The biography of Prophet Muhammad – Month 6

Admin December 21, 2022 No Comments

The biography of Prophet Muhammad – Month 6

Mahabba Campaign Part-151/365

നബി ﷺ യുടെ സഞ്ചാരം കിഴക്കോട്ട് മാറി വാദീ അൽ ഖർറാറിലേക്ക് പ്രവേശിച്ചു. അൽ അസ്വരിയ്യ ലാവാ ട്രാക്കിനോട് ചേർന്നാണ് സഞ്ചാര പാത. അൽപ്പം കൂടി മുന്നോട്ട് പോയി ഇടത്തോട്ട് തിരിഞ്ഞതോടെ ‘ജൂഹ്ഫയിൽ’ എത്തി. ഇവിടെ വച്ചാണ് വിശുദ്ധ ഖുർആനിലെ ‘അൽഖസ്വസ്’ അധ്യായത്തിലെ എൺപത്തിഅഞ്ചാം സൂക്തം അവതരിച്ചത്. ആശയം ഇപ്രകാരമാണ് :
“തങ്ങളുടെ മേൽ ഖുർആൻ അവതരിപ്പിച്ച് നിയമങ്ങൾ നിർബന്ധമാക്കിയവൻ തങ്ങൾ പ്രയാണമാരംഭിച്ച സ്ഥലത്തേക്ക് തന്നെ മടക്കിയെത്തിക്കും.” അഥവാ മുത്ത് നബി ﷺ യെ മക്കയിലേക്ക് തന്നെ ഒരു നാൾ മടക്കിയെത്തിക്കുമെന്ന് സാരം. ജന്മനാടിനോടുള്ള വിരഹത്തിന്റെ വേദന ശമിപ്പിക്കുന്ന സൂക്തമായിരുന്നു ഇത് .

ജുഹ്ഫ നേരത്തെത്തന്നെ സഞ്ചാരികൾക്ക് പരിചയമുള്ള പ്രദേശമാണ്. നബി ﷺയും ഇത് വഴി കടന്നു പോയിട്ടുണ്ട്. വ്യാപാരയാത്രകൾ കടന്നു പോകുന്ന പ്രദേശമാണ്. പിൽക്കാലത്ത് അബ്ബാസികൾ നിർമിച്ച അൽയാ കൊട്ടാരത്തിന്റെ അവശിഷ്ടങ്ങൾ ഇവിടെയുണ്ട്. ഈജിപ്ത്, സിറിയ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് വരുന്ന തീർഥാടകരുടെ ‘മീഖാത്’ അഥവാ ഇഹ്റാം ചെയ്യാൻ നിർണയിക്കപ്പെട്ട അതിർത്തികൂടിയാണിത്. ഹിജ്റയുടെ എട്ടാം വർഷം മക്കാവിജയത്തിലേക്കുള്ള വഴിയിൽ മുത്ത് നബി ﷺ അവിടുത്തെ പിതൃസഹോദരനായ അബ്ബാസ് (റ) കണ്ട് മുട്ടിയത് ഇവിടെ വച്ചായിരുന്നു. അദ്ദേഹം കുടുംബ സമേതം മദീനയിലേക്ക് പലായനം ചെയ്തു വരികയായിരുന്നു. തുടർന്ന് നബി ﷺ യോടൊപ്പം മക്കയിലേക്ക് തന്നെ മടങ്ങി. നബി ﷺ ക്ക് ഏറെ സന്തോഷം നൽകിയ കൂടിക്കാഴ്ചയായിരുന്നു അത്.

സൗർ ഗുഹയിൽ നിന്ന് പുറപ്പെട്ടിട്ട് നിരന്തരമായ യാത്രയുടെ രണ്ട് നാളുകൾ പിന്നിട്ടു. അബൂബക്കർ (റ) ന്റെ സന്ദർഭാനുസൃതമായ സേവനങ്ങൾ പരിചാരകന്റെയും അംഗരക്ഷകന്റെയും ദൗത്യം പൂർത്തീകരിക്കുന്നതായിരുന്നു. പല തവണ കച്ചവടയാത്ര ചെയ്ത പരിചയവും മഹാനവർകൾക്കുള്ള ഒരു മികവായിരുന്നു.

ഗുഹയിൽ നിന്ന് പുറപ്പെട്ടതിന്റെ മൂന്നാം ദിവസം, റബീഉൽ അവ്വൽ മൂന്ന് സെപ്തംബർ പതിന്നാല്. വാദീ ഖർറാരിലൂടെ യാത്ര തുടർന്നു. ഖംക്രീക്കിനോട് ചേർന്നായിരുന്നു യാത്ര. നല്ല വെള്ളച്ചാൽ അനുഭവിക്കാവുന്ന പ്രദേശമാണിത്. പിൽക്കാലത്ത് ഹിജ്റയുടെ പത്താം വർഷം വിടവാങ്ങൽ ഹജ്ജ് കഴിഞ്ഞുള്ള മടക്കയാത്രയിൽ നബി ﷺ ഇവിടെ തമ്പടിച്ചിരുന്നു. അതിനിടയിൽ നടത്തിയ ഒരു പ്രസംഗത്തിൽ അലി (റ) നെ പ്രത്യേകം പ്രശംസിച്ച രംഗം ചരിത്രത്തിൽ രേഖപ്പെട്ടിട്ടുണ്ട്. ഹിജാസ് താഴ്‌വര, ജുഹ്ഫ താഴ്‌വര എന്നീ പേരുകളും ഈ പ്രദേശത്തെക്കുറിച്ച് ഗ്രന്ഥങ്ങളിൽ കാണാനുണ്ട്.
മരുപ്രദേശങ്ങളിൽ മദീനയുടെ സ്വഭാവമുള്ള ഭൂവിതാനത്തിലൂടെയാണ് ഇപ്പോൾ സഞ്ചരിച്ചു കൊണ്ടിരിക്കുന്നത്. ഇടയ്ക്കിടെ ഉറവകളും അരുവികളും ലഭിക്കും. ചിലപ്പോൾ കുന്നിൻ പുറങ്ങളിലൂടെ മറ്റു ചിലപ്പോൾ താഴ്‌വരകളിലൂടെ മുത്ത് നബിﷺയുടെ വാഹനം മുന്നോട്ട് ഗമിച്ചുകൊണ്ടിരുന്നു. അങ്ങനെ അൽ മുർറ: കുന്നിൻ പ്രദേശത്തെത്തി. അതിന്റെ പടിഞ്ഞാറ് ഭാഗത്ത് കൂടി ‘മാഅ് അഹ്‌യാ’ എന്ന അരുവി ഒലിക്കുന്നുണ്ട്. പിൽക്കാലത്ത് നബി ﷺ നിയോഗിച്ച ഉബൈദത് ബിൻ അൽ ഹാരിസിൻ്റെ നേതൃത്വത്തിലുള്ള സംഘം അബൂസുഫ്യാന്റെ സംഘവുമായി കണ്ടുമുട്ടിയത് ഈ അരുവിയുടെ അടുത്ത് വച്ചാണ്. അന്ന് ഉബൈദത്ത് ബിൻ അൽഹാരിസിനൊപ്പം എൺപത് സ്വഹാബികളാണ് ഉണ്ടായിരുന്നത്.

‘മുർറ’ കുന്നിൻപ്രദേശങ്ങൾ കടന്ന ഉടനെ ‘ലഖഫ്’ താഴ്‌വരയിലേക്ക് പ്രവേശിച്ചു. ഈ പാതയിൽ ശ്രദ്ധേയമായ പല അടയാളങ്ങളും ഉണ്ട്. റീഉ അബൂദുകവെമ: , രിഅ അൽ ഹുമയ്യ: എന്നീ ഉപപാതകളും സാദ് താഴ്‌വരയും അതിൽ പ്രധാനപ്പെട്ടവയാണ്. തുടർന്ന് മുന്നോട്ടുള്ള യാത്രയിൽ അൽ മുസൈദിറ ജലധാരയോട് ചേർന്ന് ഖുശൂം കുന്നിൻ പുറത്തേക്ക് നടന്നു. ഉയർന്ന മലകളോട് ചേർന്ന് യാത്രക്കാർ തണൽ തേടുന്ന കൊച്ചു കുന്നുകളിൽപ്പെട്ട ഭാഗമാണ് മുസ്തസില്ലാത്തു ഖുശൂം എന്ന് പറയപ്പെടുന്ന ഈ ഭാഗങ്ങൾ. ഹുമയ്യാ പാതയുടെ നീളം അറുന്നൂറ് മീറ്ററും സമുദ്രനിരപ്പിൽ നിന്ന് നൂറ്റിയെട്ട് മീറ്റർ ഉയരത്തിലുമാണ് സ്ഥിതിചെയ്യുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-152/365

ഈ പാതയിൽ പല സ്ഥലത്തും നാൽക്കാലികൾക്ക് വെള്ളം കുടിക്കാനുള്ള ചെറിയ ഹൗളുകൾ അഥവാ കല്ലിൽക്കൊത്തിയ ടാങ്കുകൾ കാണാൻ കഴിയും. പഴമയുടെ സാക്ഷ്യം പേറി ഇന്നും ചിലയിടങ്ങളിൽ ഇത് കാണുന്നുണ്ട്. യാത്ര മുന്നോട്ടുഗമിച്ച് നൂറ്റിയൻപത് മീറ്റർ ‘സ്വാദ് ‘ താഴ്‌വര കടന്നുപോയി. സമുദ്രനിരപ്പിൽ നിന്ന് നൂറ്റിയൊന്ന് മീറ്റർ ഉയരത്തിലുള്ള പ്രദേശത്തു കൂടിയാണ് ഇപ്പോൾ സഞ്ചാരം. തുടർന്ന് ‘മുസൈദിറ:’ അരുവിയുടെ ചാരത്തെത്തി. കുറച്ചുകൂടി മുന്നോട്ട് നീങ്ങിയപ്പോൾ ആയിരത്തിയെണ്ണൂറു മീറ്റർ ദൂരം ‘രിജിലിയാൻ’ പാതയിലൂടെ സഞ്ചരിച്ചു. സാധാരണ വ്യാപാര മാർഗത്തിന് സമാന്തരമായി പന്ത്രണ്ട് കിലോമീറ്റർ നീളത്തിലുള്ള പാതയാണിത്. ഈ വഴി ചെന്നുമുട്ടുന്നത് ‘ഹാമിള:’ താഴ്‌വരയിലേക്കും ‘ഹയാ’ നീർച്ചാലിലേക്കുമാണ്. ഇവിടെ പൊതുവേ , മലവെള്ളത്തിന്റെ ഒഴുക്ക് കുറഞ്ഞ സ്ഥലമാണ്. അടയാളങ്ങളുള്ള കുറെ പഴയ ഖബറുകൾ ഇവിടെക്കാണാം. പിന്നീട് ‘രിത്വഖ’ താഴ്‌വരയിലേക്കാണ് പ്രവേശിച്ചത്. ഇവിടെ ‘അൽ ഖുസൈബ’ ലാവാ ട്രാക്കുമായി ബന്ധിക്കുന്ന
‘ഉമ്മുൽ ഹബ്ബ് ‘ എന്ന അരുവിയുണ്ട്. തുടർന്ന് അൽ ഖുസൈബ വഴി ‘വാദി അൽ ഫർഇ’ലേക്ക് പ്രവേശിച്ചു. ഈ അടുത്ത സമയത്ത് ഈ ലേഖകൻ പ്രസ്തുത താഴ്‌വരയുടെ വിവിധ ഭാഗങ്ങൾ സന്ദർശിച്ചിട്ടുണ്ട്. ‘വാദി അൽ ഫർഅ് ‘ എന്ന താഴ്‌വരയെക്കുറിച്ചു മാത്രം സ്വതന്ത്ര പഠനം നടത്തിയ ഗ്രന്ഥങ്ങളുണ്ട്. ഹിജാസിലെത്തന്നെ സുപ്രധാനമായ ഒരു താഴ്‌വരയാണിത്. ലിഖ്ഫ്, മിജാഹ്, അൽ ഖാഹാ എന്നീ താഴ്‌വരകളുമായി ബന്ധിപ്പിക്കുന്ന ഈ പ്രദേശം മദീനയിലേക്കുള്ള ഒരു സമാന്തരപാത കൂടിയാണ്. വാദീ ഫർഇലൂടെ നാല് കിലോമീറ്റർ സഞ്ചരിച്ച നബി ﷺ ‘ലിഖ്ഫ് ‘ താഴ്‌വരയിലേക്കെത്തിച്ചേർന്നു. അവിടുന്ന് പടിഞ്ഞാറോട്ടു തിരിഞ്ഞ് ‘മുലൈസാ’ പർവതത്തിലെത്തി. മിനുസമുള്ള കൂറ്റൻ പാറകൾക്ക് പ്രസിദ്ധമായ മലയാണിത്. അവിടെ നിന്ന് ഏഴു കിലോമീറ്റർ സഞ്ചരിച്ച് ‘രിദ്‌വാൻ’ കിണറ്റിന്റെയടുത്തെത്തി. സെപ്തംബർ പതിന്നാല് ബുധനാഴ്ച അഥവാ, റബീഉൽ അവ്വൽ മൂന്നിന് രാത്രി മുത്ത് നബി ﷺ യും ഒപ്പമുള്ളവരും അവിടെക്കഴിച്ചുകൂട്ടി.

നിരന്തരമായി താഴ്‌വരകളും കുന്നുകളും കയറിയിറങ്ങി സാഹസികമായ സഞ്ചാരത്തിന്റെ നാൾവഴികളിലൂടെയാണ് നാം കടന്നു പോകുന്നത്. പലായനത്തിന്റെ വേദനയും സഞ്ചാര പാതയുടെ ദുർഘടാവസ്ഥകളും കടിച്ചിറക്കിയുള്ള പ്രയാണമായിരുന്നു അത്. ഓരോ കുന്നിനും മലയ്ക്കും അതാതിന്റെ മലഞ്ചെരുവുകൾക്കും സ്വതന്ത്രമായ പേരുകളും നിർണയങ്ങളുമുണ്ട്. മുഹമ്മദ് ﷺ ഒരു ഐതിഹ്യമോ കഥാപാത്രമോ അല്ലെന്നും ആയിരക്കണക്കിന് ചരിത്രസാക്ഷ്യങ്ങളുടെയിടയിലൂടെ ജീവിച്ചു പോയ വ്യക്തിത്വമാണെന്നും ഇത്തരം വായനകൾ നിരന്തരം നമ്മെ ബോധ്യപ്പെടുത്തുന്നു. മനുഷ്യജീവിതത്തിന്റെ ചൂടും ചൂരും അറിഞ്ഞും അനുഭവിച്ചും മനുഷ്യനാവശ്യമായ ജീവിതക്രമം പ്രായോഗിക ജീവിതത്തിലൂടെ ആവിഷ്ക്കരിക്കുകയായിരുന്നു അവർ.

നമുക്ക് ഹിജ്റയിലേക്ക് തന്നെ വരാം. വ്യാഴാഴ്ച രാവിലെ റബീഉൽ അവ്വൽ നാലിന് വീണ്ടും യാത്ര തുടർന്നു. ‘ലഖ്ഫ് ‘ അരുവിയുടെ ചാരത്തു നിന്ന് മുന്നോട്ട് നീങ്ങി. ഈ താഴ്‌വര ‘മിജാഹ് ‘ നീർച്ചാലിലേക്കാണ് ചെന്നുചേരുന്നത്. ഏകദേശം ഇരുന്നൂറ് മീറ്റർ പിന്നിട്ട് കഴിഞ്ഞപ്പോൾ താഴ്‌വരകളുടെ സംഗമസ്ഥാനത്ത് ‘മുബൈരിക്ക് ‘ കിണറ്റിന്റെയടുത്തെത്തി. കച്ചവടയാത്രക്കാരും അല്ലാത്ത സഞ്ചാരികളും അന്ന് തമ്പടിച്ചിരുന്നത് പ്രധാനമായും ലഭ്യമാകുന്ന കിണറുകളെ ചുറ്റിപ്പറ്റിയായിരുന്നു. അതുകൊണ്ട് അറേബ്യൻ യാത്രയിലെ സുപ്രധാനമായ സ്ഥലസൂചകങ്ങളാണ് ഇത്തരം കിണറുകൾ. പിൽക്കാലത്ത് സ്ഥലനാമങ്ങൾപ്പോലും കിണറുകളുടെ പേരിൽ വിളിക്കപ്പെട്ടു. ‘അബ്‌യാർ അലി’ എന്ന പേര് അതിനൊരുദാഹരണമാണ്. കിണർ എന്നതിന്റെ അറബി പദമായ ‘ബിഅ്ർ’ എന്നതിനോട് ചേർത്താണ് ‘അബ്‌യാർ’ എന്ന് പ്രയോഗിച്ചിട്ടുള്ളത്.

‘ദുൽ അസവൈൻ’, ‘മിജാഹ് ‘ എന്നീ അരുവികൾ മുറിച്ചു കടന്ന് മുത്ത് നബി ﷺ യുടെ വാഹനം ‘ഉമ്മു കശ്ദ് ‘ താഴ്‌വരയിൽ എത്തി. ഈ മലഞ്ചെരുവിലൂടെയുള്ള സഞ്ചാര പാതയും ഉമ്മുകശ്ദ് എന്ന ഈ പേരിൽത്തന്നെയാണ് അറിയപ്പെടുന്നത്.

ഒന്നര സഹസ്രാബ്ദത്തോളം മുമ്പ് നബി ﷺ കടന്നുപോയ അതേ സഞ്ചാര പാതയിൽ ഒരു സംഘം ഗവേഷകരോടൊപ്പം ‘ഡോ. അബ്ദുല്ല അൽ ഖാളി’ നടത്തിയ പഠന യാത്രയുടെ അടിസ്ഥാനത്തിൽ രേഖപ്പെടുത്തിയ സ്ഥിതിവിവരങ്ങളാണ് നാം വായിച്ചുകൊണ്ടിരിക്കുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-153/365

മുത്ത് നബി ﷺ യും കൂടെയുള്ളവരും ഉമ്മുകശ്ദ് താഴ്‌വര വിട്ടതിനുശേഷം, തഖീബ് താഴ്‌വരയിലൂടെ (വാദി തഖീബ്) സഞ്ചരിച്ച് വടക്ക് പടിഞ്ഞാറോട്ട് ഒഴുകുന്ന ‘ഉജയ്‌രിദ് ‘ താഴ്‌വരയിൽ പ്രവേശിച്ച് വടക്ക് കിഴക്ക് ദിശയിലേക്ക് നീങ്ങി.

ഉജയ്രിദ് താഴ്‌വരയെ ‘ദീ സലാം’ താഴ്‌വരയുമായി ബന്ധിപ്പിക്കുന്ന ബത്ന് റിയിലൂടെ അഥവാ, രിഅ പാതയിലൂടെയാണ് യാത്ര കടന്നു പോയത്.

തുടർന്ന് ദീ സലമിന്റെ ആറ് കിലോമീറ്റർ പാറക്കെട്ടുകൾ നിറഞ്ഞ താഴ്‌വരയിലൂടെ ‘മദ്‌ലജത്ത് തിഹിൻ’ എന്ന വരണ്ട ജലപാതയിലേക്ക് മുന്നേറി. തുടർന്ന് അവർ തിഹിൻ താഴ്‌വരയിൽ (വാദി തിഹിൻ) പ്രവേശിച്ച് ‘അൽ-കഹാഹ് ‘ (വാദി അൽ-ഖഹ) താഴ്‌വരയിലേക്ക് നീങ്ങി. ലോകപ്രസിദ്ധമായ പ്രവാചക സ്നേഹകാവ്യം ബുർദയിലെ ഒന്നാമത്തെ വരിയിൽ പരാമർശിക്കുന്ന ‘ദീസലം’ ഈ പ്രദേശമായിരിക്കും. ‘സലം’ എന്ന പ്രത്യേകതരം സസ്യം നിറഞ്ഞു നിൽക്കുന്ന സ്ഥലമാണിത്. ഇപ്പോഴും ‘സലം’ നിറഞ്ഞ താഴ്‌വര നമുക്ക് സന്ദർശിക്കാൻ കഴിയും. ഈ ലേഖകന് സലം പുല്ലുകൾ നിറഞ്ഞ സലം താഴ്‌വര സന്ദർശിക്കാൻ സൗകര്യം ലഭിച്ചിരുന്നു.

ദീ സലം താഴ്‌വരയിൽ നിന്ന് പുറപ്പെട്ട ശേഷം, യാത്രയ്ക്കിടയിൽ എത്തിച്ചേരുന്ന മൂന്നാമത്തെ ‘മദ്‌ലജത്ത് ‘ അല്ലെങ്കിൽ വരണ്ട ജലപാതയെ കണ്ടുമുട്ടി. തിഹിൻ താഴ്‌വരയിലേക്ക് (വാദി തിഹിൻ) പ്രവേശിക്കുന്ന മദ്‌ലജത് തിഹിൻ. മദ്‌ലജത് തിഹിൻ രണ്ട് പർവതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു; കിഴക്ക് അൽ-കബ്ശ് (ജബൽ അൽ-കബ്ഷ്), പടിഞ്ഞാറ് മൗണ്ട് അൽ-കംറ (ജബൽ അൽ-കംറ) എന്നിവയാണവ.

തുടർന്ന് പ്രവേശിച്ചത് അൽ ഗുസ്‌രിയാനയിലേക്കാണ് (الغثريانة). ‘അൽ-ഗുസ്‌രിയാന’ എന്നത് തിഹിൻ താഴ്‌വരയിൽ നിന്ന് (വാദി തിഹിൻ) അൽ-ഖഹയുടെ താഴ്‌വരയിലേക്ക് (വാദി അൽ-ഖഹ) വ്യാപിച്ചുകിടക്കുന്ന വിശാലവും നിരപ്പുള്ളതുമായ പാതയാണ്. ഇത് യാത്രക്കാർ ഉപയോഗിച്ചിരുന്ന പാതയാണ്. അൽ-അബാബിദ്, അൽ-അബാബിബ് എന്നീ പേരുകളിലും അൽ-ഗുസ്‌രിയാന അറിയപ്പെടുന്നു.

ഹിജാസിലെ ഏറ്റവും നീളമേറിയ താഴ്‌വരകളിലൊന്നാണ് അൽ-ഖഹ താഴ്‌വര. വടക്ക് അൽ-താലൂബിന്റെ കിണറ്റിൽ (ബിർ അൽ-താലൂബ്) തെക്ക് എഴുപത് കിലോമീറ്ററിലധികം വ്യാപിച്ച് മറ്റ് രണ്ട് താഴ്‌വരകളിൽ അവസാനിക്കുന്നു. അൽ-ഫാർ, അൽ-അബ്വ (വാദി അൽ-അബ്വ)എന്നിങ്ങനെയാണ് അവയുടെ പേര്. അൽ-ഖഹയുടെ താഴ്‌വര പുരാതന കാരവൻ വ്യാപാര റൂട്ടിന്റെ ഭാഗമായിരുന്നു. ‘ദർബ് അൽ-അൻബിയ’ – പ്രവാചകന്മാരുടെ പാത എന്നും ഇത് അറിയപ്പെട്ടിരുന്നു. തീർഥാടകരും ചരക്കുവാഹനങ്ങളും കടന്നുപോകുന്ന പാതയാണിത്. ഹിജ്‌റയുടെ അപൂർവ സന്ദർഭങ്ങളിലൊന്നിൽ, മുഹമ്മദ് നബി ﷺ യും അബൂബക്കർ അൽ-സിദ്ദീഖും (റ) മദീനയിലേക്കുള്ള യാത്രാമധ്യേ , ഈ തിരക്കേറിയ റോഡ് ഉപയോഗിച്ചു. എല്ലാ പ്രവാചകന്മാരും, ജ്ഞാനികളും പണ്ഡിതന്മാരും മക്ക അൽ മുഖറമയിലേക്കുള്ള യാത്രയിൽ ചരിത്രത്തിലുടനീളം ഈ പാത ഉപയോഗിച്ചിട്ടുണ്ട്

അൽ-ഖഹാ താഴ്‌വരയിൽ നിന്ന് പുറത്തു കടന്ന ശേഷം അൽ-താലൂബിന്റെ (ബിർ അൽ-താലൂബ്) കിണറിനെ സമീപിച്ചു. അത് ഇന്ന് ‘അൽ-ഹഫ’ എന്ന പേരിൽ അറിയപ്പെടുന്നു. അൽ-ഖഹ താഴ്‌വരയുടെ വടക്കേ അറ്റത്തുള്ള ഈ സ്ഥലത്ത് നിന്ന് മദീനയിലേക്ക് രണ്ട് വ്യത്യസ്ത റൂട്ടുകളുണ്ട്. യാത്രക്കാർക്ക് ഒന്നുകിൽ ‘അൽ-മുൻസറഫ് ‘ വഴി പോകാം. പിൽക്കാലത്ത് ‘അൽ-മുസൈജിദ് ‘ എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. അല്ലെങ്കിൽ ഷിഅബു ഫൈദിലൂടെയും പിന്നീട് റി അൽ-അഖൻഖലിലൂടെയും പോകുന്ന കാരവൻ ട്രേഡ് റൂട്ടിൽ തുടരാം. പ്രവാചകനും കൂട്ടാളികളും അൽ-മുൻസറഫിലേക്ക് അൽപ്പനേരം വടക്കൻ പാതയാണ് സ്വീകരിച്ചത്.

സെപ്തംബർ 16, വെള്ളിയാഴ്ച, റബീഉൽ അവ്വൽ അഞ്ചാം തീയതി, മുത്ത് നബി ﷺ യും അനുചരന്മാരും ‘അൽ-അർജ് ‘ താഴ്‌വരയിലെ അൽ-അർജ് ഗ്രാമത്തിലൂടെ പോയി. ‘അർജ്’ എന്ന പദം ഈ താഴ്‌വരയുടെ വളഞ്ഞുപുളഞ്ഞ പാതയെ സൂചിപ്പിക്കുന്നു. ഹിജ്റയുടെ എട്ടാം വർഷം മക്കാ വിജയത്തിലേക്കുള്ള യാത്രാമധ്യേ, പതിനായിരം ശക്തരായ മുസ്‌ലിം സൈന്യം അൽ-അർജിന്റെ ഇടുങ്ങിയ താഴ്‌വരയിലൂടെയാണ് സഞ്ചരിച്ചത്. അപ്പോൾ ഒരു സംഭവമുണ്ടായി. യാത്രാമധ്യേ , ഒരു നായ തന്റെ കുഞ്ഞുങ്ങളെ മുലയൂട്ടുന്നത് മുത്ത് നബിﷺയുടെ ശ്രദ്ധയിൽപ്പെട്ടു. റോഡിന്റെ ഇടുങ്ങിയ ഭാഗത്തിന്റെ നടുവിലായിരുന്നു അത്. സൈന്യം താഴ്‌വരയിലൂടെ കടന്നുപോകുമ്പോൾ അവൾക്ക് ശല്യമാകാതിരിക്കാൻ പ്രവാചകൻ ﷺ തന്റെ ശിഷ്യന്മാരിൽ ഒരാളായ ജമീൽ ബിൻ സുറാഖയെ അവളുടെ സംരക്ഷണത്തിനായി നിയോഗിച്ചു. സൈന്യം മുഴുവൻ കടന്നുപോകുന്നത് വരെ അദ്ദേഹം അവിടെ കാവൽ നിന്നു.

കാലാന്തരത്തിൽ പ്രവാചകർ ﷺ ഇതുവഴി നിരവധി തവണ കടന്നുപോയി. ‘ഖൈലൂലത് ‘ അഥവാ ഉച്ചയുറക്കത്തിന് ഈ സ്ഥലത്ത് സമയം കണ്ടെത്തുമായിരുന്നു. പിൽക്കാലത്ത് ഇവിടെ ഒരു പള്ളി നിർമിക്കപ്പെട്ടു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-154/365

സെപ്തംബർ പതിനേഴ് റബീഉൽ-അവ്വൽ ആറാം തീയതി ശനിയാഴ്ച, സൗർ ഗുഹയിൽനിന്ന് പുറപ്പെട്ടതിന്റെ ആറാം ദിവസം മുത്ത് നബി ﷺ യും കൂട്ടുകാരും അൽ-അർജിൽ നിന്ന് പുറപ്പെട്ട് ‘മിഷിർവാൻ’ പർവതത്തിന് മുകളിലൂടെ ‘റകുബ’ പർവതത്തിന്റെ വലതുവശത്ത് (തെക്ക്) കാൽനടയായി ‘റീം’ (വാദി റീം) താഴ്‌വരയിൽ പ്രവേശിച്ചു. ‘ഔഫ് ‘ പർവതനിരകൾക്കും (ജബൽ ഔഫ്) മൗണ്ട് വർഖാനും (ജബൽ വാർഗൻ) ഇടയിലാണ് റകുബ പർവതം സ്ഥിതി ചെയ്യുന്നത്.

‘അൽ-ഗൈർ’ (സനിയത്ത് അൽ-ഗൈർ) ചുരത്തിൽ നിന്ന് അകലെ മിഷിർവാൻ പർവതത്തിന് മുകളിലൂടെ യാത്ര തുടർന്നു. മിഷിർവാൻ പർവതവും റകുബ പർവതവും വളരെ അടുത്ത് ബന്ധപ്പെട്ടിരിക്കുന്നു. ഒന്ന് എവിടെ തുടങ്ങുന്നുവെന്നും മറ്റേത് എവിടെ അവസാനിക്കുമെന്നും നിർണയിക്കാൻ പ്രയാസമാണ്.

അൽ ഗൈർ പാതയിലൂടെ സഞ്ചരിക്കുമ്പോൾ വർഖാൻ പർവതത്തെ (ജബൽ വർക്കാൻ) പല കോണിലൂടെയും കാണാൻ കഴിയും. അതൊരു ചാരുതയുളവാക്കുന്ന കാഴ്ചയാണ്. പഴയ കാലത്ത് ഈ പർവതത്തെ ‘മൗണ്ട് ഹംത് ‘ (ജബൽ ഹംത്) എന്നായിരുന്നു വിളിച്ചിരുന്നത്. ഇന്ന് ഈ പർവതത്തിന്റെ കിഴക്കൻ താഴ്‌വരയിലാണ് ഹാബ്തിന്റെ ചെറിയ ഒരു വാസസ്ഥലം സ്ഥിതി ചെയ്യുന്നത്. വിടവാങ്ങൽ ഹജ്ജ് വേളയിൽ ഇതേ പർവതത്തിലൂടെയാണ് നബി ﷺ മദീനയിൽ നിന്ന് മക്കയിലേക്ക് സഞ്ചരിച്ചത്. ഇതേ യാത്രയിൽ റൗഹാഇന് മുമ്പുള്ള ‘ഇർഖുള്ളബിയ’ എന്ന സ്ഥലത്ത് നബി ﷺ ഇറങ്ങി. രണ്ട് സ്ഥലങ്ങളിലും നബി ﷺ നിസ്ക്കരിച്ച സ്ഥലങ്ങൾ അഥവാ പളളികൾ ഉണ്ട്. ഇവിടെ വച്ച് നബി ﷺ അനുചരന്മാരോട് ചോദിച്ചു; “ഈ പർവതത്തിന്റെ പേരെന്താണ് എന്ന് നിങ്ങൾക്കറിയുമോ?” അവർ പറഞ്ഞു; “അല്ലാഹുവും അവന്റെ ദൂതനു ﷺ മാണ് ഏറ്റവും അറിയുക ” അഥവാ, ഞങ്ങൾക്കറിയില്ല. അപ്പോൾ നബി ﷺ പറഞ്ഞു, “ഇത് ഹംത് പർവതമാണ്. ഇത് സ്വർഗീയ മലകളിൽ ഒരു മലയാണ്. അല്ലാഹു നമുക്കും ഇതിന്റെ അഹ്‌ലുകാർക്കും അനുഗ്രഹം ചൊരിയട്ടെ.”

