The biography of Prophet Muhammad – Month 7

Admin December 28, 2022 No Comments

The biography of Prophet Muhammad – Month 7

Mahabba Campaign Part-181/365

ഇസ്‌ലാമിന്റെ ആദ്യകാലത്ത് ഖിബ്‌ല ഫലസ്തീനിലെ ബൈതുല്‍ മുഖദ്ദസ് ആയിരുന്നു. നബി ﷺ മക്കയിലായിരിക്കെ, ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നിസ്‌ക്കരിച്ചിരുന്നത്. അപ്പോഴും കഅ്ബ നബി ﷺ യുടെ മുന്നില്‍ത്തന്നെയായിരുന്നു. അഥവാ, ബൈതുൽ മുഖദ്ദസിന്റെ ദിശയിലേക്ക് തിരിയുമ്പോഴും കഅ്ബ മുന്നിൽ വരുന്ന രീതിയിലാണ് നിന്നിരുന്നത്. മദീനയിലേക്ക് ഹിജ്‌റ പോയപ്പോഴും ബൈതുല്‍ മുഖദ്ദസ് തന്നെയായിരുന്നു ഖിബ്‌ല. പതിനാറ് മാസത്തിലധികം ഇതേ നില തുടര്‍ന്നു.
നബി ﷺ അവിടുത്തെ പൂര്‍വ പിതാവായ ഇബ്‌റാഹീം നബി (അ)യുടെ ഖിബ്‌ലയായ കഅ്ബയിലേക്കു മാറിക്കിട്ടാന്‍ ഏറെ ഇഷ്ടപ്പെട്ടിരുന്നു. മാത്രമല്ല, യഹൂദികള്‍ നബി ﷺ യെ ഇപ്രകാരം പറഞ്ഞ് പരിഹസിക്കാറുമുണ്ടായിരുന്നു: “മുഹമ്മദ് ﷺ നമ്മളോട് എതിരാകുന്നു. എന്നാല്‍ നമ്മുടെ ഖിബ്‌ലയിലേക്ക് തിരിയുകയും ചെയ്യുന്നു.” അതുകൊണ്ടുതന്നെ കഅ്ബയെ ഖിബ്‌ലയായി ലഭിക്കാൻ നബി ﷺ ധാരാളമായി പ്രാര്‍ഥിക്കാറുണ്ടായിരുന്നു. ഹിജ്‌റ രണ്ടാം വര്‍ഷം റജബിന്റെ പകുതിയില്‍ കഅ്ബയിലേക്ക് ഖിബ്‌ല നിർണയിച്ചു കൊണ്ടുള്ള അല്ലാഹുവിന്റെ കല്‍പ്പനയുണ്ടായി.‏

ഇമാം മുസ്‌ലിം (റ) നിവേദനം ചെയ്യുന്നു. ബര്‍റാഅ്ബിന്‍ ആസിബ് പറഞ്ഞു: “ഞങ്ങള്‍ നബി ﷺ യോടൊപ്പം ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞു പതിനാറോ പതിനേഴോ മാസം നിസ്‌ക്കരിച്ചു. ശേഷം ഞങ്ങള്‍ കഅ്ബയിലേക്ക് തിരിക്കപ്പെട്ടു”
ഇബ്‌നു അബ്ബാസ് (റ) പറയുന്നു: “നബി ﷺ മക്കയിലായിരിക്കെ, ബൈത്തുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞു കൊണ്ടാണ് നിസ്‌ക്കരിച്ചിരുന്നത്. കഅ്ബ നബി ﷺ യുടെ മുമ്പിലായിരുന്നു. മദീനയിലേക്ക് ഹിജ്‌റ പോയതിനു ശേഷം പതിനാറ് മാസം അതേ അവസ്ഥ തുടരുകയും പിന്നീട് കഅ്ബയിലേക്ക് തിരിക്കപ്പെടുകയും ചെയ്തു.
മക്കയിലായിരിക്കെ ബൈതുല്‍ മുഖദ്ദസിലേക്ക് തിരിയുമ്പോള്‍ത്തന്നെ ഇടയില്‍ കഅ്ബയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ രണ്ടു ഖിബ്‌ലയും അന്ന് ലഭിച്ചിരുന്നു. മദീനയില്‍ എത്തിയതിനു ശേഷം രണ്ട് ഖിബ്‌ലയെയും ഒന്നിപ്പിച്ച് നമസ്‌ക്കരിക്കാന്‍ സാധിച്ചില്ല. അതു കൊണ്ടു തന്നെ നബി ﷺ നിരന്തരമായി പ്രാര്‍ഥിക്കുകയും ഖിബ്‌ല മാറ്റത്തില്‍ വഹ്‌യ് വരുന്നതും പ്രതീക്ഷിച്ച് ആകാശത്തേക്ക് നോക്കിക്കൊണ്ടിരിക്കുകയും ചെയ്യാറുണ്ടായിരുന്നു. അങ്ങനെയാണ് അല്ലാഹു സൂറതുൽ ബഖറ: യിലെ നൂറ്റി നാൽപത്തിനാലാം സൂക്തം അവതരിപ്പിക്കുന്നത്:

“നബിയേ, അവിടുത്തെ മുഖം ആകാശത്തേക്ക് തിരിഞ്ഞുകൊണ്ടിരിക്കുന്നത് നാം കാണുന്നുണ്ട്. അതിനാല്‍ തങ്ങൾക്ക് ഇഷ്ടമാകുന്ന ഒരു ഖിബ്‌ലയിലേക്ക് തങ്ങളെ നാം തിരിക്കുകയാണ്. ഇനി മുതൽ അവിടുന്ന് മസ്ജിദുല്‍ ഹറാമിന്റെ നേര്‍ക്ക് തിരിക്കുക. നിങ്ങള്‍ എവിടെയായിരുന്നാലും അതിന്റെ നേര്‍ക്കാണ് മുഖം തിരിക്കേണ്ടത്.”

കഅ്ബയിലേക്ക് ഖിബ്‌ല മാറ്റുവാനുള്ള കല്‍പ്പന ലഭിച്ചതിനുശേഷം ആദ്യമായി നബി ﷺ നിസ്‌ക്കരിച്ചത് അസ്വ്’റ് ആയിരുന്നു. മറ്റ് സ്ഥലങ്ങളിൽ ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞ് നിസ്‌ക്കകരിച്ചുകൊണ്ടിരുന്നവർ, ഖിബ്‌ല മാറ്റത്തെക്കുറിച്ച് അറിവ് ലഭിച്ചപ്പോള്‍ അവരും നിസ്ക്കാരത്തിൽത്തന്നെ കഅ്ബയിലേക്ക് തിരിയുകയുണ്ടായി.
ഇമാം ബുഖാരി (റ) നിവേദനം ചെയ്യുന്ന ഹദീസിൽ ഇങ്ങനെ വായിക്കാം ; ” നബി ﷺ യോടൊപ്പം ഒരാൾ അസ്വ്’ർ നിസ്ക്കരിച്ചു. ശേഷം അയാൾ നടന്ന് അൻസ്വാരികളിപ്പെട്ട ഒരു സംഘത്തിന്റെ അടുത്തെത്തി. അപ്പോൾ അവർ അസ്വ്’ർ നിസ്ക്കരിക്കുകയായിരുന്നു. അദ്ദേഹം പറഞ്ഞു: നബി ﷺ യോടൊപ്പം നിസ്ക്കരിച്ചയാൾ ഇതാ സാക്ഷിയായിരിക്കുന്നു, അവിടുന്ന് കഅ്ബയിലേക്ക്  തിരിഞ്ഞ് നിസ്ക്കാരം നിർവഹിച്ചിരിക്കുന്നു. അങ്ങനെ അവർ അസ്വ്’ർ നിസ്ക്കാരത്തിൽ റുകൂഅ് ചെയ്തുകൊണ്ടിരിക്കെത്തന്നെ കഅ്ബയിലേക്ക്  തിരിഞ്ഞു.

ഖുബാഇലുള്ള ആളുകള്‍ക്ക് ഖിബ്‌ല മാറ്റത്തെക്കുറിച്ച് അറിവ് ലഭിക്കുന്നത് അടുത്ത ദിവസം സ്വുബ്ഹിക്കാണ്. അവരും അപ്രകാരം നമസ്ക്കാരത്തിത്തന്നെ കഅ്ബയിലേക്ക് തിരിഞ്ഞു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-182/365

ഇമാം ബുഖാരി (റ) ഉദ്ധരിക്കുന്നു : “ഇബ്നു ഉമര്‍ (റ) പറഞ്ഞു. ഖുബാഇല്‍ ജനങ്ങള്‍ സുബഹ് നിസ്ക്കരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെയടുത്ത് ഒരാള്‍ വന്നു പറഞ്ഞു; ‘നിശ്ചയം ഇന്നു രാത്രിയില്‍ നബി ﷺ ക്ക്‌ ഖുര്‍ആന്‍ അവതരിപ്പിച്ചപ്പോള്‍ കഅ്ബാലയത്തെ ഖിബ്‌ലയാക്കുവാൻ അഥവാ നിസ്ക്കാരത്തിന്റെ ദിശയാക്കുവാന്‍ നിര്‍ദേശിച്ചിരുന്നു. അപ്പോള്‍ അവര്‍ നിസ്ക്കാരത്തില്‍ത്തന്നെ മക്കയിലേക്ക് തിരിഞ്ഞു. ആദ്യം അവര്‍ ശാമിന്‍റെ നേരെത്തിരിഞ്ഞാണ്‌ നിസ്ക്കരിച്ചിരുന്നത്‌. അങ്ങനെ അവര്‍ കഅ്ബയുടെ നേരെ ചുറ്റിത്തിരിഞ്ഞു’.

ഖിബ്‌ലയുടെ പുനർനിർണയത്തോട് ചേർന്നു നിൽക്കുന്ന ഓർമകളുടെ സങ്കേതമാണ് ‘മസ്ജിദുൽ ഖിബ്‌ലത്തൈനി’ അഥവാ, ഇരട്ടഖിബ്‌ലയുടെ പളളി. ‘മസ്ജിദു ബനീസലമ:’ എന്നും ഇപ്പള്ളിക്ക് പേരുണ്ടായിരുന്നു. നബി ﷺ ബനൂസലമക്കാരുടെ ഈ പള്ളിയിൽ വച്ച് അസ്വറ് അഥവാ സായാഹ്ന നിസ്ക്കാരം നിർവഹിക്കുമ്പോഴാണ് ഖിബ്‌ല നിർണയത്തിന്റെ ഖുർആനിക സൂക്തം അവതരിക്കുന്നത്. പ്രസ്തുത നിസ്ക്കാരത്തിൽത്തന്നെ നബി ﷺ കഅ്ബയിലേക്ക് തിരിഞ്ഞു. അത് പ്രകാരം ‘രണ്ട് ഖിബ്‌ലകളിലേക്കും നിസ്ക്കരിച്ച പള്ളി’ എന്നയർഥത്തിലാണ് ഈ പള്ളി പിന്നീട് ഖിബ്‌ലതൈനി എന്നറിയപ്പെട്ടത്. നൂറ്റാണ്ടുകളോളം ഇവിടെ രണ്ട് മിഹ്റാബുകൾ അഥവാ നിസ്ക്കാരത്തിന് നേതൃത്വം നൽകുന്ന ‘ഇമാമിന് നിൽക്കാൻ വേണ്ടി പ്രത്യേകം നിർമിക്കപ്പെടുന്നയിടം’ ഉണ്ടായിരുന്നു. ഇപ്പോഴവിടെ കഅ്ബയുടെ ഭാഗത്ത് മിഹ്റാബും പഴയ ഖിബ്‌ലയുടെ ഭാഗത്ത് നിസ്‌ക്കാരപ്പടത്തിൻ്റെ അഥവാ മുസ്വല്ലയുടെ ഒരു ചിത്രവും മുദ്രണം ചെയ്തതായിക്കാണുന്നുണ്ട്.

ബനൂ സലമ: ഗോത്രത്തിലെ ഉമ്മുബശീർ എന്നവരുടെ ക്ഷണം സ്വീകരിച്ച് സത്ക്കാരത്തിന് വന്ന വേളയിലായിരുന്നു അന്ന് നബി ﷺ അവിടെ നിസ്ക്കരിച്ചത്. അത് ളുഹ്റ് നിസ്ക്കാരം അഥവാ മധ്യാഹ്ന നേരത്തുള്ള നിസ്ക്കാരമായിരുന്നു എന്ന ഒരഭിപ്രായം ഉസ്മാൻ ബിന് മുഹമ്മദ് പറഞ്ഞതായി ഇബ്നുന്നജ്ജാർ ഉദ്ധരിച്ചിട്ടുണ്ട്.

നബി ﷺ നിസ്ക്കരിച്ച സ്ഥലമായി അറിയപ്പെട്ട സ്ഥലം എന്ന പരിഗണനയിൽ പ്രമുഖ സ്വഹാബിയായ ഇബ്ൻ ഉമർ (റ) ഇടയ്ക്കിടെ അവിടെപ്പോയി നിസ്ക്കരിക്കുമായിരുന്നു. ഇന്നും മദീനയിൽ വരുന്ന തീർഥാടകരെല്ലാം ഈ പള്ളി സന്ദർശിക്കുകയും അവിടെ നിസ്ക്കരിക്കുകയും ചെയ്യുന്നു.

അഞ്ചാം ഖലീഫ എന്നറിയപ്പെടുന്ന ഉമർ ബിൻ അബ്ദുൽ അസീസി (റ)ന്റെ കാലത്തും ശേഷം വിവിധ ഘട്ടങ്ങളിലും ഈ പള്ളി വികസിപ്പിക്കുകയും പുനർ നിർമിക്കുകയും ചെയ്തിട്ടുണ്ട്. ആയിരത്തിത്തൊള്ളായിരത്തി മുപ്പത്തിയൊന്നിൽ അബ്ദുൽ അസീസ് രാജാവിന്റെയും ആയിരത്തിത്തൊള്ളായിരത്തി എൺപത്തിയേഴിൽ ഫഹദ് രാജാവിന്റെയും വികസനങ്ങൾ സുപ്രധാനമാണ്. പഴയ കാലത്ത് നാനൂറ്റി ഇരുപത്തിയഞ്ച് ചതുരശ്രമീറ്റർ മാത്രമുണ്ടായിരുന്ന പള്ളിക്ക് ഇപ്പോൾ അകത്തും മുറ്റത്തുമായി രണ്ടായിരത്തിലേറെയാളുകൾക്ക് നിസ്ക്കരിക്കാൻ സൗകര്യമുണ്ട്.

ഖിബ്‌ല മാറ്റം സംഭവിച്ചതിനു ശേഷം സത്യനിഷേധികളും കപട വിശ്വാസികളും ജൂതന്മാരും ‘നിങ്ങള്‍ നിലവിലുണ്ടായിരുന്ന ഖിബ്‌ലയില്‍ നിന്നും എന്തു കൊണ്ടാണ് മാറിയത് ?’ എന്ന് ചോദിക്കുമെന്ന് അല്ലാഹു നബി ﷺ യെ അറിയിച്ചു. സൂറത്തുൽ ബഖറ: -യിലെ നൂറ്റി നാൽപ്പത്തിരണ്ടാമത്തെ സൂക്തത്തിന്റെ ആശയം ഇങ്ങനെയാണ് :
‘ഇവര്‍ ഇതുവരെ(നിസ്ക്കാരത്തിൽ) തിരിഞ്ഞുനിന്നിരുന്ന ഭാഗത്ത് നിന്ന് ഇവരെ മാറ്റിച്ച കാരണമെന്താണെന്ന് മൂഢന്‍മാരായ ആളുകള്‍ ചോദിച്ചേക്കും. (നബിയേ) പറയുക: അല്ലാഹുവിന്റേത് തന്നെയാണ് കിഴക്കും പടിഞ്ഞാറുമെല്ലാം. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു’

അല്ലാഹു പറഞ്ഞതുപോലെത്തന്നെ സംഭവിച്ചു. ഖിബ്‌ല മാറ്റം സംഭവിച്ചതോടുകൂടി പല തരത്തിലുള്ള സംസാരങ്ങൾ പറഞ്ഞു തുടങ്ങി. മുസ്‌ലിംകൾ പറഞ്ഞു: “ഞങ്ങളിതാ കേട്ടിരിക്കുന്നു. ഞങ്ങള്‍ അനുസരിക്കുകയും ചെയ്തിരിക്കുന്നു.” അവരാണ് അല്ലാഹുവില്‍ നിന്നുമുള്ള നേര്‍മാര്‍ഗം ലഭിച്ചവര്‍.
എന്നാല്‍ മുശ്‌രിക്കുകള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു: “മുഹമ്മദ് ﷺ നമ്മുടെ ഖിബ്‌ലയിലേക്ക് മടങ്ങിയത് പോലെ നമ്മുടെ പഴയ മതത്തിലേക്കും അവർ മടങ്ങും എന്നാണ് തോന്നുന്നത്. നമ്മുടെ ഖിബ്‌ലയാണ് സത്യം എന്നതുകൊണ്ട് തന്നെയാണ് മുഹമ്മദ് ﷺ അതിലേക്ക് മടങ്ങിയത്.”
ജൂതന്‍മാര്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു : “മുഹമ്മദ് നബി ﷺ മുമ്പ് കഴിഞ്ഞുപോയ പ്രവാചകന്‍മാരുടെ ഖിബ്‌ലയില്‍ നിന്നും മാറിയിരിക്കുന്നു. മുഹമ്മദ് ﷺ യഥാര്‍ഥ നബിയായിരുന്നുവെങ്കില്‍, മുന്‍കഴിഞ്ഞ നബിമാരുടെ ഖിബ്‌ലയിലേക്ക് തിരിഞ്ഞുകൊണ്ടായിരുന്നു നിസ്‌ക്കരിക്കേണ്ടിയിരുന്നത്.”

കപട വിശ്വാസികള്‍ പറഞ്ഞത് ഇപ്രകാരമായിരുന്നു : “എവിടേക്ക് തിരിഞ്ഞു കൊണ്ടാണ് നിസ്‌ക്കരിക്കേണ്ടത് എന്നു തന്നെ മുഹമ്മദ് നബി ﷺ ക്ക് അറിയുകയില്ല. ആദ്യം തിരിഞ്ഞിരുന്ന ഭാഗമാണ് ശരിയെങ്കില്‍ ആ ശരി ഇപ്പോള്‍ മുഹമ്മദ് നബി ﷺ ഉപേക്ഷിച്ചു. ഇനി അതല്ല, ഇപ്പോള്‍ത്തിരിഞ്ഞ ഖിബ്‌ലയാണ് ശരിയെങ്കില്‍ ആദ്യം മുഹമ്മദ് നബി അസത്യത്തിലായിരുന്നു.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-183/365

മൊത്തത്തിൽപ്പറഞ്ഞാൽ ഖിബ്‌ല മാറ്റിയത് നിമിത്തം മതത്തിന്റെ അടിത്തറ തന്നെ പൊളിഞ്ഞുപോയതായി ശത്രുക്കള്‍ ആരോപിച്ചുകൊണ്ടിരുന്നു. ഈ ആരോപണങ്ങളെക്കുറിച്ചോ, അവയുടെ വക്താക്കളെക്കുറിച്ചോ ഒരു വിശദീകരണവും ഖുർആൻ പറഞ്ഞില്ല. മറിച്ച് അതിനെല്ലാം മറുപടിയാകുന്ന ഒരു വാചകം കൊണ്ട് ഒരുമിച്ചു മറുപടി നൽകി . കിഴക്കും പടിഞ്ഞാറുമെല്ലാം അഥവാ, എല്ലാ ദിശകളും  അല്ലാഹുവിനുള്ളതാണ്. ഏതെങ്കിലും ഒരു നിശ്ചിത സ്ഥാനം ഖിബ്‌ലയാക്കി ആ ഭാഗത്തേക്ക് തിരിയുവാന്‍ അവന്‍ കല്‍പ്പിച്ചാല്‍ അങ്ങോട്ട് തിരിയണമെന്നല്ലാതെ ഇന്നഭാഗത്തേക്ക് തന്നെ തിരിയേണ്ടത് അനിവാര്യമാണെന്ന് കൽപ്പിക്കേണ്ട പ്രത്യേകത ഒരു ദിശയ്ക്കുമില്ല.

ആരോപണങ്ങൾ പലദിശയിൽ നിന്നുമുയർന്നപ്പോൾ ദുർബലരായ വിശ്വാസികളിൽച്ചിലർക്ക് ആശങ്കകൾ ഉയർന്നു. ചിലർ ഇങ്ങനെ പറയാൻ തുടങ്ങി. “നമ്മള്‍ ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞു നിര്‍വഹിച്ച നിസ്‌ക്കാരത്തിന്റെ അവസ്ഥയെന്താണ്? ബൈതുല്‍ മുഖദ്ദസിലേക്ക് തിരിഞ്ഞു കൊണ്ട് നിസ്‌ക്കരിച്ച് നമ്മില്‍ നിന്നും മരണപ്പെട്ടുപോയ ആളുകളുടെ അവസ്ഥ എന്താണ്?” അപ്പോള്‍ സൂറതുൽ ബഖറയിലെ നൂറ്റിനാൽപ്പത്തിമൂന്നാമത്തെ സൂക്തം അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം. “അപ്രകാരം നാം നിങ്ങളെ ഒരുത്തമ സമുദായമാക്കിയിരിക്കുന്നു, നിങ്ങള്‍ ജനങ്ങള്‍ക്ക് സാക്ഷികളായിരിക്കുവാനും റസൂല്‍ നിങ്ങള്‍ക്ക് സാക്ഷിയായിരിക്കുവാനും വേണ്ടി. റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു തങ്ങൾ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ്‌ലയായി നിശ്ചയിച്ചത്. അല്ലാഹു നേര്‍വഴിയിലാക്കിയവരൊഴിച്ച് മറ്റെല്ലാവര്‍ക്കും അത് (ഖിബ്‌ല മാറ്റം) ഒരു വലിയ പ്രശ്‌നമായിത്തീര്‍ന്നിരിക്കുന്നു. അല്ലാഹു നിങ്ങളുടെ വിശ്വാസത്തെ പാഴാക്കിക്കളയുന്നതല്ല. തീര്‍ച്ചയായും അല്ലാഹു മനുഷ്യരോട് അത്യധികം ദയയുള്ളവനും കരുണാനിധിയുമാകുന്നു.”

ആദ്യം ബൈതുല്‍ മുഖദ്ദസിനെ ഖിബ്‌ലയായി നിശ്ചയിച്ചതിലും ശേഷം അത് കഅ്ബയിലേക്ക് മാറ്റിയതിലും വലിയ തത്ത്വങ്ങൾ അടങ്ങിയിട്ടുണ്ട്. ഒരേ സമയം മുസ്‌ലിംകള്‍ക്കും ജൂതന്മാര്‍ക്കും കപട വിശ്വാസികള്‍ക്കും അതൊരു പരീക്ഷണമായിരുന്നു. നല്ലതില്‍ നിന്ന് ചീത്തയെ വേര്‍തിരിക്കുവാനും മുഹമ്മദ് നബി ﷺ യെ വേണ്ട വിധത്തിൽ പിൻപറ്റുന്നവർ ആരാണ് എന്ന് അറിയുവാനും തന്റെയടിമകളില്‍ അല്ലാഹു നടത്തിയ പരീക്ഷണമായിരുന്നു അത്.

നബി ﷺ യുടെ കല്‍പ്പനകള്‍ അക്ഷരംപ്രതി സ്വീകരിക്കേണ്ടതുണ്ടെന്ന് ജനങ്ങളെ ഉദ്ബോധിപ്പിക്കുക എന്നത് ഈ നിയമം നടപ്പിലാക്കുന്നതിലൂടെ അല്ലാഹു ഉദ്ദേശിച്ചിരിക്കുന്നു. കാരണം, ശത്രുക്കളുടെ ജല്പനങ്ങള്‍ അത്രമേല്‍ ശക്തമായിരുന്നു. മുഹമ്മദ് ﷺ ന്റെ മതം അല്ലാഹു ഇറക്കിയതല്ലെന്നും സ്വയം നിര്‍മിച്ചെടുത്തതാണെന്നും അതിനാലാണ് സ്ഥിരതയില്ലാതെ അങ്ങോട്ടുമിങ്ങോട്ടും മാറ്റക്കളിക്കുന്നതെന്നും അവന്റെ കൂടെക്കൂടിയവര്‍ക്ക് നഷ്ടമാണ് സംഭവിക്കുക എന്നുമൊക്കെയായിരുന്നല്ലോ പ്രചാരണം. ഈ ദുഷ്പ്രചാരണത്തില്‍ ചിലര്‍ പെട്ടുപോകുകയും ഇസ്‌ലാമില്‍നിന്ന് പുറത്തുപോകുകയും ചെയ്തു. ഇത്തരമൊരു ഘട്ടത്തിൽ ഉറച്ചു നിൽക്കണമെങ്കിൽ ദൃഢമായ വിശ്വാസം ആവശ്യമായിരുന്നു. അത് തിരിച്ചറിയാനുള്ള ഒരു ഘട്ടമായിരുന്നു ഇത്.

ഖിബ്‌ലമാറ്റ സംഭവത്തിൽ നിന്നും  സത്യവിശ്വാസികള്‍ക്ക് പല പാഠങ്ങളുമുണ്ട്. അവയിൽ ചിലത് താഴെ സൂചിപ്പിക്കുന്നു.

ഒന്ന്: ഒരു പ്രത്യേക ദിശ ഖിബ്‌ലയാക്കി നിശ്ചയിക്കപ്പെടുന്നത് അല്ലാഹു ആ ഭാഗത്തായത് കൊണ്ടോ, ആ ഭാഗത്തോട് അവന് പ്രത്യേക ബന്ധമുള്ളതുകൊണ്ടോ അല്ല. സമുദായത്തിന്റെ ഏകീകരണം, സൗകര്യം തുടങ്ങിയ കാരണങ്ങളാൽ മാത്രമാണ്. അൽ ബഖറ: അധ്യായത്തിലെ നൂറ്റി നാൽപ്പത്തി രണ്ടാം സൂക്തത്തിന്റെ ആശയം ഇങ്ങനെയാണ് : ‘(നബിയേ), പറയുക: കിഴക്കും പടിഞ്ഞാറുമെല്ലാം അല്ലാഹുവിന്റേത് തന്നെയാണ്. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ നേരായ മാര്‍ഗത്തിലേക്ക് നയിക്കുന്നു.’ നൂറ്റിപ്പതിനഞ്ചാമത്തെ സൂക്തത്തിൻ്റെ ആശയം കൂടി നമുക്ക് വായിക്കാം. ‘കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റേത് തന്നെയാകുന്നു. നിങ്ങള്‍ എവിടേക്ക് തിരിഞ്ഞുനിന്ന് പ്രാര്‍ഥിച്ചാലും അവിടെ അല്ലാഹുവിനെ അഭിമുഖീകരിക്കാൻ കഴിയും. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും സര്‍വജ്ഞനുമാകുന്നു.’

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-184/365

രണ്ട്: അല്ലാഹുവും അവന്റെ റസൂലും ﷺ ഒരു കാര്യത്തില്‍ തീരുമാനമെടുത്താൽ അതിന് സമ്പൂർണ്ണമായി വിധേയപ്പെടാൻ സത്യവിശ്വാസികൾക്ക് കഴിയണം. അല്ലാഹുവും അവന്റെ റസൂലും ﷺ കൽപ്പിച്ചത് ചോദ്യം ചെയ്യുകയോ വിമര്‍ശിക്കുകയോ ചെയ്യാതെ സ്വീകരിക്കുകയാണ് വിശ്വാസികളുടെ കടമ. അല്ലാത്തവരുടെ വിശ്വാസം യഥാര്‍ത്ഥ വിശ്വാസമായിരിക്കുകയില്ല. സൂറതുൽ അഹ്സാബിലെ മുപ്പത്തിയാറാമത്തെ സൂക്തത്തിന്റെ ആശയം ഇങ്ങനെ വായിക്കാം “അല്ലാഹുവും അവന്‍റെ റസൂലും ഒരു കാര്യത്തില്‍ തീരുമാനമെടുത്ത് കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനോ സ്ത്രീക്കോ തങ്ങളുടെ കാര്യത്തെ സംബന്ധിച്ച് സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലാഹുവിനേയും അവന്‍റെ ദൂതനെയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായും വഴിപിഴച്ചുപോയിരിക്കുന്നു” അന്നൂർ അധ്യായത്തിലെ അൻപത്തി ഒന്നാമത്തെ സൂക്തത്തിൻ്റെ ആശയം കൂടി ഒന്നു ശ്രദ്ധിച്ചു നോക്കൂ. “തങ്ങള്‍ക്കിടയില്‍(റസൂൽ) തീര്‍പ്പുകല്‍പിക്കുന്നതിനായി അല്ലാഹുവിലേക്കും റസൂലിലേക്കും വിളിക്കപ്പെട്ടാല്‍ സത്യവിശ്വാസികൾ ഞങ്ങള്‍ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു എന്ന് പറയും. അവര്‍ തന്നെയാണ് വിജയികള്‍”

മൂന്ന്: ഖുർആനല്ലാതെയും നബി ﷺ ക്ക് അല്ലാഹുവിൽ നിന്ന് വഹ്‌യ്‌ ലഭിക്കുന്നതാണെന്ന് ഈ സംഭവം ബോധ്യപ്പെടുത്തുന്നു. അൽ ബഖറയിലെ നൂറ്റിനാൽപത്തിമൂന്നാം വചനത്തിൽ “റസൂലിനെ പിന്‍പറ്റുന്നതാരൊക്കെയെന്നും പിന്‍മാറിക്കളയുന്നതാരൊക്കെയെന്നും തിരിച്ചറിയുവാന്‍ വേണ്ടി മാത്രമായിരുന്നു തങ്ങൾ ഇതുവരെ തിരിഞ്ഞു നിന്നിരുന്ന ഭാഗത്തെ നാം ഖിബ്‌ലയായി നിശ്ചയിച്ചത്” എന്നാണ് പറഞ്ഞിട്ടുള്ളത്. അതായത് ബൈത്തുൽ മുഖദ്ദസിനെ ഖിബ്‌ലയാക്കാൻ അല്ലാഹുവിന്റെ കൽപ്പനയുണ്ടായിരുന്നു എന്ന് സാരം. എന്നാൽ ഇത്തരമൊരു കൽപ്പന ഖുർആനിലില്ല. അപ്പോൾ ഖുർആനല്ലാതെയും നബി ﷺ ക്ക് അല്ലാഹുവിൽ നിന്ന് സന്ദേശം ലഭിക്കാറുണ്ടായിരുന്നു. ഇമാം അബൂദാവൂദ്(റ) നിവേദനം ചെയ്യുന്ന ഹദീസിന്റെ ആശയം കൂടി നോക്കൂ. മിഖ്ദാമി ബ്നു മഅ്ദീകരിബ പറയുന്നു. നബി ﷺ പറഞ്ഞു: അറിയുക, നിശ്ചയം! എനിക്ക് കിതാബും (ഖുര്‍ആന്‍) അതിന്റെ കൂടെ അത് പോലുള്ളതും നല്‍കപ്പെട്ടിരിക്കുന്നു.

