വപ്നസ്ഖലനം ഉണ്ടായി. ഈ തണുപ്പത്ത് ഞാൻ കുളിച്ചാൽ ചിലപ്പോൾ മരിച്ചുപോകും. എങ്ങനെയാണ് ശുദ്ധി വരുത്തുക എന്നാണ് ഞാൻ ആലോചിക്കുന്നത്. ശേഷം, അദ്ദേഹം വെള്ളം കൊണ്ടുവരാൻ പറഞ്ഞു. രഹസ്യ ഭാഗം കഴുകിയ ശേഷം വുളൂ അഥവാ അംഗസ്നാനം ചെയ്തു നിസ്കാരത്തിന് നേതൃത്വം നൽകി.

യാത്ര കഴിഞ്ഞ് മദീനയിലേക്ക് മടങ്ങിയെത്തിയ അദ്ദേഹം നബിﷺയോട് കാര്യങ്ങൾ വിശദീകരിച്ചു. ഒപ്പം വിശുദ്ധ ഖുർആൻ നാലാം അധ്യായം അന്നിസാഇലെ 29 ആം സൂക്തം കൂടി പാരായണം ചെയ്തു. സൂക്തത്തിന്റെ ആശയം ഇങ്ങനെയാണ്. “നിങ്ങള്‍ നിങ്ങളെത്തന്നെ കൊന്നുകളയരുത്. അല്ലാഹു നിങ്ങളോട് ഏറെ കരുണയുള്ളവനാണ്; തീര്‍ച്ച.” ഇത്രയും കേട്ടതും തിരുനബിﷺ ചിരിച്ചു. പ്രത്യേകിച്ച് വേറൊന്നും പ്രതികരിച്ചതായി അറിയില്ല. ഇമാം അബൂദാവൂദി(റ)ന്റെ നിവേദനത്തിൽ ഇങ്ങനെ കൂടി കാണാം. തിരുനബിﷺ ചോദിച്ചുവത്രേ. അല്ലയോ അംറെ(റ) ജനാബത്തോടുകൂടി നിങ്ങൾ ജനങ്ങൾക്ക് ഇമാമത്ത് നിന്നു അല്ലേ?

ജീവിതത്തിന്റെ വിവിധ ദിശകളിൽ മനുഷ്യന് സംഭവിക്കുന്ന കാര്യങ്ങൾ എങ്ങനെയാണ് അഭിമുഖീകരിക്കേണ്ടത് എന്ന കർമശാസ്ത്രം രൂപപ്പെടുന്നത് ഇത്തരം സന്ദർഭങ്ങളിലൂടെയാണ്. പ്രവാചക ജീവിതത്തിന്റെ ഓരോ രാപ്പകലുകളും അന്ത്യനാൾ വരെയുള്ള ഒരു മഹാവ്യവസ്ഥിതിയെ സംവിധാനിക്കുകയായിരുന്നു.

ഇനി മറ്റൊരു സംഭവത്തിലേക്ക് പോകാം പോകാം. ഔഫുബിൻ മാലിക്(റ) പറയുന്നു. അംറ് ബിൻ ആസി(റ)ന്റെ നേതൃത്വത്തിൽ നടന്ന ദാതുസ്സലാസിൽ അബൂബക്കറും(റ) ഉമറും(റ) ഒക്കെയുള്ള സംഘമായിരുന്നു സഞ്ചാരത്തിൽ ഞാനും ഉണ്ടായിരുന്നു. വഴിമധ്യേ ഒരു കൂട്ടം ആളുകളെ കണ്ടുമുട്ടാൻ ഇടയായി. അവർക്ക് ഒരു ഒട്ടകത്തെ അറുത്തിട്ട് അത് പൊളിച്ച് റെഡിയാക്കാൻ കഴിയാതെ വിഷമിക്കുകയായിരുന്നു. ഞാൻ അവരോട് ചോദിച്ചു നിങ്ങൾക്കു ഞാനിത് റെഡിയാക്കി തന്നാൽ എനിക്കൊരു വീതം നിങ്ങൾ തരാമോ? അവർ സമ്മതിച്ചു. ഉടനെ ഞാൻ കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് ഒട്ടകം ഭാഗങ്ങളാക്കി പാകപ്പെടുത്തി കൊടുത്തു. എനിക്ക് കിട്ടിയ വിഹിതം പാചകം ചെയ്ത് ഞങ്ങൾ സംഘമായി കഴിച്ചു. ശേഷം, അബൂബക്കറും(റ) ഉമറും(റ) എന്നോട് ചോദിച്ചു. നിങ്ങൾക്ക് എവിടുന്ന് കിട്ടി ഈ മാംസം? ഞാൻ കാര്യങ്ങളൊക്കെ വിശദീകരിച്ചു. അപ്പോൾ അവർ രണ്ടുപേരും പറഞ്ഞു. നിങ്ങൾ ഞങ്ങളെ ആ മാംസം കഴിപ്പിച്ചത് അത്ര റെഡി ആയില്ലല്ലോ. രണ്ടുപേരും കൈ വായയിലേക്ക് അവരുടെ ഉള്ളിൽനിന്ന് ഭക്ഷണം ഛർദ്ദിച്ചു കളഞ്ഞു. കഴിക്കുന്ന ഭക്ഷണം പരിപൂർണ്ണമായും കളങ്കമില്ലാത്തതാകണം എന്ന കണിശതയുള്ളവരായിരുന്നു അവർ രണ്ടുപേരും. ആ സൂക്ഷ്മതയുടെ അടിസ്ഥാനത്തിലാണ് അവർ അങ്ങനെ ചെയ്തത്.

സംഘം മദീനയിലേക്ക് മടങ്ങിയപ്പോൾ ഔഫു ബിനു മാലിക്(റ) ആണ് ആദ്യം നബിﷺയുടെ അടുത്തേക്ക് എത്തിയത്. ഇത്തരമൊരു സംഭവത്തിൽ തിരുനബിﷺയുടെ തീരുമാനം എന്തായിരിക്കും, ആദ്യം മറ്റുള്ളവരിൽ നിന്ന് അറിഞ്ഞാൽ പ്രതികരണം എങ്ങനെയായിരിക്കും എന്നെല്ലാം ചിന്തിച്ചു കൊണ്ടായിരിക്കണം ഔഫ് ബിൻ മാലിക്(റ) ആദ്യമെത്തിയത്. നബിﷺയുടെ അടുത്തേക്കെത്തിയതും തിരുനബിﷺ ചോദിച്ചു. ആരാണ്? ഒട്ടകത്തിന്റെ ആളല്ലേ? പിന്നീട്, അതിനെക്കുറിച്ച് ഒന്നും പറഞ്ഞില്ല.മുഹമ്മദ് ബിൻ ഉമർ(റ) പറയുന്നു. തുടർന്ന് തിരുനബിﷺ വർത്തമാനങ്ങൾ ഒക്കെ അന്വേഷിച്ചു. അംറുബിനുൽ ആസി(റ)നെ കുറിച്ചും അദ്ദേഹത്തെ അനുസരിച്ച അബൂ ഉബൈദ(റ)യെക്കുറിച്ചും പറഞ്ഞു കേട്ടപ്പോൾ അബൂ ഉബൈദ(റ)ക്ക് വേണ്ടി തിരുനബിﷺ പ്രത്യേകം പ്രാർത്ഥിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-563

Tweet 563

ഇമാം ത്വബ്റാനി(റ)യുടെ നിവേദനത്തിൽ ഇങ്ങനെയുണ്ട്. അംർ ബിൻ അൽ ആസ്(റ) പറയുന്നു. ദാതു സലാസ്സിൽ സൈനിക നീക്കം കഴിഞ്ഞ് മദീനയിൽ മടങ്ങിയെത്തിയപ്പോൾ സ്വഹാബികളിൽ ചിലർ തിരുനബിﷺയെ സമീപിച്ചു എന്നെക്കുറിച്ചു പറഞ്ഞു. യാത്രാമധ്യേ തണുപ്പുള്ള സമയത്ത് തീകായാൻ ഞങ്ങളെ ഇദ്ദേഹം അനുവദിച്ചില്ല. അപ്പോൾ ഞാൻ തിരുനബിﷺയോട് പറഞ്ഞു. അങ്ങനെ അനുവദിക്കാതിരുന്നത് മറ്റൊന്നും അല്ല നബിﷺയെ. നമ്മൾ രാത്രിയിൽ തീകത്തിച്ചാൽ നമ്മുടെ അംഗബലത്തെ കുറിച്ചുള്ള കൃത്യമായ വിവരം ഒരുപക്ഷേ ശത്രുക്കൾക്ക് ലഭിക്കും. അത് നമ്മുടെ സൈനിക തന്ത്രത്തെ ബാധിക്കും. ഈയൊരു വിചാരത്തിലാണ് ഞാൻ അങ്ങനെ അനുവദിക്കാതിരുന്നത്. എന്റെ വിശദീകരണം കേട്ടപ്പോൾ തിരുനബിﷺ എന്നെ പ്രശംസിക്കുകയും, തീരുമാനത്തോടുള്ള യോജിപ്പ് അറിയിക്കുകയും ചെയ്തു. അബൂ ഉസ്മാൻ അന്നഹ്ദി(റ) പറയുന്നു. അംറ് ബിൻ അൽ ആസ്(റ) പറയുന്നതായി ഞാൻ കേട്ടു. ദാതു സലാസിൽ സൈനിക നീക്കത്തിൽ തിരുനബിﷺ എന്നെ നേതാവാക്കി. അബൂബക്കറും(റ) ഉമറും(റ) ഒക്കെ സംഘത്തിൽ ഉണ്ടായിരുന്നു. അപ്പോൾ ഞാൻ സ്വയം വിചാരിച്ചു. തിരുനബിﷺയുടെ അടുക്കൽ എനിക്ക് ഉയർന്ന സ്ഥാനം ഉള്ളതുകൊണ്ട് ആയിരിക്കും എന്നെ ഈ സംഘത്തിന് നേതാവാക്കിയത്. ആ മനോവിചാരത്തോടുകൂടി ഞാൻ തിരുസന്നിധിയിൽ എത്തി. എന്നിട്ട് ഞാൻ ചോദിച്ചു. അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ, അവിടുത്തേക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ ആരാണ്? ആഇശ(റ). ഞാൻ അവിടുത്തെ കുടുംബത്തെക്കുറിച്ച് അല്ല ചോദിക്കുന്നത്. അപ്പോൾ നബിﷺ പറഞ്ഞു. ആഇശ(റ)യുടെ പിതാവ്. പിന്നെ ആരാണ്? ഉമർ(റ). അങ്ങനെ എന്റെ ചോദ്യം തുടരുകയും സ്വഹാബികളിൽ നിന്ന് ഒരു സംഘത്തിന്റെ പേര് നബിﷺ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്തു. അപ്പോൾ എനിക്ക് തോന്നി ഇനി ചോദിക്കാതിരിക്കലാണ് നല്ലത്. മറ്റൊരു നിവേദന പ്രകാരം ഇങ്ങനെയാണ്. ഞാൻ ഏറ്റവും അവസാനത്തെ ആളായി പോകുമോ എന്ന് കരുതി ഞാൻ എന്റെ ചോദ്യം അവസാനിപ്പിച്ചു.

ഈ സംഭവം നമുക്ക് നൽകുന്ന ഒരുപാട് ഗുണപാഠങ്ങൾ ഉണ്ട്. തിരുനബിﷺ സ്വഹാബികളുമായി സഹവസിച്ച രീതിയാണ് ഏറ്റവും പ്രധാനം. ഓരോരുത്തർക്കും തോന്നിയിരുന്നത് ഞാനാണ് തിരുനബിﷺക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ എന്നായിരുന്നു. എന്നാൽ, കൃത്യമായ മാനദണ്ഡങ്ങളോടെ തിരുനബിﷺയെ സ്വാധീനിച്ച ഉന്നത വ്യക്തിത്വങ്ങൾ ഉണ്ടായിരുന്നു. കൂട്ടുകാരൻ ചോദ്യം ഉന്നയിച്ചപ്പോൾ സത്യസന്ധമായി മാത്രം മറുപടി പറയുക എന്ന രീതിയാണ് തിരുനബിﷺ ഇവിടെ സ്വീകരിച്ചത്. വേണമെങ്കിൽ ചോദ്യ കർത്താവിനെ സുഖിപ്പിക്കാൻ വേണ്ടി നിങ്ങളാണ് എന്ന് പറയാമായിരുന്നു. അത് വസ്തുതയോട് നിരക്കാത്തതു കൊണ്ട് സത്യം മാത്രം പറയുന്ന തിരുനബിﷺക്ക് അത് പറയാൻ സാധിച്ചില്ല. അങ്ങനെ കേൾക്കാത്തതിൽ അനുയായിക്ക് പരിഭവവും ഇല്ല. ഞാൻ ഏറ്റവും പ്രിയപ്പെട്ട ആളായിരുന്നെങ്കിൽ എന്ന് ആഗ്രഹം മാത്രമാണ് ബാക്കിയായത്.

ഓരോ കാര്യത്തിനും നിയോഗിക്കുമ്പോൾ അതിന് ഏറ്റവും യോഗ്യനാര് എന്ന് കൃത്യമായി വീക്ഷിക്കുണ്ടായിരുന്നു. പരാമർശിക്കപ്പെട്ട സൈനിക നീക്കത്തിൽ ഏറ്റവും നന്നായി സൈനിക തന്ത്രങ്ങൾ വിനിയോഗിക്കുന്ന ആളെ ആയിരുന്നു വേണ്ടത്. അതിന് ഏറ്റവും യോഗ്യനായ ആളെ തിരുനബിﷺ നിയോഗിച്ചു. തങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ആളെ എല്ലാത്തിനും അയക്കുക എന്നതും നബിﷺയുടെ രീതിയല്ല. അങ്ങനെയായിരുന്നുവെങ്കിൽ അബൂബക്കർ(റ) നിയോഗിക്കപ്പെട്ടേനെ. പക്ഷേ, ആ സൈനിക നീക്കത്തിൽ അതിനേക്കാൾ പ്രയോജനപ്രദം യുദ്ധതന്ത്രങ്ങൾ അറിയുന്ന ആളെയായിരുന്നു.

തിരുനബിﷺയുടെ സ്നേഹ ലോകത്ത് കൃത്യമായ നിലവാരങ്ങളും അടുപ്പങ്ങളും ഹൃദയത്തിൽ സൂക്ഷിച്ചിരുന്നത് എങ്ങനെയാണ് എന്ന ഒരു ചിത്രം കൂടി ഈ സംഭവം നമുക്ക് പകർന്നു തരുന്നുണ്ട്. രാഷ്ട്രീയ സാമൂഹിക കാര്യങ്ങളിൽ മുൻഗണനാക്രമം നിശ്ചയിക്കേണ്ടത് ഏതു മാനദണ്ഡത്തിൽ ആണെന്നും നമുക്ക് പഠിപ്പിച്ചു തരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-564

Tweet 564
ഹിജ്റ എട്ടാം നൂറ്റാണ്ടിൽ അബൂ ഉബൈദ(റ)യുടെ നേതൃത്വത്തിൽ അൻസ്വാരികളും മുഹാജിറുകളും ഉൾകൊള്ളുന്ന മുന്നൂറിൽപരം സന്നദ്ധസേവകർ തിരുനബിﷺയുടെ നിർദ്ദേശപ്രകാരം ഖുറൈശി കച്ചവട സംഘത്തെ തേടി പുറപ്പെട്ടു. ഉമർ ബിൻ ഖത്വാബും(റ) സംഘത്തിൽ ഉണ്ടായിരുന്നു. വേറിട്ട അനുഭവങ്ങൾ ഉള്ള യാത്രയായിരുന്നു അത്. തോൽപാത്രങ്ങളിൽ കരുതിയ കുറഞ്ഞ കാരക്കകൾ മാത്രമാണ് അവർക്ക് ഭക്ഷണമായി ഉണ്ടായിരുന്നത്. അര മാസത്തോളം താണ്ടി കഴിഞ്ഞപ്പോൾ കയ്യിലുള്ള കാരക്കകൾ അവസാനിക്കാറായി. ഉടനെ അബൂഉബൈദ(റ)യുടെ നിർദ്ദേശപ്രകാരം എല്ലാവരുടെ പക്കലുള്ള കാരക്കളുടെ ബാക്കി ഒരു പാത്രത്തിൽ സമാഹരിച്ചു. ഓരോ സമയത്തും നിശ്ചിത വിഹിതം സംഘത്തലവൻ തന്നെ വിതരണം ചെയ്യാൻ തുടങ്ങി. ഒടുവിൽ ഒരു കാരക്ക വീതം പോലും ഇല്ലാതായപ്പോൾ ഒരു കാരക്ക തന്നെ പലരും അമ്മിഞ്ഞയീമ്പുമ്പോലെ പോലെ ഈമ്പുന്ന അവസ്ഥയിലായി. അങ്ങനെ ഈത്തപ്പഴ മധുരം നുണഞ്ഞ് അതിനുമേൽ വെള്ളം കുടിച്ചു കൊണ്ടായിരുന്നു പല ദിവസത്തെയും ഭക്ഷണം. വിശപ്പ് അനുഭവിച്ചു വളരെയേറെ ക്ഷീണിതരായി. മരത്തിന്റെ ഇലകൾ തട്ടിക്കൊഴിച്ച് കഴിക്കാൻ തുടങ്ങി. അതുവഴി പലരുടെയും വായകളിൽ മുറിവായി. അങ്ങനെ ദിവസങ്ങൾ വീണ്ടും കടന്നു പോയി. നാളുകൾ നീളുംതോറും ഇനി നമ്മൾ ശത്രുക്കളെ കണ്ടുമുട്ടിയാൽ നേരിടാൻ പറ്റാത്തത്ര ക്ഷീണിച്ചു പോകുമോ എന്ന് ഓരോരുത്തരും ആശങ്കപ്പെട്ടു.

മുഹമ്മദ് ബിൻ ഹസൻ(റ) നിവേദനം ചെയ്തത് പ്രകാരം മൂന്നുമാസം അവർ മരത്തിന്റെ ഇലകൾ കഴിച്ചു വിശപ്പടക്കി. മുഹമ്മദ് ബിൻ ഉമറി(റ)ന്റെ നിവേദനത്തിൽ ഇങ്ങനെ ഒരു സംഭവം കാണാം. പ്രസ്തുത സംഘത്തിൽ ഉണ്ടായിരുന്ന ഖൈസ് ബിൻ സഅദ് ബിൻ ഉബാദ(റ) ഇങ്ങനെ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. ആരാണ് ഞങ്ങൾക്ക് ഒട്ടകത്തെ തരിക? പകരം അതിന്റെ തുക ഈത്തപ്പഴമായി മദീനയിൽ നിന്നും നൽകാം. ഈ വർത്തമാനം കേട്ടപ്പോൾ ഉമറി(റ)ന് അത്ഭുതമായി. പൈസ ഇല്ലാത്തവൻ കടം വാങ്ങുകയാണോ ഇപ്പോൾ? ഇതെന്തൊരു കൗതുകമാണിത്. അങ്ങനെയിരിക്കെ ഖൈസ്(റ) ജുഹൈന ഗോത്രത്തിലെ ഒരാളെ കണ്ടുമുട്ടി. അയാളോട് അദ്ദേഹം ചോദിച്ചു. ഞാൻ മദീനയിലെ കാരക്ക നിങ്ങൾക്ക് തുകയായി നൽകാം പകരം ഒരു ഒട്ടകത്തെ തരുമോ? അദ്ദേഹം പറഞ്ഞു. എനിക്ക് നിങ്ങളെ അറിയില്ല? നിങ്ങൾ ആരാണ്? ഞാൻ ഖൈസ് ബിൻ സഅദ് ബിൻ ഉബാദ ബിൻ ദുലൈ(റ)മാണ്. അപ്പോൾ ജുഹൈനാ ഗോത്രക്കാരൻ പറഞ്ഞു. എനിക്ക് സഅദിനെ അറിയാം നിങ്ങളുടെ ഗോത്രവും മറ്റും എനിക്കറിയില്ല.

ഏതായാലും അഞ്ചു ഒട്ടകങ്ങളെ മദീനയിൽ നിന്നും മുന്തിയ തരം കാരക്ക നിശ്ചിത അളവിൽ നൽകാമെന്ന നിബന്ധനയോടെ വായ്പയായി നൽകി. അൻസ്വാരികളിലെയും മുഹാജിറുകളിലെയും ഒരു സംഘം അതിന് സാക്ഷി നിന്നു. കൂട്ടത്തിൽ ഉമർ(റ) സാക്ഷിയാകാൻ തയ്യാറായില്ല. കാരണം, ഖൈസി(റ)ന് സ്വന്തമായി ആസ്തി ഇല്ലെന്നും പിതാവിന് മാത്രമേ ഉള്ളൂ എന്നും ബഹുമാനപ്പെട്ടവർ വിശദീകരണം നൽകി. അപ്പോൾ ജുഹൈന ഗോത്രക്കാരൻ ഉമറി(റ)നോട് ഇങ്ങനെ പറഞ്ഞു. ശരി, പിതാവിന്റെ പക്കൽ സ്വത്ത് ഉണ്ടല്ലോ. നല്ല കർമ്മങ്ങളുടെയും നല്ല മുഖലക്ഷണത്തിന്റെയും ഉടമയായ അദ്ദേഹം ഏതായാലും അദ്ദേഹത്തിന്റെ മകനെ വിട്ടു കളയില്ല. അതും ഒരു കൂന കാരക്കക്ക് വേണ്ടി. ഖൈസി(റ)ന് സന്തോഷമായി.

ഒട്ടകത്തെ ഓരോന്നായി അറുത്ത് ഭക്ഷണം പാചകം ചെയ്ത് സംഘത്തിനും വിതരണം ചെയ്തു. തുടരെ തുടരെയായി ഒട്ടകത്തെ അറുക്കാൻ തുടങ്ങിയപ്പോൾ, അബൂ ഉബൈദ(റ) ഇടപെട്ടു. സ്വന്തമായി സ്വത്തില്ലാത്ത ഇദ്ദേഹം ഇങ്ങനെ കടം വാങ്ങി അറുക്കാൻ തുടങ്ങിയാൽ അത് ശരിയാവില്ലല്ലോ. തൽക്കാലം ഇനി അറുക്കരുത് എന്ന് അദ്ദേഹം താക്കീത് നൽകി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-565

Tweet 565
പ്രസ്തുത യാത്രയിലെ കൗതുകകരമായ ഒരു ഭാഗം കൂടി നമുക്കിങ്ങനെ വായിക്കാം. ജാബിർ(റ) പറയുന്നു. ഞങ്ങൾ കടൽത്തീരത്ത് കൂടി യാത്ര ചെയ്യുകയായിരുന്നു. അപ്പോഴതാ കടൽ ഞങ്ങൾക്ക് നല്ല ഒരു ജീവിയെ സമ്മാനിച്ചു. അംബർ എന്നാണ് അതിന്റെ പേര്. ഒരു തികഞ്ഞ കുന്നു പോലെയുള്ള മത്സ്യം എന്നും കാണാം. അതിനു സമാനമായ ഒരു മത്സ്യത്തെയും ഞങ്ങൾ കണ്ടിട്ടില്ല. കടലിൽ നിന്നു കിട്ടിയ ആ മത്സ്യം ഞങ്ങൾ പാചകം ചെയ്തു ഭക്ഷിച്ചു. അര മാസക്കാലം അല്ലെങ്കിൽ 18 ദിവസം എന്നിങ്ങനെ നിവേദനങ്ങളിൽ വായിക്കാം. ഒരു മാസം എന്നും അഭിപ്രായമുണ്ട്.

ഞങ്ങളുടെ സംഘത്തിലെ ഓരോരുത്തരും ശാരീരികമായി വളരെ പുഷ്ടിപ്പെട്ടു. ആ മത്സ്യത്തിന്റെ കണ്ണിൽ നിന്ന് പാത്രം കൊണ്ട് എണ്ണ കോരിയെടുക്കാമായിരുന്നു. വിശാലമായ പാത്രത്തിൽ ഞങ്ങൾ പാചകം ചെയ്യുകയും അതിന്റെ ഭാഗങ്ങൾ ഞങ്ങൾ കരുതി വെക്കുകയും ചെയ്തു. അബൂഉബൈദ(റ)യുടെ നിർദ്ദേശപ്രകാരം അതിന്റെ ഒരു മുള്ള് എടുത്ത് നാട്ടി വെച്ചു. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും നീളമുള്ള ആളോട് ഒത്തു നോക്കിയപ്പോൾ അതിനേക്കാൾ ഉയരം ഉണ്ടായിരുന്നു ആ മുള്ളിന്. വളവുള്ള ഒരു മുള്ള് നാട്ടി വെച്ചപ്പോൾ ഒരു കുതിര സവാരിക്കാരന് അതിന്റെ ഉള്ളിലൂടെ കടന്നു പോകാമായിരുന്നു. ഞങ്ങൾ മദീനയിലേക്ക് യാത്ര തിരിച്ചു. തിരുനബിﷺയുടെ സവിധത്തിൽ ചെന്ന് കാര്യങ്ങൾ അവതരിപ്പിച്ചു. അല്ലാഹു നിങ്ങൾക്ക് നൽകിയ പ്രത്യേക ഭക്ഷണമാണ് എന്ന് നബിﷺ സന്തോഷത്തോടെ പ്രതികരിച്ചു. നിങ്ങളുടെ പക്കൽ ഇനി അതിന്റെ ഭാഗം ബാക്കിയുണ്ടോ എന്ന് നബിﷺ അന്വേഷിച്ചു. ഒരാൾ കരുതിവച്ചിരുന്ന അല്പം മാംസം അതിൽ നിന്ന് നബിﷺക്ക് നൽകി. സന്തോഷത്തോടുകൂടി നബിﷺ സ്വീകരിക്കുകയും ഭക്ഷിക്കുകയും ചെയ്തു.

സ്വഹാബികളുടെ സഞ്ചാരത്തിന്റെ വേറിട്ട ഒരു അനുഭവമാണ് നാം വായിച്ചത്. സ്വഹാബികളുടെ ത്യാഗത്തിന്റെയും അതിനെ തുടർന്ന് അല്ലാഹു നൽകിയ മഹാ അനുഗ്രഹത്തിന്റെയും ഒരു നേർചിത്രമാണിത്. ഓരോ സമീപനത്തിന്റെയും പെരുമാറ്റത്തിന്റെയും അന്തിമ തീരുമാനം തിരുനബിﷺയോട് സംവദിച്ചതിനുശേഷമേ സ്വഹാബികൾ സ്വീകരിക്കുകയുള്ളൂ. തിരുനബിﷺ സ്വഹാബികളോട് കാണിച്ച സാമീപ്യത്തിന്റെ ലാളിത്യവും സൗന്ദര്യവും എത്ര മനോഹരമായിട്ടാണ് ഈ സംഭവം നമ്മോട് പകർന്നു തരുന്നത്. സ്വഹാബികൾ കരുതിവെച്ച മാംസത്തിൽ നിന്ന് വാങ്ങി കഴിക്കുന്നു. അവരുടെ നിലപാടിനോട് പ്രായോഗികമായി ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു. എത്ര സുന്ദരമാണ് കാഴ്ച.

