The biography of Prophet Muhammad – Month 10

Admin May 4, 2023 No Comments

The biography of Prophet Muhammad – Month 10

Mahabba Campaign Part-271/365

ബദ്റിലെ ബന്ദികളെ കുറിച്ചുള്ള വർത്തമാനത്തിൽ വളരെ വേറിട്ട ഒരധ്യായമാണ് അബ്ബാസിന്റേത്. നബിﷺയുടെ പിതൃ സഹോദരനായ അബ്ബാസ് ബദ്റിൽ ശത്രുപക്ഷത്തായിരുന്നു ഉണ്ടായിരുന്നത്. യുദ്ധത്തിന്റെ ഒടുവിൽ അദ്ദേഹം ബന്ദിയായി പിടിക്കപ്പെട്ടു. രാത്രിയായപ്പോൾ അദ്ദേഹം തേങ്ങിക്കരയാൻ തുടങ്ങി. അത്കേട്ടു നബിﷺക്കു പ്രയാസമായി. അത്കണ്ടു സ്വഹാബികളിൽ ഒരാൾ അബ്ബാസിന്റെ കെട്ടഴിച്ചു വിട്ടു. ഇതറിഞ്ഞ നബിﷺ അങ്ങനെയെങ്കിൽ മറ്റു ബന്ധുക്കളുടെയും കെട്ടഴിച്ചിടാൻ കല്പിച്ചു.

അബ്ബാസിനെ ബന്ദിയാക്കിയത് അബുൽയസ്ർ എന്നറിയപ്പെടുന്ന കഅബുബിൻ ഉമൈർ(റ) ആയിരുന്നു. അതികായനായ അബ്ബാസിനെ ശാരീരികമായി ചെറുപ്പമുള്ള അബുൽ യസ്ർ(റ) എങ്ങനെയാണ് പിടിയിലൊതുക്കിയത് എന്നത് തന്നെ അത്ഭുതമുള്ള കാര്യമാണ്. ഇതു സംബന്ധിച്ച് അബ്ബാസിനോട് തന്നെ ചോദിച്ചു. ആ ചെറിയ മനുഷ്യനെ നിങ്ങൾക്ക് എന്ത് കൊണ്ട് പിടിച്ചൊതുക്കാനായില്ല? അപ്പോൾ അദ്ദേഹം പറഞ്ഞു. എനിക്ക് ആ സമയത്ത് ഒരു മഹാപർവ്വതമായ ഖൻതമ: പോലെയാണ് അനുഭവപ്പെട്ടത്. അബുൽ യസ്റി(റ)നോട് ആളുകൾ ചോദിച്ചു. നിങ്ങൾക്കെങ്ങനെയാണ് അതികായനായ അബ്ബാസിനെ കൈപിടിയിലൊതുക്കാനും പതാക പിടിച്ചുവാങ്ങി ബന്ദിയാക്കാനും കഴിഞ്ഞത്? ആദരണീയനായ ഒരു മലക്ക് എന്നെ സഹായിച്ചു എന്നായിരുന്നു മറുപടി. ഇതേ ആശയം അബ്ബാസും അംഗീകരിക്കുന്ന പരാമർശം ഇങ്ങനെയാണ്. “വെളുപ്പും കറുപ്പും പുള്ളികളുള്ള ഒരു കുതിരപ്പുറത്ത് സുന്ദരനും സുമുഖനുമായ ഒരാൾ എന്നെ തടവുകാരനാക്കി.”

നബി‎ﷺയുടെ പിതൃവ്യനാണെങ്കിൽ പോലും മോചനദ്രവ്യം സ്വീകരിക്കാതെ മോചിപ്പിക്കാനാവില്ല എന്ന നിലപാട് തന്നെയാണ് പ്രവാചകർﷺ പുലർത്തിയത്. ഒപ്പം സഹോദരന്മാരുടെ മക്കളായ അഖീൽ ബിൻ അബൂത്വാലിബിന്റെയും നൗഫൽ ബിൻ ഹാരിസിന്റെയും സഖ്യകക്ഷിയിലെ അംഗമായ ഉത്ബത് ബിൻ അംറിൻ്റെയും മോചനത്തുക കൂടി അബ്ബാസ് നൽകണമെന്ന് നബി‎ﷺ ആവശ്യപ്പെട്ടു. എന്നാൽ, തൻ്റെ പക്കൽ ഒന്നുമില്ലെന്നായിരുന്നു അബ്ബാസിൻ്റെ പ്രതികരണം. ഇതറിഞ്ഞ അൻസ്വാരികളിൽ ചിലർ അദ്ദേഹത്തെ സൗജന്യമായി മോചിപ്പിക്കാൻ ശിപാർശ ചെയ്തു. ഒരു ദിർഹം പോലും അദ്ദേഹത്തിന് ഒഴിവാക്കി കൊടുക്കരുതെന്ന് നബിﷺ പ്രതികരിച്ചു. ഒടുവിൽ അബ്ബാസ് അതംഗീകരിച്ചു. അഖീലിൻ്റേത് മാത്രമാണോ അതല്ല എല്ലാവരുടേതും കൊടുത്തിരുന്നോ എന്നതിൽ അഭിപ്രായാന്തരങ്ങളുണ്ട്. ദ്രവ്യമായി നൽകിയ സ്വർണം തിരിച്ചു കിട്ടാൻ പലവുരു അദ്ദേഹം നബിﷺയോട് കേണപേക്ഷിച്ചു. ഞങ്ങൾക്കെതിരെ പ്രയോഗിക്കാൻ കരുതി വെച്ചതിൽ നിന്ന് ഞങ്ങൾക്ക് ലഭിച്ചത് തിരികെത്തരുന്ന പ്രശ്നമേ ഇല്ല എന്ന നിലപാടിൽ നബിﷺ ഉറച്ചു നിന്നു. ഒടുവിൽ എന്നെ ഖുറൈശികളിലെ പരമദരിദ്രനാക്കി ജീവിതകാലം മുഴുക്കെ യാചകനാക്കാനാണോ ഉദ്ദേശിക്കുന്നത് എന്ന് നബിﷺയോട് ചോദിച്ചു.

ഉടനെ നബിﷺയുടെ പ്രവാചകത്വത്തിന്റെ നേത്രങ്ങൾ വികസിച്ചു. അവിടുന്ന് വായിച്ച പൊരുൾ തുറന്ന് വെച്ചു. എന്നിട്ട് തിരിച്ചു ചോദിച്ചു. താങ്കൾ അവിടുത്തെ പ്രയപത്നി ഉമ്മുൽ ഫള്ലിനെ ഏൽപ്പിച്ച സ്വർണക്കട്ടികൾ എവിടെ? ‘എനിക്ക് എന്ത് സംഭവിക്കും എന്നെനിക്കറിയില്ല. എന്തും സംഭവിച്ചേക്കാം. അങ്ങനെയെങ്കിൽ നിനക്കും മക്കളായ അബ്ദുല്ല, ഉബൈദുല്ല, ഫളൽ എന്നിവർക്കും ഉള്ളതാണിത്. ജീവിതകാലത്തേക്ക് മുഴുവൻ ഇത് മതിയാകും’ എന്ന് പറഞ്ഞല്ലേ ആ സ്വർണക്കട്ടികൾ ഏൽപ്പിച്ചത്!

അബ്ബാസ് ഞെട്ടിത്തരിച്ചു. ഇതെന്തൊരത്ഭുതം! അതീവരഹസ്യമായ ഈ സംഭാഷണവും ഇടപാടും എങ്ങനെയാണ് മുഹമ്മദ്ﷺ അറിഞ്ഞത്? അദ്ദേഹം അത് തുറന്ന് ചോദിച്ചു. ആരാണീ വിവരം അറിയിച്ചു തന്നത്? എന്റെ നാഥനായ അല്ലാഹു എനിക്ക് അറിയിച്ചു തന്നു. നബി‎ﷺ പ്രതികരിച്ചു. അബ്ബാസിൻ്റെ മനസ്സ് മാറിമറിഞ്ഞു. പഴുതുകളില്ലാത്ത വിധം മുഹമ്മദ് നബിﷺ യുടെ സത്യസന്ധത ബോധ്യമായിരിക്കുന്നു. ഞാനും എന്റെ ഭാര്യയും തമ്മിൽ നടന്ന സംഭാഷണം മൂന്നാമതൊരാൾ അറിഞ്ഞിട്ടില്ല. രാത്രിയിൽ അതീവ രഹസ്യമായി നടന്ന ഇടപാട് അല്ലാഹുവല്ലാതെ ആരും അറിഞ്ഞിട്ടില്ല. എന്റെ എല്ലാ സംശയങ്ങളും അസ്ഥാനത്തായിരിക്കുന്നു. അവിടുന്ന് അല്ലാഹുവിന്റെ ദൂതൻ തന്നെയാണെന്ന് ഞാൻ പ്രഖ്യാപിക്കുകയാണ്. അശ്ഹദു അൻ ലാഇലാഹഇല്ലല്ലാഹ്… വ അന്നക സൂലുല്ലാഹ്…

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-272/365

അബ്ബാസ്(റ)വിന്റെ ഇസ്ലാമാശ്ലേഷം എപ്പോഴായിരുന്നു എന്നതിൽ പല അഭിപ്രായങ്ങളുമുണ്ട്. മക്കാ വിജയ പ്രഖ്യാപനത്തോടടുത്താണ് എന്നതാണ് പ്രബലമായ അഭിപ്രായം. ഏതായാലും ബദ്റിൽ അദ്ദേഹവുമായി നടന്ന സംഭാഷണത്തിന്റെയും ഇടപാടിന്റെയും വ്യത്യസ്ഥ നിവേദനങ്ങൾ വായിക്കാനുണ്ട്. അതിൽ ഇങ്ങനെയും കാണാം. നൽകിയ മോചനദ്രവ്യം തിരിച്ചു ലഭിക്കാൻ അദ്ദേഹം വളരെ പരിശ്രമിച്ചു. അക്കൂട്ടത്തിൽ അദ്ദേഹം ഇങ്ങനെയും പറഞ്ഞു. ഞാൻ നേരത്തെ തന്നെ ഹൃദയം കൊണ്ട് ഇസ്‌ലാമിനെ സ്വീകരിച്ചിട്ടുണ്ട്. നിർബന്ധിതമായ ഒരു സാഹചര്യത്തിൽ ഞാൻ മുശ്‌രിക്കുകൾക്കൊപ്പം പുറപ്പെട്ടുവെന്നേ ഉള്ളൂ. പക്ഷേ, നബി‎ﷺ അദ്ദേഹത്തെ വിടാൻ ഉദ്ദേശിച്ചില്ല. അവിടുന്ന് പ്രതികരിച്ചു. താങ്കൾ പറയുന്നത് വാസ്തവമാണെങ്കിൽ അല്ലാഹു നിങ്ങൾക്ക് പ്രതിഫലം നൽകും. എന്തായാലും പ്രത്യക്ഷത്തിൽ താങ്കൾ ഇസ്‌ലാം വിരുദ്ധ ചേരിയിൽ തന്നെയായിരുന്നു. ഈ സന്ദർഭത്തെയും നിലപാടിനെയും പരാമർശിച്ചു കൊണ്ടാണ് വിശുദ്ധ ഖുർആനിലെ എട്ടാമധ്യായം അൽ അൻഫാലിലെ എഴുപത്, എഴുപത്തിയൊന്ന് സൂക്തങ്ങൾ അവതരിച്ചത്. ആശയം ഇപ്രകാരം വായിക്കാം. “നബിയേ, തങ്ങളുടെ കൈവശമുള്ള യുദ്ധത്തടവുകാരോട് പറയുക: നിങ്ങളുടെ മനസ്സില്‍ വല്ല ‎നന്മയുമുള്ളതായി അല്ലാഹു അറിഞ്ഞാല്‍ നിങ്ങളിൽ നിന്ന് ഈടാക്കിയതിനേക്കാള്‍ ഉത്തമമായത് നിങ്ങൾക്കവൻ നൽകും. നിങ്ങൾക്കവന്‍ പൊറുത്തുതരികയും ചെയ്യും. അല്ലാഹു ഏറെ ‎പൊറുക്കുന്നവനും ദയാപരനുമാണ്. ‎ അഥവാ, തങ്ങളെ ചതിക്കാനാണ് അവരാഗ്രഹിക്കുന്നതെങ്കില്‍ അതിലൊട്ടും പുതുമയില്ല. അവര്‍ ‎നേരത്തെ തന്നെ അല്ലാഹുവോട് വഞ്ചന കാണിച്ചവരാണല്ലോ. അതിനാലാണ് അവന്‍ അവരെ ‎നിങ്ങൾക്ക് അധീനപ്പെടുത്തിത്തന്നത്. അല്ലാഹു എല്ലാം അറിയുന്നവനും യുക്തിമാനും തന്നെയാണ്.”

അബ്ബാസി(റ)നുണ്ടായ പരിണിതിയെന്തായിരുന്നു എന്ന് അദ്ദേഹം തന്നെ അവലോകനം ചെയ്യുന്നത് ഇമാം റാസി(റ) ഖുർആൻ വ്യാഖ്യാനത്തിൽ എഴുതിയതിപ്രകാരമാണ്. അബ്ബാസ്(റ) പറയുന്നു. ശ്രേഷ്ഠമായത് അല്ലാഹു എനിക്ക് പകരം തന്നു. എനിക്ക് ഇപ്പോൾ ഇരുപത് അടിമകളുണ്ട്. അതിൽ ഏറ്റവും കുറഞ്ഞയാൾ ഇരുപതിനായിരത്തിന്റെ വ്യാപാരം ചെയ്യുന്നു. അതുപോലെ എനിക്ക് സംസം പാനവിതരണത്തിനുള്ള പദവി ലഭിച്ചു. മക്കയിലുള്ള മുഴുവൻ ആസ്ഥിയും ലഭിക്കുന്നതിനേക്കാൾ ശ്രേഷ്ഠമായി ഞാനതിനെ കാണുന്നു. അതുപോലെ അല്ലാഹുവിൽ നിന്നുള്ള പാപമോചനത്തെ ഞാൻ പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഒരു നിവേദനത്തിൽ ഇങ്ങനെയും വായിക്കാം. ഖുർആനിലെ മേൽ സൂക്തം അവതരിച്ച ഉടനെ അബ്ബാസ്(റ) നബിﷺയോട് പറഞ്ഞു. അല്ലയോ പ്രവാചകരേﷺ! അന്ന് എന്നിൽ നിന്ന് ഈടാക്കിയതിന്റെ ഇരട്ടി ദ്രവ്യം ഈടാക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചു പോകുന്നു. കാരണം അല്ലാഹു എനിക്ക് ഒരു പാട് അനുഗ്രഹങ്ങൾ ഏറ്റിത്തന്നിട്ടുണ്ട്.

അബ്ബാസ്(റ) എന്നവർക്ക് പൊതുവെ ധനത്തോട് ഒരു അതിമോഹം ഉണ്ടായിരുന്നു. അത് നബിﷺ തിരിച്ചറിയുകയും അതനുസരിച്ചു സമീപിക്കുകയും ചെയ്ത രംഗങ്ങളും കാണാം. ഒരുദാഹരണം ഇങ്ങനെ വായിക്കാം. ഒരിക്കൽ ബഹ്‌റൈനിൽ നിന്നുള്ള സ്വത്തുക്കൾ നബി സവിധത്തിലെത്തി. അന്നുവരെ വിവിധ ദേശങ്ങളിൽ നിന്നെത്തിയ സ്വത്തുക്കളിൽ വെച്ച് ഏറ്റവും വലിയ സമ്പത്തായിരുന്നു അത്. നബിﷺയുടെ നിർദേശപ്രകാരം അത് പള്ളിയിൽ പ്രദർശിപ്പിച്ചു. ആ സ്വത്തുക്കൾ തനിക്കു തരാൻ അബ്ബാസെന്നവർ നബിﷺയോടാവശ്യപ്പെട്ടു. നബിﷺ അനുമതി നൽകി. അദ്ദേഹം അതുമുഴുവൻ ഒരു വസ്ത്രത്തിൽ സ്വരുക്കൂട്ടി. ചുമന്നു കൊണ്ടുപോകാൻ നോക്കിയിട്ട് പൊന്തുന്നില്ല. ആരോടെങ്കിലും ഉയർത്തി തരാൻ പറയാൻ നബിﷺയോടാവശ്യപ്പെട്ടു. അവിടുന്ന് വിസമ്മതിച്ചു. നബിﷺയോട് തന്നെ ഒന്നുയർത്തി തരാൻ പറഞ്ഞു. അവിടുന്നപ്പോഴും താല്പര്യം കാണിച്ചില്ല. ഒടുവിൽ കുറച്ചു സാധനങ്ങൾ ഒഴിവാക്കി ചുമക്കാവുന്നതിന്റെ പരമാവധി ചുമന്ന് കൊണ്ടുപോയി. കണ്ണ് മറയുന്നത് വരെ നബിﷺ ആ രംഗം നോക്കി നിന്നു. സ്വത്തിനോടുള്ള അദ്ധേഹത്തിന്റെ അമിത താല്പര്യത്തിൽ നബിﷺ അത്ഭുതപ്പെട്ടു.

വായിച്ചു പോയ രംഗങ്ങൾ എന്തെല്ലാം പാഠങ്ങളാണ് നമുക്ക് പകർന്നു നൽകുന്നത്. നബിﷺ പാലിച്ച നീതിയും നിഷ്ടയും. ഉറ്റവരും ഉടയവരുമാണെന്ന് കരുതി നിയമങ്ങളിൽ ഇളവ് വരുത്താൻ തയ്യാറാകാത്തതും തുടങ്ങി എന്തെല്ലാം പാഠങ്ങൾ…

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-273/365

ബദ്റിലെ ബന്ദികളോടൊപ്പം അൽപനേരം കൂടി സഞ്ചരിക്കാനുണ്ട്. യുദ്ധാനന്തര സമീപനങ്ങളുടെ രീതിശാസ്ത്രം കൂടിയാണ് ഈ അധ്യായം ലോകത്തിന് പകർന്നു നൽകുന്നത്. ഓരോരുത്തരുടെയും അവസ്ഥയും മനോഗതിയും തിരിച്ചറിഞ്ഞു കൊണ്ടായിരുന്നു നടപടികൾ സ്വീകരിച്ചത്. ഒരുദാഹരണം കൂടി നോക്കൂ. നൗഫൽ ബിൻ ഹാരിസ് ബിൻ അബ്ദുൽ മുത്തലിബ് നബിﷺയുടെ കുടുംബക്കാരൻ കൂടിയാണ്. അദ്ദേഹത്തോട് നബിﷺ പറഞ്ഞു. നിങ്ങൾ ദ്രവ്യം നൽകി മോചനം സ്വീകരിച്ചോളൂ. അദ്ദേഹം പറഞ്ഞു. മോചനമൂല്യമടയ്ക്കാൻ എന്റെ പക്കൽ യാതൊരു ഗതിയുമില്ല. ഉടനെ നബിﷺ പറഞ്ഞു, ജിദ്ദയിലുള്ള നിങ്ങളുടെ ബന്ധുക്കളുടെ പക്കൽ നിന്ന് ധനം സ്വീകരിച്ചോളൂ. അദ്ദേഹം അത്ഭുതപ്പെട്ടു. അങ്ങനെ ഒരു സാധ്യത ആർക്കുമറിയാൻ ഒരു വഴിയുമില്ല. അല്ലാഹു അറിയിച്ചു കൊടുത്തു എന്നല്ലാതെ ഒരു സാധ്യതയും പ്രവാചകർﷺ പറഞ്ഞ ഈ വിവരത്തിനു പിന്നിൽ കണ്ടെത്താനില്ല. ഉടനെ നൗഫൽ പറഞ്ഞു. അവിടുന്ന് അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാൻ അംഗീകരിക്കുന്നു. ശേഷം മോചനത്തുക നൽകി അദ്ദേഹം സ്വതന്ത്രനായി.

ഒന്നുകൂടി വേറിട്ട ഒരു സംഭവം കൂടിയാണ് അംർ ബിൻ അബ്ദുല്ലാ ബിൻ ഉസ്മാനിന്റേത്. അബൂ ഇസ്സ: അഷ്‌ഷാഇർ എന്നറിയപ്പെട്ടിരുന്ന കവിയാണദ്ദേഹം. വാളിനേക്കാൾ മൂർച്ചയായിരുന്നു അദ്ദേഹത്തിന്റെ വരികൾക്ക്. ഇസ്ലാമിനും പ്രവാചകർﷺക്കുമതിരെ അദ്ദേഹം അത് നന്നായി പ്രയോഗിച്ചു. ബദ്റിൽ പങ്കെടുത്ത അയാൾ പിടിയിലാവുകയും ബന്ദിയാക്കപ്പെടുകയും ചെയ്തു. മോചനത്തിന് വേണ്ടി അയാൾ നബിﷺയോട് കേണപേക്ഷിച്ചു. അയാൾ പറഞ്ഞതിങ്ങനെയാണ്. “അല്ലയോ അല്ലാഹുവിന്റെ ദൂതരേﷺ! ഞാൻ പ്രാരാബ്ദങ്ങൾ ഏറെയുള്ള ഒരു ദരിദ്രനാണ്. അഞ്ച് പെൺമക്കളാണ് എനിക്കുള്ളത്. അവർക്കായി ഒന്നും കരുതിവെച്ചിട്ടുമില്ല. അവരെയോർത്ത് എന്നോട് ഔദാര്യം ചെയ്യണം.”

നബിﷺ ഈ അപേക്ഷ സ്വീകരിച്ചു. അയാൾ മോചിതനായി. ഇനിയൊരിക്കലും പ്രവാചകർﷺക്കെതിരെ യുദ്ധം ചെയ്യുകയോ ജനങ്ങളെ സംഘടിപ്പിക്കുകയോ ചെയ്യുകയില്ല എന്ന കരാറിന്മേലാണ് അയാൾ പുറത്തിറങ്ങിയത്. ആ സമയത്ത് നബിﷺയെ പ്രകീർത്തിച്ചുകൊണ്ട് അയാൾ ചൊല്ലിയ കവിതാശകലം ഇങ്ങനെയാണ്.

“മൻ മുബ് ലിഗിൻ അന്നിറസൂല മുഹമ്മദൻ
———– ————- ———
ഫ ഇന്നക മൻ ഹാറബ്തഹു ല മുഹാരിബുൻ

ശഖിയ്യുൻ വമൻ സാലം തഹു ല സഈദു”

(എന്റെയീ സന്ദേശം നബിയവർക്കെത്തിക്കാൻ

ആരാണൊരു ദൂതനായ് വന്നെത്തിച്ചേരുക.

സത്യത്തിൻ ദൂതനാണവിടുന്ന് പുണ്യരേ!

പ്രശംസയർഹിക്കുന്ന രാജാവുമാണങ്ങ്

അല്ലാഹുവിൽ നിന്നു സാക്ഷിത്വത്തോടെയായ്

നേർവഴി കാട്ടുന്ന വഴിവിളക്കാണങ്ങ്

ശ്രേഷ്ഠരാം തങ്ങൾക്ക് ഉന്നതങ്ങൾ നൽകി

അല്ലാഹു ഏകിയ മേന്മയും സ്ഥിരതയും

തങ്ങളോടാരേലും യുദ്ധം ചെയ്തെങ്കിലോ

തോൽവിയുറപ്പാണ് നിശ്ചയം തന്നെയും

തങ്ങളോടാരേലും സന്ധിയായെങ്കിലോ

വിജയം സുനിശ്ചിതം വിജയം സുനിശ്ചിതം.)

അധികാരത്തോടെ പറയേണ്ട സ്ഥലത്ത് അധികാരത്തിലും അനുതാപത്തോടെ സമീപിക്കേണ്ടിടത്ത് അനുതാപത്തിലും സമീപിച്ച സുമോഹനമായ ഒരു ചിത്രമാണ് നമുക്കിവിടെ വായിക്കാൻ കഴിയുന്നത്. ഒരു ഭരണാധികാരിയിൽ നിന്നുണ്ടാവേണ്ട സർവ്വതല സ്പർശിയായ ഒരു ഇടപെടലാണ് നബി ﷺ നിർവഹിച്ചത്.

അബൂ ഇസ്സക്കുണ്ടായ ഒരു പരിണിതി കൂടി നമുക്ക് തുടർന്നു വായിക്കാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-274/365

അബൂ ഇസ്സ: മക്കയിലെത്തി. അയാൾ മോചനം നേടിയ രീതിയും പ്രവാചകരുടെﷺ ഔദാര്യവും അയാൾ മറച്ചുവെച്ചു. അയാൾ പറഞ്ഞു. മുഹമ്മദി‎ﷺനെ ഞാൻ മാരണം ചെയ്തു വശത്താക്കി. അങ്ങനെയാണ് ഞാൻ സ്വതന്ത്രനായത്.

നാളുകൾ കഴിഞ്ഞു. ബദ്റിന്റെ പകരം വീട്ടാൻ മുശ്‌രിക്കുകൾ ഉഹ്ദിലേക്ക് പുറപ്പെടാനൊരുങ്ങി. ഞങ്ങളുടെ കൂടെ നീയും വരണം എന്ന് സഫ്‌വാൻ ബിൻ ഉമയ്യ: അബൂ ഇസ്സ:യോട് പറഞ്ഞു. “ഇല്ല ഞാൻ വരില്ല. മുഹമ്മദ്ﷺ മറ്റാരോടും കാണിക്കാത്ത ഔദാര്യം എന്നോട് കാണിച്ചിട്ടുണ്ട്. മുഹമ്മദിﷺനെതിരെ സംഘാടനമോ യുദ്ധമോ നടത്തുകയില്ലെന്ന് ഞാൻ കരാർ ചെയ്തിട്ടുമുണ്ട്.” അബൂ ഇസ്സ പ്രതികരിച്ചു. പക്ഷേ, സഫ്‌വാൻ വിട്ടില്ല. അയാൾ മോഹനമായ വാഗ്ദാനങ്ങൾ നൽകി. നിനക്കെന്തെങ്കിലും സംഭവിച്ചാൽ നിന്റെ മക്കളെ എന്റെ മക്കളെപ്പോലെ തന്നെ ഞാൻ പരിചരിച്ചോളാം. നീ മടങ്ങി വന്നാൽ ഒരായുസ്സിന് മതിയായ സ്വത്ത് നിനക്ക് ഞാൻ നൽകിക്കോളാം എന്നെല്ലാം അവൻ പറഞ്ഞു. ഒടുവിൽ അബൂ ഇസ്സ രംഗത്തിറങ്ങി. ജനങ്ങളെ സംഘടിപ്പിക്കുകയും യുദ്ധപുറപ്പാടിന് ഊർജ്ജം പകരുകയും ചെയ്തു. ഖുറൈശീ സംഘത്തോടൊപ്പം പുറപ്പെട്ട അദ്ദേഹം മുസ്‌ലിംകളുടെ പിടിയിലകപ്പെട്ടു എന്ന് മാത്രമല്ല ഖുറൈശികളിൽ നിന്ന് ഇയാൾ മാത്രമേ ബന്ദിയായി പിടിക്കപ്പെട്ടുള്ളൂ. നബിﷺയുടെ സന്നിധാനത്തിൽ ഹാജരാക്കപ്പെട്ടപ്പോൾ അബൂ ഇസ്സ പഴയ അപേക്ഷ ആവർത്തിച്ചു. ഒരിക്കൽ കൂടി നബിﷺയുടെ ഔദാര്യം ചൂഷണം ചെയ്യാമെന്നയാൾ കരുതി. പക്ഷേ, നബിﷺ അയാളോട് ചോദിച്ചു. “നീയെന്നോട് ചെയ്ത കരാറൊക്കെയെവിടെ? ഒരിക്കൽ കൂടി മുഹമ്മദിﷺനെ കബളിപ്പിച്ചു എന്ന് പറഞ്ഞ് മക്കയിൽ ചെന്ന് ഞെളിയാമെന്നാണ് വിചാരം അല്ലേ? ഒരു സത്യവിശ്വാസിയെ ഒരു മാളത്തിൽ നിന്ന് രണ്ട് പ്രാവശ്യം പാമ്പ് കടിക്കുകയില്ല. നീയെന്താണ് കരുതിയത്?” ശേഷം, വിശ്വാസവഞ്ചനക്ക് വധശിക്ഷ വിധിച്ചു. ആസ്വിമു ബിൻ സാബിതിനെ ശിക്ഷ നടപ്പിലാക്കാൻ ചുമതലയേൽപ്പിച്ചു.

ഒരു നീതിന്യായ വ്യവസ്ഥിതിയുടെയും ഭരണകൂട ക്ഷേമത്തിന്റെയും ഭാഗമായി മറ്റു ചിലർ കൂടി ഈ സന്ദർഭത്തിൽ വധശിക്ഷക്ക് വിധേയരായി. നള്ർ ബിൻ ഹാരിസ്, ഉഖ്ബ ബിൻ അബീ മുഐത്വ് എന്നിവരായിരുന്നു അവർ.

