അബ്ബാസിയ്യ ഭരണകാലത്ത് ബാഗ്ദാദില്‍ ജീവിച്ചിരുന്ന മുഹമ്മദ് ബ്നു സഅ്ദിന്റെ പ്രസിദ്ധ രചനയാണ് കിതാബു ത്വബഖാത് അല്‍-കബീര്‍. പ്രവാചക ചരിത്ര പഠനങ്ങള്‍ക്ക് ഏറെ അവലംബിക്കപ്പെട്ട കൃതിയാണിത്. ഗ്രന്ഥകര്‍ത്താവായ ഇബ്നു സഅ്ദിന്റെ ഗുരുനാഥനും നബി ചരിത്ര കാരനുമായ വാഖിദിക്കും സമാനമായ പേരില്‍ ഒരു കൃതിയുണ്ട്. എന്നാല്‍ അത് ലഭ്യമല്ല. തന്റെ ഗ്രന്ഥരചനക്കു വേണ്ടി ഇബ്നു സഅ്ദ് ഈ കൃതിയെയും അവലംബിച്ചിട്ടുണ്ട്. വാഖിദിയെ കുറിച്ച് സ്വീകര്യയോഗ്യനല്ലെന്ന വീക്ഷണം പണ്ഡിതര്ക്കിടയിലുണ്ടെങ്കിലും ഇബ്നു സഅ്ദിനെ എല്ലാവരും അംഗീകരിക്കുന്നു. ത്വബഖാത്തില്‍ എല്ലാ റിപ്പോര്‍ട്ടുകളും നിവേദന പരമ്പര സഹിതം പറഞ്ഞതിനാല്‍ വാഖിദിയില്‍ നിന്നു സ്വീകരിച്ച നിവേദനം പ്രത്യേകം മനസ്സിലാക്കാന്‍ സാധിക്കും. ഗ്രന്ഥകാരനെതിരെ ആക്ഷേപം പറഞ്ഞ ഇബ്നു മഈനിന് പില്ക്കാല പണ്ഡിതന്മാര് ശക്തമായ മറുപടി നല്‍കിയിട്ടുണ്ട്. നബി ചരിത്രത്തിനു പുറമെ സ്വഹാബികളെയും താബിഉകളെയും ഉള്‍പ്പെടെ നാലായിരത്തി അഞ്ഞൂറിലധികം വ്യക്തികളെ കുറിച്ച് ഈ ഗ്രന്ഥത്തില്‍ പരിചയപ്പെടുത്തുന്നുണ്ട്. പ്രധാനമായും രണ്ടു ഭാഗങ്ങളാണുള്ളത്. ആദ്യഭാഗത്ത് പ്രാവചക ചരിത്രവും രണ്ടാം ഭാഗത്ത് സ്വഹാബികളെ കുറിച്ചുള്ള വിവരണവുമാണുള്ളത്. ഇതിന്റെ അവസാന ഭാഗത്ത് താബിഉകളെ കുറിച്ചും പ്രതിബാധിക്കുന്നുണ്ട്.
സ്വഹാബികളെ വിവിധ ത്വബഖകളാക്കി തിരിച്ചിട്ടുണ്ട്. ബദ്റില്‍ പങ്കെടുത്തവര്‍, വര്‍ഷങ്ങള്‍ക്കു മുമ്പ് എത്യോപ്യയിലേക്കു ഹിജ്റ പോയതുകാരണം ബദ്റില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വന്നവര്‍, ഖന്ദഖിലും ഫത്ഹ് മക്കയിലും സംബന്ധിച്ചവര്‍, മക്കാവിജത്തെ തുടര്‍ന്ന് ഇസ്ലാം ആശ്ലേഷിച്ചവര്‍, നബി (സ) വഫാത്താകുമ്പോള് കുട്ടികളായിരുന്നവര്‍ ഇങ്ങനെ വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ത വിഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. ഓരോ വിഭാഗത്തിലും പ്രത്യേക ക്രമത്തിലാണ് സ്വഹാബികളെ കുറിച്ച് പറഞ്ഞിട്ടുള്ളത്. ബദ് രീങ്ങളെക്കുറിച്ചു പറയുമ്പോള്‍ അവരില്‍ ആദ്യം ഇസ് ലാം സ്വീകരിച്ചവര്‍ക്കാണു മുന്‍ഗണന കൊടുക്കുന്നത്. അതുപോലെ അന്‍സ്വാറുകളേക്കാള്‍ മുഹാജിറുകളെ മുന്തിച്ചതും കാണാം. അവരില്‍ നിന്നും തന്നെ പ്രവാചക കുടുംബത്തിലെ അംഗങ്ങള്‍ക്കു മുന്‍ഗണന നല്‍കിയിട്ടുണ്ട്. അന്സ്വാറുകളില് ആദ്യം ഔസ് ഗോത്രക്കാരെയും പ്രതിബാധിക്കുന്നു. ഇവരില്‍ തന്നെയുള്ള ഉപഗോത്രങ്ങളെയും പരിഗണിച്ചിട്ടുണ്ട്.