കടലിൽ നിന്ന് കിട്ടുന്ന ഭക്ഷണത്തിന്റെ യാഥാർത്ഥ്യത്തെക്കുറിച്ചുള്ള ഒരു പ്രയോഗമാണ് അല്ലാഹു നിങ്ങൾക്ക് സമ്മാനിച്ചതാണ് എന്ന തിരുനബിﷺയുടെ ഭാഷ്യം. തിമിംഗലത്തിന്റെ വലിപ്പവും അതിന്റെ മാംസത്തിന്റെ പ്രാധാന്യവും എത്ര മേൽ മനോഹരമായിട്ടാണ് സ്വഹാബികൾ ആഖ്യാനിച്ചത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-566

Tweet 566

ഹിജ്റ എട്ടാം വർഷം ശഅ്ബാനിൽ അബൂ ഖതാദൽ അൻസ്വാരി(റ)യുടെ നേതൃത്വത്തിൽ നടത്തിയ നയതന്ത്ര നീക്കത്തെ നമുക്കൊന്നു വായിക്കാം. മുഹമ്മദ് ബിൻ ഉമർ അൽ അസ്ലമി(റ) പറയുന്നു. ബദ്റിൽ കൊല്ലപ്പെട്ട സുറാഖത്തുബ്നു ഹാരിസ(റ)യുടെ മകളെ വിവാഹം കഴിക്കാൻ ഞാൻ ഉദ്ദേശിച്ചു. ഈ ലോകത്ത് വെച്ച് ഏറ്റവും താല്പര്യമുള്ള കാര്യമായിരുന്നു ആ വിവാഹം. എന്നാൽ, 200 ദിർഹം അവൾക്ക് മഹറായി നൽകണം എന്നായിരുന്നു ധാരണ. എന്റെ പക്കൽ അതിലേക്ക് യാതൊരു സമ്പാദ്യവും ഉണ്ടായിരുന്നില്ല. ആവലാതിയുമായി ഞാൻ തിരുനബിﷺയുടെ അടുത്തെത്തി. തങ്ങളുടെ പക്കൽ അപ്പോൾ എനിക്ക് നൽകാൻ ഒന്നുമുണ്ടായിരുന്നില്ല. അവിടുന്ന് സാഹചര്യം എന്നെ അറിയിച്ചു.

തുടർന്ന് എന്നോട് പറഞ്ഞു. അബൂ ഖതാദ(റ)യേയും പതിനാല് പേരെയും ഒരു ദൗത്യത്തിനുവേണ്ടി നിയോഗിക്കുന്നുണ്ട്. ആ സംഘത്തിൽ നിങ്ങളും ചേർന്നാൽ നിങ്ങൾക്ക് മഹർ നൽകാനുള്ളത് ലഭിക്കും. നിങ്ങൾ പുറപ്പെടാൻ തയ്യാറാണോ? ഞാൻ പറഞ്ഞു, അതെ. അങ്ങനെയിരിക്കെ ജുസം ഗോത്രത്തിലെ മാന്യനും നേതാവുമായ ഒരാൾ തിരുനബിﷺക്കും മദീനക്കുമെതിരെ ഒരു സൈനിക നീക്ക സംഘാടനം നടത്തി. ഖൈസ് ഗോത്രത്തെ മുഴുവനായും സ്വാധീനിക്കാൻ ശ്രമിച്ചു. മദീനയിലേക്ക് വന്നു മുസ്ലിംകളെ ആക്രമിക്കുകയും പ്രവാചകനെﷺ നേരിടുകയും ആയിരുന്നു അവരുടെ ലക്ഷ്യം. ഇത്തരം സന്ദർഭങ്ങളിലെല്ലാം തിരുനബിﷺയെടുത്ത സമീപനം ശത്രുക്കൾ മദീനയിലേക്ക് വരാതെ അവരുടെ മടയിൽ തന്നെ അവരെ നേരിടുക എന്നതായിരുന്നു. അതിനുവേണ്ടിയാണ് പല ഘട്ടങ്ങളിലായി നിരവധി സൈനിക സംഘങ്ങളെ നിയോഗിക്കേണ്ടി വന്നത്. അത്തരം ഒരു നീക്കമാണ് ഇവിടെയും നടക്കാൻ പോകുന്നത്.

പതിനാറോ പതിനാലോ ആളുകൾ അടങ്ങുന്ന ഞങ്ങളുടെ സംഘം ഇവർക്കെതിരെ പ്രതിരോധം ഏർപ്പെടുത്താൻ യാത്ര ചെയ്തു. ഞങ്ങളുടെ പക്കൽ ഉണ്ടായിരുന്ന ആയുധങ്ങളും സന്നാഹങ്ങളും ഒപ്പം കരുതി. നജ്ദിന്റെ ഭാഗത്തുള്ള ഗത്ഫാനിലേക്കാണ് ഞങ്ങൾ ആദ്യം പോയത്. ഞങ്ങളുടെ സംഘത്തിന് പതിവുപോലെയുള്ള ഉപദേശങ്ങളും നിർദ്ദേശങ്ങളും തിരുനബിﷺ നൽകി. പകൽ സമയത്ത് സഞ്ചരിക്കരുതെന്നും രാത്രികാലത്ത് മാത്രം സഞ്ചരിക്കുകയും പകൽസമയത്ത് ഒളിച്ചുകഴിയുകയും വേണമെന്നാണ് നിർദ്ദേശം നൽകിയത്. കുട്ടികളെയും സ്ത്രീകളെയും വധിക്കരുതെന്നും അനാവശ്യമായ നശീകരണ പ്രവർത്തനങ്ങളിൽ ഒന്നും ഇടപെടരുതെന്നും വളരെ പ്രാധാന്യത്തോടെ തന്നെ തിരുനബിﷺ ഉപദേശിച്ചു.

യാത്രാ സംഘം മുന്നോട്ടു നീങ്ങിയപ്പോളെല്ലാം അബൂ ഖതാദ(റ) വേണ്ട നിർദ്ദേശങ്ങൾ നൽകി. ഇടയിൽ നിശ്ചിത സ്ഥലത്തെത്തിയപ്പോൾ സംഘത്തിന്റെ നേതാവായ അദ്ദേഹം ഞങ്ങളെ അഭിസംബോധന ചെയ്തു. കൂട്ടത്തിലെ അംഗങ്ങൾ തമ്മിലുള്ള പാരസ്പര്യത്തെക്കുറിച്ച് ആയിരുന്നു പ്രധാനമായും പറഞ്ഞത്. ഒരാൾ മറ്റൊരാൾക്ക് എങ്ങനെയെല്ലാം തുണയാകാനും ദൗത്യ പൂർത്തീകരണത്തിന് വേണ്ടി സഹകരിക്കാനും സാധിക്കും എന്ന് അവിടുന്ന് വിശദീകരിച്ചു. അഭിപ്രായവ്യത്യാസങ്ങൾ തീരെ ഉണ്ടാകരുത് എന്ന് കർക്കശമായി പറഞ്ഞു. ജോഡികളായി നിശ്ചയിച്ചവരിൽ ഒരാൾ മറ്റൊരാളുടെ വിവരങ്ങൾ എത്തിക്കേണ്ട സമയത്ത് കൃത്യമായി എത്തിക്കണം എന്ന് നിർദ്ദേശിച്ചു. അമീർ ആക്രമണം ആരംഭിച്ചാൽ മാത്രം ആക്രമണം ആരംഭിക്കണമെന്നും തക്ബീർ മുഴക്കിയാൽ ഒപ്പം തക്ബീർ മുഴക്കണമെന്നും സവിശേഷമായി ഓർമ്മപ്പെടുത്തി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-567

Tweet 567
അബൂ ഖതാദ(റ) വാളു പുറത്തെടുത്തു. തക്ബീർ മുഴക്കാൻ തുടങ്ങി. ഞങ്ങളെല്ലാവരും വാളുകൾ ഉറയിൽ നിന്ന് ഊരിയെടുത്ത ശേഷം തക്ബീർ മുഴക്കി. അപ്പോഴതാ ദീർഘകായനായ ഒരാൾ. അഹംഭാവത്തോടെയാണ് അയാളുടെ നടത്തം. ഇടക്കിടക്ക് എന്നെ അഭിമുഖീകരിക്കുകയും ചിലപ്പോഴൊക്കെ എന്റെ പിൻവശത്തുകൂടി ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഞാൻ അയാളെ പിന്തുടർന്നു. അല്ലയോ മുസ്ലിമേ സ്വർഗത്തിലേക്ക് സ്വാഗതം എന്ന് അയാൾ പറഞ്ഞു. ഞാൻ അയാളുടെ പിന്നാലെ തന്നെ കൂടി. നിങ്ങളുടെ ഒപ്പമുള്ള ആൾ നന്നായി ചതിപ്രയോഗം അറിയുന്ന ആളാണ് അയാളുടെ സ്വർഗ്ഗം സ്വർഗം എന്ന് പറഞ്ഞു കൊണ്ടാണ് സഞ്ചരിക്കുന്നത്. അപ്പോൾ ഞാൻ എന്റെ കൂട്ടുകാരനെ വിളിച്ചു. ഒടുവിൽ ഞാൻ എന്റെ പ്രതിയോഗിയെ വധിച്ചു. അവന്റെ ആയുധങ്ങൾ കൈക്കലാക്കി. അപ്പോൾ എന്റെ സഹപട്ടാളക്കാരൻ ചോദിച്ചു. നമ്മൾ എങ്ങോട്ടാണ് പോകുന്നത്?

പിന്നെയും പോരാട്ടങ്ങൾ നീണ്ടുനിന്നു. ഒടുവിൽ ആർജിത സമ്പത്തുമായി ഞങ്ങൾ ഒരു ഭാഗത്തേക്ക് നിന്നു. യുദ്ധത്തിന്റെ അടിസ്ഥാന നിർദ്ദേശങ്ങൾ ഒക്കെ പാലിച്ചു. ഞങ്ങൾ കുറച്ചു ദിവസം അവിടെ ഒളിച്ചു കഴിഞ്ഞു. ചതി പ്രയോഗം നടത്തുന്നവരുടെ അടുത്ത നീക്കങ്ങളെ കുറിച്ച് നിരീക്ഷിക്കാനായിരുന്നു അത്. 15 ദിവസം ഒളിവിൽ കഴിഞ്ഞതിനു ശേഷം ആയിരം ആടുകളും 200 ഒട്ടകങ്ങളും ഒട്ടനവധി സമ്പാദ്യങ്ങളുമായി ഞങ്ങൾ മടങ്ങാൻ ഒരുങ്ങി. റിഫാഅ എന്ന പ്രഖ്യാപിത ശത്രുവിനെ ഞങ്ങൾ പരാജയപ്പെടുത്തുകയും അവന്റെ ശിരസ്സെടുക്കുകയും ചെയ്തു.
ലഭിച്ച സമ്പാദ്യത്തിന്റെ അഞ്ചിലൊന്നു നീക്കിവെച്ച ശേഷം ബാക്കിയുള്ളത് യോദ്ധാക്കൾക്കിടയിൽ വിതരണം ചെയ്തു. ഓരോരുത്തർക്കും 13 ഒട്ടകങ്ങൾ വീതം ലഭിച്ചിരുന്നു. അബ്ദുല്ലാഹിബിന് അബി ഹദ്റദ്(റ) പറയുന്നു. ഞങ്ങൾ തിരുനബിﷺയുടെ സന്നിധിയിൽ എത്തി. അബൂ റിഫാഅയുടെ ശിരസ്സും വഹിച്ചു കൊണ്ടായിരുന്നു എത്തിയത്. അതിനുപകരമായി തിരുനബിﷺ എനിക്ക് 13 ഒട്ടകങ്ങൾ നൽകി.

ഓരോ സൈനിക ചുവടുകളും മദീനയെ കൂടുതൽ സുരക്ഷിതമാക്കി. ആർക്കും പെട്ടെന്ന് ആക്രമിക്കാൻ ആവാത്ത വിധം സൈനികശക്തികൊണ്ട് സുസജ്ജമാണെന്ന് ബോധ്യപ്പെടുത്തി. പൊടുന്നനെയുള്ള ഒരാക്രമണത്തിനും മദീനയെ കീഴൊതുക്കാൻ ആവില്ലെന്ന് മറ്റു രാജ്യങ്ങളെ അറിയിക്കേണ്ടത് ഒരു അനിവാര്യതയായിരുന്നു. അതു ഭംഗിയായി നിർവഹിക്കാൻ ഇത്തരം സൈനിക പെരുമാറ്റങ്ങൾക്ക് കഴിഞ്ഞു.

ഇനി നമുക്ക് മറ്റൊരു സംഭവത്തിലേക്ക് നീങ്ങാം. തിരുനബിﷺ മക്കയിലേക്ക് പോകാൻ ഒരുങ്ങുകയാണ്. മക്കാ വിജയത്തിന് മുമ്പ് റമളാനിലായിരുന്നു സംഭവം. അബൂ ഖതാദ(റ)യെ എട്ടംഗ സംഘത്തോടൊപ്പം ഇളം താഴ്വരയിലേക്ക് നിയോഗിച്ചു. പ്രവാചകൻﷺ സഞ്ചരിക്കാനുള്ളത് ഈ വഴിയായിരിക്കും എന്ന ധാരണ പരത്താൻ വേണ്ടിയായിരുന്നു അത്. അനിവാര്യമായ ഘട്ടത്തിൽ അതികൗശലങ്ങൾ പ്രയോഗിച്ചു വേണം ഒരു സമൂഹത്തെയും രാഷ്ട്രത്തെയും യുദ്ധത്തെയും നയിക്കാൻ. ആ വിധത്തിൽ തിരുനബിﷺ പല ഘട്ടങ്ങളിലും പ്രയോഗിച്ച സൈനിക തന്ത്രങ്ങൾ ഏവരെയും അത്ഭുതപ്പെടുത്തുന്നതാണ്. ശത്രുക്കളുടെ ചെറിയൊരു ചതിയിൽ പോലും പെടാതിരിക്കാൻ രാഷ്ട്രത്തെയും അനുയായികളെയും കൃത്യമായി സംരക്ഷിക്കുന്നതിൽ ഇത്തരം തന്ത്രങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ടായിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-568

Tweet 568
അടുത്ത ഒരു സൈനിക നീക്കത്തെ കുറിച്ച് ഉസാമത് ബിൻ സൈദ്(റ) പറയുന്നു. ജുഹൈന ഗോത്രത്തിലെ ഹുറഖയിലേക്ക് നബിﷺ ഞങ്ങളെ നിയോഗിച്ചു. മിർദാസ് ബിൻ നഹീക് എന്നയാളെ നേരിടാൻ വേണ്ടിയായിരുന്നു യാത്ര. അയാളോടൊപ്പം ഉള്ളവരും അയാളുടെ സംവിധാനങ്ങളും ഏറെക്കുറെ ശക്തമായിരുന്നു. പക്ഷേ, അവരെ ഞങ്ങൾ അതിവിദഗ്ധമായി പ്രതിരോധിച്ചു. ഒരു ചുവന്ന ഒട്ടകവും ഒരുപറ്റം ആട്ടിൻകുട്ടികളും ഒപ്പം ഉണ്ടായിരുന്ന മിർദാസ് അദ്ദേഹത്തിന്റെ മടയിലേക്ക് പോകുന്നത് ഞങ്ങൾ കാത്തിരുന്നു. അയാൾ തന്റെ ആവാസസ്ഥാനത്തേക്ക് എത്തിച്ചേരുമ്പോഴേക്കും ഞാൻ അയാളെ പിന്തുടർന്നു. അദ്ദേഹം തന്റെ മടയിൽ കയറിയതും ഞങ്ങൾ അഭിമുഖീകരിച്ചു. ജീവരക്ഷാർത്ഥം അയാൾ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന് ചൊല്ലി. ഗതികെട്ടപ്പോൾ തടി രക്ഷപ്പെടുത്താൻ വേണ്ടിയാണ് അത് ചൊല്ലിയത് എന്ന് ഞങ്ങൾക്ക് മനസ്സിലായി. അതിനാൽ ഞങ്ങൾ അയാളെ കൈവിട്ടില്ല. കൊലപ്പെടുത്തി കളഞ്ഞു. അയാളുടെ സ്വത്തുകൾ ഞങ്ങൾ കൈവശപ്പെടുത്തി.

സൈനിക ഇടപെടലുകൾക്ക് ശേഷം ഞങ്ങൾ മദീനയിലെത്തിയപ്പോൾ വിവരങ്ങളെല്ലാം നബിﷺയോട് പങ്കുവെച്ചു. സത്യ വാചകം ചൊല്ലിയ ഒരാളെ പിന്നെ എന്തിനാണ് ആയുധപ്രയോഗം നടത്തിയത് എന്നായിരുന്നു അവിടുത്തെ ചോദ്യം. അത് അയാൾ ആത്മരക്ഷയ്ക്ക് വേണ്ടി ചെയ്തതാണല്ലോ എന്ന് പറഞ്ഞപ്പോൾ, നിങ്ങൾ അയാളുടെ ഹൃദയം തുറന്നു നോക്കിയിരുന്നോ എന്നായിരുന്നു തിരുനബിﷺയുടെ പ്രതികരണം. തിരുനബിﷺയുടെ അതൃപ്തിയും അനിഷ്ടവും പ്രതികരണവും ഉസാമ(റ)യെ ആകെ വ്യാകുലപ്പെടുത്തി. ആത്മരക്ഷയ്ക്ക് വേണ്ടിയാണ് അയാൾ സത്യവാചകം ചൊല്ലിയത് എന്ന വിശദീകരണം തിരുനബിﷺക്ക് തൃപ്തിയായില്ല. അയാളുടെ ഹൃദയത്തിൽ അന്നേരമെങ്കിലും ഒരു മാറ്റം വന്നിരുന്നെങ്കിൽ എന്ന ഭാഗമാണ് തിരുനബിﷺ ചോദിച്ചത്.

തിരുനബിﷺക്ക് ഏറ്റവും പ്രിയപ്പെട്ട ആളാണ് ഉസാമ(റ). കാരണം പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പേ നബിﷺയെ തിരിച്ചറിയുകയും ഒപ്പം നിന്ന് പരിചരിക്കുകയും ചെയ്ത സൈദി(റ)ന്റെ മകൻ ആണല്ലോ. തിരുനബിﷺയുടെ നേരെ പേരക്കുട്ടികളായ ഹസ്സൻ ഹുസൈനോടൊപ്പം ഓടിക്കളിക്കുന്ന ആളുമായിരുന്നു. ഇത്രമേലേറെ സ്നേഹമുണ്ടായിരുന്നിട്ടും തിരുനബിﷺ വിയോജിപ്പ് പ്രകടിപ്പിച്ചത് വിഷയം അത്രമേൽ ഗൗരവമായിരുന്നതുകൊണ്ടാണ്. ഉസാമ(റ) പറയുന്നു. ഈ വിഷയത്തിൽ തിരുനബിﷺയുടെ പ്രതികരണം കണ്ടപ്പോൾ ഈയൊരു കാലത്തിനുശേഷം ഇസ്ലാമിലേക്ക് വന്നാൽ മതിയായിരുന്നു എന്ന് തോന്നിപ്പോയി.

കൃത്യമായ ഒരു ആശയത്തിന്റെയും വ്യക്തമായ ഒരു നിലപാടിന്റെയും പേരിലായിരുന്നു തിരുനബിﷺയുടെ ഓരോ നീക്കങ്ങളും. ഒരു വ്യക്തിയോടോ രാഷ്ട്രത്തോടോ അധികാരപരമായ താല്പര്യമോ അനിഷ്ടമോ അവിടുത്തേക്ക് ഉണ്ടായിരുന്നില്ല. മറിച്ച്, എന്നെന്നും നിലനിൽക്കേണ്ട അടിസ്ഥാന വിശ്വാസത്തെ പ്രചരിപ്പിക്കുകയായിരുന്നു ആത്യന്തിക ലക്ഷ്യം. അതിനോട് യോജിക്കുന്ന എല്ലാത്തിനോടും യോജിക്കുകയും അതിനോട് വിയോജിക്കുന്ന എല്ലാത്തിനോടും വിയോജിക്കുകയുമായിരുന്നു നിലപാട്. ഏറെ വാത്സല്യവും സ്നേഹവും ഉള്ള ഉസാമ(റ)യോട് തിരുനബിﷺ അനിഷ്ടം പ്രകടിപ്പിച്ചത് ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്ന ആശയത്തോടും അതൊരാൾ സ്വീകരിച്ചാൽ ഉള്ള മൂല്യത്തോടുമുള്ള അതിരറ്റ സ്നേഹമായിരുന്നു. ഒടുവിൽ ഉസാമ(റ) തന്റെ പിഴവ് സമ്മതിക്കുകയും മാപ്പിരക്കുകയും ചെയ്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-569

Tweet 569
ഹിജ്റ എട്ടാം വർഷം റമളാൻ അഞ്ചിന് ഖാലിദ് ബിൻ വലീദി(റ)ന്റെ നേതൃത്വത്തിൽ ഒരു സംഘം പുറപ്പെട്ടു. നഖ്ല: എന്ന പ്രദേശത്തെ ഒരു ഭവനത്തിലേക്ക് ആയിരുന്നു യാത്ര. അവിടെയാണ് മക്കാ മുശ്‌രിക്കുകൾ ആരാധിച്ചിരുന്ന ഉസ്സ എന്ന ബിംബത്തെ അവർ പ്രതിഷ്ഠിച്ചിരുന്നത്. പടച്ചവൻ ശൈത്യകാലത്ത് ത്വാഇഫിൽ ലാത്തയുടെ അടുക്കലും വേനൽക്കാലത്ത് നഖ്ലയിൽ ഉസ്സയുടെ അടുത്തുമായിരിക്കുമുണ്ടാവുക എന്നൊരു വിശ്വാസം അവർക്കുണ്ടായിരുന്നു.

ബനൂ ശൈബാൻ ഗോത്രത്തിലെ ആളുകളായിരുന്നു ഉസ്സയുടെ മഠം പരിപാലിക്കുകയും പരിചരിക്കുകയും ചെയ്തിരുന്നത്. കഅബയിലേക്ക് വഴിപാടുകൾ നടത്തുന്നതുപോലെ ഈ ഭവനത്തിലേക്കും അവർ വഴിപാടുകൾ നടത്തിയിരുന്നു.

ഇത്തരമൊരു ആരാധനയുടെയും പ്രതിഷ്ഠയുടെയും അർത്ഥശൂന്യത ബോധ്യപ്പെടുത്താനും മനുഷ്യൻ കല്ലുകൊണ്ട് കൊത്തി ഉണ്ടാക്കിയ ബിംബങ്ങൾ കേവലം കല്ലുകൾ മാത്രമാണെന്ന് വ്യക്തമാക്കി കൊടുക്കാനും ഖാലിദി(റ)നെ നബിﷺ നിയോഗിച്ചു. അവർ തന്നെ കുത്തി ഉണ്ടാക്കിയ ഈ കല്ലുകൾ സ്വയം ശക്തികൊണ്ട് ഉപകാരമോ ഉപദ്രവമോ നൽകും എന്നായിരുന്നു അവരുടെ വിശ്വാസം. അത് ശരിയല്ലെന്ന് ബോധ്യപ്പെടുത്തി കൊടുക്കേണ്ടത് സത്യവിശ്വാസികളുടെ ആവശ്യമായിരുന്നു. അന്ധവിശ്വാസത്തിൽ നിന്ന് ജനങ്ങളെ രക്ഷപ്പെടുത്തൽ അനിവാര്യമായിരുന്നു. സാക്ഷാൽ ലാത്ത, ഉസ്സ തുടങ്ങി പ്രതിഷ്ഠകളെ തന്നെ നാം എന്തു ചെയ്താലും അവ പ്രതികരിക്കുകയോ പ്രതിരോധിക്കുകയോ ഇല്ലെന്ന് കാണിച്ചു കൊടുക്കേണ്ടതുണ്ടായിരുന്നു. ഖാലിദ്(റ) ബിംബങ്ങളെ സമീപിക്കുമ്പോൾ ബിംബങ്ങൾ പ്രതികരിച്ചു കൊള്ളട്ടെ എന്നു കരുതി ആരാധനയും പ്രതിഷ്ഠയും നിർവഹിച്ചിരുന്നവർ മാറിനിന്നു നോക്കി.

പക്ഷേ, ഖാലിദി(റ)ന് ഒന്നും സംഭവിച്ചില്ല. അപ്പോഴാണ് പലർക്കും യാഥാർത്ഥ്യം ബോധ്യമായത്. അവർ ആരാധിച്ചിരുന്ന ബിംബങ്ങളോട് അവർ വിളിച്ചുപറഞ്ഞു കൊണ്ടേയിരുന്നു, ഖാലിദി(റ)നെ നിങ്ങൾ കൈകാര്യം ചെയ്യുവിൻ. ഖാലിദി(റ)നെ നിസ്സാരപ്പെടുത്തുകയും ചെയ്യൂ. ബിംബങ്ങൾ എന്തെങ്കിലും ചെയ്യും എന്നായിരുന്നു അവരുടെ വിശ്വാസം. പക്ഷേ, ഖാലിദ്(റ) നിഷ്പ്രയാസം ബിംബാരാധനയുടെ അർത്ഥശൂന്യത ബോധ്യപ്പെടുത്തുകയും ആ പ്രതിഷ്ഠകൾ കേവലം കല്ലുകൾ ആണെന്ന് തെളിയിച്ചു കൊടുക്കുകയും ചെയ്തപ്പോൾ മലമുകളിൽ കയറി നിന്ന് ഖാലിദി(റ)ന് എന്തെങ്കിലും സംഭവിക്കുമെന്ന് കരുതിയിരുന്നവർ താഴേക്ക് വന്നു ഖാലിദി(റ)നെ അംഗീകരിച്ചു. ഖാലിദി(റ)ന്റെ മുന്നേറ്റം കൊണ്ട് ആ പ്രവിശ്യയിൽ മുഴുവനും അന്ധവിശ്വാസങ്ങൾ ഇല്ലാതെയാവുകയും ഏകദൈവ വിശ്വാസത്തിലേക്ക് ആളുകൾ എത്തിച്ചേരുകയും ചെയ്തു. അപ്പോൾ പ്രവാചകൻﷺ ഇങ്ങനെ പറഞ്ഞു. ഇനി ഒരിക്കലും ഈ നാട്ടിൽ ഉസ്സ ആരാധിക്കപ്പെടുകയില്ല. ഉസ്സ പൂർണമായി നിരാശനായി.