യാത്ര വീണ്ടും മുന്നോട്ട് നീങ്ങി. നിരവധി കിണറുകൾക്ക് പേരുകേട്ട ‘അൽ-ഖാതിർ’ (വാദി അൽ-ഖാതിർ) താഴ്‌വരയിൽ പ്രവാചക യാത്രാസംഘം പ്രവേശിച്ചു. സഞ്ചാരികളും അവരുടെ ചരക്ക് മൃഗങ്ങളും ധാരാളമായി ഒത്തു കൂടുന്ന സ്ഥലമാണിത്.

തുടർന്ന് ‘അൽ-റാസ് ‘ താഴ്‌വരയിലൂടെ (വാദി അൽ-റാസ്) യാത്ര ചെയ്തു. ‘ഹഫ്ർ’ താഴ്‌വരയിലേക്ക് (വാദി ഹഫ്ർ) അവർ സഞ്ചരിച്ച പർവതത്തിലെ ഇടുങ്ങിയ റോഡായ റി അൽ-റാസിൽക്കൂടി വീണ്ടും മുന്നോട്ട് നീങ്ങി.
ആറ് കിലോമീറ്റർ മാത്രം ദൈർഘ്യമുള്ള ഈ ചെറിയ താഴ്‌വരയിലൂടെയാണ് പിന്നീട് റീം താഴ്‌വരയിൽ പ്രവേശിച്ചത്.
അൽ-ഖലൈഖിലേക്കുള്ള യാത്രയിൽ റീം താഴ്‌വരയിലെ തിരക്കേറിയ ഇടനാഴിയിലൂടെ സംഘം യാത്ര തുടർന്നു. അൽ-ഗൈറിന്റെ ചുരം വഴി പോയിട്ടുള്ള ഏതൊരാളും നാൽപ്പത്തി രണ്ട് കിലോമീറ്റർ നീളമുള്ള ഈ താഴ്‌വരയിലൂടെ സഞ്ചരിക്കും. തളർന്നുപോയ യാത്രക്കാരെ സഹായിക്കാൻ നിരവധി വഴിയോരക്കച്ചവടങ്ങൾ സജ്ജീകരിച്ചിരിക്കുന്നു. ഉമ്മു മഅ്ബാദിന്റെ ഭർത്താവ് അബു മഅ്ബാദ് അൽ ഖുസാഇയ്യ് നബിﷺയെ കണ്ടുമുട്ടിയത് ഇവിടെ വച്ചാണ്. ടെന്റിൽ വന്നു പോയ വ്യക്തിയുടെ വിശേഷണം കേട്ട് പ്രവാചകനാണെന്ന് മനസ്സിലാക്കി കണ്ടെത്താൻ വേണ്ടി യാത്രപുറപ്പെട്ട് നൂറ്റിയെഴുപത് കിലോമീറ്റർ സഞ്ചരിച്ചാണ് അദ്ദേഹം ഇവിടെ എത്തിയത്. റീം താഴ്‌വരയിൽ വച്ച് നബി ﷺ യെ പരിചയപ്പെടുകയും ഉടൻ തന്നെ അദ്ദേഹം ഇസ്‌ലാം സ്വീകരിക്കുകയും ചെയ്തു. ‘അക്തം ബിൻ അബ്ദിൽ ഉസ്സാ’ എന്നായിരുന്നു അദ്ദേഹത്തിന്റെ യഥാർഥ പേര്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-155/365

മുത്ത് നബി ﷺ യുടെ പലായനത്തിൽ സൗർ ഗുഹയിൽ നിന്ന് പുറപ്പെട്ടതിന്റെ ആറാം ദിവസത്തെ സഞ്ചാര വഴികളിലൂടെയാണ് നാം കടന്നു പോകുന്നത്. ഇതിനിടയിൽ ഉണ്ടായ ഒരു സംഭവം ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നതിപ്രകാരമാണ്. “ഉർവ എന്നവർ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു. സുബൈർ (റ) ന്റെ നേതൃത്വത്തിൽ ശാമിൽ നിന്ന് വരുന്ന ഒരു കച്ചവട സംഘത്തെ നബി ﷺ വഴിയിൽ വച്ചു കണ്ടുമുട്ടി. അദ്ദേഹം നബി ﷺ യെ നല്ല വെളുത്തയൊരു ഉടയാടയണിയിച്ചു “.
ഇമാം ബൈഹഖി (റ)യുടെ നിവേദനത്തിൽപ്പറയുന്നത് , “ത്വൽഹത് ബിൻ ഉബൈദില്ലാഹിയെ വഴിയിൽ വച്ചു കണ്ടുമുട്ടി. അദ്ദേഹം നബി ﷺ യെ ലക്ഷ്യംവച്ചു വന്നതോ അതല്ല, ഉംറ ഉദ്ദേശിച്ചു പുറപ്പെട്ടതോ ആണ്. അദ്ദേഹം ശാമിൽ നിന്ന് കൊണ്ടുവന്ന വസ്ത്രം അബൂബക്കർ (റ) വിനു നൽകി. അദ്ദേഹവും നബി ﷺ യും ശാമിൽ നിന്നുള്ള വസ്ത്രമണിഞ്ഞു “.

അനസ് ബിൻ മാലിക് (റ) അസ്‌ലം ഗോത്രക്കാരനായ ഒരാളിൽ നിന്ന് നിവേദനം ചെയ്യുന്നു. “അദ്ദേഹം പറയുന്നു, നബി ﷺ യും സിദ്ദീഖ് (റ)വും മദീനയിലേക്കുള്ള പലായനത്തിനിടയിൽ ജുഹ്ഫയിൽ വച്ച് ഞങ്ങളുടെ ഒട്ടകങ്ങളുടെ അടുത്തുകൂടി കടന്നുപോയി. അപ്പോൾ നബി ﷺ ചോദിച്ചു, ‘ആരുടേതാണീ ഒട്ടകങ്ങൾ? ‘ അവിടെയുള്ളവർ പറഞ്ഞു, ‘ഇത് അസ്‌ലം ഗോത്രക്കാരനായ ഒരാളുടേതാണ് ‘ .
അപ്പോൾ നബി ﷺ അസ്‌ലം എന്ന പദത്തിന്റെ അർഥം സൂചിപ്പിക്കുന്ന സുരക്ഷ എന്ന ആശയം മുന്നിൽ വച്ചു കൊണ്ട് കൂട്ടുകാരനോട് പറഞ്ഞു, ‘ഇൻഷാ അല്ലാഹ്! നാം രക്ഷപ്പെട്ടു’. നിവേദകൻ പറയുന്നു, ‘എൻ്റെ പിതാവ് അപ്പോഴങ്ങോട്ട് വന്നു. നബി ﷺ ക്ക് ഒരൊട്ടകം തയ്യാർ ചെയ്ത് കൊടുത്തു. ഒപ്പം പരിചരണത്തിനായി മസ്ഊദ് എന്ന അടിമയെയും അയച്ചു കൊടുത്തു’.

ഇമാം ബൈഹഖി (റ) ഉദ്ധരിക്കുന്ന ഒരു നിവേദനം കൂടി ഇവിടെ നമുക്ക് വായിക്കാം : – “ഖൈസുബിൻ നുഅ്മാൻ പറയുന്നു, ‘നബി ﷺ യും സിദ്ദീഖ് (റ)ഉം രഹസ്യമായി മദീനയിലേക്ക് സഞ്ചരിക്കുന്നതിനിടയിൽ വഴിയിൽ വച്ച് അടിമയായ ഒരിടയനെക്കണ്ടു. അദ്ദേഹത്തോട് ചോദിച്ചു. കറവയുള്ള ആടുണ്ടോ നിങ്ങളുടെ പക്കൽ? അയാൾ പറഞ്ഞു, ഇല്ല. എല്ലാം കറവ വറ്റിയതാണ്. എങ്കിലും അതിൽ ഒന്നിനെ ഇങ്ങു വിളിക്കൂ. ഒരാടിനെ അടുത്തെത്തിച്ചു. ആടിനെ കെട്ടിയിട്ടു. നബി ﷺ അതിന്റെ അകിടിൽ തലോടിയതും പാല് വാർന്നു. അബൂബക്കർ (റ) പാത്രവുമായി വന്നു. ആദ്യം കറന്നത് സിദ്ദീഖി (റ)നും രണ്ടാമത് ഇടയനും മൂന്നാമത് അവിടുന്ന് സ്വന്തവും പാനം ചെയ്തു. അപ്പോൾ ഇടയൻ നബി ﷺ യോട് ചോദിച്ചു. ‘അവിടുന്ന് ആരാണ് ? ഇതു പോലൊരാളെ ഞാനിതുവരെയും കണ്ടിട്ടില്ലല്ലോ?’
നബി ﷺ പറഞ്ഞു, ‘ഞാൻ ഒരു കാര്യം പറഞ്ഞാൽ നിങ്ങൾക്കത് സ്വകാര്യമായി വയ്ക്കാമോ?’
അദ്ദേഹം പറഞ്ഞു, ‘അതെ’.
നബി ﷺ പറഞ്ഞു, ‘ഞാൻ അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് നബിﷺയാണ് ‘.
‘സാബിഇയാണെന്ന് വാദിക്കുന്ന ഒരാളുണ്ടെന്ന് ഖുറൈശികൾ പറയുന്ന വ്യക്തിയാണല്ലേ?’
‘അതെ, അവർ അങ്ങനെ പറയുന്നുവെന്ന് മാത്രം’.
‘അവിടുന്ന് അല്ലാഹുവിന്റെ ദൂതനാണെന്നും അവിടുന്ന് അവതരിപ്പിക്കുന്നത് സത്യമാണെന്നും ഞാൻ സാക്ഷ്യംവഹിക്കുന്നു. അവിടുന്ന് ചെയ്ത കാര്യങ്ങൾ ഒരു പ്രവാചകനിൽ നിന്നേ സംഭവിക്കുകയുള്ളൂ’.

യാത്ര മുന്നോട്ട് നീങ്ങിയപ്പോൾ ഒരു വിചാരം കൂടിക്കടന്നു വന്നു. ‘മദീനയിലേക്കടുക്കുമ്പോൾ പ്രവാചകനാണ് ഈ കടന്നു പോകുന്നതെന്ന് ജനങ്ങൾക്ക് വേഗം അറിയാതെ അവരുടെ ശ്രദ്ധതിരിക്കാൻ എന്താണ് ചെയ്യുക ? ഇതാരാണെന്ന് ചോദിച്ചാൽ പെട്ടെന്ന് എന്താണ് പറയുക ? കളവ് പറയൽ പ്രവാചകന്മാരുടെ രീതിയല്ല. പിന്നെന്ത് ചെയ്യും?’
അപ്പോൾ അബൂബക്കർ (റ) ഒരു രീതി സ്വീകരിച്ചു. നബി ﷺ യെ വാഹനത്തിന്റെ പിൻസീറ്റിലിരുത്തി. ആരെങ്കിലും ‘നിങ്ങൾ ആരാണെന്ന് ചോദിച്ചാൽ’ സിദ്ദീഖ് (റ) പറയും , ഞാൻ ‘ബാഗി’ അഥവാ ‘വഴിതെറ്റിയ ആൾ’ എന്ന്. കൂടെയാരാണെന്ന് ചോദിച്ചാൽ ‘ഹാദി’ അഥവാ ‘മാർഗ ദർശി’യാണെന്നും. പറയുമ്പോഴുള്ള ഉദ്ദേശ്യം ‘ഞാൻ പാപിയാണെന്നും എന്നോടൊപ്പമുള്ളത് എന്റെ വിജയത്തിലേക്കുള്ള മാർഗദർശി’യാണെന്നുമായിരിക്കും. കേൾക്കുന്നവർ ചിന്തിക്കും, ‘ഇത് വഴിതെറ്റിയ സഞ്ചാരിയും പിന്നിൽ വഴികാട്ടുന്ന ഗൈഡുമാണെന്ന് !’.
ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു. ‘നബി ﷺ മദീനയിലേക്ക് വന്നപ്പോൾ സിദ്ദീഖ് (റ) വാഹനത്തിൻ്റെ മുൻസീറ്റിലും നബി ﷺ പിൻസീറ്റിലുമായിക്കടന്നു വന്നു. കാഴ്ചയിൽ അബൂബക്കർ ഒരു വയോധികൻ. നബി ﷺ അറിയപ്പെടാത്ത ഒരു യുവാവ് എന്ന രീതിയിലായിരുന്നു. അപ്പോഴൊരാൾ ചോദിച്ചു, ‘താങ്കൾ ആരാണ്?’ അബൂബക്കർ (റ) മേൽ നിശ്ചയിച്ച പ്രകാരം മറുപടി നൽകി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-156/365

സെപ്‌റ്റംബർ 18-ാം തീയതി ഞായറാഴ്‌ച, റബീഉൽ അവ്വൽ ഏഴിന് സൗർ ഗുഹയിൽ നിന്നുള്ള പ്രയാണത്തിന്റെ ഏഴാം ദിവസത്തിലേക്ക് പ്രവേശിച്ചു. സംഘം റീം താഴ്‌വരയിൽ നിന്ന് പുറപ്പെട്ടതിന് ശേഷം അൽ-ജത്‌ജാഥയിലേക്ക് പോയി, റി അൽ-സഹ്‌വയിലൂടെ യാത്ര ചെയ്തു. കാരവൻ ട്രേഡ് റൂട്ട് പോലെ തിരക്കേറിയ റോഡല്ലാത്തതിനാൽ അൽ-ഖലാഇഖ് പ്രദേശത്തുകൂടെയാണ് അവർ കടന്നുപോയത്. ഈ പ്രദേശത്തിന് ‘അബിയാർ അൽ-മാശി’ അഥവാ കാൽ നട യാത്രക്കാരുടെ കിണർ എന്നും വിളിക്കപ്പെടുന്നു.

മുത്ത് നബിﷺയും സംഘവും അൽ-അഖീഖ് (വാദി അൽ-അഖീഖ്) താഴ്‌വരയിലൂടെ യാത്ര തുടർന്നു. വാദീ അഖീഖ് മദീനയിലെ സവിശേഷമായ താഴ്‌വരയാണ്. ആമിർ ബിൻ സഅദിൽ നിന്ന് ഇബ്നു സബാല നിവേദനം ചെയ്യുന്നു. “ഒരിക്കൽ നബി ﷺ അഖീഖ് താഴ്‌വരയിൽ പോയി വന്നതിന് ശേഷം പ്രിയ പത്നിയെ വിളിച്ചു കൊണ്ട് പറഞ്ഞു; ‘ഓ , ആഇശാ !(റ) ഞങ്ങൾ അഖീഖിൽ നിന്ന് വരികയാണ്. എത്ര നല്ല ഇടം! എത്ര നല്ല വെള്ളം! ഇത് മദീനയിൽ നിന്നുള്ള തീർഥാടകർക്കുള്ള മീഖാത്ത് കൂടിയാണ് ‘. മക്കയിലേക്കുള്ള യാത്രാമധ്യേ , ‘അബ്’യാർ അലി’ അല്ലെങ്കിൽ ‘അലി മീഖാത്തിന്റെ കിണർ’ എന്ന് വിളിക്കപ്പെടുന്നു.
ശേഷം ഖുബയിലേക്ക് നയിക്കുന്ന അൽ-സാബിയുടെ (തരീഖ് അൽ-സാബിയ്) വഴിയിലൂടെ യാത്ര ചെയ്തു. അൽ-ഖലാഇഖിൽ നിന്ന് പുറപ്പെട്ടതിന് ശേഷം ‘ബിഅർ ശദ്ദാദ് ‘ അഥവാ ശദ്ദാദ് കിണർ എന്നറിയപ്പെടുന്ന പ്രദേശത്തിലൂടെയും കടന്നു പോയി “.

ശേഷം മുത്ത് നബിﷺയും അബൂബക്കർ അൽ സിദ്ദിഖും (റ) രാത്രി അൽ ജത്ജാഥയിൽ ക്യാമ്പ് ചെയ്തു. ‘ഹംറ അൽ അസദ് ‘ പർവതത്തിന് തെക്ക് 16 കിലോമീറ്റർ അകലെ ഖുബയിൽ പ്രവേശിക്കുന്നതിന് മുമ്പ് അവർ അവസാനമായി ക്യാമ്പ് ചെയ്തു. അക്കാലത്ത് അൽ-ജത്ജാഥയിൽ ഒരു ഗ്രാമമുണ്ടായിരുന്നു. ബനി അബ്ദുല്ല ബിൻ അൽ-സുബൈറിലെ ഹംസ, ഉബാദ്, താബിത് തുടങ്ങിയ പ്രമുഖ കുടുംബങ്ങൾ അവിടെ താമസിച്ചിരുന്നു. നബിﷺ അവിടെ വച്ച് നിസ്ക്കാരം നിർവഹിച്ചു. പിന്നീട് ഇവിടെ ഒരു പള്ളി നിർമിക്കപ്പെട്ടു.

ഇതിനിടയിൽ സഅദ് ബിൻ ഉബാദയുടെ ഒരു കഥവായിക്കാനുണ്ട്. അദ്ദേഹം പറയുന്നു,
“മക്കയിലെ അഖബയിൽ വച്ച് നബി ﷺ യുമായി ഉടമ്പടി ചെയ്ത ശേഷം ചില ആവശ്യങ്ങൾക്കായി യമനിലെ ഹളർ മൗതിലേക്ക് പോയി. ആവശ്യങ്ങളൊക്കെ നിർവഹിച്ചതിന് ശേഷം മടക്കയാത്രയിലായിരുന്നു. ഇടയിൽ വച്ച് വിശ്രമത്തിനിറങ്ങി. ഉറക്കിലായിരിക്കേ ഒരു ശബ്ദം കേട്ട് ഞെട്ടിയുണർന്നു. അതൊരു കവിതാശകലമായിരുന്നു.

‘അബാഅംരിൻ തഅവ്വബനി സ്സുഹൂദു
വ റാഹന്നവമു വൻഖതഅൽ ഹുജൂദു’
ആശയം ഇങ്ങനെയാണ്,
‘അബൂ അംറേ, ഉണർവ് എന്നെ മടുപ്പിച്ചിരിക്കുന്നു. ഉറക്കം പോയി, നിദ്ര അവസാനിച്ചു’.
അടുത്ത ഒരു ശബ്ദം കൂടി മുഴങ്ങി. ‘അല്ലയോ , ഖർഗബ് ! നിങ്ങളുടെ ക്ഷീണം അവസാനിക്കണം. അദ്ഭുതങ്ങളിൽ മഹാദ്ഭുതം മക്കയുടെയും യസ്’രിബിന്റെയും ഇടയിൽ സംഭവിച്ചിരിക്കുന്നു’. അപ്പോൾ ചോദിച്ചു, ‘അല്ലയോ , ശാഹിബ് ! എന്താണ് സംഭവിച്ചത് ?’ അപ്പോൾ പറഞ്ഞു, ‘ശാന്തിയുടെ പ്രവാചകൻ ഉത്തമവചനവുമായി മനുഷ്യകുലത്തിലേക്ക് മുഴുവനായി നിയോഗിക്കപ്പെട്ടിരിക്കുന്നു. ആ പ്രവാചകൻ മക്കയിൽ നിന്ന് കാരക്കയുടെയും കുന്നുകളുടെയും നാടായ യസ്’രിബിലേക്ക് പുറത്താക്കപ്പെട്ടിരിക്കുന്നു’. പ്രഭാതമായപ്പോൾ ഞാനീ സ്വപ്നത്തെക്കുറിച്ച് ചിന്തയിലായി. അങ്ങനെയിരിക്കെ, അതാ രണ്ട് സർപ്പങ്ങൾ ചത്തു കിടക്കുന്നു. നബിﷺ പലായനം ചെയ്ത കാര്യം ഈ വിധത്തിൽ മാത്രമാണ് ഞാൻ അറിഞ്ഞത് “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-157/365

പലായനം ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. സെപ്തംബർ 19 തിങ്കളാഴ്ച, റബീഉൽ-അവ്വൽ എട്ടാം തീയതി അൽ-ജത്ജാഥയിൽ വച്ച് മുത്ത് നബിﷺയും സംഘവും പ്രഭാതഭക്ഷണം കഴിച്ചു. തുടർന്ന് വടക്കുകിഴക്ക് ഖുബയുടെ ഭാഗത്തേക്കുള്ള റോഡിലൂടെയോ തരിഖ് അൽ-സാബിയിലേക്കോ യാത്ര ചെയ്തുകൊണ്ട് ഹിജ്റയുടെ അവസാന ദിവസം ആരംഭിച്ചു. സമുദ്രനിരപ്പിൽ നിന്ന് 940 മീറ്റർ ഉയരമുള്ള ‘ഹംറ അൽ അസദ് ‘ (ജബൽ ഹംറ അൽ അസദ്) അവരുടെ മുന്നിലായിരുന്നു. ഹിജ്റ 3, CE 625-ലെ ഉഹുദ് യുദ്ധത്തെത്തുടർന്ന് പ്രവാചകന്റെﷺയും സൈന്യത്തിന്റെയും പട്ടാളമിറങ്ങിയ സ്ഥലമായിരുന്നു ഈ ചുവന്ന പർവതം. ഉഹ്ദ് പർവതത്തിൽ നിന്ന് മക്കാ സൈന്യം പിൻവാങ്ങിയതിന് ശേഷം, അവർക്ക് വീണ്ടും സംഘടിച്ച് മടങ്ങാനുള്ള അവസരമില്ലെന്ന് ഉറപ്പുവരുത്താനും അവരെ പിന്തുടരാനും പ്രവാചകൻﷺ തീരുമാനിച്ചു. യുദ്ധത്തിന്റെ പിറ്റേന്ന്, പ്രവാചകൻﷺ സൈന്യത്തെ മദീനയിൽ നിന്ന് പുറത്താക്കുകയും ഹംറ അൽ അസദ് പർവതത്തിൽ മൂന്ന് ദിവസം ക്യാമ്പ് ചെയ്യുകയും ചെയ്തു. തിരിച്ചുവരാത്ത മക്കാ സേനയെ നേരിടാൻ സജ്ജരായി മക്കയിലേക്കുള്ള പ്രധാന പാതയോരത്ത് തന്ത്രപരമായി അവരുടെ ക്യാമ്പ് സ്ഥാപിച്ചു.

‘ഖാഖ് ‘ (റൗദത്ത് ഖാഖ്) എന്ന പുൽമേടിലൂടെയാണ് പിന്നീട് സംഘം യാത്ര ചെയ്തത്. 630 CE, 8 AH-ൽ ഒരു വലിയ സൈന്യത്തെ മക്കയിലേക്ക് കൊണ്ടുപോകാനുള്ള പ്രവാചകന്റെﷺ പദ്ധതി വെളിപ്പെടുത്തുന്ന ഒരു കത്ത് മക്കയിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഒരു സ്ത്രീക്ക് രഹസ്യമായി നൽകിയിരുന്നു. ഈ വഞ്ചനയെക്കുറിച്ച് മലക്ക് ജിബ്‌രീൽ (അ) നബിﷺയെ അറിയിച്ചു. അലി, സുബൈർ, മിഖ്ദാദ് എന്നിവരോട് ഖാഖിലെ പുൽമേട്ടിൽ പോയി ഈ സ്ത്രീയോട് കത്ത് ചോദിക്കാൻ പറഞ്ഞു. അവളെക്കണ്ടപ്പോൾ ആദ്യം കത്ത് നിഷേധിച്ചു. ഒടുവിൽ അതവർക്ക് നൽകി. നേരത്തെ ഖാഖ് തോട്ടം ഉണ്ടായിരുന്ന സ്ഥലം ഇന്നും നമുക്ക് സന്ദർശിക്കാൻ സാധിക്കും. അടുത്തയിടെ ഈ ലേഖകന് അത് വഴി യാത്ര ചെയ്യാൻ അവസരമുണ്ടായി.

മദീന അൽ-മുനവ്വറയ്ക്ക് സമീപമെത്തിയപ്പോൾ സംഘം ‘അൽ-സാബി’ മാർഗത്തിലൂടെ സഞ്ചരിച്ചു. ഈ റോഡ് ‘അൽ-ഉസ്ബ:’ ജില്ലയിലേക്കും ബനീ ഉനൈഫിന്റെ വസതികളിലേക്കും അവസാന ലക്ഷ്യസ്ഥാനമായ ഖുബയിലേക്കും എത്തിച്ചേരുന്നു. പിന്നീട് ഈ പാതയെ ‘തരീഖ് ‘ അല്ലെങ്കിൽ ‘ദർബ് അൽ-ജുസ്സ’ എന്ന് വിളിക്കപ്പെട്ടു.
തുടർന്നുള്ള യാത്ര ഖുബയുടെ അടുത്തെത്തിയപ്പോൾ, അവർ ‘ഐർ’ പർവതത്തിന്റെ (ജബൽ ഐർ) കിഴക്ക് ഭാഗത്തേക്ക് നീങ്ങി. ശേഷം വടക്കോട്ട് ഖുബയിലേക്ക് നീങ്ങി, മദീനഹറമിന്റെ (ഹറം അൽ-മദീന അൽ-മുനവ്വറഹ്) അതിർത്തികളിലൊന്നാണ് ഐർ പർവതം.

മുത്ത് നബിﷺ ഖുബായിലേക്കുള്ള യാത്രാമധ്യേ , ബനി ഉനൈഫിന്റെ സമീപസ്ഥലത്തോടൊപ്പം ആദ്യമായി സന്ദർശിച്ച അയൽപ്പക്കങ്ങളിലൊന്നാണ് അൽ ഉസ്ബ: ജില്ല. മക്കയിൽ നിന്ന് കുടിയേറിയവർ ആദ്യമായി തങ്ങിയതും ഇവിടെയായിരുന്നു. ‘മസ്ജിദ് ഓഫ് ലൈറ്റ് ‘ (മസ്ജിദ് അൽ-നൂർ), അൽ-ഹാജിം (ബിർ അൽ-ഹാജിം) എന്നറിയപ്പെടുന്ന ‘ബാനി ജഹ്ജബയുടെ കിണർ’ (ബിർ ബാനി ജഹ്ജബ) എന്നിവയും ഈ ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

ഖുബയിൽ എത്തുന്നതിന് മുമ്പ് യാത്രക്കാർ ബനി ഉനൈഫിന്റെ (ദിയാർ ബനി ഉനൈഫ്) സമീപത്ത് കൂടെ കടന്നുപോയി. ‘മുസബിഹിന്റെ പള്ളി’ (മസ്ജിദ് മുസബിഹ്) എന്നും അറിയപ്പെടുന്ന ബനി ഉനൈഫിന്റെ (മസ്ജിദ് ബനി ഉനൈഫ്) മസ്ജിദ് ഇവിടെയാണ് നിർമിച്ചത്. പിൽക്കാലത്ത് ‘തൽഹ ബിൻ അൽ ബറാഅ് ‘ രോഗബാധിതനായപ്പോൾ അദ്ദേഹത്തെ സന്ദർശിക്കാൻ ഈ പ്രദേശത്ത് നബിﷺ വന്നതായി ചരിത്ര നിവേദനങ്ങളിൽക്കാണാം.

നബിﷺ മക്കയിൽ നിന്ന് പുറപ്പെട്ടു എന്നറിഞ്ഞതുമുതൽ യസ്’രിബ് അഥവാ മദീന നബിﷺയെ സ്വീകരിക്കാൻ ഒരുങ്ങികഴിഞ്ഞു. പുറപ്പെട്ടെന്ന് അറിഞ്ഞയന്നു മുതൽ അവർ സംഘമായി മദീനയുടെ അതിർത്തിയിലേക്ക് നടക്കും. സാധാരണയിൽ മക്കയിൽ നിന്നുള്ളവർ മദീനയിലേക്ക് പ്രവേശിക്കുന്ന സ്ഥലത്ത് വരും. വെയിൽ ചൂടാവുന്നത് വരെ കുന്നിൻ മുകളിൽ മക്കയുടെ ദിശയിലേക്ക് നോക്കി നിൽക്കും…

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-158/365

ആഇശ (റ) യിൽ നിന്ന് ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്നു. ” നബി ﷺ മക്കയിൽ നിന്ന് പുറപ്പെട്ടത് മുതൽ മദീനക്കാർ പ്രഭാത നിസ്ക്കാരം കഴിഞ്ഞാലുടൻ മദീനയുടെ അതിർത്തിയിലേക്ക് വരും. വെയിൽ പരക്കുന്നത് വരെ അവർ തുറസ്സായ ഭൂമിയിൽ കാത്ത് നിൽക്കും. ശേഷം തണൽ ലഭിച്ചാൽ തണലിലേക്ക് മാറി വീണ്ടും കാത്ത് നിൽക്കും. ചൂട് അതികഠിനമായി, തീരെ തണൽ ലഭിക്കാതെ വന്നാൽ അവർ വീടുകളിലേക്ക് മടങ്ങും. അങ്ങനെ റബീഉൽ അവ്വലിലെ ഒരു തിങ്കളാഴ്ച ചൂട് കടുക്കും വരെ കാത്ത് നിന്ന് അവർ മെല്ലെ വീടുകളിലേക്ക് മടങ്ങി. അപ്പോഴതാ ഒരു ജൂത സഹോദരൻ തൻ്റെ കൽപ്പടവുകളുടെ മേൽ എന്തോ ചില ആവശ്യത്തിന് കയറിയതായിരുന്നു. പെട്ടെന്ന്, അൽപ്പം അകലെ നിന്നൊരു ആഗമനം അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടു. ഉടനെ അദ്ദേഹം ഉറക്കെ വിളിച്ചു പറഞ്ഞു, ‘അല്ലയോ അറബികളേ, ഇതാ നിങ്ങളുടെ സൗഭാഗ്യം എത്തിയിരിക്കുന്നു ! നിങ്ങൾ കാത്ത് നിൽക്കുന്ന നിങ്ങളുടെ ആൾ ഇതാ ആഗതമായിരിക്കുന്നു !’ ഉപചാരപൂർവം ആയുധങ്ങളുമായി മദീനക്കാർ ഓടിയെത്തി. മരുഭൂമിയിൽ വച്ചു തന്നെ അവർ നബി ﷺ യെക്കണ്ടു. അപ്പോഴേക്കും അടുത്തു തന്നെ ഒരു തണലിൽ നബി ﷺ യും കൂട്ടുകാരും വാഹനങ്ങളുടെ കടിഞ്ഞാൺ പിടിച്ചു നിന്നു കഴിഞ്ഞിരുന്നു. മുത്ത് നബി ﷺ യുടെ സമപ്രായക്കാരനായ സിദ്ദീഖ് (റ) മദീനക്കാരെ സ്വീകരിച്ചു. നബി ﷺ മൗനത്തോടെ ഒരു ഭാഗത്തിരുന്നു. പിറകെപ്പിറകെ വന്നയാളുകൾ സിദ്ദീഖ് (റ) നെ ക്കണ്ടപ്പോൾ നബി ﷺ യാണെന്ന് ഭാവിച്ചു. അൽപ്പം കഴിഞ്ഞപ്പോഴേക്കും വെയിൽ വീണ്ടും കഠിനമായി. സിദ്ദീഖ് (റ) തട്ടമെടുത്ത് നബി ﷺ ക്ക് തണൽ ചൂടി. അപ്പോഴാണവർ നബി ﷺ യെ ശ്രദ്ധിച്ചത്.