നാല്: അല്ലാഹു അവന്റെ ഹബീബിന്റെ ഇഷ്ടത്തെയും താത്പര്യത്തെയും എത്രമേൽ പരിഗണിക്കുന്നു എന്നതിന്റെ പ്രമാണമാണിത്. ‘ഖിബ്‌ലതൻ തർളാഹാ…’ എന്ന പ്രയോഗം അത് വ്യക്തമാക്കുന്നു. നിസ്കാരം അല്ലാഹുവിന് തൃപ്തിക്ക് വേണ്ടി മാത്രമായി നിർവഹിക്കപ്പെടേണ്ട ആരാധനയാണ്. യഥാർത്ഥത്തിൽ അതിന്റെ ദിശ നിർണ്ണയിക്കേണ്ടത് അവന്റെ മാത്രം താത്പര്യത്തിലും അധികാരത്തിലുമാണ്. എന്നാൽ അല്ലാഹു അവന്റെ ഹബീബി ﷺ ന്റെ മുഖഭാവവും താത്പര്യവും പരിഗണിച്ചാണ് ദിശ നിർണയിച്ചത്. അല്ലാഹു മുത്ത് നബി ﷺ ക്ക് നൽകിയ സ്ഥാനമഹത്വത്തിൻ്റെ നിദർശനം കൂടിയാണ് ഈ സംഭവം.

ഈ ആശയതലത്തെ ഉപജീവിച്ചു കൊണ്ട് ‘ഖിബ്‌ലയുടെ ഖിബ്‌ല’ എന്ന് നബി ﷺ യെ കുറിച്ച് പ്രയോഗിക്കാറുണ്ട്. മദീനയിൽ ചെന്ന് നബി ﷺ യെ അഭിവാദ്യം ചെയ്തശേഷം അല്ലാഹുവിനോട് ദുആ ചെയ്യുന്ന സമയത്ത് കഅബക്ക് നേരെയാണോ നബി ﷺ ക്ക് അഭിമുഖമായിട്ടാണോ എന്ന ഒരു ചർച്ചയുണ്ട്. ഇമാം മാലിക്(റ) അടക്കമുള്ള മഹത്തുക്കൾ നബി ﷺ ക്ക് നേരെ എന്നാണ് അഭിപ്രായപ്പെട്ടത്. യഥാർത്ഥത്തിൽ പ്രസ്തുത ചോദ്യത്തെ ഇങ്ങനെ വായിച്ചാൽ പ്രശ്നം തീർന്നു. അല്ലാഹുവിന്റെ ഭവനത്തിന് നേരേ തിരിയേണമോ? അതല്ല ആ വിശുദ്ധ ഭവനത്തേക്കാൾ മഹത്വമുള്ള, അതോടൊപ്പം ഭവനത്തിന്റെ മഹത്വം നമുക്ക് പഠിപ്പിച്ചു തന്ന അല്ലാഹുവിന്റെ ഹബീബി ﷺ ലേക്ക് തിരിയേണമോ? വിശുദ്ധ കഅബാലയത്തിന്റെ അർദ്ധവൃത്താകൃതിയിൽ മിഹ്റാബ് പോലെയുള്ള ഭാഗം മദീനയുടെ ദിശയിലേക്കാണ് എന്നത് കൗതുകകരമായ ഒരു കാഴ്ചയാണ്. ഏതായാലും നബി ﷺ യെ സന്ദർശിക്കുമ്പോൾ കഅബയിലേക്ക് തന്നെ തിരിയണം അല്ലാത്തപക്ഷം അതപരാധമാണ് എന്ന വാദം പ്രാമാണികമല്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-185/365

മുത്ത് നബി ﷺ മദീനയിലെ ആഭ്യന്തര സജ്ജീകരണങ്ങൾ ക്രമാനുഗതമായി ചിട്ടപ്പെടുത്തി. മക്കയിൽ നിന്നു വന്ന ഏകദേശം നൂറ്റിയെൺപതോളം കുടുംബങ്ങളെ വ്യവസ്ഥാപിതമായി മദീനയിലെ കുടുംബങ്ങളുമായി സമന്വയിപ്പിച്ചു. അതോടെ മദീന പ്രവേശത്തിന്റെ ഒന്നാംവർഷം തന്നെ നാനൂറോളം കുടുംബനാഥന്മാർ ഇസ്‌ലാം വ്യവസ്ഥിതിയുടെ സാമൂഹിക ഗാത്രത്തിൽ അംഗങ്ങളായിക്കഴിഞ്ഞു. അന്നത്തെ ആകെ ജനസംഖ്യയുടെ ഒരു പ്രാഥമിക ചിത്രം പകർന്നു തരുന്ന നിവേദനം ഇപ്രകാരം വായിക്കാം : “ഹുദൈഫത്തുബിനുൽ യമാൻ പറയുന്നു; ഇസ്‌ലാം അംഗീകരിച്ചയാളുടെ പേരുകൾ എഴുതിത്തരാൻ നബി ﷺ ഞങ്ങളോട് ആവശ്യപ്പെട്ടു. അന്ന് ഞങ്ങൾ ആയിരത്തിയഞ്ഞൂറ് വ്യക്തികളുടെ പേരുകൾ എഴുതിക്കൊടുത്തു. ‘ഇസ്‌ലാം സമൂഹത്തിലെ ആദ്യത്തെ സെൻസസ് ‘ – ആയി ഗണിക്കാവുന്നതായിരുന്നു ഈ ദൗത്യം.

നബി ﷺ യുടെ ആഗമന കാലത്തും പ്രവർത്തന കാലത്തും വിയോഗ കാലത്തും മദീനയിൽ ജൂതന്മാരുണ്ടായിരുന്നു. അവരോടുള്ള സഹവാസങ്ങൾക്കും സഹകരണങ്ങൾക്കും വ്യക്തമായ കാഴ്ചപ്പാടുണ്ടായിരുന്നു ഇസ്‌ലാമിന്.

മദീനയിലെ ജൂതന്മാര്‍ മുഖ്യമായും ബനൂ ഖൈനുഖാഅ്, ബനൂനളീര്‍, ബനൂ ഖുറൈള എന്നിങ്ങനെ മൂന്ന് ഗോത്രങ്ങളായിരുന്നു. ഇതില്‍ ആദ്യ ഗോത്രം മദീനയിലെ അടിസ്ഥാന ഗോത്രമായ ഖസ്‌റജികളുമായും മൂന്നാമത്തെ ഗോത്രം ഔസികളുമായും സഖ്യം ഉണ്ടാക്കിയിരുന്നു. ഔസും ഖസ്റജും ഗോത്രങ്ങൾ തമ്മിൽ പോരടിച്ചിരുന്നത് പോലെ ജൂതന്മാര്‍ തമ്മില്‍ത്തമ്മിലും ആഭ്യന്തര യുദ്ധങ്ങള്‍ നടന്നിട്ടുണ്ടാവണം. അതുകൊണ്ടാവുമല്ലോ പരസ്പരം ശത്രുത പുലര്‍ത്തുന്ന രണ്ട് അറബ് ഗോത്രങ്ങളുമായി അവര്‍ സഖ്യമുണ്ടാക്കിയത്. ഭാഷാപരമായിപ്പറഞ്ഞാല്‍, ‘ഖൈനുഖാഅ്’ എന്ന വാക്കിന്റെ അര്‍ഥം സ്വര്‍ണപ്പണിക്കാരന്‍ എന്നാണ്. ‘നളീര്‍’ എന്നാല്‍ ഇലകളുടെ പ്രസാദാത്മകത അഥവാ കാർഷികവൃത്തിയെ ഉണർത്തുന്ന പേരായിരുന്നു. ‘ഖുറൈള’ എന്നത് തോല് ഊറക്കിടുന്നവര്‍ ഉപയോഗിക്കുന്ന ഒരുതരം സസ്യമാണ്. ഈ പേരുകള്‍ ഈ ഗോത്രങ്ങളുടെ മുഖ്യതൊഴിലുകളിലേക്ക് സൂചന നല്‍കുന്നുണ്ടെന്ന് അനുമാനിക്കാവുന്നതാണ്. ഏറ്റവും ചുരുങ്ങിയത് മദീനാ പലായനം നടക്കുമ്പോഴെങ്കിലും ഇതായിരിക്കാം അവസ്ഥ. ഒപ്പം ഈ ജൂത ഗോത്രങ്ങള്‍ കച്ചവടക്കാരുമായിരുന്നതിനാല്‍ ഭക്ഷണ സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് വില്‍പ്പന നടത്തിയിരുന്നു. ബാങ്കര്‍മാരായും അവര്‍ പ്രവര്‍ത്തിച്ചിരുന്നു.

ആപേക്ഷികമായി, കുറഞ്ഞ തോതിൽ മദീനയിൽ ക്രിസ്ത്യാനികളുമുണ്ടായിരുന്നു. ഔസ് ഗോത്രക്കാരനായ അബൂ ആമിര്‍ എന്നൊരാള്‍ ക്രിസ്തുമതം സ്വീകരിച്ച് പുരോഹിതനായെന്ന് പറയപ്പെടുന്നുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ മകന്‍ ഹന്‍ളല: അടിയുറച്ച മുസ്‌ലിമായിരുന്നു. ഉഹുദ് യുദ്ധത്തില്‍ രക്തസാക്ഷിയായ അദ്ദേഹത്തിന് ‘മലക്കുകൾ കുളിപ്പിച്ചൊരുക്കിയ വ്യക്തി-ഗസീലുല്‍ മലാഇകഃ’ എന്നൊരു അപരാഭിധാനമുണ്ട്. ഇസ്‌ലാമിനോട് ശത്രുത പുലര്‍ത്തിയ അബൂ ആമിര്‍ തന്റെ പതിനഞ്ചോളം അനുയായികളുമായി മദീന വിടുകയും ഉഹുദ് യുദ്ധത്തില്‍ മക്കക്കാരോടൊപ്പം ചേരുകയും ചെയ്തു. പ്രതീക്ഷ നഷ്ടപ്പെട്ട അദ്ദേഹം പിന്നീട് ഒരു ബൈസാന്റിയന്‍ പ്രദേശത്ത് താമസമാക്കി. ബൈസാന്തിയക്കാര്‍ക്കെതിരെ പ്രവാചകന്‍ തബൂക്കിലേക്ക് പടനയിക്കുന്ന അവസരം മുതലെടുത്ത്, ബൈസാന്തിയന്‍ സൈന്യം മദീന ആക്രമിക്കുമെന്ന് അബൂ ആമിര്‍ മദീനയിലെ കപട വിശ്വാസികളെ വിശ്വസിപ്പിച്ചു. കപടന്മാര്‍ക്ക് ഒത്തുചേരാന്‍ മദീനയിലെ ഖുബാ പള്ളിക്ക് അടുത്തുതന്നെ ഒരു വിനാശത്തിന്റെ പള്ളിയുണ്ടാക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഈ നീക്കം മണത്തറിഞ്ഞ പ്രവാചകന്‍ ﷺ എതിരാളികളുടെ ആ സമാന്തര കെട്ടിടം സമൂഹ സുരക്ഷയുടെ ഭാഗമായി പൊളിച്ചുകളയാന്‍ ഉത്തരവിട്ടു. രണ്ടു വര്‍ഷത്തിനു ശേഷം ‘ഹെറാക്ലിയസിന്റെ നാട്ടില്‍’ വച്ച് അദ്ദേഹം മരണപ്പെട്ടു. ഇത്രയും കാര്യങ്ങള്‍ മാത്രമേ മദീനയിലെ ക്രിസ്തു മതത്തെക്കുറിച്ച് രേഖപ്പെടുത്താനുള്ളൂ. മറ്റു മതാനുയായികള്‍ ഇസ്‌ലാം വന്നെത്തുന്നതിന് മുമ്പും മദീനയില്‍ തീര്‍ത്തും ഇല്ലായിരുന്നെന്ന് പറയാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-186/365

മദീനയിലെ രാഷ്ട്രീയ ഭൂമിക ഗോത്രവിചാരങ്ങളെ മറികടന്നിരുന്നില്ല. ഒരു നഗര രാഷ്ട്രം എന്ന് പറയാവുന്നതുപോലും അവിടെ ഉണ്ടായിരുന്നില്ല. അറബിയാണെങ്കിലും യഹൂദിയാണെങ്കിലും ഓരോ ഗോത്രവും സ്വതന്ത്ര യൂണിറ്റുകളായിരുന്നു. തങ്ങളുടെ മുഖ്യനെയല്ലാതെ മറ്റാരെയും അവര്‍ അനുസരിച്ചിരുന്നില്ല. ഈ ഗോത്ര മുഖ്യന്മാര്‍ നിശ്ചയിക്കപ്പെടുന്നതിന് പ്രത്യേകമായ ഒരു മാനദണ്ഡമോ വ്യവസ്ഥിതിയോ അറിയപ്പെട്ടിരുന്നില്ല. ഒത്തുകൂടാന്‍ ഓരോ ഗോത്രത്തിനും സ്വതന്ത്രമായ വേദികളുണ്ടാകും. ചിലപ്പോള്‍ അടിയന്തിര പ്രാധാന്യമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രമുഖരാവും ഒത്തുകൂടുന്നത്. വേനല്‍ക്കാലമായാല്‍ ഉല്ലാസത്തിനും നേരമ്പോക്കിനും സംഗമങ്ങൾ സംഘടിപ്പിക്കപ്പെടാറുണ്ട്. ബനൂ നളീര്‍ ജൂതന്മാർക്ക് ഓരോ ഗോത്രത്തിനും ഒരു ‘കന്‍സ് ‘ അഥവാ പൊതുസ്വത്തുശേഖരം ഉണ്ടാകും. ഗോത്രാംഗങ്ങളെല്ലാം ഇതിലേക്ക് സംഭാവന നല്‍കണം. യുദ്ധം പോലുള്ള അപ്രതീക്ഷിത കാര്യങ്ങള്‍ക്കുള്ള ചെലവുകള്‍ ഇതില്‍ നിന്നെടുക്കും. ഒരു പ്രത്യേകതരത്തിലുള്ള സാമൂഹിക സുരക്ഷാ സംവിധാനവും അറബികള്‍ക്കിടയില്‍ നിലനിന്നിരുന്നു. ഒരാളൊരു കുറ്റകൃത്യം നടത്തുകയോ സാമ്പത്തികമായ നഷ്ടപരിഹാരം നല്‍കേണ്ടിവരികയോ ചെയ്താല്‍ തെറ്റ് ചെയ്ത വ്യക്തിയല്ല, അയാളുടെ ഗോത്രമാണ് തുക അടയ്ക്കേണ്ടത്. എല്ലാ ഗോത്രങ്ങളെയും നിയന്ത്രിക്കുന്ന ഒരു അധികാര കേന്ദ്രവും ഉണ്ടായിരുന്നില്ല. കുറ്റവാളിയും ഇരയും വ്യത്യസ്ത ഗോത്രങ്ങളില്‍നിന്നുള്ളവരായാല്‍ മുഖ്യന്മാർ തമ്മിലുള്ള ചര്‍ച്ചയിലൂടെ ഒരു തീരുമാനത്തിലെത്തും. എന്നാലും ശക്തി ആര്‍ക്കാണോ അവര്‍ക്കനുകൂലമായിട്ടായിരിക്കും കാര്യങ്ങള്‍. തുല്യാവകാശം എന്ന ഒരു കാഴ്ചപ്പാട് പുലർത്തിയിരുന്നില്ല. വധിക്കപ്പെടുന്നത് ദുര്‍ബല ഗോത്രങ്ങളില്‍പ്പെട്ട ഒരാളാണെങ്കില്‍ അയാളുടെ ബന്ധുക്കള്‍ക്ക് ലഭിക്കുന്ന നഷ്ട പരിഹാരത്തുക കൂടുതല്‍ ശക്തിയുള്ള ഗോത്രങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ പകുതിയായിരിക്കും. ഇതിനൊന്നും ഒരു നിയമമോ വ്യവസ്ഥയോ ഉണ്ടായിരുന്നില്ല. ചിലര്‍ ചേര്‍ന്ന് നിശ്ചയിക്കുന്ന ഒരാള്‍ അയാള്‍ക്ക് തോന്നുന്ന ഒരു വിധിപ്രസ്താവം നടത്തുകയാണ് രീതി. ചിലപ്പോൾ അതിനൊരു ന്യായത്തിനും പരിഗണനയില്ലാത്ത പാരമ്പര്യ കീഴ്‌വഴക്കങ്ങളായിരിക്കും അടിസ്ഥാനം.

ഗോത്രവിചാരം അടിസ്ഥാനപരമായി ഒരു സങ്കുചിത സമൂഹമായിരിക്കും. ഗോത്രമഹിമ, താൻ പോരിമ, കലഹചിന്ത, പരിഷ്ക്കാര വൈരുദ്ധ്യം എന്നിവയെല്ലാം ഇതിൽ മുഴുത്തു നിൽക്കും. എന്നാൽ അവരിൽച്ചിലയടിസ്ഥാന വിശേഷങ്ങളും ഉണ്ടായിരുന്നു. സംഘബോധം, സമരവീര്യം, അതിഥി സത്ക്കാരം, പ്രണയചിന്തകൾ, മനോവീര്യം എന്നിവയായിരുന്നു അത്.
ഐതിഹ്യങ്ങളും ഇതിഹാസങ്ങളും അവരുടെ ആവിഷ്കാരങ്ങളെ സ്വാധീനിച്ചു. നാട്ടുനടപ്പുകളും നാടോടിക്കഥകളും പഴഞ്ചൊല്ലുകളും അവരുടെ സംഗമങ്ങളുടെ ഗതി നിയന്ത്രിച്ചു.

എണ്ണത്തിലും വലുപ്പത്തിലും ഏറ്റവ്യത്യാസങ്ങളുള്ള നാൽപ്പത്തിനാല് ഗോത്രങ്ങൾ അന്ന് മദീനയിൽ ഉണ്ടായിരുന്നു. ഇവരെയെല്ലാം ഒരു പൊതുമാനത്തിൽ ഏകീകരിക്കുക എന്ന ദൗത്യം കൂടി നബി ﷺ ക്ക് നിർവഹിക്കേണ്ടതുണ്ടായിരുന്നു.

അറബ് ഗോത്ര വിഭാഗങ്ങൾ, യഹൂദ ജനവിഭാഗങ്ങൾ, മുസ്‌ലിംകൾ, ക്രിസ്ത്യാനികൾ, മറ്റുള്ളവർ എന്നിങ്ങനെ ഒരു ബഹുസ്വര സമൂഹത്തെയാണ് നബി ﷺ മദീനയിൽ അഭിമുഖീകരിച്ചത്. മജൂസികൾ, സൗരാഷ്ടർ, മാഗികൾ എന്നിവരാണ് മറ്റുള്ളവർ എന്നതിൽ ഉൾപ്പെട്ടത്.
ഈ വ്യത്യസ്ത വിഭാഗങ്ങളും ഭൂമി ശാസ്ത്രപരമായി അധിവസിച്ചിരുന്ന പ്രവിശ്യകളെ മുൻനിർത്തി ഒരു വായന നടത്തുന്നത് കൗതുകകരമായിരിക്കും.

ബനൂ മുദ്ലജ്, ബനൂ ഗിഫാർ, ഖുസാഅ, അസ്‌ലം, മുസ്തലഖ്, മുസൈന, ശനുഅ എന്നീ ഗോത്രങ്ങൾ മദീനയുടെ പടിഞ്ഞാറ് ഭാഗത്ത് നിവസിച്ചവരായിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-187/365

മേൽ പറയപ്പെട്ടവയിൽ ബനൂസമുറയും ബനൂ മുദ്ലിജും പ്രസിദ്ധമായ ‘കിനാന’ ഗോത്രത്തിന്റെ ശാഖകളായിരുന്നു. ഹിജ്റ മൂന്നാം വർഷമായപ്പോഴേക്കും പ്രസ്തുത ഗോത്രങ്ങളിൽ നിന്ന് നിരവധിപേർ ഇസ്‌ലാമിലേക്ക് വന്നു. ജിആൽ ബിൻ സുറാഖ, അംറ് ബിൻ ഉമയ്യ:, അൽഖമ: ബിൻ മുജസ്വിസ്, ഉമയ്യ ബിൻ ഖുവൈലിദ് എന്നീ പ്രമുഖർ അതിൽ ഉൾപെടുന്നു. ബനൂ സമുറയുടെ ശാഖയായിരുന്നു ഗിഫാർഗോത്രം. പ്രമുഖ സ്വഹാബിയായ അബൂദർറിന്റെ ഗോത്രം. അദ്ദേഹവും സഹോദരങ്ങളായ ഉനൈസും അബൂറുഫ്മും ഗോത്രത്തിലെ പകുതിയോളം ആളുകളും ഹിജ്റക്ക് മുമ്പ് തന്നെ ഇസ്‌ലാം സ്വീകരിച്ചിരുന്നു. ശേഷിക്കുന്ന ആളുകൾ ഹിജ്റക്ക് ശേഷം ഇസ്‌ലാമിലേക്ക് വന്നു.

കിനാനയുടെ മറ്റൊരു ഉപഗോത്രമായ ജസീമ ഹിജ്റ എട്ടാം വർഷത്തോടെ പൂർണമായും ഇസ്‌ലാം അംഗീകരിച്ചു. ഹിജാസിൽ എല്ലായിടത്തും വേരുകൾ ഉണ്ടായിരുന്ന അസ്‌ലം, ഖുസാഅ, ബനുൽമുസ്തലഖ് എന്നീ ഗോത്രങ്ങൾ ഹിജ്റയുടെ മുമ്പ് തന്നെ ഇസ്‌ലാമിലേക്ക് വന്നു. മക്കാവിജയ വേളയിൽ ഖുസാഅ ഗോത്രത്തിന്റെ ശാഖകളായ ബനൂ അസ്‌ലമിൽ നിന്ന് നാനൂറ് പേരും ബനൂ കഅബിൽ നിന്ന് അഞ്ഞൂറ് പേരും ഇസ്‌ലാമിക പക്ഷത്ത് അണിചേർന്നു. മദീനയുടെ പടിഞ്ഞാറൻ പ്രവിശ്യയിലെ മറ്റു രണ്ട് പ്രമുഖ ഗോത്രങ്ങളായിരുന്ന മുസൈനയും ജുഹൈനയും അൻസ്വാരികളായ ഔസ്, ഖസ്റജ് ഗോത്രങ്ങളുമായി നേരത്തേ തന്നെ ഇടപഴകി ജീവിച്ചവരായിരുന്നു. അത് കൊണ്ട്തന്നെ ഇസ്ലാമിനെ അറിയാനും പ്രാരംഭകാലത്ത് തന്നെ ഇസ്‌ലാം സ്വീകരിക്കാനും അവർക്ക് അവസരം ലഭിച്ചു. ഹിജ്‌റ രണ്ടാം വർഷം നടന്ന ബദ്ർ മുന്നേറ്റത്തിൽ ജുഹൈനയിൽ നിന്ന് അഞ്ചും മുസൈനയിൽ നിന്ന് ഒരാളും പങ്കെടുത്തു. അദീബ് ബിൻ അബീ സഗ്ബ, സംറ് ബിൻ അംറ്, ബസ് ബാസ് ബിൻ അംറ്, ആസ്വിം ബിൻ ഉമൈർ, വദീഅത് ബിൻ അംറ്, സിയാദ് ബിൻകഅബ് എന്നിവരായിരുന്നു ആ ധീര വ്യക്തിത്വങ്ങൾ. ഈ ഗോത്രങ്ങളിൽ നിന്ന് സംഘങ്ങളായി വന്ന് ഇസ്‌ലാം പുൽകിയ ചരിത്രമാണ് പലരും രേഖപ്പെടുത്തിയത്. മക്കാവിജയ വേളയിൽ എണ്ണൂറിനും ആയിരത്തിനും ഇടയിൽ ആളുകൾ സംബന്ധിച്ചു. അവരിൽ അൻപതിനും നൂറിനും ഇടയിൽ അശ്വഭടന്മാരും ഉണ്ടായിരുന്നു.

മദീനയുടെ പടിഞ്ഞാറൻ പ്രവിശ്യയിൽ നിവസിച്ചിരുന്നവരായിരുന്നു അസ്ദ്, ശനൂബ് ഗോത്രക്കാർ. അവർ ഹിജ്റക്ക് മുമ്പ് തന്നെ മുത്ത് നബി ﷺ യെ അംഗീകരിച്ചു. ഇവരിൽ പ്രമുഖനായ സമാദ് ബിൻ സഅലബ ക്രിസ്താബ്ദം അറുനൂറ്റിപതിമൂന്നിൽ ഉംറ നിർവഹിക്കാനായി മക്കയിൽ എത്തി. അവിടെ വെച്ച് തിരുനബി ﷺ യെ പരിചയപ്പെട്ട് ഇസ്‌ലാം സ്വീകരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമത്തിലൂടെയാണ് ഇവർക്ക് ഇസ്ലാം ബോധ്യമായത്. ഇവരുടെ സഖ്യ ഗോത്രമായ ‘ബനൂദൗസ്’ ഇസ്‌ലാമിലേക്ക് വന്നത് ഇതിന്റെ തുടർച്ചയായിരുന്നു. ഹിജ്റ ഏഴാം വർഷത്തോടെ മക്കയിലെയും മദീനയിലേയും ദൗസ് ഗോത്രം മുഴുവനായും ഇസ്‌ലാം സ്വീകരിച്ചു കഴിഞ്ഞിരുന്നു. ഗോത്ര പ്രമുഖനായ ത്വുഫൈലുബിനു അംറും മകൻ അംറും ഇസ്‌ലാമിലേക്ക് വന്നത് ഗോത്രക്കാർ കൂട്ടമായി വിശ്വാസം സ്വീകരിക്കാൻ ഒരു കാരണമായി. മുത്ത് നബി ﷺ യുടെ സന്തത സഹചാരിയും ഏറ്റവും കൂടുതൽ ഹദീസ് നിവേദനം ചെയ്ത സ്വഹാബിയുമായ അബൂഹുറൈറ (റ) ദൗസ് ഗോത്രക്കാരനാണ്. അബൂ റവാഹയും സഅദ് ബിൻ അബീസുബാബും പ്രസ്തുത ഗോത്രത്തിൽ നിന്നുള്ളവരാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-188/365

മദീനയുടെ പടിഞ്ഞാറ് ഭാഗത്തുള്ള ഗോത്രങ്ങളും അവർക്കിടയിലെ പരിവർത്തനങ്ങളുമാണ് നാം വായിച്ചത്. ഇനി മക്കയുടെയും മദീനയുടെയും കിഴക്കൻ പ്രവിശ്യകളിലെ അവസ്ഥകൾ നമുക്ക് നോക്കാം. ഈ ഭാഗത്ത് ഇരുപത്തിനാലിൽപ്പരം ഗോത്രസമൂഹങ്ങൾ ഉണ്ടായിരുന്നു.

1. ബനൂഖുസൈമ
2. ബനൂ അസദ്
3. ബനൂ ഹുദൈൽ
4. ബനൂ സഖീഫ
5. ബനൂ ജുസ്ഹാം
6. സഅദ് ബിൻ ബക്കർ
7. ബനൂ ദൂദാൻ
8. ബനൂഗനം
9. ബനൂസുലൈം
10. ബനൂസഅലബ്
11. ബനൂഹിലാൽ
12. ബനൂനസ്ർ
13. ബനൂകിലാബ്
14. ബനൂസുവാഅ
15. ബനൂ അശ്ത
16. ബനൂഗത്വ്ഫാൻ
17. ബനൂമുർറ
18. ബനൂഫസാറ
19. ബനൂദുഖ്‌ബാൻ
20. ബനൂഅബ്ദ്
21. ബനൂഹവാസിൻ
22. ബനൂ ഖൈസ് അയ്ലാൻ
23. ബനൂമുഹാരിബ്
24. ബനൂഖൈസ്
എന്നിങ്ങനെയായിരുന്നു ഗോത്ര നാമങ്ങൾ.