ഏതു പ്രതികൂല സാഹചര്യത്തിലും സത്യം വിളിച്ചു പറയാനും സത്യത്തിന്റെ സംസ്ഥാപനത്തിനായി ഏത് പ്രതിസന്ധിയും അതിജീവിക്കാനും മഹാന്മാരായ സ്വഹാബികൾ പാകപ്പെട്ടു കഴിഞ്ഞു. ഇസ്ലാം മുന്നോട്ട് വെക്കുന്നത് ആദർശപരമായ ചുവടുകൾ ആണെന്നും ആശയപരമായ ഒരു മഹത്വത്തെ സ്ഥാപിക്കാൻ വേണ്ടിയാണ് പ്രവാചകനുംﷺ അനുയായികളും പരിശ്രമിക്കുന്നതെന്നും അറബ് ജനതയ്ക്ക് ബോധ്യമാവുകയും ഇസ്ലാം സ്വീകരിക്കപ്പെടുകയും ചെയ്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-570

Tweet 570
ഖാലിദ് ബിനു വലീദ്(റ) ഉസ്സയുമായി ബന്ധപ്പെട്ട അന്ധവിശ്വാസങ്ങളെ തിരുത്താനും കേവലം ഒരു ബിംബത്തിന്റെ ശൂന്യതയെ കുറിച്ച് ബോധ്യപ്പെടുത്താനും പ്രവർത്തിച്ചതുപോലെ സുവാഇന്റെ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൈകാര്യങ്ങൾക്ക് നിയോഗിക്കപ്പെട്ട ആളായിരുന്നു അംറുബിനു ആസ്(റ). ഒരു സ്ത്രീയുടെ രൂപത്തിലായിരുന്നു ആ പ്രതിഷ്ഠ ഉണ്ടായിരുന്നത്. അംറ്(റ) അവിടേക്ക് ചെല്ലുമ്പോൾ ഈ പ്രതിഷ്ഠ സ്ഥാപിച്ചിട്ടുള്ള കെട്ടിടത്തിന്റെ പരിപാലകൻ അവിടെയുണ്ടായിരുന്നു. അദ്ദേഹം അംറി(റ)നോട് ചോദിച്ചു. നിങ്ങൾ എന്ത് ഉദ്ദേശത്തിലാണ് വന്നിട്ടുള്ളത്? ഉടനെ അദ്ദേഹം പറഞ്ഞു. പ്രവാചകൻﷺ എന്നെ നിയോഗിച്ചതാണ്. ഇത് കേവലം ഒരു പ്രതിഷ്ഠ ആണെന്നും ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കില്ലെന്നും ഞങ്ങൾ വിശ്വസിക്കുന്നു. അത്തരമൊരു വിശ്വാസത്തോടുകൂടി ഇതിനെ ഇവിടെ സ്ഥാപിച്ചതിൽ യാതൊരു പ്രസക്തിയുമില്ല. ഇതിവിടെ നിന്ന് നീക്കം ചെയ്തതുകൊണ്ട് ആർക്കും ഒന്നും സംഭവിക്കുകയുമില്ല.

അപ്പോൾ പരിപാലകനായ വ്യക്തി പറഞ്ഞു. നിങ്ങൾ അതിന് നീക്കം ചെയ്യാൻ ഒന്നു സമീപിച്ചു നോക്കൂ. തീർച്ചയായും! നിങ്ങൾ തടയപ്പെടും. അയാളുടെ വിശ്വാസം അങ്ങനെയായിരുന്നു. അപ്പോൾ അംറ്(റ) പറഞ്ഞു. ഇതെന്തു കഷ്ടം! നിങ്ങൾ ഇപ്പോഴും ഈ അന്ധവിശ്വാസത്തിലാണോ ജീവിക്കുന്നത്? കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട ആ പ്രതിമ കേൾക്കുകയോ കാണുകയോ ചെയ്യുമോ? എന്നിട്ട് അംറ്(റ) പ്രതിമയുടെ അടുത്തേക്ക് നീങ്ങി. അതിനെ ആയുധം കൊണ്ട് സമീപിച്ചു. ആ പ്രതിഷ്ഠ ഒന്നും പ്രതികരിച്ചില്ല. പരിപാലകൻ കണ്ണുംനട്ട് നോക്കി നിന്നു. ഒടുവിൽ ഖജനാവിലേക്ക് നോക്കിയപ്പോൾ അവിടെയും ഒന്നും കാണാനില്ല. ദൗത്യങ്ങളെല്ലാം പൂർത്തിയായപ്പോൾ അംറ്(റ) പ്രതിഷ്ഠയുടെ പരിപാലകനോട് ചോദിച്ചു. എന്താണ് നിങ്ങളുടെ അഭിപ്രായം?

അദ്ദേഹം പറഞ്ഞു. ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു. അപ്പോഴാണ് അദ്ദേഹം തിരിച്ചറിയുന്നത് ഞാൻ വലിയ അന്ധവിശ്വാസത്തിൽ ആയിരുന്നു എന്ന്. കേട്ടുകേൾവിയുടെയും പാരമ്പര്യത്തിന്റെയും അടിസ്ഥാനത്തിൽ മാത്രം അബദ്ധവിശ്വാസങ്ങൾ വച്ചുപുലർത്തിയവരെ നേർവഴിക്ക് കൊണ്ടുവരികയായിരുന്നു പ്രവാചകരുﷺടെ ദൗത്യം. തിരുനബിﷺയുടെ ദൗത്യത്തെ ഒറ്റ വാചകത്തിൽ പറഞ്ഞാൽ സൃഷ്ടികളെ ആരാധിക്കുന്നതിൽ നിന്ന് സ്രഷ്ടാവിനെ ആരാധിക്കുന്നതിലേക്ക് ജനങ്ങളെ കൊണ്ടുവരിക എന്നതായിരുന്നു. അതിനാവശ്യമായ ഉൽബോധനങ്ങളും നയ സമീപനങ്ങളും തിരുനബിﷺ നടത്തി. ചിലപ്പോൾ പ്രായോഗികമായി തന്നെ ഇത്തരം കാര്യങ്ങൾ ബോധ്യപ്പെടുത്തി കൊടുക്കേണ്ടി വന്നു. അങ്ങനെ ഒരു മുഹൂർത്തം ആയിരുന്നു ഇത്തരം സംഭവങ്ങളിൽ നാം കണ്ടത്. കേവലം ഒരു ബിംബത്തെ തൊട്ടാൽ അത് പ്രതികരിക്കുമെന്നും അതിനു സ്വയമായി കഴിവുകൾ ഉണ്ടെന്നും വിശ്വസിച്ചിരുന്നവരെ അവരുടെ ആലയങ്ങളിൽ പോയി നേരിട്ട് യാഥാർത്ഥ്യം ബോധ്യപ്പെടുത്തി കൊടുക്കുക എന്ന ദൗത്യമാണ് ഇത്തരം നീക്കങ്ങളിലൂടെ തിരുനബിﷺ നിർവഹിച്ചത്.

ഇത്തരം നയ സമീപനങ്ങൾക്ക് രൂപപ്പെടേണ്ട അധികാരവും പരിസരവും ഒക്കെ പരിഗണിച്ചു കൊണ്ടായിരുന്നു പ്രവാചകൻﷺ അത്തരം നടപടികളിലേക്ക് പോയത്. ബലാൽക്കാരമായി ആരെയും ഒരു മതത്തിൽ നിന്നും ഇസ്ലാമിലേക്ക് പ്രവാചകൻﷺ വലിച്ചുകൊണ്ടുവന്നില്ല. അങ്ങനെ ഒരു ബലാൽക്കാരം മതത്തിൽ ഇല്ല എന്നാണ് ഇസ്ലാമിന്റെ പാഠം. എന്നാൽ ഇസ്ലാമിന്റെ പ്രായോഗികതയും, അന്ധവിശ്വാസങ്ങളുടെയും അബദ്ധവിശ്വാസങ്ങളുടെയും നിജസ്ഥിതിയും കൃത്യമായി ബോധ്യപ്പെടുത്തി കൊടുക്കാനുള്ള വിവിധ മാർഗങ്ങൾ പ്രവാചകൻﷺ അവലംബിച്ചിരുന്നു. അതിനെ അത്തരം ഒരു വീക്ഷണത്തിലൂടെ നിരീക്ഷിക്കാൻ നമുക്കും സാധിക്കണം. ചരിത്രത്തിൽ കഴിഞ്ഞുപോയ സംഭവങ്ങളെ കുറിച്ചാണ് നാം പഠിച്ചുകൊണ്ടിരിക്കുന്നത്. ഭൂമിയിൽ സ്ഥാപിക്കപ്പെട്ട പ്രതിമകളെ കുറിച്ചു സംസാരിക്കുന്നതിന് മുമ്പ്, ഹൃദയത്തിൽ സ്ഥാപിക്കപ്പെട്ട അബദ്ധവിശ്വാസങ്ങളുടെ പ്രതിഷ്ഠകളെക്കുറിച്ച് തിരുനബിﷺ സംസാരിക്കുകയും മാറ്റങ്ങൾ വരുത്തുകയും ചെയ്തിട്ടുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-571

Tweet 571
മക്കയിലെ ബഹുദൈവ വിശ്വാസികൾ ആരാധിച്ചിരുന്ന മറ്റൊരു ബിംബമാണ് മനാത്. ഈ പ്രതിഷ്ഠയെക്കുറിച്ചും അവർക്കുണ്ടായിരുന്ന വിശ്വാസങ്ങൾ തീർത്തും അബദ്ധമായിരുന്നു. അവർ തന്നെ കൊത്തി ഉണ്ടാക്കിയ കല്ലുകൾ അവർക്ക് ഉപകാരമോ ഉപദ്രവമോ ചെയ്യുന്ന ദൈവങ്ങളാണ് എന്ന് വിശ്വസിച്ചിരുന്നു എന്നത് തന്നെയാണ് അടിസ്ഥാന പരമായ അബദ്ധം. ആരോ പൂർവ ഗാമികൾ പറഞ്ഞത് കേട്ടു വിശ്വസിച്ചു എന്നല്ലാതെ പ്രമാണങ്ങൾ അന്വേഷിക്കാനോ മനുഷ്യന് ശുദ്ധം ആയിട്ടുള്ള വിവേകവും വിചാരവും മുന്നിൽ വച്ച് വിലയിരുത്താനോ അവർ തയ്യാറായിരുന്നില്ല. അന്ധമായ ഒരു വിശ്വാസവും അതിനനുസരിച്ചുള്ള ആചാരങ്ങളും അവരിൽ ആഴ്ന്നു നിൽക്കുകയായിരുന്നു. കേവലം ഒരു ഉൽബോധനം കൊണ്ടോ പ്രഭാഷണം കൊണ്ടോ അത് മാറ്റിയെടുക്കാൻ ആകുമായിരുന്നില്ല.

അതുകൊണ്ടുതന്നെ ചില പ്രായോഗികമായ നടപടികൾ കൂടി സ്വീകരിക്കേണ്ടിയിരുന്നു. അതുപ്രകാരമാണ് ഇത്തരം ബിംബങ്ങളെയും പ്രതിഷ്ഠകളെയും സമീപിക്കുകയും ഒരു കല്ലിനെ സമീപിക്കുന്ന ലാഘവത്തിൽ മാത്രം ഈ കല്ലിനെയും സമീപിച്ചാൽ ഒന്നും വരില്ലെന്ന് ബോധ്യപ്പെടുത്തുകയും ചെയ്യാൻ ചില ദൗത്യസംഘങ്ങളെ അയക്കേണ്ടി വന്നത്. അതുപ്രകാരം സഅദ് ബിൻ സൈദ് അൽ അശ്ഹൽ(റ) എന്ന സ്വഹാബിയെയും ഒരു ചെറിയ സംഘത്തെയും മനാത്ത് വിഗ്രഹത്തിന്റെ അടുത്തേക്ക് അയച്ചു. മുശല്ലൽ പ്രദേശത്തെ ഒരു കുന്നിൻ മുകളിലായിരുന്നു അത് ഉണ്ടായിരുന്നത്. ഔസ്, ഖസ്രജ്, ഗസ്സാൻ ഗോത്രക്കാരായിരുന്നു അവിടെ അധിവസിച്ചിരുന്നത്. 20 കുതിരപ്പടയാളികൾ അടക്കം പ്രവാചകർﷺ നിയോഗിച്ച സംഘം മക്കാ വിജയത്തിന്റെ അന്നാണ് മനാത്തിന്റെ അടുത്തേക്ക് എത്തിയത്. സംഘം അവിടെയെത്തിയപ്പോൾ വിഗ്രഹത്തിനും പ്രതിഷ്ഠക്കും സേവനം ചെയ്യുന്ന പരിചാരകൻ അവിടെയുണ്ടായിരുന്നു.

അദ്ദേഹം സംഘത്തോട് ചോദിച്ചു. നിങ്ങളുടെ ഉദ്ദേശ്യം എന്താണ്? അവർ കാര്യം പറഞ്ഞു. എന്നാൽ നിങ്ങളായി നിങ്ങളുടെ പാടായി എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹം മാറിനിന്നു. സഅദ്(റ) അടുത്തേക്ക് ചെന്നു. പാറിപ്പറക്കുന്ന മുടിയും ഭാവങ്ങളും ഉള്ള കറുത്ത ഒരു സ്ത്രീരൂപം അപ്പോൾ അവിടെ നിന്ന് പുറത്തേക്കിറങ്ങിപ്പോയി. ദൈവം കോപിച്ചിറങ്ങിപ്പോവുകയാണ് എന്ന് മനാതിനെ ആരാധിക്കുന്നവർ വിചാരിച്ചു. പക്ഷേ, സഅദ്(റ) പരിഭ്രമിച്ചില്ല. അതിവിദഗ്ധമായി നേരിടുകയും ആ രൂപം നിലം പതിക്കുകയും ചെയ്തു. പിന്നീട് വിഗ്രഹം അവർ നീക്കം ചെയ്തു. അവിടുത്തെ ഖജനാവുകളിലോ മറ്റോ ഒന്നും ഉണ്ടായിരുന്നില്ല. സ്വഹാബികൾ ദൗത്യം പൂർത്തിയാക്കി തിരുനബിﷺയുടെ സന്നിധിയിലേക്ക് വന്നു.

അല്ലാഹുവിനെ മാത്രമേ ആരാധിച്ചു കൂടൂ എന്ന് പറഞ്ഞതിന്റെ പേരിൽ പ്രവാചകനുംﷺ അനുയായികളും ആദ്യകാലത്ത് ഒരുപാട് ത്യാഗങ്ങൾ അനുഭവിക്കേണ്ടി വന്നു. ഒടുവിൽ മദീനയിലേക്ക് പലായനം ചെയ്യുകയും ലോകത്തിന് സത്യവിശ്വാസത്തിന്റെ വെളിച്ചം എത്തിച്ചേരുകയും ചെയ്തപ്പോൾ മക്കയിലും ഏറെക്കുറെ ജനങ്ങൾക്ക് കാര്യം ബോധ്യമായി. പ്രതിരോധിക്കാൻ ശക്തികൾ ഇല്ലാത്ത വണ്ണം ശത്രുക്കൾ ദുർബലരാവുകയും മനുഷ്യ സമൂഹത്തിൽ ബോധ്യങ്ങൾ വളരുകയും ചെയ്തപ്പോൾ പ്രവാചകരുംﷺ അനുയായികളും വിജയഘോഷത്തോടെ മക്കയിലേക്ക് പ്രവേശിച്ചു. ആരോടും പ്രതികാരം ഇല്ലെന്ന് പ്രഖ്യാപിച്ചും അതിനനുസരിച്ച് സമീപിച്ചും ആയിരുന്നു പ്രവാചകരുﷺടെ ആഗമനം.

പിന്നീടങ്ങോട്ട് മക്കയും പരിസരവും മുൻകാല പ്രവാചകൻമാർ പരിപാലിച്ചതുപോലെ തൗഹീദ് അഥവാ ഏകദൈവ വിശ്വാസത്തിൽ അധിഷ്ഠിതമായി പുനർ ക്രമീകരിക്കേണ്ട ദൗത്യം തിരുനബിﷺയുടെയും അനുയായികളുടെയും മേൽ ഉണ്ടായിരുന്നു. അതിന്റെ ഭാഗമായി ഇടക്കാലത്ത് പ്രതിഷ്ഠിക്കപ്പെടുകയും പ്രവാചകന്മാരുടെ സാന്നിധ്യത്തിൽ സ്ഥാപിക്കുകയും ചെയ്ത അനാവശ്യ നിർമ്മിതികളും വിഗ്രഹങ്ങളും നീക്കം ചെയ്ത് പൂർവ്വ പവിത്രതയിലേക്ക് കൊണ്ടുവരികയാണ് ഇത്തരം ദൗത്യങ്ങളിലൂടെ തിരുനബിﷺ ചെയ്തത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-572

Tweet572
ഹിജ്റയുടെ എട്ടാം വർഷം ശവ്വാൽ മാസം. ഖാലിദി(റ)നെയും 300 അംഗ സംഘത്തെയും തിരുനബിﷺ ബനൂ ജൂസൈയ്മയിലേക്ക് നിയോഗിച്ചു. ഇസ്ലാമിക പ്രബോധനം ലക്ഷ്യം വെച്ചുകൊണ്ടായിരുന്നു ഈ നിയോഗം. ഖാലിദി(റ)ന്റെയും സംഘത്തിന്റെയും ആഗമനം കണ്ടപ്പോൾ പ്രസ്തുത ഗോത്രക്കാർ ആയുധമണിയാൻ തുടങ്ങി. ഖാലിദ്(റ) ചോദിച്ചു. നിങ്ങൾ ആരാണ്? നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥ എന്താണ്? അപ്പോഴവർ പറഞ്ഞു. ഞങ്ങൾ മുസ്ലിംകളാണ്. ഞങ്ങൾ നിസ്കരിക്കുകയും ദാനധർമ്മങ്ങൾ നൽകുകയും ഞങ്ങളുടെ അങ്കണത്തിൽ ഉണ്ടാക്കിയ പള്ളിയിൽ ബാങ്ക് കൊടുത്തു നിസ്കരിക്കുകയും ചെയ്യുന്നു. അപ്പോൾ പിന്നെ എന്തിനാണ് നിങ്ങൾ ഇപ്പോൾ ആയുധം അണിയുന്നത്? ഞങ്ങളോട് വിരോധത്തിലുള്ള ഒരു അറബ് ഗോത്രമുണ്ട്. ഞങ്ങൾ വിചാരിച്ചു അവരായിരിക്കും വരുന്നത് എന്ന്. അതുകൊണ്ടാണ് ഞങ്ങൾ ആയുധങ്ങൾ എടുക്കുകയും പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്തത്. ബനൂ ജുസയ്മക്കാർ ഖാലിദി(റ)നോട് വിശദീകരിച്ചു.

അതിനിടയിൽ അവരുടെ ഗോത്രത്തിലെ ജഹ്ദം എന്ന് പേരുള്ള ആൾ പറഞ്ഞു. വന്നത് ഖാലിദ്(റ) അല്ലേ? ഒരുപക്ഷേ, നമ്മളെ എല്ലാവരെയും ബന്ധികളാക്കി എന്ന് വന്നേക്കാം. ബന്ധികളാക്കി കഴിഞ്ഞാൽ പിന്നെ പിരടി വെട്ടുന്നത് വരെയും ആകാമല്ലോ? ഞാൻ അതുകൊണ്ട് ആയുധം താഴെ വയ്ക്കുകയില്ല. പക്ഷേ, അദ്ദേഹത്തോട് യോജിക്കാൻ ആരും തയ്യാറായില്ല. ഇനിയും നിങ്ങൾ രക്തച്ചൊരിച്ചിലിനു നിൽക്കുകയാണോ? യുദ്ധങ്ങളൊക്കെ കഴിഞ്ഞ് സമാധാനത്തിൽ കഴിയുന്ന ഒരു ജനതയെ ഇനിയും പോരാട്ടത്തിലേക്ക് കൊണ്ടുവരികയാണോ? ഇങ്ങനെ ചോദിച്ചു കൊണ്ട് ജഹ്ദമിന്റെ ആയുധങ്ങൾ ജനങ്ങൾ അഴിച്ചുമാറ്റി.

ആദ്യഘട്ടത്തിൽ അവർ ഇസ്ലാമിനെ പ്രഖ്യാപിച്ചില്ലെന്നും, ഞങ്ങൾ സാബി ആണെന്ന് മാത്രം പറഞ്ഞ് രക്ഷപ്പെടാൻ നോക്കിയെന്നും ഇമാം അഹ്മദും(റ) മറ്റും ഉദ്ധരിച്ച ഹദീസിൽ കാണാം. അതുപ്രകാരം കേവലം സദുപദേശത്തിൽ നിന്നും മാറി ചില ബന്ധനങ്ങളും അനുബന്ധ നടപടിക്രമങ്ങളും പ്രസ്തുത ഗോത്രത്തിൽ സംഭവിച്ചു.

പ്രസ്തുത നിവേദന പ്രകാരം ഖാലിദി(റ)ന്റെ നടപടികൾ അല്പം തീവ്രമായിരുന്നു. അതിനോട് സ്വഹാബികളിൽ ചിലർ വിയോജിച്ചു. അവരുടെ കൂട്ടത്തിൽ അബ്ദുല്ലാഹിബ്നു ഉമറും(റ) ഉണ്ടായിരുന്നു. ഈ സംഭവ സമയത്ത് തിരുനബിﷺയുടെ സവിധത്തിൽ ഉണ്ടായ ഒരനുഭവം ഇങ്ങനെ വായിക്കാം. ജാഫറുൽ മഹ്മൂദി(റ) പറയുന്നു. തിരുനബിﷺ പറഞ്ഞു. ഞാൻ ഒരു പിടി പലഹാരം ഹൈസ് വായിലേക്ക് കഴിക്കാൻ വച്ചത് പോലെ. അതിനിടയിൽ എന്തോ ഒന്ന് തൊണ്ടയിൽ കുടുങ്ങി. അപ്പോൾ അലി(റ) എന്റെ വായിലേക്ക് കൈ പ്രവേശിപ്പിച്ചു അത് പരിഹരിച്ചു തന്നു. ഇതു കേട്ടപ്പോൾ അബൂബക്കർ(റ) പറഞ്ഞു. തങ്ങളുടെ ഏതോ ഒരു ദൗത്യസംഘം നടപടിക്രമങ്ങളിൽ നല്ലത് ചെയ്തു. അതിനിടയിൽ ചിലരുടെ വിയോജിപ്പുകൾക്ക് കാരണമാകുന്ന പ്രവർത്തിയും ഉണ്ടായി. തങ്ങൾ അലി(റ)യെ അയച്ചു അത് പരിഹരിച്ചു. തിരുനബിﷺ പറഞ്ഞ ഉദാഹരണത്തിന്റെ വ്യാഖ്യാനം അങ്ങനെയാണെന്ന് അബൂബക്കർ(റ) വിശദീകരിച്ചു.

ഇവിടെ ഇമാം ഇബ്നു ഹിശാം(റ) നൽകുന്ന ഒരു വിശദീകരണം ഉണ്ട്‌. ഖാലിദി(റ)ന്റെ സംഘത്തിൽ നിന്ന് ഒരാൾ തിരുനബിﷺയുടെ അടുത്ത് വന്നു സംഭവങ്ങൾ വിശദീകരിച്ചു. അപ്പോൾ തിരുനബിﷺ ചോദിച്ചു. അവിടെ വിയോജിച്ചവർ ആരെങ്കിലും ഉണ്ടോ?അതെ, ഉണ്ട്. ഒത്ത വലിപ്പമുള്ള വെളുത്ത ഒരാൾ വിയോജിച്ചു. അപ്പോൾ ഖാലിദ്(റ) നിശബ്ദനായി. പിന്നീട്, ദീർഘകായനായ മറ്റൊരാളും വിയോജിപ്പ് പ്രകടിപ്പിച്ചു. അപ്പോൾ ഖാലിദുമായി ശക്തമായ സംവാദം നടന്നു. ഇതുകേട്ടപ്പോൾ ഉമറുബ്നുൽ ഖത്വാബ്(റ) പറഞ്ഞു. ഇതിൽ പറയപ്പെട്ട ആദ്യത്തെ ആൾ എന്റെ മകൻ അബ്ദുല്ലാഹിബ്നു ഉമർ(റ) ആയിരിക്കും. രണ്ടാമത്തെയാൾ അബൂ ഹുദൈഫ(റ)യുടെ പരിചാരകനായ സാലിം(റ) ആയിരിക്കും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-573

Tweet 573
തിരുനബിﷺയുടെ നയതന്ത്രനീക്ക പരമ്പരയിൽ ഒരു അധ്യായം കൂടി നമുക്ക് വായിക്കാം. അബൂ മൂസ അൽ അശ്അരി(റ) നിവേദനം ചെയ്യുന്നു. ഹുനൈൻ യുദ്ധത്തിൽ പരാജയപ്പെട്ട ഹവാസിൻ ഗോത്രക്കാരിൽ നിന്ന് മാലിക് ബിനു ഔഫിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ത്വാഇഫിലേക്ക് മടങ്ങുകയും ഔത്വാസ് എന്ന പ്രദേശം കേന്ദ്രീകരിച്ചുകൊണ്ട് സൈനിക സംഘാടനം നടത്തുകയും ചെയ്തു. ഇതറിഞ്ഞ പ്രവാചകൻﷺ അബൂ ആമിർ അൽ അശ്അരി(റ)യുടെ നേതൃത്വത്തിൽ ഒരു സംഘത്തെ അങ്ങോട്ട് അയച്ചു. മാർഗ്ഗമധ്യേ ദുറൈദ് ബിൻ സ്വിമ്മ എന്ന ആളെ കണ്ടുമുട്ടുകയും പരാജയപ്പെടുത്തുകയും അയാളോടൊപ്പം ഉള്ള ആളുകൾ ഓടി രക്ഷപ്പെടുകയും ചെയ്തു.

അബൂ മൂസ(റ) പറയുന്ന മറ്റൊരു നിവേദനം ഇങ്ങനെയാണ്. എന്നെ അബൂ ആമിറി(റ)നൊപ്പം നബിﷺ നിയോഗിച്ചു. ഹവാസിനിൽ എത്തിയപ്പോൾ അവിടെയുള്ള ആളുകൾ ഔതാസിൽ ഒരുമിച്ച് കൂടി. അപ്പോൾ ഉണ്ടായ ഏറ്റുമുട്ടലിൽ പലരും കൊല്ലപ്പെടുകയും ഓടിയവർ ചിന്നഭിന്നമായി പോവുകയും ചെയ്തു. എതിരാളികളുടെ കൂട്ടത്തിൽ നിന്ന് ഒരാൾ രംഗത്ത് വരികയും അബൂ ആമിറു(റ)മായുള്ള സംവാദത്തിന് ഒടുവിൽ അയാൾ ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. ബനൂ ജൂഷം ഗോത്രത്തിലെ ഹാരിസിന്റെ രണ്ടു മക്കളായ അലാഇനേയും ഔഫായേയും അബൂ ആമിർ(റ) അമ്പെയ്തു വീഴ്ത്തി. ഒരാളുടെ മാറിലും മറ്റൊരാളുടെ കാലിലും ആയിരുന്നു അമ്പേറ്റത്. കൂട്ടത്തിൽ അബൂ ആമിറി(റ)ന്റെ കാൽമുട്ടിനും പരിക്കുപറ്റി. അബൂ ആമിർ(റ) അബൂ മൂസ(റ)യെ പകരം നേതാവാക്കി. ആസന്ന ഘട്ടത്തിൽ അദ്ദേഹം തിരുനബിﷺക്ക് സലാം പറഞ്ഞ് ഏൽപ്പിച്ചു. അധികം വൈകാതെ വിയോഗം തേടുകയും ചെയ്തു.