ഒരു സ്വഹാബിയെ കുറിച്ചു പ്രതിബാധിക്കുമ്പോള് അദ്ദേഹം ഉള്‍ക്കൊള്ളുന്ന സംഭവങ്ങളും യുദ്ധങ്ങളും ഗ്രന്ഥകാരന് എടുത്തു പറയുന്നുണ്ട്. എന്നാല്‍ സംഭവങ്ങള്‍ പൂര്‍ണമായി പറയാതെ സ്വഹാബിയെ പരിചയപ്പെടുത്താന്‍ ആവശ്യമായതു മാത്രം വിവരിച്ചു അവസാനിപ്പിക്കുകയാണു ചെയ്യുന്നത്. മുസ് ലിംകള്‍ക്കും റോമക്കാര്‍ക്കും ഇടയില്‍ നടന്ന മഅ്ത യുദ്ധം, നബി (സ) യുടെ വിയോഗശേഷം ഖലീഫയെ തിരെഞ്ഞെടുക്കാന്‍ മുഹാജിറുകളും അന്‍സ്വാറുകളും സഖീഫത്തു ബനീ സാഇദയില്‍ കൂടിയാലോചന നടത്തിയത്, യമാമ-ഖാദിസിയ്യ യുദ്ധങ്ങള്‍, ശാമില്‍ വെച്ച് ധാരാളം സ്വഹാബികള്‍ പ്ലേഗ് ബാധിച്ച് രക്തസാക്ഷികളായ സംഭവം (അംവാസ്), സ്വിഫീന്‍, കോണ്‍ സ്റ്റാന്റിനോപ്പിള്‍ യുദ്ധങ്ങള്‍ തുടങ്ങി ഒട്ടേറെ ചരിത്ര ശകലങ്ങള്‍ വിവിധ അദ്ധ്യായങ്ങളിലായി വിശദീകരിക്കുന്നുണ്ട്. ഏതെങ്കിലും സ്വഹാബിയെ കുറിച്ച് ദീര്‍ഘമായി പറയാനുണ്ടെങ്കില്‍ വ്യത്യസ്ത തലവാചകങ്ങള്‍ നല്കി അതു വിശദീകരിക്കും. ഉമര്‍ (റ) വിനെ കുറിച്ചു പ്രതിബാധിക്കുന്ന അദ്ധ്യായത്തില്‍ പേര്, ഗോത്രം, പരമ്പര, ഭാര്യമാര്‍, ഭവനം എന്നിവയെല്ലാം പറഞ്ഞതിനുശേഷം മഹാന്റെ ഇസ് ലാമാശ്ലേഷണത്തെ കുറിച്ചു പറയുന്നത് പ്രത്യേകം തലവാചകം നല്കിയിട്ടാണ്. ഉമര്‍ (റ) വിന്റെ ഹിജ്റ, ഖലീഫയായി സ്ഥാനമേല്‍ക്കല്‍ തുടങ്ങിയ വിഷയങ്ങളും പ്രത്യേക തലക്കെട്ടുകള്‍ നല്‍കിയാണ് വിവരിച്ചിട്ടുള്ളത്. നാലു ഖലീഫമാരെ കുറിച്ചും ഈ രീതിയില്‍ ദീര്‍ഘമായ വിശദീകരണം കൊടുത്തിട്ടുണ്ട്.