ഇവരിൽ നേരത്തേ തന്നെ ഖുറൈശികളുമായി വിവാഹബന്ധം പുലർത്തിപ്പോന്നവരുണ്ട്. ബനൂ അസദ് അങ്ങനെയുള്ളവരായിരുന്നു. അത് കാരണമായി അവരുടെ കൂട്ടത്തിൽ നിന്ന് ഇരുപത് പുരുഷന്മാരും എട്ട് സ്ത്രീകളും ഹിജ്റക്ക് മുമ്പുതന്നെ ഇസ്‌ലാം സ്വീകരിച്ചിരുന്നു. അസദ് ഗോത്രവുമായി സന്ധിയിലായിരുന്ന ബനൂ ഗത്വ്ഫാൻ, ബനൂ ത്വയ്യ്, ബനൂ സഅലബ്, ബനൂദൂദാൻ ഗോത്രങ്ങളിലേക്ക് കൂടി അവർവഴി വെളിച്ചം കടന്നുചെന്നു.
കിഴക്കൻ പ്രവിശ്യയിൽ നിന്ന് ഇസ്‌ലാമാശ്ലേഷിച്ച ചില പ്രമുഖരുടെ പേരുകൾ ഇങ്ങനെ വായിക്കാം: ളിറാറുബിനുൽ അസ്‌വർ, ഔഫ് ബിൻ മാലിക്, മസ്ഊദ് ബിൻ അബ്ദിൽ ഖാരി, ഹുസൈൻ ബിൻ ഖാരിജ, ഉയയ്ന ബിൻ ഹിസ്ന, ഉബൈദ് ബിൻ സഅലബ്, മാലിക് ബിൻ ഹള്റമി, വാബിസ് ബിൻ മഅ്ബദ്.

ചില ഗോത്രങ്ങൾ ഇസ്‌ലാമിനോട് കടുത്ത ശത്രുതയോടെ സമീപിച്ചു. അക്കാരണത്താലവർക്കെതിരെ സൈനിക നീക്കങ്ങളും ഉപരോധങ്ങളും നടത്തേണ്ടി വന്നു. അപ്രകാരം ഇരുപത്തിയെട്ടോളം നീക്കങ്ങൾ ഇത്തരം ഗോത്രങ്ങളെ ലക്ഷ്യം വച്ചുകൊണ്ട് നടന്നു.

മദീനയുടെ വടക്കൻ പ്രവിശ്യയിലും വിവിധ ഗോത്രങ്ങൾ അധിവസിച്ചിരുന്നു. ബനൂഖുസാഅ, ബനൂ ബാലി, ബനൂബഹ്റ, ബനൂഉസ്റ, ബനൂസഅദ്, ബനൂഗസ്സാൻ, ബനൂജുസ്ആം, ബനൂകൽബ്, ബനൂ സിന്ന, ബനൂ സഅദ് ഹുസൈം എന്നിവ അവയിൽ പ്രധാനമായിരുന്നു. ബനൂഗസ്സാനും ബനൂഖുസാഅയുമായിരുന്നു അവരിൽ പ്രധാനികൾ. ബനൂഖുസാഅക്ക് മാത്രം ഏഴ് ഉപഗോത്രങ്ങൾ ഉണ്ടായിരുന്നു. സിന്ന, ഉസ്റ, മഹാറ, ജുഹൈന, ബഹ്റ, ബാലി, സഅദ് ഹുസൈം എന്നിങ്ങനെയാണ് അവയുടെ പേരുകൾ. ഹിജാസിലുടനീളം ഇവർക്ക് സ്വാധീനമുണ്ടായിരുന്നു. മദീനയിലെ ഔസ്, ഖസ്റജ് വിഭാഗങ്ങളുമായും മക്കയിലെ ഖുറൈശികളുമായും ഇവർ വ്യവഹാരങ്ങൾ നടത്തിയിരുന്നു. പ്രമുഖ സ്വഹാബിയായ അബ്ദുർറഹ്‌മാൻ ബിൻ ഓഫി (റ)ന്റെ മാതാവ് സഹ്‌ല ബിൻത് ആസിമും അംറ് ബിൻ ആസി(റ)ന്റെ മാതാവും ഈ ഗോത്രത്തിൽ നിന്നുള്ളവരാണ്. ഇസ്‌ലാമിന്റെ ആഗമനത്തോടെ മേൽപ്പറയപ്പെട്ട ഗോത്രങ്ങളെല്ലാം ഏകീകരിക്കപ്പെട്ടു. അബ്ദുബിൻ മുത്വലിബ്, അബ്ദുറഹ്മാൻബിൻ ഉദൈസ്, അബൂസിബാബ്, ത്വൽഹത്ബിൻ ബർറ, അബ്ദുല്ലാഹിബിൻ സിയാദ്, സഹീൽ ബിൻ റാഫി, കഅബ് ബിൻ ഉജ്റ, അബ്ദുല്ലാഹിബിനു അസ്‌ലം എന്നിവർ ഈ പ്രവിശ്യയിൽ നിന്ന് ഇസ്‌ലാം സ്വീകരിച്ച പ്രമുഖരാണ്.

മദീനയുടെ രാഷ്ട്രീയ ഭൂപടത്തെ മനോഹരമാക്കുന്നതിലും വികസിപ്പിക്കുന്നതിലും ഈ പ്രവിശ്യയിലെ ഇസ്‌ലാമാശ്ലേഷവും വ്യക്തികളുടെ സാന്നിധ്യവും വലിയ പങ്കു വഹിച്ചു. ഉസ്മാൻ ബിൻ അഫ്ഫാൻ(റ)ന്റെ പത്നി നാഇല, സഹോദരൻ സാബിഉ ബിൻ ഫറാഫിസ എന്നിവർ ഈ പ്രവിശ്യക്കാരാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-189/365

മദീന ഒരു രാഷ്ട്രവും തലസ്ഥാനവുമായി വളർന്നു വരുന്നതിൽ തെക്കൻ പ്രവിശ്യയിലെ ഗോത്രങ്ങളുടെ നിലപാടുകൾക്കും വലിയ സ്വാധീനമുണ്ടായിരുന്നു. പതിനഞ്ചിൽപ്പരം ഗോത്രങ്ങളെ ഈ മേഖലയുടെ ചരിത്രത്തിൽ നിന്ന് വായിക്കാൻ കഴിയും.
1. ബനൂ സബീദ്
2. ബനൂ മുറാദ്
3. ബനൂ റൂഹ
4. ബനൂ അൻസ്
5. ബനൂസദ്അ
6. ബനൂ മസ്ഹിജ്
7. ബനൂ നക്അ
8. ബനൂ ഖസ്ആം
9. ബനൂ ഖൗലാൻ
10. ബനൂ ബാജില
11. ബനൂ നഹ്ദ:
12. ബനൂഹംദാൻ
13. ബനൂഅശ്അർ
14. ബനൂ കിൻദ
15. ബനൂഅസ്ദ

ഇവരിൽ ബനൂ അശ്അർ ഗോത്രത്തിന്റെ ഇസ്‌ലാമാശ്ലേഷം കിഴക്കൻ പ്രവിശ്യയിലെ ഇസ്‌ലാമിക സാന്നിധ്യത്തിന്റെ ആക്കം വർധിപ്പിച്ചു. പ്രമുഖ സ്വഹാബി അബൂ മൂസൽ അശ്അരി (റ)യുടെ നേതൃത്വത്തിൽ അറുപത് പേരുടെ ഒരു സംഘം മദീനയിലെത്തി ഇസ്‌ലാം സ്വീകരിച്ചു. അദ്ദേഹത്തിനൊപ്പം സഹോദരങ്ങളായ അബൂ ബുർദയും അബൂ റുഹ്മും ഉണ്ടായിരുന്നു. അബൂ ആമിർ, അബൂ മാലിക്, ആമിർ ബിൻ ആമിർ എന്നിവർ പ്രസ്തുത സംഘത്തിലെ മറ്റു പ്രമുഖരായിരുന്നു.

കിഴക്കൻ പ്രവിശ്യയിലെ ഇസ്‌ലാം വ്യാപനത്തോടെ അവിടെയുണ്ടായിരുന്ന ഹിംയരി ആധിപത്യം ഇല്ലാതെയായി. സബഇൽ നിന്ന് യഹൂദമതം സ്വീകരിച്ച, ളിഫാർ തലസ്ഥാനമായ ഗോത്ര കേന്ദ്രീകൃത ഭരണാധികാരികളായിരുന്നു ഹിംയരികൾ. ഈ പ്രവിശ്യയിൽ നിന്ന് പിന്നീട് നിരവധി ധീരവ്യക്തിത്വങ്ങൾ ധർമ പക്ഷത്ത് അണിനിരന്നു.

മദീനയുടെ നാല് പ്രധാന ദിക്കുകളിലെ ഗോത്രങ്ങളെയും അവരുടെ പരിവർത്തനങ്ങളെയുമാണ് നാം പരിശോധിച്ചത്. ഇതിനു പുറമെ ഒറ്റപ്പെട്ട ഉൾപ്രദേശങ്ങളിലും വിദൂരദിക്കുകളിലും ചിതറിക്കിടന്ന ഗോത്ര സമൂഹങ്ങളും ഇസ്‌ലാമിൻ്റെ ആഗമനത്തോടെ സംഘടിപ്പിക്കപ്പെടുകയോ വിശാലമായ ഒരു രാഷ്ട്ര സങ്കൽപ്പത്തിന്റെ ഭാഗമാവുകയോ ചെയ്തു. പൂർവ ഇറാഖിലും ഒമാനിലും പേർഷ്യൻ കടലോരങ്ങളിലുമായിരുന്നു ഇവരിലെ പ്രധാന വിഭാഗങ്ങൾ ഉണ്ടായിരുന്നത്. അറബ് ഉപഭൂഖണ്ഡത്തിലെ സാമ്പത്തിക – സാമൂഹിക- വ്യവഹാരങ്ങളിൽ ഇവരുടെ സ്വാധീനം നേരത്തെത്തന്നെ ഉണ്ടായിരുന്നു.
ബനൂ ഹനീഫ്, ബനൂതഗ്ലിബ്, ബനൂതമീം, ബനൂവാഇൽ, ബനൂശൈബാൻ, ബനൂഅബ്ദുൽ ഖൈസ് എന്നീ ഗോത്രങ്ങൾ ഇവയിൽ പ്രധാനപ്പെട്ടവയാണ്. ഈ ഗോത്രങ്ങളെല്ലാം ബനൂറബീഅ എന്ന പ്രധാന ഗോത്രത്തിന്റെ ഉപഗോത്രങ്ങളായിരുന്നു.

നബി ﷺ യുടെ കത്തിടപാടുകളിലൂടെയും സൈനിക നീക്കങ്ങളിലൂടെയുമാണ് ഇവയെല്ലാം സംഘടിപ്പിക്കപ്പെട്ടത്. സുമാമത് ബിൻ ഉസാലിൻ്റെ ഇസ്‌ലാമാശ്ലേഷമാണ് ഈ മേഖലയിലെ ശ്രദ്ധേയമായ മാറ്റത്തിന് വഴിയായത്. നജ്ദിൽ വച്ചുള്ള ഏറ്റുമുട്ടലിൽ ബന്ധിയായി പിടിക്കപ്പെട്ട സുമാമയ്ക്ക് നബി ﷺ മദീനയിൽ നൽകിയ പരിചരണവും മദീനയിലെ ജീവിതത്തെ നേരിട്ട് കണ്ടനുഭവിക്കാൻ അവസരമുണ്ടായതുമാണ് അദ്ദേഹത്തെ ഇസ്‌ലാമിലെത്തിച്ചത്. ശേഷം, അദ്ദേഹം മക്കയിലെത്തി ഉംറ നിർവഹിച്ചു. തുടർന്ന് തന്റെ മാതൃദേശമായ യമാമയിലെത്തി. നബി ﷺ യോട് വൈരത്തിൽ കഴിയുന്ന മക്കക്കാർക്ക് നൽകിപ്പോന്ന ധാന്യങ്ങൾ നിർത്തലാക്കി. മക്കക്കാർക്ക് ധാന്യക്ഷാമം നേരിട്ടു. അവർ നബി ﷺ യോട് ആവലാതി പറഞ്ഞു. നബി ﷺ സുമാമയോട് ധാന്യക്കയറ്റുമതി പുന:സ്ഥാപിക്കാൻ ആവശ്യപ്പെട്ടു.

ഇവിടെ എടുത്ത് പറയേണ്ട മറ്റൊരു ഗോത്രമാണ് ബനൂതമീം. ബഹ്റൈൻ, ഉമാൻ എന്നീ ദേശങ്ങളിൽ ഇവർ ഭരണം നടത്തിയിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-190/365

ബനൂ തമീം ഗോത്രക്കാർ മുമ്പ് അഗ്നി ആരാധകരായിരുന്നു. അവർ വിവിധ ഭാഗങ്ങളിൽ സ്വയംഭരണം നടത്തിയവരായിരുന്നു. ആപേക്ഷികമായി വൈകിയാണ് ഈ ഗോത്രം ഇസ്‌ലാം സ്വീകരിച്ചത്. എന്നാൽ നിരവധി പ്രമുഖ വ്യക്തിത്വങ്ങളെ ഇവർ ഇസ്‌ലാമിക സമൂഹത്തിന് സംഭാവന ചെയ്തു. വഖീദ് ബിൻ അബ്ദുല്ല, സഫ്‌വാൻ ബിൻ സഫ്‌വാൻ, സഫ്‌വാൻ ബിൻ മാലിക്, ഖബ്ബാബ് ബിൻ അൽ അറത്ത്, ഹൻളലത് ബിൻ അർറബീഅ്, സഅദ് ബിൻ അംറ് അത്തമീമി എന്നിവർ അവരിൽ പെട്ടവരാണ്.

വാഇൽ ഗോത്രവും അവരുടെ ഇസ്‌ലാമാശ്ലേഷവും ഇവിടെ പരാമർശിക്കേണ്ടതാണ്. മക്കാവിജയത്തോടനുബന്ധിച്ചാണ് ഇവർ ഇസ്‌ലാമിലേക്ക് വന്നത്. ബനൂശൈബാൻ, ബനൂ അൻസ്, ബനൂ ബക്കർ, ബനൂ തഗ്‌ലിബ് എന്നിവ ഈ ഗോത്രത്തിന്റെ ശാഖകളാണ്. ആമിർ ബിൻ റബീഅ:, ഫുർറാത് ബിൻ ഹയ്യാൻ, അൽ ജീലിഅദി ബിൻശറാഹീൽ എന്നീ പ്രമുഖർ ഈ പ്രവിശ്യയിൽ നിന്നുള്ളവരാണ്.

ഇസ്‌ലാം സംസ്കൃതിയുടെ വികാസത്തിന്റെ സുപ്രധാനമായ ചില ചരിത്ര ഘട്ടങ്ങളെയാണ് നാം പരിചയപ്പെട്ടത്. മുഹമ്മദ് നബി ﷺ ചരിത്ര വ്യക്തിത്വമാണ് എന്നതിന്റെ വിവിധ അധ്യായങ്ങളിൽ ഒന്നാണിത്. അവിടുന്ന് ഒരു ഐതിഹ്യമോ കേവലമായ ഒരു കഥാപാത്രമോ അല്ല എന്ന ചരിത്രബോധ്യത്തിന്റെ ഒരു വായന. കൃത്യമായ ഒരാശയത്തെ മുന്നോട്ട് വെക്കുക, അതിനെ ക്രമാനുഗതമായി പ്രബോധിപ്പിക്കുക, അതിനു മുന്നിൽ വരുന്ന ഏത് പ്രതിസന്ധിയേയും അതിജയിക്കുക, പരമമായ യാഥാർത്ഥ്യങ്ങളെ വിളിച്ചു പറഞ്ഞപ്പോൾ അതിനു വേണ്ടി സ്വത്തും ദേശവും സർവ്വതും ത്യജിക്കുക, ഒപ്പം നിൽക്കുന്നവർക്ക് കൃത്യമായ നയങ്ങളും മാർഗനിർദ്ദേശങ്ങളും നൽകുക, നേതാവിന്റെ മൂല്യമറിഞ്ഞ് അനുയായികൾ ആജ്ഞാനുവർത്തികളാവുക, നേതാവ് അവരുടെ അഭയവും ആശ്വാസവുമായി ഏത് സന്നിഗ്ദ ഘട്ടത്തിലും നിലകൊള്ളുക, ഒരു ദേശത്ത് വരുത്തിയ മാറ്റം അതിവേഗം ഇതര ദേശങ്ങളിലേക്ക് പ്രസരിപ്പിക്കുക, അത് വഴി ജനപഥങ്ങൾ കൃത്യമായ ഒരു ആശയ സമൂഹമായും സംസ്കൃതിയുടെ ഭാഗമായും മാറുക, അത് സഹസ്രാബ്ദങ്ങളുടെ അപ്പുറത്തേക്ക് വരെ സംരക്ഷിക്കപ്പെടുക ഇങ്ങനെയിങ്ങനെ നവോത്ഥാനത്തിന്റെ ക്രമണികയിൽ ആവശ്യമായ മുഴുവൻ ഘട്ടങ്ങളെയും കടന്നാണ് നബി ﷺ ചരിത്രത്തിൽ ഉദിച്ചു നിൽക്കുന്നത്.

മദീനയിലെയും പരിസരത്തെയും ഒരോ വിഭാഗങ്ങളെ ഒരു രാഷ്ട്രമായി മുന്നോട്ട് നയിക്കാൻ കൃത്യമായ ചില സമീപന രേഖ വേണം. കാരണം ഇതൊരു ബഹുസ്വര സമൂഹമാണ്. ഇവിടെ വിശ്വാസികളും നിഷേധികളും കപടവിശ്വാസികളുമുണ്ട്. എല്ലാവരോടും ഒരേ സമീപന രേഖ മതിയാവില്ല. ബലാൽക്കാരമായി എല്ലാവരേയും മുസ്ലിമാക്കുക എന്നത് ഇസ്‌ലാമിന്റെ നയവുമല്ല. അങ്ങനെയാണ് ഒരു നയതന്ത്ര സമീപനരേഖയെ കുറിച്ചുള്ള ആലോചനയിലേക്കെത്തുന്നത്. ആഗോള രാഷ്ട്രീയ ഭൂപടത്തിൽ ഒരു പ്രകാശരേഖയായി അത് കടന്നു വരികയായിരുന്നു. കേവല സാമ്പത്തിക സ്ഥാപിത താത്പര്യങ്ങൾക്കുവേണ്ടി ഭിന്നിക്കുകയും നിസ്സാര കാര്യങ്ങൾക്ക് വേണ്ടി പോരടിക്കുകയും ചെയ്തിരുന്ന ഗോത്രങ്ങളെയും ജനപഥങ്ങളെയും ഒരു രാഷ്ട്രസമൂഹമായി ഏകോപിപ്പിക്കുക. അതിന് ഒരു ഭരണഘടന തയ്യാർ ചെയ്യുക. ആ ദൗത്യത്തിലേക്ക് നബി ﷺ പ്രവേശിക്കുകയാണ്. അതിന്റെ പൂർത്തീകരണമാണ് മദീനാ ചാർട്ടർ. നമുക്കതൊന്ന് പരിചയപ്പെടാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-191/365

മദീനയില്‍ വെച്ച് നബി ﷺ തയ്യാറാക്കിയ അവകാശ പ്രഖ്യാപന ചാര്‍ട്ടർ ‘രേഖ’ (കിതാബ്) എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ജനജീവിതത്തെ രൂപപ്പെടുത്താനുള്ള അധികാരം ഈ ചാര്‍ട്ടറിന് ഉണ്ടായിരുന്നതോടൊപ്പം തന്നെ, അത് എഴുതിവെക്കപ്പെട്ടിരുന്നു എന്നതും ശ്രദ്ധേയമാണ്. പേന കൊണ്ടെഴുതാൻ പഠിപ്പിച്ച അല്ലാഹുവിനെ പരിചയപ്പെടുത്തിയ തിരുനബി ﷺ മനുഷ്യജീവിതത്തില്‍ പേനക്കും എഴുത്തിനുമുള്ള പ്രാധാന്യം പ്രായോഗികമായി അടയാളപ്പെടുത്തി. ഈ ചാര്‍ട്ടറില്‍ തന്നെ എട്ടു തവണ ‘സ്വഹീഫഃ’ അഥവാ കടലാസ്, രേഖ, എഴുതിവെക്കപ്പെട്ടത് എന്ന് സ്വയം പരിചയപ്പെടുത്തുന്നു. മൂസാ ഇബ്രാഹീം (അ) പ്രവാചകന്മാരുടെ ഗ്രന്ഥങ്ങളെ ഖുര്‍ആന്‍ ഇതേ പദത്തിൽ പരാമർശിച്ചിട്ടുണ്ട്.

അഞ്ച് ഉപ ഖാണ്ഡങ്ങളടക്കം അൻപത്തിരണ്ട് ഖണ്ഡികകൾ ഉൾകൊള്ളുന്ന ചാർട്ടർ നമുക്കൊന്ന് വായിച്ചു നോക്കാം.

ഭാഗം ഒന്ന്.
1. ഇത് അല്ലാഹുവിന്റെ ദൂതനായ മുഹമ്മദി ﷺ നും മക്കക്കാരായ മുസ്‌ലിംകൾക്കും യസ്‌രിബിലെ വിശ്വാസികൾക്കും അവരെ പിൻതുടരുന്നവർക്കും സഹകരിക്കുന്നവർക്കും സമരം ചെയ്യുന്നവർക്കും ബാധകമാകുന്ന മൂലപ്രമാണമാകുന്നു.

2. ഉപരിസൂചിതരായ എല്ലാവരും ഒരേ സമൂഹത്തിന്റെ ഭാഗമായി പരിഗണിക്കപ്പെടും.

3. മക്കയിൽ നിന്നെത്തിയ ഖുറൈശികൾ അവർക്കിടയിൽ സംഭവിച്ചേക്കാവുന്ന കൊലപാതകം, അംഗഭംഗങ്ങൾ, ഇതര നഷ്ടങ്ങൾക്ക് നിലവിലുള്ള ആചാരാനുസാരം ‘ദിയ’ അഥവാ പ്രായശ്ചിത്തവും ‘ഫിദ’ അഥവാ മോചനദ്രവ്യവും നൽകേണ്ടതാണ്. തങ്ങളുടെ അധികാരത്തിൻ കീഴിലുള്ള കുറ്റവാളികളോടും തടവുകാരോടും നീതിപൂർവ്വവും ദയാ പുരസ്സരവും പെരുമാറേണ്ടതാണ്.

4. ബനൂ ഔഫ് ഗോത്രക്കാർ അവർക്കിടയിൽ ഉണ്ടാകാവുന്ന ജീവഹാനി, അംഗഭംഗം മറ്റു നഷ്ടങ്ങൾ എന്നിവയ്ക്ക് നിലവിലുള്ള ആചാര പ്രകാരം ‘ദിയ’യും ‘ഫിദ’ യും നൽകേണ്ടതാണ്. അവരുടെ അധീനതയിൽ വരുന്ന കുറ്റവാളികളോടും തടവുകാരോടും നീതിപൂർവ്വവും ദയയോടെയും പെരുമാറേണ്ടതാണ്.

5,6,7, 8,9,10,11 ക്രമപ്രകാരം ബനൂഹാരിസ്, ബനൂസൈദ, ബനൂജുഷാം, ബനൂനജ്ജാർ, ബനൂഅംറ്, ബനൂനബീത്, ബനൂഔസ് ഗോത്രക്കാർ അവർക്കിടയിൽ ഉണ്ടാകാവുന്ന ജീവഹാനി, അംഗഭംഗം, മറ്റു നഷ്ടങ്ങൾ എന്നിവയ്ക്ക് നിലവിലുള്ള ആചാര പ്രകാരം ‘ദിയ’യും ‘ഫിദ’യും നൽകേണ്ടതാണ്. അവരുടെ അധീനതയിൽ വരുന്ന കുറ്റവാളികളോടും തടവുകാരോടും നീതിപൂർവ്വവും ദയയോടെയും പെരുമാറേണ്ടതാണ്.

1 2. മതിയായ മോചന ദ്രവ്യമോ പ്രായശ്ചിത്തമോ നൽകാതെ ആരെയും ഏറ്റെടുക്കാവുന്നതല്ല. നീതിയും ദയയും കൂടാതെ വ്യക്തികൾ പരസ്പരം പെരുമാറാവുന്നതല്ല.

13. ഭക്തരായ വിശ്വാസികൾ അഴിമതി, അനീതി, പക, മറ്റു പാപങ്ങളോട് എതിരായിരിക്കും.

14. ഒരു സത്യവിശ്വാസി ഒരു അവിശ്വാസിക്ക് വേണ്ടി മറ്റൊരു സത്യവിശ്വാസിയെ വധിക്കാൻ പാടുള്ളതല്ല. ഒരു സത്യവിശ്വാസിക്കെതിരെ ഒരു നിഷേധിയെ സഹായിക്കുവാൻ പാടില്ലാത്തതാകുന്നു.

15. അല്ലാഹുവിന്റെ സംരക്ഷണം എല്ലാവരെയും വലയം ചെയ്തിരിക്കുന്നു. ഓരോരുത്തരും സ്വന്തത്തോടെന്നപോലെ തങ്ങളുടെ കൂട്ടുകാരോടും പെരുമാറേണ്ടതാണ്. വിശ്വാസികൾ ഏകോദര സഹോദരങ്ങളും പരസ്പരം സംരക്ഷണം നൽകേണ്ടവരുമാണ്.

16. ഈ ഉടമ്പടിയിൽ ഒപ്പുവച്ചിട്ടുള്ള യഹൂദർക്ക് എല്ലാവിധ സമത്വവും സഹായവും നൽകേണ്ടതാണ്. എന്നാൽ യഹൂദർ സ്വയം നിയമലംഘനം നടത്തുവാനോ മറ്റുള്ളവർ അവരുടെ ശത്രുക്കളെ സഹായിക്കുവാനോ പാടുള്ളതല്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-192/365

17. വിശ്വാസികളും നിഷേധികളും തമ്മിലുള്ള കരാർ പരിരക്ഷിക്കപ്പെടണം. വിശ്വാസികളുടെ ക്ഷേമകരമായ ജീവിതം സുപ്രധാനമാണ്. കരാർ ലംഘനത്തിനെതിരെ വിശ്വാസികൾ സമരമാർഗം സ്വീകരിച്ചാൽപ്പിന്നെ നേരത്തെയുള്ള സമാധാനക്കരാർ പുന:സ്ഥാപിക്കുക സാധ്യമല്ല.

18. ഗത്യന്തരമില്ലാതെ വരുമ്പോൾ പോരാളികൾ പരസ്പരം സഹായിക്കപ്പെടണം.

19. അല്ലാഹുവിന്റെ മാർഗത്തിൽ ചൊരിഞ്ഞ ഓരോ തുള്ളി രക്തത്തിനും വിശ്വാസി പ്രതികാരത്തിന് ബാധ്യസ്ഥനാണ്.

20. വിശ്വാസി സമൂഹത്തിന് അല്ലാഹുവിൽ നിന്നുള്ള ബോധനങ്ങൾ ലഭിച്ചുകൊണ്ടിരിക്കും.

21. മദീനയിലുള്ള ഏതെങ്കിലും ഒരു ബഹുദൈവവിശ്വാസി സത്യവിശ്വാസത്തിന് ഭംഗം വരുത്തുന്ന രീതിയിൽ മക്കയിലെ ഖുറൈശികളുമായി വ്യവഹാരം നടത്തുവാനോ ബന്ധം സ്ഥാപിക്കാനോ പാടുള്ളതല്ല.

22. അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്ന ഒരാൾ അക്രമിയെ സഹായിക്കുകയോ അയാൾക്ക് അഭയം നൽകുകയോ ചെയ്യുന്നത് നിയമലംഘനമായിരിക്കും. അങ്ങനെ ചെയ്യുന്ന പക്ഷം അന്ത്യനാളിൽ അല്ലാഹുവിന്റെ ശാപവും കോപവും അവനുമേൽ വർഷിക്കും. ഇവ്വിഷയത്തിൽ പരിഹാരക്രിയയോ പ്രായശ്ചിത്തമോ സ്വീകരിക്കപ്പെടുകയില്ല.

23. നിങ്ങൾക്കിടയിൽ ഏതു വിധേനെയുള്ള അഭിപ്രായാന്തരങ്ങളും അല്ലാഹുവിന്റെയും തിരുദൂതരു ﷺ ടെയും അന്തിമ തീരുമാനത്തിന് വിടേണ്ടതാണ്.

ഭാഗം 2

24. യഹൂദർ മുസ്‌ലിംകൾക്കൊപ്പം ചേർന്ന് പോരാടുന്ന കാലത്തോളം യുദ്ധച്ചെലവിന്റെ ഒരു ഭാഗം അവർ വഹിക്കേണ്ടതാണ്.

