The biography of Prophet Muhammad – Month 11

Admin May 5, 2023 No Comments

The biography of Prophet Muhammad – Month 11

Mahabba Campaign Part-311/365

ഉഹ്ദിലെ ശോഭനമായ മറ്റൊരു ചിത്രമാണ് അംറുബിൻ അൽ ജമൂഹി(റ)ന്റേത്. കാലിലെ മുടന്തോടു കൂടി സ്വര്‍ഗത്തില്‍ കടക്കണമെന്ന് ശഠിച്ച വന്ദ്യ വയോധികന്‍. കറുത്ത കാലത്തെ യസ്‌രിബിലെ പൗര പ്രമുഖനായിരുന്നു അദ്ദേഹം. ബനൂസലമഃ ഗോത്രക്കാരുടെ അനിഷേധ്യ നേതാവ്. വിശ്രുതനായ ധര്‍മിഷ്ഠന്‍. ഉന്നത വ്യക്തിത്വത്തിന്റെ ഉടമ !
ജാഹിലിയ്യത്തില്‍ പ്രമാണിമാരെല്ലാം സ്വന്തം വീടുകളില്‍ ബിംബങ്ങളെ പ്രതിഷ്ഠിക്കുക പതിവുണ്ടായിരുന്നു. പ്രഭാത- പ്രദോഷങ്ങളില്‍ പ്രണാമങ്ങളര്‍പ്പിക്കുക, ആണ്ടു തോറും ബലി നടത്തുക, പ്രതിസന്ധി ഘട്ടങ്ങളില്‍ അഭയം തേടുക ഇവയായിരുന്നു അവരുടെ രീതി.
അംറുബ്നുല്‍ ജമൂഹി(റ)ന്റെ വിഗ്രഹത്തിന് മനാത്ത് എന്നായിരുന്നു പേര്. വിലപിടിച്ച മരത്തടിയില്‍ പണിതതായിരുന്നു അത്. മനാത്തിനെ പരിചരിക്കുന്നതില്‍ അദ്ദേഹം അതീവ ശ്രദ്ധാലുവായിരുന്നു. എപ്പോഴും വിലകൂടിയ സുഗന്ധ ദ്രവ്യങ്ങള്‍ കൊണ്ട് അതിനെ പരിപാലിച്ചു.

അംറുബ്നുല്‍ ജമൂഹി(റ)ന് അറുപത് പിന്നിട്ടപ്പോഴാണ് ഇസ്‌ലാമിക വിശ്വാസത്തിന്റെ കിരണങ്ങള്‍ യസ്‌രിബിലെ വീടുകളില്‍ പ്രകാശം പരത്താന്‍ തുടങ്ങിയത്.
മദീനയിലെത്തിയ ആദ്യ സത്യസന്ദേശ വാഹകന്‍ മഹാനായ മിസ്വ്അബുബ്നു ഉമൈര്‍(റ) ആയിരുന്നു അതിന് നേതൃത്വം നല്‍കിയത്. അംറുബ്നുല്‍ജമൂഹി(റ)ന്റെ മൂന്ന് പുത്രന്മാര്‍; മുഅവ്വിദ് (റ), മആദ് (റ), ഖല്ലാദ് (റ) എന്നിവരും അവരുടെ കൂട്ടുകാരന്‍ മുആദുബ്നു ജബലും(റ) മിസ്അബ് (റ) മുഖേന സത്യവിശ്വാസികളായിത്തീര്‍ന്നു.
മൂന്ന് പുത്രന്മാരോടൊപ്പം അവരുടെ മാതാവ് ഹിന്ദും(റ) ഇസ്‌ലാം മതം സ്വീകരിച്ചു. അംറ് (റ) അറിയാതെയായിരുന്നു ഇതെല്ലാം.

അംറുബ്നുല്‍ ജമൂഹി(റ)ന്റെ ഭാര്യ ഹിന്ദ് (റ) യസ്‌രിബില്‍ നടക്കുന്ന പരിവര്‍ത്തനങ്ങള്‍ ശരിക്കും ഉൾക്കൊള്ളുന്നുണ്ടായിരുന്നു. ഇപ്പോള്‍ ആ നാട്ടുകാരില്‍ നേതാക്കളും പ്രജകളുമായി സിംഹഭാഗവും ഇസ്‌ലാം മതാനുയായികളായിരിക്കുന്നു. ബഹുദൈവ വിശ്വാസികളായി ശേഷിക്കുന്നവര്‍ തന്റെ ഭര്‍ത്താവും വിരലിലെണ്ണാവുന്ന കുറച്ചു പേരും മാത്രമാണെന്നവർ തിരിച്ചറിഞ്ഞു. അവര്‍ക്ക് ഭര്‍ത്താവിനോട് സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു. അദ്ദേഹം അവിശ്വാസിയായി മരിക്കേണ്ടി വന്നാല്‍ ശാശ്വതമായി നരകാഗ്നിയിലായിരിക്കുമല്ലോ എന്നോർത്തവർ സഹതപിച്ചു. അതേസമയം തന്നെ തന്റെ മക്കള്‍ പിതാമഹന്മാരുടെ വിശ്വാസാചാരങ്ങള്‍ കൈവെടിഞ്ഞ് പുതിയ മതത്തില്‍ അകപ്പെട്ടുപോകുമോ എന്ന ചിന്ത അംറി(റ)നെയും അലട്ടിയിരുന്നു. കാരണം, ഇസ്‌ലാമിക പ്രബോധകനായ മിസ്വ്അബുബ്നുഉമൈര്‍ (റ) വഴി ചുരുങ്ങിയ കാലയളവില്‍ വളരെയധികം പേര്‍ മുഹമ്മദ് നബിﷺയുടെ മതത്തില്‍ ചേര്‍ന്ന് കഴിഞ്ഞിരുന്നു.
അംറ് (റ) തന്റെ ഭാര്യയോട് പറഞ്ഞു: ‘’ഹിന്ദ്….! ഈ പുതിയ മതവുമായി വന്നയാളോട് നമ്മുടെ മക്കള്‍ കണ്ടുമുട്ടാതെ നാം അവരെ ശരിക്കും സൂക്ഷിക്കണം. ഞാന്‍ തീരുമാനിക്കും പോലെ മതി ഇവിടുത്തെ കാര്യങ്ങള്‍.’’ ഭാര്യ പറഞ്ഞു: ‘’ശരി, പക്ഷേ, ഒന്നു ചോദിച്ചോട്ടെ. നിങ്ങളുടെ മകന്‍ മുആദ് (റ) അയാളില്‍ നിന്ന് എന്തോ ചിലത് കേട്ടിരിക്കുന്നു. അതെന്താണെന്ന് നിങ്ങൾക്കൊന്ന് ചോദിച്ച് നോക്കിക്കൂടെ? സംശയം തോന്നിയ അംറ് (റ) ചോദിച്ചു. ഞാനറിയാതെ അവൻ മതം വല്ലതും മാറിയോ? അനുകമ്പയോടെ മാത്രം തന്റെ ഭർത്താവിനെ സമീപിച്ച ഹിന്ദ് (റ) പറഞ്ഞു. അതൊന്നുമാവില്ല, പക്ഷേ , എന്തോ ചിലത് അദ്ദേഹത്തിൽ നിന്ന് അവൻ കേട്ടിരിക്കുന്നു.

‘’എങ്കില്‍ മുആദി(റ)നെ വിളിക്കൂ.” അംറ് (റ) കല്‍പ്പിച്ചു.
മുആദ് (റ) വന്നപ്പോള്‍ അംറ് (റ) ചോദിച്ചു : ‘എന്തൊക്കെയാണു ആ മനുഷ്യൻ പറയുന്നത് ?’
മകന്‍ മുആദ്(റ) സൂറത്തുല്‍ ഫാതിഹഃ സുന്ദരമായ ശൈലിയില്‍ ഓതിക്കേള്‍പ്പിച്ചു. സശ്രദ്ധം കേട്ടിരുന്ന അംറ്(റ) പറഞ്ഞു:
‘’ഹാ! നല്ല രസമുണ്ടല്ലോ കേൾക്കാൻ!അദ്ദേഹം പറയുന്ന വാക്കുകളെല്ലാം ഇതുപോലെ സുന്ദരമാണോ…?’’
മുആദ് (റ) പറഞ്ഞു. ‘അതെ, എന്തേ ഉപ്പാ, അദ്ദേഹത്തെ അവിടുന്നൊന്നു നേരിട്ട് കേട്ടു കൂടായിരുന്നോ? ഇതിനകം കുറേയാളുകൾ അദ്ദേഹത്തിന്റെ കൂട്ടത്തിൽ ചേർന്നു കഴിഞ്ഞു’. “ഞാനെന്റെ മനാത്തിനോട് ഒന്നു ചോദിച്ചു നോക്കട്ടെ! എന്നിട്ട് തീരുമാനിക്കാം “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-312/365

അംറ് (റ) മകനോട് പറഞ്ഞു; “ഞാന്‍ എന്റെ ദൈവമായ മനാത്തിനോടൊന്ന് അന്വേഷിക്കട്ടെ. എന്നിട്ട് തീരുമാനിക്കാം “.
മകന്‍ പറഞ്ഞു; ‘’മനാത്ത് എന്ത് പറയാനാണ് ഉപ്പാ…! ബുദ്ധിയോ സംസാര ശേഷിയോ ഇല്ലാത്ത വെറും മരക്കഷണമല്ലേയത്…?’’

ദേഷ്യത്തോടെ അദ്ദേഹം പ്രതികരിച്ചു.
‘’മനാത്തിനോട് ചോദിക്കാതെ ഒരു കാര്യത്തിലും ഞാന്‍ തീരുമാനമെടുക്കില്ലെന്ന് നിനക്കറിയില്ലേ?”
അംറുബ്നുല്‍ ജമൂഹ് (റ) തന്റെ വിഗ്രഹത്തെ സമീപിച്ചു. അറബികള്‍ ബിംബത്തോട് സംസാരിക്കുന്നതിന് മുമ്പ് അതിന്റെ പിന്നില്‍ ഒരു വൃദ്ധയെ നിര്‍ത്തും. ചോദ്യങ്ങള്‍ക്കും മറ്റും അവർ നല്‍കുന്ന മറുപടി ദൈവീക വെളിപാടാണെന്നായിരുന്നു അവരുടെ വിശ്വാസം.
അത് പ്രകാരം അദ്ദേഹം തന്റെ പ്രിയപ്പെട്ട മനാത്തിനോട് സംസാരിക്കാൻ തുടങ്ങി.
‘’മനാത്ത്.. മക്കയില്‍ നിന്ന് പുത്തന്‍ സന്ദേശവുമായെത്തിയ ആ വ്യക്തി ആര്‍ക്കും ഒരു ദ്രോഹവും ചെയ്യാത്തയാളാണ്. എന്നാല്‍, ബിംബാരാധനയെ അദ്ദേഹം കഠിനമായി എതിര്‍ക്കുന്നു. ഇക്കാര്യമെല്ലാം അങ്ങുന്ന് അറിഞ്ഞിട്ടുണ്ടാകുമെന്നതില്‍ എനിക്ക് ഒരു സംശയവുമില്ല. അയാളുടെ വാക്കുകള്‍ കര്‍ണ ണാനന്ദകരവും സുന്ദരവുമാണ്. പക്ഷേ, അവിടുത്തോട് ആലോചിച്ച ശേഷമാവാം എന്ന നിലയ്ക്ക് തല്ക്കാലം അയാളുടെ കൂടെ ഞാന്‍ ചേരാതിരുന്നതാണ്. അത് കൊണ്ട് ഞാനെന്തു ചെയ്യണമെന്ന് ഒന്നറിയിച്ചാലും “.
മനാത്ത് ഒന്നും മിണ്ടിയതേയില്ല. അംറ് (റ) തുടര്‍ന്നു,
‘’ഞാന്‍ ചോദിച്ചതില്‍ അവിടുത്തേക്ക് കോപമുണ്ടാവരുത്. ഞാൻ കുറച്ചു ദിവസങ്ങൾക്കഴിഞ്ഞ് വീണ്ടും വരാം.”

മനാത്തിനോട് പിതാവിനുള്ള ബന്ധം മക്കൾക്ക് നന്നായറിയാം. എന്നാൽ, അതിന് ഇപ്പോൾ അൽപ്പം ഇടർച്ച സംഭവിച്ചു എന്നവർ തിരിച്ചറിഞ്ഞു. പൂർണമായി ആ ബന്ധം തീരുന്നതോടെ തൗഹീദിന്റെ വെളിച്ചം അദ്ദേഹത്തിന് ലഭിക്കും. അതിനവർ ഒരു ശ്രമം നടത്തി.
അംറി(റ)ന്റെ മക്കള്‍ മൂവരും അവരുടെ കൂട്ടുകാരന്‍ മുആദുബ്നുജബലും(റ) കൂടി രാത്രിയുടെ മറവില്‍ മനാത്ത് ഇരിക്കുന്ന മുറിയിലേക്ക് ചെന്നു. അതിനെ തത്സ്ഥാനത്തു നിന്ന് ഇളക്കിയെടുത്ത് മാറ്റിയിട്ടു. ബനൂസലമഃ ഗോത്രക്കാര്‍ ചപ്പുചവറുകള്‍ കൊണ്ടിടുന്ന സ്ഥലത്താണത് പതിച്ചത്. ആരുമറിയാതെ അവര്‍ വീട്ടിലേക്ക് മടങ്ങി.
അടുത്ത ദിവസം മനാത്തിനെക്കണ്ട് വണങ്ങാന്‍ അംറ് (റ) താഴ്മയോടെ പുറപ്പെട്ടു. എന്നാല്‍ അവിടെക്കണ്ട കാഴ്ച അദ്ദേഹത്തെ സ്തബ്ധനാക്കി ! മനാത്ത് അപ്രത്യക്ഷനായിരിക്കുന്നു…!
അദ്ദേഹം അലമുറയിട്ടു. “എവിടെ എന്റെ ദൈവം? എവിടെ?”
ആരും ഒരക്ഷരം മിണ്ടിയില്ല.
അദ്ദേഹം വീട്ടിനകത്തും പുറത്തും അരിച്ചു പെറുക്കി. ഒടുവിൽ മാലിന്യത്തിൽ പതിച്ചു കിടക്കുന്ന മനാത്തിനെ അയാൾ കണ്ടെത്തി ! അദ്ദേഹം അതിനെ പൊക്കിയെടുത്തു. കുളിപ്പിച്ചു വൃത്തിയാക്കി. സുഗന്ധദ്രവ്യങ്ങള്‍ പൂശി തത് സ്ഥാനത്ത് തന്നെ പ്രതിഷ്ഠിച്ചു.