ബദ്ർ യുദ്ധത്തെ തുടർന്ന് വ്യവസ്ഥാപിതമായ ഒരു രാഷ്ട്രഘടനയായി മുസ്ലിം സമൂഹം ഉയർന്നു. അതോടെ ആചാരാനുഷ്ഠാനങ്ങൾക്കൊപ്പം പുതിയ വ്യവഹാരങ്ങൾ കൂടി കടന്നുവന്നു. ഒരു രാജ്യത്തിനും ആഗോള സമൂഹത്തിനും ഉണ്ടായിരിക്കേണ്ട നിയമനിർദ്ദേശങ്ങൾ പ്രായോഗികമായി അവതരിപ്പിക്കേണ്ട സാഹചര്യമുണ്ടായി. അതിൽപെട്ട അധ്യായങ്ങളാണ് യുദ്ധത്തിൽ പിടിക്കപ്പെട്ടവരെ കുറിച്ചുള്ള തീരുമാനങ്ങളും സമരാർജിത സ്വത്തിന്റെ വ്യവഹാരക്രമങ്ങളും.

ബദ്റിൽ നിന്നു ലഭിച്ച സ്വത്തിന്റെ അവകാശത്തെച്ചൊല്ലി അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഒരു വിഭാഗം പറഞ്ഞു യുദ്ധാനന്തരം പോർക്കളത്തിൽ നിന്ന് സ്വത്തുകൾ സമാഹരിച്ചവരാണ് അതിന്റെ അവകാശികൾ. ശത്രുക്കളെ പിന്തുടർന്ന് ഓടിച്ചു വിട്ടവർ പറഞ്ഞു ഞങ്ങളാണ് അവകാശികൾ. കാരണം ഞങ്ങളാണ് സ്വത്തുകൾ സമാഹരിക്കാൻ സാഹചര്യമൊരുക്കിയത്. നബിﷺക്ക് സുരക്ഷയേർപ്പെടുത്തി ടെന്റിനു സമീപം നിന്നവർ പറഞ്ഞു. ഞങ്ങളാണവകാശികൾ കാരണം ഞങ്ങൾ നേതൃത്വത്തെ സംരക്ഷിക്കുന്ന ഉത്തരവാദിത്വം നിർവഹിക്കുകയായിരുന്നു. ഈ സന്ദർഭത്തിലാണ് പരിശുദ്ധ ഖുർആനിലെ എട്ടാമത്തെ അധ്യായം അൽ അൻഫാലിലെ ഒന്നാമത്തെ സൂക്തം അവതരിക്കുന്നത്. ആശയം ഇപ്രകാരം വായിക്കാം. “യുദ്ധമുതലുകളെക്കുറിച്ച് അവര്‍ തങ്ങളോട് ചോദിക്കുന്നു. പറയുക: യുദ്ധമുതലുകള്‍ അല്ലാഹുവിനും അവന്റെ ദൂതനുമുള്ളതാണ്. അതിനാല്‍ നിങ്ങള്‍ ഭക്തരാവുക. നിങ്ങള്‍ പരസ്പര ബന്ധം ‎മെച്ചപ്പെടുത്തുക. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുക. നിങ്ങള്‍ ‎സത്യവിശ്വാസികളെങ്കില്‍!”‎

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-275/365

ഗനീമത് അഥവാ യുദ്ധ മുതലിന്റെ വിതരണത്തെ സംബന്ധിച്ച രണ്ട് തലങ്ങളാണ് നമുക്ക് വായിക്കാനുള്ളത്. ഒന്ന്, വധിക്കപ്പെട്ടവന്റെ സലബ് അഥവാ അവന്റെ പടച്ചട്ടയും ആയുധങ്ങളുമടക്കം വധിച്ചവനും ബന്ദിയാക്കപ്പെട്ടവന്റെ സലബ് ബന്ദിയാക്കിയവനും അവകാശപ്പെട്ടതാണ്. രണ്ട്, വിശുദ്ധ ഖുർആനിലെ എട്ടാമധ്യായം നാൽപ്പത്തിയൊന്നാമത്തെ സൂക്തത്തിൽ പറഞ്ഞതു പ്രകാരമുള്ള വിതരണം. സൂക്തത്തിന്റെ ആശയം ഇപ്രകാരമാണ്. “അറിയുക: നിങ്ങള്‍ നേടിയ യുദ്ധമുതല്‍ എന്തായാലും അതിന്റെ അഞ്ചിലൊന്ന് അല്ലാഹുവിനും ‎അവന്റെ ദൂതനും അടുത്ത ബന്ധുക്കൾക്കും അനാഥകൾക്കും അഗതികൾക്കും ‎വഴിയാത്രക്കാർക്കുമുള്ളതാണ്. അല്ലാഹുവിലും രണ്ട് സംഘങ്ങള്‍ പരസ്പരം ഏറ്റുമുട്ടിയതിലൂടെ ‎സത്യാസത്യങ്ങള്‍ വ്യക്തമായി വേർതിരിഞ്ഞ നാളില്‍ നാം നമ്മുടെ ദാസന് ഇറക്കിക്കൊടുത്തതിലും ‎വിശ്വസിച്ചവരാണ് നിങ്ങളെങ്കിൽ, അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനത്രെ.”

ഈ രണ്ടു രീതികളിൽ ഏത് രീതിയെ അവലംബിച്ചാണ് ബദ്റിലെ ‎
യുദ്ധമുതൽ വിതരണം ചെയ്തത് എന്നതിൽ അഭിപ്രായങ്ങളുണ്ട്. നിവേദനങ്ങൾ മുഴുവൻ ചേർത്തു വെക്കുമ്പോൾ രണ്ടു രീതിയിലും വിതരണം ചെയ്തിരുന്നു എന്നാണ് മനസ്സിലാവുന്നത്. സലബുകൾ അതിന്റെ ആളുകൾക്ക് നൽകിയതിന് ശേഷം പൊതുവായിക്കിട്ടിയ മുതൽ ഖുർആൻ നിർദേശിച്ച പ്രകാരം വിതരണം ചെയ്തു എന്നതാണ് ഒരു സംക്ഷിപ്തമായി നമുക്ക് വായിച്ചെടുക്കാൻ കഴിയുന്നത്. കാരണം, അല്ലാഹു അനുവദിച്ച അഞ്ചിലൊന്ന് വിഹിതപ്രകാരം ബദ്റിൽ വെച്ച് നബി‎ﷺ അലി(റ)വിനു കൊടുത്ത ഒട്ടകത്തെ കുറിച്ച് ഇമാം ബുഖാരി(റ) ഉദ്ധരിച്ച ഹദീസിൽ വന്നിട്ടുണ്ട്. അതുപോലെ അംറ് ബിൻ ജെമൂഹ്(റ), അലി(റ), ഹംസ(റ) തുടങ്ങിയവർക്ക് സലബ് ലഭിച്ചതും നിവേദനങ്ങളിൽ കാണാം. ഈ രണ്ട് ഭാഗങ്ങളും ചേർത്ത് വായിക്കുമ്പോൾ മേല്പറഞ്ഞ നിഗമനമാണ് ഏറ്റവും പ്രാമാണികമായി കാണുന്നത്.

യുദ്ധമുതൽ അഞ്ചായി ഭാഗിക്കണമെന്ന നിയമം പിന്നീട് വന്നതാണെന്നും ബദ്റിലെ മുതലുകൾ പങ്കെടുത്തവർക്കിടയിൽ തുല്യമായി ഓഹരി ചെയ്തതാണെന്നും ചിലർ എഴുതിയിട്ടുണ്ട്. അതിന് പ്രാമാണിക പിന്തുണ തീരെ കുറവാണുള്ളത്. യുദ്ധമുതൽ വിഹിതം വെക്കുന്ന വിഷയം ഉൾകൊള്ളുന്ന അൽ അൻഫാൽ അധ്യായം പൂർണമായും ബദ്റിനോട് അനുബന്ധിച്ചു തന്നെയാണ് അവതരിച്ചത്. നഖലയിലേക്ക് നിയോഗിച്ച സമ്മർദ സേനാ സംഘം അഥവാ സരിയ്യതിന്റെ മുതലും ഇപ്രകാരമാണ് വിഹിതം വെച്ചതെന്നും പണ്ഡിതന്മാർ വിശദീകരിച്ചിട്ടുണ്ട്. ബദ്റിൽ പങ്കെടുത്ത് കൊല്ലപ്പെട്ടവർക്കുള്ള വിഹിതം അവരുടെ അനന്തരാവകാശികൾക്കു നൽകി.

ഇസ്‌ലാം സർവതല സ്പർശിയായി പ്രായോഗിക തലത്തിൽ അടയാളപ്പെട്ടതെങ്ങനെ എന്നതിന്റെ ഒരു ചിത്രം കൂടിയാണ് നാം കണ്ടത്. ഖുർആൻ അവതരണ സന്ദർഭങ്ങളിൽ നിന്ന് വായിക്കുന്നതിന്റ ഒരു സൗന്ദര്യം കൂടി നമുക്കിവിടെ ലഭിക്കും.

ഒരുനാൾ ജന്മനാട് വിട്ടു പോകേണ്ടി വന്നവർ തങ്ങളെ പുറത്താക്കിയ അഹങ്കാരി സംഘത്തെ അതിജിയിച്ച് എന്നേക്കുമുള്ള അഭിമാന നേട്ടത്തെ അടയാളപ്പെടുത്തിയിരിക്കുകയാണ്. ചരിത്രത്തിന്റെ തന്നെ ദിശ ഇനി മാറി സഞ്ചരിക്കാൻ പോവുകയാണ്. ബദ്റിൽ നേടിയ വിജയത്തിന്റെ വിവരങ്ങൾ മദീനയിൽ എത്തി. ഔദ്യോഗികമായി വാർത്ത അറിയിക്കാൻ മദീനയുടെ രണ്ടു പ്രവിശ്യകളിലേക്കായി രണ്ട് പേരെ നബിﷺ നിയോഗിച്ചു. മദീനയുടെ ഉയർന്ന പ്രദേശങ്ങളിലേക്ക് അഥവാ അവാലിയിലേക്ക് അബ്ദുല്ലാഹി ബിനു റാവാഹ:(റ)യേയും താഴ്ന്ന പ്രദേശങ്ങളിലേക്ക് സൈദ് ബിൻ ഹാരിസ(റ)യേയുമാണ് നിയോഗിച്ചത്. അവർ മദീനയിലെത്തി വിളംബരം ചെയ്തു. “അല്ലയോ അൻസ്വാറുകളേ… നിങ്ങൾ സന്തോഷിച്ചോളൂ! അല്ലാഹുവിന്റെ ദൂതർ സുരക്ഷിതമായി വിജയം നേടുകയും മുശ്‌രിക്കുകൾ കൊല്ലപ്പെടുകയോ ബന്ദിയാക്കപ്പെടുകയോ പരാജയപ്പെടുകയോ ചെയ്തിരിക്കുന്നു.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-276/365

മുസ്‌ലിംകളുടെ വിജയ വിളംബരം മദീനയിലെ കപട വിശ്വാസികൾക്ക് ഉൾക്കൊളളാനായില്ല. അവർ പലതും പറയാൻ തുടങ്ങി. ചിലർ പാടെ നിരാകരിച്ചു. ഒരാൾ അബൂ ലുബാബയോട് പറഞ്ഞു. മുഹമ്മദിﷺന്റെ അനുയായികൾ ആകെ ചിഹ്നഭിന്നമായിരിക്കുന്നു. ഇനിയൊരിക്കലും അവർ സംഘടിക്കുകയില്ല. അതാ കണ്ടില്ലേ മുഹമ്മദിﷺന്റെ ഒട്ടകപ്പുറത്ത് വന്ന് സൈദ് ബിൻ ഹാരിസ(റ) എന്തൊക്കെയോ വിളിച്ചു പറയുന്നു. ഉസാമ അബൂലുബാബയോട് ചോദിച്ചു. അയാൾ എന്താണ് നിങ്ങളോട് പറഞ്ഞത്? അദ്ദേഹം കാര്യം പറഞ്ഞു. ഉടനെ ഉസാമ മുഴുവൻ ശക്തിയും സംഭരിച്ചു ആ കപടനെ സമീപിച്ചു. എന്നിട്ട് പറഞ്ഞു. നീ ജനങ്ങളെ പ്രകോപിപ്പിക്കാൻ വേണ്ടി അല്ലാഹുവിന്റെ ദൂതനെ കുറിച്ച് വ്യാജം പ്രചരിപ്പിക്കുകയാണോ? നബിﷺ ഇങ്ങ് മദീനയിലേക്ക്‌ വരട്ടെ. നിന്നെ ഞാനാ സന്നിധിയിലെത്തിച്ച് ശരിയാക്കി തരാം. ഞാൻ പറഞ്ഞതല്ല ഒരാൾ പറയുന്നത് കേട്ടതാണെന്നു പറഞ്ഞ് അയാൾ ഒഴിഞ്ഞു മാറി.

ബദ്റിൽ കൊല്ലപ്പെട്ട ഖുറൈശികളുടെ പേരുകൾ എണ്ണിപ്പറഞ്ഞപ്പോൾ കപടന്മാർക്ക് തീരെ വിശ്വസിക്കാനായില്ല. അവരുടെ നേതാവായ കഅബ് ബിൻ അൽ അഷ്‌റഫ്‌ പറഞ്ഞു. അവരൊക്കെ വധിക്കപ്പെട്ടുവെങ്കിൽ ഇനി ഭൂമിയുടെ മുകളിൽ ജീവിക്കുന്നതിനേക്കാൾ നല്ലത് ഉള്ളിലേക്ക് പോകുന്നതാണ്.

നബിﷺ മദീനയിലേക്കുള്ള യാത്രയിൽ സഫ്‌റാ മലയിടുക്ക് കഴിയുന്നതിനു മുമ്പ് യുദ്ധമുതൽ വിതരണം ചെയ്തു കഴിഞ്ഞു. ശേഷം യാത്ര തുടരുകയാണ്.
നബിﷺ ബദ്റിലേക്ക് പുറപ്പെടുമ്പോൾ മകൾ റുഖിയ്യ: രോഗ ശയ്യയിലായിരുന്നു. മഹതിയെ പരിചരിക്കാൻ വേണ്ടി ഉസ്മാൻ(റ)വിനെ മദീനയിൽ നിർത്തിയിരുന്നു. അതിനിടയിൽ മഹതിയുടെ രോഗം മൂർച്ഛിച്ചു. അവിടുന്ന് ഇഹലോകവാസം വെടിഞ്ഞു. ഉസ്മാൻ(റ) മഹതിയെ മറമാടിക്കൊണ്ടിരിക്കുമ്പോഴാണ് മദീനയുടെ പലഭാഗത്ത് നിന്നും ‘അല്ലാഹു അക്ബർ’ എന്ന തക്ബീറിന്റെ ആരവം കേൾക്കുന്നത്. ഉസ്മാൻ(റ) ചോദിച്ചു അതെന്താണാ കേൾക്കുന്നത്? ഉസാമ നോക്കിയിട്ട് വന്നു പറഞ്ഞു. വിശ്വാസികൾ ബദ്റിൽ വിജയിച്ച വാർത്തയുമായി സൈദുബിൻ ഹാരിസ(റ) എത്തിയിരിക്കുന്നു. അതിന്റെ ആരവമാണ് കേൾക്കുന്നത്.

മുത്ത് നബിﷺ മക്കയിൽ നിന്ന് മദീനയിലേക്ക് പലായനം ചെയ്തു വന്ന നാളത്തെ പ്രതീതി. മദീന സാഘോഷം സ്വാഗതം പാടുന്നു. കുട്ടികൾ “ത്വാലഅൽ ബദ്റു അലൈനാ” എന്ന വിശ്രുതമായ സ്വീകരണ ഗാനത്തിന്റെ വരികൾ ഏറ്റുചൊല്ലുന്നു. നേതാവായ മുത്ത് നബിﷺ ഒരു പോറൽ പോലുമേൽക്കാതെ ജയഘോഷം മുഴക്കി തിരിച്ചെത്തിയതിൽ മദീനക്കാർ അല്ലാഹുവിനെ സ്തുതിച്ചു. അവർ ഏറെ ആനന്ദത്തിലും സന്തോഷത്തിലുമായി.
ഖുറൈശികളുടെ തോൽവിയും അവരിൽ നിന്ന് വധിക്കപ്പെട്ടവരുടെ ഗതികേടും പരാമർശിച്ചു കൊണ്ട് സലമത് ബിൻ സലാമ(റ) ഫലിതം പറയാൻ തുടങ്ങി. കൂട്ടത്തിൽ അദ്ദേഹം ഇങ്ങനെയും അവതരിപ്പിച്ചു. “പടച്ചവൻ സത്യം കെട്ടിയിട്ട ഒട്ടകങ്ങളെപ്പോലെ കുഴഞ്ഞ കുറച്ച് കിഴവികളെയാണ് ഞങ്ങൾ അവിടെക്കണ്ടത്. അവരെ ഞങ്ങൾ കശാപ്പ് ചെയ്യുകയും ചെയ്തു.” ഇത് കേട്ടപ്പോൾ നബിﷺക്ക് ചിരിവന്നു. അവിടുന്ന് പറഞ്ഞു. പ്രിയപ്പെട്ട സഹോദരപുത്രാ! അവരൊക്കെ നേതാക്കളും പ്രമാണിമാരുമാണ്. ഈ പ്രതികരണം കേട്ടപ്പോൾ സലമതിന് നാണക്കേടായി. അദ്ദേഹം പറഞ്ഞു. അല്ലയോ അല്ലാഹുവിന്റെ ദൂതരേﷺ!അവിടുത്തേക്ക് എന്നോട് തൃപ്തിയില്ലാത്തപോലെയുണ്ടല്ലോ? നേരത്തേ സലമയിൽ നിന്നുണ്ടായ പ്രയോഗങ്ങൾ ഓർമപ്പെടുത്തിക്കൊണ്ട് നബിﷺ പറഞ്ഞു. നിങ്ങൾ ശരിയാകുമെന്ന് കരുതി പലപ്പോഴും ഞാൻ വിട്ടുവീഴ്ച ചെയ്തു. നബിﷺയുടെ പ്രതികരണത്തിൽ നിന്ന് ഗൗരവം ഉൾക്കൊണ്ട സലമ: പിന്നീട് കൂടുതൽ സൂക്ഷ്മതയോടെ സംസാരിക്കാൻ തുടങ്ങി.

ജയഭേരി മുഴക്കി മുസ്‌ലിംകൾ മദീനയിലേക്കെത്തിയപ്പോൾ അവരുടെ പിന്നിൽ ബന്ദികളായി പിടിക്കപ്പെട്ടവരെയും മദീനയിലേക്ക് കൊണ്ടുവന്നിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-277/365

വിലങ്ങുവെച്ചാണ് ബന്ദികളെ മദീനയിലേക്ക് കൊണ്ടുവന്നത്. മക്കയിലെ പൗരപ്രമുഖന്മാരായ നേതാക്കൾ അഹങ്കാരത്തോടെ ബദ്റിലെത്തിയതായിരുന്നു. പ്രവാചകരെﷺയും അനുയായികളെയും നിശ്ശേഷം ഇല്ലാതാക്കാമെന്നായിരുന്നു അവരുടെ വിചാരം. അതിനാവശ്യമായ ഭൗതിക സംവിധാനങ്ങൾ മുഴുവൻ അവർക്കുണ്ടായിരുന്നു. അവർ അതിൽ പ്രതീക്ഷയർപ്പിച്ചാണ് എത്തിയത്. പക്ഷേ, ഭൗതികമായ മാനങ്ങളെ മുഴുവൻ മറികടക്കുന്നതായിരുന്നു ബദ്റിന്റെ രസതന്ത്രം. അഹംഭാവികൾ മുഴുവൻ അവിടെ നിലം പതിച്ചു. കൊല്ലപ്പെടുകയോ പിടിക്കപ്പെടുകയോ തോറ്റോടുകയോ ചെയ്തു.

ബന്ദികൾ മദീനയിലേക്കെത്തിച്ചേർന്ന രംഗത്തിന് സൗദ(റ) സാക്ഷിയായിരുന്നു. അഫ്റാഇന്റെ മക്കൾ മുഅവ്വിദും മുആദും കൊല്ലപ്പെട്ടതിന്റെ വ്യസനത്തിലായിരുന്നു അവർ. പക്ഷേ, അതിനിടയിലും ബന്ദികളുടെ നിസ്സാരത മഹതിയെ സ്വാധീനിച്ചു .പർദ്ദാനിയമം പ്രാബല്യത്തിൽ വരുന്നതിന് മുമ്പായിരുന്നതിനാൽ നേരിട്ടു തന്നെ കണ്ട അനുഭവങ്ങൾ പിൽക്കാലത്തവർ പങ്കുവെച്ചിരുന്നു.

മഹതി പറയുന്നു. ഞാൻ നബിﷺയുടെ സവിധത്തിലെത്തിയപ്പോൾ അതാ ഒരു മൂലയിൽ നിൽക്കുന്നു അബൂ യസീദ്. കയർ കൊണ്ട് കൈ കഴുത്തിലേക്ക് ബന്ധിക്കപ്പെട്ട അവസ്ഥയിലാണ് നിൽക്കുന്നത്. സുഹൈലുബിനു അംറ് അടുത്ത മൂലയിൽ നിൽക്കുന്നു. ആ സന്ദർഭത്തിൽ എനിക്ക് എന്നെ നിയന്ത്രിക്കാനായില്ല. ഞാൻ അബൂയസീദിനോട് ചോദിച്ചു. അല്ലയോ അബൂയസീദ് ഇതാ ബന്ധിച്ചോളൂ എന്ന് പറഞ്ഞിട്ട് നിങ്ങളുടെ കൈകൾ ഇവർക്ക് നീട്ടിക്കൊടുത്തതാണോ? ഇതിനെക്കാൾ നല്ലത് അഭിമാനത്തോടെ മരിക്കുന്നതായിരുന്നില്ലേ? പറഞ്ഞു നിർത്തിയതും നിശബ്ദമായ ചുറ്റുപാടിൽ നിന്ന് നബിﷺ ഉയർന്നു. അല്ല സൗദാ അല്ലാഹുവിനും അവന്റെ ദൂതനുമെതിരെ അയാളെ പ്രോത്സാഹിപ്പിക്കുകയാണോ?

അല്ലാഹുവിന്റെ തിരുദൂതരേﷺ! തങ്ങളെ സത്യ സന്ദേശവുമായി നിയോഗിച്ച നാഥൻ സാക്ഷി! കൈകൾ കഴുത്തിലേക്ക് ബന്ധിക്കപ്പെട്ട് നിൽക്കുന്ന അബൂയസീദിനെ കണ്ടപ്പോൾ എനിക്ക് എന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അങ്ങനെ ഞാനങ്ങ് പറഞ്ഞു പോയതാണ്.

സത്യത്തിന്റെ പക്ഷത്തിന് ലഭിച്ച പ്രതാപത്തിന്റെയും പ്രതിപക്ഷം നേരിട്ട പരാജയത്തിന്റെയും വ്യാപ്തി വ്യക്തമാക്കുന്ന കാഴ്ചകളായിരുന്നു ഓരോന്നും. ബദ്ർ പകർന്നു നൽകിയ ആത്മവിശ്വാസം വിശ്വാസികളെ കൂടുതൽ ഊർജ്ജസ്വലരാക്കി. അതോടൊപ്പം മുസ്‌ലിംകളുടെ വിജയ മുന്നേറ്റം വിദേശ ദിക്കുകളിൽ വാർത്തയായി. അറബ് ഉപദ്വീപിലെ രാഷ്ട്രീയമാറ്റം അവർ ചർച്ച ചെയ്തു. എത്യോപ്യയിൽ അഭയാർത്ഥിയായിക്കഴിഞ്ഞിരുന്ന ജാഫർ(റ)വിനേയും കൂട്ടുകാരെയും അവിടുത്തെ ഭരണാധികാരി നജ്ജാഷി രാജാവ് തന്റെ അടുത്തേക്ക് ക്ഷണിച്ചു വരുത്തി. ചെന്ന് നോക്കുമ്പോൾ നുരുമ്പിയ വസ്ത്രങ്ങൾ ധരിച്ചു നിലത്തിരിക്കുകയായിരുന്നു അദ്ദേഹം. വളരെ വിനയ ഭാവത്തിലായിരുന്നു അദ്ദേഹം ഉണ്ടായിരുന്നത്. ഇതെന്തേ ഇങ്ങനെ എന്ന് ജഅഫറും(റ) സംഘവും ആലോചിച്ചു നിൽക്കവേ രാജാവ് പറഞ്ഞു തുടങ്ങി. ഒരു സന്തോഷവാർത്ത അറിയിക്കാനാണ് ഞാൻ നിങ്ങളെ വിളിച്ചുവരുത്തിയത്. നിങ്ങളുടെ നാട്ടിൽ നിന്നുള്ള എന്റെ ദൂതൻ ഒരു സുവിശേഷവുമായി വന്നിരിക്കുന്നു. അല്ലാഹു അവന്റെ തിരുദൂതരെﷺ സഹായിക്കുകയും ശത്രുക്കളെ പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു എന്നാണ് വാർത്ത. ഇത്രയിത്രയാളുകൾ വധിക്കപ്പെട്ടിരിക്കുന്നു. ഇന്നയിന്നവ്യക്തികൾ പിടിക്കപ്പെട്ടിരിക്കുന്നു. അറാക്ക് മരങ്ങൾ ഏറെയുള്ള ബദ്ർ എന്ന പ്രദേശത്തുവെച്ചാണ് യുദ്ധം നടന്നത്.

ജഅഫറും(റ) സംഘവും അല്ലാഹുവിനെ വാഴ്ത്തി. എന്തെന്നില്ലാതെ അവർ ആനന്ദിച്ചു. അതിനിടയിൽ അവർ രാജാവിനോട് ചോദിച്ചു. എന്തേ താങ്കൾ ഈ വേഷത്തിൽ ഇങ്ങനെ നിലത്തിരിക്കുന്നു. അല്ലാഹുവിന്റെ അടിമകൾക്ക് അവൻ അനുഗ്രഹം ചെയ്താൽ അവന് സ്തോത്രങ്ങൾ നേർന്ന് വിനയ ഭാവത്തിൽ കഴിയണമെന്ന് ഈസാ പ്രവാചകൻ(അ) പഠിപ്പിച്ചിട്ടുണ്ട്. അല്ലാഹു അവന്റെ ദൂതന്ﷺ നൽകിയ ഈ അനുഗ്രഹത്തിന് ഞാൻ അല്ലാഹുവിനോട് വിനയപൂർവ്വം സ്തോത്രങ്ങളർപ്പിക്കുകയാണ്. രാജാവ് പ്രതികരിച്ചു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-278/365

ബദ്റിന്റെ പ്രാധാന്യത്തിന്റെ ഭാഗമാണ് ബദ്റിൽ പങ്കെടുത്തവരുടെ മഹത്വം. ബദ്റിൽ സംബന്ധിച്ച വിശ്വാസികൾക്ക് ഉയർന്ന സ്ഥാനപദവികൾ അല്ലാഹു നൽകിയിട്ടുണ്ട്. മുഹമ്മദ് നബി‎ﷺ അതെടുത്ത് പറയുകയും ബദ്‌രീങ്ങൾക്ക് വകവെച്ചു നൽകുകയും ചെയ്തു. ഒരിക്കൽ ജിബ്‌രീല്‍(അ) നബിﷺ യോട് ചോദിച്ചു. ബദ്‌രീങ്ങളെ എങ്ങനെയാണ് കാണുന്നത്? അവർ വിശ്വാസികളുടെ കൂട്ടത്തിൽ അത്യുത്തമരാണ് നബിﷺ പ്രതികരിച്ചു. ഞങ്ങളും അങ്ങനെയാണ്. ഞങ്ങളുടെ കൂട്ടത്തിൽ ഏറ്റവും ഉന്നതരാണ് ബദ്റിൽ പങ്കെടുത്ത മലക്കുകൾ.

അല്ലാഹു ബദ്‌രീങ്ങൾക്ക് നൽകിയ സ്ഥാനമഹത്വങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ പരാമർശം ഇങ്ങനെയാണ്. അല്ലാഹു ബദ്റിലേക്ക് പ്രത്യേകം നിരീക്ഷിച്ചുകൊണ്ട് പറഞ്ഞു. സ്വർഗം നിങ്ങൾക്ക് നിർബന്ധമായിരിക്കുന്നു. നിങ്ങൾ ഇഷ്ടം പോലെ ജീവിച്ചോളൂ. നിങ്ങൾക്ക് ഞാൻ പൊറുത്തു തന്നിരിക്കുന്നു. ഈ പ്രസ്താവനയെ ശരിവെച്ചു കൊണ്ട് നബിﷺ സ്വീകരിച്ച ഒരു സമീപനത്തെ നമുക്ക് ഇങ്ങനെ വായിക്കാം.