മദീനക്കാർ അവിടെ നിന്ന് വലത് ഭാഗത്തേക്ക് ഖുബാഇലേക്ക് നബി ﷺ യെ ആനയിച്ചു. മദീനയുടെ ഉയർന്ന ഭാഗമായിരുന്നു അത്. നേരേ കുൽസും ബിൻ അൽ ഹദിമിൻ്റെ വീട്ടിലേക്ക് പ്രവേശിച്ചു. സഅദ് ബിൻ ഖൈസമയുടെ വീട്ടിലേക്കായിരുന്നു എന്ന അഭിപ്രായവും ഉണ്ട് . എന്നാൽ പ്രബലം ആദ്യത്തേതാണ്. ചില ചരിത്രകാരന്മാർ രണ്ടഭിപ്രായങ്ങളെയും സമന്വയിപ്പിച്ചുകൊണ്ട് ഇങ്ങനെയെഴുതി. കുൽസൂമുബിൻ അൽഹദിം ജനങ്ങളെ സ്വീകരിക്കാൻ സഅദിൻ്റെ വീട്ടിലാണ് ഇരിക്കുക. അദ്ദേഹം ബാച്ചിലറായിരുന്നു. ഹിജ്റയിൽ മക്കയിൽ നിന്ന് മദീനയിലെത്തിയ ബാച്ചിലേഴ്സ് അവിടെയായിരുന്നു താമസിച്ചിരുന്നത്. അബൂബക്കർ (റ) വിനെ ഖുബൈബ് ബിൻ ഇസാഫ് എന്നയാളുടെ വീട്ടിലിലേക്കാണ് സ്വീകരിച്ചത്.

അബ്ദുല്ലാഹിബിന് ഹാരിസ (റ) പറയുന്നു. “നബി ﷺ യെ സ്വീകരിച്ച ഉടനെ വീട്ടുകാരനായ കുൽസും പരിചാരകനെ വിളിച്ചു. അല്ലയോ , നുജൈഹേ! നബി ﷺ ആ വിളിയും പേരും ശ്രദ്ധിച്ചു. നജഹ എന്ന പദത്തിന്റെ വിജയം എന്ന ആശയത്തെ സൂചിപ്പിച്ചുകൊണ്ട് നബി ﷺ പറഞ്ഞു. അബൂബക്കറേ, കാര്യങ്ങളൊക്കെ വിജയപ്രദമായല്ലോ?”

ജീവൻ പണയം വച്ച് നബി ﷺ ക്ക് സേവനം ചെയ്ത അലി (റ) മുത്ത് നബി ﷺ പുറപ്പെട്ട ശേഷം മൂന്ന് ദിവസം മക്കയിൽത്തന്നെ തങ്ങിയിരുന്നു. നബി ﷺ യുടെ പക്കലുണ്ടായിരുന്ന സൂക്ഷിപ്പു സ്വത്തുകൾ തിരിച്ചേൽപ്പിക്കാൻ വേണ്ടിയായിരുന്നു അത്. എല്ലാ സ്വത്തുകളും തിരിച്ചേൽപ്പിച്ച ശേഷം മദീനയിലേക്ക് പുറപ്പെട്ടു. നബി ﷺ യുടെയടുത്തേക്ക് എത്തിയത് ഇതേ ദിവസമായിരുന്നു. കുൽസും ബിൻ ഹദ്മിന്റെ വീട്ടിൽ വച്ച് നബി ﷺ യുമായി കണ്ടുമുട്ടി.

അലി (റ) ഖുബാഇലെത്തി. അലി (റ) അവിടുത്തെ ഒരു കഥ കൂടി പറയുന്നതിങ്ങനെയാണ്. “ഖുബാഇൽ ഒരു സ്ത്രീ ഉണ്ടായിരുന്നു. ഭർത്താവില്ലാത്തവളായിരുന്നു അവൾ. രാത്രിയിൽ ഒരാൾ അവളുടെ വാതിലിൽമുട്ടും. വന്നയാൾ ഒരു പൊതി അവൾക്ക് നൽകി മടങ്ങിപ്പോകും. അങ്ങനെ ഞാനവളോട് ചോദിച്ചു. ‘ഇതാരാണ് ? എന്താണ് നിങ്ങൾക്കെത്തിച്ചുതരുന്നത് ?’ അവൾ പറഞ്ഞു, ‘അത് സഹിൽ ബിൻ ഹുനൈഫാണ്. ഞാൻ ഭർത്താവില്ലാത്തവളാണെന്ന് അദ്ദേഹത്തിനറിയാം. അദ്ദേഹം രാത്രിയിൽ അവർ മുമ്പ് ആരാധിച്ചിരുന്ന മരക്കുറ്റി കുറേശ്ശെ മുറിച്ച് എനിക്ക് കൊണ്ട് വന്ന് തരും. എന്നിട്ടെന്നോട് പറയും, നീയിത് വിറകായി ഉപയോഗിച്ചോളൂ. ശേഷം അദ്ദേഹം മടങ്ങിപ്പോകും’. അലി (റ) തുടരുന്നു. ‘പിൽക്കാലത്ത് ബഗ്ദാദിൽ വച്ച് അദ്ദേഹം മരണപ്പെടുന്നത് വരെ ഞാനിക്കാര്യം ഉദ്ധരിക്കുമായിരുന്നു’.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-159/365

മുത്ത് നബി ﷺ യുടെ മദീനയിലേക്കുള്ള പ്രവേശനത്തെ പരാമർശിച്ചുകൊണ്ട് ഇമാം അഹ്‌മദും (റ) മറ്റും നിവേദനം ചെയ്ത ഒരു വിവരണം ഇങ്ങനെ വായിക്കാം. മദീനയുടെ അതിർത്തിയിൽ എത്തിയ നബി ﷺ അവിടുത്തെ കുടുംബക്കാരായ ബനൂ നജ്ജാറിലേക്ക് ആളെ അയച്ചു. അബ്ദുൽ മുത്വലിബിന്റെ മാതാവ് വഴിയുള്ള നബി ﷺ യുടെ അമ്മാവന്മാരാണവർ. അവർ ഉപചാരപൂർവം ആയുധങ്ങളണിഞ്ഞ് നബി ﷺ യെ സ്വീകരിക്കാനെത്തി. അവർ മുത്ത് നബി ﷺ യോടും കൂട്ടുകാരോടും പറഞ്ഞു. “അങ്ങും നേതാക്കളും സുരക്ഷിതരുമായി പ്രവേശിച്ചോളൂ “. നബി ﷺ അവിടുത്തെ ഖസ്വ്’വാ എന്ന ഒട്ടകത്തിൻമേൽക്കയറി. ജനങ്ങൾ ഇരുവശങ്ങളിലുമായി കാൽനടയായും വാഹനങ്ങളിലും സഞ്ചരിച്ചു. തക്ബീർ ധ്വനികൾ മുഴക്കി.
അല്ലാഹു അക്ബർ! അല്ലാഹുവിന്റെ ദൂതർ ആഗതമായിരിക്കുന്നു..
അല്ലാഹു അക്ബർ! മുഹമ്മദ് നബി ﷺ ആഗതരായിരിക്കുന്നു..
ആഘോഷത്തോടെയും ആവേശത്തോടെയും അവർ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. കുട്ടികളും പരിചാരകരും വീടുകളുടെ മച്ചുകളിൽക്കയറി വിളിച്ചു പറഞ്ഞു. “അല്ലാഹുവിന്റെ ദൂതരിതാ ഞങ്ങളിലേക്ക് എത്തിയിരിക്കുന്നു ! ”
അനസ് (റ) പറയുന്നു : “ഞങ്ങളും തക്ബീർ മുഴക്കി . മറ്റാളുകൾ പോകുന്ന ദിശയിൽ നീങ്ങി. പ്രത്യേകിച്ചൊന്നും കാണാനില്ല. എല്ലാവരുടെയും കൂടെ തക്ബീർ ചൊല്ലി മുന്നോട്ട് തന്നെ നീങ്ങി. പിന്നെയാണ് ആഗതരെ ദൃഷ്ടിയിൽപ്പെട്ടത്. പിന്നെ എല്ലാവരും ഒപ്പം മുന്നോട്ട് നീങ്ങി. കുറച്ചു കഴിഞ്ഞ് ഒരു ഭിത്തിയുടെ മറവിൽ അൽപ്പനേരം നിന്നു. അൻസാറുകളിൽ നിന്നുള്ള സ്വീകരണത്തിന് വേണ്ടിയായിരുന്നു അത്. വൈകിയില്ല, അഞ്ഞുറോളം അൻസാറുകൾ വന്നു. അവർ പറഞ്ഞു, “സുരക്ഷിതരും നേതാക്കളുമായി അവിടുന്ന് കടന്നു വരൂ”. മദീനയൊന്നാകെയിളകി ! മദീനയിലെ ജനാവലി ഒരുമിച്ചു നീങ്ങി. മഹിളകൾ മാളിക മുകളിൽ നിന്ന് പരസ്പരം ചോദിച്ചു, “മുത്ത് നബി ﷺ യെവിടെ ? മുത്ത് നബി ﷺ യെവിടെ?” അത് പോലെയൊരു രംഗം മദീന മുമ്പോ ശേഷമോ ദർശിച്ചിട്ടേയില്ല !

ഇമാം അഹ്‌മദും (റ) അബൂദാവൂദും (റ) ഉദ്ധരിക്കുന്ന നിവേദനത്തിൽ അനസ് (റ) പറയുന്നു; “നബി ﷺ മദീനയിലേക്ക് ആനയിക്കപ്പെട്ടപ്പോൾ എത്യോപ്യക്കാരായ ആളുകൾ അവരുടെ ആയുധങ്ങൾക്കൊണ്ടുള്ള ഒരുതരം വിക്ഷേപ വിനോദങ്ങൾ അവതരിപ്പിച്ചു. ആബാലവൃദ്ധം ജനങ്ങൾ ഒരുമിച്ച് മംഗളം നേർന്നു “.

മദീനക്കാർ അന്നാലപിച്ച വിശ്രുതമായ കാവ്യം ഏവർക്കും സുപരിചിതമാണ്.

‘ത്വലഅൽ ബദ്റു അലൈനാ ,
മിൻ സനിയ്യത്തിൽ വദാഇ

വജബശ്ശുക്റു അലൈനാ ,
മാ ദആലില്ലാഹി ദാഇ

അയ്യുഹൽ മബ്ഊസു ഫീനാ
ജിഅ്ത ബിൽ അംറിൽ മുതാഇ’

‘വദാ കുന്നിൽ നിന്നുദിച്ചുയർന്നല്ലോ?
പൂർണേന്ദു ഞങ്ങൾക്ക് ശോഭയദീപ്തിയായ്
പ്രാർഥനയുള്ളോരു കാലങ്ങളത്രയും
നിർബന്ധമാകുന്ന നന്ദിക്കു പാത്രമായ്
അനുസരിക്കേണ്ടുന്ന സംഹിതയുമായ് വന്ന് നിയുക്തരായല്ലോ ഞങ്ങൾക്കൊരഭയമായ്’

നബി ﷺ എത്തിയതോടെ മദീന മുഴുവനും പ്രദീപ്തമായി. ഇത്രമേൽ ശോഭയും പ്രഭാവവും നിറഞ്ഞ ദിവസം മദീനയിൽ അനുഭവിച്ചിട്ടില്ലെന്ന് അബൂ ഖൈസമ സാക്ഷ്യപ്പെടുത്തുന്നു. അവിടുന്ന് കടന്നു പോകുന്ന വഴിയിലെ എല്ലാ വീട്ടുകാരും നബി ﷺ യെ അവരവരുടെ വീടുകളിലേക്ക് ക്ഷണിച്ചു. ചിലർ അവരുടെ വീട്ടിലെ സൗകര്യങ്ങൾ എണ്ണിപ്പറഞ്ഞു തന്നെ സ്വാഗതം ചെയ്തു. തങ്ങൾക്കു വസിക്കാനും വിശ്രമിക്കാനും അതിഥികളെ സ്വീകരിക്കാനും ഞങ്ങളുടെ വീട്ടിൽ സൗകര്യമുണ്ടെന്നായിരുന്നു ചിലരുടെ ന്യായം. നബി ﷺ എല്ലാവരോടും പറഞ്ഞു; “എന്റെ വാഹനത്തെ അതിൻ്റെ വഴിക്ക് വിട്ടേക്കുക. അത് എവിടെയാണ് മുട്ടുകുത്തേണ്ടത് എന്നത് അതിന് തന്നെ കൽപ്പന ലഭിച്ചിട്ടുണ്ട്. എന്റെ ഖസ്വാ എവിടെ മുട്ടുകുത്തുന്നുവോ അവിടെയാണ് ഞാനിറങ്ങുക “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-160/365

നബി ﷺ യുടെ മദീനയിലേക്കുള്ള പ്രവേശനത്തെപ്പരാമർശിക്കുന്ന വിവിധ നിവേദനങ്ങൾ സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു ലളിതവായന ഇങ്ങനെയാണ് : –

തിങ്കളാഴ്ച മുതൽ നാല് ദിവസം നബി ﷺ ഖുബായിൽ താമസിച്ചു. റബീഉൽ അവ്വൽ പന്ത്രണ്ട് വെള്ളിയാഴ്ച സെപ്തംബർ ഇരുപത്തിമൂന്നിന് നബി ﷺ ഖുബായിൽ നിന്ന് യാത്ര തുടർന്നു. നബി ﷺ യുടെ വാഹനം ഖസ്’വാ ഇന്ന് മദീന പള്ളി നിൽക്കുന്ന സ്ഥലത്ത് മുട്ട് കുത്തി.

നബി ﷺ ഉപയോഗിച്ച വാഹനങ്ങളിൽ ഏറെ വിശേഷണങ്ങളുള്ള ഒട്ടകമായിരുന്നു ഖസ്’വാ. അറേബ്യയിലെ ‘ബനീ ഖാഷിർ’ ഗോത്രത്തിന്റെ ക്യാമ്പ്സൈറ്റിലാണ് അത് ജനിച്ചത്. അബൂബക്കർ (റ) ഈ പെണ്ണൊട്ടകത്തെ ഉടമപ്പെടുത്തി. ശേഷം നാലു വയസ്സുള്ളപ്പോൾ മഹാനവർകളുടെ പക്കൽ നിന്നും നാനൂറ് ദിർഹമിന് നബി ﷺ വാങ്ങി. വെള്ളയും കറുപ്പും ഇടകലർന്ന ചുവപ്പു നിറമായിരുന്നു ഖസ്’വാഇന്റേത്. നല്ല അനുസരണയും വഴക്കവുമുള്ള വാഹനമായിരുന്നു. സാധാരണയിൽ വാഹനപ്പുറത്തായിരിക്കെ ദിവ്യസന്ദേശം അഥവാ വഹിയ് അവതരിച്ചാൽ അത് വാഹനത്തിനും ഭാരമായി അനുഭവപ്പെടുകയും, അവയ്ക്ക് മുന്നോട്ട് പോകാൻ സാധിക്കുകയുമായിരുന്നില്ല. എന്നാൽ ഖസ്’വാഇന് അത് സാധിക്കുമായിരുന്നു. ഏത് മത്സരത്തിലും ഖസ്’വാ ഒന്നാമതെത്തുമായിരുന്നു. ഒരിക്കൽ പോലും നബി ﷺ യോട് മോട്ട് (അനിഷ്ടഭാവം ) കാട്ടിയിരുന്നില്ല. ഹിജ്റയുടെ സഞ്ചാരവും ഇതിൻമേലായിരുന്നു. അങ്ങനെയാണ് ഈ വാഹനത്തിന് കൽപ്പനയുണ്ട് അതിനെ വിട്ടേക്കുക എന്ന് നബി ﷺ പറഞ്ഞത്. മദീനയിലെ പള്ളി അഥവാ മസ്ജിദുന്നബവി നിലനിൽക്കുന്ന സ്ഥലത്ത് കൃത്യമായി പറഞ്ഞാൽ, പള്ളിയിലെ മിമ്പർ നിലനിൽക്കുന്ന സ്ഥലത്താണ് മുട്ടുകുത്തിയത്. (ജനങ്ങളെ സംബോധന ചെയ്യുന്ന സവിശേഷമായ ‘ഖുതുബ’ എന്ന ആരാധന നിർവഹിക്കാനുള്ള നിശ്ചിത പടവുകളോട് കൂടിയ പ്ലാറ്റ്ഫോമും ഇരിപ്പിടവുമാണ് മിമ്പർ). ബദ്റിലേക്കും മക്കാവിജയ പ്രവേശത്തിലും ഈ വാഹനത്തിലാണ് സഞ്ചരിച്ചത്. നബി ﷺ യോടൊപ്പം നിരന്തരമായി സഹവസിക്കാൻ സൗഭാഗ്യം ലഭിച്ച അപൂർവ സാന്നിധ്യമാണ് ഈ ഒട്ടകം. നബി ﷺ യുടെ വിയോഗം അത് തിരിച്ചറിഞ്ഞു. അതിന് അത് താങ്ങാനായില്ല. നബി ﷺ യുടെ വഫാതിന്റെ പതിനഞ്ചു ദിവസം വരെ അത് വെള്ളമോ ഭക്ഷണമോ കഴിച്ചില്ല. കണ്ണീരൊലിപ്പിച്ച് വിരഹദുഖം കടിച്ചിറക്കി ഭാഗ്യവതിയായ ആ വാഹനം പതിനഞ്ചാം ദിവസം മരണപ്പെട്ടു.

നബി ﷺ മക്കയിൽ നിന്ന് പുറപ്പെട്ട് മദീനയിലെത്തിയ ദിവസങ്ങളെക്കുറിച്ച് ചരിത്രത്തിന് അഭിപ്രായങ്ങളുണ്ട്. സഫർ അവസാനത്തെ വ്യാഴാഴ്ച രാത്രി മക്കയിൽ നിന്ന് പുറപ്പെട്ടു. മൂന്ന് ദിവസം സൗർ ഗുഹയിൽ കഴിച്ചു കുട്ടി. ഞായറാഴ്ച രാത്രി അഥവാ തിങ്കളാഴ്ച രാവ് റബീഉൽ അവ്വൽ ഒന്നിന് ഗുഹയിൽ നിന്ന് യാത്രതിരിച്ചു. റബീഉൽ അവ്വൽ എട്ടിന് തിങ്കളാഴ്ച മദീനയിലെത്തി. ഇതാണ് ഏറ്റവും പ്രബലമായ നിവേദനങ്ങളിൽ നിന്ന് വ്യക്തമാകുന്നത്. എന്നാൽ മക്കയിൽ നിന്ന് പുറപ്പെട്ടതും മദീനയിൽ എത്തിയതും തിങ്കളാഴ്ചയാണെന്നും റബീഉൽ അവ്വൽ പന്ത്രണ്ടിനായിരുന്നു മദീനയിലെത്തിയത് എന്നുമുള്ള ഒരു വീക്ഷണവും രേഖപ്പെടുത്തിയിട്ടുണ്ട്.

മദീനയിൽ എത്തിയതോടെ നബി ﷺ പ്രത്യേകമായ ചില പ്രാർഥനകൾ നിർവഹിച്ചു. അവിടുന്ന് പറഞ്ഞു; “അല്ലാഹു നിശ്ചയിച്ചാൽ ഇവിടെയാണ് നമ്മുടെ ഭവനം “.
തുടർന്ന് വിശുദ്ധ ഖുർആനിലെ ‘അൽ മൂഅമിനൂൻ’ അധ്യായത്തിലെ ഇരുപത്തിയൊൻപതാം സൂക്തം പാരായണം ചെയ്തു. ആശയം ഇപ്രകാരമാണ് : “അവിടുന്ന് പറയുക. അല്ലാഹുവേ, ഏറ്റവും അനുഗൃഹീതമായ സ്ഥലത്ത് നീ ഇറക്കിത്തരേണമേ! നീയാണല്ലോ ഏറ്റവും ഉത്തമമായ സ്ഥലത്ത് ഇറക്കിത്തരുന്നവൻ”

അവിടുന്ന് പറഞ്ഞു; “അല്ലാഹുവേ, എനിക്കേറ്റവും പ്രിയപ്പെട്ട നാട്ടിൽ നിന്ന് നിനക്കേറ്റവും പ്രിയപ്പെട്ട നാട്ടിലേക്ക് ഞാൻ എത്തിച്ചേർന്നിരിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കേണമേ! നിന്റെ പ്രിയങ്കരനായ ഖലീൽ ഇബ്രാഹീം നബിക്ക് മക്കയിൽ നൽകിയ അനുഗ്രഹങ്ങളും അതിനു സമാനമായ വേറെയും അനുഗ്രഹങ്ങൾ ഇവിടെ നീ കനിയേണമേ!”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-161/365

ഒട്ടകം മുട്ടുകുത്തിയ സ്ഥലത്തിറങ്ങിയപ്പോൾ നബി ﷺ ചോദിച്ചു; ‘ഇവിടെ തൊട്ടടുത്തുള്ള വീട് ആരുടേതാണ് ?’ ഉടനെ അബൂ അയ്യൂബ് (റ) പറഞ്ഞു, ‘അല്ലയോ , പ്രവാചകരേ ! ﷺ ഇത് എന്റെ വീടാണ്. ഈ വീട്ടിന്റെ പടിക്കൽത്തന്നെയാണ് അവിടുത്തെ വാഹനം നിന്നിട്ടുള്ളത് ‘. ഉടനെ നബി ﷺ പറഞ്ഞു, ‘ശരി, എന്നാൽ അവിടെത്താമസിക്കാനുള്ള ക്രമീകരണങ്ങൾ ചെയ്തോളൂ ‘.
മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കാണാം : “നബി ﷺ യുടെ ഒട്ടകം ആദ്യം മുട്ടുകുത്തി. ശേഷം, അൽപ്പം ദൂരത്തേക്കൊന്ന് ചാടി. പരിസരങ്ങളെല്ലാം ഒന്നു വീക്ഷിച്ചു. ശേഷം, ആദ്യം നിന്ന സ്ഥലത്തേക്ക് തന്നെ വന്നു. കൈകൾ മുന്നോട്ട് നീട്ടിവച്ച് കിടന്നു. അപ്പോൾ നബി ﷺ ക്ക് വ്യക്തമായി, ഒട്ടകം കൽപ്പിക്കപ്പെട്ട ഇടം ഇവിടെയാണെന്ന് . അപ്പോഴതാ, അടുത്ത് നിൽക്കുന്നു അബൂ അയ്യൂബുൽ അൻസാരി (റ) ! നബി ﷺ യെ വീട്ടിലേക്കാനയിച്ചു. അന്നേരം അയൽപ്പക്കത്തു നിന്ന് ചെറിയ പെൺകുട്ടികൾ ദഫ്ഫുമായി എത്തി പാട്ടുപാടാൻ തുടങ്ങി.

‘നഹ്നു ബനാതുൻ മിൻ ബനി ന്നജ്ജാരി
യാഹബ്ബദാ മുഹമ്മദുൻ മിൻ ജാരി ‘ .
(ബനു ന്നജ്ജാരിലെ പെൺമക്കളാം ഞങ്ങൾ
ചൊല്ലട്ടെ സ്വാഗത മംഗളഗാനങ്ങൾ,
എത്രയെത്ര ഭാഗ്യമായ് അയലത്തണഞ്ഞതിൽ
മുത്ത് മുഹമ്മദി ﷺ നയൽവാസിയായതിൽ)

മംഗള ഗീതങ്ങൾ കേട്ട മുത്ത് നബി ﷺ ചോദിച്ചു, ‘അല്ല, നിങ്ങൾക്കെന്നോട് ഇഷ്ടമാണ് അല്ലേ?’ കുട്ടികൾ പറഞ്ഞു, ‘അതെ’. മുത്ത് നബി ﷺ ക്ക് വലിയ സന്തോഷമായി. അവിടുന്നു പറഞ്ഞു, ‘അല്ലാഹു സാക്ഷി! ഞാൻ നിങ്ങളെയും ഇഷ്ടപ്പെടുന്നു’. മൂന്നു പ്രാവശ്യം ഇതാവർത്തിച്ചു.

അബൂ അയ്യൂബി (റ)ൻ്റെ ഈ ഭവനത്തിലുള്ള താമസം കേവലം യാദൃശ്ചികമായിരുന്നില്ല. മറ്റൊരർഥത്തിൽ, അദ്ദേഹത്തിന്റെ ഔദാര്യത്തിൻമേലുള്ള കേവലം ഒരാതിഥ്യമായിരുന്നില്ല. മുത്ത് നബി ﷺ ക്ക് വേണ്ടി കാത്ത് വച്ചിരുന്ന വീടായിരുന്നു അത്. കഥ ഇങ്ങനെയാണ് :

‘ഹിംയറിലെ ഭരണാധികാരികളിൽ തുബ്ബഅ് ഒന്നാമൻ നാനൂറ് പണിതന്മാരോടൊപ്പം ഒരു യാത്രയ്ക്കിടയിൽ മദീനയിലെത്തി. തുബാൻ ബിൻ അസ്അദ് അബൂ കർബ് എന്നാണദ്ദേഹത്തിന്റെ പൂർണനാമം. മദീനയിലെത്തിയതിൽപ്പിന്നെ പണിതന്മാരൊന്നടങ്കം മദീന ഉപേക്ഷിച്ചു പോകാൻ വിസമ്മതിച്ചു. രാജാവ് കാരണമന്വേഷിച്ചു. അവർ പറഞ്ഞു, ‘അഹ്മദ്, മുഹമ്മദ് എന്നീ പേരുകളുള്ള അന്ത്യ പ്രവാചകൻ പലായനം ചെയ്തെത്തുന്ന ഭൂമിയാണിത്. വേദങ്ങളിൽ നിന്ന് ഞങ്ങൾക്ക് മനസ്സിലായതങ്ങനെയാണ്. ഞങ്ങൾക്കോ ഞങ്ങളുടെ പരമ്പരകൾക്കോ ആ പ്രവാചകനെ പ്രാപിക്കാനാകും എന്ന പ്രതീക്ഷയിൽ ഞങ്ങൾ ഇവിടെത്തന്നെ നിൽക്കുകയാണ് ‘. രാജാവിന് കൗതുകമായി. രാജാവും അൽപ്പനാളുകൾ മദീനയിൽത്തങ്ങി. നാനൂറ് പണ്ഡിതൻമാർക്കും ഭവനങ്ങൾ നിർമിച്ചു നൽകി. ആവശ്യത്തിന് സ്വത്ത് നൽകി വിവാഹവും നടത്തിക്കൊടുത്തു. ഒപ്പം വാഗ്ദത്ത പ്രവാചകൻ എത്തിച്ചേരുമ്പോൾ താമസിക്കാനുള്ള ഒരു ഭവനം നിർമിച്ചു. ശേഷം, തന്റെ വിശ്വാസം രേഖപ്പെടുത്തിയ ഒരു കത്തെഴുതി അതിൽ സ്വർണമുദ്ര പതിപ്പിച്ച് സംഘത്തിലെ ഉന്നത പണ്ഡിതനെ ഏൽപ്പിച്ചു. ആ കത്തിന്റെ ഉള്ളടക്കം ഇങ്ങനെയായിരുന്നു.

‘അഹ്‌മദ് ‘ നബിയെന്ന് സാക്ഷ്യം വഹിച്ചു, ഞാൻ
സ്രഷ്ടാവയയ്ക്കുന്ന പുണ്യപൂമാൻ
നിയോഗമെനിക്കു ലഭിക്കുകിൽക്കാണുവാൻ
ഒപ്പം നടക്കുന്ന സേവകൻ ഞാൻ’

പ്രസ്തുത ഭവനം പരമ്പരകൾ കൈമാറി എത്തിച്ചേർന്നത് അബൂ അയ്യൂബിൽ അൻസാരി (റ)യുടെ പക്കലായിരുന്നു. രാജാവേൽപ്പിച്ച കത്ത് പ്രവാചകർ ﷺ ക്ക് കൈമാറിയതായും അത്ര പ്രബലമല്ലാത്ത നിവേദനങ്ങളിൽക്കാണാം “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-162/365

അബൂ അയ്യൂബ് അൽ അൻസാരി (റ)യുടെ ഭവനം ഒരു മേൽത്തട്ടുള്ള ഭവനമായിരുന്നു. നബിﷺ വന്നപ്പോൾ മുകളിൽ താമസിക്കാൻ മഹാനവർകൾ ആവശ്യപ്പെട്ടു. നബിﷺ പറഞ്ഞു, ‘സന്ദർശകരെ സ്വീകരിക്കാനും മറ്റും സൗകര്യം താഴെയാണ്. ഞാൻ താഴെ താമസിച്ചു കൊള്ളാം’. നിർബന്ധിതരായ അബൂഅയ്യൂബും (റ) പത്നിയും മേലെത്തന്നെ താമസിച്ചു. പക്ഷേ, അവർക്ക് അതുൾക്കൊള്ളാൻ സാധിച്ചില്ല. ഓരോ അനക്കവും അടക്കവും മുത്ത് നബിﷺക്ക് എന്തെങ്കിലും പ്രയാസങ്ങളാകുമോ എന്നവർ ഭയപ്പെട്ടു. അങ്ങനെയിരിക്കെ, ഒരു രാത്രിയിൽ അവരുടെ വെള്ളപ്പാത്രം മറിഞ്ഞു. രണ്ടു പേരും ഭയവിഹ്വലരായി. ഈ വെള്ളമെങ്ങാനും ഒലിച്ചു പൂമേനിയിൽ പതിക്കുമോ? ആകെയുള്ള ഒരു പുതപ്പെടുത്ത് അവർ വെള്ളം ഒപ്പിയെടുത്തു. വെളുക്കുവോളം പിന്നെ ഉറക്കം വന്നില്ല. ഈ സംഭവം കൂടിയറിഞ്ഞപ്പോൾ മുത്ത് നബിﷺ വീട്ടുകാരന്റെ അഭ്യർഥന മാനിച്ചു. താമസം ഒന്നാം നിലയിലേക്ക് മാറ്റി.