മനാത്തിനോടായി അദ്ദേഹം പറഞ്ഞു. ‘’ദൈവമാണ് സത്യം, ഈ നീചകൃത്യം ചെയ്തത് ആരാണെന്നറിഞ്ഞിരുന്നെങ്കില്‍ വേണ്ട പ്രതികാരം ഞാന്‍ ചെയ്യുമായിരുന്നു.’’
പക്ഷേ, പല ദിവസവും ഇത് ആവര്‍ത്തിച്ചു കൊണ്ടിരുന്നു. യുവാക്കള്‍ വിഗ്രഹമെടുത്ത് ചെളിക്കുണ്ടിലെറിയും. ആ വയോവൃദ്ധന്‍ അതിനെയെടുത്ത് വൃത്തിയാക്കും. സഹികെട്ടപ്പോള്‍ അംറുബ്നുല്‍ ജമൂഹ് (റ) ഒരു പുതിയ മാർഗ്ഗം പരീക്ഷിക്കാന്‍ തന്നെ തീരുമാനിച്ചു. അടുത്ത ദിവസം തന്റെ പടവാളെടുത്ത് മനാത്തിന്റെ കഴുത്തില്‍ കെട്ടിയിട്ട് പറഞ്ഞു:
‘’മനാത്ത്…! ആരാണ് ഈ നികൃഷ്ടതയ്ക്ക് പിന്നില്‍ എന്ന് എനിക്ക് പിടികിട്ടുന്നില്ല. അത് കൊണ്ട് നിനക്ക് വല്ല കഴിവുമുണ്ടെങ്കില്‍ നീ സ്വയം പ്രതിരോധിച്ചുകൊള്ളുക..! ഇതാ ഈ വാള്‍ കൈയിലിരി ലിരിക്കട്ടെ..!”

അടുത്ത ദിവസം വളരെ പ്രതീക്ഷയോടെ കടന്നു ചെന്നു. പക്ഷേ, അവിടെ വാളുമില്ല ദൈവവുമില്ല. മനാത്ത് പിന്നെയും മാലിന്യത്തിൽത്തന്നെ. പോരാത്തതിന് ഒരു നായയുടെ ശവവും ചേർന്നു കിടക്കുന്നുണ്ട്. ഇപ്രാവശ്യം അദ്ദേഹം മനാത്തിനെ കരയ്ക്കു കയറ്റിയില്ല. അതിനെ അവിടെത്തന്നെയുപേക്ഷിച്ചു കൊണ്ടദ്ദേഹം പാടി : “മനാത്തേ ,
നീയിത്ര മേൽ ദുർഗതിയിലായിപ്പോയല്ലോ? ഇനിയും ഞാൻ നിന്നെ ദൈവമായിക്കൊണ്ട് നടക്കുന്നതിൽ ഒരർഥവുമില്ല ! ”
അദ്ദേഹത്തിന്റെ വിചാരവും ധിഷണയും ഉണർന്നു. പിന്നെയൊട്ടും താമസിച്ചില്ല. അല്ലാഹുവിന്റെ ദീനില്‍ അംഗമായിച്ചേര്‍ന്നു;
‘’അശ്ഹദു അൻ ലാഇലാഹ ഇല്ലല്ലാഹ്…”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-313/365

അംറ് (റ) സത്യവിശ്വാസത്തിന്റെ മാധുര്യം അനുഭവിച്ചു. ബഹുദൈവ വിശ്വാസിയായി താൻ കഴിച്ചുകൂട്ടിയ ഓരോ നിമിഷങ്ങളുമോര്‍ത്ത് ദുഃഖിച്ചുകൊണ്ടിരുന്നു. ഇനിയുള്ള ആയുസ്സ് സത്യവിശ്വാസത്തിനായി സമർപ്പിക്കാൻ മനസ്സ് വച്ചു. സ്വന്തം ശരീരവും സമ്പത്തും മക്കളും അല്ലാഹുവിനും റസൂലിﷺനു മായി ഉഴിഞ്ഞു വച്ചു.
അങ്ങനെയിരിക്കെയാണ് ഉഹ്ദ് യുദ്ധം സമാഗതമായത്. മക്കള്‍ അതിൽ പങ്കെടുക്കാൻ ധൃതിയില്‍ ഒരുങ്ങുന്നത് അംറ് (റ) കണ്ടു. ഓരോരുത്തരും രക്തസാക്ഷിത്വത്തിന്റെ ഉന്നത പദവി കൊതിച്ചുകൊണ്ടാണ് തയ്യാറാകുന്നതെന്നു പിതാവിന് ബോധ്യമായി. അദ്ദേഹത്തിനും അങ്ങനെ ആഗ്രഹമുണർന്നു.
പക്ഷേ, അദ്ദേഹത്തെ തന്റെ തീരുമാനത്തില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ പുത്രന്മാര്‍ ഒറ്റക്കെട്ടായി ശ്രമിച്ചു. കാരണം, പിതാവ് വാര്‍ധക്യവും വൈകല്യവും ഒത്തുചേർന്ന അവസ്ഥയിലാണ്. ഒറ്റയ്ക്ക് നടക്കാന്‍ പോലും കഴിയാത്ത മുടന്താണ് കാലിന്. അതു കൊണ്ടുതന്നെ യുദ്ധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അല്ലാഹു ഒഴിവു നൽകിയ വിഭാഗത്തില്‍പ്പെട്ടയാളുമാണദ്ദേഹം.
മക്കള്‍ പറഞ്ഞു: ‘’പിതാവേ, കാലിന് മുടന്തുള്ളവര്‍ യുദ്ധത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന് അല്ലാഹു ഖുര്‍ആനിലൂടെ പറഞ്ഞിട്ടുണ്ടല്ലോ. അല്ലാഹു വിട്ടുവീഴ്ച തന്ന ഒരു കാര്യത്തിന് പിന്നെ എന്തിനാണവിടുന്ന് പ്രയാസപ്പെടുന്നത് ?”
അവരുടെ വാക്കു കേട്ട് ആ വന്ദ്യ വയോധികന്‍ വല്ലാതെ വിഷമിച്ചു. അദ്ദേഹം നബിﷺയുടെയടുക്കല്‍ അന്യായം ബോധിപ്പിച്ചു:
‘’അല്ലാഹുവിന്റെ ദൂതരേ,
ഈ മഹത്തായ കാര്യത്തില്‍ പങ്കുകൊള്ളുന്നതിന് എന്റെ പുത്രന്മാര്‍ തടസ്സം ഉന്നയിക്കുകയാണ്. ഞാന്‍ മുടന്തുള്ളയാളാണെന്നാണവര്‍ കാരണം പറയുന്നത്. അല്ലാഹുവാണ് സത്യം! എന്റെ ഈ മുടന്തുകാലുമായി സ്വര്‍ഗത്തില്‍ കടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു നബിയേﷺ…’’

നബിﷺ തങ്ങൾ അംറ് (റ) വിന്റെ പുത്രന്മാരോട് പറഞ്ഞു: ‘’നിങ്ങള്‍ പിതാവിനെത്തടയേണ്ടതില്ല. അല്ലാഹു അവര്‍ക്ക് രക്തസാക്ഷിയാവാനുള്ള ഭാഗ്യം നല്‍കിയേക്കാം….’’
നബിﷺയുടെ നിര്‍ദേശം മക്കള്‍ അംഗീകരിച്ചു. യുദ്ധത്തിന് പുറപ്പെടാറായി. അംറുബ്നുല്‍ ജമൂഹ് (റ) തന്റെ ഭാര്യയോട് യാത്ര പറഞ്ഞിറങ്ങി. ഇനിയൊരിക്കലും തിരിച്ചു വരാത്ത യാത്രാമൊഴി. ശേഷം, അദ്ദേഹം ഖിബ്’ലയ്ക്ക് മുന്നിട്ട് ഇരു കൈകളും ആകാശത്തേക്കുയര്‍ത്തി പ്രാര്‍ഥിച്ചു:
‘’അല്ലാഹുവേ…! എന്നെ നീ ശഹീദാക്കേണമേ! എന്നെ എന്റെ വീട്ടിലേക്ക് നിരാശനായി മടക്കരുതേ!’’
അംറുബ്നുല്‍ ജമൂഹ് (റ) പടക്കളത്തിലിറങ്ങി. ചുറ്റും മൂന്ന് മക്കളും കുടുംബത്തില്‍ നിന്നുള്ള വലിയൊരു സംഘവുമുണ്ട്. രംഗം ചൂടുപിടിച്ചുകൊണ്ടിരിക്കുന്നു. വിശ്വാസികൾ നബിﷺയുടെ സമീപത്ത് നിന്നകന്ന് കൊണ്ടിരിക്കുകയാണ്. മഹാനായ അംറുബ്നുല്‍ ജമൂഹ് (റ) ഏറ്റവും മുമ്പില്‍ത്തന്നെയുണ്ട്. മുടന്തില്ലാത്ത കാലില്‍ച്ചാടിയാണ് അവര്‍ മുന്നേറിക്കൊണ്ടിരുന്നത്. പോരാടുമ്പോള്‍ അവരുടെ അധരങ്ങള്‍ ആവര്‍ത്തിച്ചു ചലിച്ചുകൊണ്ടിരുന്നു, എനിക്ക് സ്വർഗം പൂതിയാകുന്നു.
അദ്ദേഹത്തിന്റെ തൊട്ടു പിന്നില്‍ മകൻ ഖല്ലാദുണ്ട്(റ). അതാ വാപ്പയും മകനും നബിﷺ യെ സംരക്ഷിക്കാനായി പടവെട്ടിക്കൊണ്ടിരിക്കുകയാണ്. അധികം കഴിഞ്ഞില്ല. യുദ്ധഭൂമിയില്‍ പിതാവും മകനും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ ശഹീദായി വീണു.
യുദ്ധം അവസാനിച്ചു. റസൂൽ ‍ﷺ ഉഹ്ദില്‍ ശഹീദായവരെ മറമാടാനായി എഴുന്നേറ്റു. നബി ﷺ അനുചരന്മാരോട് പറഞ്ഞു. ‘’ശഹീദായവരെ കുളിപ്പിക്കാതെത്തന്നെ മറവ് ചെയ്യുക. ഞാനവര്‍ക്ക് സാക്ഷിയാണ്…!’’
അവിടുന്ന് പിന്നെയും തുടര്‍ന്നു: ‘’അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ആര്‍ക്കെങ്കിലും ഒരു മുറിവ് സംഭവിച്ചാല്‍ അന്ത്യ ദിനത്തില്‍ അതില്‍നിന്ന് രക്തം വാര്‍ന്നുകൊണ്ടിരിക്കും. ആ രക്തത്തിന്റെ നിറം കുങ്കുമത്തിന്റേതും ഗന്ധം കസ്തൂരിയുടേതുമായിരിക്കും…’’

‘‘അംറുബ്നുല്‍ജമൂഹ് (റ) വിനെയും അബ്ദുല്ലാഹിബ്നു അംറ് (റ) വിനെയും ഒരേ ഖബ്റില്‍ മറവ് ചെയ്യുക. അവര്‍ തമ്മില്‍ നിഷ്ക്കളങ്കമായി സ്നേഹിച്ചവരായിരുന്നു.’’