അലി(റ) പറയുന്നു. കുതിര സവാരിയിൽ വൈദഗ്‌ധ്യമുള്ള അബൂ മർസദിനെയും എന്നെയും നബിﷺ വിളിച്ചു വരുത്തി. ഞങ്ങളെ ഒരു ദൗത്യം ഏൽപ്പിച്ചു പറഞ്ഞു. “നിങ്ങൾ നേരെ ‘ഖാഖ്’ തോട്ടത്തിലെത്തുക. അവിടെ നിങ്ങൾക്കൊരു സ്ത്രീയെ കാണാൻ കഴിയും. മുശ്‌രിക്കുകളിൽ പെട്ട അവളുടെ പക്കൽ ഹാത്വബ് ബിൻ അബീ ബൽത്വഅ: മക്കയിലേക്ക് എത്തിക്കാൻ ഏൽപിച്ച ഒരു കത്തുണ്ടാകും.”

ഞങ്ങൾ യാത്രതിരിച്ചു. ഒട്ടകപ്പുറത്ത് യാത്ര ചെയ്യുന്ന അവൾക്കൊപ്പമെത്തി. ഉടനെ ഞങ്ങൾ ചോദിച്ചു. “ആ കത്തെവിടെയാണ്?” എന്റെ പക്കൽ കത്തൊന്നുമില്ലെന്നവൾ നിഷേധിച്ചു. അപ്പോൾ ഞങ്ങൾ അൽപം ഗൗരവത്തോടെ പെരുമാറി. പരതിനോക്കിയെങ്കിലും കണ്ടെത്താനായില്ല. അപ്പോൾ ഞങ്ങൾ പരസ്പരം പറഞ്ഞു അല്ലാഹുവിന്റെ ദൂതർﷺ ഏതായാലും കളവു പറയില്ലല്ലോ?എന്നിട്ടവളോട് പറഞ്ഞു. വേഗം കത്തെടുത്ത് തന്നോളൂ അല്ലെങ്കിൽ നിന്നെ വസ്ത്രമഴിച്ച് പരിശോധിക്കേണ്ടി വരും. ഞങ്ങൾ പിൻ വാങ്ങില്ല എന്നറിഞ്ഞപ്പോൾ മുടിക്കെട്ടിൽ നിന്നവൾ കത്ത് പുറത്തെടുത്തു. ഞങ്ങൾ അത് വാങ്ങി തിരുസവിധത്തിലേക്ക് യാത്രതിരിച്ചു. ചാരവൃത്തി ചെയ്യുന്ന സുന്ദരിയായ അവളുടെ പേര് സാറ എന്നാണത്രെ.

കത്തുമായി ഞങ്ങൾ തിരുനബിﷺയുടെ സമക്ഷത്തിലെത്തി. ഉടനെ നബിﷺ കത്ത് കൊടുത്തയച്ച സ്വഹാബിയായ ഹാത്വബിനെ വിളിച്ചു വരുത്തി കാര്യമന്വേഷിച്ചു. അദ്ദേഹം പറഞ്ഞു. ഞാൻ ഒരു ദുരുദ്ദേശത്തോടെയുമല്ല ഈ കത്ത് കൊടുത്തയച്ചത്. എനിക്ക് മക്കയിൽ എന്റെ കുടുംബത്തിനും സ്വത്തിനും ഒരു ആനുകൂല്യം കിട്ടാൻ വേണ്ടി ചെയ്തതാണ്. മറ്റുള്ളവരെ പോലെ എനിക്ക് ബന്ധുക്കളോ മറ്റോ മക്കയിൽ പ്രതീക്ഷിക്കാനില്ലാത്തതിനാലാണ് അങ്ങനെ ചെയ്തത്. അല്ലാതെ എന്റെ വിശ്വാസത്തിനോ നിലപാടിനോ മറ്റോ ഒരു മാറ്റവും വന്നിട്ടില്ല. ഹാത്വബിൻ്റെ വിശദീകരണം നബിﷺക്ക് തൃപ്തിയായി. ഉടനെ അവിടുന്ന് പറഞ്ഞു. ഹാത്വബ് പറഞ്ഞത് സത്യമാണ്. അത് കൊണ്ട് ആരും അദ്ദേഹത്തെ കുറിച്ച് കുറ്റമൊന്നും പറയരുത്.

എന്നാൽ വിഷയത്തിന്റെ ഗൗരവവും ഉമറി(റ)ന്റെ പ്രകൃതവും ഒത്തുചേർന്നപ്പോൾ അദ്ദേഹം ഇങ്ങനെ പറഞ്ഞു. “നബിﷺയേ അവൻ അല്ലാഹുവിനെയും അവന്റെ ദൂതനേﷺയും വിശ്വാസികളേയും വഞ്ചിച്ചിരിക്കുന്നു. അതുകൊണ്ട് അവനെ ശിക്ഷിക്കാൻ എന്നെ അനുവദിച്ചാലും. ഇത്രയുമായപ്പോൾ നബിﷺ ഇടപെട്ടു. “അല്ലയോ ഉമറേ നിനക്കെന്തറിയാം! ബദ്‌രീങ്ങളിലേക്ക് അല്ലാഹു ശദ്ധിച്ചു. എന്നിട്ട് പറഞ്ഞു. നിങ്ങൾ ഇഷ്ടമുള്ളത് ചെയ്തോളൂ സ്വർഗം അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു. ഇതുകേട്ടതും ഉമർ(റ) പൊട്ടിക്കരഞ്ഞു. കവിൾ തടങ്ങൾ നനഞ്ഞു. എന്നിട്ട് പറഞ്ഞു അല്ലാഹുവും അവന്റെ ദൂതരുﷺമാണല്ലോ നന്നായി കാര്യങ്ങൾ അറിയുന്നത്.

ബദ്റിൽ പങ്കെടുത്ത ആൾ എന്ന നിലയിൽ അല്ലാഹു നൽകിയ മഹത്വം എടുത്തു പറയുകയും പരിഗണിക്കുകയുമാണിവിടെ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-279/365

ബദ്റിലോ ഹുദൈബിയ്യയിലോ പങ്കെടുത്ത ഒരാളും നരകത്തിൽ കടക്കുകയില്ല എന്ന പ്രയോഗം ഇമാം അഹ്മദ്(റ) നിവേദനം ചെയ്ത ഹദീസിൽ കാണാം. തൻ്റെ പിതൃവ്യന്റെ മകൻ കപടവിശ്വാസിയായെന്നും അദ്ദേഹത്തിന്റെ ശിരസ്സു വെട്ടാൻ അനുവദിക്കണമെന്നും പറഞ്ഞ് ഒരു അനുയായി നബി‎ﷺയെ സമീപിച്ചു. അവൻ ബദ്റിൽ പങ്കെടുത്തയാളാണ് എന്ന് പറഞ്ഞ് നബിﷺ ബദ്‌രീങ്ങളുടെ മഹത്വം പറഞ്ഞു കൊടുത്തു.

ബദർദിനത്തിൽ നബിﷺ പറഞ്ഞ സുന്ദരമായ ഒരു പ്രസ്താവന ഇങ്ങനെ വായിക്കാം. എന്റെ ആത്മാവിൻ്റെ അധിപനായ അല്ലാഹു സത്യം! മത ചിട്ടയുള്ള ഒരു നാൽപതുകാരന്റെ വിശ്വാസത്തോടെ ഒരു കുഞ്ഞ് ജനിച്ചെന്നു വെക്കുക. എന്നിട്ടയാൾ നല്ലതുമാത്രം ചെയ്തു അല്ലാഹുവിന്റെ പ്രീതിയിൽ വാർധക്യം വരെ ജീവിച്ചു. എന്നാൽ പോലും ഇന്ന് നിങ്ങൾക്കു ലഭിച്ച പദവിയിലേക്കയാൾ എത്തുകയില്ല. ബദ്‌രീങ്ങളോട് പറഞ്ഞ ഇക്കാര്യം റാഫി ബിൻ ഖദീജിൽ നിന്ന് മജ്മ ഉസ്സവാഇദിൽ ഉദ്ദരിച്ചിട്ടുണ്ട്.

ബനുൽ മുസ്ത്വലഖ് യുദ്ധാനന്തരം കപടവിശ്വാസികൾ തിരുനബിപത്നി ആഇശ ബീവി(റ)ക്കെതിരെ ഒരു ദുരാരോപണം ഉയർത്തി. ഇത് സംബന്ധമായി അല്ലാഹുവിൽ നിന്നുള്ള ഒരു തീരുമാനം വരുന്നത് വരെ നബിﷺ തീർത്തൊന്നും പറഞ്ഞില്ല. ഈ ഇടവേളയിൽ ചിലയാളുകൾ കപടവിശ്വാസികൾ ഉയർത്തിയ പ്രചാരണത്തിൽ വഞ്ചിതരായി ആഇശ(റ)ക്കെതിരെ സംസാരിച്ചു. അക്കൂട്ടത്തിൽ അബൂബക്കർ(റ)വിന്റെ വീട്ടിൽ ഭക്ഷണം കഴിക്കാൻ വന്നിരുന്ന മിസ്തഹും ഉൾപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ഉമ്മ റാളത്വ ആഇശ(റ)യുടെ ഇഷ്ട പരിചാരകയായിരുന്നു. ഒരു ദിവസം അവൾ ആഇശ(റ)യോടൊപ്പം വെളിവിടത്തിലേക്കു പോകുന്നതിനിടയിൽ കാൽ തടഞ്ഞു വീണു. അപ്പോളവൾ പറഞ്ഞു. മിസ്ത്വഹിന് നാശം വരട്ടെ. ഉടനെ ആഇശ(റ) ഇടപെട്ടു. “അങ്ങനെ പറയരുത്. അദ്ദേഹം ബദ്റിൽ പങ്കെടുത്ത ആളാണ്. ബദ്റിൽ പങ്കെടുത്തവരെ ആക്ഷേപിച്ചു കൂടാ.” ബദ്റിൽ സംബന്ധിച്ചവരെ കുറിച്ച് നില നിന്നിരുന്ന ആദര വിചാരങ്ങളുടെ ഒരു തെളിവാണ് നാം വായിച്ചത്.

ഇതാ ഈ രംഗം കൂടി ഒന്ന് വായിച്ചു നോക്കൂ. ഒരിക്കൽ നബിﷺയും അനുയായികളും ഇടുങ്ങിയ ഒരു സ്ഥലത്ത് ഒരുമിച്ചു കൂടിയിരിക്കുകയാണ്. സദസ്സിന് വിശാലമായി ഇരിക്കാനുള്ള ഇടമില്ല. ബദ്റിൽ പങ്കെടുത്ത ചിലർ അവിടേക്ക് കടന്നുവന്നു. സദസ്യർ ഏതുവിധേനെയും വന്നവർക്ക് ഇടമൊരുക്കി ഇരുത്തുമെന്നായിരുന്നു നബിﷺ വിചാരിച്ചത്. അവർ അത് ശ്രദ്ധിച്ചില്ല. ബദ്‌രീങ്ങളായ ആഗതർ നിൽക്കുന്നത് കണ്ടപ്പോൾ നബിﷺക്ക് പ്രയാസമായി. അപ്പോൾ സദസ്സിലുള്ള ചിലരെ പേരെടുത്ത് വിളിച്ച് വന്നവർക്ക് ഇരിക്കാൻ സൗകര്യം ചെയ്തു കൊടുക്കാൻ ആവശ്യപ്പെട്ടു. ഈ അവസരത്തിലാണ് വിശുദ്ധ ഖുർആൻ അൻപത്തിയെട്ടാം അധ്യായം അൽ മുജാദലയിലെ പതിനൊന്നാമത്തെ സൂക്തം അവതരിക്കുന്നത്. ആശയം ഇപ്രകാരം മനസ്സിലാക്കാം. “സത്യവിശ്വാസികളേ, സദസ്സുകളില്‍ മറ്റുള്ളവര്‍ക്ക് സൗകര്യമൊരുക്കിക്കൊടുക്കാന്‍ നിങ്ങളോടാവശ്യപ്പെട്ടാല്‍ നിങ്ങള്‍ നീങ്ങിയിരുന്ന് ഇടം നല്‍കുക. എങ്കില്‍ അല്ലാഹു നിങ്ങള്‍ക്കും സൗകര്യമൊരുക്കിത്തരും. പിരിഞ്ഞുപോവുക എന്നാണ് നിങ്ങളോടാവശ്യപ്പെടുന്നതെങ്കില്‍ നിങ്ങള്‍ എഴുന്നേറ്റ് പോവുക. നിങ്ങളില്‍നിന്ന് സത്യവിശ്വാസം സ്വീകരിച്ചവരുടെയും അറിവ് നല്‍കപ്പെട്ടവരുടെയും പദവികള്‍ അല്ലാഹു ഉയര്‍ത്തുന്നതാണ്. നിങ്ങള്‍ ചെയ്യുന്നതൊക്കെയും നന്നായറിയുന്നവനാണ് അല്ലാഹു.”

ബദ്‌രീങ്ങൾക്ക് പൊറുത്തു കൊടുത്തിരിക്കുന്നു എന്നതിൻ്റെ പൊരുൾ ഭൗതികമായ മതനിയമങ്ങൾ ഒന്നും അവർക്ക് ബാധകമല്ലെന്നോ നിയമ നടപടിക്കവർ വിധേയരല്ലെന്നോ അല്ല. അതൊക്കെയും അവർക്ക് ബാധകമാണ്. അത് കൊണ്ടാണ് ആഇശ ബീവി(റ)യുടെ പവിത്രത പ്രഖ്യാപിക്കുന്ന ഖുർആൻ സൂക്തം അവതരിച്ച ശേഷം മിസ്ത്വഹിന് നിയമനടപടി നേരിടേണ്ടി വന്നത്. എന്നാൽ അക്കാരണത്താൽ ആത്മീയ പദവികളോ ആനുകൂല്യങ്ങളോ അവർക്കില്ലാതെയാവുകയുമില്ല.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّم

Mahabba Campaign Part-280/365

ബദ്റിന്റെ ചരിത്രവും അനുബന്ധങ്ങളുമാണ് നാം വായിച്ചു പോന്നത്. ലോകക്രമത്തെ തന്നെ മാറ്റിയെഴുതിയ ഈ മഹാസംഭവത്തെ ഖുർആൻ നിരീക്ഷിക്കുന്നതെങ്ങനെ? ഇത്തരമൊരു പ്രതിരോധം കൊണ്ടെന്തു നേടി? എന്നീ ചില ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടി വായിക്കുമ്പോഴാണ് ബദ്റിനെ കുറിച്ചുള്ള വായനക്കു ഒരു പൂർണത വരുന്നത്. വിശുദ്ധ ഖുർആനിലെ എട്ടാമധ്യായം അൽ അൻഫാലിലെ നാൽപത്തി ഒന്നാമത്തെ സൂക്തത്തിന്റ രണ്ടാം പകുതിയും നാൽപത്തി രണ്ടാം സൂക്തവും നിർവഹിക്കുന്ന അവലോകനം ഒന്നു ശ്രദ്ധിച്ചു നോക്കൂ. “രണ്ടു കക്ഷികൾ പരസ്പരം ഏറ്റുമുട്ടിയതിലൂടെ ‎സത്യാസത്യങ്ങള്‍ വ്യക്തമായി വേർതിരിഞ്ഞ നാളില്‍ നാം നമ്മുടെ ദാസന് അവതരിപ്പിച്ചു കൊടുത്തതിലും അല്ലാഹുവിലും ‎വിശ്വസിച്ചവരാണ് നിങ്ങളെങ്കിൽ,(അല്ലാഹു എല്ലാ കാര്യത്തിനും കഴിവുറ്റവനത്രെ)‎ നിങ്ങള്‍ താഴ്‌വരയുടെ അടുത്ത ഭാഗത്തും അവര്‍ അകന്ന ഭാഗത്തും കച്ചവടസംഘം നിങ്ങൾക്കു ‎താഴെയുമായ സന്ദർഭം, നിങ്ങള്‍ പരസ്പരം ഏറ്റുമുട്ടാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കില്‍ ‎നിങ്ങളതിനു വിരുദ്ധമായി പ്രവർത്തിക്കുമായിരുന്നു. എന്നാല്‍, തീർച്ചയായും ഉണ്ടാകേണ്ട ഒരു കാര്യം ‎നടപ്പില്‍ വരുത്താനാണ് അല്ലാഹു ഇങ്ങനെ ചെയ്തത്. അഥവാ നശിക്കേണ്ടവന്‍ വ്യക്തമായ ‎തെളിവോടെ നശിക്കാനും ജീവിക്കേണ്ടവന്‍ വ്യക്തമായ തെളിവോടെ ജീവിക്കാനും വേണ്ടിയാണിത്. ‎നിശ്ചയമായും അല്ലാഹു എല്ലാം കേൾക്കുന്നവനും അറിയുന്നവനും തന്നെ.‎“

ബദ്റിൽ കലാശിച്ച നടപടികളും സത്യാസത്യ വിവേചനത്തിൽ ബദ്ർ സംഭവത്തിന്റെ പ്രാധാന്യവുമാണ് ഇപ്പോൾ നാം മനസ്സിലാക്കിയത്. പടക്കളത്തിന്റെ ആരംഭത്തിൽ നടന്ന ദ്വന്ദ യുദ്ധവും അതിന്റെ ശേഷിപ്പും ഖുർആൻ പരാമർശിക്കുന്നുണ്ട്. വിശുദ്ധ ഖുർആൻ ഇരുപത്തിരണ്ടാമധ്യായം പത്തൊൻപതു മുതൽ ഇരുപത്തി രണ്ട് വരെയുള്ള സൂക്തങ്ങളുടെ ആശയം ഇങ്ങനെ മനസിലാക്കാം. “അല്ലാഹുവിന്റെ കാര്യത്തില്‍ തര്‍ക്കത്തിലേര്‍പ്പെട്ട രണ്ടു കക്ഷികളാണിത്. എന്നാല്‍ സത്യത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് അഗ്നിയാലുള്ള ഉടയാടകൾ മുറിച്ചുകൊടുക്കുന്നതാണ്. അവരുടെ തലയ്ക്കുമീതെ തിളച്ചവെള്ളം ഒഴിക്കും. അതുവഴി അവരുടെ വയറ്റിലുള്ളതും തൊലിയും ഉരുകിപ്പോകും. അവര്‍ക്കെതിരെ ഇരുമ്പുദണ്ഡുകള്‍ പ്രയോഗിക്കും. അവര്‍ ആ നരകത്തീയില്‍നിന്ന് കൊടുംക്ളേശം കാരണം പുറത്തുപോകാന്‍ ഉദ്ദേശിക്കുമ്പോഴൊക്കെ അവരെ അതിലേക്കുതന്നെ തിരിച്ചയക്കും. കരിച്ചുകളയുന്ന ശിക്ഷ നിങ്ങളനുഭവിച്ചുകൊള്ളുക.“

ഈ ഖുർആനിക സൂക്തത്തെ കുറിച്ച് പ്രമുഖ സ്വഹാബിയായ അബൂദർ(റ) പറയുന്നത്. ബദ്റിൽ മുഖാമുഖം പോരടിക്കാൻ ആദ്യമിറങ്ങിയ ഉത്ബയും ഷൈബയും വലീദും അവരെ നേരിട്ട ഹംസ(റ)യും അലി(റ)യും ഉബൈദ(റ)യുമാണ് ഈ സൂക്തത്തിലെ കഥാപാത്രങ്ങൾ. മുശ്‌രിക്കുകൾ നേരിട്ട ഭൗതിക പരാജയവും തുടർന്നു ലഭിക്കുന്ന പാരത്രിക നഷ്ടവുമാണ് എടുത്തു പറഞ്ഞത്.

ഈ വ്യക്തിയെ ആണോ അല്ലാഹു പ്രവാചകനായി നിയോഗിച്ചത് എന്ന് അബൂ ജഹൽ നബി ‎ﷺ യെ കുറിച്ച് ചോദിച്ചിരുന്നു. അന്ന് നൽകിയ മറുപടി വിശുദ്ധ ഖുർആൻ ഇരുപത്തി അഞ്ചാം അധ്യായം നൽപത്തി ഒന്ന്, നാല്പത്തി രണ്ട് സൂക്തങ്ങളായിരുന്നു. ആശയം ഇങ്ങനെയാണ്. “തങ്ങളെ കാണുമ്പോഴെല്ലാം ഇക്കൂട്ടര്‍ പുച്ഛിക്കുകയാണല്ലോ. അവര്‍ ചോദിക്കുന്നു: ഇയാളെയാണോ ദൈവം തന്റെ ദൂതനായി അയച്ചത്? നമ്മുടെ ദൈവങ്ങളിലെ വിശ്വാസത്തില്‍ നാം ക്ഷമയോടെ ഉറച്ചുനിന്നിരുന്നില്ലെങ്കില്‍ അവയില്‍ നിന്ന് ഈ പ്രവാചകൻ നമ്മെ തെറ്റിച്ചുകളയുമായിരുന്നു.(അല്ലാഹു പറഞ്ഞു) എന്നാല്‍ ശിക്ഷ നേരില്‍ കാണുംനേരം അവര്‍ തിരിച്ചറിയും, ഏറ്റം വഴിപിഴച്ചവര്‍ ആരെന്ന്.“

ഇവിടെ പരാമർശിച്ച ശിക്ഷ നേരിൽ കാണുമ്പോൾ എന്നതിന്റെ പുലർച്ച ബദ്റിലായിരുന്നു എന്നാണ് ഖുർആൻ വ്യാഖ്യാതാക്കൾ വിശദീകരിക്കുന്നത്. അതുപോലെ ഖുർആൻ മുപ്പത്തിയെട്ടാം അധ്യായം ‘സ്വാദ് ’ ലെ പതിനൊന്നാമത്തെ സൂക്തത്തിന്റെ പുലർച്ചയും ബദ്ർ തന്നെയായിരുന്നു എന്നു ഇമാം ഖത്താദ(റ) നിരീക്ഷിക്കുന്നു. ആശയം ഇങ്ങനെയാണ്. “ഇവിടെയുള്ളത് ഒരു സൈനിക സംഘമാണ്. വിവിധ കക്ഷികളില്‍ നിന്നും തോല്‍ക്കാന്‍ പോകുന്ന ദുര്‍ബല സംഘം.“

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-281/365

സത്യത്തിന്റെ വിരുദ്ധ ചേരിയിൽ നിന്ന മുശ്‌രിക്കുകളുടെ പരിണതിയെക്കുറിച്ച് ഖുർആൻ പറയുന്ന പരാമർശങ്ങൾ നോക്കൂ. മുപ്പത്തിയെട്ടാമധ്യായം അൻപത്തിഒൻപത്, അറുപത് സൂക്തങ്ങളുടെ ആശയം ഒന്ന് വായിച്ചു നോക്കൂ. “അവരോട് അല്ലാഹു പറയും: ഇത് നിങ്ങളോടൊപ്പം നരകത്തില്‍ തിങ്ങിക്കൂടാനുള്ള ആള്‍ക്കൂട്ടമാണ്. അപ്പോഴവര്‍ പറയും: ഇവര്‍ക്ക് സ്വാഗതമൊന്നുമില്ല. തീര്‍ച്ചയായും ഇവര്‍ നരകത്തില്‍ കത്തിയെരിയേണ്ടവര്‍ തന്നെ. കടന്നുവരുന്നവര്‍ പറയും: അല്ല, നിങ്ങള്‍ക്ക് തന്നെയാണ് സ്വാഗതമില്ലാത്തത്. നിങ്ങളാണ് ഞങ്ങള്‍ക്ക് ഈ ദുരവസ്ഥ വരുത്തിവെച്ചത്. വളരെ മോശപ്പെട്ട സങ്കേതം തന്നെയാണിത്.” ബദ്റിൽ പങ്കെടുത്ത മുശ്‌രിക്കുകളായ നേതാക്കളെയും അനുയായികളെയുമാണ് ഈ സൂക്തത്തിൽ പരാമർശിച്ചത്.

ബദ്റിൽ മുശ്‌രിക്കുകൾക്ക് ഭക്ഷണം നൽകിയവരെക്കുറിച്ചാണെന്ന് ഖുർആൻ വ്യാഖ്യാതാക്കൾ പറഞ്ഞത് നാൽപത്തിയേഴാം അധ്യായം സൂറത്ത് മുഹമ്മദിലെ ഒന്നാം സൂക്തത്തെ കുറിച്ചാണ്. ആശയം നോക്കൂ. “സത്യത്തെ തള്ളിക്കളയുകയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്ന് ജനത്തെ തടയുകയും ചെയ്തവരുടെ പ്രവര്‍ത്തനങ്ങളെ അല്ലാഹു പാഴാക്കിയിരിക്കുന്നു.”

ബദ്റിൽ വെച്ചു നബിﷺ പടയങ്കി അണിഞ്ഞു എഴുന്നേറ്റപ്പോൾ ഖുർആനിലെ അൻപത്തിനാലാം അധ്യായം അൽ ഖമറിലെ നാൽപത്തിനാല് മുതൽ നാൽപത്തിയാറ് വരെ സൂക്തങ്ങൾ പാരായണം ചെയ്തുകൊണ്ടേയിരുന്നു. ആശയം ഇപ്രകാരമാണ്. “അല്ല, തങ്ങള്‍ സംഘടിതരാണെന്നും സ്വയം രക്ഷപ്രാപിച്ചുകൊള്ളാമെന്നും അവരവകാശപ്പെടുന്നുവോ? എങ്കില്‍ അടുത്തുതന്നെ ഈ സംഘം പരാജിതരാവും, പിന്തിരിഞ്ഞോടുകയും ചെയ്യും. എന്നാല്‍ ആ അന്ത്യനാളാണ് അവരുടെ കണക്ക് തീര്‍പ്പിനുള്ള നിശ്ചിത സമയം. ആ അന്ത്യസമയം അത്യന്തം ഭീകരവും ഭീതിതവുമാണ്.“

ഉമർ(റ) വിശദീകരിക്കുന്നു. ഈ സൂക്തങ്ങൾ മക്കയിലാണ് അവതരിച്ചതെങ്കിലും ഇതിലെ ആശയങ്ങൾ പുലർന്നത് ബദ്റിലായിരുന്നു. നബിﷺ ബദ്റിൽ വച്ചു പാരായണം ചെയ്തപ്പോഴാണ് സന്ദർഭം പൂർണമായും എനിക്ക് ബോധ്യമായത്‌.

ബദ്ർ ദിനത്തെ സത്യനിഷേധികൾക്കുള്ള വിചാരണദിനമായി ഖുർആൻ പരിചയപ്പെടുത്തുന്നു. ഇരുപത്തി ഒന്നാമധ്യായം അൽഅൻബിയാഇലെ ഒന്നാമത്തെ സൂക്തത്തിന്റെ ആശയം നോക്കൂ. “ജനങ്ങള്‍ക്ക് അവരുടെ വിചാരണ ആസന്നമായിരിക്കുന്നു. അവരാകട്ടെ അശ്രദ്ധയിലായിക്കൊണ്ട് തിരിഞ്ഞുകളയുന്നവരാകുന്നു.”

കേവലമായ ഒരു യുദ്ധമായോ സായുധ ഇടപെടലോ മാത്രമായി ബദ്റിനെ മനസ്സിലാക്കരുതെന്നാണ് മേൽ സൂക്തങ്ങൾ നമ്മെ ഉൽബോധിപ്പിക്കുന്നത്. സത്യാസത്യ വിവേചനത്തിനായി കാലം കാത്ത് വെച്ച ഒരു ചുവടായിരുന്നു ബദ്ർ എന്ന് ഓരോ സൂക്തങ്ങളും നമ്മോട് വിളിച്ചു പറയുന്നു.

മതകീയ മാനങ്ങൾക്കപ്പുറം രാഷ്ട്രീയമായും സാംസ്കാരികമായും ഒക്കെ ഈ ചരിത്ര മുഹൂർത്തത്തെ നാം വായിക്കേണ്ടതുണ്ട്. അറേബ്യൻ ഉപഭൂഖണ്ഡത്തെ ഇത്രമേൽ മാറ്റി മറിച്ച ഒരു സംഭവം എന്തായിരുന്നു എന്ന് ഇന്ന് വരെയുള്ള ചരിത്രം മുന്നിൽ വെച്ചു തന്നെ പഠിച്ചു നോക്കേണ്ടതാണ്.