വീട്ടുകാരി ഭക്ഷണം തയ്യാർ ചെയ്യും. വീട്ടുകാരൻ അതെടുത്ത് മുത്ത് നബിﷺക്ക് വച്ചു കൊടുക്കും. അവിടുന്ന് ഭക്ഷണം കഴിച്ച് ബാക്കിയെടുത്തു വന്നാൽ മുത്ത് നബിﷺയുടെ കൈ സ്പർശിച്ച ഭാഗത്ത് നിന്നുള്ള ബാക്കിയെടുക്കാൻ രണ്ടു പേരും മത്സരിക്കും. ഒരു ദിവസം ഉള്ളി ചേർത്ത ഒരു ഭക്ഷണം പാചകം ചെയ്തു. പതിവുപോലെ മുത്ത് നബിﷺക്ക് കൊണ്ടുവച്ചു. സാധാരണ പോലെ പാത്രമെടുക്കാൻ ചെന്നപ്പോൾ അതങ്ങനെത്തന്നെയിരിപ്പുണ്ട്. അബൂ അയ്യൂബ് (റ) ചോദിച്ചു, ‘അവിടുന്നെന്തേ അത്താഴം എടുത്തില്ലല്ലോ? അവിടുത്തെ കൈ തൊട്ട അടയാളമില്ലല്ലോ? സാധാരണ അവിടുന്ന് തൊട്ടഭാഗത്തിന് ഞാനും എന്റെ പത്നിയും അനുഗ്രഹം പ്രതീക്ഷിച്ച് മത്സരിക്കുകയാണ് പതിവ്. ഇന്നെന്തേ പറ്റിപ്പോയത്?’ അവിടുന്ന് ഒരു പരിഭവവും പറഞ്ഞില്ല. സൗമ്യമായി ഇങ്ങനെ പറഞ്ഞു, ‘ഞാൻ ജനങ്ങളോട് എപ്പോഴും സംവദിക്കുന്ന ആളാണല്ലോ? അപ്പോൾ ആ ഉള്ളിയുടെ ഗന്ധം പ്രയാസമാകും. കുഴപ്പമില്ല, നിങ്ങൾ കഴിച്ചോളൂ’. അബൂ അയ്യൂബ്(റ) പറയുന്നു, ‘ഞങ്ങൾ അത് കഴിച്ചു. പക്ഷേ, പിന്നീട് വീട്ടിൽ ആ ഭക്ഷണം പാകം ചെയ്തിട്ടില്ല’.

മുത്ത് നബിﷺയുടെ ജീവിത സൗന്ദര്യവും സ്വഭാവ സൗന്ദര്യവും എല്ലാം പ്രകാശിപ്പിക്കുന്ന അനുഭവമാണിത്. സൈദ് ബിൻ സാബിത് (റ) പറയുന്നു, “നബിﷺയുടെ വീട്ടിലേക്ക് ആദ്യമായി ഭക്ഷണം സമ്മാനമായി കൊണ്ടുവന്നത് ഞാനായിരുന്നു. പാലും റൊട്ടിയും നെയ്യും ഒക്കെയായി ഒരു പാത്രത്തിൽ വിഭവങ്ങളുമായി ഞാൻ വന്നു. എന്നിട്ട് ഞാൻ പറഞ്ഞു, ‘ഉമ്മ തന്നയച്ചതാണ് ‘. അപ്പോൾ അവിടുന്ന് അനുഗ്രഹ പ്രാർഥന നടത്തി. അനുയായികളെ വിളിച്ചിരുത്തി സത്‌ക്കരിച്ചു. അധികം വൈകിയില്ല , അതാ സഅദ് ബിൻ ഉബാദ (റ) ഒരു പരിചാരകന്റെ തലയിൽ അടപ്പുള്ള ഒരു പാത്രത്തിൽ ഭക്ഷണം കൊടുത്തയച്ചിരിക്കുന്നു. ഞാൻ മെല്ലെത്തുറന്ന് നോക്കി. നല്ല സരീദും എല്ലോടെയുള്ള മാംസവും എന്നു വേണ്ട അബൂ അയ്യൂബി (റ)ന്റെ വീട്ടിൽ താമസിച്ച ഏഴു മാസത്തോളം എന്നും അവിടുത്തെ പടിക്കൽ മൂന്നോ നാലോ ആളുകൾ വ്യത്യസ്ത വിഭവങ്ങളുമായി എത്തുമായിരുന്നു.

ഒരിക്കൽ അബൂഅയ്യൂബി (റ)ന്റെ പത്നിയോട് ചോദിച്ചു, ‘നബിﷺക്ക് ഏറ്റവും തൃപ്തിപ്പെട്ട ഭക്ഷണം ഏതാണ്? നിങ്ങളുടെ വീട്ടിലായിരുന്നല്ലോ അവിടുന്നുണ്ടായിരുന്നത് ‘. മഹതി പറഞ്ഞു, ‘പ്രത്യേകമായി ഒരു ഭക്ഷണം ഉണ്ടാക്കിത്തരാൻ അവിടുന്ന് പറഞ്ഞിട്ടില്ല. ഉണ്ടാക്കിക്കൊടുത്ത ഒരു ഭക്ഷണത്തെയും കുറ്റം പറഞ്ഞിട്ടുമില്ല’.
അബൂ അയ്യൂബ് (റ) പറയുന്നു, ‘ഹരീസ് എന്ന ഭക്ഷണം നല്ല താത്പ്പര്യത്തോടെ കഴിക്കുന്നത് കാണാമായിരുന്നു. എല്ലാ ദിവസവും അഞ്ചു മുതൽ പതിനാറ് ആളുകൾ വരെ അവിടുത്തോടൊപ്പം അത്താഴം കഴിക്കാനുണ്ടാവും’.

അബൂ അയ്യൂബുൽ അൻസാരി (റ)യുടെ വിയോഗാനന്തരം അവിടുത്തെ ഭവനം പരിചാരകനായ അഫ്‌ലഹിന് ലഭിച്ചു. അദ്ദേഹം അത് ആയിരം ദീനാറിന് മുഗീറത് ബിൻ അബ്ദുർ റഹ്മാനിന് വിറ്റു. പിൽക്കാലത്ത് നീതിമാനായ ഭരണാധികാരി നൂറുദീൻ അസ്സിൻകിയുടെ മകൻ ശിഹാബുദ്ദീൻ അൽഗാസി വാങ്ങി. അൽ മദ്റസതുശ്ശിഹാബിയ്യ: എന്ന പേരിൽ മദ്റസയാക്കി മാറ്റി. ശേഷം ഹിജ്റ പതിമൂന്നിൽ പള്ളിയുടെ ആ കൃതിയിൽ അത് സാവിയതുൽ ജുനൈദിയായി. ഇപ്പോൾ മസ്ജിദുന്നബവിയുടെ തെക്കുകിഴക്കേ കോർണറിന്റെ ഭാഗമായി മാറി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-163/365

പലായനം മദീനയിലെത്തി. മുത്ത് നബി ﷺ യും നേരത്തെ എത്തിയ മുഹാജിറുകളും മദീനാ നിവാസികളുടെ ആതിഥ്യത്തിൽ സന്തോഷപൂർവം മദീനയിൽ താമസിച്ചു. മക്കയിൽ നിന്ന് മദീനയിലേക്കുള്ള ദേശാടനത്തെ സംബന്ധിച്ച ചില വിചാരങ്ങൾ ഇവിടെ വായിക്കാം. നബി ﷺ രഹസ്യമായി മക്കയിൽ നിന്ന് പുറപ്പെടുകയും ഉമർ (റ) പരസ്യമായി യാത്ര ചെയ്യുകയും ചെയ്തതെന്തു കൊണ്ട് എന്നൊരു ചോദ്യമുണ്ട്. നബി ﷺ പരസ്യമായി വന്നാൽ മക്കയിൽ സംഭവിക്കാവുന്ന ഒരു രക്തച്ചൊരിച്ചിലും സംഘട്ടനവും ഒഴിവാക്കൽ അവിടുത്തെ ഒരു താത്പ്പര്യമായിരുന്നു. എന്നാൽ മക്കയിൽ നിന്ന് മദീനയിലേക്കുള്ള പ്രയാണം ഒരു ദൗത്യത്തിനായുള്ള ഒരുക്കമാണെന്നും ഭീരുത്വപരമായ ഒരു ഒളിച്ചോട്ടമല്ലെന്നും ബോധ്യപ്പെടുത്താനായിരുന്നു ഉമർ (റ) ന്റെ പരസ്യപ്രയാണം.

മുൻകാല പ്രവാചകന്മാരുടെ പ്രബോധന വഴികളിലും പലായനങ്ങൾ നടന്നിട്ടുണ്ട്. ഇബ്രാഹീം (അ), ഇസ്മാഈൽ (അ), മൂസാ (അ) പ്രവാചകന്മാരുടെ പലായനങ്ങൾ അവരുടെ ദൗത്യ നിർവഹണ യാത്രയിലെ വഴിഞ്ഞിരിവായിരുന്നു. അങ്ങനെ നോക്കുമ്പോൾ പ്രവാചക നിയോഗത്തിന്റെ ഒരു ഘട്ടത്തിലെ ചരിത്രപരമായ ഒരു അനിവാര്യതയായിരുന്നു ഹിജ്റ. ഏകാഗ്രധ്യാനം അഥവാ, ഹിറാഗുഹയിലെ വാസം, പരസ്യപ്രഖ്യാപനം, സമർപ്പണത്തിലൂടെയുള്ള സഹനങ്ങൾ, രൂപപ്പെടുത്തിയെടുത്ത സംഘബോധം എന്നിവയെത്തുടർന്നുള്ള ഒരു പ്രബോധന ഘട്ടമാണ് ഹിജ്‌റ അഥവാ പലായനം എന്ന് വേണമെങ്കിൽ വിലയിരുത്താം.

വധൂഗൃഹത്തിൽ നിന്ന് വിവാഹം ചെയ്തയച്ച കന്യക പുതിയ ഭവനത്തിൽ വന്ന് ജീവിത വികാസത്തിന്റെ പുതിയ ഘട്ടങ്ങളെ രൂപപ്പെടുത്തുന്നതിനോട് പലായനത്തെ ഉപമിച്ചവരുണ്ട്.
ആദർശമുന്നേറ്റത്തിന്റെ അതിജീവനമായിട്ടാണ് ശാഹ് വലിയുല്ലാഹി അദ്ദഹ്‌ലവി (റ) ഹിജ്റയെ അവതിരിപ്പിച്ചത്.

മദീനയെ മാത്രമല്ല ലോകത്തിന്റെ ഗതിയെത്തന്നെ മാറ്റാനുള്ള ദേശാടനമായിരുന്നു ഹിജ്റ എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തി. ലോകത്ത് എല്ലാ മേഖലകളിലും അന്നുവരെയുണ്ടായിരുന്ന സമ്പ്രദായങ്ങളെ മുഴുവൻ മാറ്റിപ്പണിയാനോ നവീകരിക്കാനോ ഉള്ള ചുവടുകളായിരുന്നു ഹിജ്റയിലൂടെ മുന്നോട്ട് വച്ചത്.

മക്കയിൽ പ്രതിസന്ധി നേരിട്ട ഇസ്‌ലാം മദീനയിൽ ഒരു സംഗീതം പോലെ എങ്ങനെ സ്വാധീനിച്ചു എന്നൊരു ചോദ്യമുണ്ട്. സാമൂഹികവും നരവംശ ശാസ്ത്രപരവുമായ വ്യത്യാസങ്ങളാണ് പണ്ഡിതന്മാർ നിരീക്ഷിച്ചത്. മക്ക ആഢ്യത്വമുള്ളവരുടേയും കച്ചവടക്കാരുടേയും പ്രദേശമാണ്. എന്നാൽ മദീന കർഷകരുടേയും വിനയാന്വിതരുടേയും ദേശമാണ്. ഈ വ്യത്യാസങ്ങൾ അവരുടെ ജീവിതത്തിന്റെ എല്ലാ മേഖലയിലും ദൃശ്യമായിരുന്നു. അബൂജഹൽ, ഉത്ബ:, ശൈബ: തുടങ്ങിയവർക്ക് സമാനരായ ഒരാളെപ്പോലും മദീനയുടെ ഭൂമികയിൽ നിന്ന് ചരിത്രം പരിയപ്പെടുത്തിയിട്ടില്ല. ഇന്നും മക്കയിലെയും മദീനയിലെയും അടിസ്ഥാന നിവാസികളുടെ സ്വഭാവസമീപനങ്ങളിൽ ഈ വ്യത്യാസം കാണാവുന്നതാണ്. നേതൃപരമായ ഗുണങ്ങളിൽ മദീന നിവാസികളെക്കാൾ മുമ്പിൽ മക്കക്കാരായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ നബി ﷺ ക്ക് ശേഷം ഖലീഫമാരായി തെരഞ്ഞെടുക്കപ്പെട്ടവർ നാലു പേരും മക്കക്കാരായിരുന്നു. പിന്നീട് വന്ന മുആവിയ (റ) യും മക്കക്കാരൻ തന്നെയായിരുന്നു.

ഇനിയങ്ങോട്ടുള്ള നബിചരിത്ര വായന മദീനയുടെ മണ്ണും മനസ്സും ചേർത്ത് വച്ചു കൊണ്ട് മാത്രമേ സാധ്യമാവുകയുള്ളൂ. മദീനയുടെ വിണ്ണും മണ്ണും അന്ത്യപ്രവാചകരു ﷺ ടെ കർമഭൂമിയും ഒടുവിൽ അവിടുത്തെ വിശ്രമസ്ഥലിയുമായി നേരത്തേ നിശ്ചയിക്കപ്പെട്ടതായിരുന്നു. ആ പ്രകാശനഗരത്തെ അഭിധേയം കൊണ്ടും ആഴ്ന്ന് നിൽക്കുന്ന മൂല്യങ്ങളെ അടുത്തറിഞ്ഞുകൊണ്ടും വായിച്ചിട്ടേ ഈ വിജ്ഞാന സഞ്ചാരത്തിന് മുന്നോട്ട് പോകാനാവൂ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-164/365

മദീനയുടെ മഹത്വമറിഞ്ഞു കൊണ്ട് മദീനയിലെ സഞ്ചാരം നമുക്കാരംഭിക്കാം. യസ്‌രിബ്‌ എന്നായിരുന്നു ഈ പ്രദേശത്തിന്റെ പഴയ പേര്. നൂഹ് നബി (അ)യുടെ സന്താന പരമ്പരയിൽപ്പെട്ട യസ്‌രിബ്‌ എന്ന വ്യക്തിയാണ് ഈ ദേശത്തിന് അടിത്തറപാകിയത്. അതിൽ നിന്നാണ് അങ്ങനെയൊരു നാമം നിലവിൽ വന്നത്. നബിﷺയാണ് പട്ടണം എന്നർഥമുള്ള മദീന എന്ന് നാമകരണം ചെയ്തത്. അബൂഹുറൈറ (റ)വിൽ നിന്ന് ഇമാം ബുഖാരി(റ) ഉദ്ധരിക്കുന്നു. “നബി ﷺ അരുളി: എല്ലാ നാടുകളേയും തിന്നുന്ന (കീഴടക്കുന്ന) ഒരു നാട്ടിലേക്ക്‌ പോകാന്‍ എനിക്ക്‌ കല്‍പ്പന കിട്ടി. ആളുകള്‍ അതിനെ യസ്‌രിബ്‌ എന്നു വിളിക്കുന്നു. അതു മദീനയാണ്‌. ഉല ഇരുമ്പിന്റെ കീടത്തെ പുറത്തു കളയുംപോലെ മദീന അതിലെ ദുര്‍ജനങ്ങളെ പുറത്തുകളയും”.

നബി ﷺ യുടെ ആഗമനത്തോടെ ‘മദീനതുർറസൂൽ’ അഥവാ അല്ലാഹുവിന്റെ ദൂതരു ﷺ ടെ പട്ടണം എന്ന പേരിലേക്ക് മാറി. അല്ലാഹു മക്കയെ സുരക്ഷിതവും പവിത്രവുമാക്കിയതുപോലെ മദീനയേയും സുരക്ഷിതവും പവിത്രവുമാക്കി. ഇമാം മുസ്‌ലിം (റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം. നബി ﷺ പറഞ്ഞു: “ഇബ്‌റാഹീം(അ) മക്കയെ ഹറമാക്കി അഥവാ, പവിത്രമാക്കി മാറ്റി. ഞാന്‍ മദീനയേയും ഹറമാക്കി മാറ്റി”. അല്ലാഹു നൽകിയ മഹത്വത്തെ പ്രവാചകന്മാർ പ്രഖ്യാപിച്ചു. അബൂ ഹുമൈദ് (റ) പറയുന്നു: “നബി(സ)യുടെ കൂടെ തബൂക്കില്‍ നിന്നും മടങ്ങവെ, മദീന ഞങ്ങളുടെ ദൃഷ്ടിയില്‍പ്പെട്ടപ്പോള്‍ നബി ﷺ അരുളി: ഇതു ത്വയ്ബ (പവിത്ര ഭൂമി)യാണ്.(ബുഖാരി)
സുഫ്‌യാന്‍ (റ) പറയുന്നു: “നബി ﷺ പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. യമന്‍ ജയിച്ചടക്കപ്പെടും. അന്നേരം ഒരു വിഭാഗം ആളുകള്‍ വാഹനങ്ങൾ വേഗത്തിലോടിച്ചുകൊണ്ടുവരും. അവര്‍ സ്വകുടുംബക്കാരെയും അവരെ അനുസരിക്കുന്നവരെയും കൂട്ടി മദീന വിട്ട് പോകും. അവര്‍ അറിയുന്നവരാണെങ്കില്‍ മദീന തന്നെയാണ് അവര്‍ക്ക് ഏറ്റവും ഉത്തമം. സിറിയ:യും ജയിച്ചടക്കപ്പെടും. അപ്പോള്‍ വാഹനങ്ങൾ വേഗത്തിലോടിച്ചുകൊണ്ട് ഒരു കൂട്ടം ജനങ്ങള്‍ വരും. അവര്‍ അവരുടെ കുടുംബക്കാരെയും അവരെ അനുസരിക്കുന്നവരെയും കൂട്ടി മദീന വിട്ടുപോകും. അവര്‍ ജ്ഞാനികളായിരുന്നുവെങ്കില്‍ മദീന തന്നെയായിരിക്കും അവര്‍ക്കുത്തമം. ഇറാഖും ജയിച്ചടക്കപ്പെടും. അപ്പോഴും ഒരു വിഭാഗം മനുഷ്യര്‍ വാഹനങ്ങളെ വേഗത്തിലോടിച്ചുകൊണ്ടുവരും. അവര്‍ അവരുടെ കുടുംബക്കാരെയും അവരെ അനുസരിക്കുന്നവരെയും കൂട്ടി മദീന ഉപേക്ഷിക്കും. അവര്‍ അറിവുള്ളവരായിരുന്നുവെങ്കില്‍ മദീനയാണ് അവര്‍ക്ക് ഏറ്റവും ഉത്തമം “. (ബുഖാരി)

ജാബിര്‍ (റ)വിൽ നിന്ന് ഇമാം ബുഖാരി(റ) നിവേദനം ചെയ്യുന്നു. “ഒരു ഗ്രാമീണന്‍ വന്ന് ഇസ്‌ലാമനുസരിച്ച് ജീവിച്ചുകൊള്ളാമെന്ന് നബി ﷺ യോട് ഉടമ്പടി ചെയ്തു. അടുത്ത ദിവസം അയാൾക്ക് പനി ബാധിച്ചു. അയാള്‍ നബി ﷺ യുടെ അടുക്കല്‍ വന്നു പറഞ്ഞു: “എന്റെ ഉടമ്പടി ദുര്‍ബ്ബലപ്പെടുത്തുവാന്‍ എന്നെ അനുവദിച്ചാലും “. മൂന്നു പ്രാവശ്യം അതാവർത്തിച്ചു. നബി ﷺ വിസമ്മതിക്കുകയും ചെയ്തു. “അവിടുന്നരുളി. ഇരുമ്പ് കീടത്തെ ശുദ്ധീകരിക്കുന്ന ഉല പോലെയാണ് മദീന. തീയ്യതിനെ അത് പുറത്താക്കുകയും നല്ലതിനെ പിടിച്ചു നിര്‍ത്തുകയും ചെയ്യും”.

ഇമാം ബുഖാരി (റ) തന്നെ നിവേദനം ചെയ്യുന്ന മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം ; സൈദ്ബ്നു സാബിത്(റ) പറയുന്നു: “നബി ﷺ ഉഹുദ് യുദ്ധത്തിലേക്ക് പുറപ്പെട്ടപ്പോള്‍ അവിടുത്തെ ചില അനുചരന്മാര്‍ മടങ്ങിപ്പോന്നു. അപ്പോള്‍ ഒരു വിഭാഗം പറഞ്ഞു, ‘നമുക്ക് അവരോട് യുദ്ധം ചെയ്യണം’. മറ്റൊരു വിഭാഗം പറഞ്ഞു, ‘അവരോട് യുദ്ധം ചെയ്യേണ്ടതില്ല’. അപ്പോള്‍ സൂറത്ത് നിസാഇലെ എൺപത്തിയെട്ടാം സൂക്തം അവതരിച്ചു. നബി ﷺ പറഞ്ഞു: മദീന ദുഷ്ടന്മാരായ മനുഷ്യരെ പുറത്താക്കും. അഗ്നി ഇരുമ്പിന്റെ കീടത്തെ പുറത്താക്കുന്നതുപോലെ “.

വിശ്വാസിയുടെ തലസ്ഥാനമായി മദീനയെ പരിചയപ്പെടുത്തുന്ന പ്രസിദ്ധമായ ഹദീസ് വചനത്തിൻ്റെ ആശയം ഇപ്രകാരമാണ് : “അബൂഹുറൈറ (റ) നിവേദനം ചെയ്യുന്നു. നിശ്ചയം ഈമാന്‍ (വിശ്വാസം) ഒരു കാലത്തു മദീനയിൽ അഭയം തേടും. സര്‍പ്പം അതിന്റെ മാളത്തിൽ അഭയം തേടുന്നതുപോലെ “. (ബുഖാരി)

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-165/365

ബുഖാരിയും മുസ്‌ലിമും നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ കാണാം : “നബി ﷺ പറഞ്ഞു: ഈ൪, ഥൗ൪ എന്നീ പർവതങ്ങള്‍ക്കിടയിലുള്ള മദീനയുടെ പ്രദേശങ്ങളെല്ലാം പവിത്രമാകുന്നു. അവിടെ വച്ച് ആരെങ്കിലും ബിദ്അത്ത് അഥവാ, ദീനിൽ അടിസ്ഥാനമില്ലാത്ത പുതിയ കാര്യം ചെയ്യുകയോ അതു ചെയ്യുന്നവ൪ക്ക് അഭയം നല്‍കുകയോ ചെയ്താല്‍ അവന്റെ മേല്‍്് അല്ലാഹുവിന്റെയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ടായിരിക്കുന്നതാണ്‌. അവൻ നിർവഹിച്ച ഫർളോ സുന്നത്തോ അന്ത്യനാളിൽ സ്വീകരിക്കപ്പെടുകയില്ല”.

മദീനയിൽ പള്ളി മാത്രമല്ല, മദീനയിലെ വിശാലമായ പ്രദേശം മുഴുവൻ ഹറം അഥവാ, പുണ്യഭൂമിയാണെന്നാണ് ഹദീസ് നമ്മെ ഉദ്ബോധിപ്പിക്കുന്നത്. മദീന നിവാസികൾക്കുള്ള മഹത്വം പറയുന്നത് നോക്കൂ. ഉബാദത്തുബ്നു സാമിതി (റ)ൽ നിന്ന് ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്നു. നബി ﷺ പറഞ്ഞു: “അല്ലാഹുവേ, മദീനാ വാസികളെ ആരെങ്കിലും ആക്രമിക്കുകയോ ഭയപ്പെടുത്തുകയോ ചെയ്യുകയാണെങ്കില്‍ നീ അവരെ ഭയം നൽകേണമേ.. അവന്റെ മേൽ അല്ലാഹുവിന്റെയും മലക്കുകളുടെയും മുഴുവന്‍ മനുഷ്യരുടെയും ശാപമുണ്ടായിരിക്കുന്നതാണ്‌. അവന്റെ ഫർളോ സുന്നത്തോ സ്വീകരിക്കപ്പെടുകയുമില്ല.”
ഇവ്വിഷയകമായ ചില ഹദീസുകൾ കൂടി നമുക്ക് വായിക്കാം.

ഒന്ന്, അബൂബക്കറത്ത് (റ) നിവേദനം: “നബി ﷺ പറഞ്ഞു, ലോകം ചുറ്റി സഞ്ചരിക്കുന്ന ദജ്ജാലിനെ സംബന്ധിച്ച ഉൾഭയം മദീനക്കാരെ ബാധിക്കുകയില്ല. അന്ന് മദീനയ്ക്ക് ഏഴ് കവാടങ്ങളുണ്ടായിരിക്കും. ഓരോ കവാടത്തിലും ഈരണ്ട് മലക്കുകള്‍ കാവല്‍ക്കാരായി ഉണ്ടായിരിക്കും “. (ബുഖാരി)

രണ്ട്, അബൂഹുറൈറ (റ)യിൽ നിന്നുള്ള നിവേദനം: “നബി ﷺ പഠിപ്പിച്ചു. മദീനയുടെ പ്രവേശന കവാടങ്ങളില്‍ മലക്കുകള്‍ നില്‍ക്കും. പ്ലേഗോ ദജ്ജാലോ അതില്‍ പ്രവേശിക്കുകയില്ല”.(ബുഖാരി)

മൂന്ന്, അനസ്(റ) നിവേദനം: “നബി ﷺ പ്രസ്താവിച്ചു. ദജ്ജാല്‍ പാദമൂന്നാത്ത ഒരു രാജ്യവുമില്ല. മക്കയും മദീനയും ഒഴികെ. ആ രണ്ടു രാജ്യങ്ങളുടെയും സര്‍വ പ്രവേശന കവാടങ്ങളിലും മലക്കുകള്‍ അണിയണിയായി കാവല്‍ നില്‍ക്കും. ശേഷം മദീന അതിലെ നിവാസികളോട് കൂടി മൂന്ന് പ്രാവശ്യം പ്രകമ്പനം കൊള്ളും. അതിലുള്ള സര്‍വ സത്യനിഷേധികളെയും കപട വിശ്വാസികളെയും അതുവഴി അല്ലാഹു പുറത്തു കൊണ്ടുവരും “. (ബുഖാരി)

നാല്, അബൂസഈദ് (റ)ന്റെ നിവേദനം: “നബി ﷺ ദജ്ജാലിനെക്കുറിച്ച് ദീര്‍ഘമായി ഞങ്ങളോട് സംസാരിച്ചു. ആ കൂട്ടത്തിൽ നബി ﷺ ഞങ്ങളോട് പറഞ്ഞു. ‘ദജ്ജാല്‍ വരും. മദീനാ പ്രവേശം അവന് നിഷിദ്ധമാക്കപ്പെടും. അപ്പോഴവന്‍ മദീനക്കു സമീപം ഒരു ചതുപ്പ് പ്രദേശത്തിറങ്ങും. ഈ സന്ദര്‍ഭം ജനങ്ങളില്‍ നിന്ന് ഉത്തമനായ ഒരാള്‍ ചെന്ന് പറയും. അല്ലാഹുവിന്റെ പ്രവാചകന്‍ ഞങ്ങളോട് അറിയിപ്പ് നൽകിയിട്ടുണ്ട്. അതെ, ദജ്ജാല്‍ തന്നെയാണ് നീയെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അപ്പോള്‍ ദജ്ജാല്‍ (സമീപത്തുള്ളവരോട്) പറയും. ഈ മനുഷ്യനെ ഞാന്‍ മരിപ്പിച്ച് വീണ്ടും ജീവിപ്പിച്ചാല്‍ ഞാന്‍ പറയുന്ന കാര്യത്തില്‍ നിങ്ങള്‍ സംശയിക്കുമോ? ഇല്ലെന്നവര്‍ മറുപടി പറയും. ദജ്ജാല്‍ ആ മനുഷ്യനെക്കൊന്നു വീണ്ടും ജീവിപ്പിക്കും. അപ്പോള്‍ ആ പുനര്‍ജനിച്ച മനുഷ്യന്‍ പറയും: അല്ലാഹു സത്യം. നീ ദജ്ജാലാണെന്ന കാര്യം ഇന്നത്തെപ്പോലെ മറ്റൊരിക്കലും എനിക്ക് ബോധ്യമായിട്ടില്ല. അപ്പോള്‍ ദജ്ജാല്‍ പറയും: ഞാനവനെ കൊന്നു കളയട്ടെ? പക്ഷേ, അദ്ദേഹത്തെക്കൊല്ലാന്‍ അവന് സാധിക്കുകയില്ല”. (ബുഖാരി)

നബി ﷺ മുന്നറിയിപ്പ് നൽകിയത് അപ്രകാരം തന്നെ അന്നത്തെ ആളുകൾക്ക് ബോധ്യമാകും.

മദീനയുടെ പേര് മദീനയെന്നായതിൽപ്പിന്നെ പഴയ പേര് അഥവാ യസ്‌രിബ് എന്ന് പ്രയോഗിക്കരുത് എന്ന് നബി ﷺ തന്നെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്. ഇമാം അഹ്മദും (റ) മറ്റും ബറാഅ ബിൻ ആസിബിൽ നിന്നുദ്ധരിച്ച ഹദീസിൽക്കാണാം. “നബി ﷺ പറയുന്നു. ആരെങ്കിലും മദീനയെ യസ്‌രിബ് എന്ന് വിളിച്ചാൽ അവൻ അല്ലാഹുവിനാട് പൊറുക്കൽ തേടിക്കൊള്ളട്ടെ. നിശ്ചയും ഇത് ത്വാബയും ത്വൈബയുമാണ് “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-166/365

പ്രദേശത്തിന്റെ മഹത്വവും പ്രാധാന്യവും അറിയിക്കുന്ന നിരവധി നാമങ്ങൾ മദീനയ്ക്കുണ്ട്.