ആരോഗ്യമുള്ള കാലുകളുള്ള പരലക്ഷങ്ങളെ പിന്നിലാക്കി മുടന്തു കാലുകൊണ്ട് അംറ് (റ) സ്വർഗത്തിലേക്ക് കുതിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-314/365

അംറി(റ)ന്റെ രക്തസാക്ഷിത്വത്തെത്തുടർന്ന് ഉഹ്ദ് അടയാളപ്പെടുത്തിയ സമർപ്പണത്തിന്റെ ഒരു ചിത്രം കൂടി ചേർത്തു വായിക്കാം. അംറ് ബിൻ അൽ ജമൂഹി(റ)ൻ്റെ ഭാര്യ ഹിന്ദ് (റ) പടക്കളത്തിലേക്ക് ഒന്നു ശ്രദ്ധിച്ചു. തന്റെ ഭർത്താവ് അംറും(റ) സഹോദരൻ അബ്ദുല്ലയും(റ) മകൻ ഖല്ലാദും(റ) കൊല്ലപ്പെട്ടു കിടക്കുന്നു. സാധാരണയിൽ ഒരു പെണ്ണ് അലമുറയിട്ട് മാറ് കീറി കാടും നാടുമിളക്കേണ്ട രംഗം. പക്ഷേ, ഹിന്ദ്(റ) വിരഹങ്ങളുടെ ദുഃഖം കടിച്ചിറക്കി. ഹൃദയം പറിഞ്ഞ വേദന അല്ലാഹുവിന്റെ പ്രീതിക്കായി സഹിച്ചൊതുക്കി. മൂന്നു പേരുടേയും മൃതശരീരങ്ങൾ തന്റെ ഒട്ടകപ്പുറത്തേക്ക് കയറ്റി. മദീനയിലേക്ക് കൊണ്ടുപോയി മറമാടാനാണ് ലക്ഷ്യം. പക്ഷേ, ഒട്ടകം മുന്നോട്ട് നീങ്ങുന്നില്ല. ആഇശ (റ) പറയുന്നു ; “ഞാൻ കുറച്ചു കൂട്ടുകാരികൾക്കൊപ്പം ഉഹ്ദിലൂടെ നടന്നു. ആതുര സേവനമായിരുന്നു ലക്ഷ്യം. അതിനിടയിലാണ് ഹിന്ദി(റ)നെയും ഒട്ടകത്തെയും കാണുന്നത്. അവരോട് ചോദിച്ചു, ‘എന്തൊക്കെയാണ് വിവരങ്ങൾ? എന്താണ് ഒട്ടകപ്പുറത്തുള്ളത് ?’ അവർ പറഞ്ഞു, ‘മുത്ത് നബിﷺക്ക് ഒന്നും സംഭവിച്ചിട്ടില്ലെങ്കിൽ ബാക്കിയുള്ളതെല്ലാം നിസ്സാരമാണ് ‘. ചില വിശ്വാസികൾ അല്ലാഹുവിന്റെ മാർഗത്തിൽ ജീവാർപ്പണം നടത്തിയിരിക്കുന്നു. ഈ രംഗം പരാമർശിച്ചു കൊണ്ടാണ് വിശുദ്ധ ഖുർആൻ മുപ്പത്തിമൂന്നാം അധ്യായം ‘അൽ അഹ്സാബ് ‘ – ലെ ഇരുപത്തിയഞ്ചാമത്തെ സൂക്തം അവതരിക്കുന്നത്. ആശയം ഇങ്ങനെ വായിക്കാം.

“സത്യനിഷേധികളെ അവരുടെ കോപാഗ്നിയോടെത്തന്നെ യുദ്ധരംഗത്തുനിന്ന് അല്ലാഹു തിരിച്ചയച്ചു. അവര്‍ക്കൊട്ടും നേട്ടം കിട്ടിയില്ല. സത്യവിശ്വാസികള്‍ക്ക് വേണ്ടി പൊരുതാന്‍ അല്ലാഹു തന്നെ മതി. അല്ലാഹു ഏറെ കരുത്തനും പ്രതാപിയുമാണ്.”

ആഇശ (റ) ഹിന്ദ് (റ)നോട് ചോദിച്ചു; ‘ആരൊക്കെയാണീ ഒട്ടകപ്പുറത്തുള്ളത്?’
‘എന്റെ ഭർത്താവും മകനും സഹോദരനുമാണ് ‘.
‘എവിടേക്കാണ് ഇവരെ കൊണ്ടുപോകുന്നത്?’
‘മദീനയിലേക്ക് മറമാടാൻ കൊണ്ടുപോവുകയാണ് ‘. ബീവി ആഇശ (റ) അദ്ഭുതപ്പെട്ടു! ഹിന്ദ് (റ) ഒട്ടകത്തെ മുന്നോട്ട് നയിക്കാൻ വേണ്ടി ശബ്ദമുണ്ടാക്കി. ‘ഹൽ… ഹൽ…’ പക്ഷേ, ഒട്ടകം മുന്നോട്ട് നീങ്ങിയില്ല ! ആഇശ ചോദിച്ചു, ‘എന്തേ, ഒട്ടകം മുന്നോട്ട് നീങ്ങാത്തത്? വഹിക്കാവുന്നതിലുമപ്പുറം ഭാരമായതിനാലാണോ? അല്ല, മറ്റെന്തോ കാരണമായിരിക്കും’. വീണ്ടും ഹിന്ദ് (റ) ഒട്ടകത്തെ ഒന്നിളക്കി. പക്ഷേ, അനങ്ങുന്നില്ല. എന്തായിരിക്കും കാരണം? ഒട്ടകത്തെ ഉഹ്ദിന്റെ ഭാഗത്തേക്ക് തിരിച്ചു നിർത്തിയപ്പോൾ വേഗം മുന്നോട്ട് നീങ്ങുന്നു. ഉഹ്ദിൽ നിന്ന് തിരിച്ചു വിടാൻ നോക്കുമ്പോൾ ഒരടി മുന്നോട്ട് നീങ്ങുന്നില്ല. ഒടുവിൽ ഹിന്ദ് (റ) നബി ﷺ യെ സമീപിച്ചു. അവിടുന്ന് പ്രതികരിച്ചു. “ഒട്ടകത്തിന് അല്ലാഹുവിൽ നിന്ന് നിർദേശമുണ്ട്. ഉഹ്ദിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അംറ് (റ) എന്തെങ്കിലും പറഞ്ഞിരുന്നോ?” “അതെ, അംറ് (റ) ഉഹ്ദിലേക്ക് പുറപ്പെടുമ്പോൾ ഇങ്ങനെ പ്രാർഥിച്ചിരുന്നു ‘’അല്ലാഹുവേ,
എനിക്ക് നീ രക്തസാക്ഷിത്വം നൽകേണമേ! നിരാശനായി വീട്ടിലേക്കു മടക്കരുതേ!”
ഹിന്ദി(റ)ന്റെ മറുപടി കേട്ടപ്പോൾ നബി ﷺ പറഞ്ഞു, “അതെ, അത് കൊണ്ടാണ് അംറി(റ)ന്റെ ശരീരം വഹിക്കുന്ന വാഹനം ഉഹ്ദിൽ നിന്നു മടങ്ങാത്തത്. അദ്ദേഹം പ്രാർഥനയ്ക്ക് ഉത്തരം ലഭിക്കുന്ന ആളായിരുന്നു. അല്ലാഹുവോട് സത്യം ചെയ്തു പറഞ്ഞാൽ അത് നടപ്പിലാകുമായിരുന്നു. അദ്ദേഹം മുടന്തുള്ള കാലുകൊണ്ട് സ്വർഗത്തിൽ പ്രവേശിക്കുന്നത് ഞാൻ കണ്ടിരിക്കുന്നു. അല്ലയോ ഹിന്ദേ(റ)! നിങ്ങളുടെ സഹോദരൻ കൊല്ലപ്പെട്ടതുമുതൽ എവിടെയാണ് മറമാടുക എന്ന്‌ പ്രതീക്ഷിച്ചു മലക്കുകൾ തണൽ നൽകുന്നുണ്ടായിരുന്നു “.
ശേഷം, അവരെ മറമാടുന്നത് വരെ നബിﷺകാത്തു നിന്നു. അവിടുന്ന് ഹിന്ദി(റ)നോട് പറഞ്ഞു, “അതാ അവർ സ്വർഗത്തിലും ചങ്ങാതിമാരായിരിക്കുന്നു “.
“എന്നെയും അവരോടൊപ്പം ചേർത്ത് തരാൻ അവിടുന്ന് പ്രാർഥിച്ചാലും “. ഹിന്ദ്(റ) അപേക്ഷിച്ചു.

ഹിന്ദി(റ)ന്റെ സഹോദര പുത്രൻ ജാബിർ ബിൻ അബ്‌ദില്ലാഹി(റ) പറഞ്ഞു. “മുസ്‌ലിം പക്ഷത്തു നിന്നു ഉഗ്ദിൽ ആദ്യം കൊല്ലപ്പെട്ടത് എന്റെ പിതാവായിരുന്നു. അബുൽ ആവർ അസ്സുലമിയുടെ പിതാവ് സൂഫ്യാൻ ബിൻ അബ്ദി ഷംസാണ് വധിച്ചു കളഞ്ഞത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-315/365

ഉഹ്ദിൽ അമരവിലാസം അടയാളപ്പെടുത്തിയ ശ്രേഷ്ഠ സ്വഹാബിയാണ് മുത്ത് നബിﷺയുടെ പിതൃസഹോദരനായ ഹംസ (റ). നബിﷺയെക്കാൾ രണ്ട് വയസ്സ് കൂടുതലുള്ള അദ്ദേഹം നബിﷺയുടെ മുലകുടി സഹോദരൻ കൂടിയാണ്. ബഹുമാനപ്പെട്ടവരുടെ വ്യക്തി ചരിത്രവും ബദ്റിലെ സാന്നിധ്യവും പോരാട്ടവും നാം വായിച്ചു കഴിഞ്ഞു. നബിﷺയുടെ നേതൃത്വത്തിലുള്ള ആദ്യ സൈനിക നീക്കം; ഗസ്‌വത് വുദ്ദാനിലെ പതാക വാഹകനും ഹംസ (റ) തന്നെയായിരുന്നു.

ഹംസ(റ)യുടെ ധീരമായ സാന്നിധ്യം ഉഹ്ദിന്റെ ആദ്യഘട്ടത്തിലെ മുസ്‌ലിം മുന്നേറ്റത്തിലെ പ്രധാന ഘടകമായിരുന്നു. സാഹസികതയുടെ പര്യായമായിരുന്ന മഹാനവർകളുടെ ഇടപെടലുകൾക്ക് സവിശേഷമായ പ്രാധാന്യമുണ്ടായിരുന്നു.

ബദ്റിൽ വച്ച് ഹംസ(റ)യുടെ വാളിനിരയായ പലരുടെയും ബന്ധുക്കൾ ഉഹ്ദിൽ വച്ച് ഹംസ(റ)യെ കൈകാര്യം ചെയ്യാൻ ഉറച്ചിരുന്നു. ബദ്റിൽ കൊല്ലപ്പെട്ട ത്വുഐമ ബിൻ അദിയ്യിന്റെ സഹോദരപുത്രൻ ജുബൈർ ബിൻ മുത്ഇമും കൊല്ലപ്പെട്ട ഉത്ബയുടെ മകൾ ഹിന്ദും അവരിൽ പ്രമുഖരായിരുന്നു. ഉളിപ്രയോഗത്തിൽ വിദഗ്ധനായ അബ്സീനിയൻ അടിമ ‘വഹ്ശി’ യെ അവർ ചട്ടം കെട്ടി. ഹംസ(റ)യെ വകവരുത്തുന്ന പക്ഷം തനിക്ക് മോചനം നൽകാമെന്നവർ വാഗ്ദാനം ചെയ്തു. മോചനം സ്വപ്നം കണ്ട് വഹ്ശി ഉഹ്ദിലെത്തി. അദ്ദേഹം തന്നെ ആ രംഗങ്ങൾ പിൽക്കാലത്ത് വിശദീകരിക്കുന്നുണ്ട്. ഏകദേശം നാൽപ്പത് വർഷങ്ങൾക്ക് ശേഷം മുആവിയ(റ)യുടെ ഭരണകാലത്ത് ഹിംസിൽ വച്ച് താബിഉകളിൽപ്പെട്ട ഉബൈദുല്ലാഹിബിൻ അദിയ്യും(റ) കൂട്ടുകാരനും അദ്ദേഹത്തെ സമീപിച്ചു. ഉഹ്ദിലെ രംഗങ്ങൾ കേൾക്കാനുള്ള താത്പ്പര്യം പ്രകടിപ്പിച്ചു. മരുഭൂമിയിലെ പൊടിക്കാറ്റ് കാരണം കണ്ണ് മാത്രം പുറത്ത് കാണുന്ന രൂപത്തിൽ മുഖം മൂടിക്കെട്ടിയാണ് ഉബൈദ് വഹ്ശിയുടെ മുന്നിൽ എത്തിയത്. വൃദ്ധനായ അദ്ദേഹത്തോട് ഉബൈദ് (റ) ചോദിച്ചു, “ഞാനാരാണെന്ന് നിങ്ങൾക്ക് മനസ്സിലായോ?” ഉടനെ വഹ്ശി പറഞ്ഞു, “നിന്റെ കാല് കണ്ടിട്ട് അദിയ്യിന്റെ മകനാണെന്നാണ് മനസ്സിലാകുന്നത് “. ആ വിലയിരുത്തൽ കൃത്യമായിരുന്നു. വാർധക്യത്തിലും വഹ്ശിക്കുണ്ടായിരുന്ന നിരീക്ഷണ പാടവത്തിന്റെ തെളിവുകൂടിയായിരുന്നു ഇത്. അദ്ദേഹം ഒരു ‘ഖാഇഫ് ‘ അഥവാ ‘പാദമുദ്രാ വിദഗ്ധൻ’ കൂടിയായിരുന്നു എന്ന് സാരം.