അറേബ്യൻ കവിതകളുടെ പ്രമേയങ്ങൾ തന്നെ മാറി വന്നത് ഇസ്ലാമിന്റെ ആഗമനത്തോട് കൂടിയാണ്. കള്ളും പെണ്ണും കിടമത്സരങ്ങളും മാത്രം തിങ്ങിനിറഞ്ഞ ഇതിവൃത്തത്തിൽ നിന്ന് മൂല്യങ്ങളും ജീവിതവിചാരങ്ങളും കവിതയിലേക്ക് കടന്നു വന്നത് ശ്രദ്ധയോടെ പഠിക്കേണ്ട ഒരു ഗവേഷണ വിഷയമാണ്. അതിനിടയിൽ കവിതകൾ അടയാളപ്പെടുത്തിയ ബദ്ർ എന്ന ഒരധ്യായം കൂടി നമുക്ക് പരിചയപ്പെടാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-282/365

ബദ്റിനെ കുറിച്ച് ഖുർആൻ സംസാരിച്ചത് നാം നേരത്തെ വായിച്ചു. ഇനി ബദ്റിനെ പ്രമേയമാക്കിയോ ബദ്റിന്റെ ഓരത്ത് നിന്നോ വിരചിതമായ കവിതകളാണ് നാം പരിചയപ്പെടുന്നത്. അന്നത്തെ ഏറ്റവും സ്വാധീമുള്ള ആവിഷ്കാര രീതിയാണ് കാവ്യം. ശാരീരികമോ സായുധമോ ആയ പോരാട്ടം യുദ്ധക്കളത്തിൽ നടക്കുന്നതിനേക്കാൾ ശക്തിയോടെ കവിതകളിലൂടെയുള്ള യുദ്ധം സാംസ്കാരിക ഭൂമികയിൽ നടക്കും. ചിലപ്പോൾ സായുധസമരത്തിന്റെ ഊർജമാകുന്നതിലും ഗതിനിയന്ത്രിക്കുന്നതിലും കവിതക്ക് വലിയ പങ്കുണ്ടാകും. ആയതിനാൽ തന്നെ ബദ്റിൽ നേരിട്ട രണ്ട് കക്ഷികളോടും ഒപ്പം കവികളുണ്ടായിരുന്നു. ഹാരിസ് ബിൻ ഹിഷാം, ളിറാറ് ബിൻ ഖത്വാബ്, മുആവിയതുബിൻ സുഹൈർ, അബ്ദുല്ലാഹിബ്നു സ്സിബ്അരി എന്നിവർ മുശ്‌രിക്കുകളോടൊപ്പം സഞ്ചരിച്ച കവിശ്രേഷ്ഠന്മാരായിരുന്നു. ഹംസതുബിൻ അബ്ദിൽ മുത്വലിബ്(റ), ഉബൈദതുബിൻ അൽഹാരിസ്(റ), അലിയ്യു ബിൻ അബീ ത്വാലിബ്(റ), അബ്ദുല്ലാഹിബിൻ റവാഹ:‌(റ) എന്നിവർ മുസ്‌ലിം സംഘത്തിലെ മഹാകവികളായിരുന്നു. വിശ്വകവികളായ ഹസ്സാനും(റ) കഅബു ബിൻ മാലിക്കും(റ) ബദ്റിൽ പങ്കെടുത്തില്ലെങ്കിലും ബദ്റിന്റെ ആത്മാവേറ്റെടുത്ത്‌ ശക്തമായ കാവ്യ ശരങ്ങൾ എയ്തു.

മക്കയിൽ ശോക കാവ്യങ്ങൾ കണ്ണീര് പെയ്യിച്ചപ്പോൾ മദീനയിൽ ആഹ്ലാദ കാവ്യങ്ങൾ പുഷ്പ വർഷം നടത്തി. ബദ്റിനെയും ബദ്‌രീങ്ങളെയും പാടിപ്പുകഴ്ത്തുന്നത് മദീനക്കാരുടെ ഒരു പതിവായി മാറി. അത്തരം കവിതകൾ ഗ്രന്ഥങ്ങളായും സ്വതന്ത്ര സമാഹാരങ്ങളായും രൂപപ്പെട്ടു. മുഅവ്വിദിന്റെ മകൾ റുബയ്യ, ദക്’വാനോട് പറയുന്നു. എന്റെ അറകൂടലിന്റെ അന്ന് രാവിലെ നബിﷺ വീട്ടിലേക്കു വന്നു. ഇപ്പോൾ നിങ്ങൾ ഈ കട്ടിലിൽ ഇരിക്കുന്നത് പോലെ നബിﷺ അവിടെ ഇരുന്നു. ആ സമയത്ത് കൊച്ചു പെൺകുട്ടികൾ ദഫ് മുട്ടി പാട്ടുപാടുകയായിരുന്നു. ബദ്റിൽ കൊല്ലപ്പെട്ട പിതാക്കന്മാരുടെ മഹത്വവും സ്ഥാനവും പുകഴ്ത്തിപ്പറഞ്ഞുകൊണ്ടുള്ള പാട്ടുകളായിരുന്നു പാടിയിരുന്നത്. നബിﷺ കടന്നു വന്നപ്പോൾ അവർ അതുമാറ്റി നബി കീർത്തനങ്ങൾ ആലപിക്കാൻ തുടങ്ങി. അപ്പോൾ നബിﷺ പറഞ്ഞു. നിങ്ങൾ ഇതുവരെ ചൊല്ലിക്കൊണ്ടിരുന്ന പാട്ടുകൾ തന്നെ തുടർന്നോളൂ. അങ്ങനെ അവർ വീണ്ടും ദഫ് മുട്ടി പാടി. നബികീർത്തനമായി അവർ പാടിയ വരികൾ ഇങ്ങനെ ആയിരുന്നു.

“നബിയ്യുൻ യറാ മാലാ യറന്നാസു ഹൗലാഹു
………………..
………………………. ഔ ഫീ ദുഹാ അൽ ഗദി”

ജനങ്ങൾ കാണുന്നതിനുമപ്പുറം കാണുന്ന
അല്ലാവിൻ തിരുവേദം ഏത് സദസ്സിലും
പാരായണം ചെയ്യും മുത്ത് നബിയല്ലോ.
അവിടുന്നൊരു കാര്യം ചൊന്നാൽ പുലർന്നിടും
പിറ്റേന്ന് പുലരിയിൽ അല്ലേൽ പ്രഭാതത്തിൽ.

ബദ്റിനെ പരിചയപ്പെടുത്തി നബിﷺയുടെ പിതൃ സഹോദരൻ ഹംസ(റ) ആലപിച്ച ഈരടികൾ ഇങ്ങനെയാണ്.

“അലം തറ അംറൻ കാന മിൻ അജബിദ്ദഹരി
…………………………………….
കാലത്തെ വിസ്മയിപ്പിക്കുന്നൊരു സംഭവം
കാണുവിൻ, മരണത്തിനുണ്ടല്ലോ കാരണം,
സത്യത്തോടുളള വിരോധവും വിദ്വേഷവും
അവരെ നശിപ്പിച്ചു, അവരെ ഭ്രമിപ്പിച്ചു.
സംഘമായവരെത്തി ബദ്റിലേക്കെന്നപോൽ
സന്ധ്യയോടവരെത്തി പൊട്ടക്കിണറ്റിലും
വർത്തക സംഘത്തെ തേടിയപ്പോൾ ഞങ്ങൾ
എത്തിയതവരോട് യുദ്ധക്കളത്തിലും.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-283/365

“യുദ്ധമായാൽ പിന്നെ കുന്തമല്ലേ കാര്യം
വാൾ പയറ്റല്ലാതെ മറ്റെന്തു ചെയ്യാനാ

ഏൽക്കുന്ന മുറിവുകൾ പിളരുന്ന ശിരസ്സുകൾ
മറ്റെന്തു വാർത്തയാ പോരാട്ട ഭൂമിയിൽ

വഴിവിട്ട ഉത്ബയെ വെട്ടി നിലത്തിട്ടു
ഷൈബയെ പൊട്ടക്കിണറ്റിൽ വലിച്ചിട്ടു

രക്ഷകനായെത്തി അംറും മരിച്ചു പോയ്‌
വിലപിക്കും മഹിളകൾ ചേലകൾ കീറിപ്പോയ്

വഴിവിട്ട് മൃതരാം ജനങ്ങൾ വലിച്ചിട്ടു
തോൽവിപ്പതാകയവർ പാടെ മുറിച്ചിട്ടു

ഇരുളിന്റെ വാഹകരെ ഇബ്‌ലീസ് നയിച്ചതിൽ
വഴിയേ ഉപേക്ഷിച്ചു അവനും ചതിച്ചുപോയ്

കാര്യം തിരിഞ്ഞപ്പോൾ ഇബ്‌ലീസ് ചൊന്നുപോൽ
ഞാനില്ല കൂടുവാൻ നിങ്ങൾക്ക് തുണയായി

കാണുന്നു ഞാനിതാ മാലാഖമാരെയും
ശിക്ഷയായ് വന്നു ഭവിക്കുന്നു നമ്മളിൽ.

സത്യത്തിലിബ്‌ലീസ് ചതിച്ചവരെ കൊന്നഹോ
അവരറിയാത്തതവനറിയാൻ കഴിഞ്ഞപ്പോൾ.

മിന്നുന്ന താരം പോൽ മുന്നൂർ പേർ ഞങ്ങൾ
ആയിരത്തിൻ പട പൊട്ടക്കിണറ്റിലും

ഓർമ്മിക്കാവുന്നിടത്തൊക്കെയും ഞങ്ങൾക്കു
തുണയായി അല്ലാവിൻ സൈന്യം നിരന്നല്ലോ

ജിബ്‌രീൽ അവർക്കൊരു നേതാവായ് വന്നിട്ട്
ശക്തിപ്പെടുത്തിയീ ഞങ്ങളെ നല്ലപോൽ.”

ബദ്റിലെ രംഗങ്ങളും പോരാട്ടങ്ങളുടെ ഗതിവിഗതികളുമാണ് ഹംസ(റ) ഈ കവിതയിൽ ആവിഷ്കരിച്ചത്. കഅബ് ബിൻ മാലിക് കോർത്ത ചില വരികളുടെ ആശയം കൂടി നമുക്കൊന്ന് പരിചയപ്പെടാം.

“അല്ലാവിൻ തീരുമാനം ഇതെന്തത്ഭുതം
അവനോ നിനച്ചാൽ നടക്കും സുനിശ്ചിതം

ജനതയെ വഴികേടിലാക്കുന്ന സംഘത്തെ
ബദ്റിന്റെ നാളിലോ നേരിടാനായ് വിധി
സംഘമായവരെത്തി മിത്രങ്ങൾക്കൊപ്പവും

എണ്ണത്തിലപ്പോൾ മികച്ചൊരു കൂട്ടമായ്‌
ഞങ്ങളെ മാത്രമായുന്നമ്പിടിച്ചവർ

ആമിറും കഅബിനുമൊപ്പമായ് വന്നവർ
ഞങ്ങളിലുണ്ടല്ലോ അല്ലാഹുവിൻ ദൂതൻ

ഔസുകാർ ചുറ്റും നിരന്നൊരു കോട്ട പോൽ
ഉരുക്കു ചട്ടയിൽ നജ്ജാർ കുലം വന്നു

നബിയുടെ പതാകയുമേന്തിപ്പൊടിപാറ്റി
അല്ലാഹു അല്ലാതൊരാ രാധ്യനില്ലെന്നും
സാക്ഷ്യം വഹിക്കുന്നു നബിയോർ ജയിച്ചെന്നും.

പ്രകാശ വേഗം ചലിക്കുന്ന വാളുകൾ
ഉറയൂരി മിന്നുന്നു സൂക്ഷ്മ നേത്രങ്ങളിൽ

ഖഡ്ഘം ഉയർന്നതും ചിതറിപിരിഞ്ഞവർ
ഹീനമായന്ത്യത്തെ നേരിട്ടു കണ്ടവർ

മണ്ണിൽ മുഖം പൊത്തി അബൂ ജഹൽ വീണു
ഉത്ബയോ മറിയുന്നു ഞാനവനെ വിട്ടപ്പോൾ

ഷൈബയും തൈമിയും വീണല്ലോ പോർ ഭൂവിൽ
അവരോ നിഷേധിച്ചു അർഷിന്റെ അധിപനെ.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-284/365

ബദ്റും കവിതയും എന്ന അധ്യായം ഹസ്സാൻ ബിൻ സാബിത്(റ)ന്റെ കവിത കൂടി എഴുതാതെ എങ്ങനെയാണ് പൂർത്തിയാവുക. മഹാനവർകളുടെ ദീർഘമായ കവിതയിൽ നിന്നും അല്പം ചില വരികൾ ഇങ്ങനെ വായിക്കാം.

“മുസ്തഷ് ഇരീ ഹിലഖൽ മാദീയ യഖ്ദുമുഹും
ജലദുന്നഹീദത്തി മാളിൻ ഗൈരി റഅദീദി”

ശക്തമാം നേതൃത്വം മുന്നിൽ നയിക്കുന്നു
ഉരുക്കു പടയങ്കിയിൽ അനുചരർ നിൽക്കുന്നു

ഔദാര്യ- ഭക്തിയിൽ സൃഷ്ടികളിൽ ശ്രേഷ്ഠരാം
മുത്തു നബിയാണല്ലോ ഞാൻ ചൊന്ന നേതാവ്

നിങ്ങൾ നിനച്ചു പോയ്‌ ബദ്റിലെ പാനജലം
നിങ്ങൾക്ക് ഗമയാണ് ഞങ്ങൾക്ക് കിട്ടില്ല
ഞങ്ങൾക്ക് ബദ്റിൽ പ്രതിസ്വരം കേട്ടില്ല

ആവോളം ഞങ്ങൾ കുടിച്ചു, തെളി നീരും
ഞങ്ങളോ തിരുപാശം മുറുകെപ്പിടിച്ചവർ

അല്ലാഹുവിൻ മാർഗം തന്നെയാണക്കയർ
ഞങ്ങളിലുണ്ടല്ലോ സത്യവും ദൂതനും

വിജയിച്ചു മരണം വരിക്കുന്ന കാലവും
പോരുകൾ മുറുകുന്ന നേരത്ത് ഭീഷണി
ഏൽക്കാതെ സംഘത്തെ ചേർത്ത് നിർത്തും നബി

മിന്നുന്ന താരവും ശോഭിക്കും ചന്ദ്രനും
വാക്കുകളിലന്തിമ തീരുമാനം നബി

നബിക്കെതിരെ നിങ്ങൾ തെളിച്ചു കിനാനയെ
ശത്രുവിൻ ശക്തിയറിയാത്തവർ തോറ്റുപോയ്

മൃത്യുവിന്നാഴിയിൽ അവരെത്തി മൂകരായ്
മരണവും നരകവും അവരെ ഗ്രസിച്ചുപോയ്

ബന്ധമോ ബന്ധുവോ നോക്കാതെ ഒന്നിച്ചു
സത്യനിഷേധത്തിൻ നേതാക്കൾ വഞ്ചിച്ചു

അല്ലാവിൻ സേനയിൽ നിന്നു പഠിക്കുവിൻ
പൊട്ടക്കിണറ്റിലെ സംഘത്തെ കണ്ടപ്പോൾ

ബ്ലഡ്‌ മണി വാങ്ങിയും വാങ്ങാതെ തന്നെയും
എത്ര എത്ര ആളുകളെ വിട്ടങ്ങയച്ചു നാം

ഉബൈദത്തു ബിൻ അൽ ഹാരിസിന്റെ വരികൾ ഉദ്ധരിക്കാതെ പോകുന്നത് ഉചിതമല്ല. യുദ്ധഭൂമിയിൽ ദ്വന്ദ്വ യുദ്ധത്തിന് മുശ്‌രിക്കുകൾ പോർവിളിച്ചപ്പോൾ മുസ്‌ലിം പക്ഷത്തു നിന്നു നേരിട്ട മൂന്നുപേരിൽ ഒരാളാണ് ഉബൈദ: കാലിനു വെട്ടേറ്റു യുദ്ധക്കളത്തിൽ നിന്ന് മടങ്ങിയപ്പോൾ പരിക്ക് മറന്നു പാടിയ വരികളാണ് ചുവടെ ചേർക്കുന്നത്.

“സതബ് ലുഗു അന്നാ അഹ്‌ല മക്കത വഖ് അതൻ…..”

മക്കയിലെത്തുമൊരു ദുരന്ത വാർത്തയും
കക്ഷിയല്ലാത്തവർ പോലും വിറച്ചു പോം

ഉത്തുബയും ഷൈബയും മാറിയപ്പോൾ വന്ന
ദുരന്ത വാർത്തയിൽ ബിൻ ഷൈബ വെറുത്തുപോയ്

പരാതിയില്ലല്ലോ പാദം മുറിഞ്ഞതിൽ
വിശ്വാസിയായതിൽ പകരം ലഭിക്കുമേ

പരലോക നന്മകൾ പരിഭവമില്ലാതെ
ഇഹലോക ലോക ജീവിതം വിറ്റു ഞാൻ നാളേക്ക്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-285/365

ബദ്റിന്റെ ചരിത്ര ഭൂമിയിൽ നിന്ന് യുദ്ധത്തെ കുറിച്ചാണ് നാം ഇതുവരെ വായിച്ചു കൊണ്ടിരുന്നത്. ഇത്തരം ഒരു സായുധ പോരാട്ട ഭൂമിയിൽ എങ്ങനെ എത്തി എന്ന ഒരു ലളിതമായ ആമുഖവും നാം അറിഞ്ഞു. ഇനിയിപ്പോൾ ബദ്റിൽ നിന്ന് നാം അടുത്ത അധ്യായത്തിലേക്ക് നീങ്ങുകയാണ്. ഇനിയും പോരാട്ട കഥകളും സൈനിക നീക്കങ്ങളും നമുക്ക് കടന്നു പോകാനുണ്ട്. അതിനിടയിൽ, യുദ്ധഭൂമിയിലെ ധാർമിക വിചാരങ്ങളുടെയും യുദ്ധത്തിലൂടെ രൂപപ്പെട്ട സമാധാനത്തിന്റെയും ചില പരിസരങ്ങളും വിചാരങ്ങളും നമുക്കറിയാനുണ്ട്.

ഹിജ്രാബ്ദം രണ്ടാം വർഷം സഫർ പന്ത്രണ്ടിനാണ് സായുധ പ്രതിരോധത്തിനുള്ള അനുമതി അല്ലാഹുവിൽ നിന്നു ലഭിക്കുന്നത്. അതിന് മുൻപ് അവതരിച്ച എഴുപതിൽപരം സൂക്തങ്ങളിൽ ഇത്തരമൊരു നീക്കത്തെ നിരുത്സാഹപ്പെടുത്തിക്കൊണ്ടായിരിന്നു ഖുർആൻ സംസാരിച്ചത്. പരിപൂർണമായ പതിമൂന്നു വർഷം സഹനത്തിന്റെയും പലായനങ്ങളുടെയും കാലമായിരുന്നു. നിർവാഹമില്ലാത്തതിന്റെ ഒരു പ്രതികരണമായിരുന്നു ബദ്ർ എന്നാണ് ഇത്തരം പിന്നാമ്പുറങ്ങൾ നമുക്ക് പറഞ്ഞുതരുന്നത്. ഇരുപത്തിരണ്ടാം അധ്യായം അൽ ഹജ്ജിലെ മുപ്പത്തിഒൻപത്, നാൽപത് സൂക്തങ്ങൾ ഈ ആശയം വ്യക്തമാക്കുന്നു.

“യുദ്ധത്തിനിരയായവര്‍ക്ക് തിരിച്ചടിക്കാന്‍ അനുവാദം നല്‍കിയിരിക്കുന്നു. കാരണം അവര്‍ മര്‍ദിതരാണ്. ഉറപ്പായും അല്ലാഹു അവരെ സഹായിക്കാന്‍ പോന്നവന്‍ തന്നെ.
സ്വന്തം വീടുകളില്‍നിന്ന് അന്യായമായി ഇറക്കപ്പെട്ടവരാണവര്‍. ഞങ്ങളുടെ നാഥന്‍ അല്ലാഹുവാണ് എന്ന് പ്രഖ്യാപിച്ചതല്ലാതെ ഒരു തെറ്റുമവര്‍ ചെയ്തിട്ടില്ല. അല്ലാഹു ജനങ്ങളില്‍ ചിലരെ മറ്റുചിലരെക്കൊണ്ട് പ്രതിരോധിക്കുന്നില്ലായെങ്കില്‍ ദൈവനാമം ധാരാളമായി സ്മരിക്കപ്പെടുന്ന സന്യാസിമഠങ്ങളും ചര്‍ച്ചുകളും സെനഗോഗുകളും മുസ്ലിംപള്ളികളും തകര്‍ക്കപ്പെടുമായിരുന്നു. തന്നെ സഹായിക്കുന്നവരെ ഉറപ്പായും അല്ലാഹു സഹായിക്കും. അല്ലാഹു സര്‍വശക്തനും ഏറെ പ്രതാപിയും തന്നെ.”

ഇസ്‌ലാം നിരീക്ഷിച്ച പ്രതിരോധത്തിന്റെ രീതി ശാസ്ത്രം എന്താണെന്ന് വ്യക്തമാക്കുന്നതാണ് നാലാമത്തെ അധ്യായം എഴുപത്തിയഞ്ച്, എഴുപത്തിയാറ് സൂക്തങ്ങൾ.
“നിങ്ങളെന്തുകൊണ്ട് അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യുന്നില്ല? മര്‍ദ്ദിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയും? അവരോ ഇങ്ങനെ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുന്നവരാണ്. ഞങ്ങളുടെ നാഥാ, മര്‍ദ്ദകരായ ജനം വിലസുന്ന ഈ നാട്ടില്‍ നിന്ന് ഞങ്ങളെ നീ മോചിപ്പിക്കേണമേ. നിന്റെ പക്കല്‍ നിന്ന് ഞങ്ങള്‍ക്ക് നീ ഒരു രക്ഷകനെ നിശ്ചയിച്ചുതരേണമേ. നിന്റെ ഭാഗത്തു നിന്ന് ഞങ്ങള്‍ക്ക് ഒരു സഹായിയെ നല്‍കേണമേ.”

“സത്യവിശ്വാസികള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമരം ചെയ്യുന്നു. സത്യനിഷേധികള്‍ ദൈവേതര ശക്തികളുടെ മാര്‍ഗത്തിലാണ് പടവെട്ടുന്നത്. അതിനാല്‍ നിങ്ങള്‍ പിശാചിന്റെ കൂട്ടാളികളോട് പടവെട്ടുക. പിശാചിന്റെ തന്ത്രം പൂർണമായും ദുര്‍ബലം തന്നെ, തീര്‍ച്ച!”

രണ്ടാമധ്യായം അൽബഖറയിലെ നൂറ്റിതൊണ്ണൂറ്, തൊണ്ണൂറ്റി മൂന്ന് സൂക്തങ്ങളിലെ ആശയങ്ങൾ കൂടി ഒന്നു വായിച്ചുനോക്കൂ.

“നിങ്ങളോട് യുദ്ധം ചെയ്യുന്നവരോട് ദൈവമാര്‍ഗത്തില്‍ ‎നിങ്ങളും യുദ്ധം ചെയ്യുക. എന്നാല്‍ പരിധി ‎ലംഘിക്കരുത്. അതിക്രമികളെ അല്ലാഹു ഇഷ്ടപ്പെടുന്നില്ല. ‎
മര്‍ദനം ഇല്ലാതാവുകയും ‘ദീൻ’ ‎അല്ലാഹുവിന്റേതായിത്തീരുകയും ചെയ്യുന്നതുവരെ ‎നിങ്ങളവരോടു യുദ്ധം ചെയ്യുക. എന്നാല്‍ അവര്‍ ‎വിരമിക്കുകയാണെങ്കില്‍ അറിയുക, ‎അതിക്രമികളോടല്ലാതെ ഒരുവിധ കയ്യേറ്റവും പാടില്ല.”

ന്യായമായ കാരണങ്ങളോടെ ആയിരുന്നു ബദ്ർ എന്ന് ബോധ്യമാകാൻ ഇതിലേറെ തെളിവുകളുടെ ആവശ്യമില്ല.

 

Mahabba Campaign Part-286/365

ബദ്ർ കഴിഞ്ഞതോടെ ഇരുട്ടിന്റെ കൂട്ടാളികൾ മുഴുവൻ അസ്വസ്ഥരായി. സത്യവിശ്വാസികൾക്ക് ആത്മവിശ്വാസവും വർധിച്ചു. ലോക രാഷ്ട്രീയ ഭൂപടം തന്നെ മാറി തുടങ്ങി. മദീനയിൽ നിന്ന് നയതന്ത്ര നീക്കങ്ങളും പ്രതിരോധ ഇടപെടലുകളും നടന്നു കൊണ്ടിരുന്നു.

ബദ്റിന് ശേഷം ആദ്യം നടന്ന നയതന്ത്ര ഇടപെടലാണ് കദറിൽ ബനൂ സുലൈമിലേക്കുള്ള സൈനിക നീക്കം. ഹിജ്‌റ രണ്ടാം വർഷം ശവ്വാൽ മാസത്തിൽ അഥവാ ബദ്റിൽ നിന്നു മടങ്ങിയ ഉടനെയായിരുന്നു ഈ സംഭവം.

ഇസ്‌ലാം വിരോധികളിൽ ബദ്റിന് ശേഷം രൂപംകൊണ്ട പ്രതികാരവും വിദ്വേഷവുമാണ് ഈ സംഭവത്തിന്റെ സാഹചര്യം. ബനൂ സുലൈയിം ഗോത്രം മദീനയെ ആക്രമിക്കാൻ തയ്യാറെടുത്തപ്പോൾ നബിﷺ നേരിട്ട് ബനൂ സുലൈമിലേക്ക് മാർച്ച്‌ ചെയ്യുകയായിരുന്നു. മദീനയിലെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സിബാഉ ബിൻ ഉർഫുത്വ എന്നവരെ ഏല്പിച്ചു. ഇബ്നു ഉമ്മി മകതൂമിനെയാണെന്നും അഭിപ്രായമുണ്ട്.

നബിﷺയും സംഘവും ബനൂസുലൈമിലെ കദറിൽ എത്തി തമ്പടിച്ചതോടെ ബനൂ സുലൈം പേടിച്ചു പിന്മാറി. അഞ്ഞൂറോളം ഒട്ടകങ്ങളെയും വിട്ടു അവർ ഓടിപ്പോയി. മദീന സൈന്യം അത് കണ്ടു കെട്ടി. യാസിർ എന്നയാളെ ബന്ധിയാക്കി. മൂന്നു ദിവസം അവിടെ താമസിച്ച ശേഷം അവിടുന്ന് മടങ്ങി. അതിനു മുമ്പ് യാസിറിനെ മോചിപ്പിച്ചു.

ഈ കാലയളവിലാണ് മറ്റൊരു സംഭവം അരങ്ങേറിയത്. അബൂസുഫ്‌യാന്‍ ഏതാനും സുഹൃത്തുക്കളുമൊന്നിച്ച് മക്ക വിടുന്നത്. ബദ്റിലെ പരാജയത്തിന് പക വീട്ടാതെ ഭാര്യയുമായി സന്തോഷിക്കില്ല എന്ന് അയാൾ പ്രതിജ്ഞ ചെയ്തിരുന്നു. അതിക്രമങ്ങള്‍ നിഷിദ്ധമായ കഅ്ബാ തീര്‍ഥാടനകാലമായിരുന്നു അത്. ഈ സംഘം വളരെ രഹസ്യമായി മദീനയിലേക്കാണ് പുറപ്പെട്ടത്. പ്രതികാരം ചെയ്യുമെന്ന പ്രതിജ്ഞ സാക്ഷാത്ക്കരിക്കാനുള്ള മാര്‍ഗമന്വേഷിച്ചാണ് യാത്ര. മദീനയിലേക്ക് ഒരു ദിവസം വഴിദൂരമുള്ള നീബ് കുന്നിന്റെ ചെരുവില്‍ തന്റെ കൂടെയുള്ളവരെ നിര്‍ത്തി. രാത്രി ഒറ്റക്കാണ് പിന്നീട് അബൂസുഫ്‌യാന്‍ യാത്ര തുടര്‍ന്നത്. എത്തിച്ചേര്‍ന്നത് മദീനയിലെ നളീര്‍ എന്ന ജൂതഗോത്രത്തിന്റെ തലവന്‍ സല്ലാമുബ്‌നു മിശ്കമിന്റെ വീട്ടില്‍. സല്ലാം നല്ലൊരു സദ്യയൊരുക്കി. തന്റെ രഹസ്യ പദ്ധതികള്‍ വിശദീകരിച്ചുകൊടുത്ത ശേഷം അബൂസുഫ്‌യാന്‍ സുഹൃത്തുക്കളുടെ അടുത്തേക്ക് തിരിച്ചുപോവുകയും അവരെ മദീനയുടെ വടക്കു കിഴക്കന്‍ പ്രാന്തപ്രദേശമായ അല്‍ ഉറൈളിലേക്ക് അയക്കുകയും ചെയ്തു. അത് ജൂത അധിവാസ കേന്ദ്രമാണ്. മദീനാ മധ്യത്തിലുള്ള മുസ്‌ലിം അധിവാസ കേന്ദ്രങ്ങളില്‍നിന്ന് അകലെയാണിത്.

ഈ സംഘം അവിടെയുള്ള ഒരു ഈത്തപ്പനത്തോട്ടത്തില്‍ മുസ്‌ലിംകളായ രണ്ട് പേരെ കാണുകയും അവരെ വധിച്ചുകളയുകയും ചെയ്തു. തോട്ടത്തിന് തീയിട്ടശേഷം സംഘം ഓടിരക്ഷപ്പെട്ടു. അവരെ മുസ്‌ലിം സൈനികര്‍ പിന്തുടര്‍ന്നെങ്കിലും, യാത്രയിലെ ഭാരമൊഴിവാക്കാന്‍ കൂടെ കരുതിയിരുന്ന ഭക്ഷണ സഞ്ചികള്‍ വരെ ഉപേക്ഷിച്ച് അവര്‍ കടന്നുകളഞ്ഞു. ഇതോടെ, സിറിയയിലേക്കോ ഈജിപ്തിലേക്കോ പോകാന്‍ തങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്ന മദീനാ കച്ചവടപാത മക്കക്കാര്‍ക്ക് ഉപേക്ഷിക്കേണ്ടിവന്നു. സിറിയയില്‍ പോകുന്നത് നിര്‍ത്തി നജ്ദ് വഴി ഇറാഖിലേക്കായി പിന്നീടവരുടെ യാത്ര.