അബൂ മൂസ(റ)യെ പതാക ഏൽപ്പിച്ചുകൊണ്ട് അബൂ ആമിർ(റ) പറഞ്ഞു. എന്റെ ഈ കുതിരയും ആയുധങ്ങളും നബിﷺയെ ഏൽപ്പിക്കണം. അത് അബൂ മൂസ(റ) ഏറ്റെടുത്തു. ശേഷം, ശത്രുക്കളെ ശക്തമായി നേരിട്ടു. അല്ലാഹു അബൂ മൂസ(റ)യുടെ സംഘത്തിന് ഉന്നത വിജയം പ്രദാനം ചെയ്തു. അബൂ ആമിറി(റ)ന്റെ ഘാതകനെ അബൂ മൂസ(റ) വധിച്ചു. ശേഷം, അബൂ ആമിർ(റ) ഏൽപ്പിച്ച വസ്തുക്കളുമായി അബൂ മൂസ(റ) നബിﷺയുടെ സന്നിധിയിൽ എത്തി. അദ്ദേഹം ഏൽപ്പിച്ചതാണെന്ന കാര്യങ്ങൾ വിശദമായി നബിﷺയോട് പറഞ്ഞു.

മൂസാ(റ) നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം. പ്രസ്തുത സംഭവത്തിനുശേഷം ഞാൻ തിരുനബിﷺയുടെ അടുത്തേക്ക് വന്നു. കയറുകൊണ്ട് വലിഞ്ഞ ഒരു കട്ടിൽമേൽ കിടക്കുകയായിരുന്നു അവിടുന്ന്. ഒരു വിരിപ്പ് അതിനുമേൽ വിരിച്ചിട്ടുണ്ടായിരുന്നു. എങ്കിലും കയറിന്റെ അടയാളം തിരുമേനിയിൽ പല സ്ഥലത്തും കാണാമായിരുന്നു. ഞാൻ നടന്ന കാര്യങ്ങൾ എല്ലാം നബിﷺയോട് പറഞ്ഞു. അബൂ ആമിർ(റ) ഏൽപ്പിച്ച കാര്യങ്ങളെക്കുറിച്ചും പങ്കുവെച്ചു. തിരുനബിﷺയോട് പ്രാർത്ഥിക്കണമെന്ന് ഏൽപ്പിച്ച കാര്യം പറഞ്ഞപ്പോൾ അവിടുന്ന് അംഗസ്നാനം ചെയ്യാൻ വെള്ളം കൊണ്ടുവരാൻ പറഞ്ഞു. വെള്ളം കൊണ്ടുവന്ന് വുളൂഅ് ചെയ്ത ശേഷം അവിടുന്ന് ഇരുകൈകളും വാനലോകത്ത് ഉയർത്തി. അവിടുത്തെ കക്ഷത്തിന്റെ വകുപ്പ് കാണാവുന്ന വിധത്തിൽ കൈകൾ വാനിലേക്ക് ഉയർന്നു. ശേഷം, ഇങ്ങനെ പ്രാർത്ഥിച്ചു. അല്ലാഹുവേ അബൂ അമീറി(റ)ന് നീ പൊറുത്തു കൊടുക്കേണമേ! നാളെ പാരത്രിക ലോകത്ത് നിന്റെ സൃഷ്ടികളിൽ ഒരുപാട് പേരെക്കാൾ ഉയർച്ചയിൽ അദ്ദേഹത്തെ നീ എത്തിക്കേണമേ! അപ്പോൾ ഞാൻ നബിﷺയോട് പറഞ്ഞു. എനിക്കു വേണ്ടി കൂടി പ്രാർത്ഥിച്ചാലും. അപ്പോൾ അവിടുന്ന് ഇങ്ങനെ പ്രാർത്ഥിച്ചു. അബ്ദുല്ലാഹിബിന് ഖൈസി(റ)ന്റെ പാപങ്ങൾ നീ പൊറുത്തു കൊടുക്കേണമേ. അന്ത്യനാളിൽ ഉന്നതന്മാരുടെ ഭവനങ്ങളിൽ അദ്ദേഹത്തെ നീ പ്രവേശിപ്പിക്കണമേ!

പ്രവാചകനുംﷺ അനുയായികളും തമ്മിലുള്ള അടുപ്പത്തിന്റെയും പാരസ്പര്യത്തിന്റെയും മനോഹരമായ ചിത്രങ്ങൾ കൂടി ഈ സംഭവങ്ങൾ അടയാളപ്പെടുത്തുന്നുണ്ട്. ഏതൊരു സ്വഹാബിയും ആസന്ന ഘട്ടത്തിൽ ആഗ്രഹിക്കുന്നത് പ്രവാചകനെﷺ ഒരു നോക്ക് കാണാനോ അവിടുത്തേക്ക് ഒരു അഭിവാദ്യം അറിയിക്കാനോ അതുമല്ലെങ്കിൽ ഒടുവിൽ അവിടുത്തെ പ്രാർത്ഥന ലഭിക്കാനോ ആയിരുന്നു. അവരോരുത്തരും തങ്ങൾക്ക് വേണ്ടപ്പെട്ട എല്ലാവരെക്കാളും സ്നേഹിച്ചിരുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണിത്. മാതാപിതാക്കൾക്കോ ഭാര്യമാർക്കോ അഭിവാദ്യം അറിയിക്കാനോ അവരെ ഒരു നോക്ക് കാണാനോ ആഗ്രഹം പ്രകടിപ്പിക്കാതെ അവരെക്കാൾ സ്നേഹത്തോടുകൂടി കാത്തിരുന്നത് തിരുനബി ദർശനവും അവിടുത്തെ സാന്നിധ്യവും അവിടുത്തെ പ്രാർത്ഥനയും പ്രത്യഭിവാദ്യവും ആയിരുന്നു.

ഓരോ പടക്കളങ്ങളും ഒരുപാട് രക്തസാക്ഷികളെ പരിചയപ്പെടുത്തുമ്പോൾ, പ്രവാചക അനുയായികൾ സംബന്ധിച്ച ഓരോ പോർക്കളങ്ങളും സ്വന്തം ജീവനെക്കാൾ പ്രവാചകരെﷺ സ്നേഹിച്ച സമർപ്പണങ്ങളുടെ സാക്ഷ്യങ്ങൾ കൂടിയായിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-574

Tweet 574
ഹിജ്റയുടെ എട്ടാം വർഷം ത്വാഇഫിലേക്ക് നബിﷺ ഒരു സംഘത്തെ നിയോഗിച്ചു. രണ്ട് കൈയുള്ളത് എന്നർത്ഥമുള്ള ദുൽ കഫ്ഫൈനി എന്ന പേരിൽ ഒരു വിഗ്രഹം അവിടെയുണ്ടായിരുന്നു. ബുദ്ധിശൂന്യമായ ഒരുപാട് വിശ്വാസങ്ങൾ ഈ വിഗ്രഹത്തെ ചൊല്ലി ഒരുപാട് ആളുകൾ വച്ച് പുലർത്തിയിരുന്നു. അത് തിരുത്താനും യാഥാർത്ഥ്യം ബോധ്യപ്പെടുത്താനും ശൂന്യമായ വിശ്വാസത്തിൽ നിന്ന് ആളുകളെ പിന്തിരിപ്പിക്കാനുമാണ് തിരുനബിﷺ സംഘത്തെ നിയോഗിച്ചത്. തുഫൈൽ ബിൻ അംർ അധൗസി(റ)യായിരുന്നു സംഘത്തിന്റെ തലവൻ. അദ്ദേഹം പ്രസ്തുത സമൂഹത്തിലേക്ക് എത്തിച്ചേർന്നു. ഇത്തരം വിഗ്രഹങ്ങളെ ആരാധിക്കുന്നതിലെ ബുദ്ധിശൂന്യത അവരെ ബോധ്യപ്പെടുത്തി.

വിഗ്രഹത്തെ നോക്കിക്കൊണ്ട് ചൊല്ലിയ വരികളിൽ ഇങ്ങനെ ഒരു ആശയം കൂടിയുണ്ടായിരുന്നു. അല്ലയോ, വിഗ്രഹമേ നിന്നെക്കാൾ മുൻപേ ജനിച്ചവരാണ് ഞങ്ങൾ. കാര്യകാരണ സഹിതം സമൂഹത്തെ ബോധ്യപ്പെടുത്തിയപ്പോൾ ഇനി എന്തിനാണ് ഇത് പ്രതിഷ്ഠയായി പരിപാലിക്കുന്നത് എന്ന് അവർക്ക് തന്നെ തോന്നി. അഥവാ നീക്കം ചെയ്യുകയും ചെയ്തു. അഗ്നി ബാധിക്കുമ്പോഴേക്കും കരിഞ്ഞുപോകുന്ന മരംകൊണ്ടായിരുന്നു അത് ഉണ്ടാക്കിയിരുന്നത്. ഇങ്ങനെ ഒരു വസ്തുവാണോ നമ്മുടെ ഗുണവും ദോഷവും തീരുമാനിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്ന ദൈവമായി കരുതുന്നത് എന്ന കൃത്യമായ വിവേകത്തെയാണ് സ്വഹാബികൾ അവരിൽ സ്ഥാപിച്ചത്.

ഇസ്ലാമിന്റെ ആഗമനത്തോടെ മക്കയിലെയും മദീനയിലെയും നിരവധി വിഗ്രഹങ്ങൾ നീക്കം ചെയ്തത്, അല്ലെങ്കിൽ തകർക്കപ്പെട്ടു എന്നത് ദുരുദ്ദേശപരമായി ഉദ്ധരിച്ചവരും സംഘർഷ ലക്ഷ്യത്തോടുകൂടി എടുത്തുദ്ധരിക്കുന്നവരും ഉണ്ട്. എന്നാൽ, വസ്തുത എന്തായിരുന്നു. മക്കയിൽ ആദ്യ മനുഷ്യനായ ആദം നബി(അ)യുടെ കാലം മുതൽ തൗഹീദ് അഥവാ ഏകദൈവ വിശ്വാസത്തിന്റെ ഭൂമിയായിരുന്നു. അല്ലാഹുവിനെ മാത്രം ആരാധിക്കുവാൻ വേണ്ടി നിർമ്മിക്കപ്പെട്ട ഭൂമിയിലെ ആദ്യത്തെ ഭവനമാണ് കഅ്ബ. ഏക ദൈവവിശ്വാസത്തിലേക്ക് ക്ഷണിക്കാൻ അല്ലാഹു നിയോഗിച്ച മുഴുവൻ പ്രവാചകന്മാരും അവിടെ വന്നിട്ടുണ്ട്.

വിശുദ്ധ കഅ്ബയില്‍ ആദ്യമായി വിഗ്രഹം പ്രതിഷ്ഠിച്ചത് ഖുസാഅഃ ഗോത്രത്തലവനായ അംറുബ്‌നു ലുഅയ്യാണ്. മുആബ് പ്രദേശത്തുനിന്ന് കൊണ്ടുവന്ന ഹുബ്ല് വിഗ്രഹത്തെയാണ് അയാള്‍ സ്ഥാപിച്ചത്. ഇസ്വാഫിന്റെയും നാഇലയുടെയും വിഗ്രഹങ്ങളും കഅ്ബയില്‍ പ്രതിഷ്ഠിക്കപ്പെട്ടിരുന്നു. ഇങ്ങനെയാണ് ഏകദൈവാരാധനക്കായി സ്ഥാപിക്കപ്പെട്ട കഅ്ബ വിഗ്രഹാലയമായി മാറിയത്. തിരുനബിﷺയുടെ നിയോഗ ഘട്ടത്തില്‍ അവിടെ മുന്നൂറിലേറെ വിഗ്രഹങ്ങളുണ്ടായിരുന്നു. പ്രവാചകത്വ പ്രഖ്യാപനത്തിനു ശേഷം മുഹമ്മദ് നബിﷺ നീണ്ട പതിമൂന്നു വര്‍ഷം അവിടെ ജീവിച്ചു. ബഹുദൈവാരാധനക്കെതിരെ ജനങ്ങളെ ശക്തമായി ബോധവല്‍ക്കരിച്ചിരുന്ന പ്രവാചകന്‍ﷺ അവിടുത്തെ പൂര്‍വ പിതാവായ ഇബ്‌റാഹീം നബി(അ) ഏകദൈവാരാധനക്കായി പുനർ നിർമാണം നടത്തിയ ഭവനത്തിൽ സ്ഥാപിക്കപ്പെട്ടിരുന്ന വിഗ്രഹങ്ങളെ ഒന്നും ചെയ്തില്ല.

പിന്നീട് അവിടം ഇസ്‌ലാമികാധിപത്യത്തിലാവുകയും തദ്ദേശീയരെല്ലാം സന്മാര്‍ഗം സ്വീകരിക്കുകയും ചെയ്തു. അതോടെ അവിടെ വിഗ്രഹങ്ങളെ ആരാധിക്കുന്നവർ ഇല്ലാതായി. പ്രവാചകനെﷺതിരെ അണിനിരന്ന് വിഗ്രഹാരാധനയ്ക്കും ഇതര അനാചാരങ്ങള്‍ക്കുമായി നിലകൊണ്ടിരുന്ന നേതാക്കള്‍പോലും തിരുനബിﷺയുടെ ഉറ്റ അനുയായികളായി മാറി. അപ്പോള്‍ മാത്രമാണ് പ്രവാചകന്‍ﷺ വിശുദ്ധ കഅ്ബയെ വിഗ്രഹങ്ങള്‍ നീക്കംചെയ്ത് ശുദ്ധീകരിച്ചത്. പ്രവാചകർﷺക്കെതിരെ എല്ലാ പോർക്കളങ്ങളിലും ശത്രുപക്ഷത്ത് നായകത്വം വഹിച്ച അബൂസുഫിയാൻ മക്കാ വിജയത്തോടെ ഇസ്ലാം സ്വീകരിച്ചു. പിന്നീട് അദ്ദേഹത്തിന്റെ സ്വയം തീരുമാനപ്രകാരമാണ് അദ്ദേഹം ആരാധിച്ചിരുന്ന മനാത്ത് വിഗ്രഹത്തെ തകർത്തത്. തന്നെ ഇത്രയും കാലം അന്ധവിശ്വാസത്തിൽ തളച്ചിടുന്ന ഒരു പ്രതീകത്തെ നീക്കം ചെയ്യുക എന്നതായിരുന്നു അയാൾ ചെയ്ത ദൗത്യം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-575

Tweet 575
ഹിജ്റയുടെ എട്ടാം വർഷത്തെ മറ്റൊരു നീക്കം കൂടി നമുക്ക് വായിക്കാം. നബിﷺ ജഇറാനയിൽ നിന്ന് മടങ്ങിയതിനു ശേഷം ആയിരുന്നു അത്. ഖൈസ് ബിൻ സഅദി(റ)ന്റെ നേതൃത്വത്തിൽ യമനിന്റെ ഭാഗത്തേക്ക് ആയിരുന്നു നീക്കം. 400 അംഗങ്ങൾ ഉള്ള സംഘം സുദാ എന്ന സ്ഥലത്ത് എത്തിച്ചേർന്നു. അപ്പോൾ ആ ഗോത്രത്തിൽ നിന്ന് ഒരാൾ രംഗത്തേക്ക് വന്നു. സിയാദ് ബിൻ ഹാരിസ് എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. അദ്ദേഹം നേരെ നബിﷺയുടെ അടുത്തേക്ക് വന്നു. ഞാൻ എന്റെ സമുദായത്തിന് വേണ്ടി ഹാജരായി ഇരിക്കുകയാണ്. അവിടുന്ന് അയച്ച സംഘത്തെ തിരിച്ചു വിളിക്കണം. എന്റെ സമുദായവുമായി ബന്ധപ്പെട്ട ഏതു കാര്യത്തിനും ഞാൻ പ്രതിനിധിയായി നിന്നു കൊള്ളാം. നേരെ അദ്ദേഹം സമൂഹത്തിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ഇടപെടൽ കൊണ്ട് മാത്രം ഇസ്ലാം സ്വീകരിച്ചു. പ്രവാചകൻﷺ ഇങ്ങനെ ചോദിച്ചു. അല്ലയോ സുദാഇൽ നിന്നുള്ള സഹോദരാ.. നിങ്ങൾ നിങ്ങളുടെ ജനതയിൽ വലിയ സ്വീകാര്യതയുള്ള ആളാണ് അല്ലേ. അപ്പോൾ അദ്ദേഹം പറഞ്ഞു അങ്ങനെയൊന്നുമല്ല. അല്ലാഹു അവർക്ക് മാർഗ്ഗദർശനം നൽകിയതാണ്. പിന്നീട് വിടവാങ്ങൽ ഹജ്ജ് വേളയിൽ നൂറാളുകൾ കൂടി ഇസ്ലാമിലേക്ക് വന്നു.

ഒരിക്കൽ ഒരു യാത്രയിൽ തിരുനബിﷺയോടൊപ്പം സുദാഉകാരൻ ഉണ്ടായിരുന്നു. വഴിമധ്യേ നിസ്കാരത്തിനു വേണ്ടി അദ്ദേഹം ബാങ്ക് കൊടുത്തു. തുടർന്ന് ഇഖാമത്ത് കൊടുക്കാൻ വേണ്ടി ബിലാൽ(റ) മുന്നോട്ടുവന്നു. അപ്പോൾ നബിﷺ ഇങ്ങനെ പറഞ്ഞു. നമ്മുടെ ആ സുദാഉകാരനാണല്ലോ ബാങ്ക് കൊടുത്തത്. ആരാണോ ബാങ്ക് കൊടുത്തത് അദ്ദേഹമാണ് ഇഖാമത്തും നൽകേണ്ടത്. ശേഷം നബിﷺ മുന്നോട്ടുവന്ന് നിസ്കാരത്തിന് നേതൃത്വം കൊടുത്തു.

നബിﷺയും അനുയായികളും തമ്മിലുള്ള സഹവാസത്തിന്റെ ഒരു ചിത്രം കൂടിയാണിത്. എല്ലാ അനുയായികളോടും ഇടപഴകാനും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മത നിയമങ്ങളെ കുറിച്ചുള്ള നിർദ്ദേശങ്ങൾ നൽകാനും തിരുനബിﷺ ഉണ്ടായിരുന്നു. അടുത്ത മിത്രവും ദീർഘകാലത്തെ കൂട്ടുകാരനുമായ ബിലാൽ(റ) മുന്നോട്ടു വന്നപ്പോഴും പുതിയ കൂട്ടുകാരന്റെ അവകാശം നിഷേധിച്ചില്ല. മതപരമായ ഒരു നിർദ്ദേശത്തിന്റെ കൃത്യമായ ആവിഷ്കാരത്തിന് അമാന്തിച്ചില്ല.

പ്രവാചകരുﷺടെ ഓരോ അനുയായികൾക്കും തങ്ങളാണ് നബിﷺക്ക് ഏറ്റവും പ്രിയപ്പെട്ട ആൾ എന്ന് തോന്നുമായിരുന്നു. തിരുനബിﷺയുടെ സദസ്സിലുള്ള ഓരോരുത്തർക്കും എന്നെ പരിഗണിച്ചുകൊണ്ടാണ് സംസാരിക്കുന്നത് എന്ന് അനുഭവപ്പെടുമായിരുന്നു. എന്നെ തന്നെയാണ് അവിടുന്ന് ഏറെ ശ്രദ്ധിക്കുന്നത് എന്ന് ഓരോ അനുവാചകനും പറയാനാകുമായിരുന്നു. സവിശേഷമായ ഒരു സഹവാസത്തിന്റെയും പരിഗണനയുടെയും പ്രതിരൂപമായിരുന്നു അവിടുന്ന്.

റിയാദ് ബിൻ ഹാരിസി(റ)നെ കുറിച്ചുള്ള ഒരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. അദ്ദേഹത്തിന്റെ സമൂഹത്തിലേക്ക് പ്രതിനിധിയായി അദ്ദേഹം നബിﷺയിൽ നിന്ന് ഒരു കത്തുമായി വന്നു. അവിടുത്തെ കാര്യങ്ങൾക്ക് നേതൃത്വം വഹിച്ചു. അങ്ങനെയിരിക്കെ നബിﷺയോട് അദ്ദേഹം ഒരു ആവലാതി പറഞ്ഞു. അല്ലയോ പ്രവാചകരെﷺ ഞങ്ങൾക്കിവിടെ ഒരു കിണറുണ്ട്. മഴക്കാലത്ത് അതിലെ വെള്ളം ഞങ്ങൾക്ക് മതിയാകും. പക്ഷേ, വേനൽക്കാലം ആകുമ്പോൾ ഞങ്ങൾ വെള്ളത്തിന് പ്രയാസപ്പെടുന്നു. ഞങ്ങൾ മുസ്ലിംകൾ ആണെങ്കിൽ ഇവിടെ എണ്ണത്തിൽ നന്നെ കുറവുമാണ്. അതുകൊണ്ട് ഞങ്ങൾക്ക് വേണ്ടി അവിടുന്ന് പ്രാർത്ഥിച്ചാലും.

പ്രവാചകൻﷺ ഏഴു ചരൽക്കല്ലുകൾ ആവശ്യപ്പെട്ടു. എന്നിട്ട് തിരു കരങ്ങൾ കൊണ്ട് അവരെ തന്നെ ഏൽപ്പിച്ചു. അവ ഓരോന്നോരോന്നായി അടിത്തട്ടിൽ എത്തുന്നത് വരെ കിണറിലേക്ക് ഇടാൻ പറഞ്ഞു. ഓരോന്നും അല്ലാഹുവിന്റെ നാമം ചൊല്ലി നിക്ഷേപിക്കാനായിരുന്നു നിർദ്ദേശം. അതുപ്രകാരം ഞങ്ങൾ ചെയ്തു. പിന്നീട് ഒരിക്കലും ആ കിണറിന്റെ ആഴം എത്രയാണെന്ന് നിർണയിക്കാൻ പോലും ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-576

Tweet 576
ഹിജ്റ ഒമ്പതാം വർഷം മുഹർറം. ബനൂസഅദ് ഗോത്രത്തിൽ നിന്ന് സക്കാത്ത് സ്വത്ത് സമാഹരിക്കാൻ വേണ്ടി പ്രവാചകൻﷺ ഒരു ദൂതനെ നിയോഗിച്ചു. അവരോട് നീതിപൂർവമായി പെരുമാറാനും അവരുടെ പോറ്റ് സ്വത്തുക്കളെ സംരക്ഷിക്കാനും പ്രത്യേകം പ്രവാചകൻﷺ നിർദ്ദേശം നൽകി. അപ്പോൾ ബിശർ ബിന് സുഫിയാൻ അൽ കഅബി(റ) ബനൂ കഅബു ഗോത്രത്തിലേക്ക് പുറപ്പെട്ടു. ഖുസാആ ഗോത്രത്തിന്റെ മുഴുവൻ സ്വത്തുകളും സമാഹരിച്ചു കൂട്ടാൻ അദ്ദേഹം ആവശ്യപ്പെട്ടു. വ്യാപകമായ ഈ സ്വത്തു സമാഹരണം ബനൂ തമീമുകാർ അംഗീകരിച്ചില്ല. ഇതിൽ അവിഹിതം ഉണ്ടെന്നും അധികപ്പറ്റുണ്ടെന്നും അവർ നിരീക്ഷിച്ചു. അപ്പോൾ ഖുസാഇകൾ ഇത് ഞങ്ങളുടെ മതത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമാണ്. ഉടനെ തമീമികൾ പ്രതികരിച്ചു. ഞങ്ങളുടെ ഒരൊട്ടകത്തെയും സമീപിക്കാൻ ഞങ്ങൾ അനുവദിക്കില്ല. ഖുസാഇകൾ തമീമികളെ അക്രമിച്ചു വാസസ്ഥലങ്ങളിൽ നിന്ന് പുറത്താക്കി.

ഇങ്ങനെ രംഗം കൂടുതൽ അവ്യക്തമായപ്പോൾ. സക്കാത്ത് സ്വീകരിക്കാൻ വേണ്ടി തിരുനബിﷺ നിയോഗിച്ച ദൂതൻ പ്രവാചക സന്നിധിയിലേക്ക് മടങ്ങിയെത്തി. കാര്യങ്ങളെല്ലാം വ്യക്തമായി അവതരിപ്പിച്ചു. രംഗങ്ങളെല്ലാം വിലയിരുത്തി. തുടർന്ന് ഉയയ്നത്തു ബിൻ ഹിസ്‌ൻ അൽ ഫസാരി(റ)യുടെ നേതൃത്വത്തിൽ 50 കുതിരപ്പടയാളികളെ തിരുനബിﷺ അങ്ങോട്ട് നിയോഗിച്ചു. രാത്രിയിൽ യാത്ര ചെയ്തു പകൽ വിശ്രമിച്ചും അവർ മുന്നോട്ടു നീങ്ങി. അൻസ്വാരികളോ മുഹാജിറുകളോ ആയ പ്രമുഖരാരും കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.11 പുരുഷന്മാരെയും 21 സ്ത്രീകളെയും 30 കുട്ടികളെയും അവർ മദീനയിലേക്ക് കൊണ്ടുവന്നു. അതോടെ ബനൂ തമീം ഗോത്രത്തിലെ പ്രമുഖർ മദീനയിൽ വന്ന് ചർച്ചകൾക്ക് തയ്യാറാവുകയും പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കുകയും ചെയ്തു.

നയസമീപനങ്ങളും രാഷ്ട്രീയ ഉടമ്പടികളും ആധുനിക രാഷ്ട്രീയ സമ്പ്രദായങ്ങൾക്ക് വിധേയമാകുന്നതിനും എത്രയോ കാലം മുമ്പാണ് ആസൂത്രണത്തിന്റെയും ഉടമ്പടികളുടെയും രാഷ്ട്രീയ സമ്പർക്കങ്ങളുടെയും മനോഹരമായ മാതൃകകൾ പ്രവാചകൻﷺ സ്ഥാപിച്ചത്. ഒരു ആധുനിക സമൂഹത്തിന്റെ ആദാന പ്രദാനങ്ങളെ വായിക്കും പോലെയാണ് 1500 ഓളം വർഷം പഴക്കമുള്ള മദീന രാഷ്ട്രത്തെയും അവിടുത്തെ രാഷ്ട്രീയത്തെയും നാം വായിക്കുന്നത്. ആധുനിക രാഷ്ട്രീയ കരാറുകളെ കുറിച്ച് പഠിക്കുന്ന ഒരു വിദ്യാർത്ഥിക്കു മനസ്സിലാക്കിയെടുക്കാവുന്നതിന് സമാനമായ സമീപന തന്ത്രങ്ങളെയും സമ്മർദ്ദതന്ത്രങ്ങളെയും ആണ് പ്രവാചക കാലത്തു നിന്ന് നാം പരിചയപ്പെടുന്നത്.