ഉബൈദിന്റെ ചോദ്യത്തിന്‌ മറുപടിയായി വഹ്ശി പറഞ്ഞു തുടങ്ങി: ഒരിക്കൽ നബിﷺ ചോദിച്ചു. “ഹംസ(റ)യെ നിങ്ങൾ വകവരുത്തിയ രംഗം ഒന്നു വിശദീകരിക്കാമോ?” അന്ന് ഞാൻ പറഞ്ഞത് തന്നെ ഇപ്പോൾ നിങ്ങളോടും പറയാം. “ഞാൻ യുദ്ധക്കളത്തിലെത്തി. എനിക്ക് ഒരേ ഒരു ലക്ഷ്യമേയുണ്ടായിരുന്നുള്ളൂ. ഹംസ(റ)യെ വധിക്കണം. കാരണം, അത് വഴി എനിക്ക് അടിമത്തത്തിൽ നിന്ന് മോചനം ലഭിക്കും. ഞാൻ സ്വതന്ത്രനാകും. ഞാൻ തുടക്കം മുതലേ ഹംസ(റ)യെ നിരീക്ഷിക്കാൻ തുടങ്ങി. അദ്ദേഹം അടർക്കളത്തിൽ നിറഞ്ഞാടുകയായിരുന്നു. ഞാനദ്ദേഹത്തെ ഉന്നം വയ്ക്കാൻ ഒരു പഴുതിന് വേണ്ടി തക്കം പാർത്തു. ഞാനൊരു മറക്കു പിന്നിൽ ഒളിഞ്ഞിരുന്ന് അദ്ദേഹത്തിന്റെ നീക്കങ്ങളെ നോക്കിക്കണ്ടു. നിരവധിയാളുകളെ അദ്ദേഹം പ്രതിരോധിച്ചു. അതിനിടയിൽ ഒരാളുടെ കഥ കഴിച്ച് ഉയരുന്നതിനിടയിൽ ഞാനെന്റെ സർവശക്തിയും ഉപയോഗിച്ച് പിന്നിൽ നിന്ന് ഹംസ(റ)യ്ക്ക് നേരെ ഉളിയെറിഞ്ഞു. അദ്ദേഹത്തിന്റെ ശരീരം ഭേദിച്ച് നാഭിയുടെ ഭാഗത്ത് കൂടി മുന്നിലേക്ക് വന്നു. എന്നിട്ടും അദ്ദേഹം എനിക്ക് നേരേ തിരിഞ്ഞ് ചുവടുകൾ വച്ചു. പക്ഷേ, അപ്പോഴേക്കും വീണു പോയി. പെട്ടെന്ന് അദ്ദേഹത്തിനടുത്തേക്ക് പോകാൻ എനിക്ക് ധൈര്യം വന്നില്ല. ചാട്ടുളിയേറ്റ് നിലത്ത് കിടക്കുന്ന ഹംസ (റ) പൂർണാരോഗ്യമുള്ള പലരെക്കാളും ഭയമുളവാക്കുന്നവരായിരുന്നു. ശരിക്കും മരണമുറപ്പാക്കിയ ശേഷമാണ് ഞാനടുത്തേക്ക് ചെന്നത്. എന്റെ ദൗത്യം നിർവഹിച്ച നിർവൃതിയിൽ ഞാൻ നടന്നകന്നു. എനിക്ക് ഉഹ്ദ് പോർക്കളത്തിൽ വേറെ ലക്ഷ്യങ്ങളൊന്നുമുണ്ടായിരുന്നില്ല. മക്കയിൽ തിരിച്ചെത്തിയതോടെ ഞാൻ മോചിപ്പിക്കപ്പെട്ടു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-316/365

ഹംസ(റ) വധിക്കപ്പെട്ട ശേഷം ഹിന്ദ് ആ ശരീരത്തെ സമീപിച്ചു. അവരുടെ അടങ്ങാത്ത പകയും ബദ്റിൽ വച്ച് പിതാവിനെ വധിച്ചതിന്റെ പ്രതികാരവും ഹംസ(റ)യുടെ ശരീരത്തിൽ തീർത്തു. അദ്ദേഹത്തിന്റെ അടിവയർ കുത്തിപ്പിളർന്ന് കരൾ പുറത്തെടുത്ത് കടിച്ചു. അവയവങ്ങൾ മുറിച്ചെടുത്ത് മാല കോർത്തണിഞ്ഞ് നൃത്തം വച്ചു.(മക്കാവിജയ സമയത്ത് ഈ ഹിന്ദിനും നബിﷺ മാപ്പു നൽകുകയും അവർ ഉത്തമവിശ്വാസിനിയായ സ്വഹാബി വനിതയാവുകയും ചെയ്തു.)

ഉഹ്ദ് യുദ്ധാനന്തരം നബിﷺ പോർക്കളം സന്ദർശിച്ചപ്പോൾ ഹംസ(റ)യെക്കണ്ട രംഗം അവിടുത്തെ മനസ്സിനെ ഏറെ നൊമ്പരപ്പെടുത്തി. അടിവയർ തുറക്കപ്പെട്ട് അംഗഛേദം ചെയ്യപ്പെട്ട ശരീരം ! അതും ഏറെ പ്രിയപ്പെട്ട എളാപ്പയും സഹോദരനുമായ വ്യക്തിയുടെ ശരീരം. മുമ്പൊരിക്കലുമില്ലാത്ത വിധം നബിﷺ പൊട്ടിപ്പൊട്ടിക്കരഞ്ഞു. ദുഃഖഭാരത്താൽ അവിടുന്നു പറഞ്ഞു, “ശത്രുക്കളിൽ നിന്ന് മുപ്പതു പേരെ ഞാനിപ്രകാരം ചെയ്യും”. അപ്പോഴേക്കും ജിബ്രീൽ( അ) ആസന്നനായി. വിശുദ്ധ ഖുർആൻ പതിനാറാമത്തെ അധ്യായം അന്നഹ്‌ലിലെ ഇരുപത്തിയാറാമത്തെ സൂക്തം ഓതിക്കൊടുത്തു. ആശയം ഇങ്ങനെ പകർത്താം. “നിങ്ങള്‍ പ്രതികാരം ചെയ്യുന്നുവെങ്കില്‍ ഇങ്ങോട്ട് അക്രമിക്കപ്പെട്ടതിന് തുല്യമായി അങ്ങോട്ടും ശിക്ഷാനടപടികള്‍ സ്വീകരിക്കാം. എന്നാല്‍ അറിയുക: നിങ്ങൾ ക്ഷമിക്കുകയാണെങ്കിൽ അതു തന്നെയാണ് സഹനശീലര്‍ക്ക് കൂടുതലുത്തമം.”

ഖുർആനിന്റെ ഈ ഇടപെടൽ നൽകുന്ന പാഠം എത്ര ഉദാത്തമാണ്! ഒരാളെ വധിച്ചതിന് പകരമായി വേണമെങ്കിൽ നിങ്ങൾക്ക് സമാനമായ പ്രതിക്രിയ ചെയ്യാം. അതിനെക്കാൾ ഉത്തമം വിട്ടുവീഴ്ചാ മന:സ്ഥിതിയായിരിക്കും. ഒന്നിന് മുപ്പത് ചിന്തിക്കാൻ പ്രാഥമികമായി ന്യായമുള്ളയത്രയും ക്രൂരത നേരിട്ട ഒരു സന്ദർഭത്തിലാണ് ഇരകളോട് സഹിഷ്ണുതയുടെ വിചാരമുണർത്തുന്നത്. അതോടൊപ്പം ക്ഷമിക്കാനുള്ള ഒരു ന്യായം കൂടി അടുത്ത സൂക്തത്തിൽ ഊന്നിപ്പറയുന്നത് നോക്കൂ. നൂറ്റിയിരുപത്തിയേഴാമത്തെ സൂക്തത്തിന്റെ ആശയം ഇങ്ങനെ വായിക്കാം : “അവിടുന്ന് ക്ഷമിക്കുക. അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹം കൊണ്ടു മാത്രമാണ് തങ്ങൾക്ക് ക്ഷമിക്കാന്‍ കഴിയുന്നത്. അവരെപ്പറ്റി അവിടുന്ന് ദുഃഖിക്കരുത്. അവരുടെ കുതന്ത്രങ്ങളെപ്പറ്റി വിഷമിക്കുകയും വേണ്ട.”

ഇതേത്തുടർന്ന് നബിﷺ അനുയായികളോട് സഹനത്തെക്കുറിച്ച് സംസാരിച്ചു. ഒരാളെയും ഇപ്രകാരം അംഗഛേദം നടത്തരുതെന്ന് നിഷ്ക്കർഷിച്ചു. പടക്കളത്തിൽ നടത്തിയ ഈ ധർമ പ്രഭാഷണത്തിന്റെ മൂല്യം എത്രമാത്രം പ്രാധാന്യത്തോടെയാണ് കാലത്തോട് അവതരിപ്പിക്കേണ്ടത് !

നബിﷺ ഹംസ(റ)യുടെ ശരീരത്തെ സമീപിച്ചു. അദ്ദേഹത്തിന് വേണ്ടി കാരുണ്യ പ്രാർഥന നടത്തി. ശേഷം ഇങ്ങനെ പറഞ്ഞു. “അല്ലയോ , ഹംസാ (റ).. നിങ്ങൾ കുടുംബ ബന്ധങ്ങൾ ചേർക്കുന്നതിലും നന്മകൾ പ്രവർത്തിക്കുന്നതിലും മുന്നിലായിരുന്നല്ലോ! സ്വഫിയ്യയ്ക്ക് , അഥവാ സഹോദരിക്ക് പ്രയാസമാകുമായിരുന്നില്ലെങ്കിലും എന്റെ നടപടി ഒരു ചര്യയായി അനുകരിക്കപ്പെടുമോ എന്ന ഭയമില്ലായിരുന്നെങ്കിലും ഞാൻ നിങ്ങളുടെ ശരീരം ഇവിടെ ഉപേക്ഷിച്ചേനെ. അതുവഴി വന്യമൃഗങ്ങളുടെയും പക്ഷി പറവകളുടെയും ഉള്ളിൽ ഈ ശരീരം എത്തുമായിരുന്നു. (നാളെ പരലോകത്ത് ഹംസ(റ)വിനെ നിരവധി സ്ഥലങ്ങളിൽ നിന്നായി ഉയർത്തെഴുന്നേൽപ്പിക്കപ്പെടാൻ വിട്ടുകൊടുക്കുമായിരുന്നു. അതുവഴി പരലോകത്ത് വലിയ പദവി ലഭിക്കാൻ അവസരം നൽകുമായിരുന്നു എന്ന് സാരം.)

സഫിയ്യയുടെ മകൻ സുബൈർ ബിൻ അവ്വാമിനോട് ഉമ്മയിത് കാണാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് നബി ﷺ പറഞ്ഞിരുന്നു. എന്നാൽ സഹോദരൻ ഹംസ(റ)യുടെ വിയോഗമറിഞ്ഞ് സഫിയ്യ നേരെ പടക്കളത്തിലേക്കോടിയെത്തി. കൈയിൽ രണ്ട് കഫൻ പുടവകൾ കരുതിയിരുന്നു. ആഗമനം കണ്ട് മകൻ ഉമ്മയെത്തടഞ്ഞു നിർത്തി. നബിﷺയുടെ നിർദേശപ്രകാരം ഉമ്മ ഹംസ(റ)യെ ഈ അവസ്ഥയിൽ കാണാതിരിക്കാൻ ശ്രമിച്ചു. പക്ഷേ, ഉമ്മ തടസ്സങ്ങൾ വക വയ്ക്കാതെ മുന്നോട്ട് നീങ്ങിയപ്പോൾ മകൻ പറഞ്ഞു, “ഉമ്മാ നബി ﷺയുടെ നിർദേശമാണ് ഞാൻ പറയുന്നത്. ഇത് കേട്ടതോടെ സ്വഫിയ്യ ഒരടിയും പിന്നെ മുന്നോട്ട് വച്ചില്ല “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-317/365

തുടർന്ന് മകനോട് ബീവി സഫിയ്യ (റ) പറഞ്ഞു. “മോനേ, ഹംസ(റ)യുടെ വിവരങ്ങളെല്ലാം ഞാനറിഞ്ഞു. ആ ശരീരത്തോട് ശത്രുക്കൾ ചെയ്ത ക്രൂരതകളും ഞാനറിഞ്ഞു. പക്ഷേ, അല്ലാഹുവിന്റെ മാർഗത്തിലായത് കൊണ്ട് ഞാനതെല്ലാം ക്ഷമിക്കുന്നു. എനിക്ക് പരിഭവമില്ല”.
ഈ വിശ്വാസ ദാർഢ്യതയും സഹിഷ്ണുതയുമൊക്കെ നേരിട്ടറിഞ്ഞ നബിﷺ സുബൈർ (റ) നോട് പറഞ്ഞു, “ബീവി സഫിയ്യ (റ) ഇനി മുന്നോട്ട് പൊയ്ക്കോട്ടെ. അവർ ഹംസ(റ)യെ കാണുന്നതിനെ തടയേണ്ടതില്ല”. മഹതി മുന്നോട്ട് നീങ്ങി. പ്രിയപ്പെട്ട സഹോദരന്റെ ശരീരത്തിനടുത്തെത്തി. വേദനകൾ കടിച്ചിറക്കി അൽപ്പനേരം നോക്കി. ശേഷം, ദീർഘനേരം സഹോദരന്റെ പരലോക വിജയത്തിനായി പ്രാർഥിച്ചു. എന്നിട്ടു പറഞ്ഞു, “അല്ലാഹു സാക്ഷി! ഞാൻ ക്ഷമിക്കുന്നു. ഈ ക്ഷമയ്ക്ക് ഞാൻ അല്ലാഹുവിൽ നിന്ന് അനുഗ്രഹങ്ങൾ പ്രതീക്ഷിക്കുന്നു. അല്ലാഹുവിന്റെ വിധിയെ ഉൾക്കൊള്ളുന്നു “. ശേഷം, കൈയിൽക്കരുതിയിരുന്ന കഫൻപുടവയിൽ ഒന്നുകൊണ്ട് ഹംസ(റ)യെ പുതപ്പിച്ചു. അവരുടെ കൈവശമുണ്ടായിരുന്ന രണ്ടാമത്തെ പുടവ അവരുടെ അനുമതിയോടെ അടുത്ത ഒരു അൻസ്വാരിക്ക് നബിﷺ പുതപ്പിച്ചു കൊടുത്തു. ശേഷം, പതിവിന്ന് വിപരീതമായി നിരവധി തക്ബീറുകളോടെ നബിﷺ ഹംസ(റ)യുടെ മേൽ ജനാസ നിസ്ക്കരിച്ചു. ‘സയ്യിദുശ്ശുഹദാ’ അഥവാ ‘അല്ലാഹുവിന്റെ മാർഗത്തിൽ ജീവാർപ്പണം നടത്തിയവരുടെ നേതാവ് ‘ എന്ന് നബിﷺ സംബോധന ചെയ്തു. ഉഹ്ദിൽത്തന്നെ മറമാടുകയും ചെയ്തു. അന്നു മുതൽ ഇന്നുവരെ ലക്ഷോപലക്ഷം ആളുകൾ നിരന്തരമായി ആ ഖബറിടം സന്ദർശിച്ചുകൊണ്ടിരിക്കുന്നു.