25. ജൂത ഗോത്രമായ ബനൂഔഫ് മുസ്‌ലിംകളെപ്പോലെ മറ്റൊരു സമുദായമാകുന്നു. അവർക്കവരുടെ മതം മുസ്‌ലിംകൾക്ക് അവരുടെ മതം. നാം അവരോട് ഉത്തമ സ്വഭാവത്തിലും സഹവർത്തിത്വത്തിലും കഴിയേണ്ടതാണ്. എന്നാൽ അന്യായമോ അക്രമമോ കാണിക്കുന്നപക്ഷം ഈ പരിഗണന ബാധകമായിരിക്കില്ല. കാരണം, അവർ സ്വന്തത്തോടും കുടുംബത്തോടും സ്വസമുദായത്തോടും അക്രമം ചെയ്തവരാണ്.

26. ബനൂ നജ്ജാർ ഗോത്രക്കാരും മേൽപ്പറയപെട്ട കാര്യങ്ങളിൽ ബനൂഔഫ് ഗോത്രക്കാർക്ക് സമാനമായിരിക്കും.

27. ബനൂ ഹാരിസ്…
28. ബനൂ സാഇദ…
29. ബനൂ ജുഷാം…
30. ബനൂ ഔസ്…
31. ബനൂ സഅലബ്…
32. ബനൂ ജഫ്ന…
33. ബനൂശുതൈബ ഗോത്രക്കാരും മേൽപറയപെട്ട കാര്യങ്ങളിൽ ബനൂഔഫ് ഗോത്രക്കാർക്ക് സമാനമായിരിക്കും.

34. സഅലബ് ഗോത്രത്തിലെ സ്വതന്ത്ര അടിമകളും മേൽ പറയപ്പെട്ട പ്രകാരം തന്നെയായിരിക്കും.

35. ജൂതന്മാരിലെ അടുത്ത സുഹൃത്തുക്കളോടും ഉപരിസൂചിത ചിട്ടകൾ പുലർത്തും.

36. മുഹമ്മദ് നബി ﷺ യുടെ സമ്മതമില്ലാതെ ആരും യുദ്ധത്തിലേർപ്പെടാൻ പാടില്ല.

36(b). പക്ഷേ, ന്യായമായ രീതിയിലാണ് അവരുടെ പുറപ്പാടെങ്കിൽ അതിൽ നിന്ന് പിന്തിരിപ്പിക്കാവുന്നതല്ല. മുന്നറിയിപ്പ് കൂടാതെയോ കൃത്യമായ ധാരണയില്ലാതെയോ ഒരാളോടും പ്രതികാരം ചെയ്യാൻ പാടില്ല.

37. മുസ്‌ലിംകളും ജൂതന്മാരും അവരുടെ ചെലവുകൾ പ്രത്യേകം പ്രത്യേകം കണ്ടെത്തേണ്ടതാണ്. ആരെങ്കിലുമൊരു വിഭാഗം അക്രമിക്കപ്പെട്ടാൽ ഇരുവിഭാഗവും ഒത്തുചേർന്ന് ശത്രുവിനെ പ്രതിരോധിക്കേണ്ടതാണ്. പരസ്പരം ചർച്ചയിലും സമവായത്തിലും ദൗത്യങ്ങൾ നിർവഹിക്കേണ്ടതാണ്. സർവതിന്മകൾക്കെതിരെയും പ്രയോഗിക്കാവുന്ന ഏറ്റവും മികച്ച ആയുധം നന്മ തന്നെയാണ്.

37(b). സഖ്യകക്ഷിയിലെ നേതൃത്വങ്ങൾ അറിഞ്ഞുകൊണ്ട് ചെയ്യുന്ന കരാർ ലംഘനങ്ങൾക്ക് അവരുടെ തന്നെ ഗോത്രത്തിലെ നിരപരാധികൾ ഉത്തരവാദികളാവുകയില്ല. അബദ്ധവശാൽ , കരാർ ലംഘനം വന്നു പോയവരെ സഹായിക്കേണ്ടതാണ്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-193/365

38. ജൂതർ യുദ്ധം കഴിയുന്നത് വരെ യുദ്ധത്തോടൊപ്പം നിൽക്കേണ്ടതും അവരുടെ യുദ്ധച്ചെലവുകൾ അവർ തന്നെ വഹിക്കേണ്ടതുമാണ്.

39. ഈ ഉടമ്പടി പ്രഖ്യാപിക്കുന്നതോടെ യസ്‌രിബ് പവിത്രഭൂമിയായി മാറിയിരിക്കുന്നു.

40. അതിഥികൾ, സഞ്ചാരികൾ തുടങ്ങി അപരിചിതർക്ക് പ്രത്യേക പരിഗണയും സുരക്ഷയും ഈ കരാർ ഉറപ്പു നൽകുന്നു. ആതിഥേയരുടെ ഭാഗത്തുനിന്ന് ഉണ്ടാവുന്ന കുറ്റങ്ങൾക്ക് അതിഥികൾ ശിക്ഷിക്കപ്പെടുകയില്ല.

41. സ്ത്രീകൾക്ക് അവരുടെ കുടുംബത്തിന്റെയോ രക്ഷിതാക്കളുടെയോ സമ്മത പ്രകാരമേ സംരക്ഷണം നൽകുകയുള്ളൂ.

42. ഈ ഉടമ്പടി സംബന്ധിച്ച് ഇതിന്മേൽ ഒപ്പു വച്ചവർക്കിടയിൽ വല്ല അഭിപ്രായ വ്യത്യാസവും ഉണ്ടായാൽ അന്തിമ തീരുമാനം അല്ലാഹുവിലേക്കും അവന്റെ ദൂതനിലേക്കും വിടേണ്ടതാണ്. ഈ കരാറിനോടു കാണിക്കുന്ന സൂക്ഷ്മതയും ശ്രദ്ധയും അല്ലാഹുവിൽ നിന്നുള്ള പ്രത്യേക പ്രതിഫലത്തിന് കാരണമായിരിക്കും.

43. മക്കയിലെ മുശ്‌രിക്കുകൾക്കും അവരെ സഹായികുന്നവർക്കും സംരക്ഷണം നൽകാൻ പാടില്ലാത്തതാകുന്നു.

44. യസ്‌രിബിനു നേരേ വരുന്ന ഏതുവിധത്തിലുള്ള ആക്രമണത്തെയും പ്രതിരോധിക്കാൻ ഉടമ്പടിയിൽ ഒപ്പുവച്ച ഓരോരുത്തരും ബാധ്യസ്ഥരാണ്.

45. മക്കക്കാർ യസ്‌രിബുമായി വല്ല നീക്കുപോക്കുകളും താത്പ്പര്യപ്പെട്ടാൽ ഒരു പൊതുധാരണയുടെ അടിസ്ഥാനത്തിൽ മാത്രമേ അതിൽ തീരുമാനമെടുക്കാൻ പാടുള്ളൂ. വിശ്വാസികളെ മാത്രം ലക്ഷ്യം വച്ചുകൊണ്ടുള്ള ഇടപെടലാണെങ്കിൽ പ്രത്യേക പരിഗണനയോടെ മാത്രം പ്രതികരിക്കേണ്ടതാണ്.

45(b). ഓരോ പൗരനും അവരുൾക്കൊള്ളുന്ന സാമൂഹിക വൃത്തത്തിൽ സ്വതന്ത്രമായ വ്യക്തിത്വവും അസ്തിത്വവും ഉടമ്പടി ഉറപ്പ് നൽകുന്നു.

46. ഔസിലെ ജൂത ഗോത്രങ്ങൾക്കും അവരുടെ കൂട്ടത്തിലെ അടിമകൾക്കും ഈ ഉടമ്പടിയിൽ മറ്റു സാമൂഹിക വിഭാഗങ്ങൾക്ക് വകവച്ചു നൽകിയ അവകാശങ്ങൾക്ക് അർഹതപ്പെട്ടിരിക്കുന്നു. അത് പോലെ കരാർ പാലിക്കുന്നതിൽ അവരും ഉത്തരവാദിത്തം നിർവഹിക്കേണ്ടതാണ്. വ്യക്തിപരമായ കുറ്റങ്ങൾക്ക് വ്യക്തികൾ മാത്രമായിരിക്കും ഉത്തരവാദികൾ.

47. അക്രമികളെയും അന്യായം പ്രവർത്തികുന്നവരെയും ഈ കരാർ സംരക്ഷിക്കുകയില്ല. ധർമപോരാളികളും അവരുടെ വീടുകളിൽ കഴിയുന്നവരും ഒരു പോലെ സുരക്ഷിതരായിരിക്കും. സത്കർമികൾക്ക് അല്ലാഹു സദാ പരിരക്ഷ നൽകും. അല്ലാഹു എല്ലാം അറിയുന്നവനാണ്. മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ അവസാനത്തെ ദൂതരാകുന്നു. ഇനി മുതൽ മദീനയുടെ നേതൃത്വവും നീതിനിർവഹണത്തിന്റെ അവസാനവാക്കും മുഹമ്മദ് നബി ﷺ ആയിരിക്കും.

ഈ അവകാശ പ്രഖ്യാപന രേഖയില്‍ ആദ്യം പരാമര്‍ശിക്കുന്നത് മക്കയില്‍ നിന്നുള്ള അഭയാര്‍ഥി മുസ്‌ലിംകളും മദീനയിലെ തദ്ദേശീയ മുസ്‌ലിംകളും ചേര്‍ന്ന് രൂപപ്പെടുത്തിയ വിശ്വാസി സമൂഹത്തെയാണ്. തുടർന്ന് ഈ കേന്ദ്രീകരണത്തെ പിന്തുണയ്ക്കുകയും യുദ്ധവും മറ്റും പൊട്ടിപ്പുറപ്പെടുകയാണെങ്കില്‍ മുസ്‌ലിംകള്‍ക്കൊപ്പം അണിനിരക്കാന്‍ തയ്യാറാവുകയും ചെയ്യുന്ന അമുസ്‌ലിം സമൂഹങ്ങളെയാണ്. ഇവരെല്ലാം ചേര്‍ന്ന ഒരൊറ്റ സമൂഹം എന്ന വിഭാവന ഈ ചാർട്ടറിന്റെ ഘടനയെ മികവുറ്റതാക്കുന്നു. അത് മറ്റു ലോക സമൂഹങ്ങളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് (രണ്ടാം ഖണ്ഡിക). യുദ്ധ സാഹചര്യങ്ങളിലടക്കം എല്ലാ അംഗങ്ങളുടെയും അവകാശങ്ങള്‍ക്ക് തുല്യപരിഗണന ലഭിക്കും (ഖണ്ഡിക 15,18,19). ഒരു പ്രത്യേക ഖണ്ഡിക (16) തുല്യ നീതിയുടെയും പരസ്പര സഹായത്തിന്റെയും അടിസ്ഥാനത്തില്‍ ജൂതന്മാര്‍ക്ക് ഈ സാമൂഹിക സംവിധാനത്തിലേക്കുള്ള കവാടം തുറന്ന് വയ്ക്കുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-194/365

നീതിനിര്‍വഹണത്തില്‍ വേറിട്ട ഒരു വിപ്ലവം തന്നെയായിരുന്നു മദീനാ ചാര്‍ട്ടര്‍. ഓരോ വ്യക്തിക്കും അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതോടൊപ്പം അധികാരം ഒരു കേന്ദ്രഘടനയിലേക്ക് കൊണ്ടുവന്നു. ഏതെങ്കിലും ഒരു വ്യക്തിയിൽ നിക്ഷിപ്തമായിരുന്ന രീതികൾ മാറ്റിയെഴുതി. തന്റെ ഗോത്രത്തിനോ കുടുംബത്തിനോ മറ്റു ബന്ധുക്കള്‍ക്കോ എതിരാണെങ്കില്‍പ്പോലും ഓരോ പൗരനും ഈ ചാര്‍ട്ടര്‍ അനുസരിക്കാൻ ബാധ്യസ്ഥനാണ് എന്ന അവസ്ഥ വന്നു. ഒരക്രമിക്കും ഒരാളും അഭയം നല്‍കാൻ പാടില്ല. തര്‍ക്കങ്ങളുണ്ടാകുന്ന പക്ഷം അല്ലാഹുവിൽ നിന്നുള്ള നിയമം മാത്രമായിരിക്കും അടിസ്ഥാന മാനദണ്ഡം. അത് പ്രകാരം പരിഹാരം നടപ്പാക്കുന്നതായിരിക്കും. ഈ ഭരണഘടനയിൽ പുതിയത് പലതും കൂട്ടിച്ചേര്‍ക്കുന്നുണ്ടെങ്കിലും പരമ്പരാഗത രീതികളിൽ നിന്ന് ഉൾക്കൊള്ളാവുന്നത് നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ് അത് രൂപകല്‍പ്പന ചെയ്തിരുന്നത്. ‘മആകിലുഹും അല്‍ ഊലാ’ അഥവാ മുമ്പത്തേത് പോലെ എന്ന പ്രയോഗം അത് സാക്ഷ്യപ്പെടുത്തുന്നുണ്ട്.

യുദ്ധത്തടവുകാര്‍ക്കും വധത്തിനും മറ്റു നഷ്ടപരിഹാരത്തുക നല്‍കേണ്ടവര്‍ക്കും ഒരു സാമൂഹിക സുരക്ഷാ സംവിധാനമൊരുക്കുന്നുണ്ട്. വധിച്ചാലോ പരുക്കേല്‍പ്പിച്ചാലോ മുമ്പത്തെപ്പോലെ പ്രതികാര നടപടികളല്ല സ്വീകരിക്കുക. ഇനി നഷ്ടപരിഹാരത്തുക നല്‍കാന്‍ പ്രയാസപ്പെടുന്നവരാണെങ്കില്‍ സഹായിക്കാനുള്ള ബാധ്യത മുസ്‌ലിംകള്‍ക്ക് ഉണ്ടെന്ന് ഓര്‍മപ്പെടുത്തുന്നു. ഓരോ ഗോത്രത്തിനും ഈ ഘടനയില്‍ സ്വയംഭരണാധികാരം ഉണ്ടായിരിക്കും. പക്ഷേ, ഈ ഘടനയില്‍ ഗോത്രത്തിന് പുതിയ നിര്‍വചനം നൽകി ഏകോപിപ്പിക്കാനുള്ള എല്ലാ പഴുതുകളെയും ഉപയോഗപ്പെടുത്തി. ഉദാഹരണത്തിന്, മക്കയില്‍ നിന്നെത്തിയ മുസ്‌ലിം അഭയാര്‍ഥികളെ എടുക്കാം. അവര്‍ പലപല അറബ് ഗോത്രങ്ങളില്‍ നിന്നുള്ളവരാണ്. അബ്‌സീനിയയില്‍ നിന്നും മറ്റുമുള്ള അറബികളല്ലാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇവരെല്ലാം ചേര്‍ന്ന് ഒരു പുതിയ ‘ഗോത്രം’ രൂപപ്പെടുകയാണുണ്ടായത്. അവര്‍ക്ക് യഥാര്‍ഥ ഗോത്രങ്ങളുടെ എല്ലാ അവകാശങ്ങളും ഉണ്ടായിരുന്നില്ല. എന്നാൽ അറബികള്‍ കുറഞ്ഞ തോതിലാണെങ്കിലും വിദേശികളെ സ്വന്തം ഗോത്രത്തിലേക്ക് ചേര്‍ത്തു നിര്‍ത്താറുണ്ടായിരുന്നു.

ഒരു വലിയ വിഭാഗം ജനങ്ങള്‍ ഒന്നാകെ ഇങ്ങനെയൊരു സമഗ്രമായ ഗോത്രമായി മാറുന്ന രീതി മുമ്പ് കേട്ടുകേള്‍വിയില്ലാത്തതാണ്. ഇവിടെയാണ് ഒരുപക്ഷേ, ഇസ്‌ലാമിക രാഷ്ട്രീയ സങ്കൽപ്പങ്ങളിലെ ‘പൗരൻ, രാജ്യം’ എന്നതിന്റെയൊക്കെ നിർവചനങ്ങൾ രൂപപ്പെടുന്നത്. ജനിച്ച നാട്, വംശം, കുലം, തൊലിയുടെ നിറം, ഭാഷ തുടങ്ങിയ ഒഴിച്ചുകൂടാനാവാത്തതോ ആകസ്മികമോ ആയ മാനങ്ങളായിരുന്നു പൗര നിർമിതിയുടെ നിമിത്തങ്ങളായി പരിഗണിച്ചിരുന്നത്. എന്നാൽ ഇസ്‌ലാമാകട്ടെ, എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളുന്ന ഒരു ലോകവിഭാവനയിലാണ് പൗരത്വ സങ്കല്‍പ്പം ഉറപ്പിച്ചു നിര്‍ത്തുന്നത്. ഏതൊരാള്‍ക്കും ആ പൗരത്വം സ്വമേധയാ സ്വീകരിക്കാം. ഒരുടമ്പടിയുടെ അടിസ്ഥാനത്തിലാണ് അത് നിലവില്‍ വരുകയെന്നു മാത്രം.

സമധാനത്തെ അടിസ്ഥാന ശിലയായി നിശ്ചയിച്ചുകൊണ്ടാണ് സുരക്ഷയെയും പ്രതിരോധത്തെയും മദീനാ ചാർട്ടർ സമീപിച്ചത്. സൈനിക സേവനം നടത്തേണ്ടത് ഓരോ വ്യക്തിയുടെയും ബാധ്യതയായി ഊന്നിപ്പറഞ്ഞു. പ്രത്യക്ഷ ശത്രുവായി അവതരിപ്പിക്കപ്പെട്ട ഏകവിഭാഗമായ ഖുറൈശികള്‍ക്ക് മുസ്‌ലിംകളല്ലാത്ത വിഭാഗങ്ങള്‍ ഒരു കാരണവശാലും സംരക്ഷണം നല്‍കരുതെന്നും വ്യവസ്ഥ ചെയ്യുന്നു. കാരണം അത് മുസ്‌ലിംകളെ മാത്രം ബാധിക്കുന്ന പ്രശ്നമായിരുന്നു. അതോടൊപ്പം ഇസ്‌ലാമിനു വേണ്ടി ത്യാഗങ്ങള്‍ സഹിക്കുന്നവര്‍ക്കുണ്ടാകുന്ന പ്രയാസങ്ങള്‍ ലഘൂകരിക്കേണ്ടത് വിശ്വാസി സമൂഹത്തിന്റെ ബാധ്യതയായി എണ്ണി.

ഈ ഭരണഘടനയില്‍ ഏറ്റവും വലിയ ന്യായാധിപസ്ഥാനം വഹിക്കുന്നത് അല്ലാഹുവിന്റെ ദൂതനായ മുഹമ്മദ് ﷺ ആയിരിക്കുമെന്ന് വ്യക്തമാക്കുന്ന വിഭാവനം ഒരു സുശക്തമായ സാരഥ്യത്തെ അവതരിപ്പിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-195/365

ഭൗതിക ജീവിതത്തെയും ആത്മീയ ജീവിതത്തെയും വേർപിരിക്കാനാവാത്ത വിധം ഇഴ ചേർക്കുന്ന ഒരു രേഖയായി മദീനാ ചാർട്ടർ വായിക്കപ്പെടുന്നു. മദീനയിൽ നിന്ന് രൂപപ്പെട്ട സമുദായം ഈ ആശയത്തിന്റെ പ്രായോഗിക രൂപമായി മാറി. അന്നത്തെ രാഷ്ട്രീയ ഭൂമികയിൽ ആലോചിക്കാൻ പോലും പറ്റാത്ത കേന്ദ്രീകൃതമായ ഒരു രാഷ്ട്രരൂപീകരണം മുഹമ്മദ് നബി ﷺ സാധിച്ചെടുത്തു.

ഈ പാക്ടിനെക്കുറിച്ച് അക്കാദമികവും ജനകീയവുമായ നിരവധി വീക്ഷണങ്ങൾ ഗ്രന്ഥങ്ങളിൽ വന്നിട്ടുണ്ട്. “ഈ ചാർട്ടർ കേവലമൊരു രാഷ്ട്രീയ ധാരണയായി മാത്രം വായിച്ചുകൂടാ. മറിച്ച്, ഇതര സമുദായങ്ങളേയും അവരുടെ വിശ്വാസാചാരങ്ങളെയും പരിഗണിച്ചു കൊണ്ട് രൂപപ്പെടുത്തിയ ഉന്നതമായ ഒരു ഉഭയകക്ഷി ഉടമ്പടിയാണിത്” ബർണാർഡ് ലെവിസ് എന്ന ഇംഗ്ലീഷ് പണ്ഡിതന്റെ അഭിപ്രായമാണിത്. ഡബ്ല്യു വാട്ട് നിരീക്ഷിച്ചതിങ്ങനെയാണ്. “ജനപഥങ്ങൾക്കിടയിലെ ഇഷ്ടാനിഷ്ടങ്ങളെ ഒരു പൊതുകാഴ്ചപ്പാടിൽ എങ്ങനെ ഒന്നിപ്പിക്കാം എന്ന് തെളിയിക്കുന്നതാണ് ഈ ചാർട്ടർ.”

“വ്യക്തികളെയും അവരുടെ സിദ്ധികളെയും ഒരു സമൂഹത്തിന്റെ സമഗ്രമായ നിർമാണത്തിന് എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് തെളിയിക്കുന്ന ചരിത്രത്തിലെ ആദ്യത്തെ ധാരണാപത്രമാണീ ചാർട്ടർ.” വില്ല്യം ജോൺ ആൻഡനാണ് ഈ നിരീക്ഷണം അവതരിപ്പിച്ചത്. എന്നാൽ ഓറിയന്റലിസ്റ്റ് ആശയങ്ങളുടെയും നബി ചരിത്രത്തിന്റെ നിരൂപണാത്മക തൂലികയുമായ വില്ല്യം മൂറിന്റെ അഭിപ്രായം ഒന്നു വായിച്ചുനോക്കൂ “മുഹമ്മദ് ﷺ ന് മുമ്പ് നിരവധി സമൂഹങ്ങളും ഭരണകർത്താക്കളും കഴിഞ്ഞുപോയിട്ടുണ്ട്. എന്നാൽ സ്വന്തം സമൂഹത്തിന്റെ ഐശ്വര്യവും സമാധാനവും രേഖപ്പെടുത്തിയ ഇത്രമേൽ കൃത്യമായ ഒരു അവകാശരേഖ വേറെയാരും അവതരിപ്പിച്ചിട്ടില്ല”

അനുരഞ്ജനത്തിന്റെയും മാനവിക കാഴ്ചപ്പാടുകളുടെയും പാലവും നൂലും ചേർത്തും കോർത്തും ഛിന്നഭിന്നമായിക്കിടന്ന മൂന്നൂറോളം സ്വതന്ത്ര ഗോത്രങ്ങളെ ഒരു ഭരണഘടനയിൽ ഒരു രാഷ്ട്രമാക്കി മാറ്റിയതിനെ ആർക്കാണ് പ്രശംസിക്കാതിരിക്കാൻ കഴിയുക !

മതത്തെയും പ്രവാചകനെ ﷺ യും ആചാരങ്ങളോട് മാത്രം ചേർത്ത് വച്ച് വായിക്കുക, മന്ത്രങ്ങളുടെയും ആരാധനാലയത്തിന്റെയും ചാരത്ത് മാത്രം പ്രതിഷ്ഠിക്കുക, സങ്കുചിതമായ ഒരു സ്ക്രീനിലൂടെ നോക്കിക്കാണുക , എന്നിട്ട് മതത്തെ കൈകാര്യം ചെയ്യുക – ഈ പ്രവണതയാണ് പലപ്പോഴും ഇസ്‌ലാമിനോടും പ്രവാചകരോ ﷺ ടും പലരും പുലർത്തിപ്പോരുന്നത്. എന്നാൽ പ്രവാചക ചരിത്രം കൃത്യമായി പഠിക്കുക. അവിടുത്തെ വ്യവഹാരമേഖലകളെ സമഗ്രമായി വായിക്കുകയും വിലയിരുത്തുകയും ചെയ്യുക. അങ്ങനെ വരുമ്പോൾ അരമനയിലെയും ആൾത്താരയിലെയും ധർമ പാഠങ്ങളെ എങ്ങനെയാണ് ഇസ്‌ലാം വിഭാവനം ചെയ്തത് എന്നു കാണാൻ കഴിയും. സാംസ്കാരിക ആചാര വൈവിധ്യങ്ങളെ മറികടക്കുന്ന ഒരു മാനവിക ബോധത്തെ പ്രവാചകർ ﷺ എങ്ങനെയാണ് വളർത്തിയെടുത്തത് എന്ന് വ്യക്തമാകും.

ഏത് മാനത്തിലൂടെ നബി ﷺ യെ വായിച്ചു എന്നിടത്ത് നിന്നാണ് വിമർശന പഠനങ്ങളെയും പ്രവാചക വിരോധികളെയും നാം തിരിച്ചറിയേണ്ടത്. ആജന്മ വിരോധം കാത്ത് സൂക്ഷിച്ച വിമർശകർ തയ്യാറാക്കിയ ഫ്രെയിമിൽ നിന്നു കൊണ്ടാണോ അതല്ല ആധികാരികവും കൃത്യവുമായ ചരിത്രാവലംബങ്ങളിൽ നിന്നാണോ നബി ﷺ യെ വായിച്ചത്? ഈ ചോദ്യത്തിന്റെ ഉത്തരത്തിൽ നിന്ന് വസ്തുതകൾ വേർതിരിക്കാനാവും.

ഒരു ബഹുസ്വര സമൂഹത്തിന് സർവാത്മനാ തൃപ്തമായ ഒരു ഭരണഘടന കാഴ്ച വച്ചുകൊണ്ട് പ്രാരംഭം കുറിച്ച മദീനയിലെ നവജാഗരണത്തെക്കുറിച്ച് വരും നാളുകളിൽ നമുക്ക് വായന തുടരാം..

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-196/365

മദീനയിൽ പ്രബോധനത്തിന്റെ ഭൂമിക ഭദ്രമായി. ശ്രദ്ധേയമായ ഒരു ജനപഥം സാമൂഹിക നിർമിതിയുടെ പുതിയ ഭാവത്തെ ലോകത്തിനു മുന്നിൽ കാഴ്ചവെച്ചു.

ശേഷം, മദീന തലസ്ഥാനമായ മുന്നേറ്റത്തിന്റെ നാളുകളെ കുറിച്ചാണ് നമുക്ക് വായിക്കാനുള്ളത്. അതിന് മുമ്പ് മദീനയിലെ ആദ്യനാളുകളിൽ ഉണ്ടായ ശ്രദ്ധേയമായ ചില സംഭവങ്ങൾ നമുക്ക് ഓർത്തെടുക്കാം. അബ്ദുല്ലാഹിബ്നു സലാമിന്റെ ഇസ്‌ലാമാശ്ലേഷമാണ് അതിൽ ഒന്നാമത്തേത്.

ജൂത പണ്ഡിതന്മാരില്‍ പ്രധാനിയായിരുന്നു അബ്ദുല്ലാഹിബ്‌നു സലാം. നബി ﷺ മദീനയില്‍ എത്തിയപ്പോള്‍ അദ്ദേഹം അല്ലാഹുവിന്റെ പ്രവാചകന്‍ തന്നെയാണ് എന്ന് അബ്ദുല്ലാഹിബ്‌നു സലാമിന് ബോധ്യപ്പെടുന്ന തെളിവുകൾ ലഭിച്ചു. അദ്ദേഹം ഇസ്ലാം സ്വീകരിക്കുകയും ചെയ്തു. അനസ്(റ) പറയുന്നു: നബി ﷺ മദീനയില്‍ എത്തിയ വിവരം അബ്ദുല്ലാഹിബ്‌നു സലാം അറിഞ്ഞപ്പോള്‍ അദ്ദേഹം അവിടുത്തെ സന്നിധിയിലേക്ക് വന്നു. എന്നിട്ട് പറഞ്ഞു: ”ഞാന്‍ മൂന്ന് ചോദ്യങ്ങള്‍ ചോദിക്കാന്‍ ഉദ്ദേശിക്കുന്നു. ഒരു നബിക്കല്ലാതെ അതിന്റെ ഉത്തരങ്ങള്‍ അറിയുകയില്ല.” തുടർന്നദ്ദേഹം ചോദിച്ചു: ”അന്ത്യദിനത്തിന്റെ ഒന്നാമത്തെ അടയാളം എന്താണ്? സ്വര്‍ഗവാസികൾ ആദ്യമായി കഴിക്കുന്ന ഭക്ഷണം എന്താണ്? ഒരു കുഞ്ഞിന് ഉമ്മയോടും ഉപ്പയോടും സാദൃശ്യം ഉണ്ടാകുന്നത് എങ്ങനെയാണ്?” അപ്പോള്‍ നബി ﷺ പറഞ്ഞു: ”ഈ ചോദ്യങ്ങളുടെ ഉത്തരങ്ങള്‍ കുറച്ചു മുമ്പ് ജിബ്‌രീല്‍(അ) എന്നെ അറിയിച്ചു.” അപ്പോള്‍ അബ്ദുല്ല പറഞ്ഞു: ”ജിബ്‌രീല്‍(അ) മലക്കുകളുടെ കൂട്ടത്തില്‍ ജൂതന്മാരുടെ ശത്രുവാണ്.” നബി ﷺ പറഞ്ഞു: ”അന്ത്യദിനത്തിന്റെ ഒന്നാമത്തെ അടയാളം കിഴക്കുനിന്നും പടിഞ്ഞാറോട്ട് ജനങ്ങളെ ഒരുമിച്ചുകൂട്ടുന്ന ഒരു അഗ്നിയാണ്. സ്വര്‍ഗക്കാരുടെ ഒന്നാമത്തെ ഭക്ഷണം മത്സ്യത്തിന്റെ കരളാണ്. ഒരു കുഞ്ഞിന് പുരുഷനോട് സാദൃശ്യം ഉണ്ടാകുവാന്‍ കാരണം പുരുഷന്റെ സ്രവം സ്ത്രീയുടേതിനേക്കാൾ അതിജയിക്കുമ്പോഴാണ്. എന്നാല്‍ സ്ത്രീയുടെ സ്രവം അതിജയിച്ചാല്‍ കുഞ്ഞിന്റെ സാദൃശ്യം ഉമ്മയോടായിരിക്കും.” ഇത് കേട്ട മാത്രയില്‍ അബ്ദുല്ലാഹിബ്‌നു സലാം പറഞ്ഞു: ”അവിടുന്ന് അല്ലാഹുവിന്റെ പ്രവാചകനാണെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു.”