മദീനാ പ്രാന്തത്തില്‍ അബൂസുഫ്‌യാനും സംഘവും അതിക്രമങ്ങള്‍ നടത്തി ഏതാനും മാസങ്ങള്‍ പിന്നിട്ടപ്പോൾ നബിﷺ സൈദുബ്‌നു ഹാരിസ(റ)യുടെ നേതൃത്വത്തില്‍ ഒരു വിഭാഗത്തെ നജ്ദില്‍ റബദക്കും അല്‍ഗംറക്കും ഇടക്കുള്ള അല്‍ഖറദ എന്ന പ്രദേശത്തേക്ക് അയച്ചു. ആ വഴിക്കുള്ള ഖുറൈശികളുടെ കച്ചവടസംഘത്തെ തടയുകയായിരുന്നു ലക്ഷ്യം. കച്ചവട സംഘത്തെ നയിച്ചിരുന്ന അബൂസുഫ്‌യാന്‍, സ്വഫ്‌വാനുബ്‌നു ഉമയ്യ പോലുള്ളവര്‍ രക്ഷപ്പെട്ടെങ്കിലും അവരുടെ സ്വത്തുവഹകള്‍ മുസ്‌ലിംകള്‍ പിടിച്ചെടുത്തു. ഒരു ലക്ഷം ദിര്‍ഹം വിലയുള്ള വെള്ളി ഇങ്ങനെ ലഭിക്കുകയുണ്ടായി. മുസ്‌ലിംകളുടെ കൈയില്‍ അകപ്പെട്ട ആദ്യത്തെയും അവസാനത്തെയും കാരവനായിരുന്നു അത്. ഈ വിജയം തീര്‍ച്ചയായും മക്കക്കാരുടെ യുദ്ധതയ്യാറെടുപ്പുകളെ മന്ദഗതിയിലാക്കുകയുണ്ടായി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-287/365

ഈ സൈനിക നീക്കത്തിനു ഗസ്’വതു സവീഖ് അഥവാ ധാന്യ യുദ്ധം എന്നും പേരുണ്ട്. നബിﷺയും സംഘവും പ്രാപിക്കാതിരിക്കാൻ അബൂസുഫ്‌യാന്റെ സംഘം ധാന്യച്ചാക്കുകൾ വഴിയിലേക്ക് വലിച്ചിട്ടു പോയതിനാലാണ് ഇങ്ങനെ ഒരു നാമകരണമുണ്ടായത്. അഞ്ച് ദിവസം മദീനയിൽ നിന്ന് വിട്ടു നിന്ന നബിﷺ ബഷീർ ബിൻ അബ്ദുൽ മുൻദിർ എന്നയാളെ മദീനയിൽ പ്രതിനിധിയായി നിയോഗിച്ചു.

ഈ കാലയളവിലെ ഒരു സുപ്രധാന നയതന്ത്ര ഇടപെടലാണ് ഗത്ഫാൻ സൈനികനീക്കം. ദുഅഃസൂർ ബിൻ ഹാരിസ് ബിൻ മുഹാരിബിന്റെ നേതൃത്വത്തിൽ ഗത്ഫാനിലെ മുഹാരിബ് സഅലബ ഗോത്രങ്ങൾ മദീനയെ ആക്രമിക്കാൻ പദ്ധതിയിട്ടു. വിവരമറിഞ്ഞ നബിﷺ മദീനയിലേക്കവർ വരുന്നതിനു മുമ്പ് അവരെ അങ്ങോട്ട്‌ ചെന്ന് നേരിടാൻ തീരുമാനിച്ചു. ഉസ്മാൻ ബിൻ അഫ്ഫാനെ(റ) മദീനയിലെ ചുമതലയേൽപ്പിച്ചു. നാനൂറ്റി അൻപത് പേരടങ്ങുന്ന ഒരു സംഘത്തോടൊപ്പം നബിﷺ ഗത്ഫാനിലേക്ക് തിരിച്ചു. മുസ്‌ലിം സൈന്യത്തിന്റെ ആഗമനമറിഞ്ഞു ഗത്ഫാൻകാർ മലമുകളിലേക്ക് കയറി രക്ഷപ്പെട്ടു. മുസ്‌ലിം സംഘം ദൂ അമർ എന്ന പ്രദേശത്ത് വന്നു പലയിടങ്ങളിലായി വിശ്രമിക്കാനൊരുങ്ങി. അതിനിടയിൽ ശത്രു പാളയത്തിലെ നേതാവായിരുന്ന ദുഅസൂർ നബിﷺയുടെ സമീപത്തെത്തി. തൊട്ടുചേർന്നുള്ള മരത്തിൽ തൂക്കിയിട്ടിരുന്ന നബിﷺയുടെ വാൾ അയാൾ കൈവശപ്പെടുത്തി. എന്നിട്ട്, നബിﷺയുടെ നേരെ നിന്നു. അയാൾ ചോദിച്ചു ആരാണ് ഇതിൽ നിന്ന് നിങ്ങളെ രക്ഷിക്കുക? ഭീഷണിയുടെ മുന്നിൽ പതറാതെ നബിﷺ മറുപടി പറഞ്ഞു. അല്ലാഹു എന്നെ രക്ഷിക്കും. വൈകിയില്ല, വാൾ അയാളുടെ കയ്യിൽ നിന്നു നിലത്തു വീണു. ഉടനെ വാൾ കൈവശപ്പെടുത്തി നബിﷺ അയാളോട് ചോദിച്ചു. നിന്നെയാരാണ് എന്നിൽ നിന്നും രക്ഷിക്കുക? നിസ്സഹായനായി അയാൾ പറഞ്ഞു എന്നെ രക്ഷിക്കാൻ വേറെ ആരും ഇല്ല. നബിﷺ അയാൾക്ക് വിട്ടുവീഴ്ച്ച ചെയ്തു കൊടുത്തു. അതോടെ അയാൾ ഇസ്‌ലാം സ്വീകരിച്ചു.

ഈ സാഹചര്യത്തെ ഓർമപ്പെടുത്തിക്കൊണ്ടാണ് വിശുദ്ധ ഖുർആനിലെ അഞ്ചാം അധ്യായം അൽ മാഇദയിലെ പതിനൊന്നാം സൂക്തം അവതരിച്ചത്. ആശയം ഇങ്ങനെ വായിക്കാം. “വിശ്വസിച്ചവരേ, അല്ലാഹു നിങ്ങള്‍ക്കേകിയ അനുഗ്രഹം ഓര്‍ത്തുനോക്കൂ: ഒരുകൂട്ടര്‍ നിങ്ങള്‍ക്ക് നേരെ കൈയോങ്ങാന്‍ ഒരുമ്പെടുകയായിരുന്നു. അപ്പോള്‍ അല്ലാഹു നിങ്ങളില്‍ നിന്ന് അവരുടെ കൈകളെ തടഞ്ഞുനിര്‍ത്തി. അതിനാല്‍ അല്ലാഹുവോട് ഭക്തിയുള്ളവരാവുക. സത്യവിശ്വാസികള്‍ അല്ലാഹുവില്‍ മാത്രം സര്‍വസ്വം സമര്‍പ്പിക്കട്ടെ.“

പതിനഞ്ചു ദിവസത്തിന് ശേഷം നബിﷺ മദീനയിൽ തിരിച്ചെത്തി.

അധിക നാളുകൾ കഴിഞ്ഞില്ല. അബൂ സുലൈം ബിൻ മൻസൂറിൽ ഒരു വലിയ സംഘം ഒത്തു കൂടുന്നു എന്നറിഞ്ഞു. ഉടനെ നബിﷺ മുന്നൂറ്‌ പേരുള്ള ഒരു സംഘത്തോടൊപ്പം അങ്ങോട്ട്‌ പുറപ്പെട്ടു. ഇബ്നു ഉമ്മി മക്തൂമ്(റ)വിനെ മദീനയിൽ ചുമതലയേൽപ്പിച്ചു. രണ്ടു മാസത്തോളം അവിടെ കഴിച്ചുകൂട്ടുകയും സമാധാനപരമായി മടങ്ങി വരികയും ചെയ്തു.

സൈനിക നീക്കങ്ങൾ എന്ന് ചരിത്രം പരിചയപ്പെടുത്തുന്ന ഇത്തരം സംഭവങ്ങളെല്ലാം യഥാർത്ഥത്തിൽ സമാധാനത്തിലേക്കുള്ള കരുനീക്കങ്ങളായിരുന്നു. മദീനയിലേക്ക്‌ സൈനിക നീക്കങ്ങൾ ഉദ്ദേശിച്ചവരെ അങ്ങോട്ട്‌ ചെന്ന് നേരിടാൻ ഒരുങ്ങുക വഴി യുദ്ധങ്ങൾ ഒഴിവായി. മറ്റു കൂടുതൽ ശത്രു സഖ്യങ്ങൾ രൂപപ്പെടാതിരിക്കാൻ കാരണമായി. വലിയ വലിയ രക്‌തച്ചൊരിച്ചിലുകളുടെ സാദ്ധ്യതകൾ ഇല്ലാതായി. വിശ്വാസികളിൽ ആത്മവിശ്വാസം വർധിക്കുകയും മദീന ശത്രുക്കൾക്ക് കടന്നു വരാനാവാത്ത ശക്തികേന്ദ്രമാവുകയും ചെയ്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-288/365

മുത്ത് നബിﷺയുടെ സഞ്ചാര വഴിയിലെ മറ്റൊരധ്യായത്തിലേക്ക് കടക്കാം. പലായനത്തിൻ്റെ ഇരുപതാം മാസം ശവ്വാൽ പകുതിയിലായിരുന്നു സംഭവം. ‘ബനൂ ഖൈനുഖാഅ സൈനികനീക്കം’ അഥവാ യുദ്ധം എന്നാണ് ചരിത്രം അതിനെ അടയാളപ്പെടുത്തിയത്. ജൂത വിഭാഗത്തിലെ ധൈര്യവാന്മാരും അബ്ദുല്ലാഹിബിൻ സല്ലാമിന്റെ ജനതയുമായിരുന്നു ബനൂ ഖൈനുഖാ ഗോത്രം. അവർ അബ്ദുല്ലാഹിബിനു ഉബയ്യിനോടും ഉബാദത് ബിൻ സ്വാമിതിനോടും മറ്റും ഉടമ്പടിയിലായിരുന്നു കഴിഞ്ഞിരുന്നത്. ആഭരണപ്പണിയായിരുന്നു അവരുടെ തൊഴിൽ.

ഹിജ്റാനന്തരം അവിശ്വാസികൾ പ്രധാനമായും മൂന്ന് നിലപാടിലാണ് നബി‎ﷺയെ സമീപിച്ചിരുന്നത്. ഒരു വിഭാഗം മുസ്ലിംകളോട് യുദ്ധം ചെയ്യില്ലെന്നും മുസ്ലിംകൾക്കെതിരെ വരുന്നവർക്ക് ഒപ്പം നിൽക്കുകയില്ലെന്നും കരാർ ചെയ്തവരായിരുന്നു. ബനൂഖൈനുഖാ, ബനൂനളീർ, ബനൂഖുറൈള ഈ മൂന്ന് ജൂത ഗോത്രങ്ങളും ഈ നിലപാടുകാരായിരുന്നു. രണ്ടാമത്തെ വിഭാഗം വ്യക്തമായ ശത്രുതയിൽ തന്നെയായിരുന്നു. ഖുറൈശികളുടെ നിലപാടതായിരുന്നു. മൂന്നാമത്തെ വിഭാഗം കാര്യങ്ങളുടെ ഗതിവിഗതികൾ നോക്കി വേണ്ടത് സ്വീകരിക്കാം എന്ന നിലപാടുകാരായിരുന്നു. ഖുറൈശികളല്ലാത്ത മറ്റ് അറബ് ഗോത്രങ്ങൾ ഈ സമീപനമാണ് സ്വീകരിച്ചത്. അവരിൽ തന്നെ ഉള്ള് കൊണ്ട് ഇസ്ലാമിന്റെ വിജയം ആഗ്രഹിച്ചവരും പ്രത്യക്ഷത്തിൽ ഇസ്ലാമിനൊപ്പം നിന്നവരുമുണ്ട്. ഖുസാഅക്കാർ ഇതിൽ ഒന്നാം ഗണത്തിലും ബനൂബക്കർ രണ്ടാം ഗണത്തിലുമായിരുന്നു. പ്രത്യക്ഷത്തിൽ മുസ്ലിമായി ചമയുകയും പരോക്ഷമായി ശത്രുത പുലർത്തുകയും ചെയ്തവരായിരുന്നു മുനാഫിഖുകൾ അഥവാ കപടവിശ്വാസികൾ.

നബി‎ﷺ മദീനയിലെത്തിയപ്പോൾ സമാധാന കരാറിൽ ഒപ്പുവച്ച ജൂത ഗോത്രങ്ങളിൽ നിന്ന് ആദ്യം കരാർ ലംഘനം നടത്തിയവരാണ് ബനൂ ഖൈനുഖാഅ. അവർ പരസ്യമായ പകയും അസൂയയും വെച്ചു പുലർത്തി. നബിﷺ അവരെ അവരുടെ തന്നെ അങ്ങാടിയിൽ വിളിച്ചുചേർത്തു സത്യബോധനം നൽകി. അവിടുന്നിങ്ങനെ സംസാരിച്ചു. ‘അല്ലയോ ജൂതസമൂഹമേ.. നിങ്ങൾ അല്ലാഹുവിന് വിധേയപ്പെടുക. ഞാൻ അല്ലാഹുവിൽ നിന്ന് നിയുക്തനായ ദൂതനാണെന്ന് നിങ്ങൾക്ക് വ്യക്തമായും അറിയാമല്ലോ? അല്ലാഹു സത്യം! അല്ലാഹുവിൽ നിന്ന് ഖുറൈശികൾക്ക് വന്നു ഭവിച്ച വിപത്ത് നിങ്ങൾക്കും വരാതെ ശ്രദ്ധിക്കുക. നിങ്ങൾ അല്ലാഹുവിനെ അനുസരിക്കുക. ഞാൻ അല്ലാഹുവിന്റെ ദൂതനാണെന്ന് നിങ്ങൾക്കറിയാമല്ലോ? നിങ്ങളുടെ കൈവശമുള്ള ഗ്രന്ഥത്തിൽ തന്നെ അത് പറയുന്നുണ്ടല്ലോ. ഇത്രയുമായപ്പോൾ ബനൂ ഖൈനുഖാ ഇങ്ങനെ പ്രതികരിച്ചു. അല്ലയോ മുഹമ്മദേ!ﷺ നിങ്ങൾ വിചാരിച്ചോ ഞങ്ങൾ മക്കയിലെ വിവരമില്ലാത്ത ജനതയെപ്പോലെയാണെന്ന്. യുദ്ധമെന്തെന്നറിയാത്ത അവരെ തോൽപ്പിച്ചതിൽ വഞ്ചിതരാവണ്ട. ഞങ്ങളോട് ഒന്ന് മുട്ടി നോക്കൂ. അപ്പോഴറിയാം ഞങ്ങൾ ആരാണെന്ന്. വിശുദ്ധ ഖുർആൻ മൂന്നാമധ്യായം ആലുഇമ്രാനിലെ പന്ത്രണ്ട്, പതിമൂന്നു സൂക്തങ്ങൾ ഈ പശ്ചാത്തലത്തിലാണ് അവതരിച്ചതെന്നാണ് ഇബ്നു അബ്ബാസ്(റ) പറയുന്നത്. ആശയം ഇപ്രകാരം വായിക്കാം.

“സത്യനിഷേധികളോട് പറയുക: ഒട്ടും വൈകാതെ ‎നിങ്ങളെ കീഴടക്കി കൂട്ടത്തോടെ നരകത്തീയിലേക്ക് ‎നയിക്കും. അതെത്ര മോശമായ സ്ഥലം! പരസ്പരം ഏറ്റുമുട്ടിയ രണ്ടു കൂട്ടരില്‍ നിങ്ങള്‍ക്ക് ‎ഗുണപാഠമുണ്ട്. ഒരു വിഭാഗം അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ‎പടവെട്ടുകയായിരുന്നു. മറു വിഭാഗം ‎സത്യനിഷേധികളും. സത്യനിഷേധികളുടെ ദൃഷ്ടിയില്‍ ‎സത്യവിശ്വാസികള്‍ തങ്ങളുടെ ഇരട്ടിയുള്ളതായാണ് ‎തോന്നിയത്. അല്ലാഹു അവനിച്ഛിക്കുന്നവരെ അവന്റെ സഹായത്താല്‍ കരുത്തരാക്കുന്നു. തീര്‍ച്ചയായും ‎ഉള്‍ക്കാഴ്ചയുള്ളവര്‍ക്കൊക്കെ ഇതില്‍ വലിയ ‎ഗുണപാഠമുണ്ട്.”

ബദ്റിനെ ഓർമപ്പെടുത്തിയും കാര്യബോധത്തിലേക്ക് ക്ഷണിച്ചുകൊണ്ടുമാണ് ഈ സൂക്തങ്ങൾ അവതരിച്ചത്.
ഈ കാലയളവിൽ മാർക്കറ്റിൽ വെച്ച് ഒരു സംഭവം കൂടിയുണ്ടായി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-289/365

ഒരറബ് വനിത തന്റെ ആഭരണം വിൽക്കാൻ വേണ്ടി മാർക്കറ്റിൽ വന്നു. കൊല്ലന്റെ അടുത്തിരിക്കവെ അവളുടെ മുഖാവരണം ഉയർത്തണമെന്ന് ജൂതന്മാർ ആവശ്യപ്പെട്ടു. പക്ഷേ, അവൾ സമ്മതിച്ചില്ല. ജൂതനായ കൊല്ലൻ അവളറിയാതെ അവളുടെ വസ്ത്രത്തിന്റെ പിൻഭാഗത്ത് ഒരു കൊക്ക കൊളുത്തി വെച്ചു. അവൾ എഴുന്നേറ്റപ്പോൾ അവളുടെ വസ്ത്രം ശരീരത്തിൽ നിന്നു നീങ്ങുകയും അവൾ അട്ടഹസിക്കുകയും ചെയ്തു. ഈ രംഗം കണ്ട് ജൂതന്മാർ ചിരിച്ചു. സംഭവത്തിനു സാക്ഷിയായ ഒരു മാന്യന് ഇത് സഹിക്കാനായില്ല. അയാൾ ആ കൊല്ലനെ വകവരുത്തി. ജൂതന്മാർ സംഘടിച്ചു ആ വിശ്വാസിയെയും കൊന്നുകളഞ്ഞു. ഇതോടെ രണ്ട് വിഭാഗവും തമ്മിൽ പോര് മൂർച്ഛിച്ചു. ഈ സന്ദർഭത്തിലാണ് വിശുദ്ധ ഖുർആനിലെ ഏട്ടാമത്തെ അധ്യായം അൽ അൻഫാലിലെ അമ്പത്തിയെട്ടാമത്തെ സൂക്തം അവതരിക്കുന്നത്. ആശയം ഇങ്ങനെ വായിക്കാം. “ഉടമ്പടിയിലേർപ്പെട്ട ഏതെങ്കിലും ജനത നിങ്ങളെ വഞ്ചിക്കുമെന്ന് നിങ്ങൾക്കാശങ്കയുണ്ടെങ്കില്‍ ‎അവരുമായുള്ള കരാര്‍ പരസ്യമായി ദുർബലപ്പെടുത്തുക. വഞ്ചകരെ തീർച്ചയായും അല്ലാഹു ഇഷ്ടപ്പെടുന്നില്ല.“

ഈ സൂക്തമവതരിച്ച ഉടനെ നബിﷺ പറഞ്ഞു എനിക്ക് ബനൂ ഖൈനുഖാഇനെ കുറിച്ച് ആശങ്കയുണ്ട്. നമുക്ക് അവരെ നേരിടാൻ വേണ്ടി പുറപ്പെടാം. അബൂ ലുബാബയെ മദീനയുടെ ചുമതലയേൽപ്പിച്ചു. ഹംസ വെളുത്ത പതാകയേന്തി മുസ്‌ലിം സംഘത്തെ മുന്നോട്ട് നയിച്ചു. ജൂതന്മാർ അവരുടെ കോട്ടയിൽ കയറി സുരക്ഷ തേടി. നബിﷺയും സംഘവും അവരെ ഉപരോധിച്ചു. ക്രമേണ അവർക്ക് ഭയം നേരിടുകയും അവർ നബിﷺയുടെ വിധി അംഗീകരിക്കാൻ തയ്യാറായി. അവരുടെ കാര്യങ്ങൾ നിർവ്വഹിച്ചുകൊടുക്കാൻ മുൻദിർ ബിൻ ഖുദാമതുസ്സുലമിയെ ഏൽപ്പിച്ചു. ഉബാദത് ബിൻ സാമിതുമായി ഉടമ്പടിയിൽ കഴിഞ്ഞിരുന്നവരുടെ കാര്യം അദ്ദേഹം നബിﷺയെ ഏൽപ്പിച്ചു. അല്ലാഹുവിന്റെയും അവന്റെ തിരുദൂതരുﷺടേയും തീരുമാനം പോലെയാകട്ടെ എന്ന് വെച്ചു. എന്നാൽ, അബ്ദുല്ലാഹിബിൻ ഉബയ്യു ബിൻ സുലൂൽ അയാളോട് ഉടമ്പടിയിൽ കഴിഞ്ഞിരുന്നവരെ മോചിപ്പിക്കാൻ വേണ്ടി നബിﷺയെ സമീപിച്ചു. നബിﷺക്കഭിമുഖമായി നിന്ന് അയാൾ സംസാരിക്കാൻ തുടങ്ങി.

നബിﷺ അയാളുടെ ആവശ്യത്തിന് സമ്മതം മൂളിയില്ല. വീണ്ടും ആവശ്യപ്പെട്ടപ്പോൾ നബിﷺ അയാളെ വിട്ടുതിരിഞ്ഞു. അപ്പോഴയാൾ അവിടുത്തെ പടച്ചട്ടയുടെ കീശയിൽ കയ്യിട്ട് പിടിച്ചു തടഞ്ഞു നിർത്തി. നബിﷺയുടെ മുഖം വിവർണമായി. കൈ എടുക്കാൻ അയാളോട് ആവശ്യപ്പെട്ടെങ്കിലും അയാൾ തയ്യാറായില്ല. തടവുകാരെ മോചിപ്പിക്കാതെ കൈ എടുക്കില്ലെന്നായി അയാൾ. അങ്കിയണിഞ്ഞ മുന്നൂറ്‌ പേരും തടവുകാരായ നാനൂറു പേരെയും മോചിപ്പിക്കണമെന്നായിരുന്നു അയാളുടെ ആവശ്യം. അവരെ മോചിപ്പിക്കാതെ തനിക്ക് ജനങ്ങളെ അഭിമുഖീകരിക്കാനാവില്ല എന്നായിരുന്നു അയാളുടെ പരിഭവം. അതയാൾ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ നബിﷺ മുഴുവൻ ജൂതന്മാരെയും മോചിപ്പിക്കുകയും നാട് വിട്ടുപോകാൻ ആവശ്യപ്പെടുകയും ചെയ്തു. അതോടെ അവരുടെ സ്വത്തുകൾ മുഴുവൻ മുസ്‌ലിം സൈന്യത്തിന് ലഭിച്ചു. സ്വത്തുകൾ സമാഹരിക്കാൻ മുഹമ്മദ്‌ ബിൻ മസ്ലമ(റ)യെ ചുമതലപ്പെടുത്തി. മോചിപ്പിക്കപ്പെട്ടവരെ മുഴുവൻ അവരവരുടെ ഭവനങ്ങളിൽ തന്നെ താമസിപ്പിക്കണമെന്നു അവശ്യപ്പെടാൻ ഇബ്നു സലൂൽ വീണ്ടും നബിﷺയുടെ അടുത്തേക്ക് വന്നു. നബിﷺയുടെ കവാടത്തിൽ നിന്ന പരിചാരകനായ ഉവൈമു ബിൻ സാഇദതുൽ അൻസ്വാരി(റ) ഇബ്നു സുലൂലിനെ അകത്തേക്ക് കടത്തിവിട്ടില്ല. നിർദ്ദേശം ലംഘിച്ചു അകത്തുകടക്കാൻ ശ്രമിച്ചപ്പോൾ രണ്ടുപേരും തമ്മിൽ കയ്യേറ്റമുണ്ടായി. മതിലിൽ പോയി ഇടിച്ച ഇബ്നു സുലൂലിനു പരിക്കേറ്റു, രക്തംവാർന്നു നിരാശനായി മടങ്ങി.

നാടുകടത്തൽ നടപടികൾ പൂർത്തിയാക്കാൻ ഉബാദത് ബിൻ സ്വാമിത്തി(റ)നെയും ചുമതലപ്പെടുത്തി.

ഉബാദത്(റ)ന്റെയും ഉബയ്യ് ബിൻ സുലൂലിന്റെയും ഇടപെടലുകളെ പരാമർശിച്ചു കൊണ്ട് വിശുദ്ധ ഖുർആൻ അഞ്ചാമധ്യായം അൽ മാഇദയിലെ അമ്പത്തി ഒന്ന്, അമ്പത്തി രണ്ട് സൂക്തങ്ങൾ അവതരിച്ചു. ആശയം ഇങ്ങനെ വായിക്കാം.

“അല്ലയോ വിശ്വസിച്ചവരേ, ജൂതന്മാരെയും ക്രിസ്ത്യാനികളെയും നിങ്ങള്‍ ആത്മമിത്രങ്ങളാക്കരുത്. അവരന്യോന്യം ആത്മമിത്രങ്ങളാണ്. നിങ്ങളിലാരെങ്കിലും അവരെ ആത്മമിത്രങ്ങളാക്കുന്നുവെങ്കില്‍ അവനും അവരില്‍പെട്ടവനായിത്തീരും. അക്രമികളായ ആളുകളെ അല്ലാഹു നേര്‍വഴിയിലാക്കുകയില്ല, തീര്‍ച്ച! എന്നാല്‍ ദീനം പിടിച്ച മനസ്സുള്ളവര്‍ അവരുമായി കൂട്ടുകൂടുന്നതിന് തിടുക്കം കൂട്ടുന്നതായി കാണാം. തങ്ങള്‍ക്ക് വല്ല വിപത്തും വന്നുപെട്ടേക്കുമോയെന്ന് ആശങ്കയുണ്ടെന്നാണ് അതിനവര്‍ കാരണം പറയുക. എന്നാല്‍, അല്ലാഹു നിങ്ങള്‍ക്ക് നിര്‍ണായക വിജയം നല്‍കിയേക്കാം. അല്ലെങ്കില്‍ അവന്റെ ഭാഗത്ത് നിന്ന് മറ്റുവല്ല നടപടിയും ഉണ്ടായേക്കാം. അപ്പോള്‍ അവര്‍ തങ്ങളുടെ മനസ്സ് മറച്ചുവെക്കുന്നതിനെ സംബന്ധിച്ച് ദുഃഖിക്കുന്നവരായിത്തീരും.”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-290/365

ബദ്ർ കഴിഞ്ഞ് ഒരു വർഷം ആകാനായെങ്കിലും മക്കക്കാർക്കേറ്റ മുറിവുണങ്ങിയില്ല. മാനഭംഗം മറന്നില്ല. അവരിൽ രൂപം കൊണ്ട പ്രതികാര ദാഹം ശമിച്ചില്ല. ഖുറൈശീ യുവാക്കളിൽ പ്രമുഖരായ അബ്ദുല്ലാഹിബിനു റബീഅ, ഇക്രിമത്ബിൻ അബീജഹൽ, ഹാരിസ് ബിൻ ഹിഷാം, ഹുവൈഥിബ് ബിൻ അബ്ദുൽ ഉസ്സ:, സഫ്‌വാൻ ബിൻ ഉമയ്യ (ഇവരെല്ലാം പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചിരുന്നു.) എന്നിവർ ഖുറൈശീ നേതാവായ അബൂസുഫ്യാനെ സമീപിച്ചു. ഇവരുടെയെല്ലാം ഉറ്റവർ ബദ്റിൽ കൊല്ലപ്പെട്ടിരുന്നു. അവരുടെയെല്ലാം സ്വത്തുകൾ അബൂസുഫ്യാൻ്റെ കച്ചവട സംഘത്തിൽ ഉണ്ടായിരുന്നു. മുഹമ്മദ്‌ﷺ നമ്മുടെ നേതാക്കളെ വധിക്കുകയും നമ്മെ പരാജയപ്പെടുത്തുകയും ചെയ്തിരിക്കുന്നു. അതിനാൽ നാം നമ്മുടെ സ്വത്ത്‌ സമാഹരിച്ച് അതിനു പ്രതികാര മുന്നേറ്റം നടത്തണം. അബൂസുഫ്യാൻ സമ്മതിച്ചു. ഒരു നിവേദനപ്രകാരം അബൂസുഫിയാൻ തന്നെ പ്രതികാര നടപടിക്ക് മുൻകൈ എടുക്കുകയും മറ്റുള്ളവരെ സമീപിച്ച് സഹകരണം ആവശ്യപ്പെടുകയും ചെയ്തു. അത് പ്രകാരം ആയിരം ഒട്ടകങ്ങളുടെയും അൻപതിനായിരം ദിനാറിൻ്റെയും ബിസിനസ്സ് ആയിരുന്നു ആ സീസണിൽ നടന്നത്. ഈ സ്വത്തിന്റെ ഉടമകൾക്ക് മുഴുവൻ മൂലധനം മാത്രം തിരിച്ചു നൽകുകയും ലാഭം മുഴുൻ മുസ്‌ലിംകൾക്കെതിരിൽ യുദ്ധത്തിനായി നീക്കിവക്കുകയും ചെയ്തു. ഈ സന്ദർഭത്തെ പരാമർശിച്ചു കൊണ്ടാണ് വിശുദ്ധ ഖുർആൻ എട്ടാമധ്യായം അൽ അൻഫാലിലെ മുപ്പത്തിയാറാമത്തെ സൂക്തം അവതരിച്ചത്. ആശയം ഇങ്ങനെയാണ്. “സത്യനിഷേധികള്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നത് തീർച്ചയായും അല്ലാഹുവിന്റെ മാർഗത്തില്‍ ‎നിന്ന് ജനങ്ങളെ തടയാനാണ്. ഇനിയും അവരത് ചെലവഴിച്ചുകൊണ്ടേയിരിക്കും. അവസാനം ‎അതവരുടെ തന്നെ ദുഖ:ത്തിനു കാരണമായിത്തീരും. അങ്ങനെയവര്‍ തീർത്തും പരാജിതരാവും. ‎ഒടുവില്‍ ഈ സത്യനിഷേധികളെ നരകത്തീയില്‍ ഒരുമിച്ചു കൂട്ടും.”