വഹ്ശിയുടെ കഥനത്തോടൊപ്പം അൽപ്പം കൂടി നമുക്ക് സഞ്ചരിക്കാം. മക്കാവിജയം വരെ വഹ്ശി മക്കയിൽ കഴിച്ചു കൂട്ടി. മക്കയിലേക്ക് നബിﷺയും അനുയായികളും വിജയഭേരി മുഴക്കി വന്നതോടെ അദ്ദേഹം ത്വാഇഫിലേക്ക് മാറിത്താമസിച്ചു. പക്ഷേ, മുസ്‌ലിം സമൂഹത്തിന്റെ വ്യാപനം അതിവേഗം മുന്നോട്ട് നീങ്ങി. വൈകാതെത്തന്നെ ഹുനൈനും ജയിച്ചടക്കി. നാൾക്കുനാൾ തന്റെ മുന്നിൽ ഭൂമി ഇടുങ്ങുന്നതായി വഹ്ശിക്ക് അനുഭവപ്പെട്ടു തുടങ്ങി. ഇനിയെന്താണ് തന്റെ മുന്നിൽ ഒരു മാർഗം എന്നയാൾ ആത്മാർഥമായി ആലോചിച്ചു. അദ്ദേഹം തന്നെ പറയുന്നു, ‘സിറിയയിലേക്കോ യമനിലേക്കോ മറ്റോ കടന്നുകളഞ്ഞാലോ’ എന്ന് ഞാനാലോചിച്ചു. ഇതറിഞ്ഞ് എന്റെ സമീപസ്ഥനായ ഒരാളെന്നോട് പറഞ്ഞു, “നിനക്ക് നാശം! നീയെന്തിനാണ് ഇങ്ങനെയൊക്കെ പ്രയാസപ്പെടുന്നത്? മുഹമ്മദ് നബിﷺ ഏവർക്കും മാപ്പുനൽകുന്നത് നീ കാണുന്നില്ലേ?നിനക്കും ആ വഴിയൊന്ന് ചിന്തിച്ച് ആ ഇസ്‌ലാമിൽ ചേർന്നു കൂടെ?” അപ്പോൾ എനിക്കും തോന്നി , ‘അത് ശരിയാണല്ലോ!’ പിന്നെ, അധികം വൈകിയില്ല. ആളെ വ്യക്തമാവാത്തവിധം മുഖാവരണമണിഞ്ഞ് ഞാൻ പുറപ്പെട്ടു. നബിﷺയുടെ അടുത്തെത്തി. എന്നെക്കണ്ടയുടനെ അവിടുന്ന് ചോദിച്ചു. “നീ വഹ്ശിയല്ലേ?” ഞാൻ പറഞ്ഞു, “അതേ!”
” നീയല്ലേ ഹംസ(റ)യെ വധിച്ചത്?”
” അതെ, അന്നങ്ങനെ സംഭവിച്ചു പോയി. ഞാൻ തന്നെയാണ് “.
നീയാരംഗം ഒന്നു പറയൂ. നീയെങ്ങനെയായിരുന്നു ആ കൃത്യം നിർവഹിച്ചത്? ഞാനാരംഗങ്ങളെല്ലാം വിശദീകരിച്ചുകഴിഞ്ഞു. ആ തിരുമുഖത്തേക്ക് നോക്കിയപ്പോൾ അവിടുത്തെക്കവിളുകൾ നനഞ്ഞൊഴുകുന്നു. താടിരോമങ്ങൾ കുതിർന്നിരിക്കുന്നു.

അൽപ്പം കഴിഞ്ഞ് വഹ്ശി ഇസ്‌ലാം പ്രഖ്യാപിച്ചു കൊണ്ട് നബിﷺയോട് മാപ്പ് ചോദിച്ചു. അവിടുന്ന് മാപ്പു നൽകിക്കൊണ്ട് ഒരപേക്ഷ കൂടി ചേർത്തു പറഞ്ഞു, “നിങ്ങൾക്കു സാധിക്കുമെങ്കിൽ നിങ്ങൾ എൻ്റെ ദൃഷ്ടിയിൽ നിന്നൽപ്പം മറ പാലിക്കണം “. ഉഹ്ദിൽക്കിടന്ന ഹംസ(റ)യുടെ ചിത്രം മനസ്സിൽ വരുന്നത് താങ്ങാനാവാത്തത് കൊണ്ടാണ് അങ്ങനെയൊരപേക്ഷ മുന്നിൽ വച്ചത്. വഹ്ശി അതംഗീകരിക്കുകയും പാലിക്കുകയും ചെയ്തു പോന്നു.

യുദ്ധക്കളങ്ങളുടെ പേര് പറഞ്ഞ് തീവ്രവാദവും ഭീകരതയും കൊട്ടിപ്പറയുന്നവർ ചരിത്രത്തിന്റെ നേർവായന നടത്തിയാൽ യാഥാർഥ്യങ്ങൾ ബോധ്യമാകും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-318/365

പിൽക്കാലത്ത് വഹ്ശി ആത്മീയ ചിട്ടയോടെ ജീവിതം നയിച്ചു. അങ്ങനെയിരിക്കെയാണ് അബൂബക്കർ(റ)ന്റെ ഭരണകാലത്ത് യമാമ യുദ്ധം അരങ്ങേറുന്നത്. വ്യാജമായി പ്രവാചകത്വവാദം ഉന്നയിച്ച മുസൈലിമ: അൽകദ്ദാബിനെതിരെയായിരുന്നു പ്രസ്തുത പടനീക്കം. വഹ്ശി അതിൽ മുസ്‌ലിം പക്ഷത്ത് നിന്ന് പങ്കാളിയായി. ഹംസ(റ)വിനെ വധിക്കാൻ ഉപയോഗിച്ച അതേ ആയുധം മിനുക്കിയെടുത്ത് പുറപ്പെട്ടു. ഉഹ്ദിൽ ഹംസ(റ)യെ ലക്ഷ്യം വച്ച അതേ രീതിയിൽ മുസൈലിമയെ തന്നെ ലക്ഷ്യം വച്ചു കൊണ്ടാണ് വഹ്ശി യമാമയിൽ എത്തിയത്. തക്കം പാർത്ത് കാത്തിരുന്ന് സർവശക്തിയുമുപയോഗിച്ച് അവനെതിരെ ആയുധ പ്രയോഗം നടത്തി. ആ വ്യാജന്റെ നെഞ്ച് പിളർന്നു. അവൻ വധിക്കപ്പെടുകയും ചെയ്തു. ഹംസ(റ)യെ വധിച്ചതിന്റെ ഒരു പ്രായശ്ചിത്തമായിട്ടാണ് വഹ്ശി ഈ ദൗത്യം നിർവഹിച്ചത്. അദ്ദേഹം തന്നെ പറഞ്ഞു, “ഞാനാദ്യം അത്യുത്തമനായ ഒരു വ്യക്തിത്വത്തെ അഥവാ, ഹംസ(റ)യെ വധിച്ചു. ശേഷം, ഞാൻ അതിനീചനും വ്യാജനുമായ ഒരുത്തനെ അഥവാ, മുസൈലിമയെ വകവരുത്തി “.

ഇസ്‌ലാം സ്വീകരിച്ച് പശ്ചാത്തപിച്ചതോടെ പവിത്രത കൈവരിച്ച വഹ്ശി ‘അല്ലാഹുവിന് ഏതൊരാൾക്കും മാപ്പു നൽകാം’ എന്നതിന്റെ പ്രതീകം കൂടിയാണ്. വിശുദ്ധ ഖുർആനിലെ മുപ്പത്തിയൊൻപതാമത്തെ അധ്യായം അസ്സുമറിലെ അൻപത്തിമൂന്നാമത്തെ സൂക്തം ഈ പ്രമേയമാണ് പകർന്നു തരുന്നത്. ആശയം ഒന്നു വായിച്ചു നോക്കാം.
“പറയുക: തങ്ങളോടുതന്നെ അതിക്രമം കാണിച്ച എന്റെ ദാസന്മാരേ, അല്ലാഹുവിന്റെ കാരുണ്യത്തെപ്പറ്റി നിങ്ങള്‍ നിരാശരാവരുത്. സംശയം വേണ്ട. അല്ലാഹു എല്ലാ പാപങ്ങളും പൊറുത്തു തരുന്നവനാണ്. ഉറപ്പായും അവന്‍ പരമദയാലുവും. ഏറെ പൊറുക്കുന്നവനുമാണ്.”

ഹിജ്റ മുപ്പത്തിയൊൻപതിൽ ഹിംസിൽ വച്ചാണ് വഹ്ശി മരണപ്പെട്ടത്. പ്രവാചകസ്നേഹത്തിൽ സവിശേഷമായി അറിയപ്പെട്ട സ്വഹാബി സൗബാൻ (റ)ന്റെ ചാരത്തുള്ള ഖബർ അദ്ദേഹത്തിന്റേതാണത്രെ.

ഹംസ(റ)യെയും വഹ്ശിയെയും ചേർത്തുവായിക്കാവുന്ന ഒരു ഹദീസ് ഇമാം ബുഖാരി.(റ) നിവേദനം ചെയ്യുന്നുണ്ട്. “അബൂഹുറൈറ(റ) പറയുന്നു. നബി ﷺ പറഞ്ഞു, ‘ അല്ലാഹു രണ്ട് പേരെ നോക്കിച്ചിരിക്കും. ഒരാൾ അല്ലാഹുവിന്റെ മാർഗത്തിൽ കൊല്ലപ്പെട്ടയാളാണ്. രണ്ടാമത്തെയാൾ അയാളുടെ ഘാതകനാണ്. പക്ഷേ, പിന്നീടയാൾ നേർവഴിക്ക് വന്ന് അയാളും അല്ലാഹുവിന്റെ മാർഗത്തിൽ ശഹീദായി “. അഥവാ, വധിച്ചയാളും വധിക്കപ്പെട്ടയാളും ഒത്തുകൂടുന്ന രംഗത്തിന്റെ പ്രാധാന്യമാണീ ഹദീസ് പരാമർശിച്ചത്.

ധർമത്തിന് വേണ്ടിയുള്ള സമർപ്പണം. അല്ലാഹുവിൻ്റെ മാർഗത്തിൽ വിട്ടുവീഴ്ച ചെയ്യുന്നതിലുള്ള വിശാലത. തിന്മയുടെ ഉപാസകർ നന്മയുടെ കാവൽക്കാരായ ഗതിമാറ്റം. ഇതെല്ലാം ഇഴചേർന്ന ചരിത്രാധ്യായത്തിലൂടെയാണ് ഇതുവരെ നാം സഞ്ചരിച്ചത്.

ഉഹ്ദിലെ ഗദ്ഗദങ്ങളിൽ നിന്ന് ഇനി വായിക്കാനുള്ളത് അനസ് ബിൻ നള്ർ(റ)നെയാണ്. ഒരു വാഗ്ദത്ത പാലനം എന്ന പോലെയാണ് അനസ് (റ) ഉഹ്ദിലേക്ക് വന്നത്.
അനസ്ബിന്‍ മാലിക് (റ) പറയുന്നു: ”മുസ്‌ലിംകള്‍ ശത്രുക്കളുമായി യുദ്ധത്തിലേര്‍പ്പെട്ട സവിശേഷമായ ബദ്ര്‍ യുദ്ധത്തില്‍ എന്റെ അമ്മാവന്‍ അനസ് ഇബ്‌നു നള്‌റി(റ)ന് പങ്കെടുക്കാന്‍ സാധിച്ചില്ല. ആ പ്രതിഫലവും സ്ഥാനവും നഷ്ടപ്പെട്ടതിലെ പ്രയാസങ്ങളും അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. അദ്ദേഹം പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലേﷺ! മുശ്‌രിക്കുകളോട് അങ്ങ് ആദ്യമായി ബദ്‌റില്‍ പോരാടിയപ്പോള്‍ ഞാനുണ്ടായിരുന്നില്ല. എന്നാല്‍ അല്ലാഹുവിന്റെ ശത്രുക്കളുമായി പോരാടാനുള്ള ഒരു അവസരം എന്റെ ജീവിതത്തില്‍ നല്‍കുകയാണെങ്കില്‍ എപ്രകാരം അതു വിനിയോഗിക്കുമെന്ന് നിശ്ചയം, അല്ലാഹുവിന് ഞാന്‍ കാണിച്ചു കൊടുക്കും ” .