പ്രശസ്തരായ പണ്ഡിതര്‍ ഇബ്നു സഅ്ദ് (റ) വിന്റെ ത്വബഖാതിന്റെ പ്രാധാന്യം എടുത്തു പറഞ്ഞിട്ടുണ്ട്. ഈ വിഷയത്തില്‍ രചിക്കപ്പെട്ട മഹത്തായ കൃതിയാണ് വാഖിദിയുടെ എഴുത്തുകാരനായ മുഹമ്മദ് ബിന്‍ സഅ്ദിന്റെ ത്വബഖാത്ത് എന്നാണ് ഇബ്നു കസീര്‍ പറഞ്ഞത്. ഇബ്നു ഹജര്‍ അല്‍ അസ്ഖലാനി, ഖത്വീബ് അല്‍ ബഗ്ദാദി, ദഹബി തുടങ്ങിയവരും ഈ ശ്രേഷ്ഠ കൃതിയെ പ്രശംസിച്ചു പറഞ്ഞിട്ടുണ്ട്. പില്ക്കാലത്തു വന്ന പലചരിത്രകാരന്മാരും ഈ ഗ്രന്ഥത്തെ അവലംബിക്കുകയും ചെയ്തു. ഇബ്നു സഅ്ദിന്റെ ശിഷ്യനായ അഹ് മദ് അല്‍ ബലദൂരി തന്റെ പ്രസിദ്ധ കൃതികളായ ഫുതൂഹുല്‍ ബുല്‍ദാന്‍ അന്സാബുല് അശ്റാഫ് എന്നിവയുടെ രചനക്ക് ത്വബഖാത്തിനെ ആശ്രയിച്ചിട്ടുണ്ട്. പ്രസിദ്ധ ചരിത്രകൃതിയായ താരീഖുത്വബ് രിയുടെ പ്രധാന സ്രോതസ്സ് ത്വബഖാത്ത് തന്നെയാണ്. തുടക്കത്തില്‍ പന്ത്രണ്ടു വാള്യങ്ങളായി പ്രസിദ്ധീകരിച്ചിരുന്ന ഈ ഗ്രന്ഥത്തിന്റെ ആദ്യ രണ്ടു ഭാഗങ്ങളിലാണ് പ്രവാചക ചരിത്രം ക്രോഡീകരിച്ചിരുന്നത്. അല്ലാമ: ശിബ് ലി നുഅ്മാനി തന്റെ പ്രവാചക ചരിത്ര കൃതിയുടെ ആമുഖത്തില്‍ പറയുന്നു: ലോകത്തൊരിടത്തും ഇതിന്റെ പൂര്‍ണ്ണ വാള്യങ്ങള്‍ ലഭ്യമല്ലായിരുന്നു. ജര്‍മ്മനിയിലെ ഒരു രാജാവ് ഈ ഗ്രന്ഥത്തിനു വലിയ പ്രാധാന്യം നല്‍കുകയും അതിന്റെ എല്ലാ വാള്യങ്ങളും കണ്ടെത്തി പ്രസിദ്ധീകരിക്കാന്‍ ഓറിയന്റലിസ്റ്റ് പണ്ഡിതനായ പ്രൊഫ.സാഖോ (മെരവമം) യെ ചുമതലപ്പെടുത്തുകയും ചെയ്തു. തന്റെ സ്വകാര്യസ്വത്തില്‍ നിന്നു ഒരു ലക്ഷം രൂപ അദ്ദേഹം അതിനു വേണ്ടി നല്കി. കോണ്‍സ്റ്റാന്റിനോപ്പിള്‍, ഈജിപ്ത്, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളും സ്ഥലങ്ങളും സന്ദര്‍ശിച്ച് ഈ ഗ്രന്ഥത്തിന്റെ മുഴുവന്‍ ഭാഗങ്ങളും സാഖോ ശേഖരിച്ചും പിന്നീട് യൂറോപ്പിലെ പന്ത്രണ്ടു പ്രൊഫസര്‍മാര്‍ ചേര്‍ന്ന് ഓരോ വാള്യവും പ്രത്യേകം പരിശോധിച്ച് തെറ്റുകള്‍ തിരുത്തി ഹോളണ്ടിലെ സ്വീഡനില്‍ നിന്ന് പൂര്‍ണമായി പ്രസിദ്ധീകരിച്ചു.