മുസ്ലിംകൾക്കെതിരെ യുദ്ധം ചെയ്യാൻ തന്നെ ഖുറൈശികൾ തീരുമാനിച്ചു. അംറുബിൻ അൽ ആസ്വ്, അബ്ദുല്ലാഹി അസ്സിഅബരി (രണ്ടു പേരും പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു.) ഹുബൈറ ബിൻ അബീ വഹബ്, മുസാഫിഉബിൻ അബ്ദി മനാഫ്, അംറ് ബിൻ അബ്ദില്ലാഹ് അൽ ജുമഹി എന്നിവരുടെ നേതൃത്വത്തിൽ ഖുറൈശികളെ സംഘടിപ്പിച്ചു. ഇരുന്നൂർ ആശ്വ ഭടന്മാരും എഴുന്നൂറ് പടയങ്കി അണിഞ്ഞവരുമടക്കം മൂവായിരം ആളുകൾ സംഘടിച്ചു. അഥവാ ബദ്റിലേക്ക് പുറപ്പെട്ടതിന്റെ മൂന്നിരട്ടിയുള്ള സൈന്യം അണിഞ്ഞൊരുങ്ങി.

നബി പിതൃസഹോദരനായ അബ്ബാസ്(റ) ഗിഫാർ ഗോത്രക്കാരനായ ഒരാൾ വഴി വിവരങ്ങളെല്ലാം നബിﷺയെ അറിയിച്ചു. അബ്ബാസി(റ)ന്റെ കത്തുമായി വന്ന ദൂതൻ മദീനയിലെ ഖുബ്ബയിൽ വച്ചു നബിﷺയെ കണ്ടുമുട്ടി സന്ദേശം കൈമാറി. ഉബയ്യ് ബിൻ അബിനെ(റ) കൊണ്ട് സന്ദേശം വായിപ്പിച്ചു. വിവരങ്ങൾ മനസ്സിലാക്കിയ ശേഷം കാര്യം രഹസ്യമാക്കി വെക്കണമെന്ന് ഉബൈയ്യി(റ)നോട് പറഞ്ഞു. ശേഷം നബിﷺ സഅദ് ബിൻ റബീഇ(റ)ന്റെ അടുത്തേക്ക് പോയി. കത്തിലെ വിവരങ്ങൾ പങ്കുവെച്ചു. വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കണമെന്ന് അദ്ദേഹത്തോടും പറഞ്ഞു. നബിﷺ അവിടുന്ന് നടന്നു നീങ്ങി. അപ്പോഴതാ ഒരു സ്ത്രീ അങ്ങോട്ട്‌ കടന്നു വന്നു സഅദി(റ)നോട് ചോദിച്ചു. എന്താണ് നബിﷺ പറഞ്ഞത്. സഅദ്(റ): കഷ്ടം തന്നെ എന്താണ് നീ ചോദിക്കുന്നത്? അപ്പോഴവൾ കത്തിലെ വിവരങ്ങൾ ഇങ്ങോട്ട് പറഞ്ഞു. അവൾ സംഭാഷണം ഒളിഞ്ഞു കേട്ടതായിരുന്നു. ഇനി ഈ വിവരം പുറത്തായാൽ ഞാൻ കുറ്റവാളിയാകുമല്ലോ എന്ന് ഭയന്ന് സഅദ്(റ) ഉടൻ തന്നെ നബിﷺയുടെ അടുത്തേക്ക് ചെന്നു. ഈ സ്ത്രീയുടെ വിവരങ്ങൾ പറഞ്ഞു. കാര്യം കേട്ട ശേഷം നബിﷺ പറഞ്ഞു. അത് കാര്യമാക്കേണ്ട അവളെ അവളുടെ വഴിക്കു വിട്ടേക്കൂ.
മക്കയിൽ പടയൊരുക്കം നടക്കുന്നു മദീനയിൽ വിവരങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നു. അടുത്ത ഒരു മഹായുദ്ധത്തിലേക്ക് ഖുറൈശികൾ പടപ്പുറപ്പാട് നടത്തുകയാണ്…..

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-291/365

ശവ്വാൽ മാസം അഞ്ചായി. ഖുറൈശികൾ മക്കയിൽ നിന്ന് പുറപ്പെട്ടു. നേതാക്കൾ അവരുടെ പത്നിമാരെയും ഒപ്പം കൂട്ടി. അബൂസുഫ്‌യാനും പത്നി ഹിൻദ് ബിൻത് ഉത്ബയും ഉണ്ടായിരുന്നു. ബദ്റിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ചു കൊണ്ടുള്ള ദഫ്ഫ് സംഘം അകമ്പടി സേവിച്ചു. അവർ വിലാപ കാവ്യങ്ങൾ പാടി. ജുബൈർ ബിൻ മുത്ഇം തന്റെ എത്യോപ്യൻ അടിമയായ വഹ്ശിയെ വിളിച്ചു.(രണ്ട് പേരും പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു.) ഉന്നം പിഴക്കാത്ത ചാട്ടുളി പ്രയോഗക്കാരനായിരുന്നു അയാൾ. അദ്ദേഹത്തോട് പറഞ്ഞു. നീ ഹംസ(റ)യെ വകവരുത്തുന്ന പക്ഷം നീ സ്വതന്ത്രനായിരിക്കും. ഹിന്ദ് വഹ്ശിയെ കാണുമ്പോഴൊക്കെ പറയും. അല്ലയോ അബൂദസ്മാ നീ ഞങ്ങളുടെ ദുഃഖം! ശമിച്ചാൽ അഥവാ ഹംസ(റ)യെ കൊന്നാൽ നിനക്ക് ആശ്വാസം ലഭിക്കും അഥവാ സ്വതന്ത്രനാകും. അത് കൊണ്ട് ആശ്വാസം നൽകി ആശ്വാസം നേടൂ എന്ന്.

ഇതേ സമയം മദീനയിലെ കപടവിശ്വാസികളുടെ നേതാവ് അംറ് ബിൻ സൈഫി അൻപത് പേരോടൊപ്പം മദീനയിൽ നിന്ന് മക്കയിലേക്ക് പുറപ്പെട്ടു. ഖുറൈശികളെ യുദ്ധത്തിന് പ്രേരിപ്പിക്കുകയായിരുന്നു ലക്ഷ്യം. മദീനയിലെത്തിയാൽ മുശ്‌രിക്കുകൾക്ക് സഹായം നൽകാമെന്ന് വാഗ്ദാനം നൽകി.

ഖുറൈശികൾ മുന്നോട്ട് സഞ്ചരിച്ചു. അബവാഇലെത്തിയപ്പോൾ മുത്ത് നബിﷺയുടെ മാതാവ് ആമിനാ ബീവി(റ)യുടെ ഖബർ തകർത്താലോ എന്നവർ ആലോചിച്ചു. പക്ഷേ, അല്ലാഹു അവരെ തടഞ്ഞു. ഒരു കൂട്ടർ പറഞ്ഞു. നാം ഈ ഖബർ തകർത്താൽ നമ്മുടെ ആളുകളുടെ ഖബറുകൾ ബനൂ സഹ്റക്കാർ വെറുതേ വിടില്ല.

അബുൽ വലീദ് അൽ അസ്റഖി പറയുന്നു. ഖുറൈശികൾ ഉഹ്ദിലേക്ക് പടനീക്കം നടത്തിയപ്പോൾ അബവാഇലെത്തി. ആമീനാ ബീവി(റ)യുടെ ഖബർ തകർത്താലോ എന്നവർ ആലോചിച്ചു. ഖബർ കണ്ടെത്താനും കൃത്യം നിർവഹിക്കാനും ഹിന്ദ് പ്രത്യേകം പ്രേരിപ്പിക്കുകയും അതിന്റെ പേരിൽ ആരെങ്കിലും തടവിലാക്കപ്പെടുന്ന പക്ഷം ഉന്നത മോചന ദ്രവ്യം വാഗ്ദാനം ചെയ്യുകയും ചെയ്തു. “അതുകൊണ്ടെന്ത് പ്രയോജനം? ഖബര്‍ മാന്തി മയ്യിത്ത് പുറത്തെറിയുന്നത് ആണുങ്ങള്‍ക്ക് ചേര്‍ന്നതല്ല. അതുകൊണ്ട് ആ ഉദ്യമത്തില്‍ നിന്നു പിന്തിരിയണം.” വേറെ ചിലര്‍ പറഞ്ഞു, “നമ്മുടെ പിതാക്കളെയും സഹോദരന്മാരെയും നേതാക്കളെയും ബദ്റില്‍ വെച്ച് വെട്ടിവീഴ്ത്തിയവരോട് ഏതുവിധത്തില്‍ പകരം വീട്ടിയാലും അധികമല്ല. എന്തു നീചത്വം ചെയ്താലും തെറ്റില്ല. നമുക്ക് ഈ ഖബര്‍ മാന്തുകതന്നെ വേണം.”

ഇതോടെ ഖുറൈശികൾ രണ്ടു കക്ഷികളായിത്തീര്‍ന്നു. ഈ സന്ദര്‍ഭത്തില്‍ അബൂസുഫ്‌യാന്‍ ഇടപെട്ടുകൊണ്ടു പറഞ്ഞു, “നിങ്ങള്‍ ഇപ്പോള്‍ തന്നെ ഭിന്നിക്കാന്‍ തുടങ്ങിയിരിക്കയാണ്, ഇതപകടമാണ്. ബദ്റില്‍ നമുക്കേറ്റ മുറിവുകള്‍ ഇപ്പോഴും ഉണങ്ങിയിട്ടില്ല. നമ്മുടെ അനൈക്യം മൂലമാണത് സംഭവിച്ചത്. ഇനിയും നാം ഭിന്നിക്കുകയാണെങ്കില്‍ നമ്മുടെ അന്ത്യം അടുത്തു എന്നോര്‍ക്കുക. ഭിന്നിപ്പ് ഒരിടത്തും തലപൊക്കാന്‍ ഇടവരുത്താതിരിക്കുക. ഖബര്‍ മാന്തണോ വേണ്ടയോ എന്നതല്ല പ്രശ്നം. അതുകൊണ്ട് യാതൊരു പ്രയോജനവും കിട്ടാനില്ല. ഐക്യമാണ് പ്രശ്നം. അത് മുറുകെപ്പിടിക്കുക. ഏകസഹോദരന്മാരെപ്പോലെ ശത്രുവിനെ നശിപ്പിക്കാന്‍ ഒത്തുപിടിച്ചു മുന്നേറുക. അതാണ്‌ ഇപ്പോള്‍ ആവശ്യമായിട്ടുള്ളത്.”

ഇതോടെ ഖബര്‍ മാന്താനുള്ള പരിപാടി വേണ്ടെന്നുവെച്ചു. സൈന്യം അബവാഇല്‍ വിശ്രമിച്ചു. പടഹധ്വനികള്‍ അന്തരീക്ഷത്തെ കിടിലംകൊള്ളിച്ചു. മദ്യം മൂക്കറ്റം കുടിച്ചു പടയാളികള്‍ നൃത്തംവെച്ചു.

ഖുറൈശികളുടെ പുറപ്പാടറിഞ്ഞതോടെ മദീനയിലെ ജൂതൻമാരും കപടവിശ്വാസികളും പരിഭ്രാന്തരായി. ഖുറൈശികളോടൊപ്പം സഞ്ചരിച്ച് ദൂത്വുവാ വരെയെത്തിയ അംറ് ബിൻ ഖുസാഇയും സംഘവും നബിﷺയുടെ അടുത്തെത്തി വിവരങ്ങൾ പങ്കുവച്ചു. ഉടനെ നബിﷺ ഫുളാലയുടെ മക്കളായ അനസിനെ(റ)യും മുഅനിസി(റ)നെയും ചാരന്മാരായി മക്കാ റൂട്ടിലേക്ക് നിയോഗിച്ചു. അവർ അഖീഖിൽ വെച്ച് ഖുറൈശികളെ കണ്ടെത്തി കാര്യങ്ങൾ നിരീക്ഷിച്ച് മദീനയിലേക്ക് തിരിച്ചെത്തി. വിവരങ്ങൾ നബിﷺക്ക് കൈമാറി. മദീനയോടടുത്തെത്തിയ ഖുറൈശീ സംഘത്തെ നിരീക്ഷിക്കാൻ വേണ്ടി ഹുബാബ് ബിൻ അൽ മുൻദിർ(റ)നെ നിരീക്ഷകനായി നിയോഗിച്ചു. അദ്ദേഹം ഖുറൈശീ സംഘത്തെ കൃത്യമായി വിലയിരുത്തി. അവരുടെ ആളും അർത്ഥവും എണ്ണവും വണ്ണവും മനസ്സിലാക്കി. വിവരങ്ങൾ നബിﷺക്ക് കൈമാറി. ലഭ്യമായ വിവരങ്ങൾ രഹസ്യമാക്കി വെക്കാൻ നബിﷺ അദ്ദേഹത്തോട് പറഞ്ഞു. അല്ലാഹുവിൽ നാം അവലംബിക്കുന്നു എന്നും നിങ്ങൾ വഴി നാം നിരീക്ഷിച്ചു, നിങ്ങളിലൂടെ നാം അവരെ പ്രാപിക്കുമെന്നും നബിﷺ തുടർന്നു പറഞ്ഞു.

തൊട്ടടുത്ത വെള്ളിയാഴ്ച രാവിൽ സ്വഹാബികൾ സായുധരായി മദീനയിൽ സുരക്ഷയേർപ്പെടുത്തി. മദീന ആക്രമിക്കപ്പെടാതിരിക്കാനുള്ള ജാഗ്രത നിലനിർത്തുകയും ചെയ്തു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-292/365

ഇസ്‌ലാമിക ചരിത്രത്തിലെ യുദ്ധത്തിന്റെ നാൾവഴികൾ പ്രമാണങ്ങളിൽ നിന്ന് നേരെ ചൊവ്വെ വായിക്കുകയാണല്ലോ? ഉയർന്നു വന്ന സാഹചര്യങ്ങളെയും പ്രതിരോധത്തിലൂടെ സാധിച്ചെടുത്ത നന്മകളേയും വിലയിരുത്തുക കൂടി ചെയ്യുമ്പോഴേ സാമൂഹിക നിർമിതിയിൽ ഈ ഇടപെടലുകളുടെ പ്രാധാന്യം ബോധ്യമാവുകയുള്ളൂ.

മക്കയിൽ നിന്ന് ശത്രുക്കൾ പടയൊരുങ്ങി അഞ്ഞൂറോളം കിലോമീറ്റർ സഞ്ചരിച്ച് മുസ്‌ലിംകളെ അക്രമിക്കാൻ മദീനയിലേക്ക് വരുകയായിരുന്നു. എങ്ങനെ പ്രതിരോധിക്കാം എന്ന ആലോചനയാണ് ഇവിടെ മുസ്‌ലിംകൾ നിർവഹിച്ചിരുന്നത്. ഈ സമയത്താണ് നബിﷺക്ക് ഒരു സ്വപ്‌നദർശനമുണ്ടായത്. സ്വപ്നത്തിലെ കാഴ്ചകളുടെ രത്നച്ചുരുക്കം ഇങ്ങനെയാണ് : “മക്കയിൽ നിന്ന് ഈത്തപ്പന നിറഞ്ഞ ഒരു നാട്ടിലേക്ക് ഞാൻ പലായനം ചെയ്തു. യമാമയോ ഹജറോ ആണെന്നാണ് ഞാൻ ഭാവിച്ചത്. എന്നാൽ അത് മദീന തന്നെയായിരുന്നു. എന്റെ വാളിനു പരുക്കേറ്റു “.
മുസ്‌ലിംകൾക്ക് നേരിടേണ്ടി വരുന്ന ആഘാതങ്ങൾ, ചിലർ കൊല്ലപ്പെടുന്നത്, അവസാനം വിജയിക്കുന്നത്, മുസ്‌ലിംകൾ പൂർവോപരി ശക്തിയോടെ സംഘടിക്കുന്നത് ഇവകളിലേക്കെല്ലാം സൂചന നൽകുന്ന ഒരു സ്വപ്നമായിരുന്നു അത്.

ഇമാം ത്വബ്റാനി (റ) ഉദ്ധരിക്കുന്നതിങ്ങനെയാണ് : “അബൂസുഫ്‌യാനും സംഘവും മദീനയുടെ അടുത്തെത്തിക്കഴിഞ്ഞപ്പോൾ നബിﷺ അനുചരന്മാരോട് പറഞ്ഞു. ‘ഞാനിന്നലെ ഒരു സ്വപ്നം കണ്ടു. എന്റെ വാളിന് പരുക്കേറ്റിരിക്കുന്നു. അതൊരപകട സൂചനയാണ്. ഒരു മൃഗം അറുക്കപ്പെടുന്നു. അതും ഒരപകടത്തിന്റെ മുന്നറിയിപ്പാണ്. ഞാനൊരു കോട്ടയിലാണുളളത്. അവിടേക്ക് ശത്രുവിന് കടന്നുകയറാൻ കഴിയുന്നില്ല. അത് മദീന തന്നെയാണെന്നാണ് മനസ്സിലാക്കുന്നത് ‘. നബി പറഞ്ഞു “.

വെള്ളിയാഴ്ച രാത്രിയിലെ ഈ സ്വപ്നദർശനത്തെത്തുടർന്ന് രാവിലെത്തന്നെ നബിﷺ അനുചരന്മാരെ അഭിസംബോധന ചെയ്തു. അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് സംഭാഷണമാരംഭിച്ചു. സ്വപ്നത്തെക്കുറിച്ച് അവരോട് വിവരണം നൽകി. എന്നിട്ട് ചോദിച്ചു; “അവരെ എങ്ങനെയാണ് നാം നേരിടേണ്ടത് ? മദീനയിൽ നിന്ന് തന്നെ അവരെ പ്രതിരോധിക്കാനാണ് ഉദ്ദേശ്യമെങ്കിൽ നമ്മുടെ സ്ത്രീകളെയും കുട്ടികളെയുമൊക്കെ കുന്നിൻ പ്രദേശങ്ങളിലേക്ക് താമസിപ്പിക്കുക. ഇടവഴികളിൽ വച്ച് അവരെ നേരിടുക. മുകൾ ഭാഗത്ത് കൂടി ആയുധ പ്രയോഗം നടത്തുക “. സ്വഹാബികളിൽ പ്രമുഖരായ പലരുടെയും അഭിപ്രായവും അങ്ങനെയായിരുന്നു. എന്നാൽ ബദ്റിൽ പങ്കെടുക്കാൻ അവസരം ലഭിക്കാതിരുന്ന യുവാക്കൾ പറഞ്ഞു, “നമുക്കവരെ മദീനയെത്തുന്നതിന് മുമ്പ് തന്നെ പ്രതിരോധിക്കാം. ഞങ്ങൾ രക്തസാക്ഷികളാകേണ്ടി വന്നാൽ അതിന് സന്നദ്ധരും തത്‌പ്പരരുമാണ് “.

ഹംസ(റ), സഅദ് ബിൻ ഉബാദ: (റ), നുഅമാൻ ബിൻ മാലിക് (റ) എന്നിവർ നബിﷺയോടിപ്രകാരം പറഞ്ഞു : “പ്രവാചകരേ,ﷺ ശത്രുക്കൾ കരുതിയേക്കും നമ്മൾ ഭീരുക്കളായതിനാലാണ് മദീനയിൽ പ്രവേശിക്കുന്നതിന് മുമ്പ് അവരെ പ്രതിരോധിക്കാത്തതെന്ന്. ബദ്റിൽ നമ്മൾ മുന്നൂറിൽച്ചില്ലറ ആളുകളല്ലേ ഉണ്ടായിരുന്നുള്ളൂ. നമ്മെ അല്ലാഹു സഹായിച്ചില്ലേ? ഇന്നിപ്പോൾ നമുക്കെത്ര അംഗബലമുണ്ട്. നമുക്കവരെ നേരിടാം. യാതൊരാശങ്കയുമില്ല “.

ആവേശപൂർവം അവർ ആയുധമേന്തി അണിഞ്ഞൊരുങ്ങിക്കഴിഞ്ഞു. ഇയാസ് ബിൻ ഔസ് (റ) പറഞ്ഞു, “ഞങ്ങൾ ബനുൽ അശ്ഹൽ ഗോത്രം. അറുക്കപ്പെടുന്ന മൃഗം ഞങ്ങളായിക്കോട്ടെ, പ്രശ്നമില്ല “. മറ്റൊരാൾ പറഞ്ഞു, “ഒന്നുകിൽ സ്വർഗം, അല്ലെങ്കിൽ വിജയം “.
ഹംസ(റ) പറഞ്ഞു, “ശത്രുക്കളെ മദീനയിൽ പ്രവേശിക്കുന്നതിന് മുമ്പ് നേരിടാതെ ഞാൻ ഭക്ഷണം കഴിക്കുകയില്ല”.
അങ്ങനെ വെള്ളിയും ശനിയും നോമ്പെടുത്തു.

മക്കയിൽ നിന്ന് പടയൊരുങ്ങി മദീനയെ കടന്നാക്രമിക്കാൻ വരുന്ന അബൂസുഫ്‌യാന്റെ സൈന്യത്തെ പ്രതിരോധിക്കുന്ന ചർച്ചയാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്. അഥവാ, ആത്മരക്ഷാർഥമുള്ള പ്രതിരോധത്തിന്റെ ആലോചനകൾ !

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-293/365

നബിﷺ യുടെ മുമ്പിൽ അനുചരന്മാർ ആവേശപൂർവം നിൽക്കുകയാണ്. ഞങ്ങൾക്ക് സ്വർഗം പ്രാപിക്കാനുള്ള അവസരം നഷ്ടപ്പെടുത്തല്ലേ പ്രവാചകരേ!ﷺ നുഅ്മാനുബിൻ മാലിക് (റ) പറഞ്ഞു; “നബിﷺ ചോദിച്ചു, അതെന്തേ?”
” ഞാൻ അല്ലാഹുവിലും അവൻ്റെ തിരുദൂതരിﷺലും വിശ്വസിക്കുന്നു. അല്ലാഹുവിനെയും അവൻ്റെ തിരുദൂതരെﷺയും സ്നേഹിക്കുന്നു. ഒരു കാരണവശാലും ഞാൻ യുദ്ധക്കളത്തിൽ നിന്ന് പിന്തിരിഞ്ഞോടുകയില്ല”. അദ്ദേഹം വിശദീകരിച്ചു.
നബിﷺ പറഞ്ഞു, “ശരി”.‎ അദ്ദേഹം അല്ലാഹുവിന്റെ മാർഗത്തിൽ ജീവാർപ്പണം നടത്തി.

മദീനയുടെ പുറത്ത് പ്രതിരോധിക്കുക എന്ന അഭിപ്രായത്തിലേക്ക് അനുയായികളിൽ പ്രധാനികൾ എത്തിച്ചേർന്നപ്പോൾ നബിﷺ അതിനെ അംഗീകരിച്ചു. നല്ലൊരു വിഭാഗം ഈ പുറപ്പാടിനെ ആശങ്കയോടെ നിരീക്ഷിച്ചവരുമുണ്ടായിരുന്നു. ഏതായാലും ജുമുഅ നിസ്കാരാനന്തരം നബിﷺ അവരെ അഭിസംബോധനം ചെയ്തു. പരിശ്രമത്തിന്റെയും സഹനത്തിന്റെയും അധ്യായങ്ങളെക്കുറിച്ച് ഉദ്ബോധിപ്പിച്ചു. അസർ അഥവാ സായാഹ്ന നിസ്ക്കാരത്തിന്റെ നേരമായപ്പോഴേക്കും ആളുകൾ തയ്യാറായി വന്നുകഴിഞ്ഞു. മദീനയുടെ ഉയർന്ന പ്രവിശ്യ അഥവാ അവാലിയിൽ താമസിക്കുന്നവരും എത്തിച്ചേർന്നു. സ്ത്രീകളെയും കുട്ടികളെയും കുന്നിൻ പ്രദേശങ്ങളിലേക്ക് താമസിപ്പിച്ചു. അബൂബക്കർ (റ)നും ഉമർ (റ)നും ഒപ്പം നബിﷺ വീട്ടിലെത്തി. അവർ നബിﷺക്ക് വസ്ത്രവും തലപ്പാവുമണിയിച്ചു. നബി‎ﷺയുടെ ആഗമനം പ്രതീക്ഷിച്ച് ആളുകൾ വീടു മുതൽ പള്ളിയിലെ മിമ്പർ വരെ അണിനിരന്നു. അപ്പോൾ സഅ്ദ് ബിൻ മുആദും(റ) ഉസൈദുബിൻഹുളൈറും(റ) രംഗത്തു വന്നു. അവർ ജനങ്ങളോട് പറഞ്ഞു; “നിങ്ങൾ നബിﷺയോട് നിർബന്ധം പിടിക്കരുത്. അവിടുന്ന് കൽപ്പിക്കുന്നത് കേൾക്കുക. അവിടുത്തേക്ക് അല്ലാഹുവിൽ നിന്നുള്ള ബോധനം അഥവാ ‘വഹിയ്‌ ‘ ലഭിക്കുന്നുണ്ടല്ലോ!”
അധികം വൈകിയില്ല. നബിﷺ പടയങ്കി ധരിച്ച് പുറത്ത് വന്നു. അപ്പോൾ ചിലർ അവിടുത്തോട് ചോദിച്ചു; “ഞങ്ങൾ അവിടുത്തോട് ശാഠ്യം പിടിച്ചു പോയി. അവിടുന്നെന്ത് പറയുന്നുവോ അതാണ് ഞങ്ങളുടെ തീരുമാനം. അവിടുന്നിരിക്കാൻ പറഞ്ഞാൽ ഞങ്ങൾ ഇരിക്കും “.
അപ്പോൾ നബിﷺ പറഞ്ഞു. “ഇത് പറയാനാണ് ഞാൻ നേരത്തെ നിങ്ങളെ പ്രേരിപ്പിച്ചത്. ഇനിയിപ്പോൾ സമയം കഴിഞ്ഞു. പ്രവാചകന്മാർ പടച്ചട്ടയണിഞ്ഞാൽ ഒരു തീരുമാനമായിട്ടേ അതഴിക്കുകയുള്ളൂ. നമുക്ക് പുറപ്പെടാം. അല്ലാഹു സഹായിക്കട്ടെ! ക്ഷമിക്കുക, അല്ലാഹുവിന്റെ സഹായമുണ്ടാകും”.
മൂന്ന് കുന്തങ്ങൾ വരുത്തി ഓരോന്നിലും ഓരോ പതാകകൾ കെട്ടി. മുഹാജിറുകളുടെ പതാക അലി(റ)യെ ഏൽപ്പിച്ചു. ഔസ് ഗോത്രക്കാർക്കുള്ളത് ഉസൈദ് ബിൻഹുളൈറി(റ)നെയും ഖസ്റജുകാർക്കുള്ളത് ഹുബാബ് ബിൻ അബ്ദുൽ മുൻദിറി(റ)നെയും ഏൽപ്പിച്ചു. മദീനയിലുള്ളവർക്ക് നിസ്ക്കാരത്തിനും മറ്റും നേതൃത്വം നൽകാൻ അബ്ദുല്ലാഹിബിൻ ഉമ്മി മക്തൂമി(റ)നെ ഏൽപ്പിച്ചു.