അങ്ങനെ അദ്ദേഹം ഉഹ്ദില്‍ പങ്കെടുത്തു. ഉഹ്ദ്‌ യുദ്ധവേളയിൽ മുസ്‌ലിംകളുടെ ഭാഗത്തുനിന്ന് വന്ന ഒരു പാളിച്ച മൂലം ചില ആശയക്കുഴപ്പങ്ങള്‍ ഉണ്ടായല്ലോ. പലരും പിന്തിരിഞ്ഞോടുകയും നിരാശരാവുകവും ചെയ്തു. അദ്ദേഹം അവരുടെ പ്രവൃത്തിയില്‍ മനസ്സുനൊന്ത് അല്ലാഹുവോട് പ്രാര്‍ഥിച്ചു: ”അല്ലാഹുവേ, ഈ മുസ്‌ലിംകളുടെ പ്രവൃത്തിയില്‍ ഞാന്‍ നിന്നോടു ക്ഷമ യാചിക്കുന്നു. ഈ മുശ്‌രിക്കുകളുടെ പ്രവൃത്തിയില്‍ എന്റെ നിരപരാധിത്തം നിന്റെ മുമ്പില്‍ ഞാന്‍ സമര്‍പ്പിക്കുകയും ചെയ്യുന്നു.”
തുടര്‍ന്ന് അദ്ദേഹം മുന്നോട്ടു നീങ്ങി. വഴിയിലദ്ദേഹം സഅ്ദ് ബിന്‍ മുആദ് (റ)നെ കണ്ടുമുട്ടി. അപ്പോള്‍ അദ്ദേഹത്തോട് പറയുകയാണ്: ”ഓ.. സഅ്ദ് ബിന്‍ മുആദ് (റ).. നള്‌റിന്റെ (റ) നാഥൻ അഥവാ അല്ലാഹു സത്യം! സ്വര്‍ഗത്തിന്റെ പരിമളം! ഉഹ്ദിന്റെ താഴ്‌വരയില്‍നിന്ന് സ്വര്‍ഗത്തിന്റെ നറുമണം ഞാനിതാ അനുഭവിക്കുകയാണ്.”

തുടര്‍ന്ന് അദ്ദേഹം രണാങ്കണത്തില്‍ ശത്രുക്കളുമായി കഠിനമായി പോരാടുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ രക്തസാക്ഷ്യം വരിക്കുകയുമുണ്ടായി.
പിന്നീട് സഅ്ദ് (റ) പറയുന്നു: ”ഓ.. അല്ലാഹുവിന്റെ ദൂതരേﷺ! എനിക്ക് അദ്ദേഹം [അനസ് ഇബ്‌നു നള്ര്‍ (റ) ] ചെയ്തത് പോലെ ചെയ്യാനോ അദ്ദേഹം നേടിയത് നേടാനോ ആയില്ല. യുദ്ധം അവസാനിച്ചപ്പോള്‍ വാള്‍ക്കൊണ്ടും കുന്തം കൊണ്ടുമെല്ലാം എണ്‍പതിലധികം മുറിവുകളേറ്റ നിലയിലായിരുന്നു അദ്ദേഹത്തെക്കണ്ടെത്തിയത്. അടിമുടി അംഗഭംഗമേറ്റിരുന്ന അദ്ദേഹത്തെയാരും തിരിച്ചറിഞ്ഞില്ല. അവസാനം അദ്ദേഹത്തിന്റെ സഹോദരി അദ്ദേഹത്തിന്റെ വിരല്‍ത്തുമ്പിലൂടെയാണ് തിരിച്ചറിഞ്ഞത്.”

വിശുദ്ധഖുർആനിലെ മുപ്പത്തി മൂന്നാം അധ്യായം അൽ അഹ്സാബിലെ ഇരുപത്തിമൂന്നാം സൂക്തം അനസ് ബിൻ നള്റി(റ)നെയും അതുപോലെയുള്ള വരെയും പരാമർശിച്ചു കൊണ്ടാണെന്ന് ഇമാം ബുഖാരി (റ) ഉദ്ധരിച്ചിട്ടുണ്ട്. ആശയം ഇങ്ങനെയാണ്. “സത്യവിശ്വാസികളില്‍ അല്ലാഹുവുമായി ചെയ്ത കരാറിന്റെ കാര്യത്തില്‍ സത്യസന്ധത പുലര്‍ത്തുന്ന ചിലരുണ്ട്. അങ്ങനെ തങ്ങളുടെ പ്രതിജ്ഞ പൂര്‍ത്തീകരിച്ചവരും അവരിലുണ്ട്. അതിനായി അവസരം പാര്‍ത്തിരിക്കുന്നവരുമുണ്ട്. ആ കരാറിലൊരു മാറ്റവും അവര്‍ വരുത്തിയിട്ടില്ല.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-319/365

ഉഹ്ദ് പടക്കളത്തിൽ നിന്ന് അമര പ്രഭാവം നേടിയ മഹദ് വ്യക്തിത്വങ്ങളിൽ ഒരാളാണ് അബ്ദുല്ലാഹിബിന് ജഹ്ശ് (റ). ഇസ്‌ലാമിലേക്ക് ആദ്യഘട്ടത്തിൽ തന്നെ കടന്നു വന്നവരിൽ നബിﷺയുമായി കുടുംബ ബന്ധമുള്ളയാളാണ് അബ്ദുല്ലാഹിബിൻ ജഹ്ശ് (റ). അദ്ദേഹത്തിന്റെ മാതാവ് അബ്ദുൽ മുത്ത്വലിബിന്റെ മകൾ ഉമൈമയാണ്. നബിﷺയുടെ പത്നി സൈനബ് (റ)യുടെ സഹോദരൻ കൂടിയാണ്. നബിﷺയുടെ സ്വകാര്യ പ്രബോധനത്തിന്റെ കാലത്ത് തന്നെ നബി ﷺ യെ സ്വീകരിക്കാൻ ഭാഗ്യം ലഭിച്ചു. നബിﷺയിൽ നിന്ന് ആദ്യമായി പതാക ഏറ്റുവാങ്ങുകയും ‘അമീറുൽ മുഅ്മിനീൻ’ എന്ന് വിളിക്കപ്പെടുകയും ചെയ്തു. എത്യോപ്യയിലേക്ക് പലായനം ചെയ്ത ആദ്യ സംഘത്തിൽ അദ്ദേഹവുമുണ്ടായിരുന്നു. മദീനയിലേക്കുള പലായന വേളയിൽ കുടുംബാംഗങ്ങളോടൊപ്പം അബൂസലമയ്ക്ക് തൊട്ടുപിന്നിൽത്തന്നെ മദീനയിലെത്തി. മക്കയിൽ മനോഹരമായ ഭവനങ്ങളിൽ ഒരു ഭവനമായിരുന്നു അബ്ദുല്ല (റ)യുടേത്. മക്കവിട്ട് മദീനയിലേക്ക് അബ്ദുല്ല(റ)യും കുടുംബവും പുറപ്പെട്ടതിനെത്തുടർന്ന് മുശ്‌രിക്കുകളുടെ നേതാവായ അബൂജഹലും സംഘവും അവിടെയെത്തി. സ്വൈര വിഹാരം നടത്തി സാധനങ്ങൾ യഥേഷ്ടം വിനിയോഗിക്കുകയും ചെയ്തു. ഇതറിഞ്ഞപ്പോൾ അബ്ദുല്ല(റ)യ്ക്ക് സഹിക്കാനായില്ല. അദ്ദേഹം നബിﷺയോട് സങ്കടം ബോധിപ്പിച്ചു. അവിടുന്ന് പ്രതികരിച്ചു; “അബ്ദുല്ലാ ഈയൊരൊറ്റക്കാരണത്താൽ നിങ്ങൾക്ക് സ്വർഗത്തിൽ ഒരു വീട് ലഭിക്കുന്നത് നീ ഇഷ്ടപ്പെടുന്നുണ്ടോ?”
”അതെ, പ്രഭോ!” എന്ന് പ്രതികരിച്ചയുടൻ ‘അത് ലഭിച്ചിരിക്കുന്നു’ എന്ന് നബിﷺ സന്തോഷവാർത്ത നൽകി. അബ്ദുല്ല(റ)യുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

മദീനയിൽ നബിﷺയോടൊപ്പം അഭിമാനപരമായ ആദ്യ നാളുകളിലൂടെ കടന്നു പോയി. അങ്ങനെയിരിക്കെ, നബിﷺ നയതന്ത്രപരമായ ഒരു നീക്കത്തിന്റെ നേതൃത്വം അബ്ദുല്ല(റ)യെ ഏൽപ്പിച്ചു. ബദ്റിൻ്റെ മുന്നോടിയായ രഹസ്യാന്വേഷണ ദൗത്യമായിരുന്നു അത്. വിജയപതാകയും രണ്ടു ദിവസത്തെ വഴിദൂരം സഞ്ചരിച്ച ശേഷം തുറന്നു നോക്കേണ്ട എഴുതപ്പെട്ട ഒരു സന്ദേശവും നൽകിയിട്ടായിരുന്നു നിയോഗിച്ചിരുന്നത്. വിശപ്പും ദാഹവും നന്നായി സഹിക്കാനും സഹിഷ്ണുതയോടെ നയിക്കാനുമുള്ള യോഗ്യതയാണ് അദ്ദേഹത്തെക്കുറിച്ച് നബിﷺ എടുത്തു പറഞ്ഞത്. വഴിയിൽ വച്ച് കത്ത് തുറന്ന് നോക്കിയ ശേഷം ധീരമായ മുന്നേറ്റത്തിന് നേതൃത്വം നൽകി.

ഉഹ്ദിന്റെ നാളുകളെത്തി. ഇബ്നു ജഹ്ശും(റ) സൈനിക മുന്നേറ്റത്തിന്റെ ഭാഗമായി. യുദ്ധക്കളത്തിൽ വച്ച് അദ്ദേഹം സഅ്ദ് ബിൻ അബീ വഖ്ഖാസി(റ)നെക്കണ്ടുമുട്ടി. അദ്ദേഹത്തോട് അബ്ദുല്ലാഹ് (റ) ചോദിച്ചു. “അല്ലാ, നിങ്ങൾ പ്രാർഥിക്കുന്നില്ലേ?” തുടർന്ന് രണ്ടു പേരും ഒരു ഭാഗത്തേക്ക് മാറി നിന്ന് പ്രാർഥിക്കാനൊരുങ്ങി. സഅ്ദാ(റ)ണ് ആദ്യം പ്രാർഥിച്ചത്. “അല്ലാഹുവേ! ശക്തനും മല്ലനുമായ ഒരു പ്രതിയോഗിയെ ഈ പോർക്കളത്തിൽ എനിക്ക് നൽകേണമേ! അവനെ തോൽപ്പിച്ച് വകവരുത്താനും അവന്റെ ആസ്ഥികൾ അധീനപ്പെടുത്താനും എനിക്കവസരം നൽകേണമേ!” അബ്ദുല്ല “സ്വീകരിക്കേണമേ ” എന്ന് ആമീൻ ചൊല്ലി. പിന്നെ അവിടുന്ന് പ്രാർഥിച്ചു. “അല്ലാഹുവേ! ശക്തനും മല്ലനുമായ ഒരു പ്രതിയോഗിയെ ഈ പോരാട്ടത്തിൽ എനിക്കു നീ നൽകേണമേ! അവൻ എന്നെ കീഴ്പ്പെടുത്തി എന്റെ മൂക്കും ചെവികളും അരിഞ്ഞെടുക്കുന്ന അവസ്ഥ നൽകേണമേ! എന്റെ അവയവങ്ങൾ എങ്ങനെ ഛേദിക്കപ്പെട്ടു എന്ന് പരലോകത്ത് വച്ച് ചോദിക്കപ്പെടുമ്പോൾ നിന്റെയും നിൻ്റെ ദൂതൻ്റെയും മാർഗത്തിൽ എന്ന് പറയാൻ ഞാൻ ആശിക്കുന്നു. അത് അല്ലാഹു അംഗീകരിക്കണമെന്ന് ഞാൻ താത്പര്യപ്പെടുന്നു “.