ഇബ്നു സഅ്ദ് (റ)
മുഹമ്മദ് ബിന്‍ സഅ്ദ് ബിന്‍ മനീഅ് അസ്സുഹ് രി എന്നാണു പൂര്‍ണ നാമം. ഹി.168 ല്‍ ഇറാഖിലെ ബസ്വറയില്‍ ജനിച്ചു. ഇദ്ദേഹത്തിന്റെ കുട്ടിക്കാലത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ബസ്വറയില്‍ നിന്നും അബ്ബാസിയ്യ ഭരണ തലസ്ഥാനമായ ബാഗ്ദാദിലേക്കു മാറിയതിനു ശേഷമാണ് പ്രഗത്ഭ പണ്ഡിതരില്‍ നിന്നു പഠിക്കാന്‍ അവസരം ഉണ്ടായത്. അന്ന് വിജ്ഞാനത്തിന്റെ നാഗരികതയുടെയും കൂടി തലസ്ഥാനമായിരുന്നു ബാഗ്ദാദ്. വിവിധ വിജ്ഞാന ശാഖകളില്‍ നിപുണരായ ധാരാളം പണ്ഡിതര്‍ അവിടെയുണ്ടായിരുന്നു. പ്രവാചക ചരിത്ര രചനയില്‍ പ്രശസ്തനായ അബ്ദുല്ലാഹി ബിന്‍ ഹിശാം, വ്യാകരണ പണ്ഡിതനായ സീബവൈഹി, കര്‍മ്മ ശാസ്ത്രത്തില്‍ അഗ്രേസരനായിരുന്ന ഖാളീ അബൂ യൂസുഫ് തുടങ്ങിയ പ്രതിഭാശാലികളായ പലരും ഇബനു സഅ്ദിന്റെ വിജ്ഞാനത്തിന് കരുത്തു പകര്‍ന്നു. നബി ചരിത്രകാരനായ വാഖിദിയെ ഇബ്നു സഅ്ദ് കണ്ടുമുട്ടുന്നത് ബാഗ്ദാദില്‍ വെച്ചാണ്. പിന്നീടുള്ള കാലം അദ്ദേഹത്തിന്റെ കൂടെ കഴിയുകയും അതുവഴി കാതിബുല് വാഖിദി (വാഖിദിയുടെ എഴുത്തുകാരന് ) എന്ന വിളിപ്പേരില്‍ അദ്ദേഹം അറിയപ്പെടുകയും ചെയ്തു. അഹ് മദ് ബിന്‍ ഇബ്റാഹീം അല്‍ മൂസ്വീല, ഇസ്ഹാഖ് ബിന്‍ സുലൈമാന്‍ റാസി എന്നിവരും അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാരാണ്. കൂടുതല്‍ കാലം അദ്ധ്യാപനത്തിനു നീക്കി വെക്കാന്‍ സാധിക്കാത്തതിനാലും അബ്ബാസിയ്യ ഭരണാധികാരിയായ മഅ്മൂനിന്റെ കാലത്ത് അഹ് മദ് ബിന്‍ ഹമ്പല്‍ (റ) വിനെ പോലെ ഖുര്‍ആന്‍ സൃഷ് ടി വാദവുമായി ബന്ധപ്പെട്ട ധാരാളം പ്രതിസന്ധികള്‍ നേരിടേണ്ടി വന്നതിനാലും ഇബ്നു സഅ്ദ് (റ) വിന് അധികം ശിഷ്യസമ്പത്ത് ലഭിച്ചിട്ടില്ല. എങ്കിലും അഹ് മദുല്‍ ബലാദൂരി (ഹി.270), അബൂബക് ര്‍ ബിന്‍ അബിദുന്‍യാ (ഹി.281) എന്നിവര്‍ പ്രധാന ശിഷ്യന്മാരാണ്. കിതാബുത്വബഖാത്ത് അല്‍ കബീറിനു പുറമെ ത്വബഖാത്തു സ്വഗീര്‍, സുഖ്റുഫുല് ഖസ് രി ഫീ തര്‍ജമത്തില്‍ ഹസനില്‍ ബസ്വരി, ഖസ്വീദത്തുല്‍ ഹലവാനിയ്യ ഫീ ഇഫ്തിഖാരില് ഖഹ്ത്വാനിയ്യീന് അലല്‍ അദ്നാനിയ്യീന് എന്നിവയും മഹാന്റെ പ്രധാന രചനകളാണ്. ഹി.239 ല്‍ ബഗ്ദാദില്‍ വെച്ച് വഫാത്തായ ഇബ്നു സഅ്ദ് (റ) ബാബുശാം മഖ്ബറയിലാണ് അന്ത്യ വിശ്രമം കൊള്ളുന്നത്.
Leave a Reply