നബിﷺ അവിടുത്തെ സക്ബ് കുതിരപ്പുറത്തേറി. വില്ല് തൂക്കി, വടി കൈയിലേന്തി. പടയങ്കി ധരിച്ച നൂറുപേരടക്കം ആയുധമേന്തി മുന്നിൽ സൈന്യത്തിനൊപ്പം ചേർന്നു. രണ്ട് സഅ്ദുമാർ അഥവാ സഅ്ദ് ബിൻ മുആദും(റ) സഅ്ദ് ബിൻ ഉബാദ(റ)യും പടച്ചട്ട ധരിച്ച് നിരീക്ഷകന്മാരായി മുന്നേ സഞ്ചരിച്ചു. ഇടത്തും വലത്തും നിരന്ന സൈന്യത്തോടാപ്പം നബിﷺ മുന്നോട്ട് നീങ്ങി. മദീന അതിർത്തിയിലുള്ള കുന്ന് അഥവാ സനിയ്യയിൽ എത്തി. അവിടെയതാ ആരവം മുഴക്കി ഒരു സംഘം ! നബിﷺ ചോദിച്ചു, “അതെന്താണ്?” ഉടനെ മറുപടി വന്നു. അബ്ദുല്ലാഹിബിന് ഉബയ്യുമായി കരാറിലുള്ള ജൂതന്മാരാണ്. നബിﷺ അവരോട് പറഞ്ഞു; “നിങ്ങൾ നേർവഴിക്ക് വരൂ”.
അവർ പറഞ്ഞു, “ഞങ്ങൾ ബഹുദൈവ വിശ്വാസികൾക്കെതിരെ വന്ന ബഹുദൈവ വിശ്വാസികളെ ഞങ്ങൾ സഹായിക്കുകയില്ല”.

നബി ‎ﷺയുടെ സംഘം രണ്ട് കുന്നുകൾക്കിടയിലെത്തി. നബിﷺ അംഗങ്ങളെ മുഴുവൻ ഒന്ന് നിരീക്ഷിച്ചു. പ്രായം കുറഞ്ഞവരെ മടക്കിയയച്ചു. ഇമാം ശാഫിഈ(റ) പറയുന്നു. പതിന്നാല് വയസ്സേ ആയിട്ടുള്ളൂ എന്നു കണ്ട പതിനേഴ് പേരെ നബി ‎ﷺ അവിടുന്ന് മടക്കിയയച്ചു. പതിനഞ്ചുകാർക്കവിടുന്ന് സമ്മതം നൽകി.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ
.

Mahabba Campaign Part-294/365

നബിﷺ സൈന്യത്തെ നിരീക്ഷിച്ചു കഴിഞ്ഞപ്പോഴേക്കും സന്ധ്യയായി. ബിലാൽ (റ) മഗ്‌രിബിന്റെ വാങ്ക് കൊടുത്തു. മഗ്‌രിബ് നിസ്ക്കാരത്തിനു നബിﷺ നേതൃത്വം നൽകി. ശേഷം ഇശാഇന്റെ സമയമായപ്പോൾ ബിലാൽ (റ) തന്നെ വാങ്ക് കൊടുക്കുകയും നബിﷺ തന്നെ നിസ്ക്കാരത്തിനു നേതൃത്വം നൽകുകയും ചെയ്തു. തുടർന്ന് അന്നവിടെത്തന്നെ രാപ്പാർത്തു. മുഹമ്മദ് ബിൻ മസ്‌ലമ(റ)യും അൻപതംഗ സംഘവും സൈന്യത്തിന് പാറാവുകാരായി നിന്നു. ദക്’വാൻ ബിൻ അബ്ദിഖൈസ് നബിﷺ ഉറങ്ങിയപ്പോൾ അവിടുത്തെ സമീപത്ത് ഉറങ്ങാതെ കാവൽ നിന്നു. പ്രഭാത നിസ്ക്കാരാനന്തരം നബിﷺ ചോദിച്ചു; “നമ്മുടെ വിവരാന്വേഷകർ എവിടെപ്പോയി ? ” അപ്പോൾ അബൂഖൈസമ: (റ) രംഗത്തേക്ക് വന്നു. വിവരങ്ങൾ പങ്കുവച്ചു.

നബിﷺ ചുവടുവച്ച് മുന്നോട്ട് നീങ്ങിയപ്പോൾ അബ്ദുല്ലാഹിബിൻ ഉബയ്യ് രംഗത്ത് വന്നു. അണികൾക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടാക്കി അയാൾ വിളിച്ചു പറഞ്ഞു; “സ്വയം തീരുമാനമില്ലാതെ കുട്ടികളെ അനുസരിച്ച് പുറപ്പെട്ടതാണീ യാത്ര. നാമെന്തിനാണിപ്പോൾ യുദ്ധം ചെയ്യുന്നത്! എന്നെ അനുസരിക്കാതെയാണീ പുറപ്പാട് നടത്തിയത്. ഞാനിതാ തിരിച്ചു പോകുന്നു “. കപടവിശ്വാസികളും സംശയാലുക്കളുമായ ആളുകൾ അയാൾക്കൊപ്പംചേർന്നു. അവർ ഒരുമിച്ചു മദീനയിലേക്ക് മടങ്ങി. ഉടനെ അബ്ദുല്ലാഹിബിനു ഹറാം ജനങ്ങളെ സംബോധന ചെയ്തു – “അല്ലയോ ജനങ്ങളേ! ശത്രു മുന്നിൽ നിൽക്കുമ്പോൾ പ്രവാചകനെയും വിശ്വാസികളെയും നിന്ദിക്കുകയാണോ നിങ്ങൾ? രംഗത്തേക്ക് വരൂ.. പോർക്കളത്തിലേക്ക് വരൂ.. പ്രതിരോധ നിരയിൽ ഉറച്ചുനിൽക്കൂ !”.
ഈ സന്ദർഭത്തിൽ കപടവിശ്വാസികളുടെ നിലപാടു കൂടി മുന്നിൽ വച്ചു കൊണ്ട് വിശുദ്ധ ഖുർആൻ മൂന്നാമധ്യായം ആലുഇംറാൻ നൂറ്റിയെഴുപത്തി ഒൻപതാമത്തെ സൂക്തം സംവദിക്കുന്നത് നോക്കൂ. ‎

“നല്ലതില്‍നിന്ന് തിന്മയെ വേര്‍തിരിച്ചെടുക്കാതെ സത്യവിശ്വാസികളെ അവര്‍ ഇന്നുള്ള അവസ്ഥയില്‍ ‎നിലകൊള്ളാന്‍ അല്ലാഹു അനുവദിക്കുകയില്ല ”

നൂറ്റി അറുപത്തിയേഴാമത്തെ സൂക്തത്തിന്റെ ആശയം കൂടി ഇവിടെ ചേർത്തു വായിക്കേണ്ടതാണ്.

“കപടവിശ്വാസികളാരെന്ന് വ്യക്തമാകാനും; നിങ്ങള്‍ ‎വരൂ! അല്ലാഹുവിന്റെ മാര്‍ഗത്തില്‍ യുദ്ധം ചെയ്യൂ; ‎അല്ലെങ്കില്‍ ചെറുത്തുനില്‍ക്കുകയെങ്കിലും ചെയ്യൂ. എന്ന് ‎കല്‍പ്പിച്ചപ്പോള്‍ അവര്‍ പറഞ്ഞു: യുദ്ധമുണ്ടാകുമെന്ന് ‎അറിഞ്ഞിരുന്നെങ്കില്‍ ഞങ്ങളും നിങ്ങളെ ‎പിന്തുടരുമായിരുന്നു. അന്ന് അവര്‍ക്ക് ‎സത്യവിശ്വാസത്തെക്കാള്‍ അടുപ്പം ‎സത്യനിഷേധത്തോടായിരുന്നു. അവരുടെ ‎മനസ്സിലില്ലാത്തതാണ് നാവുകൊണ്ടവര്‍ പറയുന്നത്. ‎അവര്‍ മറച്ചുവയ്ക്കുന്നതൊക്കെയും ‎നന്നായറിയുന്നവനാണ് അല്ലാഹു.”

അബ്ദുല്ലാഹിബിൻ ഉബയ്യ് മടങ്ങിയപ്പോൾ ബനൂസലമയും ബനൂഹാരിസയും അയാൾക്കൊപ്പം കൂടിയാലോ എന്നാലോചിച്ചു. പക്ഷേ, അല്ലാഹു അവർക്കു സദ്ബുദ്ധി നൽകി. ഇക്കാര്യവും ഖുർആൻ പരാമർശിച്ചു. ആലുഇംറാൻ നൂറ്റിയിരുപത്തിരണ്ടാം സൂക്തത്തിന്റെ ആശയം ഇപ്രകാരമാണ്.

“ഓര്‍ക്കുക, നിങ്ങളിലെ രണ്ടു വിഭാഗം; ആ ‎ഇരുകൂട്ടരുടെയും രക്ഷാധികാരി അല്ലാഹുവാണ്. ‎എന്നിട്ടും അവര്‍ ഭയന്നോടാന്‍ ഭാവിച്ച സന്ദര്‍ഭം. ‎സത്യവിശ്വാസികള്‍ അല്ലാഹുവില്‍ ഭരമേല്‍പ്പിക്കട്ടെ.”
കപടവിശ്വാസികൾ ഉയർത്തിയ ഭിന്നതയിൽ നിന്നും ഭീഷണിയിൽ നിന്നും മുസ്‌ലിം സൈന്യം അതിജീവിച്ചു. ‘ഇനി നാം മദീനയിലെ യഹൂദികളുടെ സഹായം തേടിയാലോ?’ എന്ന് ചിലർ ചോദിച്ചപ്പോൾ നബി‎ﷺ അതിനെ നിരുത്സാഹപ്പെടുത്തി. നബിﷺയും അനുയായികളും ഉഹ്ദിൽ തമ്പടിച്ചു. ശനിയാഴ്ച സുബ്ഹി നിസ്ക്കാരം നബിﷺയുടെ നേതൃത്വത്തിൽ ഉഹ്ദിൽ വച്ചു നടന്നു. അധികം അകലെയല്ലാതെ മുശ്‌രിക്കുകളും തമ്പടിച്ചു കഴിഞ്ഞു.

‘നബിﷺയുടെ കുതിരയും എഴുന്നൂറ് അനുയായികളും അബൂബുർദയുടെ മറ്റൊരു കുതിരയും’ – ഇത്രയുമായിട്ടാണ് വിശ്വാസികൾ പോർമുഖത്തെത്തിയിരുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-295/365

നബിﷺ സൈന്യത്തെ അഭിസംബോധനം ചെയ്തു. “അല്ലയോ ജനങ്ങളേ, അല്ലാഹു എന്നോട് വസ്വിയ്യത്ത് ചെയ്തത് ഞാൻ നിങ്ങളോടും വസ്വിയ്യത്ത് ചെയ്യുന്നു. അവൻ കൽപ്പിച്ച കാര്യങ്ങൾ നിർവഹിക്കുകയും നിരോധിച്ച കാര്യങ്ങളിൽ നിന്ന് അകന്നു നിൽക്കുകയും ചെയുക. നിങ്ങൾ പ്രതിഫലവും അനന്തരഗുണങ്ങളും ആർജിക്കാൻ പറ്റുന്ന ഒരു ദിവസത്തിലാണുള്ളത്. നിശ്ചയദാർഢ്യവും സഹിഷ്ണുതയും പുലർത്തണമെന്ന് സ്വന്തത്തോട് തന്നെ നബിﷺ പ്രതിജ്ഞ ചെയ്തു. ആവേശപൂർവം കഠിന പരിശ്രമം വേണമെന്നും പറഞ്ഞു. ശേഷം, ഇങ്ങനെ തുടർന്നു. ശത്രുവിനോട് പോരാടുക അത് സുഖകരമായ ലളിതകാര്യമല്ല. ശക്തവും പ്രയാസകരവുമായ കാര്യമാണ്. അല്ലാഹു നേർവഴി നൽകുന്നവർക്കേ അത് അതിജീവിക്കാനാവൂ. അല്ലാഹുവിന്റെ സഹായം അവനെ അനുസരിക്കുന്നവർക്കൊപ്പമാണ്. അവനെ അവഗണിക്കുന്നവൻ പിശാചിനൊപ്പമാണ്. സഹനത്തോടെ പ്രതിഫലം കാംക്ഷിച്ച്‌ ധർമ സമരത്തിലേക്കിറങ്ങൂ. അല്ലാഹുവിന്റെ കൽപ്പനകളെ അനുസരിക്കൂ. ആഭ്യന്തര തർക്കങ്ങളും യോജിപ്പില്ലായ്മയും ദൗർബല്യമാണ്. നമ്മുടെ ശക്തി ക്ഷയിപ്പിക്കും. അതല്ലാഹു ഇഷ്ടപ്പെടുന്നില്ല. അത് വഴി അല്ലാഹുവിൽ നിന്നുള്ള സഹായം ഇല്ലാതെയാകും”.

“അല്ലയോ ജനങ്ങളേ! ഒരിക്കൽക്കൂടി ഞാൻ ഓർമപ്പെടുത്തുന്നു. അല്ലാഹു വിലക്കിയ ഒരു കാര്യം ഒരാൾ ലക്ഷ്യം വച്ചാൽ അതുവഴി അല്ലാഹു അവനിൽ നിന്ന് അകലം പാലിക്കും. ആരെങ്കിലും ഒരാൾ എനിക്ക് ഒരു സ്വലാത്ത് അഥവാ അനുഗ്രഹാഭിവാദ്യം ചൊരിഞ്ഞാൽ അല്ലാഹുവും മലക്കുകളും അവന്റെ മേൽ പത്ത് സ്വലാത്തുകൾ അഥവാ അനുഗ്രഹ വർഷം ചൊരിയും. ഒരാൾ വിശ്വാസിയോ അവിശ്വാസിയോ ആയ മറ്റൊരാൾക്ക് നന്മ ചെയ്താൽ അവനുള്ള പ്രതിഫലം അല്ലാഹുവാണ് നൽകുക. അത് ഈ ലോകത്തും പരലോകത്തും ലഭിക്കും. അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവർ നിർബന്ധമായും ജുമുഅയ്ക്ക് അഥവാ വെള്ളിയാഴ്ചത്തെ സവിശേഷമായ പ്രാർഥനയ്ക്കു ഹാജരാവട്ടെ. കുട്ടികളും സ്ത്രീകളും അടിമകളും രോഗികളും ഈ കല്പനയിൽ നിന്നും ഒഴിവാണ്. നിങ്ങളെ സ്വർഗത്തിലെത്തിക്കുന്ന ഒരു കാര്യവും ഞാൻ നിങ്ങൾക്കെത്തിച്ചു തരാതിരുന്നിട്ടില്ല. നരകത്തിലേക്കടുപ്പിക്കുന്ന ഒരു കാര്യവും ഞാൻ വിലക്കാതെയുമിരുന്നിട്ടില്ല. ഒരാൾക്കും അല്ലാഹു നിശ്‌ചയിച്ച ഭക്ഷണ വിഭവങ്ങൾ ലഭിക്കാതെ അയാൾ മരിക്കുകയില്ല. അല്ലാഹുവിനെ സൂക്ഷിക്കുക. സമ്പാദിക്കുന്നതിൽ നിങ്ങൾ നേർവഴി സ്വീകരിക്കുക. അല്ലാഹുവിൽ നിന്നുള്ള വിഭവം വൈകുന്നു എന്ന് കരുതി തെറ്റായ മാർഗത്തിൽ സമ്പാദിക്കാതിരിക്കുക. അനുവദിക്കപ്പെട്ടതും നിഷിദ്ധമാക്കപ്പെട്ടതും എന്തൊക്കെയാണെന്ന് വ്യക്തമാണ്. അതിനിടയിൽ അധികമാർക്കും വ്യക്തമാക്കാത്ത കാര്യങ്ങളുണ്ട്. അവകളെ സൂക്ഷിക്കുന്നവൻ അവന്റെ മതവും മാനവും രക്ഷിച്ചു. അത് ശ്രദ്ധിക്കാത്തവൻ നിരോധിത മേഖലയുടെ അതിർത്തിയിൽ ആടിനെ മേയ്ക്കുന്നവനെപ്പോലെയാണ്. ഏത് നിമിഷവും അപായത്തിൽപ്പെട്ടേക്കാം. അല്ലാഹു വിരോധിച്ച കാര്യങ്ങളിൽ പ്പെട്ടുപോയാൽ , രാജാവ് നിശ്ചയിച്ച നിരോധിത മേഖലയിൽ കടന്നതുപോലെയാണ്. ശിരസ്സിന് എന്തെങ്കിലും പ്രയാസമുണ്ടായാൽ ശരീരത്തിന് മുഴുവനും ബാധിക്കുംപോലെ. വിശ്വാസികൾക്ക് മറ്റൊരു വിശ്വാസി ഉടലിലെ ശിരസ്സ് പോലെയാണ്. അസ്സലാമു അലൈകും.“
തുടർന്ന് നബി ﷺ സമരോർജം പകർന്നു നൽകി. എന്നിട്ട് പറഞ്ഞു; “നമ്മുടെ ആജ്ഞപ്രകാരമല്ലാതെ ആരും യുദ്ധത്തിനൊരുങ്ങരുത് “.

തന്ത്രപരമായി സൈന്യത്തെ അണിനിരത്തുന്ന ഒരു സേനാ നേതൃത്വത്തെയാണ് നബിﷺയിൽ നിന്ന് നാം വായിച്ചുകൊണ്ടിരിക്കുന്നത്. ശത്രുവിന്റെ നീക്കങ്ങളെ കൃത്യമായി നിരീക്ഷിക്കുന്നു. സ്വന്തം അനുയായികളെ ആത്മവിശ്വാസം നൽകി അണിയൊപ്പിക്കുന്നു. ഭൂമിശാസ്ത്രപരമായ സാധ്യതകളെ കൃത്യമായി വിലയിരുത്തുന്നു. അതിൻ്റെ ഭാഗമായിരുന്നു തലേന്ന് രാത്രിയിൽ വിശ്രമിക്കാൻ തെരഞ്ഞെടുത്ത ‘ശൈഖൈൻ’ എന്ന സ്ഥലം. പ്രസ്തുത നാമത്തിൽ ഒരു പള്ളി ഇന്നും അവിടെയുണ്ട്. ‘മസ്ജിദുദ്ദിർഅ’ എന്നും ഇതിന് പേരുണ്ട്. നബിﷺക്ക് അവിടേക്ക് ഭക്ഷണം എത്തിച്ചു കൊടുത്തത് അവിടുത്തെ പത്നി ഉമ്മുസലമയായിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-296/365

നബിﷺയുടെ സൈന്യത്തിന് ജൂതന്മാരെക്കുറിച്ച് കൂടി ആലോചിക്കേണ്ടിയിരുന്നു. നേരത്തെ അവരുമായുണ്ടാക്കിയ കരാര്‍ പ്രകാരം മദീനാ നഗരത്തെ സംരക്ഷിക്കാന്‍ അവര്‍ മുസ്‌ലിംകള്‍ക്കൊപ്പം നില്‍ക്കേണ്ടവരാണ്. പക്ഷേ, അവരില്‍ ഭൂരിപക്ഷവും പൊരുതാന്‍ വിസമ്മതിച്ചു. ‘യുദ്ധപ്പുറപ്പാട് തീരുമാനിച്ചത് ശനിയാഴ്ചയാണ് ‘ എന്ന കാരണം പറഞ്ഞ് ഒഴിഞ്ഞു നിന്നു. ശനിയാഴ്ച അവര്‍ക്ക് വിശുദ്ധ ദിനമായതിനാല്‍ അന്നവര്‍ യുദ്ധം ചെയ്യില്ല. പക്ഷേ, ജൂത ഗോത്രങ്ങളില്‍പ്പെട്ട ചിലര്‍ മദീനയെ സംരക്ഷിക്കാനായി രംഗത്തു വന്നിരുന്നു. അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ സംശയമുള്ളതുകൊണ്ട് അവരെ മുസ്‌ലിം സൈന്യത്തില്‍ ഉള്‍പ്പെടുത്താന്‍ പ്രവാചകന്‍ ﷺ സന്നദ്ധനായില്ല. കേവലം എഴുന്നൂറ് പേരുമായാണ് പ്രവാചകന്‍ ﷺ ഇരുന്നൂറ് പടക്കുതിരകളുള്ള സൈന്യത്തെയും പുറമെ മൂവായിരം ശത്രുസൈനികരെയും നേരിട്ടത്. പ്രവാചകർ ﷺ യുടെ യുദ്ധതന്ത്രം വളരെ സമര്‍ഥമായിരുന്നു. അത് ഉദ്ദേശിച്ച ഫലം ചെയ്തു. ശത്രുവിന്റെ കുതിരപ്പട രണ്ടായി ഭാഗം ചെയ്തിരുന്നു. അതിന്റെ പകുതി കാലാള്‍പ്പടയോടൊപ്പമായിരുന്നു; അതവിടെ ചലിക്കാതെ നില്‍ക്കുകയായിരുന്നു. കുതിരപ്പടയുടെ രണ്ടാം പകുതി നീണ്ട ദൂരം ഓടി ഉഹ്ദ് മല ചുറ്റി വന്ന് മുസ്‌ലിംകളെ പിന്നില്‍നിന്ന് ആക്രമിക്കാന്‍ ശ്രമിച്ചു. പക്ഷേ, തൊട്ടടുത്തുള്ള തന്ത്രപ്രധാനമായ ഒരു കുന്നില്‍ നിലയുറപ്പിച്ച മുസ്‌ലിം വില്ലാളികള്‍ അവരെ മുന്നേറാന്‍ അനുവദിക്കാതെ തടഞ്ഞുനിര്‍ത്തി.

നബിﷺ സൈന്യത്തെ വിന്യസിക്കുന്ന നേരത്ത് പ്രത്യേകം ചില നിർദേശങ്ങൾ നൽകി. വെള്ള യൂണിഫോമിൽ അമ്പതംഗ അമ്പെയ്ത്തുകാരെ അബ്ദുല്ലാഹിബിന് ജുബൈറി(റ)ന്റെ നേതൃത്വത്തിൽ നയതന്ത്ര സ്ഥാനത്ത് വിന്യസിച്ചു. എന്നിട്ടവരോട് പറഞ്ഞു. ‘നിങ്ങൾ യാതൊരു കാരണവശാലും ഇവിടെ നിന്നും അനങ്ങരുത്. പടക്കളത്തിൽ എന്ത് സംഭവിച്ചാലും നിങ്ങൾക്ക് സ്ഥാന ചലനമുണ്ടാകരുത്. താഴ്‌വാരത്ത് എന്ത് സംഭവിച്ചാലും ഞങ്ങളെ സഹായിക്കാനോ ഞങ്ങളുടെ നേട്ടത്തോടൊപ്പം ആനന്ദിക്കാനോ ഒന്നും നിങ്ങൾ കുന്നിറങ്ങിവരരുത് ‘.

ശേഷം നബിﷺ ചോദിച്ചു; ”ശത്രു പാളയത്തിലെ പതാക വഹിക്കുന്നതാരാണ്?”
“ത്വൽഹത് ബിൻ അബീത്വൽഹ:(റ)” ആരോ മറുപടി പറഞ്ഞു. ഉടനെ നബിﷺ ഇസ്‌ലാമിന്റെ പതാക അലി(റ)ന്റെ കൈയിൽ നിന്ന് വാങ്ങി മിസ്അബ് ബിൻ ഉമൈറി(റ)നെ ഏൽപ്പിച്ചു. ത്വൽഹത് ബിൻ ഉബൈദില്ലാഹി (റ) പറയുന്നു : “നബിﷺ രണ്ട് പടച്ചട്ടയണിഞ്ഞ് രംഗത്ത് വന്നു. വിശ്വാസികൾ ‘അമിത് അമിത് ‘ എന്ന സൂചനാവാക്യമാണ് ഉപയോഗിച്ചിരുന്നത് “.

മുശ്‌രിക്കുകൾ മറുഭാഗത്ത് സബ്ഖയിൽ അണിനിരന്നു. യുദ്ധാവേശം നൽകിയുളള സംഭാഷണങ്ങൾ നടന്നു. വലതുപക്ഷ സേനയെ ഖാലിദ് ബിൻ വലീദും ഇടതുപക്ഷ സേനയെ ഇകിരിമത് ബിൻ അബീജഹലും നേതൃത്വം നൽകി.

കാർമേഘകൾ ഉരുണ്ടു കൂടി. പോർക്കളത്തിന്റെ ഇരുവശങ്ങളിലും ആയുധങ്ങൾ ഉയർന്നു നിന്നു. കത്താൻ ഒരു തീപ്പൊരിക്ക് വേണ്ടി കാത്ത് നിൽക്കുന്ന നിമിഷങ്ങൾ. ഏതെങ്കിലും ഒരു പക്ഷത്ത് നിന്ന് ഒരു ചുവട് വച്ചാൽ മതി. അപ്പോഴതാ അബൂ ആമിർ അബ്ദു അംറ് രംഗത്ത് വന്ന് അൻസ്വാറുകളെ വിളിച്ചു. അൻസ്വാറുകൾ പോർവിളിക്കുത്തരം ചെയ്തു. “എടാ, തെമ്മാടിയായ അബൂ ആമിറേ!” അപ്പോഴേക്കും ഉത്ബയുടെ മകൾ ഹിന്ദ് ദഫ്ഫ് മുട്ടി പാട്ട് പാടാൻ തുടങ്ങി.

“വയ്ഹൻ ബനീ അബ്ദിദ്ദാർ
വയ്ഹൻ ഹുമാതൽ അദ്ബാർ
ളർബൻ ബി കുല്ലി ബത്താർ”

ഇത് കേൾക്കവെ, നബി ﷺ അല്ലാഹുവിനോട് പ്രാർഥിക്കാൻ തുടങ്ങി. “അല്ലാഹുവേ, നിന്റെ പ്രീതിക്കായിപ്പുറപ്പെടുന്നു. അതിന് വേണ്ടി ഞാൻ പോർക്കളത്തിലിറങ്ങുന്നു. എനിക്കെല്ലാം ഏൽപ്പിക്കാൻ അല്ലാഹു മതി..”

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-297/365

തുടർന്ന് നബിﷺ ഒരു ഖഡ്ഗം പുറത്തെടുത്തു. അടുത്ത് നിന്ന അനുയായികൾ അതിന് വേണ്ടി നീങ്ങി. ഉടനെ അവിടുന്നു ചോദിച്ചു, “ആരാണിതിന്റെ ബാധ്യത നിറവേറ്റും വിധം ഏറ്റെടുക്കുക?” അപ്പോഴെല്ലാവരും നീട്ടിയ കൈ പിൻവലിച്ചു. നബിﷺ വാളാർക്കും നൽകിയില്ല. പിന്നീട് ഈ വാൾ പ്രദർശിപ്പിച്ചപ്പോൾ ഉമർ (റ)വും സുബൈർ (റ)വും ആവശ്യപ്പെട്ടു. നബിﷺ അവർക്ക് നൽകിയില്ല. അലി (റ) ആവശ്യപ്പെട്ടപ്പോൾ അവിടെയിരിക്കാൻ ആവശ്യപ്പെട്ടു. വീണ്ടും അവിടുന്ന് ഇപ്രകാരം ചോദിച്ചു, “ഇതിന്റെ കടപ്പാട് വീടും വിധം ആരാണിതിനെ പരിപാലിക്കുക?” ഉടനെ അബു ദുജാന (റ) എഴുന്നേറ്റു ചോദിച്ചു, “അല്ലയോ അല്ലാഹുവിന്റെ തിരുദൂതരേﷺ! എന്താണതിന്റെ ദൗത്യം?”
” ശത്രു പരാജയപ്പെടും വരെ അതുമേന്തിപ്പൊരുതുക “. ഉടനെ അദ്ദേഹം പറഞ്ഞു, “അത് ഞാൻ പരിപാലിച്ചോളാം “. നബി ﷺ അദ്ദേഹത്തിനാ വാള് നൽകിയിട്ട് പറഞ്ഞു, “നിനക്ക് ഞാനിത് തന്നാൽ അവസാന നിരയിൽ വരെയെത്തി നീ പൊരുതിക്കോളണം”.
അബൂ ദുജാന (റ) ധീരനായ യോദ്ധാവും പ്രൗഢിയോടെ പടക്കളത്തിൽ നിലകൊള്ളുന്ന ആളുമായിരുന്നു. അദ്ദേഹം തലയിൽ ഒരു ചുവന്ന കെട്ടും കെട്ടി ഇറങ്ങിയാൽ ഇതൊരിറക്കം തന്നെയാണെന്ന് ഏവരും പറയും. അദ്ദേഹം നബിﷺയുടെ പക്കൽ നിന്ന് ഖഡ്ഗം വാങ്ങി ചുവന്ന കെട്ടും കെട്ടിയിറങ്ങിയപ്പോൾ അൻസ്വാരികൾ പറഞ്ഞു, “അബൂദുജാന (റ) മരണക്കെട്ടും കെട്ടിയിറങ്ങിയിരിക്കുന്നു “.