1. അർളുല്ലാഹി. അല്ലാഹുവിന്റെ ഭൂമി എന്നാണർത്ഥം. നബി ﷺ ക്കു പലായനത്തിന് അനുമതി നൽകുന്ന സൂറതുന്നിസാഇലെ തൊണ്ണൂറ്റിയേഴാം സൂക്തത്തിൽ ഈ പേരാണ് പ്രയോഗിച്ചിട്ടുള്ളത്.
2. അർദുൽ ഹിജ്‌റ: പലായനത്തിന്റെ ദേശം.
3. അക്കാലതുൽ ബുൽദാൻ: നാടുകളെ അതിജയിക്കുന്ന സ്ഥലം.
4. അക്കാലതുൽ ഖുറാ: ഗ്രാമങ്ങളെ അതിജയിക്കുന്ന ദേശം. ഇങ്ങനെയൊരു പ്രയോഗം ഹദീസിൽ വന്നിട്ടുണ്ട്.
5. അൽ ഈമാൻ: ‘സൂറതുൽ ഹശ്റ് ‘ ഒൻപതാം സൂക്തം ഈയൊരു നാമം പ്രയോഗിച്ചുണ്ട്. വിശ്വാസം എന്നാണ് അർഥമെങ്കിലും വിശ്വാസ തലസ്ഥാനം എന്നാണ് ഉദ്ദേശ്യം.
6. അൽ ബാർറ:
7. അൽ ബർറ: മദീന നിവാസികളുടെ നന്മയെ സൂചിപ്പിക്കുന്ന നാമങ്ങളാണിവ രണ്ടും.
8. അൽ ബഹ്റ:
9. അൽ ബുഹൈറ:
10. അൽ ബഹീറ: മദീനയുടെ വിശാലതയെ സൂചിപ്പിക്കുന്ന പേരുകളാണിവ മൂന്നും.
11. അൽ ബലാത്വ്. വിരിക്കപ്പെട്ട കല്ലുകൾ അഥവാ, പ്രത്യേക തരം കല്ലുകൾ വിരിക്കപ്പെട്ട ദേശം.
12. അൽബലദ്. ശ്രേഷ്ഠമായ പ്രദേശം. സൂറതുൽ ബലദിലെ ഒന്നാം സൂക്തത്തിൽ ‘അൽബലദ് ‘ എന്ന് പ്രയോഗിച്ചത് മദീനയെക്കുറിച്ചാണത്രെ.
13. ബലദു റസൂലില്ലാഹ്: അല്ലാഹുവിന്റെ ദൂതരുടെ നാട്. പിശാച് എന്റെ നാട്ടിൽ ആരാധിക്കപ്പെടാത്തതിനാൽ നിരാശനായി എന്നാശയം നൽകുന്ന ഹദീസ് വചനത്തിൽ നിന്നാണ് ഈ പ്രയോഗം വന്നത് .
14. ബൈതു റസൂലില്ലാഹ്: അല്ലാഹുവിന്റെ ദൂതരുടെ വീട്. സൂറതുൽ ‘അൻഫാൽ’ അഞ്ചാമത്തെ സൂക്തത്തിൽ ‘മിൻ ബൈതിക’ എന്ന പ്രയോഗമുണ്ട്. അതിൽ നിന്നാണ് ഈ നാമം നിർണയിച്ചത്.
15. തൻദദ്
16. തൻദർ
17. അൽ ജാബിറ: മറ്റു ഗ്രാമങ്ങളെ നന്മയിലേക്ക് പ്രേരിപ്പിച്ച പ്രദേശം എന്ന അർഥത്തിലാണ് ഈ പ്രയോഗം.
18. ജബാർ.
19. അൽ ജബ്ബാറ: ഈ പ്രയോഗം തോറയിൽ നിന്നാണെന്നാണ്‌ യൂസുഫ് സ്വാലിഹിയുടെ വിശദീകരണം.
20. ജസീറതുൽ അറബ്. അറേബ്യൻ ഉപദ്വീപിനെ മൊത്തത്തിൽ പറയുന്ന പേരാണിത്. എന്നാൽ മദീനയെക്കുറിച്ച് പ്രത്യേകമായി ഇമാം ത്വബ്റാനി (റ) നിവേദനം ചെയ്ത ഒരു ഹദീസിൽ ഈ നാമം പ്രയോഗിച്ചിട്ടുണ്ട്.
21. ജുന്നതുൻ ഹസ്വീന: സംരക്ഷണ കവചം എന്ന് ആശയം മനസ്സിലാക്കാം. ഇമാം സുയൂത്വി (റ) മദീനയുടെ നാമങ്ങളിൽ ഇതെണ്ണിയിട്ടുണ്ട്.
22. അൽ ഹബീബ : പ്രിയപ്പെട്ട നാട്. നബി ﷺ അങ്ങനെ വിളിച്ചിട്ടുണ്ട്.
23. അൽ ഹറം.
24. ഹറമു റസൂലില്ലാഹ്. ഹദീസിൽ വന്ന പ്രയോഗമാണിത്. പവിത്രഭൂമിയെന്നാണ് ആശയം.
25. ഹസന: നന്മ എന്നാണ് നേരെ അർത്ഥം. സൂറതുന്നഹിലിലെ ‘ഹസന:’ എന്ന് പ്രയോഗിച്ചത് മദീനയെ കുറിച്ചാണത്രെ.
26. അൽ ഖയ്യിറ:
27. അൽ ഖിയറ: മഹത്വമുള്ളത് എന്ന അർത്ഥത്തിലാണ് ഈ നാമങ്ങൾ പ്രയോഗിക്കപ്പെട്ടത്.
28. അദ്ദാർ. പുണ്യ ഭവനം എന്നാണർഥം. സൂറതുൽ ‘ഹശ്റ് ‘ ഒൻപതാം സൂക്തത്തിൽ ഇത് പ്രയോഗിച്ചിട്ടുണ്ട്.
29 ദാറുൽ അബ്റാർ: സജ്ജനങ്ങളുടെ ഭവനം
30.ദാറുൽ മുഖ്താർ. തിരഞ്ഞെടുക്കപ്പെട്ടവരുടെ വീട്. അൽ മുഖ്താർ എന്ന് നബി ﷺ യെക്കുറിച്ച് പ്രയോഗിക്കാറുണ്ട്. അപ്പോൾ നബി ﷺ യുടെ വീട് എന്നായി.
31.ദാറുൽ ഈമാൻ. ഈമാൻ മദീനയിലേക്ക് മടങ്ങും എന്ന ആശയമുള്ള ഹദീസിൽ നിന്ന് വന്ന പ്രയോഗമാണിത്.
32. ദാറുസ്സുന്ന: മാതൃകാഭവനം, ചര്യകളുടെ തലസ്ഥാനം എന്നൊക്കെ മനസ്സിലാക്കാം.
33. ദാറുസ്സലാമ: സുരക്ഷാ ഭവൻ
34. ദാറുൽ ഫത്ഹ്. വിജയ ഗേഹം
35. അദ്ദിർഉൽ ഹസ്വീന: സുരക്ഷാ കവചം. ഇമാം അഹ്‌മദ് (റ) ഉദ്ധരിച്ച ഒരു ഹദീസിൽ ഈ പ്രയോഗം വന്നിട്ടുണ്ട്.
36. ദാതുൽ ഹുജർ: ഭവനങ്ങളുടെ ഭവനം.
നിരവധി മഹനീയ ഭവനങ്ങളുള്ള സ്ഥലം എന്ന അർഥത്തിലാകാം.
37. ദാതുൽ ഹിറാർ. കറുത്ത കല്ലുകൾ നിരവധിയുള്ള പ്രദേശമായതുകൊണ്ടാണ് ഇങ്ങനെയൊരു പ്രയോഗം വന്നത്.
38 ദാതുന്നഖ്ൽ: ഈന്തപ്പനയുടെ നാട്. ഹദീസിൽ മദീനയെ പരിചയപ്പെടുത്താൻ ഈ നാമം ഉദ്ധരിച്ചിട്ടുണ്ട്.
39. അസ്സലിഖ: തൗറാത്തിൽ ഈ നാമം വന്നിട്ടുണ്ട്. മദീനയുടെ വിശാലതയും ചൂടുള്ള കാലാവസ്ഥയും സൂചിപ്പിക്കുന്ന പേരാണിത്.
40. അശ്ശാഫിയ: ശമനം നൽകുന്ന നാട്. മദീനയിലെ മണ്ണിലും വെള്ളത്തിലും എല്ലാം രോഗശമനമുണ്ട്. മദീനയുടെ മണ്ണിൽ ശമനമുണ്ടെന്ന് ഹദീസിൽ വന്നിട്ടുണ്ട്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-167/365

41. ത്വാബ: അല്ലാഹു തആല മദീനയ്ക്ക് ത്വാബ എന്ന നാമം നൽകിയിരിക്കുന്നു എന്ന് നബി ﷺ പറഞ്ഞ ഹദീസ് ഇമാം മുസ്‌ലിം (റ) ജാബിർ (റ) ന്റെ നിവേദനമായി ഉദ്ധരിച്ചിട്ടുണ്ട്.
42. ത്വൈബ:
43. ത്വയ്യിബ:
44. ത്വാഇബ്.
45. മുത്വയ്യിബ: ഈ അഞ്ച് പേരുകളും പദത്തിലും ആശയത്തിലും സമാനതകളുള്ളതാണ്. പവിത്രത, പരിശുദ്ധി എന്ന അർഥത്തിലുള്ള ധാതുവിൽ നിന്നാണ് ഇവയെല്ലാം വന്നിട്ടുള്ളത്. പരിശുദ്ധമായ ഹദീസിൽ പല നിവേദനങ്ങളിലും ഇവ വന്നിട്ടുണ്ട്. മദീനയുടെ ആശയവും പ്രദേശവും എല്ലാം പവിത്രമാണല്ലോ! തൗറാതിലും നാമം വന്നിട്ടുണ്ടത്രെ.
46. ത്വിബാബാ – ‘വിശാലമായ ഭൂവിഭാഗം’ എന്ന അർഥത്തിൽ ‘യാഖൂതുൽ ഹമവി’ എന്നവർ ഇതുദ്ധരിച്ചിട്ടുണ്ട്.
47. അൽ ആസ്വിമ: – സുരക്ഷിത ഗേഹം. മുശ്‌രിക്കുകളിൽ നിന്ന് മുഹാജിറുകൾക്കും മദീനയിലുള്ളവർക്കുമെല്ലാം ദജ്ജാലിൽ നിന്നും മറ്റു വിപത്തുകളിൽ നിന്നും സുരക്ഷിത ഗേഹമാണ് ഇവിടം.
48. ‘അൽ അദ്റാഅ’. തൗറാതിൽ ഉദ്ധരിച്ച പേരാണിത്. ‘ശത്രുക്കളിൽ നിന്ന് പ്രതിരോധം തീർക്കുന്നയിടം’ എന്ന അർഥത്തിൽ പ്രയോഗിച്ചതാകാം.
49. ‘അൽ അറാഅ’. കന്യകയ്ക്ക് പ്രയോഗിക്കുന്ന പദം കൂടിയാണിത്.
50. ‘അൽ അറൂള്:’ മദീനയുടെ ഭൂഘടനയെ സൂചിപ്പിക്കുന്ന പ്രയോഗമാണിത്.
51. അൽഗർറാഉ: പ്രശോഭിതം, സുന്ദരം, ഉന്നത നേതൃത്വം എന്നൊക്കെയാണാശയം. പ്രദേശങ്ങളുടെ നേതാവ് എന്ന അർഥത്തിലും പ്രയോഗിക്കാം.
52. ഗലബ: ഇസ്‌ലാം മദീനയിലെത്തുകയും അതിവേഗം മദീനയിലെ ഭൂരിപക്ഷവും മുസ്‌ലിംകളാവുകയും ചെയ്തു. ഭൂരിപക്ഷം എന്നർഥം നൽകുന്ന പദം മദീനയ്ക്കുപയോഗിച്ചത് ഈ വീക്ഷണത്തിലാകാം.
53. അൽ ഫാളിഹ: സുതാര്യം എന്നാണർഥം. ഉചിതമല്ലാത്തതൊന്നും മറച്ചുവച്ച ഒരു പടമല്ല, ഉള്ളും പുറവും പവിത്രവും സുതാര്യവുമാണ്.
54. അൽ ഖാസ്വിമ: തൗറാത്തിൽ ഈ നാമം ഉപയോഗിച്ചിട്ടുണ്ട്. ദുരുദ്ദേശ്യത്തോടെ ആരെങ്കിലും മദീനയെ സമീപിച്ചാൽ അല്ലാഹു അത് തടയും എന്ന ആശയമാണ് ഈ പേരിനുള്ളത്.
55. ഖുബ്ബതുൽ ഇസ്‌ലാം. മദീന ഇസ്‌ലാമിന്റെ കുംഭവും വിലാസവുമെന്ന് സാരം.
56.ഖർയതുൽ അൻസാർ. അൻസാരികളുടെ ഗ്രാമം.
57. ഖർയതു റസൂലില്ലാഹ്: അല്ലാഹുവിന്റെ തിരുദൂതരു ﷺ ടെ ഗ്രാമം. ഇമാം ത്വബ്റാനി (റ) ഉദ്ധരിച്ച ഒരു ഹദീസിൽ ഈ നാമത്തിനാസ്പദമായ ഒരു പ്രയോഗമുണ്ട്.
58. ഖൽബുൽ ഈമാൻ: വിശ്വാസത്തിന്റെ ഹൃദയം.
59. അൽ മുഅ്മിന: വിശ്വസ്ഥ അഥവാ വിശ്വസ്ഥ ഗേഹം.
60. അൽ മുബാറക: അനുഗൃഹീതം അഥവാ അനുഗൃഹീത ദേശം.
61. മുബവ്വഉൽ ഹലാലി വൽഹറാം. ‘ഹിതാ-ഹിതങ്ങളുടെ നാട് ‘ അഥവാ ശരിയും തെറ്റും വേർതിരിച്ചു തന്ന പ്രദേശം.
62. മുബയ്യിനുൽ ഹലാലി വൽഹറാം. ശരിതെറ്റുകളുടെ വിശദീകരണം. മദീനയിൽ നിന്നാണല്ലോ ശരിയും തെറ്റും വേർതിരിച്ച് വിശദീകരിക്കപ്പെട്ടത്. മദീനയിലെ പരമ്പരാഗത നടപടികൾക്കും ഇസ്‌ലാമിക നിയമപഠനത്തിൽ പ്രാധാന്യമുണ്ട്.
63. അൽമജബൂറ: നല്ലതിൽ കണിശതയുള്ള നാട് എന്നാണാശയം.
64. അൽ മുഹിബ്ബ:
65. അൽ മുഹബ്ബബ:
66. അൽ മഹ്ബൂബ: സ്നേഹം എന്നർഥമുള്ള ഹുബ്ബിന്റെ വകഭേദങ്ങളാണ് ഈ മൂന്ന് പേരുകളും. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും സ്നേഹം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ലോകത്തെ ഏറ്റവും സുപ്രധാന ഇടം മദീന തന്നെയാണല്ലോ!
67. അൽ മഹ്ബൂറ: അനുഗൃഹീത സന്തോഷം. വേഗം നല്ല വിളവുകൾ തരുന്ന ഭൂപ്രദേശത്തിനും പ്രയോഗിക്കും.
68. അൽ മുഹർറമ: അനുഗൃഹീതം.
69. അൽ മഹ്റൂസ: കവചിതം. മലക്കുകൾ കൈകോർത്ത് വേലി തീർത്ത ദേശമാണ് മദീന
70. അൽ മഹ്ഫൂഫ: പൊതിയപ്പെട്ട സ്ഥലം. അനുഗ്രഹങ്ങളാലും മലക്കുകളാലും പൊതിയപ്പെട്ട ദേശം.
71. അൽ മഹ്ഫൂള: സംരക്ഷിത പ്രദേശം.
72. അൽ മുഖ്താറ: തിരഞ്ഞെടുക്കപ്പെട്ട പ്രദേശം. തിരഞ്ഞെടുക്കപ്പെട്ട നബി ﷺ ക്ക് വേണ്ടി തിരഞ്ഞെടുക്കപ്പെട്ട ദേശം.
73. മുദ്ഖലു സിദ്ഖ്: സത്യത്തിന്റെ പ്രവേശിക: ‘അൽ ഇസ്‌റാഅ് ‘ സൂറത്തിലെ എൺപതാം സൂക്തത്തിൽ ഈ നാമം പ്രയോഗിച്ചിട്ടുണ്ട്.
74. അൽ മർഹൂമ: കാരുണ്യം ലഭിച്ച നാട്. കാരുണ്യത്തിന്റെ തിരുദൂതർ ﷺ എത്തുകയും വിശ്രമിക്കുകയും ചെയ്യുന്ന നാട്.
75. അൽ മർസൂഖ: വിഭവം ലഭിച്ച നാട്. ലോകത്ത് ലഭിക്കാവുന്ന ഏറ്റവും ഉന്നതമായ വിഭവം മുത്ത് നബി ﷺ യുടെ സാന്നിധ്യമാണല്ലോ!

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-168/365

76. മസ്ജിദുൽ അഖ്‌സാ. ഇബ്നുൽ മുലഖ്വിൻ ‘അൽ ഇശാറാത് ‘ എന്ന കൃതിയിൽ ഈ നാമം പറഞ്ഞിട്ടുണ്ട്.
77. അൽ മിസ്കീന. തൗറാതിൽ ഈ പേര് പരാമർശിച്ചിട്ടുണ്ട്. ‘ഭയഭക്തരായ വിനീതരുടെ സങ്കേതം’ എന്ന ആശയത്തിലാണ് ഈ നാമം.
78. അൽ മുസ്‌ലിമ: വിധേയരുടെ നാട്.
79. മള്ജഉ റസൂലില്ലാഹ്: അല്ലാഹുവിൻ്റെ തിരുദൂതരുടെ വിശ്രമ സ്ഥലം. ഹദീസിൽ ഈ അർഥത്തിലുള്ള പ്രയോഗം വന്നിട്ടുണ്ട്.
80. അൽ മുത്വയ്യബ: ത്വൈബ എന്ന നാമത്തിൻ്റെ ആശയത്തോട് ചേർന്നു നിൽക്കുന്നതാണ്.
81. അൽ മുഖദ്ദസ: പരിശുദ്ധിയുടെ ഇടം. ബഹുദൈവാരാധനയിൽ നിന്നും പാപങ്ങളിൽ നിന്നും പവിത്രം.
82. അൽ മഖർറ്. വാസസ്ഥലം. ‘മദീനയെ വാസസ്ഥലമാക്കേണമേ’ എന്ന മുത്ത് നബിﷺയുടെ പ്രാർഥന ഹദീസിൽ വന്നിട്ടുണ്ട്.
83. അൽ മക്കത്താൻ: സഅദ് ബിൻ അബിസ്സർഹ് ഉസ്മാൻ(റ)ന്റെ വീട്ട് തടങ്കലിനെ പരാമർശിച്ചപ്പോൾ മദീനയെ പരിചയപ്പെടുത്തിയത് ‘മക്കത്താൻ ‘ എന്നാണ്. മക്കയും മദീനയും ചേർത്ത് രണ്ട് മക്കകൾ എന്ന് പ്രയോഗിച്ചതും ആവാം. ഇശാഇനെയും മഗ്‌രിബിനെയും ചേർത്ത് രണ്ട് മഗ്‌രിബുകൾ രണ്ട് ഇശാഉകൾ എന്നിങ്ങനെയുള്ള പ്രയോഗങ്ങൾ അറബിയിൽ പ്രസിദ്ധമാണ്.
84. അൽ മക്കീന: സ്ഥാനമഹത്വമുള്ള സ്ഥലം.
85. മുഹാജറു റസൂലില്ലാഹ്ﷺ : അല്ലാഹുവിന്റെ ദൂതർﷺ പലായനം ചെയ്തെത്തിയ സ്ഥലം.
86. അൽ മൂഫിയ: കരാറുകൾ പാലിക്കുന്ന ദേശം.
87. അന്നാജിയ: രക്ഷാ ഭവനം.
88. നബ്‌ലാഉ. ശ്രേഷ്ഠം, സുരക്ഷ എന്നൊക്കെയാണ് ആശയം.
89. അന്നഹ്റ്. കാലാവസ്ഥയുടെ ഉഷ്ണത്തെ സൂചിപ്പിക്കുന്ന നാമമാണിത്.
90. അൽ ഹദ്റാഉ. യൗമുൻ ഹാദിറുൽ എന്ന അറബിയിലുള്ള പ്രയോഗത്തിന്റെ അർഥം ‘ചൂടുള്ള ദിവസം’ എന്നാണ്. അപ്പോൾ മദീനയിലെ ഒരു സമയത്തെ, കാലാവസ്ഥയെ സൂചിപ്പിച്ചു കൊണ്ടുള്ള നാമകരണമാണിത്.
91. യൻദദ്. പവിത്രം, വിഭവസമൃദ്ധം എന്നൊക്കെ അർഥം നൽകുന്ന പ്രയോഗങ്ങളാണിത്.
92. മദീന: പട്ടണം. പട്ടണം എന്ന പേരിൽ തന്നെ ലോകത്തറിയപ്പെടുന്ന ശ്രേഷ്ഠ സ്ഥലമാണ് മദീന:
93. മദീനതു റസൂലില്ലാഹ്ﷺ. അല്ലാഹുവിന്റെ തിരുദൂതരുﷺടെ പട്ടണം.

മദീന ഉൾക്കൊള്ളുന്ന ആത്മീയവും ഭൗതികവുമായ മഹത്വങ്ങളെ അറിയിക്കുന്ന നാമങ്ങളാണ് നാം വായിച്ചത്. ഖുർആനിൽ, ഹദീസിൽ, മുൻകാല വേദങ്ങളിൽ, പ്രമുഖരുടെ പരാമർശങ്ങളിൽ മദീനയെ പരിചയപ്പെടുത്തിയ വിശേഷണാടിസ്ഥാനത്തിലുള്ള പ്രയോഗങ്ങളാണ് ഏറെയും. ഒരു പ്രദേശം ഇത്രമേൽ അപദാനങ്ങളാൽ വിളിക്കപ്പെടുന്നു എന്നത് വൈജ്ഞാനികമായ ഒരു കൗതുകവും അനുരാഗികൾക്ക് ആനന്ദദായകവുമാണ്. അത് കൊണ്ടാണ് ഇമാം യൂസുഫ് സ്വാലിഹി അശ്ശാമിയെ പോലെയുള്ളവർ പ്രാധാന്യത്തോടെയും ആവശ്യമായ വിശദീകരണങ്ങളോടെയും ഈ വിഷയത്തിന് ഒരധ്യായം നീക്കി വച്ചത്. മദീനയുടെ മഹത്വവും ചരിത്രവും പറയുന്ന ഏതാണ്ടെല്ലാ ഗ്രന്ഥങ്ങളിലും വിവിധ പേരുകൾ ഒരധ്യായമാണ്. ഒരു വ്യക്തിക്കോ ദേശത്തിനോ ഒക്കെ നിരവധി നാമങ്ങളുണ്ടെന്ന് വന്നാൽത്തന്നെ അത് മഹത്വത്തിന്റെ ഒരു സൂചനയാണ്.

നബിﷺയുടെ ആഗമനത്തോടെ യസ്‌രിബ് മദീനയായി. ഒപ്പം മദീനയിലെ പലതും നവീകരിച്ചു. മദീനയിൽ നേരത്തേ ഉണ്ടായിരുന്ന ഒരു വ്യാധി പൂർണമായും ഇല്ലായ്മ ചെയ്യപ്പെട്ടു. ഇതുസംബന്ധിയായ ഒരു ഹദീസ് ഇമാം ബുഖാരി (റ)യും തുർമുദി (റ)യും മറ്റും നിവേദനം ചെയ്തിട്ടുണ്ട്. ആശയം ഇങ്ങനെ വായിക്കാം : “ആഇശ(റ) പറയുന്നു. നബിﷺമദീനയിലേക്ക് വന്നു. അന്ന് ലോകത്ത് തന്നെ ഏറ്റവും ജ്വരബാധയുള്ള പ്രദേശമായിരുന്നു മദീന. അവിടുത്തെ താഴ്‌വരയിലൂടെ ഒലിച്ചിരുന്നത് രോഗബാധയ്ക്ക് നിമിത്തമാകുന്ന വെള്ളമായിരുന്നു. നബിﷺയുടെ അനുചരന്മാർക്കും പനിയും മറ്റും ബാധിച്ചു. അബൂബക്കർ (റ), ആമിർ ബിൻ ഫുഹൈറ (റ), ബിലാൽ (റ) എന്നിവർ ഒരേ വീട്ടിൽത്തന്നെ രോഗബാധിതരായിക്കിടന്നു. നബി ﷺ യുടെ അനുമതിയോടെ ഞാനവരെ സന്ദർശിച്ചു. അന്ന് പർദയുടെ നിയമം പ്രാബല്യത്തിലില്ലായിരുന്നു. അപ്പോഴവരുടെ രോഗാവസ്ഥ ഏറെ ഗുരുതരമായിരുന്നു. ഞാൻ എന്റെ ഉപ്പയുടെ അടുത്ത് ചെന്ന് ചോദിച്ചു, ‘എങ്ങനെയുണ്ട്?’ അവിടുന്നൊരു കവിതാശകലം മറുപടിയായി പറഞ്ഞു.
‘കുല്ലുംരിഇൻ മുസ്വബ്ബഹുൻ ഫീ അഹ്‌ലി ഹി
വൽ മൗതു അദ്നാ മിൻ ശിറാക്കി നഅലിഹി’ –
ചെരുപ്പിന്റെ വളളി ചെരുപ്പോടടുത്ത പോൽ
മരണത്തോടടുത്തൊരാൾ വീട്ടിൽക്കിടപ്പായി !

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-169/365

ആഇശാ(റ) തുടരുന്നു. ഞാൻ പറഞ്ഞു അല്ലാഹുവേ എന്താണെന്റെ ഉപ്പ പറയുന്നത്. ഞാൻ ആമിർ ബിൻ ഫുഹൈറ(റ)യെ സമീപിച്ചു. എന്നിട്ട് ചോദിച്ചു എങ്ങനെയുണ്ട്? അദ്ദേഹം പറഞ്ഞതും ഒരു കവിതാ ശകലമാണ്.
“ലഖദ് വജ്ദ് തുൽ മൗത ഖബ്‌ല ദൗഖിഹി…”
“ആസന്നമായ് മരണം രുചിക്കേണ്ടതിൻ മുമ്പ്…”

അല്ലാഹുവേ എന്താണീ ആമിർ(റ) പറയുന്നത്. ബിലാൽ(റ) ഏറെ വിവശനായി മുറ്റത്ത് തന്നെ കിടക്കുന്നു. ഏറെ ആകുലനായി ചില കവിതാ ശകലങ്ങൾ അദ്ദേഹവും പറഞ്ഞു. ഇക്കാര്യങ്ങളെല്ലാം ഞാൻ നബി ﷺ യോട് പറഞ്ഞു. ഉടനെ നബി ﷺ കണ്ണുകൾ ആകാശത്തേക്കുയർത്തി. എന്നിട്ട് പ്രാർത്ഥിച്ചു. അല്ലാഹുവേ മക്കയെ ഞങ്ങൾക്ക് പ്രിയപ്പെട്ടതാക്കിയത് പോലെ മദീനയും ഞങ്ങൾക്ക് പ്രിയപ്പെട്ടതാക്കിത്തരേണമേ! മറ്റൊരു നിവേദനത്തിൽ ഇങ്ങനെ കൂടിയുണ്ട്. മക്കയേക്കാൾ കൂടുതൽ പ്രിയപ്പെടുത്തിത്തരേണമേ! മദീനയെ ചൊവ്വാക്കിത്തരേണമേ! മദീനയുടെ സാഇലും മുദ്ദിലും അഥവാ ധാന്യത്തിലും വിഭവങ്ങളിലും നീ അനുഗ്രഹം ചൊരിയേണമേ! ഇവിടുത്തെ വ്യാധിയെ ജുഹ്ഫയിലേക്ക് നീ മാറ്റേണമേ!

ഈ പ്രാർത്ഥനയുടെ പുലർച്ചയെ അടയാളപ്പെടുത്തുന്ന ഒരു പരാമർശം ഇബ്നു ഉമർ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ വായിക്കാം. നബി ﷺ പറഞ്ഞു. മുടിയൊക്കെ പാറിപറന്ന ഒരു വിരൂപ സ്ത്രീരൂപം മദീനയിൽ നിന്ന് പുറപ്പെട്ട് ജൂഹ്ഫയിൽ എത്തിയതായി ഞാൻ ദർശിച്ചു. മദീനയിൽ നിന്നുള്ള വ്യാധിയെ ജൂഹ്ഫയിലേക്ക് മാറ്റപ്പെട്ടതായിട്ടാണ് ഞാൻ ആ കാഴ്ചയെ വ്യാഖ്യാനിക്കുന്നത്.

ഉർവയിൽ നിന്ന് സ്വഹാബിയെ പറയാതെയുള്ള ഒരു ഹദീസിൽ ഇങ്ങനെ കാണാം. ഒരു ദിവസം മക്കയുടെ ഭാഗത്ത് നിന്ന് വന്ന ഒരാഗതനോട് നബി ﷺ ചോദിച്ചു. നിങ്ങൾ ആരെയെങ്കിലും കണ്ടിരുന്നോ ? അദ്ദേഹം പറഞ്ഞു ആരെയും കണ്ടില്ല. പക്ഷേ വിരൂപയായ മുടിയൊക്കെ പാറിപ്പറന്ന ഒരു സ്ത്രീ അങ്ങോട്ട് പോകുന്നത് കണ്ടു. നബി ﷺ പറഞ്ഞു, അതാണ് ആ വ്യാധി. അതിനിയൊരിക്കലും മടങ്ങി വരില്ല.

ഇമാം ഇബ്നു ഇസ്ഹാക്കും(റ) മറ്റും ഉദ്ദരിക്കുന്നു. അംറ് ബിൻ അൽ ആസ്വ്(റ) പറയുന്നു. നബി ﷺ യും അനുചരന്മാരും മദീനയിൽ വന്നപ്പോൾ അവിടുത്തെ അനുയായികൾക്ക് പലർക്കും മദീനയിലെ പ്രത്യേക പനി ബാധിച്ചു. അങ്ങനെ അവർക്ക് നിന്ന് നിസ്കാരം നിർവഹിക്കാൻ കഴിയാതെയായി. അതാ ഒരിക്കൽ നബി ﷺ കടന്നു വരുമ്പോൾ ഏറെയാളുകളും ഇരുന്നു നിസ്കരിക്കുകയാണ്. അപ്പോഴവിടുന്ന് നിന്നു തന്നെ നിസ്കാരം നിർവഹിക്കുന്നതിന്റെ ശ്രേഷ്ഠത പറഞ്ഞു. അത് കേട്ട മിക്കയാളുകളും പ്രയാസങ്ങൾ മറന്ന് നിന്ന് തന്നെ നിസ്കാരം നിർവഹിച്ചു.