സഅ്ദ്(റ) പറയുന്നു. “അബ്ദുല്ല(റ)യുടെ പ്രാർഥന എന്റേതിനേക്കാൾ ഉത്തമമായിരുന്നു “. സായാഹ്‌നമായി. ഞാനദ്ദേഹത്തെ അന്വേഷിച്ചിറങ്ങി. അതാ പ്രാർഥന ഫലം കണ്ടിരിക്കുന്നു. കാതുകളും നാസികയും ഛേദിക്കപ്പെട്ട ശരീരം അതാ കിടക്കുന്നു. കാതുകളും മൂക്കും തൊട്ടടുത്ത മരത്തിൽ തുക്കിയിട്ടിരിക്കുന്നു. ഒടുവിൽ അമ്മാവനായ ഹംസ(റ)നൊപ്പം മഹാനവർകളെയും മറമാടി. ശരീരങ്ങൾ ഖബ്റിലേക്കിറക്കുമ്പോൾ അടങ്ങാത്ത ദുഃഖത്താൽ മുത്തുനബി ﷺ യുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-320/365

സത്യസാക്ഷ്യത്തിന് വേണ്ടി ജീവാർപ്പണം നടത്തിയ ഉഹ്ദ് പോരാളികളിൽ വേറിട്ട ചിത്രം അടയാളപ്പെടുത്തിയ മഹാരഥനാണ് ഖൈസമ (റ). ബദ്റിൻ്റെ സമയത്ത് ഖൈസമ (റ)യും മകൻ സഅ്ദും (റ) തമ്മിൽ ഒരു സംഭാഷണം നടന്നു. വാപ്പയ്ക്ക് ലഭിക്കാതെ മകന് മാത്രം യുദ്ധത്തിൽ പങ്കെടുക്കാൻ നറുക്ക് ലഭിച്ചപ്പോഴായിരുന്നു ആ സംഭാഷണം. ഖൈസമ (റ) പറഞ്ഞു, “മോനേ വൃദ്ധനായ എന്നെ പടക്കയച്ചിട്ട് മോൻ വീട്ടിൽ വിശ്രമിച്ചോളൂ. എന്റെ അഭ്യർഥന ഒന്നു മാനിക്ക് മോനേ.. ഞാൻ നിന്റെ ഉപ്പയല്ലേ!”
” ഉപ്പാ ശരിയാണ്. പക്ഷേ, ക്ഷമിക്കണം. ഇത് സ്വർഗത്തിൻ്റെ കാര്യമായിപ്പോയി. എന്നോട് ക്ഷമിക്കണം “. ഖൈസമ (റ) മകനെ യാത്രയാക്കി. മകൻ ബദ്റിൽ പങ്കെടുത്ത് സ്വർഗം നേടി.

അടുത്തയൊരവസരത്തിനായി ഖൈസമ (റ) കാത്തിരുന്നു. അങ്ങനെയിരിക്കെയാണ് ഉഹ്ദിലേക്കുള്ള നാദമുയരുന്നത്. അദ്ദേഹത്തിന്റെ ഉള്ളുണർന്നു. ഉഹ്ദിന്റെ ദിവസം നബി ﷺ യെ സമീപിച്ചുകൊണ്ടദ്ദേഹം പറഞ്ഞു, “അല്ലാഹുവിന്റെ ദൂതരേ! ﷺ എനിക്ക് ബദ്ർ ലഭിക്കാതെ പോയി. ഞാൻ വളരെ ആഗ്രഹിച്ചതായിരുന്നു. മകൻ സഅ്ദി(റ)നാണ് നറുക്ക് വീണത്. അവൻ ബദ്റിൽ പങ്കെടുത്ത് രക്തസാക്ഷിയായി. ഇന്നലെ രാത്രി ഞാനവനെ സ്വപ്നത്തിൽ ദർശിച്ചു. അതിസൗന്ദര്യ ഭാവത്തിൽ സ്വർഗത്തിലെ പുഴകൾക്കും പഴങ്ങൾക്കുമിടയിൽ ഉലാത്തുന്നു. എന്നോടു പറഞ്ഞു. അല്ലാഹു എനിക്ക് വാഗ്ദാനം ചെയ്തത് അത് പോലെത്തന്നെ ലഭിച്ചിരിക്കുന്നു. വരൂ നമുക്കീ സ്വർഗത്തിൽ ഒത്തിരിക്കാം. അല്ലാഹുവിന്റെ തിരുദൂതരേﷺ.. അല്ല, സത്യം! സ്വർഗത്തിലെ ആ സഹവാസത്തിന് എനിക്ക് പൂതിയാകുന്നു. അവിടുന്ന് എനിക്കാ ഭാഗ്യം ലഭിക്കാൻ വേണ്ടി പ്രാർഥിക്കണം “. അല്ലാഹുവിന്റെ തിരുദൂതർﷺ പ്രാർഥിച്ചു. ഉഹ്ദിൽ അദ്ദേഹം കൊല്ലപ്പെടുകയും ചെയ്തു.

നബിﷺക്ക് സഹായം നൽകി മുന്നോട്ട് വന്ന ബനൂഹനം തറവാട്ടിലെ കാരണവരായിരുന്നു ഖൈസമഃ (റ). രണ്ടാം അഖബ ഉടമ്പടിക്കുള്ള ഭൂമിക ഒരുക്കിയതും പ്രസ്തുത കുടുംബമായിരുന്നു. ഉടമ്പടിയെത്തുടർന്ന് മദീനയിലേക്ക് നിയോഗിച്ച പന്ത്രണ്ട് നിരീക്ഷകന്മാർ അഥവാ, നഖീബുമാരിൽ ഒരാളായിരുന്നു ഖൈസമ (റ)യുടെ മകൻ സഅ്ദ് (റ). അവിവാഹിതരുടെ ഭവനം എന്നറിയപ്പെട്ട വിജ്ഞാന കേന്ദ്രമായിരുന്നു ഖൈസമ (റ)യുടേത്.
ഉഹ്ദ് എന്നു കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നവരിലൊരാളും ഇന്നും ഉഹ്ദ് സന്ദർശനത്തിന് വരുന്നവർ പേര് നിർണയിച്ച് സലാം പറയപ്പെടുന്ന വ്യക്തിത്വവുമാണ് ‘മിസ്അബ് ബിൻ ഉമൈർ’ (റ). ഇദ്ദേഹം മക്കയിലെ അനുഗൃഹീത യുവാവായിരുന്നു. സമ്പത്തിന്‍റെ തൊട്ടിലിലാണ് ജനിച്ചത്. വത്സലരായ മാതാപിതാക്കളുടെ അമിത പരിലാളനയിലാണ് വളർന്നത്. സുന്ദരനും അതിബുദ്ധിമാനുമായിരുന്നയദ്ദേഹം മക്കാനിവാസികളുടെ സ്നേഹാദരങ്ങള്‍ പിടിച്ചുപറ്റി. ‘മക്കയുടെ പരിമളം’ എന്നായിരുന്നു അവര്‍ ആ യുവാവിനെ വിശേഷിപ്പിച്ചിരുന്നത്.

മുഹമ്മദ് നബിﷺയുടെ പ്രവാചകത്വവും പുതിയ പ്രസ്ഥാനവും മക്കയില്‍ രംഗ പ്രവേശനം ചെയ്തപ്പോൾ ചിന്താശീലനായ മിസ്അബ് (റ) സ്വാഭാവികമായും അതിൽ ആകൃഷ്ടനായി.
തദ്ദേശീയരുടെ ദുഷ്പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിമുക്തമായി. മുഹമ്മദ് നബി ﷺ യും അനുയായികളും അര്‍ഖമിന്‍റെ വീട്ടില്‍ സമ്മേളിക്കാറുണ്ടെന്ന് മിസ്അബ് (റ) അറിഞ്ഞു. ഒരു ദിവസം വൈകുന്നേരം അദ്ദേഹം ആരുമറിയാതെ അര്‍ഖമിന്‍റെ വീട്ടില്‍ കയറിച്ചെന്നു. സത്യം പുല്‍കുവാനുള്ള അത്യുത്ക്കടമായ ആഗ്രഹം ആ മുഖത്ത് സ്ഫുരിക്കുന്നുണ്ടായിരുന്നു. പ്രവാചകൻ ‍ﷺ അവിടുത്തെ അനുചരന്‍മാര്‍ക്ക് പരിശുദ്ധ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്നു. മിസ്അബ് (റ) സശ്രദ്ധം അത് ശ്രവിച്ചു കൊണ്ടിരുന്നു. തിരുനബിﷺയില്‍ നിന്ന് ഉതിര്‍ന്നു വീഴുന്ന പരിശുദ്ധ ഖുര്‍ആന്‍റെ മാസ്മരികത അദ്ദേഹത്തിന്‍റെ ഹൃദയത്തെ കൂടുതല്‍ വശീകരിച്ചു. ഒരു പുതിയ ആത്മീയ അനുഭൂതി മിസ്അബ് (റ)നെ ആവരണം ചെയ്തു. എന്തെന്നില്ലാത്ത ആനന്ദം! റസൂല്‍ﷺ വലതു കൈ കൊണ്ട് ഹൃദയ ഭാഗത്ത് ഒന്നു തലോടിയതോടുകൂടി മിസ്അബ് (റ) പരിപൂര്‍ണമായും ഇസ്‌ലാമിനെ ഉൾക്കൊണ്ട് കഴിഞ്ഞിരുന്നു!

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-321/365

മിസ്അബ് (റ)ന്റെ മാതാവ് ഖുനാസ ഉന്നത വ്യക്തിത്വവും പ്രതാപവുമുള്ള സ്ത്രീയായിരുന്നു. ഇസ്‌ലാം ആശ്ലേഷിച്ചപ്പോള്‍ മിസ്അബ് (റ)നെ അലട്ടിയത് ഇത് ഉമ്മയെ എങ്ങനെ ബോധ്യപ്പെടുത്തും എന്നതായിരുന്നു. മക്കയിലെ പൗരപ്രധാനികളും ഉറ്റവരുമൊന്നടങ്കം എതിര്‍ത്താലും ദൃഢചിത്തനായ അദ്ദേഹത്തിന്ന് പ്രശ്നമുണ്ടായിരുന്നില്ല. അത്കൊണ്ട് തന്‍റെ പുതിയ മതാശ്ലേഷം ഉമ്മ അറിയാതിരിക്കാന്‍ മിസ്അബ് (റ) താല്പര്യപ്പെട്ടു. അദ്ദേഹം മാതാവറിയാതെ ദാറുല്‍ അര്‍ഖമില്‍ പോവുകയും തിരുമേനിﷺയുടെ ഉപദേശങ്ങള്‍ ശ്രദ്ധിച്ചുകൊണ്ടിരിക്കുകയും ചെയ്തു. മക്കാനിവാസികളുടെ കണ്ണും കാതും ഇസ്‌ലാമിനെതിരെ ജാഗരൂകമായിരുന്നു. അതുകൊണ്ട് മിസ്അബ് (റ)ന് ആ രഹസ്യം കൂടുതല്‍ക്കാലം ഒളിച്ചുവയ്ക്കാന്‍ കഴിഞ്ഞില്ല. മിസ്അബ് (റ) ഒരിക്കല്‍ ദാറുൽ അര്‍ഖമിൽ നിന്ന് വീട്ടിലേക്ക് നടന്നു പോകുന്നതും മറ്റൊരിക്കല്‍ മുസ്‌ലിംകളുടെ കൂടെ നമസ്ക്കരിക്കുന്നതും ഉസ്മാനുബ്നു ത്വല്‍ഹ: എന്ന വ്യക്തിയുടെ ദൃഷ്ടിയില്‍ പ്പെട്ടു. അദ്ദേഹം പ്രസ്തുത സംഭവം ഖുനാസയോടു പറയുകയും ചെയ്തു. അതോടുകൂടി ആ രഹസ്യം വെളിച്ചത്തായി. തന്‍റെ പുത്രന്‍ പൂര്‍വികരുടെ മാര്‍ഗത്തില്‍ നിന്ന് വ്യതിചലിച്ചതറിഞ്ഞ മാതാവ് ആകെ ആകുലപ്പെട്ടു. വത്സലയായ മാതാവ് സ്നേഹമസൃണമായി ഉപദേശിച്ചു. ഫലിച്ചില്ല. ഭീഷണിപ്പെടുത്തി നോക്കി. മിസ്അബ് (റ)ന്റെ ഉറച്ച വിശ്വാസത്തെ ഇളക്കാനായില്ല. ഒരിക്കല്‍ മാതാവിനെയും കുടുംബാംഗങ്ങളെയും മിസ്അബ് (റ) ഉപദേശിച്ചു. പരിശുദ്ധ ഖുര്‍ആന്‍ ഓതിക്കേള്‍പ്പിച്ചുകൊണ്ടിരുന്നു. കോപാന്ധയായ മാതാവ് കൈയോങ്ങി, പുലിയെപ്പോലെ മകന്‍റെ നേരെ ചാടി. മിസ്അബ് (റ)ന്‍റെ പ്രസന്നത കൈവിടാത്ത മുഖഭാവം മാതാവിന്‍റെ കൈകളുടെ ശൗര്യം കെടുത്തി. പക്ഷേ, പൂര്‍വികരുടെ മതത്തെയും ദൈവങ്ങളെയും ഭര്‍ത്സിച്ച മകനെ വെറുതെ വിടാന്‍ ആ മാതാവ് ഒരുക്കമായിരുന്നില്ല. വീടിന്‍റെ ഒരു അറയില്‍ മിസ്അബ് (റ)നെ ഇരുമ്പ് ചങ്ങലയില്‍ ബന്ധിച്ചു. കൂലിക്കാരെ പാറാവ് നിര്‍ത്തി. വിശ്വാസികളുമായുള്ള സമ്പര്‍ക്കം തടഞ്ഞു. മിസ്അബ് (റ) മുറിയുടെ അന്ധകാരത്തില്‍ തടവുകാരനായി. എങ്കിലും സത്യവിശ്വാസത്തിന്‍റെ തൂവെളിച്ചം മായ്ച്ചുകളയാന്‍ ഇരുമ്പഴികള്‍ക്ക് കഴിഞ്ഞില്ല.