നിർബന്ധ ദാനമായി സക്കാത്ത് സ്വീകരിക്കുമ്പോൾ ഉടമസ്ഥൻ പ്രത്യേകമായി വാത്സല്യപൂർവ്വം വളർത്തുന്ന മൃഗങ്ങളെ അഥവാ പെറ്റ് ആനിമൽസിനെ അവർക്കുതന്നെ വിട്ടുകൊടുത്തേക്കണമെന്ന വീക്ഷണത്തിൽ എത്ര മനോഹാരിതയുണ്ട്. അവകാശങ്ങൾ കൃത്യമായി ഈടാക്കുമ്പോഴും മനുഷ്യരുടെ വിചാരവികാരങ്ങളെയും സഹജീവികളോട് പോലും പുലർത്തുന്ന സഹവാസത്തിന്റെയും സൗന്ദര്യം നഷ്ടപ്പെട്ടുകൂടാ എന്നതാണല്ലോ ഇത് നമ്മെ പഠിപ്പിക്കുന്നത്.

ഏതൊരു നിയമം പ്രയോഗിക്കുമ്പോഴും അതിനൊപ്പം ചൂഷണം കടന്നു വന്നുകൂടാ എന്ന് പ്രവാചകൻﷺ പ്രത്യേകം നിരീക്ഷിച്ചു. അതുകൊണ്ടായിരുന്നു സക്കാത്ത് ഉദ്യോഗസ്ഥന്മാർക്ക് അതു സംബന്ധമായ സവിശേഷമായ നിർദ്ദേശങ്ങൾ നൽകിയത്. 23 വർഷത്തെ പ്രവാചക ജീവിതത്തിൽ നിന്ന് രൂപപ്പെട്ടുവന്നത് കേവലമായ ഒരു മതാചാര്യന്റെ സാമൂഹിക സമ്പർക്കങ്ങളെ കുറിച്ചുള്ള അധ്യായങ്ങൾ അല്ല. മറിച്ച് സമൂഹത്തിന്റെ എല്ലാ തലങ്ങളിലും എങ്ങനെയൊക്കെ ആകണം എന്ന സമ്പൂർണ്ണമായ ഒരു വ്യവസ്ഥിതിയാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-577

Tweet 577
ഹിജ്റയുടെ ഒമ്പതാം വർഷം റബീഉൽ ആഖിർ. അൽഖമത്തു ബിൻ മുജസ്സർ അൽ മുദ്ലജി(റ)യുടെ നേതൃത്വത്തിൽ ഒരു സംഘത്തെ തിരുനബിﷺ നിയോഗിച്ചു. എത്യോപ്യക്കാരായ ഒരു വിഭാഗം ആളുകൾ കടലിന്റെ തീരപ്രദേശത്ത് ദുരൂഹമായി സംഘടിക്കുന്നു എന്നറിഞ്ഞപ്പോഴായിരുന്നു ഈ നീക്കം. നയതന്ത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ അധിവസിക്കുന്നവരും വന്നു പോകുന്നവരും എങ്ങനെയൊക്കെ നീങ്ങുന്നു എന്നതിന്റെ കൃത്യമായ ഒരു നിരീക്ഷണ സംവിധാനം തിരുനബിﷺക്ക് ഉണ്ടായിരുന്നു എന്നാണല്ലോ ഈ സംഭവം നമ്മെ ബോധ്യപ്പെടുത്തുന്നത്. ഒരു രാഷ്ട്രത്തിന്റെയും സമൂഹത്തിന്റെയും സുരക്ഷ ഏതൊക്കെ വിധത്തിൽ ശ്രദ്ധാപൂർവ്വം നിരീക്ഷിക്കേണ്ടതുണ്ട് എന്ന് വ്യവസ്ഥാപിതമായി പഠിപ്പിക്കുന്ന ഒരു അധ്യായം കൂടിയാണിത്.

ദുരൂഹമായ സംഘാടനം മദീനക്കെതിരെ തിരിയുമോ എന്ന ആശങ്കയായിരുന്നു തിരുനബിﷺയുടെ ഈ നിയോഗത്തിന് പിന്നിൽ. 300 അംഗങ്ങളുള്ള ഒരു സംഘം ആയിരുന്നു അവിടേയ്ക്ക് പോയത്. അവർ നേരെ കടലിൽ ചെന്ന് ആഴ്ന്നിറങ്ങിയതും ശത്രുക്കൾ ഭയപ്പെട്ട് ഓടിപ്പോയി. ചിലയാളുകൾ അപ്പോൾ തന്നെ നാട്ടിലേക്ക് പോകാൻ ആഗ്രഹിച്ചു. മുസ്ലിം സൈന്യത്തിന്റെ കയ്യിൽ അകപ്പെട്ടവരിൽ നിന്നും നാട്ടിലേക്ക് പോകാൻ ആഗ്രഹിച്ചവരെ വിട്ടയച്ചു.

അബൂസഈദ് അൽ ഖുദ്രി(റ)യുടെ ഒരു നിവേദനത്തിൽ ഇങ്ങനെ വായിക്കാം. അൽഖമ ബിൻ അൽ മുജസ്സറി(റ)ന്റെ നേതൃത്വത്തിൽ തിരുനബിﷺ ഒരു സംഘത്തെ നിയോഗിച്ചു. ഞാനും ആ സംഘത്തിൽ ഉണ്ടായിരുന്നു. വഴി മധ്യേ എത്തിയപ്പോൾ ഞങ്ങളുടെ കൂട്ടത്തിൽ നിന്ന് പ്രത്യേകം ഒരു ഉപസൈന്യത്തെ സംഘടിപ്പിച്ചു. അബ്ദുല്ലാഹിബിൻ ഹുദാഫ അസ്സഹമി(റ)യെ ആ സംഘത്തിന്റെ നേതാവാക്കി. നബിﷺയുടെ അനുചരന്മാരിൽ ഒരു തമാശക്കാരൻ ആയിരുന്നു അദ്ദേഹം. തന്റെ കീഴിലുള്ള അംഗങ്ങളോട് അദ്ദേഹം ചോദിച്ചു. ഞാൻ നിങ്ങളുടെ നേതാവായിരിക്കെ നിങ്ങൾ എന്നെ അനുസരിക്കില്ലേ? എല്ലാ അർത്ഥത്തിലും എന്റെ കൽപ്പനകൾക്ക് നിങ്ങൾ വിധേയരാവില്ലേ? അവർ ഒരേ സ്വരത്തിൽ പറഞ്ഞു, അതെ. ഞങ്ങൾ അംഗീകരിക്കും. അപ്പോൾ അദ്ദേഹം ഒരു അഗ്നികുണ്ഡം ഉണ്ടാക്കാൻ പറഞ്ഞു. ശേഷം, എല്ലാവരോടും അതിലേക്ക് ചാടാൻ ആവശ്യപ്പെട്ടു. ചിലയാളുകൾ അതിനു വേണ്ടി ഒരുങ്ങി. അപ്പോൾ അദ്ദേഹം അല്പം അകലെ മാറിയിരുന്നു ഊറി ചിരിച്ചു. എന്നിട്ട് അദ്ദേഹം അവരോട് പറഞ്ഞു. നിങ്ങൾ എല്ലാവരും ഇരിക്കുവിൻ. നമുക്ക് ഒരുമിച്ചിരുന്ന് ചിരിക്കാം. കാര്യങ്ങളെല്ലാം തിരുനബിﷺയുടെ സന്നിധിയിൽ അറിഞ്ഞു. അപ്പോൾ അവിടുന്ന് വിശദീകരിച്ചു. ഏതൊരാളെ നേതാവാക്കിയാലും അയാൾ അനുസരിക്കപ്പെടണം. അഥവാ മറ്റുള്ളവർ അയാളെ അംഗീകരിക്കുകയും അനുസരിക്കുകയും വേണം. പക്ഷേ, അല്ലാഹുവിന്റെ കൽപ്പനയ്ക്ക് വിധേയമായ കൽപ്പനകളെ മാത്രമേ അംഗീകരിക്കേണ്ടത് ഉള്ളൂ. അല്ലാഹുവിന്റെ നിയമത്തിനും മതത്തിനും എതിരായ ഒരു കാര്യം അമീർ പറഞ്ഞാൽ അംഗീകരിക്കേണ്ടതില്ല. ഇതൊരു തമാശയായിട്ടാണ് അദ്ദേഹം പറഞ്ഞത് എന്നാണ് ഈ നിവേദനത്തിൽ നിന്ന് മനസ്സിലാവുന്നത്.

എന്നാൽ, അലി(റ)യുടെ ഒരു നിവേദന പ്രകാരം, കാര്യഗൗരവത്തോടുകൂടി തന്നെയാണ് അമീർ കൽപ്പിച്ചതെന്നും വിസമ്മതിച്ച ജനങ്ങൾ നേരെ തിരുനബിﷺയുടെ സന്നിധിയിലേക്ക് എത്തി എന്നും കാണാം. അപ്പോഴാണത്രെ തിരുനബിﷺ വിശദീകരിച്ചത്. അല്ലാഹുവിന്റെ നിയമത്തിനെതിരായ കാര്യത്തിൽ അമീറിനെ അംഗീകരിക്കേണ്ടതില്ല എന്ന്.

നേതൃത്വത്തിന്റെ മൂല്യം, അംഗീകരിക്കപ്പെടേണ്ടതിന്റെ അനിവാര്യത, എന്നാൽ ഏത് നിയമത്തിന്റെയും പരിധി അല്ലാഹുവിലേക്ക് ചേരുന്നതിന്റെ, അവനെ അനുസരിക്കുന്നതിന്റെ അടിസ്ഥാനങ്ങൾ ഇവയെല്ലാം എത്ര കൃത്യമായിട്ടാണ് തിരുനബിﷺ അവിടുത്തെ ജീവിതത്തിൽ അടയാളപ്പെടുത്തിയത്.

മേൽ പ്രസ്താവിച്ച സംഘം യാതൊരു പരിക്കുകൾക്കോ കുതന്ത്രങ്ങൾക്കോ വിധേയമാകാതെ സുരക്ഷിതമായി തിരുനബിﷺ സന്നിധിയിലേക്ക് മടങ്ങിയെത്തി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-578

Tweet 578
ഹിജ്റ ഒമ്പതാം വർഷം റബീഉൽ ആഖിർ. അലി(റ)യുടെ നേതൃത്വത്തിൽ ഒരു സംഘത്തെ ത്വയ്യ് ഗോത്രത്തിലേക്ക് നിയോഗിച്ചു. ഫുൽസ് വിഗ്രഹത്തെ ആരാധിക്കുന്നവരായിരുന്നു പ്രസ്തുത ഗോത്രക്കാർ. വിഗ്രഹാരാധനയുടെ അടിസ്ഥാനവും തൗഹീദിന്റെ യാഥാർഥ്യവും ബോധ്യപ്പെടുത്തി കൊടുക്കുകയായിരുന്നു ലക്ഷ്യം. ഇതിലേക്ക് വന്നാൽ പിന്നെ വിഗ്രഹത്തിന്റെ ആവശ്യമില്ല. അങ്ങനെയെങ്കിൽ അത് നീക്കം ചെയ്യുകയാണല്ലോ വേണ്ടത്. ഇത്തരം ദൗത്യങ്ങളുമായിട്ടായിരുന്നു അലി(റ) ഗോത്ര പ്രദേശത്തേക്ക് എത്തിയത്. 150 ആളുകൾ ഒപ്പമുണ്ടായിരുന്നു. ഇബ്നു സഅദി(റ)ന്റെ നിവേദന പ്രകാരം 250 ആളുകളുടെ സംഘമായിരുന്നു അത്. അലി(റ) ഭംഗിയായി ദൗത്യം നിർവഹിച്ചു. മദീനയിലേക്ക് മടങ്ങിയപ്പോൾ ആർജിത സമ്പാദ്യങ്ങളും നാൽക്കാലികളുമായി നല്ല ഒരു സമാഹാരം ഉണ്ടായിരുന്നു.

ത്വയ്യ് ഗോത്രത്തിന്റെ നേതാവായിരുന്ന അദിയ്യ് ബിൻ ഹാതിം സിറിയയിലേക്ക് രക്ഷപ്പെട്ടു. അദ്ദേഹത്തിന്റെ സഹോദരി സഫ്ഫാന മുസ്ലിം സംഘത്തിന്റെ പിടിയിലായി. മദീനയിലേക്ക് എത്തിയ സംഘത്തോടൊപ്പം അവരും ഉണ്ടായിരുന്നു. മദീനയിലെത്തിയതും അവർ പ്രവാചകനുﷺമായി നേരിട്ട് സംസാരിച്ചു. സുരക്ഷിതമായി സഹോദരന്റെ അടുക്കലേക്ക് എത്തണമെന്നാണ് ആവശ്യമെങ്കിൽ, ഭദ്രമായി അവരെ സഹോദരന്റെ അടുത്ത് എത്തിക്കാൻ പറ്റുന്ന ഒരു സംഘത്തോടൊപ്പം അവരെ തിരുനബിﷺ അയച്ചുകൊടുത്തു. അവർ സുരക്ഷിതമായി സഹോദരന്റെ അടുക്കലെത്തി. ഇസ്ലാമിനെയും പ്രവാചകരെﷺയും കുറിച്ച് അനുഭവങ്ങളുടെ സാക്ഷ്യത്തിൽ അവർ സംസാരിച്ചു. അദിയ്യ് നേരിട്ടുതന്നെ പ്രവാചകസവിധത്തിൽ എത്തണമെന്ന് അവർ നിർദ്ദേശിച്ചു. ഉപചാരങ്ങളോ ആരവങ്ങളോ ഇല്ലാതെ അദ്ദേഹം മദീനയിൽ എത്തി. പ്രവാചകരുﷺടെ സമീപനങ്ങളും മദീനയിൽ കണ്ട സംസ്കാരവും അദ്ദേഹത്തെ സ്വാധീനിച്ചു. ഒടുവിൽ അദിയ്യ് പ്രവാചക ശിഷ്യന്മാരുടെ ഗണത്തിൽ ചേർന്നു. സഫ്ഫാനയെ മദീനയിലേക്ക് കൂട്ടിക്കൊണ്ടുവന്നത് ഖാലിദ് ബിൻ വലീദാ(റ)യിരുന്നു എന്നും അഭിപ്രായമുണ്ട്.

നബി ജീവിതം എങ്ങനെയാണ് മറ്റുള്ളവരെ ആകർഷിച്ചത് എന്നതിന്റെ ഉത്തമമായ ഒരുദാഹരണമാണിത്. ശത്രുക്കളോടും ബന്ധികളോടും മാനുഷികമായും മാന്യമായും പെരുമാറാൻ ഇസ്ലാം ജനങ്ങളെ പഠിപ്പിച്ചു. അത് കൃത്യമായി അവർ പരിപാലിക്കുകയും ചെയ്തു. അതിന്റെ പ്രതിഫലനങ്ങളാണ് ഒരുപാട് ആളുകളിൽ വെളിച്ചം സ്ഥാപിച്ചത്.

സഫ്ഫാന മദീനയിൽ എത്തിയശേഷം പലപ്രാവശ്യവും പ്രവാചകനോﷺട് സഹോദരന്റെ അടുത്ത് പോകുന്ന കാര്യം പറഞ്ഞു. അപ്പോഴെല്ലാം പ്രവാചക സവിധത്തിൽ നിന്ന് വന്ന മറുപടി നിങ്ങളെ സുരക്ഷിതമായി ശാമിൽ എത്തിക്കാനുള്ള ഒരു സംഘം വരട്ടെ എന്നായിരുന്നു. ഇസ്ലാമിക വിശ്വാസത്തിലേക്ക് വന്നില്ലെങ്കിലും ഒരു സ്ത്രീയെ ഒരു സംഘത്തെ ഏൽപ്പിച്ചു വിടുമ്പോൾ ഏറ്റവും സുരക്ഷിതമായി എത്താൻ പറ്റുന്ന സംഘം ആയിരിക്കണമെന്ന കണിശത പ്രവാചകൻﷺ പാലിച്ചു. അവർ നമ്മുടെ എതിർ ചേരിയിൽ പിടിക്കപ്പെട്ടവരല്ലേ! എങ്ങനെയുമായിക്കോട്ടെ! എന്ന വിചാരം തിരുനബിﷺക്ക് ഉണ്ടായിരുന്നില്ല. മദീനയെയും പ്രവാചകനെﷺയും മദീന നിവാസികളെയും നേരിട്ട് അനുഭവിച്ച ഒരു സ്ത്രീയുടെ വളച്ചുകെട്ടില്ലാത്ത പ്രസ്താവനകൾ കൂടിയാണ് നാം വായിച്ചത്. ഇതിൽ ലോകത്തിന് കൈമാറുന്ന വലിയ സന്ദേശങ്ങളുണ്ട്. പഴുതുകൾ സൃഷ്ടിച്ചു ഇസ്ലാമിനെ പ്രതിക്കൂട്ടിൽ കയറ്റുന്നവർ, ചരിത്രമോ വസ്തുതകളോ അറിയാത്തവരോ അറിയാൻ ശ്രമിക്കാത്തവരോ ആണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-579

Tweet 579
ഹിജ്‌റ ഒൻപതാം വർഷം റജബ് മാസം. തിരുനബിﷺ തബൂക്കിൽ നിന്ന് മദീനയിലേക്ക് വരികയായിരുന്നു. 420 അശ്വഭടന്മാരുള്ള ഒരു സംഘത്തെ ഖാലിദി(റ)ന്റെ നേതൃത്വത്തിൽ ഉകൈദിർ ബിൻ അബ്ദുൽ മലിക്കിന്റെ അടുത്തേക്ക് അയച്ചു. ക്രിസ്തുമത വിശ്വാസിയായിരുന്ന അദ്ദേഹം കിന്തയിലെ ദോമത്തുൽ ജന്തലിലായിരുന്നു ഉണ്ടായിരുന്നത്. റോമിനെതിരെയുള്ള പടനീക്കത്തിൽ നയതന്ത്രപ്രധാനമായ ഒരു കാര്യമായിരുന്നു ഉക്കൈദിറിന് എതിരെയുള്ള നീക്കം. ഖാലിദി(റ)ന്റെ ആഗമനം അറിഞ്ഞതും ഉകൈദിർ കോട്ടയുടെ ഉള്ളിൽ കയറി ഒളിച്ചു. വിജയ വിശേഷം മുന്നറിയിപ്പ് നൽകാനാണ് പ്രവാചകൻﷺ ഖാലിദി(റ)നെ അങ്ങോട്ട് അയച്ചത്. അദ്ദേഹത്തെ ജീവനോടെ കിട്ടുകയാണെങ്കിൽ മദീനയിൽ ഹാജരാക്കണമെന്നും അല്ലാത്തപക്ഷം അയാളെ ശക്തിയായി നേരിടണമെന്നുമായിരുന്നു തിരുനബിﷺയുടെ നിർദ്ദേശം. അയാൾ വേട്ടക്ക് വേണ്ടി പുറത്തിറങ്ങുമ്പോൾ കോട്ടക്കു പുറത്തുവച്ചുതന്നെ അയാളെ നേരിടാൻ ആകുമെന്ന് തിരുനബിﷺ മുന്നറിയിപ്പ് നൽകിയിരുന്നു. ഖാലിദും(റ) സൈന്യവും നേരെ കോട്ടയുടെ പരിസരത്തേക്ക് തന്നെ എത്തി.

ഉഷ്ണകാലമായതുകൊണ്ട് ഉകൈദിറും ഭാര്യയും പാട്ടുകാരും എല്ലാവരും ഒരുമിച്ച് കോട്ടയുടെ മുകളിൽ രാവു കൊള്ളാൻ വേണ്ടി തുറന്ന മച്ചിന്റെ പുറത്ത് ഒരുമിച്ചു കൂടി. ആ സമയത്ത് ഒരു കാട്ടുപോത്ത് കോട്ടയുടെ വാതിൽക്കലേക്ക് വന്നു. വാതിലിൽ അതിന്റെ കൊമ്പു കൊണ്ട് ഉരസി. ഈ രംഗം ഉകൈദിറിന്റെ ഭാര്യ കണ്ടു. ഈ മഹത്തായ രാത്രിയിൽ മാംസത്തിനുള്ള ഒരു സൗഭാഗ്യമായി അവൾ അതിനെ കണ്ടു. അത് ഭർത്താവിനോട് പങ്കുവെച്ചു. ഇതുപോലെ ഒന്നിനെ നിങ്ങൾ നേരത്തെ കണ്ടിട്ടുണ്ടോ? അദ്ദേഹം പറഞ്ഞു, ഇല്ല. എന്നാൽ പിന്നെ ഇതിനെ ആരാണ് ഉപേക്ഷിക്കുക. രാത്രിയിൽ അതിനെ വേട്ടയാടി കൊണ്ടുവന്നാൽ എത്ര സന്തോഷമായിരുന്നു. മുമ്പൊരിക്കലും ഒരു രാത്രിയിലും ഇങ്ങനെ ഒരു മൃഗം വന്ന് നമ്മുടെ വാതിലിൽ മുട്ടിയിട്ടില്ലല്ലോ. ഉകൈദിർ കൂട്ടിച്ചേർത്തു. എന്നാൽ പിന്നെ ഇനി വൈകേണ്ടതില്ല. ഉടൻതന്നെ വേട്ടക്ക് വേണ്ട ഒരുക്കങ്ങൾ നടത്തി.

കോട്ടയിൽ നിന്നുള്ള ഒരു സംഘം കൂടി അദ്ദേഹത്തോടൊപ്പം ചേർന്നു. അനുജൻ ഹസ്സാനും അയാളുടെ രണ്ട് അടിമകളും പിന്നിൽ കൂടി. ഈ രംഗങ്ങളെല്ലാം കൃത്യമായി നിരീക്ഷിച്ചു കൊണ്ടിരുന്ന ഖാലിദ്(റ) ഏറ്റവും നല്ല രീതിയിൽ സാഹചര്യം ഉപയോഗപ്പെടുത്തി. തന്റെ കുതിര ഉകൈദിറിനു നേരെ കുതിച്ചു. ഹസ്സാൻ പിന്നിൽ നിന്ന് തടഞ്ഞെങ്കിലും അയാൾ കൊല്ലപ്പെട്ടു. അയാളുടെ അടിമകൾ രണ്ടുപേരും ഓടി രക്ഷപ്പെട്ടു. അവർ കോട്ടയുടെ ഉള്ളിലേക്ക് പ്രവേശിച്ചു. ഖാലിദ്(റ) ഉകൈദിറിനെ പിടികൂടി. തന്റെ കരവലയത്തിൽ ഒതുങ്ങിയപ്പോൾ ഖാലിദ്(റ) അയാളോട് ചോദിച്ചു. നിങ്ങൾ എനിക്ക് കോട്ട തുറന്നു തന്നാൽ നിങ്ങളെ ജീവനോടെ ഞാൻ പ്രവാചക സന്നിധിയിൽ എത്തിക്കാം. അതെ, എന്ന് സമ്മതിച്ചു.

നേരെ കോട്ടയുടെ വാതിലിലേക്ക് നടന്നു. വാതിൽ മുട്ടിയെങ്കിലും തുറന്നില്ല. ഉകൈദിറിന്റെ സഹോദരൻ മുളാദ്ദ് അതിനു വിലങ്ങു നിന്നു. അപ്പോൾ ഉകൈദിർ ഖാലിദി(റ)നോട് പറഞ്ഞു. കണ്ടില്ലേ അവർ തുറക്കുന്നില്ല. നിങ്ങൾ എന്നെ അല്പം ഒന്ന് വിട്ടേക്കൂ. ഞാൻ കോട്ടയിൽ പ്രവേശിച്ചിട്ട് നിങ്ങളോട് ചില കരാറിൽ എത്താം. പക്ഷേ, നിങ്ങൾ കുടുംബത്തെ ഒന്നും ചെയ്യരുത്. എന്താണ് ഞാൻ നിങ്ങൾക്ക് തരേണ്ടത് എന്ന് നിങ്ങൾ പറയുന്നുണ്ടോ? അതല്ല, ഞാൻ തന്നെ തീരുമാനിക്കണോ? 2000 ഒട്ടകങ്ങളും 400 പടച്ചട്ടകളും 400 കുന്തങ്ങളും 800 മാടുകളും ഒപ്പം ഉകൈദിറും സഹോദരനും മദീനയിലേക്ക് വരികയും ചെയ്യും. തൽക്കാലം ഉടമ്പടിയോടുകൂടി തുടർ പ്രവർത്തനങ്ങളിലേക്ക് നീങ്ങി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-580

Tweet 580
ഉകൈദിറിന്റെ അടുക്കൽ നിന്നു കൊണ്ടുവന്ന സ്വത്ത് വകകൾ മദീനയിൽ എത്തി. കണ്ണഞ്ചിപ്പിക്കുന്ന ഭൗതിക സമ്പാദ്യങ്ങളെ മുന്നിൽ വച്ചുകൊണ്ട് പ്രവാചകൻﷺ ചോദിച്ചു. ഈ കാണുന്ന വസ്തുക്കൾ നിങ്ങളെ അത്ഭുതപ്പെടുത്തുന്നുണ്ടോ? ഭൗതിക വസ്തുക്കളോട് അനുചരന്മാരുടെ ആഗ്രഹം അധികരിക്കുന്നുണ്ടോ എന്ന് ആലോചിച്ചപ്പോഴായിരുന്നു തിരുനബിﷺ അങ്ങനെ ചോദിച്ചത്. ഉടനെ അവിടുന്ന് തന്നെ അനുബന്ധം ഇങ്ങനെ പറഞ്ഞു. തീർച്ചയായും സ്വർഗ്ഗത്തിൽ സഅദ് ബിൻ മുആദ്(റ) ഉപയോഗിക്കുന്ന തൂവാല ഇതിനേക്കാൾ എത്രയോ മെച്ചപ്പെട്ടതാണ്.

ശേഷം പ്രവാചകന്റെﷺ നേതൃത്വത്തിൽ തന്നെ ആർജ്ജിത സമ്പാദ്യങ്ങൾ വിഹിതം വച്ചു. സാമൂഹിക ഭദ്രതയും വ്യക്തികളുടെ ആവശ്യങ്ങളും ഒരു വിശ്വാസ സമൂഹത്തിന് അനിവാര്യമായ വിചാരങ്ങളും ഒക്കെ മാനദണ്ഡമാക്കിയായിരുന്നു തിരുനബിﷺയുടെ വീതം വെക്കൽ. എല്ലാ അനുചരന്മാരും ആ നീതി നിഷ്ടമായ ഇടപാട് തൃപ്തിപ്പെടുകയും ചെയ്യും.