അബ്ദുല്ലാഹിബിൻ ഫളില് ബിൻ അബ്ബാസ്(റ) പറയുന്നു. നബി ﷺ പറഞ്ഞു അല്ലാഹുവേ മദീനാ നിവാസികൾക്ക് മക്കയിലേതുപോലെയുള്ള അനുഗ്രഹങ്ങൾക്കായി ഞാൻ പ്രാർത്ഥിക്കുന്നു! നിവേദകനായ അബ്ദുല്ലാഹി(റ) തുടർന്നു പറയുന്നു. നബി ﷺ യുടെ പ്രാർത്ഥനയുടെ ഫലം ഞങ്ങൾക്ക് നേരിട്ടനുഭവിക്കാൻ കഴിഞ്ഞു. മക്കയിൽ ഞങ്ങൾ ഉപയോഗിച്ച ധാന്യത്തിന്റെയും വിഭവങ്ങളുടെയും നാലിലൊന്ന് കൊണ്ട് ഞങ്ങൾക്ക് സുഭിക്ഷമാകാൻ കഴിഞ്ഞിരുന്നു.
മറ്റുദേശങ്ങളിൽ ആടുകൾ മേയുന്നതിന്റെ ചെറിയ ഭാഗം മേഞ്ഞാൽ തന്നെ അവകൾക്ക് മതിയാകുമായിരുന്നു.

അബൂഹുറൈറ(റ) പറയുന്നു. മദീനയിലെ ആളുകൾ അവരുടെ കൃഷിയുടെ ആദ്യത്തെ ഫലം വിളവെടുത്താൽ നബി ﷺ ക്ക് അത് സമർപ്പിക്കും. അവിടുന്ന് അത് വാങ്ങി കണ്ണിനോട് ചേർത്ത് വക്കും. തുടർന്ന് മദീനക്കും മദീനയിലെ ഫലങ്ങൾക്കും വിഭവങ്ങൾക്കും വേണ്ടി അനുഗ്രഹ പ്രാർത്ഥന നടത്തും. ശേഷം കൂട്ടത്തിൽ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് ആ ഫലം സമ്മാനിക്കും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-170/365

മദീനയോടുള്ള സമീപനത്തിനും ചില ചിട്ടകളും നിർദേശങ്ങളും പാലിക്കേണ്ടതുണ്ട്. മുത്ത് നബി ﷺ യുടെ സാന്നിധ്യം വന്നതോടെ കേവലം ഒരു ദേശം എന്നതിനപ്പുറം ഒരുപാട് മഹത്വങ്ങൾ മദീനയ്ക്ക് കൈവന്നു. അതെല്ലാം പരിഗണിച്ചു വേണം മദീനയെ സമീപിക്കാൻ. നിർദിഷ്ടമായ ചില പാഠങ്ങളെയും രീതികളെയും നമുക്ക് വായിക്കാം.

ഇമാം അഹ്മദും (റ) മറ്റും നിവേദനം ചെയ്യുന്നു. നബി ﷺ പറഞ്ഞു. മദീനയോട് ആരെങ്കിലും മോശമായി സമീപിച്ചാൽ വെള്ളം ഉപ്പിനെ നശിപ്പിക്കുന്നത് പോലെ അല്ലാഹു അവനെ നശിപ്പിക്കും. നബി ﷺ യുടെ പ്രസ്താവനയായി മഅഖൽ ബിൻ യസാർ (റ) നിവേദനം ചെയ്യുന്നതിങ്ങനെയാണ് : “മദീന എന്റെ പലായന ഭൂമിയാണ്. അവിടെയാണ് എൻ്റെ വിശ്രമസ്ഥലം. അവിടെ നിന്നാണ് എന്നെ പരലോകത്തേക്ക് പുനർ നിയോഗിക്കുന്നതും. അതുകൊണ്ട് എൻ്റെ പരിസരവാസികളോട് ശ്രദ്ധാപൂർവം പെരുമാറേണ്ടതും അവരെ സംരക്ഷിക്കേണ്ടതും എൻ്റെ സമുദായത്തിന്റെ ഉത്തരവാദിത്തമാണ്. അവരിൽ ആരെങ്കിലും വൻപാപങ്ങൾ ചെയ്താൽ അവരെ സംരക്ഷിക്കേണ്ടതില്ല. മദീന നിവാസികളോട് ചിട്ടകൾ പാലിച്ച് പെരുമാറുന്നവർക്കനുകൂലമായി പരലോകത്ത് ഞാൻ സാക്ഷി നിൽക്കും. അവർക്ക് ഞാൻ ശുപാർശ ചെയ്യും. അവരോടുള്ള മര്യാദകൾ പാലിക്കാത്ത പക്ഷം അവർ ‘ത്വീനതുൽ ഖബാൽ’ അഥവാ നരകവാസികളിൽ നിന്നൊലിക്കുന്ന ദുർഗന്ധം വമിക്കുന്ന ചലം കുടിപ്പിക്കപ്പെടും. എന്നെയും എന്റെ മദീനയെയും നശിപ്പിക്കാൻ ലക്ഷ്യം വയ്ക്കുന്നവരെ നീ വേഗം കൈകാര്യം ചെയ്യേണമേ എന്ന മുത്ത് നബി ﷺ യുടെ ഒരു പ്രാർഥന വാചകം സഈദുബിനുൽ മുസയ്യബ് (റ) ഉദ്ധരിച്ചിട്ടുണ്ട് “.

മുഹമ്മദ് ബിൻ മസ്‌ലമ: (റ) രേഖപ്പെടുത്തുന്നു. “ഇമാം മാലിക് (റ) പറഞ്ഞു. ഞാൻ അൽ മഹ്ദി (അബ്ബാസി ഭരണാധികാരി)യുടെ അടുക്കൽച്ചെന്നു. അപ്പോഴദ്ദേഹം പറഞ്ഞു. എന്നെയൊന്ന് ഉപദേശിച്ചാലും. ഞാൻ പറഞ്ഞു, നിങ്ങൾ ഏകനായ അല്ലാഹുവിനെ സൂക്ഷിക്കുക. അല്ലാഹുവിന്റെ തിരുദൂതരു ﷺ ടെ നാട്ടുകാരോട് അനുകമ്പയോടെ പെരുമാറുക. കാരണം, നബി ﷺ യുടെ ഒരു പ്രസ്താവന നമുക്കറിയാം. അവിടുന്ന് പറഞ്ഞു; മദീന എന്റെ പലായനത്തിന്റെ ദേശവും വിശ്രമസ്ഥലിയുമാണ്. അവിടെ നിന്നാണ് നാളെ എന്റെ പുനരുത്ഥാനവും. അന്നാട്ടുകാർ എന്റെ അയൽവാസികളാണ്. എന്റെ അയൽവാസികളെ പരിരക്ഷിക്കേണ്ടത് എൻ്റെ സമുദായത്തിന്റെ ബാധ്യതയാണ്. അങ്ങനെ ചെയ്യുന്നവർക്ക് പരലോകത്ത് ഞാൻ അനുകൂല സാക്ഷിയും ശുപാർശകനുമായിരിക്കും. എൻ്റെ അയൽവാസികളെക്കുറിച്ചുള്ള എൻ്റെ വസ്വിയ്യത്ത് പാലിക്കാത്തവർക്ക് ‘ത്വീനതുൽ ഖബാൽ’ കുടിപ്പിക്കപ്പെടും”.

മുസ്അബ് എന്നവർ പറയുന്നു : “മഹ്ദി മദീനയിലേക്ക് വന്നപ്പോൾ ഇമാം മാലിക് (റ)വും മദീനയിലെ മറ്റു പ്രമുഖരും മൈലുകൾക്കകലെ നിന്ന് അദ്ദേഹത്തെ സ്വീകരിച്ചാനയിച്ചു. ഇമാമവർകളെക്കണ്ടതോടെ മഹ്ദി , മഹാനവർകളെ ആലിംഗനം ചെയ്ത് ആദരിച്ച് ഒപ്പം സംസാരിച്ച് മുന്നോട്ട് നീങ്ങി. അപ്പോൾ ഇമാമവർകൾ അദ്ദേഹത്തിന്റെ നേരേ നോക്കിപ്പറഞ്ഞു. ‘താങ്കൾ മദീനയിലേക്കാണ് പ്രവേശിച്ചിട്ടുള്ളത്. ഇരുവശങ്ങളിലുമായി നിൽക്കുന്നത് മുഹാജിറുകളുടെയും അൻസ്വാറുകളുടെയും മക്കളാണ്. ഈ ഭൂമുഖത്ത് ഏറ്റവും അനുഗൃഹീതരായ നാട്ടുകാർ മദീനക്കാരാണ്. അവരെ അഭിവാദ്യം ചെയ്യുക’. അപ്പോൾ മഹ്ദി ചോദിച്ചു; ‘അല്ലയോ , അബൂ അബ്ദില്ലാഹ് ! നിങ്ങൾ എന്തടിസ്ഥാനത്തിലാണിത് പറയുന്നത് ?’
ഉടനെ ഇമാമവർകൾ പറഞ്ഞു; ‘നമ്മുടെ നബി ﷺ യുടെ ഖബർ അറിയപ്പെട്ടത് പോലെ വേറൊരു നബിയുടെ ഖബറും അറിയപ്പെട്ടിട്ടില്ല. മുത്ത് നബി ﷺ യുടെ ഖബർ ലഭിച്ചവർ മറ്റുള്ളവരെക്കാൾ മഹത്വമുള്ളവരാണ് ‘. മഹ്ദി അത് മനസ്സിലാക്കി ഇമാം മാലിക് (റ) പറഞ്ഞ പ്രകാരം നിർവഹിച്ചു “.

നിരന്തരമായി നബി ﷺ അയൽവാസിയുടെ മഹത്വം പറയുമായിരുന്നു. ജിബ്‌രീൽ (അ) തങ്ങളെ സമീപിച്ചു അയൽവാസിയോടുള്ള കടപ്പാട് പറയുമ്പോൾ അനന്തരാവകാശം കൂടി അവർക്ക് നൽകേണ്ടി വരുമോ എന്ന് തോന്നിപ്പോകുമായിരുന്നുവത്രെ !

ഇതേ തിരുനബി ﷺ യാണ്, ‘മദീനക്കാർ എന്റെ അയൽവാസികളാണ് ‘ എന്ന പ്രസ്താവനയും നിർവഹിക്കുന്നത്. മദീനക്കാർ എത്ര സൗഭാഗ്യവാന്മാർ !

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-171/365

ഇനി നമുക്ക് നബി ﷺ യുടെ അടുത്തേക്ക് തന്നെ നീങ്ങാം. അവിടുന്ന് മദീനയിൽ എത്തിയതിൽപ്പിന്നെ സുപ്രധാനമായ ചില കാര്യങ്ങൾ ഉടനെ ആലോചിക്കേണ്ടതുണ്ടായിരുന്നു. അത് മദീനയുടെ സമഗ്രവും അവിടെയുണ്ടായിരുന്നവരുടെയും എത്തിയവരുടെയും ക്ഷേമകരമായ ആവാസത്തെ കുറിച്ചുമായിരുന്നു.

എന്നാൽ അതിനിടയിൽ ചില വേറിട്ട കാര്യങ്ങൾ നമുക്ക് വായിക്കാനുണ്ട്.

ഒന്ന്: മക്കയിൽ ശേഷിച്ച വിശ്വാസികളെക്കുറിച്ചുള്ള കാര്യങ്ങൾ. മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തവരിൽ ഏകദേശം അവസാനത്തെ വ്യക്തിയായിരുന്നു നബി ﷺ. പിന്നെ മക്കയിൽ അവശേഷിച്ച വിശ്വാസികൾ ഒന്നുകിൽ വ്യക്തമായ കാരണങ്ങൾ ഉള്ളവരോ അല്ലെങ്കിൽ ദൗത്യം ഏൽപ്പിക്കപ്പെട്ടവരോ ആയിരുന്നു. അതിൽ ഒന്നാമത്തെ വിഭാഗത്തെക്കുറിച്ചാണ് ‘ദുർബലർ ഒഴികെ’ എന്ന് ഖുർആൻ പരാമർശിച്ചത്. രണ്ടാമത്തെ വിഭാഗത്തിൽപ്പെട്ടയാളായിരുന്നു അബൂബക്കർ (റ)ന്റെ മകൻ അബ്ദുല്ലാഹ്. മക്കയിൽ നിന്നുള്ള വാർത്തകളറിയാൻ ഏൽപ്പിക്കപ്പെട്ടയാളായിരുന്നു അദ്ദേഹം. അത് പോലെ അദ്ദേഹത്തിന്റെ സഹോദരിയും തത്ക്കാലം മക്കയിൽത്തന്നെ നിൽക്കാൻ ഏൽപ്പിക്കപ്പെട്ടവരായിരുന്നു. ചുരുക്കത്തിൽ, നബി ﷺ മദീനയിലേക്ക് പോയ ശേഷം മക്കയിൽ ശേഷിച്ച കുടുംബങ്ങളിൽ പ്രധാനപ്പെട്ടവർ മുത്ത് നബി ﷺ യുടേയും സിദ്ദീഖ് (റ)വിന്റെയും കുടുംബങ്ങളായിരുന്നു.

നബി ﷺ യുടെ കുടുംബത്തെ കൂട്ടിക്കൊണ്ടുവരാൻ സൈദുബിൻ ഹാരിസ (റ)യേയും അബൂ റാഫിഇ (റ)നെയും മക്കയിലേക്കയച്ചു. രണ്ടൊട്ടകവും അഞ്ഞൂറ് ദിർഹവുമായിരുന്നു അവരെ ഏൽപ്പിച്ചു വിട്ടത്. അവർ മക്കയിലെത്തി. മുത്ത് നബി ﷺ യുടെ മക്കൾ ഫാത്വിമ (റ), ഉമ്മുകുൽസും (റ), നബിപത്നി സൗദാബിൻത് സംഅ: (റ), പോറ്റുമ്മ ഉമ്മു ഐമൻ (റ) എന്നിവരെ മദീനയിലേക്ക് കൂട്ടി. എന്നാൽ നബി ﷺ യുടെ മകൾ സൈനബി (റ)നെ കൂട്ടിക്കൊണ്ടുവരാൻ ഭർത്താവ് അബുൽ ആസ്വ് ഇബ്നു റബീഅ അനുവദിച്ചില്ല. അന്നദ്ദേഹം ഇസ്‌ലാം അംഗീകരിച്ചിട്ടുണ്ടായിരുന്നില്ല. നബി ﷺ യുടെ മകൾ റുഖിയ്യ:(റ) നേരത്തെത്തന്നെ ഭർത്താവ് ഉസ്മാൻ (റ)വിനൊപ്പം മദീനയിലെത്തിയിരുന്നു.

നബി ﷺ യുടെ കുടുംബത്തോടൊപ്പം സൈദിന്റെ പത്നിയും മകൻ ഉസാമയും ഉണ്ടായിരുന്നു.

അബൂബക്കർ (റ)ന്റെ ഭാര്യ ഉമ്മു റുമാനും (റ) പെൺമക്കൾ അസ്മാഉം (റ) ആഇശ (റ)യും മകൻ അബ്ദുല്ലയോടൊപ്പം മദീനയിലേക്ക് പുറപ്പെട്ടു. അസ്മാഅ് (റ) അപ്പോൾ പ്രസവിക്കാനടുത്ത ഗർഭിണിയായിരുന്നു. നബി കുടുംബം ഹാരിസത് ബിൻ നുഅ്മാന്റെ വീട്ടിൽ താമസമാക്കി. അബൂബക്കറി (റ)ന്റെ കുടുംബം ബനുൽ ഹാരിസ് ഇബ്നുൽ ഖസ്‌റജിൻ്റെ വീട്ടിൽ താമസമാക്കി.

രണ്ട്: അസ്മാഇ (റ)ന്റെ പ്രസവം. പൂർണഗർഭിണിയായിരുന്ന അസ്മാ (റ) മദീനയിലെ ഖുബാഇൽ എത്തിയപ്പോൾ പ്രസവിച്ചു. സൗർ ഗുഹയിൽ ഭക്ഷണം എത്തിച്ചതും തുടർന്നുള്ള പലായനവും അവരെ ക്ഷീണിപ്പിച്ചിരുന്നു. അപ്പോൾ ജനിച്ച മകനാണ് അബ്ദുല്ലാഹിബ്നു സുബൈർ. പലായനത്തിന് ശേഷം ‘മുഹാജിറുകൾക്ക് ആദ്യം ജനിച്ച കുഞ്ഞ് ‘ എന്ന വിശേഷണം അബ്ദുല്ലാഹിക്കാണ്. അൻസാറുകളിൽ നിന്ന് പലായനാനന്തരം ജനിച്ച കുഞ്ഞ് നുഅ്മാൻ ബിൻ ബശീറായിരുന്നു.

അസ്മാഅ് (റ) നവജാത ശിശുവിനെയുമെടുത്ത് നബി ﷺ യുടെ അടുത്തെത്തി. അവിടുന്ന് കുഞ്ഞിനെ എടുത്ത് മടിയിൽ വച്ചു. ശേഷം ഈത്തപ്പഴം ചവച്ച് അത് കൊണ്ട് മധുരം തൊട്ടു കൊടുത്തു. അത് വഴി അബ്ദുല്ലാഹിയുടെ ഉള്ളിൽ ആദ്യമെത്തിയത് നബി ﷺ യുടെ ഉമിനീരായിരുന്നു. ഒപ്പം നബി ﷺ ശിശുവിന് വേണ്ടി പ്രത്യേകം അനുഗ്രഹ പ്രാർഥന നടത്തുകയും അബ്ദുല്ലാഹ് എന്ന് പേര് വയ്ക്കുകയും ചെയ്തു.

ജൂതന്മാർ മുസ്‌ലിംകൾക്കെതിരിൽ മാരണം ചെയ്ത കാരണത്താൽ പലായനം ചെയ്ത് വന്നവർക്ക് ആൺ കുട്ടികൾ ജനിക്കില്ല എന്ന പ്രചാരണം അവർത്തന്നെ നടത്തിയിരുന്നു.
എന്നാൽ അബ്ദുല്ല ജനിച്ചതോടെ ആ വാദം പൊളിഞ്ഞു. അതിനാൽത്തന്നെ അബ്ദുല്ലാഹിയുടെ ജനനം അറിഞ്ഞ മദീനക്കാർ അഭിമാനപൂർവം തക്ബീർ മുഴക്കി ! മദീന പ്രകമ്പനം കൊണ്ടു !

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-172/365

മൂന്ന്: ബറാഅ് ബിൻ മഅ്റൂറിൻ്റെ വിയോഗം. നബി ﷺ അനുയായികളോട് ചോദിച്ചു; ‘ബറാഅ ബിൻ മഅ്റൂർ എവിടെ?’ അവർ പറഞ്ഞു; ‘അദ്ദേഹം മരണപ്പെട്ടു. അദ്ദേഹം തന്റെ സ്വത്തിന്റെ മൂന്നിലൊരു ഭാഗം തങ്ങൾക്ക് വസ്വിയ്യത്ത് ചെയ്തിട്ടുമുണ്ട് ‘. പണ്ഡിതന്മാർ പറയുന്നു, നബി ﷺ മദീനയിലെത്തുന്നതിന് ഒരു മാസം മുമ്പ് അദ്ദേഹം മരണപ്പെട്ടിരുന്നു.
മരണാസന്നനായപ്പോൾ തന്നെ ഖിബ്‌ലയ്ക്ക് അഭിമുഖമായിക്കിടത്താൻ അദ്ദേഹം വസ്വിയ്യത്ത് ചെയ്തിരുന്നു. ആസന്നമരണനായ ആളെ ഖിബ്‌ലയ്ക്ക് അഭിമുഖമായിക്കിടത്തണം എന്നത് പുണ്യമായിക്കാണാനുള്ള ഏക ഹദീസ് പ്രമാണവും ഈ സംഭവമാണത്രെ.

ഇദ്ദേഹത്തിന്റെ വസ്വിയ്യത്തുകൾ കേട്ട നബി ﷺ പറഞ്ഞു; ‘മനുഷ്യ പ്രകൃതത്തിലുള്ള നന്മ വിചാരം അഥവാ ഫിത്വ്‌റ: സത്യസന്ധമായിരിക്കുന്നു. കാരണം, ആസന്നമരണനെ ഖിബ്‌ലയ്ക്ക് അഭിമുഖമായിക്കിടത്തണമെന്ന ബോധം അദ്ദേഹത്തിന് ലഭിച്ചത് ഫിത്വറ: യിൽ നിന്നായിരുന്നു’. അദ്ദേഹം നബി ﷺ യ്ക്ക് വേണ്ടി വസ്വിയ്യത്ത് ചെയ്ത മൂന്നിലൊന്ന് സ്വത്ത് അദ്ദേഹത്തിന്റെ മക്കൾക്കു തന്നെ നൽകി. തുടർന്ന് അദ്ദേഹത്തിന്റെ ഖബ്റ് എവിടെയാണെന്നന്വേഷിച്ചു. നേരെ ഖബറിന്റെ സമീപത്തെത്തി അദ്ദേഹത്തിന്റെ മേൽ നിസ്ക്കരിച്ചു. ശേഷം, ഇങ്ങനെ പ്രാർഥിച്ചു. ‘അല്ലാഹുവേ, ഇദ്ദേഹത്തിന് നീ പൊറുത്തു കൊടുക്കേണമേ! കാരുണ്യം ചൊരിയേണമേ! നിന്റെ സ്വർഗത്തിൽ നീ പ്രവേശിപ്പിക്കേണമേ! നീ അത് ചെയ്തു കഴിഞ്ഞല്ലോ!’ അഥവാ, അദ്ദേഹം സ്വർഗത്തിൽ പ്രവേശിച്ചു എന്ന് പ്രസ്താവിച്ചു കഴിഞ്ഞു.

രണ്ടാം അഖബാ ഉടമ്പടിയിൽപ്പങ്കെടുത്ത എഴുപത് പേരിൽ ഒരാളും കൂട്ടത്തിൽ നിന്ന് ആദ്യം നബി ﷺ യോട് ഉടമ്പടി ചെയ്ത വ്യക്തിയുമായിരുന്നു അദ്ദേഹം. ഗോത്രങ്ങളിൽ ഇസ്‌ലാം പ്രചാരണത്തിന്റെ ചുമതലയേൽപ്പിക്കപ്പെട്ട പന്ത്രണ്ട് ‘നുഖബാക്കൾ’ അഥവാ തിരഞ്ഞെടുക്കപ്പെട്ട പ്രധാനികളിൽ ഒരാളുമായിരുന്നു.

നബി ﷺ യും സ്വഹാബികളും ബൈതുൽ മുഖദ്ദസിലേക്ക് തിരിഞ്ഞു നിസ്ക്കരിച്ചിരുന്ന കാലത്തും കഅ്ബയ്ക്കഭിമുഖമായിട്ടായിരുന്നു അദ്ദേഹം നിസ്ക്കരിച്ചിരുന്നത്. കഅ്ബയ്ക്ക് പ്രതിമുഖമായി നിൽക്കാനുള്ള തന്റെ പ്രകൃതിസിദ്ധമായ ബോധമായിരുന്നു അതിനു കാരണം. അതുകൊണ്ട് അദ്ദേഹത്തെക്കുറിച്ച് ഒരു പരാമർശം ഇങ്ങനെയുണ്ട് : “ജീവിതകാലത്തും മരണാനന്തരവും ഖിബ്‌ലയ്ക്ക് നേരെ തിരിഞ്ഞയാൾ”.

നബി ﷺ യുടെ മകൾ സൈനബ് (റ) യുടെ കഥനം കൂടി ചേരുമ്പോഴേ ഈ അധ്യായം പൂർത്തിയാകൂ.

നബി ﷺ യുടെ പ്രവാചകത്വ പ്രഖ്യാപനത്തിന് മുമ്പ് തന്നെ സൈനബ് (റ) വിവാഹിതയായി. കസിൻ തന്നെയായ അബുൽ ആസ്വാണ് വിവാഹം കഴിച്ചത്. നബി ﷺ യുടെ ആദ്യത്തെ പേരക്കുട്ടി സൈനബിൻ്റെ (റ) മകൾ ഉമാമയായിരുന്നു. സന്തോഷകരമായി അബുൽ ആസ്വ് സൈനബ് ദമ്പതികൾ ജീവിച്ചു പോന്നു. മുത്ത് നബി ﷺ യുടെ പ്രവാചകത്വ പ്രഖ്യാപന നേരത്ത് അബുൽ ആസ്വ് മക്കയിലുണ്ടായിരുന്നില്ല. എന്നാൽ നബിത്വത്തിൻ്റെ പ്രഖ്യാപനത്തിനുടനെത്തന്നെ സൈനബ് (റ) ഇസ്‌ലാം സ്വീകരിച്ചു. മക്കയിലേക്കു മടങ്ങി വന്ന അബുൽ ആസ്വ് വീട്ടിലെത്തിയപ്പോഴാണ് പത്നി ഇസ്‌ലാം സ്വീകരിച്ചതറിയുന്നത്. ഭർത്താവായ തന്നോട് അന്വേഷിക്കാതെ എന്ത് കൊണ്ട് ഇസ്‌ലാം അംഗീകരിച്ചു എന്ന് ചോദിച്ചാൽ സൈനബ് (റ)നു നൽകാൻ ഒരു പാട് ഉത്തരങ്ങളുണ്ടായിരുന്നു. അവരുടെ ഉപ്പയാണ് പ്രവാചകത്വം പ്രഖ്യാപിച്ചത്. സത്യസന്ധത, നീതി ബോധം, സദ്സ്വഭാവം, ജീവിത വിശുദ്ധി തുടങ്ങി എല്ലാ നന്മകളിലും ഒന്നാം സ്ഥാനം നൽകി എല്ലാവർക്കും സ്വീകാര്യതയുള്ള വ്യക്തിത്വമാണ് പ്രിയപ്പെട്ട പിതാവ്. ഉപ്പയുടെ ഒപ്പം തന്നെയുള്ള മക്കയിലെ പ്രമാണിയായ അബൂബക്കർ (റ) അവരെ അംഗീകരിച്ചിരിക്കുന്നു. പ്രപഞ്ചാധിപനായ അല്ലാഹുവിന്റെ ഏകത്വം അംഗീകരിക്കാൻ സൃഷ്ടികളിൽ ആരെയാണ് കാത്ത് നിൽക്കേണ്ടത്?

പക്ഷേ, അബുൽ ആസ്വിന് അതുൾക്കൊള്ളാനായില്ല. എന്നാൽ സ്നേഹനിധിയായ ഭാര്യയോട് പിണങ്ങിയില്ല. പിണങ്ങാൻ കഴിയാത്ത വിധം ഒരുമയോടെ ജീവിക്കുന്നവരാണവർ. പക്ഷേ, പാരമ്പര്യ വിശ്വാസം വിട്ട് പുതിയ വിശ്വാസത്തിലേക്കു വരാൻ മനസ്സനുവദിച്ചില്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-173/365

അതിനിടയിൽ ബദ്റ് യുദ്ധം നടന്നു. മുസ്‌ലിംകൾ വിജയിച്ചു. ശത്രുപക്ഷത്തുണ്ടായിരുന്ന അബുൽ ആസ്വ് ബന്ധിയായിപ്പിടിക്കപ്പെട്ടു. ഇതറിഞ്ഞ സൈനബ് (റ) ഉമ്മ ഖദീജാ ബീവി (റ)യുടേതായി തനിക്ക് കിട്ടിയ മാല മോചനദ്രവ്യമായി നബി ﷺ യുടെ അടുത്തേക്ക് കൊടുത്തയച്ചു. അത് കണ്ടമാത്രയിൽ നബി ﷺ ആശ്ചര്യപ്പെട്ടു. ബീവിയുടെ ഓർമകൾ വൈകാരികമായി അവിടുത്തെ സ്വാധീനിച്ചു. അനുചരന്മാരോട് കൂടിയാലോചന നടത്തി. അവരുടെ സമ്മതത്തോടെ മോചനം നൽകി.

തുടർന്ന് നബി ﷺ യുടെ സന്ദേശം അബുൽ ആസ്വിന് ലഭിച്ചു. സൈനബി (റ)നെ മദീനയിലേക്ക് അയയ്ക്കാനായിരുന്നു അതിൽ ആവശ്യപ്പെട്ടത്. അബുൽ ആസ്വ് സമ്മതിച്ചു. മക്കയിൽ നിന്ന് എട്ടു മൈൽ അകലെ യഅജജ് താഴ്‌വരയിൽ വരെ സൈദുബിൻ ഹാരിസയും അൻസാരികളിൽ നിന്നുള്ള ഒരു സ്വഹാബിയും വരും. അവരോടൊപ്പമാണ് മദീനയിലേക്കയയ്ക്കേണ്ടത്. സൈനബ് (റ) യാത്രയ്ക്കൊരുങ്ങി. അതിനിടയിൽ ഉത്ബയുടെ മകൾ ഹിന്ദ് അവിടേക്ക് വന്നു. അവൾ ചോദിച്ചു. “എന്തേ ഉപ്പയുടെ അടുത്തേക്ക് പോവുകയാണോ? ആണുങ്ങൾക്കിടയിൽ പല കാര്യങ്ങളും ഉണ്ടാകും അത് സ്ത്രീകൾക്ക് ബാധകമാകണമെന്നില്ല.” ഹിന്ദിന്റെ വർത്തമാനത്തിന് സൈനബ് (റ) ഒന്നും മറുപടി പറഞ്ഞില്ല. ഭർത്താവിനോടുള്ള സ്നേഹം. വിട്ടുപിരിയുന്നതിന്റെ വേദന. എന്നാൽ മറുഭാഗത്ത് അതിനെക്കാൾ സ്നേഹിക്കുന്ന ഉപ്പയും ആദർശവും. ഭർത്താവിനെയും തന്നെയും ബന്ധിച്ചു കൊണ്ട് ഗർഭാശയത്തിൽ വളരുന്ന കുഞ്ഞ്. ഒപ്പം മൂത്തമകൻ അലി. എല്ലാം കൂടിയായപ്പോൾ സൈനബ് (റ) ഒരുപാട് ദുഃഖങ്ങൾ ഒരുമിച്ചു കടിച്ചിറക്കേണ്ടി വന്നു.