ശത്രുപാളയത്തിലേക്ക് അബൂദുജാന (റ) ഗമയോട് നടന്നു പോകുന്ന ഭാവം കണ്ടപ്പോൾ നബിﷺ പറഞ്ഞു. “ഇത്തരമൊരു സാഹചര്യത്തിലല്ലെങ്കിൽ, അല്ലാഹുവിന്റെ അനിഷ്ടത്തിന് കാരണമായേക്കാവുന്ന നടത്തമാണല്ലോ ഇത് “.

സുബൈറി(റ)ന് നൽകാതെ അബൂ ദുജാന(റ)യ്ക്ക് പടവാൾ കൈമാറിയതിൽ സുബൈറി(റ)നു ഒരു പരിഭവം തോന്നി. സുബൈർ (റ) തന്നെ പറയുന്നു : “ഞാനിങ്ങനെ ആലോചിച്ചു. ഞാൻ നബിﷺ യുടെ പിതൃസഹോദരന്റെ മകൾ സഫിയ്യയുടെ മകൻ. ഞാൻ ചോദിച്ചിട്ട് തരാതെ അബൂ ദുജാന (റ)യ്ക്ക് നൽകി. ഞാനദ്ദേഹത്തെ ഒന്നു പിൻതുടർന്നു നോക്കട്ടെ എന്താണ് ചെയ്യുന്നതെന്ന്. ഞാൻ പിന്നിൽ കൂടി. അദ്ദേഹം ഒരു കവിതയും ചൊല്ലി മുന്നോട്ട് നീങ്ങി. ‘അനല്ലദീ ആഹദനി ഖലീലി… (ഞാനെന്റെ ആത്മ മിത്രത്തോട് കരാർ ചെയ്തയാളാണ്.) പോകുന്ന വഴിയൊക്കെ ഇടിച്ചിളക്കി അദ്ദേഹം മുന്നോട്ട് നീങ്ങി. അപ്പോൾ ശത്രുക്കളിൽ ഒരാൾ അബൂദുജാന(റ)യെ വെട്ടി. അതിവിദഗ്ധമായി അത് തടുത്തു. പിന്നെ അവന് നേരെത്തിരിഞ്ഞു. അതാ കിടക്കുന്നു അവൻ ! ചേതനയറ്റു, നിലംപതിച്ചു “.

യുദ്ധം കൊടുമ്പിരിക്കൊണ്ടു. അലി(റ)യും ഹംസ(റ)യും സുബൈറും(റ) ഏറെ തീക്ഷ്ണതകൾ നേരിട്ടു. ശത്രുക്കളുടെ ഒരുക്കങ്ങൾ ചെറുതായിരുന്നില്ലല്ലോ? ബദ്റിൽ നിന്ന് വ്യത്യസ്തമായി അണികളെ ഒരുമിച്ചു നിർത്തുന്നതിൽ അബൂസുഫിയാൻ വിജയിച്ചു. തന്ത്രശാലിയായ അദ്ദേഹം മുസ്‌ലിംകൾക്കിടയിൽ ഇരച്ചു കയറാനുള്ള ഓരോ പഴുതും പരിശോധിച്ചുകൊണ്ടിരുന്നു.

മക്കക്കാർക്ക് ഇത് അഭിമാനത്തിൻ്റെ പടനീക്കം. പകവീട്ടലിന്റെ വീര്യം ! അവസാനത്തെ ഊർജവും ഉപയോഗിക്കാൻ അവർ കാത്തിരിക്കുന്നു. ബദ്റിൽ നിന്ന് ലഭിച്ച നഷ്ടങ്ങളോട് തിരിച്ചു ചോദിക്കാനുള്ള അവസരം. വിശ്വാസികൾക്കിത് അതിജീവനത്തിന്റെ രണ്ടാം പടവ്. ബദ്റിൽ നിന്ന് കൊതിച്ച സ്വർഗം സാക്ഷാത്ക്കരിക്കാനുള്ള സുവർണ സന്ദർഭം. അവിടെ എത്താൻ കഴിയാത്തവർ കേട്ടറിഞ്ഞ ബദ്റിനെ അനുഭവിക്കാനുള്ള ആഗ്രഹത്തിന്റെ പൂർത്തീകരണം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-298/365

ഉഹ്ദ് പർവതത്തിന്റെ താഴ്‌വാരത്ത് പൊരിഞ്ഞ പോരാട്ടം അരങ്ങേറി. നബിﷺയുടെ നിർദേശപ്രകാരം അലി (റ) പതാകയുമായി മുന്നോട്ട് നീങ്ങി. നബിﷺ അപ്പോൾ അൻസ്വാറുകളുടെ കൂടെയായിരുന്നു. മുശ്‌രിക്കുകളുടെ പതാകവാഹകനായ ത്വൽഹത് ബിൻ അബീത്വൽഹ അലമുറയിട്ട് വിളിച്ചു ചോദിച്ചു, “ആരുണ്ട് രംഗത്ത് വന്ന് നേരിടാൻ?” ആരും ഒന്നും പ്രതികരിച്ചില്ല. വീണ്ടും അവൻ ഒച്ചയിട്ട് വിളിച്ചു : “മുഹമ്മദിﷺൻ്റെ അനുയായികളേ! നിങ്ങളല്ലേ പറഞ്ഞത്, നിങ്ങളിൽ നിന്ന് ആരെങ്കിലും കൊല്ലപ്പെട്ടാൽ സ്വർഗത്തിലും ഞങ്ങളിൽ നിന്ന് ആരെങ്കിലും കൊല്ലപ്പെട്ടാൽ നരകത്തിലുമാണെന്ന്. നിങ്ങളാപ്പറഞ്ഞത് സത്യമാണെങ്കിൽ, നിങ്ങളിൽ ആരെങ്കിലുമുണ്ടോ എന്നെ നേരിടാൻ?” ഉടനെ അലി (റ) രംഗത്തേക്ക് വന്നു. അവനെ മുഖാമുഖം നേരിട്ടു. അധികം വൈകിയില്ല, അവൻ നിലം പതിച്ചു. മുശ്‌രിക്കുകളുടെ പതാകവാഹകന്റെ വിയോഗം നബിﷺയുടെ പ്രവചനത്തിന്റെ പുലർച്ച കൂടിയായിരുന്നു. വിശ്വാസികൾ പടച്ചവനെ മഹത്വപ്പെടുത്തി. തക്ബീർ മുഴക്കി. ശത്രുപാളയത്തിലേക്ക് വിശ്വാസികൾ ഇരച്ചു കയറി. അബൂ ശൈബ ഉസ്മാൻ ബിൻ അബീത്വൽഹ: മുശ്‌രിക്കുകളുടെ പതാക ഏറ്റെടുത്തു. ഹംസ(റ)യുമായുള്ള ഏറ്റുമുട്ടലിൽ അയാൾ കൊല്ലപ്പെട്ടു. ഉടനെ അബു സഅ്ദ് ബിൻ അബീത്വൽഹ പതാകയേറ്റെടുത്തു. സഅ്ദ്ബിൻ അബീവഖ്ഖാസി(റ)ൻ്റെ അമ്പേറ്റ് അയാളും നിലം പൊത്തി. പിന്നീട് പതാക വഹിച്ചത് മുസാഫിഉ ബിൻ ത്വൽഹയായിരുന്നു. ആസ്വിമുബിൻ സാബിത് (റ) അവരെ ഉന്നം വച്ചു. അമ്പ് പിഴച്ചില്ല. അവനും നിലം പതിച്ചു. ഉടനെ ഹാരിസ് ബിൻ ത്വൽഹ പതാകയേറ്റെടുത്തു. ആസ്വിമി(റ)ന്റെ അസ്ത്രം അയാളെയും നിലത്ത് വീഴ്ത്തി. ഹാരിസിന്റെയും മുസാഫിഇന്റെയും മാതാവ് മക്കളുടെ പ്രതിയോഗി ആരാണെന്ന് തിരിച്ചറിഞ്ഞു. ‘ഇനി ആസ്വിമി(റ)ൻ്റെ തലയോട്ടിയിൽ മദ്യപിച്ചിട്ടേ ജീവിതമുള്ളൂ’ എന്നവർ പ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന്റെ ശിരസ്സിനവർ നൂറൊട്ടകം ഇനാം പ്രഖ്യാപിച്ചു. ‘സുലാഫ:’ എന്നായിരുന്നു അവളുടെ പേര്.

പിന്നീട് പതാക വഹിച്ചത് കിലാബ് ബിൻ ത്വൽഹയായിരുന്നു. ഉസ്മാനോ(റ) സുബൈറോ(റ) നേരിട്ടപ്പോൾ അയാളും നിലംപരിശായി. ശേഷം പതാകയെത്തിയത് ജൂലാസിൻ്റെ കൈയിലാണ്. ത്വൽഹത്തി(റ)ന്റെ പ്രതിരോധത്തിൽ അയാളും നിലത്ത് വീണു. തുടർന്നങ്ങോട്ട് അർത്ഥാത് ബിൻശർഹബീൽ, ശുറൈഹ് ബിൻ ഖാരിള്, അബൂസൈദ് ബിൻ ഉമൈർ, ഖാസ്വിത് ബിൻ ശുറഹ്ബിൽ എന്നിവർ പതാകവാഹകരായി. അലി(റ)യുടെയും ഉസ്മാനി(റ)ന്റെയും പ്രതിരോധത്തിൽ ഓരോരുത്തരും പരലോകം പ്രാപിച്ചു. ഒടുവിൽ അംറത് ബിൻത് അൽഖമ: എന്നവൾ പതാകയെടുത്തുപിടിച്ചു.

പതാകവാഹകർ ഓരോരുത്തരായി നിലം പൊത്തിയതോടെ മുശ്‌രിക്കുകളുടെ ആത്മവീര്യം നഷ്ടമായി. അവർ അവിടവിടെയായിച്ചിതറിയോടി. എന്ത് ചെയ്യണമെന്നറിയാതായപ്പോൾ അവരുടെ സ്ത്രീകൾ വിലാപവും ‘നാശമേ, കഷ്ടമേ’ എന്ന രോദനവും തുടങ്ങി.

ഉഹ്ദ് പോർക്കളത്തിലെ പ്രാഥമിക രംഗത്തിന്റെ അവലോകനമാണ് നാം വായിച്ചു കൊണ്ടിരിക്കുന്നത്.

മക്കയിൽ നിന്ന് നൂറുകണക്കിന് മൈലുകൾ താണ്ടി പ്രവാചകരെﷺയും വിശ്വാസികളെയും നാമാവശേഷമാക്കാൻ പടയൊരുക്കം നടത്തിവന്ന സൈന്യത്തിന്റെ ദുരവസ്ഥയാണ് നാം കണ്ടത്. മദീനക്കാർ അനിവാര്യമായ പ്രതിരോധത്തിന്റെ കർമഭൂവിലെ പോരാളികൾ ! വ്യവസ്ഥാപിതമായ സൈന്യമോ ഒരു രാജാവിന്റെ കാലാൾപ്പടയോ അല്ല. ആദർശത്തെ ഹൃദയത്തിലേറ്റി അതിൻ്റെ സംരക്ഷണത്തിനായി സർവാത്മനാ സമർപ്പിച്ചിറങ്ങിയ വിശ്വാസികൾ മാത്രം. പരിശീലനം നേടിയ പട്ടാളമോ ആയോധനകലയാർജിച്ച ഭടന്മാരോ അല്ലേ അല്ല. നെഞ്ചിലേറ്റിയ വിശ്വാസത്തിന്റെ കാവലിന് വേണ്ടി എന്തും സഹിക്കാമെന്ന് പ്രതിജ്ഞയെടുത്ത സന്നദ്ധ സംഘം മാത്രം.

ഇത്രയുമൊക്കെ ആയപ്പോഴേക്കും ഉഹ്ദിലെ കാറ്റിന്റെ ദിശയൊന്ന് മാറി. നമുക്കതൊന്ന് വായിച്ചു തുടരാം.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-299/365

മുശ്‌രിക്കുകൾ പടക്കളത്തിൽ നിന്ന് ചിതറിത്തെറിക്കുന്നത് അബ്ദുല്ലാഹിബിനു ജുബൈറി(റ)ന്റെ നേതൃത്വത്തിലുള്ള അമ്പെയ്ത്തുകാർ നോക്കി നിന്നു. യുദ്ധം അവസാനിച്ചു വെന്ന് അവർ വിചാരിച്ചു. കൂട്ടത്തിലാരോ വിളിച്ചുപറഞ്ഞു. “അല്ലയോ ജനങ്ങളേ,
‘ഗനീമത് ‘ അഥവാ സമരാർജിതസ്വത്ത് സമാഹരിച്ചോളൂ. ശത്രുക്കളെ ഏതായാലും അല്ലാഹു തോൽപ്പിച്ചിരിക്കുന്നു.
നമ്മുടെ സഹോദരങ്ങൾ നല്ല പ്രകടനം കാഴ്ച വച്ചിരിക്കുന്നു. ഇനി നാമിവിടെ നിൽക്കേണ്ട ആവശ്യമില്ല. ശത്രുക്കൾ പിന്തിരിഞ്ഞോടിയിരിക്കുന്നു. അതുകൊണ്ട് നമുക്കും അവരോടൊപ്പം ചേർന്ന് പടക്കളത്തിൽ നിന്നുള്ള സ്വത്തുക്കൾ സമാഹരിക്കാം “. അപ്പോൾ അബ്ദുല്ലാഹിബിനു ജുബൈറും(റ) ഒപ്പമുള്ള ചിലരും പറഞ്ഞു. “നബിﷺ പറഞ്ഞതോർമയില്ലേ? നിങ്ങൾ പടക്കളത്തിന്റെ പിറകുഭാഗം സംരക്ഷിച്ചോളൂ.. എന്തുവന്നാലും അവിടെ നിന്നും മാറിപ്പോകരുത്. താഴ്‌വരയിലുള്ള സൈന്യം പരുക്കേൽക്കുന്നത് കണ്ടാലും വിജയം വരിച്ച് ശേഷിപ്പുകൾ സമാഹരിക്കുന്നത് കണ്ടാലും നിങ്ങൾ അവിടെ നിന്ന് മാറരുതേ.. എന്ന് പറഞ്ഞത് ഓർമയില്ലേ!”
അപ്പോൾ മറ്റുള്ളവർ പറഞ്ഞു. “നബിﷺ പറഞ്ഞതിന്റെ താത്പ്പര്യമാണ് നോക്കേണ്ടത്. അത് യുദ്ധം നടക്കുമ്പോഴല്ലേ? ഇപ്പോൾ യുദ്ധമൊക്കെ ഏതാണ്ട് കഴിഞ്ഞപോലെയായി. ശത്രുക്കളൊക്കെ പിന്തിരിഞ്ഞോടുകയല്ലേ?” കൂട്ടത്തിലെ നേതാവായ അബ്ദുല്ലാഹിബിനു ജുബൈറും(റ) പത്തോളം ആളുകളും ഒഴികെ എല്ലാവരും താഴേക്കിറങ്ങി.

പടക്കളത്തിൽ നിന്ന് പിൻവാങ്ങിക്കൊണ്ടിരുന്ന മുശ്‌രിക്കുകളുടെ സൈന്യത്തിൽ നിന്ന് ഖാലിദ് ബിൻ വലീദും സംഘവും അമ്പെയ്ത്തുകാർ നിന്ന ഭാഗത്തേക്ക് ഒന്നു തിരിഞ്ഞു നോക്കി. കുറഞ്ഞ ആളുകൾ മാത്രമേയുള്ളൂവെന്ന് കണ്ടപ്പോൾ അത് വഴി ഒന്നു തിരിച്ചുകയറിയാലോ എന്ന് ചിന്തിച്ചു. തനിക്കൊപ്പമുള്ള സംഘത്തോടൊപ്പം നയതന്ത്രപ്രധാനമായ പ്രസ്തുത ഭാഗത്തു കൂടി ഇരച്ചു കയറി. ഇതു കണ്ട ഇക് രിമതു ബിൻ അബീ ജഹലും സംഘവും ഒപ്പം ചേർന്നു.(ഈ രണ്ട് നേതാക്കളും പിൽക്കാലത്ത് ഇസ്‌ലാം സ്വീകരിച്ചു.) അവർ കാവൽ നിന്ന അമ്പെയ്ത്തുകാരെ വകവരുത്തി. അബ്ദുല്ലാഹിബിൻ ജുബൈർ (റ) അവസാനം വരെ പ്രതിരോധിച്ചു നിന്നു. ഒടുവിൽ മുതുകിൽ നിന്ന് തുളച്ച അമ്പ് അടിവയറ്റിലൂടെ പുറത്ത് വരുകയും കുടൽമാലയടക്കം വെളിയിൽ വന്ന അവസ്ഥയിൽ കൊല്ലപ്പെടുകയും ചെയ്തു. തിരിച്ചു കയറിയ മക്കൻ സൈന്യം മുസ്‌ലിം പക്ഷത്തെ നന്നായി കടന്നാക്രമിച്ചു.
ഗനീമത് സമാഹരണത്തിൽ വ്യാപൃതരായ മുസ്‌ലിംകൾ അപ്രതീക്ഷിതമായി വന്ന പ്രഹരത്തിൽ ഛിന്നഭിന്നമായി. നിരവധിയാളുകൾ കൊല്ലപ്പെട്ടു. അതിലേറെയാളുകൾക്ക് പരുക്കേറ്റു. മറ്റൊരു വിഭാഗം പല സ്ഥലത്തായിച്ചിതറിപ്പോയി. പിശാച് ആഘോഷത്തോടെ രംഗത്തു വന്നു.

പ്രഭാതത്തിലെ കാറ്റ് മുസ്‌ലിംകൾക്ക് അനുകൂലമായിരുന്നു. വൈകുന്നേരമായപ്പോഴേക്കും ഗതിമാറി. ഈ രംഗങ്ങളേയും വിചാരങ്ങളേയും ആഖ്യാനിച്ചു കൊണ്ട് വിശുദ്ധ ഖുർആൻ മൂന്നാമധ്യായം നൂറ്റിയൻപത്തിരണ്ടാം സൂക്തം പറയുന്നത് നോക്കൂ.
“അല്ലാഹു നിങ്ങളോടുള്ള അവന്റെ വാഗ്ദാനം ‎നിറവേറ്റിയിരിക്കുന്നു. ആദ്യം അവന്റെ അനുമതിപ്രകാരം നിങ്ങളവരുടെ ‎കഥകഴിച്ചുകൊണ്ടിരിക്കുകയായിരുന്നു. പിന്നെ, നിങ്ങള്‍ ‎ദുര്‍ബലരാവുകയും കാര്യനിര്‍വഹണത്തിന്റെ പേരില്‍ ‎പരസ്പരം തര്‍ക്കിക്കുകയും ചെയ്തു. നിങ്ങള്‍ക്ക് ഏറെ ‎പ്രിയപ്പെട്ടത് അല്ലാഹു നിങ്ങള്‍ക്ക് കാണിച്ചു തന്നശേഷം ‎നിങ്ങള്‍ അനുസരണക്കേട് കാണിച്ചു. നിങ്ങളില്‍ ഐഹിക ‎താത്പ്പര്യങ്ങളുള്ളവരുണ്ട്. പരലോകം ‎കൊതിക്കുന്നവരുമുണ്ട്. പിന്നീട് അല്ലാഹു നിങ്ങളെ ‎അവരില്‍നിന്ന് പിന്‍തിരിപ്പിച്ചു; നിങ്ങളെ പരീക്ഷിക്കാന്‍. ‎അല്ലാഹു നിങ്ങള്‍ക്ക് വിട്ടുവീഴ്ച ചെയ്തിരിക്കുന്നു. അവന്‍ ‎സത്യവിശ്വാസികളോട് അത്യൗദാര്യം ചെയ്യുന്നവൻ തന്നെയാണ്.”

ഇത് ‘ലാത്തയുടെയും ഉസ്സയുടേയും’ അഥവാ, മക്കാ മുശ്‌രിക്കുകൾ ആരാധിക്കുന്ന ദൈവങ്ങളുടെ ദിവസമാണ് എന്ന് പിശാച് വരെ വിശ്വസിപ്പിക്കാൻ ശ്രമിച്ചു. അവിടെയാണ് പിശാചിനെ അതിജയിച്ച് വിശ്വാസികൾ പുതിയ ഒരു ഉണർവിലേക്ക് വരുന്നത്.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

Mahabba Campaign Part-300/365

ഐനൈൻ പർവതത്തിന്റെ ഭാഗത്ത് നിന്ന് ജുആൽ ബിൻ സുറാഖയുടെ രൂപത്തിൽ പിശാച് അലറിവിളിച്ചു. ”മുഹമ്മദ്ﷺ കൊല്ലപ്പെട്ടു” ആവർത്തിച്ചാവർത്തിച്ചു വിളിച്ചു പറഞ്ഞു. പോർക്കളത്തിൽ ശക്തമായിപ്പോരടിച്ച വ്യക്തിയായിരുന്നു ജുആൽ. അയാളുടെ രൂപത്തിൽ വന്ന് പറഞ്ഞതിനാൽ കേട്ടവർക്കും കണ്ടവർക്കും വിശ്വസിക്കാതിരിക്കാൻ ന്യായമുണ്ടായിരുന്നില്ല ! ഇത് കേട്ടതോടെ വിശ്വാസികളാകെ പരിഭ്രമിച്ചു. നബിﷺ വധിക്കപ്പെട്ടുവെങ്കിൽ ഇനിയെന്ത്! നാമെന്തിനിവിടെ നിൽക്കണം ? എന്തിന് പടക്കളത്തിൽ തുടരണം? അവർ ആശങ്കയിൽ പലവഴിക്കും തിരിഞ്ഞു. ഇതിനിടയിലൂടെ കപടവിശ്വാസികൾ മുതലെടുപ്പിന് ശ്രമിച്ചു. അവർ അവരുടെ നേതാവ് അബ്ദുല്ലാഹിബ്നു ഉബയ്യിനെ വാഴ്ത്തിപ്പറഞ്ഞു. ‘അബൂസുഫ്‌യാനെ പ്രതിരോധിക്കാൻ അയാൾക്കേ സാധിക്കൂ’ എന്നവർ വിളിച്ചു പറഞ്ഞു. കൂട്ടത്തിൽ ഇങ്ങനെയും അവർ കൊട്ടിപ്പാടി. ‘മുഹമ്മദിﷺനെ മക്കക്കാർ കൊന്നു. അനുയായികളെയും വധിച്ചു കളയും. നിങ്ങൾ നിങ്ങളുടെ രക്ഷാമാർഗം സ്വീകരിച്ചോളൂ’.

യുദ്ധരംഗം ആകെ പിടിത്തം വിട്ടു. ചിലർ ഓടി മദീനയിലെത്തി. ചിലർ പരുക്കേറ്റു നിലം പതിച്ചു. ചിലർ എന്ത് ചെയ്യണമെന്നറിയാതെ അങ്ങോട്ടുമിങ്ങോട്ടും പാഞ്ഞു. നബിﷺയും കുറച്ച് അനുയായികളും മറ്റുള്ളവരുമായി സമ്പർക്കമില്ലാതെ ഒരു ഭാഗത്ത് ഒറ്റപ്പെട്ടു. അവർ സാഹസപ്പെട്ട് പർവതത്തിന് മുകളിലേക്ക് കയറി. നബിﷺക്ക് ഒപ്പമുള്ളവർ സ്വയം മറന്നു. നബിﷺയുടെ സുരക്ഷയ്ക്ക് വേണ്ടി നിലകൊണ്ടു. അവരിൽച്ചിലർ മരിച്ചു വീണു. മറ്റു ചിലർ മാരകമായ പരുക്കുകളും വകവയ്ക്കാതെ അടുത്ത് തന്നെ നിലയുറപ്പിച്ചു.

ഒരു പ്രതിസന്ധി ഘട്ടത്തിലും നബിﷺ യുദ്ധ മുഖത്ത് നിന്നു പിന്തിരിയാൻ ആലോചിച്ചത് പോലുമില്ല. ശത്രുവിന് അഭിമുഖമായിത്തന്നെ നിലകൊണ്ടു. നബിﷺ നേരിട്ടു തന്നെ വില്ലെടുത്ത് കുലച്ചു. അടുത്ത് നിന്ന അബൂ ത്വൽഹ (റ) നബിﷺയുടെ മുന്നിൽ ഒരു പരിച പോലെ നിലയുറപ്പിച്ചു. അമ്പുകൾ തീർന്നപ്പോൾ കല്ലുകൾ ആയുധമാക്കി. അപ്പോഴേക്കും ഖത്താദതു ബിൻ നുഅമാൻ (റ) നബിﷺയുടെ നേരെ നിലയുറപ്പിച്ചു. നബിﷺക്കു വേണ്ടി അമ്പുകളെയ്യുകയും എതിരെ വരുന്ന ആക്രമങ്ങൾ തടുക്കുകയും ചെയ്തു. പതിനഞ്ചു പേർ നബിﷺയോടൊപ്പം യുദ്ധമുഖത്തു തന്നെ നിലയുറപ്പിച്ചു. അബൂബക്കർ (റ), ഉമർ (റ), അലിയ്യ് (റ), ത്വൽഹത് (റ), സുബൈർ (റ), അബ്ദുൽ റഹ്മാൻ ബിൻ ഔഫ് (റ), സഅ്ദ് ബിൻ അബീ വഖ്ഖാസ് (റ), അബൂ ഉബൈദ (റ), അബൂ ഉബൈദ അൽ ജറാഹ് (റ) എന്നീ മുഹാജിറുകളും ഹുബാബ് (റ), അബൂ ദുജാന (റ), അസിൻറ് ബിൻ സാബിത് (റ), ഹാരിസ് ബിൻ സ്വിമ്മ: (റ), സഹൽ ബിൻ ഹുനൈഫ് (റ), സഅ്ദ് ബിൻ മുആദ് (റ) എന്നീ അൻസ്വാറുകളുമായിരുന്നു. അവർ സഅ്ദ് ബിൻ ഉബാദ (റ), മുഹമ്മദ്‌ ബിൻ മസ്‌ലമ (റ) എന്നിവരുമുണ്ടായിരുന്നുവെന്നും ചില നിവേദനങ്ങളിൽക്കാണാം. ‘എന്റെ മുഖം അവിടുത്തെ മുഖത്തിന്‌ പരിച, എന്റെ ശരീരം അവിടുത്തെ ശരീരത്തിന് കവചം’ എന്നു പറഞ്ഞുകൊണ്ട് നബിﷺക്കു സ്വയം സമർപ്പിച്ച മുപ്പത് പേരുണ്ടായിരുന്നുവെന്നും മറ്റു ചില നിവേദനങ്ങളിൽ വായിക്കാം.

ആത്മാർഥതയുടെയും നബിﷺയോടുള്ള അനുരാഗത്തിന്റെയും മോഹന ചിത്രങ്ങൾ അടയാളപ്പെടുത്തിയ ചരിത്ര മുഹൂർത്തങ്ങളാണ് ഉഹ്ദിൽ അരങ്ങേറിയത്. ‘പരീക്ഷണങ്ങൾക്കിടയിലും എങ്ങനെയാണ് മുത്തു നബിﷺയെ അനുയായികൾ ഏറ്റെടുത്തത് ‘ എന്നു വായിക്കാനുള്ള നിമിഷങ്ങൾക്കൂടിയാണിവിടെ നമുക്കു ലഭിക്കുന്നത്. പോരാട്ടവും പ്രണയവും യുദ്ധവും അടുപ്പവും സഹനവും സമർപ്പണവും എല്ലാം ഒരുമിച്ചു ചേരുന്ന അത്യപൂർവമായ രംഗങ്ങളാണ് ഉഹ്ദ് രചിക്കുന്നത്.

ഇബ്നു അബ്ബാസ് (റ) പറയുന്നു : “ഇബ്നു മസ്ഊദ് (റ) പറഞ്ഞു. ഉഹ്ദിന്റെ അന്ന് സ്വഹാബികൾ പലവഴിക്കു ചിതറി. ഞാൻ തിരുനബിﷺയുടെ അടുത്ത് തന്നെയുണ്ടായിരുന്നു. നബിﷺയുടെ പരിസരത്തു കൂടിക്കടന്നു പോകുന്ന അനുചരന്മാരെ അവിടുന്ന് അടുത്തേക്ക് വിളിച്ചു. ‘ഇതാ, അല്ലാഹുവിന്റെ ദൂതനായ ഞാനിവിടെയുണ്ട് ഇങ്ങോട്ട് വരൂ..’ എന്നവിടുന്ന് പറഞ്ഞുകൊണ്ടിരുന്നു.

اَللّٰهُمَّ صَلِّ عَلَى سَيِّدِنٰا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمْ

 

Leave a Reply