മുന്നേറ്റങ്ങളുടെയും പ്രതിരോധത്തിന്റെയും ഒന്നും അടിസ്ഥാന ലക്ഷ്യം ഭൗതികമായ സുഖസൗകര്യങ്ങളോ സാമ്പത്തിക സംവിധാനങ്ങളോ അല്ല എന്ന് കേവലമായി പറയുകയായിരുന്നില്ല തിരുനബിﷺ. കൃത്യമായി ആ ജീവിതത്തിൽ പ്രകാശിപ്പിക്കുകയും പ്രായോഗികതലത്തിൽ അനുചരന്മാരെ പഠിപ്പിക്കുകയും ആയിരുന്നു. ആയിരക്കണക്കിന് ഒട്ടകങ്ങളെയും നൂറുകണക്കിന് നാൽക്കാലികളെയും അന്നത്തെ വലിയ ആസ്തിയായി പരിഗണിക്കപ്പെട്ടിരുന്ന അടിമകളെയും സ്വർഗ്ഗത്തിലെ ഒരു തൂവാലയെക്കാൾ നിസ്സാരമായി അവതരിപ്പിച്ചു എന്നത് ഭൗതികതയെ കുറിച്ച് പ്രവാചകൻﷺ വിശ്വസിക്കുകയും സമീപിക്കുകയും ചെയ്ത രീതിയെ സത്യസന്ധമായി ആവിഷ്കരിക്കാൻ വേണ്ടിയായിരുന്നു.

പ്രവാചകൻﷺ ജീവിക്കാൻ തെരഞ്ഞെടുത്ത വീടും അവിടുത്തെ വീട്ടിൽ ഉണ്ടായിരുന്ന ഉപകരണങ്ങളും നിത്യ ജീവിതത്തിനു വേണ്ടി തെരഞ്ഞെടുത്തിരുന്ന വസ്തുവകകളും എല്ലാം അതിന് കൃത്യമായ മാതൃകയും സാക്ഷ്യവും കൂടിയായിരുന്നു. അനുയായികളോട് മാത്രം സിദ്ധാന്തം പറയുകയും സ്വന്തം ജീവിതത്തിൽ അനുഭവങ്ങൾക്കെല്ലാം ന്യായീകരണം കണ്ടെത്തുകയും ചെയ്യുന്നതായിരുന്നില്ല തിരുനബിﷺയുടെ ജീവിതം. അതുകൊണ്ടുതന്നെ ഇത്തരം പ്രയോഗങ്ങളോ തിരുനബിﷺ മാത്രം തീരുമാനമെടുത്ത് നടപ്പിലാക്കുന്ന വീതം വെക്കലുകളോ അനുയായികൾക്കിടയിൽ ഒരു കടുകുമണിയോളം പോലും അവ്യക്തതയോ ആസ്വാരസ്യങ്ങളോ ഉണ്ടാക്കിയില്ല. ജീവിതം തന്നെ ദർശനമാകുമ്പോൾ നിർദ്ദേശങ്ങളും ജീവിതവും തമ്മിൽ ഒരിക്കലും സംഘട്ടനത്തിൽ ഏർപ്പെടുന്നില്ല.

സംഭാഷണങ്ങൾക്കും സാമ്പത്തിക ക്രമീകരണങ്ങൾക്കും ശേഷം ഉകൈദിറുമായുള്ള കരാറുകൾ രേഖപ്പെടുത്തി. കരാറിന്റെ ഒരു ഹ്രസ്വരൂപം ഇങ്ങനെയാണ്. റഹ്മാനും റഹീമും ആയ അല്ലാഹുവിന്റെ നാമത്തിൽ. ഇത് അല്ലാഹുവിന്‍റെ ദൂതൻ മുഹമ്മദ്ﷺയും ഉകൈദിറും ആയി കരാർ ആകുന്നത്. അദ്ദേഹം ഇസ്ലാമിന്റെ ക്ഷണത്തെ സ്വീകരിച്ചിരിക്കുന്നു. വിഗ്രഹങ്ങളെയും മറ്റും ഒഴിവാക്കിയിരിക്കുന്നു. അദ്ദേഹത്തിന്റെ ഭൂപ്രദേശത്തുനിന്ന് ഫലഭൂയിഷ്ടവും അല്ലാത്തതുമായ നിശ്ചിത സ്ഥലങ്ങൾ നമുക്കുള്ളതാണ്. നിസ്കാരം കൃത്യ സമയത്ത് നിർവഹിക്കണം. സമ്പത്തിൽ നിന്ന് നിർദ്ദേശിക്കപ്പെട്ട വിധം ധർമ്മം ചെയ്യണം. ഇത് അല്ലാഹുവും ആയിട്ടുള്ള ഉടമ്പടിയും കരാറുമാണ്. ഇവിടെയുള്ള വിശ്വാസികളും അല്ലാഹുവും ഇതിന്ന് സാക്ഷിയാണ്.

ഈ കരാർ പത്രത്തെ മുൻനിർത്തി ഉകൈദിർ വിശ്വാസത്തിലേക്ക് വന്നു എന്ന് പറഞ്ഞവരും അതല്ല അദ്ദേഹം വിശ്വാസം സ്വീകരിച്ചിട്ടില്ല എന്നും ചരിത്രത്തിൽ അഭിപ്രായങ്ങൾ ഉണ്ട്.

ദൗമ സംഭവത്തിൽ നാൽക്കാലികളെ നിങ്ങൾ വേട്ടയാടും എന്ന് തിരുനബിﷺ ഖാലിദി(റ)നോട് പറഞ്ഞ പരാമർശത്തെ മുന്നിൽവച്ച് കൊണ്ട് ബുജൈർ ബിനു ബുജ്ര(റ) എന്നയാൾ രണ്ടു വരി കവിതകൾ ചൊല്ലി
“തബാറക സാഹിബുൽ ബഖറാതി ഇന്നീ
റഅയ്തുല്ലാഹ യഹ്‌ദീ കുല്ല ഹാദി

ഫ മൻ യകു ഹാഇദൻ അൻ ദീ തബൂകിൻ
ഫ ഇന്നാ ഖദ് ഉമിർനാ ബിൽ ജിഹാദി”

ഉകൈദിറിന്റെ കോട്ടവാതിലിലേക്ക് മൃഗം മുട്ടിയതും അല്ലാഹുവിന്റെ പരമാധികാരവും അവൻ നേർവഴി കാണിക്കുന്നതിന്റെ മഹത്വവും അല്ലാഹുവിന്റെ മാർഗത്തിൽ സമർപ്പിക്കുന്നതിന്റെ പ്രാധാന്യവും ഒക്കെയാണ് ഈ വരികൾ ഉൾക്കൊള്ളുന്നത്. ഈ വരികൾ ചൊല്ലിയ ഉടനെ തിരുനബിﷺ ബുജൈറി(റ)നോട് പറഞ്ഞു. “ലാ യുഫ്ളിലില്ലാഹു ഫാക്ക” അഥവാ അല്ലാഹു നിങ്ങളുടെ വായ പല്ലു കൊഴിഞ്ഞു പോകുന്നതാക്കാതിരിക്കട്ടെ. 90 വയസ്സായിട്ടും അദ്ദേഹത്തിന്റെ ഒരു പല്ലു പോലും അനങ്ങിയിരുന്നില്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-581

Tweet 581
അബൂസുഫിയാനെ(റ)യും മുഗീറ(റ)യെയും നിയോഗിച്ചത്…

ഉറുവയിൽ നിന്ന് ഇമാം ബൈഹഖി(റ) നിവേദനം ചെയ്യുന്നു. സഖീഫ് ഗോത്രക്കാരായ അബ്ദു യാലീൽ, അംറ് ബിൻ ഉമയ്യ എന്നിവരുടെ നേതൃത്വത്തിൽ ഒരു സംഘം തിരുനബിﷺയുടെ അടുക്കൽ വന്നു. അവർ ഇസ്ലാം സ്വീകരിച്ചു. ശേഷം അവർ തിരുനബിﷺയോട് ചോദിച്ചു. ഞങ്ങൾ ഇതുവരെ ആരാധിച്ചു കൊണ്ടിരുന്ന ദേവതയെ ഇനി എന്താണ് ചെയ്യുക? ഇനിയത് നീക്കം ചെയ്യാമല്ലോ എന്നായി തിരുനബിﷺയുടെ മറുപടി. പക്ഷേ, അവർക്കത് പെട്ടെന്ന് ഉൾകൊള്ളാനായില്ല. എന്തെങ്കിലും വിപത്തുകൾ സംഭവിക്കുമോ എന്നതായിരുന്നു ഒന്നാമത്തെ ഭയം. രണ്ടാമത് പ്രദേശവാസികൾ എങ്ങനെയായിരിക്കും പ്രതികരിക്കുക എന്നതായിരുന്നു. അപ്പോൾ ഉമർ(റ) ചോദിച്ചു. ഒരു ഉപകാരമോ ഉപദ്രവമോ അതിനുള്ള അധികാരമോ ഇല്ലാത്ത ഒരു കല്ല് നീക്കം ചെയ്യുന്നതിൽ എന്താണ് സംഭവിക്കാനുള്ളത്? അപ്പോൾ അവർ പറഞ്ഞു. ഞങ്ങൾ നിങ്ങളുടെ അടുക്കലേക്കല്ല വന്നത്. അഥവാ നിങ്ങൾ ഇതിൽ ഇടപെട്ട് സംസാരിക്കേണ്ടതില്ല.

ശേഷം, അവർ തിരുനബിﷺയോട് ഇങ്ങനെ പറഞ്ഞു. ഒരു മൂന്നുവർഷം അതിനെ അവിടെത്തന്നെ നിലനിർത്തിയാലോ? സത്യവിശ്വാസത്തിലുള്ള ആളുകൾ വീണ്ടും തെറ്റായ വിശ്വാസത്തിലേക്ക് പോകാൻ സാധ്യതയുള്ളതുകൊണ്ടാവണം തിരുനബിﷺ അതിനു സമ്മതിച്ചില്ല. പിന്നീട് അവർ രണ്ടുവർഷമെങ്കിലും, ഒരു വർഷമെങ്കിലും, ഒരു മാസമെങ്കിലും എന്നൊക്കെ പറഞ്ഞു നോക്കി. പക്ഷേ, പ്രവാചകൻﷺ അതിനു അനുവദിച്ചില്ല. ഞങ്ങൾക്ക് ഒരിക്കലും അത് നീക്കം ചെയ്യാൻ സാധിക്കില്ല എന്നതായിരുന്നു അവരുടെ മനോഗതി. അടുത്തു മാത്രം ഇസ്ലാമിലേക്ക് വന്ന ആളുകളുടെ മനോവിചാരങ്ങൾ അങ്ങനെ ആകാം എന്ന് തിരുനബിﷺക്കറിയാം. അവസാനം നബിﷺ ഇങ്ങനെ ഒരു തീരുമാനം പറഞ്ഞു. അബൂസുഫിയാനെ(റ)യും മുഗീറ ബിൻ ശുഅ്ബ(റ)യെയും ഞാൻ അങ്ങോട്ട് അയക്കാം. അവർ ആ ദൗത്യം നിർവഹിച്ചു കൊള്ളും.

ബഹുദൈവ വിശ്വാസം ഉള്ളിൽ ഒതുക്കിയ സഖീഫ് ഗോത്രത്തിലെ ഒരു വയോധികൻ പറഞ്ഞു. നമുക്ക് ഇങ്ങനെ ഒരു കരാറിൽ എത്താം. അതിനെ നീക്കം ചെയ്യാൻ വരുന്നവർക്ക് ഒന്നും സംഭവിക്കാതെ സുരക്ഷിതമായി ചെയ്യുന്നു എങ്കിൽ നമ്മുടെ വിശ്വാസം തെറ്റായിരുന്നു എന്നും ചെയ്യാൻ വന്നവർ സത്യത്തിന്മേലാണെന്നും നമുക്ക് ഉറപ്പിക്കാം. അതല്ല, ഏതെങ്കിലും വിധത്തിലുള്ള പ്രതികരണങ്ങൾ ഉണ്ടായാൽ അപ്പോൾ നമുക്ക് ബാക്കി നോക്കാം. വിഗ്രഹത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പ്രതികരണം ഉണ്ടാകും എന്ന വിശ്വാസത്തിലായിരുന്നു അയാളും. ഇതുകേട്ടപ്പോൾ ഉസ്മാൻ ബിൻ അബുൽ ആസ്(റ) പറഞ്ഞു. അബദ്ധം നിറഞ്ഞ നിങ്ങളുടെ ഹൃദയം നമുക്കിപ്പോൾ അനുഗ്രഹം ചെയ്തിരിക്കുന്നു. ദേവത നിങ്ങളെ വഞ്ചിക്കുകയും ചെയ്തിരിക്കുന്നു. ഒരിക്കലും ആ ദേവതയ്ക്ക് ആരാണ് തന്നെ ആരാധിച്ചതെന്നോ ആരാണ് തന്നെ ആരാധിക്കാത്തത് എന്നോ ഒന്നുമറിയില്ല.

ഏതായാലും അബൂസുഫിയാനും(റ) മുഗീറ(റ)യും പുറപ്പെട്ടു. രാത്രിയിൽ തന്നെ അവിടെ എത്തി. രാവിലെ തന്നെ അവരുടെ ദൗത്യം അവർ നിർവഹിച്ചു. പ്രദേശവാസികൾ ഒന്നും തന്നെ കാര്യങ്ങൾ അറിഞ്ഞില്ല. അവരുടെ വിചാരം ഇവിടെ എന്തെങ്കിലും തൊട്ടാൽ നാട്ടിൽ വിപത്ത് വരുമെന്നും സമൂഹത്തിൽ ദുഃഖങ്ങൾ ഉണ്ടാകുമെന്നുമൊക്കെയായിരുന്നു.

ഇനി ഇവിടെ ഉണ്ടാകാൻ പോകുന്ന രസമുള്ള ഒരു കൗതുകം മുഗീറ(റ) നേരത്തെ തന്നെ പ്രവചിച്ചു. നമ്മുടെ നാട്ടിലെ വിഗ്രഹത്തെ നീക്കം ചെയ്യപ്പെടാൻ പോവുകയാണല്ലോ എന്ന് കണ്ടു വലിയവരും ചെറിയവരും സ്ത്രീകളും പുരുഷന്മാരും എല്ലാം പുറത്തേക്ക് വന്നു. അവർ ദയനീയമായി അതിന് യാത്ര പറയാൻ തുടങ്ങി. വിരഹത്തിന്റെ വേദന പോലെ ദുഃഖാർത്തരായി അവർ കണ്ണീരൊലിപ്പിച്ചു. ഇപ്പോഴും ദേവത അവിടെത്തന്നെയുണ്ട് എന്ന വിചാരമായിരുന്നു അവരെ കരയിപ്പിച്ചത്. രാവിലെ തന്നെ അത് അസ്തമിച്ചു എന്ന് അവർ അറിഞ്ഞില്ല. ഈ രംഗം കണ്ടാണ് മുഗീറ(റ) ചിരിച്ചത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-582

Tweet582
മുഗീറ(റ) നടത്തിയ ദൗത്യ നിർവഹണത്തിന്റെ അവലോകനം ഇങ്ങനെ വായിക്കാം. ആയുധമേന്തി വാഹനപ്പുറത്ത് അദ്ദേഹം ഉയർന്നു നിന്നു. ബനൂ മുഅത്തിബും(റ) ഒപ്പം നിന്നെങ്കിലും അയാൾക്ക് ഉള്ളിൽ ഭയം ഉണ്ടായിരുന്നു. അബൂസുഫിയാനും(റ) അടുത്ത് വന്ന് പിന്തുണ പ്രഖ്യാപിച്ചു കൊണ്ട് നിന്നു. മുഗീറ(റ) ആയുധമെടുത്തു കെട്ടിടത്തിനു ആദ്യ പ്രഹരമേൽപ്പിച്ചതും അയാൾ ഒന്നു പിന്നോട്ട് മാറി ബോധരഹിതനെ പോലെ കിടന്നു. ത്വാഇഫ് മുഴുവനും പ്രകമ്പനം കൊണ്ടു. മുഗീറ(റ)യെ അല്ലാഹു വിജയിപ്പിക്കട്ടെ. ദേവതയെ നീക്കം ചെയ്തിരിക്കുന്നു. ചില ആളുകൾ പറഞ്ഞു. ദേവത തടഞ്ഞില്ലെങ്കിലും അതാ മുഗീറ(റ) വീണിരിക്കുന്നു. ഉടനെ മുഗീറ(റ) ചാടി എഴുന്നേറ്റു. അല്ലയോ ഖുറൈശികളെ, അല്ലാഹു നിങ്ങളുടെ ആശകൾ പുലർത്താതിരിക്കട്ടെ. ഈ കെട്ടിടവും ഇതിലെ പ്രതിഷ്ഠകളുമെല്ലാം കേവലം കല്ലുകളും മണൽ തരികളുമല്ലേ. നിങ്ങൾ മുന്നോട്ടു വരൂ. ഇവയൊന്നും ആരാധിക്കപ്പെടാൻ ഉള്ളതല്ല. ശേഷം, മുഗീറ(റ) വാതിലിൽ ഒരു ചവിട്ടു കൊടുത്തു. നിഷ്പ്രയാസം തകർന്നതും ഒരുപാട് ആളുകൾ അദ്ദേഹത്തോടൊപ്പം കൂടി. കുറഞ്ഞ സമയം കൊണ്ട് അത് മുഴുവനും നിലം പരിശാക്കി. ഉടനെ പരിചാരകൻ പറഞ്ഞു. ഇതിന്റെ അടിത്തറ നിങ്ങൾ ഇളക്കരുതെ. ദൈവം നിങ്ങളോട് കോപിക്കും. നിങ്ങൾ മുഴുവനും ഭൂമിയിലേക്ക് ആഴ്ത്തപ്പെടും.

അടിത്തറ ഇളക്കാൻ ആദ്യം ഉദ്ദേശിച്ചില്ലെങ്കിലും ഇനിയിപ്പോൾ അനിവാര്യമായിരിക്കുന്നു. ഒരു ജനതയുടെ വിശ്വാസം ശരിയായ ദിശയിലേക്ക് കൊണ്ടുവരിക എന്നത് വലിയ ദൗത്യമാണ്. മൗഢ്യമേറിയ വിശ്വാസവുമായി നടന്ന ഒരു ജനതയെ നേർവഴിയിലേക്ക് ആനയിച്ചതിൽ പിന്നെ സത്യവിശ്വാസം അവരിൽ ഊട്ടി ഉറപ്പിക്കേണ്ടത് ബാധ്യതയാണ്. കല്ലോ മണ്ണോ കരടോ സ്വയമായി ഉപകാരമോ ഉപദ്രവമോ ചെയ്യില്ലെന്നും ഈ പ്രപഞ്ചത്തെ മുഴുവനും നിയന്ത്രിക്കുന്ന ഒരു പരാശക്തിയുണ്ടെന്നും സത്യസന്ധമായി ബോധ്യപ്പെടുത്തേണ്ടത് ഒരു സത്യവിശ്വാസിയുടെ ഉത്തരവാദിത്വമാണ്. അത് നിർവഹിക്കാതിരിക്കാൻ കഴിയില്ല. സാഹചര്യം അനുകൂലം ആണെങ്കിൽ കൂടുതൽ വ്യക്തതയോടെ പറഞ്ഞു കൊടുക്കേണ്ടതുണ്ട്. ഇനിയിപ്പോൾ ഈ അടിത്തറ ഇളക്കാതെ പോയാൽ അതുകൊണ്ട് ഉണ്ടായേക്കാവുന്ന വിപത്തുകൾ ഭയന്നു കൊണ്ടാണ് പോയത് എന്ന് വിചാരിക്കും.

മുഗീറ(റ) ക്ഷീണം മാറ്റാതെ തന്നെ അടുത്ത ദൗത്യത്തിലേക്ക് പ്രവേശിച്ചു. അതിന്റെ അസ്ഥിവാരത്തിൽ ഒളിപ്പിച്ചു വെച്ചിരുന്ന പൊന്നും പണവും എല്ലാം പുറത്തേക്ക് എടുത്തു. അബൂ സുഫിയാനും(റ) മുഗീറ(റ)യും അനുയായികളും കൂടി മുഴുവൻ ആസ്തികളും പ്രവാചക സന്നിധിയിലേക്ക് കൊണ്ടുവന്നു. അല്ലാഹുവിന്റെ മതത്തിന് ലഭിച്ച പ്രതാപത്തിൽ അല്ലാഹുവിനെ തന്നെ പ്രവാചകൻﷺ സ്തുതിച്ചു. സഖീഫ് ഗോത്രത്തിൽ ഉണ്ടായിരുന്ന മുഴുവൻ മിഥ്യാധാരണകളും മാറിക്കിട്ടി. അവർ ശരിയായ വിശ്വാസത്തിലേക്ക് പ്രവേശിച്ചു. ഈ സംഭവത്തെ തുടർന്ന് അവിശ്വാസികൾക്ക് നേരത്തെ കൊടുക്കാനുണ്ടായിരുന്ന കടബാധ്യതകൾ അഥവാ അനന്തരാവകാശികളായ സത്യവിശ്വാസികൾക്ക് മേൽ ബാധകമായിരുന്ന വായ്പകൾ കൊടുത്തു തീർക്കാൻ പ്രവാചകർﷺ നിർദ്ദേശിച്ചു.

ചരിത്രപശ്ചാത്തലങ്ങൾ വെച്ചുകൊണ്ടാണ് ഈ സംഭവത്തെ വായിക്കേണ്ടത്. ഒരു വിഭാഗം പുണ്യം കൽപ്പിക്കുകയും ആരാധിക്കുകയും ചെയ്ത വസ്തുക്കളെ കയ്യേറ്റം നടത്തിയതല്ല. ഒരു ജനത മുഴുവനും വിവരമില്ലാത്തതിന്റെ പേരിൽ ചെയ്തുകൊണ്ടിരുന്ന കർമ്മങ്ങളിൽ നിന്നും ബോധ്യത്തിലേക്കും വെളിച്ചത്തിലേക്കും വന്നപ്പോൾ കഴിഞ്ഞകാലത്ത് അവരിൽ നിന്ന് വന്നുപോയ വിചാരങ്ങളെയും വിശ്വാസങ്ങളെയും മാറ്റിസ്ഥാപിക്കാൻ അവരോടൊപ്പം കൂടി കൊടുക്കുകയായിരുന്നു. മാനസികമായും സാംസ്കാരികമായും മാറിക്കഴിഞ്ഞ ഒരു ജനതയെ അവരുടെ വെളിച്ചത്തിന്റെ പൂർത്തീകരണത്തിലേക്ക് നയിക്കുകയായിരുന്നു.

പശ്ചാത്തലം അറിയാതെ ഇത്തരം സംഭവങ്ങൾ വായിക്കുമ്പോൾ തെറ്റായി ഉദ്ധരിക്കപ്പെടാനും അപകടകരമായ വിചാരങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്. ദുരുദ്ദേശപൂർവ്വം ഇത്തരം ചരിത്ര ശകലങ്ങളെ അനവസരത്തിൽ ഉദ്ധരിച്ചും തെറ്റായ അർത്ഥ കല്പനകൾ നൽകിയും വിനോദം കണ്ടെത്തുന്നവർ ചിലരോടുള്ള വിരോധം തീർക്കാനാണ് അത് ഉപയോഗിക്കാറുള്ളത്. ചരിത്രത്തിന്റെയും വസ്തുതകളുടെയും നേർവായനകളാണ് ഉപകാരപ്രദമായ പഠനങ്ങളെ സമ്മാനിക്കുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-583

Tweet 583
അബു മൂസ അൽ അശ്അരി(റ), മുആദ് ബിൻ ജബൽ(റ) എന്നിവരുടെ നേതൃത്വത്തിൽ യമനിലേക്കുള്ള നിയോഗം.

അബൂ മൂസ അൽ അശ്അരി(റ) തന്നെ പറയുന്നു. അശ്അരികളിൽ നിന്നുള്ള രണ്ടുപേരോടൊപ്പം ഞാൻ തിരുനബിﷺയുടെ അടുത്ത് എത്തി. നബിﷺ അപ്പോൾ ബ്രഷ് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. എന്നോടൊപ്പം ഉള്ള രണ്ടുപേരും എന്റെ ഇരുവശങ്ങളിലായി നിന്നു. സക്കാത്ത് സമാഹരിക്കാനുള്ള ഉത്തരവാദിത്വം ഞങ്ങളെ ഏൽപ്പിക്കുമോ എന്ന് അവർ ചോദിക്കുന്നുണ്ടായിരുന്നു. പ്രവാചകൻﷺ മിസ്സ്വാക്ക് ചെയ്യുന്നത് ഞാൻ ഇങ്ങനെ നോക്കി നിന്നു. അതിനിടയിൽ അവിടുന്ന് ഇങ്ങനെ പറഞ്ഞു. സക്കാത്ത് സമാഹരിക്കാൻ ഉള്ള ഉത്തരവാദിത്വം ചോദിച്ചു വരുന്ന ആളുകൾക്ക് നമ്മൾ നൽകാറില്ല. അല്ലയോ അബൂ മൂസ(റ), നിങ്ങൾ തന്നെ പൊയ്ക്കോളൂ നേരെ യമനിലേക്ക്. അബു മൂസ(റ) തുടരുന്നു. എന്നെയും മുആദി(റ)നെയും യമനിലേക്ക് നബിﷺ നിയോഗിച്ചു. അവർ രണ്ടുപേരും അവരവരുടെ പ്രവിശ്യകളിൽ അവരുടെ ദൗത്യം നിർവഹിച്ചു.

ഒരാൾ യമനിന്റെ ഉയർന്ന ഭാഗത്തും അടുത്തയാൾ യമനിന്റെ താഴ്ന്ന പ്രദേശത്തും. അബൂ മൂസ(റ) ആയിരുന്നു താഴ്ന്ന പ്രദേശത്തെ ഉത്തരവാദിത്വം ഏറ്റെടുത്തത്. രണ്ടുപേരെയും നിയോഗിക്കുന്ന സമയം തിരുനബിﷺ ചില ഉപദേശങ്ങൾ നൽകി. നിങ്ങൾ രണ്ടുപേരും ജനങ്ങളെ നന്മയിലേക്ക് ക്ഷണിക്കുക. അവർക്ക് സുവിശേഷം അറിയിക്കുക. അവരെ വെറുപ്പിക്കരുത്. ലളിതമായ രൂപത്തിൽ ആയിരിക്കണം സംബോധന. പ്രയാസപ്പെടുത്തുന്ന രൂപത്തിലായിരിക്കരുത്. നിങ്ങൾ പരസ്പരം ഉൾക്കൊള്ളുകയും സഹകരിക്കുകയും വേണം. അഭിപ്രായ ഭിന്നതയിൽ ആവരുത്. അപ്പോൾ രണ്ടുപേരും പ്രവാചകനോﷺട് ചോദിച്ചു. യമനിലെ രണ്ട് പാനീയങ്ങളെ കുറിച്ച് അവിടുന്ന് മതവിധി പറഞ്ഞാലും. ഒന്നിന് ഞങ്ങൾ ബതഉ എന്നാണ് പറയുക. അത് തേനിൽ നിന്ന് വീഞ്ഞാക്കുകയും അത് കടുക്കുകയും ചെയ്യുന്ന പാനീയമാണ്. രണ്ടാമത്തേത് ചോളം ഗോതമ്പ് എന്നിവയിൽനിന്ന് വീഞ്ഞാക്കിയ ശേഷം കഠിനമാക്കുന്നതാണ്. അപ്പോൾ പ്രവാചകൻﷺ: ലഹരി പിടിപ്പിക്കുന്ന ഏത് തരം പാനീയം ആണെങ്കിലും അത് നിഷിദ്ധമാണ്.