ഏതായാലും യാത്രയ്ക്കൊരുങ്ങി. അബുൽ ആസ്വിന് ഭാര്യയെ നേരിട്ടു കൊണ്ടുപോയി യാത്രയാക്കാൻ മനസ്സ് അനുവദിക്കുന്നില്ല. തന്റെ സഹോദരൻ കിനാനയെ വിളിച്ചു. അദ്ദേഹം ആവനാഴിയിൽ അമ്പു നിറച്ചു. പകൽ പരസ്യമായിത്തന്നെ സൈനബി (റ)നെ കൂട്ടി യാത്രതിരിച്ചു. ഖുറൈശികൾക്കിതത്ര സുഖിച്ചില്ല. ശരത്തെക്കാൾ ശൗര്യത്തിൽ പാഞ്ഞുവരുന്ന ഹിന്ദിന്റെ കവിതകൾ. ‘ഖുറൈശികളിലെ യോദ്ധാക്കളെ അസ്വസ്ഥപ്പെടുത്തി.
യുദ്ധമില്ലാത്തപ്പോൾ കൊമ്പുകുലുക്കി പായുന്നവരേ, യുദ്ധക്കളത്തിൽ എന്തേ നിങ്ങൾ പെണ്ണുങ്ങളെപ്പോലെയായത്? ബദ്റിൽ നിങ്ങളുടെ ധൈര്യവും വീര്യവുമൊക്കെയെവിടെയായിരുന്നു ?’ എന്നാണ് കവിതകളിലൂടെ ചോദിച്ചത്. കൂട്ടത്തിൽ അവർ ഇതൊരഭിമാന പ്രശ്നമായിക്കണ്ടു. പ്രവാചക ﷺ ന്റെ മകൾ പരസ്യമായി അവരുടെ മുന്നിലൂടെ സുരക്ഷിതയായി മദീനയിലേക്ക് പലായനം ചെയ്യുന്നു ! അതവരെ ചൊടിപ്പിച്ചു. ചിലർ അവരെ പിൻതുടർന്നു. ‘ദുത്വുവാ’ എന്ന സ്ഥലത്ത് അവർ ഒപ്പമെത്തി. ‘ഗുബാർ ബിൻ അസ്‌വദ് ‘ എന്നയാളാണാദ്യം അടുത്തെത്തിയത്. കിനാനയുമായി തർക്കത്തിലായി. രംഗം രൂക്ഷമായപ്പോൾ സൈനബ് (റ) കിനാനയുടെ ഭാഗത്തേക്ക് ചേർന്നു നിന്നു. അൽപ്പം അകലെ നിന്ന് കാര്യങ്ങൾ നിരീക്ഷിച്ച അബൂസുഫ്’യാൻ അടുത്തേക്ക് വന്നു. കിനാനയോടു ചോദിച്ചു, ‘അല്ല, കിനാനാ, നീയെന്താണ് ചെയ്യുന്നത്? നമ്മൾ ഖുറൈശികൾക്കേറ്റ പ്രഹരവും പ്രയാസവുമൊന്നും നിനക്കറിയില്ലേ? പരസ്യമായ ഈ യാത്ര ജനങ്ങളെ ചൊടിപ്പിക്കില്ലേ?
വാപ്പയെ കിട്ടാത്തതിന് ഈ മകളെത്തടഞ്ഞിട്ട് പ്രത്യേകിച്ച് കാര്യമൊന്നുമില്ല എന്നെല്ലാവർക്കുമറിയാം. എന്നാലും രംഗം ശാന്തമായിട്ട് രഹസ്യമായി യാത്രയാക്കിക്കോളൂ’. പക്ഷേ, കിനാനയുടെ ശൗര്യം ഉപദേശത്തിന് വഴങ്ങിയില്ല. അതിനിടെ, ഗർഭിണിയായ സൈനബ് (റ) ക്ഷീണിച്ചവശയായി. പ്രസവനൊമ്പരം തുടങ്ങി. ഒടുവിൽ ആ മരുഭൂമിയിൽ ചുട്ടുപൊള്ളുന്ന ചുറ്റുപാടിൽ അവർ പ്രസവിച്ചു. മേനിയും മാനവും നൊന്ത മഹതിയാകെ ക്ഷീണിച്ചവശയായി. അവർക്ക് മക്കയിലേക്ക് മടങ്ങുകയല്ലാതെ നിർവാഹമുണ്ടായിരുന്നില്ല. അങ്ങനെ വീട്ടിലേക്കു തന്നെ മടങ്ങി. അൽപ്പമൊക്കെ ആരോഗ്യാവസ്ഥ വീണ്ടെടുത്തപ്പോൾ കിനാനയോടൊപ്പം വീണ്ടും സൈനബ് (റ) പുറപ്പെട്ടു. കൂട്ടിക്കൊണ്ടു പോകാൻ വന്ന സൈദുബിൻ ഹാരിസ (റ)യോടൊപ്പം മദീനയിലേക്കെത്തി. മുത്ത് നബി ﷺ ക്കും കുടുംബത്തിനും ആശ്വാസമായി.

മാറ്റത്തിന്റെയും നിർമാണത്തിന്റെയും ശുഭദിനങ്ങളിലൂടെയാണ് ഇനി നമുക്ക് സഞ്ചരിക്കുവാനുളളത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-174/365

അബൂ അയ്യൂബിൽ അൻസാരി (റ)യുടെ വീട്ടിൽ താമസിച്ചു കൊണ്ടിരുന്ന നബി ﷺ യുടെ പ്രാഥമിക ആലോചനകൾ ഒരാസ്ഥാനത്തെക്കുറിച്ചായിരുന്നു. അഥവാ, മസ്ജിദിന്റെ നിർമാണത്തെക്കുറിച്ചായിരുന്നു.

നബി ﷺ യുടെ ഒട്ടകം ‘ഖസ്വാ’ മുട്ടുകുത്തിയ സ്ഥലം സഹൽ, സുഹൈൽ എന്നീ രണ്ട് അനാഥ മക്കളുടെ ഭൂമിയായിരുന്നു. ഈത്തപ്പഴം ഉണക്കാനും മറ്റും ഉപയോഗിച്ചിരുന്ന സ്ഥലമായിരുന്നു അത്. നബി ﷺ യുടെ അമ്മാവന്മാരുടെ കുടുംബമായ ബനൂ നജ്ജാറിൽപ്പെട്ടവരായിരുന്നു അവർ. ഒപ്പം സ്വഹാബിയായ അസ്അദ് ബിൻ സുറാറ (റ)യുടെ സംരക്ഷണത്തിലായിരുന്നു അവരുണ്ടായിരുന്നത്. ഏതായിരുന്നാലും പ്രസ്തുത സ്ഥലം സൗജന്യമായി നൽകാമെന്ന് അവർ പറഞ്ഞെങ്കിലും നബി ﷺ അത് സ്വീകരിക്കാൻ തയ്യാറായില്ല. പത്ത് ദീനാർ വിലയായി നൽകി അത് പളളിക്ക് വേണ്ടി വാങ്ങി. അബൂബക്കർ (റ)വാണ് ആ തുക നൽകിയത്.

തുടർന്ന് നബി ﷺ യുടെ നേതൃത്വത്തിൽ അൻസാറുകളും മുഹാജിറുകളുമായ സ്വഹാബികൾ സേവനത്തിനിറങ്ങി. നബി ﷺ നേരിട്ട് ഇഷ്ടിക ചുമക്കാൻ രംഗത്ത് വന്നു. സഹപ്രവർത്തകർക്ക് ആവേശം നൽകാൻ അവിടുന്നിങ്ങനെ പറഞ്ഞു. ”പരലോക നന്മയല്ലാതെ ആത്യന്തിക നന്മ വേറെയില്ല. അല്ലാഹുവേ, അൻസാറുകൾക്കും മുഹാജിറുകൾക്കും നീ കരുണ ചെയ്യേണമേ!”
അവിടുത്തെ ഈ പ്രസ്താവന ഒരു കവിതാശകലമായി അനുയായികൾ ഏറ്റു ചൊല്ലി.
“അല്ലാഹുമ്മ ഇന്നൽ അജ്റ അജറൽ ആഖിറ:
ഫ അയ്യിദിൽ അൻസ്വാറ: വൽ മുഹാജിറ.”
ഇത് ഈണത്തിൽപ്പാടിയത് അബ്ദുല്ലാഹിബിൻ റവാഹയാണത്രെ.

നബി ﷺ കർമഭൂമിയിൽ ഇറങ്ങിയതോടെ ആദ്യഘട്ടത്തിൽ നിർമാണത്തിലിറങ്ങാത്തവർ ഇങ്ങനെ ചൊല്ലി. “ല ഇൻ ഖഅദ്നാ വന്നബിയ്യു യഅമലു.. അഥവാ
പുണ്യനബി ﷺ പണിയെടുക്കും നേരം
നമ്മൾ ഒഴിഞ്ഞാൽ എത്ര കഷ്ടം ! ” എന്നു സാരം.
അവരും രംഗത്തിറങ്ങി.

ഈത്തപ്പനത്തടികൾക്കൊണ്ട് തൂണുകൾ നാട്ടി. ഇഷ്ടികകൾ കൊണ്ട് ചുമരുകൾ പടുത്തുയർത്തി. ഈത്തപ്പനയോലകൾക്കൊണ്ട് മേൽക്കൂര മേഞ്ഞു. കുറച്ചു ഭാഗം മേൽക്കൂര മേയാതെ തുറന്ന് തന്നെയിട്ടു. അനസ് (റ) പറയുന്നു; ‘മേൽപ്പുരയില്ലാത്ത ചുമരായിരുന്നു പള്ളിക്ക് വേണ്ടി ആദ്യം തയ്യാർ ചെയ്തത്. ഖിബ്‌ല ബൈത്തുൽ മുഖദ്ദസിലേക്കായിരുന്നു. ഗ്രൗണ്ടിൽ ഉണ്ടായിരുന്ന വെള്ളം നീക്കം ചെയ്ത് വൃത്തിയാക്കാൻ നബി ﷺ ആഹ്വാനം ചെയ്തു. ഓർക്കിഡ് മരങ്ങൾ നിറഞ്ഞ പുരാതന ഖബർസ്ഥാൻ ബഖീഅ്, മരങ്ങൾ മുറിച്ചും ഖബറുകൾ ശരിപ്പെടുത്തിയും ക്രമീകരിക്കാൻ അനുയായികളെ ഏൽപ്പിച്ചു. ഇബ്നു ആഇദിൻ്റെ (റ) നിവേദന പ്രകാരം, “മേൽപുരയില്ലാത്ത കുടിലിൽ പന്ത്രണ്ട് ദിവസം നബി ﷺ നിസ്ക്കാരം നിർവഹിച്ചു “.

ശഹർ ബിൻ ഹൗഷബിൻ്റെ (റ) നിവേദനത്തിൽ ഇങ്ങനെ വായിക്കാം : “നബി ﷺ ഒരു പള്ളി നിർമിക്കാൻ തീരുമാനിച്ചപ്പോൾ ഇങ്ങനെ പറഞ്ഞു. മുസാനബി(അ)യുടെ കുടിൽ പോലെയൊരു കുടിൽ എനിക്ക് വേണ്ടി നിർമിക്കൂ. പുല്ലും കൊള്ളിയും ഉപയോഗിച്ച് മൂസാനബി (അ)ക്കുണ്ടാക്കിയ തണൽ പോലെ ഒരു തണൽ. ഈ ലോകം അതിനെക്കാളൊക്കെ നൈമിഷികമാണ്. അനുചരന്മാർ ചോദിച്ചു, “മൂസാനബി (അ)യുടെ തണലിന്റെ പ്രത്യേകത എന്തായിരുന്നു ?” അവിടുന്നു പറഞ്ഞു : “നിവർന്നു നിന്നാൽ ശിരസ്സ് മേൽക്കൂരയിൽ തട്ടുന്ന വിധം ചെറുതും ലളിതവുമായിരുന്നു. തുടർന്ന് നബി ﷺ യും സ്വഹാബികളും ചേർന്ന് മസ്ജിദിന്റെ നിർമാണം ആരംഭിച്ചു.

നബി ﷺ യും കൂട്ടുകാരും ഇഷ്ടികകൾ ചുമക്കാൻ തുടങ്ങി. അമ്മാർ (റ) പറഞ്ഞു. ‘പ്രിയപ്പെട്ട തിരുദൂതരേ, ﷺ അവിടുത്തേക്ക് പകരം ആ ഇഷ്ടിക കൂടി ഞാൻ ചുമന്ന് കൊള്ളാം. അത് പ്രകാരം അമ്മാർ(റ) രണ്ട് ഇഷ്ടിക വീതവും മറ്റുള്ളവർ ഓരോന്നും ചുമന്ന് കൊണ്ട് വന്ന് നിർമാണം തുടർന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-175/365

ആഇശ (റ)യിൽ നിന്നുള്ള ഒരു നിവേദനം ഇമാം അബായഅലാ (റ) ഉദ്ധരിക്കുന്നത് ഇങ്ങനെ വായിക്കാം. മഹതി പറയുന്നു; “മദീന പള്ളിയുടെ ശിലാസ്ഥാപന സമയത്ത് നബി ﷺ ആദ്യം ഒരു ശില പാകി. തുടർന്ന് അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ) എന്നിവർ ക്രമപ്രകാരം ഓരോ ശില വീതം പാകി. ഇതു സംബന്ധമായി നബി ﷺ യോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു, ‘ഇതെനിക്ക് ശേഷമുള്ള ഖിലാഫത്തിന്റെ കാര്യമാണ്. അഥവാ, ഈ ക്രമത്തിലായിരിക്കും എനിക്ക് ശേഷം ഖിലാഫത്ത് ഉണ്ടാവുക’ എന്ന സൂചന നൽകുകയായിരുന്നു. ഇമാം ബൈഹഖി (റ)യുടെ തന്നെ മറ്റൊരു നിവേദനത്തിൽ ഇങ്ങനെയാണ് പ്രയോഗിച്ചിട്ടുള്ളത്. ‘എനിക്കു ശേഷം കാര്യകർത്താക്കൾ ഇവരാണ് ‘.

നിർമാണ വേളയിലെ മറ്റൊരു രംഗം ഇങ്ങനെ വായിക്കാം : “നബി ﷺ പള്ളിനിർമാണത്തിനുള്ള ഒരു കല്ലും ചുമന്ന് പോവുകയാണ്. ഇത് കണ്ട ഉസൈദ് ബിൻ ഹുളൈർ (റ) നബി ﷺ യോട് പറഞ്ഞു, ‘അതിങ്ങ് തന്നേക്കൂ, ഞാൻ ചുമന്നു കൊണ്ട് പോകാം’. അപ്പോൾ അവിടുന്ന് മറുപടി പറഞ്ഞു, ‘നിങ്ങൾ വേറെ ഒരു കല്ല് ചുമന്ന് കൊണ്ടുവന്നോളൂ. ഞാൻ നിങ്ങളെപ്പോലെ അല്ലാഹുവിന്റെ മുന്നിൽ ഫഖീറാണ് ‘ അഥവാ, ആവശ്യക്കാരനാണ് “.

അല്ലാഹുവിന്റെ ദാസനും അടിമയുമാണെന്ന നബി ﷺ യുടെ താഴ്മയാണ് ഈ പ്രയോഗത്തിൽ നിന്ന് മനസ്സിലാക്കാനുള്ളത്. സ്വഹാബിമാരുമായി അവിടുന്ന് പുലർത്തിയ സമീപനത്തിലെ സൗന്ദര്യം കൃത്യമായി ഇതിൽ നിന്ന് നമുക്ക് കാണാനാവും.

ഹസൻ (റ) എന്നവരിൽ നിന്ന് ഇമാം ബൈഹഖി (റ) നിവേദനം ചെയ്യുന്നു. “നബി ﷺ പള്ളി നിർമാണം നടത്തിയപ്പോൾ അനുചരന്മാർ കൂടെച്ചേർന്നു. നബി ﷺ കല്ലു ചുമന്ന് അവിടുത്തെ മാറിടത്തിൽ പൊടിപടലങ്ങളായി. ഉസ്മാൻ ബിൻ മള്ഗൂൻ (റ) ഒരു സംസാരക്കാരനായിരുന്നു. അദ്ദേഹം കല്ലു ചുമക്കുമ്പോൾ വസ്ത്രത്തിൽ നിന്ന് അകറ്റിപ്പിടിച്ചു. കല്ലു നിലത്തു വച്ച ശേഷം വസ്ത്രമൊക്കെ ഒന്നു കൂടി നോക്കി പൊടിയൊക്കെ തട്ടിക്കളയും. ഇതു കണ്ട അലി (റ) പാടി.

‘ ലാ യസ്തവീ മൻ യഅ്മുറുൽ മസാജിദാ
യദ് അബു ഫീഹാ ഖാഇമൻ വഖാഇദാ
വമൻ യുറാ അനിൽ ഗുബാരി ഹാഇദാ’
‘നിന്നും ഇരുന്നും അധ്വാനിച്ചു പള്ളി നിർമിക്കുന്നവനും പൊടി പുരളും എന്ന് കരുതി മാറിനിൽക്കുന്നവനും തുല്യമാവില്ല’ എന്നതാണ് ഈ വരികളുടെ ഉദ്ദേശ്യം. ഈ വരികൾ കേട്ടതും അമ്മാർ ബിൻ യാസിർ (റ) ഈ വരികൾ ഏറ്റു ചൊല്ലി. ആരെ ഉദ്ദേശിച്ചുകൊണ്ടാണ് അലി (റ) ഇത് പാടിയത് എന്ന കാര്യം അമ്മാർ (റ) ശ്രദ്ധിച്ചിരുന്നില്ല. അങ്ങനെയിരിക്കെ, അമ്മാർ (റ) ഉസ്മാനുബിനു മള്ഗൂനി (റ)ന്റെ അടുത്തു കൂടിക്കടന്നു പോയി. അപ്പോൾ ഉസ്മാൻ (റ) അമ്മാറി (റ)നോട് പറഞ്ഞു. ‘സുമയ്യയുടെ മോനേ, ആരെക്കുറിച്ചാണ് നീ പാടിയതെന്ന് ഞാനറിയത്തില്ലെന്നാണോ?’ അപ്പോഴദ്ദേഹത്തിന്റെ പക്കൽ ഒരു ഈത്തപ്പനക്കമ്പുണ്ടായിരുന്നു. അദ്ദേഹം പറഞ്ഞു, ‘ഇതുകൊണ്ട് ഞാൻ നിങ്ങളുടെ മുഖത്തൊന്നു വച്ചു തരും’. ഇത് നബി ﷺ കേൾക്കാനിടയായി. അവിടുത്തേക്ക് അതിഷ്ടമായില്ല. അവിടുന്ന് ദേഷ്യം പിടിച്ചു. എന്നിട്ട് പറഞ്ഞു, ‘അമ്മാർ എന്റെ പ്രിയക്കാരനാണ്. എൻ്റെ നേത്രങ്ങളുടെയും നാസികയുടെയും ഇടയിലുള്ള ഭാഗമാണ് ; അഥവാ, കണ്ണിലുണ്ണിയാണ്. അതുകൊണ്ട് , ഇപ്പറഞ്ഞത് കുറച്ചധികമായിപ്പോയി’. ശേഷം നബി ﷺ അവിടുത്തെ തൃക്കരം രണ്ട് നേത്രങ്ങൾക്കിടയിൽ വച്ചു. അപ്പോൾ എല്ലാവരും ആദരപൂർവം അമ്മാറി (റ)ന്റെ പരിസരത്ത് നിന്ന് വിട്ടുനിന്നു. എന്നിട്ടവർ പറഞ്ഞു, ‘അല്ലയോ , അമ്മാറേ !(റ) നിങ്ങളുടെ കാര്യത്തിൽ നബി ﷺ ഞങ്ങളോട് ദേഷ്യം പിടിച്ചു പോയല്ലോ! വല്ല ആയത്തും ഈ വിഷയികമായി അവതരിക്കുമോ എന്ന് ഞങ്ങൾ പേടിച്ചുപോയി’. അമ്മാർ (റ) പറഞ്ഞു എനിക്ക് വേണ്ടി ദേഷ്യം പിടിച്ച നബി ﷺ യെ ഞാൻ തന്നെ സന്തോഷിപ്പിക്കാം’. എന്നിട്ടദ്ദേഹം നബി ﷺ യോട്‌ ചോദിച്ചു, ‘അല്ലാഹുവിന്റെ ദൂതരേ, ﷺ ഞാനും അവിടുത്തെ സ്വഹാബികളും തമ്മിലെന്താ പ്രശ്നം?’ ഉടനെ അവിടുന്നു ചോദിച്ചു; ‘നിങ്ങളും അവരും തമ്മിലെന്താ പ്രശ്നം?’ ‘അവരെന്നെക്കൊല്ലാൻ ഉദ്ദേശിക്കുകയാണ്! അവരെല്ലാം ഒരു കല്ലു ചുമക്കുകയും എനിക്ക് രണ്ടെണ്ണം വീതം വച്ചു തരികയും ചെയ്യുന്നു’.(രണ്ട് കല്ലെടുത്തതിനാൽ ആരും മരിക്കുകയും ഒന്നും ചെയ്യൂല്ല. മാത്രമല്ല അമ്മാർ നബി ﷺ ക്ക് പകരമാണ് ഒന്ന് കൂടി ഏറ്റുവാങ്ങിയത്. നബി ﷺ യെ ചിരിപ്പിക്കാൻ വേണ്ടിയാണ് അങ്ങനെ പ്രയോഗിച്ചത്) അപ്പോൾ നബി ﷺ പറഞ്ഞു; ‘അവരല്ല കൊല്ലുക. തെമ്മാടികളായ ഒരു സംഘം നിങ്ങളെ കൊല്ലും. നിങ്ങൾ അവരെ സ്വർഗത്തിലേക്ക് ക്ഷണിക്കുമ്പോൾ അവർ നിങ്ങളെ നരകത്തിലേക്കു ക്ഷണിക്കും’.

ഇതൊരു പ്രവചനമായിരുന്നു. ഹിജ്റാബ്ദം മുപ്പത്തിയേഴിന് തന്റെ തൊണ്ണൂറ്റി മൂന്നാം വയസ്സിൽ സ്വാഫീനിൽ വച്ച് അദ്ദേഹം കൊല്ലപ്പെട്ടു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-176/365

ത്വൽഖ് ബിൻ അലി (റ) പറയുന്നു; “നബി ﷺ യും അവിടുത്തോടൊപ്പമുള്ള മുസ്‌ലിംകളും പള്ളിയുടെ പണി നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഞാനടുത്തേക്ക് ചെന്നു. മണ്ണു കുഴച്ച് പാകമാക്കി പടവ് നടത്തുകയായിരുന്നു ഞാൻ. പണിയായുധം വാങ്ങി മണ്ണു കുഴയ്ക്കാൻ തുടങ്ങി. നബി ﷺ എന്നെത്തന്നെ നോക്കി നിന്നു. എന്നിട്ട് പറഞ്ഞു; “ഈ ഹനഫിയ്യ് നന്നായി മണ്ണ് കുഴച്ച് പടവ് നടത്താൻ അറിയുന്ന ആളാണ്. നിങ്ങളുടെ കൂട്ടത്തിൽ നല്ല ദൃഢഗാത്രനും ആരോഗ്യവാനുമാണ് “.

പള്ളിയുടെ നീളവും വീതിയും യഥാക്രമം മുപ്പതും മുപ്പത്തിയഞ്ചും മീറ്ററായിരുന്നു. നബി ﷺ നിർമിച്ച ആദ്യത്തെ നിർമിതിയിൽ മൂന്നു വാതിലുകളായിരുന്നു ഉണ്ടായിരുന്നത്. തെക്ക് ഭാഗത്ത് ‘ബാബുർറഹ്മ:’, പടിഞ്ഞാറു ഭാഗത്ത് ‘ബാബു ജിബ്‌രീൽ’, കിഴക്ക് ഭാഗത്ത് ‘ബാബുന്നിസാഅ് ‘ എന്നിങ്ങനെയായിരുന്നു കവാടങ്ങളുടെ പേരുകൾ.

ഒന്നാം നിർമാണത്തിൻ്റെ ഏഴു വർഷങ്ങൾക്ക് ശേഷം പള്ളിയുടെ നിർമാണ വികസനം നടത്തി.

പളളിയുടെ നിർമാണത്തോടൊപ്പം തന്നെ നബി ﷺ യുടെ ഭവനങ്ങളുടെ നിർമാണവും തുടങ്ങി. പള്ളിയുടെ പരിസരങ്ങളിലായി കാലക്രമേണ ഒൻപത് ഭവനങ്ങൾ നിർമിക്കപ്പെട്ടു. ഓരോ ഭവനവും മുപ്പതോ നാൽപ്പതോ ചതുരശ്ര മീറ്റർ മാത്രമുള്ള കൊച്ചുകൊച്ചു കുടിലുകളായിരുന്നു. റൂമുകൾ എന്നർഥം വരുന്ന ‘ഹുജുറാത്ത് ‘ എന്ന പദമാണ് നബി ﷺ യുടെ ഭവനങ്ങളെ പരാമർശിച്ചുകൊണ്ട് ഖുർആൻ പ്രയോഗിച്ചത്. അബൂ അയ്യൂബിൽ അൻസ്വാരി (റ)യുടെ വീട്ടിൽ നിന്ന് നബി ﷺ താമസം മാറിയത് പള്ളിയുടെ വടക്ക് ഭാഗത്ത് നിർമിക്കപ്പെട്ട ഭവനങ്ങളിലേക്കായിരുന്നു. ആഇശ(റ), സൗദാ(റ) എന്നീ പത്നിമാരുടെ ഭവനങ്ങളായിരുന്നു അവിടെയുണ്ടായിരുന്നത്. പള്ളിയുടേത് പോലെത്തന്നെ ഇഷ്ടികയുടെ ചുമരും ഈത്തപ്പനയോലയുടെ മേൽക്കൂരയുമായിരുന്നു വീടുകൾക്കുണ്ടായിരുന്നത്. സൗദാ (റ)യുടെ വീട്ടിൽത്താമസം തുടങ്ങി ഏറെ കഴിഞ്ഞിട്ടാണ് ആഇശ (റ)യുടെ വീട്ടിൽ താമസം തുടങ്ങിയത്.

പിന്നീട് നബി ﷺ വിവാഹം ചെയ്ത എല്ലാ പത്നിമാർക്കും അതാത് സമയങ്ങളിൽ മുറികൾ നിർമിക്കുകയായിരുന്നു. ഹിജ്‌റ മൂന്നാം കൊല്ലം ഹഫ്സ (റ)യെയും നാലാം കൊല്ലം ഉമ്മുസലമ (റ)യെയും അഞ്ചാം കൊല്ലം സൈനബ് (റ)യെയും ആറാം കൊല്ലം ജുവൈരിയ (റ)യെയും ഉമ്മു ഹബീബ (റ)യെയും ഏഴാം കൊല്ലം സ്വഫിയ്യ (റ)യെയും മൈമുന (റ)യെയും വിവാഹം ചെയ്തു. ഈ ക്രമത്തിൽത്തന്നെയാണ് ഭവനങ്ങൾ നിർമിക്കപ്പെട്ടതും. പള്ളിയുടെ കിഴക്കും വടക്കും ഭാഗങ്ങളിലായിരുന്നു ഈ ഭവനങ്ങളെല്ലാം സ്ഥിതി ചെയ്തിരുന്നത്.

മുഹമ്മദ് ബിൻ ഉമർ അൽ അസ്‌ലമി എന്നവർ പറയുന്നു; “ഹാരിസത് ബിൻ അന്നുഅ്മാൻ എന്നവർക്ക് പള്ളിയുടെ പരിസരത്ത് ഭവനങ്ങളുണ്ടായിരുന്നു. നബി ﷺ യുടെ ജീവിതത്തിലേക്ക് ഓരോ പത്നി കടന്നുവരുമ്പോഴും മഹാനവർകൾ നബി ﷺ ക്ക് സ്വന്തം വീട്ടിൽ നിന്ന് സൗകര്യം ചെയ്തു കൊടുത്തു. കാലക്രമേണ പള്ളിയുടെ പരിസരത്ത് അദ്ദേഹത്തിനുണ്ടായിരുന്ന മുഴുവൻ ഭവനങ്ങളും നബി ﷺ ക്ക് സൗകര്യപ്പെടുത്തിക്കൊടുത്തു.

‘അബ്ദുല്ലാഹിബിന് യസീദ് അൽ ഹുദലി’ എന്നവർ പറയുന്നു. ഉമർ ബിൻ അബ്ദുൽ അസീസ് (റ) എന്നവരുടെ കാലത്ത് വലീദ്ബിൻ അബ്ദുൽ മലികിന്റെ കൽപ്പനപ്രകാരം നബി ﷺ യുടെ ഭാര്യമാരുടെ ഭവനങ്ങൾ പൊളിച്ചുമാറ്റുന്ന നേരത്ത് ഞാൻ നേരിട്ട് സന്നിഹിതനായിരുന്നു. ആ സമയത്ത് ഒൻപത് വീടുകൾ നേരിട്ട് എണ്ണിത്തിട്ടപ്പെടുത്താൻ കഴിഞ്ഞു. ഇഷ്ടികകളും ഇത്തപ്പനത്തടിയും ഓലയും ഉപയോഗിച്ചുള്ള ശേഷിപ്പുകളാണ് കാണാൻ കഴിഞ്ഞത്. ആഇശ ബീവി (റ)യുടെ ഭവനത്തിന്റെയും അസ്മാഅ് ബിൻത് ഹസനി (റ)ന്റെ വീടിന്റെയും ഇടയിലായിരുന്നു ഈ ഭവനങ്ങളെല്ലാം ഉണ്ടായിരുന്നത്.

ഉമ്മുസലമ:(റ)യുടെ ഭവനം മാത്രം പൂർണമായും ഇഷ്ടികകൾ കൊണ്ട് നിർമിക്കപ്പെട്ടതായിരുന്നു. മഹതിയുടെ പൗത്രനോട് അതിനെക്കുറിച്ച് അന്വേഷിച്ചു. അപ്പോൾ അദ്ദേഹം നൽകിയ ഒരു വിശദീകരണം ഇങ്ങനെയായിരുന്നു : “നബി ﷺ ദൗമതുൽ ജൻദൽ സൈനിക നീക്കത്തിന് ശേഷം മടങ്ങിയെത്തിയപ്പോൾ ഉമ്മുസലമയുടെ വീട് ഇഷ്ടിക കൊണ്ട് നവീകരിച്ചത് ശ്രദ്ധിച്ചു. മഹതിയോട് കാര്യമന്വേഷിച്ചു. ജനങ്ങളിൽ നിന്ന് കൂടുതൽ മറ ലഭിക്കാനാണെന്ന് മഹതി വിശദീകരിച്ചു. അപ്പോൾ നബി ﷺ ഇങ്ങനെയൊരു പ്രസ്താവന നടത്തി. “എന്റെ സമുദായം വിനിയോഗിക്കുന്ന ധനത്തിൽ ഏറ്റവും ന്യൂനമായ ധനം കെട്ടിടത്തിന് വേണ്ടി വിനിയോഗിക്കുന്ന ധനമാണ് “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-177/365

നബി ﷺ മദീനയിൽ എത്തിയ ഉടനെ നിർവ്വഹിച്ച ശ്രദ്ദേയമായ കാര്യങ്ങളിൽ ഒന്നാണ് അവിടുത്തെ ആദ്യത്തെ ജുമുഅ: നബി ﷺ മദീനയിൽ എത്തുന്നതിന് മുമ്പ് തന്നെ നബി ﷺ യുടെ നിർദേശ പ്രകാരം ജുമുഅ നടന്നിരുന്നു. മക്കയിൽ അന്ന് ജുമുഅ നിർവഹിക്കാവുന്ന സാഹചര്യം ഉണ്ടായിരുന്നില്ല. ഈ വിഷയികമായി നബി ﷺ മിസ്അബ് ബിൻ ഉമൈർ(റ)ന് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ഒരഭിപ്രായം. അത് പ്രകാരം നാല് റകഅതുള്ള ളുഹ്റ് നിസ്കാരത്തിന് പകരം രണ്ട് റകഅത് നിസ്കാരവും ഖുതുബയും നിർവഹിക്കാൻ ആ കത്തിൽ തന്നെ അറിയിച്ചിരുന്നു.