പല നിവേദകന്മാർ ഉദ്ദരിച്ച നിവേദനങ്ങളുടെ ഒരു സംക്ഷിപ്തം ഇങ്ങനെ കൂടി വായിക്കാം. അബ്ദുല്ലാഹിബ്നു സലാം എന്നവർ പറയുന്നു. നബി ﷺ മദീനയിലെത്തിയതായി ഞാനറിഞ്ഞു. അവിടുത്തെ പേരും ലക്ഷണങ്ങളും കാലവുമൊക്കെ ഞാൻ വിലയിരുത്തി. പ്രവാചകൻ ﷺ ഖുബായിലെത്തിയപ്പോൾ ഒരാൾ വന്നു പ്രവാചകരുടെ ആഗമന വാർത്ത പറഞ്ഞു. അപ്പോൾ ഞാൻ ഈത്തപ്പനയുടെ മുകളിൽ കയറി ജോലിയിൽ നിൽക്കുകയായിരുന്നു. എന്റെ അമ്മായി ഖാലിദ: ബിൻത് ഹാരിസ് താഴെ ഇരിക്കുന്നുണ്ടായിരുന്നു. പ്രവാചകരുടെ ആഗമന വാർത്ത കേട്ടതും ഞാൻ തക്ബീർ ചൊല്ലി. അപ്പോൾ അമ്മായി പറഞ്ഞു. മൂസാ നബി(അ) വന്നതായി കേട്ടത് പോലെയുണ്ടല്ലോ തക്ബീർ കേട്ടിട്ട്. അപ്പോൾ ഞാൻ പറഞ്ഞു, അല്ലാഹു സത്യം! ഈ വന്നത് മൂസാനബി(അ)യുടെ സഹോദരനാണ്. മൂസാനബി(അ)യുടെ ആദർശത്തിൽ വിശ്വസിക്കുന്ന പ്രവാചകനാണ്. മൂസാനബി(അ)യെ നിയോഗിച്ച അതേ ദൗത്യവുമായിട്ടാണ് ഈ പ്രവാചകനേയും നിയോഗിച്ചിട്ടുള്ളത്. അപ്പോൾ അമ്മായി ചോദിച്ചു. അന്ത്യനാളിനോടടുത്ത് നിയോഗിപ്പെടും എന്ന് നാം പറയാറുള്ള നബിയാണോ ഇത്? ഞാൻ പറഞ്ഞു, അതെ. അമ്മായി ഉടനെ പറഞ്ഞു. അത് ശരി, ആ പ്രവാചകനാണ് ഇത് അല്ലേ!

ശേഷം, ഞാൻ നബി ﷺ യുടെ അടുത്തേക്ക് ചെന്നു. ഞാനവിടുത്തെ മുഖമൊന്നു നിരീക്ഷിച്ചു. ഇതൊരു വ്യാജവാദത്തിന്റെ ഉടമയുടെ മുഖമല്ലെന്ന് അപ്പോഴെനിക്ക് ബോധ്യമായി. അവിടുത്തെ തിരുമൊഴിയിൽനിന്ന് ആദ്യമായി ഞാൻ കേട്ട വചനങ്ങൾ ഇതായിരുന്നു. “സമാധാനത്തിന്റെ അഭിവാദ്യം വ്യാപിപ്പിക്കുക, ആളുകളെ ഭക്ഷിപ്പിക്കുക, കുടുംബ ബന്ധങ്ങൾ ചേർക്കുക, രാത്രിയിൽ ജനങ്ങൾ ഉറങ്ങുന്ന നേരത്ത് നിസ്കരിക്കുക എന്നാൽ ശാന്തമായി സ്വർഗ്ഗത്തിൽ പ്രവേശിക്കാം.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-197/365

നബി ﷺ യുടെ പ്രവാചകത്വം അംഗീകരിച്ച ശേഷം അബ്ദുല്ലാഹ് ഇബ്നു സലാം (റ) നബി ﷺ യോട് പറഞ്ഞു : ‘അല്ലാഹുവിന്റെ പ്രവാചകരേ ﷺ, ജൂതന്മാര്‍ വല്ലാതെ കളവ് പറയുന്ന സമൂഹമാണ്. ഞാന്‍ മുസ്‌ലിം ആയിരിക്കുന്നു എന്ന വിവരം അവര്‍ അറിഞ്ഞാല്‍ അവിടുത്തെ സന്നിധിയിൽ വച്ചുകൊണ്ട് അവര്‍ എന്നെക്കുറിച്ച് ആരോപണങ്ങള്‍ പറയും. അങ്ങനെയിരിക്കെ, ജൂതന്മാര്‍ കടന്നു വന്നു. അവരുടെ ദൃഷ്ടിയിൽപ്പെടാതെ അബ്ദുല്ല (റ) വീടിന്റെ അകത്തേക്ക് പ്രവേശിച്ചു. നബി ﷺ ആഗതരോട് ചോദിച്ചു; “അബ്ദുല്ലാഹിബ്‌നു സലാം നിങ്ങളുടെ കൂട്ടത്തിൽ എങ്ങനെയുളയാളാണ്?” അപ്പോള്‍ അവര്‍ പറഞ്ഞു: ”ഞങ്ങളിലെ ഏറ്റവും വലിയ പണ്ഡിതനാണ്. പണ്ഡിതന്റെ മകനാണ്. ഞങ്ങളില്‍ ഏറ്റവും നല്ലവനാണ്. ഏറ്റവും നല്ലവന്റെ മകനാണ്.” അപ്പോള്‍ നബി ﷺ ചോദിച്ചു: ”അബ്ദുല്ല ഇസ്‌ലാം സ്വീകരിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ അഭിപ്രായം എന്താണ്?” അവര്‍ പറഞ്ഞു: ”അല്ലാഹു അദ്ദേഹത്തെ അതില്‍ നിന്നും കാത്തു രക്ഷിക്കട്ടെ!” ഈ സന്ദര്‍ഭത്തില്‍ അബ്ദുല്ല (റ) അവരുടെ മുന്നിലേക്കിറങ്ങിവന്നു. എന്നിട്ട് പറഞ്ഞു: ”അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി ﷺ അല്ലാഹുവിന്റെ പ്രവാചകനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു.” ഇത് കേട്ടമാത്രയില്‍ അവര്‍ ഒന്നടങ്കം പറഞ്ഞു: ”അബ്ദുല്ലാഹിബ്‌നു സലാം ഞങ്ങളില്‍ ഏറ്റവും മോശക്കാരനാണ്. ഏറ്റവും മോശക്കാരന്റെ മകനാണ്.” തുടങ്ങി അവര്‍ അദ്ദേഹത്തെക്കുറിച്ച് പല ആരോപണങ്ങളും പറയാന്‍ തുടങ്ങി. ഇമാം ബുഖാരി (റ) തന്നെ ഈ സംഭവം നിവേദനം ചെയ്തിട്ടുണ്ട് ‘.

ഇദ്ദേഹത്തിന്റെ മഹത്വം പറയുന്ന ഒരു പ്രസ്താവന ബുഖാരി (റ)യും മുസ്‌ലിമും (റ) ഉദ്ധരിച്ചതിപ്രകാരമാണ്. സഅ്ദ് (റ) പറയുന്നു: ”ജീവനോടുകൂടി ഭൂമിയിലൂടെ നടക്കുന്ന ഒരാളെ സംബന്ധിച്ച്, അദ്ദേഹം സ്വര്‍ഗത്തിലാണെന്ന് അബ്ദുല്ലാഹിബ്‌നു സലാമിനെക്കുറിച്ചല്ലാതെ നബി ﷺ പറയുന്നതായി ഞാന്‍ കേട്ടിട്ടില്ല.”

മദീനയിലേക്കുള്ള ആഗമനത്തിൻ്റെ ആദ്യനാളുകളിലുണ്ടായ മറ്റൊരു സംഭവമാണ് റൂമാ കിണറുമായി ബന്ധപ്പെട്ടത്. മദീനയിലെത്തിയ മുസ്‌ലിംകള്‍ക്ക് രുചികരമായ വെള്ളം കുടിക്കാന്‍ നിര്‍വാഹമുണ്ടായിരുന്നില്ല. ഒരു ജൂതന്റെ കൈവശത്തിലുള്ള കിണര്‍ മാത്രമായിരുന്നു അഭയമായി അവര്‍ക്കുണ്ടായിരുന്നത്. അങ്ങനെ നബി ﷺ സ്വഹാബികള്‍ക്കിടയില്‍ ഇപ്രകാരം പ്രഖ്യാപിച്ചു: ”ആരാണ് ജൂതനില്‍ നിന്നും റൂമാ കിണര്‍ വാങ്ങി മുസ്‌ലിംകള്‍ക്ക് ദാനം ചെയ്യുന്നത് , അവന് സ്വര്‍ഗമുണ്ട്.” അത് കേട്ടപ്പോള്‍ ഉസ്മാന്‍ (റ) അതിനു വേണ്ടി തയ്യാറാവുകയും തന്റെ പണം കൊടുത്ത് ആ കിണര്‍ വാങ്ങി മുസ്‌ലിംകള്‍ക്കായി ദാനം ചെയ്യുകയും ചെയ്തു. ഇതിനെക്കുറിച്ച് പരാമർശിക്കുന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസിൻ്റെ ആശയം ഇപ്രകാരമാണ് : ഉസ്മാന്‍(റ) നിവേദനം ചെയ്യുന്നു. നബി ﷺ പറഞ്ഞു: ”വല്ലവനും റൂമാ കിണര്‍ കുഴിച്ചാല്‍ അവന് സ്വര്‍ഗമുണ്ട്.” ഉസ്മാന്‍ (റ) പറയുന്നു: ”അങ്ങനെ ഞാനാണത് കുഴിച്ചത്.” ഈ ഹദീസിൽ കുഴിച്ചാൽ എന്ന് പ്രയോഗിച്ചിട്ടുണ്ടെങ്കിലും മുസ്‌ലിംകൾക്ക് ഉടമപ്പെടുത്തിയാൽ എന്നേ താത്പ്പര്യമുള്ളൂ.

ഇക്കാലയളവിലുണ്ടായ മറ്റൊരു സംഭവമാണ് നിസ്ക്കാരത്തിലെ റക്അത്തുകളുടെ പുനർനിർണയം. ഇത് സംബന്ധമായ ഒരു ഹദീസ് ഇമാം അഹ്മദ് ഉദ്ധരിക്കുന്നതിപ്രകാരമാണ്. “മുഹമ്മദ് നബി ﷺ മിഅ്‌റാജ് പോയ സന്ദര്‍ഭത്തില്‍ നിര്‍ബന്ധമാക്കപ്പെട്ട അഞ്ചുനേരത്തെ നിസ്‌ക്കാരം രണ്ട് റക്അത്ത് വീതമായിരുന്നു. മഗ്‌രിബ് മാത്രമാണ് മൂന്ന് റക്അത്ത് ഉണ്ടായിരുന്നത്. മദീനയിലെത്തിയതിനു ശേഷം സ്വുബ്ഹി അല്ലാത്ത മറ്റെല്ലാ നിസ്‌ക്കാരങ്ങളും രണ്ടില്‍ നിന്ന് നാലായി വര്‍ധിപ്പിച്ചു. മഗ്‌രിബ് മാത്രം മൂന്ന് റക്അത്തില്‍ പരിമിതപ്പെടുത്തുകയും ചെയ്തു. എന്നാല്‍ നാല് റക്അത്തായി നിശ്ചയിക്കപ്പെട്ട ഈ നിസ്‌ക്കാരങ്ങള്‍ യാത്രക്കാര്‍ക്ക് രണ്ട് റക്അത്തായി നിര്‍വഹിക്കുവാന്‍ അനുമതി നല്‍കുകയും ചെയ്തു.

Mahabba Campaign Part-198/365

സ്വുബ്ഹി നിസ്‌ക്കാരം രണ്ട് റക്അത്തില്‍ത്തന്നെ നില നിർത്തിയത് അതില്‍ സുദീര്‍ഘമായി ഖുർആൻ ഓതുന്നതിനുവേണ്ടിയാണ് എന്ന ഒരു തത്ത്വം എടുത്ത് പറഞ്ഞിട്ടുണ്ട്. അത് പോലെ മഗ്‌രിബ് നിസ്‌ക്കാരം മൂന്നില്‍ പരിമിതപ്പെടുത്തിയത് , അത് പകലിലെ വിത്ര്‍ ആയതിനാലാണ് എന്നും ഇമാം ഇബ്‌നു ഹിബ്ബാൻ (റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽക്കാണാം.

ഇക്കാലയളവിൽ നബി ﷺ ബനൂസലമ ഗോത്രത്തിനു നൽകിയ ഒരു നിർദേശം അവിടുത്തെ ദീർഘവീക്ഷണത്തിന്റെ ഭാഗമായിരുന്നു. നബി ﷺ യുടെ അനുചരന്മാരെല്ലാം മസ്ജിദുന്നബവിയുടെ അടുത്തേക്ക് താമസം മാറ്റാൻ തുടങ്ങി. ഇതുവഴി മദീനയുടെ ചുറ്റുമുള്ള പ്രദേശങ്ങള്‍ ഒഴിവായിക്കിടക്കുമോ എന്നുള്ള ഒരു നിരീക്ഷണം നബി ﷺ ക്കുണ്ടായി. ബനൂസലമക്കാര്‍ പള്ളിയിൽ നിന്ന് അൽപ്പം ദൂരത്തായിരുന്നു താമസിച്ചിരുന്നത്. അവര്‍ മസ്ജിദുന്നബവിയുടെ അടുത്തേക്ക് താമസം മാറ്റുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. നബി ﷺ അവരെ അതില്‍ നിന്നും നിരുത്സാഹപ്പെടുത്തി. നിങ്ങള്‍ ദൂരെനിന്ന് നടന്നുവന്നാല്‍ അത്രയും പ്രതിഫലം നിങ്ങള്‍ക്കുണ്ടെന്ന സന്തോഷവാര്‍ത്ത അവരെ അറിയിച്ചു.

ഇമാം മുസ്‌ലിം (റ) ഉദ്ധരിക്കുന്ന ഹദീസിൽ ഇങ്ങനെ വായിക്കാം. ജാബിര്‍ ബിന്‍ അബ്ദുല്ല (റ) പറയുന്നു: ”ഞങ്ങളുടെ വീട് മദീനയില്‍ നിന്നും അല്‍പ്പം അകലെയായിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ വീടുകള്‍ വില്‍ക്കുവാനും പള്ളിയുടെ അടുത്തേക്ക് താമസം മാറ്റുവാനും ഉദ്ദേശിച്ചു. അപ്പോള്‍ നബി ﷺ ഞങ്ങളെ അതില്‍നിന്നും വിലക്കി. തുടർന്ന് ഞങ്ങളോട് പറഞ്ഞു: ”നിങ്ങള്‍ക്ക് ഓരോ ചുവടിനും ഓരോ പദവി ഉയര്‍ത്തപ്പെടുന്നതാണ്.”
ബനൂസലമക്കാരോട് നബി ﷺ പറഞ്ഞത് ഇമാം ബുഖാരി (റ)യും മുസ്‌ലിമും (റ)
നിവേദനം ചെയ്തതിപ്രകാരമാണ്: ”അല്ലയോ ബനൂസലമക്കാരേ, നിങ്ങള്‍ നിങ്ങളുടെ നിലവിലുള്ള വീടുകളില്‍ത്തന്നെ താമസിക്കുക. നിങ്ങളുടെ ഓരോ കാൽപാടും നന്മയായി രേഖപ്പെടുത്തപ്പെടും.” ഇത് രണ്ടു തവണ ആവര്‍ത്തിച്ചു.

വീട്ടില്‍നിന്നും പള്ളിയിലേക്കുള്ള നടത്തം പ്രതിഫലമായി നിങ്ങള്‍ക്ക് രേഖപ്പെടുത്തപ്പെടുമെന്നും അതുകൊണ്ട് ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തു തന്നെ നിങ്ങള്‍ താമസിക്കുകയെന്നുമായിരുന്നു ആ പറഞ്ഞതിന്റെ ആശയം. മദീനയുടെ പരിസര പ്രദേശങ്ങൾ ഒഴിഞ്ഞു കിടന്നാൽ നുഴഞ്ഞു കയറ്റക്കാർക്ക് അതൊരു സൗകര്യമാകും. കാലക്രമേണ അത് മദീനയ്ക്ക് ഭീഷണിയാവും. ഇങ്ങനെയൊരു നിരീക്ഷണമായിരിക്കാം നബി ﷺ യുടെ ഇടപെടലിന്റെ താത്പ്പര്യമെന്ന് വിലയിരുത്തിയവരുണ്ട്.

ഒരു സംഭവം കൂടി പറയാം. ഹിജ്‌റ രണ്ടാം വര്‍ഷം മുഹര്‍റം പത്തിന് അസ്മാഅ്ബ്‌നു ഹാരിസ അല്‍ അസ്‌ലമി എന്ന വ്യക്തി നബി ﷺ യെക്കാണാനായി വന്നു. പ്രവാചകന്‍ ﷺ അദ്ദേഹത്തോട് ചോദിച്ചു: ”താങ്കള്‍ ഇന്ന് നോമ്പെടുത്തിട്ടുണ്ടോ?” അയാള്‍: ”ഇല്ല.” നബി ﷺ പറഞ്ഞു: ”എന്നാല്‍ നോമ്പെടുക്കൂ.” അയാള്‍: ”ഞാന്‍ നേരത്തേ പ്രാതല്‍ കഴിച്ചുപോയല്ലോ.” നബി ﷺ : ”അത് പ്രശ്‌നമില്ല, പകലിന്റെ ബാക്കി ഭാഗം നോമ്പെടുത്തോളൂ. താങ്കളുടെ കുടുംബത്തോടും അങ്ങനെ ചെയ്യാന്‍ പറയൂ.” ഒട്ടും സമയം കളയാതെ, ഊരിവച്ച തന്റെ ചെരുപ്പുകള്‍പ്പോലും ഇടാതെ, ഇദ്ദേഹം പുറപ്പെട്ടു. മദീനയുടെ പ്രാന്തപ്രദേശത്ത് തന്റെ കുടുംബക്കാര്‍ വസിക്കുന്ന യഈന്‍ കോളനിയിലെത്തി. എന്നിട്ട് എല്ലാവരോടും ആശൂറാഅ് നോമ്പെടുക്കാന്‍ ആവശ്യപ്പെട്ടു. ആശൂറാഅ് നോമ്പെടുക്കാന്‍ നിര്‍ബന്ധമാക്കിയത് ഹിജ്‌റ രണ്ടാം വര്‍ഷം തന്നെയായിരുന്നു എന്നാണ് നിവേദനങ്ങൾ പറയുന്നത്. ഏതാനും മാസങ്ങള്‍ക്ക് ശേഷം അതേ വര്‍ഷം തന്നെ അതിനു പകരം റമളാൻ വ്രതം നിര്‍ബന്ധമാക്കി.

ഹിജ്‌റ രണ്ടാം വര്‍ഷം തന്നെ അസ്‌ലമി ഗോത്രത്തിലെ പല കുടുംബങ്ങളും മദീനയില്‍ കുടിയേറിപ്പാര്‍ത്തിരുന്നുവെന്ന ചരിത്രം കൂടി ഇവിടെ വായിക്കാനുണ്ട്. ഇങ്ങനെ മദീനയില്‍ വന്ന് പാര്‍പ്പുറപ്പിക്കുന്ന മദീനക്കാരല്ലാത്ത മുസ്‌ലിം കുടിയേറ്റക്കാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരുന്നു. ഗോത്ര-പിതൃ ബന്ധങ്ങളും മറ്റും നോക്കിയാണ് അവര്‍ വിവിധ ഭാഗങ്ങളില്‍ കോളനികള്‍ സ്ഥാപിച്ചുകൊണ്ടിരുന്നത്. എല്ലാറ്റിലും കൃത്യമായ ആസൂത്രണമുണ്ടായിരുന്നുവെന്ന് ചുരുക്കം. ഓരോ കുടിയേറ്റ മേഖലയിലും സ്വന്തമായി പള്ളിയും മാര്‍ക്കറ്റും തുടങ്ങി വികസിത തുരുത്തുകൾ രൂപപ്പെട്ടു കൊണ്ടിരുന്നു.

Mahabba Campaign Part-199/365

മദീനയിലെ ആദ്യ നാളുകളിലൂടെയാണല്ലോ നാം സഞ്ചരിക്കുന്നത്. ഇക്കാലത്തെ സുപ്രധാനമായ സംഭവങ്ങളിൽ ഒന്നാണ് വിധിവിലക്കുകൾ ഉൾക്കൊള്ളുന്ന ഖുർആനിക സൂക്തങ്ങളുടെയും അധ്യായങ്ങളുടെയും അവതരണം. വിശുദ്ധ ഖുർആനിലെ രണ്ടാമത്തെ അധ്യായം ‘അൽ ബഖറ’യുടെ ഏതാണ്ടെല്ലാ ഭാഗങ്ങളും ഈ കാലയളവിലാണ് അവതരിച്ചത്. ഏറ്റവും ദൈർഘ്യം കൂടിയ അധ്യായവും ഇതു തന്നെയാണ്. ‘അലിഫ് ലാം മീം’ എന്നിങ്ങനെ അറബി അക്ഷരങ്ങൾ പ്രത്യേക രീതിയിൽ ക്രമീകരിച്ചു കൊണ്ടുള്ള ഖുർആനധ്യായത്തിൻ്റെ തുടക്കം സാഹിത്യ കുലപതികളായ അറബികളെ അദ്ഭുതപ്പെടുത്തി. തുടർന്നു വരുന്ന സൂക്തങ്ങളുമായി ഘടനാപരമോ പ്രത്യക്ഷത്തിൽ ആശയപരമോ ആയ ബന്ധമില്ലാത്തതിനാൽ വേറിട്ട് നിൽക്കുന്ന അക്ഷരങ്ങൾ അഥവാ ‘അൽഹുറൂഫുൽ മുഖത്തഅ’ എന്നാണീയക്ഷരങ്ങളെ വിളിക്കുക. ഖുർആനിലെ ഇരുപത്തി ഒൻപതധ്യായങ്ങൾ ഈ വിധത്തിലുള്ള അക്ഷരങ്ങൾ കൊണ്ടാണ് ആരംഭിച്ചിട്ടുള്ളത്. അവയിൽത്തന്നെ ചിലത് ഒറ്റയക്ഷരം മാത്രം കൊണ്ട് ആരംഭിച്ചതായിരിക്കും. മുപ്പത്തിയെട്ടാം അധ്യായം ‘സ്വാദ്’ എന്നാരംഭിച്ചിരിക്കുന്നത് അതിനുദാഹരണമാണ്. ഈ വിധത്തിൽ ചിലത് രണ്ടും വേറെ ചിലത് മൂന്നും മറ്റു ചിലത് അതിലേറെയും അക്ഷരങ്ങൾ കൊണ്ട് തുടങ്ങിയിട്ടുണ്ട്. ഇരുപതാം അധ്യായത്തിന്റെ ആരംഭത്തിലെ ‘ത്വാഹാ’, രണ്ടാമധ്യായത്തിന്റെ തുടക്കത്തിലെ ‘അലിഫ് ലാം മീം’, പതിമൂന്നാം അധ്യായത്തിന്റെ ആരംഭം ‘അലിഫ് ലാം മീം റാ’ എന്നിവ ഉദാഹരണങ്ങളാണ്.

അറബി അക്ഷരമാലയിൽ ആകെയുള്ള ഇരുപത്തിയെട്ടക്ഷരങ്ങളിൽ പതിന്നാലക്ഷരങ്ങൾ ഈ വിധമുള്ള തുടക്കാക്ഷരങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്വരവ്യത്യാസവും ഉച്ചാരണ ശൈലിയും പരിഗണിച്ച് അറബി അക്ഷരങ്ങളെ പല രീതിയിലും വർഗീകരിച്ചിട്ടുണ്ട്. എല്ലാ വർഗത്തിലെയും പകുതിയെണ്ണം അക്ഷരങ്ങൾ മേൽപ്പറയപ്പെട്ട തുടക്കങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ പ്രാരംഭങ്ങളെയും അതിലുൾപ്പെട്ട അക്ഷരങ്ങളെയും സംബന്ധിച്ച വിശദമായ പഠനങ്ങൾ നമുക്ക് വായിക്കാൻ ലഭിക്കും.

‘അൽബഖറ’ യുടെ ആരംഭത്തിലെ ‘അലിഫ് ലാം മീം’ എന്നു തുടങ്ങുന്ന പാരായണം കേട്ട് അറബികൾ അവലോകനം നടത്തുകയും അദ്ഭുതപ്പെടുകയും ചെയ്ത രംഗം ഇങ്ങനെ വായിക്കാം : അബ്ദുല്ലാഹിബ്നു അബ്ബാസ് (റ) നിവേദനം ചെയ്യുന്നു. “അബൂയാസിർ ബിൻ അഖ്തബ് എന്നയാൾ നബി ﷺ യുടെ സമീപത്ത് കൂടി നടന്നു പോയി. അപ്പോൾ നബി ﷺ അൽബഖറ അധ്യായത്തിന്റെ പ്രാരംഭ ഭാഗം പാരായണം ചെയ്യുകയായിരുന്നു. അബൂയാസിർ അത് ശ്രദ്ധാപൂർവം കേട്ടു നിന്നു. ശേഷം തന്റെ ജൂത സുഹൃത്തുക്കളുടെ കൂടെയുണ്ടായിരുന്ന സഹോദരൻ ഹുയയ്യ് ബിൻ അഖ്തബിന്റെ സമീപത്തെത്തി. അദ്ദേഹത്തോട് പറഞ്ഞു. മുഹമ്മദ് നബി ﷺ ഖുർആനിൽ നിന്ന് ‘അലിഫ് ലാം മീം ദാലികൽ കിതാബു…’ എന്ന് പാരായണം ചെയ്യുന്നത് ഞാൻ കേൾക്കാനിടയായി. അവർ ചോദിച്ചു ; ‘നിങ്ങൾ കേട്ടുവോ?’
‘അതെ’.
അവർ ഒരുമിച്ചു നബി ﷺ യുടെയടുത്തേക്ക് പോയി. എന്നിട്ടവർ ചോദിച്ചു. ‘അല്ലയോ , മുഹമ്മദേ ! ﷺ .. ഖുർആനിൽ നിന്ന് അലിഫ് ലാം മീം …തുടങ്ങി സൂക്തം പാരായണം ചെയ്തിരുന്നോ? അത് അവിടുത്തേക്ക് അവതരിച്ചതാണോ?’
നബി ﷺ പറഞ്ഞു, ‘അതെ’.
‘അല്ലാഹുവിൽ നിന്ന് ജിബ്‌രീൽ (അ) കൊണ്ടുവന്നതാണോ?’
‘അതെ’. അപ്പോൾ അവർ തുടർന്നു. ‘അല്ലാഹു നേരത്തേ പല പ്രവാചകരെയും നിയോഗിച്ചിട്ടുണ്ട്. അവരിൽ ഒരാൾക്കും അവരുടെ കാലദൈർഘ്യമോ അവരുടെ സമുദായത്തിന്റെ ആയുസ്സോ പറഞ്ഞു കൊടുത്തിട്ടില്ലല്ലോ?’
അറബി അക്ഷരങ്ങൾക്ക് ഓരോ നിശ്ചിത അക്കങ്ങൾ വിലകൽപ്പിച്ച് കണക്ക് പറയുന്ന രീതിയുണ്ട്. അത് പ്രകാരം ‘അലിഫ് ലാം മീം’ എന്നീ അക്ഷരങ്ങൾക്ക് അക്കങ്ങൾ കൽപ്പിച്ചു ഇതൊരു കണക്കായിരിക്കും എന്നു കരുതിയാണ് ഇക്കൂട്ടർ അങ്ങനെ സംസാരിച്ചത്. അങ്ങനെ അവർ കണക്കു കൂട്ടി. അലിഫ് ഒന്ന്. ലാം മുപ്പത്. മീം നാൽപത്. ആകെ എഴുപത്തി ഒന്ന്. അവർ സങ്കൽപ്പിച്ചു. ഈ പ്രവാചകന്റെ ﷺ അധികാരകാലം അല്ലെങ്കിൽ, സമുദായത്തിന്റെ കാലം എഴുപത്തിയൊന്നായിരിക്കും. അവർ വീണ്ടും നബി ﷺ യുടെയടുത്തെത്തി.