ഇനി ഓരോ പാനീയങ്ങളെയും എണ്ണിപ്പറയേണ്ടതില്ല. പൊതുവായ ഒരു തത്വം അവിടുന്ന് പഠിപ്പിച്ചു കൊടുക്കുകയായിരുന്നു. ലഹരി ഉണ്ടാക്കുന്ന ഏതു ദ്രാവകവും നിഷിദ്ധമാണെന്ന് വന്നാൽ ഉന്നയിക്കപ്പെടുന്ന ഏത് പാനീയത്തിന്റെയും സ്വഭാവം എന്താണെന്ന് അറിഞ്ഞാൽ മതിയല്ലോ.

അബൂ മൂസ അൽ അശ്അരി(റ)യും മുആദും(റ) യമനിലേക്ക് എത്തി. രണ്ടുപേരും അവരവർക്ക് നിശ്ചയിക്കപ്പെട്ട ഇടങ്ങളിൽ പാർത്തു.

ഇബ്നു അബ്ബാസ്(റ) പറയുന്നു. മുആദി(റ)നെ യമനിലേക്ക് അയച്ചപ്പോൾ തിരുനബിﷺ അദ്ദേഹത്തോട് പറഞ്ഞു. നിങ്ങൾ യമനിൽ ചെല്ലുമ്പോൾ വേദക്കാരായ പലരെയും കാണും. അവരെ നിങ്ങൾ അല്ലാഹുവിലും റസൂലിﷺലും ഉള്ള വിശ്വാസത്തിലേക്ക് ക്ഷണിക്കണം. അവർ അത് സ്വീകരിക്കുന്ന പക്ഷം നിസ്കാരത്തെക്കുറിച്ചും മറ്റു കർമ്മങ്ങളെക്കുറിച്ചും നിങ്ങൾ സംസാരിക്കണം. ഇസ്ലാമിന്റെ മര്യാദകളും അവരെ പഠിപ്പിക്കണം. അവരിൽ നിന്ന് സമ്പത്തിന്റെ വിഹിതം സ്വീകരിക്കുമ്പോൾ അവർ താലോലിച്ചു വളർത്തുന്ന വസ്തുക്കളെ അവർക്ക് തന്നെ നൽകണം.

മുആദ്(റ) യമനിൽ എത്തി സുബ്ഹി നിസ്കാരം അഥവാ പ്രഭാത പ്രാർത്ഥന നിർവഹിച്ചു. നിസ്കാരത്തിൽ വിശുദ്ധ ഖുർആനിലെ നാലാം അധ്യായം അന്നിസാഇലെ സൂക്തങ്ങൾ പാരായണം ചെയ്തു. കൂട്ടത്തിൽ അല്ലാഹു ഇബ്രാഹീമി(അ)നെ മിത്രമാക്കിയിരിക്കുന്നു എന്ന് ആശയമുള്ള സൂക്തം കടന്നുപോയി. അത് കേട്ടപ്പോൾ അവിടെയുള്ള ഒരാൾ പറഞ്ഞു. ഇബ്രാഹിമി(അ)ന്റെ ഉമ്മക്ക് ഏറെ സന്തോഷമായിരിക്കുന്നു…..

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-584

Tweet 584
ബനൂ അബ്ദു മദാനിലേക്ക് ഖാലിദി(റ)ന്റെ നിയോഗം…

ഹിജ്റയുടെ പത്താം വർഷം ജമാദുൽ ഊല മാസത്തിൽ നജ്റാനിലെ ബനുൽ ഹാരിസ് ബിൻ കഅ്ബിലേക്ക് ഖാലിദ് ബിൻ വലീദി(റ)ന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ തിരുനബിﷺ നിയോഗിച്ചു. മൂന്നുദിവസം അവരെ നേർവഴിയിലേക്ക് ക്ഷണിക്കാനും അവർ അനുസരിക്കുന്നില്ലെങ്കിൽ മാത്രം അവരെ പ്രതിരോധിക്കാനും നബിﷺ നിർദ്ദേശിച്ചു. ഖാലിദും(റ) സംഘവും പുറപ്പെട്ടു. പ്രസ്തുത ഗോത്രത്തിന്റെ നാല് ദിക്കുകളിലൂടെയും അവർ പ്രവേശിച്ചു. ഖാലിദ്(റ) ആ ഗോത്രത്തോട് സംസാരിച്ചു. എല്ലാം സ്വീകരിക്കുകയും സർവ്വാത്മനാ രക്ഷ കൈവരിക്കുകയും ചെയ്യാൻ അവരോട് നിർദ്ദേശിച്ചു. മൂന്നുദിവസം വരെ അങ്ങനെ തുടർന്നു.

ഗോത്രക്കാർ മുഴുവനും ഇസ്ലാമിനെ സ്വാഗതം ചെയ്യുകയും ഖാലിദി(റ)നെയും സംഘത്തെയും കേൾക്കാൻ ഒരുങ്ങുകയും ചെയ്തു. ഖാലിദി(റ)ന്റെ നേതൃത്വത്തിൽ പരിശുദ്ധ മതത്തിന്റെ പാഠഭാഗങ്ങൾ അവർക്ക് കേൾപ്പിച്ചു കൊടുത്തു. വിശുദ്ധ ഖുർആനിന്റെ സന്ദേശവും തിരുനബി ജീവിതത്തിന്റെ മാതൃകകളും അവരെ പഠിപ്പിച്ചു. അവർ ഹൃദയം തുറന്നു സ്വീകരിക്കുകയും ഇസ്ലാമിക ചിട്ടകൾ അനുകരിക്കുകയും ചെയ്തു. ശേഷം, ഖാലിദ്(റ) തിരുനബിﷺക്ക് ഒരു കത്ത് അയച്ചു. അതിന്റെ ഉള്ളടക്കം ഇങ്ങനെ വായിക്കാം. ” റഹ്മാനും റഹീമും ആയ അല്ലാഹുവിന്റെ നാമത്തിൽ ഖാലിദ് ബിൻ വലീദ്(റ) മുഹമ്മദ് നബിﷺക്ക് അയക്കുന്നത്.

അല്ലാഹുവേ നിന്നെ ഞാൻ സ്തുതിക്കുന്നു.. അവനല്ലാതെ ആരാധനക്കർഹനില്ല. ആമുഖത്തിനു ശേഷം, അല്ലയോ അല്ലാഹുവിന്റെ ദൂതരെﷺ. അവിടുത്തേക്ക് ആദരപൂർവ്വമുള്ള അനുഗ്രഹങ്ങൾ അല്ലാഹു വർഷിക്കട്ടെ. അവിടുന്ന് എന്നെ ബനുൽ ഹാരിസ് ബിന് കഅ്ബിലേക്ക് നിയോഗിച്ചു. മൂന്നുദിവസം വരെ അവരെ നേർവഴിക്ക് ക്ഷണിക്കാനും സ്വീകരിച്ചാൽ ഇസ്ലാമിന്റെ വിധിവിലക്കുകൾ അവർക്ക് പഠിപ്പിച്ചു കൊടുക്കാനും സ്വീകരിക്കാത്ത പക്ഷം മാത്രം അവരോട് സായുധമായി പെരുമാറാനും എന്നോട് നിർദ്ദേശിച്ചു.

അതുപ്രകാരം ഞാൻ അവരുടെ അടുക്കലേക്ക് എത്തി. മൂന്നുദിവസം വരെ അവരെ നന്മയിലേക്ക് ക്ഷണിച്ചു കൊണ്ടിരുന്നു. വിശ്വസിക്കൂ സർവാത്മനാ രക്ഷപ്പെടുമെന്ന് ഞാൻ അവരോട് വിളിച്ചുപറഞ്ഞു. അവരത് അംഗീകരിച്ചു. ഞാനിപ്പോൾ അവർക്കൊപ്പം ആണ് ജീവിക്കുന്നത്. അല്ലാഹു കൽപ്പിച്ച കാര്യങ്ങൾ ഞാൻ അവരോട് പറഞ്ഞു കൊടുക്കുന്നു. അല്ലാഹു വിരോധിച്ച കാര്യങ്ങളിൽ നിന്ന് അവരെ വിലക്കുന്നു. ഇസ്ലാമിന്റെ ചിട്ടകളും മര്യാദകളും അവർക്ക് പഠിപ്പിച്ച് കൊടുക്കുന്നു. തിരുനബിﷺയുടെ ചര്യകൾ ഞാൻ അവർക്ക് കാണിച്ചു കൊടുക്കുന്നു. അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹ്….

ഈ കത്ത് സ്വീകരിച്ചതും തിരിച്ചു തിരുനബിﷺ ഖാലിദി(റ)ന് ഒരു മറുപടി അയച്ചു. റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ ആരംഭം കുറിച്ചുകൊണ്ട് അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് നബിﷺ ഖാലിദ് ബിൻ വലീദിന്(റ)…

ബനുൽ ഹാരിസുബ്നു കഅ്ബ് ഇസ്ലാം സ്വീകരിച്ച വിവരം ഉൾക്കൊള്ളുന്ന കത്ത് എനിക്ക് ലഭിച്ചു. ഒരു സായുധ പെരുമാറ്റത്തിന് മുമ്പ് തന്നെ അല്ലാഹുവല്ലാതെ ആരാധനക്കർഹനില്ലെന്നും മുഹമ്മദ് നബിﷺ അല്ലാഹുവിന്റെ ദൂതനും ദാസനും ആണെന്നും അവർ വിശ്വസിച്ചംഗീകരിച്ചതായി ഞാൻ അറിഞ്ഞു. അല്ലാഹു അവനിൽ നിന്നുള്ള നേർവഴി അവർക്ക് നൽകിയിരിക്കുന്നു. അവർക്ക് കൃത്യമായ സുവിശേഷങ്ങളും പുതുതായി ചെയ്താൽ ഉണ്ടാകാവുന്ന ശിക്ഷകളെ കുറിച്ചുള്ള താക്കീതും നൽകുക. നിങ്ങളും അവരുടെ കൂട്ടത്തിൽ നിന്നുള്ള ഒരു നിയോഗസംഘവും ഇങ്ങോട്ട് വരിക. അല്ലാഹുവിൽ നിന്നുള്ള ഗുണവും രക്ഷയും നിങ്ങൾക്ക് ഉണ്ടാവട്ടെ..!

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-585

Tweet 585
മിഖദാദ് ബിൻ അൽ അസ്വദി(റ)നെ ചില അറബ് പ്രവിശ്യകളിലേക്ക് നിയോഗിച്ചത്…

ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു. മിഖ്ദാദ് ബിൻ അൽ അസ്വദി(റ)ന്റെ നേതൃത്വത്തിൽ ഒരു സംഘത്തെ തിരുനബിﷺ നിയോഗിച്ചു. അദ്ദേഹം എത്തിയപ്പോഴേക്കും ആ പ്രവിശ്യയിലെ ജനങ്ങൾ പല ഭാഗത്തേക്ക് തിരിഞ്ഞു പോയി. വളരെ ധനികനായ ഒരാൾ മാത്രം അവിടെ അവശേഷിച്ചു. അദ്ദേഹം സ്വകാര്യമായി വിശ്വസിച്ചിരുന്ന ആളും മിഖ്ദാദി(റ)ന്റെ ആഗമന സമയത്ത് സത്യവാചകം ചൊല്ലിയ വ്യക്തിയുമായിരുന്നു. പക്ഷേ, മിഖദാദി(റ)ന്റെ സായുധ നീക്കം അദ്ദേഹത്തെ വധിച്ചു കളഞ്ഞു. കാര്യങ്ങളുടെ സ്ഥിതിഗതികൾ മനസ്സിലായ സ്വഹാബികളിൽ ഒരാൾ മിഖ്ദാദി(റ)നോട് പറഞ്ഞു. നിങ്ങൾ ഇപ്പോൾ വധിച്ചു കളഞ്ഞത് സത്യ വാചകം (ലാഇലാഹ ഇല്ലല്ലാഹ്) ചൊല്ലിയ ഒരു വ്യക്തിയെയാണ്. ഇക്കാര്യം ഞങ്ങൾ തിരുനബിﷺയോട് പറഞ്ഞുകൊടുക്കും.

അപ്രകാരം തന്നെ അവർ തിരുനബിﷺയെ വിവരമറിയിച്ചു. പ്രവാചകൻﷺ മിഖ്ദാദി(റ)നെ വിളിച്ചു. എന്നിട്ട് ചോദിച്ചു. അല്ലയോ മിഖ്ദാദേ(റ)! ലാഇലാഹ ഇല്ലല്ലാഹ് എന്ന് പറഞ്ഞ ഒരാളെ നിങ്ങൾ വധിച്ചു കളഞ്ഞു അല്ലേ. നാളെ പരലോകത്ത് ആ ലാ ഇലാഹ ഇല്ലല്ലാഹ് നിങ്ങൾക്കെതിരെ സാക്ഷിയായാൽ നിങ്ങൾ എന്തു ചെയ്യും. അപ്പോൾ പരിശുദ്ധ ഖുർആനിലെ നാലാം അധ്യായം അന്നിസാഇലെ 94 ആം സൂക്തം അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം. “വിശ്വാസികളെ, നിങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധത്തിനിറങ്ങിയാല്‍ ശത്രുക്കളെയും മിത്രങ്ങളെയും വേര്‍തിരിച്ചറിയണം. ആരെങ്കിലും നിങ്ങള്‍ക്ക് സലാം ചൊല്ലിയാല്‍ ഐഹികനേട്ടമാഗ്രഹിച്ച് “നീ വിശ്വാസിയല്ലെ”ന്ന് അയാളോടു പറയരുത്. അല്ലാഹുവിങ്കല്‍ സമരാര്‍ജിത സമ്പത്ത് ധാരാളമുണ്ട്. നേരത്തെ നിങ്ങളും അവരിപ്പോഴുള്ള അതേ അവസ്ഥയിലായിരുന്നല്ലോ. പിന്നെ അല്ലാഹു നിങ്ങളോട് ഔദാര്യം കാണിച്ചു. അതിനാല്‍ കാര്യങ്ങള്‍ വ്യക്തമായി മനസ്സിലാക്കുക. അല്ലാഹു നിങ്ങള്‍ ചെയ്യുന്നതെല്ലാം സൂക്ഷ്മമായി അറിയുന്നവനാണ്.”

ശേഷം, മിഖദാദി(റ)നോട് നബിﷺ പറഞ്ഞു. നിങ്ങളാൽ കൊല്ലപ്പെട്ട അദ്ദേഹം സ്വകാര്യമായി വിശ്വാസം നിലനിർത്തിയിരുന്ന ആൾ ആയിരുന്നു. നിങ്ങൾ പണ്ട് മക്കയിൽ ജീവിക്കുമ്പോൾ എപ്രകാരമാണോ വിശ്വാസം മറച്ചുവെച്ച് ജീവിച്ചത് അതുപ്രകാരം വിശ്വാസം മറച്ചുവെച്ച് ജീവിച്ച ആളായിരുന്നു അദ്ദേഹം. ഒരിക്കലും ഗനീമത്ത് സ്വത്ത് പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളോട് സലാം പറഞ്ഞവരെ അവഗണിക്കരുത്.

സമാനമായ ചില സന്ദർഭങ്ങൾ നമ്മൾ കഴിഞ്ഞ അധ്യായങ്ങളിൽ വായിച്ചു പോയിട്ടുണ്ട്. പ്രവാചകരുﷺടെ ഇടപെടലുകളുടെയും നടപടികളുടെയും യാഥാർത്ഥ്യവും ലക്ഷ്യവും എന്തായിരുന്നു എന്ന് മനസ്സിലാക്കാവുന്ന സവിശേഷമായ സന്ദർഭങ്ങളാണ് ഇവയെല്ലാം. കേവലമായ ഒരു സൈനിക നീക്കമോ അധികാരത്തിനോ മേൽക്കോയ്മക്കോ വേണ്ടിയുള്ള ഇടപെടലുകളോ ആയിരുന്നില്ല, മറിച്ച് കൃത്യമായ ഒരാശയത്തിന്റെയും വ്യക്തമായ ഒരു നിലപാടിന്റെയും അടിസ്ഥാനത്തിൽ ആയിരുന്നു. മനുഷ്യകുലത്തിന്റെ മുഴുവൻ മാനസികമായ പവിത്രതയും അനുഷ്ഠാനപരമായ പരിശുദ്ധിയും വിശ്വാസപരമായ സത്യസന്ധതയും രൂപപ്പെടുത്തുക എന്നതായിരുന്നു ലക്ഷ്യം. അതിന് കളമൊരുങ്ങിയാൽ പിന്നെ മറ്റൊന്നും ആവശ്യമില്ല എന്നത് തെളിച്ചു പറയുകയാണ് ഇവിടെ. അധികാരത്തിനും രാഷ്ട്രവികാസത്തിനും സാമ്പത്തിക അഭിവൃദ്ധിയ്ക്കും വേണ്ടി പ്രവാചകൻﷺ സൈനിക നീക്കങ്ങൾ നടത്തി എന്ന് പറയുന്നവർക്ക് നബിﷺയുടെ ആശയത്തിന്റെയും നടപടികളുടെയും യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ ആയിട്ടില്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-586

Tweet 586
ആദ്യം ഖാലിദി(റ)നെയും പിന്നെ അലി(റ)യെയും ഹമദാനിലേക്ക് പ്രവാചകൻﷺ നിയോഗിച്ചത്……

ഇമാം ബൈഹഖി(റ) ഉദ്ധരിക്കുന്നു. യമനിലെ ആളുകളെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ തിരുനബിﷺ ഖാലിദി(റ)നെ നിയോഗിച്ചു. ബറാഅ(റ) പറയുന്നു. ഞാൻ ഖാലിദി(റ)ന്റെ സംഘത്തിലെ ഒരംഗമായിരുന്നു. ഞങ്ങൾ ആറുമാസം അവിടെ താമസിച്ച് ആളുകളെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. പക്ഷേ, അവർ ഞങ്ങളുടെ ക്ഷണം സ്വീകരിക്കാൻ തയ്യാറായില്ല. ഈ വിവരമറിഞ്ഞ തിരുനബിﷺ അലി(റ)യെ അങ്ങോട്ട് അയച്ചുതന്നു. ഖാലിദി(റ)നെയും ഖാലിദി(റ)ന്റെ സംഘത്തിലെ താൽപര്യമുള്ളവരെയും മദീനയിലേക്ക് തന്നെ മടക്കി വിടാൻ നിർദ്ദേശിച്ചു. ബറാഅ(റ) തുടരുന്നു. ഞാൻ അലി(റ)യുടെ കൂടെ അവിടെത്തന്നെ നിന്നവരിൽ പെട്ട ആളാണ്. അലി(റ)യുടെ നേതൃത്വത്തിൽ ഞങ്ങൾ സമൂഹത്തെ അഭിമുഖീകരിച്ചു. അവിടെ ഞങ്ങൾ അണിയായി നിസ്കരിക്കാൻ നിന്നു. അവർക്ക് പ്രവാചകരുﷺടെ സന്ദേശം വായിച്ചു കൊടുത്തു. അതോടെ ഹംദാൻ ഗോത്രം ഇസ്ലാം സ്വീകരിച്ചു. ഈ വിവരം പ്രവാചകരെﷺ അറിയിച്ചു. സന്തോഷപൂർവ്വം സന്ദേശം സ്വീകരിക്കുകയും അല്ലാഹുവിന് സാഷ്ടാങ്കം ചെയ്യുകയും ചെയ്തു. സുജൂദിൽ നിന്ന് ശിരസ്സുയർത്തിയശേഷം ഇങ്ങനെ പ്രാർത്ഥിച്ചു. ഹംദാൻകാർക്ക് അല്ലാഹുവിൽ നിന്ന് സമാധാനം ഉണ്ടാകട്ടെ.

ഒരേസമയം തന്നെ അലി(റ)യെയും ഖാലിദി(റ)നെയും യമനിലേക്ക് അയച്ചു എന്നും, സൈനിക പ്രതിരോധങ്ങൾ ആവശ്യമുണ്ടെങ്കിൽ അത് അലി(റ)യുടെ നേതൃത്വത്തിൽ നടക്കട്ടെ എന്നും ഒരു നിവേദനം ചില പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട്. അത് അത്രത്തോളം പ്രബലമായ നിവേദനം അല്ല. അലി(റ)യെ കുറിച്ചുള്ള ചില സന്ദേശങ്ങൾ തിരുനബിﷺയുടെ സന്നിധിയിൽ എത്തിയപ്പോൾ, ആ റിപ്പോർട്ടുകളുടെ പ്രയോഗങ്ങൾ അത്രമേൽ ഭംഗിയല്ലാത്തതുകൊണ്ട് പ്രവാചകന്റെﷺ മുഖഭാവം മാറി. അല്ലാഹുവും റസൂലുംﷺ ഇഷ്ടപ്പെടുകയും അല്ലാഹുവിനെയും റസൂലിﷺനെയും ഇഷ്ടപ്പെടുകയും ചെയ്ത ഒരാളെക്കുറിച്ച് ഇങ്ങനെ പ്രയോഗിക്കാമോ എന്ന് പ്രതികരിച്ചതും ചില നിവേദകന്മാർ ഉദ്ധരിച്ചിട്ടുണ്ട്.

ഏതായാലും ഇസ്ലാമിക വിശ്വാസത്തിലേക്കും സാമൂഹിക ക്രമത്തിലേക്കും ഒരു വലിയ സംഘത്തെ കൂട്ടിക്കൊണ്ടു വരാൻ പറ്റുന്ന വിധത്തിൽ വിജയപ്രദമായിരുന്നു ഈ നിയോഗം. സാമ്പത്തികമായും ചില ആർജിത സമ്പാദ്യങ്ങൾ വിതരണം ചെയ്യാൻ ഇതിനെ തുടർന്ന് പ്രവാചകർﷺക്കും അനുയായികൾക്കും ഉണ്ടായിരുന്നു.

ഇതിനെ തുടർന്ന് ലഭിച്ച ബന്ധികളെ കുറിച്ചുള്ള കൈകാര്യ ക്രമങ്ങളിലും വിശാലമായ ചില ചർച്ചകൾ ചരിത്രഗ്രന്ഥങ്ങളിൽ നമുക്ക് കാണാം.

ഇസ്ലാമിക പ്രചാരണ ദൗത്യ സംഘങ്ങളുടെ സമീപനങ്ങൾ ഒരു സമൂഹത്തെ എങ്ങനെയെല്ലാം മാറ്റിമറിച്ചു എന്നുള്ള ചരിത്ര പഠനങ്ങൾ ഇവിടെ പ്രാധാന്യമർഹിക്കുന്നു. സമഗ്രമായ ഏത് ആശയത്തിനും സമിതിക്കും കൃത്യമായ പ്രബോധകരുണ്ടാവും. ഏതു ഉൽപ്പന്നത്തിന്റെയും നിർമ്മാതാക്കളും ഏജൻസികളും അതിനെ കൂടുതൽ ഉപഭോക്താക്കളിലേക്കും പ്രയോക്താക്കളിലേക്കും എത്തിക്കാൻ നിരന്തരമായി പരിശ്രമിച്ചു കൊണ്ടിരിക്കും. അത് അവരുടെ ജീവിതത്തെയും സമ്പത്തിനെയും ഭദ്രമാക്കുന്ന നടപടിക്രമവുമായിരിക്കും.

ഇതുപോലെ അനുഗ്രഹീതമായ ഇസ്ലാം വ്യവസ്ഥിതിയെ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള വിവിധ പ്രബോധന പരിശ്രമങ്ങൾ അക്കാലത്ത് നടന്നു. പ്രതിഫലമായി ലഭിക്കുന്ന സ്വർഗീയ സന്തോഷങ്ങൾ അവരെ കൂടുതൽ ഉത്സുകരാക്കി. പ്രബോധകർക്ക് ലഭിക്കുന്ന പാരത്രിക സന്തോഷങ്ങളെക്കുറിച്ച് തിരുനബിﷺ ഊന്നിയൂന്നി പലപ്രാവശ്യവും പഠിപ്പിക്കുകയും ചെയ്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-587

Tweet 587
അലിയ്യ് ബിൻ അബീത്വാലിബി(റ)നെ രണ്ടാം വട്ടവും യമനിലേക്ക് അയച്ചത്…

അലിയ്യ് ബിൻ അബീത്വാലിബി(റ)നെ തിരുനബിﷺ റമളാനിൽ യമനിലേക്ക് അയച്ചു. അദ്ദേഹത്തിന് പതാക ഏൽപ്പിച്ചു കൊടുക്കുകയും തലപ്പാവ് അണിയിച്ചു കൊടുക്കുകയും ചെയ്തു. ഇനി തിരിഞ്ഞു നോക്കേണ്ടതില്ല മുന്നോട്ടു ഗമിച്ചോളൂ എന്ന് പറഞ്ഞു. അപ്പോൾ അലി(റ) ചോദിച്ചു. ഞാൻ എന്താണ് അവിടെ ചെയ്യേണ്ടത്? നിങ്ങൾ അവിടെയെത്തി അവരുടെ അങ്കണത്തിൽ ഇറങ്ങുക. അവരെ നന്മയിലേക്കും തൗഹീദിലേക്കും ക്ഷണിക്കുക. അവർ അനുസരിക്കുകയും നേർവഴി സ്വീകരിക്കുകയും ചെയ്താൽ അവരോട് സായുധമായി പ്രതികരിക്കേണ്ടതില്ല. സത്യസാക്ഷ്യ വാചകം(ലാഇലാഹ ഇല്ലല്ലാഹ് മുഹമ്മദുറസൂലുള്ളാഹ്) എന്നവർ പ്രഖ്യാപിച്ചു കഴിഞ്ഞാൽ, അവരോട് നിസ്കാരത്തെ കുറിച്ച് പറഞ്ഞു കൊടുക്കുക. അതും അവർ സ്വീകരിച്ചാൽ നോമ്പിനെ കുറിച്ച് സംസാരിക്കുക. അതും അവർക്ക് ബോധ്യമായാൽ ദാനധർമ്മം അഥവാ സക്കാത്തിനെ കുറിച്ച് പഠിപ്പിച്ചു കൊടുക്കുക. മറ്റു ഭൗതികമായതൊന്നും അവരിൽ നിന്ന് പ്രതീക്ഷിക്കാതിരിക്കുക. നിങ്ങൾ കാരണമായി ഒരാൾ നേർവഴിക്കായാൽ സൂര്യന്റെ ഉദയാസ്തമാനത്തിനിടയിലുള്ള എല്ലാം ലഭിക്കുന്നതിനേക്കാൾ ഏറെ വിലപ്പെട്ടതാണത്.