എന്നാൽ സ്വഹാബികളുടെ ഗവേഷണാടിസ്ഥാനത്തിലാണെന്നാണ് മറ്റൊരഭിപ്രായം. മുഹമ്മദ് ബിൻ സീരീൻ(റ) എന്നവർ നിവേദനം ചെയ്യുന്നു. നബി ﷺ മദീനയിൽ എത്തുന്നതിന് മുമ്പ് തന്നെ മദീനയിൽ ജുമുഅ നിർവഹിച്ചു. അൻസ്വാറുകൾ പറഞ്ഞു. യഹൂദന്മാർക്ക് ഏഴു ദിവസത്തിലൊരിക്കൽ ഒത്തു കൂടാൻ സവിശേഷമായ ഒരു ദിവസവുണ്ട്. നസ്രാണികൾക്കും ആഴ്ചയിൽ പ്രത്യേകം ഒരുമിച്ചു കൂടി പ്രാർത്ഥിക്കുന്ന ഒരു ദിവസമുണ്ട്. വരൂ നമുക്കും ഒരു ദിവസം നിർണയിച്ച് പ്രത്യേക പ്രാർത്ഥന നടത്തി അല്ലാഹുവിനോട് സാമീപ്യം നേടിയെടുക്കാം. അങ്ങനെ അവർ അറൂബ ദിവസം അഥവാ വെള്ളിയാഴ്ച ഒരുമിച്ചു കൂടി ജുമുഅ നിർവഹിച്ചു. ആദ്യമായി ജുമുഅ നടപ്പിലാക്കിയ ആൾ എന്ന വിലാസം അസ്അദ് ബിൻ സുറാറ(റ) എന്ന സ്വഹാബിക്കാണുള്ളത്. അൽബയാള പ്രവിശ്യയിൽ നാല്പത് പേരെ ഒരുമിച്ചു കൂട്ടി മിസ്അബ് ബിൻ ഉമൈറി(റ)ൻ്റെ നേതൃത്വത്തിലായിരുന്നു പ്രസ്തുത ജുമുഅ:. അതിന് ശേഷമാണ് സൂറതുൽ ജുമുഅയിലെ ഒൻപതാമത്തെ സൂക്തം അവതരിച്ചത്. ആശയം ഇങ്ങനെയാണ് “വെള്ളിയാഴ്ച്ച ദിവസം നിസ്കാരത്തിലേക്ക് ക്ഷണിക്കപ്പെട്ടാൽ അല്ലാഹുവിന്റെ സ്മരണയിലേക്ക് അഥവാ ഖുത്ബയിലേക്ക് വേഗം നിങ്ങൾ എത്തിച്ചേരുക.”

അബ്ദുറഹ്മാനുബിനു കഅബ് ബിൻ മാലിക് (റ) പറയുന്നു. വെള്ളിയാഴ്ച ജുമുഅയുടെ വാങ്ക് കേട്ടാൽ എന്റെ ഉപ്പ അസ്അദ് ബിൻ സുറാറ(റ) എന്നവർക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കുമായിരുന്നു. കാഴ്ചയില്ലാത്തപ്പോഴും മുടങ്ങാതെ നിർവഹിക്കുന്ന ഈ പ്രാർത്ഥനയെ കുറിച്ച് ഞാൻ ഉപ്പയോട് ചോദിച്ചു. അവിടുന്ന് പറഞ്ഞു മദീനയിൽ ആദ്യമായി ജുമുഅ നടപ്പിലാക്കിയത് അദ്ദേഹമായിരുന്നു. അതിനാലാണ് ഞാനദ്ദേഹത്തിന് ദുആ ചെയ്തുകൊണ്ടിരിക്കുന്നത്.

നബി ﷺ മദീനയിൽ എത്തിയതിനുശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ച റാനൂനാ താഴ്‌വരയിലെ സാലിം ബിൻ ഔഫിന്റെ വാസസ്ഥലത്ത് ജുമുഅ നിസ്കരിച്ചു. നൂറു അനുയായികളായിരുന്നു ഒപ്പം നിസ്കരിക്കാനുണ്ടായിരുന്നത്. പ്രസ്തുത ജുമുഅയിൽ നബി ﷺ നിർവഹിച്ച ഖുതുബയുടെ സാരം ഇങ്ങനെയാണ്. “(അല്ലാഹുവിനെ സ്തുതിച്ച ശേഷം) ഓ ജനങ്ങളേ! പ്രഥമമായി നിങ്ങള്‍ സംരക്ഷിക്കേണ്ടത് നിങ്ങളെത്തന്നെയാണ്. നിങ്ങളിലൊരാള്‍ മരിച്ചു ചെന്നാല്‍ തന്റെ രക്ഷിതാവിനെ കണ്ടുമുട്ടുകയാണ്. ഒരു ഇടനിലക്കാരനെയോ മൊഴിമാറ്റക്കാരനെയോ അവിടെ ആവശ്യമായി വരുന്നില്ല. അല്ലാഹു ചോദിക്കും. എന്റെ ദൂതന്‍ നിന്റെയടുക്കല്‍ വന്നിരുന്നില്ലയോ? വളരെ കൂടുതലായിട്ടു തന്നെ ധനം നല്‍കിയിട്ടില്ലായിരുന്നോ? പകരം എന്താണ് സന്നിധിയിലേക്ക് കൊണ്ടുവന്നിട്ടുള്ളത്? ആ മനുഷ്യന്‍ വലത്തോട്ട് തിരിയും. പിന്നെ, ഇടത്തോട്ട് തിരിയും. സഹായിയായി ഒരാളെയും അവനവിടെ കാണുകയില്ല. തൊട്ടുമുമ്പില്‍ അവന്‍ കാണുന്നത് നരകമാണ്. ആ നരകത്തില്‍ നിന്ന് ആര്‍ക്കെങ്കിലും രക്ഷ തേടണമെന്നുണ്ടെങ്കില്‍ അവന്‍ സ്വയമത് ചെയ്യട്ടെ, ഒരു കാരക്കച്ചുളയുടെ ചീന്ത് ദാനം ചെയ്തിട്ടെങ്കിലും. ഇനി ദാനം നല്‍കാനായി ഒരാളുടെ കൈയില്‍ ഒന്നുമില്ലെങ്കില്‍ അയാള്‍ നല്ല വാക്കുകള്‍ പറയട്ടെ. കാരണം ഓരോ സദ്പ്രവൃത്തിക്കും അത് അര്‍ഹിക്കുന്നതിലും എത്രയോ അധികമായി പത്ത് മുതല്‍ എഴുനൂറ് ഇരട്ടി പ്രതിഫലമാണ് അല്ലാഹു നല്‍കുന്നത്.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-178/365

മദീനയിൽ പള്ളി നിർമാണത്തിന് ശേഷം നടന്ന സുപ്രധാനമായ ഇടപെടൽ സാഹോദര്യ സംസ്ഥാപനമായിരുന്നു. ലോകചരിത്രത്തിൽത്തന്നെ വേറിട്ടതും തുല്യതയില്ലാത്തതുമായ ഒരു സംഭവമായിരുന്നു ഇത്. കുടുംബ – വൈവാഹിക ബന്ധങ്ങൾക്കെല്ലാം ഉപരിയായി , ആദർശ സാഹോദര്യം സ്ഥാപിക്കുക എന്ന മനോഹരമായ ഒരു ദൗത്യം. മക്കയിൽ നിന്ന് വന്ന മുഹാജിറുകൾക്കും മദീനയിലവരെ സ്വീകരിച്ച അൻസ്വാരികൾക്കുമിടയിലായിരുന്നു ഈ ബന്ധം രൂപപ്പെടുത്തിയത്.

നേരത്തെത്തന്നെ സ്വഹാബികൾക്കിടയിൽ ആദർശത്തിന്റെ പേരിൽ ഗാഢമായ ബന്ധമുള്ള ജോഡികൾ ഉണ്ടായിരുന്നു. അബൂബക്കർ (റ)-ഉമർ (റ);
സൈദു ബിൻഹാരിസ (റ)- ഹംസ(റ);
ഉസ്മാൻ (റ)- അബ്ദുറഹ്മാൻ ബിൻ ഔഫ് (റ);
സുബൈർ ബിൻ അവ്വാം (റ)- ഇബ്നുമസ്ഊദ് (റ);
ഉബൈദത് ബിൻഅൽഹാരിസ് (റ)-ബിലാൽ (റ);
മിസ്അബ് ബിൻ ഉമൈർ (റ)-സഅദ് ബിൻഅബീ വഖാസ് (റ);
ഉബൈദ (റ)-സാലിം (റ); സഅ്ദ് ബിൻ അബീ സൈദ് (റ) – ത്വൽഹത് ബിൻ ഉബൈദില്ലാഹ് (റ) എന്നിവർ ഉദാഹരണങ്ങളാണ്.

എന്നാൽ മദീനയിൽ രൂപപ്പെടുത്തിയ സാഹോദര്യത്തിന് പുതിയ മാനങ്ങൾക്കൂടിയുണ്ടായിരുന്നു. വിശ്വാസ സംരക്ഷണത്തിന് വേണ്ടി സർവതും വിട്ടെറിഞ്ഞുവന്നവരെ സർവസ്വവും നൽകി ഏറ്റെടുക്കുക എന്നതായിരുന്നു ഇപ്പോഴത്തെ സാഹോദര്യത്തിൻ്റെ പൊരുൾ. സൂറതുന്നിസാഇലെ മുപ്പത്തിമൂന്നാം സൂക്തം സൂചിപ്പിക്കുന്നത് പോലെ കുടുംബബന്ധമോ വിവാഹബന്ധമോ ഇല്ലാതെത്തന്നെ സ്വത്തവകാശം കൂടി അവർക്ക് വകവെ ച്ചു നൽകി. ഈ സ്വത്തവകാശ നിയമം തൗറാതിന്റെ വീക്ഷണപ്രകാരം കുറച്ചുകാലം കൂടി തുടർന്നു. അപ്പോഴേക്കും മുഹാജിറുകൾ സ്വയംപര്യാപ്തരായി. തുടർന്നു സൂറതുൽ അൻഫാലിലെ എഴുപത്തിയഞ്ചാം സൂക്തപ്രകാരം അനന്തരാവകാശനിയമം പുനർനിർണയിക്കപ്പെട്ടു.

അനസ് ബിൻ മാലിക് (റ)ന്റെ വീട്ടിൽ വച്ച് നബി ﷺ സാഹോദര്യ സംസ്ഥാപനത്തിന്റെ ഔദ്യോഗികമായ പ്രഖ്യാപനം നടത്തി. അപ്രകാരം സാഹോദര്യനിർണയം നടത്തപ്പെട്ട ചില ജോഡികളെ ഇങ്ങനെ വായിക്കാം : –

അബൂബക്കർ (റ)-ഖാരിജത് ബിൻ സുഹൈർ (റ);
ഉമർ ബിൻ അൽ ഖത്വാബ് (റ)-ഇത്ബാൻ ബിന് മാലിക് (റ);
അബൂ ഉബൈദ ആമിർ ബിൻ അൽ ജർറാഹ് (റ) – സഅ്ദ് ബിൻ മുആദ് (റ);
സുബൈർ ബിൻ അൽ അവ്വാം (റ)-സലാമത്ബിൻ സലാമ: (റ);
ത്വൽഹത് ബിൻ ഉബൈദില്ലാഹ് (റ)-കഅ്ബ് ബിൻ മാലിക് (റ);
മിസ്അബ് ബിൻ ഉമൈർ (റ)-അബൂഅയ്യൂബ് ഖാലിദ്ബിൻ സൈദ് (റ). ഇപ്രകാരം തൊണ്ണൂറ് പേരുടെ ലിസ്റ്റ് സീറാ ഗ്രന്ഥങ്ങളിൽക്കാണാവുന്നതാണ്.

സാഹോദര്യം സ്ഥാപിച്ചവരുടെ ഇടയിൽ യാതൊരു വിവേചനത്തിനും പ്രസക്തിയുണ്ടായിരുന്നില്ല. കറുത്തവർ, വെളുത്തവർ, സമ്പന്നർ, ദരിദ്രർ, കുലീനർ, പാവപ്പെട്ടവർ എന്നിങ്ങനെയുള്ള എല്ലാ മാനദണ്ഡങ്ങൾക്കും അതീതമായിട്ടായിരുന്നു സാഹോദര്യം സ്ഥാപിച്ചത്. അതുപ്രകാരം മക്കയിൽ നിന്നു വന്ന ഒരു കറുത്തയാൾ മദീനയിലെ വെളുത്തയാളുടെ സഹോദരനായി. അങ്ങനെയങ്ങനെ എല്ലാ വേർതിരിവുകളെയും പ്രായോഗികതലത്തിൽ നിഷ്പ്രഭമാക്കി. ഇങ്ങനെ നോക്കുമ്പോൾ | ‘ലോക ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ മാനവികവിപ്ലവം’ – അതായിരുന്നു മദീനയിൽ ആരംഭിച്ചത്.

കേവലം ആലങ്കാരികമോ ഔപചാരികമോ ആയിരുന്നില്ല ഈ കൊള്ളലും കൊടുക്കലും. ഉള്ളറിഞ്ഞ് ഏറ്റെടുക്കുകയും ഹൃദയമറിഞ്ഞ് അലിഞ്ഞു ചേരുകയുമായിരുന്നു. ഒരുദാഹരണം ഇങ്ങനെ വായിക്കാം : “സഹോദര്യ സംസ്ഥാപനപ്രകാരം അബ്ദുറഹിമാൻ ബിൻ ഔഫി (റ)നെ ലഭിച്ചത് സഅ്ദ് ബിൻ റബീഇ (റ)നായിരുന്നു. സഅ്ദ് (റ) ഇബ്ൻ ഔഫി (റ)നോട് പറഞ്ഞു; ‘എന്റെ ആസ്തിയുടെ പകുതിയും നിങ്ങൾക്ക് ഞാൻ നൽകുന്നു. എന്റെ ഭാര്യമാരിൽ നിങ്ങൾക്കിഷ്ടമുള്ളയാളെ ഞാൻ മോചിപ്പിച്ച് നിങ്ങൾക്ക് വിവാഹം ചെയ്തു തരാം’. ഇബ്നു ഔഫ് (റ) മറുപടി പറഞ്ഞു : ‘ഞാൻ നിങ്ങളുടെ വിശാലമനസ്സിനെ മാനിക്കുന്നു. എന്നാൽ, എനിക്കൊരഭ്യർഥനയുണ്ട്. തത്‌ക്കാലം നിങ്ങളുടെ സ്വത്തിന്റെ വിഹിതവും വിവാഹനിർണയവുമൊന്നും വേണ്ട. എനിക്ക് മാർക്കറ്റിലേക്കുള്ള വഴി കാണിച്ചു തന്നാൽ മതി. ഞാൻ കച്ചവടം ചെയ്യാൻ ആഗ്രഹിക്കുന്നു’.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-179/365

സാഹോദര്യ സംസ്ഥാപനത്തിന്റെ ഒടുവിൽ അലി (റ) ചോദിച്ചു; ‘എന്നെ ആരോടൊപ്പമാണ് അവിടുന്ന് ബന്ധം സ്ഥാപിക്കുന്നത്?’ നബിﷺ പ്രതികരിച്ചു , ‘അല്ലയോ, അലീ ! ഇഹലോകത്തും പരലോകത്തും നിങ്ങളുടെ സഹോദരൻ ഞാനാണ് ‘.

ധന്യമായ ഈ സ്നേഹ മുഹൂർത്തത്തെത്തുടർന്ന് അൻസ്വാരികൾ അവരുടെ ആസ്തികളെക്കുറിച്ച് നബിﷺയോട് തുറന്ന് സംസാരിച്ചു. ‘ഇതിൽ എത്രയാണ് ഞാൻ എന്റെ ആദർശ സഹോദരന് നൽകേണ്ടത് ‘ എന്നതായിരുന്നു അവരുടെ താത്പ്പര്യം. അവരുടെ ഹൃദയ വിശാലതയെ നബിﷺ പ്രശംസിച്ചു. മാത്രമല്ല, ‘നിങ്ങളുടെ കൃഷിയിടത്തിൽ അവർക്ക് പങ്കാളിത്തം നൽകേണ്ടെന്നും വരുമാനത്തിൽ നിന്ന് വിഹിതം നൽകിയാൽ മതിയെന്നും’ നബിﷺ വിശദീകരിച്ചു.

‘മക്കയിൽ നിന്ന് വന്നവരും മദീനയിലവരെ സ്വീകരിച്ചവരും തമ്മിൽ എത്രമേൽ മഹത്വമുള്ള ഒരു ഒത്തു ചേരലായിരുന്നു’ എന്ന് വിശുദ്ധ ഖുർആനിൽ ‘അൽ അൻഫാൽ’ എഴുപത്തിരണ്ടാമത്തെ സൂക്തം പരാമർശിക്കുന്നു. ആശയം ഇങ്ങനെ വായിക്കാം : “വിശ്വസിക്കുകയും സ്വദേശം വെടിഞ്ഞ് പലായനം ചെയ്യുകയും തങ്ങളുടെ സ്വത്തുക്കളും ശരീരങ്ങളും കൊണ്ട് അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ സമരത്തില്‍ ഏര്‍പ്പെടുകയും ചെയ്തവരും അവര്‍ക്ക് അഭയം നല്‍കുകയും സഹായിക്കുകയും ചെയ്തവരും തീര്‍ച്ചയായും പരസ്പരം ഉറ്റമിത്രങ്ങളാകുന്നു. വിശ്വസിക്കുകയും എന്നാല്‍ സ്വദേശം വെടിഞ്ഞ് പോകാതിരിക്കുകയും ചെയ്തവരോട് അവര്‍ സ്വദേശം വെടിഞ്ഞ് പോരുന്നത് വരെ നിങ്ങള്‍ക്ക് യാതൊരു സംരക്ഷണ ബാധ്യതയുമില്ല. ഇനി മതകാര്യത്തില്‍ അവര്‍ നിങ്ങളുടെ സഹായം തേടുകയാണെങ്കില്‍ സഹായിക്കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ നിങ്ങളുമായി കരാറില്‍ ഏര്‍ പ്പെട്ടുകഴിയുന്ന ജനതയ്ക്കെതിരെ (നിങ്ങളവരെ സഹായിക്കാന്‍) പാടില്ല. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം കണ്ടറിയുന്നവനാകുന്നു.”

ഇസ്‌ലാമിക നാഗരികതയുടെ മൂലശിലകളായി സ്നേഹവും സാഹോദര്യവും പ്രായോഗികമായി സ്ഥാപിക്കുന്ന നാളുകളായിരുന്നു മദീനയിലെ ആദ്യനാളുകൾ. നബിﷺ മദീനയിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ ഹദീസായി ഗണിക്കപ്പെടുന്നത് ‘അബ്ദുല്ലാഹിബ്നു സലാം എന്നവർ നിവേദനം ചെയ്ത ഹദീസാണ് ‘. അതിലെ പ്രധാന ആശയം ‘സമാധാനത്തിന്റെ സന്ദേശം വ്യാപിപ്പിക്കാനും ജനങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യാനുമാണ് ‘.

ചരിത്രത്തിൽത്തന്നെ അതുല്യമായ ഈ യോജിപ്പിൽപ്പങ്കാളികളായ ‘മുഹാജിറുകളെയും അൻസ്വാരികളെയും’ മൊത്തത്തിലും ഓരോ വിഭാഗത്തെയും പ്രത്യേകവും നബിﷺ പ്രശംസിച്ചിട്ടുണ്ട്. രണ്ടു വിഭാഗക്കാരെയും പൊതുവായി മഹത്വവത്ക്കരിക്കുന്ന ‘സൂറതുത്തൗബ’ -യിലെ നൂറാമത്തെ സൂക്തത്തിൻ്റെ ആശയം ഇങ്ങനെയാണ്. “മുഹാജിറുകളില്‍ നിന്നും അന്‍സ്വാറുകളില്‍ നിന്നും ആദ്യമായി മുന്നോട്ട് വന്നവരും അഥവാ ഇസ്‌ലാം സ്വീകരിച്ചവരും സുകൃതം ചെയ്തുകൊണ്ട് അവരെ പിന്തുടര്‍ന്നവരും ആരോ, അവരെപ്പറ്റി അല്ലാഹു സംതൃപ്തനായിരിക്കുന്നു. അവനെപ്പറ്റി അവരും സംതൃപ്തരായിരിക്കുന്നു. താഴ്ഭാഗത്ത് അരുവികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സ്വര്‍ഗത്തോപ്പുകള്‍ അവര്‍ക്ക് അവന്‍ ഒരുക്കിവയ്ക്കുകയും ചെയ്തിരിക്കുന്നു. എന്നെന്നും അവരതില്‍ നിത്യവാസികളായിരിക്കും. അതത്രെ, മഹത്തായ ഭാഗ്യവും ഉന്നതമായ വിജയവും”.

ചെറിയ ചെറിയ കാരണങ്ങളാൽ പോരടിച്ച ഒരു ജനതയെ ആദർശത്തിന്റെ പൊൻനൂലിൽ കോർത്തുവയ്ക്കാൻ കഴിഞ്ഞ ഒരദ്ഭുത രസതന്ത്രമാണ് ഈ സംഭവങ്ങൾ നമുക്ക് പകർന്നു നൽകുന്നത്. ഇസ്‌ലാമിക സംഹിതയുടെ ഏറ്റവും വലിയ സവിശേഷതയാണ് അനന്തമായ ഒരു പരലോകത്തെക്കൂടി ചേർത്തുകൊണ്ട് കർമങ്ങളെയും ഫലങ്ങളെയും അമരമാക്കുന്നു എന്നത്. ഇപ്രകാരം നബിﷺ സ്ഥാപിച്ച സാഹോദര്യ ബന്ധം സ്വർഗലോകത്തേക്കും നിലനിൽക്കുന്നതാണ്. ഖുർആനിക പാഠങ്ങൾ അതാണല്ലോ ഉദ്ബോധിപ്പിച്ചത്.

മദീന ലോകത്തിന്റെ തലസ്ഥാനമായി പ്രകാശിച്ചു തുടങ്ങുന്നത് തന്നെ, മൂല്യങ്ങളെ മുൻ നിർത്തിയും മാനവികതയെ പരിപാലിച്ചും എക്കാലത്തും പ്രസക്തമായ നിഷ്ടകളെ അവതരിപ്പിച്ചുമാണ് എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് നാം വായിച്ചത്.

ഇനി നമുക്ക് മദീനയിലെ നാൾ വഴികളിലൂടെ തന്നെ സഞ്ചാരം തുടരാം…

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-180/365

മദീനയിലെ ആദ്യനാളുകളിൽ പ്രത്യേകം ഒരു ഓർമപ്പെടുത്തലോ സംവിധാനമോ ഇല്ലാതെത്തന്നെ എല്ലാവരും കൃത്യസമയത്ത് നിസ്ക്കാരത്തിനായി എത്തിച്ചേർന്നിരുന്നു. പില്‍ക്കാലത്തു ജോലിത്തിരക്ക് കാരണവും മറ്റും അറിയാതെ അവര്‍ നിസ്ക്കാരത്തിനു പള്ളിയില്‍ എത്താതെ വരുകയോ സമയം വൈകി എത്തുകയോ പതിവായി. ഇത്തരം ഒരു പ്രശ്നത്തിന് പരിഹാരം കാണാന്‍ നബി ﷺ തങ്ങള്‍ സ്വഹാബികളെ മസ്ജിദുന്നബവിയില്‍ വിളിച്ചു ചേര്‍ത്തു.

“നിസ്ക്കാരത്തിന്റെ സമയം അറിയാതെ മറന്നു പോവുന്നതാണ് പ്രശ്നം” – സ്വഹാബികളില്‍ പലരും അഭിപ്രായപ്പെട്ടു. നിസ്ക്കാരത്തിന്റെ സമയം ആയാല്‍ പള്ളിയിലേക്ക് വിളിക്കാനും ഓർമപ്പെടുത്താനും പലരും പല മാര്‍ഗങ്ങളും അഭിപ്രായപ്പെട്ടു. “ജൂതര്‍ ചെയ്യുന്നപോലെ നമുക്കും നിസ്ക്കാരത്തിന്റെ സമയമായാല്‍ തീ കത്തിക്കാം” – ഒരു വിഭാഗം അഭിപ്രായപ്പെട്ടു. “മണിയടിച്ചു ആളുകളെ നിസ്ക്കാര സമയം അറിയിക്കാം” – മറ്റൊരു വിഭാഗം പറഞ്ഞു. “ഒരാളെപ്പറഞ്ഞയച്ചു എല്ലാവരെയും പള്ളിയിലേക്ക് വിളിപ്പിക്കാം” – ഉമര്‍ (റ) മുന്നോട്ട് വച്ച നിർദ്ദേശം അതായിരുന്നു.

ചര്‍ച്ചകള്‍ക്കൊടുവില്‍ ഉമര്‍ (റ) ന്റെ അഭിപ്രായം അംഗീകരിക്കപ്പെട്ടു. ഈ ചര്‍ച്ചയില്‍ അബ്ദുല്ലാഹിബിനു സൈദ്‌ (റ) വും പങ്കെടുത്തിരുന്നു. രാത്രി എല്ലാവരും വീടുകളിലേക്ക് മടങ്ങി. അബ്ദുല്ലാഹി ബിന്‍ സൈദ്‌ (റ) അപ്പോഴും ഈ ചിന്തയിലായിരുന്നു. എങ്ങനെ ആളുകളെ നിസ്ക്കാരത്തിനു പള്ളിയിലേക്ക് വിളിക്കും? ഇതല്ലാതെ വേറെ വല്ല മാര്‍ഗവുമുണ്ടോ?അബ്ദുല്ലാഹി ബിന്‍ സൈദ്‌ (റ) ഉറങ്ങാന്‍ കിടന്നു. ഉറക്കത്തില്‍ അദ്ദേഹം ഒരു സ്വപ്നം കണ്ടു. പച്ച നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരാള്‍ അദ്ദേഹത്തിനടുത്തു വന്നു. കൈയിൽ ഒരു മണിയും ഉണ്ടായിരുന്നു. “ആ മണി എനിക്ക് വില്‍ക്കാമോ?” – അബ്ദുല്ലാഹിബിന്‍ സൈദ്‌ (റ) ചോദിച്ചു. “നിങ്ങൾക്കെന്തിനാണിത്?” – ആഗതന്‍ തിരിച്ചു ചോദിച്ചു. “ഞങ്ങള്‍ക്ക് നിസ്ക്കാരത്തിനു ആളുകളെ വിളിക്കാനാണ്.” – അബ്ദുല്ലാഹിബിന്‍ സൈദ്‌ (റ) പറഞ്ഞു. “ഞാന്‍ നിങ്ങൾക്ക് അതിനെക്കാൾ നല്ല ഒരുപായം പറഞ്ഞു തരാം. “അല്ലാഹു അക്ബര്‍, അല്ലാഹു അക്ബര്‍………..” – ആഗതന്‍ വാങ്കിന്റെയും ഇഖാമതിന്റെയും മുഴുവന്‍ വാചകങ്ങളും അദ്ദേഹത്തിനു പറഞ്ഞു കൊടുത്തു.

രാവിലെ ഉറക്കമുണര്‍ന്ന അബ്ദുല്ലാഹി ബിന്‍ സൈദ്‌ (റ) പ്രവാചക സന്നിധിയിലെത്തി. പ്രവാചകനോട് ‍ﷺ താന്‍ കണ്ട സ്വപ്നവും സ്വപ്നത്തില്‍ വന്നയാള്‍ പറഞ്ഞു കൊടുത്ത വാക്കുകളും പറഞ്ഞു. സ്വപ്നം സത്യമാണെന്നും അതുകൊണ്ട് നമുക്കത് അംഗീകരിക്കാമെന്നും നബി ﷺ പറഞ്ഞു. ബിലാല്‍ (റ) നു സ്വപ്നത്തില്‍ക്കണ്ട വാക്കുകള്‍ പറഞ്ഞു കൊടുക്കാന്‍ നബി ﷺ തങ്ങള്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ബിലാലി (റ)ന്റെ ശബ്ദത്തിന്റെ മേന്മ പറഞ്ഞുകൊണ്ടായിരുന്നു നിർദേശിച്ചത്. അദ്ദേഹം ബിലാല്‍ (റ) വിന്റെ അടുത്തെത്തി. സ്വപ്നത്തിലെ ആഗതന്‍ പറഞ്ഞു കൊടുത്ത വാക്കുകള്‍ അബ്ദുല്ലാഹി ബിന്‍ സൈദ്‌ (റ) ബിലാലി (റ)ന് പറഞ്ഞു കൊടുത്തു. ബിലാൽ (റ) അതേറ്റു പറഞ്ഞു.

നിസ്ക്കാരത്തിനു സമയമായി. മസ്ജിദുന്നബവിയില്‍ ബിലാല്‍ (റ) ന്‍റെ സുന്ദര ശബ്ദം ഉയര്‍ന്നു. മുസ്‌ലിംകൾ നിസ്ക്കാത്തിനായി മസ്ജിദുന്നബവിയിലേക്ക് നീങ്ങി. അകലെ നിന്നു ഉമര്‍ ബിനുല്‍ ഖത്താബും (റ) ബിലാലി (റ)ന്റെ വാക്കുകള്‍ കേട്ടു. ഇരിക്കുന്നിടത്തു നിന്നും ചാടി എഴുന്നേറ്റു. അദ്ദേഹം മേൽമുണ്ട് ഇഴച്ചുകൊണ്ട് വേഗം പ്രവാചക സന്നിധിയില്‍ വന്നു. “പ്രവാചകരേ, ഞാന്‍ ഇന്നലെ ഒരു സ്വപ്നം കണ്ടു.” – ഉമര്‍ (റ) ആശ്ചര്യപൂർവം താന്‍ കണ്ട സ്വപ്നം വിശദീകരിക്കാന്‍ തുടങ്ങി. പച്ച വസ്ത്രം ധരിച്ച ഒരാള്‍ സ്വപ്നത്തിൽ വന്നതും അദ്ദേഹം തനിക്കു ബിലാല്‍ (റ) വിളിച്ച വാങ്കിലെ വാക്കുകള്‍ പറഞ്ഞു തന്നതും പങ്കുവച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Leave a Reply