Mahabba Campaign Part-200/365

അവർ നബി ﷺ യോട് ചോദിച്ചു. ‘അലിഫ് ലാം മീം’ എന്നതിന് പുറമെ മറ്റെന്തെങ്കിലുമുണ്ടോ? അപ്പോൾ നബി ﷺ പാരായണം ചെയ്തു. ‘അലിഫ് ലാം മീം സ്വാദ്.’ അവർ പിന്നെയും കണക്കു കൂട്ടി. അലിഫ് ഒന്ന്, ലാം മുപ്പത്, മീം നാൽപത്, സ്വാദ് തൊണ്ണൂറ്. ഇപ്പോൾ മൊത്തം മൂല്യം നൂറ്റി അറുപത്തി ഒന്ന് എന്നായല്ലോ? അവർക്ക് കൃത്യത കിട്ടാതെയായി. അവർ ചോദിച്ചു, ‘ഇനി വല്ലതുമുണ്ടോ?’
‘അതെ’.
‘അതെന്താണ് ?’ അപ്പോൾ സൂറത്ത് യൂസുഫിന്റെ തുടക്കം പാരായണം ചെയ്തു. ‘അലിഫ് ലാം റാ’. അവർ പറഞ്ഞു; ‘ഇത് അൽപ്പം കടുപ്പമായല്ലോ? അലിഫ് ഒന്ന്, ലാം മുപ്പത്, റാ ഇരുന്നൂറ്. മൊത്തം ഇരുന്നൂറ്റി മുപ്പത്തി ഒന്നായല്ലോ? ഇനി വല്ലതുമുണ്ടോ?’
‘അതെ’. സൂറതു ‘റഅ്ദ് ‘ -ലെ തുടക്കം പാരായണം ചെയ്തു. ‘അലിഫ് ലാം മീം റാ’.
‘ഇതിപ്പോൾ ഇരുന്നൂറ്റി എഴുപത്തി ഒന്നായല്ലോ? ഞങ്ങൾക്കൊന്നും പിടിത്തം കിട്ടുന്നില്ല’ – അവർ പറഞ്ഞു. അബൂ യാസിറിനോട് ‘ഹുയയ്യ് ബിൻ അഖ്തബ് ‘ പറഞ്ഞു; ‘ഇതൊരു അദ്‌ഭുതം തന്നെയാണ് ! ഈ പറയപ്പെട്ട വർഷങ്ങളത്രെയും മുഹമ്മദ് നബി ﷺ ക്ക് നൽകിയതായിരിക്കുമോ?’

യഥാർഥത്തിൽ ഖുർആനിനെ അവർക്ക് വേണ്ടത് പോലെ മനസ്സിലാകാത്തതു കൊണ്ടാണ്. ഖുർആൻ പ്രപഞ്ചാധിപന്റെ വചനങ്ങളാണെന്ന് അവർക്ക് മനസ്സിലാക്കാനുള്ള അവസരങ്ങൾ കൂടിയായിരുന്നു ഇതെല്ലാം. അറബിയിൽ അവതരിച്ച ഗ്രന്ഥം അറബികൾക്ക് മനസ്സിലാകണമെങ്കിൽ പ്രവാചകൻ ﷺ വിശദീകരിച്ചു നൽകണം. അപ്പോൾ കേവല ഭാഷാജ്ഞാനത്തിനു പുറമെ മുഹമ്മദ് നബി ﷺ ക്ക് ഈ വിവരങ്ങളും വചനങ്ങളും നൽകുന്ന ഒരു ഉറവിടമുണ്ടെന്ന് ബോധ്യമായി. ആ ഉറവിടമാണ് പ്രപഞ്ചാധിപനായ അല്ലാഹു.

ഇബ്നു അബ്ബാസ് (റ)ന്റെ അഭിപ്രായപ്രകാരം ഇക്കാലയളവിൽത്തന്നെയാണ് ‘സൂറതുത്തൗഹീദ്’ അഥവാ ഖുർആനിലെ നൂറ്റിപ്പന്ത്രണ്ടാമത്തെ അധ്യായം അവതരിക്കുന്നത്. ഇമാം ഖതാദ (റ)യും ളഹ്ഹാക്കും (റ) ഈ അധ്യായം മദീനയിലാണ് അവതരിച്ചത് എന്ന അഭിപ്രായക്കാരാണ്. ‘സൂറതുൽ ഇഖ്ലാസ്’ എന്നാണീ അധ്യായത്തിന്റെ പ്രസിദ്ധമായ പേര്. അതിനൊരു പശ്ചാത്തലം കൂടി ഇമാം ബൈഹഖി (റ) ഉദ്ധരിക്കുന്നു. അതിങ്ങനെയാണ്, കഅ്ബ് ബിൻ അൽ അശ്റഫും ഹുയയ്യ് ബിൻ അഖ്തബും അടങ്ങുന്ന ഒരു യഹൂദി സംഘം നബി ﷺ യെ സമീപിച്ചു. എന്നിട്ട് ചോദിച്ചു; ‘ഈ ലോകം പടച്ചത് അല്ലാഹു ആണെന്നാണല്ലോ പറയുന്നത്. എന്നാൽ അല്ലാഹുവിനെ സൃഷ്ടിച്ചതാരാണ്?’ ഈ ചോദ്യം കേട്ടപ്പോൾ നബി ﷺ യ്ക്ക് കോപം വന്നു. അവിടുത്തെ മുഖം ചുവന്നു തുടുത്തു. ഉടനെ അല്ലാഹു ജിബ്‌രീല്‍ (അ) എന്ന മലക്കിനെ നബി ﷺ യുടെ സവിധത്തിലേക്കയച്ചു. സൂറതുൽ ഇഖ്ലാസ് അവതരിപ്പിച്ചു കൊടുത്തു. ഈ അധ്യായത്തിന്റെ ആശയം ഇങ്ങനെ വായിക്കാം. “നബിയേ, അവിടുന്ന് പറയുക: കാര്യം അല്ലാഹു ഏകനാണ് എന്നതാകുന്നു. അല്ലാഹു എല്ലാവര്‍ക്കും ആശ്രയമായിട്ടുള്ളവനാകുന്നു. അവന്‍ (ആര്‍ക്കും) ജന്മം നല്‍കിയിട്ടില്ല. (ആരുടെയും സന്തതിയായി) ജനിച്ചിട്ടുമില്ല. അവന് തുല്യനായി ആരുമില്ല.”

ഇമാം മുജാഹിദ് (റ), അത്വാഅ (റ) എന്നിവരുടെ അഭിപ്രായപ്രകാരം ഈ അധ്യായം മക്കയിലാണ് അവതരിച്ചത്. ഈ അഭിപ്രായപ്രകാരം ‘അല്ലാഹു ആരാണ് ‘ എന്ന് മക്കയിലെ മുശ്‌രിക്കുകൾ പ്രവാചകരോട് ചോദിച്ചപ്പോഴാണ് ഈ അധ്യായം അവതരിച്ചത്. ഒരധ്യായത്തിന്റെ പ്രാഥമിക അവതരണം ഒരിക്കൽ ഉണ്ടാവുകയും അതേ അധ്യായമോ സൂക്തമോ സന്ദർഭാനുസാരം മറ്റൊരു പ്രാവശ്യം പാരായണം ചെയ്യുകയും ഉണ്ടായേക്കാം. അങ്ങനെയാകുമ്പോൾ ഈ അഭിപ്രായ വ്യത്യാസം ആപേക്ഷികമോ വ്യാഖ്യാനപരമോ മാത്രമാണ്.

മദീനയുടെ ആത്മാവ് മുത്ത് നബി ﷺ യുടെ പരിചരണത്തിൽ പരിപോഷിച്ചുകൊണ്ടിരുന്നു. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും മദീനയിലേക്കു തിരിയാൻ തുടങ്ങി. അതേസമയം തന്നെ മദീനയുടെ ഭൂപടം മേശപ്പുറത്തു വച്ച് ചിലർ അമ്പും കുന്തവും വരച്ചു നോക്കിക്കൊണ്ടിരുന്നു. ഒരു രാഷ്ട്രീയ ഇടപെടലിന്റെ മേഘക്കീറുകൾ കാണാൻതുടങ്ങി.

Mahabba Campaign Part-201/365

ഇബ്നു ഇസ്ഹാഖും (റ) ഇബ്‌നുൽ മുൻദിറും (റ) മറ്റും നിവേദനം ചെയ്യുന്നു. ഷഅസ് ബിൻ ഖൈസ് എന്ന ഒരു വയോധികനുണ്ടായിരുന്നു. കടുത്ത നിഷേധിയും മുസ്‌ലിംകളോട് കൊടിയ ശത്രുത പുലർത്തിയിരുന്ന ആളുമായിരുന്നു അദ്ദേഹം. അസൂയ മൂത്തായിരുന്നു അയാളുടെ സഞ്ചാരം. അങ്ങനെയിരിക്കെ, ഒരിക്കൽ നബി ﷺ യുടെ അനുചരന്മാർ (ഔസും ഖസ്റജും) ഒരുമിച്ചിരുന്നു ചർച്ച ചെയ്യുന്ന സദസ്സിലേക്കയാൾ കടന്നു വന്നു. കാലങ്ങളോളം ശത്രുതയിൽക്കഴിഞ്ഞ ഇരു ഗോത്രങ്ങളെയും ഏകോദര സഹോദരങ്ങളെപ്പോലെയാക്കിയത് നബി ﷺ യായിരുന്നല്ലോ! ഈ ഒത്തിരിപ്പ്‌ ഷഅസിന് അത്ര പിടിച്ചില്ല. ഏങ്ങനെയെങ്കിലും പരസ്പരം തെറ്റിക്കാനുള്ള ഉപായം അയാൾ മെനഞ്ഞു. അങ്ങനെ അയാൾ ജൂതന്മാരിൽപ്പെട്ട ഒരു യുവാവിനെ ശട്ടം കെട്ടി. അവനോട് പറഞ്ഞു; ‘നീ അവർക്കിടയിൽ പോയി ഇരിക്കണം. എന്നിട്ട് ‘ബുആസ് ‘ ദിവസത്തെക്കുറിച്ച് പറയണം. അവർക്കിടയിൽ അന്ന് കൊമ്പ് കോർത്തപ്പോൾ ചൊല്ലിയ ചില കവിതകളൊക്കെ ഒന്നു ചൊല്ലണം’.

ഔസിനും ഖസ്റജിനുമിടയിൽ നടന്ന അവസാനത്തെ യുദ്ധമായിരുന്നു ‘ബുആസ് ‘. നബി ﷺ യുടെ മദീനയിലേക്കുള്ള ആഗമനത്തിന് അഞ്ച് വർഷം മുമ്പായിരുന്നു ഈ യുദ്ധം ആരംഭിച്ചത്. അന്നത്തെ വൈര്യവും ശൗര്യവും കവിതകളിൽ നിന്ന് ഈ യുവാവ് രണ്ട് ഗോത്രങ്ങളെയും ഓർമിപ്പിച്ചു. അവരറിയാതെ പഴയ നാളുകളിലേക്ക് വഴുതി വീണു. വാക്കേറ്റവും വാഗ്വാദവും അരങ്ങേറി. അവസാനം ഇരുകൂട്ടരും ആയുധമെടുത്തു.

നബി ﷺ വിവരമറിഞ്ഞു; കൂടെയുണ്ടായിരുന്ന മുഹാജിറുകൾക്കൊപ്പം പുറപ്പെട്ടു. വാഗ്വാദഭൂമിയിലേക്ക് വന്നു. രണ്ടു ഗോത്രങ്ങളും പഴയ നാളുകൾ പറഞ്ഞ് പോരടിക്കാൻ റെഡിയായി നിൽക്കുകയാണ്. നബി ﷺ അവരെ സംബോധന ചെയ്തു. “യാ മഅ്ശറൽ മുസ്‌ലിമീൻ… അല്ലയോ , മുസ്‌ലിംകളേ..! ഞാൻ നിങ്ങൾക്കിടയിൽ ഉണ്ടായിരിക്കെ, നിങ്ങൾ വിവരക്കേടിന്റെ കാലത്തേക്ക് മടങ്ങുകയാണോ..? അല്ലാഹുവിനെ സൂക്ഷിച്ചോളൂ… അല്ലാഹുവിനെ ഓർത്തോളൂ… ഇസ്‌ലാമിലേക്ക് മാർഗദർശനം ലഭിച്ചതോടെ വിവരക്കേട് നിങ്ങളോട് ബന്ധം വിച്ഛേദിച്ചതല്ലേ? സത്യനിഷേധത്തിൽ നിന്ന് നിങ്ങളെ രക്ഷപ്പെടുത്തിയതല്ലേ ? നിങ്ങളെ പരസ്പരം യോജിപ്പിച്ചതല്ലേ? വീണ്ടും നിങ്ങൾ നിഷേധത്തിലേക്ക് മടങ്ങുകയാണോ?”

ഇത്രയും കേട്ടതോടെ അവർക്ക് തിരിച്ചറിവുണ്ടായി. ഇപ്പോൾ സംഭവിച്ച കാര്യങ്ങൾ പൈശാചിക ചോദനകളാണെന്ന് അവർ മനസ്സിലാക്കി. ശത്രുക്കളുടെ ചതിയാണെന്ന് അവർക്ക് ബോധ്യപ്പെട്ടു. പരസ്പരം ആലിംഗനം ചെയ്തു. വന്നു പോയ പിണക്കത്തിൽ അവർ ഖേദിച്ചു. ആയുധം നിലത്ത് വച്ച് പൊട്ടിക്കരഞ്ഞു. അനുസരണയുള്ള അനുയായികളായി നബി ﷺ യോടൊപ്പം അവർ പിരിഞ്ഞുപോയി. ഷഅസ് ബിൻ ഖൈസിന്റെയും ശത്രുക്കളുടെയും കുതന്ത്രങ്ങൾ പരാജയപ്പെട്ടു. ഈ സന്ദർഭത്തിൽ വിശുദ്ധ ഖുർആനിലെ മൂന്നാമത്തെ അധ്യായം ആലുഇംറാനിലെ തൊണ്ണൂറ്റിയെട്ടു മുതൽ നൂറ്റിയൊന്ന് വരെയുള്ള സൂക്തങ്ങൾ അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം. “നബിയേ, അവിടുന്ന് പറയുക: വേദക്കാരേ, നിങ്ങളെന്തിനാണ് അല്ലാഹുവിന്‍റെ വചനങ്ങളെ നിഷേധിക്കുന്നത്‌? നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെല്ലാം അല്ലാഹു സാക്ഷിയാകുന്നു.
നബിയേ, പറയുക: വേദക്കാരേ, അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന്‌- അതിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചു കൊണ്ട്‌ നിങ്ങളെന്തിന് വിശ്വാസികളെ പിന്തിരിപ്പിച്ചുകളയുന്നു? (ആ മാര്‍ഗം ശരിയാണെന്നതിന്‌) നിങ്ങള്‍ തന്നെ സാക്ഷികളാണല്ലോ. നിങ്ങള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്നതിനെപ്പറ്റിയൊന്നും അല്ലാഹു അശ്രദ്ധവാനല്ല.
സത്യവിശ്വാസികളേ, വേദഗ്രന്ഥം നല്‍കപ്പെട്ടവരില്‍ ഒരു വിഭാഗത്തെ നിങ്ങള്‍ അനുസരിക്കുന്ന പക്ഷം, നിങ്ങള്‍ വിശ്വാസം സ്വീകരിച്ചതിന് ശേഷം അവര്‍ നിങ്ങളെ അവിശ്വാസികളായി മാറ്റിയേക്കും.
നിങ്ങള്‍ക്ക് അല്ലാഹുവിന്‍റെ വചനങ്ങള്‍ വായിച്ചുകേള്‍പ്പിക്കപ്പെട്ടുകൊണ്ടിരിക്കെ, നിങ്ങള്‍ക്കിടയില്‍ അവന്‍റെ ദൂതനുണ്ടായിരിക്കെ, നിങ്ങളെങ്ങനെ അവിശ്വാസികളാകും? ആര് അല്ലാഹുവെ മുറുകെപ്പിടിക്കുന്നുവോ അവന്‍ നേര്‍മാര്‍ഗത്തിലേക്ക് നയിക്കപ്പെട്ടിരിക്കുന്നു.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-202/365

ഖുർആൻ സൂക്തങ്ങളിൽ ഓരോന്നിനും വ്യക്തമായ ഒരു അവതരണ പശ്ചാത്തലം ഉണ്ടാവും. അപ്രകാരം ഒന്നാണ് നാം നേരത്തെ വായിച്ചത്. അൽബഖറ: അധ്യായത്തിലെ ഇരുന്നൂറ്റി നാൽപ്പത്തിയഞ്ചാമത്തെയും മറ്റു ചില സൂക്തങ്ങളെയും അതിന്റെ പിന്നാമ്പുറങ്ങളിൽ നിന്ന് നമുക്ക് വായിക്കാം.

അബൂബക്കർ സിദ്ദീഖ് (റ) ഒരു ദിവസം ജൂതന്മാരുടെ പാഠശാലയിലേക്കു ചെന്നു. അൽബഖറയിലെ ഉപരിസൂചിത സൂക്തം അവതരിച്ച ഉടനെയായിരുന്നു സന്ദർശനം. സൂക്തത്തിന്റെ ആശയം ഇങ്ങനെയാണ് : “അല്ലാഹുവിന് ഉത്തമമായ വായ്പ നല്‍കുവാനാരുണ്ട്‌ ? എങ്കില്‍, അല്ലാഹു അതവന്ന് അനേകം ഇരട്ടികളായി വര്‍ധിപ്പിച്ച് കൊടുക്കുന്നതാണ്‌. (ധനം) പിടിച്ചു വയ്ക്കുന്നതും വിട്ടുകൊടുക്കുന്നതും അല്ലാഹുവാകുന്നു. അവനിലേക്ക് തന്നെയാകുന്നു നിങ്ങള്‍ മടക്കപ്പെടുന്നതും.” ഫിൻഹാസ് ബിൻ ആസൂറാഅ് എന്ന ജൂത പുരോഹിതന് ചുറ്റും ആളുകൾ കൂടിനിൽന്നു. അബൂബക്കർ (റ) അദ്ദേഹത്തോട് പറഞ്ഞു; “അഹോ കഷ്ടം! നിങ്ങൾക്ക് ഇസ്‌ലാം സ്വീകരിച്ച് അല്ലാഹുവിനെ സൂക്ഷിച്ചു ജീവിച്ചു കൂടെ? അല്ലാഹുവിനെ മുൻനിർത്തി ഒന്നാലോചിക്കൂ. നിങ്ങൾക്ക് നന്നായി അറിയില്ലേ, മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദൂതനാണെന്ന്? നിങ്ങൾ പഠിച്ച തൗറാത്തിലും മറ്റും വ്യക്തമായി അത് പറഞ്ഞിട്ടുള്ളതല്ലേ!” ഉടനെ ഫിൻഹാസ് പറഞ്ഞു; “അല്ലയോ, അബൂബക്കറേ (റ)! ഞങ്ങൾ അല്ലാഹുവിനോട് ദാരിദ്ര്യമുള്ളവരൊന്നുമല്ല. അല്ലാഹുവിന് നമ്മളെയാണാവശ്യം. അവൻ നമ്മളോട് വിനയം കാണിക്കും പോലെ നാം അവനോട് വിനയം കാണിക്കുകയില്ല. നമ്മൾ അവനെക്കാൾ സമ്പന്നരാണ്. അവൻ നമ്മേക്കാൾ ധനികനാണെങ്കിൽ നിങ്ങളുടെ പ്രവാചകൻ പറയുമ്പോലെ അവൻ നമ്മളോട് കടം ചോദിക്കുമായിരുന്നോ? നിങ്ങൾക്ക് പലിശ വിലക്കിയ അവൻ ഞങ്ങൾക്ക് പലിശ തരുന്നു. അവൻ ഐശ്വര്യവാനായിരുന്നെങ്കിൽ അവൻ നമുക്ക് പലിശ തരുമായിരുന്നോ?”
ഇത്രയും കേട്ടപ്പോൾ സിദ്ദീഖ് (റ) വിന് ദേഷ്യം വന്നു. ഫിൻഹാസിന്റെ മുഖത്തൊരടി വച്ചു കൊടുത്തു. എന്നിട്ട് പറഞ്ഞു, “എടാ, അല്ലാഹുവിന്റെ ശത്രു.. നാം തമ്മിൽ ഉടമ്പടിയില്ലായിരുന്നെങ്കിൽ നിന്റെ പിരടി ഞാൻ വെട്ടുമായിരുന്നു “.

ഫിൻഹാസ് നബി ﷺ യെ സമീപിച്ചു. എന്നിട്ട് പറഞ്ഞു, “സിദ്ദീഖ് ചെയ്തത് കണ്ടില്ലേ? എന്നെ അടിച്ചിരിക്കുന്നു “. നബി ﷺ കൂട്ടുകാരനോട് ചോദിച്ചു. “എന്താണ് കാര്യം?” അദ്ദേഹം പറഞ്ഞു; “അല്ലാഹുവിന്റെ ദൂതരേ, ﷺ ഇവൻ അല്ലാഹുവിനെക്കുറിച്ച് ചെറുതാക്കി പറഞ്ഞു. അല്ലാഹു ദരിദ്രനും ഞങ്ങൾ സമ്പന്നരുമാണെന്ന്. അപ്പോൾ അല്ലാഹുവിനോടുള്ള ഇഷ്ടത്താൽ എനിക്കിയാളോട് ദേഷ്യം വന്നു. ഞാനയാളെ അടിച്ചു പോയി , അത് ശരിയാണ് “. അല്ലാഹുവിനെ ആക്ഷേപിച്ച കാര്യം അപ്പോൾ ഫിൻഹാസ് നിഷേധിച്ചു. ഉടനെ ഖുർആനിലെ മൂന്നാം അധ്യായം ആലുഇംറാനിലെ നൂറ്റിഎൺപത്തിയൊന്നാം സൂക്തം അവതരിച്ചു. ആശയം ഇപ്രകാരം വായിക്കാം. “അല്ലാഹു ദരിദ്രനും നമ്മള്‍ ധനികരുമാണ് എന്ന് പറഞ്ഞവരുടെ വാക്ക് അല്ലാഹു തീര്‍ച്ചയായും കേട്ടിട്ടുണ്ട്‌. അവര്‍ അപ്പറഞ്ഞതും അവര്‍ പ്രവാചകന്‍മാരെ അന്യായമായി കൊലപ്പെടുത്തിയതും നാം രേഖപ്പെടുത്തി വയ്ക്കുന്നതാണ്‌. കത്തിഎരിയുന്ന നരകശിക്ഷ ആസ്വദിച്ചു കൊള്ളുക എന്ന് നാം (അവരോട്‌) പറയുകയും ചെയ്യും”.

ഫിൻഹാസിന്റെ പരിണിതിയെക്കുറിച്ച് പറഞ്ഞ ഖുർആൻ സിദ്ദീഖ് (റ)നെ ഉപദേശിച്ചു കൊണ്ട് ഇപ്രകാരം ഇടപെട്ടു. “തീര്‍ച്ചയായും നിങ്ങളുടെ സ്വത്തുക്കളിലും ശരീരങ്ങളിലും നിങ്ങള്‍ പരീക്ഷിക്കപ്പെടുന്നതാണ്‌. നിങ്ങള്‍ക്ക് മുമ്പ് വേദം നല്‍കപ്പെട്ടവരില്‍ നിന്നും ബഹുദൈവാരാധകരില്‍ നിന്നും നിങ്ങള്‍ ധാരാളം കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവരികയും ചെയ്യും. നിങ്ങള്‍ ക്ഷമിക്കുകയും സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവെങ്കില്‍ തീര്‍ച്ചയായും അത് ദൃഢനിശ്ചയം ചെയ്യേണ്ട കാര്യങ്ങളില്‍പ്പെട്ടതാകുന്നു”. ആലുഇംറാൻ അധ്യായത്തിലെ നൂറ്റിയെൺപത്തിയാറാമത്തെ സൂക്തത്തിന്റെ ആശയമാണിത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-203/365

മദീനയിൽ വളർന്നു കൊണ്ടിരിക്കുന്ന ഇസ്‌ലാം മക്കയിൽ ഗൗരവതരമായ ചർച്ചകൾക്ക് വഴിയൊരുക്കി. അതിന്റെ അനുരണനങ്ങൾ മദീനയിലേക്കെത്തി തുടങ്ങി.
പലായനം ചെയ്യേണ്ടിവന്നെങ്കിലും, ജന്മനാടിനോടും അതിലെ നിവാസികളോടും പ്രവാചകന്‍ ﷺ സവിശേഷമായ ഹൃദയബന്ധം സൂക്ഷിച്ചിരുന്നു. പക്ഷേ, മക്കക്കാരുടെ നിലപാട് മറിച്ചായിരുന്നു. നബി ﷺ ക്കും അനുയായികള്‍ക്കും മദീനയിൽ പോലും സ്വസ്ഥത കൊടുക്കില്ല എന്ന ഉറച്ച തീരുമാനത്തിലായിരുന്നു അവര്‍. ഇതു സംബന്ധമായി വന്ന രണ്ട് സുപ്രധാന കാര്യങ്ങൾ ഇവയാണ്.
ഒന്ന്, മക്കയില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ക്ക് സഹായം നല്‍കിയ മദീനയിലെ അന്‍സ്വാറുകള്‍ക്ക് മക്കയിലെ ഗോത്രമുഖ്യരായ അബൂസുഫ്‌യാനും ഉബയ്യുബ്‌നു ഖലഫും ഇങ്ങനെയൊരു കത്തെഴുതി: ‘നിങ്ങളുമായി ഒരു തീക്കളി ഉണ്ടാകുന്നത് (യുദ്ധം) മറ്റേതൊരു അറബ് ഗോത്രവുമായും ഉണ്ടാവുന്നതിനേക്കാള്‍ ഞങ്ങള്‍ക്ക് വേദനയുണ്ടാക്കുന്നതാണ്. ഞങ്ങളില്‍ വളരെ മാന്യനായിരുന്ന, ഉയര്‍ന്ന സ്ഥാനമാനങ്ങളുണ്ടായിരുന്ന ഒരു വ്യക്തിയെ ഇപ്പോള്‍ നിങ്ങള്‍ സഹായിക്കാന്‍ ശ്രമിക്കുകയാണ്. നിങ്ങള്‍ ആ വ്യക്തിക്ക് അഭയം കൊടുക്കുകയും പ്രതിരോധം തീര്‍ക്കുകയും ചെയ്യുന്നു. ഇത് ലജ്ജാകരമാണ്. നിങ്ങള്‍ക്ക് പറ്റിയ വീഴ്ചയാണത്. അതുകൊണ്ട് ഞങ്ങളും പ്രസ്തുത വ്യക്തിയുമായുള്ള പ്രശ്‌നത്തില്‍ നിങ്ങള്‍ ഇടപെടരുത്. അവരിൽ എന്തെങ്കിലും നന്മയുണ്ടെങ്കില്‍ ഞങ്ങള്‍ക്കാണ് അതിന്റെ പ്രയോജനം ലഭിക്കേണ്ടത്. ഇനി കാര്യങ്ങള്‍ മറിച്ചാണെങ്കില്‍ അവരെ നിലക്കു നിര്‍ത്താനുള്ള അവകാശവും മറ്റാരേക്കാളും കൂടുതല്‍ ഞങ്ങള്‍ക്കാണുള്ളത്. ഇതിന് മറുപടിയായി കഅ്ബു ബ്‌നു മാലിക് പിന്നീട് ഒരു കവിത രചിക്കുകയുണ്ടായി.

പലായനത്തിന് ശേഷവും മക്കക്കാർ വെച്ചുപുലർത്തിയ വിരോധത്തിന്റെ പ്രധാനപ്പെട്ട ഒരു തെളിവാണിത്.
തങ്ങളുടെ ആവശ്യങ്ങള്‍ മദീനയിലെ അന്‍സ്വാറുകള്‍ നിരസിച്ചെങ്കിലും രണ്ടാമതൊരു വഴി തെരഞ്ഞെടുത്തു. മദീനയില്‍ പ്രവാചകന്റെ ﷺ പ്രതിയോഗിയായ അബ്ദുല്ലാഹിബ്‌നു ഉബയ്യിനും അയാളുടെ വിഗ്രഹാരാധകരായ സുഹൃത്തുക്കള്‍ക്കും അവര്‍ ഇങ്ങനെയൊരു അന്ത്യശാസനമയച്ചു: ‘ഓടിപ്പോന്ന ഞങ്ങളുടെ സഖാവിന് നിങ്ങള്‍ അഭയം കൊടുത്തിരിക്കുകയാണ്. ദൈവത്തില്‍ ആണയിട്ട് ഞങ്ങള്‍ പറയുകയാണ്, നിങ്ങള്‍ അവരെ തുരത്തുകയും പുറത്താക്കുകയും ചെയ്തില്ലെങ്കില്‍ നിങ്ങളുടെ പോരാളികളെ കൊന്നൊടുക്കാനും സ്ത്രീകളെ കൈയേറാനും ഞങ്ങളങ്ങോട്ട് വരുന്നുണ്ട്.’