300 അശ്വഭടന്മാർക്കൊപ്പം അലി(റ) പുറപ്പെട്ടു. മദ്‌ഹിജ് എന്ന പ്രവിശ്യ ലക്ഷ്യം വച്ചുകൊണ്ടാണ് മുന്നോട്ടു നീങ്ങിയത്. പ്രസ്തുത പ്രദേശത്ത് കാലൂന്നുന്ന ആദ്യത്തെ പടക്കുതിരയായിരുന്നു അലി(റ)യുടേത്.

അലി(റ) ആ നാട്ടുകാരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. അവർ കൃത്യമായി സ്വീകരിച്ചില്ലെന്നു മാത്രമല്ല അമ്പെയ്ത്തു നടത്തി അലി(റ)യുടെ അനുയായികൾക്കെതിരെ ആക്രമണം ആരംഭിച്ചു. ശിലാവർഷം നടത്തി അവരുടെ ആക്രമണം ശക്തിപ്പെടുത്തി. നാട്ടുകാർ പോരാട്ടമാണ് ലക്ഷ്യം വെക്കുന്നതെന്നു വന്നപ്പോൾ. അലി(റ) അനുയായികളെ അണിയായി നിർത്തി. പതാക മസ്ഊദ് ബിൻ സിനാനെ(റ) ഏൽപ്പിച്ചു. മദ്‌ഹിജ് ഗോത്രക്കാരൻ ആയ ഒരാൾ തുറന്ന യുദ്ധത്തിനുവേണ്ടി രംഗത്തേക്ക് വന്നു. അതോടെ അസ്വദ് ബിൻ അൽ ഖുസാഇ(റ) അയാളെ പ്രതിരോധിക്കുകയും പ്രതിരോധത്തിൽ അയാൾ കൊല്ലപ്പെടുകയും അയാളുടെ വസ്തുവകകൾ പിടിച്ചെടുക്കപ്പെടുകയും ചെയ്തു. പിന്നീട് അലി(റ)യുടെ നേതൃത്വത്തിൽ ശക്തമായ പ്രതിരോധം നടന്നു. അതിൽ ഇരുപതോളം ആളുകൾ കൊല്ലപ്പെടുകയും ശത്രുക്കൾ ചിന്നഭിന്നമായി പലവഴിക്കോടിപ്പോവുകയും ചെയ്തു.

അലി(റ)യുടെ തുടർന്നുള്ള പ്രബോധനത്തിൽ നാട്ടുകാരിൽ നിന്ന് കാര്യബോധമുള്ള നല്ല ഒരു സംഘം ഇസ്ലാമിനെ മനസ്സിലാക്കി. അവർക്ക് ഖുർആൻ പാരായണം പഠിപ്പിച്ചും മതാധ്യാപനങ്ങൾ അഭ്യസിപ്പിച്ചും സ്വഹാബികൾ കർമ്മ വഴിയിൽ സജീവമായി. ഈ പ്രദേശത്തെ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു കത്ത് അബ്ദുല്ലാഹിബ്നു അംറ് ബിൻ ഔഫി(റ)ന്റെ പക്കൽ നബിﷺയുടെ അടുത്തേക്ക് കൊടുത്തയച്ചു. പിന്നീട് നബിﷺയുടെ നിർദ്ദേശപ്രകാരം അലി(റ) തിരിച്ചു നബിﷺയുടെ അടുക്കലേക്ക് വന്നു. അലി(റ)യുടെ നടപടികളെക്കുറിച്ചും സമീപനങ്ങളെക്കുറിച്ചുമുള്ള വിശാലമായ ചർച്ചകൾ നടന്നു. യുദ്ധാനന്തര സ്വത്തുകൾ വിഹിതം വെച്ചതും മറ്റുമായി ബന്ധപ്പെട്ട വിധിവിലക്കുകളെ തിരുനബിﷺ അപഗ്രഥിച്ചു. അലി(റ) നടത്തിയ വിധികല്പനകളുടെ വിശദീകരണം അദ്ദേഹത്തിൽ നിന്ന് തന്നെ ചോദിച്ചറിഞ്ഞു. അവ്യക്തമായ കാര്യങ്ങൾ എല്ലാം തിരുനബിﷺ വിശദീകരിച്ചു കൊടുത്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-588

Tweet 588
രിഅയത് അൽ സുഹൈമിയെ ലക്ഷ്യം വച്ചുള്ള നിയോഗം…..

രിഅയത് അൽ സുഹൈമിയെ നേർവഴിയിലേക്ക് ക്ഷണിച്ചുകൊണ്ട് ഒരു കത്ത് അയച്ചു. ചുവന്ന തുകലിലായിരുന്നു കത്തെഴുതിയിരുന്നത്. അദ്ദേഹം ആ ലതർ ഉപയോഗിച്ച് തന്റെ ബക്കറ്റിന്റെ ഓട്ട അടച്ചു. ഇദ്ദേഹത്തിന്റെ ഈ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് പ്രവാചകൻﷺ ഒരു സംഘത്തെ അങ്ങോട്ടയച്ചു. അദ്ദേഹത്തിന്റെ എല്ലാ വസ്തുവകകളും കണ്ടു കിട്ടണം എന്നായിരുന്നു ആ സംഘത്തിനോടുള്ള ആജ്ഞ. അതുപ്രകാരം അവർ അദ്ദേഹത്തിന്റെ വീട്ടിലെത്തി. ഉടനെ അദ്ദേഹം ഉടുവസ്ത്രം പോലും ഉപേക്ഷിച്ചുകൊണ്ട് അവിടെ നിന്ന് രക്ഷപ്പെട്ടു. മകളുടെ വീട് ലക്ഷ്യം വെച്ചു നീങ്ങി. മകളുടെ വീടിന്റെ അടുത്തെത്തിയതും അവൾ നേരത്തെ ഇസ്ലാം സ്വീകരിച്ചിരുന്നതിനാൽ വീട്ടുമുറ്റത്ത് സ്വഹാബികളുടെ ഒരു സഭ നടക്കുകയായിരുന്നു. വീടിനു ചുറ്റും വലയം വെച്ച അദ്ദേഹം പിൻവാതിലിലൂടെ മകളുടെ അടുത്തേക്ക് എത്തി.

വിവസ്ത്രനായി വരുന്ന പിതാവിനെ കണ്ടു ആശ്ചര്യപ്പെട്ട മകൾ ഇതെന്തുപറ്റി എന്ന് ചോദിച്ചു, ഒരു വസ്ത്രം അദ്ദേഹത്തിന് എറിഞ്ഞു കൊടുത്തു. മോളെ നിന്റെ വാപ്പയുടെ എല്ലാം നഷ്ടപ്പെട്ടു കഴിഞ്ഞു. വസ്തുവകകളോ സ്വത്തോ കുടുംബമോ ഒന്നും അവശേഷിക്കുന്നില്ല. അപ്പോൾ അവൾ ചോദിച്ചു. നിങ്ങൾ ഇസ്ലാമിലേക്ക് ക്ഷണിക്കപ്പെട്ടിരുന്നുവോ? ഉടനെ അയാൾ ചോദിച്ചു. നിന്റെ ഭർത്താവ് എവിടെ? അയാൾ ഒട്ടകത്തെ നോക്കാൻ വേണ്ടി പോയതാണ്. രിഅയ നേരെ മരുമകന്റെ അടുക്കലേക്ക് എത്തി. അദ്ദേഹവും ചോദിച്ചു ഇതെന്തുപറ്റി? എല്ലാ വിപത്തുകളും എനിക്ക് വന്നു ഭവിച്ചിരിക്കുന്നു. എനിക്ക് സ്വത്തോ ആസ്തിയോ ഒന്നും തന്നെ ഇനി ബാക്കിയില്ല. കുടുംബവും എന്റെ ഒപ്പമില്ല. മുഹമ്മദ് നബിﷺ എന്റെ സ്വത്തു വകകൾ വീതം വച്ച് നൽകുന്നതിനുമുമ്പ് എനിക്ക് അവിടെ എത്തണം. എന്നാൽ എന്റെ വാഹനം എടുത്തോളൂ നിങ്ങൾ അതിൽ സഞ്ചരിച്ചോളൂ. എനിക്ക് നിങ്ങളുടെ വാഹനം ഒന്നും ആവശ്യമില്ല. മരുമകനോട് പ്രതികരിച്ചു.

വാഹനമായി ഉപയോഗിക്കാവുന്ന ആറു വയസ്സായ മറ്റൊരു ഒട്ടകത്തെ സ്വീകരിച്ചു. അതിനുമേൽ വെള്ളവും ഭക്ഷണവും മറ്റും കരുതി യാത്ര ആരംഭിച്ചു. അപ്പോൾ അയാളുടെ പക്കൽ ഉണ്ടായിരുന്ന വസ്ത്രം തലമറഞ്ഞാൽ കാലുമറയുകയില്ല കാലുമറിഞ്ഞാൽ തലമറയുകയില്ല എന്ന അവസ്ഥയിലുള്ളതായിരുന്നു. മദീനയിൽ എത്തുന്നതുവരെ തന്നെ ആരും അറിയരുത് എന്ന ഒരു വിചാരം കൂടി അദ്ദേഹത്തിനുണ്ടായിരുന്നു. അദ്ദേഹം നേരെ മദീനയിലേക്ക് എത്തി. പ്രഭാത പ്രാർത്ഥന അഥവാ സുബ്ഹി നിസ്കാരത്തിൽ ആയിരുന്ന പ്രവാചകന്റെﷺ നേരെ പിന്നിൽ ഇരുന്നു.

നിസ്കാരാനന്തരം അദ്ദേഹം പ്രവാചകനോﷺട് പറഞ്ഞു. അവിടുത്തെ കരം ഒന്ന് നീട്ടിയാലും എനിക്ക് ഉടമ്പടി ചെയ്യാനാണ്. അയാൾ കരം നീട്ടുന്നതും തിരുനബിﷺ അവിടുത്തെ കരങ്ങൾ തിരിച്ചു പിടിച്ചു. മൂന്നുപ്രാവശ്യം ഇത് ആവർത്തിച്ചു കഴിഞ്ഞപ്പോൾ തിരുനബിﷺ ചോദിച്ചു. നിങ്ങൾ ആരാണ്? ഞാൻ രിഅയത്തു സുഹൈമിയാണ്. അപ്പോൾ നബിﷺ അദ്ദേഹത്തിന്റെ തോളിൽ പിടിച്ചുയർത്തി. എന്നിട്ട് ജനങ്ങളെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. അല്ലയോ സഹോദരങ്ങളെ ഇതാണ് രിഅ്’യത്തു സുഹൈമി. നമ്മൾ കൊടുത്തയച്ച കത്തുകൊണ്ട് ബക്കറ്റിന്റെ ഓട്ടയടച്ചയാൾ. അപ്പോൾ അദ്ദേഹം വിനയാന്വിതനായി. അല്ലയോ പ്രവാചകനെﷺ എന്റെ സ്വത്തും കുടുംബവുമെല്ലാം…….!

സ്വത്ത് വിഹിതം വെക്കപ്പെട്ടു കഴിഞ്ഞു. കുടുംബത്തിൽ നിന്ന് നിങ്ങൾക്ക് പ്രാപിക്കാവുന്ന വരെ ഒക്കെ പ്രാപിക്കാം. അദ്ദേഹം പുറത്തേക്കിറങ്ങാനും മകൻ അദ്ദേഹത്തിന്റെ വാഹനം തിരിച്ചറിഞ്ഞു. ഉടനെ അദ്ദേഹം തിരിച്ച് പ്രവാചക സന്നിധിയിലേക്ക് വന്നു കൊണ്ട് പറഞ്ഞു. അല്ലയോ പ്രവാചകരെﷺ എന്റെ മകൻ ഇതാ ഇവിടെ നിൽക്കുന്നു. അല്ലയോ ബിലാലേ(റ) നിങ്ങൾ അദ്ദേഹത്തോട് ചോദിക്കുക. ഇത് അദ്ദേഹത്തിന്റെ പിതാവാണോ എന്ന്. പ്രവാചകൻﷺ ബിലാലി(റ)നെ ചുമതലപ്പെടുത്തി. ബിലാൽ(റ) മകനോട് വാപ്പയെ കുറിച്ച് ചോദിച്ചു. മടങ്ങി വന്നിട്ട് ബിലാൽ(റ) തിരുനബിﷺയോട് പറഞ്ഞു. അവരിൽ ഒരാളും കണ്ണുനീർ പൊഴിച്ചതായി ഞാൻ കണ്ടില്ല. അപ്പോൾ പ്രവാചകൻﷺ പറഞ്ഞു. കാട്ടറബികളുടെ പ്രകൃതി അങ്ങനെയാണ്.

ഇസ്ലാം സ്വീകരിച്ച രിഅ്’യത്തു സുഹൈമിക്ക് ബിലാൽ(റ) വേണ്ട കാര്യങ്ങളൊക്കെ ചെയ്തു കൊടുത്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-589

Tweet 589
അബൂ ഉമാമ(റ)യെ ബാഹിലയിലേക്ക് നിയോഗിച്ചത്….

അബൂ ഉമാമ സുദൈയ്യ് ബിന് അജ്‌ലാൻ(റ) പറയുന്നു. എന്റെ ജനതയിലേക്ക് തന്നെ തിരുനബിﷺ എന്നെ നിയോഗിച്ചു. അല്ലാഹുവിലേക്കും ഇസ്ലാമിക വിധിവിലക്കുകളിലേക്കും ക്ഷണിക്കുകയായിരുന്നു ലക്ഷ്യം. അതുപ്രകാരം ഞാൻ നാട്ടിലെത്തി. ആദരപൂർവ്വം നാട്ടുകാർ എന്നെ സ്വാഗതം ചെയ്തു. സുദയ്യ് ബിൻ അജ്ലാനി(റ)നു മംഗളം എന്നവർ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. എന്നിട്ട് അവർ ചോദിച്ചു. അല്ല നിങ്ങൾ സാബി മതക്കാരനായോ? പുതിയ ആദർശവുമായി രംഗത്തുവന്ന ആ വ്യക്തിയെ നിങ്ങൾ അനുകരിച്ചു എന്നാണല്ലോ കേൾക്കുന്നത്. ഞാൻ പറഞ്ഞു, അങ്ങനെയല്ല. ഞാൻ അല്ലാഹുവിൽ നിന്നുള്ള മതം, ഇസ്ലാം സ്വീകരിച്ചിരിക്കുന്നു. ഞാൻ അല്ലാഹുവിലും അവന്റെ ദൂതനിലുംﷺ വിശ്വസിക്കുന്നു. അല്ലാഹുവിന്റെ ദൂതനാﷺണ് എന്നെ നിങ്ങളിലേക്ക് പ്രബോധകനായി അയച്ചത്.

സംഭാഷണത്തിനിടയിൽ അവർ ഭക്ഷണത്തളിക കൊണ്ടുവന്നു വച്ചു. തളികക്ക് ചുറ്റും അവരെല്ലാവരും ഇരുന്ന് എന്നെയും ക്ഷണിച്ചു. അല്ലാഹുവിന്റെ നാമത്തിൽ അറുക്കപ്പെട്ടതല്ലാത്തതൊന്നും മാംസത്തിൽ നിന്ന് ഭക്ഷിച്ചു കൂടാ എന്ന് പഠിപ്പിച്ച പ്രവാചകന്റെﷺ അടുക്കൽ നിന്നാണ് ഞാൻ വരുന്നത്. അല്ലാഹു തന്നെ ആ നിയമം പറഞ്ഞു പഠിപ്പിച്ചിട്ടുണ്ട്. തുടർന്നു ഞാൻ വിശുദ്ധ ഖുർആൻ അഞ്ചാം അധ്യായത്തിലെ മൂന്നാം സൂക്തം പാരായണം ചെയ്തു. ആശയം ഇങ്ങനെയാണ്. “ശവം, രക്തം, പന്നിയിറച്ചി, അല്ലാഹുവല്ലാത്തവരുടെ പേരില്‍ അറുക്കപ്പെട്ടത്, ശ്വാസംമുട്ടിച്ചത്തത്, തല്ലിക്കൊന്നത്, വീണുചത്തത്, തമ്മില്‍കുത്തിച്ചത്തത്, വന്യമൃഗം കടിച്ചു തിന്നിട്ടത്- ചാവും മുമ്പെ നിങ്ങള്‍ അറുത്തത് ഒഴികെ- പ്രതിഷ്ഠകള്‍ക്ക് ബലിയറുത്തത്; ഇതൊക്കെയും നിങ്ങള്‍ക്ക് നിഷിദ്ധമാണ്……… ” വീണ്ടും ഞാൻ അവരെ ഇസ്ലാമിലേക്ക് ക്ഷണിച്ചു. അവരെന്നെ നിരാകരിക്കുകയും വിമർശിക്കുകയും ചെയ്തു.

അപ്പോഴേക്കും ഞാൻ ദാഹിച്ചു വിശന്ന് വിഷണ്ണനായി. വിശപ്പിന്റെ കാഠിന്യം കൊണ്ട് ഞാൻ അവരോട് പറഞ്ഞു. നിങ്ങളുടെ അവസ്ഥ എത്രമാത്രം കഷ്ടം. എനിക്ക് എന്തെങ്കിലും ഭക്ഷണപാനീയങ്ങൾ തരൂ. എനിക്ക് വല്ലാതെ ദാഹിക്കുന്നു. അല്പം കുടിവെള്ളമെങ്കിലും തരൂ… അവർ പറഞ്ഞു. നിങ്ങൾക്കൊന്നും തരില്ല. നിങ്ങൾ ദാഹിച്ചു വിശന്നു മരിച്ചോളൂ. ഞാനെന്റെ തലപ്പാവ് എടുത്ത് തലയ്ക്ക് വെച്ച് പൊള്ളുന്ന ചൂടിൽ കിടന്നപ്പോഴേക്കും ഉറങ്ങിപ്പോയി. എന്റെ കണ്ണടഞ്ഞതും കിനാവിൽ പാൽപ്പാത്രവുമായി ഒരാൾ എന്റെ അടുക്കൽ വന്നു. നിറയെ പാലുള്ള പാത്രം എനിക്ക് വച്ചു നീട്ടി. അതിലൊന്ന് നന്നായി പാനം ചെയ്ത് പള്ള നിറഞ്ഞു. ഇത്രമേൽ രുചിയുള്ള പാൽ ഒരിക്കലും ആർക്കും ലഭിച്ചിട്ടുണ്ടാവില്ല. എന്റെ വയറു നിറഞ്ഞു ഞാൻ ആരോഗ്യവാനായി.

അപ്പോഴേക്കും ജനങ്ങൾ പറഞ്ഞു തുടങ്ങി. മാന്യനായ ഒരാൾ നമ്മുടെ ഇടയിലേക്ക് വന്നിട്ട് നമ്മൾ അയാളെ അവഗണിച്ചു. അയാളെ പട്ടിണിക്കിട്ടു. അതുകൊണ്ട് ആരെങ്കിലും എത്രയും വേഗം പോയി അദ്ദേഹത്തിന് ഭക്ഷണപാനീയങ്ങൾ നൽകൂ. ആളുകൾ എന്റെ അടുക്കലേക്ക് ഭക്ഷണപാനീയങ്ങളുമായി വന്നു. അപ്പോൾ ഞാൻ പറഞ്ഞു എനിക്ക് നിങ്ങളുടെ ഭക്ഷണവും പാനീയവും ഒന്നും ആവശ്യമില്ല. അല്ലാഹു എന്റെ വിശപ്പടക്കുകയും ദാഹം മാറ്റുകയും ചെയ്തിരിക്കുന്നു. നോക്കൂ ഞാൻ എത്ര ആരോഗ്യവാനാണ്. എനിക്ക് യാതൊരു ക്ഷീണവും ഇല്ലല്ലോ. അവർ നോക്കിയപ്പോൾ ശരിയാണെന്ന് ബോധ്യപ്പെട്ടു. ആ പ്രദേശത്തെ അവസാനത്തെ ആൾ വരെയും ഇസ്ലാം സ്വീകരിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-590

Tweet 590
അബൂ ഉമാമ(റ)യുടെ സംഭവം നമുക്ക് നൽകുന്ന ചില പാഠങ്ങൾ ഉണ്ട്. പ്രവാചകന്മാരുടെ അസാധാരണ ഇടപെടലുകളും പ്രകാശനങ്ങളും അഥവാ മുഅ്ജിസത്തും (സദ്’വൃത്തരായ സജ്ജനങ്ങളിലൂടെ പ്രകാശിതമാകുന്ന അത്ഭുത സംഭവങ്ങൾ), കറാമത്തും ഇസ്ലാമിക പ്രബോധന രംഗത്ത് വലിയ ശക്തിയായിട്ടുണ്ട്. കേവലമായ ബോധവൽക്കരണ പരിപാടികളും ആശയപ്രചാരണങ്ങളും മാത്രമാണ് മതപ്രബോധനത്തിന്റെ ഉപാധികൾ എന്ന് വിശ്വസിക്കുന്നത് ശരിയല്ല. അത്ഭുത പ്രകടനങ്ങളിലൂടെ മാത്രമാണ് ഇസ്ലാമിക പ്രബോധനം സാധ്യമാക്കിയത് എന്ന വാദവും ശരിയല്ല. രണ്ടുകാര്യങ്ങളും അതിന്റേതായ റോളുകൾ നിർവഹിച്ചിട്ടുണ്ട് എന്നാണ് മനസ്സിലാകുന്നത്.

കാര്യകാരണങ്ങൾക്കതീതമായി പ്രവാചകന്മാരിൽ നിന്നുണ്ടാകുന്ന അത്ഭുതങ്ങൾക്കാണ് മുഅ്ജിസത് എന്നു പറയുന്നത്. ഇതുപോലെ കാര്യകാരണങ്ങൾക്കതീതമായി സജ്ജനങ്ങളിൽ നിന്നുണ്ടാകുന്ന അത്ഭുതങ്ങൾക്കാണ് കറാമത്ത് എന്ന് പറയുന്നത്. ഔലിയാക്കൾ അഥവാ സജ്ജനങ്ങളിൽ നിന്ന് കറാമത്ത് ഉണ്ടാവുക എന്നത് മതം പഠിപ്പിച്ചു തന്നതും പ്രമാണങ്ങൾക്ക് യോജിക്കുന്നതും ആണ്. അതുകൊണ്ടുതന്നെ അത് നിരാകരിക്കുന്നത് പ്രമാണങ്ങളോട് നിരക്കാത്ത നിലപാടാണ്.

ഈ ലോകത്ത് വെച്ച് തന്നെ അസാധാരണമായി ഭക്ഷണപാനീയങ്ങൾ ലഭിച്ചു എന്നും അതിനുശേഷം ജീവിതത്തിൽ ഒരിക്കലും വിശപ്പോ ദാഹമോ അനുഭവിച്ചിട്ടില്ല എന്നും അബൂ ഉമാമ(റ) പ്രസ്താവിക്കുന്നത് പ്രമാണമായി തന്നെ നമുക്ക് സ്വീകരിക്കാവുന്നതാണ്. സ്വഹാബികളിൽ തന്നെ മറ്റുചിലർക്കും സമാനമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അഭൗതികമായ രീതിയിൽ പാനീയം ലഭിച്ചതിനുശേഷം പതിറ്റാണ്ടുകൾ ജീവിച്ചിട്ട് ഒരിക്കൽപോലും ദാഹം അനുഭവിച്ചിട്ടില്ല എന്ന ഉമ്മു ഐമന്റെ(റ) അനുഭവം നമ്മൾ വായിച്ചു പോയിട്ടുണ്ട്.

മതത്തെയും മത സമീപനങ്ങളെയും കേവല യുക്തിയുടെയും സാധാരണ ബോധ്യങ്ങളുടെയും അടിസ്ഥാനത്തിൽ മാത്രം വിലയിരുത്തിയാൽ വിശ്വാസത്തിന്റെ ആത്മാവിലേക്ക് എത്താൻ കഴിയില്ല. നമുക്ക് ബോധ്യമായത് മാത്രമേ അംഗീകരിക്കുകയുള്ളൂ എന്ന നിലപാടും മത വീക്ഷണത്തിൽ അംഗീകരിക്കപ്പെടാവുന്നതല്ല. മനുഷ്യന്റെ പരിമിതിയും സ്രഷ്ടാവിന്റെ പരിപൂർണ്ണതയും സമ്പൂർണ്ണനായ സ്രഷ്ടാവിലേക്ക് പരിമിതനായ സൃഷ്ടിയും മനുഷ്യനും എത്രമേൽ വിധേയത്വം ഉണ്ടായിരിക്കണം എന്നതാണ് ഇസ്ലാം ദർശനത്തിന്റെ ആത്മാവ്. പരിപൂർണ്ണനായ അല്ലാഹുവിന്റെ വിനീതനും വിധേയനുമായ അടിമയാണെന്ന തിരിച്ചറിവിലേക്ക് മനുഷ്യൻ എത്തുമ്പോഴാണ് സമ്പൂർണ്ണനായ മനുഷ്യൻ എന്ന പദവിയിലേക്ക് നാം ഉയരുന്നത്. സ്രഷ്ടാവും പരിപാലകനുമായ അല്ലാഹുവിനെ തിരിച്ചറിയാത്തിടത്തോളം കാലം ഒരു മനുഷ്യനും ശരിയായ മാനുഷിക വിചാരത്തിലേക്ക് എത്തിച്ചേരുകയില്ല. ജന്മം നൽകിയ പിതാവിനെ തിരിച്ചറിയാതെ പിതാവിന്റെ ആനുകൂല്യം മുഴുവനും അനുഭവിച്ചു ജീവിക്കുന്ന മകൻ എത്രമേൽ വലുതായാലും എങ്ങനെയാണ് ശരിയായ പുത്രൻ എന്ന മൂല്യത്തിലേക്ക് എത്തിച്ചേരുക?

ഈ പ്രപഞ്ചത്തിൽ ജീവിക്കുന്ന ഒരു മനുഷ്യന്റെ ഏറ്റവും വലിയ ദൗത്യം പ്രപഞ്ചത്തിന്റെയും തന്റെയും തന്നെ ശില്പി ആരാണ് എന്ന തിരിച്ചറിവിലേക്ക് എത്തുക എന്നതാണ്. ഈ പ്രപഞ്ചമാകുന്ന ശില്പത്തിന്റെ സൗന്ദര്യവും സൗകര്യവും അനുഭവിച്ചു ജീവിക്കുമ്പോഴെല്ലാം ഈ ശില്പത്തിന്റെ ശില്പി ആരാണ് എന്ന ആലോചനയിലേക്ക് എത്തിയില്ലെങ്കിൽ എത്രമേൽ വലിയ അപരാധമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഏകനായ അല്ലാഹുവിനെ തിരിച്ചറിയാതിരിക്കുക എന്നതാണ് ഏറ്റവും വലിയ അക്രമം എന്ന് ഖുർആൻ പരിചയപ്പെടുത്തുന്നത് ഈ അർത്ഥത്തിൽ കൂടിയാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Leave a Reply