നബിﷺയുടെ അനുയായികള്‍ ആത്മരക്ഷാര്‍ഥം അബ്സീനിയയിലേക്ക് പലായനം ചെയ്യാനൊരുങ്ങിയ വാര്‍ത്ത അഴികൾക്കുള്ളിൽക്കിടന്ന് മിസ്അബ് (റ) അറിഞ്ഞു. അദ്ദേഹം ഉമ്മയുടെ പാറാവുകാരുടെ കണ്ണുവെട്ടിച്ച് അഴികടന്ന് സ്നേഹിതന്‍മാരുടെ കൂടെ അബ്സീനിയയിലേക്ക് പലായനം ചെയ്തു. അബ്സീനിയയിലേക്കുള്ള രണ്ട് ഹിജ്റയിലും മിസ്അബ് (റ) പങ്കെടുത്തിരുന്നു. അവിടെ നിന്ന് തിരിച്ചുവന്ന മിസ്അബ് (റ)നെ വീണ്ടും ബന്ധനസ്ഥനാക്കാന്‍ മാതാവ് തീരുമാനിച്ചു. കൂലിക്കാരെ വിട്ടു പിടിക്കാന്‍ ശ്രമിച്ചു. ഗതിമുട്ടിയ മിസ്അബ് (റ)വിന് ഇപ്രകാരം പറയേണ്ടി വന്നു : “ഉമ്മാ, ഇനിയും എന്നെ അക്രമിക്കുകയാണെങ്കില്‍ നിങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ കൂലിക്കാരെ മുഴുവനും ഞാന്‍ കൊന്നു കളയും. സത്യം!” അതോടെ ഉമ്മയ്ക്ക് വഴങ്ങേണ്ടി വന്നു.

അവസാനം അവർ പറഞ്ഞൊഴിഞ്ഞു. “അല്ലയോ മിസ്അബ്, ഇന്നു മുതല്‍ ഞാന്‍ നിന്‍റെ ആരുമല്ല. നീ നിന്‍റെ മതവുമായി എങ്ങോട്ടെങ്കിലും പോയ്ക്കോളൂ. എന്‍റെ സ്വത്തിനുപോലും നീ അവകാശിയല്ല.” മിസ്അബ് (റ) പറഞ്ഞു: “ഉമ്മാ, ഞാന്‍ നിങ്ങൾക്ക് നന്മയാഗ്രഹിക്കുന്നു. അല്ലാഹുവിന്‍റെ മുമ്പില്‍ ഉമ്മ രക്ഷപ്രാപിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് നിങ്ങള്‍ അല്ലാഹുവിനെയും പ്രവാചകനെﷺയും അംഗീകരിക്കുക.” തീ പാറുന്ന രീതിയിൽ ഉമ്മ പ്രതികരിച്ചു. “നീ പോകൂ, എന്‍റെ ദൈവങ്ങളാണ് സത്യം ! നിന്‍റെ മതം എനിക്കാവശ്യമില്ല.” മിസ്അബ് (റ) ഭൗതികാനുഗ്രഹങ്ങളുടെ ആ ഉദ്യാനം ത്യജിച്ചു. അല്ലാഹുവിന്റെ പ്രീതി ലക്ഷ്യം വച്ച് അദ്ദേഹം ഇറങ്ങിത്തിരിച്ചു. അന്നുമുതല്‍ കീറിപ്പറിഞ്ഞ വസ്ത്രവും പട്ടിണിയും പരിവട്ടവുമായി മിസ്അബ് (റ) ജീവിച്ചു. ആനന്ദങ്ങളുടെ കളിത്തൊട്ടിലിൽ ഉല്ലസിച്ചു ജീവിച്ച യുവാവ് വിശ്വാസത്തിന്റെ പേരിൽ സ്വയം ഏറ്റെടുത്ത ദാരിദ്ര്യം ഏവരെയും അദ്ഭുതപ്പെടുത്തി. രാജപദവിയിൽ ഏറ്റവും മുന്തിയ സുഗന്ധം ഉപയോഗിച്ചിരുന്ന ആൾ കീറിപ്പറിഞ്ഞ വസ്ത്രമണിഞ്ഞ് വരുന്നത് കണ്ട് സദസ്സുകൾ തന്നെ തലകുനിച്ചിരുന്നു. ഒരിക്കൽ ഈറനണിഞ്ഞ കണ്ണുകളോടെ മുത്ത് നബിﷺ തന്നെ പറഞ്ഞു, “മിസ്അബ് (റ) എല്ലാം അല്ലാഹുവിന്നു വേണ്ടി ത്യജിച്ചു. അന്നു മക്കയില്‍ എത്ര സമൃദ്ധമായ ജീവിതം നയിച്ച ആളാണിദ്ദേഹം “.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-322/365

ഇസ്‌ലാമിന്‍റെ ഒന്നാമത്തെ ദൗത്യവാഹകനായി റസൂൽ ‍ﷺ മിസ്അബുൽ ഖൈർ എന്നറിയപ്പെട്ട മിസ്അബ് ബിൻ ഉമൈറി(റ)നെ മദീനയിലേക്ക് നിയോഗിച്ചു. ചരിത്രപ്രസിദ്ധമായ അഖബാ ഉടമ്പടയില്‍ നബിﷺ യുമായി കരാര്‍ ചെയ്ത സത്യവിശ്വാസികളായ അന്‍സ്വാരികള്‍ക്ക് മിസ്അബ് (റ) ഇസ്‌ലാമിന്‍റെ പ്രഥമ പാഠങ്ങള്‍ പഠിപ്പിച്ചുകൊടുത്തു. മദീന പിന്നീട് ഇസ്‌ലാമിന്‍റെ അഭയകേന്ദ്രമായി മാറിയതില്‍ മിസ്അബ് (റ)ന്‍റെ പങ്ക് സുപ്രധാനമാണ്.

ഇസ്‌ലാമിന്‍റെ ആദ്യത്തെ പതാകവാഹകന്‍ എന്ന ബഹുമതി മിസ്അബ് (റ)ന് ബദ്റില്‍ വച്ചു ലഭിച്ചു. ബദ്റില്‍ മുസ്‌ലിം സൈന്യം വിജയം കൈവരിച്ചു. അടുത്ത വര്‍ഷം അവര്‍ പ്രതികാരത്തിനൊരുങ്ങി. ഒരു കൈയില്‍ പതാകയുമേന്തി ഉഹ്ദ് രണാങ്കണത്തില്‍ മിസ്അബ് (റ) ഈറ്റപ്പുലിയെപ്പോലെ പോരാടിക്കൊണ്ടിരുന്നു. മുസ്‌ലിംകൾ പരാജയത്തിന്‍റെ വക്കോളമെത്തി. ശത്രുസൈന്യം നബിﷺയെ വളഞ്ഞു. ആസന്നമായ വിപത്ഘട്ടത്തില്‍ മിസ്അബ് (റ) പതാക ഉയർത്തിപ്പിടിച്ച് അത്യുച്ചത്തില്‍ തക്ബീര്‍ മുഴക്കി. “അല്ലാഹുഅക്ബർ. അല്ലാഹുഅക്ബര്‍.” അങ്ങോട്ടുമിങ്ങോട്ടും കുതിച്ചുകൊണ്ടിരുന്നു. നബിﷺയെ വളഞ്ഞ ശത്രുക്കളുടെ ശ്രദ്ധ തന്‍റെ നേരെ തിരിക്കുകയായിരുന്നു മിസ്അബ് (റ)ന്‍റെ ലക്ഷ്യം. അതിനിടയില്‍ ആ ധീര സ്വഹാബിയെ ശത്രുക്കൾ വളഞ്ഞു. ഇബ്നുഖുമൈഅ മിസ്അബ് (റ)ന്‍റെ വലതു കൈ വെട്ടിത്താഴെയിട്ടു. എന്നിട്ടും ധൈര്യം വീണ്ടെടുത്ത് ഇടതു കൈയില്‍ പതാക വഹിച്ചുകൊണ്ട് മിസ്അബ് (റ) പറഞ്ഞു: “മുന്‍ പ്രവാചകന്‍മാരെപ്പോലെ തന്നെ മുഹമ്മദ്ﷺ അല്ലാഹുവിന്‍റെ പ്രവാചകനാണ്.” ഇബ്നുഖുമൈഅ മിസ്അബ് (റ)ന്‍റെ ഇടതു കൈയും വെട്ടിമുറിച്ചു. എന്നിട്ടും ആ ധീരസേനാനി പതാക കൈവിട്ടില്ല. മുറിഞ്ഞ കൈകള്‍ കൊണ്ട് ആ പതാക മാറോടു ചേര്‍ത്തുപിടിച്ചു. ഇബ്നുഖുമൈഅയുടെ മാരകമായ ഒരു കുത്ത് വീണ്ടും മിസ്അബ് (റ)ന്നു ഏറ്റു. “മുൻകാല ദൂതന്മാരെ പോലെ തന്നെ. മുഹമ്മദ് ﷺ അല്ലാഹുവിന്റെ ദൂതൻ തന്നെ” എന്ന് മന്ത്രിച്ചു കൊണ്ട് അദ്ദേഹം നിലംപതിച്ചു. അപ്പോഴും ആ പതാക ശരീരത്തോട് ചേർന്നിരുന്നു.

അദ്ദേഹം അവസാനമായി മൊഴിഞ്ഞ ആ വചനങ്ങള്‍ പരിശുദ്ധ ഖുര്‍ആനിലെ മൂന്നാമധ്യായം ആലുഇംറാനിലെ നൂറ്റിനാൽപ്പത്തിനാലാം സൂക്‌തത്തിന്റെ പ്രാരംഭവാചകമായി പിന്നീടവതരിച്ചു. (വമാ മുഹമ്മദുന്‍ ഇല്ലാറസൂലുന്‍…)

യുദ്ധം കഴിഞ്ഞു. രക്തസാക്ഷികളുടെ മൃതദേഹം പരതിക്കൊണ്ട് നബിﷺയും സ്വഹാബിമാരും രണാങ്കണത്തിലിറങ്ങി. മിസ്അബ് (റ)ന്റെ മൃതദേഹം രക്തത്തില്‍ക്കുളിച്ച് മുഖം ഭൂമിയില്‍ അമര്‍ന്നു അംഗവിഹീനമായിക്കിടക്കുന്നത് അവര്‍ കണ്ടു. തീരാദുഃഖത്തിന്‍റെ അണപൊട്ടി. കവിളില്‍ കണ്ണീര്‍ ചാലിട്ടൊഴുകി. മിസ്അബ് (റ)ന്റെ മൃതശരീരം പൊതിഞ്ഞ കഫന്‍ തുണി നോക്കി വിതുമ്പിക്കൊണ്ട് നബിﷺ പറഞ്ഞു: “മിസ്അബേ, നിന്നെ ഞാന്‍ മക്കയില്‍ നിന്ന് കാണുമ്പോള്‍ നീ എത്ര സുന്ദരനായിരുന്നു. നിന്‍റെ വേഷവിധാനങ്ങള്‍ എത്ര ഭംഗിയുള്ളതായിരുന്നു. ഇന്ന് ജടപിടിച്ച തലമുടിയുമായി പൊടിപുരണ്ട നീ ഒരു പുതപ്പില്‍ പൊതിയപ്പെട്ടിരിക്കുന്നു. അല്ലാഹുവിന്‍റെ പ്രീതിക്കുവേണ്ടി എല്ലാം നീ ത്യജിച്ചു. അല്ലാഹുവിനോട് ചെയ്ത വാഗ്ദത്തം പൂര്‍ത്തീകരിച്ച സത്യവിശ്വാസികളില്‍ നീ ഉള്‍പ്പെട്ടിരിക്കുന്നു.”

ഖബ്ബാബ് (റ) പറയുമായിരുന്നു: “അല്ലാഹുവിന്നുവേണ്ടി അവന്‍റെ മാര്‍ഗത്തില്‍ ഞങ്ങള്‍ ഹിജ്റപോയി. യാതന സഹിച്ചു. അതിന്‍റെ പ്രതിഫലം കുറെയൊക്കെ ഞങ്ങള്‍ ദുനിയാവില്‍ നിന്ന് തന്നെ അനുഭവിച്ചു. മിസ്അബ് (റ)നെപ്പോലുള്ളവര്‍ മുമ്പേ തന്നെ ഈ ലോകം വിട്ടു മറഞ്ഞു കളഞ്ഞു. അവര്‍ക്കിവിടെ നിന്ന് ഒരു പ്രതിഫലവും ലഭിച്ചില്ല. മിസ്അബ് (റ) ഉഹ്ദില്‍ രക്ത സാക്ഷിയായി. അദ്ദേഹത്തിന്‍റെ മൃതദേഹം പൊതിയാന്‍ മതിയായ തുണി പോലുമുണ്ടായിരുന്നില്ല. ഒരു ചെറിയ പുതപ്പില്‍പ്പൊതിഞ്ഞു. തലമറച്ചാല്‍ കാലും കാല് മറച്ചാല്‍ തലയും പുറത്തുകാണുമായിരുന്നു. തലഭാഗം പുതപ്പു കൊണ്ടും കാലുകള്‍ ഇദ്ഖിർ എന്ന പുല്ലുകൊണ്ടും പൊതിയാന്‍ നബി ﷺ കല്‍പ്പിച്ചു. മിസ്അബ് (റ)നെ അപ്രകാരം കഫന്‍ ചെയ്യുകയാണുണ്ടായത്.”

ചരിത്രത്തിൽത്തന്നെ തുല്യതയില്ലാത്ത ആത്മാർപ്പണത്തിന്റെ വിലാസമായി മിസ്അബ് (റ) പരിണമിച്ചു. ഇന്നും പരകോടികളുടെ ഓർമ പഥങ്ങളിൽ വിശ്വാസാവേശത്തിന്റെ ധ്വനിയായി ഈ നാമം മുഴങ്ങിക്കൊണ്ടിരിക്കുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-323/365

Mahabba Campaign Part-324/365

Mahabba Campaign Part-325/365

Mahabba Campaign Part-326/365

Mahabba Campaign Part-327/365

Mahabba Campaign Part-328/365

Mahabba Campaign Part-329/365

Leave a Reply