ഇത് മദീനയില്‍ അല്‍പം ആശങ്ക ഉയർത്തി. എങ്കിലും, അന്‍സ്വാറുകള്‍ പ്രവാചകനോ ﷺ ടൊപ്പം ഉറച്ചുനിന്നിരുന്നതിനാല്‍ മദീനക്കാരായ ഈ അമുസ്‌ലിംകള്‍ക്കെതിരെ എന്തെങ്കിലും നടപടിയെടുക്കുന്നത് ആഭ്യന്തര പ്രശ്നങ്ങൾക്കേ വഴിയൊരുക്കുകയുള്ളൂ എന്ന് തിരിച്ചറിഞ്ഞു. അതിനാല്‍ കത്തിലെ അന്ത്യശാസനം മുഖവിലക്കെടുക്കാതെ മാറ്റിവെച്ചു. മദീനയിലെ അറബികളില്‍ പ്രതീക്ഷയില്ലെന്നു കണ്ട് അവിടത്തെ ജൂതന്മാരെ ഒപ്പം കൂട്ടാന്‍ പറ്റുമോ എന്ന ശ്രമത്തിലായി പിന്നെ മക്കക്കാര്‍. അതാണ് ബനുന്നദീറുകാരുമായുള്ള യുദ്ധത്തിന് വഴിവെച്ചത്.

ഈ സമയത്ത് മദീനക്കെതിരെ മക്കക്കാര്‍ ചില സാമ്പത്തിക നടപടികള്‍ സ്വീകരിച്ചിരുന്നു എന്നു മനസ്സിലാകുന്നുണ്ട്. അബൂനാഇല എന്നൊരാള്‍ തന്റെ വളര്‍ത്തു സഹോദരനായ കഅ്ബു ബ്‌നു അശ്‌റഫിനോട് പറയുന്ന കാര്യങ്ങളില്‍ ഇതേപ്പറ്റിയുള്ള ഒരു സൂചനയുണ്ട്. അബൂനാഇല പറഞ്ഞു: ‘ഈ മനുഷ്യന്‍ (പ്രവാചകന്‍) നമ്മുടെ നാട്ടിലേക്ക് വലിയൊരു ദൗര്‍ഭാഗ്യത്തെയാണ് കൂടെക്കൊണ്ടു വന്നിരിക്കുന്നത്. ഇപ്പോള്‍ അറേബ്യ മുഴുവന്‍ നമ്മുടെ ശത്രുക്കളായി. എല്ലാവരും നമുക്കെതിരാണ്. എല്ലാ വഴികളും തടയപ്പെട്ടിരിക്കുന്നു. നമ്മുടെ കുടുംബങ്ങള്‍ (പട്ടിണി കിടന്ന്) മരിക്കുകയാണ്. തിന്നാന്‍ നമ്മുടെ കൈവശം ഒന്നുമില്ല. ഭക്ഷണം കിട്ടണമെങ്കില്‍ ഏറെ പ്രയാസപ്പെടേണ്ടി വരുന്നു. ശത്രുപാളയത്തിലുള്ള അബൂനാഇല മനഃപൂര്‍വം അതിശയോക്തി കലര്‍ത്തിപ്പറയുകയാണെന്ന് തിരിച്ചറിയുമ്പോഴും മക്കക്കാര്‍ ഉയർത്തിയ സാമ്പത്തിക സമ്മര്‍ദം മദീനയില്‍ അനുഭവപ്പെട്ടു തുടങ്ങിയിരുന്നു എന്ന് മനസ്സിലാക്കാതെവയ്യ. കാരണം അറബ് മേഖലയില്‍ അക്കാലത്തെ അന്താരാഷ്ട്ര വ്യാപാര പാതകളൊക്കെ നിയന്ത്രിച്ചിരുന്നത് മക്കക്കാരായിരുന്നല്ലോ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-204/365

മക്കയിൽ നിന്ന് മദീനയിലെത്തിയിട്ടും സ്വസ്ഥത നൽകാത്ത മക്കക്കാർക്കെതിരെ ചില നയതന്ത്ര നീക്കങ്ങൾ അനിവാര്യമായി വന്നു. മുത്ത് നബിﷺയുടെ സദസ്സ് നയതന്ത്ര വിചാരങ്ങളുടെ വേദി കൂടിയായിമാറി. ആരാധനകളെക്കുറിച്ചും സാമൂഹിക ക്ഷേമത്തെക്കുറിച്ചും സംസാരിച്ചുകൊണ്ടിരുന്നവർ പ്രതിരോധത്തെക്കുറിച്ചും ചർച്ച ചെയ്യാൻ തുടങ്ങി.

മാസങ്ങളോളമുള്ള നിരീക്ഷണത്തിന് ശേഷം പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ പ്രവാചകന്‍ﷺ തീരുമാനിച്ചു. മദീനയിലെത്തി ഏകദേശം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, ഒരു സൈനികവ്യൂഹത്തെ നബിﷺ പറഞ്ഞയച്ചു. മുസ്‌ലിം സ്വാധീന പ്രദേശങ്ങളിലൂടെ മക്കക്കാരുടെ വ്യാപാര സംഘങ്ങള്‍ കടന്നുപോകുന്നില്ലെന്ന് ഉറപ്പു വരുത്താനായിരുന്നു അത്. മക്കയില്‍ നിന്നെത്തിയ മുഹാജിറുകളില്‍ നിന്നുള്ള ഒരു മുപ്പതംഗ സംഘത്തെ തയ്യാർ ചെയ്തു. നബിﷺയുടെ പിതൃസഹോദരന്‍ ഹംസയുടെ നേതൃത്വത്തിലായിരുന്നു ആ സംഘം. പടിഞ്ഞാറന്‍ മദീനയില്‍ കടല്‍ക്കര വരെ പോകാനും അവിടെ വച്ച് അബൂജഹ്‌ലിനെ സന്ധിക്കാനും പ്രവാചകൻ ‍ﷺ നിർദേശിച്ചു. അബൂജഹ്‌ലിനോടൊപ്പം തങ്ങളുടെ കാരവനുകളുമായി മുന്നൂറോളം പേരുണ്ടായിരുന്നു. അവര്‍ ജുഹൈന ഗോത്രത്തിന്റെ വാസ സ്ഥലത്ത് തമ്പടിച്ചിരിക്കുകയായിരുന്നു. ജുഹൈന ഗോത്രത്തലവന്‍ മജ്ദിബ്‌നു അംറ് ഇരുവിഭാഗത്തിന്റെയും സംരക്ഷണോത്തരവാദിത്തം ഏറ്റെടുത്ത് ഇടപെട്ടതിനാല്‍ സംഘര്‍ഷമുണ്ടായില്ല. ഇരുവിഭാഗവും സമാധാനത്തോടെ നാട്ടിലേക്ക് തിരിച്ചുപോയി.

ആഴ്ചകള്‍ക്ക് ശേഷം, നബിﷺയുടെ ബന്ധുവായ ഉബൈദത്തുബ്‌നു ഹാരിസിന്റെ നേതൃത്വത്തില്‍ അറുപത് പേരടങ്ങുന്ന മുഹാജിറുകളുടെ ഒരു സംഘം, അബൂജഹ്‌ലിന്റെ മകന്‍ ഇക്‌രിമ നേതൃത്വം നല്‍കുന്ന ഒരു വലിയ മക്കന്‍ കച്ചവട സംഘത്തെ തടയാന്‍ സനിയ്യാത്തുല്‍ മുര്‍റ എന്ന സ്ഥലത്തെത്തി. എന്നാൽ അവിടെയും ഒരു സായുധ ഏറ്റുമുട്ടല്‍ ഉണ്ടായില്ല. ഈ സന്ദര്‍ഭത്തില്‍ ശത്രു കാരവനിലുള്ള രണ്ട് മുസ്‌ലിംകള്‍ കൂടുതല്‍ സ്വാതന്ത്ര്യം മോഹിച്ച് മുസ്‌ലിം സംഘത്തോടൊപ്പം ചേർന്നു. മിഖ്ദാദു ബ്‌നുല്‍ അംറ് അല്‍ ബഹറാഇ (യമന്‍), ഉത്ബതുബ്‌നു ഗസ്‌വാന്‍ അല്‍മാസീനി എന്നിവരായിരുന്നു അവര്‍. ഈ രണ്ടു പേരും കുറേ കാലമായി മക്കയില്‍ താമസിച്ചു വരുകയായിരുന്നു. വളരെ സുരക്ഷിതമായി മദീനയില്‍ എത്തിച്ചേരാന്‍ ഇവര്‍ മക്കക്കാരോടൊപ്പം കച്ചവട സംഘത്തില്‍ ചേര്‍ന്നതാവാം എന്ന ഒരു സാധ്യതയും അവഗണിക്കാവതല്ല.

സഅ്ദു ബ്‌നു അബീവഖാസി (റ)ന്റെ നേതൃത്വത്തിൽ എട്ടു പേരടങ്ങുന്ന മുഹാജിറുകളുടെ മറ്റൊരു നിരീക്ഷണ സംഘം റാഗിബിന് അടുത്തുള്ള ഖര്‍റാറിലേക്ക് തിരിച്ചിരുന്നു. ശത്രുവിന്റെ നീക്കങ്ങള്‍ മനസ്സിലാക്കാനോ അവിടെയുള്ള ഗോത്രങ്ങളുമായി സഖ്യമുണ്ടാക്കാനോ ആയിരിക്കാം അത്. നേരത്തെ പരാമര്‍ശിച്ച ജുഹൈന ഗോത്രക്കാരെപ്പോലെ അതത് മേഖലയില്‍ താമസിക്കുന്ന ജനവിഭാഗങ്ങളുടെ പൂര്‍ണ സഹകരണം ഉറപ്പാക്കിക്കൊണ്ടല്ലാതെ ആ വഴിയുളള മക്കയിലെ കച്ചവടസംഘങ്ങളുടെ യാത്ര തടയാനാവുമായിരുന്നില്ല. ടൂറിസ്റ്റ് സഞ്ചാര പാതകള്‍ പോലെയായിരുന്നു അവ. കച്ചവടസംഘങ്ങള്‍ കടന്നുപോകുന്നതു കാരണം അതത് മേഖലകള്‍ക്ക് കാര്യമായ സാമ്പത്തിക നേട്ടങ്ങളുമുണ്ടായിരുന്നു. പ്രത്യേകിച്ച് കാരവനുകള്‍ ആ മേഖലയില്‍ തമ്പടിക്കുകയാണെങ്കില്‍. അപ്പോള്‍ അവര്‍ക്ക് വെള്ളവും ഭക്ഷണവും കന്നുകാലിത്തീറ്റയുമൊക്കെ ആവശ്യമായി വരും. അതൊക്കെ അതത് പ്രദേശങ്ങളില്‍നിന്ന് വിലകൊടുത്ത് വാങ്ങുകയാണ് ചെയ്യുക. കച്ചവട സംഘങ്ങള്‍ക്ക് അസുഖകരമായി എന്തെങ്കിലും സംഭവിച്ചാല്‍ ഖുറൈശികളുടെ ശക്തമായ പ്രതികാര നടപടികളും ആ ഗോത്രങ്ങള്‍ക്ക് നേരിടേണ്ടിവരും. അതിനാല്‍ ഈ ഗോത്രങ്ങളുടെ സഹകരണം ലഭിക്കണമെങ്കില്‍ ഖുറൈശികളുടെ പ്രതികാര നടപടികളില്‍നിന്ന് അവര്‍ക്ക് രക്ഷ ലഭിക്കണം. അതുകൊണ്ട് തന്നെ നബിﷺ നേരില്‍ ചെന്നുതന്നെ സുരക്ഷ ഉറപ്പുകൊടുക്കേണ്ട സാഹചര്യങ്ങൾ ചില ഗോത്രങ്ങൾക്കുണ്ടായിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-205/365

അതിന്റെ ഭാഗമായി നബി ﷺ മദീനയ്ക്ക് തെക്കുള്ള വദ്ദാനിലേക്ക് പോയി. ബദ്‌റിന് സമീപത്തുള്ള പ്രദേശമാണിത്. ബനൂദംറ ഗോത്രക്കാരാണിവിടെ താമസിക്കുന്നത്. രണ്ടാഴ്ച നബി ﷺ മദീനയില്‍ നിന്ന് വിട്ട് ഇവരോടൊപ്പം കൂടി. ഒരാഴ്ച മുഴുവന്‍ പ്രസ്തുത ഗോത്രക്കാരുമായി സംഭാഷണം നടത്തി പരസ്പര സഹകരണത്തിനുള്ള ഒരു കരാറില്‍ എത്തിച്ചേരാന്‍ വേണ്ടി പരിശ്രമിച്ചു. ബനൂദംറയുമായി യൂണ്ടാക്കിയ രണ്ട് കരാറുകളുടെ രേഖകൾ ചരിത്രകാരന്മാര്‍ പരാമർശിക്കുന്നുണ്ട്. അതിലൊന്നിന് ഹിജ്‌റ രണ്ട്, സ്വഫര്‍ മാസത്തിലാണെന്നാണ് തീയതി നല്‍കിക്കാണുന്നത്. ആക്രമണമില്ലാതിരിക്കാനും നിഷ്പക്ഷമായി നിലകൊള്ളാനുമാണ് അതിൽ പ്രമേയവത്ക്കരിച്ചത്.

‘മുഹമ്മദ് നബി ﷺ ഒരിക്കലും ബനൂദംറയെ ആക്രമിക്കുകയില്ല; അവര്‍ തിരിച്ചും ആക്രമിക്കുകയില്ല. അവര്‍ പ്രവാചകർക്കെതിരെ സംഘം ചേരുകയോ അവരുടെ ശത്രുവിനെ സഹായിക്കുകയോ ഇല്ല.’

ഏതാനും മാസങ്ങള്‍ക്ക് ശേഷമാണ് രണ്ടാമത്തെ രേഖ ഒപ്പുവയ്ക്കപ്പെട്ടതായിക്കാണുന്നത്. കാരണം, ആദ്യത്തെ കരാര്‍ ഒപ്പ് വച്ച ശേഷം നബി ﷺ വീണ്ടും മദീനയുടെ വടക്കു പടിഞ്ഞാറ് റദ്‌വയ്ക്ക് സമീപമുള്ള ബുവാത്വിലേക്ക് പോയിരുന്നു. ഒരു ചെറിയ ഖുറൈശി കച്ചവടസംഘം അതുവഴി ആ സമയത്ത് കടന്നുപോകുന്നുണ്ടായിരുന്നു. എങ്കിലും അവരുമായി ഏതെങ്കിലും സംഘട്ടനം നടന്നതായി ചരിത്രം പരാമർശിക്കുന്നില്ല. ആ പ്രദേശത്തെ ആളുകളുമായി ഒരു ധാരണയുണ്ടാക്കാന്‍ മാത്രമായിരിക്കാം അങ്ങോട്ട് പോയിട്ടുണ്ടാവുക എന്നതാണ് നിഗമനം. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ഫിഹ്‌രികളില്‍പ്പെട്ട കുര്‍സുബ്‌നു ജാബിറിന്റെ നേതൃത്വത്തില്‍ ഒരു ചെറിയ സംഘം മക്കക്കാര്‍ മദീനയുടെ തെക്കന്‍ പ്രദേശങ്ങൾ അക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി പരാമർശങ്ങളുണ്ട്. ദിവസങ്ങളോളം അവരെപ്പിടികൂടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മുസ്‌ലിംകളെ വളരെ അലോസരപ്പെടുത്തിയ നടപടിയായിരുന്നു അത്. ഇനിയും നമ്മുടെ ഭാഗത്ത് നിന്ന് ചില നീക്കങ്ങൾ ഉണ്ടാകാതിരുന്നുകൂടാ എന്ന ചിന്ത ഇതുവഴി മുസ്‌ലിംകൾക്കുണ്ടായി. അങ്ങനെയിരിക്കെയാണ് മക്കയിലെ വലിയൊരു കച്ചവടസംഘം സിറിയ ലക്ഷ്യമാക്കി യാത്ര പുറപ്പെട്ടിട്ടുണ്ട് എന്നറിയുന്നത്. മദീനയ്ക്ക് വടക്കുഭാഗത്ത് വച്ച് ആ സംഘത്തെ അഭിമുഖീകരിക്കുന്നതിൽ ആശങ്കയുണ്ടായതിനാൽ നഗരത്തിന്റെ തെക്കു പടിഞ്ഞാറുള്ള തീരപ്രദേശത്തേക്ക് നീങ്ങാൻ തീരുമാനിച്ചു. കാരണം അത് ബനൂ ദംറക്കാരുടെ പ്രദേശമായിരുന്നു.

അന്നുവരെയും മദീനയിൽ നിന്നുണ്ടായ ചെറിയ ചെറിയ നീക്കങ്ങൾ മക്കക്കാരായ കച്ചവട സംഘങ്ങളെ ലക്ഷ്യം വച്ചു കൊണ്ട് മാത്രമായിരുന്നു. അത് തീർത്തും നയതന്ത്രപരമായിരുന്നതിനാൽ മറ്റു ദേശത്ത് നിന്നുളള സംഘങ്ങളെ നേരിടലോ അവരുടെ സാധനങ്ങൾ പിടിച്ചെടുക്കലോ മദീനയിൽ നിന്നുള്ള സംഘത്തിന്റെ ലക്ഷ്യമായിരുന്നില്ല. എന്നാൽ ഇപ്പോഴത്തെ ചിത്രം ഒന്നുകൂടി മാറി. കുര്‍സു ബ്‌നു ജാബിര്‍ മദീന കൊള്ളയടിച്ചതിന് പകരംവീട്ടലും ലക്ഷ്യമായി മാറി.

ബനൂ മുദ്ലജ് ഗോത്രക്കാരുടെ വാസസ്ഥലത്താണ് മദീനയിൽ നിന്നുള്ള സംഘം എത്തിച്ചേർന്നത്. ഹിജ്റയുടെ വേളയിൽ നബി ﷺ യെ പിൻതുടർന്ന സുറാഖ ഈ ഗോത്രക്കാരനാണ്. അദ്ദേഹം നബി ﷺ ക്കും നൂറ്റിയൻപത് പേരടങ്ങുന്ന മദീനാ സംഘത്തിനും സമൃദ്ധമായ സദ്യയൊരുക്കി. നബി ﷺ യും അനുയായികളും ലക്ഷ്യം വച്ചുവന്ന സംഘം വഴിമാറി സഞ്ചരിച്ച് രക്ഷപ്പെട്ടു. എന്നാൽ നബി ﷺ ബനൂ ദംറ ഗോത്രവുമായുള്ള ബന്ധം ശക്തിപ്പെടുത്താൻ ഈ സന്ദർഭം പ്രയോജനപ്പെടുത്തി. അവരുമായി പുതിയ ഒരു കരാറിൽക്കൂടി ഒപ്പുവച്ചു. അതിന്റെ ഉള്ളടക്കം ഇപ്രകാരമായിരുന്നു. ‘അല്ലാഹുവിന്റെ ദൂതൻ മുഹമ്മദ് ﷺ ബനൂദംറയ്ക്ക് എഴുതിനല്‍കുന്നത്: അവരുടെ ജീവനും സ്വത്തും സുരക്ഷിതമായിരിക്കും. അവരെ അന്യായമായി ആര് കടന്നാക്രമിച്ചാലും അവര്‍ക്ക് സഹായം നല്‍കും. കടല്‍ വെള്ളത്തിന് മുടിയെ നനയ്ക്കാനാവുമെങ്കില്‍, തീര്‍ച്ചയായും പ്രവാചകനെ ﷺ തിരിച്ച് സഹായിക്കേണ്ടതും അവരുടെ ബാധ്യതയാണ്. മുസ്‌ലിംകളുടെ വിശ്വാസ സംബന്ധിയായ പോരാട്ടങ്ങള്‍ ഇതില്‍നിന്നൊഴിവാണ്. പ്രവാചകന്‍ ﷺ അവരെ സഹായത്തിന് വിളിച്ചാല്‍ അവരതിന് ഉത്തരം നല്‍കണം. അല്ലാഹുവും അവന്റെ ദൂതനും ﷺ നല്‍കുന്ന ഉറപ്പ് അവര്‍ക്ക് വിശ്വസിക്കാം. കരാര്‍ കണിശമായി പാലിക്കുകയും കളങ്കരഹിതമായി പെരുമാറുകയും ചെയ്യുന്നവര്‍ക്കായിരിക്കും എല്ലാ പിന്തുണയും നൽകുക.’

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-206/365

വുദ്ദാൻ സൈനിക നീക്കത്തിന് ‘അബവാഅ് സൈനിക ഇടപെടൽ’ എന്നുകൂടി പേരുണ്ട്. പ്രവാചക ചരിത്രത്തിലെ ആദ്യത്തെ സൈനിക നീക്കമായിരുന്നു ഇത്. സഅ്ദ് ബിൻ ഉബാദ (റ)യെ മദീനയുടെ ചുമതല ഏൽപ്പിച്ചിട്ടായിരുന്നു നബി ﷺ അബവാഇലേയ്ക്ക് പോയത്. അന്നത്തെ പതാക വഹിച്ചത് ഹംസ (റ) ആയിരുന്നു. വെളുത്ത പതാകയായിരുന്നു ഉപയോഗിച്ചത്.

പലായനത്തിന്റെ രണ്ടാം വർഷം, ജമാദുല്‍ ആഖിര്‍ മാസത്തില്‍ അവിടുന്ന് നടത്തിയ നീക്കങ്ങളില്‍ സംതൃപ്തനായി നബി ﷺ മദീനയില്‍ തിരിച്ചെത്തി. തുടർന്ന് നബി ﷺ ഫലസ്ത്വീനിലേക്ക് രണ്ട് പേരെയയച്ചു. അവിടെ നിന്ന് തിരിച്ചു വരുന്ന ഖുറൈശി കച്ചവട സംഘത്തിന്റെ വിവരങ്ങളറിയാന്‍ വേണ്ടിയായിരുന്നു അത്. മക്കക്കാരുടെ വ്യാപാരപാതകളില്‍ താമസിക്കുന്ന ദംറ, മുദ്‌ലജ് ഗോത്രങ്ങളുമായി സമാധാനക്കരാറും സൈനിക സഖ്യവുമുണ്ടാക്കി നയതന്ത്രതലത്തില്‍ വലിയ നേട്ടങ്ങള്‍ കൈവരിച്ചുവെങ്കിലും അതിലൊതുങ്ങാതെ മറ്റൊരു ധീരമായ നീക്കംകൂടി അവിടുന്ന് നടത്തി. ഒരു വിശ്വസ്ത ഗോത്രത്തലവന്റെ നേതൃത്വത്തില്‍ എട്ട് ധൈര്യശാലികളായ മുഹാജിറുകളുടെയൊരു സംഘത്തെ ഒരുക്കി നിര്‍ത്തി. വിവരം പുറത്തറിയാതിരിക്കാന്‍ നിര്‍ദേശങ്ങളടങ്ങിയ കത്ത് മുദ്രവച്ച് അവര്‍ക്ക് നല്‍കുകയായിരുന്നു. അവര്‍ രണ്ട് ദിവസം ഉയര്‍ന്നൊരു പ്രദേശത്തിലൂടെ (നജ്ദീയ) സഞ്ചരിച്ച് ചെറിയ കിണറിന്റെ(റുകയ്യ) ഭാഗത്തേക്ക് നീങ്ങണം എന്ന് നിർദേശിച്ചു. യാത്രയുടെ അവസാനത്തിലേ കത്ത് തുറന്നുനോക്കാവൂ എന്നും ഊന്നിപ്പറഞ് രുന്നു. നിര്‍ണിത സമയം കഴിഞ്ഞ് സംഘത്തലവൻ അബ്ദുല്ലാഹിബ്‌നു ജഹ്ശ് (റ) കത്ത് തുറന്നു നോക്കി. അതില്‍ ഇപ്രകാരം എഴുതിയിരിക്കുന്നതായി വായിച്ചു: ‘ഈ കത്തിന്റെ ഉള്ളടക്കം അറിഞ്ഞു കഴിഞ്ഞാല്‍ നിങ്ങള്‍ മക്കയ്ക്കും ത്വാഇഫിനും ഇടയ്ക്കുള്ള നഖ്‌ലയിലേക്ക് പോകണം. അവിടെ ക്യാമ്പ് ചെയ്യുക. ഖുറൈശികളെ നിരീക്ഷിച്ചുകൊണ്ട് നമുക്ക് വിവരങ്ങള്‍ എത്തിക്കുക.’

ശരിക്കും ശത്രുവിന്റെ വാസസ്ഥലങ്ങളിലൂടെത്തന്നെയാണ് ഈ ചെറു സംഘത്തിന് സഞ്ചരിക്കേണ്ടിയിരുന്നത്. ആളുകളുടെ എണ്ണം വളരെക്കുറവായതുകൊണ്ട് വിവരങ്ങള്‍ എത്തിക്കുക എന്നതല്ലാത്ത മറ്റു സാഹസിക ദൗത്യങ്ങളൊന്നും ഈ സംഘത്തിന് ഉണ്ടായിരുന്നില്ലെന്ന് മനസ്സിലാക്കാം. പക്ഷേ, അവര്‍ നടത്തിയ ചില പ്രവർത്തനങ്ങൾ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കി. ഉണക്കമുന്തിരി, തുകല്‍, മദ്യം പോലുള്ള ചരക്കുകളുമായി വരുന്ന മക്കക്കാരുടെ ഒരു ചെറിയ കച്ചവട സംഘം ഈ ഗ്രൂപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടു. അല്‍പ്പം അമാന്തിച്ചുനിന്നെങ്കിലും കച്ചവട സംഘത്തെ അക്രമിക്കാന്‍ തന്നെ അവര്‍ തീരുമാനിച്ചു. അമ്പെയ്ത് അവര്‍ ഒരാളെക്കൊല്ലുകയും രണ്ടാളുകളെ തടവുകാരായി പിടിക്കുകയും ചെയ്തു. കച്ചവട വസ്തുക്കളൊക്കെപ്പിടിച്ചെടുത്തു. കാരവനിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പിടിച്ചെടുത്ത സാധനങ്ങളുമായി മദീനയില്‍ത്തിരിച്ചെത്തിയ സംഘത്തെ പ്രവാചകന്‍ ﷺ ശകാരിച്ചു. തന്റെ നിര്‍ദേശങ്ങള്‍ക്ക് വിപരീതം പ്രവര്‍ത്തിച്ചതിനായിരുന്നു ശകാരം. അത് റജബ് മാസത്തിന്റെ അവസാനമായിരുന്നതിനാൽ യുദ്ധം നിരോധിക്കപ്പെട്ട മാസത്തില്‍ രക്തം ചിന്തിയെന്നും ആരോപിക്കപ്പെട്ടേക്കുമെന്നായി. പക്ഷേ, ഇക്കാര്യം അത്ര പ്രാധാന്യത്തോടെ ഉയർന്നുവന്നില്ല. കാരണം, റജബ് മാസത്തിന്റെയവസാന ദിവസം സൂര്യന്‍ അസ്തമിച്ച ശേഷമായിരുന്നു സംഭവം നടന്നത്. അപ്പോഴേക്കും അടുത്ത മാസം ആരംഭിച്ചു കഴിഞ്ഞിരുന്നല്ലോ എന്ന ഒരു വശമുണ്ട്.

തങ്ങളുടെ തടവുകാരെക്കൊണ്ടുപോകാൻ മക്കക്കാര്‍ മോചനദ്രവ്യവുമായി മദീനയില്‍ വന്നു. അതുനല്‍കി ഇരു തടവുകാരെയും മോചിപ്പിച്ചുകൊണ്ടു പോവുകയും ചെയ്തു. അതായിരുന്നു അന്നത്തെ കീഴ്‌വഴക്കം. ഏതായാലും ആ പ്രശ്‌നം അതോടെയവസാനിച്ചു.

ഇതിനിടയിൽ ബുവാത്വിലേക്കുള്ള ഒരു നയതന്ത്ര നീക്കം കൂടി നടന്നിരുന്നു. ഇരുന്നൂറ് മുഹാജിറുകളായിരുന്നു സംഘത്തിലുണ്ടായിരുന്നത്. പതാക വഹിച്ചിരുന്നത് സഅ്ദ് ബിൻ അബീ വഖാസാ (റ)യിരുന്നു. അവിടെയും ധവള പതാകയാണ് ഉപയോഗിച്ചത്. നബി ﷺ യുടെ മദീനയിൽ നേതൃത്വം നൽകിയത് സഅ്ദ് ബിൻ മുആദാ (റ)യിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-207/365

മേൽപ്പറയപ്പെട്ട സംഭവങ്ങളുടെ തന്നെ വേറിട്ട ക്രമത്തിലുള്ള മറ്റൊരു വായന ഇങ്ങനെയാണ് :
“സഅ്ദ് ബിൻ അബീ വഖാസ് (റ) പറയുന്നു. ‘നബി ﷺ ഞങ്ങളെ സൈനിക ദൗത്യത്തിന് നിയോഗിച്ചു. അപ്പോൾ അവിടുന്ന് പറഞ്ഞു ; “നിങ്ങളുടെ കൂട്ടത്തിൽ നിന്ന് ദാഹവും വിശപ്പും ഏറ്റവും സഹിക്കാൻ കഴിയുന്ന ഒരാളെയാണ് നിങ്ങളുടെ നേതാവായി നിശ്ചയിക്കുന്നത്.” ശേഷം അബ്ദുല്ലാഹിബ്നു ജഹ്ശി (റ)നെ നേതാവായി നിയമിച്ചു. അമീറുൽ മുഅ്മിനീൻ അഥവാ വിശ്വാസികളുടെ നേതാവ് എന്ന് അദ്ദേഹത്തെ നബി ﷺ പരിചയപ്പെടുത്തി. ഇസ്‌ലാമിക ചരിത്രത്തിൽ ഈ വിലാസം ആദ്യം ലഭിച്ചയാൾ അബ്ദുല്ലാഹിബ്നു ജഹ്ശ് (റ) ആയിരുന്നു. നബി ﷺ യുടെ പ്രതിപുരുഷന്മാരായ ഖലീഫയായി ആദ്യം അമീറുൽ മുഅ്മിനീൻ എന്ന് വിളിക്കപ്പെട്ടത് ഉമർ ബിൻ അൽഖത്വാബാ (റ)യിരുന്നു.

ഇബ്ൻ ജഹ്ശ് (റ) തുടരുന്നു. “ഒരു രാത്രിയിൽ ഇശാനിസ്ക്കകാരാനന്തരം നബി ﷺ എന്നെ വിളിച്ചു പറഞ്ഞു. “പ്രഭാതമാവുന്നതോടെ ആയുധവും കൈയിൽക്കരുതി നീ വരണം. ഇൻശാ അല്ലാഹ്! നിന്നെ ഞാൻ ഒരു ദൗത്യത്തിന് നിയോഗിക്കുകയാണ്.” വാളും പരിചയും ആവനാഴിയും വില്ലുമൊക്കെ കൂടെക്കരുതി ഞാൻ രാവിലെത്തന്നെയെത്തി. നബി ﷺ പ്രഭാതനിസ്ക്കാരം നിർവഹിച്ചു. അപ്പോൾ ഞാൻ മറ്റ് അനുചരന്മാർക്കൊപ്പം പള്ളിയുടെ വാതിൽക്കൽ നിന്നു. നബി ﷺ ഉബയ്യ് ബിൻ കഅ്ബി (റ)നെ വിളിച്ചു. ഉടനെ അദ്ദേഹം അടുത്തേക്ക് വന്നു. ഒരു കത്തെഴുതുവാൻ അദ്ദേഹത്തോട് നബി ﷺ ആവശ്യപ്പെട്ടു. ശേഷം, എന്നെ വിളിച്ച് തോലിൽ തയ്യാറാക്കിയ ഒരു ലിഖിതം എൻ്റെ കൈയിലേൽപ്പിച്ചിട്ടു പറഞ്ഞു; “താങ്കളെ ഈ സംഘത്തിന്റെ നായകനായി ഞാൻ നിശ്ചയിച്ചിരിക്കുന്നു. നിങ്ങൾ പുറപ്പെടുക. രണ്ടു രാത്രി പിന്നിട്ടു കഴിഞ്ഞാൽ ഈ കത്തു തുറന്ന് നോക്കുക. ശേഷം, അതിലെ നിർദേശപ്രകാരം മുന്നോട്ട് പോവുക “. അബ്ദുല്ല (റ) ചോദിച്ചു. ‘ഏതു ഭാഗത്തേക്കാണ് സഞ്ചരിക്കേണ്ടത് ?’ “റഖിയ്യ ലക്ഷ്യം വച്ച് നജ്ദിയ്യയിലേക്ക് പ്രവേശിക്കുക “.
അപ്രകാരം രണ്ട് ദിവസം യാത്ര തുടർന്നു. ഇബ്നു ളുമൈറയുടെ കിണറ്റിനടുത്തെത്തിയപ്പോൾ ലിഖിതം തുറന്ന് വായിച്ചുനോക്കി. ഉള്ളടക്കം ഇപ്രകാരയിരുന്നു.

“അല്ലാഹുവിന്റെ നാമത്തിൽ, അവന്റെ അനുഗ്രഹത്തോടെ നീ യാത്ര ചെയ്യുക. ഒപ്പമുള്ള ആരെയും കൂടെ വരാൻ നിർബന്ധിക്കരുത്. സ്വന്തം താത്പ്പര്യപ്രകാരം അനുഗമിക്കുന്നവരോടൊപ്പം മുന്നോട്ട് നീങ്ങുക. ബത്വൻ നഖ്ലിൽ എത്തി അവിടെയുള്ള ഖുറൈശീ കച്ചവട സംഘത്തെ നിരീക്ഷിക്കുക.” കത്ത് വായിച്ച ശേഷം അബ്ദുല്ലാഹിബിനു ജഹ്ശ് (റ) സഹയാത്രികരോടായി ഇങ്ങനെ പറഞ്ഞു. ‘നിങ്ങളിൽ ആരെയും ഞാൻ നിർബന്ധിക്കുന്നില്ല. മടങ്ങിപ്പോകേണ്ടവർക്ക് ഇപ്പോൾത്തന്നെ പോകാം. ശഹാദത്ത് അഥവാ, അല്ലാഹുവിന്റെ മാർഗത്തിൽ ജീവാർപ്പണം നടത്താൻ ആഗ്രഹിക്കുന്നവർ അല്ലാഹുവിന്റെ ദൂതന്റെ കൽപ്പന പ്രകാരം മുന്നോട്ട് ഗമിക്കുക. ഉടനെ ഒപ്പമുള്ളവർ ഒറ്റ ശബ്ദത്തിൽ പ്രതികരിച്ചു. “ഞങ്ങൾ അല്ലാഹുവിനെയും അവൻ്റെ ദൂതനെയും നിങ്ങളെയും അനുസരിക്കുന്നവരാണ്. അവന്റെ അനുഗ്രഹത്തോടെ താങ്കൾ മുന്നോട്ട് നീങ്ങുക.”

യാത്ര തുടർന്നു. ബത്വന് നഖ്ലിലെത്തി. ഖുറൈശീ സംഘത്തെക്കണ്ടുമുട്ടി. അംറ് ബിൻ ഹള്റമി, ഹകമ് ബിൻ കൈസാൻ, ഉസ്മാൻ ബിൻ അബ്ദില്ലാഹ് മഖ്സൂമി തുടങ്ങിയവർ ഖുറൈശീ സംഘത്തിലുണ്ടായിരുന്നു. മുസ്‌ലിം സംഘത്തെക്കണ്ടപ്പോൾ അവർ ഭയപ്പെട്ടു. അവരുടെ ഭയം മാറ്റാൻ അബ്ദുല്ല (റ) ഒരു തന്ത്രം പ്രയോഗിച്ചു. അദ്ദേഹത്തിനൊപ്പമുള്ള ഉക്കാശയെ തലമുണ്ഡനം ചെയ്ത് ഖുറൈശികളുടെ മുന്നിലേക്കയച്ചു. അത് കണ്ടപ്പോൾ അവർക്കൽപ്പം ആശ്വാസമായി. ഇവർ ഉംറക്ക് പുറപ്പെട്ട സംഘമായിരിക്കും എന്നവർ ചിന്തിച്ചു. അവർ അവരുടെ മൃഗങ്ങളെ മേയാനയച്ചു. അവർക്കുള്ള ഭക്ഷണം തയ്യാർ ചെയ്യാനൊരുങ്ങി..

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-208/365

ഇനിയെന്ത് ചെയ്യണമെന്ന് മുസ്‌ലിംകൾ കൂടിയാലോചിച്ചു. കൂട്ടത്തിൽ ഒരാൾ പറഞ്ഞു : ‘ഖുറൈശികളെ എന്ത് ചെയ്യണമെന്ന് ഇനിയും ആലോചന നീട്ടിക്കൊണ്ട് പോകാൻ പറ്റില്ല. അവർ പവിത്ര മക്കയിൽ പ്രവേശിച്ചാൽപ്പിന്നെ അവർ രക്ഷപ്പെട്ടു’.

റജബ് മാസത്തിലെ അവസാന ദിവസമായിരുന്നു അന്ന്. ‘റജബ് ‘ യുദ്ധം നിഷിദ്ധമായ മാസങ്ങളിൽപ്പെട്ട മാസമാണ്. അതും ഒരാളുണർത്തി. മറ്റൊരാൾ പറഞ്ഞു; ‘ഇത് റജബ് മാസം തന്നെയാണെന്നത്ര ഉറപ്പൊന്നുമില്ല’. അപ്പോൾ മൂന്നാമതൊരാൾ ഇടപെട്ടു. ‘ഇത് റജബ് തന്നെയാണ്. നിങ്ങളുടെ ആഗ്രഹം സാധിക്കാൻ ഈ ദിവസം നിങ്ങൾ അനുവദനീയമാക്കരുത് ‘.

ചർച്ചയുടെ ഒടുവിൽ ഖുറൈശികളെ നേരിടാൻ തന്നെ അവർ തീരുമാനിച്ചു. മുസ്‌ലിം സംഘത്തിലെ വാഖിദ് ബിൻ അബ്ദില്ലാഹ് (റ) ഉന്നം പിഴക്കാത്ത അമ്പെയ്ത്തു വിദഗ്ധനാണ്. അംറ് ബിൻ ഹള്റമിക്ക് നേരെ അദ്ദേഹം അമ്പെയ്തു. ലക്ഷ്യം പിഴച്ചില്ല. അദ്ദേഹം മരിച്ചു വീണു. അതോടെ ഖുറൈശികൾക്കെതിരെ മുസ്‌ലിംകൾ ഒരുമിച്ചാക്രമിച്ചു. ഒടുവിൽ ഹകമ് ബിൻ കൈസാനെയും ഉസ്മാൻ ബ്ൻ അബ്ദില്ലാഹിയെയും മുസ്‌ലിംകൾ ബന്ദികളാക്കി. നൗഫൽ കണ്ണ് വെട്ടിച്ച് കടന്ന് കളഞ്ഞു. ഖുറൈശികളുടെ ഒട്ടകവും ചരക്കുകളും മുസ്‌ലിംകൾക്ക് ലഭിച്ചു. ത്വാഇഫിൽ നിന്നു കൊണ്ടുവന്ന മുന്തിരിയും തുകലും മദ്യവുമായിരുന്നു ചരക്കുകൾ.
ഒട്ടകങ്ങളെയും തെളിച്ച് സംഘം നബി ﷺ യുടെ അടുത്തെത്തി. നബി ﷺ കാര്യങ്ങളന്വേഷിച്ചു. ചരക്കുകളുൾപ്പെടെ ഒട്ടകങ്ങളെ മാറ്റിനിർത്തി. അതിൽ നിന്ന് ഒന്നും സ്വീകരിച്ചില്ല. ബന്ദികളെ തടവിലാക്കി. തുടർന്ന് നബി ﷺ അനുയായികളോട് ചോദിച്ചു. “ഞാൻ നിങ്ങളോട് ഈ വിശുദ്ധ മാസത്തിൽ യുദ്ധം ചെയ്യാൻ കൽപ്പിച്ചിരുന്നില്ലല്ലോ?”

അബ്ദുല്ലയുടെ സംഘം ആത്മസംഘർഷത്തിലായി. തങ്ങൾ നശിച്ചുപോയല്ലോ എന്നവർ നൊമ്പരപ്പെട്ടു. മറ്റു മുസ്‌ലിംകളും ഈ സംഘത്തെ കുറ്റപ്പെടുത്താൻ തുടങ്ങി. ‘നബി ﷺ യുടെ കൽപ്പന മറികടന്നവർ’ എന്ന അപരാധം അവർ ചേർത്തു പറഞ്ഞു.

ഖുറൈശികൾ ഈയവസരം മുതലെടുത്തു. മുഹമ്മദ് നബി ﷺ വിശുദ്ധ മാസത്തിൽ യുദ്ധം അനുവദനീയമാക്കി എന്നവർ ആരോപിച്ചു. റജബ് മാസത്തിലല്ല ശഅബാനിലാണ് സംഭവം ഉണ്ടായതെന്ന് ഖുറൈശികളോട് സഹവസിച്ചിരുന്ന മുസ്‌ലിംകൾ മറുപടി നൽകി. ജൂതന്മാരും രംഗം ഉപയോഗപ്പെടുത്തി. കൊല്ലപ്പെട്ട ഹളറമിയുടെയും അമ്പെയ്ത വാഖിദിന്റെയും പേരുകളുടെ അർഥങ്ങൾ ചേർത്ത് ശകുനം മെനഞ്ഞു. അംറ് എന്നതിൽ നിന്ന് ‘അമർത്തൽ ഹർബ:’ അഥവാ യുദ്ധം ഉണ്ടാക്കി, ഹള്റമി എന്ന പദത്തിൽ നിന്ന് ‘ഹളർതൽ ഹർബ:’ അഥവാ യുദ്ധത്തിൽ പങ്കെടുത്തു, വാഖിദ് എന്നതിൽ നിന്നും ‘വഖദ്തൽ ഹർബ:’ അഥവാ യുദ്ധം ആളിക്കത്തിച്ചു എന്നിങ്ങനെ പരികൽപ്പനകൾ നടത്തി. മുസ്‌ലിംകളെ കൂടുതൽ കുറ്റപ്പെടുത്താനും രംഗം രൂക്ഷമാക്കാനുമായിരുന്നു ഇത്തരം വ്യാഖ്യാനങ്ങൾ മെനഞ്ഞത്.

നാലു ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയർന്നപ്പോൾ സംഘം വിഷമസന്ധിയിലായി. അപ്പോഴാണ് വിശുദ്ധ ഖുർആനിലെ രണ്ടാമധ്യായം അൽബഖറ: യിലെ ഇരുന്നൂറ്റിപ്പതിനേഴാം സൂക്തം അവതരിച്ചത്. ആശയം ഇപ്രകാരം വായിക്കാം:

“വിലക്കപ്പെട്ട മാസത്തില്‍ യുദ്ധം ചെയ്യുന്നതിനെപ്പറ്റി അവര്‍ തങ്ങളോട് ചോദിക്കുന്നു. അവിടുന്ന് പറയുക: ആ മാസത്തില്‍ യുദ്ധം ചെയ്യുന്നത് വലിയ അപരാധം തന്നെയാകുന്നു. എന്നാല്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ നിന്ന് (ജനങ്ങളെ) തടയുന്നതും, അവനില്‍ അവിശ്വസിക്കുന്നതും, മസ്ജിദുല്‍ ഹറാമില്‍ നിന്നു (ജനങ്ങളെ) തടയുന്നതും, അതിന്റെ അവകാശികളെ അവിടെ നിന്ന് പുറത്താക്കുന്നതും അല്ലാഹുവിന്റെയടുക്കല്‍ കൂടുതല്‍ ഗൗരവമുള്ളതാകുന്നു. കുഴപ്പം കൊലപാതകത്തെക്കാള്‍ ഗുരുതരമാകുന്നു. അവര്‍ക്ക് സാധിക്കുകയാണെങ്കില്‍, നിങ്ങളുടെ മതത്തില്‍ നിന്ന് നിങ്ങളെ പിന്തിരിപ്പിക്കുന്നത് വരെ, അവര്‍ നിങ്ങളോട് യുദ്ധം ചെയ്തുകൊണ്ടിരിക്കും. നിങ്ങളില്‍ നിന്നാരെങ്കിലും തന്റെ മതത്തില്‍ നിന്ന് പിന്‍മാറി സത്യനിഷേധിയായി മരണപ്പെടുന്ന പക്ഷം, അത്തരക്കാരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും നിഷ്ഫലമായിത്തീരുന്നതാണ്‌. അവരാകുന്നു നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-209/365

ഖുർആനിക ഇടപെടൽ വിശ്വാസികൾക്ക് ആശ്വാസം നൽകി. ഒട്ടകക്കൂട്ടത്തെയും ബന്ദികളെയും നബിﷺ സ്വീകരിച്ചു. ബന്ദികളെ വിട്ടുകിട്ടാൻ മോചന ദ്രവ്യവുമായി മക്കക്കാർ ആളെപ്പറഞ്ഞയച്ചു. പക്ഷേ, പെട്ടെന്നവരെ മോചിപ്പിക്കാൻ മുസ്‌ലിംകൾക്ക് സാധിക്കുമായിരുന്നില്ല. കാരണം, മുസ്‌ലിം സംഘത്തിലെ രണ്ടാളുകൾ അതുവരെ മടങ്ങി വന്നിരുന്നില്ല. സഅ്ദ് ബിൻ അബീ വഖ്ഖാസും (റ) ഉത്ബത് ബിൻ ഗസ്‌വാനു (റ)മായിരുന്നു അവർ. നബിﷺ ഖുറൈശികളോട് പറഞ്ഞു. ഞങ്ങളുടെ രണ്ടാളുകൾ മടങ്ങിയെത്തുന്നത് വരെ നിങ്ങളുടെയാളുകളെ മോചിപ്പിക്കാൻ കഴിയില്ല. ഒരു പക്ഷേ, നിങ്ങൾ അവരെ അപകടപ്പെടുത്തിയാലോ? ഞങ്ങളുടെയാളുകളെ നിങ്ങൾ വധിച്ചാൽ ഞങ്ങൾക്ക് പകരക്രിയ ചെയ്യേണ്ടി വരും. അധികം വൈകിയില്ല സഅ്ദും (റ) ഉത്ബയും (റ) എത്തിച്ചേർന്നു. അവർ ഊഴം വച്ചു യാത്ര ചെയ്തിരുന്ന ഒട്ടകത്തെ കാണാതായതായിരുന്നു വൈകാൻ കാരണം.

മോചനദ്രവ്യം സ്വീകരിച്ച് ബന്ദികളെ മോചിപ്പിച്ചു. അവരിലൊരാളായ ഹകമ് ബിൻ കൈസാൻ ഇസ്‌ലാം സ്വീകരിച്ചു നബിﷺക്കൊപ്പം കഴിഞ്ഞു കൂടി. ഹിജ്റ നാലാം വർഷത്തിലുണ്ടായ ബിഅ്ർ മഊന: സംഭവത്തിൽ രക്തസാക്ഷിയായി. ഒപ്പമുണ്ടായിരുന്ന ഉസ്മാൻ ബിൻ അബ്ദില്ല മക്കയിലേക്ക് തന്നെ മടങ്ങി. അവിശ്വാസിയായിത്തന്നെ തുടർന്നു.

സൈനിക നീക്കത്തിൽപ്പങ്കെടുത്തവർ കുറ്റവിമുക്തരാണെന്ന് അൽബഖറ: യിലെ ഇരുന്നൂറ്റിപ്പതിനേഴാം സൂക്തത്തിൽ പ്രസ്താവിച്ചു. എന്നാലവർക്ക് ധർമയോദ്ധാക്കളെപ്പോലെ പ്രതിഫലം ലഭിക്കുമോ എന്ന സംശയം അവരിൽ അവശേഷിച്ചു. അപ്പോഴാണ് രണ്ടാമധ്യായം അൽബഖറ : യിലെ നൂറ്റിപ്പതിനെട്ടാമത്തെ സൂക്തം അവതരിച്ചത്. ആശയം ഇപ്രകാരമാണ്. “വിശ്വസിക്കുകയും, സ്വദേശം വെടിയുകയും, അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ജിഹാദില്‍ ഏര്‍പ്പെടുകയും ചെയ്തവര്‍ അല്ലാഹുവിന്റെ കാരുണ്യം പ്രതീക്ഷിക്കുന്നവരാകുന്നു. അല്ലാഹു ഏറെ പൊറുക്കുന്നവനും കാരുണ്യവാനുമത്രെ.”

വിശ്വാസികളും ബഹുദൈവ വിശ്വാസികളും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ ആദ്യം കൊല്ലപ്പെട്ടയാളാണ് അംറ് ബിൻ അൽഹള്റമി. ആദ്യത്തെ ബന്ദികളാണ് ഹകമും ഉസ്മാനും.
ആദ്യത്തെ ഗനീമത് അഥവാ സമരാർജിത സ്വത്തും ഈ സംഘത്തിന് ലഭിച്ച സ്വത്തായിരുന്നു.

മുഹമ്മദ് നബിﷺയുടെ നയതന്ത്ര നീക്കങ്ങളുടെ വേറിട്ട ചിത്രങ്ങളാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. മഹത്തായ ഒരു ആദർശത്തെ ലളിതമായ ഒരു സംഗീതം പോലെ അവതരിപ്പിച്ചു. സുമനസ്സുകൾ അതാസ്വദിച്ചു. ഇരുട്ടിൻ്റെ ഉപാസകർ അതിനെ എതിർത്തു. സഞ്ചാര വഴികളിൽ തടസ്സങ്ങൾ സൃഷ്ടിച്ചു. സഹനത്തിന്റെയും സഹിഷ്ണുതയുടെയും സമീപനത്തിലൂടെ അതിജീവിക്കാൻ ശ്രമിച്ചു. ഒടുവിൽ ജന്മനാടും ആസ്തികളാസകലവും വിട്ടെറിഞ്ഞ് പരദേശത്തേക്ക് പലായനം ചെയ്തു. അവിടെ അഭയാർഥികളായി. ഉപജീവനത്തിന്റെ പുതിയ ഉപാധികൾക്കണ്ടെത്തി. ജീവിതത്തിന് പുതിയ സമയക്രമങ്ങൾ നിശ്ചയിച്ചു. പുതിയ കാലാവസ്ഥയെ പരിചയപ്പെട്ടു. പുതിയ സൗഹൃദങ്ങളെയും സായാഹ്നങ്ങളെയും രൂപപ്പെടുത്തി.

ഇങ്ങനെയെല്ലാം ഒതുങ്ങിയിട്ടും മക്കയിലെ ശത്രുക്കൾ പക വെടിഞ്ഞില്ല. അവർ അവരുടെ കുന്തത്തിന്റെ മൂനകൂർപ്പിച്ചുകൊണ്ടിരുന്നു. ആവനാഴിയിൽ അസ്ത്രം നിറച്ചു കൊണ്ടിരുന്നു. ആയുധങ്ങൾ ഉലയിൽ ഊതി കൂർപ്പും തിളക്കവും വരുത്തി. നാനൂറിൽ പരം കിലോമീറ്റർ അപ്പുറമുള്ള മുസ്‌ലിംകളെ അവിടെയും പൊറുപ്പിച്ചു കൂടാ എന്നവർ കരുതി. അവർ കുതന്ത്രങ്ങളുടെ കരുക്കൾ നീക്കി. വിശ്വാസികൾ മക്കയിൽ ഇട്ടേച്ചു പോയ സ്വത്തുക്കൾ ഖുറൈശികൾക്ക് കൊഴുക്കാൻ വിഭവങ്ങൾ നൽകി. അവരത് നന്നായി ഉപയോഗപ്പെടുത്തി. ഗത്യന്തരമില്ലാതെ വിശ്വാസികൾ പ്രതിരോധത്തിന് മനസ്സുവച്ചു. സായുധശേഷിയെ മറികടക്കുന്ന ആദർശ ശക്തി അവരെ മുന്നോട്ട് നയിച്ചു. ഇപ്പോൾ രണ്ടു കക്ഷികളും ഏതാണ്ട് പോർമുഖത്തെത്തിക്കഴിഞ്ഞു. ഇനിയൊരു തീപ്പൊരി മതി തീ പടരാൻ. ചരിത്രത്തിന്റെ കണ്ണും കാതും മക്കയിലേക്കും മദീനയിലേക്കുമിടയിലുള്ള പാതകളിലേക്കും മാറി മാറി ഫോക്കസ് ചെയ്തുകൊണ്ടിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-210/365

കൃത്യമായ ഒരു കരുനീക്കത്തിന് മുത്ത് നബി ﷺ ആലോചിച്ചു. ഉശൈറ നയനീക്കത്തിൽ കൈവിട്ടു പോയ കച്ചവട സംഘം സിറിയയിൽ നിന്ന് മടങ്ങിവരാനുള്ള സമയം കാത്തിരുന്നു. ഖുറൈശികളുടെ സ്വത്തുമായി ശാമിലേക്ക് വ്യാപാരത്തിന് പോകുന്നവരെ തടയാനായിരുന്നു ഉശൈറ സംഘം ലക്ഷ്യം വച്ചിരുന്നത്. പക്ഷേ, അവർ വിദഗ്ധമായി കടന്നു പോയിരുന്നു. ഇനിയവർ മക്കയിലേക്കുള്ള ചരക്കുകളുമായി തിരികെ വരും. ഏതായാലും അവരെത്തടഞ്ഞേ തീരൂ. പ്രസ്തുത സംഘത്തിന്റെ നീക്കങ്ങൾ സസൂഷ്മം നിരീക്ഷിക്കാൻ രണ്ടു ചാരന്മാരെ നിയോഗിച്ചു. ബസ് ബസതു ബിനു അംറ് അൽ ജുഹനി (റ), അദിയ്യ് ബിൻ അബുസ്സഅബാഅ് (റ) എന്നിവരായിരുന്നു ആ രണ്ടു പേർ. ആയിരം ഒട്ടകങ്ങളും അവകൾ വഹിക്കുന്ന ചരക്കുകളുമാണ് കടന്നുവരുന്നത്. നാൽപ്പത് മുതൽ എഴുപത് വരെ ആളുകൾ സുരക്ഷയ്ക്കായി കൂടെ സഞ്ചരിക്കുന്നുണ്ട്. അബൂസുഫിയാൻ്റെ നേതൃത്വത്തിലുള്ള സംഘത്തിൽ അംറുബിനുൽ ആസ്വ് , മഖ്റുമതു ബിനു നൗഫൽ എന്നീ പ്രമുഖരുമുണ്ട് തുടങ്ങിയ വിവരങ്ങൾ ചാരന്മാർ നബി ﷺ ക്ക് എത്തിച്ചു കൊടുത്തു.

നബി ﷺ അനുയായികളോട് സംവദിച്ചു. ഖുറൈശീ സംഘത്തിന്റെ മടക്കയാത്രയിൽ അവരെ തടയുന്നതിനെക്കുറിച്ചുള്ള കാര്യങ്ങൾ അവരോട് പങ്കുവച്ചു. അവരെ തടയുക വഴി നമ്മുടെ സ്വത്ത് മക്കയിൽ തടഞ്ഞു വച്ചതിനു പകരം അവരുടെ സ്വത്ത് പിടിച്ചടക്കാനായേക്കാം എന്ന ആശയം കൂടി ചേർത്തു പറഞ്ഞു. കേവലം ഒരു കച്ചവട സംഘത്തെത്തടയുക എന്ന ലക്ഷ്യം മാത്രം മുന്നിൽ കണ്ടതിനാൽ ഒരു സൈനിക സംവിധാനമോ മറ്റോ നബി ﷺ ഒരുക്കിയില്ല. വാഹനം റെഡിയുള്ളവർ മാത്രം പുറപ്പെടാൻ ആവശ്യപ്പെട്ടു. വാഹനം അകലെയുള്ളവർക്ക് അതെത്തുന്നത് വരെ സാവകാശം നൽകി. മറ്റിളവുകൾ ആവശ്യമുളളവർക്ക് അവയും അനുവദിച്ചു.

മുസ്‌ലിം സംഘം പുറപ്പെട്ടു. പലായനത്തിന്റെ രണ്ടാം വർഷം റമളാൻ എട്ടിനും പന്ത്രണ്ടിനുമിടയിലായിരുന്നു അത്. മദീനയിൽ നിന്ന് ഒരു മൈലകലെ ബിഅ്റു അബീ അതബ: എന്ന കിണറ്റിനടുത്ത് വച്ച് നബി ﷺ അനുയായികളെ എണ്ണിത്തിട്ടപ്പെടുത്തി. വേണ്ടി വന്നാൽ ഒരു പ്രതിരോധത്തിന് പറ്റാത്തവരെയും ദീർഘദൂരയാത്ര പ്രയാസമാകുന്നവരെയും അവിടെ നിന്ന് തിരിച്ചയച്ചു. റാഫിഉ ബിൻ ഖദീജ് (റ), അബ്ദുല്ലാഹിബിനു ഉസാമത് ബിൻ സൈദ് (റ), ഉസൈദ് ബിൻ ഹുളൈർ (റ), ബറാഅ ബിൻ ആസിബ് (റ), സൈദ് ബിൻ സാബിത് (റ), സൈദ് ബിൻ അർഖം (റ) തുടങ്ങിയവർ തിരിച്ചയയ്ക്കപ്പെട്ടവരിലുൾപ്പെടുന്നു. പതിനഞ്ചോ പതിനാറോ വയസ്സ് മാത്രം പ്രായമുള്ള ഉമൈർ ബിൻ അബീ വഖാസ് (റ) മടങ്ങിപ്പോകാൻ മനസ്സനുവദിക്കാതെ പൊട്ടിക്കരഞ്ഞു. അവസാനം നബി ﷺ അദ്ദേഹത്തിന് സമ്മതം നൽകി.

നബി ﷺ മദീനയിൽ ഒരു പട്ടാളത്തെ പാകപ്പെടുത്തുകയോ സൈന്യത്തെ സജ്ജീകരിക്കുകയോ ചെയ്തില്ല. മദീനയിലെ ആദ്യനാളുകൾ പൂർണമായും ആത്മീയ സജ്ജീകരണത്തിനും സാഹോദര്യ സംസ്ഥാപനത്തിനുമാണ് മുത്ത് നബി ﷺ ഉപയോഗപ്പെടുത്തിയത്.

നയതന്ത്ര നീക്കങ്ങൾക്കായി നബി ﷺ ആവശ്യപ്പെട്ടപ്പോൾ മുത്ത് നബി ﷺ യോടുള്ള അനുസരണയും ഉത്തമമായ വിശ്വാസവും മാത്രമാണ് സ്വഹാബികളുടെ മൂലധനം. ആത്മവിശ്വാസം അവരെ മുന്നോട്ട് നയിച്ചു. പാരത്രിക പ്രതീക്ഷകൾ അവർക്ക് കരുത്ത് പകർന്നു.

മുത്ത് നബി ﷺ യും കൂട്ടുകാരും കച്ചവട സംഘത്തെക്കാത്തു കഴിഞ്ഞ അതേ നാളുകളിൽത്തന്നെ മക്കയിൽ ചിലസംഭവങ്ങൾ അരങ്ങേറി. ആത്വിഖാ ബീവി (റ)യുടെ സ്വപ്നമായിരുന്നു അതിലൊന്ന്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Leave a Reply